Wednesday, 16 February 2022

ആപദി കിം കരണീയം - ആപത്തുകാലത്ത് എന്തു ചെയ്യും?

ആപദി കിം കരണീയം? സ്മരണീയം ചരണയുഗളമംബായാഃ തത് സ്മരണം കിം കുരുതേ? ബ്രഹ്മാദീനപി ച കിങ്കരീകുരുതേ

മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയോട് ചുറ്റും കൂടിനിന്ന പണ്ഡിതന്മാരുടെ ഈ ചോദ്യത്തിന് സ്മരണീയം ചരണയുഗളമംബായാഃ എന്നായിരുന്നു മറുപടി.

അമ്മയെ ഭജിക്കുക, ദേവിയെ ഭജിക്കുക, ആദിപരാശക്തിയെ ഭജിക്കുക. ഈശ്വരാരാധനകളിൽ മുഴുകാം.  മനസ്സു ശുദ്ധമാക്കാം, ശരീരം ശുദ്ധമാക്കാം. കറയറ്റ മനസ്സിന്റെ കരുത്തു കൊണ്ട് ആപത്തിനെ ചെറുക്കാം.  

വ്യാസമഹാഭാരതം ആദിപർവ്വം ആസ്തീകഉപപർവ്വം 

ജനമേജയൻ നടത്തുന്ന സർപ്പ സത്രത്തിൽ നിന്ന് നാഗങ്ങളെ എങ്ങനെ രക്ഷിക്കണം എന്ന് വാസുകിയുടെ നേതൃത്വത്തിൽ എല്ലാ സർപ്പങ്ങളും ചേർന്ന് നടത്തുന്ന ആലോചനയാണ് ഈ രണ്ടു അദ്ധ്യായങ്ങളിൽ ഉള്ളത്. കടപ്പാട് : വിദ്വാൻ കെ. പ്രകാശം 

അദ്ധ്യായം 37 - വാസുകി മുതലായവരുടെ മന്ത്രണം

അമ്മ കല്പിച്ച ശാപം ഒഴിയുവാന്‍ എന്താണു വേണ്ടതെന്ന്‌ വാസുകി ആലോചിച്ചു. ധര്‍മ്മിഷ്ഠരായ ഐരാവതം തുട ങ്ങിയ ഭ്രാതാക്കളുമായി മന്ത്രാലോചന നടത്തി.

വാസുകി പറഞ്ഞു: ഈ ശാപത്തിന്റെ ഉദ്ദേശം നിങ്ങളൊക്കെ അറിയുന്നുണ്ടല്ലേോ. ഈ ശാപം ഒഴിഞ്ഞു പോകുവാന്‍ നാം ഉദ്യമിക്കുക തന്നെ വേണം. ഏതു ശാപത്തിനുമുണ്ടാകും ഒരു പ്രതിവിധി.പക്ഷേ, മാതൃശാപത്തിന്നുമാത്രം ഒരു പ്രതിവിധിയുമില്ലെന്നാണു കേള്‍വി.

ബ്രഹ്മസന്നിധിയില്‍വെച്ചാണു നമ്മെ ശപിച്ചതെന്നു കേട്ട്‌ ഞാന്‍ വിറച്ചുപോകുന്നു. തന്മൂലം നമ്മള്‍ക്ക്‌ സര്‍വ്വനാശവും വന്നുകൂടി. ശപിക്കുന്ന അമ്മയെ ബ്രഹ്മാവ്‌ തടഞ്ഞില്ലല്ലോ ഇനി കാലം വൈകരുത്‌. സര്‍വ്വ അഹികള്‍ക്കും ആപത്തു വന്നു ഭവിക്കാതിരിക്കണമെങ്കില്‍ കാലേതന്നെ ശ്രമിക്കണം. എല്ലാ നാഗങ്ങളും ചിന്തിക്കുകയാണെങ്കില്‍ ഒരു മാര്‍ഗ്ഗം ആരെങ്കിലും കണ്ടെത്തും. ജനമേജയൻ സര്‍പ്പജനനാശത്തിന്നു സത്രം ചെയ്യരുത്‌; നമുക്ക്‌ അതില്‍ പരാജയവും ജീവഹാനിയും ഭവിക്കരുത്‌.

