Tuesday, 16 August 2022

ആശ്രമവാസിക പർവ്വം

1. ധൃതരാഷ്ട്രനില്‍ പാണ്ഡവന്മാരുടെ പ്രവൃത്തി - ധർമ്മപുത്രാദികൾ ധൃതരാഷ്ട്രനെ സേവിക്കുന്നു. കുന്തി പാഞ്ചാലി എന്നിവർ ഗാന്ധാരിയേയും സേവിക്കുന്നു. ഭീമൻ മാത്രം അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു

2. ധ്യതരാഷ്ട്രനില്‍ പാണ്ഡവരുടെ പ്രവൃത്തി - ധ്യതരാഷ്ട്രന് അപ്രിയം ആരും ചെയ്തു പോകരുതെന്ന് ധർമ്മപുത്രർ പ്രഖ്യാപനം ചെയ്യുന്നു

3. ധൃതരാഷ്ട്രനിര്‍വ്വേദം - ഭീമന്റെ ദുർഭാഷണം യാദൃച്ഛയാ കേൾക്കാൻ ഇടയായ ധൃതരാഷ്ട്രൻ ദുഖിച്ചു കാട്ടിൽ പോകാൻ വിചാരിക്കുന്നു

4. വ്യാസാനുജ്ഞ - ബന്ധുജനങ്ങൾ മരിച്ച ധൃതരാഷ്ട്രന് രാജധാനിയിൽ ചിരകാലം വസിക്കുവാൻ സാധ്യമല്ലെന്ന് വ്യാസൻ യുധിഷ്ഠിരനോട് പറയുന്നു

5. ധൃതരാഷ്ട്രോപദേശം - ധൃതരാഷ്ട്രന്‍ വനത്തിലേക്ക് പോകാൻ നിശ്ചയിച്ച ശേഷം ധർമ്മപുത്രന് വിലയേറിയ ഉപദേശം നൽകുന്നു

6. ധൃതരാഷ്ടോപദേശം - തന്റെ ശത്രുവിന്റെ ബലാബലങ്ങളെ ബുദ്ധിമാനായ രാജാവ് പരിശോധിച്ച് കൊണ്ടിരിക്കണം

7. ധൃതരാഷ്ട്രോപദേശം - പ്രജാരഞ്ജനത്തിലാണ് രാജാവ് മുഖ്യമായും മനസ്സിരുത്തേണ്ടത്

8. ധ്യതരാഷ്ട്ര വനഗമന പ്രാര്‍ത്ഥന - പ്രജകളെ ക്ഷണിച്ചു വരുത്തി ധ്യതരാഷ്ട്രൻ യാത്രപറയുന്നു

9. ധൃതരാഷ്ട്രപ്രാര്‍ത്ഥന - ധൃതരാഷ്ട്രന്‍ പ്രജകളോട് ക്ഷമായാചനം ചെയ്യുന്നു

10. പ്രകൃതി സാന്ത്വനം - പ്രജകളുടെ പ്രതിനിധിയായി സാംബൻ എന്ന ബ്രാഹ്മണൻ ധൃതരാഷ്ട്രനെ സമാശ്വസിപ്പിക്കുന്നു

11. ഭീമക്രോധം - ധൃതരാഷ്ടന്‍ വിദുരൻ മുഖേന മക്കളുടെ ശ്രാദ്ധത്തിനുള്ള ധനം യുധിഷ്ഠിരനോട് അഭ്യർത്ഥിക്കുന്നു. ഭീമൻ അതിൽ ശക്തിയായ എതിർപ്പ് കാണിക്കുന്നു

12. യുധിഷ്ഠിരാനുമോദനം - ഭീമൻ സ്വത്ത് നൽകാൻ സമ്മതിച്ചില്ല. അർജ്ജുനന്റെയും ധർമ്മപുത്രന്റെയും സ്വത്ത് ശ്രാദ്ധത്തിന് ധൃതരാഷ്ട്രനെ ഏൽപ്പിക്കുവാൻ തീരുമാനിക്കുന്നു

13. വിദുരവചനം - ഭീമന്റെ നേരെ വലിയ വിരോധം തോന്നാത്ത മട്ടിൽ വിദുരൻ എല്ലാം ധൃതരാഷ്ട്രനെ അറിയിക്കുന്നു

14. ദാനയജ്ഞം - ദാനയജ്ഞം തകൃതിയായി നടക്കുന്നു. ധൃതരാഷ്ട്രൻ ഋണ വിമുക്തനാകുന്നു

15. ധൃതരാഷ്ട്രനിര്യാണം - ധൃതരാഷ്ട്രൻ ഗാന്ധാരിയെ മുമ്പിൽ നടത്തി പുറപ്പെടുന്നു. കണ്ണ് കെട്ടിയ ഗാന്ധാരിയുടെ കൈ തോളത്ത് വെച്ച് കൊണ്ട് കുന്തിയും പുറപ്പെടുന്നു

16. കുന്തീവനപ്രസ്ഥാനം - കുന്തി ആ വൃദ്ധ ദമ്പതികളോട് കൂടി വനത്തിലേക്ക് പോകുന്നു. സഞ്ജയനും വിദുരനും പോകുന്നു

17. കുന്തിവാക്യം - മക്കളെ യുദ്ധത്തിന് പ്രേരിപ്പിച്ചത് എന്ത് കൊണ്ടാണെന്നും ഇപ്പോൾ പോകുന്നത് എന്തു കൊണ്ടാണെന്നും കുന്തി പറയുന്നു 

18. വനപ്രവേശം - കുന്തി നല്ലവാക്ക് പറഞ്ഞു വിട്ടയച്ച ധർമ്മപുത്രാദികൾ ശോകാകുലരായി മടങ്ങുന്നു

19. ശതയൂപാശ്രമവാസം - കുരുക്ഷേത്രത്തിലുള്ള ശതയൂപ മഹർഷിയുടെ ആശ്രമത്തിൽ വ്യാസനിർദ്ദേശപ്രകാരം തപസ്സു ചെയ്യുന്നു

20. നാരദവാക്യം - ധൃതരാഷ്ട്രനെ കാണുവാൻ മഹർഷിമാർ ആശ്രമത്തിലെത്തുന്നു

21. പാണ്ഡവപരിതാപം - വനവാസത്തിന് പോയ ധൃതരാഷ്ട്രാദികളെ കുറിച്ചും മരിച്ചു പോയ പുത്രന്മാരെ കുറിച്ചും പാണ്ഡവന്മാർ ചിന്തിച്ചു ദുഖിക്കുന്നു

22. യുധിഷ്ഠിരയാത്ര - ധൃതരാഷ്ട്രനേയും അമ്മയെയും മറ്റും കാണാനുള്ള മോഹം കൊണ്ട് പാണ്ഡവന്മാർ കാട്ടിലേക്ക് പുറപ്പെടുന്നു. പാഞ്ചാലി മുതലായ അനവധി അന്തഃപുര സ്ത്രീകളും അനേകം പൗരന്മാരും അവരെ അനുഗമിക്കുന്നു

23. ധൃതരാഷ്ട്രന്റെ ആശ്രമം - രാജോചിതമായ അകമ്പടിയോടെ ശതയൂപാശ്രമത്തിൽ യുധിഷ്ഠിരനും മറ്റും എത്തുന്നു

24. യുധിഷ്ഠിരാദി ധ്യതരാഷ്ട്ര സമാഗമം - പാണ്ഡവന്മാരും ഭാര്യമാരും പേര് പറഞ്ഞു ധൃതരാഷ്ട്രനെ വണങ്ങുന്നു

25. ഋഷികളോട്‌ യുധിഷ്ഠിരാദികളുടെ നിവേദനം - സഞ്ജയൻ ഋഷിമാർക്ക് ആഗതരെ പരിചയപ്പെടുത്തുന്നു

26. വിദുരനിര്യാണം - ജനക്കൂട്ടത്തെ കണ്ട വിദുരൻ ഓടുന്നു. ധർമ്മപുത്രൻ വിദുരനെ അനുഗമിക്കുന്നു

27. വ്യാസാഗമനം - ധൃതരാഷ്ട്ര ആശ്രമത്തിൽ വ്യാസൻ എത്തുന്നു

28. വ്യാസവാക്യം - വ്യാസൻ വിദുരന്റെ യഥാർത്ഥ ചരിത്രം വിവരിക്കുന്നു

29. ഗാന്ധാരീവാക്യം - വ്യാസന്റെ ചോദ്യത്തിന് മരിച്ചുപോയ മക്കളെ കാണിച്ചുതരണം എന്ന് ഗാന്ധാരി വ്യാസനോട് പറയുന്നു

30. വ്യാസകുന്തീസംവാദം കുന്തീവാക്യം - കുന്തി കർണ്ണന്റെ ജനനത്തെ സംബന്ധിച്ച ബാല്യചരിത്രം പറയുന്നു

31. ഗംഗാതീരഗമനം അംശകഥനം - പാണ്ഡവന്മാർ ദേവാംശ ജാതരാണെന്നും ദുര്യോധന ശകുനിമാർ കലി ദ്വാപരന്മാർ ആണെന്നും മറ്റും വ്യാസൻ പറയുന്നു

32. ഭീഷ്മാദിദര്‍ശനം - വ്യാസൻ ഗംഗാജലത്തിലിറങ്ങി പേര് പറഞ്ഞു വിളിച്ചപ്പോൾ യുദ്ധത്തിൽ ഹതരായവർ അതാത് രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടുന്നു

33. സ്ത്രീകള്‍ക്ക്‌ ഭര്‍ത്തൃലോകദാനം - പാണ്ഡവന്മാരും ഗംഗയിൽ നിന്ന് പൊങ്ങിവന്ന പരേതന്മാരും കളിയും ചിരിയുമായി കഴിയുന്നു. ധൃതരാഷ്ട്ര സ്നുഷമാർ ഭർത്താക്കന്മാരുമായും വിനോദിക്കുന്നു

34. വൈശമ്പായനവാക്യം - ദേഹം വെടിഞ്ഞ ഭീക്ഷ്മാദികൾ വീണ്ടും എങ്ങനെ ദേഹവുമായി പ്രത്യക്ഷപ്പെട്ടു എന്ന് ജനമേജയൻ ചോദിച്ചതിന് വൈശമ്പായനന്‍ മറുപടി പറയുന്നു

35. പരീക്ഷിദ്ദര്‍ശനം - തന്റെ പിതാവായ പരീക്ഷിത്തിനെ കാണുവാൻ ആഗ്രഹിച്ച ജനമേജയനും വ്യാസൻ പിതാവിനെ കാണിച്ചു കൊടുക്കുന്നു

36. യുധിഷ്ഠിരപ്രത്യാഗമനം - പാണ്ഡവന്മാരെയും കൂട്ടരേയും തിരികെ ഹസ്തിനപുരിയിലേക്ക് അയയ്ക്കുന്നു

37. കാട്ടുതീയില്‍ ധ്യതരാഷ്ട്രാദികളുടെ ദഹനം - ധ്യതരാഷ്ട്രനും ഗാന്ധാരിയും കുന്തിയും കാട്ടുതീയിൽ പെട്ട് മരിച്ചു പോയ കഥ നാരദൻ ധർമ്മപുത്രനോട് പറയുന്നു

38. യുധിഷ്ഠിരവിലാപം - ചരമവാർത്ത അറിഞ്ഞ ധർമ്മപുത്രർ വലിയച്ഛനെയും അമ്മയെയും ചിന്തിച്ചു വിലപിക്കുന്നു

39. ശ്രാദ്ധദാനം - വ്യസനിക്കുന്ന ധർമ്മപുത്രനെ വ്യാസൻ സമാശ്വസിപ്പിക്കുന്നു. പിന്നെ ശ്രാദ്ധകർമ്മം നിർവ്വഹിക്കുന്നു

1. ധൃതരാഷ്ട്രനില്‍ പാണ്ഡവന്മാരുടെ പ്രവൃത്തി - ധർമ്മപുത്രാദികൾ ധൃതരാഷ്ട്രനെ സേവിക്കുന്നു. കുന്തി പാഞ്ചാലി എന്നിവർ ഗാന്ധാരിയേയും സേവിക്കുന്നു. ഭീമൻ മാത്രം അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു - ജനമേജയൻ പറഞ്ഞു: മഹാത്മാക്കളായ എന്റെ പിതാമഹന്മാര്‍, പാണ്ഡവന്മാര്‍, ആ മഹാനായ ധൃതരാഷ്ട്രരാജാവില്‍ എന്തു മനോഭാവത്തോടെയാണു നിന്നത്‌? ആ രാജാവാണെങ്കില്‍ അമാത്യന്മാര്‍ മരിച്ചവനും, പുത്രന്മാരൊക്കെ മരിച്ചവനും, ആശ്രയങ്ങളൊക്കെ നഷ്ടപ്പെട്ടവനും, ഐശ്വര്യങ്ങളൊക്കെ നശിച്ചവനുമാണല്ലോ. അദ്ദേഹം എങ്ങനെ ഏത്‌ നിലയില്‍ ജീവിച്ചു പോന്നു? ഏതു നിലയില്‍ ഗാന്ധാരിയും ജീവിച്ചു പോന്നു? പിന്നെ എന്റെ പൂര്‍വ്വ പിതാമഹന്മാരും മഹാത്മാക്കളുമായ പാണ്ഡവന്മാര്‍ എത്രകാലം രാജ്യം വാണു? അതും വിശദമായി പറയണേ!

വൈശമ്പായനൻ പറഞ്ഞു: വൈരികളെയൊക്കെ നശിപ്പിച്ച്‌ മഹാത്മാക്കളായ പാണ്ഡവന്മാര്‍ രാജ്യം നേടിയതിന് ശേഷം ധൃതരാഷ്ട്രനെ മുമ്പില്‍ നിര്‍ത്തി ഭൂമിയൊക്കെ പാലിച്ചു. വിദുരനും, സഞ്ജയനും ധൃതരാഷ്ട്രനെ സേവിച്ചു. അല്ലയോ കുരുസത്തമാ, മേധാവിയും, വൈശ്യാപുത്രനുമായ. യുയുത്സുവും രാജാവിനെ ശുശ്രൂഷിച്ചു. രാജ്യഭരണത്തില്‍ ആ രാജാവുമായി പാണ്ഡവന്മാര്‍ കാര്യാലോചന നടത്തി. ആ ധൃതരാഷ്ട്ര രാജാവിന്റെ സമ്മതത്തോടെ പതിനഞ്ചു വര്‍ഷം രാജ്യം ഭരിച്ചു. ധര്‍മ്മരാജാവിന്റെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ആ വീരന്മാരെല്ലാം ചെന്ന്‌ ആ രാജാവിന്റെ പാദങ്ങളില്‍ കുമ്പിട്ടു സേവിച്ചു പോന്നു. രാജാവ്‌ അവരെ ആലിംഗനം ചെയ്ത്‌ മൂര്‍ദ്ധാവില്‍ ഘ്രാണിച്ച്‌ സന്തോഷിപ്പിച്ചു വിടുകയും അവര്‍ കാര്യങ്ങള്‍ നടത്തുന്നതില്‍ നിത്യം ജാഗരൂകരാകുകയും ചെയ്തു. ഗാന്ധാരിയെ പിന്തുടര്‍ന്ന്‌ കുന്തിഭോജന്റെ പുത്രിയും ജീവിച്ചു പോന്നു. പാഞ്ചാലിയും, സുഭദ്രയും, മറ്റു പാണ്ഡവ്ര സ്ത്രീകളും ആ ശ്വശ്രുക്കളില്‍ തുല്യനിലയ്ക്ക്‌ യഥാവിധി നിന്നു. വിലയേറിയ ശയനങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, രാജര്‍ഹങ്ങളായ അസംഖ്യം ഭക്ഷ്യഭോജ്യങ്ങള്‍ ഇവയൊക്കെ ധൃതരാഷ്ട്രന് വേണ്ടി മഹാരാജാവായ യുധിഷ്ഠിരന്‍ വരുത്തിച്ചു. അപ്രകാരം കുന്തി ഗാന്ധാരിയില്‍ ഗുരുജനങ്ങളിലെന്ന പോലെ ഭക്തിയോടെ പെരുമാറി. വിദുരനും, സഞ്ജയനും, യുയുത്സുവും മക്കള്‍ ചത്ത വൃദ്ധനായ രാജാവിനെ ശുശ്രൂഷിച്ചു കാരവാ! ദ്രോണന്റെ ഭാര്യയുടെ സഹോദരനായ വിപ്രനുണ്ടല്ലോ കൃപന്‍ എന്ന മഹാരഥന്‍, അവനും രാജാവില്‍ ഭക്തിയോടെ നിന്നു. ഭഗവാന്‍ വ്യാസനും നിത്യവും ധൃതരാഷ്ട്ര രാജാവിനോടു കൂടി വാണു. അദ്ദേഹം പല പുരാണകഥകളും ഋഷികള്‍, ദേവകള്‍, പിതൃക്കള്‍, രക്ഷസ്സുകള്‍ എന്നിവരുടെ കഥകളൊക്കെ പറഞ്ഞു കൊടുത്തു സന്തോഷിപ്പിച്ച്‌ ഇരുന്നു. ധര്‍മ്മം ചേര്‍ന്ന കാര്യങ്ങളും വ്യവഹാരങ്ങളും ധൃതരാഷ്ട്രന്റെ അനുവാദത്തോടെ വിദുരന്‍ ചെയ്യിച്ചു. അങ്ങനെ സാമന്തന്മാര്‍ വഴിയായി പ്രിയമായ വളരെ കാര്യങ്ങള്‍ വിദുരന്റെ നയത്താല്‍ സ്വല്പമായ സ്വത്തു കൊണ്ടു നേടി. പലരെയും ബന്ധനത്തില്‍ നിന്നു വിടുവിക്കുകയും, വധത്തില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്തു. ധര്‍മ്മരാജാവ്‌ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നിലും കൈകടത്തുക ഉണ്ടായില്ല. വിഹാരയാത്രകളില്‍ തേജസ്വിയും കുരുരാജാവുമായ യുധിഷ്ഠിരന്‍ ധൃതരാഷ്ട്രന് ഇഷ്ടമുള്ളതൊക്കെ നല്കി. പരിപ്പുകാരും, കറിയുണ്ടാക്കുന്നവരും മുമ്പത്തെ മട്ടില്‍ തന്നെ ധൃതരാഷ്ട്ര രാജാവിനെ സേവിച്ചു പോന്നു. വിലപിടിച്ച വസ്ത്രങ്ങള്‍, പലതരം മാല്യങ്ങള്‍, എന്നിവയെല്ലാം ധൃതരാഷ്ട്രന് പാണ്ഡവന്മാര്‍ വേണ്ട വിധംഎത്തിച്ചു കൊടുത്തു. മൈരേയങ്ങള്‍ (ഒരു തരം മദ്യം), മത്സ്യമാംസങ്ങള്‍, പാനകങ്ങള്‍, പലഹാരങ്ങള്‍, മധുരമുള്ള വസ്തുക്കള്‍, തേന്‍ മുതലായ വിചിത്രമായ ഭക്ഷ്യപേയങ്ങള്‍ എന്നിവയെല്ലാം മുമ്പത്തെ മാതിരി തന്നെ ധൃതരാഷ്ട്ര രാജാവിന്ന്‌ തയ്യാറാക്കിച്ചു. ഓരോ ദിക്കില്‍ നിന്ന്‌ വന്നുചേരുന്ന രാജാക്കന്മാരും എല്ലാ വിധം ആള്‍ക്കാരും ചേര്‍ന്ന്‌ മുമ്പത്തെ മാതിരി തന്നെ രാജാവിനെ സേവിച്ചു. കുന്തിയും, പാഞ്ചാലിയും, കീര്‍ത്തിമതിയായ സുഭദ്രയും, നാഗാംഗനയായ ഉലൂപിയും, ചിത്രാംഗദാ ദേവിയും, ധൃഷ്ടകേതുവിന്റെ സഹോദരിയും, ജരാസന്ധന്റെ പുത്രിയും, ഇങ്ങനെയുള്ളവരും മറ്റുപല നാരിമാരും, അല്ലയോ പുരുഷര്‍ഷഭാ, ദാസിമാരെപ്പോലെ സുബല പുത്രിയായ ഗാന്ധാരിയെ സേവിച്ചു. "മക്കളൊക്കെ പോയ രാജാവിന് യാതൊരു ദുഃഖത്തിനും ഇടവരരുത്‌", എന്നു ഭ്രാതാക്കളോട്‌ എന്നും യുധിഷ്ഠിരന്‍ ആജ്ഞാപിക്കാറുണ്ട്‌. ഇപ്രകാരം അര്‍ത്ഥവത്തായ ധര്‍മ്മരാജകല്പന കേട്ട്‌ അവര്‍ വിശേഷിച്ചും രാജാവിന്റെ ഹിതം നോക്കി നിന്നു. എന്നാല്‍ ഒരാള്‍ അതിലൊന്നും അത്ര വഴങ്ങാതെ നിന്നിരുന്നു. വൃതൃസ്തനായി, എല്ലാറ്റിലും ഒരു ഭാവഭേദത്തോടെ നിന്നിരുന്നു. അതു മറ്റാരുമല്ല, ഭീമന്‍ ഒരാള്‍ മാത്രമായിരുന്നു,ആ വീരനാണെങ്കില്‍ ഹൃദയത്തില്‍ നിന്ന്‌ ധൃതരാഷ്ട്രന്റെ ദുഷ്ടത മൂലം അന്നു ചൂതില്‍ സംഭവിച്ച സംഭവങ്ങളൊന്നും നീങ്ങുകയുണ്ടായില്ല. അതൊക്കെ തെളിഞ്ഞു കൊണ്ടു തന്നെ നിന്നു.

2. ധ്യതരാഷ്ട്രനില്‍ പാണ്ഡവരുടെ പ്രവൃത്തി - ധ്യതരാഷ്ട്രന് അപ്രിയം ആരും ചെയ്തു പോകരുതെന്ന് ധർമ്മപുത്രർ പ്രഖ്യാപനം ചെയ്യുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം പാണ്ഡവന്മാര്‍ പൂജിച്ചു പോരുന്ന അംബികാ പുത്രനായ ധൃതരാഷ്ട്രന്‍ മുമ്പത്തെപ്പോലെ തന്നെ മുനിമാരോട്‌ ഒത്തു ചേര്‍ന്നു. ബ്രഹ്മദേയമായ അഗ്രഹാരങ്ങള്‍, പൂജകള്‍ എന്നിവയൊക്കെ നിര്‍വ്വഹിക്കപ്പെട്ടു. ആ കുരുദ്വഹന്‍ ചെയ്യുന്ന സകല കര്‍മ്മങ്ങളും കുന്തീ നന്ദനനായ യുധിഷ്ഠിരന്‍ സമ്മതിച്ചു. വലിയ ദയാലുവായ യുധിഷ്ഠിരരാജാവ്‌ പ്രീതനായി തമ്പിമാരോടും, അമാത്യന്മാരോടും പറഞ്ഞു.

ധര്‍മ്മപുത്രന്‍ പറഞ്ഞു: എനിക്കും അപ്രകാരം തന്നെ നിങ്ങള്‍ക്കും ഈ രാജാവ്‌ മാനിക്കപ്പെടേണ്ടവനാണ്‌. ധൃതരാഷ്ട്ര രാജാവിന്റെ ചൊല്പടിക്കു നില്ക്കുന്നവന്‍ ആരോ, അവന്‍ എന്റെ സുഹൃത്താണ്‌. നേരെ മറിച്ചാണെങ്കിലോ, അവന്‍ എന്റെ ശത്രുവാണെന്നും ധരിക്കുക! ആ ശത്രുവിനെ ഞാന്‍ അടക്കുകയും ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: പിതൃക്കള്‍ക്കു വേണ്ടി ദിവസേനയും, മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി യഥാകാലവും ശ്രാദ്ധത്തിന്‌ മഹാനായ ധൃതരാഷ്ട്ര രാജാവ്‌ വിചാരിക്കുമ്പോഴൊക്കെ ബ്രാഹ്മണര്‍ക്ക്‌ വേണ്ടുവോളം ധനം നല്കിക്കൊണ്ടിരുന്നു. ധര്‍മ്മരാജാവും ഭീമനും, അര്‍ജ്ജുനനും, മാദ്രീകുമാരന്മാരും അതിന്നൊക്കെ സമ്മതം നല്കി. ധൃതരാഷ്ട്രന്റെ ഇഷ്ടം ഒരു വിധത്തിലും തടയുവാന്‍ പാടില്ലെന്നു തന്നെ ചിന്തിച്ചിരുന്നു. രാജാവാണെങ്കില്‍ വൃദ്ധനാണ്‌.പുത്രന്മാരും പൗത്രന്മാരുമെല്ലാം വധിക്കപ്പെട്ടവനുമാണ്‌. ഈ നിലയിലെത്തി ദുഃഖിക്കുന്ന രാജാവ്‌ ഇനി ഞങ്ങള്‍ കാരണമായി ദുഃഖിച്ച്‌ ചാകാനിടവരരുത്, എന്ന്‌ അവര്‍ ഓര്‍ത്തു കൊണ്ടിരുന്നു. ആ കുരുവീരന് മക്കള്‍ ജിവിച്ചിരിക്കുമ്പോള്‍ എന്തു സുഖം ലഭിച്ചിരുന്നുവോ, അതില്‍ ഒട്ടും കുറവു വരാതെ അത്ര തന്നെ സുഖം ഏല്ക്കട്ടെ! എന്ന്‌ അവര്‍ ഉറപ്പിച്ചു നിന്നു.

പിന്നെ അഞ്ചു ഭ്രാതാക്കളും ഒന്നിച്ചു ചേര്‍ന്ന്‌ ഒരേ ശീലത്തോടെ ധൃതരാഷ്ട്രന്റെ ആജ്ഞയില്‍ നിന്നു. തന്നില്‍ വിനയത്തോടെ നില്ക്കുന്ന അവരെയെല്ലാം, ശിഷ്യരെപ്പോലെ നില്ക്കുന്ന അവരെയെല്ലാം, വാത്സല്യമുള്ള ഗുരു എന്ന പോലെ സ്വീകരിച്ചു. ഗാന്ധാരീദേവിയും തന്റെ മരിച്ചുപോയ മക്കളെ ചിന്തിച്ച്‌ ശ്രാദ്ധകര്‍മ്മം കൊണ്ടും അന്തണര്‍ക്ക്‌ ഇഷ്ടം പോലെ ദാനങ്ങള്‍ നല്കിയും കടം വീട്ടി. ഇപ്രകാരം ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനും, ധര്‍മ്മരാജാവും, ധീമാനുമായ ആ യുധിഷ്ഠിരന്‍ ഭ്രാതാക്കന്മാരോടു കൂടി വൃദ്ധനായ ആ രാജാവിനെ പൂജിച്ചു. ആ രാജാവ്‌ അതിതേജസ്വിയാണ്‌, വൃദ്ധനാണ്‌, കുരുകുലോദ്വഹനാണ്‌. അദ്ദേഹം അല്പം പോലും അപ്രിയം പാണ്ഡവന്മാരില്‍ ദര്‍ശിച്ചില്ല. സദ് വൃത്തിയോടു കൂടി പെരുമാറുന്ന ആ യോഗ്യരായ പാണ്ഡുപുത്രരില്‍ അംബികാപുത്രനായ ധൃതരാഷ്ട്രരാജാവ്‌ പ്രീതനായി. സുബലപുത്രിയായ ഗാന്ധാരി ആ പുത്രദുഃഖം കളഞ്ഞ്‌ എപ്പോഴും പാണ്ഡവന്മാരില്‍, തന്റെ പുത്രന്മാരിലെന്ന പോലെ പ്രീതയായി. വീര്യവാനായ യുധിഷ്ഠിരന്‍ ആ വൈചിത്ര്യവീര്യ രാജാവില്‍ അപ്രിയം കൂടാതെ പ്രിയം തന്നെ ചെയ്തു. എന്തെങ്കിലും കാര്യം ധൃതരാഷ്ട്രന്‍ പറഞ്ഞാല്‍, ഗാന്ധാരിയും എന്തെങ്കിലും പറഞ്ഞാല്‍, വലിയതായാലും ചെറിയതായാലും, ഉടനെ അത്‌ ശത്രുവിനാശനനായ ആ പാണ്ഡവശ്രേഷ്ഠന്‍ കേട്ട്‌, ആ വാക്കിനെ ആദരിച്ച്‌ നിര്‍വ്വഹിപ്പിക്കും. അവന്റെ പ്രവൃത്തി മൂലം ധൃതരാഷ്ട്രന്‍ പ്രീതനായി. മന്ദബുദ്ധിയായ പുത്രനെ ഓര്‍ത്ത്‌ അനുതപിക്കുകയും ചെയ്തു. എന്നും കാലത്ത്‌ എഴുന്നേറ്റ്‌ ശുചിയായി രാജാവ്‌ ജപിക്കുക പതിവാണ്‌. പാണ്ഡവന്മാര്‍ക്ക്‌ പോരില്‍ ഒന്നിലും തോല്‍വി പറ്റല്ലേ എന്നായിരുന്നു രാജാവിന്റെ ജപവും പ്രാര്‍ത്ഥനയും. വിപ്രരെക്കൊണ്ടു സ്വസ്തി ചൊല്ലിച്ചു. അഗ്നിയില്‍ ആഹുതി ചെയ്യിച്ചു, ഇങ്ങനെ പല പുണ്യകര്‍മ്മങ്ങളാലും ധൃതരാഷ്ട്രന്‍ പാണ്ഡവര്‍ക്ക്‌ ദീര്‍ഘായുസ്സ്‌ ആശംസിച്ചു. ധൃതരാഷ്ട്രരാജാവ്‌ തന്റെ സ്വന്തം മക്കളില്‍ നിന്നു പോലും ഇപ്രകാരം ഒരു പ്രീതി അനുഭവിക്കുവാന്‍ ഇടയായിട്ടില്ല. പാണ്ഡവന്മാര്‍ മൂലം അന്നു പ്രീതിയേറ്റതു പോലെ തന്റെ ജീവിതത്തില്‍ ഒരിക്കലും പ്രീതി മുമ്പെ ധൃതരാഷ്ട്രന് ലഭിച്ചിട്ടില്ല. അപ്രകാരം തന്നെ വൈശ്യര്‍ക്കും, ശൂദ്രജനങ്ങള്‍ക്കും രാജാവ്‌ പ്രിയനായി ഭവിച്ചു. അന്ന്‌ എന്തുകുറ്റം ധാര്‍ത്തരാഷ്ട്രന്മാര്‍ പാണ്ഡവന്മാരില്‍ ചെയ്തുവോ, അത്‌ ഇന്ന്‌ ധര്‍മ്മരാജാവ്‌ വിസ്മരിച്ചു. അതിനെപ്പറ്റി ഓര്‍ത്തില്ല. അങ്ങനെ ധൃതരാഷ്ട്രനെ യുധിഷ്ഠിരന്‍ സേവിച്ചു. ആരെങ്കിലും എന്തെങ്കിലും ഒരപ്രിയം ധൃതരാഷ്ട്രന് ചെയ്തു പോയാല്‍ അവനില്‍ ധീമാനായ ധര്‍മ്മജന് ദ്വേഷ്യമുണ്ടാകും. ധൃതരാഷ്ട്ര രാജാവിന്റെയും, ദുര്യോധനന്റെയും ദുഷ്കൃതം ആരും പറഞ്ഞില്ല. യുധിഷ്ഠിരനെ ഭയപ്പെട്ട്‌ ആരും ഒന്നും പറഞ്ഞില്ല. ധീരത, ശൗചം എന്നിവയാല്‍ ധൃതരാഷ്ട്ര രാജാവും, ഗാന്ധാരിയും, വിദുരനും ധര്‍മ്മപുത്രനില്‍ സന്തോഷിച്ചു. എന്നാല്‍ അല്ലയോ ശത്രുഘ്നനായ രാജാവേ, ഭീമനില്‍ അവര്‍ക്ക്‌ അത്ര സന്തോഷം തോന്നിയിരുന്നില്ല. യാതൊന്നും ചിന്തിക്കാതെ ഭീമനും ധര്‍മ്മജനെ പിന്തുടര്‍ന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്ക്‌, ആ ധൃതരാഷ്ട്രന്റെ മുഖത്തേക്കു നോക്കുമ്പോഴൊക്കെ ഭീമന്റെ മനസ്സ്‌ ദുര്‍മ്മനസ്സാകും! രാജാവിനെ പിന്‍തുടരുന്ന ജ്യേഷ്ഠനെ ശത്രുമര്‍ദ്ദനനായ ആ കൗരവ്യന്‍ പിന്തുടര്‍ന്നു. അത്‌ ശരീരം കൊണ്ടു മാത്രമായിരുന്നു. കരള്‍ കൊണ്ട്‌ അവന്‍ പിന്‍തിരിഞ്ഞവനായിരുന്നു

3. ധൃതരാഷ്ട്രനിര്‍വ്വേദം - ഭീമന്റെ ദുർഭാഷണം യാദൃച്ഛയാ കേൾക്കാൻ ഇടയായ ധൃതരാഷ്ട്രൻ ദുഖിച്ചു കാട്ടിൽ പോകാൻ വിചാരിക്കുന്നു - വൈശമ്പായനൻ പറഞ്ഞും:യുധിഷ്ഠിര രാജാവിന്നും, ദുര്യോധനന്റെ പിതാവായ ധൃതരാഷ്ട്രനും തമ്മില്‍ സ്നേഹനിലയില്‍ ജനങ്ങള്‍ യാതൊരു വ്യത്യാസവും കണ്ടെത്തുകയുണ്ടായില്ല.

എന്നാല്‍ ധൃതരാഷ്ട്ര രാജാവ്‌ ആ ദുഷ്ടനായ തന്റെ പുത്രനെ എപ്പോള്‍ ചിന്തിക്കുന്നുവോ അപ്പോളൊക്കെ ഭീമനെ മനസ്സു കൊണ്ടു വെറുക്കുകയും പതിവായി. അതുപോലെ ഭീമനും ആ ധൃതരാഷ്ട്ര രാജാവിനെ പൊറുത്തില്ല. മനസ്സില്‍ ദുഷ്ടമായ വിചാരമായിരുന്നു. ഉള്ളില്‍ വൃകോദരൻ ഒളിവായി പല അപ്രിയങ്ങളും ചെയ്തു പോന്നു. ധൃതരാഷ്ട്രന്റെ കല്പനയെ കൃതകഭൃത്യന്മാരാല്‍ എപ്പോഴും തെറ്റിച്ചു കൊണ്ടിരുന്നു. ആ രാജാവിന്റെ പണ്ടത്തെ ദുര്‍മ്മന്ത്രങ്ങളും, പ്രവൃത്തിയും ഇടയ്ക്കൊക്കെ ഭീമന്‍ ഓര്‍ക്കും. ഒരിക്കല്‍ ഭീമന്‍ സുഹൃത്തുക്കളുടെ മദ്ധ്യത്തില്‍ വെച്ച്‌ കൈകൊട്ടി ഒച്ചയുണ്ടാക്കി. ഗാന്ധാരിയും ധൃതരാഷ്ട്രനും കേള്‍ക്കാവുന്ന വിധം ഒരു ദിക്കിലിരുന്ന്‌ ദുര്യോധനന്‍, കര്‍ണ്ണന്‍, ദുശ്ശാസനന്‍ ഇവരെയൊക്കെ ചിന്തിച്ച്‌ അമര്‍ഷത്തോടെ ചുണയോടെ, ഇപ്രകാരം പരുഷമായ വാക്കുകള്‍ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: നോക്കു! എന്റെ കൈ ഒന്നു നോക്കൂ! ഇരിമ്പുലക്ക പോലെയാണ്‌ എന്റെ ഈ കൈകള്‍! കുരുടന്‍ രാജാവിന്റെ മക്കളെയൊക്കെ, അവര്‍ പല ശസ്ത്രാസ്ത്ര പടുക്കളായിരുന്നിട്ടും അവരെ സകലത്തിനെയും ഈ കൈകള്‍ കാലപുരിയിലേക്കു കയറ്റി വിട്ടു! ദുരാസദങ്ങളാണ്‌ എന്റെ ഈ കൈകള്‍! ഇരിമ്പുലക്ക പോലെയാണിവ. ഈ കൈകള്‍ക്കിടയില്‍ പെട്ടിട്ടാണ്‌ ധൃതരാഷ്ട്ര പുത്രന്മാര്‍ സകലതും കിടുങ്ങി ചത്തു പോയത്‌. എന്റെ ഈ കൈകളുണ്ടല്ലോ നിത്യവും നല്ല ചന്ദനം പൂശേണ്ട കൈകളാണ്‌! ഈ കൈകളാലെയല്ലെ ബന്ധുജനങ്ങളോടു കൂടി സുയോധനന്‍ മുടിഞ്ഞു പോയത്‌!

വൈശമ്പായനൻ പറഞ്ഞു: ഈ വര്‍ത്തമാനം അതുപോലെ പലതും വൃകോദരന്റെ മുഖത്തു നിന്ന്‌ ശല്യം പോലെ രാജാവിന്റെ ഹൃദയത്തില്‍ തുളഞ്ഞു കേറി. രാജാവ്‌ സഹിക്ക വയ്യാത്ത ഈ വാക്കു കേട്ടു നിര്‍വ്വേദത്തില്‍ മുഴുകിപ്പോയി. കാലത്തിന്റെ മാറ്റത്തെ മനസ്സിലാക്കിയ ബുദ്ധിമതിയായ ദേവി, സര്‍വ്വധര്‍മ്മജ്ഞയായ ഗാന്ധാരി, ഈ അപ്രിയ വാക്കുകള്‍ തന്റെ ചെവി കൊണ്ടു തന്നെ കേട്ടു. പതിനഞ്ചു വര്‍ഷം അപ്പോഴേക്കും എത്തിയിരിക്കുന്നു. ഭീമന്റെ വാക്കാകുന്ന ബാണത്താല്‍ മുറിവേല്പിക്കപ്പെട്ട രാജാവ്‌ നിര്‍വ്വേദം പൂണ്ടു പോയി. കുന്തീപുത്രനായ ധര്‍മ്മജനുണ്ടോ ഈ വകയൊക്കെ അറിയുന്നു? ശ്വേതാശ്വനായ അര്‍ജ്ജുനനും, കുന്തിയും, പേര്‍ പുകഴ്‌ന്ന പാഞ്ചാലിയും, ധര്‍മ്മജ്ഞരായ മാദ്രീകുമാരന്മാരും ഇതറിഞ്ഞില്ല. അവര്‍ എപ്പോഴും ധര്‍മ്മപുത്രന്റെ ആഗ്രഹാനുവര്‍ത്തികളായിരുന്നു. വൃദ്ധനായ രാജാവിന് അനിഷ്ടമായതൊന്നും അവര്‍ ചെയ്തിരുന്നില്ല. ഒരു ദിവസം ധൃതരാഷ്ട്ര രാജാവ്‌ സുഹൃത്തുക്കളെ വിളിച്ചു വരുത്തി വല്ലാത്ത ദുഃഖത്തോടെ തൊണ്ടയിടറിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും അറിവുള്ളതാണ്‌ കുരുവംശം മുടിഞ്ഞ സംഭവങ്ങള്‍. അതൊക്കെ വന്നു കൂടിയത്‌ ഈയുള്ളവന്റെ കുറ്റം കൊണ്ടാണെന്ന്‌ എല്ലാ കൗരവന്മാരും സമ്മതിച്ച കാര്യമാണ്‌. ജ്ഞാനികള്‍ക്കൊക്കെ ഭയം വളര്‍ത്തിയ ആ ദുഷ്ടനായ ദുര്യോധനനെ കൗരവന്മാരുടെ അധിപനായി അവരോധിച്ചതും, വാസുദേവന്‍ പറഞ്ഞ പൊരുള്‍ ചേര്‍ന്ന വാക്ക്‌ കേള്‍ക്കാതിരുന്നതും ഈയുള്ളവനാണ്‌. അമാത്യരോടു കൂടിയ ഈ പാപിയെ കൊല്ലു എന്ന്‌ കൃഷ്ണന്‍ അന്നേ പറഞ്ഞതാണ്‌. ഞാന്‍ പുത്ര സ്നേഹാര്‍ദ്രനായി പണ്ഡിതന്മാര്‍ പറഞ്ഞ ഹിതമായ വാക്കു നിരസിച്ചു. വിദുരന്‍, ഭീഷ്മൻ, ദ്രോണാചാര്യന്‍, കൃപന്‍ ഇവരൊക്കെ എന്നെ ഉപദേശിച്ചു. പലപ്പോഴും വന്ന്‌ വ്യാസ ഭഗവാനും ഉപദേശിച്ചു. സഞ്ജയനും ഗാന്ധാരിയും ഉപദേശിച്ചു. അന്ന്‌ അതൊന്നും ഞാന്‍ കൈക്കൊണ്ടില്ല. ഇന്ന്‌ അതോര്‍ത്തു ഞാന്‍ ദുഃഖിക്കുകയാണ്‌. ഗുണവാന്മാരായ പാണ്ഡവന്മാര്‍ക്ക്‌ മഹാത്മാക്കളായ പാണ്ഡവന്മാര്‍ക്ക്‌ അന്നു ഞാന്‍ പിതൃപൈതാമഹമുറ അനുസരിച്ച്‌ ലഭിക്കേണ്ട രാജ്യം, ദീപ്തശ്രീയായ രാജ്യം, നല്‍കിയില്ല. മന്നവന്മാര്‍ക്കെല്ലാം നാശം പാര്‍ത്തു കണ്ടവനായ ഗദാഗ്രജന്‍ മുഖ്യമായ ശ്രേയസ്സും ഇതു തന്നെ എന്ന്‌ ജനാര്‍ദ്ദനന്‍ കണ്ടു. ആ ഞാന്‍ ആത്മാവില്‍ അന്നുണ്ടായ അപ്രിയങ്ങളെല്ലാം ഇന്നെന്റെ കമളില്‍ മുള്ളായി ഭവിച്ചിരിക്കുന്നു. അതും പേറി ജീവിക്കുകയാണ്‌ ഞാന്‍. ഇപ്പോള്‍ ആ ശല്യം പേറി സഹിക്ക വയ്യാത്ത ദുഃഖത്തോടെ പതിനഞ്ചു വര്‍ഷവും പിന്നിട്ടു പോയി. ഈ പാപത്തെ കഴുകിക്കളഞ്ഞ്‌ ശുദ്ധമാക്കാന്‍ ദുര്‍മ്മതിയായ ഞാന്‍ നിയതനായി, നാലാം ദിവസവും ചിലപ്പോള്‍ എട്ടാം ദിവസവും മാത്രം ഓരോനേരം ഭക്ഷണം കഴിച്ചു ജീവിക്കുകയാണ്‌. ദാഹം തീര്‍ക്കുവാന്‍ മാത്രമായി അല്പം അന്നം കഴിക്കുകയാണ്‌. അതു പരക്കെ അറികയില്ല. ഗാന്ധാരിക്ക്‌ അറിയാം. ഉണ്ണാറുണ്ട്‌ എന്ന്‌ എല്ലാ പരിജനങ്ങളും ചോദിച്ചാല്‍ പറയും. അത്‌ യുധിഷ്ഠിരനെ ഭയന്നിട്ടാണ്‌. ആ പാണ്ഡവന്‍ അറിഞ്ഞാല്‍ വല്ലാതെ ദുഃഖിക്കും. ഞാന്‍ പട്ടുകിടക്കയിലല്ല കിടക്കുന്നത്‌. നിലത്ത്‌ ദര്‍ഭയില്‍ തോലുവിരിച്ച്‌ അതിലാണ്‌ കിടക്കുന്നത്‌.

വ്രതമാണെന്ന പേരും പറഞ്ഞ്‌ കീര്‍ത്തിമതിയായ ഗാന്ധാരിയും അപ്രകാരം തന്നെ കിടക്കുന്നു. പോരില്‍ പിന്മാറാത്ത നൂറു മക്കള്‍ മരിച്ച അമ്മയാണവള്‍. അതില്‍ ഞാന്‍ തപിക്കുന്നില്ല. അവര്‍ ക്ഷത്രധര്‍മ്മത്തോടെയാണല്ലോ മരിച്ചു പോയത്‌. 

ഇപ്രകാരം പറഞ്ഞ്‌ ധൃതരാഷ്ട്രന്‍ ധര്‍മ്മജന്റെ നേരെ തിരിഞ്ഞ്‌ പറഞ്ഞു: അല്ലയോ യാദവീപുത്രാ,നിനക്ക്‌ സ്വസ്തി ഭവിക്കട്ടെ! എന്റെ വാക്ക്‌ നീ കേള്‍ക്കുക ഉണ്ണീ, ഞാന്‍ വളരെ സുഖമായി ഇവിടെ പാര്‍ത്തു. നീ നന്നായി എന്നെ നോക്കി. മഹാദാനങ്ങള്‍ നല്കി. പിന്നെ ശ്രാദ്ധങ്ങള്‍ വീണ്ടും ഊട്ടി. ഉണ്ണീ, വളരെ പുണ്യകര്‍മ്മങ്ങള്‍ യഥേഷ്ടം ചെയ്തു. മക്കള്‍ മരിച്ചു പോയ ഗാന്ധാരി ധൈര്യത്തോടെ എന്നെ നോക്കുന്നു. ദ്രൗപദിയെ സഭയില്‍ വെച്ച്‌ ദ്രോഹിച്ച അവര്‍, നിന്റെ ഐശ്വര്യത്തെ അപഹരിച്ച അവര്‍, ആ നൃശംസകന്മാര്‍, സ്വധര്‍മ്മത്താല്‍ പോരില്‍ വീഴ്ത്തപ്പെട്ട അവരെല്ലാം അവസാനിച്ചു. കുരുനന്ദനാ, ഇനി അവരില്‍ ഒരു മറുകൈയും പ്രയോഗിക്കേണ്ടതില്ല. അവര്‍ നേരിട്ടു യുദ്ധം ചെയ്തു ചത്ത്‌ ശസ്ത്രധരന്മാര്‍ക്കുള്ള ലോകത്തില്‍ എത്തിക്കഴിഞ്ഞു. ആത്മാവിന് ഹിതമായ പുണ്യം ചെയ്യേണ്ടതായ ഒരു കര്‍ത്തവ്യം എന്നിലുണ്ട്‌. അത്‌ ഗാന്ധാരിയിലും അവശേഷിച്ചിരിക്കുന്നു. മഹാരാജാവേ, നീ അതിന് സമ്മതിക്കുക! നീയാണെങ്കില്‍ ശസ്ത്രധരന്മാരില്‍ ഉത്തമനാണ്‌. എപ്പോഴും ധര്‍മ്മത്തില്‍ തല്‍പരനാണ്‌. രാജാവ്‌ ഭൂതങ്ങള്‍ക്കൊക്കെ ഗുരുവാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ നിന്നോടു പറയുന്നത്‌ വീരാ, നിന്റെ സമ്മതത്തോടെ ഞാന്‍ കാട്ടില്‍ പോയി പാര്‍ക്കട്ടെ! ചീരവും വല്‍ക്കലവും ചുറ്റി ഗാന്ധാരീ സഹിതനായി ഞാന്‍ കാട്ടിലേക്കു പോകട്ടെ! നിനക്ക്‌ ആശിസ്സു നല്കി ഞാന്‍ അരണ്യചരനാകട്ടെ! ഉണ്ണീ, നമ്മുടെ വംശത്തില്‍ എല്ലാവര്‍ക്കും ഇതു ചേരുന്ന കര്‍മ്മമാണ്‌. മക്കള്‍ക്ക്‌ ഐശ്വര്യം ഉണ്ടാക്കി വെച്ചതിന് ശേഷം കാടുപൂകുക എന്നതാണ്‌ ധര്‍മ്മം ഭരതര്‍ഷഭാ! അവിടെച്ചെന്ന്‌ ഞാന്‍ വായു മാത്രം ഭക്ഷിച്ചോ, അന്നം ഭക്ഷിക്കാതെയോ പാര്‍ത്തു കൊള്ളാം. എന്റെ തപസ്സിന്റെ ഫലം നീ അനുഭവിക്കും.രാജാവാണല്ലോ നീ. ഒരോഹരി രാജാവിന്നുള്ളതാണല്ലോ.ശുഭമായാലും അശുഭമായാലും അതിന്റെ ഫലം രാജാക്കള്‍ അനുഭവിക്കും.

യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ ഇങ്ങനെ ദുഃഖിക്കുമ്പോള്‍ എനിക്കു രാജ്യം പ്രിയമല്ലാതായിരിക്കുന്നു. ഞാന്‍ വളരെ മോശം! ദുര്‍ബുദ്ധിയാണ്‌ ഞാന്‍. രാജ്യത്തില്‍ ആശ വെച്ച്‌ പ്രമാദങ്ങള്‍ പലതും ചെയ്തു പോയവനാണ്‌ ഞാന്‍. അനുജന്മാരോടു കൂടിയവനായ ഞാന്‍ ഇതൊന്നും അറിഞ്ഞില്ല! കഷ്ടം അങ്ങ്‌ ദുഃഖിച്ച്‌ ഉപവാസം കൊണ്ട്‌ ദേഹം കൃശമാക്കി, നിരാഹാരനായി, വെറും നിലത്തു കിടക്കുകയായിരുന്നു എന്ന കാര്യം ഞാന്‍ അറിഞ്ഞില്ല! അയ്യോ! ഗൂഢബുദ്ധിയായ ഭവാന്‍ ഈ മൂഢനെ വഞ്ചിച്ചു. അങ്ങ്‌ ആദ്യം എന്നെ വിശ്വസിപ്പിച്ചു. എനിക്കു പരമസുഖമാണെന്നു പറഞ്ഞ്‌ എന്നെ വിശ്വസിപ്പിച്ചു. എന്നിട്ട്‌ അങ്ങ്‌ ദുഃഖത്തില്‍ മുഴുകി കഷ്ടമായ ജീവിതം പിന്‍തുടര്‍ന്നു. എന്തിന് എനിക്കു രാജ്യം? എന്തിന് എനിക്കു ഭോഗങ്ങള്‍? എന്തിന് യജ്ഞം? എന്തിന് സുഖം? ഈ ഞാന്‍ കാരണമല്ലെ രാജാവേ, ഭവാന്‍ ഈ ദുഃഖങ്ങളൊക്കെ ഏല്ക്കുന്നത്‌? ഞാന്‍ പീഡിതമായ രാജ്യത്തെയും, പീഡിതമായ ആത്മാവിനെയുമാണ്‌ ഇപ്പോള്‍ ദര്‍ശിക്കുന്നത്‌! ദുഃഖത്തില്‍ മുഴുകിയ ഭവാന്‍ പറഞ്ഞ വാക്കു കേട്ടപ്പോള്‍ എന്റെയും രാജ്യത്തിന്റെയും നില പീഡിതമായിരിക്കുന്നു രാജാവേ! ഭവാന്‍ അച്ഛനാണ്‌. ഭവാന്‍ അമ്മയാണ്‌. ഭവാന്‍ ഞങ്ങള്‍ക്ക്‌ വലിയ ഗുരുവാണ്‌. ഭവാന്‍ വേര്‍പെട്ടു പോയാല്‍ പിന്നെ ഞങ്ങളുടെ നില്‍പ്പ്‌ എത്ര ശോചനീയമാണ്‌. എന്താണു ഞങ്ങള്‍ക്ക്‌ ഒരവലംബമായിട്ടുള്ളത്‌?

