Tuesday 20 September 2022

വനപർവ്വം അദ്ധ്യായം 52 മുതൽ 95 വരെ

നളോപാഖ്യാനപര്‍വം

52. ബൃഹദശ്വമുനിയുടെ ആഗമനം - ജനമേജയൻ പറഞ്ഞു: മഹാമനസ്കനായ പാര്‍ത്ഥന്‍ അസ്ത്രങ്ങള്‍ സമ്പാദിക്കുവാനായി സ്വര്‍ഗ്ഗത്തിലേക്കു പോയ കാലത്ത്‌ യുധിഷ്ഠിരന്‍ മുതലായ പാണ്ഡവന്മാര്‍ എന്തു ചെയ്തു കൊണ്ടിരുന്നു?

വൈശമ്പായനൻ പറഞ്ഞു: മഹാമനസ്വിയായ പാര്‍ത്ഥന്‍ സ്വര്‍ഗ്ഗലോകത്തിലേക്കു പോയ കാലത്ത്‌ ആ പുരുഷര്‍ഷഭന്മാരായ പാണ്ഡവന്മാര്‍ കാമ്യകവനത്തില്‍ തന്നെ കൃഷ്ണയോടു കൂടി പാര്‍ത്തു. ധനഞ്ജയന്റെ വിയോഗത്തില്‍ തീവ്രമായ ദുഃഖത്തോടെയാണ്‌ അവര്‍ കഴിഞ്ഞു കൂടിയത്‌. ധനഞ്ജയന്റെ വിയോഗം അവരെ ഒരു പോലെ ദുഃഖാര്‍ത്തരാക്കി. രാജ്യം നഷ്ടപ്പെട്ട ദുഃഖവും അര്‍ജ്ജുനന്റെ വിയോഗദുഃഖവും മൂലം ദുഃഖാര്‍ത്തനായി മഹാബാഹുവായ ഭീമന്‍ ഒരു ദിവസം യുധിഷ്ഠിരനോട്‌ ഇങ്ങനെ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: ഭവാന്‍ കല്പിച്ചത് പ്രകാരമാണല്ലോ അര്‍ജ്ജുനന്‍ നമ്മളെ വിട്ടു പിരിഞ്ഞത്‌. പാണ്ഡവന്മാരുടെ പ്രാണന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ അവനിലാണ്‌. അവന്‍ നശിച്ചാല്‍ പിന്നെ ഒന്നും ബാക്കിയില്ല. നമ്മളും, നമ്മുടെ പുത്രന്മാരും, പാഞ്ചാലന്മാരും, സാത്യകിയും, വാസുദേവനും പിന്നീട ഇല്ല തന്നെ! ഭവാന്‍ ആജ്ഞാപിക്കുകയാല്‍ ബീഭത്സുവിന് വളരെയധികം ക്ലേശങ്ങള്‍ സഹിച്ചു സഞ്ചരിക്കേണ്ടി വന്നിരിക്കയാണ്‌. ഇത്രിലും വലിയ ദുഃഖമെന്താണ്‌ സംഭവിക്കുവാനുള്ളത്‌? ശത്രുക്കളെ ജയിച്ചു ഭൂമി നേടുവാന്‍ അവന്റെ ബാഹുക്കളാണ്‌ നമുക്ക്‌ ആശ്രയം. സഭയില്‍ വെച്ചു ശകുനിയോടു കൂടി ധാര്‍ത്തരാഷ്ട്രന്മാരെ ഞാന്‍ കൊല്ലാതെ വിട്ടത്‌ ആ വീരനെ കരുതിയാണ്‌. വാസുദേവന്റെ രക്ഷയുണ്ടായിട്ടും, ഞങ്ങള്‍ക്കു കൈയൂക്കുണ്ടായിട്ടും, ഉള്ളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രോധം സഹിച്ചു ജീവിക്കുന്നത്‌ ഭവാനു വേണ്ടിയാണ്‌. കൃഷ്ണന്റെ സഹായത്താല്‍, കര്‍ണ്ണന്‍ മുതലായവരെ കൊന്ന്‌, കൈയൂക്കു കൊണ്ട്‌ രാജ്യംനേടി സംരക്ഷിച്ചു വാഴുവാന്‍ നമുക്കു നിശ്ചയമായും കഴിയും. ഭവാന്റെ ചൂതുകളിക്കമ്പം കാരണം പൗരുഷം കൂടിയ നമ്മള്‍ ഈ വിധം കഷ്ടത്തിൽ കിടക്കുകയും, ജളന്മാരായ ദുര്യോധനാദികള്‍ കപ്പം നേടി ബലവാന്മാരാവുകയും ചെയ്തിരിക്കുന്നു. ഭവാന്‍ ഇനിയെങ്കിലും ക്ഷത്രിയോചിതമായ ധര്‍മ്മംസ്വീകരിക്കണം. മഹാരാജാവേ, വനവാസം ക്ഷത്രിയോചിതമല്ല. പണ്ഡിതന്മാര്‍ പറയുന്നു, നാടു ഭരിക്കുകയാണ്‌ ക്ഷത്രിയ ധര്‍മ്മമെന്ന്‌. ഭവാന്‍ ക്ഷത്ര ധര്‍മ്മജ്ഞനായ രാജാവായിട്ടും ആ ധര്‍മ്മത്തില്‍ നിന്നു തെറ്റി നിൽക്കുന്നത്‌ ന്യായമല്ല. പാര്‍ത്ഥനേയും, ജനാര്‍ദ്ദനനേയും ഉടനെ വരുത്തണം. ഹേ, മഹാരാജാവേ, പന്ത്രണ്ടു വര്‍ഷം കഴിയുവാന്‍ കാക്കാതെ കാട്ടില്‍ നിന്നും പുറത്തു കടന്ന്‌ ധാര്‍ത്തരാഷ്ട്രന്മാരെ മുഴുവന്‍ കൊന്നൊടുക്കണം. ശത്രുക്കള്‍ സൈന്യബലം വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ്‌ നാം അവരെ ഒടുക്കിക്കളയണം. ദുര്യോധനന്‍ മുതലായ എല്ലാ ധാര്‍ത്തരാഷ്ട്രന്മാരേയും, കര്‍ണ്ണനേയും, ശകുനിയേയും അവര്‍ യുദ്ധസന്നദ്ധരായ ഭടന്മാരാല്‍ ചുറ്റപ്പെട്ടിരുന്നാലും ഞാന്‍ കൊന്നു കൊള്ളാം. അതിലേക്ക്‌ ഭവാന്‍ അനുവദിച്ചാലും.

ഞാന്‍ ശത്രുക്കളെ കൊന്നു കഴിഞ്ഞാല്‍ ഭവാനു കാട്ടിലേക്കു മടങ്ങി വരാം. അപ്പോള്‍ ഭവാനെ സത്യലംഘന പാപം ബാധിക്കുകയുമില്ല. അഥവാ വല്ല പാപവും ഉണ്ടെങ്കില്‍ അത്‌ നമുക്ക്‌ വിവിധ യജ്ഞങ്ങള്‍ കൊണ്ട്‌ പരിഹരിച്ച്‌ പുണ്യം നേടുകയും ചെയ്യാം. ഇങ്ങനെ ചെയ്യണം, നമ്മുടെ രാജാവ്‌ ബുദ്ധിമാനും, വേണ്ട കാര്യം ഉടനെ ചെയ്യുവാന്‍ താല്പര്യമുള്ളവനും ആണെന്നു തെളിയിക്കുവാന്‍. ധര്‍മ്മപരനാണല്ലോ ഭവാന്‍.

വഞ്ചകന്മാരെ വഞ്ചന കൊണ്ടു കൊല്ലാമെന്നു വിധിയുണ്ട്‌. ആ വഞ്ചന പാപമല്ലെന്നാണ്‌ അഭിജ്ഞമതം. ധര്‍മ്മശാസ്ത്രങ്ങളില്‍ ധര്‍മ്മജ്ഞന്മാര്‍ കാണുന്ന വിധി ഭവാന് അറിയാവുന്നതല്ലെ? ഒരു പകലും രാത്രിയും ഒരു വര്‍ഷത്തിനു തുല്യങ്ങളാണെന്നും വേദവചനമുണ്ട്‌. കഠിനവ്രതമാചരിക്കുന്ന ഒരു ദിവസം ഒരു വര്‍ഷത്തിന് തുല്യമാണെന്നു വേദങ്ങളില്‍ കേള്‍ക്കുന്നു. അതനുസരിച്ച്‌ പതിമൂന്നു വര്‍ഷം പതിമൂന്നു ദിവസം കൊണ്ടു കഴിഞ്ഞു പോയി എന്നു വിചാരിക്കുന്നതിലും തെറ്റില്ല. ഭവാനു പ്രമാണം വേദമാണെങ്കില്‍ ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു പതിമുന്നു സംവത്സരം!

ദുര്യോധനനെ കൊല്ലുന്നതിന് ഇതാണു കാലം. ഇനി ഒട്ടും താമസിച്ചു കൂടാ. അവന്‍ ഭൂമിക്കു മുഴുവന്‍ ഏകാധിപതിയാകും. ഭവാന്റെ ദ്യൂതപ്രിയത്തിന്റെ ഫലമാണിത്‌. ഒരു കൊല്ലം അജ്ഞാതവാസം ചെയ്യാം എന്ന ഭവാന്റെ പ്രതിജ്ഞ നമ്മെ നാശത്തിന്റെ വക്കത്ത് എത്തിച്ചിട്ടുണ്ട്‌. നമുക്ക്‌ ഒളിച്ചു താമസിക്കുവാന്‍ പറ്റിയ നാട്‌ ഞാന്‍ കാണുന്നില്ല. ദുഷ്ടനായ സുയോധന്‍ ചാരന്മാരെ നിയമിച്ച്‌ നാം എവിടെ ഒളിച്ചു താമസിച്ചാലും കണ്ടുപിടിക്കും. അങ്ങനെ സംഭവിച്ചാല്‍ അവന്‍ വീണ്ടും നമ്മളെ കാട്ടിലേക്കയയ്ക്കും. ഇനി ഒരു കാര്യം കൂടി പറയാം. വല്ലവിധേനയും നാം അജ്ഞാതവാസം ശരിക്കു നിര്‍വ്വഹിച്ചു എന്നു വിചാരിക്കുക. പുറത്തു വന്നാല്‍ ഉടനെ അവന്‍ ഭവാനെ ചൂതിന് വിളിക്കും. വിളിച്ചാല്‍ ഭവാന്‍ പോകും. പോയാല്‍ ഭവാന്‍ ചുതു കളിക്കും. കളിച്ചാല്‍ ഭവാന്‍ തോല്‍ക്കും. അങ്ങയ്ക്ക്‌ ചൂതുകളി ഒട്ടും അറിഞ്ഞു കൂടാ. എന്നാലും ക്ഷണിച്ചാല്‍ ഭവാനതില്‍ ഭ്രാന്താണ്‌. പിന്നെ ഗതി കാടു തന്നെ. രാജാവേ! ഭവാന്റെ ചിന്തയെന്താണ്‌? ഞങ്ങളെ എന്നും കൃപണന്മാരാക്കി കാട്ടില്‍ വാഴിക്കണമെന്നാണോ?

ഭവാന്‍ വേദധര്‍മ്മങ്ങളൊക്കെ പരിശോധിച്ചു നോക്കു! അപ്പോള്‍ ഭവാന്‍ കാണും വഞ്ചകന്മാരെ വഞ്ചനയാല്‍ കൊല്ലുക എന്ന്. ഭവാന്‍ ഒന്നു കല്പിക്കൂ! ഞാന്‍ ചെന്ന്‌ ധാര്‍ത്തരാഷ്ട്രന്മാരെയൊക്കെ മുടിച്ചു വരാം. ഉണക്കപ്പുല്ലിനെ അഗ്നി ദഹിപ്പിക്കുന്ന പോലെ ദുര്യോധനനെ ഞാന്‍ ഭസ്മമാക്കും.

വൈശമ്പായനൻ തുടര്‍ന്നു: ഇപ്രകാരം പറയുന്ന ഭീമനെ പിടിച്ചടുപ്പിച്ച്‌ സൗമ്യമായി സാന്ത്വനം ചെയ്തു സത്യസന്ധനായ യുധിഷ്ഠിരന്‍ ആ പാണ്ഡുപുത്രന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: മഹാബാഹോ, നീ തീര്‍ച്ചയായും പറഞ്ഞ മാതിരി തന്നെ സുയോധനനെ കൊല്ലും. പതിമൂന്നു വര്‍ഷം കഴിഞ്ഞതിന് ശേഷം ഗാണ്ഡീവധാരിയോടു കൂടിച്ചെന്ന്‌ അവനെ സംഹരിക്കും. അതുവരെ ക്ഷമിക്കുക! നീ പറഞ്ഞതു പോലെ കാലമായിട്ടില്ല. അങ്ങനെ കരുതുന്നത്‌ എനിക്ക്‌ സമ്മതമല്ല. ഞാന്‍ ഒരിക്കലും അസത്യം പറയുകയില്ല. പാപകരമായ വഞ്ചന കൂടാതെ തന്നെ നിനക്ക്‌ ദുര്യോധനനെ കുട്ടത്തോടെ കൊല്ലാമല്ലോ! ഹേ കുന്തീപുത്രാ! ക്ഷമിക്കു!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീമനും യുധിഷ്ഠിരനും തമ്മില്‍ സംസാരിച്ചു കൊണ്ടു നിൽക്കുമ്പോള്‍ മഹാ കീര്‍ത്തിമാനായ ബൃഹദശ്വ മഹര്‍ഷി അവിടെ കയറിവന്നു. യുധിഷ്ഠിരന്‍ ആ മുനിശ്രേഷ്ഠനെ യഥാവിധി മധുപര്‍ക്കത്താല്‍ പൂജിച്ചു സല്‍ക്കരിച്ചു. മുനിയെ ആശ്വസിപ്പിച്ചിരുത്തിയതിന് ശേഷം, അരികെയിരുന്നു മഹാബാഹുവായ യുധിഷ്ഠിരന്‍ തന്റെ ദുരിതാവസ്ഥയെക്കുറിച്ചു വിലപിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ! അക്ഷകോവിദന്മാരായ ചതിയന്മാര്‍ ചുതറിയാത്തവനായ എന്നെ ചതിച്ചു തോല്പിച്ച്‌ രാജ്യവും ധനവുമൊക്കെ അപഹരിച്ചു. ആ മഹാപാപികള്‍ എന്റെ ജീവനേക്കാള്‍ പ്രിയപ്പെട്ട ഭാര്യയായ ദ്രൗപദിയെ സഭയില്‍ വലിച്ചിഴച്ചു. പുനര്‍ദ്യൂതത്തില്‍ ജയിച്ച്‌ അവര്‍ എന്നെ മാന്‍തോലുടുപ്പിച്ചു കാടുകയറ്റി. ഇപ്പോള്‍ ഈ വനത്തില്‍ ചുറ്റിത്തിരിഞ്ഞു ഞാന്‍ ദുഃഖിച്ചു ജീവിക്കുന്നു. ദ്യൂതകാലത്തു കുത്തുവാക്കുകള്‍ പലതും ഞാന്‍ കേട്ടു. ചൂതു മുതല്‍ക്കു ദുഃഖാര്‍ത്തരായ സുഹൃത്തുക്കള്‍ ആവലാതിപ്പെട്ടു പറയുന്നതു ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. അതൊക്കെ രാവും പകലും ചിന്തിച്ചു എനിക്കു സ്വസ്ഥത ഇല്ലാതായിരിക്കുന്നു. ഞങ്ങളുടെ ജീവന്‍ ആരില്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവോ ആ ഗാണ്ഡീവ ധാരിയായ അര്‍ജ്ജുനന്‍ വേര്‍പെട്ടിരിക്കയാല്‍ ഞാന്‍ നിര്‍ജ്ജീവനായിരിക്കുന്നു. ദയാലുവും മധുരഭാഷിയും, മഹാത്മാവും സദാകര്‍മ്മ നിരതനുമായ ബീഭത്സു എന്നായിരിക്കും കൃതാസ്ത്രനായി തിരിച്ചു വരിക?അല്ലയോ മുനിവര്യാ! എന്നെപ്പോലെ ഭാഗ്യഹീനനായ രാജാവ്‌ ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുള്ളതായി ഭവാന്‍ കാണുകയോ, കേള്‍ ക്കുകയോ ചെയ്തിട്ടുണ്ടോ? എന്നേക്കാള്‍ ദുഃഖിതനായി ഒരാളും ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌!

ബൃഹദശ്വന്‍ പറഞ്ഞു: ഫേ മഹാരാജാവായ പാണ്ഡുപുത്രാ! ഭവാനേക്കാള്‍ ദുഃഖിതനായി ആരുമുണ്ടായിട്ടില്ലെന്നു കരുതുന്നതു ശരിയല്ല. ഇപ്പോള്‍ ഭവാനെ ബാധിച്ചിട്ടുള്ളതിലധികം ദുഃഖമനുഭവിച്ച ഒരു രാജാവിനെപ്പറ്റി ഞാന്‍ പറയാം. ഹേ അനഘാശയാ! ഭവാനു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ കേട്ടാലും!

വൈശമ്പായനൻ തടര്‍ന്നു: അപ്പോള്‍ രാജാവ്‌ ഋഷിയോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: മഹര്‍ഷേ! ഭവാന്‍ പറഞ്ഞാലും. എന്നെപ്പോലെ മഹാദുഃഖമനുഭവിച്ച രാജാവിന്റെ കഥ കേള്‍ക്കട്ടെ. ബൃഹദശ്വൻ പറഞ്ഞു: രാജാവേ! ഭവാന്‍ മനസ്സു വെച്ച്‌ തമ്പിമാരോടുകുടി ഇരുന്ന്‌ ഈ കഥ കേള്‍ക്കണം. ഭവാനേക്കാള്‍ ദുഃഖിതനായ ഒരു രാജാവിന്റെ കഥയാണത്‌. നിഷധ രാജാവായ വീരസേനന്‍ പ്രസിദ്ധനായിരുന്നു. ആ രാജാവിന്റെ പുത്രനായി ധര്‍മ്മാര്‍ത്ഥ കോവിദനായി നളന്‍ എന്നു പോരായ ഒരു രാജാവുണ്ടായി. അവനെ പുഷ്കരന്‍ ചതിയാല്‍ ജയിച്ചു. അവന്‍ ദുഃഖിച്ചു കാട്ടില്‍ വാണു. അവന്‍ കാട്ടില്‍ ജീവിക്കുന്ന കാലത്ത്‌ അവനു ദാസന്മാരും, തേരും, ഭ്രാതാവും. ബന്ധുവര്‍ഗ്ഗങ്ങളും ആരും കൂടെയില്ലായിരുന്നു. ആരും അവനെ സഹായിക്കാനുണ്ടായില്ല. അങ്ങയെപ്പോലെ ദേവോപമന്മാരായ ഭ്രാതാക്കളും, ബ്രഹ്മകല്പരായ ബ്രാഹ്മണരും അവന്‍ കൂട്ടിനുണ്ടായിരുന്നില്ല. അതു കൊണ്ട്‌ രാജാവേ, ഭവാന്‍ ദുഃഖിക്കാതിരിക്കുക.

യുധിഷ്ഠിരന്‍ പറഞ്ഞു: കീര്‍ത്തിമാനായ നളന്റെ കഥ ഭവാന്‍ വിസ്തരിച്ചു പറഞ്ഞാലും! ഞാന്‍ കേള്‍ക്കുവാന്‍ ഉത്സുകനാണ്‌.

53. നളോപാഖ്യാനം - ഹംസ ദമയന്തീ സംവാദം - ബൃഹദശ്വന്‍ പറഞ്ഞു: നിഷധ രാജ്യത്ത്‌ വീരസേന പുത്രനായി നളന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. സദ്ഗുണങ്ങള്‍ തികഞ്ഞ അദ്ദേഹം സുന്ദരനും അശ്വകോവിദനുമായിരുന്നു. സകല രാജാക്കന്മാരെയും കീഴടക്കി ഇന്ദ്രനെപ്പോലെ നളന്‍ വിശ്രുതനായി തീര്‍ന്നു. തേജസ്സു കൊണ്ട്‌ എല്ലാവര്‍ക്കും ഉപരിയായി ആദിതൃനെപ്പോലെ പ്രശോഭിച്ചു. ബ്രാഹ്മണരുടെ ക്ഷേമത്തില്‍ സദാ ശ്രദ്ധാലുവും, വില്ലാളികളില്‍ അഗ്രിമനുമായ ആ രാജാവ്‌ അക്ഷൗഹിണീ പതിയും, ശൂരനും, വേദജ്ഞനും, ദ്യൂത പ്രിയനുമായി ശോഭിച്ചു. ജനങ്ങള്‍ക്കൊക്കെ പ്രിയനായ ആ സുന്ദരരൂപന്‍ മനുവിനെപ്പോലെ രാജ്യം ഭരിച്ചു വന്നു.

അക്കാലത്ത്‌ വിദര്‍ഭരാജ്യം ഭരിച്ചിരുന്നത്‌ നളനെപ്പോലെ ഭീമപരാക്രമനും, പ്രസിദ്ധനുമായ ഭീമ രാജാവായിരുന്നു. എല്ലാ ഗുണങ്ങളും തികഞ്ഞ പ്രജാ വത്സലനായ ആ ശൂരന്‍ അനപതൃനായതു കൊണ്ട്‌ സന്താനലാഭത്തിന് വേണ്ടുന്ന സത്കര്‍മ്മങ്ങള്‍ ചെയ്തു.

ഒരു ദിവസം ബ്രഹ്മര്‍ഷിയായ ദമനന്‍ അവിടെ വന്നു. അദ്ദേഹത്തെ, ധര്‍മ്മിഷ്ഠനും പുത്രാര്‍ത്ഥിയുമായ രാജാവ്‌ ഭാര്യയോടു കൂടി സല്‍ക്കരിച്ചു സന്തോഷിപ്പിച്ചു. പ്രസന്നനായ ദമനന്‍ ആ ദമ്പതിമാരെ അനുഗ്രഹിച്ചു: ഒരു കന്യാകാരത്നവും, കീര്‍ത്തിമാന്മാരും മഹാശയന്മാരുമായ മുന്നു പുത്രന്മാരും ഭവാന്‌ ഉണ്ടാകട്ടെ! എന്നു വരം നല്കി. അപ്രകാരം ദമയന്തി, ദമന്‍, ദാന്തന്‍, ദമനന്‍ എന്നിങ്ങനെ നാലു സന്താനങ്ങളുണ്ടായി. പുത്രന്മാര്‍ മുന്ന് പേരും സര്‍വ്വഗുണ സമ്പന്നന്മാരും, ഭീമ പരാക്രമന്മാരുമായി പ്രശോഭിച്ചു. ദമയന്തിയാകട്ടെ രൂപം, തേജസ്സ്‌, കീര്‍ത്തി, സ്വഭാവം, കാന്തി, സൗഭാഗ്യം എന്നിവയാല്‍ ലോകത്തിലെങ്ങും പേരു കേട്ട സുന്ദരിയായി വളര്‍ന്നു. യൗവനം തികഞ്ഞ അവളെ അലംകൃതകളായ നൂറുകണക്കിന് ദാസിമാരും നൂറുകണക്കിനു സഖിമാരും ശചീദേവിയെ പോലെ ഉപാസിച്ചു.

സര്‍വ്വാഭരണ ഭൂഷിതയും, അനവദ്യാംഗിയുമായ ആ ഭീമപുത്രി സഖീജന മദ്ധ്യത്തില്‍ , മിന്നല്‍പ്പിണര്‍ മേഘപടലങ്ങളില്‍ എന്ന പോലെ പ്രശോഭിച്ചു. ശ്രീദേവിയെപ്പോലെ ചന്തം തികഞ്ഞ അവള്‍ക്കു തുല്യമായി ദേവവര്‍ഗ്ഗത്തിലോ, യക്ഷവര്‍ഗ്ഗത്തിലോ, മാനുഷവര്‍ഗ്ഗത്തിലോ ഒരു നാരിയുള്ളതായി കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന്‌ പ്രസിദ്ധമായി. ദേവന്മാര്‍ക്ക് കൂടിയും മനസ്സിന് ആനന്ദം ചേര്‍ത്തു കൊണ്ടു ആ സുന്ദരി വളര്‍ന്നു വന്നു.

ലോകത്തില്‍ അപ്രതിമനായ നളനാകട്ടെ, രൂപം കൊണ്ടു മൂര്‍ത്തിമാനായ കന്ദര്‍പ്പനെന്ന പോലെ ശോഭിച്ചു. നളന്റെ ഗുണങ്ങളെപ്പറ്റി ദമയന്തിയും, ദമയന്തിയുടെ ഗുണങ്ങളെപ്പറ്റി നളനും അറിയുവാനിടയായി. ജനങ്ങള്‍ പുകഴ്ത്തി പറയുന്നതു കേട്ട് അവര്‍ക്ക്‌ അന്യോനം അനുരാഗമുണ്ടാവുകയും മനസ്സില്‍ കാമം വര്‍ദ്ധിക്കുകയും ചെയ്തു. നളനാകട്ടെ മനസ്സില്‍ ആഗ്രഹം അടങ്ങാതായി.

ഒരു ദിവസം അന്തഃപുരത്തിന് സമീപത്തുള്ള ഉദ്യാനത്തില്‍ വിജനപ്രദേശത്ത്‌ ചിന്താമഗ്നനായി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍, സ്വര്‍ണ്ണ ചിറകുകളോടു കൂടിയ അരയന്നങ്ങളെ കണ്ടു. രാജാവിന് കൗതുകം തോന്നി, മെല്ലെച്ചെന്ന്‌ അതില്‍ ഒന്നിനെ പിടിച്ചു. അപ്പോള്‍ ആ ഹംസം പറഞ്ഞു: "രാജാവേ, എന്നെ കൊല്ലരുതേ! ഞാന്‍ ഭവാനു പ്രിയം ചെയ്യാം. ദമയന്തിയുടെ സന്നിധിയില്‍ ഞാന്‍ ഭവാനെ വാഴ്ത്താം. അവള്‍ക്ക്‌ അന്യ പുരുഷനില്‍ അനുരാഗം ജനിക്കാതിരിക്കത്തക്ക വിധം ഭവാന്റെ ഗുണങ്ങളെക്കുറിച്ച്‌ കീര്‍ത്തനം ചെയ്യാം".

ഇപ്രകാരം പറഞ്ഞപ്പോള്‍ നളന്‍ ഹംസത്തെ വിട്ടു. ഹംസങ്ങള്‍ ഉയര്‍ന്നുപറന്ന്‌ വിദര്‍ഭ പുരിയില്‍ ചെന്ന്‌ ദമയന്തിയുടെ വസതിക്കരികെ ഇറങ്ങി. സഖിമാരോടു കൂടി പൂങ്കാവില്‍ ക്രീഡിച്ചു കൊണ്ടിരിക്കുന്ന ദമയന്തി, അത്ഭുതകരമായ ആ പക്ഷികളെ കണ്ടു സന്തോഷിച്ചു. അവയെ പിടിക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ ആ ഹംസങ്ങള്‍ ഉദ്യാനത്തിന്റെ ചുറ്റും പറന്നു. ദമയന്തിയും സഖിമാരും ഓരോന്നിനെ പിന്തുടര്‍ന്നു. ദമയന്തിയെ ഒറ്റയ്ക്ക്‌ അകറ്റിക്കൊണ്ടു പോയ ഒരു ഹംസം തിരിഞ്ഞു നിന്ന്‌ മനുഷ്യ സ്വരത്തില്‍ ഇപ്രകാരം പറഞ്ഞു.

ഹംസം പറഞ്ഞു; ദമയന്തീ, വിശ്വവിഖ്യാതനായ നിഷധ രാജാവു നളന്‍, രൂപഗുണത്തില്‍ അദ്വിതീയനായി അശ്വിനീ ദേവന്മാരെ പോലെ പ്രശോഭിക്കുന്നു. ആ രാജാവ്‌ മൂര്‍ത്തിമാനായ കന്ദര്‍പ്പനെ പോലെ അതി സുന്ദരനാണ്‌. ദേവ ഗന്ധര്‍വ്വന്മാരിലും, നാഗ രാക്ഷസന്മാരിലും, ഇത്ര സുന്ദരനായി ഒരാളെ ഞങ്ങള്‍ കണ്ടിട്ടില്ല. മനോഹരിയായ ഭവതി നളന്റെ ഭാര്യയാകുവാന്‍ പറ്റിയവളാണ്‌. എന്നാൽ ഭവതിയുടെ ജന്മവും, ഭവതിയുടെ സൗന്ദരൃവും സഫലമായി. നളനെപ്പോലെ അത്ര സൗന്ദര്യമുള്ള ഒരുവനെ ഞങ്ങള്‍ ഒരിടത്തും കണ്ടിട്ടില്ല. നളന്‍ നരോത്തമനാണ്‌. അതുപോലെ ഭവതി നാരീ രത്നവുമാണ്‌. വിശിഷ്ടയും വിശിഷ്ടനും തമ്മിലുള്ള സംബന്ധം ഗുണത്തിലേ ചെന്നു ചേരൂ!

ബൃഹദശ്വന്‍ പറഞ്ഞു: ഹംസം പറഞ്ഞ അഭിപ്രായം ദമയന്തി സ്വീകരിച്ചു. തന്നെ വേള്‍ക്കുന്നതിനു നളനെ പ്രേരിപ്പിക്കേണമെന്ന്‌ അവള്‍ ഹംസത്തോടു പറഞ്ഞേല്‍പിച്ചു. ഹംസം അവളുടെ ഇംഗിതം സാധിപ്പിക്കാമെന്നു സമ്മതിച്ച്‌ അവിടെ നിന്നു പോയി. നടന്ന വര്‍ത്തമാനമെല്ലാം നളനെ അറിയിക്കുകയും ചെയ്തു.,

54. നളോപാഖ്യാനം - ഇന്ദ്ര നാരദ സംവാദം - ബൃഹദശ്വന്‍ പറഞ്ഞു: ഹംസം വന്നു നളന്റെ ഗുണങ്ങളെ പുകഴ്ത്തി പറഞ്ഞ വാക്കുകള്‍ കേട്ട്‌ ദമയന്തിയുടെ ഹൃദയത്തില്‍ നളനെപ്പറ്റി തന്നെ വിചാരമായി. നളനെ ഓര്‍ത്തു ഹൃദയം അസ്വസ്ഥമായി. അവള്‍ അനുദിനം ചിന്താപരവശയായി മറ്റൊന്നിലും ശ്രദ്ധയില്ലാതെ വാടിത്തളര്‍ന്ന്‌, വിളര്‍ത്തു മെലിഞ്ഞ്‌, എപ്പോഴും ചുടു നെടുവീര്‍പ്പിട്ടു കിടന്നു. അവള്‍ മേൽപോട്ടു നോക്കി ധ്യാനിച്ചു. മന്മഥാവേശത്താല്‍ വിളറി, ഉന്മത്തയെ പോലെയായി. മൃദുലമായ പട്ടുകിടക്കയും, വിശിഷ്ടമായ ഭക്ഷണങ്ങളും, വിനോദ സുഖങ്ങളും അവള്‍ തീരെ ഇഷ്ടപ്പെടാതായി. രാവും പകലും അസ്വസ്ഥയായി ഒന്നിലും ഒരു ശാന്തി കാണാതെ, ഒരിടത്ത്‌ അടങ്ങിയൊതുങ്ങി കിടക്കാനാകാതെ, ഹാ! ഹാ! എന്ന് അലക്ഷ്യമായി പറഞ്ഞ്‌ അകാരണമായി കരഞ്ഞു. അവളെ ബാധിച്ച രോഗം എന്താണെന്ന്‌ തോഴിമാര്‍ ചേഷ്ടാ ഭാവങ്ങളാല്‍ മനസ്സിലാക്കി. അവര്‍ ഉടനെ ചെന്ന്‌ അവളുടെ അച്ഛനായ രാജാവിനോടു മകളുടെ ശീലായ്മയെപ്പറ്റി പരോക്ഷമായി അറിയിച്ചു. ദമയന്തിയുടെ സഖികളുടെ വാക്കുകേട്ട്‌ ഭീമരാജാവ്‌ തന്റെ മകളെപ്പറ്റി കാര്യമായി ചിന്തിച്ചു. എന്താണ്‌ എന്റെ മകള്‍ക്കു ബാധിച്ച അസുഖം? അവള്‍ എന്താണിങ്ങനെ വിളറി, ക്ഷീണിച്ച്‌, വിവശയായി വരുന്നത്‌? ശരി. മകള്‍ യൗവന യുക്തയായിരിക്കുന്നു! ഇപ്രകാരംചിന്തിച്ച്‌ രാജാവ്‌, മകള്‍ക്കു ഉടനെ വിവാഹം നടത്തേണ്ട കാര്യത്തില്‍ മനസ്സു വെക്കേണ്ട കാലമായിരിക്കുന്നു എന്നു ധരിച്ചു. അങ്ങനെ ദമയന്തീ സ്വയംവരം നടത്തുവാന്‍ അദ്ദേഹം നിശ്ചയിച്ചു.

മകളുടെ സ്വയംവരത്തിന് രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു. വീരന്മാരായ രാജാക്കന്മാര്‍ സ്വയംവരം ആഘോഷിക്കുന്നതില്‍ പങ്കു കൊള്ളുവാന്‍ കാലേ എത്തണമെന്ന്‌ അദ്ദേഹം അറിയിച്ചു. ദമയന്തീ സ്വയംവര വാര്‍ത്ത കേട്ട ഉടനെ രാജാക്കന്മാര്‍ പലയിടത്തു നിന്നും ഭീമരാജാവിന്റെ സന്നിധിയില്‍ വന്നു ചേര്‍ന്നു.

ആന, കുതിര; തേര, കാലാള്‍ തുടങ്ങിയ അകമ്പടിയോടു കൂടി കുണ്ഡിനത്തില്‍ വന്നണയുന്ന രാജാക്കന്മാരുടെ ആഗമനത്തില്‍ ഭൂമണ്ഡലം കുലുങ്ങി പോയി. തേരൊലി കൊണ്ടും, ആനകളുടെ ചിന്നം വിളി കൊണ്ടും, കുതിരകളുടെ കുളമ്പടി കൊണ്ടും അവിടം ശബ്ദായമാനമായി. വിചിത്രമായ മാലയണിഞ്ഞവരും, വിചിത്രമായ അംബരങ്ങള്‍ ധരിച്ചവരും, മനോഹരമായ ആഭരണങ്ങളാല്‍ അലംകൃതരുമായ യുവയോദ്ധാക്കള്‍ ചേര്‍ന്ന സൈന്യങ്ങളോടു കൂടിയ മഹാന്മാരും, വീരന്മാരുമായ രാജാക്കന്മാരെ ഭീമരാജാവ്‌ യഥാര്‍ഹം പൂജിച്ചു സ്വാഗതമരുളി, സൽക്കാരപൂര്‍വ്വം അതിഥി മന്ദിരങ്ങളില്‍ പാര്‍പ്പിച്ചു.

ഈ സന്ദര്‍ഭത്തില്‍ സുരമഹര്‍ഷി പുംഗവന്മാരും, മഹാത്മാക്കളുമായ സഞ്ചാരികള്‍ ദേവലോകത്തു ചെന്നു. പ്രാജഞന്മാരും, മഹാവ്രതന്മാരുമായ നാരദനും, പര്‍വ്വതനും ദേവേന്ദ്രന്റെ ഗൃഹത്തിലെത്തി, ഇന്ദ്രന്റെ പൂജയേറ്റു. അവരെ സല്‍ക്കരിച്ചതിന് ശേഷം ഇന്ദ്രന്‍ അവരുടെ ക്ഷേമത്തെപ്പറ്റി ചോദിച്ചു.

നാരദന്‍ പറഞ്ഞു: ഞങ്ങള്‍ക്കൊക്കെ സുഖം തന്നെ. ലോകത്തിലെങ്ങുമുള്ള രാജാക്കന്മാർക്ക് എല്ലാവർക്കും എല്ലാം കൊണ്ടും ക്ഷേമം തന്നെ.

ബൃഹദശ്വന്‍ കഥ തുടര്‍ന്നു: നാരദന്‍ പറഞ്ഞതു കേട്ടപ്പോള്‍ ബലിവൃത്ര ഘാതകനായ ഇന്ദ്രന്‍ ഇങ്ങനെ പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ധര്‍മ്മജ്ഞന്മാരായ രാജാക്കന്മാരില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട്‌ ശസ്ത്രം കൊണ്ടു മരിച്ച്‌ ജീവിതം വെടിഞ്ഞ്‌ ഇങ്ങോട്ടു വരുന്നവരായി ആരേയും കാണുന്നില്ല. അക്ഷയമായി എല്ലാ കാമങ്ങളും നേടാവുന്നതാണ്‌. എനിക്കെന്ന പോലെ അവര്‍ക്കും ദേവലോകത്ത്‌ കുറച്ചു നാളായി എന്റെ പ്രിയമേറിയ അതിഥിയായി ഒറ്റ രാജാവും ഇവിടെ വന്നു കാണാത്തത് എന്താണ്‌?

ബൃഹദശ്വന്‍ പറഞ്ഞു: ഇങ്ങനെ ശക്രന്‍ ചോദിച്ചപ്പോള്‍ നാരദന്‍ പറഞ്ഞു;

നാരദന്‍ പറഞ്ഞു: ഹേ സുരപതേ, ശ്രദ്ധിച്ചാലും. രാജാക്കന്മാരെ അങ്ങ്‌ ഇപ്പോള്‍ കാണാത്തത് എന്താണെന്നോ? വിദര്‍ഭ രാജാവിന് ദമയന്തി എന്നു പേരായ ഒരു പുത്രിയുണ്ട്‌. രൂപമാധുര്യം കൊണ്ട്‌ ലോകത്തിലെ സകല സുന്ദരിമാരിലും വെച്ച്‌ അവള്‍ മികച്ചവളാണ്‌. അവളുടെ സ്വയംവരം ഇതാ, സമീപിച്ചിരിക്കുന്നു. രാജാക്കന്മാരും രാജപുത്രന്മാരുമെല്ലാം ഇപ്പോള്‍ അവിടേക്കു ചെന്നു കൊണ്ടിരിക്കുന്നു. ഹേ വലവൃത്രഹന്താവേ, ലോകത്തിലേക്ക്‌ അതുല്യയായ ആ സുന്ദരിയെ കാമിക്കാത്തവര്‍ ആരുമില്ല.

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം നാരദ മഹര്‍ഷി പറയുമ്പോള്‍ അഗ്നി മുതലായ ലോകപാലകന്മാരും സദസ്സില്‍ വന്നു ചേര്‍ന്നു. അവരും ഈ വൃത്താന്തമറിഞ്ഞു. അതില്‍ സന്തുഷ്ടരായ അവരും തമ്മില്‍ തമ്മില്‍ പറഞ്ഞു, നമുക്കും അങ്ങോട്ടുപോകണം എന്ന്. ഉടനെ അവര്‍ അനുചരന്മാരോടു കൂടി താന്താങ്ങളുടെ വാഹനങ്ങളിലേറി രാജാക്കന്മാരെല്ലാം പോയ വിദര്‍ഭ രാജ്യത്തേക്കു പോയി.

സ്വയവരത്തിനു രാജാക്കന്മാര്‍ ചെന്നു കൂടിയിരിക്കുന്നത് കേട്ട്‌ ദമയന്തീ കാമുകനായ നളനും അവിടേക്കു പുറപ്പെട്ടു. രൂപ സമ്പത്തിനാല്‍ മൂര്‍ത്തിമാനായ കാമദേവനെ പോലെയും, തേജസ്സു കൊണ്ട്‌ ആദിത്യനെ പോലെയും പ്രശോഭിക്കുന്ന നളനെ ലോകപാലകന്മാര്‍ മാര്‍ഗ്ഗ മദ്ധ്യത്തില്‍ വെച്ചു കണ്ടു. അദ്ദേഹത്തിന്റെ അഴകും പ്രൗഢിയും കണ്ട്‌ ദേവന്മാര്‍ വിസ്മയപ്പെടുകയും അവരുടെ ഉദ്ദേശ്യം വേണ്ടെന്നു വെയ്ക്കുകയും ചെയ്തു. അവര്‍ വിമാനം ആകാശത്തില്‍ തന്നെ നിറുത്തി താഴെ ഇറങ്ങി വന്ന്‌ നളന്റെ മുമ്പില്‍ ചെന്നുനിന്ന്‌ ഇങ്ങനെ പറഞ്ഞു.

ദേവന്മാര്‍ പറഞ്ഞു: അല്ലയോ നിഷധ മഹാരാജാവേ! സത്യവ്രതനും നരോത്തമനുമായ ഭവാന്‍ ഞങ്ങളുടെ ദൂതനായി ഞങ്ങളെ സഹായിച്ചാലും.

55. നളോപാഖ്യാനം - നളന്റെ ദേവദൗത്യം - ബൃഹദശ്വന്‍ തുടര്‍ന്നു: അവരോടു നളന്‍ അപ്രകാരമാകാമെന്ന്‌ ഏറ്റു. അനന്തരം നളന്‍ കൈകൂപ്പി നിന്നു കൊണ്ട്‌ ആ ദേവന്മാരോടുചോദിച്ചു.

നളന്‍ പറഞ്ഞു; നിങ്ങള്‍ ആരാണ്‌? നിങ്ങളില്‍ ആര്‍ക്കാണ്‌ ഞാന്‍ ദൂതനാകേണ്ടത്‌? എന്തു കാരൃമാണ്‌ ഞാന്‍ ഭവാന്മാര്‍ക്ക്‌ ചെയ്യേണ്ടത്‌?

ഇന്ദ്രന്‍ പറഞ്ഞു: ഞങ്ങള്‍ ദേവന്മാരാണ്‌. ദമയന്തിയെ കാമിച്ചു ഭൂമിയില്‍ ഞങ്ങള്‍ വന്നിരിക്കയാണ്‌. ഞാന്‍ ഇന്ദ്രനാണ്‌. അഗ്നി, വരുണന്‍, അന്തകനായ യമന്‍ ഇവരാണ്‌ ഈ മൂന്നുപേര്‍. ഞങ്ങള്‍ വന്ന വൃത്താന്തം ഭവാന്‍ ചെന്നു ദമയന്തിയെ അറിയിക്കണം. ഇന്ദ്രന്‍, അഗ്നി, യമന്‍, വരുണന്‍ ഈ ലോകപാലകന്മാര്‍ അവളെ പ്രാപിക്കുവാന്‍ ആഗ്രഹിച്ച്‌ അവളുടെ സമീപത്തേക്കു വരുന്നുണ്ടെന്നും അവരില്‍ ഒരുത്തനെ അവള്‍ വരിക്കണമെന്നും ഭവാന്‍ അവളോടു പറയുകയും വേണം.

നളന്‍ പറഞ്ഞു: ഒരേ കാര്യത്തെ കുറിച്ചു പുറപ്പെട്ടിരിക്കുന്നവരാണ്‌ നാമെല്ലാവരും. ആ കാര്യത്തില്‍ ആ സ്ഥിതിക്കു ദേവന്മാര്‍ എന്നെ ദൂതനാക്കി വിടരുത്‌. താന്‍ കാമിക്കുന്ന സ്ത്രീയെ ഉപേക്ഷിച്ച്‌ അവളോട്‌ അന്യനെ വരിക്കുവാന്‍ പറയുന്നതിന്ന്‌ആര്‍ക്കു കഴിയും? അതു കൊണ്ട്‌ ലോകപാലകന്മാരായ ഭവാന്മാര്‍ എന്നില്‍ ക്ഷമിക്കണമെന്ന്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ദേവന്മാര്‍ പറഞ്ഞു: ഭവാന്‍ ആദ്യമേ തന്നെ ചെയ്യാമെന്നേറ്റിട്ടു പിന്നീടു ചെയ്യുകയില്ലെന്നു പറയുന്നത്‌ ശരിയാണോ? എടോ നിഷധ! ഒട്ടും വൈകാതെ ഭവാന്‍ ഞങ്ങളുടെ സന്ദേശം നിര്‍വ്വഹിക്കുക.

ബൃഹദശ്വന്‍ പറഞ്ഞു: ഇങ്ങനെ ദേവന്മാര്‍ പറഞ്ഞപ്പോള്‍ നിഷധ രാജാവു നനളന്‍ പറഞ്ഞു: "എല്ലാ ഭാഗത്തും നല്ല കാവല്‍ക്കാരോടു കൂടിയ അന്തഃപുരത്തിൽ ഞാന്‍ ഏങ്ങനെ കടക്കും?".

ഇന്ദ്രന്‍ പറഞ്ഞു: ഒട്ടും പ്രയാസം കൂടാതെ ഭവാനു കടക്കുവാന്‍ കഴിയും.

ബൃഹദശ്വന്‍ പറഞ്ഞു: നളന്‍ ഉടനെ അങ്ങനെയാകട്ടെ! എന്നു പറഞ്ഞു പുറപ്പെട്ട്‌ ദമയന്തിയുടെ വാസസ്ഥലത്തെത്തി. അവിടെ തോഴിമാരോടു കൂടി യ വിദര്‍ ഭരാജപുത്രിയെ നളന്‍ കണ്ടു. ശ്രീ കൊണ്ടും ആകൃതി കൊണ്ടും തെളിഞ്ഞു വിളങ്ങുന്ന ആ വരവര്‍ണ്ണിനി ഏറ്റം സുകുമാരാംഗിയും, സുലോചനയും, തനുമദ്ധ്യയുമായി സ്വന്തം തേജസ്സിനാല്‍ ചന്ദ്രന്റെ കാന്തിയെ ധിക്കരിച്ച്‌ സഖീജന മദ്ധ്യത്തില്‍ പ്രശോഭിക്കുന്നു. സുസ്മേരയായ ദമയന്തിയെ കണ്ടതോടു കൂടി അദ്ദേഹത്തിന് അവളില്‍ ആഗ്രഹം വര്‍ദ്ധിച്ചു. എങ്കിലും പ്രതിജ്ഞ ചിന്തിച്ചു മനസ്സുടക്കി. നളനെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ ദമയന്തിയും തോഴിമാരും സംഭ്രമിച്ചു. അദ്ദേഹത്തിന്റെ തേജസ്സില്‍ അടിപെട്ട്‌ അവര്‍ എഴുന്നേറ്റു നിന്നു പ്രീതരായി അദ്ദേഹത്തെ മാനിച്ചു. അവര്‍ മനസാ അദ്ദേഹത്തെ പൂജിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടുവാന്‍ ശക്തരായില്ല. "അഹോ! എന്തൊരു രൂപം! എന്തൊരു കാന്തി! എന്തൊരു ധൈര്യം! ഈ മഹാത്മാവ്‌ ആരാണ്‌? ദേവനോ, യക്ഷനോ, ഗന്ധര്‍വ്വനോ? ആരാണ്‌ ഇദ്ദേഹം?". ഇങ്ങനെ ചിന്തിച്ചു സ്തബ്ധരായി നിന്നു. ഒരു വാക്കും ഉരിയാടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പുഞ്ചിരി കൊഞ്ചലോടെ ആ സുന്ദരി, ദമയന്തി, പുഞ്ചിരി തൂകി നിൽക്കുന്ന വീരനായ നളനെ നോക്കി ചോദിച്ചു.

ദമയന്തി പറഞ്ഞു: എന്റെ ഹൃദയത്തിനു കാമ വര്‍ദ്ധനനായി സര്‍വ്വാംഗ സുന്ദരനായ ഭവാന്‍ ആരാണ്‌? ഇവിടെ ദേവനെപ്പോലെ എത്തിയിരിക്കുന്ന അനര്‍ഘനും വീരനുമായ ഭവാന്‍ ആരാണ്‌? എന്റെ ഈ സുരക്ഷിതമായ മന്ദിരത്തില്‍, ഉഗ്രനായ എന്റെ അച്ഛന്റെ സംരക്ഷണത്തെ ഭേദിച്ച്‌, ആരും കാണാതെ എങ്ങനെ ഭവാന്‍ ഇവിടെ എത്തി? ഭവാനെ ആരും കാണാതിരുന്നത്‌ എങ്ങനെ? എന്തിനാണ്‌ ഭവാന്‍ ഇവിടെ വന്നത്‌?

നളന്‍ പറഞ്ഞു: എടോ, സുന്ദരി! ഞാന്‍ നളനാണ്‌. ദേവന്മാരുടെ ദൌത്യവും കൊണ്ടാണ്‌ ഞാന്‍ ഇവിടെ വന്നിരിക്കുന്നത്‌. ആ ദേവന്മാരില്‍ ഒരുത്തനെ ഭദ്രേ! നീ വരിക്കുക. ശക്രന്‍, അഗ്നി, വരുണന്‍, യമന്‍ എന്നീ ദേവന്മാരാണ്‌ ഭവതിയെ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നത്‌. ആ ദേവന്മാരില്‍ ഒരുത്തനെ നീ വരിക്കുക. അവരുടെ പ്രഭാവത്താല്‍ തന്നെയാണ്‌ ഞാന്‍ ആരുംകാണാതെ ഇങ്ങു കടന്നു വന്നത്‌. ആ സുരശ്രേഷ്ഠന്മാര്‍ ഈ കാര്യം ഭവതിയെ കണ്ടു പറയുവാന്‍ എന്നെ ഒരു ദൂതനാക്കി അയച്ചിരിക്കുകയാണ്‌. ഭവതി ഇതു മനസ്സിലാക്കി, വേണ്ട പോലെ ചിന്തിച്ച്‌, വേണ്ടതു ചെയ്തു കൊള്ളുക!

56. നളോപാഖ്യാനം - നളന്റെ ദേവദൗത്യം - ബൃഹദശ്വന്‍ തുടര്‍ന്നു: ദമയന്തി ദേവന്മാരെ നമസ്കരിച്ച്‌ നളനോട്‌ ഇപ്രകാരം പുഞ്ചിരിയോടെ പറഞ്ഞു.

ദമയന്തി പറഞ്ഞു: അങ്ങ്‌ എന്നെ യഥാശ്രദ്ധം പ്രേമിച്ചാലും. ഞാന്‍ അങ്ങയ്ക്കു വേണ്ടി എന്തു ചെയ്യണമെന്നു കല്പിച്ചാലും. ഞാനും എനിക്കുള്ള ധനവും ഭവാന്റെയാണ്‌. ഭവാന്‍ എന്നെ വിശ്വാസത്തോടെ സ്നേഹിച്ചാലും! ഹംസം പറഞ്ഞു കേട്ടുതില്‍ പിന്നെ ഞാന്‍ ഭവാനെ തന്നെ ചിന്തിച്ചു ദഹിച്ചു കൊണ്ടിരിക്കുന്നു. ഭവാനു വേണ്ടി എല്ലാ രാജാക്കന്മാരെയും വിളിച്ചു കൂട്ടാന്‍ ഞാന്‍ ഇടവരുത്തി. ഭവാന്‍ അന്യരെ മാനിക്കുന്നതില്‍ ഉത്സുകനാണ്‌. ഭവാന്‍ ഈ ഭക്തയെ വെടിയുകയാണെങ്കില്‍, ഞാന്‍ വിഷത്തേയോ, അഗ്നിയേയോ, ജലത്തേയോ, കയറിനേയോ ആശ്രയിക്കും.

ബൃഹദശ്വന്‍ പറഞ്ഞു: വിദര്‍ഭ രാജകുമാരി ഇങ്ങനെ പറഞ്ഞപ്പോള്‍ നളന്‍ ഇങ്ങനെ മറുപടി പറഞ്ഞു.

നളന്‍ പറഞ്ഞു: ലോകപാലകന്മാര്‍ ഭവതിയെ വരിക്കുവാന്‍ സന്നദ്ധരായി നിൽക്കുമ്പോള്‍ കേവലം ഒരു മനുഷ്യനായ എന്നെ നീ എന്താണു കാക്ഷിക്കുന്നത്‌? ലോകം സൃഷ്ടിക്കുന്ന ദൈവങ്ങള്‍ മഹാന്മാരാണ്‌. അവരുടെ പാദരേണുവിന് ഒക്കുകയില്ല ഞാന്‍. അതു കൊണ്ട്‌ ഭവതി അവരില്‍ ഒരുത്തനെ വരിക്കുക. ദേവന്മാര്‍ക്ക്‌ അപ്രിയംചെയ്യുന്ന മര്‍ത്ത്യന്‍ മൃത്യുവിന് ഇരയാകും. എന്നില്‍ നിനക്കു പ്രിയമുണ്ടെങ്കില്‍ എന്റെ രക്ഷയെ ചിന്തിച്ചിട്ടെങ്കിലും നീ അവരില്‍ ഒരു ദേവനെ വരിക്കേണ്ടാതാണ്‌. ദേവന്മാരെ പ്രാപിച്ചു പൊടിപറ്റാത്ത പൂഞ്ചേലകള്‍, വിചിത്ര ദിവൃഹാരങ്ങള്‍, വിശേഷപ്പെട്ട ഭുഷണങ്ങള്‍ എന്നിവ നേടിക്കൊള്ളുക. ഈ ഭൂമിയെ ഒന്നാകെ ഗ്രസിക്കുവാന്‍ കഴിവുള്ള ലോകേശനായ അഗ്നിയെ ഏതൊരു നാരിയാണ്‌ ഭര്‍ത്താവായി വരിക്കുന്നതില്‍ ഉപേക്ഷ കാണിക്കുക? ഏതൊരു ദേവന്റെ ദണ്ഡിനെ ഭയപ്പെട്ടാണോ സര്‍വ്വഭൂതങ്ങളും ധര്‍മ്മത്തില്‍ നിന്നു തെറ്റാതെ നിൽക്കുന്നത്‌, ആ യമധര്‍മ്മന്റെ ഭാര്യയാകാന്‍ ഏതൊരു യുവതി ആഗ്രഹിക്കുകയില്ല? ധര്‍മ്മാത്മാവും മഹാത്മാവും ദൈത്യദാനവ മര്‍ദ്ദനനുമായ മഹേന്ദ്രനെ ഏതു നാരി വരിക്കുവാന്‍ ആഗ്രഹിക്കയില്ല? ഈ മൂന്നു പേരിലും പ്രിയമില്ലെങ്കില്‍ ലോകപാലകരില്‍ വരുണനെ വരിക്കാനാണ്‌ നിന്റെ ഹൃദയം ഇച്ഛിക്കുന്നതെങ്കില്‍ സംശയിക്കേണ്ട; അതാകാം. ഞാന്‍ സ്നേഹപൂര്‍വ്വം പറയുന്ന ഉപദേശം നീ സ്വീകരിക്കുക.

ബൃഹദശ്വന്‍ പറഞ്ഞു: നൈഷധന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ദമയന്തി ദുഃഖം കൊണ്ടു കണ്ണുനീര്‍ വാര്‍ത്തു. അവള്‍ നളനോടു പറഞ്ഞു.

ദമയന്തി പറഞ്ഞു: ഞാന്‍ എല്ലാ ദേവന്മാരെയും നമസ്കരിച്ചു കൊണ്ടു പറയുന്നു: രാജാവേ! ഭവാനെ തന്നെ ഞാന്‍ വരിക്കുന്നു. ഇതു സത്യമാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: ദേവദൂതനായി വന്ന രാജാവു കൈകൂപ്പി വിറച്ചു നിൽക്കുന്ന ദമയന്തിയോട് ഇങ്ങനെ പറഞ്ഞു.

നളന്‍ പറഞ്ഞു: ഹേ സുന്ദരീ, ഞാന്‍ ദേവദൂതനായിട്ടാണ്‌ നിന്റെ മുമ്പില്‍ വന്നിരിക്കുന്നത്‌. ദേവന്മാര്‍ക്കു വേണ്ടി ഞാന്‍ ഏറ്റകാര്യം എന്റെ കാര്യമാക്കി മാറ്റുന്നതു ധര്‍മ്മമാണോ? അന്യന്റെ കാര്യത്തിന് യത്നിക്കുവാന്‍ ഏറ്റിട്ട്‌ ആ യത്നം സ്വന്തമാക്കുകയാണോ ചെയ്യേണ്ടത്‌? ഞാന്‍ പരാർത്ഥമായി പ്രവര്‍ത്തിക്കുന്നവനാണ്‌. സ്വാര്‍ത്ഥത്തിന് വേണ്ടി ഞാന്‍ ശ്രമിക്കുന്നത്‌ ധാര്‍മ്മികവും കൂടി ആയിത്തീരുമെങ്കില്‍ ഞാന്‍ അതിന് വേണ്ടി യത്നിക്കാം. അതിന് കഴിയുമെങ്കില്‍ , ഹേ സുന്ദരി, ധാര്‍മ്മികമായ സ്വാര്‍ത്ഥപൂരണത്തിലൂടെ നിനക്കും പ്രിയം ചെയ്യാന്‍ ഞാന്‍ ശ്രമിക്കാം.

ബൃഹദശ്വന്‍ പറഞ്ഞു: അപ്പോള്‍ തൊണ്ടയിടറിക്കൊണ്ട്‌ പ്രിയംവദയായ ദമയന്തി പതുക്കെ നളനോടു പറഞ്ഞു.

ദമയന്തി പറഞ്ഞു: രാജാവേ, ഭവാനെ കുറ്റം ബാധിപ്പിക്കാത്ത ഒരു ഉപായം ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു. അപ്രകാരം ചെയ്താല്‍ ഭവാന് യാതൊരു ദോഷവും പറ്റുകയില്ല. ഭവാനും ഇന്ദ്രരപ്രഭൃതികളായ ദേവന്മാരോടൊപ്പം സ്വയംവരത്തിന് വരണം. ഹേ, പുരുഷവ്യാഘ്രാ! അപ്പോള്‍ ഞാന്‍ ലോകപാലകന്മാരുടെ സന്നിധിയില്‍ വെച്ചു തന്നെ ഭവാനെ വരിക്കുന്നതാണ്‌. അങ്ങനെ ചെയ്താല്‍ അങ്ങയ്ക്ക്‌ അതില്‍ ദോഷം ബാധിക്കയില്ലല്ലോ.

ബൃഹദശ്വന്‍ പറഞ്ഞു: വിദര്‍ഭ രാജകുമാരിയുടെ അഭിപ്രായം കേട്ട്‌ നളന്‍ അവിടെ നിന്നു പോന്നു. ദേവന്മാരുടെ സന്നിധിയിലെത്തി നളന്റെ വരവു കണ്ടപ്പോള്‍ ദമയന്തിയുടെ മറുപടി അറിയുവാന്‍ ലോകപാലകന്മാരായ ദേവന്മാര്‍ക്കു തിടുക്കമായി.

അവര്‍ ചോദിച്ചു: മഹാരാജാവേ! ഭവാന്‍ ശുചിസ്മിതയായ ദമയന്തിയെ കണ്ടുവോ? അവള്‍ എന്തു പറഞ്ഞു ഞങ്ങളെപ്പറ്റി?അനര്‍ഘനായ അങ്ങ്‌ ഞങ്ങളോടെല്ലാം വിശദമായി പറയുക.

നളന്‍ പറഞ്ഞു: ഞാന്‍ ഭവാന്മാരുടെ കല്പനപ്രകാരം ദമയന്തിയുടെ കൊട്ടാരത്തില്‍ വൃദ്ധന്മാരായ ദണ്ഡധരന്മാര്‍ കാവല്‍ നിൽക്കുന്ന ദ്വാരപ്രദേശം കടന്ന്‌ അകത്തു പ്രവേശിച്ചു. അകത്തേക്കു പ്രവേശിക്കുന്ന എന്നെ അവര്‍ ആരും കാണുകയുണ്ടായില്ല. ഭവാന്മാരുടെ പ്രഭാവം കൊണ്ട്‌ രാജപുത്രിക്കും സഖികള്‍ക്കും മാത്രമേ എന്നെ കാണുവാന്‍ കഴിഞ്ഞുള്ളു. അവളുടെസഖികള്‍ എന്നേയും ഞാന്‍ അവരേയും കണ്ടു. എന്നെ കണ്ട്‌ അവരെല്ലാവരും അത്ഭുതപ്പെട്ടു. ഭവാന്മാരെപ്പറ്റി ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവള്‍ അതില്‍ മനസ്സു ചെലുത്തിയില്ല. അവള്‍ എന്നെ വരിക്കുകയാണുണ്ടായത്‌. കന്യക എന്നോടു പറഞ്ഞു.

ദമയന്തി പറഞ്ഞു: ഭവാന്‍ ദേവന്മാരോടൊപ്പം സ്വയംവരത്തിനു വരണം. അവരുടെ സന്നിധിയില്‍ വെച്ചു തന്നെ ഞാന്‍ ഭവാനെ വരിക്കുന്നതാണ്‌. അങ്ങനെ വന്നാല്‍, മഹാബാഹോ, ഭവാന്‍ നിരപരാധിയാണെന്നു തെളിയും.

നളന്‍ പറഞ്ഞു: എന്ന് അവള്‍ പറഞ്ഞു. ദേവന്മാരേ, ഇതാണ്‌ എന്റെ ഈ യാത്രയില്‍ ഉണ്ടായത്‌. പിന്നെ, എല്ലാം ദേവേശ്വരന്മാരായ ഭവാന്മാരെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌.

57. നളോപാഖ്യാനം - ദമയന്തീസ്വയംവരം - ബൃഹദശ്വന്‍ തുടര്‍ന്നു: ഭീമ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ച്‌ ഭൈമീ കാമുകന്മാരായി രാജാക്കന്മാര്‍ വന്നുചേര്‍ന്നു. വിശിഷ്ട തിഥിയില്‍ ശുഭമായ സമയത്ത്‌ പുണ്യമായ മുഹൂര്‍ത്തത്തില്‍ ഭീമരാജാവു സ്വയംവരം നിശ്ചയിച്ച്‌ രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു. സ്വര്‍ണ്ണസ്തംഭങ്ങളാലും, മനോഹരമായ തോരണങ്ങളാലും ശോഭിക്കുന്ന സ്വയംവരപ്പന്തലില്‍ രാജാക്കന്മാര്‍ പര്‍വ്വതത്തില്‍ സിംഹങ്ങള്‍ എന്ന വിധം പ്രവേശിച്ചു. സുരഭിലമായ മാല്യങ്ങളും, മണികുണ്ഡലങ്ങളും ചാര്‍ത്തിയ പുരുഷവ്യാഘ്രരായ രാജാക്കന്മാര്‍ പലതരം ആസനങ്ങളില്‍ കയറി ഇരിക്കവേ, ആ പുണ്യമായ രാജസഭ നാഗങ്ങളാല്‍ ഭോഗവതി എന്ന പോലെയും, വ്യാഘ്രങ്ങളാല്‍ ഗിരിഗഹ്വരമെന്ന പോലെയും ശോഭിച്ചു. ഇരുമ്പുഗദ പോലെ തടിച്ചുരുണ്ട കൈകള്‍, സുന്ദരമായ രൂപം, വര്‍ണ്ണം, മാര്‍ദ്ദവം എന്നിവയാല്‍ പഞ്ചശീര്‍ഷങ്ങളോടു കൂടിയ സര്‍പ്പങ്ങളെ പോലെ അവര്‍ ശോഭിച്ചു. സുന്ദരമായ കേശവും, രുചിരമായ നാസികയും, ചാരുലോചനങ്ങളും, മഞ്ജുളമായ ചില്ലിവല്ലികളും ചേര്‍ന്ന രാജമുഖങ്ങള്‍ ആകാശത്തില്‍ നക്ഷത്രങ്ങള്‍ പോലെ പ്രശോഭിച്ചു!

സദസ്സ്‌ ഇപ്രകാരം പ്രശോഭിക്കുമ്പോള്‍ , സമയമായപ്പോള്‍ ശുഭാനനയായ ദമയന്തി പന്തലില്‍ പ്രവേശിച്ചു. അഴകു കൊണ്ട്‌ അവള്‍ രാജാക്കന്മാരുടെ കണ്ണും, കരളും കവര്‍ന്നു. അവരുടെ മിഴികള്‍ അവളുടെ ഓരോ അംഗങ്ങളില്‍ പതിച്ചതോടു കൂടി അവിടെത്തന്നെ ഉറച്ചു നിന്നു. അപ്പുറം നീങ്ങുവാന്‍ ശക്തമായില്ല. പിന്നെ, രാജാക്കന്മാരുടെ പേര്‍ പ്രത്യേകം പുകഴ്ത്തി പറയുന്നതു കേട്ടപ്പോള്‍ ഭൈമീതുല്യ രൂപന്മാരായ അഞ്ചു പേര്‍ സമീപസ്ഥരായി സ്ഥിതി ചെയ്യുന്നതു കണ്ടു. അവരെല്ലാം കാഴ്ചയ്ക്ക്‌ ഒരു പോലെ നളാകൃതി പൂണ്ടു മനോഹരാകൃതിയിൽ ഇരിക്കുകയാല്‍ അവരില്‍ നിന്നു നിഷധ രാജവിനെ തിരിച്ചറിയുവാന്‍ വൈദര്‍ഭിക്കു കഴിഞ്ഞില്ല. അവരില്‍ ഓരോരുത്തനെ നോക്കുമ്പോഴും ആ ആള്‍ തന്നെ നളനെന്ന്‌ അവള്‍ക്കു ഭ്രമമുണ്ടായി. ഉത്കണ്ഠാഭരിതയായി അവള്‍ ചിന്തിച്ചു. ഹാ! ഇവരില്‍ നളന്‍ ഏതെന്നും, ദേവന്മാര്‍ ഏതെന്നും എനിക്കെങ്ങനെ തിരിച്ചറിയാന്‍ കഴിയും? പലമട്ടു ചിന്തിച്ചു നോക്കിയിട്ടും കാര്യം വ്യക്തമാകാതെ അവള്‍ ഘോരമായ ദുഃഖത്തില്‍ പെട്ടു പോയി. ഹേ, ഭാരത! ദേവന്മാരെ തിരിച്ചറിയാന്‍ അവള്‍ കേട്ടിട്ടുള്ള അടയാളങ്ങളൊന്നും അവരില്‍ കാണായ്കയാല്‍ അവള്‍ ചിന്തിച്ചു: വൃദ്ധജനങ്ങളില്‍ നിന്നു ഞാന്‍ കേട്ടിട്ടുള്ള ദേവലക്ഷണങ്ങളൊന്നും ഭൂമിയില്‍ കാണുന്ന ഇവരില്‍ കാണുന്നില്ല. വളരെനേരം ആലോചിച്ചു നിന്നതിന് ശേഷം ഒടുവില്‍ അവള്‍ ദേവന്മാരെ തന്നെ ശരണം പ്രാപിച്ചു. വാക്കു കൊണ്ടും മനസ്സു കൊണ്ടും ദേവന്മാരെ വന്ദിച്ചു കൈകൂപ്പി നിന്നു. ദുഃഖത്താല്‍ ദേഹം വിറച്ചു. അവള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു!

ദമയന്തി പറഞ്ഞു: ദേവന്മാരേ! ഞാന്‍ നിങ്ങളെ വന്ദിക്കുന്നു. ഹംസങ്ങള്‍ വന്ന്‌ എന്നോടു പറഞ്ഞ അന്നു തന്നെ ഞാന്‍ നളനെ പതിയായി വരിച്ചു കഴിഞ്ഞു. എന്റെ ഈ സത്യം അറിഞ്ഞു ദേവന്മാര്‍ അദ്ദേഹത്തെ എനിക്കു മനസ്സിലാക്കി തരേണമെന്നു ഞാനപേക്ഷിക്കുന്നു. മനസ്സു കൊണ്ടാകട്ടെ, ചക്ഷുസ്സു കൊണ്ടാകട്ടെ ഞാന്‍ അവനില്‍ നിന്ന്‌ വൃതിചലിച്ചിട്ടില്ല. എന്റെ ഈ സത്യം കാക്കാന്‍ ദേവന്മാര്‍ എനിക്കു നളനെ മനസ്സിലാക്കി തരട്ടെ! ദേവഹിതമായിട്ടാണ്‌ നളന്‍ എന്റെ ഭര്‍ത്താവായത്‌. ആ സതൃത്താല്‍ വിബുധരായ നിങ്ങള്‍ എനിക്കു നളനെ വെളിപ്പെടുത്തി തരട്ടെ! നളനെ ആരാധിക്കുക എന്ന വ്രതം സുദൃഢമായി അനുഷ്ഠിച്ചു വരുന്നവളാണ്‌ ഞാന്‍. ആ സത്യത്തെ ചിന്തിച്ചു ദേവന്മാര്‍ എനിക്കു നളനെ മനസ്സിലാക്കി തരുമാറാകട്ടെ! പുണ്യശ്ലോകനായ നളനെ കണ്ടറിയുമാറ്‌ മഹേശ്വരന്മാരായ ലോകപാലകന്മാര്‍ അവരവരുടെ രൂപം കൈക്കൊള്ളു മാറാകേണമേ!

ബൃഹദശ്വന്‍ പറഞ്ഞു: ദമയന്തിയില്‍ നിന്നു ദയനീയമായിപുറപ്പെട്ട ഈ വിലാപം അവര്‍ കേട്ടു. അവളുടെ പരമമായ നിശ്ചയവും നളനിലുള്ള അനുരാഗവും മനഃശുദ്ധിയും ബുദ്ധിയും ഭക്തിയും, പ്രേമവും കണ്ട്‌ ദേവന്മാര്‍ പ്രസാദിച്ച്‌ അവളുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അവരെല്ലാം തങ്ങളുടെ ചിഹ്നം കഴിയുന്നത്ര വ്യക്തമാക്കി. വിയര്‍പ്പു കലരാത്തവരായും, ഇമ വെട്ടാത്തവരായും, പൊടി പറ്റാത്തവരായും, ഭൂമിയില്‍ കാല്‍ തൊടാത്തവരായും, വാടാത്ത മാലകളോടു കൂടിയവരായും സ്ഥിതി ചെയ്യുന്നവര്‍ ദേവന്മാരാണെന്ന്‌ അവള്‍ കണ്ടറിഞ്ഞു. വാടിയ മാലയോടും, നിഴലോടു കൂടി യും, വിയര്‍പ്പു പൊടിഞ്ഞും, കണ്ണിമ വെട്ടിയും, ഭൂമി തൊട്ടും സ്ഥിതി ചെയ്യുന്ന ആള്‍ നൈഷധനാണെന്നും അവള്‍ തിരിച്ചറിഞ്ഞു. ദേവന്മാരേയും നളനേയും വ്യക്തമായി തിരിച്ചറിഞ്ഞ അവള്‍ നൈഷധനെ ധര്‍മ്മപ്രകാരം വരിച്ചു. ലജ്ജിച്ച്‌ പുടവത്തുമ്പു പിടിച്ചു നിന്ന ആ പങ്കജാക്ഷി നളന്റെ കഴുത്തില്‍ ശോഭനമായ വരണമാലയെ അലങ്കരിച്ചു. വരവര്‍ണ്ണിനിയായ ദമയന്തി നളനെ ഭര്‍ത്താവായി വരിച്ചതു കണ്ട്‌ രാജാക്കന്മാര്‍ ഹാ! ഹാ എന്നും, കഷ്ടം! കഷ്ടം! എന്നും പലവിധത്തില്‍ ആരവം മുഴക്കി. ദേവന്മാരും മുനിമാരും സന്തോഷവിസ്മിതരായി ഭേഷ്‌! നന്ന്‌! എന്ന്ന ളനെ പ്രശംസിച്ചു. ഹേ, കൗരവ്യ! വീരസേന പുത്രനായ നള രാജാവാകട്ടെ, ഭൈമിയെ പരിഗ്രഹിച്ചതിന് ശേഷം ആ മനോഹരിയെ ഹൃദയപൂര്‍വ്വമായ സന്തുഷ്ടിയോടു കൂടി സമാശ്വസിപ്പിച്ചു!.

നളന്‍ പറഞ്ഞു: എടോ! ശുഭേ, നിന്നില്‍ പ്രേമപൂര്‍ണ്ണനായ എന്നെ നീ ദേവന്മാരെപ്പോലും നിരാകരിച്ച്‌ ദേവന്മാരുടെ സന്നിധിയില്‍ വെച്ച്‌ വരിക്കുകയാല്‍ ഞാന്‍ ഇനി മേല്‍ നിന്റെ അധീനത്തില്‍ നിൽക്കുന്ന ഭര്‍ത്താവാണെന്നു ധരിച്ചാലും. എന്നില്‍ പ്രാണന്‍ നിൽക്കുന്ന കാലത്തോളം ഞാന്‍ നിന്റെ മാത്രമായിരിക്കും. സുന്ദരീ, ഇതു സത്യമാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം നളന്‍ അഭിനന്ദിച്ചപ്പോള്‍ ദമയന്തി കൈകൂപ്പി അതുപോലെ തുല്യപ്രാധാന്യമുള്ള വാക്കുകള്‍ പറഞ്ഞു. പ്രീതരായ ആ ദമ്പതികള്‍ അഗ്നി മുതലായ ദേവന്മാരെ മനസാ ശരണം പ്രാപിച്ചു. നൈഷധനെ ഭൈമി വരിച്ചതില്‍ മഹാതേജസ്വികളായ ലോകപാലകന്മാര്‍, ഏറ്റവും സന്തുഷ്ടരാവുകയാണു ചെയ്തത്‌. അവര്‍ ഓരോരുത്തരും ഈരണ്ടു വരമായി എട്ടു വരങ്ങള്‍ നളന് നല്കി. യജ്ഞത്തില്‍ പ്രത്യക്ഷമായ ദര്‍ശനവും, മരണശേഷം സ്വര്‍ഗ്ഗവും ശചീകാന്തനായ ശക്രനില്‍ നിന്നു നളന്നു ലഭിച്ചു. ഇച്ഛിക്കുന്നേടത്തു താന്‍ പ്രത്യക്ഷപ്പെട്ടു കൊള്ളാമെന്ന്‌ അഗ്നി നളനു വരം നല്കി. തന്നെപ്പോലെ ശോഭിക്കുന്ന പുണ്യലോകങ്ങളും അഗ്നി നളനു കൊടുത്തു. ഭക്ഷണത്തില്‍ വിശിഷ്ട രുചിയും ധര്‍മ്മത്തില്‍ ശ്രേഷ്ഠത്വവും യമന്‍ നളന് നല്കി. വരുണന്‍ ഉത്തമമായ പൂമാല നല്കുകയും, തന്നെ എപ്പോള്‍ ആവശ്യപ്പെടുന്നുവോ അപ്പോള്‍ കാണാമെന്നു വാഗ്ദാനം നല്കുകയും ചെയ്തു. ഇങ്ങനെ എല്ലാ ദേവന്മാരും വരങ്ങള്‍ ദാനം ചെയ്തു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങി പോയി. നളനെ ദമയന്തി വരിച്ചതു കണ്ട്‌ രാജാക്കന്മാര്‍ വിസ്മയത്തോടെ സന്തുഷ്ടരായി അവരവരുടെ രാജ്യത്തേക്കു തിരിച്ചു. ദമയന്തീ നളന്മാര്‍ തമ്മിലുള്ള വിവാഹം മഫാ മനസ്വിയായ ഭീമന്‍ സംപ്രീതനായി ആഘോഷിച്ചു. കുറച്ചു നാള്‍ ആ ദമ്പതികള്‍ അവിടെ പാര്‍ത്തതിന് ശേഷം നളന്‍ ഭീമ മഹാരാജാവിന്റെ അനുജ്ഞയോടു കൂടി സ്വന്തം രാജധാനിയിലേക്കു പോവുകയും ചെയ്തു.

നാരീരത്നത്തെ നേടിയ പുണ്യശ്ലോകനായ നളന്‍ ശചിയോടു കൂടിയ ഇന്ദ്രനെപ്പോലെ യഥാകാലം രമിച്ചു. നളന്‍ അതിതേജസ്വിയായി അര്‍ക്കനെ പോലെ വിളങ്ങി. അവന്‍ ധര്‍മ്മപ്രകാരം ഭരിച്ചു പ്രജകളെ കാത്തു. നഹുഷപുത്രനായ യയാതി മഹാരാജാവിനെ പോലെ അശ്വമേധവും കഴിച്ചു വേറെ യാഗങ്ങളും ധീമാനായ നളന്‍ വിപ്രര്‍ക്കു വേണ്ടത്ര ദക്ഷിണയോടു കൂടി നടത്തി. പിന്നെ രമ്യമായ ഉദ്യാനങ്ങളിലും വനങ്ങളിലും ദമയന്തിയുമായി നളന്‍ വിഹരിച്ചു. അങ്ങനെ ക്രീഡിക്കുന്ന കാലത്ത്‌ ഇന്ദ്രസേനന്‍ എന്നും ഇന്ദസേനയെന്നും പേരായ രണ്ടു സന്താനങ്ങളെ ദമയന്തി പ്രസവിച്ചു. ഇങ്ങനെ യജ്ഞങ്ങള്‍ ചെയ്തും, ക്രീഡിച്ചും രാജാവ്‌ സമ്പല്‍ സമൃദ്ധമായ ഭൂമി പരിപാലിച്ചു വാണു.

58. നളോപാഖ്യാനം - കലി ദേവ സംവാദം - ബൃഹദശ്വന്‍ തുടര്‍ന്നു: നൈഷധനെ ഭൈമി വരിച്ചതിന് ശേഷം മഹാതേജസ്വികളായ ലോകപാലകന്മാര്‍ മടങ്ങിപ്പോകുമ്പോള്‍ വഴിക്കു വെച്ചു ദ്വാപരനും കലിയും കൂടി വരുന്നതു കണ്ടു. കലിയെ കണ്ടപ്പോള്‍ വലവൃത്ര ഹന്താവായ ശക്രന്‍ ചോദിച്ചു.

ഇന്ദ്രന്‍ പറഞ്ഞു: എടോ കലീ! നീ എവിടേക്കാണ്‌ ദ്വാപരനോടു കൂടി പോകുന്നത്‌?

കലി പറഞ്ഞു: ഞാന്‍ ദമയന്തീ സ്വയംവരത്തിന് പോവുകയാണ്‌. ഞാന്‍ അവളെ കിട്ടുവാന്‍ ആഗ്രഹിച്ചു പോവുകയാണ്‌. എന്റെ മനസ്സ്‌ അവളില്‍ ലയിച്ചിരിക്കുന്നു.

ബൃഹദശ്വന്‍ പറഞ്ഞു: കലിയുടെ വാക്കു കേട്ടപ്പോള്‍ ഇന്ദ്രന് ചിരി വന്നു.

ഇന്ദ്രന്‍ പറഞ്ഞു: സ്വയംവരം കഴിഞ്ഞല്ലോ. അവള്‍ നളനെ ഞങ്ങളുടെ മുമ്പില്‍ വെച്ച്‌ വരിച്ചു കഴിഞ്ഞു.

ബൃഹദശ്വന്‍ പറഞ്ഞു: ശക്രന്‍ പറഞ്ഞതു കേട്ടപ്പോള്‍ കലിക്കു കലി വന്നു. അവന്‍ ആ ദേവന്മാരെയൊക്കെ വിളിച്ചു നിറുത്തി ഇങ്ങനെ പറഞ്ഞു.

കലി പറഞ്ഞു: ഈ ദേവന്മാരുടെയെക്കെ മുമ്പില്‍ വെച്ച്‌ ഒരു മനുഷ്യനെ അവള്‍ വിവാഹം കഴിച്ചുവെന്നോ? വലിയ ധിക്കാരം തന്നെ. ദേവന്മാരെ അവഗണിച്ചതിന് തക്കശിക്ഷ അവള്‍ക്കു കൊടുക്കണം. വലിയ ശിക്ഷ തന്നെ കൊടുക്കണം. അതില്‍ യാതൊരു തെറ്റും ഇല്ല.

ബൃഹദശ്വന്‍ പറഞ്ഞു: കലി ഇപ്രകാരം പറഞ്ഞപ്പോള്‍ ദേവന്മാര്‍ ഉത്തരം പറഞ്ഞു.

ദേവന്മാര്‍ പറഞ്ഞു: ഞങ്ങളൊക്കെ സമ്മതിച്ചിട്ടാണ്‌ അവള്‍ നളനെ വേട്ടത്‌. സല്‍ഗുണസമ്പന്നനായ രാജാവിനെ ഏതു സ്ത്രീ ഉപേക്ഷിക്കും? അവനാണെങ്കില്‍ സര്‍വ്വവേദജ്ഞനും, വ്രതനിഷ്ഠനും, നാലു വേദങ്ങളും, അഞ്ചാമത്തെ വേദമായി കണക്കാക്കപ്പെടുന്ന പുരാണങ്ങളും പഠിച്ചവനാണ്‌. അവന്റെ ഗൃഹത്തില്‍ ധര്‍മ്മോചിതയ ജ്ഞങ്ങളാല്‍ ദേവന്മാര്‍ നിതൃം തൃപ്തി കൊള്ളുന്നുണ്ട്‌. അവന്‍ അഹിംസാ തല്പരനാണ്‌. സത്യവാദിയാണ്‌. ദൃഢവ്രതനാണ്‌. ലോകപാലക തുല്യനായ ആ നരവ്യാഘ്രനില്‍ നിത്യോത്സാഹം, ധൃതി, ജ്ഞാനം, തപസ്സ്‌, ശൗചം, ദമം, ശമം എന്നിവ നിര്‍ബ്ബാധം കുടി കൊള്ളുന്നു. അങ്ങനെയുള്ള നളനെ ഏതൊരുവന്‍ സ്പര്‍ദ്ധിച്ചു ശപിക്കുവാന്‍ തുനിയുന്നുവോ അവന്‍ ആത്മാവിനെ തന്നെ ശപിക്കുന്ന ആത്മഘാതിയും മൂഢനുമാണ്‌. ധര്‍മ്മനിഷ്ഠനായ നളനെ ശപിക്കുന്നവന്‍ ഹേ! കലി, അവന്‍ നരകത്തിന്റെ അടി കാണാത്ത മഹാസമുദ്രത്തില്‍ ആണ്ടു പോകും. അതില്‍ മുങ്ങിത്തുടിച്ചു കേഴും.

ബൃഹദശ്വന്‍ പറഞ്ഞു: എന്ന് ഇന്ദ്രന്‍ കലിയോടും ദ്വാപരനോടും ഉപദേശിച്ചു, അവര്‍ സ്വര്‍ഗ്ഗത്തിലേക്കു പോവുകയും ചെയ്തു. ദേവന്മാര്‍ പോയതിന് ശേഷം കലി ദ്വാപരനോടു പറഞ്ഞു.

കലി പറഞ്ഞു; ഹേ ദ്വാപര! എനിക്കു കോപം സഹിക്കുന്നില്ല. അവന്റെ രാജ്യം നമുക്കു കളയണം. ഞാന്‍ നളനില്‍ പ്രവേശിക്കാം. അവന്‍ അത്ര യോഗ്യനായി ഭൈമിയുമൊന്നിച്ചു സുഖിക്കുന്നത്‌ ഞാന്‍ ഒന്നു കാണട്ടെ! ദ്വാപരാ! നീ അക്ഷങ്ങളില്‍ കയറി എന്നെ സഹായിക്കണം.

