Tuesday, 6 September 2022

ആദിപർവ്വം അദ്ധ്യായം 141 മുതൽ 192 വരെ

ഋതുഗ്യഹപര്‍വ്വം

141. ദുര്യോധനന്റെ ചിന്ത - വൈശമ്പായനൻ പറഞ്ഞു; പിന്നെ സുബലപുത്രനായ ശകുനിയും, രാജാവായ ദുര്യോധനനും, ദുശ്ശാസനനും, കര്‍ണ്ണനും കൂടി ഗൂഢാലോചന നടത്തി. ധൃതരാഷ്ട്രനുമായി ആലോചിച്ച്‌ സമ്മതം വാങ്ങി, മക്കളോടു കൂടി കുന്തിയെ ചുട്ടെരിക്കുവാന്‍ തന്നെ തീര്‍ച്ചയാക്കി. ദുഷ്ടബുദ്ധികളായ അവരുടെ ദുഷ്ടമായ ഇംഗിതമെല്ലാം തത്വജ്ഞനായ വിദുരന്‍, അവരുടെ മാതിരിയും മട്ടും ഭാവങ്ങളും കണ്ട്‌ ബുദ്ധികൊണ്ട്‌ അവരുടെ വിചാരഗതി മനസ്സിലാക്കി. അറിയേണ്ടത്‌ അറിഞ്ഞവനും, പാണ്ഡവന്മാര്‍ക്ക്‌ ഹിതകാരിയുമായ വിദുരന്‍ കുന്തിയോടും മക്കളോടും കൂടി ഓടി പോയ്ക്കൊള്ളുവാന്‍ പറയണമെന്നു തീരുമാനിച്ചു. പിന്നെ കാറ്റത്ത്‌ പായ കെട്ടിയ ഒരു യന്ത്രത്തോണി തയ്യാറാക്കി. ആ ജലവാഹനം ഏതു കൊടുങ്കാറ്റിലും കുലുങ്ങാത്തതും കൊടിക്കൂറ കെട്ടിയതും, എത്ര വലിയ ജലക്ഷോഭവും സഹിക്കാവുന്നതുമായിരുന്നു. ആ നൌക തയ്യാറാക്കി വിദുരന്‍ കുന്തിയോടു പറഞ്ഞു.

വിദുരന്‍ പറഞ്ഞു: ഹേ, കുന്തി! നമ്മുടെ ഈ വിശിഷ്ടമായ കുലത്തില്‍ വംശയശസ്സ്‌ കെടുത്തുവാന്‍ തീര്‍ന്നവനാണ്‌ ധൃതരാഷ്ട്രന്‍. അവന്‍ ബുദ്ധി പിഴച്ച്‌ ഇതാ പുരാതന ധര്‍മ്മം കൈവിടുന്നു. തിരയും കാറ്റുമേറ്റ്‌ ആറ്റില്‍ ചരിക്കുന്ന ഒരു വഞ്ചി ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്‌. മക്കളോടു കൂടി അതില്‍ കയറി നീ മരണത്തില്‍ നിന്നു രക്ഷപ്പെടുക!

വൈശമ്പായനൻ പറഞ്ഞു: യശസ്വിനിയായ കുന്തി ഇതു കേട്ട് നടുങ്ങിപ്പോയി. ഉടനെ സുതന്മാരോടു കൂടി വഞ്ചിയില്‍ കയറി ഗംഗാനദിയില്‍ യാത്ര ചെയ്തു പോയി. വിദുരന്‍ പറഞ്ഞു കൊടുത്ത വിധം വഞ്ചി വിട്ട്‌ പാണ്ഡവന്മാര്‍ കൈയിലുള്ള അല്പം ധനത്തോടു കൂടി കാടു കയറി. എന്തിനോ അരക്കില്ലത്തില്‍ ഒരു നിഷാദി അഞ്ചു മക്കളോടു കൂടി വന്നു. നിര്‍ദ്ദോഷിയായ ആ നിഷാദി അരക്കില്ലത്തില്‍ കിടന്നു വെന്തു പോയി. മ്ലേച്ഛാധമനും ദുഷ്ടനുമായ പുരോചനനും അതിൽക്കിടന്ന്‌ വെന്തു മരിച്ചു. ദുര്‍ബുദ്ധികളായ ധാര്‍ത്തരാഷ്ട്രന്മാര്‍ വഞ്ചിക്കപ്പെട്ടു. കേടു തട്ടാതെ, ആരുമറിയാതെ, ആ പാണ്ഡുനന്ദനന്മാര്‍ അമ്മയോടു കൂടി രക്ഷപ്പെട്ടു. എല്ലാം വിദുരന്റെ കൗശലം തന്നെ! വാരണാവതത്തില്‍ നിവസിക്കുന്ന നാട്ടുകാരെല്ലാം അരക്കില്ലം വെന്തതു കണ്ട്‌ വളരെയധികം ദുഃഖിച്ചു. രാജാവിനെ ഈ വൃത്താന്തം അവര്‍ അറിയിച്ചു.

നാട്ടുകാര്‍ പറഞ്ഞു: രാജാവേ, ഭവാന്റെ ഇഷ്ടം സാധിച്ചു. ഭവാന്‍ പാണ്ഡുപുത്രരെ അഗ്നിയില്‍ ദഹിപ്പിച്ചു. ഭവാന്റെ ഇഷ്ടമൊക്കെ സാധിച്ചു. ഇനി മക്കളോടു കൂടി രാജ്യം വാഴുക.

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ മക്കളോടു കൂടി ധൃതരാഷ്ട്രന്‍ ദുഃഖം ഭാവിച്ചു. ബന്ധുക്കളോടു കൂടി, മരിച്ചവരുടെ പ്രേതകാര്യങ്ങള്‍ ചെയ്യിച്ചു. വിദുരനും, ഭീഷ്മനും പാണ്ഡവര്‍ക്ക്‌ ഉദക്രകിയ ചെയ്തു.

ജനമേജയൻ പറഞ്ഞു: ഹേ, വിപ്രശ്രേഷ്ഠാ, ഈ കഥ വിസ്തരിച്ച്‌ ഒന്നു പറഞ്ഞു തരൂ! അതു കേള്‍ക്കുവാന്‍ എനിക്ക്‌ വളരെ ആഗ്രഹമുണ്ട്‌. അരക്കില്ലം ചുട്ടതും, പാണ്ഡവര്‍ സ്ഥലംവിട്ടതും, ക്രൂരനായ കണികന്‍ ഉപദേശിച്ച പ്രകാരം നൃശംസ ക്രിയകള്‍ ചെയ്തതും എല്ലാം നടന്ന പോലെ വിസ്തരിച്ചു പറയുക. കേള്‍ക്കുവാന്‍ അത്ര വലിയ താല്പര്യമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: ശത്രുക്കളെ തപിപ്പിക്കുന്ന രാജാവേ, എല്ലാം ഞാന്‍ വിസ്തരിച്ചു പറയാം. അരക്കില്ലം ചുട്ടതും, പാണ്ഡവന്മാര്‍ രക്ഷപ്പെട്ടതും, എല്ലാം ഞാന്‍ വിസ്തരിച്ചു പറയാം. ഭീമന്റെ ബലാധിക്യവും, അര്‍ജ്ജുനന്റെ വിദ്യാനിപുണതയും കണ്ടപ്പോള്‍ ദുര്യോധനന് കണ്ണുകടിയായി. അവന്‍ ബുദ്ധി കെട്ട്‌ വിവശനായി. പിന്നീട്‌ അവന്‍ കര്‍ണ്ണനും ശകുനിയുമായി കൂടി ആലോചിച്ച്‌ പാണ്ഡവരെ കൊല്ലുവാന്‍ പല ഉപായങ്ങളും നോക്കി. വന്നതൊക്കെ അപ്പപ്പോള്‍ തടുത്ത്‌ പാണ്ഡുപുത്രന്മാര്‍ ഒന്നും പുറത്തു വിടാതെ, വിദുരോപദേശമനുസരിച്ചു നിന്നു. ഗുണവാന്മാരായ പാണ്ഡവരെ കണ്ട്‌ നാട്ടുകാര്‍ നാലുപേര്‍ കൂടുന്ന ദിക്കിലൊക്കെ അവരെപ്പറ്റി പ്രശംസിക്കുവാന്‍ തുടങ്ങി. അടുത്ത്‌ രാജാവാകാന്‍ പോകുന്ന യുധിഷ്ഠിരനെ കുറിച്ച്‌ സഭകള്‍ തോറും, തെരുവുകള്‍ തോറും പ്രശംസിക്കുവാന്‍ തുടങ്ങി.

നാട്ടുകാര്‍ പറഞ്ഞു: ധൃതരാഷ്ട്രന്‍ രാജവംശത്തില്‍ ജനിച്ചതു കൊണ്ട്‌ രാജാവു തന്നെ! എങ്കിലും കുരുടനാകയാല്‍ രാജ്യം വാഴാന്‍ അധികാരമില്ലാത്തവനായി. അതു കൊണ്ട്‌ മുമ്പെ രാജ്യം വാണില്ല. ഇനി എങ്ങനെ രാജാവാകും? പിന്നെ ഭീഷ്മൻ പണ്ടേ രാജ്യം ഉപേക്ഷിച്ചു. സത്യസന്ധനായ അദ്ദേഹവും രാജ്യം ആഗ്രഹിച്ചില്ല. വൃദ്ധന്മാരില്‍ ഭക്തിയും പ്രിയവുമുള്ളവനും സതൃദയാശുദ്ധനും തരുണനുമായ യുധിഷ്ഠിരന്‍ തന്നെയാണ്‌ രാജാവാകാന്‍ യോഗ്യന്‍. അവനെ തന്നെ രാജാവായി അഭിഷേകം ചെയ്യുക! ആ ധീമാന്‍ ഭീഷ്മനേയും, ധൃതരാഷ്ട്രനേയും, ദുര്യോധനാദികളേയും ആദരിച്ച്‌ സുഖമായി രാജ്യം ഭരിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം നാട്ടുകാര്‍ ജല്പിക്കുന്ന വാക്കു കേട്ട്‌ ദുര്‍ബുദ്ധിയായ ദുര്യോധനന്‍ അസൂയ മൂലം ദുഃഖാര്‍ത്തനായി. അവനു സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ ഒരുദിവസം ധൃതരാഷ്ട്രന്റെ അരികെ ചെന്ന്‌  ഇപ്രകാരം പറഞ്ഞു.

ദുര്യോധനന്‍ പറഞ്ഞു: ഹേ, താതാ! പൗരന്മാര്‍ പറയുന്ന അശുഭോക്തികള്‍ കേട്ടു! അതു നമുക്ക്‌ ഒട്ടും അനുകൂലമല്ല. അച്ഛനേയും ഭീഷ്മപിതാമഹനേയും വിട്ട്‌ അവര്‍ യുധിഷ്ഠിരനെ രാജാവാക്കുവാന്‍ ആഗ്രഹിക്കുന്നു! ഭീഷ്മന് അതു സമ്മതമായേക്കാം. ഭൂമി വാഴുവാന്‍ അദ്ദേഹം പണ്ടേ തന്നെ വിചാരിക്കുന്നില്ലല്ലോ. ഞങ്ങള്‍ക്കു പീഡയുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ്‌ അവന്‍ പറയുന്നത്‌. പാണ്ഡു പണ്ട ഗുണാധികൃം കൊണ്ടു പിതാവില്‍ നിന്നു നേരെ ഭൂമി നേടി. അങ്ങ്‌ അന്ധനായതു കൊണ്ട്‌ അവകാശപ്പെട്ടതിന് അര്‍ഹനല്ലാതെ വന്നു. പാണ്ഡു നേടിയ നാട്‌ ഇനി പാണ്ഡവന്മാര്‍ക്ക് ഉള്ളതാണത്രേ! പാണ്ഡുവിന്റെ മുതലിന്റെ നിലയില്‍ അവകാശം അവന്റെ മക്കള്‍ക്ക്‌. പിന്നെ യുധിഷ്ഠിരന്‍ ഭരിച്ച നാട്‌ അവന്റെ മക്കള്‍ക്ക്‌, പിന്നെ മക്കളുടെ മക്കള്‍ക്ക്‌, ഇങ്ങനെ പോകും പാരമ്പര്യം. രാജാവേ, ഈ നിലയ്ക്കായാല്‍ ഈ ഞങ്ങളോ രാജവംശത്തില്‍ നിന്നു പുറംതള്ളപ്പെട്ടവരായി മക്കളോടു കൂടി, ലോകരുടെ അവജ്ഞയ്ക്കു പാത്രമായി അങ്ങനെ പോകും. ഞങ്ങള്‍ക്കു നരകമാണു ഫലം. അന്യന്റെ ഉറുള തിന്നു ജീവിക്കേണ്ടവരായി തീരുകയാണ്‌ ഞങ്ങള്‍. അങ്ങനെ അവജ്ഞയ്ക്കു പാത്രമാകാതെയും, നരകത്തില്‍ വീഴാതെയും അഭിമാനത്തോടെ ജീവിക്കുവാന്‍ തക്ക വണ്ണം അങ്ങ്‌ ഞങ്ങളോടു നീതി ചെയ്യണം. ആദ്യമേ തന്നെ ഭവാന്‍ നാടു ഭരിച്ചിരുന്നുവെങ്കില്‍ നാടു ഞങ്ങള്‍ക്കാകുമായിരുന്നു. പിന്നെ നാട്ടുകാര്‍ പാട്ടിലായിരുന്നില്ലെങ്കില്‍ തന്നെ അധികാരം സിദ്ധിക്കുമായിരുന്നു.

142. ദുര്യോധനപരാമര്‍ശം - വൈശമ്പായനൻ പറഞ്ഞു: പ്രജ്ഞാ ചക്ഷുസ്സായ ധൃതരാഷ്ട്ര രാജാവ്‌ പുത്രന്‍ പറഞ്ഞ വാക്കും, കണികന്റെ ഉപദേശവും കണക്കിലെടുത്തു. ധൃതരാഷ്ട്രന്റെ മനസ്സ്‌ രണ്ടു വിധത്തിലായി അഴലില്‍ പെട്ടു. ദുര്യോധനന്‍, ശകുനി, കര്‍ണ്ണന്‍, ദുശ്ശാസനന്‍ ഇങ്ങനെ നാലുപേര്‍ കൂടി ചേര്‍ന്നു ഗൂഢാലോചന തുടങ്ങി. പിന്നെ ദുര്യോധനന്‍ ചെന്ന്‌ ധൃതരാഷ്ട്രനോടു പറഞ്ഞു.

ദുര്യോധനന്‍ പറഞ്ഞു: പാണ്ഡവന്മാരില്‍ നിന്നാണല്ലോ ഭയം. അതു കൊണ്ട്‌ അച്ഛന്‍ അവരെ കൗശലം പ്രയോഗിച്ചു വാരണാവതത്തിലേക്കു മാറ്റണം.

വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്‍ ചിന്തയിലാണ്ട്‌ അല്പം കഴിഞ്ഞ്‌ ദുര്യോധനനോടു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: പാണ്ഡു ധര്‍മ്മനിശ്ചയത്തില്‍ സ്ഥിരപ്രജ്ഞനും ധര്‍മ്മപാരായണനുമായിരുന്നു. ബന്ധുലോകത്തിനും വിശേഷിച്ച്‌ ഈയുള്ളവന്നും പ്രിയപ്പെട്ടവനും ഹിതകാരിയുമായിരുന്നു. ഒറ്റയ്ക്ക്‌ അവന്‍ ഒരു ഭോജനത്തിന്റെയും രുചി ആസ്വദിച്ചിട്ടില്ല. സ്വാര്‍ത്ഥ രഹിതനായ അവന്‍ രാജ്യമൊക്കെ ജ്യേഷ്ഠനുള്ളതാണ്‌ എന്ന്, ആ പ്രാജ്ഞശീലന്‍ എന്റെ സമീപത്തു വന്നു പറയുക പതിവാണ്‌. അവന്റെ പുത്രനാണെങ്കില്‍ പാണ്ഡുവിനെ പോലെ തന്നെ ധാര്‍മ്മികനാണ്‌. പാരില്‍ കീര്‍ത്തിപ്പെട്ട ഗുണവാനും പൗരന്മാര്‍ക്കാണെങ്കില്‍ അതിസമ്മതനുമാണ്‌. അവനെ പരമ്പരാഗതമായ ഈ രാജൃത്തു നിന്നു കേവലം വേര്‍പെടുത്തുന്നതെങ്ങനെ? പിത്യപൈതാമഹ മഹീപദസിദ്ധിയാല്‍ സഹായികള്‍ കൂടുന്നവനാണ്‌. അമാത്യന്മാര്‍ പാണ്ഡു നിശ്ചയിച്ചവരാണ്‌, സൈന്യമാണെങ്കില്‍ പാണ്ഡുവിനാല്‍ സംഭരിക്കപ്പെട്ടതാണ്‌. അവരുടെയൊക്കെ പുത്രന്മാരും പൗത്രന്മാരും പാണ്ഡു പോറ്റി വളര്‍ത്തിയവരാണ്‌. പാണ്ഡു ബഹുമാനിച്ചവരാണ്‌ പൗരന്മാരും. ഇടഞ്ഞാൽ യുധിഷ്ഠിരന് വേണ്ടി അവര്‍ നമ്മളെ കൊല്ലുവാന്‍ മടിക്കുമോ?

ദുര്യോധനന്‍ പറഞ്ഞു; അച്ഛന്‍ പറഞ്ഞതു ശരിയാണ്‌. ഞാന്‍ മുമ്പേ തന്നെ കരുതിയിട്ടുള്ള ദോഷമാണിത്‌. ഞാന്‍ ആ കൂട്ടരെയൊക്കെ അര്‍ത്ഥം നല്കിയും, ബഹുമാനിച്ചും പ്രീതി ഉള്ളവരാക്കി തീര്‍ത്തു. നമുക്ക്‌ തുണയായി മറ്റു പ്രമാണികളും സമത്തിനു സമം നില്ക്കും. ഭണ്ഡാരവും മന്ത്രിമാരും എന്റെ അധീനത്തിലാണ്‌. പാണ്ഡവന്മാരെ ഭവാന്‍ വേണ്ട മാതിരി അകറ്റിയാല്‍ മതി. മൃദുവായ കൗശലം പ്രയോഗിച്ച്‌ വാരണാവതത്തിലേക്ക്‌ അയച്ചാല്‍ മതി. പിന്നെ രാജ്യം എന്നില്‍ തന്നെ ഉറച്ചു നില്ക്കും. ഉറച്ചതിന് ശേഷം മക്കളോടു കൂടി കുന്തിയെ വീണ്ടും ഇങ്ങോട്ടു വരുത്താമല്ലോ.

ധൃതരാഷ്ട്രന്‍ പറഞ്ഞു: മകനേ, ദുര്യോധനാ, ഈയുള്ളോനും മനസ്സില്‍ ഇക്കാരൃം തന്നെ ചിന്തിക്കുകയായിരുന്നു. എന്റെ അഭിപ്രായം മഹാപാപമാണെന്നു ചിന്തിച്ച്‌ ഉരിയാടിയില്ലെന്നു മാത്രം. ഭീഷ്മനും, ദ്രോണനും, വിദുരനും, കൃപനും കൗന്തേയരെ മാറ്റുന്ന കാര്യത്തില്‍ ഒരിക്കലും സമ്മതിക്കുകയില്ല. ആ കൗരവേയര്‍ക്ക്‌ അവരും നമ്മളും തുല്യരാണ്‌. സൂക്ഷ്മം കാണുന്ന ആ ധാര്‍മ്മികര്‍ പക്ഷഭേദം സഹിക്കുകയില്ല. അങ്ങനെയിരിക്കുന്ന നമ്മുടെ പ്രവൃത്തി കൗരവേയ മാന്യജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും വിദ്വേഷമുണ്ടാക്കാതിരിക്കുന്നത്‌ എങ്ങനെ?

ദുര്യോധനന്‍ പറഞ്ഞു: ഭീഷ്മൻ എന്നും മദ്ധ്യവര്‍ത്തിയായി നില്ക്കുന്നവനാണ്‌. ദ്രോണപുത്രന്‍ എന്റെ പങ്കിലാണ്‌. മകനുള്ള പങ്കിലേ ദ്രോണൻ നില്ക്കുകയുള്ളു. അതില്‍ ഒട്ടും സംശയമില്ല. ദ്രോണനും അശ്വത്ഥാമാവും നില്ക്കുന്ന പങ്കിലേ കൃപന്‍ നില്‍ക്കൂ. അളിയനേയും മരുമകനേയും കൃപന്‍ കൈവിടുകയില്ല, തീര്‍ച്ചയാണ്‌. ധന സംബന്ധമായി വിദുരന്‍ നമുക്ക്‌ അധീനനാണ്‌. എങ്കിലും ഗൂഢമായി ശത്രുപക്ഷം നില്ക്കും. പാണ്ഡവന്മാര്‍ക്കു വേണ്ടി അദ്ദേഹം ഒറ്റയ്ക്ക്‌ എതിര്‍ത്തിട്ടെന്തു മെച്ചം കിട്ടുവാന്‍? ശങ്ക കൂടാതെ കുന്തിയോടൊപ്പം പാണ്ഡുപുത്രന്മാരെ ഭവാന്‍ അകറ്റുക! വാരണാവതത്തിലേക്ക്‌ അവര്‍ പൊയ്ക്കൊള്ളട്ടെ. ഉറക്കം വരാതെ ഹൃദയത്തിനു ശല്യമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ അഴലാകുന്ന അഗ്നി ഭവാന്റെ യഥോചിതമായ കര്‍മ്മകൗശലം കൊണ്ടു കെട്ടുപോകട്ടെ.

143. വാരണാവതയാ(ത്ര - വൈശമ്പായനൻ പറഞ്ഞു:പിന്നെ അനുജനോടു കൂടി ദുര്യോധനന്‍ ആ ജനമണ്ഡലത്തെ മിക്കവാറും അര്‍ത്ഥം നല്കിയും ഉദ്യോഗക്കയറ്റം നല്കി ബഹുമാനിച്ചും പാട്ടിലാക്കി. ധൃതരാഷ്രടന്റെ പ്രേരണ പ്രകാരംസമര്‍ത്ഥരായ ചില മന്ത്രിമാര്‍ പാണ്ഡവരോടു പറഞ്ഞു.

മന്ത്രിമാര്‍ പറഞ്ഞു: വാരണാവതം മനോഹരമായ ഒരു പ്രദേശമാണ്‌. ലോകത്തില്‍ ഏറ്റവും വിശേഷപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്‌ അത്‌. ശിവന്റെ മഹോത്സവം അവിടെ അടുത്തിരിക്കുന്നു. സര്‍വ്വരത്നാകീര്‍ണ്ണമായ ആ മഹോത്സവം സര്‍വ്വര്‍ക്കും സുഖസാധനമാണ്‌.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം അവര്‍ ധൃതരാഷ്ട്രന്റെ ഉപദേശപ്രകാരം പറഞ്ഞു തുടങ്ങി. ഇങ്ങനെ പലരും വാരണാവതത്തെ പുകഴ്ത്തി പറയുന്നതു കേട്ട്‌ അവിടെ പോകുവാന്‍ പാണ്ഡവന്മാര്‍ക്ക്‌ ഒരാഗ്രഹം ജനിച്ചു. അവര്‍ക്ക്‌ കൗതുകമുണ്ടായെന്നറിഞ്ഞ ധൃതരാഷ്ട്രന്‍ പാണ്ഡവരോടു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു; എന്നോട്‌ ഇവരൊക്കെ പറയുന്നു വാരണാവതം വിശേഷപ്പെട്ട നഗരമാണെന്ന്‌. നിങ്ങള്‍ക്കു താല്പരൃമുണ്ടെങ്കില്‍ ഉണ്ണികളെ, നിങ്ങള്‍ കുന്തി മുതലായവരോടും, കൂട്ടുകാരോടും കൂടി, അവിടെച്ചെന്ന്‌  അമരകുമാരന്മാരെ പോലെ ഉത്സവം കണ്ടു കൊള്ളുവിന്‍! ബ്രാഹ്മണര്‍ക്കും ഗായകന്മാര്‍ക്കും വേണ്ടുവോളം ധനം ദാനം കൊടുത്തു കൊള്ളുക! കുറെനാള്‍ അവിടെ ഉല്ലസിച്ചതിന് ശേഷം വീണ്ടും ഹസ്തിനാപുരത്തേക്കു മടങ്ങിപ്പോന്നു കൊള്ളുവിന്‍!

വൈശമ്പായനന്‍ പറഞ്ഞു: ധൃതരാഷ്ട്രന്റെ മോഹം അതാണെന്നു കണ്ട് തന്റെ നിസ്സഹായാവസ്ഥ ഓര്‍ത്ത്‌ യുധിഷ്ഠിരന്‍ അങ്ങനെ ആകാമെന്നു സമ്മതിച്ചു. പിന്നെ ശാന്തനു പുത്രനായ ഭീഷ്മനോടും, ബുദ്ധിമാനായ വിദുരനോടും, ദ്രോണനോടും, ബാല്‍ഹീകനോടും, സോമദത്തനോടും, കൃപനോടും, അശ്വത്ഥാമാവിനോടും, ഭൂരിശ്രവസ്സോടും, മറ്റു മാന്യന്മാരോടും, മന്ത്രിമാരോടും, വിപ്രരോടും, കുലാചാര്യനോടും, പൗരന്മാരോടും, ഗാന്ധാരിയോടും യുധിഷ്ഠിരന്‍ ദീനമാനസനായി പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: രമ്യമായി നാട്ടുകാര്‍ കൂടുന്ന വാരണാവത പട്ടണത്തില്‍ ഞങ്ങള്‍ കൂട്ടത്തോടെ, ധൃതരാഷ്ട്ര രാജാവിന്റെ ആജ്ഞപ്രകാരം പോവുകയാണ്‌. നിങ്ങളെല്ലാം പ്രസന്നരായി മംഗളോക്തികള്‍ പറഞ്ഞാലും! അനുഗ്രഹിച്ചാലും! നിങ്ങളുടെയെല്ലാം അനുഗ്രഹമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌ ഒരാപത്തും വരികയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ പാണ്ഡവന്‍ പറയുമ്പോള്‍ കൗരവന്മാര്‍ എല്ലാവരും പ്രസന്നമുഖരായി, പാണ്ഡവന്മാരെ ആശംസിച്ച്‌ അവര്‍ അനുഗ്രഹം ചൊരിഞ്ഞു.

കൗരവന്മാര്‍ പറഞ്ഞു: ഹേ! പാണ്ഡവരേ, നിങ്ങള്‍ക്കു സ്വസ്തി ഭവിക്കട്ടെ! നിങ്ങളുടെ യാത്ര ശുഭമാകട്ടെ! സര്‍വ്വഭൂതങ്ങളും നിങ്ങള്‍ക്കു ശുഭം നല്കട്ടെ! നിങ്ങള്‍ക്ക്‌ അല്പം പോലും അമംഗളം ഉണ്ടാകാതിരിക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വാങ്ങി പാണ്ഡവന്മാര്‍ യാത്ര പറഞ്ഞ്‌ വാരണാവതത്തിലേക്കു പുറപ്പെട്ടു.

144. ഋതുഗ്യഹനിര്‍മ്മാണം - വൈശമ്പായനൻ പറഞ്ഞു; ധൃതരാഷ്ട്രന്‍ പാണ്ഡവന്മാരോട്‌ ഇപ്രകാരം ആജ്ഞാപിച്ചപ്പോള്‍ ദുഷ്ടനായ ദുര്യോധനന്‍ വളരെ സന്തോഷിച്ചു. അവന്‍ ഗൂഢമായി പുരോചനന്‍ എന്ന ഒരു വിശ്വസ്ത മന്ത്രിയെ വിളിച്ചു വരുത്തി അവന്റെ വലംകൈ പിടിച്ച്‌ ഇപ്രകാരം പറഞ്ഞു.

ദുര്യോധധന്‍ പറഞ്ഞു: ഹേ, പുരോചന! ഈ മഹത്തായ ഭൂമി മുഴുവന്‍ എന്റെ അധീനത്തില്‍ വന്നു ചേരുന്നു! ഈ ധനംഎനിക്കെന്ന പോലെ തന്നെ താങ്കള്‍ക്കും ഉള്ളതാണ്‌. അതുകൊണ്ട്‌ ഭവാന്‍ എന്റെ ഈ രാജ്യമൊക്കെ രക്ഷിക്കണം. ഭവാനല്ലാതെ വിശ്വസ്തനായി മറ്റാരും എനിക്കില്ല. ഗൂഢമായ കാര്യങ്ങള്‍ നമുക്കു ചെയ്യേണ്ടതുണ്ട്‌. ഈ ഗൂഢാലോചന സൂക്ഷിക്കണം. എന്റെ വൈരികളെ നിഗ്രഹിക്കണം. നല്ലതായ ഒരു കൗശലം ഞാന്‍ പറയാം. അതുപോലെ ചെയ്താല്‍ എല്ലാം ശുഭമാകും. അച്ഛന്‍ വാരണാവതത്തേക്ക്‌ കുന്തിപുത്രന്മാരെ പാര്‍ക്കുവാന്‍ വിടും. അവര്‍ അച്ഛന്റെ ആജ്ഞപ്രകാരം ഉത്സവം കണ്ടു സന്തോഷിച്ചു നടക്കും. നീ ഉടനെ നല്ല. കുതിരകളെ പൂട്ടിയ തേരില്‍ വാരണാവതത്തില്‍ എത്തണം. അവിടെച്ചെന്ന്‌  ഗൂഢമായി ഒരു നാലുകെട്ടുപുര പണിയിക്കണം, അത്‌ നഗരത്തിന് അടുത്തായിരിക്കണം. പണം ധാരാളം ചെലവിട്ട്‌ അടച്ചുറപ്പുള്ള നല്ല കെട്ടിടമായി പണിയിക്കണം. ചണയും ചെഞ്ചല്യവും മറ്റു പലജാതി ആഗ്നേയ വസ്തുക്കളും ചേര്‍ത്ത്‌ പണിയിക്കണം. പിന്നെ നെയ്യും എണ്ണയും അരക്കുമൊക്കെ മണ്ണില്‍ കുഴച്ചു ചേര്‍ത്തു പണിയണം. ചണയും നെയ്യും എണ്ണയും ഒക്കെ ചേര്‍ത്ത്‌ യന്ത്രപ്പണികള്‍ വെച്ചു നിരത്തണം. ആ പാണ്ഡവരും മറ്റു ജനങ്ങളും പരീക്ഷിച്ചു നോക്കിയാലും ഇത്‌ ഒരു ആഗ്നേയ ഗൃഹമാണെന്ന്‌ അറിയരുത്‌. അങ്ങനെ ഗൃഹത്തിന്റെ പണി തീര്‍ന്നാല്‍ സസന്തോഷം കുന്തിയേയും മക്കളേയും ആ ഗൃഹത്തിലേക്കു കൊണ്ടു ചെന്നാക്കണം.

ഭംഗിയേറിയ പീഠങ്ങള്‍, വാഹനങ്ങള്‍, മൃദുമെത്തകള്‍ ഇവയൊക്കെ അച്ഛന്‍ തൃപ്തിപ്പെടുന്ന വിധം ഭംഗിയായി തീര്‍പ്പിക്കണം: ഗൂഢമായ ഈ പണി ആരും അറിയരുത്‌. അങ്ങനെ വാരണാവതത്തില്‍ നിസ്സംശയം നിര്‍ഭയം അവര്‍ പാര്‍ക്കട്ടെ! അവര്‍ വിശ്വാസത്തോടു കൂടി ഉറങ്ങുന്ന സമയം നോക്കി ദ്വാരഭാഗം തോറും വീടിനു തീ വെക്കണം. സ്വന്തം ഗൃഹം തീ പിടിച്ചു വെന്തു പോയാല്‍ ജനങ്ങള്‍ പിന്നെ പാണ്ഡവര്‍ക്കു വേണ്ടി നമ്മളെ. നിനിക്കുകയില്ല.

വൈശമ്പായനൻ പറത്തും ദുര്യോധനനോട്‌ അപ്രകാരം ചെയ്യാമെന്ന്‌ പുരോചനന്‍ ഏറ്റു. സസന്തോഷം നല്ല കുതിരകളെ പൂട്ടിയ തേരില്‍ ദുര്യോധനന്റെ വിശ്വസ്തനായ മന്ത്രി പുരോചനന്‍ വാരണാവതത്തേക്കു പുറപ്പെട്ടു. അവിടെച്ചെന്നു നിര്‍ദ്ദേശങ്ങളൊക്കെ ഭംഗിയായി നിര്‍വ്വഹിച്ചു. ഋതുഗേഹം ഭംഗിയായി ഉയര്‍ന്നു!

145. വാരണാവതഗമനം - വിദുരന്റെ ഗുഢഭാഷയിലുള്ള കര്‍ത്തവ്യോപദേശം - വൈശമ്പായനൻപറഞ്ഞു; വായുവേഗമുള്ള കുതിരകളെ തേരില്‍ പൂട്ടി പാണ്ഡവര്‍ കയറുന്നതിന് മുമ്പായി ഭീഷ്മപിതാമഹന്റെ പാദങ്ങളില്‍ സങ്കടത്തോടെ കുമ്പിട്ടു. രാജാവായ ധൃതരാഷ്ട്രന്റേയും മാന്യനായ ദ്രോണന്റേയും പാദത്തില്‍ കുമ്പിട്ടു. പിന്നെ, മറ്റു വൃദ്ധരായ കൃപന്റേയും വിദുരന്റേയും പാദങ്ങളില്‍ കൂപ്പി. ഇങ്ങനെ വൃദ്ധന്മാരെ കൈകൂപ്പി, സമന്മാരെ കെട്ടിപ്പിടിച്ച്‌, ബാലന്മാരുടെ വന്ദനം കൈക്കൊണ്ട്‌, ഭ്രാതാക്കളോടു യാത്ര ചോദിച്ച്‌, യഥാക്രമം വലം വെച്ച്‌, എല്ലാ നാട്ടുകാരോടും കൈകൂപ്പി വന്ദനം പറഞ്ഞ്‌ വാരണാവതത്തേക്കു പുറപ്പെട്ടു.

ബുദ്ധിമാനായ വിദുരനും മറ്റു കുരുമുഖ്യന്മാരും പൗരന്മാരും ദുഃഖത്തോടെ അനുയാത്ര ചെയ്തു. ഹേ, ജനമേജയാ! അതില്‍ചില ബ്രാഹ്മണര്‍ നിര്‍ഭയന്മാരായി ഇപ്രകാരം പറഞ്ഞു.

ബ്രാഹ്മണര്‍ പറഞ്ഞു. മന്ദബുദ്ധിയായ രാജാവ്‌ പക്ഷഭേദം കാട്ടുന്നു. കുരുരാജാവായ ധൃതരാഷ്ട്രന്‍ ധര്‍മ്മം നോക്കുന്നില്ല. അപചിത്തനല്ലാത്ത ധര്‍മ്മജന്‍ പാപം ചിന്തിക്കുക പോലുമില്ല. ബലവാനായ ഭീമനും അര്‍ജ്ജുനനും മാദ്രീപുത്രന്മാരും ദുഷ്കര്‍മ്മം ചെയ്യുകയില്ല. അച്ഛന്‍ വഴിക്ക്‌ രാജ്യം പാണ്ഡവര്‍ക്കുള്ളതാണ്‌. എന്നാൽ, ധൃതരാഷ്ട്രന് അതു സഹിക്കുന്നില്ല. ഈ അധര്‍മ്മമായ കര്‍മ്മം ചെയ്യുവാന്‍ ഭീഷ്മനും സമ്മതിച്ചു കൊടുത്തിരിക്കുന്നു. എങ്ങനെ സമ്മതിച്ചു? നഗരംവിട്ട ഈ രാജകുമാരന്മാരെ അസ്ഥാനത്തിലാക്കാന്‍ അദ്ദേഹം സമ്മതിച്ചുവോ? മുമ്പ്‌ ശാന്തനു പുത്രനായ വിചിത്രവീര്യന്‍ രാജാവായിരുന്നപ്പോള്‍ അച്ഛനെപ്പോലെയായിരുന്നു ഞങ്ങള്‍ക്ക്‌. വിചിത്രവീരൃരാജര്‍ഷിയും പാണ്ഡുവും അപ്രകാരം തന്നെയായിരുന്നു. ആ നരശ്രേഷ്ഠന്മാര്‍ സ്വര്‍ഗ്ഗസ്ഥരായപ്പോള്‍ ബാലന്മാരായ രാജപുത്രന്മാരില്‍ ധൃതരാഷ്ട്രന് താത്പര്യമില്ലാതായി. ഇതു നാം സമ്മതിക്കരുത്‌. നമ്മള്‍ ഈ പുരത്തില്‍ നിന്നൊക്കെ ഒഴിച്ചു പോകണം. വീടും നാടും വിട്ട് നമ്മൾ എല്ലാവരും ധര്‍മ്മജന്‍ വാഴുന്ന ദിക്കില്‍ പോയി വാഴണം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദുഃഖത്തോടെ പറയുന്ന പൗരന്മാരോട്‌ അതി ദുഃഖിതനായി, അല്പം ചിന്തിച്ച്‌ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു; പിതാവും, മാന്യനും, ഗുരുവുമായ രാജാവ്‌ എന്തു കല്‍പിക്കുന്നുവോ ശങ്ക വിട്ട്‌ അതു ചെയ്യുക എന്നുള്ളതാണ്‌ ഞങ്ങളുടെ വംശവ്രതം. ഭവാന്മാര്‍ ഞങ്ങള്‍ക്ക്‌ ഇഷ്ടരാണ്‌. നിങ്ങള്‍ ഞങ്ങളെ വലംവെച്ചു നന്നായി നന്ദിച്ച്‌ അനുഗ്രഹിച്ചു വിടണം. ഞങ്ങള്‍ക്കു നിങ്ങളെക്കൊണ്ടു കാര്യമുണ്ടാകുമ്പോള്‍ പ്രിയവും ഹിതവുമായ കാര്യങ്ങൾ നിങ്ങള്‍ ചെയ്തു കൊള്ളുവിന്‍.

വൈശമ്പായനൻ പറഞ്ഞു; ധര്‍മ്മജന്റെ വാക്കു കേട്ട്‌ അവരെല്ലാം നന്ദിച്ച്‌ ആശിസ്സു നല്കി മെല്ലെ മന്ദിരത്തില്‍ ചെന്നു ചേര്‍ന്നു. പൗരന്മാര്‍ പോയതിന് ശേഷം ധര്‍മ്മവിത്തമനായ വിദുരന്‍ പ്രതിഭാശാലിയായ പാണ്ഡവശ്രേഷ്ഠനോട്‌, മ്ലേച്ഛഭാഷ അറിയുന്ന യുധിഷ്ഠിരനോട്‌ ഇപ്രകാരം പറഞ്ഞു. ഗൂഢാഗൂഢജ്ഞനും, പ്രാജ്ഞനും, പ്രാജ്ഞപ്രലാപം അറിയുന്നവനും, പ്രലാപജ്ഞനുമാണല്ലോ ധര്‍മ്മജന്‍. അദ്ദേഹം ഗൂഢാര്‍ത്ഥമായ ആ മൊഴികള്‍ സശ്രദ്ധം കേട്ടു.

വിദുരൻ പറഞ്ഞു; പരബുദ്ധിയറിഞ്ഞവന്‍ നീതിശാസത്രം പിന്‍തുടരും. അങ്ങനെ ബുദ്ധി കൊണ്ടറിഞ്ഞ്‌ ആപത്തൊഴിയുന്ന വിധം യഥോചിതം പ്രവര്‍ത്തിക്കണം.

1) അലോഹം നിശിതം ശസത്രം ശരീരപരികര്‍ത്തനം യോ വേത്തി ന തു തം ഘ്നന്തി പ്രതിഘാതവിദം ദ്വിഷഃ

ലോഹം കൊണ്ടുള്ളതല്ലാത്തതും മൂര്‍ച്ചയുള്ളതും, ദേഹം മുറിപ്പെടുത്തുന്നതുമായ ശസ്ത്രം അറിയുന്നവന്‍, എതിര്‍പ്പിനെ അറിയുന്നവന്‍ ശത്രുക്കളില്‍ നിന്നു രക്ഷപ്പെടും.