അങ്ങയുടെ ഔരസ പുത്രനായ യുയുത്സു ഇവിടെയുണ്ടല്ലോ, അവന്‍ രാജാവാകട്ടെ! രാജാവേ, അല്ലെങ്കില്‍ ഭവാന്‍ നിശ്ചയിക്കുന്ന മറ്റൊരാളാകട്ടെ, ഞാന്‍ കാട്ടിലേക്കു പോവുകയാണ്‌. നീ നാടു ഭരിച്ചു കൊള്ളുക. ദുഷ്കീര്‍ത്തി കൊണ്ടു വെന്തവനാണ്‌ ഞാന്‍. ആ എന്നെ വീണ്ടും നീ വേവിക്കരുത്വേ ഞാന്‍ രാജാവല്ല. രാജാവ്‌ അങ്ങയാണ്‌. ഞാന്‍ അങ്ങയുടെ പാദസേവകനായ ഒരു അടിമയാണ്‌. ധര്‍മ്മജ്ഞാ, ഗുരുവായ ഭവാന്‍ ഈയുള്ളവന് അനുജ്ഞ നല്കണമെന്നോ!

ദുര്യോധനന്‍ മൂലമായി യാതൊരു ദുഃഖവും ഞങ്ങള്‍ക്കില്ല, യാതൊരു വിഷമവുമില്ല, അനഘാശയാ! ഞങ്ങളുംഅന്യരും മോഹിച്ചു പോയി. അജ്ഞാനത്തില്‍ പെട്ടുപോയി. എന്നാല്‍ പരമാര്‍ത്ഥം എന്താണ്‌? വരാനുള്ളതു വന്നു, അത്‌ ആര്‍ക്കും തടുക്കുവാന്‍ സാദ്ധ്യമല്ല. ആ ഭവിതവൃഥ കൊണ്ടുള്ള ദുഃഖം ഭവാനെ ബാധിച്ചു എന്നു മാത്രം. ഭാഗ്യത്താല്‍ ഭവാനെ ശുശ്രൂഷിച്ച്‌ ഞങ്ങളുടെ ഉള്ളിലുള്ള അല്ലല്‍ ഞങ്ങള്‍ പോക്കട്ടെ!

ധൃതരാഷ്ട്രന്‍ പറഞ്ഞു; ഉണ്ണീ, കുരുനന്ദനാ, എന്റെ മനസ്സ്‌ എന്നെ തപസ്സിന് പ്രേരിപ്പിക്കുന്നു. നമ്മുടെ വംശക്കാര്‍ക്ക്‌ വനവാസം ചേര്‍ന്നതാണ്‌ ഉണ്ണീ! ചിരകാലമായി ഞാന്‍ നിന്റെ ശുശ്രൂഷയുമേറ്റ്‌ വാഴുന്നു. വൃദ്ധനായ എനിക്ക്‌ രാജാവേ, അനുവാദം തരുൂ!

ഇപ്രകാരം ധൃതരാഷ്ട്രരാജാവ്‌ ധര്‍മ്മജനോട്‌ വിറച്ചു നിന്ന്‌ തൊഴുതു പറഞ്ഞു. പിന്നെ അദ്ദേഹം മഹാശയനായ സഞ്ജയനോടും, മഹാരഥനായ കൃപനോടും പറഞ്ഞു. നിങ്ങള്‍ ഈ രാജാവിനെ സമ്മതിപ്പിക്കണേ! എന്റെ മനസ്സു തളരുന്നു. തൊണ്ട വരളുന്നു. പ്രായാധിക്യം മൂലവും വാക്ക്‌ വേണ്ട പോലെ പുറപ്പെടാത്തത് കൊണ്ടും ഞാന്‍ കുഴങ്ങുന്നു.

വൈശമ്പായനന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ ധര്‍മ്മബുദ്ധിയും, വൃദ്ധനും, കുരുദ്വഹനുമായ ആ ധീമാന്‍ ഗാന്ധാരിയുടെ മെയ്യിലേക്കു ചാഞ്ഞു. പ്രാണന്‍ പൊയ്പോയോ എന്നു ശങ്കിക്കുന്ന വിധം, ബോധഹീനനായി ആ കൗരവേന്ദ്രന്‍ ചാഞ്ഞു കിടക്കുന്നതു കണ്ടപ്പോള്‍ കൗന്തേയനും ശത്രുനാശനനുമായ രാജാവ്‌ ആര്‍ത്തനായി.

യുധിഷ്ഠിരന്‍ പറഞ്ഞു: നൂറായിരം ആനകള്‍ക്കൊത്ത ബലമുള്ളവന്‍ ഏവനാണോ, ആ രാജാവല്ലേ നാരിയുടെ മെയ്യില്‍ ചത്ത മാതിരി തളര്‍ന്നു കിടക്കുന്നത്‌! കാരിരുമ്പു കൊണ്ടുള്ള ഭീമവിഗ്രഹത്തെ പുണര്‍ന്ന്‌ തവിടു പൊടിയാക്കിയ ശക്തനല്ലെ ദുര്‍ബ്ബലയായ നാരിയില്‍ ചാഞ്ഞു കിടക്കുന്നത്‌! ഞാന്‍ മഹാമോശം! അധര്‍മ്മജ്ഞനാണ്‌ ഞാന്‍. എന്റെ ബുദ്ധി മഹാമോശം! എന്റെ വിദ്യാഭ്യാസവും വെറുതെ! ഞാന്‍ ഒരാള്‍ കാരണമായിട്ടാണല്ലോ ഈ രാജാവ്‌ ഈ നിലയില്‍ കിടക്കുന്നത്‌! ഈ എന്റെ ഗുരു ഉപവാസം ചെയ്തതു പോലെ ഞാനും ഉപവാസം ചെയ്യുകയാണ്‌! രാജാവും, കീര്‍ത്തിശാലിനിയായ ഗാന്ധാരിയും ഉണ്ണാതിരിക്കുമ്പോള്‍ ഞാന്‍ ഉണ്ണുന്നത്‌ ശരിയല്ല. ഞാനും പട്ടിണി കിടക്കുകയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മജ്ഞനായ പാണ്ഡവന്‍ പിന്നെ കൈയില്‍ വെള്ളം നനച്ച്‌ അവന്റെ മാറും മുഖവും പതുക്കെ ഒന്നു തലോടി. രാജാവ്‌ രത്നാഔഷധിഗന്ധാഢ്യമായ കരം കൊണ്ട്‌ തൊട്ടപ്പോള്‍ ഉടനെ ധൃതരാഷ്ട്ര രാജാവ്‌ ഉണര്‍ന്നു. തന്റേടം വീണു!

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ പാണ്ഡവാ, നീ എന്നെ കൈ കൊണ്ടു വീണ്ടും തൊടുക! നീ എന്നെ പുല്‍കുക! രാജീവ ലോചനാ, ഭവാന്‍ തൊട്ട മാത്രയില്‍ ഞാന്‍ ജീവിച്ചെഴുന്നേറ്റു. ഭവാന്റെ ശിരസ്സില്‍ ഞാന്‍ ഒന്നു ഘ്രാണിക്കുവാന്‍ ഇച്ഛിക്കുന്നു രാജാവേ! നിന്റെ ദേഹത്തില്‍ ഒന്നു തലോടാനും എനിക്കു തോന്നുന്നു. രാജാവേ, അത്‌ എനിക്ക്‌ഏറ്റവും പ്രിയമായ കാര്യമാണ്‌. ഞാന്‍ ഊണു കഴിച്ചിട്ട്‌ ഇന്നേക്ക്‌ എട്ടു ദിവസമായി. അതുകൊണ്ട്‌ അല്ലയോ കുരുശാര്‍ദ്ദൂലാ, എനിക്ക്‌ ഒന്നും ചെയ്യുവാന്‍ വയ്യാ. നിന്നോടു യാചിക്കുവാന്‍ വേണ്ടി വാക്കുകള്‍ പുറപ്പെടുവിക്കുവാന്‍ വളരെ പണിപ്പെടേണ്ടി വന്നു. അതു കൊണ്ടാണ്‌ തളര്‍ന്നു പോയത്‌ ഉണ്ണീ! മനസ്സു വാടി ബോധം കെട്ടു പോകാനും അതാണു കാരണം. അമൃതച്ചാറു പോലെയുള്ള നിന്റെ കരസ്പര്‍ശം ഏറ്റസമയത്ത്‌ എനിക്കു ജീവന്‍ വീണു. ഞാന്‍ അത്‌ ഓര്‍ക്കുകയാണ്‌ കുരുദ്വഹാ!

വൈശമ്പായനന്‍ പറഞ്ഞു: കൗന്തേയനായ യുധിഷ്ഠിരന്‍ വലിയച്ഛന്റെ വാക്കു കേട്ടു ഭാരതാ! സൗഹാര്‍ദ്ദത്തോടെ അവനെ ദേഹത്തിലെല്ലാം തലോടി. ഉടനെ വീണ്ടും പ്രാണന്‍ മടക്കിക്കിട്ടിയ മട്ടില്‍ ധൃതരാഷ്ട്രന്‍ തെളിഞ്ഞു. കൈകൊണ്ട്‌ യുധിഷ്ഠിരനെ തഴുകി നെറുകയില്‍ ഘ്രാണിച്ചു. ഇതുകണ്ട്‌ ദുഃഖത്തോടെ വിദുരന്‍ മുതലായവര്‍ കരഞ്ഞു പോയി. അത്യധികമായ ദാഃഖം മൂലം ധൃതരാഷ്ട്രനോടാകട്ടെ യുധിഷ്ഠിരനോടാകട്ടെ വിദുരന്‍ ഒന്നും പറഞ്ഞില്ല. ധര്‍മ്മജ്ഞയായ ഗാന്ധാരി മനോദുഃഖങ്ങളൊക്കെ ഏറ്റു സഹിച്ച്‌ വയ്യാ! വലഞ്ഞു എന്നു പറഞ്ഞു. ദുഃഖത്തോടെ കുന്തിയോടു കൂടി മറ്റു നാരിമാരും അടുത്തു ചെന്ന്‌ നിറഞ്ഞ കണ്ണുകളോടെ ചുറ്റും നിന്നു. യുധിഷ്ഠിരനെ നോക്കി ധൃതരാഷ്ട്രന്‍ വീണ്ടുംപറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഭരതര്‍ഷഭാ, രാജാവേ! ഞാന്‍ തപസ്സു ചെയ്യുവാന്‍, ആഗ്രഹിക്കുന്നു. എന്നെ അനുവദിക്കൂ! ഉണ്ണീ, വീണ്ടും പറയുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ കരള്‍ വാടുവാന്‍ തുടങ്ങി. മകനേ, ഇനി നീ എന്നെ ക്ലേശിപ്പിക്കരുത്‌

വൈശമ്പായനന്‍ പറഞ്ഞു: ആ കൗരവേന്ദ്രന്‍ ഇപ്രകാരം പാണ്ഡവനോടു പറഞ്ഞപ്പോള്‍ കേട്ടു നില്ക്കുന്ന ഭടന്മാരെല്ലാം ആര്‍ത്തു നിലവിളിച്ചു. മെലിഞ്ഞു വിളറിയും, അര്‍ഹനല്ലാതെയും മന്നവനെക്കണ്ടു. എല്ലും തൊലിയുമായി ഉപവാസം കൊണ്ട്‌ ഏറ്റവും തളര്‍ന്നും കാണപ്പെട്ടു. അങ്ങനെയുള്ള പിതാവിനെ, ആ പ്രഭുവിനെ, ധര്‍മ്മപുത്രന്‍ തഴുകി വല്ലാത്ത ദുഃഖത്തോടെ കണ്ണുനീര്‍ പ്രവഹിക്കുന്നതിന്നിടയ്ക്കു വീണ്ടും ഇപ്രകാരം പറഞ്ഞു.

ധര്‍മ്മപുത്രന്‍ പറഞ്ഞു: രാജേന്ദ്ര, ഞാന്‍ ജീവനും ഭൂമിയും ഒന്നും കാമിക്കുന്നില്ല. എനിക്ക്‌ ഏറ്റവും പ്രിയമായത്‌ രാജാവേ, അങ്ങയുടെ ആഗ്രഹം സാധിപ്പിക്കുക എന്നതാണ്‌. അതില്‍പ്പരം ഞാന്‍ ഒന്നിനെയും കാമിക്കുന്നില്ല. അങ്ങയ്ക്കു ഞാന്‍ അനുഗ്രാഹ്യനും പ്രിയനുമാണെങ്കില്‍ അങ്ങ്‌എഴുന്നേറ്റ്‌ ഊണുക ഴിക്കുക! പിന്നെ വേണ്ട കാര്യത്തെപ്പറ്റി ചിന്തിക്കാം.

പിന്നെ ധര്‍മ്മജനോടു ധൃതരാഷ്ട്രന്‍ പറഞ്ഞു: നീ സമ്മതിക്കുകയാണെങ്കില്‍ ഉണ്ണാമെന്നാണ്‌ എന്റെ ആഗ്രഹം.

വൈശമ്പായനൻ പറഞ്ഞു: ധ്യതരാഷ്ട്രരാജാവ്‌ ഇപ്രകാരം ധര്‍മ്മജനോടു പറഞ്ഞപ്പോള്‍ ഋഷിയും, സത്യവതീ പുത്രനുമായ വ്യാസന്‍ അടുത്തു വന്ന്‌ ഇപ്രകാരം പറഞ്ഞു.

4. വ്യാസാനുജ്ഞ - ബന്ധുജനങ്ങൾ മരിച്ച ധൃതരാഷ്ട്രന് രാജധാനിയിൽ ചിരകാലം വസിക്കുവാൻ സാധ്യമല്ലെന്ന് വ്യാസൻ യുധിഷ്ഠിരനോട് പറയുന്നു - വ്യാസന്‍ പറഞ്ഞു: മഹാബാഹുവായ യുധിഷ്ഠിരാ, കുരുദ്വഹാ! തേജസ്വിയായ ധൃതരാഷ്ട്രന്‍ പറഞ്ഞ പ്രകാരം ഭവാന്‍ ചെയ്തു കൊള്ളുക. അതില്‍ ശങ്കിക്കേണ്ടതില്ല. വൃദ്ധനാണ്‌ ഈ രാജാവ്‌. വിശേഷിച്ചും പുത്രന്മാരൊക്കെ കൊല്ലപ്പെട്ടവരുമാണ്‌. ഈ ദുഃഖവും താങ്ങി വളരെക്കാലം ജീവിക്കുവാന്‍ അവന് കഴിയുകയില്ലെന്നാണ്‌ എന്റെ അഭിപ്രായം. മഹാഭാഗാ, ഗന്ധാരിയും അല്ലയോ പ്രാജ്ഞാ, ദുഃഖം അറിഞ്ഞവളാണ്‌. അവള്‍ ധൈര്യം കൊണ്ടു പുത്രശോകം താങ്ങുകയാണ്‌ രാജാവേ! നിന്നോട്‌ ഞാനും ഇതു തന്നെയാണ്‌ പറയുന്നത്‌. ഞാന്‍ പറയുന്നതു കേള്‍ക്കൂ! രാജാവ്‌ അനുവാദം വാങ്ങിക്കൊള്ളട്ടെ! വെറുതെ ഇവിടെക്കിടന്നു ചാകാന്‍ ഇടവരുത്തരുത്‌. പണ്ടത്തെ നമ്മുടെ രാജാക്കന്മാര്‍ പോയ വഴിക്കു തന്നെ ഈ രാജാവും പൊയ്ക്കൊള്ളട്ടെ! അവസാനം എല്ലാ രാജര്‍ഷികള്‍ക്കും ആശ്രയം കാടു തന്നെയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അത്ഭുത കര്‍മ്മാവായ വ്യാസന്‍ പറഞ്ഞപ്പോള്‍ തേജസ്വിയായ ധര്‍മ്മരാജാവ്‌ മുനിയോട്‌ ഇപ്രകാരം മറുപടി പറഞ്ഞു.

ധര്‍മ്മപുത്രന്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ ഭഗവാന്‍ മാന്യനാണ്‌. ഞങ്ങള്‍ക്കു ഭഗവാന്‍ ഗുരുവാണ്‌. ഭഗവാന്‍ ഈ നാടിനും ഈ കുലത്തിനും ഒരാശ്രയമാണ്‌. ഭഗവാനേ, ഞാന്‍ മകനാണ്‌. എന്റെ അച്ഛനും, ഗുരുവുമാണ്‌ ധൃതരാഷ്ട്ര രാജാവ്‌. ധര്‍മ്മത്താല്‍ മകന്‍ അച്ഛന്റെ കല്പന പ്രകാരം നില്ക്കുമല്ലോ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മജ്ഞ പുംഗവനായ വ്യാസന്‍ ധര്‍മ്മപുത്രനോട്‌ പറഞ്ഞു. തേജസ്വിയും കവിയുമായ വ്യാസന്‍ വീണ്ടുംപറഞ്ഞു.

വ്യാസന്‍ പറഞ്ഞു: മഹാബാഹോ! നീ പറയുന്നത്‌ സത്യമാണ്‌ രാജാവേ! ഈ രാജാവ്‌ ഏറ്റവും വൃദ്ധനാണ്‌. പ്രമാണം പോലെ നില്ക്കുന്നവനാണ്‌ ഈ രാജാവ്‌. എന്നാലും ഭവാനാലും അനുജ്ഞ നല്കപ്പെട്ടവനാണ്‌. അവന്‍ ഇഷ്ടമെന്തോ അതു ചെയ്യട്ടെ! രാജാവിന് നീ വിഘ്നം ചെയ്യരുത്‌. യുധിഷ്ഠിരാ, രാജാക്കള്‍ക്ക്‌ ഇതാണ്‌ മുഖ്യമായ ധര്‍മ്മം, ഒന്നുകില്‍ യുദ്ധക്കളത്തില്‍ വെച്ചു മരണം പ്രാപിക്കുക, അല്ലെങ്കില്‍ കാട്ടില്‍ കിടന്നു മരിക്കുക. രാജേന്ദ്ര, നിന്റെ അച്ചനായ പാണ്ഡുരാജാവ്‌ ഗുരുവിനെ ശിഷ്യനെന്ന പോലെ ഉപാസിച്ചവനാണ്‌ ഈ രാജാവ്‌. കുന്നു പോലെ കൂട്ടിയ രത്നങ്ങള്‍ ദക്ഷിണയായി നല്കിയ മഖങ്ങള്‍ കഴിച്ചു. വലിയ യജ്ഞങ്ങള്‍ കഴിച്ചു അങ്ങനെ ഭൂമി ഭരിച്ചും പ്രജകളെ പാലിച്ചു. പിന്നെ നീ വനവാസത്തിന്നു പോയപ്പോള്‍ ഈ രാജാവു വലുതായ രാജ്യം മുഴുവന്‍ മകനിലാക്കി. അവനും പതിമ്മുന്നു സംവത്സരം ഭംഗിയായി പ്രജകളെ ഭരിച്ചു.ധാരാളം ധനം ദാനം ചെയ്തു. ഇവന്‍ അല്ലയോ നരവ്യാഘ്രാ, ഭവാനാല്‍, ഭൃത്യനാല്‍ എന്ന പോലെ, അര്‍ച്ചിതനായി. ഗുരുസേവയാല്‍ രാജാവില്‍ മാത്രമല്ല, ഗാന്ധാരീ ദേവിയിലും ഭവാന്‍ ഭൃത്യനിലയില്‍ നിന്നു കൊണ്ടു പൂജിച്ചു പാലിക്കുന്നു. യുധിഷ്ഠിരാ, അങ്ങനെയുള്ള പിതാവിന് നീ അനുജ്ഞ നല്കുക. തപസ്സു ചെയ്യേണ്ട കാലമായിരിക്കുന്നു. നിന്നില്‍ ഈ രാജാവിന് ലേശവും വിദ്വേഷമില്ല യുധിഷ്ഠിരാ.

വൈശമ്പായനൻ പറഞ്ഞു: ഇത്ര മാത്രം പറഞ്ഞ്‌ രാജാവിനെ വ്യാസന്‍ സമ്മതിപ്പിച്ചു. അപ്രകാരമാകട്ടെ എന്നു കൗന്തേയന്‍ അനുവദിച്ചു. ഭഗവാന്‍ വ്യാസന്‍ പോയതിന് ശേഷം പാണ്ഡവനായ രാജാവ്‌ പതുക്കെ വണങ്ങി വൃദ്ധനായ പിതാവിനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാന്‍ വ്യാസന്‍ എന്തു പറയുന്നുവോ, ഭവാന്റെ അഭിപ്രായമെന്താണോ വില്ലാളിയായ കൃപന്‍ എന്തു പറയുന്നുവോ, വിദുരനെന്തു പറയുന്നുവോ, യുയുത്സുവും, സഞ്ജയനും, എന്തു പറയുന്നുവോ, അതു ഞാന്‍ സമ്മതിക്കുന്നു രാജാവേ! ഇവരൊക്കെ എനിക്കു മാനൃരാണ്‌. കുലത്തിന് ഹിതം കാംക്ഷിക്കുന്നവരുമാണ്‌. രാജാവേ, തല കുമ്പിട്ടു കൂപ്പി ഞാന്‍ യാചിക്കുകയാണ്‌, അങ്ങ്‌ ഊണു കഴിക്കുക! പിന്നെ ആശ്രമത്തിലേക്കു പോകാം. കാട്ടിലേക്കു പോകാം.

5. ധൃതരാഷ്ട്രോപദേശം - ധൃതരാഷ്ട്രന്‍ വനത്തിലേക്ക് പോകാൻ നിശ്ചയിച്ച ശേഷം ധർമ്മപുത്രന് വിലയേറിയ ഉപദേശം നൽകുന്നു - വൈശമ്പായനൻ പറഞ്ഞു; പ്രതാപവാനായ ധൃതരാഷ്ട്രന്‍ രാജാവിന്റെ സമ്മതം വാങ്ങി ഗാന്ധാരിയോടു കൂടി താന്‍ വസിക്കുന്ന സ്വന്തം ഗൃഹത്തിലേക്കു ചെന്നു. മന്ദപ്രാണനായി, മന്ദഗതിയായി, കഷ്ടപ്പെടുന്ന വിധം, കാല്‍നടയായി വൃദ്ധനായ ഒരാനയെപ്പോലെ പതുക്കെ നടന്നു. അവന്റെ പിന്നാലെ വിദുരനും, വിദ്വാനും സൂതനുമായ സഞ്ജയനും, വില്ലാളിയായ ശാരദ്വതനും, കൃപനും നടന്നു. ഗൃഹത്തില്‍ ചെന്നു പൂര്‍വ്വാഹ്‌നക്രിയ ചെയ്ത്‌ രാജാവേ, വിപ്രേന്ദ്രന്മാര്‍ക്കു തൃപ്തി വരുന്നതു വരെ ഭക്ഷണം നല്കിയശേഷം ഊണു കഴിച്ചു. ധര്‍മ്മജ്ഞയായ ഗാന്ധാരിയും വധുക്കള്‍ ഉപചരിച്ച്‌ പൂജിക്കപ്പെടുന്ന കുന്തിയും ഊണു കഴിച്ചു. ഊണു കഴിച്ച ആ കുരുശ്രേഷ്ഠനായ നരേന്ദ്രനെ ഊണു കഴിഞ്ഞവരായ പാണ്ഡവന്മാരും വിദുരന്‍ മുതലായവരും ചുറ്റും നിന്നു സേവിച്ചു. പിന്നെ അടുത്തിരുന്ന്‌ അംബികാസുതന്‍ കൗന്തേയനോടു ഗൂഢമായി, അടുത്തിരുന്ന്‌ കൈകൊണ്ടു പുറം തൊട്ടു തലോടി, ഇപ്രകാരംപറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ കുരുനന്ദനാ, നീഎപ്പോഴും തെറ്റു പറ്റാത്ത വിധം ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തിക്കുക. ധര്‍മ്മത്തെ മുന്‍നിര്‍ത്തി എട്ടംഗങ്ങളോടു കൂടിയ രാജ്യത്തെ നൃപപുംഗമാ, നീ പരിപാലിക്കുക. രാജ്യത്തിന്റെ എട്ടംഗങ്ങള്‍ രാജാവ്‌, മന്ത്രി, ബന്ധുക്കള്‍, ഭണ്ഡാരം, രാജ്യം, കോട്ട, സൈന്യം, പൌരന്മാര്‍ ഈ എട്ടംഗങ്ങളോടു കൂടിയ രാജ്യത്തെ പാലിക്കുക രാജാവേ! ധര്‍മ്മത്തോടു കൂടി രാജ്യം എങ്ങനെ സംരക്ഷിക്കും എന്നത്‌ അല്ലയോ പാണ്ഡുനന്ദനാ, വിദ്വാനായ നീ ഗ്രഹിക്കുക.

വിദ്യാവൃദ്ധന്മാരെ നീ എപ്പോഴും സേവിക്കണം യുധിഷ്ഠിരാ. അവര്‍ പറയുന്നതും നീ കേള്‍ക്കണം. സംശയിച്ചു നില്ക്കാതെ അവര്‍ പറയുന്നതിനെ അനുസരിക്കണം. കാലത്ത്‌ എഴുന്നേറ്റ്‌ അവരെ രാജാവേ, വിധി പോലെ പൂജിച്ച്‌ കൃത്യമായ കാലമാകുമ്പേള്‍ തന്റെ കാര്യത്തെ അവരോട്‌ ചോദിച്ചറിയണം. രാജാവേ, കാര്യത്തിന് ഹിതം കാംക്ഷിക്കുന്ന നീ മാനിക്കുന്നതായാല്‍ അവര്‍ നിനക്ക്‌ എല്ലാ വിധത്തിലും ഹിതം പറഞ്ഞു തരും. ഇന്ദ്രിയങ്ങളെയെല്ലാം അശ്വങ്ങളെ എന്ന പോലെ കടിഞ്ഞാണിട്ട്‌ നിയന്ത്രിക്കുക. അവ ദ്രവ്യമായ ധനം പോലെ നമ്മുടെ ഹിതത്തിന്നൊത്ത വിധം നമുക്ക്‌ ഉപകാരപ്പെടും. അച്ഛന്‍ മുത്തച്ഛന്‍ എന്നിവര്‍ വഴിയായി ശുദ്ധാത്മാക്കളും വഞ്ചനയില്ലാത്തവരുമായ മന്ത്രിമാരെ, ദാന്തരും സല്‍ക്കര്‍മ്മികളുമായവരെ, മന്ത്രിമാരായി നല്ല ആളുകളെ നിശ്ചയിക്കുക. ചാരവൃത്തിക്ക്‌ സമര്‍ത്ഥരായ ചാരന്മാരെ നിശ്ചയിക്കുക. അവര്‍ ആരാണെന്നു പൗരന്മാര്‍ അറിയരുത്‌. അവരെ പരീക്ഷിച്ചറിഞ്ഞേ വെയ്ക്കാവു.അവര്‍ നിന്റെ രാജ്യത്തു താമസിക്കുന്നവരാകണം. കോട്ടയും ആര്‍ച്ചുകളുമൊക്കെ കെട്ടിയുറപ്പിച്ച്‌ പുരത്തെ കാത്തു രക്ഷിക്കണം. അട്ടാലം, അട്ടം എന്നിവകളോടു കൂടി ഏഴു കോട്ടക്കെട്ടുള്ളതായിരിക്കണം മതിലുകള്‍. വലിയ മതിലുകളുള്ള നിന്റെ വാതിലുകളിലൊക്കെ യന്ത്രങ്ങളും രക്ഷകരും വെവ്വേറെ കാവല്‍ നിര്‍ത്തിയിരിക്കണം. കുലശീലങ്ങള്‍ അറിയുന്ന ആള്‍ക്കാരെക്കൊണ്ട്‌ നിന്റെ അര്‍ത്ഥം സൂക്ഷിപ്പിക്കണം. ഭോജനാദികളില്‍ ആത്മാവിനേയും എന്നും കാത്തു രക്ഷിക്കണം. വിഹാര കാലത്തും (കളി) ആഹാര കാലത്തും (ഊണു‌)  മാല്യം, ശയ്യ, ആസനം എന്നിവയിലും സ്ത്രീകളെ സൂക്ഷിക്കണം. അപ്തകളായ വൃദ്ധസ്ത്രീകളെ കാവലായി അന്തഃപുരത്തില്‍ നിര്‍ത്തണം. ശീലവാന്മാരും, കുലീനന്മാരും, ജ്ഞാനികളും, വിദ്യാവിദഗ്ദ്ധന്മാരുമായ ദ്വിജന്മാരെ മന്ത്രിമാരായി നിശ്ചയിക്കണം. വിനീതന്മാരും, കുലീനന്മാരും, നേരുള്ളവരും, അര്‍ത്ഥപടുക്കളുമായ മന്ത്രിമാരോടു കൂടി കാര്യങ്ങള്‍ ആലോചിച്ചു ചെയ്യുക. വളരെയധികം പേരോടു കൂടിയാകരുത്‌ കാര്യാലോചന. ഒന്നിച്ചും വേര്‍തിരിച്ചും ഓരോ വിധം കൗശലം പ്രയോഗിച്ചും മന്ത്രിമാരുമായി മന്ത്രിക്കുക. രഹസ്യമായിരിക്കണം. മന്ത്രിസഭാ യോഗങ്ങള്‍. പുല്ലില്ലാത്ത കാട്ടിലിരുന്നു മന്ത്രിക്കാം. എന്നാല്‍ രാത്രിയില്‍ ഒരിക്കലും മന്ത്രിമാരുമായി കാര്യാലോചന ചെയ്യരുത്‌. വാനരന്മാരും, പക്ഷികളും, മറ്റു മര്‍ത്ത്യനുസാരികളും മന്ത്രഗൃഹത്തില്‍ പാടില്ല.പിന്നെ മുടന്തന്മാര്‍, ജഡന്മാര്‍ മുതലായവരും പാടില്ല. രാജാക്കന്മാര്‍ക്ക്‌ മന്ത്രഭേദത്തില്‍ വന്നു ചേരുന്ന ദോഷങ്ങള്‍ക്ക്‌ യാതൊരു പ്രതിവിധിയും ഉണ്ടാകുന്നതല്ലെന്നാണ്‌ എന്റെഅഭിപ്രായം. മന്ത്രഭേദത്തില്‍ നീ മന്ത്രിമാരുടെ മദ്ധ്യത്തില്‍ പറയണം. ഭേദിക്കാതിരുന്നാല്‍ ഗുണവും വീണ്ടും ഉണ്ടാകും.ശത്രുഹരനായ രാജാവേ! പൌരജാനപദര്‍ക്കുള്ള ശൗചവും അശൗചവും അറിയുന്ന വിധം ചെയ്യണം. നിത്യവും ആപ്തന്മാരുമായി വ്യവഹാരങ്ങള്‍ ചെയ്യണം രാജാവേ. നല്ല പോലെ ഹിതവും സന്തോഷവും ചെയ്യുന്ന ചാരന്മാരോടു ചേര്‍ന്ന്‌ പരിണാമം ധരിച്ച്‌ ദണ്ഡ്യന്മാരെ ന്യായമായ വിധം ശിക്ഷിക്കണം യുധിഷ്ഠിരാ!

കൈക്കൂലി വാങ്ങുന്നവര്‍, ചതിയന്മാര്‍, കള്ളത്തരം കാണിക്കുന്നവര്‍, പരസ്ത്രീസംഗം ചെയ്യുന്നവര്‍, കള്ളക്കേസ്സുകള്‍ കൊടുക്കുന്നവര്‍ ഇവരൊക്കെ ഉഗ്രമായ ശിക്ഷ കൊടുക്കേണ്ട കൂട്ടരാണ്‌. വെറുതെ നിലവിളി കൂട്ടുന്നവർ, ലുബ്ധന്മാര്‍, കവര്‍ച്ചക്കാര്‍, സാഹസപ്രിയന്മാര്‍, സഭകളിലും, വിഹാരങ്ങളിലും കയറി ബഹളം കൂട്ടി തല്ലിത്തകർക്കുന്നവര്‍; വര്‍ണ്ണത്തെ ദുഷിപ്പിക്കുന്നവര്‍ ഇവരൊക്കെ ദേശകാലം പോലെ ഹേമദണ്ഡങ്ങള്‍ക്കും, വധത്തിനും, ഹിംസയ്ക്കും അര്‍ഹരാണ്‌.

നീ പ്രഭാതത്തില്‍ എഴുന്നേറ്റ്‌ ദേഹശുദ്ധി വരുത്തിയതിന് ശേഷം അന്നന്നത്തെ ചെലവിന്റെ കണക്കുകള്‍ നോക്കണം. അതിന് ശേഷമേ അലങ്കാരവും ഭോജനവും മറ്റും പാടുള്ളൂ. പിന്നെ എന്നും സന്തോഷം ജനിപ്പിക്കുന്ന വിധം യോദ്ധാക്കളെ നോക്കിക്കാണണം. ദൂതന്മാരെയും, ചാരന്മാരെയും കാണുവാനുള്ള കാലം രാത്രിയിലാക്കണം. കാര്യ നിര്‍ണ്ണയവും, അര്‍ത്ഥ നിര്‍ണ്ണയവുമെല്ലാം എപ്പോഴും രാത്രി അവസാനിക്കുന്ന മുഹൂര്‍ത്തത്തിലാക്കണം. അര്‍ദ്ധരാത്രിയും നട്ടുച്ചയും കളിക്കാനല്ലാതെ കാര്യങ്ങള്‍ക്കു പറ്റുന്ന കാലമല്ല.

സമയമൊന്നും വെറുതെ കളയരുത്‌. എല്ലാ സമയവും കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തണം. അല്ലയോ ദാക്ഷിണ്യമുള്ളവനേ, നീ രാജോചിതമായ വേഷധാരണങ്ങളോടു കൂടെ നില്ക്കണം. ധനദാനാദികള്‍ക്ക്‌ സന്നദ്ധനായിരിക്കണം. ഉണ്ണീ, കാര്യങ്ങള്‍ക്കു മാറ്റം പലതും കാണുന്നു! ചക്രം ചുറ്റുന്നത് പോലെ മാറിമാറി ഭാഗ്യവും നിര്‍ഭാഗ്യവും വന്നു കൊണ്ടിരിക്കും. ഭണ്ഡാരം വര്‍ദ്ധിപ്പിക്കുവാനായി ന്യായമായ മാര്‍ഗ്ഗത്തില്‍ യത്നം ചെയ്യണം. അന്യായമായ മാര്‍ഗ്ഗം ഒരിക്കലും സ്വീകരിച്ചു പോകരുത്. നശിപ്പിക്കുവാന്‍ തക്കം നോക്കിക്കൊണ്ടിരിക്കുന്ന രാജാക്കളുടെ പ്രവൃത്തികള്‍ ചാരന്മാര്‍ മുഖേന മനസ്സിലാക്കണം. അത്തരം രിപുക്കളെ വിശ്വസ്ഥരായ ചാരന്മാരെ നിശ്ചയിച്ച്‌ അകറ്റി നശിപ്പിക്കുവാന്‍ നോക്കണം. ഭൃത്യന്മാരെ പരീക്ഷിച്ച്‌ അവരുടെ പ്രവൃത്തി മനസ്സിലാക്കിയേ ഗൃഹത്തില്‍ ജോലിക്കു നിശ്ചയിക്കാവു! തക്കതായ മേലാളായി നില്ക്കുവാന്‍ കഴിവുള്ളവനെ ജോലിയില്‍ നിശ്ചയിച്ചു കര്‍മ്മം ചെയ്യിക്കണം. നിന്റെ പടനായകന്‍ ദൃഢവ്രതനായിരിക്കണം. ശൂരനും, ക്ലേശം സഹിക്കുവാന്‍ സന്നദ്ധതയുള്ളവനും, ഹിതം നോക്കുന്നവനും, കൂറുള്ളവനുമായ പുരുഷനാകണം പടനായകന്‍. നാട്ടുകാരൊക്കെ നിനക്കു കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തയ്യാറുള്ളവരാകണം. കാളയും, കഴുതയും പോലെ ഭാരം വലിക്കാനും, ഭാരം ചുമക്കാനും സന്നദ്ധനാകണം രാജാവിന്റെ നാട്ടുകാര്‍. തന്റെ ആള്‍ക്കാരിലും, അന്യന്റെ ആള്‍ക്കാരിലും, തന്റെ കുറ്റവും, അന്യന്റെ കുറ്റവും നീ നിത്യവും നോക്കിക്കാണണം യുധിഷ്ഠിരാ! സ്വകര്‍മ്മ വിക്രാന്തരായി നാട്ടിലുള്ള മനുഷ്യരില്‍ അവരുടെ ഉപജീവന കാര്യങ്ങളില്‍ ഹിതമായ വിധം അനുഗ്രഹം നല്കണം. അറിഞ്ഞു കൊണ്ടു ഗുണാര്‍ത്ഥികള്‍ക്കു ഗുണങ്ങള്‍ ചെയ്യണം ജനേശ്വരാ! നിനക്കു വേണ്ടി സേവനം അനുഷ്ഠിക്കുന്ന ധീരന്മാര്‍ ഒരിക്കലും സ്ഥൈര്യത്തില്‍ നിന്നു പതിച്ചു പോകുന്നതല്ല.

6. ധൃതരാഷ്ടോപദേശം - തന്റെ ശത്രുവിന്റെ ബലാബലങ്ങളെ ബുദ്ധിമാനായ രാജാവ് പരിശോധിച്ച് കൊണ്ടിരിക്കണം - ധൃതരാഷ്ട്രന്‍ പറഞ്ഞു; യുധിഷ്ഠിരാ, തന്റെയും തന്റെ ശത്രുവിന്റെയും മണ്ഡലങ്ങളെ നല്ല പോലെ അറിയണം. അതുപോലെ തന്നെ ഉദാസീനന്മാരുടെയും മദ്ധ്യസ്ഥന്മാരുടെയും മണ്ഡലങ്ങളും അറിയണം. ആതതായികളായ നാലുവിധം ശത്രുക്കളുടെ മണ്ഡലങ്ങളും അറിയണം. ശത്രു, ശത്രുവിന്റെ മിത്രം, രണ്ടു ഭാഗക്കാരും ജയിക്കണമെന്നു കാംക്ഷിക്കുന്നവര്‍, രണ്ടു ഭാഗക്കാരും തോല്ക്കണമെന്നും വിചാരിക്കുന്നവര്‍, ഇവരാണ്‌ നാലു വിധത്തിലുള്ള ശത്രുക്കള്‍. അപ്രകാരം അമാത്യന്മാര്‍, ഉള്‍നാട്‌, പലമാതിരി ദുര്‍ഗ്ഗങ്ങള്‍, പലമാതിരി ബലങ്ങള്‍ തുടങ്ങിയ പന്ത്രണ്ടു കാര്യങ്ങള്‍ മന്നവന്മാര്‍ക്കു വിഷയങ്ങളാകണം. മന്ത്രിമുഖ്യങ്ങളായ ഗുണങ്ങള്‍ അറുപതും പിന്നെ പന്ത്രണ്ടുമുണ്ട്‌. ഇതൊക്കെ ചേര്‍ന്നതാണ്‌ മണ്ഡലമമെന്നു നീതിജ്ഞന്മാര്‍ പറയുന്നു. ഇതില്‍ ഷാള്‍ഗുണ്യങ്ങള്‍ നില്ക്കുന്നു. യുധിഷ്ഠിരാ, ഇവയൊക്കെ നീ ധരിക്കണം. വൃദ്ധിക്ഷയങ്ങളും സ്ഥാനവും നീ അറിയണം കുരുസത്തമാ! ദ്വിസപ്തതിസ്ഥമായ ഷാള്‍ഗുണ്യഗുണവും മഹാഭുജാ, നീ ധരിക്കണം. സ്വപക്ഷം എപ്പോള്‍ ബലം കൂടിയതായി വരികയും, ശത്രുപക്ഷം എപ്പോള്‍ ക്ഷയിക്കുകയും ചെയ്യുന്നുവോ, അപ്പോള്‍ ശത്രുക്കളോട്‌ എതിര്‍ത്ത്‌ ശത്രുരാജാവിനെ ജയിക്കണം. എപ്പോള്‍ ശത്രുക്കള്‍ ബലവാന്മാരാവുകയും, തന്റെ പക്ഷം ദുര്‍ബലമാവുകയും ചെയ്യുന്നുവോ, അപ്പോള്‍ ശത്രുക്കളുമായി സന്ധിചെയ്യണം. ഇതാണ്‌ ക്ഷീണിച്ച, ബുദ്ധിമാനായ, രാജാവ്‌ ചെയ്യേണ്ടത്‌. പിന്നെ ധാരാളം ധനങ്ങള്‍ ഉണ്ടാകുകയും വേണം. യാത്രയ്ക്ക്‌ എപ്പോള്‍പറ്റിയ സമയമായിക്കാണുന്നുവോ, അപ്പോള്‍ സൈന്യങ്ങളുമായി പുറപ്പെടണം. അപ്പോള്‍ വേണ്ട സ്ഥാനങ്ങളില്‍ സമര്‍ത്ഥന്മാരെ നിയോഗിക്കണം. സന്ധിചെയ്ത്‌ നീക്കുപോക്കുകള്‍ ചെയ്യുമ്പോള്‍ വിസ്താരമുള്ള ഭാഗമായാലും ഫലം കുറഞ്ഞ, മോശം ഭുഭാഗമേ ശത്രുവിന് വിട്ടു കൊടുക്കാവു.

ധനം വിട്ടു കൊടുക്കേണ്ടി വന്നാല്‍ നാണയപ്രായമായ ലോഹമേ കൊടുക്കാവൂ. സ്വര്‍ണ്ണം കൊണ്ടുള്ളത്‌ കൊടുക്കരുത്‌. സൈന്യങ്ങളെ കൊടുക്കണമെന്നു വരുമ്പോള്‍ ഒന്നിന്നും കൊള്ളാത്ത ക്ഷീണിച്ചവരെ തെരഞ്ഞെടുത്തു നല്കണം. തനിക്ക്‌ ഇങ്ങോട്ടു കിട്ടേണ്ട ഘട്ടങ്ങളില്‍ ഇതിന് വിപരീതമായ നിലയിലായിരിക്കണം കൈക്കൊള്ളേണ്ടത്‌. ഇതാണ്‌ സന്ധി വിശാരദനായ രാജാവിന്റെ മിടുക്ക്‌. സന്ധിക്ക്‌ രാജാവിന്റെ പുത്രനെ വരുത്തണം. വിപരീതന്മാരായവരെ സന്ധിയില്‍ ഏര്‍പ്പെടുത്തുന്നത്‌ നല്ലതല്ല. വിപത്തിന് കാരണമായി ഭവിക്കും. അതിന്റെ മുക്തിക്കു മന്ത്രോപായം അറിയുന്നന്‍ യത്നിക്കേണ്ടതാണ്‌. നാട്ടുകാരില്‍ ദിീനന്മാരെപ്പോലും രാജാവ്‌ ആദരിക്കണം. ക്രമത്തിലോ, അല്ലെങ്കില്‍ ഒന്നിച്ചോ ശത്രുരാജാവിനെ എതിര്‍ത്തു നശിപ്പിക്കണം; അതിന് ഉത്സാഹിക്കണം. പീഡനം, സ്തംഭനം, കേശഭംഗം എന്നിയയാണ്‌ ചെയ്യേണ്ടത്‌. ഇവ സ്വന്തം നാടിന്റെ രക്ഷയ്ക്ക്‌ ആവശ്യമാകുന്നു. കീഴില്‍ വന്ന സാമന്തരാജാവിന് വൃദ്ധി കാംക്ഷിക്കേണ്ടതാണ്‌. അങ്ങനെയുള്ളവരെ ദ്രോഹിക്കുവാന്‍ പാടില്ല. അല്ലയോ കൗന്തേയാ, സാമന്തനെ ഭൂമി ജയിക്കണമെന്നാഗ്രഹിക്കുന്നവന്‍ ഹിംസിക്കരുത്‌. ഗണങ്ങളെ ഭേദിപ്പിക്കുന്നതിന് മന്ത്രിമാരുമായി കൂടിയാലോചന നടത്തണം. സാധുസംഗ്രഹണം, പാപനിഗ്രഹം ഇവ രണ്ടും നടത്തണം. ബലവാന്‍ ഒരിക്കലും ദുര്‍ബലനെ അന്വേഷിക്കരുത്‌. അല്ലയോ രാജശാര്‍ദ്ദൂല, എപ്പോഴും ബുദ്ധിമാനായ രാജാവ്‌ വേതസവൃത്തിയില്‍ നില്ക്കണം. അശക്തനായവന്‍ ബലവാന്മാരുടെ മുമ്പില്‍ തലകുനിക്കുകയും, ശക്തി ലഭിച്ചാല്‍ തല പൊക്കുകയും വേണം ( ആറ്റുവഞ്ചി ഒഴുക്കില്‍ തലകുനിക്കുകയും ഒഴുക്കില്ലാത്തപ്പോള്‍ നിവര്‍ന്നു നില്ക്കുകയും ചെയ്യുന്നതു കൊണ്ട്‌ വേതസവൃത്തി എന്ന്‌ ആ മാതിരി പണിക്ക്‌ പേര്‌ വന്നു ).

ബലംകെട്ട ഇവനോട്‌ ബലവാനായ രാജാവ്‌ യുദ്ധത്തിന് വരികയാണെങ്കില്‍ സാമം മുതലായ ഉപായങ്ങള്‍ മാര്‍ഗ്ഗമായി ക്രമത്തില്‍ അവനെ അതില്‍ നിന്നു പിന്‍തിരിപ്പിക്കണം. അതിന് സാധിക്കാതെ വരുമ്പോള്‍ മന്ത്രിമാരുമായി അവനോട്‌ പോരിന് പുറപ്പെടണം. കോശം, ദണ്ഡം, പൗരന്മാര്‍, ആത്മപ്രിയന്മാര്‍ ഇവയൊക്കെ കൂട്ടി യോജിപ്പിച്ച്‌ പോരിന്നിറങ്ങണം. എല്ലാം കൂടി ചേര്‍ന്നില്ലെങ്കില്‍ ആകുന്നേടത്തോളം ചേര്‍ത്തും പോരിന്നിറങ്ങണം. ഈ ക്രമത്താല്‍ മുക്തി ശരീരം കൊണ്ടു നേടാം.

7. ധൃതരാഷ്ട്രോപദേശം - പ്രജാരഞ്ജനത്തിലാണ് രാജാവ് മുഖ്യമായും മനസ്സിരുത്തേണ്ടത് - ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ രാജസത്തമാ, സന്ധിയും വിഗ്രഹവും രാജാവ്‌ ശ്രദ്ധാപൂര്‍വ്വം നോക്കിക്കൊള്ളണം. ദ്വിയോനി, വിവിധോപായം, ബഹുകല്പം ഇതാണ്‌ ഇവയുടെ സ്വഭാവം. ദ്വിയോനി എന്നു പറഞ്ഞത്‌, പ്രബലന്മാരോട്‌ സന്ധിയും, ദുര്‍ബ്ബലനായ ശത്രുവിനോട്‌ വിഗ്രഹമാണ്‌. അതിന് വിവിധമായ ഉപായങ്ങളും, കൈക്കൊള്ളണം. അല്ലയോ കൗരവ്യാ, നീ നിന്റെ നിലയും ശത്രുവിന്റെ നിലയും രണ്ടും നോക്കിയറിഞ്ഞേ യുദ്ധത്തിന് പോകാവൂ. തുഷ്ടവും പുഷ്ടബലനുമായ ശത്രു ബലവാനാണെന്നു ധരിക്കണം. പര്യുപാസന കാലത്ത്‌ മറ്റുള്ളവനോട്‌ എതിര്‍ക്കണം. ആ മര്‍ദ്ദകാലത്ത്‌ ഉടനെ വ്യപസര്‍പ്പണം ചെയ്യണം. വ്യസനം, ഭേദനം, എന്നിവ ശത്രുക്കള്‍ക്ക്‌ ഉണ്ടാകണം. അറുക്കല്‍, ഭയപ്പെടുത്തല്‍, യുദ്ധത്തില്‍ ബലം നശിപ്പിക്കല്‍ എന്നിവയും ഉണ്ടാക്കണം. യുദ്ധത്തിന് പുറപ്പെടുന്ന രാജാവ്‌ തനിക്കും ശത്രുവിനുമുള്ള മൂന്നു വിധം ശക്തിയെയും കുറിച്ച്‌ അവയുടെ ബലാബലങ്ങളെക്കുറിച്ച്‌ ചിന്തിക്കണം. പ്രഭുശക്തി, മന്ത്രശക്തി, ഉത്സാഹശക്തി എന്നിവയാണ്‌ മൂന്നു വിധം ശക്തികള്‍. ഈ ശക്തിയോടു കൂടി രാജാവു പോരിന്നു പോകണം. ഇതിന്നു വിപരീതമാണ്‌ കാര്യമെന്നു കണ്ടാല്‍ ഉടനെ പിന്മാറണം. രാജാവ്‌ മൂലബലവും, മിത്രബലവും സ്വീകരിക്കണം. അടവീബലം,ഭൃതബലം, ശേണീബലം എന്നിവയും നേടണം. അതില്‍ മിത്രബലവും മൂലബലവും ശ്രേഷ്ഠമായിട്ടുള്ളതാണ്‌ രാജാവേ!

ശ്രേണീബലവും ഭൃതബലവും ഇവ രണ്ടും തുല്യമാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം: അപ്രകാരം രണ്ടു കൂട്ടര്‍ക്കും ചാരബലവും പ്രധാനമായിട്ടുള്ളതാണ്‌ രാജാവേ. കാലം അടുക്കുമ്പോള്‍ കാലത്തെപ്പറ്റി നല്ല പോലെ ചിന്തിക്കണം. പലതരത്തിലുള്ള ആപത്തിനെയും കണ്ടറിയണം രാജാവേ! രാജാക്കള്‍ക്കു വന്നു ചേരാവുന്ന അത്തരം കാര്യങ്ങള്‍ നീ വേര്‍തിരിച്ചു കേള്‍ക്കുക. ആപത്തുകള്‍ക്കു വികല്പം പലതും വന്നു കൂടും പാണ്ഡുപുത്രാ! ദമാഭിനയങ്ങള്‍ പ്രസംഗിച്ച്‌ അവയെ മനസ്സിലാക്കണം. രാജാവു നല്ല ബലത്തോടു കൂടി വേണം യാത്ര പോകാന്‍. ദേശകാലങ്ങളും ബലവും ആത്മഗുണവും ചേര്‍ന്നവന്‍ അകമ്പടി കൂടാതെ സഞ്ചരിക്കരുത്‌. അത്‌ അപകടമാണ്‌. ഹൃഷ്ടപുഷ്ടബലനായ രാജാവ്‌, അഭിവൃദ്ധിക്കു ശ്രമിക്കുന്ന രാജാവ്‌, ഒരിക്കലും ഒറ്റയ്ക്കു നടക്കരുത്‌. കൃശനല്ലാത്തവന്‌ ഏതു കാലത്തും ഇങ്ങനെ സഞ്ചരിക്കാം പാണ്ഡുപുത്രാ! ആവനാഴിയാകുന്ന കല്ല്, തേര്‍കുതിരകളാകുന്ന പ്രവാഹം, ധ്വജമാകുന്ന വൃക്ഷം തിങ്ങിയ കര എന്നിവയോടു കൂടിയ പദാദിയും ആനകളുമാകുന്ന ചളി എന്നിവയോടു കൂടിയ, നദിയെ ശത്രുനാശത്തിന് വേണ്ടി രാജാവ്‌ അയയ്ക്കണം. ആ നദീപ്രവാഹത്തില്‍ ശത്രു മുങ്ങി മരിക്കണം. പിന്നെ കഴിയുന്ന വിധം ശകടം, പത്മം, വജ്രം എന്നീ വ്യൂഹങ്ങളെ കൂട്ടിയിണക്കി ഉശനസ്സിന്റെ ശാസ്ത്രപ്രകാരം സൈന്യത്തെ നിരത്തണം. ചാരന്മാരെ വിട്ട്‌ ശത്രുവിന്റെ ബലം അറിയണം. സ്വബലം കാട്ടി സ്വഭൂമിയില്‍ പോര്‍ നടത്താം. അപ്രകാരം ശത്രു ഭൂമിയിലും പോരു നടത്താം. രാജാവു സൈന്യത്തെ സന്തോഷിപ്പിക്കുവാന്‍ വേണ്ടതൊക്കെ ചെയ്യണം.