59. നളോപാഖ്യാനം - നളദ്യൂതം - ബൃഹദശ്വന്‍ തുടര്‍ന്നു: ഇപ്രകാരം ദ്വാപരനോടു കൂടി കലി നിശ്ചയം ചെയ്തു. അവന്‍ നിഷധ രാജാവായ നളന്‍ ഭരിക്കുന്ന രാജ്യത്തേക്കു നേരെ നടന്നു. നളന്‍ ഭംഗിയായി ധര്‍മ്മാനുസരണം രാജ്യം ഭരിക്കുകയാല്‍ നളനില്‍ പ്രവേശിക്കുവാന്‍ കലിക്ക്‌ പഴുതു കിട്ടിയില്ല. കലിയ്ക്ക് പന്ത്രണ്ടു സംവത്സരം പഴുതു നോക്കി കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ കലിക്ക്‌ ഒരു പഴുതു കിട്ടി. ഒരു ദിവസം സന്ധ്യാസമയത്ത്‌ മൂത്രവിസര്‍ജ്ജനം കഴിഞ്ഞിട്ട്‌ കാല്‍ കഴുകുവാന്‍ നളന്‍ മറന്നു പോയി. കാല്‍ കഴുകാതെ സന്ധ്യാവന്ദനം ചെയ്യാനാരംഭിച്ചു. ആ തക്കം നോക്കി കലി നളനില്‍ പ്രവേശിച്ചു. പിന്നീട്‌ കലി ചെന്ന് നളന്റെ ഭ്രാതാവായ പുഷ്കരനെ കണ്ട്‌ ചൂതു കളിക്കാന്‍ പ്രേരിപ്പിച്ചു.

കലി പറഞ്ഞു: ശത്രുമര്‍ദ്ദനനായ പുഷ്കരാ! ഭവാന്‍ നളനെ ചൂതിന് വിളിക്കുക! ഞാന്‍ ഭവാനെ സഹായിക്കാം. എന്റെ സഹായത്താല്‍ ഭവാനു നളനെ ജയിക്കുവാന്‍ പ്രയാസമുണ്ടാകയില്ല. രാജ്യം കീഴടക്കി, നളനെ തോല്‍പിച്ചു ഭവാന്‍ നിഷധേശ്വരനായി വാണു കൊള്ളുക.

ബൃഹദശ്വന്‍ പറഞ്ഞു: കലിയുടെ പ്രലോഭനത്തില്‍ പുഷ്കരന്‍ പെട്ടു പോയി. കലിയാകട്ടെ വൃഷം എന്ന പ്രധാന അക്ഷത്തിന്റെ രൂപത്തില്‍ പുഷ്കരന്റെ കൂടെ കൂടി. പുഷ്കരന്‍ ചെന്നു നളനെ ചുതിന് വീണ്ടും വീണ്ടും വിളിച്ചു. ദമയന്തിയുടെ മുന്‍പില്‍ വെച്ചുള്ള പുഷ്കരന്റെ പോര്‍വിളി നളന് ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. നളന്‍ തന്റെ ഭ്രാതാവിനോടു കൂടി ചൂതില്‍ ഏര്‍പ്പെട്ടു. കലിയുടെ ആവേശത്താല്‍ കളിയില്‍ ആസക്തനായ നളന്‍ വസ്ത്രങ്ങള്‍ , വാഹനങ്ങള്‍ , സ്വര്‍ണ്ണ ഭൂഷണങ്ങള്‍ എന്നിവ കൂട്ടം കൂട്ടമായി പണയം വെച്ചു നഷ്ടപ്പെട്ടു. ചൂതില്‍ വാശി പിടിച്ച്‌ ഉന്മത്തനായ രാജാവിനെ തടുക്കുവാന്‍ സുഹൃത്തുക്കള്‍ക്കു കഴിഞ്ഞില്ല. രാജാവിന്റെ വ്യസനാവസ്ഥയില്‍ ജനങ്ങള്‍ സംഭ്രാന്തരായി. അവര്‍ കൂട്ടമായി മന്ത്രി മുഖ്യന്മാരോടു കൂടിച്ചെന്ന്‌ സൂതന്‍ മുഖേന കാര്യത്തിന്റെ ഗൗരവം ദമയന്തിയെ ഉണര്‍ത്തിച്ചു.

സൂതന്‍ പറഞ്ഞു: ഇതാ പൗരജനങ്ങള്‍ ഗൗരവമുള്ള കാര്യം പറയുവാന്‍ എല്ലാ മന്ത്രിമാരോടും കൂടി വാതില്‍ക്കല്‍ വന്നു നിൽക്കുന്നു. ധര്‍മ്മാര്‍ത്ഥ ജ്ഞാനിയായ രാജാവിനെ ബാധിച്ചിരിക്കുന്ന വ്യസനം കണ്ടു സഹിക്കാന്‍ വയ്യാതെ, ഇവിടെ വന്നിരിക്കയാണ്‌. ദേവി ഈ വര്‍ത്തമാനം രാജാവിനെ അറിയിക്കുക.

ബൃഹദശ്വന്‍ പറഞ്ഞു: ഭീമപുത്രി: ശോകത്തില്‍ മനസ്സു തകര്‍ന്ന്‌, കണ്ണുനീരില്‍ കുളിച്ച്‌, തൊണ്ടയിടറി മന്ത്രിമാരുടേയും പൗരജനങ്ങളുടേയും ആഗമനത്തെ കുറിച്ചും. അവരെ കാണേണ്ട ആവശ്യത്തെ കുറിച്ചും നളനോടു വീണ്ടും വീണ്ടും പറഞ്ഞു. വീണ്ടും വീണ്ടും അവള്‍ നിലവിളിച്ചു പറഞ്ഞു. ദുഃഖിച്ച്‌ ഇടവിടാതെ വിളിച്ചു പറഞ്ഞിട്ടും, പല പ്രകാരത്തില്‍ ശ്രമങ്ങള്‍ ചെയ്തിട്ടും രാജാവ്‌ ഒന്നും മിണ്ടാതെ കളിയില്‍ തന്നെ മുഴുകുകയാണു ചെയ്തത്‌. ഇതറിഞ്ഞ്‌ പൗരജനങ്ങള്‍ ലജ്ജിച്ചു പിന്മാറി. രാജാവു നശിച്ചു കഴിഞ്ഞു എന്നു ദുഃഖത്തോടെ പറഞ്ഞ്‌ അവര്‍ താന്താങ്ങളുടെ വഴിക്കു പോയി. ഹേ, യുധിഷ്ഠിരാ, ഇങ്ങനെ നളനും പുഷ്കരനും കൂടി പല മാസങ്ങള്‍ ചുതാടി. ഒടുവില്‍ ധര്‍മ്മിഷ്ഠനായ നളന്റെ സകല സമ്പത്തും നിശ്ശേഷം നശിച്ചു.

60. നളോപാഖ്യാനം - കുഞ്ഞുങ്ങളെ കുണ്ഡിനത്തിലേക്കു അയയ്ക്കുന്നു - ബൃഹദശ്വന്‍ തുടര്‍ന്നു: പുണ്യചരിതനായ നള മഹാരാജാവ്‌ ദ്യൂതോന്മത്തനായി തീര്‍ന്നതു കണ്ട്‌ ഭീമപുത്രി ശോകാര്‍ത്തയായി. അവള്‍ ദാരുണമായ ഭാവിയെപ്പറ്റി ചിന്തിച്ചു. എല്ലാ സ്വത്തും നശിച്ചു പോയിരിക്കുന്നതും, ഘോരമായ ആപത്തു നേരിട്ടിരിക്കുന്നതും ഓര്‍ത്ത്‌ ദമയന്തി തന്റെ ഹിതകാരിണിയും, സർവ്വാർത്ഥ കുശലയുമായ പരിചാരികയെ വിളിച്ചു. "ബൃഹല്‍സേന"യെന്നാണ്‌ അവളുടെ പേര്‌. അവള്‍ ഏറ്റവും വിശ്വസ്തയും, സുഭാഷിണിയുമായ സ്നേഹിതയാണ്‌. എത്ര സ്വത്തു നശിച്ചെന്നും, ഇനിയെന്തു ബാക്കിയുണ്ടെന്നും നളന്‍ ചോദിച്ചതായി അമാത്യന്മാരെ അറിയിക്കുവാന്‍ ദമയന്തി ബൃഹല്‍സേനയോട്‌ ആവശ്യപ്പെട്ടു. നളന്‍ വിളിച്ചെന്നു ധരിച്ച്‌ അമാത്യന്മാര്‍ സന്തോഷിച്ചു. ഇതു നമുക്കു നല്ലതിനാണ്‌ എന്നു ധരിച്ചു നളനെ കാണുവാനെത്തി. ഇവര്‍ കൂട്ടമായി രണ്ടാമതും വന്ന വിവരം ഭീമപുത്രി നളനെ അറിയിച്ചെങ്കിലും നളന്‍ അവളോട്‌ യാതൊന്നിനും സമാധാനം പറഞ്ഞില്ല. അതു കണ്ട്‌ ലജ്ജിതയായി തീ ന്ന ദമയന്തി അവിടം വിട്ടു തന്റെ കൊട്ടാരത്തിലേക്കു മടങ്ങി പോയി. ധര്‍മ്മപരായണനായ നളന് എപ്പോഴും വിപരീതമായി കൊണ്ടിരിക്കയാണെന്നും, എല്ലാം നശിച്ചെന്നും അറിഞ്ഞ്‌ ശോകപീഡിതയായ ഭൈമി വീണ്ടും ബൃഹല്‍സേനയെ വിളിച്ചു കാര്യം ഗൗരവമുള്ളതാണെന്നു ചിന്തിച്ച്‌ സൂതനായ വാര്‍ഷ്ണേയനെ നളരാജാവിന്റെ ആജ്ഞയില്‍ വിശ്വസ്തരായ ഭൃത്യരെക്കൊണ്ടു വിളിക്കുവാന്‍ ഏല്പിച്ചു. ദേശകാലജ്ഞയായ ദമയന്തി മൃദുസ്വരത്തില്‍ സാന്ത്വനപൂര്‍വ്വം വാര്‍ഷ്ണേയനോടു കാലോചിതം ചെയ്യേണ്ടത് എന്തെന്ന് ചോദിച്ചു.

ദമയന്തി പറഞ്ഞു: അല്ലയോ സൂത! നിന്നില്‍ രാജാവിനുള്ള സന്മനോഭാവം നിനക്ക് അറിയാവുന്നതാണല്ലോ. കഷ്ടത്തില്‍ പെട്ട രാജാവിനെ നീ സഹായിക്കണം. രാജാവിനെ എത്രത്തോളം പുഷ്കരന്‍ ജയിക്കുന്നുവോ അത്രത്തോളം അദ്ദേഹത്തിനു വാശി കൂടി വരികയാണു ചെയ്യുന്നത്‌. അക്ഷങ്ങള്‍ പുഷ്കരന്‍ ആശിക്കുന്നതു പോലെ വീഴുന്നത്‌ എങ്ങനെയാണ്‌? അതാണ്‌ അത്ഭുതം! അക്ഷം എപ്പോഴും നളന് പരാജയത്തിനായി മാത്രം വിഴുന്നു. സുഹൃത്തുക്കള്‍ പറയുന്നതൊന്നും തന്നെ അദ്ദേഹം സ്വീകരിക്കുന്നില്ല. ഞാന്‍ പറയുന്നതും ഗണിക്കുന്നില്ല. രാജാവിന്റെ കുറ്റമല്ല അത്‌. ഞാന്‍ പറയുന്നത്‌ അദ്ദേഹം കേള്‍ക്കാത്തത്‌ മനസ്സില്‍ ബാധിച്ച മോഹം കൊണ്ടാണ്‌. ഹേ സൂതാ!! നിന്നെ ഞാന്‍ ഇക്കാരൃത്തില്‍ ശരണം പ്രാപിക്കുന്നു. എന്റെ മനസ്സു തെളിയുന്നില്ല. രാജാവിനു നാശം തന്നെയാണ്‌ സംഭവിക്കുന്നത്‌. നളന് ഇഷ്ടപ്പെട്ട വായുവേഗമായ അശ്വങ്ങളെ പൂട്ടി നീ ഉടനെ കൊണ്ടു വരിക. എന്റെ ഈ മക്കളെ രണ്ടിനേയും ഉടനേ നീ കുണ്ഡിനത്തിലേക്കു കൊണ്ടു പോവുക. ഈ പൈതങ്ങളേയും തേരിനേയും അശ്വങ്ങളേയും എന്റെ ബന്ധുക്കളുടെ പക്കല്‍ കൊണ്ടു ചെന്നാക്കുക. പിന്നെ നീ അവിടെ വേറേ വല്ലേടവും ഇഷ്ടമുണ്ടെങ്കില്‍ താമസിച്ചു കൊള്ളുക. അതല്ലെങ്കില്‍ നിനക്കു മറ്റെവിടേക്കു വേണമെങ്കിലും പോകാം.

ബൃഹദശ്വന്‍ പറഞ്ഞു: ദമയന്തിയുടെ വാക്കു കേട്ട്‌ നളന്റെ സാരഥിയായ വാര്‍ഷ്ണേയന്‍ അമാത്യ മുഖ്യന്മാരോടു ദമയന്തി പറഞ്ഞ വൃത്താന്തം അറിയിച്ചു. അവര്‍ കൂടി ആലോചിച്ച്‌ ദമയന്തിയുടെ അഭിപ്രായം ശരി വെച്ചു. സാരഥി ആ രണ്ടു കുട്ടികളേയും തേരില്‍ കയറ്റി വിദര്‍ഭ പുരിയിലേക്കു പോയി. ആ സൂതന്‍ അശ്വങ്ങളേയും, തേരിനേയും, ഇന്ദ്രസേനനേയും, ഇന്ദ്രസേനയേയും ഭീമരാജാവിന്റെ പക്കല്‍ ഏല്പിച്ച്‌, ഭീമാനുവാദം വാങ്ങി, നളന്റെ ദുരന്തമായ കഥ ആലോചിച്ച്‌ ദുഃഖിച്ചു മടങ്ങി. സൂതന്‍ പിന്നീട്‌ പല നാടുകളും ചുറ്റിത്തിരിഞ്ഞ്‌ അയോദ്ധ്യാപുരിയില്‍ ചെന്നു. ദുഃഖിതനായ അവന്‍ ഋതുപര്‍ണ്ണ രാജവിനെ കണ്ടു. അവിടെ ഋതുപര്‍ണ്ണന്റെ സാരഥിയായി പുതിയ ഉദ്യോഗം സ്വീകരിച്ച്‌ അവന്‍ പാര്‍ത്തു.

61. നളോപാഖ്യാനം - നള വനയാത്ര - ബൃഹദശ്വന്‍ പറഞ്ഞു: വാര്‍ഷ്ണേയന്‍ പോയതിനു ശേഷം നളന്റെ രാജ്യവും, ശേഷിച്ച ധനവുമെല്ലാം പുഷ്കരന്‍ ചൂതുകളിച്ച്‌ തട്ടിപ്പറിച്ചെടുത്തു. ചിരിച്ചു കൊണ്ട്‌ പുഷ്കരന്‍ പറഞ്ഞു.

പുഷ്കരന്‍ പറഞ്ഞു: നമുക്കു കളി തുടരാം. ഇനി കളിക്കുവാന്‍ എന്താണു പണയം? നിനക്ക്‌ ഇനി ഭൈമി മാത്രമേ ബാക്കിയുള്ളു. മറ്റുള്ളതൊക്കെ ഞാന്‍ നേടി. നിനക്കു സമ്മതമാണെങ്കില്‍ അവളേയും പണയം വയ്ക്കാം.

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം ചിരിച്ചു പുഷ്കരന്‍ പറഞ്ഞപ്പോള്‍ പുണൃശ്ലോകനായ നളന്റെ ഹൃദയം തകര്‍ന്നു പോയി. ദുഃഖത്താല്‍ തകര്‍ന്ന അവന്‍ പുഷ്കരനെ നോക്കുകയല്ലാതെ ഒന്നും സമാധാനം പറഞ്ഞില്ല. തനിക്കുള്ള മഹാധനങ്ങള്‍ മുഴുവന്‍ പുഷ്കരന് അധീനമാകയാല്‍ ആ മഹായശ്വസി സര്‍വ്വഭൂഷണങ്ങളും ഉപേക്ഷിച്ച്‌ ഒറ്റമുണ്ടു മാത്രം ഉടുത്ത്‌ സുഹൃത്തുക്കള്‍ക്ക്‌ ദുഃഖം വര്‍ദ്ധിപ്പിക്കുമാറ്‌ രാജധാനിയില്‍ നിന്നു പുറത്തിറങ്ങി. ഏകവസ്ത്രയായി തന്നെ ദമയന്തി അദ്ദേഹത്തെ പിന്തുടര്‍ന്നു. പത്നിയോടു കൂടി നളന്‍ മൂന്നു ദിവസം മുഴുവന്‍ ആ നഗരത്തിനു വെളിയില്‍ പാര്‍ത്തു. ഇതറിഞ്ഞ്‌ പുഷ്കരന്‍ ഒരു വിളംബരം പ്രസിദ്ധം ചെയ്തു. നളനെ ആരെങ്കിലും ആരദരിച്ചു സ്വീകരിച്ചതായി അറിഞ്ഞാല്‍ ഞാന്‍ അവനെ വധിക്കുന്നതാണ്‌ എന്നായിരുന്നു വിളംബരം. ആ ഘോരമായ ശാസനത്താലും, ഹേ, യുധിഷ്ഠിരാ, പുഷ്കരനോടുള്ള ഭീതിയാലും, നളനോട്‌ പുഷ്കരനുള്ള വിരോധം അറിയാവുന്നതു കൊണ്ടും, പൗരന്മാരും നളനെ സല്ക്കരിക്കാതായി. സൽക്കാരാര്‍ഹ നായിരുന്നിട്ടും ആരും സല്ക്കരിക്കാതായ രാജാവ്‌ നഗരം വിട്ടു പുറത്തേക്കു കടന്നു. വെറും വെള്ളം മാത്രം കുടിച്ചു മൂന്നു ദിവസം കഴിച്ചു. വിശപ്പു സഹിക്കാതായപ്പോള്‍ നളന്‍ വല്ല കായോ കിഴങ്ങോ കിട്ടുമോ എന്നറിയുവാന്‍ ദമയന്തിയോടു കൂടി അവിടെ നിന്നു പുറപ്പെട്ടു. വിശന്നു തളര്‍ന്ന്‌ വളരെ നാള്‍ നടന്ന്‌ ഒരു കാട്ടില്‍ ചെന്നു. അവിടെ പൊന്‍ ചിറകുകളോടു കൂടി യ കുറെ പക്ഷികളെ കണ്ടു. തനിക്ക്‌ ആഹാരത്തിന് ആ പക്ഷികളെ പിടിക്കാമെന്നു തോന്നി. അവയെ പിടിക്കുവാന്‍ തന്റെ ഒറ്റ വസ്ത്രമുള്ളതഴിച്ച്‌ അവയെ ഓടിച്ചെന്നു മൂടി. ഉടനെ ആ പക്ഷികള്‍ മുണ്ടോടു കൂടി മേൽപോട്ടു പറന്നു പോയി. നഗ്നനായി ശിരസ്സു കുനിച്ച്‌, വെറും നിലത്തു നില്‍ക്കുന്ന നളനെ കണ്ട്‌ പക്ഷികള്‍ കൃതാര്‍ത്ഥരായി. അവര്‍ ഇങ്ങനെ പറഞ്ഞു.

പക്ഷികള്‍ പറഞ്ഞു: എടോ ദുര്‍ബുദ്ധേ! ഞങ്ങള്‍ പക്ഷികളല്ല; അക്ഷങ്ങളാണ്‌. ഞങ്ങള്‍ നിന്റെ വസ്ത്രം അപഹരിക്കുവാന്‍ വന്നവരാണ്‌. നീ വസ്ത്രവുമുടുത്തു പോന്നതില്‍ ഞങ്ങള്‍ക്ക്‌ അമര്‍ഷമുണ്ട്‌; തീരെ സന്തോഷമില്ലായിരുന്നു! ഇതും കൂടി കൈയിലാക്കുവാനാണ്‌ ഞങ്ങള്‍ വന്നത്‌.

ബൃഹദശ്വന്‍ പറഞ്ഞു: പക്ഷികള്‍ അക്ഷങ്ങളാണെന്നും തന്റെ ഒറ്റവസ്ത്രം കൂടി കൈയിലാക്കുവാന്‍ വന്നതാണെന്നും പുണൃശ്ലോകനായ നളന്‍ കേട്ടപ്പോള്‍ അദ്ദേഹം ദമയന്തിയോടുപറഞ്ഞു.

നളന്‍ പറഞ്ഞു: എടോ ശോഭനേ! ഇവയുടെ കോപം മൂലം ഞാന്‍ ഐശ്വര്യ ഭ്രഷ്ടനാ യിരിക്കയാണ്‌. കൊറ്റിനു പോലും വഴികാണാതെ ഞാന്‍ വിശന്നു വലയുന്നു. നിഷധ രാജ്യത്തിലെ ജനങ്ങള്‍ എന്നെ സല്ക്കരിക്കാ തിരുന്നതും ഇവ മൂലമാണ്‌. ഇപ്പോള്‍ അക്ഷങ്ങള്‍ പക്ഷിരൂപത്തില്‍ വന്ന്‌ വസ്ത്രവും അപഹരിച്ചു കൊണ്ടു പോയി. നിന്റെ ഭര്‍ത്താവായ ഞാന്‍ ഘോരമായ വിപത്തില്‍പ്പെട്ടു ദുഃഖിതനായിരിക്കുന്നു. മനസ്സു തകര്‍ന്നിട്ടാണ്‌ ഞാന്‍ പറയുന്നത്‌. അതു നീ കേള്‍ ക്കണം. ഈ കാണുന്ന വഴികളെല്ലാം ദക്ഷിണാപഥത്തിലേക്കാണു പോകുന്നത്‌. ഋക്ഷവാന്‍ പര്‍വ്വതത്തേയും, വിന്ധ്യശൈലത്തേയും, പയോഷ്ണീ നദിയേയും കടന്നാണ്‌ ഈ വഴികള്‍ അവന്തിയിലേക്കു പോകുന്നത്‌. ധാരാളം ഫല സമ്യദ്ധിയുള്ള താപസാശ്രമങ്ങള്‍ ഇടയ്ക്കിടയ്ക്ക്‌ കാണാം. അതാണ്‌ വിദര്‍ഭ രാജ്യത്തേക്കുള്ള മാര്‍ഗ്ഗം. ആ വഴിയെ പോയാല്‍ കോസല രാജ്യത്തിലുമെത്താം. അതിന് അപ്പുറമാണ്‌ ദക്ഷിണാപഥം.

ബൃഹദശ്വന്‍ പറഞ്ഞു: ഭീമപുത്രിയോട്‌ ദുഃഖപീഡിതനായ നളന്‍ ഇങ്ങനെ വീണ്ടും വീണ്ടും പറഞ്ഞു. അപ്പോള്‍ ഭര്‍ത്താവിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ദുഃഖാതുരയായ ഭൈമി കണ്ണുനീര്‍ വാര്‍ത്തു പറഞ്ഞു.

ദമയന്തി പറഞ്ഞു: അയ്യോ! എന്റെ മനസ്സു കലങ്ങുന്നു. എന്റെ ദേഹം തളരുന്നു. ഭവാന്റെ മനോരഥം ചിന്തിക്കുന്തോറും മനസ്സു പിളര്‍ന്നു പോകുന്നു. രാജ്യത്തില്‍ നിന്നു ഭ്രഷ്ടനായി, സര്‍വ്വധനവും നശിച്ച്‌ ഉടുത്തിരുന്ന ഒറ്റമുണ്ടു കൂടിയും നഷ്ടപ്പെട്ട്, വിശന്നു തളര്‍ന്നിരിക്കുന്ന ഭവാനെ ഈ നിര്‍ജ്ജന വനത്തില്‍ ഉപേക്ഷിച്ചു പോകുന്നത് എങ്ങനെ? വിശന്നും വലഞ്ഞും മനശ്ശാന്തിക്കു മാര്‍ഗ്ഗമില്ലാതെ അലയുന്ന ഭവാന്‍ ഈ ഘോരകാന്താരത്തില്‍ തളര്‍ച്ച തീര്‍ക്കുന്നതിന് ഈയുള്ളവള്‍ ഭവാന്റെ കൂടെ തന്നെ സഞ്ചരിക്കട്ടെ! എല്ലാ ദുഃഖങ്ങള്‍ക്കും ഭാര്യയെപ്പോലെ മറ്റൊരു ഔഷധമില്ലെന്ന്‌ പണ്ഡിതന്മാര്‍ പറയുന്നതു സത്യമാണ്‌!

ബൃഹദശ്വന്‍ പറഞ്ഞു: സുന്ദരിയായ രാജ്ഞി ഇങ്ങനെ പറയുന്നതു കേട്ട്‌ നളന്‍ പറഞ്ഞു.

നളന്‍ പറഞ്ഞു: നീ പറഞ്ഞതു ശരിയാണ്‌! ഭാര്യയെപ്പോലെ പുരുഷനു മറ്റൊരു മിത്രമില്ല. ആര്‍ത്തന് ഔഷധം ഭാര്യയാണ്‌. അതു കൊണ്ട്‌ ഞാന്‍ നിന്നെ ഒരിക്കലും പരിതൃജിക്കുകയില്ല. ഹേ ഭീരു, നീ എന്തിന് ശങ്കിക്കുന്നു? എനിക്കെന്നെ വെടിയാന്‍ കഴിയും. പക്ഷേ, ഞാന്‍ നിന്നെ ഒരിക്കലും വെടിയുകയില്ല.

ദമയന്തി പറഞ്ഞു: ഭവാനു എന്നെ ഇപ്പോള്‍ അകറ്റുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ്‌ വിദര്‍ഭത്തിലേക്കുള്ള വഴി എനിക്കു കാണിച്ചു തന്നത്‌? ഭവാനു പരിത്യാജ്യയല്ല ഞാന്‍ എന്ന് എനിക്കറിയാം. എങ്കിലും വ്യാമോഹത്താല്‍ ഭവാന്‍ എന്നെ തൃജിച്ചേക്കുമോ എന്ന ഭയം എനിക്ക്‌ ഇല്ലായ്കയില്ല. ഭവാന്‍ പിന്നെയും പിന്നെയും മാര്‍ഗ്ഗത്തെപ്പറ്റി പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കു ശോകം വര്‍ദ്ധിക്കുന്നു. എന്റെ ബന്ധുക്കളുടെ അടുത്തേക്കു ഞാന്‍ പോകേണമെന്നാണ്‌ ഭവാന്‍ അഭിപ്രായമെങ്കില്‍ നമുക്കു രണ്ടു പേര്‍ക്കും ഒന്നിച്ച്‌ വിദര്‍ഭത്തിലേക്കു പോകാം. വിദര്‍ഭരാജാവായ എന്റെ പിതാവ്‌ ഭവാനെ യഥോചിതം മാനിക്കും. അദ്ദേഹത്തിന്റെ സല്‍ക്കാരം സ്വീകരിച്ച്‌ നമുക്കു സുഖമായി അവിടെ പാര്‍ക്കാം.

62. നളോപാഖ്യാനം - ദമയന്തീപരിത്യാഗം - നളന്‍ പറഞ്ഞു: തീര്‍ച്ചയായും നിന്റെ അച്ഛന്റെ രാജ്യം എനിക്ക്‌ എന്റേതു പോലെ തന്നെയാണ്‌. ഇപ്പോള്‍ ഈ വിഷമസ്ഥിതിയില്‍ ഞാന്‍ ഒരിക്കലും അങ്ങോട്ടു ചെല്ലുകയില്ല. സമൃദ്ധനായി, നിനക്കു ഹര്‍ഷവര്‍ദ്ധനനായി, അവിടെ വന്നവനായ ഞാന്‍ ഇന്ന്‌ രാജ്യഭ്രഷ്ടനായി, നിനക്കു ശോകവര്‍ദ്ധനനായി അങ്ങോട്ടു പോകുന്നതെങ്ങനെ?

ബൃഹദശ്വന്‍ തുടര്‍ന്നു: ഇങ്ങനെ വീണ്ടും വീണ്ടും പറഞ്ഞ്‌ തന്റെ ഭാര്യയും ശുഭചരിതയുമായ ദമയന്തിയെ, അവളുടെ വസ്ത്രാര്‍ദ്ധം ധരിച്ച നളന്‍ ആശ്വസിപ്പിച്ചു. ഒരേ വസ്ത്രം ചുറ്റിയ അവര്‍ രണ്ടുപേരും ദാഹവും വിശപ്പും വളര്‍ന്ന നിലയില്‍ ആ കാട്ടില്‍ ചുറ്റി നടക്കുമ്പോള്‍ ഒരു വഴിയമ്പലം കണ്ടു. അതിന്റെ ഉള്ളില്‍ കടന്നു. പൊടിപുരണ്ട്‌ മലിനനായി മെലിഞ്ഞു വികൃതനായി ദമയന്തിയോടു കൂടി ഒരേ വസ്ത്രം ധരിച്ച നൈഷധന്‍ വെറും നിലത്തു കിടന്ന ഉടനെ ഉറങ്ങി പോയി. ദുഃഖത്താല്‍ തളര്‍ന്ന ആ സുകുമാരിയായ ദമയന്തിയും ക്ഷണത്തില്‍ ഉറങ്ങി. നളന്റെ ഉറക്കം അധികനേരം ഉണ്ടായില്ല. ഘോരമായ ശോകം ദുസ്സഹമായി കടഞ്ഞു കൊണ്ടിരിക്കയാല്‍ അദ്ദേഹത്തിന് മുമ്പത്തെപ്പോലെ ദീര്‍ഘനേരം ഉറങ്ങുവാന്‍ കഴിയുകയില്ലല്ലോ. രാജ്യത്തെ അപഹരിച്ചതും സുഹ്യത് ജനം വേര്‍പെട്ടതും കാട്ടിലെ മറ്റു വിപത്തുകളുമെല്ലാം ഓരോന്നായി ചിന്തിച്ച്‌ നളന്‍ വിവശനായി തീര്‍ന്നു. നളന്‍ വിചാരത്തിലാണ്ടു: എന്തു കൊണ്ട്‌ ഞാന്‍ ഇപ്രകാരം ചെയ്യണം? ഞാന്‍ ഇതു ചെയ്തില്ലെങ്കില്‍ തന്നെ എന്താണ്‌? എനിക്ക്‌ ഏതാണു നല്ലത്‌? ആത്മത്യാഗമോ ഭാര്യാത്യാഗമോ? എന്നില്‍ അനുരക്തയായ ഈ സുകുമാരി ഞാന്‍ നിമിത്തമാണല്ലോ ദുഃഖിക്കുന്നത്‌. ഞാന്‍ അകന്നു പോയാല്‍ ഇവള്‍ സ്വജനത്തെ അന്വേഷിച്ചു വല്ലേടവും പോയി എന്നു വരാം. ഞാന്‍ വേര്‍പെടുന്നില്ലെങ്കില്‍ എന്നെ പിന്തുടര്‍ന്ന്‌ എന്നിലെന്നും വ്രതയായ ഇവള്‍ ദുഃഖിക്കുക തന്നെ ചെയ്യേണ്ടി വരും. ഞാന്‍ ഇവളെ വിട്ടു പോയാല്‍ ഇപ്പോഴത്തെ ദുഃഖം ദീര്‍ഘകാലം നിലനിൽക്കുകയില്ല. ഇവള്‍ എവിടെയെങ്കിലും പോയി സസുഖം ജീവിച്ചുവെന്നു വരാം. ഇങ്ങനെ പലമട്ടു ചിന്തിച്ചു നോക്കിയിട്ടും ദമയന്തിയെ വെടിയുകയാണ്‌ നന്മയ്ക്കുള്ള ഏക മാര്‍ഗ്ഗമെന്ന്‌ അവനു തോന്നി. നളന്‍ വീണ്ടും ആലോചിച്ചു: തേജസ്വിനിയായ ഇവളെ വഴിക്കു വെച്ച്‌ ആര്‍ക്കും ഉപദ്രവിക്കുവാന്‍ കഴിയുകയില്ല. എന്നില്‍ ഭക്തയും, പതിവ്രതയും, മഹാഭാഗയും, യശസ്വിനിയുമായ ഇവള്‍ സ്വതേജസ്സിനാല്‍ ദുര്‍ദ്ധര്‍ഷയാണ്‌.

കലി കയറുകയാല്‍ മനസ്സു ദുഷിച്ച നളന്‍ അവളെ പരിതൃജിക്കുവാന്‍ തന്നെ തീരുമാനിച്ച്‌ തന്റെ നഗ്നത മറയ്ക്കുന്നതിന്‌ ഭൈമിയുടെ ഒറ്റച്ചേലയെ ആശ്രയിക്കാതെ മറ്റു മാര്‍ഗ്ഗമൊന്നും കണ്ടില്ല. പകുതി അറുത്ത് എടുക്കുവാൻ ആണെങ്കില്‍ കത്തിയുമില്ല. വസ്ത്രം മുറിക്കുമ്പോള്‍ അവള്‍ ഉണര്‍ന്നാലോ എന്ന ഭയവും നളനിലുണ്ടായി. ആയുധം തിരഞ്ഞ്‌ നളന്‍ അവിടെ ചുറ്റിനടന്നു. അപ്പോള്‍ ഉറയില്ലാത്ത ഒരു വാള്‍ അവിടെ കിടക്കുന്നതായി കണ്ടു. ആ വാളെടുത്ത്‌ നിഷധരാജാവ്‌ ഭാര്യയുടെ ചേലയില്‍ നിന്നു പകുതി മുറിച്ചെടുത്ത്‌ വാള്‍ ദൂരത്തേക്കെറിഞ്ഞു. അതു നളന്‍ ഉടുത്തു. ബോധം കെട്ടുറങ്ങുന്ന വിദര്‍ഭ രാജകുമാരിയായ ആ സാധ്വിയെ വെടിഞ്ഞ്‌ പരം തപനായ നളന്‍ ഓടി പോയി. കുറച്ചു ദൂരം ചെന്നപ്പോള്‍ മനസ്സൊന്നു മാറി. ഉടനെ നളന്‍ മടങ്ങിവന്ന്‌ ദമയന്തിയുടെ സമീപത്തു വന്ന്‌ അവളെ നോക്കി കരയുവാന്‍ തുടങ്ങി.

നളന്‍ പറഞ്ഞു: വായുദേവനും, സൂര്യദേവനും കൂടി പണ്ട്‌ യഥേഷ്ടം കണ്ടിട്ടില്ലാത്തവളാണ്‌ എന്റെ കാന്ത. ഹാ! കഷ്ടം! അവള്‍ വഴിയമ്പലത്തില്‍ അനാഥയുടെ മട്ടില്‍ കിടക്കുന്നു! ചാരുഹാസിനിയായ ഇവള്‍ പകുതി ചേലയുമുടുത്തു കിടക്കുകയാണ്‌. ഉണര്‍ന്നതിന് ശേഷം എന്നെ കാണാതായാല്‍ ഇവള്‍ ഉന്മത്തയായി ഏതു നിലയിലാകും? ഇവളെ തനിയെ വിട്ട്‌ ഞാന്‍ പോയാല്‍ സിംഹവ്യാഘ്രങ്ങള്‍ നിറഞ്ഞ ഈ ഘോരകാന്താരത്തില്‍ ഇവള്‍ എങ്ങനെ സഞ്ചരിക്കും? എടോ മഹാഭാഗേ, നീ ധര്‍മ്മസംവൃതയാണ്‌. ആദിത്യന്മാരും, വസുക്കളും, രുദ്രന്മാരും, അശ്വിനികളും, മരുത്ഗണങ്ങളും നിന്നെ കാക്കും.

ബൃഹദശ്വ പറഞ്ഞു: അന്യാദൃശസൗന്ദര്യം തികഞ്ഞ തന്റെ ഇഷ്ടപത്നിയെ നോക്കി ഇങ്ങനെ വിലപിക്കുകയും ആശംസിക്കുകയും ചെയ്ത്‌ കലി ബാധിച്ച മൂഢനായ നളന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. ഒട്ടു നടന്നതിന് ശേഷം വീണ്ടും മടങ്ങിവരും. വീണ്ടും വിലപിക്കും. വീണ്ടും പോകും. ഇങ്ങനെ കലി അങ്ങോട്ടും, അനുരാഗം ഇങ്ങോട്ടും ഇഴയ്ക്കുകയാല്‍ ദുഃഖിതനായ അവന്റെ ഹൃദയം രണ്ടു വിധത്തിലായി. ഒട്ടുനേരം കലിയുടെ പിടിവലിയില്‍ പെട്ടും, പ്രേമത്താലും അവന്‍ ഊഞ്ഞാലാടുന്നതു പോലെ മുന്നോട്ടോടുകയും, വിണ്ടും മടങ്ങി വരികയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ കലി തന്നെ ജയിച്ചു. അവന്‍ ആ സാധ്വിയെ ഒറ്റയ്ക്കു വിട്ടു. കലി അവനെ പിടിച്ചു വലിച്ചകറ്റി. ഉറങ്ങിക്കിടക്കുന്ന പ്രേമഭാജനത്തെ ഭീകരമായ ആ വനത്തില്‍ , ആ ശൂന്യവനത്തില്‍ വിട്ട്‌ കരുണമായി കേണുകേണ്, കലിബാധയാല്‍ ആത്മാവു നഷ്ടമായ വിധം, നളന്‍ ഭാര്യയെ തനിയെ വിട്ട്‌ ഓടിമറഞ്ഞു.

63. നളോപാഖ്യാനം - പെരുമ്പാമ്പു വിഴുങ്ങിയ ദമയന്തിയുടെ മോചനം - ബൃഹദശ്വന്‍ പറഞ്ഞു: നളന്‍ ഓടി പോയതിന് ശേഷം തളര്‍ച്ച തീര്‍ന്ന ദമയന്തി ഉറക്കമുണര്‍ന്ന് എഴുന്നേറ്റു ഭര്‍ത്താവിനെ തപ്പി നോക്കി. അരികെ കാണാതെ അവള്‍ പേടിച്ചു വിറച്ചു. ശോകാര്‍ത്തയായ ദമയന്തി ഭയത്താല്‍ നൈഷധനെ മഹാരാജാവേ! എന്ന് ഉറക്കെ വിളിച്ചു.

ദമയന്തി പറഞ്ഞു: ഹാ! ഹാ! നാഥാ, രാജാവേ, ഹാ! സ്വാമീ!, ഭവാന്‍ എന്നെ ഉപേക്ഷിച്ചു പോയോ? അയ്യോ! ഞാന്‍ ഹതയായി! ഞാന്‍ നഷ്ടയായി! വിജനമായ ഈ വനത്തിൽ എനിക്ക്‌ ഈ ഭയം സഹിക്കാന്‍ വയ്യ! ഞാന്‍ എന്തിന് ഇങ്ങനെ ഭയപ്പെടുന്നു? ഭവാന്‍ സത്യവാക്കല്ലേ? ഭവാന്‍ എന്നെ വെടിഞ്ഞു പോവുകയില്ലെന്നു പറഞ്ഞില്ലേ? മഹാരാജാവായ ഭവാന്‍ ധര്‍മ്മജ്ഞനല്ലേ? സത്യവാദിയല്ലേ? അങ്ങയുടെ വാക്കു സത്യമാണെന്ന്‌ എന്നെ വിശ്വസിപ്പിച്ചില്ലേ? എന്നിട്ട്‌ എന്നെ കിടത്തി ഉറക്കിയ ശേഷം ഭവാന്‍ പോയോ? അങ്ങനെ ഉണ്ടാകുമോ? ഭവാനെ സാമര്‍ത്ഥ്യത്തോടെ പിന്തുടരുന്ന എന്നെ എന്തിന്‌ ഉപേക്ഷിച്ചു? വിശേഷിച്ചു ഞാന്‍ യാതൊരു അപരാധവും ഭവാനോടു ചെയ്തിട്ടില്ലല്ലോ. അന്യന്‍ ചെയ്ത അപരാധം എനിക്കു ബാധകമല്ലല്ലോ. മുമ്പു ലോകപാലകന്മാരുടെ സന്നിധിയില്‍ വെച്ച്‌ എന്നോടു പറഞ്ഞ വാക്ക്‌ അസത്യമാകുവാന്‍ ഭവാന്‍ ഇടയാക്കുകയില്ലല്ലോ. അയ്യോ! രാജവേ, ഭവാന്‍ എവിടെ? അയ്യോ! ഭവാന്‍ എന്നെ വിട്ടു പോയോ? കാലമാകാതെ മനുഷ്യര്‍ക്കു മരിക്കുവാന്‍ സാധിക്കുകയില്ലല്ലോ? ഭവാന്‍ എന്നെ വെടിഞ്ഞിട്ടും ഞാന്‍ എന്തു കൊണ്ടു മരിക്കുന്നില്ല? ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഭവാന്‍ എന്നോടു ചെയ്ത സത്യം ലംഘിച്ചുവെന്നോ? ഇല്ല; അത്‌ ഒരിക്കലും ഉണ്ടാവുകയില്ല. ഭവാന്‍ എന്നെ കളിപ്പിക്കുകയാണോ? മതി രാജാവേ ഈ വിനോദം. എനിക്ക്‌ പേടിയാവുന്നു. എന്റെ നാഥാ! ഭവാന്‍ എന്റെ മുമ്പില്‍ വരൂ! അതാ, ഭവാന്‍ നിൽക്കുന്നുവല്ലോ! അതാ, ഞാന്‍ കണ്ടു! എന്തിന് ഭവാന്‍ വള്ളിക്കുടിലില്‍ മറഞ്ഞു നിൽക്കുന്നു? എന്താണ്‌ ഭവാന്‍ ഒന്നും മിണ്ടാതെ നിൽക്കുന്നത്‌? ഞാന്‍ ഈ നിലയില്‍ ഭവാനെ വിളിച്ച്‌ കരയുമ്പോള്‍ എന്നെആശ്വസിപ്പിക്കാത്തതില്‍ പരം ക്രൂരത വേറെയുണ്ടോ? അയ്യോ! രാജാവേ! നീ എവിടെ? ഭവാന്‍ എന്നെ ഒറ്റയ്ക്കു വിട്ട് അകന്നു പോയോ? എന്നെപ്പറ്റി ഓര്‍ത്തിട്ടല്ല, മറ്റു വല്ലതിനേയും പറ്റി ഓര്‍ത്തിട്ടല്ല ഞാന്‍ കരയുന്നത്‌. ഭവാന്‍ തനിയെ പോയാല്‍ എന്തു നിലയിലാകും എന്നോര്‍ത്തിട്ടാണ്‌ ഞാന്‍ കരയുന്നത്‌. വിശപ്പും ദാഹവും സഹിച്ച്‌, തളര്‍ന്ന്‌ വലഞ്ഞ്‌, അന്തിയാകുമ്പോള്‍ എവിടെയെങ്കിലും ഒരു മരച്ചുവട്ടില്‍ , അയ്യോ! രാജവേ, ഭവാന്‍ തനിയെ എങ്ങനെ കഴിച്ചു കൂട്ടും?

ബൃഹദശ്വന്‍ പറഞ്ഞു: ഇങ്ങനെ പറഞ്ഞ്‌ കരഞ്ഞ്‌ കഠിനമായ ദുഃഖത്താല്‍ ആര്‍ത്തയായി ദമയന്തി മനസ്സ് തകര്‍ന്ന്‌ അങ്ങോട്ടുമിങ്ങോട്ടും ഓടുവാന്‍ തുടങ്ങി. അവള്‍ ഇടയ്ക്കിടയ്ക്കു ബോധം മറഞ്ഞു വീഴുകയും ഉണർന്ന് എഴുന്നേൽക്കുകയും പിന്നേയും പിന്നേയും പേടിച്ച്‌ ഒളിക്കുകയും, വിണ്ടും വീണ്ടും ഉറക്കെ നിലവിളിക്കുകയും, വീണ്ടും വീണ്ടും നെടുവിര്‍പ്പെടുകയും, തേങ്ങിത്തേങ്ങി കരയുകയും ചെയ്തു. പതിവ്രതയായ ആ ഭീമപുത്രി ദുഃഖത്താല്‍ നീറി നെടുവീര്‍പ്പിട്ടു തളര്‍ന്നു കരഞ്ഞു കൊണ്ട്‌ ഇങ്ങനെ ശപിച്ചു.

ദമയന്തി പറഞ്ഞു; നൈഷധനെ ഈ വിധം ദുഃഖത്താല്‍ തപിക്കത്തക്ക വിധം, ദ്രോഹിച്ചവന്‍ ആരോ അവന്‍ ഞങ്ങളേക്കാള്‍ അധികം കേണ് ഉഴറുമാറാകട്ടെ! പാപഹീനനായ നളനെ ഏതു പാപിയാണോ ഈ ദയനീയ നിലയിലാക്കിയത്‌, അവന്റെ ജീവിതം ഘോരതരമായ ദുഃഖത്താല്‍ പൂര്‍ണ്ണമാകട്ടെ.

ബൃഹദശ്വന്‍ പറഞ്ഞു: അവള്‍ ഭര്‍ത്താവിനെ അന്വേഷിച്ചു ക്രൂരമൃഗങ്ങള്‍ നിറഞ്ഞ കൊടുംകാട്ടില്‍ കരഞ്ഞ്‌ ഉന്മത്തയെ പോലെ അങ്ങുമിങ്ങും നടന്നു. ഹാ, രാജാവേ! എന്നു വീണ്ടും വിണ്ടും കരഞ്ഞു വിളിച്ച്‌ അവള്‍ പരിഭ്രാന്തയായി ചുറ്റും ഓടി. ദയനീയയായി, ദീനയായി വിലപിക്കുന്ന അവള്‍ ഒരു പെരുമ്പാമ്പിന്റെ മുമ്പില്‍ ചെന്നു കുടുങ്ങി. തന്റെ അടുത്തു വന്ന ഇരയെ ആ പെരുമ്പാമ്പു പിടികൂടി വിഴുങ്ങുവാന്‍ തുടങ്ങി. ആ മഹാകായനായ പെരുമ്പാമ്പ്‌ വിശപ്പോടെ അവളെ വിഴുങ്ങിത്തുടങ്ങി. അപ്പോള്‍ കൂടിയും അവള്‍ക്ക്‌ നളനെപ്പറ്റിയുള്ള ദുഃഖമാണ്‌ മുന്നിട്ടു നിന്നിരുന്നത്‌. അവള്‍ വീണ്ടും മുറയിട്ടു.

ദമയന്തി പറഞ്ഞു: ഹാ, നാഥാ! രാജാവേ! ഒരു പെരുമ്പാമ്പ്‌ എന്നെയിതാ പിടിച്ചുവിഴുങ്ങുന്നു! ഈ വിജന കാനനത്തില്‍ ഞാന്‍ ഈ നിലയിലായിട്ടും ഭവാന്‍ എന്താണ്‌ ഓടി വരാത്തത്‌? കാലം വരുമ്പോള്‍ എന്നെ ഓര്‍ക്കുന്ന ഭവാന്‍ ഏതു നിലയിലായിരിക്കും? പ്രഭോ എന്തിന്‌ എന്നെ ഈ കാട്ടില്‍ വെടിഞ്ഞു? പാപത്തില്‍ നിന്നു മുക്തനായി മനസ്സുണര്‍ന്ന്‌ ബുദ്ധി തെളിഞ്ഞ്‌ ധനം മുഴുവന്‍ വീണ്ടുകിട്ടുന്ന കാലത്ത്‌ എന്നെ ഓര്‍ക്കുമ്പോള്‍ ഭവാന്റെ നില എന്തായിരിക്കും? ഭവാന്‍ വിശന്നും ദാഹിച്ചും വാടി തളരുമ്പോള്‍ ഭവാനെ ആശ്വസിപ്പിക്കാന്‍ ആരുണ്ടാകും?

ബൃഹദശ്വന്‍ പറഞ്ഞു: ഇങ്ങനെ ദമയന്തി നിലവിളിക്കുമ്പോള്‍ കൊടുംകാട്ടില്‍ വേട്ടയാടി ജീവിക്കുന്ന ഒരു വേടന്‍ അവിടേക്ക്‌ ഓടിച്ചെന്നു. പെരുമ്പാമ്പ്‌ വിഴുങ്ങിക്കൊണ്ടിരുന്ന ആ സുന്ദരിയെ കണ്ട്‌ ബദ്ധപ്പെട്ട്‌ ഓടിച്ചെന്ന്‌ അവന്‍ തന്റെ നിശിതമായ ശസ്ത്രം കൊണ്ട്‌ പെരുമ്പാമ്പിനെ തലമുതല്‍ കുത്തി വലിച്ചു പിളര്‍ന്ന്‌ കൊന്നുകളഞ്ഞു. പാമ്പു വിഴുങ്ങിയ അംഗം ജലത്താല്‍ കഴുകി അവളെ ആശ്വസിപ്പിച്ചു. ആ മൃഗവ്യാധന്‍ അവളോടു ചോദിച്ചു.

വേടന്‍ പറഞ്ഞു: എടോ, സുന്ദരി! മാന്‍കണ്ണിയായ നീ ആരുടെയാണ്‌? എങ്ങനെ നീ ഈ കാട്ടില്‍ വന്നു? എന്താണ്‌ ഈ ഭയങ്കര സങ്കടത്തില്‍ വന്നു വീഴുവാന്‍ കാരണം?

ബൃഹദശ്വന്‍ പറഞ്ഞു. വേടന്‍ ചോദിച്ചതു കേട്ടപ്പോള്‍ ദമയന്തി എല്ലാ വൃത്താന്തങ്ങളും വേടനോടു പറഞ്ഞു. ഒറ്റച്ചേല ചുറ്റിയ ആ മധുഭാഷിണിയുടെ പീനമായ ശ്രോണിയും പീനോന്നതങ്ങളായ സ്തനങ്ങളും സുകുമാരമായ അംഗസൗഷ്ഠവും പൂര്‍ണ്ണുചന്ദ്രാഭമായ ആനനവും കുടിലമായ അളകങ്ങളും ശോഭനമായ നയനങ്ങളും കണ്ടപ്പോള്‍ ആ വ്യാധന്‍ കാമവിവശനായി. സരസമൃദുലമായ വാക്കുകള്‍ കൊണ്ട്‌ ആ കാമാര്‍ത്തന്‍ സാന്ത്വനം ചെയ്തു തുടങ്ങുകയാല്‍ അവന്റെ ഉദ്ദേശ്യമെന്തെന്ന്‌ ദമയന്തിക്കു മനസ്സിലായി. അവന്‍ ദുഷ്ടനാണെന്നുള്ള ബോധം അവള്‍ക്കുണ്ടായി. ഉടനെ ആ പതിവ്രത രോഷാവേശത്താല്‍ ജ്വലിച്ചു. ക്ഷുദ്രനും കാമാതുരനുമായ ആ മഹാപാപി ദുര്‍ദ്ധര്‍ഷയും അഗ്നിശിഖ പോലെ ദീപ്തയുമായ ഭൈമിയെ പിടികൂടുവാന്‍ അടുത്തു. ഭര്‍ത്താവ്‌ വേര്‍പെട്ട്‌ രാജ്യം നഷ്ടപ്പെട്ട്‌ ദുഃഖാര്‍ത്തയായ അവള്‍ അത്യന്തം കുപിതയായി ഇങ്ങനെ ശപിച്ചു.

ദമയന്തി പറഞ്ഞു: നൈഷധനെയൊഴികെ മറ്റാരേയും ഞാന്‍ സ്മരിക്കുക പോലും ചെയ്തിട്ടില്ലെങ്കില്‍ ഈ ക്ഷുദ്രനായ വേടന്‍ ചത്തു വീഴട്ടെ!

ബൃഹദശ്വന്‍ പറഞ്ഞു: എന്നു രോഷത്തോടെ ശപിച്ചു. അവള്‍ ശപിച്ച ഉടനെ ആ മൃഗജീവനന്‍ തീയിലെരിഞ്ഞ വൃക്ഷം പോലെ ചത്തു നിലത്തു വീണു.

64. നളോപാഖ്യാനം - ദമയന്തീ സാര്‍ത്ഥവാഹക സംഗമം - ബൃഹദശ്വന്‍ തുടര്‍ന്നു: വേടനെ കൊന്നതിന് ശേഷം പങ്കജാക്ഷിയായ ദമയന്തി അവിടെ നിന്നു നടന്നു. ത്ധില്ലീ ത്ധങ്കാരം മുഴങ്ങുന്ന ഭീഷണമായ കാന്താരം അവള്‍ കണ്ടു. സിംഹം, പുള്ളിപ്പുലി, രുരു, കരിമ്പുലി, കാട്ടുപോത്ത്‌, കരടി എന്നി ഹിംസ്രജന്തുക്കള്‍ സഞ്ചരിക്കുന്നതും പലതരം പക്ഷികള്‍ വാഴുന്നതും മ്ലേച്ഛന്മാരും തസ്കരന്മാരും പാര്‍ക്കുന്നതും പയന്‍, മുള, ധവം, അശ്വത്ഥം, തിന്ദുകം, അരിഷ്ടം, പൂള, മരുത്‌, സൃന്ദനങ്ങള്‍ , ഞാറ, മാവ്‌, കരിങ്ങാലി, പാച്ചോറ്റി, പന, ചൂരല്‍ , പ്ലക്ഷം, പതിമുകം, നെല്ലി, കദംബം, ഉദുംബരം, പേരാല്‍ , ബദരി, കൂവളം ഇവ ചേര്‍ന്ന നിരന്നതും പ്രിയാളം, കരിമ്പന, ചിറ്റീന്തല്‍ , ഹരീതകി, വിഭീതകം, നാനാധാതുക്കള്‍ എന്നിവ കലര്‍ന്നതുമായ പര്‍വ്വതഭേദങ്ങളും മുഴങ്ങുന്ന നികുഞ്ജങ്ങളും ഭംഗിയോടെ ചാടുന്ന വെള്ളച്ചാട്ടങ്ങളും ചോലകളും പുഴകളും വാപികളും പൊയ്കകളും പലതരം മൃഗൗഘങ്ങളും പല ഘോരപിശാചങ്ങളും പാമ്പുകളും രാക്ഷസക്കൂട്ടങ്ങളും ചുറ്റും പല്വലങ്ങളും തടാകങ്ങളും ചേര്‍ന്ന്‌ ഗിരികൂടങ്ങളും അരുവിച്ചോലകളും അവള്‍ ആശ്ചര്യത്തോടെ ദര്‍ശിച്ചു. അവിടെ കൂട്ടമായി പന്നികളേയും, കാട്ടുപോത്തുകളേയും. കരടികളേയും, പാമ്പുകളേയും എല്ലായിടത്തും വൈദര്‍ഭി കണ്ടു.

തേജസ്സും കീര്‍ത്തിയും ക്ഷമയും ഭാഗ്യവും തുണയായ ആ രാജപുത്രി ആ കൊടും കാട്ടില്‍ നളനെ അന്വേഷിച്ച്‌ ഏകയായി നടന്നു. അവള്‍ ഒന്നിനേയും ഭയപ്പെട്ടില്ല. ഈ ഭയങ്കരമായ കാടിന്റെ കിടിലം കൊള്ളിക്കുന്ന ഭീഷണരൂപം നളന്റെ വിരഹത്താല്‍ തപിക്കുന്ന ദമയന്തിയെ ഭയപ്പെടുത്തുവാന്‍ പര്യാപ്തമായില്ല. ഭര്‍ത്തൃ വൃയസനമാര്‍ന്ന വിദര്‍ഭപുത്രി മഹാദുഃഖത്തോടെ ശോകപരവശയായി ഒരു പാറമേല്‍ ചെന്നിരുന്നു വീണ്ടും വിലപിച്ചു.

ദമയന്തി പറഞ്ഞു: വിരിഞ്ഞ മാറിടവും നീണ്ട ബാഹുക്കളും ചേര്‍ന്ന നിഷധ രാജാവേ, മഹാത്മാവായ അങ്ങ്‌ വിജനമായ ഈ കാട്ടില്‍ എന്നെ ഏകാകിനിയാക്കി വിട്ട്‌ എവിടെ പോയി? ഭൂരിദക്ഷിണകളോടു കൂടിയ അശ്വമേധം മുതലായ മഹായാഗങ്ങള്‍ ചെയ്ത പുണ്യവാനാണല്ലോ ഭവാന്‍? അങ്ങ്‌ ഈ കൊടുംപാപം എന്തേ ചെയ്തത്‌? അല്ലയോ രാജശ്രേഷ്ഠാ, എന്നോട്‌ മഹാശയനായ ഭവാന്‍, മംഗളാശയനായ ഭവാന്‍, വിവാഹ കാലത്തു പറഞ്ഞ ശോഭന വചനങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അങ്ങയുടെ സമീപത്ത്‌ അന്നു പറന്നു വന്ന അരയന്നങ്ങള്‍ പിന്നെ എന്റെ അടുത്തു വന്നു പറഞ്ഞ സന്ദേശങ്ങള്‍ വീരനായ ഭവാന്‍ ഓര്‍ക്കുന്നുണ്ടോ? ഒരു ഭാഗത്ത്‌ സാംഗോപാംഗങ്ങളോടു കൂടിയ നാലു വേദങ്ങളും, മറുഭാഗത്ത്‌ സത്യവും തുല്യമായി തൂങ്ങുന്നു! അത്രയ്ക്ക്‌ കനപ്പെട്ടതാണല്ലോ സത്യം! ചതുര്‍വേദങ്ങളോടു കിട പിടിക്കുവാന്‍ പോന്നതാണല്ലോ സത്യം! അതു കൊണ്ട്‌ രാജാവേ, എന്റെ അടുക്കല്‍ മുമ്പു ചെയ്ത സതൃത്തെ, ഭവാന്‍ വിസ്മരിക്കാതെ ആ സത്യത്തെ പാലിക്കണേ!

ഹാ! ഈ ഘോരകാന്താരത്തില്‍ ഭവാന്‍ എന്താണ്‌ എന്നോട്‌ ഒന്നും മിണ്ടാത്തത്‌? അയ്യോ! എന്നെ ഭവാന്‍ ഉപേക്ഷിച്ചുവോ? അയ്യോ! വിശന്നു വായും പിളര്‍ന്നു വരുന്ന ദാരുണാകൃതിയായ ഈ മൃഗരാജാവ്‌ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്നിട്ടും ഭവാന്‍ എന്നെ എന്താണ്‌ രക്ഷിക്കാന്‍ എത്താത്തത്‌? നിന്നേക്കാള്‍ പ്രിയം കൂടിയവളായി എനിക്ക്‌ വേറേ ഒരുവളുമില്ല എന്ന് എന്നോടു ഭവാന്‍ പറഞ്ഞ ശോഭനമായ വാക്ക്‌ ഭവാന്‍ സത്യമാക്കിയാലും! എന്റെ ദയിതനല്ലേ ഭവാന്‍? ഞാന്‍ ഭവാന്റെ ദയിതയായിരുന്നിട്ടും ഉന്മത്തയായി കരയുന്ന ഈ ഇഷ്ട പ്രേയസിയോട്‌ ഒന്നും മിണ്ടാത്തതെന്താണ്‌? പകുതി വസ്ത്രം മാത്രം ഉടുത്ത്‌ കൃശയും ദീനയും വിവര്‍ണ്ണയും മലിനയുമായി ഒറ്റയ്ക്കിരുന്ന്‌ അനാഥയെപ്പോലെ കരയുന്നത്‌ പ്രാണനാഥാ! ഭവാന്‍ കേള്‍ക്കുന്നില്ലേ? ഇണപിരിഞ്ഞ. ഒറ്റയായ മാന്‍പേട പോലെ ഞാന്‍ മുറയിട്ടിട്ടും എന്താണു ഭവാന്‍ എന്നെ ആദരിക്കാത്തത്‌; അയ്യോ രാജാവേ! ഈ ഘോരകാന്താരത്തില്‍ ഏകാകിനിയായി സതിയായ ദമയന്തി വിളിച്ചിട്ടും ഭവാന്‍ മിണ്ടാത്തതെന്താണ്‌? കുലശീലസമ്പന്നനും, സര്‍വ്വാംഗസുന്ദരനുമായ ഭവാനെ ഈ പര്‍വ്വത പ്രദേശത്തിലെങ്ങും കാണുന്നില്ല. സിംഹ വ്യാഘ്രാദി മ്യഗങ്ങള്‍ നിറഞ്ഞ ഈ മഹാഘോരമായ കാനനത്തില്‍ ശോകാര്‍ത്തയായ ഞാന്‍, എനിക്ക്‌ ദുഃഖവര്‍ദ്ധനനായി തീര്‍ന്നിരിക്കുന്ന ഭവാനെപ്പറ്റി ആരോടാണു ചോദിക്കേണ്ടത്‌? അങ്ങ് കിടക്കുകയാണോ, ഇരിക്കുകയാണോ, നിൽക്കുകയാണോ, നടക്കുകയാണോ എന്ന് ആരോടാണ്‌ ഞാന്‍ ചോദിക്കേണ്ടത്‌? കാട്ടില്‍ വെച്ച്‌ എന്നെ കാണാതെ പോയ എന്റെ നാഥനെക്കുറിച്ച്‌ "നളമഹാരാജാവിനെ നീ വല്ലേടവും കണ്ടുവോ" എന്നു ചോദിക്കുവാന്‍ ഇവിടെ ആരുണ്ട്‌: നീ അന്വേഷിക്കുന്ന മനോഹരരൂപനും. മഹാത്മാവും. ശത്രുനാശനനും പത്മേക്ഷണനുമായ നളമഹാരാജാവ്‌ ഇവിടെയുണ്ട്‌ എന്ന മധുരവാക്ക്‌ എന്നോട്‌ പറഞ്ഞു കേള്‍പ്പിക്കുവാന്‍ ഇവിടെ ആരുണ്ട്‌? നാലു തേറ്റകളോടു കൂടിയ കാട്ടുരാജാവായ വ്യാഘ്രം ഇതാ വരുന്നു. ആ വനരാജാവിന്റെ മുമ്പിലേക്കു ഞാന്‍ നിശ്ശങ്കം ചെല്ലട്ടെ.

എടോ വ്യാഘ്രമേ! ഭവാന്‍ ഈ കാന്താരത്തിലെ പ്രഭുവും ഇവിടെയുള്ള മൃഗങ്ങളുടെയൊക്കെ രാജാവുമാണല്ലോ; ഞാന്‍ വിദര്‍ഭ രാജാവിന്റെ പുത്രിയായ ദമയന്തിയാണ്‌. ശത്രുഹന്താവും നിഷധ രാജാവുമായ നളന്റെ പത്നിയാണ്‌. മൃഗേന്ദ്രനായ ഭവാന്‍ നളനെ വല്ലയിടത്തും കണ്ടിട്ടുണ്ടെങ്കില്‍ , ഭര്‍ത്താവിനെ തിരഞ്ഞ്‌ ആര്‍ത്തയായി, ഏകയായി, കൃപണയായി ചുറ്റിത്തിരിയുന്ന ഈ ശോകാര്‍ത്തയെ ആശ്വസിപ്പിച്ചാലും! അല്ലെങ്കില്‍ നള മഹാരാജാവിനെ പറ്റി എന്നോടു ഒന്നും പറയുന്നില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഭവാന്‍ എന്നെ കടിച്ചു തിന്നുക. വനപതിയും, മൃഗരാജാവുമായ ഭവാന്‍ എന്നെ ഈ കഠിനമായ ദുഃഖത്തില്‍ നിന്നു വല്ല വിധേനയും മോചിപ്പിച്ചാലും.

അവള്‍ തുടര്‍ന്നു: കഷ്ടം! എന്റെ ഈ വനരോദനം കേട്ടിട്ടും ഈ വ്യാഘ്രം എന്നെ ആശ്വസിപ്പിക്കുന്നില്ല; ജലം വഹിച്ച്‌ ആഴിയിലേക്ക് ഒഴുകുന്ന നദിയെ ലക്ഷ്യമാക്കി പായുകയാണ്‌! ഇതാ പുണ്യമായ പര്‍വ്വതം വിവിധ വര്‍ണ്ണങ്ങള്‍ കലര്‍ന്ന്‌ പല കൊടുമുടികളോടു കൂടി മനോഹരമായി ഉയര്‍ന്നു നിൽക്കുന്നു. പലവിധം കല്ലുകളോടു കൂടി നാനാ ധാതുക്കള്‍ ചേർന്ന ഈ മഹാവനത്തില്‍ വിജയധ്വജം പോലെ നിൽക്കുന്ന ഈ ശൈലം സിംഹം, വ്രഘ്രം, ഗജം, പന്നി മുതലായ ജന്തുക്കള്‍ നിറഞ്ഞും, പലതരം പക്ഷികളില്‍ നിന്നുള്ള നിറഭേദങ്ങള്‍ കലര്‍ന്നും, കിംശുകം, അശോകം, ബകുളം, പുന്നാഗം, കര്‍ണ്ണികാരം മുതലായ ശോഭന വൃക്ഷങ്ങള്‍ നിരന്നും, അവയില്‍ നിന്നു മനോഹര പുഷ്പങ്ങള്‍ ചൊരിഞ്ഞും,. സര്‍വ്വ ജനത്തേയും ആകര്‍ഷിച്ചു കൊണ്ടു നിലക്കുന്നു. നളരാജാവിനെപ്പറ്റി ഞാന്‍ ഈ ഗിരി രാജാവിനോടും ചോദിക്കാം.

അല്ലയോ ശരണ്യനായ പര്‍വ്വതശ്രേഷഠാ! ഞാന്‍ ഭവാനെ നമസ്കരിക്കുന്നു. വിശ്രുതനും ദിവ്യദര്‍ശനും കല്യാണ രാശിയുമാണല്ലോ ഭവാന്‍. രാജപുത്രിയായ ഞാന്‍ ഭവാനെ വീണ്ടും വീണ്ടും നമസ്കരിക്കുന്നു. രാജസ്നുഷയും രാജപത്നിയും വിശ്രുതയുമായ ദമയന്തിയാണ്‌ ഞാന്‍. മഹാരഥനായ വിദര്‍ഭ രാജാവാണ്‌ എന്റെ അച്ഛന്‍. ഭീമന്‍ എന്നു പേരായ വിഖ്യാതനായ ആ രാജാവ്‌ നാലു വര്‍ണ്ണങ്ങളേയും സംരക്ഷിച്ചു നാടുവാഴുന്ന ശത്രുമര്‍ദ്ദകനാണ്‌. സത്യവാദിയും അനസൂയാലുവും ബ്രഹ്മണ്യനുമായ ആ രാജശ്രേഷ്ഠന്‍ ബ്രാഹ്മണര്‍ക്ക്‌ അനവധി ദക്ഷിണയോടു കൂടി രാജസൂയം., അശ്വമേധം മുതലായ യാഗങ്ങള്‍ യഥാവിധി നടത്തിയിട്ടുള്ള സാധുവ്യത്തനാണെന്ന് ഭവാൻ ധരിക്കണം. ശീലവാനും. വീരൃവാനും, ധര്‍മ്മജ്ഞനും. വിപുല കീര്‍ത്തിമാനുമായ വിദര്‍ഭ രാജാവിന്റെ ഈ പുത്രി ഇതാ, ഭവാനെ ആശ്രയിക്കുന്നു. പുണൃശീലനും വിഖ്യാതനും നരോത്തമനും നിഷധ മഹാരാജാവുമായ വീരസേനനാണ്‌ എന്റെ ശ്വശുരന്‍. ആ രാജാവിന്റെ പുത്രന്‍ വീരനായി, സത്യപരാക്രമനായി, ശ്രീമാനായി വിരാജിക്കുന്നു. പൈതൃകമായ രാജ്യത്തെ ക്രമമായി പാലിക്കുന്ന രാജപുത്രനാണ്‌ പുണ്യശ്ലോകനെന്നു വിഖ്യാതനായ നളന്‍. ആ സുന്ദരന്‍, വാഗ്മിയും വേദജ്ഞനും പുണ്യകൃത്തും ദാതാവും യോദ്ധാവുമാണ്‌. ഇവിടെ ഭവാന്റെ മുമ്പില്‍ വന്നു നിൽക്കുന്ന ഈ അബല ആ നിഷധരാജാവായ നളന്റെ ശ്രേഷ്ഠഭാര്യയാണെന്ന്‌ ഭവാന്‍ അറിയണം. ധനം മുഴുവന്‍ നഷ്ടമായി. ഭര്‍ത്താവ്‌ വേര്‍പെട്ട്‌, അനാഥയായി ഭര്‍ത്താവിനെ അന്വേഷിച്ചു നടക്കുന്നവളാണ്‌ ഞാന്‍. എന്നെ പര്‍വ്വതോത്തമനായ ഭവാന്‍ ആദരിക്കേണമേ! ആകാശത്തോട്‌ ഉരുമ്മി നിൽക്കുന്ന ശൃംഗശതങ്ങളുള്ള ഭവാന്‍ ഈ വനാന്തരത്തിലോ, മറ്റെവിടെയോ, നളമഹാരാജാവിനെ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്നോടു പറയുക! ഗജേന്ദ്രവിക്രമനും ധീമാനും ദീര്‍ഘബാഹുവും അമര്‍ഷണനും മഹാവീരൃനും മഹായശസ്വിയും നിഷധേശ്വരനുമായ എന്റെ ഭര്‍ത്താവിനെ ഭവാന്‍ എവിടെയെങ്കിലും കാണുകയുണ്ടായോ? ഏകയായി, വിഹ്വലയായി വിലപിക്കുന്ന എന്നെ ദുഃഖിതയായ സ്വന്തം പുത്രിയെ എന്ന പോലെ ഭവാന്‍ എന്തു കൊണ്ടാണ്‌ ആശ്വസിപ്പിക്കാത്തത്‌? അയ്യോ! കഷ്ടം! ഈ പര്‍വ്വത ശ്രേഷ്ഠന്‍ എന്നോട്‌ ഒന്നും മിണ്ടുന്നില്ലല്ലോ. ഹാ! നാഥാ. ധര്‍മ്മജ്ഞനും സത്യവാദിയും വീരവിക്രമനുമായ ഭവാന്‍ ഈ കാട്ടിൽ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഉടനെ എനിക്കു കാണുമാറാകേണമേ! സ്നിഗ്ദ്ധവും ഗംഭീരവും മേഘഗര്‍ജ്ജന തുല്യവും അമൃത തുല്യവുമായ എന്റെ പ്രിയതമന്റെ നാദം ഇനി എന്നാണ്‌ ഞാന്‍ കേള്‍ക്കുക? ഭര്‍ത്താവിന്റെ ആ വിളി, പ്രിയേ! വൈദര്‍ഭി എന്നു സ്പഷ്ടവും ശുഭവും സത്യവും ശോകനാശനവുമായ ആ വിളി, ഇനി ഞാന്‍ എന്നു കേള്‍ക്കും? ഹാ! ധര്‍മ്മവത്സലാ! ഈ ഭീതയായ എന്നെ ആശ്വസിപ്പിക്കേണമേ! പേടിച്ച്‌ അവശയായ എന്നെ എന്റെ ദുഃഖം ശമിപ്പിക്കുന്ന വിധം. വേദമാഹാത്മ്യം ചേര്‍ന്ന വാക്കുകളാല്‍ ഭവാന്‍, ആശ്വാസപ്പെടുത്തിയാലും.

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം ശ്രേഷ്ഠമായ വാക്കുകള്‍ ആ രാജപുത്രി പര്‍വ്വതത്തോടു പറഞ്ഞു. അതിന് ശേഷം ദമയന്തി അവിടെ നിന്ന്‌ എഴുന്നേറ്റ്‌ വീണ്ടും വടക്കോട്ടേക്കായി നടന്നു. മൂന്നു രാപകല്‍ നടന്നതിന് ശേഷം ആ നാരീരത്നം ദിവ്യകാനനത്താല്‍ ശോഭിതവും നിസ്തുലവുമായ ഒരു തപോവനത്തില്‍ ചെന്നു ചേര്‍ന്നു.

വസിഷ്ഠന്‍, ഭൃഗു. അത്രി എന്നിവരെ പോലെ തേജസ്വികളായ താപസന്മാരെ അവിടെ കണ്ടു. സ്വര്‍ഗ്ഗമാര്‍ഗ്ഗത്തെ നോക്കിക്കൊണ്ടു തപസ്സു ചെയ്യുന്ന ജിതേന്ദ്രിയന്മാരായ ആ ഉഗ്രവ്രതന്മാര്‍ ചിലര്‍ കാറ്റും, ചിലര്‍ ശുദ്ധജലവും, ചിലര്‍ ഇലകളും മാത്രം ഭക്ഷിക്കുന്ന മഹാശയന്മാരാണ്‌. മഹാതപസ്വികളായ അവര്‍ മാ൯തോലും മരവുരിയുമാണ്‌ ധരിക്കുന്നത്‌. ആ രമണീയമായ ആശ്രമ മണഡലം കണ്ടപ്പോള്‍ ഭൈമിക്ക്‌ വലുതായ ആശ്വാസമുണ്ടായി. സര്‍വ്വാംഗ സുന്ദരിയും. തേജസ്വിനിയും. അനുഗ്യഹീതയും, അനഘയും, പങ്കജാക്ഷിയും. നീണ്ട വാര്‍കൂന്തലുളളവളും, മഹാമനസ്വിനിയുമായ അവള്‍ ആശ്രമത്തിലെ തപോവൃദ്ധന്മാരെ വിനീതയായി താണു തൊഴുതു. അവര്‍ അവള്‍ക്ക്‌ സ്വാഗതം പറഞ്ഞു. ആ താപസികന്മാര്‍ ദമയന്തിയെ യഥാന്യായം സല്‍ക്കരിച്ചതിന് ശേഷം ഇരിക്കുവാന്‍ പറഞ്ഞു. അവര്‍ എന്താണ്‌ ചെയ്തു തരേണ്ടത്‌ എന്നു ദമയന്തിയോടു ചോദിച്ചു.

ദമയന്തി പറഞ്ഞു: മഹാശയന്മാരായ താപസോത്തമന്മാരേ! ഭവാന്മാര്‍ക്ക്‌ തപസ്സ്‌, അഗ്നി, ധര്‍മ്മങ്ങള്‍ , മൃഗങ്ങള്‍. പക്ഷികള്‍ എന്നിവയെ സംബന്ധിച്ചെല്ലാം കുശലം തന്നെയല്ലേ:സ്വന്തം ധര്‍മ്മാചാര ക്രമങ്ങളിലും കുശലം തന്നെയല്ലേ?

താപസന്മാര്‍ പറഞ്ഞു: ഭദ്രേ ഞങ്ങള്‍ ക്ക്‌ എല്ലാറ്റിലും എല്ലാ പ്രകാരത്തിലും കുശലം തന്നെയാണ്‌. സര്‍വ്വാംഗ സുന്ദരിയായ നീ ആരാണ്‌? ഭവതി എന്തിലേക്കാണ്‌ പുറപ്പെടുന്നത്‌? നിന്റെ ഈ പരമ സൗന്ദര്യവും പരമ തേജസ്സും കണ്ട് ഞങ്ങള്‍ അത്ഭുതപ്പെടുന്നു. നീ എന്തിനാണ്‌ കരയുന്നത്? ദുഃഖം കളയുക! ആശ്വസിക്കുക! എടോ സുഭഗേ, നീ വനദേവതയാണോ? അതോ, പര്‍വ്വതത്തിന്റെ ദേവിയാണോ? അതോ, നദീ ദേവിയാണോ? ഭദ്രേ! സത്യം പറയു! നീ ആരാണ്‌?

ദമയന്തി പറഞ്ഞു: ഞാന്‍ വനത്തിന്റെയോ നദിയുടെയോ ദേവതയല്ല, തപോധനന്മാരേ! ഞാന്‍ കേവലം മാനുഷസ്ത്രീയാണ്‌. അദ്രിയുടെ ദേവതയുമല്ല, നദിയുടെ ദേവതയുമല്ല. ഞാനെന്റെ കഥ വിസ്തരിച്ചു പറയാം. കേട്ടാലും! ഞാന്‍ വിദര്‍ഭ രാജാവായ ഭീമന്റെ പുത്രിയാണ്‌. നിഷധേശ്വരനും ധീമാനും മഹാ യശസ്വിയും വീരനും യുദ്ധവിജയിയും വിദ്വാനുമായ നള മഹാരാജാവാണ്‌ എന്റെ ഭര്‍ത്താവ്‌. ആ നൈഷധന്‍ ദേവപൂജിതനും ബ്രാഹ്മണ വത്സലനും മഹാതേജസ്വിയും മഹാബലനും സത്യസന്ധനും ധര്‍മ്മജ്ഞനും വേദവേദാംഗ പാരംഗതനും ശത്രുഞ്ജയനും ഇന്ദ്രതുല്യദ്യുതിയും പൂർണ്ണേന്ദു മുഖനുമാണ്‌. ആ സതൃധര്‍മ്മനിഷ്ഠനെ അനാര്യന്മാരും ദുരാശയന്മാരുമായ ചില ചതിയന്മാര്‍ ചുതിന് വിളിച്ചു ചതിച്ചു തോല്‍പിച്ച്‌ രാജ്യവും ധനവും മുഴുവന്‍ അപഹരിച്ചിരിക്കുന്നു. ആ നള മഹാരാജാവിന്റെ പത്നിയായ ദമയന്തിയാണ്‌ ഞാന്‍. ഭര്‍ത്തൃ ദര്‍ശന ലാലസയായി വനങ്ങളിലും മലകളിലും പുഴകളിലും പൊയ്കകളിലും ചുറ്റി നടന്ന്‌ അലയുകയാണ്‌ ഞാന്‍. കൃതാസ്ത്രനും രണവിദഗ്ദ്ധനും മഹാത്മാവുമായ എന്റെ ഭര്‍ത്താവിനെ അമ്പേഷിച്ച്‌ ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു. താപസികന്മാരേ! ഭവാന്മാര്‍ വാഴുന്ന ഈ രമണീയ തപോവനത്തില്‍ എങ്ങാനും ആ നിഷധേശ്വരന്‍ വരികയുണ്ടായോ? സിംഹങ്ങളും വ്യാഘ്രങ്ങളും നിറഞ്ഞു ഘോരവും ഭയങ്കരവുമായ ഈ കാനനത്തില്‍ സഞ്ചരിച്ച്‌ ഞാന്‍ ഇങ്ങനെ ഉഗ്രവും ദാരണവുമായി ദുഃഖിക്കാറായത്‌ നളവിയോഗത്താലാണ്‌. അല്പ ദിവസത്തിനുള്ളില്‍ ഞാന്‍ ഭര്‍ത്താവിനെ കാണാതിരുന്നാല്‍ എന്റെ നന്മയ്ക്കു വേണ്ടി ഞാന്‍ ആത്മഹത്യ ചെയ്യാതിരിക്കയില്ല. ആ പുരുഷസത്തമൻ ഇല്ലെങ്കിൽ എനിക്കു ജിവന്‍ കൊണ്ട്‌ എന്തു ഫലമാണുള്ളത്‌; ഭര്‍ത്തൃ ശോകാര്‍ത്തയായ ഞാന്‍ ഈ നിലയില്‍ ജിവിച്ചിട്ടെന്തു കാര്യം ഭീതയായി ഇങ്ങനെ വിലപിക്കുന്ന ഭീമ പുത്രിയായ ദമയന്തിയോട്‌ സത്യവാക്കുകളായ മുനിമാര്‍ ഇങ്ങനെ പറഞ്ഞു.

താപസന്മാര്‍ പറഞ്ഞു: ശുഭേ! ഭവതിക്കു മേലാല്‍ മംഗളം ഭവിക്കും. നീ താമസിയാതെ നിഷധ രാജാവിനെ കാണുമെന്ന്‌ തപശ്ശക്തി കൊണ്ടു ഞങ്ങള്‍ അറിയുന്നു. നിഷധാധിപനും ശത്രുഘാതിയും ധര്‍മ്മിഷ്ഠനുമായ നളനെ നീ സസന്തോഷം ദര്‍ശിക്കും. എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തനായി, എല്ലാ ധനങ്ങളും നേടി, ശത്രുക്കള്‍ക്കു ഭയകര്‍ത്താവും മിത്രങ്ങള്‍ക്കു ശോകനാശകനുമായി ആ നിഷധരാജ്യത്തെ പരിപാലിക്കുന്ന നിലയില്‍, കല്യാണശീലനായ നളനെ നിശ്ചയമായും നിനക്കു കാണാന്‍ കഴിയും.

ബൃഹദശ്വന്‍ പറഞ്ഞു: നളന്റെ പ്രിയതമയോട് ഇത്രയും പറഞ്ഞു കഴിഞ്ഞ ഉടനെ ആ താപസികന്‍മാര്‍ ആശ്രമത്തോടു കൂടി തന്നെ മറഞ്ഞു പോയി. ഈ മഹത്തായ ആശ്ചര്യം കണ്ട്‌ ദമയന്തി അത്ഭുതപ്പെട്ടു.

ദമയന്തി പറഞ്ഞു: ഞാന്‍ ഇവിടെ കണ്ടത്‌ സ്വപനമാണോ? അഥവാ ഇതും വിധി വൈചിത്രൃമാണോ? ആ താപസന്മാരൊക്കെ എവിടെ പോയി? ആ ആശ്രമമെവിടെ? പക്ഷികുലങ്ങളാല്‍ ആകുലവും രമണീയവും പുണൃജല പൂര്‍ണ്ണവുമായ ആ പുഴയെവിടെ? മനോഹരമായ പുഷ്പഫലങ്ങളാല്‍ ശോഭിതമായ വൃക്ഷലാലങ്ങൾ എവിടെ പോയി?

ബൃഹദശ്വന്‍ പറഞ്ഞു: ഈ അത്ഭുതത്തെപ്പറ്റി അവള്‍ കുറെ സമയം ചിന്തിച്ചു നിന്നു. ഭര്‍ത്ത്യശോകത്തില്‍ മുഴുകിയ ദമ:യന്തി വിവര്‍ണ്ണയായി വീണ്ടും കേഴുവാന്‍ തുടങ്ങി. അവള്‍ ആ സ്ഥലത്തു നിന്നു കണ്ണുനീരിൽ കുളിച്ചു മറ്റൊരിടത്തേക്കു നടന്നു. കളനാദം പൊഴിക്കുന്ന പക്ഷികള്‍ നിറഞ്ഞു മനോജ്ഞമായി തളിര്‍ത്തു പൂത്തു നിൽക്കുന്ന അശോക വൃക്ഷത്തെ കണ്ട്‌ ദമയന്തി അതിന്റെ സമീപത്ത് ചെന്നു.

ദമയന്തി പറഞ്ഞു: തളിരു തൂങ്ങി ഭംഗിയോടു കൂടി വിഹംഗങ്ങള്‍ നിറഞ്ഞ്‌ അഴകോടെ പൂത്തു നിൽക്കുന്ന ശ്രീമാനായ അശോകമേ! എന്നെ ഭവാന്‍ ഉടനെ ശോക വിഹീന ആക്കിയാലും. ഭയമോ, ശോകമോ., ബാധയോ കൂടാതെ ഭവാന്‍ ദമയന്തീ പ്രിയനായ നള ഹാരാജാവിനെ കാണുകയുണ്ടായോ? കീറിയ മുണ്ടു ചുറ്റിയ ആ സുകുമാര കളേബരനെ, ആ ദുഃഖാര്‍ദ്ദിതനെ, എന്റെ ഭര്‍ത്താവിനെ ഈ കാട്ടില്‍ ഭവാന്‍ കാണുകയുണ്ടായോ? എടോ, അശോകമേ! ഭവാന്‍ എന്നെ അശോകയാക്കുക. ഭവാന്‍ സ്വന്തം നാമം അര്‍ത്ഥവത്താക്കുക.