( ഗൂഢാര്‍ത്ഥം - വാരണാവതത്തില്‍ നിങ്ങള്‍ക്കു പാര്‍ക്കുവാന്‍ ശത്രുക്കള്‍ തയ്യാറാക്കിയ ഗൃഹം ആഗ്നേയ വസ്തുക്കള്‍ കൊണ്ടു നിര്‍മ്മിച്ചതാണെന്നു ഗ്രഹിച്ച്‌ കരുതലോടെ ഇരുന്നാല്‍ നിങ്ങള്‍ക്കു ദേഹനാശം സംഭവിക്കുന്നതല്ല )

2) കക്ഷഘ്ന ശിശിരഘ്നശ്ച മഹാകക്ഷേ വിലൗകസഃ ന ദഹേദിദി ചാത്മാനം യോ രക്ഷതി സ ജീവതി.

കാടും മഞ്ഞും നശിപ്പിക്കുന്നവന് കാട്ടില്‍ ഗുഹകളില്‍ പാര്‍ക്കുന്നവരെ ദഹിപ്പിക്കുവാന്‍ സാദ്ധ്യമല്ലെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ആത്മരക്ഷയുണ്ട്‌.

( ഗൂഢാര്‍ത്ഥം - കക്ഷഘ്നന്‍. - സമീപത്തിരിക്കുന്ന ഘാതകന്‍ (പുരോചനന്‍). ശിശിരഘ്നന്‍ - അഗ്നിയെക്കൊണ്ടു വധിക്കുന്നവന്‍. നിങ്ങളുടെ സമീപത്തു താമസിച്ച്‌ പുരയ്ക്കു തീ വെച്ചു നിങ്ങളെ കൊല്ലുവാന്‍ തക്കം നോക്കുന്നവനാണ്‌ പുരോചനന്‍. ഗൃഹാന്തര്‍ഭാഗത്തു നിന്ന്‌ തുരങ്കം വഴി നിങ്ങള്‍ പോയി ക്ഷപ്പെടണം )

3) നാ ചക്ഷുര്‍വ്വേത്തി പന്ഥാനം നാ ചക്ഷുര്‍വ്വിന്ദതേ ദിശഃ നാ ധൃതിര്‍ഭൂതിമാപ്നോതി ബുദ്ധ്യസ്യൈവം പ്രബോധിതഃ

അന്ധന്‍ വഴി അറിയുകയില്ല. ദിക്കുകളെ പ്രാപിക്കുകയുമില്ല. ഭീരു ഐശ്വര്യത്തെ നേടുകയില്ല. അമ്പരന്നവനെ ഒന്നിനും കൊളള്ളില്ല ( നിങ്ങള്‍ വിവേകികളായി, ധീരരായി, എന്റെ വാക്ക്‌ ഓര്‍ത്തു പ്രവര്‍ത്തിക്കണം ).

( ഗൂഢാര്‍ത്ഥം - ഗുഹയില്‍ പ്രവേശിക്കുകയാണെങ്കില്‍ ഗുഹയുടെ മുഖം തീ കൊണ്ട്‌ എരിയുമ്പോള്‍ ആവി കൊണ്ടു കഷ്ടത്തിലാകുമെന്ന്‌ നിങ്ങള്‍ക്കു തോന്നാം. ശരിയായ വിവേകം ഉദിക്കാതെ വഴിയോ ദിക്കോ തിരിച്ചറിയുവാന്‍ സാധിക്കയില്ല. ഈ സന്ദര്‍ഭത്തില്‍ ധൈര്യം ആവശ്യമാണ്‌  ).

4)അനാപ്തൈര്‍ ദത്തമാദത്തേ നരഃ ശസ്ത്രമലോഹജം ശ്വാവിച്ഛരണമാസാദ്യ പ്രമുച്യേത ഹുതാശനാല്‍.

ശത്രുക്കളാല്‍ നല്കപ്പെട്ട അലോഹജമായ ശസ്‌ത്രം ( ഭവനം ) സ്വീകരിച്ചാല്‍ മുള്ളന്‍പന്നിയുടെ ഗൃഹം പോലുള്ള രണ്ടു ദ്വാരമുള്ളതാകണം ആ ഗുഹ. അങ്ങനെ നിങ്ങള്‍ തീയില്‍ നിന്നു രക്ഷപ്പെടണം.

( ഗൂഢാര്‍ത്ഥം - മാര്‍ഗ്ഗവിവേചനം എങ്ങനെയെന്നു വെളപ്പെടുത്തുന്നു. ശത്രു നല്കുന്ന ആ ഭവനത്തില്‍ വസിക്കുകയാണെങ്കില്‍ അതു തീ പിടിക്കുമ്പോള്‍ നിങ്ങള്‍ ഗുഹാ മാര്‍ഗ്ഗമായി രക്ഷപ്പെടണം. ആ ഗുഹ മുള്ളന്‍പന്നി വസിക്കുന്ന ഗുഹ പോലെ രണ്ടു ദ്വാരമുള്ളതാകണം. അതിലൂടെ സഞ്ചരിച്ചു രക്ഷപ്പെടണം ).

5) ചരന്‍ മാര്‍ഗ്ഗാന്‍ വിജാനാതി നക്ഷത്രൈര്‍വിന്ദതേ ദിശഃ ആത്മനാചാത്മനഃ പഞ്ച പീഡയന്നാനു പീഡ്യതേ

നടക്കുന്നവന്‍ വഴി അറിയും, നക്ഷത്രങ്ങള്‍ ദിക്കു കാണിക്കും. പഞ്ചേന്ദ്രിയങ്ങളെ അടക്കുന്നവന് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരികയില്ല.

( ഗൂഢാര്‍ത്ഥം - ഗുഹയില്‍ നിന്നു പുറത്തു വരുന്ന നിങ്ങള്‍ക്ക്‌ വഴിയറിയുവാന്‍ കഴിയും. പുറത്തു വന്നാല്‍ നക്ഷത്രങ്ങളെ നോക്കി ദിക്കറിയണം. ദിക്കറിഞ്ഞാല്‍ പോകേണ്ടത്‌ എവിടേക്കാണെന്നു മനസ്സിലാക്കണം. ഹസ്തിനാപുരിയിലേക്കു വരരുത്‌. ആരുമറിയാതെ ഗുഹയുണ്ടാക്കുവാന്‍ ഒരു വിശ്വസ്ത ഭൃത്യന്‍ നമുക്കുണ്ടാകും. ആ ഗുഹയിലൂടെ പോയി വല്ല ദേശങ്ങളിലും പാര്‍ത്തു കൊള്ളണം. അധീരരാകാതെ ജീവിക്കുന്ന പക്ഷം വീണ്ടും ഐശ്വര്യമുണ്ടാകുന്നതാണ്‌ ).

വൈശമ്പായനൻ പറഞ്ഞു: വിദ്വല്‍ പ്രവരനായ വിദുരന്‍ പറഞ്ഞതു കേട്ട് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ അദ്ദേഹത്തോടു മനസ്സിലായി എന്നു മാത്രം ഉത്തരം പറഞ്ഞു.

ഇപ്രകാരം ഉപദേശിച്ചു വലം വെച്ച്‌, പാണ്ഡവരോടു സമ്മതം വാങ്ങി വിദുരന്‍ സ്വഗൃഹത്തിലേക്കു മടങ്ങി. വിദുരനും ഭീഷ്മനും പൗരന്മാരും പിരിഞ്ഞു പോയതിന് ശേഷം അജാതശത്രുവായ യുധിഷ്ഠിരനോട്‌ കുന്തി ചോദിച്ചു.

കുന്തി പറഞ്ഞു: ജനമദ്ധ്യത്തില്‍ വെച്ച്‌ വിദുരന്‍ അസാധാരണമായ വിധം ചില വാക്കുകള്‍ പറഞ്ഞുവല്ലോ. അതുകേട്ട്‌ നീ അപ്രകാരമാകാം എന്നു മറുപടി പറഞ്ഞതെന്താണ്‌? ഞങ്ങള്‍ക്ക്‌ അതൊന്നും തിരിഞ്ഞില്ല. ഞങ്ങള്‍ക്കത്‌ അറിയുന്നതില്‍ വിരോധമില്ലെങ്കില്‍, ദോഷമൊന്നുമില്ലെങ്കില്‍ ഞങ്ങള്‍ക്കും അറിയണമെന്നാഗ്രഹമുണ്ട്‌. പറയുവാന്‍ വിരോധമില്ലെങ്കില്‍ കേട്ടാല്‍ കൊള്ളാം.

യുധിഷ്ഠിരന്‍ പറഞ്ഞു: ആദ്യം പറഞ്ഞത്‌ ഗൃഹത്തില്‍ തീ ഭയം ഉണ്ടാകും എന്നാണ്‌. ആരും കാണാത്ത വഴിക്ക്‌ നിങ്ങള്‍ പോകണമെന്നാണ്‌ പിന്നെ പറഞ്ഞത്‌. ധാര്‍മ്മികനായ അദ്ദേഹം പിന്നെ പറഞ്ഞത്‌, ജിതേന്ദ്രിയനായി, ശാന്തനായി ജീവിച്ചാല്‍ വീണ്ടും ഊഴി നേടുമെന്നാണ്‌. ഇതിന്നുത്തരമാണ്‌ എല്ലാം മനസ്സിലായി എന്നു ഞാന്‍ പറഞ്ഞത്‌.

വൈശമ്പായനൻ പറഞ്ഞു; ഫാല്‍ഗുന മാസത്തില്‍ എട്ടാം നാളില്‍ (കുംഭമാസം 8-ാം തീയതി) രോഹിണി നക്ഷത്രത്തില്‍ പാണ്ഡവന്മാര്‍ വാരണാവതത്തിലെത്തി ജനങ്ങളെ ദര്‍ശിച്ചു.

146. ഭീമസേന യുധിഷ്ഠിര സംവാദം - വൈശമ്പായനൻപറഞ്ഞു: പാണ്ഡവന്മാര്‍ വന്നിരിക്കുന്ന വൃത്താന്തം വാരണാവത വാസികൾ എല്ലാവരും കേട്ടറിഞ്ഞ്‌ ശാസ്ത്രപ്രകാരം സര്‍വ്വമംഗളങ്ങളും കൈക്കൊണ്ട്‌ ഉത്സാഹഭരിതരായി. പാണ്ഡവന്മാര്‍ വന്നതു കണ്ട്‌ ഓരോ വാഹനങ്ങളില്‍ കയറി നഗരവാസികള്‍ ചെന്ന്‌  അവരെ എതിരേറ്റു.

പിന്നെ വാരണാവത വാസികള്‍ കുന്തീപുത്രന്മാരെ കൊണ്ട്‌ ജയാശീര്‍വ്വാദങ്ങള്‍ ചെയ്ത്‌ ചുറ്റും കൂടി നിരന്നു. അപ്രകാരം അവരാല്‍ ചുറ്റപ്പെട്ട യുധിഷ്ഠിരന്‍, വാനോര്‍ ചൂഴ്ന്നു നില്ക്കുന്ന ഇന്ദ്രനെന്ന പോലെ ശോഭിച്ചു. പൗരന്മാരുടെ അഭിവാദ്യമേറ്റ്, പൗരന്മാരെ വന്ദനം ചെയ്ത്‌, അലങ്കരിക്കപ്പെട്ടതും ആള്‍ത്തിരക്കുള്ളതുമായ വാരണാവതത്തിലെത്തി. ആ പുരത്തില്‍ ചെന്നുകയറി വീരന്മാരായ അവര്‍ കര്‍മ്മനിഷ്ഠയാര്‍ന്ന്‌, വിപ്രന്മാരുടെ ഗൃഹങ്ങള്‍ ചെന്നുകണ്ടു. നഗരാധികൃതാവാസങ്ങളും രഥിഗൃഹങ്ങളും വൈശ്യശൂദ്ര ഗൃഹങ്ങളും ആ നരശ്രേഷ്ഠന്മാര്‍ സന്ദര്‍ശിച്ചു. പൗരാവലികളാല്‍ അര്‍പ്പിതന്മാരായി പാര്‍ത്ഥന്മാര്‍ വിളങ്ങി.

പിന്നെ പുരോചനന്റെ അകമ്പടിയോടെ അവര്‍ ഗൃഹത്തില്‍ പ്രവേശിച്ചു. ഭക്ഷ്യപേയ വിഭവങ്ങളും ശോഭയേറിയ മൃദുല ശയനീയങ്ങളും ദിവ്യപീഠങ്ങളും ഭവ്യനായ പുരോചനന്‍ അവര്‍ക്കു നല്കി. അവന്റെ സല്‍ക്കാരം സ്വീകരിച്ച്‌, ദിവ്യമായ ഉപകരണത്തോടു കൂടി, പരലോകാര്‍ച്ചിതന്മാരായി ആ കൗരവോത്തമന്മാര്‍ അവിടെ വാണു. പത്തുദിവസം അങ്ങനെ പാര്‍ത്തശേഷം പുരോചനന്‍, അശിവമാണെങ്കിലും ശിവം എന്നു നാമകരണം ചെയ്ത  ഗൃഹം കാണിച്ചു പറഞ്ഞു.

പുരോചനന്‍ പറഞ്ഞു: ഈ ഗൃഹം നിങ്ങള്‍ക്കു പാര്‍ക്കുവാന്‍ തയ്യാര്‍ ചെയ്തതാണ്‌. ശിവമായ ഇതില്‍ ഇനി പാര്‍ക്കാം. എല്ലാവിധ സുഖസൗകര്യങ്ങളും ഞാന്‍ രാജാജ്ഞയാല്‍ സജ്ജീകരിച്ചിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ആ പുരുഷര്‍ഷഭര്‍ അതില്‍ പരിവാരങ്ങളോടു കൂടി കൈലാസത്തില്‍ ഗുഹൃകരെന്ന വിധം പ്രവേശിച്ചു. പുതിയ ഗൃഹം ചുറ്റിനടന്നു നോക്കി സര്‍വ്വധര്‍മ്മജ്ഞ സമ്മതനായ യുധിഷ്ഠിരന്‍ ഭീമനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമാ, നീ ഈ ഗൃഹം ഒന്നു പരിശോധിച്ചു നോക്കൂ. ഇതിന്റെ ഗന്ധം നെയ്യും അരക്കും ചേര്‍ന്ന വിധം മണം തോന്നുന്നില്ലേ; ആഗ്നേയ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയതാണ്‌ ഈ ഗൃഹം സംശയമില്ല. ശണസര്‍ജ്ജരസം ചേര്‍ത്തിട്ടാണ്‌ ഇതു പണി ചെയ്തിട്ടുള്ളത്‌. മുജ്ജവൽകജവംഗാദിമരങ്ങളെല്ലാം നെയ്യില്‍ നനച്ച്‌ സമര്‍ത്ഥരായ വിശ്വസ്ത ശില്പി ഗണങ്ങളെ കൊണ്ട്‌ പണിയിച്ചതാണ്‌ ഈ ഗൃഹം; സംശയമില്ല! വിശ്വസ്തരായ നമ്മളെ ചുട്ടു കളയുവാന്‍ ദുഷ്ടനായ ഈ പുരോചനന്‍ തക്കം നോക്കി ദുര്യോധന ഹിതത്തിന് വേണ്ടി നില്ക്കുകയാണ്‌. മഹാബുദ്ധിമാനായ വിദുരന്‍ ഇതു മനസ്സിലാക്കിയിട്ടുണ്ട്‌. അതു കൊണ്ടാണ്‌ അദ്ദേഹം മുന്‍കൂട്ടി എനിക്കു ബോധം തന്നത്‌. നിത്യവും നമുക്ക്‌ ഹിതത്തിനായി ചിന്തിച്ചു പോരുന്നവനാണ്‌ ആ മഹാശയന്‍. ആ കനിഷ്ഠ താതന്‍ കനിഞ്ഞു പറഞ്ഞിട്ട്‌ വിവരം നാം അറിഞ്ഞിരിക്കുന്നു. ദുഷ്ടനായ പുരോചനന്‍, ദുര്യോധനവശന്‍, കെട്ടിത്തീര്‍ത്ത ശിവാലയത്തെപ്പറ്റി വിദുരന്‍ മുന്‍ കൂടി ഗ്രഹിച്ചിരിക്കുന്നു.

ഭീമസേനന്‍ പഠഞ്ഞു: ഇത്‌ ആഗ്നേയഗൃഹമാണെന്ന്‌ ജ്യേഷ്ഠന് തോന്നുന്നുണ്ടെങ്കില്‍ മുമ്പേ നാം അല്പ ദിവസം താമസിച്ചേടത്തേക്കു തന്നെ പോകാമല്ലോ?

യുധിഷ്ഠിരന്‍ പറഞ്ഞു: നാം കരുതിയിരിക്കണം. നമ്മുടെ രൂപം കാട്ടാതെ ഇവിടെ തന്നെ വാഴണം. പ്രമാദം പറ്റാതിരിക്കുകയും വേണം. അതിനിടയ്ക്ക്‌ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം നോക്കി കാണണം. നമ്മുടെ ഭാവം അറിഞ്ഞാല്‍ പുരോചനന്‍ താമസിക്കാതെ നമ്മളെ ചുട്ടു കളയും. അധര്‍മ്മവും അവമാനവും ഒന്നും തന്നെ പേടിക്കുന്നവനല്ല പുരോചനന്‍. അവന്‍ ദുര്യോധനന്റെ ചൊല്പടിക്കു നില്ക്കുന്നവനാണ്‌. നമ്മെ ചുട്ടു എന്നു കേട്ടാല്‍ കുരുപിതാമഹനായ ഭിഷ്മന്‍ കോപിക്കുകയില്ലേ? അല്ലെങ്കില്‍ കോപിച്ചിട്ടെന്തു കാര്യം? പിന്നീട്‌ പിതാമഹന്‍ ഇതു ധര്‍മ്മമായോ എന്നു കോപിക്കും. മറ്റു കുരുക്കളും ഭീഷ്മനോടൊപ്പം തന്നെ കോപിച്ചേക്കും. നാം ഇപ്പോള്‍ തന്നെ പേടിച്ച്‌ ഇവിടെ നിന്ന്‌ ഓടിയാല്‍ ചാരന്മാരെ കൊണ്ട്‌ രാജ്യലുബ്ധനായ ദുര്യോധനന്‍ കൊല്ലിക്കും. പണം കൊടുത്തും മറ്റും ജനങ്ങളെ അവന്‍ പാട്ടിലാക്കും. അവന് അധീനമാകും ജനങ്ങള്‍. അധികാരത്തിൽ ഇരിക്കുന്നവന്‍ നിലയില്ലാത്തവനേയും, സഹായമുള്ളവന്‍ സഹായമില്ലാത്തവനേയും, ധനികന്‍ ദരിദ്രനേയും തീര്‍ച്ചയായും ഉപായത്തില്‍ കൊല്ലിക്കും. അതു കൊണ്ട്‌ ഈ ദുഷ്ടനായ പുരോചനനേയും ദുര്യോധനനേയും വഞ്ചിച്ച്‌ ഗൂഢമായി അവിടേയും ഇവിടേയുമായി പാര്‍ക്കണം. നമുക്കു വേട്ടയാടി അങ്ങനെ പാര്‍ക്കാം. അങ്ങനെയായാല്‍ ഓടിപ്പോകുമ്പോള്‍ കാട്ടുവഴികള്‍ മനസ്സിലാക്കാന്‍ അതുപകരിക്കും. പിന്നെ ഒരു കാര്യം നാം ചെയ്യുണം. ഭൂമിക്കടിയില്‍ ഗുഹാദ്വാരമുണ്ടാക്കണം. അതില്‍ പാര്‍ത്ത്‌ ശ്വാസോച്ഛാസം പോലും മന്ദമാക്കി വാഴുന്ന നമ്മെ അഗ്നി ദഹിപ്പിക്കുന്നതല്ല. അതില്‍ നാം പാര്‍ക്കുന്നത്‌ പുരോചനന്‍ അറിയരുത്‌. പൗരലോകവും അറിയരുത്‌. ശിവാലയം എന്ന പേരു പോലെ തന്നെ ഈ ആലയം ശിവമാക്കി തീര്‍ക്കണം.

147. ജതുഗ്യഹവാസം - ഖനകന്റെ മഹാബിലനിര്‍മ്മാണം - വൈശമ്പായനൻ പറഞ്ഞു; വിദുരന്റെ ഇഷ്ടനും വിശ്വസ്തനുമായി സമര്‍ത്ഥനായ ഒരു ഖനകനുണ്ട്‌. അവന്‍ രഹസ്യമായി പാണ്ഡവരെ കണ്ടു പറഞ്ഞു.

ഖനകന്‍ പറഞ്ഞു: വിദുരന്‍ പറഞ്ഞു വിട്ട ഒരു ഖനകനാണ്‌ ഞാന്‍. പാണ്ഡവന്മാര്‍ക്കു നന്മയ്ക്കു വേണ്ടി ഞാന്‍ എന്താണു ചെയ്യേണ്ടത്‌? വിദുരന്‍ എന്നോട്‌ ഗൂഢമായി ഭവാനെ കണ്ട്‌ എന്തു പണിയൊക്കെയാണ്‌ പണിയേണ്ടതെന്നു വെച്ചാല്‍ അതൊക്കെ ചെയ്തു കൊടുക്കണമെന്നു പറഞ്ഞ്‌ അയച്ചിരിക്കുകയാണ്‌. കൃഷ്ണപക്ഷത്തില്‍ ചതുര്‍ദ്ദശിയില്‍ ഭവാന്റെ ഗൃഹം രാത്രി ദ്വാരം തോറും കൊള്ളിവെക്കും. അമ്മയോടൊപ്പം ശ്രേഷ്ഠന്മാരായ നിങ്ങള്‍ ഭവനത്തില്‍ വെന്തു പോകണം എന്നാണ്‌ ദുഷ്ടനായ ധാര്‍ത്തരാഷ്ട്രന്റെ നിശ്ചയം എന്നു ഞാന്‍ രഹസ്യമായി അറിഞ്ഞു. ധൃതരാഷ്ട്ര രാജാവിന്റെ കല്പന പ്രകാരം നിങ്ങള്‍ വാരണാവതത്തിലേക്കു പുറപ്പെട്ട സമയത്ത്‌ വിദുരന്‍ ഏതാണ്ട്‌ മ്ലേച്ഛമായ ഭാഷയില്‍ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്‌. അത്‌ അപ്രകാരം തന്നെ എന്ന് ഭവാന്‍ മറുപടിയും പറഞ്ഞു. വിശ്വാസ സൂചകമായി അദ്ദേഹം ഇതാണ്‌ അടയാള വാക്യമായി പറഞ്ഞു തന്നത്.

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ സത്യധീരനായ യുധിഷ്ഠിരന്‍ ആ ഖനകനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ! സൗമ്യാ, ഭവാന്‍ വിദുരന്റെ സുഹൃത്താണെന്നു ഞാന്‍ അറിയുന്നു. നീ ശുദ്ധമാനസനും ആപ്തനും പ്രിയനും സ്ഥിരമായ ഭക്തി ഉള്ളവനുമാണ്‌ എന്നതില്‍ സംശയമില്ല. ആ കവീന്ദ്രന് ഭൂതവും ഭാവിയും വര്‍ത്തമാനവും സൂക്ഷ്മമായി അറിയാം. അദ്ദേഹം ഗ്രഹിക്കാത്ത ഒരു കാര്യവുമില്ല. ആ മഹാശയനെപ്പോലെ നീയും ഞങ്ങളെപ്പറ്റി ഓര്‍ക്കണം. നീയും ഞങ്ങളുടെ ആപ്തനാണ്‌. ഞങ്ങള്‍ക്കു നീയും, നിനക്കു ഞങ്ങളും ഒന്നു പോലെയാണ്‌. നീയും ആ കവിയെപ്പോലെ ഞങ്ങളെ പാലിക്കുക. ഈ ഭവനം ആഗ്നേയമായി നമുക്കു തീര്‍ത്തിരിക്കുന്നു. തീര്‍ച്ചയാണത്‌. ദുഷ്ടനായ ദുര്യോധനന്റെ കല്പന പ്രകാരമാണ്‌ പുരോചനന്‍ ഈ പണി പറ്റിച്ചിരിക്കുന്നത്‌. കോപവാനായ ആ ദുഷ്ടദുര്യോധനന് സഹായികളുണ്ട്‌. മഹാശഠനാണ്‌. അവന്‍ നമ്മെ ഉപ്രദ്രവിക്കുവാന്‍ ചട്ടം കെട്ടിയിരിക്കുകയാണ്‌. ഭവാന്‍ അഗ്നിയില്‍ നിന്നു ഞങ്ങള്‍ക്കു രക്ഷ കിട്ടുവാന്‍ വേണ്ട മാര്‍ഗ്ഗം ഉണ്ടാക്കിത്തരിക. ഞങ്ങള്‍ വെന്തു മരിച്ചാല്‍ ദുര്യോധനന്റെ കാര്യം സാധിക്കും. ഇത്‌ ആ ദുഷ്ടന്റെ സമ്പൂര്‍ണ്ണായുധപ്പുരയാണ്‌. ചുറ്റും കെട്ടിയിട്ടുള്ള കോട്ട നോക്കൂ! അത്‌ ഉടയ്ക്കുവാന്‍ വയ്യാത്തതാണ്‌; ഏറ്റവും ഉറച്ചതാണ്‌. ഇതാണ്‌ ആ ദുഷ്ടമതി ചിന്തിക്കുന്ന അശുഭം എന്ന് വിദുരന്‍ മുമ്പേ തന്നെ മനസ്സിലാക്കി ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ബുദ്ധിമാനായ വിദുരന്‍ കണ്ട ആപത്ത്‌ ഇതാ അടുത്തിരിക്കുന്നു. പുരോചനന്‍ ഗ്രഹിക്കാത്ത വിധം നീ ഞങ്ങളെ ആപത്തില്‍ നിന്നു രക്ഷിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഖനകന്‍ അപ്രകാരമാകാം എന്നേറ്റ്‌ കിടങ്ങു പരിഷ്കരിക്കുന്നതിന് പോരുന്ന വിധം ഒരു ഗുഹയുണ്ടാക്കി. ആ ഗൃഹത്തിന്റെ നടുവിലും ഒരു ചെറിയ ഗുഹയുണ്ടാക്കി. നിലതാനത്ത്‌ ഒളിവില്‍ വാതിലുമുണ്ടാക്കി. പുരോചന ഭയത്താല്‍ ആ തുരങ്കം മൂടിവെച്ചു. എന്തുകൊണ്ടെന്നാല്‍ ആ ദുഷ്ടന്‍ ആ ഗുഹാദ്വാരത്തിന്റെ സമീപത്ത്‌ ദുര്‍വ്വിചാരത്തോടെ, ചിന്താപരനായി, ഇരിക്കുന്നത്‌ അവര്‍ കാണാറുണ്ട്‌. പാണ്ഡവന്മാര്‍ ആയുധശാലികളായി പകലെല്ലാം വനങ്ങളില്‍ വേട്ടയാടും. രാത്രിയെല്ലാം കരുതലോടെ നിര്‍നിദ്രരായി കഴിച്ചു കൂട്ടുകയും ചെയ്യും. വിശ്വസ്തനെ പോലെ പുരോചനനാല്‍ വഞ്ചിക്കപ്പെട്ട അവര്‍ സന്തുഷ്ടരെന്ന വിധം അസന്തുഷ്ടരായി പരമ വിസ്മിതന്മാരായി പാര്‍ത്തു. അവര്‍ പുരോചനനെ വിശ്വസിച്ചില്ല. പുരോചനനുമായി വലിയ ഇഷ്ടത്തോടെ വാണു. സന്തോഷമില്ലെങ്കിലും സന്തോഷം നടിച്ചു. അവരുടെ ഈ നില നഗരവാസികളാരും അറിഞ്ഞില്ല. വിദുരന്റെ അമാത്യനായ ഖനകനു മാത്രം അറിയാം.

148. ജതുഗൃഹദാഹം - അരക്കില്ലം തീ വെക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഒന്നിച്ച്‌ ഒരാണ്ടു കാലം സസന്തോഷം അവിടെ പാര്‍ത്തപ്പോള്‍ അവര്‍ വിശ്വസ്തരായി എന്നു പുരോചനന്‍ തീര്‍ച്ചപ്പെടുത്തി. പുരോചനന് സന്തോഷമായി. പുരോചനന്റെ സന്തോഷം കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ ഭീമാര്‍ജ്ജുനന്മാരോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: നമ്മള്‍ വിശ്വസ്തരായെന്ന്‌ പാപിയായ പുരോചനന്‍ വിചാരിക്കുന്നു. ഈ ദുഷ്ടനെ വഞ്ചിച്ച്‌ ഇവിടെ നിന്നു പുറപ്പെടാന്‍ ലാക്കു നോക്കണം. ആയുധപ്പരയും ചുട്ട്‌ പുരോചനനേയും ചുട്ട്‌ ഈ സ്ഥലം വിടണം. ആരുമറിയാതെ നമുക്ക്‌ ആറു പേര്‍ക്കും ഒളിച്ചോടിക്കളയാം.

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം അവര്‍ തീരുമാനിച്ചു. ഒരു ദിവസം കുന്തി ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്ന മട്ടില്‍ ഒരു സദ്യ നടത്തി. രാത്രി അതിലേക്കു പല സ്ത്രീകളും വന്നു. അവര്‍ തിന്നും കുടിച്ചും രാത്രി കൂത്താടി. പിന്നെ കുന്തിയുടെ സമ്മതം വാങ്ങി അവര്‍ സ്വന്തം വീടുകളിലേക്കു പോയി. ആ സദൃയ്ക്ക്‌ അഞ്ചു പുത്രന്മാരോടു കൂടി ഒരു വേടത്തി, കാലന്റെ കല്പന പ്രകാരം, ചോറിനായി വന്നു ചേര്‍ന്നു. ഭക്ഷണം കഴിച്ച്‌, മദ്യം കുടിച്ച്‌, മത്തോടെ, മക്കളോടു കൂടി തളര്‍ന്ന്‌ അവള്‍ ആ ഗൃഹത്തിനുള്ളില്‍ തന്റേടം വിട്ട്‌ ചത്ത വിധം നിശ്ചലമായി, ബോധം വിട്ടു കിടന്നുറങ്ങി. നന്നായി കാറ്റു വീശാന്‍ തുടങ്ങിയ സമയത്ത്‌; എല്ലാവരും ഗാഢനിദ്രയില്‍ പെട്ട സമയത്ത്‌, പുരോചനന്‍ ഉറങ്ങിക്കിടക്കുന്ന സമയം നോക്കി കണ്ട്‌ ആ പുര കൊള്ളി വെക്കുവാന്‍ ഭീമന്‍ ചൂട്ടു കത്തിച്ചു. അരക്കില്ലത്തിന്റെ പ്രധാന ദ്വാരത്തില്‍ തീ വെച്ചു. പിന്നെ അതിന്റെ എല്ലാ വാതില്‍ക്കലും കൊള്ളിവെച്ചു. പിന്നെ സര്‍വ്വദിക്കിലും, ആ പുരയുടെ ചുറ്റും തീ വെച്ചു. ആ ഗൃഹം കത്തിയാളുന്നതു കണ്ട്‌ പാണ്ഡവന്മാര്‍ അമ്മയോടു കൂടി തുരങ്കത്തില്‍ ഇറങ്ങി. ഉടനെ തീയിന്റെ കടുത്ത ചൂടും പടര്‍ന്നു കത്തുന്ന പടുഘോഷവും ഉയര്‍ന്നു. പൊട്ടിത്തെറിയും ചടപടാശബ്ദവും കേട്ട്‌ നാട്ടുകാർ ഉണര്‍ന്നു. പാണ്ഡവന്മാരുടെ ആ ഭവനം കത്തിക്കാളുന്നതു കണ്ട്‌ വരണ്ട തൊണ്ടയോടെ നാട്ടുകാര്‍പറഞ്ഞു.

നാട്ടുകാര്‍ ചറഞ്ഞു: ദുര്യോധനന്റെ കല്പനപ്രകാരം ദുര്‍ബുദ്ധിയായ ധൃതരാഷ്ട്രന്‍ തന്റെ നാശത്തിന് വേണ്ടി പുരോചനനെ കൊണ്ടു പുരം പണിയിച്ചു. മന്ത്രിയെക്കൊണ്ട്‌ ചുട്ടു കരിക്കുകയും ചെയ്തു. അയ്യയ്യോ! ധൃതരാഷ്ട്രന്റെ ബുദ്ധി മഹാക്രൂരം തന്നെ! നല്ലവരായ പാണ്ഡവരെ, കുട്ടികളും ശുദ്ധതുമായ പാണ്ഡവന്മാരെ, അവന്‍ ശത്രുക്കളെപ്പോലെ ചുട്ടുവല്ലോ! ഭാഗ്യം! ആ പാപി വെന്തതു നന്നായി! വിശ്വസ്തരായ പാണ്ഡവന്മാരെ ചുട്ടെരിച്ചവനും തീയില്‍ പെട്ടു വെന്തു പോയല്ലോ! അതാണ്‌ ദൈവനീതി.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം നാട്ടുകാര്‍ മുറയിട്ടു. വാരണാവതം നിലവിളി കൊണ്ടു മുഴങ്ങി. രാത്രി അവര്‍ ആ ഭവനത്തിന് ചുറ്റും നിന്നു. പാണ്ഡവന്മാര്‍ ഈ സന്ദര്‍ഭത്തില്‍ അമ്മയോടു കൂടി ദുഃഖത്തോടെ ആ തുരങ്കം വഴി ഗൂഢമായി പുറത്തു കടന്നു. ഉറക്കമിളച്ചു ഭയപ്പെട്ട്‌ പാണ്ഡവന്മാര്‍ വേഗത്തില്‍ നടക്കുവാന്‍ വയ്യാതെ അമ്മയോടു കൂടി കുഴങ്ങി. ഭീമവേഗ പരാക്രമനായ ഭീമസേനന്‍ ഭ്രാതാക്കളേയും അമ്മയേയും എടുത്തു നടന്നു. അമ്മയെ തോളിലെടുത്ത്‌, ഒക്കത്ത്‌ യമന്മാരെയുമെടുത്ത്‌, ധര്‍മ്മജനെ വലംകൈയിലും അര്‍ജ്ജുനനെ ഇടംകൈയിലുമെടുത്ത്‌ ഗതിവേഗം കൊണ്ടു മരങ്ങളെ തകര്‍ത്തും, കാലു കൊണ്ടു ഭൂമി കുലുക്കിയും, വായുവേഗത്തോടെ വായുപുത്രനായ വൃകോദരൻ നടന്നു.

149. പാണ്ഡവന്മാരുടെ ഗംഗോത്തരണം - വൈശമ്പായനന്‍ പറഞ്ഞു: ഈ സമയത്ത്‌ താന്‍ മുമ്പെ കണ്ട വിധം തന്നെ വിദ്വാനായ വിദുരന്‍ കാട്ടിലേക്ക്‌ വിശ്വസ്തഭൃത്യനെ വിട്ടു. അവന്‍ ഉദ്ദേശിച്ച വിധം കാട്ടില്‍ പോയി പാര്‍ത്ഥരെ കണ്ടു. അമ്മയോടു കൂടി അവര്‍ ആറ്റിലേക്ക്‌ വെള്ളം എത്രയുണ്ടെന്നു നോക്കുവാന്‍ എത്തുമെന്ന്‌ വിദുരന്‍ മുമ്പേ തന്നെ ഉദ്ദേശിച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ വിദുരന്‍ അയച്ച ദൂതന്‍ അവരെ വിചാരിച്ച മട്ടില്‍ തന്നെ കണ്ടെത്തി. എന്നു തന്നെയല്ല ആ ദുഷ്ടന്മാര്‍ ഇനി എന്തു ചെയ്യുമെന്നുള്ളതും ഊഹിച്ചറിഞ്ഞു. അതു കൊണ്ട്‌ വിദുരന്‍ പറഞ്ഞു വിട്ട ആള്‍ പാര്‍ത്ഥരെ കണ്ട്‌ പായ കെട്ടിയ വഞ്ചി കാണിച്ചു കൊടുത്തു. ശുഭമായ ഭാഗീരഥിയില്‍ വിശ്വസ്തരായ നാവികരോടു കൂടിയ, വായുവേഗത്തിലുള്ള വഞ്ചി കണ്ട്‌ പാണ്ഡവന്മാര്‍ അത്ഭുതപ്പെട്ടു. അദ്ദേഹം യുധിഷ്ഠിരനെ സമീപിച്ചു പറഞ്ഞു.

ദൂതന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ, വിദുരന്‍ പറഞ്ഞയച്ചവനാണ്‌ ഞാന്‍, ശങ്കിക്കേണ്ടതില്ല. അടയാള വാക്യം പറഞ്ഞാല്‍ ഭവാനു ബോദ്ധ്യമാകും.

കക്ഷഘ്നഃ ശിശിരഘ്നശ്ച മഹാകക്ഷേ വിലകസഃന ദഹേദിതി ചാത്മാനാം യോ രക്ഷതി സ ജീവതി.

കാടും മഞ്ഞും നശിപ്പിക്കുന്നവന് കാട്ടില്‍ ഗുഹകളില്‍ പാര്‍ക്കുന്നവരെ ദഹിപ്പിക്കുവാന്‍ സാദ്ധ്യമല്ലെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ആത്മരക്ഷയുണ്ട്‌.

( ഗൂഢാര്‍ത്ഥം - കക്ഷഘ്നന്‍. - സമീപത്തിരിക്കുന്ന ഘാതകന്‍ (പുരോചനന്‍). ശിശിരഘ്നന്‍ - അഗ്നിയെക്കൊണ്ടു വധിക്കുന്നവന്‍. നിങ്ങളുടെ സമീപത്തു താമസിച്ച്‌ പുരയ്ക്കു തീ വെച്ചു നിങ്ങളെ കൊല്ലുവാന്‍ തക്കം നോക്കുന്നവനാണ്‌ പുരോചനന്‍. ഗൃഹാന്തര്‍ഭാഗത്തു നിന്ന്‌ തുരങ്കം വഴി നിങ്ങള്‍ പോയി ക്ഷപ്പെടണം )

ഈ അടയാളം കൊണ്ടറിയുക, ഞാന്‍ അദ്ദേഹം ചൊല്ലി വിട്ടവനാണെന്ന്‌. പിന്നേയും ധര്‍മ്മവിത്തമനായ വിദുരന്‍ എന്നോട്‌ ഇപ്രകാരം പറഞ്ഞു.

വിദുരന്‍ പറഞ്ഞു; കര്‍ണ്ണനേയും അനുജനോടു കൂടിയ ദുര്യോധനനേയും ശകുനിയേയും ഭവാന്‍ വെല്ലും; തീര്‍ച്ചയാണ്‌. വെള്ളത്തില്‍ സുഖമായി ഈ വഞ്ചി പായും. നിങ്ങളെയെല്ലാവരേയും ഇതു ദൂരെ കൊണ്ടു വിടും.

വൈശമ്പായനൻ പറഞ്ഞു: അമ്മയോടു കൂടി ദുഃഖത്തില്‍ പെട്ടു നില്‍ക്കുന്ന അവരെ തോണിയില്‍ കയറ്റി യാത്രയായപ്പോള്‍ അവന്‍ പറഞ്ഞു: വിദുരന്‍ മനസാ നിങ്ങളെ ആശ്ലേഷിച്ചു ശിരസ്സില്‍ ഘ്രാണിച്ച്‌ നിങ്ങളുടെ യാത്രയ്ക്കു മംഗളമോതുന്നു എന്ന് വിദുരസന്ദേശം ഉണര്‍ത്തിച്ചു. അങ്ങനെ അവരെ അവന്‍ ഗംഗയുടെ അക്കരയ്ക്ക്‌ എത്തിച്ചു. ഗംഗാനദിയുടെ മറുകരയില്‍ അവര്‍ അടുത്തു. വിജയാശീര്‍വാദം നല്കി അവന്‍ വന്ന വഴിക്കു പോകുവാന്‍ ഭാവിക്കുമ്പോള്‍ പാണ്ഡവര്‍ വിദുരനെ അറിയിക്കുവാന്‍ പ്രതിസന്ദേശം പറഞ്ഞു. ഹൃദയംഗമമായ ആ സന്ദേശവും കേട്ടു കൊണ്ട്‌ അവന്‍ തിരിച്ചു. ഗംഗാനദി കടന്നിട്ട്‌ ഗൂഢചാരികളായ അവര്‍ നടന്നു.

