മാര്‍ക്കണ്ഡേയ സമസ്യാ ഉപപര്‍വ്വം തുടരുന്നു
205. പതിവ്രതോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: വീണ്ടും യുധിഷ്ഠിര രാജാവ് ശ്രീമാനായ മാര്‍ക്കണ്ഡേയനോട് ദുര്‍ബ്ബോധമായ ധര്‍മ്മപ്രശ്‌നം ചോദിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, സ്ത്രീകളുടെ മാഹാത്മ്യം വളരെ ഉത്തമം ആയിട്ടുള്ളത് ആണല്ലോ. സൂക്ഷ്മവും ധര്‍മ്മ്യവുമായ ആ മാഹാത്മ്യം ഭവാനില്‍ നിന്ന് അറിയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, വായു, ഭൂമിദേവി, അഗ്നി, അമ്മ, അച്ഛന്‍, ഗുരുനാഥന്‍ ഇവരൊക്കെ പ്രത്യക്ഷമായി കാണുന്ന ദേവകളാണല്ലോ. വിപ്രര്‍ഷി സത്തമാ!! ദേവക്ലപ്തമായി വേറെ എന്തുണ്ട്; ഗുരുക്കന്മാർ എല്ലാവരും മാന്യരാണ്. ഏകവധുക്കളും മാന്യരാണ്. പതിവ്രതാ സേവ ഇതില്‍ വെച്ച് ഏറ്റവും ദുസ്സാദ്ധൃമാണ് എന്നാണ് എന്റെ അഭിപ്രായം. മഹര്‍ഷേ! പതിവ്രതാ മാഹാത്മ്യം ഞങ്ങളോടു പറയുക. ഇന്ദ്രിയങ്ങള്‍ തടഞ്ഞ് ഉള്ളടക്കി പതിയെ ദൈവമാണെന്നു വിചാരിച്ച് പതിവ്രതമാര്‍ നിൽക്കുന്നു. ഭഗവാനെ, ദുഷ്കരമാണ് ഇതെന്നു ഞാന്‍ ഓര്‍ക്കുന്നു.
മാതാപിതാക്കളുടെ ശുശ്രൂഷയും, സ്ത്രീകള്‍ക്കു ഭര്‍ത്തൃശുശ്രൂഷയും ദുഷ്കരമാണെന്ന് എനിക്കു തോന്നുന്നു. എന്നാൽ സ്ത്രീധര്‍മ്മത്തേക്കാള്‍ ദുഷ്കരമായ മറ്റൊന്നും ഞാന്‍ കാണുന്നില്ല. ഹേ, ബ്രാഹ്മണോത്തമാ! സ്വാദ്ധ്വാചാരകളായ സ്ത്രീകള്‍ ആദരവോടെ അച്ഛനമ്മമാരെ പറ്റി ചെയ്യുന്ന ക്രിയകള്‍ ദുഷ്കര ക്രിയകളാണ്. സത്യസന്ധകളും, ഏകപത്നികളുമായ സ്ത്രീകളും, തന്റെ വയറ്റില്‍ പത്തുമാസം ഗര്‍ഭം ധരിച്ചു പ്രസവിക്കുന്നവരായ സ്ത്രീകളും കാലത്തിന്റെ അത്ഭുത സൃഷ്ടികളാകുന്നു. അതില്‍ എന്താണ് അത്ഭുതം! ജീവന്‍ സംശയസ്ഥിതി ആര്‍ന്നും ഏറ്റവും വേദനപ്പെട്ടും വളരെ ക്ലേശിച്ചുമാണ് അവര്‍ പുത്രന്മാരെ പ്രസവിക്കുന്നത്. പിന്നെ അവര്‍ മഹാസ്നേഹത്തോടെ സന്താനങ്ങളെ പോറ്റുന്നു. ജുഗുപ്സിതമായ ക്രൂരജാതിയില്‍ പെട്ടവര്‍ കൂടി എന്നും സ്വകര്‍മ്മം ചെയ്യുന്നു. ഇതു ദുഷ്കരമാണെന്നാണ് എന്റെ അഭിപ്രായം. ഹേ, ദ്വിജാ ക്ഷത്രധര്‍മ്മ സമാചാര തത്വം എന്നോടു പറഞ്ഞാലും. മഹാന്മാരില്‍ നൃശംസയ്ക്കു ധര്‍മ്മം ദുര്‍ല്ലഭമാണ്! ഈ പ്രശ്നത്തിനുള്ള ഉത്തരം ഭവാന്‍ പറഞ്ഞാലും.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പറയുവാന്‍ വളരെ ദുര്‍ഘടമായ പ്രശ്നം ഞാന്‍ ഇതാ നിന്നോടു പറയുന്നു. യഥാര്‍ത്ഥമായി ഹേ, ഭരതശ്രേഷ്ഠാ! ഞാന്‍ പറയുന്നതു കേട്ടാലും. ചിലര്‍ പറയുന്നു, പ്രാധാന്യം അമ്മയ്ക്കാണെന്ന്, ചിലര്‍ പറയുന്നു, പ്രാധാന്യം അച്ഛനാണെന്ന്. മക്കളെ പോറ്റുന്ന അമ്മ ചെയ്യുന്ന കര്‍മ്മം ദുഷ്കരം തന്നെ. തപം, ദേവാര്‍ച്ചനം, സേവ, തിതിക്ഷ ഇവയാലും ആഭിചാരോപായത്താലും പിതാക്കള്‍ മക്കളെ കാക്കുന്നു. ഇപ്രകാരം പണിപ്പെട്ട ദുര്‍ല്ലഭപുത്രനെ നേടിയതിന് ശേഷം ഇനി അവന്‍ ഏതു നിലയ്ക്കാകും എന്നു ഗാഢമായി എപ്പോഴും ചിന്തിക്കുകയാണ് മാതാപിതാക്കന്മാര്‍. അവര്‍ പുത്രന്മാരുടെ ഉന്നതിയെ കാംക്ഷിക്കുന്നു. യശസ്സ്, കീര്‍ത്തി, ഐശ്വര്യം, സന്താനം, ധര്‍മ്മം എന്നിവയാണ് അവര്‍ പുത്രന്മാരില്‍ ആശിക്കുന്നത്. അവരുടെ ആശ നിറവേറ്റുന്നവന്‍ അവര്‍ക്കു സന്തോഷം ഉളവാക്കുന്നവനാണ്. ഇഹത്തിലും പരത്തിലും അവന് സല്‍കീര്‍ത്തി ഉണ്ടാകും. ധര്‍മ്മവുമുണ്ടാകും.
യജഞ്രക്രിയാ ശ്രാദ്ധോപവാസങ്ങള്‍ ഒന്നും കൂടാതെ ഭര്‍ത്തൃശുശ്രൂഷയാല്‍ തന്നെ സ്ത്രീകള്‍ സ്വര്‍ഗ്ഗം വെല്ലുന്നു. ഈ പ്രസംഗത്തെ പറ്റി ഹേ, യുധിഷ്ഠിര രാജാവേ! പതിവ്രതമാര്‍ക്കുള്ള നിഷ്ഠാകര്‍മ്മം ഭവാന്‍ കേട്ടാലും.
206. പതിവ്രതോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു; ഒരു ബ്രാഹ്മണ ശ്രേഷ്ഠന്‍ വേദം ചൊല്ലി ഒരു വൃക്ഷച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം വേദാദ്ധ്യായിയും, തപോനിധിയും, ധര്‍മ്മശീലനും ആയിരുന്നു. കൗശികന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. വേദങ്ങളും അംഗോപനിഷത്തും അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. ആ ദ്വിജോത്തമന്‍ അങ്ങനെ വേദം ചൊല്ലി ഇരിക്കുന്ന സമയത്ത് ഒരു വലാക (വെള്ളില്‍ പക്ഷി) മരത്തിന്റെ മുകളില്‍ അദ്ദേഹത്തിന്റെ തലയ്ക്കു മുകളില്‍ ഇരുന്ന് ആ ബ്രാഹ്മണന്റെ ശിരസ്സില്‍ കാഷ്ഠം വിട്ടു. ഉടനെ ബ്രാഹ്മണന്‍ മേൽപോട്ടു നോക്കിയപ്പോള്‍ പക്ഷിയെ കണ്ടു. ബ്രാഹ്മണന്‍ കോപിച്ച് മനസ്സു കൊണ്ടു ധ്യാനിച്ച് അതിനെ ഉഗ്രമായി ഒന്നു നോക്കി. വിപ്രന്റെ ശാപദൃഷ്ടി തട്ടി അതു നിലവിളിച്ചു ഭൂമിയില്‍ വീണു. അത് അവിടെക്കിടന്നു പിടഞ്ഞു ചത്തു! പക്ഷി ബ്രാഹ്മണന്റെ ശാപമേറ്റു ചത്തതു കണ്ടപ്പോള്‍ അദ്ദേഹം അനുശോചിച്ചു. അയാള്‍ ചിന്തിച്ചു: രോഷരാഗ പരാധീനനായി ഞാന്‍ അകൃതൃം ചെയ്തു പോയി.
മാര്‍ക്കണ്ഡേയന്‍ കഥ തുടര്‍ന്നു: അദ്ദേഹത്തിന്റെ ഹൃദയം തന്മൂലം ശോകാകുലമായി. പലതും പറഞ്ഞു വ്യസനത്തോടെ ഭിക്ഷയ്ക്ക് ഒരു ഗ്രാമത്തില്‍ ചെന്നു. ശുദ്ധിയുള്ള ഒരു കുലം അന്വേഷിച്ച് ഒരു വീട്ടില്‍ ചെന്നുകയറി, ഭിക്ഷ തന്നാലും! എന്ന് അയാള്‍ പറഞ്ഞു. "നില്‍ക്കൂ! തരാം!" എന്ന് ഒരു സ്ത്രീ അദ്ദേഹത്തോടു പറഞ്ഞു. ഞാന്‍ ഈ പാത്രങ്ങള്‍ ഒന്നു തേച്ചു കഴുകട്ടെ. ആ ബ്രാഹ്മണന്‍ അവിടെ നിന്നു. അതിനിടയ്ക്ക് വിശന്നു തളര്‍ന്ന് അവളുടെ ഭര്‍ത്താവു കയറി വന്നു.
ആ സാദ്ധ്വി തന്റെ പതിയെ കണ്ട മാത്രയില്‍ പണിയൊക്കെ നിര്‍ത്തി വച്ച്, ആ ബ്രാഹ്മണനെ വിട്ട്, അവളുടെ ഭര്‍ത്താവിന് പാദ്യം, ആചമനീയം, ആസനം എന്നിവ നല്കി. അനന്തരം വണങ്ങി, പതിയെ ശുശ്രൂഷിച്ച്, ആ സുന്ദരി സ്വാദേറുന്ന ഭക്ഷ്യഭോജ്യങ്ങള്‍ നല്കി. ഭര്‍ത്താവിനെ വേണ്ട വിധം ഊട്ടിയതിന് ശേഷം ഉച്ഛിഷ്ടം ഭുജിച്ചു. ഭര്‍ത്താവിനെ അവള്‍ ദൈവമാണെന്ന് ഓര്‍ത്തു. ഭര്‍ത്തൃചിത്താനുവൃത്തിയാലും മനോവാക് കര്‍മ്മങ്ങളാലും പതിസക്തിയാലും അന്യചിന്ത കൂടാതെ, സര്‍വ്വഭാവത്തോടും ഒത്ത് അവള്‍ ഭര്‍ത്തൃശുശ്രൂഷ ചെയ്തു.
അവള്‍ ശുദ്ധസാദ്ധ്വാചാര ദക്ഷയാണ്. കുടുംബഹിതം ഓര്‍ക്കുന്നവളാണ്. ഭര്‍ത്താവിന് എന്താണു ഹിതമെന്നാല്‍ അത് എപ്പോഴും നോക്കി നിൽക്കുന്നവളുമാണ്. ദേവതകള്‍ക്കും, അതിഥികള്‍ക്കും, വിപ്രന്മാര്‍ക്കും, ശ്വശ്രുവിനും, ശ്വശുരനും നിത്യം ശുശ്രൂഷ ചെയ്യുന്നവളുമാണ് അവള്‍. എപ്പോഴും അവള്‍ നിയതേന്ദ്രിയയുമാണ്.
അവള്‍ ആ ബ്രാഹ്മണനെ ഓര്‍ത്തു. അദ്ദേഹം ഭിക്ഷ കാംക്ഷിച്ച് ഇപ്പോഴും അവിടെ നിൽക്കുകയാണ്. പതിശുശ്രൂഷ ചെയ്യുമ്പോഴും ഈ വിചാരം അവള്‍ക്കുണ്ടായിരുന്നു. ഹേ, ഭാരതസത്തമാ! ആ സാദ്ധ്വി നാണം പൂണ്ട്, വിപ്രന് ഭിക്ഷയുമായി പുറത്തേക്കു വന്നു.
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, വരാംഗനേ! നീ എന്നോടു നിൽക്കുവാന്‍ പറഞ്ഞിട്ട്, എന്നെ ഇത്രയധികം സമയം വിട്ടയയ്ക്കാതെ താമസിച്ചത് എന്താണ്?
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: യുധിഷ്ഠിരാ! ഇപ്രകാരം പറഞ്ഞ് ആ ബ്രാഹ്മണന്‍ തേജസ്സാല്‍ എരിയുന്ന വിധം ക്രോധം പൂണ്ടു നിന്നു. അവന്റെ ക്രോധം കണ്ട് അവള്‍ ബ്രാഹ്മണനെ സാന്ത്വനം ചെയ്തു.
സ്ത്രീ പറഞ്ഞു: ക്ഷമിക്കണേ, ബുധശ്രേഷ്ഠാ എന്റെ ഭര്‍ത്താവ് എന്റെ പരദൈവമാണ്. വിശന്നു വലഞ്ഞു വന്ന അവനെ ശുശ്രൂഷിച്ചു വൈകി പോയതില്‍ ഭവാന്‍ ക്ഷമിക്കണം എന്നപേക്ഷിക്കുന്നു.
ബ്രാഹ്മണന്‍ പറഞ്ഞു: നീ എന്തു പറഞ്ഞു? ബ്രാഹ്മണരേക്കാളും മേലെയാക്കി നീ നിന്റെ ഭര്‍ത്താവിനെ, അല്ലേ? ഗൃഹസ്ഥാശ്രമിയായ നീ വിപ്രന്മാരെ നിന്ദിക്കുകയാണ്. ഇന്ദ്രനും കൂടി ബ്രാഹ്മണരെ കുമ്പിടുന്നു. പിന്നെ മര്‍ത്ത്യരുടെ കഥയെന്ത്?എടോ, ഗര്‍വ്വിഷ്‌ഠ നീ അജ്ഞയാണ്. വൃദ്ധന്മാര്‍ പറഞ്ഞു കേട്ടിട്ടില്ലേ നീ; തീയിനൊക്കും ബ്രാഹ്മണന്മാര്‍, ചുട്ടീടും ഭൂമിയേയുമേ!
സ്ത്രീ പറഞ്ഞു; ഹേ, വിപ്രാ! ഞാന്‍ "വെള്ളില്‍പ്പക്ഷി"യല്ല. തപോനിധേ! ഭവാന്‍ കോപിക്കാതിരിക്കൂ! ഈ ക്രുദ്ധനോട്ടം കൊണ്ട്, ക്രുദ്ധനായ ഭവാന്‍ എന്നില്‍ എന്തു ചെയ്യും ? ദേവാഭന്മാരായ ധീര വിപ്രന്മാരെ ഞാന്‍ നിന്ദിക്കയില്ല. ഹേ, അനഘാശയാ! ഭവാന്‍ എന്റെ ഈ തെറ്റിനെ പൊറുത്താലും. വിപ്രന്മാരുടെ തേജസ്സും മഹാഭാഗത്വവും ഞാന്‍ അറിയുന്നുണ്ട്. ക്രോധം മൂലം സമുദ്രത്തെ കുടിക്കാന്‍ കൊള്ളാത്ത ഉപ്പുവെള്ളമാക്കി തീര്‍ത്തതും എനിക്കറിയാം. ഉദ്ദീപ്ത തപസ്വികളും ഭാവിതാത്മാക്കളുമായ മഹര്‍ഷിമാരുടെ ക്രോധാഗ്നി ദണ്ഡകാരണ്യത്തില്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. ദുഷ്ടാത്മാവായ വാതാപി എന്ന അസുരന്‍ വിപ്ര നിന്ദ നിമിത്തം അഗസ്തൃമുനിയില്‍ ചെന്നു വെന്തു പോയി. ഇങ്ങനെ യോഗ്യരായ ബ്രാഹ്മണരുടെ പ്രഭാവം പലതും ഞാന്‍ കേട്ടിട്ടുണ്ട്. യോഗ്യന്മാര്‍ക്കു ക്രോധവും വലുതാണ്. പ്രസാദവും വലുതാണ്. എന്റെ ഈ തെറ്റില്‍ അനഘാശയനായ ഭവാന്‍ ക്ഷമിച്ചാലും! എനിക്ക് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മം പതിശുശ്രൂഷയാണ്. എല്ലാ ദൈവതങ്ങളിലും വച്ച് എനിക്കു പരദൈവം ഭര്‍ത്താവാണ്. ഞാന്‍ അദ്ദേഹത്തിന് യാതൊരു ഭേദവും കൂടാതെ ഈ ധര്‍മ്മം അനുഷ്ഠിക്കും. ഹേ, ബ്രാഹ്മണാ! ഭവാന്‍ പതിശുശ്രൂഷയുടെ ഫലം കണ്ടാലും! ഭവാന്‍ വലാകയെ രോഷത്താല്‍ ചുട്ടു എന്ന് ഞാനറിഞ്ഞു. എന്നാൽ ഞാന്‍ ഭവാനോടു പറയട്ടെ! മര്‍ത്തൃന് ശത്രു അവന്റെ ഉള്ളിലെ കോപമാണ്. ഹേ, ദ്വിജോത്തമാ! ക്രോധലോഭങ്ങള്‍ വിട്ടവനാണ് ദേവസമ്മതനായ ബ്രാഹ്മണന്‍. സത്യങ്ങള്‍ ചെയ്യുന്നവനും, ഹിംസിച്ചാലും ഹിംസിക്കാത്തവനുമാണ് ദേവാസത്തമനായ ബ്രാഹ്മണന്‍. ജിതേന്ദ്രിയനും, ധര്‍മ്മപരനും, സ്വാദ്ധ്യായനിരതനും, ശുചിയും, കാമക്രോധങ്ങള്‍ വെന്നവനുമായ ബ്രാഹ്മണനാണ് ദേവസമ്മതന്‍. വേദം പഠിപ്പിക്കുന്നവനും, യജിക്കുന്നവനും, യഥാശക്തി കൊടുക്കുന്നവനുമായ ബ്രാഹ്മണനാണ് ദേവസമ്മതന്‍. ബ്രഹ്മചാരിയും, വേദാദ്ധ്യായിയും, സ്വാദ്ധ്യായിയും, അപ്രമത്തനുമായ ബ്രാഹ്മണനാണ് ദേവസമ്മതന്‍.
ബ്രാഹ്മണര്‍ക്ക് എന്താണ് കുശലമായതെങ്കില്‍ അത് അവരോടു പറയണം. സത്യം ചൊല്ലുന്ന അവര്‍ക്ക് അനൃതത്തില്‍ ഒരിക്കലും മനസ്സു പെടുകയില്ല. ദമം, സ്വാദ്ധ്യായം, ആര്‍ജ്ജവം, ഇന്ദ്രിയജയം ഇവയാണ് ബ്രാഹ്മണര്‍ക്കു ധര്‍മ്മം. ധര്‍മ്മജ്ഞന്മാര്‍ പറയുന്നു സത്യവും ആര്‍ജ്ജവവും ധര്‍മ്മമാണെന്ന്. ശാശ്വത ധര്‍മ്മം സത്യത്തില്‍ നിൽക്കുന്നു. ധര്‍മ്മശാസനം ശ്രുതിപ്രമാണമായ ധര്‍മ്മമാണെന്ന് അനുശാസിക്കുന്നു. ധര്‍മ്മം പലവിധത്തില്‍ നാം കാണുന്നു. അതു സുക്ഷ്മചിന്തനയ്ക്കു വിധേയമാണ്, ദ്വിജോത്തമാ!
ഭവാന്‍ സ്വാദ്ധ്യായ നിരതനും, ശുചിയും, ധര്‍മ്മജ്ഞനുമാണല്ലോ. എന്നാൽ ഞാന്‍ ഒന്നു പറയട്ടെ. ഭവാന്‍ ധര്‍മ്മതത്വം അറിയുന്നവനല്ല എന്നാണ് എന്റെ അഭിപ്രായം. വിപ്രനായിട്ട് ഈ പരമമായ ധര്‍മ്മം അറിയുന്നില്ലെങ്കില്‍, ഭവാന്‍ മിഥിലയില്‍ ചെന്ന് ധര്‍മ്മവ്യാധനോടു ചോദിക്കുക. ജനനീ താത ശുശ്രൂഷകനും, സത്യവാദിയും, ജിതേന്ദ്രിയനുമായ ആ വ്യാധന്‍ മിഥിലയില്‍ അധിവസിക്കുന്നവനാണ്. അവന്‍ നിനക്കു ധര്‍മ്മം ഉപദേശിച്ചു തരും. ഭവാന്‍ അങ്ങോട്ടു ചെല്ലുക ദ്വിജോത്തമാ! ഇഷ്ടം പോലെ നന്മ വരും.
ഞാന്‍ അധികമായി പ്രസംഗിച്ചെന്നു ഭവാനു തോന്നുന്നുണ്ടെങ്കില്‍ മാന്യനായ ഭവാന്‍ എന്നില്‍ പൊറുത്താലും! ധര്‍മ്മം നോക്കുന്ന സ്ത്രീകള്‍ ഏവര്‍ക്കും അവദ്ധ്യകളാണല്ലോ
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, ശോഭനേ! ഞാന്‍ നിന്നെ അഭിവന്ദിക്കുന്നു. നിനക്കു നന്മ വരട്ടെ! എന്റെ കോപം തീര്‍ന്നിരിക്കുന്നു. നീ പറഞ്ഞതായ നിന്ദനം, ഉപാലംഭം, എന്റെ ശ്രേയസ്സിനാണെന്ന് എനിക്കു ബോദ്ധ്യമായി. നിനക്കു ശുഭം ഭവിക്കട്ടെ! ഞാന്‍ പോകട്ടെ ശോഭനേ, കാര്യം സാധിക്കട്ടെ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അവളുടെ അടുത്തു നിന്നു പോന്ന ആ കൗശിക ബ്രാഹ്മണന്‍ തന്റെ നിലയെ പറ്റി ചിന്തിച്ച്, തന്നെ തന്നെ നിന്ദിച്ചു കൊണ്ടു സ്വഗൃഹത്തില്‍ ചെന്നു ചേര്‍ന്നു.
207. ബ്രാഹ്മണ വ്യാധ സംവാദം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ആ സ്ത്രീ പറഞ്ഞതായ ആശ്ചര്യമൊക്കെ ചിന്തിച്ച് ആ ബ്രാഹ്മണന്‍ കുറ്റം ചെയ്തവനെ പോലെ ആത്മനിന്ദ ചെയ്തു ഗൃഹത്തില്‍ ഇരുന്നു. സ്വധര്‍മ്മത്തിന്റെ സൂക്ഷമായ ഗതി ചിന്തിച്ച് അവന്‍ തന്നത്താന്‍ പറഞ്ഞു; മനസ്സു ശ്രദ്ധയോടു കൂടി ഇരിക്കണം. അതു കൊണ്ട് ഞാന്‍ മിഥിലയ്ക്കു പോവുകയാണ്. കൃതാത്മാവും, ധര്‍മ്മജ്ഞനുമായ വ്യാധന്‍ അവിടെയാണല്ലോ. ആ തപസ്വിയോട് ധര്‍മ്മം ചോദിച്ചറിയുവാന്‍ ഞാന്‍ പേവുകയാണ്, എന്ന് ആ ബ്രാഹ്മണന്‍ മനസ്സില്‍ കരുതി. ആ സ്ത്രീ പറഞ്ഞ വാക്കില്‍ ശ്രദ്ധയോടു കൂടി, വലാകയെ താന്‍ ശപിച്ചു കൊന്നതോര്‍ത്ത്, പതിവ്രതയായ ആ സ്ത്രീയുടെ ശുഭധര്‍മ്മോക്തിയാല്‍ പ്രേരിതനായി, ആവന്‍ കുതൂഹലത്തോടു കൂടി മിഥിലയിലേക്കു പുറപ്പെട്ടു.
കാടും, ഗ്രാമങ്ങളും, പട്ടണങ്ങളും കടന്ന് അവന്‍ ജനക മഹാരാജാവു വാണരുളുന്ന മിഥിലയില്‍ ചെന്നെത്തി. അവിടെ എത്തിയപ്പോള്‍ ആ പട്ടണത്തിന്റെ കാഴ്ച അവനെ അത്ഭുതപ്പെടുത്തി.
ധര്‍മ്മസേതുക്കള്‍ ചേര്‍ന്ന് യജേഞാത്സവം നടക്കുന്നു. ഗോപുരം, മേല്‍ത്തട്ട്, കോട്ട, കൊത്തളം എന്നിവയും ഭംഗിയില്‍ തീര്‍ത്ത വെണ്‍മാടങ്ങള്‍, മതിലുകള്‍ എന്നിവ ചേര്‍ന്നു വിളങ്ങുന്ന ആ മനോഹര പുരിയില്‍ പ്രവേശിച്ച് അവന്‍ നടന്നു. അങ്ങാടി തെരുവോടു കൂടിയ വിസ്തൃതമായ പാതയിലൂടെ അവന്‍ നടന്നു.
തേര്, ആന, അശ്വം ഇവയൊക്കെ പല ഭാഗത്തും ഇടചേര്‍ന്നു നിൽക്കുന്നതും, സന്തോഷത്തോടും പരിപുഷ്ടിയോടും കൂടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും, നിത്യോത്സവത്തിന്റെ പ്രതീതി ഉളവാക്കുന്നതും പല പല വൃത്താന്തങ്ങള്‍ ചേര്‍ന്നതുമായ പുരത്തിലേക്ക് ആ ദ്വിജോത്തമന്‍ കയറി. അവന്‍ ധര്‍മ്മവ്യാധന്റെ വസതി എവിടെയാണെന്ന് ദിജരോടു ചോദിച്ചു. അവര്‍ കാട്ടിക്കൊടുത്ത മാര്‍ഗ്ഗത്തിലൂടെ നടന്ന് മാംസം വിൽക്കുന്ന തെരുവിലൂടെ പോയി, അവനെ കണ്ടെത്തി.
മാന്‍, പോത്ത് മുതലായ മൃഗങ്ങളുടെ മാംസം വിൽക്കുന്ന ആ തപസ്വിയെ കണ്ടെത്തി. മാംസം വാങ്ങുവാന്‍ വരുന്നവരുടെ തിരക്കു മൂലം ബ്രാഹ്മണന്‍ ഒരറ്റത്തു ചെന്നു നിന്നു. ബ്രാഹ്മണന്‍ വന്നത് അറിഞ്ഞ ഉടനെ അവന്‍ പെട്ടെന്ന് എഴുന്നേറ്റ് വിപ്രന്‍ ഒറ്റയ്ക്കു നിൽക്കുന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ കാണുവാന്‍ ചെന്നു.
ധര്‍മ്മവ്യാധന്‍ പറഞ്ഞു: ഭഗവാനേ, വിപ്രസത്തമാ! ഞാന്‍ അങ്ങയെ കൈകൂപ്പുന്നു. അങ്ങ് അന്വേഷിക്കുന്ന വ്യാധന്‍ ഞാനാണ്. ഞാന്‍ ഭവാന് എന്തു ചെയ്യണം എന്നു പറഞ്ഞാലും! അങ്ങയ്ക്കു ശുഭം ഭവിക്കും! മിഥിലയ്ക്കു പോകുവാനായി ഭവാനോടു പതിവ്രത പറഞ്ഞതും ഭവാന്‍ ഇവിടെ വരുവാനുള്ള എല്ലാ കാരണവും ഞാന്‍ അറിഞ്ഞിരിക്കുന്നു.
അവന്‍ പറഞ്ഞ ആ വാക്കു കേട്ട് വിപ്രന്‍ അത്ഭുതപ്പെട്ടു. ഇത് അത്ഭുതം തന്നെ! ഇതു രണ്ടാമത്തെ ആശ്ചര്യമായിരിക്കുന്നു എന്നു വിപ്രന്‍ വിചാരിച്ചു.
വ്യാധന്‍ പറഞ്ഞു: അങ്ങയ്ക്ക് ഈ നില്പു ചേര്‍ന്നതല്ല; ഈ സ്ഥാനം അങ്ങയ്ക്കു നിൽക്കാന്‍ പറ്റിയ ഇടമല്ല. ഇവിടെ ഭവാനു വിഷമം തോന്നുന്നുണ്ടാകും. അതു കൊണ്ട് ഭഗവാനേ! അങ്ങയ്ക്ക് ഇഷ്ടമാണെങ്കില്‍ എന്റെ ഗൃഹത്തിലേക്കു പോകാം!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അങ്ങനെയാകട്ടെ എന്നു വിപ്രന്‍ സന്തോഷത്തോടെ പറഞ്ഞപ്പോള്‍ വ്യാധന്‍ അവനെ മുമ്പില്‍ നടത്തി, തന്റെ ഗൃഹത്തില്‍ ചെന്നെത്തി. അവന്റെ രമ്യമായ ഗൃഹത്തില്‍ ഇരുത്തി പൂജിച്ചു സല്‍കരിച്ചു. ദ്വിജന്‍ അവന്റെ പാദ്യവും ആചമനീയവും ഏറ്റു. പിന്നെ സസുഖം ഇരുന്ന് ആ വ്യാധനോടു പറഞ്ഞു.
ബ്രാഹ്മണന്‍ പറഞ്ഞു; ഹേ, വ്യാധാ! ഭവാന് ഈ തൊഴില്‍ യോജിച്ചതല്ലെന്നാണ് എന്റെ അഭിപ്രായം. ഈ ഘോരമായ കൃത്യം കണ്ടിട്ടു ഞാന്‍ ദുഃഖിക്കുന്നു.
വ്യാധന്‍ പറഞ്ഞു: എന്റെ അച്ഛനും മുത്തച്ഛനും ചെയ്തു വന്ന കുലധര്‍മ്മം ഇതാണ്. ഞാനും ആ കുലധര്‍മ്മത്തില്‍ നിൽക്കുന്നതു കണ്ട് ഭവാന്‍ ദുഃഖിക്കരുത്. ധാതാവ് പണ്ടേ നിശ്ചയിച്ചു ആ സ്വധര്‍മ്മത്തെ സംരക്ഷിച്ച് ഞാന്‍ ശ്രദ്ധയോടു കൂടി, ഹേ വൃദ്ധാ! വൃദ്ധരായ ഗുരുക്കളെ പുജിച്ചു ജീവിക്കുന്നു. സത്യമേ ഞാന്‍ പറയൂ. ഈര്‍ഷ്യ എനിക്കില്ല. യഥാശക്തി ഞാന്‍ ദാനം ചെയ്യും. ദേവതകള്‍ക്കും, അതിഥികള്‍ക്കും, ഭൃത്യന്മാര്‍ക്കും നല്കിയതിന് ശേഷമേ ഞാന്‍ ഭുജിക്കുകയുള്ളു. ഞാന്‍ ആരേയും നിന്ദിക്കുകയില്ല. ബലിഷ്ഠനോടു ഞാന്‍ ഗര്‍വ്വിക്കയില്ല. മുജ്ജന്മ കര്‍മ്മം ചെയ്തവനെ അനുവര്‍ത്തിച്ചാണ് ഞാന്‍ ജീവിക്കുന്നത്.
കൃഷി, കച്ചവടം, ഗോരക്ഷ ഇവ കൊണ്ടാണ് ലോകര്‍ ജീവിക്കുന്നത്. ദണ്ഡനീതി, വേദത്രയം ഇവയാല്‍ ലോകം നിലനിൽക്കുന്നു. ശൂദ്രന് ദാസ്യവും വൈശ്യന് കൃഷിയും ന്യപന് യുദ്ധവും വിപ്രന് ബ്രഹ്മചര്യം, വ്രതം, മന്ത്രം, സത്യം എന്നിവയുമാണ് വിധിച്ചിട്ടുള്ളത്. സ്വധര്‍മ്മത്തോടു കൂടി ജീവിക്കുന്ന പ്രജകളെ രാജാവു ധര്‍മ്മാനുസരണം സംരക്ഷിക്കുന്നു. വികര്‍മ്മസ്ഥന്മാരെ രാജാവ് സ്വകര്‍മ്മത്തില്‍ നിൽക്കുവാന്‍ ശാസിക്കുന്നു. നൃപന്മാരെ ഭയപ്പെടണം. അവര്‍ പ്രജകളുടെ അധീശന്മാരാണല്ലോ. അമ്പിനാല്‍ മാനിനെ എന്നപോലെ രാജാവു കര്‍മ്മം തെറ്റി നടക്കുന്നവരെ നിലയ്ക്കു നിര്‍ത്തും.
ഹേ, വിപ്രർഷേ! ജനക രാജാവിന്റെ നാട്ടില്‍ വികര്‍മ്മസ്ഥന്മാര്‍ ഇല്ല! നാലു ജാതിക്കാരും സ്വകര്‍മ്മ പരന്മാരാണ്. ജനക മഹാരാജാവു സ്വകര്‍മ്മം തെറ്റി നടക്കുന്നവരെ, സ്വപുത്രനായാല്‍ പോലും, അവന്‍ ശിക്ഷാര്‍ഹനായാല്‍ ശിക്ഷിക്കും. എന്നാൽ ധര്‍മ്മിഷ്ഠനെ ഒരിക്കലും വലയ്ക്കുകയില്ല. ചാരദ്യക്കായ രാജാവ് ധര്‍മ്മത്താല്‍ എല്ലാം കാണും. ശ്രീയും നാടുംദണ്ഡനവും എല്ലാം മന്നവന്മാര്‍ക്കുള്ളതാണ് ദ്വിജോത്തമാ! രാജാക്കന്മാര്‍ സ്വധര്‍മ്മത്താല്‍ ലക്ഷ്മിയെ ധാരാളമായി ഇച്ഛിക്കുന്നു. എല്ലാ ജാതിയേയും സംരക്ഷിക്കുന്നവനാണ് രാജാവ്.
ഹേ, വിപ്രാ! മറ്റുള്ളവര്‍ കൊന്ന പോത്ത്, പന്നി എന്നിവയെ ഞാന്‍ വിൽക്കുകയാണ്. കൊല്ലുന്നതു ഞാനല്ല. ഞാന്‍ മാംസം തിന്നാറില്ല. ഞാന്‍ ഋതുഗാമിയാണ് ( ഋതു കഴിഞ്ഞ് പതിനാറു നാള്‍ക്കുള്ളില്‍ പുത്രോല്‍പ്പാദനാര്‍ത്ഥം മാത്രം ഭാര്യയെ പ്രാപിക്കുന്നവ൯ ). ഞാന്‍ നിതൃവും ഉപവസിക്കുന്നവനാണ്. രാത്രി മാത്രമേ ഞാന്‍ ഉണ്ണുകയുള്ളു. മനുഷ്യര്‍ സ്ഥിരമായി ചീത്തയാണെന്നു വിചാരിക്കരുത്. ശീലം കെട്ട മനുഷ്യനും ശീലവാനായി ഭവിക്കാം. കൊലപാതകിയും കൂടി ധാര്‍മ്മികനായി വരും.
രാജാക്കന്മാര്‍ തെറ്റി പ്രവര്‍ത്തിച്ചാല്‍ ലോകം സങ്കരത്തിലാകും. അധര്‍മ്മം വന്നു കയറും. പ്രജകളും സങ്കരത്തിലാകും. തന്മൂലം എന്തൊക്കെ സംഭവിക്കും എന്നറിയാമോ? സ്വധര്‍മ്മവിരുദ്ധ ആചാരന്മാരും, മുണ്ടന്മാരും, കൂനന്മാരും, പെരുന്തലയന്മാരും, നപുംസകങ്ങളും, കുരുടന്മാരും, പൊട്ടന്മാരും, തുറുകണ്ണന്മാരും ഉണ്ടാകും. രാജാക്കള്‍ ചെയ്യുന്ന അധര്‍മ്മം കൊണ്ടു നാട്ടുകാര്‍ക്കു നിത്യവും ആപത്തുണ്ടാകും.
ഈ മന്നവേന്ദ്രനായ ജനകന്‍ ധര്‍മ്മത്താല്‍ ലോകരെ കാക്കുന്നു! സ്വധര്‍മ്മമുള്ള നാട്ടുകാരെയൊക്കെ അദ്ദേഹം സംരക്ഷിക്കുന്നു.
എന്നെ വാഴ്ത്തുന്നവരേയും എന്നെ നിന്ദിക്കുന്നവരേയും ഭേദം കൂടാതെ എല്ലാവരേയും ഞാന്‍ എന്റെ കര്‍മ്മം കൊണ്ടു പ്രീതരാക്കുന്നു. നരനായകന്മാര്‍ ധര്‍മ്മം കൊണ്ട് ഉപജീവിച്ചു രക്ഷിക്കുന്നവരാണ്. മറ്റൊന്നു കൊണ്ടുമല്ല ദാന്തരും ഉത്സാഹശാലികളുമായ അവര്‍ ഉപജീവിക്കുന്നത്.
നിത്യവും ശക്തിക്കൊത്ത വിധം അന്നദാനം, ധര്‍മ്മനിഷ്ഠ, സഹനശക്തി, സര്‍വ്വഭൂതത്തിലും നിത്യം അര്‍ഹതയ്ക്കു ചേര്‍ന്ന വിധം പൂജ ഇവ വേണം. മര്‍ത്ത്യര്‍ക്കു ദാനമില്ലാതെ ഗുണം ലഭിക്കുന്നതല്ല. പാഴ്വാക്കു പറയരുത്. പറയാതെ തന്നെ ഇഷ്ടം അറിഞ്ഞു പ്രവര്‍ത്തിക്കണം. ധര്‍മ്മം കൈവിടരുത്. കാമം, ദ്വേഷം, വാശി, ഭയം ഇവ കൊണ്ടു തന്റെ ധര്‍മ്മം ഉപേക്ഷിക്കരുത്. പ്രിയകാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ അധികമായി സന്തോഷിക്കരുത്. അപ്രിയ കാര്യങ്ങളില്‍ ദുഃഖിക്കയുമരുത്. ധനസംബന്ധമായ ബുദ്ധിമുട്ടു വരുമ്പോള്‍ ഉഴലരുത്; ധര്‍മ്മം തെറ്റുകയും ചെയ്യുരുത്. ഒരു കര്‍മ്മം വേണ്ട ദിക്കില്‍ മറ്റൊരു കര്‍മ്മം നടത്തരുത്. ആത്മാവ് ശുഭമാണെന്നു ചിന്തിക്കുന്നതില്‍ മനസ്സു വെക്കണം. കുറ്റത്തിന് എതിരായി കുറ്റം ചെയ്യരുത്. എന്നും സാധുവായി ജീവിക്കണം. പാപം ചെയ്യുവാന്‍ മനസ്സില്‍ കരുതുന്ന പാപി ആത്മഹതനാണ്. സ്വയം കൊല്ലപ്പെട്ടവനാണ്. അതില്‍ യാതൊരു സംശയവുമില്ല. അധര്‍മ്മം ചെയ്തു ദുഃഖിക്കുന്ന ദുഷ്ടന്റെ കാര്യം കള്ളന്റെ മട്ടിലാണ്. ധര്‍മ്മമില്ലെന്നു പറഞ്ഞ് നല്ല ജനങ്ങളെ നിന്ദിക്കുന്നവന്‍ ധര്‍മ്മശ്രദ്ധ വെടിഞ്ഞ കള്ളനാണ്. അവന്‍ നശിക്കുക തന്നെ ചെയ്യും. ഊതി വീര്‍ക്കുന്ന ഉലപോലെ അധര്‍മ്മം എപ്പോഴും മൂഢന്മാരായ ഗര്‍വ്വികള്‍ക്കു വലുതായി വരികയും പിന്നെ ചുരുങ്ങി ഒന്നും ഇല്ലാത്ത നിസ്സാരമായ നിലയിൽ എത്തിക്കുകയും ചെയ്യും. ഭാനു ദിവൃരൂപം കാണിക്കും പോലെ ശരിയായ രൂപം അവന് ആത്മാവു കാണിച്ചു കൊടുക്കും.
ദുഷ്ടന്‍ നാട്ടില്‍ ഒരിക്കലും ശോഭിക്കുകയില്ല. ആത്മപ്രശംസ ദുഷ്ടന്മാര്‍ വളരെ ചെയ്യും. അതു കൊണ്ട് എന്തു പ്രയോജനം? ധനമില്ലാത്തവൻ ആണെങ്കിലും വിദ്വാന്‍ നല്ലപോലെ വിളങ്ങും. ആരേയും നിന്ദ ചെയ്യാതെയും തന്നത്താന്‍ വാഴ്ത്തി പറയാതെയും ഗുണവാനായി ജീവിക്കുന്ന ഒരുത്തനേയും ഞാന്‍ ഭൂമിയില്‍ കാണുന്നില്ല.
തെറ്റു ചെയ്തു പോയാല്‍ അതില്‍ പശ്ചാത്തപിച്ചാല്‍ ചെയ്‌ത തെറ്റിന്റെ പാപം ഹേ, ബ്രാഹ്മണാ വിട്ടൊഴിഞ്ഞു പോകും. ഇനി ഞാന്‍ തെറ്റു ചെയ്യുന്നതല്ല എന്നു മനസ്സില്‍ ഉറപ്പിക്കണം. വീണ്ടും ആ തെറ്റു ചെയ്യാതിരിക്കുകയും വേണം. ഏതു കര്‍മ്മം കൊണ്ടാണോ പാപം തീണ്ടിയത് അത് കര്‍മ്മാനുഷ്ഠാനം കൊണ്ടു പരിഹരിക്കാം. അപ്രകാരം ശ്രുതിയുമുണ്ട്. മുമ്പേ ചെയ്ത പാപങ്ങളെ അറിയുന്നില്ലെങ്കില്‍ ധര്‍മ്മശീലന് ഇടിവു പറ്റും. തെറ്റു കൊണ്ടു ചെയ്തതായ പാപങ്ങളേയും ധര്‍മ്മം പോക്കുന്നതാണ്.
പാപം ചെയ്തതിന് ശേഷം "അതു ഞാനല്ല ചെയ്തത്! അതു ഞാനല്ല ചെയ്തത്", എന്നു പറയുന്നവനെ ദേവന്മാരും അവന്റെ അന്തരാത്മാവും കാണുന്നുണ്ടല്ലോ. ശ്രദ്ധ വെച്ച് ഈർഷ്യ കൂടാതെ ശുഭം ചെയ്യുവാന്‍ മനുഷ്യന്‍ ഒരുങ്ങണം. സജ്ജനങ്ങള്‍ക്ക് അതു പഴുതടയ്ക്കുവാന്‍ വസ്ത്രം എന്ന പോലെ ഉപയോഗപ്പെടും. ഒരുത്തന്‍ പാപം ചെയ്തു എന്നു വെച്ച് പിന്നെ അവന്‍ ശുഭം ചെയ്യാതിരിക്കരുത്. നിരന്തരം ചെയ്യുന്ന ശുഭകര്‍മ്മം പാപത്തെ നീക്കം ചെയ്യും. കാറു പോയി തിങ്കള്‍ തെളിയുന്നതു പോലെ പാപം പോയ മര്‍ത്ത്യന്‍ തെളിയും. ശുഭകര്‍മ്മം ചെയ്യുന്നവന്‍ ഇരുട്ടുനീക്കി തെളിയുന്ന ആദിത്യനെപ്പോലെ പാപങ്ങളൊക്കെ നീങ്ങി തെളിയുന്നതാണ്.
പാപങ്ങള്‍ക്കുള്ള അടിസ്ഥാനം ലോഭമാണ്. അധികം ജ്ഞാനമില്ലാത്ത ലുബ്ധന്മാര്‍ പാപത്തില്‍ ഏര്‍പ്പെടുന്നു. പുല്ലിനാല്‍ കൂപം എന്നതു പോലെ അധാര്‍മ്മികര്‍ അധര്‍മ്മത്താല്‍ ധര്‍മ്മത്തെ മൂടുന്നു. അവര്‍ക്കുമുണ്ട് ദമവും, ശുദ്ധമായ ധര്‍മ്മത്തിലുള്ള ചേര്‍ച്ചയും.
മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു: വ്യാധന്‍ പറഞ്ഞതു കേട്ട് മഹാപണ്ഡിതനായ ദ്വിജന്‍ വ്യാധനോടു ചോദിച്ചു.
ബ്രാഹ്മണന്‍ പറഞ്ഞു: ഹോ നരോത്തമാ!! വിശിഷ്ടന്മാരുടെ ആചാരം എന്നു നീ പറഞ്ഞുവല്ലോ. എന്താണു വിശിഷ്ടാചാരം? അതു ശരിയായി കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. നിനക്കു നന്മ ഭവിക്കട്ടെ! ബുദ്ധിമാനായ ഭവാന്‍ വിസ്തരിച്ചു പറഞ്ഞാലും.
വ്യാധന്‍ പറഞ്ഞു: ഹേ, ബ്രാഹ്മണാ! ഞാന്‍ പറയാം. യജ്ഞം, ദാനം, തപം, വേദം, സത്യം പവിത്രങ്ങളായ ഇവ അഞ്ചുമാണ് വിശിഷ്ടാചാരങ്ങള്‍. കാമം, ക്രോധം, ദംഭം, മാനം, ആര്‍ജ്ജവം ഇവയെ ജയിച്ച് കേവലം ധര്‍മ്മം വിടാതെ ജീവിക്കുന്ന ശിഷ്ടസമ്മതര്‍ എന്നും ശിഷ്ടരാകുന്നു. യജ്ഞസ്വാദ്ധ്യായ ശീലന്മാരായ അവര്‍ക്ക് കാമ്യമായി ഒന്നുമില്ല. ആചാര ലക്ഷണമെന്നത് രണ്ടാമത്തേതായ ശിഷ്ടലക്ഷണമാണ്. ഗുരുശുശ്രൂഷ (അച്ഛനമ്മമാരെ ശുശ്രുഷിക്കല്‍), സത്യം, ക്രോധമില്ലായ്മ, ദാനം ഇങ്ങനെ നാലാണ് നിത്യമായ ശിഷ്‌ടാചാരം. ശിഷ്ടാചാരത്തില്‍ മനസ്സു വെച്ച് എല്ലായിടത്തും നല്ല ഉറപ്പോടു കൂടി നേടേണ്ട കാര്യം അവ കൂടാതെ ഒരിക്കലുമിവിടെ സിദ്ധിക്കുന്നതല്ല. വേദത്തിന്റെ കാതലാണ് സത്യം. സത്യത്തിന്റെ കാതലാണ് ദമം. ദമത്തിന്റെ കാതലാണ് ത്യാഗം. അതു നിത്യമായ ശിഷ്ടാചാരമാണ്. ധര്‍മ്മത്തില്‍ ഈര്‍ഷ്യ വെയ്ക്കുന്നവര്‍, ബുദ്ധിമോഹം ബാധിച്ചവര്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ നടക്കുന്നവര്‍ ഈ കൂട്ടരെ പിന്തുടരുന്നവര്‍ക്ക് ദുഃഖമാണു ഫലം. ശ്രുതിയും ത്യാഗവും അവലംബിച്ചു ജീവിക്കുന്നവരായ ശിഷ്ടര്‍ സത്യധര്‍മ്മാ വലംബികളായി ധര്‍മ്മം വഴിക്കു കയറുന്നതാണ്. ഏറ്റവും ഉയര്‍ന്ന ബുദ്ധിയോടു കൂടി, ശ്രേഷ്ഠാചാരം അനുഷ്ഠിച്ച് ഗുരുവിന്റെ കീഴില്‍ ധര്‍മ്മാചാരം ദര്‍ശിച്ചു ജീവിക്കുന്നവര്‍ വിജയികളാകുന്നു. മര്യാദകെട്ട ക്രൂരന്മാര്‍, പാപബുദ്ധികള്‍, നാസ്തികന്മാര്‍ എന്നീ കൂട്ടരെ ജ്ഞാനിയായവന്‍ ധാര്‍മ്മികസേവയാല്‍ ഒഴിവാക്കി വിടണം.
കാമലോഭങ്ങളാകുന്ന മുതലകള്‍ ജിവിക്കുന്ന പഞ്ചേന്ദ്രിയ ജലം നിറഞ്ഞ പുഴ ജന്മദുര്‍ഗ്ഗങ്ങളാണ്. ആ പുഴയെ ധൃതിയാകുന്ന (ധൈര്യം) വഞ്ചിയാല്‍ തരണം ചെയ്യണം. ബുദ്ധിയോഗ മയമായ ധര്‍മ്മം ക്രമത്തില്‍ അനുഷ്ഠിക്കുക ആണെങ്കില്‍ മനുഷ്യന്‍ ശിഷ്ടാചാരനാകും. ശുഭ്രമായ വസ്ത്രത്തില്‍ ചായം എങ്ങനെ പറ്റുമോ അതുപോലെ അവനില്‍ ശിഷ്‌ടാചാരം വന്നു ചേരും. അഹിംസ, സതൃഭാഷണം ഇവ എല്ലാ ഭൂതത്തിനും ഏറ്റവും ഹിതമാകുന്നു. അഹിംസ ഏറ്റവും വലിയ ധര്‍മ്മമാണ്. ആ അഹിംസയാകട്ടെ, സത്യത്തില്‍ നിൽക്കുന്നതാണ്. സത്യത്തില്‍ ഊന്നി നിന്നാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതു സത്യമാണ്. അതു ശ്രേഷ്ഠാചാരങ്ങള്‍ക്ക് അവലംബനവുമാണ്. ആചാരം സാധുധര്‍മ്മമാണ്; സജ്ജനങ്ങള്‍ ആചാരപരന്മാരാണ്. ജീവിക്കു പ്രകൃതിയേതോ അതിന്റെ ഫലം അവന്‍ അനുഭവിക്കുന്നു.
അനാത്മജ്ഞനായ പാപി കാമക്രോധങ്ങള്‍ കൊണ്ടുള്ള ദോഷങ്ങള്‍ ഏൽക്കുന്നതാണ്. ന്യായത്തോടു കൂടിയ ഒരു ആരംഭം തന്നെ ധര്‍മ്മമാണെന്നു കാണുന്നു. അനാചാരം അധര്‍മ്മമാണെന്നാണ് ശിഷ്ടന്മാര്‍ പറയുന്നത്. ക്രോധം, ഈര്‍ഷ്യ, അഹങ്കാരം, മാത്സരൃം ഇവ കൂടാതെ ആര്‍ജ്ജവത്തോടു കൂടി യ ശാന്തന്മാര്‍ ശിഷ്ടാചാരന്മാർ ആയി തീരും.
ത്രൈവിദ്യന്മാരും (മൂന്നു വേദങ്ങള്‍ പഠിച്ചവര്‍), വൃദ്ധന്മാരും, ശുദ്ധന്മാരും, സുശീലന്മാരും, മനസ്വികളും, ഗുരുസേവകന്മാരും, ദാന്തന്മാരുമായവര്‍ ശിഷ്ടാചാരന്മാരായി ഭവിക്കും. അവര്‍ അസാദ്ധ്യാചാര കര്‍മ്മാക്കളും, സത്വവാന്മാരും ആയിത്തീരും. സ്വകര്‍മ്മ പരന്മാരായ അവര്‍ക്ക് നിര്‍ദ്ദയത്വം കൊണ്ടുണ്ടാകുന്ന പാപം നശിക്കുന്നതാണ്. പുരാണവും, ശാശ്വതവും, നിത്യവുമായ ആ സദാചാരം അത്ഭുതം തന്നെയാണ്. ധര്‍മ്മം ധര്‍മ്മം കൊണ്ടു കണ്ട് മനീഷികള്‍ വാനില്‍ എത്തുന്നു. ദുരഭിമാനമില്ലാത്ത ആസ്തികന്മാ൪ വിപ്രന്മാരെ പൂജിക്കുന്നവര്‍, അറിവും ശീലവും ചേര്‍ന്നവര്‍ സത്വഗുണന്മാര്‍ ഇവര്‍ സ്വര്‍ഗ്ഗത്തില്‍ വാഴും. പരമമായ ധര്‍മ്മം വേദോക്തമാണ്. അന്യമായ ധര്‍മ്മം ശാസ്ത്രോക്തമാണ്. ശിഷ്ടന്മാര്‍ക്കു ധര്‍മ്മം ശിഷ്ടാചാരമാണ്. ഇങ്ങനെ ധര്‍മ്മലക്ഷണം മൂന്നു വിധമാകുന്നു. സദാചാരത്തിന് നിദര്‍ശനം, ക്ഷമ, സത്യം, ആര്‍ജ്ജവം, ശൗചം ഇവയാകുന്നു.
എല്ലാവരിലും കനിയുന്നവര്‍ എപ്പോഴും അഹിംസാപരന്മാർ ആണെന്നു വിചാരിക്കാം. പരുഷം പറയാത്തവര്‍ നിതൃസത്വന്മാരും വിപ്രഭക്തന്മാരും ആണെന്നു കരുതാം. ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലത്തിന്റെ പരിപാകം അറിയുന്ന ശിഷ്ടന്മാര്‍ ശിഷ്ടസമ്മതരാണ്. ന്യായവാന്മാരും, ഗുണാഢ്യന്മാരും, സര്‍വ്വലോക ഹിതൈഷികളും, സ്വര്‍ഗ്ഗം നേടുന്നവരുമായ ശുദ്ധര്‍ നല്ലവരും സല്‍പഥത്തില്‍ നിൽക്കുന്നവരുമാണ്. ദാനം ചെയ്യുന്നവരും, കിട്ടുന്നതു പങ്കിടുന്നവരും, ദീനന്മാരെ രക്ഷിക്കുന്നവരും, അറിവാകുന്ന ധനമുള്ളവരും, തപസ്വികളും, സര്‍വ്വഭൂത ദയാവാന്മാരും, പുജ്യന്മാരുമായവര്‍ ശിഷ്ടസമ്മതരായ ശിഷ്ടന്മാരാകുന്നു. ദീനശിഷ്ടന്മാര്‍ സുഖലോകവും ലക്ഷ്മിയും നേടും. ഭാര്യാഭൃത്യാദികള്‍ക്ക് പീഡ കൂടാതെ ശ്രദ്ധയോടു കൂടി സത്തുക്കള്‍ ചെന്നാല്‍, സത്തുക്കള്‍ക്കു വേണ്ടി അവര്‍ വേണ്ടുവോളം നല്കും. ലോകയാത്രാധര്‍മ്മവും ആത്മഹിതവും നോക്കുന്നവരായി ഇപ്രകാരം വാഴുന്ന സത്തുക്കള്‍ വളരെ വത്സരം അഭിവൃദ്ധി പ്രാപിക്കും.
അഹിംസ, സതൃഭാഷണം, ആനൃശംസ്യം, ആര്‍ജ്ജവം, അദ്രോഹം, ഗര്‍വ്വമില്ലായ്മ, നാണം, ശാന്തി, ശമം, ദമം, ഭൂതാനുകമ്പ, ധൃതി, ബുദ്ധി ഇവ ചേര്‍ന്നവരും കാമദ്വേഷങ്ങള്‍ വിട്ടവരുമായ സജ്ജനങ്ങള്‍ ലോകസാക്ഷികൾ ആകുന്നു.
സജ്ജനങ്ങള്‍ക്ക് ഉത്തമപദം മൂന്നാണെന്ന് സജ്ജനങ്ങള്‍ പറയുന്നു. ദ്രോഹിക്കരുത്, ദാനം ചെയ്യണം, എപ്പോഴും സത്യം പറയണം.
എല്ലായിടത്തും സങ്കടം കാണുന്ന സജ്ജനം കഷ്ടപ്പെടുന്നവരില്‍ കനിയും. മുഖ്യമായ ധര്‍മ്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും. ധര്‍മ്മനിശ്ചയമുള്ള ശിഷ്ടാചാരന്മാരായ മഹാജനങ്ങള്‍ അനസൂയ, ക്ഷമ, ശാന്തി, സന്തോഷം, പ്രിയഭാഷണം, കാമക്രോധങ്ങള്‍ വിടുക ഇങ്ങനെ ശിഷ്ടാചാരാവലംബികൾ ആയിത്തീരും. അറിവോടു കൂടി ചെയ്യുന്ന കര്‍മ്മം മുഖ്യമായ സന്മാര്‍ഗ്ഗമാകുന്നു. നിത്യവും ധര്‍മ്മതല്പരരായ ജനങ്ങള്‍ ശിഷ്ടാചാരത്തില്‍ അടിയുറച്ചു നിൽക്കുന്നു.
പ്രജ്ഞയാകുന്ന പ്രാസാദത്തില്‍ കയറി നിൽക്കുന്നവര്‍ മഹാഭയത്തില്‍ നിന്നു വിട്ടു നിൽക്കുന്നു. അവര്‍ പല മട്ടിലുള്ള ലോകതത്വത്തെ നോക്കി കാണുകയും ചെയ്യുന്നു.
ഹേ, ദ്വിജവരോത്തമാ! ഇങ്ങനെയാണ് അതിപുണ്യങ്ങളും, പാപങ്ങളും. ഇവയൊക്കെ ഞാന്‍ എന്റെ അറിവും കേള്‍വിയും അടിസ്ഥാനമാക്കി, ശിഷ്ടാചാരത്തെ മുന്‍നിര്‍ത്തി എന്നാൽ കഴിയുന്ന വിധം ഭവാനോടു പറഞ്ഞു.
208. ബ്രാഹ്മണ വ്യാധ സംവാദം - ധര്‍മ്മവ്യാധന്‍ പിന്നെ ആ വിപ്രനോടു പറഞ്ഞു: ഹേ, വിപ്രാ! ഭവാന്‍ പറഞ്ഞുവല്ലോ ഇതു ഘോരമായ കര്‍മ്മമാണെന്ന്, ശരി, ഞാന്‍ സമ്മതിക്കുന്നുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. ഘോരകര്‍മ്മം തന്നെ! ബ്രാഹ്മണാ, വിധിബലാല്‍ തന്നെയാണ് അതു ലഭിച്ചത്. അതിനെ കടക്കുവാന്‍ സാദ്ധ്യമല്ല. മുജ്ജന്മകൃതമായ കര്‍മ്മത്തിന്റെ ഫലമാണ് അത്. ഞാന്‍ ചെയ്ത കര്‍മ്മദോഷത്തിന്റെ ഫലമാണ്. ഈ ദോഷത്തെ കളയുവാന്‍ ഞാന്‍ യത്നിക്കുന്നുണ്ട്. ഭവാന്‍ ചിന്തിക്കുക! വിധി മുമ്പെ കൊന്ന ജീവിയുടെ കാര്യത്തില്‍ ഘാതകന്‍ ഒരു നിമിത്തം മാത്രമാണ്. ആയുസ്സ് അവസാനിക്കുമ്പോള്‍ ഒരു നിമിത്തം എത്തുന്നു എന്നു മാത്രം. ഈ കര്‍മ്മത്തിന് ഈ ഞാന്‍ അപ്രകാരം ഒരു നിമിത്തം മാത്രമാണ്. കൊന്ന ജന്തുക്കളുടെ മാംസം ഞാന്‍ വിൽക്കുകയാണല്ലോ. വേണ്ട പോലെ ഉപയോഗപ്പെടുത്തി ഭക്ഷിക്കുകയാണെങ്കില്‍ ഇതും ധര്‍മ്മമാകുന്നതു കാണാം. എങ്ങനെയെന്നാല്‍ ഭക്ഷണം ആദ്യമായി പിതൃദേവാതിഥികള്‍ക്കും ഭൃതൃര്‍ക്കും നല്കിയിട്ടു ഭക്ഷിക്കുകയാണെങ്കില്‍ അതും ധര്‍മ്മമായി പരിണമിക്കുന്നു.
സസ്യങ്ങളും ഔഷധികളും പശുപക്ഷി മൃഗങ്ങളും ലോകര്‍ക്കു വേണ്ടി ആദ്യമായി ഉണ്ടായി എന്നു വേദം പറയുന്നുണ്ടെന്നു കേള്‍ക്കുന്നു.
തന്റെ മാംസം കൊടുത്ത് ഔശീനരനായ ശിബി ദുര്‍ഗ്ഗമമായ സ്വര്‍ഗ്ഗം ക്ഷമയോടെ നേടിയില്ലേ? പണ്ട് രന്തിദേവന്റെ കശാപ്പു ശാലയില്‍ ദിവസേന രണ്ടായിരം പശുക്കളെ കൊന്നിരുന്നുവത്രേ! അതു മാംസം കൂട്ടി ചോറു ദാനം ചെയ്യുവാൻ ആയിരുന്നുവത്രേ! അതിന്റെ ഫലമായി ആ രാജാവിന് അതുല്യമായ യശസ്സ് ഉണ്ടായില്ലേ? നിത്യം പശുക്കളെ ചാതുര്‍മ്മാസ്യത്തില്‍ കൊല്ലുമെന്നും അഗ്നികള്‍ മാംസം കാംക്ഷിക്കുന്നു എന്നും വേദത്തില്‍ പറയുന്നുണ്ടെന്നു കേള്‍ക്കുന്നു.
വിപ്രന്മാര്‍ നിത്യവും യജ്ഞത്തില്‍. പശുക്കളെ വധിക്കുന്നു. മന്ത്രപാകം കൊണ്ട് അവറ്റയും വാനിലെത്തുന്നു. മുമ്പേ തന്നെ അഗ്നികള്‍ മാംസകാംക്ഷികൾ ആയിരുന്നില്ലെങ്കില്‍ ഇന്നു മാംസം ആരും ഭക്ഷിക്കുക ഇല്ലായിരുന്നു ദ്വിജോത്തമാ!
ഹേ, ബ്രാഹ്മണാ! സ്വധര്‍മ്മം കൈവിട്ടവന് അധര്‍മ്മം വന്നു കാണും. സ്വധര്‍മ്മനിഷ്ഠ ഉള്ളവനാണ് ധര്‍മ്മം ചെയ്യുന്നവന്‍ എന്നാണ് നിശ്ചയം.
മുന്‍ജന്മത്തില്‍ ചെയ്ത കര്‍മ്മം ദേഹിയെ വിട്ടു പോകുന്നതല്ല. ധാതാവു കണ്ടതായ വിധിയാണ് ഈ ധര്‍മ്മവും. ക്രൂരകര്‍മ്മത്തില്‍ നിൽക്കുന്നവന്‍ താന്‍ ചെയ്യുന്ന കര്‍മ്മത്തെ കുറിച്ചു ബോധവാനാകണം. ശുഭമായി വരുന്നതും പരാഭവം ഒഴിയുന്നതുമായ ഘോരകര്‍മ്മത്തിനും പലപാടു നിര്‍ണ്ണായകമുണ്ട്.
ദാനത്തിലും സത്യവാക്കിലും ഞാന്‍ എപ്പോഴും സക്തനാണ്. ഞാന്‍ ദുരഭിമാനവും അഹിതമായ വാദവും വിട്ടു നിൽക്കുന്നവനാണ്. അതിനെ ഞാന്‍ വെറുക്കുന്നു.
ചിലര്‍ പറയുന്നു കൃഷി നല്ല തൊഴിലാണ്, അതില്‍ ഹിംസയൊന്നുമില്ല എന്ന്. ഞാന്‍ അതിലും ഹിംസ കാണുന്നു. കരികൊണ്ട് ഉഴുതു മറിക്കുന്നവര്‍ മണ്ണിലുള്ള പലതരം ജീവജാലങ്ങളെ കൊല്ലുന്നു. നെല്ലു തൊട്ടുള്ള നാനാ ബീജധാന്യങ്ങൾ ഒക്കെ നാം ഭക്ഷിക്കുന്നു. അവയെല്ലാം ജീവികളാകുന്നു. ഞാന്‍ അതില്‍ എന്താണു ദ്വിജാ, പറയേണ്ടത്?
അപ്രകാരം തന്നെ പശുക്കളേയും കൊന്നു തിന്നുന്നു. വൃക്ഷലതാദികള്‍ മനുഷ്യര്‍ വെട്ടുന്നു. വൃക്ഷഫലങ്ങളില്‍ പല ജീവികള്‍ ആശ്രയിച്ച് അധിവസിക്കുന്നുണ്ട്. വെള്ളത്തിലും പലതരം ജീവികളുണ്ട്. ഹേ, ബ്രാഹ്മണാ! ഞാന്‍ അതില്‍ എന്താണു വിചാരിക്കേണ്ടത്?
അല്ലയോ ബ്രാഹ്മണാ! എല്ലായിടത്തും പ്രാണികളെ തിന്നുന്ന പ്രാണികളെ നാം കാണുന്നു. മത്സൃത്തെ മത്സ്യം തിന്നുന്നു. ഇതില്‍ ഹേ ഭൂസുരാ! ഞാന്‍ എന്താണു ചിന്തിക്കേണ്ടത്?
പ്രാണിയെ തിന്നാണ് പ്രാണി ജീവിക്കുന്നത്. പലവട്ടവും ഇതാവര്‍ത്തിക്കുന്നു. പിന്നെ തമ്മില്‍ പിടിച്ചു തിന്നുന്ന ജന്തുക്കളുമുണ്ട്. ഇവ കാണുമ്പോള്‍ ഹേ, ദ്വിജോത്തമാ! ഞാന്‍ എന്താണു ചിന്തിക്കേണ്ടത്?
നടക്കുന്ന സമയത്തു തന്നെ നിലത്തുള്ള പല ജീവികളേയും മര്‍ത്ത്യര്‍ ചവിട്ടി കൊല്ലുന്നു. ഹേ, ദ്വിജാ! ഞാന്‍ ഇതില്‍ എന്താണ് ഓര്‍ക്കേണ്ടത്?.
ഇരിക്കുമ്പോഴും കിടക്കുമ്പോഴും പല ജീവികളേയും കൊല്ലുന്നു, ജഞാനവാന്മാരും വിജ്ഞാനികളും അങ്ങനെ ചെയ്യുന്നു. ഹേ, ദ്വിജാ! ഞാന്‍ ഇതില്‍ എന്താണ് ഓര്‍ക്കേണ്ടത്?
ജീവജാലം നിറഞ്ഞതാണ് ഈ ആകാശവും ഭൂമിയും. അനവധി ജീവികള്‍ നാം അറിയാതെ നമ്മളാല്‍ കൊല്ലപ്പെടുന്നുണ്ട്. ഹേ, ദ്വിജാ! ഇതില്‍ ഞാന്‍ എന്താണ് ചിന്തിക്കേണ്ടത്?
പണ്ടുള്ളവര്‍ അഹിംസയെന്നു വിസ്മയത്തോടെ പറഞ്ഞില്ലേ? ജീവഹിംസ ചെയ്യാത്ത ഒരു ഒറ്റ മനുഷ്യനെങ്കിലും ഉണ്ടോ ഈ ലോകത്തില്‍, ദ്വിജോത്തമാ?
ഞാന്‍ വളരെ ഇതിനെക്കുറിച്ചു ചിന്തിക്കുന്നുണ്ട്. എന്നാൽ ഹിംസിക്കാത്ത ഒരുത്തനേയും കാണുന്നില്ല. യതിമാര്‍ അഹിംസാ തല്‍പ്പരന്മാരാണ്. എന്നാൽ അവരും ഹിംസ ചെയ്യുന്നുണ്ട്. ഒരു കാര്യം ചെയ്യാന്‍ പറ്റും യത്നിക്കുക ആണെങ്കില്‍. ഹിംസ ചുരുക്കുവാന്‍ കഴിയും.
എണ്ണപ്പെട്ട പുരുഷന്മാര്‍, ഗുണവാന്മാര്‍, ഉന്നതകുല ജാതന്മാര്‍ ഇവര്‍ ഘോര കര്‍മ്മങ്ങള്‍ ചെയ്യുന്നു. അവര്‍ അതില്‍ ലജ്ജിക്കുന്നില്ല താനും. ഇഷ്ടന്മാര്‍ ഇഷ്ടന്മാരെയും വൈരിമാര്‍ വൈരിമാരെയും നന്നായി നടക്കുന്നവരെയും നന്നായി നോക്കാത്തവരേയും സമൃദ്ധരായ ബാന്ധവന്മാരെയും ബന്ധുക്കള്‍ നിന്ദിക്കുന്നില്ല. അവരില്‍ സന്തോഷത്തോടെ നോക്കുന്നില്ല.
പണ്ഡിതമാനികളായ മൂഢന്മാര്‍ ഗുരുവിനെ നിന്ദിക്കുന്നു. ഇങ്ങനെ ലോകത്തില്‍ പലതും തെറ്റിക്കാണുന്നു. ദ്വിജോത്തമാ, അധര്‍മ്മം ധര്‍മ്മത്തോടു ചേര്‍ന്നും കാണുന്നു. ഹേ ദ്വിജോത്തമാ! അതില്‍ ഞാന്‍ എന്താണ് ഓര്‍ക്കേണ്ടത്?
ധര്‍മ്മാധര്‍മ്മ ക്രിയകളില്‍ പലതും പറയുവാന്‍ കഴിയും. എന്നാൽ സ്വധര്‍മ്മ പരനായി, സ്വകര്‍ത്തവ്യ പരനായി ജീവിക്കുന്നവന്‍ തീര്‍ച്ചയായും കീര്‍ത്തി നേടുന്നതാണ്!
209. ബ്രാഹ്മണ വ്യാധ സംവാദം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ആ ധര്‍മ്മവ്യാധന്‍ നിപുണമായ വിധത്തില്‍ വീണ്ടും വിപ്രേന്ദ്രനോട് ഇപ്രകാരം പറഞ്ഞു. "അല്ലയോ രാജാവേ! അതു ഭവാന്‍ കേട്ടാലും!".
വ്യാധന്‍ പറഞ്ഞു; വൃദ്ധന്മാര്‍ പറയുന്ന ഈ ധര്‍മ്മം എന്നു പറയുന്നത് ശ്രുതിപ്രമാണമാണ്. എന്നാൽ ധര്‍മ്മത്തിന്റെ ഗതി വളരെ സൂക്ഷ്മമാണ്. അതു ബഹുശാഖകളോടു കൂടി അനന്തമായി പോകുന്നു. പ്രാണന്‍ നശിക്കുമെന്നു വരുമ്പോള്‍ രക്ഷ കിട്ടുമെങ്കില്‍ നുണ പറയാം. വേളി നടത്തുന്നതിനു വേണ്ടിയും നുണ പറയാം. അനൃതം കൊണ്ടു സത്യമുണ്ടാകും; സത്യം കൊണ്ട് അനൃതവും വന്നുപെടും. ഏറ്റവും ഭൂതഹിതമായിട്ടുള്ളത് സത്യമാണെന്നാണ് നിശ്ചയം. ധര്‍മ്മം മറിച്ചും വരാം. ധര്‍മ്മസൂക്ഷ്മത കാണുക! ശുഭമായ കര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം ശുഭമായിരിക്കും. അശുഭമായ കര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം അശുഭമാകും. അതില്‍ യാതൊരു സംശയവുമില്ല.
വിഷമസ്ഥിതിയില്‍ അകപ്പെട്ടവന്‍ ദൈവതങ്ങളെ നിന്ദിക്കും. അറിവില്ലാത്ത മൂഢന്‍ താന്‍ ചെയ്ത കര്‍മ്മദോഷങ്ങളെ അറിയുകയുമില്ല. ചതിക്കുന്ന മൂഢന്‍ ചപലനായ മര്‍ത്ത്യനാണ്. അവന്‍ സുഖദുഃഖങ്ങള്‍ മാറി മാറി അനുഭവിക്കും. അവനെ ബുദ്ധി, പൗരുഷം, ഗുരുശിക്ഷ ഇവയൊന്നും രക്ഷിക്കയില്ല. ആര് എന്ത് കാമം ഇച്ഛിക്കുന്നുവോ ആ കാമം അവന്‍ ഏൽക്കും. ക്രിയാഫലം പൗരുഷത്തിന് സ്വാധീനമാകണം. മനസ്സിനെ അടക്കുവാന്‍ കഴിയുന്നവര്‍ സമര്‍ദ്ധന്മാരും ബുദ്ധിമാന്മാരും ആയിത്തീരുന്നു.
എല്ലാ കര്‍മ്മവും നിഷ് ഫലമായി ഫലം തെറ്റിപ്പോകുന്നത് കാണുന്നില്ലേ? ചിലര്‍ ഭൂതൗഹങ്ങളെ ഒക്കെ ഹിംസിക്കുവാന്‍ മുതിരുന്നു. ലോകവഞ്ചകൻ ആവുകയും ചെയ്യുന്നു. എന്നാലുംഅവന്‍ സൗഖ്യത്തോടെ വാഴുന്നതായി നാം കാണുന്നു. ചിലര്‍ യാതൊരു പ്രയത്നവും ചെയ്യാതിരിക്കുന്നു. എന്നിട്ടും അയാളില്‍ ധാരാളം ധനൈശ്വര്യങ്ങള്‍ വന്നു ചേരുന്നു. വേറെ ഒരുത്തന്‍ നിരന്തരം പണിയെടുക്കുന്നു. എന്നാലും കിട്ടേണ്ടതു കിട്ടുന്നുമില്ല. പിന്നെ ഒരുത്തന്റെ കഥ കാണുക. ദേവന്മാര്‍ക്ക് യജ്ഞം ചെയ്ത് തപസ്സു ചെയ്ത് നല്ല പുത്രനുണ്ടാവാന്‍ കൊതിക്കുന്നു. അയാള്‍ക്ക് അവന്റെ ഭാര്യ പത്തു മാസം ഗര്‍ഭം ചുമന്ന് പ്രസവിച്ചുണ്ടാകുന്ന സന്താനം വംശം കെടുത്തുന്നവൻ ആയിത്തീരുന്നു. വേറെ ചിലര്‍ക്ക് മംഗള കര്‍മ്മം കൊണ്ട് ധനധാന്യങ്ങളും അച്ഛന്‍ നേടിത്തന്ന ഭാഗവും ചേര്‍ന്നു വര്‍ദ്ധിച്ച് ഉണ്ടായി വരുന്നു. രോഗങ്ങളും മനുഷ്യര്‍ക്ക് ഉണ്ടാകുന്നത് കര്‍മ്മജമായിട്ടാണ്. വ്യാധന്‍ മാനുകളെ എന്നവിധം ആധികളും മനുഷ്യനെ ബാധിക്കുന്നു.
നല്ല മരുന്നുള്ള വൈദ്യ പ്രമാണികള്‍. വ്യാധന്‍ മാനുകളെ കൊല്ലുന്നതു പോലെ വ്യാധികളെ കൊല്ലുന്നു. ഉണ്ണുവാൻ വകയുള്ളവരും ഗ്രഹണീരോഗം ബാധിച്ച് ഉണ്ണുവാൻ വയ്യാതെ കേഴുന്നതും കാണുന്നില്ലേ, ധര്‍മ്മിഷ്ഠ സത്തമാ! വേറെ ചില ബലിഷ്ഠന്മാരായ ജനങ്ങള്‍ എത്ര പണിപ്പെട്ടിട്ടാണ് ആഹാരം നേടുന്നത്! ഇപ്രകാരം ജനങ്ങള്‍ നിസ്സഹായരായി, ശോക മോഹാര്‍ത്തരായി വലുതായ കര്‍മ്മപ്രവാഹത്തില്‍ പെട്ട് ഒഴുകുകയാണ്. "സ്വന്തകര്‍മ്മവശരായ് തിരിഞ്ഞീടുന്നന്തമറ്റ ബഹുജീവകോടികള്‍".
വിചാരിച്ച കാര്യം എല്ലാവര്‍ക്കും എപ്പോഴും സാധിക്കുമെങ്കില്‍ ആരും ചാവുകയില്ല. ജര ഏൽക്കുകയുമില്ല. വശിത്വം ഉള്ളവരാണെങ്കില്‍ അവര്‍ അപ്രിയം കാണുകയില്ല. ലോകത്തിന്റെ മീതെ പലതും ചെയ്യുവാന്‍ എല്ലാവരും കരുതും. ശക്തിപോലെ യത്നിച്ചാലും വിചാരിച്ച മട്ടില്‍ നടക്കുന്നുമില്ല.
പലരും തുല്യനക്ഷത്ര ലഗ്നന്മാരായി പിറന്നാലും ജാതകം ഒരേ ഗ്രഹനിലയോടു കൂടി ഇരുന്നാലും ഫലം കര്‍മ്മസന്ധിയില്‍ വളരെ അധികം മാറിക്കാണുന്നു.
ഹേ, ബ്രാഹ്മണാ! ചിലര്‍ക്കു തന്നത്താന്‍ സമ്പാദിക്കുവാന്‍ സാധിക്കയില്ല. ചില പ്രാകൃതന്മാര്‍ക്ക് കര്‍മ്മസിദ്ധി കാണുന്നുമുണ്ട്. ശ്രുതിപ്രകാരം, ഹേ ബ്രാഹ്മണാ! സനാതനൻ ആയത് ജീവന്‍ ആകുന്നു. ലോകത്തില്‍ പ്രാണികള്‍ക്കൊക്കെ ശരീരം നശ്വരമാണ്. ശരീരത്തെ വധിക്കുമ്പോള്‍ നാശം ശരീരത്തിന് മാത്രമേ ബാധിക്കുന്നുള്ളു. കര്‍മ്മബന്ധംപോലെ ജീവന്‍ മറ്റൊരേടത്തു പോയി കയറും.
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, കര്‍മ്മവേദി ശ്രേഷ്ഠാ! എങ്ങനെയാണ് ജീവന്‍ നിത്യനായി നിൽക്കുന്നത്? തത്വമായി ഇതറയുവാന്‍ എനിക്കാഗ്രഹമുണ്ട്, വാഗ്മിസത്തമാ.
വ്യാധന്‍ പറഞ്ഞു: ഉടല്‍ മാറുമ്പോള്‍ ജീവന്‍ നശിക്കുകയില്ല. മരണം എന്ന വിമൂഢവാദം തെറ്റാണ്. ആത്മാവിന് മരണമില്ല. ജീവന്‍ ദേഹാന്തരം പ്രാപിക്കുകയാണ്. ശരീരം പഞ്ചത്വത്തേയും പ്രാപിക്കുന്നു. പഞ്ചത്വം എന്നത് പഞ്ചഭൂതാത്മകമായ ദേഹം വീണ്ടും പഞ്ചഭൂതങ്ങളില്‍ ചേരുന്നു എന്നതാണ്. മനുഷ്യലോകത്തില്‍ ഒരുത്തന്റെ കര്‍മ്മഫലം മറ്റൊരുത്തന്‍ ഭുജിക്കുകയില്ല. താന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം താന്‍ തന്നെ ഏൽക്കും. അതിന് യാതൊരു നാശവും സംഭവിക്കുന്നതല്ല. പുണ്യശീലന്മാര്‍ സുപുണ്യവാന്മാരായി ഭവിക്കും. പാപിഷ്ഠന്മാര്‍ നീച മനുഷ്യരുമാകും. തന്റെ കര്‍മ്മത്തെ തന്നെ പിന്‍തുടരുന്ന മര്‍ത്ത്യന്‍ അവനവന്റെ കര്‍മ്മത്തിന്റെ പരിപാകം പോലെ പിറക്കുന്നതാണ്.
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, വ്യാധാ! യോനിപ്പിറപ്പ് ഏതു പ്രകാരമാണ്? പുണ്യപാപങ്ങളുടെ ഗതി ഏതു വിധമാണ്? ഹേ, സന്മതേ!! പുണ്യപാപാഢ്യമായ ജാതിയാത്രയും എപ്രകാരമാണ്?
വ്യധന്‍ പറഞ്ഞു: ഗര്‍ഭാധാന സമായോഗം നോക്കിയിട്ടാണ് കര്‍മ്മദര്‍ശനം. ഹേ, ദ്വിജാ! അതു ഞാന്‍ ഭവാനോടു ചുരുക്കമായി പറയാം. സംഭാരങ്ങള്‍ ഒരുക്കിയതിന്റെ ശേഷം ജന്മം ഉണ്ടാകുന്നു. ശുഭയോനിയില്‍ ശുഭവാനും പാപയോനിയില്‍ പാപിയും ജനിക്കുന്നു. ശുഭങ്ങള്‍ ചെയ്താല്‍ ദേവത്വവും ശുഭാശുഭത്വം കലര്‍ന്നാല്‍ മര്‍ത്ത്യഭാവവും പ്രാപിക്കും. പാപി താഴ്‌ന്നതും തമസ്സേറിയതുമായ തിര്യക് യോനിയില്‍ പെടും.
ജന്മമൃത്യു ജരാദുഃഖ വ്യാകുലത്വം കലര്‍ന്ന് താന്‍ ചെയ്ത കര്‍മ്മപാപങ്ങള്‍ പ്രാപിച്ച് നരന്‍ ഉഴലും. പല തിര്യക് യോനികളില്‍ കിടന്നും നരകത്തില്‍ കിടന്നും ജീവങ്ങള്‍ കര്‍മ്മബന്ധം അനുസരിച്ചു ചുറ്റിത്തിരിയും. ജന്തു താന്‍ ചെയ്ത കര്‍മ്മങ്ങളാല്‍, ചത്തു ദുഃഖിച്ച്, അതാതു ദുഃഖങ്ങള്‍ ഏൽക്കുവാനായി പാപയോനിയില്‍ ചെന്നുപെടും. പിന്നേയും പുതുതായി പലകര്‍മ്മങ്ങള്‍ ചെയ്യും. വീണ്ടും ദുഃഖമനുഭവിച്ച് അപഥ്യങ്ങളെ ആഗ്രഹിക്കുന്ന രോഗിയെ പോലെ, എപ്പോഴും ദുഃഖിച്ച് സുഖത്തെ തന്നെ ചിന്തിച്ച് ബന്ധം നിലയ്ക്കാതെ കര്‍മ്മം വീണ്ടും ഉദിക്കുക കാരണം സംസാരത്താല്‍, തിരിയുന്ന ചക്രം പോലെ, ഏറ്റവും ആര്‍ത്തനായി തിരിയും. കര്‍മ്മബന്ധം ക്ഷയിച്ചാല്‍ കര്‍മ്മത്താല്‍ ശുദ്ധനായി തപോയോഗത്തില്‍ ആരംഭിക്കുകയായി ദ്വിജസത്തമാ!! പിന്നെ പല കര്‍മ്മം കൊണ്ട് ലോകങ്ങളും നരന്‍ നേടും. ബന്ധം അഴിച്ചാല്‍ അവന്‍ കര്‍മ്മത്താല്‍ രുദ്ധനാവുകയും അവിടെ എത്തിയാല്‍ ദുഃഖമില്ലാത്തതായ പുണ്യലോകം നേടുകയും ചെയ്യും.
പാപം ചെയ്യുന്ന പാപശിലന്‍ പാപത്തിന്റെ കരയിലെത്തി രക്ഷപ്പെടുവാന്‍ കഴിയാതെ കിടക്കും. അതു കൊണ്ട് നരന്‍ പുണ്യം ചെയ്യുകയും പാപം വര്‍ജ്ജിക്കുകയും വേണം.
കൃതജ്ഞന്‍, ഈര്‍ഷ്യയില്ലാത്തവന്‍ എന്നിവര്‍ ശുഭങ്ങളെ സേവിക്കും. അവന്‍ സുഖങ്ങളും, ധര്‍മ്മവും, അര്‍ത്ഥവും, സ്വര്‍ഗ്ഗവും നേടും. സംസ്കാരം സിദ്ധിച്ചവനും, ദാന്തനും, നിയതനും, യതമാനസനും, പ്രാജ്ഞനുമായ നരന്‍ ഇഹലോകത്തിലും പരലോകത്തിലും വൃത്തിനേടും. ഹേ, ബ്രാഹ്മണാ! ഭവാന്‍ സാധുധര്‍മ്മം അനുസരിക്കുക. ശിഷ്ടാചാര ക്രിയകള്‍ ചെയ്യുക. ലോകത്തിന് പീഡ ഉണ്ടാക്കാതെയുള്ള വൃത്തി ഇച്ഛിക്കുക. സ്വധര്‍മ്മത്താല്‍ സങ്കരം കൂടാതെ കര്‍മ്മം ചെയ്യുക!
ശാസ്ത്രം അറിയുന്നവരും ആഗമം അറിയുന്നവരുമായ ശിഷ്ടര്‍ ലോകത്തിലുണ്ടല്ലോ. പ്രാജ്ഞന്മാര്‍ ധര്‍മ്മത്താല്‍ സന്തോഷിക്കുന്നു; ധര്‍മ്മത്താല്‍ വൃത്തി നേടുകയും ചെയ്യുന്നു. ഹേ, ദ്വിജോത്തമാ! അധര്‍മ്മത്താല്‍ കിട്ടുന്ന ധനത്താല്‍ മര്‍ത്ത്യന്‍ ഗുണം എന്തിങ്കല്‍ കാണുന്നുവോ, അതിന്റെ വേരു മാത്രമേ നനയ്ക്കുകയുള്ളു. എന്നാൽ ധര്‍മ്മാത്മാവ് ഇപ്രകാരമാണ്; അവന്റെ ഹൃദയം തെളിഞ്ഞിരിക്കും. അവന്‍ മിത്രജനങ്ങളെ പ്രീതിപ്പെടുത്തും. അവന്‍ ഇഹത്തിലും പരത്തിലും ശബ്ദം, സ്പര്‍ശം, രൂപം, ഇഷ്ടമായ ഗന്ധങ്ങള്‍ ഇവയാല്‍ സുഖിക്കും. പിന്നെ അവന്‍ പ്രഭുത്വവും നേടും. ഇതാണ് ധര്‍മ്മത്തിന്റെ ഫലം.
ധര്‍മ്മത്തിന്റെ ഫലം സിദ്ധിച്ചാലും അവന്‍ തൃപ്തനാവുകയില്ല. അതൃപ്തനായി നിര്‍വ്വേദം (വൈരാഗ്യം) ജ്ഞാനദൃഷ്ടിയാല്‍ അവന്‍ പ്രാപിക്കും. ജഞാനദൃഷ്ടിയുള്ള മര്‍ത്ത്യന്‍ ദോഷത്തില്‍ ഏര്‍പ്പെടുകയില്ല. അവന്‍ ഇച്ഛപോലെ വിരക്തനാകും. ധര്‍മ്മം വിടുകയുമില്ല. ലോകം നശ്വരമായി കണ്ട് സര്‍വ്വത്യാഗത്തിനു തന്നെ അവന്‍ നിശ്ചയിക്കും. ഉപായം വിട്ട് അല്ലു പോയാല്‍ പിന്നെ മോക്ഷത്തിന് നിനയ്ക്കും. ഇപ്രകാരം അവന്‍ നിര്‍വ്വേദവും നേടും; പാപകര്‍മ്മം വെടിയും; ധര്‍മ്മശീലനായി തീരും; പിന്നെ മോക്ഷവും നേടും.