ബൃഹദശ്വന്‍ പറഞ്ഞു: ആ അശോകത്തെ മൂന്നു വട്ടം വലംവെച്ച്‌, അവള്‍ ആ വനത്തിന്റെ കൂടുതല്‍ ഭീകരമായ ഭാഗത്തേക്കു കടന്നു. പല വൃക്ഷങ്ങളും പല പുഴകളും പലതരം പക്ഷികളും പല ഗുഹകളും പല താഴ്വരകളും കടന്ന്‌ ഭര്‍ത്താവിനെ തേടി ദമയന്തി ബഹുദൂരം സഞ്ചരിച്ചു. അങ്ങനെ അവള്‍ ഒരു നദീ തീരത്തെത്തി. ശുഭ്രയായ ആ നദി പരന്നൊഴുകുന്നു. അവിടെ യശസ്വിനിയായ നളപത്നി, ആന, തേര്‍, കുതിരകളോട് കൂടിയ ഒരുവലിയ ജനസമൂഹത്തെ കണ്ടു. അവള്‍ അങ്ങോട്ടു നടന്നു. കീറിയ ഒരു വസ്ത്രം ചുറ്റി, അഴിഞ്ഞുലഞ്ഞു പൊടിപുരണ്ട തലമുടിയോടു കൂടി ശോകാര്‍ത്തയായി. കൃശയായി, മലിനയും വിവര്‍ണ്ണയുമായി ഒരു ഭ്രാന്തിയെ പോലെ വരുന്ന ദമയന്തിയെ കണ്ട്‌ ആ ജനക്കൂട്ടത്തില്‍ നിന്നു ചിലര്‍ ഭയപ്പെട്ട്‌ ഓടിക്കളഞ്ഞു. മറ്റു ചിലര്‍ നിന്ന നിലയില്‍ നിന്നു നിലവിളിച്ചു. ചിലര്‍ ഇവള്‍ ആരെന്നറിയാതെ അമ്പരന്നു നിന്നു. വേറെ ചിലര്‍ അവളുടെ വൈകൃതം നോക്കി പരിഹസിച്ചു. മറ്റു ചിലര്‍ അവളുടെ സൗന്ദര്യം നോക്കി അസൂയപ്പെട്ടു. അല്പം ചിലര്‍ക്ക്‌ അവളില്‍, അനുകമ്പയുണ്ടായി.

അവര്‍ അവളുടെ അരികെ ചെന്നു ചോദിച്ചു: ഭവതി ആരാണ്‌? ആരുടെയാണ്‌? ഈ കാട്ടില്‍ എന്താണു ഭവതി അന്വേഷിക്കുന്നത്‌? ഭവതിയെ കണ്ടിട്ടു ഞങ്ങള്‍ക്ക്‌ അനുതാപം തോന്നുന്നു. ഭവതി മാനുഷിയല്ലേ? ഭവതി വനദേവതയാണോ? ദിക്കുകളുടെ ദേവിയാണോ? പര്‍വ്വതത്തിന്റെ ദേവിയാണോ? സത്യം പറഞ്ഞാലും! ശുഭാംഗിയായ ഭവതിയെ ഞങ്ങള്‍ ശരണം പ്രാപിക്കുന്നു. ഭവതി യക്ഷിയാണോ? രാക്ഷസിയാണോ? വരാംഗനയാണോ? ആരായാലും ഞങ്ങളെ ദേവി രക്ഷിച്ചാലും! ഈ വണിക്കുകളുടെ സംഘം ക്ഷേമത്തോടെ ഇവിടം വിട്ടു പോകുവാന്‍ ഭവതി അനുഗ്രഹിച്ചാലും! അവരിങ്ങനെ ചോദിച്ചപ്പോള്‍ പതിവ്രതയും ശോകാര്‍ത്തയുമായ ആ രാജകുമാരി ദമയന്തി, ഇങ്ങനെ മറുപടി പറഞ്ഞു.

ദമയന്തി പറഞ്ഞു: ഹേ, സാര്‍ത്ഥവാഹക സംഘനേതാവേ, നിങ്ങള്‍ കച്ചവടക്കാരും യുവാക്കളും വൃദ്ധരും കുട്ടികളും മനസ്സിലാക്കൂ!

ഞാന്‍ ഒരു മാനുഷിയാണ്‌. രാജപുത്രിയും രാജസ്നുഷയും രാജപത്നിയുമാണ്‌. ഞാന്‍ ഭര്‍ത്താവിനെ തേടി. ഈ വഴിക്കു വന്നതാണ്‌. എന്റെ പിതാവ്‌ വിദര്‍ഭ രാജാവും ഭര്‍ത്താവ്‌ നിഷധ രാജാവായ നളനുമാണ്‌. അപരാജിതനും മഹാഭാഗനുമായ നള മഹാരാജാവിന്റെ പത്നിയാണ്‌ ഞാന്‍. ഞാന്‍ കാട്ടില്‍ അദ്ദേഹത്തെ അന്വേഷിക്കുകയാണ്‌. നിങ്ങളെങ്ങാനും ആ പുരുഷവ്യാഘ്രനെ കണ്ടിട്ടുണ്ടെങ്കില്‍ ആ പ്രിയവൃത്താന്തം എന്നോടു പറഞ്ഞാലും

ബൃഹദശ്വന്‍ പറഞ്ഞു: ഇതു കേട്ടപ്പോള്‍ സാര്‍ത്ഥവാഹക സംഘത്തിന്റെ നേതാവായ ശുചി മറുപടി പറഞ്ഞു.

ശുചി പറഞ്ഞു: ശോഭനേ, ഞാന്‍ ഈ കച്ചവട സംഘത്തിന്റെ നേതാവാണ്‌. നളനെന്നു പേരായ ഒരാളേയും ഞാന്‍ ഈ കാട്ടില്‍ കണ്ടില്ല. മനുഷ്യ സഞ്ചാരത്തിന് പറ്റാത്ത ഈ കാട്ടില്‍ ആന, സിംഹം, പുലി, കരടി, പോത്ത്‌, മാന്‍ മുതലായ വന്യ ജന്തുക്കളെയല്ലാതെ മറ്റാരെയും ഞാന്‍ കണ്ടില്ല! ഭവതിയൊഴികെ മറ്റൊരു മനുഷ്യനേയും ഞങ്ങള്‍ ഈ കാട്ടില്‍ കണ്ടിട്ടില്ല. ഞങ്ങളുടെ കുലദൈവവും യക്ഷരാജനുമായ മണിഭദ്രന്‍ ഞങ്ങളില്‍ പ്രസാദിക്കട്ടെ. ആ യക്ഷനാണെ, ഞാന്‍ പറഞ്ഞതു സത്യമാണ്‌.

സാര്‍ത്ഥവാഹകസംഘനേതാവ്‌ ഇപ്രകാരം പറഞ്ഞതുകേട്ട്‌ അവള്‍ ചോദിച്ചു: ഹേ സാര്‍ത്ഥവാഹകരേ, ഈ സാര്‍ത്ഥം ഏതു രാജ്യത്തേക്കാണു പോകുന്നത്‌?

സാര്‍ത്ഥവാഹകന്‍ പറഞ്ഞു: ഹേ മഹാരാജപുത്രീ, സുബാഹു എന്നു വിഖ്യാതനും സത്യവാനുമായ ചേദി രാജാവിന്റെ രാജ്യത്തു കച്ചവടത്തിനായിട്ടാണ്‌ ഞങ്ങള്‍ പോകുന്നത്‌.

65. നളോപാഖ്യാനം - ദമയന്തിയുടെ ചേദിരാജഗ്യഹ വാസം - ബൃഹദശ്വന്‍ പറഞ്ഞു: സുന്ദരിയായ ദമയന്തി സാര്‍ത്ഥവാഹകന്മാര്‍ പറഞ്ഞതു കേട്ട്‌ സ്വകാന്തനെ കാണുവാനുള്ള ഉത്കണ്ഠയോടെ അവരുടെ കൂടെ പുറപ്പെട്ടു. വളരെ ദിവസം സഞ്ചരിച്ചതിന് ശേഷം അവര്‍ ഭയങ്കരമായ ഒരു കാനനത്തില്‍ ചെന്നു ചേര്‍ന്നു. അവിടെ സുഗന്ധമുള്ള താമര നിറഞ്ഞ ഒരു വലിയ തടാകം കണ്ടു. നിര്‍മ്മലവും ശീതളവുമായ ജലം അതില്‍ നയന മോഹനമായി നിറഞ്ഞു നിൽക്കുന്നു. ഫലങ്ങളും പുഷ്പങ്ങളും സമൃദ്ധമായും, പുല്ലും വിറകും വേണ്ടുവോളവും അവിടെ കിട്ടും. പക്ഷികളുടെ നിനദത്തോടു കൂടി യ ആ പ്രകൃതി രമണീയമായ പ്രദേശത്ത്‌ ആ പരിശ്രാന്തന്മാര്‍ വിശ്രമിക്കുവാന്‍ നിശ്ചയിച്ചു. സാര്‍ത്ഥവാഹകന്റെ അനുമതിയോടു കൂടി അവര്‍ സായാഹ്നത്തില്‍ ആ ഉത്തമ വനത്തില്‍ തന്നെ പാര്‍ത്തു. അര്‍ദ്ധരാത്രി ആയപ്പോള്‍ സര്‍വ്വദിക്കിലും നിശ്ശബ്ദമായി. വണിക്കുകളൊക്കെ തളര്‍ന്ന്‌ നിദ്രാവശഗരായി. ആ സമയത്ത്‌ പൊയ്കയില്‍ നിന്നു വെള്ളം കുടിക്കുവാനായി ഒരു വലിയ ഗജയൂഥം ആ വഴിയേ വന്നു. പെട്ടെന്ന്‌ അവ വണിക്കുകളുടെ ആനകളെ കണ്ട്‌. ആ കാട്ടാനകള്‍ മദോത്കടമായി പാഞ്ഞു വന്നു. പര്‍വ്വത ശിഖരത്തില്‍ നിന്നു വീഴുന്ന വന്‍പാറകള്‍ പോലെ ആ കാട്ടാനകള്‍ സാര്‍ത്ഥത്തിന് ഇടയില്‍ കുതിച്ചു ചാടി. ആനക്കൂട്ടം ഇളകുകയാല്‍ കാട്ടുവഴികള്‍ കാണാത്ത മട്ടായി. തടാകത്തിലേക്കുള്ള വഴിയില്‍ നിരന്നു കിടന്നുറങ്ങുന്ന വര്‍ത്തകന്മാരെ ആനകള്‍ ചവിട്ടിച്ചതച്ചു. രക്ഷയ്ക്കായി ഓടുന്ന സാര്‍ത്ഥകന്മാര്‍ ഹാ! ഹാ! എന്നു നിലവിളിച്ചു. ഉറക്ക ഭ്രാന്തോടെ ചിലര്‍ മരപ്പടര്‍പ്പിന് ഇടയിലേക്കു പാഞ്ഞു. ഉറങ്ങിക്കിടന്ന നിലയില്‍ തന്നെ ചിലരെ ആനകള്‍ കൊമ്പു കൊണ്ടും, ചിലരെ തുമ്പിക്കൈ കൊണ്ടും, ചിലരെ കാലു കൊണ്ടും കൊന്നു. കുതിരകളും ഒട്ടകങ്ങളും വളരെ ചത്തു വീണു. എവടേക്ക് എന്നില്ലാതെ ഭയപ്പെട്ട്‌ ഓടുമ്പോള്‍ തമ്മില്‍ കൂട്ടിമുട്ടുകയാല്‍ ചിലര്‍ അയ്യോ! എന്നു നിലവിളിച്ചു വീണു പോയി. സംഭ്രമത്തോടെ മരത്തിന്മേല്‍ കയറുമ്പോള്‍ പിടിവിട്ടു താഴെവീണു മരിച്ചവരും വളരെയുണ്ടായി. ഇങ്ങനെ വനഗജയൂഥങ്ങളുടെ ആക്രമണത്താല്‍ ആ സാര്‍ത്ഥമണ്ഡലം നിശ്ശേഷം നശിച്ചു. അതിഭീകരമായ ആര്‍ത്താലാപമാണ്‌ അപ്പോള്‍ മുഴങ്ങിയത്‌; "അയ്യോ! തീ എരിയുന്നു! ഓടുവിന്‍! രക്ഷപ്പെടുവിന്‍", എന്നും, "ഇതാ രത്നങ്ങളൊക്കെ ചിതറിയിരിക്കുന്നു. അതെടുക്കുവിന്‍! ഓടരുതേ", എന്നും മറ്റും പലരും വിളിച്ചു പറഞ്ഞു. ഭയചകിതരായി വാണിഭക്കാര്‍ അങ്ങുമിങ്ങും പാഞ്ഞു.

ഈ ഭയങ്കരമായ നാശം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ പേടിച്ചു വിറച്ച്‌ ദമയന്തി ഉണര്‍ന്നു. അഖില ലോക ഭയങ്കരമായ ആ ഘോരനാശം അവള്‍ കണ്ടു. താന്‍ മുമ്പു കണ്ടിട്ടില്ലാത്ത ഈ ദുരവസ്ഥ കണ്ട്‌ ഭൈമി അമ്പരന്ന്‌ അസ്വസ്ഥയായി നിന്നു. സാര്‍ത്ഥത്തില്‍ രക്ഷപ്പെട്ടവര്‍ ഒരു സ്ഥലത്തു ചെന്നു കൂടി, എങ്ങനെ ഈ ഭയങ്കരമായ ആപത്തു സംഭവിച്ചു എന്നുള്ള ആലോചനയിലായി.

ചിലര്‍ പറഞ്ഞു: മഹായശസ്വിയായ മണിഭദ്രനേയും, യക്ഷരാജാവായ വൈശ്രവണനേയും പൂജിച്ചിട്ടുണ്ടാകയില്ല; തീര്‍ച്ചയാണ്‌. അതാണ്‌ ഈ അപത്തു സംഭവിക്കുവാന്‍ കാരണം. അല്ലെങ്കില്‍ ആരംഭത്തില്‍ വിഘ്നനാഥന്മാരെ പൂജിച്ചിരിക്കയില്ല. അല്ലെങ്കില്‍ ദുശ്ശകുന ഫലമായിരിക്കും. ഗ്രഹങ്ങള്‍ നമുക്കു പിഴച്ചിട്ടില്ലല്ലോ. പിന്നെയെങ്ങനെ ഇതു സംഭവിച്ചു? ഈ വര്‍ത്തമാനം കേട്ടപ്പോള്‍ മറ്റു ചിലര്‍ പറഞ്ഞു: ധനമൊക്ക നഷ്ടപ്പെട്ട്‌ ബന്ധുക്കളില്‍ നിന്നു വേര്‍പെട്ട്‌ അമാനുഷ വേഷത്തില്‍ വികൃതാകാരയായി ഉന്മാദിനിയെ പോലെ ഒരുവള്‍ ഈ സാര്‍ത്ഥത്തില്‍ ദീനയായി വന്നു കൂടിയിട്ടില്ലയോ? അവള്‍ കാണിച്ച മഹാ ദാരുണമായ മായയാണ്‌ ഇത്‌. അവള്‍ തീര്‍ച്ചയായും ഭയങ്കര രാക്ഷസിയാണ്‌. അല്ലെങ്കില്‍ പിശാചാണ്‌. ഇവിടെ ഈ ആപത്തൊക്കെ അവളാണു വരുത്തി കൂട്ടിയത്‌. അതില്‍ ഒട്ടും സംശയമില്ല. ഈ സാര്‍ത്ഥത്തെ നശിപ്പിച്ച്‌ നമുക്ക്‌ അല്ലലുണ്ടാക്കിയ ആ ദുഷ്ടയെ കണ്ടുകിട്ടിയാല്‍ കല്ലു കൊണ്ട്‌ എറിയണം. ചൂരല്‍ കൊണ്ട്‌ അടിക്കണം. മണ്ണുവാരി എറിയണം. വിറകിന്‍ മുട്ടി കൊണ്ടു ചതയ്ക്കണം. കൈമുട്ടു കൊണ്ട്‌ ഇടിക്കണം. അങ്ങനെ ആ സാര്‍ത്ഥ കൃത്തികയെ തീര്‍ച്ചയായും കൊല്ലണം. ഭയങ്കരമായ ഈ വാക്കു കേട്ട്‌ അവള്‍ നാണിച്ചും ഭയപ്പെട്ടും മനസ്സുഴറി കാട്ടിനുള്ളിലേക്ക്‌ ഓടി. അവള്‍ തന്നത്താന്‍ പരിദേവനം ചെയ്തു.

ദമയന്തി പറഞ്ഞു: ദൈവം എത്ര ദാരുണമായ പ്രവൃത്തിയാണ്‌ എന്നില്‍ ചെയ്യുന്നത്‌! ഇവിടേയും എനിക്കു കുശലം ലഭിക്കുന്നില്ലല്ലോ! ഏതു പാപ കര്‍മ്മത്തിന്റെ ഫലമാണ് ഇതെല്ലാം?എന്റെ മനസ്സില്‍ അശുഭ വിചാരം ഇന്നേവരെ ഉണ്ടായിട്ടില്ല. മനസ്സു കൊണ്ടോ വാക്കു കൊണ്ടോ ശരീരം കൊണ്ടോ ആര്‍ക്കും ഞാന്‍ ഒരു ലേശവും ദോഷം ചെയ്തിട്ടില്ല. പിന്നെ ഏതു കര്‍മ്മത്തിന്റെ ഫലം മൂലമാണ്‌ ഈ ആപത്തുകള്‍ എനിക്കു സംഭവിക്കുന്നത്‌? അയ്യോ! ഭയങ്കരമായ ആപത്ത്‌ എന്നെ പിന്തുടരുന്നുവല്ലോ! നിശ്ചയമായും ഇത്‌ എന്റെ പൂര്‍വ്വജന്മ പാപഫലമാണ്‌. ഭര്‍ത്താവിനുണ്ടായ രാജ്യനഷ്ടം, സ്വജനത്തിന് നേരിട്ട പരാജയം, സ്വന്തം മക്കളുടെ വേര്‍പാട്‌, ഭര്‍ത്താവിന്റെ വേര്‍പാട്‌, അനാഥയായി സിംഹവ്യാഘ്ര സങ്കുലമായ കാനനത്തില്‍ അലഞ്ഞു തിരിയല്‍, ഇങ്ങനെ ഒന്നിനു പിന്നെ ഒന്നായി വന്നു കൊണ്ടിരിക്കുന്ന ആപത്തിന് ഒരു അതിരു കാണുന്നില്ല.

ബൃഹദശ്വന്‍ പറഞ്ഞു: പിറ്റേന്ന്‌ ആ സംഘത്തില്‍ അവശേഷിച്ചവര്‍ ആ നാശം സംഭവിച്ചു സ്ഥലം വിട്ടു. തങ്ങള്‍ക്കു വന്നുചേര്‍ന്ന ആപത്തിനെ പറ്റി ദുഃഖിച്ചു തങ്ങളുടെ അച്ഛന്‍, ഭ്രാതാക്കള്‍ , മക്കള്‍ , സ്നേഹിതന്മാര്‍ എന്നിവര്‍ മരിച്ചു പോയതോര്‍ത്ത്‌ വിലപിച്ചു കൊണ്ട്‌ കടന്നു പോകുന്നതു കണ്ട്‌ വിദര്‍ ഭരാജകുമാരി ഇങ്ങനെ പറഞ്ഞു കരയുവാന്‍ തുടങ്ങി.

ദമയന്തി പറഞ്ഞു: ഈ വിജനമായ കാനനത്തിൽ എനിക്കു സഹായമായി ലഭിച്ച ഈ സാര്‍ത്ഥത്തെ ഗജയൂഥം പാഞ്ഞുവന്ന് ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതും എന്റെ ദുര്‍ഭാഗ്യം തന്നെ! ആ സാര്‍ത്ഥകന്മാരില്‍ മരിക്കാതെ അവശേഷിച്ചവര്‍ തങ്ങള്‍ക്കുണ്ടായ ഘോര നാശത്തെപ്പറ്റി ഓര്‍ത്തു ദുഃഖിക്കുന്നു. അച്ഛന്‍ മരിച്ചവരും, സഹോദരന്‍ മരിച്ചവരും, പുത്രന്‍ മരിച്ചവരും, സഖാവു മരിച്ചവരും ആയി പലരും ഓര്‍ത്തോര്‍ത്ത്‌ വിലപിച്ചു പോകുന്നത്‌ എന്റെ ഹൃദയം പിളരുന്ന വിധം ഞാന്‍ കണ്ടു നില്ക്കേണ്ടി വന്നു. ആ ആനക്കുട്ടം ദുഃഖിതയായ എന്നെ എന്തു കൊണ്ടു ചവിട്ടി കൊന്നില്ല കാലമാകാതെ ആർക്കും ചാകുവാന്‍ പറ്റുകയില്ല എന്നാണല്ലോ വൃദ്ധന്മാര്‍ പറയുന്നത്‌. എത്രകാലം ഞാന്‍ ഇങ്ങനെ ദുഃഖിച്ചു കഴിയും? ദൈവഹിതം ആരു കണ്ടു? മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ഏതു സംഭവവും ദൈവം കല്‍പിക്കുന്നതാണ്‌. എന്റെ കര്‍മ്മദോഷം കൊണ്ടാണ്‌ഈ ആപത്തൊക്കെ സംഭവിക്കുന്നത് എന്ന്‌ എനിക്കു തോന്നുന്നില്ല. ബാലൃത്തിലെ കളികള്‍ക്കിടയില്‍ പോലും പാപം ഒന്നും ചെയ്യാത്തവളാണു ഞാന്‍. എന്തു കൊണ്ടാണ്‌ എനിക്ക്‌ ഈ ദുഃഖമുണ്ടായത്‌? സ്വയംവര കാലത്ത്‌ എന്നെ കാമിച്ച ലോകപാലകന്മാരെ നള രാജാവിന് വേണ്ടി ഞാന്‍ പരിത്യജിച്ചു. അവരുടെ പ്രഭാവത്താലായിരിക്കാം ഈ ഘോരമായ ഭര്‍ത്തൃവിയോഗം എനിക്കുണ്ടായത്‌ എന്നു ഞാന്‍ വിചാരിക്കുന്നു.

ബൃഹദശ്വൻ പറഞ്ഞു: ഇങ്ങനെ ഭൈമി പലതും പറഞ്ഞു വിലപിക്കുമ്പോള്‍ ആ സാര്‍ത്ഥ വാഹകരില്‍ ചാവാതെ അവശേഷിച്ചു വേദജ്ഞരായ ബ്രാഹ്മണര്‍ ആ വഴിക്കു വരികയാല്‍ അവരുടെ കൂടെ ശരത്ചന്ദ്രലേഖ പോലെ അവള്‍ പുറപ്പെട്ടു. കുറെനാള്‍ നടന്നതിന് ശേഷം ഒരു സായാഹത്തില്‍ സത്യദര്‍ശിയായ സുബാഹു എന്ന ചേദി രാജാവിന്റെ മഹാ നഗരത്തില്‍ ചെന്നു ചേര്‍ന്നു. കീറത്തുണി ഉടുത്ത്‌ അഴിഞ്ഞു ചിതറിയ തലമുടിയോടു കൂടി കൃശയും വിഹ്വലയും ദീനയുമായി ഉന്മത്തയെ പോലെ നടക്കുന്ന ദമയന്തിയെ പുരവാസികള്‍ വിസ്മയത്തോടെ നോക്കി. ഗ്രാമത്തിലെ കുട്ടികള്‍ കൗതുകത്തോടെ അവളെ പിന്തുടര്‍ന്നു. ചുറ്റും ആള്‍ക്കൂട്ടത്തോടു കൂടി കൊട്ടാരത്തിന് അരികെ എത്തിയ ദമയന്തിയെ മാളിക മുകളില്‍ നിന്നിരുന്ന രാജമാതാവു കണ്ടു. ഉടനെ അവളെ തന്റെ മുമ്പില്‍ കൂട്ടിക്കൊണ്ടു വരുവാന്‍ ധാത്രിയെ നിയോഗിച്ചു.

രാജമാതാവു പറഞ്ഞു: എടോ ധാത്രി! നീ പോയി ആ സ്ത്രീയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരൂ! ശരണാര്‍ത്ഥിയും ദുഃഖിതയുമായ ആ ബാല ആള്‍ക്കൂട്ടത്തില്‍ ക്ലേശിക്കുന്നു. വേഷം ഒരു ഉന്മാദിനിയുടെ ആണെങ്കിലും അവളുടെ വിശാല നയനങ്ങള്‍ കാണുമ്പോള്‍ ലക്ഷ്മീദേവിയെ പോലെ സൗന്ദരൃവതിയും കല്യാണ ശീലയുമായി എനിക്കു തോന്നുന്നു. അവളെ ഇങ്ങോട്ട് കൊണ്ടു വരു! അവള്‍ എന്റെ ഗൃഹത്തെ ശോഭിപ്പിക്കട്ടെ.

ബൃഹദശ്വന്‍ പറഞ്ഞു: ധാത്രി രാജമാതാവിന്റെ കല്പന പ്രകാരം വേഗത്തില്‍ ചെന്നു ജനക്കൂട്ടത്തെ മാറ്റി, ദമയന്തിയെ വിളിച്ച്‌ മനോഹരമായ മാളിക മുകളിലേക്ക്‌, രാജമാതാവിന്റെ മുമ്പിലേക്കു കൂട്ടിക്കൊണ്ടു പോയി. ഹേ രാജാവേ, അത്ഭുത സ്തിമിതയായി ധാത്രി ദമയന്തിയോട് ഇങ്ങനെ ചോദിച്ചു.

ധാത്രി പറഞ്ഞു: എടോ, ബാലേ നീ വലിയ ദുഃഖത്തില്‍ അകപ്പെട്ടിരിക്കു കയാണെന്നു ഞാന്‍ വിചാരിക്കുന്നു. എന്നാലും നിന്റെ രൂപസൗന്ദര്യം മഹത്തായിരിക്കുന്നു. ഈ വികൃത വേഷത്തിനിടയില്‍ ആ സൗന്ദര്യം മഴക്കാറിനിടയില്‍ മിന്നല്‍പ്പിണര്‍ പോലെ വിളങ്ങിക്കാണുന്നു. നീ ആരാണ്‌? ആരുടെയാണ്‌?ഭൂഷണങ്ങളൊന്നും അണിഞ്ഞിട്ടില്ലെങ്കിലും നിന്റെ രൂപം അമാനുഷമായി പ്രശോഭിക്കുന്നു. നിസ്സഹായയാണു നീയെങ്കിലും ഈ ജനങ്ങളുടെ നിന്ദ്യമായ ദ്രോഹം നിന്നെ ഒട്ടും കുപിതയാക്കിയില്ല. അപ്രകാരം ദിവ്യ രൂപിണിയായ നീ ആരാണ്‌?

ധാത്രിയുടെ ഈ വാക്കുകള്‍ കേട്ട്‌ ഭീമപുത്രി ഇങ്ങനെ മറുപടി പറഞ്ഞു.

ദമയന്തി പറഞ്ഞു: ഞാന്‍ ഒരു മാനുഷി തന്നെയാണ്‌. ഭര്‍ത്താവിനെ എപ്പോഴും അനുവര്‍ത്തിക്കുന്ന ജോലി ചെയ്തുഉ പജീവനം കഴിക്കുന്ന ഒരു കുലീന സ്ത്രീയാണു ഞാന്‍. ഇഷ്ടംപോലെ ഇടംമാറി താമസിക്കുന്നവളായ ദാസിയുമാണു ഞാന്‍. ഫലമൂലാദികളും ഭക്ഷിച്ച്‌ സായാഹ്നത്തില്‍ ചെന്നെത്തുന്നിടത്ത്‌ കിടന്ന്‌ അങ്ങനെ കഴിഞ്ഞു കൂടുകയാണ്‌ ഞാന്‍ ഇപ്പോള്‍. എന്റെ ഭര്‍ത്താവ്‌ സീമാതീത ഗുണങ്ങളോടു കൂടി യവനാണ്‌. എപ്പോഴും അദ്ദേഹം എന്റെ ഹിതം പോലെ പ്രവര്‍ത്തിക്കുന്ന ദയിതനാണ്‌. അദ്ദേഹത്തെ നിഴല്‍ പോലെ പിന്തുടരുന്ന ഭക്തയാണു ഞാന്‍. ദൈവവിധിയാല്‍ അദ്ദേഹത്തിന് ചൂതുകളിയില്‍ ഏര്‍പ്പെടേണ്ടതായി വന്നു കൂടി. ആ ചൂതുകളിയില്‍ അദ്ദേഹം പരാജിതനായി, ഏകനായി കാടുകയറി. ഉന്മത്തനെ പോലെ വിഹ്വലനായി ഒറ്റവസ്ത്രം ധരിച്ച്‌ കാട്ടിലേക്കു പോകുന്ന എന്റെ ഭര്‍ത്താവിനെ കണ്ട്‌ അദ്ദേഹത്തെ സമാശ്വസിപ്പിക്കുവാന്‍ ഞാനും കൂടെ കാട്ടിലേക്കു പോയി. ഒരു ദിവസം വനത്തില്‍ വെച്ചു വിശന്നു തളര്‍ന്ന്‌, ബുദ്ധി കെട്ടിട്ടോ മറ്റു കാരണത്താലോ എന്നറിയുന്നില്ല, ആ വീരന്‍ തന്റെ ഒറ്റവസ്ത്രം പോലും വെടിഞ്ഞ്‌ നഗ്നനായി ഉന്മത്തനെ പോലെ മനസ്സുഴറി, ചുറ്റിത്തിരിയുന്ന എന്റെ ഭര്‍ത്താവിനെ ഞാന്‍ നിദ്രയും വെടിഞ്ഞ്‌, ഏകവസ്ത്രയായി, വളരെ നാള്‍ പിന്തുടര്‍ന്നു നടന്നു. ഒരു ദിവസം ഞാന്‍ തളര്‍ന്ന്‌ ഉറങ്ങി പോയി. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം എന്റെ വസ്ത്രത്തില്‍ നിന്നു പകുതി ഭാഗം മുറിച്ചെടുത്ത്‌ അപരാധമൊന്നും ചെയ്യാത്ത എന്നെ വിട്ട്‌ എങ്ങോട്ടോ പോയി. അതിന് ശേഷം ഞാന്‍ ഭര്‍ത്താവിനെ തിരഞ്ഞു രാവും പകലും മനസ്സു നീറി നീറി ഇങ്ങനെ ചുറ്റുകയാണ്‌. എന്റെ പ്രാണനാഥനെ, എന്റെ പ്രഭുവിനെ, ആ പത്മാഭപ്രദനെ കാണാതെ എന്റെ മനസ്സിന് ലേശവും ശാന്തി കിട്ടാതായി എന്നു തൊണ്ടയിടറി പറഞ്ഞ്‌ ദുഃഖാര്‍ത്തയായി കരയുന്ന ഭൈമിയോട്‌ രാജമാതാവിന് അലിവു തോന്നി.

രാജമാതാവു പറഞ്ഞു: എടോ ശോഭനേ, നീ എന്നോടു കൂടി പാര്‍ത്തു കൊള്ളുക. എനിക്കു നിന്നില്‍ ഏറ്റവും പ്രീതി ഉണ്ടായിരിക്കുന്നു. നിന്റെ ഭര്‍ത്താവിനെ തിരഞ്ഞു പിടിക്കുവാന്‍ എന്റെ ഭൃത്യന്മാരെ ഞാന്‍ വിടാം. അങ്ങുമിങ്ങും ചുറ്റിത്തിരിയുന്ന അദ്ദേഹം തന്നെത്താനേ ഈ നഗരത്തിലും വന്നേക്കാം. നീ ഇവിടെ തന്നെ പാര്‍ത്തു കൊള്ളുക. താമസിയാതെ നിനക്ക്‌ ഭര്‍ത്താവിനെ കാണുവാന്‍ സാധിക്കും. ഇവിടെ പാര്‍ക്കുന്ന നിനക്ക്‌ ര്‍ത്താവിനെ കണ്ടുകിട്ടും. രാജമാതാവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ ദമയന്തി പറഞ്ഞു.

ദമയന്തി പറഞ്ഞു: അല്ലയോ വീരമാതാവേ! പ്രത്യേകമായ ഒരു കരാറു പ്രകാരമല്ലാതെ എനിക്ക്‌ ഇവിടെ പാര്‍ക്കുവാന്‍ നിവ്യത്തിയില്ല. ഉച്ഛിഷ്ടം ഭുജിക്കുകയോ അന്യരുടെ കാല്‍ കഴുകുകയോ അന്യപുരുഷന്മാരോടു സംസാരിക്കുകയോ ഞാന്‍ ചെയ്യുകയില്ല. ആരെങ്കിലും ഒരുത്തന്‍ എന്നെ കാമിച്ചു വന്നാല്‍ ഭവതി അവന് ശിക്ഷ കൊടുക്കണം. പിന്നെ, വീണ്ടും വീണ്ടും നിര്‍ബ്ബന്ധിച്ചാല്‍ ആ ദുര്‍ബുദ്ധി ഭവതിക്കു തീര്‍ച്ചയായും വദ്ധ്യനാകണം. ഇതാണ്‌ എന്റെ വ്രതം. ഭര്‍ത്താവിനെ അന്വേഷിക്കുവാന്‍ പറഞ്ഞു വിടുന്ന ബ്രാഹ്മണനെ കാണുന്നതൊഴികെ മറ്റു പുരുഷന്മാരുമായി ഞാന്‍ ഇടപെടുകയില്ല. എന്റെ ഈ വ്രതത്തിന് ഭംഗം വരുന്നതല്ലെന്ന്‌ ഭവതിക്കു കരാറു ചെയ്യാമെങ്കില്‍ ഞാന്‍ ഇവിടെ പാര്‍ത്തുകൊള്ളാം. അങ്ങനെയല്ലെന്നു തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ പൊയ്ക്കൊള്ളാം.

രാജമാതാവ്‌ ഈ കരാറു സമ്മതിച്ചു. ഞാനിതെല്ലാം സമ്മതിക്കുന്നു. "നിന്റെ ഈ വ്രതം ശ്ലാഘ്യമാണ്‌", എന്ന് രാജമാതാവു പറഞ്ഞു. ഉടനെ തന്നെ തന്റെ പുത്രിയായ സുനന്ദയെ വിളിച്ചു പറഞ്ഞു.

രാജമാതാവ്‌ പറഞ്ഞു: എടോ സുനന്ദേ! ഈ ദേവരൂപിണിയെ നിന്റെ സൈരണ്ഡറിയായി സ്വീകരിക്കുക. പ്രായം കൊണ്ടു തുല്യരായ നിങ്ങള്‍ പരസ്പരം തോഴികളായി വാണു കൊള്ളുക. ഇവളോടൊത്തു മനഃ സന്തോഷത്തോടെ നീ ആനന്ദപൂര്‍വ്വം ജീവിക്കൂ.

ബൃഹദശ്വന്‍ പറഞ്ഞു: ഉടനെ വളരെ പ്രീതിയോടു കൂടി സുനന്ദ ദമയന്തിയേയും കൂട്ടിക്കൊണ്ടു തന്റെ ഗൃഹത്തിലേക്കു പോയി. അവിടെ അവള്‍ സഖിമാരോടു കൂടി സല്‍ക്കാരമേറ്റു ഭയം കൂടാതെ വേണ്ട സൗകര്യങ്ങളോട് കൂടി സമാധാനപൂര്‍വ്വം പാര്‍ത്തു.

66. നളോപാഖ്യാനം - നള കാര്‍ക്കോടക സംവാദം - ബൃഹദശ്വൻ തുടര്‍ന്നു: ഹേ രാജാവേ, നളന്‍ ദമയന്തിയെ വിട്ട്‌ ഓടി മറഞ്ഞതിന് ശേഷം കുറെ ദൂരം ചെന്നപ്പോള്‍ ആ കൊടുംകാട്ടില്‍ ഘോരമായ കാട്ടുതീ പിടിപെട്ടു കത്തി ജ്വലിക്കുന്നതു കണ്ടു. ആ തീയിനുള്ളില്‍ നിന്ന്‌ ഒരു ദീന രോദനം കേട്ടു. "പുണ്യശ്ലോകനായ നള! ഓടിവരൂ! ഓടിവരൂ", എന്നു വീണ്ടും വീണ്ടും നിലവിളിക്കുന്നതായി നളന്‍ കേട്ടു. "പേടിക്കേണ്ട! പേടിക്കേണ്ട!", എന്നു പറഞ്ഞു നളന്‍ അഗ്നിമദ്ധൃത്തിലേക്കു ചാടിക്കടന്നു. അവിടെ ഭയപ്പെട്ടു വിറച്ചു ചുറ്റിച്ചുരുണ്ട്‌ ഒരു സര്‍പ്പം കിടക്കുന്നു. അവന്‍ നളനെ കൈകൂപ്പി പേടിച്ചു വിറയ്ക്കുന്ന നിലയില്‍ തന്റെ സ്ഥിതിയെപ്പറ്റി പറഞ്ഞു.

സര്‍പ്പം പറഞ്ഞു: മഹാരാജാവേ! ഞാന്‍ നാഗരാജാവായ കാര്‍ക്കോടകനാണ്‌. മഹാതപസ്വിയായ നാരദ മഹര്‍ഷിയെ ഞാന്‍ ഒരു ദിവസം വഞ്ചിച്ചു എന്ന കുറ്റത്തിന് ആ തപോധനന്‍ എന്നില്‍ കോപിച്ചു ശപിച്ചു. നളന്‍ ഇവിടെ വന്നു നിന്നെ എടുക്കുന്നതു വരെ നീ സ്ഥാവരതുല്യം കിടക്കട്ടെ എന്ന്. ആ മഹര്‍ഷിയുടെ ശാപം മൂലം എനിക്ക്‌ ഒരടി പോലും നീക്കിവെയ്ക്കുവാന്‍ സാദ്ധ്യമല്ല. ഞാന്‍ ഭവാനു നന്മചെയ്യാം. ഭവാന്‍ എന്നെ രക്ഷിക്കുക! ഇന്നുമുതല്‍ ഞാന്‍ ഭവാന്റെ സഖാവാണ്‌. എന്നോടു തുല്യനായി വേറെ ഒരു നാഗവുമില്ല. എന്റെ ശരീരം ഞാന്‍ ചെറുതാക്കാം. ഭവാന്‍ എന്നെ വേഗത്തില്‍ എടുത്തു കൊണ്ടു പോവുക.

ബൃഹദശ്വന്‍ പറഞ്ഞു: ആ നാഗേന്ദ്രന്‍ ഉടനെ അംഗുഷ്ഠ പ്രായനായി തീര്‍ന്നു. നളന്‍ കാര്‍ക്കോടകനെ എടുത്തു കൊണ്ടു തീയില്ലാത്ത സ്ഥലത്തു ചെന്നു നിന്നു വിട്ടയയ്ക്കുവാന്‍ ഒരുങ്ങിയപ്പോള്‍ കാര്‍ക്കോടകന്‍ പറഞ്ഞു.

കാര്‍ക്കോടകന്‍ പറഞ്ഞു: രാജാവേ! ഭവാന്‍ കാലടികള്‍ എണ്ണിക്കൊണ്ട്‌ അല്പദൂരം നടക്കുക. അതില്‍ നിന്നു ഭവാനു നന്മ വരുവാന്‍ സാദ്ധ്യതയുണ്ട്‌.

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം സര്‍പ്പരാജാവ്‌ പറഞ്ഞപ്പോള്‍ നളന്‍ കാലടി എണ്ണിക്കൊണ്ടു പാദമെടുത്തു വെച്ചു നടന്നു. പത്താമത്തെ അടിയില്‍ കാര്‍ക്കോടകന്‍ നളനെ കടിച്ചു. കടിഏറ്റ ഉടനെ നളന്റെ രൂപം തീരെ മാറി പോയി. താന്‍ വികൃത രൂപിയായി മാറിയതു കണ്ട്‌ നളന്‍ അത്ഭുതപ്പെട്ടു. കാര്‍ക്കോടകന്‍ സ്വന്തം രൂപം കൈക്കൊണ്ട്‌ നളനോടു സാന്ത്വനപൂര്‍വ്വം പറഞ്ഞു.

കാര്‍ക്കോടകന്‍ പറഞ്ഞു: അല്ലയോ നളരാജാവേ! ഭവാന്റെ രൂപം ജനങ്ങളില്‍ നിന്നു മറച്ചു വെക്കുവാനാണ്‌ ഞാന്‍ ഇങ്ങനെ ചെയ്തത്‌, ഭവാനെ ചതിച്ച്‌ ഭയങ്കരമായ ദുഃഖത്തില്‍ പെടുത്തിയവന്‍ ആരോ, അവന്‍ എന്റെ കഠിനമായ വിഷമേറ്റു തപിച്ചു കൊണ്ടാണ്‌ ഇനി ഭവാനില്‍ കുടികൊള്ളുക. അവന്‍ ഭവാനില്‍ നിന്നു വിട്ടു പോകുന്നതു വരെ തന്റെ ദേഹം മുഴുവന്‍ വിഷമേറ്റു ദുഃഖിച്ചു കൊണ്ടിരിക്കും. കുറ്റം ചെയ്യാത്ത അങ്ങയെ അവന്‍ ചതിച്ചു. അകാരണമായി അങ്ങയോടുണ്ടായ വിരോധവും വെറുപ്പും മൂലം അങ്ങയെ ചതിച്ച ആ ദുഷ്ടനില്‍ നിന്നും ഞാന്‍ അങ്ങയെ വിമോചിപ്പിച്ചു കഴിഞ്ഞു. ഇനി ഭവാനു സര്‍പ്പങ്ങളില്‍ നിന്നോ, ശത്രുക്കളില്‍ നിന്നോ, ബ്രഹ്മജ്ഞന്മാരില്‍ നിന്നോ, എന്റെ പ്രസാദത്താല്‍ ഭയത്തിന്‌ ഇടവരികയില്ല. വിഷപീഡ ഭവാന്‌ ഒരിക്കലും ഉണ്ടാകുന്നതുമല്ല. യുദ്ധത്തില്‍ വിജയം നേടും. ഇനി ഇന്നു തന്നെ ബാഹുകന്‍ എന്നു പേരായ സാരഥിയാണെന്നു പറഞ്ഞ്‌ ഭവാന്‍ ഋതുപര്‍ണ്ണന്റെ മുമ്പില്‍ ചെല്ലുക. ആ രാജാവ്‌ അക്ഷവിദഗ്ദ്ധനാണ്‌. ഭവാന്‍ അദ്ദേഹത്തെ കാണുവാന്‍ ഉടനെ അയോദ്ധ്യയില്‍ പോകണം. ഭവാന്‍ അശ്വഹൃദയവിദ്യ കൊടുത്ത്‌ പകരം ഋതുപര്‍ണ്ണനില്‍ നിന്ന്‌ അക്ഷഹൃദയവിദ്യ നേടുക. ഇക്ഷ്വാകു വംശോത്ഭവനായ ആ രാജാവ്‌ ഭവാന്റെ മിത്രമായി ഭവിക്കും. അങ്ങയ്ക്ക്‌ അക്ഷജ്ഞാനം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നു ശ്രേയസ്സ് ഉണ്ടായിക്കൊള്ളും. ഭവാന് ഭാരൃയോടും മക്കളോടും കൂടി ചേരുവാന്‍ താമസം വിനാ സാദ്ധ്യമാകും ഒട്ടും വൃസനിക്കരുത്‌. രാജ്യം മടക്കിപ്പിടിച്ച്‌ മക്കളോടും ഭാര്യയോടും കൂടി ഭവാന്‍ സസുഖം വാഴുന്ന കാലം വിദൂരമല്ല. ഇതു സത്യമാണ്‌. എപ്പോള്‍ ഭവാന്‍ സ്വന്തരൂപം പ്രാപിക്കണമെന്ന്‌ ആഗ്രഹിക്കുന്നുവോ, അപ്പോള്‍ എന്നെ സ്മരിച്ചു കൊണ്ട്‌ ഇതാ ഞാന്‍ തരുന്ന ഈ വസ്ത്രം ധരിച്ചു കൊള്ളുക. ഉടനെ ഈ വികൃതമായ രൂപം പോവുകയും സ്വന്തം രൂപം വെളിപ്പെടുകയും ചെയ്യും.

ബൃഹദശ്വന്‍ പ്രറഞ്ഞു: ഇപ്രകാരം അനുഗ്രഹിച്ച്‌ ആ നാഗം രണ്ടു ദിവ്യവസ്ത്രങ്ങള്‍ നളന് നല്കി. ഹേ, കുരുനന്ദന, പിന്നീട്‌ ഇങ്ങനെ നളനെ ഉപദേശിച്ചു വസ്ത്രം നല്കിയ ശേഷം, ആ പന്നഗേന്ദ്രന്‍, രാജാവേ, അപ്പോള്‍ തന്നെ അവിടെ മറഞ്ഞു പോയി.

67. നളോപാഖ്യാനം - നളവിലാപം - ബൃഹദശ്വന്‍ പറഞ്ഞു: കാര്‍ക്കോടകന്‍ മറഞ്ഞു പോയതിന് ശേഷം-നളരാജാവ്‌ ഋതുപര്‍ണ്ണ രാജാവിനെ കാണുവാന്‍ പുറപ്പെട്ടു. പത്താം ദിവസം അദ്ദേഹത്തിന്റെ മന്ദിരത്തിലെത്തി. രാജാവിന്റെ മുമ്പില്‍ ചെന്ന്‌ നളന്‍ സവിനയം പറഞ്ഞു.

നളന്‍ പറഞ്ഞു: ബാഹുകന്‍ എന്നു പേരായ ഒരു സാരഥിയാണ്‌ ഞാന്‍. കുതിരകളെ നയിക്കുവാന്‍ ഈ ലോകത്ത്‌ എന്നോടു തുല്യനായി മറ്റാരും തന്നെയില്ല. എല്ലാ വിഷമ പ്രശ്നങ്ങളും, കലാവിഷയമായ മറ്റേതു സംശയങ്ങളും തീര്‍ത്തു തരുവാന്‍ ഞാന്‍ കുശലനാണ്‌. പിന്നെ മറ്റൊരു വിശേഷ പരിജ്ഞാനവും എനിക്കുണ്ട്‌. എല്ലാവരേക്കാളും വിശേഷമായി അന്നപാചക്രമം എനിക്കറിയാം. ലോകത്തിലുള്ള പലവിധം ശില്പതന്ത്രങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്‌. അന്യര്‍ക്ക് ആകാത്ത ദുഷ്കരമായ കര്‍മ്മങ്ങള്‍ എനിക്കു ചെയ്യുവാന്‍ കഴിയും. എന്നെ ഭവാന്‍ സ്വീകരിച്ചു ഭരിച്ചാലും.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: ബാഹുക നീ എന്റെ കൂടെ പാര്‍ത്തു കൊള്ളുക. നിനക്ക്‌ മംഗളം ഭവിക്കട്ടെ! പറഞ്ഞതു പോലെ ഒക്കെ ഭവാന്‍ ചെയ്യുക! ശീഘ്രയാത്രയില്‍ എനിക്കെപ്പോഴും ആഗ്രഹം കൂടുതലുണ്ട്‌. എന്റെ കുതിരകളെ ഭവാന്റെ വിദ്യ പ്രയോഗിച്ച്‌ ശീഘ്രഗാമികളാക്കുക. ഭവാനെ ഞാന്‍ അശ്വനാഥനാക്കി നിയമിക്കുന്നു! പതിനായിരം നാണ്യം ഭവാന് ശമ്പളം ഞാന്‍ നിശ്ചയിക്കുന്നു. ഈ വാര്‍ഷ്ണേയനും ജീവലനും ഭവാന്റെ കീഴില്‍ എപ്പോഴും നിന്നു കൊള്ളും. അവരോടു കൂടി വിനോദിച്ച്‌ ഭവാന്‍ എന്റെ കൂടെ പാര്‍ത്തു കൊള്ളുക.

ബൃഹദശ്വന്‍ പറഞ്ഞു: അങ്ങനെ നളന്‍ ബാഹുകനായി വാര്‍ഷ്ണേയനോടും ജീവലനോടും കൂടി ഋതുപര്‍ണ്ണന്റെ രാജധാനിയില്‍ താമസമാക്കി. ദമയന്തിയെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്നു മാഞ്ഞില്ല. സന്ധൃതോറും നളന്‍ ഒരു പാട്ട്‌ പാടാറുണ്ട്‌. അത്‌ ഇപ്രകാരമാണ്‌:

ദാഹവും ക്ഷുത്തും സഹിച്ചുകൊണ്ടോമലാള്‍ മോഹിച്ചു വാടിക്കിടപ്പതെങ്ങോ? ഇന്നുമാ മന്ദനെ ചിന്തിച്ചു ദുഃഖിച്ചു തന്നെയാപ്പാവം കഴിവതെങ്ങോ?

നിത്യവും പാടുന്ന ഈ പാട്ടു കേട്ട്‌ അതിനുള്ള കാരണം എന്താണെന്ന്‌ ഒരു രാത്രി ജീവലന്‍ ബാഹുകനോടു ചോദിച്ചു.

ജീവലന്‍ പറഞ്ഞു: എടോ ബാഹുക! നീ ഏതൊരു നാരിയെ ചിന്തിച്ചാണ്‌ ഇങ്ങനെ അനുശോചിക്കുന്നത്‌; ആയുഷ്മന്‍, നീ അനുശോചിക്കുന്ന ആ നാരി ഏതാണ്‌? ആരുടെയാണ്‌? എനിക്ക്‌ അതറിയാന്‍ അതിയായ ആഗ്രഹമുണ്ട്‌.

ബാഹുകന്‍ പറഞ്ഞു: മന്ദബുദ്ധിയായ ഒരാള്‍ ഗുണവതിയായ ഒരു പെണ്ണിനെ വിവാഹം ചെയ്തു അവള്‍ക്ക്‌ താന്‍ എന്നും അധീനനായിരുന്നുകൊള്ളാമെന്നേറ്റു. എന്നാൽ, പിന്നെ അവന്‍ എന്തു കൊണ്ടോ അവളെ ഉപേക്ഷിച്ചു പോയി. വിരഹ ദുഃഖാര്‍ത്തനായി ആ മന്ദന്‍ ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നു. അവന്‍ രാവും പകലും ശോക പീഡിതനായി കിടന്നു ദഹിക്കുന്നു. എല്ലാ രാത്രിയിലും അവളെ ചിന്തിച്ച്‌ അവന്‍ പാടാറുള്ള പാട്ടാണ്‌ ഇത്‌. അവന്‍ പലേടത്തും ചുറ്റിക്കറങ്ങിയ ശേഷം ഇപ്പോള്‍ എവിടെയോ ഒരിടത്തു ചെന്നുപാര്‍ക്കുന്നുണ്ട്‌. ദുഃഖത്തിന്‌ അര്‍ഹനാണെങ്കിലും അവന്‍ ഭാര്യാ വിരഹത്താല്‍ തപിച്ചു കൊണ്ടിരിക്കുകയാണ്‌. ആ സ്ത്രീയാണെങ്കില്‍ അവനെ ഘോരവനത്തില്‍ കൂടിയും കഷ്ടപ്പെട്ടു പിന്തുടര്‍ന്നവളാണ്‌. ആ ഹതഭാഗ്യന്‍ ഉപേക്ഷിച്ചു കളഞ്ഞ അവള്‍ ജീവിച്ചിരിക്കുക ദുഷ്കരമാണ്‌. അവള്‍ മുമ്പൊരിക്കലും കഷ്ടപ്പെട്ടു ജീവിച്ചിട്ടില്ലാത്തവളാണ്‌. അവള്‍ക്കു വഴിയറിയുകയില്ല. ആ പാവം ബാലിക വിശപ്പും ദാഹവും വര്‍ദ്ധിച്ച്‌ കഷ്ടപ്പെട്ടു നടന്ന്‌ ഇപ്പോള്‍ ജീവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്‌. ഉണ്ടെങ്കില്‍ അത്‌ അത്ഭുതമാണ്‌. ഹിംസ്ര മൃഗങ്ങള്‍ നിറഞ്ഞതും. ഘോരവും ദാരുണവുമായ വനത്തില്‍ മന്ദഭാഗ്യനും മൂഢാത്മാവുമായ അവനാല്‍ പരിത്യക്തയായ ആ അബല എങ്ങനെ ജീവിക്കും?

ബൃഹദശ്വന്‍ പറഞ്ഞു: ദമയന്തിയെ ചിന്തിച്ചു കൊണ്ട്‌ നിഷധ രാജാവായ നളന്‍ അവിടെ അജ്ഞാതനായി നിര്‍ബ്ബാധം പാര്‍ത്തു.

68. നളോപാഖ്യാനം - ദമയന്തീ സുദേവ സംവാദം - ബൃഹദശ്വൻ തുടര്‍ന്നു: രാജ്യവും ധനവും നഷ്ടപ്പെട്ട്‌ നളന്‍ ദമയന്തിയോടു കൂടി വനത്തിലേക്കു പോയ വര്‍ത്തമാനമറിഞ്ഞ്‌ വിദര്‍ഭ രാജാവായ ഭീമന്‍ പലവഴിക്കും അവരെ തെരഞ്ഞു പിടിക്കുവാന്‍ ബ്രാഹ്മണരെ വിട്ടു.

ഭീമന്‍ പറഞ്ഞു: എന്റെ മകളായ ദമയന്തിയേയും നള മഹാരാജാവിനേയും അന്വേഷിച്ച്‌ ഇവിടെ കൂട്ടിക്കൊണ്ടു വരുന്നവന്ന്‌ ഞാന്‍ സമ്മാനമായി ആയിരം പശുക്കളെ നല്കുന്നതാണ്‌. അതിനും പുറമേ ധാരാളം വയലുകളും. നഗരതല്യമായ ഒരു ഗ്രാമവും അവനു നല്കും. ദമയന്തിയേയും നളനേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരുവാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ എവിടെയാണെന്ന്‌ അറിഞ്ഞു വരുന്നതായാലും അവനു ഞാന്‍ ആയിരം പശുക്കളെ നല്കുന്നതാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: ഈ വിളബരം കേട്ട്‌ വിപ്രന്മാര്‍ ദമയന്തീ നളന്മാരെ അന്വേഷിച്ചു പിടിക്കുവാന്‍ നാനാ ദേശത്തേക്കും പോയി. അവര്‍ പല നാടുകളിലും പല നഗരങ്ങളിലും തിരഞ്ഞു നടന്നു. അവിടെയെങ്ങും നളനേയോ ദമയന്തിയേയോ കാണുകയുണ്ടായില്ല. പിന്നെ സുദേവന്‍ എന്നു പേരായ ഒരു വിപ്രന്‍ രമണീയമായ ചേദി രാജ്യത്തില്‍ അന്വേഷിച്ചു നടക്കുമ്പോള്‍ രാജമന്ദിരത്തില്‍ വച്ച്‌ വൈദര്‍ഭിയെ കണ്ടെത്തി. ഒരു ദിവസം രാജാവിന്റെ പ്രാര്‍ത്ഥനാ സമയത്ത്‌ രാജസന്നിധിയില്‍ സുനന്ദയോടു കൂടി നിൽക്കുമ്പോഴാണ്‌ അദ്ദേഹം ദമയന്തിയെ കണ്ടത്‌. മെലിഞ്ഞു തളര്‍ന്ന്‌ മലിനമായി, ധൂമത്താല്‍ മൂടിയ അഗ്നി പോലെ, അവളുടെ പ്രഭ മങ്ങിയിരുന്നു. ആ വിശാലലോചനയെ കണ്ടപ്പോള്‍ സുദേവന്‍ അവള്‍ ദമയന്തിയാണെന്നു പല കാരണങ്ങളാലും തീരുമാനിച്ചു.

സുദേവന്‍ തന്നത്താന്‍ പറഞ്ഞു: ഇവള്‍ ഞാന്‍ പണ്ടുകണ്ട ആ അംഗനാരത്നം തന്നെയാണ്‌. ദമയന്തി തന്നെയാണ്‌ ഈ സുന്ദരി. ലക്ഷ്മീദേവിയെ പോലെ ലോക മനോഹരിയായ ഇവളെ കാണുവാന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനായി. പൂര്‍ണ്ണചന്ദ്രനെ പോലെ വിളങ്ങുന്ന ഇവള്‍ , നിത്യ യൗവന സമ്പന്നയായ ഈ സുന്ദരി, തന്റെ പ്രഭ കൊണ്ട്‌ ചുറ്റുമുള്ള ഇരുള്‍ അകറ്റുന്നു. താമരക്കണ്ണിയായ ഇവള്‍ കാമന്റെ ഭാര്യയായ രതിയെ പോലെ ശോഭിക്കുന്നു. കാണുന്നവരുടെ കണ്ണിന്നു കുളുര്‍മ്മ ചേര്‍ക്കുന്ന ഇവള്‍ പൂര്‍ണ്ണേന്ദു, പ്രഭപോലെ ആനന്ദം നല്കുന്നു. ഇങ്ങനെയുള്ള ഈ സൗഭാഗ്യവതി വിദര്‍ഭ പൊയ്കയില്‍ നിന്നു പറിച്ചെടുക്കപ്പെട്ടതിനാല്‍ ചളിപുരണ്ട മൃണാളിക പോലെ കാണപ്പെടുന്നു. വാവിന്‍നാള്‍ രാഹുവിന്റെ വായില്‍ പെട്ട ചന്ദ്രനെ പോലെ, ഗ്രഹണ സമയത്തെ പൗര്‍ണ്ണമിയിലെ രജനി പോലെ ഇവള്‍ മങ്ങിക്കാണുന്നു. ഭര്‍ത്ത്യ ശോകാകുലയായ ഇവള്‍ വേനല്‍ കാലത്ത്‌ ജലം വറ്റിവരണ്ട നദി പോലെ മെലിഞ്ഞിരിക്കുന്നു. ഇലകള്‍ കൊഴിഞ്ഞ്‌ പക്ഷികള്‍ പേടിച്ചു പതറി പോകുന്ന വിധം, ഗജരാജന്റെ തുമ്പി കൊണ്ടുള്ള ആഘാതമേറ്റ്‌ ഉലഞ്ഞ താമരപ്പൊയ്ക പോലെ ഭര്‍ത്ത്യ വിരഹ സന്തപ്തയായ ഇവള്‍ ദയനീയ ആയിരിക്കുന്നു. രത്നപൂര്‍ണ്ണമായ പ്രാസാദത്തില്‍ എപ്പോഴും ശോഭിക്കേണ്ട സുകുമാര കളേബരയായ ഈ സുന്ദരി, കരയില്‍ പറിച്ചിടുകയാല്‍ വെയിലേറ്റു വാടിയ മൃണാളം പോലെ, നിറം മങ്ങി മെലിഞ്ഞിരിക്കുന്നു. ഗുണവതിയും മനോമോഹിനിയുമായ ഇവള്‍ ഭൂഷണങ്ങള്‍ അണിയേണ്ടവൾ ആണെങ്കിലും, അനലംകൃത ആണെങ്കിലും കരിങ്കാര്‍ മുടിയാലും ചന്ദ്രക്കല പോലെ വിളങ്ങുന്നു. കാമഭോഗങ്ങള്‍ വെടിഞ്ഞവളും. ഭര്‍ത്താവു കൈ വിട്ടവളും ബന്ധുക്കള്‍ പിരിഞ്ഞവളുമായ ഇവള്‍ ഭര്‍ത്താവിനെ കാണുവാനുള്ള ആഗ്രഹം കൊണ്ടു മാത്രം ദീനയായി പ്രാണധാരണം ചെയ്യുകയാണ്‌. സ്ത്രീയുടെ പരമമായ ഭൂഷണം ഭര്‍ത്താവാണല്ലോ. ഭൂഷണമൊന്നും ഇല്ലെങ്കിലും ഭര്‍ത്താവുള്ളവള്‍ ശോഭിക്കും. ശോഭനയായ ഇവള്‍ ഭര്‍ത്തൃവിയോഗത്താല്‍ നിഷ്പ്രഭയായിരിക്കുന്നു. ഈപതിവ്രതയില്‍ നിന്നു വിട്ടു പിരിയുകയാല്‍ നളന്റെ ജീവിതവും ദുഷ്കരമായിരിക്കും. അദ്ദേഹം ഇപ്പോഴും പ്രാണനെ ധരിക്കുന്നുണ്ടെങ്കില്‍ തിര്‍ച്ചയായും ശോകത്താല്‍ തളര്‍ന്നു കുഴങ്ങുന്നുണ്ടായിരിക്കും. കാര്‍മേഘം പോലെ കചമുള്ള, നീലത്താമര പോലെ ദീര്‍ഘലോചനമുള്ള മനോഹാരിയായ ഇവള്‍ , സുഖാര്‍ഹയായ രാജപുത്രി ഇങ്ങനെ ദുഃഖിതയായി തീര്‍ന്നതില്‍ എന്റെ മനസ്സു നീറുന്നു. രോഹിണി ചന്ദ്രനെയെന്ന പോലെ ഈ ശോഭനാംഗിയായ സാധ്വി ഭര്‍ത്താവിനെ പ്രാപിച്ച്‌ എന്നാണ്‌ ദുഃഖത്തില്‍ നിന്നു കരകയറുക? ഇപ്പോള്‍ നളന്‍ രാജ്യദ്രഷ്ടനാണെങ്കിലും നഷ്ടമായ ഭൂമിയൊക്കെ വീണ്ടെടുത്ത്‌, ദമയന്തിയെ വീണ്ടും പ്രാപിച്ച്‌, സംപ്രീതനായി നിശ്ചയമായും രാജാവായി തന്നെ വാഴും.

ശീലം, വയസ്സ്‌, ആഭിജാത്യം, വിനയം എന്നിവയാല്‍ നളനു വൈദര്‍ഭിയും, വൈദര്‍ഭിക്കു നളനും ചേര്‍ന്നവരായി പ്രശോഭിക്കുന്നു. മഹാവീര്യവാനും. അമേയ പ്രഭാവനുമായ നള മഹാരാജാവിന്റെ ഇഷ്ടപത്നിയെ, ഭര്‍ത്തൃദര്‍ശന ലാലസയെ സമാശ്വസിപ്പിക്കേണ്ടത്‌ എന്റെ കര്‍ത്തവ്യമാണ്‌. മുമ്പേ ഒരിക്കലും ഞാന്‍ ഈ മനസസ്വിനിയെ ദുഃഖാര്‍ത്തയായി കണ്ടിട്ടില്ല. ഈ നിലയില്‍ ചിന്താമഗ്നയായി കാണുന്ന അവളെ സമാശ്വസിപ്പി ക്കാതിരുന്നു കൂടാ.

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം ചിന്തിച്ച്‌ പല ഹേതു ചിഹ്നങ്ങള്‍ കണ്ടു സുദേവന്‍, അവള്‍ ഭൈമി തന്നെയാണ് എന്നറിഞ്ഞ്‌. അല്പ സമയം ആലോചിച്ച ശേഷം ദമയന്തിയുടെ സമീപത്തേക്കു ചെന്ന്‌ ഇപ്രകാരം പറഞ്ഞു.

സുദേവന്‍ പറഞ്ഞു: അല്ലയോ, വിദര്‍ഭരാജ പുത്രി! ഭവതിയുടെ ഭ്രാതാവിന്റെ പ്രിയ സഖാവായ സുദേവനാണ്‌ ഞാന്‍. ഭീമരാജാവിന്റെ കല്പന പ്രകാരം ഞാന്‍ ഭവതിയെ അന്വേഷിച്ച്‌ ഇവിടെ വന്നതാണ്‌. ഭവതിയുടെ അച്ഛനും, സഹോദരന്മാര്‍ക്കും കുശലം തന്നെയാണ്‌. ഭവതിയുടെ മക്കള്‍ ആയുഷ്മാന്മാരും, കുശലികളുമായി വാഴുന്നു. ബന്ധുജനങ്ങള്‍ ഭവതിയെ ചിന്തി ച്ച്‌മരിച്ചവരെ പോലെയാണു ജീവിക്കുന്നത്‌. ഭവതിയെ അന്വേഷിച്ച്‌ അനേകശതം വിപ്രന്മാര്‍ ഭൂമിയിലെങ്ങും ചുറ്റിത്തിരിഞ്ഞു നടക്കുകയാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: സുദേവനെ കണ്ട്‌ ദമയന്തി അറിഞ്ഞു. മുറയ്ക്ക്‌ ബന്ധുജനങ്ങളുടെ വൃത്താന്തമൊക്കെ ചോദിച്ചറിഞ്ഞു. ദുഃഖം സഹിക്കാതെ വല്ലാതെ കരഞ്ഞു. അപ്രതീക്ഷിതമായി തന്റെ സഹോദരന്റെ പ്രിയ സ്നേഹിതനും, വിപ്ര ശ്രേഷ്ഠനുമായ സുദേവനെ കണ്ടതില്‍ അവള്‍ക്കുണ്ടായ ശോകം കരകവിഞ്ഞു ഒഴുകി, അവള്‍ പൊട്ടിക്കരഞ്ഞു. കരയുന്ന അവളെ കണ്ട്‌ സുനന്ദയ്ക്കും സങ്കടമായി. ഏതോ ഒരു ബ്രാഹ്മണനെ കണ്ട്‌ വിജനത്തില്‍ സൈരണ്ഡറി  വര്‍ത്തമാനം പറഞ്ഞു വിലപിക്കുന്നതായി സുനന്ദ അമ്മയോടു പറഞ്ഞു. വിശ്വാസം വരുന്നില്ലെങ്കില്‍ നേരിട്ടു കാണുക എന്നു പറഞ്ഞു. ഉടനെ രാജമാതാവ്‌ അന്തഃപുരത്തില്‍ നിന്നിറങ്ങി. വിപ്രന്റെ സമീപത്തു നിന്നു കരയുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്കു ചെന്ന്‌, സുദേവനെ വിളിച്ചു കാര്യമെന്തെന്നു ചോദിച്ചു.

രാജമാതാവു പറഞ്ഞു: അല്ലയോ, ബ്രാഹ്മണാ! ഈ ബാല ആരുടെ പത്നിയാണ്‌? ആരുടെ പുത്രിയാണ്‌? ഈ വാമലേചന ബന്ധുക്കളും ഭര്‍ത്താവുമായി എങ്ങനെ വേര്‍പെട്ടു; ഇവളെ എങ്ങനെയാണ്‌ ഭവാന്‍ കണ്ടറിഞ്ഞത്‌? എല്ലാം ശരിയായി അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. ഈ ദേവരൂപിണിയെ പറ്റി ഒന്നും മറച്ചുവയ്ക്കാതെ ഭവാന്‍ പറയണം.

ബൃഹദശ്വന്‍ പറഞ്ഞു: അവള്‍ ഇപ്രകാരം ചോദിച്ചപ്പോള്‍ യുധിഷ്ഠിരാ! ആ സുദേവനെന്ന ബ്രാഹ്മണ ശ്രേഷ്ഠന്‍ സുഖമായിരുന്ന്‌ ദമയന്തിയുടെ ശരിയായ വൃത്താന്തം പറഞ്ഞു തുടങ്ങി.

69. നളോപാഖ്യാനം - നളാന്വേഷണം - ബൃഹദശ്വന്‍ പറഞ്ഞു: സുദേവന്‍ ദമയന്തിയുടെ വൃത്താന്തം പറയുവാന്‍ തുടങ്ങി. രാജമാതാവും സുനന്ദയും കേട്ടു കൊണ്ടിരുന്നു.

സുദേവന്‍ പറഞ്ഞു: ധര്‍മ്മാത്മാവും, മഹാദ്യുതിയുമായ വിദര്‍ഭ രാജാവിന്റെ പുത്രിയാണ്‌ ഈ കല്യാണി. ഭീമന്റെ പുത്രിയായ ദമയന്തി എന്ന വിശ്രുതയാണ്‌ ഈ നിൽക്കുന്നവള്‍. ധീമാനും പുണ്യശ്ലോകനും വീരസേന പുത്രനും നൈഷധനുമായ നള മഹാരാജാവിന്റെ പ്രിയപത്നിയാണ്‌ ഇവള്‍. ന ളമഹാരാജാവ്‌ ചൂതുകളിയില്‍ സ്വന്തം ഭ്രാതാവിനാല്‍ പരാജിതനായി. രാജൃഭ്രഷ്ടനായ അദ്ദേഹം സ്വന്തം പത്നിയോടു കൂടി ആരുമറിയാതെ എങ്ങോട്ടോ പോയി. ഈ പാവനാംഗിയെ അന്വേഷിച്ച്‌ ഞങ്ങള്‍ പലനാളായി ലോകത്തിലെങ്ങും ചുറ്റി തിരിയുകയാണ്‌, ഇപ്പോള്‍ ഭവതിയുടെ പുത്രന്റെ കൊട്ടാരത്തില്‍ വച്ച്‌ എനിക്ക്‌ ഇവളെ കണ്ടെത്തുവാന്‍ ഭാഗ്യമുണ്ടായി. രൂപ ഗുണത്താല്‍ ഇവളോട്‌ കിട നിൽക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോലുമില്ല. ഈ മനോജ്ഞയുടെ പുരികങ്ങളുടെ ഇടയില്‍ ഉത്തമവും പത്മസന്നിഭവുമായ ഒരു മറുക്‌ സഹജമായുണ്ട്‌. ഈ മറുകു നോക്കിയാണ്‌ ഞാന്‍ ഇവളെ തിരിച്ചറിഞ്ഞത്‌. വിഭൂതിയുടെ ചിഹ്നമായി വിരിഞ്ചന്‍ തീര്‍ത്തതാണ്‌ ഈ മറുക്‌, ചന്ദ്രന്‍ കാറിനാൽ എന്നവിധം ഇതു ചളിയാല്‍ മറഞ്ഞിരിക്ക യാണിപ്പോള്‍. പ്രഥമ തിഥിയിലെ ശോഭ കുറഞ്ഞ ചന്ദ്രനെപ്പോലെ ഈ ചിഹ്നം ഞാന്‍ കണ്ടു. ചളിമൂടിയതു കൊണ്ടു രൂപത്തിന്റെ സൗന്ദര്യം നശിക്കുക യില്ലല്ലോ. ശുദ്ധി ചെയ്യാതിരുന്നാലും അതു പൊന്നു പോലെ വിളങ്ങുക തന്നെ ചെയ്യും. ഈ വിളങ്ങുന്ന ശരീരവും ഈ മറുകുമായി ബാലയെ കണ്ടപ്പോള്‍ ഇവള്‍ ദമയന്തി തന്നെ ആണെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. ചൂടു കൊണ്ട്‌ തീയിനെ എന്ന വിധം ചിഹ്നം കൊണ്ട്‌ ഞാന്‍ ദേവ തുല്യയായ അവളെ നിശ്ചയമായും അറിഞ്ഞു.

ബൃഹദശ്വന്‍ പറഞ്ഞു: സുദേവന്‍ പറഞ്ഞതു കേട്ട്‌, സുനന്ദ ദമയന്തിയുടെ നെറ്റിയില്‍ നിന്നു ചളി തുടച്ചു നീക്കി. ഉടനെ ആ മറുകു തെളിഞ്ഞു കണ്ടു. കാറു നീങ്ങിയ ചന്ദ്രനെന്ന പോലെ മറുകു ശോഭിച്ചു. രാജമാതാവും സുനന്ദയും അവളെ ആശ്ശേഷിച്ചു. കണ്ണുനീര്‍ വാര്‍ത്തു കരഞ്ഞു. കുറച്ചു സമയം രാജമാതാവിന് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല.

രാജമാതാവു പറഞ്ഞു: മകളേ, ദമയന്തീ! നീ എന്റെ ജ്യേഷ്ഠത്തിയുടെ മകളാണ്‌. ഈ മറുകു കണ്ടപ്പോഴേ എനിക്ക്‌ അറിയുവാന്‍ കഴിഞ്ഞുള്ളു. ചാരുമുഖീ, നിന്റെ അമ്മയും ഞാനും ദശാര്‍ണ്ണ രാജാവായ സുദാമാവിന്റെ പുത്രികളാണ്‌. എന്റെ ചേച്ചിയെ വിദര്‍ഭ രാജാവായ ഭീമനും, എന്നെ ചേദി രാജാവായ വീരബാഹുവിനും കൊടുത്തു. ദശാര്‍ണ്ണ രാജ്യത്ത്‌ എന്റെ അച്ഛന്റെ മന്ദിരത്തില്‍ വച്ചു നിന്നെ പ്രസവിച്ചപ്പോള്‍ ഞാന്‍ അന്ന്‌ അവിടെ ഉണ്ടായിരുന്നു. നിന്റെ പിതൃഗൃഹം പോലെ തന്നെ എന്റെ ഈ ഗൃഹവും നിനക്ക്‌ കരുതാം. എന്റെ ഐശ്വര്യമൊക്കെ നിന്റേതുമാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: ഇതു കേട്ട്‌ ദമയന്തി ചെറിയമ്മയുടെ മുന്‍പില്‍ കുമ്പിട്ടു സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു.

ദമയന്തി പറഞ്ഞു: ചെറിയമ്മേ! എന്നെ ഇതുവരെ തിരിച്ചറി ഞ്ഞില്ലെങ്കിലും എനിക്ക്‌ ഇവിടത്തെ ജീവിതത്തില്‍ ഒരിക്കലും ഒരസുഖവും അനുഭവ പ്പെട്ടിട്ടില്ല. സര്‍വ്വ ആഗ്രഹങ്ങളും സാധിച്ചു കൊണ്ടു തന്നെ ഞാന്‍ ഇവിടെ സുരക്ഷിതയായി കഴിഞ്ഞു. എന്റെ ഇവിടത്തെ വാസം ഏറ്റവും സുഖ പൂര്‍ണ്ണമായിരുന്നു. ഞാന്‍ നാടു വിട്ടിട്ട്‌ വളരെ കാലമായല്ലോ. ഇനി ഞാന്‍ പോകട്ടെ? ചെറിയമ്മ അതിന്‌ എന്നെ അനുവദിക്കണം. അച്ഛന്റെ മന്ദിരത്തിലേക്കു കൊണ്ടു പോയ എന്റെ കുഞ്ഞുങ്ങളെ കാണുവാന്‍ എനിക്കു വലിയ ആഗ്രഹമുണ്ട്‌. അവര്‍ അച്ഛനമ്മമാരെ കാണാതെ സദാസമയവും ദുഃഖിക്കുന്നുണ്ടാകും. എന്നെ വിട്ടു പിരിഞ്ഞ്‌ എങ്ങനെ അവര്‍ ജീവിക്കുന്നു എന്ന് എനിക്കു വിചാരിക്കുവാന്‍ കൂടി വയ്യ. എനിക്കു വല്ല പ്രിയവും ചെയ്യുവാന്‍ ചെറിയമ്മ വിചാരിക്കുന്നുണ്ടെങ്കില്‍ എന്നെ ഉടനെ ഒരു വാഹനത്തില്‍ കയറ്റി വിദര്‍ഭത്തിലേക്ക്‌ എത്തിച്ചു തരണം.

ബൃഹദശ്വന്‍ പറഞ്ഞു: രാജമാതാവ്‌ ഉടനെ സമ്മതിച്ചു. പുത്രന്റെ അനുമതിയോടു കൂടി സൈന്യങ്ങളുടെ രക്ഷയില്‍ വഴിക്കു വേണ്ടുന്ന അന്നപാനാദികള്‍ തയ്യാര്‍ ചെയ്ത്‌, എല്ലാ ഒരുക്കങ്ങളോടും കൂടി അവളെ പല്ലക്കില്‍ കയറ്റി വിദര്‍ഭ രാജ്യത്തേക്ക് അയച്ചു. അവര്‍ അതി വേഗത്തില്‍ കൊണ്ടു പോയി അവളെ പിതൃ ഗൃഹത്തിൽ എത്തിച്ചു, ബന്ധുജനം ദമയന്തിയെ സന്തോഷത്തോടെ സ്വീകരിച്ചു.;

തന്റെ മക്കളേയും ബന്ധുജനങ്ങളേയും മാതാപിതാക്കളേയും സഖിമാരേയും കുശലികളായി കണ്ട്‌ ദമയന്തി സന്തോഷിച്ചു. ദേവതകളേയും, ബ്രാഹ്മണരേയും പൂജിച്ചു. പിറ്റേദിവസം അവള്‍ അമ്മയോട്‌ തന്റെ കാര്യം തുറന്നു പറഞ്ഞു.

ദമയന്തി പറഞ്ഞു: അമ്മേ! ഞാന്‍ ജീവിക്കണമെന്നു നിങ്ങള്‍ക്കു മോഹമുണ്ടെങ്കില്‍ വീരനായ നള രാജാവിനെ ഇവിടെ കൂട്ടിക്കൊണ്ടു വരുവാന്‍ ശ്രമിക്കണം. ഇതു സതൃമാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: ദമയന്തിയുടെ വാക്കു കേട്ട്‌ മഹാദുഃഖത്തില്‍ മുഴുകിയ രാജ്ഞി തൊണ്ടയിടറി മറുപടി പറയുവാന്‍ ശക്തയായില്ല. ഈ നിലയില്‍ നിൽക്കുന്ന രാജ്ഞിയെ കണ്ട്‌ അന്തഃപുര സ്ത്രീകള്‍ ഉറക്കെ കരഞ്ഞു. അനന്തരം രാജ്ഞി മകളുടെ വൃത്താന്തം പറയുവാന്‍ ഭര്‍ത്താവിന്റെ സമീപത്തെത്തി

രാജ്ഞി പറഞ്ഞു: അങ്ങയുടെ പുത്രിയായ ദമയന്തി കാന്തനെ ചിന്തിച്ചു ദുഃഖിക്കുന്നു. അവള്‍ അതു ലജ്ജ വെടിഞ്ഞ്‌ എന്നോടു പറഞ്ഞു. ആ പുണ്യശ്ലോകനെ തിരയുവാന്‍ ഉടനെ അവിടുന്ന്‌ ആള്‍ക്കാരെ വിടുക.

ബൃഹദശ്വന്‍ പറഞ്ഞു: രാജ്ഞി പറഞ്ഞ ഉടനെ ഭീമരാജാവ്ത ന്റെ ആള്‍ക്കാരായ വിപ്രരെ വിളിച്ച്‌, ദിക്കു തോറും നളനെ അന്വേഷിച്ചു കൊണ്ടു വരുവാന്‍ പറഞ്ഞു വിട്ടു. വിദര്‍ഭാധിപന്റെ കല്പന പ്രകാരം അവര്‍ ഭൈമിയുടെ സമീപത്തു വന്ന്‌ നളനെ തിരയുവാന്‍ പോവുക യാണെന്നു ണര്‍ത്തിച്ചു.

ഭൈമി അവരോടു പറഞ്ഞു: നള മഹാരാജാവിനെ അന്വേഷിച്ചു നടക്കുന്ന നിങ്ങള്‍ ചെല്ലുന്ന രാജ്യത്തൊക്കെ അവിടവിടെ നിന്ന്‌ ജനങ്ങള്‍ കേള്‍ക്കെ ഇങ്ങനെ വിളിച്ചു പറയണം:

എന്നുടെ വസ്ത്രം പകുതി മുറിച്ചുടുത്തെങ്ങു പോയ് ധൂര്‍ത്താ നീയെങ്ങു പോയി? കാട്ടില്‍ കിടന്നുറങ്ങിടുന്ന കാന്തയെ വിട്ടു പിരിഞ്ഞു നീയെങ്ങു പോയി?

അന്നു നീ കണ്ടപോല്‍ നിൽക്കുകയാണവള്‍ ഇന്നും നിന്‍ ആഗമം നോക്കി നോക്കി. അപ്പാതിവസ്ത്രവും ചുറ്റിയാപ്പെണ്‍കൊടിയിപ്പോഴും ദുഃഖത്തില്‍ നീറി നീറി!

എത്തുംപിടിയുമില്ലാത്ത കദനത്തിലെത്തിയൊരെന്നെപ്പിടിച്ചുകേറ്റാന്‍ എത്തുക വേഗം, കനിയുകീ പാവത്തില്‍ ; ഉത്തരം ചൊല്ലുക ജീവനാഥ!

ഇപ്രകാരം കേള്‍ക്കുന്നവര്‍ക്ക്‌ ദയതോന്നും വിധം നിങ്ങള്‍ വിളിച്ചു പറയണം. വീണ്ടും വീണ്ടും കേള്‍പ്പിക്കണം. കാറ്റു വീണ്ടും വീണ്ടും അടിക്കുമ്പോള്‍ കാട്ടു തീ ആളിക്കത്തു ന്നതാണല്ലോ. ഈ വാക്കുകള്‍ കേട്ടാല്‍ നളരാജാവിന്റെ ഹൃദയതാപം അടങ്ങുകയില്ല; നേരേ മറിച്ച്‌ കത്തിക്കാളുക തന്നെ ചെയ്യും. നിങ്ങള്‍ അതിനെ തുടര്‍ന്ന്‌ ഇങ്ങനേയും വിളിച്ചു പറയണം:

ഭര്‍ത്താവിനാല്‍ എപ്പോഴും ഭരിക്കേണ്ടവളും, രക്ഷിക്കേണ്ടവളുമാണ്‌ ഭാരൃ. ഈ രണ്ടു കര്‍ത്തവ്യങ്ങളും ഭവാനില്‍ എന്തുകൊണ്ട്‌ നശിച്ചു പോയി? ഭവാന്‍ വിഖ്യാതനും, പ്രാജ്ഞനും, കുലീനനും, അനുതാപ യുക്ത നുമാണ്‌. ഭവാന്‍ നര്‍ദ്ദയനായി പ്രവര്‍ത്തിച്ചത്‌ എന്റെ ഭാഗ്യ ക്ഷയത്താലാണ്‌, സംശയമില്ല! ഹേ നരവ്യാഘ്രാ! ഭവാന്‍ ഇപ്പോഴെങ്കിലും ഇവളില്‍ കനിഞ്ഞാലും! ദയാലുത്വമാണ്‌ പരമമായ ധര്‍മ്മമെന്ന്‌ ഭവാന്‍ തന്നെ എന്നോടു പറഞ്ഞിട്ടുണ്ടല്ലോ ഇപ്രകാരം നിങ്ങള്‍ ഉറക്കെ വിളിച്ചു പറയുക. ഇതിന് മറുപടിയായി ആരെങ്കിലും വല്ല ഉത്തരവും പറഞ്ഞാല്‍ അവന്‍ ആരാണെന്നും എവിടെയാണു താമസിക്കുന്നതെന്നും നിങ്ങള്‍ അന്വേഷിച്ചറിയണം. നിങ്ങള്‍ വിളിച്ചു പറയുന്നതിന് മറുപടിയായി ആര് എന്തു തന്നെ പറഞ്ഞാലും ആ വാക്കുകള്‍ അതേ വിധം നിങ്ങള്‍ എന്നെ അറിയിക്കണം. എന്നാൽ നിങ്ങള്‍ പറയുന്നത്‌ എന്റെ വാക്കാല്‍ പറയുന്നതായി അവര്‍ ആരും അറിയരുത്‌. ഞാന്‍ പറഞ്ഞു തന്ന പ്രകാരം അവിടവിടെ നിന്നു വിളിച്ചു പറയുക മാത്രമേ ചെയ്യാവു. വല്ലവനില്‍ നിന്ന്‌ വല്ല മറുപടിയും കേട്ടാല്‍ അതു ഗ്രഹിച്ചു തിരിച്ചു വരണം. അവന്‍ ധനവാനാണോ, ദരിദ്രനാണോ, കഴിവുള്ളവനാണോ എന്ന്, സത്യത്തില്‍ അവനെക്കുറിച്ച്‌ എല്ലാം തന്നെ, നിങ്ങള്‍ അറിയണം.