ഇപ്രകാരം പ്രവര്‍ത്തിക്കുന്ന രാജാവ്‌ പരലോകത്ത്‌, സ്വര്‍ഗത്തില്‍ ചെന്നെത്തും. ഇതാണ്‌ ധര്‍മ്മത്തോടെ നാടു ഭരിക്കുന്ന രാജാവിന് ലഭിക്കുന്ന ഗതി.

ഇപ്രകാരം കുരുശ്രേഷ്ഠാ, നീ നാട്ടുകാര്‍ക്ക്‌ ഹിതമായത്‌ ചെയ്തു കൊള്ളുക. ഉണ്ണീ, അതുകൊണ്ട്‌ ഇഹത്തിലും പരത്തിലും നിനക്കു നന്മ സിദ്ധി ലഭിക്കും. ഭീഷ്മൻ എല്ലാം നിനക്കു പറഞ്ഞു തന്നു. പോരെങ്കില്‍ കൃഷ്ണനും പറഞ്ഞു തന്നു. വിദുരനും വേണ്ടതായ ജ്ഞാനങ്ങളൊക്കെ ഉപദേശിച്ചു. അത്യാവശ്യം ചിലതൊക്കെ ഞാനും നിനക്കു പറഞ്ഞു തരികയാണ്‌. സന്തോഷത്തോടെ ഞാന്‍ പറയുന്നു, അല്ലയോ ഭൂരിദക്ഷിണനായ രാജാവേ, ഈ പറഞ്ഞതൊക്കെ നീ ചെയ്യുക! അങ്ങനെ ചെയ്താല്‍ പ്രജകള്‍ക്കെല്ലാം നിന്നോടു വലിയ ഇഷ്ടമാകും. അതുകൊണ്ട്‌ നീ വിണ്ണില്‍ സുഖമായി ഭവിക്കും. അശ്വമേധം ആയിരം ചെയ്ത രാജാവിനും ധര്‍മ്മത്തോടെ പ്രജകളെ പാലിക്കുന്ന രാജാവിനും ഫലം തുല്യമാണെന്ന്‌ നീ ധരിക്കണം.

8. ധ്യതരാഷ്ട്ര വനഗമന പ്രാര്‍ത്ഥന - പ്രജകളെ ക്ഷണിച്ചു വരുത്തി ധ്യതരാഷ്ട്രൻ യാത്രപറയുന്നു -  യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ പറഞ്ഞ മാതിരിയെല്ലാം ഞാന്‍ ചെയ്തു കൊള്ളാം. പാര്‍ത്ഥിവര്‍ഷഭാ, വീണ്ടും ഭവാന്‍ എനിക്കു വേണ്ടതു പറഞ്ഞു തന്നു ശാസിക്കണേ! ഭീഷ്മൻ സ്വര്‍ഗ്ഗം പ്രാപിച്ചിരിക്കെ, ശ്രീകൃഷ്ണന്‍ മടങ്ങിപ്പോയിരിക്കെ, വിദുരനും സഞ്ജയനും ഇല്ലാതിരിക്കെ പിന്നെ ആരുണ്ട്‌ എനിക്കു വേണ്ടതു പറഞ്ഞു തരാന്‍! ഇന്ന്‌ എന്റെ ഹിതം കാക്കുന്ന ഭവാന്‍ കല്പിക്കുന്ന മാതിരി പറഞ്ഞതൊക്കെ ഞാന്‍ അനുസരിക്കുന്നതാണ്‌. അങ്ങു തൃപ്തനാകണേ!

വൈശമ്പായനന്‍ പറഞ്ഞു: എന്നു ധീമാനായ ധര്‍മ്മരാജാവു പറഞ്ഞപ്പോള്‍ രാജര്‍ഷിയായ അവന്‍ കൗന്തേയന്റെ അനുവാദത്തിനായി ഇച്ഛിച്ചു ഭരതര്‍ഷഭാ! ഉണ്ണീ, നീ അല്ലം വിശ്രമിക്കുക. എനിക്കു വളരെ ക്ഷീണമുണ്ട്‌ എന്നു പറഞ്ഞ്‌ ധൃതരാഷ്ട്രന്‍ ഗാന്ധാരിയുടെ ഭവനത്തിലേക്കു പോയി. രാജാവ്‌ പീഠത്തില്‍ ഇരിക്കെ, ധര്‍മ്മചാരിണിയായ ഗാന്ധാരി പ്രജാപതി തുല്യനായ പതിയോട്‌ കാലം അറിഞ്ഞ്‌, കാലേതന്നെ ഇപ്രകാരം പറഞ്ഞു.

ഗാന്ധാരി പറഞ്ഞു: വ്യാസമുനി സമ്മതിച്ച ഭവാന്‍ യുധിഷ്ഠിരന്റെ അനുവാദം വാങ്ങി എപ്പോള്‍ കാട്ടിലേക്കു പുറപ്പെടും?

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ ഗാന്ധാരി, മഹാത്മാവായ പിതാവ്‌ അനുവദിച്ചവനായ ഞാന്‍ താമസിക്കാതെ തന്നെ ധര്‍മ്മപുത്രന്റെ അനുവാദത്തോടെ കാട്ടിലേക്കു പോകും. ഞാന്‍ കള്ളച്ചുതു കളിയന്മാരായ എന്റെ സകല മക്കള്‍ക്കും പ്രേതതയ്ക്കു ചേര്‍ന്ന വിധം വിത്ത ദാനം നല്കുവാന്‍ ഇച്ഛിക്കുന്നു. എല്ലാ പൌരന്മാരുടെയും സാന്നിദ്ധ്യം സ്വഗൃഹത്തില്‍ അണയ്ക്കണമെന്നും ഇച്ഛിക്കുന്നുണ്ട്‌.

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ധര്‍മ്മരാജാവിന്റെ അരികിലേക്ക്‌ ആളെ വിട്ടു. അവന്റെ വാക്കുപ്രകാരം സകല പൌരപ്രമാണികളെയും വിളിച്ചു വരുത്തി ഉടനെ കുരുജാംഗലവാസികളായ ബ്രാഹ്മണര്‍ എത്തി. ക്ഷത്രിയന്മാരും, വൈശ്യന്മാരും, ശുദ്രന്മാരും വന്നുകൂടി. പിന്നെ രാജാവ്‌ അന്തഃപുരത്തില്‍ നിന്നിറങ്ങി വന്നുചേര്‍ന്ന സകല ജാതിക്കാരെയും സകല പ്രകൃതിമാരെയും ദര്‍ശിച്ചു. പുരത്തില്‍ വസിക്കുന്നവരും, നാട്ടിന്‍ പുറങ്ങളില്‍ വസിക്കുന്നവരും, എല്ലാ സുഹൃത്തുക്കളും വന്നുചേര്‍ന്നു. നാനാദേശങ്ങളില്‍ നിന്നു വന്ന വിപ്രന്മാരെയും കണ്ടു രാജാവേ! എല്ലാവരെയും കണ്ട്‌ അവരെ അഭിമുഖീകരിച്ച്‌ അവരോട്‌ അംബികാ പുത്രനായ ധൃതരാഷ്ട്ര രാജാവ്‌ ഇപ്രകാരം പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഭവാന്മാരും കൗരവന്മാരും വളരെക്കാലമായി ഒന്നിച്ചു പാര്‍ത്തവരാണ്‌. പരസ്പരം സുഹൃത്തുക്കളാണ്‌, പരസ്പരം ഹിതം ചെയ്യുവാന്‍ സന്നദ്ധരാണ്‌. ഈ കാലം സമാഗതമായപ്പോള്‍ ഞാന്‍ എന്തു പറയുന്നുവോ, അതു നിങ്ങള്‍ ചെയ്യണം. ചിന്തിക്കേണ്ടതില്ല.

സുഹൃത്തുക്കളേ, ഗാന്ധാരിയോടു കൂടി കാട്ടില്‍പ്പോകാന്‍ എനിക്ക്‌ ഒരാഗ്രഹമുണ്ടായിരുന്നു. വ്യാസന്റെയും ധര്‍മ്മപുത്രന്റെയും സമ്മതത്തോടെ ഞാന്‍ അതിനു തയ്യാറായിരിക്കുകയാണ്‌. ഭവാന്മാരും അതിന് സമ്മതിക്കണം. അതിലൊട്ടും വിചാരിക്കേണ്ടതില്ല. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ശാശ്വതമായ പ്രീതിയുണ്ട്‌. അപ്രകാരമുള്ള ഒരു പ്രീതി മറ്റു രാജ്യത്തുള്ള രാജാക്കന്മാര്‍ക്കില്ലെന്നാണ്‌ എന്റെ അഭിപ്രായം. ഈ വയസ്സു കാലത്ത്‌ ഞാന്‍ ശാന്തനായി, മക്കളെല്ലാം നഷ്ടപ്പെട്ടവനായി, ഉപവാസം കൊണ്ടു കൃശനായി, ഗാന്ധാരിയോടു കൂടി, രാജ്യം യുധിഷ്ഠിരന്‍ ഭരിക്കുന്ന ഈ കാലത്ത്‌ സുഖത്തോടെ വസിക്കുന്നുണ്ട്‌ സജ്ജനങ്ങളേ! ദുര്യോധനന്‍ ഭരിച്ചിരുന്ന കാലത്തെക്കാള്‍ മെച്ചമായ ഒരു ഭരണമാണ്‌ ഇപ്പോള്‍ എന്നുള്ളതും ഞാന്‍ ഓര്‍ക്കുന്നുണ്ട്‌ സജ്ജനങ്ങളേ! വയസ്സായി, കണ്ണു കാണാത്തവനായി മക്കള്‍ ചത്തു പോയവനായ എനിക്ക്‌ ഇനി എന്താണ്‌ ഒരു ഗതി? സജ്ജനങ്ങളേ, നിങ്ങള്‍ സമ്മതിക്കണേ!

വൈശമ്പായനൻ പറഞ്ഞു: അവന്റെ വാക്കുകേട്ട്‌ കുരുജാംഗല നിവാസികളായ എല്ലാവരും ബാഷ്പം കൊണ്ട്‌ വാക്കിടറി കരഞ്ഞുപോയി ഭരതര്‍ഷഭാ! ഒന്നും മിണ്ടാതെ ദുഃഖിച്ചു നില്ക്കുന്ന അവരോട്‌ തേജസ്വിയായ ധൃതരാഷ്ട്രന്‍ വീണ്ടും പറയുവാന്‍ തുടങ്ങി.

9. ധൃതരാഷ്ട്രപ്രാര്‍ത്ഥന - ധൃതരാഷ്ട്രന്‍ പ്രജകളോട് ക്ഷമായാചനം ചെയ്യുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: ശന്തനു മഹാരാജാവ്‌ ഈ ഭൂമി ശരിയായ വിധം പരിപാലിച്ചു. അപ്രകാരം തന്നെ ഭീഷ്മന്റെ സംരക്ഷണത്തില്‍ നിന്നു കൊണ്ട്‌ വിചിത്രവീര്യനും ഭൂമി പരിപാലിച്ചു. എന്റെ അച്ഛന്‍ കാര്യം കണ്ടവനായിരുന്നു. അദ്ദേഹം ഈ ഭൂമി വേണ്ട മാതിരി ഭരിച്ചു. അതില്‍ യാതൊരു സംശയവുമില്ല. എന്റെ അനുജനായ പാണ്ഡു നിങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അവനും നിങ്ങളെ കാത്തു രക്ഷിച്ചു. അതും ശരിയായി നിങ്ങള്‍ക്കറിയാം. ഞാനും നിങ്ങളെ ശുശ്രൂഷിച്ചു. നന്നായോ തെറ്റായോ നിങ്ങളെ ശുശ്രൂഷിച്ചു. സജ്ജനങ്ങളേ, യോഗ്യരായ മഹാജനങ്ങളേ! നിങ്ങള്‍ അതില്‍ യാതൊന്നും ഉള്ളില്‍ വെക്കാതെ എന്നോടു ക്ഷമിക്കണേ!

നിഷ്കണ്ടകമായി രാജ്യം ദുര്യോധനന്‍ ഭുജിച്ച കാലത്ത്‌, ആ മന്ദന്‍ ദുര്‍ബുദ്ധിയായിരുന്നു. എങ്കിലും അവന്‍ നിങ്ങളെ ദ്രോഹിച്ചിട്ടില്ല. ആ ദുഷ്ടന്റെ കുറ്റം കാരണമായി, അവന്റെ ഗര്‍വ്വു കാരണമായി, രാജാക്കന്മാര്‍ തമ്മില്‍ മഹായുദ്ധമുണ്ടായി. അതും ഞാന്‍ ചെയ്ത നയ വിരോധം മൂലം ഉണ്ടായതായിരുന്നു. നല്ലതോ, ചീത്തയോ! അന്നു ഞാന്‍ അങ്ങനെയൊക്കെ ചെയ്തു പോയി. എന്നാലും നിങ്ങളുടെ ഉള്ളില്‍ അതൊന്നും ഇനി വെച്ചിരിക്കരുത്‌. ഞാന്‍ നിങ്ങളോട്‌ ക്ഷമായാചനം ചെയ്യുന്നു. നിങ്ങളുടെ മുമ്പില്‍ കൈകൂപ്പി അപേക്ഷിക്കുന്നു. വൃദ്ധനാണ്‌ ഈയുള്ളവന്‍. മക്കള്‍ ചത്തവനാണ്‌ ഈയുള്ളവന്‍, ദുഃഖിയായ രാജാവാണ്‌ ഈയുള്ളവന്‍. ഇവന്‍  മരിച്ചു പോയ മഹാനായ ഒരു രാജാവിന്റെ പുത്രനാണെന്നു ചിന്തിച്ച്‌ നിങ്ങള്‍ എനിക്ക്‌ അനുവാദം തരണേ!

ഈ നില്ക്കുന്ന ഗാന്ധാരി പാവം! വൃദ്ധയായി, സകലമക്കളും മരിച്ചു പോയവളാണ്‌. ഒടുങ്ങാത്ത പുത്രദുഃഖത്തില്‍ ആര്‍ത്തയാണ്‌ ഇവള്‍. ഈ ഗാന്ധാരിയും ഞാന്‍ മുഖാന്തിരമായി നിങ്ങളോടു യാചിക്കുന്നു! മക്കള്‍ മരിച്ചു പോയ ഈ കിഴവര്‍ കേഴുന്നവരാണ്‌ എന്നു വെച്ച്‌ നിങ്ങള്‍ ഞങ്ങളെ അനുവദിക്കുവിന്‍. ഞങ്ങള്‍ കാടുകയറട്ടെ! നിങ്ങളോട്‌ കൈകൂപ്പി ഞങ്ങള്‍ അപേക്ഷിക്കുന്നു. നിങ്ങളെ ശരണം പ്രാപിച്ച്‌ അപേക്ഷിക്കുന്നു.

ഈ നില്ക്കുന്ന കുന്തീപുത്രനായ കൗരവ നൃപന്‍ യുധിഷ്ഠിരന്‍, നിങ്ങള്‍ സമത്തിലും വിഷമത്തിലും നോക്കേണ്ടവനാണ്‌. തീര്‍ച്ചയായും ഇവന്‍ ഒരിക്കലും വിഷമത്തില്‍ പെട്ടു പോകുന്നതല്ല. ഓജസ്വിമാരായ സഹോദരന്മാരാണ്‌ ഇവന്റെ നാലു മന്ത്രിമാരും. എല്ലാ ധര്‍മ്മാര്‍ത്ഥങ്ങളും കണ്ടവരാണ്‌. ഭഗവാനും ഭൂതേശനുമായ ബ്രഹ്മദവനെപ്പോലെ ധര്‍മ്മപുത്രന്‍ നിങ്ങളെ സംരക്ഷിച്ചു കൊള്ളും. അവശ്യം നിങ്ങളോടു പറയേണ്ടതായ ഒരു കാര്യമുണ്ട്‌. അതു ഞാന്‍ നിങ്ങളോടു പറയുന്നു: യുധിഷ്ഠിരനെ ഞാന്‍ ഇതാ നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി നിങ്ങളെ ഏല്പിച്ചു തരുന്നു. അപ്രകാരം തന്നെ നിങ്ങളെയെല്ലാവരെയും ഈ വീരന്റെ പക്കലും ഞാന്‍ ഏല്പിച്ചിരിക്കുന്നു. എന്റെ ചത്തു പോയ മക്കള്‍ നിങ്ങള്‍ക്ക്‌ എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ എന്റെ ആള്‍ക്കാര്‍ എന്തെങ്കിലും അപരാധം നിങ്ങള്‍ക്കു ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അതൊക്കെ ക്ഷമിക്കണമെന്നു ഞാന്‍ കൈകൂപ്പി അപേക്ഷിക്കുന്നു.

മാന്യരെ, നിങ്ങളാരും എനിക്ക്‌ യാതൊരു ദുഃഖവും ക്രോധത്തിനുള്ള പ്രവൃത്തിയും ഒരിക്കലും ചെയ്തിട്ടില്ല. ഗുരുഭക്തന്മാരായ പ്രജകളേ, നിങ്ങള്‍ക്കു നമസ്കാരം, വന്ദനം. ലോഭികളും, അസ്ഥിരചിത്തരും, താന്തോന്നികളുമായ എന്റെ പുത്രന്മാര്‍ കാരണം ഞാന്‍ നിങ്ങളോട്‌, ഗാന്ധാരിയോടു കൂടെ നിന്ന്‌ അഭൃര്‍ത്ഥിക്കുന്നു.

വൈശമ്പായനന്‍ പറഞ്ഞു: എന്നു ധൃതരാഷ്ട്രന്‍ പറഞ്ഞപ്പോള്‍ നാട്ടുകാരൊക്കെ കണ്ണുനീരില്‍ നനഞ്ഞ്‌ ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു.

10. പ്രകൃതി സാന്ത്വനം - പ്രജകളുടെ പ്രതിനിധിയായി സാംബൻ എന്ന ബ്രാഹ്മണൻ ധൃതരാഷ്ട്രനെ സമാശ്വസിപ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ വൃദ്ധനായ രാജാവു പറഞ്ഞപ്പോള്‍ രാജാവേ, പൗരന്മാരും നാട്ടുകാരുമൊക്കെ ബോധം കെട്ട മാതിരിയായി. ഒന്നും മിണ്ടാതെ തൊണ്ടയിടറി നില്ക്കുന്ന അവരോട്‌ ധൃതരാഷ്ട്ര രാജാവ്‌ ഇപ്രകാരം വീണ്ടും പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: വൃദ്ധനായി മക്കളും ചത്ത്‌, ധര്‍മ്മപത്നിയോടു കൂടി ദയനീയമായ മട്ടില്‍ വിലപിക്കുന്ന ഈ നിലയില്‍, അല്ലയോ സജ്ജനങ്ങളേ, ഞാന്‍ നിങ്ങളോട്‌ വീണ്ടും ഇരക്കുന്നു. അച്ഛനായ വ്യാസഭഗവാനും ധര്‍മ്മജ്ഞനായ ധര്‍മ്മപുത്രനും ധര്‍മ്മജ്ഞരേ, കാട്ടില്‍പ്പോയി വസിക്കുവാന്‍ സമ്മതിച്ചിരിക്കുന്നു. ആ ഞാന്‍ വീണ്ടും വീണ്ടും യോഗ്യരെ, നിങ്ങളുടെ മുമ്പില്‍ കുമ്പിട്ടു കൊണ്ട്‌ അപേക്ഷിക്കുന്നു. ഗാന്ധാരിയോടു കൂടി ഞാന്‍ കാട്ടിലേക്കു പോകട്ടെ! നിങ്ങള്‍ സമ്മതിക്കുവിന്‍!

വൈശമ്പായനൻ പറഞ്ഞു: കുരു രാജാവ്‌ പറഞ്ഞ കരുണമായ അപേക്ഷ അവര്‍ കേട്ടു. അവര്‍ കൂട്ടത്തോടെ നിലവിളി കൂട്ടി. അവര്‍ കരഞ്ഞ്‌ കണ്ണുനീരില്‍ മുഴുകി. കുരുജാംഗല നിവാസികള്‍ ഉത്തരീയം കൊണ്ടും കൈകള്‍ കൊണ്ടും മുഖം പൊത്തി, അച്ഛനും അമ്മയും എന്ന പോലെ തേങ്ങിക്കരഞ്ഞു. ധൃതരാഷ്ട്രനും ഗാന്ധാരിയും കാട്ടിലേക്ക്‌ പോകുന്നു എന്നുള്ള ദയനീയ വാക്യം കേട്ടതോടെ അവരുടെ ഹൃദയം ശൂന്യമായി ധൃതരാഷ്ട്രന്റെ പ്രവാസത്തില്‍ നിന്നുണ്ടായ ദുഃഖത്താല്‍ അവര്‍ ബോധം കെട്ട മട്ടിലായി. ധൃതരാഷ്ട്രന്റെ വേര്‍പാടിലുള്ള ആയാസം സഹിച്ച്‌ അവര്‍ മെല്ലെമെല്ലെ തമ്മില്‍പ്പറഞ്ഞ്‌ സമ്മതിക്കുവാന്‍ തന്നെ തീര്‍ച്ചയാക്കി. പിന്നെ അവര്‍ തമ്മില്‍ പറഞ്ഞു വെച്ച വിധം കൂട്ടിച്ചേര്‍ത്ത്‌ സംസാരിക്കുവാനായി ഒരു വിപ്രനെ ധരിപ്പിച്ചു. ആ വിപ്രന്‍ മുഖാന്തിരം രാജാവിനോട്‌ പൌരരുടെ അഭിപ്രായം അറിയിക്കുവാന്‍ ഉറച്ചു. പിന്നെ സമ്മതിച്ചവനും, സ്വാചാരനും, കാര്യകോവിദനുമായ ആ ബ്രാഹ്മണന്‍, ഋക്കുകള്‍ ധാരാളം അഭ്യസിച്ചവനും സാംബന്‍ എന്ന പേരില്‍ അറിയപ്പെടുന്നവനുമായ ആ വിപ്രന്‍, പറയുവാന്‍ തുടങ്ങി. അരചനെ സമ്മതിപ്പിച്ച്‌, സദസ്യരെ പ്രസാദിപ്പിച്ച്‌, പ്രഗല്ഭനും മേധാവിയുമായ ആ വിപ്രന്‍ രാജാവിനോടു പറഞ്ഞു.

സാംബന്‍ പറഞ്ഞു: രാജാവേ, ഈ നില്ക്കുന്ന മഹാജനങ്ങളുടെ പ്രതിനിധിയായി, അവരുടെ നിര്‍ദ്ദേശ പ്രകാരം അവരുടെ ഹൃദയം അങ്ങയുടെ മുമ്പില്‍ തുറന്നു കാട്ടുവാന്‍, അവരുടെ വാക്കുകള്‍ പറയുവാന്‍, എന്നെ ഏല്പിച്ചിരിക്കുന്നു. അത്‌ ഇതാ ഞാന്‍ പറയുന്നു. വീരനായ രാജാവേ, ഭവാന്‍ ധരിച്ചാലും! രാജാവേ, പറയുന്ന വിധമെല്ലാം ആകട്ടെ അങ്ങു പറഞ്ഞത്‌ സത്യമാണ്‌. മിഥ്യാവാക്ക്‌ ഭവാന്‍ പറഞ്ഞിട്ടില്ല. സുഹൃത്വം നമ്മളില്‍ തുല്യമാണ്‌. ഈ കുലത്തിലെ രാജാക്കന്മാരില്‍ ആരും ഒരിക്കലും പ്രജകള്‍ക്ക്‌ അപ്രിയം ചെയ്യുന്നവരായി ഉണ്ടായിട്ടില്ല. പ്രജകളെ പ്രീതിയോടെ പാലിച്ചു. അച്ഛനെപ്പോലെയും, ജ്യേഷ്ഠനെപ്പോലെയും നിങ്ങള്‍ ഞങ്ങളെ പരിപാലിച്ചു. ഞങ്ങള്‍ക്ക്‌ ഒരിക്കലും ദുര്യോധനരാജാവ്‌ അപ്രിയം ചെയ്തിട്ടില്ല. ധര്‍മ്മാത്മാവായ സത്യവതീസുതന്‍, വ്യാസമഹര്‍ഷി, പറയുന്ന വിധം ഭവാന്‍ ചെയ്തു കൊള്ളുക! മഹാരാജാവേ, ആ ഋഷി ഞങ്ങള്‍ക്കെല്ലാം ഗുരുവാണ്‌. മഹാനാണ്‌. ഭവാന്‍ വിട്ടു പോയാല്‍ ഞങ്ങള്‍ ദുഃഖശോകാര്‍ത്തരാകും. രാജാവേ, വളരെക്കാലമായി അങ്ങയുടെ ഗുണശതങ്ങളെ അനുഭവിച്ചവരാണ്‌ ഞങ്ങള്‍. ശാന്തനു രാജാവും ചിത്രാംഗദ രാജാവും പരിപാലിച്ച മാതിരി ഭീഷ്മവീര്യത്തിന്റെ സഹായത്തോടെ ഭവാന്റെ അച്ഛനും അപ്രകാരം ഭരിച്ചു. ഭവാന്റെ സഹായത്തോടെ പാണ്ഡുവും അപ്രകാരം ഞങ്ങളെ സംരക്ഷിച്ചു. അപ്രകാരം തന്നെ ഞങ്ങളെ നന്നായി ദുര്യോധന രാജാവും പാലിച്ചു. അല്പം പോലും ദോഷം ഞങ്ങളെ സംബന്ധിച്ചിടത്തോളം, അങ്ങയുടെ പുത്രനായ ദുര്യോധനന്‍ ഞങ്ങള്‍ക്കു ചെയ്തിട്ടില്ല രാജാവേ! അച്ഛനെപ്പോലെ വിശ്വസ്മരായിരുന്നു ആ രാജാവില്‍ ഞങ്ങള്‍. ഞങ്ങള്‍ ഈ കുരുജാംഗലത്തില്‍ സുഖമായി വസിച്ചു. അതങ്ങയ്ക്ക്‌ അറിവുള്ളതാണ്‌. അപ്രകാരം തന്നെ കുന്തീപുത്രനായ ധര്‍മ്മപുത്രന്‍ ആയിരം വര്‍ഷം ജീവിച്ചിരുന്ന്‌ ഞങ്ങളെ കാത്തു പാലിക്കും. രാജാവേ! ധീരനായ ആ രാജാവ്‌ സംരക്ഷിക്കുമ്പോള്‍ ഞങ്ങള്‍ മഹത്തായ സുഖം അനുഭവിക്കും രാജാവേ!

പുരാണ രാജര്‍ഷികളുടെ പുണ്യം ചെയ്യുന്ന നിങ്ങളുടെ കുരു, സംവരണന്‍, ഭരതന്‍ തുടങ്ങിയവരുടെ ജീവിത നിലവാരം ഈ പുണ്യപുരുഷനായ ധര്‍മ്മിഷ്ഠന്‍, ഭൂരിദക്ഷിണനായ ധര്‍മ്മപുത്രന്‍ പിന്‍തുടരുന്നുണ്ട്‌. രാജാവേ, അദ്ദേഹത്തില്‍ അല്പം പോലും കുറ്റം പറയുവാന്‍ ഞങ്ങള്‍ കാണുന്നില്ല. ഞങ്ങള്‍ നിത്യവും സുഖത്തോടെ നിങ്ങളുടെ രക്ഷയില്‍ വാണു. സപുത്രനായ ഭവാന്‌ ഒട്ടും ദോഷമില്ല. ഭവാന്‍ ദുര്യോധനനില്‍ ജ്ഞാതിധ്വംസ കുറ്റം ആരോപിക്കുകയുണ്ടായില്ലേ? അതിലും ഭവാനെ ഞങ്ങള്‍ സമ്മതിപ്പിക്കുന്നു. അവന്‍ ചെയ്തത്‌ കുറ്റമല്ലെന്നു ഞങ്ങള്‍ കാണിച്ചു തരാം. ആ മഹായുദ്ധം, മഹാനാശം വരുത്തി വെച്ചത്‌ ദുര്യോധനനാലല്ല, ദുര്യോധനന്‍ ചെയ്തതല്ല, ഭവാന്‍ ചെയ്തതല്ല, കര്‍ണ്ണന്‍ ചെയ്തതല്ല, ശകുനി ചെയ്തതല്ല. ആ കുരുക്കള്‍ മുടിയുവാന്‍ ദൈവമാണ്‌ കാരണം. അല്ലാതെ മറ്റാരുമല്ല കാരണം.മറ്റുള്ളവരെ വെറുതെ ആരോപിക്കുകയാണെന്നു മാത്രം. അതിനെ തടുക്കുവാന്‍ കരുത്ത്‌ ആര്‍ക്കുണ്ട്‌? ദൈവത്തെ പൌരുഷം കൊണ്ട്‌ നീക്കം ചെയ്യുവാന്‍ സാദ്ധ്യമാണോ? എളുപ്പമാണോ?

പതിനെട്ട്‌ അക്ഷൗഹിണി സൈന്യം ഒത്തു ചേര്‍ന്നില്ലേ? രാജാവേ, പതിനെട്ടു ദിവസം കൊണ്ട്‌ കുരുപുംഗവന്മാര്‍ അതൊക്കെ തവിടു പൊടിയാക്കി നിലം പരിശാക്കിയില്ലേ? ഭീഷ്മദ്രോണ കൃപാദ്യന്മാരും, മഹാത്മാവായ കര്‍ണ്ണനും, വീരനായ സാത്യകിയും, പിന്നെ ധൃഷ്ടദ്യുമ്നനും, ഭീമാര്‍ജ്ജുന നകുല സഹദേവന്മാരായ നാലു പാണ്ഡവ കുമാരന്മാരും ചേര്‍ന്ന്‌ നശിപ്പിച്ചു കളഞ്ഞില്ലേ? ഈ മഹാക്ഷയം ദൈവബലം കൊണ്ടല്ലാതെ വന്നു ചേരുന്നതല്ല രാജാവേ! വേണ്ടി വരുമ്പോള്‍ യുദ്ധം ക്ഷത്രിയര്‍ക്കു വിധിച്ചിട്ടുള്ളതല്ലേ? യുദ്ധഭൂമിയില്‍ ശസ്ത്രമേറ്റ്‌ നീചനായ ക്ഷത്രിയന്‍ മരിക്കണം. എന്നാല്‍ അവന് വീരസ്വര്‍ഗ്ഗം ലഭിക്കും. ആ നരവ്യാഘ്രന്മാരാണെങ്കില്‍ വലിയ വിദ്യാബലവും, ബാഹുബലവും ഉള്ളവരായിരുന്നു. തേര്‌, ആന, കുതിര എന്നിവയോടു കൂടിയ ഭൂമിയെ മുടിച്ചു കളഞ്ഞു. ആ യോഗ്യരായ രാജാക്കള്‍ മരിക്കുവാനുള്ള കാരണം നിന്റെ മകനല്ല, നീയുമല്ല, നിന്റെ ഭൃത്യന്മാരുമല്ല, കര്‍ണ്ണനല്ല, ശകുനിയല്ല, രാജാവേ! ഇവരാരുമല്ല ഈ രാജാക്കളൊക്കെ നശിക്കുവാന്‍ കാരണം. എല്ലാം ദൈവം ചെയ്തതാണ്‌. ഇതില്‍ ആരോട്‌ ആരു പറയുവാനുണ്ട്‌? ഭവാന്‍ ഈ ജഗത്തിന്നെല്ലാം ഗുരുവാണ്‌, പ്രഭുവാണ്‌. ധര്‍മ്മാത്മാവായ നിന്റെ പുത്രന് ഞങ്ങള്‍ സമ്മതം നല്കുന്നു. സഹായികളോടു കൂടി ആ രാജാവ്‌ വീരലോകം പ്രാപിക്കട്ടെ! ദ്വിജശ്രേഷ്ഠന്മാരുടെ അനുവാദത്താല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖമായി വസിക്കട്ടെ! ധര്‍മ്മത്തില്‍ എനിക്കു നല്ല വിശ്വാസമുണ്ട്‌. ഭവാന്‍ പുണ്യം നേടും. ധര്‍മ്മമൊക്കെ നീ അറിയും. ഭവാന്‍ സുവ്രതനായാലും പാണ്ഡവരില്‍ നിന്റെ ദൃഷ്ടിപ്രദാനം പാഴായിപ്പോവുകയില്ല. അത്‌ വിണ്ണു കാക്കുവാന്‍ പോരുന്നതാണ്‌. പിന്നെ ഭൂമി കാക്കുവാന്‍ പോരാതെ വരികയില്ലല്ലോ. അല്ലയോ ധീമന്‍, നാട്ടുകാര്‍ ശീലവാന്മാരായ പാണ്ഡുപുത്രന്മാരെ സമത്തിലും വിഷമത്തിലും അനുവര്‍ത്തിക്കും. ബ്രഹ്മദേയാഗ്രഹാരങ്ങള്‍, പാരിബര്‍ഹങ്ങള്‍ എന്നിവയൊക്കെ രാജാവായ പാണ്ഡുപുത്രന്‍ മുന്‍പറഞ്ഞവര്‍ എങ്ങനെ ഏറ്റുവോ അപ്രകാരം കാക്കുന്നതാണ്‌. മൃദുവും, ദാന്തനും, ദീര്‍ഘദര്‍ശിയും, വൈശ്രവണ തുല്യനുമാണ്‌, മഹാന്മാരായ മന്ത്രിമാരോടു കൂടിയവനാണ്‌, മഹാശയനാണ്‌ കുന്തീപുത്രനായ യുധിഷ്ഠിരന്‍. പിന്നെ മിത്രദയാശാലിയായ ഈ ഭരതര്‍ഷഭന്‍ ശുചിയുള്ളവനാണ്‌, ശുദ്ധനാണ്‌. മേധാവിയായ അവന്‍ കാര്യം നേരെ കാണുന്നു. പുത്രനെപ്പോലെ പാലിതനാണ്‌ അവന്‍. ധര്‍മ്മജന്റെ സംസര്‍ഗ്ഗം മൂലം ഈ ജനത്തിന്ന്‌ വിപ്രിയം രാജര്‍ഷേ, ഭീമാര്‍ജ്ജുനന്മാര്‍ ചെയ്യുകയില്ല. മാര്‍ദ്ദവമുള്ളവരില്‍ ഇവര്‍ മന്ദന്മാരായും തീക്ഷ്ണരായവരില്‍ സര്‍പ്പാഭരായും ഇരിക്കുന്ന ഈ മഹാത്മാക്കള്‍, വീര്യവാന്മാരാണ്‌. അവര്‍ പൌരന്മാര്‍ക്ക്‌ ഹിതമേ ചെയ്യുന്നുള്ളൂ. കുന്തി, പാഞ്ചാലി, അപ്രകാരം ഉലൂപി, സുഭദ്ര ഇവരാരും ഈ ജനങ്ങളില്‍ പ്രതികൂലമായി ഒന്നും ചെയ്യുന്നതല്ല. ഭവാന്‍ ഉണ്ടാക്കിയ ഈ സ്‌നേഹം യുധിഷ്ഠിരന്‍ വര്‍ദ്ധിപ്പിച്ചു. അത്‌ പൌരന്മാരും നാട്ടുകാരും കൂടി പിന്നോട്ടാക്കുന്നതല്ല. സജ്ജനങ്ങള്‍ തെറ്റു ചെയ്താലും മഹാരഥന്മാരായ കൗന്തേയന്മാര്‍ ആ മര്‍ത്ത്യരെ കാത്തു രക്ഷിക്കും. അവര്‍ ധര്‍മ്മത്തെ അവലംബിക്കുന്നവരാണ്‌. രാജാവേ, ഭാവന്‍ മനോദുഃഖം വിടുക. യുധിഷ്ഠിരനില്‍ ഭവാന്‍ ദുഃഖകാരണം കാണിക്കരുത്‌. അതു വിടുക, ധര്‍മ്മ്യമായ കര്‍മ്മങ്ങള്‍ ചെയ്യുക. പുരുഷര്‍ഷഭാ, വന്ദനം!

വൈശമ്പായനന്‍ പറഞ്ഞു: ആ ബ്രാഹ്മണന്‍ പറഞ്ഞ ധര്‍മ്മമായ ഗുണോത്തരമായ വാക്ക്‌, "നന്ന്‌ നന്ന്‌!", എന്നു കൊണ്ടാടി സകല ജനങ്ങളും സ്വീകരിച്ചു. ധൃതരാഷ്ട്രനും ആ വാക്കു സസന്തോഷം കൊണ്ടാടി സ്വീകരിച്ചു. ശുഭമായ നിലയില്‍ ദൃഷ്ടി ചായ്ച്ച രാജാവിനെ കൈകൂപ്പി. രാജാവ്‌ ജനങ്ങളേയും കൈകൂപ്പി പൂജിച്ചു. അങ്ങനെ എല്ലാ കുരുജാംഗല വാസികളും പിരിഞ്ഞു പോയി. പിന്നെ ധൃതരാഷ്ട്ര ഗാന്ധാരിയോടു കൂടി തന്റെ ഗൃഹത്തിലേക്കു പോന്നു. ആ രാത്രി കഴിഞ്ഞതിന് ശേഷം പിന്നെ എന്തു ചെയ്തു എന്നതും ഞാന്‍ പറയാം. കേള്‍ക്കുക.

11. ഭീമക്രോധം - ധൃതരാഷ്ടന്‍ വിദുരൻ മുഖേന മക്കളുടെ ശ്രാദ്ധത്തിനുള്ള ധനം യുധിഷ്ഠിരനോട് അഭ്യർത്ഥിക്കുന്നു. ഭീമൻ അതിൽ ശക്തിയായ എതിർപ്പ് കാണിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: പിന്നെ പ്രഭാതമായപ്പോള്‍ അബിംകാ സുതനായ ധൃതരാഷ്ടന്‍ ധര്‍മ്മപുത്രന്റെ ഗൃഹത്തിലേക്ക്‌ വിദുരനെത്തന്നെ വിട്ടു.യാതൊരു കുറവുമില്ലാത്ത നാഥനായ ധര്‍മ്മരാജാവിന്റെ സമീപത്തു ചെന്ന്‌ രാജാവിന്റെ വാക്കാല്‍ ആ ബുദ്ധിമാനായ തേജസ്വി പറഞ്ഞു.

വിദുരന്‍ പറഞ്ഞു: മഹാരാജാവായ ധൃതരാഷ്ട്രന്‍ കാട്ടില്‍ വാഴുവാന്‍ ദീക്ഷയെടുത്തിരിക്കയാണല്ലോ. ഈ വരുന്ന കാര്‍ത്തിക മാസത്തില്‍ അദ്ദേഹം കാട്ടിലേക്കു പോകും. കുരുശ്രേഷ്ഠ, ഭവാനോട്‌ ഒരു കാര്യം പറയുവാന്‍ അവന്‍ ഇച്ഛിക്കുന്നുണ്ട്‌. ശ്രാദ്ധം കൊടുക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. മഹാനായ ഭീഷ്മനും ശ്രാദ്ധം നല്കുവാന്‍ വിചാരിക്കുന്നു. പിന്നെ ദ്രോണനും, സോമദത്തനും, ധീമാനായ ബാല്‍ഹീകനും മരിച്ച എല്ലാ മക്കള്‍ക്കും മിത്രങ്ങള്‍ക്കും പിന്നെ നീ സമ്മതിക്കുകയാണെങ്കില്‍ ആ നീചനായ ജയ്രദ്രഥനും ശ്രാദ്ധം നല്കുവാന്‍ രാജാവ്‌ ആഗ്രഹിക്കുന്നുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ പറഞ്ഞ വാക്കുകേട്ട്‌ യുധിഷ്ഠിരന്‍ ഹര്‍ഷത്തോടെ പൂജിച്ചു. പാണ്ഡുപുത്രനായ അര്‍ജ്ജുനനും ആ കാര്യം വളരെ ഇഷ്ടമായി. ദൃഢക്രോധനായ ഭീമന്‍, വിദുരന്‍ പറഞ്ഞ ആ വാക്ക്‌ അപ്പോള്‍ കൊണ്ടാടിയില്ല. അവന്റെ മുഖം തെളിഞ്ഞില്ല. ദുര്യോധനന്‍ ചെയ്തത്‌ ആ തേജസ്വി ഓര്‍ത്തു. ഭീമസേനന്റെ അഭിപ്രായം അറിഞ്ഞ്‌ കിരീടി, ഫല്‍ഗുനന്‍, ഭീമന്റെ പാദത്തില്‍ നമിച്ച്‌ ആ നരര്‍ഷഭനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഭീമാ, രാജാവായ വൃദ്ധന്‍, പിതാവ്‌, കാട്ടില്‍ പോകുവാന്‍ ദീക്ഷ എടുത്തിരിക്കയാണെന്ന് നിനക്കറിയമല്ലോ. അവന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍ ഐഹികമായ കടമകളെല്ലാം നിര്‍വ്വഹിക്കണമെന്ന ആഗ്രഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്‌. സുഹൃത്തുക്കള്‍ക്കെല്ലാം ശ്രാദ്ധം കഴിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. ഭവാന്‍ നേടിയ ധനം നല്കാനാണു കൗരവന്‍ ഇച്ഛിക്കുന്നത്‌. ഭീഷ്മാദ്യന്മാര്‍ക്കാണ്‌ ഔർദ്ധ്വ ദേഹികം നല്കുവാന്‍ ഇച്ഛിക്കുന്നത്‌. മഹാബാഹോ, അതിനു ഭവാന്‍ അനുവാദം നല്കണം. മഹാഭുജാ, ഭാഗ്യം! നമ്മുടെ ഭാഗ്യം! ഇപ്പോള്‍ ധൃതരാഷ്ട്രന്‍ നമ്മളോടു ധനമിരക്കുന്നു! മുമ്പു നാം അവന്റെ സമീപത്തു ചെന്ന്‌ ഇരന്നവരാണ്‌! നോക്കൂ! കാലത്തിന്റെ തിരിച്ചടി നോക്കൂ! ഭൂമിയുടെ മുഴുവന്‍ ചക്രവര്‍ത്തിയായി വാണവനാണ്‌ ആ രാജാവ്‌! ശത്രുക്കളാല്‍ എല്ലാ അമാത്യന്മാരും കൊല്ലപ്പെട്ട അവന്‍ കാടുകയറാനാണ്‌ ഇപ്പോള്‍ ഭാവിക്കുന്നത് എന്നോര്‍ക്കണം! ദാനമല്ലാതെ മറ്റൊന്നും മനസാ ഭവാന്‍ ചിന്തിക്കരുത്‌. ആ രാജാവ്‌ യാചിക്കുന്നതിനെ കൊടുക്കുക. മറ്റൊന്നും ചിന്തിക്കരുത്‌. കൊടുക്കാതിരുന്നാലോ അതു നമൂക്ക്‌ കീര്‍ത്തികേടാണ്‌. ധര്‍മ്മത്തിന് ഒരു കുത്താണ്‌. അതു വരുത്തി വെക്കരുത്‌. മഹാഭുജാ! അധര്‍മ്മം നമ്മെ ബാധിക്കരുത്‌! ജേഷ്ഠ ഭ്രാതാവ്‌ ഈശ്വരനാണ്‌. രാജാവിനെ കണ്ട്‌ നീ പഠിക്കുക! കൊടുപ്പാന്‍ നീ അര്‍ഹനാണ്‌. എടുക്കാന്‍ നീ അര്‍ഹനല്ല ഭാരത!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന അര്‍ജജുനനെ ധര്‍മ്മരാജാവു പൂജിച്ചു. ഭീമസേനന്‍ ചൊടിച്ച്‌ അപ്പോള്‍ ഇങ്ങനെ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: ഭീഷ്മന് വേണ്ട പ്രേത കാര്യത്തിന്നുള്ള കാര്യങ്ങള്‍ അര്‍ജ്ജുനാ, നാം ചെയ്യും. സോമദത്ത രാജാവിന്നും, ഭൂരിശ്രവസ്സിന്നും, രാജര്‍ഷിയായ ബാല്‍ഹീകന്നും, മഹാത്മാവായ ദ്രോണനും വേണ്ട ശ്രാദ്ധകാരുങ്ങള്‍ക്കു ധനം നമ്മള്‍ ചെലവു ചെയ്യാം. കര്‍ണ്ണന്‌ ശ്രാദ്ധത്തിനു വേണ്ട വക കുന്തി ചെലവു ചെയ്തോളും. അവര്‍ക്കൊന്നും ആ കൗരരവ രാജാവ്‌ ശ്രാദ്ധം നല്കേണ്ട എന്നാണ്‌ എന്റെ ബുദ്ധി പറയുന്നത്‌. നമ്മുടെ വൈരികള്‍ക്ക്‌ നാം ശ്രാദ്ധം നല്കി അവരെ സന്തോഷിപ്പിച്ചു കൂടാ. ചത്താലും ആ ദുര്യോധനാദികള്‍ കഷ്ടത്തില്‍ നിന്ന്‌ കഷ്ടത്തിൽ എത്തണം. അതാണ്‌ ആവശ്യം. കുലപാംസനന്മാരായ അവര്‍ ഭുമി മുഴുവന്‍ മൂടിച്ചവരാണ്‌. നീ എന്താണു കഴിഞ്ഞതൊക്കെ മറന്നു സംസാരിക്കുന്നത്‌?  പന്ത്രണ്ട് കൊല്ലം കാട്ടില്‍ കഴിച്ചു കൂട്ടിയ കാര്യം ഇത്ര എളുപ്പത്തില്‍ മറന്നോ? വിഷമം പിടിച്ച അജ്ഞാതവാസം മറന്നോ? ദ്രൗപദിയുടെ ശോകം വര്‍ദ്ധിപ്പിച്ചതു മറന്നോ? അന്നൊക്കെ ധൃതരാഷ്ട്രന്‌ നമ്മളിലുള്ള സ്നേഹം എവിടെപ്പോയിരുന്നു? കൃഷ്ണാജിനവും തോളിലിട്ട്‌, സര്‍വ്വാഭരണവും ഭൂഷണങ്ങളും അഴിച്ചു വെപ്പിക്കപ്പെട്ട്‌ പാഞ്ചാലിയോടു കൂടി രാജാവിനെ പിന്തുടര്‍ന്നു പോയവനല്ലേ ഭവാന്‍? അന്ന്‌ ദ്രോണൻ ജീവിച്ചിരുന്നില്ലേ? ഭീഷ്മൻ നാട്ടിലുണ്ടായിരുന്നില്ലേ? സോമദത്തൻ എവിടെപ്പോയിരുന്നു? പതിമ്മുന്നു വര്‍ഷമാണ്‌ കാട്ടില്‍ നാം വന്യവൃത്തിയോടെ പാര്‍ത്തത്‌! ഈ വലിയച്ഛന്‍ അന്നു നിന്നെ അച്ഛനെപ്പോലെ നോക്കിയോ? പാര്‍ത്ഥാ, നീ അതും മറന്നോ? കുലപാംസനനായ ഈ കുരുട്ടു വൃദ്ധന്‍ ക്ഷത്താവിനോടു (ചൂതുകളിക്കുന്ന സന്ദര്‍ഭത്തില്‍) എന്തു നേടി? സൗബലന്‍ ഇപ്പോള്‍ എന്തു നേടി, എന്നു ചോദിച്ചതൊക്കെ മറന്നു പോയോ?

വൈശമ്പായനൻ പറഞ്ഞു: എന്നു പറയുന്ന ഭീമനോടു കൗന്തേയനായ ധര്‍മ്മപുത്രന്‍, ധീമാനായ യുധിഷ്ഠിരന്‍ എടാ ഭീമാ, നീ ഒന്നു  മിണ്ടാതിരിക്ക്‌! എന്നു ഭര്‍ത്സിച്ചു കൊണ്ടു പറഞ്ഞു.

12. യുധിഷ്ഠിരാനുമോദനം - ഭീമൻ സ്വത്ത് നൽകാൻ സമ്മതിച്ചില്ല. അർജ്ജുനന്റെയും ധർമ്മപുത്രന്റെയും സ്വത്ത് ശ്രാദ്ധത്തിന് ധൃതരാഷ്ട്രനെ ഏൽപ്പിക്കുവാൻ തീരുമാനിക്കുന്നു - അര്‍ജ്ജുനന്‍ പറഞ്ഞു:അല്ലയോ ഭീമാ, നീ എന്റെ ചേട്ടനാണ്‌. എനിക്കു നീ ഗുരുവാണ്‌. മറ്റൊന്നും ഞാന്‍ പറയുന്നില്ല. എല്ലാം കൊണ്ടും രാജര്‍ഷിയായ ധൃതരാഷ്ട്രനെ മാനിക്കണം. ആര്യന്മാര്‍ അപകാരങ്ങളെ ഓര്‍ക്കാറില്ല. ഉപകാരങ്ങളെ മാത്രമേ ഓര്‍ക്കാറുള്ളു. ഇതാണ്‌ ആര്യമര്യാദ. അത്‌ തെറ്റാത്ത സജ്ജനങ്ങളാണ്‌ പുരുഷോത്തമന്മാര്‍.

വൈശമ്പായനൻ പറഞ്ഞു: മഹാത്മാവായ അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞതു കേട്ട്‌ ക്ഷത്താവിനോട്‌ കുന്തീപുത്രനും ധര്‍മ്മിഷ്ഠനുമായ യുധിഷ്ഠിരന്‍ പറഞ്ഞു.