ജ്ഞാനം മോക്ഷത്തിന് മൂലമാകുന്നു. അതിന്റെ മൂലം ശമവും ദമവുമാകുന്നു. അവ കൊണ്ട് ഉള്ളിലുള്ള കാമമൊക്കെ ലഭിക്കും. ഇന്ദ്രിയങ്ങളെ ജയിക്കുന്നത് സത്യം, ദമം ഇവ കൊണ്ടാണ്. അതു കൊണ്ട് ഹേ, ബ്രാഹ്മണ ശ്രേഷ്ഠാ! ബ്രാഹ്മണന്‍ പരമമായ പദത്തെ നേടും.
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, യതവ്രതാ! ഏതെല്ലാമാണ് ഇന്ദ്രിയങ്ങള്‍? അവ എങ്ങനെ നിഗ്രഹിക്കും? നിഗ്രഹിച്ചാല്‍ എന്താണു ഫലം? അങ്ങനെ ഉള്ളവര്‍ക്കു ഫലം എങ്ങനെ ലഭിക്കുന്നു? ഈ ധര്‍മ്മതത്വം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
210. ബ്രാഹ്മണ വ്യാധ സംവാദം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഹേ, യുധിഷ്ഠിരാ! ഇപ്രകാരം വിപ്രന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മവ്യാധന്‍ വിപ്രനോടു പറഞ്ഞ ഉത്തരം ഭവാന്‍ കേട്ടാലും!
വ്യാധന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അറിവിനായി ആദ്യം മാനസം പ്രവര്‍ത്തിക്കുന്നു. അതു ചെന്ന് കാമം, ക്രോധം ഇവയില്‍ ഏൽക്കുന്നു. അതിന് വേണ്ടി പിന്നെ യത്നിച്ചു കര്‍മ്മം ചെയ്യുന്നു. ഇഷ്ടപ്പെട്ട രൂപം, ഗന്ധം എന്നിവ ശീലിച്ച് അതു വര്‍ദ്ധിക്കുന്നു. പിന്നെ രാഗവും അതിന് മേലെ ദ്വേഷവും ജനിക്കുന്നു. അതിന് മേലെ ലോഭവും അതിന് മേലെ മോഹവും ജനിക്കും. പിന്നെ ലോഭത്തില്‍ പെട്ട രാഗദ്വേഷാര്‍ത്തന് ധര്‍മ്മത്തില്‍ ബുദ്ധി നിൽക്കുകയില്ല, ചേരുകയില്ല. ധര്‍മ്മം ദംഭത്താല്‍ നടത്തും. വ്യാജമായി ധര്‍മ്മം ഭാവിക്കും, വ്യാജാല്‍ അര്‍ത്ഥം കൊതിക്കും. അങ്ങനെ പടിപടിയായി വ്യാജാല്‍ സിദ്ധിക്കുന്ന അര്‍ത്ഥത്തില്‍ ബുദ്ധി രമിച്ചിട്ട് പാപം ചെയ്യുവാന്‍ ഒരുങ്ങും. ഇഷ്ടന്മാരും ദ്വിജന്മാരും തടുത്താല്‍ ശ്രുതിമാര്‍ഗ്ഗത്തിൽ എത്തുകയില്ല. ഉത്തരമായി ശ്രുതി വാക്യങ്ങള്‍ പറയുകയും ചെയ്യും. രാഗദ്വേഷത്താല്‍ മൂന്നുവിധം അധര്‍മ്മവും അവന് ഉണ്ടാകും. മനസ്സു കൊണ്ടും, വാക്കു കൊണ്ടും, കര്‍മ്മം കൊണ്ടും ഇങ്ങനെ മൂന്നുവിധം അധര്‍മ്മം അവനിലുണ്ടാകും. അധര്‍മ്മത്തില്‍ പെട്ടവന്ന് സല്‍ഗ്ഗുണമൊക്കെ നശിക്കും. പാപം ചെയ്യുവാന്‍ അത്തരക്കാര്‍ വേഴ്ചക്കാരായും വരും. അതില്‍ അയാള്‍ ദുഃഖം ഏൽക്കും. പരലോകത്തില്‍ കെട്ടുപോകും. ഇങ്ങനെ പാപാത്മാവുണ്ടാകും. ഇനി ധര്‍മ്മലാഭം കേള്‍ക്കുക:
മുന്‍കൂട്ടി ബുദ്ധി കൊണ്ട് ഈ ദോഷം പുരുഷന്‍ കാണുന്നു. സുഖദുഃഖങ്ങളില്‍ ദക്ഷനായവന്‍ സജ്ജനങ്ങളെ സേവിക്കും. അവന് സാധുയജ്ഞത്താല്‍ ധര്‍മ്മത്തില്‍ ബുദ്ധി ചെല്ലും.
ബ്രാഹ്മണന്‍ പറഞ്ഞു; ഹേ, വ്യാധാ! സുനൃതമായ വര്‍മ്മം നീ പറയുന്നു. ഇവ ഇത്ര ഭംഗിയായി പറയുവാന്‍ മറ്റൊരാള്‍ക്കും സാധിക്കയില്ല. ദിവൃപ്രഭാവനായ ഭവാന്‍ ആര്യനായ മഹര്‍ഷി ആണെന്നാണ് എന്റെ മതം.
വ്യാധന്‍ പറഞ്ഞു: ബ്രാഹ്മണന്മാര്‍ യോഗ്യരാണ്. ആദ്യം അവര്‍ക്കും പിതൃക്കള്‍ക്കും നല്കിയേ ഭോജനം കഴിക്കാവൂ. എല്ലാം കൊണ്ടും അവര്‍ക്ക് അറിവുള്ളവര്‍ ഇഷ്ടം ചെയ്യണം. അവര്‍ക്ക് എന്താണ് ഇഷ്ടമെന്നുള്ളതും ഹേ, ദ്വിജസത്തമാ! ഞാന്‍ പറയാം. ബ്രാഹ്മണര്‍ക്കു വണങ്ങി ആ ബ്രാഹ്മിയായ വിദ്യ എന്നില്‍ നിന്നു കേള്‍ക്കുക.
ഈ അജയ്യമായ വിശ്വമാകുന്ന ജഗത്തൊക്കെ എങ്ങും മഹാഭൂതാത്മകമായ ബ്രഹ്മമാണ്. അതില്ലാതെ ഒരിടം പോലുമില്ല. മഹാഭൂതങ്ങള്‍ എന്താണെന്നു പറയാം. ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നിവയാണ്. ഇവയുടെ ഗുണം, ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഇവയാണ്. അവയ്ക്കും ഗുണങ്ങളുണ്ട്. ഗുണവൃത്തി കൂടിക്കലര്‍ന്നു കാണും. കാമാല്‍ ഗുണികള്‍ മൂന്നിനും മുമ്മൂന്നു ഗുണങ്ങളുണ്ട്. ആറാമത്തേതു ചേതനയാണ്, അതാണു മനസ്സ് എന്നു പറയുന്നത്. ഏഴാമത്തേതാണ് ബുദ്ധി; അതില്‍ പിന്നെയാണ് അഹങ്കാരം. അഞ്ച് ഇന്ദ്രിയങ്ങള്‍, ആത്മാവ്, സത്വം, രജസ്സ്, തമസ്സ് ഇപ്പറഞ്ഞ പതിനേഴെണ്ണം അവ്യക്താഭിധമാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളായ ഗൂഢ വൃക്താവ്യക്തങ്ങള്‍ ചേര്‍ന്നു നിൽക്കുന്നു. ഇതാണ് ഇരുപത്തി മൂന്ന് വൃക്താവ്യക്തമയമായ ഗുണം. ഇതൊക്കെ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഹേ, ബ്രാഹ്മണാ! ഭവാന് ഇനി എന്താണു കേള്‍ക്കേണ്ടത്?
211. ബ്രാഹ്മണ വ്യാധ സംവാദം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു: ഹേ. യുധിഷ്ഠിരാ! ഇപ്രകാരം ആ വ്യാധന്‍ പറഞ്ഞതു കേട്ട് മനസ്സില്‍ പ്രീതി വര്‍ദ്ധിക്കുന്ന പ്രശ്‌നം വിപ്രന്‍ വീണ്ടും തുടര്‍ന്നു.
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, ധര്‍മ്മവിത്തമാ! ഭവാന്‍ മഹാഭൂതങ്ങള്‍ അഞ്ചെണ്ണമെന്നു പറഞ്ഞുവല്ലോ. അവയുടെ ഓരോന്നിന്റേയും ഗുണം വെവ്വേറെ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞാലും!
വ്യാധന്‍ പറഞ്ഞു: ഭൂമി, വെള്ളം, തേജസ്സ്, വായു, ആകാശം ഇവ ക്രമാല്‍ ഗുണോത്തരങ്ങളാണ്. അവയുടെ ഗുണങ്ങളേയും ക്രമത്തില്‍ പറയാം. ഭൂമിക്ക് ഗുണം അഞ്ച്, അംഭസ്സിന് ഗുണം നാല്, തേജസ്സിന് മൂന്നു ഗുണം, വായുവിനും നഭസ്സിനും കൂടി മൂന്നു ഗുണം (വായുവിനു രണ്ടും നഭസ്സിന് ഒന്നുമാണ്). ഭൂമിയുടെ ഗുണങ്ങള്‍ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം. ഭൂമിയുടെ ഈ അഞ്ചു ഗുണങ്ങള്‍ ഏറ്റവും ഉയര്‍ന്നതാണ്.
ശബ്ദം, സ്പര്‍ശം, രൂപം, രസം ഇവ നാലും അംഭസ്സിനുണ്ട്. തേജസ്സിന് ശബ്ദം, സ്പര്‍ശം, രൂപം ഇങ്ങനെ മൂന്നു ഗുണങ്ങളുണ്ട്. വായുവിന് ശബ്ദവും സ്പര്‍ശവും ഇങ്ങനെ രണ്ടു ഗുണങ്ങള്‍ മാത്രം. നഭസ്സിന് ശബ്ദം മാത്രം. ഇങ്ങനെയാണ് ക്രമപ്രകാരം ഗുണങ്ങള്‍. ഇപ്രകാരം പഞ്ചഭൂതങ്ങള്‍ക്ക് പതിനഞ്ചു ഗുണങ്ങളുണ്ട്. ലോകങ്ങള്‍ നിലനിൽക്കുന്ന ഭൂതത്തിലൊക്കെ ഈ ഗുണങ്ങളുണ്ട്. ആയവ തമ്മില്‍ ചേരാതെ നിൽക്കുകയില്ല. അവ ചരാചരങ്ങള്‍ വിഷയീഭവിക്കുമ്പോള്‍ ശോഭിക്കുന്നു. കാലശക്തിയാല്‍ ദേഹി മറ്റൊരു ദേഹത്തില്‍ കയറുന്നു. ക്രമത്തില്‍ നശിക്കുകയും പിന്നെ ജനിക്കുകയും ചെയ്യുന്നു. പാഞ്ചഭൗതികമായും ധാതുക്കള്‍ അങ്ങനെ അതാതില്‍ കാണും. ഈ ചരാചരമായ വിശ്വം അവയാലൊക്കെ ആവൃതമാകുന്നു. ഇന്ദ്രിയ സംസര്‍ഗ്ഗം പെട്ടതൊക്കെയും വ്യക്തമാണ്. ലിംഗഗ്രാഹ്യമായ അതീന്ദ്രിയം അവ്യക്തമാണ് എന്നു ധരിച്ചാലും. ഈ ശബ്ദാദികള്‍ക്ക് ഇന്ദ്രിയങ്ങള്‍ വേണ്ടപോലെ ഗ്രാഹകങ്ങളാകുന്നു.
ദേഹി ധാരകനെന്ന പോലെ ഇന്ദ്രിയങ്ങളെ തപിപ്പിക്കുന്നു. താന്‍ (ആത്മാവ്) ലോകത്തിലെങ്ങും പരന്നു വ്യാപിച്ചു നിൽക്കുന്നവൻ ആകുക, അല്ലെങ്കില്‍ ലോകത്തെ തന്നില്‍ ഒതുക്കി നിര്‍ത്തുന്നവൻ ആയിത്തീരുക. പരാപരജ്ഞനായ ഏവന് അതിന് കെല്‍പുണ്ടോ അവനാണ് ശരിയായും ഭൂതത്തെ ദര്‍ശിക്കുന്നവന്‍. സര്‍വ്വാവസ്ഥയിലും സര്‍വ്വവും സര്‍വ്വദാ കാണുന്ന വിധം ബ്രഹ്മഭൂതന് അശുഭ സംയോഗം ഉണ്ടാകുന്നതല്ല. ജ്ഞാനമൂലാത്മകമായ ക്ലേശം തീര്‍ന്നവന് പുരുഷാര്‍ത്ഥവും ഉണ്ടാവുകയില്ല. ലോകവ്യത്തി തെളിഞ്ഞ ജ്ഞാനമാര്‍ഗ്ഗത്തില്‍ അനാദ്യന്തനും, നിത്യനും, ആത്മയോനിയും, അവൃയനും, ഉപമാമൂര്‍ത്തി രഹിതനുമായ ജീവന്‍ ചേരുമെന്ന് ബുദ്ധിമാനായ വിഭു പറഞ്ഞു. ഭവാന്‍ എന്നോടു ചോദിച്ചവയ്ക്കെല്ലാം മൂലം തപമാകുന്നു. തപസ്സ് ഇന്ദ്രിയ ജയത്താല്‍ മാത്രമേ സാധിക്കൂ. അല്ലാതെ അതിന് മറ്റു മാര്‍ഗ്ഗങ്ങളില്ല.
സ്വര്‍ഗ്ഗവും, നരകവും ഇവ രണ്ടും എല്ലാം ഇന്ദ്രിയങ്ങള്‍ തന്നെയാണ്. ഇന്ദ്രിയം നിഗ്രഹിച്ചാല്‍ സ്വര്‍ഗ്ഗം. അഴിച്ചിട്ടാല്‍ നരകം! സമ്പൂര്‍ണ്ണമായ യോഗവിധി ഈ ഇന്ദ്രിയ നിഗ്രഹമാണ്. തപസ്സിനും നരകത്തിനും ഇതു മൂലമാകുന്നു. ഇന്ദ്രിയങ്ങളുടെ സംഗത്താല്‍ ദോഷം നേടുമെന്നുള്ളതില്‍ സംശയമില്ല. അവയെ അടക്കിയാല്‍ സിദ്ധി നേടുന്നതാണ്. നിത്യങ്ങളായ ഇവ ആറിനേയും ആത്മാവില്‍ കീഴടക്കിയാല്‍ അവന്‍ ജിതേന്ദ്രിയനാകും. അവന് പാപവുമില്ല, അനര്‍ത്ഥവുമില്ല.
പുരുഷന് അവന്റെ ശരീരം രഥമാണ്. ആത്മാവ് സൂതനാണ്. ഇന്ദ്രിയങ്ങള്‍ കുതിരകളാണ്. ആ കുതിരകളെ തെറ്റാതെ മെരുക്കി കൊണ്ടു പോയാല്‍ ധീരന്‍ സുഖമായി രഥിയെ പോലെ പോകും.
വഴിക്കു കുതിരകളെ പോലെ പായുന്ന ആറ് ഇന്ദ്രിയങ്ങളെ നടത്തുവാനുള്ള ധൈര്യം കൈക്കൊള്ളുക. ധൈര്യത്താല്‍, ധൃതിയാല്‍, എല്ലാം ജയിക്കാം.
ചരിക്കുന്ന ഇന്ദ്രിയങ്ങളെ മനസ്സു തുണയ്ക്കും. വെള്ളത്തില്‍ തോണിയെ കാറ്റു കൊണ്ടു പോകുന്ന പോലെ ബുദ്ധിയാല്‍ കൊണ്ടു പോകുന്നതാണ്. മോഹം കൊണ്ട് ഈ ആറ് ഇന്ദ്രിയങ്ങളിലും ഫലാഗമം ആശിക്കുന്നു. അവയില്‍ ത്യാഗം ചിന്തിക്കുന്നവനോ സമാധി ഫലത്തെ പ്രാപിക്കുകയും ചെയ്യുന്നതാണ്.
212. ബ്രാഹ്മണ വ്യാധ സംവാദം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു: ഹേ, ഭാരതാ! ധര്‍മ്മവ്യാധന്‍ സൂക്ഷ്മമായി ഇപ്രകാരം പറഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ സൂക്ഷ്മമായി ചിലത് കൂടി അറിവാനായി ചോദിച്ചു.
ബ്രാഹ്മണന്‍ പറഞ്ഞു ഹേ വ്യാധാ! സത്വം, രജസ്സ്, തമസ്സ് എന്നിവകളുടെ (ഗുണത്രയങ്ങളുടെ) ഗുണങ്ങള്‍ ഭവാന്‍ തത്വമായി എന്നോടു പറഞ്ഞാലും!
വ്യാധന്‍ പറഞ്ഞു; ഹേ, ബ്രാഹ്മണാ! ഭവാനോടു ഞാന്‍ അവയുടെ ഗുണങ്ങള്‍ വെവ്വേറെ പറയാം; കേള്‍ക്കുക. തമസ്സ് മോഹകമാണ്. രജസ്സ് പ്രവര്‍ത്തകമാണ്. സത്വം പ്രകാശാത്മകമാണ്. അത് ഇവയില്‍ ശ്രേഷ്ഠമാണെന്നു പറയപ്പെടുന്നു.
അവിദ്യാ പ്രായനായി, മൂഢനായി, നിദ്രാലസനായി, ജളനായി, ദുസ്ഥേന്ദ്രിയനായി, ക്രോധനനായി, മടിയനായി ഇരിക്കുന്നവന്‍ താമസനാണ്; തമോഗുണക്കാരനാണ്.
ഉത്സാഹം, അഭിമാനം, ആത്മാഭിമാനം എന്നിവയുടെ ആധികൃത്താല്‍ അകാരണമായി മറ്റൊരാള്‍ക്കു വഴങ്ങാത്തവൻ ആയിരിക്കുന്ന പുരുഷന്‍ രാജസനാണ്.
നല്ലപോലെ പ്രസന്നത ഉള്ളവനും, ധീരനും, എന്തെങ്കിലും ചെയ്യുവാനുള്ള അത്യാഗ്രഹം കൊണ്ടുള്ള എടുത്തു ചാട്ടമില്ലാത്തവനും, അനീഷ്യനും, ധീമാനും, കോപമില്ലാത്തവനും, ദാന്തനുമായവന്‍ സത്വഗുണന്‍, സാത്വികന്‍ ആകുന്നു.
മതിമാനായ സാത്വികന്‍ ലോകവൃത്തത്തില്‍ ഖേദിക്കും. അറിയേണ്ടത് അറിഞ്ഞിട്ട് അവന്‍ ലോകവൃത്തത്തെ വെറുക്കും. വൈരാഗൃത്തില്‍ പൂര്‍വ്വരൂപം മുന്‍കൂട്ടി തുടങ്ങും. മൃദുവായിരിക്കും; ഗര്‍വ്വുണ്ടായിരിക്കയില്ല. ആര്‍ജ്ജവത്തില്‍ സന്തോഷിക്കും. ദ്വന്ദ്വങ്ങള്‍ (സുഖദുഃഖങ്ങള്‍, മാനാപമാനങ്ങള്‍) എന്നിവയിലുള്ള ദ്വൈധിഭാവം അവനെ ഉലയ്ക്കുകയില്ല. അവന് ഒരിടത്തും, ഒരിക്കലും പരസ്പരം സന്ദേഹം കാണുന്നതല്ല.
ശൂദ്രജാതിയില്‍ ജനിച്ചവനായാലും സല്‍ഗുണോപാസന മൂലം വൈശ്യത്വം നേടും; ക്ഷത്രിയത്വവും നേടും. ആര്‍ജ്ജവത്തില്‍ ഇരുന്നാല്‍ അവന് ബ്രാഹ്മണത്വവും സിദ്ധിക്കും. ഗുണങ്ങളൊക്കെ ഞാന്‍ ഭവാനോടു പറഞ്ഞു. ഇനി എന്താണ് ഭവാനു കേള്‍ക്കേണ്ടത്?
213. ബ്രാഹ്മണ വ്യാധ സംവാദം - ബ്രാഹ്മണന്‍ പറഞ്ഞു: പാര്‍ത്ഥിവമായ ധാതുവില്‍ ശാരീരാഗ്നി എങ്ങനെ ഉണ്ടാകുന്നു; അവകാശം പിടിച്ച് അഗ്നി എങ്ങനെ ചേഷ്ടിപ്പിക്കുന്നു?
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം ബ്രാഹ്മണന്‍ ചോദിച്ചപ്പോള്‍ മഹാത്മാവായ ബ്രാഹ്മണനോട് ആ വ്യാധന്‍ ഉത്തരം പറഞ്ഞു.
വ്യാധന്‍ പറഞ്ഞു: മൂര്‍ദ്ധാവിനെ ആശ്രയിച്ച് അഗ്നി ശരീരത്തെ പരിപാലിച്ചു നിൽക്കുകയാണ്. സംശ്രയനും പ്രാണനുമായി മൂര്‍ദ്ധാഗ്നി ചേഷ്ടിപ്പിക്കുന്നു. ഭൂതവും, ഭവ്യവും, ഭവിഷ്യവുമൊക്കെ പ്രാണനില്‍ പ്രതിഷ്ഠിതമാണ്. അതു കൊണ്ട് ആഭൂത ശ്രേഷ്ഠമായ ബ്രഹ്മയോനിയെ നാം സേവിക്കുന്നു. ആ ജീവന്‍ സര്‍വ്വഭൂതാത്മാവായ ശാശ്വത പുരുഷനാകുന്നു. മഹാനായ അവന്‍ ബുദ്ധിയും, അഹങ്കാരവും, ഭൂതങ്ങളുടെ വിഷയവും, അവൃക്തനും, സത്യമെന്ന് അറിയപ്പെടുന്നവനും, ജീവനും, കാലവും, പ്രകൃതിയും, പുരുഷനും, പ്രാണനുമെല്ലാം അവന്‍ തന്നെയാണ് ദ്വിജോത്തമാ! ഇപ്രകാരമുള്ള അവനെ പ്രാണന്‍ സര്‍വ്വഭാഗവും പാലിക്കുന്നു. താന്‍ തന്റെ ഗതി കൈക്കൊള്ളുമ്പോള്‍ പിമ്പേ സമാനനും കാക്കുന്നു. വസ്തി, മൂലം, ഗുദം ഇവയെ പറ്റി നിൽക്കുകയും മലമൂത്രങ്ങളെ വഹിക്കുകയും ഇളക്കുകയും ചെയ്യുന്നത് അപാനനാകുന്നു.
പ്രയത്‌നം, കര്‍മ്മം, ബലം ഇവയില്‍ മൂന്നു വിധത്തില്‍ അവന്‍ പ്രവര്‍ത്തിപ്പിക്കുന്നു. അവനെ ഉദാനന്‍ എന്നു പറയുന്നു. അദ്ധ്യാത്മ ജ്ഞാനികള്‍ മനുഷ്യ ദേഹത്തിലെ സന്ധികള്‍ തോറും ഇരിക്കുന്ന അനിലനെ വ്യാനന്‍ എന്നു പറയുന്നു.
ധാതുക്കളില്‍ അഗ്നി പരത്തുന്ന വായു പ്രേരണ കൊണ്ടു രസം, ധാതുക്കള്‍, ദോഷങ്ങള്‍ എന്നിവയെ പ്രവര്‍ത്തിപ്പിച്ചു പായുന്നു. പ്രാണങ്ങളുടെ സന്നിപാതത്താല്‍ അതു സന്നിപാതമായി ഭവിക്കും. ദേഹികള്‍ക്ക് അന്നം പചിക്കുന്ന ഊഷ്മാവാകുന്ന അഗ്നി.
സമാനോദാന മദ്ധ്യത്തില്‍ പ്രാണനും അപാനനും ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. അവര്‍ ചേര്‍ന്ന് ഉത്ഭവിച്ച് അഗ്നി ദേഹപാകം നടത്തുന്നു. ഉള്ളില്‍ ഗുദസംജ്ഞിതനായ അപാനവായു സഞ്ചരിക്കുന്നു. അതു മൂലമാകുന്നു ദേഹിയുടെ പ്രാണങ്ങള്‍ക്കു നാഡികള്‍ കാണുന്നത്. അഗ്നിവേഗ വഹനായ പ്രാണന്‍ ഗുദാന്തത്തില്‍ ചെന്ന് അടിക്കും. പിന്നെ അവന്‍ വേഗം മേൽപോട്ടു പൊങ്ങി അഗ്നിയെ ഉയര്‍ത്തുന്നു. പക്വാശയം നാഭിയുടെ കീഴായും അതിന് മീതെ ആമാശയവും സ്ഥിതി ചെയ്യുന്നു. നാഭീ മദ്ധൃത്തിലായി പ്രാണികളുടെ എല്ലാ പ്രാണങ്ങളും നിൽക്കുന്നു.
ഹൃദയത്തില്‍ നിന്ന് ഏന്തി, മേലും കീഴും വിലങ്ങുമായി പ്രാണയോഗത്താല്‍ അന്നരസം പത്തു നാഡികളും വഹിക്കുന്നു. യോഗികള്‍ക്കു പരമമായ പദം പ്രയാസം കൂടാതെ പ്രാപിക്കുവാന്‍ ഇതാകുന്നു മാര്‍ഗ്ഗം. മൂര്‍ദ്ധാവിലാകുന്നു ആത്മാവ്.
ദേഹികള്‍ക്കൊക്കെ ഈ വിധത്തിലാകുന്നു പ്രാണാപാന പ്രവൃത്തികള്‍. പതിനൊന്നു വികാരാത്മാവും കലാസംഭാരവും ചേര്‍ന്നവന്‍ മൂര്‍ത്തിമാനാണെന്നു ചിന്തിക്കുക. നിതൃനും കര്‍മ്മജിതാത്മകനും ആകുന്നു അവന്‍.
അഗ്നി നിത്യവും സ്ഥാലിയില്‍ ( ഉരുളിയില്‍ ) എന്ന മട്ടിൽ ഇരിക്കുന്നവനാണ്. അവന്‍ ആ ആത്മാവാണെന്ന് അറിയുക. അവന്‍ നിത്യനും യോഗിജിതാത്മകനും ആണ്.
പത്മപത്രത്തില്‍ വെള്ളം എന്ന പോലെ അതില്‍ നിൽക്കുന്ന ദേവനെ ക്ഷേത്രജ്ഞൻ ആണെന്നറിയുക. നിത്യനും യോഗജിതാത്മകനും ആണെന്നറിയുക. രജസ്സ്, സത്വം, തമസ്സ് എന്നിവയെ ജീവാത്മകങ്ങൽ ആണെന്നറിയുക. ജീവന്‍ ആത്മാവാണ്; പരാത്മകനാണ്. അചേതനമായ ജീവഗുണമെന്നു പറയപ്പെടുന്ന അവന്‍ എല്ലാറ്റിനേയും ചെയ്യുന്നവനും ചെയ്യിക്കുന്നവനും ആകുന്നു. ഭുവനങ്ങള്‍ ഏഴും കല്‍പിക്കുന്ന പരനാണ് അവനെന്നു ജ്ഞാനികള്‍ പറയുന്നു.
ഇങ്ങനെ ഭൂതാത്മാവു ഭൂതത്തിലൊക്കെ പ്രകാശിക്കുന്നു. ജ്ഞാനവേദികള്‍ മുഖ്യമായ സൂക്ഷ്മബുദ്ധി കൊണ്ട് എല്ലാം കാണുന്നു. ചിത്ത പ്രസാദത്താല്‍ അങ്ങു ശുഭാശുഭമായ കര്‍മ്മം തീർക്കുന്നു. ആത്മസ്ഥനായ പ്രസന്നാത്മാവ് അനന്തമായ സുഖമേന്തുന്നതാണ്.
തൃപ്തിയാല്‍ സുഖം സ്വപ്നം പോലെയാകുന്നു. പ്രസാദത്തിന്റെ ലക്ഷണമാണത്; കാറ്റില്ലാത്തേടത്തു തിരി തെളിഞ്ഞു കത്തുന്നതു പോലെ.
രാവിന്റെ ആദൃകാലത്തും അന്ത്യകാലത്തും മനസ്സ് യോഗത്തില്‍ വെക്കുന്നവന്‍, ലഘുഭുക്കായ ശുദ്ധചിത്തന്‍ ബ്രഹ്മത്തെ ഉള്ളില്‍ മനോദീപം കൊണ്ടു ദീപത്തിനാൽ എന്നവിധം കാണും. ആ ദുര്‍ഗ്ഗുണാത്മാവിനെ കണ്ടാല്‍ അവനപ്പോള്‍ വിമുക്തനാകുന്നു. എല്ലാ ഉപായങ്ങള്‍ കൊണ്ടും ലോഭത്തേയും ക്രോധത്തേയും വിനിഗ്രഹിക്കുന്നതും പവിത്രമായതുമായ തപസ്സ് ലോകര്‍ക്ക് ഒരു സേതുവാകുന്നു. ക്രോധത്തില്‍ നിന്നു തപസ്സിനെ രക്ഷിക്കുക. മത്സരത്തില്‍ നിന്നു ധര്‍മ്മത്തെ രക്ഷിക്കുക, മാനാവമാനങ്ങളില്‍ നിന്നു വിദ്യയെ രക്ഷിക്കുക. തെറ്റില്‍ നിന്ന് ആത്മാവിന രക്ഷിക്കുക.
ആനൃശംസ്യം പരമമായ ധര്‍മ്മമാകുന്നു. ക്ഷമയോ ഏറ്റവുംവലിയ ബലമാകുന്നു. ആത്മജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം. സത്യമാകുന്നു വ്രതങ്ങളില്‍ വച്ച് ഏറ്റവും വലിയ വ്രതം.
സത്യത്തിന് വാക്കാണ് മുഖ്യം. സത്യമെന്നത് ഹിതബോധനമാണ്. ഏറ്റവും ഭൂതഹിതം ആയിട്ടുള്ളതാണ് ഏറ്റവും മഹത്തായ സത്യം. എന്നും നിഷ്കാമമായി കര്‍മ്മം ചെയ്യുന്നവനെല്ലാം ത്യാഗത്തില്‍ ഹോമിക്കുന്നവനായ, ബുദ്ധിമാനായ ത്യാഗിയാണ്. ഗുരു ചൊല്ലിക്കൊടുക്കാതെ ഏതിനെ ഉപപാദിച്ചു അതാണ് ബ്രഹ്മയോഗം. എന്നാൽ, എന്റെ യോഗസംജ്ഞ വിയോഗം ആരേയും ഹിംസിക്കരുത്, മൈത്രിയോടെ ചരിക്കണം, ഈ ജീവിതത്തില്‍ ആര്‍ക്കും വൈരം ചെയ്യരുത്, നിഷ്കിഞ്ചനത്വം ( ഒന്നും സമ്പാദിക്കായ്ക ) സന്തോഷം, നിഷ്‌കാമത്വം, അചാപലം ഇതാണ് ഏറ്റവും വലിയ ജ്ഞാനം. ഉത്തമവും നല്ലതുമായ ആത്മജ്ഞാനം ഇതാകുന്നു. സത്വബുദ്ധി വെടിഞ്ഞു നിയതവ്രതനാവുക. ദൃഢമായ വൈരാഗ്യത്തൊടെ ഇഹത്തിലും പരത്തിലും തപോനിത്യനായി, ദാന്തനായ മുനിയായി, ജയിക്കാന്‍ വയ്യാത്തതിനെ ജയിക്കുവാന്‍ സംഗങ്ങളില്‍ അസംഗിയായി ഉദ്യമിക്കുക. സഗുണനും, അഗുണനും, അനാസംഗനും ഏകകാര്യവും മാറ്റമില്ലാത്തതും നാശമില്ലാത്തതും സുഖവുമായതു യാതൊന്നോ, ഹേ. ബ്രാഹ്മണാ! അതു ബ്രഹ്മമെന്നത് ഒന്നു മാത്രമാകുന്നു. ഏവനോ സുഖത്തെ തൃജിക്കുന്നു. ദുഃഖത്തേയും തൃജിക്കുന്നു; ഇവ രണ്ടും കൈവിട്ടവന്‍ ബ്രഹ്മലോകത്തെ പ്രാപിക്കും.
ഹേ, ദ്വിജോത്തമാ! ഇതൊക്കെ യഥാശ്രുതം ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞു. ഇനി ഭവാനെന്താണ് കേള്‍ക്കേണ്ടത്?
214. ബ്രാഹ്മണ വ്യാധ സംവാദം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഹേ, യുധിഷ്ഠിര! മോക്ഷധര്‍മ്മം എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വിപ്രന്‍ ദൃഢപ്രതിജ്ഞയോടെ ധര്‍മ്മവ്യാധനോടു പറഞ്ഞു.
ബ്രാഹ്മണന്‍ പറഞ്ഞു. ഹേ, വ്യാധാ!! ഭവാന്‍ ന്യായം ചേരുന്ന വിധമാണ് ഈ പറഞ്ഞതൊക്കെയും. ധര്‍മ്മങ്ങളില്‍ ഭവാന്‍ അറിയാത്തതായി ഒന്നും തന്നെയില്ല.
വ്യാധന്‍ പറഞ്ഞു: ഹേ, ദ്വിജാ! എനിക്കു ധര്‍മ്മം പ്രതൃക്ഷമാണ്. ഹേ, ബ്രാഹ്മണാ ഭവാന്‍ കണ്ടു കൊള്ളുക. എന്തു കൊണ്ടാണ് ഈ സിദ്ധി എനിക്കു കിട്ടിയതെന്നും ഞാന്‍ പറയാം. ധര്‍മ്മജ്ഞനായ ഭവാന്‍ എഴുന്നേറ്റ് എന്റെ ഗൃഹത്തിന്റെ ഉള്ളില്‍ കടന്ന് എന്റെ മാതാപിതാക്കളെ കണ്ടാലും!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; എന്നു പറഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ എഴുന്നേറ്റു. അവര്‍ രണ്ടുപേരും കൂടി അകത്തേക്കു കടന്നു. ബ്രാഹ്മണന്‍ വിചിത്രമായ അവന്റെ മാളിക കണ്ടു. വളരെ ഭംഗിയുള്ള നാലുകെട്ട്. ഒരു ദേവാലയംപോലെ പവിത്രമായി ശോഭിക്കുന്നു. ദേവപൂജിതമായ വിധം ശയ്യാസനങ്ങളും ദിവ്യമായ ഗന്ധവും ചേര്‍ന്ന് ആ പ്രദേശം ആനന്ദം നല്കുന്നു. പീഠങ്ങളില്‍, ശുഭ്രമായ വസ്ത്രം ചാര്‍ത്തി, പൂജയേറ്റ് ഊണു കഴിച്ച് സന്തോഷത്തോടെ അച്ഛനമ്മമാര്‍ ഇരിക്കുന്നു. അവരെ കണ്ടയുടനെ ധര്‍മ്മവ്യാധന്‍ കാല്‍ക്കല്‍ നമസ്കരിച്ചു.
വൃദ്ധര്‍ പറഞ്ഞു; ധര്‍മ്മജ്ഞനായ പുത്രാ നീ എഴുന്നേല്‍ക്കുക. ധര്‍മ്മം നിന്നെ ഭരിക്കട്ടെ! നിന്റെ ശുചിയായ നടപടിയാല്‍ ഞങ്ങള്‍ സന്തോഷിക്കുന്നു! നീ ദീര്‍ഘായുഷ്മാൻ ആകട്ടെ! വേണ്ടതായ ഗതി, തപം. ജ്ഞാനം, മേധ ഇവയോടു കൂടി ഹേ, സല്‍പ്പുത്രാ നീ ഞങ്ങളെ വളരെക്കാലമായി പൂജിക്കുന്നു. നിനക്കു ദേവകളേക്കാള്‍ അപ്പുറമായി വേറെ ദൈവതമില്ല. ശുദ്ധി കൊണ്ടു ബ്രാഹ്മണര്‍ക്ക് ഒക്കുന്ന ദമം ഉള്ളവനാണ് നീ. ഹേ. പുത്രാ! നിന്റെ ദമത്താലും, നീ ഞങ്ങളെ പൂജിക്കുകയാലും അച്ഛന്റെ മുത്തച്ഛരും, മുതുമുത്തച്ഛന്മാരും നിന്നില്‍ പ്രീതരായിരിക്കുന്നു. നിന്റെ ശുശ്രൂഷയ്ക്കു യാതൊരു കുറവും കാലപ്പഴക്കത്തില്‍ മനോവാക് കര്‍മ്മവൃത്തിയാല്‍ കാണുന്നില്ല. നിന്റെ ബുദ്ധി മാറിപ്പോകുന്നില്ല. ജാമദഗ്ന്യനായ രാമന്‍ ഏതു വൃദ്ധരെ പൂജിച്ചുവോ, അപ്രകാരവും അതിലധികവും നീ ഞങ്ങളില്‍ ചെയ്തിരിക്കുന്നു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പിന്നെ ആ വിപ്രനെ ധര്‍മ്മവ്യാധന്‍ അവര്‍ക്കു കാട്ടിക്കൊടുത്തു. അവര്‍ ആ വിപ്രനെ സ്വാഗത വാക്കുകള്‍ കൊണ്ടു പൂജിച്ചു. അവരുടെ പൂജയേറ്റ് ദ്വിജന്‍ അവരോടു ചോദിച്ചു.
ബ്രാഹ്മണന്‍ പറഞ്ഞു: പുത്രഭൃത്യാന്വിതമായി ഭവാന്മാര്‍ക്ക് ഈ ഗൃഹത്തില്‍ സുഖമല്ലേ? നിങ്ങളുടെ ശരീരത്തിന് സുഖക്കേട് ഒന്നുമില്ലല്ലോ!
വൃദ്ധര്‍ പറഞ്ഞു: ഞങ്ങള്‍ക്കും എല്ലാ ഭൃത്യന്മാര്‍ക്കും ഈ ഗൃഹത്തില്‍ സുഖം തന്നെ. ഭഗവാനേ ഭവാന്റെ യാത്രയില്‍ വിഘ്നങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! അവരുടെ വാക്കുകേട്ട വിപ്രന്‍ നന്ദിയോടെ, സുഖമായി തന്നെ വന്നെത്തിയെന്നു മറുപടി പറഞ്ഞു. അനന്തരം ധര്‍മ്മവ്യാധന്‍ ബ്രാഹ്മണനെ നോക്കി ഇപ്രകാരം പറഞ്ഞു.
വ്യാധന്‍ പറഞ്ഞു: ഭഗവാനേ! എന്റെ ദൈവം എന്റെ അച്ഛനമ്മമാരായ ഇവരാണ്. ദേവകള്‍ക്കു ചെയ്യേണ്ടതു ഞാന്‍ ഇവര്‍ക്കു ചെയ്യുന്നു. ഇന്ദ്രന്‍ മുതല്‍ മുപ്പത്തിമൂന്നു ദേവകള്‍ എങ്ങനെ എല്ലാവര്‍ക്കും പൂജ്യരാകുന്നു, അപ്രകാരം ഈ വൃദ്ധന്മാര്‍ എനിക്കു പൂജ്യരാകുന്നു. ദേവന്മാര്‍ക്കു വിപ്രന്മാര്‍ എപ്രകാരം നിത്യം ഉപഹാരങ്ങള്‍ നല്കുന്നു, അപ്രകാരം ഞാന്‍ ഇളവു കൂടാതെ ഇവര്‍ക്കു നല്കുന്നു. എനിക്ക് ഇവരാണ് പരദൈവങ്ങൾ. ഇവരെ പൂവ്, കായ, രത്നങ്ങള്‍ ഇവ നല്കി ഞാന്‍ വന്ദിക്കുന്നു. ഇവരാണ് എനിക്കു മുനീന്ദ്രന്മാര്‍. വാഴ്ത്തപ്പെടുന്ന അഗ്നികളും ഇവരാണ്; യജ്ഞങ്ങളും, നാലു വേദങ്ങളും എനിക്ക് ഇവരാണ്. ഇവര്‍ക്കു വേണ്ടിയാണ് എന്റെ പ്രാണനും, ഭാര്യയും പുത്രന്മാരും. സുഹൃത് ജനങ്ങളോടും പുത്രഭാര്യമാരോടും കൂടി ഞാന്‍ ഇവരെ പൂജിക്കുന്നു. ശുശ്രൂഷിക്കുന്നു. ഇവരെ ഞാന്‍ കുളിപ്പിക്കുന്നു. കാല്‍ കഴുകിക്കുന്നു. മതിയാകുവോളം ആഹാരവും കൊടുക്കുന്നു, ദ്വിജോത്തമാ. ഇവരോട് അനുകൂലമല്ലാതെ അപ്രിയം ഞാന്‍ പറയുന്നില്ല. അധര്‍മ്മമായാലും ഞാന്‍ അവരുടെ ഇഷ്ടമറിഞ്ഞു ചെയ്യും. ധര്‍മ്മം ഗുരുവാണെന്നു കണ്ട് ഇളവു കൂടാതെ ശുശ്രൂഷിച്ചു വരുന്നു. ബുഭുക്ഷുവായ നരന് അഞ്ചു ഗുരുക്കന്മാരുണ്ട് ദ്വിജ! അച്ഛന്‍, അമ്മ, അഗ്നി, ആത്മാവ്, ആചാര്യന്‍ ഇവരാണ് അഞ്ചുപേര്‍. ഇവരില്‍ നല്ലപോലെ വര്‍ത്തിക്കുന്നതായാല്‍ ഹേ, ദ്വിജോത്തമാ! അവന് അഗ്നികള്‍ എല്ലാം പ്രസാദിക്കും. അഗ്നി കൊണ്ട് അനുഷ്ഠിക്കേണ്ട സല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ഫലം ലഭിക്കും. ഗൃഹസ്ഥാശ്രമിക്ക് ഇതു ശാശ്വതമായ ധര്‍മ്മമാകുന്നു.
215. (ബാഹ്മണവ്യാധസംവാദം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു; വിപ്രനോട് വ്യാധന്‍ ആ ഗുരുക്കന്മാരായ പിതാക്കളെ പറ്റി പറഞ്ഞതിന് ശേഷം വീണ്ടും ആ വിപ്രനോടു പറഞ്ഞു.
വ്യാധന്‍ പറഞ്ഞു: ഞാന്‍ ദിവ്യചക്ഷുസ്സായി. തപസ്സിന്റെ ശക്തി ഭവാന്‍ അറിയുക. പതിശുശ്രൂഷ ചെയ്യുന്നവളും, ദാന്തയും, സതൃശീലയുമായ സ്ത്രീ, "മിഥിലയ്ക്ക് അങ്ങു പോവുക! അവിടെ ഒരു വ്യാധന്‍ പാര്‍ക്കുന്നുണ്ട്. അവന്‍ ഭവാനു ധര്‍മ്മംപറഞ്ഞുതരും", എന്നു പറയുവാന്‍ കാരണമെന്താണ്?
ബ്രാഹ്മണന്‍ പറഞ്ഞു: യതവ്രതയും സതൃശീലയുമായ ആ പതിവ്രത പറഞ്ഞ വാക്കു കേട്ടപ്പോള്‍ നീ ഗുണവാനാണെന്നു ഞാന്‍ തിരുമാനിച്ചു.
വ്യാധന്‍ പറഞ്ഞു; അവള്‍ അപ്പോള്‍ എന്റെ പുരത്തെ പറ്റി പറഞ്ഞില്ലേ പ്രഭോ? ദ്വിജശ്രേഷ്ഠ! ആ പതിവ്രത കണ്ടതു സത്യമാണ്. അങ്ങയ്ക്ക് അനുഗ്രഹത്തിന് വേണ്ടിയാണ് ഞാന്‍ ഇതൊക്കെ കാട്ടി തന്നത്. ഹേ, താതാ! ഞാന്‍ പറയുന്ന ഹിതവാക്യത്തേയും ഭവാന്‍ കേള്‍ക്കുക. നീ മാതാപിതാക്കളെ നിരാകരിച്ചിരിക്കയാണ്. നീ ഗൃഹം വിട്ടു പോന്നത് അവര്‍ വിട്ടിട്ടല്ല. വൃദ്ധരായ അവരുടെ സമ്മതം കൂടാതെയാണ് നീ വേദം പഠിക്കുവാനായി വീടുവിട്ടത്. ഭവാന്‍ ആ ചെയ്തത് അയുക്തമാണ്. വൃദ്ധരും തപസ്വികളുമായ അവര്‍ നീ പോന്നതു മൂലം നിന്നെ തന്നെ ചിന്തിച്ചു ദുഃഖിച്ച് അന്ധരായി കഴിയുകയാണ്. അവരുടെ പ്രസാദത്തിനായി ഭവാന്‍ പോവുക. ഭവാനു ധര്‍മ്മത്തില്‍ തെറ്റു പറ്റരുത്. അങ്ങ് തപസ്വിയും. മഹാത്മാവും, ധര്‍മ്മതല്പരനുമാണ്. ഉടനെ ചെന്ന് അവരെ പ്രസാദിപ്പിച്ചില്ലെങ്കില്‍ ഈ ഗുണങ്ങളെല്ലാം നിഷ്ഫലമായി പോകും. ഞാന്‍ പറഞ്ഞ വാകൃം ശ്രദ്ധയോടെ കേട്ട് അത് അനുഷ്ഠിക്കുക. മറിച്ചു ചെയ്യരുത്. ഹേ, ബ്രാഹ്മണാ! ഭവാന്‍ ഇപ്പോള്‍ പൊയ്ക്കൊള്ളുക. വിപ്രർഷേ! ഭവാന്റെ ശ്രേയസ്സിനു വേണ്ടി ഞാന്‍ ആശംസിക്കുന്നു!
ബ്രാഹ്മണന്‍ പറഞ്ഞു: ധര്‍മ്മാചാര ഗുണാംബുധേ! ഞാന്‍ ഭവാനില്‍ പ്രീതനായിരിക്കുന്നു. ഭവാന്‍ പറഞ്ഞതെല്ലാം എന്നെ പറ്റി അക്ഷരം പ്രതി സത്യമാണ്. ഭവാനു മംഗളം ഭവിക്കട്ടെ!
വ്യാധന്‍ പറഞ്ഞു: പുരാതനവും, ശാശ്വതവും, പരമവുമായ ദൈവത്തെ പോലെ ഉള്ളവൻ ആയി തീര്‍ന്നിരിക്കുന്നു ഭവാന്‍. അജ്ഞര്‍ക്ക് അപ്രാപ്യമായ ദിവ്യധര്‍മ്മത്തെ ഭവാന്‍ ആശ്രയിച്ചിരിക്കുന്നു. ഉടനെ ആ കര്‍മ്മത്തില്‍ ഏര്‍പ്പെടുക. മാതാപിതാക്കളെ മടി കൂടാതെ പൂജിക്കുക. അതിലും മേലെയായി ഞാന്‍ മറ്റൊരു ധര്‍മ്മത്തേയും കാണുന്നില്ല.
ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, വ്യാധാ! ഭാഗ്യത്താല്‍ ഞാന്‍ ഇവിടെ വന്നു. ഭാഗ്യം! ഞാന്‍ നിന്നോടണഞ്ഞു! ഇപ്രകാരം ധര്‍മ്മം കാട്ടി കൊടുക്കുന്നവര്‍ ഊഴിയില്‍ ദുര്‍ല്ലഭമാണ്. ആയിരത്തില്‍ ഒരാള്‍ ധര്‍മ്മവിത്താകാം; ആയില്ലെന്നും വരാം. നിന്റെ സത്യത്താല്‍ ഞാന്‍ പ്രീതനായി. ഭവാന് ശുഭം ഭവിക്കട്ടെ! നരകത്തില്‍ ചാടുന്ന എന്നെ പുരുഷര്‍ഷഭാ! ഭവാന്‍ കരകയറ്റി. ഹേ, അനഘാശയാ ഇത് എന്റെ യോഗഫലം തന്നെ! സത്തുക്കളായ ദൗഹിത്രന്മാര്‍ (പുരിയുടെ പുത്രന്മാര്‍) നരേന്ദ്രനായ യയാതിയെ, അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ നിന്നു വീണപ്പോള്‍ കയറ്റി. നീ അതിലേറെ, വിപ്രനായ എന്നെ കയറ്റി. ഞാന്‍ നിന്റെ വാക്കാല്‍ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ ഇതാ പോകുന്നു. അകൃതാത്മാവ് ധര്‍മ്മാധര്‍മ്മ വിനിശ്ചിതം പറയുകയില്ല. ദുര്‍ജേഞയവും നിതൃവുമായ ധര്‍മ്മം ശൂദ്രയോനിയില്‍ നിൽക്കുന്നു. നീ ശൂദ്രനല്ല. എന്തോ കാരണം കൊണ്ട് അങ്ങനെ സംഭവിച്ചതാണെന്നു ഞാന്‍ വിചാരിക്കുന്നു. ഹേ, വ്യാധാ! ഭവാന്‍ എന്തു കാരണം കൊണ്ടാണ് ഇങ്ങനെ ശൂദ്രനായി പിറന്നത്; തത്വത്തോടു കൂടെ അതും അറിയണമെന്ന് എനിക്കാഗ്രഹമുണ്ട്.
വ്യാധന്‍ പറഞ്ഞു: ഹേ, വിപ്രാ! വിപ്രനെ തെറ്റി നിൽക്കുവാന്‍ എനിക്കു വയ്യ. എന്റെ മുന്‍ജന്മത്തിലെ കഥ ഭവാന്‍ കേള്‍ക്കുക:
എന്റെ മുന്‍ജന്മത്തില്‍ ഞാനൊരു ദ്വിജശ്രേഷ്ഠന്റെ പുത്രനായിരുന്നു. വേദാദ്ധ്യായിയും, ദക്ഷനും, വേദാംഗങ്ങള്‍ അറിഞ്ഞവനും ആയിരുന്നു. എന്നാൽ എന്റെ ദോഷം കൊണ്ടു തന്നെ ഞാന്‍ ഈ അവസ്ഥയിലായി.
എനിക്ക് ഇഷ്ടനായി ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹവുമായുണ്ടായ സംസര്‍ഗ്ഗത്താല്‍ എനിക്ക് അസ്ത്രപ്രയോഗത്തില്‍ താല്‍പ്പര്യമുണ്ടായി. അദ്ദേഹം ധനുര്‍വ്വേദ പരായണനായിരുന്നു. ഞാന്‍ അസ്ത്രപ്രയോഗത്തില്‍ പടുവായിത്തീര്‍ന്നു.
അക്കാലത്ത് അവന്‍ മന്ത്രിമാരോടു കൂടി നായാട്ടിന് പോയി. ധാരാളം യോദ്ധാക്കളും കൂടെ പോയി. വളരെ മൃഗങ്ങളെ രാജാവ് ആശ്രമ സന്നിധിയില്‍ എയ്തു കൊന്നു. അപ്പോള്‍ ഒരു അമ്പിനാല്‍ ഞാനും എയ്തു.
എന്റെ ശക്തമായ ശരം ചെന്ന് ഒരു മഹര്‍ഷിയില്‍ തറച്ചു. അവന്‍ നിലവിളിച്ചു പിടഞ്ഞു നിലത്തു വീണു. ആര്‍ക്കും ഞാന്‍ ഒരു പിഴയും ചെയ്തിട്ടില്ല. ഈ ദുഷ്ടത ചെയ്തവന്‍ ആരാണ്? എന്നു വിലപിച്ചു. രാജാവ് ഓടിച്ചെന്നു. അവന്‍ മാനാണെന്നു വിചാരിച്ച് അടുത്തു ചെന്നപ്പോള്‍ കണ്ടത് മൂര്‍ച്ചയുള്ള ഒരു അമ്പു മെയ്യിലേറ്റു പിടയുന്ന മുനീന്ദ്രനെയാണ്. ആ കൃത്യം ചെയ്യുകയാല്‍ എന്റെ മനസ്സു വല്ലാതെ പിടഞ്ഞു. ആ പിടയുന്ന വിപ്രനോടു ഞാന്‍ പറഞ്ഞു: "അറിയാതെ ഞാന്‍ തെറ്റു ചെയ്തു പോയി മഹര്‍ഷേ, ഭവാന്‍ എന്നില്‍ പൊറുക്കണം".
ക്രോധം മൂര്‍ച്ഛിച്ച് ആ മഹര്‍ഷി അപ്പോള്‍ എന്നോടു പറഞ്ഞു:; നി വ്യാധനാകും.ക്രൂര ശൂദ്ര ജാതിയില്‍ നീ പിറക്കും. അദ്ദേഹം എന്നെ ശപിച്ചു.
216. ബ്രാഹ്മണ വ്യാധ സംവാദം - വ്യാധന്‍ കഥ തുടര്‍ന്നു: ഇപ്രകാരം മുനി എന്നെ ശപിച്ചപ്പോള്‍ ഞാന്‍ മഹര്‍ഷിയോട് എന്നെ രക്ഷിക്കണമെന്നു യാചിച്ചു. മഹര്‍ഷിയെ ഞാന്‍ കനിയിച്ചു. അറിയാതെ ഞാന്‍ ഇങ്ങനെ ഒരു തെറ്റുചെയ്തു പോയി ഭഗവാനേ! എല്ലാം പൊറുക്കണേ! പ്രസാദിക്കണേ! എന്നു പറഞ്ഞു.
ഋഷി പറഞ്ഞു; ശാപം ഒരിക്കലും മാറ്റുവാന്‍ കഴികയില്ല. അത് അപ്രകാരം തന്നെ സംഭവിക്കും. അനൃശംസ്യം കൊണ്ട് ഒന്നു ചെയ്യാം എന്നു ഞാന്‍ അനുഗ്രഹിക്കുന്നു. ശൂദ്രജാതിയിൽ ആയാലും നീ വലിയ ധര്‍മ്മജ്ഞനായി ഭവിക്കും. അച്ഛനമ്മമാരെ നല്ലപോലെ ശുശ്രൂഷിക്കുകയും ചെയ്യും. അതിന് സംശയമില്ല. ആ ശുശ്രൂഷ കൊണ്ട് നീ സിദ്ധി മാഹാത്മ്യം നേടുന്നതാണ്. മുജ്ജന്മം ഓര്‍മ്മയുണ്ടാകും. സ്വര്‍ഗ്ഗത്തില്‍ അണയുകയും ചെയ്യും. ശാപക്ഷയം വന്നാല്‍ നീ വീണ്ടും ബ്രാഹ്മണനാകും.
വ്യാധന്‍ പറഞ്ഞു; ഇപ്രകാരം പണ്ട് ഉഗ്രതേജസ്സായ മുനി എന്നെ ശപിച്ചു. അവന്റെ ദേഹത്തില്‍ നിന്നു ഞാന്‍ അമ്പ് ഈരിയെടുത്തു. ഞാന്‍ അവനെ ആശ്രമത്തില്‍ കൊണ്ടെത്തിച്ചു. അവന്‍ മരിച്ചതുമില്ല. എന്റെ മുജ്ജന്മ ചരിതമാണ് ഇത്. എല്ലാം ഞാന്‍ അങ്ങയോടു പറഞ്ഞു. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ എല്ലായിടത്തും പോവുകയും ചെയ്യും, ദ്വിജോത്തമാ!
ബ്രാഹ്മണന്‍ പറഞ്ഞു; ഇപ്രകാരം മര്‍ത്ത്യന്‍ സുഖദുഃഖങ്ങള്‍ നേടും. ഹേ, മഹാശയ! ഭവാന്‍ അതില്‍ ഉല്‍കണ്ഠ പ്പെടേണ്ടതില്ല. സ്വജാതി അറിയുന്ന ഭവാന്‍ ദുഷ്കരമായ ക്രിയയാണ് ചെയ്തത്. ലോകവൃത്താന്തം അറിഞ്ഞു കൊണ്ട് ധര്‍മ്മപരായണനായ ഭവാന്‍, കര്‍മ്മദോഷത്തിനാല്‍ ആത്മജാതികൃത്യം നിര്‍വ്വഹിച്ച്, ഒട്ടുനാള്‍ പാര്‍ക്കുക. പിന്നെ ഭവാന്‍ ബ്രാഹ്മണനാകും. ഇപ്പോഴും ഭവാന്‍ ബ്രാഹ്മണനാണെന്ന് എന്റെ മനസ്സു പറയുന്നു. അതില്‍ യാതൊരു തര്‍ക്കവും ഇല്ല. പാതിതൃമായ വികര്‍മ്മങ്ങള്‍ ചെയ്യുന്ന ഭൂസുരന്‍, ദാംഭികനും, ദുഷ്കൃതിയും, ജളനും ആയ ഭൂസുരന്‍, ശൂദ്രനെ പോലെ ആയിത്തീരും. ശൂദ്രന്‍ സത്യം, ദമം, ധര്‍മ്മം ഇവ നിത്യവും നടത്തുക ആണെങ്കില്‍ അവന്‍ ബ്രാഹ്മണൻ ആണെന്നാണ് എന്റെ അഭിപ്രായം. വൃത്തിയാല്‍ അവന്‍ ദ്വിജനാകും. കര്‍മ്മദോഷത്താല്‍ കഷ്ടവും ക്രൂരവുമായ ദുര്‍ഗ്ഗതിയും ഭവിക്കും. എല്ലാം കൊണ്ടും പാപം ക്ഷയിച്ചവനാണ് ഭവാന്‍ എന്നാണ് എന്റെ പക്ഷം നരോത്തമാ! ഭവാന്‍ ഒട്ടും ഉല്‍കണ്ഠ പ്പെടേണ്ടതില്ല. ഭവാനെ പോലുള്ളവര്‍ ഒരിക്കലും ദുഃഖിക്കയില്ല. ലോകവൃത്താനു വ്യത്തജ്ഞര്‍ എന്നും ധര്‍മ്മപരായണർ ആണല്ലോ.
വ്യാധന്‍ പറഞ്ഞു; മനോദുഃഖം ബുദ്ധി കൊണ്ട് ഇല്ലാതാക്കുന്നു. ശരീരദുഃഖം മരുന്നിനാല്‍ ഇല്ലാതാക്കുന്നു. ഇതു വിജ്ഞാന സാമര്‍ത്ഥ്യമാണ്. ബാലരെപ്പോലെ ആകരുത്. അനിഷ്ടം പറ്റിയാലും, ഇഷ്ടം പറ്റാതിരുന്നാലും, അല്പബുദ്ധികളായ മര്‍ത്തൃര്‍ മനോദുഃഖത്തില്‍ പെട്ടു പോകും. ഗുണങ്ങള്‍ ജീവികളില്‍ വന്നു കൂടുകയും വിട്ടു പോവുകയും ചെയ്യും. എല്ലാം സ്വഭാവമാണ്. അതില്‍ ആര്‍ക്കും ദുഃഖിക്കാന്‍ വഴിയില്ല. അനിഷ്ടം വന്നു കാണുമ്പോള്‍ ഉടനെ വെറുക്കും. മറുകൈകള്‍ ചെയ്തു നോക്കും. പ്രയോഗം കണ്ടാല്‍ പ്രയോഗിച്ചു നോക്കും. ദുഃഖിച്ചാല്‍ ഒന്നും ഒക്കില്ല; ദുഃഖം തന്നെ. ദുഃഖവും സുഖവും താനേ കൈവിടുന്ന മര്‍ത്ത്യര്‍ ജ്ഞാനം കൊണ്ടു തൃപ്തരാകും; മനീഷികള്‍ സുഖം നേടും. മൂഢന്മാര്‍ അസന്തുഷ്ടരാകുന്നു. പണ്ഡിതന്മാര്‍ സന്തോഷിക്കുന്നു. അസന്തോഷത്തിന് യാതൊരന്തവുമില്ല. പരമമായ സുഖം സന്തുഷ്ടിയാകുന്നു പരമമായ ഗതി കണ്ടവര്‍ വഴി പോന്നതില്‍ ദുഃഖിക്കയില്ല. വിഷാദത്തില്‍ മനസ്സു വെക്കരുത്. വിഷാദം മുഖ്യമായ വിഷമാണ്. അറിവില്ലാത്ത ജളനെ ക്രുദ്ധനായ സര്‍പ്പം പോലെ വിഷാദം കൊന്നു കളയും. വിക്രമം വേണ്ട നേരത്തു വിഷാദപ്പെടുന്നവന്റെ കഥ ഇപ്രകാരമാണ്. തേജസ്സു കെട്ടവന് പുരുഷാർത്ഥം ലഭിക്കുകയില്ല. കര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം കാണും എന്നുള്ളതു തീര്‍ച്ചയാണ്. നിര്‍വ്വേദപ്പെട്ടിരുന്നാല്‍ നന്മ തീരെ നേടുന്നതല്ല. എന്നാൽ ദുഃഖത്തെ നീക്കുവാന്‍ ഉപായം നോക്കുകയും വേണം. മാഴ്‌കാതെ ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ മുക്തന്‍ വൃസനിയായി തീരുകയില്ല. ജീവികളില്‍ നാശം കണ്ടു. ബുദ്ധിയുടെ അക്കര പറ്റിയവരായ പ്രജ്ഞയുള്ളവര്‍ ഒരിക്കലും മാഴ്കുന്നതല്ല. പരയായ ഗതി കണ്ടവര്‍ ഒരിക്കലും ദുഃഖിക്കയില്ല. ഹേ, പ്രാജ്ഞാ! ഞാന്‍ മാഴ്കുന്നില്ല. ഹേ, സത്തമാ! ഞാന്‍ മാഴ്കുന്നില്ല!
ബ്രാഹ്മണന്‍ പറഞ്ഞു: നീ മേധാവിയാണ്. കൃതപ്രജ്ഞനാണ്. നിന്റെ ബുദ്ധിയും വലുതാണ്. നിന്നെക്കുറിച്ചു ഞാനും ദുഃഖിക്കുന്നില്ല. നീ ജഞാനതൃപ്തനായ ധാര്‍മ്മികനാണ്. ഞാന്‍ പോയ് വരട്ടെ! നിനക്കു നന്മ വരും! ധര്‍മ്മം നിന്നെ തുണയ്ക്കും! ധര്‍മ്മത്തില്‍ തെറ്റു പറ്റാതെ ഹേ, ധാര്‍മ്മിക സത്തമ! നിൽക്കുക.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അങ്ങനെയാകട്ടെ! എന്നു പറഞ്ഞ് വ്യാധന്‍ കൈകൂപ്പി. ബ്രാഹ്മണന്‍ അവനെ പ്രദക്ഷിണം വെച്ചു പോന്നു. ആ ബ്രാഹ്മണന്‍ ചെന്നു വൃദ്ധരായ പിതാക്കള്‍ക്കു മുറപ്രകാരം നിയമത്തോടെ ശുശ്രൂഷകളെല്ലാം നടത്തി.
ഹേ, യുധിഷ്ഠിരാ! നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമെല്ലാം ഇതില്‍ അടങ്ങുന്നു. പതിവ്രതയുടേയും, ബ്രാഹ്മണന്റേയും മാഹാത്മ്യം, പിതൃശുശ്രൂഷ ഇവയൊക്കെ ധര്‍മ്മവ്യാധന്‍ ഇപ്രകാരം പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, വിപ്രാ! ഇത് ഒരു അത്യത്ഭുതം തന്നെ! ഉത്തമമായ ധര്‍മ്മോപാഖ്യാനമാണ് ഇത്. സര്‍വ്വ ധര്‍മ്മജ്ഞ വരനായ ഭവാന്‍ എല്ലാം പറഞ്ഞു. കേള്‍ക്കുവാനുള്ള സുഖം കൊണ്ട് ഒരു മുഹൂര്‍ത്തം പോലെ സമയം പോയി. ഭഗവാനേ! ധര്‍മ്മങ്ങള്‍ കേട്ടിട്ട് എനിക്കു തൃപ്തിയാകുന്നില്ല.
217. ആംഗിരസോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു; ധര്‍മ്മം ചേരുന്ന പുണ്യമായ കഥ കേട്ട് ധര്‍മ്മപുത്രന്‍ മാര്‍ക്കണ്ഡേയനോടു വീണ്ടും ചോദിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു; അഗ്നി കാടു പൂകുവാന്‍ എന്താണു കാരണം? അംഗിരസ്സ് അഗ്നി നാശത്തില്‍ പണ്ട് അഗ്നിരൂപം പ്രാപിച്ച് എങ്ങനെ ഹവ്യം കൈക്കൊണ്ടു ? അഗ്നി ഏകനാണെങ്കിലും കര്‍മ്മത്തില്‍ ബഹുരൂപനായി കാണുന്നു. ഭഗവാനേ, ഇതെല്ലാം വിശദമായി പറഞ്ഞാലും. കുമാരന്‍ എങ്ങനെ അഗ്നിഭൂവായി ജന്മമെടുത്തു? പിന്നെ ഗംഗാകൃത്തികമാര്‍ക്ക് ഏങ്ങനെ അവന്‍ രുദ്രസുതനായി? ഇവയൊക്കെ കേള്‍ക്കുവാന്‍ വലിയ ആഗ്രഹമുണ്ട്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഭവാന്റെ ചോദ്യത്തിന് ഉത്തരം പറയാം. പണ്ടേ തന്നെ ഇതിനെക്കുറിച്ചു നടപ്പുള്ള ഒരു കഥയുണ്ട്.
കോപത്തോടു കൂടി അഗ്നി തപസ്സിനായി കാടു പൂകിയതും, ഭഗവാനായ അംഗിരസ്സ് അഗ്നിയായി ഇരുന്നതും, പ്രഭയാല്‍ തപിപ്പിച്ച് ഇരുട്ടൊക്കെ നീക്കിയതും എല്ലാം പറയാം.
മഹാബാഹോ, അംഗിരസ്സ് മുമ്പ് ആശ്രമത്തില്‍ തപസ്സു ചെയ്ത് അഗ്നിയേക്കാള്‍ മികച്ചവനായി. അവന്‍ അഗ്നിയെപ്പോലെ ജഗത്തിന് പ്രകാശം നല്കി. അവന്റെ തേജസ്സില്‍ അഗ്നിക്കു താപമുണ്ടായി. വാട്ടം പറ്റിയ ഹുതാശനന്‍ ആരും അറിയാത്ത മട്ടില്‍ ക്ഷീണനായി തീര്‍ന്നു. അപ്പോള്‍ ഹവ്യവാഹനനായ ഭഗവാന്‍ വിചാരിച്ചു; ബ്രഹ്മാവു ലോകര്‍ക്കു വേണ്ടി മറ്റൊരഗ്നിയെ സൃഷ്ടിച്ചിട്ടുണ്ട്. തപം ചെയ്യുന്ന എനിക്ക് അഗ്നിസ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. വീണ്ടും താന്‍ എങ്ങനെ അഗ്നിയാകും? എന്നു വിചാരിക്കുവാന്‍ തുടങ്ങി. അങ്ങനെ അഗ്നി, അഗ്നിയെപ്പോലെ തന്നെ ചൂടുണ്ടാക്കുന്ന മഹര്‍ഷിയെ കണ്ടു. മഹര്‍ഷിയെ കണ്ടയുടനെ അഗ്നി ഭയപ്പെട്ടു മാറിക്കളഞ്ഞു. അപ്പോള്‍ അംഗിരസ്സ് അഗ്നിയെ അടുത്തു വിളിച്ച് ഇങ്ങനെ പറഞ്ഞു:
അംഗിരസ്സു പറഞ്ഞു: ഹേ, ലോകഭാവനാ! ഭവാന്‍ തന്നെ അഗ്നിയായിക്കൊള്ളുക. മൂന്നു ലോകത്തിലുമുള്ള എല്ലാവരും നിന്നെ അറിയുന്നു. മുമ്പേ ബ്രഹ്മാവു സൃഷ്ടിച്ച അഗ്നി ഇരുള്‍ നീക്കുന്നവൻ ആണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങയുടെ സ്ഥാനം അങ്ങു തന്നെ ഏറ്റുകൊള്ളുക.
അഗ്നി പറഞ്ഞു; ഹേ, മഹര്‍ഷേ! ലോകത്തില്‍ എന്റെ കീര്‍ത്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഹുതാശനന്‍ ഭവാനായിരിക്കുന്നു. നാട്ടുകാര്‍ ഇപ്പോള്‍ അഗ്നിയായിട്ടു ഭവാനെയാണ് അറിയുന്നത്. ഞാന്‍ എന്റെ അഗ്നിത്വം വിട്ടൊഴിയാം. അങ്ങു മുഖ്യനായ അഗ്നിയാവുക. ഞാന്‍ രണ്ടാമനായി പ്രജാപതൃകനെന്ന പേരില്‍ നിന്നു കൊള്ളാം.
അംഗിരസ്സു പറഞ്ഞു; പ്രജകള്‍ സ്വര്‍ഗ്ഗം ലഭിക്കുവാന്‍ തക്ക സല്‍പ്രവൃത്തി ഭവാന്‍ ചെയ്തു കൊള്ളുക. ഭവാന്‍ പുണ്യമായ അഗ്നിയാണ്. തിമിരാപഹനാണ്. ഹേ, അഗിദേവാ! ഭവാന്‍ എന്നെ പ്രഥമപുത്രനായി കൈക്കൊണ്ടാലും!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അംഗിരസ്സിന്റെ വാക്കുകേട്ട് അപ്രകാരം ജാതവേദസ്സ് (അഗ്നി) പ്രവര്‍ത്തിച്ചു. അംഗിരസ്സിന് പുത്രനായി ബൃഹസ്പതി പിറന്നിട്ടുണ്ട്. വഹ്നിയുടെ ആദ്യപുത്രന്‍ അംഗിരസ്സ് ആണെന്നറിഞ്ഞ് ദേവകള്‍ ചെന്ന് അതിന്റെ കാരണം അംഗിരസ്സിനോടു ചോദിച്ചു. ദേവന്മാരുടെ ചോദ്യം കേട്ട് അവന്‍ അതിന്റെ കാരണം പറഞ്ഞു. അംഗിരസ്സിന്റെ ആ വാക്കു ദേവകള്‍ സ്വീകരിക്കുകയും ചെയ്തു.
ഇനി പ്രഭയേറുന്ന പല അഗ്നികളേയും പറ്റി ഞാന്‍ ഭവാനോടു പറയാം. ആ അഗ്നികള്‍ പല കര്‍മ്മങ്ങളിലും വിഖ്യാതരാണ്. വിപ്രന്മാര്‍ക്ക് അവര്‍ നാനാര്‍ത്ഥദന്മാരുമാണ്.
218. ആംഗിരസോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; അംഗിരസ്സ് ബ്രഹ്മാവിന്റെ മൂന്നാമത്തെ പുത്രനാണ്. അവന്റെ ഭാര്യ ശുഭയാണ്. അവളില്‍ ഏഴു പുത്രന്മാരും എട്ടു പുത്രിമാരുമുണ്ടായി. ബൃഹല്‍കീര്‍ത്തി, ബൃഹല്‍ജ്യോതി, ബൃഹൽ ബ്രഹ്മന്‍, ബൃഹന്മനന്‍, ബൃഹന്മന്ത്രന്‍, ബൃഹല്‍ഭാസന്‍, ബൃഹസ്പതി ഇവരാണ് പുത്രന്മാര്‍. ഈ സന്തതികളേ ക്കാളൊക്കെ മനോഹരമായ രൂപത്തോടു കൂടി അംഗിരസ്സിന് ഒന്നാമതായി ഉണ്ടായ പുത്രിയാണ് ഭാനുമതീ ദേവി. രണ്ടാമത്തെ പുത്രി ജീവികള്‍ക്കൊക്കെ രാഗം നല്കുന്നതു കൊണ്ട് ആ പുത്രിക്ക് രാഗ എന്നു പേര്‍ വന്നു. കപര്‍ദിസുതയായി, ദൃശ്യാദൃശ്യയായി, ലോകരാല്‍ പുകഴ്ത്തപ്പെട്ടവളും, ചെറുപ്പക്കാരിയുമായ സിനീബാലി അംഗിരസ്സിന്റെ മൂന്നാമത്തെ പുത്രിയാണ്. നാലാമത്തേവള്‍ അര്‍ച്ചിസു കൊണ്ട് അര്‍ച്ചിഷ്മതിയായി. അഞ്ചാമത്തേവള്‍ ഹവിസ്സാല്‍ ഹവിഷ്മതിയായി തീര്‍ന്നു. ആറാമത്തേവള്‍ മാഹിഷ്മതി. അവള്‍ പുണ്യവതിയാണ്. അംഗിരസ്സിന്റെ ദീപ്തിയേറിയ മുഖങ്ങളില്‍ വിളങ്ങുന്ന ഏഴാമത്തെ മകള്‍ മഹാമതിയാണ്. ജനങ്ങള്‍ കാണുമ്പോള്‍ തന്നെ "കുഹു കുഹു" എന്ന് ആശ്ചര്യപ്പെടുന്നതു കൊണ്ട് അംഗിരസ്സിന്റെ എട്ടാമത്തെ പുത്രിക്ക് കുഹു എന്നും പേര്‍ ലഭിച്ചു.
219. ആംഗിരസോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ബൃഹസ്പതിയുടെ ഭാര്യ പ്രസിദ്ധയായ ചാന്ദ്രമസിയാണ്. അവള്‍ ആറു പുണ്യാഗ്നികളേയും ഒരു പുത്രിയേയും പ്രസവിച്ചു. ഏത് അഗ്നിക്ക് ആദ്യമായി ഹവിസ്സു വിധിച്ചിരിക്കുന്നുവോ ആ മഹാവ്രതനായ "ശംയു" എന്ന അഗി ബൃഹസ്പതിയുടെ പുത്രനാണ്. അവന്‍ ചാതുര്‍മ്മാസ്യം, അശ്വമേധേഷ്ടി ഇവകളാല്‍ ആദ്യം ഹോമിക്കുന്ന മൃഗത്തിന്റെ ഹവിസ്സിനെ സ്വീകരിക്കുന്നവനാണ്. ദീപ്തമായ അനേകം ജ്വാല ഉള്ളവനായ അവന്‍ വീര്യവാനുമാണ്.
ശംയുവിന്റെ ഭാര്യയാണ് സത്യ. അവള്‍ ധര്‍മ്മജയാണ്; സുന്ദരിയാണ്. ദീപ്തന്‍ എന്ന അഗ്നി അവരുടെ പുത്രനാണ്. പിന്നെ മൂന്നു പുത്രിമാരും ജനിച്ചു. അധ്വരത്തില്‍ ആദൃം അവന്‍ ആജ്യഭാഗം കൈക്കൊള്ളും. അവന്റെ പ്രഥമപുത്രന്‍ ഭരദ്വാജനാണ്. പൗര്‍ണ്ണമിയിലൊക്കെ സ്രുക്ക് വഹിക്കുന്ന ഹവിഷാജ്യാവാനാണ് അവന്‍. ശംയുവിന്റെ രണ്ടാമത്തെ പുത്രന്‍ ഭരതന്‍ എന്ന അഗ്നിയാണ്. പിന്നെ അവന് മൂന്നു പുത്രിമാരുണ്ടായി. അവരുടെ പതിയായത് ഭരതനാണ്. അവന്റെ പുത്രനും ഭരതന്‍ എന്നാണു പേര്. പുത്രി ഭരതിയും. ഭരതാഗ്നിക്ക് ഭരതനും പ്രജേശന്ന് പാവകനും ജനിച്ചു. ഭരതസത്തമന്‍ മഹാനും പൂജ്യനുമാണ്.
ഭരദ്വാജന്റെ ഭാര്യ വീര; വീരന്റെ ഭാര്യ പിണ്ഡദ. ആജ്യം കൊണ്ട് ദിജന്മാര്‍ അവന് ചെയ്യുന്ന ഇഷ്ടി സോമന് എന്ന പോലെ ആണെന്നു പറയുന്നു. രണ്ടാമത്തെ ഹവിസ്സ് സോമനോടൊപ്പം അവന്‍ ഏൽക്കുന്നു. രഥപ്രഭു, രഥാദ്ധ്വാനന്‍, കുംഭരേതസ്സ് എന്നൊക്കെ അവന് പേരുണ്ട്. ശരയു എന്നവളില്‍ സിദ്ധിയെ സൂര്യപ്രഭനായ അവന്‍ ജനിപ്പിച്ചു. ആഗ്നേയാ നയനത്താല്‍ മഹ്വാനെ അവന്‍ ഉളവാക്കുന്നവനാണ്. ശ്രീയും യശസ്സും വര്‍ച്ചസ്സും എന്നും വിട്ടൊഴിയാത്തവനാണ് നിശ്ച്യവനന്‍ എന്ന അഗ്നി. പൃഥ്വിയില്‍ അവനെ എല്ലാവരും സ്തുതിക്കുന്നു. വിപാപ്മാവ് എന്ന അഗ്നി കലുഷം വിട്ടവനും ശുദ്ധനും ഏറ്റവും ജ്വലിക്കുന്നവനുമാണ്. സമയധര്‍മ്മവാനായ സത്യന്‍ അവന്റെ പുത്രനാണ്. ആക്രോശിക്കുന്ന ജീവികള്‍ക്ക് ഉപകാരം ചെയ്യുന്ന അഗ്നി നിഷ്കൃതി എന്നവനാണ്. അവനെ സേവിക്കുന്നവര്‍ക്ക് അവന്‍ തേജസ്സ് നല്ല പോലെ നല്കും. സ്വനന്‍ എന്ന അഗ്നിയുടെ പുത്രനാണ് രുജ ഉണ്ടാക്കുന്നത്. (ജനങ്ങള്‍ വേദനപ്പെട്ടു കരയുന്നത് അവന്‍ കാരണമാണ്. ) ജഗത്തിന്റെ ഉടമസ്ഥത ഏറ്റവനാണ് വിശ്വജിത്ത് എന്നവന്‍. വിശ്വജിത്തായ അഗ്നിയെന്നു പണ്ഡിതന്മാര്‍ അവന് പേര് കൊടുത്തു. ദേഹമുള്ളവര്‍ ഭക്ഷിക്കുന്നതൊക്കെ പചിപ്പിക്കുന്ന അന്തരാഗ്നിയാണ് വിശ്വഭുക്ക്. യജ്ഞത്തില്‍ അവനെ വിശ്വഭുക്ക് എന്നു പറയുന്നു. ബ്രഹ്മചാരിയും യതാത്മാവും വിപുല വ്രതനും ബ്രഹ്മജ്ഞനുമായ ഭൂസുരന്‍ ഈ അഗ്നിയെയാണ് പൂജിക്കുന്നത്. അവന്റെ ഭാര്യ ശുദ്ധയായ ഗോമതീ നദിയാണ്. അതു കൊണ്ട് ആ നദിയില്‍ ധര്‍മ്മിഷ്ഠന്മാരൊക്കെ കര്‍മ്മങ്ങള്‍ ചെയ്യുന്നു.
ഇനി കടല്‍ വെള്ളം കുടിക്കുന്ന അഗ്നിയുണ്ട്. കടുത്ത ബഡവാഗ്നിയാണ്. ഊര്‍ദ്ധ്വഭാക്കായ അവന് ഊര്‍ദ്ധ്വഭാക്ക് എന്ന കവി പ്രാണ സ്വരൂപിയാണ്. നിത്യവും ഗൃഹത്തില്‍ ഉദക്ദ്വാരത്തില്‍ ഹവ്യം ഗ്രഹിക്കുന്നവന്‍ സ്വിഷ്ടു എന്നവനാണ്. പ്രിയം ചെയ്യുന്ന അവന് ആജ്യം വളരെ ഇഷ്ടമാണ്.
ഭൂതപ്രശമന കാലത്ത് മന്യു നല്കുന്നവനായ ഒരു അഗ്നിയുണ്ട്. മന്യുമാന്‍ എന്നാണ് അവന്റെ പേര്. ക്രുദ്ധനായ അവന് മന്യന്തീ എന്ന പുത്രിയുണ്ടായി. സ്വാഹ എന്നവള്‍ അത്യുഗ്രയാണ്. അവള്‍ വിശ്വം വ്യാപിച്ചു നിൽക്കുന്നു. രൂപം കൊണ്ട് അവള്‍ക്കു തുല്യമായ സൗന്ദര്യം സ്വര്‍ഗ്ഗത്തില്‍ പോലും ഒരുവള്‍ക്കുമില്ല.
അതുല്യത കൊണ്ട് കാമന്‍ എന്നു ദേവകള്‍ പേരിട്ട ഒരു പാവകനുണ്ട്. അവന്‍ ഉത്സാഹത്താല്‍ ക്രോധം ഏല്‍ക്കുന്നവനും രഥിമാലിയും ധനുര്‍ദ്ധരനുമാണ്. പോരില്‍ ശത്രുക്കളെ കൊല്ലുന്നവന്‍ അമോഘന്‍ എന്ന അഗ്നിയാണ്. ഉക്ഥന്‍ എന്ന മഹാഭാഗനായ അഗ്നി മൂന്ന് ഉക്ഥത്താല്‍ (സാമവേദ മന്ത്രങ്ങളാല്‍) സ്തുതിക്കപ്പെട്ടവനാണ്. മഹാവാക്കിനെ സമാശ്വാസന്‍ എന്നു പ്രസിദ്ധനായ അവന്‍ ഉണ്ടാക്കി.
220. ആംഗിരസോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ അഗ്നിപുരാണം തുടര്‍ന്നു; കാശ്യപന്‍, വാസിഷ്ഠന്‍, പ്രാണന്റെ പുത്രനായ പ്രാണന്‍, അംഗിരസ്സിന്റെ പുത്രനായ ച്യവനന്‍, സുവര്‍ച്ചകന്‍ ഈ അഞ്ചു പേരോടു കൂടി പുത്രസിദ്ധിക്ക് ഉക്ഥന്‍ തപസ്സുചെയ്തു. യശസ്സു കൊണ്ടു ബ്രഹ്മതുല്യനും ധര്‍മ്മിഷ്ഠനുമായ പുത്രനെ ലഭിക്കാനാണ് ദീര്‍ഘമായ തപസ്സു ചെയ്തത്. അഞ്ചു മഹാ വ്യാഹൃതിയാല്‍ തപസ്സു ചെയ്യുമ്പോള്‍ പഞ്ചവര്‍ണ്ണനും തേജോ മഹാര്‍ച്ചിസ്സുമായ പ്രഭാവനന്‍ ഉണ്ടായി.
അവന്റെ ശിരസ്സ് ദീപ്താഗ്നിയും, കൈകള്‍ സൂര്യനിഭങ്ങളുമായി. ത്വക്കും കണ്ണും സ്വര്‍ണ്ണ വര്‍ണ്ണമായി. ജംഘ നീലവുമായി. തപസ്സാല്‍ പഞ്ചജനങ്ങളാല്‍ ഉണ്ടായ പഞ്ചവര്‍ണ്ണന്‍ പഞ്ചവംശകരനും വിഭുവുമായ പാഞ്ചജന്യനായി. അവന്‍ പിതൃസന്താന കാരകനായ ഘോരാഗ്നിയെ പത്തു സഹസ്രം വര്‍ഷങ്ങള്‍ തപസ്സു ചെയ്തു ജനിപ്പിച്ചു. ബൃഹദ് രഥന്തരന്‍ മൂര്‍ദ്ധാവില്‍, തരസാഹരന്‍ വായില്‍, നാഭിയില്‍ ശിവന്‍, ശക്തിയില്‍ ഇന്ദ്രന്‍, വായുവും അഗ്നിയും പ്രാണനില്‍, കൈ രണ്ടുകളിലും ഉദാത്ത അനുദാത്തങ്ങള്‍ ഇവയെല്ലാം ഉത്ഭവിച്ചു. പിന്നെ, മനസ്സും വികാരങ്ങളും സൃഷ്ടിച്ചു. അങ്ങനെ പിതാക്കന്മാര്‍ക്ക് ഓരോരുത്തനെ ലഭിച്ചു. ബൃഹദ് രഥന് പ്രണിധി, കശൃപന് മഹത്തരന്‍, ച്യവനന് ഭാനു, സുവര്‍ച്ചന് സൗരഭന്‍, പ്രാണന് അനുദാത്തന്‍, വിശ്രുതമായ അനുദാത്തം ഇരുപത്തഞ്ചാണ്. അഞ്ചും പത്തും യജ്ഞ ചോരന്മാരായ ദേവകളെ സൃഷ്ടിച്ചു. സുഭീമന്‍, അതിഭീമന്‍, ഭീമന്‍, ഭീമബലന്‍, ബലന്‍ ഇവരാണ് ദേവന്മാരില്‍ തപം സൃഷ്ടിച്ച അഞ്ച് യജ്ഞ ചോരന്മാര്‍. സുമിത്രന്‍. മിതവ്രാന്‍, മിത്രജ്ഞന്‍, മിത്രവര്‍ദ്ധനന്‍, മിത്രധര്‍മ്മാവ് എന്നിവരെ ദേവന്മാരില്‍ തപം സൃഷ്ടിച്ചു. സുരപ്രവീരന്‍, വീരന്‍, സുരവര്‍ച്ചസ്സ്, സുരേശന്‍, സുരഹന്താവ് എന്ന് അഞ്ചു പേരേയും തപം സൃഷ്ടിച്ചു. ഇവര്‍ മൂന്നു പേരായി വേര്‍ തിരിഞ്ഞ് അഞ്ചു പേര്‍ ഒന്നിച്ചു നിൽക്കുന്നു. ഇവിടെ നിന്ന് ഇവര്‍ യജിക്കുന്നവരെ സുരാലയത്തില്‍ മോഷ്ടിക്കുന്നു. അവര്‍ക്ക് ഇഷ്ടമായതിനെ ഹരിക്കുകയും ഹവിസ്സു കൊടുക്കുകയും ചെയ്യുന്നു. ഇവര്‍ ഹവ്യവാഹ സ്പര്‍ദ്ധ മൂലം തേജസ്സു കെടുത്തുകയും ഹവിസ്റ്റ് കവരുകയും ചെയ്യുന്നു. തന്മൂലം പണ്ഡിതന്മാര്‍ ഇവര്‍ക്കു വേദിക്കു പുറത്തു ദാനം ചെയ്യുന്നു. എന്നാൽ അഗ്നി നിൽക്കുന്ന ഇടങ്ങളില്‍ അടുക്കുവാന്‍ ഇവര്‍ക്കു ഭയമുണ്ട്. പക്ഷങ്ങള്‍ തോറും ഇവര്‍ ആജ്യം ചിതാഗ്നിയില്‍ വഹിക്കുന്നു. മന്ത്രം കൊണ്ട് ശമിപ്പിച്ചാല്‍ ഇവര്‍ യാഗസാമഗ്രികള്‍ ഒന്നും കക്കുകയുമില്ല. ഭൂമിയെ സമാശ്രയിക്കുന്ന ബൃഹദ് രഥന്‍ തപന്റെ പുത്രനാണ്. അഗ്നിഹോത്രത്തിൽ അവന് ആഹുതി ഭൂമിയില്‍ ചെയ്യുന്നു. രഥന്തരന്‍ എന്ന അഗ്നി തപസ്സിന്റെ വിശ്രുതനായ പുത്രനാണ്. മിത്രവിന്ദനായ അവന് അദ്ധ്വര്യുക്കള്‍ ഹവിസ്സിനെ നല്കും. പ്രീതിയോടെ അവന്‍ മക്കളുമൊത്തു സുഖമായി വസിക്കുന്നു.
221. ആംഗിരസോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ ആംഗിരസം തുടര്‍ന്നു; മഹാനിയമ സംഭൂതനായ ഭരതന്‍ എന്ന അഗ്നി ഹവ്യവാഹകനാണ്. പുഷ്ടിമതി എന്ന അഗ്നിയോടു ചേര്‍ന്ന് അവന്‍ പുഷ്ടി നല്കുന്നു. ഇവന്‍ ലോകങ്ങളെ ഭരിക്കുന്നതു കൊണ്ട് ഭരതന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ശക്തി പൂജാപരനായ അഗ്നി ശിവന്‍ ആകുന്നു. ദുഃഖിക്കുന്നവര്‍ക്ക് ഒക്കെ ശിവം (ശുഭം) നല്കുക മൂലം ഇവന്റെ പേര്‍ ശിവന്‍ എന്നായി. തപം വര്‍ദ്ധിച്ചു കാണുകയാല്‍ തപസ്സിന് ഫലം വര്‍ദ്ധിച്ചു. പുരന്ദരന്‍ അത് ഏൽക്കുന്നതിന് വേണ്ടി അവന്റെ പുത്രനായി പിറന്നു. ഊഷ്മാവ് ഊഷ്മാവില്‍ നിന്നു ജനിച്ചവനാണ്. അഗ്നിയില്‍ നാം അവനെ കാണുന്നു. ശംഭു എന്ന വേറെ ഒരു അഗ്നിയെ പറ്റി വേദജ്ഞന്മാര്‍ പറയുന്നുണ്ട്. ആവസ്ഥൃനേയും ദീര്‍ഘഭാസ്സായ ഹുതാശനനേയും പറ്റി പറയുന്നുണ്ട്. ഊര്‍ജ്ജ്വസ്സ് നല്കുന്ന ഹുതാവഹന്മാര്‍ പൊന്നിന്റെ നിറമുള്ളവരാണ്. പിന്നേയും തപം അഞ്ച് യജ്ഞ സുതന്മാരെ സൃഷ്ടിച്ചു. അന്തേവഹ്‌നി മഹാഭാഗനും, ശാന്തനുമായ ഗോപതിയാണ്. പിന്നെ പല ഘോരാസുരന്മാരേയും മാനുഷരേയും അവന്‍ സുഷ്ടിച്ചു. തപം മനുവെ സൃഷ്ടിച്ചു. അംഗിരസ്സ് ഭാനുവെ സൃഷ്ടിച്ചു. വേദജ്ഞരായ വിപ്രന്മാരെല്ലാം അവനെ ബൃഹല്‍ഭാനു എന്നു പറയുന്നു. ബൃഹല്‍ഭാസ്സ് സൂര്യപു(തിയാണ്. ഭാനുവിന്റെ ഭാര്യ സുപ്രഭയാണ്. അവള്‍ക്ക് ആറു മക്കളുണ്ടായി. അവരുടെ സന്തതികളെ പറ്റി പറയാം. ദുര്‍ബ്ബലപ്പെട്ട ഭൂതങ്ങള്‍ക്കൊക്കെ പ്രാണന്‍ കൊടുക്കുന്നവരാണ് അവര്‍. ഭാനുവിന്റെ ആദ്യപുത്രന്‍ ബലദനാണ്. ഭൂതപ്രശമന കാലത്ത് ഘോരമായ വഹ്‌നി അവനാണ്.
മന്യു എന്ന അഗ്നിയാണ് രണ്ടാമനായ ഭാനുപുത്രന്‍. ഹവിസ്സിനെ കറുത്ത വാവിന്‍ നാളും വെളുത്ത വാവിന്‍ നാളും വിധിക്കുന്നവനാണ്. ധൃതിമാനായ അംഗിരസ്സ് വിഷ്ണു എന്നു പേരുള്ള അഗ്നിയാണ്. ഇന്ദ്രനുമൊത്ത് ആദ്യം ഹവിസ്സേൽക്കുന്ന ദേവനാണവന്‍. അവനും ഭാനു വംശജനാണ്. അവന്‍ ചാതുര്‍മ്മാസ്യത്തില്‍ ഹവിസ്സേന്തുന്നു. നാലു മക്കളുള്ള അവനും ഭാനുവംശജനാണ്. നിശ ഒരു കന്യകയേയും അഗ്നി സോമന്മാരേയും പെറ്റു. മനുവിന്റെ ഭാര്യ അഞ്ച് അഗ്നികളേയും പ്രസവിച്ചു. ചാതുര്‍മ്മാസൃത്തില്‍ ഒരിക്കല്‍ ഹവിസ്സേൽക്കുന്ന അഗ്നി പര്‍ജ്ജന്യ യുക്തനായ വൈശ്വാനരനാണ്. ഇവിടെ ലോകത്തിനൊക്കെ പ്രഭുവും അന്നം പചിക്കുന്നവനും വിശാപതി എന്നവനുമായ അഗ്നി രണ്ടാമനായ മനുപുത്രനാണ്. അവനാല്‍ ആജ്യം സ്വിഷ്ടുവാകും. അവന്‍ ഉത്തമനായ സ്വിഷ്ടുകൃത്താണ്. രോഹിണി എന്ന പുത്രിയാണ് ഹിരണ്യകശിപു പ്രജ. കര്‍മ്മത്താല്‍ അവള്‍ വഹ്‌നി പ്രജാപതിയുടെ ഭാര്യയായി. പ്രാണ സംശ്രയനായി ദേഹിയുടെ ദേഹമൊക്കെ നടത്തുന്നവൻ ആണവന്‍. അവന്റെ പുത്രനായ സന്നിഹിതന്‍ ശബ്ദരൂപങ്ങൾ ഒക്കെ പ്രവര്‍ത്തിക്കുന്നവനാണ്. ശുക്ല കൃഷ്ണങ്ങളായ രണ്ടു ഗതികള്‍ നല്കുന്ന ഹുതാശനൻ ആണവന്‍. ക്രോധത്തെ സമാശ്രയിക്കുന്ന അവന്‍ അകല്മഷം കര്‍മ്മങ്ങള്‍ ചെയ്യുന്നവനാണ്. കപിലാമുനി എന്ന് യതീന്ദ്രന്മാര്‍ അവനെ പുകഴ്ത്തുന്നു. അവന്‍ സാംഖ്യയോഗ പ്രവര്‍ത്തകനായ കപിലനായി. ഭൂതങ്ങള്‍ക്കൊക്കെ അഗ്രഭാഗത്ത് അവന്‍ എത്തുന്നു. അവനാൽ എപ്പോഴും ഭൂതങ്ങള്‍ വിചിത്ര കര്‍മ്മാക്കളാകുന്നു. അവന്‍ എല്ലാറ്റിനും അഗ്രണിയാകുന്നു. ഇവരും മറ്റു പലരുമായി അഗ്നികളെ തീര്‍ത്തു.
അഗ്നിഹോത്രം ദുഷിച്ചാല്‍ ശക്തിയേറിയ പ്രായശ്ചിത്തം ചെയ്യണം. കാറ്റേറ്റ് അഗ്നികള്‍ അന്യോന്യം കൂട്ടി മുട്ടുവാന്‍ പാടില്ല. അങ്ങനെ മുട്ടിയാല്‍ അതിന് പ്രായശ്ചിത്തമായി ശുചി എന്ന അഗ്നിക്ക് അഷ്ടാകപാല കൊണ്ട് ഇഷ്ടി ചെയ്യണം. മറ്റു രണ്ടഗ്നിയാല്‍ ദക്ഷിണാഗ്നി തട്ടിയാല്‍ അഷ്ടാകപാലം കൊണ്ട് വീതി എന്ന അഗ്നിക്ക് ഇഷ്ടി ചെയ്യണം. സ്ഥാനത്തുള്ള അഗ്നികള്‍ക്ക് ദവാഗ്നിയുടെ സ്പര്‍ശമുണ്ടായാല്‍ അഷ്ടാകപാലം കൊണ്ട് ശുചിയഗ്നിക്ക് ഇഷ്ടി ചെയ്യണം. അഗ്നിഹോത്രാഗ്നിയെ രജസ്വല സ്ത്രീ തൊട്ടാല്‍ അഷ്ടാകപാലേഷ്ടി വസുമാന്‍ എന്ന അഗ്നിക്കു ചെയ്യണം.
പശുവിന്റെ വധകൃത്യത്തില്‍ ജീവന്‍ പോയി എന്നു കേട്ടാല്‍ അഷ്ടാകപാലേഷ്ടി സുരമതി എന്ന അഗ്നിക്കു ചെയ്യണം. വിപ്രന്‍ ആര്‍ത്തനായി അഗ്നിക്കു മൂന്നു ദിവസം ഹോമം നടത്തിയില്ലെങ്കില്‍ അഷ്ടാകപാലം കൊണ്ട് ഉത്തരാഗ്നിക്ക് ഇഷ്ടി ചെയ്യണം. ദര്‍ശ പൗര്‍ണ്ണമി മാസങ്ങളില്‍ പ്രതിഷ്ഠ ഏൽക്കണമെങ്കില്‍ അഷ്ടാകപാലേഷ്ടി പഥികൃത്ത് എന്ന അഗ്നിക്കു ചെയ്യണം. അഗ്നിഹോത്രാഗ്നിയില്‍ സൂതികാഗ്നി തട്ടുന്നതായാല്‍ അഗ്നിമാന്‍ എന്ന അഗ്നിക്ക് അഷ്ടാകപാലേഷ്ടി ചെയ്യണം.
222. ആംഗിരസോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പല മാതിരി ഹോമാഗ്നികളെ പറ്റി യുധിഷ്ഠിരനോടു വിവരിച്ചു പറഞ്ഞു; ആപന്റെ ഭാര്യയായ ദുഹിത സഹന്നു പരമപ്രിയയാണ്. ഭുവഭര്‍ത്താവായ ഭൂപതി വരനായ പാവകാഗ്നിയെ ജനിപ്പിച്ചു. അവനാണ് സര്‍വ്വഭൂതപതിയായ പാവകന്‍. സാന്വയ ദ്വിജന്മാര്‍ പറയുന്നു ആത്മാവ് ഭുവന ഭര്‍ത്താവാണെന്ന്. മഹാഭുവന തേജസ്സായി പാവകന്‍ സഞ്ചരിക്കുന്നു. എല്ലാ മഹാഭൂതങ്ങള്‍ക്കും അവന്‍ പതിയാകുന്നു. ലോകര്‍ക്കു വേണ്ടി ഹുതമായ ഹവ്യം വഹിക്കുന്ന പാവകന്‍, നിത്യവും യജ്ഞത്തില്‍ അര്‍പ്പിക്കപ്പെടുന്നവന്‍, ഗൃഹപതിയായ അഗ്നിയാണ്. അംബുഗര്‍ഭനും, മഹാഭാഗനും, ഭൂര്‍ഭവങ്ങള്‍ക്കു ഭര്‍ത്താവും, മഹത്തിന്റെ പതിയും ആണ് അവന്‍. അവന്റെ മകനായ ഭരതാഗ്നിയാണ് മരിച്ചവരെദ ഹിപ്പിക്കുന്നവന്‍. അവന്‍ അഗ്നിഷ്ടോമത്തില്‍ നിയതനും ഭരതന് ക്രതുശ്രേഷ്ഠനുമാണ്. പ്രഭുവായ ആ അഗ്നിയെ മുമ്പു ദേവന്മാര്‍ അന്വേഷിച്ചു. നിയതന്‍ ഉടനെ പേടിച്ചു കടലിലേക്കോടി. ദിക്കൊക്കെ തിരഞ്ഞ് ദേവകള്‍ കടലിലും ചെന്നു. അപ്പോള്‍ അഗ്നി അഥര്‍വ്വാവോട് ഇപ്രകാരം പറഞ്ഞു; "ദേവന്മാര്‍ക്കു ഹവ്യം നീ വഹിക്കുക. ഹേ, വീരാ! ഞാന്‍ ബലഹീനനാണ്. മദ്ധ്വക്ഷ! (പിംഗാക്ഷനായ അഗ്നി) നീ പോക. നീ എനിക്ക് ഇഷ്ടം ചെയ്യണം". അങ്ങനെ അഥര്‍വ്വാവെ വിട്ടു വഹ്നി മറ്റൊരിടത്തേക്കു പോയി. എന്നാൽ അവന്‍ പോയ മാര്‍ഗ്ഗം മത്സ്യങ്ങള്‍ ദേവകളോടു പറഞ്ഞു കൊടുത്തു. അവന്‍ തന്മൂലം മത്സ്യങ്ങളോടു കോപിച്ചു പറഞ്ഞു: "നിങ്ങള്‍ പല പ്രകാരത്തില്‍ ദേഹികള്‍ക്കു ഭക്ഷണമാകും!". പിന്നെ ഹവ്യവാഹനന്‍ അഥര്‍വ്വാവിനോടും പറഞ്ഞു നടന്നപ്പോള്‍ ദേവന്മാര്‍ അവനോടു നല്ല വാക്കുകള്‍ പറഞ്ഞു പ്രസാദിപ്പിച്ചു. എന്നാൽ പിന്നെ ആ പാവകന്‍ ഹവ്യം വഹിപ്പാന്‍ ഇച്ഛിച്ചില്ല. ശരീരത്യാഗം ചെയ്തു ഭൂമിയില്‍ പ്രവേശിച്ചു. അന്നു മുതല്‍ അവന്‍ ഭൂമി സ്പര്‍ശത്താല്‍ പല ധാതുക്കളേയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
പൂയത്താല്‍ തേജോഗന്ധങ്ങള്‍, അസ്ഥിയാല്‍ ദേവദാരു, കഫത്താല്‍ സ്ഫടികം, പിത്തത്താല്‍ മരതകം, യകൃത്തിനാല്‍ കാരിരുമ്പ്. മൂന്ന് ഇനങ്ങളായി പ്രജകള്‍ അവന്റെ സംസര്‍ഗ്ഗത്താല്‍ ഉണ്ടായി പ്രശോഭിച്ചു. നഖങ്ങള്‍ അഭ്രപടലവും, ഞരമ്പുകള്‍ പവിഴങ്ങളുമായി. വേറേയും പല ധാതുക്കള്‍ അവന്റെ ദേഹസ്പര്‍ശം മൂലം ഭൂമിയില്‍ ഉണ്ടായി.
ഇങ്ങനെ അവന്‍ ദേഹം കൈ വിട്ടു വന്‍ തപസ്സില്‍ മുഴുകി. അപ്പോള്‍ അംഗിരസ്സ്,ഭൃഗു മുതലായവര്‍ ചെന്ന് അവന്റെ തപസ്സു നിര്‍ത്തിച്ചു. തപസ്സു കൊണ്ടു പൂര്‍ണ്ണനായ ശിഖി തേജസ്സോടെ ജ്വലിച്ചു. ഋഷിയെ കണ്ടു പേടിച്ച് അവന്‍ മഹാര്‍ണ്ണവത്തിൽ ഒളിച്ചു. അവന്‍ നഷ്ടപ്രായൻ ആയപ്പോള്‍ ലോകം ഭയത്താല്‍ അഥര്‍വനെ പ്രാപിച്ചു. ദേവന്മാര്‍ തൊട്ടുള്ളവര്‍ എല്ലാവരും അഥര്‍വ്വനെ അര്‍ച്ചിച്ചു. അഗ്നിയെ നോക്കി കണ്ട് അഥര്‍വ്വന്‍ ലോകങ്ങള്‍ സൃഷ്ടിച്ചു. എല്ലാ ലോകങ്ങളും കാണ്‍കെ മഹാര്‍ണ്ണവം ഉന്മഥിച്ചു.
ഇപ്രകാരം അഗ്നി നശിച്ചപ്പോള്‍, അഥര്‍വ്വ ഭഗവാന്‍ ദേവന്മാര്‍ പ്രാര്‍ത്ഥിക്കുകയാല്‍ സര്‍വ്വ ഭൂതങ്ങള്‍ക്കും വേണ്ടി ഹവ്യം വഹിച്ചു. ഇപ്രകാരം അവന്‍ സൃഷ്ടിച്ച വേദോക്ത ലോകങ്ങള്‍ പല മാതിരിയുണ്ട്. അവന്‍ പല ദേശങ്ങളും ചുറ്റി സഞ്ചരിക്കുന്നു. നദം, പഞ്ചനദം, സിന്ധു, ദേവിക, സരസ്വതി, ശതകുംഭ, ഗംഗ, സരയു, ഗണ്ഡകം, ചര്‍മ്മണ്വതി, മഹിമേധ്യാ, മേധാതിഥി, താമ്രവതി, വേത്രവതി, കൗശികി, തമസാ, നര്‍മ്മദ, ഗോദാവരി, ഉപവേണ, വേണ, ഭീമ, ബഡവ, സുപ്രയോഗ, ഭാരതി, കാവേരി, മുര്‍മ്മുര, തുംഗവേണ, കൃഷ്ണവേണ, കപിലാ, ശോണം ഇങ്ങനെയുള്ള നദികളെല്ലാം ധിഷ്ണ്യങ്ങള്‍ക്ക് അമ്മമാരാകുന്നു.
അത്ഭുതന്റെ ഭാര്യയാണ് പ്രിയ. അവന്റെ മകന്‍ വിഭൂരസിയാണ്. എത്ര പാവകന്മാരുണ്ടോ അത്ര തന്നെ സോമന്മാരുമുണ്ട്. അവര്‍ അത്രി വംശത്തില്‍ ജനിച്ചവരും ബ്രഹ്മാവിന്റെ മാനസ പുത്രന്മാരുമാണ്. പുത്രസൃഷ്ടി നിനച്ച് അത്രി അവരെ തന്നില്‍ തന്നെ ധരിച്ചു. ആ ബ്രഹ്മമെയ്യില്‍ നിന്നാകുന്നു അഗ്നി കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഇങ്ങനെ യോഗ്യന്മാരായ അഗ്നികളെ പറ്റി ഞാന്‍ പറഞ്ഞു. ഇവര്‍ എല്ലാവരും ധീമാന്മാരും ഇരുട്ടിനെ നീക്കുന്നവരും ആകുന്നു. അവര്‍ ജനിച്ച വിധങ്ങളൊക്കെ ഞാന്‍ പറഞ്ഞു തന്നു. അപ്രകാരം ചിന്തിക്കുക. ഹുതാശനന്‍ ഏകനാണ്. ഒന്നാമനായ അംഗിരസ്സും ഏകനായ ഭഗവാനാണ്. പലതായി ദേഹത്തില്‍ നിന്ന് ജ്യോതിഷ്ടോമ ക്രതുക്കള്‍ ഉണ്ടായി. ഇപ്രകാരം അഗ്നികളുടെ മഹാവംശം ഞാന്‍ പറഞ്ഞു. ഹവ്യം വഹിക്കുന്ന ഈ വംശക്കാര്‍ എന്നും മന്ത്രപൂജിതന്മാർ ആകുന്നു.
223. ആംഗിരസോപാബ്യാനം - സ്കന്ദോല്‍പത്തി - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഹേ, യുധിഷ്ഠിരാ! ഞാന്‍ പല അഗ്നിവംശങ്ങളെ പറ്റിയും പറഞ്ഞു. ഇനി ധീമാനായ കാര്‍ത്തികേയന്റെ ജന്മത്തെ പറ്റി ഹേ, കൗരവാ, ഭവാന്‍ കേട്ടാലും. തേജസ്സേറിയവനും അത്ഭുതനുമായ അത്ഭുത പുത്രനെ പറ്റി ഞാന്‍ പറയാം. ബ്രഹ്മര്‍ഷിമാരുടെ ഭാര്യമാര്‍ പെറ്റവനായ ആ അമിത കീര്‍ത്തിയെ പറ്റി ഞാന്‍ പറയാം.
പണ്ട് ദേവാസുരന്മാര്‍ പരസ്പരം പോരില്‍ കൊന്നു. അന്നു ഘോരാകാരന്മാരായ അസുരന്മാര്‍ അമര്‍ത്ത്യന്മാരെ തോല്പിച്ചു. അവര്‍ പലരും ചേര്‍ന്ന് സുരന്മാരുടെ സൈന്യത്തെ കൊല്ലുന്നതായി കണ്ടു, ഇന്ദ്രന്‍ ആവലാതിയോടെ ചിന്തിച്ചു: ഒരുസമര്‍ത്ഥനായ സേനാപതിയെ കിട്ടിയിരുന്നെങ്കില്‍! എന്ന്ഇ ന്ദ്രന്‍ ആഗ്രഹിച്ചു. ദൈത്യന്മാര്‍ ദേവസേനയെ തകര്‍ത്തു വിടുന്നു! വീര്യം കൊണ്ടു ദേവന്മാരെ രക്ഷിക്കുവാനാരുണ്ട്?
ഇപ്രകാരം ചിന്താവശഗനായി, ഇന്ദ്രന്‍ മാനസ പര്‍വ്വതത്തില്‍ ചെന്നു നിൽക്കുന്ന സമയത്ത്, ഒരു സ്ത്രീയുടെ രോദനം കേട്ടു; "ഓടി വരുവിന്‍! രക്ഷിക്കണേ! ഇതാ ഒരുത്തന്‍ എന്നെ പിടിക്കുവാന്‍ പാഞ്ഞു വരുന്നേ എന്നെ രക്ഷിക്കണേ! എനിക്ക് ഒരു ഭര്‍ത്താവിനെ തരണേ! ഭവാന്‍ തന്നെ എന്റെ ഭര്‍ത്താവായി എന്നെ കാക്കണേ!".
ഇതുകേട്ട് ഇന്ദ്രന്‍ അവളോട്, "ബാലേ, നീ ഭയപ്പെടേണ്ട", എന്നു പറഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തന്റെ മുമ്പില്‍ നില്‍ക്കുന്ന കേശിയേയാണ്. കിരീടം ധരിച്ച് ഗദയെടുത്ത് ധാതുമാനായ ഉന്നതഗിരി പോലെ അവന്‍ നിൽക്കുന്നു!
വാസവന്‍ പറഞ്ഞു: ആ പെണ്ണിന്റെ കൈപിടിച്ചു കേശിയുടെ നേരെ നോക്കി, എടോ. തെമ്മാടീ! നീ കന്യാഹരണംചെയ്യുകയാണോ? ഞാന്‍ വജ്രിയാണെന്നു ധരിച്ചോളൂ! ഇവളെതൊട്ടു പോകരുത്.
കേശി പറഞ്ഞു: ഹേ, ശക്രാ! നീ ഇവളെ വിടു. ഞാന്‍ ഇവളെ സ്‌നേഹിക്കുന്നു. നീ സുഖമായി നിന്റെ പുരത്തിലേക്കു പൊയ്ക്കൊള്ളുക. ഹേ, പാകശാസനാ! അതാണു നിനക്കു നല്ലത്! ഇപ്രകാരം പറഞ്ഞ് കേശി ഇന്ദ്രനെ കൊല്ലുവാന്‍ ഗദ ചുഴറ്റി വിട്ടു. പാഞ്ഞെത്തുന്ന ഗദ ഇന്ദ്രന്‍ വജ്രം കൊണ്ടു രണ്ടായി പിളര്‍ന്നു വീഴ്ത്തി. ഇതു കണ്ടപ്പോള്‍ കേശി ഒരു പര്‍വ്വതം ഇന്ദ്രന്റെ നേരേ എറിഞ്ഞു. പാഞ്ഞെത്തുന്ന ആ ശൈലശ്യംഗത്തെ കണ്ട് ഇന്ദ്രന്‍ വജ്രം കൊണ്ട് ആ പര്‍വ്വതവും അറുത്തു വീഴ്ത്തി. വീഴുന്ന സമയത്ത് പര്‍വ്വതം കേശിയുടെ നെഞ്ചില്‍ ചെന്നടിച്ചു. ഉടനെ കേശി മാന്യയായ ആ കന്യകയെ വിട്ട് ഓടിക്കളഞ്ഞു. അസുരന്‍ പോയതിന് ശേഷം ഇന്ദ്രന്‍ ആ കനൃകയോടുചോദിച്ചു.
ഇന്ദ്രന്‍ പറഞ്ഞു: ഹേ സുന്ദരീ, നീ ആരുടെ പുത്രിയാണ്? നീ ഇവിടെ എന്തു ചെയ്യുകയാണ്?
224. ആംഗിരസോപാഖ്യാനം - സ്കന്ദോല്‍പത്തി - കന്യക പറഞ്ഞു: ഞാന്‍ പ്രജാപതിയുടെ പുത്രിയാണ്. ദേവസേന എന്നാണ് എന്റെ പേര്. എന്റെ ജ്യേഷ്ഠത്തി ദൈത്യസേനയാണ്. അവളെ കേശി കൊണ്ടു പോയി. അച്ഛന്റെ അനുവാദത്തോടു കൂടി ഞങ്ങള്‍ പതിവായി ഈ മാനസസരസ്സില്‍ കുളിക്കുവാന്‍ വരാറുണ്ട്. ഞങ്ങളെ കണ്ടു കൊതിച്ച് ഈ കേശി പതിവായി പ്രാര്‍ത്ഥിക്കാറുണ്ട്. എന്റെ ചേച്ചി അവന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടു. ഞാന്‍ സമ്മതിച്ചില്ല. അവന്‍ അവളെ നേടി. ഭവാന്റെ ബലത്താല്‍ ഞാന്‍ ഇതാ അവനില്‍ നിന്നു രക്ഷപ്പെട്ടു! ഭവാന്‍ എനിക്കു ദുര്‍ജ്ജയനായ ഒരു ഭര്‍ത്താവിനെ നല്കണം, വാസവ!
ഇന്ദ്രന്‍ പറഞ്ഞു: ഓഹോ! നീ എന്റെ സഹോദരിയാണല്ലോ. നീ എന്റെ ചെറിയമ്മയുടെ മകളാണ്. എന്റെ അമ്മ ദക്ഷന്റെ പുത്രിയാണ്. നീ എന്നോട് നിന്റെ ബലത്തെ പറ്റിയെല്ലാം പറഞ്ഞറിയിക്കണം.
കന്യക പറഞ്ഞു: മഹാബാഹോ! ഞാന്‍ അബലയാണ്. എനിക്കു ബലവാനായ പതിയെ, സുരാസുരന്മാരാല്‍ നമിക്കപ്പെടുന്ന ഒരു പതിയെ ലഭിക്കുമെന്ന് എന്റെ അച്ഛന്‍ എനിക്ക് ഒരു വരം തന്നിട്ടുണ്ട്.
ഇന്ദ്രന്‍ പറഞ്ഞു: നിന്റെ ഭര്‍ത്താവിന്റെ ബലം ഏതു വിധമായിരിക്കും? മാന്യേ, നീ തന്നെ അതു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കന്യക പറഞ്ഞു: ദേവദാനവ യക്ഷാഹികള്‍ക്കും, കിന്നരാശരന്മാര്‍ക്കും, ദുഷ്ട ദൈത്യന്മാര്‍ക്കും ജേതാവായിരിക്കും അവന്‍. മഹാവീരൃനും മഹാബലനും ആയിരിക്കും അവന്‍. എല്ലാ ഭൂതങ്ങളേയും ഭവാനോട് ഒത്തുചേര്‍ന്നു ജയിക്കുന്നവനും ആകും. ബ്രാഹ്മണ്യനും കീര്‍ത്തി വര്‍ദ്ധനനും ആയിരിക്കും എന്റെ പതി.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അവളുടെ വാക്കുകേട്ട് ഇന്ദ്രന്‍ അവളെ വാഴ്ത്തി ചിന്തിച്ചു നിന്നു. നല്ലപോലെ ചിന്തിച്ചു നോക്കി. ഈ ദേവിക്ക് ഈ പറഞ്ഞ വിധം ഒരുത്തനെ കാന്തനാക്കുവാന്‍ കാണുന്നില്ല. ഉദിച്ചു നില്‍ക്കുന്ന സൂര്യനെ അദ്ദേഹം നോക്കി. സൂര്യവിലീനനായി നിൽക്കുന്ന സോമനേയും കണ്ടു. കറുത്ത വാവിന്‍ നാള്‍ രൗദ്ര മുഹൂര്‍ത്തത്തില്‍ ദേവാസുര ഗണത്തെയും കണ്ടു. തുടുത്ത മേഘത്തോടു കൂടിയ പൂര്‍വ്വ സന്ധ്യയേയും കണ്ടു. സമുദ്രത്തേയും ഇന്ദ്രന്‍ നോക്കി. രക്തമയമായ വാരിയേയും കണ്ടു. പല മന്ത്രങ്ങളാല്‍ ഭൃഗു, അംഗിരസ്സ് എന്നിവരാല്‍ പൂജിതനായ ഹുതാശനനെ കണ്ടു. ഹവ്യം ഗ്രഹിച്ചു രവിയില്‍ ചേരുന്നതായിട്ടാണു കണ്ടത്. ഇരുപത്തിനാലു പര്‍വ്വം ചേര്‍ന്നു നിന്ന അര്‍ക്കനേയും കണ്ടു. ധര്‍മ്മം പ്രാപിച്ച് ഉഗ്രനായ അര്‍ക്കനില്‍ ചേരുന്ന ചന്ദ്രനേയും കണ്ടു. ഇപ്രകാരം അര്‍ക്കചന്ദ്രന്മാര്‍ ഐക്യം പ്രാപിക്കുന്നതു കണ്ടപ്പോള്‍ രൗദ്രമായ ഒരു സമാഗമത്തെ പറ്റി വാസവന്‍ ചിന്തിച്ചു.
ഘോരമായി സുര്യേന്ദുക്കള്‍ക്കു പരിവേഷം കാണുന്നു. ഈ രാവു മുടിയുന്ന കാലം ഭയങ്കരമായ ഒരു യുദ്ധം ഉണ്ടാകും. ഈ സിന്ധുവും പുഴയും രക്തം ഒഴുക്കുന്നത് പോലെ കാണപ്പെടുന്നു. വായില്‍ തീയുമായി പെണ്‍കുറുക്കന്‍ സൂര്യനെ നോക്കി ഓരിയിടുന്നു. ഈ സംഘാതം മഹാ തേജസ്സു ചേര്‍ന്നു രൗദ്രമായി കാണുന്നു. ചന്ദ്രാഗ്നി സൂര്യന്മാരുടെ യോഗം ഏറ്റവും അത്ഭുതം തന്നെ, സോമന്‍ ജനിപ്പിക്കുന്ന പുത്രന്‍ ഈ ദേവിയുടെ ഭര്‍ത്താവാകും. എല്ലാ ഗുണങ്ങളും ചേര്‍ന്ന അഗ്നിദേവതയായ അഗ്നിയാകും. ഇവന്‍ ഗര്‍ഭം ജനിപ്പിച്ചാല്‍ അവന്‍ ഈ ദേവിയുടെ ഈശനാകും. എന്നു ചിന്തിച്ച് വാസവന്‍ ദേവസേനയോടു കൂടി ബ്രഹ്മലോകത്തേക്കു പോയി. അവര്‍ രണ്ടുപേരും ബ്രഹ്മാവിന്റെ മുമ്പില്‍ എത്തി. വാസവന്‍ ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു: "ഇവള്‍ക്കു ശൂരനായ ഒരു ഭര്‍ത്താവിനെ അങ്ങു നല്കിയാലും!".
ബ്രഹ്മാവു പറഞ്ഞു: ഞാന്‍ ഒരു കാര്യം വിചാരിക്കുകയായിരുന്നു. അതാണ് ഭവാന്‍ ഇപ്പോള്‍ വന്ന് എന്നോടു പറഞ്ഞത്. നീ പറയുന്ന വിധം ഒരു ഗര്‍ഭം ഉണ്ടാകുവാന്‍ പോകുന്നു. അവന്‍ ബലവാനും വിക്രമനുമാകും. അവന്‍ സേനാനിയായി ഭവിക്കും. നിന്നോടു കൂടി ചേരും. അവന്‍ ഈ ദേവിക്കു ഭര്‍ത്താവായി ഭവിക്കും,
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം ബ്രഹ്മാവു പറഞ്ഞപ്പോള്‍ ഇന്ദ്രന്‍ അവളോടൊപ്പം ബ്രഹ്മാവിനെ നമിച്ചു. പിന്നീടു ദേവര്‍ഷിമാര്‍ ഇരിക്കുന്ന ദിക്കില്‍ എത്തി. മഹാബലന്മാരായ വിപ്രേന്ദ്രന്മാര്‍, വസിഷ്ഠന്‍ മുതലായവര്‍ അദ്ധ്വരത്തില്‍ സോമഭോഗം അവര്‍ക്കു നല്കുന്ന സമയത്ത് അതു പാനം ചെയ്യുവാന്‍ ഇന്ദ്രന്‍ മുതലായ ദേവകള്‍ അവിടെ ചെന്നു. മുറയ്ക്ക് ഇഷ്ടി കഴിച്ചു നല്ല പോലെ കത്തിക്കാളുന്ന അഗ്നിയില്‍ ആ മഹാത്മാക്കള്‍ ഹോമിച്ച ഹവിസ്സ് എല്ലാ സുരന്മാര്‍ക്കും ആഹുതനാകുന്ന അത്ഭുതാഗ്നി സൂര്യബിംബത്തില്‍ നിന്ന് ഉടനെ ഇറങ്ങിച്ചെന്നു. മിണ്ടാതെ വിധിപ്രകാരം പാവകന്‍ വിപ്രന്മാരാല്‍ ഹുതമായ നെയ്യ് മുതലായ ഹവ്യത്തെ ഋഷിമാരില്‍ നിന്നു വാങ്ങി ദേവകള്‍ക്കായി ദാനം ചെയ്തു.
അഗ്നി മടങ്ങിപ്പോരുന്ന സമയത്ത് ആ യോഗ്യന്മാരായ ഋഷിമാരുടെ ഭാര്യമാരെ കണ്ടു. തങ്ങളുടെ മെത്തകളില്‍ ഉറങ്ങുകയായിരുന്നു അവര്‍. രുക്മവേദികള്‍ പോലെയും, ചന്ദ്രക്കല പോലെയും ശുദ്ധരായ അവരെ അഗ്നി ഒന്നു നോക്കിക്കണ്ടു. എല്ലാവരും അഗ്നിജ്ജ്വാല പോലെയും താരകങ്ങളെ പോലെയും സൗന്ദര്യകാന്തി ചിന്തുന്നവര്‍ തന്നെ! അവരെ ആഗ്രഹത്തോടെ അഗ്നി നോക്കി. ഉടനെ അഗ്നിയുടെ ഇന്ദ്രിയം ക്ഷോഭിച്ചു. ആ ദ്വിജപത്നികളെ കണ്ട് അവന്‍ കാമപരവശനായി. പിന്നെ അവന്‍ തന്നത്താന്‍ വിചാരിച്ചു: ഞാന്‍ അയുക്തമാണു കാണിച്ചത്. കാമവിജൃംഭിതനായതു നന്നായില്ല! അകാമരും സാധ്വികളുമായ മുനി പത്നിമാരിലല്ലേ ഞാന്‍ കാമം ഉള്ളില്‍ വളര്‍ത്തിയത്! കാരണം കൂടാതെ ഇവരെ കാണുകയും തൊടുകയും ചെയ്തു കൂടല്ലോ. ഗൃഹസ്ഥാശ്രമസ്ഥനായി ഞാന്‍ ഇവരെ കണ്ടുകൊള്ളാം.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന ഇവരെ തന്റെ ജ്വാല കൊണ്ട് തൊടുന്ന മട്ടില്‍ കണ്ട് ആനന്ദത്തോടെ അഗ്നി ഗാര്‍ഹപത്യത്തില്‍ നിന്നു. ഒട്ടേറെ നേരം അവരുടെ സമീപത്തു നിന്നു. ആ സ്ത്രീകളില്‍ കാമത്തോടെ അവരെ തൊട്ടു തലോടാന്‍ തന്നെയാണ് അവന്‍ അവിടെ നിന്നത്. അവന്‍ കാമസന്തപ്ത മാനസനായി അവിടെ നിന്നു മടങ്ങി. അഗ്നിയുടെ ഉള്ളില്‍ അഗ്നിയെരിഞ്ഞു. കാട്ടില്‍ പോയി ആത്മഹതൃ ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു. കാമസന്തപ്തനായ അഗ്നിയുടെ കാര്യം വിഷമത്തിലായി. ആ ബ്രാഹ്മണ സ്ത്രീകളെയുണ്ടോ അവന് ഇഷ്ടത്തിനു കിട്ടുവാന്‍ പോകുന്നു! അവന്‍ കാട്ടില്‍ കയറുക തന്നെ ചെയ്തു.
ഈ സമയത്തു മറ്റൊരു സംഭവമുണ്ടായി. ദക്ഷനന്ദിനിയായ സ്വാഹ അഗ്നിയെ മുമ്പേ തന്നെ കാമിച്ചിരുന്നു. അവള്‍ അഗ്നിയെ കണ്ട് ആനന്ദിക്കുവാന്‍ പഴുതു നോക്കി ചെന്നപ്പോള്‍ അഗ്നിദേവനെ കണ്ടില്ല. അവന്‍ കാടുകയറി എന്നറിഞ്ഞപ്പോള്‍ എന്തോ അല്ലലില്‍ പെട്ടതായി അവള്‍ക്കു തോന്നി. ഒരിക്കലും പ്രമാദം പറ്റാത്തവനും അല്ലലില്‍ പെട്ടു കാണാത്തവനുമായ തന്റെ കാമുകന്‍ ഇപ്പോള്‍ കാടു കേറാൻ എന്തവകാശം? അവള്‍ ചിന്തിച്ചു: തീര്‍ച്ചയായും പന്തികേടുണ്ട്. കാമ സന്തപ്തനായിരിക്കുന്നു അവന്‍, ആരിലാകാം? അവള്‍ക്കു കാര്യം മനസ്സിലായി. ഞാന്‍ സപ്തര്‍ഷിപത്നികളുടെ വേഷം ധരിച്ചു വഹ്നിയെ കാമിക്കാം. അവരുടെ വേഷത്തില്‍ ഞാന്‍ അവനെ മയക്കാം. എന്നാൽ അവനും രസമായി. എനിക്കു കാമസിദ്ധിയുമായി എന്ന് അവള്‍ ഉറപ്പിച്ചു.
225. ആംഗിരസം - കുമാരോല്‍പത്തി - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ശീലഗുണവും രൂപഗുണവും ചേര്‍ന്നവളാണ് അംഗിരസ്സിന്റെ ഭാര്യയായ ശിവ. ആദ്യമേ തന്നെ സ്വാഹ, ശിവയുടെ രൂപം ധരിച്ചു. ആ വരാംഗന അഗ്നിയുടെ അരികില്‍ ചെന്ന് ഇപ്രകാരം പറഞ്ഞു: "ഹേ, അഗ്നേ, കാമാര്‍ത്ഥയായിട്ടാണ് ഞാന്‍ ഭവാന്റെ അരികില്‍ വന്നിരിക്കുന്നത്. ഭവാന്‍ എന്നെ കാമിക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. അങ്ങ് അപ്രകാരം ചെയ്തില്ലെങ്കില്‍ ഞാന്‍ ഉടനേ മരിക്കുന്നതാണ്. അത്രത്തോളം ഭവാനില്‍ പ്രേമ പാരവശ്യത്തോടെ ആണ് ഞാന്‍ വന്നിട്ടുള്ളത്. ഞാന്‍ അംഗിരസ്സിന്റെ ഭാര്യയായ ശിവയാണ്, ഹുതാശനാ! ഞങ്ങള്‍ തമ്മില്‍ ചിന്തിച്ചുറച്ച് മറ്റു സ്ത്രീകള്‍ എന്നെ ഇങ്ങോട്ടയച്ചു. ഞാന്‍ അങ്ങയോട് കാമാര്‍ത്ഥന ചെയുന്നു
അഗ്നി പറഞ്ഞു: ഹേ, ശിവേ! ഞാന്‍ നിന്നെ കാമിക്കുന്നു എന്ന് നീ എങ്ങനെ അറിഞ്ഞു? സപ്തര്‍ഷികളുടെ ഭാര്യമാരായ മറ്റുള്ളവരും എങ്ങനെ മനസ്സിലാക്കി.
ശിവ പറഞ്ഞു: ഹേ, ഹുതാശനാ! നിന്നില്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. നീ ഞങ്ങളുടെ പ്രിയനാണ്. എന്നും ഞങ്ങള്‍ നിന്നെ ഭയപ്പെടുകയാണ്. അങ്ങയുടെ ചിത്തം ഞങ്ങള്‍ ഇംഗിതം കൊണ്ട് അറിഞ്ഞിരിക്കുന്നു. നിന്റെ പാര്‍ശ്വത്തിലേക്ക് അവര്‍ എന്നെ വിട്ടിരിക്കുകയാണ്. മൈഥുനം കാംക്ഷിച്ചാണ് ഞാന്‍ നിന്റെ സമീപത്ത് എത്തിയിരിക്കുന്നത്. നീ വേഗം കാമം നടത്തുക. കാര്യം കഴിഞ്ഞ് എനിക്ക് വേഗം പോകണം. യാതാക്കള്‍ (ഭര്‍ത്തൃ സഹോദര ഭാര്യമാര്‍) കാത്തിരിക്കുകയാണ് ഞാന്‍ ചെല്ലുന്നത്. ഹുതാശന, വേഗമാകട്ടെ! ഞാന്‍ പൊയ്ക്കോട്ടെ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അഗ്നി ശിവയെ ഉടനെ അപ്പോള്‍ തന്നെ പ്രീതിയോടെ ആശ്ലേഷിച്ചു. അഗ്നി വിട്ട ഉടനെ ദേവി സന്തോഷത്തോടെ, സംഗത്താല്‍ സ്രവിച്ച ശുക്ലം കയ്യില്‍ എടുത്തു. അവള്‍ ചിന്തിച്ചു: എന്റെ ഈ നിലയ്ക്കുള്ള രൂപം കാട്ടിലുള്ളവര്‍ കണ്ടാല്‍. ബ്രാഹ്മണ സ്ത്രീയായ എന്നെ പഴിക്കും. അഗ്നിയില്‍ (ബ്രാഹ്മണ സ്ത്രികള്‍ക്ക് അനൃതം ദോഷമായിപ്പറയും. അതു കൊണ്ട് അപവാദം സൂക്ഷിക്കണം. ഞാന്‍ ഒരു ഗരുഡപ്പിടയായേക്കാം. എളുപ്പത്തില്‍ കാട്ടില്‍ നിന്നു പോകുവാനും കഴിയും! അങ്ങനെ അവള്‍ ഒരു ഗരുഡപ്പിടയായി കാട്ടില്‍ നിന്നു പോന്നു. അപ്പോള്‍ അമക്കാടു വളര്‍ന്നു നിൽക്കുന്ന ശ്വേതപര്‍വ്വതം കണ്ടു.
ആ കാട് ഭയങ്കരമാണ്. ഏഴു പത്തിയുള്ളതും, ദൃഷ്ടി തന്നെ വിഷമായിട്ടുള്ളതുമായ സര്‍പ്പങ്ങള്‍ കാക്കുന്നതും, രൗദ്രരൂപങ്ങളായ ഭൂതങ്ങളും, പിശാചുക്കളും, രാക്ഷസന്മാരും, രാക്ഷസിമാരും തിങ്ങി കൂടിയിട്ടുള്ളതും, മൃഗപക്ഷി കുലാകുലമായിട്ടുള്ളതും, ദുര്‍ഗ്ഗമവുമാണ് ആ ശൈലം. അതിന്റെ പൃഷ്ഠത്തിലേക്ക് അവള്‍ ചെന്നു. ആ ശുഭാംഗി ഒരു ഹോമകുണ്ഡത്തില്‍ ആ ശുക്ലം കൊണ്ടു പോയി സൂക്ഷിച്ചു വച്ചു. അങ്ങനെ സപ്തര്‍ഷിമാര്‍ ഏഴു പേരുടേയും പത്‌നിമാരുടെ രൂപം അവള്‍ ഭംഗിയായി മാറിമാറി സ്വീകരിച്ച്, ഹുതാശനനെ കാമിച്ചു. എത്ര പണിപ്പെട്ടിട്ടും അരുന്ധതിയുടെ രൂപം മാത്രം എടുക്കുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല. അരുന്ധതിക്കുള്ള തപശ്ശക്തിയും ഭര്‍ത്തൃശുശ്രൂഷയും മഹത്തായിരുന്നു. അതു കൊണ്ട് അവള്‍ അരുന്ധതിയുടെ രൂപം എടുക്കുന്നതില്‍ പരാജിതയായി. മറ്റ് ആറുപേരുടെ രൂപവും ധരിച്ച് അവള്‍ പോയി അഗ്നിയുമായി ക്രീഡിച്ചു. അങ്ങനെ ആറുപ്രാവശ്യം ആ കുണ്ഡത്തില്‍ സ്കന്നമായ (സ്ഖലിച്ച) ശുക്ലം കൊണ്ടു വച്ചു. പ്രതിപദത്തിന്‍ നാള്‍ സ്വാഹ തന്റെ തേജസ്സാല്‍ ആ ശുക്ലസങ്കലനത്തെ പുത്രനാക്കിച്ചമച്ചു. ഋഷി പൂജിതമായ "സ്കന്നം" സ്കന്ദഭാവത്തിൽ ആക്കി.
ആറു തലയും പന്ത്രണ്ടു ചെവിയും പന്ത്രണ്ടു കണ്ണും പന്ത്രണ്ടു കൈകളും ചേര്‍ന്ന് ഉഗ്രവിക്രമനായ, ഒരു കഴുത്തും ഒരു വയറും ഉള്ള ഒരു കുമാരാകൃതിയിലായി. ദ്വിതീയയിൽ തെളിഞ്ഞ് ഒത്തു ചേര്‍ന്നു. തൃതീയയില്‍ കുട്ടിയായി അംഗങ്ങളൊക്കെ വേര്‍തിരിഞ്ഞ് ഒത്തു ചേര്‍ന്നു. പിന്നെ ചതുര്‍ത്ഥിയില്‍ ഗുഹന്‍ ചുവന്ന പെരുംകാറും മിന്നലും ചേര്‍ന്നു നിൽക്കുമ്പോള്‍, രക്താഭ്രത്തില്‍ ഉയരുന്ന സൂര്യനെപ്പോലെ ആയി. ലോമഹര്‍ഷണമായ മഹാവില്ല് അവന്‍ എടുത്തു. ആ വില്ലു പുരാന്തകന്‍ വെച്ചതും സുരാരികളെ കൊല്ലുവാനും ഉള്ളതുമാണ്. മഹത്തായ ആ വില്ലെടുത്തു ബലവാനായ അവന്‍ അലറി. ചരാചരങ്ങള്‍ നിറഞ്ഞ മൂന്നു ലോകവും മോഹിക്കുമാറ് അവന്റെ അട്ടഹാസം മുഴങ്ങി. ഭയങ്കരമായ ഇടിനാദം പോലുള്ള അവന്റെ ശബ്ദം കേട്ടപ്പോള്‍ മഹാനാഗങ്ങളായ ചിത്രനും, ഐരാവതനും എത്തി. അവര്‍ പാഞ്ഞെത്തുന്നതു കണ്ടപ്പോള്‍ അര്‍ക്കസമപ്രഭനായ ആ ബാലന്‍ രണ്ടുകൈ കൊണ്ട് അവരെ പിടിച്ച് മറുകൈ കൊണ്ടു വേലും പിടിച്ചു. അഗ്നിപുത്രന്‍ മറ്റൊരു കൈ കൊണ്ടു കുക്കുടത്തേയും പിടിച്ചു. ഊക്കേറിയ വലിയ ഒരു കുക്കുടത്തെ അണച്ച് എടുത്ത് ഊക്കോടെ അലറി ആ മഹാഭുജന്‍ കളിപ്പിച്ചു. രണ്ടുകൈ കൊണ്ട് ഉത്തമമായ ശംഖ് എടുത്തു ബലവാന്മാരായ ഭൂതങ്ങളെ ഭയപ്പെടുത്തുമാറ് അലറി, രണ്ടുകൈ കൊണ്ട് അംബരത്തില്‍ പലപാടും അടിച്ചു. മൂന്നു ലോകവും മുഖങ്ങളാല്‍ മിന്നുന്ന വിധം പാവക പുത്രന്‍ കളിയാടി.
അപ്രമേയനും അതുല്യഭാസ്സുമായ അവന്‍ പര്‍വ്വതാഗ്രത്തില്‍ ഭാനുമാനെ പോലെ വിളങ്ങി. അവന്‍ ദിക്കുകളിലേക്കു ദൃഷ്ടികള്‍ പതിച്ചു. നാനാഭാഗത്തുള്ള മുഖങ്ങളാല്‍ എല്ലായിടത്തേക്കും നോക്കി പല വസ്തുക്കളേയും കണ്ട് അവന്‍ വീണ്ടും ഒന്ന് അലറി. അവന്റെ ആ നാദം കേട്ട് പലരും ഭയപ്പെട്ടു നിലത്തു വീണു. പേടിച്ചുഴന്നവര്‍ ഓടിച്ചെന്ന് അവന്റെ പാദത്തില്‍ വീണു.
ആ ദേവനെ സംശ്രയിച്ച നാനാവര്‍ണ്ണജനങ്ങളെ ബലിഷ്ഠരായ പാരിഷദന്മാര്‍ എന്നു ഭൂസുരന്മാര്‍ പറയുന്നു. ആ മഹാബാഹു എഴുന്നേറ്റ് അവര്‍ക്ക് ആശ്വാസം നല്കി. ചാപം വലിച്ചു ബാണങ്ങള്‍ ശ്വേത പര്‍വ്വതത്തിലേക്കു വിട്ടു. ഹിമവല്‍ പുത്രനായ ക്രൗഞ്ച പര്‍വ്വതത്തെ അമ്പു കൊണ്ടു ഭേദിച്ചു. ആ വഴിക്കാണ് മേരു പര്‍വ്വതത്തില്‍ ഹംസങ്ങളും ഗൃദ്ധ്റങ്ങളും പ്രവേശിക്കുന്നത്. ഏറ്റവും ആര്‍ത്ത സ്വരത്തോടു കൂടിയാണ് ക്രൗഞ്ചപര്‍വ്വതം തകര്‍ന്നു വീണത്. ആ ശൈലം വീണതിന് ശേഷം പര്‍വ്വതങ്ങളും ഭയപ്പെട്ട് ആര്‍ത്തു.
ആര്‍ത്തരായ അവരുടെ നാദം കേട്ടപ്പോള്‍ മഹാബലനായ അവന്‍ പിന്മാറിയില്ല. ആ അമേയാത്മാവ് വേല്‍ ഏന്തി വീണ്ടും അലറി. ആ മഹാത്മാവു വിട്ട തെളിവേറിയ വേല്‍ ഊക്കില്‍ ശ്വേതഗിരിയുടെ ശിഖരത്തെ പിളര്‍ന്നു. അവന്‍ പിളര്‍ന്ന ശ്വേതഗിരി, ശൈലങ്ങളോടൊപ്പം ഭൂമിവിട്ട ആ മഹാത്മാവിനോടുള്ള ഭയത്താല്‍ ഉണര്‍ന്നു. അപ്പോള്‍ വൃഥയോടു കൂടി ഭൂമി ചുറ്റും തകര്‍ന്നു പോയി. ആര്‍ത്തനായി സ്കന്ദനെ സേവിച്ച് ഉടനെ ബലം പ്രാപിക്കുകയും ചെയ്തു.
വീണ്ടും ഭൂമിയില്‍ വന്നെത്തി. അവനെ അദ്രികള്‍ കൂപ്പി. ശുക്ലപക്ഷത്തില്‍ ലോകര്‍ സ്കന്ദനെ സേവ ചെയ്തു.
226. ആംഗിരസം - സ്കന്ദോല്‍പത്തി - മാര്‍ക്കണ്ഡേയന്‍ കഥ തുടര്‍ന്നു: മഹാബലനും മഹാസത്വനുമായ മഹാസേനന്‍ ജനിച്ച ഉടനെ പലമാതിരി അശുഭസൂചകമായ ഘോരോല്‍പാതങ്ങളുണ്ടായി. സ്ത്രീപുരുഷന്മാര്‍ തമ്മില്‍ എല്ലായിടത്തും വിദ്വേഷങ്ങള്‍, അപ്രകാരം തന്നെ എല്ലാ ദ്വന്ദ്വങ്ങള്‍ക്കും ഉണ്ടായി. ദിക്കുകളും, ഗ്രഹങ്ങളും, ആകാശവും ജ്വലിച്ചു. ഭൂമിയില്‍ ഇരമ്പമുണ്ടായി.
ഘോരമായ ഉല്‍പാതം കണ്ടപ്പോള്‍ മുനിമാരൊക്കെ ഉദ്വിഗ്നരായി, ലോകത്തിന് സ്വസ്തിക്കായി പ്രയത്നിച്ചു. അവിടെ ചൈത്രരഥാ രണ്യത്തില്‍ പാര്‍ക്കുന്ന മഹാജനങ്ങള്‍ പറയുവാന്‍ തുടങ്ങി. നമുക്ക് അനര്‍ത്ഥങ്ങളൊക്കെ അഗ്നി ഉണ്ടാക്കി വെച്ചു. ഇവന്‍ ഈ സപ്തര്‍ഷി പത്നിമാരില്‍ ആറു പേരുമായി സംഗം ചെയ്തു ലോകം മുടിച്ചു. ചിലര്‍ ഗരുഡിയോടു പറഞ്ഞു: "എടോ ഗരുഡീ! നീയാണ് ഈ അനര്‍ത്ഥമൊക്കെ വരുത്തിയത്". സ്വാഹ ഗരുഡീ രൂപം പൂണ്ടു പോകുന്നതു കണ്ടപ്പോള്‍ സ്വാഹയാണ് ഈ പണി പറ്റിച്ചത് എന്നു ജനങ്ങള്‍ അറിഞ്ഞില്ല. ഈ വാക്കു കേട്ടപ്പോള്‍ ഗരുഡി പറഞ്ഞു; "ഇവന്‍ എന്റെ മകനാണ്". അനന്തരം അവള്‍ പതുക്കെ സ്കന്ദന്റെ അടുത്തു ചെന്നു പറഞ്ഞു: "മകനേ, ഞാന്‍ നിന്റെ അമ്മയാണ്!".
സപ്തര്‍ഷിമാര്‍ കേട്ടു. മഹൌജസ്സായ ഒരു പുത്രന്‍ സപ്തര്‍ഷിമാരുടെ ഭാര്യമാരില്‍ നിന്നു ജനിച്ചിരിക്കുന്നു എന്ന്. ഈ വര്‍ത്തമാനം കേട്ട ഉടനെ ഋഷിമാര്‍ അവരുടെ പത്നിമാരെ, അരുന്ധതിയെ ഒഴികെ എല്ലാവരേയും ഉപേക്ഷിച്ചു. വനവാസികള്‍ പറഞ്ഞു: ഞങ്ങള്‍ കണ്ടതാണ്. അവന്‍ ആറു സ്ത്രീകള്‍ക്ക് ഉണ്ടായവനാണ്. ഇതു കേട്ടു സ്വാഹ സപ്തര്‍ഷികളെ ചെന്നു കണ്ടു പറഞ്ഞു: "അവന്‍ എന്റെ പുത്രനാണ്. നിങ്ങളുടെ ഭാര്യമാര്‍ക്കൊന്നും അതില്‍ പങ്കില്ല". അവര്‍ പറഞ്ഞു: "എല്ലാം ഞങ്ങള്‍ക്കു മനസ്സിലായി. നീ പറയുന്നതു ശരിയല്ല".
വിശ്വാമിത്ര മഹാമുനി സപ്തര്‍ഷികള്‍ക്ക് ഇഷ്ടി ചെയ്തു. അറിയാതെ കാമിയായ ഹവ്യവാഹനെ അറിയിക്കാതെ വിശ്വാമിത്രന്‍ പിന്‍തുടര്‍ന്നു. അവന്‍ ഉണ്ടായ വിധമൊക്കെ അറിഞ്ഞു.
ആദ്യമേ തന്നെ വിശ്വാമിത്രന്‍ കുമാരനെ ശരണം പ്രാപിച്ചു. ദിവ്യമായ സ്തവം അവന്‍ മഹാസേനന് തീര്‍ത്തു. പതിമൂന്നു കൗമാരകങ്ങളും എല്ലാവിധ മംഗളങ്ങളും അദ്ദേഹം രചിച്ചു. ജാതകര്‍മ്മക്രിയ മുതല്‍ വേണ്ട കര്‍മ്മങ്ങളെല്ലാം ആ മുനി ചെയ്തു.
ഷണ്മുഖന്റെ മാഹാത്മൃവും, കുക്കുടത്തിന്റെ സിദ്ധിയും, ശക്തിദേവീ സിദ്ധിയും, പരിഷല്‍ഗണ സിദ്ധിയും എല്ലാം വിശ്വാമിത്രന്‍ ലോകഹിതത്തിനായി രചിച്ചു. തന്മൂലം വിശ്വാമിത്ര മഹര്‍ഷി ഷണ്മുഖന് പ്രിയനായി. സ്വാഹയുടെ വേഷം മാറലും ആ മുനി സമ്മതിച്ചു. അദ്ദേഹം മുനിമാരെ കണ്ടു പറഞ്ഞു: "ഇക്കാരൃത്തില്‍ നിങ്ങളുടെ ഭാര്യമാര്‍ കുറ്റക്കാരല്ല".
വിശ്വാമിത്രന്റെ വാക്കു കേട്ടിട്ടും ലോകഭയം ഹേതുവായി അവര്‍ പത്നിമാരെ സ്വീകരിച്ചില്ല.
സ്കന്ദന്‍ ഉണ്ടായ വര്‍ത്തമാനവും അവന്റെ പരാക്രമങ്ങളും ഒക്കെ കേട്ട് ദേവകള്‍ ഇന്ദ്രനോട് ഉണര്‍ത്തിച്ചു; "ഇന്ദ്രാ, ഈ സ്കന്ദന് അസഹ്യമായ ഊക്കാണുള്ളത്. ഇവനെ വെച്ചിരുന്നു കൂടാ! ഇവനെ ഉടനെ പോയി കൊല്ലുക. ഇവനെ വെച്ചിരുന്നാല്‍ ഇവന്‍ ഭവാനെ പുറത്താക്കി ദേവേന്ദ്രനാകും. മൂന്നു ലോകവും നമ്മളേയും, ഹേ, ശക്രാ! ഭവാനേയും ഈ ശക്തിമാന്‍ കീഴടക്കും". ഇതുകേട്ട് ഇന്ദ്രന്‍ അവരോടു പറഞ്ഞു: "ഈ ശിശു ലോകസൃഷ്ടാവിനെ പോലും പോരില്‍ ഏറ്റുമുടിക്കുമെന്നു തോന്നുന്നു".
അത്ര ശക്തനാണ് ഇപ്പോള്‍ തന്നെ ഈ ബാലന്‍. ബാലനെ കൊല്ലുന്നതു ശരിയല്ല. ഇതുകേട്ടു ദേവന്മാര്‍ പറഞ്ഞു. അങ്ങ് എന്താണീ പറയുന്നത്? അങ്ങു വീര്യമില്ലാത്തവനാണ്. അതാണ് ഇങ്ങനെ പറയുന്നത്. ഇനി എന്തുവേണം? ലോകമാതാക്കളൊക്കെ ആ കുമാരന്റെ അടുത്തു ചെല്ലട്ടെ! കാമവീരൃകളായ അവര്‍ ഈ കുട്ടിയെ കൊന്നു കളയട്ടെ! എന്നു പറഞ്ഞു ദേവകള്‍ പോയി.
ലോകമാതാക്കള്‍ അവന്റെ സമീപത്തു ചെന്ന് അതുല്യബലനായ അവനെ കണ്ടു. അവരെല്ലാം വിഷണ്ണമുഖികളായി. ഇവന്‍ അശക്യനാണെന്നു കണ്ടപ്പോള്‍ എല്ലാവരും അവനെ ശരണം പ്രാപിച്ചു. അവര്‍ ബാലനോടു പറഞ്ഞു: "ഹേ, മഹാബല! ഭവാന്‍ ഞങ്ങള്‍ക്കു പുത്രനാവുക! ഞങ്ങള്‍ സ്നേഹ പ്രസൂതമാരാണ്. ഞങ്ങളെ അഭിനന്ദിക്കുക".
ഇതുകേട്ടപ്പോള്‍ സ്കന്ദന് മുല കുടിക്കുവാന്‍ ആശയുണ്ടായി. അവന്‍ അവരെ മാനിച്ചു. അവര്‍ക്ക് ഇഷ്ടത്തെ നല്കി.
അപ്പോഴേക്കുമുണ്ട് ശക്തനായ അച്ഛന്‍ വരുന്നു, അഗ്നി! അവന്‍ മാതാക്കളോടു കൂടി (ഋഷി ഭാരൃമാരോടു കൂടി ) സല്‍കാരം ചെയ്തതു കൈക്കൊണ്ടു. കുട്ടി അവരുടെയൊക്കെ മുല കുടിച്ചു. അപ്പോള്‍ ശിവന്‍ മഹാസേനന് രക്ഷയ്ക്കായി ചുറ്റും നിന്നു. മാതാക്കളില്‍ ശ്ലാഘ്യയും, നാരീക്രോധ സമുത്ഭവയുമായ ശുലിനി സ്കന്ദനെ മകനെപ്പോലെ രക്ഷിച്ചു. രക്താസ്യയും, ഉഗ്രയും, ചോര കുടിക്കുന്നവളുമായ സമുദ്രകന്യ സ്കന്ദനെ ഓമനിച്ച് പുല്‍കി മകനെപ്പോലെ രക്ഷിച്ചു. ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതു പോലെ ആടിന്റെ മുഖം ധരിച്ചവനായിട്ട്, മഹാഭുജനായ അഗ്നി കളിക്കോപ്പെടുത്തു കുന്നില്‍ ബാലനെ കളിപ്പിച്ചു രസിച്ചു വസിച്ചു.
227. ആംഗിരസം - ഇന്ദ്ര സ്കന്ദ സമാഗമം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഗ്രഹങ്ങളും, ഉപഗ്രഹ വര്‍ഗ്ഗങ്ങളും, മാതാക്കളും, മുനിമാരും, ഹുതാശനന്‍ മുതലായവരും, അഹങ്കാരികളായ പാരിഷദന്മാരും ഇവരും മറ്റു പലരുമായ ഉഗ്രന്മാരായ സ്വര്‍ഗ്ഗവാസികള്‍ മാതാക്കളോടൊത്ത് മഹാസേനന് ചുറ്റും നിന്നു. ജയം സംശയമാണെന്ന് ജയാര്‍ത്ഥിയായ സുരനായകന് തോന്നി. എങ്കിലും ഇന്ദ്രന്‍ ഐരാവതത്തിന്റെ കഴുത്തിലിരുന്ന് ദേവന്മാരോടു കൂടി ചെന്നു. സര്‍വ്വ ദേവഗണത്തോടും കൂടിയ വജ്രിയാണ് ചെന്നിരിക്കുന്നത്. മഹാസേനനെ വധിക്കുവാന്‍ സുരേശ്വരന്‍ എത്തിയിരിക്കുന്നു. അവനോടൊപ്പം ഉഗ്രതയുള്ളവരും പ്രഭയുള്ളവരുമായ അമരന്മാരുടെ സൈന്യം ചിത്രധ്വജവും കോപ്പും ചേര്‍ന്നതും നാനാ വാഹനങ്ങളോടു കൂടിയതും ധനുസ്സോടു കൂടിയതും അതിഭംഗിയില്‍ വിശിഷ്ട വസ്ത്രാലങ്കാരം അണിഞ്ഞതും ആയുധക്കോപ്പുകള്‍ അണിഞ്ഞതും ഭംഗിയേറിയതുമായ സുരസൈന്യം സ്കന്ദനെ കൊല്ലുവാന്‍ പോകുന്ന ശക്രന്റെ പിന്നാലെ സഹായത്തിനായി പുറപ്പെട്ടു. ശക്തിമാനായ ദേവേന്ദ്രന്‍ ആര്‍ത്തും കൊണ്ട് ഉടനെ ചെല്ലുകയായി. അമരപ്പട ആര്‍പ്പുവിളിച്ച് ഇന്ദ്രനെ ഉത്സാഹഭരിതനാക്കി. ദേവന്മാരും മുനികളും പൂജിക്കുന്നവനായ ഇന്ദ്രന്‍ കാര്‍ത്തികേയന്റെ അരികില്‍ ചെന്നു നിന്നു. സുരേശ്വരന്‍ സിംഹനാദം ചെയ്ത് സുരന്മാരോടു കൂടി നിന്നു. ആ ശബ്ദം കേട്ടപ്പോള്‍ ഗുഹനും കടല്‍ പോലെ അലറി. ശബ്ദം കേട്ട ഉടനെ കടലിന് തുല്യം ഉലഞ്ഞ അമരപ്പട ചൈതന്യം കെട്ട് വല്ലാതെ അങ്ങുമിങ്ങും ഉഴന്നു പോയി.
കൊല്ലുവാന്‍ വരുന്ന ദേവകളെ കണ്ടപ്പോള്‍ അഗ്നിപുത്രന്‍ ചൊടിച്ച് ആകാശത്തു നിന്ന് അഗ്നിജ്വാലകള്‍ വര്‍ഷിച്ചു. വിറയ്ക്കുന്ന ദേവസൈന്യങ്ങളെ ഭൂമിയില്‍ ദഹിപ്പിച്ചു വീഴ്ത്താന്‍ തുടങ്ങി. തലയും ഉടലും വാഹനങ്ങളും അസ്ത്രങ്ങളുമൊക്കെ കത്തിജ്ജ്വലിച്ച് അവിടെ ചിന്നി. ആകാശത്തില്‍ നക്ഷത്രങ്ങള്‍ ഏന്ന വിധം ഭൂമി പ്രകാശിച്ചു വേകുവാന്‍ തുടങ്ങിയപ്പോള്‍ സൈന്യങ്ങള്‍ പാവക പുത്രനെ ശരണം പ്രാപിച്ചു. എല്ലാവരും വജ്രിയെ വിട്ട് കുമാരനെ ശരണം പ്രാപിച്ചു ശാന്തി നേടി. ദേവന്മാരൊക്കെ ഓടിയപ്പോള്‍ ക്രുദ്ധനായ ഇന്ദ്രന്‍ ഗുഹന്റെ നേരെ വജ്രം വിട്ടു. സ്കന്ദന്റെ വലതു പള്ളയ്ക്ക് അതു ചെന്നു പതിച്ചു. ആ മഹാന്റെ പാര്‍ശ്വം വജ്രമേറ്റു പിളര്‍ന്നു. വജ്രം കൊണ്ടപ്പോള്‍ അവനില്‍ നിന്ന് ഒരു പുരുഷന്‍ ഉയര്‍ന്നു, പൊന്‍ചട്ടയിട്ട്, വേല്‍ കയ്യിലേന്തി, ദിവ്യകുണ്ഡലമണിഞ്ഞ് ഉദിച്ച ആ യുവാവ് വിശാഖന്‍ എന്നു പ്രസിദ്ധനായി. വജ്രം പ്രവേശിച്ചതു മൂലം ഉണ്ടായവന്‍ എന്നാണ് അര്‍ത്ഥം. കാലാഗ്നി കല്‍പനായ മറ്റൊരുത്തന്‍ ഉണ്ടായി കണ്ടപ്പോള്‍ പേടിച്ച് ഇന്ദ്രന്‍ ഗുഹനെ ശരണം പ്രാപിച്ചു.
സൈനൃത്തോടു കൂടിയ ഇന്ദ്രന് സ്കന്ദന്‍ അഭയം നല്കി. ഉടനെ ദേവന്മാര്‍ സന്തോഷിക്കുകയും വാദ്യഘോഷങ്ങൾ മുഴക്കുകയും ചെയ്തു.
228. ആംഗിരസം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! അത്ഭുതാകാരരായ സ്കന്ദപാരിഷദന്മാരെ പറ്റി ഇനി നീ കേള്‍ക്കുക. സ്കന്ദന് വജ്രമേറ്റപ്പോള്‍ കുമാരന്മാരും കുമാരികളും പിറന്നു. ക്രൂരരായ അവര്‍ ജാതഗര്‍ഭസ്ഥ ബാലന്മാരെ ഹരിക്കുകയായി. കുമാരന്മാർ വിശാഖനെ അച്ഛനാക്കി സങ്കല്പിച്ചു. അവന്‍ ഭഗവാന്‍ സഖനായി കന്യാഗണത്തോടും പുത്രന്മാരോടും കൂടി ആട്ടിന്‍ മുഖം ധരിച്ചു മാതാക്കള്‍ നോക്കി നിൽക്കെ ഭദ്രശാഖനോടും, കൗസലനോടും ചേര്‍ന്നു പോരില്‍ രക്ഷിച്ചു. നാട്ടുകാര്‍ ഈ കുമാര ഗണങ്ങള്‍ക്ക് അച്ഛന്‍ മന്നില്‍ സ്കന്ദനാണെന്ന് പറഞ്ഞു വന്നു.
ദേശം തോറും രുദ്രനേയും, അഗ്നിയേയും, ഉമയേയും, സ്വാഹയേയും, പുത്രകാമന്മാരായ ജനങ്ങളും, പുത്രരുള്ളവരും യജിക്കുവാന്‍ തുടങ്ങി. തപസ്സെന്നു പേരായ വഹ്‌നി ജനിപ്പിച്ച കന്യകമാര്‍ ഞങ്ങള്‍ എന്തു വേണ്ടു എന്ന് സ്കന്ദനെ കണ്ട് ആവലാതി പറഞ്ഞു.
കുമാരികള്‍ പറഞ്ഞു: ലോകത്തിനൊക്കെ ഞങ്ങള്‍ മുഖ്യ മാതാക്കളായി ഭവിക്കണം. നിന്റെ പ്രസാദത്താല്‍ പൂജ്യമാരായി ഞങ്ങള്‍ ഭവിക്കണം. നീ ഞങ്ങള്‍ക്കു വേണ്ടുന്ന ഇഷ്ട കാര്യങ്ങളെല്ലാം നടത്തിയാലും!
സ്കന്ദന്‍ പറഞ്ഞു: അങ്ങനെ തന്നെ ഭവിക്കട്ടെ! നിങ്ങള്‍ നാനാമട്ടില്‍ ഇരിക്കുക. ശിവാശിവകളായി ഭവിക്കുമാറാകട്ടെ! സ്കന്ദന്‍ ഉദാരമനസ്സായി ഇപ്രകാരം അനുഗ്രഹിച്ചു. സ്കന്ദനെ പുത്രനായി കല്പിച്ച് ഉടനെ മാതാക്കള്‍ പോവുകയും ചെയ്തു. കാകി, ഹലിമ, മാലിനി, ബ്യംഹത, ആര്യ, പലാല. മിത്ര ഇങ്ങനെ ഏഴു പേരാണ് ശിശുമാതാക്കള്‍.
ഇവര്‍ക്ക് വീര്യവാനായി അതിദാരുണനും, ഭയങ്കരനും, രക്തന്റേതനുമായി ഒരു ശിശു സ്കന്ദ പ്രസാദത്താല്‍ ഉണ്ടായി. സ്കന്ദമാതൃഗണം പ്രസവിച്ചുണ്ടായവനും ഇവന്‍ വീരാഷ്ടകന്‍ എന്നവനുമാണ്. ആട്ടിന്‍ മുഖത്തോടു ചേര്‍ന്ന ഇവന്‍ പുതിയതായി ലഭിച്ചു ഈ പേരില്‍ പുകഴ്ന്നവനാണ്. ആറാമത്തെ മുഖം ഛാഗമയമാണ്. അത് സ്കന്ദനാണെന്ന് അറിയണം. ഈ ആറു വക്ത്രത്തിലും നിത്യവും മാതൃഗണങ്ങള്‍ അര്‍ച്ചിക്കുന്നു. ഏറ്റവും പ്രധാനമായ മുഖം ദിവൃശക്തി സൃഷ്ടിച്ച ഭദ്രശാഖമെന്ന മുഖമാണ്!
ഈ പലമട്ടായ വൃത്തം നടന്നത് വെളുത്ത പഞ്ചമിയിലാണ്. ഷഷ്ഠി ദിവസമാണ് ഘോരമായ യുദ്ധമുണ്ടായത്.
229. ആംഗിരസം - സ്കന്ദോപാഖ്യാനം - മാർക്കണ്ഡേയന്‍ പറഞ്ഞു: സ്കന്ദന്‍ സുവര്‍ണ്ണ കവചവും മാലയും ചാര്‍ത്തി നിന്നപ്പോള്‍ മഹാപ്രഭനായ ഹിരണ്യാക്ഷന്‍ അവനെ ഹിരണൃമകുടം ധരിപ്പിച്ചു. ചുവന്ന പട്ടുടുത്ത്, മിനുത്തു ശോഭിക്കുന്ന പല്ലുകളോടു കൂടി സര്‍വ്വലക്ഷണങ്ങളും ചേര്‍ന്നു മനോഹരനായി ശോഭിച്ചു. മൂന്നു ലോകത്തിലും അതിപ്രിയനും, യുവാവും, ശൂരനും, വരദനും, മിന്നുന്ന കുണ്ഡലം ഉള്ളവനുമായ അവനെ പത്മാലയയായ ലക്ഷ്മി ശരീരമെടുത്തു വന്നു സേവിച്ചു. ലക്ഷ്മീവാനും, കീര്‍ത്തിശാലിയും, സുകുമാരാംഗനുമായ അവന്‍ ലോകര്‍ക്കു കാമ്യനായി, പൗര്‍ണ്ണമാസിയിലെ ചന്ദ്രന്‍ എന്ന പോലെ കാണപ്പെട്ടു. ആ മഹാബലനെ പൂജ്യരായ ദ്വിജന്മാര്‍ പൂജിച്ചു. മഹര്‍ഷികള്‍ ഇപ്രകാരം പറഞ്ഞു.
മഹര്‍ഷികള്‍ പറഞ്ഞു: ഹേ, ഹിരണ്യഗര്‍ഭാ! നീ ശുഭമായ ശങ്കരനാവുക ( ശുഭം നലകുന്നവന്‍ ). പിറന്നതിന്റെ ആറാം ദിവസം നീ ജഗത്രയം അധീനമാക്കിയല്ലോ! ഈ ജനങ്ങള്‍ക്കൊക്കെ ഹേ, സുരോത്തമാ! നീ അഭയവും നല്കി. അതു കൊണ്ടു മൂന്നു ലോകത്തിനും അഭയങ്കരനായ നീ ഇന്ദ്രനായി വാഴുക!
സ്കന്ദന്‍ പറഞ്ഞു: എല്ലാ ലോകര്‍ക്കും എന്താണ് ഇന്ദ്രന്‍ ചെയ്യുന്നത്? വാനവരെ സുരേശ്വരൻ നിത്യവും എങ്ങനെയാണു സംരക്ഷിക്കുന്നത്?
ഋഷികള്‍ പറഞ്ഞു; ഇന്ദ്രന്‍ ഭൂതങ്ങള്‍ക്കൊക്കെ ബലവുംതേജസ്സും പ്രജാസുഖവും നൽകുന്നു. എല്ലാ കാമവും അവന്‍ തുഷ്ടനായി നല്കുന്നു. ദുഷ്ടരെ സംഹരിക്കുന്നു. വ്രതികള്‍ക്കു വേണ്ടതു നല്കുന്നു. ഭൂതാനുശാസനം കാര്യത്തില്‍ വലവൈരി നടത്തുന്നു. അര്‍ക്കനില്ലെങ്കില്‍ ഇന്ദ്രന്‍ അര്‍ക്കനാകുന്നു. ചന്ദ്രനില്ലെങ്കില്‍ ഇന്ദ്രന്‍ ചന്ദ്രനാകുന്നു. വേണമെങ്കില്‍ അവന്‍ അഗിയാകും. വായുവാകും. ഭൂമിയാകും. വെള്ളമാകും. ഇതാണ് ഇന്ദ്രന്റെ പ്രവൃത്തി. ഇന്ദ്രന് അതിനുള്ള ശക്തിയുണ്ട്. ബലിശ്രേഷ്ഠനായ ഭവാന്‍ അതു കൊണ്ടു ഞങ്ങള്‍ക്ക് ഇന്ദ്രനാകണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു.
ശക്രന്‍ പറഞ്ഞു: ഹേ, മഹാബാഹോ! ഭവാന്‍ ഇന്ദ്രനാവുക. ഞങ്ങള്‍ക്കൊക്കെ ഭവാന്‍ സുഖാവഹനാണ്. ഭവാന്‍ ഇന്ദ്രപട്ടാഭിഷേകത്തെ ഏറ്റുകൊള്ളുക. അതിന് അങ്ങു ചേര്‍ന്നവനാണ്.
സ്കന്ദന്‍ പറഞ്ഞു: ഹേ, ഇന്ദ്രാ! നീ തന്നെ മൂന്നു ലോകവും കാത്തു കൊള്ളുക. നീ അവ്യഗ്രനും വിജയ പ്രിയനുമാണ്. ശക്രാ, ഞാന്‍ നിന്റെ കിങ്കരനാണ്. എനിക്ക് ഇന്ദ്രപദവിയില്‍ ആഗ്രഹമില്ല.
ശക്രന്‍ പറഞ്ഞു; ഹേ, വീരാ! നിന്റെ ബലം അത്ഭുതം തന്നെ! നീ ദേവാരികളെ ജയിക്കുക. നിന്റെ വീര്യം കണ്ട് അത്ഭുതപ്പെട്ട് എന്നെ എല്ലാവരും നിന്ദിച്ചു. ബലം പോയി തോറ്റാലും ഇന്ദ്രപദവി എനിക്കു നിലനിൽക്കുന്ന കാലത്തോളം നാം തമ്മില്‍ഛിദ്രമുണ്ടാകുവാന്‍ ഇടവരും. അതിന് യാതൊരു സംശയവുമില്ല. വിഭോ, ഭവാന്‍ തെറ്റിയാല്‍ പിന്നെ ലോകം രണ്ടായി പിരിയും. രണ്ടു ഭാഗമായി ലോകം പിരിഞ്ഞാല്‍ നാം തമ്മില്‍ യുദ്ധമുണ്ടാകും. അപ്പോള്‍ ലോകത്തില്‍ മഹാഘോരമായ ഭൂതനാശം സംഭവിക്കും. ആ പോരില്‍ നീ എന്നെ ഇഷ്ടം പോലെ ജയിക്കും. അതു കൊണ്ട് ഇപ്പോള്‍ തന്നെ ഭവാന്‍ ഇന്ദ്രനായാലും! അതില്‍ ശങ്കിക്കയേ വേണ്ട.
സ്കന്ദന്‍ പറഞ്ഞു: ഭവാന്‍ തന്നെ എനിക്കും മൂന്നു ലോകത്തിനും രാജാവാകട്ടെ! ഭവാന്‍ കല്‍പിക്കുക; ഞാന്‍ എന്താണു ചെയ്യേണ്ടത്?
ഇന്ദ്രന്‍ പറഞ്ഞു: നീ പറയുകയാണെങ്കില്‍ ഞാന്‍ ഇന്ദ്രനായി ഇരുന്നു കൊള്ളാം. ഭവാന്‍ പറഞ്ഞതു തീര്‍ച്ചയായും അപ്രകാരമാണെങ്കില്‍, എന്റെ കല്പനയെ ഭവാന്‍ ചെയ്യുമെങ്കില്‍, ഭവാന്‍ ദേവ സൈന്യത്തിന്റെ അധിപനായി അഭിഷേകം സ്വീകരിച്ചാലും!
സ്കന്ദന്‍ പറഞ്ഞു: ദൈത്യ നാശത്തിനും, ദേവകാര്യ സിദ്ധിക്കും, ഗോബ്രാഹ്മണ ഹിതത്തിനും വേണ്ടി ഭവാന്‍ എന്നെ ദേവസേനാനി ആക്കിയാലും!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇന്ദ്രന്‍ ദേവഗണത്തോടു കൂടി സ്കന്ദനെ ദേവസേനാനിയായി അഭിഷേകം ചെയ്തു. മഹര്‍ഷിമാര്‍ ചെയ്ത പൂജയേറ്റ് ഏറ്റവും ശോഭിച്ചു. തലയ്ക്കു മേല്‍ പിടിച്ച പൊന്നിന്‍ കുട വിളങ്ങി. കത്തിക്കാളുന്ന വഹ്‌നിയുടെ മണ്ഡലം പോലെ ആ പൊന്നിന്‍ കുട വിളങ്ങി. വിശ്വകര്‍മ്മാവു നിര്‍മ്മിച്ച പൊന്മാല അവനെ പുരാന്തകനായ ശിവന്‍ അണിയിച്ചു. വൃഷഭദ്ധ്വജനായ ദേവന്‍ ദേവിയോടു കൂടി അവിടെ എത്തി പ്രീതനായി സല്‍കരിച്ചു.
വിപ്രന്മാര്‍ പറയുന്നു രുദ്രാഗ്നിയുടെ പുത്രനാണു സ്കന്ദനെന്ന്.
രുദ്രന്‍ ഉത്സര്‍ജ്ജിച്ച ശുക്ലം ശ്വേത പര്‍വ്വതമായി അത്രെ! ശ്വേതാദ്രിയില്‍ കൃത്യകമാര്‍ കൂടി; അഗ്നീന്ദ്രിയത്തെ രുദ്രന്‍ പൂജിക്കുന്നതായി ദേവകളൊക്കെ കണ്ടു. ഗുണവാനായ ഗുഹനെ രുദ്രഭൂവാണ് എന്ന് അവര്‍ വാഴ്ത്തി. രുദ്രന്‍ വഹ്നിയില്‍ ആവേശിച്ചു ജനിപ്പിച്ചവനാണ് ഈ ശിശു. അതില്‍ ഉണ്ടായവനായ സ്കന്ദന്‍ അങ്ങനെ രുദ്രപുത്രനുമായി. ഇങ്ങനെ രുദ്രന്നും അഗ്നിക്കും സ്വാഹയ്ക്കും പിന്നെ ആറ് ഋഷിപത്നിമാര്‍ക്കും ഇങ്ങനെ ഇവര്‍ക്കൊക്കെ പുത്രനായി ഗുഹന്‍ ജനിച്ചു. രക്തനിര്‍മ്മല വസ്ത്രങ്ങള്‍ ചാര്‍ത്തുന്ന പാവകാത്മജന്‍ ചുവന്ന മേഘം ചേര്‍ന്ന അര്‍ക്കനെ പോലെ ശോഭിച്ചു. അവന് അലങ്കരിച്ച കൊടിയായി അഗ്നി നല്കിയ കുക്കുടം ഉയര്‍ന്നു. കാലാഗ്നി പോലെ രക്ത നിറത്തില്‍ ശോഭിച്ചു. എല്ലാ ഭൂതങ്ങള്‍ക്കും ചേഷ്ടയും, പ്രഭയും, ശാന്തിയും നല്കുന്ന ശക്തി, അവന്റെ മുമ്പില്‍, വാനവരുടെ വിജയം വര്‍ദ്ധിക്കുവാന്‍ നടക്കുന്നു. അവന്റെ മെയ്യില്‍ സഹജമായ ചട്ടയും ചേര്‍ന്നു. യുദ്ധത്തിന് ഒരുങ്ങുമ്പോള്‍ മാത്രം അതു പ്രത്യക്ഷമാകും. സ്കന്ദനോടൊപ്പം തന്നെ ശക്തി, തേജോബലം, ധര്‍മ്മം, കാന്തത്വം, സത്യം, ഉന്നതി, ബ്രഹ്മണ്യത്വം, പരുങ്ങായ്ക, ഭക്തരക്ഷണം, ശത്രുകൃന്തനം, ലോകരക്ഷ ഇവയൊക്കെ ഉണ്ടായി വന്നു.
ഇപ്രകാരം ദേവന്മാര്‍ ചെയ്ത അഭിഷേകവും കൈക്കൊണ്ട് അലംകൃതനായി പ്രീതിയോടെ പരിപൂര്‍ണ്ണേന്ദു മണ്ഡലനായി തെളിഞ്ഞു ശോഭിച്ചു. ഇഷ്ട സ്വാദ്ധ്യായ ഘോഷങ്ങളും, ദേവതൂരൃ രവങ്ങളും, ദേവഗന്ധര്‍വ്വ ഗീതങ്ങളും സ്വര്‍വേശ്യാ വര്‍ഗ്ഗങ്ങളോടു കൂടി ആഘോഷിച്ചു. ഇവരും മറ്റു പലരും ഹൃഷ്ടപുഷ്ട വിഭൂഷിതരായി. ദേവവര്‍ഗ്ഗ പിശാചുക്കള്‍ കൂട്ടം ചേര്‍ന്ന് അവനെ ദേവാഭിഷിക്തനായി കണ്ടപ്പോള്‍ അഗ്നി ഏറ്റവും പ്രീതനായി, ക്രീഡാലോലനായി ശോഭിച്ചു. അഭിഷേകം കഴിഞ്ഞ മഹാസേനനെ ദേവകള്‍ ഇരുള്‍ നീക്കി തെളിയുന്ന സൂര്യനെപ്പോലെ കണ്ടു. അവനെ പിന്‍തുടര്‍ന്ന് ദേവസേനകള്‍ അസംഖ്യം എത്തി. ഭവാന്‍ ഞങ്ങളെ സ്വീകരിക്കുക. നീയാണു ഞങ്ങളുടെ പതി എന്നു പറഞ്ഞു നിന്നു. അവരോടു ചേര്‍ന്നു ഭഗവാന്‍ സ്കന്ദന്‍ സര്‍വ്വഭൂത ഗണാന്വിതനായി, അവരുടെ പൂജയേറ്റ് അവരെ സാന്ത്വനം ചെയ്തു.
അങ്ങനെ സേനാനിയാക്കി അഭിഷേകം ചെയ്തതിന് ശേഷം ഇന്ദ്രന്‍ താന്‍ മുമ്പെ വിമുക്തയാക്കിയ ദേവസേനയെ പറ്റി ഓര്‍ത്തു. ബ്രഹ്മാവ് അവള്‍ക്കു പതിയായി കല്‍പിച്ചത് ഇവനെയാണ് അതു തീര്‍ച്ച!