ഇങ്ങനെ കദ്രുവിന്റെ മക്കള്‍ ഒത്തു ചേര്‍ന്ന്‌, മന്ത്രക്രമം എല്ലാം മനസ്സിലാക്കി നിശ്ചയം ചെയ്തു. ഒരു തരം സര്‍പ്പങ്ങള്‍ പറഞ്ഞു:  നാം വിപ്രരുടെ രൂപത്തില്‍ചെന്ന്‌ ജനമേജയനോട്‌ യജ്ഞം ചെയ്യാതിരിക്കുവാന്‍ ഉപദേശിക്കണം. ചില നാഗങ്ങള്‍ പാണ്ഡിത്യം നടിച്ചു പറഞ്ഞു: നമ്മളൊക്കെ ആ രാജാവിന്റെ മന്ത്രികളാവണം. എന്നാല്‍ രാജാവ്‌ നമ്മോട്‌ എങ്ങനെയൊക്കെയാണു വേണ്ടതെന്നു ചോദിക്കും. അതില്‍ വെച്ച്‌ സര്‍പ്പനാശം ഒഴിവാക്കുവാന്‍ വേണ്ടവിധം ഉപദേശം നല്കാം. ബുദ്ധിമാനായ ആ രാജാവ്‌ നമ്മളില്‍ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍, ഐഹികവും, പാരത്രികവുമായ  ദോഷങ്ങള്‍ യുക്തിന്യായപൂര്‍വ്വം ചുണ്ടിക്കാണിച്ച്‌ സര്‍പ്പസത്രം  വേണ്ടെന്നുവെപ്പിക്കാം. അല്ലെങ്കില്‍ രാജാവിന്റെ ഹിതം ഉപദേശിക്കുന്ന ദ്വിജനെ ഒരു സര്‍പ്പം ചെന്നു കടിച്ചു കൊല്ലുക. ആ യജ്ഞകാരന്‍ മരിച്ചാല്‍ അതോടെ ആ യജ്ഞവും അവസാനി ക്കും. അവന്ന്‌ സര്‍പ്പസ്രതജ്ഞരും ഋത്വിക്കുകളും ആരൊക്കെയോ, അവരേയും നാം കടിച്ചു കൊല്ലുക. പിന്നെ യജ്ഞം നടക്കുന്നത്‌ നമുക്കു കാണാമല്ലോ.

വേറെ ധര്‍മ്മിഷ്ഠരായ ചില നാഗങ്ങള്‍ പറഞ്ഞു: ഈ പറഞ്ഞത്‌ പിഴച്ച വഴിയാണ്‌. ബ്രഹ്മഹത്യ എന്ന പാപമാണത്‌. അതൊരിക്കലും ശോഭനമായി വരികയില്ല. ആപത്തില്‍ ധര്‍മ്മചിന്തയാണുവേണ്ടത്‌. അധര്‍മ്മം കൂടിയാല്‍ അത്‌ ലോകം മുടിക്കുകതന്നെ ചെയ്യും.

മറ്റു നാഗങ്ങളില്‍ ചിലര്‍ പറഞ്ഞുഇടിയും മിന്നലും മഴയുമായി നാം അഗ്നിയെ കെടുത്തുക. അപ്പോള്‍ വിഘ്നമായല്ലോ. അല്ലെങ്കില്‍ ആയിരവും പതിനായിരവുമായി യജ്ഞശാലയില്‍ പ്രവേശിച്ച്‌ ജനങ്ങളെയൊക്കെ കടിച്ചു കൊല്ലുക. എന്നാല്‍ പിന്നെ ഭയപ്പെടേണ്ടല്ലോ. അല്ലെങ്കില്‍ ശുദ്ധമായ  ഭോജ്യങ്ങളിലൊക്കെ  വിഷം കലര്‍ത്തുക. നല്ല ഭോജ്യങ്ങളില്‍ സര്‍പ്പമൂത്രമലാദികള്‍ കൊണ്ട്‌ അശുദ്ധപ്പെടുത്താം.

വേറെ ചില നാഗങ്ങള്‍ പറഞ്ഞു: നാം യാഗശാലയില്‍ചെന്ന്‌ ഋത്വിക്കുകളുടെ രൂപത്തില്‍  ദക്ഷിണ തരൂ എന്നു തിരക്കു കൂട്ടി സത്രത്തിനു  വിഘ്നം വരുത്തിക്കൂട്ടാം. ആപ്പോള്‍ അവന്‍ പാട്ടിലാകും. വിചാരിച്ച പോലെ കാര്യം നടത്താം. 

വേറെ ചിലര്‍ പറഞ്ഞുജലക്രീഡയില്‍ രാജാവിനെ ഗൃഹത്തില്‍ കൊണ്ടുപോയി ബന്ധിക്കാം. എന്നാല്‍ യജ്ഞം മുടങ്ങും.