150. പാണ്ഡവ വന പ്രവേശം - വൈശമ്പായനൻ പറഞ്ഞു; പിന്നെ നേരം പ്രഭാതമായപ്പോള്‍ ആ പുരവാസികള്‍ ഒന്നിച്ച്‌ പാണ്ഡുപുത്രരെ നോക്കുവാന്‍ വന്നു കൂടി. പണിപ്പെട്ട്‌ തീ കെടുത്തി അവര്‍ അവിടെ നോക്കിയപ്പോള്‍ അരക്കില്ലം വെന്തതും പുരോചനന്‍ എരിഞ്ഞതും കണ്ടു! പാണ്ഡവന്മാര്‍ മുടിയുവാന്‍ ദുര്യോധനന്‍ പറ്റിച്ച പണിയാണിതെന്ന്‌ നാട്ടുകാര്‍ ഉച്ചത്തില്‍ ആക്രോശിച്ചു..

നാട്ടുകാര്‍ പറഞ്ഞു: ഈ ചതിയില്‍ ധൃതരാഷ്ട്രന് പങ്കുണ്ട്‌, സംശയമില്ല. ദുര്യോധനന്റെ ഗൂഡാലോചനയുടെ പണിയാണിത്‌. രാജാവ്‌ അവനെ ഈ, ക്രൂരകര്‍മ്മത്തില്‍ നിന്നു തടുത്തില്ല. ഇതില്‍ ഭീഷ്മൻ പോലും ധര്‍മ്മം നോക്കുന്നില്ല. ദ്രോണനും കൃപനും, വിദുരനും, മറ്റു കൗരവമുഖ്യന്മാരും ധര്‍മ്മം നോക്കുന്നില്ലല്ലോ! നമ്മള്‍ ഉടനെ പോയി ഈ വര്‍ത്തമാനം ദുഷ്ടനായ ധൃതരാഷ്ട്രനെ അറിയിക്കണം. ഭവാന്റെ മോഹം സാധിച്ചു. പാണ്ഡുപുത്രരെ ഭവാന്‍ ചുട്ടെരിച്ചു എന്ന്.

വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാരെ കണ്ടെത്തുവാന്‍ അവര്‍ വീണ്ടും തീ കെടുത്തി. അപ്പോള്‍ അഞ്ചുമക്കളോടു കൂടി വെന്തു കിടക്കുന സാധു നിഷാദിയെ കണ്ടു. എന്നാൽ ആ ഗൃഹം പിന്നെയും പരിശോധിക്കുക എന്നു പറഞ്ഞ്‌ നാട്ടുകാരെ വിട്ട്‌ അവര്‍ പരിശോധിക്കുന്നതിന്നിടയ്ക്ക്‌ ഖനകന്‍ ആരുമറിയാതെ ആ ഗുഹ മണ്ണിട്ടു മൂടി. നഗരവാസികള്‍ ഉടനെ പോയിവിവരം ധൃതരാഷ്ട്രനെ അറിയിച്ചു.

നാട്ടുകാര്‍ പറഞ്ഞു: പാണ്ഡവരെല്ലാം അമ്മയോടു കൂടി തീയില്‍ വെന്തു വെണ്ണീറായി. പുരോചനനും വെന്തു.

വൈശമ്പായനൻ പറഞ്ഞു; ധൃതരാഷ്ട്ര രാജാവ്‌ അപ്രിയമായ ഈ വാക്കു കേട്ട്‌ പാണ്ഡുപുത്രക്ഷയം മൂലം വിലപിച്ചു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: എന്റെ അനുജന്‍ പേര്‍ കേട്ട പാണ്ഡു, വീണ്ടും മരിച്ചു! അമ്മയോടൊത്ത്‌ ആ വീരന്മാര്‍ വെന്തതില്‍ എന്റെ അനുജന്‍ മരിച്ചു പോയ ദുഃഖം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ഉടനെ ആള്‍ക്കാര്‍ വാരണാവതത്തിലേക്കു പോകട്ടെ! ആ വീരന്മാരേയും കുന്തിയേയും സംസ്കരിക്കട്ടെ! അവരുടെ ശുഭമായ അസ്ഥികളൊക്കെ സംസ്കരിക്കട്ടെ! മരിച്ചു പോയവരുടെ ബന്ധുക്കളൊക്കെ അങ്ങോട്ടു പോകട്ടെ! ഈ നിലയ്ക്കു വേണ്ടുന്നതെല്ലാം ഇന്നു ചെയ്യണം. കുന്തിക്കും പാണ്ഡവര്‍ക്കും യഥായോഗ്യം വേണ്ടുന്നതൊക്കെ ചെയ്യുക!

വൈശമ്പായനൻ പറഞ്ഞു. എന്നു പറഞ്ഞ്‌ ജ്ഞാതികളോടു കൂടി ധൃതരാഷ്ട്രന്‍ പാണ്ഡവര്‍ക്ക്‌ വിധിപോലെ ഉദകക്രിയ ചെയ്തു. എല്ലാവരും കത്തിയെരിയുന്ന ഹൃദയത്തോടെ കരഞ്ഞു: "ഹാ! ഹാ! യുധിഷ്ഠിരാ!", "ഹാ! ഹാ! ഭീമാ!" എന്ന് വിലാപശബ്ദം മാറ്റൊലിക്കൊണ്ടു. "ഹാ ഹാ! ഫല്‍ഗുന!",  "ഹാ! ഹാ! നകുലസഹദേവന്മാരേ", എന്ന് അവിടെയൊക്കെ വിലാപ ശബ്ദം മുഴങ്ങി. മറ്റുള്ള പൗരന്മാരും പാണ്ഡവന്മാരെ കുറിച്ച്‌ വൃസനിച്ചു. വിദുരന്‍ അല്പമായേ കേണുള്ളു. അവന് എല്ലാം അറിയാമായിരുന്നല്ലോ.

പാണ്ഡുപുത്രന്മാര്‍ വാരണാവതം വിട്ടു പോന്ന്‌ അമ്മയോടൊത്ത്‌ നദി കടന്ന്‌ അക്കരെയെത്തി. ഉടനെ വഞ്ചി വിട്ടിറങ്ങി തെക്കോട്ടു നടന്നു. രാത്രി നക്ഷത്രവും നോക്കി വഴി കണ്ടു പിടിച്ച്‌ പാടുപെട്ടു കൊടിയ കാട്ടില്‍ പ്രവേശിച്ചു. തളര്‍ന്നും, ദാഹിച്ചും, ഉറക്കം വന്നും വലഞ്ഞ്‌ യുധിഷ്ഠിരന്‍ ഭീമവീരൃനായ ഭീമനോടു പറഞ്ഞു..

യുധിഷ്ഠിരന്‍ പറഞ്ഞു: ഇതിലും കഷ്ടമായി എന്തുണ്ട്‌ സംഭവിക്കുവാന്‍? ഈ ഭീഷണമായ കാട്ടില്‍ ദിക്കറിയാതെ അലഞ്ഞു നടക്കേണ്ടതായി വന്നു കൂടി! നടക്കുവാന്‍ ശക്തിയില്ലാതായി. പാപിയായ പുരോചനന്‍ വെന്തു പോയോ എന്നും അറിയുന്നില്ല. ഒളിച്ചു പോകുന്ന നമ്മള്‍ക്ക്‌ എങ്ങനെ ഈ ഭയം തീരും?ഇനിയും ഞങ്ങളെ ചുമന്ന്‌ നീ നടക്കുക ഭീമാ! ഈയുള്ളവരില്‍ വെച്ച്‌. ബലവാന്‍ നീയാണല്ലോ. നീ വായു തുലൃം ബലവാനല്ലേ?

വൈശമ്പായനൻ പറഞ്ഞു: എന്ന് ധര്‍മ്മപുത്രന്‍ പറഞ്ഞപ്പോള്‍ വായുപുത്രന്‍ ഭ്രാതാക്കളേയും അമ്മയേയും എടുത്തു നടന്നു.

151. ഭീമജലാഹരണം - ഭീമവിഷാദവും, ദുര്യോധനനോടുള്ള അവന്റെ രോഷവും - വൈശമ്പായനൻ പറഞ്ഞു: ഭീമന്‍ ഊക്കോടെ നടക്കുമ്പോള്‍ തുടയുടെ വേഗം കൊണ്ടുണ്ടാകുന്ന കാറ്റില്‍ കൊമ്പുകള്‍ ഉലയുന്ന വൃക്ഷത്തോടു കൂടിയ കൊടും കാടു കുലുങ്ങി. കണങ്കാലിന്റെ വേഗത്താലുണ്ടായ കാറ്റില്‍ ലതകള്‍ ഉലഞ്ഞു. ഭീമന്‍ പോകുന്ന ദിക്കില്‍ വഴി നിര്‍മ്മിക്കപ്പെട്ടു. പൂത്തും കായ്ച്ചും നില്ക്കുന്ന മരങ്ങളെ അവന്‍ മര്‍ദ്ദിച്ചു. ഗുല്മങ്ങള്‍ പുഴക്കി മറിച്ച്‌ അവന്‍ നടന്നു. വ്യക്ഷങ്ങള്‍ തകര്‍ത്തു നടക്കുന്ന മത്തേഭനെപ്പോലെ ഭീമന്‍ ആ കാട്ടില്‍ നടന്നു. ഗരുഡന്റെ വേഗതയോടെ അവന്‍ സഞ്ചരിക്കുമ്പോള്‍ മറ്റുള്ള പാണ്ഡവന്മാര്‍ക്കു മൂര്‍ച്ഛ ബാധിച്ച പോലെയായി. പലപാടും വീതി കൂടിയ ചോല നീന്തിക്കടന്ന്‌ ഒളിവായ മാര്‍ഗ്ഗങ്ങളില്‍ കൂടി ധാര്‍ത്തരാഷ്ട്രന്മാരെ പേടിച്ചു നടന്നു. സൗകുമാര്യമാര്‍ന്ന അമ്മയെ കുന്നിലും കുണ്ടിലും പണിപ്പെട്ട്‌ എടുത്ത്‌, ഫലം, മൂലം, വെള്ളം ഇവയില്ലാത്തതും ക്രൂരപക്ഷികള്‍ നിറഞ്ഞതുമായ ഒരു കാട്ടില്‍ സന്ധ്യയോടു കൂടി എത്തി. സന്ധ്യ മഹാഭീഷണമായി. പക്ഷികള്‍ മഹാഘോരങ്ങള്‍! ദിക്കൊന്നും കാണാത്ത മട്ടില്‍ ഇരുണ്ടു! കാറ്റ്‌ ഉഗ്രമായി വീശുന്നു. ഇലയും കായ്കളും വീഴുന്ന ഘോരശബ്ദം കേള്‍ക്കാം! വള്ളിക്കുടില്‍ പോലെ വൃക്ഷം തള്ളിച്ചാഞ്ഞു കിടക്കുന്നു. ഈ ഘോരാരണ്യത്തില്‍ പാണ്ഡവന്മാര്‍ ദാഹിച്ചു തളര്‍ന്ന്‌ എത്തി. നടക്കുവാന്‍ വയ്യാതായി. ഉറക്കവും വന്നു. വെള്ളവും ഭക്ഷണവും കിട്ടാതെ അവശരായി. മക്കള്‍ കുന്തിയുടെ ചുറ്റും ഇരുന്നു. ദാഹിച്ചു തളരുന്ന കുന്തി മക്കളോട് പറഞ്ഞു.

കുന്തി പറഞ്ഞു: ഞാന്‍ പാണ്ഡവന്മാരുടെ അമ്മയാണ്‌. അവരുടെ മദ്ധ്യത്തിലായിരുന്നിട്ടു കൂടി എനിക്കു ദാഹിച്ചു പൊരിയേണ്ടിയിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: കുന്തി മക്കളോട്‌ ഇങ്ങനെ പലവട്ടം പറഞ്ഞു. അമ്മ പറഞ്ഞതു കേട്ട്‌ മാതൃസ്നേഹം മൂലം ഭീമന്‍ എഴുന്നേറ്റു. കാരുണ്യം കൊണ്ട്‌ ഉള്ളു ചുട്ട്‌ അവന്‍ പോകുവാന്‍ ഒരുങ്ങി. പിന്നെ ഭീമന്‍ ഘോരവും ശുന്യവുമായ കാട്ടില്‍ പരന്നു നില്ക്കുന്ന രമ്യമായ ഒരു പേരാലു കണ്ടു. അവിടെ അവരെ കൊണ്ടു പോയിറക്കി അവന്‍ പറഞ്ഞു.

ഭീമന്‍ പറഞ്ഞു; നിങ്ങള്‍ ഇവിടെ ഇരുന്നു വിശ്രമിക്കുക. ഞാന്‍ പോയി വെള്ളം അന്വേഷിക്കട്ടെ. ഇതാ, ജലപക്ഷികളായ ഹംസങ്ങള്‍ മധുരമായി കൂകുന്നു. അവിടെ ധാരാളം വെള്ളമുണ്ടാകുമെന്ന്‌ എനിക്കു തോന്നുന്നു.

വൈശമ്പായനൻ പറഞ്ഞു: ഉടനെ യുധിഷ്ഠിരന്‍ ഭീമനെ വെള്ളം കൊണ്ടു വരുവാന്‍ വിട്ടു. അവന്‍ ജലപക്ഷികളെ കണ്ടുനടന്നു. വെള്ളം കണ്ടെത്തി. അവിടെ ഇറങ്ങി. ആ ജലാശയത്തില്‍ കുളിച്ച്‌ വെള്ളം കുടിച്ച്‌, ഭ്രാതാക്കള്‍ക്കു വേണ്ടി ഉത്തരീയം മുക്കി വെള്ളവും കൊണ്ടു പോന്നു. വെള്ളവുമായി രണ്ടു വിളിപ്പാട്‌ ദൂരെ നിന്നെത്തി, സോദരന്മാരുടെ സന്നിധിയിലെത്തി, സര്‍പ്പത്തെപ്പോലെ ഒന്നു നിശ്വസിച്ചു. അമ്മയും ഭ്രാതാക്കളും മണ്ണില്‍ കിടന്നുറങ്ങുന്നതു കണ്ടു സങ്കടപ്പെട്ട്‌ ഭീമന്‍ വിലപിച്ചു.

ഭീമന്‍ പറഞ്ഞു : ഇതിലും വലിയ കഷ്ടം എന്താണു ഞാന്‍ കാണേണ്ടത്‌? മണ്ണില്‍ കിടക്കുന്ന ഭ്രാതാക്കന്മാരെയല്ലേ പാപിയായ ഞാന്‍ കാണുന്നത്‌? പട്ടുമെത്തയില്‍ പോലും മുമ്പ്‌ വാരണാവതത്തില്‍ കിടന്നാല്‍ ഉറക്കം വരാത്തവര്‍ വെറും നിലത്തു കിടന്ന്‌ ഉറങ്ങുന്നു! വൈരിവര്‍ഗ്ഗത്തെ മുടിക്കുന്ന വസുദേവന്റെ സഫോദരി, കുന്തിഭോജന്റെ പുത്രി, ലക്ഷണയുക്തയായ കുന്തി! വിചിത്രവീര്യന്റെ സ്നുഷ, പാണ്ഡുരാജാവിന്റെ വല്ലഭ, ഈ ഞങ്ങളെപ്പെറ്റ മാതാവ്‌, പുണ്ഡരീകപ്രഭയായ സുകുമാരാംഗി, പട്ടുമെത്തയില്‍ പള്ളികൊള്ളുന്ന രാജ്ഞി! ഹാ! കഷ്ടം! ധര്‍മ്മരാജാവ്‌, ഇന്ദ്രന്‍, വായു ഇവരില്‍ നിന്നു മൂന്നു മക്കളെ നേടിയ. വീരമാതാവ്‌ എവിടെയാണീ കിടക്കുന്നത്‌? വെറും മണ്ണില്‍! ഇതിലും വലുതായ ദുഃഖം ഞാന്‍ എന്താണു കാണേണ്ടത്‌? മണ്ണില്‍ കിടന്ന്‌ മനുജവ്യാഘ്രരായ എന്റെ സോദരന്മാരും ഉറങ്ങുന്നു!

മൂന്നു ലോകത്തിനും അര്‍ഹനും ധര്‍മ്മനിതൃനുമായ ധര്‍മ്മജന്‍ പ്രാകൃതന്മാരെ പോലെ വെറും നിലത്തു കിടക്കുന്നു! കാര്‍വര്‍ണ്ണനും മര്‍ത്ത്യരില്‍ എതിരില്ലാത്തവനുമായ അര്‍ജ്ജുനന്‍ വെറും നിലത്തു കിടക്കുന്നു! വാനോരില്‍ അശ്വിനീദേവകള്‍ പോലെയുള്ള സുന്ദരന്മാരായ നകുലസഹദേവന്മാര്‍ പ്രാകൃതരെ പോലെ മണ്ണില്‍ കിടക്കുന്നു!

കുലപാംസനന്മാരും ദുഷ്ടന്മാരുമായ ദായാദന്മാര്‍ ഇല്ലാത്തവന്‍ ലോകത്തില്‍ സുഖമായി ഗ്രാമത്തിലെ ഏകവൃക്ഷം പോലെ വാഴുന്നു. ഗ്രാമത്തില്‍ ഒരു മരം മാത്രം ഇലയും കായുമായി പരിപുഷ്ടമായി നില്ക്കുമ്പോള്‍ വേറെ മരങ്ങള്‍ അത്തരത്തിൽ ഇല്ലെങ്കില്‍ അതിനെ ആരാധനാസ്ഥലം പോലെ ജനങ്ങള്‍ വന്ദിക്കും. അവര്‍ക്ക്‌ ആപത്തില്ല. ധര്‍മ്മത്തോടെ ജീവിക്കുന്ന ശൂരന്മാരായ. ജ്ഞാതികളുള്ളവര്‍, ലോകത്തില്‍ ആമയം കൂടാതെ സുഖമായി വാഴുന്നു. ബലവാന്മാരും അര്‍ത്ഥസമൃദ്ധി ഉള്ളവരുമായ മിത്രബാന്ധവരോടു കൂടിയവര്‍ തമ്മില്‍ കൈകോര്‍ത്തു സുഖമായി, കാട്ടു വ്യക്ഷങ്ങള്‍ തമ്മില്‍ കോര്‍ത്ത പോലെ, സംഘടിച്ചു സുഖമായി വാഴുന്നു. ഞങ്ങളാകട്ടെ മക്കളോടു കൂടിയ ദുഷ്ടനായ ധൃതരാഷ്ട്രനാല്‍ അകറ്റപ്പെട്ടു. അവന്‍ കല്പിച്ചെങ്കിലും ഭാഗൃത്താല്‍ ഞങ്ങള്‍ വെന്തു പോയില്ല. ഞങ്ങള്‍ അഗ്നിയില്‍ നിന്നു രക്ഷപ്പെട്ട്‌ ഇപ്പോള്‍ വൃക്ഷച്ചുവട്ടിലായി. കനത്ത ഈ ക്ലേശവും ഭാരവുമേന്തി ഞങ്ങള്‍ ഇനി എങ്ങോട്ടു പോകും? ഹേ, ദുഷ്ടാ! ധാര്‍ത്തരാഷ്ട്രാ! നീ സകാമനായി വാഴുക. ഹേ ജളപ്രഭോ! നിനക്കു ദൈവം തുണ നില്ക്കട്ടെ! നിങ്ങളെ കൊല്ലുവാന്‍ യുധിഷ്ഠിരന്‍ അനുവാദം തന്നില്ല. തന്നിരുന്നെങ്കില്‍ നീ ജീവിക്കില്ലായിരുന്നു ദുഷ്ടാ! പുത്രാമാത്യരോടും കര്‍ണ്ണസൗബലരോടും കൂടി ചേര്‍ന്ന നിന്നെ കോപത്തോടെ ഞാന്‍ കൊന്നൊടുക്കും. ഞാന്‍ എന്തുചെയ്യും ? എന്റെ ജ്യേഷ്ഠന്‍, ധര്‍മ്മശീലനായ നൃപശ്രേഷ്ഠന്‍, നിന്നില്‍ ചൊടിക്കുന്നില്ലല്ലോ!.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ മഹാബാഹുവായ ഭീമന്‍ കോപ സംദീപ്ത ചിത്തനായി കൈ കൊണ്ട്‌ കൈ തിരുമ്മി, മാലോടെ നെടുവീര്‍പ്പിട്ട വീണ്ടും ദീനമനസ്സായി, ജ്വാലകെട്ട്‌ അഗ്നി പെട്ടെന്നു വീണ്ടും ജ്വലിക്കുന്ന പോലെ, നിലത്തു കിടന്നുറങ്ങുന്ന ഭ്രാതാക്കന്മാരെ നോക്കി. സാധാരണ ജനങ്ങളെ പോലെ അവര്‍ നിശ്ശങ്കം ഉറങ്ങുന്നതു കണ്ടപ്പോള്‍ ഭീമന്‍ ചിന്തിച്ചു; ഈ കാട്ടില്‍ നിന്ന്‌ അത്ര ദൂരത്തല്ല നഗരം എന്നു തോന്നുന്നു. ഞാന്‍ ഉണര്‍ന്നിരുന്ന്‌ ഇവരെ കാക്കാം. ഉറക്കം കഴിഞ്ഞ്‌ എഴുന്നേല്ക്കുമ്പോള്‍ ഇവര്‍ ഞാന്‍ കൊണ്ടു വന്ന വെള്ളം കുടിച്ചു ക്ഷീണം തീര്‍ത്തു കൊള്ളട്ടെ! എന്നു ചിന്തിച്ച്‌ ഭീമന്‍ ഉറക്കമിളച്ച്‌ ഉറങ്ങുന്ന അമ്മയെയും ഭ്രാതാക്കളെയും കാത്തു കൊണ്ട്‌ തനിയേ ഇരുന്നു.

ഹിഡിംബവധപര്‍വ്വം

152. ഭീമഹിഡിംബിസംവാദം - വൈശമ്പായനൻ പറഞ്ഞു; അവര്‍ അവിടെ കിടക്കുമ്പോള്‍ ഹിഡിംബന്‍ എന്നു പേരായ ഒരു ഘോരരാക്ഷസന്‍ ആ വനത്തില്‍ നിന്ന്‌ അധികം ദൂരത്തല്ലാതെ, ഒരു ആല്‍മരത്തിന്മേല്‍ ഇരിക്കുന്നുണ്ടായിരുന്നു. ക്രൂരനായ അവന്റെ ആകൃതി കണ്ടാല്‍ ഏതു ധീരനും ഞെട്ടിപ്പോകും. മഴക്കാറു പോലെ കറുത്ത ഭീകരമായ ശരീരം, തുറിച്ച മഞ്ഞക്കണ്ണ്‌, നീണ്ട ദംഷ്ട്രങ്ങള്‍, ഘോരമായ മുഖം, ചെമ്പന്‍ താടിയും തലയും, തൂങ്ങിയ വയര്‍, ഇങ്ങനെയുള്ള ഒരു വികൃത സത്വം. ആകൃതി പോലെ തന്നെ ക്രൂരനും, മനുഷ്യരെ തിന്നുന്നവനും, മഹാവീര്യ പരാക്രമനും, മരത്തിന്റെ കവരം പോലെയുള്ള തോളോടു കൂടിയവനും, ചെവി കൂര്‍ത്തവനും, മാംസാന്വേഷിയും, കരാളാകൃതിയും ആയിരുന്ന അവന്‍. വിശന്നിരിക്കുകയായിരുന്നു. യദ്യച്ഛയാ, വീരന്മാരായ പാണ്ഡുപുത്രരെ ആ നരമാംസപ്രിയന്‍ കണ്ടു. ഭയങ്കരനും മഹാശക്തനുമായ ഹിഡിംബന്‍ ഉടനെ വിരല്‍ പൊക്കി ചെമ്പന്‍ തലമുടി ചൊറിഞ്ഞ്‌, ആ പെരും വായ തുറന്നു കോട്ടുവായിട്ട്‌ അവരെ നോക്കി നിന്നു. മനുഷ്യമാംസക്കൊതിയനും മഹാകായനും മഹാബലനുമായ അവന്‍ ദംഷ്ട്രം പുറത്തു കാട്ടുന്ന മുഖത്തോടെ മനുഷ്യമാംസഗന്ധം ശ്വസിച്ച്‌, തലമുടിയാട്ടി പറപ്പിച്ച്‌ തന്റെ സഹോദരിയെ വിളിച്ച്‌, ഇപ്രകാരം പറഞ്ഞു.

ഹിഡിംബന്‍ പറഞ്ഞു: സഹോദരി, വളരെ നാളായി എനിക്ക്‌ ഇഷ്ടഭോജനം കിട്ടിയിട്ട്‌. ഇപ്പോള്‍ കണ്ടെത്തി. എന്റെ നാക്കത്തു വെള്ളം ഊറുന്നു. നാവു കിടന്നുരുളുന്നു. കൂര്‍ത്ത ദംഷ്ട്രകള്‍ എട്ടും മൃദുവായ മാംസത്തില്‍ കോര്‍ത്ത്‌ മര്‍ത്ത്യന്റെ ദേഹത്തില്‍ താഴ്ത്തും. മനുഷ്യന്റെ കഴുത്തറുത്ത്‌ ഞരമ്പു പൊട്ടിച്ച്‌ പതഞ്ഞു പൊങ്ങുന്ന പുതുരക്തം കുടിക്കും. നീ പോയി അവിടെ കിടന്നുറങ്ങുന്നവര്‍ ആരാണെന്ന്‌ അന്വേഷിച്ചു വരൂ. മനുഷ്യഗന്ധം എന്തൊരു സുഖമാണെനിക്കു തരുന്നത്‌! ഈ മനുഷ്യരെയൊക്കെ കൊന്ന്‌ നീ ഇങ്ങോട്ടു കൊണ്ടു വരിക. നമ്മള്‍ വാഴുന്ന രാജ്യത്ത്‌ കിടന്നുറങ്ങുന്ന അവരെപ്പറ്റി ഭയപ്പെടേണ്ട. ഈ മനുഷ്യരുടെ മാംസം ഉരിഞ്ഞെടുത്ത്‌ നമുക്ക്‌ ഇഷ്ടം പോലെ ഒന്നിച്ചിരുന്ന്‌ ഉടനെ തിന്നാം. ഞാന്‍ പറഞ്ഞ പോലെ ചെയ്യുക! യഥേഷ്ടം മര്‍ത്ത്യമാംസം തിന്ന്‌ സുഖമായി നമുക്കു താളത്തിനൊത്ത്‌ പല വിധം നൃത്തം വെക്കാം.

വൈശമ്പായനൻ പറഞ്ഞു: ഹിഡിംബന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഹിഡിംബി ഭ്രാതാവിന്റെ കല്പന അനുസരിച്ച്‌ പാണ്ഡവന്മാരുടെ അരികിലേക്കു ചെന്നു. ജനമേജയ രാജാവേ, അവള്‍ കുന്തിയോടു കൂടി കിടക്കുന്ന പാണ്ഡവന്മാരെ കണ്ടു. ഉറങ്ങുന്ന അവരേയും കാത്തിരിക്കുന്ന ഭീമനേയും കണ്ടു.

വന്‍മരം പോലെ ഉയര്‍ന്നവനും കാമകോമളനുമായ ഭീമനെ കണ്ട മാത്രയില്‍ ഓമനിക്കത്തക്ക സൗന്ദര്യ സമ്പത്തുളള അവനില്‍ ആ രാക്ഷസിക്ക്‌ കാമവികാരമുണ്ടായി. അവള്‍ വിചാരിച്ചു: "ശ്യാമനായ ഇവന്‍ യുവാവാണ്‌. മഹാബാഹുവും സിംഹസ്കന്ധനും മഹാപ്രഭനുമാണ്‌. കംബുകണ്ഠനും പുഷ്കരാക്ഷനുമായ ഇവനെ എന്റെ ഭര്‍ത്താവാക്കാന്‍ കഴിഞ്ഞെങ്കില്‍! ഇവന്‍ എനിക്കനുരൂപനായ ഭര്‍ത്താവാണ്‌. സഹോദരന്‍. പറഞ്ഞ്ര പ്രകാരം ക്രൂരമായ വാക്കുകളൊന്നും ഞാന്‍ പറയുകയില്ല. ക്രൂരധര്‍മ്മം ഇവനില്‍ പാടില്ല. ഞാന്‍ ഇവനെ ഉപദ്രവിക്കുകയുമില്ല. ഭര്‍ത്തൃസ്നേഹത്തിന് ഭ്രാതൃസ്നേഹത്തേക്കാള്‍ ശക്തി കൂടും. മുഹൂര്‍ത്ത സമയം സോദരനും എനിക്കും രസമായേക്കാം. ഇവനെ കൊല്ലാതിരുന്നാലോ ഏറെക്കാലം എനിക്ക്‌ സുഖിക്കാം. ഇപ്രകാരം വിചാരിച്ച്‌ കാമരൂപിണിയായ അവള്‍ മനുഷ്യരൂപം കൈക്കൊണ്ടു. കൈയൂക്കു പെരുത്തവനായ ഭീമന്റെ അരികിലേക്ക്‌ അവള്‍ മന്ദം മന്ദം ചെന്നു. സ്ത്രീസഹജമായ ലജ്ജ പൂണ്ട്‌, ദിവ്യാഭരണങ്ങള്‍ അണിഞ്ഞ്‌. പുഞ്ചിരി കൊഞ്ചലോടെ, ഗജഗാമിനിയായി അവൾ അടുത്തു ചെന്ന്‌  മധുരമായി കൊഞ്ചി ഭീമനോടു പറഞ്ഞു.

ഹിഡിംബി പറഞ്ഞു: ഹേ നരര്‍ഷഭാ! ഭവാന്‍ ആരാണ്‌? എവിടെ നിന്ന്‌ ഇവിടെ എത്തി? ശ്യാമയും, സുന്ദരിയും, തടിച്ചവളും, ദേവരൂപിണിയുമായ ഈ കിടക്കുന്നവള്‍ ആരാണ്‌? ഇവള്‍ കാട്ടില്‍ സ്വന്തം വീട്ടിലെന്ന വിധം സുഖമായി വിശ്വാസത്തോടെ കിടക്കുന്നുവല്ലോ. ഇവള്‍ ഈ കാട്‌ രാക്ഷസന്മാരുടെ വിഹാര രംഗമാണെന്ന് അറിയുന്നില്ല. ഈ കാട്ടിലാണ്‌ ദുഷ്ടരാക്ഷസനായ ഹിഡിംബന്‍ പാര്‍ക്കുന്നത്‌. എന്റെ ജ്യേഷ്ഠനാണ്‌ അവന്‍. നിങ്ങളുടെ മാംസം തിന്നുവാനുള്ള ആശ കൊണ്ട്‌ എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചിരിക്കുകയാണ്‌. സാക്ഷാല്‍ ദേവകുമാരനെപ്പോലെ സുന്ദരനായ ഭവാനെ കണ്ടതോടെ അന്യനെ ഭര്‍ത്താവാക്കുവാനുള്ള എന്റെ ആഗ്രഹം അസ്തമിച്ചു. സത്യമാണു പറയുന്നത്‌. ഹേ ധര്‍മ്മജ്ഞാ സ്ത്രീധര്‍മ്മവും പുരുഷധര്‍മ്മവും അങ്ങയ്ക്കറിയാം. അതറിഞ്ഞ്‌ ഭവാന്‍ വേണ്ടതു ചെയ്താലും. കാമമോഹിതയായി ഭവാനെ ആശ്രയിക്കുന്ന എന്നെ നീ സ്വീകരിച്ചാലും. മര്‍ത്തൃരെ തിന്നുന്ന മഹാരാക്ഷസനില്‍ നിന്ന്‌ ഞാന്‍ നിങ്ങളെ രക്ഷിക്കാം. അങ്ങ്‌ ഗിരിദുര്‍ഗ്ഗം വാഴുന്ന എന്റെ ഭര്‍ത്താവാകണം. ഇഷ്ടമുള്ള വിധം എനിക്ക്‌ ആകാശത്തും മറ്റെവിടെയെങ്കിലും സഞ്ചരിക്കാം. എന്നോടു കൂടി ഇഷ്ടമുള്ള ദിക്കില്‍ സഞ്ചരിച്ച്‌ അതുല്യമായ പ്രീതിയോടെ ആനന്ദം അനുഭവിച്ചാലും!

ഭീമസേനന്‍ പറഞ്ഞു: ഉറങ്ങി കിടക്കുന്ന അമ്മയേയും ജ്യേഷ്ഠനേയും ശക്തനായ ഏതൊരു പുമാനാണ്‌ ഉപേക്ഷിച്ചു പോവുക? രാക്ഷസി, ഉറങ്ങുന്ന സോദരന്മാരെ രാക്ഷസന്മാര്‍ക്കു തിന്നുവാന്‍ വിട്ടു കൊടുത്ത്‌ അമ്മയേയും കാട്ടില്‍ ഉപേക്ഷിച്ച്‌ സ്മരാര്‍ത്തി പിടിപെട്ടവനായിത്തീരുന്ന കൂട്ടത്തിലാണോ ഞാന്‍ ?

രാക്ഷസി പറഞ്ഞു: നിനക്ക്‌ ഇഷ്ടം എന്തോ, അതു ചെയ്യാം. അവരെ ഉണര്‍ത്തുക. നരാശിയായ രാക്ഷസനില്‍ നിന്ന്‌ ഞാന്‍ രക്ഷിച്ചു കൊള്ളാം.

ഭീമസേനന്‍ പറഞ്ഞു: കാട്ടില്‍ സുഖമായി ഉറങ്ങുന്ന അമ്മയേയും സഹോദരന്മാരേയും ദുഷ്ടനായ നിന്റെ സഹോദരനെ പേടിച്ച്‌ ഉണര്‍ത്തുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. ഹേ, ഭീരു! സുന്ദരീ! രാക്ഷസര്‍ എന്റെ പൗരുഷം പൊറുക്കുവാന്‍ ശക്തരല്ല. മനുഷ്യരും ഗന്ധര്‍വ്വന്മാരും യക്ഷരും പൊറുക്കുന്നതല്ല എന്റെ പൗരുഷം. ഭദ്രേ, നിനക്കു പോകാം. നീ പോകുകയോ നില്ക്കുകയോ ചെയ്തു കൊള്ളൂ. എനിക്ക്‌ അത്‌ ഒരു പ്രശ്‌നമല്ല. നിന്റെ ഇഷ്ടം പോലെ പിശിതാശനനായ ഭ്രാതാവിനെ അയച്ചാലും കൊള്ളാം.

153. ഭീമഹിഡിംബയുദ്ധം - വൈശമ്പായനൻ പറഞ്ഞു: സഹോദരി പോയിട്ട്‌ മടങ്ങി വന്നു കാണാത്തതില്‍ ഹിഡിംബന് ദേഷ്യം വന്നു. എന്താണ്‌ അവള്‍ ഇത്ര വൈകുവാന്‍? എന്നു പറഞ്ഞ്‌ ആ മരത്തിന്റെ മുകളില്‍ നിന്ന്‌ ഇറങ്ങി നേരേ പാണ്ഡവരുടെ അടുത്തേക്കു നടന്നു.

ലോഹിതാക്ഷനും, മഹാബാഹുവും, ഊര്‍ദ്ധ്വകേശനും, മഹാനന്ദനും, കരിങ്കാര്‍ വര്‍ണ്ണനും, ഘോരദംഷ്ട്രനും, ഭയങ്കരനും, ഭീഷണാകാരനുമായ അവന്റെ വരവു കണ്ടപ്പോള്‍ ഭയപ്പെട്ട്‌ ഹിഡിംബി ഭീമനോടു പറഞ്ഞു.

ഹിഡിംബി പറഞ്ഞു: ഇതാ, ആ ദുഷ്ടനായ മനുഷ്യത്തീനി കോപിച്ചു പാഞ്ഞു വരുന്നു. ഭവാന്‍ ഞാന്‍ പറയുന്ന വിധം ചെയ്യുക. രക്ഷോബലം പൂണ്ടവളായ ഞാന്‍ കാമഗയാണ്‌. എനിക്ക്‌ ഇഷ്ടം പോലെ എവിടേയും പോകാം. നീ എന്റെ ചുമലില്‍ കയറുക. ഞാന്‍ നിന്നെ ആകാശത്തേക്കു കൊണ്ടു പോകാം. ഉറങ്ങുന്ന മറ്റുള്ളവരേയും അമ്മയേയും ഉണര്‍ത്തുക. അവരേയും ഞാന്‍ ഒപ്പം കൊണ്ടു പോകാം.

ഭീമന്‍ പറഞ്ഞു: ഹേ, പൃഥുശ്രോണീ, നീ ഭയപ്പെടേണ്ട. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇവന്‍ ജിവിക്കയില്ല; തീര്‍ച്ചയാണ്‌. നിന്റെ കണ്ണിന് മുമ്പില്‍ വെച്ചു തന്നെ ഞാന്‍ അവനെ കൊല്ലും, സുമദ്ധ്യമേ, അവന്‍ എന്നോടു കിടനില്ക്കുവാന്‍ പോരാ. ഭീരു! പോരില്‍ അവന്‍ എന്റെ ഊക്കു താണ്ടുന്നതല്ല. ഏതു രാക്ഷസന്‍വന്നാലും ഞാന്‍ വീഴ്ത്തും. ഹേ! സുന്ദരി, നീ എന്റെ ഈ കൈകള്‍ കണ്ടോ? തുമ്പിക്കൈ പോലെയുള്ള ഈ കൈകളും, ഇരുമ്പു പോലെയുള്ള തുടകളും, വിരിഞ്ഞു പരന്ന മാറും, ഹേ, സുന്ദരീ, നീ കാണുന്നുണ്ടോ? ഇനി ശക്രരന് തുല്യമായ എന്റെ പരാക്രമവും നിനക്കു കാണാം. അവന്‍ ഇങ്ങു വരട്ടെ! മനുഷ്യനാണെന്നു വിചാരിച്ച്‌ നീ എന്നെ പുച്ഛിക്കല്ലേ!

ഹിഡിംബി പറഞ്ഞു: ഹേ വീരാ! ദേവകല്പനായ ഭവാനെ ഞാന്‍ പുച്ഛിക്കുന്നില്ല. ഭവാന്റെ പ്രഭാവം ഞാന്‍ കണ്ടിരിക്കുന്നു. അങ്ങ്‌ മനുഷ്യരില്‍ തന്നെ ഒരു രാക്ഷസനാണ്‌.

വൈശമ്പായനൻ പറഞ്ഞു; ഭീമന്‍ ഇപ്രകാരം അവളുമായി സല്ലപിച്ചു നില്ക്കുമ്പോള്‍ ആ വാക്കുകളെല്ലാം ദുഷ്ടനായ രാക്ഷസന്‍ കേട്ടു. അവളുടെ മര്‍ത്ത്യവേഷവും കണ്ടു. ഒരു മനോമോഹിനിയായി അവള്‍ ഭീമന്റെ അരികെ നിന്ന്‌ ശൃംഗാരം കാണിക്കുന്നു. പൂമാല തലയില്‍ക്കെട്ടി, ഓമനത്തിങ്കള്‍ മുഖവുമായി, നല്ല കണ്‍പുരികത്തോടും, അഴകുള്ള മൂക്കോടും, തേനൊഴുകുന്ന വാക്കോടും, സര്‍വ്വ ആഭരണങ്ങളോടും, നേര്‍മ്മയായ വസ്‌ത്രത്തോടും, അഴകൊഴുകുന്ന ദേഹകാന്തിയോടും, ശൃംഗാര ഭാവത്തോടും കൂടി നില്ക്കുന്ന സഹോദരിയെ കണ്ടപ്പോള്‍ ഇവള്‍ പുരുഷനെ കാമിച്ചു നില്ക്കുക ആണെന്നറിഞ്ഞ്‌ ആ പുരുഷാശനനായ രാക്ഷസന്‍ കോപിച്ചു കണ്ണുരുട്ടി പറഞ്ഞു.