ഇന്ദ്രന്‍ ഉടനെ സര്‍വ്വാഭരണ ഭൂഷിതയായ ദേവസേനയെ വരുത്തി. വലാരിയായ ഇന്ദ്രന്‍ ഗുഹനോടു പറഞ്ഞു: "ഹേ, ഗുണോത്തമാ! ഈ കന്യ നീ ഉണ്ടാകുന്നതിന് മുമ്പു തന്നെ നിന്റെ പത്നിയാകുമെന്നു "വിധി" പറഞ്ഞിട്ടുള്ളവളാണ്. അതു കൊണ്ടു ഭവാന്‍ ഈ ദേവിയുടെ വലംകൈ വിധി മന്ത്രക്രമത്തോടെ പൊല്‍ത്താര്‍ പോലെയുള്ള ഭവാന്റെ കൈ കൊണ്ടു പിടിച്ചാലും!".
ഇന്ദ്രന്‍ പറഞ്ഞത് അനുസരിച്ച് ഗുഹന്‍ യഥാവിധി അവളുടെ പാണിഗ്രഹണം നടത്തി. ബൃഹസ്പതി പുരോഹിതനായി ജപിക്കുകയും മന്ത്രം ഉച്ഛരിക്കുകയുംചെയ്തു. ഇപ്രകാരം ഗുഹൻ ദേവസേനാപതിയായി.
വിപ്രന്മാര്‍ ഇവളെ ഷഷ്ഠിയെന്നും ലക്ഷ്മിയെന്നും, സുഖപ്രദ എന്നുമൊക്കെ പറയുന്നു. സിനീവാലി, കുഹു. സദ് വൃത്തി, അപരാജിത എന്നും ഇവളെ പുകഴ്ത്തുന്നു.
ദേവസേനയ്ക്കു സേനാപതി ശാശ്വതനായ പതിയായി വന്നപ്പോള്‍ സ്വയം ശരീരമെടുത്ത് അവനെ ലക്ഷ്മിയും ആശ്രയിച്ചു. ശ്രീമാനായ ഗുഹന്‍ പഞ്ചമിയില്‍ ശ്രീപഞ്ചമി ആയതില്‍ കൃതാര്‍ത്ഥനായി. അതു കൊണ്ട് ഷഷ്ഠി മഹാതിഥിയായി ഭവിച്ചു.
230. ആംഗിരസം - മനുഷ്യ ഗ്രഹ കഥനം - ദേവസേനയുടെ പതിയായി ഗുഹന്‍ ശ്രീയോടു ചേര്‍ന്നപ്പോള്‍ സപ്തര്‍ഷി പത്നിമാരായ ആറു ദേവിമാര്‍ ഗുഹന്റെ സന്നിധിയില്‍ എത്തി.
ഋഷിമാര്‍ ഉപേക്ഷിച്ചവരും, മഹാവ്രതമാരും, ധര്‍മ്മനിരതരുമായ അവര്‍ പ്രഭുവായ ദേവസേനാപതിയോടു പറഞ്ഞു; "ഹേ, നന്ദനാ! ഞങ്ങള്‍ ദേവതുല്യരായ ഭര്‍ത്താക്കന്മാരാല്‍ തൃജിക്കപ്പെട്ടവരാണ്. അവര്‍ കാരണം കൂടാതെ ഞങ്ങളോടു കോപിച്ചു. ഞങ്ങളെ പുണ്യസ്ഥാനത്തു നിന്നു പുറത്തു തള്ളി. ആരോ പറഞ്ഞുവത്രെ നീ ഞങ്ങളില്‍ നിന്നും ജാതനായവൻ ആണെന്ന്! അതു നേരാണെന്നു ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ കരുതുകയും ചെയ്തു. അതു കൊണ്ടു നീ ഞങ്ങളെ രക്ഷിക്കുക! അക്ഷയമായ സ്വര്‍ഗ്ഗം ഞങ്ങള്‍ക്കു ലഭിക്കണം. നിന്റെ പ്രസാദത്താല്‍ പ്രഭോ, നീ ഞങ്ങളുടെ പുത്രനാകണം. അങ്ങനെ ചെയ്തു നീ ഞങ്ങളുടെ കടം വീട്ടുക.
സ്കന്ദന്‍ പറഞ്ഞു; എനിക്കു നിങ്ങള്‍ അമ്മമാരാണ്. ഞാന്‍ നിങ്ങള്‍ക്കു പുത്രനാണ്. നിങ്ങള്‍ എന്ത് ഇച്ഛിക്കുന്നുവോ അതൊക്കെ നിങ്ങള്‍ക്കു സാധിക്കും!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പിന്നെ എന്തോ പറയുവാനുദ്ദേശിച്ചു നിൽക്കുന്ന ഇന്ദ്രനോട് സ്കന്ദന്‍ പറഞ്ഞു: "ഭവാന്‍ ഇനി എന്താണു വേണ്ടത്; പറഞ്ഞാലും!". ഇതു കേട്ടപ്പോള്‍ ഇന്ദ്രന്‍ ദേവകളോടു പറഞ്ഞു: "അഭിജിത്താകുന്ന രോഹിണി എനിക്കും അനുജത്തിയാണ്. അവള്‍ ജ്യേഷ്ഠത്തി ആകുന്നതിന് തപസ്സു ചെയ്യാന്‍ കാടുകേറി. അവള്‍ ശുഭയായ നക്ഷത്രമാവാന്‍ കൊതിച്ചു മാഴ്കുകയാണ്. സ്കന്ദാ, ഭവാന്‍ ബ്രഹ്മാവിനോടു കാലഗണനം ചിന്തിച്ചാലും. ധനിഷ്ഠാധികമായ കാലം പങ്കജന്‍ കല്പിച്ചിട്ടുണ്ട്. മുമ്പു രോഹിണിയായി നിന്നു കണക്കു കൂട്ടി ശരിപ്പെടുത്തിയിട്ടുമുണ്ട്". ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ കൃത്തികമാര്‍ വാനില്‍ എത്തി. ആ സപ്തശീര്‍ഷാഭമായ നക്ഷത്രമാണ് വഹ്‌നിദൈവതം.
അപ്പോള്‍ വിനത സ്കന്ദനോടു പറഞ്ഞു; ഹേ, പുത്രാ! നീ എന്റെ പിണ്ഡദനായ പുത്രനാവുക. എനിക്കു നിന്നോടൊപ്പം പാര്‍ക്കുവാന്‍ ആഗ്രഹമുണ്ട്.
സ്കന്ദന്‍ പറഞ്ഞു; അപ്രകാരമാകാം. ഞാന്‍ അമ്മയെ നമസ്കരിക്കുന്നു. ഭവതി എന്നെ പുത്രനായി സ്വീകരിച്ചു ശാസിച്ചാലും! സ്നുഷയുടെ പൂജയേറ്റു ഭവതി എന്റെ കൂടെ പാര്‍ക്കുക!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പിന്നെ മാതാക്കളെല്ലാം കൂടി സ്കന്ദനോട് ഇപ്രകാരം. പറഞ്ഞു: "ഞങ്ങളെ ലോകമാതാക്കള്‍ എന്നു കവികള്‍ പറയുന്നു. നിന്റെ മാതാക്കളും കൂടി ആകുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അപ്രകാരം ഞങ്ങളെ ഭവാന്‍ പൂജിക്കുക".
സ്കന്ദന്‍ പറഞ്ഞു; എനിക്കു നിങ്ങള്‍ മാതാക്കളാണ്. ഞാന്‍ നിങ്ങള്‍ക്കു പുത്രനാണ്. നിങ്ങള്‍ക്ക് എന്താണ് ഇഷ്ടം?പറയുക; ഞാന്‍ ചെയ്യാം.
മാതാക്കള്‍ പറഞ്ഞു. ലോകമാതാക്കളായി മുമ്പു വാഴ്ത്തപ്പെട്ടവര്‍ക്കുള്ള സ്ഥാനം ഞങ്ങള്‍ക്കു കിട്ടണം. അവര്‍ക്ക് ഇല്ലാതെ ആവുകയും വേണം. ലോകപൂജ്യതയും ഞങ്ങള്‍ക്ക് ഉണ്ടാകണം. അവര്‍ക്ക് ഉണ്ടാകയുമരുത്. അവര്‍ പ്രജകള്‍ക്കു തടസ്സം ചെയ്തു. അതു നീങ്ങുകയും വേണം.
സ്കന്ദന്‍ പറഞ്ഞു: നിങ്ങള്‍ക്കു ഞാന്‍ നല്കിയാലും ആ പ്രജാലാഭം സിദ്ധിക്കയില്ല. നിങ്ങള്‍ക്കു ചേര്‍ന്നവിധം മറ്റു വിധത്തില്‍ ഞാന്‍ പ്രജയെ തന്നു കൊള്ളാം.
മാതാക്കള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് ആ മാതാക്കളുടെമക്കളെ തിന്നുവാന്‍ തരണം. നീയുമായി വേര്‍പെട്ടു നിൽക്കുന്ന അവരുടെ ഭര്‍ത്താക്കന്മാരുടെ മക്കളേയും തിന്നുവാന്‍ തരണം.
സ്കന്ദന്‍ പറഞ്ഞു: നിങ്ങള്‍ക്കു പ്രജകളെ ഞാന്‍ തരാം. എന്നാൽ ഈ പറഞ്ഞതു കടുപ്പമാണ്. നിങ്ങള്‍ക്കു നന്മ വരട്ടെ! ഞാന്‍ നിങ്ങളെ നമിക്കുന്നു. പ്രജാരക്ഷണം നിങ്ങള്‍ ചെയ്യണം.
മാതാക്കള്‍ പറഞ്ഞു: ഹേ, പുത്രാ! നീ ചിന്തിക്കുന്ന പ്രജകളെ ഞങ്ങള്‍ രക്ഷിക്കാം. സ്കന്ദാ! നന്മവരട്ടെ! ഞങ്ങള്‍ക്കു നിന്നോടു കൂടി സുചിരം വാഴണം!
സ്കന്ദന്‍ പറഞ്ഞു: പതിനാറു വയസ്സായി യൗവനം വരുന്നതു വരെ നരന്മാരുടെ പ്രജകളെ നാനാമട്ടില്‍ നിങ്ങള്‍ ബാധിച്ചു കൊള്ളുക. ഞാനും നിങ്ങള്‍ക്ക് അവ്യയമായ രൗദ്രാത്മാവിനെ നല്കാം. അച്ഛനോടു കൂടി നിങ്ങള്‍ നല്ല പോലെ പൂജയേറ്റു വസിക്കുവിന്‍!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അപ്പോള്‍ സ്കന്ദന്റെ അംഗത്തില്‍ നിന്ന് അഗ്നിസന്നിഭനായ ഒരു പുരുഷന്‍ മഹാപ്രഭനായി, മര്‍ത്ത്യപ്രജകളെ തിന്നുവാന്‍ പുറപ്പെട്ടു. ഉടനെ അവന്‍ സഹിക്ക വയ്യാത്ത വിശപ്പു കൊണ്ടു മോഹിച്ചു ഭൂമിയില്‍ വീണു. അവന്‍ സ്കന്ദന്റെ സമ്മതത്തോടെ രൗദ്രഗ്രഹവുമായി ഭവിച്ചു. ദ്വിജോത്തമന്മാര്‍ ആ ഗ്രഹത്തെ സ്കന്ദാപസ്മാര ഗ്രഹം എന്നു പറയുന്നു. രൗദ്രയായ വിനത ശകുനി ഗ്രഹമാണ്. പൂതനയെന്നു പേരായ രാക്ഷസിയാണ് പൂതനാ ഗ്രഹം.
വിഷമാചാരയും, രൗദ്രാഗിയും, ഘോരയും, പിശാചിയും, നിശാചരിയുമാണ് ദാരുണാകാരയായ ശീതപൂതന. ആ പിശാചി മനുഷ്യ സ്ത്രീകളുടെ ഗര്‍ഭം ഹരിക്കുന്നു. അദിതി, രേവതീ രൂപയായ രൈവതം, അവളുടെ ഗ്രഹമാകുന്നു. ആ ഘോരഗ്രഹം ബാലകരെ ബാധിക്കുന്നു. മുഖമുണ്ഡിക എന്നവള്‍ ദൈതൃമാതാവായ ദിതിയാണ്. ബാലമാംസം അവള്‍ക്കു വളരെ പ്രിയമാണ്.
സ്കന്ദനില്‍ നിന്ന് ഉത്ഭവിച്ച കൂമാരിമാരും കുമാരന്മാരും ഗര്‍ഭം ഭക്ഷിക്കുന്നവരാണ്. ഘോരകര്‍മ്മികളായ ആ പത്നികളുടെ ഭര്‍ത്താക്കന്മാര്‍ പിറക്കുന്ന ബാലകരെയൊക്കെ തിന്നുവാന്‍ കൊതിക്കുന്നവരാണ്. പശുക്കളുടെ മാതാവായ സുരഭി അവരില്‍ പെട്ട് ശകുനിയായി ശിശുക്കളെ തിന്നുന്നു. പട്ടികളുടെ മാതാവായ സരമാദേവി മനുഷ്യസ്ത്രീകളുടെ ഗര്‍ഭത്തെയൊക്കെ എടുക്കുന്നു. വൃക്ഷങ്ങളുടെ മാതാവായ കരിങ്ങാലിയില്‍ അധിവസിക്കുന്നവള്‍ ഏറ്റവും സൗമ്യയും വരദയുമായ ഭൂതാനുകമ്പിനിയാണ്. അവളെ കരഞ്ജത്തില്‍ തനയാര്‍ത്ഥികളായ ജനങ്ങള്‍ പൂജിക്കുന്നു. വേറെ പതിനെട്ടു മധുമാംസ പ്രിയരായ ഗ്രഹങ്ങളുണ്ട്. അവര്‍ പത്തുദിവസം പ്രസവഗ്യഹത്തില്‍ നിൽക്കും. സൂക്ഷ്മമായ ശരീരത്താല്‍ ഗര്‍ഭിണിക്കുള്ളില്‍ കയറി കദ്രു ഗര്‍ഭം ഭക്ഷിക്കും. അതു കൊണ്ട് ഗര്‍ഭിണി സര്‍പ്പത്തെ പ്രസവിക്കും. ഗന്ധര്‍വ്വന്മാരുടെ മാതാവ് ഗര്‍ഭം എടുത്ത് ഓടിക്കളയും. അതു കൊണ്ടാണ് മനുഷ്യ സ്ത്രീകളുടെ ഗര്‍ഭം അലസുന്നത്. അപ്സരസ്ത്രീകളുടെ മാതാവ് ഗര്‍ഭം കവരും. അതു കൊണ്ട് ഗര്‍ഭം വറ്റിപ്പോകുമെന്നു മനീഷികള്‍ പറയുന്നു.
രക്താസ്യയായ കടല്‍ മകള്‍ സ്കന്ദന്റെ ഒരു മാതാവാണ്. ലോഹിതായനി എന്നാണ് അവളുടെ നാമം. കടമ്പില്‍ ഇരുന്ന് അവള്‍ പൂജയേൽക്കുന്നു. പുമാന്മാരില്‍ രുദ്രന്‍ എന്ന പോലെ നാരിമാരില്‍ അവള്‍ ആര്യയാണ്. കുമാരന്റെ മാതാവാണ് ആര്യ. കാമാര്‍ത്ഥം അവള്‍ പുജയേൽക്കുന്നു. ഇപ്രകാരം ഞാന്‍ കുമാരന്മാര്‍ക്കുള്ള മഹാഗ്രഹങ്ങളെ പറഞ്ഞു കഴിഞ്ഞു. ഇവര്‍ പതിനാറു വയസ്സു വരെ ബാലന്മാര്‍ക്ക് അശുഭം ഉണ്ടാക്കുന്നവരാണ്; ഇപ്പറഞ്ഞവരാണ് മാതൃഗണവും പുരുഷ ഗ്രഹ വര്‍ഗ്ഗങ്ങളും. എല്ലാവരും ഇവരെ സ്കന്ദ്രഗഹങ്ങൾ ആണെന്നു ധരിക്കണം. അവര്‍ക്കു ശമനം ചെയ്യുന്നത് സ്നാനം, ധൂപം, അഞ്ജനം, ബലി, കര്‍മ്മോപഹാരങ്ങള്‍, വിശേഷാല്‍ സ്കന്ദപൂജ എന്നിവയാണ്. ഇപ്രകാരം അവരെ അര്‍ച്ചിച്ചാല്‍ അവര്‍ മനുഷ്യര്‍ക്കു ശുഭം നല്കും. നല്ലപോലെ പൂജിച്ചു കുമ്പിട്ടാല്‍ ആയുസ്സും, ആരോഗ്യവും ലഭിക്കും.
പതിനാറു വയസ്സിന് മേല്‍ മര്‍ത്തൃര്‍ക്ക് ഉണ്ടാകുന്ന ഗ്രഹങ്ങളെ പറ്റി മഹേശ്വരനെ വന്ദിച്ചു ഞാന്‍ പറയാം.
ജാഗ്രത് സ്വപ്നങ്ങളില്‍ ദേവകളെ നരന്‍ കണ്ടാല്‍ ഉടനെ ഉന്മാദം അവനുണ്ടാകും; അതാണ് ദേവഗ്രഹം. ഇരിക്കുമ്പോഴും കിടക്കുമ്പോഴും നരന്‍ പിതൃക്കളെ കണ്ടാല്‍ ഉടനെ ഉന്മാദമുണ്ടാകും; അതാണത്രേ പിതൃഗ്രഹം. സിദ്ധന്മാരെ ധിക്കരിക്കയാല്‍ ക്രോധിച്ച് അവര്‍ ശപിച്ചാല്‍ ഉടനെ ഉന്മാദം ഉണ്ടാകും; ഇതാണ് സിദ്ധഗ്രഹം. പലമട്ട് രസങ്ങളും, ഗന്ധവര്‍ഗ്ഗങ്ങളും ഘ്രാണിച്ചാല്‍ ഉടനെ ഉന്മാദം ഉണ്ടാകുന്നു; ഇതാണ് രാക്ഷസംഗ്രഹം.
ദിവ്യരായ ഗന്ധര്‍വ്വന്മാര്‍ ആവേശിച്ച് നരന്മാര്‍ ഭൂമിയില്‍ ഉന്മാദം ഉള്ളവരായി തീരും; അതു ഗന്ധര്‍വ്വ ഗ്രഹമാണ്. നിത്യവും പിശാചുക്കളുള്ളില്‍ കയറി മനുഷ്യര്‍ ഉടനെ ഉന്മാദത്തെ പ്രാപിക്കും; അത് പിശാച ഗ്രഹമാണ്.
കാലഭേദത്താല്‍ യക്ഷന്മാര്‍ ആവേശിക്കുന്ന പുരുഷന്‍ ഉടനെ ഉന്മാദിയാകും; അത് യക്ഷഗ്രഹമാണ്. ദോഷകോപം പൂണ്ട് മനസ്സു മോഹിക്കുന്ന ദേഹി ഉടനെ ഉന്മാദിയായി തീരും. അതിന് ശാസ്ത്രാനുസരണം സിദ്ധിയെ ചെയ്യുക. വൈക്ലബ്യത്താലും, ഭയത്താലും, ഭീഷണമായ കാഴ്ചയാലും ഉടനെ ഉന്മാദം ഉണ്ടാകും. അയാളെ സാന്ത്വനം ചെയ്യുകയാണു പ്രതിവിധി. രന്തുകാമനും, ഭോക്തുകാമനും, ഹന്തുകാമനും ഇങ്ങനെ മുന്നു ഗ്രഹങ്ങള്‍ എഴുപതു വയസ്സു വരെ നരനെ ബാധിക്കും. അതിന് ശേഷം ദേഹികള്‍ക്ക് ഗ്രഹ സന്നിഭമായ ബാധ ജ്വരമാണ്. ഇന്ദ്രയം പതറാത്ത ദാന്തന്‍, ശാന്തന്‍, അതന്ദ്രിതന്‍, ശ്രദ്ധാവാനായ ആസ്തികന്‍ ഇവരെയൊക്കെ ഗ്രഹങ്ങള്‍ ഒഴിവാക്കും. ഇപ്രകാരം മനുഷ്യരെ ബാധിക്കുന്ന ഗ്രഹോദ്ദേശ്യത്തെ ഞാന്‍ പറഞ്ഞു. മഹേശ ഭക്തന്മാരായവരെ ഗ്രഹങ്ങളൊന്നും തൊടുന്നതല്ല.
231. ആംഗിരസം - മഹിഷാസുരവധം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മാതാക്കള്‍ക്ക് ഇപ്രകാരം സ്കന്ദന്‍ ആനുകുല്യം ചെയ്തതിന് ശേഷം അവനോടു സ്വാഹ പറഞ്ഞു:
ഹേ, സ്കന്ദാ! നീ എന്റെ ഔരസപുത്രനാണ്. ദുര്‍ല്ലഭമായ പ്രീതി നിനക്ക് എന്നില്‍ ഉണ്ടാകേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അവളോടു സ്കന്ദന്‍ പറഞ്ഞു: അമ്മേ! ഏതു വിധത്തിലാണ് ഭവതി ഇച്ഛിക്കുന്ന പ്രീതി? പറഞ്ഞാലും
സ്വാഹ പറഞ്ഞു; ഹേ, മഹാബാഹോ! ഞാന്‍ സ്വാഹ എന്ന ദക്ഷ കന്യകയാണ്. ബാല്യം മുതല്‍ ഞാന്‍ അഗ്നിയെ കാമിക്കുന്നവളാണ്. എന്നെ അഗ്നിദേവന്‍ കാമിനിയായി, സ്നേഹിക്കുന്നവളായി, നല്ലപോലെ കാണുന്നില്ല. ഞാന്‍ എന്നും അഗ്നിയോടു ചേര്‍ന്ന് ഒന്നിച്ചു പാര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. പുത്രാ! അതാണ് എന്റെ ആഗ്രഹം.
സ്കന്ദന്‍ പറഞ്ഞു: അല്ലയോ ശോഭനേ, ഭവതിയുടെ ആഗ്രഹം ഉചിതം തന്നെ! ഇന്നു മുതല്‍ ഹവ്യവും കവ്യവും (ദേവന്മാര്‍ക്കും പിതൃക്കള്‍ക്കുമുള്ള നൈവേദ്യങ്ങള്‍) ദ്വിജന്മാര്‍ മന്ത്രം ജപിച്ച്, ദേവീ, സ്വാഹ എന്നു ചൊല്ലിയിട്ടേ അഗ്നിയില്‍ ഹോമിക്കുകയുള്ളു. സുവൃത്തരായ സല്‍പഥസ്ഥര്‍ എല്ലാം ഇന്നുതൊട്ട് ഇപ്രകാരം ഹവ്യകവ്യങ്ങള്‍ നല്കുന്നതാണ്. എപ്പോഴും നിന്നോടു കൂടി അഗ്നി വാഴുകയും ചെയ്യും.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു:; എന്നു സ്കന്ദന്‍ പറഞ്ഞതു കേട്ട് സ്വാഹ സന്തോഷിച്ചു. സ്കന്ദ പൂജിതയായ അവള്‍ ഭര്‍ത്താവായ അഗ്നിയോടു ചേര്‍ന്ന് സ്കന്ദനേയും പൂജിച്ചു. മഹാസേനനോട് പ്രജാപതിയായ പിതാമഹന്‍ പറഞ്ഞു: "ഹേ, സ്കന്ദാ! പുരാന്തകനായ മഹാദേവന്‍ നിന്റെ പിതാവാണെന്ന് അറിഞ്ഞ് അങ്ങോട്ടു ചെല്ലുക. രുദ്രനായ അഗ്നിയിലും ഗൗരിയായ സ്വാഹയിലും ചേര്‍ന്നുണ്ടായവനാണ് നീ. സര്‍വ്വലോകഹിതനായ നീ അപരാജിതനാണ്. മഹാരുദ്രന്റെ ശുക്ലം ഉമാദേവിയുടെ യോനിയെ നനച്ചുതിന് ശേഷം ആ ബീജം പര്‍വ്വതത്തില്‍ വീണു. അതില്‍ നിന്നു ബാലമാരെ ബാധിക്കുന്ന രണ്ടു ബാധകള്‍ മിഞ്ജികാ മിഞ്ജികങ്ങള്‍ എന്ന പേരില്‍ ഉണ്ടായി വന്നു. അനന്തരം ആ ശുക്സത്തില്‍ ബാക്കി ലോഹിതമായ ചെങ്കടലില്‍ ചെന്നു വീണു. കുറെ സുര്യരശ്മിയിലും കുറെ വേറെ മന്നിലും ചെന്നു പതിച്ചു. കുറെ വേറെ വൃക്ഷങ്ങളിലും ആ ശുക്ലം ചെന്നു പറ്റി. അത് അഞ്ചു ശകലമായി പതിച്ചു. അതില്‍ നിന്നാണ് നിന്റെ ഗണങ്ങളൊക്കെ ഉണ്ടായതെന്ന് അറിയുക. നിന്റെ ഈ പാരിഷദന്മാര്‍ ഘോരന്മാരായ നരമാംസ ഭോജികളാണ്. ഇതുകേട്ട് എന്നാൽ ഭവാന്‍ പറഞ്ഞ വിധം ആകാം എന്നു പറഞ്ഞ് പിതൃഭക്തനായ മഹാസേനന്‍ മഹേശ്വരനെ പൂജിച്ചു. ഈ അഞ്ചു ഗണങ്ങളേയും ധനാര്‍ത്ഥികള്‍ എരിക്കിന്‍ പൂവു കൊണ്ട് അര്‍ച്ചിക്കുന്നു. രോഗശാന്തിക്കും അപ്രകാരം തന്നെ അവരെ പൂജിക്കണം. രുദ്രശുക്ലത്തില്‍ നിന്നു ജനിച്ച മിഞ്ജികാ മിഞ്ജികങ്ങള്‍ എന്ന മിഥുനത്തെ രണ്ടിനേയും ബാലരുടെ ഹിതത്തിനു വേണ്ടി ഇച്ഛിക്കുന്നവര്‍ എപ്പോഴും വന്ദിക്കണം.
വൃദ്ധികമാര്‍ എന്നറിയപ്പെടുന്ന മര്‍ത്ത്യമാംസ ഭുക്കുകളായ ദേവിമാര്‍ വൃക്ഷജാതകളാകുന്നു. അവരെ പുത്രരുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ അര്‍ച്ചിക്കണം. ഇപ്രകാരം പിശാചുക്കള്‍ക്ക് അസംഖും ഗണങ്ങള്‍ ഉണ്ടായി. കൊടിയോടു കൂടിയ മണിയുടെ സംഭവവും ഹേ, യുധിഷ്ഠിരാ! ഭവാന്‍ കേള്‍ക്കുക ഞാന്‍ പറയാം.
രണ്ടു വൈജയന്തികള്‍ ഐരാവതത്തിന്റെ രണ്ടു ഘണ്ടകളാണ് (മണി). അവ വരുത്തി ബുദ്ധിമാനായ ശക്രന്‍ ഗുഹന് നല്കി. ഒരു ഘണ്ട വിശാഖനും മറ്റേതു സ്കന്ദനും നല്കി. പതാക കാര്‍ത്തികേയനും ലോഹിത വിശാഖനും നല്കി. ദേവകള്‍ നലകിയ കളിക്കോപ്പുകള്‍ കൊണ്ട് മഹാബലനും, മഹാസേനനുമായ ദേവന്‍ കളിക്കുന്നു. അവന്‍ ദേവപിശാചന്മാര്‍ ചേര്‍ന്ന് ശ്രീയോടു കൂടി ഉജ്ജലിച്ച് കാഞ്ചന പര്‍വ്വതത്തില്‍ ശോഭിച്ചു. ആ വീരനാല്‍ ശുഭമായ കാനനങ്ങളോടു കൂടിയ ആ ശൈലം, അംശുമാനാല്‍ മന്ദരപര്‍വ്വതം എന്ന പോലെ ശോഭിച്ചു.
പൂവിട്ടു നിൽക്കുന്ന സന്താന തരുക്കളും കരവീര വനങ്ങളും പാരിജാത വനങ്ങളും ജപാശോക വനങ്ങളും കടമ്പിന്‍ കൂട്ടങ്ങളും ദിവ്യമായ പലതരം മൃഗങ്ങളും പക്ഷിക്കൂട്ടങ്ങളുമായി ശ്വേതപര്‍വ്വതം ശോഭിച്ചു. അവിടെ നാനാദേവ വര്‍ഗ്ഗങ്ങളും, ദേവര്‍ഷിമാരും കടല്‍ പോലെ ഇരമ്പുന്ന ദേവഭേരീ വാദ്യം മുഴക്കുന്ന ദിവ്യ ഗന്ധര്‍വ്വന്മാരും കുത്താടുന്ന അപ്സരസ്ത്രീകളും ചേര്‍ന്ന് ഹര്‍ഷിക്കുന്ന ഭൂതങ്ങളുടെ ആരവങ്ങളോടെ ആഹ്ളാദിച്ചു. ശ്വേതാദ്രിയില്‍ ഇപ്രകാരം ഇന്ദ്രലോകം സ്കന്ദനെ കണ്ടു തൃപ്തരായില്ല. വീണ്ടും വിണ്ടും നോക്കി നിന്നു. ഭഗവാനായ പാവക പുത്രന്ന് സേനാപതൃഭിഷേചനം കഴിഞ്ഞ്, ഹരന്‍ ഭദ്രപടത്തിലേക്ക് സൂര്യാഭമായ തേരില്‍ കയറി ഗൗരിയോടു കൂടി പുറപ്പെട്ടു. ആയിരം സിംഹങ്ങളെ തേരില്‍ പൂട്ടി കാലചോദിതമായ ആ രഥം വാനിലേക്ക് ഉയര്‍ന്നു. അംബരം തിങ്ങുന്ന വിധം ചരാചരങ്ങളെ കിടിലം കൊള്ളിച്ചു. ചാരു കേസരങ്ങളോടു കൂടിയ സിംഹങ്ങള്‍ ആകാശത്തിലേക്ക് അലറിപ്പാഞ്ഞു. ആ തേര്‍ത്തട്ടില്‍ ശിവന്‍ ഉമയോടു കൂടി ശോഭിച്ചു. മിന്നലോടു കൂടിയ അര്‍ക്കന്‍ ഇന്ദ്ര ചാപാഢ്യനായി കാര്‍മേഘത്തില്‍ കയറി പോകുന്നതു പോലെ ശോഭിച്ചു. ആ മഹാദേവന്റെ മുന്നിലായി ഗുഹ്യകാര്‍ച്ചിതനായി നരവാഹനനായ ഭഗവാന്‍ വിത്തേശന്‍ രമൃമായ പുഷ്പക വിമാനത്തില്‍ കയറി പോകുന്നു.
ദേവന്മാരോടു കൂടി ഇന്ദ്രന്‍ ഐരാവതത്തിന്റെ പുറത്തു കയറി വരദനായ വൃഷഭധ്വജ ദേവനെ പിന്‍തുടര്‍ന്നു. മാല ചാര്‍ത്തുന്നവനായ യക്ഷരക്ഷകനും, ജൃംഭകാഢ്യനും, അലംകൃതനും, അമോഘനുമായ മഹായക്ഷന്‍ യാത്രയില്‍ വലത്തു വശത്തും നടക്കുന്നു. അവന്റെ വലത്തു വശത്തായി ചിത്രയോധികളായ വാനവര്‍ ഗമിക്കുന്നു. അവരോടു കൂടി രുദ്രന്മാരും, വസുക്കളും നടക്കുന്നു. മൃത്യുവോടൊത്തു ഭീഷണാകൃതിയായ യമനും, ചുറ്റും ചുഴലുന്ന വിധം ഘോരവ്യാധി ഗണങ്ങളോടു കൂടി ഭീഷണാകൃതിയായ മൃത്യുവും അകമ്പടി സേവിക്കുന്നു. യമന്റെ പിറകിലായി തീക്ഷ്ണമായ ത്രിശിഖവും, അതിന്റെ പിന്നില്‍ രുദ്രന്റെ വിജയം എന്ന ശൂലവും അതിഭംഗിയില്‍ പോകുന്നു. അതിന് പിന്നിലായി ഉഗ്രപാശനായ വരുണ ഭഗവാന്‍ ജലജന്തുക്കളോടു കൂടി മെല്ലെമെല്ലെ പോകുന്നു. വിജയത്തിന്റെ പിമ്പെ രുദ്രന്റെ പട്ടസവും പോകുന്നു. പട്ടസത്തെ പിന്‍തുടര്‍ന്നു ഗദാ മുസലങ്ങളായ മുഖ്യായുധങ്ങളും അതിനെ പിന്‍തുടര്‍ന്ന് മഹാപ്രഭമായ രൗദ്രച്ഛത്രവും പോകുന്നു. അതിന്റെ പിമ്പെ മുനിഗണങ്ങള്‍ കമണ്ഡലു സേവിക്കുന്നു. അതിന്റെ വലത്തു വശത്തായി ഭംഗിയില്‍ പോകുന്ന ദണ്ഡും ശോഭിക്കുന്നു. ഭൃഗു, അംഗിരസ്സ് മുതലായവര്‍ ചേര്‍ന്ന് വാനോരുടെ പൂജയുമേറ്റ് ഇവയുടെ പിറകെ രുദ്രന്റെ തേരില്‍ അമര്‍ന്ന് ആ ദേവസേനാനിയും ദേവകള്‍ക്കെല്ലാം ഭാസ്സ് കൊണ്ട് ഹര്‍ഷം വളര്‍ത്തുന്നവനായി പോകുന്നു. ഋഷിമാരും, ദേവകളും, ഗന്ധര്‍വ്വരും, അഹിമുഖ്യന്മാരും, നദികളും, ഹ്രദങ്ങളും, സമുദ്രങ്ങളും, അപ്സരസ്ത്രീകളും, ഗ്രഹനക്ഷത്ര ജാലങ്ങളും, ദേവന്മാരുടെ മക്കളും, രുദ്രന്റെ പിമ്പെ സ്ത്രീകളും പലവിധം മോടിയില്‍ പോകുന്നു. സുന്ദരാംഗികളായ അവര്‍ പുഷ്പവൃഷ്ടി പൊഴിച്ചു കൊണ്ടിരിക്കുന്നു. പിനാകിയെ കൈവണങ്ങി പര്‍ജ്ജന്യം പിന്‍തുടരുന്നു. തലയ്ക്കുമീതെ ചന്ദ്രന്‍ വെണ്‍കൊറ്റക്കുട പിടിച്ചു. അഗ്നിയും വായുവും അപ്പോള്‍ വെണ്‍ചാമരം വീശി നിന്നു. അവന്റെ പിറകെ ശ്രീമാനായ വാസവനും പോകുന്നു. എല്ലാ രാജര്‍ഷികളും ചേര്‍ന്ന് ഈശനെ സ്തുതിക്കുന്നു. ഗൗരി, വിദ്യാ, ഗാന്ധാരി, കേശിനി, മിത്ര, സാവിത്രി ഇവര്‍ ചേര്‍ന്ന് പാര്‍വ്വതിയുടെ പിറകെ യാത്ര ചെയ്യുന്നു. കവി പുംഗവന്മാര്‍ തീര്‍ത്ത എല്ലാ വിദൃകളും കവിതകളും പിറകെ നടന്ന് അമരന്മാരോടു കൂടിയ ഇന്ദ്രനും ചമൂമുഖത്തില്‍ പാടി വാഴ്ത്തുന്നു.
കൊടി പിടിച്ചു മുമ്പേ രാക്ഷസഗ്രഹം പോകുന്നു. രുദ്രന്റെ സഖി എപ്പോഴും ശ്മശാനത്തില്‍ പണി എടുക്കുന്നവനാണ്. പിംഗളനെന്നു പേരായ യക്ഷരാജാവ് ലോകത്തിന് ആനന്ദം വളര്‍ത്തുന്നവനാണ്. ഇവരോടൊപ്പം ആ ദേവന്‍ യഥാസുഖം പോകുന്നു. മുന്‍പിലും പിന്‍പിലും കാണാത്ത വിധം അവന്റെ ഗതി നിത്യയാണ്. സല്‍ കര്‍മ്മത്താല്‍ മര്‍ത്ത്യര്‍ ഈ രുദ്രദേവനെ സേവചെയ്യുന്നു. ശിവന്‍ എന്നു പറയുന്ന അവനീശ്വരന്‍ പിതാമഹനായ രുദ്രനാണ്. നാനാപ്രകാര ഭാവം കൊണ്ട് മഹേശനെ പൂജിക്കുന്നു. ദേവസേനകളോടു കൂടിയ കൃത്തികാ സുതനായ ദേവസേനാപതി ദേവേശന്റെ പിന്നിലായി പോകുന്നു. ഈ സന്ദര്‍ഭത്തില്‍ മഹേശ്വരന്‍ മഹാസേനനോട് മഹത്തായ ഒരു വാക്യം പറഞ്ഞു:
സപ്തമം മാരുതസ്കന്ധം രക്ഷിക്കൂ ശ്രദ്ധയോടു നീ.
സ്കന്ദന്‍ പറഞ്ഞു;
സപ്തമം മാരുതസ്കന്ധം, പ്രഭോ രക്ഷിപ്പതുണ്ടു ഞാന്‍.
മറ്റെന്തുവേണമെന്നാലും ചെയ്യാം കല്പിക്കണേ ഭവാന്‍!
രുദ്രന്‍ പറഞ്ഞു; ഹേ, പുത്രാ! എല്ലാ കാര്യത്തിലും എന്നെ എപ്പോഴും കണ്ടുകൊള്ളുക. എന്റെ ദര്‍ശനത്താലും ഭക്തിയാലും നിനക്കു പരമമായ ശ്രേയസ്സു ലഭിക്കും.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്നു പറഞ്ഞ് അവനെ ആശ്ലേഷിച്ച് മഹേശ്വരന്‍ വിട്ടയച്ചു. സ്കന്ദനെ വിട്ട സമയത്ത് ഉൽക്കടമായ അത്ഭുതമുണ്ടായി. ഉടനെ ദേവന്മാര്‍ പോലും മോഹിച്ചു പോയി. നക്ഷത്രത്തോടു കൂടി ഗഗനം ജ്വലിച്ചു. ലോകം ഭയപ്പെട്ടു പോയി. ഇരമ്പവും ഭുകമ്പവുമുണ്ടായി. ഉലകമൊക്കെ പെട്ടെന്ന് ഇരുട്ടിലായി. ഘോരമായ ഈ നിമിത്തം കണ്ട് ഈശന് ഉള്‍ക്ഷോഭമുണ്ടായി. മഹാഭാഗയായ പാര്‍വ്വതിയും, ദേവന്മാരും, മുനിമാരും എല്ലാവരും ഉഴന്നു പോയി. അപ്പോള്‍ ശൈലമേഘ സങ്കാശമായി നാനാസ്ത്രങ്ങളുമേന്തി ഭയങ്കരമായ പെരുംപടയെ കണ്ടു.
ഘോരമായ ആ പെരുംപട പല ഭീഷണികളും പറഞ്ഞു വാനോരുടെ നേരെയും ശിവന്റെ നേരേയും പാഞ്ഞടുത്തു. അവര്‍ ആ സൈന്യത്തില്‍ അസംഖ്യം ബാണങ്ങള്‍ പൊഴിച്ചു. ശതഘ്നി, പര്‍വ്വതം, പ്രാസം, ഗദ, പരിഘം മുതലായ ഭീഷണമായ ആയുധങ്ങള്‍ ഏറ്റപ്പോള്‍ വിബുധന്മാരുടെ പട ക്ഷണം കൊണ്ട് ഒക്കെ പിന്‍തിരിഞ്ഞ് ഓടുവാന്‍ തുടങ്ങി. ആന, ആള്‍, അശ്വങ്ങള്‍ എന്നിവയൊക്കെ അറ്റ് ചക്രങ്ങള്‍ മുറിഞ്ഞു തെറിച്ചു. ഇങ്ങനെ ദാനവന്മാരാല്‍ പീഡിപ്പിക്കപ്പെട്ട ദേവസൈസന്യം വിമുഖമായി അസുരന്മാര്‍ വധിക്കുവാന്‍ തുടങ്ങിയപ്പോള്‍ തീപിടിച്ച കാടുകളില്‍ മരങ്ങള്‍ വെന്തുവീഴും പോലെ എല്ലാം വീഴുവാന്‍ തുടങ്ങി. തലയും മെയ്യും അറ്റു ദേവകള്‍ ഓടുവാന്‍ തുടങ്ങി. ഭയങ്കരമായ യുദ്ധത്തില്‍ മുടിഞ്ഞ സേനകള്‍ നാഥനില്ലാതെ ഉഴന്നു.
ആ പെരുംപട ഓടുന്നതു കണ്ട് ദേവനായ പുരന്ദരന്‍ ദൈതൃപീഡയാല്‍ ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുമാറ് ഇപ്രകാരംപറഞ്ഞു: "ഹേ, ദേവകളേ! നിങ്ങള്‍ ഭയപ്പെടരുത്. നമുക്കു നന്മവരും. ശൂരന്മാരേ! നിങ്ങള്‍ ആയുധം എടുക്കുവിന്‍! വിക്രമിക്കുവാന്‍ ഉദ്യമിക്കുവിന്‍! നിങ്ങള്‍ ഒരിക്കലും സങ്കടപ്പെടരുത്. ഘോരന്മാരും ദുഷ്ടന്മാരുമായ അസുരന്മാരോടു പോരാടി ജയിക്കുവിന്‍! എന്റെ ഒപ്പം നിന്നു ദാനവരില്‍ പാഞ്ഞു ചെല്ലുവിന്‍! നിങ്ങള്‍ക്കു ശുഭം വരും!".
ഇന്ദ്രന്റെ വാക്കുകേട്ട് തെല്ല് ആശ്വസിച്ചു ദേവകള്‍ ഇന്ദ്രനെ ഗതിയായി കണ്ട് ദൈത്യരോടു പോരാടി. ദേവന്മാരും ശക്തരായ മരുത്തുക്കളും എല്ലാവരും യോഗ്യരായ സാദ്ധ്യരും, വസുക്കളും ഒപ്പം എതിര്‍ത്തു. അവര്‍ ക്രോധത്തോടെ ദേവകളില്‍ അസ്ത്രം വിട്ടു. ദൈത്യദേഹത്തിലെ രക്തം അവരുടെ അമ്പുകള്‍ പാനം ചെയ്തു. ദൈതൃ ശരീരങ്ങള്‍ പിളര്‍ന്നു കൂര്‍ത്ത ബാണങ്ങള്‍ നഗങ്ങള്‍ വിട്ട സര്‍പ്പങ്ങള്‍ പോലെ എല്ലായിടത്തും പതിക്കുവാന്‍ തുടങ്ങി. അമ്പു കൊണ്ടു പിളര്‍ന്ന ദൈതൃ ശരീരങ്ങള്‍ മുറിഞ്ഞു മഴക്കാറുകള്‍ പോലെ അദ്രിമേല്‍ ചെന്നു വീണു. പോരില്‍ ദേവഗണം ഭയപ്പെടുത്തുന്ന ദാനവപ്പട പല ബാണങ്ങള്‍ ഏറ്റു ദേഹംമുറിഞ്ഞു പിന്‍തിരിഞ്ഞു. അപ്പോള്‍ അസ്ത്രങ്ങള്‍ ഉയര്‍ത്തി ആര്‍ത്തു ദേവകള്‍ ആഹ്ളാദിച്ചു. വാദ്യങ്ങള്‍ മുഴക്കി. ഇങ്ങനെ തമ്മില്‍ കലര്‍ന്ന് ഏറ്റവും ഉല്‍കടമായ രണം ഉണ്ടായി. വാനവരുടേയും ദൈത്യന്മാരുടേയും രക്തമാംസങ്ങള്‍ അരഞ്ഞു യുദ്ധക്കളം ചളി പ്രായമായി.
ഉടനെ ദേവന്മാരുടെ ഇടയില്‍ കയറി അക്രമം നടത്തുന്നതായി കണ്ടു. അപ്രകാരം തന്നെ ഘോര ദൈത്യന്മാര്‍ ദേവസമൂഹത്തെ ഹനിക്കുകയാണ്. അപ്പോള്‍ ഭേരീതുര്യങ്ങളുടെ ഗംഭീരമായ ധ്വനി ഉയര്‍ന്നു. അതോടിട ചേര്‍ന്നു ദാനവരുടെ സിംഹനാദങ്ങളും മുഴങ്ങി. ഘോരമായ ദൈത്യ സൈനൃത്തില്‍ നിന്നു മഹാബലനായ മഹിഷാസുരന്‍ ഇറങ്ങി. ആ ദാനവേന്ദ്രന്‍ കയ്യില്‍ ഒരു മഹാശൈലം എടുത്തിരിക്കുന്നു. മേഘങ്ങള്‍ ചുഴന്ന അര്‍ക്കനെപ്പോലെ മഹിഷാസുരന്റെ ശൈലമേന്തിക്കൊണ്ടുള്ള വരവു കണ്ടു ദേവകള്‍ ഭയപ്പെട്ട് ഓടുവാന്‍ തുടങ്ങി. മഹിഷന്‍ പാഞ്ഞുചെന്നു ദേവന്മാരുടെ നേരെ ആ മഹാശൈലം എറിഞ്ഞു. ആ ഘോരമായ മല ചെന്നുവീണ് ദേവസൈന്യത്തില്‍ പതിനായിരം പേര്‍ മരിച്ചു ഭൂമിയില്‍ വീണു. ദൈത്യന്മാരോടു കൂടി മഹിഷന്‍ പിന്നേയും ദേവവീരന്മാരില്‍, സിംഹം ക്ഷുദ്ര മൃഗൗഘത്തിൽ എന്ന പോലെ, പാഞ്ഞു കയറി. പാഞ്ഞടുക്കുന്ന മഹിഷാസുരനെ കണ്ട് ഇന്ദ്രാദികളായ ദേവന്മാര്‍ ശസ്ത്രവും കൊടിയും വിട്ട് രണാകണത്തില്‍ നിന്നും പ്രാണനും കൊണ്ട് ഓട്ടമായി.
ഇങ്ങനെ ദേവന്മാര്‍ ഓടുന്നതു കണ്ടപ്പോള്‍ മഹിഷന്‍ ക്രുദ്ധനായി രുദ്രന്റെ രഥത്തിന് നേരെ പാഞ്ഞു ചെന്നു. അവന്‍ രുദ്രന്റെ തേരിന്റെ കൂബരം (രഥത്തിന്റെ നുകത്തിന്റെ തണ്ട്) ചാടിപ്പിടിച്ചു. രുദ്രന്റെ തേരില്‍ മഹിഷന്‍ പാഞ്ഞണഞ്ഞ സമയത്ത് ആകാശവും ഭൂമിയും ഭയപ്പെട്ട് അലറി. മഹര്‍ഷികള്‍ മോഹിച്ചു. ഭയങ്കരന്മാരായ ദൈത്യന്മാര്‍ ഭയാനകമായി ഇടിവെട്ടും വണ്ണം അട്ടഹസിച്ചു. ഞങ്ങള്‍ ജയിച്ചു എന്ന് അവര്‍ ഉള്ളില്‍ ഉറച്ചു. ആ സമയത്ത് ആ മഹിഷനെ ഭഗവാന്‍ അടിക്കുകയും ആ ദുഷ്ടന്റെ കാലനായ സ്കന്ദനെ സ്മരിക്കുകയും ചെയ്തു.
രൗദ്രനായ മഹിഷന്‍ രുദ്രരഥത്തിന് നേരെ ഭീഷണമായി ആര്‍ത്തു. വാനോര്‍ ഭയപ്പെടുകയും ദാനവന്മാര്‍ സന്തോഷിക്കുകയും ചെയ്യുന്ന വിധം അവന്റെ അട്ടഹാസം മുഴങ്ങി. ദേവകള്‍ക്ക് അപ്രകാരം ഒരു വിപത്തുണ്ടായപ്പോള്‍ ഉടനെ സൂര്യനെപ്പോലെ ഉജ്ജലിക്കുന്ന ഗുഹന്‍ അവിടെ എത്തി.
ചുവന്ന പട്ടും രക്തമാലാ ഭൂഷണവുമായി ഗുഹന്‍ അവിടെ എത്തി. ലോഹിതാശ്വനും, മഹാബാഹുവും, പൊന്‍ചട്ട അണിഞ്ഞവനും, പ്രഭുവുമായ ഗുഹന്‍ പൊന്‍നിറത്താല്‍ സുര്യകാന്തി ഏന്തുന്ന രഥത്തില്‍ കയറി അവിടെ എത്തി. അവനെ കണ്ട ഉടനെ ദൈത്യസേന ഭയപ്പെട്ട് ഓടാന്‍ തുടങ്ങി. മഹാബലനായ. മഹാസേനന്‍ ജ്വലിച്ചു. മഹിഷന്റെ ദേഹം പിളര്‍ക്കുമാറു വേല്‍ ചാട്ടി. അതുചെന്ന് മഹിഷന്റെ ശിരസ്സറുത്തു. തലവേര്‍പെട്ട് മഹിഷന്‍ ഭുമിയില്‍ ചത്തു വീണു. ആ ശിരസ്സു പതിനാറു യോജന ദുരെ ചെന്നു വീണു. പര്‍വ്വതം പോലെ ആ ശിരസ്സ് മാര്‍ഗ്ഗം അടച്ചു കളഞ്ഞു. അതു കൊണ്ട് ആ മാര്‍ഗ്ഗം അഗമ്യമായി. അതില്‍ പിന്നെ യഥാസുഖം ജനങ്ങള്‍ ഉത്തര കുരു രാജ്യത്തേക്കു പോകാറില്ല.
വേലു ചാട്ടുമ്പോള്‍ പോകുന്ന വഴിക്കു തന്നെ അനവധി ദൈത്യന്മാരെ സംഹരിച്ചു. ആ വേല്‍ വീണ്ടും സ്കന്ദന്റെ കയ്യില്‍ മടങ്ങി എത്തുന്നതു വരെ ദേവാസുര വ്രജം കണ്ടു. അമ്പെയ്തു മിക്കവരേയും ബുദ്ധിമാനായ ഗുഹന്‍ കൊന്നു. മറ്റുളള ഘോര ദൈത്യന്മാരൊക്കെ പേടിച്ചുഴറി ഓടി. സ്കന്ദന്റെ പാരിഷദന്മാര്‍ അസംഖ്യം ദൈത്യന്മാരെ കൊന്നു തിന്നു. അവ ര്‍ദാനവന്മാരെ തിന്നുകയും ധാരാളം രക്തം കുടിക്കുകയും ചെയ്തു. ബഹുരസമായി അവരുടെ തീറ്റയും കുടിയും! അവര്‍ സകല ദൈത്യരേയും തിന്ന് ലോകം ദൈത്യന്മാര്‍ ഇല്ലാത്ത മട്ടിലാക്കി തീര്‍ത്തു.
സൂര്യന്‍ ഇരുട്ടിനെ എന്നപോലെ, അഗ്നി വൃക്ഷത്തെ എന്നപോലെ, മേഘത്തെ കാറ്റ് എന്നപോലെ, സ്കന്ദന്‍ ശത്രുഗണത്തെ സ്വന്തം വീര്യം കൊണ്ടു ജയിച്ചു കീര്‍ത്തിമാനായി. വാനവന്മാരുടെ സ്തുതികള്‍ക്കിടയില്‍ സ്കന്ദന്‍ മഹേശനെ കൈവണങ്ങി. അങ്ങനെ കൃത്തികാ പുത്രന്‍ ഭാനുമാനായ അര്‍ക്കനെപ്പോലെ ശോഭിച്ചു. ശത്രുക്കളെക്കൊന്ന് ഗുഹന്‍ മഹേശ്വരന്റെ പാര്‍ശ്വത്തില്‍ ചെന്നപ്പോള്‍ സ്കന്ദനെ തഴുകിക്കൊണ്ട് ഇന്ദ്രന്‍പറഞ്ഞു: "ബ്രഹ്മാവിന്റെ വരം വാങ്ങിയവനായ മഹിഷനെ ഭവാന്‍ കൊന്നു. ഈ അസുരന് ദേവന്മാര്‍ തൃണപ്രായരായിരുന്നു. നീ അവനെ ജയിച്ചു! മഹാബാഹോ! ഭവാന്‍ ആ ദേവദ്രോഹിയെ കൊന്നു. മഹിഷനെ പോലെയുള്ള നൂറു ദൈത്യന്മാരേയും ഭവാന്‍ യുദ്ധത്തില്‍ സംഹരിച്ചു കളഞ്ഞു. ഞങ്ങള്‍ക്ക് ഇണ്ടലുണ്ടാക്കി കൊണ്ടിരുന്ന ദേവാരി വീരന്മാരെയെല്ലാം ഭവാന്‍ കൊന്നു. ഭവാന്റെ അനുയായികള്‍ കൂട്ടത്തോടെ. ദൈത്യന്മാരെ ഒക്കെയും തിന്നുതീര്‍ത്തു. പോരില്‍ ശത്രുക്കള്‍ക്ക് അജയ്യനായ ഉമേശനെപ്പോലെ നീ സര്‍വ്വദൈത്യരേയും നശിപ്പിച്ചു കളഞ്ഞു. ഇതു ഭവാന്റെ പ്രഥമകര്‍മ്മമായി ദേവകള്‍ എന്നും പുകഴ്ത്തും. മൂന്നു ലോകത്തിലും ഭവാനു ക്ഷയിക്കാത്ത കീര്‍ത്തിയുണ്ടാകും. ഹേ, മഹാഭുജാ! ഭവാന്റെ പാട്ടില്‍ ദേവകളൊക്കെ നിൽക്കുന്നതാണ്".
സ്കന്ദനോട് ഇപ്രകാരം പറഞ്ഞ് എല്ലം ദേവഗണത്തോടും കൂടി മുക്കണ്ണനായ ഭഗവാന്റെ സമ്മതത്തോടും കൂടി വാസവന്‍ മടങ്ങി. രുദ്രന്‍ ഭദ്രവടത്തിലെത്തി. ദേവകള്‍ വിട്ടു പോരികയും ചെയ്തു. സ്കന്ദന്‍ ഞാനാണ് എന്നു നിങ്ങള്‍ ഓര്‍ത്തു കൊള്ളുവിന്‍ എന്ന് രുദ്രന്‍ ദേവകളോടു പറയുകയും ചെയ്തു.
ദൈത്യവര്‍ഗ്ഗങ്ങളെ കൊന്നു മുനിമാരുടെ പൂജയേറ്റ് ഗുഹന്‍ ഒരു പകല്‍ കൊണ്ടു മൂന്നു ലോകത്തേയും ജയിച്ചു. മനസ്സിരുത്തി ഈ സ്കന്ദജന്മം ചൊല്ലുന്നവനായ ഭൂസുരന്‍ ഇഹലോകത്തില്‍ പുഷ്ടിയോടെ ഇരിക്കുകയും അനന്തരം ഗുഹസാലോക്യം പ്രാപിക്കുകയും ചെയ്യും.
232. ആഗിരസം - കാര്‍ത്തികേയസ്തവം - യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ മൂന്നു ലോകത്തിലും പുകഴ്ന്ന മഹാത്മാവായ ഗുഹന്റെ നാമങ്ങള്‍ എല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വൈശമ്പായനൻ പറഞ്ഞു. മുനിമാരുടെ മദ്ധ്യത്തില്‍ വെച്ച് യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഭഗവാനായ മാര്‍ക്കണ്ഡേയ മുനി ഇങ്ങനെ പറഞ്ഞു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഹേ, യുധിഷ്ഠിരാ, ഗുഹന്റെ പവിത്ര നാമങ്ങള്‍ ഞാന്‍ പറയാം; മനസ്സു വെച്ചു കേള്‍ക്കുക. ആഗ്നേയന്‍, സ്കന്ദന്‍, ദീപ്തകീര്‍ത്തി, അനാമയന്‍, മയൂരകേതു, ധര്‍മ്മാത്മാവ്, ഭൂതേശന്‍, മഹിഷാര്‍ദ്ദനന്‍, കാമജിത്ത്, കാമദന്‍, കാന്തന്‍, സത്യവാക്ക്, ഭുവനേശ്വരന്‍, ശിശുശീഘ്രന്‍, ശുചി, ചണ്ഡന്‍, ദീപ്തവര്‍ണ്ണന്‍, ശുഭാനനന്‍, അമോഘന്‍, അനഘന്‍, രൗദ്രന്‍, പ്രിയന്‍, ചന്ദ്രാനനന്‍, പ്രശാന്താത്മാവ്, ദീപ്തശക്തി, ഭദ്രകൃത്ത്, കൂടമോഹനന്‍, ഷഷ്ഠീപ്രിയന്‍, പവിത്രന്‍, മാതൃവത്സലന്‍, കന്യാഭര്‍ത്താ, വിഭക്തന്‍, സ്വാഹേയന്‍, രേവതീസുതന്‍, വിശാഖന്‍, പ്രഭു, നേതാവ്, നൈഗമേയന്‍, സുദുശ്ചരന്‍, സുവ്രതന്‍, ലളിതന്‍, ബാലക്രീഡന്‍, അകപ്രിയന്‍; ഖചാരി, ബ്രഹ്മചാരി, ശൂരന്‍, ശരവണോത്ഭവന്‍, വിശ്വാമിത്രപ്രിമന്‍, ദേവസേനാപ്രിയന്‍, വാനുദേവപ്രിയന്‍, പ്രിയന്‍, പ്രിയകൃത്ത് ഇങ്ങനെ കാര്‍ത്തികേയന്റെ ഈ ദിവ്യ നാമങ്ങളെ ജപിക്കുന്നവന്‍ സ്വര്‍ഗ്ഗവും കീര്‍ത്തിയും സ്വത്തും നേടുന്നതാണ്. അതില്‍ യാതൊരു സംശയവുമില്ല.
ദേവര്‍ഷിമാരോടു കൂടി ശക്തിമാനും അതുല്യനുമായ ഗുഹനെ ഞാന്‍ സ്തുതിക്കുന്നു. ഷഡാനനന്‍ വീരനും ശക്തിമാനും ആണെന്ന് ഹേ, യുധിഷ്ഠിര! ഭവാന്‍ ധരിച്ചാലും!
ഹേ, കാര്‍ത്തികേയ! ബ്രഹ്മണ്യന്‍, ബ്രഹ്മജന്‍, ബ്രഹ്മവിത്ത്, ബ്രഹ്മേയന്‍, ബ്രഹ്മവാന്മാരില്‍ മുഖ്യന്‍, ബ്രഹ്മപ്രിയന്‍, ബ്രാഹ്മണ സുവ്രതന്‍, ബ്രഹ്മജ്ഞരായ ബ്രാഹ്മണര്‍ക്കൊക്കെ നാഥന്‍, ഇങ്ങനെ ഭവാന്‍ പരമ പവിത്രനാണ്. ഭവാന്‍ മന്ത്രസ്തുതനാണ്. കീര്‍ത്തിമാനായ ഷഡര്‍ച്ചിസ്സാണ്. ഭവാന്‍ സംവത്സരമാണ്. ആറ് ഋതുക്കളും ഭവാനാണ്. മാസാര്‍ദ്ധവും, മാസായനവും, ദിഗ്ഗണവും നീയാണ്. നീ പുഷ്കരാക്ഷനാണ്; നീ കമലാസ്യനാണ്. നീ സഹസ്ര വക്ത്രനാണ്; സഹസ്ര ബാഹുവാണ്. നീ ലോകപാലനാണ്; പരമമായ ഹവിസ്സാണ്. എല്ലാ സുരാസുരന്മാര്‍ക്കും നീ ഭാവനനാണ്. നീ തന്നെയാണ് പ്രചണ്ഡനായ സേനാപതി. വിഭുവും പ്രഭുവും സര്‍വ്വ വിരോധിജിത്തും നീയാണ്. നീ സഹസ്രഭൂവാണ്. ക്ഷിതിയാണ്, സഹസ്രഭുക്കാണ്, സഹസ്ര തുഷ്ടിയാണ്. സഹ്രസ ശീര്‍ഷനും, അനന്തനും, സഹ്രസപാദനും, ശക്തിമാനും ഭവാന്‍ തന്നെയാണ്. ഹേ, ഗുഹാ! ശക്തിമാനായ ഗംഗാസുതനും ഹേ, ദേവാ! സ്വമതം പോലെ എല്ലാം അങ്ങാണ്.
സ്വാഹ, മഹീ, കൃത്തിക എന്നിവരുടെ നന്ദനനാകുന്നു നീ. ഹേ, ഷണ്മുഖാ! നീ കുക്കുടത്താല്‍ ക്രീഡിച്ചു. യഥേഷ്ടം ഓരോ വഴിക്കു നീ കാമരൂപനാണ്. ദക്ഷസോമന്മാരും മരുത്തുക്കളും നീയാണ്. ധര്‍മ്മം, മരുത്ത്, അദ്രീന്ദ്രന്‍, ഇന്ദ്രന്‍, സനാതനങ്ങള്‍ക്കു ശാശ്വതനും നീയാണ്. പ്രഭുവ്രജത്തില്‍ ഘോരചാപനായ പ്രഭുവാണ് നീ. ഋതം ചമയ്ക്കുന്നവനും ദിതിജാന്തകനും നീയാണ്. ശത്രുപ്രമാഥിയും, വിബുധപ്രധാനിയും നീയാകുന്നു. സൂക്ഷ്മവും വിശേഷാല്‍ പരമവുമായ തപം നീയാകുന്നു. പരാപരം കണ്ടവനായ പരാപരനാണ് നീ. ധര്‍മ്മം, കാമം മുതലായവയെല്ലാം നിന്റെ തേജസ്സാല്‍, ഈ ലോകത്തുള്ളതെല്ലാം വിളങ്ങുന്നു. മഹാത്മാവേ! നിന്റെ ശക്തി ലോകം നിറഞ്ഞു നിൽക്കുന്നു. ഹേ, സുരേന്ദ്രാ! ഞാന്‍ വാഴ്ത്തുന്നു. ഭവാന്‍ ലോകനാഥനാകുന്നു. ഈരാറു ഭുജങ്ങളും ഈരാറു ന്നേത്രങ്ങളും ഉള്ള ഭവാനെ ഞാന്‍ നമസ്കരിക്കുന്നു. ഞാന്‍ മേൽപോട്ടു നിന്റെ ഗതി കാണുന്നില്ല. _മനസ്സു വെച്ച് ഈ സ്കന്ദജന്മം പഠിക്കുന്ന വിപ്രനും, വിപ്രന്മാരെ ചൊല്ലി കേള്‍പ്പിക്കുന്നവനും വിപ്രന്മാര്‍ ചൊല്ലിക്കേള്‍ക്കുന്നവനും വിത്തവും, ആയുസ്സും, നല്ല കീര്‍ത്തിയും ഉണ്ടാകും. സന്താനങ്ങളെ നേടും; ശത്രുക്കളെ ജയിക്കും. പുഷ്ടിയും, തുഷ്ടിയും നേടും; സ്കന്ദസാലോക്യത്തെ പ്രാപിക്കുകയും ചെയ്യും.
ദ്രൗപദീ സത്യഭാമാ സംവാദ പര്‍വ്വം
233. ദ്രൗപദീ കര്‍ത്തവ്യോപദേശം - വൈശമ്പായനൻപറഞ്ഞു; മഹാന്മാരായ പാണ്ഡവന്മാരും വിപ്രന്മാരും ചേര്‍ന്നു. സംഭാഷണം നടന്നു കൊണ്ടിരിക്കെ, പാഞ്ചാലിയും സത്യഭാമയും ഒന്നിച്ച് അകത്തിരുന്നു പല രസങ്ങളും പറഞ്ഞു വിനോദിക്കുകയായിരുന്നു. അവര്‍ ചിരിക്കുകയും പരസ്പരം സ്നേഹത്തോടും ആനന്ദത്തോടും കൂടി സുഖമായി രസിക്കുകയുമായിരുന്നു. വളരെ നാളായി കാണാതിരുന്നതു കൊണ്ട് ഇഷ്ടങ്ങള്‍ പലതും അവര്‍ക്കു പരസ്പരം പറയുവാൻ ഉണ്ടായിരുന്നു. കുരുക്കളേയും, യാദവരേയും സംബന്ധിക്കുന്ന പല വര്‍ത്തമാനങ്ങളും അവര്‍ പറഞ്ഞ് ഇരുന്നു.
പിന്നെ കൃഷ്ണന്റെ ഇഷ്ടവല്ലഭയും, സത്രാജിത്തിന്റെ പുത്രിയും, സുഭഗയുമായ സത്യഭാമ ഇപ്രകാരം ഗൂഢമായി ദ്രൗപദിയോടു ചോദിച്ചു: പാര്‍ഷതീ, ഞാന്‍ ഒന്നു ചോദിക്കുന്നു! പാണ്ഡവന്മാരില്‍ നീ ഏതു വൃത്തത്തിലാണു നിൽക്കുന്നത്? ലോകപാലകന്മാരെ പോലെ യോഗ്യന്മാരായ യുവാക്കളെ യോജിപ്പിച്ചു നീ എങ്ങനെ നിര്‍ത്തുന്നു? ശോഭനേ അവര്‍ പരസ്പരം കോപിക്കാതെ എങ്ങനെയാണു നിന്റെ പാട്ടില്‍ നിൽക്കുന്നത്? അവര്‍ എപ്പോഴും നിന്നില്‍ വശ്യരായി കാണുന്നുവല്ലോ! ഹേ, പ്രിയദര്‍ശനേ! നിന്റെ മുഖം എല്ലാവരും നോക്കുന്നു! എന്താണ് ഇതിന്റെ തത്വം? പറയൂ. വ്രതശക്തി കൊണ്ടാണോ? തപശക്തി കൊണ്ടാണോ? സ്നാനം, മന്ത്രം, ഔഷധിവിലാസം, വിദ്യാവീര്യം, മൂലവീര്യം, ജപം, ഹോമം, ഔഷധങ്ങള്‍ ഇങ്ങനെയൊക്കെ ഉണ്ടല്ലോ. ഇവയില്‍ ഏതുകൊണ്ടാണ് ഭവതി ഈ വീരന്മാരെയൊക്കെ പാട്ടില്‍ നിര്‍ത്തുന്നത്? യശസ്യവും, സൗഭഗായനവുമായ ആ രഹസ്യം പാഞ്ചാലീ, നീ എന്നോടു പറയൂ. എന്നാൽ എനിക്കും ഈ കൃഷ്ണന്‍ അധീനത്തില്‍ നിൽക്കുമല്ലോ!
ഇപ്രകാരം പറഞ്ഞ് സത്യഭാമ മൗനമായി ഇരുന്നു. മഹാഭാഗയും പതിവ്രതയുമായ പാര്‍ഷതി അവളോടു പതുക്കെ മറുപടി പറഞ്ഞു.
ദ്രൗപദി പറഞ്ഞു: ഹേ, സതൃഭാമേ! നീ ചോദിച്ച ഈ ചോദ്യം നിനക്കു യോജിച്ചതല്ല. അസദ് വൃത്തരായ സ്ത്രീകള്‍ക്കു ചേര്‍ന്ന ചോദ്യമാണ് നീ ചോദിച്ചത്. ദുഷ്ടാചാര മാര്‍ഗ്ഗത്തിലുള്ള പ്രസംഗം തന്നെ നിനക്കു ചേര്‍ന്നതാണോ? ഇപ്രകാരമുള്ള ദുശ്ചോദ്യമോ, സംശയമോ നിനക്ക് ഒരിക്കലും ചേര്‍ന്നതല്ല. അങ്ങനെ ശുദ്ധമായുള്ള ബുദ്ധിയുള്ളവളും കൃഷ്ണന്റെ പ്രിയ വല്ലഭയുമാണ് നീ. മന്ത്രമൂലങ്ങളും കൂടപ്രയോഗങ്ങളും ഉള്ളവളാണ് പെണ്ണെന്ന് അറിഞ്ഞാല്‍ ഭര്‍ത്താവ് അവളെ വീട്ടില്‍ വാഴുന്ന സര്‍പ്പത്തെ പോലെ ഭയപ്പെടും. ഭയപ്പെട്ടാല്‍ ശാന്തി ലഭിക്കുമോ? ശാന്തിയില്ലാത്തവന്‍ എങ്ങനെ സുഖിക്കും? ഒരു കാലത്തും മന്ത്രം കൊണ്ടു വരന്‍ സ്ത്രീക്കു വശ്യപ്പെടുകയില്ല. ശത്രുത കൊണ്ടു ഘോരമായ രോഗങ്ങളുണ്ടാക്കി വിടും. മൂലപ്രചാരത്താല്‍ കൊല്ലാന്‍ വേണ്ടി വിഷവും കൊടുക്കും. നാവുകൊണ്ടോ ത്വക്കുകൊണ്ടോ അത് ഏൽക്കുന്ന പുമാന്‍ കഷ്ടത്തിലാകും. വിഷദ്രാവകാദികളില്‍ കൊടുക്കുന്ന ചൂര്‍ണ്ണങ്ങള്‍ ഉടനെ മൂടിക്കുകയും ചെയ്യും. അതു തീര്‍ച്ചയാണ്. തന്മൂലം മഹോദരം ചിലര്‍ക്കുണ്ടാകും. ചിലര്‍ക്കു പാണ്ടു പറ്റും, ചിലര്‍ നരയ്ക്കും. പുരുഷത്വം നശിക്കും, ജഡന്മാരാകും, അന്ധരാകും, ബധിരത്വം പറ്റും. സ്ത്രീകള്‍ മൂലം ഈവക ഒക്കെ സംഭവിക്കും. ഭര്‍ത്തൃദോഷം ചെയ്യുന്ന സ്ത്രീകള്‍ പാപവൃത്തകളായി പാപിനികളാകും. ഒരിക്കലും നാരി ഭര്‍ത്താവിന് അപ്രിയം ചെയ്യരുത്.
ഹേ, യശസ്വിനിയായ സത്യഭാമേ! യോഗ്യരായ പാണ്ഡവന്മാരില്‍ ഞാന്‍ വര്‍ത്തിക്കുന്ന വൃത്തിയെ സത്യമായി ഒക്കെ നിന്നോടു പറയാം.
അഹങ്കാരവും കാമക്രോധങ്ങളും കൂടാതെ ശുദ്ധിയോടു കൂടി സഭാര്യരായ പാണ്ഡുപുത്രന്മാരെ ഞാന്‍ ഉപചരിക്കുന്നു. ഈര്‍ഷ്യയെ സംഹരിച്ച് ആത്മാവിനെ ആത്മാവില്‍ നിര്‍ത്തി ഗര്‍വ്വു കൂടാതെ, പതിമാരുടെ മനസ്സു പാര്‍ത്തു ഞാന്‍ ശുശ്രൂഷിക്കുന്നു. ഞാന്‍ ദുര്‍വാക്കു പറയുകയില്ല. അവരോടു ദുര്‍ന്നിലയില്ല. ദുര്‍ന്നോട്ടവുമില്ല. ദുരാസിതം, ദുര്‍ന്നടപ്പ്, ഇംഗിതാക്ഷേപം ഇവയില്ല. ഇങ്ങനെ സൂര്യാഗ്നി സദൃശന്മാരും, ഉഗ്രവീര്യന്മാരും, പ്രതാപികളും, ചക്ഷുര്‍ഹന്താക്കളും (നോട്ടം കൊണ്ടു തന്നെ ശത്രുക്കളെ കൊല്ലുന്നവര്‍) ആയ പാണ്ഡവന്മാരെ ഞാന്‍ സേവിച്ചു പോരുന്നു. ദേവമാനുഷ ഗന്ധര്‍വ്വന്മാരായ ഏതു യുവാവും, അലംകൃതനും, സുന്ദരനും, ധനവാനുമായ ഏതു യുവാവും അന്യനാണെങ്കില്‍ അവനെ പുരുഷനായി ഞാന്‍ ചിന്തിക്കുകയില്ല. ഭര്‍ത്താവ് ഉണ്ണാതെ ഞാന്‍ ഉണ്ണുന്നതല്ല. ഭര്‍ത്താവു കുളിക്കാതെ ഞാന്‍ കുളിക്കുന്നതല്ല. ഭര്‍ത്താവു കിടക്കാതെ ഞാന്‍ കിടക്കുന്നതല്ല. ഭൃത്യരില്‍ പോലും ഞാന്‍ അങ്ങനെയാണ്. ഭൃത്യന്മാര്‍ക്കു നല്കാതെ ഞാന്‍ ഭക്ഷിക്കയില്ല. ക്ഷ്രേതം, ഗ്രാമം, കാട് ഇവയില്‍ നിന്നു ഭര്‍ത്താവു മടങ്ങി മന്ദിരത്തില്‍ വരുമ്പോള്‍ ഞാന്‍ ആദരവോടെ എഴുന്നേറ്റ് ആസനം, വെള്ളം മുതലായവ നല്കിആദരിക്കും. ശുദ്ധമായ ആഹാരം കഴിക്കുന്നവളും ശുദ്ധമായി ഗൃഹോപകരണങ്ങള്‍ സൂക്ഷിക്കുന്നവളുമാണ് ഞാന്‍. കാലേ തന്നെ, സമയം വൈകാതെ ഭക്ഷണം നല്കും. ധാന്യം സൂക്ഷിച്ച് അടച്ചു വെക്കുകയും ഗൃഹം വൃത്തിയായി വെക്കുകയും ചെയ്യും. ചീത്തവാക്കു പറയുകയില്ല. ദുഷ്ടസ്ത്രീകളുമായുള്ള സംസർഗ്ഗം എനിക്കില്ല. എപ്പോഴും ഭര്‍ത്താവിന് അനുകൂലമായി തന്നെ ഞാന്‍ നിൽക്കും. അതില്‍ ഞാന്‍ മടി കാണിക്കയില്ല.
വിനോദം കൂടാതെ വെറുതെ ചിരിക്കുക, വാതിൽക്കല്‍ നിൽക്കുക, നിരസിച്ചു പൂങ്കാവില്‍ ഏറെ നേരം നിൽക്കുക ഇതൊക്കെ എനിക്ക് ഇഷ്ടമില്ല. അധികം ചിരിക്കുക, കോപിക്കുക ഇവയൊക്കെ ഞാന്‍ വര്‍ജ്ജിക്കുന്നു. കോപകാര്യങ്ങളും അങ്ങനെ തന്നെ. എന്നും ഭക്തിയോടും, ആദരവോടും കൂടി ഭര്‍ത്തൃശുശ്രൂഷ ചെയ്യുന്നു. എനിക്ക് ഒരിക്കലും ഭര്‍ത്തൃവിരഹം പ്രിയമല്ല. ഭര്‍ത്താവു വല്ല ഗൃഹ കാര്യങ്ങള്‍ക്കും വിട്ടു പോകുമ്പോള്‍ പുഷ്പാലേപങ്ങള്‍ ഇല്ലാതെ വ്രതമായി ഞാന്‍ നിൽക്കുന്നു. ഭര്‍ത്താവു കുടിക്കാത്തതൊന്നും ഞാന്‍ കുടിക്കുകയില്ലു. ഭര്‍ത്താവു ഭക്ഷിക്കാത്തതൊന്നും ഞാന്‍ ഭക്ഷിക്കുകയില്ല. ഭര്‍ത്താവു സേവിക്കാത്തതൊന്നും ഞാന്‍ സേവിക്കുകയില്ല. ഉപദേശം പോലെ ഞാന്‍ ഒതുങ്ങി നിൽക്കുന്നു.
അലങ്കരിച്ചു ശുചിയായി നിന്ന് ഭര്‍ത്തൃപ്രിയ ഹിതസ്ഥയായി, എന്റെ ശ്വശ്രു മുമ്പ് എന്നോട് ഉപദേശിച്ച വിധം ഭിക്ഷയും ബലിയും, വാവിന്‍ നാള്‍ സ്ഥാലീപാകവും, ഇങ്ങനെ മാന്യമായ ആസന സല്‍കാരങ്ങളും, ഞാന്‍ അറിയുന്ന വിധം, എല്ലാ രാവും പകലും യാതൊരു ഇളവും കൂടാതെ, സര്‍വ്വാത്മനാ വിനയത്തോടെ, നിയമങ്ങളെ സംശ്രയിച്ചു ചെയ്യാറുണ്ട്.
മൃദുവായി, സത്യപരായണന്മാരായി, സത്യധര്‍മ്മസ്ഥരായി ഇരിക്കുന്ന ഭര്‍ത്താക്കന്മാര്‍ ചൊടിച്ചാലും സര്‍പ്പങ്ങളേ പ്പോലുള്ള അവരെ ഞാന്‍ സേവിക്കും. സ്ത്രീകള്‍ക്കു ശാശ്വതമായ ധര്‍മ്മം പതിസംശ്രയം ആണെന്നാണ് എന്റെ അഭിപ്രായം. ഭര്‍ത്താവു ദേവനാണ്. ഭര്‍ത്താവു ഗതിയാണ്. അങ്ങനെ ഉ ള്ളവനോട് ആര് അപ്രിയം ചെയ്യും ?
ഭര്‍ത്താക്കന്മാരെ ഒന്നും കൊണ്ടും കവിഞ്ഞ് ഞാന്‍ നിൽക്കുകയില്ല. കവിഞ്ഞ് ഉണ്ണുകയില്ല. കവിഞ്ഞ് അണിയുകയില്ല. ശ്വശ്രുവിനെ (ഭര്‍ത്താവിന്റെ അമ്മ) ഞാന്‍ ദുഷിക്കുകയില്ല. എപ്പോഴും ഞാന്‍ കീഴില്‍ നിൽക്കും. ഹേ, സുഭഗേ! ഞാന്‍ മനസ്സിരുത്തി നിത്യമായ ഉദ്യമത്താലും, ഗുരുശുശ്രൂഷയാലും എന്റെ പാട്ടില്‍ ഭര്‍ത്താക്കന്മാര്‍ നിൽക്കുന്നു.
സത്യവതിയും വീരമാതാവുമായ കുന്തിയെ ഞാന്‍ എല്ലായ്പോഴും പാനം, അശനം, വസ്ത്രം എന്നിവയാല്‍ പരിചരിക്കുന്നു. ശ്വശ്രുവിനേക്കാള്‍ കവിഞ്ഞ നിലയില്‍ വസ്ത്രഭൂഷാശനാദികള്‍ ഞാന്‍ ഉപയോഗിക്കയില്ല. ഭൂമിദേവിക്ക് തുല്യയായ ആപൃഥയെ ഞാന്‍ കുറ്റം പറയാറുമില്ല. എണ്ണായിരം ബ്രാഹ്മണന്മാര്‍ ധര്‍മ്മപുത്രന്റെ മന്ദിരത്തില്‍, അഗ്രത്തില്‍, പതിവു പോലെ, പൊന്നിന്‍ കിണ്ണത്തില്‍ ഊണു കഴിക്കുന്നു. പതിനെണ്ണായിരം ഗൃഹസ്ഥന്മാരും, സ്നാതകന്മാരുമായ ദ്വിജന്മാരും ഊണു കഴിക്കുന്നു. ഒരുത്തന് മുപ്പതു ദാസിമാര്‍ വീതമുണ്ട്. ഇവരെയൊക്കെ ധര്‍മ്മപുത്രന്‍ ഭരിക്കുന്നു.
വേറെ നന്നായി പാകം ചെയ്ത ഭോജനം ഊര്‍ദ്ധ്വ രേതസ്സുകളായ യതീന്ദ്രര്‍ക്ക് പതിനായിരം പൊന്‍കിണ്ണങ്ങളില്‍ വിളമ്പുവാന്‍ തയ്യാറാക്കുന്നുണ്ട്. അഗ്രഹാരങ്ങളില്‍ വേദവേദികളായ വിപ്രന്മാരെ ഒക്കെ യഥാര്‍ഹം ഞാന്‍ പൂജിക്കും. അവര്‍ക്കു പാനവസ്ത്രാശനങ്ങള്‍ ഞാന്‍ നൽകും. ശ്രേഷ്ഠനായ കുന്തീസുതന് നൂറായിരം ദാസികളുണ്ട്. അവരൊക്കെ ശംഖു വളയിട്ടവരും പതക്കം കെട്ടിയവരുമാണ്. നല്ല പൂവു ചൂടിയവരും നിറം കൂടിയ ചന്ദനം പൂശിയവരുമാണ്. പാട്ടും കൂത്തും അറിഞ്ഞവരും, നല്ല പൊന്മണി അണിഞ്ഞവരുമാണ്. അവരുടെയൊക്കെ പേരും ആകൃതിയും, ഊണ്, ഉടുപ്പ്, മുതലായവയും അവര്‍ ചെയ്യുന്നതും ചെയ്യാത്തതുമായ പ്രവൃത്തികളും ഒക്കെ ഞാന്‍ അറിയുന്നുണ്ട്. കുന്തീ സുതന്റെ ആ നൂറായിരം ദാസിമാര്‍ പാത്രത്തില്‍ അന്നവുമെടുത്തു രാപ്പകല്‍ പാന്ഥന്മാരെ ഊട്ടുന്നു. നൂറായിരം കുതിരകളും നൂറായിരം ആനകളും ഇന്ദ്രപപസ്ഥം വാഴുന്ന ധര്‍മ്മനന്ദനന് അകമ്പടി സേവിച്ചിരുന്നു. ഇപ്രകാരമായിരുന്നു ഭൂമി ഭരിക്കുന്ന യുധിഷ്ഠിരന്. അവര്‍ക്കു വേണ്ട സംഖ്യാ വിധികളെല്ലാം ചോദിച്ചറിഞ്ഞ് ഞാന്‍ നല്കിയിരുന്നു. അന്തഃപുരത്തിലുള്ള എല്ലാ ഭൃത്യവര്‍ഗ്ഗത്തിനും എല്ലാ ഭാഗത്തും അജപാലകന്മാര്‍ വരെ എല്ലാവരുടേയും കര്‍മ്മങ്ങളില്‍ കൃതങ്ങളും അകൃതങ്ങളുമൊക്കെ ഞാന്‍ കണ്ടിരുന്നു. രാജാവിന് ഉണ്ടാകുന്ന ആയവൃയങ്ങള്‍ എല്ലാം, ഹേ, കല്യാണീ! ഞാന്‍ തന്നെ കാണുന്നു. ഭരതര്‍ഷഭരായ പാണ്ഡവന്മാര്‍ കുടുംബമൊക്കെ എന്നില്‍ ഏല്‍പിച്ചു. അവര്‍ ഉപാസനാ പരന്മാരായി, ഹേ വരാംഗനേ! പ്രയത്നിക്കുന്നു.
ദുഷ്ടുള്ളവര്‍ അടുക്കാതെയുള്ള ഈ ഭാരത്തെ ഞാന്‍ വഹിച്ചു. സുഖമൊക്കെ ഉപേക്ഷിച്ച് ഞാന്‍ രാപ്പകല്‍ യത്നിച്ചു. അധൃഷ്യമായ നിധി സമ്പൂര്‍ണ്ണമാണ്. വരുണന് സമ്പൂര്‍ണ്ണ സമുദ്രം പോലെയാണ് ഭര്‍ത്താക്കന്മാരുടെ ഭണ്ഡാരം. അതു ഞാന്‍ നോക്കുന്നു. രാവും പകലും, വിശപ്പും, ദാഹവും പൊറുത്ത് കൗരവ ശുശ്രൂഷയില്‍ മുഴുകിയ എനിക്ക് രാവും, പകലും ഒപ്പമാണ്. ഞാന്‍ മുന്‍കൂട്ടി ഉണരുകയും ഒടുവില്‍ കിടക്കുകയും ചെയ്യും. സത്യഭാമേ! എന്നെന്നും ഇതാണ് എന്റെ വശ്യ കൗശലം. വലിയതായ ഈ ഭര്‍ത്തൃ വശ്യപ്പണി എനിക്കറിയാം. മുമ്പു പറഞ്ഞ ദുഷ്ടസ്ത്രീകളുടെ നടപടി ഞാൻ ചെയ്യുകയില്ല; ഇച്ഛിക്കുകയുമില്ല.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മം ഇണങ്ങുന്നതായ പാഞ്ചാലിയുടെ മൊഴി കേട്ടപ്പോള്‍, ധര്‍മ്മിഷ്ഠയായ പാര്‍ഷതിയോട് ബഹുമാനത്തോടു കൂടി സത്യഭാമ പറഞ്ഞു: യാജ്ഞസേനീ, ഞാന്‍ നിന്നോടു മാപ്പു ചോദിക്കുന്നു. സഖികളോടു സ്വാതന്ത്ര്യത്തോടു കൂടി സഖികള്‍ക്കു സംസാരിക്കാമല്ലോ! ഞാന്‍ നേരമ്പോക്കു പറഞ്ഞതാണ്, പൊറുക്കണം.
234. ദ്രൗപദീ കര്‍ത്തവ്യ കഥനം - ദ്രൗപദി സത്യഭാമയോടു വീണ്ടും പറഞ്ഞു: ഹേ, സത്യഭാമേ! ഭര്‍ത്താവിന്റെ ഹൃദയം വശീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം ഞാന്‍ ഒന്നു പറഞ്ഞുതരാം. അപ്രകാരം നിന്നാല്‍ സഖീ, നാരിമാരില്‍ നിന്നു ഭര്‍ത്താവിനെ നിനക്കു ഹരിക്കുവാന്‍ കഴിയും. ദേവന്മാര്‍ ചേര്‍ന്ന ഈ ജഗത്തില്‍ ഒരിടത്തും ഇപ്രകാരമുള്ള ദൈവതം ഇല്ല എന്ന് സത്യഭാമേ, നീ ആദ്യമായി അറിയണം. അവന്‍ പ്രസാദിച്ചാല്‍ നിന്റെ ഇഷ്ടമൊക്കെ ലഭിക്കുകയും അവന്‍ കോപിച്ചാല്‍ എല്ലാം മുടിക്കുകയും ചെയ്യും. അവനില്‍ നിന്നു സന്താനങ്ങള്‍, നല്ല ശയ്യകള്‍, ആസനങ്ങള്‍, വസ്ത്രങ്ങള്‍, മാല്യങ്ങള്‍, സുഗന്ധ വസ്തുക്കള്‍, സ്വര്‍ഗ്ഗാലയം, വലിയ യശസ്സ് മുതലായ സുഖങ്ങള്‍ ലഭിക്കും. സുഖം കൊണ്ടു സുഖം നേടുവാന്‍ ഒരിക്കലും ഒരാള്‍ക്കു കഴിയുകയില്ല. ഹേ, സാദ്ധ്വി! ദുഃഖത്തിനാല്‍ മാത്രമേ സുഖങ്ങള്‍ നേടുവാന്‍ ഒക്കുകയുള്ളു.
സുഖത്താല്‍ നേടിടാ സഖ്യം; ദുഃഖത്താല്‍ നേടിടാം സുഖം.
സത്യഭാമേ, നീ വേഴ്ചയാലും, പ്രേമത്തിനാലും, പരിചര്യയാലും കൃഷ്ണനെ സേവിക്കുക.
നല്ല പീഠഭേദങ്ങള്‍, വിശിഷ്ടമാല്യങ്ങള്‍, ഇഷ്ടത്തിന് ചേര്‍ന്ന വിധം പല സുഗന്ധ വസ്തുക്കള്‍ ഇവ കൊണ്ടൊക്കെ പരിചരിച്ചു സേവിക്കുക. ഇവള്‍ക്കു ഞാന്‍ വല്ലഭനാണ് എന്നു നിന്നില്‍ തനിച്ച് ഇണങ്ങുന്ന വിധം നീ ചെയ്തു കൊള്ളുക.