ധര്‍മ്മപുത്രന്‍ പറഞ്ഞു: വിദുരാ, എന്റെ വാക്കാല്‍ ഇതു കുരുരാജാവിനോടു പറയുക. മക്കള്‍ക്ക്‌ ശ്രാദ്ധത്തിന്‌ ഭവാന്‍ എത്ര ധനം ഇച്ഛിക്കുന്നുണ്ടോ, അത്ര ധനം ഞാന്‍ നല്‍കുന്നതാണ്‌. ഭീഷ്മാദികളായ, ആപ്തന്മാരായ, സുഹൃത്തുക്കള്‍ക്കും എന്റെ ഭണ്ഡാരത്തില്‍ നിന്ന്‌ ചെലവു ചെയ്തു കൊള്ളാം. ഭീമന്ന്‌ എന്നും അതു കൊണ്ട്‌ കുണ്ഠിതം വരാന്‍ പാടില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ധര്‍മ്മരാജാവ്‌ അര്‍ജ്ജുനനെ പ്രശംസിച്ചു. അപ്പോള്‍ ഭീമസേനന്‍ അര്‍ജ്ജുനന്റെ നേരെ കണ്ണിട്ട്‌ ഒന്നു നോക്കി. അപ്പോള്‍ ധീമാനായ യുധിഷ്ഠിരന്‍ വിദുരനോടു പറഞ്ഞു: "ഭീമസേനനില്‍ രാജാവ്‌ തെല്ലും കോപം കൊള്ളരുത്‌. ഭീമനാണ്‌ ബുദ്ധിമുട്ടിയവന്‍. വെയിലും, മഞ്ഞും, മഴയുമൊക്കെ ഏറ്റ്‌ കാട്ടില്‍ക്കിടന്നു ദുഃഖങ്ങള്‍ സഹിച്ചത്‌ ഭീമനാണ്‌. അങ്ങയ്ക്ക്‌ അതൊക്കെ അറിവുള്ളതല്ലെ? അതുകൊണ്ട്‌ എന്റെ വാക്കാല്‍ രാജാവിനോടു പറയണം ഭരതര്‍ഷഭാ! എത്ര ധനം വേണമെന്നാണ്‌ ആശിക്കുന്നത്‌, അത്ര ധനം, വേണ്ടുവോളം ധനം, എന്റെ ഗൃഹത്തില്‍ നിന്ന്‌ എടുക്കാം. ഏറ്റവും ദുഃഖിച്ചവനാണ്‌ ഭീമന്‍. അതു കൊണ്ടാണ്‌ അവന്‍ മാത്സര്യം കാട്ടുന്നത്‌. അത്‌ മനസ്സില്‍ വെക്കരുതെന്ന്‌ ആ രാജാവിനോടു പറയണം. രാജാവ്‌ വിപ്രന്മാര്‍ക്കു നല്കിക്കൊള്ളട്ടെ! യഥേഷ്ടം ചെലവു ചെയ്യാം. മക്കള്‍ക്കും ഇഷ്ടര്‍ക്കും വേണ്ടി ആ രാജാവ്‌ കടം വീട്ടുവാന്‍ വിചാരിക്കുകയാകാം. എന്റെ ഈ ശരീരം പോലും അങ്ങയ്ക്ക്‌ അധീനമാണ്‌ രാജാവേ! ധനങ്ങളും അപ്രകാരമാണെന്നു ധരിച്ചാലും. അതില്‍ യാതൊരു സംശയവും എനിക്കില്ല".

13. വിദുരവചനം - ഭീമന്റെ നേരെ വലിയ വിരോധം തോന്നാത്ത മട്ടിൽ വിദുരൻ എല്ലാം ധൃതരാഷ്ട്രനെ അറിയിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ പറഞ്ഞപ്പോള്‍ അതൊക്കെ ധരിച്ച്‌ വിദുരന്‍ ധൃതരാഷ്ട്ര രാജാവിന്റെ സന്നിധിയില്‍ ചെന്നു. യുധിഷ്ഠിരന്‍ പറഞ്ഞതെല്ലാം അറിയിച്ചു.

വിദുരന്‍ പറഞ്ഞു: നിന്റെ വാക്ക്‌ ആദ്യം മുതല്ക്കേ എല്ലാം യുധിഷ്ഠിരനോടു പറഞ്ഞു. മഹാദ്യുതിയായ അവന്‍ നിന്റെ വാക്ക്‌ കൊണ്ടാടി സ്വീകരിച്ചു. തേജസ്വിയായ അര്‍ജ്ജുനനും അവന്റെ ഗൃഹം അങ്ങയ്ക്കായി അര്‍പ്പിച്ചിരിക്കുന്നു. ഗൃഹത്തിലുള്ള ധനവും പ്രാണന്‍ പോലും ഭവാനായി അര്‍ച്ചിച്ചിരിക്കുന്നു. നിന്റെ ഉണ്ണിയായ ധര്‍മ്മരാജാവ്‌ രാജ്യം, പ്രാണന്‍, ധനങ്ങള്‍ ഇവയൊക്കെ അര്‍ച്ചിച്ചിരിക്കുന്നു. അങ്ങ്‌ പറഞ്ഞതും പിന്നെ വേണ്ടതുമൊക്കെ സമ്മതിച്ചിരിക്കുന്നു. മഹാഭുജനായ ഭീമന്‍ പലമട്ടിലുള്ള സര്‍വ്വവിധ ദുഃഖങ്ങളും ചിന്തിച്ചിരിക്കെ അവനും പണിപ്പെട്ടു സമ്മതിച്ചു. അവനെ ധാര്‍മ്മികനായ രാജാവും ജിഷ്ണുവും സമ്മതിപ്പിച്ച്‌ വേഴ്ചയില്‍ത്തന്നെ നിര്‍ത്തി. ഭവാന്‌ മന്യു ഉണ്ടാകരുത്‌ എന്നും ധര്‍മ്മജന്‍ പറഞ്ഞയച്ചിട്ടുണ്ട്‌. ഭീമന്‍ ആ വൈരം ചിന്തിച്ച്‌ അന്യായം പോലെ ചെയ്തതില്‍ ഭവാനു വിഷമമൊന്നും തോന്നരുത്‌. ഇപ്രകാരമാണല്ലോ നരാധിപാ ക്ഷത്രിയരുടെ ധര്‍മ്മം! പോരില്‍ ക്ഷത്രിയധര്‍മ്മത്തില്‍ നില്ക്കുന്നവനാണ്‌ ഈ വൃകോദരൻ. ഭീമന് വേണ്ടി ഈ ഞാനും കിരീടിയും വിണ്ടും വീണ്ടും ഭവാനോട്‌ ഇരക്കുകയാണ്‌, ഭവാന്‍ പ്രസാദിക്കുക! ഇവിടെയുള്ള എല്ലാ ധനത്തിനും പ്രഭുവാണ്‌ ഞാന്‍. അതുകൊണ്ട്‌ ഭവാന്‍ ഇച്ഛിക്കുന്നിടത്തോളം ധനമെടുത്ത്‌ ദാനധര്‍മ്മാദികള്‍ക്കു ചെലവു ചെയ്യുക. ഭവാന്‍ ഈ രാജ്യത്തിനും അല്ലയോ ഭാരതാ, എല്ലാ ധനത്തിനും ഞങ്ങളുടെ ജീവനും ഈശ്വരനാണ്‌. ബ്രഹ്മദേയമായ അഗ്രഹാരങ്ങള്‍ മക്കള്‍ക്ക്‌ ഔർദ്ധ്വ ദേഹികമായി ഇവിടെയുള്ള ഗോക്കള്‍,ര ത്നങ്ങള്‍, ദാസികള്‍, ദാസന്മാര്‍, അജം, അവികം എന്നിവയൊക്കെ വരുത്തി ബ്രാഹ്മണര്‍ക്കു ദാനം ചെയ്യാം. ദീനന്മാര്‍, അന്ധന്മാര്‍, കൃപണന്മാര്‍ എന്നിവര്‍ക്കും അങ്ങും ഇങ്ങും വിദുരാ, ഭവാന്‍ പാനാന്നാഢ്യങ്ങളായ ഊട്ടുപുരകള്‍ തീര്‍പ്പിച്ചു കൊള്ളുക. പശുക്കള്‍ക്കു ജലം കുടിക്കുവാന്‍ കല്‍ത്തൊട്ടികള്‍ നിര്‍മ്മിക്കുക, മുതലായ പുണ്യകര്‍മ്മങ്ങളും ചെയ്യിക്കുക എന്ന്‌ എന്നോട്‌ രാജാവും അര്‍ജ്ജുനനും പറഞ്ഞു. ഇനി വേണ്ടതൊക്കെ ഭവാന്‍ ചെയ്യണം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വിദുരന്‍ പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ ധൃതരാഷ്ട്രന്‍ കൊണ്ടാടി, കാര്‍ത്തികയില്‍ മഹാദാനത്തിന് രാജാവ്‌ തീരുമാനിക്കുകയും ചെയ്തു ജനമേജയാ!

14. ദാനയജ്ഞം - ദാനയജ്ഞം തകൃതിയായി നടക്കുന്നു. ധൃതരാഷ്ട്രൻ ഋണ വിമുക്തനാകുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരംവിദുരന്‍ വന്നു പറഞ്ഞപ്പോള്‍ ധൃതരാഷ്ട്രന് സന്തോഷമായി. ധര്‍മ്മപുത്രന്റെയും, അര്‍ജ്ജുനന്റെയും ഔദാര്യത്തില്‍ വലിയ മതിപ്പും പ്രീതിയും തോന്നി. പിന്നെ ഭീഷ്മന് വേണ്ടി പ്രാജ്ഞരും, വരിഷ്ഠന്മാരുമായ ബ്രഹ്മണര്‍ഷിമാരെ വരുത്തി. സുഹൃത്തുക്കള്‍ക്കു വേണ്ടിയും, പുത്രന്മാര്‍ക്കു വേണ്ടിയും ബ്രാഹ്മണരെ വരുത്തി അസംഖ്യം അന്നപാനങ്ങളും, വാഹനങ്ങളും, ആച്ഛാദനങ്ങളും, സുവര്‍ണ്ണ മണിരത്നങ്ങളും, ദാസികളും, ദാസന്മാരും, കോലാട്‌. ചെമ്മരിയാട്‌ എന്നിവയും, രത്നങ്ങളും, കമ്പിളികളും, ഗ്രാമങ്ങളും, ക്ഷേത്രങ്ങളും, ധനങ്ങളും, കോപ്പണിഞ്ഞ ആനകളും, അശ്വങ്ങളും,

വരസ്ത്രീകളും, കന്യകമാരും, എല്ലാം ദാനത്തിന് വേണ്ടി ഒരുക്കി. ഈ ധനങ്ങളെല്ലാം ആളും പേരും കുറിച്ച്‌ രാജാവ്‌ വരുത്തിയ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ഭീഷ്മന് വേണ്ടി, ദ്രോണന് വേണ്ടി, സോമദത്തന് വേണ്ടി, ബാല്‍ഹീകന് വേണ്ടി, ദുര്യോധനന് വേണ്ടി, ദുശ്ലാസനന് വേണ്ടി, ഇങ്ങനെ നൂറു മക്കളുടെയും മറ്റുള്ളവരുടെയും പേരില്‍ പേരു പറഞ്ഞു ദാനം നിര്‍വ്വഹിച്ചു. ജയദ്രഥ പ്രഭൃതികളെയും മറ്റ്‌ സുഹൃത്തുക്കളെയും ധൃതരാഷ്ട്രന്‍ വിസ്മരിച്ചില്ല. വളരെ ധനങ്ങള്‍ ദക്ഷിണയായി നല്കിയ ആ ശ്രാദ്ധയജ്ഞം പൊടിപൂരമായി നടന്നു. അനേകം ധനങ്ങളും, രത്നങ്ങളും യുധിഷ്ഠിരാനുമതിയോട് കൂടി ധൃതരാഷ്ട്രന്‍ ദാനം ചെയ്തു. എപ്പോഴും ആള്‍ക്കാരും, ഗണകന്മാരും, ലേഖകന്മാരും യുധിഷ്ഠിരന്‍ പറയുകയാല്‍ നൃപനോടു ചോദിച്ചു: "കല്പിക്കുക! എന്താണ്‌ ദാനത്തിന് ഇനി വേണ്ടത്‌?". എല്ലാം ഇവിടെ സമൃദ്ധിയായി തയ്യാറുണ്ട്‌ എന്ന്‌ രാജാവ്‌ പറഞ്ഞപ്പോള്‍ ദാനം ആരംഭിച്ചു.

നൂറു കൊടുക്കേണ്ടവര്‍ക്ക്‌ ആയിരം നല്‍കി. ആയിരം കൊടുക്കേണ്ടവര്‍ക്കു പതിനായിരം! ഇങ്ങനെ ധൃതരാഷ്ട്ര രാജാവ്‌ കുന്തീപുത്രന്റെ ആജ്ഞപ്രകാരം നല്കി. ഇപ്രകാരം ധൃതരാഷ്ട്രനായ ആ മേഘം ഒരു ഭയങ്കരമായ ധനവര്‍ഷമാണ്‌ വര്‍ഷിച്ചത്‌. കാര്‍മേഘം പെയ്യുന്ന വര്‍ഷം സസ്യങ്ങളെ എന്ന പോലെ ധനവര്‍ഷത്താല്‍ ബ്രാഹ്മണരെ തര്‍പ്പിച്ചു. ബ്രാഹ്മണര്‍ക്കു നല്കിയതിന് ശേഷം എല്ലാ ജാതിക്കാരെയും അല്ലയോ: മഹാമതേ! അന്നപാനങ്ങള്‍ കൊണ്ടും, രത്നഔഘങ്ങള്‍ കൊണ്ടും ആ രാജാവ്‌ ആറാടിച്ചു! വ്രസ്ത്രരത്നധനങ്ങളാകുന്ന ഒഴുക്കോടും, മൃദംഗപടഹനാദമാകുന്ന ശബ്ദത്തോടും, പശു, കുതിര മുതലായ തിമംഗലങ്ങള്‍ ചേര്‍ന്ന ചുഴിയോടും നാനാരത്നങ്ങള്‍ ചേര്‍ന്ന ആ രത്നാകരം ( സമുദ്രം ) ഗ്രാമാഗ്രഹാരങ്ങളാകുന്ന ദ്വീപകളോടും, രത്നസ്വര്‍ണ്ണാദികളാകുന്ന ജലപുരത്തോടും കൂടി, ധൃതരാഷ്ട്രനാകുന്ന ചന്ദ്രനാല്‍ വേലിയേറ്റം കൊണ്ട ആ ധനസാഗരം, ലോകത്തെ ധനദാനത്തില്‍ മുക്കി നീന്തിത്തുടിപ്പിച്ചു.

ഇപ്രകാരം പുത്രപൌത്രന്മാര്‍ക്കും, പിതൃക്കള്‍ക്കും, മരിക്കുന്നതിന് മുമ്പെ തനിക്കും ഗാന്ധാരിക്കും മഹാരാജാവേ ,ഔർദ്ധ്വ ദേഹികം ദാനം ചെയ്തു. അനേകം ദാനങ്ങള്‍ എടുത്തു കൊടുത്ത്‌ രാജാവ്‌ എപ്പോള്‍ തളര്‍ന്നുവോ, അപ്പോള്‍ രാജാവ്‌ ദാനയജ്ഞം മതിയാക്കി. ആ രാജാവ്‌ ഇങ്ങനെ ദാനയജ്ഞം നടനനര്‍ത്തന കലാലാസ്യാഢ്യമായി വളരെ അന്നദാനത്തോടും വളരെ ദക്ഷിണയോടും കൂടി നടത്തി.

ഇപ്രകാരം പത്തുദിവസം ദാനങ്ങള്‍ നല്കി ഭൂപതിയായ അംബികാസുതന്‍ പുത്രപൌത്രന്മാര്‍ക്കുള്ള കടം തീര്‍ത്തു ഭാരതാ!

15. ധൃതരാഷ്ട്രനിര്യാണം - ധൃതരാഷ്ട്രൻ ഗാന്ധാരിയെ മുമ്പിൽ നടത്തി പുറപ്പെടുന്നു. കണ്ണ് കെട്ടിയ ഗാന്ധാരിയുടെ കൈ തോളത്ത് വെച്ച് കൊണ്ട് കുന്തിയും പുറപ്പെടുന്നു - വൈശമ്പായനൻ പറഞ്ഞു; പ്രഭാതമായപ്പോള്‍ അംബികാ പുത്രന്‍, ധൃതരാഷ്ട്ര രാജാവ്‌ വനവാസത്തിന് ഒരുങ്ങി. പാണ്ഡുപുത്രന്മാരെ വിളിച്ച്‌ ഗാന്ധാരിയോടു കൂടി ധീമാനായ ധൃതരാഷ്ട്രന്‍ യഥാവിധി വേദജ്ഞന്മാരായ വിപ്രരെക്കൊണ്ട്‌ കാര്‍ത്തിക മാസം പൌര്‍ണ്ണമിയില്‍ ഇഷ്ടം ചെയ്യിച്ചു. അഗ്നിഹോത്രം നടത്തി. വല്ക്കലം, അജിനം എന്നിവ ഉടുത്തു. വധുക്കളോടു കൂടി രാജാവ്‌ ഗൃഹം വിട്ട്‌ ഇറങ്ങി.

അവര്‍ ഇറങ്ങുന്നതു കണ്ടതോടു കൂടി കൗരവപാണ്ഡവ സ്ത്രീജനങ്ങളും കൗരവവംശജന്മാരും കൂട്ടത്തോടെ നിലവിളിച്ചു. അവിടെ ആ രാജധാനി ആര്‍ത്തനാദം കൊണ്ടു മുഖരിതമായി. വൈചിത്രവീര്യ രാജാവിന്റെ പോക്ക്‌ എല്ലാവരുടെയും ഹൃദയത്തെ തകര്‍ത്തു കളഞ്ഞു. ഉടനെ പുവും മലരും മറ്റുമായി ഗൃഹത്തെ പൂജിച്ച്‌, രാജാവ്‌ അര്‍ത്ഥദാനങ്ങളില്‍ ഭൃത്യവര്‍ഗ്ഗങ്ങളെയൊക്കെ പൂജിച്ച്‌, അവിടെ നിന്ന്‌ ഇറങ്ങി. ഉടനെ രാജാവായ യുധിഷ്ഠിരന്‍ കൈകൂപ്പി വിറച്ച്‌, നിറഞ്ഞ കണ്ണുകളോടെ ഉറക്കെ നിലവിളിച്ചു പുണ്യവാനേ! ഭവാന്‍ എങ്ങോട്ടു പോകുന്നു? എന്നു പറഞ്ഞയുടനെ യുധിഷ്ഠിരന്‍ നിലത്തു വീണു! മഹാദുഃഖം അടക്കി, വീണ്ടുംവിണ്ടും നെടുവീര്‍പ്പുവിട്ട്‌ ഭാരതാഗ്രനായ അര്‍ജ്ജുനന്‍ ധര്‍മ്മരാജാവേ, ഇതു വയ്യ എന്നു പറഞ്ഞു ധര്‍മ്മപുത്രനെ ദീനനായി, ക്ഷീണഭാവത്തോടെ പിടിച്ചെഴുന്നേല്പിച്ചു.

വൃകോദരന്‍, ഫല്‍ഗുനന്‍, വീരന്മാരായ മാദ്രീപുത്രന്മാര്‍, വിദുരന്‍, സഞ്ജയന്‍, വൈശ്യാപുത്രനായ യുയുത്സു, കൃപന്‍, വിപ്രന്മാരോടു കൂടി ധൌമൃന്‍, ഇവരെല്ലാം കണ്ണുനീരൊഴുകുന്ന മുഖത്തോടെ അവരെ അനുഗമിച്ചു. ആ സമയത്ത്‌ എന്താണു കാണുന്നത്‌? കുന്തി മുമ്പേ നടക്കുന്നു! അവളുടെ ചുമലില്‍ കൈ വെച്ചുകൊണ്ട്‌ കണ്ണു കെട്ടിയ ഗാന്ധാരി നടക്കുന്നു. ഗാന്ധാരിയുടെ ചുമലില്‍ കൈവെച്ച്‌ പിന്നാലെ ധൃതരാഷ്ട്രനും വിശ്വാസത്തോടെ നടക്കുന്നു. ഈ പോക്ക്‌ കണ്ടതോടു കൂടി കൃഷ്ണയും സുഭദ്രയും കൊച്ചു കുഞ്ഞിനെ കൈയില്‍ വെച്ച്‌ കൗരവവധുവായ ഉത്തരയും ചിത്രാംഗദയും മറ്റു സ്ത്രീകളും കൗരവ വധുക്കളും രാജാവിനോടു കൂടി ഇറങ്ങി. മരിച്ചു പോയ പുത്രന്മാരുടെ ഭാര്യമാരും മറ്റു വധുക്കളുമെല്ലാം അവരുടെ യാത്രകണ്ട്‌ ഹൃദയം നൊന്ത്‌ വാവിട്ടു നിലവിളിച്ചു. കുരരികളെപ്പോലെ നിലവിളിക്കുന്ന അവരുടെ ശബ്ദം കൊണ്ട്‌ രാജധാനി മുഴങ്ങി. ഉടനെ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും വൈശ്യരുടെയും ശൂദ്രരുടെയും ഭാര്യമാരെല്ലാം അവിടെ വന്നു ചുറ്റും കൂടി. അവര്‍ പോകുന്ന ആ പോക്കില്‍ പൌരവര്‍ഗ്ഗമെല്ലാം ഹസ്തിനാപുരത്തില്‍ ദുഃഖത്തില്‍ മുങ്ങിപ്പോയി. പണ്ട്‌ ചൂതില്‍ കൗരവന്മാരുടെ ചൂതരങ്ങില്‍ നിന്നു പാണ്ഡവന്മാര്‍ പാഞ്ചാലിയോടു കൂടി പോകുമ്പോള്‍ എപ്രകാരം ദുഃഖിച്ചുവോ അതുപോലെ ദുഃഖപൂര്‍ണ്ണമായിരുന്നു അവര്‍ക്ക്‌ ഈ വനയാത്ര.

ഹസ്തിനാപുരത്തിലെ കൗരവവധുക്കള്‍ സൂര്യചന്ദ്രന്മാര്‍ക്കു പോലും യഥേഷ്ടം കാണുവാന്‍ പറ്റാത്ത വിധം അന്തഃപുരത്തില്‍ വസിക്കുന്ന മനോഹരികളായ രാജാകുമാരികളാണ്‌. ആ സുന്ദരിമാര്‍ ശങ്ക വിട്ടു പുറത്തിറങ്ങി, രാജാവ്‌ കാട്ടിലേക്കു പോകുമ്പോള്‍ അവരുടെ പിന്നാലെ ശോകാകുലരായി നടന്ന്‌ ബഹുജനാകുലമായ രാജവീഥിയില്‍ ചെന്നെത്തി.

16. കുന്തീവനപ്രസ്ഥാനം - കുന്തി ആ വൃദ്ധ ദമ്പതികളോട് കൂടി വനത്തിലേക്ക് പോകുന്നു. സഞ്ജയനും വിദുരനും പോകുന്നു. - വൈശമ്പായനൻ പറഞ്ഞു: പ്രാസാദങ്ങളിലും ഹര്‍മ്മ്യങ്ങളിലും താഴെയും മേലെയുംഎല്ലായിടത്തും സ്ത്രീകളുടെയും പുരുഷന്മാരുടെയും നിലവിളി ഉച്ചത്തിലുണ്ടായി. സ്ത്രീപുരുഷന്മാര്‍ തിങ്ങിയ രാജവീഥിയിലൂടെ ധീമാനായ ആ രാജാവ്‌, വിറച്ചു തൊഴുത്‌ അങ്ങനെ പണിപ്പെട്ട്‌ നടന്നു പോന്നു. ഹസ്തിനപുരം വിട്ട്‌ വര്‍ദ്ധമാന വഴിയിലൂടെ നടന്നു. ആ ജനക്കൂട്ടത്തെ പിന്നെ മടക്കിയയച്ചു. രാജാവിന്റെ കൂടെ വിദുരനും കാട്ടിലേക്കു പോകുവാന്‍ തന്നെ തീരുമാനിച്ചു. ധൃതരാഷ്ട്രന്റെ പ്രധാനമന്ത്രിയായിരുന്ന സഞ്ജയന്‍, ഗാവല്‍ഗണി പുത്രനായ സൂതന്‍, അവരുടെ കൂടെ കാട്ടിലേക്കു പോകുവാന്‍ തീരുമാനിച്ചു. എന്നാല്‍ ധൃതരാഷ്ട്രന്‍ കൃപനെയും യുയുൽസുവിനെയും അതില്‍ നിന്നു പിന്തിരിപ്പിച്ച്‌, അവരെ ധര്‍മ്മപുത്രനെ ഏല്പിച്ചു. പൗരന്മാരെയൊക്കെ പിന്തിരിപ്പിച്ചു. അപ്പോള്‍ യുധിഷ്ഠിര രാജാവ്‌ അന്തഃപുര സ്ത്രീകളോടു കൂടി ധൃതരാഷ്ട്രാനുജ്ഞയോടെ മടങ്ങിപ്പോരുവാന്‍ തീര്‍ച്ചയാക്കി. അവന്‍ വനത്തിലേക്ക്‌ അവരെ പിന്തുടരുന്ന കുന്തിയോടു പറഞ്ഞു: ഞാന്‍ രാജാവിന്റെ കൂടെ പോവുകയാണ്‌. അമ്മ മടങ്ങിപ്പൊയ്ക്കൊള്ളുക.വധുക്കളോടു കൂടി അല്ലയോ രാജ്ഞീ, നഗരത്തിലേക്കു പോവുക! തപസ്സിന് നിശ്ചയിച്ച ധര്‍മ്മിഷ്ഠനായ രാജാവ്‌ എഴുന്നള്ളട്ടെ. ഇപ്രകാരം ധര്‍മ്മപുത്രന്‍ പറഞ്ഞപ്പോള്‍ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ കുന്തി ഗാന്ധാരിയെ പിടിച്ചു കൊണ്ട്‌ നടന്നു.

കുന്തി പറഞ്ഞു: യുധിഷ്ഠിരാ! രാജാവേ, നീ ഒരിക്കലും സഹദേവനില്‍ മുഷിയരുത്‌ കേട്ടോ! അവന്‍ എന്നില്‍ കൂറുള്ളവനാണ്‌. നിന്നിലും എപ്പോഴും കൂറുള്ളവനാണ്‌. പോരില്‍ പിന്മാറാത്ത കര്‍ണ്ണനെ നീ എന്നും ഓര്‍ക്കണം. മോനേ, അവന്‍ പോരില്‍ വീരനായിരുന്നു. പ്രഞ്ജ കെട്ടവളായ ഞാന്‍ അന്ന്‌ ഉപേക്ഷിച്ചവനാണ്‌ എന്റെ ഉണ്ണി. അമ്മയുടെ ഈ കരള്‍ കാരിരുമ്പാണു മോനേ! ആ സൂര്യപുത്രനെ കാണാതെ അമ്മയുടെ കരള്‍ നൂറുനൂറു കഷണമായി പൊട്ടിച്ചിതറിയില്ലല്ലോ! ഇപ്രകാരം പോയതില്‍ ഞാന്‍ അരിന്ദമാ, എന്തു ചെയ്യും? എന്റെ വലിയ തെറ്റ്‌ ആ സൂര്യപുത്രനെ വെളിവാക്കിയില്ല എന്നതാണ്‌. അവന് വേണ്ടി, അവന്റെ ആത്മാവിന്റെ ഗകതിക്കു വേണ്ടി, മുഖ്യമായ ദാനം മഹാബാഹോ, നീ ചെയ്യണം. അല്ലയോ അരികര്‍ശനനായ മകനേ, നീ എപ്പോഴും അനുജന്മാരോടു കൂടി പാഞ്ചാലിക്ക്‌ ഇഷ്ടപ്പെടുന്ന മട്ടില്‍, ഇഷ്ടമായ നിലയില്‍ നില്ക്കണം. ഭീമനും അര്‍ജ്ജുനനും നകുലനും സഹദേവനും അപ്രകാരം തന്നെ നീയും തമ്മില്‍ ഇണങ്ങി നില്ക്കണം. കുലത്തിന്റെ ഭാരം നിന്നിലാണു നില്ക്കുന്നത്‌. ഞാന്‍ വനത്തില്‍ വെച്ച്‌ ശ്വശുരന്റെയും ശ്വശ്രുവിന്റെയും പാദശുശ്രൂഷ ചെയ്ത്‌ ഗാന്ധാരിയോടു കൂടി പാര്‍ക്കട്ടെ! ചേറണിഞ്ഞ്‌ തപസ്സു ചെയ്തു വസിക്കട്ടെ മക്കളെ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അമ്മ പറഞ്ഞതു കേട്ട്‌ ധര്‍മ്മബുദ്ധിയായ, വാഗ്മിയായ, യുധിഷ്ഠിരന്‍ അനുജന്മരോടു കൂടി വിഷാദിച്ചു നിന്നു. ഒരക്ഷരവും ഉത്തരം പറഞ്ഞില്ല. മുഹൂര്‍ത്ത സമയം ധ്യാനിച്ചു നിന്ന്‌ ധർമ്മരാജാവായ യുധിഷ്ഠിരന്‍ ചിന്താശോക പരായണനായി, ദീനനായി അമ്മയോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: അമ്മേ, എന്തുറപ്പാണ്‌ ഇത്‌? ഇതു വലിയ കടുപ്പം തന്നെ! അമ്മേ, അങ്ങനെ ചെയ്യരുതേ!ഞാന്‍ ഇതു സമ്മതിക്കുകയില്ല. അമ്മേ, പ്രസാദിക്കണേ! പുരം വിട്ടു കാട്ടില്‍ പോയ ഞങ്ങളെ മുമ്പ്‌ വിദുളയുടെ കഥ കൃഷ്ണന്‍ മുഖേന പറഞ്ഞു തന്നു പ്രേരിപ്പിച്ചു. അങ്ങനെയുള്ള അമ്മ ഇപ്പോള്‍ ഈ മക്കളെ വിട്ടു കാടു കയറുകയാണോ? പ്രിയദര്‍ശയായ അമ്മേ! വിദുളാവാക്കു ചിന്തിച്ച്‌ നീ ഞങ്ങളെ ഉപേക്ഷിക്കരുതേ! രാജാക്കന്മാരെയൊക്കെ വധിച്ച്‌ രാജ്യം ഞാന്‍ നേടിയിരിക്കുന്നു. നരര്‍ഷഭനായ വാസുദേവന്‍ മുഖേന നീ പറഞ്ഞ്‌ ഇളക്കി വിട്ട വിദുളാവാകൃമോര്‍ത്ത്‌ ഞങ്ങള്‍ പ്രജ്ഞയുള്ളവരായി. അന്ന്‌ ഞാന്‍ കേട്ടതായ അമ്മയുടെ ബുദ്ധി ഇപ്പോള്‍ എങ്ങോട്ടുപോയി? ക്ഷത്രധര്‍മ്മസ്ഥിതി ഉപദേശിച്ചു തന്ന നീ അതൊക്കെ കൈയിലെത്തിയപ്പോള്‍ ഉപേക്ഷിച്ചു പോകയാണോ? അമ്മേ! ഈ ഞങ്ങളെ ഉപേക്ഷിച്ച്‌, ഈ രാജ്യവും ഉപേക്ഷിച്ച്‌, ഈ നില്ക്കുന്ന സ്നുഷമാരെയും ഉപേക്ഷിച്ചു പോവുകയാണോ? ദുര്‍ഗ്ഗാരണ്യം വാഴാന്‍ എന്താണമ്മയ്ക്കു തോന്നാന്‍! യശസ്വിനിയായ അമ്മേ, നീ പ്രസാദിക്കണേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം തൊണ്ടയിടറി മകന്‍ പറയുന്നതു കേട്ടിട്ടും അശ്രുപൂര്‍ണ്ണമായ കണ്ണുകളോടെ അവള്‍ വീണ്ടും നടന്നു. അപ്പോള്‍ ഭീമന്‍ പറഞ്ഞു.

ഭീമന്‍പറഞ്ഞു; അമ്മേ, കുന്തീദേവി, എങ്ങോട്ടു പോകുന്നു! പുത്രന്‍ നേടിയ രാജ്യം ഏറ്റ്‌ അനുഭവിച്ച്‌ രാജധര്‍മ്മങ്ങള്‍ നേടേണ്ടുന്ന കാലത്ത്‌ അമ്മയ്ക്ക്‌ എന്താണിങ്ങനെ തോന്നാന്‍? അമ്മേ എന്തിനാണ്‌ നീ ഞങ്ങളെക്കൊണ്ട്‌ ഈ ലോകം മൂടിപ്പിച്ചത്‌? പിന്നെ എന്തുകൊണ്ടാണ്‌ ഇങ്ങനെഇപ്പോള്‍ സര്‍വ്വസ്വവും ഉപേക്ഷിച്ച്‌, ഞങ്ങളെയും ഉപേക്ഷിച്ച്‌, കാടുകയറുവാന്‍ ഉറച്ചത്‌? ഇങ്ങനെയായിരുന്നു നിന്റെ വിചാരമെങ്കില്‍ കാട്ടില്‍ നിന്നു ഭവതി കൊച്ചു കുട്ടികളായിരുന്ന ഞങ്ങളെ എന്തിന് ഇങ്ങോട്ടു കൊണ്ടു പോന്നു? ദുഃഖശോകാര്‍ത്തരായ മാദ്രീ നന്ദനന്മാരെ നീ കാണുക! അമ്മേ, പ്രസാദിച്ചാലും! യശസ്വിനീ, നീ കാട്ടിലേക്ക്‌ പോകല്ലേ! അമ്മേ, ബലാര്‍ജ്ജിതമായ യുധിഷ്ഠിര ശ്രീയെ നീ സ്വീകരിച്ചാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പലവിധം ആവലാതി പറയുന്ന മക്കളുടെ വാക്കുകള്‍ കാടു പൂകുവാന്‍ ഉറച്ച ആ ഭാമിനി കേട്ടില്ല. വിഷണ്ണ മുഖിയായി പാഞ്ചാലി അമ്മയെ പിന്തുടര്‍ന്നു. അമ്മ കാടുകയറുന്നു എന്നു കണ്ട്‌ സുഭദ്രയോടും കൂടി അവള്‍ വായവിട്ട്‌ നിലവിളിച്ചു. കരയുന്ന മക്കളെ അവള്‍ വീണ്ടും വീണ്ടും നോക്കി. എന്നിട്ടും നില്‍ക്കാതെ മഹാപ്രാജ്ഞയായ കുന്തി കാട്ടിലേക്കു നടന്നു.വനവാസത്തിന് തീരുമാനിച്ചു നടന്നു. അവളെ സ്ത്രീകളോടും ഭൃത്യരോടും കൂടിയ പാണ്ഡവന്മാര്‍ വിണ്ടും പിന്തുടര്‍ന്നു. പിന്നെ കണ്ണുനീര്‍ തുടച്ച്‌ അവള്‍ മക്കളോടു പറഞ്ഞു.

17. കുന്തിവാക്യം - മക്കളെ യുദ്ധത്തിന് പ്രേരിപ്പിച്ചത് എന്ത് കൊണ്ടാണെന്നും ഇപ്പോൾ പോകുന്നത് എന്തു കൊണ്ടാണെന്നും കുന്തി പറയുന്നു - കുന്തി പറഞ്ഞു; പാണ്ഡവാ, നീ പറഞ്ഞത്‌ ശരിയാണ്‌. ഉണ്ണീ, രാജാക്കന്മാരേ, നിങ്ങളെ ഞാന്‍ മുമ്പ്‌ ഇളക്കിത്തീര്‍ത്തു എന്നതു ശരിയാണ്‌. രാജ്യം ചൂതില്‍ തോറ്റു നഷ്ടപ്പെട്ട്‌ നിങ്ങള്‍ ജ്ഞാതിമാരാല്‍ സുഖഭൃഷ്ഠാരായിത്തീര്‍ന്നു. നിങ്ങള്‍ അപമാനിതരായി. അപ്പോഴാണ്‌ ഞാന്‍ അന്നു നിങ്ങളെ ഇളക്കി വിട്ടത്‌! പുരുഷേന്ദ്രന്മാരേ, പാണ്ഡുവിന്റെ സന്താനങ്ങള്‍ നശിക്കരുതെന്നു ഞാന്‍ കരുതി. നിങ്ങള്‍ക്കു കീർത്തിക്കു കുറവുണ്ടാകരുതെന്ന്‌ ഞാന്‍ കരുതി. അതുകൊണ്ടാണ്‌ മക്കളേ, ഞാന്‍ നിങ്ങളെ അന്നിളക്കി വിട്ടത്‌. നിങ്ങളെല്ലാവരും ഇന്ദ്രസമന്മാരാണ്‌. ദേവവിക്രമന്മാരാണ്‌. നിങ്ങള്‍ ശത്രുക്കളുടെ മുഖംനോക്കി നില്ക്കുവാന്‍ പാടില്ല. അതു കൊണ്ടാണ്‌ മക്കളേ, ഞാന്‍ അന്നു നിങ്ങളെ ഇളക്കി വിട്ടത്‌! ധര്‍മ്മിഷ്ഠന്മാരില്‍ വെച്ച്‌ ശ്രേഷ്ഠനാണ്‌ യുധിഷ്ഠിരന്‍. നീയോ ഇന്ദ്രതുല്യനുമാണ്‌. നിങ്ങള്‍ വീണ്ടും കാട്ടില്‍ക്കിടന്ന്‌, ദുഃഖിക്കുവാന്‍ ഇടവരരുത്‌ എന്നു വിചാരിച്ചാണ്‌ മക്കളെ അന്നു ഞാന്‍ നിങ്ങളെ ഇളക്കിവിട്ടത്‌. പതിനായിരം ആനയ്ക്കുള്ള ശക്തിയുള്ളവനാണ്‌, വിഖ്യാത വിക്രമനാണ്‌ ഈ ഭീമന്‍. അങ്ങനെയുള്ള ഈ ഭീമന്‍ കഷ്ടതയൊന്നും ഏല്ക്കരുത്‌ എന്നു വിചാരിച്ചാണ്‌ മക്കളേ, ഞാന്‍ അന്നു നിങ്ങളെ ഇളക്കിവിട്ടത്‌! ഭീമസേനന്റെ അനുജനായ ഇവന്‍ വാസവതുല്യനാണ്‌. അങ്ങനെയുള്ള വിജയന്‍ താണു പോകരുതേ എന്നുള്ള വിചാരത്താലാണ്‌ മക്കളേ, അന്നു ഞാന്‍ നിങ്ങളെ ഇളക്കിവിട്ടത്‌. നകുലനും, സഹദേവനും ഗുരുവര്‍ത്തികളാണ്‌. അവര്‍ വിശന്നുഴന്ന്‌ കഷ്ടപ്പെടരുതെന്നു ചിന്തിച്ചാണ്‌ മക്കളേ, അന്നു ഞാന്‍ നിങ്ങളെ ഉളക്കിവിട്ടത്‌. 

ഈ നില്ക്കുന്ന പാഞ്ചാലി, ശ്യാമയായ മനോഹരി, ആയതനേത്രയായ ഇവള്‍ വെറുതെ സഭയില്‍ ശത്രുക്കളാല്‍ ക്ലിഷ്ടയായി. അതിന് പ്രതികാരം ചെയ്യാതിരിക്കുവാന്‍ പാടില്ല എന്നു വിചാരിച്ചാണ്‌ മക്കളേ, അന്നു ഞാന്‍ നിങ്ങളെ ഇളക്കിവിട്ടത്‌! ഭീമാ, നിങ്ങള്‍ കാണ്‍കെത്തന്നെയല്ലേ വാഴപോലെ വിറച്ചു നില്ക്കെ തീണ്ടാരിയായ ഈ പെണ്ണിനെ ശത്രുക്കളാല്‍ ക്ലിഷ്ടമായ ഇവളെ ചൂതില്‍ ജയിച്ച അവര്‍ പിടിച്ചിഴച്ചത്‌. ആ ദുശ്ശാസനന്‍ മൂര്‍ഖസ്വഭാവം മൂലം അവളെ ദാസിയെപ്പോലെ വലിച്ചിഴച്ചില്ലേ? അന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി ഈ ദുഷ്പ്രവൃത്തി ചെയ്തവരുടെ കുലമെല്ലാം തോറ്റു പോയി എന്ന്‌. അതൊക്കെ കണ്ടുകൊണ്ട്‌ എന്റെ ശ്വശുരന്മാരായ ഗുരുക്കന്മാര്‍ സഭയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ ദൈവം നാഥനെന്നു പറഞ്ഞു കുരരിപ്പിട പോലെ കരഞ്ഞു. എന്നാല്‍ ബുദ്ധികെട്ട മഹാപാപിയായ ദുശ്ശാസനന്‍ അപ്പോള്‍ അവളുടെ മുടി ചുറ്റിപ്പിടിച്ച്‌ വലിച്ച അന്ന്‌ ഞാന്‍ ബോധം കെട്ട്‌ വീണു പോയി മക്കളേ! അങ്ങനെ തേജസ്സ്‌ കെട്ടു പോയ നിങ്ങളുടെ തേജസ്സ്‌ വര്‍ദ്ധിച്ചു കാണുവാന്‍ അന്നു വിദുളാവാക്കു കൊണ്ട്‌ ഞാന്‍ നിങ്ങളെ ഇളക്കി വിട്ടതാണ്‌ മക്കളേ! നിങ്ങള്‍ അത്‌ ഓര്‍ക്കണം. ഈ പാണ്ഡു രാജാവിനെറ വംശം എന്റെ മക്കള്‍ കാരണമായി നശിക്കരുതേ എന്നു വിചാരിച്ച്‌ ഉണ്ണികളേ, അന്ന്‌ ഞാന്‍ നിങ്ങളെ ഇളക്കിവിട്ടതാണ്‌. ആരില്‍ നിന്നാണോ വംശം ഇടിയുന്നത്‌, വംശം കെട്ടവനായ അവന്റെ പുത്രപൗത്രന്മാര്‍ക്ക്‌ പുണ്യലോകം ലഭിക്കയില്ല രാജാവേ!

ഞാന്‍ എന്റെ ഭര്‍ത്താവിന്റെ മഹത്തായ രാജൃഫലം പണ്ട്‌ അനുഭവിച്ചവളാണ്‌ മക്കളേ! മഹാദാനങ്ങള്‍ നല്കി, വിധി പോലെ ഞാന്‍ സോമാപാനം ചെയ്തു. ഞാന്‍ കൃഷ്ണനെ പ്രേരിപ്പിച്ചത്‌ എനിക്കു വേണ്ടിയല്ല. നിങ്ങളെക്കൊണ്ട്‌ യുദ്ധം ചെയ്യിച്ച്‌ ഭൂമി നേടി എനിക്കു സുഖിക്കണമെന്നു വിചാരിച്ചല്ല. മക്കളേ, അമ്മയ്ക്ക്‌ അങ്ങനെ ഒരു ആശ ഉണ്ടായിട്ടില്ല. വിദുളാവാക്കു വഴിയായി മക്കളെ പ്രേരിപ്പിച്ചത്‌ നിങ്ങളുടെ അഭിമാനം പാലിക്കുവാന്‍ വേണ്ടിയാണ്‌.

പുത്രന്മാര്‍ നേടിയ രാജൃഫലം ഞാന്‍ ഇച്ഛിക്കുന്നില്ല മക്കളേ. തപസ്സു കൊണ്ട്‌ എന്റെ പുണ്യവാനായ പതിയുടെ ലോകത്തെയാണ്‌ മക്കളേ, ഇപ്പോള്‍ ഞാന്‍ ഇച്ഛിക്കുന്നത്‌. വനവാസികളായ ശ്വശുരനേയും, ശ്വശ്രുവിനേയും ഉപാസിച്ച്‌ ഞാന്‍ എന്റെ ശരീരം ശോഷിപ്പിക്കും യുധിഷ്ഠിരാ! ഭീമന്‍ മുതലായ സഹോദരന്മാരോടു കൂടി കുരുശ്രേഷ്ഠാ, മോനേ, നീ തിരിച്ചു പോകു! നീ ധര്‍മ്മത്താല്‍ മനസ്സു വെക്കുക! നിന്റെ മനസ്സു വലുതായി വരും.

18. വനപ്രവേശം - കുന്തി നല്ലവാക്ക് പറഞ്ഞു വിട്ടയച്ച ധർമ്മപുത്രാദികൾ ശോകാകുലരായി മടങ്ങുന്നു - വൈശമ്പായനന്‍ പറഞ്ഞു: കുന്തി ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍, ആ പാണ്ഡവന്മാര്‍ ലജ്ജിച്ചു പോയി. നല്ലവരായ അവര്‍ പാഞ്ചാലിയോടു കൂടി പിന്തിരിച്ചു. ഉടനെ അന്തഃപുരസ്ത്രീകള്‍ മുഴുവന്‍ നിലവിളിക്കുന്ന ശബ്ദം കൊണ്ട്‌ അവിടം മുഖരിതമായി. കുന്തിയുടെ പോക്കു കണ്ട്‌ കരയാത്തവര്‍ ആരുമുണ്ടായിരുന്നില്ല. ഉടനെ പാണ്ഡവന്മാരെല്ലാം രാജാവിനെ വലം വെച്ച്‌ അഭിവാദ്യം ചെയ്തു ഒഴിച്ചു പോന്നു. കുന്തിയെ പിന്‍വാങ്ങുവാന്‍ പിന്നെ പ്രേരിപ്പിച്ചില്ല. അപ്പോള്‍ തേജസ്വിയായ അംബികാസുതന്‍, ധൃതരാഷ്ട്രന്‍ ഗാന്ധാരിയേയും വിദുരനെയും വിളിച്ച്‌ ഇപ്രകാരം പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: യുധിഷ്ഠിരന്റെ പെറ്റമ്മ കുന്തി തിരിച്ചു പോകുന്നതല്ലെ നല്ലത്‌! യുധിഷ്ഠിരന്‍ പറഞ്ഞതൊക്കെ സത്യമാണ്‌. മഹാഫലമായ പുത്രൈശ്വര്യം, വലുതായ ഐശ്വര്യം, എല്ലാം ഉപേക്ഷിച്ച്‌ മക്കളെയും വിട്ട്‌ മുമ്പത്തെപ്പോലെ ഇവള്‍ കാട്ടിലേക്കു പോകുന്നത്‌ എന്താണ്‌? രാജ്യം വാണ്‌ തപം, ദാനം, വ്രതം എന്നിവയോടെ ജീവിക്കുവാന്‍ ഇവള്‍ക്കു സാധിക്കുമല്ലോ. ഇവള്‍ എന്റെ വാക്കു കേള്‍ക്കട്ടെ! ഗാന്ധാരീ, ഞാന്‍ വധുശുശ്രൂഷ കൊണ്ട്‌ സന്തുഷ്ടനായി. അതുകൊണ്ട്‌ ധര്‍മ്മജേഞ, നീ ഇവളെ മടങ്ങിപ്പോകുവാന്‍ സമ്മതിക്കൂ.

വൈശമ്പായനന്‍ പറഞ്ഞു; ഇപ്രകാരം ധൃതരാഷ്ട്രന്‍ പറഞ്ഞപ്പോള്‍ ഗാന്ധാരിയും കുന്തിയോട്‌ രാജാവിന്റെ വാക്കു മുഴുവനും പറഞ്ഞു. വിശേഷാല്‍ തന്റെ വാക്കും അവളോടുപറഞ്ഞു. ആ ദേവി വനവാസത്തിന് ഉറച്ചാണു പോന്നത്‌. അവളെ പിന്തിരിപ്പിക്കുവാന്‍ സാധിച്ചില്ല. ധര്‍മ്മിഷ്ഠയും, സതിയുമായ കുന്തിയെ സമ്മതിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവളുടെ ആ നിലയും നിശ്ചയവും അറിഞ്ഞ്‌ കുരുശ്രേഷ്ഠര്‍ ഒഴിച്ചുപോയി എന്നു കണ്ട്‌ കുരുനാരികള്‍ വീണ്ടും കരയുവാന്‍ തുടങ്ങി.

പാര്‍ത്ഥന്മാരും എല്ലാ വധുജനങ്ങളും പോയതിന് ശേഷം പ്രാജ്ഞനായ ധൃതരാഷ്ട്രന്‍ വനത്തിലേക്കു പോയി.പാണ്ഡവന്മാര്‍ ദീനരായി, ദുഃഖശോക പരായണരായി, വാഹനങ്ങളില്‍ കയറി സ്ത്രീകളോടു കൂടി എല്ലാവരും ഹസ്തിനപുരത്തിലെത്തി.

ഹര്‍ഷം കെട്ട്‌, ആനന്ദവും നശിച്ച്‌, ബാലവൃദ്ധ സ്ത്രീകളോടു കൂടിയ ഹസ്തിനപുരം ഉത്സവം കഴിഞ്ഞ മാതിരി നിഷ്പ്രഭമായി, പാണ്ഡവരുടെ എല്ലാവരുടെയും ഉത്സാഹം വിട്ടുപോയി. എല്ലാവരും ദുഃഖത്തില്‍ മുഴകി. കുന്തി വേര്‍പെട്ടു പോയ ദുഃഖത്താല്‍ തള്ളപ്പശു വിട്ടുപോയ കുട്ടികള്‍ പോലെയായി.

ധൃതരാഷ്ട്രന്‍ അന്നത്തെ പകല്‍ നടന്ന്‌ ദൂരെ എത്തി.പിന്നെ ഗംഗാതീരത്തെത്തി അവിടെ അവര്‍ പാര്‍ത്തു. വേദജ്ഞരായ ബ്രാഹ്മണര്‍ മുറപ്രകാരം ഇട്ടു കത്തിച്ച അഗ്നികള്‍ തപോവനത്തില്‍ അതാതിടത്ത്‌ ഏറ്റവും ശോഭിച്ചു.ആ വൃദ്ധനായ നരനാഥനും അവിടെ അഗ്നി കൂട്ടി അഗ്നിയെ ഉപാസിച്ചു. വിധിപോലെ രാജാവ്‌ ഹോമിച്ചു. സന്ധ്യക്ക്‌ ആദിത്യനെ ഉപാസിച്ചു ഭാരതാ!

രാജാവിന് ദര്‍ഭപ്പുല്ലു കൊണ്ട്‌ മെത്ത വിദുരനും, സഞ്ജയനും കൂടി ഉണ്ടാക്കി. കുരുവീരന്റെ അടുത്തു തന്നെ ഗാന്ധാരിക്കും മെത്തയുണ്ടാക്കി. പിന്നെ ഗാന്ധാരിയുടെ അടുത്തായി ദര്‍ഭവിരിച്ച്‌ അതില്‍ സാധുവ്രതസ്ഥയായ കുന്തി, യുധിഷ്ഠിര രാജാവിന്റെ പെറ്റമ്മ, ഇരുന്നു. അവര്‍ വിളിച്ചു പറഞ്ഞാല്‍ കേള്‍ക്കാവുന്ന ദൂരത്തായി വിദുരനും സഞ്ജയനും ഇരുന്നു. യഥാസ്ഥാനം യാജകരും ഇരുന്നു. അവരെ സഹായിക്കുന്ന വിപ്രരും ഇരുന്നു.

വിപ്രന്മാര്‍ വേദം ഉച്ഛരിച്ചു കൊണ്ടിരുന്നു. അഗ്നി കത്തിജജ്വലിച്ചു. ബ്രാഹ്മി പോലെ ആ രാത്രി പ്രീതിപ്പെടുന്ന വിധത്തില്‍ വന്നു ചേര്‍ന്നു. പിന്നെ ആ രാത്രി കഴിഞ്ഞപ്പോള്‍ അവന്‍ പൂര്‍വ്വാഹ്നക്രിയ ചെയ്തു. അഗ്ന്യാഹുതി കഴിച്ച്‌ യഥാക്രമം എല്ലാവരും അവിടെ നിന്നു പോയി. വടക്കോട്ടു തിരിഞ്ഞ്‌ ഉപവാസികളായ അവര്‍ നടന്നു. ആദ്യത്തെ രാത്രിയിലെ അവരുടെ പാര്‍പ്പ്‌ വളരെ ദുഃഖകരമായിരുന്നു. നഗരവാസികളും നാട്ടുകാരും ദുഃഖിച്ചതും ദുഃഖമേറ്റതും എല്ലാം അവരുടെ മനസ്സിനെ ആകുലമാക്കിയിരുന്നു.