ബൃഹദശ്വന്‍ പറഞ്ഞു: ഭൈമിയുടെ നിര്‍ദ്ദേശങ്ങള്‍ കേട്ട്‌ ബ്രാഹ്മണര്‍ പല ദിക്കിലേക്കുമായി പോയി. അവര്‍ നിര്‍ഭാഗൃവാനായ നളനെ തിരഞ്ഞ്‌ ഘോഷങ്ങളിലും പുരങ്ങളിലും രാഷ്ട്രങ്ങളിലും ഗ്രാമങ്ങളിലും ആശ്രമങ്ങളിലും പോയി. പറഞ്ഞ പ്രകാരം വിപ്രന്മാര്‍ ദമയന്തിയുടെ വാക്യം വിളിച്ചു പറഞ്ഞു. എന്നാൽ മറുപടിയൊന്നും പറഞ്ഞു കേട്ടില്ല. നളനെ കാണുകയുമുണ്ടായില്ല.

70. നളോപാഖ്യാനം - ദമയന്തിയുടെ രണ്ടാം സ്വയംവര കഥനം - ബൃഹദശ്വൻ തുടര്‍ന്നു: കുറെക്കാലം കഴിഞ്ഞതിന് ശേഷം നളനെ അന്വേഷിച്ചു പോയവര്‍ പലരും തിരിച്ചെത്തി. അവര്‍ നളനെ കാണുകയുണ്ടായില്ല. എന്നാൽ ഒടുവില്‍ പര്‍ണ്ണാദന്‍ എന്നു പേരായ ഒരു ബ്രാഹ്മണന്‍ നഗരത്തില്‍ തിരിച്ചു വന്ന്‌ ഭൈമിയോടു പറഞ്ഞു.

പര്‍ണ്ണാദന്‍ പറഞ്ഞു: ഞാന്‍ നിഷധരാജാവായ നളനെ തിരഞ്ഞ്‌ പലേടത്തും നടന്നതിന് ശേഷം അയോദ്ധ്യയിൽ എത്തി. അവിടെ ഭാംഗാസുരിയുടെ ( ഋതുപര്‍ണ്ണന്റെ ) മഹാസദസ്റ്റില്‍ പ്രവേശിച്ചു. ഭവതി പറഞ്ഞു തന്ന വാക്കുകള്‍ ഞാന്‍ അവിടെ വച്ച്‌ ഉച്ചത്തില്‍ ചൊല്ലിക്കേള്‍പ്പിച്ചു. ഞാന്‍ ആ വാക്കുകള്‍ പല പ്രാവശ്യവും ചൊല്ലി. എന്നാൽ ഋതുപര്‍ണ്ണനില്‍ നിന്നാകട്ടെ, മറ്റു സദസ്യരില്‍ നിന്നാകട്ടെ മറുപടി ഒന്നും ഉണ്ടായില്ല. രാജാവിന്റെ അനുജ്ഞയോടു കൂടി ഞാന്‍ ആ സദസ്സ് വിട്ട്‌ പുറത്തേക്കു പോന്നു. അപ്പോള്‍ ഋതുപര്‍ണ്ണന്റെ ആളായ ബാഹുകന്‍ എന്ന ഒരുവന്‍ എന്റെ പിന്നാലെ പുറത്തേക്കു പോന്നു. ഒരു വിജന പ്രദേശത്തു ചെന്നപ്പോള്‍ എന്നോട്‌ അവിടെ നിൽക്കുവാന്‍ പറഞ്ഞു. രാജാവിന്റെ സൂതനാണത്രേ ബാഹുകന്‍. ഹ്രസ്വ ബാഹുവും ( നീളം കുറഞ്ഞ കൈകള്‍ ഉള്ളവന്‍ ) വിരൂപനുമായ ആ പുരുഷന്‍ വളരെ ശീലമായി കുതിരയെ ഓടിക്കുന്നതിലും ഭോജന പാനാദികള്‍ തയ്യാറാക്കുന്നതിലും നിപുണനാണെന്ന്‌ എന്റെ അന്വേഷണത്തില്‍ നിന്ന്‌ അറിയുവാന്‍ കഴിഞ്ഞു. ആ ബാഹുകന്‍ ഭവതിയുടെ വാക്കുകള്‍ കേട്ട്‌ പല പ്രാവശ്യം നെടുവീര്‍പ്പിട്ടു. പിന്നെ വീണ്ടും വീണ്ടും കരയുകയും ചെയ്തു. അയാള്‍ കുശല പ്രശ്നം ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു.

ബാഹുകന്‍ പറഞ്ഞു: എത്ര വലിയ വിഷമാവസ്ഥയില്‍ പെട്ടാലും കുല സ്ത്രീകള്‍ക്കു തന്നത്താന്‍ രക്ഷകിട്ടും. സ്വര്‍ഗ്ഗത്തെ പോലും നേടാന്‍ പതിവ്രതകളായ അവര്‍ക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഭര്‍ത്താക്കന്മാര്‍ പിരിഞ്ഞു പോയാലും അവരുടെ പേരില്‍ വരനാരിമാര്‍ കോപിക്കുകയില്ല. പാതിവ്രത്യമാകുന്ന കവചം ധരിച്ച അവര്‍ ഏതു വിധേനയും ജീവിച്ചു കൊള്ളും. വിഷമത്തില്‍ പെട്ട്‌ കര്‍ത്തവ്യം അറിയാതാകുന്ന മൂഢന്‍ ആ വിഷമാവസ്ഥയില്‍ ഭാര്യയെ ഉപേക്ഷിച്ചാല്‍ അവനോട്‌ അതില്‍ അവന്റെ ഭാര്യ ക്രോധിക്കരുത്. അവശേഷിച്ച ആ ഒറ്റവസ്ത്രം കൂടിയും പക്ഷികള്‍ അപഹരിച്ചതിന് ശേഷം ആധിയാല്‍ ദഹിച്ച്‌ ഏറ്റവും കഷ്ടപ്പെട്ട്‌ പ്രാണധാരണം ചെയ്യുന്ന ആളോട്‌ ഒരിക്കലും കോപിക്കരുത്‌. രാജ്യം നഷ്ടപ്പെട്ട്‌ രാജ്യഭ്രഷ്ടനായി, ധനം നഷ്ടപ്പെട്ട്‌, ശ്രീ നശിച്ച്‌, ദഖാര്‍ത്തനായി വിശന്നു തളര്‍ന്ന ആ മനുഷ്യന്‍ ആദരിച്ചാലും അനാദരിച്ചാലും അതിനെപ്പറ്റി ചിന്തിച്ചു പരിഭവിക്കരുത്‌.

പര്‍ണ്ണാദന്‍ പറഞ്ഞു: ഈ മറുപടി കേട്ട ഉടനെ ഞാന്‍ ഇങ്ങോട്ടു തിരിച്ചു. ഞാന്‍ കണ്ടതും കേട്ടതും എല്ലാം ഭവതിയെ അറിയിച്ചു കഴിഞ്ഞു. ഇനി ഈ വൃത്താന്തം രാജാവിനെ അറിയിച്ച്‌ ഭവതി വേണ്ടതു പ്രവര്‍ത്തിച്ചാലും.

ബൃഹദശ്വന്‍ പറഞ്ഞു: പര്‍ണ്ണാദന്‍ പറഞ്ഞതു കേട്ട് അശ്രുപൂര്‍ണ്ണയായി തീര്‍ന്ന ഭൈമി അമ്മയോട്‌. രഹസ്യമായി ഇങ്ങനെ പറഞ്ഞു.

ദമയന്തി പറഞ്ഞു: അമ്മേ! അച്ഛന്‍ എന്റെ ഉദ്ദേശ്യത്തെ ഒരിക്കലും അറിയരുത്‌. ബ്രാഹ്മണോത്തമനായ സുദേവനോട്‌ അമ്മയുടെ അരികിലേക്കു വരാന്‍ പറയാം. അമ്മ എന്റെ സുഖവും, സന്തോഷവും ഇച്ഛിക്കുന്നു എങ്കില്‍ എന്റെ ഉദ്ദേശ്യം അച്ഛനെ തീരെ അറിയിക്കാ തിരിക്കണം. എന്നെ ബന്ധുക്കളുടെ അരികിലേക്കു വേഗം വരുത്താനി ടയാക്കിയ അതേ ശുഭ കര്‍മ്മങ്ങള്‍ ചെയ്തശേഷം നളനെ കൊണ്ടു വരാനായി സുദേവന്‍ താമസം കൂടാതെ അയോദ്ധ്യാ പുരിയിലേക്കു പോകട്ടെ.

ബൃഹദശ്വന്‍. പറഞ്ഞു: പിന്നെ ദമയന്തി ക്ഷീണം മാറിയ പര്‍ണ്ണാദനെ അഭിനന്ദിച്ച്‌ വളരെ ധനം. കൊടുത്ത്‌ സംതൃപ്തനാക്കി ഇങ്ങനെ പറഞ്ഞു..

ദമയന്തി പറഞ്ഞു: അന്യസാദ്ധ്യമല്ലാത്ത മഹത്കൃത്യമാണ്‌ ഭവാന്‍ ചെയ്തത്‌. അങ്ങയുടെ സേവനത്താല്‍ എനിക്കെന്റെ പ്രഭുവിനെ വേഗം വീണ്ടു കിട്ടും. നളന്‍ ഇവിടെ എത്തിയതിന് ശേഷം വലിയ സംഭാവനകള്‍ നനൽകുന്നതാണ്‌.

ബൃഹദശ്വന്‍ പറഞ്ഞു: എന്ന് ആശ നല്കി സന്തുഷ്ടനാക്കി അയയ്ക്കുകയും ചെയ്തു. അതിന് ശേഷം അസഹ്യമായ ദുഃഖത്താലും, വിഷമത്താലും, പീഡിതയായ ദമയന്തി സുദേവനെ വിളിച്ച്‌, അമ്മയുടെ മുമ്പില്‍ വച്ച്‌ ഇങ്ങനെ പറഞ്ഞു. :

ദമയന്തി പറഞ്ഞു: അല്ലയോ ബ്രാഹ്മണോത്തമാ! ഭവാന്‍ ഉടനെ ഒരു പക്ഷിയെ പോലെ നേരെ അയോദ്ധൃയില്‍ ചെന്ന്‌ അവിടത്തെ രാജാവായ ഋതുപര്‍ണ്ണനെ കണ്ട്‌ ഇങ്ങനെ പറയണം. ഭീമപുത്രിയായ ദമയന്തിക്ക്‌ പുനര്‍ സ്വയംവരം നിശ്ചയിച്ച്‌ വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. അതിലേക്ക്‌ രാജാക്കന്മാരും, രാജപുത്രന്മാരും പൊയ്ക്കൊണ്ടിരിക്കുന്നു. നിശ്ചയിച്ചു വച്ചിരിക്കുന്ന മുഹൂര്‍ത്തം നാളെയാണ്‌. കാലം തെറ്റാതെ എത്തുവാന്‍ കഴിയുമെങ്കില്‍ ഭവാനും അതില്‍ പങ്കു കൊള്ളുന്നത്‌ നല്ലതാണ്‌. നളന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അറിയുവാന്‍ നിവൃത്തിയില്ലാത്ത നിലയ്ക്ക്‌ ദമയന്തി നാളെ സുര്യോദയത്തില്‍ രണ്ടാം ഭര്‍ത്താവിനെ വരിക്കും.

ബൃഹദശ്വന്‍ പറഞ്ഞു: ഹേ മഹാരാജാവേ, ഇപ്രകാരം ദമയന്തി പറഞ്ഞപ്പോള്‍ ഋതുപര്‍ണ്ണനെ കാണുവാന്‍ സുദേവന്‍ അയോദ്ധയയിലേക്കു പോയി. അവിടെച്ചെന്ന്‌, ഋതുപര്‍ണ്ണനെ കണ്ട്‌, തന്നോടു നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന വിധത്തില്‍ എല്ലാം അതേപടി സുദേവന്‍ പറഞ്ഞു.

71. നളോപാഖ്യാനം - ഋതുപര്‍ണ്ണന്റെ വിദര്‍ഭഗമനം - ബൃഹദശ്വൻ പറഞ്ഞു: സുദേവന്റെ വാക്കു കേട്ടപ്പോള്‍ ഋതുപര്‍ണ്ണൻ ബാഹുകനെ വിളിച്ച്‌ സ്നേഹപൂര്‍വ്വം ഇപ്രകാരം പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: ബാഹുകാ, ദമയന്തിയുടെ സ്വയംവരത്തിന്‌ കഴിയുമെങ്കില്‍ ഒറ്റദിവസം കൊണ്ട്‌ എത്തണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഭവാന്‍ അശ്വദക്ഷനാണല്ലോ.

ബൃഹദശ്വന്‍ പറഞ്ഞു: മഹാമനസ്വിയായ നളന്‍, രാജാവ് പറഞ്ഞതു കേട്ട്‌ ദുഃഖത്താല്‍ മനസ്സു തകര്‍ന്ന്‌ ചിന്താമഗ്നനായി നിന്നു പോയി.

ഹാ! ദമയന്തി രണ്ടാം വിവാഹം ചെയ്യുകയോ? ദുഃഖത്താല്‍ പീഡിതയായത് കൊണ്ടായിരിക്കാം അവള്‍ അതു ചെയ്യുവാന്‍ തയ്യാറായത്‌? ക്ഷുദ്രനും, കൃപണനും, പാപബുദ്ധിയുമായ ഇവനാല്‍ നിര്‍ദ്ദയം വഞ്ചിക്കപ്പെട്ട ആ പാവം, ഭര്‍ത്താവിനെ കാണുവാനുള്ള കാംക്ഷ കൊണ്ട്‌ എന്നെ കണ്ടു പിടിക്കുവാന്‍ ആലോചിച്ച്‌ നിശ്ചയിച്ച തന്ത്രമായിരിക്കുമോ ഇത്‌? നിഷ്കളങ്കയായ ഭൈമിയുടെ പ്രവൃത്തി ക്രൂരം തന്നെ! ഞാന്‍ ചെയ്തത്‌ മഹാപരാധം തന്നെ. സ്ത്രികളുടെ സ്വഭാവം ചപലമാണ്‌. ഞാനും വലിയ തെറ്റു ചെയ്തു. ഒരു പക്ഷേ, വേര്‍പാടു മൂലം എന്നോടുള്ള സൗഹൃദം നശിച്ചു പോയിരിക്കാം. ഞാന്‍ കാരണം ദുഃഖിതയും നിരാശയുമായ അവള്‍ അങ്ങനെ ചെയ്യാനിടയില്ല! ഇല്ല! അവള്‍ അങ്ങനെ ചെയ്യില്ല. വിശേഷിച്ചും സന്താനവതിയായ അവള്‍ക്ക്‌ ഒരിക്കലും പുനര്‍വിവാഹത്തില്‍ മനസ്സു ചെല്ലുകയില്ല. ഈ പ്രസ്താവം സത്യമോ അസത്യമോ എന്ന് അവിടെ ചെന്നാല്‍ അറിയാം. അങ്ങനെ എന്റേയും ഋതുപര്‍ണ്ണന്റേയും ഉദ്ദേശ്യം സാധിക്കാം.

ഇപ്രകാരം ചിന്തിച്ച്‌ ബാഹുകന്‍ മനസ്സുഴറി ഋതുപര്‍ണ്ണന്റെ അഭിലാഷം പോലെ ആകാമെന്ന്‌ കൈതൊഴുത്‌ ഉണര്‍ത്തിച്ചു. ഒറ്റ പകൽ കൊണ്ട്‌ വിദര്‍ഭപുരിയില്‍ എത്താമെന്ന്‌ ഉറപ്പു നല്കി. പിന്നെ ബാഹുകന്‍ അശ്വങ്ങളെ പരീക്ഷിക്കുവാന്‍ ഭാംഗാസുരി രാജാവിന്റെ ആജ്ഞപ്രകാരം അശ്വലായത്തില്‍ പ്രവേശിച്ചു. ഋതുപര്‍ണ്ണന്‍ വേഗമാകട്ടെ എന്ന് തിടുക്കി തുടങ്ങി. ഉടനെ ബാഹുകന്‍ അശ്വങ്ങളെ അതിശ്രദ്ധയോടെ തെരഞ്ഞെടുത്തു. മെലിഞ്ഞവ എങ്കിലും ശക്തിയുള്ള അശ്വങ്ങളെ, ദീര്‍ഘയാത്രയ്ക്കു പറ്റിയവയെ, ബുദ്ധിപൂര്‍വ്വം തെരഞ്ഞു പിടിച്ചു. മഹാഹനുക്കളും ( വലിയ താടിയെല്ലുള്ളവ ), വിശാലമായ മൂക്കും, ശക്തിയും, കാന്തിയും ഉള്ളവയും, നല്ല വര്‍ഗ്ഗത്തില്‍ പെട്ടതും, നല്ല മെരുക്കമുള്ളതും. ദുര്‍ലക്ഷണമില്ലാതെ ശോഭനമായ പത്തു ചുഴികള്‍ വീതമുള്ളതും സിന്ധുദേശ ജാതങ്ങളുമായ അശ്വങ്ങളായിരുന്നു അവ. അവയെ കണ്ടപ്പോള്‍ ഋതുപര്‍ണ്ണന്, ഇഷ്ടം തോന്നിയില്ല.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: എടോ ബാഹുക! നീ എന്താണീ ചെയ്യുന്നത്‌? നീ എന്നെ കളിയാക്കുകയാണോ പുഷ്ടിയും ശക്തിയുമുള്ള എത്രയോ നല്ല കുതിരകള്‍ നിൽക്കുമ്പോള്‍ ഈചാവാലി കുതിരകളെ ആണോ രഥത്തില്‍ പൂട്ടുവാന്‍ പോകുന്നത്‌? വായുവിലും ബലത്തിലും ശക്തി കുറഞ്ഞ ഈ കുതിരകള്‍ക്ക്‌ നമ്മെ ചുമക്കുവാനുള്ള ശക്തിയുണ്ടോ? ഇവയെ ആശ്രയിച്ച്‌ ബഹുദുരം എങ്ങനെ സഞ്ചരിക്കാനാണ്‌?

ബാഹുകന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ ഈ കുതിരകളെ ഒന്നു നല്ലപോലെ നോക്കി കാണുക. ഇവ ലക്ഷണ യുക്തങ്ങളാണ്‌. പത്തു ലക്ഷണമൊത്ത ചുഴികള്‍ ഇവയ്ക്കുണ്ട്‌. നോക്കുക. നെറ്റിക്ക്‌ ഒന്ന്‌, മൂര്‍ദ്ധാവില്‍ രണ്ട്, ഇരുപാര്‍ശ്വങ്ങളിലും ഈരണ്ട്‌. വക്ഷസ്സില്‍ രണ്ട്‌. മുതുകില്‍ ഒന്ന്‌ ഇങ്ങനെ പത്തു ലക്ഷണം തികഞ്ഞ ചുഴികള്‍ ഇവയ്ക്ക്‌ ഓരോന്നിനുമുണ്ട്‌. ഇവ യഥാകാലം നിസ്സംശയം വിദര്‍ഭത്തിലെത്തും. അഥവാ വേറെ കുതിരകള്‍ വേണമെന്ന്‌ ഭവാന് തോന്നുന്നുണ്ടെങ്കില്‍ എനിക്കവയെ കാണിച്ചു തരൂ, ഞാന്‍ അവയെ പൂട്ടാന്‍ സന്നദ്ധനാണ്‌.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: ഹേ, ബാഹുക. ഭവാന്‍ അശ്വതത്വജ്ഞനും കുശലനും ആണെന്നതില്‍ സംശയമില്ല. ദ്രുതഗതിക്കും ദൂരദേശ ഗമനത്തിനും ഭവാന്‍ തീരുമാനിച്ചതിനെ തന്നെ പൂട്ടുക.

ബൃഹദശ്വന്‍ പറഞ്ഞു: അശ്വ കുശലനായ നളന്‍ കുലശീല ലക്ഷണങ്ങള്‍ തികഞ്ഞ ആ നാല് അശ്വങ്ങളെ പൂട്ടിയ രഥം തയ്യാറാക്കി നിര്‍ത്തി. അതില്‍ രാജാവ്‌ വേഗത്തില്‍ കയറി. ഉടനെ ആ ഉത്തമാശ്വങ്ങള്‍ ഭൂമിയില്‍ മുട്ടു കുത്തി വീണു. അപ്പോള്‍ നരശ്രേഷ്ഠനായ നള മഹാരാജാവ്‌ ശക്തിയും കാന്തിയും കൂടിയ ആ കുതിരകളെ സാന്ത്വനം ചെയ്തു. സൂതനായ വാര്‍ഷ്ണേയനെ തേരില്‍ കയറ്റിയതിന് ശേഷം കടിഞ്ഞാണ്‍ വലിച്ച്‌ കുതിരകളെ വിട്ടു.

ബാഹുകന്‍ ശാസ്ത്രവിധി പോലെ തെളിച്ചുവിട്ട കുതിരകള്‍ രഥത്തിൽ ഇരിക്കുന്നവര്‍ക്ക്‌ മോഹം വളര്‍ത്തുന്ന വിധം ആകാശത്തേക്കു കുതിച്ചു ചാടി, വായു വേഗത്തില്‍ പായുന്നതു കണ്ട്‌, അയോദ്ധ്യാധിപന്ന്‌ വലുതായ അത്ഭുതമുണ്ടായി. രഥത്തിന്റെ ശബ്ദവും കുതിരയെ ഓടിക്കുന്ന വിധവും കണ്ട്‌ വാര്‍ഷ്ണേയന്ന്‌ ചിന്തയായി. അവന്‍ ബാഹുകന്റെ കഴിവിനെപ്പറ്റി ചിന്തിച്ചു. എന്തൊരു രഥഘോഷം! എന്തൊരു അശ്വഗ്രഹണം! ഈ അശ്വജ്ഞനായ ബാഹുകന്‍ ആരാണ്‌? ദേവരാജ സാരഥിയായ മാതലിയാണോ ഇദ്ദേഹം? അങ്ങനെ സംശയിക്കത്തക്ക ലക്ഷണം ഈ വീരനില്‍ കാണുന്നുണ്ട്‌. അശ്വകുലതത്വം ഗ്രഹിച്ച അശ്വശാസ്ത്ര കര്‍ത്താവായ ഭഗവാന്‍ ശാലിഹോത്രന്‍ മനുഷുനായി അവതരിച്ചി രിക്കയാണോ? എന്നാൽ ദേഹം ശോഭനമായി കാണുന്നുമില്ല. അതോ സാക്ഷാല്‍ പരപുരഞ് ജയനായ നള രാജവാണോ?? നളന്റെ ജ്ഞാനം മുഴുവനും ഇവനില്‍ അതേപടി കാണുന്നുണ്ട്‌. പ്രായം കൊണ്ടും തുലൃത കാണുന്നു. എന്നാലും മഹാവീര്യനായ നളൻ ആയിരിക്കയില്ല, ബാഹുകന്‍ ശാസ്ത്രവിജ്ഞാനികളായ ചില മഹാത്മാക്കള്‍ ദൈവവിധിയാല്‍ വേഷപ്രച്ഛന്നരായി ഗൂഢമായി ഭൂമിയില്‍ സഞ്ചരിക്കാറുണ്ട്‌. ദേഹ വൈരൂപ്യം കണ്ട്‌ എന്റെ അറിവ് തെറ്റി പോയോ? സാക്ഷാല്‍ നളന്‍ തന്നെ ആയിരിക്കുമോ ഇദ്ദേഹം? വയസ്സു കൊണ്ടും ഉയരം കൊണ്ടും വിനയം കൊണ്ടും നളന് തല്യനായ മറ്റൊരാളായിരിക്കാം. എന്നാൽ ഒരു പക്ഷേ, നളന്റെ തേജസ്സു നഷ്ടപ്പെട്ട ഈ രൂപം പൂണ്ടതായിരിക്കുമോ? രൂപം കൊണ്ടു മാത്രം യാതൊരു സാദൃശ്യവുമില്ല. ബാഹുകന്‍ നളന്‍ തന്നെയാകുമോ?

പുണ്യശ്ലോകനായ നളന്റെ സാരഥിയായിരുന്ന വാര്‍ഷ്ണേയന്‍ ഇപ്രകാരം ഓരോന്നു ചിന്തിച്ച്‌ നിശ്ശബ്ദനായിരുന്നു. ഋതുപര്‍ണ്ണന്‍ അപ്പോള്‍ ബാഹുകന്റെ ഏകാഗ്രത, ജാഗ്രത, ഉത്സാഹം, അശ്വഗഹണ കൗശലം, പരമമായ പ്രയത്നം ഇവ കണ്ട്‌ ആ സൂതന്റെ അശ്വജ്ഞാനമോര്‍ത്ത്‌ വലിയ സന്തോഷത്തോടെ ഇരുന്നു.

72. നളോപാഖ്യാനം - കലിനിര്‍ഗ്ഗമനം - ബൃഹദശ്വന്‍ പറഞ്ഞു: യുധിഷ്ഠിര രാജാവേ! ഇങ്ങനെ ആ രഥം പുഴകളും, മലകളും, കാടുകളും, പൊയ്കകളും കടന്ന്‌ പക്ഷി ആകാശത്തിലെന്ന വണ്ണം അതിശീഘ്രം പാഞ്ഞു തുടങ്ങി. വളരെ ദൂരം ചെന്നതിന് ശേഷം വഴിക്ക്‌ ശത്രുപുരി നാശനനും ഭംഗാസുരി പുത്രനുമായ ഋതുപര്‍ണ്ണന്റെ ഉത്തരീയം താഴെ വീണു പോയി. വസ്ത്രം വീണയുടനെ മഹാ മനസ്വിയായ രാജാവ്‌ നളനോടിങ്ങനെ പറഞ്ഞു.

ഹേ മഹാശയാ, എന്റെ വീണു പോയ വസ്ത്രം വീണ്ടെടുക്കണം. വാര്‍ഷ്ണേയന്‍ അത്‌ എടുത്തു കൊണ്ടു വരുന്നതുവരെ മഹാവേഗമുള്ള കുതിരകളെ നിറുത്തുക.

വസ്ത്രം വീണസ്ഥലത്തു നിന്നു രഥം ഒരു യോജന പോയിക്കഴിഞ്ഞു എന്നും ഇനി അതെടുക്കുവാന്‍ പ്രയാസമുണ്ടെന്നും നളന്‍ പറഞ്ഞു. അപ്പോള്‍ അടുത്തുള്ള കാട്ടില്‍ ഫലപൂര്‍ണ്ണമായ ഒരു താന്നിമരം ഭംഗാസുരി പുത്രനായ രാജാവ്‌ കണ്ടു തിടുക്കത്തില്‍ ബാഹുകനോട്‌ ഇങ്ങനെ പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: എടോ, സൂതാ! നീ എന്റെ ഗണിത സാമര്‍ത്ഥ്യം കാണുക. എല്ലാം അറിയുന്നവരായി ആരുമില്ലല്ലോ. എല്ലാ ജ്ഞാനവും ഒരുവനില്‍ തെളിഞ്ഞു കാണുക സംഭവ്യമല്ല. ഗണന വിഷയത്തില്‍ എനിക്കു പ്രത്യേകമായ സാമര്‍ത്ഥ്യമുണ്ട്‌. ഇതാ ഈ താന്നിമരം നോക്കൂ! ഈ താന്നിമരത്തിന്റെ ചുവട്ടില്‍ വീണു കിടക്കുന്ന ഇലകളും കായ്കളും അതിന്മേൽ ഉള്ളതിനേക്കാള്‍ നൂറ്റൊന്നെണ്ണം കൂടുതലാണ്‌. കായ്കളും ഇലകളും ഒരു പോലെ, അതിന്റെ രണ്ടു കൊമ്പുകളിലും കൂടി അഞ്ചു കോടി ഇലയും രണ്ടായിരത്തിതൊണ്ണുറ്റിയഞ്ചു കായ്കളുമുണ്ട്‌.

ബൃഹദശ്വന്‍ പറഞ്ഞു: അപ്പോള്‍ നളന്‍ ഉടനെ രഥം നിര്‍ത്തി രാജാവിനോടു പറഞ്ഞു.

നളന്‍ പറഞ്ഞു: ശത്രുകര്‍ശനുനായ രാജാവേ, എനിക്കു പ്രതൃക്ഷമല്ലാത്ത ഒരു കാര്യം ഭവാന്‍ സ്വന്തം കഴിവായി കണക്കാക്കുന്നു. അതു കൊണ്ട്‌ ഭവാന്‍ പറഞ്ഞതു ശരിയാണോ എന്നറിയുന്നതിന്‌ ഇപ്പോള്‍ തന്നെ ഈ താന്നി മുറിച്ചിട്ട അതിന്റെ ഇലകളും കായ്കളും എണ്ണി നോക്കാം. അപ്പോള്‍ ഭവാന്‍ പറഞ്ഞതു ശരിയാണോ എന്ന് എനിക്ക്‌ പ്രത്യക്ഷമായി അറിയാമല്ലോ. അതുവരെ വാര്‍ഷ്ണേയന്‍ കടിഞ്ഞാണ്‍ പിടിക്കട്ടെ. ശരിയോ തെറ്റോ എന്ന് എനിക്ക് അറിഞ്ഞുകൂടല്ലോ. ഭവാന്‍ കാണ്‍കെ തന്നെ ഞാന്‍ ഇതിന്റെ കായ്കള്‍ എണ്ണാം. ഋതുപര്‍ണ്ണന്‍ പറഞ്ഞു: ഇവിടെ നിന്നു കളയാന്‍ സമയമില്ല.

ബാഹുകന്‍ വിനയത്തോടെ മറുപടി പറഞ്ഞു: എനിക്കു വേണ്ടി ഭവാന്‍ അല്പസമയം കാക്കുക. ഒട്ടും വൈകിക്കുവാന്‍ വയ്യെങ്കില്‍ വാര്‍ഷ്ണേയനെ സാരഥിയാക്കി ഭവാന്‍ മുമ്പേ പോകുന്നത്‌ എനിക്ക്‌ സമ്മതമാണ്‌. നോക്കു! ആ കാണുന്ന നല്ല വഴിയാണ്‌ വിദര്‍ഭത്തിലേക്കുള്ള മാര്‍ഗ്ഗം.

ഇതു കേട്ടപ്പോള്‍ ബാഹുകനോട്‌ സാന്ത്വനപൂര്‍വ്വം പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: ബാഹുകാ! ഭവാനാണ്‌ ലോകത്തില്‍ വെച്ച്‌ ഏറ്റവും യോഗ്യനായ സാരഥി. അശ്വകോവിദനായ ഭവാന്‍ തന്നെ എന്റെ രഥം വിദര്‍ഭത്തിൽ എത്തിക്കണം എന്നാണ്‌ എന്റെ ആഗ്രഹം. ഭവാനെ ഞാന്‍ ശരണം പ്രാപിക്കുന്നു. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ്‌ എന്നെ ഭവാന്‍ വിദര്‍ഭത്തിൽ എത്തിച്ചാല്‍ മതി. ഭവാന് ആഗ്രഹമു ള്ളതൊക്കെ ഞാന്‍ തരാം.

നളന്‍ പറഞ്ഞു: ഈ താന്നിയിലെ ഇലകളും ഫലങ്ങളും എണ്ണി കണക്കാക്കിയതില്‍ പിന്നെ വേണ്ട സമയത്തു വിദര്‍ഭത്തില്‍ ചെന്നു ചേരുവാന്‍ വേണ്ടുവോളം സമയമുണ്ട്‌. ഭവാന്‍ എന്നെ വിശ്വസിക്കുക.

ബൃഹദശ്വന്‍ പറഞ്ഞു: ഒടുവില്‍ ഋതുപര്‍ണ്ണന്‍ ഒരുവിധം ബാഹുകന് അനുജ്ഞ നല്കി. തന്റെ കണക്കു ശരിയാണോ എന്നറിഞ്ഞാല്‍ മതിയെങ്കില്‍ , കൊമ്പുകളില്‍ ഒരു ഭാഗം മാത്രം എണ്ണിനോക്കിയാല്‍ മതിയെന്ന്‌ രാജാവും പറഞ്ഞു. നളന്‍ ഉടനെ തേരില്‍ നിന്നിറങ്ങി ആ മരം വെട്ടി വീഴ്ത്തി. ഋതുപര്‍ണ്ണന്‍ പറഞ്ഞതു പോലെ കായ്കള്‍ എണ്ണി നോക്കി. കണക്കു ശരിയായി ഇരിക്കുന്നതായി കണ്ട്‌ അത്ഭുതപ്പെട്ടു തിരിച്ചുവന്നു.

നളന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ പറഞ്ഞതു തികച്ചും ശരിയായിരിക്കുന്നു. അവിടുത്തെ ഗണനസാമര്‍ത്ഥ്യം അത്ഭുതം തന്നെ. ഈ വിദ്യ ഭവാന്‍ എനിക്ക്‌ ഉപദേശിച്ചു തരേണമെന്ന്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

വേഗത്തില്‍ പോകാന്‍ ധൃതിപൂണ്ട രാജവ്‌ ഇങ്ങനെ പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: എടോ ബാഹുക! എനിക്കു കണക്കു മാത്രമല്ല, അക്ഷഹൃദയ വിദ്യയും നന്നായി അറിയാം.

നളന്‍ പറഞ്ഞു: ഭവാന്‍ എന്നില്‍ നിന്ന്‌ അശ്വഹൃദയത്തെ ഗ്രഹിച്ച്‌ അതിന് പകരം അക്ഷഹൃദയം എനിക്ക്‌ ഉപദേശിച്ചു തരിക.

ബൃഹദശ്വന്‍ പറഞ്ഞു: തന്റെ സുപ്രധാന കാര്യസാദ്ധ്യം ബാഹുകനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന്‌ ബോധമുള്ളതിനാലും, അശ്വഹൃദയവിദ്യ മനസ്സിലാക്കാനുള്ള അതിയായ ആഗ്രഹത്താലും ഋതുപര്‍ണ്ണ രാജാവ്‌ ഇങ്ങനെ പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: അങ്ങനെയാകട്ടെ! അശ്വഹൃദയം തല്‍ക്കാലം ഭവാനില്‍ തന്നെ നില്ക്കട്ടെ. അത്‌ ഞാന്‍ യഥാ സൗകര്യം ഗ്രഹിച്ചു കൊള്ളാം. ശ്രേഷ്ഠമായ അക്ഷവിദ്യ ഭവാന്‍ ഇപ്പോള്‍ തന്നെ എന്നില്‍ നിന്നു ഗ്രഹിച്ചു കൊള്ളുക.

ബൃഹദശ്വന്‍ പറഞ്ഞു: അപ്രകാരം നളന്‍ ഋതുപര്‍ണ്ണനില്‍ നിന്ന്‌ അക്ഷഹൃദയം ഗ്രഹിച്ചു. നളന്‍ അക്ഷഹൃദയം ഗ്രഹിച്ച ഉടനെ കലി നളന്റെ ദേഹം വിട്ട്‌, തീക്ഷണമായ കാര്‍ക്കോടക വിഷം ഛര്‍ദ്ദിച്ച്‌ പുറത്തേക്കു ചാടി. ശോകാഗ്നിയില്‍ പെട്ട്‌ ആര്‍ത്തനായി. മൂഢനായി, ദമയന്തീ ശാപാഗ്നിയില്‍ എരിഞ്ഞു വെന്തു നീറിയിരുന്ന കലി വിഷബാധയില്‍ നിന്ന്‌ ഒഴിഞ്ഞ്‌, നളന്റെ ശരീരത്തില്‍ നിന്നു പുറത്തു വന്നപ്പോള്‍, ആ ശാപാഗ്നിയും കലിയെ വിട്ടു പോയി. കാലം കുറച്ചായി നളനെ അശുദ്ധനെന്ന വണ്ണം കലി ബാധിച്ചിട്ട്‌. കലിയെ കണ്ടു ക്രുദ്ധനായ നളന്‍ ശപിക്കുവാന്‍ ഭാവിച്ചു. അതു കണ്ട്‌ പേടിച്ചു വിറച്ച്‌ കലി കൈകൂപ്പി നിന്നു പറഞ്ഞു.

കലി പറഞ്ഞു: പ്രസാദിക്കണമേ! പ്രസാദിക്കണമേ! ക്ഷമാപാലനായ ഭവാന്‍ കോപത്തെ അടക്കണേ! ഭവാന്‍ വെടിഞ്ഞു പോയതിന് ശേഷം ഇന്ദ്രസേന ജനനിയായ ദമയന്തി കുപിതയായി എന്നെ ശപിച്ചു. അന്നു മുതല്‍ ഞാന്‍ തീവ്രദുഃഖം അനുഭവിച്ചു വരുന്നു. പിന്നെ നാഗ്രേന്ദ്ര വിഷത്താല്‍ ഞാന്‍ ദഹിക്കുകയായിരുന്നു. ആ നിലയിലാണു ഞാന്‍ ഭവാനില്‍ പാര്‍ത്തിരുന്നത്‌. ഞാന്‍ ഇതാ ഭവാനെ ശരണം പ്രാപിക്കുന്നു. ഞാന്‍ ഭയാര്‍ത്തനാണ്‌. ശരണാഗതനുമാണ്‌. എന്നെ ഭവാന്‍ ശപിക്കാതെ വിട്ടയച്ചാല്‍ ഭവാന്റെ കീര്‍ത്തനം ചൊല്ലുന്ന മനുഷ്യര്‍ക്ക്‌ എന്നില്‍ നിന്നുള്ള ഭയം ഉണ്ടാവുകയില്ല.

ബൃഹദശ്വന്‍ പറഞ്ഞു: കലിയുടെ താണു കേണുള്ള അപേക്ഷ നളന്‍ നിരസിച്ചില്ല. പ്രസന്നനായ നളന്‍ കലിയെ വിട്ടു. കലി ഉടനെ താന്നിമരത്തില്‍ കയറി. അന്നുമുതല്‍ ഋതുപര്‍ണ്ണനോ മറ്റുള്ളവരോ കലിയെ കാണുകയോ, കലിയും നളനും തമ്മിലുള്ള സംസാരം കേള്‍ക്കുകയോ ഉണ്ടായില്ല.

ജ്വരം നീങ്ങി സന്തുഷ്ടനും തേജസ്വിയുമായി തീര്‍ന്ന നളരാജാവ്‌ താന്നി മരത്തിലെ കായ്‌ മുഴുവന്‍ ശരിക്ക്‌ എണ്ണി നോക്കിയതിന് ശേഷം സന്തുഷ്ടനായി തിരിച്ചു വന്ന്‌ രഥത്തില്‍ കയറി അശ്വങ്ങളെ വിട്ടു. കലി സ്പര്‍ശിച്ചതിനാല്‍ അന്നു മുതല്‍ ബിഭീതക വൃക്ഷം അപ്രശസ്തമായി തീര്‍ന്നു. നളപ്രേരിതമായ ആ ഉത്തമാശ്വങ്ങള്‍ വിദര്‍ഭ നഗരത്തിലേക്കു പക്ഷികളെ പോലെ പറന്നു പോയി. നളന്‍ വളരെ ദൂരം പോയപ്പോള്‍ കലിയും തന്റെ ഗുഹയിലേക്കു പോയി. മഹായശസ്വിയായ നളരാജാവ്‌ കലിബാധയില്‍ നിന്നു വിമുക്തനായി മുമ്പത്തെ പോലെ തേജസ്വിയായി തീര്‍ന്നു. എന്നാലും നളന്‍ തന്റെ വികൃത രൂപം അപ്പോഴും ഉപേക്ഷിച്ചില്ല.

73. നളോപാഖ്യാനം - ഋതുപര്‍ണ്ണന്റെ ഭീമപുരപ്രവേശം - ബൃഹദശ്വൻ പറഞ്ഞു: സന്ധ്യയോടു കൂടി സത്യവിക്രമനായ ഋതുപര്‍ണ്ണന്‍ വിദര്‍ഭത്തിലെത്തിയ വര്‍ത്തമാനം ജനങ്ങള്‍ ഭീമരാജാവിനെ അറിയിച്ചു. ഭീമരാജാവിന്റെ ക്ഷണം സ്വീകരിച്ച്‌ അയോദ്ധ്യാധിപന്‍ രഥഘോഷത്താല്‍ ദിക്കെങ്ങും മുഴക്കിക്കൊണ്ട്‌ കുണ്ഡിന പുരത്തില്‍ പ്രവേശിച്ചു. കുണ്ഡിനത്തില്‍ നിര്‍ത്തിയിട്ടുള്ള നളന്റെ അശ്വങ്ങള്‍ ഈ രഥനിര്‍ഘോഷം കേട്ട് മുമ്പ്‌ നളന്റെ മുമ്പിലെന്ന വിധം ഹര്‍ഷാരവമുണ്ടാക്കി. വര്‍ഷകാലത്തെ ഗംഭീരമന്ത്രമായ മേഘധ്വനി പോലെ മഹാരവമുണ്ടാക്കുന്ന രഥഘോഷം ദമയന്തിയും കേട്ടു. മുമ്പ്‌ നളന്‍ സ്വന്തം കുതിരകളെ പിടിച്ച്‌ തേര്‍ നടത്തിയിരുന്ന കാലത്തെയും നളന്റെ കുതിരകളെയും ദമയന്തി അനുസ്മരിച്ചു. രഥനിര്‍ഘോഷം കേട്ട്‌ ആനകളും, മയിലുകളും, കുതിരകളും മേഘധ്വനി ആണെന്നുള്ള ചിന്തയാല്‍ ഔത്സുക്യത്തോടെ തലപൊക്കി. മേൽപോട്ടു നോക്കി ശബ്ദമുണ്ടാക്കി.

ദമയന്തി തന്നത്താന്‍ പറഞ്ഞു: ലോകമെങ്ങും മുഴക്കിക്കൊണ്ടുള്ള ഈ രഥനിര്‍ഘോഷം എന്റെ ഹൃദയം കുളുര്‍പ്പിക്കുവാന്‍ എന്താണു കാരണം? തീര്‍ച്ചയായും ഇദ്ദേഹം നള മഹാരാജാവു തന്നെയാണ്‌. അനേകം ഗുണങ്ങള്‍ക്കു വിളനിലമായ ആ വീരനെ, ആ ചന്ദ്രാഭമുഖനെ കണ്ടില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ മരിക്കും. ആ വീരന്റെ സുഖസ്പര്‍ശം ലഭിച്ചില്ലെങ്കില്‍ ആ മഹാബാഹുവിന്റെ മാറിടത്തില്‍ ഞാന്‍ അമരാതിരുന്നാല്‍ , ഇന്നു ഞാന്‍ മരിക്കും! തീര്‍ച്ചയാണ്‌! മേഘസ്വനനായ നൈഷധന്‍ എന്റെ മുമ്പില്‍ വന്നെത്തിയില്ലെങ്കില്‍ പൊന്നിന്‍ നിറത്തോടെ കത്തുന്ന തീയില്‍ ഞാന്‍ ചാടി മരിക്കും! സിംഹവിക്രമനും ഗജഗാമിയുമായ ആ രാജാവ്‌ എന്നോടു ചേര്‍ന്നില്ലെങ്കില്‍ ഇന്നു ഞാന്‍ മരിക്കുക തന്നെ ചെയ്യും! ഞാന്‍ ഒരിക്കലും അസതൃമാകട്ടെ, അപകാരമാകട്ടെ, നളനില്‍ നിന്നു കേട്ടിട്ടില്ല. കളിയായി പോലും അദ്ദേഹം അസത്യം പറഞ്ഞിട്ടില്ല. എന്റെ ഭര്‍ത്താവ്‌ വീരനും, ദാതാവും, ക്ഷമാശീലനും, നൃപാഗ്രണിയുമാണ്‌. അദ്ദേഹം വിവാഹ കാലത്തെ ശപഥത്തില്‍ നിന്നു പിന്മാറുകയില്ല. പരസ്ത്രീ വിഷയത്തില്‍ അദ്ദേഹം ഷണ്ഡനെ പോലെയാണ്‌! അദ്ദേഹത്തിലുള്ള അത്തരം ഗുണങ്ങളെപ്പറ്റി രാവുംപകലും ഓര്‍ത്തുകൊണ്ടാണ്‌ ഞാന്‍ കഴിയുന്നത്‌. അപ്രകാരമുള്ള എന്റെ പ്രിയന്റെ വിയോഗത്താല്‍ എന്റെ ഹൃദയം തകരുകയാണ്‌.

ഇങ്ങനെയുള്ള വിചാരത്തോടെ ആ പുണൃശ്ലോകനായ നളനെ കാണുവാന്‍ അത്യാകാംക്ഷയോടെ ദമയന്തി മാളിക മുകളില്‍ കയറി നിന്നു. വാര്‍ഷ്ണേയനോടും ബാഹുകനോടു കൂടി ഋതുപര്‍ണ്ണന്‍ രാജധാനിയില്‍ പ്രവേശിച്ചു. തേരു നിര്‍ത്തി. ബാഹുകനും വാര്‍ഷ്ണേയനും തേരില്‍ നിന്നിറങ്ങി. കുതിരകളെ അഴിച്ചു വിട്ട്‌ ആ ഉത്തമമായ തേര്‍ മാറ്റി നിര്‍ത്തി. ദീപ്ത പരാക്രമനായ ഭീമരാജാവിനെ കാണുവാന്‍ ഋതുപര്‍ണ്ണന്‍ തേരില്‍ നിന്നിറങ്ങി. തന്റെ അതിഥിയെ കുണ്ഡിനാധിപന്‍ യഥോചിതം സല്‍ ക്കരിച്ചു. ഋതുപര്‍ണ്ണന്‍ ചുറ്റും നോക്കി. അവിടെ സ്വയംവരത്തിന്റെ ഘോഷമൊന്നും കണ്ടില്ല. ഋതുപര്‍ണ്ണന്‍ സംഭ്രമിച്ചു. അയോദ്ധ്യാധിപന്റെ വരവ്‌ തന്റെ മകള്‍ക്കു വേണ്ടി ആണെന്നറിയാത്ത ഭീമന്‍, സ്വാഗതാനന്തരം ആഗമനത്തിന്റെ കാരണത്തെ പറ്റി ചോദിച്ചു. രാജാക്കന്മാരോ രാജപുത്രന്മാരോ വന്നു കാണായ്കയാലും, വിവാഹ സംബന്ധമായ ആഘോഷങ്ങളോ, സജ്ജീകരണങ്ങളോ, ആഡംബരങ്ങളോ മറ്റോ കാണായ്കയാലും, ധീമാനായ രാജാവ്‌ കാര്യം മറച്ചുവച്ച്‌ ഇപ്രകാരം പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു; ഭവാനെ കണ്ട് വന്ദിക്കുവാന്‍ മാത്രം!

ബൃഹദശ്വന്‍ പറഞ്ഞു: ഋതുപര്‍ണ്ണന്റെ മറുപടി കേട്ട്‌ ഭീമരാജാവ്‌ പുഞ്ചിരി തൂകിക്കൊണ്ടു മനസ്സില്‍ ചിന്തിച്ചു: അദ്ദേഹം പറഞ്ഞതു വാസ്തവമല്ല. പലപല രാജ്യങ്ങള്‍ കടന്ന്‌ നുറു യോജനയിലധികം ദൂരം പിന്നിട്ട്‌ ഇത്ര പെട്ടെന്ന്‌ ഇങ്ങോട്ടു വരുന്നതിന് എന്തോ കാരണമുണ്ടെന്നു പിന്നീടറിയാം.. ഇപ്രകാരം ചിന്തിച്ച്‌ വിദര്‍ഭന്‍ വേണ്ട സല്‍ക്കാരങ്ങള്‍ ചെയ്തു. യാത്രയാല്‍ തളര്‍ന്ന ഋതുപര്‍ണ്ണനോട്‌ വിദര്‍ഭന്‍ പറഞ്ഞു.

ഭവാന്‍ യാത്ര കൊണ്ടു ക്ഷീണിച്ചിരിക്കുന്നു. വിശ്രമിച്ചാലും!

ഋതുപര്‍ണ്ണനെ മറ്റൊരു മന്ദിരത്തിലേക്ക് രാജഭൃതൃന്മാരോടു കൂടെ അയച്ച്‌ തന്റെ വസതിയില്‍ പ്രവേശിച്ചു.

ഋതുപര്‍ണ്ണ രാജാവ്‌ വാര്‍ഷ്ണേയനോടു കൂടെ പോയപ്പോള്‍ ബാഹുകന്‍ തേരുമായി രഥശാലയില്‍ പ്രവേശിച്ചു. കുതിരകളെ അഴിച്ചു വിട്ട്‌ ശാസ്ത്രാനുസരണമായി നടത്തി. അവയെ ആശ്വസിപ്പിച്ചതിന് ശേഷം താനും തേര്‍ത്തട്ടില്‍ ഇരുന്നു.

ഭൈമി ഋതുപര്‍ണ്ണനേയും, വാര്‍ഷ്ണേയനേയും, ബാഹുകനേയും കണ്ടു. നളനെ കണ്ടില്ല. ഭൈമി ചിന്താമഗ്നയായി: നളനാല്‍ എന്ന പോലെ രഥ നിര്‍ഘോഷം പുറപ്പെടു വിച്ചിരിക്കെ നളനെ ഇവരുടെ ഇടയില്‍ കാണാഞ്ഞത് എന്താണ്‌? നളന് അറിയുന്ന ആ അശ്വവിദ്യ വാര്‍ഷ്ണേയനും അറിഞ്ഞിരിക്കാം. അല്ലെങ്കില്‍ ഋതുപര്‍ണ്ണ രാജാവും നളന് തുല്യം അശ്വവിദ്യാ വിശാരദനായിരിക്കാം. അതു കൊണ്ടാവാം ഇത്തരത്തിലുള്ള രഥ നിര്‍ഘോഷം കേട്ടത്‌. ഇപ്രകാരം സംശയ ഗ്രസ്തയായ ദമയന്തി നൈഷധനെ തിരയാന്‍ ഒരു ദൂതിയെ വിട്ടു.

74. നളോപാഖ്യാനം - നള കേശിനീ സംവാദം - ദമയന്തി കേശിനിയോടു പറഞ്ഞു: എടോ കേശിനീ, നീ പോയി ആ വികൃതരൂപനും ഹ്രസ്വബാഹുവുമായ ആ സാരഥി ആരാണെന്ന്‌ അന്വേഷിച്ചറിഞ്ഞു വരണം. മൃദുവായ സ്വരത്തില്‍, സയമമായി നീ ആ മനുഷ്യനോട്‌ കുശലം ചോദിക്കുക. അദ്ദേഹം നളനാണോ എന്ന് എനിക്കു വലുതായ ശങ്കയുണ്ട്‌. നളനെ കാണുമ്പോഴുള്ള സന്തോഷവും നിര്‍വൃതിയും എനിക്ക്‌ ആ മനുഷ്യനെ കാണുമ്പോള്‍ ഉണ്ടാകുന്നു. എല്ലാം വഴി പോലെ ചോദിച്ചറിഞ്ഞ്‌, പര്‍ണ്ണാദന്‍ പറഞ്ഞതിനെ പറ്റി അദ്ദേഹത്തോടു പറയുക. അതിന് അദ്ദേഹം പറയുന്ന മറുപടി നീ സശ്രദ്ധം കേള്‍ക്കുക.

ബുഹദശ്വന്‍ പറഞ്ഞു: ഉടനെ തന്നെ ആ ദൂതി വളരെ ശ്രദ്ധയോടെ ബാഹുകന്റെ അടുത്തേക്കു നടന്നു. ദമയന്തി മാളിക മുകളില്‍ നിന്ന്‌ നോക്കിക്കണ്ടു. കേശിനി ബാഹുകന്റെ സമീപത്തെത്തി.

കേശിനി പറഞ്ഞു: പുരുഷശ്രേഷ്ഠനായ ഭവാനു സ്വാഗതം. ഞാന്‍ ഭവാന് കുശലം ആശംസിക്കുന്നു! ദമയന്തി പറഞ്ഞയച്ചിരിക്കുന്നു; ഭവാന്‍ കേട്ടാലും: നിങ്ങള്‍ എപ്പോഴാണു പുറപ്പെട്ടത്‌? എന്തിനാണ്‌ ഇങ്ങോട്ടു വന്നത്‌? സത്യം പറഞ്ഞു കേൾക്കുവാൻ ആഗ്രഹിക്കുന്നു.

ബാഹുകന്‍ പറഞ്ഞു: വൈദര്‍ഭിക്ക്‌ രണ്ടാം സ്വയംവരമുണ്ടെന്ന്‌ ഒരു ബ്രാഹ്മണന്‍ പറഞ്ഞ്‌ കീര്‍ത്തിമാനായ കോസല രാജാവു കേട്ടു. അതില്‍ സംബന്ധിക്കണ മെന്നാഗ്രഹിച്ച്‌ വായു വേഗമുള്ള നൂറു യോജന ഓടാന്‍ ശക്തങ്ങളായ; ഉത്തമാശ്വങ്ങളെ പൂട്ടിയ രഥത്തില്‍ കയറി അദ്ദേഹം യാത്ര ചെയ്ത്‌ ഇവിടെ എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ സാരഥിയാണു ഞാന്‍.

കേശിനി പറഞ്ഞു: അയോദ്ധ്യാധിപനും ഭവാനും പുറമേ, മൂന്നാമതൊരാള്‍ കൂടി വന്നിട്ടുണ്ടല്ലോ. അയാള്‍ ആരാണ്‌? ഭവാന്‍ ആരുടെ പുത്രനാണ്‌? അങ്ങ്‌ ഈ ജോലിക്ക്‌ എങ്ങനെ വന്നുപെട്ടു?

ബാഹുകന്‍ പറഞ്ഞു: കൂടെ വന്നവന്റെ പേര്‍ വാര്‍ഷ്ണേയന്‍ എന്നാണ്‌. അയാള്‍ മുമ്പ്‌ നളരാജാവിന്റെ തേരാളി ആയിരുന്നു. ഹേ സുന്ദരി, ആ പുണ്യപുരുഷന്‍ നാടു വിട്ടു പോയതിന് ശേഷം ഭംഗാസുരി പുത്രനായ ഋതുപര്‍ണ്ണ രാജാവിനെ ആശ്രയിച്ചു കഴിയുകയാണ്‌. ഞാനും ആ രാജാവിന്റെ സൂതനാണ്‌. അശ്വ കുശലനാണ്‌ ഞാന്‍. ഭക്ഷണം തയ്യാറാക്കാനും സാരഥ്യം വഹിക്കാനുമായി കോസലാധിപന്‍ തന്നെ എന്നെ നിയോഗിച്ചിരിക്കയാല്‍ അങ്ങനെ ഞാന്‍ ജീവിക്കുന്നു.

കേശിനി പറഞ്ഞു: ആട്ടെ! ഞാന്‍ ഒന്നു ചോദിക്കട്ടെ! വാര്‍ഷ്ണേയന് അറിവുണ്ടോ, നളന്‍ എവിടെ ആണെന്ന്‌? ആ സൂതന്‍ വല്ലപ്പോഴും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?

ബാഹുകന്‍ പറഞ്ഞു: ആ പുണൃചരിതന്റെ രണ്ടു മക്കളേയും ഇവിടെ കൊണ്ടു വിട്ടതിന് ശേഷം വാര്‍ഷ്ണേയന്‍ നിഷധത്തില്‍ പോവുകയോ നൈഷധനെ കാണുകയോ ചെയ്തിട്ടില്ല. നളന്‍ എവിടെ ആണെന്ന് അറിയുന്നവര്‍ ആരുമില്ല. ആ രാജാവ്‌ പ്രച്ഛന്ന വേഷനായി, ജന്മസിദ്ധമായ സൗന്ദര്യം നശിച്ച്‌ ലോകത്തില്‍ ഗൂഢമായി സഞ്ചരിക്കുന്നുണ്ട്‌. ഇപ്പോള്‍ നളനെ അറിയുന്നവന്‍ നളന്‍ മാത്രമേയുള്ളൂ. തന്റെ ചിഹ്നം അദ്ദേഹം ആര്‍ക്കും മനസ്സിലാക്കി കൊടുത്തിട്ടില്ല.

കേശിനി പറഞ്ഞു: അയോദ്ധ്യയില്‍ മുമ്പു ചെന്നിരുന്ന ബ്രാഹ്മണന്‍ ഈ നാരീവാക്യം വീണ്ടും വീണ്ടും ഉച്ചത്തില്‍ പാടി നടന്നത്‌ ഭവാന്‍ കേള്‍ക്കുക യുണ്ടായില്ലേ?

എന്നുടെ വസ്ത്രം പകുതി മുറിച്ചുടുത്തെങ്ങു പോയ് ധൂര്‍ത്താ നീയെങ്ങു പോയി? കാട്ടില്‍ കിടന്നുറങ്ങിടുന്ന കാന്തയെ വിട്ടു പിരിഞ്ഞു നീയെങ്ങു പോയി?

അന്നു നീ കണ്ടപോല്‍ നിൽക്കുകയാണവള്‍ ഇന്നും നിന്‍ ആഗമം നോക്കി നോക്കി. അപ്പാതിവസ്ത്രവും ചുറ്റിയാപ്പെണ്‍കൊടിയിപ്പോഴും ദുഃഖത്തില്‍ നീറി നീറി!

എത്തുംപിടിയുമില്ലാത്ത കദനത്തിലെത്തിയൊരെന്നെപ്പിടിച്ചുകേറ്റാന്‍ എത്തുക വേഗം, കനിയുകീ പാവത്തില്‍ ; ഉത്തരം ചൊല്ലുക ജീവനാഥ!

ഈ വാകൃത്തിന്ന്‌ ഭവാന്‍ അന്നു കൊടുത്ത മറുപടി ഭവാനില്‍ നിന്ന്‌ വീണ്ടും കേള്‍ക്കുവാന്‍ ഭൈമി ഇച്ഛിക്കുന്നു. ആ മറുപടി ഒരിക്കല്‍ കൂടി പറയുവാന്‍ ഭവാന് ദയയുണ്ടാകുമോ?

ബൃഹദശ്വന്‍ പറഞ്ഞു: ഇപ്രകാരം കേശിനി പറഞ്ഞപ്പോള്‍ നളരാജാവിന്റെ ഹൃദയം പിടച്ചു. രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിച്ചു. ആത്മാവിനെ അടക്കി ദുഃഖം കൊണ്ട്‌ കത്തിയെരിയുന്ന ആ രാജാവ്‌ തൊണ്ടയിടറി വീണ്ടും താന്‍ മുമ്പു പറഞ്ഞ മറുപടി വാക്യം ആവര്‍ത്തിച്ച്‌ ഇപ്രകാരം കേള്‍പ്പിച്ചു:

എത്ര വലിയ വിഷമാവസ്ഥിയില്‍ പെട്ടാലും കുലസ്ത്രീകള്‍ക്കു തന്നെത്താന്‍ രക്ഷകിട്ടും. സ്വര്‍ഗ്ഗത്തെ പോലും നേടാന്‍ അവര്‍ക്കു കഴിയുമെന്ന കാരൃത്തില്‍ സംശയമില്ല. ഭര്‍ത്താക്കന്മാര്‍ പിരിഞ്ഞു പോയാലും അവരുടെ പേരില്‍ വരനാരികള്‍ കോപിക്കുകയില്ല.. പാതിവ്രത്യമാകുന്ന കവചം ധരിച്ച അവര്‍ ഏതു വിധേനയും ജീവിച്ചു കൊള്ളും. വിഷമത്തില്‍ പെട്ട്‌ കര്‍ത്തവ്യം അറിയാതാകുന്ന മൂഢന്‍, ആ വിഷമാവസ്ഥയില്‍ ഭാര്യയെ ഉപേക്ഷിച്ചാല്‍ അവനോട് അവന്റെ ഭാര്യ ക്രോധിക്കരുത്‌. അവശേഷിച്ച ആ ഒറ്റവസ്ത്രം കൂടിയും പക്ഷികള്‍ അപഹരിച്ചതിന് ശേഷം ആധിയാല്‍ ദഹിച്ച്‌ ഏറ്റവും കഷ്ടപ്പെട്ട്‌ പ്രാണധാരണം ചെയ്യുന്ന ആളോട്‌ ഒരിക്കലും കോപിക്കരുത്‌. രാജ്യം നഷ്ടപ്പെട്ട്‌, രാജ്യഭൃഷ്ടനായി, ധനം നഷ്ടപ്പെട്ട്‌, ശ്രീ നശിച്ച്‌, ദുഃഖാര്‍ത്തനായി. വിശന്നു തളര്‍ന്ന ആ മനുഷ്യന്‍ ആദരിച്ചാലും അനാദരിച്ചാലും അതിനെക്കുറിച്ചു ചിന്തിച്ചു പരിഭവിക്കരുത്‌.

ഇപ്രകാരം തൊണ്ടയിടറി വീണ്ടും പറഞ്ഞ നളന്‍ ദുഃഖപീഡിതനായി കണ്ണുനീര്‍ തടയുവാന്‍ കഴിയാതെ തേങ്ങിത്തേങ്ങി കരഞ്ഞു. അതിന് ശേഷം കേശിനി, ദമയന്തിയുടെ അടുത്തേക്ക്‌ മടങ്ങി പോയി, ഉണ്ടായതെല്ലാം അങ്ങനെ തന്നെ വൈദര്‍ഭിയോടു പറഞ്ഞു കേള്‍ പ്പിച്ചു. അപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായ വികാര ഭേദങ്ങളും അവള്‍ വിസ്തരിച്ചു പറഞ്ഞു കൊടുത്തു.

75. നളോപാഖ്യാനം - കന്യാപുത്രദര്‍ശനം - ബൃഹദശ്വന്‍ പറഞ്ഞു: എല്ലാം പറഞ്ഞു കേട്ടപ്പോള്‍ ദുഃഖ പീഡിതയായ ദമയന്തി വികൃതാംഗനായ സൂതന്‍ നളന്‍ തന്നെ ആണെന്നു സംശയിച്ച്‌ കേശിനിയോട് പറഞ്ഞു.

ദമയന്തി പറഞ്ഞു: എടോ കേശിനി, നീ ഇനിയും പോയി പരീക്ഷിച്ചു നോക്കുക. അദ്ദേഹത്തോട്‌ ഇനി ഒന്നും ചോദിക്കേണ്ടാ. അരികെ നിന്ന്‌ അദ്ദേഹത്തിന്റെ നടപടികള്‍ നോക്കി മനസ്സീലാക്കിയാല്‍ മാത്രം മതി. അദ്ദേഹം എന്തെങ്കിലും ഒന്നു പ്രവര്‍ത്തിച്ചാല്‍ അത്‌ എങ്ങനെ ചെയ്തുവെന്ന്‌ അദ്ദേഹത്തിന്റെ ചേഷ്‌ടയില്‍ നിന്നു നീ അറിയണം. അദ്ദേഹം ആവശ്യപ്പെട്ടാല്‍ പോലും നീ തീയോ, വെള്ളമോ ഉടനെ കൊടുക്കരുത്‌. എല്ലാം, നോക്കിക്കണ്ടു ബാഹുകനില്‍ ദൈവികമോ, മാനുഷികമോ, മറ്റു വിധമോ ആയഎ ല്ലാ ചേഷ്ടിതങ്ങളും ശരിക്കു കണ്ടറിഞ്ഞ്‌, എന്നെ ഒന്നും വിടാതെ അറിയിക്കണം.

ബൃഹദശ്വന്‍ പറഞ്ഞു: ദമയന്തി പറഞ്ഞതു കേട്ട്‌ അവള്‍ ഉടനെ അശ്വജ്ഞനായ ബാഹുകന്റെ സമീപത്തെത്തി. എല്ലാ ചേഷ്ടകളും കണ്ടു മനസ്സിലാക്കി മടങ്ങി വീണ്ടും ദമയന്തിയുടെ സമീപത്തെത്തി. ബാഹുകന്റെ ദൈവികവും മാനുഷികവുമായ പണികള്‍ ഉണര്‍ത്തിച്ചു.

കേശിനി പറഞ്ഞു: ദേവീ, ദമയന്തി, അദ്ദേഹത്തെപ്പോലെ ഉപചാര ശുദ്ധി മറ്റൊരു പുരുഷനിലും ഞാന്‍ ഇതേവരെ കണ്ടിട്ടില്ല; കേട്ടിട്ടുമില്ല, തീര്‍ച്ചയാണ്‌. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളെല്ലാം അമാനുഷമാണ്‌. ഉയരം കുറഞ്ഞ വാതില്‍ക്കല്‍ കൂടിയും അദ്ദേഹത്തിന് കുനിയേണ്ടി വരുന്നില്ല. അത്തരം കുറിയ വാതില്‍ അദ്ദേഹം കടക്കുവാന്‍ ചെല്ലുമ്പോള്‍ തനിയെ തന്നെ നീണ്ടുയരുന്നു. ഇടുങ്ങിയ വഴികള്‍ അദ്ദേഹം ചെല്ലുമ്പോള്‍ തനിയെ വിസ്താരമുള്ളതായി ഭവിക്കുന്നു. ഋതുപര്‍ണ്ണ രാജാവിന്റെ ഭോജനത്തിനായി വളരെ വിശേഷപ്പെട്ട മൃഗങ്ങളുടെ മാംസവും മറ്റും ഭീമരാജാവ്‌ കൊടുത്തയച്ചിരുന്നു. അവിടെ വെള്ളമില്ലാത്ത കുടങ്ങള്‍ ധാരാളം വച്ചിരുന്നു. കറിക്കുള്ള വസ്തുക്കള്‍ കഴുകുന്നതിലേക്ക്‌ വെള്ളം എടുക്കുവാന്‍ കുടത്തില്‍ ഒന്നു നോക്കി. ഉടനെ ഒഴിഞ്ഞിരുന്ന കുടങ്ങളെല്ലാം ജലപൂര്‍ണ്ണങ്ങളായി. ആ വെള്ളം കൊണ്ട്‌ ആ പദാര്‍ത്ഥങ്ങളൊക്കെ നല്ലപോലെ കഴുകി വൃത്തിയാക്കി വെച്ചു. പിന്നെ ഒരുപിടി ഉണക്കുപ്പുല്ലെടുത്ത്‌ സൂര്യന്റെ നേരെ കാണിച്ചു. അതു പെട്ടെന്നു തീ പിടിച്ച്‌ എരിഞ്ഞു തുടങ്ങി. ഈ അത്ഭുതം കണ്ട്‌ ഞാന്‍ വിസ്മയിച്ചു നിന്നു പോയി. തീയുടെ സ്പര്‍ശനമേറ്റിട്ടും അദ്ദേഹത്തിന്റെ ശരീരം പൊള്ളുന്നില്ല. അദ്ദേഹം വിചാരിക്കുന്നേടത്ത്‌ വെള്ളം നദി പോലെ ഒഴുകിച്ചെല്ലുന്നു. വേറേയും വലിയ ഒരാശ്ചര്യം ഞാന്‍. കണ്ടു. പുഷ്പങ്ങളെടുത്ത്‌ അദ്ദേഹം മെല്ലെ കൈ കൊണ്ടു തിരുമ്മി. അദ്ദേഹം മര്‍ദ്ദിച്ച പുഷ്പങ്ങളൊന്നും കേടുവന്നു പോയില്ല. മറിച്ച്‌ അവ കൂടുതല്‍ വിടര്‍ന്ന നിലയില്‍ പൂര്‍വ്വാധികം സൗരഭ്യം തൂകി. ഇങ്ങനെയുള്ള അത്ഭുതങ്ങളൊക്കെ കണ്ട ശേഷം ഞാന്‍ വേഗത്തിലിങ്ങോട്ടു പോന്നു.

ബൃഹദശ്വന്‍ പറഞ്ഞു: പുണൃശ്ലോകനായ നളന്റെ കര്‍മ്മചേഷ്ടകള്‍ കേശിനി പറഞ്ഞു കേട്ടപ്പോള്‍. കര്‍മ്മ ചേഷ്ടകള്‍ കൊണ്ട്‌ ആ ബാഹുകന്‍ തന്റെ ഭര്‍ത്താവു തന്നെയാണെന്ന് വിചാരിച്ച്‌ ദമയന്തി ദീനയായി കരഞ്ഞു. അവള്‍ ഒന്നു കൂടി പരീക്ഷിക്കുവാനായി ഋതുപര്‍ണ്ണ പാചകനായ ബാഹുകന്‍ തയ്യാറാക്കിയിട്ടുള്ള മാംസക്കറിയില്‍ നിന്നു കുറെ തനിക്കായി ബാഹുകനറിയാതെ എടുത്തു കൊണ്ടു വരുവാന്‍ വെപ്പുപുരയിലേക്കയച്ചു. പ്രിയകാരിണിയായ കേശിനി ഉടനെ ബാഹുകന്റെ അടുത്തു ചെന്ന്‌ പാകം ചെയ്ത മാംസം ചൂടോടു കൂടി വാങ്ങിക്കൊണ്ടു വന്ന്‌ ഭൈമിക്കു കൊടുത്തു. നളന്‍ തയ്യാറാക്കിയിട്ടുള്ള മാംസക്കറി പല പ്രാവശ്യവും അനുഭവിച്ചിട്ടുള്ള ദമയന്തി ഈ മാംസം ഭക്ഷിച്ചു നോക്കിയപ്പോള്‍ ഇത്‌ പാകം ചെയ്തിട്ടുള്ള ആള്‍ നളന്‍ തന്നെയാണെന്നുള്ള വിശ്വാസം ഒന്നു കൂടി ഉറച്ചു. കണ്ണുനീര്‍ വാര്‍ത്തു നനഞ്ഞ മുഖം വിക്ലബയായ അവള്‍ കഴുകിത്തുടച്ച്‌ തന്റെ രണ്ടു സന്താനങ്ങളായ ഇന്ദ്രസേനനേയും, ഇന്ദ്രസേനയേയും കേശിനിയുടെ കൂടെ ബാഹുകന്റെ സന്നിധിയിലേക്കയച്ചു. സഹോദരനോടു കൂടിയ ഇന്ദ്രസേനയെ കണ്ട്‌ ബാഹുകന്‍ ഓടിച്ചെന്ന്‌ പുണര്‍ന്ന്‌ അവരെ മടിയില്‍ കയറ്റി. സുരപുത്രാഭരായ കുട്ടികള്‍ തന്റെ മക്കളാണ് എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം അടക്കുവാന്‍ വയ്യാത്ത ദുഃഖത്തോടെ ഉറക്കെ പൊട്ടിക്കരഞ്ഞു. പല വികാരങ്ങളും പ്രത്യക്ഷമായി. പിന്നീട്‌ കേശിനിയുടെ മുമ്പില്‍ വച്ച്‌ ഇത്ര പരസ്യമായി ചാപല്യം കാണിച്ചതു നന്നായില്ലെന്ന്‌ അദ്ദേഹത്തിന് തോന്നുകയാല്‍ ഉടനെ മക്കളെ വിട്ട്‌ കേശിനിയോടു പറഞ്ഞു.

ബാഹുകന്‍ പറഞ്ഞു: ഭദ്രേ! ഈ രണ്ടു കുട്ടികളേയും കണ്ടാല്‍ പ്രായം കൊണ്ടും, രൂപം കൊണ്ടും എന്റെ കുട്ടികള്‍ക്കു തുല്യരായി തോന്നും. അതു കൊണ്ട്‌ എന്റെ കുട്ടികളെ ഓര്‍ത്തു കരഞ്ഞതാണ്‌. നീ ഇവിടെ കൂടെക്കൂടെ വരുന്നത്‌ ശരിയല്ല, ജനങ്ങള്‍ ദോഷം ശങ്കിക്കും. എന്തെന്നാല്‍ ഞങ്ങള്‍ അന്യദേശത്തു നിന്നും വന്ന അതിഥികളാണ്‌. അത് കൊണ്ട്‌ ഭദ്രേ! നീ പൊയ്‌ക്കൊള്ളുക.

76. നളോപാഖ്യാനം - നള ദമയന്തീ സമാഗമം - ബൃഹദശ്വന്‍ പറഞ്ഞു: കുട്ടികളെ കണ്ടപ്പോള്‍ ധീമാനായ ആ പുണ്യശ്ലോകന്‍ കാണിച്ച വികാരഭേദങ്ങള്‍ കേശിനി ദമയന്തിയെ അറിയിച്ചു. അപ്പോള്‍ ദമയന്തി ദുഃഖപൂര്‍ണ്ണമായ ഹൃദയത്തോടെ, തന്റെ ഭർത്താവിനെ കാണാനുള്ള ഉത്കണ്ഠയോടെ കേശിനിയോടു പറഞ്ഞു.

ദമയന്തി പറഞ്ഞു: ഹേ കേശിനീ, ഇനി നീ ചെന്ന്‌ അമ്മയോട്‌ എന്റെ വാക്കായി ഇങ്ങനെ പറയുക: ഋതുപര്‍ണ്ണ രാജാവിന്റെ സാരഥിയായി വന്നിട്ടുള്ള ബാഹുകന്‍ നള രാജാവാണെന്ന്‌ എനിക്ക്‌ സംശയമുണ്ടാകയാല്‍ ഞാന്‍ പല പരീക്ഷകളും ചെയ്‌തു നോക്കി. കര്‍മ്മം കൊണ്ട്‌ ആ പുരുഷന്‍ നളന്‍ തന്നെയാണെന്ന്‌ എനിക്കു തോന്നുന്നു. രൂപം കൊണ്ടു മാത്രമേ ശങ്കയുള്ളു. ആ സംശയം തീര്‍ക്കുവാന്‍ വേണ്ടി അദ്ദേഹത്തെ ഇവിടെ വരുത്തുവാന്‍ അമ്മ ഏര്‍പ്പാടു ചെയ്യണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ ചെല്ലുവാന്‍ അമ്മ എന്നെ അനുവദിക്കണം. അച്ഛനെ അറിയിച്ചോ. അറിയിക്കാതെയോ, അമ്മയുടെ ഇഷ്ടം പോലെ അമ്മ എന്റെ ഹിതം ചെയ്യണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.

ബൃഹദശ്വന്‍ പറഞ്ഞു: കേശിനി ഉടനെ ചെന്ന്‌ ഈ സന്ദേശം രാജ്ഞിയെ ഉണര്‍ത്തിച്ചു. ശോകാര്‍ത്തയും. ഭര്‍ത്തൃ ദര്‍ശന ലാലസയുമായ മകളുടെ സന്ദേശം അമ്മ അച്ഛനെ അറിയിച്ചു.

ഭിമന്‍ പുത്രിയുടെ അഭിപ്രായം അനുവദിച്ചു. മാതാപിതാക്കളുടെ സമ്മതത്തോടെ അവള്‍ നളനെ താന്‍ വസിക്കുന്ന ഗൃഹത്തിലേക്കു പ്രവേശിപ്പിച്ചു.

ദമയന്തിയെ കണ്ട ഉടനെ നളന്‍ ശോകദുഃഖങ്ങള്‍ കൊണ്ടു കണ്ണുനീരില്‍ കുളിച്ചു. അപ്രകാരം നിൽക്കുന്ന നളനെ കണ്ട്‌ ദമയന്തിയും തീവ്രദുഃഖം മൂലം കണ്ണുനീരില്‍ കുളിച്ചു നിന്നു. കാഷായ വസ്ത്രം ധരിച്ച്‌, ജടപിടിച്ച കേശത്തോടും. ചളിപുരണ്ട ദേഹത്തോടും കൂടി തീവ്രദുഃഖ പരവശയായി കണ്ണുനീരില്‍ കുളിച്ചു നിൽക്കുന്ന ആ വരവര്‍ണ്ണിനി ബാഹുകനോടു പറഞ്ഞു.

ദമയന്തി പറഞ്ഞു: ഹേ. ബാഹുക! ധര്‍മ്മജ്ഞനായ ഭവാന്‍ മുമ്പെങ്ങാനും ഉറങ്ങുന്ന പെണ്ണിനെ കാട്ടില്‍ ഉപേക്ഷിച്ചു പോയ പുരുഷനെ കാണുകയുണ്ടായോ? വിജന പ്രദേശത്ത്‌ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍ , യാതൊരു കുറ്റവും തന്നില്‍ ചെയ്യാത്ത പ്രിയപത്നിയെ, പുണ്യശ്ലോകനായ നളനല്ലാതെ മറ്റാരെങ്കിലും ഉപേക്ഷിച്ചതായി കേട്ടിട്ടുണ്ടോ? ആ രാജാവിന് ഞാന്‍ ബാല്യം മുതല്‍ വല്ല അപരാധവും ചെയ്തിട്ടുണ്ടോ, ഉറങ്ങുന്ന എന്നെ കാട്ടില്‍ ഇട്ടെറിഞ്ഞു പോകുവാന്‍? സാക്ഷാല്‍ ദേവകള്‍ എന്നെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ച്‌ എന്റെ സ്വയംവരത്തില്‍ വന്നു. അവരെ വിട്ടു കളഞ്ഞിട്ടാണ്‌ ഞാന്‍ അദ്ദേഹത്തെ വേട്ടത്‌. അനുവ്രതയും, അനുരക്തയും. പുത്രവതിയുമായ എന്നെ അദ്ദേഹം എങ്ങനെ പരിതൃജിച്ചു? ദേവന്മാരുടെ മുമ്പില്‍ വെച്ച്‌ അഗ്നിസാക്ഷിയായി പാണിഗ്രഹണം ചെയ്ത ഘട്ടത്തില്‍ ഞാന്‍ നിന്റേതു മാത്രമാണ്‌ എന്നു ചെയ്ത സത്യം ഇപ്പോള്‍ എവിടെ പോയി?

ബൃഹദശ്വന്‍ പറഞ്ഞു: ദമയന്തി ഈ വാക്കുകള്‍ പറയുമ്പോള്‍, അവളുടെ നയനങ്ങളില്‍ നിന്ന്‌ അശ്രു ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. കടക്കണ്ണു ചുവന്ന്‌ ആ മാന്‍കണ്ണി കണ്ണുനീര്‍ ഒഴുക്കുന്നതു കണ്ട്‌ നളനും ശോകാര്‍ത്തനായി.

നളന്‍ പറഞ്ഞു: എടോ ഭീരു! എന്റെ രാജ്യം നഷ്ടപ്പെട്ടത്‌ ഞാന്‍ തന്നെത്താന്‍ ചെയ്ത കര്‍മ്മം കൊണ്ടല്ല, അങ്ങനെ സംഭവിച്ചതും ഭവതിയെ ഞാന്‍ വെടിഞ്ഞതും കലി ചെയ്ത പണിയാലാണ്‌. നീ കാട്ടില്‍ ചുറ്റിനടന്ന്‌ എന്നെയോര്‍ത്തു രാപകല്‍ ദുഃഖിച്ചു കഴിയുമ്പോള്‍ നീ ആ ധര്‍മ്മകൃച്ഛറത്തില്‍ ആ കലിയെ ശപിക്കുകയുണ്ടായി. ആ ശാപത്താല്‍ കലി അന്നു മുതല്‍ എന്നില്‍ വെന്തു നീറിക്കൊണ്ടാണ്‌ അധിവസിച്ചിരുന്നത്‌. നിന്റെ ശാപത്താല്‍ ദഗ്ദ്ധനായും എന്റെ തപോബലത്താല്‍ തളര്‍ന്നവനായും കലി തീയിനുള്ളില്‍ തീയെന്ന പോലെ എന്റെ ദേഹത്തിൽ എരിഞ്ഞു പൊരിഞ്ഞു കൊണ്ടാണു കഴിഞ്ഞത്‌. എടോ ശോഭനേ, ഇപ്പോള്‍ നമ്മുടെ ദുഃഖത്തിന്റെ അന്ത്യം നാം കണ്ടിരിക്കുന്നു. ആ പാപിയായ കലി എന്നെ വേര്‍പെട്ടു പൊയ്ക്കഴിഞ്ഞു. ഞാന്‍ ഇവിടെ വന്നത്‌ ഭവതിക്ക് വേണ്ടി തന്നെയാണ്‌. അല്ലാതെ മറ്റു കാര്യങ്ങള്‍ക്കൊന്നുമല്ല. പക്ഷ, അനുവ്രതനും, അനുരക്തനുമായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ അന്യനെ സ്വീകരിക്കുന്ന നാരി നീയല്ലാതെ മറ്റു വല്ലവരുമുണ്ടോ? തനിക്ക്‌ ചേര്‍ന്നവനായ ഒരു ഭര്‍ത്താവിനെ ഭൈമി രണ്ടാമതും സ്വൈരമായി സ്വയംവരം ചെയ്യുന്നുണ്ടെന്ന രാജകല്പന ദൂതന്മാര്‍ ഭൂലോകത്തൊക്കെ സഞ്ചരിച്ച്‌ പരസ്യം ചെയ്തിരിക്കുന്നു. ഋതുപര്‍ണ്ണരാജാവ്‌ അതു കേട്ടിട്ടാണ്‌ ഇങ്ങോട്ടു വന്നിരിക്കുന്നത്‌.

ബൃഹദശ്വന്‍ പറഞ്ഞു: പുനര്‍ വിവാഹത്തെപ്പറ്റി നളന്‍ പറഞ്ഞതു കേട്ട്‌, ദമയന്തി ഭയപ്പെട്ടു വിറച്ച്‌ കൈകൂപ്പി നിന്നു.

ദമയന്തി പറഞ്ഞു: ഹേ ശുഭ ചരിതാ! ഭവാന്‍ എന്നില്‍ മംഗലൃ ദോഷം ശങ്കിക്കരുതേ! ദേവന്മാരെ പോലും തള്ളിക്കളഞ്ഞു ഭവാനെ വേട്ടവളാണ്‌ ഈയുള്ളവള്‍. അങ്ങയെ കണ്ടു പിടിക്കുവാന്‍ എല്ലായിടത്തും വിപ്രന്മാര്‍ പോയി എന്റെ ഗാഥാവചനം പാടി നടന്നു. പിന്നെ പര്‍ണ്ണാദന്‍ എന്നു പേരായ പണ്ഡിത ബ്രാഹ്മണൻ ഭവാനെ ഋതുപര്‍ണ്ണന്റെ മന്ദിരത്തില്‍ വച്ചു കണ്ടറിഞ്ഞു.