വരന്റെ ശബ്ദം വാതിൽക്കല്‍ കേട്ടാല്‍ ഉടനെ അകത്തു കിടക്കുന്ന നീ എഴുന്നേറ്റു നിൽക്കുക. കടന്നു വന്നാല്‍ അവനെ ഇരുത്തുക. പാദ്യം നല്കി സല്‍കരിക്കുക. തന്റെ തോഴിയെ പ്രേരണ ചെയ്താല്‍ അവിടെ ചെന്നു താന്‍ തന്നെ ഏറ്റ് എല്ലാം നടത്തണം. ഈ പരിചര്യ കണ്ടാല്‍ മുരാരി എന്തു വിചാരിക്കും? ഇവള്‍ എന്നെ ഭജിക്കുന്നവള്‍ തന്നെയാണെന്നു സത്യഭാമേ വിചാരിക്കും.
നിന്റെ മുമ്പില്‍വെച്ച് പതി പറയുന്നതെല്ലാം പരസ്യമായ കാര്യമാണെങ്കിലും ഒളിച്ചു വെയ്ക്കണം, അവ വല്ലതും നിന്റെ ഒരു സപത്‌നി കേട്ടു പറഞ്ഞേക്കാം. അതറിഞ്ഞാല്‍ മുകുന്ദനു നിന്നോടു വിരക്തിയുണ്ടാകും.
പ്രിയന് കൂറുള്ള ഹിതമായ പ്രിയജനങ്ങള്‍ക്കു പല മട്ടിലുള്ള ഭോജ്യം നീ നല്കുക. ഭര്‍ത്താവിന്റെ ശത്രുക്കളാണെങ്കില്‍ അവരോടു താല്പര്യം കാണിക്കാതെ തെറ്റി നിൽക്കണം. വര്‍ജ്ജ്യരായ രിപുക്കളോടും കുടിലാശയരോടും തെറ്റി നിൽക്കുക. മെല്ലെ പുമാന്മാരോടു പറയാതെ, ഭാവം മറയ്ക്കുക; മാനം കൈക്കൊള്ളുക. പ്രദ്യുമ്നന്‍, സാംബന്‍ എന്നീ പ്രിയപുത്രരോടു കൂടിയും രഹസ്സില്‍ നീ ഒന്നിച്ച് ഇരിക്കരുത്. കുലീനമാരായും ദുരിതത്തില്‍ പെടാത്തവരായും ഉള്ള പതിവ്രതകളായ നാരിമാരോട് ഇഷ്ടത്തില്‍ ജീവിക്കുക.
ക്രൗര്യം, വലിയ അന്തസ്സ്, വലിയ ഭക്ഷണക്കൊതി, കളവ്, ദുഷ്ട്, ചഞ്ചലത (അസ്ഥിരത) എന്നിവയുള്ളവരെ വീട്ടില്‍ അടുപ്പിക്കരുത്.
ഇപ്പറഞ്ഞത് യശസ്യവും, ഐശ്വരൃ ദൈവതവും, സ്വര്‍ഗ്ഗവും വിശേഷാല്‍ ഏറ്റവും ശത്രുഹരവുമാണ്. അതു കൊണ്ട് സത്യഭാമേ, നീ ഭര്‍ത്താവിനെ മഹാര്‍ഹമായ പുഷ്പാഭരണങ്ങളാലും അംഗരാഗങ്ങളാലും പുണ്യഗന്ധ വസ്തുക്കളാലും സസ്നേഹം പരിചരിക്കുക.
235. കൃഷ്ണഗമനം - വൈശമ്പായനൻ പറഞ്ഞു; മാര്‍ക്കണ്ഡേയന്‍ മുതലായ വിപ്രന്മാരും മാന്യരായ പാണ്ഡുപുത്രന്മാരും ചേര്‍ന്ന് ഇഷ്ടമായ കഥകള്‍ പറഞ്ഞ് ജനാര്‍ദ്ദനന്‍ അവരോടുകൂടെ പാര്‍ത്തു. പിന്നീട് അവരോടു വേണ്ട വിധം മധുസൂദനന്‍ പറഞ്ഞു. തേരില്‍ കയറുവാനായി സത്യഭാമയെ കേശവന്‍വിളിച്ചു. അപ്പോള്‍ സത്യഭാമ ദ്രൗപദിയെ ആശ്ലേഷിച്ച്, ഇപ്രകാരം ഹൃദ്യമായി പറഞ്ഞു: എടോ, കൃഷ്ണേ ഉല്‍കണ്ഠ വേണ്ട, വ്യസനിക്കരുത്. കരയുകയുമരുത്, വൃസനിച്ച് ഉറക്കം ഒഴിഞ്ഞിരിക്കുകയുമരുത്, ദേവസന്നിഭന്മാരായ ഭര്‍ത്താക്കന്മാര്‍ ജയിച്ച ഭൂമിയെ നീ നേടും. ഇപ്രകാരം ശീലഗുണവും മാന്യലക്ഷണവുമുള്ളവര്‍ ഏറെക്കാലം കുഴങ്ങുകയില്ല. തീര്‍ച്ചയായും ശത്രുക്കള്‍ അറ്റ ഭൂമണ്ഡലത്തെ പ്രിയന്മാരോടു കൂടി നീ അനുഭവിക്കും. നീ ശത്രുക്കള്‍ ഇല്ലാത്തവളായി ഭവിക്കും എന്നു കേട്ടിട്ടുണ്ട്. ധാര്‍ത്തരാഷ്ട്ര കുലത്തെ കൊന്നുമുടിച്ചു പകവീട്ടി യുധിഷ്ഠിരങ്കല്‍ ഈ ഭൂമി വന്നു ചേരുന്നതു നീ തീര്‍ച്ചയായും കാണും. നീ നാടു വിട്ടു പോകുമ്പോള്‍ ഗര്‍വ്വമൗാഢ്യത്താല്‍ ചിരിച്ചവരായ ആ കുരുസ്ത്രീകളൊക്കെ ആശകെട്ടവരായി നിനക്കു കാണുവാന്‍ സാധിക്കും. താമസമില്ല. സങ്കടപ്പെടുന്ന നിന്നില്‍ അപ്രിയം ചെയ്തിരുന്നവര്‍ കാലപുരിക്കു പുറപ്പെട്ടു നില്‍ക്കുന്നവരാണെന്നും പാര്‍ഷതി, നീ ചിന്തിക്കുക. നിന്റെ പുത്രന്മാരായ പ്രതിവിന്ധ്യന്‍, സൂതസോമന്‍, ശ്രുതകര്‍മ്മാവ്, ശതാനീകൻ, ശ്രുതസേനന്‍ ഇവരെല്ലാം കുശലികളും വീരശസ്ത്രജ്ഞരും ആണ്. അഭിമന്യുവിനെ പോലെ അവര്‍ ദ്വാരകയില്‍ വസിക്കുന്നു. സുഭദ്ര നിന്നെപ്പോലെ അവരില്‍ വാത്സല്യത്തോടെ നിൽക്കുന്നു. നിന്റെ മക്കളില്‍ അവള്‍ രണ്ടെന്നില്ലാത്ത വിധം, സ്വന്തം മക്കളോടെന്ന വിധം തന്നെ ഏകമനസ്സായി അവരുടെ സുഖത്തില്‍ സുഖിച്ചും അവരുടെ ദുഃഖത്തില്‍ ദുഃഖിച്ചും മാലെന്നേ വസിക്കുന്നു. മനസ്സു വെച്ച് അവരെ പ്രദ്യുമ്നന്റെ അമ്മയും നോക്കുന്നുണ്ട്. ഭാനു മുതലായ സ്വന്തം പുത്രന്മാരേക്കാളുമേറെ വാത്സല്യത്തോടും ശ്രദ്ധയോടും കൂടി കേശവനും നോക്കുന്നുണ്ട്. അവര്‍ക്കു ഭോജനം, വസ്ത്രങ്ങള്‍ എന്നിവ നല്കുന്നതില്‍ എന്റെ ശ്വശുരന്‍ തല്‍പരനായി അമ്പേഷിക്കുന്നു. അങ്ങനെ രാമാദ്യന്മാരായ അന്ധകവൃഷ്ണികള്‍ എല്ലാവരും അവരെ ആദരിക്കുന്നുണ്ട്. ശോഭനേ, ഞങ്ങള്‍ക്ക് അവരിലും പ്രദ്യുമ്നനിലും കൂറ് ഒപ്പമാണ്. ഇപ്രകാരം ഇഷ്ടമായ സത്യം പറഞ്ഞ് സത്യഭാമ വാസുദേവന്റെ കൂടെ തേരില്‍ കയറുന്നതിനു മുമ്പായി കൃഷ്ണപത്നി കൃഷ്ണയെ വലം വെച്ചു. സത്യഭാമ തേരില്‍ കയറി ഇരുന്നു കൈകൂപ്പി. കേശവന്‍ കൃഷ്ണയെ നോക്കി ഒന്നു കുളുര്‍ക്കെ ചിരിച്ച് ആശ്വസിപ്പിച്ച് ഹയങ്ങളെ ഓടിച്ചു. യദുനായകന്‍ അങ്ങനെ ദ്വാരകയിലേക്ക് തിരിച്ചു.
ഘോഷയാത്രാപര്‍വ്വം
236. ധൃതരാഷ്ട്രന്റെ ഖേദം - ജനമേജയൻ പറഞ്ഞു; ഇപ്രകാരം വനത്തില്‍ പാര്‍ക്കുന്ന രാജാക്കന്മാര്‍ മഞ്ഞും ചൂടും വെയിലും കാറ്റും സഹിച്ച് ആ പുണ്യമായ കാന്താര സരസ്സിൽ എത്തിയതിന് ശേഷം എന്താണു ചെയ്തത്?
വൈശമ്പായനൻ പറഞ്ഞു: സരസ്സിലെത്തിയ പാണ്ഡവന്മാര്‍ ജനവാസമില്ലാത്ത ഒരിടം നോക്കി അവിടെ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കി. ആ പ്രദേശത്തു നിന്നു നോക്കിയാല്‍ രമ്യങ്ങളായ കാടുകളും, പര്‍വ്വതങ്ങളും, നദീപ്രദേശങ്ങളും കാണാമായിരുന്നു. ആ പ്രദേശത്തു താമസിക്കുമ്പോള്‍ സ്വാദ്ധ്യായവാന്മാരും, തപോധനന്മാരും, പുരാണ വേദജ്ഞന്മാരുമായ ബ്രാഹ്മണര്‍ അവിടെ പാണ്ഡവന്മാരെ കാണുവാന്‍ വന്നുചേര്‍ന്നു. ആ നരപുംഗവന്മാര്‍ അവരെ പൂജിച്ചു സ്വാഗതം ചെയ്തു. പാണ്ഡവന്മാരുടെ പൂജയേറ്റ് കുശലങ്ങള്‍ അന്വേഷിച്ചു പോവുകയും ചെയ്തു.
ഒരു ദിവസം കൗരവ രാജധാനിയിൽ എത്തിയ കഥാകുശലനായ ഒരു വിപ്രന്‍ ധൃതരാഷ്ട്ര രാജാവിന്റെ സന്നിധിയിലെത്തി. അവിടെ രാജാവിനാല്‍ സല്‍കൃതനായി ആസനസ്ഥനായ ബ്രാഹ്മണനോട് ധൃതരാഷ്ട്രന്‍ പാണ്ഡവന്മാരുടെ വൃത്താന്തം എന്തൊക്കെയാണെന്ന് അന്വേഷിച്ചു. അതിന് മറുപടിയായി ധര്‍മ്മപുത്രനായ യുധിഷ്ഠിരനും, ഇന്ദ്രപുത്രനായ അര്‍ജ്ജുനനും, വായുപുത്രനായ ഭീമസേനനും, അശ്വിനീ പുത്രന്മാരായ നകുലസ ഹദേവന്മാരും കാറ്റും വെയിലും കൊണ്ടു വലഞ്ഞ് ഘോരദുഃഖത്തില്‍ ആര്‍ത്തരായി മെലിഞ്ഞു തളര്‍ന്നു കഴിയുന്നതും, വീരന്മാരുടെ നാഥയും സല്‍ഗുണ വതിയുമായ ദ്രുപദപുത്രി അനാഥയെ പോലെ ക്ലേശിക്കുന്നതുമായ വൃത്താന്തം സവിസ്തരം പറഞ്ഞു കേള്‍പ്പിച്ചു. ബ്രാഹ്മണന്‍ പറഞ്ഞതു കേട്ടപ്പോള്‍ ധൃതരാഷ്ട്രന്റെ ഹൃദയം തളര്‍ന്നു പോയി. ആ രാജപുത്രന്മാര്‍ കാട്ടില്‍ ചുറ്റിനടന്ന് അഴല്‍പ്പുഴയില്‍ ഒഴുകുന്നതിനുള്ള കാരണം താന്‍ തന്നെ ആണെന്നുള്ള വിചാരം അദ്ദേഹത്തിന്റെ മനസ്സിനെ അലിയിച്ചു. നിശ്വാസത്താല്‍ വിവശനായ രാജാവ് മനസ്സ് ഉറപ്പിച്ച്‌പ ലതും പറഞ്ഞു വിലപിച്ചു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: ആര്യസ്വഭാവനും, ശുചിയും, സത്യവാനും, അജാതശത്രുവും, എന്റെ പുത്രന്മാരില്‍ ജ്യേഷ്ഠനുമായ ധര്‍മ്മരാജന്‍ മുമ്പ് മൃദുരോമം കൊണ്ടുണ്ടാക്കിയ മെത്തയില്‍ കിടന്നു ശീലിച്ചവനാണ്. ഇപ്പോള്‍ അവന്‍ വെറും നിലത്ത്‌എങ്ങനെയാണ് കിടന്നു കഴിയുന്നത്! മാഗധന്മാരും സൂതന്മാരും നിത്യം സ്തോത്രം ചെയ്ത് ഉണര്‍ത്തിയിരുന്ന ആ ഇന്ദ്രകല്പന്‍ ഇപ്പോള്‍ മണ്ണില്‍ കിടന്ന് ഉറങ്ങുമ്പോള്‍, നേരം പ്രഭാതമാകുമ്പോള്‍, കാട്ടുപക്ഷികളുടെ ശബ്ദം കേട്ടായിരിക്കും ഉണരുന്നത്! കാറ്റും വെയിലുമേറ്റു തളര്‍ന്നു വലഞ്ഞ് കോപത്തില്‍ മഗ്നനായ വൃകോദരൻ - ആ മനോഹരാംഗന്‍ - പാഞ്ചാലി കാണ്‍കെ തന്നെ വെറും മണ്ണില്‍ കിടക്കുകയാണല്ലോ. എപ്പോഴും യുധിഷ്ഠിരന്റെ ചൊല്‍പ്പടിക്കു നിൽക്കുന്നവനും മനസ്വിയും സുകുമാരനുമായ അര്‍ജ്ജുനന്‍ ദേഹം വേദനിക്കുമ്പോള്‍ അമര്‍ഷം മൂലം രാത്രിയൊന്നും ഉറങ്ങുകയുണ്ടാകയില്ല. മാദ്രേയരേയും, കൃഷ്ണയേയും, യുധിഷ്ഠിരനേയും ഭീമനേയും സുഖഹീനരായി കണ്ട് അമര്‍ഷത്താല്‍ സര്‍പ്പത്തെപ്പോലെ നിശ്വസിച്ചു കൊണ്ട് ഉഗ്രതേജസ്വിയായ അര്‍ജ്ജുനന്‍ ഒരു രാവിലും ഉറങ്ങുകയുണ്ടാവില്ല. ദേവകുമാരന്മാരെ പോലെ രൂപസമ്പന്നരായ മാദ്രേയന്മാര്‍ സുഖത്തിന് അര്‍ഹരായിരുന്നിട്ടും സത്യധര്‍മ്മങ്ങളാല്‍ ബദ്ധരായി അടങ്ങി വാഴേണ്ടി വരികയാല്‍ ഇപ്പോള്‍ ദുഃഖിതരും അശാന്തരുമായി ഒട്ടും ഉറക്കമില്ലാതെ ദിവസങ്ങള്‍ കഴിക്കുകയാവാം. ബലം കൊണ്ടു വായുതുല്യനായ വായുപുത്രന്‍, തന്റെ ജ്യേഷ്ഠനായ ധര്‍മ്മപുത്രനാല്‍ ധര്‍മ്മപാശ ബദ്ധനായി അമര്‍ഷം സഹിച്ച്, ആ മഹാബലന്‍, തീര്‍ച്ചയായും നിശ്വസിച്ചു കിടക്കുക ആയിരിക്കും. ആ യോധ ശ്രേഷ്ഠനായ ഭീമന്‍ എന്റെ മക്കളെ കൊല്ലുവാന്‍ കാംക്ഷിച്ച്, സത്യധര്‍മ്മങ്ങളാല്‍ ബദ്ധനായതു കൊണ്ട് പെട്ടെന്നു ചെയ്യുവാന്‍ കഴിവില്ലാത്തവൻ ആകയാല്‍ അതിനുള്ള കാലം പാര്‍ത്ത് മണ്ണില്‍ കിടന്ന് ഉരുളുന്നുണ്ടാകും. അജാതശത്രുവായ ധര്‍മ്മപുത്രനെ വഞ്ചനയാല്‍ ജയിച്ചതും ദുശ്ശാസനന്‍ പരുഷ വാക്കുകള്‍ പറഞ്ഞതും ഉണക്കപ്പുല്ലില്‍ പിടിപെട്ട വനവഹ്‌നി വൃക്ഷങ്ങളെയെന്ന പോലെ വൃകോദരന്റെ ഹൃദയത്തില്‍ കടന്ന് അവന്റെ ദേഹത്തെ ദഹിപ്പിക്കുന്നുണ്ടാകും. പാപവിചാരം ഒരിക്കലും ധര്‍മ്മപുത്രന് ഉണ്ടായിരിക്കയില്ല. ധനഞ്ജയന്‍ എപ്പോഴും ധര്‍മ്മപുത്രനെ അനുസരിച്ചു നിൽക്കും. വൃകോദരനിലാകട്ടെ, വനവാസം മൂലം, കാറ്റിനാല്‍ അഗ്നിക്കെന്ന വിധം കോപം വര്‍ദ്ധിക്കും! ആ വീരന്‍ തന്റെ കൈ രണ്ടും തന്നത്താന്‍ കൂട്ടി ഞെരിച്ച് സഹിക്ക വയ്യാത്ത കോപത്തോടെ എന്റെ പുത്രപൗത്രന്മാരെ ഒക്കെ ദഹിപ്പിക്കുമാറ് ചുടുനെടുവീര്‍പ്പു വിടുന്നുണ്ടാകും. മഹാവീര്യന്മാരും അന്തക സമന്മാരുമായ ഭീമാര്‍ജ്ജുനന്മാര്‍ വജ്രം പോലെയുള്ള ശരങ്ങള്‍ ചൊരിഞ്ഞു ശത്രുസൈന്യത്തെ നാമാവശേഷമാക്കും.
ചൂതുകളിച്ചു രാജ്യത്തെ അപഹരിച്ചു വാഴുന്ന ദുര്യോധനന്‍, ശകുനി, സൂതപുത്രനായ കര്‍ണ്ണന്‍, ദുശ്ശാസനന്‍ എന്നിവര്‍ കേവലം മന്ദബുദ്ധികളാണ്. അവര്‍ തേന്‍ കണ്ട് അതു കയ്യിലാക്കുവാന്‍ ഓടിച്ചെല്ലുന്നു. എന്നാൽ ആ പോക്കില്‍ കീഴോട്ടു നോക്കായ്ക മൂലം കാല്‍തെറ്റി കുണ്ടില്‍ വിഴുന്നതിനെ പറ്റി ചിന്തിക്കുന്നതേയില്ല.
ശുഭമോ അശുഭമോ ആയ കര്‍മ്മങ്ങള്‍ ചെയ്ത് ആ കര്‍മ്മങ്ങളുടെ കര്‍ത്താവായ മനുഷ്യന്‍ അവയുടെ ഫലങ്ങളെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു. ആ ഫലങ്ങളാൽ മോഹിതനായി, അവശനായി കഴിയുന്ന മനുഷ്യന് എങ്ങനെ അവയില്‍ നിന്നു മോചനമുണ്ടാകും? വയല്‍ നല്ലപോലെ ഉഴുതുമറിച്ച്, കേടില്ലാത്ത വിത്തുകള്‍ വിതച്ചതു കൊണ്ടു മാത്രമായില്ല. കാലം തെളിഞ്ഞു നല്ലപോലെ മഴപെയ്താല്‍ മാത്രമേ അതില്‍ നിന്നു ഫലം സിദ്ധിക്കുകയുള്ളു. ദൈവമാണ് ഫലപ്രാപ്തിക്കെല്ലാം ഹേതു. വൃദ്ധജനം ചെയ്ത ഹിതോപദേശങ്ങള്‍, എന്റേയും എന്റെ പുത്രന്മാരുടേയും ഹൃദയത്തില്‍ ഒട്ടും തന്നെ ഫലിക്കാതെ പോയത് കാലംപിഴച്ചു നിൽക്കുന്നതു കൊണ്ടാണ്. സാധുവൃത്തനായ ആ പാണ്ഡവനെ സംബന്ധിച്ച് ശകുനി അശുഭകര്‍മ്മത്തില്‍ ഏർപ്പെട്ടപ്പോള്‍ ഞാന്‍ തടയാതെ അതിനെ ശരി വെക്കുകയാണു ചെയ്തത്. കൗരവന്മാര്‍ക്കു നാശകാലം അടുത്തതു കൊണ്ട് എനിക്ക് അങ്ങനെ ചെയ്യുവാന്‍ തോന്നി. ഗര്‍ഭിണിയായവള്‍ പ്രസവിക്കും. രാവു നീങ്ങിയാല്‍ പകല്‍ വരും, പകല്‍ ഒടുങ്ങിയാല്‍ രാത്രിവരും, ഇതൊക്കെ തീര്‍ച്ചയായ കാര്യമാണ്. പാപവിചാരം അകത്തു കടന്നാല്‍ നാശഫലവും നിശ്ചയമായും ഉണ്ടാകും. അതിന് യാതൊരു മാറ്റവും ഉണ്ടാവുകയില്ല. സുഖദുഃഖങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കും. എന്റെ പുത്രന്മാരുടെ സുഖകാലവും പാണ്ഡുപുത്രന്മാരുടെ ദുഃഖകാലവും അസ്തമിക്കാറായിരിക്കുന്നു. ഈ ഞങ്ങള്‍ക്കു ദുഃഖവും, അവര്‍ക്കു സുഖവും ഉദിക്കാറായി. എല്ലാം ദൈവഗതിയാണ്.
ഈ പാപത്തില്‍ ഞാന്‍ എന്തു കൊണ്ടു കൈകടത്തി? ആവുന്നതെല്ലാം ചെയ്ത് അന്യനില്‍ നിന്നു ധനം നേടുന്നതു മനുഷ്യ സ്വഭാവമാണ്. സാധുജനങ്ങള്‍ പോലും വിത്തത്തെ കൈവിടുന്നില്ല. വിത്തം നേടുന്നതില്‍ കഷ്ടപ്പാടുകള്‍ ഉണ്ടായാലും ഉപായങ്ങള്‍ പലതും പ്രയോഗിച്ച് അതു നേടുവാന്‍ മനുഷ്യന്‍ ശ്രമിക്കുക തന്നെ ചെയ്യും. നേടിയ വിത്തത്തെ കൂട്ടു പിരിയാതെയും ഇറ്റിറ്റു നഷ്ടപ്പെട്ടു പോകാതേയും തുള്ളിത്തുളുമ്പി തെറിച്ചു പോകാതേയും കാത്തു സൂക്ഷിക്കേണ്ടതു മനുഷ്യന്റെ ചുമതലയാണ്. അപ്രകാരം രക്ഷിച്ചില്ലെങ്കില്‍ അതു ക്ഷണം കഷണമായി വേര്‍പെട്ട് ചിതറിത്തെറിച്ചു നശിച്ചു പോകും. അതുകൊണ്ടാണ് പാണ്ഡവന്മാര്‍ക്ക് അര്‍ദ്ധരാജ്യമോ അവര്‍ക്കുള്ള അംശമോ അഞ്ചു ഗ്രാമമോ ഞാന്‍ ഭാഗിച്ചു കൊടുക്കാതിരുന്നത്. ഈ വിത്താര്‍ജ്ജനം കൊണ്ടു പുത്രനാശം സംഭവിക്കുമെങ്കില്‍ അതു ലംഘിക്കുവാന്‍ വയ്യാത്ത ദൈവവിധിയാണെന്നു സമാധാനിക്കയല്ലാതെ എന്താണു ഗത്യന്തരം?
രാജ്യഭൃഷ്ടനും ദരിദ്രനുമായി കൊടുംകാട്ടില്‍ ചുറ്റി നടക്കേണ്ടി വന്നിട്ടും ആ നിലയില്‍ തന്നെ അര്‍ജ്ജുനന്‍ ഇന്ദ്രലോകത്തു ചെന്നു ദിവ്യാസ്ത്രങ്ങളെല്ലാം നേടി ഭൂമിയിലേക്കു തിരിച്ചു വന്നിരിക്കുന്നു പോലും! അവന്റെ വീര്യം നോക്കൂ! അങ്ങനെയുള്ള പാണ്ഡവന്മാര്‍ക്ക് അര്‍ദ്ധരാജ്യം കിട്ടിയാലത്തെ കഥ എന്താകും? ശരീരത്തോടു കൂടി സ്വര്‍ഗ്ഗത്തിലേക്കു ചെല്ലുവാന്‍ കഴിഞ്ഞ ഏതു മനുഷ്യനാണ് പിന്നീടു തിരിച്ചു വരുവാന്‍ ആഗ്രഹിക്കുക?അര്‍ജ്ജുനന്‍ അങ്ങനെ ചെയ്തത് കാലഹതന്മാരായ കൗരവന്മാര്‍ കൂട്ടത്തോടെ മരണത്തിലേക്കു പതിക്കുന്നതു സ്വര്‍ഗ്ഗത്തില്‍ നിന്നു കണ്ടിട്ടാണ്. സവ്യസാചി മഹാ ധനുര്‍ദ്ധരനാണ്. അവന്റെ ചാപം മഹാവേഗമായ ഗാണ്ഡീവമാണ്. അവന്റെ അസ്ത്രങ്ങള്‍ ദിവ്യങ്ങളാണ്. ഈ മൂന്നു തേജസ്സും സഹിക്കുവാന്‍ ആര്‍ക്കാണു കഴിയുക!
ധൃതരാഷ്ട്ര രാജാവു പറഞ്ഞ ഈ വാക്കുകളെല്ലാം സുബല പുത്രനായ ശകുനി ഒളിച്ചു നിന്നു കേട്ടു. ഉടനെ ചെന്നു കര്‍ണ്ണനോടു കൂടിയിരിക്കുന്ന ദുര്യോധനനോട് എല്ലാം പറഞ്ഞു. അല്പ ബുദ്ധിയായ ദുര്യോധനന്‍ തന്റെ പിതാവിന്റെ വിചാരഗതി ചിന്തിച്ച് അസന്തുഷ്ടനായി തീര്‍ന്നു.
237. കര്‍ണ്ണ ശകുനി വാക്യം - വൈശമ്പായനൻ പറഞ്ഞു; ധൃതരാഷ്ട്രന്റെ വാക്കുകള്‍ മറഞ്ഞു നിന്നു കേട്ട ശകുനി ഉടനെ ചെന്നു കര്‍ണ്ണനോടു കൂടിയിരിക്കുന്ന ദുര്യോധനനോട് എല്ലാം പറഞ്ഞു. ഇതു കേട്ടപ്പോള്‍ ദുര്യോധനന് വിഷാദമയമായ വിചാരമായി. കര്‍ണ്ണന്‍ ദുര്യോധനന്റെ സ്ഥിതി കണ്ടു സാന്ത്വനം ചെയ്തു.
കര്‍ണ്ണന്‍ പറഞ്ഞു: വീരന്മാരായ പാണ്ഡവന്മാരെ എല്ലാം ഭവാന്‍ സ്വന്തം വീര്യം കൊണ്ട് അകറ്റിയോടിച്ച്, സ്വര്‍ഗ്ഗം ഭരിക്കുന്ന ഇന്ദ്രനെപ്പോലെ, ഈ ഭൂമിയെല്ലാം ഏകനായി ഭരിച്ചാലും! തെക്കും, വടക്കും, കിഴക്കും പടിഞ്ഞാറുമുള്ള സകല രാജാക്കന്മാരും ഭവാന് ഇപ്പോള്‍ കപ്പം തരുന്നുണ്ടല്ലോ? പണ്ട് പാണ്ഡവന്മാരെ സേവിച്ചിരുന്ന ലക്ഷ്മി ഇന്നു ഭ്രാതൃഗണത്തോടു കൂടിയ ഭവാനെയാണു സേവിക്കുന്നത്. അന്ന് ഇന്ദ്രപസ്ഥത്തില്‍ വച്ചു യുധിഷ്ഠിര രാജാവില്‍ വിളങ്ങിയിരുന്ന ശ്രീ ഇന്ന് ഭവാനിലാണു പരിലസിക്കുന്നത്. യുധിഷ്ഠിരനില്‍ നിന്നു ഭവാന്‍ ബുദ്ധികൗശലത്താല്‍ സ്വന്തമാക്കിയ ലക്ഷ്മി ഇപ്പോള്‍ സവിശേഷം ഭവാനില്‍ ശോഭിച്ചു കൊണ്ടിരിക്കുന്നു.
രാജാക്കന്മാരെല്ലാം തങ്ങള്‍ ചെയ്യേണ്ടതെന്തെന്ന് അറിയുവാന്‍ ഭവാന്റെ അരുളപ്പാടു കേള്‍ക്കുവാന്‍ ഇതാ സന്നദ്ധരായി കിങ്കരന്മാരായി നിൽക്കുന്നു. മഹാബാഹോ, ചിന്തിച്ചു നോക്കൂ! നാടുകളും, കാടുകളും, പര്‍വ്വതങ്ങളും, നദികളും ചേര്‍ന്ന ഈ ഭൂമണ്ഡലം ആഴി ചൂഴുന്ന ഈ ഊഴി മുഴുവന്‍ ഭവാനു കീഴിലായിരിക്കുന്നു. വാനിലെ വിണ്ണവര്‍ക്കിടയില്‍ ആദിത്യനെന്ന പോലെ പൗരുഷത്താല്‍ ഉജ്ജ്വലിക്കുന്ന ഭവാനെ ബ്രാഹ്മണര്‍ സ്തുതിക്കുകയും, രാജാക്കന്മാര്‍ പൂജിക്കുകയും ചെയ്യുന്നു. രുദ്രന്മാരോടു കൂടിയ യമനെപ്പോലെയും, മരുത്തുക്കളോടു കൂടിയ ഇന്ദ്രനെപ്പോലെയും, നക്ഷത്രങ്ങളോടു കൂടിയ ചന്ദ്രനെപ്പോലെയും ഭവാന്‍ കൗരവന്മാരോടു ചേര്‍ന്നു ശോഭിക്കുന്നു. ഭവാന്റെ ശാസനയിന്‍ കീഴില്‍ നിൽക്കുകയോ ഭവാന്റെ ആജ്ഞയെ ആദരിക്കുകയോ ചെയ്യാത്തതു മൂലം പാണ്ഡവന്മാര്‍ ശ്രീ നശിച്ചു വനവാസികളായി തീര്‍ന്നിരിക്കുന്നു.
ദ്വൈതവനത്തിലെ സരസ്തീരത്തില്‍ വനവാസികളായ വിപ്രന്മാരോടു കൂടി പാണ്ഡവന്മാര്‍ ജീവിച്ചു വരുന്നതായി കേള്‍ക്കുന്നു. തേജസ്സു കൊണ്ട് ആദിത്യ സന്നിഭനും പരമശ്രീ പൂര്‍ണ്ണനുമായ മഹാരാജാവേ, ഭവാന്‍ പാണ്ഡവന്മാരെ സന്തപിപ്പിക്കുവാനായി അങ്ങോട്ടു പുറപ്പെടുക. ഭവാന്റെ ഐശ്വര്യ ദീപ്തിയില്‍ അവരുടെ തേജസ്സു നിഷ്പ്രഭമാകട്ടെ. രാജ്യം ഭരിക്കുന്നവന്‍ രാജ്യം പോയവരെ, ശ്രീയാര്‍ന്നവന്‍ ശ്രീവിഹീനന്മാരെ, സമൃദ്ധിയുള്ളവന്‍ സമൃദ്ധിയില്ലാത്തവരെ, ദുര്യോധനന്‍ പാര്‍ത്ഥന്മാരെ, ഒന്നു കാണട്ടെ! മഹത്തായ ആഭിജാത്യം തികഞ്ഞ് മംഗളം തികഞ്ഞ ഭവാനെ, നഹുഷ പുത്രനായ യയാതിയെ എന്ന പോലെ, പാണ്ഡവന്മാര്‍ കാണട്ടെ!
പുരുഷനില്‍ പ്രകാശിക്കുന്ന ഏതൊരു ശ്രീ മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഒരുപോലെ ദൃഷ്ടിവിഷയം ആകുന്നുവോ ആ ശ്രീ തന്നെയാണ് മിത്രങ്ങള്‍ക്കു ഹര്‍ഷവും ശത്രുക്കള്‍ക്ക് ശോകവും ഒരേ കാലത്തു വളര്‍ത്തുന്നത്. മലയുടെ മുകളില്‍ നിന്ന് താഴെ നിൽക്കുന്നവരെ എന്നപോലെ, സ്വസ്ഥനായി സുഖിച്ചു വാഴുന്നവന്‍ അസ്വസ്ഥനായി വിഷമിക്കുന്ന തന്റെ ശത്രുവിനെ നേരിട്ടു ചെന്നു നോക്കി കാണുന്നതില്‍ പരം സുഖം മറ്റെന്തുണ്ട്? ശത്രുദുഃഖം കാണുന്നതിനേക്കാള്‍ സുഖം പുത്രലാഭം കൊണ്ടോ, ധനലാഭം കൊണ്ടോ, സര്‍വ്വ രാജ്യലാഭം കൊണ്ടു തന്നെയോ ഉണ്ടാകുന്നതല്ല. മരത്തോലോ, മൃഗത്തോലോ ഉടുത്തു കാട്ടില്‍ വെറും പര്‍ണ്ണശാലയില്‍ ഇരിക്കുന്ന ആ കിരീടിയെ കൃതാര്‍ത്ഥനായ ഭവാന്‍ നേരിട്ടു ചെന്നു കാണുകയാണെങ്കില്‍ അതിലപ്പുറമായി ഭവാന് എന്തു സുഖമാണു വേണ്ടത്? വൽക്കലം ചുറ്റി ദുഃഖിതയായി മേവുന്ന കൃഷ്ണയെ പട്ടുടയാട ചാര്‍ത്തിയ ഭവാന്റെ ഭാര്യമാര്‍ അവിടെ ചെന്ന് ഒന്നു കാണട്ടെ! അവരെ കണ്ട് ആ കൃഷ്ണ വീണ്ടും മാഴ്കട്ടെ! അവള്‍ അവളുടെ ഐശ്വരൃ ഹീനമായ ജീവിതത്തെ തന്നത്താന്‍ നിന്ദിക്കട്ടെ! സഭയില്‍ വച്ച് അവള്‍ അന്നു കാണിച്ച ധിക്കാരത്തിന്, സദസ്സില്‍ വച്ചു കാണിച്ച അധിക പ്രസംഗത്തിന്, അവള്‍ക്ക് ഇങ്ങനെയൊക്കെ പറ്റുകു തന്നെ വേണം. അതിഭംഗിയില്‍ അലങ്കരിച്ചു വിളങ്ങുന്ന ഭവാന്റെ പത്നികളെ കണ്ട് അവളുടെ മനസ്സ് ഇടിയട്ടെ!
വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്‍ ദുര്യോധനനോട് ഇപ്രകാരം പറഞ്ഞു: ശകുനി കര്‍ണ്ണന്റെ അഭിപ്രായത്തെ ശരിവച്ചു. ഹേ, ജനമേജയാ! രണ്ടുപേരും അല്പസമയം മൗനമായി ഇരുന്നു.
238. ഘോഷയാത്രാ മന്ത്രണം - വൈശമ്പായനന്‍ പറഞ്ഞു: കര്‍ണ്ണന്‍ പറഞ്ഞതു കേട്ട് ദുര്യോധനന്‍ ആദ്യം ഒന്നു സന്തോഷിച്ചു എങ്കിലും പിന്നീട് മ്ലാനഭാവത്തോടെ പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു; ഹേ, കര്‍ണ്ണാ! നീ പറഞ്ഞതൊക്കെ ഞാനും ചിന്തിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. പാണ്ഡവന്മാര്‍ വസിക്കുന്ന ദിക്കിലേക്കു പോകുവാന്‍ അച്ഛന്‍ എന്നെ അനുവദിക്കുകയില്ല. ആ വീരന്മാരെ പറ്റി ഓര്‍ത്ത് ധൃതരാഷ്ട്ര മഹാരാജാവ് വൃഥാ രോദനം ചെയ്യുന്നത് നീ കാണുന്നില്ലേ? തപോബലം കൊണ്ട് പാണ്ഡവന്മാര്‍ നമ്മളേക്കാള്‍ മേലെയാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. നമ്മുടെ ഈ പരിപാടി രാജാവ് അറിഞ്ഞേക്കാം. അപ്പോള്‍ അദ്ദേഹം ഭാവിശ്രേയസ്സിനെ ചിന്തിച്ച് പോകരുതെന്നു മുടക്കും.
"ദ്വൈതവനത്തിലേക്ക് ഈ സന്ദര്‍ഭത്തില്‍ പോകേണ്ട ആവശ്യമൊന്നും കാണുന്നില്ല; അവരെ കാട്ടില്‍ നിന്ന് ഓടിക്കുക എന്ന ഒരു ആവശ്യമല്ലാതെ", എന്നും അച്ഛന്‍ വിചാരിക്കും. ചൂതുകാലത്തു വിദുരന്‍ എന്നോടും ഭവാനോടും സൗബലനോടും പറഞ്ഞതൊക്കെ ഭവാന്‍ ഓര്‍ക്കുന്നില്ലേ? ആ വാക്കുകളും പിന്നീടുണ്ടായ ആവലാതികളും ചിന്തിച്ചാല്‍ എനിക്കു പാണ്ഡവന്മാര്‍ താമസിക്കുന്നേടത്തു ചെല്ലുവാനോ അവരെ കാണുവാനോ അച്ഛന്റെ അനുവാദം കിട്ടുകയില്ല എന്നുള്ളതു തീര്‍ച്ചയാണ്.
ഭീമനും അര്‍ജ്ജുനനും കൃഷ്ണയോടു കൂടി കാട്ടില്‍ കിടന്നു കുഴങ്ങുന്നതു കാണുവാന്‍ എനിക്കു വലുതായ സന്തോഷമുണ്ട്. തോലും വൽക്കലവും ചുറ്റിയ പാണ്ഡവന്മാരെ കാണുന്നേടത്തോളം സന്തോഷം എനിക്ക് ഈ ഭൂമി മുഴുവന്‍ കിട്ടിയാല്‍ പോലും ഉണ്ടാവുകയില്ല. ദ്രുപദപുത്രിയായ പാഞ്ചാലി കാഷായവസ്ത്രം ധരിച്ച് കാട്ടില്‍ നടക്കുന്നത് എനിക്കു കാണുവാന്‍ കഴിഞ്ഞാല്‍ അതില്‍ അപ്പുറമായി എന്തു സന്തോഷമാണ് എനിക്ക് ഉണ്ടാകേണ്ടത്? മഹാലക്ഷ്മിയോടു കൂടിയ എന്നെ ഈ ധര്‍മ്മരാജനും ഭീമസേനനും കാണുന്നതായാലേ എന്റെ ജീവിതം ജീവിതമാകയുള്ളു. അന്നു ഞാന്‍ ഉശിരുള്ളവനായി: എന്നാൽ ആ വനത്തിലേക്കു പോകുന്നതിന് ഞാന്‍ ഉപായമൊന്നും കാണുന്നില്ല. അങ്ങോട്ടു പോകുവാന്‍ മഹാരാജാവില്‍ നിന്ന്‌എങ്ങനെ അനുവാദം കിട്ടും? നമുക്ക് ആ വനത്തിലേക്കു പോകുവാന്‍ തക്കതായ ഉപായം ഭവാന്‍ ശകുനിയോടും ദുശ്ശാസനനോടും കൂടി ആലോചിച്ച് കണ്ടുപിടിക്കുക. ഞാന്‍ വനയാത്രയ്ക്കും നാം ആലോചിച്ച മറ്റു കാര്യങ്ങള്‍ക്കും ഒരുങ്ങി മഹാരാജാവിന്റെ സന്നിധിയിലേക്ക് പ്രഭാതത്തില്‍ തന്നെ ചെല്ലാം. ഞാനും ഭീഷ്മപിതാമഹനും മഹാരാജാവും സ്ഥിതി ചെയ്യുന്ന ഘട്ടത്തില്‍, ഭവാന്‍ സൗബലനോടു കൂടി വന്നു നിങ്ങള്‍ കണ്ടുവെച്ച ഉപായം അവിടെ പ്രസ്താവിക്കണം. അപ്പോള്‍ രാജാവും ഭീഷ്മനും പറയുന്നത് എന്താണെന്നു കേട്ടിട്ടു വേണം പിതാമഹനെ പ്രസാദിപ്പിച്ച് യാത്രയ്ക്ക് ഒരുങ്ങുവാന്‍.
വൈശമ്പായനൻ പറഞ്ഞു: അപ്രകാരമാകാമെന്നു പറഞ്ഞ് അവരെല്ലാവരും പിരിഞ്ഞു. ആ രാത്രി കഴിഞ്ഞു. പ്രഭാതമായപ്പോള്‍ കര്‍ണ്ണന്‍ ദുര്യോധനന്റെ മുന്നില്‍ എത്തി. ദുര്യോധനനെ കണ്ട് പുഞ്ചിരിയോടെ കര്‍ണ്ണന്‍ പറഞ്ഞു.
കര്‍ണ്ണന്‍ പറഞ്ഞു: ഞാന്‍ ഉപായം കണ്ടുപിടിച്ചു. ദ്വൈതവനത്തില്‍ ചെന്ന് അവിടെയുള്ള ഘോഷങ്ങള്‍ (ഗോശാലകള്‍) എല്ലാം പരിശോധിക്കേണ്ടത് രാജാവായ ഭവാന്റെ ചുമതലയാണ്. അതു കൊണ്ട് ഘോഷയാത്രയുടെ (ഗോശാലയിലേക്കുള്ള യാത്ര) പേരു പറഞ്ഞ് നമുക്കു കാര്യം സാധിക്കാം. പലപ്പോഴും ഘോഷയാത്ര ചെയ്യേണ്ടത് രാജധര്‍മ്മത്തിന് ഉചിതമാകയാല്‍ അതിലേക്കുള്ള പുറപ്പാടിനെ അച്ഛന്‍ തടയുകയില്ല.
വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്റെ ഈ ഉപായം കേട്ടപ്പോള്‍ ശകുനിയും ചിരിച്ചു. അവര്‍ മൂന്നു പേരും സന്തോഷം കവിഞ്ഞു കവിഞ്ഞ് വീണ്ടും വീണ്ടും ചിരിച്ചു.
ശകുനി പറഞ്ഞു: ഈ സൂത്രം പറ്റി. ഇത് ഞാനും ചിന്തിച്ചതാണ്. ഘോഷയാത്രാ വ്യാജേന നമുക്കു പോകാം. രാജാവ് സമ്മതിക്കാതിരിക്കയില്ല.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് അവര്‍ പരസ്പരം കൈകൊടുത്ത് വീണ്ടും വീണ്ടും ചിരിച്ചു.
239. ദുര്യോധന പ്രസ്ഥാനം - വൈശമ്പായനൻ പറഞ്ഞു:ഹേ, ജനമേജയാ! എല്ലാവരും പോയി ധൃതരാഷ്ട്ര മഹാരാജാവിനെ കണ്ടു. അവര്‍ രാജസന്നിധിയില്‍ കുശലപ്രശ്നങ്ങളും അഭിവാദനവും കഴിഞ്ഞു നിൽക്കുമ്പോള്‍, അവര്‍ കാലേ കണ്ടു ഗൂഢമായി ആസൂത്രണം ചെയ്ത പരിപാടി അനുസരിച്ച് സമംഗന്‍ എന്ന പശുപാലന്‍ രാജാവിന്റെ മുമ്പില്‍ എത്തി പശുക്കളുടെ വൃത്താന്തം അറിയിച്ചു. ഈ സന്ദര്‍ഭം നോക്കി കര്‍ണ്ണനും ശകുനിയും തങ്ങള്‍ കരുതി വെച്ച ഉപായം പ്രയോഗിക്കുവാന്‍ തീരുമാനിച്ചു.
അവര്‍ പറഞ്ഞു: മഹാരാജാവേ! രമണീയ വനപ്രദേശങ്ങളില്‍ നമുക്ക് പല ഗോശാലകളും ഉണ്ടല്ലോ. അവിടെയൊക്കെ ചെന്ന് ഗോക്കളുടെ സംഖ്യയും അവയുടെ പ്രായം, വര്‍ണ്ണം, ഇനം, പേര്‍ എന്നിവയുമൊക്കെ രേഖപ്പെടുത്തണം. പശുക്കുട്ടികളെ മുദ്ര വെക്കുകയും വേണം. അതിനുള്ള കാലമായി. വിശേഷിച്ച് വേട്ടയാടുന്നത് അവിടത്തെ പുത്രന് നല്ലതുമാണ്. അതുകൊണ്ട് ദുര്യോധനന് വനത്തില്‍ പോകുവാന്‍ ഭവാന്‍ അനുജ്ഞ നല്കിയാലും!
ധൃതരാഷ്ട്രന്‍ പറഞ്ഞു: മകനേ, നായാട്ടും ഗോപരിശോധനയും നല്ലതു തന്നെ. പശുപാലന്മാരെ വിശ്വസിച്ച് നാം ഒന്നും നോക്കാതിരിക്കുന്നതു നല്ലതല്ല. എന്നാൽ എനിക്ക് ഒരു കാര്യം പറയുവാനുണ്ട്. ആ നരവ്യാഘ്രന്മാരായ പാണ്ഡവന്മാര്‍ അവിടെ അടുത്തെങ്ങോ ഉള്ളതായി ഞാന്‍ കേട്ടു. അതു കൊണ്ട് നിങ്ങള്‍ തനിച്ച് അങ്ങോട്ടു ചെല്ലുന്നത് ബുദ്ധിപൂര്‍വ്വകമായിഎനിക്കു തോന്നുന്നില്ല. നിങ്ങള്‍ അവരെ ജയിച്ചതു വഞ്ചന കൊണ്ടാണ്. അവര്‍ തന്മൂലം ഇപ്പോള്‍ കാട്ടില്‍ കിടന്നു കഷ്ടപ്പെടുകയാണ്. അവര്‍ക്കു നിങ്ങളില്‍ പകയുണ്ട്. അവര്‍ സമര്‍ത്ഥന്മാരും മഹാരഥന്മാരുമാണ്. മാത്രമല്ല, തപോനിതൃന്മാരുമാണ്. ധര്‍മ്മരാജന് ക്രോധമില്ലെന്ന് എനിക്കറിയാം. എന്നാൽ അങ്ങനെയല്ല ഭീമസേനന്‍. അവന്‍ അമര്‍ഷണനാണ്. യാജ്ഞസേനി ആകട്ടെ, അഗ്നിയെപ്പോലെ കേവലം തേജോമൂര്‍ത്തി ആണെന്നും നീ ചിന്തിക്കണം. നിങ്ങള്‍ ഗര്‍വു കൊണ്ടു മതിമറന്നവർ ആകയാല്‍ അവിടെ ചെന്നു വല്ല തെറ്റും ചെയ്തേക്കാം. തപസ്വികളായ അവര്‍, നിങ്ങള്‍ വല്ല തെറ്റും ചെയ്താല്‍ ചുട്ടെരിച്ചു കളയും. അല്ലെങ്കില്‍ ദ്വേഷത്തില്‍ മുങ്ങിയവരായ അവര്‍ ആയുധധാരികളാണ്. മറ്റ് ആയുധധാരികളുടെ സഹായത്തോടു കൂടി അവര്‍ നിങ്ങളെ ശസ്ത്രതേജസ്സാല്‍ നശിപ്പിച്ചേക്കും. നിങ്ങള്‍ വലിയ സൈന്യബലത്തോടു കൂടി അവരോട് എതിര്‍ക്കുവാനാണ് ചെല്ലുന്നതെങ്കില്‍ അത് അനാര്യമായ കര്‍മ്മമാണ്. അതിനെ ജനങ്ങള്‍ പഴിക്കും. ജനസമ്മതി നേടുവാനും നിങ്ങള്‍ക്കു കഴിയുകയില്ല. നിങ്ങള്‍ അതില്‍ ജയിക്കുകയുമില്ല. മഹാബാഹുവായ അര്‍ജ്ജുനന്‍ ഇന്ദ്രലോകത്തു ചെന്നു പാര്‍ത്ത് ദിവ്യാസ്ത്രങ്ങള്‍ നേടി കാട്ടിലേക്കു തിരിച്ചുവ ന്നിരിക്കുന്ന സമയമാണ് ഇപ്പോള്‍. അസ്ത്രവിദ്യയില്‍ ഇത്രയും കുശലനല്ലാതിരുന്ന കാലത്തു തന്നെ അര്‍ജ്ജുനന്‍ ഭൂമിയെ മുഴുവന്‍ കീഴടക്കിയവനാണ്. ഇപ്പോള്‍ കൃതാസ്ത്രനായ അവന് നിങ്ങളെ കൊല്ലുവാനുണ്ടോ പ്രയാസം? ഇനി മറ്റൊരു കാര്യം പറയാം. ഞാന്‍ പറയുന്നതു കേട്ട് ഇണങ്ങി വനത്തില്‍ അവരോടു പെരുമാറാമെന്നു കരുതി അതിനും നിങ്ങള്‍ പോകരുത്. അതിലും ദോഷമാണ് ഞാന്‍ കാണുന്നത്. അവര്‍ സത്യവ്രതന്മാർ ആണെന്നു വിചാരിച്ച് അവരെ വിശ്വസിക്കരുത്. അവര്‍ വനവാസം മൂലം മനസ്സു കലങ്ങിയാണു ജീവിക്കുന്നത്. പക വീട്ടുന്നതിന് കിട്ടുന്ന സന്ദര്‍ഭം അവര്‍ വെറുതെ കുളയുമെന്നു വിചാരിക്കുന്നതു വിഡ്ഡിത്തമാണ്. അതിനും പുറമേ മറ്റൊരു കാര്യം പറയാം. ഭടന്മാരില്‍ വല്ലവരും വല്ല തെറ്റും യുധിഷ്ഠിരനെ സംബന്ധിച്ച് ചെയ്തു എന്നു വരാം. അത് അറിയാതെ ചെയ്തു പോയതായാലും നിങ്ങള്‍ക്ക് അതു ദോഷത്തിന് ഹേതുവാകും. അതു കൊണ്ട് ഗോശാലകളെ പരിശോധിക്കുന്നതിന് വിശ്വസ്തന്മാരായ ആള്‍ക്കാരെ അയച്ചാല്‍ മതി. ദുര്യോധനന്‍ പോകുന്നത് എനിക്ക് ഇഷ്ടമില്ല.
ശകുനി പറഞ്ഞു. ഞങ്ങളെക്കുറിച്ചോ പാണ്ഡവന്മാരെ കുറിച്ചോ ഭവാന്‍ ഒട്ടും സംശയിക്കരുത്. പാണ്ഡവ ജ്യേഷ്ഠനായ യുധിഷ്ഠിരന്‍ പരമ ധര്‍മ്മജ്ഞനാണ്. പന്ത്രണ്ടു വര്‍ഷം വനവാസം ചെയ്തു കൊള്ളാമെന്ന് സഭയില്‍ വെച്ചു ചെയ്ത പ്രതിജ്ഞ അദ്ദേഹം തെറ്റിക്കുകയില്ല. മറ്റു പാണ്ഡവന്മാരും ധര്‍മ്മചാരികളാണ്. അവര്‍ ജ്യേഷ്ഠനെ സര്‍വ്വാത്മനാ അനുവര്‍ത്തി ക്കുന്നവരുമാണ്. യുധിഷ്ഠിരന്‍ ഞങ്ങളില്‍ ഒരിക്കലും കോപിക്കുകയില്ല. ഞങ്ങള്‍ക്കു നായാട്ടിന് വലിയ ആഗ്രഹമുണ്ട്. ഘോഷങ്ങള്‍ പരിശോധിക്കുന്നതിനും നായാട്ടു നടത്തി വിനോദിക്കുന്നതിനും മാത്രമാണ് ഞങ്ങള്‍ വനത്തിലേക്കു പോകുന്നത്. പാണ്ഡവരെ ഞങ്ങള്‍ കാണുവാനേ ഉദ്ദേശിക്കുന്നില്ല. ദുര്‍വൃത്തന്മാരായി ആ കാട്ടില്‍ ആരും ഉണ്ടായിരിക്കയില്ല. അതു കൊണ്ട് ഞങ്ങള്‍ അറിയാതെ ആരെങ്കിലും പാണ്ഡവന്മാര്‍ക്കു വല്ലതെറ്റും ചെയ്യുമെന്നു ശങ്കിക്കുവാന്‍ അവകാശമില്ല. പാണ്ഡവന്മാര്‍ പാര്‍ക്കുന്ന ദിക്കില്‍ ഞങ്ങള്‍ പോകുന്നതല്ലെന്ന് രാജാവേ, അങ്ങയെ ഉണര്‍ത്തിച്ചു കൊള്ളുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ശകുനി പറഞ്ഞപ്പോള്‍ ധൃതരാഷ്ട്ര രാജാവ് മനസ്സില്ലാ മനസ്സോടെ അമാതൃന്മാരോടു കൂടി പോകുവാന്‍ അനുവദിച്ചു. അനുമതി കിട്ടിയ ഉടനെ ദുര്യോധനന്‍ കര്‍ണ്ണനോടും ശകുനിയോടും ദുശ്ശാസനന്‍ മുതലായ ഭ്രാതാക്കന്മാരോടും വലിയ സൈന്യ ബലത്തോടും അനേകായിരം സ്ത്രീകളോടും കൂടി ദ്വൈത വനത്തിലേക്കു പുറപ്പെട്ടു. മഹാബാഹുവായ ദുര്യോധനനെ പൗരന്മാര്‍ ഭാര്യമാരോടു കൂടി അനുഗമിച്ചു. എണ്ണായിരം തേരുകളും മുപ്പതിനായിരം ആനകളും ഒമ്പതിനായിരം അശ്വങ്ങളും അനേകായിരം കാലാളുകളും മാത്രമല്ല, കച്ചവടക്കാര്‍, അപണങ്ങള്‍, വേശ്യാസ്ത്രീകള്‍, വന്ദികള്‍, നായാട്ടുകാര്‍ ഇങ്ങനെ ഒരു വലിയ അകമ്പടിയോടു കൂടിയാണ് ദുര്യോധന ക്ഷിതിപന്റെ ഘോഷയാത്ര. പിന്നെ രാജാവിന്റെ യാത്രയുടെ ഘോഷം മുഴങ്ങി. മഴക്കാലത്ത് ഇളകുന്ന കൊടുങ്കാറ്റിന്റെ ആരവം പോലെ മഹാശബ്ദം ദിക്കെങ്ങും മുഴങ്ങി.
അകമ്പടിയോടു കൂടിയ ദുര്യോധനന്‍ വനത്തില്‍ ചെന്ന് ദ്വൈതവന സരസ്സില്‍ നിന്ന് അധികം ദൂരെയല്ലാത്ത ഒരിടത്ത്, രണ്ടു വിളിപ്പാടു മാത്രം ദൂരെ, താവളം ഉറപ്പിച്ചു. ആ കാട്ടില്‍ അവിടവിടെയുള്ള ഗോശാലകള്‍ക്കു സമീപത്തായി, എല്ലാ സൗകര്യവുമുള്ള സ്ഥലത്ത്, നല്ല വെള്ളവും വലിയ മരങ്ങളുമുള്ള രമണീയമായ സ്ഥലത്ത്, ദുര്യോധനന്‍ തന്റെ ഭ്രാതാക്കള്‍ക്കും കര്‍ണ്ണന്നും ശകുനിക്കും പ്രത്യേകം പ്രത്യേകം കൂടാരങ്ങള്‍ കെട്ടിച്ചു.
240. ഗന്ധര്‍വ്വ ദുര്യോധനസേനാ സംവാദം - വൈശമ്പായനന്‍ പറഞ്ഞു; കൂടാരങ്ങള്‍ വെവ്വേറെ എല്ലാ മഹാരഥന്മാര്‍ക്കും കെട്ടി കഴിഞ്ഞതിന് ശേഷം അവര്‍ ഗോപരിശോധന ആരംഭിച്ചു. നൂറും ആയിരവും പശുക്കളെ പരിശോധിച്ചു. ആയിരക്കണക്കിന് പശുക്കളെ ഇനം തിരിച്ച് എണ്ണിക്കണക്കാക്കി ലക്ഷണങ്ങള്‍ രേഖപ്പെടുത്തി. ഇണക്കമുള്ള പശുക്കിടാങ്ങളെ മുദ്രവെച്ചു വേര്‍തിരിച്ചു. കിടാങ്ങളോടു കൂടിയ പശുക്കള്‍ എത്രയുണ്ടെന്നു വേര്‍തിരിച്ചു കണക്കാക്കി. എല്ലാറ്റിനേയും പരിശോധിച്ചു. മൂന്നു വയസ്സു പ്രായമുള്ളവയെ മുഴുവന്‍ തരം തിരിച്ചു. പിന്നെ സുയോധനന്‍ അജപാലന്മാരോടു പ്രീതിയോടെ സംഭാഷണമാരംഭിച്ചു. ആ പൗരജനങ്ങളും പടയാളികളും എല്ലാം ദേവന്മാരെ പോലെ ആ കാട്ടില്‍ ഉല്ലസിച്ചു കളിച്ചു. ആ ഗോപന്മാരില്‍ ആട്ടക്കാരും പാട്ടുകാരുമായവര്‍ അലംകൃതകളായ കന്യകമാരോടു കൂടി ധാര്‍ത്തരാഷ്ട്രനെ സേവിച്ചു. സ്ത്രീജനത്താല്‍ ആവൃതനായ ദുര്യോധനന്‍ ഏറ്റവും സന്തുഷ്ടനായി. ആ ഗോപാലന്മാര്‍ക്കു ധാരാളം പണവും അന്നവും പലതരം പാനീയങ്ങളും നല്കി തൃപ്തരാക്കി അവരെ അയച്ചു.
ഗോശാല പരിശോധന കഴിഞ്ഞതിന് ശേഷം ദുര്യോധനനും അനുയായികളും വേട്ടയ്ക്കായി പുറപ്പെട്ടു. പുലികള്‍, കാട്ടുപോത്തുകള്‍, മാനുകള്‍, കരടികള്‍, കാട്ടാനകള്‍ എന്നിവയെ ഇളക്കി വിട്ട് ഓടിക്കുകയും പലതിനേയും അസ്ത്രം പ്രയോഗിച്ചു കൊല്ലുകയും ചിലതിനെ ജീവനോടെ പിടിക്കുകയും ചെയ്തു. ധാര്‍ത്തരാഷ്ട്രന്മാര്‍ ആ കാടു മുഴുവന്‍ കലക്കി മറിച്ചു കൂത്താടി. ഗോരസങ്ങള്‍ പാനം ചെയ്തും പല മാതിരി സുഖഭോഗങ്ങളില്‍ മനസ്സു ചെലുത്തിയും ദുര്യോധനാദികള്‍ സഞ്ചരിച്ചു.
ആടുന്ന മയിലുകളെ കണ്ടു. പാടുന്ന വണ്ടുകളിലും, പൂത്തു നിൽക്കുന്ന പൂങ്കാവുകളിലും, അഴകേറിയ കാടുകളിലും, മരങ്ങളിലും, ലതകളിലും കണ്ണും കരളും ചെലുത്തി പുണ്യമായ ദ്വൈതവന പൊയ്കയിൽ എത്തി.
ആ പ്രദേശം വളരെ മനോഹരമായിരുന്നു. മദിച്ച വണ്ടുകളും മയിലുകളും ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. ഏഴിലമ്പാലകളും അശോക വ്യക്ഷങ്ങളും പുന്നമരങ്ങളും ധാരാളമായി ആ സരസ് തീരത്തില്‍ പൂത്തു നില്‍ക്കുന്നു.
ഇക്കാലത്ത് വജ്രധരനായ ശക്രനെപ്പോലെ സമൃദ്ധിയോടെ ദ്വൈതവനത്തിലെ സരസ് തീരത്തില്‍ ആശ്രമസ്ഥനായ യുധിഷ്ഠിര രാജര്‍ഷി ധര്‍മ്മപത്നിയായ യാജ്ഞസേനിയോടു കൂടി ഒരേയൊരു പകല്‍ കൊണ്ടു സാധിക്കുന്ന ഒരു യജ്ഞം ദിവ്യവിധി പ്രകാരം വനൃഫലങ്ങള്‍ കൊണ്ട് അനുഷ്ഠിക്കുക ആയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ദുര്യോധനനും കൂട്ടുകാരും സരസ്സിന് അരികെ എത്തി പാര്‍പ്പിടം കെട്ടിയത്.
ഉടനെ ധാര്‍ത്തരാഷ്ട്രന്‍ തന്റെ അനേകായിരം ഭൃത്യന്മാരെ വിളിച്ച് അവിടെ ക്രീഡാഗൃഹങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആജ്ഞ നല്കി. രാജകല്പന നിര്‍വ്വഹിക്കുവാന്‍ ദുര്യോധനന്റെ കിങ്കരന്മാര്‍ സരസ്സിലേക്കു പോയി. കുളിപ്പുര തീര്‍ക്കുവാനായി അവര്‍ സരസ്സിലേക്ക് ചെന്നപ്പോള്‍ വനമാര്‍ഗ്ഗത്തില്‍ വെച്ച് ഗന്ധര്‍വ്വന്മാര്‍ അവരെ തടഞ്ഞു. അവര്‍ അവിടെ കുറച്ചു മുമ്പേ എത്തിയവരാണ്. ഗന്ധര്‍വ്വ രാജാവ് കുബേര ഭവനത്തില്‍ നിന്ന് ആള്‍ക്കാരോടു കൂടി അവിടെ എത്തിയതിന് ശേഷം ആ സരസ്സില്‍ കുളിക്കുവാനായി അപ്സരസ്ത്രീകളോടും ദേവകുമാരന്മാരോടും കൂടി ഇറങ്ങിയ സന്ദര്‍ഭത്തിലാണ് ദുര്യോധന സേനയുടെ വരവ്. ഗന്ധര്‍വ്വന്‍ തടഞ്ഞപ്പോള്‍ അവര്‍ ഓടി പോയി ദുര്യോധനനെ കണ്ടു വിവരമറിയിച്ചു. ഇതു കേട്ടപ്പോള്‍ ദുര്യോധനന് കോപമായി. ധാര്‍ത്തരാഷ്ട്രന്‍ യുദ്ധദുര്‍മ്മദന്മാരായ യോധന്മാരെ വിളിച്ച് ഗന്ധര്‍വ്വന്മാരെ അടിച്ചോടിക്കുവാന്‍ കല്പന കൊടുത്തു. ആ രാജാവിന്റെ കല്പന നിര്‍വ്വഹിക്കുവാന്‍ പോരാളി വീരന്മാര്‍ ദ്വൈതാരണ്യ പൊയ്കയില്‍ ചെന്നു വിളിച്ചു പറഞ്ഞു.
പടയാളികള്‍ പറഞ്ഞു: ധൃതരാഷ്ട്ര പുത്രനും മഹാ ബലശാലിയുമായ ദുര്യോധന മഹാരാജാവ് ഈ സരസ്സില്‍ ക്രീഡിക്കുവാനായി ഇതാ, എഴുന്നള്ളുന്നു. അതു കൊണ്ടു നിങ്ങളെല്ലാവരും മാറി ഒഴിഞ്ഞു പോകുവിന്‍!
വൈശമ്പായനൻ പറഞ്ഞു: ഈ ശാസന കേട്ടപ്പോള്‍ ഗന്ധര്‍വ്വന്മാര്‍ക്കു ചിരി വന്നു. അവര്‍ പറഞ്ഞു.
ഗന്ധര്‍വ്വന്മാര്‍ പറഞ്ഞു: നിങ്ങളുടെ രാജാവ് ഒരു വങ്കനാണ്. ദേവന്മാരായ ഞങ്ങളോട് വൈശ്യന്മാരോട് എന്നപോലെ ആജ്ഞാപിക്കുന്ന ദുര്യോധനന്‍ മരമണ്ടന്‍ തന്നെ. ദുര്‍ബുദ്ധികളായ നിങ്ങള്‍ മരിക്കുവാന്‍ ബദ്ധപ്പെട്ടു വന്നിരിക്കുകയാണ്. ജളന്മാരായ നിങ്ങള്‍ക്കല്ലാതെ ആ മഹാവിഡ്ഡിയുടെ വാക്കുകേട്ട് ഇങ്ങനെ വന്നു പറയുവാന്‍ ധൈര്യം മറ്റാര്‍ക്കുണ്ടാകും? നിങ്ങള്‍ക്കു പ്രാണനില്‍ കൊതിയുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ രാജാവിന്റെ അടുത്തേക്കു പിന്‍തിരിഞ്ഞോടി ക്കൊള്ളുവിന്‍! അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ കാലന്റെ അടുത്തേക്ക് അയച്ചു തരാം.
വൈശമ്പായനൻ പറഞ്ഞു: ഗന്ധര്‍വ്വന്മാര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ കാര്യം പന്തിയല്ലെന്നു കണ്ട് അവര്‍ ദുര്യോധനന്റെ അടുത്തേക്ക് ഓടി.
241. കര്‍ണ്ണപരാഭവം - വൈശമ്പായനൻ പറഞ്ഞു; ഉടനെ കിങ്കരന്മാരൊക്കെ ഓടി ദുര്യോധനന്റെ അടുത്തെത്തി. ആ ഗന്ധര്‍വ്വന്മാര്‍ പറഞ്ഞ വാക്കുകള്‍ ദുര്യോധനനെ ഉണര്‍ത്തിച്ചു. തന്റെ സൈന്യത്തെ ഗന്ധര്‍വ്വന്മാര്‍ തടഞ്ഞത് അറിഞ്ഞപ്പോള്‍ അമര്‍ഷിയായ ദുര്യോധനന്‍ ഇപ്രകാരം സൈനികരോടു പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: എനിക്ക് അപ്രിയമായി അധര്‍മ്മം ചെയ്ത പരിഷകളെ ഇനി വെച്ചേക്കരുത്! ദേവന്മാരോട് എല്ലാവരോടും കൂടി ദേവേന്ദ്രന്‍ തന്നെ വന്നു ക്രീഡിക്കുക യാണെങ്കിലും ഒരൊറ്റ എണ്ണത്തേയും വിടരുത്! സകലത്തിനേയും പ്രഹരിക്കണം!
വൈശമ്പായനൻ പറഞ്ഞു: ദുര്യോധന മഹാരാജാവിന്റെ കല്‍പന കേട്ട് മഹാബലന്മാരായ ധാര്‍ത്തരാഷ്ട്രന്മാരും അനേക സഹസ്രം യോദ്ധാക്കളും യുദ്ധത്തിന് തയ്യാറായി. അവര്‍ ഗന്ധര്‍വ്വന്മാര്‍ തടഞ്ഞതിനെ വക വെക്കാതെ ബലമായി വനത്തിലേക്കു കയറി. അവരില്‍ നിന്നു പൊങ്ങിയ സിംഹനാദത്താല്‍ ദിക്കുകളൊക്കെ മുഖരിതമായി. ഉടനെ കൗരവ സൈന്യത്തെ ഗന്ധര്‍വന്മാര്‍ തടഞ്ഞു. സാമം കൊണ്ടൊന്നും ഫലമില്ലെന്നും, രാജാവോടു കൂടിയ ഈ ധാര്‍ത്തരാഷ്ട്രന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന കൂട്ടരല്ലെന്നും അറിഞ്ഞ ഗന്ധര്‍വ്വന്മാര്‍ ഉടനെ ചെന്ന് തങ്ങളുടെ രാജാവായ ചിത്രസേനനെ ഇക്കാരൃം ഉണര്‍ത്തിച്ചു. ഏറ്റവും അമര്‍ഷണനായ ചിത്രസേനന്‍, "ആ അനാര്യന്മാരായ കൂട്ടരെ വേണ്ടമാതിരി ശിക്ഷിക്കുവിന്‍! പ്രഹരിക്കുവിന്‍!", എന്നു തന്റെ കൂട്ടരോടു കല്പിച്ചു. രാജാവിന്റെ അനുമതി കിട്ടിയതോടു കൂടി ഗന്ധര്‍വ്വന്മാര്‍ ധാര്‍ത്തരാഷ്ട്രന്മാരുടെ നേരെ ഇടഞ്ഞു കയറി. ആയുധങ്ങളു മുയര്‍ത്തി ഗന്ധര്‍വ്വന്മാര്‍ പാഞ്ഞു വന്നപ്പോള്‍ ദുര്യോധനന്‍ കാണ്‍കെ തന്നെ കൗരവസൈന്യം ചിതറി ഓടിത്തുടങ്ങി. തന്റെ കൂട്ടുകാര്‍ ഓടുന്നതു കണ്ടിട്ടും വീരനായ രാധേയന്‍ പിന്മാറിയില്ല. ഗന്ധര്‍വ്വന്മാരുടെ തള്ളിക്കയറ്റത്തെ കര്‍ണ്ണന്‍ തന്റെ ഉല്‍കടമായ ശരധാര കൊണ്ടു നിറുത്തി. കത്തിയമ്പ്, ഉളിയമ്പ് മുതലായ ശരങ്ങള്‍ ഗന്ധര്‍വ്വരില്‍ സൂതപുത്രന്‍ ചൊരിഞ്ഞു. ഗന്ധര്‍വ്വന്മാരുടെ ശിരസ്സോരോന്നു നിലത്തു വീഴ്ത്തിക്കൊണ്ടു നിന്നു പോരാടി. ക്ഷണം കൊണ്ടു ചിത്രസേനന്റെ സൈന്യത്തെ കഠിനമായി മര്‍ദ്ദിച്ചു. ധീമാനായ കര്‍ണ്ണന്‍ കൊല്ലുന്ന സമയത്തും ഗന്ധര്‍വ്വ ഭടന്മാര്‍ പിന്മാറാതെ നിന്ന് എതിര്‍ത്തു. നൂറും ആയിരവും ഗന്ധര്‍വ്വ ഭടന്മാരൊന്നിച്ചു കൂടി എതിര്‍ത്തു കയറി. ആ ധരണീതലം അപ്പോള്‍ ഗന്ധര്‍വ്വമയമായി ത്തീര്‍ന്നു. ചിത്രസേനന്റെ ഗന്ധര്‍വ്വ സൈന്യം വിടാതെ പൊരുതി നിന്നു.
ഇതു കണ്ട് ദുര്യോധനനും, ശകുനിയും, ദുശ്ശാസനന്‍, വികര്‍ണ്ണന്‍ മുതലായ ധാര്‍ത്തരാഷ്ട്രന്മാരും ഗരുഡധ്വനി ചേര്‍ന്ന രഥങ്ങളില്‍ കയറി വന്ന് കര്‍ണ്ണനെ മുന്‍നിര്‍ത്തി ശത്രുസൈന്യത്തോട് എതിര്‍ത്തു. സംഘബലത്തോടു കൂടി ആ മഹാരഥന്മാര്‍ ശരിയായി തേര്‍ നടത്തി. കര്‍ണ്ണന്റെ രക്ഷയ്ക്കായി ഗന്ധര്‍വ്വന്മാരില്‍ ശരങ്ങള്‍ ചൊരിഞ്ഞു തുടങ്ങി. ഇങ്ങനെ ഗന്ധര്‍വ്വന്മാരും കൗരവന്മാരും ഇടകലര്‍ന്ന് തുമുലമായ ഘോരയുദ്ധം നടന്നു.
രോമഹര്‍ഷണമായ ആ യുദ്ധത്തില്‍ ഗന്ധര്‍വന്മാര്‍ ശരപീഡിതന്മാരായി തളര്‍ന്നു. കുഴങ്ങി വലഞ്ഞ ഗന്ധര്‍വ്വന്മാരെ നോക്കി കൗരവന്മാര്‍ ഹര്‍ഷാരവം മുഴക്കി. ഗന്ധര്‍വ്വ ഭടന്മാര്‍ ഭീതരായതു കണ്ടപ്പോള്‍ അമര്‍ഷണനായ ചിത്രസേനന്‍ ആസനത്തില്‍ നിന്നെഴുന്നേറ്റ് ശത്രുസൈന്യത്തെ കൂട്ടത്തോടെ നശിപ്പിക്കുവാന്‍ തുടങ്ങി. മായാമാര്‍ഗ്ഗം സ്വീകരിച്ച് മായാസ്ത്രങ്ങളാല്‍ പോരാടി. ചിത്രസേനന്റെ മായായുദ്ധത്തില്‍ കൗരവസേന മോഹിതരായി. ധാര്‍ത്തരാഷ്ട്ര സൈന്യത്തിലെ ഓരോ ഭടനോടും മുപ്പതു ഗന്ധര്‍വ്വന്മാര്‍ വീതം എതിരിട്ടു. മഹത്തായ ഗന്ധര്‍വ്വബലം കണ്ട് കൗരവഭടന്മാര്‍ ഭീതരായി. അവര്‍ ജീവനില്‍ കൊതിയാല്‍ ഓടിയൊളിച്ചു.!
കൗരവസൈന്യം ഇപ്രകാരം ചിന്തിച്ചിതറിയിട്ടും വൈകര്‍ത്തനനായ കര്‍ണ്ണന്‍ പര്‍വ്വതം പോലെ കുലുങ്ങാതെ തന്നെ നിന്നു. കര്‍ണ്ണനോടൊപ്പം യുദ്ധത്തില്‍ കഠിനമായ മുറിവു പറ്റിയ ദുര്യോധനനും, ശകുനിയും, ഗന്ധര്‍വ്വന്മാരോട് ഇടഞ്ഞു നിൽക്കുക തന്നെ ചെയ്തു. ഗന്ധര്‍വ്വന്മാര്‍ ആയിരക്കണക്കിന് കര്‍ണ്ണന്റെ നേരേ പാഞ്ഞു. വാള്‍, കുന്തം, ശൂലം, ഗദ എന്നിവയാല്‍ കര്‍ണ്ണനെ കൊല്ലുവാന്‍ ചുറ്റും കൂടി ആയുധങ്ങള്‍ പ്രയോഗിച്ചു. ചിലര്‍ കര്‍ണ്ണന്റെ രഥത്തിലെ നുകത്തേയും, ചിലര്‍ കൊടിയേയും, ചിലര്‍ അച്ചുതണ്ടിനേയും, ചിലര്‍ കുതിരകളേയും, ചിലര്‍ സാരഥിയേയും, ചിലര്‍ കുടയേയും, ചിലര്‍ രഥത്തിന്റെ കീഴ്ത്തട്ടിനേയും, ചിലര്‍ മേല്‍ത്തട്ടിനേയും ശസ്ത്രപ്രയോഗം കൊണ്ടു തകര്‍ത്തു വീഴ്ത്തി. ഇപ്രകാരം അനേകായിരം ഗന്ധര്‍വ്വന്മാര്‍ കൂടി കര്‍ണ്ണരഥം പൊടിയാക്കി. ഉടനെ സൂതപുത്രന്‍ തേരില്‍ നിന്നു ചാടി. ഒടുവില്‍ കര്‍ണ്ണന്‍ ഗത്യന്തരമില്ലാതെ വാളും പരിചയുമെടുത്ത് ജീവരക്ഷയ്ക്കായി വികര്‍ണ്ണന്റെ രഥത്തില്‍ ചാടിക്കയറി കുതിരകളെ ഓടിച്ച് അവിടെ നിന്നു മറഞ്ഞു.
242. ദുര്യോധനാദി ഹരണം - വൈശമ്പായനൻ പറഞ്ഞു; ഹേ, ജനമേജയാ! കര്‍ണ്ണനെ ഗന്ധര്‍വ്വന്മാര്‍ ഓടിച്ചപ്പോൾ ധാര്‍ത്തരാഷ്ട്രന്‍ നോക്കിനിൽക്കെ തന്നെ സൈന്യം പാഞ്ഞു പോയി. തന്റെ സൈന്യം പിന്‍തിരിഞ്ഞ് ഓടിക്കളഞ്ഞപ്പോഴും, തന്റെ ഭ്രാതാക്കന്മാര്‍ തോറ്റ് ഓടിയിട്ടും, ദുര്യോധനന്‍ പിന്മാറിയില്ല. തന്റെ നേരെ ഇരമ്പിക്കയറുന്ന ഗന്ധര്‍വ്വവ സൈന്യത്തിന്റെ നേരെ ആ ധാര്‍ത്തരാഷ്ട്രന്‍ മഹത്തായ ശരവര്‍ഷം ചൊരിഞ്ഞ് എതിര്‍ത്തു നിന്നു. ആ ശരവര്‍ഷത്തെ ഗണിക്കാതെ ദുര്യോധന വധത്തിനായി ഒരുങ്ങിയ ഗന്ധര്‍വ്വന്മാര്‍ ആ കൗരവന്റെ രഥത്തെ വളഞ്ഞു. അവന്റെ രഥത്തിന്റെ അച്ചുതണ്ട്, നുകം, തട്ട്, കൊടി, സാരഥി, കുതിരകള്‍, മെത്ത എന്നിവയെല്ലാം ശരങ്ങള്‍ കൊണ്ട് ഗന്ധര്‍വ്വന്മാര്‍ എളളിന്‍മണി പോലെ ശകലങ്ങളാക്കി തകര്‍ത്തു വിട്ടു. തേര്‍ ഉടഞ്ഞതു മൂലം ദുര്യോധനന്‍ നിലത്തു വീണു. ദുര്യേോധനനെ ജീവനോടെ പിടിച്ചു കെട്ടുവാന്‍ മഹാബാഹുവായ ചിത്രസേനന്‍ ഓടിച്ചെന്നു പിടി കൂടി. അവനെ പിടിച്ചു ബലമായി കൈകാലുകള്‍ കൂട്ടിക്കെട്ടി. ഉടനെ രഥത്തില്‍ സ്ഥിതിചെയ്യുന്ന ദുശ്ലാസനനേയും അവര്‍ രഥത്തില്‍ ചാടിക്കയറി പിടിച്ചുകെട്ടി. വിവിംശതി, വിന്ദന്‍, അനുവിന്ദന്‍ മുതലായ മറ്റു ധാര്‍ത്തരാഷ്ട്രന്മാരേയും ബന്ധിച്ച് എല്ലാ രാജപത്നിമാരേയും ഗന്ധര്‍വ്വന്മാര്‍ കൂട്ടം കൂട്ടമായി വന്നു പിടിച്ചു കൊണ്ടു പോകുകയും ചെയ്തു. ഇങ്ങനെ ധാര്‍ത്തരാഷ്ട്രന്മാരെ ഒക്കെയും ഗന്ധര്‍വ്വ രാജാവ് ചിന്നിച്ചിതറിച്ചപ്പോള്‍ മുമ്പേ തോറ്റോടി പോയ സൈനികന്മാര്‍ സാമാനങ്ങളൊക്കെ വാരിയെടുത്ത് പാണ്ഡവന്മാരെ ശരണം പ്രാപിച്ചു.
സൈനികന്മാര്‍ പറഞ്ഞു: മഹാബാഹുക്കളായ പാണ്ഡവന്മാരേ! മഹാബലനും പ്രിയദര്‍ശിയുമായ ദുര്യോധനനെ ഗന്ധര്‍വ്വന്മാര്‍ ഇതാ പിടിച്ചു കൊണ്ടു പോകുന്നു. ദുശ്ശാസനന്‍, ദുര്‍വ്വിഷഹന്‍, ദുര്‍മ്മുഖന്‍, ദുര്‍ജ്ജയന്‍ മുതലായ ധാര്‍ത്തരാഷ്ട്രന്മാരേയും, എല്ലാ രാജപത്നിമാരേയും ഗന്ധര്‍വ്വന്മാര്‍ ബന്ധിച്ചു കൊണ്ടു പോകുന്നു.
വൈശമ്പായനൻ പറഞ്ഞു: രാജാവിനെ മടക്കി കിട്ടുവാനായി കൗരവ മന്ത്രിമാര്‍ ഇപ്രകാരം ദുഃഖാര്‍ത്തരായി ധര്‍മ്മപുത്രന്റെ അടുത്തു ചെന്ന് നിലവിളിച്ച് അപേക്ഷിച്ചു. ഇപ്രകാരം വിലപിച്ച് അപേക്ഷിക്കുന്നത് കേട്ട് വൃകോദരൻ ദുര്യോധനന്റെ അമാത്യന്മാരോടും ഭൃത്യന്മാരോടും ഇപ്രകാരം പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു: എടോ മന്ത്രിമാരേ! ഞങ്ങള്‍ ചെയ്യേണ്ട കൃത്യം ഇപ്പോള്‍ ഗന്ധര്‍വ്വന്മാര്‍ നിര്‍വ്വഹിച്ചിരിക്കുകയാണ്. ആനകളേയും കുതിരകളേയും ചേര്‍ത്തു മഹത്തായ പ്രയത്നംചെയ്ത് ഞങ്ങള്‍ അനുഷ്ഠിക്കേണ്ടതായ കര്‍മ്മം ഏതോ അത് ഗന്ധര്‍വന്മാര്‍ ഇപ്പോള്‍ അനുഷ്ഠിച്ചു! മറിച്ചു വല്ലതും ചെയ്യുന്നവര്‍ക്ക് ഫലവും മറിച്ചു തന്നെ. കള്ളച്ചൂത് ഉണ്ടാക്കിത്തീര്‍ത്ത ആ രാജാവിന്റെ ദുര്‍മ്മന്ത്രഫലമാണ് ഇത്. അശക്തന്മാരെ ദ്വേഷിച്ചാല്‍ അവരെ അന്യന്മാര്‍ ആരെങ്കിലും അടിച്ചു വീഴ്ത്താതിരിക്കയില്ലെന്ന് ഇപ്പോള്‍ മനസ്സിലായോ? ഗന്ധര്‍വന്മാര്‍ ഇപ്പോള്‍ ചെയ്ത അതിമാനുഷ കര്‍മ്മം വളരെ നന്നായി. ഭാഗ്യത്താല്‍ ഈ ലോകത്തില്‍ ഞങ്ങള്‍ക്കു പ്രിയം ചെയ്യുന്നവരായി ചിലരുണ്ടെന്ന് ഇപ്പോള്‍ കാണുവാന്‍ കഴിഞ്ഞു. ഏതായാലും ഞങ്ങളുടെ ഭാരം ഇപ്പോള്‍ ഒഴിഞ്ഞു. അല്പം സുഖമായി.
വെയിലും തണുപ്പും കാറ്റുമേറ്റു തപസ്സു കൊണ്ടു തളര്‍ന്ന ഈ ഞങ്ങളെ, ഈ വിഷമസ്ഥന്മാരെ, സ്വസ്ഥനായി വസിക്കുന്ന ആ ദുർബുദ്ധിക്ക് ഒന്നു വന്നുകണ്ടു രസിക്കണമത്രേ! ദുരാത്മാവും അധര്‍മ്മ കര്‍മ്മാവുമായ ആ ദുര്യോധനനും, അവനെ പോലെയുള്ള അവന്റെ കൂട്ടുകാരും, അവരുടെ ദുഷ്ട വിചാരത്തിന്റെ ഫലമായി ഇങ്ങനെ പരാഭവത്തില്‍ കുടുങ്ങിയത് ഉചിതമായി. അധര്‍മ്മം ചെയ്യുന്നവരെ ഇങ്ങനെ തന്നെയാണ് ശിക്ഷിക്കേണ്ടത്. അയാള്‍ മര്യാദക്കാരനല്ല എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
വൈശമ്പായനൻ പറഞ്ഞു: ക്രോധത്താല്‍ ശബ്ദം മാറി ഇപ്രകാരം ദുര്യോധന മന്ത്രിമാരോട് ഭീമസേനന്‍ പരുഷവാക്കു പറയുന്നതു കേട്ട് യുധിഷ്ഠിരന്‍ തടഞ്ഞു പറഞ്ഞു; "ഭീമാ! ഇതു കോപിക്കേണ്ട കാലമല്ല! നിര്‍ത്തുക!".