ഹിഡിംബന്‍ പറഞ്ഞു: അഷ്ടിക്കു മോഹിക്കുന്ന എന്നെ ഏതു ദുഷ്ടന്‍ വിഘ്നപ്പെടുത്തുന്നു? ഹേ, ഹിഡിംബി! നീ എന്റെ കോപത്തേയും ഗണിക്കുന്നില്ലേ? എടീ, മനുഷ്യക്കൊതിച്ചീ, ധിക്കാരിപ്പെണ്ണേ, പ്രസിദ്ധരായ പൂര്‍വ്വ രാക്ഷസര്‍ക്കൊക്കെ നീ ദുഷ്കീര്‍ത്തിയുണ്ടാക്കി. നീ ആരെയാണ്‌ ഇപ്പോള്‍ ആശ്രയിച്ചത്‌, അവരെയൊക്കെ ഞാനിപ്പോള്‍ കൊല്ലും! പിന്നെ നിന്നേയും കൊല്ലും!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം കണ്ണു ചുവത്തി ഹിഡിംബിയോടു പറഞ്ഞ്‌ അവന്‍ പല്ലു കടിച്ച്‌ അവളെ കൊല്ലുവാന്‍ പാഞ്ഞടുത്തു. ഇതു കണ്ട്‌ ഭീമന്‍ തന്റെ മുഷ്ടി ഉയര്‍ത്തി, "എടാ, നില്‍ക്കു! നില്‍ക്കു!", എന്നു പറഞ്ഞു. ഇങ്ങനെ രാക്ഷസന്‍ പെങ്ങളോട്‌ കോപിച്ചടുത്തപ്പോള്‍ ഭീമന്‍ ചിരിച്ച്‌ അവനെ നോക്കിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: ദുര്‍ബുദ്ധീ, ഹിഡിംബാ! നരമാംസ ഭോജി! ഉറങ്ങുന്നവരെ എന്തിന്‌ ഉണര്‍ത്തുന്നു? നീ എന്നോടൊന്നു പിടിച്ചു നോക്കൂ! എന്റെ നേരെ വന്ന്‌ എന്നെ ഒന്നു പ്രഹരിക്കൂ! ആ നാരിയെ നീ എന്തിനു ഹനിക്കുന്നു? അവള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല! കുറ്റം ഞാനാണു ചെയ്തത്‌. എന്നോടൊന്നു പിടിച്ചു നോക്കു. ഈ പെണ്‍കൊടി സ്വതന്ത്രയല്ല. അവള്‍ എന്നെ കാമിക്കുന്നവളാണ്‌. ഉള്ളില്‍ വാഴുന്ന കാമദേവന്റെ പ്രേരണ പ്രകാരം നില്ക്കുന്നവളാണ്‌. രാക്ഷസന്മാരുടെ സല്‍ക്കീര്‍ത്തി നശിപ്പിച്ച മൂഢനായ ഹിഡിംബാ! നിന്റെ സഹോദരി സ്വമേധയാ എന്നെആശിച്ചതല്ല. അവളുടെ അന്തരംഗത്തില്‍ ചരിക്കുന്ന കാമന്റെ പ്രേരണ കൊണ്ട്‌ അങ്ങനെ ആയതാണ്‌. നീ പറഞ്ഞു വിട്ട്‌ ഇവിടെ വന്ന അവള്‍ അഴകോടെ എന്നെ കണ്ടപ്പോള്‍ അവള്‍ക്ക്‌ എന്നില്‍ കാമമുണ്ടായി. അവള്‍ കുലത്തിനു യാതൊരു കളങ്കവും ഉണ്ടാക്കിയിട്ടില്ല. ഇവിടെ വന്നപ്പോള്‍ കുഴപ്പമുണ്ടാക്കിയവന്‍ കാമനാണ്‌. ആ നിലയ്ക്ക്‌ അവളെ കൊന്നു കൂടാ. എന്നു തന്നെയല്ല, എന്റെ മുമ്പില്‍ വെച്ച്‌ ഒരു പെണ്ണിനെ കൊല്ലുവാന്‍ ഞാനൊരിക്കലും അനുവദിക്കുകയില്ല. നീ എന്നോട്‌ ഒറ്റയ്ക്ക്‌ എതിര്‍ത്തു നില്ക്കുക. ഞാനൊരുത്തന്‍ പോരെന്നു തോന്നുന്നുണ്ടോ നിന്നെ യമപുരിയിലേക്ക്‌ അയയ്ക്കുവാന്‍? നിന്റെ തല ഞാന്‍ ആന ചവിട്ടി തകര്‍ക്കുന്ന പോലെ കൈ കൊണ്ടു തകര്‍ത്തു പൊടിക്കും! ഇന്നു യുദ്ധത്തില്‍ ഞാന്‍ കൊന്നു വീഴ്ത്തുന്ന നിന്നെ കുറുക്കനും, പരുന്തും, കങ്കവും ഭൂമിയിലിട്ടു വലിക്കുന്നത്‌ കാണാം. ഈ കാട്‌ ഞാന്‍ അരാക്ഷസമാക്കി വിടും. നീ അനവധി മനുഷ്യരെ പിടിച്ചു തിന്ന്‌ ഈ കാടിനെ കെടുത്തിക്കളഞ്ഞു. ഹേ രാക്ഷസാ! ഇന്നു നിന്നെയിട്ട്‌ ഇഴയ്ക്കുന്നത്‌ നിന്റെ സഹോദരി കാണട്ടെ! അദ്രിയോടൊക്കുന്ന ആനയെ സിംഹം എന്ന വിധം ഇട്ടു വലിച്ചിഴയ്ക്കുന്നത്‌ നിന്റെ പെങ്ങള്‍ നിന്നു കാണട്ടെ! എടാ, നീച രാക്ഷസാ! ഞാന്‍ നിന്നെ അടിച്ചു കൊന്നു വിട്ടതു മൂലം നിര്‍ബാധമായി ഈ കാട്ടില്‍ മേലില്‍ ജനങ്ങള്‍ സഞ്ചരിക്കട്ടെ.

ഹിഡിംബന്‍ പറഞ്ഞും എടാ, മനുഷ്യാ! നിന്റെ വൃഥാഗര്‍ജ്ജനം കൊണ്ടും പൊങ്ങച്ചം കൊണ്ടും എന്തു കാര്യം? പ്രവൃത്തിയിലാണു കാര്യം. വീമ്പിളക്കിയിട്ടു കാര്യമില്ല. താമസിക്കേണ്ട. താന്‍ ശക്തനാണ്‌, വിക്രമിയാണ്‌ എന്നൊക്കെ നിനക്കൊരു ഭാവമുണ്ട്‌. അതൊക്കെ നിന്റെ തെറ്റിദ്ധാരണയാണ്‌. എന്നോട്‌ ഏല്ക്കുമ്പോള്‍ അതിന്റെ യോഗ്യത അറിയാം. അതുവരെ ഞാന്‍ ഉറങ്ങുന്നവരെ കൊല്ലുന്നില്ല. സുഖിച്ച്‌ ഉറങ്ങട്ടെ! അപ്രിയം പറയുന്ന നിന്നെ തന്നെ ഞാനാദ്യം വധിച്ചു കളയാം. നിന്റെ ചോര കുടിച്ചിട്ട്‌ പിന്നെ ഞാന്‍ ഇവരേയും, പിന്നെ തെറ്റുകാരിയായ ഇവളേയും കൊന്നുകളയാം.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ കൈയോങ്ങി ആ രാക്ഷസന്‍ ഭീമന്റെ നേരെ പാഞ്ഞു ചെന്ന്‌  ഭീമമായി എതിരിട്ടു. അവന്‍ പാഞ്ഞെത്തിയപ്പോള്‍ ഭീമപരാക്രമനായ ഭീമന്‍ തല്ലുവാന്‍ പൊക്കിയ ഹിഡിംബന്റെ കൈ നിഷ്പ്രയാസം ചിരിച്ചു കൊണ്ടു പിടിച്ചു. ഊക്കില്‍ പിടിച്ച്‌ അവനെ ഉലച്ചു വലിച്ച്‌, എട്ടു വില്‍പ്പാട്‌ ദൂരത്തേക്ക്‌ സിംഹം മാനിനെ വലിച്ചു കൊണ്ടു പോകുന്ന വിധം വലിച്ചിഴച്ചെറിഞ്ഞു. ഭീമന്‍ പിടിച്ചെറിഞ്ഞ ആ രാക്ഷസന്‍ ഓടി വന്ന്‌ കോപത്തോടു കൂടി ഭീമനെ വട്ടത്തില്‍ പിടിച്ചു ഞെക്കി ഘോരമായി അലറി! വീണ്ടും ഊക്കോടെ അവനെ പിടിച്ചു ഭീമന്‍ വലിച്ചു കൊണ്ടു പോയി, ഉറങ്ങുന്നവരെ ശല്യപ്പെടുത്തേണ്ടാ എന്നു കരുതി. അവനെ വീണ്ടും വലിച്ചകറ്റി അന്യോന്യം ഊക്കോടെ പിടി കൂടി അങ്ങോട്ടുമിങ്ങോട്ടും വലിച്ചു. ഹിഡിംബനും ഭീമനും തമ്മില്‍ വിക്രമങ്ങള്‍ കാട്ടി ആ കാടിട്ടു കുലുക്കി. വൃക്ഷങ്ങള്‍ പുഴങ്ങി വീണു. വള്ളികള്‍ വലിച്ചിഴച്ചു. അറുപതു വയസ്സു പ്രായമായ രണ്ടു ഗജേന്ദ്രന്മാര്‍ തമ്മിലെന്ന പോലെയുള്ള അവരുടെ അലര്‍ച്ചയും സമരബഹളവും കേട്ട്‌ ആ നരര്‍ഷഭന്മാര്‍ ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ന്നു. ധര്‍മ്മപുത്രാദികളും മാതാവും അവരുടെ മുമ്പില്‍ നില്ക്കുന്ന ഹിഡിംബിയെ കണ്ടു.

154. ഹിഡിംബവധം - വൈശമ്പായനൻ പറഞ്ഞു: ഹിഡിംബിയുടെ ദിവ്യമായ രൂപം കണ്ട്‌ ആ പുരുഷവ്യാഘ്രന്‍ അത്ഭുതപ്പെട്ടു പോയി. കുന്തിയും അത്ഭുതപ്പെട്ടു. കുന്തി അവളെ നോക്കി. അലോക സുലഭമായ അവളുടെ സൗന്ദര്യം കണ്ട്‌ വിസ്മയത്തോടെ സാന്ത്വപൂര്‍വ്വം, സൗമ്യമായി, മധുരമായി പതുക്കെ ചോദിച്ചു.

കുന്തി പറഞ്ഞു: ദേവകന്യക പോലെ സുന്ദരിയായ നിന്നെപ്പറ്റി അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ആരുടെ പുത്രിയാണ്‌? അല്ലയോ വരവര്‍ണ്ണിനീ, നീ എന്തിന്‌ ഇവിടെ വന്നു? എവിടെ നിന്നാണ്‌ വരുന്നത്‌? നീ ഈ വനത്തിന്റെ ദേവതയാണോ? അതോ, അപ്സരസ്ത്രീയാണോ? എല്ലാം എന്നോട്‌ പറയുക! എന്തിനാണ്‌ ഇവിടെ വന്നു നില്ക്കുന്നത്‌?

ഹിഡിംബി പറഞ്ഞു: മാനൃയായ ഭാമിനീ, അങ്ങോട്ടു നോക്കൂ! അവിടെ കരിങ്കാറു പോലെ വലിയ ഒരു വനം കാണുന്നില്ലേ? അതിലാണ്‌ ഹിഡിംബനും ഞാനും വാഴുന്നത്‌. ഈ ഞാന്‍ ആ രാക്ഷസേന്ദ്രന്റെ പെങ്ങളാണ്‌. മക്കളോടു കൂടി നിങ്ങളെയെല്ലാം കൊല്ലുവാന്‍ ചേട്ടന്‍ പറഞ്ഞയച്ചിട്ടു വന്നതാണ്‌ ഞാന്‍. ആര്യേ! ക്രൂരനായ അവന്റെ കല്പനപ്രകാരം വന്നതാണ്‌. ഇവിടെ വന്നപ്പോള്‍ സ്വര്‍ണ്ണാഭനായി വിളങ്ങുന്ന നവയൗവനയുക്തനും, മഹാകായനുമായ നിന്റെ പുത്രനെ ഞാന്‍ കണ്ടു. അപ്പോള്‍ സര്‍വ്വഭൂതങ്ങളുടേയും ഉള്ളില്‍ സഞ്ചരിക്കുന്ന മനോഭവന്‍ എന്നെ നിന്റെ പുത്രന്റെ അധീനത്തിലാക്കിക്കളഞ്ഞു. അവന്‍ ഭവതിയുടെ പുത്രനായ ആ വീരനെ ഭര്‍ത്താവായി വരിച്ചു. അദ്ദേഹത്തെ എന്റെ മനസ്സില്‍ നിന്നകറ്റാന്‍ ഞാന്‍ യത്നിച്ചു. എന്നാൽ അതിന് എനിക്കു കഴിഞ്ഞില്ല. ഞാന്‍ നിങ്ങളേയും പിടിച്ചു കൊണ്ടു മടങ്ങിയെത്തുവാന്‍ വൈകിയതു കൊണ്ട്‌ മനുഷ്യമാംസക്കൊതിയനായ ഹിഡിംബന്‍ തനിയെ നിന്റെ പുത്രന്മാരെ കൊല്ലുവാന്‍ എത്തി. എന്റെ കാമുകനും ബലവാനും പടുബുദ്ധിമാനുമായ ഭവതിയുടെ പുത്രന്‍ അവനെ പിടിച്ചു ഞെരിച്ചു ചുറ്റിവലിച്ച്‌ ഇതാ കാട്ടിലേക്ക്‌ അകറ്റി. അവര്‍ ബലമായി തമ്മില്‍ പിടിച്ചു വലിച്ച്‌ അലറി പോര്‍ ചെയ്തു നില്ക്കുന്നതു നോക്കുക!

വൈശമ്പായനൻ പറഞ്ഞു: അവള്‍ പറഞ്ഞതു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ എഴുന്നേറ്റു. ഉടനെ അര്‍ജ്ജുനനും നകുലനും സഹദേവനും എഴുന്നേറ്റു. തമ്മില്‍ കെട്ടിപ്പിടിച്ചും തമ്മില്‍ വലിച്ചകറ്റിയും യുദ്ധം ചെയ്യുന്ന അവരെ രണ്ടു പേരേയും കണ്ടു. ജയം കാംക്ഷിച്ചു പൊരുതുന്ന രണ്ടു സിംഹങ്ങളെ പോലെ അവര്‍ ഭീകരമായി പോര്‍ ചെയ്യുന്നു! പിന്നെ അവര്‍ മുറുകെപ്പിടിച്ചും വലിച്ചും മറിഞ്ഞും അവിടെ പോരാടുമ്പോള്‍ കാട്ടുതീപ്പുക പോലുള്ള ധൂളി പരന്നു. ചെമ്മണ്ണു ദേഹത്തിലേറ്റ്‌ ചുവന്ന അവര്‍, മഞ്ഞേറ്റു മൂടുന്ന രണ്ടു മലകള്‍ പോലെ വിളങ്ങി. ആ രാക്ഷസന്‍ ഭീമനെ ക്ലേശിപ്പിക്കുന്നതു കണ്ട്‌ പാര്‍ത്ഥന്‍ പുഞ്ചിരി തൂകി ഇപ്രകാരം പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ചേട്ടാ, ഭീമാ! വീരാ! പേടിക്കേണ്ടാ. ഞങ്ങള്‍ ഉറങ്ങുകയായിരുന്നു. ഭവാന്‍ ചെയ്യുന്ന ഈ രാക്ഷസയുദ്ധം അറിഞ്ഞില്ല. ഞാനുണ്ട്‌ അങ്ങയ്ക്കു തുണ. ഞാന്‍ ഇപ്പോള്‍ ഇവനെ വീഴ്ത്താം. സഹദേവനും നകുലനും അമ്മയെ കാത്തു നില്ക്കും.

ഭീമന്‍ പറഞ്ഞു: പാര്‍ത്ഥാ! നീ പരിഭ്രമിക്കേണ്ടാ. സ്വസ്ഥനായി അവിടെ നിന്നു കണ്ടാല്‍ മതി. എന്റെ കൈയില്‍ അകപ്പെട്ട ഇവന്‍ ഇനി നിശ്ചയമായും ജീവിക്കുകയില്ല!

അര്‍ജ്ജുനന്‍ പറഞ്ഞു: എന്തിനാണ്‌ പാപിയായ ഈ രാക്ഷസനെ ഇനിയും കൊല്ലാതിരിക്കുന്നത്‌? പോകേണ്ട സമയമായില്ലേ? അധികം നില്ക്കുന്നതു ഭംഗിയല്ല. കിഴക്കു ദിക്ക്‌ ഇപ്പോള്‍ ചുവക്കും. പിന്നെ ഉഷസ്സന്ധ്യയാകും, ഈ രൗദ്ര സമയത്ത്‌ അരക്കര്‍ക്ക്‌ ശക്തി കൂടും. വേഗമാവട്ടെ! അവനെ കളിപ്പിച്ചതു മതി! രൗദ്രനായ ആ നിശാചരനെ കൊല്ലുക! ഇനി അവന്‍ മായകള്‍ കാണിക്കുവാന്‍ തുടങ്ങും. അതിന് ഇട കൊടുക്കാതെ വേഗം കൊന്നുകളയുക! കൈയൂക്കു കാണിക്കേണ്ട സമയമാണിത്‌.

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ പറഞ്ഞ ഉടനെ ഭീമന്‍ ഉള്‍ക്രോധത്തോടെ, പ്രളയാനിലന്റെ ബലത്തോടെ, കരികാറു പോലുള്ള രാക്ഷസന്റെ ദേഹം പിടിച്ചു പൊക്കി ഊക്കോടെ നൂറു വട്ടം ചുറ്റി വീശി.

ഭീമന്‍ പറഞ്ഞു: വെറുതെ മാംസം തിന്നു തിന്ന്‌ വെറുതെ തടിച്ചു വീര്‍ത്ത്‌, വെറുതെ വളരെക്കാലം ജീവിച്ചിരുന്ന നീ, വെറുതെ ചാവാന്‍ തക്ക ദുഷ്ടനായി, വൃഥാബുദ്ധിയായി തന്നെ തീര്‍ന്നു. ഞാന്‍ ഈ കാട്‌ അകണ്ടകമാക്കി ക്ഷേമമാക്കിത്തീര്‍ക്കും എടാ രാക്ഷസാ!! ഇനി നീ മനുഷ്യരെ കൊന്നു തിന്നുമോ?

അര്‍ജ്ജുനന്‍ പറഞ്ഞു; പോരില്‍ ഈ രാക്ഷസന്‍ നിനക്കു ഭാരമാണെന്നു തോന്നുന്നുണ്ടെങ്കില്‍ ക്ഷണത്തില്‍ നിന്നെ ഞാന്‍ തുണയ്ക്കാം. ക്ഷണത്തില്‍ വീഴ്ത്തുക, അല്ലെങ്കില്‍ ഞാന്‍ തന്നെ ഇവനെ കൊന്നു കളയാം. കെട്ടി മറിഞ്ഞു തളര്‍ന്ന നീ അല്പമൊന്നു വിശ്രമിക്കുക.

വൈശമ്പായനൻ പറഞ്ഞു; അവന്റെ ആ വാക്കു കേട്ട്‌ ഏറ്റവും അമര്‍ഷണനായ ഭീമന്‍ ഹിഡിംബനെ നിലത്തു വീഴ്ത്തി പിടിച്ചു ഞെക്കി മൃഗത്തെ കൊല്ലുന്ന മാതിരി കൊന്നു. ഭീമന്‍ കൊല്ലുന്ന സമയം ഭീമമായ ശബ്ദം രാക്ഷസന്‍ പുറപ്പെടുവിച്ചു. നനഞ്ഞ പെരുമ്പറയുടെ ശബ്ദം പോലെ അതു കാടിനെയിട്ടു കുലുക്കി. രണ്ടു കെകള്‍ കൊണ്ടും അവനെ ബലമായി മുറുക്കിപ്പിടിച്ച്‌ ശക്തനായ പാണ്ഡവന്‍ അവന്റെ നട്ടെല്ലൊടിച്ചു. ഇതു കണ്ട്‌ ഭ്രാതാക്കളെല്ലാം സന്തോഷിച്ചു. ഹിഡിംബനെ കൊന്നതു കണ്ട്‌ ഹര്‍ഷത്തോടെ ശക്തന്മാരായ അവര്‍ വീര്യവാനായ ഭീമനെ അഭിനന്ദിച്ചു. ഭീമവിക്രമനായ ഭീമനെ അനുമോദിച്ച്‌ വീണ്ടും അര്‍ജ്ജുനന്‍ ഇപ്രകാരം വൃകോദരനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു; നഗരം ഈ കാട്ടില്‍ നിന്നു വളരെ ദൂരത്തല്ലെന്നു തോന്നുന്നു. ഉടനെ നമ്മള്‍ പോവുക. നമ്മളെ ദുര്യോധനന്‍ കണ്ടുപിടിക്കരുത്‌.

വൈശമ്പായനൻ പറഞ്ഞു: ശരി! അങ്ങനെ തന്നെ! എന്നു പറഞ്ഞ്‌ ആ പുരുഷര്‍ഷഭന്മാര്‍ അഞ്ചുപേരും അമ്മയോടു കൂടി പുറപ്പെട്ടു. കൂടെ ഹിഡിംബിയും പുറപ്പെട്ടു.

155. ഘടോല്‍ക്കചോത്പത്തി - ഭീമസേനന്‍ ഹിഡിംബിയോടു പറഞ്ഞു: ഹേ, ഹിഡിംബി! നീ പൊയ്ക്കൊള്ളുക! നിന്റെ ചേട്ടന്‍ പോയ വഴിക്കു തന്നെ! നീ മരിക്കുകയാണു നല്ലത്‌. അരക്കര്‍ ഉള്ളില്‍ കറ വെക്കുന്നവരാണ്‌. അവര്‍ മായ പ്രയോഗിച്ചു മയക്കുന്നവരാണ്‌!

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ഭീമാ, നരവ്യാഘ്രാ! ക്രോധിച്ചാലും സ്ത്രീജനത്തെ കൊല്ലരുത്‌. സ്വശരീരത്തേക്കാള്‍ അധികം കരുതലോടെ നീ ധര്‍മ്മത്തെ രക്ഷിക്കുക. കൊല്ലുവാന്‍ വന്ന ആ കൂറ്റനെ നീ കൊന്നു വിട്ടു. ആ രക്ഷസ്സിന്റെ ഭഗിനി ഇടഞ്ഞാല്‍ നമ്മോടെന്തെടുക്കും?

വൈശമ്പായനന്‍ പറഞ്ഞു: ഹിഡിംബി കുന്തിയെ കൈകൂപ്പി അഭിവാദ്യം ചെയ്തു. പിന്നെ ധര്‍മ്മപുത്രനേയും അഭിവാദ്യം ചെയ്തു. അവള്‍ കുന്തിയോട്‌ സവിനയം പറഞ്ഞു.

ഹിഡിംബി പറഞ്ഞു: ആര്യേ! ഭവതിക്കറിയാമല്ലോ സ്ത്രീഹൃദയം? ഭീമന്‍ മൂലം ഞാന്‍ അംഗജാര്‍ത്തയായിരിക്കുന്നു. കാലം കാത്ത്‌ ഞാന്‍ ശക്തിയേറിയ കാമാര്‍ത്തിയെ പൊറുത്തു. ഇപ്പോള്‍ ആ പ്രീതി എനിക്കു കിട്ടേണ്ട കാലമായി. ഞാന്‍ എന്റെ സുഹൃത്തുക്കളേയും, സ്വധര്‍മ്മത്തേയും, സ്വജനത്തേയും വിട്ട്‌, ഭര്‍ത്താവായി വീരനായ നിന്റെ പുത്രനെ വരിച്ചിരിക്കുന്നു. ആ വീരനായ നിന്റെ പുത്രനും, നീയും എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുകയില്ല. ഇതു സത്യമാണ്‌. അതുകൊണ്ട്‌ ഹേ, വരവര്‍ണ്ണിനീ, നീ എന്നില്‍ കൃപയുള്ളവളായിരിക്കണം. മൂഢയാണെന്നോ, ഭക്തയാണെന്നോ, ദാസിയാണെന്നോ വിചാരിച്ച്‌ മകനായ ഇവനെ എന്നോടു ചേര്‍ക്കുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ദേവതുല്യനായ ഈ സുന്ദരനോടു കൂടി ഞാന്‍ ഇഷ്ടമായ വിധം പോകട്ടെ. വീണ്ടും ഞാന്‍ വന്നു കൊള്ളാം. എന്നെ വിശ്വസിച്ചാലും. മനസ്സില്‍ എന്നെ ധ്യാനിച്ചാല്‍ ഞാന്‍ വന്നു നിങ്ങളെ കൊണ്ടു പൊയ്ക്കൊള്ളാം. ഏതു ദുര്‍ഘട ദിക്കിലും ഞാന്‍ നിങ്ങളെ കടത്തിവിടാം. വേഗത്തില്‍ പോകേണ്ട ദിക്കില്‍ ഞാന്‍ നിങ്ങളെ ചുമലിലെടുത്തു കടത്തിത്തരാം. എന്നെ വേള്‍ക്കുവാന്‍ ഭീമനെ നിങ്ങള്‍ അനുവദിച്ചാലും. എന്തു ചെയ്താല്‍ ആപത്തു വിട്ടു ജീവിക്കുവാന്‍ കഴിയുമോ അതൊക്കെ ചെയ്യേണ്ടത്‌ ധര്‍മ്മജ്ഞന്മാരുടെ കടമയാണ്‌. ആപത്തില്‍ ധര്‍മ്മം നോക്കുന്നവനാണ്‌ ഉത്തമപുരുഷന്‍. ധര്‍മ്മവ്യസനമാണല്ലോ ധര്‍മ്മജ്ഞന്മാര്‍ക്ക്‌ വിപത്ത്‌. സുകൃതം പ്രാണനെ നിലനിര്‍ത്തുന്നു. സുകൃതം പ്രാണനെ ദാനം ചെയ്യുന്നു. ഏതൊക്കെക്കൊണ്ടാണ്‌ ധര്‍മ്മം സാധിക്കുകയെങ്കില്‍ അത്‌ ചെയ്യുന്നതു കുറ്റമല്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ഹിഡിംബി, നീ പറഞ്ഞതൊക്കെ ശരിയാണ്‌! അതില്‍ ഒട്ടും സംശയമില്ല. സുമദ്ധ്യമേ, നീ സത്യം പോലെ നില്ക്കണം. കുളിച്ച്‌ ആഗ്നികം ചെയ്ത്‌ മംഗളത്തിന് ശേഷം നീ ഭീമനെ ഭജിക്കുക. അസ്തമിക്കുന്നതു വരെ അവനോടു കൂടി രമിക്കുക. പകല്‍ മാത്രം അവനോടു കൂടി സുഖിക്കുക. ഹേ! മനോജവേ, രാത്രിയായാല്‍ നിത്യവും ഭീമനെ ഇങ്ങോട്ടു കൊണ്ടു വരണം.

വൈശമ്പായനൻ തുടര്‍ന്നു: അപ്രകാരമാകാം എന്ന് അവള്‍ സമ്മതിച്ചു. അപ്പോള്‍ ഭീമസേനന്‍ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: ഹേ, രാക്ഷസി, സതൃത്താല്‍ നിന്നോ ട്‌ഒരു നിശ്ചയം പറയുന്നു. നിനക്ക്‌ പുത്രനുണ്ടാവുന്നതു വരെ ഹേ, ശുഭേ, തനുമദ്ധ്യമേ, നിന്നോടൊത്തു ഞാന്‍ രമിക്കാം.

വൈശമ്പായനൻ പറഞ്ഞു: അപ്രകാരമാകാം എന്ന്ഹി ഡിംബി സമ്മതിച്ചു. ഭീമസേനനേയും എടുത്ത്‌ മേല്പോട്ടുയര്‍ന്നു. നല്ല അദ്രിശ്യംഗങ്ങളിലും, ദേവതായനത്തിലും, മൃഗപക്ഷികള്‍ ആകര്‍ഷകമായി ശബ്ദിക്കുന്ന മറ്റു രമ്യസ്ഥലങ്ങളിലും ദിവ്യാഭരണ ഭൂഷിതയായി ദിവ്യരൂപങ്ങള്‍ കൈക്കൊണ്ട്‌ ആ മഞ്‌ജുഭാഷിണി മധുരവാക്കുകള്‍ കൊണ്ട്‌ ഭീമസേനനെ രമിപ്പിച്ചു.

പൂത്തുനില്ക്കുന്ന മരങ്ങള്‍ തിങ്ങുന്ന വനദുര്‍ഗ്ഗ സ്ഥലങ്ങളിലും, പൊയ്ത്താര്‍നിര മണം തൂകുന്ന ശുദ്ധമായ സരസ്സുകളിലും, വൈഡൂര്യക്കല്ലുകള്‍ പോലെ ശോഭിക്കുന്ന മണലുള്ള നദീ ദ്വീപു സ്ഥലങ്ങളിലും, തീര്‍ത്ഥവാരിയൊഴുകുന്ന കാട്ടുചോലകളുടെ കരകളിലും, മരവും ലതയും പൂത്തു നില്ക്കുന്ന ചിത്രാരണ്യങ്ങളിലും, ഹിമാദ്രികുഞ്ജങ്ങളിലും ഗുഹകളിലും, പൊല്‍ത്താമരകള്‍ വികസിച്ചു നില്ക്കുന്ന സരസ്സുകളിലും, പൊന്നും രത്നങ്ങളുമുള്ള കടല്‍ത്തീരങ്ങളിലും, പല സ്ഥലങ്ങളിലും, പച്ചപ്പുല്ലു നിറഞ്ഞു ശോഭിക്കുന്ന മൈതാനങ്ങളിലും, ദേവാരണ്യങ്ങളിലും, പുണ്യപര്‍വ്വത സാനുക്കളിലും, ഗുഹ്യകന്മാര്‍ അധിവസിക്കുന്ന ഇടങ്ങളിലും, താപസ കാനനങ്ങളിലും, സര്‍വ്വര്‍ത്തൃ രമണീയമായ ഫലങ്ങള്‍ നിറഞ്ഞ മാനസസരസ് തീരങ്ങളിലും, മോഹനരൂപങ്ങള്‍ എടുത്ത്‌ അവള്‍ പാണ്ഡുപുത്രനെ രമിപ്പിച്ചു.

അവിടേയും ഇവിടേയും ഭീമനുമായി രമിക്കുന്ന ആ മനോജവ ഭീമനില്‍ നിന്നു ഗര്‍ഭവതിയായി. അവള്‍ ശക്തനായ ഒരു പുത്രനെ പ്രസവിച്ചു. അവന്റെ രൂപം വിചിത്രം തന്നെ. തുറിച്ച കണ്ണ്‌, വലിയ വായ്‌, കൂര്‍ത്ത ചെവി, ഭയങ്കരമായ രൂപം, ഭീമമായ ശബ്ദം, ചുവന്ന ചുണ്ട്‌, തീക്ഷ്ണമായ ദംഷ്ട്രം, മഹത്തായ ബലം! മഹേഷ്വാസനും, മഹാവീര്യനും, മഹാസത്വനും, മഹാഭുജനും, മഹാജവനും, മഹാകായനും, മഹാമായനും, അരിന്ദമനും, ദീര്‍ഘനാസനും, മഹോരസ്കനും, പെരുംകാലുള്ളവനും, അമാനുഷനും, മാനുഷപുത്രനും, ഭീമവേഗനും, മഹാബലനുമായ അവന്‍ മറ്റു നിശാചരന്മാരേക്കാള്‍ ഒക്കെ വലിയവനായി; ബാല്യത്തില്‍ തന്നെ യൗവനയുക്തനായി; മാനുഷാസ്ത്രക്രമത്തില്‍ യോഗ്യനുമായി; വിദഗ്ദ്ധനുമായി തീര്‍ന്നു. രാക്ഷസനാരിമാർ ഗര്‍ഭം ധരിച്ചാല്‍ ഉടനെ പ്രസവിക്കും. അവരുടെ മക്കളോ കാമരൂപധരന്മാരുമാകും; ബഹുരൂപികളുമാകും. കേശമില്ലാത്ത മകന്‍ അച്ഛന്റേയും അമ്മയുടേയും കാല്‍ പിടിച്ചു നമസ്‌കരിച്ചു. അപ്പോള്‍ അവര്‍ അവന് പേര് നല്കി. അവന്റെ തല മണ്‍കുടം ( ഘടം ) പോലെ പെട്ടത്തലയാണെന്ന്‌ അവന്റെ അമ്മ പറഞ്ഞു. അതു കൊണ്ട്‌ അവന്റെ അച്ഛനമ്മമാര്‍ അവന് ഘടോല്‍ക്കചന്‍ ( കുടം പോലെയുള്ള തലയുള്ളവന്‍ ) എന്നു പേരിട്ടു. പാണ്ഡവന്മാരില്‍ വളരെ കൂറുള്ളവനായി തീര്‍ന്നു ഘടോല്‍ക്കചന്‍. അവര്‍ക്കും വളരെ ഇഷ്ടനായിത്തീര്‍ന്നു അവന്‍; അവരിലൊരാളെ പോലെ തന്നെ അവനെ കണക്കാക്കി.

സംവാസകാലം അവസാനിച്ചു എന്ന് ഹിഡിംബി അവരോടു പറഞ്ഞു. കുന്തിയോടു കൂടിയ പാണ്ഡവരെയെല്ലാം ഭീകരാകാരനായ ഘടോല്‍ക്കചന്‍ അഭിവാദ്യം ചെയ്ത്‌ യഥാന്യായം ഇപ്രകാരം പറഞ്ഞു.

ഘടോല്‍ക്കചന്‍ പറഞ്ഞു: ഹേ! ആര്യരേ! ഞാന്‍ എന്തു വേണമെന്ന്‌ നിങ്ങള്‍ നിശ്ശങ്കം ഉണര്‍ത്തിയാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ഭീമസേനപുത്രനോട്‌ കുന്തി പറഞ്ഞു.

കുന്തി പറഞ്ഞു: വത്സാ! നീ കുരുവംശത്തില്‍ പിറന്നവനാണ്‌. നീ ഭീമസേന സമനാണ്‌. അഞ്ചുപേര്‍ക്കും നീ മൂത്തപുത്രനാണ്‌. ഞങ്ങളെ നീ സഹായിക്കുക.

വൈശമ്പായനൻ തുടര്‍ന്നു: കുന്തി ഇപ്രകാരം പറഞ്ഞപ്പോള്‍ കൈകുപ്പിനിന്ന്‌ അവന്‍ പറഞ്ഞു.

ഘടോല്‍ക്കചന്‍ പറഞ്ഞു; ലോകത്തില്‍ രാവണനും ഇന്ദ്രജിത്തും പോലെ മഹാബലമുള്ളവനാണു ഞാന്‍. നരന്മാരില്‍ വിശിഷ്ടനുമാണു ഞാന്‍. പിതാക്കളേ, ഞാന്‍ വേണ്ടപ്പോള്‍ നിങ്ങള്‍ സ്മരിച്ചാല്‍ നിങ്ങളുടെ മുമ്പിലുണ്ട്‌. ഞാന്‍ പോകട്ടെ.

എന്നു പറഞ്ഞ്‌ ആ രാക്ഷസ ശ്രേഷ്ഠന്‍ വടക്കോട്ട്‌, നേരേ പോയി. ശക്തി എന്ന ആയുധത്തെ നിമിത്തമാക്കി കര്‍ണ്ണന്‌ പ്രതിയോഗിയായി ഇന്ദ്രനാല്‍ സൃഷ്ടിക്കപ്പെട്ടവനാണ്‌ ഘടോല്‍ക്കചന്‍ എന്ന ആ മഹാരഥന്‍.

156. വ്യാസദര്‍ശനവും ഏകചക്രാ പ്രവേശവും -വൈശമ്പായനൻ പറഞ്ഞു: ആ മഹാരഥന്മാരും വീരന്മാരുമായ പാണ്ഡവന്മാര്‍ അനേകം ജന്തുക്കളെ കൊന്ന്‌ കാട്ടില്‍ക്കൂടെ കാട്ടില്‍ പ്രവേശിച്ച്‌ അങ്ങനെ കടന്നു പോയി. മത്സൃരാജ്യം, ത്രിഗര്‍ത്തദേശം, പാഞ്ചാലരാജ്യം, കീചകന്റെ നാട്‌, കുളുര്‍മ്മയേറിയ പൊയ്കകള്‍, മനോഹരമായ വനസ്ഥലികള്‍ ഇവയൊക്കെ കണ്ടു കണ്ട്‌ നടന്നു പോയി. അവരൊക്കെ ജടാവല്ക്കല ധാരികളായി കുന്തിയോടു കൂടി മുനിവേഷം ധരിച്ചു. വേഗം കൂടുന്നതിന് അമ്മയെ തോളില്‍ എടുത്തു നടന്നു. ചിലപ്പോള്‍ മെല്ലെയും യാത്ര ചെയ്തു. സാക്ഷാല്‍ ഉപനിഷത്തും വേദാംഗവും നീതി ശാസ്ത്രവും പഠിച്ചിട്ടുള്ള അവര്‍ മാര്‍ഗ്ഗമദ്ധ്യേ യദ്യച്ഛയാ പിതാമഹനായ വേദവ്യാസ മഹര്‍ഷിയെ കണ്ടെത്തി. പരന്തപന്മാരായ അവര്‍ മഹര്‍ഷിയെ അഭിവാദ്യം ചെയ്ത്‌, അമ്മയോടൊപ്പം മഹര്‍ഷിയുടെ മുമ്പില്‍ കൈകൂപ്പി നിന്നു.

വ്യാസന്‍ പറഞ്ഞു: ഹേ, ഭരതര്‍ഷഭരേ, മുമ്പേ തന്നെ ഞാന്‍ ഈ ആപത്തറിഞ്ഞിരിക്കുന്നു. ധാര്‍ത്തരാഷ്ട്രന്മാര്‍ അധര്‍മ്മത്താല്‍ നിങ്ങളെ അകറ്റി പാര്‍പ്പിച്ചതെല്ലാം അറിഞ്ഞിരിക്കുന്നു. അതറിഞ്ഞ്‌, നിങ്ങള്‍ക്കു ഹിതം ചെയ്യുവാന്‍ ഞാന്‍ ഇവിടെ എത്തിയതാണ്‌. നിങ്ങള്‍ അതോര്‍ത്തു വിഷാദിക്കരുത്‌. ഭാവിയില്‍ നിങ്ങള്‍ക്ക്‌ അതെല്ലാം സൗഖ്യമായേ പരിണമിക്കൂ! അവരും നിങ്ങളും എനിക്കു സമന്മാരാണ്‌. ദൈന്യം, ബാല്യം ഇവയോര്‍ത്ത്‌ അങ്ങനെയുള്ളവരോട്‌ മനുഷ്യര്‍ ഏറ്റവും സ്നേഹം കാണിക്കുന്നു. അതു കൊണ്ട്‌ എനിക്കു നിങ്ങളില്‍ അധികമായ, സ്നേഹമുണ്ട്‌. ആ സ്നേഹം മൂലം ഞാന്‍ നിങ്ങള്‍ക്ക്‌ നന്മ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. അതു കൊണ്ട്‌ ഞാന്‍ പറയുന്നതു നിങ്ങള്‍ കേള്‍ക്കുവിന്‍. അടുത്ത്‌ ഒരു പുരം നിങ്ങള്‍ കാണും. അതില്‍ നിങ്ങള്‍ ഗൂഢമായി പാര്‍ക്കുക. ഞാന്‍ വീണ്ടും അടുത്തു തന്നെ വരും. ഞാന്‍ വരുന്നതു വരെ അവിടെ വേഷം മാറി നിങ്ങള്‍ പാര്‍ക്കുക!