പണ്ഡിതന്മാരായ ചില നാഗങ്ങൾ  ധാടി കാട്ടി പറഞ്ഞു: അവനെ ചെന്നു ദംശിക്കണം. അതോടെ അവിടെവെച്ചു കാര്യങ്ങൾ  അവസാനിക്കും. അയാള്‍ മരിച്ചാല്‍ അനര്‍ത്ഥത്തിന്റെ മൂലമൊക്കെ തീര്‍ന്നല്ലോ. ഞങ്ങള്‍ക്ക്‌ അറ്റകൈയായി ഇതേ ചെയ്യാനൊക്കൂ! സര്‍പ്പരാജാവായ ഭവാന്‍ ചിന്തിക്കുന്നതെന്തോ അതു വിധിച്ചാലും!

ഇപ്രകാരം ഓരോ അഭിപ്രായം പ്രകടിപ്പിച്ച്‌ അവര്‍ വാസുകിയെ നോക്കി നിന്നു.

വാസുകി ചിന്തിച്ചു നാഗങ്ങളോടു പറഞ്ഞു: നിങ്ങള്‍ അറ്റകൈ കണ്ട കാര്യങ്ങളൊന്നും ചെയ്യുവാന്‍ പറ്റുന്നതല്ല. നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു പിടിച്ചിട്ടില്ല. എന്താണു ചെയ്യേണ്ടത്‌? എങ്ങനെയാണു നന്മ വരേണ്ടത്‌? ശ്രേയസ്സിന്ന്‌ കശ്യപനെ ആശ്രയിക്കുകയാണു നല്ലതെന്ന്‌ ഞാന്‍ അഭി പ്രായപ്പെടുന്നു. ഹേ ഭുജംഗമങ്ങളേ, ജ്ഞാതിസ്നേഹം മൂലം എന്റെ ഹൃദയം ഉരുകുന്നു. ഭവാന്മാരുടെ ഹിതംനോക്കി ചെയ്യേണ്ടത്‌ എന്റെ മുറയാണ്‌. ശ്രേയസ്സിന്നായി കശ്യപനെ ആശ്രയിക്കുന്നതാണ്‌ ഉത്തമം. നിങ്ങള്‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചുകൂടാ. ഭവാന്മാരുടെ ഹിതം അറിഞ്ഞു ചെയ്യേണ്ടത്‌ എന്റെ മുറയാണ്. ഗുണദോഷങ്ങള്‍ എന്നിലാണു സ്ഥിതി ചെയ്യുന്നത്. 

അദ്ധ്യായം 38 - ഏലാപുത്രവാക്യം

സുതന്‍ പറഞ്ഞുഇങ്ങനെ നാഗങ്ങള്‍ പലരും പറഞ്ഞ അഭിപ്രായങ്ങളും വാസുകിയുടെ മറുപടിയും കേട്ടു കൊണ്ടിരുന്ന ഏലാപുത്രന് ഇപ്രകാരം പറഞ്ഞു.

ഏലാപുത്രന്‍ പറഞ്ഞുഹേ സുഹൃത്തുക്കളേ, ജനമേജയന്‍ അത്ര മോശക്കാരനല്ല. അദ്ദേഹം നിശ്ചയിക്കുന്ന യജ്ഞം നടത്തുക തന്നെ ചെയ്യും. അദ്ദേഹത്തെ നാം ഭയപ്പെടേണ്ടവരാണ്‌. ആര്‍ക്കു ദൈവദോഷമുണ്ടോ അവര്‍ ദൈവത്തെത്തന്നെ ആശ്രയിക്കണം. എന്നാല്‍ മാത്രമേ ഗതി കിട്ടുകയുള്ളു. നമുക്ക്‌ ഇതു ഘോരമായ ആപത്തു വരുത്തിക്കൂട്ടും. നാം ദൈവത്തെ ആശ്രയിക്കുക. നിങ്ങള്‍ ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍! ഉഗ്രമായ ശാപംകേട്ട്‌ ഞാന്‍ ഭയപ്പെട്ട് അമ്മയുടെ മടിയില്‍ ചുരുണ്ടുകിടക്കുമ്പോള്‍, ദേവകള്‍ പറഞ്ഞു, സ്ത്രീകൾ തീഷ്ണകൾ തന്നെ. പിന്നെ അവര്‍ ബ്രഹ്മാവിന്റെ സമീപത്തു ചെന്ന്‌ ഇങ്ങനെ ദുഃഖത്തോടെ പറയുന്ന വാക്ക്  ഞാന്‍ കേട്ടു.