243. ദുര്യോധന മോചനാനുജ്ഞ - യുധിഷ്ഠിരന്‍ പറഞ്ഞു; ഉണ്ണീ, കഷ്ടത്തില്‍ പെട്ട്, ഭയപ്പെട്ട്, നമ്മെ ശരണം പ്രാപിച്ചു വന്നിരിക്കുന്ന കുഴപ്പത്തിലായ കൗരവന്മാരോട് നിനക്ക് ഇപ്രകാരം പറയാമോ? ജഞാതികള്‍ തമ്മില്‍ പിണങ്ങും; കലഹിക്കും. അവര്‍ തമ്മില്‍ വൈരം എത്ര തന്നെ വര്‍ദ്ധിച്ചാലും കുലധര്‍മ്മം ഒരിക്കലും നശിപ്പിക്കരുത്. ദായാദികളുടെ കുലം അന്യന്മാര്‍ ആക്രമിക്കുകയോ, നിന്ദിക്കുകയോ ചെയ്താല്‍ അതു സജ്ജനം സമ്മതിക്കുകയില്ല. ആ ദുര്‍ബുദ്ധിയായ ദുര്യോധനന്‍ ഇപ്പോള്‍ ഇവിടെ വന്നത്, വളരെ നാളായി കാട്ടില്‍ പാര്‍ത്തു വരുന്ന നമുക്കു തീരെ വിരോധമായി അപ്രിയം ചെയ്യുവാനാണെന്ന് എനിക്കറിയാം. എന്നാൽ ദുര്യോധനനെ ഗന്ധര്‍വ്വന്മാര്‍ ബലമായി പിടിച്ചു കെട്ടിക്കൊണ്ടു പോകുകയും, കൗരവസ്ത്രീകളെ അന്യര്‍ സ്പര്‍ശിക്കകയും ചെയ്യുകയാല്‍ കുലനാശമല്ലേ നമുക്കു ബാധിച്ചിരിക്കുന്നത്? കുലത്തേയും ശരണാഗതന്മാരേയും രക്ഷിക്കുക എന്ന കാര്യങ്ങള്‍ക്കായി നരവ്യാഘ്രന്മാരായ നിങ്ങള്‍ യുദ്ധത്തിന് ഒരുങ്ങി എഴുന്നേൽക്കുവിന്‍. ഒട്ടും താമസിച്ചു കൂടാ. വീരനും അപരാജിതനുമായ നീ നരോത്തമന്മാരായ അര്‍ജ്ജുന മാദ്രേയന്മാരോടു കൂടി അപഹൃതനായ ദുര്യോധനനെ മോചിപ്പിക്കുക തന്നെ വേണം. ഹേ, വീരന്മാരേ! ധൃതരാഷ്ട്രപുത്രന്മാരുടെ തേരുകള്‍ തെളിഞ്ഞ പൊന്‍കൊടികളോടു കൂടി ഇതാ നിൽക്കുന്നു. യുദ്ധസന്നദ്ധമായി എപ്പോഴും മുഴങ്ങിക്കൊണ്ടു നിൽക്കുന്ന ഈ രഥങ്ങളില്‍ കയറി കൃതാസ്ത്രന്മാരായ നിങ്ങള്‍ ഇന്ദ്രസേന പ്രമുഖന്മാരുടെ സാരഥ്യത്തില്‍ ഗന്ധര്‍വന്മാരോടു പൊരുതുവാന്‍ തയ്യാറാവുക. ദുര്യോധനനെ മോചിപ്പിക്കുവാന്‍ ഒട്ടും മടിക്കരുത്. ഒരുത്തന്‍ ശരണം പ്രാപിച്ചാല്‍ ഏതു രാജാവും സര്‍വ്വശക്തിയും പ്രയോഗിച്ച് അവനെ രക്ഷിക്കും. ശരണാഗതന്മാരെ ഉപേക്ഷിക്കുന്നത് രാജധര്‍മ്മമല്ല. സാമാന്യ ക്ഷത്രിയന്മാര്‍ പോലും ചെയ്യുന്ന ഇക്കാര്യത്തില്‍ എടോ, വൃകോദരാ! നീഎന്താണ് പിന്മാറുകയാണോ? രക്ഷകൻ ആകണേയെന്ന് അഭ്യര്‍ത്ഥിച്ച് കൈകൂപ്പി ശരണം പ്രാപിക്കുന്നവന്‍ ശത്രു തന്നെ ആയാലും അവനെ രക്ഷിക്കുന്നവന്‍ ആരോ, അവനാണ് ആര്യന്‍. വരപ്രദാനം, രാജ്യം; പുത്രജന്മം ഈ മൂന്നിനേയും കാള്‍ ക്ലേശത്തില്‍ നിന്നു ശത്രുവിനെ മോചിപ്പിക്കുക എന്നതാണ് ശ്രേയസ്കരം. ആപത്തില്‍ പെട്ട സുയോധനന്‍ നിന്റെ ബാഹുബലത്തെ ആശ്രയിച്ചു സ്വന്തം ജീവനെ രക്ഷിക്കുവാന്‍ മാര്‍ഗ്ഗം അന്വേഷിച്ചു പ്രാര്‍ത്ഥിക്കുകയാണ്. നിനക്ക് ഇതില്‍ പരം അഭിമാനകരമായി മറ്റെന്തുണ്ട്? ഇങ്ങനെ ഒരു യാഗത്തില്‍ ഞാന്‍ ഏര്‍പ്പെട്ടില്ലായിരുന്നു എങ്കില്‍ ദുര്യോധനനെ രക്ഷിക്കുവാന്‍ ഞാന്‍ തന്നെ ഓടി ചെല്ലുമായിരുന്നു. എനിക്ക് ഇപ്പോള്‍ കഴിവില്ലാത്തത് കൊണ്ടാണ് ഞാന്‍ നിന്നോടു പറയുന്നത്.
എടോ ഭീമാ, സാമപൂര്‍വ്വമായ സര്‍വ്വ ഉപായങ്ങളും ആദ്യം പ്രയോഗിച്ചു നോക്കണം. അവനെ മോചിപ്പിക്കുവാന്‍ സാമം കൊണ്ട് ഗന്ധര്‍വ്വന്മാര്‍ പാട്ടിലാവു ന്നില്ലെങ്കില്‍ സുയോധനനെ വിടുവിപ്പിക്കുവാന്‍ പറ്റിയ വിധം ഏറ്റവും മൃദുവായ പരാക്രമം പ്രയോഗിക്കുക. മൃദുയുദ്ധം കൊണ്ടും ഗന്ധര്‍വ്വന്മാര്‍ കൗരവന്മാരെ വിട്ട് അയയ്ക്കുന്നില്ല എങ്കില്‍ ഉപായങ്ങള്‍ മുഴുവന്‍ പ്രയോഗിച്ചു നോക്കണം. അതു കൊണ്ടും ആയില്ലെങ്കില്‍ ശത്രുക്കളെ നിഗ്രഹിച്ചിട്ടെങ്കിലും കാര്യം സാധിക്കണം. എനിക്ക് ഇപ്രകാരം പറയുവാനല്ലേ കഴിയൂ? ഞാന്‍ യാഗകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുകയല്ലേ!
വൈശമ്പായനൻ പറഞ്ഞു: അജാതശത്രുവായ യുധിഷ്ഠിരന്റെ വാക്കു കേട്ട ഉടനെ ധനഞ്ജയന്‍ ജ്യേഷ്ഠന്റെ കല്പന നിര്‍വ്വഹിക്കു ന്നതാണെന്ന്, കൗരവന്മാരെ മോചിപ്പിച്ചു കൊള്ളാമെന്ന് ഏറ്റുപറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: സാമം കൊണ്ടു ധാര്‍ത്തരാഷ്ട്രന്മാരെ ഗന്ധര്‍വ്വന്മാര്‍ വിട്ടില്ലെങ്കില്‍ ഇന്ന് ഗന്ധര്‍വ്വ രാജാവിന്റെ രക്തം ഭൂമി കുടിക്കും.
വൈശമ്പായനൻ പറഞ്ഞു: സത്യവാക്കായ അര്‍ജ്ജുനന്റെ വാക്കു കേട്ടപ്പോള്‍ ചുറ്റും കൂടി വിലപിച്ചു നിന്നിരുന്ന കൗരവന്മാര്‍ക്ക് മനസ്സു തിരിച്ചു കിട്ടി രാജാവേ!
244. പാണ്ഡവ ഗന്ധര്‍വ്വ യുദ്ധം - വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ പറഞ്ഞതു കേട്ട് ഭീമന്‍ മുതലായവരെല്ലാം ഹൃഷ്ടവദനന്മാരായി എഴുന്നേറ്റു. അഭേദ്യവും വിചിത്രവുമായ പൊന്‍ചട്ട അണിഞ്ഞ് പലതരം ദിവ്യായുധങ്ങള്‍ ധരിച്ച് ആവനാഴി എടുത്തു കൊടി ഉയര്‍ന്ന രഥത്തില്‍ കയറി. കത്തിജ്ജ്വലിക്കുന്ന അഗ്നിപോലെ നരോത്തമന്മാരായ പാണ്ഡവന്മാര്‍ പ്രശോഭിച്ചു. ആ രഥിശ്രേഷ്ഠന്മാര്‍ വേഗം കൂടിയ കുതിരകളെ വേണ്ടുന്നതെല്ലാം ഒരുക്കി വെച്ചിട്ടുള്ള രഥങ്ങളില്‍ പൂട്ടി വേഗത്തില്‍ പുറപ്പെട്ടു. പാണ്ഡുപുത്രന്മാരുടെ വരവു കണ്ട് കൗരവ സൈന്യത്തില്‍ നിന്നു വലുതായ ഹര്‍ഷാരവം മുഴങ്ങി. വിജയം നേടുകയാല്‍ സ്വസ്ഥാനത്തേക്കു തിരിച്ചുപോകുവാന്‍ തുടങ്ങിയ മഹാവേഗന്മാരായ ഗന്ധര്‍വ്വന്മാര്‍ ലോകപാലകന്മാരെ പോലെ പ്രശോഭിക്കുന്ന നാലു പാണ്ഡവന്മാര്‍ തേരില്‍ കയറി വരുന്നതു കണ്ട് അവരോട് എതിര്‍ക്കുവാന്‍ ആ കാട്ടില്‍ തന്നെ കൂട്ടം കൂടി അണിനിരന്നു നിന്നു. ധീമാനായ യുധിഷ്ഠിരന്റെ അഭിമതപ്രകാരം ക്രമംപോലെ മൃദുലമായ യുദ്ധത്തിലാണ് ആദ്യം പാണ്ഡവന്മാര്‍ ഏര്‍പ്പെട്ടത്. മന്ദബുദ്ധികളായ ഗന്ധര്‍വ്വ സൈനികര്‍ ശ്രേയോലാഭത്തിന് വഴി അറിയാത്തവർ ആകയാല്‍ ഈ മൃദുലയുദ്ധം കൊണ്ടു കീഴടങ്ങുക ഉണ്ടായില്ല. എന്റെ ഭ്രാതാവായ സുയോധന രാജാവിനെ വിട്ടയയ്ക്കുവിന്‍! എന്ന് പരന്തപനും യശസ്വിയുമായ അര്‍ജ്ജുനന്‍ പോര്‍ക്കളത്തില്‍ നിന്നു വിളിച്ചു പറഞ്ഞു. യുദ്ധത്തില്‍ ദുര്‍ദ്ധര്‍ഷന്മാരായ ഗന്ധര്‍വ്വന്മാര്‍ അര്‍ജ്ജുനന്‍ സാന്ത്വനപൂര്‍വ്വം പറഞ്ഞ വാക്കുകേട്ട് ഒരു ഗര്‍വ്വു നിറഞ്ഞ ചിരിയോടു കൂടി ഇപ്രകാരം പറഞ്ഞു.
ഗന്ധര്‍വ്വന്മാര്‍ പറഞ്ഞു: ഉണ്ണീ, ഞങ്ങള്‍ ഒരാള്‍ പറയുന്ന വാക്കേ ഈ ലോകത്തില്‍ കേള്‍ക്കുകയുള്ളു. അവന്‍ പറയുന്നതിനെ ഞങ്ങള്‍ അല്ലല്‍ കൂടാതെ അനുസരിക്കുന്നുണ്ട്. ആ ഒരുത്തന്റെ ശാസനയില്‍ ഞങ്ങള്‍ നിൽക്കുന്നു. ദേവരാജാവായ ഇന്ദ്രനല്ലാതെ ഞങ്ങള്‍ക്കു മറ്റൊരു ശാസ്താവുമില്ല.
വൈശമ്പായനൻ പറഞ്ഞു; ഗന്ധര്‍വ്വന്മാര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ കുന്തീപുത്രനായ ധനഞ്ജയന്‍ ഗന്ധര്‍വ്വന്മാരോടു പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: ഈ നിന്ദ്യമായ കര്‍മ്മം ഗന്ധര്‍വ്വ രാജാവിന് ചേര്‍ന്നതല്ല. പരദാരങ്ങളെ സ്പര്‍ശിച്ചതും മനുഷ്യരുമായി ഇടപെട്ടതും ഗന്ധര്‍വേന്ദ്രന്‍ ചെയ്ത നീചകര്‍മ്മമാണ്. ധര്‍മ്മരാജാവിന്റെ ശാസന പ്രകാരം ഈ മഹാവീരന്മാരായ ധാര്‍ത്തരാഷ്ട്രന്മാരേയും അവരുടെ ഭാര്യമാരേയും നിങ്ങള്‍ വിട്ടയയ്ക്കുകയാണു നല്ലത്. സാമം കൊണ്ടു നിങ്ങള്‍ ഇവരെ വിടുകയില്ലെങ്കില്‍ വിക്രമം കൊണ്ട് ഞാന്‍ തന്നെ സുയോധനനെ വിടുവിക്കുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് പാര്‍ത്ഥന്‍ ശരവുമായി നിന്നു. അവര്‍ സാമത്തിന് ഇണങ്ങിയില്ല. ഉടനെ ഗന്ധര്‍വ്വന്മാരില്‍ അര്‍ജ്ജുനന്‍ മൂര്‍ച്ചയുള്ള അമ്പുകള്‍ ചൊരിഞ്ഞു. അപ്പോള്‍ ബലഗര്‍വ്വിതന്മാരായ ഗന്ധര്‍വ്വന്മാര്‍ ശരവര്‍ഷം ചൊരിഞ്ഞ് പാണ്ഡവന്മാരോട് എതിര്‍ത്തു. അങ്ങനെ വീരന്മാരായ ഗന്ധര്‍വവന്മാരും ശക്തന്മാരായ പാണ്ഡവന്മാരും തമ്മില്‍ ഭയങ്കരമായ ഒരു പോരാട്ടം നടന്നു.
245. ഗന്ധര്‍വ്വപരാഭവം - വൈശമ്പായനൻ പറഞ്ഞു: പൊന്മാല അണിഞ്ഞവരും ദിവ്യാസ്ത്ര സമ്പന്നരുമായ ഗന്ധര്‍വ്വന്മാര്‍ പാണ്ഡവന്മാരെ ചുഴന്നു നിന്ന് ദീപ്തശരങ്ങള്‍ ചൊരിഞ്ഞു. വീരന്മാരായ നാലു പാണ്ഡവന്മാരും, അനേകായിരം ഗന്ധര്‍വ്വന്മാരും തമ്മില്‍ യുദ്ധം തുടങ്ങിയെന്നത് വലിയ ഒരത്ഭുതം സൃഷ്ടിച്ചു. കര്‍ണ്ണന്റേയും ദുര്യോധനന്റേയും രഥങ്ങള്‍ തകര്‍ത്തതു പോലെ പാണ്ഡവന്മാരുടേയും രഥങ്ങള്‍ പൊടിയാക്കി വിടുവാന്‍ അവര്‍ കിണഞ്ഞു നോക്കി. എന്നാൽ നൂറും ആയിരവുമായി തള്ളിക്കേറി ശരങ്ങള്‍ ചൊരിയുന്ന ഗന്ധര്‍വ്വന്മാരെയെല്ലാം പാണ്ഡവന്മാര്‍ തടഞ്ഞു നിര്‍ത്തി. നാലുപാടും ശരങ്ങള്‍ ചൊരിഞ്ഞു കൊണ്ടിരുന്നതിനാൽ പാണ്ഡുപുത്രന്മാരെ സമീപിക്കുന്നതിന് ഗന്ധര്‍വ്വന്മാര്‍ക്കു കഴിഞ്ഞില്ല. ക്രുദ്ധന്മാരായ ഗന്ധര്‍വ്വന്മാരുടെ നേരെ ക്രുദ്ധനായ അര്‍ജ്ജുനന്‍ ദിവ്യാസ്ത്രങ്ങള്‍ തുടരെത്തുടരെ പ്രയോഗിച്ചു കൊണ്ടു നിന്നു. ആഗ്നേയാസ്ത്രത്താല്‍ ബലോൽക്കടനായ ധനഞ്ജയന്‍ അനേകായിരം പേരെ യമപുരിയിലേക്ക് അയച്ചു. യുദ്ധത്തില്‍ മഹാബലനും, മഹാധനുര്‍ദ്ധരനും ആയ ഭീമന്‍ ഊക്കോടെ എയ്തു വിട്ട ശരങ്ങള്‍ ഏറ്റ് അനേകശതം ഗന്ധര്‍വ്വന്മാര്‍ മൃതപ്രായരായി. തീവ്രമായ ബലത്തോടെ എതിര്‍ത്തു നിൽക്കുന്ന മാദ്രേയന്മാരും മുന്നോട്ടു കയറിച്ചെന്ന്, അനവധി ശത്രുക്കളെ സംഹരിച്ചു. ഈ മഹാന്മാര്‍ വിടുന്ന ശരങ്ങള്‍ ഏറ്റു വളരെയധികം പേര്‍ മൃതരാകുന്നതു കണ്ട് ഗന്ധര്‍വ്വന്മാര്‍ ധാര്‍ത്തരാഷ്ട്രന്മാരെ എടുത്തു മുകളിലേക്കു പോയി. അതു കണ്ട് സവ്യസാചി മഹത്തായ ശരജാലങ്ങള്‍ കൊണ്ട് അവരെ ചുറ്റിവളഞ്ഞു തടുത്തു നിര്‍ത്തി. കൂട്ടില്‍ കുടുങ്ങിയ പക്ഷികളെ പോലെ ശരജാലങ്ങളാല്‍ ബദ്ധരായ ഗന്ധര്‍വ്വന്മാര്‍ ക്രുദ്ധരായി ഈട്ടി, വേല്, ഗദ മുതലായ ആയുധങ്ങള്‍ അര്‍ജ്ജുനന്റെ നേരെ പ്രയോഗിച്ചു. അവയൊക്കെ തടുത്ത് അസ്ത്രജ്ഞനായ അര്‍ജ്ജുനന്‍ ശരങ്ങളാല്‍ ഗന്ധര്‍വ്വന്മാരുടെ ശരീരം പിളര്‍ന്നു തുടങ്ങി. തലകളും, കരചരണങ്ങളും ശിലാവര്‍ഷം പോലെ ആകാശത്തില്‍ നിന്നു വീണു കൊണ്ടിരുന്നു.
ഈ സ്ഥിതി വന്നു കൂടിയപ്പോള്‍ ഗന്ധര്‍വന്മാര്‍ ഭീതരായി. അര്‍ജ്ജുനന്റെ ശരങ്ങള്‍ തറച്ച് ഗന്ധര്‍വ്വന്മാര്‍ ചാകുന്നത് ആകാശത്തു നിന്നു നോക്കിക്കാണുന്ന അവരുടെ കൂട്ടുകാര്‍ ഭൂമിയില്‍ നിൽക്കുന്ന പാണ്ഡവന്മാരില്‍ ശരങ്ങള്‍ വര്‍ഷിച്ചു. അവയൊക്കെ പരന്തപനായ അര്‍ജ്ജുനന്‍ മുറിച്ചു കളഞ്ഞ്, തന്റെ ശരങ്ങളെ തടവില്ലാതെ ഗന്ധര്‍വ്വന്മാരില്‍ എയ്തു വിട്ടു.
സ്ഥൂണാകര്‍ണ്ണം, ഇന്ദ്രജാലം, സരം, ആഗ്നേയം മുതലായ അസ്ത്രങ്ങള്‍ പാര്‍ത്ഥന്‍ പ്രയോഗിച്ചപ്പോള്‍ വെന്തുനീറുവാന്‍ തുടങ്ങിയ ഗന്ധര്‍വ്വന്മാര്‍ ഇന്ദ്രനാല്‍ ദൈത്യന്മാരെ എന്ന പോലെ ഏറ്റവും വലിയ കുഴപ്പത്തിലായി. അവര്‍ മേൽപോട്ടുയര്‍ന്നു പോകുവാന്‍ തുടങ്ങുമ്പോള്‍ അര്‍ജ്ജുനന്‍ വിടുന്ന ശരജാലത്താല്‍ വഴിതടഞ്ഞു ശരീരം മുറിപ്പെടുവാനല്ലാതെ ഒരടി മുന്നോട്ടു പോകുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ഇപ്രകാരം ഗന്ധര്‍വ്വന്മാരെ പാര്‍ത്ഥന്‍ ക്ലേശിപ്പിക്കുന്നതു കണ്ട് ചിത്രസേനന്‍ ഗദയെടുത്ത് സവ്യസാചിയോട് എതിര്‍ത്തു. ഗദാഹസ്തനായി പാഞ്ഞുവരുന്ന ഗന്ധര്‍വ്വ രാജാവിന്റെ ആ ഇരുമ്പുഗദയെ അര്‍ജ്ജുനന്‍ ശരങ്ങളെ കൊണ്ട് ഏഴു ഖണ്ഡങ്ങളാക്കി ചിതറി. ഗദ പൊട്ടി ചിതറിയപ്പോള്‍ ചിത്രസേനന്‍ മറഞ്ഞു നിന്ന് തരസ്വിയായ പാണ്ഡവനോട് പോര്‍ തുടങ്ങി. ആ ഗന്ധര്‍വ്വ൯ പ്രയോഗിച്ച സകല ദിവ്യാസ്ത്രങ്ങളും സവ്യസാചി ദിവ്യാസ്ത്രങ്ങള്‍ കൊണ്ടു തന്നെ തടുത്തു. തന്റെ സകല അസ്ത്രങ്ങളും നിഷ്ഫലമായപ്പോള്‍ ബലവാനായ ഗന്ധര്‍വ്വരാജാവ് മായയാല്‍ അന്തര്‍ഹിതനായി. അങ്ങനെ മറഞ്ഞു നിന്നു കൊണ്ട് ചിത്രസേനന്‍ പോരാടി. അപ്പോള്‍ ക്രുദ്ധനായ അര്‍ജ്ജുനന്‍ ദിവ്യാസ്ത്രങ്ങള്‍ മന്ത്രിച്ചു വിട്ട് ഗന്ധര്‍വ്വനെ പ്രഹരിക്കുകയും ശബ്ദവേധത്തെ പ്രയോഗിച്ച് നാനാരൂപങ്ങള്‍ ധരിച്ച ആ ഗന്ധര്‍വ്വനെ മറവില്‍ നിന്നു വെളിയില്‍ കൊണ്ടു വരികയും ചെയ്തു. മഹാത്മാവായ അര്‍ജ്ജുനന്റെ അസ്ത്രങ്ങളേറ്റ് തനിക്കു ജീവനാശം വരുമെന്ന നിലയില്‍ എത്തിയപ്പോള്‍ ചിത്രസേനന്‍ അര്‍ജ്ജുനന്റെ സമീപത്തു ചെന്നു സഖാവിനെ പോലെ ഭാവിച്ച് ഇപ്രകാരം പറഞ്ഞു: "ഹേ, അര്‍ജ്ജുനാ! യുദ്ധം നിര്‍ത്തുക! ഞാന്‍ ഭവാന്റെ സഖാവാണ്!".
യുദ്ധത്തില്‍ ബലഹീനനായി നിലക്കുന്ന ആ ഗന്ധര്‍വ്വന്‍ തന്റെ തോഴന്‍ തന്നെയാണെന്ന് അര്‍ജ്ജുനന്‍ കണ്ട് വില്ലില്‍ തൊടുത്ത അസ്ത്രം പിന്‍വലിച്ചു. അതു കണ്ടപ്പോള്‍ മറ്റു പാണ്ഡവന്മാരും യുദ്ധം നിര്‍ത്തി. പായുന്ന അശ്വങ്ങളേയും, അസ്ത്രജാലങ്ങളേയും പിന്‍വലിച്ചതിന് ശേഷം ചിത്രസേനനും, ഭീമസേനാര്‍ജ്ജുനന്മാരും, മാദ്രീപുത്രന്മാരും അന്യോന്യം തേരുകളില്‍ നിന്നു കുശലം പറഞ്ഞു.
246. ദുര്യോധനനെ മോചിപ്പിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: പിന്നീട് അര്‍ജ്ജുനന്‍ ചിരിച്ചു കൊണ്ട് ചിത്രസേനനോടു പറഞ്ഞു. ആ ഗന്ധര്‍വ്വരെല്ലാവരും അവരുടെ സഹാര്‍ദ്ദ പൂര്‍വ്വമായ സംഭാഷണത്തില്‍ കൗതുകത്തോടെ നിന്നു.
അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, സുഹൃത്തേ! ഭവാന്‍ എന്തിനാണ് കൗരവന്മാരെ തോല്‍പിച്ച് ദുര്യോധനനെ ഭാര്യമാരോടു കൂടി പിടിച്ചു കെട്ടിയത്? ഭവാന്‍ ഈ കര്‍മ്മത്തിന് ഒരുങ്ങുവാന്‍ കാരണമെന്താണ്?
ചിത്രസേനന്‍ പറഞ്ഞു: ദുരാത്മാവായ ദുര്യോധനനും പാപാത്മാവായ കര്‍ണ്ണനും എന്തു കരുതിയാണ് ഇവിടെ വന്നതെന്ന് നിങ്ങള്‍ക്കു മനസ്സിലായിരിക്കും. എന്നാലും ഞാന്‍ പറയട്ടെ! ഇവരുടെ ഉദ്ദേശ്യം നന്നായിരുന്നില്ല. അനാഥരെപ്പോലെ കാട്ടില്‍ ചുറ്റി നടന്നു കഷ്ടപ്പെടുന്ന വിഷമസ്ഥരായ നിങ്ങളേയും, യശസ്വിനിയായ പാഞ്ചാലിയേയും ഇവിടെ വന്നു കണ്ട് സുഖപൂര്‍ണ്ണന്മാരുടെ നിലയില്‍ അഹങ്കാരം പൂണ്ടു നിങ്ങളെ അപഹസിക്കണമെന്ന കരുതലോടെയാണ് ഇവര്‍ വന്നത്.
ഇവരുടെ ഈ മനോഗതം മനസ്സിലാക്കി ദേവേന്ദ്രന്‍ എന്നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ഹേ, ചിത്രസേനാ! ഭവാന്‍ ഉടനെ പോയി അമാത്യന്മാരോടു കൂടെ ദുര്യോധനനെ ബന്ധിച്ച് ഇവിടെ കൊണ്ടു വരിക. ധനഞ്ജയനേയും ആ പാണ്ഡവന്റെ ഭ്രാതാക്കളേയും നാം സംരക്ഷിക്കേണ്ടതാണ്. അര്‍ജ്ജുനന്‍ ഭവാന്റെ പ്രിയസഖാവും ശിഷ്യനുമാണല്ലോ ഈ കല്പന ശിരസാ വഹിച്ചു കൊണ്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്. ഈ ദുഷ്ടനെ ഞാന്‍ ദേവപുരിയിലേക്ക് ഈ നിലയില്‍ കൊണ്ടു പോകട്ടെ! പാകശാസനന്റെ ശാസന എനിക്കു തട്ടുവാന്‍ വയ്യാ!
അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, ചിത്രസേനാ! ധര്‍മ്മരാജന്റെ സന്ദേശത്തെ എനിക്കു നിരസിക്കുവാന്‍ നിവൃത്തിയില്ല. ഭവാന്‍ ആ സന്ദേശമനുസരിച്ച് ഞങ്ങളുടെ ഭ്രാതാവായ സുയോധനനെ വിട്ടയയ്ക്കണം. എനിക്കു പ്രിയം ചെയ്യുവാന്‍ സഖാവായ ഭവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സുയോധനനെ വിട്ടയച്ചാലും!
ചിത്രസേനന്‍ പറഞ്ഞു: പാപാത്മാവും, മദോന്മത്തനുമായ ഇവന്‍ മോചനത്തിന് അര്‍ഹനല്ല. ധര്‍മ്മാത്മജനേയും, ദ്രൗപദിയേയും ചതിക്കുവാന്‍ ഒരുങ്ങിയവനാണ് ഇവന്‍. സുഖിച്ചു വളരുന്നവന്‍ ദുഃഖിച്ചു വലയുന്നവരെ നേരില്‍ ചെന്നു കാണുന്നത് ബഹുരസമാണ് എന്നു കരുതിയാണ് ഈ പാപാത്മാവ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ശുദ്ധാത്മാവായ യുധിഷ്ഠിരന്‍ അറിഞ്ഞിരിക്കയില്ല. അതു കൊണ്ട്, ഇവരെയൊക്കെ കൊണ്ട് ധര്‍മ്മരാജാവിന്റെ അടുത്തേക്കു നാം പോവുക. അദ്ദേഹത്തോടു കാര്യമൊക്കെ പറയുക. അദ്ദേഹത്തോടു ചോദിച്ചിട്ട് അദ്ദേഹം പറയുന്നതു പോലെ ചെയ്യാം.
വൈശമ്പായനൻ പറഞ്ഞു: അവര്‍ എല്ലാവരും കൂടി ധര്‍മ്മജന്റെ സമീപത്തു ചെന്ന് ദുര്യോധനന്റെ കുചേഷ്ടിതമൊക്കെ ഉണര്‍ത്തിച്ചു. യുധിഷ്ഠിരനാകട്ടെ, അക്കാര്യമൊന്നും ഗണിച്ചില്ല. അജാതശത്രുവായ ധര്‍മ്മപുത്രന്‍ പറഞ്ഞു: "ചിത്രസേനാ! അവനെ വിടൂ!". ധര്‍മ്മപുത്രന്‍ പറഞ്ഞ ഉടനേ ആ ശ്രേഷ്ഠനായ ഗന്ധര്‍വ്വന്‍ അവരുടെ കയറുകള്‍ അഴിച്ചു വിടുവിച്ചു. തന്റെ ഹിതം പ്രവര്‍ത്തിച്ചതില്‍ യുധിഷ്ഠിരന്‍ ഗന്ധര്‍വ്വന്മാരെ പുകഴ്ത്തി.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭാഗ്യം! ഭാഗ്യം! നിങ്ങള്‍ സര്‍വ്വശക്തിയും തികഞ്ഞ മഹാബലന്മാർ ആയിരുന്നിട്ടും ദുര്യോധനനെ കൊന്നു കളയാഞ്ഞതു ഭാഗ്യം! അവനെ ജഞാതികള്‍, അമാത്യന്മാര്‍, ബാന്ധവന്മാര്‍ എന്നിവരടക്കം കൊന്നു കളയാഞ്ഞതു ഭാഗ്യം! നിങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു ചെയ്തതു വലിയ ഒരു ഉപകാരമാണ്. ഈ ദുരാത്മാവിനെ വിട്ടയച്ചതില്‍ എന്റെ കുലത്തിന് ഹാനി പറ്റാതെ കഴിഞ്ഞു. നിങ്ങളെ കാണുകയാല്‍ ഞങ്ങള്‍ പ്രീതരായിരിക്കുന്നു. നിങ്ങളുടെ ഇഷ്ടമെന്താണെന്ന് ആജ്ഞാപിച്ചാലും! ഞങ്ങളുടെ ഇഷ്ടം നിങ്ങള്‍ നിറവേറ്റിയിരിക്കുന്നു. നിങ്ങള്‍ക്കു പോകാം. നന്ദി!
വൈശമ്പായനൻ പറഞ്ഞു: ബുദ്ധിമാനായ ധര്‍മ്മപുത്രന്റെ അനുജ്ഞ പ്രകാരം ചിത്രസേനന്‍ മുതലായ ഗന്ധര്‍വ്വന്മാര്‍ അപ്സരസ്ത്രീകളോടു കൂടി അവിടെ നിന്നു പോയി. യുദ്ധത്തില്‍ കൗരവന്മാര്‍ കൊന്ന ഗന്ധര്‍വ്വന്മാരെ ദിവ്യാമൃതം വര്‍ഷിച്ച് ദേവേന്ദ്രന്‍ ജീവിപ്പിച്ചു. ജഞാതികളേയും രാജസ്ത്രീകളേയും അസാദ്ധ്യമായ കര്‍മ്മം ചെയ്തു മോചിപ്പിച്ചതില്‍ പാണ്ഡവന്മാര്‍ സംപ്രീതരായി. യാഗമദ്ധ്യത്തില്‍ അഗ്നികള്‍ എന്ന പോലെ, ആ ഉത്തമന്മാര്‍, സ്ത്രീകളോടും ബാലന്മാരോടും ചേര്‍ന്ന കൗരവന്മാരാല്‍ പൂജിതരായി ഏറ്റവും പ്രശോഭിച്ചു. വിമുക്തനായ ദുര്യോധനനേയും മറ്റു ധാര്‍ത്തരാഷ്ട്രന്മാരേയും യുധിഷ്ഠിരന്‍ അരികെ വിളിച്ചു നിര്‍ത്തി സ്നേഹപൂര്‍വ്വം ദുര്യോധനനോട് ഇങ്ങനെ പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഉണ്ണീ! ഇനിമേല്‍ ഇത്തരം സാഹസങ്ങള്‍ നീ ഒരിക്കലും ചെയ്യരുത്. സാഹസം ചെയ്യുന്നവര്‍ക്കു സുഖം വര്‍ദ്ധിക്കുകയില്ല. ഭ്രാതാക്കന്മാരോടു കൂടി കുരുനന്ദനനായ നീ സ്വസ്തിമാനായി വര്‍ത്തിക്കുക! ബുദ്ധി മങ്ങാതെ യഥാകാമം ഗൃഹത്തിലേക്കു പോകാം!
വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ പോകുവാന്‍ അനുജ്ഞ നല്കിയപ്പോള്‍ ദുര്യോധനന്‍ പഞ്ചേന്ദ്രിയങ്ങളുടെ ശക്തി ക്ഷയിച്ച രോഗിയെ പോലെ ധര്‍മ്മപുത്രനെ കൈകൂപ്പി. ലജ്ജാഭാരത്താല്‍ ഞെരിയുന്നവനായ ദുര്യോധനന്‍ സ്വന്തം നഗരത്തിലേക്കു പോയി. ആ കൗരവന്‍ പോയതിന് ശേഷം കുന്തീപുത്രനായ ധര്‍മ്മരാജാവ് സോദരന്മാരുമായി ഭൂദേവാര്‍ച്ചിതനായി മഹര്‍ഷിമാരോടു ചേര്‍ന്ന് ഇന്ദ്രസന്നിഭനായി ദ്വൈതാരണൃത്തില്‍ സസുഖം വസിച്ചു.
247. കര്‍ണ്ണ ദുര്യോധന സംവാദം - ജനമേജയൻ പറഞ്ഞു: ശത്രുക്കള്‍ ജയിച്ചു പിടിച്ചു ബന്ധനം അനുഭവിച്ചവനും, മഹാന്മാരായ പാണ്ഡവന്മാരാല്‍ പിന്നെ മോചിപ്പിക്കപ്പെട്ടവനും, ദുര്‍ബുദ്ധിയും, ദുരഭിമാനിയും, ആത്മപ്രശംസകനും, അഹങ്കാരത്തള്ളൽ ഉള്ളവനും, വീര്യം കൊണ്ടും, ഓദാര്യം കൊണ്ടും പാര്‍ത്ഥന്മാരെ ധിക്കരിക്കുന്നവനും, പാപിയും, അഹങ്കാരിയുമായ ദുര്യോധനന്‍ വളരെ പണിപ്പെട്ട്, നാണിച്ച്, കുഴങ്ങിയിട്ടാണ് ഹസ്തിനപുരിയിൽ എത്തിയതെന്നാണ് എന്റെ അഭിപ്രായം. ദുഃഖം കൊണ്ട് ഉള്ളു കലങ്ങി, അവന്‍ അവിടെ ചെന്നെത്തിയ വര്‍ത്തമാനം വിസ്തരിച്ച്, ഹേ, വൈശമ്പായനാ! അങ്ങു പറഞ്ഞാലും!
വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മപുത്രനാല്‍ വിമുക്തനായ ദുര്യോധനന്‍ നാണിച്ചു തലതാഴ്ത്തി, ദുഃഖം കൊണ്ടു തളര്‍ന്ന്, തന്റെ ചതുരംഗ സൈന്യത്തോടു കൂടി, ഘോഷയാത്ര കഴിഞ്ഞു മടങ്ങി. പരാജയത്തെ കുറിച്ചു ചിന്തിച്ച്, ശോകത്താല്‍ മനസ്സു കെട്ട്, ധാര്‍ത്തരാഷ്ട്രന്‍ തന്റെ മുഖം പൗരന്മാരെ കാണിക്കുവാന്‍ മടിച്ച്, മാര്‍ഗ്ഗമദ്ധ്യത്തില്‍ പുല്ലും വെള്ളവും ധാരാളമുള്ള ഒരു സ്ഥലത്ത് കുതിരകളെ അഴിച്ചുവിട്ട്, തേര്, ആന, കുതിര, കാലാള്‍ എന്നീ ചതുരംഗ സൈന്യങ്ങളെ യഥാസ്ഥാനത്തു നിര്‍ത്തിയതിണ് ശേഷം ആ കൗരവന്‍ ഒരു വിജനസ്ഥലത്തു നിര്‍ബ്ബാധം ചെന്നിരുന്നു. താന്‍ ഉരിക്കുന്നതു പട്ടുമെത്തയിൽ ആണെങ്കിലും അതു ദുര്യോധനന് അഗ്നിമയമായി തോന്നി. രാത്രിക്ഷയത്തില്‍ രാഹുഗ്രസ്തനായ ചന്ദ്രനെ പോലെ ദുര്യോധനന്‍ നിഷ്പ്രഭനായി. ഈ സമയത്ത് കര്‍ണ്ണന്‍ പതുക്കെ അടുത്തു ചെന്ന് ദുര്യോധനനോടു പറഞ്ഞു.
കര്‍ണ്ണന്‍ പറഞ്ഞു: അഹോ, ഭാഗ്യം! ഭവാന്‍ ജീവിക്കുന്നു! ഭാഗ്യത്താല്‍ നാം തമ്മില്‍ വീണ്ടും ചേരുമാറായി! യഥേഷ്ടം രൂപം മാറുവാന്‍ കഴിയുന്ന ഗന്ധര്‍വ്വന്മാരെ ഭവാന്‍ ഭാഗ്യത്താല്‍ ജയിച്ച് ഭവാനോടൊപ്പം വിജയശാലികളായ ഭവാന്റെ സോദരന്മാരേയും കാണുമാറായി. ഭാഗ്യം തന്നെ! അവര്‍ ആ ജയോത്സാഹികളായ ശത്രുക്കളെ ജയിച്ച വീരന്മാരെ പരാജയപ്പെടുത്തിയല്ലോ. ഞാനാണെങ്കില്‍ ഗന്ധര്‍വ്വന്മാരെല്ലാം എതിര്‍ത്തു കയറുന്ന സമയത്തു ഭയപ്പെട്ട് ഓടിപ്പോകുന്ന സൈന്യത്തെ നിലയ്ക്കു നിര്‍ത്തുവാന്‍ ശക്തനായില്ല. അവര്‍ ഓടി പോയി. അതു കൊണ്ട് അമ്പുകളേറ്റ് ദേഹം മുറിഞ്ഞ് ഏറ്റവും പീഡിതനായ ഞാന്‍ മടങ്ങി പോരുകയാണുണ്ടായത്. എന്നാൽ ഇത് അത്ഭുതം തന്നെ.
മഹാരാജാവേ, ഭവാന്‍ കേടുകൂടാതെ, മുറിവു പറ്റാതെ, സ്ത്രീകളോടും വാഹനങ്ങളോടും, സൈന്യങ്ങളോടും കൂടി ആ ദിവ്യമായ സംഗരത്തില്‍ നിന്നു വിട്ടു പോന്നതായി ഞാന്‍ കാണുന്നു! ഇപ്രകാരം അമാനുഷമായ ഒരു പോരാട്ടത്തില്‍ ഗന്ധര്‍വ്വന്മാരെ ജയിച്ചു പോരുവാന്‍ ഈ പാരിടത്തിൽ മറ്റൊരാളേയും ഞാന്‍ കാണുന്നില്ല. ഭവാന്‍ സോദരന്മാരോടു കൂടി ഈ മഹായുദ്ധത്തില്‍ ചെയ്ത പോലെയുള്ള മഹാകര്‍മ്മത്തിന് ഈ ലോകത്തില്‍ മറ്റാരും ശക്തനല്ല!
വൈശമ്പായനൻ പറഞ്ഞു: എന്നു കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ കണ്ണുകളോടു കൂടി തൊണ്ടയിടറി ദുര്യോധനന്‍ കര്‍ണ്ണനോടു പറയുവാന്‍ തുടങ്ങി.
248. ദുര്യോധനവാക്യം - ദുര്യോധനന്‍ പറഞ്ഞു: ഹേ, കര്‍ണ്ണാ! ഭവാന്‍ കാര്യമറിയാതെ ആണു പറയുന്നത്. അതില്‍ എനിക്ക് ഒട്ടും പരിഭവമില്ല. ഞാന്‍ എന്റെ തേജസ്സാല്‍ ശത്രുക്കളായ ഗന്ധര്‍വ്വന്മാരെ ജയിച്ചതായി നീ വിചാരിക്കുന്നു. എന്നാൽ, ആ വിചാരം ശരിയല്ല. എന്നോടൊപ്പം നിന്ന് എന്റെ സഹോദരന്മാര്‍ ഗന്ധര്‍വ്വന്മാരോടു വളരെ സമയം പൊരുതുകയുണ്ടായി. ആ പോരാട്ടത്തില്‍ രണ്ടു കക്ഷിയിലും പെട്ട അനവധി പേര്‍ മരിച്ചു. ശൂരന്മാരും മായാവികളുമായ ആ ഗന്ധര്‍വ്വന്മാര്‍ ആകാശത്തില്‍ നിന്നു പൊരുതി. അപ്പോള്‍ നമുക്ക് ആ ആകാശചാരികളോടു ശരിക്കു നിന്നു പൊരുതുവാന്‍ സാധിക്കാതെയായി. ഒടുവില്‍ ഞങ്ങള്‍ തോറ്റു പോയി. എന്നു തന്നെയല്ല, ബന്ധനത്തിലും പെട്ടു. അമാത്യന്മാരോടും, പുത്രന്മാരോടും, ഭൃത്യന്മാരോടും, ഭാര്യമാരോടും, വാഹന ബലങ്ങളോടും കൂടി ഞങ്ങളെയൊക്കെ ഗന്ധര്‍വ്വന്മാര്‍ ബന്ധിച്ചു. ഞങ്ങള്‍ ദുഃഖത്തിലായി. ചിലര്‍ നിലവിളിക്കുവന്‍ തുടങ്ങി. അവര്‍ ആകാശത്തില്‍ കൂടി മേൽപോട്ടു കൊണ്ടു പോയി. ഉടനെ ഭൂമിയില്‍ ചില അമാത്യന്മാരും സൈനികരും നിലവിളിച്ച് പാണ്ഡവന്മാരുടെ അടുത്തു ചെന്ന് രക്ഷിക്കുവാന്‍ കെല്‍പുള്ള അവരെ ഉണര്‍ത്തിച്ചു:
സൈനികര്‍ പറഞ്ഞു; തമ്പിമാരോടു കൂടി ഇതാ ദുര്യോധനനെ ബന്ധിച്ചു ഗന്ധര്‍വ്വന്മാര്‍ ആകാശത്തിലേക്കു കൊണ്ടു പോകുന്നു. ഭാര്യമാരോടും അമാത്യന്മാരോടും കൂടിയാണു കൊണ്ടു പോകുന്നത്. സഭാര്യനായ രാജാവിനെ ഉടനെ വിടുവിക്കുവിന്‍! നിങ്ങള്‍ക്കു നന്മ ഭവിക്കും! കുരുദാരങ്ങള്‍ക്ക് അന്യകരസ്പര്‍ശ ദോഷം പറ്റാതെ നോക്കുവിന്‍!
ദുര്യോധനന്‍ പറഞ്ഞു; ഇപ്രകാരം അവര്‍ ചെന്ന് അപേക്ഷിച്ച് ആവലാതിപ്പെട്ടു കരഞ്ഞപ്പോള്‍ എന്റെ ജ്യേഷ്ഠനും ധര്‍മ്മാത്മാവുമായ പാണ്ഡവന്‍ തന്റെ അനുജന്മാരെ പ്രസാദിപ്പിച്ചു ഞങ്ങളെ മോചിപ്പിക്കുവാന്‍ ആജ്ഞാപിച്ചു. ഉടനെ പുരുഷര്‍ഷഭരായ പാണ്ഡവന്മാര്‍ അവിടെ ക്ഷണത്തില്‍ എത്തി. അവര്‍ ശക്തന്മാരും മഹാരഥന്മാരും ആയിരുന്നിട്ടും ആദ്യം ഗന്ധര്‍വ്വന്മാരോടു നല്ലവാക്കു പറഞ്ഞു നോക്കി. സാമം കൊണ്ടു ഗന്ധര്‍വ്വന്മാര്‍ ഞങ്ങളെ വിട്ടില്ല. അപ്പോള്‍ ബലോൽക്കടന്മാരായ ഭീമാര്‍ജ്ജുനന്മാരും നകുല സഹദേവന്മാരും ഗന്ധര്‍വ്വന്മാരില്‍ ശരവര്‍ഷം ചൊരിഞ്ഞു. പാണ്ഡവരോട് എതിര്‍ത്തു നിൽക്കുവാന്‍ കഴിയാതെ ഗന്ധര്‍വ്വന്മാര്‍ യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞ് ദുഃഖിക്കുന്ന ഞങ്ങളെ ബഹുരസമായി വലിച്ചിഴച്ചു മേൽപോട്ടു കയറി. അപ്പോള്‍ ഞങ്ങളുടെ ചുറ്റും ശരങ്ങളെ കൊണ്ടു വല കെട്ടിയതായി കണ്ടു. അര്‍ജ്ജുനന്‍ അമാനുഷാസ്ത്രങ്ങള്‍ തെരുതെരെ വിടുന്നതും ഞങ്ങള്‍ കണ്ടു. പാണ്ഡവന്റെ കൂരമ്പുകളാല്‍ നാലുപാടും അടഞ്ഞു പോകയാല്‍ ഗന്ധര്‍വ്വരാജാവും അര്‍ജ്ജുന സഖാവുമായ ചിത്രസേനന്‍ അര്‍ജ്ജുനന്റെ മുമ്പില്‍ ചെന്നു വെളിവായി നിന്ന് സസന്തോഷം അര്‍ജ്ജുനനോടു സംസാരിക്കുകയും അവര്‍ പരസ്പരം പുല്‍കുകയും ചെയ്തു. അവര്‍ പരസ്പരം കുശലം ചോദിച്ചു. ആ ഗന്ധര്‍വ്വന്മാരും വീരന്മാരായ പാര്‍ത്ഥന്മാരും ഒന്നിച്ചു കൂടി. അവര്‍ പടക്കോപ്പുകളൊക്കെ അഴിച്ചു പരസ്പരം കൂടിക്കലര്‍ന്നു സൽക്കരിച്ചു രസിച്ചു തുടങ്ങി. ചിത്രസേനനും അര്‍ജ്ജുനനും തമ്മില്‍ ഏറ്റവും സന്തോഷത്തോടെ അവിടെ പ്രശോഭിച്ചു.
249. ദുര്യോധന പ്രായോപവേശം - ദുര്യോധനന്‍ തുടര്‍ന്നു; അപ്പോള്‍ പുഞ്ചിരി തൂകി അർജ്ജുനൻ ചിത്രസേനനോട് ആണത്തത്തോടെ എപ്രകാരം പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, ഗന്ധര്‍വ്വശ്രേഷ്ഠാ! ഭവാ൯ എന്റെ ഈ വീരന്മാരായ ഭ്രാതാക്കന്മാരെ വിട്ടയയ്ക്കണം. പാണ്ഡവന്മാര്‍ ജീവിച്ചിരിക്കെ ഇവരെ അന്യരാരും ദ്രോഹിക്കുവാന്‍ സമ്മതിക്കയില്ല.
ഞങ്ങള്‍ തമ്മിലെതിര്‍ക്കുമ്പോള്‍; ഞങ്ങളഞ്ചവര്‍ നൂറുപേർ; അന്യന്‍ വന്നാക്രമിക്കുമ്പോള്‍; ഞങ്ങള്‍ നൂറ്റഞ്ചുപേര്‍കളാം.
മഹാത്മാവായ അര്‍ജ്ജുനന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഹേ, രാധേയാ! നാം ഇങ്ങോട്ടു പോരുമ്പോള്‍ ചെയ്ത ഗുഢാലോചനകൾ എല്ലാം, അതായത് ദീനന്മാരും ദുഃഖിതരുമായ പാണ്‌ഡവന്മാരെ അവരുടെ ഭാര്യമാരോടു കൂടി നമുക്കു കണ്ടു രസിക്കണമെന്നു നാം കരുതിയ ആ രഹസ്യ സംഭവം, ആ ഗന്ധര്‍വ്വന്‍ പാണ്ഡവന്മാരെ അറിയിച്ചു. നാണക്കേട്! ഗന്ധര്‍വ്വന്‍ ഇതു പറയുമ്പോള്‍ കേട്ടു നിൽക്കുന്നവനായ ഞാന്‍ നാണം കൊണ്ടു ചുളിഞ്ഞു പോയി. ഭൂമിക്കുള്ളിലേക്ക് വല്ല പഴുതുമുണ്ടെങ്കില്‍, താണു പോകുവാന്‍ തോന്നി പോയി.
അതുകൊണ്ടുമായില്ല. പിന്നെ ഗന്ധര്‍വ്വന്മാരും പാണ്ഡവന്മാരും ചേര്‍ന്ന് യുധിഷ്ഠിരന്റെ മുമ്പില്‍ ചെന്ന് ഞങ്ങളെ ബന്ധിച്ച വര്‍ത്തമാനവും നാം ആസൂത്രണം ചെയ്ത പരിപാടിയും ഒക്കെ ഉണര്‍ത്തിച്ചു. ആ സ്ത്രീജനങ്ങളുടെ മുമ്പില്‍ ഞാന്‍ ദീനനായി, കാലും കയ്യും ബന്ധിച്ച നിലയില്‍ ശത്രുവശഗനായി യുധിഷ്ഠിരന് തിരുമുൽക്കാഴ്ച വെച്ച ഒരു ദ്രവ്യമായി ഭവിച്ചു! ഇതില്‍പ്പരം ഒരു ദുഃഖം എന്താണ് ഒരു പുരുഷന് സംഭവിക്കേണ്ടത്? ലു
ഞാന്‍ എപ്പോഴും നിരാകരിച്ചും എപ്പോഴും ശത്രുക്കളായി കരുതിയും ഇരുന്നത് ആരെയോ ആ അവര്‍ ജളനായ എന്നെ, മോചിപ്പിച്ചു! എന്റെ ജീവനെ തിരികെത്തന്നു! ആ മഹായുദ്ധത്തില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ അത് എനിക്കെത്ര ശ്രേയസ്സ് ആകുമായിരുന്നു! ഇത്തരത്തിലുള്ള അവമാനം കൈയേറ്റ് ഇനി എന്തിന് ജീവിക്കണം? ജീവിതത്തില്‍ എന്തു സുഖമാണുള്ളത്? ഗന്ധര്‍വ്വന്മാര്‍ എന്നെ കൊന്നിരുന്നെങ്കില്‍ എനിക്ക് യശസ്സു പരക്കുമെന്നു മാത്രമല്ല ഇന്ദ്രപുരിയില്‍ അക്ഷയമായ പുണ്യലോകം സിദ്ധിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരമല്ലല്ലോ സംഭവിച്ചത്. ഇനി എന്റെ നിശ്ചയമെന്താണെന്ന് പുരുഷ വ്യാഘ്രന്മാരായ നിങ്ങള്‍ കേള്‍ക്കുവിന്‍. ഞാന്‍ ഇവിടെ കിടന്നു പ്രായോപവേശം ചെയ്യുവാന്‍ (പട്ടിണി കിടന്നു മരിക്കുവാന്‍) ഉറച്ചിരിക്കുന്നു. നിങ്ങള്‍ നഗരത്തിലേക്കു പൊയ്ക്കൊള്ളുവിന്‍. എന്റെ ഭ്രാതാക്കന്മാര്‍ പുരത്തിലേക്കു പോകട്ടെ. കര്‍ണ്ണന്‍ മുതലായ സുഹൃത്തുക്കളും, എല്ലാ ബന്ധുജനങ്ങളും ഇവിടെ നിന്നു പോകണം. ഒറ്റ ആളും ഇവിടെ നിൽക്കരുത്. എല്ലാവരും ദുശ്ശാസനനെ മുന്നില്‍ നടത്തി നഗരത്തിലേക്കു പോകുവിന്‍. ശത്രുക്കളാല്‍ അവമാനിതനായ ഞാന്‍ ഇനി പുരത്തിലേക്കു തിരിച്ചു വരികയില്ല. ഇതു തീര്‍ച്ചയായ കാര്യമാണ്. ശത്രുക്കളില്‍ നിന്ന് അവമാനം കൈയേറ്റ ഞാന്‍ ഇനി മടങ്ങുകയില്ല. ശത്രുക്കളുടെ മാനം നശിപ്പിക്കുകയും മിത്രങ്ങളുടെ മാനം വളര്‍ത്തുകയും ചെയ്തു കൊണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ മിത്രദുഃഖദനായും, ശത്രുഹര്‍ഷദനായും തീര്‍ന്നിരിക്കുന്നു! ഹസ്തിനാപുരിയില്‍ ചെന്നു രാജാവിന്റെ മുഖം ഞാന്‍ എങ്ങനെ കാണും? എന്തു പറയും ?
ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, ദ്രൗണി, വിദുരന്‍, സഞ്ജയന്‍, ബാല്‍ഹീകന്‍, സൗമദത്തി, പിന്നെ വൃദ്ധസമ്മതന്മാരായ മറ്റുള്ളവര്‍, വിപ്രന്മാര്‍, തറപ്രമാണിമാര്‍, വെറും നാട്ടുകാര്‍ ഇവരൊക്കെ എന്നോട് എന്തു പറയും ? അവരോട് ഞാന്‍ എന്തു പറയും ? ശത്രുക്കളുടെ തലയ്ക്കു കയറുകയും, മാറില്‍ കാല്‍വയ്ക്കുകയും ചെയ്തവനായ ഞാന്‍ സ്വന്തം തെറ്റു കൊണ്ട് തെറ്റി വീണു പോയി. ഇനി അവരോട് എന്തുപറയും ? ദുര്‍വ്വിനീതന്മാര്‍ ശ്രീയേയും, ഐശ്വര്യത്തേയും, വിദ്യയേയും നേടിയാല്‍ അത് ശോഭനമായി നീണാള്‍ നിൽക്കുകയില്ല. മദഗര്‍വ്വിതനായ എന്റെ ഈ സ്ഥിതി തന്നെ മതിയായ ഉദാഹരണമാണ്. നോക്കു! അഹോ! കഷ്ടം! അരുതാത്ത ദുഷ്ടകര്‍മ്മം ഞാന്‍ ചെയ്തു. തന്നെത്താന്‍ ദുര്‍ബുദ്ധി കൊണ്ടു മോഹിച്ച് ഞാനിതാ ജീവിത സംശയത്തില്‍ കുടുങ്ങിയിരിക്കുന്നു. ഇനി എനിക്കു ജീവിക്കുവാന്‍ വയ്യ! അതു കൊണ്ട് ഞാന്‍ പ്രായോപവേശം ചെയ്യുകയാണ്. കഷ്ടത്തില്‍ നിന്നു ശത്രുവിന്റെ സഹായത്താല്‍ രക്ഷപ്പെട്ട ഏതു മാനിയാണു ജീവിക്കുവാന്‍ കാംക്ഷിക്കുക? ശത്രുക്കളുടെ പരിഹാസത്തിന് പാത്രമായ. പൗരുഷഹീനനായി വിക്രമാഢ്യന്മാരായ പാണ്ഡവന്മാരാല്‍ പുച്ഛരസത്തോടെ വീക്ഷിക്കപ്പെടുന്നവനായ ഈ മാനിഎങ്ങനെയാണു ജീവിക്കുക! ഇപ്രകാരം ചിന്തിച്ചതിന് ശേഷം ദുശ്ശാസനനെ വിളിച്ച് ദുര്യോധനന്‍ പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: എടോ ദുശ്ശാസനാ, നീ എന്റെ വാക്കുകേള്‍ക്കുക! ഞാന്‍ ചെയ്യുന്ന അഭിഷേകം കൈക്കൊണ്ടു നീ രാജാവാകുക. സമൃദ്ധമായ ഭൂമി കര്‍ണ്ണന്റേയും ശകുനിയുടേയും രക്ഷയില്‍ നീ ഭരിച്ചു കൊള്ളുക. മരുത്തുക്കളെ ഇന്ദ്രന്‍ എന്ന വിധം നീ നിന്റെ സഹോദരന്മാരെ വിശ്വാസപൂര്‍വ്വം പാലിക്കണം. ദേവന്മാര്‍ ഇന്ദ്രനെ എന്ന വിധം ബാന്ധവന്മാര്‍ നിന്നെ സേവിക്കട്ടെ! ബ്രാഹ്മണരെ സംബന്ധിച്ചു നീ എപ്പോഴും പ്രമാദം കൂടാതെ സുവൃത്തനായി നിൽക്കണം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നും നീ രക്ഷകനായി വര്‍ത്തിക്കണം. വിഷ്ണുദേവ ഗണങ്ങളെ എന്ന വിധം നീ ജ്ഞാതികളെ സംരക്ഷിക്കണം. ഗുരുജനങ്ങളെ നീ സര്‍വ്വാത്മനാ ശുശ്രൂഷിക്കണം. ഇതു മാത്രമേ എനിക്കു നിന്നോടു പറയുവാനുള്ളൂ. സുഹൃത്തുക്കളെ മുഴുവൻ ആനന്ദിപ്പിച്ചു കൊണ്ടും, ശത്രുക്കളെ. നിന്ദിച്ചു കൊണ്ടും നീ ഭൂമിയെ പാലിക്കുക. നീ എന്റെ കണ്ഠത്തില്‍, കൈകള്‍ വെച്ച് ഒന്ന് ആശ്ലേഷിക്കുക. ഇനി നിനക്കു പോകാം.
വൈശമ്പായനൻ പറഞ്ഞു: ജ്യേഷ്ഠന്‍ ഇപ്രകാരം പറഞ്ഞതു കേട്ട് ദീനനും ദുഃഖാര്‍ത്തനും അശ്രുകണ്ഠനുമായി തീര്‍ന്ന ദുശ്ശാസനന്‍ കൈകൂപ്പി വണങ്ങി തൊണ്ടയിടറി, "പ്രസാദിച്ചാലും" എന്നു പ്രാര്‍ത്ഥിച്ചു മനസ്സു പൊരിഞ്ഞു കണ്ണുനീരില്‍ മുഴുകി തന്റെ ഭ്രാതാവിന്റെ കാൽക്കല്‍ ഭൂമിയില്‍ വീണു. അനന്തരം ഗദ്ഗദത്തോടെ പറഞ്ഞു.
ദുശ്ശാസനന്‍ പറഞ്ഞു: ജ്യേഷ്ഠാ! അങ്ങനെ ഒരിക്കലും ഭവിക്കുകയില്ല. ഭൂഗോളം പൊടിയായി തകര്‍ന്നു തൂളിയേക്കാം. സ്വര്‍ഗവും തവിടുപൊടി ആയേക്കാം. സൂര്യന്റെ പ്രഭ പോയേക്കാം. ചന്ദ്രന്‍ ശീതളത്വം വെടിഞ്ഞേക്കാം. വായു തന്റെ ശീഘ്രഗതി ഉപേക്ഷിച്ചേക്കാം. ഹിമാലയം സ്ഥാനം വിട്ടു സഞ്ചരിച്ചേക്കാം. സമുദ്രജലം വറ്റി പോയേക്കാം. അഗ്നിക്ക് ഉഷ്ണമില്ലാതാകാം. എന്നാലും ഞാന്‍ ഭവാനെ കൂടാതെ ഭൂമി പാലിക്കുകയെന്നത് ഉണ്ടാകയില്ല. ഭവാന്‍ പ്രസാദിക്കണം. നമ്മുടെ കുലത്തിന് ഭവാന്‍ തന്നെ നൂറുവര്‍ഷം രാജാവായി ശോഭിക്കട്ടെ!
ഇപ്രകാരം പറഞ്ഞ് അഭിമാനിയായ ദുശ്ശാസനന്‍ ഉറക്കെ കരഞ്ഞ് ജേഷ്ഠന്റെ കാലു പിടിച്ചു കിടന്നു. ദുശ്ശാസനനും, ദുര്യോധനനും ദുഃഖാര്‍ത്തന്മാരായി കിടക്കുന്നതു കണ്ട് കര്‍ണ്ണന്‍ ഹൃദയ വേദനയോടു കൂടി അവരെ സാന്ത്വനം ചെയ്തു.
കര്‍ണ്ണന്‍ പറഞ്ഞു: ഹേ, കുരുവീരന്മാരേ! മൂഢന്മാരെ പോലെ നിങ്ങള്‍ എന്താണ് ഇങ്ങനെ കിടന്നു കരയുന്നത്? ഇത് എന്തു വിഡ്ഡിത്തമാണ്. ദുഃഖിച്ചിരിക്കുന്നവന്റെ ദുഃഖം ഒരിക്കലും ദുഃഖം കൊണ്ടു നീങ്ങുകയില്ല,
ദുഃഖിക്കുന്നവരുടെ ദുഃഖം അവര്‍ മനസ്സു കൊണ്ടു മാറ്റുവാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതു നീങ്ങുവാന്‍ പോകുന്നില്ല. ദുഃഖമേറ്റ് ദുഃഖിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യത്തെ എങ്ങനെ കാണുവാന്‍ കഴിവുള്ളവരാകും? നിങ്ങള്‍ ധൈര്യം കൈക്കൊള്ളണം. ദുഃഖിച്ചിരുന്ന് ശത്രുക്കളെ ആനന്ദിപ്പിക്കുകയല്ല ചെയ്യേണ്ടത്. പാണ്ഡവന്മാര്‍ ഭവാനെ മോചിപ്പിച്ചതില്‍ വിശേഷമൊന്നുമില്ല. അവര്‍ അവരുടെ കര്‍ത്തവ്യമാണു ചെയ്തത്. നാട്ടില്‍ അധിവസിക്കുന്നവര്‍ ആ രാജ്യത്തെ രാജാവിന്റെ ഇഷ്ടം എപ്പോഴും ചെയ്യുവാന്‍ കടപ്പെട്ടവരാണ്. അവര്‍ അല്ലല്‍ കൂടാതെ അവിടെ വാഴുന്നത് നിന്റെ രക്ഷയിലാണല്ലോ. ഈ സ്ഥിതിക്ക് ജളന്മാരെ പോലെ ദുഃഖിക്കാതിരിക്കുക. നീ ഈ വിധം പ്രായോപവേശം തുടങ്ങിയപ്പോള്‍ നിന്റെ സോദരന്മാര്‍ കേഴുന്നതു കണ്ടില്ലേ. എഴുന്നേല്‍ക്കൂ! നടക്കൂ! നിനക്കു നന്മവരും. നീ ഭ്രാതാക്കളെ സമാധാനിപ്പിക്കുക.
250. ദുര്യോധന പ്രായോപവേശം - കര്‍ണ്ണന്‍ തുടര്‍ന്നു:ഹേ; രാജാവേ! അങ്ങയുടെ യോഗ്യതയ്ക്കു ഞാന്‍ യാതൊരു കുറവും കാണുന്നില്ല. വീരന്മാരായ പാണ്ഡവന്മാര്‍ ഭവാനെ വിടുവിച്ചതില്‍ എന്താണ് അത്ഭുതം? ഹേ, ശത്രുനിഷൂദനാ! പെട്ടെന്നു ശത്രുവിന്റെ പാട്ടില്‍ കൗരവ്യസേനകളും മറ്റു നാട്ടുകാരും പെട്ടാല്‍ അറിഞ്ഞും അറിയാതെയും രാജാവിന് ഇഷ്ടം ചെയ്യേണ്ടതു പ്രജകളുടെ കര്‍ത്തവ്യമാണ്. വിശേഷിച്ചും വീരന്മാര്‍ ശത്രുസേനയെ എതിര്‍ക്കാതിരിക്കുമോ? പടജനം പോരില്‍ ശത്രുവിന്റെ പിടിയില്‍ പെടാറുണ്ട്. അതിനെ രാജാവിന്റെ സൈന്യങ്ങളും നാട്ടുകാരും കൂടി വിടുവിക്കാറുമുണ്ട്. ഈ പാണ്ഡവന്മാരെ പറ്റി ഹേ, രാജാവേ! ഞാന്‍ ഒന്നു ചോദിക്കട്ടെ! അവര്‍ ഭവാന്റെ രാജ്യത്ത് അധിവസിക്കുന്നവരല്ലേ? പ്രജകളല്ലേ? അവര്‍ യദ്യച്ഛയാ ശത്രുക്കളെ വേര്‍പെടുത്തി എന്നുള്ളതില്‍ ആവലാതിക്ക് എന്തുള്ളു? പിന്നെ ഒരു കാര്യം ഞാന്‍ പറയാം. പാണ്ഡവന്മാര്‍ ഒരു കാര്യം ചെയ്യാതിരുന്നതു ശരിയായില്ല. ഭവാന്‍ സേനയോടു കൂടി എഴുന്നള്ളുന്ന സമയത്ത് ഭവാനോടു കൂടി അകമ്പടി സേവിച്ച്, അവരും വരേണ്ടതായിരുന്നു. അവര്‍ അതു ചെയ്യാതിരുന്നത് അവരുടെ പേരിലുള്ള തെറ്റാണ്. ശൂരന്മാരും ഏറ്റവും ശക്തന്മാരും, പോരില്‍ പിന്തിരിഞ്ഞ് ഓടാതെ നിൽക്കുന്നവരുമായ ആ പാണ്ഡവന്മാര്‍ നിന്റെ സഹായികളും ആദ്യമേ തന്നെ നിന്റെ ദാസന്മാർ ആയവരുമാണ്. ആ പാണ്ഡവന്മാരുടെ രത്നങ്ങളൊക്കെ ഇന്നും നീ നേടി വച്ചിരിക്കുന്നവനല്ലേ? എന്നിട്ടും ധീരന്മാരായ പാര്‍ത്ഥന്മാര്‍ ആരെങ്കിലും പ്രായോപവേശം ചെയ്തുവോ? എഴുന്നേറ്റിരിക്കൂ! ഭവാനു ശുഭം വരും. ഇനി താമസിക്കരുത്. രാജാവിന്റെ പ്രജകളെല്ലാം തീര്‍ച്ചയായും രാജാവിന് പ്രിയം ചെയ്യണം. അതില്‍ എന്താണ് ആവലാതി കൊള്ളുവാൻ ഉള്ളത്? ഞാന്‍ ഈ പറയുന്ന വാക്കു ഭവാന്‍ അനുസരിക്കുന്നില്ലെങ്കില്‍ നിന്റെ തൃപ്പാദവും സേവിച്ചു കൊണ്ടു ഞാന്‍ ഇവിടെ തന്നെ പാര്‍ക്കുവാനാണു വിചാരിക്കുന്നത്. ഭവാനെ കൂടാതെ ജീവിക്കുവാന്‍ എനിക്കു സാദ്ധ്യമല്ല! ഭവാന്‍ പ്രായോപവേശം ചെയ്താല്‍ രാജാക്കന്മാര്‍ക്കു ഭവാന്‍ പരിഹാസ്യനായി ഭവിക്കുകയാണ് ഉണ്ടാവുക.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരമൊക്കെ കര്‍ണ്ണന്‍ പറഞ്ഞിട്ടും പ്രായോപവേശത്താല്‍ സ്വര്‍ഗ്ഗം പൂകുവാന്‍ ദൃഢനിശ്ചയം ചെയ്ത ദുര്യോധനന്‍ എഴുന്നേല്‍ക്കുവാന്‍ തയ്യാറായില്ല.
251. ദുര്യോധന പ്രായോപവേശം - വൈശമ്പായനൻ പറഞ്ഞു: പ്രായോപവേശത്തിന് ഒരുങ്ങിയ ദുര്യോധനനെ സാന്ത്വനം ചെയ്ത് ശകുനി ഇപ്രകാരം പറഞ്ഞു.
ശകുനി പറഞ്ഞു: ഹേ, കൗാരവ ശ്രേഷ്ഠ! കര്‍ണ്ണന്‍ ഭഗവാനോടു പറഞ്ഞതെല്ലാം സത്യമാണ്. ഞാന്‍ സമ്പാദിച്ചു തന്ന സമൃദ്ധമായ സമ്പത്തെല്ലാം നീ തള്ളിക്കളയുക ആണോ? രാജാവായ ഭവാന്‍. അല്പബുദ്ധി കൊണ്ടാണ് പ്രാണനെ ഉപേക്ഷിക്കുവാന്‍ ഒരുങ്ങുന്നത്. അല്ലെങ്കിലും എനിക്കറിയാം ഭവാന്‍ വൃദ്ധജനങ്ങളെ സേവിക്കാത്തവൻ ആണെന്ന്. അപ്പപ്പോള്‍ ഉണ്ടാകുന്ന ദുഃഖത്തേയും, ഹര്‍ഷത്തേയും അടക്കാതെ ജീവിക്കുന്നവന്‍, നീറ്റില്‍ പച്ച കളിമണ്‍കുടം പോലെ ശ്രീ നേടിയ ശേഷം നശിച്ചു പോകും. ആത്മനാശത്തെ പറ്റി ശങ്കാകുലനായ ഭീരുവും, ദുഃഖപരിഹാരം കാണുവാന്‍ കഴിവില്ലാത്ത ക്ലീബനും വേണ്ട കാര്യം യഥാകാലം ചെയ്യാതെ വിളംബിക്കുന്ന ദീര്‍ഘസൂത്രനും സ്വകര്‍മ്മത്തില്‍ ശ്രദ്ധചെലുത്താത്ത പ്രമാദിയും, ചൂതാട്ടം, മദ്യപാനം, നായാട്ട് മുതലായ വൃസനങ്ങളില്‍ പെട്ടു ധനകാമിനികളാല്‍ ആക്രമിക്കപ്പെട്ട വിഷയലമ്പടനും രാജത്വത്തിന് അര്‍ഹനല്ല. അപ്രകാരമുള്ള രാജാവിനെ ജനങ്ങള്‍ ബഹുമാനിക്കുകയില്ല. അതു കൊണ്ടു ജനങ്ങളെ ഭവാന്‍ വെറുപ്പിക്കരുത്. നീ ഇപ്പോള്‍ ലജ്ജിച്ചിരിക്കുക ആണല്ലോ. അതില്‍ ഒരര്‍ത്ഥവുമില്ല. ഒന്നു കൂടി ചിന്തിച്ചു നോക്കൂ! ഞാന്‍ പറയാം; ശ്രദ്ധിക്കുക.
പാണ്ഡവന്മാര്‍ മഹത്തായ കര്‍മ്മം അനുഷ്ഠിച്ചിരിക്കുന്നു എന്നും അവരുടെ കരുണ കൊണ്ടാണ് ഭവാന്‍ ജീവിച്ചിരിക്കുന്നത് എന്നുമാണല്ലോ ഭവാന്‍ വിചാരിക്കുന്നത്. എന്നാൽ അങ്ങനെ തന്നെയാണെന്നു വിചാരിക്കുക. എന്നാലും അതില്‍ ദുഃഖിക്കുവാന്‍ എന്താണവകാശം? അവര്‍ സല്‍കര്‍മ്മം ചെയ്തതിനാണോ ഭവാന്‍ ദുഃഖിക്കുന്നത്? നേരെ വിപരീതമായി അവര്‍ ഭവാനോടു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഭവാന്റെ സ്ഥിതിയെന്താകും? പാര്‍ത്ഥന്മാര്‍ ശോഭനകര്‍മ്മം ചെയ്തതില്‍ നീ ദുഃഖിക്കേണ്ടതില്ല. നീ ദുഃഖത്തെ അടക്കുക. അവര്‍ ചെയ്ത സല്‍കര്‍മ്മത്തിന്ന് അവരോടു സന്തോഷിക്കുകയും, അവരെ വിളിച്ചു സല്‍ക്കരിക്കുകയും ചെയ്യേണ്ട സമയത്തു നീ ദുഃഖിക്കുകയാണോ? ഇതു വിപരീതമായ പ്രവൃത്തിയാണ്. നീ പ്രസാദിക്കൂ! മരിക്കരുത്. ആ മഹാ സല്‍കൃത്യം ചെയ്ത പാണ്ഡവന്മാരെ വിളിച്ചു വരുത്തി നന്ദിയോടെ അവര്‍ക്കു രാജ്യം നല്കുക. എന്നിട്ടു സല്‍ കീര്‍ത്തി സമ്പാദിക്കുക. അങ്ങനെ ചെയ്താല്‍ ഭവാന്‍ കൃതജ്ഞനാണെന്നുള്ള പ്രസിദ്ധി പരക്കും. ഭ്രാതൃസ്നേഹത്തോടു കൂടി ഭവാന്‍ പാണ്ഡവര്‍ക്ക് ഒരു നിലയുണ്ടാക്കി കൊടുക്കുക! അച്ഛന്റെ രാജ്യം അവര്‍ക്കു നല്കുക. അങ്ങനെ ഭവാന്‍ സുഖമായി കഴിയുക.
വൈശമ്പായനൻ പറഞ്ഞു: ശകുനിയുടെ ഈ വാക്യം കേട്ടപ്പോള്‍ ദുര്യോധനന്‍ ചുറ്റും നോക്കി. തന്റെ കാൽക്കല്‍ ഭ്രാതൃസ്നേഹം മൂലം വീണു കിടക്കുന്ന ദുശ്ശാസനനെ നോക്കി അവനെ പിടിച്ചു ദുര്യോധനന്‍ എഴുന്നേല്‍പിച്ചു തഴുകി നന്ദിയോടെ ശിരസ്സില്‍ ഘ്രാണിച്ചു. കര്‍ണ്ണനും ശകുനിയും പറഞ്ഞ മൊഴിയെല്ലാം കേട്ടിട്ടും അവന്‍ ആശ്വസിക്കുക ഉണ്ടായില്ല. മനസ്സില്‍ ലജ്ജ ഏറ്റ് വളരെയധികം നൈരാശ്യത്തോടെ, ആ സുഹൃത്ജനങ്ങള്‍ പറഞ്ഞതു കേട്ട് ദുഃഖത്തോടെ പറഞ്ഞു:
ദുര്യോധനന്‍ പറഞ്ഞു; എനിക്കു ധര്‍മ്മം കൊണ്ടും, ധനം കൊണ്ടും, സുഖം കൊണ്ടും, ഐശ്വര്യം കൊണ്ടും, ആജ്ഞ കൊണ്ടും, ഭോഗങ്ങള്‍ കൊണ്ടും ഒരു കാര്യവുമില്ല. ഞാന്‍ ഒന്നില്‍ ബുദ്ധിയുറപ്പിച്ചു കഴിഞ്ഞു. എന്നെ അതില്‍ നിന്നു തടയരുത്. ആ പ്രായോപവേശം ഞാന്‍ ചെയ്യുക തന്നെ ചെയ്യും. എല്ലാവരും നഗരത്തിലേക്കു പൊയ്ക്കൊള്ളുക. എന്റെ ഗുരുജനങ്ങളെ നിങ്ങള്‍ പൂജിക്കുവിന്‍.
ഇതു കേട്ടപ്പോള്‍ ആ സുഹൃത്ജനങ്ങള്‍ പറഞ്ഞു: ഹേ, രാജേന്ദ്ര! ഞങ്ങളും ഭവാനെ അനുഗമിക്കുകയാണ്. ഭവാന്റെ ഗതി തന്നെയാണ് ഞങ്ങളുടെയും ഗതി. ഭവാനെ കൂടാതെ ഞങ്ങള്‍ നഗരത്തിലേക്കു മടങ്ങുകയില്ല. എങ്ങനെ ചെല്ലും?
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സുഹൃത്തുക്കളും അമാത്യന്മാരും ഭ്രാതാക്കന്മാരും സ്വജനങ്ങളും പല പ്രകാരത്തില്‍ പറഞ്ഞു നോക്കിയിട്ടും അവന്‍ നിശ്ചയത്തില്‍ നിന്നു ലേശം പിന്മാറിയില്ല. മനസ്സുറപ്പോടെ ദുര്യോധനന്‍ ദര്‍ഭപ്പുല്ലു വിരിച്ച് ആചമിച്ച് ശുചിയായി ജലസ്പര്‍ശം ചെയ്ത് കുശപ്പുല്ലും മരവുരിയും ധരിച്ച് സ്വര്‍ഗ്ഗതിയെ കാമിച്ചു കൊണ്ട് മൗനിയായി ഇരുന്നു. സങ്കല്പം കൊണ്ടു തന്നെ ദഹിപ്പിക്കുവാന്‍ മനസ്സിന് സമീപത്തില്‍ ചിതയുണ്ടാക്കി. സ്നാനപാനാദി ബാഹ്യകര്‍മ്മങ്ങള്‍ തൃജിച്ച് ആ കൗരവന്‍ മരണം പ്രതീക്ഷിച്ചു കിടന്നു. ദുര്യോധനന്റെ നിശ്ചയം അറിഞ്ഞപ്പോള്‍ ഉടനെ ദൈതേയന്മാരായ ദാനവന്മാര്‍ സ്വപക്ഷക്ഷയം ചിന്തിച്ച് ഒരു യാഗം തുടങ്ങി. അവര്‍ പണ്ട് ദേവന്മാരാല്‍ പരാജിതന്മാരായി പാതാളത്തില്‍ അധിവസിക്കുന്ന രൗദ്രന്മാരാണ്. ബൃഹസ്പതിയും ശുക്രനും ഉപദേശിച്ചിട്ടുള്ള മന്ത്രങ്ങളെ കൊണ്ട് അഥര്‍വ്വോക്തമായ ആരണ്യക മന്ത്രക്രിയകള്‍ ജപഹോമങ്ങളോടെ മന്ത്രവിശാരദര്‍ ചെയ്തു. ദൃഢവ്രതന്മാരും വേദവേദാംഗ പണ്ഡിതന്മാരുമായ ബ്രാഹ്മണര്‍ ക്ഷീരം, ഹവിസ്സ് എന്നിവ മന്ത്രപൂര്‍വ്വകം അഗ്നിയില്‍ ഹോമിച്ചു. ആ കര്‍മ്മങ്ങള്‍ അവസാനിച്ച ഉടനെ ഹോമകുണ്ഡത്തില്‍ നിന്നു മഹത്തായ പല അത്ഭുതങ്ങളും ഉളവായി. ആ അഗ്നികുണ്ഡത്തില്‍ നിന്ന് ഒരു കൃത്യ ഉത്ഭവിച്ചു. കൃത്യ ദാനവന്മാരുടെ മുമ്പില്‍ തൊഴുതു നിന്നു താന്‍ ചെയ്യേണ്ടത് എന്താണെന്നു ചോദിച്ചു. അപ്പോള്‍ സന്തോഷത്തോടെ ദാനവന്മാര്‍ പറഞ്ഞു: "പ്രായോപവേശം ചെയ്യുന്ന ദുര്യോധന രാജാവിനെ ഇങ്ങോട്ടു കൊണ്ടു വരിക. കൃത്യ ഉടനെ "കല്പന പോലെ" എന്ന് ഏറ്റ് ഉടനെ ദുര്യോധന രാജാവു കിടക്കുന്ന സ്ഥലത്തെത്തി. ഉടനെ തന്നെ അവള്‍ ആ രാജാവിനെ എടുത്ത് പാതാളത്തിലേക്കു പോവുകയും ചെയ്തു. പാതാളത്തിലെത്തി താന്‍ ദുര്യോധനനെ കൊണ്ടു വന്ന വൃത്താന്തം ഉണര്‍ത്തിച്ചു.
ദുര്യോധനന്‍ എത്തിയതറിഞ്ഞ് അവിടെ ആ രാത്രിയില്‍ ഒത്തു കൂടിയ ദാനവന്മാരുടെ കണ്ണുകള്‍ സന്തോഷത്താല്‍ പ്രകാശിച്ചു. അവര്‍ അഭിമാനത്തോടെ ദുര്യോധനനോടു സംസാരിച്ചു.
252. ദുര്യോധന പുരപ്രവേശം - ദാനവന്മാര്‍ പറഞ്ഞു; അല്ലയോ ദുര്യോധന മഹാരാജാവേ! ഭരത കുലത്തിന്റെ നാഥാ! ഭവാന്‍ ശൂരന്മാരും മഹാന്മാരുമായ ശ്രേഷ്ഠന്മാരോടു ചേര്‍ന്നവനാണല്ലോ. അങ്ങനെയുള്ള ഭവാന്‍ എന്താണ് പ്രായോപവേശത്തിന് തുനിയുന്നത്? എന്തിനാണ് ഈ സാഹസത്തിന് ഒരുങ്ങിയത്? ആത്മത്യാഗിക്ക് പതനവും ദുഷ്കീര്‍ത്തിയും കുറച്ചിലുമാണ് അനുഭവിക്കുവാന്‍ പോകുന്നത്. ശത്രുജയത്തിന് വിപരീതമായി മൂലനാശം ചെയ്യുന്ന ആത്മഹത്യാദി പാപ കാര്യങ്ങളില്‍ ഭവാനെ പോലുള്ള ബുദ്ധിമാന്മാര്‍ ഒന്നു കൊണ്ടും ഏർപ്പെടരുത്. ധര്‍മ്മാർത്ഥ സുഖങ്ങളെ നശിപ്പിക്കുന്നതായ ഇത്തരം ബുദ്ധി ഭവാന്‍ ഉപേക്ഷിക്കണം. യശസ്സും പ്രതാപവും വീര്യവും കെടുത്തുന്നതും, ശത്രുക്കള്‍ക്ക് ഹര്‍ഷം വര്‍ദ്ധിപ്പിക്കുന്നതുമായ ഈ ദുര്‍ഗ്ഗതിയില്‍ ഭവാന്‍ ചെന്നു ചാടുകയാണോ? അരുത്. ഭവാന്റെ ദിവൃത്വത്തെ കുറിച്ചുള്ള തത്വം ഞങ്ങള്‍ പറയാം. ഭവാന്റെ ശരീരം എങ്ങനെയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നു ഞങ്ങള്‍ പറയാം. അതു കേള്‍ക്കുമ്പോള്‍ ഭവാന് ധൈര്യമുണ്ടാകും. പണ്ട് ഞങ്ങള്‍ തപസ്സു കൊണ്ട് മഹേശ്വരനില്‍ നിന്നു നേടിയവനാണ് ഭവാന്‍. ഭവാന്റെ ദേഹത്തില്‍ നാഭിക്കു മീതെയുള്ള പൂര്‍വ്വഭാഗം വജ്രസഞ്ചയം കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. അധോഭാഗമാകട്ടെ, അസ്ത്ര ശസ്ത്രങ്ങള്‍ക്കെല്ലാം അഭേദ്യമായി പുഷ്പമയമായി സ്ത്രീജനങ്ങളുടെ ഹൃദയം ഹരിക്കുന്നവിധം മഹാദേവി നിര്‍മ്മിച്ചതാണ്, അങ്ങനെ ഈശ്വരനും ദേവിയും കൂടി നിര്‍മ്മിച്ചതാണ് ഭവാന്റെ ദേഹം.
ഭവാന്‍ മനുഷ്യനല്ല, ദിവ്യനാണ്. ശൂരന്മാരും മഹാവീരന്മാരും ദിവ്യാസ്ത്ര കുശലന്മാരുമായ ഭഗദത്തന്‍ മുതലായ ക്ഷത്രിയന്മാര്‍ ഭവാന്റെ ശത്രുക്കളെ നശിപ്പിക്കും. ഭവാന്‍ വിഷാദിക്കരുത്. ഭവാന് ഭയം ഒരിക്കലും ഉണ്ടാവുകയില്ല. ഭവാന്റെ സഹായത്തിന് വീരന്മാരായ ദാനവന്മാര്‍ ഭൂമിയില്‍ ജനിച്ചിട്ടുണ്ട്. വേറെ അസുരന്മാര്‍ ചെന്നു ഭീഷ്മൻ, ദ്രോണൻ, കൃപന്‍ മുതലായവരെ ബാധിക്കുന്നതാണ്. അസുരാവേശത്താല്‍ അവര്‍ ഭയംവിട്ട് ഭവാന്റെ ശത്രുക്കളോടു പോരാടും. പുത്രന്മാരേയോ, ഭ്രാതാക്കന്മാരേയോ, പിതാക്കന്മാരേയോ, ബാന്ധവന്മാരേയോ, ശിഷ്യന്മാരേയോ, സ്വജനങ്ങളേയോ, വൃദ്ധന്മാരേയോ ശത്രുക്കള്‍ യുദ്ധത്തില്‍ പ്രഹരിക്കുന്നതു കണ്ടാല്‍ ആ ഭീഷ്മദ്രോണാദികള്‍ അടങ്ങിയിരിക്കുകയില്ല. മനസ്സില്‍ ദാനവന്മാര്‍ പ്രവേശിക്കുമ്പോള്‍, സ്നേഹം പോയി, അവര്‍ നിര്‍ദ്ദയന്മാരാകും. അവര്‍ പരവശന്മാരായി ശത്രുക്കളോട് എതിര്‍ക്കും.
ആ പുരുഷ സത്തമന്മാര്‍ കലുഷ ചിത്തന്മാരും സന്തുഷ്ടരുമായി വിധി വൈഭവത്താല്‍ മനസ്സു മറന്ന്, നിന്നെ ജീവനോടെ വിടുകയില്ല എന്നു ശത്രുവിനെ നോക്കി ഗര്‍ജ്ജിച്ച് പരുഷത്തോടെ ശസ്ത്രങ്ങളും അസ്ത്രങ്ങളും പ്രയോഗിക്കും. അവര്‍ തന്നത്താന്‍ ശ്ലാഘിച്ച് ജനങ്ങളെ നശിപ്പിക്കും. മഹാത്മാക്കളായ പഞ്ചപാണ്ഡവന്മാര്‍ അവരോട് എതിര്‍ക്കും. അവര്‍ പാണ്ഡവന്മാരെ ദൈവയോഗത്താല്‍ കൊല്ലുകയും ചെയ്യും. ഇപ്പോള്‍ ക്ഷത്രിയന്മാരായി ജനിച്ചിട്ടുള്ള രാക്ഷസന്മാരും ദൈത്യന്മാരും വിക്രമം നിറഞ്ഞവരായി യുദ്ധത്തില്‍ ഭവാന്റെ രിപുക്കളോടു പൊരുതും. പല തരത്തിലുള്ള ഗദകളും, മുസലങ്ങളും, ശൂലങ്ങളും അവര്‍ പ്രയോഗിക്കും. അര്‍ജ്ജുനനെ സംബന്ധിച്ച് ഭവാന്റെ മനസ്സില്‍ ഭയമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കണം.