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ സത്യവതീ സുതനായ വ്യാസന്‍ അവരെ കൊണ്ടു പോയി ഏകചക്രയിലാക്കി. പോകുന്ന വഴിക്ക്‌ മഹര്‍ഷി കുന്തിയെ ആശ്വസിപ്പിച്ചു.

വ്യാസന്‍ പറഞ്ഞു: മകളേ, കുന്തീ, നീ വളരെക്കാലം ജീവിച്ചാലും! നിന്റെ കുമാരനായ ഈ യുധിഷ്ഠിരന്‍ ധര്‍മ്മവാനാണ്‌. അവന്‍ ധര്‍മ്മത്താല്‍ ഭുമി മുഴുവന്‍ ജയിച്ച്‌, ലോകത്തിലുള്ള രാജാക്കന്മാരെയൊക്കെ കീഴടക്കി ആഴി ചൂഴുന്ന ഊഴിയൊക്കെ ജയിച്ച്‌, ഭീമാര്‍ജ്ജുന ബലത്താല്‍ യോഗ്യനായി വാഴും. അതില്‍ ഒട്ടും സംശയിക്കേണ്ട. നിന്റേയും മാദ്രിയുടേയും നന്ദനന്മാര്‍ മഹാരഥന്മാരാണ്‌. അവര്‍ സ്വരാജ്യത്തു സുഖമായി വാഴും. അവര്‍ സുമനസ്സുകളാണ്‌. ഭൂമിയൊക്കെ നിഷ്പ്രയാസം ജയിച്ച്‌ യജ്ഞം ചെയ്യും. നിന്റെ പുത്രന്മാര്‍ രാജസൂയം, അശ്വമേധം മുതലായ ദക്ഷിണാഢ്യമായ യാഗങ്ങള്‍ ചെയ്ത്‌ സുഹൃജ്ജനങ്ങളെ സംരക്ഷിച്ച്‌ മോദത്തോടും ഐശ്വര്യത്തോടും കൂടി പിതൃപൈതാമഹമായ രാജ്യം സംരക്ഷിക്കും.

വൈശമ്പായനൻ പറഞ്ഞു: മഹര്‍ഷി ഇപ്രകാരം പറഞ്ഞ്‌ അവരെ വിപ്രമന്ദിരത്തിലാക്കി. ധര്‍മ്മജനോട്‌ വ്യാസന്‍ പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: നിങ്ങള്‍ ഇവിടെ ഒരു മാസം എന്നെ പ്രതീക്ഷിച്ചു പാര്‍ക്കുക. ഞാന്‍ പിന്നെ വന്ന്‌ നിങ്ങളെ കാണുന്നതാണ്‌. ദേശവും കാലവും അറിഞ്ഞു ജീവിക്കുന്നവര്‍ക്ക്‌ ക്ലേശങ്ങളൊക്കെ നീങ്ങും, സന്തോഷം ഉണ്ടാവുകയും ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: അവര്‍ കൈകൂപ്പി അപ്രകാരമാകാമെന്നു സമ്മതിച്ചു, ഭഗവാന്‍ വ്യാസൻ വന്ന വഴിയേ പോവുകയും ചെയ്തു

ബകവധപര്‍വ്വം

157. ബ്രാഹ്മണചിന്ത - ജനമേജയൻ പറഞ്ഞു; ഏകചക്രയില്‍ വന്നുചേര്‍ന്ന മഹാരഥന്മാരായ ആ കൗന്തേയന്മാര്‍ പിന്നെ എന്താണു ചെയ്തത്‌?

വൈശമ്പായനൻ പറഞ്ഞു: ഏകച്ചക്രയില്‍ ചെന്ന മഹാരഥന്മാരായ കൗന്തേയന്മാര്‍ കുറച്ചു ദിവസം ഒരു ബ്രാഹ്മണന്റെ മന്ദിരത്തില്‍ പാര്‍ത്തു. രമ്യങ്ങളായ വനങ്ങളും, നാട്ടിന്‍പുറങ്ങളും, പുഴകളും, പൊയ്കകളും നടന്നു കണ്ട്‌ അവര്‍ എല്ലാവരും ഭിക്ഷാടനം ചെയ്തു. പ്രിയദര്‍ശനരായ അവര്‍ നാട്ടുകാര്‍ക്ക്‌ ഇഷ്ടരായിത്തീര്‍ന്നു. അന്തിക്കു വീട്ടില്‍ എത്തി അവര്‍ക്കു കിട്ടിയ ഭിക്ഷയെല്ലാം കുന്തിക്കു നല്കും. കുന്തി അതെടുത്തു ഭാഗിച്ചു കൊടുക്കും. അത്‌ അവര്‍ കഴിക്കും. കിട്ടുന്ന അന്നത്തില്‍ പകുതി ഭീമന് കൊടുക്കും. പിന്നെയുള്ള പകുതി അവരെല്ലാവരും ഭാഗിച്ചുകഴിക്കും. ഇങ്ങനെ പരന്തപന്മാരായ അവര്‍ കുറച്ചുകാലം അവിടെ രസമായി താമസിച്ചു.

ഒരു ദിവസം ആ രാജകുമാരന്മാരെല്ലാം ഭിക്ഷാടനത്തിന് പോയി. എന്തു കൊണ്ടോ അന്ന്‌ ഭീമന്‍ അമ്മയോടൊത്ത്‌ ഇരുന്നു. ഭീമന്‍ പോയില്ല. പെട്ടെന്ന്‌ ആ ബ്രാഹ്മണ മന്ദിരത്തില്‍ ഘോരമായ ഒരു ആര്‍ത്തസ്വരം പൊങ്ങി. ശുദ്ധഹൃദയയായ കുന്തി ആര്‍ത്തനാദം കേട്ട്‌ സംഗതിയെന്താണെന്ന്‌ അന്വേഷിച്ചു. ദുഃഖിച്ചു കരയുന്ന അവരെ കണ്ട്‌ കുന്തിക്കു സഹിച്ചില്ല. കുന്തിയും കരഞ്ഞ്‌ ഭീമനോടു പറഞ്ഞു.

കുന്തി പറഞ്ഞു: സുഖമായി നമ്മള്‍ ഈ ബ്രാഹ്മണന്റെ ഗൃഹത്തില്‍ പാര്‍ക്കുന്നു. ധാര്‍ത്തരാഷ്ട്രന്മാര്‍ അറിയുന്നില്ല. സല്ക്കാരം അനുഭവിച്ച്‌ ദുഃഖം കൂടാതെ നാം ജീവിക്കുന്നു. ഈ ഉപകാരത്തിന് എന്തു പ്രിയമാണ്‌ മകനേ നാം അവര്‍ക്കു ചെയ്തു കൊടുക്കേണ്ടത്‌? ആ പുമാന്‍ ചെയ്ത ഉപകാരം നശിക്കാത്തവയാണ്‌. അന്യന്‍ ചെയ്ത ഉപകാരത്തേക്കാള്‍ മഹത്തായ ഉപകാരം നാം അങ്ങോട്ടു ചെയ്യണം. ഇപ്പോള്‍ ഈ ബ്രാഹ്മണന്ന്‌ എന്തോ വലിയ ഒരാപത്തു പറ്റിയിട്ടുണ്ട്‌. നിശ്ചയമാണ്‌. ഈസമയത്ത്‌ വല്ല ഉപകാരവും നാം ചെയ്താല്‍ അതു വലിയ ഉപകാരമാകും. തക്കസമയം ഇപ്പോഴാണ്‌.

ഭീമന്‍ പറഞ്ഞു: അമ്മ സംഗതി എന്താണെന്നു ചോദിച്ചറിയുക. അറിഞ്ഞതിന് ശേഷം പ്രയാസമുള്ളതായാലും ഞാന്‍ ഒരുങ്ങാം. എത്ര ദുഷ്കരമായാലും ചെയ്തു കൊടുക്കാം.

വൈശമ്പായനന്‍ പറഞ്ഞു: അവര്‍ ഇപ്രകാരം പറയുമ്പോള്‍ വീണ്ടും ആ ബ്രാഹ്മണന്റെ ഭാര്യ വിലപിക്കുന്ന ശബ്ദം കേട്ടു. കയറിനാല്‍ കെട്ടപ്പെട്ട കിടാവിന്റെ അരികിലേക്ക്‌ പശു എന്ന പോലെ, ആ വിപ്രേന്ദ്രന്റെ അത്തഃപുരത്തിലേക്ക്‌ കുന്തി ബദ്ധപ്പെട്ടു കയറിച്ചെന്നു. ബ്രാഹ്മണന്‍ വിലപിക്കുന്നു. ഭാര്യയും മകനും, മകളും ഭയങ്കരമായി നിലവിളിക്കുന്നു. വികാരഭരിതരായിഎല്ലാവരും തലതാഴ്‌ത്തി ഇരിക്കുന്നു. ഈ നിലയിലാണ്‌ അവരെ അവള്‍ കണ്ടത്‌. ബ്രാഹ്മണന്‍ വിലപിക്കുന്നതു കുന്തി കേട്ടു.

ബ്രാഹ്മണന്‍ പറഞ്ഞു; ഞാന്‍ ഈ ലോക ജീവിതം വെറുക്കുന്നു. അന്തഃസാരം ഒട്ടുമില്ലാത്ത ഈ ജീവിതം ദുഃഖഹേതുകമാണ്‌. പരാധീനരായി ജീവിക്കുന്നതു ദുഃഖകരമാണ്‌. അതു കൊണ്ടു ദുഃഖിക്കുകയാണ്‌. ജീവിക്കുന്നതാണ്‌ ദുഃഖം. ദുഃഖം കൂടാതെ ജീവിതമില്ല. ജീവിക്കുവാൻ ആഗ്രഹിക്കുന്നവന് ദുഃഖം വന്നു ചേരാതിരിക്കില്ല. ധര്‍മ്മാര്‍ത്ഥകാമങ്ങളുമായി വേര്‍പെടുമ്പോള്‍ ആത്മാവിന് ബഹുവിധമായ ദുഃഖമുണ്ടാകുന്നു. ചിലര്‍ പറയുന്നു, മരണാനന്തരം മോക്ഷം ലഭിക്കുമെന്ന്‌. ചിലര്‍ പറയുന്നു, അങ്ങനെയൊന്നില്ലെന്ന്‌. അര്‍ത്ഥം നേടുന്നവന് കിട്ടാന്‍ പോകുന്നത്‌ പരിപൂര്‍ണ്ണമായ നരകമാണെന്നു ചിലര്‍ പറയുന്നു. അര്‍ത്ഥം ആശിക്കുന്നതു തന്നെ ദുഃഖമാണ്‌. അര്‍ത്ഥം നേടിയാലോ ദുഃഖം ഏറുന്നു. അര്‍ത്ഥത്തില്‍ ഇഷ്ടപ്പെട്ടവന് അര്‍ത്ഥത്തിന്റെ നാശത്തില്‍ ആ ദുഃഖം വര്‍ദ്ധിക്കുന്നു. ആ ദുഃഖം അസഹനീയമാണ്‌. എനിക്ക്‌ ആപത്തൊഴിയുവാന്‍ മാര്‍ഗ്ഗമൊന്നും ഞാന്‍ കാണുന്നില്ല. ബന്ധുജനങ്ങളോട് എല്ലാവരോടും കൂടി ഇവിടം വിട്ട്‌ ഓടിപ്പോയാലോ എന്ന് എടോ ബ്രാഹ്മണി, ഞാന്‍ നിന്നോട്‌ പറഞ്ഞില്ലേ? അന്നു നീ എന്റെ വാക്കു കേട്ടില്ലല്ലോ! സുഖമായി ജീവിക്കുവാന്‍ പറ്റിയ സ്ഥലം വേറെ അന്വേഷിക്കാമെന്നു ഞാന്‍ പറഞ്ഞതല്ലേ? നീ അതു കേട്ടില്ല. ഞാന്‍ ഇവിടെ ജീവിച്ചു മരിക്കും! ഞാന്‍ ഇവിടംവിട്ട്‌ എങ്ങോട്ടുമില്ല എന്നു മൂഢേ, നീ പറഞ്ഞില്ലേ? ഞാന്‍ പറയുമ്പോഴൊക്കെ നീ അതല്ലേ പറഞ്ഞിരുന്നത്‌? നിന്റെ വൃദ്ധനായ അച്ഛനും വൃദ്ധയായ അമ്മയുമൊക്കെ പണ്ടേ മരിച്ചു പോയി. പൂര്‍വ്വബന്ധുക്കളൊക്കെയും മരിച്ചു പോയി! അങ്ങനെയുള്ള ഒരു സ്ഥലത്ത്‌ പാര്‍ക്കുവാന്‍ എന്തു കൊണ്ടു നീ ഇഷ്ടപ്പെട്ടു? അച്ഛന്‍, അമ്മ മുതലായവരോടുള്ള പ്രിയം കൊണ്ട്‌ ഞാന്‍ പറഞ്ഞത്‌ അന്നു നീ കേട്ടില്ല. കേട്ടിരുന്നുവെങ്കില്‍ ഈ മഹാനാശം വരില്ലായിരുന്നു. കഷ്ടം! ഞാന്‍ വലിയ സങ്കടത്തിലായല്ലോ. അല്ല, ഞാന്‍ തന്നെ മരിച്ചു കൊള്ളാം.

ബന്ധുജനത്തില്‍ ആരെയും നൃശംസനെ പോലെ ഉപേഷിച്ച്‌ ഞാന്‍ ജീവിക്കുകയില്ല. സഹധര്‍മ്മിണി ഏറ്റവും ദാന്തയും ഹിതയുമാണ്‌. എന്റെ അമ്മയെപ്പോലെയാണ്‌. എനിക്കു സഖിയും വാനവർ കല്‍പിച്ചവിധം സുഖത്തിനും സല്‍ഗ്ഗതിക്കുമുള്ളവളാണ്‌ അവള്‍. അച്ഛനമ്മമാര്‍ തന്നവളും, ഗാര്‍ഹന്ഥ്യ വൃത്തി നടത്തുന്നവളും, മന്ത്രമുറപ്രകാരം പരിണയിച്ചവളുമാണ്‌. കുലീന ശീലമുള്ളവളും, കുലസന്തതിയെ പെറ്റവളുമാണ്‌ അവള്‍. നിര്‍ദ്ദോഷയായ സാധ്വിയും അനുവ്രതയുമായ എന്റെ ഭാര്യയെ ജീവന് വേണ്ടി ഉപേക്ഷിക്കുവാന്‍ ഞാന്‍ ശക്തനല്ല. പിന്നെയുണ്ടോ ഞാന്‍ എന്റെ പുത്രനെ ഉപേക്ഷിക്കുന്നു? പിന്നെ എന്റെ മകള്‍. അവളെ ഞാന്‍ എങ്ങനെ ഉപേക്ഷിക്കും? ചെറിയ പെണ്‍കുട്ടി. ചിഹ്നങ്ങളൊന്നും തികയാത്ത കുട്ടി. ഭര്‍ത്താവിന് കൊടുക്കുവാന്‍ വേണ്ടി ബ്രഹ്മാവ്‌ ഏല്‍പിച്ചു തന്നവള്‍. പിതൃക്കള്‍ക്കും എനിക്കും ദൌഹിത്രനാല്‍ ഗതി നല്കുന്നവള്‍. ഞാന്‍ ജനിപ്പിച്ച ഈ കുട്ടിയെ കൈവിടുകയോ? ഒരിക്കലും സാദ്ധ്യമല്ല. ചിലര്‍ക്കു മകനില്‍ കൂറ്‌ ഏറിക്കാണും. എനിക്ക്‌ ആ വൃത്യാസമില്ല. രണ്ടു പേരോടും ഒപ്പമാണ്‌ സ്നേഹം. സല്‍ഗ്ഗതിക്കും സന്തതിക്കും സുഖത്തിന്നും ആശ്രയം മകനാണ്‌. ബാല്യായ ഇവളാണെങ്കില്‍ പാപലേശം തട്ടാത്തവളാണ്‌. ഞാന്‍ എങ്ങനെ അവളെ കൈവിടും? വിടില്ല. തീര്‍ച്ചയായും വിടില്ല. ആത്മഹത്യ ചെയ്താല്‍ പരലോകത്തു ദുഃഖമാണ്‌. ഞാന്‍ കൈവിട്ടാല്‍ ഇവര്‍ ജീവിക്കുവാന്‍ ശക്തരാവുകയില്ല. പുത്രന്‍, പുത്രി, ഭാര്യ ഇവരില്‍ ആരെയെങ്കിലും ഉപേക്ഷിക്കുന്നത്‌ മഹാക്രൂരമായ. കര്‍മ്മമാണ്‌. പണ്‌ഡിതന്മാരുടെ നിന്ദയ്ക്കു പാത്രമാകും. ആത്മത്യാഗം ചെയ്താൽ എന്റെ അഭാവം മൂലം ഇവര്‍ മരിച്ചുപോകും. ഇങ്ങനെ ഒരു കഷ്ടത്തില്‍ ഞാന്‍ പെട്ടു പോയല്ലോ! ദുഃഖം തീര്‍ക്കുവാന്‍ ഞാന്‍ ശക്തനല്ല.

അയ്യോ! കഷ്ടം! ബാന്ധവരോടു കൂടി യ ഞാന്‍ എന്തു ഗതി നേടേണ്ടു? എല്ലാവരും ഒന്നിച്ചു ചാവുകയാണു ഭേദം. ജീവിച്ചിരിക്കുന്നതു കഷ്ടമാണ്‌!

158. ബ്രാഹ്മണീ വാക്യം - വൈശമ്പായനൻ പറഞ്ഞു: ബ്രാഹ്മണന്റെ വിലാപം കേട്ട്‌ ഭാര്യ ഇപ്രകാരം പറഞ്ഞു.

ബ്രാഹ്മണ സ്ത്രീ പറഞ്ഞു: ഭര്‍ത്താവേ, ഭവാന്‍ പ്രാകൃതന്മാരെ പോലെ സന്തപിക്കാതിരിക്കൂ. ജ്ഞാനിയായ ഭവാന്‍ ചിന്തിക്കുക! ഇപ്പോള്‍ ഭവാന് സന്താപത്തിനുള്ള കാലമല്ല. മനുഷ്യനായി പിറന്നാല്‍ മരണം കൂടാതെ കഴിയുകയില്ലല്ലോ. തീര്‍ച്ചപ്പെട്ട ഒരു വിഷയത്തെപ്പറ്റി സന്താപം കൊണ്ട്‌ എന്തു കാര്യം? എന്റെ ഭാര്യ, എന്റെ മകന്‍, എന്റെ മകള്‍ എന്നൊക്കെ വിചാരിക്കുന്നതു തന്നെ സ്വാര്‍ത്ഥമാണ്‌. ബുദ്ധി കൊണ്ടു ചിന്തിച്ച്‌ വൃഥ തീര്‍ക്കുക. ഞാന്‍ തന്നെ അങ്ങോട്ടു പോകാം. സനാതനമായ സ്ത്രീധര്‍മ്മം പ്രാണന്‍ കളഞ്ഞും ഭര്‍ത്തൃ പ്രീണനം ചെയ്യുക എന്നുള്ളത് തന്നെയാണ്‌. ആ കര്‍മ്മം ഞാന്‍ ചെയ്താല്‍ ഭവാന് സൗഖ്യമാകുമെന്നു മാത്രമല്ല, ഇഹത്തിലും പരത്തിലും മങ്ങാത്ത കീര്‍ത്തിയും നേടാം. ഇതു വലിയ ധര്‍മ്മമാണ്‌ എന്ന് ഞാന്‍ ഭവാനോടു പറയുന്നു. അര്‍ത്ഥധര്‍മ്മങ്ങള്‍ അങ്ങയില്‍ ഞാന്‍ പൂര്‍ത്തിയായി കാണുന്നുണ്ട്‌. ഭാര്യയെ കൊണ്ടുള്ള അര്‍ത്ഥം ഭവാന്‍ എന്നില്‍ നിന്നു നേടിക്കഴിഞ്ഞു. ഒരു മകളേയും ഒരു മകനേയും ഞാന്‍ പ്രസവിച്ചു. മക്കളെ പോറ്റി രക്ഷിക്കുവാന്‍ ഭവാന്‍ ശക്തനുമാണ്‌. അപ്രകാരം ഇവരെ പോറ്റി രക്ഷിക്കുവാന്‍ ഞാന്‍ ശക്തയല്ല താനും. എനിക്കു ഭവാനില്ലെങ്കില്‍, ഹേ, സർവ്വപ്രാണ ധനേശ്വരാ! ഭവാന്റെ മക്കള്‍ ഏതു നിലയിലാകുമെന്ന്‌ ചിന്തിച്ചു നോക്കുക; എങ്ങനെ ഞാന്‍ ഇവരെ പോറ്റും?

അങ്ങ്‌ ഇല്ലെങ്കില്‍ രണ്ടു കുഞ്ഞുങ്ങളേയും കൊണ്ട്‌ വിധവയും അനാഥയുമായ ഞാന്‍ മര്യാദയ്ക്കു നിന്ന്‌ ഈ മക്കളെ എങ്ങനെ സംരക്ഷിക്കും? കുറുമ്പന്മാരും കുസൃതിക്കാരുമായ അര്‍ത്ഥികളില്‍ നിന്ന്‌, ഭവാന്റെ ചാര്‍ച്ചയ്ക്ക്‌ ഒക്കാത്ത കാമുകരില്‍ നിന്ന്‌, ഈ പെണ്‍കുട്ടിയെ എങ്ങനെ രക്ഷിക്കും? അപ്രകാരം തന്നെ നിലത്തിട്ട മാംസത്തെ കൊത്തിത്തിന്നാന്‍ പല പക്ഷികള്‍ എത്തുന്ന വിധത്തില്‍ ഭര്‍ത്താവില്ലാത്ത പെണ്ണിനെ അനുഭവിക്കാന്‍ ചിലര്‍ പാഞ്ഞു വരും. ആ ദുഷ്ടര്‍ എന്നെ പറഞ്ഞിളക്കി അലട്ടുമ്പോള്‍ ഞാന്‍ ഉഴന്ന്‌ സജ്ജനങ്ങളുടെ മാര്‍ഗ്ഗം കൈവിടാതെ നില്ക്കുവാന്‍ കഴിയാതെ കുഴങ്ങും. നിന്റെ കുലത്തില്‍ പിറന്ന അനവദ്യയായ ഈ പെണ്‍കുട്ടിയെ പിതൃപൈതാമഹന്മാരുടെ വഴിക്കു കൊണ്ടു പോകുവാന്‍ ഞാനാളാകയില്ല എന്നു വരും. അനാഥനായി സര്‍വ്വനാശമേറ്റ ഈ ചെറുപുത്രനെ ധര്‍മ്മജ്ഞനായ അങ്ങയെപ്പോലെ സല്‍ഗുണവാനാക്കി എങ്ങനെ വളര്‍ത്തുവാന്‍ കഴിയും; അനാഥയായ നിന്റെ മകളെ അനര്‍ഹന്മാരായ ശൂദ്രന്മാര്‍ വേദോച്ചാരണത്തെ എന്ന പോലെ ആവശ്യപ്പെടും. വേദം പഠിക്കാന്‍ അധികാരമില്ലാത്തവര്‍ അതാവശ്യപ്പെടുന്നത്‌ നീതിയാണോ? കഷ്ടമല്ലേ! വിധവയായ എന്നെ അവര്‍ കണക്കാക്കുകയില്ല. കൊടുക്കാതിരുന്നാല്‍ അവര്‍ ബലമായി, കാക്ക യജ്ഞഹവ്യം തട്ടിയെടുക്കുന്നത് പോലെ, കൊണ്ടു പൊയ്ക്കളയും. ഭവാന്റെ മഹത്വത്തിന് ചേരാത്ത വിധം വളര്‍ന്ന പുത്രനെ കണ്ടും അനര്‍ഹന്റെ കൈയില്‍പ്പെട്ട പുത്രിയെ കണ്ടും നാട്ടിലുള്ളവരുടെയെല്ലാം നിന്ദയ്ക്കു പാത്രമായി, സ്വന്തം നിലയെപ്പറ്റി മനസ്സിലാക്കാതെ ദുര്‍ജ്ജനങ്ങള്‍ മൂലമായി ഞാന്‍ ചത്തു പോകും! നിശ്ചയമാണ്‌. ഞാനും മരിച്ചാല്‍ ഈ കിടാങ്ങള്‍ അച്ഛനും അമ്മയുമില്ലാത്തവരായി, വെള്ളം വറ്റിയ ജലാശയത്തിലെ മത്സ്യങ്ങള്‍ പോലെ നശിക്കുമെന്നുള്ളതിന് സംശയമില്ല. എല്ലാം കൊണ്ടും ബാക്കിയാകുന്ന മൂന്നു പേരും ഇല്ലാതാവുക തന്നെ ചെയ്യും ഭവാന്‍ പോയാല്‍! അതു കൊണ്ട്‌ എന്നെ കൈവിടരുത്‌. സ്ത്രീകള്‍ക്കു ശ്രേയസ്സ്‌ കാന്തന്‍ പോകുന്നതിന് മുമ്പ്‌ മക്കളെപ്പെറ്റ്‌ സല്‍ഗ്ഗതി നേടുകയെന്നുള്ളതാണ്‌. മകനേയും മകളേയും ബന്ധുക്കളേയും ഭവാനു വേണ്ടി ജീവനേയും ഞാന്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാണ്‌. യജ്ഞം, തപസ്സ്‌, നിയമം, പലവിധം ദാനം ഇവയില്‍ വച്ചു മുഖ്യമായത്‌ ഭര്‍ത്താവിന്റെ ഹിതത്തിന്  വേണ്ടി നില്ക്കുക എന്നുള്ളതാണ്‌. പുത്രവതിയായ സ്ത്രീക്കു ശ്രേഷ്ഠമായത്‌ ഭര്‍ത്താവിനു മുമ്പേ മരിക്കുക എന്നുള്ളതാണ്‌. ഞാന്‍ ചെയ്യുവാന്‍ തുടരുന്ന ധര്‍മ്മം പരമസമ്മതമാണ്‌. അത്‌ അങ്ങയ്ക്കും കുലത്തിനും പ്രിയവും ഹിതവുമാണ്‌. അങ്ങയ്ക്കും കുലത്തിനും പ്രത്യേകിച്ചും ഗുണകരമാണ്‌. ഇഷ്ടമായ അപത്യങ്ങളും വിത്തവും ബന്ധുവര്‍ഗ്ഗവും ഭാര്യയും എല്ലാം നല്ലവര്‍ക്ക്‌ ആപത് ധര്‍മ്മമുക്തി നേടാനുള്ള ഉപകരണങ്ങളാണ്‌. ആപത്തില്‍ നിന്നു രക്ഷപ്പെടാന്‍ ധനം സമ്പാദിച്ചു വെക്കണം. രക്ഷിക്കാന്‍ പണം ചെലവാക്കണം. ആത്മാവിനെ ധനം, ഭാര്യ ഇവയാല്‍ കാക്കുക. വേണ്ടി വന്നാല്‍ ആത്മരക്ഷയ്ക്ക്‌ സമ്പത്തിനേയും ഭാര്യയേയും ഉപേക്ഷിക്കണം. ദൃഷ്ടവും അദൃഷ്ടവുമായ ഫലത്തിനായി ഭാര്യ, മക്കള്‍, ധനം, ഗൃഹം ഇവയൊക്കെ ലൗകികവും ദൈവികവുമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാന്‍ സന്നദ്ധമാകണമെന്നാണ്‌ ബുധന്മാരുടെ നിശ്ചയം. വിശിഷ്ടമായ കുലം ഒരിടത്ത്‌, ആ വംശത്തെ പുലര്‍ത്തുവാന്‍ പോന്നവന്‍ മറ്റൊരിടത്ത്‌, ഇവ രണ്ടും തുല്യമായി നില്ക്കുകയില്ല എന്നാണല്ലോ പണ്ഡിതന്മാര്‍ പറയുന്നത്‌. ഭവാന്‍ എന്നെക്കൊണ്ട്‌ കാര്യം നിര്‍വ്വഹിപ്പിക്കുക! അങ്ങ്‌ തനിയെ ആത്മാവിനെ ഉദ്ധരിക്കണം. എനിക്ക്‌ അനുജ്ഞ തന്നാലും! മക്കളെ സംരക്ഷിച്ചാലും. സ്ത്രീയെ വധിക്കുവാന്‍ പാടില്ലെന്ന്‌ ധര്‍മ്മജ്ഞന്മാര്‍ പറയുന്നു. രാക്ഷസന്മാരിലും ചില ധര്‍മ്മജ്ഞന്മാര്‍ ഉണ്ടാകും. അരക്കന്മാര്‍ ഒരു സമയം ധര്‍മ്മം ചിന്തിച്ച്‌ എന്നെ വിട്ടെങ്കില്‍ ഭാഗ്യമായില്ലേ? പുരുഷനാണ്‌ പോകുന്നതെങ്കില്‍ വധം തീര്‍ച്ചയാണ്‌. സ്ത്രീ ചെന്നാല്‍ സംശയിക്കും. ഹേ, ധര്‍മ്മജ്ഞാ!! ഇതോര്‍ത്ത്‌ ഭവാന്‍ എന്നെ വിടുക. പ്രിയപ്പെട്ടതെല്ലാം അനുഭവിച്ച്‌ ധര്‍മ്മം അനുഷ്ഠിച്ച്‌ അങ്ങയില്‍ നിന്നു സന്തതി നേടിയ ഞാന്‍ ഇനി ചാകുന്നതില്‍ സങ്കടപ്പെടുന്നില്ല. മക്കളെ പെറ്റവളും വയസ്സായവളും അങ്ങയ്ക്ക്‌ പ്രിയം കാംക്ഷിക്കുന്നവളുമാണ്‌ ഞാന്‍. ഇതൊക്കെ ചിന്തിച്ചു കൊണ്ടു തന്നെയാണ്‌ ഞാന്‍ ഒരുങ്ങുന്നത്‌.

എന്നെ കൈവിട്ടാലും അങ്ങയ്ക്കു മറ്റൊരുത്തിയെ വിവാഹം ചെയ്യാം. വീണ്ടും അവളിലും ധര്‍മ്മപ്രതിഷ്ഠ ചെയ്യാം. അവളിലും ഭവാനു സന്താനങ്ങള്‍ ഉണ്ടാകും. പുരുഷന്മാര്‍ക്ക്‌ ബഹുഭാര്യാത്വം അധര്‍മ്മമല്ല. ബഹുഭര്‍ത്തൃത്വം സ്ത്രീക്കു വിഹിതമല്ല. ആദ്യ ഭര്‍ത്താവിനെ ചാകാന്‍ വിടുന്നതില്‍ പരം അധര്‍മ്മമില്ല. ഇതൊക്കെ നല്ലവണ്ണം ചിന്തിച്ചറിയണം. ആത്മത്യാഗം നിന്ദ്യമാണെന്നു ധരിച്ചാലും. ഭവാന്‍ ആത്മാവിനേയും മക്കളേയും കുലത്തേയും ഉദ്ധരിച്ചു കൊള്ളുക!

വൈശമ്പായനൻ പറഞ്ഞു: എന്നു പറയുന്ന ഭാര്യയെ ഭര്‍ത്താവായ ബ്രാഹ്മണന്‍ പുല്കി, ഭാര്യയോടൊത്ത്‌ കണ്ണുനീര്‍ വാര്‍ത്തു ദുഃഖിച്ചു.

159. ബ്രാഹ്മണകന്യാപുത്രവാക്യം - വൈശമ്പായനൻ പറഞ്ഞു; മാതാപിതാക്കന്മാരുടെ ദുഃഖം വര്‍ദ്ധിപ്പിക്കുന്ന വാക്കുകേട്ട്‌ വേദനയോടെ അവരുടെ കനൃക പറഞ്ഞു.

ബ്രാഹ്മണ കന്യക പറഞ്ഞു: അനാഥരെപ്പോലെ എന്തിന് നിങ്ങള്‍ ഇങ്ങനെ കേഴുന്നു? എന്റെ വാക്കും നിങ്ങള്‍ കേട്ട്‌ വേണ്ടതു ചെയ്യുവിന്‍. ധര്‍മ്മം ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ഉപേക്ഷിക്കേണ്ടവള്‍ ഞാനാണ്‌. ലോകാചാരമനുസരിച്ച്‌ നിങ്ങള്‍ക്ക്‌ എന്നെ ഉപേക്ഷിക്കാതെ പറ്റില്ല. എന്നെ ത്യജിച്ച്‌ നിങ്ങള്‍ രക്ഷപ്പെടുക. പിതാക്കളെ കഷ്ടതയില്‍ നിന്നു കരകയറ്റേണ്ടവരാണല്ലോ മക്കള്‍. അതിന്നു തക്ക സന്ദര്‍ഭം വന്നിരിക്കെ ഈ എന്നാൽ നിങ്ങള്‍ കരകയറ്റപ്പെടട്ടെ! ഇഹലോകത്തിലും പരലോകത്തിലും ദുര്‍ഗ്ഗം കയറ്റിവിടുന്നവനാണ്‌ പുത്രന്‍. പും നാമമായ നരകത്തില്‍ നിന്നു പിതാവിനെ രക്ഷിക്കുന്നവനാണ്‌ പുത്രന്‍ എന്നു ബുധന്മാര്‍ പറയുന്നു. പിതാമഹന്മാര്‍ എന്നില്‍ നിന്നു ദൌഹിത്രനെ കാത്തിരിക്കുന്നുണ്ടത്രേ! എന്നാൽ ഇന്നു ഞാന്‍ തന്നെയാണ്‌ എന്റെ അച്ഛനെ രക്ഷിക്കുവാന്‍ പോകുന്നത്‌. എനിക്ക്‌ ഒരു പുത്രനുണ്ടായിട്ട്‌ അവന്‍ രക്ഷിക്കട്ടെ എന്നു വിചാരിച്ചു കാക്കേണ്ട കാര്യമില്ല. ബാലനായ എന്റെ അനുജന്‍, അച്ഛന്‍ പരലോകം പ്രാപിച്ചാല്‍ അധികം താമസിക്കാതെ മരിച്ചു പോകും! തീര്‍ച്ചയാണ്‌. താതന്‍ സ്വര്‍ഗ്ഗം ഗമിക്കുകയും, എന്റെ അനുജന്‍ നഷ്ടപ്പെടുകയും ചെയ്താല്‍ പിതൃപിണ്ഡം ചെയ്യാന്‍ പിന്നെ ആരുണ്ട്‌? അത്‌ അവരുടെ അപ്രീതിക്കു കാരണമാകും. എന്നെ പിതാവും, മാതാവും, ഭ്രാതാവും വിട്ടു പോയാല്‍ ഞാന്‍ കഠിനമായ ദുഃഖത്തില്‍ പെട്ടു ഗതികെട്ടു മരിക്കുവാന്‍ ഇടവരും. അങ്ങനെ ഒരു നില വന്നു കൂടാത്തതാണ്‌. കേടു കൂടാതെ അച്ഛന്‍ ജീവിക്കുന്നതായാല്‍ അമ്മയും, എന്റെ അനുജനും, സന്താനവും, പിണ്ഡവുമൊക്കെ നിലനില്ക്കും. പുത്രന്‍ പിതാവിന്റെ ആത്മാവു തന്നെയാണ്‌. ഭാര്യയെന്നാല്‍ ഉറ്റസഖിയാണ്‌. മകള്‍ എന്നു വെച്ചാല്‍ പിതാക്കള്‍ക്കു ദുരിതം തന്നെയാണ്‌! ഈ ദുരിതത്തില്‍ നിന്ന്‌ എന്നെ രക്ഷിച്ച്‌ ധര്‍മ്മാനുഷ്ഠാനത്തിനായി ചുമതലപ്പെടുത്തിയാലും! അച്ഛന്‍ പോയാല്‍ അനാഥയായും, കൃപണയായും, ബാലയായ ഞാന്‍ അങ്ങുമിങ്ങും ഉഴന്ന്‌, നശിക്കും. അച്ഛാ, എന്നെ വിടൂ! ഞാന്‍ ഈ കുലത്തെ ആപത്തില്‍ നിന്നു രക്ഷിക്കട്ടെ! കഷ്ടപ്പെട്ടും ഈ ദുഷ്കരക്രിയ കൊണ്ടും ഞാന്‍ പുണ്യം നേടിക്കൊള്ളാം. മഹാനായ അച്ഛാ! എന്നെയും കൈവിട്ട് അങ്ങു പോയാല്‍ ഞാന്‍ കഷ്ടപ്പെട്ടു കുഴങ്ങും. അതോര്‍ത്ത്‌ എന്നെ തുണച്ചാലും! നമ്മള്‍, നമ്മുടെ വംശത്തിന്റെ മുറ, സന്തതിയുടെ രക്ഷ എന്നിവയ്ക്കു വേണ്ടി ത്യാജ്യയായ എന്നെ ഇപ്പോള്‍ തന്നെ തൃജിച്ചാലും! ദൃഢമായും ചെയ്യേണ്ട കാര്യത്തില്‍ സമയം തെറ്റിക്കാതെ ചെയ്യുകയാണു വേണ്ടത്‌. അങ്ങ്‌ ഉദകക്രിയയോടു കൂടി എന്നെ രാക്ഷസന് ദാനം ചെയ്യുന്നത്‌ എനിക്കും നമ്മുടെ വംശത്തിനും എല്ലാറ്റിനും ഗുണമാണ്‌. ഭവാന്‍ ഞങ്ങളെ വിട്ടു പോയാല്‍ അതിലും വലുതായ എന്തു ദുഃഖമാണുള്ളത്‌? ഞങ്ങള്‍ നായ്ക്കളെപ്പോലെ പരാന്നം തെണ്ടി നടക്കേണ്ടതായി വരും. അച്ഛനും, അമ്മയ്ക്കും, അനുജനും വേണ്ടി നിങ്ങള്‍ എന്നെ ഒഴിവാക്കിയാല്‍, അലട്ടു കൂടാതെ ഈ ക്ലേശം ഒഴിവാകും. എന്നാൽ മരിക്കാത്ത വിധം ഞാന്‍ പരലോകത്തില്‍ സുഖമായി വാഴും! എന്നെ നല്കിയാല്‍ വിബുധന്മാരും പിതൃക്കളും ഭവാന്‍ നല്കുന്ന ജലത്താല്‍ ഹിതത്തിനൊത്തു വര്‍ത്തിക്കും.

വൈശമ്പായനൻ, പറഞ്ഞു: ഇപ്രകാരം ആ ബാലിക പറയുന്ന ആവലാതി കേട്ട്‌ ഉടനെ അച്ഛനും അമ്മയും കൂട്ടത്തോടെ കരഞ്ഞു! എല്ലാവരും കരയുന്നതു കണ്ട്‌ ഇളയ കുമാരന്‍ കണ്ണുമിഴിച്ച്‌ അവൃക്ത മധുരമായ വാക്കില്‍ പറഞ്ഞു; "കരയേണ്ട അച്ഛാ, കരയേണ്ട അമ്മേ, കരയേണ്ട ചേച്ചീ", എന്നു പറഞ്ഞു ചിരിച്ച്‌ എല്ലാവരുടേയും അടുത്ത്‌ തുള്ളിച്ചാടി ചെന്നു. പിന്നെ ഒരു പുല്‍ത്തണ്ടെടുത്ത്‌ സസന്തോഷം ധീരതയോടെ കുട്ടി പറഞ്ഞു.

കൂട്ടി പറഞ്ഞു: "തിന്നുന്ന ആ രാക്ഷസനെ കൊല്ലും".