19. ശതയൂപാശ്രമവാസം - കുരുക്ഷേത്രത്തിലുള്ള ശതയൂപ മഹർഷിയുടെ ആശ്രമത്തിൽ വ്യാസനിർദ്ദേശപ്രകാരം തപസ്സു ചെയ്യുന്നു - വൈശമ്പായനൻ പറഞ്ഞു: പിന്നെ പുണ്യജനങ്ങള്‍ വാഴുന്ന പരിശുദ്ധമായ ഗംഗാതീരത്തില്‍ ധൃതരാഷ്ട്രന്‍ വിദുരന്റെ അഭിപ്രായമനുസരിച്ചു വസിച്ചു. വനവാസികളായ ബ്രാഹ്മണര്‍ അവനെ ചെന്നുകണ്ടു. വളരെയധികം ക്ഷത്രിയന്മാരും ശുദ്രന്മാരും ചെന്നുകണ്ടു ഭാരതാ! അവര്‍ ചുറ്റുമിരുന്നു പല പുണ്യകഥകളും പറയുക പതിവായി. വിധിപോലെ അവരെ അര്‍ച്ചിച്ച്‌ ശിഷ്യരോടു കൂടി പറഞ്ഞുവിട്ടു. സന്ധ്യയോടു കൂടി രാജാവ്‌ ഗംഗാ നദിയിലിറങ്ങി വിധിപോലെ ശുദ്ധി ചെയ്തു. കീര്‍ത്തിമതിയായ ഗാന്ധാരിയും കൂടെ പോയി. വെവ്വേറെ എല്ലാവരും തീര്‍ത്ഥത്തില്‍ കുളിച്ച്‌, വിദുരാദികളും മറ്റുള്ളവരും കര്‍മ്മങ്ങള്‍ ചെയ്തു ഭാരതാ!

കുന്തിഭോജന്റെ പുത്രിയായ കുന്തി കുളിച്ചുവരുന്ന ശ്വശുരനായ വൃദ്ധനെയും ഗാന്ധാരിയെയും ഗംഗാ തീരത്തിലേക്കു കൈപിടിച്ച്‌ എത്തിച്ചു. രാജയാജകന്മാര്‍ വേദീപരിസ്തരം ചെയ്തു. സത്യസംഗരനായ രാജാവ്‌ സന്ധ്യാഹുതി ചെയ്തു. പിന്നെ ഗംഗാതീര്‍ത്ഥം വിട്ട്‌ നിയതനും സംയതേന്ദ്രിയനുമായ വൃദ്ധരാജാവ്‌ ആള്‍ക്കാരോടു കൂടി കുരുക്ഷേത്രത്തില്‍ ചെന്നു. അവിടെച്ചെന്ന്‌ ധീമാനായ ശതയൂപന്‍ എന്ന രാജര്‍ഷിയെ കണ്ടു.

കേകയാരാജ്യം വാണിരുന്ന പരന്തപനായിരുന്നു ആ രാജാവ്‌. തന്റെ പുത്രനില്‍ ജനങ്ങളുടെ ഐശ്വര്യമെല്ലാംഏല്പിച്ച്‌ വനത്തിലേക്കു പോയി. അവനോടു കൂടി രാജാവ്‌ വ്യാസാശ്രമത്തിലും ചെന്നെത്തി. അവിടെ വെച്ച്‌ ആ രാജാവ്‌ കുരുമുഖ്യനായ ധൃതരാഷ്ട്രനെ സ്വീകരിച്ചു. അവിടെ ദീക്ഷയെടുത്ത്‌ കൗരവരാജാവ്‌ ശതയൂപാശ്രമത്തില്‍ പാര്‍പ്പുറപ്പിച്ചു.

വ്യാസന്റെ നിര്‍ദ്ദേശപ്രകാരം ആ മഹാമതിയായ രാജാവ്‌ ആരണ്യക വിധാനത്തെയെല്ലാം ധൃതരാഷ്ട്ര രാജാവിന് ഉപദേശിച്ചു. ഇപ്രകാരം തപസ്സു കൊണ്ട്‌ മഹാശയനായ ധൃതരാഷ്ട്ര രാജാവ്‌ ആത്മാവിനെ തന്നില്‍ ഇണക്കി. കൂട്ടുകാരെയും തന്നില്‍ ഇണക്കി.

അപ്രകാരം തന്നെ മരവുരിയും തോലുമുടുത്ത ഗാന്ധാരീ ദേവി കുന്തിയോടു കൂടി തുല്യമായ വ്രതമെടുത്തു. രാജാവേ, കര്‍മ്മം, മനസ്സ്‌, വാക്ക്‌, കണ്ണ്‌ എന്നിവയാല്‍ ഇന്ദ്രിയ സമൂഹത്തെയൊക്കെ ജയിച്ചു. വലിയ തപസ്സു ചെയ്ത്‌ മനസ്സിനെയും അടക്കി. എല്ലും തോലും അവശേഷിച്ച്‌, മാംസം ശുഷ്കിച്ച്‌, ജടയും അജിനവും മരവുരിയും ധരിച്ച്‌ ആ രാജാവ്‌ മഹര്‍ഷിയെപ്പോലെ മോഹം കൂടാതെ തപസ്സു ചെയ്തു. സുബുദ്ധിയും, ധര്‍മ്മാര്‍ത്ഥ വിജ്ഞനുമായ വിദുരന്‍ സഞ്ജയനോടു കൂടി സഭാര്യനായ രാജാവിനെ ശുശ്രൂഷിച്ചു. വല്ക്കലധാരിയായ രാജാവ്‌ വലിയ തപസ്സു മൂലം കൃശനായി. എന്നാലും ആ രാജാവ്‌ ജിതാത്മാവായി.

20. നാരദവാക്യം - ധൃതരാഷ്ട്രനെ കാണുവാൻ മഹർഷിമാർ ആശ്രമത്തിലെത്തുന്നു - വൈശമ്പായനൻ പറഞ്ഞു: പിന്നെ ആ രാജാവിനെ കാണുവാന്‍ നാരദന്‍, പര്‍വ്വതന്‍, ദേവലന്‍ മുതലായ വലിയ തപസ്വികള്‍, ശിഷ്യരോടു കൂടെ വ്യാസന്‍, മറ്റു സിദ്ധന്മാര്‍, മനീഷികള്‍, വൃദ്ധനും ധാര്‍മ്മികനുമായ ശതയൂപന്‍ എന്നിവരെല്ലാം ധൃതരാഷ്ട്രനെ കാണുവാനെത്തി. അവരെ വിധിപ്രകാരം കുന്തി പൂജിച്ചു. ആ താപസന്മാര്‍ അവളുടെ പരിചര്യ കൊണ്ട്‌ സന്തോഷിച്ചു. അവിടെ ധര്‍മ്മൃമായ കഥകള്‍ മഹര്‍ഷികള്‍ പറഞ്ഞു. മഹാത്മാവായ ധൃതരാഷ്ട്രനെ പുണൃകഥകള്‍ പറഞ്ഞ്‌ സന്തോഷിപ്പിച്ചു. കഥാപ്രസംഗ മദ്ധ്യേ നാരദന്‍ പ്രത്യക്ഷമായിക്കണ്ട ചില കാര്യങ്ങള്‍, ചില കഥകള്‍, പറഞ്ഞു.

നാരദന്‍ പറഞ്ഞു: കേകയാധിപനായി നിര്‍ഭയനായി ശ്രീമാനായി ഒരു രാജാവുണ്ടായിരുന്നു. ശതയൂപ രാജാവിന്റെ പിതാമഹനായിരുന്നു അദ്ദേഹം. സഹസ്രചിത്യന്‍ എന്നാണ്‌ ആ രാജാവിന്റെ പേര്‌. ധര്‍മ്മിഷ്ഠനായ മൂത്ത മകന്‌ അദ്ദേഹം രാജ്യം നല്കി. അങ്ങനെ മഹാത്മാവായ സഹസ്രചിത്യന്‍ എന്ന രാജാവ്‌ കാട്ടിലേക്കു പോയി. ദീപ്തമായ തപസ്സിന്റെ മറുകരയ്ക്കെത്തി. ദേവേന്ദ്രന്റെ സംസ്ഥാനത്തില്‍ ആ മഹാദ്യുതി ചെന്നെത്തി. സഞ്ചാരിയായ ഞാന്‍ പല പ്രാവശ്യവും ആ രാജാവിനെ ഇന്ദ്രപൂരിയില്‍ വെച്ചു കണ്ടിട്ടുണ്ട്‌. തപസ്സു കൊണ്ട്‌ അഘം പോയ ആ രാജാവിന് ആ  സിദ്ധി ലഭിച്ചു.

ഇപ്രകാരം ശൈലാലയനായ ആ രാജാവ്‌, ഭഗദത്തന്റെ മുത്തച്ചന്‍, തപോബലം കൊണ്ട്‌ ദേവേന്ദ്രന്റെ ഗൃഹത്തിലെത്തി. മഹാശയനായ പൃഷദ്വരൻ വജ്രതുല്യനായ രാജാവായി വാണു. തപസ്സു മൂലം അവനും ഇപ്രകാരം തന്നെ ഭൂമി വിട്ട്‌ സ്വര്‍ഗ്ഗം നേടി. ഈ കാട്ടില്‍ തന്നെയാണ്‌ മാന്ധാതാവിന്റെ പുത്രന്‍ പുരുകുത്സന്‍ എന്ന രാജാവ്‌ മഹാസിദ്ധിയെ നേടിയത്‌. ഏതൊരു രാജാവിന്റെ വല്ലഭയായിട്ടാണ്‌ സരില്‍പ്രവരയായ ഗംഗാനദി നിന്നത്‌, ആ രാജാവും ഈ അരണ്യത്തില്‍ വന്നു തപസ്സു ചെയ്തിട്ടാണ്‌ സ്വര്‍ഗ്ഗം നേടിയത്‌. രാജാവായ ശശലോമനും വലിയ ധാര്‍മ്മികനായിരുന്നു. ഈ വനത്തില്‍ തപസ്സു ചെയ്തിട്ടാണ്‌ അവനും സ്വര്‍ഗ്ഗത്തിലെത്തിയത്‌. വേദവ്യാസന്റെ പ്രസാദത്താല്‍ ഭവാനും ഈ തപോവനത്തിൽ എത്തിച്ചേര്‍ന്നു. ദുഷ്പ്രാപ്യമായ മുഖ്യപദം ഭവാനും പ്രാപിക്കുന്നതാണ്‌ രാജാവേ! നീയും അല്ലയോ നൃപവ്യാഘ്രാ, തപസ്സിന്റെ അവസാനത്തില്‍ ശ്രീ കലരുന്ന വിധം ഗാന്ധാരിയോടു കൂടി ആ മഹാത്മാക്കള്‍ നേടിയ ഗതി നേടുന്നതാണ്‌. നിത്യവും ഇന്ദ്രന്റെ സമീപത്തില്‍ വസിക്കുന്ന പാണ്ഡു നിന്നെ സ്മരിക്കുകയാണ്‌. ഭവാനെ എന്നും അവന്‍ ശ്രേയസ്വിയാക്കിത്തീര്‍ക്കും. യുധിഷ്ഠിരന്റെ മാതാവേ, അവന്‍ ശാശ്വത ധര്‍മ്മിഷ്ഠനാണ്‌. ദിവ്യചക്ഷുസ്സ് കൊണ്ട്‌ ഞങ്ങള്‍ ഇതു കാണുന്നുണ്ട്‌ രാജാവേ! വിദുരന്‍ മഹാനായ ധര്‍മ്മപുത്രനില്‍ ചെന്നുചേരും. ഇവിടെ നിന്ന്‌ ഈ സഞ്ജയനും ധ്യാനം കൊണ്ട്‌ സ്വര്‍ഗ്ഗത്തിലെത്തിച്ചേരും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം നാരദന്‍ പറഞ്ഞതു കേട്ട്‌ മഹാത്മാവായ കൗരവേന്ദ്രന്‍ തന്റെ പത്നിയോടു കൂടി പ്രീതനായി. വിദ്വാനായ രാജാവ്‌ നാരദന്റെ വാകൃത്തെ പ്രശംസിച്ചു. നാരദനെ പൂജിച്ചു. പിന്നെ മറ്റു മുനിമാരും നാരദനെ വേണ്ട വിധം പൂജിച്ചു. വീണ്ടും വീണ്ടും അവരെല്ലാം ധൃതരാഷ്ട്ര രാജാവിന്റെ പേരില്‍ പ്രീതരായി. നാരദന്‍ പറഞ്ഞ വാക്കിനെ ആ ദ്വിജസത്തമന്മാര്‍ പുകഴ്ത്തി. ഉടനെ രാജര്‍ഷിയായ ശതയൂപന്‍ പറഞ്ഞു.

ശതയൂപന്‍ പറഞ്ഞു: കുരുരാജാവിന്‌ മഹാദ്യുതേ, ഭഗവാനേ! ഭവാന്‍ വലിയ ശ്രദ്ധയുണ്ടാക്കി. ഈ സര്‍വ്വജനങ്ങള്‍ക്കും എനിക്കും ശ്രദ്ധയുണ്ടാക്കി മഹാദ്യുതേ! എനിക്കൊരു കാര്യം അറിയേണ്ടതുണ്ട്‌. അതു ഞാന്‍ ചോദിക്കുന്നു മഹാശയാ! അതു ധൃതരാഷ്ട്ര രാജാവിന്റെ പേരിലാണ്‌ ലോകപൂജിതനായ ദേവര്‍ഷേ! സര്‍വ്വവൃത്താന്ത തത്ത്വജ്ഞനും ദിവ്യദൃഷ്ടിയുള്ളവനുമായ ഭവാന്‍ നരര്‍ക്ക്‌ വിപ്രര്‍ഷേ, നാനാപ്രകാരത്തിലുള്ള ഗതി കാണുന്നുണ്ടല്ലോ. രാജാക്കന്മാര്‍ക്ക്‌ ഇന്ദ്രസാലോക്യം നീ പറഞ്ഞുവല്ലോ. ഈ നരേന്ദ്രന്റെ ലോകങ്ങളെപ്പറ്റി ഭവാന്‍ പറഞ്ഞില്ലല്ലോ മഹാമുനേ! ഈ രാജാവിന്റെ സ്ഥാനവും കേള്‍ക്കുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. പ്രഭോ ഭവാന്‍ അത്‌ ഏതു വിധമാണെന്നും പറഞ്ഞു തരുമോ? തത്ത്വമായി പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം തന്റെ മനസ്സില്‍ക്കണ്ടത്‌ ശതയൂപന്‍ ചോദിച്ചപ്പോള്‍ ആ സഭാമദ്ധ്യത്തില്‍ വെച്ച്‌ ദിവ്യദൃക്കും തപോനിധിയുമായ നാരദന്‍ പറഞ്ഞു.

നാരദന്‍ പറഞ്ഞു: യദ്യച്ഛയാല്‍ ശക്രന്റെ സദസ്സില്‍ ശചീപതിയായ ശക്രനെ ഞാന്‍ കണ്ടു. പാണ്ഡു രാജാവിനെയും കണ്ടു. അവിടെ വച്ച്‌ ധൃതരാഷ്ട്രനെപ്പറ്റി പറയുന്നത് ഞാന്‍ കേട്ടു. ഈ രാജാവ്‌ ചെയ്യുന്ന ഉഗ്രമായ തപസ്സിനെ പറ്റിയായിരുന്നു പ്രസംഗ വിഷയം. അതില്‍ ദേവരാജാവു തന്നെ പറഞ്ഞത്‌ ഞാന്‍ ഇപ്രകാരം കേട്ടു. ഇനി മൂന്നു കൊല്ലത്തെ ആയുസ്സു കൂടിയുണ്ട്‌ ധൃതരാഷ്ട്രന്. പിന്നെ ഗാന്ധാരിയോടു കൂടി അവന്‍ കുബേര ഭവനത്തിലെത്തും. അവിടെ വിത്തേശനാല്‍ ഈ രാജാവ്‌ സുല്‍കൃതനാകും. ഇഷ്ടം പോലെ ഗമിക്കുന്ന വിമാനത്തില്‍ കയറി, ദിവ്യാഭരണ ഭൂഷിതനായി, ഋഷിപുത്രനും മഹാഭാഗനുമായി, തപസ്സു കൊണ്ടു പാപങ്ങള്‍ ഛേദിക്കുന്നവനായി, ദേവന്മാരുടെയും ഗന്ധര്‍വ്വന്മാരുടെയും ആശരേശ്വരന്മാരുടെയും ലോകങ്ങള്‍ തോറും ഇഷ്ടം പോലെ ഗാന്ധാരിയുമൊത്തു സഞ്ചരിക്കും. ഇതാണല്ലോ ഭവാന്‍ ചോദിച്ചത്‌? നിങ്ങളോട്‌ ഈ മഹാദേവ രഹസ്യം പ്രീതിയോടെ ഞാന്‍ പറഞ്ഞു. അതുകൊണ്ട്‌ ജ്ഞാനസമ്പന്നരായ നിങ്ങള്‍ തപസ്സു കൊണ്ടു പാപം നീങ്ങിയവരായിരിക്കുന്നു.

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ദേവര്‍ഷി പറഞ്ഞ മധുരമായ വര്‍ത്തമാനം കേട്ട്‌ എല്ലാവരും സന്തോഷിച്ചു. രാജാവും വളരെ പ്രീതനായി. ഇപ്രകാരം ധൃതരാഷ്ട്രന്റെ സമീപത്തിരുന്ന്‌ ആ മനീഷികള്‍ പ്രസംഗിച്ചു. പിന്നെ സിദ്ധഗതിയുള്ളവരായ അവര്‍ യഥേഷ്ടം പോവുകയും ചെയ്തു.

21. പാണ്ഡവപരിതാപം - വനവാസത്തിന് പോയ ധൃതരാഷ്ട്രാദികളെ കുറിച്ചും മരിച്ചു പോയ പുത്രന്മാരെ കുറിച്ചും പാണ്ഡവന്മാർ ചിന്തിച്ചു ദുഖിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; കൗരവേന്ദ്രനായ ധൃതരാഷ്ട്രന്‍ വനത്തില്‍ പോയപ്പോള്‍ പാണ്ഡവന്മാര്‍ ശോകാര്‍ത്തരായി. അമ്മ വിട്ടു പിരിഞ്ഞതിലുള്ള ദുഃഖം ചെറുതല്ലായിരുന്നു. പൗരന്മാരെല്ലാം രാജാറിനെപ്പറ്റി ദുഃഖിച്ചു. നാലും കൂടിയ വഴിയിലും മറ്റിടങ്ങളിലും, ജനങ്ങള്‍ കൂടുന്നിടത്തൊക്കെ, രാജാവിനെപ്പറ്റി പറയുവാന്‍ തുടങ്ങി. വിപ്രന്മാരും സംസാരിക്കുന്നുണ്ടായിരുന്നു. നിര്‍ജ്ജനമായ കാട്ടില്‍ ആ രാജാവ്‌ എങ്ങനെ പാര്‍ക്കുന്നു! വൃദ്ധരായ ഗാന്ധാരിയും കുന്തിയും എങ്ങനെ പാര്‍ക്കുന്നു? സുഖാര്‍ഹനായ ആ രാജര്‍ഷി സുഖം കെട്ട്‌ മഹാവനത്തിലേക്കു പോയത്‌ എന്തു നിലയിലാണാവോ? പ്രജ്ഞാദൃഷ്ടിയായ ആ രാജാവ്‌, മക്കളൊക്കെ മരിച്ച ആ രാജാവ്‌, എന്തു ചിന്തിച്ചാണ്‌ കാട്ടിലേക്കു പോയത്‌? മക്കളെ കാണാതെ കുന്തി ജീവിക്കുന്നതു ചിന്തിക്കുമ്പോള്‍ കഷ്ടം തോന്നുന്നു. ദുഷ്കരമായ ആ ജീവിതം എങ്ങനെ അവള്‍ നയിക്കുന്നു? അവള്‍ രാജ്യശ്രീയും വെടിഞ്ഞ്‌ കാട്ടില്‍ പോയി. വലിയ ത്യാഗം തന്നെ! കുട്ടികള്‍ പോലും കൂടുന്നിടത്തെല്ലാം ഇതാണു സംസാരം. പാണ്ഡവന്മാരുടെ കഥയാണെങ്കില്‍, വനത്തില്‍ അവര്‍ പോയ അന്നു മുതല്‍ ശോകപരായണരായി കഴിയുകയാണ്‌. വൃദ്ധയായ അമ്മയെ ഓര്‍ത്ത്‌ വളരെ നാള്‍ പുരത്തില്‍ അവര്‍ വസിച്ചില്ല. അപ്രകാരം തന്നെ സകല മക്കളും മരിച്ചു പോയ വൃദ്ധനായ ആ മന്നവനെയുംമഹാഭാഗയായ ഗാന്ധാരിയെയും ധീരനായ വിദുരനെയും ചിന്തിക്കുമ്പോള്‍ അവര്‍ക്കെല്ലാം മ്ലാനതയാണ്‌. യാതൊരു തെളിവും പ്രീതിയും പാണ്ഡവരില്‍ ആരിലുമുണ്ടായില്ല. രാജ്യകാര്യങ്ങളില്‍ പ്രീതിയില്ല, സ്ത്രീകളില്‍ പ്രീതിയില്ല. ഇങ്ങനെ ആ രാജാവിനെ ചിന്തിക്കുന്നവരെല്ലാം നിര്‍വ്വേദം പൂണ്ടവരായി. ഒന്നിലും രുചിയില്ലാത്തവരായി. ആ ഘോരമായ ജ്ഞാതി വധം അവര്‍ വീണ്ടും വീണ്ടും സ്മരിച്ചു. പോര്‍ക്കളത്തില്‍ ബാലനായ അഭിമന്യുവെ വധിച്ച കാര്യം അവര്‍ വീണ്ടും വീണ്ടും ഓര്‍ത്തു.

പോരില്‍ പിന്മാറാത്ത കര്‍ണ്ണന്റെ കാര്യം ചിന്തിച്ചു. ദ്രൗപദീ പുത്രന്മാരുടെ കഥയോര്‍ത്തു. മറ്റ്‌ ഇഷ്ടന്മാരുടെ കഥ ചിന്തിച്ചു. ഈ വധങ്ങളെയൊക്കെ ഓര്‍ത്ത്‌ ആ വീരന്മാര്‍ അതിഹര്‍ഷം വിട്ട മാതിരിയായി എല്ലാവരും. വീരന്മാര്‍ ചത്ത്‌ രത്നങ്ങള്‍ കെട്ട പാര്‍ത്തട്ടിനെ കണ്ട്‌, എപ്പോഴും ചിന്തിച്ച്‌, മനസ്സില്‍ യാതൊരു ശമവുമുണ്ടായില്ല. മക്കള്‍ മരിച്ചപാഞ്ചാലിയും സാത്വതിയായ സുഭദ്രയും യാതൊരു മനശ്ശാന്തിയും കാണാതെ, അപ്രഹൃഷ്ടരായി, നെടുവീർപ്പിട്ട്‌ കഴിഞ്ഞു കൂടി. അവരില്‍ എല്ലാവരിലും ഒരേയൊരു ആശ മാത്രം നിലനിന്നു. ഉത്തരയുടെ പുത്രനായ പരീക്ഷിത്ത്‌ എന്ന പൈതലിന്റെ മുഖംകണ്ട്‌ ജനമേജയാ, നിന്റെ അച്ഛന്റെ മുഖം കണ്ട്‌, ആ പൂര്‍വ്വപിതാമഹന്മാര്‍ ജീവിതത്തില്‍ ആശിച്ചു. അവര്‍ അങ്ങനെ പ്രാണന്‍ ധരിച്ചു ഭാരതാ!

22. യുധിഷ്ഠിരയാത്ര - ധൃതരാഷ്ട്രനേയും അമ്മയെയും മറ്റും കാണാനുള്ള മോഹം കൊണ്ട് പാണ്ഡവന്മാർ കാട്ടിലേക്ക് പുറപ്പെടുന്നു. പാഞ്ചാലി മുതലായ അനവധി അന്തഃപുര സ്ത്രീകളും അനേകം പൗരന്മാരും അവരെ അനുഗമിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പുരുഷവ്യാഘ്രന്മാരായ പാണ്ഡവന്മാര്‍, അമ്മയുടെ ഇഷ്ടത്തിന് പാത്രമായ പാണ്ഡവന്മാര്‍, അമ്മയെത്തന്നെ ചിന്തിച്ചു. ആ വീരന്മാരെല്ലാം ഒരേടത്തു കൂടിയിരുന്ന്‌ അമ്മയെ ഓര്‍ത്തു ദുഃഖിച്ചു. രാജ്യകാര്യങ്ങളില്‍ മുമ്പെ ആസക്തരായ അവര്‍ ഇപ്പോള്‍ രാജ്യകാര്യങ്ങള്‍ പുരിയിലെങ്ങും ചെയ്യാതായി. ശോകത്തില്‍ മുങ്ങിപ്പോയ അവര്‍ ഒന്നും ചെയ്യുവാന്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ അമ്മയെത്തന്നെ ചിന്തിച്ചു. കൃശയായ കുന്തി, ആ വൃദ്ധരായ ദമ്പതിമാരെ എങ്ങനെ താങ്ങും? മക്കളൊക്കെ ചത്തു പോയി ആശ്രയമില്ലാത്തവനായ ആ രാജാവ്‌ എങ്ങനെ ജീവിക്കുകയായിരിക്കും? ചെന്നായ്ക്കള്‍ ചുറ്റിനടക്കുന്ന കാട്ടില്‍ എങ്ങനെ രാജാവ്‌ പത്നിയോടു കൂടി വസിക്കുന്നു? ബന്ധുക്കളും മക്കളുമൊക്കെ ചത്തൊടുങ്ങിയ ഗാന്ധാരീ ദേവിയുടെ കഥയെന്താണ്‌? ഭര്‍ത്താവ്‌ വൃദ്ധന്‍, പോരെങ്കില്‍ കുരുടന്‍, ആശ്രയമൊന്നുമില്ല! അവര്‍ വിജനമായ കാട്ടില്‍ എങ്ങനെ ജീവിക്കും? ഇപ്രകാരം ഓരോരുത്തരും വന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ അവരുടെ ദുഃഖവും വിഷമവും വര്‍ദ്ധിക്കുകയായി. അങ്ങനെ ധൃതരാഷ്ട്രനെ കാണുവാന്‍ കാട്ടിലേക്കു പോകുവാന്‍ അവര്‍ തീര്‍ച്ചയാക്കി. സഹദേവന്‍ രാജാവിന്റെ മുമ്പില്‍ കുനിഞ്ഞു കൈകൂപ്പി ഇപ്രകാരം പറഞ്ഞു: രാജാവേ! ഭവാന്‍, എന്റെ ഹൃദയം, അമ്മയെക്കാണുവാന്‍ വെമ്പുന്നുണ്ടെന്ന്‌ അറിയുന്നു! അത്ഭുതം! കാരൃഗൌരവം ചിന്തിച്ച്‌ അമ്മയെക്കാണുവാനുള്ള ആഗ്രഹം ഞാന്‍ ഉണര്‍ത്താതിരുന്നതാണ്‌. യാത്രയെപ്പറ്റിയുള്ള സംഗതി പറയുന്നു. ദിവസം വന്നടുത്തു! രാജാവേ, പോകാം ഭാഗ്യം! കുന്തി തപസ്സിലിരിക്കുന്ന ഇരിപ്പ്‌ നമ്മള്‍ക്കു കാണാം. അമ്മ ഇപ്പോള്‍ തലമുടി ജടയാക്കിയിട്ടുണ്ടാകും. കാശകുശകളുടെ മൂര്‍ച്ചയുള്ള അഗ്രഭാഗം കൊണ്ട്‌ അമ്മയുടെ കൈ മുറിഞ്ഞിട്ടുണ്ടാകും. ഏറ്റവും സുഖമേറിയ മണിമാളികയില്‍ ജീവിച്ചു വളര്‍ന്ന എന്റെ അമ്മ ഇപ്പോള്‍ തളര്‍ന്നിട്ടുണ്ടാകും. ആ നിലയിലാണ്‌ രാജാവേ, ഞാന്‍ അമ്മയെക്കാണുക! വല്ലാതെ തളര്‍ന്ന മട്ടില്‍ ദുഃഖിച്ചിരിക്കുന്നതായി കാണുന്നു. ഭാരതരാജാവേ, മര്‍ത്ത്യരുടെ ഗതി നിത്യമല്ല, ശാശ്വതമല്ല. രാജപുത്രിയായ കുന്തി ഇപ്പോള്‍ കാട്ടില്‍ ദുഃഖിച്ചിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: സഹദേവന്‍ പറഞ്ഞതു കേട്ടു നാരീപ്രവരയായ പാര്‍ഷതീദേവി രാജാവിനെ പൂജിച്ച്‌ അഭിനന്ദിച്ചു പറഞ്ഞു.

പാഞ്ചാലി പറഞ്ഞു: രാജാവേ, കുന്തീദേവിയെ കാണുവാന്‍ എന്നാണു സാധിക്കുക? അമ്മ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോ? ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ എനിക്ക്‌ അവളെ കാണുന്നതില്‍ പ്രീതിയുണ്ട്‌ രാജാവേ! അങ്ങയുടെ കരള്‍ എന്നും ധര്‍മ്മത്തില്‍ നില്ക്കട്ടെ! രാജേന്ദ്രാ, ഭവാന്‍ ഞങ്ങളെ ശ്രേയസ്സോടു കൂട്ടിച്ചേര്‍ക്കും. അങ്ങയുടെ പാദത്തിന്‍ കീഴില്‍ ഈ വധുക്കള്‍ ഉത്തരവും പ്രതീക്ഷിച്ചു നില്ക്കുകയാണ്‌. കുന്തിഗാന്ധാരിമാരെയും ശ്വശുരനെയും കാണുവാന്‍ കാത്തു കൊണ്ടാണ്‌ വധുക്കള്‍ നില്ക്കുന്നത്‌

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ദ്രൗപദീ ദേവി പറഞ്ഞപ്പോള്‍ രാജാവ്‌ എല്ലാ സേനാധിപന്മാരെയും വരുത്തി ഇങ്ങനെ പറഞ്ഞു: തേരും ആനയും വളരെയുള്ളതായ എന്റെ സൈന്യത്തെക്കൂടി ഇറക്കുവിന്‍! കാട്ടിലേക്കു പോയി അവിടെ വസിക്കുന്ന ധൃതരാഷ്ട്ര രാജാവിനെ കാണുക! സ്ത്രീജനാദ്ധ്യക്ഷന്മാരെ വിളിച്ചു പറഞ്ഞു. പലതരം യാനങ്ങളും, പല്ലക്കുകളും ഒരുക്കുക. രാജവധുക്കള്‍ക്കു പോകാം. വണ്ടി, വാണിഭ വേശ്മങ്ങള്‍, ഭണ്ഡാര ശില്പിമാര്‍ ഇവരൊക്കെ കുരുശ്രേഷ്ഠന്റെ ആശ്രമത്തിലേക്കു പോരട്ടെ! നല്ല മാതിരി അകമ്പടി കൂട്ടണം! രാജാവിനെ കാണുവാന്‍ ആഗ്രഹമുള്ള ഏത്‌ ആള്‍ക്കും പോരാം. രക്ഷാസൈന്യത്തെ ചുറ്റും കൂട്ടണം. എന്റെ ഭക്ഷ്യഭോജ്യങ്ങളും ഇപ്പോള്‍ വണ്ടിയില്‍ കയറ്റട്ടെ! നാളെയാണു യാത്രയെന്നു പരസ്യം ചെയ്യണം. അതിന് അമാന്തം പാടില്ല. വഴിക്കു വിശ്രമിക്കുവാനുള്ള പലതരം കൂടാരങ്ങള്‍ ഉണ്ടാക്കിക്കണം.

ഇപ്രകാരം അനുജന്മാരോടു ചേര്‍ന്നു നിന്ന്‌ പാണ്ഡവനായ യുധിഷ്ഠിരന്‍ കല്പിച്ചു. പിറ്റേന്നാള്‍ നാരിമാരോടും, വൃദ്ധരോടും കൂടി യാത്രയായി. ജനങ്ങളെ കാത്തു വെളിയില്‍ അഞ്ചു ദിവസങ്ങള്‍ വഴിക്കു പാര്‍ത്തു. പിന്നെ രാജാവ്‌ ആ കാട്ടിലേക്കു പ്രവേശിക്കുകയും ചെയ്തു.

23. ധൃതരാഷ്ട്രന്റെ ആശ്രമം - രാജോചിതമായ അകമ്പടിയോടെ ശതയൂപാശ്രമത്തിൽ യുധിഷ്ഠിരനും മറ്റും എത്തുന്നു - വൈശമ്പായനൻ പറഞ്ഞു: ഭാരതസത്തമനായ രാജാവ്‌ ഉടനെ കല്പന നല്കി. ലോകപാല തുല്യന്മാരായ അര്‍ജ്ജുനാദി വീരന്മാരുടെ അധീനത്തിലുള്ള സൈന്യത്തെ നടത്തുവാന്‍ ആജ്ഞാപിച്ചു. പ്രീതിയോടെ സൈന്യങ്ങളെ കൂട്ടുവാന്‍ ശംഖശബ്ദം കൊണ്ട്‌ അറിയിച്ചു. "ഒരുക്കുക ഒരുക്കുക!", എന്ന്‌ ആര്‍പ്പു വിളിച്ച്‌ ആർക്കുന്ന സാദികളുടെ ശബ്ദവും മാറ്റൊലിക്കൊണ്ടു.

ചിലര്‍ യാനങ്ങളാല്‍ ചെന്നു.. ചിലര്‍ പായുന്ന ഹയങ്ങളില്‍ കയറിച്ചെന്നു. കത്തുന്ന അഗ്നി പോലെ ശോഭിക്കുന്ന തേരുകളാല്‍ ചിലര്‍ എത്തിക്കഴിഞ്ഞു. ചിലര്‍ ആനകളാലും, മറ്റു ചിലര്‍ ഒട്ടകങ്ങളാലും ചെന്നു. നഖരപ്രാസയോധികളായ കാലാളുകളും നിരന്നു. നഗരവാസികളും നാട്ടുകാരും പല യാനങ്ങളാലും എത്തി. എല്ലാവരും രാജാവിനെ പിന്തുടര്‍ന്നു. കുരുശ്രേഷ്ഠനായ ധൃതരാഷ്ട്രനെ കാണുവാനുള്ള ആ യാത്ര വളരെ കേമമായിരുന്നു. രാജകല്പനയാല്‍ ആചാര്യനായ ഗൌതമന്‍, കൃപന്‍ പടനായകനായി ആശ്രമത്തിലേക്കു നടന്നു.

പിന്നെ വിപ്രരോടു കൂടി കുരുരാജാവായ യുധിഷ്ഠിരന്‍, വന്ദിമാഗധ സൂതന്മാരുടെ സ്തുതിഗീതം കേട്ടും, തലയ്ക്കുമേലെ പിടിച്ച വെണ്‍കൊറ്റക്കുടയോടും, വലിയ തേര്‍ക്കൂട്ടത്തോടും കൂടി ഭാരത ചക്രവര്‍ത്തിയായ യുധിഷ്ഠിരന്‍, എഴുന്നള്ളി. കുന്നിന്  തുല്യമായ ആനകളുമായി ഭീമകര്‍മ്മാവായ ഭീമനും, യന്ത്രായുധങ്ങള്‍. തയ്യാറാക്കിയ മട്ടില്‍ പോയി. മാദ്രീപുത്രന്മാരും അപ്രകാരം സുസംവൃതരായി കുതിരപ്പുറഞ്ഞു കയറി യാത്രയായി. ചട്ടയിട്ട്‌ ഉന്നതമായ ധ്വജം ഉയര്‍ത്തി അവര്‍ പാഞ്ഞു പോയി. മഹാത്മാവായ അര്‍ജ്ജുനനും വെള്ളക്കുതിരകളെ കെട്ടിയ സൂര്യാഭമായ രഥത്തില്‍ കയറി രാജാവിന്റെ പിന്നാലെ യാത്രയായി. പാഞ്ചാലി മുതലായ സ്ത്രീകളൊക്കെ പല്ലക്കില്‍ കയറി. അവര്‍ ധനം വിതറിക്കൊണ്ടാണു പോയത്‌. അവര്‍ സ്ത്രീജനാദ്ധ്യക്ഷയുടെ രക്ഷയിലാണു പോയത്‌. സമൃദ്ധിയായി ആനകളും കുതിരകളും രഥങ്ങളും എല്ലാം വേണുവീണാ സ്വനങ്ങളാല്‍ നാദിതമായി. അപ്പോള്‍ പാണ്ഡവപ്പട ശോഭിച്ചു ഭരതര്‍ഷഭാ!

അഴകുള്ള പുഴകളുടെ തീരങ്ങളിലും പൊയ്കകളുടെ തീരങ്ങളിലും പാര്‍ത്തു കൊണ്ട്‌ ആ കുരുപുംഗവര്‍ യാത്ര തുടര്‍ന്നു. തേജസ്വിയായ യുയുത്സുവും പുരോഹിതനായ ധൗമ്യനും യുധിഷ്ഠിരന്റെ കല്പന പ്രകാരം ഹസ്തിനപുരത്തില്‍ വസിച്ച്‌ നഗരസംരക്ഷണം നടത്തി.

പതുക്കെ പാവനമായ യമുനാനദി കയറിക്കടന്നു. ധീമാനായ ആ രാജര്‍ഷി ശതയൂപന്റെ ആശ്രമം ദൂരെ നിന്നു കണ്ടു. ധൃതരാഷ്ട്ര രാജാവിന്റെ ആശ്രമവും ദൂരത്തായി നോക്കിക്കണ്ടു. പിന്നെ എല്ലാവര്‍ക്കും സന്തോഷമായി. എല്ലാവരും വാഹനങ്ങളില്‍ നിന്ന്‌ ഇറങ്ങി, മഹാനാദം മുഴക്കി കാട്ടിലൂടെ നടന്നൂ ഭരതര്‍ഷഭാ!

24. യുധിഷ്ഠിരാദി ധ്യതരാഷ്ട്ര സമാഗമം - പാണ്ഡവന്മാരും ഭാര്യമാരും പേര് പറഞ്ഞു ധൃതരാഷ്ട്രനെ വണങ്ങുന്നു - വൈശമ്പായനന്‍ പറഞ്ഞു: പിന്നെ പാണ്ഡവന്മാര്‍ ദുരത്തു നിന്നു തന്നെ ഇറങ്ങി. കാല്‍നടയായി നൃപന്റെ ആശ്രമത്തിലേക്കു വിനയം കൊണ്ടു കുനിഞ്ഞ ശിരസ്സോടെ പോയി. ആ യോദ്ധാക്കളും നാട്ടില്‍പ്പാര്‍ക്കുന്നവരും കാല്‍നടയായി പിന്തുടര്‍ന്നു. കുരുമുഖ്യ വധുക്കളും അപ്രകാരം പിന്തുടര്‍ന്നു. പിന്നെ ആ പാണ്ഡു നന്ദനന്മാര്‍ ധൃതരാഷ്ട്രന്റെ ആശ്രമത്തില്‍ പ്രവേശിച്ചു. ശൂന്യമായി മൃഗഗണം ചിന്നി വാഴക്കാടു കൊണ്ടുമ നോഹരമായി വിളങ്ങുന്ന ധൃതരാഷ്ട്രാശ്രമം കണ്ടു. അവിടെ പിന്നെ യതവ്രതരായ താപസന്മാര്‍ വന്നു ചേര്‍ന്നു. വന്നെത്തുന്ന പാണ്ഡവരെ കാണുവാന്‍ കുതൂഹലത്തോടെ അവര്‍ വന്നുചേര്‍ന്നു. രാജാവ്‌ അവരോടു ചോദിച്ചു: എവിടെയാണ്‌ കുരുകുലോദ്വഹനായ രാജാവ്‌? ഞങ്ങളുടെ വലിയച്ഛന്‍ എവിടെ?' എന്നു നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു. അവര്‍ പറഞ്ഞു: രാജാവ്‌ യമുനയിലേക്കു കുളിക്കുവാന്‍ പോയിരിക്കയാണ്‌. ജലമെടുക്കുവാനുള്ള കുടവും, പുവ്‌ പറിക്കുവാനുള്ള പാത്രവുമായി പോയിരിക്കുകയാണ്‌ പ്രഭോ. ഈ വര്‍ത്തമാനം കേട്ടപ്പോള്‍ അവര്‍ എല്ലാവരും യമുനയിലേക്കു നടന്നു. ഒട്ടു ദൂരത്തായി അവരെ പദാതികള്‍ കണ്ടു. പിന്നെ ബദ്ധപ്പെട്ട്‌ ആ പിതൃ ദര്‍ശന കാംക്ഷികള്‍ ചെന്നു. സഹദേവന്‍ കുന്തി നില്ക്കുന്ന ദിക്കിലേക്ക്‌ ഉടനെ ഓടി. ആ ധീമാന്‍ അമ്മയുടെ കാല്‍ പിടിച്ച്‌ ഉച്ചത്തില്‍ നിലവിളിച്ചു. കണ്ണുനീര്‍ മുഖത്തു കൂടി ഒഴുകുന്ന കുന്തി ഇഷ്ട പുത്രനെ നോക്കി. കൈകളാല്‍ തഴുകി തലപൊക്കി പുത്രനെ നോക്കി. സഹദേവന്‍ ഇതാ വന്നിരിക്കുന്നു എന്നു ഗാന്ധാരിയോടു പറഞ്ഞു. പിന്നീട്‌ രാജാവിനെ, ഭീമനെ, ജിഷ്ണുവിനെ, പിന്നെ നകുലനെ ഇവരെയെല്ലാം കണ്ട്‌ പൃഥ നടന്നു. മക്കള്‍ മരിച്ച ആ ദമ്പതികളുടെ മുമ്പിലായി കുന്തി നടന്നു. അവരെയും കൊണ്ടു നടക്കുന്ന അമ്മയുടെ ആ ശോചനീയമായ ജീവിതയാത്ര കണ്ട്‌ മക്കള്‍ തളര്‍ന്നു നിലത്തു വീണു. അവരെ രാജാവ്‌, ശബ്ദം കേട്ടും സ്പര്‍ശനം കൊണ്ടും ആ മഹാശയന്‍, വെവ്വേറെ മനസ്സിലാക്കി. മേധാവിയായ ആ പ്രഭു ആശ്വസിപ്പിച്ചു. ഗാന്ധാരിയോടു കൂടിയ ആ രാജാവിനെക്കണ്ടു കണ്ണുനീര്‍ ചൊരിഞ്ഞ്‌ ആ മഹാത്മാക്കള്‍ അവരെ ഉപാസിച്ചു. വിധി പോലെ അമ്മയെയും ഉപാസിച്ചു. എല്ലാവരുടെയും ജലകുംഭം അവര്‍ വാങ്ങി. പാണ്ഡുപുത്രന്മാര്‍ അമ്മയുടെ ആശ്വാസവാക്കു കേട്ട്‌ ബോധക്കേടില്‍ നിന്നുണര്‍ന്ന്‌ ആശ്വസിക്കെ, ആ ജലകുംഭവുമായി അവര്‍ നടന്നു.

ആ നരാഗ്ര്യന്മാരുടെ ഭാര്യമാരും, അന്തഃപുര ജനങ്ങളും, നഗരവാസികളും, നാട്ടിന്‍പുറവാസികളും ആ നരനാഥനെകണ്ടൂ. നാമവും ഗോത്രവും പറഞ്ഞു യുധിഷ്ഠിരന്‍ അവരെയെല്ലാം രാജാവിന് പരിചയപ്പെടുത്തി. അപ്പോള്‍ ആ ജനത്തെ ധൃതരാഷ്ട്രന്‍ നല്ല വാക്കുകള്‍ കൊണ്ടു സല്കരിച്ചു.അവര്‍ തനിക്കു ചുറ്റുമായി വന്നു നിന്നപ്പോള്‍ അവന്‍ ബാഷ്പാകുലേക്ഷണനായി, പണ്ട്‌ താന്‍ ഹസ്തിനപുരിയില്‍ രാജാവായിരുന്ന കാലത്തെ ഓര്‍ത്തു.

പാഞ്ചാലി തുടങ്ങിയ വധുക്കള്‍ രാജാവിന്റെ പാദത്തില്‍ നമസ്കരിച്ചു നിന്നു. ഗാന്ധാരിയോടും, കുന്തിയോടും കൂടി രാജാവ്‌ ആ വധുക്കളെ കൊണ്ടാടി. പിന്നെ സിദ്ധചാരണന്മാര്‍ സേവിക്കുന്ന ആശ്രമത്തില്‍ എത്തി, നക്ഷത്രങ്ങള്‍ ചേര്‍ന്ന വ്യോമം പോലെ കാണികള്‍ നില്ക്കുന്ന ആ ആശ്രമഭാഗത്ത്‌ അവര്‍ എത്തി.

25. ഋഷികളോട്‌ യുധിഷ്ഠിരാദികളുടെ നിവേദനം - സഞ്ജയൻ ഋഷിമാർക്ക് ആഗതരെ പരിചയപ്പെടുത്തുന്നു - വൈശമ്പായനൻ പറഞ്ഞു: ആ പങ്കജാക്ഷന്മാരായ ജ്യേഷ്ഠാനുജന്മാര്‍, ആ നരപുംഗവന്മാര്‍, ഒന്നിച്ചു ചേര്‍ന്ന്‌ അവിടെ ഇരുന്നു. രാജാവ്‌ അവരോടു കൂടി ആശ്രമത്തിലിരുന്നു ഭരതര്‍ഷഭാ, മാര്‍വിരിഞ്ഞ ആ പാണ്ഡവന്മാരെ, കുരുശ്രേഷ്ഠന്റെ പുത്രന്മാരെ, കാണുവാനായി നാനാ ദിക്കില്‍ നിന്നും വന്നെത്തിയവരായ താപസന്മാര്‍ ചുറ്റും നിന്നു.

അവര്‍ പറഞ്ഞു: ഇതില്‍ ആരാണ്‌ യുധിഷ്ഠിരന്‍! ഭീമാര്‍ജജുനന്മാരും, യമരും, കൃഷ്ണയും ഏതെന്ന്‌ അറിയണം!ഇതു കേട്ടപ്പോള്‍ സൂതനായ സഞ്ജയന്‍ പേര് പറഞ്ഞ്‌ അവരെയൊക്കെ അടയാളങ്ങളുമായി പരിചയപ്പെടുത്തി. കൃഷ്ണയെയും, മറ്റ്‌ കുലസ്ത്രീകളെയും പരിചയപ്പെടുത്തി.

സഞ്ജയന്‍ പറഞ്ഞു: ഇതാ! നല്ല തങ്കനിറത്തോടെ, ഒട്ടൊതുങ്ങിയ മട്ടില്‍ വലിയ ഒരു സിംഹത്തിന്റെ പ്രൗഢിയോടെ, കനത്ത മുക്കും വിടുര്‍ന്ന്‌ നീണ്ടു തുടുത്ത നയനങ്ങളുമായി നില്ക്കുന്ന ഇദ്ദേഹമാണ്‌ കുരുരാജാവായ യുധിഷ്ഠിരന്‍. അടുത്തു നില്ക്കുന്ന ഇദ്ദേഹം മത്തഗജേന്ദ്രനെപ്പോലെ ഘനമായി നടക്കുന്നവനും ഉരുക്കിയ സ്വര്‍ണ്ണം പോലെ ശുദ്ധമായ തങ്കവര്‍ണ്ണത്തോട് കൂടി തടിച്ച തോളും നീണ്ട കൈകളും ഉള്ള ഇവനാണ്‌ വൃകോദരന്‍ എന്ന പുരുഷന്‍. ഇദ്ദേഹത്തെ നിങ്ങള്‍ കാണുവിന്‍!

അവന്റെ സമീപത്തായി വലിയ വില്ല്‌ കൈയില്‍ വെച്ച്‌ ശ്യാമമായ നിറത്തോടെ ഉത്തമനായ ആനയെപ്പോലെ ഉള്ളവനും സിംഹത്തെപ്പോലെ ഉന്നതമായ അംസത്തോട് കൂടിയവനും, ആനയെപ്പോലെ ലീലാലോലമായി നടക്കുന്നവനും, പത്മാക്ഷനുമായ ഇവന്‍ അര്‍ജ്ജുനനാണ്‌.

കുന്തിയുടെ അടുത്തായി നില്ക്കുന്ന രണ്ടു പേരെ നോക്കുക. പുരുഷോത്തമന്മാരായ ഇവര്‍ ഹരിവിഷ്ണു തുല്യരായ യമന്മാരാണ്‌. മനുഷ്യ ലോകത്തില്‍ ഈ നകുല സഹദേവന്മാര്‍ക്ക്‌ രൂപം കൊണ്ടും ബലം കൊണ്ടും ശീലം കൊണ്ടും തുല്യരായി ആരെയും കാണുകയില്ല.

ഈ നില്ക്കുന്ന പത്മദളായതാക്ഷി, മദ്ധ്യവയസ്സില്‍ നില്ക്കുന്ന ഈ സുന്ദരി, സൗന്ദര്യ ദേവി പോലെ ഉല്പലാഭമായ ഇവള്‍, സാക്ഷാല്‍ ലക്ഷ്മീ ദേവിക്കു തുല്യയായ ഇവള്‍, പാഞ്ചാലിയാണ്‌.

അവളുടെ സമീപത്തു നില്ക്കുന്നവളെ നോക്കൂ! കനകോല്പ ലാഭയായ ഇവള്‍, മൂര്‍ത്തിമതിയായ നിലാവു പോലെ ശോഭിക്കുന്ന ഇവള്‍ മദ്ധ്യവയസ്കയായ ഈ സുന്ദരി, അല്ലയോ വിപ്രേന്ദ്രരെ, ചക്രായുധന്റെ പെങ്ങളായ സുഭദ്രയാണ്‌.

ഇതാ അടുത്തു നില്ക്കുന്ന ഈ സ്വര്‍ണ്ണ വര്‍ണ്ണമുള്ള സുന്ദരി ഭുജംഗ കനൃയായ ഉലൂപി, അര്‍ജ്ജുനന്റെ ഭാര്യയാണ്‌. അവളുടെ അടുത്ത്‌ നില്ക്കുന്നവളാണ്‌ ചിത്രാംഗദ രാജാവിന്റെ പുത്രിയായ അര്‍ജ്ജുന ഭാര്യ. മധുകപ്പൂവു പോലെ, സ്വര്‍ണ്ണംപോലെ ശോഭിക്കുന്ന ഇവളെ അറിയുക!

ശ്രീകൃഷ്ണനോട്‌ ഗുണത്തില്‍ തിരക്കി നിന്നവനായ സേനേശ രാജാവിന്റെ സഹോദരിയാണ്‌ ഇവള്‍. വിടര്‍ന്ന നീലോല്പലം പോലെ കാന്തിമതിയായ ഇവള്‍ വൃകോദരന്റെ ഭാര്യയാണ്‌.