അര്‍ജ്ജുനനെ കൊല്ലുവാന്‍ ശരിയായ ഉപായം ഞങ്ങള്‍ നിര്‍ദ്ദേശിച്ചു വെച്ചിട്ടുണ്ട്. കൃഷ്ണന്‍ പണ്ടുകൊന്ന നരകാസുരന്റെ ആത്മാവ് കര്‍ണ്ണനില്‍ പ്രവേശിച്ചു നിൽക്കുന്നുണ്ട്. പൂര്‍വ്വ വൈരത്തെ സ്മരിച്ച് കര്‍ണ്ണരൂപിയായ നരകാസുരന്‍ കൃഷ്ണാര്‍ജ്ജുനന്മാരോട് എതിര്‍ക്കും. മഹാവീരനും, യുദ്ധവീരനും, ശത്രുജയത്തില്‍ സമര്‍ത്ഥനുമായ കര്‍ണ്ണന്‍ അര്‍ജ്ജുനനേയും മറ്റെല്ലാ ശത്രുക്കളേയും ജയിക്കും. സവ്യസാചിയെ രക്ഷിക്കുവാന്‍ ഇന്ദ്രന്‍ വന്നു കര്‍ണ്ണന്റെ കവചകുണ്ഡലം വഞ്ചനയാല്‍ അപഹരിക്കും. അതു കൊണ്ട് ലേശവും ഭയപ്പെടേണ്ടതില്ല. ഞങ്ങള്‍ അനേകായിരം ദൈത്യന്മാരെ അയച്ചു തരുന്നുണ്ട്. അവര്‍ സംശപ്തകന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരാകും. അവര്‍ വീരനായ പാര്‍ത്ഥനെ കൊല്ലാതെ വിടുകയില്ല. അപ്പോള്‍ ശത്രുബാധ ഒഴിഞ്ഞു ഭൂമിയെ മുഴുവന്‍ ഭവാനു ഭരിക്കുവാന്‍ സാധിക്കുന്നതാണ്. ഒരിക്കലും ഭവാന്‍ വിഷാദിക്കരുത്. ഭവാനു യുക്തമല്ല വിഷാദം. അതു കൊണ്ട് സ്വന്തം ബുദ്ധിയെ വേറെ വഴിക്കു തിരിക്കാതെ വീരനായ ഭവാന്‍ പോയാലും. നീ നശിച്ചാല്‍ ഞങ്ങളുടെ ഭാഗവും നശിച്ചു പോകും. ഒരിക്കലും മനസ്സു മാറരുത്. ദേവന്മാര്‍ക്ക് പാണ്ഡവന്മാർ എന്നവിധം അസുരന്മാരായ ഞങ്ങള്‍ക്കു ഭവാനാണു ശരണം.
വൈശമ്പായനൻ പറഞ്ഞു: ദാനവന്മാര്‍ ഇപ്രകാരം പറഞ്ഞ് ദുരാധര്‍ഷനായ ദുര്യോധനനെ പുത്ര നിര്‍വ്വിശേഷമായ സ്നേഹത്തോടെ ആലിംഗനം ചെയ്തു. പ്രിയമായ വാക്കുകള്‍ പറഞ്ഞ് ആ രാജാവിന്റെ ബുദ്ധിയെ ഉറപ്പിച്ചു. അദ്ദേഹത്തെ നല്ലവണ്ണം ആശ്വസിപ്പിച്ചതിന് ശേഷം ജയാശംസ ചെയ്തു പോകുവാന്‍ അനുവാദം നല്കി. ഉടനെ കൃത്യ ദുര്യോധനനെ എടുത്ത് അദ്ദേഹം പ്രായോപവേശത്തിനായി കിടന്നിരുന്ന സ്ഥലത്തു ക്ഷണത്തിലെത്തി. അവള്‍ യഥോചിതം മാനിച്ച് രാജാവിന്റെ അനുമതി വാങ്ങി അന്തര്‍ദ്ധാനം ചെയ്തു. ദുര്യോധനന് ഇവയൊക്കെ വെറും സ്വപ്നപ്രായമായാണ് തോന്നിയത്. എന്നാലും, യുദ്ധത്തില്‍ പാണ്ഡവന്മാരെ തനിക്കു ജയിക്കുവാന്‍ കഴിയുമെന്ന വിചാരം ആ ധാര്‍ത്തരാഷ്ട്രന് ഉണ്ടായി. ശത്രുഘാതികളായ സംശപ്തകന്മാരും കര്‍ണ്ണനും പാര്‍ത്ഥനെ കൊല്ലുവാന്‍ ശക്തരാണെന്ന് ദുര്യോധനന്‍ നിശ്ചയിച്ചു. പാണ്ഡവന്മാരെ ജയിക്കുവാന്‍ തനിക്കു കഴിയുമെന്നുള്ള ആശ ആ ദുര്‍മ്മതിയായ ദുര്യോധനനില്‍ വീണ്ടും ഉണ്ടായി.
നരകന്റെ അന്തരാത്മാവ് കര്‍ണ്ണന്റെ മനസ്സില്‍ ആവേശിച്ചതു കൊണ്ട് ആ വീരന്‍ അര്‍ജ്ജുന വധത്തെ പറ്റി ക്രൂരബുദ്ധിയായി ഭവിച്ചു. രാക്ഷസാവേശം മൂലം വീരന്മാരായ സംശപ്തകന്മാര്‍ രജസ്സ് തമോ ഗുണാക്രാന്തരായി അര്‍ജ്ജുനവധത്തില്‍ തന്നെ ദൃഢമായി ചിന്തിച്ചു. ദൈത്യാവേശത്താല്‍ ഭീഷ്മൻ, ദ്രോണൻ, കൃപന്‍ എന്നിവര്‍ പാണ്ഡവന്മാരില്‍ പണ്ടത്തെ പോലെ സ്നേഹം കാണിക്കാതെയായി. തനിക്കു ലഭിച്ച ദാനവദര്‍ശനം സുയോധനന്‍ ആരേയും അറിയിച്ചില്ല.
ആ രാത്രി കഴിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ ദുര്യോധനനെ സസ്മിതം തൊഴുതു വീണ്ടും സാന്ത്വനം ചെയ്തു.
കര്‍ണ്ണന്‍ പറഞ്ഞു: ഹേ, ദുര്യോധന! മരിച്ചു പോയ മനുഷ്യന് ശത്രുക്കളെ നശിപ്പിക്കുവാന്‍ സാധിക്കുമോ? ജീവിച്ചിരിക്കുന്നവനേ ഭവ്യം കാണുവാന്‍ കഴിയൂ. മരിച്ചവന് കഴിയുകയില്ല! ഹേ, രാജാവേ! ഭയത്തിനോ മരണത്തിനോ ഉള്ള കാലമല്ല ഇത്.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് മഹാഭുജനായ കര്‍ണ്ണന്‍ ദുര്യോധനനെ ആലിംഗനം ചെയ്തു. പിന്നേയും കര്‍ണ്ണന്‍ തുടര്‍ന്നു.
കര്‍ണ്ണന്‍ പറഞ്ഞു: ശത്രുഹന്താവായ ഭവാൻ എഴുന്നേൽക്കുക. എന്തിനാണ് ഇങ്ങനെ കിടന്നു വിഷാദിക്കുന്നത്? വീര്യം കൊണ്ടു ശത്രുക്കളെ തപിപ്പിച്ചിട്ടുളള ഭവാന്‍ മരിക്കുവാന്‍ ശ്രമിക്കുകയോ? അര്‍ജ്ജുനന്റെ പരാക്രമം കണ്ടിട്ടു ഭയം തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതാ ഞാന്‍ ഭവാനോടു സത്യപ്രതിജ്ഞ ചെയ്യുന്നു. ഞാന്‍ അര്‍ജ്ജുനനെ യുദ്ധത്തില്‍ കൊല്ലുന്നതാണെന്ന് ആയുധം തൊട്ടു സത്യം ചെയ്യുന്നു! പതിമ്മൂന്നാമാണ്ടു കഴിഞ്ഞ് പാണ്ഡവന്മാര്‍ തിരിച്ചു വരികയാണെങ്കില്‍ അവരെ ഞാന്‍ ഭവാന്റെ കീഴിലാക്കി തരുന്നതാണെന്നു ശപഥം ചെയ്തു കൊള്ളുന്നു.
വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്റെ പ്രതിജ്ഞ ദുര്യോധനനെ ധൈര്യപ്പെടുത്തി. ദൈത്യന്മാരുടെ വാക്ക് അവന്റെ ഹൃദയത്തെ ദൃഢപ്പെടുത്തി. ദുശ്ശാസനന്‍ മുതലായവര്‍ കാൽക്കല്‍ വീഴുകയാല്‍ ദുര്യോധനന് ഭ്രാതൃസ്നേഹം ഉപേക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ദുര്യോധനന്‍ ശയ്യയില്‍ നിന്നെഴുന്നേറ്റു. ദൈത്യവാക്കാല്‍ മനസ്സുറപ്പിച്ച് ധാര്‍ത്തരാഷ്ട്രന്‍ യാത്രയ്ക്ക് ആ സൈന്യത്തെ വിളിച്ചു കൂട്ടി. ആന, തേര്‍, കുതിര, കാലാള്‍ എന്നീ വിഭാഗങ്ങള്‍ ചേര്‍ന്ന ആ മഹാസൈന്യം ഗംഗാപ്രവാഹം പോലെ വന്നുചേര്‍ന്നു. പതാകകളും, വെണ്‍കൊറ്റക്കുടകളും, വെണ്‍ചാമരങ്ങളും ആ സൈന്യവ്യൂഹത്തില്‍ അവിടവിടെ ഉയര്‍ന്നു. ശരല്‍ കാലത്തു മേഘങ്ങള്‍ നീങ്ങി തെളിഞ്ഞു വിളങ്ങിയ അംബരമെന്ന പോലെ ധാര്‍ത്തരാഷ്ട്രന്‍ പ്രശോഭിച്ചു! ദ്വിജേന്ദ്രന്മാര്‍ രാജാധിരാജനെ എന്ന പോലെ ജയാശിസ്സുകളോടെ സ്തുതിക്കുന്ന ഗീതങ്ങള്‍ കേട്ട്, അനുചരന്മാരുടെ കൂപ്പുന്ന അഞ്ജലികള്‍ കണ്ട് അഗ്നി പോലെ ജ്വലിക്കുന്ന സുയോധനന്‍ കര്‍ണ്ണനോടും, ശകുനിയോടും, ദുശ്ശാസനന്‍, ഭൂരിശ്രവസ്സ്, സോമദത്തൻ മുതലായവരോടും കൂടി കുറച്ചു ദിവസം യാത്ര ചെയ്ത് ഹസ്തിനപുരിയിൽ എത്തി.
253. കര്‍ണ്ണന്റെ ദിഗ്വിജയം - ജനമേജയൻ പറഞ്ഞു; ആ കാട്ടില്‍ മാന്യരായ പാണ്ഡവന്മാര്‍ അധിവസിക്കുന്ന കാലത്ത് മഹാരഥന്മാരായ ധാര്‍ത്തരാഷ്ട്രന്മാര്‍ എന്താണു ചെയ്തു കൊണ്ടിരുന്നത്? കര്‍ണ്ണന്‍, ശകുനി, ഭീഷ്മൻ, ദ്രോണൻ, കൃപന്‍ എന്നിവരൊക്കെ അക്കാലത്ത് എന്തു ചെയ്യുകയായിരുന്നു?
വൈശമ്പായനൻ പറഞ്ഞു: ഘോഷയാത്ര കഴിഞ്ഞു ദുര്യോധനന്‍ രാജധാനിയില്‍ തിരിച്ചെത്തി. ഒരു ദിവസം ഭീഷ്മൻ ദുര്യോധനനെ കണ്ട് ഇപ്രകാരം പറഞ്ഞു.
ഭീഷ്മൻ പറഞ്ഞു: ഉണ്ണീ, നീ തപോവനത്തിലേക്കു പുറപ്പെട്ടപ്പോള്‍ ഈ യാത്ര അത്ര നന്നല്ലെന്നും ഈ ഉദ്യമം നിനക്കു ചേര്‍ന്നതല്ലെന്നും ഞാന്‍ പറഞ്ഞില്ലേ? അതു കേള്‍ക്കാതെ നീ പോയതു കൊണ്ട് വീരനായ നിന്നെ ശത്രുക്കള്‍ ബലാല്‍ പിടികൂടുകയും ധര്‍മ്മജ്ഞന്മാരായ പാണ്ഡവന്മാരെ കൊണ്ട് നിനക്കു മോചനം സിദ്ധിക്കേണ്ടി വരികയും ചെയ്തു! അതിനെ പറ്റി ഇപ്പോള്‍ നിനക്കു ലജ്ജ തോന്നുന്നില്ലേ? നിന്റേയും നിന്റെ സൈനൃത്തിന്റേയും മുമ്പില്‍ വച്ച് ആ യുദ്ധത്തില്‍ ഗന്ധര്‍വ്വന്മാരെ ഭയപ്പെട്ട് ഓടി പോയില്ലേ ആ സൂതപുത്രന്‍? നീ സൈന്യത്തോടു കൂടി ഭയപ്പെട്ടു നിലവിളിച്ചപ്പോള്‍ മഹാത്മാക്കളായ പാണ്ഡവന്മാരുടേയും സൂതപുത്രനായ കര്‍ണ്ണന്റേയും വിക്രമം നീ പ്രത്യക്ഷമായി കണ്ടില്ലേ? അസ്ത്ര വിദ്യയിലോ, ശൗരൃത്തിലോ, ധര്‍മ്മത്തിലോ പാണ്ഡവന്മാര്‍ക്കുള്ള പ്രശസ്തിയില്‍ നാലില്‍ ഒരംശം പോലും കര്‍ണ്ണനില്ലെന്ന് ധര്‍മ്മവത്സലനായ നീ അറിഞ്ഞിരിക്കണം. അതു കൊണ്ട് സന്ധികുശലനായ നീ നിന്റെ ശ്രേയസ്സിനു വേണ്ടി മഹാത്മാക്കളായ പാണ്ഡവന്മാരോട് സന്ധി ചെയ്യുകയാണു നല്ലതെന്നു ഞാന്‍ വിചാരിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മൻ പറഞ്ഞപ്പോള്‍ ദുര്യോധനന്‍ മറുപടിയൊന്നും പറയാതെ, ഒന്നു ചിരിക്കുക മാത്രം ചെയ്ത്, ശകുനിയോടു കൂടി അവിടെ നിന്നു പോയി. അപ്പോള്‍ ആ മഹാരഥനെ കര്‍ണ്ണനും ദുശ്ശാസനനും പിന്തുടരുന്നു മുണ്ടായിരുന്നു. ഇതെല്ലാം കണ്ട് കുരുപിതാമഹനായ ഭീഷ്മന്‍ ലജ്ജാഭാരത്താല്‍ മനസ്സു ഞെരുങ്ങി സ്വന്തം വസതിയിലേക്കു തിരിച്ചു. ഭീഷ്മൻ പോയതിന് ശേഷം ദുര്യോധനന്‍ മന്ത്രിമാരോടു കൂടി മേലാല്‍ വേണ്ടുന്ന കാര്യം എന്തൊക്കെ ആണെന്ന് ആലോചന നടത്തി.
ദുര്യോധനന്‍ പറഞ്ഞു; നമുക്കു ശ്രേയസ്സ് ഉണ്ടാവുകയാണു വേണ്ടത്. എന്തു ചെയ്താലാണ് അതുണ്ടാവുക? ഇനി എന്തൊക്കെയാണ് നമുക്കു ചെയ്യുവാന്‍ ബാക്കിയുള്ളത്? യഥോചിതം അത് എങ്ങനെയാണു നിര്‍വ്വഹിക്കേണ്ടത്? നമുക്കു വിഹിതമായത് ഏതാണെന്നു ചിന്തിച്ചറിഞ്ഞ് അതു നാം തീരുമാനിക്കണം.
കര്‍ണ്ണന്‍ പറഞ്ഞു: അല്ലയോ മഹാബാഹുവായ ദുര്യോധനാ! നമ്മെ എപ്പോഴും നിന്ദിക്കുകയും പാണ്ഡവന്മാരെ എപ്പോഴും പ്രശംസിക്കുകയുമാണ് ഭീഷ്മൻ ചെയ്യുന്നത്. ഭവാനോടുള്ള ദ്വേഷം കൊണ്ട് ആ വൃദ്ധന്‍ എപ്പോഴും ദ്വേഷിക്കുന്നു. ഭവാന്റെ മുമ്പില്‍ വച്ച് എന്നെ ഭീഷ്മൻ എല്ലായ്പോഴും നിന്ദിക്കുന്നു. ഭീഷ്മന്റെ ഈ നിന്ദ എനിക്കു സഹിക്കുവാന്‍ വയ്യാതായിട്ടുണ്ട്. പാണ്ഡവന്മാരെ സ്തുതിക്കുന്നതും ഭവാനെ നിന്ദിക്കുന്നതും കേട്ടു നിൽക്കുക വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. രണ്ടും എനിക്കു സഹിക്കുവാന്‍ സാദ്ധ്യമല്ല, എന്നാൽ എന്റെ വീര്യം എല്ലാവര്‍ക്കും ഒന്നു കാണിച്ചു കൊടുത്തേക്കാം. ഭൃത്യന്മാരോടും സൈന്യങ്ങളോടും വാഹനങ്ങളോടും കൂടി എന്നെ ഭവാന്‍ അയയ്ക്കണം. കാടുകളും മലകളും ഉള്‍പ്പെടെയുള്ള ഈ ഭൂമി മുഴുവന്‍ ഞാന്‍ വിജയിച്ചു വരാം. ബലശാലികളായ പാണ്ഡവന്മാര്‍ നാലുപേര്‍ കൂടി ജയിച്ച ഭൂമിയെ ഞാന്‍ ഒറ്റയ്ക്കു കീഴടക്കാം. ദൂര്‍ബുദ്ധിയും കുരുകുലാ ധമനുമായ ഭീഷ്മൻ അതു കാണട്ടെ. നിന്ദ്യന്മാരെ പുകഴ്ത്തുകയും അനിന്ദ്യന്മാരെ അധിക്ഷേപിക്കുകയും ചെയ്യുന്ന ആ ഭീഷ്മൻ എന്റെ ബലം കണ്ട് തന്നത്താന്‍ നിന്ദിച്ചു കൊള്ളട്ടെ. യാത്രയ്ക്ക് എന്നെ ഭവാന്‍ അനുവദിക്കണം. നിശ്ചയമായും വിജയം സിദ്ധിക്കുമെന്ന് ഞാന്‍ ഈ ആയുധം തൊട്ടു സത്യപ്രതിജ്ഞ ചെയ്യുന്നു.
ദുര്യോധനന്‍ പറഞ്ഞു: കര്‍ണ്ണാ! ഞാന്‍ ധന്യനായി. സര്‍വ്വ ശത്രു ധ്വംസനത്തിന് വീരനായ ഭവാന്‍ പുറപ്പെടുകയാല്‍ ഞാന്‍ അനുഗൃഹീതനായി. മഹാബലനായ ഭവാന്‍ എന്നും എന്റെ ഹിതം പോലെ പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ എന്റെ ജന്മം സഫലമായിരിക്കുന്നു. ഭവാന്‍ പുറപ്പെട്ടു കൊള്ളുക. ഭവാനു മംഗളം ഭവിക്കട്ടെ! വേണ്ടുന്നതെല്ലാം എന്നോട് ആജ്ഞാപിച്ചാലും!
വൈശമ്പായനൻ പറഞ്ഞു: ദുര്യോധനന്റെ അനുജ്ഞ പ്രകാരം യാത്രയ്ക്കു വേണ്ടുന്നതൊക്കെ ആജ്ഞാപിച്ചു. എല്ലാം തയ്യാറായപ്പോള്‍ കര്‍ണ്ണന്‍ മംഗളസ്നാനം ചെയ്ത് ശോഭനമായ നക്ഷത്രത്തില്‍ ശുഭമായ തിഥിയില്‍ പുണൃമായ മുഹൂര്‍ത്തതില്‍ മംഗളദൈവതത്തില്‍ ദിജന്മാരാല്‍ പൂജിതനായി, വിജയാശംസകള്‍ കേട്ടു കൊണ്ട് ചരാചരാത്മകമായ ത്രൈലോകൃത്തെ രഥഘോഷത്താല്‍ മുഴക്കി വില്ലാളി വീരനായ കര്‍ണ്ണന്‍ ദിഗ്വിജയത്തിന്നായി പുറപ്പെട്ടു.
254. കര്‍ണ്ണന്റെ ദിഗ്വിജയം - വൈശമ്പായനൻ പറഞ്ഞു: വില്ലാളി വീരനായ കര്‍ണ്ണന്‍ ആദ്യമായി പടയോടു കൂടി പോയി രമ്യമായ ദ്രുപദപുരം വളഞ്ഞു. ആ വീരനായ ദ്രുപദനോടു ഭയങ്കരമായി പോരാടി അവനെ കീഴ്‌പ്പെടുത്തി. സ്വര്‍ണ്ണവും വെള്ളിയും പലവിധം രത്നങ്ങളും കപ്പുമായി ദ്രുപദനെക്കൊണ്ടു വെപ്പിക്കുകയും ചെയ്തു. പിന്നീട് ദ്രുപദ രാജാവിന്റെ അനുഗാമികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യില്‍ നിന്നും കപ്പം വാങ്ങുകയും ച്ചെയ്തു. അതിന് ശേഷം വടക്കോട്ടു പോയി. അവിടെയുള്ള രാജാക്കന്മാരേയും ഭഗദത്തനേയും പോരില്‍ ജയിച്ചു. പിന്നെ രാധേയന്‍ മഹാശൈലമായ ഹിമാലയത്തിലേക്കു കയറി. അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പര്‍വ്വതത്തിലെ സകല രാജാക്കന്മാരേയും കീഴടക്കി. അവരില്‍ നിന്നെല്ലാം കര്‍ണ്ണന്‍ കപ്പം വാങ്ങി. നേപ്പാളത്തിലെ രാജാക്കളെ ജയിച്ചതിന് ശേഷം വീരനായ രാധേയന്‍ മലയിറങ്ങി കിഴക്കോട്ടു പോയി. അവിടെ അംഗം, വംഗം, കലിംഗം, ശുണ്ഡികം, മിഥില, മാഗധം, കര്‍ക്കഖണ്ഡം, ആവശീരം, അയോദ്ധ്യ, അഹിക്ഷേത്രം എന്നീ രാജ്യങ്ങളെല്ലാം കര്‍ണ്ണന് കീഴടങ്ങി. കിഴക്കന്‍ രാജ്യങ്ങളെയെല്ലാം ആക്രമിച്ച് സൂതപുത്രന്‍ കോസലം, ത്രിപുരി, വത്സഭൂമി, മൂര്‍ത്തികാവതി എന്നീ രാജ്യങ്ങളില്‍ ചെന്നു കപ്പം വാങ്ങി. പിന്നീടു തെക്കോട്ടിറങ്ങി പല മഹാരഥന്മാരേയും ജയിച്ച് കര്‍ണ്ണന്‍ രുഗ്മിയോട് എതിര്‍ത്തു ഘോരയുദ്ധം ചെയ്തു. ഒടുവില്‍ രുഗ്മി, കര്‍ണ്ണന് കീഴടങ്ങി ഇപ്രകാരം പറഞ്ഞു.
രുഗ്മി പറഞ്ഞു: രാജേന്ദ്രനായ കര്‍ണ്ണാ! ഭവാന്റെ ബലവും വിക്രമവും കണ്ട് ഞാന്‍ പ്രീതനായിരിക്കുന്നു. എന്റെ ക്ഷത്രധര്‍മ്മം രക്ഷിക്കുവാനാണ് ഞാന്‍ ഭവാനോടു പോരാടിയത്. ഭവാന് ഞാന്‍ ധാരാളം സ്വര്‍ണ്ണം പ്രീതിപൂര്‍വ്വം നല്‍കുന്നു. ഭവാന്‍ സ്വീകരിച്ചാലും!
വൈശമ്പായനന്‍ പറഞ്ഞു: കര്‍ണ്ണന്‍ രുഗ്മിയോടു കൂടി തെക്കോട്ടിറങ്ങി. പാണ്ഡ്യന്‍, ശ്രീശൈലന്‍, കേരളന്‍, നീലന്‍, വേണു എന്നീ രാജാക്കന്മാരെയെല്ലാം തനിക്ക് കപ്പം തരുന്നവരാക്കി. തെക്കന്‍ പ്രദേശങ്ങളിലെ രാജാക്കന്മാരെ മുഴുവന്‍ തോല്‍പിച്ച് ആ മഹാബലന്‍ ശിശുപാലപുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും, സാമം കൊണ്ട് അവന്തിയേയും, കീഴടക്കി. അതിന് ശേഷം വൃഷ്ണികളോടു ചേര്‍ന്ന് പശ്ചിമ രാജ്യങ്ങളെ ആക്രമിച്ചു. യവനന്മാര്‍, ബര്‍ബ്ബരന്മാര്‍ മുത്രലായ പശ്ചിമ വാസികളെല്ലാം കര്‍ണ്ണനോടു യുദ്ധം ചെയ്തു നിശ്ശേഷം പരാജിതരായി. അങ്ങനെ തെക്കും, കിഴക്കും, പടിഞ്ഞാറുമുള്ള ഭൂമി മുഴുവന്‍ രാധേയന്റെ അധീനത്തിലായി. മ്ലേച്ഛന്മാര്‍, വനവാസികള്‍, പര്‍വ്വതവാസികള്‍, രോഹിതകന്മാര്‍, ആഗ്നേയന്മാര്‍, ഭദ്രന്മാര്‍; മാളവന്മാര്‍ എന്നീ ഗണങ്ങളും കര്‍ണ്ണന് കീഴടങ്ങി. അങ്ങനെ ഭൂമി മുഴുവന്‍ പുരുഷവ്യാഘ്രനായ കര്‍ണ്ണന് കീഴിലായി. കപ്പമായി വാങ്ങിയ നിരവധി ധനത്തോടു കൂടി ഹസ്തിനപുരിയില്‍ തിരിച്ചു വന്നു ചേര്‍ന്നു.
കര്‍ണ്ണന്‍ ദിഗ്വിജയം കഴിഞ്ഞു മടങ്ങി എത്തുന്നത് അറിഞ്ഞ് ആ പുരുഷശ്രേഷ്ഠനെ ദുര്യോധനന്‍ പിതൃബാന്ധവന്മാരോടു കൂടി എതിരേറ്റ് യഥാവിധി പൂജിച്ചു. കര്‍ണ്ണന്റെ യുദ്ധവൈദഗ്ദ്ധ്യത്തേയും ശോഭനകര്‍മ്മത്തേയും പ്രശംസിച്ചു.
ദുര്യോധനന്‍ പറഞ്ഞു: ഹേ, മഹാബാഹോ! ഭവാനു മംഗളം ഭവിക്കട്ടെ! ഭീഷ്മൻ, ദ്രോണൻ, കൃപര്‍, ബാല്‍ഹീകന്‍ എന്നീ മഹാരഥന്മാര്‍ക്കും സാധിക്കാത്ത മഹാകര്‍മ്മമാണ് ഭവാന്‍ ചെയ്തിരിക്കുന്നത്. എന്റെ ഹിതമെന്തോ അത് ഭവാന്‍ മുഖേന ഞാന്‍ നേടിയിരിക്കുന്നു. സത്തമനായ ഭവാന്‍ നാഥനായി നിൽക്കുകയാല്‍ ഞാന്‍ സനാഥനായി ഭവിച്ചിരിക്കുന്നു! മറ്റൊന്നും പറയുവാന്‍ ഞാന്‍ ശക്തനല്ല. പഞ്ചപാണ്ഡവന്മാരും മറ്റു രാജാക്കന്മാരും ഭവാന്റെ പതിനാറില്‍ ഒരു അംശത്തിന് പോലും യോഗ്യരല്ല. ഭവാന്‍ ധൃതരാഷ്ട്ര മഹാരാജാവിനേയും, യശസ്വിനിയായ ഗാന്ധാരിയേയും, അദിതിയെ ഇന്ദ്രന്‍ എന്ന വിധം, ഇപ്പോള്‍ തന്നെ ചെന്നു കാണ്‍ക.
വൈശമ്പായനന്‍ പറഞ്ഞു: കര്‍ണ്ണന്റെ വരവു കണ്ട് നഗരത്തിലെങ്ങും ഹാ! ഹാ വിളിയും വിജയഘോഷവും ഉണ്ടായി. വിജയിയായി വരുന്ന കര്‍ണ്ണനെ പലരും പ്രശംസിച്ചു. എന്നാൽ അവനെ നിന്ദിക്കുന്നവരും അവിടെ തന്നെ ഉണ്ടായിരുന്നു. ചില. രാജാക്കന്മാര്‍ അവിടെ പ്രശംസിക്കുവാനും പോയില്ല, നിന്ദിക്കുവനും പോയില്ല.
ചുരുങ്ങിയ കാലം കൊണ്ട് പര്‍വ്വതങ്ങളും, വനങ്ങളും, അവയ്ക്കിടയിലുള്ള പ്രദേശങ്ങളും, പത്തനങ്ങളും, നഗരങ്ങളും നിറഞ്ഞ പല രാജ്യങ്ങളും, ദ്വീപുകളും, ജലപൂര്‍ണ്ണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ഭൂമി മുഴുവന്‍ ജയിച്ച് രാജാക്കന്മാരെ ഒക്കെ കീഴടക്കി: അക്ഷയമായ ധനം കയ്യിലാക്കി, സ്വന്തം പുരിയില്‍ തിരിച്ചു വരുന്ന കര്‍ണ്ണന്‍ സുയോധനനെ കണ്ടതിന് ശേഷം അന്തഃപുരത്തില്‍ കടന്ന് ഗാന്ധാരീ സമേതനായ ധൃതരാഷ്ട്രനെ ചെന്നു കണ്ടു. പുത്രന്‍ അച്ഛനെ എന്ന വിധം അവന്‍ ധൃതരാഷ്ട്രനെ തൊഴുതു കാല്‍പിടിച്ചു വണങ്ങി. ധര്‍മ്മജ്ഞനായ കര്‍ണ്ണനെ ധൃതരാഷ്ട്രന്‍ വാത്സല്യത്തോടെ പുണര്‍ന്നു സന്തോഷിപ്പിച്ചു. കര്‍ണ്ണന്‍ ഭൂമിയൊക്കെ ജയിച്ച വര്‍ത്തമാനം അറിഞ്ഞപ്പോള്‍ ആ ശസ്ത്രധാരി പ്രവരന്‍ പാണ്ഡവന്മാരെ യുദ്ധത്തില്‍ ജയിച്ചു കഴിഞ്ഞു എന്നു ശകുനി തീരുമാനിച്ചു.
255. ദുര്യോധന യജ്ഞ സമാരംഭം - വൈശമ്പായനൻപറഞ്ഞു: ഭൂമിയൊക്കെ ജയിച്ചതിന് ശേഷം രിപുനാശനനും സൂതപുത്രനുമായ കര്‍ണ്ണന്‍ ദുര്യോധനനോട് ഇപ്രകാരം പറഞ്ഞു.
കര്‍ണ്ണന്‍ പറഞ്ഞു: ഹേ, ദുര്യോധനാ! ഭവാന്‍ എന്റെ ഈവാക്കു കേള്‍ക്കുക. കേട്ടതിന് ശേഷം അപ്രകാരം ഭവാന്‍ ചെയ്താലും. ശത്രുക്കള്‍ ഇല്ലാതായി ത്തീര്‍ന്ന ഈ ഭൂമി മുഴുവന്‍ ഭവാന്റേ തായിരിക്കുന്നു. ഞാന്‍ നേടിയ ഈ ഭൂമിയെല്ലാം ഭവാ ന്റെ പാദങ്ങളില്‍ ഇതാ സമര്‍പ്പിക്കുന്നു. മഹിതാശയനും ഹതാരിയുമായ ഭവാന്‍ ഇന്ദ്രനെയെന്ന പോലെ ഈ ഭൂമിയെ സംരക്ഷിച്ചാലും.
ദുര്യോധനന്‍ പറഞ്ഞു: എനിക്കു സഹായിയായി, എന്നില്‍ കൂറോടു കൂടി എന്റെ കാര്യത്തിന് വേണ്ടി ഉദ്യമിക്കുന്ന ഭവാനുള്ളപ്പോള്‍ എനിക്കു ദുര്‍ല്ലഭമായി ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. എനിക്ക് ഒരഭിപ്രായമുണ്ട്. അതു ഭവാന്‍ ശരിക്കും മനസ്സിലാക്കണം. പാണ്ഡവന്മാര്‍ രാജസൂയമഖം ചെയ്തതു കണ്ടപ്പോള്‍ അങ്ങനെ ഒരു മഖം എനിക്കും ചെയ്യണമെന്ന് ഒരാഗ്രഹം ഉദിച്ചതായിരുന്നു. ആ ഒരാഗ്രഹം കൂടി ഇനി ഭവാന്‍ നിര്‍വ്വഹിക്കണം.
കര്‍ണ്ണന്‍ പറഞ്ഞു; ഇന്ന് രാജാക്കന്മാരെല്ലാം ഭവാന്റെ കീഴിലായിരിക്കുന്നു. വിപ്രന്മാരെയെല്ലാം വിളിക്കുക. യജ്ഞത്തിന് വേണ്ടുന്ന ഉപകരണങ്ങളും മറ്റു സംഭാരങ്ങളും ഒരുക്കട്ടെ. വേദജ്ഞന്മാരായ ഋത്വിക്കുകള്‍ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ളതു പോലെ ക്രിയകള്‍ നടത്തട്ടെ. ധാരാളം അന്നപാനങ്ങളോടു കൂടി സമൃദ്ധമായ ഗുണം തികഞ്ഞ ഭവാനു വേണ്ടി ആ മഹായജ്ഞം കൊണ്ടാടട്ടെ.
വൈശമ്പായനൻ പറഞ്ഞു: ഉടനെ ദുര്യോധനന്‍ പുരോഹിതനെ വിളിച്ച് അഭിപ്രായം അറിയിച്ചു.
ദുര്യോധനന്‍ പറഞ്ഞു:; രാജസൂയ മഹായജ്ഞം ഭൂരിദക്ഷിണയോടു കൂടി ന്യായമായി ക്രമപ്രകാരം ഭവാന്‍ എനിക്കു വേണ്ടി നടത്തണം.
പുരോഹിതന്‍ പറഞ്ഞു: രാജാവേ, രാജസൂയ മഹായജ്ഞം നടത്തുവാന്‍ നിവൃത്തിയില്ലല്ലോ. ഭവാന്റെ ജ്യേഷ്ഠനായ ധര്‍മ്മപുത്രന്‍ ഭവാന്റെ കുലത്തില്‍ ജീവിച്ചിരിക്കുന്നു. പിന്നെയുമുണ്ട് ഒരു തടസ്സം. ഭവാന്റെ അച്ഛനായ ധൃതരാഷ്ട്രന്‍ ദീര്‍ഘായുസ്സായി ഇരിക്കുകയും. ചെയ്യുന്നു. ഈ രണ്ടു കാരണങ്ങളാലും ഭവാന്‍ രാജസൂയമഹാമഖം ചെയ്യുവാന്‍ പാടില്ല. രാജസൂയത്തിന് തുല്യമായ മറ്റു യജ്ഞങ്ങളുമുണ്ട്. ആ യജ്ഞം ചെയ്യുവാന്‍ വിരോധമില്ല. ഞാന്‍ പറയുന്നതു കേള്‍ക്കുക. ഭവാനു കപ്പം തരുന്ന രാജാക്കന്മാര്‍ തരുന്ന സ്വര്‍ണ്ണം, പണി ചെയ്തതായാലും പണി ചെയ്യാത്തതായാലും കൊള്ളാം, ആ സ്വര്‍ണ്ണം കൊണ്ട് ഭവാന്‍ ഒരു കരി (കലപ്പ) ഉണ്ടാക്കിക്കുക. യാഗഭൂമിയില്‍ ആ കരി കൊണ്ട് ഭവാന്‍ ഉഴണം. അവിടെ വെച്ച് വേണ്ടുവോളം പാകം ചെയ്ത അന്നത്തോടു കൂടി യഥാന്യായമായ യാഗം തടസ്സം കൂടാതെ നടക്കട്ടെ! സല്‍പ്പുരുഷന്മാര്‍ക്ക് ഉചിതമായ യജ്ഞമാണ് അത്. ആ യജ്ഞത്തിന് വൈഷ്ണവയജ്ഞം എന്നാണു പേര്‍. പുരാണ പുരുഷനായ വിഷ്‌ണു ഒഴികെ മറ്റാരും ആ യജ്ഞം ചെയ്തിട്ടില്ല. രാജസൂയ യജ്ഞത്തോടു മത്സരിക്കുന്ന യജ്ഞമാണ് അത്. ഞങ്ങള്‍ക്ക് അത് ഏറ്റവും സമ്മതമായ, ശ്രേയസ്കരമായ, യജ്ഞമാണ്. നിര്‍വ്വിഘ്നമായി അതു നടത്തിയാല്‍ ഭവാന്റെ മോഹം സഫലമാകും.
വൈശമ്പായനൻ പറഞ്ഞു: എന്ന് ആ ദ്വിജന്‍ പറഞ്ഞപ്പോള്‍ ദുര്യോധന രാജാവ് കര്‍ണ്ണന്‍, ശകുനി എന്നിവരോടും സോദരന്മാരോടും കൂടി ആലോചന നടത്തി.
ദുര്യോധനന്‍ പറഞ്ഞു: വിപ്രന്മാര്‍ പറഞ്ഞതൊക്കെ എനിക്കു ബോദ്ധ്യമായി. അതില്‍ ഇനി തര്‍ക്കമൊന്നുമില്ല. നിങ്ങള്‍ക്കും ബോദ്ധ്യമാണെങ്കില്‍ ഇനി വൈകാതെ ഏര്‍പ്പാടു ചെയ്യാം.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് അവരെല്ലാവരും അപ്രകാരമാകട്ടെ എന്നു സമ്മതിച്ചു. ഉടനെ ദുര്യോധനന്‍ വേലക്കാരേയും ശില്പിമാരേയും മറ്റും വിളിച്ച് ഉഴുവാനുള്ള കരി തീര്‍ക്കുവാന്‍ കല്‍പിച്ചു. ദുര്യോധനന്‍ പറഞ്ഞ പോലെ എല്ലാം ശരിക്കു ചെയ്തു.
256. ദുര്യോധനയജ്ഞം - വൈശമ്പായനൻ പറഞ്ഞു: പിന്നെ എല്ലാ ശില്പികളും അമാത്യന്മാരില്‍ മുഖ്യന്മാരും മഹാപ്രാജ്ഞനായ വിദുരനും ചേര്‍ന്ന് ദുര്യോധനനോട് വിവരം ഉണര്‍ത്തി: രാജാവേ! മഖം തയ്യാറായിരിക്കുന്നു, സമയവും സമാഗതമായി! സുവര്‍ണ്ണമയമായ ലാംഗലം (കരി) പണി കഴിഞ്ഞു.
ഇതു കേട്ടപ്പോള്‍ നൃപോത്തമനായ ധാര്‍ത്തരാഷ്ട്രന്‍ യജ്ഞം തുടങ്ങുവാന്‍ കല്‍പന നല്കി. ആ യാഗം അര്‍ത്ഥ സംഭാരങ്ങളോടു കൂടി, ശാസ്ത്രാനുസരണമായി, യഥാക്രമം ഗാന്ധാരീപുത്രന്‍ ദീക്ഷിച്ചു. ദുര്യോധനനോടൊപ്പം വിദുരനും, ഭീഷ്മനും, ദ്രോണനും, കൃപനും, കര്‍ണ്ണനും, ഗാന്ധാരീ ദേവിയും സന്തോഷിച്ചു.
വേഗത്തില്‍ എത്തുവാന്‍ സാമര്‍ത്ഥ്യമുള്ള ദൂതന്മാരെ വിളിച്ച് നാനാ രാജാക്കന്മാരുടെ അടുത്തേക്കും ക്ഷണങ്ങള്‍ അയച്ചു. വേഗതയുള്ള വാഹനങ്ങളില്‍ കയറി അവര്‍ നാനാദിക്കിലേക്കും പോയി. അങ്ങനെ പോകുന്ന ദൂതന്മാരില്‍ ഒരുത്തനെ പ്രത്യേകം വിളിച്ച് ദുശ്ശാസനന്‍ ഇപ്രകാരം പറഞ്ഞു: വേഗത്തില്‍ പോയി ദ്വൈതവനത്തില്‍ ചെന്ന് പാപപുരുഷന്മാരായ പാണ്ഡവന്മാരേയും ആ കാട്ടിലുള്ള വിപ്രന്മാരേയും യഥാന്യായം ക്ഷണിക്കുക.
അവന്‍ പോയി പാണ്ഡവന്മാരുടെ മുമ്പിലെത്തി കൈവണങ്ങി ഇപ്രകാരം ഉണര്‍ത്തിച്ചു.
ദൂതന്‍ പറഞ്ഞു: കുരുശ്രേഷ്ഠനും മഹാരാജാവുമായ ദുര്യോധനന്‍ സ്വന്തം വീര്യത്താല്‍ നേടിയ മഹാധനത്താല്‍ മഹായജ്ഞം തുടങ്ങിയിരിക്കുന്നു. അവിടെ ചുറ്റുമുള്ള രാജാക്കന്മാരും ബ്രാഹ്മണരും വന്നു കൊണ്ടിരിക്കുന്നു. മഹാത്മാവായ കൗരവേന്ദ്രന്‍ എന്നെ ഇങ്ങോട്ട് അയച്ചിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ആ ജനേശ്വരനായ ധാര്‍ത്തരാഷ്ട്രന്‍ ഭവാന്മാരെ ക്ഷണിക്കുന്നു. ഭവാന്മാർ വന്ന് ഇഷ്ടം പോലെ യാഗം കണ്ടാലും!
യുധിഷ്ഠിരന്‍ പറഞ്ഞു: ഭാഗ്യത്താല്‍ സുയോധന രാജാവ്, പൂര്‍വ്വന്മാര്‍ക്കു കീര്‍ത്തി വര്‍ദ്ധിപ്പിക്കു മാറു മഹായാഗം നടത്തുമാറായി. ഞങ്ങളും അങ്ങു വരുമായിരുന്നു. എന്നാൽ ഇപ്പോള്‍ അതിന് കഴിവില്ലാതെ ആണ് ഇരിക്കുന്നത്. കരാറു രക്ഷിക്കുവാന്‍ ഞങ്ങള്‍ക്കു പതിമ്മൂന്നുവര്‍ഷം അകന്നു വാഴുക തന്നെ വേണം.
ഭീമസേനന്‍ പറഞ്ഞു:അസ്ത്രാഗ്നിയില്‍ ദുര്യോധനനെ പ്രഹരിച്ചു വീഴ്ത്തുന്നതെന്നോ, അന്നാണ് ധര്‍മ്മരാജാവ് അവിടെ വരികയെന്ന് അവനോടു ചെന്നു പറയുക. പതിമ്മുന്നു വര്‍ഷം കഴിഞ്ഞിട്ട് യുദ്ധസത്രം തുടങ്ങിയിട്ട് അതില്‍ വച്ച് യുധിഷ്ഠിര രാജാവ് ധൃതരാഷ്ട്ര പുത്രന്മാരില്‍ ക്രോധഹവിസ്സു വിടുന്നത് എപ്പോഴാണോ, അപ്പോഴാണ് ഞാന്‍ അവിടെ വരികയെന്നും ആ ദുര്യോധനനോടു പറയുക!
വൈശമ്പായനൻ പറഞ്ഞു: മറ്റു പാണ്ഡവരാരും തന്നെ ആ ദൂതനോട് അപ്രിയമൊന്നും പറഞ്ഞില്ല. അവിടെച്ചെന്ന് ദൂതന്‍ അവര്‍ പറഞ്ഞതൊക്കെ അറിയിക്കുകയും ചെയ്തു. ഹസ്തിനാപുരിയില്‍ പല ദേശങ്ങളില്‍ നിന്നും എത്തിയ രാജാക്കന്മാരും വിപ്രന്മാരും കൂട്ടംകൂട്ടമായി വന്നുചേര്‍ന്നു. അവര്‍ യഥാക്രമം ശാസ്ത്ര വിധിപ്രകാരം അര്‍ച്ചിതരായി. രാജാക്കന്മാര്‍ പരമ സന്തോഷത്തോടും പരമ പ്രീതിയോടും കൂടി അവിടെ വാണു.
എല്ലാ കൗരവന്മാരും നിറഞ്ഞ സന്തോഷത്തോടെ ചുറ്റും ഇരിക്കുമ്പോള്‍ രാജേന്ദ്രനായ ധൃതരാഷ്ട്രന്‍ മഹത്തായ ഹര്‍ഷത്തോടെ വിദുരനെ വിളിച്ചു പറഞ്ഞു: ക്ഷത്താവേ! എല്ലാ ജനങ്ങളും ഇഷ്ടമുള്ള ഭോജനങ്ങള്‍ കഴിച്ചു യജ്ഞസ്ഥലത്തു സുഖമായി കൂടുവാന്‍ വേണ്ടതൊക്കെ ചെയ്യുക!
ഇതുകേട്ട് വിദുരന്‍ സര്‍വ്വജനങ്ങളേയും പ്രമാണം പോലെ പൂജിക്കുകയും, അന്നപാനങ്ങളും, സുഗന്ധമാല്യങ്ങളും, വിവിധ വസ്ത്രങ്ങളും സസന്തോഷം നല്‍കുകയും, യഥാക്രമം വസതികള്‍ നിര്‍മ്മിച്ചു കൊടുത്ത് വിവിധ വിത്തങ്ങള്‍ നല്‍കി എല്ലാവരേയും. സംപ്രീതരാക്കുകയും ചെയ്തു. അങ്ങനെ അനവധി രാജാക്കന്മാരേയും, ഭൂസുരന്മാരേയും സല്‍ക്കരിച്ചതിന് ശേഷം ഭ്രാതാക്കന്മാരോടും കര്‍ണ്ണന്‍, ശകുനി മുതലായവരോടും കൂടി ദുര്യോധനന്‍ ഹസ്തിനാപുരിയില്‍ പ്രവേശിച്ചു.
257. യുധിഷ്ഠിരന്റെ ചിന്ത - വൈശമ്പായനൻ പറഞ്ഞു: ഹസ്തിനാപുരിയില്‍ പ്രവേശിക്കുന്ന സമയത്ത് വില്ലാളി വീരനായ സുയോധനനെ സൂതന്മാരും നാട്ടുകാരും നിരക്കെ നിന്നു പുകഴ്ത്തുകയും, പൂക്കള്‍ തൂകുകയും, ചന്ദനപ്പൊടി വിതറുകയും ചെയ്തു. "ദുര്യോധനന്റെ ഭാഗ്യം തന്നെ! ഈ മഹാസത്രം സമംഗളം. നടന്നു!", എന്നു പ്രശംസിക്കുകയും ചെയ്തു. ഔചിത്യം അറിഞ്ഞു കൂടാത്തവരും, സംസാരിക്കുവാന്‍ വേണ്ട നയചാതുര്യം ഇല്ലാത്തവരുമായ ചില വാതികന്മാര്‍ മാത്രം ഈ യാഗം യുധിഷ്ഠിര രാജാവു നടത്തിയ രാജസൂയം പോലെ നന്നായില്ല എന്നും അതിന്റെ പതിനാറില്‍ ഒരംശത്തോളം പോലും ഈ യാഗം അര്‍ഹിക്കുന്നില്ല എന്നും ദുര്യോധനനോടു തന്നെ പറയുകയുണ്ടായി. ദുര്യോധനന്റെ സുഹൃത്തുക്കള്‍ പ്രശംസിച്ചത് ഈ യാഗം ഈ കുലത്തില്‍ ഇതിന് മുമ്പുണ്ടായ മറ്റെല്ലാ യാഗത്തേക്കാളും വിശേഷപ്പെട്ടതായി എന്നും, ഈ മഹായജ്ഞം മൂലമാണ് യയാതി, നഹുഷന്‍, മാംധാതാവ്, ഭരതന്‍ മുതലായവര്‍ പുണ്യവാന്മാരായി സ്വര്‍ഗ്ഗലോകം പ്രാപിച്ചതെന്നുമാണ്. ഈ ശുഭോക്തി കേട്ട് സന്തുഷ്ടനായി ദുര്യോധനന്‍ രാജധാനിയില്‍ ചെന്ന് മാതാപിതാക്കളുടേയും ഭീഷ്മൻ, ദ്രോണൻ, കൃപന്‍ മുതലായവരുടേയും വിദുരന്റേയും കാലുപിടിച്ച് അനുജന്മാരുടെ അഭിവാദനമേറ്റ്, ഭ്രാതാക്കന്മാരാല്‍ ചുറ്റപ്പെട്ട് മുഖ്യമായ ആസനത്തില്‍ ഇരുന്നു. അപ്പോള്‍ സൂതപുത്രന്‍ എഴുന്നേറ്റ് ദുര്യോധന മഹാരാജാവിനോട് ഇപ്രകാരം പറഞ്ഞു..
കര്‍ണ്ണന്‍ പറഞ്ഞു: ഭാഗ്യത്താല്‍ ഭരതശ്രേഷ്ഠനായ ഭവാന്റെ മഹായാഗം നിര്‍വ്വിഘ്നം നടന്നു! ഇനി പോരില്‍ പാണ്ഡവരെ കൊന്ന് മഹാത്മാവായ ഭവാന്‍ രാജസൂയാധ്വരം നടത്തുമ്പോള്‍ എനിക്കു വീണ്ടും ഭവാനെ പൂജിക്കുവാന്‍ ഇടയാകട്ടെ!
ദുര്യോധനന്‍ പറഞ്ഞു; "ഭവാന്‍ പറഞ്ഞതു ശരിയാണ്. ദുരാത്മാക്കളായ പാണ്ഡവന്മാരെ സംഹരിച്ചു രാജസൂയ മഹായജ്ഞം നടത്തി വീരനായ ഭവാന്‍ എനിക്ക് അഭ്യുദയമുണ്ടാക്കും" എന്നു പറഞ്ഞ് ദുര്യോധനന്‍ കര്‍ണ്ണനെ ആഗ്ലേഷിച്ചു. രാജസൂയ മഹായജ്ഞത്തെ പറ്റി ചിന്തിച്ചു കൗരവന്മാരോടു ദുര്യോധനന്‍ പറഞ്ഞു; "അല്ലയോ കൗരവന്മാരേ! സര്‍വ്വ പാണ്ഡവന്മാരെയും കൊന്ന്, വളരെ ദ്രവ്യ വ്യയത്തോടു കൂടിയ രാജസൂയ മഹായാഗം എന്നാണ് ഞാന്‍ കൊണ്ടാടുക?
കര്‍ണ്ണന്‍ പറഞ്ഞു: ഹേ രാജകുഞ്ജരാ! ഭവാന്‍ എന്റെ ശപഥം കേട്ടാലും! അര്‍ജ്ജുനനെ കൊല്ലുന്നതു വരേക്കും ഞാന്‍ അന്യനെക്കൊണ്ട് എന്റെ കാല്‍ കഴുകിക്കുകയില്ല. അതുവരേക്കും മാംസം ഭക്ഷിക്കുകയാകട്ടെ മദ്യം കുടിക്കുകയാകട്ടെ ചെയ്യുകയില്ല; ആരെങ്കിലും വന്ന് എന്തെങ്കിലും ഇരന്നാല്‍ ഞാന്‍ ഇല്ലെന്നു പറയുകയുമില്ല.
വൈശമ്പായനൻ പറഞ്ഞു; കര്‍ണ്ണന്റെ ഈ ശപഥം കേട്ടപ്പോള്‍ ധാര്‍ത്തരാഷ്ട്രന്മാരായ വീരന്മാര്‍ സന്തോഷാധിക്യത്താല്‍ ഉറക്കെ ആര്‍ത്തു. ഈ പ്രതിജ്ഞ കേട്ടപ്പോള്‍ പാണ്ഡവന്മാരെയൊക്കെ ജയിച്ചു കഴിഞ്ഞു എന്ന് ധാര്‍ത്തരാഷ്ട്രന്മാര്‍ വിചാരിച്ചു. ശ്രീമാനായ ദുര്യോധനന്‍ വന്നു ചേര്‍ന്നവരെ എല്ലാം വിട്ടയച്ചതിന് ശേഷം ചൈത്രരഥ തുല്യമായ സ്വഗൃഹത്തില്‍ പ്രവേശിച്ചു.
ഹസ്തിനാപുരിയില്‍ നടന്ന സംഭവങ്ങളെല്ലാം ചാരന്മാര്‍ മുഖേന അറിഞ്ഞു കൊണ്ടിരുന്ന പാണ്ഡവന്മാര്‍ക്ക് ആ കാര്യം മനസ്സില്‍ അസുഖം വളര്‍ത്തിക്കൊണ്ടിരുന്നു. അര്‍ജ്ജുനനെ കൊല്ലുവാന്‍ കര്‍ണ്ണന്‍ ശപഥം ചെയ്തു എന്നു കേട്ടപ്പോള്‍ ധര്‍മ്മപുത്രന്റെ മനസ്സു കലങ്ങി മറിഞ്ഞു. ധര്‍മ്മപുത്രന്‍ ഉദ്വേഗപ്പെട്ടു. കര്‍ണ്ണന്‍ അഭേദ്യമായ കവചമുള്ളവനും, അത്ഭുതവുമായ ഉഗ്രവീര്യം ഉള്ളവനും ആണെന്ന് ധര്‍മ്മപുത്രന് അറിയാം. ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ചിന്തിച്ച് ധര്‍മ്മപുത്രന്റെ മനസ്സിന് സമാധാനം കിട്ടാതായി. ചിന്താകുലനായ ആ മന്നവന്‍ വളരെ വ്യാളമൃഗങ്ങളാല്‍ ആകുലമായ ആ ദ്വൈത വനത്തില്‍ നിന്ന് ഒന്നു മാറി മറ്റൊരിടത്തു താമസമാക്കുവാന്‍ വിചാരിച്ചു.
ദുര്യോധനനാകട്ടെ, വീരന്മാരായ ഭ്രാതാക്കളോടും, ഭീഷ്മദ്രോണ കൃപന്മാരോടും, യുദ്ധവിദഗ്ദ്ധനായ കര്‍ണ്ണനോടും കൂടി ഭൂമിയെ പരിപാലിച്ചു. മറ്റു രാജാക്കന്മാര്‍ക്കൊക്കെ പ്രിയം ചെയ്തു കൊണ്ടും എന്നും ഭൂരിദക്ഷിണമായ യജ്ഞങ്ങളാല്‍ വിപ്രന്മാരെ പൂജിച്ചു കൊണ്ടും സഹോദരന്മാരെ സന്തോഷിപ്പിച്ചു കൊണ്ടും ദാനം ചെയ്തതിന്റെ ഭോഗഫലമാണ് വിത്തമെന്നു നിശ്ചയിച്ച് അപ്രകാരം പ്രവര്‍ത്തിച്ചും പരന്തപനും വീരനുമായ ദുര്യോധനന്‍ പ്രശോഭിച്ചു.
മൃഗ സ്വപ്നോത്ഭവ പര്‍വ്വം
258. കാമൃക പ്രവേശം - ജനമേജയൻ പറഞ്ഞു: ബലവാന്മാരായ പാര്‍ത്ഥന്മാര്‍ ദുര്യോധനനെ വിമോചിപ്പിച്ചതിന് ശേഷം ആ കാട്ടില്‍ വെച്ചു പിന്നെ അവര്‍ എന്തൊക്കെ ചെയ്തു? ഭവാന്‍ അതൊക്കെ പറഞ്ഞാലും!
വൈശമ്പായനൻ തുടര്‍ന്നു: ഒരു ദിവസം ദ്വൈതവനത്തില്‍ വെച്ചു യുധിഷ്ഠിരന് ഒരു സ്വപ്നമുണ്ടായി. ദ്വൈതവനത്തില്‍ കൊല്ലപ്പെടാതെ ശേഷിച്ചിട്ടുള്ള മൃഗങ്ങള്‍ കണ്ണുനീരോടു കൂടി വന്ന് യുധിഷ്ഠിരന്റെ മുമ്പില്‍ കൈകൂപ്പി വിറച്ചു കൊണ്ടു നിന്നു. അവയോട് യുധിഷ്ഠിരന്‍ ചോദിച്ചു: "ഹേ, മൃഗങ്ങളേ, നിങ്ങള്‍ എന്തു പറയുവാനാണ് എന്റെ അരികെ വന്നിരിക്കുന്നത്? നിങ്ങളുടെ കാംക്ഷിതമെന്താണ്?".
ഇപ്രകാരം കുന്തീപുത്രന്‍ ചോദിച്ചപ്പോള്‍ ആ മൃഗങ്ങളെല്ലാം ഇപ്രകാരം പറഞ്ഞു: ഈ ദ്വൈതവനത്തില്‍ മൃഗങ്ങള്‍ അല്‍പമാത്രമായി അവശേഷിച്ചിരിക്കുന്നു. അവരാണ് ഞങ്ങള്‍. ഞങ്ങള്‍ കൂടി അടുത്തു തന്നെ അവസാനിക്കും. ഞങ്ങളെ മുടിക്കാതിരിക്കണേ! ഭവാന്‍ ഇവിടത്തെ വാഴ്ച അവസാനിപ്പിച്ചു മറ്റൊരു ദിക്കിലേക്കു താമസം മാറ്റിയാലും! ഭവാന്റെ സഹോദരന്മാര്‍ ശൂരന്മാരും അസ്ത്ര കോവിദന്മാരുമാണ്. അവര്‍ ഈ കാട്ടിലെ ജന്തുവംശങ്ങളെ ഒക്കെ നശിപ്പിച്ചു. ഇനി അല്പം മാത്രമേ ബാക്കിയായിട്ടുള്ളു. കുലം നശിക്കാതിരിക്കാന്‍ ബീജത്തിന് വേണ്ടി മാത്രം ഞങ്ങള്‍ അവശേഷിച്ചിരിക്കയാണ്. അവിടത്തെ പ്രസാദത്താല്‍ ഞങ്ങള്‍ ജീവിച്ചു കുലം വര്‍ദ്ധിപ്പിച്ചു കൊള്ളട്ടെ!
വൈശമ്പായനൻ പറഞ്ഞു: ബീജത്തിന് മാത്രം ശേഷിച്ച്, പേടിച്ചു വിറച്ചു നിൽക്കുന്ന മൃഗങ്ങളെ കണ്ട് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ദുഃഖിച്ചു. എല്ലാ ഭൂതങ്ങള്‍ക്കും ഹിതം ചെയ്യുന്നതില്‍ തല്പരനായ യുധിഷ്ഠിരന്‍ അവയോടു പറഞ്ഞു: "ഹേ, മൃഗങ്ങളേ/ നിങ്ങള്‍ പറയുന്ന വിധം ചെയ്തു കൊള്ളാം. വൃസനിക്കരുത്!".
പ്രഭാതത്തില്‍ ഉണര്‍ന്ന ധര്‍മ്മരാജാവ് സഹോദരന്മാരെ വിളിച്ച് മൃഗങ്ങളില്‍ ദയമൂലം താന്‍ കണ്ട സ്വപ്നത്തെ പറ്റി പറയുകയും മേലില്‍ ചെയ്യേണ്ടതെന്തെന്ന് ആലോചിക്കുകയും ചെയ്തു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭ്രാതാക്കന്മാരേ! ഈ കാട്ടില്‍ കൊല്ലപ്പെടാതെ ബാക്കിയായ മൃഗങ്ങള്‍ ഇന്നലെ രാത്രി സ്വപ്നത്തില്‍ എന്നെ വന്നു കണ്ടു. തങ്ങള്‍ കുലത്തിന്റെ നിലനില്പിന് ബിജത്തിന് മാത്രമായി അവശേഷിച്ചിട്ടുള്ളവ ആണെന്നും തങ്ങളില്‍ ദയ തോന്നണമെന്നും അഭ്യര്‍ത്ഥിച്ചു. വനൃജീവികളില്‍ നമുക്കു ദയ ഉണ്ടാകണമെന്ന് അവ പറഞ്ഞതു സത്യം തന്നെയാണ്. നാം ഒരു വര്‍ഷവും എട്ടു മാസവുമായി അവയെ കൊന്നു തിന്നുവാന്‍ തുടങ്ങിയിട്ട്. ഇനി നാം പാര്‍പ്പിടമൊന്നു മാറണം.
രമ്യവും ഉത്തമവുമായ കാമൃകം ഇപ്പോള്‍ വീണ്ടും മൃഗസമൃദ്ധ മായിട്ടുണ്ടാകും. മരുഭൂമിയുടെ തലസ്ഥാനവും തൃണബിന്ദു സരസ്സിന്റെ തടവുമായ ആ പ്രദേശത്തു ചെന്ന് ഇനിയുള്ള മാസങ്ങള്‍ നമുക്കു വിഹരിച്ചു കഴിക്കാം.
വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മരാജാവിന്റെ കല്പന കേട്ട ഭ്രാതാക്കള്‍ കുടെ പാര്‍ക്കുന്ന ബ്രാഹ്മണരോടും ഇന്ദ്രസേനന്‍ മുതലായ ഭൃത്യന്മാരോടും കൂടെ നല്ല ധാന്യം വളരുന്നതും നിര്‍മ്മലമായ ജലം ഉള്ളതുമായ മാര്‍ഗ്ഗങ്ങളില്‍ കൂടി സഞ്ചരിച്ച്, തപോവ്രതന്മാര്‍ താമസിക്കുന്നതും ധാരാളം ആശ്രമങ്ങള്‍ ഉള്ളതുമായ കാമൃകത്തില്‍ ചെന്നു. വിപ്രര്‍ഷികളാല്‍ ചുറ്റപ്പെട്ട പാണ്ഡവന്മാര്‍, സുകൃതികള്‍ സ്വര്‍ഗ്ഗത്തില്‍ എന്ന വിധം, ആ കാമ്യക വനത്തില്‍ പ്രവേശിച്ചു.
വ്രീഹി ദ്രൗണിക പര്‍വ്വം
ഇടങ്ങഴി നെല്ലിന്റെ കഥ. വ്രീഹി - നെല്ല്. ദ്രൗണി - ഇടങ്ങഴി (ഒരളവ്).
259 ദാനദുഷ്കരത്വകഥനം - വൈശമ്പായനൻ പറഞ്ഞു: മഹാന്മാരായ പാണ്ഡവന്മാര്‍ കാമ്യകത്തില്‍ വന്നു വീണ്ടും പാര്‍പ്പുറപ്പിച്ചു. അങ്ങനെ വസിക്കുമ്പോള്‍ കഷ്ടപ്പാടു നിറഞ്ഞ പതിനൊന്നാമത്തെ വര്‍ഷവും കഴിഞ്ഞു. ആ സുഖാര്‍ഹന്മാരായ പുരുഷശ്രേഷ്ഠന്മാര്‍ ഫലമൂലങ്ങള്‍ ഭക്ഷിച്ച്, കാലവും പ്രതീക്ഷിച്ചു ദുഃഖങ്ങളൊക്കെ സഹിച്ചു ദിവസങ്ങള്‍ കഴിച്ചു. രാജര്‍ഷിയായ യുധിഷ്ഠിരന്‍ താന്‍ ചെയ്ത തെറ്റു മൂലം തന്റെ ഭ്രാതാക്കന്മാര്‍ക്ക് ഉണ്ടായിരിക്കുന്ന ഘോരദുഃഖത്തെ പറ്റി ചിന്തിച്ചു ചിന്തിച്ച് ഹൃദയത്തില്‍ ശല്യം തറച്ചതു പോലെ വേദനപ്പെട്ട്, നന്നായി ഒന്ന് ഉറങ്ങുവാന്‍ പോലും കഴിയാതെ, നാളുകള്‍ കഴിച്ചു. ചൂതിന് കാരണക്കാരായ ശകുനി മുതലായവരുടെ ദുഷ്ടതയെക്കുറിച്ച് ഓര്‍ത്തു. സൂതപുത്രന്റെ പരുഷവാക്കുകള്‍ ചിന്തിച്ചു നെടുവീര്‍പ്പിടുകയും ആര്‍ത്തനാവുകയും ചെയ്തു. യുധിഷ്ഠിരനില്‍ കോപവിഷം ഉജ്ജ്വലിച്ചു. അദ്ദേഹം ഏറ്റവും ദീനനായി ചിന്തയില്‍ മുഴുകി നെടുവീർപ്പിട്ട് ഇരിക്കുകയായി.
അര്‍ജ്ജുനനും, നകുലസഹദേവന്മാരും യശസ്വിനിയായ ദ്രൗപദിയും, മഹാബലനായ ഭീമസേനനും യുധിഷ്ഠിരന്റെ ഖേദത്തോടു കൂടിയ സ്ഥിതി കണ്ട് തങ്ങള്‍ക്കുള്ള ദുഃഖം സഹിച്ചു. ഈ നിലയില്‍ ഇനി അല്പകാലം കൂടിയല്ലേ കഴിയേണ്ടതുള്ളൂ എന്നു കണ്ട് അവര്‍ ഉത്സാഹത്താലും അമര്‍ഷ ചേഷ്ടകള്‍ കൊണ്ടും ആകാരം മറച്ചു ജീവിച്ചു.
ഒരു ദിവസം സത്യവതീ പുത്രനും മഹായോഗിയുമായ വ്യാസന്‍ പാണ്ഡവന്മാരെ കാണുവാനായി അവിടെ വന്നു. മഹര്‍ഷി വരുന്നതു കണ്ട് കുന്തീപുത്രനായ യുധിഷ്ഠിരന്‍ എതിരേറ്റ് യഥാവിധി സ്വീകരിച്ചു. അദ്ദേഹത്തെ ശുശ്രൂഷിച്ച് ഇരുത്തിയ ശേഷം താനും ആസനസ്ഥനായി. ഉപചാരപൂര്‍വ്വം യുധിഷ്ഠിരന്‍ വണങ്ങി സ്വീകരിച്ച വ്യാസന്‍ കാട്ടിലെ ജീവിതരീതി കൊണ്ട് ദേഹം മെലിഞ്ഞ തന്റെ പൗത്രന്മാരെ കണ്ട്, കനിവോടെ തൊണ്ടയിടറി ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ധര്‍മ്മജ്ഞനും മഹാബാഹുവുമായ യുധിഷ്ഠിരാ! ഞാന്‍ പറയുന്നത് ഭവാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക! തപസ്സില്‍ തപിക്കാത്ത ഒരുവനും ഈ ലോകത്തില്‍ മഹത്തായ സുഖമൊന്നും സിദ്ധിക്കുകയില്ല. സുഖവും ദുഃഖവും നരന്‍ മാറിമാറി എടുത്തു കൊണ്ടിരിക്കും. ബ്രഹ്മവിദ്യാ യുക്തരായ പ്രാജ്ഞന്മാരല്ലാതെ മറ്റാരും തന്നെ അനന്തമായ സുഖം നേടുന്നതല്ല. ലോകത്തിന്റെ ഉല്‍പത്തി സ്ഥിതി നാശങ്ങള്‍ക്കു കാരണമായ ആ ബ്രഹ്മത്തെ അറിയുന്നവന്‍ സുഖിക്കയില്ല, ദുഃഖിക്കയുമില്ല. കര്‍ഷകര്‍ തങ്ങള്‍ വിതച്ച സസ്യങ്ങളുടെ ഫലത്തെ എന്ന പോലെ, പ്രാരബ്ധ കര്‍മ്മഫലമായ സുഖദുഃഖങ്ങളെ യഥാകാലം കൈക്കൊള്ളുവാന്‍ മനുഷ്യര്‍ ഒരുങ്ങിയിരിക്കണം. ജഞാനത്തേക്കാള്‍ അപ്പുറമായി മറ്റൊന്നില്ല. ജഞാനം കൊണ്ട് ബ്രഹ്മത്തെ അറിയാം. ജ്ഞാന പൂര്‍വ്വമായ തപസ്സിന് അസാദ്ധ്യമായി യാതൊന്നും ഇല്ലെന്നു നീ അറിയേണ്ടതാണ്. സത്യം, ആര്‍ജ്ജവം, അക്രോധം, ഇന്ദ്രിയസംയമം എന്നിവയാണ് പുണ്യകര്‍മ്മാക്കളായ മനുഷ്യര്‍ക്കുള്ള പാവനമായ ശീലങ്ങള്‍.
തിരൃക് ഗതിയില്‍ ചെന്നു പെടുവാന്‍ പോകുന്ന അധര്‍മ്മപരരായ ജനങ്ങള്‍ ദുര്‍ഗ്ഗതി പ്രാപിച്ച് എന്നും ദുഃഖിച്ച് സുഖം കിട്ടാതെ കഴിയും. ഇഹലോകത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം പരലോകത്തില്‍ ഭുജിക്കാതിരി ക്കുകയില്ല. അതു കൊണ്ട് തപോനിയമങ്ങള്‍ ശരീരത്തില്‍ ചേര്‍ക്കുകയാണ് മനുഷ്യര്‍ ഇഹലോകത്തില്‍ ചെയ്യേണ്ടത്. യഥാശക്തി മനുഷ്യന്‍ പൂജിച്ചും വണങ്ങിയും ദാനധര്‍മ്മങ്ങള്‍ ചെയ്യണം, ദാനകാലത്ത് മത്സരം വെടിഞ്ഞ് സന്തോഷത്തോടെ വര്‍ത്തിക്കണം. സത്യവാദിക്ക് ദീര്‍ഘായുസ്സും, ആര്‍ജ്ജവവും ഉണ്ടാകും. അവന്റെ ക്ലേശങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. ക്രോധവും അസൂയയും വിട്ടവന്‍ മോക്ഷസുഖം നേടും. ദാന്തനും ശമപരനുമായ മനുഷ്യന്‍ ക്ലേശിക്കുകയില്ല. പരനില്‍ ശ്രീ ചേര്‍ന്നു കണ്ടാല്‍ ദാന്താത്മാവ്, ആത്മനിയ്രന്തണം ശീലിച്ചവന്‍, തപിക്കുകയില്ല. ഭോജന പാനാദികള്‍ പങ്കിടുകയും ധനത്തെ വേണ്ടപോലെ കൊടുക്കുകയും ചെയ്യുന്ന അഹിംസകന്‍ സുഖഭോഗങ്ങളോടു കൂടി യ ആരോഗ്യവാനാകും. മാന്യന്മാരെ മാനിക്കുന്നവന്‍ മഹാകുലത്തില്‍ വന്നു പിറക്കും. ജിതേന്ദ്രിയനായ മനുഷ്യന്‍ സ്ത്രീ, മദ്യം, ദ്യൂതം മുതലായ വ്യസനങ്ങളില്‍ മനസ്സു വെക്കുകയില്ല. ശുഭാശംസകനായ ബുദ്ധിമാന്‍ മരണത്തെ പ്രാപിച്ചാലും ശുഭശീലനായി, അവന്റെ ഹൃദയശുദ്ധിക്കൊത്ത ജന്മത്തെ പ്രാപിക്കും.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ! ദാനം, ധര്‍മ്മം, തപസ്സ് ഇവയില്‍ ഏതാണ് ഏറ്റവും ദുഷ്കരം? ഇവയില്‍ ഏതാണു പരലോകത്തില്‍ അധികം ശ്രേഷ്ഠമായത്?
വ്യാസന്‍ പറഞ്ഞു; ഉണ്ണീ, ദാനത്തെ പോലെ അത്ര ദുഷ്കരമായി മറ്റൊന്നില്ല. അര്‍ത്ഥം നേടുവാന്‍ എല്ലാവര്‍ക്കും വലുതായ തൃഷ്ണയുണ്ട്. എന്നാൽ അതു നേടുവാന്‍ വളരെയധികം ക്ലേശിക്കണം. ധനത്തിനായി പ്രാണനെ പോലും വെടിയുവാന്‍ ഒരുങ്ങി വീരന്മാരായ നരന്മാര്‍ കാട്ടിലേക്കും കടലിലേക്കും ചെല്ലുന്നു. ധനാര്‍ത്ഥികളായ ചിലര്‍ കൃഷിയിലും ഗോരക്ഷയിലും ഏർപ്പെടുന്നു. വേറെ ചിലര്‍ ഭൃത്യരായി പണിയെടുക്കുന്നു. ഇങ്ങനെ ക്ലേശത്തോടെ സമ്പാദിച്ച ധനം തൃജിക്കുകയെന്നത് ദുഷ്കരമായ ഒരു കാര്യമാണ്. അതു കൊണ്ട് ദാനം പോലെ ദുഷ്കരമായി മറ്റൊന്നില്ല. ദാനത്തെയാണ് ഞാന്‍ ശ്രേഷ്ഠമായി കരുതുന്നത്. ദേശവും കാലവും, ആളും തരവും നോക്കി വേണം ദാനം ചെയ്യുവാന്‍. ന്യായമായി ധനം നേടി ദേശവും, കാലവും, പാതവ്രും നോക്കി സജ്ജനങ്ങള്‍ക്കു തന്നെ നല്കണം. അന്യായമായി നേടിയ ധനം ദാനംചെയ്യുന്നതായാല്‍ ആ ദാനകര്‍ത്താവിന് മഹത്തായ ഭയത്തില്‍ നിന്നു രക്ഷ കിട്ടുവാന്‍ പോകുന്നില്ല. കാലം നോക്കി സല്‍പാത്രത്തില്‍ മനോവിശുദ്ധിയോടെ അല്പം മാത്രം ദാനം ചെയ്താലും പരലോകത്തില്‍ ആ ദാനത്തിന് അനന്തമായ ഫലം കിട്ടും. ഒരു പാത്രം അരി കൊടുത്തിട്ട് വലിയ ഫലം നേടിയ മുല്‍ഗലന്റെ കഥ ഇതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറയാറുണ്ട്.
260. മുദ്ഗലോപാഖ്യാനം - സ്വര്‍ഗ്ഗ ഗുണത്തെ പറ്റിയുള്ള ചോദ്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ഒരു പാത്രം അരി മഹാത്മാവായ മുല്‍ഗലന്‍ എന്തിനാണ് പരിത്യജിച്ചത്? ആര്‍ക്കാണ് അദ്ദേഹം ദാനം ചെയ്തത്? ഏതു വിധി പ്രകാരമാണ് അദ്ദേഹം ദാനം ചെയ്തത്? ധര്‍മ്മത്തെ അറിയുന്ന ഈശ്വരന്‍ ഏതൊരുവന്റെ കര്‍മ്മത്താല്‍ സന്തുഷ്ടനാകുന്നുവോ, ആ ധര്‍മ്മകൃത്തിന്റെ ജന്മം സഫലം തന്നെ!
വ്യാസന്‍ പറഞ്ഞു: വല്ലേടവും ഉതിര്‍ന്നു വീണ നെന്മണി പെറുക്കിയെടുത്ത് അന്നന്നു കിട്ടുന്ന ധാന്യം കൊണ്ടു വിശപ്പടക്കി ജീവിക്കുന്ന ഒരാളായിരുന്നു മുല്‍ഗലന്‍. അവന്‍ സത്യവാദിയും, അസൂയ ഇല്ലാത്തവനും, സംയതേന്ദ്രിയനും, ധര്‍മ്മാത്മാവും ആയിരുന്നു. അദ്ദേഹം കുരുക്ഷേത്രത്തിലാണ് അധിവസിച്ചിരുന്നത്.
അതിഥികളെ സല്‍ കരിക്കുകയും ചുരുങ്ങിയ സമ്പാദ്യത്താല്‍ തൃപ്തിപ്പെടുത്തുകയും എപ്പോഴും കര്‍മ്മത്തില്‍ ഏർപ്പെടുകയും ചെയ്തു കൊണ്ട്, ആ മഹാതപസ്വി "ഇഷ്ടീകൃത"മെന്ന യജ്ഞത്തെ അനുഷ്ഠിച്ച് പുത്രന്മാരോടും ദാരങ്ങളോടും കൂടി പതിനഞ്ചു ദിവസം കൂടുമ്പോള്‍ മാത്രം ആഹാരം കഴിച്ച് ഉപജീവിച്ചു.
അല്പാല്പമായി ശേഖരിച്ച് ഒരു പാത്രം അരി പക്ഷം തോറും മുല്‍ഗലന്‍ നേടി വെക്കും. മത്സരം വെടിഞ്ഞ് അമാവാസിയിലും പൗര്‍ണ്ണമാസിയിലും വ്രതം അനുഷ്ഠിച്ച്, അതിഥികളേയും ദേവതകളേയും പൂജിച്ച്, അവശേഷിക്കുന്നതു കൊണ്ട് മുല്‍ഗലന്‍ ശരീരം സംരക്ഷിക്കും. സാക്ഷാല്‍ ത്രിലോകേശ്വരനായ ഇന്ദ്രന്‍ ദേവന്മാരോടു കൂടി പര്‍വ്വം തോറും വന്ന് തന്റെ അംശം മുല്‍ഗലനില്‍ നിന്നു പതിവായി വാങ്ങി അനുഭവിച്ചു കൊണ്ടിരുന്നു.
വൈശ്വദൈവം മുതലായ പര്‍വ്വങ്ങളെ സംബന്ധിച്ചുള്ള കര്‍മ്മങ്ങള്‍ യഥാകാലം അനുഷ്ഠിച്ച് മുനിവൃത്തിയോടു കൂടിയ ആ ബ്രാഹ്മണന്‍ അതിഥികള്‍ക്കെല്ലാം സന്തുഷ്ടചിത്തനായി ഭക്ഷണം നല്കും. താന്‍ നേടിയ ആ ഒരു പാത്രം അരി കൊണ്ട് നിര്‍മ്മത്സരനായ ആ മഹാശയന്‍ അന്നദാനം ചെയ്താല്‍ അതിഥി ദര്‍ശനം കൊണ്ട് വേറെ അന്നം പാത്രത്തില്‍ തനിയെ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ആ അന്നത്താല്‍ പണ്ഡിതന്മാരായ നൂറു വിപ്രന്മാരെ ഊട്ടും. ത്യാഗത്താല്‍ വിശുദ്ധനായ ആ മുനിയുടെ പാത്രത്തില്‍ വീണ്ടും അന്നം വര്‍ദ്ധിച്ചു കൊണ്ടിരിക്കും.
തീക്ഷ്‌ണവ്രതനും ധര്‍മ്മിഷ്ഠനുമാണ് മുല്‍ഗലന്‍ എന്നു പറഞ്ഞു കേട്ട് ദിഗംബരനായ ദുര്‍വ്വാസാവ് ഒരു ദിവസം അവിടെ വന്നു. ഉന്മത്തനെ പോലെ വികൃതവേഷനായി, വെറുതെ ചിരിക്കുകയും പലതരം പരുഷ വാക്കുകള്‍ പറയുകയും ചെയ്തുകൊണ്ട് ദുര്‍വ്വാസാവ് മുല്‍ഗലന്റെ മുമ്പില്‍ ചെന്ന്, താന്‍ വന്നിരിക്കുന്നത് ചോറു കിട്ടുന്നതിനാണ് എന്നറിയിച്ചു. ഉടനെ മുല്‍ഗലന്‍ സ്വാഗതം പറഞ്ഞ് ആ മുനിക്ക് പാദ്യം (കാല്‍ കഴുകുവാനുളള ജലം), ആചമനീയം (കുടിക്കുവാനുള്ള ജലം), ഉത്തമമായ അര്‍ഘ്യം (പൂജാദ്രവ്യം) എന്നിവ കൊടുത്ത് സല്‍കരിച്ചതിന്റെ ശേഷം ഉണ്ണുവാൻ ക്ഷണിച്ചു.
അതിഥി വ്രതനായ മുല്‍ഗലന്‍ വിശന്നു വന്നിരിക്കുന്ന ആ താപസന് അന്നം ദാനം ചെയ്തു. ഉന്മത്തൻ ആയിരുന്നാലും വിശന്നു വലഞ്ഞ ആ മുനി രസമേറിയ ഭക്ഷണം ശ്രദ്ധയോടെ ഉണ്ടു. വിശപ്പു തീരുന്നതു വരെ മുല്‍ഗലന്‍ അദ്ദേഹത്തിന് ചോറു വിളമ്പി കൊണ്ടിരുന്നു. ചോറു മുഴുവന്‍ ഉണ്ടു കഴിഞ്ഞപ്പോള്‍ ആ ഉന്മത്തന്‍ ഉച്ഛിഷ്ടം എടുത്തു ദേഹത്തിലൊക്കെ തേച്ച് അവിടെ നിന്നു നടന്നു.
അടുത്ത പക്ഷത്തിലേക്കു വേണ്ടുന്ന ധാന്യം മുല്‍ഗലന്‍ സമ്പാദിച്ചു തയ്യാറാക്കി. തനിക്കു വേണ്ടി ഭക്ഷണം തയ്യാറാക്കിയ സമയത്ത് വീണ്ടും ആ ദുര്‍വ്വാസാവ് അവിടെ എത്തിയിരിക്കുന്നു! അന്നും ആ മുനി മുല്‍ഗലന്റെ സല്‍കാരമേറ്റു ചോറു തയ്യാറാക്കിയതു മുഴുവന്‍ ഉണ്ടതിന്റെ ശേഷം തന്റെ പാട്ടില്‍ പോവുകയും ചെയ്തു. മുല്‍ഗലന് അന്നും ആഹാരം കഴിക്കുവാന്‍ ബാക്കി ഉണ്ടായിരുന്നില്ല.
വിശപ്പോടു കൂടി തന്നെ ആ ബ്രാഹ്മണന്‍ ധാന്യങ്ങള്‍ പെറുക്കിയെടുത്ത് ഭക്ഷണത്തിനുള്ള അരി സമ്പാദിച്ചു. വിശന്നിട്ടും മുല്‍ഗലന്നു യാതൊരു വികാരഭേദവും ഉണ്ടായില്ല. ക്രോധമാകട്ടെ, മാത്സര്യമാകട്ടെ, നിന്ദയാകട്ടെ, സംഭ്രമമാകട്ടെ, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അങ്കുരിച്ചില്ല. കഷ്ടപ്പെട്ട് അല്പാല്പം ധാന്യാവശേഷം നേടി. ഭാര്യയോടും പുത്രന്മാരോടും കൂടി ഉപജീവിക്കുന്ന മുല്‍ഗലന്‍ ആഹാരമൊന്നും കഴിക്കാതിരുന്നിട്ടും പ്രശാന്തനായി തന്നെ ജീവിച്ചു.
ദുര്‍വ്വാസാവ് ഈ മാതിരി പക്ഷം തോറും കാലം നോക്കി കൊണ്ടിരുന്നു! തുടര്‍ച്ചയായി ആറു പ്രാവശ്യം കരുതലോടെ തന്നെ വന്ന് മുല്‍ഗലന്‍ സമ്പാദിച്ചു വെച്ച അന്നമെല്ലാം കഴിച്ച്, ആ മുനിസത്തമനെ നിരാഹാരനാക്കി വിട്ടു നടന്നു. ഇങ്ങനെ പല പ്രാവശ്യം തുടര്‍ച്ചയായി ദ്രോഹിച്ചിട്ടും മുല്‍ഗലന്റെ മനസ്സ് ഇളകിയില്ല. ആ മഹാത്മാവിന്റെ മനസ്സു ചലിച്ചില്ല. ആ ശുദ്ധാത്മാവിന്റെ നിര്‍മ്മലമായ മനസ്സു കണ്ടപ്പോള്‍ ദുര്‍വ്വാസാവ് പ്രീതനായി അനുഗ്രഹിച്ചു.
ഹേ, മുല്‍ഗലാ! ഭവാനെപ്പോലെ മാത്സര്യം വെടിഞ്ഞ ദാതാവ് ഈ ഭൂമിയിലില്ല. ധര്‍മ്മജ്ഞാനത്തെ നശിപ്പിക്കുന്ന ഒന്നാണ് വിശപ്പ്. വിശപ്പു വര്‍ദ്ധിച്ചാല്‍ അതു ധൈര്യത്തെ നശിപ്പിക്കും. ഭവാന്‍ നിരാഹാരൻ ആയിരുന്നിട്ടും ഭവാനില്‍ ധര്‍മ്മബോധം കെട്ടു പോയില്ല. ധൈര്യം നശിക്കുകയും ചെയ്തില്ല. രസങ്ങളെ ആസ്വദിച്ചു കൊണ്ടിരിക്കുന്ന നാവ് എപ്പോഴും രസങ്ങളെ കൊതിച്ചു കൊണ്ടിരിക്കും. ഭവാന്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയാല്‍. നാവിന്റെ അടിമയായില്ല. പ്രാണന് ആധാരം ആഹാരമാണ്. ആ പ്രാണനേയും ഭവാന്‍ അടക്കിയിരിക്കുന്നു. ചഞ്ചലവും അടക്കുവാന്‍ പ്രയാസം ഏറിയതുമാണ് മനസ്സ്. ഭവാന്‍ തപസ്സു കൊണ്ടു മനസ്സിനേയും ഇന്ദ്രിയങ്ങളേയും ഏകാഗ്രമാക്കി, ദൃഢമാക്കി നിര്‍ത്തിയിരിക്കുന്നു. പണിപ്പെട്ടു സമ്പാദിച്ചത് ഉള്ളു തെളിഞ്ഞു നല്കുവാന്‍ വളരെ വിഷമമുണ്ട്. ഹേ, സാധോ! ഭവാന്‍ അതെല്ലാം വേണ്ട വിധം സാധിച്ചു. ഭവാനോട് ഇടപെട്ട ഞാന്‍ ഭവാന്റെ സന്തോഷത്താല്‍ പ്രീതനും, അനുഗൃഹീതനും ആയിരിക്കുന്നു. ഇന്ദ്രിയ നിഗ്രഹം, ധൈര്യം, ദമം, ശമം, ദയ, സത്യം, ധര്‍മ്മം എന്നിവ ഭവാനില്‍ ഉറച്ചു തന്നെ നിൽക്കുന്നു. സ്വന്തം കര്‍മ്മങ്ങള്‍ കൊണ്ട് ഭവാന്‍ ലോകങ്ങളെ കീഴടക്കി, പരമമായ ഗതിയെ പ്രാപിച്ചിരിക്കുന്നു. ഭവാന്റെ മഹത്തായ ദാനശീലത്തെ സ്വര്‍ഗ്ഗവാസികള്‍ ഇതാ പ്രശംസിക്കുന്നു. സുപരിചിതനായ ഭവാന്‍ ഉടലോടു കൂടി തന്നെ സ്വര്‍ഗ്ഗത്തിലേക്കു പോകും. ദുര്‍വ്വാസാവ് ഇപ്രകാരം അഭിനന്ദിച്ചു പറഞ്ഞ ഉടനെ ഒരു ദേവദൂതന്‍ വിമാനത്തോടു കൂടി മുല്‍ഗലന്റെ മുന്നില്‍ വന്നെത്തി. കിങ്ങിണീ മാലകളോടും ദിവ്യ സൗരഭ്യത്തോടും കൂടിയ വിചിത്രമായ ആ രഥം, ഹംസസാരസ സംസക്തമായ ആ രഥം, ഇഷ്ടം പോലെഎവിടേയും സഞ്ചരിക്കുവാന്‍ കഴിവുള്ളതാണ്.