വൈശമ്പായനൻ പറഞ്ഞു: ഈ മധുരമായ ഭാഷണം കേട്ട്‌ ദുഃഖാര്‍ത്തരായിരിക്കുന്ന അവര്‍ക്കും ഉടനെ സന്തോഷമായി! ഈ സന്ദര്‍ഭം നോക്കി കുന്തി അങ്ങോട്ട്‌ അടുത്തു ചെന്നു. മരിച്ചവര്‍ക്ക്‌ അമൃതു കൊണ്ടു ജീവന്‍ കൊടുക്കുന്ന വിധം  കുന്തി പറഞ്ഞു.

160. കുന്തീപ്രശ്നം - കുന്തി പറഞ്ഞു: ഹേ, ബ്രാഹ്മണാ! എന്തു കൊണ്ടാണ്‌ നിങ്ങള്‍, ഈ കുടുംബം മുഴുവന്‍, ദുഃഖിക്കുന്നത്‌? പരമാര്‍ത്ഥം അറിഞ്ഞാല്‍, എന്നെക്കൊണ്ടു കഴിവുള്ളതാണെങ്കില്‍, ഞാന്‍ നിങ്ങളുടെ ദുഃഖം തീര്‍ത്തു തരാം.

ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, തപോധനേ, ഭവതി സത്തുക്കള്‍ക്കു ചേര്‍ന്ന വാക്കാണ്‌ പറഞ്ഞത്‌. അതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നാൽ ഞങ്ങളുടെ ദുഃഖം തീര്‍ക്കുവാന്‍ മനുഷ്യരാല്‍ സാദ്ധ്യമല്ല. കാര്യം ഞാന്‍ വ്യക്തമാക്കാം.

ഈ നഗരത്തിന്റെ അരികില്‍ ബകന്‍ എന്നു പേരായ ഒരു രാക്ഷസന്‍ പാര്‍ക്കുന്നുണ്ട്‌. ഈ നാടിനും ഈ പുരത്തിനും അധിപനായ അവന്‍ മഹാശക്തനാണ്‌. മര്‍ത്ത്യമാംസം തിന്ന്‌ചീര്‍ത്ത ദുഷ്ടനായ നരഭോജിയാണവന്‍. ബലവാനും അസുരാധിപനുമായ അവന്‍ ഈ രാജ്യം പാലിച്ചു വരുന്നു. നാടും നഗരവും രാക്ഷസപ്പടയോടു കൂടി കാത്തു രക്ഷിക്കുന്നു. അവന്‍ ഭരിച്ചു വരുന്ന ഈ രാജ്യത്തിന് രക്ഷോബാധയും, ശത്രുഭയവും, ഭൂതബാധയും ഇല്ല. അതിന്‌ അവന്‍ ഈ നാട്ടുകാര്‍ കപ്പം കൊടുക്കണം. ഒരു വണ്ടി ചോറും രണ്ടു പോത്തും ദിവസേന കൊടുക്കണം. അവയൊക്കെ കൊണ്ടു ചെല്ലുന്ന ഒരു മനുഷ്യനേയും കൊടുക്കണം. അത്‌ നാട്ടുകാര്‍ സമ്മതിച്ചിട്ടുണ്ട്‌. ഒരു കുടുംബത്ത് നിന്ന്‌ ഒരാള്‍ വീതമെന്നു തീരുമാനിച്ചിരിക്കയാണ്‌. പല വര്‍ഷങ്ങള്‍ ചെല്ലുമ്പോള്‍ ഓരോന്നിനും ഈ ഊഴം വരും. അതു തെറ്റിക്കുവാന്‍ ഇവിടെ ആരെങ്കിലും ഉദ്യമിക്കുകയാണെങ്കില്‍ ഭാരൃയോടും, പുത്രന്മാരോടും കൂടി അവനെ ഈ ദുഷ്ടരാക്ഷസന്‍ തിന്നു കളയും.

വേത്രകീയ ഗൃഹത്തില്‍ വാഴുന്ന ഒരു രാജാവ്‌ ഞങ്ങള്‍ക്കുണ്ട്‌ ( ചൂരല്‍ പിടിച്ച തവണക്കാരനെ വാതില്‍ക്കല്‍ നിര്‍ത്തിപള്ളിയറയില്‍ വാഴുന്ന രാജാവ്‌ ).

അദ്ദേഹം നയമില്ലാത്തവനാണ്‌. ഉപായം പ്രയോഗിച്ച്‌ രാക്ഷസനെ രാജാവു നശിപ്പിക്കുന്നില്ല. ആ രാജാവ്‌ ജളനാകയാല്‍ ഈ ഞങ്ങള്‍ കഷ്ടപ്പെടാറായി. ശാശ്വതമായ സൗഖ്യം വരുത്തുവാന്‍ രാജാവിന് കഴിഞ്ഞില്ല. ബലംകെട്ട ചീത്ത രാജാവിന്റെ നാട്ടില്‍ പാര്‍ക്കുന്ന ഞങ്ങള്‍ അതും സഹിച്ചു വാഴുകയാണ്‌. കാലപ്പിഴപ്പിന് മനുഷ്യര്‍ ഏതാപത്തിലും നിവസിക്കും. ആര്‍ക്കും വിപ്രന്മാര്‍ ശാസ്യരല്ല. അവര്‍ ഇഷ്ടചാരികളാണ്‌. ബ്രാഹ്മണര്‍ സ്വച്ഛരും ഗുണം കാണുന്നിടത്ത്‌, പക്ഷികള്‍ പോലെ വന്നു കൂടുന്നവരുമാണ്‌.

ജീവിതത്തില്‍ ആദ്യമായി വേണ്ടത്‌ നല്ല നൃപനെ നേടുകയാണ്‌. പിന്നെ വേണ്ടത്‌ ഭാര്യ, ധനം എന്നിവ നേടുകയാണ്‌. ഇവ മൂന്നും യഥാക്രമം നേടുന്നവരേ ബന്ധുപുത്രാദികളെ രക്ഷിക്കുവാന്‍ ശക്തരാവുകയുള്ളൂ. ഞാന്‍ ഈ മൂന്നും വിപരീതത്തിലാണ്‌ നേടിയത്‌. അതു കൊണ്ട്‌ എനിക്കിപ്പോള്‍ ആപത്തു വന്നു കൂടി. അതില്‍ ഈ ഞങ്ങള്‍ കേഴുകയാണ്‌. എന്റെ വംശം മുടിക്കുന്ന ഊഴം ഇതാ വന്നു! കുലവിനാശം വന്നു കൂടി. ചോറും, പിന്നെഒരാളിനേയും വേതനമായി ഞാന്‍ കൊടുക്കണം. വിലയ്ക്ക്‌ ഒരാളെ വാങ്ങുവാനുള്ള പണം എനിക്കില്ല. എന്റെ ബന്ധുജനത്തെ അയയ്ക്കുവാന്‍ ഞാന്‍ ശക്തനാകുന്നില്ല. ആ രാക്ഷസന്റെ പിടിയില്‍ നിന്ന്‌ ഒഴിയുവാന്‍ ഇപ്പോള്‍ വഴിയൊന്നുമില്ല. വലിയ കലക്കമുള്ള സങ്കടക്കടലില്‍ ഞാന്‍ ചെന്നു വീണു. ഞങ്ങള്‍ കുടുംബം ഒന്നാകെ ആ ആശരന്റെ അടുത്തേക്കു പോകാനാണ്‌ വിചാരിക്കുന്നത്‌. അല്ലലില്‍ പെടുന്ന ഞങ്ങളെയൊക്കെ ആ ക്ഷുദ്രരാക്ഷസന്‍ കൊന്നു തിന്നും!

161. ഭീമബകവധാംഗീകാരം - കുന്തി പറഞ്ഞു; ഹേ, ബ്രാഹ്മണാ, ഭവാന്‍ വിഷാദിക്കാതിരിക്കൂ! ഭയപ്പെടേണ്ടാ! ആ രാക്ഷസനില്‍ നിന്നു രക്ഷ കിട്ടുവാനുള്ള മാര്‍ഗ്ഗം ഞാന്‍ കാണുന്നുണ്ട്‌. അങ്ങയ്ക്ക്‌ ഒരു മകനും, ഒരു മകളും, ഭാര്യയും ഉണ്ട്‌. നിങ്ങളില്‍ ആരും തന്നെ പോകുന്ന കാര്യം എനിക്കു ശരിയായി തോന്നുന്നില്ല. അത്‌ എനിക്കിഷ്ടവുമല്ല. എനിക്ക്‌ അഞ്ചു മക്കളുണ്ട്‌. അതില്‍ ഒരാള്‍ അങ്ങയ്ക്കു വേണ്ടി ആ ദുഷ്ട രാക്ഷസനുള്ള ബലിയും കൊണ്ടു പോകും.

ബ്രാഹ്മണന്‍ പറഞ്ഞു: ഇതു ഞാന്‍ സമ്മതിക്കില്ല. ജീവന്‍ കൊതിച്ച്‌ മറ്റൊരാളെ ചാകാന്‍ ഞാന്‍ വിടില്ല. അതിഥിയായ ഒരു ബ്രാഹ്മണന്റെ വധം സ്വാര്‍ത്ഥത്തിന് വേണ്ടി ഏല്ക്കുകയോ? ധാര്‍മ്മികകളും കുലീനകളുമല്ലാത്ത ഒരു സ്ത്രീയും ഏൽക്കുകയില്ല, ബ്രാഹ്മണന് വേണ്ടി ആത്മത്യാഗവും ആത്മജത്യാഗവും! തീര്‍ച്ചയാണത്‌! എനിക്കു വേണ്ട ശ്രേയസ്സ്‌ ഞാനും നോക്കേണ്ടതല്ലേ? ബ്രഹ്മഹത്യയും ആത്മവധവും തമ്മില്‍ തട്ടിച്ചു നോക്കുമ്പോള്‍ ഇതില്‍ ആത്മവധമാണ്‌ ഗുണം. ബ്രഹ്മഹത്യ മഹാപാപമാണ്‌. അതിന് പ്രായശ്ചിത്തം കൂടിയില്ല. അറിയാതെ ചെയ്താലും അതിലും നല്ലത്‌ ആത്മഹത്യയാണ്‌. തനിയേ ഞാന്‍ ആത്മഹത്യയ്ക്ക്‌ ഒരുങ്ങുന്നില്ല. അന്യന്‍ കൊല്ലുകയാണെങ്കില്‍ പിന്നെ അതില്‍ എനിക്ക്‌ എന്തു പാപമാണുള്ളത്‌? കല്പിച്ചു കൂട്ടി ഞാന്‍, ബ്രഹ്മഹത്യ ചെയ്യിക്കുകയാണെങ്കില്‍ പ്രായശ്ചിത്തവുമില്ല. അതു മഹാഗര്‍ഹിതമായ ക്രൂരകര്‍മ്മമാണ്‌. ഗൃഹാഗതന്മാരെ ഉപേക്ഷിക്കുന്നതും, ആശ്രിതന്മാരെ തൃജിക്കുന്നതും, പ്രാണനു യാചിക്കുന്നവനെ കൊല്ലുന്നതും, ബുധഗര്‍ഹിതമായ നൃശംസമാണ്‌. നിന്ദ്യകര്‍മ്മവും നൃശംസവും ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് പണ്ടുള്ള യോഗ്യന്മാരായ ആപത് ധര്‍മ്മജ്ഞന്മാര്‍ പറയുന്നു. പത്നിയോടു കൂടി ചാവുകയെന്നതാണ്‌ എനിക്കു നല്ലത്‌. ബ്രഹ്മഹത്യയ്ക്കു ഞാന്‍ ഒരിക്കലും ഒട്ടും സമ്മതിക്കുന്നതല്ല.

കുന്തി പറഞ്ഞു: ഹേ, ബ്രാഹ്മണാ, വിപ്രനെ രക്ഷിക്കുവാന്‍ ഞാന്‍ ഉറച്ചിരിക്കുന്നു. നൂറു മക്കളുണ്ടെങ്കിലും അച്ഛനമ്മമാര്‍ക്ക്‌ ഏറില്ല. മകന്‍ ഒരിക്കലും വിപ്രിയനായി തീരുകയില്ല. എന്നാൽ ഞാന്‍ പറയട്ടെ, ഈ രാക്ഷസനെ കൊണ്ടു കഴിയുകയില്ല എന്റെ മകനെ വീഴ്ത്തുവാന്‍. ഉഗ്രവീര്യനും മന്ത്രസിദ്ധിയുള്ളവനും തേജസ്വിയുമാണ്‌ എന്റെ പുത്രന്‍. രാക്ഷസന് ആ ചോറു മുഴുവന്‍ അവന്‍ കൊണ്ടു പോയെത്തിക്കും. ഹിംസയില്‍ നിന്ന് അവന്‍ ആത്മാവിനെ സംരക്ഷിക്കുകയും ചെയ്യും. എനിക്ക്‌ അതില്‍ ഉറപ്പുണ്ട്‌. വീരന്മാരായ പല രാക്ഷസന്മാരും ആ വീരനോടു പൊരുതുന്നത്‌ ഞാന്‍ മുമ്പു കണ്ടിട്ടുണ്ട്‌. അന്ന്‌ അവന്‍ ഭയങ്കരന്മാരായ തടിയന്മാരെയും കൊന്നിട്ടണ്ട്‌. ഇതു ഹേ! വിപ്രാ! ഭവാന്‍ ആരോടും പറഞ്ഞു പോകരുത്‌. അവന്റെ കൈവശമുള്ള ആ മന്ത്രം കിട്ടുവാന്‍ എന്റെ പുത്രനെ പലരും അലട്ടും. ഗുരുസമ്മതം ഇല്ലാതെ അവന്‍ ആ മന്ത്രം മറ്റാര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കില്ല. അവന്‍ ആ മന്ത്രം മറ്റൊരാള്‍ക്ക്‌ ഉപദേശിച്ചു കൊടുത്താല്‍ അവന് ആ മന്ത്രം അത്ര ഫലിക്കയില്ലെന്നാണ്‌ ഞാന്‍ കേള്‍ക്കുന്നത്‌.

വൈശമ്പായനൻ പറഞ്ഞു: കുന്തി ഇപ്രകാരം പറഞ്ഞപ്പോള്‍ പത്നിയോടു കൂടി ബ്രാഹ്മണന്‍ മോദത്തോടെ അവളുടെ അമൃതസദൃശമായ വാക്കിനെ മാനിച്ചു. പിന്നെ കുന്തിയും ആ ബ്രാഹ്മണനും ഭീമനോട്‌ ഉടനെ അവരുടെ ഉദ്ദേശ്യം അറിയിച്ച്‌ അതു ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഭീമന്‍ അതു ചെയ്യാമെന്ന്‌ ഏൽക്കുകയും ചെയ്തു.

162. കുന്തീ യുധിഷ്ഠിര സംവാദം -: വൈശമ്പായനൻ പറഞ്ഞു: അങ്ങനെ ചെയ്യാമെന്നു പറഞ്ഞ്‌ ഭീമന്‍ നിൽക്കുന്ന സമയത്ത്‌ മറ്റുള്ള പാണ്ഡവന്മാര്‍ ഭിക്ഷയുമായി മടങ്ങിയെത്തി. അവന്റെ മട്ടും മാതിരിയും കണ്ട്‌ ഹൃദയം മനസ്സിലാക്കിയ യുധിഷ്ഠിരന്‍ ഒറ്റയ്ക്കു ചെന്ന്‌  അമ്മയോട്‌ ഇപ്രകാരം ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: അമ്മേ; ഈ ഭീമപരാക്രമനായ ഭീമന്‍ എന്തു ചെയ്യുവാനാണു പോകുന്നത്‌? അമ്മയുടെ സമ്മതത്തോടെയാണോ, അതോ സ്വന്തം ഇഷ്ട പ്രകാരമാണോ സാഹനത്തിന് മുതിരുന്നത്‌?

കുന്തി പറഞ്ഞു; ശത്രുഹന്താവായ ഇവന്‍ ഞാന്‍ പറഞ്ഞിട്ടു തന്നെയാണ്‌ ഒരുങ്ങിയിരിക്കുന്നത്‌. ബ്രാഹ്മണന് വേണ്ടിയും, ഈ പുരിയെ രക്ഷിക്കുന്നതിന് വേണ്ടിയുമാണ്‌ ഈ മഹാകൃതൃത്തിന്ന്‌ ഞാന്‍ അവനെ വിടുന്നത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: അമ്മേ! എന്തു സാഹസമാണ്‌ അമ്മ ചെയ്യുന്നത്‌! എന്തൊരു ദുഷ്കര കൃതൃത്തിനാണ്‌ അമ്മ അവനെ വിടുന്നത്‌! അവനവന്റെ മക്കളെ ഉപേക്ഷിക്കുന്നത്‌ സജ്ജനങ്ങള്‍ പ്രശംസിക്കുമോ? അന്യന്റെ പുത്രനെ രക്ഷിക്കുവാന്‍ സ്വന്തം പുത്രനെ ഉപേക്ഷിക്കുക എന്നത്‌ ലോകവേദ വിരുദ്ധമാണ്‌. ഹാ! കഷ്ടം! സ്വന്തം പുത്രനെ ഉപേക്ഷിക്കുവാന്‍ അമ്മയ്ക്ക്‌ എങ്ങനെ തോന്നി? ഇവന്റെ കൈ താങ്ങീട്ടല്ലേ നാം നിത്യം ഉറങ്ങുന്നത്‌? ക്ഷുദ്രന്മാര്‍ ആക്രമിച്ചടക്കിയ രാജ്യം നേടുവാന്‍ ആശിക്കുന്നതും ഇവന്റെ കൈയിന്റെ ബലത്തെ ആശ്രയിച്ചല്ലേ? വീരൃവാനായ ഇവന്റെ കൈയൂക്ക്‌ ഓര്‍ത്തു വൃസനിച്ച്‌ ആ ദുര്യോധനന്‍ ശകുനിയോടു കൂടി രാത്രി ഒരു നിമിഷം പോലുംഉറങ്ങുന്നില്ല. ഈ വീരന്റെ ബാഹുവീര്യത്താല്‍ നാം അരക്കില്ലം കടന്നു; മറ്റ്‌ ആപത്തുകളും കടന്നു പോന്നു. ദുഷ്ടനായ പുരോചനന്‍ ചത്തു. ഇതൊക്കെ ആരുടെ കൈയൂക്കു കൊണ്ടാണ്‌? ഇവന്റെ വീര്യം കണ്ടിട്ടാണല്ലോ സമ്പത്തു നിറഞ്ഞ ഭൂമിയെ, ധൃതരാഷ്ട്രജന്മാരെ കൊന്നു നേടുവാന്‍ ഈയുള്ളവന്‍ ചിന്തിക്കുന്നതും. അപ്രകാരമുള്ള ഇവനെ അമ്മ ഉപേക്ഷിക്കുന്നത്‌ എന്തു കൊണ്ടാണ്‌? ദുഃഖങ്ങള്‍ മൂലം അമ്മയുടെ ബുദ്ധി കെട്ടു പോയോ? കാര്യബോധം നശിച്ചുവോ?

കുന്തി പറഞ്ഞു: ഹേ! യുധിഷ്ഠിരാ, നീ വൃകോദരനെ ചിന്തിച്ചു വ്യസനിക്കേണ്ടാ. ബുദ്ധികെട്ടല്ല ഞാന്‍ അങ്ങനെ നിശ്ചയിച്ചത്‌. നാം ഈ വിപ്രന്റെ ഗൃഹത്തില്‍ സൗഖ്യത്തോടെ, ധാര്‍ത്തരാഷ്ട്രന്മാര്‍ അറിയാതെ, സങ്കടം കൂടാതെ, ആദരവോടെ പാര്‍ത്തു. അതിന് പ്രത്യുപകാരം ചെയ്യുവാന്‍ ഈ കാര്യമാണ്‌ ഞാന്‍ കണ്ടത്‌. ഉപകാര സ്മരണ ഉള്ളവനാണ്‌ പുരുഷന്‍. അന്യന്‍ നമുക്കു ചെയ്യുന്ന ഉപകാരത്തിന് അതിലധികം നാം അങ്ങോട്ട്‌ ഉപകാരം ചെയ്യണം. അരക്കില്ലം ചുട്ടതില്‍ ഞാന്‍ ഭീമന്റെ പ്രൗഢി കണ്ടതാണ്‌. ഹിഡിംബനെ വധിച്ചതും ഞാന്‍ കണ്ടതാണ്‌. അതില്‍ ഭീമന്റെ ശക്തിയെക്കുറിച്ച്‌ എനിക്കു വിശ്വാസം വന്നു. പതിനായിരം ആനയേക്കാള്‍ ശക്തനാണ്‌ ഭീമന്‍. അവന്‍ വാരണാവതം മുതല്‍ നിങ്ങളെ എടുത്തില്ലേ? കായബലത്തില്‍ ഇന്നു ലോകത്തില്‍ അവനോടൊപ്പം ആരുമില്ല. യുദ്ധത്തില്‍ വജ്രധാരി തന്നെ എതിരിട്ടാലും അവന്‍ മടങ്ങുകയില്ല. ജനിച്ച നാളില്‍ എന്റെ മടിയില്‍ നിന്ന്‌ അവന്‍ വീണു. ഉടലിന്റെ കനം കൊണ്ട്‌ മലയില്‍ വീണയുടനെ കരിങ്കല്ലു പൊടിഞ്ഞു പോയി. ബുദ്ധി കൊണ്ട്‌ ഭീമന്റെ ശക്തി ഞാന്‍ കണ്ടറിഞ്ഞു. വിപ്രനു പ്രത്യുപകാരം ചെയ്തേ മതിയാവു എന്നും ഞാന്‍ ഉറച്ചു. ലോഭംകൊണ്ടോ, അജ്ഞാനംകൊണ്ടോ, വിഡ്ഡിത്തംകൊണ്ടോ അല്ല ഞാന്‍ അങ്ങനെ തീരുമാനിച്ചത്‌. ധര്‍മ്മത്തെ വിചാരിച്ചാണ്‌ ഞാന്‍ ആ തീരുമാനമെടുത്തത്‌. എടോ യുധിഷ്ഠിരാ, അതു കൊണ്ട്‌ നമുക്കു രണ്ടു കാര്യം ഒരേ സമയത്തു നിര്‍വ്വഹിച്ച ഫലമുണ്ടാകും. ഒന്ന്‌ നാം നിവസിച്ചതിനുള്ള പ്രത്യുപകാരം; രണ്ടാമത്‌ വലിയ ഒരു ധര്‍മ്മം. ഉചിത കാര്യങ്ങളില്‍ ബ്രാഹ്മണര്‍ക്കു സഹായം ചെയ്യുന്ന ക്ഷത്രിയന്‍ പുണ്യലോകത്തിൽ എത്തുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ഒരു ക്ഷത്രിയന്‍ മറ്റൊരു ക്ഷത്രിയനില്‍ നിന്നു മുത്യുമോക്ഷം നല്കിയാല്‍ അവന്‍ ഇഹത്തിലും പരത്തിലും വലിയ കീര്‍ത്തി നേടും. വൈശ്യന് ക്ഷത്രിയന്‍ സഹായം ചെയ്താല്‍ അവന് എല്ലാ നാട്ടിലും ജനരഞ്ജന ലഭിക്കും. ശരണം പ്രാപിക്കുന്ന ശൂദ്രനെ രക്ഷിക്കുന്ന രാജാവ്‌ അടുത്ത ജന്മത്തില്‍ സ്വത്തു വര്‍ദ്ധിച്ച്‌ രാജമാനിതനായി സല്‍ക്കുലത്തില്‍ പിറക്കും എന്ന് മഹാപണ്ഡിതനായ വ്യാസന്‍ എന്നോട്‌, ഹേ, കുരുനന്ദനാ, മുമ്പേ പറഞ്ഞിട്ടുണ്ട്‌. അതു കൊണ്ടാണ്‌ ഞാന്‍ അപ്രകാരം നിശ്ചയിച്ചത്‌.

163. ബകcഭീമസേന യുദ്ധം - യുധിഷ്ഠിരന്‍ കുന്തിയോടു പറഞ്ഞു: ഇങ്ങനെയാണെങ്കില്‍ അമ്മ ചെയ്തതു നന്നായി. ആര്‍ത്തനായ ബ്രാഹ്മണനില്‍ കരുണ കാണിച്ചതു നല്ലതു തന്നെ. ഭീമന്‍ ഉടനെ രാക്ഷസനെ കൊന്നു മടങ്ങി വരും! അമ്മ ബ്രാഹ്മണനില്‍ കാരുണ്യം കാണിച്ചതു കൊണ്ട്‌ ആപത്തൊന്നും സംഭവിക്കുകയില്ല. നാട്ടുകാര്‍ ഈ സംഭവം അറിയരുതെന്ന്‌ ബ്രാഹ്മണനോടു പറയണം. കാര്യം രഹസ്യമായി വയ്ക്കണം.

വൈശമ്പായനൻ പറഞ്ഞു: നേരം പ്രഭാതമായപ്പോള്‍ ഭീമന്‍ രാക്ഷസനുള്ള ഭക്ഷണമെല്ലാം വാങ്ങിച്ച്‌, നരമാംസം തിന്നുന്ന രാക്ഷസന്റെ അടുത്തേക്കു പോയി, രാക്ഷസന്‍ ഇരിക്കുന്ന കാട്ടിലെത്തി. ചോറ്‌ അവന്റെ മുമ്പില്‍ കാണത്തക്ക വിധത്തില്‍ വെച്ചു. ഭീമന്‍ ചോറ്‌ ഉരുളയാക്കി ഹേ ബകാ!! വരൂ! എന്നു വിളിച്ചു പറഞ്ഞു. തന്നെ ഇപ്രകാരം പേരെടുത്തു വിളിക്കുന്ന മനുഷ്യന്റെ നേരെ ബകന്‍ വല്ലാതെ കോപിച്ചു. കടുത്ത കോപത്തോടെ ഭീമന്റെ അരികിലേക്ക്‌ അവന്‍ ഓടിച്ചെന്നു. ആ രാക്ഷസന്റെ രൂപം ഭയങ്കരമായിരുന്നു. മഹാകായനും, മഹാവേഗനും, മഹീചക്രം കുലുക്കുന്നവനും, ചെങ്കനല്‍ക്കണ്ണനും, ഘോരനും, ചെമ്പന്‍മീശക്കാരനും, കാതോളം വായ്‌ തുറക്കുന്നവനും, കാതു കൂര്‍ത്തവനും, ഭയങ്കരനും, പുരികങ്ങള്‍ വളച്ച്‌ ചുണ്ടു കടിക്കുന്നവനുമായ ആ സത്വം ചോറുണ്ടു കൊണ്ടിരിക്കുന്ന ഭീമനെ കണ്ട്‌ കണ്ണുരുട്ടി ക്രുദ്ധനായി ഇടിവെട്ടുന്ന ശബ്ദത്തില്‍ ഇങ്ങനെഗര്‍ജ്ജിച്ചു.

ബകന്‍ പറഞ്ഞു; എനിക്കു വെച്ച ചോറ്‌ ഇപ്രകാരം എന്റെ മുമ്പില്‍ വച്ചു തിന്നൊടുക്കുന്ന ഈ ദുര്‍ബുദ്ധിയാരാണ്‌? അന്തകന്റെ വീട്ടിലേക്കു പോകുവാന്‍ തിടുക്കപ്പെടുന്ന ഈ വിഡ്ഡി ഏതാണ്‌?

വൈശമ്പായനൻ പറഞ്ഞു: രാക്ഷസന്റെ വാക്കു കേട്ട്‌ കൂസാതെ ഭീമസേനന്‍ പുഞ്ചിരി തൂകി, കീഴോട്ടു നോക്കിയിരുന്ന്‌ ഊണു തുടര്‍ന്നു. ഇതു കണ്ട്‌ ഭയങ്കരമായി അലറിക്കൊണ്ട്‌ രാക്ഷസന്‍ കൈകള്‍ ഉയര്‍ത്തി ഭീമന്റെ നേരെ പാഞ്ഞു വന്നു. അടുക്കുന്ന അവനെ പുച്ഛത്തോടെ വൃകോദരൻ ഒന്നു നോക്കി. അവന്‍ ചോറ്‌ ഉണ്ടു കൊണ്ടു തന്നെയിരുന്നു. അമര്‍ഷത്തോടെ രാക്ഷസന്‍ രണ്ടു കൈകള്‍ കൊണ്ടും ഊക്കില്‍ അടിച്ചു. ഭീമന്റെ പുറത്ത്‌ രണ്ടു കൈ കൊണ്ടും ഊക്കില്‍ തല്ലു കൊണ്ടെങ്കിലും ശക്തനായ ഭീമന്‍ രാക്ഷസനെ നോക്കുക പോലും ചെയ്തില്ല. ഈ അവഗണന രാക്ഷസനെ കോപാന്ധനാക്കി. അവന്‍ വലിയ ഒരു വൃക്ഷം പറിച്ചെടുത്ത്‌ ഭീമനെ തല്ലിക്കൊല്ലുവാന്‍ അടുത്തു. ഭീമന്‍ ഇഷ്ടം പോലെ ഊണു കഴിഞ്ഞെഴുന്നേറ്റ്‌ കൈകളും മുഖവും കഴുകി രാക്ഷസനോട്‌ പോരടിക്കുവാന്‍ തയ്യാറായി നിന്നു. രാക്ഷസന്‍ എറിഞ്ഞ മരം വീരനായ ഭീമന്‍ പുഞ്ചിരിയോടെ ഇടം കൈ കൊണ്ടു പിടിച്ചു. ഉടനെ ഓരോ വൃക്ഷങ്ങള്‍ പറിച്ചെടുത്ത്‌ രാക്ഷസനും ഭീമനും അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു പോരാടി. അല്ലയോ ജനമേജയ രാജാവേ, ആ പ്രദേശത്തുള്ള വൃക്ഷങ്ങളൊക്കെ ഒഴിഞ്ഞു. അങ്ങനെ ഭയങ്കരമായി അവര്‍ തമ്മില്‍ ഒരു വൃക്ഷ യുദ്ധം നടന്നു. എടാ മനുഷ്യ! "നീ എന്നെ അറിയുമോ? ഞാന്‍ ബകരാക്ഷസനാണ്‌. നിന്നെ ഞാന്‍ ഇപ്പോള്‍ കൊന്നു തിന്നുകളയാം", എന്നു പറഞ്ഞ്‌ ഭീമനെ പിടികൂടി. ഉടനെ ദുഷ്ടനായ ആ രക്ഷസ്സിനെ ഭീമന്‍ വട്ടം കെട്ടിപ്പിടിച്ചു. രാക്ഷസന്‍ കുടഞ്ഞു. ഭീമന്‍ പിടിവിട്ടില്ല. അവനെ ഊക്കില്‍ വലിച്ചിഴച്ചു. ഭീമന്‍ വലിക്കുമ്പോള്‍ അവന്‍ ഭീമനേയും വലിച്ചു. വളരെ പ്രയത്നപ്പെട്ട്‌, രാക്ഷസന്‍ പരിക്ഷീണനായിട്ടും പൊരുതി. അവരുടെ രണ്ടു പേരുടേയും ഊക്കില്‍ ധരണി കുലുങ്ങി. തടിച്ച വൃക്ഷങ്ങളേയും അവര്‍ പൊടിച്ചു തകര്‍ത്തു. രക്ഷസ്സ്‌ ഒരുവിധം തളര്‍ന്നതായി കണ്ട ഭീമന്‍ രാക്ഷസനെ തട്ടി വീഴ്ത്തി ഞെക്കി പുറത്തു കാല്‍മുട്ടുവെച്ചമര്‍ത്തി കുത്തി, വലംകൈ കൊണ്ടു കഴുത്തില്‍ പിടി കൂടി, ഇടംകൈ കൊണ്ട്‌ അരക്കെട്ടിലെ വസ്ത്രത്തില്‍ പിടിച്ച്‌ മുട്ടുകൊണ്ടമര്‍ത്തി, അലറിക്കൊണ്ടിരിക്കുന്ന രാക്ഷസന്റെ നടു വളച്ച്‌ ഒടിച്ചു. രക്ഷസ്സിന്റെ നടു ഒടിഞ്ഞപ്പോള്‍ അവന്‍ ഇടിമുഴക്കം പോലെ അലറി. വായില്‍ നിന്നു ചോര കക്കി, അത്‌ നിലത്തൊഴുകി.

164: ബകവധം - വൈശമ്പായനൻ പറഞ്ഞു: നടു ഒടിഞ്ഞു തകര്‍ന്ന ബകന്‍ ഉച്ചത്തില്‍ അലറി ചത്തു വീണു. ആ രാക്ഷസന്റെ അപ്രതീക്ഷിതമായ ആരവം കേട്ട്‌ ബന്ധുജനങ്ങള്‍ പരിചാരകന്മാരോടു കൂടി ഓടി വന്നു. ഭയപ്പെട്ട്‌ വിറച്ചു മൂഢരായി നില്ക്കുന്ന അവരെ കണ്ട്‌ ഭീമന്‍ സമാധാനപ്പെടുത്തി, അവരെ അവിടെ ഇരുത്തി, അവരുമായി ഒരു കരാറു ചെയ്തു.

ഭീമന്‍ പറഞ്ഞു: ഹേ! രാക്ഷസന്മാരേ, ഇനി മേല്‍ നിങ്ങള്‍ മനുഷ്യരെ തിന്നരുത്‌. കൊന്നു പോയാല്‍ പിന്നെ നിങ്ങള്‍ക്കു ഭൂമിയില്‍ ജീവിതമില്ല. ആ നിമിഷത്തില്‍ അവസാനിപ്പിക്കും!

വൈശമ്പായനൻ പറഞ്ഞു; ഭീമന്റെ കല്പന കേട്ട്‌ രക്ഷസ്സുകള്‍ അപ്രകാരമാകാമെന്നുള്ള നിശ്ചയം സമ്മതിച്ചു. അല്ലയോ ജനമേജയരാജാവേ, അന്നു തൊട്ട്‌ ആ വനത്തില്‍ രാക്ഷസരൊക്കെ സൗമ്യന്മാരായി, നഗരത്തിലിറങ്ങി ആരേയും ഉപദ്രവിക്കാതെ സഞ്ചരിക്കുവാന്‍ തുടങ്ങി. നാട്ടുകാര്‍ അവരെ ഭയപ്പെടാതായി.

ചത്ത രാക്ഷസനെ ഭീമന്‍ എടുത്തു തെരുവില്‍ കൊണ്ടു വന്നു വെച്ച്‌ ആരും കാണാതെ പോയി. ഭീമന്റെ കൈയൂക്കു കൊണ്ടു ബകന്‍ ചത്തതു കണ്ട്‌ അവന്റെ ബന്ധുക്കള്‍ പേടിച്ച്‌ അങ്ങുമിങ്ങും പാഞ്ഞു പോയി.

ഭീമന്‍ ഇപ്രകാരം ബകനെ കൊന്നതിന് ശേഷം വിപ്രന്റെ ഗൃഹത്തിലേക്കു ചെന്നു. നടന്ന കഥയൊക്കെ യുധിഷ്ഠിരനോടു പറഞ്ഞു. പ്രഭാതത്തില്‍ പുരത്തിലെത്തിയ നാട്ടുകാര്‍ കണ്ട കാഴ്ച അത്ഭുതമായിരുന്നു! രാക്ഷസന്‍ ചോരയില്‍ മുങ്ങി ചത്തുമലര്‍ന്നു. കിടക്കുന്നു. പർവ്വതംപോലെ വലുതായി കിടക്കുന്ന ആ രൗദ്രമൂര്‍ത്തിയെ കണ്ട്‌ ജനങ്ങള്‍ മനം കുളുര്‍ത്ത്‌ രോമാഞ്ചമണിഞ്ഞ്‌ അത്ഭുതപ്പെട്ടു നോക്കി നിന്നു! ചിലര്‍ ഏകചക്രയില്‍ ചെന്ന്‌  ഈ അത്ഭുതവാര്‍ത്ത അറിയിച്ചു. ആയിരക്കണക്കിന് ആബാലവ്യദ്ധം ജനങ്ങള്‍ ചത്ത രാക്ഷസനെ കാണുവാന്‍ വന്നു കൂടി. അതിമാനുഷമായ ഈ കര്‍മ്മം കണ്ട്‌ അത്ഭുതത്തോടെ സ്ത്രീജനങ്ങളോടു കൂടി അവരെല്ലാവരും മടങ്ങിപ്പോയി ധര്‍മ്മദൈവ പൂജ നടത്തി. പിന്നെ അവര്‍ അന്നത്തെ ഊഴത്തിന്റെ കണക്കുനോക്കി ബകന്റെ അരികിലേക്ക്‌ അന്നു പോകേണ്ടത്‌, ആരാണെന്നു ( ഏകചക്രയിലെ ജനങ്ങള്‍ ) മനസ്സിലാക്കി. ഏകചക്രയിലെ ജനങ്ങള്‍ ആ ബ്രാഹ്മണന്റെ ഗൃഹത്തിലേക്ക്‌ ചെന്നു. വിപ്രനെ കണ്ടു ചോദിച്ചു. ജനങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവന്‍ ഭീമന്റെ വൃത്താന്തം മറച്ചു വെച്ചു. അവരെ കാണിച്ചില്ല.

പൗരന്മാരോട്‌ ബ്രാഹ്മണന്‍ പറഞ്ഞു; മന്ത്രസിദ്ധനായ ഒരു ഭൂസുരന്‍ ഇവിടെ വന്ന്‌ ഞങ്ങളുടെ സങ്കടം കണ്ടു. പുരത്തിന്റെ ആപത്ത്‌ അറിഞ്ഞു. മന്ദസ്മിതത്തോടെ ആ ദുഷ്ടന് കൊടുക്കേണ്ട അന്നം ഞാന്‍ കൊണ്ടു പോകാം. എന്നെക്കുറിച്ചു ഭയം വേണ്ടാ എന്ന് ആ മഹാശക്തന്‍ പറഞ്ഞ്‌ എന്റെ കൈയില്‍ നിന്നും ചോറു വാങ്ങി വനത്തിലേക്ക്‌ പോയി. നിശ്ചയമായും അവനാണ്‌ ഈ ലോകഹിതമായ ക്രിയ ചെയ്തത്‌.

വൈശമ്പായനൻ : പറഞ്ഞു: അത്ഭുതാവഹമായ ഈ വര്‍ത്തമാനം കേട്ട്‌ വിസ്മയപ്പെട്ട്‌ വിപ്രരും, ക്ഷത്രിയേന്ദ്രന്മാരും, വൈശ്യന്മാരും, ശൂദ്രന്മാരും, എല്ലാവരും ചേര്‍ന്ന്‌ ആഹ്ളാദിച്ച്‌ ബ്രാഹ്മണോത്സവം നടത്തി! പിന്നെ ധാരാളം പുറം നാട്ടുകാരും പുരത്തിലേക്കു ചെന്നു. അതൃത്ഭുതമായ ആ ഉത്സവവും പാര്‍ത്ഥന്മാര്‍ കണ്ടു.

ചൈത്രരഥപര്‍വ്വം

165. ദ്രൗപദീ സംഭവം - ജനമേജയൻ പറഞ്ഞു; ഇപ്രകാരം ബകനെ കൊന്നു വിട്ടതിന് ശേഷം ആ പുരുഷര്‍ഷഭന്മാരായ പാണ്ഡവന്മാര്‍ എന്തു ചെയ്തു? ഭൂസുരോത്തമാ, കഥ തുടര്‍ന്നാലും!