അവളുടെ സമീപത്തില്‍ നില്ക്കുന്ന ഈ സുന്ദരി മഗധ രാജാവായ ജരാസന്ധന്റെ പുത്രിയാണ്‌. ചമ്പകപ്പൂവിന്റെ നിറമുള്ള ഈ സുന്ദരി മാദ്രിയുടെ പുത്രന്മാരില്‍ ഇളയവനായ സഹദേവന്റെ ഭാര്യയാണ്‌. 

കരിം കൂവളപ്പൂവ് പോലെ ശ്യാമളമായ ദേഹത്തോടെ സമീപത്തു നില്ക്കുന്ന ഇവളെ നോക്കൂ! മാദ്രേയരില്‍ ജ്യേഷ്ഠനായ നകുലന്റെ ഭാര്യയാണ്‌ ഈ കമലായതാക്ഷി. 

ഉരുക്കിയ പൊന്നിന്റെ നിറത്തോടെ കൈയില്‍ ഒരു കുട്ടിയുമായി നില്ക്കുന്ന ഇവള്‍ വിരട രാജാവിന്റെ പുത്രിയായ ഉത്തരയാണ്‌. ദ്രോണാദികളായ മഹാരഥന്മാര്‍ അവരുടെ തേരുകളെല്ലാം നഷ്ടപ്പെട്ട സമയത്തു കൊന്ന അഭിമന്യുവിന്റെ ഭാര്യയാണ്‌. 

സീമന്തരേഖ മറയുമാറ്‌ വെള്ളവസ്ത്രം കൊണ്ടു തലമൂടി നില്ക്കുന്ന ഈ വധുക്കളെല്ലാം ഈ വൃദ്ധനായ ധൃതരാഷ്ട്ര രാജാവിന്റെ മരിച്ച പുത്രന്മാരുടെ ഭാര്യമാരാണ്‌; നൂറു പുത്രന്മാരുടെയും ഭാര്യമാരാണ്‌. പ്രാധാന്യത്തെ പുരസ്‌കരിച്ച്‌ ഇവരെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തിത്തന്നു. ബ്രാഹ്മണ്യം ചേര്‍ന്ന, ഋജുബുദ്ധി ചേര്‍ന്ന, മാന്യരെ, ഇപ്പോള്‍ രാജേന്ദ്രന്മാരുടെ ഭാര്യമാരെപ്പറ്റിയെല്ലാം ഞാന്‍ പറഞ്ഞു. നിങ്ങള്‍ എല്ലാം കേട്ടുവല്ലോ. വിശുദ്ധരാജേന്ദ്രന്മാരുടെ പരിഗ്രഹങ്ങളാണ്‌ ഈ നില്ക്കുന്നവരെല്ലാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കുരുവൃദ്ധനായ ധൃതരാഷ്ട്രന്‍ ഉത്തമന്മാരായ ആ രാജപുത്രന്മാരോട് ചേര്‍ന്നു. ആ താപസന്മാരെല്ലാം പോയതിന് ശേഷം എല്ലാവരോടും കുശലം ചോദിച്ചു. ആ യോധന്മാര്‍ ആശ്രമമണ്ഡലത്തെ വിട്ട്‌ വാഹനങ്ങളെയൊക്കെ അഴിച്ചു വിട്ടിരിക്കെ സ്ത്രീകളോടും വൃദ്ധരോടും ബാലകരോടും കൂടിയ അവര്‍ എല്ലാവരും ഇരുന്നതിന് ശേഷം കുശലങ്ങള്‍ ചോദിച്ചു.

26. വിദുരനിര്യാണം - ജനക്കൂട്ടത്തെ കണ്ട വിദുരൻ ഓടുന്നു. ധർമ്മപുത്രൻ വിദുരനെ അനുഗമിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: യുധിഷ്ഠിരാ, മഹാബാഹോ, ഭവാന്‍ കുശലിയാണല്ലോ! ഭ്രാതാക്കളോടും പൗത്രന്മാരോടും നാട്ടുകാരോടും കൂടി ഭവാന്‍ കുശലിയായി ഇരിക്കുന്നില്ലേ? നിന്നെ സേവിച്ചു നില്ക്കുന്ന സചിവന്മാരും ഭൃത്യന്മാരും ഗുരുക്കന്മാരും അനാമയികളല്ലേ രാജാവേ! അവരൊക്കെ നിന്റെ രാജ്യത്ത്‌ യാതൊരു ബാധയും കൂടാതെ വാഴുന്നില്ലേ? പൂര്‍വ്വന്മാരായ രാജര്‍ഷികളുടെ വൃത്തിയില്‍ നീ വര്‍ത്തിക്കുന്നില്ലേ? ന്യായം തെറ്റിക്കാതെ നിന്റെ ഭണ്ഡാരം വാഴുന്നില്ലേ? ശത്രുക്കളിലും മിത്രങ്ങളിലും മദ്ധ്യവര്‍ത്തികളിലും നീ തക്കവിധത്തില്‍ നില്ക്കുന്നില്ലേ? വിപ്രന്മാരുടെ ആഗ്രഹാരങ്ങള്‍ നീ നല്ലപോലെ നോക്കുന്നില്ലേ? അവര്‍ നിന്റെ ശീലത്താല്‍ സന്തോഷിക്കുന്നില്ലേ ഭാരതാ? ശത്രുക്കളും, പൌരന്മാരും, ഭൃതൃരും, സ്വജനങ്ങളും ശ്രദ്ധയോടു കൂടി യജിക്കുന്നില്ലേ? അന്നപാനത്താല്‍ പാന്ഥന്മാരെ പൂജിക്കുന്നില്ലേ? വിപ്രമാര്‍ നിന്റെ നീതിയാല്‍ സ്വകര്‍മ്മനിഷ്ഠരായി വര്‍ത്തിക്കുന്നില്ലേ? ക്ഷത്രിയന്മാരും, വൈശ്യയന്മാരും, ശുദ്രന്മാരുമായ കുടുംബികള്‍ ദുഃഖിക്കുന്നില്ലല്ലോ! സ്ത്രീകളും, ബാലരും, വൃദ്ധരുമൊന്നും നാട്ടില്‍ ഇരക്കുന്നില്ലല്ലോ. കുലസ്ത്രീകളെ നീ ഗൃഹത്തില്‍ പൂജിക്കുന്നില്ലേ? ഈ രാജര്‍ഷിമാരുടെ കുലം രാജാവായ നിന്നില്‍ ഇരിക്കുമ്പോള്‍ യഥോചിതം മഹാരാജാവേ, ആ യശസ്സു കൊണ്ട്‌ താണു പോകുന്നില്ലല്ലോ.

വൈശമ്പായനൻ പറഞ്ഞു: എന്നു പറയുന്ന രാജാവിനോട്‌ ന്യായജ്ഞനായ യുധിഷ്ഠിരന്‍ കുശല പ്രശ്നത്തോട് ചേര്‍ന്ന്‌ വാക്കില്‍ കുശലനായ അദ്ദേഹം ഉത്തരം പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു; രാജാവേ, ഭവാന്റെ തപസ്സ്‌ ശമ ദമങ്ങളോടെ വായ്ക്കുന്നില്ലേ? എന്റെ അമ്മയായ കുന്തി നിങ്ങളെ തളര്‍ച്ച കൂടാതെ ശുശ്രുഷിക്കുന്നില്ലേ? അങ്ങനെ ചെയ്താല്‍ അമ്മയുടെ വനവാസം സഫലമാകുമെന്നാണ്‌എന്റെ വിശ്വാസം. എന്റെ വല്യമ്മ ശീതം, വാതം, യാത്രാ ക്ലേശം ഇവ കൊണ്ടൊക്കെ ക്ഷീണിച്ചവളാണ്‌. ദേവിയായ അവള്‍ ഘോരമായ തപസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയാണല്ലോ! അമ്മയ്ക്കു ദുഃഖം ഏല്ക്കാറില്ലല്ലോ! ക്ഷത്രധര്‍മ്മസ്ഥരും, വീരന്മാരും, മരിച്ചവരുമായ മക്കളെ ചിന്തിച്ച്‌ അമ്മ കരയാറില്ലല്ലോ? കുറ്റം ചെയ്തവരായ ഞങ്ങളെ കുറ്റപ്പെടുത്താറില്ലല്ലോ? രാജാവേ, വിദുരനെ കാണുന്നില്ലല്ലോ! ആ മാന്യന്‍ എവിടെയാണ്‌? ഈ കുശലിയായ സഞ്ജയന്‍ തപസ്സില്‍ സ്ഥിരനല്ലേ?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ ചോദിച്ചപ്പോള്‍ ധൃതരാഷ്ട്ര രാജാവു പറഞ്ഞു: പുത്രാ! കൂശലിയായ വിദുരന്‍ ഘോരമായ തപസ്സില്‍ മുഴുകിയിരിക്കയാണ്‌. നിരാഹാരനായി വായു മാത്രം ഭക്ഷിച്ച്‌ ഞരമ്പു തടിച്ചു മെലിഞ്ഞ്‌ തപം ചെയ്യുകയാണ്‌. ചിലപ്പോള്‍ ഈ ശൂന്യാരണൃത്തില്‍ വിപ്രന്മാര്‍ വല്ലേടത്തും കണ്ടെന്നു വരാം.

എന്നു ധൃതരാഷ്ട്രന്‍ പറയുന്ന സമയത്ത്‌ ജടിയും, ഒരു മരക്കഷണം വായില്‍ കടിച്ചു പിടിച്ചവനും, കൃശനും, ദിഗംബരനും, ദേഹത്തില്‍ ചേറണിഞ്ഞവനും, കാട്ടിലെ പൊടി ഏറ്റവനുമായ വിദുരന്‍ കുറച്ചകലെ നില്ക്കുന്നതായി രാജാവിന്റെ ദൃഷ്ടിയില്‍ പെട്ടു. 

വായുമാത്രം ഭക്ഷണമായിട്ടുള്ള മുനിമാര്‍ ശ്വാസം കഴിക്കുന്നതിന്റെ സാകര്യത്തിന് വേണ്ടി ഒരു മരക്കഷണമോ ഒരു കല്ലിന്‍ കഷണമോ കുടിച്ചു പിടിക്കുമെന്നു പറയുന്നു.

ആശ്രമത്തിലേക്കു നോക്കി ഉടനെ പിന്തിരിഞ്ഞു പോകുന്ന സമയത്ത്‌ രാജാവേ, അവനെ പിന്തുടര്‍ന്ന്‌ ഒറ്റയ്ക്ക്‌ യുധിഷ്ഠിര രാജാവ് ചെന്നു. അവന്‍ ചെടികളുടെയും, മരങ്ങളുടെയും ഇടയിലൂടെ പോകുന്നത്‌ യുധിഷ്ഠിരന്‍ കണ്ടും കാണാതെയും പിന്തുടര്‍ന്നു. യുധിഷ്ഠിരന്‍ വിളിച്ചു പറഞ്ഞു. ഹേ, വിദുരാ! നില്‍ക്കു! ഞാന്‍ അങ്ങയുടെ ഇഷ്ടനായ യുധിഷ്ഠിരനാണ്‌, "നില്‍ക്കൂ! നില്‍ക്കൂ", എന്നു പറഞ്ഞു പണിപ്പെട്ട്‌ വിദുരന്റെ പിന്നാലെ രാജാവ്‌ ഓടി. വിജനമായ ഒരു ഏകന്തസ്ഥലത്തു ചെന്നപ്പോള്‍ ബുദ്ധിമാനായ അവന്‍ നിന്നു. ആ കാട്ടിന്നുള്ളില്‍ വിദുരന്‍ ഒരു വൃക്ഷത്തിന്നടുത്തു ചെന്നു നിന്നു. ഏറ്റവും ക്ഷീണിച്ച വിധം പ്രാകൃത വേഷനായി നില്ക്കുന്ന വിദുരനെ രാജാവു കണ്ടറിഞ്ഞു. ആ മഹാബുദ്ധിമാനെ ബുദ്ധിമാനായ യുധിഷ്ഠിരന്‍ കണ്ടറിഞ്ഞു. ഞാന്‍ യുധിഷ്ഠിരനാണ്‌ എന്നു പറഞ്ഞ്‌ വിദുരന്റെ മുമ്പില്‍ നിന്നു. വിദുരന്‍ കേള്‍ക്കെ അവനെ യുധിഷ്ഠിരന്‍ പൂജിച്ചു. അവന്‍ അപ്പോള്‍ കണ്ണടയ്ക്കാതെ ആ രാജാവിനെ നോക്കി. വിദുരന്‍ ദൃഷ്ടിയെ ദൃഷ്ടി കൊണ്ട്‌ സമാഹിതനായി ചേര്‍ത്തു. ബുദ്ധിമാനായ വിദുരന്‍ ഗാത്രങ്ങള്‍ കൊണ്ട്‌ ഗാത്രങ്ങള്‍ പൂകി. പ്രാണന്‍ പ്രാണനില്‍ച്ചേര്‍ത്ത്‌ ഇന്ദ്രിയം ഇന്ദ്രിയത്തില്‍ ചേര്‍ത്ത്‌ തേജസ്സാല്‍ ഉജ്ജ്വലിക്കുന്ന

അവന്‍ യോഗബലം പൂണ്ട്‌ ധര്‍മ്മരാജാവിന്റെ ഉടലില്‍ പ്രവേശിച്ചു. വിദുരന്റെ ഉടല്‍ അങ്ങനെ നിശ്ചലമായി. ദൃഷ്ടികള്‍ സ്തബ്ധമായി നിശ്ചലമായി. അങ്ങനെ ചൈതന്യം വിട്ട്‌ അവന്‍ മരത്തില്‍ ചായുന്നതായി രാജാവ്‌ കണ്ടു. ഉടനെ തേജസ്വിയായ ധര്‍മ്മരാജാവിന്‌ താന്‍ കുറേ കൂടി ബലവാനും തേജസ്വിയും ആയിരിക്കുന്നുവെന്നു തോന്നി. എന്നു തന്നെയല്ല വിദ്യയെ കൈക്കൊണ്ട ആ പുണ്യപുരുഷന്‍ താന്‍ മനുഷ്യനായി പിറക്കുന്നതിന് മുമ്പുള്ള സ്ഥിതിയും ഓര്‍മ്മിച്ചു തേജസ്വിയായ രാജാവില്‍ യോഗധര്‍മ്മം വ്യാസന്‍ മുമ്പേ പറഞ്ഞ മട്ടില്‍ത്തന്നെ സംഭവിച്ചു. അവിടെത്തന്നെ വിദുരന്റെ മൃതദേഹം ദഹിപ്പിക്കുവാന്‍ യുധിഷ്ഠിരന്‍ വിചാരിച്ചു. 

അപ്പോള്‍ ആകാശത്തു നിന്ന്‌ ഇപ്രകാരം വാക്കുകള്‍ കേട്ടു. ഹേ! രാജാവേ, വിദുരന്റെ ദേഹം ദഹിപ്പിക്കരുത്‌.അവിടെ വിട്ട്‌ പൊയ്ക്കൊള്ളുക. അദ്ദേഹത്തില്‍ അങ്ങയും അടങ്ങിയിരിക്കുന്നു. ഇതു ശാശ്വതമായ ധര്‍മ്മമാണ്‌ (വിദുരനില്‍ ധര്‍മ്മപുത്രനും ധര്‍മ്മപുത്രനില്‍ വിദുരനും അടങ്ങിയിരിക്കുന്നു. രണ്ടും ഒന്നാണ്‌. ധര്‍മ്മത്തിന്റെ രണ്ടു രൂപത്തിലുള്ള അവതാരമാണ്‌).

ഇവന്നു സന്താനികം എന്ന ദിവ്യലോകലബ്ധി ഉണ്ടാകുന്നതാണ്‌. ഭരതാ, യതിധര്‍മ്മം പൂണ്ട ഇവന്‍ ഒരിക്കലും ശോച്യനല്ല പരന്തപാ! ഇപ്രകാരം അശരീരി വാക്കു കേട്ട്‌ യുധിഷ്ഠിരന്‍ അവിടെ നിന്നു ക്ഷണത്തില്‍ മടങ്ങി. ധൃതരാഷ്ട്ര രാജാവിനോട്‌ സംഭവങ്ങളെല്ലാം അറിയിച്ചു. അപ്പോള്‍ ദ്യുതിമാനായ രാജാവും, സര്‍വ്വജനങ്ങളും, ഭീമസേനന്‍ തുടങ്ങിയവരും ഏറ്റവും വലിയ അത്ഭുതത്തില്‍ ആണ്ടു പോയി. ഇതുകേട്ട്‌  പ്രീതനായി ധൃതരാഷ്ട്രന്‍ ധര്‍മ്മപുത്രനോടു പറഞ്ഞു: എന്റെ വെള്ളം, ഫലം, മൂലം ഇവയെല്ലാം നീ സ്വീകരിക്കുക. മര്‍ത്ത്യന് എന്തു മുതലാണ്‌ കൈവശമുള്ളത്‌. അതു തന്നെയാണ്‌ അതിഥിക്കും നല്കേണ്ട ധനം. എന്നു ധൃതരാഷ്ട്രന്‍ പറഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ രാജാവിനോട്‌ അങ്ങനെയാകട്ടെ എന്നു പറഞ്ഞു.രാജാവ്‌ നല്കിയ ഫലം, മൂലം, ജലം എന്നിവയെല്ലാം അനുജന്മാരോടു കൂടി അവര്‍ അനുഭവിച്ചു. അവിടെ വൃക്ഷച്ചുവട്ടില്‍ ഫലമൂലജലാശികളായി എല്ലാവരും ആ രാത്രി പാര്‍ത്തു.

27. വ്യാസാഗമനം - ധൃതരാഷ്ട്ര ആശ്രമത്തിൽ വ്യാസൻ എത്തുന്നു - വൈശമ്പായനന്‍ പറഞ്ഞു: രാജാവേ.ഈ പുണ്യകര്‍മ്മം ചെയ്യുന്ന അവര്‍ക്ക്‌ നക്ഷതം ചിന്നുന്ന ആ നല്ല രാത്രിയും അങ്ങനെ തെളിഞ്ഞു നിന്നു. അന്നു രാത്രി അവര്‍ ധര്‍മ്മാര്‍ത്ഥ പ്രസംഗങ്ങള്‍ കേട്ടു. വിചിത്രപദ സഞ്ചാര നാനാ ശ്രുതികൾ ഒത്തതായിരുന്നു അന്നത്തെ ധർമ്മാര്‍ത്ഥ പ്രസംഗങ്ങള്‍.

അമ്മയുടെ ചുറ്റുമായി വെറും മണ്ണില്‍ പാണ്ഡുനന്ദനന്മാര്‍ കിടന്നു. രാജാവേ, ആ രാജാക്കന്മാര്‍ മഹാര്‍ഹമായ ശയനങ്ങളില്‍ കിടന്നു ശീലിച്ചവരാണല്ലോ. മഹാശയനായ ധൃതരാഷ്ട്ര മഹാരാജാവ്‌ എന്തു ഭക്ഷിച്ചുവോ, ആ ഫലമൂലങ്ങള്‍ തന്നെ ഭക്ഷിച്ച്‌ ആ രാത്രി അവിടെ പാര്‍ത്തു. ആ രാത്രി കഴിഞ്ഞതിന് ശേഷം പൂര്‍വ്വാഹ്നക്രിയ ചെയ്തു. ഭ്രാതാക്കളോടു കൂടി രാജാവ്‌ ആശ്രമ മണ്ഡലം കണ്ടു. അന്തഃപുരാനുചരന്മാരും ഭൃത്യന്മാരും ആചാര്യന്മാരും ചേര്‍ന്ന രാജാവ്‌ സുഖം പോലെ, ഉദ്ദേശം പോലെ, ധൃതരാഷ്ട്രന്റെ സമ്മതത്തോടെ അവിടെയൊക്കെ ചുറ്റി നടന്നു കണ്ടു.

ഹോമാഗ്നി ജ്വലിക്കുന്ന വേദികള്‍, കുളിച്ച്‌ ആഹുതി കഴിക്കുന്ന മുനികളാല്‍ ചുറ്റപ്പെട്ടതും കാട്ടുപൂ നിരകളാലും നെയ്യ്‌ ഹോമിച്ച പുകയാലും ചൂഴുന്നതുമായ വേദികള്‍, അവര്‍ കണ്ടു. ബ്രഹ്മദേഹം പൂണ്ട മുനി നിരയ്ക്കൊത്തതാണ്‌ ആ ഹോമവേദികള്‍. പേടി കൂടാതെ അങ്ങുമിങ്ങും നില്ക്കുന്ന മാന്‍ കൂട്ടത്താലും നിശ്ശങ്കമായി കൂകുന്ന പക്ഷികളാലും മയിലിന്റെ കേകാരവത്താലും നത്തുകളുടെ കുത്ത ലുകളാലും കുയില്‍ കൂട്ടത്തിന്റെ "കഹു കുഹു", എന്നുളള ശബ്ദങ്ങളാലും വിപ്രന്മാര്‍ ഉച്ഛരിക്കുന്ന വേദസൂക്തങ്ങളുടെ ആരവത്താലും അങ്ങു മിങ്ങും അലങ്കരിക്കപ്പെട്ടതാണ്‌ ആ തപോവന മണ്ഡലം. ഫലമൂലങ്ങള്‍ ഭക്ഷിക്കുന്ന മഹാന്മാര്‍ വിലസുന്ന പുണ്യമായ പ്രദേശമാണ്‌ ആ തപോവന മണ്ഡലം. അവയൊക്കെ ചുറ്റി നടന്നു കണ്ട യുധിഷ്ഠിരന്‍ താപസന്മാര്‍ക്കു വേണ്ടി കൊണ്ടു വന്ന പാത്രങ്ങള്‍, സ്വര്‍ണ്ണം കൊണ്ടും ചെമ്പു കൊണ്ടും ഉണ്ടാക്കിയ കുടങ്ങള്‍, തോലുകളും. വീരാളിപ്പട്ടുകളും, സ്രുക്കും, സ്രുവവും, കിണ്ടിയും, കിണ്ണവും, താലങ്ങളും, ലോഹപാത്രങ്ങളും പലതരം ചെറിയ പാത്രങ്ങളും രാജാവേ, എന്തെന്ത്‌ ഇച്ഛിക്കുന്നുവോ, അതു മുഴുവനും മറ്റു പാത്രങ്ങളും അവര്‍ക്കു നല്കി. അങ്ങനെ ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ ആശ്രമത്തില്‍ ചുറ്റി. ഇപ്രകാരം മറ്റു ദ്രവ്യങ്ങളും ദാനം ചെയ്ത്‌ ആശ്രമത്തില്‍ രാജാവു തിരിച്ചെത്തി. ആഹ്‌നികം ചെയ്തു അരചനായ ധൃതരാഷ്ട്രനെ ഗാന്ധാരിയോടൊപ്പം അവൃഗ്രനായി യുധിഷ്ഠിരന്‍ ദര്‍ശിച്ചു. ഒട്ടു ദൂരെയായി ശിഷ്യയുടെ നിലയില്‍ നില്ക്കുന്ന അമ്മയായ കുന്തിയെ, ശിഷ്ടാചാരം ചെയ്ത്‌, ഒതുങ്ങി നില്ക്കുന്ന വിധത്തില്‍, അമ്മയെയും ആ ധാര്‍മ്മികന്‍ കണ്ടു. യുധിഷ്ഠിര രാജാവ്‌ അടുത്തു ചെന്ന്‌ തന്റെ പേര്‌ അറിയിച്ച്‌ ധൃതരാഷ്ട്ര ക്ഷിതിപനെ അര്‍ച്ചിച്ചു. ഇരിക്കുക എന്ന്‌ രാജാവ്‌ ആജ്ഞാപിച്ചു. ഉടനെ യുധിഷ്ഠിരനും ഭീമന്‍ തുടങ്ങിയ പാണ്ഡുപുത്രന്മാരും പുല്‍പ്പായയിലിരുന്നു. ധൃതരാഷ്ട്രന്റെ പാദത്തില്‍ കുമ്പിട്ട്‌ രാജകല്പന അനുസരിച്ചു. അവരോടു കൂടി ഇരിക്കുന്ന കൗരവരാജാവ്‌ ദേവന്മാരോടു കൂടിയ ബ്രഹ്മശ്രീ വിളങ്ങുന്ന വ്യാഴത്തെപ്പോലെ വളരെ ശോഭിച്ചു.അവര്‍ അങ്ങനെ ഇരിക്കുമ്പോള്‍ മഹര്‍ഷികള്‍ വന്നു ചേര്‍ന്നു. അവര്‍ കുരുക്ഷേത്രത്തില്‍ വാഴുന്ന ശതയൂപന്‍ മുതലായവരാണ്‌. ദേവര്‍ഷികള്‍ സേവിക്കുന്ന ഭഗവാന്‍ വ്യാസനും തേജസ്വികളായ ശിഷ്യന്മാരോടു കൂടി വരുന്നതായി രാജാവിന് കാണുവാന്‍ കഴിഞ്ഞു. പിന്നെ ആ കൗരവ രാജാവും വീരനായ കുന്തീകുമാരനും ഭീമന്‍ മുതലായവരും ചെന്ന്‌ അവരെ എതിരേറ്റ്‌ അഭിവാദ്യം ചെയ്തു. അവരുമായി ചേര്‍ന്ന്‌ വ്യാസനും ശതയൂപാദ്യരും വന്നു ചേര്‍ന്നു. അവര്‍ ധൃതരാഷ്ട്ര ക്ഷിതിപനോട്‌ ഇരിക്കുവാന്‍ അപേക്ഷിച്ചു. നല്ല ദര്‍ഭപ്പുല്ലു പായയില്‍ കൃഷ്ണാജിനത്തില്‍ കുശ വിരിച്ചതില്‍ വ്യാസന്‍ കയറിയിരുന്നു. ഓജസ്വികളായ ആ എല്ലാ ദ്വിജശ്രേഷ്ഠന്മാരും വേദവ്യാസന്റെ അനുവാദത്തോടെ ചുറ്റും പീഠങ്ങളില്‍ ഇരുന്നു.

28. വ്യാസവാക്യം - വ്യാസൻ വിദുരന്റെ യഥാർത്ഥ ചരിത്രം വിവരിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: മഹാത്മാക്കളായ പാണ്ഡവന്മാര്‍ ഇരുന്നപ്പോള്‍ സതൃവതീ പുത്രനായ വ്യാസന്‍ ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: അല്ലയോ മഹാബാഹുവായ ധൃതരാഷ്ട്രാ, തപസ്സ്‌ നന്നായി ചെയ്യുന്നില്ലേ? തപസ്സിന് വിഘ്നമൊന്നും നേരിടുന്നില്ലല്ലോ. വനവാസം കൊണ്ടു നിന്റെ മനസ്സ്‌ തെളിയുന്നില്ലേ? പുത്രന്മാര്‍ മരിച്ചത് കൊണ്ടുള്ള ശോകമൊക്കെ ഇപ്പോള്‍ നീങ്ങിയില്ല? രാജാവേ, അനഘാശയാ।

ജ്ഞാനങ്ങള്‍ മിക്കവാറും തെളിഞ്ഞില്ലേ? ദൃഢബുദ്ധിയോടു കൂടി ആരണ്യവിധി നീ ചെയ്യുന്നില്ലേ? എന്റെ സ്നുഷയായ ഗാന്ധാരി ഇപ്പോള്‍ കേഴുന്നില്ലല്ലോ? പ്രജ്ഞയേറിയ ബുദ്ധിമതി, ദേവി, ധര്‍മ്മാര്‍ത്ഥദ ര്‍ശിനി, ആഗമാപായ തത്ത്വജ്ഞയായ ഗാന്ധാരി ദുഃഖിക്കുന്നുണ്ടോ? രാജാവേ, കുന്തിയും ഗര്‍വ്വു കൂടാതെ ഭവാനെ ശുശ്രൂഷിക്കുന്നില്ലേ? സ്വന്തം പുത്രരെ ഉപേക്ഷിച്ചും ഗുരു ശുശ്രൂഷ ചെയ്യുന്ന കുന്തി ഗര്‍വ്വ്‌ വിട്ട്‌ ശുശ്രൂഷിക്കുന്നില്ലേ? ധര്‍മ്മപുത്ര രാജാവിനെ നീ കൊണ്ടാടുന്നില്ലേ? ഭീമാര്‍ജ്ജുനന്മാരെ നീ സാന്ത്വനം ചെയ്യുന്നില്ലേ? നിന്റെ മനസ്സ്‌ ഇപ്പോള്‍ നിര്‍മ്മലമല്ലേ? യാതൊരു കലവറയും കൂടാതെ നീ ഭീമാര്‍ജ്ജുനന്മാരില്‍ സന്തോഷിക്കുന്നില്ല? രാജാവേ, ജ്ഞാനം പൂണ്ട ഭവാന്‍ ശുദ്ധനല്ലേ? എല്ലാ ഭൂതത്തിലും ശ്രേഷ്ഠമായത്‌ ഇപ്പറയുന്നത് മൂന്നുമാണ്‌. നിര്‍വൈരത്വം, സത്യം, അക്രോധം ഇവ മൂന്നും തുല്യമാണ്‌ രാജാവേ! കാട്ടില്‍ വാണിട്ട്‌ അല്ലയോ ഭാരതാ, നിനക്ക്‌ മൗഢ്യം ഒന്നും ബാധിച്ചില്ലല്ലോ. വന്യാന്നവും ഉപവാസവും നിനക്ക്‌ ഇപ്പോള്‍ അധീനത്തിലല്ലേ?

ധര്‍മ്മാത്മാവായ ധര്‍മ്മന്റെ വിധിക്കുള്ള ഗതി എപ്രകാരമാണ്‌ വിദുരനില്‍ സംഭവിച്ചതെന്ന്‌ ഞാനറിഞ്ഞിട്ടുണ്ട്‌.

ധര്‍മ്മന്‍ മാണ്ഡവ്യ മുനിയുടെ ശാപം മൂലം വിദുരനായി ജന്മമെടുത്തതാണ്‌. ( മാണ്ഡവ്യ മഹര്‍ഷിയുടെ ശാപത്തെപ്പറ്റി ആദിപര്‍വ്വം107, 108 അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌).

വിദുരന്‍ മഹാബുദ്ധിമാനും മഹായോഗിയും മഹാത്മാവും മഹാശയനുമായിരുന്നു. ദേവന്മാരില്‍ ബ്യഹസ്പതി, അസുരന്മാരില്‍ ശുക്രന്‍, അപ്രകാരം നരന്മാരില്‍ വിദുരന്‍ ശ്രേഷ്ഠനാണ്‌. എന്നാല്‍ ഈ നരശ്രേഷ്ഠനെപ്പോലെ മുന്‍ പറഞ്ഞവര്‍ പോലും ബുദ്ധിമാന്മാരല്ല. ചിരകാലമായി നേടി വെച്ച തപസ്സിനെ ചെലവു ചെയ്താണ്‌ മാണ്ഡവ്യമഹര്‍ഷി സനാതനനായ ധര്‍മ്മനെ ശപിച്ചത്‌. പണ്ട്‌ ബ്രഹ്മാവ്‌ നിശ്ചയിച്ച പ്രകാരം ആത്മബലം കൊണ്ട്‌ വിചിത്രവീര്യന്റെ ക്ഷേത്രത്തില്‍ ( ഭാര്യയില്‍ ) ജനിച്ചവനാണ്‌ ആ മഹാശയന്‍. അങ്ങനെയാണ്‌ ദേവദേവനും സനാതനനുമായ ധര്‍മ്മന്‍ നിന്റെ അനുജനായി പിറന്നത്‌. മനോധാരണ കൊണ്ടും ധ്യാനം കൊണ്ടും ധര്‍മ്മനാണെന്ന്‌ ആര്യന്മാര്‍ പറയപ്പെടുന്നവനും, സത്യത്താലും ദമത്താലും ശമത്താലും വളര്‍ന്നവനും, അഹിംസയാലും ദാനത്താലും ശാശ്വത താപസനായവനുമായ കുരുരാജാവായ യുധിഷ്ഠിരന്‍ യോഗത്താല്‍ ധര്‍മ്മനാല്‍ ജനിപ്പിക്കപ്പെട്ടവനാണ്‌. യുധിഷ്ഠിരന്‍ ധര്‍മ്മന്റെ അവതരം തന്നെയാണ്‌. ജ്ഞാനം കൊണ്ടും ദാക്ഷിണ്യം കൊണ്ടും രാജാവേ! അഗ്നി, കാറ്റ്‌, ജലം, ഭൂമി, ആകാശം ഇവ എപ്രകാരമോ അപ്രകാരം ധര്‍മ്മം ഈ ലോകത്തിലും പരലോകത്തിലും നില്ക്കുന്നു. അവന്‍ സര്‍വ്വഗനാണ്‌ രാജാവേ! ചരാചരങ്ങളെ തിങ്ങി ധര്‍മ്മം സ്ഥിതി ചെയ്യുന്നു. അവന്‍ ദേവദേവന്മാരാലും, നിഷ്പാപരായ സിദ്ധന്മാരാലും കാണപ്പെടുന്നു. ധര്‍മ്മം തന്നെയാണ്‌ വിദുരന്‍; വിദുരന്‍ തന്നെയാണ്‌ പാണ്ഡുപുത്രനായ യുധിഷ്ഠിരന്‍. അങ്ങനെയുള്ള ആ മഹാശയന്‍ നിന്റെ പ്രത്യക്ഷദാസനായി നില്ക്കുന്നു! ആ ബുദ്ധിസത്തമനായ നിന്റെ അനുജന്‍ വിദുരന്‍ ഇപ്പോള്‍ മഹാത്മാവായ ധര്‍മ്മപുത്രനില്‍, യുധിഷ്ഠിരനില്‍ യോഗബലം കൊണ്ട്‌ പ്രവേശിച്ചിരിക്കുന്നു. അങ്ങയ്ക്കും ശ്രേയസ്സ്‌ വൈകാതെ ഞാന്‍ സാധിപ്പിക്കാം ഭരതര്‍ഷഭാ! നിന്റെ സംശയം തീര്‍ക്കുവാനായി മകനേ, ഞാന്‍ ഇപ്പോള്‍ വന്നതാണ്‌.

പണ്ട്‌ മഹര്‍ഷിമാര്‍ ആരും ലോകത്തില്‍ ചെയ്യാത്തതായ ആശ്ചര്യം ഞാന്‍ നിങ്ങള്‍ക്ക്‌ എന്റെ തപസ്സിന്റെ സിദ്ധികൊണ്ടു കാണിച്ചുതരാം. നീ എന്ത്‌ ഇച്ഛിക്കുന്നുവോ, ആ ഇഷ്ടം രാജാവേ, നീ എന്നില്‍ നിന്നു വരിച്ചു കൊള്ളുക. കാണാന്‍ ആഗ്രഹമുള്ളത്‌, തൊടാന്‍ ആഗ്രഹമുള്ളത്‌, കേള്‍ക്കാന്‍ ആഗ്രഹമുള്ളത്‌, ഏതോ അത്‌ ആവശ്യപ്പെട്ടു കൊള്ളുക. അത്‌ ഞാന്‍ സാധിപ്പിച്ചു തരാം അനഘാശയാ!

പുത്രദർശന ഉപപർവ്വം

29. ഗാന്ധാരീവാക്യം - വ്യാസന്റെ ചോദ്യത്തിന് മരിച്ചുപോയ മക്കളെ കാണിച്ചുതരണം എന്ന് ഗാന്ധാരി വ്യാസനോട് പറയുന്നു - ജനമേജയന്‍ പറഞ്ഞു: നൃപര്‍ഷഭനായ ധൃതരാഷ്ട്ര രാജാവ്‌ ഭാര്യയോടും വധുവായ കുന്തിയോടും കൂടി അല്ലയോ വിപ്രാ, കാട്ടിലിരിക്കുമ്പോള്‍, വിദുരന്‍ സിദ്ധനായി ധര്‍മ്മരാജാവില്‍ ചേര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തില്‍, തേജസ്വിയായ വ്യാസമഹര്‍ഷി എന്താശ്ചര്യം കാണിക്കുമെന്നാണ്‌ അവരോടു പറഞ്ഞത്‌? അത്‌ എന്നോടു ഭവാന്‍ പറയണേ! സൈന്യത്തോടു കൂടിയവനായ അവന്‍എന്തു ഭക്ഷിച്ചാണ്‌ അവിടെ പാര്‍ത്തത്‌? അന്തഃപുരത്തോടും സൈന്യത്തോടും കൂടിയ ആ മാന്യന്മാര്‍ എങ്ങനെ അവിടെ ജീവിച്ചു പോന്നു? എല്ലാം പറഞ്ഞു കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. മഹാശയാ, പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: രാജാവേ, കുരുരാജാവിന്റെ കല്പന പ്രകാരം പാണ്ഡവന്മാര്‍ അവിടെ വിശ്രമിച്ച്‌ പല മാതിരി അന്നപാനങ്ങൾ അനുഭവിച്ച്‌ പാര്‍ത്തു. സൈന്യങ്ങളോടും അന്തഃപുരത്തോടും ( സ്ത്രീജനങ്ങളോടും ) കൂടി ഒരു മാസം ആ വനത്തില്‍ പാണ്ഡവന്മാര്‍ പാര്‍ത്തു. അപ്പോള്‍ ഞാന്‍ പറഞ്ഞ മാതിരി വ്യാസന്‍ വന്നെത്തി. അപ്രകാരം അവരെല്ലാം കഥകളോരോന്നു പറഞ്ഞ്‌ രാജാവിന്റെ അടുത്തു വസിക്കുമ്പോള്‍ മറ്റു മഹര്‍ഷിമാരും വന്നു ചേര്‍ന്നു. നാരദന്‍, പര്‍വ്വതന്‍, പിന്നെ തപസ്വിയായ ദേവലന്‍, വിശ്വാവസു, ചിത്രസേനന്‍, തുംബുരു എന്നിവരും വന്നു ചേര്‍ന്നു.അവരെയെല്ലാം യഥാവിധി ധൃതരാഷ്ട്രന്റെ അനുവാദത്തോടെ കുരുരാജാവായ യുധിഷ്ഠിരന്‍ പൂജിച്ചു. ധര്‍മ്മജന്റെ അര്‍ച്ചന കൈക്കൊണ്ട്‌ അവരെല്ലാവരും പുണ്യാസനങ്ങളിലും പുണ്യമായ ദര്‍ഭപ്പായകളിലും ഇരുന്നു. അവരെയെല്ലാം ഇരുത്തിയതിന് ശേഷം മഹാമതിയായ ധര്‍മ്മരാജാവ്‌ പാണ്ഡവന്മാരുമായി അരികില്‍ ഇരുന്നു. ഗാന്ധാരി, കുന്തി, പാഞ്ചാലി, സുഭദ്ര എന്നിവര്‍ അപ്രകാരം തന്നെ മറ്റു നാരികളോടും കൂടി ഒരിടത്തിരുന്നു. അവിടെ അവരെല്ലാവരും ഇരിക്കുമ്പോള്‍, ധര്‍മ്മിഷ്ഠവും ദിവ്യവും ഉത്തമവുമായ ദേവാസുരന്മാരുടെ കഥ, പുരാണര്‍ഷികളുടെ കഥ, വ്യാസന്‍ പറഞ്ഞു. ബുദ്ധിയാകുന്ന ദൃഷ്ടിയോടു കൂടിയ ധൃതരാഷ്ട്രന്റെ സമീപത്ത്‌ ഇരുന്ന്‌ സര്‍വ്വവേദജ്ഞസ ത്തമനും വാഗ്‌മി സത്തമനുമായ വ്യാസമഹര്‍ഷി വീണ്ടും ആ പറഞ്ഞ കാര്യം വളരെ സന്തോഷത്തോടെ പറഞ്ഞു.

വ്യാസന്‍ പറഞ്ഞും: രാജേന്ദ്രാ, ഞാന്‍ നിന്റെ ഉള്ളിലുള്ള വിവക്ഷിതം അറിഞ്ഞു. മക്കള്‍ കാരണമായി ശോകം കൊണ്ട്‌ നീയും ഗാന്ധാരിയും വേവുകയാണെന്ന്‌ എനിക്കറിയാം. ഇപ്പോഴും ദുഃഖം നില്ക്കുന്നില്ലേ? കുന്തിക്ക്‌ ഹൃദയത്തില്‍ ശോകം നില്ക്കുന്നില്ലേ? ദ്രൗപദിക്കും നില്ക്കുന്നില്ലേ? പുത്രനാശത്തില്‍ നിന്നുണ്ടായ തീവ്രദുഃഖം കൃഷ്ണഭഗിനിയായ സുഭദ്രയുടെ മനസ്സില്‍ ഇപ്പോഴും നില്ക്കുന്നില്ലേ? നില്ക്കുന്നുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളെല്ലാവരും, ഒത്തു ചേർന്നു എന്നു കേട്ട്‌ രാജാവേ, സംശയം തീര്‍ക്കണമെന്നു വിചാരിച്ചാണ്‌ ഞാന്‍ വന്നത്‌. കുരുരാജാവേ, ദേവന്മാരും ഗന്ധര്‍വ്വന്മാരും ഈ മഹര്‍ഷികളും എല്ലാവരും കാണട്ടെ! ഞാന്‍ നേടി വെച്ച തപസ്സിന്റെ ബലം കാണട്ടെ! അതുകൊണ്ട്‌ ഞാന്‍ ചോദിക്കുന്നു, മഹാപ്രാജ്ഞാ, പറയു! ഞാന്‍ ഭവാന്റെ എന്താഗ്രഹമാണു സാധിപ്പിച്ചു തരേണ്ടത്‌?വരം തരുവാന്‍ ശക്തനാണ്‌ ഞാന്‍. ചോദിക്കുന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. എന്റെ തപസ്സിന്റെ ഫലം ഞാനിന്നു കാട്ടിത്തരാം.

വൈശമ്പായനൻ പറഞ്ഞു: ബുദ്ധിമാനായ വ്യാസന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ധൃതരാഷ്ട്ര രാജാവ്‌ മുഹൂര്‍ത്ത സമയം ചിന്തിച്ച്‌ ഇപ്രകാരം പറയുവാന്‍ തുടങ്ങി.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഞാന്‍ ധന്യനായി. ഞാന്‍ അനുഗൃഹീതനായി. എന്റെ ജന്മം സഫലമായി. സജ്ജനങ്ങളായ നിങ്ങളുമായി ചേരുവാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനായി. ഇന്ന്‌ ഞാന്‍ എന്റെ ആത്മാവിന്റെ ഇഷ്ടഗതിയേയും മുനീന്ദ്രന്മാരേ, നിങ്ങളുമായി ചേര്‍ന്ന കാരണം ദര്‍ശിക്കുന്നു. നിങ്ങളെ കാണുകയാല്‍ത്തന്നെ ഞാന്‍ പര്‍ശുദ്ധനായി തീര്‍ന്നിരിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല! പരലോകഭയം ലേശവും എനിക്കില്ല അഘഹീനന്മാരേ! എന്നാല്‍ ഇന്ന്‌ ആ മന്ദബുദ്ധിയുടെ ദൂര്‍ന്നയം കാരണം, ആ പുത്രസ്‌നേഹം ചിന്തിച്ച്‌, എന്റെ മനസ്സ്‌ ദുഃഖിക്കുകയാണ്‌. നിഷ്പരായ പാണ്ഡവന്മാരെ ചതിച്ചത്‌ ആ പാപിയല്ലേ! അങ്ങനെ അതുമൂലം എന്തൊക്കെ സംഭവിച്ചു! നരന്മാര്‍, നാഗങ്ങള്‍, കുതിരകള്‍ എന്നിവയോടു കൂടിയ ഈ ഊഴിയൊക്കെ മുടിച്ചു.  നാനാ നാട്ടില്‍ നിന്നും വന്ന വമ്പന്മാരായ രാജാക്കന്മാരെയൊക്കെ മുടിച്ചു. എല്ലാവരുമൊത്തു കൂടി, എന്റെ പുത്രന്‍ കാരണമായി സകലരും ചത്തു മണ്ണടിഞ്ഞു പോയി. എത്രയും ഇഷ്ടപ്പെട്ട അച്ഛന്‍, ഭാര്യ, ജീവന്‍ എന്നിവയൊക്കെ ഉപേക്ഷിച്ച്‌ ആ ശൂരന്മാരെല്ലാം പ്രേതരാജാവിന്റെ ഗൃഹത്തില്‍ കയറിയില്ല! മിത്രത്തിന് വേണ്ടി പോരില്‍ മരിച്ച അവരുടെ ഗതിയെന്താണ്‌? അപ്രകാരം തന്നെ പോരില്‍ മരിച്ച എന്റെ പുത്രപൗത്ര ജനങ്ങളുടെയും ഗതിയെന്താണ്‌? ആ ബലിഷ്ഠനും വൃദ്ധനുമായ ശാന്തനവനായ ഭീഷ്മനെ കൊല്ലിച്ചതോര്‍ക്കുമ്പോഴും ദ്രോണനെ കൊല്ലിച്ചതോര്‍ക്കുമ്പോഴും എനിക്കുള്ള ദുഃഖം ചെറുതല്ല. പാപിയും മൂഢനുമായ എന്റെ മകന്‍, അവന്‍ സുഹൃത് വിദ്വേഷിയാണ്‌. ഭൂമിയും രാജ്യവും ആഗ്രഹിച്ച്‌ കുലം മുടിച്ചു കളഞ്ഞു. അതൊക്കെ പിന്തിച്ച്‌ ഉള്ളു നൊന്തു കൊണ്ട്‌, ഹൃദയം വെന്തു കൊണ്ട്‌, രാവും പകലും ഒരു പോലെ പൊറുതിയില്ലാതെ ദുഃഖശോകങ്ങളില്‍ കിടന്നു നീന്തുകയാണ്‌. ഇതോര്‍ക്കുന്ന എനിക്ക്‌ ഒരു ലേശവും സമാധാനം കിട്ടുന്നില്ല അച്ഛാ!

വൈശമ്പായനൻ പറഞ്ഞു: എന്ന്‌ ആ രാജര്‍ഷി പറയുന്ന ആവലാതി കേട്ട്‌ വീണ്ടും ഗാന്ധാരിയുടെ ശോകം ഒന്നു കൂടി പുതുതായി വളര്‍ന്നു ജനമേജയാ! കുന്തിക്കും ദ്രൗപദിക്കും സുഭദ്രയ്ക്കും അപ്രകാരം ആ കൗരവ വധുക്കള്‍ക്കും ശ്രേഷ്ഠകളായ നാരീജനങ്ങള്‍ക്കും വീണ്ടും ശോകം വര്‍ദ്ധിച്ചു വന്നു. പുത്രശോകത്തോടെ ഗാന്ധാരി, കണ്ണും കെട്ടിയിരിക്കുന്ന ഗാന്ധാരീ ദേവി, എഴുന്നേറ്റു കൈകൂപ്പി ശ്വശുരനായ വ്യാസനോട്‌ ഇപ്രകാരം പറഞ്ഞു. 

ഗാന്ധാരി പറഞ്ഞു: മുനിപുംഗവാ, കനത്ത ശോകവുമായി ഇങ്ങനെ പതിനാറു വര്‍ഷം കഴിഞ്ഞു. പുത്രന്മാര്‍ മരിച്ചു പോകയാല്‍ ദുഃഖിക്കുന്ന രാജാവിന് ഒരു ശാന്തിയും ഇന്നേ വരെ ലഭിച്ചിട്ടില്ല മഹര്‍ഷേ! പുത്രശോകം പൂണ്ടു നെടുവീര്‍പ്പിട്ട്‌ രാജാവ്‌ തന്റെ ശയ്യയില്‍ കിടക്കാറില്ല മഹാമുനേ! തപോബലം കൊണ്ട്‌ മറ്റു ലോകങ്ങള്‍ തീര്‍ക്കുവാന്‍ പോരുന്നവനാണല്ലോ ഭവാന്‍. ലോകാന്തരത്തില്‍ എത്തിക്കഴിഞ്ഞ മക്കളെ കാട്ടുവാനായി ഈ രാജാവ്‌ പറയണോ! ജ്ഞാതികളും പുത്രന്മാരും മരിച്ചു പോയവളാണ്‌ പാര്‍ഷതി. എന്റെ സ്നുഷമാരില്‍ ശ്രേഷ്ഠയായ കൃഷ്ണ ദുഃഖിക്കുകയാണ്‌.അപ്രകാരം കൃഷ്ണന്റെ സഹോദരിയായ സുഭദ്ര സൗഭദ്രവധസപ്തയായി ദുഃഖിക്കുകയാണ്‌ മഹര്‍ഷേ! ഭൂരിശ്രവസ്സിന്റെ പ്രിയ വല്ലഭയായ ഇവള്‍ ഭര്‍ത്തൃ വ്യസന ശോകാര്‍ത്തയായി വല്ലാതെ ദുഃഖിക്കുന്നുണ്ട്‌. മഹര്‍ഷേ, ഇവളുടെ ശ്വശുരനും കുരുമുഖ്യനുമായ ബാല്‍ഹീകന്‍ പിതാവിനോടൊപ്പം മൃതിയടഞ്ഞു. സോമദത്തനും യുദ്ധത്തില്‍ മരിച്ചു പോയി. ശ്രീമാനും ബുദ്ധിമാനുമായ നിന്റെ പുത്രന്റെ, യുദ്ധത്തില്‍ നിന്നു പിന്മാറാത്ത നൂറു പുത്രന്മാരും മരിച്ചു പോയി. ആ നൂറു വീരന്മാരുടെ ഭാര്യമാര്‍ നൂറു പേരും ദുഃഖശോകത്തില്‍ മുഴുകി നില്ക്കുന്നതു നോക്കൂ! ഇവര്‍ രാജാവിനും എനിക്കും ദുഃഖം വീണ്ടും വീണ്ടും കത്തിജജ്വലിപ്പിക്കുകയാണു മഹര്‍ഷേ! അതുകൊണ്ട്‌ അവര്‍ ആത്മഹത്യ ചെയ്യുവാന്‍ ഒരുങ്ങുന്നു മഹര്‍ഷേ! എന്റെ ശ്വശുരന്മാര്‍ ശൂരരാണ്‌, മഹാത്മാക്കളാണ്‌, മഹാരഥരാണ്‌. സോമദത്തന്‍ തുടങ്ങിയ പരേതന്മാര്‍ക്ക്‌ ഇനി എന്താണു ഗതി മഹര്‍ഷേ! ഭഗവാനേ, അങ്ങയുടെ പ്രസാദത്താല്‍ ഈ രാജാവ്‌, യുധിഷ്ഠിരന്‍, എങ്ങനെ വിശോകനായി ഭവിക്കും? എങ്ങനെ ദുഃഖത്തില്‍ നിന്നു വിമുക്തനാകും? ഞാന്‍ എങ്ങനെ വിമുക്തയാകും? ഭവാന്റെ വധുവായ കുന്തിയും എങ്ങനെ ശോകത്തില്‍ നിന്നു വിമുക്തി നേടും?