അവന്‍ പറഞ്ഞതിന് ശരിയായ മറുപടി ഭവാനില്‍ നിന്നു മാത്രമേ ലഭിച്ചുള്ള. ഇത്‌, ഹേ രാജാവേ, ഭവാനെ വരുത്തുവാന്‍ ഞാന്‍ പ്രയോഗിച്ച സൂത്രമാണ്‌. ഭവാനല്ലാതെ ഒരു പകല്‍ കൊണ്ട്‌ നൂറു യോജന അശ്വങ്ങളെ എത്തിക്കുവാന്‍ ആര്‍ക്കു സാധിക്കും

ഇതൊക്കെ സത്യമാണ്‌. ഭവാന്റെ കാല്‍ പിടിച്ചു ഞാന്‍ പറയുന്നു: ഇതൊക്കെ സത്യമാണെന്ന്‌. മനസ്സു കൊണ്ടു ചോലും ഒരു പാപവും ഞാന്‍ ചെയ്യുന്നതല്ല. ഈ ലോകത്തില്‍ സഞ്ചരിക്കുന്ന സര്‍വ്വസാക്ഷിയായ വായുദേവന്‍ ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ജീവന്‍ അപഹരിച്ചു കൊള്ളട്ടെ! ആകാശത്തില്‍ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സുരൃദേവന്‍ എന്റെ പ്രാണനെ അപഹരിച്ചു കൊള്ളട്ടെ! സര്‍വ്വ ലോകങ്ങളുടേയും അന്തശ്ചരനും കര്‍മ്മസാക്ഷിയുമായ ചന്ദ്രന്‍ ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ ജീവന്‍ അപഹരിച്ചു കൊള്ളട്ടെ! മൂന്നു ലോകങ്ങളേയും ധരിച്ചു കൊണ്ടിരിക്കുന്ന ഈ മൂന്നു ദേവന്മാരും സത്യം വെളിപ്പെടുത്തട്ടെ! അല്ലെങ്കില്‍ എന്നെ പരിതൃജിക്കട്ടെ!

ഉടനെ വായുദേവന്‍ ആകാശത്തില്‍ നിന്നു വിളിച്ചു പറഞ്ഞു:നളരാജാവേ! ഇവള്‍ പാപമൊന്നും ചെയ്തിട്ടില്ല. ഈ പറഞ്ഞതു സത്യമാണ്‌. ദമയന്തി നിന്റെ രാജകുടുംബത്തിന്റെ സല്‍പ്പേരു നിലനിര്‍ത്തുക മാത്രമല്ല, വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തു. ഇക്കഴിഞ്ഞ മുന്നു സംവത്സരം മുഴുവന്‍ ഞങ്ങള്‍ ഇവളുടെ സംരക്ഷകരും ഇവള്‍ക്ക്‌ സാക്ഷികളുമായിരുന്നു. ഇപ്പോള്‍ ഇവള്‍ ചെയ്ത ഈ പ്രസ്താവം ഭവാനെ കാണുന്നതിന് പ്രയോഗിച്ച ഒരുപായം മാത്രമാണ്‌. ഒറ്റപ്പകല്‍ കൊണ്ട്‌ നൂറുയോജന ദൂരം സഞ്ചരിക്കുവാന്‍ ഭവാനല്ലാതെ മറ്റാര്‍ക്കു കഴിയും? ഭവാനു ഭൈമിയേയും. ഭൈമിക്കു ഭവാനേയും കിട്ടിയിരിക്കുന്നു. അവളെ ഒട്ടും ശങ്കിക്കേണ്ടതില്ല. ഭവാന്‍ ഭാര്യയോട് കൂടി ചേര്‍ന്നാലും.

ബൃഹദശ്വന്‍ പറഞ്ഞു: വായു ഇപ്രകാരം പറഞ്ഞപ്പോള്‍ ആകാശത്തു നിന്നു പുഷ്പവൃഷ്ടിയുണ്ടായി. ദേവദുന്ദുഭി മുഴങ്ങി. മന്ദമാരുതന്‍ വീശി. ഈ അത്ഭുതം കണ്ടതോടു കൂടി നളന് ദമയന്തിയിലുണ്ടായ ശങ്ക തീരെ അകന്നു പോയി. പിന്നെ നളന്‍ നാഗരാജാവിനെ സ്മരിച്ച്‌ ആ ദിവ്യവസ്ത്രം ധരിച്ചു. ഉടനെ നളന്‍ ശരിയായ രൂപത്തില്‍ ദമയന്തിയുടെ മുമ്പില്‍ പ്രശോഭിച്ചു. വികൃത രൂപം നീങ്ങി പൂര്‍വ്വ രൂപത്തെ പ്രാപിച്ച ഭര്‍ത്താവിനെ കണ്ട്‌, ആ പുണ്യശ്ലോകനെ ദമയന്തി ആലിംഗനം ചെയ്തു ഉറക്കെ കരഞ്ഞു. നളന്‍ ദൈമിയേയും ആശ്ലേഷിച്ചു. ആ സുന്ദരരൂപന്‍ തന്റെ മുമ്പിൽ കരഞ്ഞ്‌ തന്റെ മാറോടണച്ചു നിൽക്കുന്ന ആ പാവനാംഗിയെ വീണ്ടും വീണ്ടും ആശ്ലേഷിക്കുകയും മക്കളെ സസന്തോഷം മടിയില്‍ കയറ്റി ഓമനിക്കുകയും ചെയ്തു. ദുഃഖം പൂണ്ട്‌ നെടുവീര്‍പ്പിട്ടു നിൽക്കുന്നവളും, ചേറണിഞ്ഞ മുഖത്തോടു കൂടിയവളും, ശുചിസ്മിതയുമായ ആ സുമുഖിയെ വളരെ നേരം നളന്‍ വിണ്ടും വീണ്ടും ആര്‍ത്തിയോടെ ആശ്ശേഷിച്ചാശ്ലേഷിച്ചു സമാശ്വസിപ്പിച്ചു. ഭൈമിയുടെ മാതാവ് വൃത്താന്തമെല്ലാം അച്ഛനെ അറിയിച്ചു.

നളദമയന്തിമാര്‍ തമ്മില്‍ പുനസ്സമാഗമമുണ്ടായ വൃത്താന്തം അറിഞ്ഞു സന്തോഷിച്ച്‌ ഭീമരാജാവ്‌ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: നാളെ പ്രഭാതത്തില്‍ ഞാന്‍ ദേഹശുദ്ധി വരുത്തിയതിന് ശേഷം ദമയന്തിയോടു കൂടി നളനെ കണ്ടു കൊള്ളാം. |

ബൃഹദശ്വൻ പറഞ്ഞു: കാട്ടില്‍ വച്ചു നടന്ന സംഭവങ്ങളെപ്പറ്റി പരസ്പരം പറഞ്ഞു നളനും ദമയന്തിയും രാത്രി കഴിച്ചു. ഇപ്രകാരം നാലാമത്തെ സംവത്സരത്തില്‍ നളന് ദമയന്തിയെ പ്രാപിക്കുവാന്‍ സാധിച്ചു.

അന്യോനൃ സുഖ കാംക്ഷികളായ അവര്‍ ഭീമരാജാവിന്റെ ഭവനത്തില്‍ സസന്തോഷം മധുരമായ സങ്കല്പങ്ങളോടെ പാര്‍ത്തു. ഭാര്യയെ നാലാമത്തെ വര്‍ഷത്തില്‍ തിരിച്ചു കിട്ടിയ നളന്‍ സര്‍വ്വകാമങ്ങളും പൂര്‍ത്തിയാകുമാറ്‌ ഭൈമിയോടു കൂടി സുഖമായി വസിച്ചു. ദമയന്തിയാകട്ടെ അപ്രകാരം തന്നെ ഭര്‍ത്തൃലബ്ധിയില്‍ മോദിച്ചു സംതൃപ്തയായി. വെള്ളം കിട്ടാതെ വരണ്ട ഭൂമിയില്‍ മഴ കിട്ടിയപ്പോള്‍ അര്‍ദ്ധപ്രാണയായ ലത എന്ന വിധം ദമയന്തി ഭര്‍ത്തൃലബ്ധിയില്‍ ആനന്ദിച്ചു.

ദുഃഖങ്ങള്‍ വിട്ട്‌ ആലസ്യം മാറി ഹര്‍ഷാഞ്ചിത സത്വയായി ഭൈമി, ചന്ദ്രന്‍ തെളിഞ്ഞുയര്‍ന്ന രാത്രി എന്ന വിധം, പ്രസന്നയായി പ്രശോഭിച്ചു.

77. നളോപാഖ്യാനം - ഋതുപര്‍ണ്ണന്റെ സ്വദേശഗമനം - ബൃഹദശ്വന്‍ പറഞ്ഞു: ആ രാത്രി അങ്ങനെ കഴിഞ്ഞതിന് ശേഷം പ്രഭാതമായപ്പോള്‍ നളന്‍ ശുദ്ധനായി ഭൂഷണങ്ങള്‍ അണിഞ്ഞ്‌ അലംകൃതനായി ദമയന്തിയോടു കൂടി ശ്വശുരനെ ചെന്നു മുഖം കാണിച്ചു. ദമയന്തിയും, നളനും രാജാവിനെ വന്ദിച്ചു. നളനെ രാജാവ്‌ പുത്രനെ പോലെ സന്തോഷ വാത്സല്യങ്ങളോടെ സ്വീകരിച്ച്‌ യഥായോഗ്യം ഭീമരാജാവ്‌ അവരെ സൽക്കരിച്ചു സമാശ്വസിപ്പിച്ചു. ആ സൽക്കാരം നളന്‍ സന്തോഷത്തോടെ സ്വീകരിച്ച്‌, തന്റെ പരിചര്യയ്ക്കുള്ള സന്നദ്ധത പ്രകടിപ്പിച്ചു.

ഈ വര്‍ത്തമാനം അറിഞ്ഞതോടു കൂടി നാട്ടിലെങ്ങും വലിയ കോലാഹലമുണ്ടായി. നളനെ അനുമോദിക്കുവാന്‍ ജനങ്ങള്‍ തോരണങ്ങളും, പതാകകളോടു കൂടി യ ധ്വജങ്ങളും നാട്ടി. പട്ടണമെങ്ങും മോടിപിടിപ്പിച്ചു. രാജവീഥികള്‍ നനച്ചു തേച്ച്‌ പൂക്കള്‍ വിതറി അലങ്കരിക്കുകയും, ദ്വാരങ്ങള്‍ തോറും പുഷ്പങ്ങളാല്‍ കമനീയമാക്കുകയും, ദേവാലയങ്ങളില്‍ അര്‍ച്ചന നടത്തുകയും ചെയ്തു. ബാഹുക വേഷധാരിയായ പുരുഷന്‍ നൈഷധനാണെന്നും അദ്ദേഹം ദമയന്തിയുമായി വിണ്ടും ചേർന്നെന്നും അറിഞ്ഞപ്പോള്‍ ഋതുപര്‍ണ്ണന്‌ വലിയ സന്തോഷമായി. അദ്ദേഹം നളനെ വിളിച്ചു മാപ്പു ചോദിച്ചു. നളനും പല കാരണങ്ങള്‍ പറഞ്ഞ്‌ അദ്ദേഹത്തോടു മാപ്പു ചോദിച്ചു. വാക് ചതുരനും തത്വജ്ഞനുമായ ഋതുപര്‍ണ്ണന്‍ വിസ്മിതനായി നളനോട് ഇങ്ങനെ പറഞ്ഞു.

ഋതുപര്‍ണ്ണന്‍ പറഞ്ഞു: ഭാഗ്യത്താല്‍ ഭവാന്‍ ഭാരൃയയോട് വീണ്ടും ചേര്‍ന്നതില്‍ ഞാന്‍ അതിരറ്റ്‌ ആഹ്ളാദിക്കുന്നു. ഹേ, നൈഷധാ, എന്റെ ഗൃഹത്തില്‍ ഭവാന്‍ അജ്ഞാതവാസം ചെയ്‌തിരുന്ന കാലത്ത്‌ ഞാന്‍ ഭവാനോട്‌ ഒതു തെറ്റും ചെയ്തിട്ടില്ല. വല്ല തെറ്റും അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുണ്ടെങ്കിൽ സഖേ, ഭവാന്‍ ക്ഷമിച്ചാലും!

നളന്‍ പറഞ്ഞു: ഹേ! രാജാവേ, ഭവാന്‍ എന്നോടു യാതൊരു തെറ്റും ചെയ്തിട്ടില്ല. ചെയ്താലും അതില്‍ യാതൊരു തെറ്റുമില്ല. ഞാന്‍ ഭവാനോട് പൊറുക്കേണ്ടവനല്ലയോ? പണ്ടേ തന്നെ ഭവാന്‍ എന്റെ സുഹൃത്താണ്‌. വിശേഷിച്ച്‌ നാം ബന്ധുക്കളുമാണ്‌. ഇനി മേലാല്‍ ഞാന്‍ ഭവാനില്‍ കുടുതല്‍ പ്രീതനാകും. എല്ലാ കാമങ്ങളും എനിക്കു സാധിപ്പിച്ചു തന്ന്‌ ഭവാനോടു കൂടി സുഖമായി പാര്‍ത്തവനല്ലേ ഞാന്‍? ഭവാന്റെ ഗൃഹത്തില്‍ എനിക്കുണ്ടായ സുഖങ്ങള്‍ എനിക്കെന്റെ ഗൃഹത്തില്‍ കൂടി സിദ്ധിക്കുന്നതല്ല. ഭവാന്‌ ഹയജ്ഞാനം ഉപദേശിച്ചു തരേണ്ടതായ കടമ എനിക്കുണ്ട്‌. സമ്മതമാണെങ്കില്‍ അത്‌ ഭവാനു നല്കുവാനുള്ള ആഗ്രഹം എനിക്കുണ്ട്‌.

ബൃഹദശ്വന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ നളന്‍ ഋതുപര്‍ണ്ണന് ഹയജ്ഞാനം എന്ന വിദ്യ ഉപദേശിച്ചു. അത്‌ യഥാവിധി ഋതുപര്‍ണ്ണന്‍ ഏറ്റുവാങ്ങുകയും ചെയ്തു. അശ്വഹൃദയം ഗ്രഹിച്ചതിന് ശേഷം ഭാംഗാസുരി രാജാവ്‌ നളന് അക്ഷഹൃദയം ഉപദേശിച്ചു. പിന്നെ ഋതുപര്‍ണ്ണന്‍ വേറെ ഒരു സൂതനേയും കൂട്ടി എല്ലാവരോടും യാത്ര പറഞ്ഞ്‌ തന്റെ നഗരത്തിലേക്കു തിരിച്ചു പോയി. ഋതുപര്‍ണ്ണന്‍ പോയതിനു ശേഷം നളരാജാവ്‌ അധികനാള്‍ കുണ്ഡിന പുരത്തില്‍ പാര്‍ത്തില്ല.

78. നളോപാഖ്യാനം - നളന്റെ സ്വപുരപ്രവേശം - ബൃഹദശ്വന്‍ തുടര്‍ന്നു: ഹേ കുന്തിപുത്രാ! കുണ്ഡിനത്തില്‍ ഒരു മാസം പാര്‍ത്തതിന് ശേഷം നളന്‍ ഭീമന്റെ അനുജ്ഞയോടു കൂടി നിഷധത്തിലേക്കു പുറപ്പെട്ടു. വെളുത്ത ഒരൊറ്റത്തേരോടും. പതിനാറ് ആനകളോടും അമ്പത്‌ അശ്വത്തോടും അറുനൂറു കാലാള്‍ ഭടന്മാരോടും കൂടി ഗതിവേഗത്താല്‍ ഭൂമിയെ വിറപ്പിച്ചു കൊണ്ട്‌ തന്റെ നഗരത്തിൽ എത്തിച്ചേര്‍ന്നു. ഉടനെ ആ വീരസേന പുത്രന്‍ വലിയ കോപത്തോടെ പുഷ്കരന്റെ അടുത്തു ചെന്ന്‌ ഇങ്ങനെ പറഞ്ഞു.

നളന്‍ പറഞ്ഞു: എടോ, പുഷ്കരാ! ഇനി നമുക്കു തമ്മിലൊന്ന്‌ ചൂതു കളിച്ചു നോക്കാം. വേണ്ടുവോളം ധനവും സമ്പാദിച്ചു കൊണ്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. ഞാന്‍ എനിക്കുള്ള സകല സ്വത്തിനേയും എന്റെ ദമയന്തിയേയും പണയം വയ്ക്കുന്നു. നീ രാജ്യം പണയം വയ്ക്കുക. വീണ്ടും ചൂതു നടക്കണം. ഇതാണെന്റെ നിശ്ചയം. ഒരുങ്ങിക്കൊള്ളുക! ഒരേയൊരു കളി കൊണ്ട്‌ നമ്മുടെ ജയവും അപജയവും തീര്‍ച്ചപ്പെടുത്തണം. നമുക്കുള്ളവയെല്ലാം നമ്മുടെ ജീവനടക്കം എല്ലാം പണയം വയ്ക്കണം. അന്യന്റെ രാജ്യമോ. ധനമോ കീഴടക്കിയവന്‍ ധനം നഷ്ടപ്പെട്ട ആ അന്യന്‍ വന്നു ചൂതിന് വിളിക്കുമ്പോള്‍ നിശ്ചയമായും ചെല്ലേണമെന്നാണ്‌ ധര്‍മ്മശാസ്ത്ര വിധി. ദ്യൂതത്തിന്‌ ഭാവമില്ലെങ്കില്‍ യുദ്ധദ്യൂതം നടത്തണം. ദ്വന്ദ്വയുദ്ധം കൊണ്ടു നമ്മളിലൊരാള്‍ക്കു ശാശ്വത സമാധാനമുണ്ടാകട്ടെ. പരമ്പരാഗതമായ രാജ്യം സ്വായത്തമാക്കാന്‍ ഏതുപായവും പ്രയോഗിക്കാമെന്നാണ്‌ വൃദ്ധന്മാര്‍ പറയുന്നത്‌. എടോ പുഷ്കരാ!! ചുതാടുവാന്‍ ഇറങ്ങുക! അല്ലെങ്കില്‍ വില്ലു കുലയ്ക്കുക. രണ്ടിലൊന്ന്‌ ഉടന്‍ നടക്കട്ടെ!

ബൃഹദശ്വന്‍ പറഞ്ഞു: ചൂതു കളിച്ചാല്‍ ഇപ്പോഴും ജയിക്കുക താന്‍ തന്നെയായിരിക്കും എന്ന ഗര്‍വ്വത്താല്‍ , നളന്റെ പോര്‍വിളി കേട്ട്‌ പുഷ്കരന്‍ പുച്ഛരസത്തോടെ ചിരിച്ചു.

പുഷ്കരന്‍ പറഞ്ഞു: എന്റെ ഭാഗ്യം! ഭവാന്‍ വീണ്ടും ചൂതിന് വേണ്ടി ധനവും കൊണ്ടു വന്നിരിക്കുന്നു! എന്റെ ഭാഗൃത്താല്‍ ദമയന്തിയുടെ കര്‍മ്മദോഷവും നീങ്ങി! എന്റെ ഭാഗ്യത്താല്‍ ഭവാന്‍ സഭാര്യനായി ജീവിക്കുന്നു! ഭവാന്റെ ഈ ധനമെല്ലാം ഇതാ എന്റേതാകുവാന്‍ പോകുന്നു. ഈ ഒറ്റക്കളിക്ക്‌ ഞാന്‍ ജയിക്കും. അപ്പോള്‍ എന്നെ ഭൈമി ശക്രന് അപ്സരസ്സെന്ന വിധം കാത്തു നിൽക്കുന്നതു കാണാം. ഞാന്‍ ഭവാനെ എന്നും പ്രതീക്ഷിക്കുകയായിരുന്നു. എന്താണു നളന്‍ വീണ്ടും വന്നു കാണാത്തതെന്ന്‌ ചിന്തിക്കുകയായിരുന്നു. ഭവാനെപ്പോലുള്ള സുഹൃത്തുക്കളോടു കൂടിയല്ലാതെ അനൃജനങ്ങളുമായി ചൂതാടുവാന്‍ എനിക്കിഷ്ടമില്ല. വരാംഗിയും, ശുഭചരിതയുമായ ദമയന്തിയെ ലഭിച്ച്‌, ഇതാ ഞാന്‍ കൃതകൃത്യനാകുന്നു. അവള്‍ എന്റെ ഹൃദയത്തില്‍ സദാകാലം കുടി കൊള്ളുന്നവളാണ്.

ബൃഹദശ്വന്‍ പറഞ്ഞു: പുഷ്കരന്റെ ഈ അധിക പ്രസംഗം കേട്ടപ്പോള്‍ അവന്റെ ശിരസ്സ്‌ ഉടനെ തന്നെ ഛേദിച്ചു കളയുവാന്‍ നളനു തോന്നി. അത്രമാത്രം നളനില്‍ ക്രോധം ജ്വലിച്ചു. രോഷം കൊണ്ട് രക്താക്ഷനായി എങ്കിലും നളന്‍ പുഞ്ചിരി തൂകി പറഞ്ഞു.

നളന്‍ പറഞ്ഞു: നമുക്കു കളി തുടങ്ങുക. എന്തിനാണ്‌ നീയിങ്ങനെ പറയുന്നത്‌? എന്നെ തോല്‍പിച്ചതിന് ശേഷം നിനക്ക് എന്തു വേണമെങ്കിലും പറയാമല്ലോ.

ബൃഹദശ്വന്‍ പറഞ്ഞു: അവര്‍ തമ്മില്‍ ചൂതാട്ടം നടന്നു. ഒറ്റക്കളിക്ക്‌ പുഷ്കരന്‍ നിശ്ശേഷം തോറ്റു. തന്റെ ഭ്രാതാവിന്റെ രാജ്യവും ധനവും പ്രാണനും നളന് അധിനത്തിലായി തീര്‍ന്നു. നളന്‍ പുഷ്കരനെ ജയിച്ച്‌ ഇപ്രകാരം മന്ദഹാസത്തോടെ പറഞ്ഞു.

നളന്‍ പറഞ്ഞു: എടോ രാജാധമാ, മൂഢാ! ഈ രാജ്യം മുഴുവനും എനിക്കധീനമായി. നിനക്കു ഭൈമിയെ ഒന്നു നോക്കുവാന്‍ പോലുമുള്ള അര്‍ഹതയില്ല. നീയിപ്പോള്‍ പരിവാരങ്ങളോടു കൂടെ ഭൈമിയുടെ ദാസനായി തീര്‍ന്നിരിക്കുന്നു. പണ്ട്‌ ഞാന്‍ നിന്നോടു കളിച്ചു തോറ്റത്‌ നിന്റെ യോഗൃതയാലല്ല. കലിയാണ്‌ അതു ചെയ്യിച്ചത്‌. ഹേ, മൂഢാത്മാവേ! നീ അതറിഞ്ഞില്ല. അന്യന്‍ വരുത്തി വെച്ച ദോഷം ഞാന്‍ നിന്നില്‍ ആരോപിക്കുകയില്ല. നിന്റെ പ്രാണനെ ഞാന്‍ ഇതാ വിട്ടു തരുന്നു. നീ സുഖമായി ജിവിച്ചു കൊള്ളുക. നിനക്കു ഞാന്‍ മുമ്പു തന്നിരുന്നതു പോലെയുള്ള ധനങ്ങളും, കുടുംബാധികാര അവകാശങ്ങളും ഞാന്‍ മേലിലും അനുവദിച്ചുത ന്നേക്കാം. എനിക്കു നിന്നോടുള്ള പ്രീതിയും, സൗഹാര്‍ദ്ദവും ഒരിക്കലും ക്ഷയിക്കുകയില്ല. നീ എന്റെ ഭ്രാതാവല്ലേ! നൂറു വര്‍ഷം തികച്ചും നീ ജീവിക്കുക!

ബൃഹദശ്വന്‍ പറഞ്ഞു: ഇങ്ങനെ സത്യപരാക്രമനായ നളന്‍ സഹോദരനെ സാന്ത്വനം ചെയ്ത്‌ പിന്നെയും പിന്നെയും പുല്‍കി സ്വപുരത്തിലേക്കു പോകാന്‍ അനുവാദം നല്കി. പുഷ്കരന്‍ ആ പുണ്യപുരുഷനെ കൈകൂപ്പി നമസ്കരിച്ചു പറഞ്ഞു.

പുഷ്കരന്‍ പറഞ്ഞു: ഭവാന്‍ നശിക്കാത്ത കീര്‍ത്തിയോടു കൂടി പതിനായിരം വര്‍ഷം ജീവിച്ചിരിക്കുവാന്‍ ഞാന്‍ ആശംസിക്കുന്നു. അപരാധിയായ എനിക്കു പ്രാണനും, നിലയും തന്ന ഭവാന്‍ പൂർണ്ണ സുഖത്തോടെ വര്‍ത്തിച്ചാലും!

ബൃഹദശ്വന്‍ പറഞ്ഞു: ഒരു മാസം പുഷ്കരന്‍ നളനോടു കൂടി പാര്‍ത്തു. പിന്നെ പുഷ്കരന്‍ സ്വജനങ്ങളോടും സസന്തോഷം സൈനൃ സന്നാഹങ്ങളോടും കൂടി സ്വപുരിയിലേക്കും പോയി. അങ്ങനെ ആ പുരുഷര്‍ഷഭനായ നളന്‍ രണ്ടാം സൂര്യനെ പോലെ ഉജ്ജ്വലിച്ചു. ഇപ്രകാരം പുഷ്കരനെ ധനവാനും, ക്ലേശ മോചിതനുമാക്കി നാട്ടിലേക്കയച്ച്‌, നളന്‍ തന്റെ ഏറ്റവുംസുന്ദരമായ പുരത്തിലേക്കു പ്രവേശിച്ചു; തന്റെ പ്രജകളെ സമാധാനിപ്പിച്ചു. ഇതറിഞ്ഞ നാട്ടുകാര്‍ സന്തോഷാധികൃത്താല്‍ രോമാഞ്ചമണിഞ്ഞു. അമാത്യന്മാരും, പൗരന്മാരും, ജാനപദന്മാരും കൂട്ടമായി വന്ന്‌ നള മഹാരാജാവിനെ കണ്ട്‌ അഭിവാദ്യം ചെയ്തു. അവര്‍ കൈകൂപ്പി നിന്ന് ഇപ്രകാരം പറഞ്ഞു.

ജനങ്ങള്‍ പറഞ്ഞു: രാജാവേ! ഈ പുരത്തിലും, രാജ്യത്തിലുമുള്ള ഞങ്ങളെല്ലാം അങ്ങയുടെ ആഗമനത്തില്‍ നിര്‍വൃതി കൊള്ളുന്നു. ദേവന്മാര്‍ ശതക്രതുവെ എന്ന പോലെ അങ്ങയെ ഉപാസിക്കാന്‍ ഞങ്ങള്‍ വീണ്ടും വന്നിരിക്കുന്നു.

79. ബൃഹദശ്വഗമനം - ദ്യൂതാശ്വ വിദ്യാ രഹസ്യ ദാനവും നളോപാഖ്യാന കീര്‍ത്തന മാഹാത്മ്യവും - ബൃഹദശ്വന്‍ പറഞ്ഞു: പുരം പ്രശാന്തമായി, സന്തോഷത്തോടെ മഹോത്സവം നടന്നു കൊണ്ടിരിക്കവേ മഹാ സൈനൃത്തോടു കൂടി നളന്‍ ദമയന്തിയെ ആനയിച്ചു. ഭീമ മഹാരാജാവ്‌ മകളെ വേണ്ടവിധം മാനിച്ച്‌ നിഷധത്തിലേക്കയച്ചു. മക്കളോടു കൂടി വൈദര്‍ഭി വന്നതിന് ശേഷം നള മഹാരാജാവ്‌, ഇന്ദ്രന്‍ നന്ദന ഉദ്യാനത്തിൽ എന്ന പോലെ, സന്തോഷത്തോടു കൂടി അധിവസിച്ചു. നളന്‍ ജംബൂദ്വീപില്‍ ഏറ്റവും ഉജ്ജ്വലനായ രാജാവായി വാണു. താന്‍ വീണ്ടും പിടിച്ചടക്കിയ രാജ്യം വേണ്ട പോലെ പരിപാലിച്ചു. വിധി പ്രകാരം ദക്ഷിണയോടു കൂടി പല യജ്ഞങ്ങളും യജിച്ച്‌, മിത്രങ്ങളോടു കൂടി സസുഖം പാര്‍ത്തു,

ഇപ്രകാരം ചൂതുമൂലം പരപുരഞ്ജയനായ നളന്‍ കഷ്ടപ്പെട്ടു. ഭാര്യയോടൊപ്പം ഈ കഠോരമായ ദുഃഖം ചുതുകളി മൂലം നളന് അനുഭവിക്കേണ്ടി വന്നു. ഈ ദുഃഖത്തില്‍ നളന് ആരും കൂട്ടുണ്ടായിരുന്നില്ല. പിന്നീട് ആ ദുഃഖത്തില്‍ നിന്ന്‌ നള മഹാരാജാവ്‌ വിമുക്തനാവുകയും ചെയ്തു. എന്നാൽ ഹേ, യുധിഷ്ഠിരാ! ഭവാന്‍ ഒറ്റയ്ക്കല്പ. ഭ്രാതാക്കന്മാരോടും, കൃഷ്ണയോടും കൂടി ധര്‍മ്മനിരതനായി ഈ ഘോരമായ വനത്തില്‍ രമിക്കുകയാണല്ലോ ചെയ്യുന്നത്‌. വേദവേദാംഗജ്ഞന്മാരും, മഹാഭാഗന്മാരുമായ ബ്രാഹ്മണര്‍ ഭവാനെ സദാ സേവിക്കുന്നു. ഈ സ്ഥിതിക്ക്‌ നളനുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഭവാന്‍ ദുഃഖിക്കുന്നില്ല. എന്തിനു ദുഃഖിക്കുന്നു?

ഹേ, യുധിഷ്ഠിരാ, നാഗരാജാവായ കാര്‍ക്കോടകന്റേയും, ദമയന്തിയുടേയും, നളന്റേയും, രാജര്‍ഷിയായ ഋതുപര്‍ണ്ണന്റേയും കീര്‍ത്തനം കലിയെ നശിപ്പിക്കുന്നതാണ്‌. കലിനാശനമായ ഈ ഇതിഹാസം ഹേ അച്യുതാ! നിന്നെപ്പോലെ ഉള്ളവര്‍ കേട്ടാല്‍ ഹൃദയ താപത്തിന് ശമനം ഉണ്ടാകുന്നതാണ്‌. അര്‍ത്ഥകാമങ്ങള്‍ അസ്ഥിരങ്ങളാണെന്നു ധരിക്കുക. അതില്‍ വൃദ്ധിക്ഷയങ്ങള്‍ സംഭവിക്കുമ്പോള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാതിരിക്കുക. ഈ ഇതിഹാസം കേട്ട്‌ നീ ദുഃഖത്തിന് അടിമയാകാതിരിക്കുക. ദൈവം പിഴച്ചു നിൽക്കുന്ന കാലത്ത്‌ പൗരുഷം ഫലിക്കാതെ വന്നേക്കാം. എന്നാൽ അതില്‍ ധീരന്മാരാരും ദുഃഖിക്കാറില്ല.

നിത്യവും മഹത്തായ ഈ നളചരിതം ചൊല്ലുന്നവര്‍ക്കും കേള്‍ ക്കുന്നവര്‍ക്കും ഒട്ടും അലക്ഷ്മി ബാധിക്കുകയില്ല. പുത്രപൗത്രന്മാര്‍ വര്‍ദ്ധിക്കുകയും, പശു, ധനം മുതലായ ഐശ്വര്യങ്ങള്‍ ഏറി വരികയും, മര്‍ത്ത്യന്‍ ശ്രേഷ്ഠനും ആരോഗ്യവാനുമായി തീരുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല.

ഹേ, യുധിഷ്ഠിരാ! ഭവാന്‍ ഭയത്തോടെ വിചാരിക്കുന്നുണ്ടാകും. അക്ഷജ്ഞനായ ആരെങ്കിലും എന്നെ വീണ്ടും ചൂതിന് വിളിക്കുമോ എന്ന്. ഭവാന്റെ ആ ഭയം ഞാന്‍ ഇപ്പോള്‍ തന്നെ തീര്‍ത്തുതരാം. അക്ഷഹൃദയം എല്ലാം തന്നെ എനിക്ക്‌ അറിയാം. ഭവാന്‍ അതു സ്വീകരിച്ചാലും! ഞാന്‍ ഭവാനെ പഠിപ്പിച്ചുതരാം.

വൈശമ്പായനൻ പറഞ്ഞു: ഉടനെ സന്തോഷത്തോടെ രാജാവായ യുധിഷ്ഠിരന്‍ ബൃഹദശ്വനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, അക്ഷഹൃദയം നന്നായി അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌; ഉപദേശിച്ചു തന്നാലും.

വൈശമ്പായനൻ പറഞ്ഞു: ബൃഹദശ്വന്‍ മഹാമനസ്വിയായ പാണ്ഡുപുത്രന് അക്ഷഹൃദയം ഉപദേശിച്ചു. അനന്തരം അശ്വവിദ്യയും യുധിഷ്ഠിരന് കൊടുത്തു. ആ മഹാ താപസന്‍ സ്നാനത്തിനായി പോയി. ബൃഹദശ്വന്‍ പോയതിന് ശേഷംഅര്‍ജ്ജുനന്‍ വായു മാത്രം ഭക്ഷിച്ച്‌ ഉഗ്രമായ തപസ്സു ചെയ്യുന്ന വര്‍ത്തമാനം ഓരോ തിീര്‍ത്ഥങ്ങളില്‍ നിന്നും ശൈലകാനനങ്ങളില്‍ നിന്നും വരുന്നവരായ താപസ ബ്രാഹ്മണരില്‍ നിന്ന്‌ യുധിഷ്ഠിരന്‍ അറിഞ്ഞു.

അവര്‍ പറഞ്ഞു: പാര്‍ത്ഥന്‍ ഘോരമായ തപസ്സാണ് ചെയ്യുന്നത്‌. ഇപ്രകാരം ഘോരമായ തപസ്സു ചെയ്യുന്ന മറ്റൊരാളേയും ഞങ്ങള്‍ കണ്ടിട്ടില്ല. ധനഞ്ജയന്‍ ധര്‍മ്മരാജാവ്‌ ശരീരമെടുത്ത പോലെയാണ്‌. അവന്‍ ഏകാഗ്രനായി, ശ്രീമാനായി, മൗനിയായി ആ ഘോര കാനനത്തില്‍ തപസ്സു ചെയ്യുന്നു.

വൈശമ്പായനൻ പറഞ്ഞു: ഈ വര്‍ത്തമാനം കേട്ടപ്പോള്‍, തന്റെ പ്രിയ ഭ്രാതാവായ ജയന്റെ, കുന്തീപുത്രന്റെ, കഠിനമായ തപസ്ലിനെ കുറിച്ച്‌ രാജാവിന് ഹൃദയവൃഥയുണ്ടായി. അങ്ങനെ ദുഃഖാര്‍ത്തനായി ആ ഘോരകാന്താരത്തില്‍ , തന്നോടൊപ്പം താമസിക്കുന്ന വിവിധ ജ്ഞാനികളായ ബ്രാഹ്മണരോടു സംഭാഷണം നടത്തി, ആശ്വാസം കണ്ടെത്താന്‍ രാജാവു ശ്രമിച്ചു.

തീര്‍ത്ഥയാത്രാപര്‍വ്വം

80. അര്‍ജ്ജുനാനുശോചനം - അര്‍ജ്ജുനനെപ്പറ്റി ദ്രൗപദിക്കും പാണ്ഡവന്മാര്‍ക്കുമുള്ള ചിന്ത - ജനമേജയന്‍ പറഞ്ഞു: എന്റെ പ്രപിതാമഹനായ അര്‍ജ്ജുനന്‍ കാമ്യകവനം വിട്ടു പോയതിന് ശേഷം പാണ്ഡവര്‍ എന്തു ചെയ്തു?ആ സവ്യസാചി അവരെ വിട്ടു പോയതിന് ശേഷം അവരെങ്ങനെ ജീവിച്ചു? ശത്രുജിത്തും, വില്ലാളി വീരനുമായ അര്‍ജ്ജുനന്‍, ആദിതൃന്മാര്‍ക്ക്‌ വിഷ്ണു എന്നത് പോലെ, പാണ്ഡവന്മാര്‍ക്കെല്ലാം ആശ്രയമാണല്ലോ. ഇന്ദ്രതുല്യനും, യുദ്ധത്തില്‍ പിന്‍തിരിയാത്തവനുമായ അദ്ദേഹത്തെ കൂടാതെ ആ പിതാമഹന്മാര്‍ എങ്ങനെ ജീവിതം നയിച്ചു എന്നു ഭവാന്‍ വിസ്തരിച്ചു പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: സത്യപരാക്രമനായ അര്‍ജ്ജുനന്‍ വേര്‍പെട്ടു പോയതിന് ശേഷം അവരെല്ലാവരും ദുഃഖശോക പരായണരായി തീര്‍ന്നു. മാലയിലെ ചരട്‌ ഊരിയ മുത്തു പോലെയും, ചിറകറ്റു പോയ പക്ഷികള്‍ പോലെയും, പാണ്ഡവന്മാര്‍ പ്രീതിയില്ലാതെ മങ്ങിയ മനസ്സായി തീര്‍ന്നു. അക്ലിഷ്ടകാരിയായ അര്‍ജ്ജുനന്‍ ഇല്ലാത്ത വനം, കുബേരന്‍ ഇല്ലാത്ത ചൈത്രരഥവനം പോലെ, നിഷ്പ്രഭമായി തീര്‍ന്നു. അങ്ങനെ സന്തോഷമില്ലാത്തവരായി ആ നരവ്യാഘ്രരായ പാണ്ഡവര്‍ കാമ്യകത്തില്‍ വസിച്ചു. മഹാരഥന്മാരായ അവര്‍ ബ്രാഹ്മണര്‍ക്കു ഭക്ഷണം നല്കുവാന്‍ ബഹുവിധം മൃഗങ്ങളെ ശുദ്ധബാണങ്ങള്‍ കൊണ്ടു കൊന്നു കൊണ്ടുവന്ന്‌, നിതൃവും അവയെ ആ പുരുഷവ്യാഘ്രന്മാര്‍ ബ്രാഹ്മണര്‍ക്കു ശുചിയോടെ കൊടുത്തു. അങ്ങനെ ധനഞ്ജയ വിയോഗ ശേഷം ആ പുരുഷര്‍ഷഭന്മാര്‍ ഉല്ക്കണ്ഠിതരായി കഴിഞ്ഞു കൂടി. വിശേഷിച്ചും പാഞ്ചാലി മദ്ധ്യമനായ കാന്തനെ ഓര്‍ത്ത്‌ ഉദ്വിഗ്നയായി. യുധിഷ്ഠിരനോടു പറഞ്ഞു.

പാഞ്ചാലി പറഞ്ഞു: രണ്ടു കൈയേ ഉള്ളുവെങ്കിലും അനേകം കൈയുള്ള കാര്‍ത്തവിര്യാര്‍ജ്ജുനന് തുല്യനായ അര്‍ജ്ജുനനോടു കൂടാതെ വനത്തിനു യാതൊരു ശോഭയും എനിക്കു തോന്നുന്നില്ല. പുഷ്പങ്ങളും, തളിരുകളുമായി വനം മോടി പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും എന്റെ ഹൃദയത്തിന് അതില്‍ ഒരു സംതൃപ്തിയും തോന്നുന്നില്ല. ഭൂമിയൊക്കെ ശൂന്യമായി കാണുന്നു. അത്ഭുതാശ്ചരൃത്തോടെ പൂത്തു നില്ക്കുന്ന, ഹൃദയം കവരുന്ന കാനനം സവ്യസാചി ഒഴിയുകയാല്‍ രമൃമായി കാണുന്നില്ല. നിലമേഘ ശ്യാമള വര്‍ണ്ണനും, മത്ത മാതംഗ ഗാമിയും, പുണ്ഡരീകാക്ഷനുമായ ആ വീരനെ കൂടാതെ കാമൃകം എനിക്കു കാമ്യമായി തോന്നുന്നില്ല. ആ വീരന്റെ ധനുസ്സിന്റെ ഘോഷം, ഇടിമുഴക്കം പോലെയുള്ള ഘോഷം, നാം ഇന്നു കേള്‍ക്കുന്നില്ല. ആ സവ്യസാചിയെ ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിനു യാതൊരു ശാന്തിയും തോന്നുന്നില്ല രാജാവേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദ്രൗപദി ദുഃഖിച്ചു പറയുന്നതു കേട്ട്‌ അരിമര്‍ദ്ദനനായ ഭീമസേനന്‍ കൃഷ്ണയോടു പറഞ്ഞു.

ഭീമന്‍ പറഞ്ഞു: എടോ സുമദ്ധ്യമേ! നിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ്‌ അമൃത പാനത്താലെന്ന വിധം കുളുര്‍ക്കുന്നു. ഇരുമ്പുലക്ക പോലെ നീണ്ടു പരിപുഷ്ടമായി ഇരുണ്ടതും, ഞാണ്‍ തഴമ്പു ചേര്‍ന്നതും. വാളും വില്ലും ധരിച്ചതും, നിഷ്‌കാംഗദം ചാര്‍ത്തിയതും, അഞ്ചു തലയുള്ള സര്‍പ്പത്തെ പോലെ ഉള്ളതുമായ ബാഹുക്കളോടു കൂടിയ ആ വീരനില്ലാത്ത ഈ വനം, സൂര്യനില്ലാത്ത ആകാശം പോലെ, ഇരുണ്ടു പോയതായി എനിക്കു തോന്നുന്നു. പാഞ്ചാലന്മാരും, കൗരവന്മാരും. ദേവന്മാരോടു പോലും എതിര്‍ക്കുവാന്‍ ശക്തരാകുന്നത്‌ ഈ മഹാരഥന്റെ സഹായത്താലാണല്ലോ. ആ മഹാത്മാവിന്റെ കൈകളുടെ തുണയുണ്ടെങ്കില്‍ നമ്മളെല്ലാം ശത്രുക്കളെ ജയിച്ച്‌ ഊഴി വീണ്ടെടുത്തതായി കരുതുന്നു. ആ വീരനായ അര്‍ജ്ജുനൻ ഇല്ലെങ്കില്‍ കാമ്യകം ഇരുളടഞ്ഞതാണ്‌! ദിക്കു മുഴുവന്‍ ഇരുളടഞ്ഞതായി തോന്നുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ടു പാണ്ഡുനന്ദനനായ നകുലന്‍ അശ്രുകണ്ഠനായി പറഞ്ഞു.

നകുലന്‍ പറഞ്ഞു: യുദ്ധത്തില്‍ ഏതൊരുവന്റെ ദിവ്യ കര്‍മ്മങ്ങളെ പറ്റി ദേവന്മാര്‍ കൂടി പ്രശംസിക്കുന്നുവോ ആ രണവീരന്‍ പോയത് മൂലം നാം ദുഃഖിതരായിരിക്കുന്നു. വടക്കെ ദിക്ക്‌ ആക്രമിച്ചു കയറി, വീരന്മാരായ ഗന്ധര്‍വ്വ മുഖ്യന്മാരെ ജയിച്ച്‌. അവന്‍ പല കുതിരകളേയും നേടി. തിത്തിരി കല്‍മാഷം എന്നീ വര്‍ഗ്ഗത്തില്‍ പെട്ടവയും, വായുവേഗം ഉള്ളവയും നല്ല കാന്തി ഉള്ളവയുമായ ആ കുതിരകളെ രാജസൂയത്തില്‍ ജ്യേഷ്ഠന് കാഴ്ചവെച്ച ആ ഭീമാനുജനെ, ആ ഭീമധന്വാവിനെ കൂടാതെ, ദേവതുല്യനായ അര്‍ജ്ജുനനെ കൂടാതെ, ഈ കാമൃകത്തില്‍ വാഴുന്നത്‌ അഭികാമ്യമായി എനിക്ക് തോന്നുന്നില്ല. ഈ വനവാസം അമരതുല്യമായാലും എനിക്കു വേണ്ടാ.

വൈശമ്പായനൻ പറഞ്ഞു : നകുല വിലാപത്തിന് ശേഷം സഹദേവന്‍ പറഞ്ഞു.

സഹദേവന്‍ പറഞ്ഞു : യുദ്ധത്തില്‍ ജയിച്ച്‌, ധാരാളം ധനത്തേയും, കന്യകമാരേയും നേടി യാദവന്മാരെ ഒറ്റയ്ക്കു തോല്‍പ്പിച്ച്‌, രാജസൂയത്തില്‍ കൊണ്ടു വന്ന വാസുദേവന്റെ ഹിതത്തോടു കൂടി സുഭദ്രയെ കൊണ്ടു വന്ന, മഹാതേജസ്വിയായ ആ വീരന്റെ, ദ്രുപദ മഹാരാജാവിനെ തോല്‍പിച്ച്‌ ദ്രോണാചാര്യന് ഗുരുദക്ഷിണ നലകിയ ആ ജിഷ്ണുവിന്റെ, പുല്‍ക്കിടക്ക ശൂന്യമായി കാണുമ്പോള്‍ എന്റെ മനസ്സ്‌ ഉഴറുന്നു. എന്റെ മനസ്സ്‌ ഒട്ടും ശമം കൊള്ളുന്നില്ല. ഈ കാട്‌ വിട്ടു പോകുന്നതാണു നല്ലതെന്ന്‌ ഞാന്‍ വിചാരിക്കുന്നു. രാജാവേ, ആ വീരനില്ലാതെ ഈ വനം രമണീയമായി തോന്നുന്നില്ല.

81. പാര്‍ത്ഥ നാരദ സംവാദം - വൈശമ്പായനൻ പറഞ്ഞു: ധനഞ്ജയനില്‍ ഉത്സുകന്മാരായി കൃഷ്ണയോടു കൂടി ഭ്രാതാക്കള്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ധര്‍മ്മപുത്രന് ദുഃഖമുണ്ടായി. അപ്പോള്‍ മഹാത്മാവും ദേവര്‍ഷിയുമായ നാരദന്‍, ബ്രഹ്മതേജസ്സു കൊണ്ടും യജ്ഞാദികള്‍ കൊണ്ടും അഗ്നിപ്രഭനായ ഋഷി, അവിടെ വന്നു ചേര്‍ന്നു. ആ മഹാത്മാവ്‌ വന്നതു കണ്ട ഉടനേ ഭ്രാതാക്കളോടു കൂടി ധര്‍മ്മപുധ്രന്‍ യഥായോഗ്യം എതിരേറ്റ്‌ പൂജിച്ചു. ദേവന്മാരോടു ചേര്‍ന്ന്‌ ശതക്രതു വിളങ്ങുന്നതു പോലെ ദീപ്തിമാനായ യുധിഷ്ഠിരന്‍ സഹോദരന്മാരോടു ചേര്‍ന്നു ശോഭിച്ചു. സാവിത്രി വേദങ്ങളെയെന്ന വിധം, യാജ്ഞസേനി കാന്തരെ നാലു പേരേയും വിടാതെ അവരോടു ചേര്‍ന്നു നിന്ന്‌, മേരുവെ അര്‍ക്കപ്രഭ എന്ന പോലെ, പ്രശോഭിപ്പിച്ചു നിന്ന്‌ നാരദനെ പൂജിച്ചു. ആ പൂജയെ സ്വീകരിച്ച്‌ അനഘനായ നാരദമുനി യുക്തിപൂര്‍വ്വം ധര്‍മ്മജനെ സമാശ്വസിപ്പിച്ചു. എന്നിട്ടു മഹാത്മാവും, ധര്‍മ്മരാജാവുമായ യുധിഷ്ഠിരനോട്‌ ഇങ്ങനെ ചോദിച്ചു.

നാരദന്‍ പറഞ്ഞു: ഹേ യുധിഷ്ഠിരാ! ഭവാന്‍ എന്തു വേണമെന്ന്‌ എന്നോടു പറയുക! ഞാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ആവശ്യപ്പെട്ടു കൊള്ളുക!

ഇതുകേട്ട്‌ ധര്‍മ്മിഷ്ഠനായ ധര്‍മ്മപുത്രന്‍ ഭ്രാതാക്കളോടു കൂടി നാരദന്റെ മുമ്പില്‍ കുമ്പിട്ട്‌ ദേവന്മാര്‍ക്കു പോലും ആരാധ്യനായ ആ മുനിയോടു കൈകൂപ്പി പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: മഹാഭാഗാ! സര്‍വ്വലോക പൂജ്യനായ ഭവാന്‍ എന്നില്‍ ഇഷ്ടനാണെങ്കില്‍, എന്റെ ആഗ്രഹങ്ങളെല്ലാം ഭവാന്റെ പ്രസാദം കൊണ്ട്‌ സാധിച്ചതായി ഞാന്‍ കരുതുന്നു. ഹേ മുനിശ്രേഷ്ഠാ, ഹേ സുബ്രതാ, ഞാനും എന്റെ ഭ്രാതാക്കളും ഭവാന്റെ അനുഗ്രഹത്തിന് പാത്രമാണെങ്കില്‍, എന്റെ ഈ സംശയം തിര്‍ത്തു തന്നാലും. തീര്‍ത്ഥയാത്രാ തല്പരരായി ഭൂമി മുഴുവന്‍ ചുറ്റുകയാണെങ്കില്‍, എന്തു ഫലമാണ്‌ അതു കൊണ്ടു ലഭിക്കുകയെന്ന്‌ അറിയിച്ചാലും!

നാരദന്‍ പറഞ്ഞു: ഹേ രാജാവേ, ഭവാന്‍ ശ്രദ്ധയോടു കൂടി ഞാന്‍ പറയുന്നതു കേള്‍ക്കുക. മുമ്പ്‌ ധീമാനായ ഭീഷ്മൻ പുലസ്തൃ മഹര്‍ഷിയില്‍ നിന്ന്‌ കേട്ടിട്ടുള്ളതാണ്‌ ഇതെല്ലാം. പണ്ട്‌ ഭാഗീരഥി തീരത്ത്‌ ഭീഷ്മൻ പിതൃവ്രതം സ്വീകരിച്ച്‌ മുനിമാരോടു കൂടി ഇരിക്കുകയായിരുന്നു. ആ ഗംഗാദ്വാരം ശുഭമായ ഒരു പുണ്യസ്ഥാനമായിരുന്നു. ദേവര്‍ഷിമാരും, ദേവഗന്ധര്‍വ്വന്മാരും വാണിരുന്ന ആ സ്ഥലത്താണ്‌ ഭീഷ്മൻ താമസിച്ചിരുന്നത്‌. അവിടെ പിതൃക്കളേയും, ദേവന്മാരേയും ആ പരമദ്യുതി യഥാവിധി തര്‍പ്പിച്ചു.

ഭീഷ്മൻ ജപം പൂണ്ട്‌ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവിടെ പുലസ്തൃ മുനി പ്രത്യക്ഷനായി. ശ്രീ കൊണ്ടു ഉദ്ദിപ്തനും, മഹാ തപസ്വിയുമായ മുനിയെ കണ്ട വളരെ അത്ഭുതത്തോടെ സന്തോഷിച്ചു. ഹേ ഭാരതാ, ധര്‍മ്മിഷ്ഠരില്‍ മുമ്പനായ ഭീഷ്മൻ അടുത്തു വരുന്ന അദ്ദേഹത്തെ വന്ദിച്ച്‌ അര്‍ഘ്യ പാദ്യാദികളാല്‍ പൂജിച്ച്‌ അദ്ദേഹത്തിന്റെ മുമ്പില്‍ ശിരസ്സു കുനിച്ചു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: ഹേ സുബ്രതാ! അങ്ങയ്ക്ക്‌ മംഗളം ഭവിക്കട്ടെ! ഞാന്‍ ഭീഷ്മനാണ്‌. ഭവാന്റെ ദാസനാണ്‌. ഭവാനെ കാണുകയാല്‍ തന്നെ ഞാന്‍ പാപവിമുക്തനായിരിക്കുന്നു.

നാരദന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ കൈകൂപ്പി നിശ്ശബ്ദനായി ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനായ ഭീഷ്മൻ നിന്ന്‌ വ്രത സ്വാദ്ധ്യായ നിയമങ്ങളാല്‍ വളരെ മെലിഞ്ഞതായി കണ്ട്‌ മുനി മനസാ സന്തോഷിച്ചു.

82. പുലസ്തൃ തീര്‍ത്ഥ യാത്ര - വിവിധ തീര്‍ത്ഥ മാഹാത്മ്യ പ്രതിപാദനം - പുലസ്ത്യന്‍ ഭീഷ്മനോടു പറഞ്ഞു: ഹേ ധര്‍മ്മജ്ഞാ! നിന്റെ വണക്കവും അടക്കവും സത്യവും കണ്ട്‌ ഞാന്‍ സന്തോഷിക്കുന്നു. സുവ്രതാ! പിതൃഭക്തിയോടു കൂടി ധര്‍മ്മം ആചരിച്ച്‌ പാപ വിമുക്തൻ ആയതിനാല്‍ അനഘനായ നിനക്ക്‌ എന്നെ കാണുവാന്‍ സാധിച്ചു. എനിക്കു നിന്നില്‍ പ്രീതി വളര്‍ന്നിരിക്കുന്നു. ഹേ ഭിഷ്മാ! നിനക്ക്‌ ഞാന്‍ എന്താണ്‌ ചെയ്തു തരേണ്ടത്? ഞാന്‍ അമോഘദര്‍ശിയാണ്‌ ( എല്ലാം കാണാന്‍ കഴിവുള്ളവന്‍ ) കുരുശ്രേഷ്ഠാ! നീ ആവശ്യപ്പെട്ടു കൊള്ളുക! ഞാന്‍ നിനക്കു വേണ്ടതു ചെയ്തുതരാം.

ഭീഷ്മൻ പറഞ്ഞു: സര്‍വ്വലോക പൂജിതനായ ഭവാന്‍ സന്തുഷ്ടനായാല്‍, ഭവാനെ കാണുക. എന്നതു തന്നെ പുണ്യമാണ്‌; അതു തന്നെ വലിയ ഒരനുഗ്രഹമാണ്‌; എന്നാൽ എനിക്ക്‌ ചെറുതായ ഒരു സംശയമുണ്ട്‌. ഞാന്‍ അങ്ങയുടെ അനുഗ്രഹം അര്‍ഹിക്കു ന്നുണ്ടെങ്കില്‍ അതു ഭവാന്‍ തീര്‍ത്തു തന്നാലും. തീര്‍ത്ഥങ്ങളെപ്പറ്റി എനിക്ക്‌ ഒരു ധര്‍മ്മസംശയമുണ്ട്‌. അതു പറഞ്ഞു. കേള്‍ക്കുവാന്‍ എനിക്കു വലിയ ആഗ്രഹമുണ്ട്‌. അല്ലയോ അമരസന്നിഭാ! ഭൂമിയെ വലംവെച്ച്‌ തീര്‍ത്ഥാടനം ചെയ്യുന്നവര്‍ക്ക്‌ എന്താണ്‌ ഫലസിദ്ധി ഉണ്ടാവുക? വിപ്രർഷേ, ഭവാന്‍ അതിനെപ്പറ്റി എന്നോട്‌ അരുളിയാലും.

പുലസ്ത്യന്‍ പറഞ്ഞു: ഹേ പുത്രാ! നിന്നോട്‌ ഋഷികള്‍ക്ക്‌ അവലംബനമായ തീര്‍ത്ഥങ്ങളേയും അവയുടെ ഫലത്തേയും ഞാന്‍ പറയാം. നീ ശ്രദ്ധയോടെ കേള്‍ക്കുക. കാലും, കൈയും, മനസ്സും, തപസ്സും, കീര്‍ത്തിയും, വിദ്യയും ഏറ്റവും സംയമനം ചെയ്യുന്നവന്‍ തീര്‍ത്ഥത്തിന്റെ ഫലം അനുഭവിക്കുന്നതാണ്‌. ദാനം സ്വീകരിക്കാത്തവനും, സന്തുഷ്ടനും ( ഉള്ളതു കൊണ്ട്‌ തൃപ്തന്‍ ), അഹങ്കാരമില്ലാത്തവനും, തീര്‍ത്ഥത്തിന്റെ ഫലം ഏലക്കുന്നതാണ്‌. പാപം ചെയ്യാത്തവനും, അഹിത കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാത്തവനും, അല്പം ഭക്ഷിക്കുന്നവനും, ഇന്ദ്രിയങ്ങളെ ജയിച്ചവനും, എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തനും തീര്‍ത്ഥത്തിന്റെ ഫലം പ്രാപിക്കുന്നതാണ്‌. ക്രോധം വെടിഞ്ഞവനും. സത്യശീലനും, ദൃഢവ്രതനും, തന്നെപ്പോലെ എല്ലാ ഭൂതങ്ങളേയും കാണുന്നവനും തീര്‍ത്ഥത്തിന്റെ ഫലം ഏൽക്കുന്നതാണ്‌. ഋഷികള്‍ യജ്ഞങ്ങളേയും അവയുടെ ഫലങ്ങളേയും, ഇഹത്തിലും പരത്തിലും ഉള്ളവയെല്ലാം യഥാക്രമം വേദങ്ങളില്‍ ശരിയായി പറഞ്ഞിട്ടുണ്ട്‌. ഹേ മഹീപതേ, ആ യജ്ഞങ്ങള്‍ ദരിദ്രന്മാര്‍ക്കു ചെയ്യുവാന്‍ കഴിയുന്നതല്ലല്ലോ. ആ യജേഞാപ കരണങ്ങള്‍ സംഭരിക്കുവാന്‍ മന്നവന്മാര്‍ക്കേ കഴിയുകയുള്ളൂ. അവ നടത്തുവാന്‍ ചിലപ്പോള്‍ അവരെപ്പോലെ സമ്പന്നന്മാര്‍ക്കും സാധിച്ചെന്നു വരാം. ബന്ധുക്കൾ ഇല്ലാത്തവര്‍ക്കും; ഒറ്റയായവര്‍ക്കും, ഭാര്യാപുത്രന്മാർ ഇല്ലാത്തവര്‍ക്കും, കഴിവില്ലാത്തവര്‍ക്കും, ദരിദ്രന്മാര്‍ക്കും ആ പുണ്യഫലം ലഭിക്കുവാന്‍ പറ്റിയ കര്‍മ്മങ്ങളുണ്ട്‌. അവയും പുണ്യയജ്ഞ ഫലങ്ങള്‍ക്കു തുല്യങ്ങളാണ്‌. ഹേ വീരാ, അതെന്താണെന്നു നിന്നോടു ഞാന്‍ പറയാം. ഋഷികള്‍ക്ക്‌ പരമഗുഹ്യവും പുണ്യവുമായ തീര്‍ത്ഥാടനം യജ്ഞങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്‌.

മൂന്നു രാവ്‌ ഉപവാസം ചെയ്യാതിരിക്കുകയോ, തീര്‍ത്ഥയാത്ര ചെയ്യാതിരിക്കുകയോ, സ്വര്‍ണ്ണഗോദാനം ചെയ്യാതിരിക്കുകയോ ചെയ്യുന്നവന്‍ ദരിദ്രനായി ഭവിക്കും. വിപുല ദക്ഷിണമായ അഗിഷ്ടോമാദി യജ്ഞങ്ങള്‍ കൊണ്ടു കൂടി തീര്‍ത്ഥയാത്ര കൊണ്ടു ലഭിക്കുന്ന ഫലം സിദ്ധിക്കുന്നതല്ല. ഭൂലോകത്തില്‍ ദേവന്മാര്‍ക്കു പോലും തിീര്‍ത്ഥമായതും, ത്രൈലോക്യ വിശ്രുതവുമാണ്‌. പുഷ്കരതീര്‍ത്ഥം. പുഷ്കരത്തില്‍ തീര്‍ത്ഥാടനത്തിന് ചെന്നു ചേരുന്നവന്‍ ആ ദേവന്മാര്‍ക്ക്‌ തുല്യനായി തീരും. പത്തു കോടി ആയിരം തീര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം പുഷ്കരത്തിനുണ്ട്‌. ത്രിസന്ധൃകളില്‍ ( വെളുപ്പിനും ഉച്ചയ്ക്കും അസ്തമന സമയത്തും ) ആദിതൃ വസു രുദ്രന്മാരും, മരുത് സാദ്ധൃ ഗണങ്ങളും ഗന്ധര്‍വ്വാ പ്സരസ്സുകളും നിത്യവും പുഷ്കര തീര്‍ത്ഥത്തില്‍ വന്നെത്താറുണ്ട്‌. ആ സ്ഥലത്ത്‌ തപസ്സു ചെയ്തു ദേവദൈത്യ മഹര്‍ഷികള്‍ മഹാപുണ്യം നേടി; ദിവ്യമായ യോഗം നേടി.

മനസ്വികള്‍ മനസ്സു കൊണ്ട്‌ പുഷ്കരത്തെ ചിന്തിക്കുകയാണെങ്കില്‍ പോലും പാപമൊക്കെയും തീര്‍ന്ന്‌ സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനായി തീരും, ആ തീര്‍ത്ഥത്തില്‍ പണ്ട്‌ കമലാസനനായ പിതാമഹന്‍ പരമപ്രീതനായി നിവസിച്ചു. ഹേ മഹാഭാഗ! പുഷ്കരത്തില്‍ പണ്ടു ദേവന്മാരും, ഋഷിഗണങ്ങളും മഹാപുണ്യം ആര്‍ജ്ജിച്ചു സിദ്ധി നേടിയല്ലോ. പിതൃ ദേവാര്‍ച്ചനാ പരനായ പുരുഷന്‍ അവിടെ പോയി സ്നാനം. ചെയ്യുന്നതായാല്‍ അശ്വമേധത്തേക്കാള്‍ പത്തിരട്ടി ഫലം സിദ്ധിക്കുമെന്ന്‌ മഹര്‍ഷിമാര്‍ പറയുന്നു. പുഷ്കരാരണ്യത്തില്‍ വെച്ച്‌ ഒരു വിപ്രനെ ഊട്ടിയാല്‍ ഹേ ഭീഷ്മാ! അവന്‍ ഇഹത്തിലും പരത്തിലും മോദിക്കുന്നതാണ്‌. സസ്യങ്ങളോ, ഫലമൂലങ്ങളോ ഭക്ഷിച്ചു ജീവിക്കുന്നവന്‍ അതു തന്നെ ശ്രദ്ധയോടും, ഈര്‍ഷ്യ കൂടാതേയും ഒരു ബ്രാഹ്മണന് കൊടുക്കുന്നതായാല്‍ അതു കൊണ്ടു തന്നെ ആ നരന്‍ അശ്വമേധ ഫലം നേടുന്നു. വിപ്രന്മാരും, ക്ഷത്രിയന്മാരും, വൈശ്യന്മാരും, ശൂദ്രന്മാരും ഈ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്താല്‍, ഏതു ജാതിയില്‍ പെട്ടവനായാലും, പിന്നെ അവന് വിണ്ടും ജനിക്കേണ്ടി വരികയില്ല. വിശേഷിച്ചു കാര്‍ത്തിക മാസത്തില്‍ പുഷ്കരത്തില്‍ ചെല്ലുന്നവന്‍ ബ്രഹ്മലോകത്തെ പ്രാപിക്കും. സന്ധ്യയ്ക്കും, പുലര്‍ കാലത്തും പുഷ്കര തീര്‍ത്ഥം ചിന്തിച്ചു കെൈ തൊഴുന്നവന്‍ സര്‍വ്വതീര്‍ത്ഥത്തിലും പ്രഥമസ്ഥാനം നേടും. സ്ത്രീപുരുഷന്മാര്‍ ജനിച്ച നാള്‍ മുതല്‍ ചെയ്ത പാപമൊക്കെ പുഷ്കരത്തില്‍ സ്നാനം ചെയ്താല്‍ ഉടനെ നശിച്ചു പോകും. ദേവകള്‍ക്കെക്കെ ഇപ്രകാരം മധുസൂദനന്‍ ആദ്യനായി പ്രശോഭിക്കുന്നുവോ അപ്രകാരം പുഷ്കരം എല്ലാ തീര്‍ത്ഥങ്ങളിലും പ്രഥമസ്ഥാനം അലങ്കരിക്കുന്നു. നിയമവ്രതങ്ങളോടെ ശുചിയായി പന്തീരാണ്ടു കാലം പുഷ്കരത്തില്‍ വസിക്കുന്നവന്‍ സര്‍വ്വയാഗങ്ങളുടേയും ഫലം നേടുന്നതാണ്‌. ബ്രഹ്മലോകത്തില്‍ എത്തുകയും ചെയ്യും. നൂറുകൊല്ലം അഗ്നിഹോത്രം ഉപാസിക്കുന്നവനും, കാര്‍ത്തിക മാസത്തില്‍ പുഷ്കരത്തില്‍ ജീവിച്ചവനും ഫലം ഒപ്പമാണ്‌. മുന്നൂ ശുഭ്രങ്ങളായ ശൃംഗങ്ങളും, മൂന്നു പ്രസവങ്ങളും ( ഉറവുകള്‍ ) പുരാതന കാലം മുതല്‍ പുഷ്കരമെന്ന പേരില്‍ അറിയപ്പെടുന്നു. പക്ഷേ, അതിനുള്ള കാരണം ആര്‍ക്കും അറിഞ്ഞു കൂടാ. പുഷ്കരത്തില്‍ പോകുക ദുഷ്കരമാണ്‌. പുഷ്കരത്തിലെ തപസ്സു ദുഷ്കരമാണ്‌. പുഷ്കരത്തിലെ ദാനം ദുഷ്കരമാണ്‌. പുഷ്കരത്തിലെ വാസം ദുഷ്കരമാണ്‌.

നിയതനായി പന്ത്രണ്ടു രാത്രി അവിടെ താമസിച്ചു പ്രദക്ഷിണം വെച്ചു വേണം പിന്നെ ജംബൂമാര്‍ഗ്ഗത്തിലേക്കു പോകുവാന്‍. ദേവന്മാരും, പിതൃക്കളും, ഋഷികളും സേവിക്കുന്ന ജംബുമാര്‍ഗ്ഗം പൂകുന്നവന്‍ അശ്വമേധ യാഗത്തിന്റെ ഫലവും, സര്‍വ്വകാമ സിദ്ധിയും നേടുന്നു. അഞ്ചുരാത്രി അവിടെ നിവസിക്കുന്നവന്‍ സര്‍വ്വപാപ വിമുക്തനായി തീരുന്നു. അവന്‍ നരകത്തിൽ ഒരിക്കലും താഴില്ല; മഹത്തായ വിജയവും നേടുന്നു.

ജംബൂമാര്‍ഗ്ഗം വിട്ടു പോന്ന്‌ "തന്ദളികാശ്രമ"ത്തിലെത്തണം. അവന് പിന്നെ ദുര്‍ഗ്ഗതിയില്ല. ബ്രഹ്മലോകത്തില്‍ എത്തുകയും ചെയ്യും. ആഗസ്ത്യ സരസ്സില്‍ പോയി മൂന്നു രാത്രി ഉപവസിച്ച്‌ പിതൃദേവന്മാരെ അര്‍പ്പിക്കുന്നവന്‍ അഗ്നിഷ്ടോമ ഫലം നേടും.

അവിടെ നിന്നും പോയി സസ്യങ്ങളും, ഫലങ്ങളും ഭക്ഷിച്ചു ജീവിക്കുന്നവന്‍ കൗരവസ്ഥാനം പ്രാപിക്കും. പിന്നെ ലോകപൂജിതവും മനോഹരവുമായ കണ്വാശ്രമത്തില്‍ എത്തണം. ഭാരതത്തിലെ ആദ്യ പുണ്യ പുരാതനമായ ധര്‍മ്മാരണ്യം അതാണ്‌. അതില്‍ കടന്നു ചെന്നാല്‍ സര്‍വ്വപാപങ്ങളും നീങ്ങും. അവിടെ പിതൃദേവാര്‍ച്ചനം ചെയ്തു നിയതാശനനായി, നിയതനായി ജീവിക്കുന്നവന്‍ എല്ലാ ആഗ്രഹങ്ങളും നേടിത്തരുന്ന യജ്ഞത്തിന്റെ ഫലം നേടും. വലംവെച്ച്‌ അവിടെ നിന്നും യയാതിയുടെ പതന സ്ഥലത്തേക്കു പോകുക. അശ്വമേധ യാഗത്തിന്റെ ഫലംഅവിടെ ചെല്ലുന്നവര്‍ക്കു ലഭിക്കുന്നതാണ്‌. പിന്നെ നിയതാശനനായി മഹാകാളത്തില്‍ ചെന്ന്‌ കോടി തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്താല്‍ അശ്വമേധഫലം ലഭിക്കും.

പിന്നെ ധര്‍മ്മജ്ഞന്‍ "ഉമാപതി"യായ സ്ഥാണുവിന്റെ തീര്‍ത്ഥത്തെ പ്രാപിക്കുക. മൂന്നു ലോകത്തിലും "ഭദ്രവടം" എന്നു കീർത്തിപ്പെട്ടതാണ്‌ ആ തീര്‍ത്ഥം. അവിടെച്ചെന്ന്‌ ഈശാനനെ കണ്ടാല്‍ ആയിരം ഗോക്കളെ ദാനം ചെയ്ത പുണ്യം ലഭിക്കും. മഹാദേവ പ്രസാദം കൊണ്ട്‌ സമ്പത്തിനും, ശ്രീക്കും, നരോത്തമ സ്ഥാനത്തിനും കാരണമായ ഗണനായകത്വവും ലഭിക്കുന്നതാണ്‌.

മൂന്നു ലോകത്തിലും പ്രസിദ്ധമായ നര്‍മ്മദാ നദിയില്‍ സ്നാനം ചെയ്ത്‌ അവിടെ പിതൃദേവാര്‍ച്ചനം ചെയ്താല്‍ അഗ്നിഷ്ടോമ ഫലത്തേയും പ്രാപിക്കും. ബ്രഹ്മചാരിയായ ജിതേന്ദ്രിയന്‍ തെക്കേ സിന്ധുവില്‍ സ്നാനം ചെയ്താല്‍ ആ ഫലത്തിനും പുറമേ വിമാനത്തില്‍ കയറുവാനുള്ള പുണ്യവും നേടും. ചര്‍മ്മണ്വതിയില്‍ നിയതാശനനായി, നിയതനായി പ്രാപിച്ചാല്‍ രന്തി ദേവാനുജ്ഞിതമായ അഗ്നിഷ്ടോമ ഫലത്തെ നേടുന്നതാണ്‌.

പിന്നെ ധര്‍മ്മജ്ഞര്‍ ഹിമവല്‍ പുത്രനായ അര്‍ബ്ദുദത്തില്‍ ചെല്ലണം. പണ്ടു കാലത്ത്‌ ഇവിടെ ഭൂമിക്കുള്ളിലേക്ക് ഒരു ഗര്‍ത്തം ( കുഴി ) ഉണ്ടായിരുന്നു. ത്രിലോക വിശ്രുതമായ വസിഷ്ഠാശ്രമം അവിടെയാണ്‌. ഒരു രാവ്‌ അവിടെ പാര്‍ത്താല്‍ ആയിരം ഗോക്കളെ ദാനം ചെയ്ത പുണൃഫലം നേടുന്നതാണ്‌. പിംഗതീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ ബ്രഹ്മചാരിയും, ജിത്രേന്ദിയനുമായ പുരുഷന്‍ നുറു കപിലാ ദാനത്തിന്റെ ഫലം നേടുന്നതാണ്‌. പിന്നെ മുഖ്യമായ പ്രഭാസ തീര്‍ത്ഥത്തില്‍ പോകണം. അവിടെ നിത്യവും സ്വരൂപത്തില്‍ സന്നിഹിതനാണ്‌ ഹുതാശനന്‍. ദേവന്മാര്‍ക്കു വദനമാണ്‌ ഹുതാശനന്‍. വായുവിന്റെ സാരഥിയാണ്‌ ജ്വലനന്‍. ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത പ്രയതനും, ശുചിയുമായ ആള്‍ അഗ്നിഷ്ടോമം അതിരാത്രം എന്നീ യജ്ഞങ്ങളുടെ ഫലം നേടുകയും ചെയ്യും.

പിന്നെ സരസ്വതിയും, കടലും സംഗമിക്കുന്ന സ്ഥലത്തെത്തിയാല്‍ ആയിരം പശുക്കളെ ദാനം ചെയ്ത ഫലം നേടുന്നതാണ്‌. സ്വര്‍ഗ്ഗത്തില്‍ പ്രവേശനവും അവന് ലഭിക്കുതാണ്‌. നിതൃവും അഗ്നിയെ പോലെ ജ്വലിക്കുകയും ചെയ്യും. അവിടെ സലില രാജാവിന്റെ ( വരുണന്‍ ) തീര്‍ത്ഥങ്ങളില്‍ മുങ്ങി ശുദ്ധമനസ്സായി കുളിച്ച്‌ മൂന്നു ദിവസം പിതൃദൈവത തര്‍പ്പണം ചെയ്യുന്നവന്‍ സോമന് തുല്യം പ്രശോഭിക്കും; അവന് അശ്വമേധ ഫലവും കിട്ടും.

പിന്നെ വരദാന തീര്‍ത്ഥത്തില്‍ എത്തുക. അവിടെ വെച്ചാണ്‌ മഹാവിഷ്ണു ദുര്‍വ്വാസാവിന് വരം നൽകിയത്‌. വരദാന സ്നാനം ചെയ്താല്‍ ആയിരം ഗോക്കളെ ദാനം ചെയ്ത ഫലം നേടുന്നതാണ്‌. പിന്നെ നിയതനും നിയതാശനനുമായി ദ്വാരാവതിയിലെത്തുക. അവിടെ പിണ്ഡാരക തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത നരന്‍ ധാരാളം സ്വര്‍ണ്ണം ദാനം ചെയ്ത ഫലം നേടുന്നതാണ്‌. ആ തീര്‍ത്ഥത്തില്‍ പത്മചിഹ്നമുള്ള മുദ്രകള്‍ ഇപ്പോഴും കാണുന്നുണ്ട്‌. ഇതു വലിയൊരു അത്ഭുതമാണ്‌. പിന്നെ ത്രിശൂല ചിഹ്നങ്ങളും കാണുന്നുണ്ട്‌. അവിടെ മഹാദേവന്റെ സാന്നിദ്ധൃവുമുണ്ട്‌.

സിന്ധുസാഗര സംഗമത്തില്‍ ചെന്നതിന് ശേഷം സലില രാജ തീര്‍ത്ഥത്തില്‍ കുളിച്ച്‌ ശുചിയായി, ശുചിയായ ചിത്തത്തോടെ പിത്യ ദേവര്‍ഷി വരന്മാരെ തര്‍പ്പിച്ചാല്‍ സ്വതേജസ്സു കൊണ്ട്‌ വിളങ്ങുകയും. വരുണ ലോകത്തിൽ എത്തുകയും ചെയ്യും. ശങ്കു കര്‍ണ്ണേശ്വര ദേവനെ അര്‍ച്ചിച്ചാല്‍ അശ്വമേധത്തേക്കാള്‍ പത്തിരട്ടി ഫലം ലഭിക്കുന്നതാണെന്ന്‌ മനീഷികള്‍ പറയുന്നു. പിന്നെ അവിടെ പ്രദക്ഷിണം വെച്ച്‌ മൂന്നു ലോകത്തിലും കീര്‍ത്തിപ്പെട്ട "ദമിതീര്‍ത്ഥ"ത്തില്‍ ചെല്ലണം. അത്‌ സര്‍വ്വ പാപഹരമാണ്‌. ബ്രഹ്മാദികളായ ദേവന്മാരും. ഋഷികളും അവിടെയാണ്‌ മഹേശ്വരനെ ചൈത്ര മാസത്തിലെ വെളുത്ത ചതുര്‍ദ്ദശിയില്‍ ഉപാസിക്കുന്നത്‌. അതില്‍ കുളിച്ച്‌ ഹേ നരവ്യാഘ്രാ, ദേവന്മാരാല്‍ ചുറ്റപ്പെട്ട രുദ്രനെ ഉപാസിച്ചാല്‍ ജന്മം തൊട്ടുള്ള പാപങ്ങളൊക്കെ തീരും. അവിടെയാണ്‌ സര്‍വ്വദേവന്മാരാലും പൂജ്യനായി ഭവാന്‍ വസിക്കുന്നത്‌. അവിടെ സ്നാനം ചെയ്താല്‍ അശ്വമേധ യാഗഫലം ലഭിക്കും. ഹേ, മഹാപ്രാജ്ഞ, വിശ്വ സൃഷ്ടാവായ വിഷ്ണു ദൈത്യദാനവരെ കൊന്നതിന് ശേഷം സ്നാനം ചെയ്തു ശുദ്ധി പൂണ്ടത്‌ അവിടെ ചെന്നാണ്‌.

പിന്നെ കേള്‍വിപ്പെട്ട "വാസോര്‍ദ്ധാര"യില്‍ ചെല്ലുക. അവിടെ ചെന്നാല്‍ തന്നെ ഒരു അശ്വമേധത്തിന്റെ ഫലം ലഭിക്കും. അവിടെ സ്നാനം ചെയ്തു ശുദ്ധനായി ശ്രദ്ധയോടെ പിതൃദേവ ഗണത്തെ തര്‍പ്പിച്ചാല്‍ വിഷ്ണു ലോകത്ത്‌ പൂജ്യനായി വസിക്കാം.

ഈ തീര്‍ത്ഥത്തില്‍ വസുക്കളുടെ ഒരു പുണ്യസരസ്സുണ്ട്‌. അതില്‍ കുളിച്ചു സേവിച്ചാല്‍ വസുക്കള്‍ക്ക്‌ ഏറ്റവും ഇഷ്ടനായിത്തീരും. പിന്നെ "സിന്ധൂത്തമം" എന്ന സരസ്സുണ്ട്‌. അതില്‍ സ്നാനം ചെയ്താല്‍ സര്‍വ്വപാപവും നശിക്കും. എന്നു തന്നെയല്ല ധാരാളം ധനവും സ്വര്‍ണ്ണവും ദാനം ചെയ്ത ഫലം സമ്പാദിക്കും. ശുചിയായി "ഭദ്രതുംഗ"ത്തില്‍ ചെന്നാല്‍ അവിടെ ചെല്ലുന്നവന് തന്നെ ബ്രഹ്മലോകം സിദ്ധിക്കും. പരമമായ ഗതി നേടുകയും ചെയ്യും. പിന്നെ സിദ്ധന്മാരാല്‍ സേവിതമായ ശക്രന്റെ കുമാരികളുടെ തിര്‍ത്ഥമുണ്ട്‌; അതില്‍ സ്നാനം ചെയ്ത മര്‍ത്ത്യന്‍ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ്‌. അവിടെ തന്നെയാണ്‌ സിദ്ധന്മാര്‍ സേവിക്കുന്ന "രേണുകാതീര്‍ത്ഥം". അതില്‍ സ്നാനം ചെയ്തു വിപ്രന്‍ ചന്ദ്രനെപ്പോലെ നിര്‍മ്മലനായി ഭവിക്കും. പിന്നെ പഞ്ചനദം പ്രാപിച്ചാല്‍ വേദത്തില്‍ ക്രമത്തില്‍ പറഞ്ഞതായ അഞ്ച്‌ യജ്ഞങ്ങളുടേയും സല്‍ഫലം നേടുന്നതാണ്‌. പിന്നെ ഹേ, രാജാവേ! ഭീമന്റെ ഉത്തമമായ സ്ഥാനത്തു ചെല്ലണം. അതില്‍ യോനി എന്ന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത നരന്‍ ദിവ്യയോനിയില്‍ ജനിച്ച്‌ ദേവികുമാരനായി രത്നകുണ്ഡല മണ്ഡിതനായി ഒരു ലക്ഷം പശുക്കളെ ദാനം ചെയ്ത ഫലം നേടുന്നതാണ്‌. മൂന്നു ലോകത്തിലും വിശ്രുതമായ "ശ്രീകുണ്ഡ"ത്തില്‍ അണഞ്ഞ്‌ പിതാമഹനെ നമസ്കരിച്ചാല്‍ ആയിരം പശുക്കളെ ദാനം ചെയ്ത ഫലം ലഭിക്കും.

പിന്നെ ധര്‍മ്മജ്ഞാ, "വിമലം" എന്ന ഉത്തമമായ തീര്‍ത്ഥത്തില്‍ ചെല്ലുക. അതില്‍ ഇന്നും സ്വര്‍ണ്ണമയവും, വെള്ളിമയവുമായ മത്സ്യങ്ങളെ കാണാം. അതില്‍ സ്‌നാനം ചെയ്ത മര്‍ത്ത്യന് വാസവന്റെ ലോകം കിട്ടുന്നു. സര്‍വ്വപാപങ്ങളും തീര്‍ന്ന്‌ അവന്‍ ശുദ്ധനായി പരമമായ സല്‍ഗതി നേടുകയും ചെയ്യും.

"വിതസ്ത"യില്‍ ചെന്ന്‌ സ്നാനം ചെയ്തു പിതൃദേവ തര്‍പ്പണം ചെയ്തവൻ വാജപേയ യാഗഫലം നേടും. എല്ലാ പാപവും തീര്‍ന്ന്‌ ശുദ്ധനായി പരസല്‍ഗ്ഗതിയും നേടുന്നതാണ്‌. വിതസ്ത കാശ്മീരത്തിലാണ്‌. അത്‌ നാഗങ്ങളുടേയും, തക്ഷകന്റേയും ആവാസ ഗേഹമാണ്‌. അവിടെ സ്നാനം ചെയ്ത മനുഷ്യന് വാജപേയഫലം സിദ്ധിക്കുന്നു. മാത്രമല്ല, പാപങ്ങളെല്ലാം നശിച്ച്‌ അവന്‍ പുണൃഗതിയും നേടുന്നു.

പിന്നെ മൂന്നു ലോകവും പുകഴ്ന്ന "ബഡവ"യില്‍ ചെല്ലണം. പശ്ചിമ സന്ധ്യയ്ക്ക്‌ വിധി പോലെ കുളിച്ച്‌ അഗ്നിദേവന് ഹവിസ്സ് നല്കണം. പിതൃക്കള്‍ക്ക്‌ അന്തമറ്റ ദാനമായി അതു ഭവിക്കുമെന്ന്‌ അഭിജ്ഞര്‍ പറയുന്നു.