വൈശമ്പായനൻ പറഞ്ഞു; ആ ബ്രാഹ്മണന്റെ ഗൃഹത്തിൽ ബ്രഹ്മാദ്ധ്യയനവും ചെയ്ത്‌ പാണ്ഡവന്മാര്‍ പാര്‍ത്തു. ഇങ്ങനെയിരിക്കെ സുവ്രതനായ ഒരു ബ്രാഹ്മണന്‍ ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ വന്നു: ഗൃഹസ്ഥനായ ബ്രാഹ്മണന്‍ അതിഥി ബ്രാഹ്മണനെ വേണ്ട വിധം സല്‍ക്കരിച്ചു. കിടക്കുവാന്‍ ഇടം നല്കി. അന്നു രാത്രി പാണ്ഡവന്മാരും, കുന്തിയും, പല കഥകളും പറയുന്ന ആ ബ്രാഹ്മണന്റെ സമീപത്തു ചെന്നു വന്ദിച്ചു. ആ വിപ്രന്‍ ഒരു സഞ്ചാരിയായിരുന്നു. അയാള്‍ സഞ്ചരിച്ചു കണ്ട ദേശങ്ങള്‍, തീര്‍ത്ഥങ്ങള്‍, സരിത്തുകള്‍, രാജാക്കന്മാര്‍, നാടുകള്‍, നഗരങ്ങള്‍, ഇവയെ പറ്റിയെല്ലാം ഓരോ വര്‍ത്തമാനങ്ങള്‍ സരസമായി വിവരിച്ചു പറഞ്ഞു. ഇങ്ങനെ ഓരോ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഒടുവില്‍ പാഞ്ചാലനാട്ടിലെ ആശ്ചര്യങ്ങള്‍ പറഞ്ഞു. പ്രധാനമായ സംഭവം കൃഷ്ണാസ്വയംവരമായിരുന്നു. ദ്രുപദന്‍ ചെയ്ത മഖത്തില്‍ ധൃഷ്ടദ്യുമ്നന്റേയും ശിഖണ്ഡിയുടേയും ഉത്ഭവവും, അയോനിജയായ കൃഷ്ണയുടെ ജനനവും, അദ്ദേഹം അവരോട്‌ പറഞ്ഞു. ലോകത്തില്‍ അതൃത്ഭുതമായ ആ മഹാന്റെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ പാണ്ഡവന്മാര്‍ ചോദിച്ചു.

പാണ്ഡവന്മാര്‍ പറഞ്ഞു; വേദിമദ്ധ്യത്തില്‍ തീയില്‍ നിന്ന്‌ ദ്രുപദ രാജാവിന് ധൃഷ്ടദ്യുമനനും കൃഷ്ണയും എങ്ങനെ ജനിച്ചു? ധൃഷ്ടദ്യുമ്നന്‍ ദ്രോണാചാര്യനില്‍ നിന്ന്‌ അസ്‌ത്രം പഠിക്കുവാന്‍ എന്താണ്‌ കാരണം? ഇഷ്ടരായ അവര്‍ എന്താണ്‌ പിണങ്ങുവാന്‍ കാരണം?

വൈശമ്പായനൻ പറഞ്ഞു: അവരുടെ ചോദ്യം കേട്ടപ്പോള്‍ ആ ദ്വിജോത്തമന്‍ അതൊക്കെ വിസ്തരിച്ച്‌ പറയുവാന്‍ തുടങ്ങി.

166. ദ്രൗപദീ സംഭവം - ദ്രുപദാപമാനം - വൈശമ്പായനന്‍ പറഞ്ഞു: ആദ്യമായി ആ ബ്രാഹ്മണന്‍ ദ്രോണന്റെ ഉത്ഭവത്തെപ്പറ്റി പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: മുമ്പു ഗംഗാ ദ്വാരത്തില്‍ മഹാബുദ്ധിമാനും വ്രതനിഷ്ഠയോടു കൂടിയവനും, മഹത്തായ തപശക്തിയുള്ളവനും, മഹാനുമായി ഭരദ്വാജന്‍ എന്നു പേരായി ഒരു മുനി ഉണ്ടായിരുന്നു. ഭരദ്വാജന്‍ ഗംഗാസ്നാനം ചെയ്യുമ്പോള്‍ ഘൃതാചിയെന്ന സുരവേശ്യ പുഴവക്കില്‍ നില്ക്കുന്നതായികണ്ടു. ആ സുന്ദരിയുടെ വസ്ത്രം കാറ്റില്‍ അഴിഞ്ഞു വീണു പോയി. നഗ്നയായ ആ സുകുമാരിയെ കണ്ട്‌ മുനി കാമപരവശനായി. ഘൃതാചിയില്‍ മനസ്സു ലയിച്ച യുവാവായ ആ ബ്രഹ്മചാരി ആനന്ദപരവശനായി. ഉടനെ അദ്ദേഹത്തിന് ശുക്ലസ്ഖലനമുണ്ടായി. അദ്ദേഹം ആ രേതസ്സ്‌ ഉടനെ ഒരു ദ്രോണത്തിലാക്കി.

മഹാബുദ്ധിമാനായ ഭരദ്വാജന്റെ പുത്രനായി ദ്രോണത്തില്‍നിന്ന്‌ ദ്രോണൻ ജനിച്ചു. ആ കുമാരന്‍ സകലവേദങ്ങളും, വേദാംഗങ്ങളും അഭ്യസിച്ചു. "പൃഷതന്‍" എന്നു പേരായ രാജാവ്‌ ഭരദ്വാജമുനിയുടെ ഇഷ്ടനായിരുന്നു. ദ്രോണൻ ജനിച്ച കാലത്തു തന്നെ ആ രാജാവിന് ദ്രുപദന്‍ എന്നു പേരായ പുത്രന്‍ പിറന്നു. പൃഷതരാജാവ്‌ ദിവംഗതനായ ശേഷം ദ്രുപദന്‍ രാജാവായി. അക്കാലത്ത്‌ പരശുരാമന്‍ സർവ്വസ്വവും ദാനം ചെയ്ത്‌ വനത്തിലേക്കു പുറപ്പെടുകയായിരുന്നു.

ദ്രോണന്‍ രാമനോട്‌ പറഞ്ഞു; ഞാന്‍ ധനം ആഗ്രഹിച്ച്‌ വന്നിരിക്കയാണ്‌. എന്റെ പേര്‌ ദ്രോണൻ എന്നാണ്‌.

പരശുരാമന്‍ പറഞ്ഞു; ഹേ ബ്രാഹ്മണാ, എന്റെ സമ്പത്തൊക്കെ ഞാന്‍ ദാനം ചെയ്തു കഴിഞ്ഞു. ഇനി ദേഹം മാത്രമാണ്‌ ബാക്കിയുള്ളത്‌. അസ്ത്രവിദ്യകളോ, ദേഹമോ. ഏതെങ്കിലും ഒന്ന്‌ അങ്ങയ്ക്കു തരാം. ഏതാണ്‌ വേണ്ടതെന്നു പറഞ്ഞാലും.

ദ്രോണൻ പറഞ്ഞു: അങ്ങ്‌ എല്ലാവിധ അസ്‌ത്രങ്ങളും പ്രയോഗിക്കുവാനും സംഹരിക്കുവാനും ഉള്ള മാര്‍ഗ്ഗങ്ങളോടു കൂടി, എനിക്ക് ഉപദേശിച്ചു തന്നാലും.

ബ്രാഹ്മണന്‍ പറഞ്ഞു; പരശുരാമന്‍ അങ്ങനെയാകട്ടെ എന്നു പറഞ്ഞ്‌ അസ്ത്രവിദ്യകളെല്ലാം ദ്രോണനായി ഉപദേശിച്ചു. ദ്രോണൻ അവയെല്ലാം ധരിച്ച്‌ കൃതാര്‍ത്ഥനായി തീര്‍ന്നു. ആനന്ദാബ്ധിയില്‍ മുഴുകിയ ദ്രോണൻ അതിവിശിഷ്ടമായ ബ്രഹ്മാസ്‌ത്രം കൂടി പരശുരാമനില്‍ നിന്നു സമ്പാദിച്ചതിനാല്‍ മനുഷ്യരില്‍ ഏറ്റവും ഉത്കൃഷ്ടനായി തീര്‍ന്നു. പിന്നീട് പ്രതാപശാലിയും വിശിഷ്ടനുമായ ദ്രോണൻ ദ്രുപദ രാജാവിന്റെ അരികെച്ചെന്ന്‌  ഞാന്‍ അങ്ങയുടെ സഖാവാണ്‌ എന്നു പറഞ്ഞു.

ദ്രുപദന്‍ ഇതു കേട്ടു പറഞ്ഞു: സമന്മാര്‍ തമ്മിലുള്ള സ്നേഹമേ സ്നേഹമാകൂ! അശ്രോത്രിയന്‍ ശ്രോത്രിയന് സഖാവാകയില്ല. അരഥി രഥിക്ക്‌ സഖാവാകയില്ല. രാജാവല്ലാത്തവന്‍ രാജാവിനു സഖാവാകയില്ല. രാജാവായ ഞാന്‍ എങ്ങനെ ബ്രാഹ്മണനായ അങ്ങയുടെ സ്നേഹിതനാകും. ഒന്നുമറിയാത്ത കുട്ടിക്കാലത്ത്‌ സ്നേഹം ഉണ്ടായിരുന്നിരിക്കാം. എന്നു വെച്ച്‌ ഇപ്പോള്‍ സ്നേഹബന്ധം പറഞ്ഞ്‌ വലിഞ്ഞു കയറിയത്‌ കൊള്ളാം! മൗഢ്യത്തിന്റെ വലുപ്പം!

ബ്രാഹ്മണന്‍ പറഞ്ഞു: ഇതുകേട്ട്‌ ദ്രോണൻ അപമാനം കൊണ്ട്‌ നടുങ്ങി. ബുദ്ധിമാനായ അദ്ദേഹം ഇതിന് തക്ക പ്രതികാരം ചോദിച്ചേ ഇരിക്കൂ എന്നു മനസ്സില്‍ ഉറച്ചു. ഉടനെ അവിടെ നിന്നിറങ്ങി കൗരവ വീരന്മാര്‍ വാഴുന്ന ഹസ്തിനപുരിയിലേക്കു നടന്നു.

അവിടെ വന്നുചേര്‍ന്ന ബുദ്ധിമാനായ ദ്രോണന് വേണ്ടുവോളം ധനത്തോടു കൂടി പാണ്ഡവരേയും കൗരവരേയും ഭീഷ്‌മന്‍ ശിഷ്യരായി ഏല്പിച്ചു.

ദ്രോണൻ പാണ്ഡവവാദികളെ ശിഷ്യരായി സ്വീകരിച്ചു. ഉടനെ ദ്രുപദ മര്‍ദ്ദനത്തെ മനസ്സില്‍ വെച്ച്‌ അവരോട്‌ ഇപ്രകാരംപറഞ്ഞു.

ദ്രോണന്‍ പറഞ്ഞു; ഗുരുദക്ഷിണയെ സംബന്ധിച്ചുള്ള ഒരു ആഗ്രഹം എന്റെ മനസ്സിലുണ്ട്‌. എല്ലാ വിദ്യയും എന്നില്‍ നിന്ന്‌ നിങ്ങള്‍ പഠിച്ചു കഴിഞ്ഞതിന് ശേഷം നിങ്ങള്‍ അത്‌ എനിക്കു നല്കണം. നിങ്ങള്‍ അത്‌ തരാമെന്ന്‌ ഏറ്റു പറയണം.

ബ്രാഹ്മണന്‍ പറഞ്ഞു: പാണ്ഡവന്മാര്‍ പഠിപ്പ്‌ സകലതും കഴിഞ്ഞു ക്ഷീണം തീര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ദ്രോണൻ ഗുരുദക്ഷിണയ്ക്കായി അവരോട്‌ വീണ്ടും ഇപ്രകാരം പറഞ്ഞു.

ദ്രോണൻ പറഞ്ഞു: അഹിച്ഛത്രം എന്ന രാജ്യത്ത്‌ പൃഷതപുത്രനായി ദ്രുപദന്‍ എന്നുപേരായ ഒരു രാജാവുണ്ട്‌. അവനില്‍ നിന്ന്‌ ആ രാജ്യം കൈയിലാക്കി എനിക്ക്‌ ഗുരുദക്ഷിണ തരണം.

ബ്രാഹ്മണന്‍ പറഞ്ഞു: ദ്രോണാചാര്യന്റെ വാക്കനുസരിച്ച്‌ പാണ്ഡവന്മാര്‍ അഞ്ചു പേരും കൂടി ചെന്ന്‌  ദ്രുപദനെ പോരില്‍ തോല്പിച്ച്‌ അദ്ദേഹത്തേയും മന്ത്രിയേയും പിടിച്ചു ബന്ധിച്ച്‌ ദ്രോണാചാര്യന്റെ മുമ്പില്‍ കൊണ്ടു ചെന്നു.

ദ്രോണന്‍ പറഞ്ഞു: മഹാരാജാവേ, ഞാന്‍ അങ്ങയോട്‌ ഇനിയും സഖ്യം അപേക്ഷിക്കുന്നു. ഒരു രാജാവിന് രാജാവല്ലാത്തവനോട്‌ സഖ്യം പാടില്ല അല്ലേ? അങ്ങയോട്‌ സഖ്യം എനിക്ക്‌ ആവശ്യമാണ്‌. ഞാന്‍ രാജാവല്ലായ്കയാല്‍ ഭവാന്‍ അതിന് വഴിപ്പെടുകയുമില്ല. അതു കൊണ്ടാണ്‌ ഞാന്‍ അങ്ങയുടെ രാജ്യം പിടിച്ചടക്കാന്‍ ആശിച്ചത്‌. ഇനിമേല്‍ ഗംഗാ നദിയുടെ തെക്കേക്കരയില്‍ അങ്ങയും വടക്കേക്കരയില്‍ ഞാനും രാജാവായിരിക്കും.

ബ്രാഹ്മണന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞച്ചോള്‍ ആ അസ്ത്രജ്ഞനോട്‌ പാര്‍ഷതന്‍ പറഞ്ഞു.

പാര്‍ഷതന്‍ പറഞ്ഞു: അങ്ങനെയാകട്ടെ, ഭവാന് മംഗളം ഭവിക്കട്ടെ! അങ്ങ്‌ ആഗ്രഹിക്കുന്ന വിധം നാം തമ്മിലുള്ള സഖ്യം നിലനില്ക്കട്ടെ.

ബ്രാഹ്മണന്‍ പറഞ്ഞു: ഇപ്രകാരം തമ്മില്‍ പറഞ്ഞ്‌, തമ്മില്‍ സഖ്യം സ്ഥാപിച്ച്‌, ആ ദ്രോണപാഞ്ചാല്യ വീരന്മാര്‍ പിരിഞ്ഞു. ഓരോരുത്തരും വന്ന വഴിക്ക്‌ പോവുകയും ചെയ്തു. ദ്രുപദന്റെ ഉള്ളില്‍ നിന്ന്‌ അല്പ സമയമെങ്കിലും ഈ അപമാന ഭാരം നീങ്ങി നിന്നില്ല. അഹര്‍ന്നിശം ഈ അപമാനചിന്ത രാജാവിന്റെ ഹൃദയത്തെ വ്രണപ്പെടുത്തിക്കൊണ്ടിരുന്നു. രാജാവ്‌ ചിന്തയില്‍ ഉരുകി മെലിഞ്ഞു.

167. ദ്രൗപദീ സംഭവം - ധൃഷ്ടദ്യുമ്ന ദ്രൗപദിമാരുടെ ഉല്പത്തി - ബ്രാഹ്മണന്‍ കഥ തുടര്‍ന്നു; അമര്‍ഷിയായ ദ്രുപദന്‍ തന്റെ കര്‍മ്മസിദ്ധിക്കു വേണ്ടി പ്രധാനമായ ബ്രാഹ്മണ ഗ്യഹങ്ങളിലൊക്കെ തിരഞ്ഞു ചുറ്റി. ഒരു നല്ല പുത്രന്‍ ഉണ്ടാകുന്നതിന് വേണ്ടി രാജാവ്‌ ആഗ്രഹിച്ചു. എനിക്ക്‌ ഒരു നല്ല പുത്രന്‍ ഉണ്ടായില്ലല്ലോ എന്ന് ചിന്തിച്ച്‌ അദ്ദേഹം നെടുവിര്‍പ്പിട്ടുകൊണ്ടിരുന്നു. പിറക്കുന്ന മക്കള്‍ യോഗ്യരല്ലെന്നു കാണുമ്പോള്‍ ആശ കൈവിടുകയും നിരസിക്കുകയും ചെയ്യും. ദ്രോണനിലുണ്ടായ കറ അദ്ദേഹത്തിന്റെ ഹൃദയത്തെ നീറ്റിക്കൊണ്ടിരുന്നു. ദ്രോണന്റെ പ്രഭാവം, വിനയം, ശിക്ഷ, വിക്രമം ഇവയോര്‍ത്ത്‌ ക്ഷാത്രബലത്താല്‍ നിവൃത്തിയൊന്നും കണ്ടെത്തിയില്ല. പ്രതിക്രിയയ്ക്കു വേണ്ടുന്ന പ്രയത്നം തുടങ്ങി. ഒരു ദിവസം യമുനയുടേയും ഗംഗയുടേയും തീരത്തുകൂടെ നടക്കുമ്പോള്‍ പുണ്യമായ ഒരു ബ്രാഹ്മണ ഗ്രാമം കണ്ട്‌ അങ്ങോട്ടു ചെന്നു. അതില്‍ പ്രതിഷ്ഠയല്ലാതെയോ സ്‌നാതകനല്ലാതെയോ ആരുമു ണ്ടായിരുന്നില്ല. അവിടെ മഹാനായ ദ്രുപദ രാജാവ്‌ യാജനെന്നും, ഉപയാജനെന്നും പേരായ രണ്ട്‌ ബ്രഹ്മര്‍ഷിമാരെ കണ്ടു. ശാന്തശീലന്മാരും താരണേയന്മാരും സംഹിതാദ്ധ്യയനം ചെയ്യുന്നവരും കാശ്യപഗോത്രജരും തുല്യരൂപരുമായ ബ്രഹ്മര്‍ഷി സത്തമന്മാരെ രാജാവ്‌ കണ്ടു, തന്നെ ദുഃഖത്തില്‍ നിന്നു കയറ്റുവാന്‍ സമര്‍ത്ഥരാണ്‌ അവരെന്ന്‌ രാജാവിന് പ്രഥമദര്‍ശനത്തില്‍ തന്നെ തോന്നി. അദ്ദേഹം അവര്‍ക്ക്‌ സര്‍വ്വവിധ സല്‍ക്കാരങ്ങളും നല്കി. ആഗ്രഹങ്ങള്‍ സാധിക്കാമെന്നുച്ച്‌ രാജധാനിയിലേക്ക്‌ ക്ഷണിച്ചു. അവരുടെ ബുദ്ധിയും ബലവും കണ്ടറിഞ്ഞ്‌ അവന്‍ ഒറ്റയ്ക്കിരിക്കുന്ന അനുജനായ ഉപയാജനെ സസന്തോഷം ചെന്നു കണ്ട്‌, ആ മഹാവ്രതനെ പ്രീതനാക്കി. മഹാനായ രാജാവ്‌ അവന്റെ പാദം തലോടി, കാമങ്ങളെല്ലാം നല്കി, ഇഷ്ടവാക്കു പറഞ്ഞ്‌ വിധിപോലെ പൂജിച്ച്‌, പ്രീതിപ്പെടുത്തി, ഇപ്രകാരം പറഞ്ഞു.

പാര്‍ഷതന്‍ പറഞ്ഞു: എനിക്ക്‌ ദ്രോണനെ സംഹരിക്കുവാന്‍ ശക്തനായ ഒരു പുത്രന്‍ ഉണ്ടാകൂന്നതിന് ഭവാന്‍ കര്‍മ്മങ്ങള്‍ ചെയ്താലും. അതിന്‌ പ്രത്യുപകാരമായി അര്‍ബ്ബുദം ( അനേകായിരം ) പശുക്കളെ ഞാന്‍ ഭവാന് ദാനം ചെയ്യാം. അതല്ലെങ്കില്‍ ബ്രാഹ്മണ സത്തമാ! ഭവാന് എന്ത്‌ ഇഷ്ടമാണോ അതൊക്കെയും ഞാന്‍ തന്നു കൊള്ളാം. അതിന്‌ യാതൊരു മടിയും എനിക്കില്ല.

ബ്രാഹ്മണന്‍ പറഞ്ഞു: ഇതു കേട്ട്‌ ആ മുനിപ്രവരന്‍ അതിന് സമ്മതം മൂളിയില്ല. ഞാന്‍ ചെയ്യുകയില്ല എന്നാണ്‌ മറുപടി പറഞ്ഞത്‌.

ദ്രുപദന്‍ പിന്മാറാതെ അവനെ വീണ്ടും ശുശ്രുഷിച്ചു കൂടി. തന്റെ അഭിലാഷം സാധിപ്പിക്കേണമെന്ന്‌ അപേക്ഷിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദ്വിജോത്തമനായ ഉപയാജന്‍ മധുരമായ വിധം ദ്രുപദനോടു പറഞ്ഞു.

ഉപയാജന്‍ പറഞ്ഞു; ഒരു ദിവസം കാട്ടു ചോലയ്ക്കരികെ സഞ്ചരിക്കുന്ന എന്റെ ജേഷ്ഠസഹോദരന്‍, ഒരു സ്ഥലത്തു വീണു കിടക്കുന്ന ഒരു പഴം കണ്ടു. സ്ഥലം ശുദ്ധിയുള്ളതാണോ എന്നു നോക്കുവാന്‍ പോലും ചേട്ടന്‍ തയ്യാറായിരുന്നില്ല. പിന്നാലെ വന്നിരുന്ന ഞാന്‍ അതു കണ്ടു. അനുചിതമായിരുന്നു ആ പ്രവൃത്തി. വൃത്തികെട്ട സങ്കരവസ്തു കൈക്കൊള്ളുന്നതിന് അവന് ശങ്കയുണ്ടായിരുന്നില്ല. ഫലം കണ്ടപ്പോള്‍ അദ്ദേഹം അതു കൈയിലാക്കി. ഫലം കൊണ്ടുള്ള ദോഷം ഓര്‍ത്തില്ല. ആത്മശുദ്ധിയെ തീരെ നോക്കാത്ത ഒരുത്തനുണ്ടോ മറ്റിടങ്ങളില്‍ അതു ചിന്തിക്കുന്നു? ഗുരുകുലത്തില്‍ പാര്‍ക്കുന്ന കാലത്ത്‌ അവന്‍ അന്യന്‍ തിന്ന്‌ ഉപേക്ഷിച്ച ഉച്ഛിഷ്ടം പലപ്പോഴും തിന്നിരുന്നു. എന്നു തന്നെയല്ല ആ അന്നത്തിന്റെ ഗുണവും മാധുര്യവും അവന്‍ പലപ്പോഴും വാഴ്ത്തിപ്പറയുകയും ചെയ്തിരുന്നു. അതില്‍ അവന് യാതൊരു ലജ്ജയുമില്ലായിരുന്നു. ബ്രഹ്മചാരിക്ക്‌ വിശേഷിച്ചും പാടില്ലാത്ത ഒന്നാണ്‌ ഉച്ഛിഷ്ട ഭക്ഷണം. രാജാവേ, അങ്ങ്‌ ആ ചേട്ടന്റെ അടുത്തു ചെല്ലുക. നിന്റെ കാര്യം സഫലമാക്കും. പ്രതിഫലം ഇച്ഛിക്കുന്ന കൂട്ടത്തിലാണ്‌ അവന്‍. അവന്‍ ഒട്ടും മടിക്കാതെ ഭവാന്റെ യാഗം നിര്‍വ്വഹിച്ചു തരും!

ബ്രാഹ്മണന്‍ പറഞ്ഞു: ഉപയാജന്റെ ഉപദേശം കേട്ടപ്പോള്‍ രാജാവിന് വെറുപ്പു തോന്നിയെങ്കിലും അദ്ദേഹം യാജന്റെ ആശ്രമത്തിലേക്കു പോയി. അവിടെച്ചെന്ന്‌  പൂജ്യനായ യാജനെ പൂജിച്ചു പറഞ്ഞു.

പാര്‍ഷതന്‍ പറഞ്ഞു: ഹേ, മഹര്‍ഷേ, ഞാന്‍ എണ്‍പതിനായിരം പശുക്കളെ ഭവാന് നല്കാം. ഹേ! യാജാ, എന്നെ യജിപ്പിക്കുക! ദ്രോണവൈരം മൂലമുണ്ടായ ദുഃഖം തീര്‍ത്തു തരിക. ബ്രഹ്മവിത്തമനായ ആ വിപ്രന്‍ സര്‍വ്വോത്കൃഷ്ടനായ ബ്രഹ്മാസ്ത്രജ്ഞനാണ്‌. അതു കൊണ്ട്‌ ദ്രോണൻ എന്നെ സ്നേഹത്തെച്ചൊല്ലിയുണ്ടായ സംഗരത്തില്‍ വിജയിച്ചു. ഭൂമിയില്‍ ക്ഷത്രിയരില്‍ ആരും തന്നെയില്ല, ആ കൗരവഗുരുവിനോട്‌ എതിര്‍ക്കുവാ൯. ഭരദ്വാജന്റെ അസ്‌ത്രജാലങ്ങള്‍ ജീവികളുടെ ദേഹം നശിപ്പിച്ചുകളയും. ആറു മുഴം വലിപ്പത്തിലുള്ളതാണ്‌ ദ്രോണന്റെ വില്ല്.

ബ്രാഹ്മണാകാരനായ ഭരദ്വാജപുത്രന്‍ മഹാനാണ്‌. ക്ഷത്രിയന്മാരുടെ ഊക്കെല്ലാം ആ അസ്ത്രജ്ഞന്‍ സംഹരിക്കും. ക്ഷത്രവര്‍ഗ്ഗം മുടിക്കുവാന്‍ ഭാര്‍ഗ്ഗവനെപ്പോലെ ഒരുങ്ങി നിൽക്കുന്നഅവന്റെ ഭയങ്കരമായ അസ്ത്രശക്തി ആര്‍ക്കും തടുക്കുവാന്‍ കഴിയുകയില്ല. ബ്രഹ്മതേജസ്സ്‌ പൂര്‍ണ്ണമായി ധരിച്ചു ഹോമാഗ്നിയെന്ന പോലെ പ്രകാശിക്കുന്ന ദ്രോണാചാര്യന്‍ ക്ഷത്രവീര്യത്തെ അടര്‍ക്കളത്തില്‍ വച്ചു ദഹിപ്പിച്ചു കളയും. ബ്രാഹ്മക്ഷത്രങ്ങളുടെ താരതമൃത്തില്‍ മെച്ചം ബ്രഹ്മതേജസ്സാണ്‌. ഞാന്‍ ക്ഷാത്രത്താല്‍ താഴ്ന്നു നില്ക്കുന്നവനാണല്ലോ! ബ്രഹ്മതേജസ്സിനെ ആശ്രയിക്കുന്നു. ദ്രോണരേക്കാള്‍ ബ്രഹ്മജ്ഞനായ ഭവാനെ ഞാന്‍ ആശ്രയിക്കുന്നു. ദ്രോണനെ കൊല്ലുവാന്‍ അന്തകനായി ദുര്‍ജ്ജയനായ ഒരു പുത്രന്‍ എനിക്കുണ്ടാകണം. ഹേ! യാജാ, ആ കര്‍മ്മം ഭവാന്‍ ചെയ്താലും. ഞാന്‍ ഭവാന് പതിനായിരം ഗോക്കളെ തന്നു കൊള്ളാം.

ബ്രാഹ്മണന്‍ പറഞ്ഞു: രാജാവിന്റെ അപേക്ഷ കേട്ടു സന്തോഷിച്ച്‌ യാജന്‍ യജ്ഞം ചെയ്യാമെന്നേറ്റു. ഗുരുവിനെ സഹായിക്കുവാന്‍ എന്ന നിലയില്‍ അനുജനായ ഉപയാജനേയും ജ്യേഷ്ഠന്‍ കൂട്ടി. യാജന്‍ ദ്രോണ വധത്തിന് വേണ്ടി പുത്രലബ്ധി നല്കാന്‍ പ്രതിജ്ഞയും ചെയ്തു. തപോധനനായ ഉപയാജന്‍ രാജാവിനോട്‌ പുത്രോത്പത്തിക്കായുള്ള മഖത്തിന്റെ ക്രമം പറഞ്ഞുകൊടുത്തു. അദ്ദേഹം രാജാവിനോടു പറഞ്ഞു.

യാജന്‍ പറഞ്ഞു: മഹാവീര്യനും, മഹാബലനും, മഹാദ്യുതിയും ആകും; ഭവാന്‍ ഇച്ഛിച്ച വിധം തന്നെ വരും ഭവാനുണ്ടാകുന്ന മക്കള്‍.

ബ്രാഹ്മണന്‍ പറഞ്ഞു: രാജാവ്‌ ദ്രോണാന്തകനായ പുത്രനെ തന്നെ ചിന്തിച്ചു കൊണ്ട്‌ ആ ക്രിയയ്ക്ക്‌ വേണ്ടതെല്ലാം സംഭരിച്ചു. യാജന്‍ ആഹവനാന്തത്തില്‍ രാജ്ഞിയെ വിളിച്ചു പറഞ്ഞു.

യാജന്‍ പറഞ്ഞു: ഹേ! ദേവീ, അടുത്തു വരൂ! നിനക്ക്‌ രണ്ടുമക്കള്‍ ഇരട്ടയായി പിറക്കും.

ഉടനെ അവള്‍ പറഞ്ഞു: ഹേ! യജോ, നില്ക്കൂ! പുത്ര ലാഭത്തിന് ഞാന്‍ ശുദ്ധയായിട്ടില്ല. ഞാന്‍ മുഖത്ത്‌ വെള്ളം ഒഴിച്ചു ശുദ്ധി വരുത്തട്ടെ; അവലേപമുണ്ട്‌, ദേഹത്തില്‍ പഴകിയ അംഗരാഗ സുഗന്ധമുണ്ട്‌. എന്റെ പ്രിയത്തിന് അല്പം നിന്നാലും! ഞാന്‍ ദേഹശുദ്ധി ചെയ്ത്‌ ഉടനെ എത്താം.

യാജന്‍ പറഞ്ഞു: ഹേ രാജ്ഞീ, യാജന്‍ പാകം ചെയ്ത ഹവ്യമാണിത്‌. ഉപയാജന്‍ ജപിച്ചതുമാണ്‌. അത്‌ ഉടനെ ഫലിക്കാതിരിക്കയില്ല. നീ വന്നാലും കൊള്ളാം, നിന്നാലും കൊള്ളാം.

ബ്രാഹ്മണന്‍ കഥ തുടര്‍ന്നു: എന്നു പറഞ്ഞു യാജന്‍ സംസ്കാരം ചെയ്ത ആഹുതി ഹോമിക്കെ ആ തീയില്‍ നിന്ന്‌ ദേവകല്പനായ ഒരു കുമാരന്‍ പൊങ്ങി വന്നു. ജ്വാലാവര്‍ണ്ണന്‍, ഘോരരൂപന്‍, കിരീടവും ചട്ടയും ധരിച്ചവന്‍. അങ്ങനെയുള്ള ആ കുമാരന്‍ വാളും വില്ലും അമ്പും എടുത്ത്‌ ഉടനെ തന്നെ അട്ടഹാസം മുഴക്കി. ക്ഷണത്തില്‍ തന്നെ അവന്‍ തേരില്‍ കയറി അവിടെയെങ്ങും ചുറ്റി സഞ്ചരിച്ചു. കണ്ടുനിന്ന പാഞ്ചാലന്മാരെല്ലാം അത്ഭുതത്തോടെ "ഭേഷ്‌! ഭേഷ്‌!", എന്നു ഹര്‍ഷാരവമുണ്ടാക്കി. ഭൂമി ഈ ഘോഷം കൊണ്ടു കുലുങ്ങി. ഉടനെ ഒരു അശരീരി വാക്കുണ്ടായി; ഇവന്‍ പാഞ്ചാല്യര്‍ക്കു യശസ്കരനാണ്‌. ഈ രാജപുത്രന്‍ രാജാവിന്റെ ദുഃഖവും ഭയവും തീര്‍ക്കും. ദ്രോണനെ കൊല്ലുവാന്‍ ജനിച്ചവനാണിവന്‍.

പിന്നെ, രണ്ടാമതായി മണിവേദിയുടെ മദ്ധ്യത്തില്‍ നിന്ന്‌ അതിസുന്ദരിയായ ഒരു കന്യക ഉയര്‍ന്നു വന്നു. അഴകേറിയ സുന്ദരാംഗി, കറുത്തു നീണ്ട മിഴിയുള്ളവള്‍, ശ്യാമാംഗി, പൊല്‍ത്താര്‍ മിഴി, ഇരുണ്ടു ചുരുണ്ട തലമുടിയുള്ളവൾ, ചുവന്ന നഖമുള്ളവള്‍, ചാരുവായ ചില്ലിക്കൊടിയുള്ളവള്‍, മനുഷ്യരൂപമേന്തിയ ഒരു ദിവൃസുന്ദരി, നീലോല്പലപ്പൂവിന്റെ മണം. ദേഹത്തില്‍ നിന്ന്‌ ക്രോശം ദൂരത്തു വീശുന്നവള്‍! സൗന്ദര്യത്തില്‍ അതുല്യ! ദേവദാനവയക്ഷന്മാരും മാനിക്കുന്ന ദിവ്യസ്വരൂപിണി, ഇങ്ങനെ ഒരു കനൃക മുമ്പെ ജനിച്ചിട്ടില്ല. അവള്‍ ഉണ്ടായപ്പോഴും ഒരു അശരീരിവാക്ക്‌ ആകാശത്തു നിന്നു പുറപ്പെട്ടു: നാരിമാരില്‍ രത്നമായ കൃഷ്ണ ലോകത്തില്‍ ക്ഷത്രം മുടിക്കുവാന്‍ പിറന്നവളാണ്‌. യഥാകാലം സുന്ദരിയായ ഇവള്‍ സുരകാര്യം നിര്‍വ്വഹിച്ചു ലോകരക്ഷ ചെയ്യും. ഇവള്‍ മൂലം കൗരവര്‍ക്കു വലുതായ ഭയം വന്നു കൂടും. |

ഈ അശരീരി വാക്കു കേട്ട്‌ പാഞ്ചാലര്‍ ഹര്‍ഷത്തോടെ സിംഹനാദം മുഴക്കി. ഹര്‍ഷം മൂര്‍ച്ഛിച്ച അവരെ താങ്ങുവാന്‍ ഭൂമി പോലും അശക്തയായി! ഈ രണ്ടു പേരെയും കണ്ട്‌ രാജ്ഞി പുത്രാര്‍ത്ഥം യാജനോടു പറഞ്ഞു.

രാജ്ഞി പറഞ്ഞു: ഇവര്‍ എന്നെയല്ലാതെ മറ്റാരേയും അമ്മയായി കരുതരുത്‌. ഇവരുടെ അമ്മ ഞാനായിരിക്കണം.

ബ്രാഹ്മണന്‍ പറഞ്ഞു: "അങ്ങനെയാകട്ടെ! ഭവതിയുടെ ഇഷ്ടം പോലെ", എന്ന് അനുഗ്രഹിച്ച്‌, യാജന്‍ അവര്‍ക്കു നാമകരണംചെയ്തു. ധൃഷ്ടത്വവും ( അത്യമര്‍ഷിത്വവും ) ഇഷ്ടദ്യുമ്നത്തോടെയുള്ള ഉത്ഭവവും കൊണ്ട്‌ ഇവന്‍ ധൃഷ്ടദ്യുമ്നന്‍ എന്നു പേരുള്ളവനാകും. കറുത്ത നിറമായതിനാല്‍ അവളെ കൃഷ്ണാ എന്നു തന്നെ നാമകരണം ചെയ്തു. ഇപ്രകാരം ദ്രുപദന് രണ്ടു സന്താനങ്ങള്‍ മഖത്തില്‍ നിന്നുണ്ടായി.

പാഞ്ചാല്യനായ ധൃഷ്ടദ്യുമ്നനെ സ്വഗൃഹത്തില്‍ വരുത്തി പ്രതാപിയായ ദ്രോണൻ അസ്ത്രവിദ്യയെല്ലാം പഠിപ്പിച്ചു. പ്രത്യുപകാരമായി ദ്രുപദന്റെ പുത്രനെ ദ്രോണൻ അസ്‌ത്ര വിദ്യ പഠിപ്പിച്ചു. ദ്രോണൻ അതിബുദ്ധിമാനാണ്‌. ദൈവത്തേയും ഭാവിയേയും നമുക്കു തടുക്കാവതല്ലല്ലോ എന്നാണ്‌ അദ്ദേഹം ചിന്തിച്ചത്‌. സ്വന്തം കീര്‍ത്തി രക്ഷിക്കുവാന്‍ ദ്രോണൻ അങ്ങനെ ചെയ്തു.

ധൃഷ്ടത്വാല്‍ ( പ്രഗത്ഭത്വം കൊണ്ട്‌  ) അതിധൃഷ്ണത്വാല്‍ ( അതൃന്തം ശക്തനാകയാല്‍ ) ദ്യുല്‍സംഭവാല്‍ ( വിഭൂഷണങ്ങളോടെ ജനിക്കയാല്‍ ) ധൃഷ്ടദ്യുമ്നനായി.

"താരണേയൗ യുക്തരൂപൗ" എന്ന് ചില പുസ്തകങ്ങളില്‍ കാണുന്നു. കര്‍ണ്ണനെപ്പോലെ കന്യാപുത്രരാണ്‌ അവര്‍ എന്നര്‍ത്ഥം.

168. പാഞ്ചാലദേശയാത്ര - വൈശമ്പായനൻ പറഞ്ഞു:ഈ വര്‍ത്തമാനങ്ങള്‍ കേട്ട്‌ കൗന്തേയന്മാര്‍ അമ്പേറ്റു മുറിഞ്ഞ വിധത്തിലായി. മഹാശക്തരായ അവര്‍ എല്ലാവരും അസ്വസ്ഥചിത്തരായി. മക്കളുടെ ഈ അസ്വാസ്ഥ്യം കണ്ട്‌ സത്യവാദിനിയായ കുന്തി യുധിഷ്ഠിരനോടു പറഞ്ഞു.

കുന്തി പറഞ്ഞു : നാം വളരെ നാളായല്ലോ ഈ ബ്രാഹ്മണന്റെ ഗൃഹത്തില്‍ നിവസിക്കുന്നു. ഭിക്ഷ വാങ്ങി ഈ പുരത്തില്‍ സൗഖ്യമായി താമസിച്ച്‌ ഭംഗിയുള്ള കാടുകളും, പൂങ്കാവുകളുമൊക്കെ പല പ്രാവശ്യവും കണ്ട്‌ സന്തോഷിച്ചു. മകനേ, യുധിഷ്ഠിരാ! ഇനി നാം പാഞ്ചാലരാജ്യത്തേക്കു പോകുക. അവിടേയും കാണുവാനും രസിക്കുവാനുമുള്ള പല അപൂര്‍വ്വ ദര്‍ശനങ്ങളുമുണ്ടാകും. ഇവിടെ ഇനിയും താമസിച്ചാല്‍ ഭിക്ഷ കിട്ടുവാനും വിഷമമുണ്ട്‌. കാണേണ്ടതെല്ലാം കണ്ടു കഴിഞ്ഞു താനും. അല്ലയോ വീരാ, നിനക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ പാഞ്ചാല രാജ്യത്തേക്കു പോകാം. ആ രാജ്യം സമ്പൽ സമൃദ്ധമാണ്‌. യജ്ഞസേന രാജാവ്‌ മഹാപണ്ഡിതനാണെന്നാണു കേള്‍വി. ഒരിടത്തു തന്നെ വളരെക്കാലം താമസിക്കുകയെന്നതു ഭംഗിയല്ല. എനിക്കിഷ്ടവുമില്ല. അതു കൊണ്ടു നിനക്കും ബോദ്ധ്യമാണെങ്കില്‍ നമുക്ക്‌ അങ്ങോട്ടു പോകാം.

യുധിഷ്ഠിരന്‍ പറഞ്ഞു: അമ്മയ്ക്ക്‌ എന്താണഭിപ്രായമെങ്കില്‍ എനിക്ക്‌ അതു സമ്മതമാണ്‌. അനുജന്മാരുടെ ഇംഗിതം എന്താണെന്ന്‌ എനിക്കറിഞ്ഞു കൂടാ.

വൈശമ്പായനൻ പറഞ്ഞു: കുന്തി ഭീമാര്‍ജ്ജുനന്മാരോടും നകുലസഹദേവന്മാരോടും അഭിപ്രായം ചോദിച്ചപ്പോള്‍ അവരും യാത്രയ്ക്കു സമ്മതിച്ചു. താമസിയാതെ കുന്തി മക്കളോടു കൂടി, ബ്രാഹ്മണനോടു യാത്രയും പറഞ്ഞ്‌, ദ്രുപദ രാജാവിന്റെ മനോഹരമായ നഗരത്തിലേക്കു പുറപ്പെട്ടു.