വൈശമ്പായനൻ പറഞ്ഞു: എന്ന്‌ ഗാന്ധാരി പറഞ്ഞപ്പോള്‍ വ്രതകൃശാസ്യയായ കുന്തി, താന്‍ ഒളിവില്‍ പ്രസവിച്ച കര്‍ണ്ണനെ, ആദിതൃതുല്യനായ പുത്രനെ ഓര്‍ത്തു.വരദനായ വ്യാസന്‍, അവളെ ദൂരെ നിന്നു കേള്‍ക്കുവാനും കാണുവാനും കഴിവുള്ള വ്യാസന്‍, സവ്യസാചിയുടെ അമ്മ, ദുഃഖിക്കുന്നതായി കണ്ടു. വ്യാസന്‍ അവളോടു ചോദിച്ചു: കുന്തീ, നീ എന്താണ്‌ ഓര്‍ക്കുന്നത്‌ മഹാഭാഗേ, നിന്റെമനസ്സില്‍ ഒതുക്കി വെച്ചിട്ടുള്ള ആ ദുഃഖം എന്താണ്‌? എന്നോടു പറയൂ! അപ്പോള്‍ ശ്വശുരനോടു കുന്തി കുനിഞ്ഞ്‌, കൈകൂപ്പി ലജ്ജയോടെ തന്റെ പൂര്‍വ്വകഥ വെളിവാക്കുമാറ്‌ ഇങ്ങനെ പറഞ്ഞു.

30. വ്യാസകുന്തീസംവാദം കുന്തീവാക്യം - കുന്തി കർണ്ണന്റെ ജനനത്തെ സംബന്ധിച്ച ബാല്യചരിത്രം പറയുന്നു - കുന്തി പറഞ്ഞു: ഭഗവാനെ, അങ്ങ്‌ എന്റെ ശ്വശുരനാണ്‌. എന്റെ ദൈവതത്തിനും ദൈവതമാണ്‌. എനിക്കു ഭവാന്‍ ദേവദേവനാണ്‌. അങ്ങയോട്‌ ഞാന്‍ സതൃമായ കാര്യം പറയുന്നു. അങ്ങ്‌ കേള്‍ക്കണേ!

തപസ്വിയും, മഹാകോപിയും, വിപ്രനുമായ ദുര്‍വ്വാസാവ്‌എന്റെ പിതാവിന്റെ ഭിക്ഷാന്നം ഉണ്ണുവാന്‍ പണ്ട്‌ രാജധാനിയില്‍ വസിച്ചു. അദ്ദേഹത്തെ ഞാന്‍ പ്രീതനാക്കി. വളരെ ശുദ്ധമായ മനസ്സോടെ യാതൊരു തെറ്റും കൂടാതെ ഞാന്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു. ക്ഷിപ്രകോപിയായ അദ്ദേഹം കോപിക്കേണ്ടിടത്ത്‌ ഒരിക്കലും എന്നോടു കോപിച്ചില്ല.എന്നില്‍ പ്രീതനായി വരം തരുവാന്‍ ആ മുനി സന്നദ്ധനായി. അപ്പോള്‍ ശാപഭയം മൂലം ഞാന്‍ ആ മുനിയോട്‌, "ആവാം വരം വാങ്ങാം", എന്നു പറഞ്ഞു. വരമൊന്നും വേണ്ടെന്നു പറഞ്ഞാല്‍ അദ്ദേഹം കോപിക്കുമെന്ന്‌ എനിക്കറിയാം. ഉടനെ അദ്ദേഹം പറഞ്ഞു: "ഭദ്രേ, നീ ധര്‍മ്മത്തിന്റെ അമ്മയായി വരും. ശുഭാനനേ, നീ ആഹ്വാനം ചെയ്യുന്ന ദേവന്മാര്‍ നിന്റെ പാട്ടില്‍ നില്ക്കും". എന്നു പറഞ്ഞ്‌ ആ വിപ്രന്‍ മറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. ഏതു നിലയിലും എനിക്ക്‌ ഓര്‍മ്മക്കേടു ബാധിക്കാറില്ല. പിന്നെ ഒരു ദിവസം ഹര്‍മ്മൃത്തില്‍ ഞാന്‍ നില്ക്കുമ്പോള്‍ മനോഹരനായ ഉദിച്ചു വരുന്ന സൂര്യനെ കണ്ടു. അപ്പോള്‍ ആ മുനി പറഞ്ഞ മന്ത്രം ഓര്‍ത്ത്‌ ഞാന്‍ ആ ദിനേശനെ ആഗ്രഹിച്ച്‌ ആഹ്വാനം ചെയ്തു. എന്റെ ബാലസഹജമായ വിവരക്കേടു കൊണ്ട്‌ ഞാന്‍ ആദിതൃനെ ഓര്‍ത്തു നിന്നു പോയി. ഇതില്‍ ദോഷമുണ്ടെന്ന്‌ അറിഞ്ഞു കൂടായിരുന്നു. ഉടനെ ദേവനായ സഹസ്രാംശു എന്റെ അടുത്തേക്കണഞ്ഞു. തന്റെ ദേഹം രണ്ടാക്കി ഒരു ദേഹം വിണ്ണില്‍ തപിക്കുമാറ്‌ നിര്‍ത്തി. മറ്റേ ദേഹംകൊണ്ട്‌ എന്റെ അരികിലേക്കു വന്നു. ഇത്‌ കണ്ടതോടെ ഞാന്‍ വിറച്ചു പോയി. അദ്ദേഹം പറഞ്ഞു: "എന്നില്‍ നിന്നു വരം വാങ്ങുക" എന്ന്‌. 

"ദേവാ പൊയ്ക്കൊളളുക!", എന്നു തല കുമ്പിട്ട്‌ അദ്ദേഹത്തോടു പറഞ്ഞു. ഉ ടനെ തിഗ്മാംശുവായ ദേവന്‍ എന്നോടു പറഞ്ഞു; "ശുഭേ,വെറുതെ എന്നെ വിളിച്ചു വരുത്തിയതിന് ശേഷം പോകാന്‍ പറയുകയോ? കൊള്ളാം! ഞാന്‍ നിന്നെയും നിനക്കു വരം തന്ന ദ്വിജനെയും ദഹിപ്പിച്ചു കളയും!".  തെറ്റുചെയ്യാത്ത ആ ബ്രാഹ്മണനെ ശാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ ഞാന്‍ അദ്ദേഹത്തോട്‌ ദേവാ, ഭവാനു തുല്യനായ ഒരു പുത്രനെ എനിക്കു നല്കിയാലും! എന്നു പറഞ്ഞു. ഉടനെ ഭാനുമാന്‍ തേജസ്സാല്‍ എന്നില്‍ പ്രവേശിച്ച്‌ എന്നെ മയക്കി. "നിനക്കു പുത്രനുണ്ടാകും", എന്നു പറഞ്ഞ്‌ ആകാശത്തേക്ക്‌ ഉയരുകയും ചെയ്തു. പിന്നെ വീട്ടില്‍ അച്ഛന്‍ ഈ വൃത്താന്തം അറിയാത്ത വിധം ഞാന്‍ പെരുമാറി. ഗൂഢമായി ഞാന്‍ പ്രസവച്ചു. ആ കുട്ടിയെ, എന്റെ ഓമനപ്പുത്രനായ കര്‍ണ്ണനെ, ഞാന്‍ പുഴയിലൊഴുക്കിക്കളഞ്ഞു. ആ ദേവനായ സഹസ്രാംശുവിന്റെ പ്രസാദത്താല്‍ മുനി പറഞ്ഞ വിധം വീണ്ടും ഞാന്‍ കന്യകയായി. മൂഢയായ ഞാന്‍ എന്റെ ഓമനയെ അറിഞ്ഞും കൊണ്ടു തള്ളി. അതു കൊണ്ടാണ്‌ വിപ്രര്‍ഷേ, ഞാന്‍ നീ കണ്ട മാതിരി ദഹിച്ചു കൊണ്ടിരിക്കുനത്‌. ആ പാപം, പാപമായാലും അത്‌ ഞാന്‍ ഇപ്പോള്‍ അങ്ങയോടു വെളിവായി പറയുന്നു. അവനെ കാണുവാന്‍ എനിക്കു വലിയ മോഹമുണ്ട്‌ മഹര്‍ഷേ! എന്റെ ആ മോഹം ഒന്നു സാധിപ്പിച്ചു തരണേ!. ഈ രാജാവിന്റെ ഉള്ളിലുള്ള മോഹവും ഭവാന്‍ കണ്ടതാണല്ലോ. അദ്ദേഹവും ആ ആഗ്രഹം നേടട്ടെ, മുനിസത്തമാ! ഇപ്രകാരം കുന്തി പറഞ്ഞതു കേട്ട്‌ വേദജ്ഞസത്തമനായ വ്യാസന്‍ മറുപടി പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: ശുഭേ, നന്ന്‌. ഇതൊക്കെ നീ എന്നോടു തുറന്നു പറഞ്ഞതു നന്നായി. നിനക്ക്‌ അതില്‍ യാതൊരു കുറ്റവുമില്ല. നീ വീണ്ടും ഭഗവാന്റെ അനുഗ്രഹത്താല്‍ കന്യകയായല്ലൊ! ഐശ്വര്യവാന്മാരായ ദേവന്മാര്‍ ദേഹത്തില്‍ ആവേശിക്കും. 

#######################################

ദേവന്മാര്‍ സങ്കല്പം കൊണ്ടും പുത്രന്മാരെ ജനിപ്പിക്കും. അതിന് അവര്‍ക്ക്‌ കഴിയും. പറഞ്ഞിട്ടും നോക്കിയിട്ടും സ്‌പര്‍ശിച്ചിട്ടും സംയോഗം ചെയ്തിട്ടും അങ്ങനെ അഞ്ചു വിധത്തില്‍ ദൈവങ്ങള്‍ മര്‍ത്തൃരില്‍ സന്താനങ്ങളെ ജനിപ്പിക്കും. അവര്‍ അണിമാദികളായ അഷ്ടസിദ്ധിയുള്ളവരാണ്‌. 


#######################################


മനുഷ്യധര്‍മ്മത്തെ മാനദണ്ഡമാക്കി ദൈവധര്‍മ്മത്തെ ദുഷിക്കുവാന്‍ വയ്യ! മര്‍ത്ത്യ ധര്‍മ്മത്തില്‍ നില്ക്കുന്ന നിന്നില്‍ അത്‌ ദോഷമായി പറയുവാന്‍ പാടില്ല. കുന്തീ, മനസ്സിലായോ? ഞാന്‍ പറയുന്നതിനെ നീ ധരിക്കുക, നീ കാര്യബോധമില്ലാതെ ദുഃഖിക്കുകയാണ്‌.

നീ ദുഃഖത്തിന്‌ അര്‍ഹയല്ല. നിന്റെ മനസ്സിലെ ജ്വരം പോകട്ടെ! ബലവാന്മാര്‍ക്ക്‌ എന്തുമാകാം. അവര്‍ ചെയ്യുന്നതൊക്കെ പത്ഥ്യമാണ്‌. ബലവാന്മാര്‍ എന്തു ചെയ്യുന്നുവോ അതൊക്കെ ശുദ്ധമായി, നല്ലതായി കരുതുന്നു. ബലവാന്മാര്‍ എന്തു ചെയ്യുന്നുവോ അതു ധര്‍മ്മമായി പറയുന്നു. ബലവാന്മാര്‍ക്ക്‌ എല്ലാം തന്നില്‍ അടങ്ങുന്നു. അവര്‍ എല്ലാറ്റിനും നാഥന്മാരാകുന്നു.

31. ഗംഗാതീരഗമനം അംശകഥനം - പാണ്ഡവന്മാർ ദേവാംശ ജാതരാണെന്നും ദുര്യോധന ശകുനിമാർ കലി ദ്വാപരന്മാർ ആണെന്നും മറ്റും വ്യാസൻ പറയുന്നു - വ്യാസന്‍ പറഞ്ഞു: ഭദ്രേ, ഗാന്ധാരീ! നിന്റെ ഭ്രാതാക്കന്മാരെയും പുത്രന്മാരെയും ഇഷ്ടരെയും, സ്നുഷമാരെ അവരുടെ കാന്തരോടു കൂടിയും രാവ്‌ ഉണര്‍ന്നേല്‍ക്കുന്ന വിധം നീ കാണും. കര്‍ണ്ണനെ കുന്തിയും കാണും. സുഭദ്ര അഭിമന്യുവെ കാണും. പാഞ്ചാലി അഞ്ചു പുത്രന്മാരെയും പിതാവിനെയും ഭ്രാതാക്കളെയും കാണും. നീയും കുന്തിയും രാജാവും പ്രേരിപ്പിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഇത്‌ പൊന്തി വന്നു. നിങ്ങളെ കാണിക്കണമെന്ന്‌ ഒരു വിചാരം എന്നിലുണ്ടായി. ആ മഹാത്മാക്കളായ നരര്‍ഷഭന്മാരെപ്പറ്റി ശോചിക്കേണ്ടതില്ല. അവരെല്ലാം ക്ഷത്രധര്‍മ്മസ്ഥരായിട്ടാണല്ലോ മൃതരായത്‌! അത്‌ തീര്‍ച്ചയായും സംഭവിക്കേണ്ടതായ ദേവകാര്യമായിരുന്നു. അനിന്ദിതേ! അതുകൊണ്ട്‌ അവരെല്ലാവരും ദേവാംശജരായി ജനിച്ചവരാണ്‌.

ഗന്ധര്‍വ്വന്മാരും, ഗുഹൃകന്മാരും, പിശാചുക്കളും, ആശരന്മാരും, ദേവര്‍ഷികളും, സിദ്ധന്മാരും, പുണ്യവാന്മാരും, ദേവന്മാരും, ദാനവരും, സിദ്ധദേവര്‍ഷിമാരും, കുരുക്ഷേത്രമായ പോര്‍ക്കളത്തില്‍ സിദ്ധികൂടി. ധൃതരാഷ്ട്രൻ എന്നു പേരായി ധീമാനായ ഗന്ധര്‍വ്വ രാജാവുണ്ടല്ലോ, അദ്ദേഹം തന്നെയാണ്‌ നിന്റെ പതിയായി, മനുഷ്യനായി, ധൃതരാഷ്ട്ര രാജാവായി കുരുവംശത്തില്‍ വന്നു പിറന്നത്‌. മരുത്ഗണത്തില്‍ വിശിഷ്ടനായി അച്യുതനായവനാണ്‌ പാണ്ഡുവായിപ്പിറന്നത്‌. ധര്‍മ്മത്തിന്റെ അംശജാതന്മാരാണ്‌ വിദുരനും ധര്‍മ്മപുത്രനും. കലിയാണ്‌ ദുര്യോധനന്‍. ദ്വാപരനാണ്‌ ശകുനി എന്നു നീ ധരിക്കണം. രാക്ഷസന്മാര്‍ ജന്മമെടുത്തവരാണ്‌ ദുശ്ശാസനാദികള്‍. ശുചിസ്മിതേ, നീ ധരിക്കുക: മരുത്ഗണത്തില്‍, ബലവാനാണ്‌ അരിന്ദമനായ ഭീമസേനന്‍. നരന്‍ എന്ന ഋഷിയാണ്‌ കുന്തീപുത്രനായ ധനഞ്ജയന്‍. നാരായണനായ ഹൃഷീകേശനാണ്‌ കേശവന്‍. അശ്വികളാണ്‌ നകുല സഹദേവന്മാര്‍. ശോഭനേ! ലോകങ്ങളെ തപിപ്പിക്കുന്ന തപനന്‍ തന്നെയാണ്‌ കര്‍ണ്ണന്‍. പാര്‍ത്ഥനില്‍ നിന്നുണ്ടായവനും ഹര്‍ഷവര്‍ദ്ധനനും, ആറു മഹാരഥന്മാര്‍ കൂടി വളഞ്ഞിട്ട്‌ അടിച്ചു കൊലപ്പെടുത്തിയവനുമായ ആ സൗഭദ്രനില്ലേ! അവന്‍ സോമനാണ്‌. സോമന്‍ യോഗസിദ്ധിയാല്‍ രണ്ടാമത്‌ ഒരു ദേഹം കൂടി എടുത്തതാണ്‌. ദ്രൗപദിയോടൊപ്പം അഗ്നിയില്‍ നിന്നുണ്ടായ ധൃഷ്ടദ്യുമ്നന്‍ ശുഭമായ അഗ്നിയുടെ ഭാഗമാണ്‌. ശിഖണ്ഡി ഒരു രാക്ഷസനാണ്‌. ദ്രോണന്‍ ബൃഹസ്പതിയുടെ അംശമാണ്‌. ദ്രൗണി രുദ്രന്റെ അംശമാണ്‌. ഗാംഗേയനായ ഭീഷ്മൻ വസു മനുഷ്യനായി പിറന്നതാണെന്ന് ധരിക്കുക. ഇങ്ങനെ മഹാപ്രാജേഞ, ഇവരൊക്കെ മര്‍ത്തൃരായി പിറന്ന ദേവകളാണ്‌. അവര്‍ അവരുടെ അവതാരത്തിന്റെ കൃത്യം നിര്‍വ്വഹിച്ചതിന് ശേഷം സ്വര്‍ഗ്ഗത്തിലേക്ക് തന്നെ മടങ്ങിപ്പോയി ശോഭനേ! എല്ലാവര്‍ക്കും വളരെക്കാലമായി ഉള്ളില്‍ നില്ക്കുന്ന ദുഃഖമുണ്ടല്ലോ, അത്‌ ഇപ്പോള്‍ ഞാന്‍ തീര്‍ത്തു തരാം. ഇഹലോകഭയവും പരലോകഭയവുമെല്ലാം ഞാനിപ്പോള്‍ തീര്‍ത്തു തരാം. നിങ്ങള്‍ എല്ലാവരും ഭാഗീരഥീ നദീ തീരത്തേക്കു പൊയ്ക്കൊള്ളുവിന്‍. അവിടെ വെച്ച്‌ നിങ്ങള്‍ക്ക്‌ പോരില്‍ കൊല്ലപ്പെട്ട എല്ലാവരെയും കാണുവാന്‍ സാധിക്കുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: എന്നു വേദവ്യാസന്‍ പറഞ്ഞ വാക്കു കേട്ട്‌ എല്ലാവരും വലിയ ആഹ്ളാദത്തോടെ സിംഹനാദം മുഴക്കി ഗംഗാ തീരത്തേക്കു നടന്നു. പാണ്ഡവന്മാരോടും അമാത്യന്മാരോടുംകൂടി ധൃതരാഷ്ട്രനും പോയി. വന്നു ചേര്‍ന്ന മഹര്‍ഷിമാരും, ഗന്ധര്‍വ്വന്മാരും രാജാവിന്റെ കൂടെ ഗംഗാതീരത്തേക്കു പോയി. ആ മഹാജനസമുദ്രം ഗംഗയുടെ സമീപത്തെത്തി. അവര്‍ ഗംഗാതീരത്തില്‍ വലിയ പ്രീതിയോടെ സുഖമായി പാര്‍പ്പുറപ്പിച്ചു. രാജാവും പാണ്ഡവരോടു കൂടി ഇഷ്ടപ്പെട്ട ഒരു ദിക്കില്‍ കൂടെയുള്ളവരും ഒന്നിച്ച്‌, നാരികളോടും വൃദ്ധരോടും കൂടി ഇരുന്നു. അന്നത്തെ പകല്‍ അവര്‍ക്ക്‌ ഒരു നൂറ്റാണ്ടു പോലെ ദീര്‍ഘമായി തോന്നി. പകല്‍ പോയി രാത്രി വരുവാന്‍ ഇത്ര വളരെ താമസം മുമ്പ്‌ അവര്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. ചത്ത രാജാക്കന്മാരെ കാണാന്‍ രാത്രിയെ അവര്‍ കാത്തിരുന്നു. പിന്നെ സുര്യന്‍ പുണ്യമായ അസ്തശൈലത്തിലെത്തി. ഉടനെ അവര്‍ എല്ലാവരും ഗംഗാ നദിയിലിറങ്ങി കുളിച്ച്‌, നിശാമുഖ കര്‍മ്മം നടത്തി.

32. ഭീഷ്മാദിദര്‍ശനം - വ്യാസൻ ഗംഗാജലത്തിലിറങ്ങി പേര് പറഞ്ഞു വിളിച്ചപ്പോൾ യുദ്ധത്തിൽ ഹതരായവർ അതാത് രൂപത്തിലും വേഷത്തിലും പ്രത്യക്ഷപ്പെടുന്നു - വൈശമ്പായനൻ പറഞ്ഞു; പിന്നെ രാത്രിയായപ്പോള്‍ അവര്‍ സായാഹ്‌നക്രിയകള്‍ ചെയ്തു.അവിടെ കൂടിയവരൊക്കെ വ്യാസന്റെ സമീപത്തെത്തി. മഹാത്മാവായ ധൃതരാഷ്ട്രന്‍ ശുദ്ധഹൃദയനായി, ശുദ്ധാത്മാവായി, ഏകാഗ്രചിത്തനായി പാണ്ഡവന്മാരോടും മുനിമാരോടും കൂടി ഇരുന്നു. ഗാന്ധാരിയുടെ സമീപത്തായി നാരികളെല്ലാം ഇരുന്നു. നഗരക്കാരും നാട്ടുകാരും പ്രായക്രമം അനുസരിച്ച്‌ ഇരുന്നു. പിന്നെ തേജസ്വിയായ വ്യാസന്‍ ഗംഗാ ജലത്തില്‍ ഇറങ്ങിച്ചെന്ന്‌ മരിച്ചു പോയ എല്ലാ യോദ്ധാക്കളെയും വിളിച്ചു. പാണ്ഡവരുടെയും കൗരവരുടെയും യോദ്ധന്മാരെയെല്ലാം വിളിച്ചു. അപ്പോള്‍ കുരുപാണ്ഡവപ്പടയുടെ ബഹളമായ ശബ്ദം മുമ്പത്തെ മട്ടില്‍ ജലത്തില്‍ നിന്ന്‌ ഉണ്ടായി ജനമേജയാ! പിന്നെ ഭീഷ്മൻ, ദ്രോണന്‍ എന്നിങ്ങനെ ഓരോരുത്തരായി എല്ലാ രാജാക്കന്മാരും വെള്ളത്തില്‍ നിന്ന്‌ സൈന്യങ്ങളോടു കൂടി പൊങ്ങി വന്നു. വിരാട ദ്രുപദന്മാരും മക്കളോടു കൂടി പൊങ്ങി വന്നു. 

കര്‍ണ്ണന്‍, ദുര്യോധനന്‍ മഹാരഥനായ ശകുനി, ദുശ്ശാസനനും സഹോദരന്മാരും, അങ്ങനെ മഹാബലന്മാരായ എല്ലാ ധാര്‍ത്തരാഷ്ട്രന്മാരും, ഭഗദത്തന്‍, ജരാസന്ധന്‍, ജലസന്ധന്‍, യുപദ്ധ്വജന്‍, ശലന്‍, ശല്യന്‍, അനുജന്മാരോടു കൂടിയ വൃഷസേനന്‍, രാജപുത്രനായ ലക്ഷ്മണന്‍, ധൃഷ്ടദ്യുമ്നന്റെ മക്കള്‍, ശിഖണ്ഡിയുടെ പുത്രന്മാര്‍, അനുജന്മാരോടു കൂടി ധൃഷ്ടകേതു, അചലന്‍, വൃഷകന്‍, അലായുധ നിശാചരന്‍, ബാല്‍ഹീകന്‍, സോമദത്തന്‍, ചേകിതാനന്‍ ഇവരും മറ്റു പലരും ഗംഗാജലത്തില്‍ നിന്നു പൊങ്ങി വന്നു.

എല്ലാവരും ഭാസുരമായ ദേഹത്തോടു കൂടിയവരാണ്‌. അവര്‍ എല്ലാവരും ജലത്തില്‍ നിന്നുയര്‍ന്നു. ഏതു വീരന് ഏതു വേഷമോ, ഏതു കൊടിയോ, ഏതു വാഹനമോ അതാതു വേഷത്തില്‍ വന്നെത്തി. അങ്ങനെ രാജാക്കന്മാരെ കണ്ടു. എല്ലാവരും ദീപ്തമായ വസ്ത്രം ധരിച്ചിരിക്കുന്നു. എല്ലാവരും ദീപ്തമായ കുണ്ഡലങ്ങൾ അണിഞ്ഞിരിക്കുന്നു (അക്കാലത്തെ വേഷം ശരിക്കും അതായിരുന്നു).

എല്ലാവരും വൈരം വെടിഞ്ഞവരും അഹങ്കാരം വിട്ടവരുമായിരുന്നു. മത്സരവും കോധവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഗന്ധര്‍വ്വന്മാര്‍ പാട്ടു പാടുകയും, വന്ദിമാര്‍ വാഴ്ത്തുകയും ചെയ്തു. ദിവ്യമാല്യാംബരധരന്മാരും അപ്സരസ്ത്രീകളോട് കൂടിയവരുമായിരുന്നു എല്ലാവരും.

ഈ സമയത്ത്‌ പ്രീതനായ സതൃവതീ സുതന്‍, തപോബലം കൊണ്ട്‌ ധൃതരാഷ്ട്രന് ദിവ്യചക്ഷുസ്സ്‌ നല്കി. ദിവ്യജ്ഞാന ബലത്തോടെ കീര്‍ത്തിമതിയായ ഗാന്ധാരി തന്റെ മക്കളെയെല്ലാം കണ്ടു. പോരില്‍ മരിച്ചു പോയ മറ്റുള്ളവരെയും കണ്ടു. അചിന്ത്യവും അത്ഭുതവുമായ ആ കഴ്ച എത്രയും രോമഹര്‍ഷണമായിരുന്നു. വിസ്മയത്തോടെ അവരെല്ലാം കണ്ണടയ്ക്കാതെ സകലരെയും കണ്ടു. ഉദഗ്രമായ ഉത്സവം പോലെ ആണും പെണ്ണും കൂടിക്കലര്‍ന്നു കണ്ടു. വിസ്തൃതമായ തിരശ്ശീലയില്‍ ചിത്രം (പടം) കാണുന്നത് പോലെ കൗതുകത്തോടെ കണ്ട്‌ എല്ലാവരും ആശ്ചര്യപ്പെട്ടു. ധൃതരാഷ്ട്രന്‍ ദിവ്യദൃഷ്ടി കൊണ്ട്‌ അവരെ എല്ലാവരെയും കണ്ടു. ആ മുനീന്ദ്രന്റെ പ്രസാദം കൊണ്ട്‌ എല്ലാവരും മോദിച്ചു ഭരതര്‍ഷഭ!

33. സ്ത്രീകള്‍ക്ക്‌ ഭര്‍ത്തൃലോകദാനം - പാണ്ഡവന്മാരും ഗംഗയിൽ നിന്ന് പൊങ്ങിവന്ന പരേതന്മാരും കളിയും ചിരിയുമായി കഴിയുന്നു. ധൃതരാഷ്ട്ര സ്നുഷമാർ ഭർത്താക്കന്മാരുമായും വിനോദിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: പിന്നെ ആ പുരുഷ ശ്രേഷ്ഠന്മാര്‍ പരസ്പരം ഒത്തു കൂടി. എല്ലാവരും  ക്രോധ മാത്സര്യങ്ങള്‍ വിട്ടു, എല്ലാവരും  കന്മഷങ്ങൾ വിട്ടവരായി. ബ്രഹ്മര്‍ഷി കല്പിച്ച മുഖ്യമായ വിധി സ്വീകരിച്ചു. എല്ലാവരും സന്തോഷിച്ച്‌  സ്വര്‍ഗ്ഗത്തില്‍ ദേവന്മാര്‍ എന്ന വിധം നിന്നു.

പുത്രന്മാര്‍ മാതാപിതാക്കളുമായി ചേര്‍ന്നു. ഭാര്യമാരുമായി ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നു. ചേട്ടന്മാരുമായി അനുജന്മാര്‍ ചേര്‍ന്നു. ഇഷ്ടന്‍ ഇഷ്ടനുമായി ചേര്‍ന്നു രാജാവേ! പാണ്ഡവന്മാര്‍ വീരനായ കര്‍ണ്ണനോടും സൗഭദ്രനോടും കൂടി ഹര്‍ഷത്തോടെ ചേര്‍ന്നു. പിന്നെ പ്രീതിയോടെ കര്‍ണ്ണനോടു കൂടി പാണ്ഡവന്മാരും കൂടിച്ചേര്‍ന്നു. അവര്‍ പരസ്പരം സൗഹാർദ്ദത്തോടെ നിന്നു. പരസ്പരം ചേര്‍ന്ന്‌ ആ യോദ്ധാക്കള്‍ അല്ലയോ ഭരതര്‍ഷഭാ, മുനിപ്രസാദം കൊണ്ട്‌ വിദ്വേഷം ഇല്ലാത്തവരായി, കേവലം പകയൊക്കെ കൈവിട്ടു പരസ്പര സൗഹാർദ്ദത്തോടെ നിന്നു.

ഇപ്രകാരം എല്ലാവരും ഗുരുജനങ്ങളോടും ബന്ധുജനങ്ങളോടും ചേര്‍ന്നു നിന്നു. നരവ്യാഘ്രരായ കുരുക്കള്‍ മക്കളോടും മറ്റു മന്നവന്മാരോടും കൂടിച്ചേര്‍ന്ന്‌ ഉല്ലസിച്ചു. ആ രാത്രി മുഴുവന്‍ ഇപ്രകാരം പ്രീതരായി ഉല്ലസിച്ചു വിഹരിച്ചു. സന്തോഷം കൊണ്ട്‌ ആ രാജാക്കന്മാരൊക്കെ വിചാരിച്ചു, തങ്ങള്‍ സ്വര്‍ഗ്ഗത്തിൽ എത്തിക്കഴിഞ്ഞു എന്ന്‌. ശോകം, ഭയം, ത്രാസം, അയശസ്സ്‌, രതി ഇവയൊന്നും പരസ്സരം ചേര്‍ന്നു നില്ക്കുന്ന യോധന്മാര്‍ക്ക്‌ ഉണ്ടായിരുന്നില്ല ഭരതര്‍ഷഭാ! ഭര്‍ത്താക്കള്‍, മക്കള്‍, അച്ഛന്മാര്‍, ഭ്രാതാക്കള്‍ എന്നിവരോടു ചേര്‍ന്ന നാരിമാര്‍ ഏറ്റവും സന്തോഷിച്ചു ദുഃഖം കൈവിട്ടു. ഒരു രാത്രി ആ വീരന്മാരും സ്ത്രീജനങ്ങളും ചേര്‍ന്നു കളിച്ചു തമ്മില്‍ പറഞ്ഞു സന്തോഷിച്ച്‌ കെട്ടിപ്പിടിച്ചു ചുംബിച്ചു തഴുകി. പിന്നെ അവരൊക്കെ യാത്ര പറഞ്ഞു പോകാന്‍ ഭാവിച്ചപ്പോള്‍ മഹര്‍ഷി അവരെയെല്ലാം അതാതു ലോകങ്ങളിലേക്ക്‌ വിട്ടയച്ചു. എല്ലാവരും നോക്കി നില്ക്കെത്തന്നെ അവര്‍ പോയി മറഞ്ഞു. അവര്‍ പുണ്യമായ ഗംഗാനദിയിലേക്ക്‌ ഇറങ്ങി. ആ മഹാശയന്മാര്‍ തേരും കൊടിയുമായി അവരുടെ ഗൃഹങ്ങളിലേക്കു പോയി.

ചിലര്‍ ദേവലോകത്തെത്തി. ചിലര്‍ ബ്രഹ്മസദസ്സില്‍ ചെന്നു ചേര്‍ന്നു. ചിലര്‍ വരുണ ലോകത്തെത്തി. ചിലര്‍ വിത്തേശന്റെ ഗൃഹത്തിലും ചെന്നു ചേര്‍ന്നു. ചിലര്‍ വൈവസ്വത ലോകത്തിലെത്തി. ചിലര്‍ ഉത്തരകുരുവിലും, ചിലര്‍ പിശാചുക്കളുടെ ലോകത്തിലും, ചിലര്‍ ആശരന്മാരുടെ ലോകത്തിലും ചെന്നെത്തി. വിചിത്ര ഗതിമാരായ ചിലര്‍ ദേവന്മാരുടെ കൂടെയും ചേര്‍ന്നു. അവര്‍ ഭൃത്യന്മാരോടും വാഹനങ്ങളോടും കൂടെ തങ്ങളുടെ ഗൃഹങ്ങളില്‍ ചെന്നു ചേര്‍ന്നു. അവരൊക്കെ പോയതിന് ശേഷം വെള്ളത്തില്‍ ഇറങ്ങി

നില്ക്കുന്ന മഹര്‍ഷി, തേജസ്വിയായ ധര്‍മ്മശീലന്‍, കുരുക്കളുടെ ഹിതം നോക്കിച്ചെയ്യുന്ന മഹാനുഭാവന്‍, ഭര്‍ത്താക്കള്‍ മരിച്ചു പോയ ആ ക്ഷത്രിയസ്ത്രീകളോട്‌ വിളിച്ചു പറഞ്ഞു:ഹേ, കുലസ്ത്രീകളെ നിങ്ങള്‍ ആരൊക്കെയാണ്‌ .ഭര്‍ത്ത്യലോകത്തേക്കു പോകുവാന്‍ ആഗ്രഹിക്കുന്നത്‌. അവര്‍ ഇപ്പോള്‍ ഗംഗാജലത്തില്‍ ഇറങ്ങിക്കൊള്ളുവിന്‍! മടിക്കേണ്ടതില്ല. ആ മഹര്‍ഷിയുടെ വാക്കു കേട്ട്‌ ഏറ്റവും ശ്രദ്ധയോടെ ആ മുഖ്യനാരിമാര്‍ ശ്വശുരന്റെ അനുവാദത്തോടെ ഗംഗാജലത്തില്‍ ഇറങ്ങി മുങ്ങി. മനുഷ്യദേഹം കൈവിട്ടു ഭര്‍ത്താക്കന്മാരോട്‌ സാദ്ധ്വികളെല്ലാം ചേര്‍ന്നു രാജാവേ! ഇങ്ങനെ ശീലഗുണമുള്ള ആ പതിവ്രതകളായ ക്ഷത്രിയ സ്ത്രീകള്‍ മുക്തകളായി ഭര്‍ത്ത്യസാലോക്യം പ്രാപിച്ചു. ദിവ്യരൂപമെടുത്ത്‌ ദിവ്യാഭരണ ധാടിയോടെ ദിവ്യമാല്യാംബരം ചാര്‍ത്തി തങ്ങളുടെ ഭര്‍ത്താക്കള്‍ക്കു തുല്യം ശീലഗുണം ചേര്‍ന്ന അവര്‍, വിമാനത്തില്‍ കയറി ക്ഷീണം കൂടാതെ ഗുണങ്ങള്‍ ചേര്‍ന്ന അവരവരുടെ സ്ഥാനത്ത്‌ എത്തിച്ചേര്‍ന്നു.

ഏതൊരാള്‍ക്ക്‌ ഏതൊരാഗ്രഹം ജനിച്ചുവോ അതൊക്കെ ധര്‍മ്മവത്സലനും വരദനുമായ വ്യാസന്‍ നല്കി. നരദേവന്മാര്‍ വീണ്ടും വന്ന കഥ കേട്ടു നാനാ നാട്ടിലുള്ള ജനങ്ങളും മോദിച്ച്‌ രോമാഞ്ച കഞ്ചുകം അണിഞ്ഞു പോയി. 

ഇഷ്ടന്മാരോടു കൂടി അവരുടെ സംഗമം കേള്‍ക്കുന്ന മര്‍ത്ത്യന്‍ ഇഷ്ടങ്ങള്‍ എല്ലാം ഇഹത്തിലും പരത്തിലും നേടും. 

ഇഷ്ടബാന്ധവസംയോഗത്തെ അനായാസമായും അനാമയമായും ഇപ്രകാരം ബുധന്മാരെ കേള്‍പ്പിക്കുന്ന ധര്‍മ്മജ്ഞന്‍ ഈ ലോകത്തില്‍ പ്രസിദ്ധനായി പരലോകത്തില്‍ ശുഭമായ സ്ഥാനം നേടും. സ്വാദ്ധ്യായവാന്മാരായ മര്‍ത്ത്യര്‍, തപസു ശീലിച്ചവര്‍, സാദ്ധ്വാചാരന്മാര്‍, ദമം പൂണ്ടവര്‍, ദാനം കൊണ്ടു പാപം നീങ്ങിയവര്‍, ആര്‍ജ്ജവമുള്ളവര്‍ (നേരുള്ളവര്‍), ശുദ്ധന്മാര്‍, ദാന്തന്മാര്‍, നുണ പറയാത്തവര്‍, ആസ്തികന്മാര്‍, ശ്രദ്ധയുള്ളവര്‍, ധൈര്യമുള്ളവര്‍ ഇങ്ങനെയുള്ള മന്നവന്മാര്‍ ഈ ഒരു ആശ്ചര്യപര്‍വ്വം കേട്ടാല്‍ സല്‍ഗതി നേടുന്നതാണ്‌.

34. വൈശമ്പായനവാക്യം - ദേഹം വെടിഞ്ഞ ഭീക്ഷ്മാദികൾ വീണ്ടും എങ്ങനെ ദേഹവുമായി പ്രത്യക്ഷപ്പെട്ടു എന്ന് ജനമേജയൻ ചോദിച്ചതിന് വൈശമ്പായനന്‍ മറുപടി പറയുന്നു - സൂതന്‍ പറഞ്ഞു: ഇതു കേട്ട്‌ വിദ്വാനായ ജനമേജയ രാജാവ്‌ ഹര്‍ഷപുളകിതനായി. പിതാമഹന്മാരുടെ ഗമനാഗമന വൃത്താന്തം രാജാവിനെ അത്ഭുതപ്പെടുത്തി. പുനരാഗമനത്തെപ്പറ്റി രാജാവ്‌ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു: ദേഹം വെടിഞ്ഞു പോയവര്‍ക്ക്‌ പിന്നെ ആ രുപം എങ്ങനെ കാണാന്‍ കഴിഞ്ഞു?

ഇപ്രകാരം രാജാവ്‌ ചോദിച്ചപ്പോള്‍ വാഗ്‌മികുലോത്തമനും പ്രതാപവാനുമായ വ്യാസശിഷ്യന്‍ ജനമേജയനോടു പറഞ്ഞു.

വൈശമ്പായനന്‍ പറഞ്ഞു: രാജാവേ, എല്ലാ കര്‍മ്മങ്ങള്‍ക്കും നാശമില്ല എന്നാണ്‌ ശാസ്ത്രനിശ്ചയം. കര്‍മ്മജങ്ങളായിട്ടാണ്‌ ശരീരങ്ങളും രൂപങ്ങളും ആത്മാക്കള്‍ എടുക്കുന്നത്‌. ഭൂതാധിപതിയെ ആശ്രയിക്കുകയാല്‍ മഹാഭൂതങ്ങള്‍ നിത്യങ്ങളാണെന്ന്‌ അറിയുക. അവയ്ക്കു നാശമില്ല. അത്‌ അനന്തതയില്‍ സ്ഥിതി ചെയ്യുന്നു. അവയ്ക്കു നാശമില്ലാത്തത് കൊണ്ട്‌ നശ്വരമായതു നശിക്കുമ്പോള്‍ ശാശ്വതമായത്‌ അതോടൊപ്പം നശിക്കുന്നില്ല. അനായാസകൃതമായ കര്‍മ്മം സത്യവും ശ്രേഷ്ഠവുമാണ്‌. അതു ശരിയായ ഫലം നല്കുകയും ചെയ്യും. ഇവയോടു ചേര്‍ന്ന്‌ ആത്മാവ്‌ സുഖദുഃഖങ്ങള്‍ഏല്ക്കുന്നു. അപ്രകാരം ചേരുന്ന ക്ഷേത്രജ്ഞന്‍ തീര്‍ച്ചയായും നശിക്കുന്നില്ല. എങ്ങനെയെന്നാല്‍ ഭൂതങ്ങള്‍ക്ക്‌ ആത്മഭാവം വേര്‍പെടാതിരിക്കുന്നത് പോലെയാണ്‌ അത്‌. അവന് കര്‍മ്മംനശിക്കുന്നത് വരെ സ്വരൂപിത്വം നിലനില്ക്കുന്നു. കര്‍മ്മം ക്ഷയിച്ചാല്‍ മര്‍ത്ത്യന്‍ രൂപം മാറി എടുക്കുകയും ചെയ്യുന്നു. നാനാത്വവും ഏകത്വവും ഈ ദേഹത്തില്‍ ചേര്‍ന്നു നില്ക്കുകയാണ്‌. അവ വെവ്വേറെ ആണ് എന്നറിയുന്ന ജ്ഞാനികള്‍ക്ക്‌, ദേഹവും ആത്മാവും വേറെയാണെനറിയുന്ന യോഗികള്‍ക്ക്‌, എല്ലാം ശാശ്വതമാക്കി വെക്കാന്‍ കഴിയും. അശ്വമേധത്തില്‍ അശ്വത്തെ കൊല്ലുന്നതില്‍ ശ്രുതി ഇങ്ങനെ പറയുന്നു: ലോകാന്തരം പ്രാപിച്ച ദേഹികള്‍ക്കു ജീവന്‍ നിത്യമാകുന്നു.

രാജാവേ, അങ്ങയ്ക്കു ഇഷ്ടമാണെങ്കില്‍ ഞാന്‍ ഹിതം പറയാം. ദേവയാത്രാ വഴികള്‍ നീ യാഗശാലയില്‍ കേള്‍ക്കുകയുണ്ടായില്ലേ? അങ്ങ്‌ യജ്ഞം ചെയ്തപ്പോള്‍ അങ്ങയ്ക്ക്‌ ദേവകള്‍ ഹിതരായി വന്നു. ജീവനെ പരലോകത്തേക്കു കൊണ്ടു പോകുന്ന ഈശ്വരന്മാര്‍ ദേവന്മാരോട്‌ ഒത്തു കൂടി. അതുകൊണ്ട്‌ യജിച്ചാല്‍ ഗതി ലഭിക്കും. പഞ്ചവര്‍ഗ്ഗങ്ങള്‍ നശിക്കാത്തതാണെങ്കില്‍ ആത്മാവു നിത്യനാണ്‌. ആത്മാവു തന്നെയാണ്‌ പുരുഷന്‍.  ഇതില്‍ നാനാത്വം, നാനാസമായോഗം, കാണുന്നവന്‍ വൃഥാമതിയാകുന്നു. അവന്‍ വേര്‍പാടില്‍ നിലവിളി കൂട്ടുന്ന ബാലനാണ്‌, അജ്ഞനാണ്‌, എന്നാണെന്റെ അഭിപ്രായം. വേര്‍പാടില്‍ ദോഷംകാണുന്നവന്‍ സംയോഗത്തെ ഉപേക്ഷിക്കണം. അസംഗനില്‍ പിന്നെ സംഗമെവിടെ? സംഗമില്ലാത്തവന് വിയോഗമെവിടെ? അതുകൊണ്ട്‌ ദുഃഖം എന്നത് വിയോഗജമാണ്‌ എന്ന്‌ അറിയുക!

ശരീരവും ആത്മാവും തമ്മിലുള്ള അന്തരം ശരിയായി അറിഞ്ഞവന്‍ മാത്രമേ ദുഃഖത്തില്‍ നിന്നു വിമുക്തനാകുന്നുള്ളു. അല്ലാത്തവന് അതിന് സാധിക്കുന്നതല്ല. പരത്തെ ( ആത്മാവിനെ ) അറിയുന്നവന്‍ ശരിയായ ജ്ഞാനിയാകുന്നു. അവന്‍ അജ്ഞാനത്തില്‍ നിന്നു വിമുക്തനാകുന്നു. ജീവികളുടെ ഓരോന്നിന്റെയും കാര്യം പറയുകയാണെങ്കില്‍ അവന്‍ എവിടെ നിന്നു വന്നു? കാണപ്പെടാത്ത ഒരിടത്തു നിന്ന്‌ ഇവിടെ എത്തി. നമുക്കാര്‍ക്കും അവനെപ്പറ്റി മുമ്പ്‌ അറിവില്ല. എങ്ങോട്ടു പിന്നെപ്പോകുന്നു? അറിഞ്ഞു കൂടാ. ഞാന്‍ അവനെ അറിയുന്നില്ല. അവന്‍ എന്നെയും അറിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നില്‍ വിരക്തി ( ത്യാഗം ) കാണുന്നില്ല. ഏതേത്‌ ഉടലു കൊണ്ട്‌ എന്താണോ അസ്വതന്ത്രനായവന്‍ നടത്തുന്നത്‌, അതാത്‌ ഉടലു കൊണ്ട്‌ പിന്നെ അത്‌ അവന്‍ അനുഭവിക്കുന്നു. മനസ്സു കൊണ്ടു മാനസികമായ സുഖദുഃഖ ഭാവങ്ങള്‍ അനുഭവിക്കുന്നു. ദേഹത്താല്‍ ചെയ്തതിന്റെ ഫലം ദേഹവും അനുഭവിക്കുന്നു.

35. പരീക്ഷിദ്ദര്‍ശനം - തന്റെ പിതാവായ പരീക്ഷിത്തിനെ കാണുവാൻ ആഗ്രഹിച്ച ജനമേജയനും വ്യാസൻ പിതാവിനെ കാണിച്ചു കൊടുക്കുന്നു - വൈശമ്പായനൻ പറഞ്ഞു: മക്കളെ കാണാതെ ദുഃഖിച്ച ധൃതരാഷ്ട്രന് മക്കളെ കാണുവാന്‍ സാധിച്ചു. ഋഷിപ്രസാദം കൊണ്ട്‌ അവരുടെ ആ രൂപത്തില്‍ തന്നെ കാണുവാന്‍ കഴിഞ്ഞു കുരൂദ്വഹാ! ആ രാജാവ്‌ രാജധര്‍മ്മങ്ങളും ബ്രഹ്മോപനിഷത്തും നേടി. ബുദ്ധിക്ക്‌ നിശ്ചയവും ഉറപ്പും ആ നരശ്രേഷ്ഠന്‍ സമ്പാദിച്ചു. മഹാപ്രജ്ഞനായ വിദുരനും തപോബലം മൂലം സിദ്ധി നേടി. ധൃതരാഷ്ട്രനും തപോനിധിയായ വ്യാസനെ ആശ്രയിച്ച്‌ സിദ്ധി നേടി.

ജനമേജയന്‍ പറഞ്ഞു: എനിക്കും വരദനായ വ്യാസന്‍ പ്രായരൂപത്തോട് കൂടിയ എന്റെ അച്ചനെ കാണിച്ചു തരുന്നതായാല്‍ ഭവാന്‍ പറയുന്നതൊക്കെ എനിക്ക്‌ ബോദ്ധ്യമാകും. ഞാന്‍ വിശ്വസിക്കും. എനിക്ക്‌ വലിയ പ്രിയമുള്ള ഒരു കാരൃമാണ്‌ പിതാവിനെ കാണുന്നത്‌. കൃതാര്‍ത്ഥനാകും. കാര്യത്തില്‍ ദൃഢതയും വന്നു ചേരും. ഋഷിമുഖ്യന്റെ പ്രസാദം കൊണ്ട്‌ ഞാന്‍ വിചാരിച്ചത്‌ ഫലിക്കണം.

സൂതന്‍ പറഞ്ഞു: ഇപ്രകാരം ആ രാജാവ്‌ പറഞ്ഞപ്പോള്‍ പ്രതാപവാനായ വേദവ്യാസന്‍, ധീമാന്‍, പ്രസാദിച്ചു. പരീക്ഷിത്തിനെയും വരുത്തി. ആ പ്രായത്തിലും ആ രൂപത്തിലും സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന നരേന്ദ്രനെ, ശ്രീമാനായ പിതാവിനെ, ജനമേജയരാജാവ്‌ കണ്ടു. മഹാനായ ശമീകനെയും ശമീകന്റെ പുത്രനായ ശൃംഗിയെയും ആ രാജാവിന്റെ അമാത്യന്മാരെയും സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ വന്നവരായി രാജാവ്‌ ദര്‍ശിച്ചു. പിന്നെ സസന്തോഷം അവഭൃഥസ്നാനം പിതാവിനോടു കൂടി ജനമേജയന്‍ കഴിച്ചു. ആദ്യം അച്ഛനെ സ്നാനം ചെയ്യിച്ചു. താനും സ്നാനം ചെയ്തു. അതിന് ശേഷം ആസ്തിക ദ്വിജനോട്‌ പറഞ്ഞു: ആസ്തിക, പല തരത്തിലുള്ള അത്ഭുതം നിറഞ്ഞതാണ്‌ എന്റെ ഈ യാഗം എന്നാണ്‌ എന്റെ അഭിപ്രായം. എന്റെ ദുഃഖം തീര്‍ക്കുവാന്‍ അച്ഛന്‍ ഇവിടെ വന്നെത്തിയില്ലേ? അതില്‍പ്പരം ഭാഗ്യമെന്തുണ്ട്‌? അത്ഭുതമെന്തുണ്ട്‌?

ആസ്തികന്‍ പറഞ്ഞു: പുരാണര്‍ഷിയും തപോനിധിയുമായ വ്യാസന്‍ ഏത്‌ മഖത്തിലാണോ വന്നു ചേരുന്നത്‌, ആ യാഗകര്‍ത്താവിന് രണ്ടു ലോകവും ജയിച്ചതായി കരുതാം. പാണ്ഡവ നന്ദനാ, വിചിത്രമായ മഹാഭാരതകഥയും ഭവാന്‍ കേട്ടില്ലേ? അതും വലിയ പുണ്യം തന്നെ! അച്ഛന്റെ പദവിക്കു സര്‍പ്പങ്ങളെ ചുട്ടതും നന്നായി. ഭവാന്റെ സത്യം മൂലം തക്ഷകന്‍ രക്ഷപ്പെടുകയും ചെയ്തു രാജാവേ! ആയോഗ്യന്റെ ഗതി കണ്ട്‌ ഭവാന്‍ താപസന്മാരെ പൂജിച്ചു വലിയ ധര്‍മ്മവും നേടി. പാപവിനാശനമായ സകലതും ഞാന്‍ കേട്ടു. ഉദാര ദര്‍ശനം മൂലം ഹൃദയഗ്രന്ഥിയും തീര്‍ന്നു. ധര്‍മ്മത്തില്‍ കൂറുള്ളവരും, സദ്ധ്യത്തിയില്‍ താല്‍പര്യമുള്ളവരും, പാപം നശിപ്പിക്കുന്നവരുമായ മഹാശയന്മാരെ എന്നും ഭവാന്‍ വണങ്ങണേ!

സൂതന്‍ പറഞ്ഞു: ഇപ്രകാരം ആ ദ്വിജേന്ദ്രന്റെ വാക്കു കേട്ട്‌ രാജാവായ ജനമേജയന്‍ ആ മുനിയെ വീണ്ടും പൂജിച്ചു ബഹുമാനിച്ചു. പിന്നെ രാജാവ്‌ ആ മഹാനായ വൈശമ്പായന മഹര്‍ഷിയോട്‌ വനവാസത്തില്‍ ബാക്കിയുള്ള കഥകളും പറയണമെന്ന്‌ ആവശ്യപ്പെട്ടു.

36. യുധിഷ്ഠിരപ്രത്യാഗമനം - പാണ്ഡവന്മാരെയും കൂട്ടരേയും തിരികെ ഹസ്തിനപുരിയിലേക്ക് അയയ്ക്കുന്നു - ജനമേജയന്‍ പറഞ്ഞു: പുത്രപൗത്രന്മാരെ അനുയായികളോടു കൂടി കണ്ട ധൃതരാഷ്ട്ര രാജാവ്‌ പിന്നെ എന്തു ചെയ്തു? യുധിഷ്ഠിര രാജാവും എന്തു ചെയ്തു?