ദേവര്‍ഷികളും, പിതൃക്കളും, ഗന്ധര്‍വ്വന്മാരും, അപ്സരസ്സുകളും, യക്ഷകിന്നര സിദ്ധന്മാരും, വിദ്യാധരന്മാരും, മനുഷ്യരും, രക്ഷസ്സുകളും. ദൈത്യന്മാരും, രുദ്രന്മാരും, ബ്രഹ്മാവും നിയമത്തോടെ ആയിരം വര്‍ഷം ദീക്ഷയോടു കൂടി വിഷ്ണു പ്രസാദം ചെയ്തു ചരുശ്രപണമാര്‍ന്ന്‌ ഏഴേഴ് ഋക്കുകളാല്‍ വിഷ്ണുവിനെ സ്തുതിച്ചു. അവര്‍ക്കെല്ലാം അഷ്ടഗുണൈശ്വര്യം നല്‍കി കേശവന്‍ നന്ദിച്ചു. പിന്നെ വീണ്ടും ഇഷ്‌ടപ്പെട്ട എല്ലാ കാമങ്ങളും നല്കി അനുഗ്രഹിച്ച്‌ മേഘത്തില്‍ മിന്നല്‍ എന്ന വിധം മറഞ്ഞു! അതിനാല്‍ അവിടം സപ്തചരു എന്നു പേര്‍ കേട്ടതായി തീര്‍ന്നു. അവിടെ അഗ്നിദേവന് ചരു ( പായസം ) നിവേദിക്കുന്നത്‌ ലക്ഷം ഗോദാനത്തിലും, നൂറു രാജസൂയത്തിലും, ആയിരം അശ്വമേധത്തിലും മെച്ചപ്പെട്ടതാണ്‌. പിന്നെ അവിടം വിട്ട്‌ "രുദ്രപദ"ത്തില്‍ ചെല്ലണം. അവിടെ ചെന്ന്‌ മഹാദേവാര്‍ച്ചനം ചെയ്‌താല്‍ അശ്വമേധ ഫലത്തെ പ്രാപിക്കും. പിന്നെ മണിമാനില്‍ ബ്രഹ്മചാരിയായി നിയതനായി ഒരു രാത്രി താമസിച്ചാല്‍ അഗിഷ്ടോമ ഫലം നേടുന്നതാണ്‌. പിന്നെ പ്രസിദ്ധപ്പെട്ട ദേവികയില്‍ എത്തണം. അവിടെയാണത്രേ വിപ്രന്മാരുടെ ഉത്ഭവസ്ഥാനം. ത്രിലോകത്തില്‍ പുകഴ്ന്ന ഉത്തമമായ ത്രിശൂലി സ്ഥാനവുംആ ദേവികയിലാണ്‌. അവിടെ തന്നെ മഹേശ്വരനെ മര്‍ത്ത്യന്‍ കുളിച്ച്‌ ശക്തി പോലെ ഹോമത്തിന് വേണ്ടി വയ്ക്കുന്ന പായസം ( ചരു ) നിവേദിച്ചിട്ട്‌ ഭുജിച്ചാല്‍ സര്‍വ്വകാമാഢ്യമായ യജ്ഞത്തിന്റെ ഫലം ഏല്ക്കുന്നതാണ്‌.

അവിടെ തന്നെ കാമാഖ്യമെന്നു പേരായ രുദ്ര തീര്‍ത്ഥമുണ്ട്‌. ദേവസേവ്യമായ ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ വേഗം വിജയം സുനിശ്ചിതമാണ്‌. യജനം, യാജനം, ബ്രഹ്മവാലുകം, പുഷ്പാംഭസ്സ്‌ ഇവയില്‍ സ്നാനം ചെയ്താല്‍ പിന്നെ മരണ ശേഷമുണ്ടാകുന്ന ജന്മത്തില്‍ ഒട്ടും വിഷമിക്കേണ്ടി വരില്ല.

അരയോജന വിസ്താരവും അഞ്ചു യോജന നീളവും ദേവര്‍ഷി സേവിതയായ ദേവികയ്ക്കുമുണ്ട്‌. പിന്നെ ഹേ ധര്‍മ്മജ്ഞാ! ദീര്‍ഘ സത്രത്തില്‍ ചെല്ലണം. അതില്‍ ബ്രഹ്മാദികളായ ദേവന്മാരും, മഹര്‍ഷി ശ്രേഷ്ഠന്മാരും, സിദ്ധന്മാരും, ദീക്ഷിതരും, നിയതവ്രതരുമായി ചേര്‍ന്ന്‌ ഉപാസിക്കുന്നു. ആ ദിര്‍ഘ സത്രത്തില്‍ സ്നാനം ചെയ്താല്‍ രാജസൂയാശ്വമേധങ്ങള്‍ ചെയ്ത ഫലത്തേക്കാള്‍ വലിയ ഫലം ലഭിക്കും. പിന്നെ "വിനശന"ത്തിൽ എത്തുക. നിയതനും നിയതാശനുമായി അവിടെ ചെല്ലണം. മേരുപൃഷ്ഠത്തില്‍ സരസ്വതി മറഞ്ഞു പോയത്‌ അവിടെയാണ്‌. പിന്നെ ശ്രേഷ്ഠയായി വീണ്ടും ചമസം, ശിവോല്‍ഭേദം, നാഗോല്‍ഭേദം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. അഗ്നിഷ്ടോമ ഫലം ചമസോല്‍ഭേദത്തില്‍ സ്നാനം ചെയ്താല്‍ സിദ്ധിക്കുന്നതാണ്‌. ശിവോല്‍ഭേദ സ്നാനം മൂലം ഗോസഹസ്രദാന ഫലം സിദ്ധിക്കും. നാഗോല്‍ഭേദ സ്നാനം ചെയ്താല്‍ നാഗലോകത്തും എത്തും.

പിന്നെ ശശയാനം എന്ന ദുര്‍ലഭ തീര്‍ത്ഥത്തെ പ്രാപിക്കുക. കൊക്കുകള്‍ ( കൊറ്റി ) മുയലിന്റെ രൂപമെടുത്ത്‌ അവിടെ നിന്നും മറഞ്ഞു പോകുന്നു. ഭാരതാ! വീണ്ടും അവ ആണ്ടു തോറും കാര്‍ത്തിക മാസത്തില്‍ സരസ്വതിയില്‍ വന്ന്‌ കുളിക്കുന്നതു കാണാം. അതില്‍ സ്നാനം ചെയ്താല്‍ ശശിയെ പോലെ ശോഭിക്കുന്നതാണ്‌. ഗോസഹസ്ര ദാനഫലം കൂടി നേടുന്നതാണ്‌.

പിന്നെ നിയമംപൂണ്ട്‌ കുമാരകോടിയില്‍ ചെന്ന്‌ സ്നാനം ചെയ്തു പിതൃദേവ തര്‍പ്പണം ചെയ്യുക. പതിനായിരം ഗോക്കളെ ദാനം ചെയ്ത ഫലം അവന്‍ നേടും; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും.

പിന്നെ ഭവാന്‍ "രുദ്രകോടി"യിലേക്കും ശ്രദ്ധ ചെലുത്തണം. അതിലാണ്‌ ഒരു കോടി മുനികള്‍ പണ്ട്‌ വന്നു ചേര്‍ന്നത്‌. രുദ്രനെ കാണുവാന്‍ അവര്‍ ഹര്‍ഷത്തോടെ വന്നു കൂടി. അവിടെ കൂടിയിരുന്ന ആ ഋഷികളെല്ലാം "ഞാന്‍ മുന്‍പു കാണും", "ഞാന്‍ മുന്‍പു കാണും" എന്ന് ഓരോരുത്തരും പറഞ്ഞിരുന്നു. ഉടനെ യോഗീശ്വരനായ മഹാദേവന്‍, യോഗം കൈക്കൊണ്ട്‌ ആ മഹാവ്രതരായ മുനീന്ദ്രന്മാരുടെ സങ്കടം തീര്‍ക്കുവാന്‍ വേണ്ടി കോടി മുനികളുടെ മുമ്പിലും, കോടി രൂദ്രന്മാരെ സൃഷ്ടിച്ച്‌ ഓരോരുത്തന്റെ മുമ്പിലും പ്രത്യക്ഷനായി. അവര്‍ എല്ലാവരും "ഞാന്‍ മുമ്പു കണ്ടു", "ഞാന്‍ മുമ്പു കണ്ടു" എന്നു സന്തോഷിച്ചു. അങ്ങനെ ആ ജിതേന്ദ്രിയരായ മുനീന്ദ്രന്‍മാരെ ഒക്കെ മഹേശ്വരന്‍ പ്രീതിപ്പെടുത്തി. വളരെ ഭക്തിയോടെ പ്രസാദിച്ച്‌ മഹേശ്വരന്‍ അവര്‍ക്കു വരം നല്കി. ഇന്നു മുതല്‍ നിങ്ങള്‍ക്കെല്ലാം ധര്‍മ്മവൃദ്ധി ഉണ്ടാകും. ആ രുദ്രകോടിയില്‍ ശുദ്ധമനസ്സായി സ്നാനം ചെയ്ത ആള്‍ അശ്വമേധഫലം നേടും; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും.

പിന്നെ പുണ്യമായ സരസ്വതി സാഗരവുമായി സംഗമിക്കുന്ന വിശ്വവിശ്രുതമായ സ്ഥലത്തു ചെല്ലുക. ബ്രഹ്മാദികളായ ദേവന്മാരും, തപസ്വികളായ മുനീന്ദ്രന്മാരും ച്രൈതമാസത്തിലെ വെളുത്ത ചതുര്‍ദ്ദശിയില്‍ അവിടെ വന്നു ചേര്‍ന്ന്‌, ആ തീര്‍ത്ഥത്തില്‍ കേശവനെ ഉപാസിക്കുന്നു. അവിടെ ചെന്ന്‌ അതില്‍ സ്നാനം ചെയ്താല്‍ അനേകം സ്വര്‍ണ്ണം ദാനംചെയ്ത ഫലം നേടുന്നതാണ്‌. ഹേ! പുരുഷവ്യാഘ്രാ എല്ലാ പാപവും തീര്‍ന്ന്‌ ബ്രഹ്മലോകത്തിൽ എത്തുകയും ചെയ്യും. ഋഷികള്‍ അനേകം സത്രം ചെയ്ത്‌ ആ സ്ഥലത്തെത്തിയാല്‍ ഗോസഹസ്ര ദാനഫലം ലഭിക്കുന്നതാണ്‌.

83. പുലസ്തൃ തീര്‍ത്ഥയാത്ര - കുരുക്ഷേത്രത്തിലെ വിവിധ തീര്‍ത്ഥങ്ങളുടെ മഹത്വം - പുലസ്ത്യന്‍ തുടര്‍ന്നു: ഹേ, രാജേന്ദ്രാ! പിന്നെ ഭവാന്‍ കീര്‍ത്തിപ്പെട്ടു കുരുക്ഷേത്രത്തിലേക്കു പോവുക. അവിടം കണ്ടാല്‍ തന്നെ ജീവികളുടെ പാപമൊക്കെ നശിക്കുന്നതാണ്‌. ഞാന്‍ കുരുക്ഷേത്രത്തില്‍ പോകും, കുരുക്ഷേത്രത്തില്‍ വസിക്കും. എന്നു ദിവസേന ജപിക്കുന്നവന് കൂടി എല്ലാ പാപവും അറ്റുപോകും. കാറ്റില്‍ പറക്കുന്ന കുരുക്ഷേത്രത്തിലെ പൊടി കൂടി പാപിയായവന് അടുത്ത ജന്മത്തില്‍ സല്‍ഗ്ഗതി നല്കുന്നതാണ്‌. സരസ്വതിയുടെ തെക്കും, ദൃഷദ്വതിയുടെ വടക്കുമായുള്ള കുരുക്ഷേത്ര ഭൂമിയില്‍ പാര്‍ക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്നവരായി കണക്കാക്കപ്പെടുന്നു. അവിടെ ഭവാന്‍ ഒരു മാസം വാഴുക. അവിടെ ബ്രഹ്മാദി ദേവന്മാരും, സിദ്ധചാരണ താപസന്മാരും യക്ഷഗന്ധര്‍വ്വ അപ്സരസ്സുകളും, നാഗങ്ങളും മഹാപുണൃ സ്ഥലമായ ബ്രഹ്മക്ഷേത്രത്തില്‍ സാധാരണ വരുന്നുണ്ട്‌. കുരുക്ഷേത്ര ഗമനത്തെ മനസ്സു കൊണ്ട്‌ ആഗ്രഹിക്കുന്നവന് കൂടി പാപങ്ങള്‍ ഒഴിഞ്ഞ്‌ ബ്രഹ്മലോകം പൂകുവാന്‍ സാധിക്കുന്നതാണ്‌. ശുദ്ധമനസ്സായി കുരുക്ഷേത്രത്തില്‍ ചെല്ലുന്നവന് രാജസൂയാശ്വ മേധങ്ങളുടെ ഫലംസിദ്ധിക്കും.

ദ്വാരപാലകനായ "മചക്രു" എന്ന ശക്തനായ യക്ഷനെ ചെന്നു വന്ദിച്ചാലുടനെ ആയിരം ഗോദാന പുണ്യം ലഭിക്കും. പിന്നെ അനുത്തമമായ വിഷ്ണുസ്ഥാനത്തിലേക്കു ചെല്ലുക. നിത്യവും അവിടെ ഹരി സാന്നിദ്ധ്യമുണ്ട്‌. അവിടെ ത്രിലോക പ്രഭവനായ ഹരിയെ കുളിച്ചു തൊഴുതാല്‍ അശ്വമേധ ഫലം ലഭിക്കുന്നതാണ്‌: വിഷ്ണുലോകത്തിൽ എത്തുകയും ചെയ്യും.

മൂന്നു ലോകത്തിലും കേള്‍വി കേട്ട "പാരിപ്ലവ" തീര്‍ത്ഥത്തില്‍ ചെന്നാല്‍ അഗ്നിഷ്ടോമാതി രാത്രങ്ങളുടെ ഫലത്തേക്കാള്‍ വലിയ ഫലം ഹേ ഭാരത! സിദ്ധിക്കുന്നതാണ്‌. പൃഥ്വീ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ ആയിരം ഗോക്കളെ ദാനം ചെയ്താലുള്ള പുണ്യം ലഭിക്കുന്നതാണ്‌. പിന്നെ "ശാലുകിനി" എന്ന സ്ഥലത്തുള്ള "ദശാശ്വമേധ"മെന്ന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ പത്ത്‌ അശ്വമേധസ്നാനത്താലുള്ള ഫലം സിദ്ധിക്കും. നാഗങ്ങളുടെ മുഖ്യതീര്‍ത്ഥമായ സര്‍പ്പദേവി യിലെത്തിയാല്‍ അഗ്നിഷ്ടോമ ഫലം നേടുന്നതാണ്‌; നാഗലോകവും സിദ്ധിക്കും. ഹേ ധര്‍മ്മജ്ഞാ! "തരന്തുക" എന്ന ദ്വാരാധിപ സ്ഥലത്ത്‌ ഭവാന്‍ ചെല്ലുക; ഒരു രാവ്‌ അവിടെ പാര്‍ത്താല്‍ ആയിരം പശുക്കളെ ദാനം ചെയ്ത ഫലം സിദ്ധിക്കുന്നതാണ്‌. പിന്നെ നിയതാശയനായി "പഞ്ചനദ"ത്തെ പ്രാപിച്ചാല്‍, കോടിതീര്‍ത്ഥാ ഭിഷേകത്താല്‍ അശ്വമേധ ഫലത്തെ നേടും.

"അശ്വതിര്‍ത്ഥ"ത്തില്‍ അണഞ്ഞ്‌ സ്നാനം ചെയ്താല്‍ സൗന്ദരൃമുള്ളവൻ ആയിത്തീരും. പിന്നെ അശ്വിനീ ദേവന്മാരുടെ തീര്‍ത്ഥത്തില്‍ ചെല്ലണം; അവിടെ ചെന്നാല്‍ സൗന്ദരൃ സിദ്ധിയുണ്ടാകും. ഹേ ധര്‍മ്മജ്ഞാ! "വരാഹതീര്‍ത്ഥ"ത്തെ പ്രാപിക്കുക. പണ്ട്‌ വിഷ്ണു വരാഹ രൂപത്തില്‍ നിന്നത്‌ അവിടെയാണ്‌. അതില്‍ കുളിച്ചാല്‍ അഗ്നിഷ്ടോമ ഫലം നേടും.

പിന്നെ ജയന്തിയില്‍ "സോമതീര്‍ത്ഥ"ത്തെ പ്രാപിക്കണം. അതില്‍ സ്നാനം ചെയ്താല്‍ രാജസൂയ ഫലം നേടും. പിന്നെ "ഏകഹംസ"ത്തില്‍ മുങ്ങിയാല്‍ ഗോസഹസ്ര ദാനഫലം നേടും. ദര്‍ശനത്തിന് "കൃതശൗച"ത്തിൽ എത്തിയാല്‍ പുണ്ഡരീക ഫലം നേടി പുണ്യവാനാകും. പിന്നെ "മുഞ്ജവട"മെന്ന സ്ഥാണു സ്ഥാനത്തിൽ എത്തണം. ഒരു രാവ്‌ അവിടെ പാര്‍ത്താല്‍ ഗണനായകത്വം ഉണ്ടാകും. അവിടെ തന്നെ പ്രസിദ്ധമായ യക്ഷിണി എന്ന തീര്‍ത്ഥത്തില്‍ കുളിച്ചാല്‍ സര്‍വ്വകാമങ്ങളും സാധിക്കും. അതാണല്ലോ ഭാരത! വിശ്രുതമായ കുരുക്ഷേത്ര ദ്വാരമായി കണക്കാക്കപ്പെടുന്നത്‌. ആ തീര്‍ത്ഥത്തെ പ്രദക്ഷിണം ചെയ്ത്‌ പുഷ്കരാംഭസ്സില്‍ സ്നാനം ചെയ്ത്‌ പിതൃദേവാര്‍ച്ചന ചെയ്താല്‍ കൃതാര്‍ത്ഥനായി അശ്വമേധ ഫലത്തെ നേടും. പുഷ്കര തുല്യമായ ആ തീര്‍ത്ഥം ജമദഗ്നി പുത്രനും, മഹാത്മാവുമായ രാമനാണ്‌ തീര്‍ത്തത്‌.

പിന്നെ "രാമഹ്രദ"ത്തില്‍ ചെന്ന്‌ തീര്‍ത്ഥസേവ ചെയ്യുക. മഹാതേജസ്വിയും വീരനുമായ രാമന്‍ ക്ഷത്രത്തെ മുടിച്ചതിന് ശേഷം അഞ്ചു ജലാശയങ്ങള്‍ കുഴിച്ചുണ്ടാക്കി. അതില്‍ ക്ഷത്രിയന്മാരുടെ രക്തം കൊണ്ടു നിറച്ചിട്ടാണ്‌ ആ അഞ്ച് ഹ്രദങ്ങൾ ഉണ്ടാക്കിയതെന്ന്‌ ഇന്നു പറഞ്ഞു വരുന്നു. അവന്‍ അതില്‍ തന്റെ പിതാക്കളേയും പിതാ മഹന്മാരേയും തര്‍പ്പിച്ചു. അപ്പോള്‍ അവനില്‍ സന്തുഷ്ടരായി പിതാക്കള്‍ രാമനോട്‌ ഇപ്രകാരം പറഞ്ഞു.

പിതൃക്കള്‍ പറഞ്ഞു: ഹേ! രാമ! രാമ! മഹാഭാഗാ! ഭാര്‍ഗ്ഗവാ! ഞങ്ങള്‍ നിന്റെ പിതൃ ഭക്തിയാലും വിക്രമത്താലും പ്രീതരായിരിക്കുന്നു. വിഭോ, ഞങ്ങളില്‍ നിന്ന്‌ നീ വരം വരിച്ചാലും. നിനക്ക്‌ എന്ത്‌ ഇച്ഛയുണ്ടെങ്കിലും അതു പറയുക, നന്നായി വരും!

പുലസ്ത്യന്‍ പറഞ്ഞു: ഇപ്രകാരം പിത്യക്കള്‍ പറഞ്ഞപ്പോള്‍ രാമന്‍ വാനില്‍ നില്ക്കുന്ന പിതൃക്കളെ കൈകൂപ്പി ഉണര്‍ത്തിച്ചു.

പരശുരാമന്‍ പറഞ്ഞു: നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നുണ്ടെങ്കില്‍, ഞാന്‍ അനുഗ്രാഹൃൻ ആണെങ്കില്‍, ഞാന്‍ പിത്യ പ്രസാദകരമായ തപസ്സിനായി വീണ്ടും ഇച്ഛിക്കുന്നു. ഞാന്‍ ക്രോധിച്ച്‌ ക്ഷത്രിയ വംശം മുഴുവന്‍ മുടിച്ചവനാണല്ലോ. ഭവാന്മാരുടെ പ്രസാദത്താല്‍ എനിക്കു ബാധിച്ച എല്ലാ പാപവും നീങ്ങേണമേ! ലോക പ്രസിദ്ധമായ തീര്‍ത്ഥങ്ങൾ ആകട്ടെ എന്റെ ഈ ഹ്രദങ്ങള്‍.

പുലസ്ത്യന്‍ പറഞ്ഞു: ഇപ്രകാരം രാമന്റെ ശുഭങ്ങളായ വാക്യം കേട്ട്‌ പിതൃക്കള്‍ വളരെ പ്രീ യോടെ രാമനോട്‌ സസന്തോഷം പറഞ്ഞു.

പിതൃക്കള്‍ പറഞ്ഞു: നിനക്കു തപസ്സ്‌ വര്‍ദ്ധിക്കട്ടെ! വിശേഷിച്ചും പിതൃഭക്തി കൊണ്ട്‌ വര്‍ദ്ധിക്കട്ടെ! നീ ക്രോധിച്ച്‌ ക്ഷത്രിയ വംശം മുടിച്ചതില്‍ നിനക്ക്‌ പാപം തീരെയില്ല. എന്തെന്നാല്‍ അവര്‍ സ്വന്തം കര്‍മ്മം കൊണ്ടു മൃതരായവരാണ്‌. ഈ ഹ്രദങ്ങള്‍ തീര്‍ത്ഥങ്ങളാണ്‌. അതില്‍ യാതൊരു സംശയവുമില്ല. സ്‌നാനം ചെയ്ത്‌ ആ ഹ്രദം തോറും പിതൃതര്‍പ്പണം നല്കിയാല്‍ അവനില്‍ പിതൃക്കള്‍ പ്രീതരാകും. അതി ദുര്‍ല്ലഭമായ അഭീഷ്ടങ്ങള്‍ നല്കും. ശാശ്വതമായ സ്വര്‍ഗ്ഗ ലോകവും നല്കും.

പുലസ്ത്യന്‍ പറഞ്ഞും: ഇപ്രകാരം ആ പിതൃക്കള്‍ രാമന് വരം നല്കി, രാമനോടു യാത്ര പറഞ്ഞ്‌ അവിടെ തന്നെ മറഞ്ഞു. അങ്ങനെ ഭാര്‍ഗ്ഗവന്റെ ഹ്രദങ്ങള്‍ ശുഭദങ്ങളായി തീര്‍ന്നു. രാമഹ്രദത്തില്‍ സ്നാനം ചെയ്യുന്ന ബ്രഹ്മചാരിയായ ശുഭവ്രതന്‍, രാമാര്‍ച്ചനം ചെയ്താല്‍ അനവധി സ്വര്‍ണ്ണം ദാനം ചെയ്ത ഫലം നേടുന്നതാണ്‌.

പിന്നെ വംശമൂലക തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുന്നവന്‍ വംശോദ്ധാരകൻ ആകും. കായശോധന തീര്‍ത്ഥത്തിൽ എത്തി ആ തീര്‍ത്ഥത്തില്‍ കുളിച്ചാല്‍ തീര്‍ച്ചയായും കായശുദ്ധി വരുന്നതാണ്‌. ദേഹം ശുദ്ധിയായി അവന്‍ പുണ്യ ലോകങ്ങളില്‍ എത്തുന്നതുമാണ്‌.

പിന്നെ ത്രൈലോക്യ വിശ്രുതമായ "ലോകോദ്ധാര" തീര്‍ത്ഥത്തില്‍ ചെല്ലുക. പണ്ട്‌ വിഷ്ണു ലോകത്തെ ഇവിടെ വെച്ചാണ്‌ ഉദ്ധരിച്ചത്‌. വിശ്വ വിശ്രുതമായ ആ പുണ്യ തീര്‍ത്ഥത്തില്‍ കുളിച്ചവന്‍ അനേകം പുണ്യ ലോകങ്ങള്‍ നേടുന്നതാണ്‌. പിന്നെ നിയതനായി "ശ്രീതീര്‍ത്ഥ" ത്തില്‍ സ്നാനം ചെയ്ത്‌ പിതൃദേവ തര്‍പ്പണം ചെയ്യുന്നവന്‍ വേണ്ടത്ര സമ്പത്തു നേടുന്നു. പിന്നെ ബ്രഹ്മചാരിയായി "കപിലാതീര്‍ത്ഥ" ത്തില്‍ ചെന്നു കുളിച്ച്‌ പിതൃദേവ തര്‍പ്പണം ചെയ്താല്‍ ആയിരം കപില ഗോക്കളെ ദാനംചെയ്ത പുണ്യം ലഭിക്കും. പിന്നീട്‌ സൂര്യതീര്‍ത്ഥത്തിൽ എത്തി കുളിച്ച്‌ നിയതാശയനായി പിതൃദേവാര്‍ച്ചനം ചെയ്ത്‌ ഉപവസിച്ചാല്‍ അഗ്നിഷ്ടോമ ഫലം നേടും. സൂര്യലോകത്തിൽ എത്തുകയും ചെയ്യും. പിന്നെ "ശോഭവനതീര്‍ത്ഥ" ത്തില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം നേടുന്നതാണ്‌. "ശംഖിനിതീര്‍ത്ഥ" ത്തില്‍ചെന്നു തീര്‍ത്ഥസേവ ചെയ്ത്‌ അവിടെയുള്ള ദേവീ തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ ഉത്തമരൂപത്തെ നേടുന്നതാണ്‌.

പിന്നെ "അരന്തുക" എന്ന തീര്‍ത്ഥത്തെ, ഹേ രാജാവേ! ഭവാന്‍ പ്രാപിക്കുക. ദ്വാരപാലകനായ യക്ഷേന്ദ്രന്റെ ആ തീര്‍ത്ഥവും സരസ്വതിയില്‍ തന്നെയാണ്‌. അതില്‍ സ്നാനം ചെയ്തവന്‍ അഗ്നിഷ്ടോമ ഫലം നേടുന്നതാണ്‌. പിന്നെ "ബ്രഹ്മവര്‍ത്ത" തീര്‍ത്ഥത്തിലേക്കു പോകുക. ബ്രഹ്മവര്‍ത്ത തീര്‍ത്ഥത്തില്‍ കുളിച്ചവന്‍ ബ്രഹ്മലോകത്തിൽ എത്തുന്നതാണ്‌.

ദേവന്മാരോടൊപ്പം പിതൃക്കള്‍ എപ്പോഴും അവിടെയുണ്ട്‌. അവിടെ സ്നാനംചെയ്തു പിതൃക്കളേയും ദേവന്മാരേയും പൂജിക്കണം. അങ്ങനെ ചെയ്താല്‍ അശ്വമേധ ഫലവും, പിതൃലോകവും സിദ്ധിക്കുന്നു. അതു കൊണ്ടാണ്‌ അംബുവദിയിലുള്ള സുതീര്‍ത്ഥത്തെ മഹത്തായി കണക്കാക്കുന്നത്‌. പിന്നെ അത്യുത്തമമായ സുതീര്‍ത്ഥത്തില്‍ എത്തുക. കാശീശ്വരന്റെ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ എല്ലാ വ്യാധികളും നീങ്ങി (ബഹ്മലോകത്തു പൂജ്യനായി ഭവിക്കുന്നതാണ്‌. അവിടെ തന്നെയുള്ള "മാതൃതീര്‍ത്ഥ" ത്തില്‍ സ്നാനം ചെയ്യുന്നവന് നിത്യവും, സന്തതിയും സമ്പത്തും വര്‍ദ്ധിക്കുന്നതാണ്‌. പിന്നെ സീതാവനത്തിൽ എത്തുക. ആ മഹാ തീര്‍ത്ഥത്തിന്റെ മറ്റൊന്നിനുമില്ലാത്ത സവിശേഷത, ആ ദുര്‍ല്ലഭമായ തീര്‍ത്ഥം കണ്ടാല്‍ തന്നെ ശുദ്ധനായി ഭവിക്കും എന്നതാണ്‌. അതില്‍ കേശം നനച്ചാല്‍ മഹാശുദ്ധനായി ഭവിക്കും. അവിടെ തന്നെയുള്ള മറ്റൊരു തീര്‍ത്ഥമാണ്‌ "ശ്വാവില്വോമാപഹം". അതില്‍ സ്നാനം ചെയ്തു പണ്ഡിതന്മാരായ ബ്രാഹ്മണര്‍ പരമപ്രീതി നേടുന്നു. അവിടെ ദ്വിജോത്തമന്മാര്‍ പ്രാണായാമം ചെയ്ത്‌, ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത്‌ പരസല്‍ഗ്ഗതി നേടുകയും ചെയ്യുന്നു.

ആ തീര്‍ത്ഥത്തില്‍ തന്നെയാണ്‌ "ദശാശ്വ മേധികവും". അതില്‍ സ്നാനംചെയ്താല്‍ ഹേ നരവ്യാഘ്രാ! സല്‍ഗ്ഗതി നേടുന്നതാണ്‌. പിന്നെ ലോക പ്രസിദ്ധമായ മാനുഷം എന്ന തീര്‍ത്ഥത്തില്‍ എത്തുക. ഹേ ഭൂപതേ! വേടര്‍ എയ്ത അമ്പേറ്റ കൃഷ്ണ മൃഗങ്ങള്‍ ആ തീര്‍ത്ഥത്തില്‍ ചെന്നു ചാടിയപ്പോള്‍ മാനുഷത്വം പ്രാപിച്ചിട്ടുണ്ട്‌. ആ തീര്‍ത്ഥ ജലത്തില്‍ ബ്രഹ്മചാരിയും നിയതനുമായി സ്നാനം ചെയ്താല്‍ സര്‍വ്വപാപവും നീങ്ങി സ്വര്‍ഗ്ഗത്തില്‍ പൂജ്യനായി തീരും. മാനുഷ സരസ്സില്‍ നിന്ന്‌ ഒരു വിളിപ്പാടു കിഴക്കായി "ആപഗാ" എന്നു പേരുള്ള നദിയുണ്ട്‌. അതു സിദ്ധന്മാര്‍ സേവിക്കുന്ന നദിയാണ്‌. അവിടെ പിതൃ ദേവന്മാര്‍ക്കു ചാമച്ചോറു നല്കിയാല്‍ വലിയ ഫലം സിദ്ധിക്കുന്നതാണ്‌. ഒരു വിപ്രനെ അവിടെ ഊട്ടിയാല്‍ ഇവിടെ ഒരു കോടി വിപ്രന്മാരെ ഊട്ടിയ ഫലം സിദ്ധിക്കുന്നതാണ്‌. അവിടെ സ്നാനം ചെയ്ത്‌ പിതൃ ദേവാര്‍ച്ചനം ചെയ്തു ഒരു രാവു വസിച്ചാല്‍ അഗ്നിഷ്ടോമ ഫലം സിദ്ധിക്കുന്നതാണ്‌.

പിന്നെ ഉത്തമമായ ബ്രഹ്മസ്ഥാനത്തില്‍ ചെല്ലണം. അവിടെയാണ്‌ പ്രസിദ്ധമായ ബ്രഹ്മോദംബരം. സപ്തര്‍ഷി കുണ്ഡവും അവിടെയാണ്‌. അവിടെ തന്നെയാണ്‌ മഹാത്മാവായ കപിലന്റെ കേദാരവും. അവിടെ സ്ഥിതി ചെയ്യുന്ന ബ്രഹ്മാവിന്റെ അടുത്തു ചെന്നാല്‍ ശുചിയായി പ്രയതാശയനാ യിരിക്കുവാന്‍ സര്‍വ്വ പാപങ്ങളും തീർന്ന് ബ്രഹ്മലോകത്തില്‍ എത്തുന്നതാണ്‌.

പിന്നെ സുദുര്‍ലഭമായ കപിലന്റെ കേദാരത്തിലെത്തുക. അവിടെ തപസ്സു ചെയ്തു പാപമറ്റവന്‍ അന്തര്‍ദ്ധാന ശക്തിയേയും നേടുന്നതാണ്‌. പിന്നെ ലോക പ്രസിദ്ധമായ "സരം" പ്രാപിക്കുക. കറുത്ത ചതുര്‍ദ്ദശിയില്‍ അവിടെ മഹാദേവ സന്നിധിയിൽ എത്തിയാല്‍ സര്‍വ്വകാമങ്ങളും നേടുകയും സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും. ഹേ! കുരുവര! സരകത്തിലും രുദ്രകോടിയി ലുമായി തീര്‍ത്ഥങ്ങള്‍ മൂന്നു കോടിയാണ്‌. "ഇളാസ്പദം" എന്ന തീര്‍ത്ഥം അവിടെയുണ്ട്‌. അതില്‍ സ്നാനം ചെയ്തു പിതൃദേവ പൂജ കഴിച്ചാല്‍ പിന്നെ അവന് ദുര്‍ഗ്ഗതി പറ്റുകയില്ല; എന്നു തന്നെയല്ല വാജപേയഫലം സിദ്ധിക്കുന്നതുമാണ്‌. പിന്നെ "കിന്ദാന" ത്തിലും "കിഞ്ജപ്യ" ത്തിലും മുങ്ങിയാല്‍ അനന്തമായ ദാനജപ്യങ്ങള്‍ സിദ്ധിക്കുന്നതാണ്‌.

"കലശി" തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ അഗ്നിഷ്ടോമ മഖത്തിന്റെ ഫലം സിദ്ധിക്കുന്നതാണ്‌. സരലത്തിന്റെ കിഴക്കു ഭാഗത്തായി മഹാനായ നാരദന്റെ ഒരു തീര്‍ത്ഥമുണ്ട്‌. "അംബാജൻ" എന്നു കേള്‍വിപ്പെട്ടതാണത്‌. ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്തവന്‍ മൃതിയടഞ്ഞാല്‍ നാരദാനുജ്ഞയാല്‍ പുണ്യ ലോകങ്ങള്‍ നേടുന്നതാണ്‌. വെളുത്ത ദശമി ദിവസം പുണ്ഡരീകത്തിൽ എത്തിച്ചേരണം. അതില്‍ സ്നാനം ചെയ്താല്‍ പുണ്ഡരീക യാഗഫലം സിദ്ധിക്കുന്നതാണ്‌. പിന്നെ മൂന്നു ലോകത്തിലും അതി വിശ്രുതമായ "ത്രിവിഷ്ടപത്തി"ലേക്കു പോവുക. അതിലാണ്‌ പാപം നശിപ്പിക്കുന്ന പുണ്യമായ "വൈതരണി" നദി. അതില്‍ സ്നാനം ചെയ്തു ത്രിശൂലിയായ വൃഷധ്വജനെ പുജിച്ചാല്‍ സര്‍വ്വപാപങ്ങളും തീര്‍ന്ന്‌ പരസല്‍ഗ്ഗതി നേടുന്നതാണ്‌.

പിന്നെ രാജ്രേന്ദാ, ഭവാന്‍ പുണ്യമായ "ഫലകീവന" ത്തില്‍ ചെല്ലുക. അവിടെ ദേവന്മാര്‍ പ്രവേശിച്ച്‌ അനേകായിരം വര്‍ഷം മഹാ തപസ്സു ചെയ്തിട്ടുണ്ട്‌. പിന്നെ "ദൃഷദ്വതി"യില്‍ ചെല്ലുക. അവിടെ സ്നാനം ചെയ്തു ദേവാര്‍ച്ചന ചെയ്യുന്നതായാല്‍ അഗ്നിഷ്ടോമാതിരാത്ര യാഗങ്ങളുടെ ഫലം നേടുന്നതാണ്‌. അവിടെ തന്നെയുള്ള സര്‍വ്വദേവകളുടേയും തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താൽ ഗോസഹസ്ര ദാനത്തിന്റെ ഫലം നരന്‍ നേടുന്നതാണ്‌.

"പാണിഘാത" ത്തില്‍ മുങ്ങി ദേവതൃപ്തി വരുത്തിയവന്‍ അഗ്നിഷ്ടോമാതി രാത്രങ്ങളുടെ ഫലം നേടുന്നതാണ്‌. മാത്രമല്ല, രാജസൂയ ഫലം നേടി ഋഷിലോകത്തിൽ എത്തുകയും ചെയ്യും. പിന്നെ ഉത്തമമായ "മിശ്രക തീര്‍ത്ഥ" ത്തിൽ എത്തുക. മിശക്ര തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുന്നത്‌ എല്ലാ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്യുന്നതിന് തുല്യമാണ്‌. പിന്നെ "വ്യാസവന"മെന്ന തീര്‍ത്ഥത്തില്‍ ചെല്ലണം. അവിടെ മിശ്രണം ചെയ്തു പൂജിക്കുവാന്‍ വ്യാസന്‍ മഹര്‍ഷികള്‍ക്ക്‌ തീര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ചതായി കേള്‍ക്കുന്നു. അതു കൊണ്ട്‌ മിശക്രത്തില്‍ സ്നാനം ചെയ്താല്‍ സര്‍വ്വ തീര്‍ത്ഥങ്ങളിലും സ്നാനംചെയ്ത ഫലം സിദ്ധിക്കുന്നതാണ്‌.

പിന്നെ, നിയതനായി, നിയതാശനനായി വ്യാസവനത്തിൽ എത്തുക. അവിടെയുള്ള "മനോജവ" തീര്‍ത്ഥത്തില്‍ സ്നാനംചെയ്താല്‍ ആയിരം ഗോക്കളെ ദാനം ചെയ്ത പുണ്യം ലഭിക്കുന്നതാണ്‌. മധുപദിയിലുള്ള ദേവീ തീര്‍ത്ഥത്തില്‍ ചെന്നു ശുദ്ധിയോടു കൂടി കുളിച്ച്‌ പിതൃദേവന്മാര്‍ക്ക്‌ അര്‍ച്ചന ചെയ്ത പുരുഷന്‍ ദേവിയുടെ അനുഗ്രഹത്താല്‍ ഗോസഹസ്ര ഫലത്തെ പ്രാപിക്കും.

ദൃഷദ്വതീ കൗശികികള്‍ കൂടുന്ന ദിക്കില്‍ നിയതാഹാരനായി കുളിച്ചാല്‍ സര്‍വ്വ പാപവും അറ്റു പോകും. വ്യാസ സ്ഥലിയിലാണ്‌ മഹാശയനായ വ്യാസന്‍ പുത്ര ശോകാര്‍ത്തനായി ദേഹത്യാഗം ചെയ്യുവാന്‍ ഒരുങ്ങി നിന്നത്‌. പിന്നെ ദേവന്മാരാണ്‌ അദ്ദേഹത്തെ പുനരുദ്ധാനം ചെയ്തത്‌. ആ വ്യാസസ്ഥലിയില്‍ ചെന്നാല്‍ ഗോസഹസ്ര ഫലം പ്രാപിക്കുന്നതാണ്‌. "കിംദത്തൂ"യില്‍ ചെന്ന്‌ ഇടങ്ങഴി എള്ളു ദാനം ചെയ്താല്‍; കടങ്ങളെല്ലാം തീര്‍ന്ന്‌ പരയായ സിദ്ധി നേടുന്നതാണ്‌. പിന്നെ, "വേദി" എന്ന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം പ്രാപിക്കുന്നതാണ്‌. "അഹസ്സ്‌" എന്നും, "സുദിനം" എന്നും രണ്ടു വിശുദ്ധ തീര്‍ത്ഥങ്ങളുണ്ട്‌. അതില്‍ സ്നാനം ചെയ്താല്‍ സൂര്യലോകത്തിൽ എത്തുന്നതാണ്‌.

പിന്നെ മൂന്നു ലോകത്തിലും പുകഴ്ന്ന "മൃഗധൂമ"ത്തിൽ എത്തണം. അവിടെ ഗംഗാ ജലത്തില്‍ മുങ്ങണം. പിന്നെ മഹാദേവനെ അര്‍ച്ചിച്ചാല്‍ അശ്വമേധത്തിന്റെ ഫലം സിദ്ധിക്കുന്നതാണ്‌. ദേവ തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ ഗോസഹസ്ര ഫലം സിദ്ധിക്കുന്നതാണ്‌. പിന്നെ മൂന്നു ലോകവും പുകഴ്‌ന്ന വാമനകത്തിൽ എത്തുക. വിഷ്ണു പാദത്തില്‍ മുങ്ങി വാമനനെ അര്‍ച്ചിച്ചാൽ എല്ലാ പാപങ്ങളും തീര്‍ന്ന്‌ വിഷ്ണു ലോകത്തില്‍ എത്തുന്നതാണ്‌. പിന്നെ "കുലമ്പുന"യില്‍ കുളിച്ചാല്‍ അവന്റെ കുലം തന്നെ ശുദ്ധിയാകും. മരുത്തുക്കളുടെ തീര്‍ത്ഥമായ പവനഹ്രദത്തില്‍ മുങ്ങിയാല്‍, ഹേ, നരവ്യാഘ്രാ, അവന്‍ വിഷ്ണുലോകത്തില്‍ പൂജ്യനാകുന്നതാണ്‌. അമര ഹ്രദത്തില്‍ ചെന്ന്‌ സ്നാനം ചെയ്തു അമരാധിപഒന പൂജിച്ചാല്‍, ദേവലോകം നേടി അമരന്മാരോടൊപ്പം വിമാന സഞ്ചാരം ചെയ്യും. സ്വര്‍ഗ്ഗ ലോകത്തില്‍ പൂജ്യനാകുന്നതാണ്‌. ശാലിഹോത്രന്റെ തീര്‍ത്ഥമായ "ശാലിസൂര്യ" ത്തില്‍ സ്നാനം ചെയ്താല്‍ ഹേ നരശ്രേഷ്ഠാ! ഗോസഹസ്ര ഫലം പ്രാപിക്കുന്നതാണ്‌. സരസ്വതിയിലെ ഒരു തീര്‍ത്ഥമാണ്‌ "ശ്രീകുഞ്ജം". അതില്‍ സ്നാനം ചെയ്താല്‍ അഗ്നിഷ്ടോമഫലം സിദ്ധിക്കുന്നതാണ്‌. പിന്നെ നൈമിഷക കുഞ്ജത്തില്‍ ചെന്നെത്തുക. നൈമിഷാരണ്യത്തിലെ മഹാതപസ്വികളായ ഋഷികള്‍ പണ്ട്‌ തീര്‍ത്ഥാടനത്തിനായി കുരുക്ഷേത്രത്തില്‍ എത്തിയത്രേ! പിന്നീട്‌ അവര്‍ സരസ്വതിയില്‍ ഒരു കുഞ്ജം ഉണ്ടാക്കി. ഋഷിമാര്‍ക്കു സുഖമായി കൂടുവാന്‍ പറ്റിയ വിധമാണ്‌ ഉണ്ടാക്കപ്പെട്ടത്‌, അവിടെ സരസ്വതിയില്‍ കുളിച്ചാല്‍ അഗ്നിഷ്ടോമഫലം നേടുന്നതാണ്‌.

പിന്നെ ഉത്തമമായ കന്യാതീര്‍ത്ഥത്തിൽ എത്തുക. കന്യാതീര്‍ത്ഥ സ്നാനം ചെയ്താല്‍ ഗോസഹസ്ര ദാന ഫലം സിദ്ധിക്കുന്നതാണ്‌. പിന്നെ ഉത്തമമായ "ബ്രഹ്മതീര്‍ത്ഥ"ത്തിൽ എത്തണം. അവിടെ താഴ്ന്ന ജാതിക്കാരന്‍ ബ്രാഹ്മണ്യ തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ അവന്‍ ബ്രാഹ്മണൻ ആകുന്നതാണ്‌. ബ്രാഹ്മണൻ ആണെങ്കില്‍ ശുദ്ധനായി പരസല്‍ഗ്ഗതി പ്രാപിക്കുന്നതുമാണ്‌.

പിന്നെ മുഖ്യമായ "സോമതീര്‍ത്ഥ" ത്തിൽ എത്തണം. അതില്‍ സ്നാനം ചെയ്ത നരന്‍ സോമലോകത്തിൽ എത്തുന്നതാണ്‌. പിന്നെ സപ്ത സാരസ്വതം എന്ന തീര്‍ത്ഥത്തില്‍ എത്തണം. അതിലാണ്‌ "മങ്കണക"നെന്ന മുനി സിദ്ധനായി, മുനി മുഖ്യനായി, വിശ്രുതനായത്‌. പണ്ട്‌ അവിടെ ചെന്നു കുശാഗ്രത്താല്‍ മങ്കണകന് കൈ മുറിഞ്ഞു. അപ്പോള്‍ ആ മുറിവില്‍ നിന്നു ശാകരസം ( സസ്യങ്ങളുടെ നീര് ) ഒഴുകി. അവന്‍ ശാകരസം കണ്ടപ്പോള്‍ അത്ഭുതത്തോടും സന്തോഷത്തോടും കൂടി തുള്ളി. അവന്‍ തുള്ളിയപ്പോൾ ചരവും അചരവുമായ ജഗത്തു മുഴുവന്‍ തുള്ളി. ചരാചരം അവന്റെ തേജസ്സാല്‍ മയങ്ങിയപ്പോള്‍ ബ്രഹ്മാദികളായ വാനവന്മാരും, തപസ്വികളായ മുനീന്ദ്രന്മാരും മഹാദേവനെ ചെന്നു കണ്ട്‌ ഉണര്‍ത്തിച്ചു. ഇനി ഇവന്‍ നൃത്തം വയ്ക്കാത്ത വിധം ഭവാന്‍ ചെയ്താലും എന്ന്. മഹാദേവനോട്‌ അവര്‍ അപേക്ഷിച്ച ഉടനെ, നൃത്തം വയ്ക്കുന്ന അവന്റെ മുമ്പില്‍ ചെന്ന്‌ ദേവന്മാരുടെ ഹിതത്തിനായി മഹാദേവന്‍ ഇപ്രകാരം പറഞ്ഞു.

മഹാദേവന്‍ പറഞ്ഞു: ഹേ മഹര്‍ഷേ! ഭവാന്‍ എന്താണ്‌ ഈ വിധം ചാടിത്തുള്ളുന്നത്‌? എന്തു കാരണത്താലാണ്‌ ഭവാന്‍ ഇങ്ങനെ നൃത്തം വയ്ക്കുന്നത്‌; പറഞ്ഞാലും!

ഋഷി പറഞ്ഞു: ഹേ ബ്രഹ്മന്‍! തപസ്വിയായി ധര്‍മ്മാനുഷ്ഠാനം ചെയ്യുന്ന എന്റെ കൈയില്‍ നിന്ന്‌ ശാകരസം ഒഴുകുന്നത്‌ ഭവാന്‍ കണ്ടാലും. അതു കണ്ടപ്പോഴുണ്ടായ ഹർഷാതി രേകത്താലാണ് ഞാൻ നൃത്തം വയ്ക്കുന്നത്.

പുലസ്ത്യന്‍ പറഞ്ഞു: ഈ വാക്കുകള്‍ കേട്ടപ്പോള്‍ പുഞ്ചിരി കൂടി മഹാദേവന്‍ രാഗ മോഹിതനായ ആ മുനിയോടു പറഞ്ഞു.

മഹാദേവന്‍ പറഞ്ഞു: ഹേ വിപ്രാ! ഇതു കണ്ടിട്ട്‌ എനിക്ക്‌ യാതൊരു അത്ഭുതവും തോന്നുന്നില്ല. ഭവാന്‍ ഇങ്ങോട്ട്‌ ഒന്നു നോക്കൂ!

പുലസ്ത്യന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ മഹേശ്വരന്‍ തന്റെ വിരല്‍ത്തുമ്പു കൊണ്ട്‌ തന്റെ പെരു വിരലിന്മേല്‍ ഒന്ന്‌ അമര്‍ത്തി. ഉടനെ ആ ക്ഷതത്തില്‍ നിന്ന്‌ ഹിമം പോലെ വെളുത്ത ഭസ്മം ചാടുകയായി. ഇതു കണ്ടപ്പോള്‍ മഹര്‍ഷിക്കു ലജ്ജയായി. തന്റെ അഹങ്കാരം പോവുകയും മഹാദേവന്റെ പാദത്തില്‍ നമസ്കരിക്കുകയും മഹാദേവനേക്കാള്‍ മേലേ മറ്റൊന്നുമില്ലെന്നു ധരിക്കുകയും ചെയ്തു.

മുനി പറഞ്ഞു: സുരാസുര ലോകര്‍ക്കൊക്കെ ഗതി ശൂലപാണിയായ ഭവാനാകുന്നു. സകല ചരാചരങ്ങളും അടങ്ങിയ ജഗത്തൊക്കെ സൃഷ്ടിച്ചതും ഭവാനാകുന്നു! പ്രളയത്തില്‍ സകല സൃഷ്ടി ജാലത്തേയും ഗ്രസിക്കുന്നതും ഭവാനാകുന്നു. ഭവാനെ ശരിയായി അറിയുവാന്‍ ദേവന്മാര്‍ക്കു പോലും കഴിയുന്നില്ല. പിന്നെയുണ്ടോ ഈയുള്ളവന് കഴിയുന്നു? ലോകത്തില്‍ സകലതും ചെയ്യുന്നവനും. ചെയ്യിക്കുന്നവനും ഭവാനാണല്ലോ. ഭവാന്റെ പ്രസാദത്താല്‍ നിര്‍ഭയമായി ദേവകള്‍ മോദിക്കുന്നു; ബ്രഹ്മാദികളായ സുരവര്‍ഗ്ഗമെല്ലാം ഭവാനില്‍ കാണപ്പെടുന്നു.

പുലസ്ത്യന്‍ പറഞ്ഞു: ഇപ്രകാരം മുനി ശിവനെ വാഴ്ത്തി സ്തുതിച്ചു. മുനി തുടര്‍ന്നു: മഹാദേവാ, ഭവാന്റെ പ്രസാദത്താൽ എന്റെ തപസ്സ്‌ ക്ഷയിക്കാതി രിക്കേണമേ എന്ന്. ഉടനെ പ്രഹൃഷ്ടനായി മഹാദേവന്‍ ബ്രഹ്മര്‍ഷിയോടു പറഞ്ഞു.

മഹാദേവന്‍ പറഞ്ഞു: എന്റെ പ്രസാദത്താല്‍ ഹേ ബ്രാഹ്മണ! നിന്റെ തപസ്സ്‌ ആയിരമിരട്ടി വര്‍ദ്ധിക്കട്ടെ! നിന്നോടൊത്ത്‌ ഞാന്‍ ഈ ആശ്രമത്തില്‍ ഇരിക്കാം. മഹര്‍ഷേ! സപ്ത സാരസ്വത സ്നാനം ചെയ്ത്‌ എന്നെ പൂജിച്ചാല്‍ അവര്‍ക്കു ദുര്‍ല്ലഭമായി ഇഹലോകത്തിലും പരലോകത്തിലും ഒന്നും തന്നെ ഉണ്ടാവുകയില്ല. സാരസ്വതമായ ലോകത്തെ അവര്‍ പ്രാപിക്കുകയും ചെയ്യും. അതില്‍ സംശയവുമില്ല.

പുലസ്ത്യന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ശിവന്‍ അവിടെ തന്നെ മറഞ്ഞു. അവിടെ നിന്ന്‌ ഹേ ഭാരത, ഭവാന്‍ പിന്നെ ത്രിലോക പ്രസിദ്ധമായ "ഔശനസ" തീര്‍ത്ഥത്തിലേക്ക് പോവുക. അതില്‍ ബ്രഹ്മാദികളായ ദേവന്മാരും, തപസ്വികളായ മുനീന്ദ്രന്മാരും, കാര്‍ത്തികേയ ഭഗവാനും ത്രിസന്ധ്യകളില്‍ ഭാര്‍ഗ്ഗവന്റെ സന്തോഷത്തിനായി സന്നിഹിതരാകുന്നു. കപാലമോചനം എന്ന് അവിടെയുള്ള മറ്റൊരു തീര്‍ത്ഥം എല്ലാ പാപത്തേയും മുടിക്കുന്നതാണ്‌, അതില്‍ സ്നാനം ചെയ്താല്‍ എല്ലാ പാപവും അറ്റു പോകുന്നതാണ്‌. പിന്നെ അഗ്നി തീര്‍ത്ഥത്തിലേക്കു പോവുക.. അതില്‍ സ്നാനംചെയ്താല്‍ അഗ്നി ലോകത്തിൽ എത്താം; കുലം ഉദ്ധരിക്കുകയും ചെയ്യാം. പിന്നെ അവിടെ തന്നെയുള്ള "വിശ്വാമിത്രതീര്‍ത്ഥ" ത്തിൽ എത്തുക. അതില്‍ സ്നാനം ചെയ്താല്‍ ബ്രാഹ്മണത്വം ലഭിക്കും. ബ്രഹ്മയോനി എന്ന തീര്‍ത്ഥത്തില്‍ പ്രവേശിച്ച്‌ ശുചിയായി, ശുദ്ധ മാനസനായി സ്നാനം ചെയ്താല്‍ ബ്രഹ്മലോകത്തിൽ എത്തുന്നതാണ്‌. മേലോട്ടും കീഴോട്ടുമുള്ള ഏഴു തലമുറ അതു മൂലം ശുദ്ധി പ്രാപിക്കുന്നു.

പിന്നെ ത്രിലോക വിശ്രുതമായ കാര്‍ത്തികേയന്റെ തീര്‍ത്ഥമായ "പൃഥൂദക" ത്തിലേക്കു പോവുക. മുപ്പാരില്‍ വിശ്രുതമായ ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത്‌ പിതൃദേവാര്‍ച്ചന ചെയ്യണം. ആണായാലും, പെണ്ണായാലും അറിഞ്ഞും, അറിയാതെയും ചെയ്ത സകല ദുഷ്കൃതങ്ങളും അതില്‍ സ്നാനം ചെയ്താല്‍ തീര്‍ന്നു പോകുന്നതാണ്‌. അവന് സുരലോകവും അശ്വമേധ ഫലവും സിദ്ധിക്കുന്നതുമാണ്‌. കുരുക്ഷേത്രം പുണൃമാണ്‌. അതിനേക്കാള്‍ ശ്രേഷ്ഠമാണ്‌ സരസ്വതി. അതിനേക്കാള്‍ ശ്രേഷ്ഠമാണ്‌ എല്ലാ തീര്‍ത്ഥങ്ങളും കൂടിയാല്‍. എന്നാൽ എല്ലാ തീര്‍ത്ഥത്തേക്കാളും ശ്രേഷ്ഠമാണ്‌ പൃഥൂദകം എന്നു പണ്ഡിതന്മാര്‍ പറയുന്നു. പൃഥൂദകത്തില്‍ ജപം കൊണ്ടിരുന്നു മരിച്ചാല്‍ പിന്നെ അവന് ജനന മരണങ്ങള്‍ ഉണ്ടാവുകയില്ല. സനല്‍ക്കുമാരനും, മഹാത്മാവായ വ്യാസനും ഇങ്ങനെ പാടിയിട്ടുണ്ട്‌. അതു കൊണ്ട് ഭവാന്‍ തീര്‍ച്ചയായും പൃഥൂദകം പ്രവേശിക്കണം. പൃഥൂദകത്തേക്കാള്‍ പുണ്യമായ തീര്‍ത്ഥം വേറെയില്ല. അതു മേധ്യമാണ്‌, ശുദ്ധമാണ്‌, പാവനവുമാണ്‌. പൃഥൂദകത്തില്‍ സ്‌നാനം ചെയ്താല്‍ പാപികളാണെങ്കില്‍ കൂടി അവര്‍ സ്വര്‍ഗ്ഗം പ്രാപിക്കും എന്നു മനീഷികള്‍ പറയുന്നു. അവിടെ "മധുസവ്രം" എന്ന തീര്‍ത്ഥമുണ്ട്‌. അതില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ദാന പുണ്യം നേടാം. പിന്നെ സരസ്വതിയും, അരുണനും സംഗമിക്കുന്ന വിശ്വവിശ്രുതമായ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുക. മൂന്നു രാത്രി ഉപവസിച്ച്‌ അഗ്നിഷ്ടോമാതി രാത്രങ്ങളുടെ ഫലത്തേക്കാള്‍ വലിയ ഫലം നേടാം. ബ്രഹ്മഹത്യാ പാപം പോലും നീങ്ങും. ഏഴു തലമുറ ശുദ്ധി വരുത്തുകയും ചെയ്യാം.

"അര്‍ദ്ധകീലം" എന്ന തീര്‍ത്ഥവും അവിടെ തന്നെയാണ്‌. വിപ്രന്മാരില്‍ കനിവോടെ ദര്‍ഭി പണ്ടു തീര്‍ത്തതാണത്‌. അവിടെ വ്രതോപനയനത്തോടും, ഉപവാസത്തോടും, ക്രിയാമന്ത്രത്തോടും ചേര്‍ന്ന ഒരുവന്‍ ബ്രാഹ്മണനായി തീരും. അവിടെ കുളിച്ചാല്‍ ക്രിയാമന്ത്രം ഇല്ലാത്തവന്‍ പണ്ഡിതനും ബ്രഹ്മശക്തി ഉള്ളവനും ആകുമെന്ന്‌ പണ്ടു വിവരമുള്ളവര്‍ കണ്ടിട്ടുണ്ട്‌. ദര്‍ഭി പണ്ടു നാലു സമുദ്രത്തേയും അവിടെ വരുത്തിയിട്ടുണ്ട്‌. അതില്‍ സ്നാനം ചെയ്തവന് ദുര്‍ഗ്ഗതി പറ്റുന്നതല്ല. നാലായിരം. ഗോദാനത്തിന്റെ ഫലവും അവന്‍ നേടുന്നതാണ്‌. പിന്നെ "ശതസഹസ്ര തീര്‍ത്ഥ" ത്തിലേക്കു പോവുക. അവിടെ തന്നെ "സഹസ്രകം" എന്ന തീര്‍ത്ഥമുണ്ട്‌. അവ ബഹു വിശ്രുതമാണ്‌. രണ്ടിലും സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം നേടുന്നതാണ്‌. അതില്‍ സ്നാനം ചെയ്താല്‍ ദാനത്തിന്റെയും ഉപവാസത്തിന്റെയും ഫലം ആയിരം ഇരട്ടി ആയിത്തീരും.

പിന്നെ ഉത്തമമായ "രേണുകാതീര്‍ത്ഥ" ത്തിൽ എത്തുക. അവിടെ പാര്‍ത്ത്‌ പിതൃദേവാര്‍ച്ചനം സ്നാനാനന്തരം ചെയ്യുക. എന്നാൽ സര്‍വ്വപാപങ്ങളും തീരുന്നതാണ്‌. അഗ്നിഷ്ടോമ ഫലം സിദ്ധിക്കുന്നതുമാണ്‌. പിന്നെ "വിമോചന"ത്തില്‍ സ്നാനം ചെയ്യുക. ജിതേന്ദ്രിയനായ അവന്‍ ദാനം സ്വീകരിച്ചതിന്റെ ദോഷങ്ങളൊക്കെ വിട്ടൊഴിഞ്ഞു പോകുന്നതാണ്‌. പിന്നെ ബ്രഹ്മചാരിയായി ജിതേന്ദ്രിയനായി പഞ്ചവടിയില്‍ ചെല്ലുക. അതില്‍ സ്നാനം ചെയ്താല്‍ പുണ്യം നേടി പൂജ്യരുടെ ലോകം പ്രാപിക്കും. പിന്നെ സ്വതേജസ്സാല്‍ ഉജ്ജ്വലിക്കുന്ന "തൈജസം" എന്ന വരുണന്റെ തീര്‍ത്ഥത്തില്‍ ചെല്ലുക. അവിടെ യോഗേശനായ സ്ഥാണു, വൃഷധ്വജനായി ഇരിക്കുന്നു. ആ ദേവേശ്വരനെ അര്‍ച്ചിക്കുവാന്‍ പോയാല്‍ സിദ്ധനായി വരുന്നതാണ്‌.

"തൈജസ" മെന്ന വാരുണ തീര്‍ത്ഥത്തില്‍ വെച്ചാണ്‌, ബ്രഹ്മാദികളായ ദേവന്മാരും, തപസ്വികളായ മുനീന്ദ്രന്മാരും ദേവന്മാരുടെ സേനാനിയായി ഗുഹനെ അഭിഷേകം ചെയ്തത്‌. തൈജസത്തിന്റെ കിഴക്കാണ്‌ കുരുതീര്‍ത്ഥം. കുരുതീര്‍ത്ഥ സ്നാനം കൊണ്ടു ബ്രഹ്മചാരിയായ ജിതേന്ദ്രിയന്‍ സര്‍വ്വ പാപങ്ങളും തീര്‍ന്ന്‌ ബ്രഹ്മലോകത്തെ പ്രാപിക്കുന്നതാണ്‌.

പിന്നെ "സ്വര്‍ഗ്ഗദ്വാര" ത്തിലേക്ക്‌ പോവുക. അതില്‍ സസ്നാനം ചെയ്താല്‍ സ്വര്‍ഗ്ഗ ലോകത്തിലും ബ്രഹ്മലോകത്തിലും എത്തുന്നതാണ്‌. പിന്നെ "അനരക" ത്തിലേക്കു പോവുക. അതില്‍ തീര്‍ത്ഥസ്നാനം ചെയ്തവന് പിന്നെ ദുര്‍ഗ്ഗതി ഉണ്ടാകയില്ല. അതിലാണ്‌ നാരായണനെ മുന്‍നിര്‍ത്തി ബ്രഹ്മാദി ദേവന്മാരും നിത്യോപാസന ചെയ്യുന്നത്‌. അവിടെ രുദ്ര പത്നിയുടെ നിത്യ സാന്നിദ്ധ്യമുണ്ട്‌. ആ ദേവിയെ ദര്‍ശിച്ചാല്‍ അവന് ദുർഗ്ഗതി ഉണ്ടാകുന്നതല്ല.

അവിടെ തന്നെ ഉമാനാഥനായ വിശ്വേശ്വര മഹാദേവനെ വന്ദിച്ചാല്‍ പിന്നെ എല്ലാ പാപവും നശിക്കുന്നതാണ്‌. അവിടെ നാരായണനെ വന്ദിച്ചാല്‍ അവന്‍ വിളങ്ങി വിഷ്ണുലോകത്തിൽ എത്തുന്നതാണ്‌.

പിന്നെ സര്‍വ്വദൈവത തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്യുക; സര്‍വ്വദുഃഖങ്ങളും വേര്‍പെട്ട്‌ ശശിയെ പോലെ ശോഭിക്കും. പിന്നെ "സ്വസ്തിപുര" ത്തിലേക്കു പോവുക. അവിടെ സ്നാനം ചെയ്തു പ്രദക്ഷിണം വെച്ചാല്‍ ഗോസഹ്രസ ഫലം സിദ്ധിക്കുന്നതാണ്‌. "പാവന തീര്‍ത്ഥ"ത്തില്‍ ചെന്നു പിതൃദേവ തര്‍പ്പണം ചെയ്യുക. അഗ്നിഷ്ടോമ യജ്ഞത്തിന്റെ ഫലം സിദ്ധിക്കുന്നതാണ്‌. ഗംഗാഹ്രദവും കൂപവും അതിനടുത്തു തന്നെയാണ്‌ മൂന്നു കോടി തീര്‍ത്ഥങ്ങള്‍ ആ കൂപത്തിലുണ്ട്‌. അതില്‍ സ്നാനം ചെയ്ത മര്‍ത്ത്യന്‍ സ്വര്‍ഗ്ഗലോകത്തിൽ എത്തുന്നതാണ്‌. "ആപഗാ" തീര്‍ത്ഥത്തില്‍ സ്നാനം ചെയ്തു മഹേശ്വരനെ അര്‍ച്ചിച്ചാല്‍ ഗണനായക സ്ഥാനം നേടുകയും കുലത്തെ ഉദ്ധരിക്കുകയും ചെയ്യും. പിന്നെ മൂന്നു ലോകത്തിലും പുകഴ്‌ന്ന "സ്ഥാണുവട"ത്തെ പ്രാപിക്കുക. അവിടെ കുളിച്ച്‌ ഒരു ദിവസം വസിച്ചാല്‍ രുദ്രലോകം നേടുന്നതാണ്‌.

"ബദരീപാചന"ത്തില്‍ എത്തി വസിഷ്ഠാ ശ്രമത്തില്‍ ചെല്ലുക. മൂന്നു നാള്‍ അവിടെ ഉപവസിച്ച്‌ ബദരീഫലം തിന്നുക. പന്ത്രണ്ടു വര്‍ഷം ബദരീഫലം തിന്നവന് തുല്യമായ ഫലം അവിടെ മുന്നു രാവ്‌ ഉപവസിക്കുന്നവന് ലഭിക്കുന്നതാണ്‌. ഇന്ദ്രമാര്‍ഗ്ഗത്തില്‍ പ്രവേശിച്ച്‌ തീര്‍ത്ഥസ്നാനം ചെയ്ത്‌ ഒരു അഹോരാത്രം ഉപവസിച്ചാല്‍ ഇന്ദ്രലോകത്തില്‍ അവന്‍ പൂജ്യനായി ഭവിക്കുന്നതാണ്‌. "ഏകാരാത്രി" തീര്‍ത്ഥത്തില്‍ എത്തി അസത്യം വെടിഞ്ഞ്‌ ഒരു രാവ്‌ ഉപവസിച്ചാല്‍ അവന്‍ ബ്രഹ്മലോകത്ത് പൂജ്യനായി ഭവിക്കുന്നതാണ്‌.

പിന്നെ തേജസ്വിയായ ആദിത്യന്റെ ആശ്രമത്തിലെത്തുക. ത്രിലോക വിശ്രുതമായ "ആദിതൃ തീര്‍ത്ഥ" ത്തില്‍ സ്നാനം ചെയ്തു വിഭാവസുവിനെ ഭജിച്ചാല്‍ അവന്‍ ആദിതൃ ലോകത്തിൽ എത്തുന്നതാണ്‌. സ്വന്തം കുലത്തേയും സമുദ്ധരിക്കുന്നു. സോമതീര്‍ത്ഥ സ്നാനം ചെയ്തു സോമനെ ഭജിച്ചാല്‍ സോമലോകത്തിൽ എത്തുന്നതാണ്‌. ദധീച തീര്‍ത്ഥത്തില്‍ ചെന്നു സ്നാനം ചെയ്യുക. ലോകവിശ്രുതമായ പുണ്യ തീര്‍ത്ഥമാണത്‌. അതിലാണ്‌ സാരസ്വതനും, തപോനിധിയുമായ അംഗിരസ്സു ജനിച്ചത്‌. അതില്‍ സ്നാനം ചെയ്ത നരന്‍ അശ്വമേധ ഫലം നേടുന്നതാണ്‌. സരസ്വതീ ലോക സിദ്ധിയും ഉണ്ടാകും. പിന്നെ നിയതനും ബ്രഹ്മചാരിയുമായി കമന്യാശ്രമത്തില്‍ ചെല്ലണം. അവിടെ മൂന്നു രാത്രി നിയതനും നിയതാശനനുമായി താമസിച്ചാല്‍ ദിവ്യരായ നൂറു കന്യകമാരെ അവന്‍ നേടുന്നതാണ്‌; സ്വര്‍ഗ്ഗലോകത്തില്‍ എത്തുന്നതുമാണ്‌.

പിന്നെ "സന്നിഹിതീ തീര്‍ത്ഥ" ത്തിലും ചെല്ലുക. അതില്‍ ബ്രഹ്മാദികളായ ദേവന്മാരും, തപോനിധികളായ ഋഷികളും മാസം തോറും വന്നു ചേരുന്നു. രാഹു ദിവാകരനെ ഗ്രസിക്കുന്ന സമയത്ത്‌ ( സൂര്യഗ്രഹണം ) സന്നിഹിതീ സ്നാനം ചെയ്തവന്‍ ശാശ്വതമായ നൂറ്‌ അശ്വമേധം ചെയ്ത ഫലം നേടും. മാത്രമല്ല. എന്തു കര്‍മ്മം ചെയ്താലും അതിന്റെ ഫലം ശാശ്വതമായിരിക്കും. ഭൂമിയിലും ആകാശത്തിലും ഏതെല്ലാം തീര്‍ത്ഥങ്ങളുണ്ടോ അവയെല്ലാം തന്നെ, എല്ലാ തടാകങ്ങളും ചെറുതും വലുതുമായ എല്ലാ നദികളും, ഉറവുകളും, സരസ്സുകളും വിവിധ ദേവതകളുടെ തീര്‍ത്ഥങ്ങളും - ചുരുക്കത്തില്‍ എല്ലാ തീര്‍ത്ഥങ്ങളും, ഹേ നരവ്യാഘ്രാ, നിസ്സംശയം പ്രതിമാസം അമാവാസിയില്‍ സരസ്വതിയുമായി സംഗമിക്കുന്നു. അതു കൊണ്ടാണ്‌ തീര്‍ത്ഥ സന്നിഹനത്താല്‍ മാത്രമാണ്‌, "സന്നിഹത്യാ" എന്ന പേര്‍ വിശ്രുതമായത്‌. അവിടെ സ്നാന പാനങ്ങള്‍ ചെയ്താല്‍ സ്വര്‍ഗ്ഗ ലോകത്തു പൂജ്യനായി തീരുന്നതാണ്‌. അമാവാസിയില്‍ ദിവാകരന്‍ രാഹുഗ്രസ്തൻ ആകുമ്പോള്‍ ശ്രാദ്ധം കഴിക്കുന്ന മര്‍ത്തൃന് ലഭിക്കുന്ന പുണ്യഫലങ്ങള്‍ ഇപ്രകാരമാണ്‌. ആ തീര്‍ത്ഥത്തില്‍ കുളിച്ചതിന് ശേഷം ശ്രാദ്ധം കഴിച്ചാല്‍ ആയിരം അശ്വമേധത്തിന്റെ ഫലം ലഭിക്കുന്നതാണ്‌. പാപം വല്ലതും ചെയ്ത സ്ത്രീപുരുഷന്മാര്‍ അതില്‍ സ്നാനം ചെയ്താല്‍ എല്ലാ പാപവും തീരുന്നതാണ്‌. പത്മവര്‍ണ്ണമായ വിമാനത്തില്‍ ബ്രഹ്മലോകത്തും എത്തുന്നതാണ്‌. യക്ഷന്മാരുടെ ദ്വാരപാലനായ "മചക്രുക"നെന്ന യക്ഷനെ അഭിവാദ്യം ചെയ്ത്‌ കോടിതീര്‍ത്ഥ സ്നാനം ചെയ്താല്‍ ധാരാളം സ്വര്‍ണ്ണം ദാനം ചെയ്ത ഫലം ലഭിക്കുന്നതാണ്‌.

അവിടെ തന്നെയാണ്‌ "ഗംഗാഹ്രദ"മെന്ന തീര്‍ത്ഥം. ബ്രഹ്മചാരിയായ സമാഹിതന്‍ അതില്‍ ചെന്നു മുങ്ങട്ടെ. അവന്‍ രാജസൂയ അശ്വമേധ യാഗങ്ങളുടെ ഫലം നേടുന്നതാണ്‌. ഭൂ ലോകത്തില്‍ നൈമിഷ തീര്‍ത്ഥം; സ്വര്‍ഗ്ഗലോകത്തില്‍ പുഷ്കര തീര്‍ത്ഥം; മൂന്നു ലോകത്തിലും വെച്ച്‌ വിശിഷ്ടമായത് കുരുക്ഷ്രേതമാണ്‌. കാറ്റില്‍ പറക്കുന്ന കുരുക്ഷേത്ര പാംസുക്കള്‍ കൂടിയും ദുഷ്കൃത്യം ചെയ്തവന്റെ പാപം നശിപ്പിച്ച്‌ അവന് സല്‍ഗ്ലഗ്ഗതി നല്കുന്നതാണ്‌. സരസ്വതിയുടെ തെക്കും ദൃഷദ്വതിയുടെ വടക്കുമായി സ്ഥിതി ചെയുന്ന കുരുക്ഷേത്രത്തില്‍ ജീവിക്കുന്നവന്‍ സാക്ഷാല്‍ സ്വര്‍ഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌. ഞാന്‍ കുരുക്ഷേത്രത്തില്‍ പോകും, ഞാന്‍ കുരുക്ഷേത്രത്തില്‍ വസിക്കും എന്ന് ഒരു പ്രവാശ്യം പറഞ്ഞവന്, ചിന്തിക്കുന്നവന്, കൂടി പാപം നശിക്കുന്നതാണ്‌.

ബ്രഹ്മവേദിയായ കുരുക്ഷേത്രം പുണ്യമാണ്‌. ബ്രഹ്മര്‍ഷി സേവിതമായ അതില്‍ പാര്‍ക്കുന്നവര്‍ പുണ്യവാന്മാരാകും. അവര്‍ ഒന്നു കൊണ്ടും ശോച്യരായി വരുന്നതല്ല. തരന്തുകയ്ക്കും, അരന്തുകയ്ക്കും, രാമമചക്രുകാ തടാകങ്ങള്‍ക്കും ഇടയ്ക്കുള്ള സ്ഥലമായ ഈ കുരുക്ഷേത്രം, അതായത്‌ സമന്തപഞ്ചകം, പിതാമഹന്റെ ഉത്തരവേദി കൂടിയാകുന്നു.

84. പുലസ്തൃ തീര്‍ത്ഥ യാത്ര - പുലസ്ത്യന്‍ പറഞ്ഞു: ഹേ രാജാവേ! പിന്നെ ഭവാന്‍ ഉത്തമമായ ധര്‍മ്മ തീര്‍ത്ഥത്തില്‍ ചെല്ലണം. അതിലാണ്‌ മഹാഭാഗനായ ധര്‍മ്മന്‍ വലിയ തപംചെയ്തത്‌, തന്റെ പേരു കൊണ്ടു വിശ്രുതമായ ആ പുണ്യതിര്‍ത്ഥം ധര്‍മ്മന്‍ തീര്‍ത്തതാണ്‌. അതില്‍ സ്നാനം ചെയ്ത മര്‍ത്തൃന്‍ ധര്‍മ്മശീലനാകും. തന്റെ കുലം ഏഴു തലമുറ വരെ അവന്‍ ശുദ്ധമാക്കുകയും ചെയ്യുന്നു. പിന്നെ മുഖ്യമായ "ജ്ഞാനപാപന" തീര്‍ത്ഥത്തിൽ എത്തുക. അതില്‍ സ്നാനംചെയ്താല്‍ അഗ്നിഷ്ടോമ ഫലംനേടി മുനിലോകത്തില്‍ എത്തുന്നതാണ്‌.

പിന്നെ സൗഗന്ധിക വനത്തില്‍ ചെല്ലുക. അതില്‍, ബ്രഹ്മാദികളായ വാനവന്മാരും, തപസ്വികളായ ഋഷിമാരും, സിദ്ധചാരണ ഗന്ധര്‍വ്വ കിന്നരന്മാരും, മഹോരഗങ്ങളും വാഴുന്ന ആ വനത്തില്‍ പ്രവേശിച്ചാല്‍ ഉടനെ പാപമൊക്കെ വിട്ടു പോകുന്നു. പിന്നെ സരിത്തുക്കളാല്‍ ശ്രേഷ്ഠമായ "പ്ലക്ഷദേവി" എന്ന പേരില്‍ അറിയപ്പെടുന്ന മഹാപുണ്യയായ സരസ്വതീ നദിയില്‍ സ്നാനം ചെയ്യണം. അവിടെ പുറ്റില്‍ നിന്ന്‌ ഒഴുകുന്ന ജലത്തില്‍ സ്നാനം ചെയ്തു പിത്യദേവാര്‍ച്ചനം ചെയ്താല്‍ അശ്വമേധ ഫലം സിദ്ധിക്കുന്നതാണ്‌. അവിടെ ആ പുറ്റിനടുത്ത്‌ ആറു ശമ്യാനിപാതം ( ഒരു വടി എറിഞ്ഞെത്തുന്ന ദുരം ) ദൂരെ സുദുര്‍ല്ലഭമായ "ഈശാനാദ്ധ്യുഷിത" തീര്‍ത്ഥമുണ്ട്‌. അതില്‍ കുളിച്ചാല്‍ ആയിരം കപില പശുക്കളെ ദാനംചെയ്ത ഫലവും, ഒരു അശ്വമേധ ഫലവുംസിദ്ധിക്കുന്നതാണ്‌. അതില്‍ കുളിച്ചാല്‍ ഈ ഫലം ലഭിക്കുന്നതാണ് എന്നു പുരാതന കാലം മുതല്‍ പ്രസിദ്ധമാണ്‌. പിന്നെ "സുഗന്ധം", "ശതകുംഭം", "പഞ്ചയജ്ഞം" എന്നിവിടങ്ങളില്‍ ചെന്നാല്‍ സ്വര്‍ഗ്ഗത്തിൽ എത്തുന്നതാണ്‌.

പിന്നെ "ത്രിശൂലഖാത" തീര്‍ത്ഥത്തില്‍ എത്തുക. അതില്‍ സ്നാനം ചെയ്തു പിതൃദേവാര്‍ച്ചനാ പരനായ പുരുഷന്‍ ഗണാധിപത്യത്തെ മരണാനന്തരം നേടുന്നതാണ്‌. പിന്നെ ദേവീ സ്ഥാനത്തിൽ എത്തുക. ശാകംഭരീ എന്ന് ത്രിലോക്ര പസിദ്ധവും. സുദുര്‍ല്ലഭവുമായ ആ സ്ഥാനത്താണ്‌ ദേവി ആയിരം ദിവ്യവര്‍ഷം സുവ്രതയായി ശാകം മാത്രം ഭക്ഷിച്ച്‌ തപസ്സു ചെയ്തത്‌. അതു കണ്ട്‌ ദേവീഭക്തിയോടെ തപോനിധികളായ മഹര്‍ഷിമാര്‍ അവിടെയെത്തി. അവര്‍ക്ക്‌ ശാകം കൊണ്ട്‌ ദേവി അതിഥികളെ സല്ക്കരിച്ചു. അതു കൊണ്ട്‌ ആ സ്ഥലത്തിന് "ശാകംഭരി" എന്നു പേരുണ്ടായി. ശാകംഭരിയുടെ പാര്‍ശ്വത്തിലെത്തി ബ്രഹ്മചാരിയും, സമാഹിതനുമായി മുന്നു രാവ്‌ ശാകം തിന്ന്‌ ഉപാസിക്കുന്ന നരന്‍ ശുദ്ധനാകും. ശാകം കൊണ്ട്‌ പന്ത്രണ്ടു വര്‍ഷം ജീവിക്കുന്നവന് കിട്ടുന്ന മഹത്തായ പുണ്യം ദേവിയുടെ അനുഗ്രഹത്താല്‍ ലഭിക്കുന്നതാണ്‌.

പിന്നെ മുന്നു ലോകത്തിലും പുകഴ്ന്ന സുപര്‍ണ്ണത്തിൽ എത്തണം. പണ്ട്‌ രുദ്രന്‍ പ്രസാദിക്കുവാന്‍ വിഷ്ണു രുദ്രനെ അവിടെ സേവിച്ചു. ദേവന്മാര്‍ക്കു പോലും കിട്ടാന്‍ വിഷമമുള്ള അനവധി വരം വിഷ്ണു നേടി. അന്ന്‌ ത്രിപുരഘ്നന്‍ പരമ സന്തുഷ്ടനായി പ്രസാദിച്ച്‌ ഇപ്രകാരം പറഞ്ഞു: ഹേ കൃഷ്ണാ! ലോകത്തില്‍ വച്ച്‌ നീ ഏറ്റവും പ്രിയനായി തീരും. ലോകത്തിൽ എല്ലാറ്റിനും മീതെയുള്ളവന്‍ നീയായിരിക്കും. ഹേ രാജേന്ദ്രാ! ഭവാന്‍ അവിടെ ചെന്ന്‌ വൃഷദ്ധ്വജനെ പൂജിച്ചാല്‍ അശ്വമേധ ഫലം സിദ്ധിക്കുന്നതാണ്‌; ഗണപത്യസ്ഥാനം കിട്ടുന്നതുമാണ്‌.

പിന്നെ "ധൂമാവതി" യിലേക്കു പോവുക. അവിടെ ചെന്ന്‌ മൂന്നു രാവ്‌ ഉപവസിച്ചാല്‍ മനസ്സില്‍ വിചാരിക്കുന്ന ഇഷ്ടങ്ങളൊക്കെ സംശയം കൂടാതെ നേടുന്നതാണ്‌. ദേവിയുടെ വലത്തു ഭാഗത്താണ്‌ രഥാവര്‍ത്തം. അതിലാണ് ധര്‍മ്മജ്ഞനായ ഭവാന്‍ ശ്രദ്ധയോടു കൂടി ജിതേന്ദ്രിയനായി കയറുക. മഹാദേവന്റെ പ്രസാദം മൂലം പരഗതി നേടുന്നതാണ്‌. പിന്നെ അവിടെ പ്രദക്ഷിണം ചെയ്തു സര്‍വ്വപാപ ഹരമായ "ധാര"യില്‍ ചെല്ലുക. അതില്‍ സ്നാനം ചെയ്തവന്‍ പിന്നെ ദുഃഖിക്കുകയില്ല.

പിന്നെ മഹാഗിരിയെ നമസ്കരിച്ച്‌ സ്വര്‍ഗ്ഗദ്വാരത്തിന് തുല്യമായ ഗംഗാദ്വാരത്തില്‍ ചെല്ലുക. അവിടെ കോടീ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്തവന്‍ പുണ്ഡരീക യാഗ ഫലത്തെ നേടുന്നതാണ്‌; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും. അവിടെ ഒരു രാവു പാര്‍ത്താല്‍ ഗോസഹസ്ര ഫലത്തെ നേടുന്നതാണ്‌.

അതിന് അടുത്തുള്ള "സപ്തഗംഗം", "ത്രിഗംഗം", "ശക്രാവര്‍ത്തം" ഇവയില്‍ സ്നാനം ചെയ്ത്‌ പിതൃ ദേവ തര്‍പ്പണം ചെയ്തവന്‍ തീര്‍ച്ചയായും പുണ്യലോകത്തിൽ എത്തുന്നതാണ്‌. പിന്നെ കനഖലയില്‍ സ്നാനം ചെയ്ത്‌ മൂന്നു രാവ്‌ ഉപവസിച്ചാല്‍ അശ്വമേധ ഫലം നേടുകയും സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും.

പിന്നെ "കപിലാവട" ത്തില്‍ ചെന്നു സ്നാനം ചെയ്ത്‌ ഒരു രാത്രി ഉപവസിച്ചാല്‍ ഗോസഹസ്ര ദാനഫലം പ്രാപിക്കുന്നതാണ്‌. മഹാത്മാവായ കപിലന്‍ എന്ന നാഗരാജാവിന്റെ തീര്‍ത്ഥം പേരു കേട്ടതാണ്‌. ആ "നാഗതീര്‍ത്ഥ"ത്തില്‍ സ്നാനം ചെയ്യണം. ആയിരം കപിലാ ഗോക്കളെ ദാനം ചെയ്ത പുണ്യം നേടുന്നതാണ്.

പിന്നെ "ലലിതക"ത്തിൽ എത്തുക. അത്‌ മുഖ്യമായ ശാന്തനു തീര്‍ത്ഥമാണ്‌. അതില്‍ സ്നാനം ചെയ്ത മനുഷ്യന് ദുര്‍ഗ്ഗതി വരികയില്ല. പിന്നെ ഗംഗാ യമുനകള്‍ ചേരുന്ന സ്ഥലത്തു ചെല്ലുക. ആ തീര്‍ത്ഥത്തില്‍ കുളിക്കുന്നവന്‍ ദശാശ്വമേധ ഫലം നേടുന്നതാണ്‌; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും.