ആ ദേവദുതന്‍ ആ ബ്രഹ്മര്‍ഷിയോടു പറഞ്ഞു: ഭവാന്‍ സ്വന്തം കര്‍മ്മ വൈഭവത്താല്‍ ഈ വിമാനം നേടിയിരിക്കുന്നു. ഭവാന്‍ മഹാസിദ്ധി നേടിക്കഴിഞ്ഞു. ഈ വിമാനത്തില്‍ കയറിക്കൊള്ളുക. ഇപ്രകാരം പറഞ്ഞ ദേവദുതനെ നോക്കി ആ മഹര്‍ഷി പറഞ്ഞു:
ഹേ, ദേവദൂതാ! സ്വര്‍ഗ്ഗവാസികള്‍ക്ക് ഉള്ള ഗുണങ്ങള്‍ എന്താണെന്ന് എനിക്കു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. അവര്‍ക്കുള്ള തപോഗുണം, ധര്‍മ്മനിശ്ചയം ഇവയൊക്കെ എന്താണ്? സ്വര്‍ഗ്ഗത്തിലെ സുഖം എങ്ങനെ? അവിടെ ദോഷങ്ങള്‍ എന്തൊക്കെയാണ്? ഞാന്‍ ചോദിക്കുന്നതില്‍ ഭവാന്‍ വിഷമിക്കരുത്. ഏഴു പദങ്ങള്‍ പറയുവാന്‍ ഇടയായാല്‍ അവര്‍ തമ്മില്‍ മിത്രങ്ങളായി എന്നാണ് കുലീനന്മാര്‍ പറയുന്നത് (സാപ്തപദീനം സഖ്യം). ആ നിലയ്ക്ക് ഭവാന്‍ എന്റെ മിത്രമായെന്ന ധാരണയോടെ ചോദിക്കുന്നതാണ്. ശങ്ക കൂടാതെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുവാന്‍ ആഗ്രഹിച്ചാണ് ഞാന്‍ ചോദിക്കുന്നത്. ഭവാനില്‍ നിന്നു കേട്ടതിന് ശേഷം വേണ്ടതു ചെയ്യാം.
261. മുദ്ഗല ദേവദൂത സംവാദം - ദേവദൂതന്‍ പറഞ്ഞു:മഹര്‍ഷേ! ആര്യനായ ഭവാന്‍ ഏറ്റവും ബഹുമാന്യമായ ഉത്തമ സ്വര്‍ഗ്ഗ സുഖം കയ്യില്‍ വന്നിട്ടും അതിനെ പറ്റി മൂഢനെ പോലെ എന്താണു തര്‍ക്കിച്ചു നിൽക്കുന്നത്? സ്വര്‍ഗ്ഗം ഏറ്റവും ഉയര്‍ന്ന ലോകമാണ്. സല്‍പഥത്തില്‍ ചരിക്കുന്നവര്‍ എന്നും, വിമാനസ്ഥരായി മേൽപോട്ടുയര്‍ന്നു സ്വര്‍ഗ്ഗത്തില്‍ ചെല്ലും. തപസ്സില്‍ തപിക്കാത്തവരോ, യജ്ഞം ചെയ്യാത്തവരോ, സതൃം പറയാത്തവരോ, ദാനം ചെയ്യാത്തവരോ സ്വര്‍ഗ്ഗത്തില്‍ എത്തുകയില്ല. ജിതേന്ദ്രിയരും, ധര്‍മ്മാത്മാക്കളും, ശമദമ സമ്പന്നന്മാരായ നിര്‍മ്മത്സരന്മാരും ദാനധര്‍മ്മരതന്മാരും സമരവീരന്മാരായ ശൂരന്മാരും, സ്വര്‍ഗ്ഗത്തെ പ്രാപിക്കും. ശമദമാത്മകമായ ശ്രേഷ്ഠ ധര്‍മ്മങ്ങളെആചരിച്ച് സജ്ജനങ്ങള്‍ പുണ്യലോകത്തെ പ്രാപിക്കുന്നു. ദേവന്മാര്‍, സാദ്ധ്യന്മാര്‍, ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകള്‍, മഹര്‍ഷികള്‍ എന്നിവരുടെ ആവാസങ്ങളായി വേറെ വേറെ അനേകം ലോകങ്ങളുണ്ട്. ആ ശുഭലോകങ്ങള്‍ എല്ലാം തേജോമയങ്ങളും എല്ലാ കാമങ്ങളും തികഞ്ഞു ശോഭിക്കുന്നവയും ആണ്.
മുപ്പത്തി മുവ്വായിരം യോജന മേല്‍പ്പരപ്പുള്ള മേരു പര്‍വ്വതത്തിലാണ് നന്ദനം മുതലായ ദേവോദ്യാനങ്ങള്‍. അവിടെ പുണ്യകര്‍മ്മങ്ങള്‍ സദാ വിഹരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വിശപ്പോ, ദാഹമോ, വാട്ടമോ, ഉഷ്ണമോ, കുളിരോ, ഭയമോ ഉണ്ടാകയില്ല. അശുഭമോ ബീഭത്സമോ ആയ യാതൊന്നും അവിടെയില്ല. സര്‍വ്വത്ര മനോജ്ഞഗന്ധം വ്യാപിച്ചിരിക്കുന്നു. എല്ലാം സുഖസ്പര്‍ശ മായിട്ടുള്ളതാണ്. കാതിനും കരളിനും സുഖം ചേര്‍ക്കുന്ന ശബ്ദമേ അവിടെയെങ്ങും കേള്‍ക്കുകയുള്ളു. ശോകമോ ജരയോ ക്ലേശമോ രോദനമോ അവിടെയില്ല. അപ്രകാരമുള്ള ലോകത്തിലാണ് സ്വന്തം സുകൃത ഫലത്താല്‍ മനുഷ്യന്‍ എത്തുന്നത്. അവിടെ ചെന്നാല്‍ ശരീരം തേജോരൂപമായി തീരും. മാതാപിതാക്കള്‍ ചെയ്ത കര്‍മ്മം കൊണ്ടല്ല, സ്വന്തം കര്‍മ്മം കൊണ്ടാണ് മനുഷ്യന്‍ ഈ ലോകത്തെ പ്രാപിക്കുക.
അവിടെ വിയര്‍പ്പോ ദുര്‍ഗ്ഗന്ധമോ മലമൂത്രങ്ങളോ ഇല്ല. അവിടെ വാഴുന്നവരുടെ വസ്ത്രങ്ങളില്‍ പൊടി പറ്റുകയില്ല. പൂമാലകൾ ദിവൃഗന്ധത്തോടു കൂടി വാടാതെ നിൽക്കുകയും പ്രശോഭിക്കുകയും ചെയ്യും. ഈ മാതിരിയുള്ള വിമാനങ്ങളും സ്വര്‍ഗ്ഗവാസികള്‍ക്കുണ്ട്.
ഈര്‍ഷ്യ, ശോകം, മോഹം, മാത്സര്യം എന്നിവ ഒന്നുമില്ലാത്ത പുണ്യാത്മാക്കള്‍ സ്വര്‍ഗ്ഗത്തിലെത്തി സുഖമായി വാഴുന്നു. ഈ ലോകം കൂടാതെ ഇവയുടെ മീതെയായി സുഖപൂര്‍ണ്ണമായ ദിവ്യലോകങ്ങള്‍ വേറെയുമുണ്ട്. ആദ്യമായി കാണുന്നത് ശുഭങ്ങളും തേജോമയങ്ങളുമായ ബ്രാഹ്മണ ലോകങ്ങളാണ്. സ്വന്തം ശുഭകര്‍മ്മങ്ങളാല്‍ പരിപൂതന്മാരായ മഹര്‍ഷികളാണ് അവിടെ ചെല്ലുക. മറ്റൊരു ലോകത്തില്‍ ദേവന്മാരുടെ ദേവതകളായ ഋഭുക്കള്‍ പാര്‍ക്കുന്നു. അവരുടെ മീതെയുള്ള ലോകത്തിലാണ് ദേവതകള്‍ യാഗം ചെയ്യുന്നത്. ഈ ലോകങ്ങളെല്ലാം സ്വയം പ്രഭങ്ങളും സര്‍വ്വകാമങ്ങളും നല്കുന്നവയുമാണ്. അവിടെ വാഴുന്നവര്‍ക്കു സ്ത്രീവിഷയമായ ദുഃഖമോ ഐശ്വര്യ മത്സരമോ ഇല്ല. അമൃതം ഭുജിക്കുന്ന അവര്‍ ആഹുതികളെ കൊണ്ടല്ല വര്‍ത്തിക്കുന്നത്. ആ ദിവൃരൂപന്മാർ എല്ലാവരും അശരീരികളാണ്. സനാതനന്മാരായ ആ ദേവരൂപന്മാര്‍ എന്നും ആനന്ദിക്കുന്നവരാണ്. അവര്‍ക്ക് ഒരിക്കലും സുഖത്തെ തേടേണ്ടി വരുന്നില്ല. കല്പം മാറുന്ന കാലത്തും അവര്‍ക്കു മാറ്റമില്ല. ജര, മൃത്യു, ഹര്‍ഷം, പ്രീതി എന്നിവയൊന്നും അവര്‍ക്കില്ല. സുഖദുഃഖങ്ങളോ രാഗദ്വേഷങ്ങളോ അവരെ ബാധിക്കുകയില്ല. ഈ പരമമായ ഗതിയെ ദേവന്മാര്‍ പോലും കാംക്ഷിക്കുന്നു. പരമമായ ഈ സിദ്ധി ആര്‍ക്കും എളുപ്പത്തില്‍ സിദ്ധിക്കുകയില്ല. കാമപരന്മാര്‍ക്ക് അത് ഒരിക്കലും സിദ്ധിക്കയില്ല.
മുപ്പത്തിമൂന്നു കോടി ദേവന്മാര്‍ക്കുള്ള സ്വര്‍ഗ്ഗലോകത്തെ വിധിപൂര്‍വ്വകമായ മാനങ്ങള്‍ കൊണ്ടും ശ്രേഷ്ഠനിയമങ്ങള്‍ കൊണ്ടും പണ്ഡിതന്മാര്‍ പ്രാപിക്കും. ദാനത്താല്‍ കൃതമായ ഈ സമ്പത്ത് ഭവാന്‍ സസുഖം നേടിയിരിക്കുന്നു. തപസ്സു കൊണ്ട് ഉജ്ജ്വലിക്കുന്ന ഭവാന്‍ സുകൃതത്താല്‍ നേടിയ ഈ സിദ്ധി കൈയേറ്റാലും!
നാനാ ലോകങ്ങളേയും അവയുടെ ഗുണങ്ങളേയും സ്വര്‍ഗ്ഗ സുഖത്തേയും പറ്റി ഞാന്‍ പറഞ്ഞുവല്ലോ. ഇനി സ്വര്‍ഗ്ഗത്തിലെ ദോഷങ്ങള്‍ എന്തൊക്കെ ആണെന്നു പറയാം. ഭൂമിയില്‍ വെച്ച് ഏതേതു കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടോ അവയുടെ ഫലങ്ങള്‍ മാത്രം സ്വര്‍ഗ്ഗത്തിൽ എത്തിയാല്‍ അനുഭവിക്കാന്‍ കഴിയും. സ്വര്‍ഗ്ഗത്തില്‍ ചെന്നതിന് ശേഷം പുതിയ വ്യാപാരങ്ങളൊന്നും ചെയ്യുവാന്‍ കഴിയുകയില്ല. പൂര്‍വ്വ കര്‍മ്മഫലത്തെ മൂലച്ഛേദം ചെയ്ത് അനുഭവിക്കുകയാണ് അവിടെ ചെയ്യുന്നത്. അതു മോക്ഷമാണെന്നാണ് എന്റെ അഭിപ്രായം. ഫലങ്ങള്‍ അനുഭവിച്ചു കഴിഞ്ഞാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പതിക്കും. സുഖസമ്പൂര്‍ണ്ണ ചിത്തന്മാരായി ഇരിക്കുന്നതിന് ഇടയില്‍ അവര്‍ പെട്ടെന്നു പതിക്കുന്നു. ഇനി വേറേയും ഒരു ദോഷമുണ്ട്. താഴെ ലോകങ്ങളില്‍ സ്ഥിതി ചെയ്യുന്നവര്‍ ഉപരിലോകങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് കൂടുതലായി സിദ്ധിച്ച ദീപ്തശ്രീ കണ്ടു സന്തോഷം നശിച്ചു പരിതപിക്കും. ബുദ്ധിമോഹം ബാധിച്ചാല്‍ അവന്‍ പൊടിയേറ്റ് അശുചിയാകും. അപ്പോള്‍ അവന്‍ അണിഞ്ഞതായ പൂക്കള്‍ വാടാന്‍ തുടങ്ങുകയായി. അതുകണ്ടാല്‍ തനിക്ക് താഴോട്ടു വീഴുവാനുള്ള കാലമായെന്നറിഞ്ഞ് അവന്‍ ഭയപ്പെടും. ബ്രഹ്മലോകം വരെ ഈ ദാരുണ ദോഷങ്ങള്‍ കാണുന്നതാണ്.
സ്വര്‍ഗ്ഗത്തില്‍ നിന്നു പതിക്കുന്നതായാലും അവരില്‍ വേറെ ഗുണങ്ങള്‍ പ്രശോഭിച്ചു കാണും. ശുഭമായ വിചാരം അവരില്‍ ഉള്ളതു കൊണ്ട് അവര്‍ മനുഷ്യരായേ വീണ്ടും ജന്മമെടുക്കുകയുള്ളു. മനുഷ്യ ലോകത്തില്‍ അവര്‍ മഹാന്മാരായി, സുഖികളായി ജീവിക്കും. അവര്‍ക്ക് ധര്‍മ്മബോധം ഇല്ലാതെ വന്നാല്‍ അവര്‍ അധമത്വത്തില്‍ പതിക്കും. ഇഹത്തില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങള്‍ എല്ലാം മനുഷ്യര്‍ക്ക് ഭുജിക്കുവാനുള്ള ഇടങ്ങളാണ് പരലോകങ്ങള്‍. അതു കൊണ്ട് ഇഹലോകത്തെ കര്‍മ്മഭൂമിയെന്നും പരലോകത്തെ ഫലഭുമി എന്നും പറയുന്നു.
മുല്‍ഗലന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിനുള്ള മഹത്തായ ദോഷങ്ങള്‍ എന്തൊക്കെ ആണെന്നു ഭവാന്‍ പറഞ്ഞുവല്ലോ. തീരെ ദോഷങ്ങളില്ലാത്ത വല്ല ലോകവും ഉണ്ടെങ്കില്‍ അത് ഏതാണെന്നു കേട്ടാല്‍ കൊള്ളാം.
ദേവദൂതന്‍ പറഞ്ഞു: ബ്രഹ്മലോകത്തിന്റെ ഉപരിയായി പരമമായ വിഷ്ണുപദം സ്ഥിതി ചെയ്യുന്നു. ശുദ്ധവും സനാതനവും ജ്യോതിര്‍ മയവുമായ പരബ്രഹ്മ സ്ഥാനമാണ് അത്. വിഷയാത്മാക്കളായ പുരുഷന്മാര്‍ അവിടെ ചെല്ലുകയില്ല. ദംഭം, ലോഭം, ക്രോധം, മോഹം, ദ്രോഹം എന്നിവയാല്‍ പീഡിതരായവര്‍ക്ക് ആ ലോകം അപ്രാപ്യമാണ്. മദമില്ലാത്തവരും അഹങ്കാരമില്ലാത്തവരും നിര്‍ദ്വന്ദ്വന്മാരും ജിതേന്ദ്രിയന്മാരും ആയ ധ്യാനയോഗപരന്മാര്‍ മാത്രമേ അവിടെ ചെല്ലുകയുള്ളു. ഭവാന്‍ ചോദിച്ചതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞിരിക്കുന്നു. സാധുവായ ഭവാന്‍ സദയം വൈകാതെ പുറപ്പെട്ടാലും!
വ്യാസന്‍ പറഞ്ഞു: ഈ വാക്കുകള്‍ കേട്ടു മുല്‍ഗലന്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു. അല്പസമയം ചിന്തിച്ചതിന് ശേഷം ആ മുനിശ്രേഷ്ഠന്‍ ദേവദൂതനോട് ഇപ്രകാരം പറഞ്ഞു:
ഹേ ദേവദൂതാ! ഭവാന്‍ നമസ്കാരം! ഭവാന്‍ യഥേഷ്ടം പൊയ്ക്കൊള്ളുക. മഹാദോഷങ്ങളോടു കൂടി യ ആ സ്വര്‍ഗ്ഗസുഖം എനിക്ക് ആവശ്യമില്ല. പതിക്കുന്ന സമയത്ത് മഹാദുഃഖവും ഘോരമായ പരിതാപവും സ്വര്‍ഗ്ഗവാസികള്‍ അനുഭവിക്കുന്നുവല്ലോ! അതു കൊണ്ട് അങ്ങനെയുള്ള സ്വര്‍ഗ്ഗലാഭത്തിന് എനിക്ക് ആശ അശേഷവും ഇല്ല. അവിടെ എത്തിയാല്‍ ശോകമില്ല, ഭയമില്ല, വ്യഥയില്ല, ചാഞ്ചല്യമില്ല. ആ സ്ഥാനം നിത്യമായി ലഭിക്കുവാന്‍ ഞാന്‍ പരിശ്രമിച്ചു കൊള്ളാം, ഇപ്രകാരം പറഞ്ഞ് ആ ധാന്യം പെറുക്കിയായ ബ്രാഹ്മണന്‍ ദേവദൂതനെ മടക്കി അയച്ചു. ആ മുല്‍ഗലന്‍ ദേവദൂതനെ മടക്കി അയച്ച് തന്റെ കര്‍മ്മം കൊണ്ട് ഉപജീവിച്ച് ശമചിത്തനായി വസിച്ചു. സ്തുതിയേയും നിന്ദയേയും അവന്‍ ഒരുപോലെ തന്നെ കരുതി. മണ്ണും കല്ലും പൊന്നും ആ ബ്രാഹ്മണന് തുല്യമായേ തോന്നിയുള്ളു. യാതൊരു വ്യത്യാസവും അവന്റെ ബുദ്ധിയില്‍ തോന്നാതായി. ശുദ്ധമായ ജ്ഞാനയോഗം കൊണ്ട് ആ മുനി ധ്യാനനിഷ്ഠനായി. ധ്യാനയോഗം കൊണ്ട് വൈരാഗ്യം വളര്‍ത്തി ബ്രഹ്മജ്ഞാനം നേടി മുല്‍ഗലന്‍ നിര്‍വ്വാണ ലക്ഷണം ചേര്‍ന്ന ശാശ്വതമായ പരമസിദ്ധിയെ പ്രാപിക്കുകയും ചെയ്തു.
വ്യാസന്‍ തുടര്‍ന്നു: ഹേ, കൗന്തേയാ! ആ മുല്‍ഗലനെ പോലെ നീ ശോകത്തെ തീരെ തൃജിക്കുക. സമൃദ്ധമായ രാജ്യത്തില്‍ നിന്നു നീ ഭൃഷ്ടനാണെങ്കിലും, അതു നീ തപസ്സു കൊണ്ടു നേടും. സുഖാനന്തരം ദുഃഖവും ദുഃഖാനന്തരം സുഖവുമായി ഇവ രണ്ടും ചക്രം പോലെ ചുറ്റിത്തിരിഞ്ഞു മാറിമാറി വന്നു കൊണ്ടിരിക്കും. അങ്ങനെയുള്ള സുഖദുഃഖങ്ങളെ നീ പരിഗണിക്കരുത്. കരാറു പ്രകാരമുള്ള പതിമ്മൂന്നു സംവത്സരം കഴിഞ്ഞാല്‍ അമിത വിക്രമനായ ഭവാന്‍ പൈതൃകമായ രാജ്യം നിശ്ചയമായും നേടും. നീ ഒട്ടും മനസ്താപപ്പെടരുത്.
വൈശമ്പായനൻ പറഞ്ഞു: ധീമാനായ വ്യാസന്‍ ഇപ്രകാരം യുധിഷ്ഠിരനോടു പറഞ്ഞ് വീണ്ടും തപസ്സിനായി ആശ്രമത്തിലേക്കു പോയി.
ദ്രൗപദീഹരണ പര്‍വ്വം
262. ദൂര്‍വ്വാസ ഉപാഖ്യാനം - ദുര്‍വ്വാസാവു മഹര്‍ഷിയുടെ ആഗമനം - ജനമേജയൻ പറഞ്ഞു: മഹാന്മാരായ പാണ്ഡവന്മാര്‍ കാട്ടില്‍ ഇപ്രകാരം അധിവസിക്കുമ്പോള്‍, മുനിമാരോടു കൂടി വിചിത്രമായ കഥകള്‍ പറഞ്ഞു സുഖിക്കുമ്പോള്‍, സൂര്യന്‍ കൊടുത്ത അക്ഷയാന്നം കൊണ്ട് കൃഷ്ണയുടെ അശനം വരെ എത്തുന്ന ബ്രാഹ്മണരെയൊക്കെ ഊട്ടി തൃപ്തിപ്പെടുത്തുമ്പോള്‍ പല മട്ടിലുള്ള കാട്ടുജന്തുക്കളുടെ മാംസം കൊണ്ട് അതേവിധം മറ്റുള്ളവരേയും തൃപ്തിപ്പെടുത്തി കൊണ്ടിരിക്കെ ദുര്യോധനന്‍ മുതലായ ദുഷ്ട ധാര്‍ത്തരാഷ്ട്രന്മാരും ദുശ്ശാസനനും കര്‍ണ്ണനും ശകുനിയും അവരുടെയൊക്കെ ദുഷ്ടരായ കൂട്ടുകാരും ഒക്കെച്ചേര്‍ന്ന് ആ സമയത്ത് എന്തു ചെയ്തിരുന്നു? എല്ലാം വിടാതെ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ പട്ടണത്തില്‍ അധിവസിക്കുമ്പോള്‍ എന്ന പോലെ സകലവിധ ശ്രേയസ്സോടും കൂടി അതിഥികളേയും ബ്രാഹ്മണരേയും ഒക്കെ പൂജിച്ചു സല്‍ക്കാരങ്ങള്‍ നല്കി ഒന്നിനും ക്ഷാമം കൂടാതെ കാട്ടില്‍ ജീവിക്കുന്നതായി കേട്ടപ്പോള്‍ സുയോധനന്ന് അവരില്‍ പാപചിന്ത വളര്‍ന്നു. ചതി പ്രയോഗങ്ങളില്‍ കൈ തെളിഞ്ഞവരായ കര്‍ണ്ണനോടും, ദുശ്ശാസനനോടും കൂടി ഉപായങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങി.
അങ്ങനെ ഉപായങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ദിവസം പതിനായിരം ശിഷ്യന്മാരോടു കൂടി തപസ്വിയും യശസ്വിയും ധര്‍മ്മാത്മാവുമായ ദുര്‍വ്വാസാവ് സ്വച്ഛന്ദം ഹസ്തിനാപുരിയിൽ എത്തി. കോപിഷ്ഠനായ ആ മുനിശ്രേഷ്ഠന്‍ വരുന്നതു കണ്ട് ദുര്യോധനന്‍ വിനയത്തോടെ ചെന്ന് അടങ്ങി ഒതുങ്ങി നിന്ന് ആതിഥ്യത്തിനായി ക്ഷണിച്ചു. ആ ധാര്‍ത്തരാഷ്ട്രന്‍ ഒരു കിങ്കരനെ പോലെ നിന്നു മുനിയെ പൂജിച്ചു. ആ മഹര്‍ഷി ദുര്യോധനന്റെ സല്‍ക്കാരം സ്വീകരിച്ചു കുറേ ദിവസംഅവിടെ പാര്‍ക്കുകയും ചെയ്തു. അത്രയും നാള്‍ ദുര്യോധനന്‍ ആ മുനിയുടെ ശാപം ഭയപ്പെട്ടു രാപ്പകൽ ഒഴിവില്ലാതെ ഉത്സാഹത്തോടെ ശുശ്രൂഷിച്ചു. "എനിക്കു വിശക്കുന്നു. ചോറു വേഗം തരണം", എന്നു തിരക്കു കൂട്ടി ദുര്‍വ്വാസാവ് കുളിക്കുവാന്‍ പോയാല്‍ അന്നു കുളി കഴിഞ്ഞു വരുന്നതു വളരെ വൈകിയിട്ടായിരിക്കും. ഇന്ന് ഈണിന്ന് ആഗ്രഹമില്ല. വിശപ്പ് ഇല്ല എന്നു പറഞ്ഞു വല്ലേടത്തും പോയാല്‍ പിന്നെ പെട്ടെന്ന് വന്ന് ഉടനെ ചോറു തരണം എന്ന് കല്പിക്കുകയായി. ചിലപ്പോള്‍ വഞ്ചന മനസ്സില്‍ കരുതി പാതിരാ സമയത്ത് ദുര്യോധനനെ വിളിച്ചുണര്‍ത്തി ഭക്ഷണം തയ്യാറാക്കിക്കും. തയ്യാറായി ഉണ്ണാൻ ഇരിക്കുമ്പോള്‍ എന്തെങ്കിലും ദോഷം പറഞ്ഞ് ഉണ്ണാതെ എഴുന്നേറ്റു പോകും.
ഇങ്ങനെ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും ദുര്യോധനന് ക്രോധമോ മനസ്സ് ചാഞ്ചല്യമോ ഉണ്ടായില്ല. ഇതു കണ്ടപ്പോള്‍ ദുര്‍വ്വാസാവിന്നു സന്തോഷമായി. ദുര്യോധനന് വരം നല്കുവാന്‍ ഉറച്ചു.
ദുര്‍വ്വാസാവ് പറഞ്ഞു: ഹേ, ദുര്യോധന! നീ എന്നോടു വരം ചോദിക്കുക. നീ വിചാരിക്കുന്ന കാര്യം നന്നായി വരും. ഞാന്‍ പ്രസാദിച്ചാല്‍ നിനക്കു സാധിക്കാത്തതായി യാതൊരു ധര്‍മ്മൃവും ഉണ്ടാവുകയില്ല.
വൈശമ്പായനൻ പറഞ്ഞു: ഭാവിതാത്മാവായ ആ മുനീന്ദ്രൻ ഇപ്രകാരം കല്പിച്ചപ്പോള്‍ മുനിയുടെ പ്രസാദത്താല്‍ തനിക്കു പുനര്‍ജ്ജന്മം ഉണ്ടായതു പോലെ തന്റെ ജീവിതത്തിന് പുതുമ തോന്നുകയാല്‍ ഏറ്റവും സന്തുഷ്ടനായി തീര്‍ന്ന ആ ദുര്‍മ്മതി കര്‍ണ്ണ ദുശ്ശാസന ന്മാരുമായി മുന്‍കൂട്ടി ആലോചിച്ച് ഉറപ്പിച്ചു വച്ചിരുന്ന പരിപാടിയ അനുസരിച്ച് ഇപ്രകാരം സഹര്‍ഷം പ്രാര്‍ത്ഥിച്ചു..
ദുര്യോധനന്‍ പറഞ്ഞു: ഹേ, മഹാശയനായ മുനീശ്വരാ! എന്റെ അതിഥിയായി ശിഷ്യരോടു കൂടി ഭവാന്‍ വാണതു പോലെഎന്റെ ജ്യേഷ്ഠനും എന്റെ കുലത്തിലെ മഹാനായ മഹാരാജാവുമായ യുധിഷ്ഠിരന്റെ ആതിഥ്യവും ഭവാന്‍ സ്വീകരിക്കണം. ഗുണവാനും ശീലസമ്പന്നനുമായ അദ്ദേഹത്തിന്റെ അതിഥിയായി ഭവാന്‍ പോവുക. യശസ്വിനിയും വരവര്‍ണ്ണിനിയും സുകുമാരിയുമായ രാജപുത്രി എല്ലാ ദ്വിജന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും ഭോജനം നല്കിയതിന് ശേഷം താന്‍ ഊണു കഴിച്ചു വിശ്രമിക്കുന്ന സമയത്തു ഭവാന്‍ അവിടെ ചെല്ലുക. അങ്ങനെയാണ് ഭവാന്‍ അനുഗ്രഹിക്കേണ്ടത്.
അതാണ് ഭവാന്റെ പ്രീതിക്കു വേണ്ടതെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്തു കൊള്ളാം എന്നു പറഞ്ഞ് ദുര്‍വ്വാസാവ് അവിടെ നിന്നു പോയി. ഞാന്‍ കൃതാര്‍ത്ഥനായി എന്നു സുയോധനന്‍ സന്തോഷിച്ചു. കര്‍ണ്ണന്റെ കൈപിടിച്ച് ഭേഷ് എന്നു പറഞ്ഞു ചിരിച്ചു കുലുക്കി. അപ്പോള്‍ ഭ്രാതാക്കന്മാരോടു കൂടി സന്തുഷ്ടനായി നിൽക്കുന്ന ദുര്യോധനനോടു കര്‍ണ്ണന്‍ പറഞ്ഞു.
കര്‍ണ്ണന്‍ പറഞ്ഞു; ഭാഗ്യത്താല്‍ നമ്മുടെ ആഗ്രഹം സഫലമായി. നമ്മുടെ ഭാഗ്യത്താല്‍ നമ്മുടെ ശത്രുക്കള്‍ ദുസ്തരമായ ദുഃഖസമുദ്രത്തില്‍ ആണ്ടു പോയിരിക്കുന്നു. ദുര്‍വ്വാസാവിന്റെ കോപാഗ്നിയില്‍ പാണ്ഡവന്മാര്‍ വീഴുകയാണ്. അവര്‍ സ്വന്തം പാപത്താല്‍ ഇനി വെളിച്ചം കാണാത്ത ഇരുട്ടില്‍ തന്നെ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ചതിയന്മാരായ ദുര്യോധനാദികള്‍ തങ്ങള്‍ ആസൂത്രണംചെയ്ത വഞ്ചന ലക്ഷ്യത്തില്‍ തന്നെ ചെന്നു കൊണ്ടു എന്നു വിചാരിച്ച് സംപ്രീതരായി താന്താങ്ങളുടെ ഗൃഹങ്ങളിലേക്കു പോയി.
263. ദുര്‍വ്വാസാവോപാഖ്യാനം - ദ്രൗപദീ സ്മരണയാല്‍ കൃഷ്ണന്റെ ആഗമനം - വൈശമ്പായനൻപറഞ്ഞു: അടുത്തു തന്നെ ഒരു ദിവസം പാണ്ഡവന്മാര്‍ സുഖമായി ഇരിക്കുമ്പോള്‍ പാഞ്ചാലിയുടെ ഭോജനം കഴിഞ്ഞു എന്നറിഞ്ഞ ഉടനെ തന്റെ പതിനായിരം ശിഷ്യന്മാരോടു കൂടി ദുര്‍വ്വാസാവു മഹര്‍ഷി ആ വനത്തില്‍ ചെന്നെത്തി. അതിഥിയെ കണ്ട് ശ്രീമാനായ യുധിഷ്ഠിരന്‍ സഹോദരന്മാരോടു കൂടി എതിരേറ്റു കൂട്ടിക്കൊണ്ടു പോയി. വേണ്ടപോലെ കരം കൂപ്പി മാനിച്ച് ശ്രേഷ്ഠമായ ഇരിപ്പിടം നല്കി പൂജിച്ചു. ആതിഥ്യത്തിനായി ക്ഷണിച്ചു. ആഗ്നികം അനുഷ്ഠിച്ച് ഭക്ഷണത്തിന് വേഗത്തില്‍ വരണമെന്ന് അറിയിച്ചു. തന്നെ ഏതു വിധത്തിലാണ് പാണ്ഡവന്മാര്‍ അന്നം കൊണ്ടു സല്‍ക്കരിക്കുക എന്നു വിചാരിക്കുക കൂടി ചെയ്യാതെ ആ അനഘനായ മഹര്‍ഷി ശിഷ്യന്മാരോടു കൂടി നദിയിലേക്കു കുളിക്കുവാന്‍ പോയി. വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പാഞ്ചാലി പര്‍ണ്ണശാലയില്‍ ഇരുന്നു വ്യസനത്തോടെ ചിന്തിച്ചു; എങ്ങനെയാണ് അതിഥികള്‍ക്കു ഭോജനം തയ്യാറാക്കേണ്ടത്?
അവള്‍ വലുതായ വിഷമചിന്തയിലായി. പലമട്ടും ചിന്തിച്ചു നോക്കിയിട്ടും അന്നമുണ്ടാക്കുവാന്‍ യാതൊരു മാര്‍ഗ്ഗവും കണ്ടില്ല. ആ സ്ത്രീരത്നം അനിര്‍വ്വചനീയമായ വിധം അല്ലലില്‍ മുഴുകി. ആ പതിവ്രത എന്തു ചെയ്യും ? അവള്‍ മനസ്സില്‍ ആകുലതയോടെ കംസാരിയെ ചിന്തിച്ചു: "കൃഷ്ണാ! കൃഷ്ണാ! മഹാബാഹോ ദേവകീനന്ദനാ! അച്യുതാ! വാസുദേവാ! ജഗന്നാഥാ! കൈകൂപ്പുന്നവരുടെ ദുഃഖത്തെ നശിപ്പിക്കുന്നവനേ! വിശ്വമൂര്‍ത്തേ! വിശ്വകരാ! വിശ്വഹൃത്തേ! പ്രഭോ! അവ്യയാ! പ്രപന്നപാലാ! ഗോപാലാ! പ്രജാപാലാ! പരാല്‍പരാ! ആകുതിച്ചിത്തികള്‍ (ആഗ്രഹവും ധാരണയും ) നടത്തുന്നവനേ! ഞാന്‍ ഭഗവാനെ സാഷ്ടാംഗം പ്രണമിക്കുന്നു. വരേണ്യ, ആനന്ദ, വരു! ഭവാനല്ലാതെ ഗതി കെട്ടവര്‍ക്കു മറ്റാരാണ് ഗതിയായിട്ടുള്ളത്! ഹേ, പുരാണ പുരുഷാ! പ്രാണമനോ വൃത്തികള്‍ക്ക് അഗോചരൻ ആയവനേ! കനിഞ്ഞ് ആശ്രയിക്കുന്നവരില്‍ കനിയുന്നവനേ! നീ എന്നെ രക്ഷിക്കണേ! നീലോല്പല ശ്രീനീലാഭാ!! ചെന്താമരക്കണ്ണാ! പീതാംബരാ! മിന്നുന്ന കൗസ്തുഭമണിഞ്ഞ ദേവാ! ഭൂതങ്ങള്‍ക്കൊക്കെ ആദിയും അന്തവും ഭവാനാണല്ലോ. പരായണന്‍ നീ ഒരുത്തന്‍ മാത്രമാണല്ലോ. പരാല്‍പരമായ ജ്യോതിസ്സേ, വിശ്വമൂര്‍ത്തേ, വിശ്വമുഖാ! സര്‍വ്വസമ്പത്തിനും ദാതാവായതും നീയാണല്ലോ. ഭവാന്‍ നാഥനായുള്ളപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അപായത്തിലും ഭയമില്ലല്ലോ നാഥാ! മുമ്പ് സഭയില്‍ ദുശ്ശാസനനില്‍ നിന്ന് എന്നെ സംരക്ഷിച്ചതു പോലെ, ഈ ദുഃഖത്തില്‍ നിന്നും ഭവാന്‍ എന്നെ കരകേറ്റണേ!".
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പുകഴ്ത്തപ്പെടുന്നസമയത്ത് ഭക്തവത്സലനായ ആ ദേവന്‍ പാഞ്ചാലിയുടെ സങ്കടം ഗ്രഹിച്ച് അരികെ കിടക്കുന്ന രുഗ്മിണിയെ വിട്ട് ക്ഷണത്തില്‍ പുറപ്പെട്ട് ദ്വൈതവനത്തില്‍ എത്തി. അചിന്ത്യ വേഗത്തില്‍ ആ ദേവന്‍ അവിടെ എത്തിയതു കണ്ട് പാഞ്ചാലി പരമ സന്തോഷത്തോടെ നമസ്കരിച്ച്, ദുര്‍വ്വാസാവ് അതിഥിയായി എത്തിയിരിക്കുന്ന വര്‍ത്തമാനം അറിയിച്ചു. ഉടനെ കൃഷ്ണന്‍ പാഞ്ചാലിയോടു പറഞ്ഞു: "ഹേ, കൃഷ്ണേ, ഞാന്‍ വിശന്നു വലഞ്ഞാണു വന്നിരിക്കുന്നത്. നീ ആദ്യം എന്നെ ഊട്ടുക. പിന്നെ നിനക്ക് ഒക്കെ സാധിക്കും. ഉടനെ എനിക്കു ചോറു തരൂ!".
കൃഷ്ണന്‍ പറഞ്ഞതു കേട്ട് പാഞ്ചാലി ലജ്ജയോടെ അമ്പരന്നു പറഞ്ഞു: ആദിതൃ ഭഗവാന്‍ തന്ന പാത്രത്തില്‍, എന്റെ ഊണു കഴിഞ്ഞാല്‍ ചോറ് ഉണ്ടാവുകയില്ല. എന്റെ ഊണു കഴിയുന്നതു വരെ മാത്രമേ ഉണ്ടാവുകയുള്ളു. എന്റെ ഊണു കഴിഞ്ഞുവല്ലോ! ദേവാ! അതു കൊണ്ട് ലേശം പോലും ചോറില്ലാതായ ഞാന്‍ ദുഃഖിക്കുന്നു. എന്തു ചെയ്യേണ്ടു?
ഇതുകേട്ട് കൃഷ്ണന്‍ പാഞ്ചാലിയോടു പറഞ്ഞു: കൃഷ്ണേ, ഞാന്‍ വിശന്നുഴലുകയാണ്. നേരമ്പോക്കു പറയേണ്ട സമയമല്ല ഇത്. വേഗം പോയി ആ പാത്രം ഇങ്ങോട്ടു കൊണ്ടു വന്നു കാണിക്കു, ഞാനൊന്നു നോക്കട്ടെ!
എന്നു നിര്‍ബ്ബന്ധിച്ച് ആ പാത്രം കൃഷ്ണന്‍ തന്റെ മുമ്പില്‍ കൊണ്ടു വരുവിച്ചു. അപ്പോള്‍ കൃഷ്ണന്‍ ആ പാത്രം എടുത്ത് അതിന്റെ വക്കില്‍ പറ്റിയിരിക്കുന്ന ചീരക്കറിയുടെ ശകലം കണ്ടിട്ട് അതെടുത്തു തൃപ്തിയോടെ ഭക്ഷിച്ചതിന് ശേഷം ഇപ്രകാരം പറഞ്ഞു: "ഞാന്‍ ഭുജിച്ച ഈ ചീരക്കറി കൊണ്ട് യജ്ഞഭുക്കും വിശ്വാത്മാവും ഈശ്വരനുമായ ഹരി പ്രീതിയോടെ സന്തോഷിക്കട്ടെ!".
അനന്തരം ക്ലേശനാശനനായ കൃഷ്ണന്‍ സഹദേവനോടു പറഞ്ഞു. ആ മുനിമാരോട് വേഗത്തില്‍ വന്ന് ഉണ്ണുവാൻ പറയുക!
സഹദേവന്‍ വേഗത്തില്‍ മുനിമാരുടെ അടുത്തേക്കു പോയി. കുളിക്കുവാന്‍ പോയ മഹര്‍ഷിയും ശിഷ്യന്മാരും വെള്ളത്തിലിറങ്ങി അഘമര്‍ഷണം ചെയ്യുകയായിരുന്നു ( ഋഗ്വേദത്തിലെ ഒരു സൂക്തമാണിത്. ജലത്തിലിറങ്ങി ഈ സുക്തം മൂന്നു പ്രാവശ്യം ഉച്ഛരിച്ചാല്‍ അതുവരെ ചെയ്ത പാപമെല്ലാം നീങ്ങുമെന്നാണ് വിധി ). അവര്‍ക്കു പെട്ടെന്ന് അന്നരസം തേട്ടിവന്നു. സുഖമായി വിഭവ സമൃദ്ധമായ ഒരു സദ്യയുണ്ട വിധം സംതൃപ്തി അവരിലുണ്ടായി. വെള്ളത്തില്‍ നിന്നു കയറിയ അവര്‍ പരസ്പരം നോക്കി. (എല്ലാവരുടേയും വയര്‍ നിറഞ്ഞിരിക്കുന്നു ) അവര്‍എല്ലാവരും ദൂര്‍വ്വാസാവിനോടു പറഞ്ഞു: "രാജാവിനെ കൊണ്ടു ഭക്ഷണം തയ്യാറാക്കിച്ച് നാം കുളിക്കുവാന്‍ പോന്നു. ഇപ്പോള്‍ ആകണ്ഠം ഊണു കഴിച്ച തൃപ്തിയോടെയാണല്ലോ നമ്മുടെ സ്ഥിതി! ഇനി നാം എങ്ങനെ ഊണു കഴിക്കും?".
ദൂര്‍വ്വാസാവു പറഞ്ഞു: വെറുതെ നാം ഭക്ഷണം പാകം ചെയ്യിപ്പിച്ചു. ആ രാജര്‍ഷിയോടു നാം വലിയ തെറ്റാണു ചെയ്തത്, ആ രാജര്‍ഷി കോപിച്ച് ക്രൂരമായ ഒരു നോട്ടം നോക്കിയാല്‍ മതി നാം ദഹിച്ചുപോകും! ആ അംബരീഷ രാജാവിന്റെ അനുഭവത്തെ ഓര്‍ത്ത് ഞാന്‍ വിഷ്ണുഭക്തന്മാരെ ഭയപ്പെട്ടു കൊണ്ടാണ് ഇരിക്കുന്നത്. വിപ്രന്മാരേ, പാണ്ഡവന്മാര്‍ മഹാത്മാക്കളും ധര്‍മ്മചാരികളുമാണ് എന്നു മാത്രമല്ല, അവര്‍ എല്ലാവരും ശൂരന്മാരും, വിദ്യാസമ്പന്നരും, വ്രതനിഷ്ഠന്മാരും, തപസ്വികളുമാണ്; സദാചാര നിരതന്മാരും വാസുദേവാ വലംബികളുമാണ്. കോപിച്ചാല്‍ അവര്‍ അഗ്നി പഞ്ഞിയെ എന്ന വിധം ചുട്ടുകളയും. അതു കൊണ്ടു ശിഷ്യന്മാരേ! നാം അവരോട് ഒന്നും പറയാതെ സ്ഥലം വിടുകയാണു നല്ലത്. എല്ലാവരും ഓടിക്കൊള്ളുവിന്‍!
വൈശമ്പായനൻ പറഞ്ഞു: ഗുരുവായ മഹര്‍ഷി ഇപ്രകാരം പറഞ്ഞപ്പോള്‍ സകല വിപ്രന്മാരും പാണ്ഡുപുത്രന്മാരെ ഭയപ്പെട്ട് പത്തു ദിക്കിലേക്കും ഓടിക്കളഞ്ഞു. സഹദേവന്‍ ഗംഗയില്‍ ചെന്നപ്പോള്‍ അവിടെ വിപ്രന്മാരെയാകട്ടെ മുനിയെയാകട്ടെ, കാണുകയുണ്ടായില്ല. പല തീര്‍ത്ഥങ്ങളിലും പോയി തിരഞ്ഞു നോക്കി. ഒരിടത്തും അവരെ കണ്ടെത്തിയില്ല. അവിടെ വെച്ചു ചില മഹര്‍ഷിമാരെ കണ്ട് അവരോടു സഹദേവന്‍ അന്വേഷണം നടത്തി: "ഈ വഴിക്ക് ദുര്‍വ്വാസാവു മഹര്‍ഷിയും ശിഷ്യന്മാരും പോകുന്നതു കാണുകയുണ്ടായോ?". അവര്‍ പറഞ്ഞു: "മഹര്‍ഷിയും ശിഷ്യന്മാരും എങ്ങോട്ടോ ബദ്ധപ്പെട്ട് ഓടിപ്പോകുന്നതു കാണുകയുണ്ടായി". സഹദേവന്‍ മടങ്ങിച്ചെന്നു ജ്യേഷ്ഠനോട് മുനിമാര്‍ പറഞ്ഞുകേട്ട വൃത്താന്തം ഉണര്‍ത്തിച്ചു. പിന്നെ ജിതാത്മാക്കളായ പാണ്ഡവന്മാര്‍ ദുര്‍വ്വാസാവിനെ കാത്ത് കുറെ കൂടി ഇരുന്നു. ആ മഹാശയന്മാര്‍ ഇപ്രകാരം പറഞ്ഞു: "ഇനി അദ്ദേഹം നമ്മളെ വഞ്ചിക്കുവാന്‍ അര്‍ദ്ധരാത്രി ആകുമ്പോള്‍ വന്ന് ചോറ് ആവശ്യപ്പെടും. ദൈവം വരുത്തുന്ന ഈ കഷ്ടപ്പാട് എങ്ങനെ നീക്കുവാന്‍ സാധിക്കും?". ഇപ്രകാരം പറഞ്ഞ് അവര്‍ നെടുവീര്‍പ്പിട്ടു കൊണ്ടിരിക്കുമ്പോള്‍ കൃഷ്ണന്‍ അവരുടെ സമീപത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ക്കു കോപിഷ്ഠനായ ദൂര്‍വ്വാസാവില്‍ നിന്നു ഞാന്‍ ആപത്തിനെ ദര്‍ശിച്ചു. പാഞ്ചാലി എന്നെ ധ്യാനിച്ചതു മൂലം ഞാന്‍ ഇവിടെ വേഗത്തില്‍ എത്തിയതാണ്. ആ മുനിയില്‍ നിന്ന് നിങ്ങള്‍ ഇനി ഒട്ടും ഭയം ബാധിക്കുമെന്നു കരുതേണ്ടാ. നിങ്ങളുടെ തേജസ്സില്‍ ഭയന്നിട്ടാണ് അവന്‍ അപ്പോള്‍ തന്നെ ഓടിക്കളഞ്ഞത്! നിത്യവും ധര്‍മ്മം ആചരിക്കുന്നവര്‍ ഒരിക്കലും കുഴങ്ങുകയില്ലെന്ന് അറിയുക. ഞാന്‍ യാത്ര ചോദിക്കുന്നു. പോകട്ടെ. നിങ്ങള്‍ക്ക് എന്നും ശുഭം ഭവിക്കും!
വൈശമ്പായനൻ പറഞ്ഞു: കേശവന്‍ പറഞ്ഞതു കേട്ട് സന്താപം ഒഴിഞ്ഞ് സ്വസ്ഥചിത്തരായ പാണ്ഡവന്മാര്‍ പാഞ്ചാലിയോടു കൂടി ആ ഭക്തവത്സലനെ കൈകൂപ്പി ഇപ്രകാരം പറഞ്ഞു: "ഹേ, ഗോവിന്ദാ! ഞങ്ങളുടെ നാഥനായ ഭവാന്‍ ദുര്‍ഘടമായ സങ്കടത്തില്‍ നിന്നു ഞങ്ങളെ കയറ്റിയിരിക്കുന്നു. കടലില്‍ താണു പോകുന്നവനെ തോണിയാല്‍ എന്ന പോലെ ഭവാന്‍ ഞങ്ങളെ കരകേറ്റിയിരിക്കുന്നു. നിങ്ങള്‍ക്കു സ്വസ്തി! മംഗളം ഭവിക്കട്ടെ!".
എന്നു പാണ്ഡവന്മാര്‍ക്ക് നന്മയാശംസിച്ച് കൃഷ്‌ണന്‍ ദ്വാരകയിലേക്കു പോയി. പാണ്ഡവന്മാര്‍ പാഞ്ചാലിയോട് കൂടി പ്രഹൃഷ്ട മാനസന്മാരായി കാടുതോറും സഞ്ചരിച്ചു സസത്തോഷം വിഹരിച്ചു. ഇങ്ങനെ പാണ്ഡവന്മാരില്‍ ദുര്യോധനന്‍ പ്രയോഗിച്ച ചതി പാഴിലായി. "ഹേ, ജനമേജയാ! ഭവാന്‍ ചോദിച്ചതിന് ഞാന്‍ പറഞ്ഞ മറുപടി ഇപ്പോള്‍ ആയല്ലോ".
264. ജയദ്രഥാഗമനം - വൈശമ്പായനൻ പറഞ്ഞു; ധാരാളം മൃഗങ്ങളുള്ള കാമ്യക വനത്തില്‍ അവിടവിടെ ചുറ്റിനടന്ന് മഹാരഥന്മാരായ പാണ്ഡവന്മാര്‍ ദേവന്മാരെ പോലെ വിഹരിച്ചു. പൂത്തു നില്‍ക്കുന്ന വനസമൂഹങ്ങളേയും ഋതുക്കള്‍ മാറുന്നതിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന കാനന പ്രകൃതിയേയും സകൗതുകം വീക്ഷിച്ച് ഇന്ദ്രതുല്യരായ അവര്‍ സഞ്ചരിച്ച് വേട്ടയാടി ഉല്ലാസപൂര്‍വ്വം വസിച്ചു.
ഒരു ദിവസം ആ പാണ്ഡവന്മാര്‍ അഞ്ചുപേരും കൂടി, ബ്രാഹ്മണര്‍ക്കു വേണ്ടി മാംസാഹാരം സമ്പാദിക്കുവാന്‍ നായാട്ടിന് നാലു ദിക്കിലേക്കും പോയി. അപ്പോള്‍ അവര്‍ തൃണബിന്ദു മഹര്‍ഷിയുടെ അഭിപ്രായം സ്വീകരിച്ച് തങ്ങളുടെ പുരോഹിതനും തപോധനനുമായ ധൗമ്യ മഹര്‍ഷിയെയാണ് ദ്രൗപദിയെ രക്ഷിക്കുവാന്‍ ഏല്‍പിച്ചത്.
അക്കാലത്ത് ഒരു സംഭവമുണ്ടായി. സിന്ധുരാജാവായ വൃദ്ധക്ഷത്രന്റെ പുത്രനായ ജയദ്രഥന്‍ ഒരു വിവാഹത്തിനായി പോവുകയായിരുന്നു. പ്രസിദ്ധനായ ആ രാജകുമാരന്‍ രാജയോഗ്യങ്ങളായ പാരിബര്‍ഹങ്ങളോടു കൂടി ( വധുവിന്നു നല്കേണ്ട സമ്മാനങ്ങള്‍ ), പല രാജാക്കന്മാരോടും ഒന്നിച്ച് സാലപുരിക്കു പോവുകയായിരുന്നു. വഴിമദ്ധ്യത്തില്‍ അവര്‍ കാമൃകവനത്തിൽ എത്തി. ആശ്രമ ദ്വാരത്തില്‍ നിര്‍ജ്ജന കാനനത്തില്‍ കാന്തിവീശുന്ന ദ്രൗപദിയെ അവര്‍ കണ്ടു. അവളുടെ ശരീരശോഭ കണ്ട് അവര്‍ അത്ഭുതപ്പെട്ടു. കാര്‍മേഘത്തെ മിന്നലെന്ന പോലെ അവള്‍ കാടിനെ പ്രശോഭിപ്പിക്കുന്നു. ആരാണിവള്‍? ഇവള്‍ അപ്സരസ്സാണോ? ദേവന്മാരുടെ മായയാണോ? രാജാക്കന്മാരൊക്കെ അത്ഭുതം കൊണ്ട് അവളെ കൈകൂപ്പി.
അപ്പോള്‍ സിന്ധുരാജാവായ ജയദ്രഥന്‍ ആ ദിവ്യസുന്ദരിയെ കണ്ടു വിസ്മയിച്ച് കാമമോഹിതനായി തന്റെ സുഹൃത്തായ കോടികാസ്യനോട് ഇപ്രകാരം പറഞ്ഞു: "ഹേ, കോടികാസ്യാ! ഈ കാണുന്ന പെണ്ണ് ഏതാണ്? ആരുടെ പുത്രിയാണ് ഈ സുന്ദരി? ഇവള്‍ അമാനുഷി ആയിരിക്കുമോ? ഈ മനോഹരിയോടു കൂടി ചേരുകയാണെങ്കില്‍ എനിക്കു വേറെ വിവാഹം ഒന്നും വേണ്ട. വിവാഹത്തിന് പോകുകയും വേണ്ട. ഇവളെ തന്നെ മതി. ഇവളെ എന്റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു പോകണം. ഹേ, സൗമ്യാ! ഭവാന്‍ അവളുടെ സമീപത്തണഞ്ഞ് നല്ലമട്ടില്‍ അവളോടു വിവരങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കുക. അവള്‍ ആരുടെ പുത്രിയാണ്? ഭര്‍ത്താവ് ഉണ്ടോ? ആരുടെ ഭാര്യയാണ്? ഈ മുള്ളു നിറഞ്ഞ കാട്ടിലേക്ക് സുഭ്രുവായ ഇവള്‍ എന്തിനാണ് വന്നത്? വൃത്താന്തമൊക്കെ ഒന്നു ചോദിച്ചറിയുക. ദീര്‍ഘലോചനയും, സുദതിയും, തനുമദ്ധ്യമയുമായ ഈ ലോകസുന്ദരി എന്നെ വരിക്കയില്ലേ? ഞാന്‍ ഈ വരാംഗിയോടു ചേര്‍ന്ന് കാമസിദ്ധി നേടുകയില്ലേ? ഹേ, കോടികാസ്യാ! വേഗം പോയി ഇവളുടെ നാഥന്‍ ആരാണെന്ന് അറിഞ്ഞു വരൂ.
265. കോടികാസ്യപ്രശ്നം - കോടികാസ്യന്റെ അന്വേഷണം - വൈശമ്പായനൻ പറഞ്ഞു: ജയദ്രഥന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കോടികാസ്യന്‍ തന്റെ കര്‍ണ്ണങ്ങളിലെ കുണ്ഡലങ്ങള്‍ കുലുങ്ങുമാറ് ചാടി തേരില്‍ നിന്നിറങ്ങി, കുറുക്കന്‍ പെണ്‍വ്യാഘ്രത്തിന്റെ മുമ്പിലേക്ക് എന്ന വിധംചെന്ന് ഇപ്രകാരം ചോദിച്ചു: "എടോ, വരാംഗനേ! കടമ്പിന്‍ കൊമ്പു താഴ്ത്തിപ്പിടിച്ച് ആശ്രമദ്വാരത്തില്‍ കാന്തി വീശിക്കൊണ്ടു നിൽക്കുന്ന ഭവതി ആരാണ്? രാത്രിയില്‍ ഇളങ്കാറ്റില്‍ ആടുന്ന ദീപശിഖ പോലെ സൗന്ദരൃ സമ്പത്തു കൊണ്ടു പ്രശോഭിക്കുന്ന ഭവതി ഈ കാട്ടില്‍ ഭയം കൂടാതെ നിൽക്കുന്നത് എന്താണ്? ഭവതി യക്ഷിയാണോ; ദേവിയാണോ? ദാനവിയാണോ? ശ്രേഷ്ഠയായ അപ്സരസ്സാണോ? ദിതിയുടെ ഭാര്യയാണോ? മൂര്‍ത്തിമതിയായ പന്നഗ രാജകന്യക ആണോ? കാട്ടില്‍ ജീവിക്കുന്ന രാത്രിഞ്ചര നാരിയാണോ? യമന്‍, സോമന്‍, കുബേരന്‍, വരുണന്‍ ഇവരുടെ ആരുടെയെങ്കിലും പത്നിയാണോ? വിധാതാവിന്റെയോ ശക്രന്റെയോ മന്ദിരം വിട്ട് ഇങ്ങോട്ടിറങ്ങി വന്ന ദിവ്യനാരി ആണോ? ഭവതി ഞങ്ങള്‍ ആരാണെന്നു ചോദിക്കുന്നില്ല! ഭവതിയുടെ നാഥനെ പറ്റി ഞങ്ങള്‍ ഒന്നും അറിയുന്നില്ല! ഭവതിയുടെ പിതാവായ ആ പ്രഭു ആരാണ്? ആരൊക്കെയാണ് ഭവതിയുടെ ബന്ധുക്കള്‍?ആരാണ് ഭവതിയുടെ ഭര്‍ത്താവ്? കുലം ഏതാണ്? ഭവതി ഇവിടെഎന്തു ചെയ്യുന്നു? പറഞ്ഞാലും! എന്താണ് ഒന്നും മിണ്ടാത്തത്?
ഞങ്ങള്‍ ആരൊക്കെ ആണെന്നു പറയാം. സുരഥ രാജാവിന്റെ പുത്രനാണു ഞാന്‍. ദുര്‍ഗ്ഗമമായ പുരത്തിന്റെ നാഥന്മാരില്‍ മുഖ്യനായതു കൊണ്ടു കോടികാസ്യന്‍ എന്ന പേരില്‍ ഞാന്‍ പ്രസിദ്ധി പ്രാപിച്ചവനാണ്. യാഗവേദിയില്‍ ഹുതാഗ്നി പോലെ ഈ സ്വര്‍ണ്ണരഥത്തില്‍ സ്ഥിതി ചെയ്യുന്ന കമലലോചനനായ ഈ വീരന്‍ ത്രിഗര്‍ത്ത രാജാവായ ക്ഷേമംകരനാണ്. ആ രാജാവിന്റെ പിന്നില്‍ മഹാധനുര്‍ദ്ധരനായി നില്‍ക്കുന്നവന്‍ കുളിന്ദ രാജപുത്രനാണ്. പത്മഭൂഷണനും പര്‍വ്വതവാസ ശീലനും വിപുലായത ലോചനനുമായ അവന്‍ ഇതാ ഭവതിയെ നോക്കിക്കൊണ്ടു തന്നെ നിൽക്കുന്നതു നോക്കുക! എടോ സുന്ദരീ, പൊയ്കയ്ക്കടുത്തു നിൽക്കുന്ന ആ സുമുഖനായ യുവാവ് ഇക്ഷ്വാകു രാജാവായ സുബലന്റെ പുത്രനാണ്. ശത്രുജനത്തെ നിശ്ശേഷം ഹനിക്കുവാന്‍ കെല്‍പുള്ളവനാണ് ഈ സുന്ദരന്‍. ഇവന്റെ സൈന്യം വളരെ കേള്‍വിപ്പെട്ടതാണ്. അംഗാരകന്‍, കുഞ്ജരന്‍, ഗുപ്തകന്‍, ശത്രുഞ്ജയന്‍, സുപ്രവൃദ്ധന്‍, ഭയങ്കരന്‍, ഭ്രമരന്‍, രവി, ശൂരന്‍, പ്രതാപന്‍, കുഹനന്‍ എന്നീ സൗവീര വംശജന്മാരായ പന്ത്രണ്ടു രാജാക്കന്മാര്‍ സൈന്യാധിപത്യം വഹിച്ച് ശോണാശ്വം വഹിക്കുന്ന തേരുകളില്‍ കൊടി ഉയര്‍ത്തി യാഗവേദിയില്‍ ഹവ്യ വാഹനന്മാരെ പോലെ സ്ഥിതിചെയ്ത്, ഈ വീരനെ അനുഗമിക്കുന്നു. ചതുരംഗ സൈന്യങ്ങളോടു കൂടി പതിനായിരം രഥികള്‍ ഈ വീരനെ അകമ്പടി സേവിക്കുന്നു. ആരാണ് ഈ വീരന്‍ എന്നു ഭവതി കേട്ടിരിക്കും. സൗവീര രാജാവായ ജയദ്രഥനാണ് ആ നിൽക്കുന്ന വീരന്‍. മഹാശക്തന്മാരും യുവത്വം തുളുമ്പുന്നവരും പ്രവരന്മാരും സൗവീരക വീരന്മാരുമായ വലാഹകന്‍, അനീകവിദാരണന്‍ തുടങ്ങിയ ഭ്രാതാക്കളും ജയദ്രഥ രാജാവിനെ പിന്തുടര്‍ന്നിട്ടുണ്ട്. ഈ മഹാന്മാരോടു കൂടി മരുല്‍ഗണത്താല്‍ ആവൃതനായ ഇന്ദ്രനെപ്പോലെ ജയദ്രഥന്‍ ഇവിടെ എത്തിയിരിക്കുന്നു. ഹേ, സുകേശിനി! ഭവതി ആരുടെ പുത്രിയാണ്? ആരുടെ ഭാര്യയാണ്? ഞങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു!
266. ദ്രൗപദീവാക്യം - ദ്രൗപദിയുടെ മറുപടി - വൈശമ്പായനന്‍ പറഞ്ഞു: ശിബിപ്രൗഢനായ ആ ക്ഷത്രിയന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ രാജപുത്രിയായ പാര്‍ഷതി അദ്ദേഹത്തെ നോക്കി. മെല്ലെ വൃക്ഷശാഖ വിട്ടു കൈ കൊണ്ടു പട്ടുടയാടയില്‍ പിടിച്ചു നിന്നു കൊണ്ടു സ്വൈരമായി മറുപടി പറഞ്ഞു: "ഹേ രാജപുത്രാ! നിന്റെ ആഗ്രഹം എനിക്കു മനസ്സിലായി. നിന്നെപ്പോലെ ഉള്ളവരോട് എന്നെപ്പോലെ ഉള്ളവര്‍ ഇങ്ങനെ നേരിട്ടു നിന്നു സംസാരിക്കുന്നതു ശരിയല്ല, എന്നാൽ പാന്ഥനായ നീ ചോദിച്ച ചോദ്യത്തിന് മറുപടി തരുവാന്‍ മറ്റൊരു ആണോ പെണ്ണോ ഇവിടെയില്ല. ഇപ്പോള്‍ ഇവിടെ ഞാന്‍ മാത്രമേയുള്ളു. അതു കൊണ്ടു ഞാന്‍ തന്നെ ഭദ്രനായ ഭവാനോടു മറുപടി പറയാം. ഈ കാട്ടില്‍ ഒറ്റയ്ക്കു നിലക്കുന്ന ഞാന്‍ ഒറ്റയ്ക്കു തന്നെ എന്റെ മുമ്പില്‍ വന്നു നിൽക്കുന്ന ഭവാനോട് ഇപ്രകാരം സംഭാഷണം ചെയ്യുന്നതു ധര്‍മ്മരതയായ എനിക്ക് എങ്ങനെ ധര്‍മ്മമാകും? ഭവാന്‍ കോടികാസ്യന്‍ എന്നു വിഖ്യാതനായ സുരഥ പുത്രനാണെന്ന് അറിയുകയാല്‍ ഹേ ശൈബ്യാ, ആതിഥ്യ മര്യാദയോര്‍ത്തു ഞാന്‍ സംസാരിക്കുകയാണ്. എന്റെ ബന്ധുവര്‍ഗ്ഗവും കുലവുമൊക്കെ പറയാം. ഞാന്‍ ദ്രുപദ രാജാവിന്റെ പുത്രിയാണ്. കൃഷ്ണ എന്നാണ് എന്റെ പേര്. ജനങ്ങള്‍ അങ്ങനെയാണു വിളിക്കുന്നത്. ഹേ ശൈബ്യാ, ഞാന്‍ അഞ്ചു പുരുഷന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിച്ചിട്ടുണ്ട്. ഖാണ്ഡവ പ്രസ്ഥത്തില്‍ രാജ്യം ഭരിച്ചിരുന്ന അവരെ പറ്റി ഭവാന്‍ കേട്ടിരിക്കും. അവര്‍ യുധഷ്ഠിരന്‍, ഭീമന്‍, അര്‍ജ്ജുനന്‍, പിന്നെ മാദ്രേയന്മാരായ രണ്ടു പുരുഷവീരന്മാര്‍ ഇവരാണ്. അവര്‍ എന്നെഈ പര്‍ണ്ണശാലയില്‍ ഇരുത്തി നാലു ദിക്കിലേക്കും നായാട്ടിന് പോയിരിക്കയാണ്. ധര്‍മ്മപുത്രന്‍ കിഴക്കോട്ടും, ഭീമന്‍ തെക്കോട്ടും, അര്‍ജ്ജുനന്‍ പടിഞ്ഞാറോട്ടും, നകുല സഹദേവന്മാര്‍ വടക്കോട്ടും പോയി. മഹാരഥന്മാരായ അവര്‍ മടങ്ങിയെത്താന്‍ സമയമായിരിക്കുന്നു. അതു തീര്‍ച്ചയാണ്. നിങ്ങള്‍ അവരുടെ സല്‍ക്കാരം കൈക്കൊണ്ടതിന് ശേഷം പോയാല്‍ മതി! കുതിരകളെ ഒക്കെ അഴിച്ചു വിട്ടു സമാശ്വസിപ്പിക്കുക. ധര്‍മ്മപുത്രനാണെങ്കില്‍ പാന്ഥന്മാരെ സല്‍ക്കരിക്കുന്നതില്‍ താല്പര്യമുള്ള ഒരു ആര്യശീലനാണ്. നിങ്ങളെ കണ്ടാല്‍ അദ്ദേഹം സന്തോഷിക്കും.
ഇപ്രകാരം ദ്രൗപദി ആ ശൈബ്യാത്മജനോട് പറഞ്ഞ് ആ അതിഥികളെ സല്‍ക്കരിക്കുവാന്‍ വേണ്ടുന്നതൊക്കെ ഒരുക്കുന്നതിനായി സസന്തോഷം പര്‍ണ്ണശാലയിലേക്കു നടന്നു.
267. ജയദ്രഥ ദ്രൗപദീ സംവാദം - വൈശമ്പായനൻ പറഞ്ഞു; കോടികാസ്യന്‍ തന്റെ കൂട്ടുകാരുടെ അടുത്തേക്കു വേഗത്തില്‍ നടന്നു. ആ രാജാക്കന്മാര്‍ ഇരിക്കുന്നേടത്തു ചെന്നു. അവന്‍ ദ്രൗപദി പറഞ്ഞ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞു. കോടികന്‍ പറഞ്ഞതു കേട്ടപ്പോള്‍ ജയദ്രഥന്‍ ശൈബ്യനോടു പറഞ്ഞു.
ജയദ്രഥന്‍ പറഞ്ഞു: ഭവാനോടു സംഭാഷണം ചെയ്തു കൊണ്ടു നിന്ന ആ സീമന്തിനീ മണിയില്‍ എന്റെ മനസ്സു രമിച്ചു കൊണ്ടിരിക്കെ അവളെ അവിടെ വിട്ടു ഭവാന്‍ ഇങ്ങു വെറുംകയ്യായി പോന്നതു കഷ്ടമായി. അവളെ കണ്ടതോടു കൂടി അന്യസ്ത്രീകളൊക്കെ എനിക്കു പെണ്‍കുരങ്ങുകളായി തീര്‍ന്നിരിക്കുന്നു. സത്യമാണ് ഞാന്‍ പറഞ്ഞത്. ദര്‍ശനം കൊണ്ടു തന്നെ അവള്‍ എന്റെ ഹൃദയം അപഹരിച്ചു കഴിഞ്ഞു. എടോ കോടികാ, അവള്‍ മനുഷ്യസ്ത്രീ തന്നെയാണോ?
കോടികാസ്യന്‍ പറഞ്ഞു: ഇവള്‍ കീര്‍ത്തി രതിയായ കൃഷ്ണയാണ്; പാഞ്ചാല പുത്രിയാണ്. പാണ്ഡവന്മാര്‍ അഞ്ചുപേര്‍ക്കും സമ്മതയായ ഭാര്യയാണ്. പാര്‍ത്ഥന്മാരുടെ പ്രിയതമയായ ആ മാന്യയോടു കൂടി ഭവാന്‍ വേഗം സൗവീരത്തേക്കു പൊയ്ക്കൊള്ളുക.
വൈശമ്പായനന്‍ പറഞ്ഞു: കോടികാസ്യന്‍ പറഞ്ഞ ഉടനെ എന്നാൽ ഞാന്‍ തന്നെ ആ പാഞ്ചാല പുത്രിയെ ചെന്നുകാണാം എന്നു പറഞ്ഞു ദുര്‍വൃത്തനായ രാജാവ്, സൗവീര സിന്ധു ഭൂമികളുടെ നാഥനായ ജയ്രദഥന്‍, ചെന്നായ സിംഹക്കൂട്ടിലേക്ക് എന്ന വിധം പര്‍ണ്ണശരാലയുടെ ഉള്ളിലേക്കു കടന്നുചെന്നു. ആ കൂട്ടത്തില്‍ ഏഴാമനായ അവന്‍ കൃഷ്ണയോട് ഇപ്രകാരം പറഞ്ഞു; "എടോ തമ്പീ, നിനക്കു മംഗളമല്ലേ! നിന്റെ ഭര്‍ത്താക്കന്മാര്‍ക്ക് അനാമയമല്ലേ? നീ നിനയ്ക്കുന്നവര്‍ക്കും കുശലമല്ലേ?".
ദ്രൗപദി പറഞ്ഞു; അല്ലയോ രാജാവേ! ഭവാന്റെ രാഷ്ട്രത്തിനും, സമ്പത്തിനും, സൈന്യത്തിനും ക്ഷേമമല്ലേ? ശിബികളേയും, സൗവീരന്മാരേയും, സൈന്ധവന്മാരേയും, മറ്റുള്ളവരേയും ഭവാന്‍ ഏകാധിപതിയായി ധര്‍മ്മത്താല്‍ ഭരിക്കുന്നില്ലേ? മറ്റു രാജാക്കളേയും ഭവാന്‍ യഥാധര്‍മ്മം പാലിക്കുന്നില്ലേ? കൗരവ്യനും കുന്തീപുത്രനുമായ യുധിഷ്ഠിര രാജാവിനും അദ്ദേഹത്തിന്റെ ഭ്രാതാക്കന്മാര്‍ക്കും ഈ എനിക്കും ഭവാന്‍ അന്വേഷിച്ച മറ്റുള്ളവര്‍ക്കും കുശലം തന്നെ. ഈ പാദ്യവും ഈ ആസനവും രാജപുത്രനായ ഭവാന്‍ സ്വീകരിച്ചാലും! ഭവാന്റെ പ്രാതലിനായി ഞാന്‍ അമ്പതു മൃഗങ്ങളെ പാകം ചെയ്ത് ഇപ്പോള്‍ തരുന്നതാണ്. പിന്നെ, കരിമാന്‍, പുള്ളിമാന്‍, മറിമാന്‍, മുയല്‍, എട്ടടിമാന്‍, ഋക്ഷങ്ങള്‍, ഗവയം, രുരു, പന്നി, പോത്ത്, മാത്രമല്ല മറ്റുജാതി മൃഗങ്ങളേയും ഭവാനു തനിച്ച് യുധിഷ്ഠിരന്‍ ഇവിടെ എത്തിയാല്‍ തരുന്നതാണ്.
ജയദ്രഥന്‍ പറഞ്ഞു: എടോ, ശ്രീമതി! നീ എനിക്കു സല്‍ കരിക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രഭാത ഭോജനത്തിന് ഞാന്‍ നന്ദി പറഞ്ഞു കൊള്ളുന്നു. എന്നാൽ ഇപ്പോള്‍ ഭവതി എന്നോടു കൂടി തേരില്‍ കയറുക. അതാണ് ശരിയായ സുഖം. ആ സുഖം ഭവതി അനുഭവിക്കുക. ശ്രീപോയി, രാജ്യംവിട്ട്, ബുദ്ധികെട്ട്, ദാരിദ്ര്യത്തില്‍ മുങ്ങി, കാട്ടില്‍ പാര്‍ക്കുന്ന പാര്‍ത്ഥന്മാരോടു ചേരുവാന്‍ നീ യോഗ്യല്ല. വിവരമുള്ള സ്ത്രീകളാരും ശ്രീ നശിച്ച ഭര്‍ത്താവിനോടു ചേരുകയില്ല. പാര്‍ത്ഥന്മാരിലുള്ള ഭക്തി കൊണ്ടു നീ ബുദ്ധിമുട്ടിയതു മതി. ഇനി ഈ ശ്രീയില്ലാത്തവരെ പൂജിച്ചു കാലം കളയരുത്. നീ അവരെയൊക്കെ വിട്ട് എന്റെ ഭാര്യയായി സുഖം അനുഭവിക്കുക. എന്റെ സിന്ധു സൗവീര രാജ്യങ്ങളുടെ ഐശ്വര്യമൊക്കെ അനുഭവിക്കുക. രാജ്യങ്ങളെല്ലാം ഭവതി നേടുക.
വൈശമ്പായനൻ പറഞ്ഞു: ഹൃദയത്തിന് ക്ഷോഭം ഉണ്ടാക്കുന്ന ഇത്തരം വാക്കുകള്‍ സിന്ധുരാജാവു പറഞ്ഞപ്പോള്‍ ഭ്രുകുടീ മുഖിയായി പാഞ്ചാലി അവിടെ നിന്നു കുറച്ച് അകന്നു നിന്നു. അവന്റെ ആ വാക്കു തീരെ ഉചിതമായില്ലെന്നും അധിക്ഷേപാര്‍ഹമാണെന്നും അവള്‍ പറഞ്ഞു. എന്നാൽ തന്റെ ഭര്‍ത്താക്കന്മാര്‍ വന്നെത്തുന്നതു വരെ ആ സൈന്ധവനെ താമസിപ്പിക്കണമെന്ന കരുതലോടെ സുന്ദരിയായ ദ്രൗപദി വാക്കിന് വാക്കു പറഞ്ഞു നിന്നു. ആ രാജാവ് അവളുടെ വാക്കില്‍ മയങ്ങി നിന്നു.
268. ദ്രയപദീഹരണം - വൈശമ്പായനൻ പറഞ്ഞു: ജയദ്രഥന്റെ വാക്കു കേട്ടപ്പോള്‍ ദ്രൗപദിയുടെ മുഖം രക്തവര്‍ണ്ണമായി. കണ്ണു തുടുത്തു. ചില്ലിക്കൊടി തുള്ളിവിറച്ചു. ഫൂല്‍ക്കാരത്തോടെ പാഞ്ചാല രാജപുത്രി വീണ്ടും പറഞ്ഞു: യക്ഷന്മാരുടേയും രാക്ഷസന്മാരുടേയും മദ്ധ്യത്തില്‍ പോലും നിവസിക്കുവാന്‍ ശക്തിയുള്ളവരും, സുകര്‍മ്മ നിരതന്മാരും, മഹേന്ദ്ര തുല്യന്മാരും, യശസ്വികളും, തീക്ഷ്ണ കോപ വിഷന്മാരുമായ ആ മഹാരഥന്മാരെ ഇപ്രകാരം അധിക്ഷേപിക്കുവാന്‍ ഭവാനു ലജ്ജയില്ലേ! സ്തുത്യന്മാരായ ഗൃഹസ്ഥരേയും, വാനപ്രസ്ഥരേയും, പൂര്‍ണ്ണ പാണ്ഡിത്യമുള്ള താപസന്മാരേയും കുറിച്ച് സജ്ജനങ്ങള്‍ ഒരിക്കലും പാപവചനങ്ങള്‍ പുറപ്പെടുവിക്കുകയില്ല. മഹാശയന്മാരെ നിന്ദിക്കുന്ന മനുഷ്യര്‍ കേവലം ശുനക തുല്യരാണ്. ഭയങ്കരമായ കുണ്ടില്‍ വീഴുവാന്‍ പോകുന്ന ഭവാനെ കൈകൊടുത്തു രക്ഷിക്കുവാന്‍ ഈ ക്ഷത്രിയ വര്‍ഗ്ഗത്തില്‍ ഭവാനു സഹായികളായി ഒരാളും ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. ധര്‍മ്മരാജാവിനെ ജയിക്കുവാന്‍ ആഗ്രഹിക്കുന്ന ഭവാന്‍ ഹിമാലയ സാനുവില്‍ മദജലം സ്രവിച്ച്, ഗിരികൂട തുല്യനായി സഞ്ചരിക്കുന്ന ഗജയൂഥപനെ അതിന്റെ കൂട്ടത്തില്‍ നിന്ന് അങ്കുശം കൊണ്ടു പിടിച്ചു വലിക്കുവാന്‍ പുറപ്പെട്ടേക്കും. ക്രുദ്ധനായ ഭീമസേനനോടു ഭവാന്‍ ഇടഞ്ഞു ചെല്ലുന്നത് ഉറങ്ങിക്കിടക്കുന്ന മഹാബലനായ സിംഹത്തെ മൗഢ്യത്താല്‍ ചെന്നു ചവിട്ടി അതിന്റെ നെറ്റിയില്‍ നിന്നു രോമങ്ങള്‍ പറിച്ചെടുത്ത് ഓടിപ്പോകുവാന്‍ ശ്രമിക്കുന്നവനെ പോലെയാണ്. പര്‍വ്വതഗുഹയില്‍ വളര്‍ന്ന മഹാബലനും ഘോരതരനും ഉഗ്രനും ക്രുദ്ധനുമായ കേസരിയെ ഉറങ്ങി കിടക്കുമ്പോള്‍ പുറംകാലു കൊണ്ട് അടിക്കുവാന്‍ ഭവാനു സാധിക്കുമെങ്കില്‍ ഉഗ്രനും ക്രുദ്ധനുമായ അര്‍ജ്ജുനനോടു ഭവാനു പൊരുതുവാന്‍ നോക്കാം. പാണ്ഡവന്മാരില്‍ ഇളയവരായ ആ പുരുഷോത്തമന്മാരെ ഭവാന്‍ പിണക്കിയാല്‍ തീക്ഷ്ണമുഖങ്ങളും ദ്വിജിഹ്വകളുമുള്ള കൃഷ്ണസര്‍പ്പങ്ങളെ വാലില്‍ ചവിട്ടിയാല്‍ അപ്പോള്‍ എന്തുണ്ടാകുമെന്നു ജളനായ നീ അറിയുന്നുണ്ടോ? വാഴ, ചൂരല്‍, ഇല്ലി (പട്ടില്‍) മുതലായവ പൂത്താല്‍ അതിന്റെ കഥ കഴിഞ്ഞതു തന്നെ! തന്റെ ഗര്‍ഭം പൂര്‍ണ്ണമായി കഴിഞ്ഞാല്‍ ഞണ്ടിന്റെ ജീവിതവും അവസാനിച്ചു! പാണ്ഡവ വീരന്മാരുടെ സഹധര്‍മ്മിണിയായ എന്നില്‍ ഭവാനു കാമം ഉദിച്ചാല്‍ ഭവാന്റെ നാശത്തിന് പിന്നെ വേറെ ഹേതു വേണ്ടാ!
ജയദ്രഥന്‍ പറഞ്ഞു: എടോ കൃഷ്ണേ! നിന്റെ ഭര്‍ത്താക്കന്മാരായ രാജപുത്രന്മാര്‍ എങ്ങനെ ഉള്ളവർ ആണെന്ന് എനിക്ക് അറിയാം. ഇത്തരം ഭീഷണി കൊണ്ടൊക്കെ എന്നെ ഭയപ്പെടുത്താമെന്നു നീ വിചാരിക്കേണ്ട. പാഞ്ചാലീ, സൗവീരന്മാരായ ഞങ്ങള്‍ പതിനേഴു പ്രഭാവങ്ങളോടു ചേര്‍ന്ന അന്യൂനമായ വംശത്തില്‍ പിറന്നവരാണ്. ശൗര്യം, തേജസ്സ്, വൃത്തി, ദാക്ഷിണ്യം, ദാനം, ഐശ്വര്യം എന്നിങ്ങനേയും സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, ആശ്രയം എന്നിങ്ങനേയുമുള്ള ആറു ഗുണങ്ങളോടും കൂടി പാണ്ഡവന്മാരേക്കാള്‍ മികച്ചവരാണ്. ഈ വകയൊന്നും ഇല്ലാത്ത പാര്‍ത്ഥന്മാര്‍ ഞങ്ങളില്‍ നിന്നു വളരെ താഴെക്കിടക്കുന്നു. വെറുതെ വാക്കു കൊണ്ടു ഞങ്ങളെ തടുക്കുവാന്‍ ഭവതി ശക്തയല്ല. നീ വേഗം ഞങ്ങളോടൊപ്പം ആനപ്പുറത്തു കയറുക! അല്ലെങ്കില്‍ രഥത്തില്‍ കയറുക! ഭയപ്പെടുത്തി ഞങ്ങളെ ഓടിക്കാമെന്നു നീ വിചാരിക്കേണ്ട. നീ കൃപണോക്തികളോടെ ഈസൗവീര രാജാവിന്റെ പ്രസാദത്തിനായി പ്രാര്‍ത്ഥിച്ചു കൊള്ളുക.
ദ്രൗപദി പറഞ്ഞു: ബലിഷ്ഠയായ എന്നെ കേവലം അബല ആയിട്ടാണോ ഈ സൗവീര രാജാവു കരുതുന്നത്? മര്‍ദ്ദനം കൊണ്ട് അധീനയായി ഞാന്‍ സൗവീരനോടു കിഴിഞ്ഞു പ്രാര്‍ത്ഥിക്കുമെന്നാണോ വിചാരിക്കുന്നത്? ആ മോഹം വെറുതെയാണ്! എന്നെ ഭവാന്‍ ബലമായി പിടിച്ചു കൊണ്ടു പോവുക ആണെങ്കില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഒരേ തേരില്‍ കയറി അമ്പേഷിച്ചു വരും. അങ്ങനെയുള്ള എന്നെ ദേവേന്ദ്രന് പോലും അപഹരിക്കുവാന്‍ സാധിക്കുന്നതല്ല. പിന്നെയാണോ ഈ കൃപണനായ മനുഷ്യന് അതിന് കഴിയുന്നത്! വീരാന്തകരനായ കിരീടി ശത്രുക്കളെ ഭയപ്പെടുത്തി രഥത്തില്‍ കയറി, വേനല്‍ കാലത്ത് ഉണക്കക്കാടിനെ അഗ്നിയെന്ന പോലെ, ഭവാന്റെ സൈനൃത്തില്‍ കടന്നു ചുട്ടു വെണ്ണീറാക്കും. വൃഷ്ണികളോടും, അന്ധകന്മാരോടും കൂടി കേശവന്‍, വില്ലാളിമാരായ കേകയന്മാരോടും, മറ്റു രാജാക്കളോടും ചേര്‍ന്ന് എന്നെത്തിരഞ്ഞ് സസന്തോഷം എത്തും. പാര്‍ത്ഥന്റെ കരത്തില്‍ നിന്നു ഗാണ്ഡീവ മുക്തമായ ശരങ്ങള്‍ കഠോരമായി പുറപ്പെട്ടു മുഴങ്ങും. ഗാണ്ഡീവത്തില്‍ നിന്നു പുറപ്പെടുന്ന ഉഗ്ര ശരപ്രവാഹം കടന്നല്‍കൂട്ടം പോലെ പാഞ്ഞടുക്കുമ്പോള്‍ നീ ആ വീരനായ അര്‍ജ്ജുനനെ കാണും. അപ്പോള്‍ നീ നിന്റെ ഇപ്പോഴത്തെ ബുദ്ധിയെ പറ്റി നിനയ്ക്കാതി രിക്കുകയില്ല! ശംഖം മുഴക്കി കൈത്തല ഘോഷത്തോടെ തുടരെ തൊടുത്തു വിടുന്ന ഗാണ്ഡീവിയുടെ ശരങ്ങള്‍ നിന്റെ മാറില്‍ നിരന്നു കൊള്ളുമ്പോള്‍, നിന്റെ ചിത്തവൃത്തി എന്താകും! അമര്‍ഷം കൊണ്ടുണ്ടാകുന്ന കോപവിഷം പൊഴിച്ച് ഭീമസേനന്‍ ഗദയെടുത്തു പാഞ്ഞു വരുമ്പോള്‍, മാദ്രേയന്മാര്‍ ചാടിയെത്തുന്നതും കാണുമ്പോള്‍, മൂഢനായ നീ വല്ലാതെ വൃസനിക്കും. എന്റെ ഭര്‍ത്താക്കന്മാരായ പാണ്ഡവന്മാര്‍ക്കു ഞാന്‍ മനസ്സു കൊണ്ടു പോലും പാപം ചെയ്യുകയില്ല. ആ സത്യം ഗ്രഹിച്ചിട്ടുള്ളവരാണ് അവര്‍. അങ്ങനെയുള്ള അവര്‍ ഭവാനെ അടിച്ചമര്‍ത്തി വലിച്ചിഴയ്ക്കുന്നതു ഞാന്‍ കാണും. നൃശംസനായ നീ എന്നെ ബലാല്‍ പിടിച്ചിഴയ്ക്കുന്നതായാലും അതില്‍ ഞാന്‍ ഭയപ്പെടുമെന്നു വിചാരിക്കേണ്ട. കുരുപ്രവീരന്മാരോടു കൂടി ഞാന്‍ വീണ്ടും ഈ കാമ്യകത്തില്‍ തന്നെ വന്നെത്തുമെന്ന് എനിക്കു നല്ല ധൈര്യമുണ്ട്.
വൈശമ്പായനൻ പറഞ്ഞു: ആ സൗവീരന്മാര്‍ ഉടനെ അവളെ ബലമായി പിടിക്കുവാന്‍ അടുത്തെത്തി. അതു കണ്ട് ആ ചടുലായതാക്ഷിയായ ദ്രൗപദി "അരുത് അരുത്! എന്നെ തൊടുരുത്", എന്നു ഭയത്തോടെ അവരെ തടഞ്ഞു വിലക്കി അധിക്ഷേപിച്ചു. പുരോഹിതനായ ധൗമ്യനെ ഉറക്കെ വിളിച്ചു. തന്റെ മേല്‍പ്പുടവയുടെ തുമ്പില്‍ ജയദ്രഥന്‍ പിടിച്ചപ്പോള്‍ ദ്രൗപദി ബലമായിഒരു തട്ടു കൊടുത്തു. ആ തട്ടു കൊണ്ടു പാപിയായ ജയ്രദഥന്‍ വെട്ടിമുറിച്ചിട്ട മരംപോലെ വീണു! ഉടനെ തന്നെ മഹാവേഗത്തില്‍ അവന്‍ എഴുന്നേറ്റു ദ്രൗപദിയെ പിടികുടി. അവളെ വലിച്ചിഴയ്ക്കുമ്പോള്‍ ധൗമ്യന്‍ ഓടിയണഞ്ഞു. അവള്‍ ധൗമ്യന്റെ പാദത്തില്‍ നമസ്കരിച്ച് ഗത്യന്തരമില്ലാതെ ആ തേരില്‍ കയറി ഇരുന്നു.
ധൗമ്യന്‍ പറഞ്ഞു: മഹാന്മാരായ പാണ്ഡവന്മാരെ ജയിക്കാതെ ദ്രൗപദിയെ നിങ്ങള്‍ ബലമായി പിടിച്ചു കൊണ്ടു പോകരുത്. ഹേ, ജയദ്രഥാ! പണ്ടേ ഉള്ളതായ ക്ഷത്രധര്‍മ്മം നീ നോക്കുക! ക്ഷുദ്രമായ കര്‍മ്മം ചെയ്യുന്ന നീ അതിന്റെ ഫലം അനുഭവിക്കുവാന്‍ പോകുന്നു. അതില്‍ ഒട്ടും സംശയമില്ല. ധര്‍മ്മജന്മാര്‍ മുതലായ പാണ്ഡവന്മാരോട് ഏറ്റുമുട്ടി നീ ഫലം ഉടനെ അനുഭവിക്കും!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ധൗമ്യന്‍ ആ രാജപുത്രിയെ കാലാള്‍പ്പടയുടെ ഇടയില്‍ പിന്‍തുടര്‍ന്നു.
ദ്രൗപദീഹരണ ഉപപര്‍വ്വം തുടർന്ന് വായിക്കുക . . . https://keralam1191.blogspot.com/2022/10/269-315.html
No comments:
Post a Comment