വൈശമ്പായനൻ പറഞ്ഞു: മഹാ ആശ്ചരൃമായ ആ ദര്‍ശനം, മരിച്ച മക്കളുടെ ദര്‍ശനം, കണ്ടവനായ ധൃതരാഷ്ട്ര രാജര്‍ഷി ശോകം വെടിഞ്ഞ്‌ വീണ്ടും ആശ്രമത്തിലെത്തി. മറ്റുള്ള എല്ലാ ജനങ്ങളും ആ മഹര്‍ഷിമാരും ധൃതരാഷ്ട്രന്റെ അനുവാദത്തോടെ യഥേഷ്ടം പോയി.മഹാത്മാക്കളായ പാണ്ഡവന്മാര്‍ അല്പം പടയോടു കൂടി വീണ്ടും സഭാര്യനായ രാജാവിന്റെ സമീപത്തെത്തി. ബ്രഹ്മര്‍ഷി ജന പൂജിതനും ധീമാനുമായ സതൃവതീ സുതന്‍, വ്യാസന്‍, ധൃതരാഷ്ട്രനോട്‌ പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: ധൃതരാഷ്ട്രാ, മഹാബാഹോ കൗരവനന്ദനാ! ജ്ഞാന വൃദ്ധന്മാര്‍, പുണ്യകര്‍മ്മികള്‍, ഋദ്ധാഭിജനവൃദ്ധന്മാര്‍, വേദവേദാംഗവേദികള്‍, ധര്‍മ്മജ്ഞന്മാര്‍ എന്നീ നിലകളില്‍ വിളങ്ങുന്ന പഴമക്കാര്‍ പറഞ്ഞ പലപല ചരിത്രവും ഭവാന്‍ കേള്‍ക്കുകയുണ്ടായല്ലോ? നീ ശോകത്തില്‍ കരള്‍ വെക്കരുത്. വിധിയില്‍ ബുധന്മാരാരും ഉഴലാറില്ല. വേദജ്ഞനായ നാരദന്‍ മുഖേന നീ ദേവരഹസ്യം കേള്‍ക്കുകയുണ്ടായല്ലോ! ധര്‍മ്മത്താല്‍ ശസ്ത്രപൂതമായ ഗതി അവര്‍ പ്രാപിച്ചു. മക്കളൊക്കെ നീ കണ്ട മാതിരി തന്നെ യഥേഷ്ടം വിഹരിക്കുന്നവരാണ്‌. ധീമാനായ ഈ ധര്‍മ്മജനാണെങ്കില്‍ നിന്നെ അനുകൂലിച്ച്‌ ഭാര്യയോടും, സുഹൃത് ജനങ്ങളോടും മറ്റു ഭ്രാതാക്കളോടും കൂടി നില്ക്കുന്നു. ഇനി അവനെ നീ വിട്ടയയ്ക്കുക. പോയി രാജ്യം പരിപാലിക്കട്ടെ! അവര്‍ കാട്ടില്‍ വന്നിട്ട്‌ ഇപ്പോള്‍ ഒരു മാസമായിരിക്കുന്നു. ഈ രാജസ്ഥാനമാണെങ്കില്‍ നിത്യവും കാത്തു പോരേണ്ടതാണ്‌ രാജാവേ! രാജ്യം എന്നത്‌ ശത്രുക്കളുള്ളതാണ്‌ കുരുദ്വഹാ!

വൈശമ്പായനൻ പറഞ്ഞു: തേജസ്വിയായ വ്യാസന്‍ പറഞ്ഞതു കേട്ട്‌, വാഗ്‌മിയായ ആ കുരുനന്ദനന്‍ ധര്‍മ്മപുത്രനെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ അജാതശത്രോ, നീ ഭ്രാതാക്കളോടു കൂടി ഞാന്‍ പറയുന്നതു കേള്‍ക്കുക. രാജാവേ, നിന്റെ പ്രസാദത്താല്‍ ശോകം നമ്മെ ബാധിക്കുന്നില്ല. ഹസ്തിനാപുരിയില്‍ എന്ന വിധത്തില്‍ ഉണ്ണീ, ഞാന്‍ ഈ വനത്തില്‍ സുഖിക്കുന്നു. പ്രിയാനുവര്‍ത്തിയായി നാഥന്‍ എനിക്ക്‌ തുണയുണ്ട്‌ എന്നു കാണുകയാല്‍ ഞാന്‍ സന്തോഷിക്കുന്നു. നിന്നാല്‍ ഞാന്‍ പുത്രഫലം നേടി! നിന്നില്‍ എനിക്കുള്ള പ്രീതി ചെറുതല്ല. എനിക്കു ദുഃഖമില്ല, ദ്വേഷമില്ല മകനേ! നീ വൈകാതെ പുരത്തിലേക്കു പോവുക. നിന്നെ നോക്കിയിട്ട്‌ ഇന്നെനിക്കു തപസ്സ്‌ കുറഞ്ഞു പോകുന്നു. തപസ്സോടു കൂടിയ എന്റെ ദേഹം നിന്നെക്കണ്ട്‌ ഞാന്‍ വഹിക്കുകയാണ്‌. ഈ നിന്റെ മാതാക്കള്‍ കൊഴിഞ്ഞു വീഴുന്ന ഇലകള്‍ മാത്രം തിന്നു ജീവിക്കുകയാണ്‌. അവര്‍ എനിക്കു തുല്യം വ്രതമെടുക്കുന്നു. അവര്‍ ഈ നിലയ്ക്കു വളരെ ദിവസങ്ങള്‍ ജീവിച്ചിരിക്കുകയില്ല. ലോകാന്തരത്തില്‍പ്പോയ ദുര്യോധനാദികളെയെല്ലാം ഞാന്‍ കണ്ടു. വേദവ്യാസന്റെ തപോവീര്യത്താലും നിന്റെ ആഗമനത്താലും എനിക്ക്‌ അതു സാധിച്ചു മകനേ! അല്ലയോ സന്മതേ, എന്റെ ജീവിതം കൊണ്ടുള്ള കാര്യവും തീര്‍ന്നു. ഞാന്‍ ഇനി കടുത്ത തപസ്സു ചെയ്യുന്നതാണ്‌. അതിന് നീ എനിക്ക്‌ അനുവാദം തരണം. പിണ്ഡവും കീര്‍ത്തിയും നിന്നിലാണ്‌. ഈ കുലത്തിന്റെ നിലനില്പും നിന്നിലാണ്‌ മഹാഭുജാ! ഉണ്ണീ, നീ ഇന്നോ നാളെയോ നാട്ടിലേക്ക്‌ പൊയ്ക്കൊള്ളുക. പലേ മട്ടിലുള്ള രാജനീതി നീ കേട്ടില്ലേ? പറയുവാന്‍ ഞാന്‍ ഇനി ഒന്നും കാണുന്നില്ല. എല്ലാം നീ ചെയ്തിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ രാജാവിനോട്‌ യുധിഷ്ഠിരന്‍ പറഞ്ഞു: "ധര്‍മ്മജ്ഞാ! യാതൊരു കുറ്റവും ചെയ്യാത്ത എന്നെ ഭവാന്‍ കൈവിടരുതേ! ഭ്രാതാക്കള്‍എല്ലാവരും പൊയ്ക്കൊള്ളട്ടെ! കൂടെയുള്ളവരും പൊയ്ക്കൊള്ളട്ടെ! ഞാന്‍ ഭവാനെയും അമ്മമാരേയും ശുശ്രൂഷിച്ച്‌ ഇവിടെ യതവ്രതനായി വസിച്ചുകൊള്ളാം". 

ഇതു കേട്ട്‌ ഗാന്ധാരി ധര്‍മ്മജനോടു പറഞ്ഞു: "അതു ശരിയല്ല ഉണ്ണീ, നീ ഞാന്‍ പറയുന്നത്‌ കേള്‍ക്കുക! നിന്റെ അധീനത്തിലാണ്‌ കുരുക്കളുടെ കുലം. ശ്വശുരനുള്ള പിണ്ഡവും നിന്നിലാണ്‌. ഉണ്ണീ, നീ പൊയ്ക്കൊള്‍ക. നീ ഞങ്ങളെ പൂജിച്ചതു മതി. രാജാവ്‌ പറഞ്ഞ മാതിരി നീ ചെയ്യു! മകനെ, താതന്റെ വാക്ക്‌ നീ അനുസരിക്കൂ!", എന്നു ഗാന്ധാരി പറഞ്ഞപ്പോള്‍ ധാരധാരയായി ഒഴുകുന്ന കണ്ണുനീര്‍ യുധിഷ്ഠിരന്‍ തുടച്ച്‌ കരയുന്ന കുന്തിയുടെ മുഖത്തേക്കു നോക്കി അവന്‍ പറയുവാന്‍ തുടങ്ങി.

ധര്‍മ്മപുത്രന്‍ പറഞ്ഞു: രാജാവും, ഗാന്ധാരിയും എന്നെ പറഞ്ഞയയ്ക്കുന്നു അമ്മേ! എന്റെ മനസ്സ്‌ അമ്മയില്‍പ്പറ്റി നില്ക്കുകയാണ്‌. ദുഃഖിക്കുന്ന ഞാന്‍ എങ്ങനെ പോകും? തപസ്സിന് വിഘ്നം ചെയ്യുവാനും അല്ലയോ ധര്‍മ്മചാരിണി, എനിക്ക്‌ വയ്യല്ലോ! തപസ്സിലും മേലെയായി ഒന്നുമില്ല. തപസ്സു കൊണ്ട്‌ മഹത്ത്‌ ഏല്ക്കുന്നു. രാജ്ഞീ,എനിക്കും മുമ്പത്തെ മാതിരി രാജ്യത്തില്‍ ബുദ്ധി നില്ക്കുന്നില്ല. എല്ലാം കൊണ്ടും എന്റെ മനസ്സ്‌ തപസ്സില്‍ സക്തമായിരിക്കുന്നു. ഈ പാരിടം ശുന്യമായി ഞാന്‍ കാണുന്നു ശുഭേ! അത്‌ എനിക്ക്‌ ഒരു പ്രീതിയും ചെയ്യുന്നില്ല. നമ്മുടെ ബന്ധുക്കളൊക്കെ ക്ഷയിച്ചു. നമുക്ക്‌ മുമ്പത്തെ മട്ടില്‍ സൈന്യങ്ങളില്ല. ഏറ്റവും ക്ഷയിച്ചതു പാഞ്ചാലരാണ്‌. അവര്‍ കഥാമാത്രമായി അവശേഷിച്ചു. ശുഭേ, അവര്‍ക്കു വംശകൃത്തായി ഒറ്റ കുഞ്ഞും ഇല്ല. പോര്‍ക്കളത്തില്‍ ദ്രോണന്‍ സകലരേയും ഭസ്മമാക്കി. അവരില്‍ ശേഷിച്ചവരെ രാത്രിയില്‍ പടകുടീരത്തില്‍ വെച്ച്‌ ദ്രൗണിയും കൊന്നു കളഞ്ഞു. നമ്മള്‍ മുമ്പെ കണ്ടിരുന്ന ചേദിമത്സൃന്മാരുടെ കഥയാണത്‌. വാസുദേവനെ ആശ്രയിച്ച്‌ വൃഷ്ണിച്ചക്രം മാത്രം നില്ക്കുന്നുണ്ട്‌. ധര്‍മ്മത്തിനാണ്‌ അര്‍ത്ഥം എന്നു ഞാന്‍ അവരെക്കണ്ടു നില്ക്കുകയാണ്‌. നന്മയില്‍ ഇവനെ ദര്‍ശിക്കൂ! നിന്റെ ദര്‍ശനം ദുര്‍ല്ലഭമാണ്‌. രാജാവ്‌ തീവ്രവും അവിഷഹ്യവുമായ തപസ്സു ചെയ്യുവാന്‍ തുടങ്ങുകയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ ഭടോത്തമനായ സഹദേവന്‍ കണ്ണുനീര്‍ നിറഞ്ഞു കവിയുന്ന കണ്ണുകളോടെ യുധിഷ്ഠിരനോടു പറഞ്ഞു: അമ്മയെ വിട്ടു പോകുവാന്‍ ഞാന്‍ ഇല്ല. ഭരതര്‍ഷഭാ! ഭവാന്‍ ഉടനെ പൊയ്ക്കൊള്ളുക. ഞാന്‍ വലിയ തപസ്സില്‍ പ്രവേശിക്കുകയാണു രാജാവേ! ഞാന്‍ എന്റെ ഈ ശരീരം തപസ്സു ചെയ്ത്‌ ശോഷിപ്പിക്കുവാനാണു വിചാരിക്കുന്നത്‌. രാജാവിനും അമ്മമാര്‍ക്കും പാദശുശ്രൂഷ ചെയ്തു ഞാന്‍ കാട്ടില്‍ വസിച്ചു കൊള്ളാം. ഇപ്രകാരം പറയുന്ന ആ മഹാഭുജനെ പുല്കി കുന്തി പറഞ്ഞു; ഉണ്ണീ, നീ പൊയ്ക്കൊള്ളുക! നീ ഞാന്‍ പറഞ്ഞ പ്രകാരം ചെയ്യുക. വന്നതു നന്നായി മക്കളെ, ഇനി നിങ്ങള്‍ സ്വസ്ഥരായി പോകുവിന്‍! ഇങ്ങനെ നിങ്ങള്‍ തുടങ്ങരുത്‌. ഇങ്ങനെയായാല്‍ ഞങ്ങളുടെ തപസ്സിന് അതു തടസ്സമാകും. നിന്നില്‍ സ്‌നേഹബന്ധം വെച്ചിരുന്നാല്‍ എന്റെ തപസ്സ്‌ ഇടിഞ്ഞു പോകും. അതുകൊണ്ട്‌ ഉണ്ണീ പൊയ്ക്കൊള്ളുക. ഞങ്ങള്‍ക്ക്‌ ഇനി ജീവിതം കുറച്ചേയുള്ളൂ.

ഇപ്രകാരം കുന്തി പല വാക്കുകളും പറഞ്ഞ്‌ രാജാവേ, സഹദേവന്റെയും യുധിഷ്ഠിരന്റെയും മനസ്സിനെ ഉറപ്പിച്ചു. രാജാവും അമ്മയും അനുവദിച്ച ആ കുരുരാജാവ്‌ കുരുശ്രേഷ്ഠനെ നമസ്കരിച്ചു യാത്ര ചെയ്യുവാന്‍ ഒരുങ്ങി.യുധിഷ്ഠിരന്‍ പറഞ്ഞു: "നന്നായി നിങ്ങള്‍ കൊണ്ടാടുന്ന ഞങ്ങള്‍ ഇനി നാട്ടിലേക്കു പോകട്ടെ! ഭവാന്റെ സമ്മതത്തോടെ കൽമഷമൊക്കെ നീങ്ങിയ ഞങ്ങള്‍ പോകട്ടെ!".

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം യോഗ്യനായ രാജര്‍ഷി ധര്‍മ്മരാജാവ്‌ പറഞ്ഞപ്പോള്‍ ധൃതരാഷ്ട്രന്‍ സമ്മതിക്കുകയും ധര്‍മ്മപുത്രനെ കൊണ്ടാടുകയും ചെയ്തു. ബലവാനായ ഭീമനെയും ധൃതരാഷ്ട്ര രാജാവ്‌ സാന്ത്വനം ചെയ്തു. മേധാവിയായ അവന്‍ ഇവന്റെ വാക്ക്‌ സ്വീകരിച്ചു.അര്‍ജ്ജുനനെയും വീരന്മാരായ യമന്മാരെയും തഴുകി പുല്കി നല്ലതു പറഞ്ഞ്‌ കൗരവ്യന്‍ സമ്മതിപ്പിച്ചു. അവര്‍ പിന്നെ ഗാന്ധാരിയുടെ പാദത്തില്‍ കുമ്പിട്ട്‌ സമ്മതം വാങ്ങി. ശിരസ്സില്‍ ഘ്രാണനം ചെയ്തു. അമ്മ വിട്ട അവര്‍, രാജാവിനെ വലംവെച്ചു, വീണ്ടും വത്സരെപ്പോലെ തടുക്കുവാന്‍ വീണ്ടും വീണ്ടും വലം വെച്ച്‌, നോക്കി. പാഞ്ചാലി മുതലായ കുരുസ്ത്രീകള്‍ എല്ലാവരും ശ്വശുരനില്‍ മുറയ്ക്കുള്ള വൃത്തി ചെയ്ത്‌ യാത്രയായി. ശ്വശ്രുക്കളും സമ്മതിച്ച്‌ പുല്കി കൊണ്ടാടി വിട്ട അവര്‍ ഭര്‍ത്താക്കളോടു കൂടി ചെയ്യേണ്ട കാര്യങ്ങള്‍ ഉപദേശിച്ചു യാത്രയായി. പിന്നെ സൂതന്മാര്‍ പറയുന്ന തേരിനെപ്പൂട്ടുക എന്ന ശബ്ദം അവര്‍ കേട്ടു. കുതിരകളുടെ ശബ്ദം  കേട്ടു. പിന്നെ ഒട്ടകത്തിന്റെ കരച്ചിലും കേട്ടു. യുധിഷ്ഠിര രാജാവ്‌ പിന്നെ ഭാര്യ, ഭടന്മാര്‍, കൂട്ടുകാര്‍ എന്നിവരോടു കൂടി വീണ്ടും ഹസ്തിനപുരത്തേക്ക്‌ ബന്ധുജനങ്ങളോടും കൂടി പോന്നു.

37. കാട്ടുതീയില്‍ ധ്യതരാഷ്ട്രാദികളുടെ ദഹനം - ധ്യതരാഷ്ട്രനും ഗാന്ധാരിയും കുന്തിയും കാട്ടുതീയിൽ പെട്ട് മരിച്ചു പോയ കഥ നാരദൻ ധർമ്മപുത്രനോട് പറയുന്നു - വൈശമ്പായനൻ പറഞ്ഞു : രണ്ടു വര്‍ഷം പിന്നെ പാണ്ഡുപുത്രന്മാര്‍ രാജ്യം ഭരിച്ചതിന് ശേഷം ഒരു ദിവസം യദൃച്ഛയാല്‍ ധര്‍മ്മപുത്രന്റെ മുമ്പില്‍ നാരദമഹര്‍ഷി ചെന്നു രാജാവേ! വാഗ്‌മിയും മഹാഭുജനുമായ കുരുരാജാവ്‌, യുധിഷ്ഠിരന്‍,  ഇരുന്ന്‌ ആശ്വസിച്ച നാരദനോടു പറഞ്ഞു: "ഭഗവാനേ, അങ്ങ്‌ ഇവിടെ വന്നു കണ്ടിട്ട്‌ വളരെ നാളായല്ലൊ. കുശലം തന്നെയല്ലേ? ഭവാന് ശുഭമല്ലേ? അങ്ങ്‌ ഏതൊക്കെ നാടു സന്ദര്‍ശിച്ചിട്ടാണ്‌ ഇവിടെ എത്തിയത്‌? ഞാന്‍ എന്താണ്‌ അങ്ങയ്ക്കു ചെയ്യേണ്ടത്‌? അല്ലയോ ദ്വിജശ്രേഷ്ഠാ പറഞ്ഞാലും! ഞങ്ങള്‍ക്ക്‌ അങ്ങുന്നാണ്‌ ഒരു ആശ്രയം".

നാരദന്‍ പറഞ്ഞു: ഭവാനെ കണ്ടിട്ടു വളരെ നാളായല്ലൊ എന്നു വിചാരിച്ചാണ്‌ ഞാന്‍ തപോവനത്തില്‍ നിന്ന്‌ ഇങ്ങോട്ടു വന്നത്‌. തീര്‍ത്ഥങ്ങളും, ഗംഗയുമൊക്കെ ഞാന്‍ കണ്ടു രാജാവേ!

യുധിഷ്ഠിരന്‍ പറഞ്ഞു: ഗംഗാ തീരത്തു വസിക്കുന്ന ജനങ്ങള്‍ എന്നോടു പറയുന്നു, മഹാത്മാവായ ധ്യതരാഷ്ട്രന്‍ വലിയ തപസ്സില്‍ മുഴുകിയിരിപ്പാണെന്ന്‌. ഭവാന്‍ കാണുകയുണ്ടായോ? കുരുപുംഗവന്‍ ക്ഷേമത്തോടെ വാഴുന്നില്ലേ? ഗാന്ധാരിയും കുന്തിയും സഞ്ജയനും ക്ഷേമത്തോടെ ഉരിക്കുന്നില്ലേ? എങ്ങനെ എന്റെ അകച്ഛനാകുന്ന ആ രാജാവ്‌ വസിക്കുന്നു? ഭവാന്‍ കണ്ടുവെങ്കില്‍ അവരുടെയെല്ലാം വൃത്താന്തമറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌.

നാരദന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ മനസ്സുറപ്പിച്ചു കേള്‍ക്കുക. നടന്ന മാതിരി ആ കഥ ഞാന്‍ പറയാം. തപോവനത്തില്‍ കേട്ടതും, ഞാന്‍ കണ്ടതും പറയാം.വസവാസം വിട്ട്‌ നിങ്ങള്‍ പോന്നതിന് ശേഷം അല്ലയോ കുരുദ്വഹാ, നിന്റെ അച്ഛന്‍ കുരുക്ഷേത്രത്തില്‍ നിന്നു പോന്ന്‌ ഗാന്ധാരിയോടും വധുവായ കുന്തിയോടും കൂടി ഗംഗാദ്വാരത്തിലെത്തി. സൂതനായ സഞ്ജയനും ചേര്‍ന്ന്‌ യാജകാഗ്നിയുണ്ടാക്കി. പിന്നെ തപോധനനായ നിന്റെ അച്ഛന്‍ തീവ്രമായ തപസ്സു ചെയ്തു. വായില്‍ ഒരു കല്ല് കടിച്ചു പിടിച്ച്‌ കാറ്റു മാത്രം ഭക്ഷണമാക്കി മുനിയായി തപസ്സു ചെയ്തു. വനത്തില്‍ പല മഹര്‍ഷിമാരും വന്ന്‌ അവനെ പൂജിച്ചു. അങ്ങനെ ആറു മാസം ആ തപോധനന്‍ എല്ലും തൊലിയുമായി നിന്നു. മാസത്തില്‍ ഒരിക്കല്‍ വെള്ളം മാത്രം കുടിച്ച്‌ ഗാന്ധാരിയും കുന്തിയും ജീവിച്ചു. സഞ്ജയന്‍ ആറാം ദിവസം ഒരു നേരം മാത്രം ഉണ്ടു പാര്‍ത്തു ഭാരതാ! യാജകന്മാര്‍ അഗ്നികളെ വിധി പോലെ ഹോമിച്ചു പ്രഭോ! കാട്ടില്‍ കണ്ടും കാണാതെയും അങ്ങനെ വാഴുന്ന രാജാവിന് ഗൃഹമില്ലാത്ത ജീവിതമായിരുന്നു. സഞ്ജയനും ആ ദേവിമാരും ഒന്നിച്ചു രാജാവിന്റെ കൂടെ നടന്നു. സമത്തിലും വിഷമത്തിലും രാജാവിന്റെ കൈ പിടിച്ചിരുന്നത്‌ സഞ്ജയനായിരുന്നു. രാജാവേ, ഗാന്ധാരിക്ക്‌ കണ്ണായി നിന്നത്‌ അനിന്ദിതയായ കുന്തിയായിരുന്നു. ഗംഗതീരത്തായി ഒരു ദിവസം ധീമാനായ ആ നരോത്തമന്‍ ഗംഗാ സ്നാനം ചെയ്ത്‌ ആശ്രമാഭിമുഖമായി യാത്രയായി. ഉടനെ കാറ്റടിച്ച്‌ ഉല്‍ക്കടമായി കാട്ടുതീ പടര്‍ന്നു കത്തി ആ കാടൊക്കെ ചുട്ടെരിച്ചു. ചുറ്റും തീ പടര്‍ന്നുപിടിച്ചു. മാന്‍കൂട്ടവും പാമ്പുകളും ചുറ്റും വേവുന്ന സമയത്ത്‌, പന്നിക്കൂട്ടം വെള്ളം കണ്ട ദിക്കിലേക്കു പാഞ്ഞു. ആ സമയത്ത്‌ കാടൊക്കെ കൂടി ഒന്ന്‌ ആളിക്കത്തി. അതില്‍ മഹാദുഃഖമാണ്ട്‌ ഉണ്ണാതെ മന്ദപ്രാണചേഷ്ടിതനായ രാജാവിനും മെലിഞ്ഞ അമ്മമാര്‍ക്കും ഒഴിച്ചു പോകുവാന്‍ വയ്യാതായി. കാട്ടുതീയ്‌ അരികത്തെത്തിയത് കണ്ടപ്പോള്‍ ആ രാജാവ്‌ ജയം നേടുന്ന സഞ്ജയനായ സൂതനോട്‌ ഇപ്രകാരം പറഞ്ഞു: "സഞ്ജയാ, നീ ഒഴിഞ്ഞു പൊയ്ക്കൊള്ളുക! തീയില്ലാത്ത ദിക്കിലേക്കു നിനക്ക്‌ ഒഴിഞ്ഞു പോകാന്‍, കഴിയും. ഞങ്ങള്‍ ഈ അഗ്നിയെ ഏറ്റ്‌ പരസല്‍ഗതി നേടിക്കൊള്ളാം". വാഗ്‌മി സത്തമനായ സഞ്ഞജയന്‍ അവനോടു പറഞ്ഞു: "രാജാവേ, ഈ വെറും അഗ്നിയില്‍ കിടന്നു ചാകുന്നത്‌ അങ്ങയ്ക്കു നന്നല്ല. തീയല്‍ നിന്ന്‌ ഒഴിഞ്ഞു പോകാനും വഴി ഞാന്‍ കാണുന്നില്ല. ഇനി മേല്‍ വേണ്ടതായ കാര്യം എന്താണെന്ന്‌ ഇവിടുന്നു പറയണം". ഇപ്രകാരം സഞ്ജയന്‍ പറഞ്ഞപ്പോള്‍ രാജാവു മറുപടി പറഞ്ഞു: "സഞ്ജയാ, ഭവനം വിട്ട ഞങ്ങള്‍ക്ക്‌ ഈ മൃതി അനിഷ്ടമല്ല. വെള്ളം കൊണ്ടോ, തീ കൊണ്ടോ, കാറ്റു കൊണ്ടോ ഉപവാസ വികര്‍ഷണം കൊണ്ടോ മരണം വരിക്കാം. അത്‌ താപസന്മാര്‍ക്കു ചേര്‍ന്ന മൃതിയാണ്‌. സഞ്ജയാ, നിനക്ക്‌ പോകാം; വൈകരുത്‌", എന്നു സഞ്ജയനോടു പറഞ്ഞ്‌ ഉള്ളുറപ്പിച്ച്‌ രാജാവു കിഴക്കോട്ടു തിരിഞ്ഞ്‌ ഗാന്ധാരിയോടും കുന്തിയോടും കൂടി ഇരുന്നു. അപ്രകാരം കിഴക്കോട്ട്‌ അഭിമുഖമായി അഗ്നിയില്‍ സ്വയം ആഹുതി ചെയ്യുവാനിരിക്കുന്ന രാജാവിനെക്കണ്ട്‌ സഞ്ജയന്‍ വലംവെച്ചു. മേധാവിയായ സഞ്ജയന്‍ യോഗം കൈക്കൊള്ളുവാന്‍ പറഞ്ഞു. ബുദ്ധിമാനായ ഋഷിപുത്രന്‍, രാജാവ്‌, അവന്‍ പറഞ്ഞ മാതിരി തന്നെ ചെയ്തു. ഇന്ദ്രിയങ്ങള്‍ അടക്കി മുട്ടി പോലെ ഇരിപ്പായി. യോഗ്യയായ ഗാന്ധാരിയും നിന്റെ പെറ്റമ്മയായ കുന്തിയും അങ്ങനെയിരിക്കെ കാട്ടുതീയില്‍പ്പെട്ട്‌ വെന്തു ദഹിച്ചു പോയി. നിന്റെ അച്ഛനായ രാജാവും കാട്ടുതീയില്‍പ്പെട്ടു പോയി. മഹാമാത്രനായ ആ സഞ്ജയന്‍ കാട്ടുതീയില്‍ നിന്നു വിട്ടുനിന്നു. താപസന്മാരോടു കൂടി അവനെ ഞാന്‍ ഗംഗാതീരത്തു വെച്ചു കണ്ടു. തേജസ്വിയായ അവന്‍ ഈ വൃത്താന്തം അവരോടൊക്കെ പറഞ്ഞു. അവരോടൊക്കെ യാത്രപറഞ്ഞ്‌ ഹിമാലയ പര്‍വ്വതത്തിലേക്കു കയറിക്കയറി നടന്നു. ഇപ്രകാരം കുരുരാജാവായ മഹാശയന്‍ കാലം കഴിച്ചു. നിന്റെ അമ്മമാരായ ഗാന്ധാരിയും കുന്തിയും ഇരുന്ന സ്ഥലത്ത്‌ ഞാന്‍ യദ്യച്ഛയാ പിന്നീടു പോയി. അവിടെച്ചെന്നപ്പോള്‍ രാജാവിന്റെയും. ഭവാന്റെ അമ്മമാരുടെയും എല്ലുകള്‍ കണ്ടു രാജാവേ! പിന്നെ ആ മഹര്‍ഷിമാര്‍ തപോവനത്തില്‍ ചെന്നു. രാജാവിന്റെ മരണത്തെ കേട്ട്‌ അവര്‍ ദുഃഖിച്ചില്ല. കാരണം പുണ്യമായ ഗതിയാണ്‌ രാജാവിന് ലഭിച്ചത്‌. ഞാന്‍ ഈ വൃത്താന്തമെല്ലാം അവിടെ വെച്ചാണു കേട്ടത്‌ പുരുഷസത്തമാ! ആ രാജാവും ദേവിമാരും വെന്തു പോയ അത്യാഹിതത്തെ പറ്റി ഓര്‍ത്തു വ്യസനിക്കേണ്ടതില്ല. എന്തു കൊണ്ടെന്നാല്‍ അവര്‍ സ്വയം ഇഷ്ടത്തോടു കൂടി അഗ്നിയെ ഏറ്റതാണ്‌. ഗാന്ധാരീ ദേവിയും കുന്തിയും അഗ്നിയില്‍ സ്വയമേവ ആഹുതി ചെയ്തതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധൃതരാഷ്ട്രന്റെ നിര്യാണം കേട്ടതോടു കൂടി യോഗ്യരായ പാണ്ഡവന്മാരെല്ലാം ഉല്ക്കടമായ ദുഃഖത്തില്‍ മുഴുകിപ്പോയി,  അന്തഃപുരങ്ങള്‍ ആര്‍ത്തനാദം കൊണ്ടു മുഴങ്ങി. പൗരന്മാരും രാജാവിന്റെ ഗതി കേട്ട്‌ ദുഃഖപരവശരായി മുറവിളി കൂട്ടി. "അയ്യോ കഷ്ടം", എന്നു ദുഃഖത്തോടെ രാജാവ്‌ നിലവിളിച്ചു. കൈപൊക്കി അമ്മയെ ഓര്‍ത്ത്‌ "അമ്മേ! അമ്മേ", എന്നു വിളിച്ച്‌ യുധിഷ്ഠിരന്‍ കരഞ്ഞു. ഭീമന്‍ തുടങ്ങിയുള്ള ഭ്രാതാക്കന്മാരുടെ നിലവിളി കൊണ്ട്‌ അന്തഃപുരം വലിയ രോദന ശബ്ദം കൊണ്ട്‌ നിറഞ്ഞു. കുന്തിയുടെ മരണം കേട്ടതിലുള്ള ദുഃഖം സഹിക്കാതെ മക്കള്‍ വലഞ്ഞു. മക്കള്‍ മരിച്ചുപോയ കിഴവനായ രാജാവും, പാവമായ ഗാന്ധാരിയും കാട്ടുതീയില്‍ വെന്തുപോയി എന്ന വൃത്താന്തം കേട്ട്‌ ദുഃഖിക്കാത്തവര്‍ ആരുമുണ്ടായിരുന്നില്ല. ആ ശബ്ദം ഒട്ടു നേരം ഉണ്ടായി. പിന്നെ ബാഷ്പം ധൈര്യം കൊണ്ട്‌ അടക്കി ധര്‍മ്മരാജാവ്‌ ഇപ്രകാരം പറഞ്ഞു.

38. യുധിഷ്ഠിരവിലാപം - ചരമവാർത്ത അറിഞ്ഞ ധർമ്മപുത്രർ വലിയച്ഛനെയും അമ്മയെയും ചിന്തിച്ചു വിലപിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു:അങ്ങനെ മഹത്തായ തപസ്സില്‍ മുഴുകി വസിച്ചിരുന്ന ആ മഹാത്മാവിന് ഇപ്രകാരം അനാഥനെ പോലെയുള്ള ഒരു ഗതി ഉറ്റവരായ ഞങ്ങള്‍ ജീവനോടെ ഇരിക്കുമ്പോള്‍ വന്നു കൂടിയില്ലേ! അല്ലയോ ബ്രാഹ്മണാ, മര്‍ത്തൃരുടെ ഗതി എങ്ങനെയാണെന്ന്‌ ആര്‍ക്കു കാണുവാന്‍ സാധിക്കും. മര്‍ത്തൃരുടെ അന്ത്യം ഏതു വിധത്തിലായിരിക്കുമെന്ന്‌ ആര്‍ക്കും തീര്‍ത്തു പറയുവാന്‍ സാദ്ധ്യമല്ല. ഈ വൈചിത്രവീര്യനായ രാജാവ്‌ കാട്ടുതീയില്‍ പൊരിഞ്ഞ്‌ മരിച്ചതോര്‍ക്കുമ്പോള്‍ എങ്ങനെ പ്രവചിക്കുവാന്‍ കഴിയും? ബാഹുവീര്യമുള്ള ഏതു ബലശാലിക്ക്‌ നൂറു മക്കള്‍ ഉണ്ടായിരുന്നുവോ, ആയിരം ആനയ്ക്കുള്ള ബലമുള്ള ആ രാജാവല്ലേ കാട്ടുതീയില്‍ വെന്ത്‌ മരിച്ചു പോയത്‌! ഏതൊരു മഹാപുരുഷനെ നാരികള്‍ ആലവട്ടം എടുത്ത്‌ വീശിക്കൊണ്ടിരുന്നുവോ, കാട്ടുതീയില്‍ വെന്ത ആ പുരുഷനെ കഴുകന്മാരല്ലേ ഇപ്പോള്‍ ചിറകു കൊണ്ട്‌ വീശുന്നത്‌! ഉറങ്ങുന്ന ഏതൊരുത്തനെ സൂതമാഗധന്മാര്‍ സ്തുതിഗീതങ്ങളാല്‍ ഉണര്‍ത്തിയിരുന്നുവോ ആ രാജാവ്‌ പാപിയായ എന്റെ കര്‍മ്മം മൂലം വെറും മണ്ണിലല്ലേ ഇപ്പോള്‍ കിടക്കുന്നത്‌? മക്കള്‍ മരിച്ചുപോയ സുബല രാജപുത്രിയായ ഗാന്ധാരിയെപ്പറ്റി ഞാന്‍ ദുഃഖിക്കുന്നില്ല. അവള്‍ പാതിവ്രത്യത്തോടെ ഭര്‍ത്താവിനെ അനുഗമിച്ചത്‌ ഉചിതം തന്നെ. കുന്തിയെപ്പറ്റി ഞാന്‍ ദുഃഖിക്കുന്നു ബ്രാഹ്മണാ! പുത്രന്മാരുടെ ഐശ്വര്യസ മൃദ്ധിയെ വിട്ട്‌, ലോകത്തില്‍ ഏറ്റവും ജ്വലിക്കുന്ന സമൃദ്ധിയെ വിട്ട. എന്റെ അമ്മ കാട്ടില്‍പ്പോയില്ലേ? അതാലോചിക്കുമ്പോള്‍ എന്റെ ഇടനെഞ്ചു പൊട്ടുന്നു. ഞങ്ങള്‍ക്ക്‌ എന്തിനീ രാജ്യം! എന്തിനീ ബലവിക്രമം! എല്ലാം മോശം! മോശം! ക്ഷത്രധര്‍മ്മം മോശം! അമ്മ കാട്ടില്‍ക്കിടന്നു ചത്തു പോയി, വിക്രമികളായ മക്കള്‍ നാടു വാഴുമ്പോള്‍! ജീവിച്ചിരിക്കുമ്പോള്‍! ദ്വിജോത്തമാ, കാലത്തിന്റെ ഗതി സൂക്ഷ്മം തന്നെ! രാജ്യം വെടിഞ്ഞ്‌ എന്റെ അമ്മ വനത്തില്‍ വാഴാനല്ലേ വിചാരിച്ചത്‌!

യുധിഷ്ഠിരന്റെ പെറ്റമ്മ! ഭീമന്റെ പെറ്റമ്മ! അര്‍ജ്ജുനന്റെ പെറ്റമ്മ! അനാഥയെപ്പോലെ കാട്ടില്‍ക്കിടന്ന്‌ കാട്ടുതീയില്‍ പെട്ട്‌ വെന്തു മരിച്ചു പോയി! മഹര്‍ഷേ, ഇത്‌ ആലോചിക്കുമ്പോള്‍ ഞാന്‍ തന്റേടമില്ലാതെ മോഹാലസ്യപ്പെട്ടു പോകുന്നു! ഖാണ്ഡവത്തില്‍ സവ്യസാചി അഗ്നിയെ വെറുതെ തര്‍പ്പിച്ചു. ഉപകാരം നിനയ്ക്കാത്ത കൃതഘ്നനാണ്‌ ആ അഗ്നി എന്നാണ്‌ എന്റെ അഭിപ്രായം! ആ ഭഗവാന്‍ സവ്യസാചിയുടെ അമ്മയെ ചുട്ടുകളഞ്ഞില്ലേ? വിപ്രനെന്ന വ്യാജേന ഭിക്ഷയ്ക്ക്‌ ആരു കയറി വന്നുവോ, ആ അഗ്നി മോശക്കാരന്‍ തന്നെ! മഹാപാപി തന്നെ! പാര്‍ത്ഥന്റെ സത്യസന്ധതയും മോശം തന്നെ! ആ രാജാവിനേയും അഗ്നി ദഹിപ്പിച്ചു കളഞ്ഞു. തപസ്വിയായ ആ രാജര്‍ഷിയെയല്ലേ അഗ്നി ചുട്ടു കളഞ്ഞത്‌! ഇങ്ങനെ ഒരു മൃത്യു സംഭവിക്കാനെന്താണ്‌ കാരണം? ഈ പാരൊക്കെ ഭരിച്ച രാജാവിന് മന്ത്രത്താല്‍ പൂതമായ അഗ്നി മഹാവനത്തിലുണ്ടല്ലോ. എന്നിട്ടും എന്താണ്‌ അവനെ ഇങ്ങനെ ചുട്ടു കളഞ്ഞതു മഹര്‍ഷേ! ഇപ്രകാരം തീയില്‍ പൊരിഞ്ഞു മരിച്ച്‌ എന്റെ അച്ഛന്‍ നിഷ്ഠയില്‍ എത്തി. ഞരമ്പേറ്റ്‌, ഏറ്റവും മെലിഞ്ഞ്‌, വിറച്ച്‌ ആ കുന്തി, "മോനേ യുധിഷ്ഠിരാ, വരൂ! ഭീമാ, വരൂ! അഗ്നി ഇതാ വന്നു വിഴുങ്ങുന്നു! മക്കളേ, ഓടി വന്ന്‌ അമ്മയെ പിടിച്ച്‌ തീയില്‍ നിന്ന്‌ രക്ഷിക്കൂ!", എന്ന്‌ അവള്‍ ഭയപ്പെട്ട്‌ നിലവിളിച്ചിട്ടുണ്ടാകും. മുനേ, ഇതോര്‍ത്ത്‌ എന്റെ ഇടനെഞ്ച്‌ പൊട്ടുന്നു. ചുറ്റും ആളിക്കത്തുന്ന കാട്ടുതീയിലല്ലേ എന്റെ അമ്മ പെട്ടത്‌. ഇതിലും വലിയ ഒരാപത്ത്‌ എന്താണ്‌ ഒരാള്‍ക്കു സംഭവിക്കുക! സഹദേവന്‍ മക്കളില്‍ വെച്ച്‌ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാണ്‌. എന്തുഫലം? ഈ ആപത്തില്‍ നിന്ന്‌ അമ്മയെ കയറ്റുവാന്‍ അവനും കഴിഞ്ഞില്ലല്ലോ! ആ വീരനായ മാദ്രി കുമാരനും കഴിഞ്ഞില്ലല്ലോ!

വൈശമ്പായനൻ പറഞ്ഞു: എന്ന്‌ യുധിഷ്ഠിരന്‍ കരയുന്നതു കേട്ട്‌.  അവരെല്ലാവരും തമ്മില്‍ത്തമ്മില്‍ പുല്കി കരയുവാന്‍ തുടങ്ങി. ആ പഞ്ചപാണ്ഡവന്മാര്‍  കല്പാന്തത്തില്‍ ദുഃഖിക്കുന്ന ജീവികളെപ്പോലെയായി. കരയുന്ന ആ നരേന്ദ്രന്മാരുടെ വലിയ രോദനസ്വനം പ്രാസാദത്തില്‍ തടഞ്ഞ്‌ ഭൂമിയിലും ആകാശത്തിലും തിങ്ങി വിങ്ങി.

39. ശ്രാദ്ധദാനം - വ്യസനിക്കുന്ന ധർമ്മപുത്രനെ വ്യാസൻ സമാശ്വസിപ്പിക്കുന്നു. പിന്നെ ശ്രാദ്ധകർമ്മം നിർവ്വഹിക്കുന്നു - നാരദന്‍ പറഞ്ഞു: അല്ലയോ ഭാരതാ, ധൃതരാഷ്ട്ര രാജാവ്‌ വെറുതെയങ്ങനെ അഗ്നിയില്‍ക്കിടന്ന്‌ വെന്തു മരിക്കുകയല്ല ഉണ്ടായത്‌ യുധിഷ്ഠിരാ! അതിനെപ്പറ്റി ഞാന്‍ കേട്ടത്‌ നിന്നോടു പറയാം ഭാരതാ! വായുഭക്ഷണം മാത്രമായി അവന്‍ വനത്തില്‍ക്കയറിയപ്പോള്‍ ഇഷ്ടിചെയ്ത്‌ അഗ്നികളെ വിട്ടു എന്നാണ്‌ ഞാന്‍ കേട്ടത്‌. അവന്റെ യാജകന്മാര്‍ നിര്‍ജ്ജനമായ കാട്ടില്‍ അഗ്നിയെ ഉപേക്ഷിച്ച്‌ യഥേഷ്ടം പോയി ഭരതസത്തമാ. ആ വഹ്നി അങ്ങനെ ഉണക്കപ്പുല്ലില്‍ പിടിച്ച്‌ പടര്‍ന്നു വര്‍ദ്ധിച്ചതാണ് പോലും! അതു കൊണ്ടാണ്‌ ആ കാടു വെന്തത്‌ എന്ന്‌ ആ താപസന്മാര്‍ പറയുന്നു.

ആ രാജാവ്‌, ആ ഗംഗയുടെ വക്കില്‍, ഞാന്‍ മുമ്പു  പറഞ്ഞ മാതിരി ആ സ്വന്തം അഗ്നി കൊണ്ടു തന്നെ വെന്തതാണ്‌ ഭരതര്‍ഷഭാ! ഇപ്രകാരമാണ്‌ അനഘാശയാ, ആ മുനിമാര്‍ എന്നോടു പറഞ്ഞത്‌. ഗംഗാ തീരത്തു വെച്ച്‌ ഞാന്‍ കണ്ട മുനികള്‍ പറഞ്ഞതാണിത്‌ യുധിഷ്ഠിരാ! ഇപ്രകാരം താന്‍ ജ്വലിപ്പിച്ച്‌ ആരാധിച്ച്‌ അര്‍പ്പിച്ച അഗ്നിയായി അദ്ദേഹം ചേര്‍ന്നു പോയി സല്‍ഗതി പൂകി രാജാവേ! അതുകൊണ്ട്‌ അവരെപ്പറ്റി നീ ഒരിക്കലും ദുഃഖിക്കരുത്‌. ഗുരു ശുശ്രൂഷയാല്‍ നിന്റെ അമ്മയും അല്ലയോ രാജാവേ! വലിയ സിദ്ധിയെ പ്രാപിച്ചു. എനിക്ക്‌ ഇക്കാരൃത്തില്‍ യാതൊരു സംശയവുമില്ല. അല്ലയോ രാജേന്ദ്ര! അതുകൊണ്ട്‌ ഭവാന്‍ അവര്‍ക്കു വേണ്ട ഉദകക്രിയ ചെയ്യുക. ഭ്രാതാക്കന്മാരോടു കൂടി ഉദകക്രിയ ചെയ്യുക എന്നതാണ്‌ ഇപ്പോള്‍ ഇവിടെ ചെയ്യേണ്ടത്‌.

വൈശമ്പായനൻ പറഞ്ഞു: പിന്നെ പാണ്ഡവ ധുരംധരനായ രാജാവ്‌, അനുജന്മാരോടും അവരുടെ ഭാര്യമാരോടും കൂടി രാജധാനിയില്‍ നിന്നിറങ്ങി ഭരതര്‍ഷഭാ! നഗരക്കാരും നാട്ടുകാരും രാജഭക്തിയോടെ, ഗംഗയില്‍ ഒറ്റ വസ്ത്രവുമുടുത്ത്‌, ചെന്നിറങ്ങി.

വെള്ളത്തിലിറങ്ങി ആ നരപുംഗവന്മാര്‍ എല്ലാവരും യുയുത്സുവിനെ മുന്നില്‍ നിര്‍ത്തി ആ മഹാശയന് ഉദകം നൽകി, ഉദക്രകിയ ചെയ്തു. ഗാന്ധാരിക്കും കുന്തിക്കും നാമഗോത്രങ്ങള്‍ പറഞ്ഞ്‌ വിധിപ്രകാരം ഉദകക്രിയ ചെയ്തു. പിന്നെ അവര്‍ പുരത്തിന് പുറത്തു പാര്‍ത്തു. കാരണം പുലയാചരിക്കുകയായിരുന്നു (പുലയാചരിക്കുമ്പോള്‍ രാജാക്കന്മാര്‍ പുരത്തില്‍ പാര്‍ക്കുവാന്‍ പാടില്ലെന്നാണ്‌ നിശ്ചയം). വിധിജഞന്മാരായ വിശ്വസ്തരെ നൃപന്‍ കാട്ടുതീയില്‍ ദഹിച്ച ഗംഗാദ്വാരത്തേക്ക്‌ വിട്ടു രാജാവേ! ഗംഗാദ്വാരത്തില്‍ അവര്‍ ചെയ്യേണ്ടതെന്തെന്ന്‌ രാജാവ്‌ ആജ്ഞാപിച്ചു.വേണ്ടുന്ന സ്വത്തു കൊടുത്ത്‌ നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ രാജാവ്‌ ആപ്തജനങ്ങളെ ഏല്പിച്ചയച്ചു.

പന്ത്രണ്ടാം ദിവസം പുല കുളിയൊക്കെ കഴിഞ്ഞ്‌ അന്ന്‌ പരേതരായ അവര്‍ക്കു ശ്രാദ്ധങ്ങള്‍ വിധിപ്രകാരം ദക്ഷിണയോടു കൂടി ചെയ്തു. ധൃതരാഷ്ട്രന്റെ പേര്‍ക്ക്‌ രാജാവ്‌ സ്വര്‍ണ്ണവും വെള്ളിയും പശുക്കളും വില പിടിച്ച ശയ്യകളും ദാനം ചെയ്തു. തേജസ്വിയായ രാജാവ് ഗാന്ധാരിയുടെ പേര്‍ക്കും കുന്തിയുടെ പേര്‍ക്കും വെവ്വേറെ പേരു പറഞ്ഞു തന്നെ ഉത്തമമായ ദാനങ്ങള്‍ നല്കി. ആര് എന്ത്‌ എത്ര ആഗ്രഹിക്കുന്നുവോ അത്‌ അത്രയ്ക്ക്‌ ആ നരന്‍ നേടി. ശയനം, ഭോജനം, സ്ഥാനം, മണി; രത്നം, ധനം, യാനം, വസ്ത്രങ്ങള്‍, ഭോഗങ്ങള്‍ മോടിയില്‍ അലങ്കരിച്ച ദാസികള്‍, ഇവയൊക്കെയാണ്‌ രാജാവ്‌ അമ്മമാരുടെ പേരില്‍, ചെയ്ത ദാനങ്ങള്‍.

പിന്നെ ആ രാജാവ്‌ അസംഖ്യം പേര്‍ക്ക്‌ ശ്രാദ്ധം ഈട്ടി. അതിന് ശേഷം രാജാവ്‌ ഹസ്തിനാപുര പട്ടണത്തില്‍ കയറി. രാജാജ്ഞ നിര്‍വ്വഹിക്കുവാന്‍ അങ്ങോട്ടു പോയ പുരുഷന്മാര്‍ അസ്ഥി സഞ്ചയനം കഴിച്ച്‌ തിരിച്ചു വന്നു. പലതരം ഗന്ധമാല്യങ്ങള്‍ കൊണ്ട്‌ അവയെ യഥാവിധി അര്‍ച്ചിച്ച്‌ കര്‍മ്മം നടത്തിയെന്ന്‌ രാജാവിനെ അറിയിച്ചു. പിന്നെ മഹര്‍ഷിയായ നാരദന്‍ യഥേഷ്ടം പോയി രാജാവേ! ധീമാനായ ധൃതരാഷ്ട്രന്‍ ഇപ്രകാരം കാട്ടില്‍ മൂന്നു വര്‍ഷവും നാട്ടില്‍ പതിനഞ്ചു വര്‍ഷവും യുദ്ധാനന്തരം കഴിഞ്ഞു. പോരില്‍ മരിച്ച മക്കള്‍ക്കും ജ്ഞാതികള്‍ക്കു വേണ്ടിയും, സംബന്ധികള്‍ക്കു വേണ്ടിയും, സഹജന്മാര്‍ക്കു വേണ്ടിയും മിത്രങ്ങള്‍ക്കു വേണ്ടിയും, സ്വജനങ്ങള്‍ക്കു വേണ്ടിയും ധാരാളം ധനാദികള്‍ അദ്ദേഹം ദാനം ചെയ്തു. ജ്ഞാതികളും ബന്ധുക്കളും മരിച്ച യുധിഷ്ഠിര രാജാവ്‌ ഇങ്ങനെ അതിപ്രീതി കൂടാതെ ആ രാജ്യത്തെ ഏറ്റു പരിപാലിച്ചു. അപ്രകാരം ഈ ആശ്രമവാസികപര്‍വ്വത്തിൽ ആദരവു കാണിക്കുവാനായി ഗന്ധമാല്യാഢ്യമായ ഹവ്യം ബ്രാഹ്മണേന്ദ്രരെ ഊട്ടേണ്ടതാകുന്നു.


No comments:

Post a Comment