പിന്നെ ത്രിലോക പ്രസിദ്ധമായ "സുഗന്ധ"ത്തില്‍ എത്തുക. അതില്‍ സ്നാനം ചെയ്തവന്‍ സര്‍വ്വ പാപങ്ങളും തിര്‍ന്ന്‌ ബ്രഹ്മലോകം പ്രാപിക്കുന്നതാണ്‌.

പിന്നെ "രുദ്രാവര്‍ത്ത" ത്തിലേക്കു പോവുക. അതില്‍ സ്നാനംചെയ്തവന്‍ സ്വര്‍ഗ്ഗലോകത്ത് എത്തുന്നതാണ്‌. പിന്നെ ഗംഗാ സരസ്വതികളുടെ സമാഗമത്തിൽ എത്തുക. അതില്‍ സ്നാനം ചെയ്താൽ അശ്വമേധ ഫലം നേടും; സ്വര്‍ഗ്ഗ ലോകത്തില്‍ എത്തുകയും ചെയ്യും. പിന്നെ "ഭദ്രകര്‍ണ്ണേശ്വര" ത്തെത്തി ദേവന്മാരെ പൂജിച്ചാല്‍ ദുര്‍ഗ്ഗതി ഉണ്ടാവുകയില്ല. നാഗലോകത്ത്‌ പൂജ്യനാവുകയും ചെയ്യും.

പിന്നെ "കുഞ്ജാമ്രക"ത്തില്‍ പ്രവേശിക്കുക. ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ ആയിരം ഗോക്കളെ ദാനം ചെയ്ത പുണ്യം നേടുന്നതാണ്‌; സ്വര്‍ഗ്ഗവും പൂകും. പിന്നെ "അരുന്ധതീവട" ത്തിൽ എത്തുക. പിന്നെ "സമുദ്രക"ത്തിൽ എത്തുക. അവിടെ ബ്രഹ്മചാരിയും, സമാഹിതനുമായി മൂന്നു രാത്രി ഉപവസിച്ചാല്‍ അശ്വമേധ ഫലം നേടുന്നതാണ്‌. ഗോസഹസ്ര ഫലവും കുല സമുദ്ധാരണവും നേടും.

പിന്നെ ബ്രഹ്മചാരിയും സമാഹിതനുമായി "ബ്രഹ്മാവര്‍ത്ത" ത്തിലേക്കു പോവുക. അശ്വമേധ ഫലം നേടുകയും സോമലോകത്തിൽ എത്തുകയും ചെയ്യും. "യമുനാപ്രഭ" വത്തില്‍ ചെന്ന്‌ യമുനാ സ്‌നാനം ചെയ്താല്‍ അശ്വമേധ ഫലം നേടി സ്വര്‍ഗ്ഗ ലോകത്ത്‌ പൂജ്യനായി തീരും. "ദര്‍വീസംക്രമണം" എന്ന വിശ്വ പൂജ്യമായ തീര്‍ത്ഥത്തിലെത്തുക. അതില്‍ സ്നാനംചെയ്താല്‍ അശ്വമേധഫലം നേടും. സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും.

പിന്നെ സിദ്ധഗന്ധര്‍വ്വ സേവിതമായ "സിന്ധുപ്രഭ" വത്തിലെത്തി അഞ്ചു രാവ്‌ അവിടെ താമസിച്ചാല്‍ അനേകം സ്വര്‍ണ്ണം ദാനം ചെയ്ത ഫലം നേടുന്നതിന് ഇടവരും. പിന്നെ ഏറ്റവും ദുര്‍ഗ്ഗമമായി "വേദി" തീര്‍ത്ഥത്തില്‍ ചെല്ലുന്നതായാല്‍ അശ്വമേധത്തിന്റെ ഫലം സിദ്ധിക്കുന്നതാണ്‌. സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും.

പിന്നെ "ഋഷികുല്യ"യിലും "വാസിഷ്ഠ"ത്തിലും എത്തുക. ഏതു ജാതിയില്‍ പെട്ടവനും വാസിഷ്ഠത്തില്‍ ചെന്നാല്‍ ദ്വിജനാകും. ഋഷികുല്യയില്‍ സ്നാനം ചെയ്തു പാപം നശിച്ച പുരുഷന്‍ ഒരു രാത്രം ശാകം മാത്രം ഭക്ഷിച്ച്‌ പിതൃദേവ പൂജ ചെയ്താല്‍ ഋഷി ലോകത്തിൽ എത്തുന്നതാണ്‌.

പിന്നെ ഭൃഗുതുംഗം പ്രാപിച്ചാല്‍ അശ്വമേധ ഫലം കിട്ടുന്നതാണ്‌. ഹേ വീരാ! പിന്നെ "വീരപ്രമോക്ഷ" ത്തിൽ എത്തുക. അപ്പോൾ തന്നെ പാപമൊക്കെ അറ്റു പോകുന്നതാണ്‌. "കാര്‍ത്തിക", "മാഘം", എന്നീ തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്താല്‍ അഗ്നിഷ്ടോമം, അതിരാത്രം എന്നീ യജ്ഞങ്ങളുടെ ഫലം നേടുന്നു. പിന്നെ സന്ധ്യയ്ക്ക്‌ ഉത്തമമായ "വിദ്യാതീര്‍ത്ഥ"ത്തെ പ്രാപിച്ചു സ്നാനം ചെയ്താല്‍ തന്നെ വേണ്ടുന്ന വിദ്യയൊക്കെ ലഭിക്കുന്നതാണ്‌. പിന്നെ "മഹാശ്രമ"ത്തില്‍ ചെന്ന്‌ ഒരു രാത്രി പാര്‍ത്താൽ എല്ലാ പാപവും തീരുന്നതാണ്‌. ഒരു നേരം അവിടെ ഉപവസിച്ചാല്‍ വളരെ ശുഭലോകങ്ങളെ പ്രാപിക്കാം. "മഹാലയ" ത്തില്‍ ചെന്ന്‌ ആറു നേരം ഉപവസിക്കുന്നവന് സര്‍വ്വപാപങ്ങളും നീങ്ങുന്നു; ധാരാളം സ്വര്‍ണ്ണം ദാനം ചെയ്ത ഫലവും കിട്ടുന്നു. പത്തു തലമുറ മേലും പത്തു തലമുറ കീഴും കുലത്തെ ഉദ്ധരിക്കുന്നതുമാണ്‌.

പിതാമഹ നിഷേവിതമായ "വേതസിക"യില്‍ പിന്നെ ചെന്നെത്തുക. എന്നാൽ അശ്വമേധ ഫലത്തെ പ്രാപിക്കും; ഉശനസ്സിന്റെ ( ശുക്രന്റെ ) ഗതിയില്‍ ചെന്നെത്തുകയും ചെയ്യും.

പിന്നെ സിദ്ധന്മാര്‍ സേവിക്കുന്ന "സുന്ദരികാ" തീര്‍ത്ഥത്തിൽ എത്തുക. അതില്‍ സ്നാനം ചെയ്താല്‍ മഹാ സുന്ദരനാകും. പണ്ടുള്ളവര്‍ ഇതു കണ്ടിട്ടുള്ളതാണ്‌. പിന്നെ ബ്രഹ്മചാരിയും ജിത്രേന്ദ്രിയനുമായി ബ്രാഹ്മണിയിൽ എത്തുക. അതില്‍ സ്നാനം ചെയ്താല്‍ പത്മവര്‍ണ്ണ വിമാനത്തില്‍ ബ്രഹ്മലോകത്ത്‌ എത്തുന്നതുമാണ്‌. പിന്നെ സിദ്ധന്‍മാര്‍ സേവിക്കുന്ന "നൈമിഷ"ത്തിൽ എത്തുക. അതില്‍ ദേവന്മാരോടു കൂടി ബ്രഹ്മാവ്‌ നിത്യവും വസിക്കുന്നുണ്ട്‌. നൈമിഷത്തേക്കു പോകാൻ ഒരുങ്ങിയാല്‍ തന്നെ പകുതി പാപം നശിക്കുന്നതാണ്‌. അതില്‍ സ്നാനം ചെയ്താല്‍ സകല പാപങ്ങളും നശിക്കുന്നതാണ്‌.

ഹേ ഭാരതസത്തമാ! തീര്‍ത്ഥ തല്പരനായ ഭവാന്‍ ഒരു മാസം അവിടെ പാര്‍ക്കണം. ലോകത്തില്‍ ഏതൊക്കെ തീര്‍ത്ഥങ്ങളുണ്ടോ, അതൊക്കെ നൈമിഷത്തിലുണ്ട്‌. അതില്‍ നിയതനും, നിയതാശനനുമായി സ്നാനം ചെയ്താല്‍ ഗോമേധ യജ്ഞത്തിന്റെ ഫലം നേടുന്നതാണ്‌. മുമ്പും പിമ്പുമുള്ള ഏഴു തലമുറ ശുദ്ധമാക്കുകയും ചെയ്യുന്നു. ഉപവാസം ചെയ്തു നൈമിഷത്തില്‍ പ്രാണന്‍ തൃജിക്കുന്നവന്‍ എല്ലാ ലോകത്തും മോദിക്കുന്നതാണ്‌ എന്ന് മനീഷികള്‍ പറയുന്നു. എന്നും പുണ്യവും മേദ്ധ്യവുമാണ്‌ "നൈമിഷം".

പിന്നെ "ഗംഗോല്‍ ഭേദ"ത്തെ പ്രാപിച്ച്‌ മുന്നു രാവ് ഉപവസിക്കുന്നവന്‍ വാജപേയ ഫലത്തെ നേടുന്നു; ബ്രഹ്മതുല്യനും ആയി തീരുന്നു. സരസ്വതിയില്‍ ചെന്നു സ്നാനം ചെയ്തു പിത്യദൈവത തര്‍പ്പണം ചെയ്താല്‍ അവന്‍ സാരസ്വത ലോകത്തില്‍ നന്ദിക്കുന്നതാണ്‌. പിന്നെ ബ്രഹ്മചാരിയും ജിതേന്ദ്രിയനുമായി "ബാഹുക"യില്‍ പോവുക. അവിടെ സ്നാനം ചെയ്തു ഒരു രാവു വസിച്ചാല്‍ സ്വര്‍ഗ്ഗ ലോകത്ത്‌ പൂജ്യനായി തീരുന്നതാണ്‌. "ദേവസത്ര" മഖത്തിന്റെ ഫലം നേടുന്നതുമാണ്‌. പുണ്യവും പുണ്യതന്മാരാല്‍ സേവിതവുമായ "ക്ഷീരവതി" യിലേക്കു പോവുക. അവിടെ സ്നാനം ചെയ്തു പിതൃ ദേവാര്‍ച്ചന ചെയ്താല്‍ വാജപേയ ഫലം നേടുന്നതാണ്‌. പിന്നെ "വിമലാശോക" ത്തിൽ എത്തുക. അവിടെ ഒരു രാത്രി ബ്രഹ്മചാരിയും സമാഹിതനുമായി താമസിച്ചാല്‍ സ്വര്‍ഗ്ഗലോകത്തു പൂജ്യനാകുന്നതാണ്‌.

പിന്നെ "ഗോപ്രതാരം" എന്ന സരയൂ തീര്‍ത്ഥത്തിൽ എത്തുക. ഇവിടെ വെച്ചാണ്‌ ഈ തീര്‍ത്ഥത്തിന്റെ തേജസ്സാല്‍ ഭൃത്യ വാഹന മൃഗ സമേതം രാമന്‍ സ്വര്‍ഗ്ഗം പ്രാപിച്ചത്‌. ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്തവന്‍ രാമ പ്രസാദത്താല്‍ സര്‍വ്വപാപങ്ങളും നശിച്ച്‌ സ്വര്‍ഗ്ഗത്തിൽ എത്തുന്നതാണ്‌. പിന്നെ ഗോമതിയിലുള്ള രാമതീര്‍ത്ഥത്തില്‍ ചെല്ലുക. അവിടെ സ്‌നാനം ചെയ്താല്‍ അശ്വമേധ ഫലം നേടുകയും കുലത്തെ ശുദ്ധമാക്കുകയും ചെയ്യും.

പിന്നെ "ശതസാഹസ്രക" തീര്‍ത്ഥത്തിൽ എത്തുക. അതില്‍ നിയതനും, നിയതാശനനുമായി സ്നാനം ചെയ്താല്‍ പുണ്യമായ ഗോസഹസ്ര ദാന ഫലം നേടുന്നതാണ്‌. പിന്നെ ഉത്തമമായ ഭര്‍ത്തൃ സ്ഥാനത്ത്‌, ഹേ രാജേന്ദ്ര, ഭവാന്‍ എത്തിയാലും. അശ്വമേധ ഫലം ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്തവന്‍ നേടുന്നതാണ്‌. പിന്നെ കോടി തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത്‌ ഗുഹനെ പൂജിക്കുക. ഗോസഹസ്രത്തെ ദാനം ചെയ്ത്‌ ഫലം നേടാം. ആ നരന്‍ തേജസ്വിയായി ഭവിക്കുകയും ചെയ്യും.

പിന്നെ, "വാരാണസി" യിലെത്തി വൃഷഭധ്വജനെ പുജിക്കുക. അവിടെ കപിലാ ഹ്രദത്തില്‍ സ്നാനം ചെയ്താല്‍ രാജസൂയത്തിന്റെ ഫലം നേടുന്നതാണ്‌. "അവിമുക്ത" ത്തിലെത്തി ദേവന്മാരുടെ ദേവനെ കണ്ടാല്‍ ബ്രഹ്മഹത്യാ പാപം പോലും നശിക്കും. അവിടെ ദേഹം തൃജിച്ചാല്‍ മോക്ഷം പ്രാപിക്കുകയും ചെയ്യും. ഹേ, രാജേന്ദ്ര! ദുര്‍ല്ലഭമായ മാര്‍ക്കണ്ഡേയ തീര്‍ത്ഥത്തില്‍ ചെല്ലുക. പ്രസിദ്ധമായ ഗോമതീ ഗംഗാ സംഗമത്തിൽ എത്തുക. അഗ്നിഷ്ടോമ ഫലം അതുകൊണ്ട് ലഭിക്കും; കുലം ഉദ്ധരിക്കുകയും ചെയ്യും.

പിന്നെ, "ഗയ"യില്‍ ചെല്ലുക. അവിടെ ബ്രഹ്മചാരിയും, സമാഹിതനുമായി സ്നാനം ചെയ്താല്‍ അശ്വമേധ ഫലത്തെ നേടും; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും. ത്രൈലോകൃത്തില്‍ പ്രസിദ്ധമായ "അക്ഷയവടം" അവിടെ തന്നെയാണ്‌. അവിടെ വച്ചു പിതൃക്കള്‍ക്കു ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം തന്നെ അക്ഷയമായിരിക്കും. പിന്നെ മഹാനദിയില്‍ സ്നാനം ചെയ്ത്‌ പിത്യദേവ തര്‍പ്പണം ചെയ്താൽ അക്ഷയമായ ലോകത്തെ നേടും; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും.

പിന്നെ, ധര്‍മ്മാരണ്യത്തിലുള്ള "ബ്രഹ്മസരസ്സി"ല്‍ പോവുക. ഒരു ദിവസം അവിടെ പാര്‍ത്തവന്‍ ബ്രഹ്മലോകത്തേയും പ്രാപിക്കും. അവിടെ ശ്രേഷ്ഠമായ ഒരു യൂപം ബ്രഹ്മാവ്‌ സ്ഥാപിച്ചിട്ടുണ്ട്‌. ആ യൂപത്തെ പ്രദക്ഷിണം ചെയ്താല്‍ വാജപേയ ഫലം നേടുന്നതാണ്‌.

പിന്നെ, ലോകവിശ്രുതമായ "ധേനുക" ത്തിലെത്തുക. ഒരു രാവ്‌ അവിടെ താമസിച്ച്‌ എള്ളും, പശുവും ദാനം ചെയ്യുക. അവന്‍ സര്‍വ്വ പാപങ്ങളും നീങ്ങി സോമലോകത്ത്‌ എത്തുന്നതാണ്‌. അവിടെയുള്ള പര്‍വ്വതങ്ങളില്‍ "കപിലാ" എന്നു പേരായ ധേനു കിടാവിനോടു കൂടി നടന്നിരുന്നു. അവ നടന്ന കാല്‍പ്പാടുകള്‍ ഇപ്പോഴും കാണാം. ആ പദങ്ങളില്‍ സ്നാനം ചെയ്താല്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ നീങ്ങുന്നതാണ്‌.

പിന്നെ, "ഗൃദ്ധ്റവട" ത്തിലേക്കു പോവുക. മഹാദേവന്റെ സ്ഥാനമാണത്‌. ഭസ്മസ്നാനം ചെയ്ത്‌ അവിടെ വൃഷധ്വജ ദര്‍ശനം ചെയ്താല്‍ അവന്‍ ബ്രാഹ്മണൻ ആണെങ്കില്‍ പന്ത്രണ്ടു വത്സരം വ്രതമെടുത്താലത്തെ ഫലം നേടുന്നു. മറ്റു ജാതിക്കാർ ആണെങ്കില്‍ എല്ലാ പാപവും നശിക്കുകയും ചെയ്യും. പിന്നെ, ഗീതനാദം മുഴങ്ങുന്ന "ഉദ്യന്ത" പര്‍വ്വതത്തിൽ എത്തുക. അവിടെ സാവിത്രിയുടെ കാലടി കാണാം. അതില്‍ സന്ധ്യാര്‍ച്ചന ചെയ്യുന്ന വ്രതനിഷ്ഠയുള്ള ബ്രാഹ്മണന്‍ പന്തീരാണ്ടു സന്ധ്യാര്‍ച്ചന ചെയ്ത ഫലം നേടും. അവിടെയാണ്‌ പ്രസിദ്ധമായ യോനീദ്വാരം. അതില്‍ ചെന്നാല്‍ പുരുഷന് യോനീ സങ്കടമെല്ലാം തീരുന്നതാണ്‌ ( പുനര്‍ജ്ജന്മ ദുഃഖം ഇല്ലാതായി തീരുന്നു ). ശുക്ലപക്ഷത്തിലും, കൃഷ്ണപക്ഷത്തിലും, ഗയയില്‍ താമസിക്കുന്നവന്റെ മുമ്പും പിമ്പുമുള്ള ഏഴു തലമുറകള്‍ ശുദ്ധമാകും. അനവധി മക്കളുണ്ടാകുവാന്‍ ആരും ആഗ്രഹിക്കണം. എന്തെന്നാല്‍, ഒരു പക്ഷേ, ഒരുത്തനെങ്കിലും ഗയയ്ക്കു പോയെന്നോ, അശ്വമേധം കഴിച്ചെന്നോ, നിലക്കാളയെ ദാനം ചെയ്തെന്നോ വരാം.

പിന്നെ, "ഫല്‍ഗു"വിൽ എത്തുക. അശ്വമേധ ഫലം ലഭിക്കും. മഹാസിദ്ധിയും പ്രാപിക്കുന്നതാണ്‌. പിന്നെ, "ധര്‍മ്മപ്രസ്ഥ"ത്തിൽ എത്തുക. ഹേ, രാജ്രേന്ദോ! അവിടെ ധര്‍മ്മന്‍ നിത്യവും സ്ഥിതി ചെയ്യുന്നുണ്ട്‌. അവിടെയുള്ള കിണറ്റിലെ ജലം കുടിച്ച ശേഷം സ്നാനം ചെയ്തിട്ട്‌ വിശുദ്ധനായി പിതൃദേവകളെ തര്‍പ്പിച്ചാല്‍ പാപം തീര്‍ന്നു സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌. അവിടെയാണ്‌ മഹാത്മാവായ മതംഗ മഹര്‍ഷിയുടെ ആശ്രമം. ശ്രീമത്തായ ആ പുണ്യാശ്രമം കയറിയാല്‍ എല്ലാ ശോകവും നശിച്ചു പോകും. "ഗവാമയന" യജ്ഞത്തിന്റെ ഫലം മനുഷന്‍ നേടുകയും ചെയ്യും. അവിടെയുള്ള ധര്‍മ്മദേവനെ ( പ്രതിമ ) സ്പര്‍ശിച്ചാല്‍ അശ്വമേധഫലം നേടുകയും ചെയ്യും.

പിന്നെ, അത്യുത്തമമായ ബ്രഹ്മസ്ഥാനത്തിൽ എത്തുക. അവിടെ ബ്രഹ്മാവിനെ ചെന്നു കണ്ടാല്‍ രാജസൂയം, അശ്വമേധം എന്നീ യാഗങ്ങളുടെ ഫലം നേടുന്നതാണ്‌. പിന്നെ, രാജഗ്യഹത്തിൽ എത്തുക. ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ കാക്ഷീവാന്‍ എന്ന ഋഷിയെ പോലെ സന്തുഷ്ടനാകും. അവിടെ ശുചിയായി യക്ഷിണീ നൈവേദ്യം ഭക്ഷിക്കുക. യക്ഷിണിയുടെ പ്രസാദത്താല്‍ ബ്രഹ്മഹത്യാ പാപം കൂടി നശിക്കുന്നതാണ്‌. പിന്നെ, "മണിനാഗ"ത്തിൽ എത്തുക. എങ്കില്‍, ആയിരം പശുക്കളെ ദാനം ചെയ്ത ഫലം ലഭിക്കുന്നതാണ്‌. മണിനാഗന്റെ തീര്‍ത്ഥത്തില്‍ നിന്ന്‌ എന്തെങ്കിലും ഭക്ഷിക്കുന്നവന് എത്ര ഉഗ്രനായ പാമ്പു കടിച്ചാലും വിഷം ഏൽക്കുകയില്ല. അവിടെ ഒരു രാത്രി, താമസിച്ചാല്‍ ഗോസഹസ്ര ഫലം നേടുന്നതാണ്‌.

പിന്നെ, ബ്രഹ്മര്‍ഷിയായ ഗൗതമന്റെ പ്രിയപ്പെട്ട വനത്തിലെത്തുക. അവിടെയുള്ള "അഹല്യാഹ്രദ" ത്തിൽ എത്തിയാല്‍ പരസല്‍ഗ്ഗതി നേടുന്നതാണ്‌. പിന്നെ, ആശ്രമത്തിലെ ശ്രീദേവിയൂടെ രൂപം ദര്‍ശിക്കുന്നവന്‍ ശ്രീ നേടുന്നതുമാണ്‌. പിന്നെ അവിടെയുള്ള ത്രിലോക വിശ്രുതമായ കിണറ്റില്‍ കളിച്ചാല്‍ അശ്വമേധത്തിന്റെ ഫലം നേടുന്നതാണ്‌. ജനക മഹാരാജാവിന്റെ കൂപവും, ദേവപൂജിതമാണ്‌. അതില്‍ സ്നാനം ചെയ്താല്‍ വിഷ്ണുലോകത്തില്‍ ചെന്നു ചേരുന്നതാണ്‌. പിന്നെ, വിനശനം എന്ന സര്‍വ്വ പാപഹരമായ തീര്‍ത്ഥത്തിലെത്തുക. അവിടെ കുളിക്കുന്നവന്‍ വാജപേയ ഫലം നേടും; സോമലോകത്തിൽ എത്തുകയും ചെയ്യും. സര്‍വ്വ തീര്‍ത്ഥങ്ങളിലേയും വെള്ളത്താല്‍ നിര്‍മ്മിതമായ "ഗണ്ഡകി" നദിയില്‍ സ്നാനം ചെയ്താല്‍ വാജപേയ ഫലം നേടുന്നതാണ്‌. സൂര്യ ലോകത്തിൽ എത്തുകയും ചെയ്യും.

പിന്നെ, ത്രൈലോകൃ വിശ്രുതമായ "വിശല്യ" നദിയില്‍ പ്രവേശിച്ചാല്‍ അഗ്നിഷ്ടോമ ഫലം നേടും; സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും. "അധിവംഗ" എന്ന തപോ വനത്തില്‍ കയറിയാല്‍ ഗുഹൃകന്മാരോടു കൂടി മോദിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിദ്ധന്മാര്‍ സേവിക്കുന്ന കമ്പനാ നദിയില്‍ സ്‌നാനം ചെയ്താൽ പുണ്ഡരീക ഫലം നേടുന്നതാണ്‌; സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും. പിന്നെ, മാഹേശ്വരീ ധാരയിൽ എത്തിയാല്‍ അശ്വമേധ ഫലം നേടുന്നതാണ്‌; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും.

ദേവന്മാരുടെ പുഷ്കരണിയില്‍ പ്രവേശിച്ചാല്‍ ദുര്‍ഗ്ഗതി പറ്റുന്നതല്ല; അശ്വമേധ ഫലം നേടുകയും ചെയ്യാം. പിന്നെ, ബ്രഹ്മചാരിയും സമാഹിതനുമായി "സോമപദ" ത്തിൽ എത്തുക. അവിടെയുള്ള "മഹേശ്വരപദ" തീര്‍ത്ഥത്തില്‍. സ്നാനം ചെയ്താല്‍ അശ്വമേധ ഫലം പ്രാപിക്കുന്നതാണ്‌. ആ തീര്‍ത്ഥത്തില്‍ ഒരു കോടി തീര്‍ത്ഥങ്ങൾ ഉണ്ടെന്ന്‌ സുപ്രസിദ്ധമാണ്‌. അവിടെ വച്ചാണ്‌ ആമയുടെ രൂപമെടുത്ത ഒരു ദുരാത്മാവായ അസുരന്‍ ആ തീര്‍ത്ഥത്തെ കട്ടു കൊണ്ടു പോകുമ്പോൾ വിഷ്ണു അവനെ കൊന്നത്‌. ആ തീര്‍ത്ഥത്തില്‍ ഭവാന്‍ സ്നാനം ചെയ്യണം. പുണ്ഡരീക ഫലം നേടുന്നതിന് പുറമേ വിഷ്ണുലോകത്തിൽ എത്തുകയും ചെയ്യും. പിന്നെ, പരായണ സ്ഥാനത്തു ഭവാന്‍ അണയണം. അവിടെ എപ്പോഴും സന്നിഹിതനായി വിഷ്ണു വസിക്കുന്നു. അതില്‍ ബ്രഹ്മാദികളായ വാനവന്മാരും, തപോധനരായ ഋഷികളും, ആദിത്യ വസു രുദ്രന്മാരോടു കൂടി ജനാർദ്ദനനെ ഉപാസിക്കുന്നു. അത്ഭുതം കാട്ടുന്ന വിഷ്ണു സാളഗ്രാമം എന്ന പേരിനാല്‍ അവിടെ അറിയപ്പെടുന്നു. ത്രിലോകേശനും വരദനുമായ വിഷ്ണുവിനെ ചെന്നു കണ്ടാല്‍ അശ്വമേധ ഫലം നേടുകയും

വിഷ്ണുലോകം പ്രാപിക്കുകയും ചെയ്യും. അവിടെ സർവ്വ പാപവിനാശകമായ ഒരു കിണറുണ്ട്‌. എന്നും നാലു സമുദ്രങ്ങളും അതില്‍ എപ്പോഴും സന്നിഹിതങ്ങളാണ്‌. അതില്‍ സ്നാനം ചെയ്തവന് പിന്നെ ദുര്‍ഗ്ഗതി ഉണ്ടാകുന്നതല്ല. അവിടെ അവ്യയനും മഹാദേവനുമായ രുദ്രനെ ചെന്നു കാണുന്നതായാല്‍ അവന്‍ മേഘവിമുക്തനായ സോമനെ പോലെ ശോഭിക്കും.

"ജാതിസ്മര" ത്തില്‍ ശുചിയും പ്രയതമാനസനുമായി സ്നാനം ചെയുന്നവന് ജാതിസ്മരത്വം ( മുജ്ജന്മങ്ങളെ കുറിച്ചുള്ള ജ്ഞാനം ) ഉണ്ടാകുമെന്ന കാര്യം നിസ്സംശയമാണ്‌. പിന്നെ മഹേശ്വര പുരത്തില്‍ ചെന്നു വൃഷഭധ്വജനെ പൂജിക്കുക. ഉപവസിച്ച്‌ മഹേശ്വര പൂജ കഴിച്ചാല്‍ എല്ലാ അഭീഷ്ടങ്ങളും അവന്‍ നേടുന്നതാണ്‌. "വാമന" ത്തില്‍ പോയാല്‍ സര്‍വ്വപാപങ്ങളും തീരും. ഹരിയെ ചെന്നു നമസ്കരിച്ചാല്‍ പിന്നെ ദുര്‍ഗ്ഗതി ഉണ്ടാവുന്നതല്ല. പിന്നെ സര്‍വ്വ പാപങ്ങളും ഇല്ലാതാക്കുന്ന കുശികാശ്രമത്തിൽ എത്തുക. മഹാപാപങ്ങള്‍ പോക്കുന്നതായ കൗശികിയില്‍ സ്നാനം ചെയ്താല്‍ രാജസൂയ മഖത്തിന്റെ ഫലം നേടാം. പിന്നെ ഹേ, രാജേന്ദ്രാ, ഉത്തമമായ ചമ്പകാരണ്യത്തില്‍ എത്തുക. അവിടെ ഒരു രാത്രി കഴിച്ചാല്‍ ആയിരം ഗോക്കളെ ദാനം ചെയ്ത ഫലം നേടാം. പരമ ദുര്‍ല്ലഭമായ ജ്യേഷ്ഠില തീര്‍ത്ഥത്തില്‍ പിന്നീടു ചെല്ലുക. ഒരു രാവ്‌ അവിടെ താമസിച്ചാല്‍ ഗോസഹസ്ര ഫലം നേടുന്നതാണ്‌. അവിടെ ദേവിയോടു കൂടി മഹാദ്യുതിയായ വിശ്വേശ്വരന്റെ ദര്‍ശനത്താല്‍ മിത്രാ വരുണന്മാരുടെ ലോകത്തെ പ്രാപിക്കാം. അവിടെ മൂന്നു രാത്രി ഉപവസിച്ചാല്‍ അഗ്നിഷ്ടോമ ഫലം കിട്ടുന്നതാണ്‌. കന്യാ സംവേദ്യത്തില്‍ ചെന്നു നിയതനും, നിയതാശനനുമായി തീര്‍ത്ഥത്തില്‍ മുങ്ങിയാല്‍ മനു പ്രജാപതിയുടെ സ്ഥാനത്ത് എത്തുന്നതാണ്‌. അവിടെ ആ കന്യാ തീര്‍ത്ഥത്തില്‍ അല്പമായ ദാനം ചെയ്താല്‍ പോലും അത്‌ അക്ഷയമായ ദാനമായി ഭവിക്കുമെന്നു സുവ്രതന്മാരായ ഋഷികള്‍ പറയുന്നു.

പിന്നെ മൂന്നു ലോകത്തിലും കേള്‍വി കേട്ട "നിശ്ചിര"യില്‍ ചെല്ലുക. അശ്വമേധ ഫലം നേടി വിഷ്ണു ലോകത്തില്‍ എത്തുന്നതാണ്‌. ഹേ നരശാര്‍ദ്ദുലാ, നിശ്ചിരാ സംഗത്തില്‍ വെച്ചു ദാനം ചെയ്യുന്നവര്‍ക്ക്‌ അനാമയമായ ശക്രലോകം സിദ്ധിക്കുന്നതാണ്‌. മൂന്നു ലോകത്തിലും പ്രസിദ്ധമായ വസിഷ്ഠാശ്രമം അവിടെയാണ്‌. അവിടെ സ്നാനം ചെയ്തവന് വാജപേയ ഫലം സിദ്ധിക്കുന്നതാണ്.

ബ്രഹ്മര്‍ഷികള്‍ സേവിക്കുന്ന ദേവകൂടത്തില്‍ പിന്നെ പോവുക. അവിടെ എത്തിയാല്‍ അശ്വമേധഫലം നേടുകയും കുലത്തെ ഉദ്ധരിക്കുകയും ചെയ്യാം. പിന്നെ കൗശിക മുനിയുടെ തടാകത്തില്‍ ചെല്ലുക. അതിടെയാണ്‌ കൗശിക പുത്രനായ വിശ്വാമിത്രന്‍ പരമസിദ്ധി പ്രാപിച്ചത്‌. കൗശികിയുടെ തീരത്ത്‌ ഒരു മാസം പാര്‍ത്താല്‍ അശ്വമേധത്തിന്റെ പുണ്യം ഒരു മാസം കൊണ്ടു നേടാന്‍ കഴിയും. എല്ലാ തീര്‍ത്ഥത്തിലും വച്ചു ശ്രേഷ്ഠമായ "മഹാഫ്രദ"ത്തെ പ്രാപിച്ചവന്‍ എല്ലാ ദുര്‍ഗ്ഗതിയും നീങ്ങി, അനേകം സ്വര്‍ണ്ണം ദാനം ചെയ്ത ഫലം നേടുന്നതുമാണ്‌. പിന്നെ "വീരാശ്രമ"ത്തില്‍ നിവസിക്കുന്ന കുമാരന്റെ സമീപത്ത് എത്തിയാല്‍ അശ്വമേധ ഫലം കിട്ടുമെന്ന കാര്യം സംശയാതീതമാണ്‌. പിന്നെ ത്രിലോക വിശ്രുതമായ അഗ്നിധാരയില്‍ ചെന്നു സ്നാനം ചെയ്യുക. അതിന് ശേഷം അവ്യയനും മഹാദേവനും വരദനുമായ വിഷ്ണുവെ ദര്‍ശിച്ചാല്‍ അഗ്നിഷ്ടോമ ഫലം നേടാം. പിന്നെ ശൈലരാജ സമീപത്തുള്ള പിതാമഹ സരസ്സിലും ചെല്ലുക. അതില്‍ സ്നാനം ചെയ്യുന്നവന് അഗ്നിഷ്ടോമ ഫലം സിദ്ധിക്കുന്നതാണ്.

പിതാമഹ സരസ്സില്‍ നിന്നാണ്‌ പാവനി നദിയും, മൂന്നു ലോകത്തിലും പ്രസിദ്ധമായ "കുമാരധാര"യും തുടങ്ങുന്നത്‌. അതില്‍ സ്നാനം ചെയ്താല്‍ അവന്‍ കൃതാര്‍ത്ഥനാകും. അവിടെ മൂന്നു ദിവസം ഉപവാസം ചെയ്താല്‍ ബ്രഹ്മഹതൃയും വിട്ടു പോകും. പിന്നെ മഹാദേവിയായ ഗൗരിയുടെ ത്രിലോക പ്രസിദ്ധമായ "ഗൗരീശിഖര" ത്തിൽ എത്തുക. അതു കയറി "സ്തനകുണ്ഡ" ത്തില്‍ എത്തണം. സ്തനകുണ്ഡ സ്നാനം ചെയ്താല്‍ വാജപേയ ഫലം നേടാവുന്നതാണ്‌. അതില്‍ സ്നാനം ചെയ്തു പിതൃ ദേവാര്‍ച്ചന ചെയ്തവന്‍ അശ്വമേധ ഫലം നേടുകയും ഇന്ദ്രലോത്ത് എത്തുകയും ചെയ്യും. ബ്രഹ്മചാരിയും സമാഹിതനുമായി "താമ്രാരുണ" ത്തിൽ എത്തിയാല്‍ അശ്വമേധ ഫലം നേടുകയും ബ്രഹ്മലോകത്ത്‌ എത്തുകയും ചെയ്യാം. അവിടെ "നന്ദിനി"യില്‍ ദേവന്മാര്‍ ഉപാസിക്കുന്ന കൂപത്തില്‍ എത്തിയാല്‍ നരമേധത്തിന്റെ പുണ്യം നേടുന്നതാണ്‌.

കൗശികി, അരുണ എന്നിവയുടെ സംഗമസ്ഥാനമായ കാളികാ സംഗമത്തിൽ എത്തി മൂന്നു രാത്രി ഉപവാസം ചെയ്താല്‍ പാപങ്ങളൊക്കെ അറ്റു പോകുന്നതാണ്‌. പിന്നെ ഉര്‍വ്വശീ തീര്‍ത്ഥത്തില്‍ ചെന്ന്‌ "സോമാശ്രമ" ത്തിലും കുംഭകര്‍ണ്ണാ ശ്രമത്തിലും പോവുക. എന്നാൽ അവന്‍ ഭുമിയില്‍ പുജ്യനായി തീരും.

"കോകാമുഖ"ത്തില്‍ സ്‌നാനം ചെയ്യുന്ന ബ്രഹ്മചാരിയും യത്രവതനുമായ നരന്‍ ജാതിസ്മരത്വം നേടുമെന്നു പണ്ടേ അറിവുള്ളതാണ്‌. "പ്രാങ്നദി" യിലണഞ്ഞ ദ്വിജന്‍ കൃതാത്മാവാകും. സര്‍വ്വപാപങ്ങളും തീര്‍ന്ന്‌ ശക്രലോകത്തില്‍ എത്തും. പിന്നെ മേദ്ധ്യവും, ക്രൗഞ്ചങ്ങളെ ( കൊറ്റി ) നശിപ്പിക്കുന്നതുമായ വൃഷഭ ദ്വീപി ലെത്തുക. അവിടെ സരസ്വതിയില്‍ സ്നാനം ചെയ്താല്‍ അവന്‍ വിമാനത്തില്‍ കയറി വിരാജിക്കും.

പിന്നെ മുനി സേവിതമായ ഔദ്ദാലക തീര്‍ത്ഥത്തിലെത്തുക. അതില്‍ സ്നാനംചെയ്താല്‍ എല്ലാ പാപവും നശിച്ചു പോകുന്നതാണ്‌. ബ്രഹ്മര്‍ഷി സേവിതവും പുണ്യവും ആയ ധര്‍മ്മ തീര്‍ത്ഥത്തില്‍ പോയാല്‍ വാജപേയ ഫലം നേടി വിമാനത്തില്‍ കയറി പൂജ്യനായി ശോഭിക്കും.

85. നാരദവാക്യം - പുലസ്ത്യന്‍ തുടര്‍ന്നു: സന്ധ്യയാകുമ്പോള്‍ ഉത്തമമായ "സംവേദ്യ" തീര്‍ത്ഥത്തില്‍ ചെന്നു ജലസ്പര്‍ശം ചെയ്താല്‍ വിദ്യ ലഭിക്കും; അതില്‍ ഒട്ടും സംശയമില്ല. രാമന്റെ പ്രഭാവം കൊണ്ടു മുമ്പേ തീര്‍ക്കപ്പെട്ടതാണ്‌ "ലാഹിതൃ" തീര്‍ത്ഥം അതില്‍ കുളിച്ചാല്‍ അവന് വളരെ സ്വര്‍ണ്ണം ദാനം ചെയ്ത ഫലം സിദ്ധിക്കും. "കരതോയ"യില്‍ ചെന്നു മൂന്നു രാത്രിഉപവസിക്കുക. എന്നാൽ അശ്വമേധ ഫലം നേടുമെന്നത്‌ പ്രജാപതിയുടെ വിധിയാണ്‌.

പിന്നെ ഗംഗ സമുദ്രവുമായി സംഗമിക്കുന്ന സ്ഥാനത്തു ചെന്ന്‌ സ്നാനം ചെയ്താല്‍ പത്തിരട്ടി അശ്വമേധ ഫലം നേടുന്നതാണ്‌. ഗംഗയുടെ മറുകരയ്ക്കു ചെന്നു സ്നാനം ചെയ്തിട്ട്‌ മൂന്നു രാത്രി ഉപവസിക്കുന്ന മനുഷ്യന്‍ ചെയ്ത പാപമൊക്കെ അറ്റു പോകും. പിന്നെ പാപമൊക്കെ നശിപ്പിക്കുന്ന "വൈതരണി"ക്കു പോകണം. അവിടെ "വിരജതീര്‍ത്ഥ" ത്തില്‍ സ്‌നാനം ചെയ്താല്‍ ചന്ദ്രനെ പോലെ വിരാജിക്കുന്നതാണ്‌. കുലം ശുദ്ധവും പുണ്യവുമാകും. സര്‍വ്വപാപങ്ങളും നശിച്ചു പോകുന്നതുമാണ്‌; കുലത്തെ ശുദ്ധമാക്കുന്നതിന് പുറമെ ഗോസഹസ്ര ഫലം നേടുകയും ചെയ്യും.

"ജ്യോതിരഥി", "ശോണ" എന്നിവയുടെ സംഗമ സ്ഥലത്ത്‌ നിയതനും ശുചിയുമായി, പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും തര്‍പ്പിക്കുന്നവന്‍ അഗ്നിഷ്ടോമ ഫലം നേടുന്നതാണ്‌. ശോണം നര്‍മ്മദയുമായി ചേരുന്നിടത്തുള്ള "വംശഗുല്മ"യില്‍ സ്നാനം ചെയ്തവന് വാജപേയ ഫലം സിദ്ധിക്കുന്നതാണ്‌. കോസലത്തിലെ "ഋഷഭതീര്‍ത്ഥ" ത്തില്‍ ചെന്നു മൂന്നു രാവ്‌ ഉപവസിച്ചാല്‍ വാജപേയ ഫലം സിദ്ധിക്കുന്നതാണ്‌; ഗോസഹസ്ര ദാന ഫലം നേടുകയും കുലത്തെ ഉദ്ധരിക്കുകയും ചെയ്യും. കോസലത്തില്‍ ചെന്ന്‌ "കാലതീര്‍ത്ഥ" ത്തില്‍ കുളിച്ചാല്‍ പതിനൊന്നു കാളകളെ ദാനം ചെയ്ത ഫലം സിദ്ധിക്കും. പിന്നെ "പുഷ്പവതിയി"ല്‍ ചെന്ന്‌ അതില്‍ മുങ്ങിക്കുളിച്ച്‌ മൂന്നു രാത്രി ഉപവസിച്ചാല്‍ ഗോസഹസ്ര ഫലം നേടും; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും. പിന്നെ ബദരികാ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ അവന്‍ ദീര്‍ഘായുഷ് മാനാവുകയും സ്വര്‍ഗ്ഗലോകത്തില്‍ പിന്നീടു ചെന്നു ചേരുകയും ചെയ്യും.

പിന്നെ "ചമ്പ"യില്‍ ഭാഗീരഥീ സ്നാനം ചെയ്തു ദണ്ഡനെ കണ്ടാല്‍ ഗോസഹസ്ര ദാനഫലം നേടുന്നതാണ്‌. പിന്നെ പുണ്യ ശോഭിതമായ "ലപേടിക"യില്‍ എത്തുക. എന്നാൽ വാജപേയ ഫലം നേടുന്നതാണ്‌. ദേവന്മാര്‍ക്കു പോലും അവന്‍ പൂജ്യനായി ഭവിക്കും. ജാമദഗ്ന്യന്‍ അധിവസിച്ചിരുന്ന മഹേന്ദ്രത്തില്‍ ചെന്ന്‌ രാമന്റെ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ അശ്വമേധ ഫലം സിദ്ധിക്കുന്നതാണ്‌. അവിടെ മാതംഗന്റെ കേദാരമെന്ന തിര്‍ത്ഥവുമുണ്ട്‌. ഹേ കുരുശ്രേഷ്ഠാ, അതില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം ലഭിക്കുന്നതാണ്‌. "ശ്രീ" പര്‍വ്വതത്തില്‍ ചെന്ന്‌ നദീതിര സ്നാനം ചെയ്ത്‌ വൃഷഭധ്വജനെ പൂജിച്ചാല്‍ അശ്വമേധ ഫലം ലഭിക്കും.

ശ്രീ പര്‍വ്വതത്തില്‍ മഹാദ്യുതിയായ മഹാദേവന്‍ ദേവിയോടു കൂടി വസിക്കുന്നു; ദേവന്മാരോടു കൂടി ബ്രഹ്മാവും പരമ പ്രീതിയോടെ വസിക്കുന്നു. അവിടെ "ദേവ"മെന്ന തടാകത്തില്‍ ശുദ്ധനും, പ്രയത മാനസനുമായി സ്നാനം ചെയ്താല്‍ അശ്വമേധ ഫലം നേടുകയും മഹത്തായ സിദ്ധി പ്രാപിക്കുകയും ചെയ്യും.

പാണ്ഡൃ ഭൂമിയില്‍ ദേവന്മാര്‍ ഉപാസിക്കുന്ന ഋഷഭം എന്ന പര്‍വ്വതത്തിൽ എത്തിയാല്‍ വാജപേയ ഫലം നേടുകയും സ്വര്‍ഗ്ഗത്തില്‍ സുഖമായി ജീവിക്കുകയും ചെയ്യും.

പിന്നെ അപ്സരസ്ത്രീ ഗണങ്ങള്‍ ചേര്‍ന്ന കാവേരിയിൽ എത്തുക. അതില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം പ്രാപിക്കുന്നതാണ്‌. പിന്നെ സമുദ്ര തീരത്തിലുള്ള കന്യാ തീര്‍ത്ഥത്തില്‍ മുങ്ങുക. ആ ജലം സ്പര്‍ശിക്കുന്നവന്റെ സകല പാപവും നശിക്കുന്നതാണ്‌. പിന്നെ ത്രൈലോകൃ വിദിതമായ ഗോകര്‍ണ്ണത്തിൽ എത്തുക. ഹേ രാജാവേ! കടല്‍ മദ്ധ്യത്തില്‍ സര്‍വ്വ ലോകരാലും നമസ്കരിക്കപ്പെടുന്ന ആ പുണ്യമായ ഗോകര്‍ണ്ണം. അതില്‍ ബ്രഹ്മാദികളായ ദേവന്മാരും, തപോനിധികളായ മുനിമാരും, സിദ്ധചാരണ ഗന്ധര്‍വ്വന്മാരും, മര്‍ത്തൃരും, പന്നഗരും, നദികളും, സാഗരങ്ങളും, പര്‍വ്വതങ്ങളും ഉമേശനായ ഈശ്വരനെ ഉപാസിക്കുന്നു. ഈശാനനനെ കൂപ്പി മൂന്നു രാവ്‌ ഉപവസിച്ചാല്‍ അശ്വമേധ ഫലം നേടുകയും ഗണപത്യ സ്ഥാനം നേടുകയും ചെയ്യും. പ്രന്തണ്ട് രാത്രി അവിടെ പാര്‍ത്താല്‍ ആ നരന്‍ പരിശുദ്ധനായി തീരുന്നതാണ്‌. പിന്നെ ത്രിലോക വിശ്രുതമായ ഗായത്രിയില്‍ ചെല്ലുക. മൂന്നു രാത്രി പാര്‍ത്താല്‍ ഗോസഹസ്ര ഫലം നേടുന്നതാണ്‌. രാജാവേ, അവിടെ അത്ഭുതകരമായ ഒരു കാര്യം ബ്രാഹ്മണര്‍ക്കു സംഭവിക്കുന്നു. ഇത്‌ ബ്രാഹ്മണര്‍ക്കു പ്രത്യക്ഷമായ ദൃഷ്ടാന്തമാണ്‌. അവിടെ ഒരു ബ്രാഹ്മണന്‍ ബ്രാഹ്മണിയില്‍ ജനിച്ചവനായാലും അല്ലെങ്കിലും ഗായത്രി ചൊല്ലിയാല്‍ അപ്പോള്‍ അതു സംഗീതാത്മകമായ ഗാനമായി തീരുന്നു. പക്ഷേ, രാജാവേ, ബ്രാഹ്മണൻ അല്ലാത്തവന് അതു വേണ്ട വിധത്തില്‍ പാടാന്‍ പോലും പറ്റാതെ വരുന്നു. പിന്നെ സംവര്‍ത്ത വിപ്രര്‍ഷിയുടെ ദുര്‍ല്ലഭമായ വാപിയില്‍ ചെല്ലുക. അവിടെ സ്നാനം ചെയ്താല്‍ അഴകും സൗഭാഗ്യവും പ്രാപിക്കുന്നതാണ്‌.

പിന്നെ "വേണ"യ്ക്കു പോയി മൂന്നു രാവ്‌ ഉപവസിച്ചാല്‍ മയിലും, അരയന്നങ്ങളും വഹിക്കുന്ന വിമാനത്തില്‍ അവന്‍ സഞ്ചരിക്കും.

പിന്നെ നിത്യവും സിദ്ധന്മാര്‍ ചെന്നെത്തുന്ന "ഗോദാവരി"യില്‍ എത്തിയാല്‍ ഗോമേധ ഫലം നേടുകയും വാസുകിയുടെ ലോകത്തിൽ എത്തുകയും ചെയ്യുന്നു. വേണാ സംഗമത്തില്‍ കുളിച്ചാല്‍ അശ്വമേധ ഫലം പ്രാപിക്കും. വരദാ സംഗമ സ്നാനത്താല്‍ ഗോസഹ്രസ ഫലം നേടും. ബ്രഹ്മസ്ഥാനത്തു ചെന്ന്‌ മൂന്നു രാത്രി ഉപവസിച്ചാല്‍ സ്വര്‍ഗ്ഗ ലോകത്തില്‍ എത്തും; ഗോസഹസ്ര ദാന ഫലവും കിട്ടുന്നു. "കുശപ്ലവ" ത്തില്‍ ചെന്ന്ഹ്മ ബ്രഹ്മചാരിയും സമാഹിതനുമായി മൂന്നു രാത്രി വ്രതമെടുത്തു സ്നാനം ചെയ്താല്‍ അശ്വമേധ ഫലം പ്രാപിക്കുന്നതാണ്‌.

പിന്നെ "ദേവഹ്രദ"മെന്ന ആരണ്യ ഭൂമിയിലെത്തി കൃഷ്ണ, വേണ എന്നിവയുടെ ജലത്താലുണ്ടായ തീര്‍ത്ഥത്തിലും അതുപോല "ജാതിസ്മര" ഹ്രദത്തിലും സ്‌നാനംചെയ്താല്‍ അവന് മുജ്ജന്മ സ്മരണ ഉണ്ടാകും. അവിടെ നൂറു യാഗം ചെയ്തിട്ടാണ്‌ ദേവരാജാവ്‌ സ്വര്‍ഗ്ഗം കയറിയത്‌. അവിടെ ചെന്നെത്തിയാല്‍ മതി അപ്പോള്‍ തന്നെ അവന് അഗ്നിഷ്ടോമ ഫലം സിദ്ധിക്കും. പിന്നെ "സര്‍വ്വദേവഹ്രദ" ത്തില്‍ സ്നാനം ചെയ്താല്‍ ഗോസഹഫസ്ര ഫലം നേടുകയും ചെയ്യും.

പിന്നെ മഹാപുണ്യമായ "പയോഷ്ണീ" സരസ്സില്‍ ചെന്നു സ്നാനം ചെയ്തു പിതൃ ദേവാര്‍ച്ചന ചെയ്താല്‍ ഗോസഹ്രസ ഫലം സിദ്ധിക്കുന്നതാണ്‌. പിന്നെ പുണ്യമായ ദണ്ഡകാരണ്യ തീര്‍ത്ഥത്തില്‍ ചെന്നു സ്നാനം ചെയ്യുക; ഉടനെ ഗോസഹസ്രഫലം നേടാം. പിന്നെ ശരഭംഗാശ്രമത്തിലും പിന്നെ മഹാത്മാവായ ശുകന്റെ ആശ്രമത്തിലും ചെല്ലുക. എന്നാൽ പിന്നെ അവന് ദുര്‍ഗ്ഗതി പറ്റുകയില്ല; കുലശുദ്ധിയും ഉണ്ടാകും.

പിന്നെ ജാമദഗ്ന്യന്‍ താമസിച്ചിരുന്ന "ശൂര്‍പ്പാരക" ത്തിലെത്തുക. ആ രാമ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ അവന് അനേകം സ്വര്‍ണ്ണം ദാനം ചെയ്ത ഫലം നേടും. പിന്നെ "സപ്തഗോദാവര" സ്നാനം നിയതനും, നിയതാശനനുമായി ചെയ്താല്‍ മഹാപുണ്യം നേടി ദേവലോകത്ത്‌ എത്തുന്നതാണ്‌. പിന്നെ നിയതനും നിയതാശനനുമായി "ദേവപഥ" ത്തിൽ എത്തിയാല്‍ "ദേവസത്ര" ത്തിന്റെ പുണൃഫലം അവന്‍ നേടുന്നതാണ്‌. പിന്നെ ബ്രഹ്മചാരിയും സമാഹിതനുമായി "തുംഗകാരണ്യ" ത്തിലെത്തുക. അവിടെവച്ചാണ്‌ സാരസ്വതന്‍ എന്ന മുനി പണ്ട്‌ ഋഷികളെ വേദങ്ങള്‍ പഠിപ്പിച്ചിരുന്നത്‌. വേദങ്ങളൊക്കെ നശിച്ച കാലത്ത്‌ അംഗിരസ്സിന്റെ പുത്രന്‍ ഋഷികളുടെ ഉത്തരീയം ഇട്ടിരുന്ന്‌ വൃക്തമായി ഉറപ്പിച്ച്‌ ഓംകാരം ഉച്ഛരിച്ച സമയത്ത്‌ അവര്‍ പഠിച്ച വേദങ്ങളെല്ലാം മുനിമാര്‍ക്കു വീണ്ടും ഓര്‍മ്മയില്‍ വന്നു. ഇവിടെ തന്നെയാണ്‌ ഋഷിമാര്‍, ദേവന്മാര്‍, അഗ്നി, വരുണന്‍, പ്രജാപതികള്‍, ഹരി എന്നു പറയപ്പെടുന്ന നാരായണന്‍, മഹാദേവന്‍, ഭഗവാനായ പിതാമഹന്‍ ഇവര്‍ ചേര്‍ന്ന്‌ മഹാദ്യുതിയായ ഭൃഗുവിനെ യാഗം ചെയ്യാന്‍ നിയോഗിച്ചത്‌. അവിടെ ആ മുനിമാര്‍ക്കു വേണ്ടി ഭൃഗു വിധി പ്രകാരം യാഗം ചെയ്തു. അഗ്നിയില്‍ നിയമാനുസൃതം നെയ്യൊഴിച്ചു പൂജിച്ചു യാഗം ചെയ്തു. അതിനു ശേഷം ആ ഋഷികളും, ദേവന്മാരും സ്വന്തം ഭവനത്തിലേക്കു മടങ്ങി പോയി. ആതുംഗക വനത്തില്‍ ചെന്നാല്‍ ആണിനും പെണ്ണിനും ഏതു പാപമുണ്ടെങ്കിലും നശിക്കുന്നതാണ്‌. അവിടെ ഒരു മാസം നിയതനും നിയതാശനനുമായി പാര്‍ക്കുന്നതായാല്‍ ഹേരാജാവേ, അവന്‍ ബ്രഹ്മലോകം പ്രാപിക്കും; കുലത്തെ ഉദ്ധരിക്കുകയും ചെയ്യും. "മേധാവിക" ത്തില്‍ ചെന്നു പിതൃദേവ തര്‍പ്പണം ചെയ്‌താല്‍ അഗ്നിഷ്ടോമ ഫലം നേടുകയും അവന് ബുദ്ധിയും ഓര്‍മ്മയും ഉണ്ടാവുകയും ചെയ്യും.

അവിടെ ലോകവിശ്രുതമായ "കാലഞ്ജര" മെന്ന പര്‍വ്വതമുണ്ട്‌. അതിലുള്ള ദേവസരസ്സില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം സിദ്ധിക്കുന്നതാണ്‌. കര്‍ലഞ്ജരത്തില്‍ സ്നാനം ചെയ്തവന്‍ സ്വര്‍ഗ്ഗ ലോകത്തില്‍ പൂജ്യനായി ഭവിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. പിന്നെ ചിത്രകൂട പര്‍വ്വതങ്ങളില്‍ ചെല്ലുക. അവിടെയുള്ള പാപമൊക്കെ തീര്‍ക്കുന്ന മന്ദാകിനിയില്‍ ചെന്നു സ്നാനം ചെയ്തു പിതൃദേവ തര്‍പ്പണം ചെയ്യുക. എന്നാൽ അശ്വമേധ ഫലം നേടുകയും പരമ സല്‍ഗ്ഗതി പ്രാപിക്കുകയും ചെയ്യും. പിന്നെ അനുത്തമമായ ഭര്‍ത്തൃ സ്ഥാനത്തില്‍ ചെന്നെത്തുക. അതിലാണ്‌ മഹാ സേനാനിയായ ഗുഹന്‍ നിത്യവും അധിവസിക്കുന്നത്‌. അവിടെ ചെന്നാല്‍ പോലും അവന്‍ സിദ്ധനാകും. കോടി തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ ഗോസഹസ്ര ഫലം നേടുകയും ചെയ്യും; പിന്നെ കോടിയെ പ്രദക്ഷിണം വെച്ച്‌ "ജ്യേഷ്ഠസ്ഥാന" ത്തില്‍ എത്തുക. അവിടെ മഹാദേവനെ പ്രണമിച്ചാല്‍ അവന്‍ ചന്ദ്രനെ പോലെ വിരാജിക്കുന്നതാണ്‌. ഹേ ഭരതര്‍ഷഭാ, അവിടെ പ്രസിദ്ധമായ ഒരു കിണറുണ്ട്‌. ആ കിണറ്റില്‍ നാലു സമുദ്രങ്ങളുമുണ്ട്. അതില്‍ സ്നാനം ചെയ്ത്‌ പിതൃ ദേവാര്‍ച്ചന ചെയ്തു നിയതാത്മാവായ നരന്‍ പരമഗതി പ്രാപിക്കുന്നു.

പിന്നെ ശ്രേഷ്ഠമായ "ശൃംഗവേരപുര" ത്തിൽ എത്തുക. അതിലെയാണ്‌ പണ്ടു ദശരഥ പുത്രനായ രാമന്‍ ഗംഗ കടന്നത്‌. ഹേ, മഹാബാഹോ, ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ സകല പാപങ്ങളും നശിച്ചു പോകും. ബ്രഹ്മചാരിയും സമാഹിതനുമായി ഗംഗയില്‍ സ്നാനം ചെയ്താല്‍ പാപങ്ങളൊക്കെ നീങ്ങി വാജപേയ ഫലം നേടുന്നതാണ്‌. പിന്നെ ധീമാനായ ദേവന്റെ സ്ഥാനമായ "മുഞ്ജവട" ത്തിൽ എത്തുക. മഹാ ദേവാന്തികത്തില്‍ ചെന്ന്‌ അഭിവാദ്യം ചെയ്ത്‌ പ്രദക്ഷിണം വെച്ചാല്‍ ഗണപതൃ സ്ഥാനം ലഭിക്കുന്നതാണ്‌. അവിടെ "ജാഹ്നവി" ( ഗംഗാ ) തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ സകല പാപങ്ങളും അറ്റു പോകുന്നതാണ്‌.

പിന്നെ ഋഷികളാല്‍ പ്രകീര്‍ത്തിക്കപ്പെട്ട പ്രയാഗയിലെത്തുക. അതില്‍ ബ്രഹ്മാദികളായ ദേവന്മാരും, പത്തു ദിക്കും ദിഗീശന്മാരും, ലോകപാലകന്മാരും, സാദ്ധൃരും, ലോകസമ്മതരായ പിതൃക്കളും, അംഗിരസ്സ്‌, സനല്‍ക്കുമാരന്‍ മുതലായ മഹര്‍ഷിമാരും, നാഗങ്ങളും, സുപര്‍ണ്ണന്മാരും, സിദ്ധന്മാരും, പുഴകളം, സമുദ്രങ്ങളും, ഗന്ധര്‍വ്വന്മാരും, അപ്സരസ്സുകളും, പ്രജാപതി മുമ്പായി ഭഗവാനായ ഹരിയും വാഴുന്നു. അവിടെ മുന്ന്‌ അഗ്നി കുണ്ഡമുണ്ട്‌. അവയുടെ ഇടയ്ക്ക്‌ ജാഹ്നവി സര്‍വ്വ തീര്‍ത്ഥ ശ്രേഷ്ഠയായി വേഗത്തില്‍ ഒഴുകുന്നു. അവിടെ വെച്ചു തപന പുത്രിയും (സൂര്യ പുത്രി) ലോകപാവനിയും (ലോകം ശുദ്ധമാക്കുന്ന) ത്രിലോക വിശ്രുതയുമായ യമുന ഗംഗയോടു കൂടി ചേരുന്നു. ഗംഗാ യമുനകളുടെ ഇടയ്ക്കുള്ള പ്രദേശം ഭൂമിയുടെ ജഘനമായി കണക്കാക്കുന്നു. അതില്‍ പ്രയാഗ ആ ജഘനത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമായും ധീമാന്മാരായ ഋഷികള്‍ പറയുന്നു.

പ്രയാഗാ, പ്രതിഷ്ഠാനം, കംബളം. അശ്വതരം, ഭോഗവതി എനീ തീര്‍ത്ഥങ്ങള്‍ പ്രജാപതിയുടെ വേദികളാണ്‌. അവിടെ വേദങ്ങള്‍, യജ്ഞങ്ങള്‍ എന്നിവ മൂര്‍ത്തീകരിച്ച്‌ തപോധനരായ ഋഷികളോടൊപ്പം ബ്രഹ്മാവിനെ ഉപാസിക്കുന്നു. ദേവന്മാരും ച്രകവര്‍ത്തിമാരും അവിടെ യജ്ഞങ്ങള്‍ ചെയ്യുന്നു. പക്ഷേ, പ്രയാഗയാണ്‌ ഈ തീര്‍ത്ഥങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത്‌. മൂന്നു ലോകത്തിലുമുള്ള എല്ലാ തീര്‍ത്ഥങ്ങളേക്കാളും മേലെയാണ്‌ പ്രയാഗ എന്നു പണ്ഡിതര്‍ പറയുന്നു. ആ തീര്‍ത്ഥത്തില്‍ ചെല്ലുകയോ ആ പേരു സങ്കീര്‍ത്തനം ചെയ്യുകയോ അവിടത്തെ മണ്ണ്‌ അല്പം എടുക്കുകയോ ചെയ്താല്‍ പാപം വിട്ടൊഴിയുന്നതാണ്‌. ആ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്താല്‍ ലോക വിശ്രുതൻ ആവുകയും രാജസൂയാശ്വ മേധങ്ങളുടെ ഫലം നേടുകയും ചെയ്യും. ഇതാണ്‌ ദേവകള്‍ക്കുള്ള ശുദ്ധമായ യജ്ഞഭൂമി. അതില്‍ വെച്ച്‌ അല്പമായി ചെയ്യുന്ന ദാനം പോലും മഹത്തായി തീരുന്നു. വേദ വചനത്താലും ലോകരുടെ വാക്കാലും പ്രയാഗയില്‍ വെച്ച്‌ മരിക്കണമെന്ന നിന്റെ ആഗ്രഹത്തില്‍ നിന്നും നീ വ്യതിചലിക്കാതിരിക്കട്ടെ!

അറുപതു കോടി പതിനായിരം തീര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടെന്നാണ്‌ കുരുനന്ദനാ, വിദ്വാന്മാര്‍ പറയുന്നത്‌. ചതുര്‍വിദ്യന് ലഭിക്കുന്ന പുണ്യവും, സത്യവാദിക്കു ലഭിക്കുന്ന പുണ്യവും ഈ ഗംഗാ യമുനാ സംഗമ സ്നാനത്തില്‍ നിന്നു തന്നെ ലഭിക്കുന്നതാണ്‌. അതില്‍ തന്നെയാണ്‌ ഭോഗവതി എന്ന വാസുകീ തീര്‍ത്ഥം. അതില്‍ സ്‌നാനം ചെയ്യുന്നവന് അശ്വമേധ ഫലം സിദ്ധിക്കുന്നതാണ്‌; മുന്നു ലോകത്തിലും പ്രസിദ്ധമായ ഗംഗയിലെ "ഹംസപതന" മെന്ന തീര്‍ത്ഥം അവിടെ തന്നെയാണ്‌. അതില്‍ സ്നാനം ചെയ്താല്‍ പത്ത്‌ അശ്വമേധ യജ്ഞത്തിന്റെ ഫലം ലഭിക്കും. കുരുക്ഷേത്ര ഗമനത്തിന് തുലുമാണ്‌ ഗംഗയിലെവിടെ സ്നാനം ചെയ്താലും ഉള്ള ഫലം. കനഖലയില്‍ തീര്‍ത്ഥസ്നാനം ചെയ്യുന്നതു മാത്രമാണ്‌ ഈ തത്വത്തില്‍ നിന്നും വിഭിന്നമായത്‌ ( അതായത്‌ ഗംഗയിൽ എവിടെയെങ്കിലും സ്നാനം ചെയ്താല്‍, കുരുക്ഷേത്രത്തിലെ കനഖല എന്ന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുന്നതിന് തുല്യമാകയില്ല എന്ന് ). പക്ഷേ, പ്രയാഗയുടെ മഹത്വം മറ്റൊരു തീര്‍ത്ഥത്തിനുമില്ല. നൂറു ദുഷ്കര്‍മ്മം ചെയ്ത ശേഷം ഗംഗാ സ്നാനം ചെയ്താല്‍ അതൊക്കെ ഗംഗ അഗ്നി വിറകിനെ എന്ന പോലെ ദഹിപ്പിക്കും. എല്ലാ തീര്‍ത്ഥങ്ങളും കൃതയുഗത്തില്‍ പുണ്യമാണ്‌. ത്രേതാ യുഗത്തില്‍ ശ്രേഷ്ഠം പുഷ്കരം മാത്രമാണ്‌. ദ്വാപരത്തില്‍ പുണ്യമായത്‌ കുരുക്ഷേത്രമാണ്‌. കലിയുഗത്തില്‍ പുണ്യമായത്‌ ഗംഗ മാത്രമാണ്‌ എന്നു പറയപ്പെടുന്നു.

"പുഷ്കര" ത്തില്‍ തപസ്സു ചെയ്യുക. "മഹാലയ" ത്തില്‍ ദാനം ചെയ്യുക! "മലയപര്‍വ്വത" ങ്ങളില്‍ ചിതയില്‍ കയറണം. "ഭൃഗുതുംഗ" ത്തില്‍ ഉപവസിച്ച്‌ ജീവന്‍ വെടിയണം. പുഷ്കരം, കുരുക്ഷേത്രം, ഗംഗാ സംഗമങ്ങള്‍ എന്നീ തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്താൽ മേലോട്ടും കീഴോട്ടും ഏഴു തലമുറ പരിശുദ്ധി പ്രാപിക്കും. ഗംഗയെ പ്രകീര്‍ത്തിച്ചാല്‍ പാപം തീരും; കണ്ടാല്‍ അഭിവൃദ്ധി ഉണ്ടാകും; സ്നാനം ചെയ്താലും അതിലെ വെള്ളം കുടിച്ചാലും ഏഴു തലമുറ മേലോട്ടും കീഴോട്ടും ശുദ്ധമാകും.

മനുഷ്യന്റെ അസ്ഥി ഗംഗാജലം തൊട്ടു കിടന്നാല്‍ ആ കാലമൊക്കെ ആ മര്‍ത്ത്യന്‍ സ്വര്‍ഗ്ഗത്തില്‍ പൂജ്യനായി ഭവിക്കുന്നതാണ്‌. പുണ്യ സ്ഥലങ്ങളിലേക്കും. പുണ്യ തീര്‍ത്ഥങ്ങളിലേക്കും തീര്‍ത്ഥാടനം ചെയ്ത്‌ പുണ്യം നേടിയവന്‍ എങ്ങനെയോ അതു പോലെ ഗംയയ്ക്കു തുല്യമായി തിര്‍ത്ഥങ്ങളില്ല, കേശവന് മേലെയായി ദേവന്മാരില്ല, ബ്രാഹ്മണരേക്കാള്‍ മേലെയായി ആരുമില്ല, എന്ന് പിതാമഹന്‍ പറഞ്ഞിട്ടുണ്ട്‌. ഗംഗയുള്ളേടമൊക്കെ തപോവനങ്ങളായി കണക്കാക്കണം. അതു പോലെ ഗംഗാ തീരത്തുള്ള സ്ഥലങ്ങളൊക്കെ തീര്‍ത്ഥങ്ങളുമാണ്‌. അവയൊക്കെ സിദ്ധി ക്ഷേത്രങ്ങളാണെന്നു കരുതണം. ഈ സത്യത്തെ ( തീര്‍ത്ഥങ്ങളെക്കുറിച്ചുള്ള ) ദ്വിജന്മാര്‍ക്കും. സാധുക്കള്‍ക്കും, മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ശിഷ്യന്മാര്‍ക്കും ആശ്രിതര്‍ക്കും മാത്രം ചെവിയില്‍ ഉപദേശിക്കുക. ഇതു ധന്യമാണ്‌, മേദ്ധ്യമാണ്‌, സ്വര്‍ഗ്യവുമാണ്‌, ഉത്തമവുമാണ്‌; ഇതു പുണ്യമാണ്‌, രമൃമാണ്‌. മഹര്‍ഷികള്‍ക്ക് അറിയാവുന്ന ഇത്‌ സര്‍വ്വപാപ വിനാശകമായ ഉത്തമ ധര്‍മ്മൃവുമാണ്‌. ദ്വിജ മദ്ധ്യത്തില്‍ ഇതു പറഞ്ഞാല്‍ നിര്‍മ്മലനായി അവന്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌. ഹേ ശ്രീമന്‍. ഇത്‌ ശ്രീമത്തായ പുണൃ സ്വര്‍ഗ്ല്യമാണ്‌; ശത്രു വിനാശകമാണ്‌. ശിവമാണ്‌, ബുദ്ധി വര്‍ദ്ധിപ്പിക്കുന്നതാണ്‌. എല്ലാ കീര്‍ത്തനങ്ങളുടെയും അഗ്രിമസ്ഥാനം അര്‍ഹിക്കുന്നതാണ്‌ തീര്‍ത്ഥങ്ങളുടെ കീര്‍ത്തനം. തീര്‍ത്ഥങ്ങളെ കീര്‍ത്തിക്കുന്നവന്‍ പുത്രനില്ലാത്തവൻ ആണെങ്കില്‍ അവന് പുത്രലാഭ മുണ്ടാകും. ദരിദ്രന് ധനമുണ്ടാകും; രാജാവിന് ഭൂമി മുഴുവന്‍ വിജയിക്കുവാന്‍ സാധിക്കും; വൈശ്യന്‍ ധനികനാകും; നിത്യവും ശുചിയായി തീര്‍ത്ഥ കീര്‍ത്തനം ശ്രവിച്ചാല്‍ അവന് പല മുജ്ജന്മ സ്മരണകളും ഉണ്ടാകും; നാകലോകം നേടി സുഖിക്കും.

ഈ പറഞ്ഞ തീര്‍ത്ഥങ്ങളില്‍ പലതിലും എളുപ്പത്തില്‍ ചെല്ലാവുന്നതാണ്‌; എന്നാൽ പലതും ദുഷ്കരവുമാണ്‌. പക്ഷേ, തീര്‍ത്ഥാടനം, ഇവയിലെല്ലാം ഇച്ഛിക്കുന്നവന്‍ മനസ്സു കൊണ്ടെങ്കിലും അങ്ങോട്ടു പൊയ്ക്കൊള്ളുക. ഇതൊക്കെ വസുക്കളും, സാദ്ധ്യന്മാരും, ആദിത്യന്മാരും, മരുത്തുക്കളും, അശ്വിനികളും, ദേവതുല്യരായ ഋഷി ശ്രേഷ്ഠന്മാരും പുണ്യലബ്ധിക്കു വേണ്ടി സ്നാനം ചെയ്തിട്ടുള്ളതാണ്‌. ഇപ്രകാരം ഹേ കൗരവ്യാ, സുവ്രതനായ ഭവാന്‍ ഞാന്‍ പറഞ്ഞ വിധി പ്രകാരം തിര്‍ത്ഥയാത്ര കഴിക്കുക. ഭവാന്‍ പുണ്യവും, പുണ്യം വര്‍ദ്ധിപ്പിക്കുന്നതുമായ തീര്‍ത്ഥസേവ ചെയ്യുക. ഭവാന്‍ നിയതനായി ഈശ്വര വിശ്വാസത്തോടെ വേദോക്ത പ്രകാരം ആ തിര്‍ത്ഥങ്ങളിൽ എത്തുക. ശാസ്ത്രം അറിയുന്നവരും, ശുദ്ധമാനസരും. സുവ്രതരുമായ സല്‍പുരുഷന്മാര്‍ക്കെല്ലാം ആ തീര്‍ത്ഥങ്ങളെയെല്ലാം പ്രാപിക്കാം.

വ്രതം എടുക്കാത്തവനും മനോനിയ്രന്തണം ഇല്ലാത്തവനും, അശുദ്ധനും, തസ്കരനും, വക്ര ബുദ്ധിയും ആയവന്‍ തീര്‍ത്ഥ സ്നാനം ചെയ്യുന്നതു വെറുതെയാണ്‌. വിശ്വാസം ഇല്ലാത്തവന് ഫലം സിദ്ധിക്കയില്ല. എന്നും ധര്‍മ്മാര്‍ത്ഥ ദര്‍ശിയും ശുദ്ധ മാനസനുമായ ഭവാന്‍ അങ്ങയുടെ ധര്‍മ്മത്താല്‍ പിതൃ പൈതാ മഹന്മാരേയും, പ്രപിതാ മഹരേയും, പിതാ മഹാദികളായ ദേവന്മാരേയും, ഋഷി ഗണങ്ങളേയും നിന്റെ ധര്‍മ്മാചരണം മൂലം സന്തുഷ്ടരാ ക്കിയിട്ടുണ്ട്‌. അതിനാല്‍ വാസവോപമനായ ഭവാന്‍ വസുക്കളുടെ ലോകങ്ങളില്‍ ചെല്ലും. ഭൂമിയില്‍ എന്നും നില നിൽക്കുന്ന കീര്‍ത്തിയും മഹാമതിയായ ഭീഷ്മാ! ഭവാന്‍ നേടും.

നാരദന്‍ പറഞ്ഞു: ഇപ്രകാരം ഭീഷ്മനോടു പ്രീതിയോടെ പുലസ്ത്യന്‍ യാത്ര പറഞ്ഞ്‌ സസന്തോഷം അപ്പോള്‍ അവിടെ തന്നെ മറയുകയും ചെയ്തു. ഹേ കുരുശാര്‍ദ്ദൂലാ! ശാസ്ത്ര തത്വങ്ങളുടെ അര്‍ത്ഥം കണ്ടവനായ ഭീഷ്മൻ പുലസ്ത്യന്റെ ഉപദേശം അനുസരിച്ച്‌ ഭൂമി ചുറ്റി സഞ്ചരിക്കുകയും ചെയ്തു. ഇപ്രകാരം സര്‍വ്വ പാപ വിമോചകവും മഹാ പുണ്യവുമായ തീര്‍ത്ഥങ്ങളെല്ലാം യഥാക്രമം കണ്ട്‌ പ്രയാഗയിലെത്തി മഹാഭാഗനായ ഭീഷ്മൻ തന്റെ തീര്‍ത്ഥയാത്ര അവസാനിപ്പിച്ചു. ഇപ്രകാരം യഥാവിധി ഒരുവന്‍ ഭൂമി ചുറ്റുന്നതായാല്‍ നൂറില്‍പ്പരം അശ്വമേധം ചെയ്തവന് ലഭിക്കുന്ന ഫലം സിദ്ധിക്കുന്നതാണ്‌. മോക്ഷം സിദ്ധിക്കുകയും ചെയ്യുന്നു. ഹേ പാര്‍ത്ഥാ! ഭവാനും അഷ്ട ഗുണങ്ങളായ ഉത്തമ ധര്‍മ്മത്തെ കുരുപ്രവരനായ ഭീഷ്മൻ പണ്ടു നേടിയ വിധം നേടുക. ഭവാന്‍ ഈ ഋഷികളെയൊക്കെ കൊണ്ടു പോവുകയാണെങ്കില്‍ ഭവാനു ലഭിക്കുന്ന പുണ്യം അതിനേക്കാൾ ഉപരിയായിരിക്കും. രാക്ഷസന്മാര്‍ ഈ തീര്‍ത്ഥങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കും. അതിനാല്‍ രാജാക്കന്മാരില്‍ നിനക്കൊഴികെ മറ്റാര്‍ക്കും അവിടെയൊക്കെ പോകുവാന്‍ കഴികയില്ല. ദേവര്‍ഷികളാല്‍ നിര്‍മ്മിതമായ ഈ സര്‍വ്വ തീര്‍ത്ഥങ്ങളെയും കുറിച്ചുള്ള കീർത്തനം എന്നും കാലത്ത് ഉണര്‍ന്നു ചൊല്ലുന്നവന് എല്ലാ പാപവുംഅറ്റു പോകും. ഋഷി മുഖ്യന്മാരായ വാല്മീകി, കാശ്യപന്‍, ആത്രേയന്‍, കുണ്ഡജഠരന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, അസിതന്‍, ദേവലന്‍, മാര്‍ക്കണ്ഡേയന്‍, ഗാലവന്‍, ഭരദ്വാജന്‍, വസിഷ്ഠന്‍, ഉദ്ദാലകന്‍, മകനോടു കൂടി ശൗനകന്‍, തപസ്വികളില്‍ ശ്രേഷ്ഠനായ വ്യാസന്‍, മുനിശ്രേഷ്ഠനായ ദുര്‍വ്വാസാവ്‌, മഹാതപസ്വിയായ ജാബാലി തപോധനരായ ഈ ഋഷിവരന്മാരെല്ലാം നിന്നെ പ്രതീക്ഷിച്ചിരിക്കുന്നു. ഇവരെയെല്ലാം മഹാരാജാവേ! ഭവാന്‍ തീര്‍ത്ഥങ്ങളില്‍ കണ്ടുമുട്ടും. ഇപ്പോള്‍ മഹാതേജസ്വിയായ ലോമശ മഹര്‍ഷി നിന്റെ സമീപത്ത് എത്തുന്നതാണ്‌. അദ്ദേഹത്തേയും എന്നെയും ഭവാന്‍ അനുഗമിക്കുക. പിന്നെ യഥാക്രമം പുണ്യ തീര്‍ത്ഥങ്ങളിൽ എല്ലാം ചെല്ലുക. നീ മഹാഭിഷനെ പോലെ മഹാകീര്‍ത്തി നേടുകയും ചെയ്യും. ധര്‍മ്മാത്മാവായ യയാതിയെ പോലെയും, പുരുരവസ്സിനെ പോലെയും ഹേ, രാജശാര്‍ദ്ദൂല! നീ സ്വന്തം ധര്‍മ്മത്താല്‍ വളരെ ശോഭിക്കും. ഭഗീരഥനെ പോലെയും, വിശ്രുതനായ ശ്രീരാമനെ പോലെയും നീ രാജാക്കന്മാരുടെ മദ്ധ്യത്തില്‍ സൂര്യനെ പോലെ ശോഭിക്കും. മനുവിനെ പോലെയും, ഇക്ഷ്വാകുവിനെ പോലെയും, പൂരുവിനെ പോലെയും, വൈന്യുവിനെ പോലെയും ഭവാന്‍ വിശ്രുതനാണ്‌.

വൃത്രാരി പണ്ട്‌ എങ്ങനെ ശത്രുവര്‍ഗ്ഗത്തെ മുടിച്ച്‌ ക്ലേശം നീങ്ങി. പാലിച്ചുവോ, അപ്രകാരം, നീ മൂന്നു ലോകങ്ങളും ശത്രുക്ഷയം ചെയ്ത്‌ പ്രജാപാലനം ചെയ്യും. ഹേ, രാജീവ ലോചനാ, സ്വധര്‍മ്മാനുസൃതം മുഴുവന്‍ ഭൂമി നേടി ഭവാന്‍ കാര്‍ത്ത വീര്യാ ര്‍ജ്ജുനനെ പോലെ ധര്‍മ്മത്താല്‍ ഖ്യാതി നേടുന്നതാണ്‌.

വൈശമ്പായനൻ തുടര്‍ന്നു: ഇപ്രകാരം നാരദ ഭഗവാന്‍ യുധിഷ്ഠിരനെ ആശ്വസിപ്പിച്ച്‌ രാജാനു ജ്ഞയോടെ അവിടെ തന്നെ അന്തര്‍ദ്ധാനം ചെയ്തു. ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ അതു തന്നെ ചിന്തിച്ച്‌, തീര്‍ത്ഥ യാത്രയിലുള്ള പുണ്യത്തെ കുറിച്ച്‌ ഋഷിമാരോടു പ്രകീര്‍ത്തിച്ചു തുടങ്ങി.

86. ധൗമൃ തീര്‍ത്ഥയാത്ര - വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ ഭ്രാതാക്കളുടേയും, ധീമാനായ നാരദന്റേയും അഭിപ്രായം മനസ്സിലാക്കി പിതാമഹ തുല്യനായ ധൗമൃനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: എന്റെ അഭിപ്രായമനുസരിച്ച്‌ നരവ്യാഘ്രനായ ജിഷ്ണു ദിവ്യാസ്ത്രങ്ങള്‍ നേടുവാന്‍ പോയിരിക്കയാണല്ലോ. മഹാ ബാഹുവായ അവന്‍ സമര്‍ത്ഥനും, സ്നേഹ ശീലനും, തപോധനനുമാണ്‌. അസ്ത്ര പ്രയോഗത്തില്‍ സത്യ പരാക്രമിയായ അവന്‍ സമര്‍ത്ഥനും വാസുദേവോ പമനുമാണ്‌. എനിക്കു വിക്രാന്തരായ അവരെ രണ്ടു പേരെയും മഹാനായ വ്യാസൻ അറിയുന്നതു പോലെ അറിയാം. കൃഷ്ണ ധനഞ്ജയന്മാര്‍ ആറു ഗുണങ്ങളും ചേര്‍ന്ന പുണ്ഡരീ കാക്ഷനല്ലാതെ മറ്റാരുമല്ല. നാരദനും ഇക്കാര്യം നന്നായി അറിയാം. അദ്ദേഹവും എന്നോടിതു പറഞ്ഞിട്ടുണ്ട്‌. നരനാരായണ ഋഷികളാണ്‌ അവരെന്ന്‌ ഞാന്‍ അറിയുന്നുണ്ട്‌. അവന്‍ ശക്തനാണെന്ന് അറിഞ്ഞിട്ടാണ്‌ ഞാന്‍ അവനെ പറഞ്ഞയച്ചത്‌. ഇന്ദ്രതുല്യനും ശക്ര പുത്രനുമായ അവനെ, സുരാധിപനില്‍ നിന്ന്‌ അസ്ത്രം ലഭിക്കുവാന്‍ കഴിവുള്ളവൻ ആണ് എന്നറിഞ്ഞിട്ടാണ്‌ അയച്ചത്‌.