ദേവകള്‍ പറഞ്ഞുഇഷ്ടപുത്രരെ  കിട്ടിയിട്ട് അവരെ  ശപിച്ചതു കഷ്ടമായിപ്പോയി. ക്രൂരയായ ക്രദുവൊഴികെ മറ്റാരെങ്കിലും ഭവാന്റെ മുമ്പില്‍വെച്ച്‌ ഇപ്രകാരം ശപിക്കുമോ? അതിന്‌ ഭവാനും സമ്മതിച്ചില്ലേ പിതാമഹ! അങ്ങ്‌ തടയാഞ്ഞതിനുള്ള കാരണം എന്താണ്‌? 

ബ്രഹ്മാവ്‌ മറുപടി പറഞ്ഞു; വിഷവും ക്രൗര്യവും കൊണ്ട്‌ ദുഷ്ടുള്ള പാമ്പുകള്‍ അസംഖ്യമുണ്ട്‌. പ്രജാക്ഷേമത്തിനു വേണ്ടി ഞാന്‍ ആ ശാപത്തെ തടഞ്ഞില്ല. ക്ഷുദ്രരും ക്രൂരരുമായ സര്‍പ്പങ്ങളൊക്കെ നശിക്കും. ധര്‍മ്മിഷ്ഠരായ നാഗങ്ങളൊന്നും നശിക്കുന്നതല്ല. ആ മഹാഭയത്തില്‍ നിന്ന്‌ ആ മഹാനാഗോത്തമന്മാര്‍ക്കു മോക്ഷം കിട്ടുന്നതിന്നുള്ള മാര്‍ഗ്ഗവും നിങ്ങള്‍ കേട്ടു കൊള്ളുക. യായാവരന്റെ വംശത്തില്‍ ജരല്‍ക്കാരു എന്ന മുനിവര്യന്‍ ജനിക്കും. അവന്‍ യോഗിയും ജിതേന്ദ്രിയനുമായിത്തീരും. ആ ജരല്‍ക്കാരുവിന്റെ പുത്രനായി ആസ്തികന്‍ ജനിക്കും. അവന്‍ തപോധനനായിത്തീരും. അവന്‍ ജനമേജയന്റെ സര്‍പ്പസത്രം  നിര്‍ത്തും. ആ സത്രത്തില്‍ പാപികളൊക്കെ ഒടുങ്ങുകയും, ധര്‍മ്മിഷ്ഠന്മാര്‍ അതിജീവിക്കുകയും ചെയ്യും.

ദേവകള്‍ പറഞ്ഞു: ബ്രഹ്മാവേ, ജരല്‍ക്കാരു ഏതു സ്ത്രീയിലാണ്‌ കുമാരനെ ജനിപ്പിക്കുക?

ബ്രഹ്മാവു പറഞ്ഞു: വീര്യവാനായ ജരല്‍ക്കാരുവിന്നു ജരല്‍ക്കാരു എന്ന ഭാരൃയില്‍ വീര്യവാനായ.പുത്രന്‍ ജനിക്കും. ഒരേ പേരായിരിക്കും ഭാര്യയ്ക്കും ഭര്‍ത്താവിന്നും. മുനീന്ദ്രന്മാരേ, നാഗരാജാവായ വാസുകിക്ക്‌ ജരല്‍ക്കാരു എന്ന സഹോദരിയുണ്ടല്ലോ. അവള്‍ക്കുണ്ടാകുന്ന പുത്രന്‍ നാഗ്രേന്ദ്രന്മാരെ മോചിപ്പി ക്കും.

ഏലാപുത്രന്‍ പറഞ്ഞു: ബ്രഹ്മാവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ "അപ്രകാരമാകട്ടെ" എന്നു പറഞ്ഞ്‌ ദേവകള്‍ പോയി. ബ്രഹ്മാവും മറഞ്ഞു. ഹേ! വാസുകീ, നിന്റെ സ്വസാവില്‍ ആസ്‌തീകന്‍ ജനിക്കും, അതു കൊണ്ടു നീ ജരല്‍ക്കാരുമുനിക്ക്‌ ജരല്‍ക്കാരുപ്പെങ്ങളെ നല്കണം. നാഗഭീതി ശമിക്കുവാന്‍ മഹര്‍ഷിക്കു ഭിക്ഷയായി അവളെ നല്കണം. എന്നാല്‍ ശാപമോക്ഷമായി। ഭയപ്പെടേണ്ടതില്ല.

പദ്യ വിവർത്തനം - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 

clink on the image to view enlarged image







No comments:

Post a Comment