ഭീഷ്മനും ദ്രോണനും അതിരഥന്മാരാണ്‌. കൃപനും ദ്രോണ പുത്രനും ദുര്‍ജ്ജയന്മാരാണ്‌. മഹാരഥന്മാരായ ഇവരെ തന്റെ സഹായത്തിനായി ധൃതരാഷ്ട്ര പുത്രന്‍ യുദ്ധത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏല്‍പിച്ചിരിക്കുന്നു. അവര്‍ എല്ലാവരും വേദജ്ഞന്മാരും ശൂരന്മാരും സര്‍വ്വാസ്ത്ര നിപുണന്മാരുമാണ്‌. അവരെല്ലാം പാര്‍ത്ഥനുമായി പൊരുതുവാന്‍ കാത്തിരിക്കുന്ന മഹാബലന്മാരാണ്‌. ദിവ്യാസ്ത്ര വിജ്ഞനായ സൂതപുത്രന്‍ കര്‍ണ്ണന്‍ മഹാരഥനാണ്‌. അവന്‍ അസ്ത്ര വേഗത്തില്‍ വായുവിന് തുല്യം ശക്തി ഉള്ളവനാണ്‌. അഗ്നിയാകുന്ന അവന്‍ അസ്ത്രമാകുന്ന തീനാമ്പുകളോടെ യുദ്ധരംഗത്തിലെ പൊടിപടലമാകുന്ന പുകയില്‍ ധൃതരാഷ്ട്ര പുത്രന്മാരുടെ പ്രേരണയാകുന്ന കാറ്റിന്റെ സഹായത്താല്‍ യുഗാന്തത്തിലെ അന്തകനെ പോലെ ഉജ്ജ്വലിച്ച്‌ എന്റെ സൈന്യമാകുന്ന ഉണക്കപ്പുല്ലിനെ ദഹിപ്പിക്കും. അര്‍ജ്ജുനനാകുന്ന വീരനായ കാര്‍മേഘം മാത്രമേ കൃഷ്ണനാകുന്ന കാറ്റിന്റെ സഹായത്താല്‍, ദിവ്യാസ്ത്രങ്ങളാകുന്ന ഭീകരമായ ഇടിമിന്നലോടും, വെള്ളക്കുതിരകളാകുന്ന അതിനടിയില്‍ പറക്കുന്ന വെള്ളില്‍പ്പക്ഷി സമൂഹങ്ങളോടും, അതിന് മീതെ അത്യുഗ്രമായ ഗാണ്ഡീവമാകുന്ന ഇന്ദ്രധനുസ്സോടും (മഴവില്ല്‌) കൂടി സുദീപ്തമായ കര്‍ണ്ണനാകുന്ന ഘോരാഗ്നിയെ ക്രോധത്തോടെ ഇടതടവില്ലാതെ ശരവര്‍ഷമാകുന്ന വര്‍ഷം ചൊരിഞ്ഞു കെടുത്താന്‍ ശക്തമാകു! പരപുരഞ്ജയനായ ബീഭത്സു ശക്രനില്‍ നിന്നും ദിവ്യാസ്ത്രങ്ങളൊക്കെ സമ്പാദിക്കും. അവര്‍ക്കെല്ലാം ഈ ഒരുത്തന്‍ മതിയെന്നാണ്‌ എന്റെ വിശ്വാസം. അതല്ലെങ്കില്‍ കൃതാസ്ത്രരായ ആ ശത്രുക്കളെ യുദ്ധത്തില്‍ ഒന്നിച്ചു തോല്പിക്കുക എന്നത്‌ അസാദ്ധ്യമായ കാര്യമാണ്‌.

എല്ലാ ദിവ്യാസ്ത്രങ്ങളും നേടിയ ശത്രുജിത്തായ ബീഭത്സുവെ നമുക്കു കാണാന്‍ കഴിയും. എന്തെന്നാല്‍, ഒരു കാര്യം ഏറ്റെടുത്താല്‍ പിന്നെ അതിന്റെ ഭാരം താങ്ങാനാവില്ലെന്നു കരുതി അവന്‍ ഒരിക്കലും പിന്‍തിരികയില്ല; തീര്‍ച്ചയാണ്‌. ആ വീരന്റെ അസാന്നിദ്ധ്യം മൂലം ഈ കാമ്യകവനം, കൃഷ്ണയടക്കം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ശാന്തി നല്‍കുന്നില്ല. ഭവാന്‍ ഒരു കാര്യം ചെയ്യണം. ഫലമൂലങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും ധാരാളമുള്ളതും, പുണ്യകര്‍മ്മ സേവിതവും, രമൃവുമായ മറ്റൊരു കാടു കാട്ടിത്തരിക. പുണ്യവാന്മാര്‍ക്കു പാര്‍ക്കുവാന്‍ പറ്റുന്ന ഒരു സ്ഥലം തിരഞ്ഞു പിടിച്ച്‌ വീരനും സത്യ വിക്രമനുമായ അര്‍ജ്ജുനന്‍ വരുന്നതും കാത്ത്‌, വൃഷ്ടികാമ (വേഴാമ്പല്‍, കര്‍ഷകന്‍ എന്നും ) മഴക്കാര്‍ കാക്കുന്നതു പോലെ കാത്തിരിക്കുക.

ദ്വിജന്മാര്‍ക്കു പ്രവേശനമുള്ളതും അവര്‍ പറഞ്ഞു കേട്ടതുമായ ആശ്രമങ്ങളെ പറ്റിയും നദികളെ പറ്റിയും സരസ്സുകളെ പറ്റിയും രമണീയമായ പര്‍വ്വതങ്ങളെ പറ്റിയും ഹേ, ബ്രാഹ്മണാ. ഭവാന്‍ പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഹേ, ബ്രാഹ്മണാ, എന്റെ മനസ്സിന് യാതൊരു ശാന്തിയും ലഭിക്കുന്നില്ല. അര്‍ജ്ജുനനെ കൂടാതെ ഈ കാമൃക വനത്തില്‍ പാര്‍ക്കുവാന്‍ ഞങ്ങളിഷ്ടപ്പെടുന്നില്ല. നമുക്കു മറ്റെഠരു സ്ഥലത്തേക്കു പോകാം.

87. ധൗമൃ തീര്‍ത്ഥയാത്ര - കിഴക്ക്‌ - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാരെല്ലാം ദീനമാനസരും ഉത്സാഹ ശൂന്യരുമായി നില്ക്കുന്നതു കണ്ട്‌ ബൃഹസ്പതിക്കു തുല്യനായ ധൗമൃന്‍ അവരെ സാന്ത്വനം ചെയ്തു പറഞ്ഞു.

ധൗമ്യന്‍ പറഞ്ഞു: ബ്രാഹ്മണര്‍ അംഗീകരിച്ചിരിക്കുന്ന പുണ്യാശ്രമങ്ങളും ദേശങ്ങളും തീര്‍ത്ഥങ്ങളും ശൈലങ്ങളും ഞാന്‍ പറയാം. ഹേ! യുധിഷ്ഠിരാ, അവയെപ്പറ്റി കേട്ടാല്‍ ഭവാന്റെ ശോകമൊക്കെ തീരും, ഭ്രാതാക്കളോടും ദ്രൗപദിയോടും കൂടി അവ കേള്‍ക്കുക. അവയെപ്പറ്റി കേട്ടാല്‍ തന്നെ ഭവാന്‍ പുണ്യവാനാകും.

അവയില്‍ പ്രവേശിച്ചാല്‍ നൂറിരട്ടി പുണ്യം ലഭിക്കുകയും ചെയ്യും. ഹേ! നരോത്തമാ, രാജര്‍ഷികള്‍ സേവിക്കുന്ന പൂര്‍വ്വ ദിക്കിലുള്ളവയെപ്പറ്റി എന്റെ ഓര്‍മ്മ പോലെ ആദ്യമായി പറയാം. ദേവര്‍ഷികള്‍ വളരെ മാനിക്കുന്നതാണ്‌ നൈമിഷം. അതില്‍ ദേവന്മാര്‍ക്കു വെവ്വേറെ അനേകം പുണൃ തീര്‍ത്ഥങ്ങളുണ്ട്‌. പുണ്യവും, രമ്യവുമായ ഗോമതി, ദേവന്മാരുടെ യജ്ഞഭൂമിയും സൂര്യദേവന്റെ മേധ സ്ഥലവുമാണ്‌ (യാഗത്തിനായി മൃഗങ്ങളെ കൊല്ലുന്ന സ്ഥലം). പുണ്യവും, രാജര്‍ഷി സേവിതവും, ഗിരി ശ്രേഷ്ഠനുമായ ഗയപര്‍വ്വതം അവിടെ തന്നെയാണ്‌. അവിടെ തന്നെയാണ്‌ ശിവവും, രാജര്‍ഷികള്‍ ഉപാസിക്കുന്നതുമായ ബ്രഹ്മസരസ്സ്‌. ഇതിനെപ്പറ്റി പണ്ടുള്ളവര്‍ ഇങ്ങനെ പറയാറുണ്ട്‌. ആരും അനേകം പുത്രന്മാർ ഉണ്ടാകുവാന്‍ ആഗ്രഹിക്കണം; എന്തെന്നാല്‍ അവരിൽ ഒരാളെങ്കിലും ഗയയില്‍ തീര്‍ത്ഥാടനത്തിന് പോയേക്കോം. അശ്വമേധം ചെയ്യുക, ഒരു നീല വൃഷഭത്തെ ദാനം ചെയ്യുക. എന്നിവയിൽ ഏതെങ്കിലും ഒന്നു ചെയ്യുകയും ആകാം. അങ്ങനെ ചെയ്താല്‍ പത്തു തലമുറ കീഴും മേലും ധരിക്കുകയും ചെയ്തേക്കാം. അവിടെ മഹാനദിയും ഗയ ശിരസ്സുമുണ്ട്‌. വിപ്രന്മാര്‍ അവിടെയുള്ള പുണ്യവും അക്ഷയവുമായ ഒരു വടവ്യക്ഷത്തെ വാഴ്ത്തുന്നു. ഇവിടെ വെച്ച്‌ പിതൃക്കള്‍ക്കു നല്കുന്ന അന്നം അക്ഷയമായി തീരുന്നു. അതിനാല്‍ ഫല്‍ഗു എന്ന പേരിലാണ്‌ അവിടെ മഹാനദി അറിയപ്പെടുന്നത്‌. ഹേ, ഭരതര്‍ഷഭാ, അവിടെയാണു ഫലമൂലങ്ങള്‍ ധാരാളമുള്ള കൗശികി. അവിടെ വെച്ചാണ്‌ വിശ്വാമിത്രന്‍ ബ്രാഹ്മണത്വം നേടിയത്‌. അതേ ഭാഗത്തു തന്നെയുള്ള പുണ്യമായ ഗംഗാ തീരത്തു വെച്ചാണ്‌ ഭഗീരഥന്‍ അനേകം ദക്ഷിണയോടു കൂടിയ യജ്ഞങ്ങള്‍ പലതും ചെയ്തത്‌. പാഞ്ചാല രാജ്യത്തില്‍ ഉല്പലമെന്ന വനമുണ്ട്‌. കൗശിക വംശജനായ വിശ്വാമിത്രന്‍ പുത്രനോടു കൂടി അവിടെയാണ് യാഗം ചെയ്തത്‌, ഭഗവാന്‍ ജാമദഗ്ന്യന്‍ കൗശികനായ വിശ്വാമിത്രന്റെ ആ അതിമാനുഷമായ കര്‍മ്മത്തിന്റെ വിഭൂതി (യാഗത്തിന്റെ അവശിഷ്ടങ്ങള്‍) കാണുകയാല്‍ ആ വംശത്തെ പ്രകീര്‍ത്തിച്ചു. കന്യാകുബ്ജത്തില്‍ ഇന്ദ്രനുമൊത്തു വിശ്വാമിത്രന്‍ സോമപാനം ചെയ്തു. പിന്നെ കൗശികന്‍ ക്ഷാത്രം ഉപേക്ഷിച്ച്‌ ഞാന്‍ ബ്രാഹ്മണനാണ്‌ എന്നു പറഞ്ഞു.

പാവനവും, ത്രിലോക വിശ്രുതവും, പാപനാശകവും, ഋഷിമാര്‍ ചൂഴുന്ന ഉത്തമ സ്ഥാനവുമാണ്‌ ഗംഗാ യമുനാ സംഗമം. സര്‍വ്വ ഭൂതാത്മാവായ പിതാമഹന്‍ അവിടെ പണ്ട്‌ യാഗം ചെയ്തിട്ടുണ്ട്‌.

പ്രയാഗ എന്ന പേര് പിതാമഹന്‍ യാഗം ചെയ്തതു കൊണ്ട്‌ ആ സ്ഥലത്തിന്‌ സിദ്ധിച്ചു. അവിടെ അഗസ്ത്യ മുനിയുടെ വിഖ്യാതമായ ആശ്രമമുണ്ട്‌. ആ "താപസ"മെന്ന വനം താപസ ശ്രേഷ്ഠന്മാർ അധിവസിക്കുന്നതാണ്‌.

"കാലഞ്ജരാ" പര്‍വ്വതങ്ങളില്‍ "ഹിരണ്യബിന്ദു" എന്ന തീര്‍ത്ഥമുണ്ട്‌. "അഗസ്തൃപര്‍വ്വതം" എന്ന രമൃവും, പുണ്യവും, ശിവവുമായ ഗിരിശ്രേഷ്ഠനും അവിടെ തന്നെയാണ്‌. മഹാനായ ഭാര്‍ഗ്ഗവന്റെ മഹേന്ദ്ര പര്‍വ്വതവും അവിടെയുണ്ട്‌. അവിടെയാണ്‌ ആദ്യമായി പിതാമഹന്‍ യജിച്ചത്‌. ഹേ യുധിഷ്ഠിരാ, പുണ്യമായ ഭാഗീരഥി സരസ്സും, ബ്രഹ്മശാല എന്ന പുണ്യവും ഖ്യാതവുമായ സരസ്സും ഇവിടെ തന്നെയാണ്‌. അവയെ കാണുന്നതു തന്നെ പാപ വിനാശകമാണ്‌. പാപം നീങ്ങിയവര്‍ വാഴുന്ന സ്ഥലമാണ്‌ അത്‌. പവിത്രവും. മംഗളകരവും, ലോക വിശ്രുതവും, പ്രസിദ്ധവുമായ കേദാരമെന്നു പേരായ മതംഗാശ്രമം ഇവിടെയാണ്‌.

ഫലമൂലങ്ങള്‍ ധാരാളമുള്ള കുണ്ഡോദരം എന്ന പര്‍വ്വതവും അവിടെയാണ്‌. നൈഷധന്‍ (നളന്‍) ദാഹിച്ചു വലഞ്ഞ്‌ അവിടെയാണു വെള്ളം കുടിച്ച്‌ സുഖമായി വിശ്രമിച്ചത്‌. അവിടെ താപസന്മാരാല്‍ ശോഭിക്കുന്ന പുണ്യമായ ദേവവനമുണ്ട്‌. ബാഹുദാ, നന്ദ എന്നീ നദികള്‍ ആ പര്‍വ്വത ശൃംഗത്തിലാണ്‌. കിഴക്കന്‍ ദിക്കിലുള്ള എല്ലാ പുണൃ തീര്‍ത്ഥങ്ങളെ കുറിച്ചും ശൈലങ്ങള്‍, നദികള്‍ എന്നിവയെ പറ്റിയും ഞാന്‍ പറഞ്ഞു കഴിഞ്ഞു. മറ്റു മൂന്നു ദിക്കിലുമുള്ള തീര്‍ത്ഥങ്ങള്‍, നദികള്‍, പര്‍വ്വതങ്ങള്‍ എന്നിവയെക്കുറിച്ചും ഇനി ഞാന്‍ പറയാം.

88. ധൗമൃ തീര്‍ത്ഥയാത്ര - തെക്ക്‌ - ധൌമ്യന്‍ പറഞ്ഞു: ഹേ ഭാരത! ഇനി ഭവാന്‍ തെക്കന്‍ ദിക്കിലുള്ള പുണ്യ തീര്‍ത്ഥങ്ങളെ കേട്ടാലും. ഞാന്‍ വിസ്തരിച്ചു യഥാബുദ്ധി പറയാം. വിഖ്യാതയും പുണ്യയുമായ ഗോദാവരി നദി ആ ദിക്കിലാണ്‌. വളരെ ആരാമങ്ങളുള്ളതും ധാരാളം ജലം നിറഞ്ഞതും താപസന്മാര്‍ സാധാരണ സേവിക്കുന്നതുമാണ്‌ ആ നദി. പാപഭയങ്ങള്‍ നശിപ്പിക്കുന്നതും, മൃഗപക്ഷികള്‍ നിറഞ്ഞതും താപസാലയ ഭൂഷിതങ്ങളുമായ വേണ, ഭീമരഥ്‌ എന്നീ നദികള്‍ ഇവിടെ തന്നെ ഉള്ളവയാണ്‌. നൃഗന്‍ എന്ന രാജര്‍ഷിയുടെ പുണ്യതീര്‍ത്ഥമായ പയോഷ്ണി രമൃവും, പുണ്യജലം നിറഞ്ഞതും ദ്വിജസേവിതവുമാണ്‌. അവിടെ വച്ച്‌ മഹാ യശസ്വിയായ മാര്‍ക്കണ്ഡേയ മഹര്‍ഷി നൃഗ മഹാരാജാവിന്റെ വംശത്തെ കുറിച്ചു പുകഴ്ത്തി പാടി. ഈ "അനുവംശ്യം ഗാഥ", യജ്ഞം ചെയ്യുന്ന, നൃഗന്റെ മുന്‍പില്‍ വെച്ചു, ചൊല്ലിയത്‌ ഇവിടെ വെച്ചാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. ഇന്ദ്രന്‍ സോമത്താലും, ദ്വിജന്മാര്‍ ദക്ഷിണയാലും മദിച്ചത്‌ പയോഷ്ണിയുടെ തീരത്തുള്ള വരാഹമെന്ന ഉത്തര തീര്‍ത്ഥത്തില്‍ വെച്ച്‌ അന്ന്‌ ആ യാഗം ചെയ്യുമ്പോഴാണ്‌. ആ പയോഷ്ണിയില്‍ നിന്നുള്ള വെള്ളമെടുത്താലും വെള്ളം ഭൂമിയിലൂടെ ഒഴുകിയാലും അതില്‍ നിന്നും വരുന്ന ജലാംശമുള്ള കാറ്റേറ്റാലും മരണം വരെ ചെയ്യുന്ന പാപങ്ങളെല്ലാം അറ്റു പോകുന്നതാണ്‌. സ്വര്‍ഗ്ഗത്തേക്കാള്‍ പൊങ്ങിയതും, സ്വയം ഉണ്ടായി നല്കപ്പെട്ടതുമായ ശിവന്റെ പ്രതിമ കണ്ടാല്‍ തന്നെ മര്‍ത്ത്യന്‍ പുണ്യം നേടി ശിവാലയത്തിൽ എത്തും. ഒരു ഭാഗം ഗംഗ തൊട്ടു വെള്ളമുള്ള നദികളുടെയെല്ലാം ഗുണം, മറുഭാഗത്ത്‌ പയോഷ്ണി തീര്‍ത്ഥം കൊണ്ടുള്ള ഗുണം മാത്രം. ഇതില്‍ രണ്ടാമത്തേതു കൊണ്ടുള്ള പുണ്യം മറ്റേതിനേക്കാള്‍ കൂടുതൽ ആണെന്നാണ്‌ എന്റെ അഭിപ്രായം. മാഠരം എന്ന പുണ്യവും ശിവവുമായ കാനനം ഫലമൂലങ്ങള്‍ ധാരാളമുള്ളതാണ്‌. അതും ഒരു പുണ്യയൂപവും വരുണ സ്രോതസ്സെന്ന ആ ഭാഗത്തുള്ള ഗിരിയിലാണ്‌.

പ്രവേണിക്കു വടക്കാണ്‌ പുണ്യമായ കണ്വാശ്രമം; അവിടെയുള്ള താപസാരണ്യങ്ങള്‍ പ്രസിദ്ധമാണ്‌. ശൂര്‍പ്പാരകത്തില്‍ പൂജ്യനായ ജമദഗ്നിയുടെ രമൃമായ "പാഷാണതീര്‍ത്ഥം", "പുനശ്ചതീര്‍ത്ഥം" എന്നീ രണ്ടു വേദികളുണ്ട്‌. വളരെ ആശ്രമങ്ങളുള്ള അശോകതീര്‍ത്ഥം അവിടെയാണ്‌. പാണ്ഡ്യരുടെ അഗസ്തൃതീര്‍ത്ഥവും, വാരുണ തീര്‍ത്ഥവും അവിടെയാണ്‌. പാണ്ഡ്യ നാട്ടില്‍ തന്നെയാണ്‌ പുണൃതീര്‍ത്ഥമായ കുമാരികള്‍ എന്ന തീര്‍ത്ഥവും.

താമരപര്‍ണ്ണിയെ പറ്റി പറയാം. അവിടെയാണ്‌ മോക്ഷം കാംക്ഷിച്ച്‌ ആശ്രമത്തില്‍ ദേവന്മാര്‍ തപസ്സു ചെയ്തത്‌. അതു കൊണ്ടാണ്‌ ഗോകര്‍ണ്ണം മൂന്നു ലോകത്തിലും പ്രസിദ്ധമായത്‌. ശീതജലം നിറഞ്ഞതായ ആ തീര്‍ത്ഥം ശുഭവും ശിവവുമാണ്‌. അതിലെ ഹ്രദം അകൃതാത്മാക്കള്‍ക്ക്‌ അപ്രാപൃമാണ്‌. അവിടെ വൃക്ഷങ്ങളും തൃണങ്ങളും നിറഞ്ഞതും, ഫലമൂലങ്ങള്‍ സമൃദ്ധിയായി ഉള്ളതുമായ അഗസ്തൃ ശിഷ്യാശ്രമം നില്ക്കുന്ന ദേവസമയെന്ന ഗിരി സ്ഥിതി ചെയ്യുന്നു. അവിടെ മണിമയവും, ശിവവുമായ വൈഡൂര്യ പര്‍വ്വതത്തിലുള്ള അഗസ്ത്യാശ്രമം ഫലമൂല സമൃദ്ധമായി വിളങ്ങുന്നു.

ഇനി സുരാഷ്ട്രത്തിലെ പുണ്യ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, നദികള്‍, സരസ്സുകള്‍ എന്നിവയെ പറ്റി പറയാം. ചമസോല്‍ഭേദനം, പ്രഭാസം എന്നീ വിഖ്യാതമായ തീര്‍ത്ഥങ്ങള്‍ അവിടെ ആണെന്ന്‌ വിപ്രന്മാര്‍ പറയുന്നു. ശിവവും താപസ സേവിതവുമായ പിണ്ഡാരകവും അവിടെയാണ്‌. ഉടനെ സിദ്ധി വരുത്തുന്ന "ഉജ്ജയന്ത" എന്ന വലിയ പര്‍വതവും അവിടെയാണ്‌. അതിനെ കുറിച്ച്‌ ദേവര്‍ഷി വര്യനായ നാരദന്‍ ഒരു പുരാണ ശ്ലോകം ചൊല്ലിയിട്ടുണ്ട്‌. അത്‌ ഹേ, യുധിഷ്ഠിരാ! ഭവാന്‍ കേള്‍ക്കുക: സുരാഷ്ട്രത്തിലെ മൃഗങ്ങളും പക്ഷികളും നിറഞ്ഞ ഉജ്ജയന്തയില്‍ തപസ്സു ചെയ്യുന്ന മനുഷ്യര്‍, സുര ലോകത്തു പോലും പൂജ്യരായി ഭവിക്കും.

പുണ്യമായ ദ്വാരാവതിയും പ്രസിദ്ധമാണ്‌. അവിടെ സാക്ഷാല്‍ പുരാണ പുരുഷന്‍ മധുസൂദനന്‍ അധിവസിക്കുന്നു; സനാതനമായ ധര്‍മ്മം പാലിക്കുന്നു. വേദജ്ഞരും അദ്ധ്യാത്മജ്ഞാനം ഉള്ളവരുമായ വിപ്രന്മാര്‍ പറയുന്നു, സനാതനനായ കൃഷ്ണന്‍ ധര്‍മ്മമാണ്‌. പവിത്രങ്ങളില്‍ പവിത്രവും പുണ്യങ്ങളില്‍ പുണ്യവും മംഗളങ്ങളില്‍ മംഗളവുമാണ്‌ പുണ്ഡരീകാക്ഷനായ ദേവദേവന്‍. സനാതനനും അവ്യയനും അവ്യയരൂപനും അചിന്ത്യാത്മാവും മധുസൂദനനും ക്ഷേത്രജ്ഞനും പരമേശനുമായ ഹരി അവിടെ വാഴുന്നു.

89. ധൗമൃ തീര്‍ത്ഥയാത്ര - പടിഞ്ഞാറ്‌ - ധൗമ്യന്‍ തുടര്‍ന്നു: ആനര്‍ത്തകര്‍ക്കു പടിഞ്ഞാറുള്ള ദിക്കിലെ തീര്‍ത്ഥങ്ങളെ പറ്റി ഇനി പറയാം. അവിടെ പല പവിത്ര തീര്‍ത്ഥങ്ങളും പുണ്യ ക്ഷേത്രങ്ങളുമുണ്ട്‌. തെന, മാവ്‌ ഇവ നിരന്ന്‌, ചൂരല്‍ക്കാടുകള്‍ നിറഞ്ഞ്‌, പടിഞ്ഞാറോട്ട്‌ പുണ്യമായ നര്‍മ്മദാ നദി ഒഴുകുന്നു. ഈ ലോകത്തിലുള്ള സര്‍വ്വ തീര്‍ത്ഥങ്ങളും ദേവതകളും, ദേവികളും വനദേവതകളും പിതാമഹാദികളായ ദേവന്മാരും സിദ്ധരും ഋഷികളും ചാരണന്മാരും അവിടെ എന്നും കുളിക്കാൻ എത്തുന്നു. അവിടെ വിശ്രവസ്സ്‌ മഹര്‍ഷിയുടെ ആശ്രമം ഉണ്ടായിരുന്നതായി കേള്‍ക്കുന്നു. അവിടെയാണ്‌ മഹര്‍ഷിയുടെ പുത്രനായി നരവാഹനനായ ധനപതി (കുബേരന്‍) ജനിച്ചത്‌.

ആ ഭാഗത്തുള്ള വൈഡൂരൃ ശിഖരം പുണ്യവും ശിവവുമായ പര്‍വ്വതമാണ്‌. എന്നും പുഷ്പിച്ച്‌ പച്ചപിടിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍ അവിടെയുണ്ട്‌. ആ പര്‍വ്വതത്തിന്റെ മുകളില്‍ പുണ്യമായ പൊയ്കയുണ്ട്‌. താമരകള്‍ നിറഞ്ഞു നില്ക്കുന്ന ആ പൊയ്‌കയെ, ദേവഗന്ധര്‍വ്വന്മാര്‍ എന്നും ഉപാസിക്കുന്നു. ദേവര്‍ഷികള്‍ സേവിക്കുന്ന പുണ്യ സ്വര്‍ഗ്ഗ സന്നിഭമായ ആ പര്‍വ്വതത്തില്‍ പല മഹാത്ഭുതങ്ങളും കാണപ്പെടുന്നു. ഹേ, പരപുരഞ്ജയാ! അവിടെയുള്ള വിശ്വാമിത്രമെന്ന പുണ്യനദി, വിശ്വാമിത്ര രാജര്‍ഷിയുടെ അനേകം പുണ്യ തീര്‍ത്ഥങ്ങള്‍ നിറഞ്ഞ നദിയാണ്‌. അതിന്റെ തീരത്താണ്‌, ധര്‍മ്മിഷ്ഠരുടെ മദ്ധ്യത്തില്‍ നഹുഷാത്മജനായ യയാതി സ്വര്‍ഗ്ഗത്തില്‍ നിന്നും താഴോട്ടു വീണത്‌. പിന്നെ വീണ്ടും യയാതി നിത്യമായ പുണ്യലോകം നേടി.

അവിടെ വിഖ്യാതമായ മൈനാകമെന്ന പര്‍വ്വതവും പുണ്യമെന്ന സരസ്സും സ്ഥിതി ചെയ്യുന്നു. ഫലമൂലങ്ങള്‍ നിറഞ്ഞ അസിത പര്‍വ്വതവുമുണ്ട്‌. കക്ഷസേന എന്ന പുണ്യാശ്രമവും പ്രസിദ്ധമായ ചൃവനാശ്രമവും അവിടെയാണ്‌. അവിടെ അല്പമായ തപസ്സു കൊണ്ടും, ജനങ്ങള്‍ മഹത്തായ സിദ്ധി നേടുന്നു. പിന്നെ ജംബൂമാര്‍ഗ്ഗം കാണാം. മൃഗപക്ഷികള്‍ നിറഞ്ഞതും ഋഷികളുടെ ആശ്രമങ്ങള്‍ നിറഞ്ഞതുമായ ആ സ്ഥലം ശ്രേഷ്ഠമാണ്‌. പിന്നെ നിത്യവും താപസന്മാര്‍ സേവിക്കുന്നതും അതിപുണ്യവുമായ കേതുമാല, മേദ്ധ്യം, ശ്രേഷ്ഠമായ ഗംഗാദ്വാരം എന്നിവ കാണാം. പ്രസിദ്ധമായ സൈന്ധവാരണ്യം പുണൃമാണ്‌; ദ്വിജന്മാരാല്‍ നിഷേവിതവുമാണ്‌. പുഷ്കരം എന്ന പിതാമഹ സരസ്സും പ്രസിദ്ധമാണ്‌. സിദ്ധന്മാരും, വൈഖാനസന്മാരും, ഋഷികളും ഇഷ്ടപ്പെടുന്ന പുണ്യാശ്രമമാണ്‌ ആ സ്ഥലം. അതിന്റെ സംരക്ഷണാര്‍ത്ഥം പ്രജാപതി പുഷ്കരത്തില്‍ വെച്ച്‌ ഇങ്ങനെ പാടിയിട്ടുണ്ട്‌. പുഷ്കര തീര്‍ത്ഥത്തെ പറ്റി മനസ്സു കൊണ്ടു പോലും അഭികാമിക്കുന്ന മനുഷ്യര്‍ പാപമെല്ലാം നശിച്ചു പോയി നാക ലോകത്തില്‍ സുഖമായി ജീവിക്കും എന്ന്.

90. ധൗമൃ തീര്‍ത്ഥയാത്ര - വടക്ക്‌ - ധൌമ്യന്‍ പറഞ്ഞു:ഹേ രാജശാര്‍ദ്ദൂലാ, ഇനി വടക്കേ ദിക്കിലുള്ള എല്ലാ പുണ്യ തീര്‍ത്ഥങ്ങളേയും ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. ഇതു കേട്ടാല്‍ തന്നെ ശുദ്ധ മനസ്സായി തീരും; ശുഭം ഭവിക്കും. ഈ വശത്തുള്ള സരസ്വതീ നദി വളരെ പുണ്യ തീര്‍ത്ഥങ്ങള്‍ ഉള്ളതാണ്‌. അവിടെ ശക്തിയോടെ ഒഴുകി സമുദ്രത്തില്‍ ചെന്നെത്തുന്ന യമുനാ നദിയുമുണ്ട്‌. ശുഭമായ പ്ലക്ഷാവതരണം എന്ന പുണ്യ തീര്‍ത്ഥം അതിലാണ്‌. യാഗം കഴിഞ്ഞതിന് ശേഷം ആ തീര്‍ത്ഥത്തില്‍ സാരസ്വതി യാഗം കഴിഞ്ഞ്‌ അവഭൃഥ സ്നാനംചെയ്യാന്‍ ദ്വിജന്മാര്‍ പോകാറുണ്ട്‌. അവിടെ ശിവവും പുണ്യവും ദിവ്യവുമായ അഗ്നിശിരസ്സ്‌ എന്ന വിശ്രുത തീര്‍ത്ഥമുണ്ട്‌. സഹദേവന്‍ അവിടെ ശാമ്യമെറിഞ്ഞ അളവില്‍ ആ ദിക്കില്‍ യജിച്ചിട്ടുണ്ട്‌. അതിനാലാണ്‌ ഇന്ദ്രന്‍ സഹദേവനെ പ്രകീര്‍ത്തിച്ചുള്ള തന്റെ ഗീത പാടിയത്‌. ആ പാട്ട്‌ യുധിഷ്ഠിരാ, ബ്രാഹ്മണര്‍ ഇന്നും പാടുന്നു.

സഹദേവന്‍ യമുനയില്‍ അഗ്നിയെ സേവിച്ച്‌ നൂറായിരം ദക്ഷിണയോടെ യജിച്ചു. അവിടെ തന്നെ മഹാശയനായ ഭരത ച്രകവര്‍ത്തി മുപ്പത്തഞ്ചു വട്ടം അശ്വമേധം കഴിച്ചിട്ടുണ്ട്‌. ദ്വിജന്മാര്‍ക്ക്‌ വളരെ ഇഷ്ടം ചെയ്തു പേരെടുത്ത ശരഭംഗന്റെ പുണ്യാശ്രമം അവിടെയുണ്ട്‌. ഹേ പാര്‍ത്ഥാ! എപ്പോഴും സത്തുക്കള്‍ സരസ്വതിയെ പൂജിക്കുന്നു. പണ്ട്‌ ബാലഖില്യന്മാര്‍ മഖം ചെയ്തത്‌ അതിന്റെ തീരത്താണ്‌. പിന്നെ വിശ്രുതയും മഹാപുണ്യയുമായ ദൃഷദ്വതീ നദിയും ഈ ഭാഗത്തു തന്നെയാണ്‌.

നൃഗ്രോധമെന്ന പാഞ്ചാല്യം, ദാല്‍ഭ്യഘോഷം, ദാര്‍ഭയം എന്നിവ മഹാതേജസ്വിയും സുവ്രതനുമായ അനന്ത യശസ്സിന്റെ പുണ്യാശ്രമങ്ങളാണ്‌. മുന്നു ലോകത്തിലും പ്രസിദ്ധമായ ഈ ആശ്രമങ്ങള്‍ ഇവിടെയാണ്‌ സ്ഥിതി ചെയുന്നത്‌. ഏതാപര്‍ണ്ണന്‍, അപവര്‍ണ്ണന്‍ എന്നീ വേദജ്ഞന്മാരും, വേദവിദ്വാന്മാരും, വേദവിദ്യജ്ഞരും, വിശ്രുതരുമായ മഹാശയന്മാര്‍, പുണ്യവും മുഖ്യവുമായ യജ്ഞം ചെയ്തതും ഇവിടെയാണ്‌. പണ്ട്‌ ഇന്ദ്രന്‍, വരുണന്‍, തൊട്ട പല ദേവകളും ഇവിടെയുള്ള പുണ്യസ്ഥലമായ വിശാഖയൂപത്തില്‍ തപസ്സു ചെയ്യുകയാല്‍ അതു പുണ്യമായി.

മഹര്‍ഷിയും മഹാഭാഗനുമായ ജമദഗ്നി യജ്ഞം ചെയ്ത്‌ പുണ്യസ്ഥലമായ പലാശകത്തില്‍ വസിച്ചു. അന്ന്‌ എല്ലാ നദികളും രൂപം പൂണ്ട്‌ താന്താങ്ങളുടെ തീര്‍ത്ഥജലവുമായി ആ ഋഷിസത്തമനെ ചെന്നു സേവിച്ചു നിന്നു. ആ മഹാത്മാവിന്റെ യജ്ഞദീക്ഷ കണ്ട്‌ വിശ്വാവസു ഇപ്രകാരം പുകഴ്ത്തിപ്പാടി;

മഹാത്മാവാം ജാമദഗ്നി ദേവപൂജ നടത്തവെ, മധുവാല്‍ വിപ്രരെസ്സേവ ചെയ്തു പോലും സരിത്തുകള്‍.

ഗന്ധര്‍വ്വന്മാരും, യക്ഷന്മാരും, അപ്സരസ്സുകളും ഭജിക്കുന്നതും, കിരാത കിന്നരന്മാര്‍ വസിക്കുന്നതുമായ ശ്രേഷ്ഠപര്‍വ്വതത്തെ പിളര്‍ന്ന്‌ ശക്തിയായി ഗംഗയൊഴുകുന്ന സ്ഥലമാണ്‌ ഗംഗാദ്വാരം. ആ സ്ഥലം പ്രസിദ്ധമാണ്‌; ബ്രഹ്മർഷി ഗണ സേവിതവുമാണ്‌. അതും കനഖലയും സനല്‍ക്കുമാര സേവിതമാണ്‌. പുരൂരവസ്സ്‌ "പുരു" എന്ന അവിടെയുള്ള പര്‍വ്വതത്തില്‍ പ്രവേശിച്ചിട്ടുണ്ട്‌. അവിടെ മുനിമാരോടു കൂടി ഭൃഗു തപസ്സു ചെയ്തു. തന്മൂലം ഭൃഗുതുംഗം എന്ന് അതിന് പേരുണ്ടായി.

ഭൂതവും ഭവ്യവും ഭവിഷ്യത്തും പുരുഷോത്തമനും, ശാശ്വതനും നാരായണനുമായ വിഷ്ണുവിന്റെ ത്രിലോക വിശ്രുതമായ ബദര്യാശ്രമം അവിടെ സ്ഥിതി ചെയ്യുന്നു. അവിടെ ശീതജല വാഹിനിയായ ഗംഗ പണ്ട്‌ അതിയായ ചൂടുള്ളതായിരുന്നു. പൊന്‍മണല്‍ത്തരിയൊത്ത ആ ഗംഗാതീര പ്രദേശത്ത്‌ മഹാഭാഗൗജസ്സു ചേര്‍ന്ന ദേവന്മാരും, ഋഷികളും. പ്രഭുവായ നാരായണനെ നിത്യവും ചെന്നു ഭജിക്കുന്നു. എവിടെ ദേവനാരായണന്‍ വസിക്കുന്നുവോ അവിടം തീര്‍ത്ഥമാണ്‌. ലോകത്തിലുള്ള എല്ലാ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും അവിടെയുണ്ട്‌. പരമമായ ദൈവവും ഭൂതങ്ങള്‍ക്കൊക്കെ ഈശ്വരനും. ശാശ്വതനും, പരമേശ്വരനുമായ ധാതാവാണ്‌ അവന്‍. പരമമായ പദവും അതു തന്നെ.

അവനെ കണ്ട ശാസ്ത്രദൃഷ്ടികളായ വിദ്വാന്മാര്‍ ദുഃഖിക്കുകയില്ല. അവിടെ സര്‍വ്വദേവര്‍ഷി സിദ്ധന്മാരും, സര്‍വ്വ തപോധനന്മാരും അവനെ സേവിക്കുന്നു. ആദിദേവനും മഹായോഗിയുമായ മധുസൂദനന്‍ എവിടെയുണ്ടോ, അവിടം പുണ്യങ്ങള്‍ക്കും പുണ്യമാണ്‌. അതില്‍ ഒട്ടും നിനക്കു സംശയം വേണ്ട.

ഈ ലോകത്തിലെ പുണ്യങ്ങളായ തീര്‍ത്ഥ ക്ഷേത്രങ്ങളെ ഒക്കെ ഞാന്‍ പ്രകീര്‍ത്തിച്ചു. ഈ തീര്‍ത്ഥങ്ങളെ വസുക്കള്‍, ആദിത്യര്‍, സാദ്ധ്യന്മാര്‍, മരുത്തുക്കള്‍, അശ്വിനികള്‍, ദേവകല്പരായ ഋഷികള്‍ എന്നിവരെല്ലാം ഉപാസിക്കുന്നു. ഹേ കൗന്തേയാ! ഭവാന്‍ ഈ പുണ്യ സ്ഥാനങ്ങളെ ബ്രാഹ്മണോ ത്തമരോടും; മഹാഭാഗരായ ഭ്രാതാക്കളോടും കൂടി ചുറ്റി സഞ്ചരിച്ച്‌, ഉത്കണ്ഠയെ വെടിഞ്ഞാലും.

91. ലോമശസംവാദം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധൗമ്യന്‍ യുധിഷ്ഠിരനോട്‌ തീര്‍ത്ഥങ്ങളെപ്പറ്റി പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത്‌ അവിടെ മഹാ തേജസ്വിയായ ലോമശ മഹര്‍ഷി കയറി വന്നു. ആ മഹാഭാഗനായ മുനിയെ യുധിഷ്ഠിരന്‍ വിപ്രരോടു കൂടി ആദരിച്ച്‌ സല്ക്കരിച്ചു. ശക്രനു ചുറ്റും അമരന്മാര്‍ ഇരിക്കുന്ന വിധം ആദരിച്ച്‌ യഥാന്യായം പൂജിച്ച്‌ ആ മഹാഭാഗനു ചുറ്റും ഇരുന്നു. വന്ന കാര്യത്തെ പറ്റിയും സഞ്ചാരത്തിനുള്ള ഹേതുവിനെ പറ്റിയും യുധിഷ്ഠിരന്‍ വിനയ പുരസ്സരം ചോദിച്ചു. പാണ്ഡുപു(തന്റെ ചോദ്യം കേട്ട്‌ ആ മുനീശ്വരന്‍ പാണ്ഡവന്മാര്‍ക്കെല്ലാം അതിരറ്റ സന്തോഷം ഉണ്ടാകുന്ന വിധം മറുപടി പറഞ്ഞു.

ലോമശന്‍ പറഞ്ഞു: ഹേ കൗന്തേയാ! സര്‍വ്വലോക സഞ്ചാരിയായ ഞാന്‍ ഒരു ദിവസം ശക്രന്റെ ഭവനത്തില്‍ ചെന്നു; സുരേശ്വരനെ കണ്ടു. അവിടെ വച്ച്‌ നിന്റെ അനുജനും വീരനുമായ സവ്യസാചിയേയും കണ്ടു. അര്‍ജ്ജുനന്‍ ഇന്ദ്രനൊപ്പം ശക്രന്റെ അര്‍ദ്ധാസനത്തില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. പാര്‍ത്ഥന്‍ ആ സ്ഥാനത്ത്‌ ആ നിലയില്‍ ഇരിക്കുന്നതായി കണ്ടതിൽ എനിക്ക്‌ വിസ്മയമുണ്ടായി. ഹേ പുരുഷ ശാര്‍ദ്ദൂലാ, അവിടെ വച്ച്‌ ദേവേശന്‍ എന്നോടു പറഞ്ഞു: "ഭവാന്‍ ഭൂലോകത്തില്‍ ചെന്ന്‌ പാണ്ഡുസുതന്മാരെ കണ്ട്‌ അര്‍ജ്ജുനന്റെ വൃത്താന്തം അറിയിക്കുക", എന്ന്. പുരുഹൂതന്റെയും, മഹാത്മാവായ പാര്‍ത്ഥന്റെ യും വാക്കനുസരിച്ച്‌ ഞാന്‍ ഉടനെ നിന്നെയും, ഹേ പാണ്ഡുപുത്രാ, നിന്റെ അനുജന്മാരേയും കാണുവാന്‍ ഇങ്ങോട്ടുവന്നു. ഞാന്‍ നിനക്ക്‌ ഏറ്റുവും ഇഷ്ടമായ കാര്യമാണ്‌ പറയുവാന്‍ പോകുന്നത്‌. ട്ടേഷിമാരോടും കൃഷ്ണയോടുംകുടി ഭവാന്‍ അതു കേള്‍ക്കുക. മഹാബാഹുവായ അര്‍ജ്ജുനനോട്‌ ഏത്‌ അസ്ത്രം വാങ്ങാനാണ്‌ നീ നിയോഗിച്ചുവിട്ടത്‌ അവന്‍ രുദ്രന്റെ കൈയില്‍നിന്ന്‌ര്ദ്രമായ ആ മഹാസ്ര്രത്തെ വാങ്ങി. രുശ്രന്ന്‌ തപസ്സാല്‍സിദ്ധിച്ച അസ്ര്രമാണ്‌ ബ്രഹ്മശിരസ്സ്‌. അമൃതത്തില്‍നിന്ന്‌ ഉത്ഭവിച്ചതുമാണത്‌. രദ്രമായ അത്‌ തൊടുക്കാനും, സംഹരിക്കാനുമുള്ള മ്രന്തങ്ങളോടൊലപ്പം സവ്യസാചി നേടി. അതിനെക്കുറിച്ചുള്ള എല്ലാ മ്രന്തങ്ങളും അവന്‍ നേടിയിട്ടുണ്ട്‌. അമിതവിക്രമിയായ പാര്‍ത്ഥന്‍, ഹേ യുധിഷ്ഠിര, വജ്രങ്ങളും ദണ്‍ഡുകളും മറ്റു ംയമന്‍, കുബേരന്‍, വരുണന്‍, ഇന്ദ്രന്‍ എന്നിവരില്‍ നിന്നു നേടിയിട്ടുണ്ട്‌. ഹേ കുരുനന്ദനാ! വിശ്വാവസുവിന്റെ പുത്രനില്‍ നിന്ന്‌ ഗീതം, നൃത്യം എന്നിവയും, സാമവും (സാമവേദം) വാദ്യങ്ങളും യഥാന്യായം യഥാവിധി പഠിച്ചു. ഇപ്രകാരം കൃതാസ്ത്രനായ കൗന്തേയന്‍ സര്‍വ്വ ഗാന്ധര്‍വ്വ വേദവും നേടി. ഇപ്പോള്‍ ബീഭത്സു സുഖമായി ഇന്ദ്രനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ വസിക്കുകയാണ്‌. ഹേ യുധിഷ്ഠിരാ, ഇനി സുരശ്രേഷ്ഠന്‍ എന്നോടു പറഞ്ഞതു പറയാം. കേള്‍ക്കുക. ഇന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ തന്നെ പറയാം.

ഇന്ദ്രന്‍ പറഞ്ഞു: ഹേ ദ്വിജോത്തമാ, ഭവാന്‍ മനുഷ്യ ലോകത്തു ചെല്ലും; അതിനു സംശയമില്ല. അപ്പോള്‍ ഭവാന്‍ എന്റെ ഈ വചനം യുധിഷ്ഠിരനോടു പറയുക: നിന്റെ അനുജനായ അര്‍ജ്ജുനന്‍ അസ്ത്രങ്ങളൊക്കെ നേടി ഭൂമിയിലെത്തും. ഇവിടെ ദേവന്മാര്‍ക്ക്‌ സാധിക്കാത്ത ഒരു മഹാകാര്യം നിര്‍വ്വഹിച്ചിട്ടു വേണം അങ്ങോട്ടു പുറപ്പെടുവാന്‍. ഭവാനും ഭ്രാതാക്കളോടു കൂടി പോയോഗം അനുഷ്ഠിക്കുക. തപസ്സിന് മീതെ മറ്റൊന്നുമില്ല. തപസ്സാല്‍ മുക്തി ലഭിക്കുന്നതാണ്‌. ഞാന്‍ കര്‍ണ്ണനെ നല്ല പോലെ അറിയും. അവന്‍ സത്യസന്ധനാണ്‌, മഹോത്സാഹിയാണ്‌, മഹാവീര്യനാണ്‌, മഹാബലനാണ്‌, മഹാരണത്തില്‍ നിസ്തുല്യനാണ്‌, മഹായുദ്ധ വിശാരദനാണ്‌, മഹാ ധനുര്‍ദ്ധരനായ വീരനാണ്‌, മഹാസ്ത്രനും മഹാ സുന്ദരനുമാണ്‌. മഹേശ്വരപുത്രന് ( സുബ്രഹ്മണൃന്‍ ) സമനും ആദിതൃ തനയനും പ്രഭുവുമാണ്‌. അപ്രകാരം തന്നെ അതിസ്കന്ധനും അതി പൗരുഷനുമാണ്‌ അര്‍ജ്ജുനനും. എന്നാൽ ആ കര്‍ണ്ണന്‍ യുദ്ധത്തില്‍ അര്‍ജ്ജുനന്റെ പതിനാറില്‍ ഒരംശത്തിനു പോലും ഒക്കുകയില്ല, നിന്റെ മനസ്സില്‍ കിടക്കുന്ന കര്‍ണ്ണഭയം സവ്യസാചി അവിടെ വന്നെത്തുമ്പോള്‍ താനേ നീങ്ങിക്കൊള്ളും. ഹേ വീരാ! നിന്റെ ഉള്ളിലുണ്ടായ തീര്‍ത്ഥയാത്രയ്ക്കുള്ള ആഗ്രഹം സഫലമാകുവാന്‍ വേണ്ട മാര്‍ഗ്ഗം ലോമശ മഹര്‍ഷി വേണ്ടവിധം പറഞ്ഞു തരും. തീര്‍ത്ഥയാത്രയുടേയും തപസ്സിന്റേയും ഫലങ്ങളെപ്പറ്റി മഹര്‍ഷി വിസ്തരിച്ചു പറയും. ബ്രഹ്മര്‍ഷി പറയുന്നത്‌ ഭവാന്‍ എല്ലാം ശ്രദ്ധയോടെ ഗ്രഹിക്കുക. ശ്രദ്ധ പിഴയ്ക്കാതെ അനുഷ്ഠിക്കുക.

92. ലോമശ തീര്‍ത്ഥയാത്ര - ലോമശന്‍ പറഞ്ഞു: ഇനി ധനഞ്ജയന്‍ എന്നോടു പറഞ്ഞതും ഞാന്‍ അതേ വിധം ഭവാനോടു പറയാം.

അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷോ! പരമധര്‍മ്മജ്ഞനും തപോനിധിയുമായ ഭവാന്‍ എന്റെ ജ്യേഷ്ഠനായ യുധിഷ്ഠിരനെ എന്നും സമ്പത്തിനു നിദാനമായ ധര്‍മ്മത്തില്‍ തല്പരനാക്കിയാലും. രാജാക്കന്മാര്‍ക്കു ചേര്‍ന്ന ധര്‍മ്മങ്ങള്‍ എല്ലാം വേദജ്ഞനായ ഭവാന് അറിയാമല്ലോ. പാണ്ഡവന്മാര്‍ക്ക്‌ ശ്രേഷ്ഠവും പാവനവുമായ തീര്‍ത്ഥപുണ്യം നേടുവാന്‍ ഭവാന്‍ വഴി കാണിച്ചു കൊടുക്കണം. രക്ഷസ്സുകളില്‍ നിന്നും, ദുര്‍ഗ്ഗങ്ങളില്‍ നിന്നും, വിഷമങ്ങളില്‍ നിന്നും രക്ഷിച്ച്‌ ഭവാന്‍ അവരെ തീര്‍ത്ഥാടനത്തില്‍ സഹായിക്കുന്നു. രക്ഷോരക്ഷണവും ദുര്‍ഗ്ഗദുര്‍ഘട രക്ഷയും ചെയ്ത്‌ അവരെ കാക്കുക. ദധീചന്‍ ദേവേന്ദ്രനേയും, അംഗിരസ്സ്‌ രവിയേയും കാത്തതു പോലെ കൗന്തേയരെ രാക്ഷസരില്‍ നിന്ന്‌ ദ്വിജോത്തമനായ ഭവാന്‍ സംരക്ഷിച്ചാലും. പര്‍വ്വതോപമരായ ധാരാളം രാക്ഷസന്മാര്‍ വഴി മദ്ധ്യത്തില്‍ കണ്ടുമുട്ടും. ഭവാന്‍ കൂടെ ഉണ്ടെങ്കില്‍, ഭവാന്റെ സംരക്ഷണത്തിലുള്ള കൗന്തേയരുടെ നേരെ അവരാരും അടുക്കുകയില്ല.

ലോമശന്‍ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ നിയോഗിക്കുകയാലും ഇന്ദ്രന്‍ പറയുകയാലും എല്ലാ ഭയങ്ങളില്‍ നിന്നും ഭവാനെ രക്ഷിച്ചു കൊണ്ട്‌ ഞാന്‍ കൂടെ സഞ്ചരിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഹേ കുരുനന്ദനാ! ഞാന്‍ എല്ലാ തീര്‍ത്ഥങ്ങളും രണ്ടുവട്ടം കണ്ടിട്ടുണ്ട്‌. ഇനി മൂന്നാമത്തെ വട്ടം ഭവാനോടൊന്നിച്ചു കാണുവാന്‍ വിചാരിക്കുന്നു. പുണ്യകര്‍മ്മങ്ങള്‍ ചെയ്ത മനു മുതലായ രാജര്‍ഷികള്‍ ഈ തീര്‍ത്ഥങ്ങളില്‍ പോയിട്ടുണ്ട്‌. തീര്‍ത്ഥയാത്ര ചെയ്താല്‍ ഭയങ്ങളെല്ലാം നീങ്ങിപ്പോകും.

അസത്യവാനും, അകൃതാത്മാവും, വിദ്യയില്ലാത്തവനും, പാപിയും, വക്രബുദ്ധിയുമായ മനുഷ്യന്‍ തീര്‍ത്ഥസ്നാനം ചെയ്യുവാന്‍ പോവുകയില്ല. ഭവാന്‍ ധര്‍മ്മമതിയാണ്‌; ധര്‍മ്മജ്ഞനാണ്‌. സതൃത്തില്‍ മനസ്സുറച്ചവനാണ്‌. ഭവാന്‍ സര്‍വ്വ സംഗങ്ങളില്‍ നിന്നും വിമുക്തനാകും. ഹേ പാണ്ഡവ, ഭവാന്‍ ഭഗീരഥന്‍, ഗയന്‍, യയാതി എന്നിവരെ പോലെയും അവരെ പോലുള്ള മറ്റുള്ളവരെ പോലെയും ആയത് കൊണ്ട്‌ ഈ കാര്യത്തില്‍ തര്‍ക്കമില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: അതിരറ്റ സന്തോഷത്താല്‍ മറുപടി പറയുവാന്‍ ഞാന്‍ അശക്തനായിരിക്കുന്നു. ദേവരാജാവു പോലും സ്മരിക്കുന്ന എന്നേക്കാള്‍ ഭാഗ്യവാനായി വേറെയാരുണ്ട്‌! ഭവാന്റെ സംഗമത്താല്‍ അനുഗ്രഹിക്കപ്പെട്ടും വാസവനാല്‍ ഓര്‍മ്മിക്കപ്പെട്ടും ഇരിക്കുന്ന എന്നെപ്പോലെ, ധനഞ്ജയനെ പോലുള്ള ഭ്രാതാവുള്ള എന്നെപ്പോലെ, ഭാഗ്യവാനായി ആരുണ്ട്‌? തീര്‍ത്ഥയാത്രയ്ക്കു പുറപ്പെടേണമെന്ന്‌ ഭവാന്‍ എന്നോട്‌ പറഞ്ഞുവല്ലോ. ഞാന്‍ ധൗമ്യന്റെ ഉപദേശ പ്രകാരം അതിനു തയ്യാറായിരിക്കുകയാണ്‌. ഭഗവാനേ! ഭവാന്‍ എപ്പോള്‍ കല്പിക്കുന്നുവോ, അപ്പോള്‍ പുറപ്പെടുകയായി; അതാണ്‌ എന്റെ നിശ്ചയം! ഞാന്‍ സന്നദ്ധനാണ്‌.

വൈശമ്പായനൻ തുടര്‍ന്നു: തീര്‍ത്ഥയാത്രോ ത്സുകനായ യുധിഷ്ഠിരനോട്‌ ലോമശന്‍ ഇങ്ങനെ പറഞ്ഞു.

ലോമശന്‍ പറഞ്ഞു: പരിവാരങ്ങളുടെ എണ്ണം കഴിയുന്നിടത്തോളം കുറയ്ക്കണം. എന്നാലേ സൗകര്യമായി യാത്ര ചെയ്യുവാന്‍ കഴിയൂ.

യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങനെയാണെങ്കില്‍ ഭിക്ഷാഭോജികളായ ബ്രാഹ്മണരും, യതികളുമൊക്കെ മടങ്ങി പോയ്ക്കൊള്ളട്ടെ! വിശപ്പും ദാഹവും മാര്‍ഗ്ഗ ക്ലേശവും ആയാസവും ശീതാര്‍ത്തിയും സഹിക്കുവാന്‍ അവര്‍ക്കു ശക്തിയില്ല. പാകം ചെയ്ത ഭക്ഷണവും ലേഹ്യ പാനീയങ്ങളും മാംസവും സുഖമായി ഭക്ഷിച്ചു ജീവിക്കുന്ന ബ്രാഹ്മണരും മടങ്ങി പോയ്ക്കൊള്ളട്ടെ. പാചകരെ ആശ്രയിച്ചു ജീവിക്കുന്നവരും മടങ്ങി പോയ്ക്കൊള്ളട്ടെ. ഞാന്‍ സാധാരണ ശമ്പളം കൊടുത്തു വന്നിരുന്ന, രാജഭക്തി കൊണ്ട്‌ എന്നെ പിന്തുടര്‍ന്നു വന്നിട്ടുള്ള, പൗരന്മാരും ഇവിടെ നിന്നും പോയി ധൃതരാഷ്ട്ര രാജാവിനെ ചെന്ന്‌ ആശ്രയിക്കട്ടെ! അവര്‍ക്കൊക്കെ ശമ്പളം ആ രാജാവു നല്കും. അദ്ദേഹംഅങ്ങനെ ചെയ്യാതിരുന്നാല്‍ ഞങ്ങളുടെ പ്രിയവും ഹിതവും കാംക്ഷിക്കുന്ന പാഞ്ചാല്യന്‍ വേണ്ടുന്നതു ചെയ്യും.

വൈശമ്പായനൻ തുടര്‍ന്നു: യുധിഷ്ഠിരന്റെ ആജ്ഞ കേട്ട്‌ ദ്വിജന്മാരും യതികളും പൗരന്മാരും കാര്യം ഗ്രഹിച്ച്‌ ഹസ്തിനപുരിയിലേക്കു തിരിച്ചു. ധര്‍മ്മരാജാവിനോടുള്ള പ്രേമത്താല്‍ അംബികാ സുതനായ ധൃതരാഷ്ട്ര രാജാവ്‌ അവരെ വിധിപ്രകാരം സ്വീകരിച്ച്‌ ധനം നല്കിയും മറ്റും തൃപ്തിപ്പെടുത്തി. കുന്തീപുത്രന്‍ ചുരുക്കം ചില ബ്രാഹ്മണരോടും ലോമശനോടും കൂടി തീര്‍ത്ഥയാത്രയ്ക്ക് ഒരുങ്ങി, മൂന്നു രാത്രി കൂടി കാമൃകത്തില്‍ അവരോടൊപ്പം സസന്തോഷം പാര്‍ത്തു.

93. ലോമശ തീര്‍ത്ഥയാത്ര - വൈശമ്പായനന്‍ പറഞ്ഞു:യുധിഷ്ഠിരന്‍ തീര്‍ത്ഥയാത്രയ്ക്ക് ഒരുങ്ങിയത് അറിഞ്ഞ്‌ വനവാസികളായ ബ്രാഹ്മണര്‍ ആ കൗന്തേയന്റെ മുമ്പില്‍ ചെന്നു കൂടി ഇപ്രകാരം പറഞ്ഞു.

ബ്രാഹ്മണര്‍ പറഞ്ഞു: രാജാവേ, ഭവാന്‍ പുണൃതീര്‍ത്ഥങ്ങള്‍ ദര്‍ശിക്കുവാന്‍ ഭ്രാതാക്കളോടു കൂടി പുറപ്പെട്ടിരിക്കു കയാണല്ലോ. ഞങ്ങളെ കൂടി ഭവാന്‍ കൊണ്ടു പോകേണമെന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. ഭവാനോടു കൂടിയല്ലാതെ ഞങ്ങള്‍ക്കു പുണ്യതീര്‍ത്ഥ സ്നാനം നിര്‍വ്വഹിക്കുവാന്‍ സാധിക്കുകയില്ല. ചെന്നായ്ക്കള്‍ നിറഞ്ഞ്‌ ദുര്‍ഗ്ഗമങ്ങളും വിഷമങ്ങളുമായ ആ തീര്‍ത്ഥങ്ങളില്‍ സാധാരണക്കാര്‍ക്ക്‌ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല. ഭവാന്റെ ഭ്രാതാക്കന്മാര്‍ വില്ലാളി വീരന്മാരും ശൂരന്മാരുമാണല്ലോ. ഭവാന്റെ രക്ഷയില്‍ ഞങ്ങളും തീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിക്കട്ടെ. ഭവാന്റെ പ്രസാദത്താല്‍ തീര്‍ത്ഥസ്നാനം ചെയ്തു ഞങ്ങള്‍ പാപംനിങ്ങി ശുദ്ധരായി പുണ്യം നേടട്ടെ. തീര്‍ത്ഥസ്നാനം കൊണ്ട്‌ ഭവാന്‍, കാര്‍ത്തവീര്യ രാജാവും അഷ്ടകനും രാജര്‍ഷിയായ ലോമപാദനും വീരനും സാര്‍വ്വ ഭാമനുമായ ഭരതനും നേടിയ ദുഷ്പ്രാപ്യമായ പുണ്യ ലോകങ്ങളില്‍ പ്രവേശിക്കും. പ്രഭാസാദി തീര്‍ത്ഥങ്ങളും മഹേന്ദ്രാദി പര്‍വ്വതങ്ങളും ഗംഗാദൃയായ നദികളും പ്ലാക്ഷാദി മഹാവൃക്ഷങ്ങളും കാണുവാന്‍ ഞങ്ങള്‍ക്ക്‌ അതിയായ ആഗ്രഹമുണ്ട്‌. അത്‌ അങ്ങു സാധിപ്പിച്ചു തന്നാലും. രാജാവേ, അങ്ങയോടു കൂടി അതെല്ലാം കാണുവാന്‍ ഞങ്ങള്‍ക്ക്‌ അതിയായ ആഗ്രഹമുണ്ട്‌. ഹേ, ജനാധിപാ, ബ്രാഹ്മണരില്‍ ഭവാനു പ്രീതിയുണ്ടെങ്കില്‍ ഞങ്ങളുടെ ആഗ്രഹം അനുവദിക്കുക. എന്നാൽ ഭവാന് ശ്രേയസ്സുണ്ടാകും.

ഹേ, മഹാബാഹോ, തീര്‍ത്ഥങ്ങളില്‍ തപസ്സിനെ വിഘ്നപ്പെടുത്തുന്ന രാക്ഷസന്മാരുണ്ട്‌. അവരില്‍ നിന്നു ഞങ്ങളെ രക്ഷിക്കുക. ധൗമ്യനും ധീമാനായ നാരദനും പറഞ്ഞ എല്ലാ തീര്‍ത്ഥങ്ങളും ദേവര്‍ഷിയും തപസ്വിയുമായ ലോമശന്‍ പറഞ്ഞ തീര്‍ത്ഥങ്ങളും ഭവാന്‍ വിധിപോലെ മഹാത്മാവായ ലോമശന്റെ സംരക്ഷണത്തോടെ ഞങ്ങളോടു കൂടി സന്ദര്‍ശിക്കുക. പാപം നീങ്ങി അങ്ങു ശോഭിക്കട്ടെ.

വൈശമ്പായനൻ പറഞ്ഞു: അവര്‍ പൂജിക്കുന്ന ആ രാജാവ്‌, ആ ബ്രാഹ്മണര്‍ ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നതും ആശീര്‍വ്വദിക്കുന്നതും കേട്ട്‌ സന്തോഷാശ്രുവില്‍ കുളിച്ചു. ഭീമസേനന്‍ മുതലായ സോദരന്മാരാല്‍ ചുറ്റപ്പെട്ട ആ പാണ്ഡവര്‍ഷഭന്‍ സന്തോഷാശ്രു നിറഞ്ഞ കണ്ണുകളോടെ അങ്ങനെയാകട്ടെ എന്നു പറഞ്ഞ്‌ അവരുടെ അപേക്ഷ സ്വികരിച്ചു.

പിന്നെ ആ പാണ്ഡവ ശ്രേഷ്ഠന്‍ വശികളായ ഭ്രാതാക്കന്മാരോടും, അനവദ്യാംഗിയായ ദ്രൗപദിയോടും കൂടി, ലോമശന്റേയും, പുരോഹിതനായ ധൗമ്യന്റേയും അനുജ്ഞയോടെ യാത്രയ്ക്കൊരുങ്ങി. ഉടനെ മഹാഭാഗനായ വ്യാസനും, മനീഷികളായ പര്‍വ്വതനും, നാരദനും കാമൃകത്തില്‍ പാണ്ഡവനെ കാണുവാന്‍ വന്നുചേര്‍ന്നു. അവരെ യുധിഷ്ഠിരരാജാവ്‌ യഥാവിധി പൂജിച്ചു സല്ക്കരിച്ചു. സല്ക്കാരമേറ്റ ആ മഹാഭാഗന്മാര്‍ യുധിഷ്ഠിരനോടു പറഞ്ഞു.

ഋഷികള്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ഭീമ! നകൂല സഹദേവന്മാരെ! നിങ്ങള്‍ ഹൃദയത്തില്‍ ആര്‍ജ്ജവത്തോടു കൂടി, മനഃശുദ്ധിയോടു കൂടി, തീര്‍ത്ഥങ്ങളെ പ്രാപിക്കുവാന്‍ പോകുക. ശരീരനിയമം മാനുഷ വ്രതവും മനോവിശുദ്ധി ഉണ്ടാക്കുന്ന ബുദ്ധിദൈവ വ്രതവുമാണെന്ന്‌ പണ്ഡിതന്മാരായ ദ്വിജന്മാര്‍ പറയുന്നു. മനസ്സ്‌ അദുഷ്ടമായിരുന്നാല്‍ ശുദ്ധമായി എല്ലാവരോടും മൈത്രിയോടു കൂടിയ ബുദ്ധിയോടും കൂടി നിങ്ങള്‍ തീര്‍ത്ഥങ്ങളെ ചുറ്റി സഞ്ചരിക്കുക. മനഃശുദ്ധിയോടും ശരീരനിയമാചരണത്തോടും ദൈവവ്രതത്തോടും കൂടി തിര്‍ത്ഥങ്ങളില്‍ ചെന്നു നിങ്ങള്‍ ആ സല്‍ഫലങ്ങളെ നേടുവിന്‍.

വൈശമ്പായനൻ പറഞ്ഞു: അങ്ങനെയാകട്ടെ എന്നു പറഞ്ഞ്‌ ആ ദേവര്‍ഷി മുനിമാരുടെ ആശീര്‍വ്വാദങ്ങള്‍ സ്വീകരിച്ച്‌ കൃഷ്ണയോടു കൂടി ലോമശന്റേയും, ദ്വൈപായനന്റേയും, നാരദന്റേയും, ദേവര്‍ഷിയായ പര്‍വ്വതന്റേയും പാദങ്ങളില്‍ കുമ്പിട്ടു നമസ്കരിച്ചതിന് ശേഷം ധൗമ്യനോടും, തപസ്വികളായ വനവാസികളോടും കൂടി കട്ടിയുള്ള മരവുരിയുമേന്തി ജടാധരരായി, ഉറപ്പുള്ള പലതരം ആയുധങ്ങളും, കവചങ്ങളുമണിഞ്ഞ്‌ അഭേദൃമായ തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ടു. ഇന്ദ്ര സേനാദികളായ ഭൃത്യന്മാരോടു കൂടി പതിനാലില്‍ പരം തേരുകളില്‍, വില്ലും വാളും കെട്ടി തൂണിര ബാണ ഗണങ്ങളോടെ, മറ്റു പരിചാരകന്മാരോടും കൂടി കിഴക്കേ ദിക്കു നോക്കി ആ വീരന്മാരായ പാണ്ഡവന്മാര്‍ പുറപ്പെട്ടു ജനമേജയാ!

94. ലോമശ തീര്‍ത്ഥയാത്ര - വൈശമ്പായനൻ പറഞ്ഞു:മാര്‍ഗ്ഗമദ്ധ്യേ യുധിഷ്ഠിരന്‍ ലോമശനോടു ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ദേവര്‍ഷി സത്തമാ, ഞാന്‍ ഗുണങ്ങളൊന്നും ഇല്ലാത്തവനാണെന്ന്‌ എനിക്കു തോന്നുന്നില്ല. എന്നാൽ ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുഃഖങ്ങളാണെങ്കില്‍ മറ്റു രാജാക്കന്മാരാരും അനുഭവിക്കാത്ത മഹാദുഃഖമാണ്‌ എന്നെനിക്കു തോന്നുന്നു. ഇതിന് എന്താണു കാരണം? എന്റെ ശത്രുക്കളാണെങ്കില്‍ നിര്‍ഗ്ഗുണരായ അധര്‍മ്മചാരികളാണ്‌. അവര്‍ ഈ ലോകത്തില്‍ സമൃദ്ധിയെ പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ഇത്‌ എന്തൊരു വൈപരീതൃമാണ്‌! എന്താണ്‌ ഇതിന് കാരണം?

ലോമശന്‍ പറഞ്ഞു: ഹേ, രാജാവേ! പാര്‍ത്ഥാ! ഇക്കാര്യത്തില്‍ ഭവാന്‌ ഒട്ടും ദുഃഖിക്കേണ്ടതില്ല. അധര്‍മ്മപരന്മാര്‍ അധര്‍മ്മം കൊണ്ടു വര്‍ദ്ധിക്കുന്നതു കണ്ട്‌ ഭവാന്‍ ദുഃഖിക്കരുത്‌. അധര്‍മ്മം കൊണ്ടു ചിലര്‍ ഉയരുകയും മേന്മ നേടുകയും ശത്രുക്കളെ ജയിക്കുകയും ചെയ്യാറുണ്ട്‌. എന്നാൽ, അവര്‍ മൂലത്തോടെ നശിക്കാതിരിക്കുകയില്ല. അധര്‍മ്മം കൊണ്ട്‌ ആദ്യം വര്‍ദ്ധിക്കുകയും പിന്നെ ക്ഷയിച്ചു പോവുകയും ചെയ്ത എത്രയോ ദൈതൃന്മാരേയും ദാനവന്മാരേയും ഞാന്‍ കണ്ടിട്ടുണ്ട്‌! മുമ്പ്‌ ദേവയുഗത്തില്‍ ഇതൊക്കെ ഉണ്ടായത്‌ കണ്ടിട്ടുള്ളവനാണ്‌ ഞാന്‍. അന്ന്‌ സുരന്മാര്‍ ധര്‍മ്മമാചരിച്ചു. അസുരന്മാര്‍ ധര്‍മ്മത്തെ നിരാകരിക്കുകയും ചെയ്തു. ദേവന്മാര്‍ തീര്‍ത്ഥങ്ങളെ പ്രാപിച്ചു; അസുരന്മാര്‍ അതിന് തയ്യാറായില്ല. അധര്‍മ്മത്തില്‍നിന്ന്‌ അവരുടെ ഹൃദയത്തില്‍ ഗര്‍വ്വം വളര്‍ന്നു; ദുരഭിമാനമുണ്ടായി; അതില്‍ നിന്നു ക്രോധവും, ക്രോധത്തില്‍ നിന്നു ഗര്‍വ്വും, അതില്‍ നിന്ന്‌ അലജ്ജയുമുണ്ടായി. ലോകാപവാദത്തില്‍ ഭയമില്ലായ്മയാണ്‌ അലജ്ജ. അതോടു കൂടി അവരുടെ നല്ല ചിത്തവൃത്തിയും പെരുമാറ്റ രീതിയും നശിച്ചു പോയി. അങ്ങനെ അലജ്ജന്മാരും ധിക്കാരികളും ഹീനവൃത്തന്മാരും വൃഥാവ്രതരുമായ അവരില്‍ നിന്നു ക്ഷമയും ലക്ഷ്മിയും സ്വധര്‍മ്മവും ക്ഷണത്തില്‍ നിശ്ശേഷം അകന്നു മറഞ്ഞു. അപ്പോള്‍ അസുരന്മാരെ അലക്ഷ്മിയും, ദേവന്മാരെ ലക്ഷ്മിയും പ്രാപിച്ചു. ദര്‍പ്പത്താല്‍ ചേതസ്സു കെട്ട്‌ അലക്ഷ്മി കയറിയ ദൈത്യ ദാനവന്മാരില്‍ കലി വന്നുകയറി. അങ്ങനെ ദര്‍പ്പംപൂണ്ട്‌ ക്രിയാഹീനരായി ചേതസ്സു കെട്ട്‌, ദുരഭിമാനത്താല്‍ അന്ധരായി അവര്‍ നാശത്തില്‍ പെട്ടു. യശസ്സു പോയി ആ ദൈത്യ വീരന്മാരെല്ലാം നാശത്തിലായി. ധര്‍മ്മശീലന്മാരായ ദേവന്മാരാകട്ടെ സാഗരങ്ങള്‍, സരിത്തുക്കള്‍, സരസ്സുകള്‍ മുതലായ പുണ്യ തീര്‍ത്ഥങ്ങളിലും പുണ്യ ക്ഷേത്രങ്ങളിലും പോയി തപങ്ങള്‍, ദാനങ്ങള്‍, യാഗങ്ങള്‍, ആശീര്‍വ്വാദങ്ങള്‍ എന്നിവ ചെയ്ത്‌ എല്ലാ പാപങ്ങളേയും നീക്കി വലിയ ശ്രേയസ്സിനെ പ്രാപിച്ചു. അങ്ങനെ തന്നെ ഭവാനും സഹോദരന്മാരോടൊത്തു തീര്‍ത്ഥാടനം ചെയ്യുക. നിശ്ചയമായും നഷ്ടപ്പെട്ട ശ്രീയെ വീണ്ടും പ്രാപിക്കുന്നതാണ്‌. ഇതു സനാതനമായ മാര്‍ഗ്ഗമാണ്‌. നൃഗന്‍, ശിബി, ഔശിനരന്‍, ഭഗീരഥന്‍, പൂരു, വസുമനസ്സ്‌, പുരൂരവസ്സ്‌, ഗയന്‍ മുതലായവരെ പോലെ ഭവാന്‍ നിത്യവും തപസ്സാചരിച്ച്‌ മഹാത്മാക്കളേയും തീര്‍ത്ഥങ്ങളേയും ദര്‍ശിച്ച്‌ പുണ്യവും, യശസ്സും, വളരെ ധനവും ആര്‍ജ്ജിക്കുന്നതാണ്‌. പുത്രമിത്രങ്ങളോടു കൂടി ഇക്ഷ്വാകുവും, മുചുകുന്ദനും, മാന്ധാതാവും, മഹീപതിയായ മരുത്തനും, തപോബലം കൊണ്ടു ദേവന്മാരും, ദേവര്‍ഷികളും, കീര്‍ത്തനീയന്മാർ ആയതു പോലെ ഭവാനും മഹത്തായ യശസ്സു നേടും. ധര്‍ത്തരാഷ്ട്രന്മാരാകട്ടെ. അധര്‍മ്മത്താലും മോഹത്താലും വശീകൃതരായി കിടക്കുകയാണ്‌. അവര്‍ ദൈതൃന്മാരെ പോലെ അചിരേണ നശിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

95. ഗയ യജ്ഞ കഥനം - വൈശമ്പായനൻ പറഞ്ഞു: ആ വീരന്മാര്‍ കൂട്ടുകാരോടൊപ്പം ക്രമേണ നൈമിഷാരണൃ ത്തിലെത്തി. ഗോമതീ നദിയിലുള്ള പുണ്യ തീര്‍ത്ഥങ്ങള്‍ തോറും സ്നാനം ചെയ്തു പശുക്കളേയും ധനത്തേയും ദാനം ചെയ്തു. അവിടെ വീണ്ടും വീണ്ടും ദേവന്മാരേയും പിതൃക്കളേയും വിപ്രന്മാരേയും തര്‍പ്പിച്ചു. കന്യാതീര്‍ത്ഥം, അശ്വതീര്‍ത്ഥം,. ഗോതീര്‍ത്ഥം ഇവയില്‍ യഥാക്രമം പ്രവേശിച്ചു. പിന്നെ "കലാകോടി", "വിഷപ്രസ്ഥ ഗിരി"കള്‍ എന്നിവയില്‍ കൂടിയ ശേഷം "ബാഹുദ"യിലെത്തി; ആ നദിയില്‍ സ്നാനംചെയ്തു. പിന്നെ, ദേവന്മാരുടെ യാഗഭൂമിയായ "പ്രയാഗ"യിലെത്തി, ഗംഗാ യമുനാ സംഗമത്തില്‍ പോയി തപസ്സുംസ്നാനവും ചെയ്തു പാപം നീക്കി. പിന്നീട്‌ ബ്രാഹ്മണ സമേതം തപസ്വികള്‍ ഉപാസിക്കുന്നതും, പിതാമഹന്റെ പുണ്യസ്ഥലവുമായ "വേദീതീര്‍ത്ഥ"ത്തില്‍ ചെന്നു. അവിടെ സ്‌നാനം ചെയ്തു തപസ്സു ചെയ്തു വന്യമായ ഫലമൂലങ്ങള്‍, നെയ്യ്‌ എന്നിവ ദ്വിജര്‍ക്ക്‌ ദാനം ചെയ്തു. പുണ്യവാനായ "ഗയ"നെന്ന രാജര്‍ഷിയാല്‍ പവിത്രമായ "മഹിധാര"മെന്ന സ്ഥലത്തു ചെന്നു. അവിടെയാണ്‌ ഗയശിരസ്സ്‌ എന്ന പര്‍വ്വതവും, രമ്യമായ പുളിനങ്ങള്‍ തോറും ചൂരല്‍ക്കാടുകള്‍ നിറഞ്ഞ്‌ മനോഹരമായി ഒഴുകുന്ന പുണ്യയായ മഹാനദിയും. ആ പവിത്ര ശിഖരത്തിലുള്ള ഋഷിസേവ്യമായ ബ്രഹ്മസരസ്സെന്ന ഉത്തമ തീര്‍ത്ഥത്തില്‍ കുളിച്ചു. അവിടെയാണ്‌ അഗസ്ത്യന്‍ വൈവസ്വതനെ കാണാനെത്തിയത്‌. അവിടെ സനാതനനായ ധര്‍മ്മരാജാവ്‌ കുറച്ചുനാള്‍ സ്വയം താമസിച്ചു. എല്ലാ നദികളും അവിടെ നിന്ന് ഉത്ഭവിക്കുന്നു. അതില്‍ എന്നും പിനാക പാണിയായ മഹാദേവന്‍ വാണരുളുന്നു. അവിടെ ചാതുര്‍മാസം എന്ന യജ്ഞം വീരന്മാരായ പാണ്ഡവന്മാര്‍ യജിച്ചു. ഋഷിയജ്ഞം എന്ന യാഗം അതിന്റെ എല്ലാ കര്‍മ്മാനു ഷ്ഠാനങ്ങളോടു കൂടി ഈ അക്ഷയവടം എന്ന ആലു സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ചു ചെയ്തു. ഇവിടെ വച്ചു ചെയ്യുന്ന ദേവയജ്ഞങ്ങളെല്ലാം അക്ഷയമായ ഫലം നല്കുന്നു. ഇവിടെ നിശ്ചയ മാനസരായി അവര്‍ ഉപവാസം ചെയ്തു. അപ്പോള്‍ തപോധനരായ ബ്രാഹ്മണന്മാര്‍ നുറു കണക്കിന് വന്നുചേര്‍ന്നു. വേദപാരംഗതരും, വിദ്യാതപോ ധനന്മാരുമായ ബ്രാഹ്മണന്മാരും ആര്‍ഷ വിധി പ്രകാരം ചാതുര്‍മാസം എന്ന യജ്ഞം അനുഷ്ഠിച്ചു. മഹാത്മാക്കളായ അവരെല്ലാം പല പുണ്യ വിഷയങ്ങളെ സംബന്ധിച്ചു പറഞ്ഞു തുടങ്ങി. പല കഥകളും. അവിടെ വച്ചാണ്‌ ബ്രഹ്മചാരിയും സുവ്രതനും വിദ്വാനുമായ ശമഠന്‍ അമൂര്‍ത്തരയസ്സിന്റെ പുത്രനായ ഗയനെപ്പറ്റി പറഞ്ഞത്‌.

ശമഠന്‍ പറഞ്ഞു: അമൂര്‍ത്തരയസ്സിന്റെ പുത്രനും, രാജര്‍ഷി സത്തമനുമാണ്‌ ഗയന്‍. അവന്റെ പുണ്യ കര്‍മ്മങ്ങള്‍ ഞാന്‍ പറയാം. ഹേ ഭാരത! കേട്ടാലും. ഗയന്‍ ഇവിടെ യജ്ഞം ചെയ്തു വളരെ അന്നം നല്കി, വളരെ ദക്ഷിണയും നല്കി. ഈ യജ്ഞം കാരണം നൂറും ആയിരവും "അന്നപര്‍വ്വത"ങ്ങള്‍ ഉയര്‍ന്നു; നെയ്ത്തടാകമുണ്ടായി; തയിര്‍ പുഴകളായി ഒഴുകി. ആയിരക്കണക്കിന് രുചികരമായ കറികളും പുഴകളായി ഒഴുകി. വന്നുചേരുന്ന യാചകര്‍ക്കായി എന്നും അന്നം വേണ്ടത്ര ദാനം ചെയ്തു. വന്നുചേര്‍ന്ന ബ്രാഹ്മണര്‍ക്കും മറ്റു വിശിഷ്ടര്‍ക്കും ശുചിയായതും, നല്ലതുമായ അന്നം വേറെയും വേണ്ടത്ര കൊടുത്തു. ദക്ഷിണ സമയത്ത്‌ സംതൃപ്തരായ ബ്രാഹ്മണരുടെ വേദഘോഷം സ്വര്‍ഗ്ഗത്തിലെത്തി. അവരുടെ ശബ്ദ കോലാഹലത്താല്‍ മറ്റൊന്നും കേള്‍ക്കാതായി. ഭൂമിയും ആകാശവും പത്തുദിക്കും ഘോഷത്താല്‍ മുഴങ്ങി. ഇതൊക്കെയായിരുന്നു ആ മഹാത്ഭുതങ്ങള്‍. അന്നപാന തൃപ്തന്മാരായി എല്ലാവരും സന്തോഷത്തോടെ നാടുതോറും ഇങ്ങനെ പാടിനടന്നു.

നാട്ടുകാര്‍ പറഞ്ഞു: ഗയന്റെ യജ്ഞത്തില്‍ പ്രാണികളില്‍ ആര് വീണ്ടും ഭക്ഷിക്കാന്‍ ആഗ്രഹിക്കുന്നു ഇരുപത്തിയഞ്ചു ചോറ്റു കുന്ന്‌ ഇനിയും ശേഷിച്ചു നില്ക്കുന്നു! മുമ്പ്‌ ആരും ഗയന്‍ ചെയ്ത പോലെ സല്‍ക്കര്‍മ്മം ചെയ്തിട്ടില്ല; ഇനി ആരും ചെയ്യുകയുമില്ല. അമിത ദ്യുതിയായ ഗയ രാജര്‍ഷിയാല്‍ പതിതര്‍പ്പിതമായ ഹവിസ്സു കാരണം ഇനി മറ്റുള്ളവരില്‍ നിന്നും ദേവന്മാര്‍ക്ക്‌ ഒന്നും കഴിക്കാന്‍ ശക്തിയില്ലാതായി തീര്‍ന്നിരിക്കുന്നു! മണ്ണില്‍ മണല്‍ത്തരി പോലെ, ആകാശത്തില്‍ നക്ഷത്രങ്ങള്‍ പോലെ, വര്‍ഷത്തിലെ മഴത്തുള്ളികള്‍ പോലെ എണ്ണിക്കണക്കാക്കുവാന്‍ വയ്യാത്ത വിധം ഗയന്‍ യജ്ഞത്തില്‍ ദക്ഷിണ നല്കി.

വൈശമ്പായനൻ പറഞ്ഞു: ഹേ, കുരുനന്ദനാ! ഈ വിധത്തിലുള്ള അനേകം യജ്ഞങ്ങള്‍ ഈ സരസ്സിന്റെ സമീപത്തു വെച്ച്‌ രാജര്‍ഷിയായ ഗയന്‍ ചെയ്തിട്ടുണ്ട്‌.

തീര്‍ത്ഥയാത്രാ ഉപ പര്‍വ്വം അദ്ധ്യായം 96 മുതൽ . . .


No comments:

Post a Comment