169. ദ്രൗപദീ ജന്മാന്തരകഥനം - വൈശമ്പായനൻ പറഞ്ഞു: ഏകചക്രയില്‍ ബ്രാഹ്മണ ഗൃഹത്തില്‍ പാണ്ഡവന്മാര്‍ പ്രച്ഛന്ന വേഷധാരികളായി താമസിക്കുന്ന കാലത്ത്‌ അവരെ കാണുവാന്‍ വ്യാസമഹര്‍ഷി ചെന്നു. വ്യാസന്‍ വരുന്നത് കണ്ട പാണ്ഡവര്‍, പാഞ്ചാല രാജ്യത്തേക്കു പുറപ്പെടുന്നതിന് അല്പം മുമ്പ്‌ അദ്ദേഹത്തെ എതിരേറ്റു പൂജിച്ച്‌, കുമ്പിട്ട്‌ അഭിവാദ്യം ചെയ്ത്‌, കൈകൂപ്പി നിന്നു. വ്യാസന്‍ അവരുടെ. ഗൂഢമായ സൽക്കാരമേറ്റു. മുനിയുടെ അനുജ്ഞ അനുസരിച്ച്‌ ആസനസ്ഥരായ പാണ്ഡവരോട്‌ മഹര്‍ഷി. ചോദിച്ചു.

വ്യാസന്‍ പറഞ്ഞു: ഹേ, പാണ്ഡവന്മാരേ!, നിങ്ങള്‍ ധര്‍മ്മാനുസരണവും ശാസ്ത്രാനുസരണവും പെരുമാറുന്നില്ലേ? പൂജ്യരായ വിപ്രരെ നിങ്ങള്‍ ചൊവ്വോടെ പൂജിക്കുന്നില്ലേ?

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ ധര്‍മ്മാര്‍ത്ഥമായ കുശല പ്രള്‍നങ്ങള്‍ ചെയ്ത്‌ പല വൃത്താന്തങ്ങളും പറഞ്ഞതിന് ശേഷം മഹര്‍ഷി ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു; പണ്ട്‌ ഒരു തപോവനത്തില്‍ മഹാത്മാവായ ഒരു ഋഷിക്ക്‌ ഒരു കന്യകയുണ്ടായിരുന്നു. കൃശമദ്ധ്യയും പൃഥുശ്രോണിയും സുമുഖിയുമായ അവള്‍ സര്‍വ്വഗുണ സമ്പന്നയായിരുന്നു. സ്വന്തകര്‍മ്മവശയായി അവള്‍ ദൗര്‍ഭാഗ്യത്തോടെ ജീവിക്കുകയായിരുന്നു. അതിസുന്ദരി ആയിരുന്നിട്ടും അവള്‍ക്കു ഭര്‍ത്താവുണ്ടായില്ല. അവള്‍ ഭര്‍ത്തൃലാഭത്തിനായി, ശിവനെ ഉഗ്രമായ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു, എന്നാണ്‌ കേള്‍വി. ഭഗവാന്‍ പരമേശ്വരന്‍ അവളില്‍ പ്രീതനായി.

പരമശിവന്‍ പറഞ്ഞു: ഹേ, സുന്ദരീ! വരദനായ ഞാന്‍ ഇതാ പ്രസാദിച്ചിരിക്കുന്നു. നീ ആവശ്യമുള്ള വരം വരിച്ചു കൊള്ളുക.

അവള്‍ ശിവനോടു പറഞ്ഞു: സകലഗുണങ്ങളും തികഞ്ഞ ഭർത്താവിനെ ഞാന്‍ ആഗ്രഹിക്കുന്നു.

വ്യാസന്‍ പറഞ്ഞു: എന്ന് അവള്‍ വീണ്ടും വീണ്ടും ( ഭര്‍ത്താവിനെ തരണമെന്ന്‌ ) പറഞ്ഞതു കേട്ട്‌ വാഗ്മിയായ ശിവന്‍ ഇപ്രകാരം പറഞ്ഞു.

പരമേശ്വരന്‍ പറഞ്ഞു: ഭദ്രേ! ഭവതിക്ക്‌ അഞ്ചു ഭര്‍ത്താക്കന്മാരുണ്ടാകട്ടെ.

വ്യാസന്‍ പറഞ്ഞു; ഇപ്രകാരം പറഞ്ഞ മഹാദേവനോട്‌ അവള്‍ പറഞ്ഞു.

കനൃക പറഞ്ഞു: ഭവാന്റെ പ്രസാദത്താല്‍ എനിക്ക്‌ ഒരു ഭര്‍ത്താവുണ്ടാകുവാനാണ്‌ ഞാന്‍ ആശിച്ചത്‌!

വ്യാസന്‍ പറഞ്ഞു: മഹാദേവന്‍ വിണ്ടും ഉത്തമമായ വചനം പറഞ്ഞു.

പരമേശ്വരന്‍ പറഞ്ഞു: നീ അഞ്ചു വട്ടം പറഞ്ഞു പതിയെ തന്നാലും പതിയെ തന്നാലും എന്നിങ്ങനെ (  ഭര്‍ത്താരം ദേഹി ). എന്റെ വാക്ക്‌ വെറുതെയാകില്ല. ജന്മാന്തരത്തില്‍, ഞാന്‍ പറഞ്ഞവിധം നിനക്കു സംഭവിക്കും.

വ്യാസന്‍ പറഞ്ഞു: ഇപ്പോള്‍ ദിവൃയായ ആ കന്യക ദ്രുപദവംശത്തില്‍ പിറന്നിട്ടുണ്ട്‌. നിങ്ങള്‍ക്ക്‌ അഞ്ചു പേര്‍ക്കും അവള്‍ പത്നിയായിത്തീരും എന്നാണ്‌ ദൈവനിര്‍ദ്ദേശം. പാര്‍ഷതി നല്ലവളാണ്‌. അതു കൊണ്ട്‌ മഹാശക്തരേ, നിങ്ങള്‍ പോയി പാഞ്ചാലക്ഷിതിയില്‍ താമസമാക്കുവിന്‍. ആ നഗരത്തില്‍ ചെല്ലുന്നത്‌ നിങ്ങള്‍ക്കു ക്ഷേമകരമായി ഭവിക്കും! തീര്‍ച്ചയാണ്‌!

വൈശമ്പായനന്‍ പറഞ്ഞു: പാണ്ഡവന്മാരുടെ പിതാമഹനും അഷ്ടഐശ്വര്യ സിദ്ധിയുള്ളവനും മഹാതപസ്വിയുമായ വ്യാസമുനി പാര്‍ത്ഥരോടും കുന്തിയോടും യാത്ര പറഞ്ഞു മറഞ്ഞു.

170. ചിത്രരഥപരാജയം - വൈശമ്പായനൻ പറഞ്ഞു: വേദവ്യാസന്‍ പോയതിന് ശേഷം പാണ്ഡവര്‍ പ്രീതരായി അമ്മയോടു കൂടി നിരപ്പുള്ളതും കിഴക്കോട്ടുള്ളതുമായ വഴിയില്‍ കൂടി ഉദ്ദേശിച്ച വിധം പുറപ്പെട്ടു. അവര്‍ രാപകല്‍ നടന്ന്‌ ഗംഗയില്‍ ശിവതീര്‍തഥ സ്ഥാനത്ത്‌ എത്തി. മഹാശക്തനായ അര്‍ജ്ജുനന്‍ വെളിച്ചം കാട്ടുന്നതിന് അവരുടെ മുമ്പില്‍ തീക്കൊള്ളി വീശി വെളിച്ചം കാണിച്ചു കൊണ്ടു നടന്നു. വിവിക്തവും രമൃവുമായ ഗംഗാതീരത്തു കൂടി പോകുമ്പോള്‍ ഗംഗാജലത്തില്‍ അഹങ്കാരിയായ ഒരു ഗന്ധര്‍വ്വ രാജാവ്‌ അനേകം സ്ത്രീകളോടു കൂടി അവരെ കളിപ്പിച്ച്‌ ജലക്രീഡ ചെയ്യുകയായിരുന്നു. നദീതീരത്തേക്കു വരുന്ന അവരുടെ ശബ്ദം കേട്ട്‌ ഗന്ധര്‍വ്വന്‍ അവരുടെ നേരെ കോപിച്ചു. അമ്മയോടു കൂടി സഞ്ചരിക്കുന്ന അവരുടെ നേരെ വില്ലു വളച്ചു ശബ്ദമുണ്ടാക്കി ഇങ്ങനെ പറഞ്ഞു.

ഗന്ധര്‍വ്വന്‍ പറഞ്ഞു: രാത്രിയുടെ ആരംഭത്തില്‍ സന്ധ്യരക്തമാകുന്ന സമയത്തു യാത്ര ചെയ്യുവാന്‍ പാടില്ലെന്നു നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ? ആ എൺപത് ലവകാലം അശുഭകാലമാണ്‌. കാമചരന്മാരായ യക്ഷരക്ഷോഗന്ധര്‍വ്വന്മാരുടെ കാലമാണത്‌. പിന്നെയുള്ള സമയമൊക്കെ മനുഷ്യര്‍ക്കു കര്‍മ്മം ചെയ്യുവാന്‍ വിധിച്ച കാലമാണ്‌. ഈ സമയത്തു ദുര്‍മ്മോഹവും കൊണ്ട്‌ നടന്നു വന്ന മൂഢരായ മര്‍ത്ത്യന്മാരേ, നിങ്ങളെ ഞങ്ങള്‍ വിടുകയില്ല. കൂട്ടം കൂടി ഞങ്ങള്‍ പിടിച്ച്‌ കൊല്ലുന്നതാണ്‌. രാജാക്കളായാല്‍ പോലും, ഞങ്ങള്‍ തെറ്റു ചെയ്തവരെ വിടുകയില്ല. നിങ്ങള്‍ ദൂരെ നില്ക്കുവിന്‍. അടുക്കരുത്‌. ഞാന്‍ ഈ ഭാഗീഥിയില്‍ ഉള്ള വര്‍ത്തമാനം നിങ്ങള്‍ അറിയാതിരിക്കാന്‍ കാരണമെന്ത്‌? പ്രസിദ്ധനും മാനിയുമായ ഞാന്‍ കുബേരന്റെ സഖാവാണ്‌. എന്റെ പേര്‍ അംഗാരപര്‍ണ്ണനെന്നാണ്‌. അതു കൊണ്ട്‌ ഞാന്‍ നിവസിക്കുന്ന ഈ കാടിന് അംഗാരപര്‍ണ്ണം എന്നാണു പേര്. ഗംഗാതീരത്ത്‌ ഞാന്‍ കാമതൃപ്തനായി സുഖിക്കുകയാണ്‌. രാക്ഷസന്മാരോ, കപാലികളോ, ദേവന്മാരോ, മനുഷ്യരോ ഇവിടെ ഈ സമയത്തു വരാറില്ല. നിങ്ങള്‍ വരുവാന്‍ കാരണം പറയണം.

അര്‍ജ്ജുനന്‍ പറഞ്ഞു: സമുദ്രം, ഹിമവല്‍പാര്‍ശ്വം, ഗംഗാനദി ഇവയിലൊക്കെ പ്രവേശിക്കാന്‍ രാവും പകലും സന്ധ്യയും ഒക്കെ നോക്കി വേണമെന്നു വ്യവസ്ഥ വെക്കുവാന്‍ ആര്‍ക്കാണധികാരം? രാവും, പകലും, കാലനിര്‍ണ്ണയം കൂടാതെ, ആര്‍ക്കും ഗംഗയില്‍ സഞ്ചരിക്കാം; ഞങ്ങള്‍ക്ക്‌ ഏത്‌ അകാലത്തിലായാലും നിന്നോട്‌ ഏൽക്കുവാനുള്ള ശക്തിയുണ്ട്‌. ഹേ, ക്രൂരാ! നിന്നെ സേവിക്കുന്നവര്‍ വല്ല അശക്തരായ മനുഷ്യരുമായിരിക്കും. ഹിമാദ്രിയുടെ ഹേമൃ ശ്യംത്തില്‍ നിന്ന്‌ ഉത്ഭവിച്ച ഗംഗ, സമുദ്രത്തിൽ അടുക്കുമ്പോള്‍ ഏഴു ശാഖകളായി പിരിയുന്നു. ഗംഗ തന്നെയല്ല യമുന, സരസ്വതി, സരയു, ഗോമതി, ഗണ്ഡകി, പ്ലക്ഷജാത ഈ ഏഴു നദികളിലെ ജലം കുടിക്കുന്നവര്‍ക്ക്‌ പാപം നിലനില്ക്കുന്നതല്ല. ഈ ഗംഗയാണ്‌ ശുചിയായി ആകാശ ഗാമിനിയായിട്ടുള്ളത്‌. ഹേ, ഗന്ധര്‍വ്വാ! കേള്‍ക്കുക: ഈ ഗംഗ സാക്ഷാല്‍ അളകനന്ദയാണ്‌: പിതൃലോകത്തില്‍ പാപികള്‍ക്ക്‌ അതിദുസ്തരയായ വൈതരണിയാകുന്നതും ഈ ഗംഗ തന്നെയാണെന്ന്‌ സാക്ഷാല്‍ കൃഷ്ണദ്വൈപായനനായ മുനി പറയുന്നു. സ്വര്‍ഗ്ഗം നല്കുന്ന ഈ ഗംഗ ഒരാളുടേയും സ്വകാര്യ സ്വത്തല്ല. അങ്ങനെയുള്ള ഗംഗയെയാണോ നീ തടുക്കുന്നത്‌? ഇതു ധര്‍മ്മമാണോ? അനിവാര്യവും നിര്‍ബ്ബാധവും പുണ്യവുമാണ്‌, ഭാഗീരഥിജലം. നിന്റെ വാക്കു കേട്ടു പേടിച്ച്‌ ഗംഗാജലം സ്പര്‍ശിക്കാതിരിക്കുമെന്നാണോ നീ വിചാരിക്കുന്നത്‌?

വൈശമ്പായനന്‍ പറഞ്ഞു: അര്‍ജ്ജുനന്റെ വാക്കു കേട്ടപ്പോള്‍ അംഗാരപര്‍ണ്ണന്‍ വില്ലുകുലച്ചു. അവന്‍ തീക്ഷ്‌ണമായ ബാണങ്ങള്‍, ഉഗ്രസര്‍പ്പങ്ങള്‍ പോലെയുള്ളവ, അയച്ചു. ആ ശരങ്ങളെ തീക്കൊള്ളിയും പരിചയും തെരുതെരെ വീശി അര്‍ജ്ജുനന്‍ തട്ടിത്തെറിപ്പിച്ചു. അര്‍ജ്ജുനന്‍ പറഞ്ഞു: "ഹേ,! ഗന്ധര്‍വ്വാ! ഈ പേടിപ്പെടുത്തല്‍ ആയുധ വിദ്യ അറിയാത്തവരുടെ അടുക്കല്‍ ഫലിച്ചേക്കാം. അസ്ത്രജ്ഞരില്‍ പ്രയോഗിച്ചാല്‍ അതു ഫലിക്കുവാന്‍ പോകുന്നില്ല. അത്‌ വെള്ളത്തില്‍ നുരപോലെ അലിഞ്ഞുപോകും. ഗന്ധര്‍വ്വന്മാര്‍ മര്‍ത്ത്യരേക്കാള്‍ മേലെയാണെന്ന്‌ എനിക്കറിയാം. അതു കൊണ്ട്‌ ഞാന്‍ മായ കൂടാതെ ദിവ്യാസ്‌ത്രവുമായി പടവെട്ടാം. സൂത്രപ്പണിയൊന്നും പറ്റുകയില്ല. പണ്ട്‌ ഈ ആഗ്നേയാസ്‌ത്രം ബൃഹസ്പതി ഭരദ്വാജന് കൊടുത്തു. ഭരദ്വാജന്‍ അത്‌ അഗ്നിവേശ്യന് നല്കി. അഗ്നിവേശ്യന്‍ ബ്രാഹ്മണശ്രേഷ്ഠനും എന്റെ ഗുരുവുമായ ദ്രോണന് നല്കി. പിന്നെ അദ്ദേഹം എനിക്കു തന്നു.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ ക്രുദ്ധനായ അര്‍ജ്ജുനന്‍ ഗന്ധര്‍വ്വന്റെ നേര്‍ക്ക്‌ ജ്വലിക്കുന്ന ആഗ്നേയാസ്‌ത്രം വിട്ടു. അത്‌ അവന്റെ തേരു ചുട്ടു. തേരു പോയി താഴെ വീണ മഹാബലനായ ഗന്ധര്‍വ്വന്‍ അസ്ത്രശക്തിയാല്‍ മോഹിച്ച്‌ തല കീഴോട്ടായി വീഴുമ്പോള്‍ പൂവു ചൂടിയ അവന്റെ തലമുടി അര്‍ജ്ജുനന്‍ ചുറ്റിപ്പിടിച്ച്‌ ഭ്രാതാവിന്റെ മുമ്പിലേക്കു വലിച്ചിഴച്ചു. ഉടനെ നിലവിളിച്ച്‌ അവന്റെ ഭാര്യയായ കുംഭീനസി എന്ന ഗന്ധര്‍വ്വി യുധിഷ്ഠിരനെ ശരണം പ്രാപിച്ചു. പതിയുടെ പ്രാണനെ ത്രാണനം ചെയ്യേണമെന്ന്‌ അവള്‍ അപേക്ഷിച്ചു.

കുംഭീനസി പറഞ്ഞു: ഹേ, വീരാ! എന്നെ രക്ഷിക്കണേ! പതിയെ വിട്ടയയ്ക്കണേ! ശരണാഗതയായ ഞാന്‍ കുംഭീനസിയെന്ന ഗന്ധര്‍വ്വിയാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: പോരില്‍ തോറ്റ്‌, പേരു കെട്ട്‌, സ്ത്രീകൾ കാക്കുന്ന, വീര്യമില്ലാത്ത വൈരിയെ ഹേ, വീരാ! ഉണ്ണീ! ആരു കൊല്ലും? അവനെ വിട്ടേക്കുക! അതാണു മാനം.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, ഗന്ധര്‍വ്വാ! നീ ദുഃഖിക്കേണ്ടാ. പ്രാണനും കൊണ്ടു പൊയ്ക്കൊള്ളുക! പൊയ്ക്കൊള്ളുക! നിനക്ക്‌ കുരുരാജാവായ യുധിഷ്ഠിരന്‍ അഭയം നല്‍കിയിരിക്കുന്നു.

ഗന്ധര്‍വ്വന്‍ പറഞ്ഞു: പോരില്‍ ഞാന്‍ തോറ്റു പോയി. അതുകൊണ്ട്‌ മുമ്പുള്ള അംഗാരപര്‍ണ്ണനെന്ന നാമധേയം ഞാന്‍ വിട്ടിരിക്കുന്നു. ഞാന്‍ എന്റെ ബലത്തെക്കുറിച്ച്‌ ശ്ലാഘിക്കുകയോ, ഈ പേര് സദസ്സില്‍ ഇനി പ്രസ്താവിക്കുകയോ ചെയ്യുന്നതല്ല. എനിക്ക്‌ വലിയ ഒരു നേട്ടമാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. ദിവ്യാസ്‌ത്രം പൂണ്ട പാര്‍ത്ഥനെ ഗന്ധര്‍വ്വ മായയോടു കൂടി ചേര്‍ക്കുവാനുള്ള ഭാഗ്യം സമാഗതമായി. അര്‍ജ്ജുനന്റെ അസ്ത്രാഗ്നിയാല്‍ എന്റെ ചിത്രരഥം ദഹിച്ചു പോയി. ഞാന്‍ ഇപ്പോള്‍ ദഗ്ദ്ധരഥനായി! ചിത്രരഥനായ ഞാന്‍ ഇതാ ഇപ്പോള്‍ ദഗ്ദ്ധരഥനായിത്തീര്‍ന്നു! തപസ്സു കൊണ്ട്‌ ഞാന്‍ പണ്ടു സമ്പാദിച്ച വിദ്യയാണിത്‌. അത്‌ പ്രാണദാനം ചെയ്ത യോഗ്യനായ ഭവാനു നലകുന്നു. സ്തംഭിച്ചു ജയിച്ച്‌, ശരണാഗതനായ വൈരിയില്‍ വീണ്ടും പ്രാണന്‍ കൊടുക്കുന്നവന്‍ എന്തു മംഗളമാണ്‌ അര്‍ഹിക്കാത്തത്‌? എനിക്കു പ്രാണദാനം ചെയ്ത മഹാപുരുഷനോട്‌ ഞാന്‍ ഒരു മന്ത്രവിദ്യയെപ്പറ്റി പറയാം. മനു സോമന് നല്കിയ ചാക്ഷുഷീ മന്ത്ര വിദ്യയാണിത്‌. അവന്‍ വിശ്വാവസുവിന് അതു നല്കി. വിശ്വാവസു എനിക്കു നല്കി. ഗുരു നല്കിയ ഈ വിദ്യ കുത്സിതനായ പുരുഷന് നല്കിയാല്‍ അതു നശിക്കും.

ഇതിന്റെ ആഗമവും വീര്യവും ഞാന്‍ പറയാം, കേട്ടാലും! ചക്ഷുസ്സു കൊണ്ട്‌ ത്രിലോകത്തില്‍ എന്തു കാണുവാന്‍ വിചാരിക്കുന്നുവോ, അത്‌ ഇച്ഛിക്കുന്ന വിധം കാണാം! ആറുമാസം ഒറ്റക്കാലില്‍ നിന്നിട്ടു വേണം ഈ വിദ്യ നേടുവാന്‍. ഞാന്‍ നിന്റെ വ്രതം കഴിഞ്ഞ്‌ അതു ഭവാന്  ഉപദേശിക്കാം. ഈ വിദ്യ കൈയിലായ നരന്‍ നരന്മാരില്‍ ശ്രേഷ്ഠനാകും; ദേവതുല്യനാകും. അല്ലയോ രാജാവേ, ഈ വിദ്യ ഞങ്ങള്‍ക്ക്‌ അധീനമായതു കൊണ്ടാണ്‌ ഞങ്ങള്‍ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരായത്‌. ദേവന്മാരെപ്പോലെ ആകാശസഞ്ചാരവും മറ്റും സാധിക്കുന്നതു കൊണ്ട്‌ ഞങ്ങള്‍ ദേവതുല്യരായി. മഹാത്മാവേ, ഞാന്‍ അങ്ങയ്ക്കും സഹോദരന്മാര്‍ക്കും ഗന്ധര്‍വ്വ രാജ്യത്തുണ്ടായ നൂറ്‌ അശ്വങ്ങളെ, ഓരോരുത്തനും, തന്നു കൊള്ളാം. ആ ദേവഗന്ധര്‍വ്വ വാഹങ്ങള്‍ക്ക്‌ ഒരിക്കലും ക്ഷീണം തട്ടുന്നതല്ല. അവ ദിവൃഗജങ്ങളാണ്‌. എത്രയും ഭാരം കയറ്റുകയും ചെയ്യാം. പണ്ട്‌ വൃത്രവധത്തിന്‌ വജ്രായുധം ഇന്ദ്രന് വേണ്ടി നിര്‍മ്മിക്കപ്പെട്ടു. അത്‌ വൃത്രന്റെ ശിരസ്സിലടിച്ചപ്പോള്‍ പത്തു നൂറായി തകര്‍ന്നു. പിന്നെ ദേവന്മാര്‍ ആ തകര്‍ന്ന വജ്രഭാഗങ്ങളെ പൂജിച്ചു. ലോകത്തില്‍ പേരു കേട്ടവരെല്ലാം വജ്രാംശമാണ്‌. വിപ്രന്മാര്‍ വജ്രപാണികളാണ്‌. ക്ഷത്രം വജ്രരഥമാണ്‌. വൈശ്യന്മാര്‍ ദാനവജ്രരാണ്‌. ശൂദ്രര്‍ കര്‍മ്മവജ്രരാണ്‌. ക്ഷത്രവജ്രത്തിന്റെ ഭാഗം അവധ്യമായ അശ്വമാണ്‌. രഥത്തിലെ അംഗമാകുന്ന ഉത്തമാശ്വങ്ങളെ പെണ്‍കുതിര പ്രസവിക്കുന്നു. കാമകര്‍മ്മം, കാമവേഗം, കാമം പോലെ വന്നു ചേരല്‍ എന്നീ ഗുണങ്ങളോടു കൂടിയതാണ്‌ ഗന്ധര്‍വ്വാശ്വങ്ങള്‍. അവ അങ്ങയുടെ സര്‍വ്വ അഭീഷ്ടങ്ങളേയും നിര്‍വ്വഹിക്കുന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു; പ്രീതനായി നല്കിയാലും, പ്രാണസംശയം വരുന്ന സന്ദര്‍ഭത്തില്‍ നല്കിയാലും, വിത്തം. വിദ്യ, ധനം, ശാസ്‌ത്രം എന്നിവ സ്വീകരിക്കുവാന്‍ എനിക്ക്‌ ഇഷ്ടമില്ല. പ്രതിപ്രദാനത്തിന് അവസരമുണ്ടാവാത്ത യാതൊരു ദാനവും സ്വീകരിക്കുവാന്‍ എനിക്കു തൃപ്തിയില്ല.

ഗന്ധര്‍വ്വന്‍ പറഞ്ഞു: മഹാജനങ്ങളുമായുള്ള സംഗമം മഹത്തായ സന്തോഷം നല്കും. അങ്ങ്‌ എന്റെ ജീവന്‍ എനിക്കു തന്നു. അതില്‍ അതിരറ്റ സന്തോഷം മൂലം ഈ വിദ്യ ഞാന്‍ അങ്ങയ്ക്കു നല്കുന്നു. ഭവാനില്‍ നിന്നു ഞാന്‍ ഉത്തമമായ ആഗ്നേയാസ്‌ത്രം വാങ്ങിക്കൊള്ളാം. അതു മാത്രമല്ല, സ്ഥിരമായ സ്നേഹബന്ധവും അതുമൂലം നാം തമ്മില്‍ ഉണ്ടാകുന്നതാണ്‌.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ. ഗന്ധര്‍വ്വാ! അങ്ങയ്ക്ക്‌ ആഗ്നേയാസ്‌ത്രം നല്കി അശ്വത്തെ വാങ്ങാം. സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ. ഭവാന്‍ പറയൂ! നിങ്ങളില്‍ നിന്നു ഭയം ഉണ്ടാകാതിരിക്കാന്‍ എന്താണു മാര്‍ഗ്ഗമെന്നു പറയൂ. അല്ലയോ ഗന്ധര്‍വ്യാ, അനവധി വിശിഷ്ട വൈദികന്മാരും ശത്രുഹന്താക്കളായ മാന്യന്മാരും ഈ മാര്‍ഗ്ഗത്തില്‍ പോയി. അവരെയൊന്നും ആക്രമിച്ചില്ല. പിന്നെ വേദജ്ഞന്മാരായ ഞങ്ങളെ ആക്രമിക്കുവാന്‍ എന്താണു കാരണം? :

ഗന്ധര്‍വ്വന്‍ പറഞ്ഞു; അഗ്നിയും ആഹുതിയും മുമ്പില്‍ വിപ്രരുമില്ലാത്തതു കൊണ്ടാണ്‌, ഞാന്‍ പാണ്ഡുപുത്രന്മാരേ, നിങ്ങളെ ധര്‍ഷിച്ചത്‌. യക്ഷരാക്ഷസഗന്ധര്‍വ്വന്മാരും പിശാചുക്കളും നാഗങ്ങളും ദാനവന്മാരും മാത്രമല്ല അറിവുള്ളവരെല്ലാവരും അങ്ങയുടെ ഐശ്വര്യപൂര്‍ണ്ണമായ കുരുവംശത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തുന്നു. നാരദാദികളായ സുരര്‍ഷീന്ദ്രന്മാര്‍ അങ്ങയുടെ ബുദ്ധിമാന്മാരായ പിതാമഹന്മാരെപ്പറ്റി പുകഴ്ത്തിപ്പറയുന്നു. ഹേ, വീരാ, നിങ്ങളുടെ പൂര്‍വൃന്മാരുടെ സല്‍ക്കഥകള്‍ ആഴിചൂഴുന്ന ഈ ഊഴി ചുറ്റുന്ന സമയത്ത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌; നേരിട്ടു കണ്ടിട്ടുമുണ്ട്‌ ഭവാന്മാരുടെ കുലത്തിന്റെ വൈഭവം. അല്ലയോ അര്‍ജ്ജുനാ, വേദവിദ്യയും അസ്‌ത്രവിദ്യയും ഭവാനുപദേശിച്ച ത്രിലോക പ്രസിദ്ധനായ ദ്രോണാചാര്യന്റെ മഹത്ത്വവും ഞാന്‍ അറിയുന്നു. ശക്രനും ധര്‍മ്മദേവനും വായുവും അശ്വിനീദേവന്മാരും പാണ്ഡുവും ദേവമാനുഷമുഖ്യന്മാരാണ്‌. നിങ്ങളുടെ ആ പിതാക്കള്‍ കുരുവംശവര്‍ദ്ധനരാണ്‌! ഇവരെ ആറു പേരേയും ഞാന്‍ അറിയും. ദിവ്യാത്മാക്കളും മഹാശയന്മാരും സർവ്വശാസ്ത്രജ്ഞ മുഖ്യരുമാണ്‌ അവര്‍. നിങ്ങള്‍ ശൂരന്മാരും ചരിത്രവ്രതന്മാരുമാണ്‌. അറിവേറുന്ന ഭവാന്മാരുടെ അറിവും മനസ്സും അറിഞ്ഞിട്ടാണ്‌ ഞാന്‍ നിങ്ങളെ എതിര്‍ത്തത്‌. പുരുഷന്‍ സ്ത്രീകളുടെ മുമ്പില്‍ പൊറുക്കാറില്ല. കൈയൂക്കുള്ളവനാണെങ്കില്‍ ആത്മപ്രധര്‍ഷണം ചെയ്യുക തന്നെ ചെയ്യും. രാത്രി കാലത്ത്‌ ഞങ്ങള്‍ക്ക്‌ ഊക്കു കൂടും. അതു കൊണ്ട്‌ സഭാര്യനായ ഞാന്‍ കോപിച്ചു. ഹേ, തപതീപുത്ര വംശവര്‍ദ്ധനാ! നീ എന്നെ പോരില്‍ തോല്‍പിച്ചു. അതും എന്തു കൊണ്ടാണെന്നു പറഞ്ഞുതരാം. ബ്രഹ്മചര്യാപരമായ ധര്‍മ്മം നിന്നിലുണ്ട്‌. അതുകൊണ്ടാണ്‌ നീ എന്നെ എതിര്‍ത്തു ജയിച്ചത്‌. ബ്രഹ്മചര്യം അത്യുത്കൃഷ്ടമായ ജീവിതധര്‍മ്മമാണ്‌. കാമവശനായ ക്ഷത്രിയനാണെങ്കില്‍ രാത്രിയുദ്ധത്തില്‍ എന്നോട്‌ എതിരിട്ടു ജയിക്കുകയില്ല. ഒരു ക്ഷത്രിയന്‍ ഗൃഹസ്ഥനായിരുന്നാലും യോഗ്യനായ ഒരു പുരോഹിതനെ മുമ്പില്‍ നടത്തി പോയാല്‍ രാത്രിഞ്ചരന്മാരെ മുഴുവന്‍ ജയിക്കാന്‍ സാധിക്കും! അതു കൊണ്ട്‌ ഹേ, താപത്യ! നീ ശ്രേയസ്സിനെ ഇച്ഛിക്കുന്നുണ്ടെങ്കില്‍ അതിന് നല്ല ഒരു പുരോഹിതനെ ഏല്‍പിക്കുക തന്നെ വേണം. ഷഡംഗവേദനിരതന്മാരും ശുദ്ധന്മാരും സത്യവാദികളും ധര്‍മ്മാത്മാക്കളും കൃതാത്മാക്കളും ആകണം രാജപുരോഹിതന്മാര്‍. നൃപന്മാര്‍ക്കു ജയം മുഖ്യമാണ്‌. മരണാനന്തരം സ്വര്‍ഗ്ഗവും നേടും. ധാര്‍മ്മികനും ശുദ്ധനുമായ ഒരു പുരോഹിതൻ ഉണ്ടെങ്കില്‍ അതെല്ലാം സിദ്ധിക്കും! കിട്ടുവാനും കിട്ടിയാല്‍ കാക്കുവാനും ഒരു പുരോഹിതനെ രാജാവു സമ്പാദിക്കണം. ഐശ്വര്യം കാംക്ഷിക്കുന്ന രാജാക്കള്‍ പുരോഹിത മതം പോലെ നില്ക്കണം. സാഗരാംബയായ ഭൂമി നേടുന്നതിനും അത്‌ ആവശ്യമാണ്‌. വെറും, ഐശ്വര്യത്താലും ആഭിജാതൃത്താലും മാത്രം ഹേ, താപത്യാ! ലോകം നേടുവാന്‍ സാദ്ധ്യമല്ല. രാജാവിന് വിപ്രന്‍ കൂടാതെ കഴികയില്ല. ഹേ! കുലവംശ വര്‍ദ്ധനാ, അര്‍ജ്ജുനാ! ഈ പരമാര്‍ത്ഥം മനസ്സിലാക്കിയാല്‍ ബ്രാഹ്മണന്‍ മുതലായവര്‍ വാഴുന്ന മന്നു മുഴുവന്‍ നന്മയില്‍ ചിരകാലം സംരക്ഷിച്ചു വാഴാമെന്നുള്ളത്‌ ധരിച്ചു കൊള്ളുക.

171. തപത്യുപാഖ്യാനം - സുര്യപുത്രിയായ തപതിയുടേയും രാജാവായ സംവരണന്റേയും കഥ - അര്‍ജ്ജുനന്‍ പറഞ്ഞു; ഹേ, ഗന്ധര്‍വ്വാ! ഭവാന്‍ സംഭാഷണത്തിന്നിടയില്‍ താപത്യ എന്ന് എന്നെ വിളിക്കുകയുണ്ടായല്ലേോ. ആ പദത്തിന്റെ അര്‍ത്ഥമെന്താണ്‌ ? ആരാണ്‌ തപതി എന്നവള്‍? ഞങ്ങള്‍ കൗന്തേയരാണല്ലോ. കൗന്തേയരായ ഞങ്ങള്‍ താപത്യരായി വരുവാനുള്ള കാരണമെന്താണ്‌?. സാധോ, തത്വം അങ്ങ്‌ സവിസ്തരം പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ ചോദിച്ചതു കേട്ട്‌ ഗന്ധര്‍വ്വന്‍ മൂന്നു ലോകത്തിലും കേള്‍വിപ്പെട്ട ആ കഥ പറഞ്ഞു കേള്‍പ്പിച്ചു.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനായ അര്‍ജ്ജുനാ! ഞാന്‍ അങ്ങയോട്‌ സന്തോഷത്തോടെ ആ കഥ വിസ്തരിച്ചു പറയാം. ഭവാനെ ഞാന്‍ താപത്യനെന്നു വിളിച്ചുവല്ലോ. അതിനുള്ള കാരണം ഞാന്‍ പറയുന്നത്‌ മനസ്സു വെച്ചു കേള്‍ക്കണം.

നഭസ്സില്‍ തേജോമണ്ഡലത്താല്‍ സ്വര്‍ഗ്ഗലോകത്തേയും തപിപ്പിക്കുന്ന തപനന്ന്‌ ഒരു പുത്രിയുണ്ടായി. തപതി എന്നായിരുന്നു അവളുടെ പേര്. ദേവനായ വിവനസ്വാന്റെ ( സൂര്യന്റെ ) മകളും സാവിത്രിയുടെ ഇളയ സഹോദരിയുമാണ്‌ തപതി. തപസ്വിനിയായ അവള്‍ മൂന്നു ലോകത്തിലും പുകഴ്‌ന്നവളായി. ദേവിമാരിലും ദാനവിമാരിലും ഗന്ധര്‍വ്വിമാരിലും യക്ഷികളിലും രാക്ഷസികളിലും അപ്സരസ്ത്രീകളിലും അവള്‍ക്കു തുല്യമായ അഴകുള്ളവര്‍ ആരും ഉണ്ടായിരുന്നില്ല. അവളുടെ അംഗങ്ങള്‍ ഓരോന്നും കുറ്റമറ്റതും മിഴികള്‍ കറുത്തു നീണ്ടതുമായിരുന്നു. സദാചാരനിരതയായി, സാധുശീലയായി ആ സുന്ദരി പ്രശോഭിച്ചു! മകള്‍ക്കു തക്കതായ ഒരു ഭര്‍ത്താവിനെ, രുപം, ശീലഗുണം ഇവ ചേര്‍ന്ന ഒരു യുവാവിനെ, ഭാസ്കരന്‍ കണ്ടെത്തിയില്ല. മകള്‍ യൗവന പൂര്‍ണ്ണയായി വിവാഹം ചെയ്ത്‌ അയയ്ക്കേണ്ട കാലമായി. ഭാസ്‌കരന്‍ അവളെപ്പറ്റി ചിന്തിച്ചു ദുഃഖത്തിലായി.

അക്കാലത്ത്‌ കുരുശ്രേഷ്ഠനും, ഋക്ഷന്റെ പുത്രനും, ശക്തനുമായ സംവരണന്‍ അര്‍ക്കനെ തപസ്സു ചെയ്തിരുന്നു. അര്‍ഘ്യപുഷ്പോപഹാരങ്ങള്‍ സുഗന്ധദ്രവ്യങ്ങള്‍ ഇവ കൊണ്ടും തപോവ്രതോപവാസങ്ങള്‍ കൊണ്ടും നിയതനും ശുചിയും നിരഹങ്കാരനുമായി ആദിത്യ സേവ തുടങ്ങി. ഉദിച്ചു പൊങ്ങുന്ന. സൂര്യനെ അവന്‍ ഇപ്രകാരം ഭജിച്ചു കൊണ്ടിരിക്കെ, കൃതജ്ഞനായ ആദിത്യന്‍ ധര്‍മ്മജ്ഞനായ സംവരണന്‍ തപതിക്കു ചേര്‍ന്ന ഭര്‍ത്താവാണെന്നറിഞ്ഞു. അല്ലയോ, അര്‍ജ്ജുനാ! ലോകപ്രസിദ്ധമായ വംശത്തില്‍ ജനിച്ചവനും, രാജശ്രേഷ്ഠനുമായ സംവരണന് തന്നെ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുവാന്‍ ആദിത്യന്‍ ആശിച്ചു. ദ്യോവില്‍ അര്‍ക്കന്‍ ദീപ്തിയോടെ ശോഭിക്കുന്ന വിധത്തില്‍, ഭൂമിയില്‍ സംവരണന്‍ ദീപ്തി കൊണ്ട്‌ പ്രശോഭിച്ചു. ഉദയസൂര്യനെ ബ്രഹ്മവാദികള്‍ എന്ന പോലെ, സംവരണനെ ബ്രാഹ്മണാദികളായ പ്രജാവ്രജം അര്‍ച്ചിച്ചു.

കാന്തി കൊണ്ടു ചന്ദ്രന്റേയും, തേജസ്സു കൊണ്ടു സൂര്യന്റേയും, മേലെയായി ശോഭിച്ച രാജാവ്‌ സജ്ജനങ്ങളുടേയും ദുര്‍ജ്ജനങ്ങളുടേയും ദൃഷ്ടിയില്‍ ശ്രീമാന്‍ തന്നെയായി വിളങ്ങി. ഇപ്രകാരം ആ രാജാവ്‌ ശോഭിച്ചപ്പോള്‍ തപനനില്‍ തപതിയെ അവന് കൊടുക്കാനുള്ള ചിന്തയും ഉറച്ചു. അങ്ങനെ സംവരണന്‍ സല്‍ക്കീര്‍ത്തി പരത്തി വാഴ്‌കെ ഒരു ദിവസം പര്‍വ്വതോപവനത്തില്‍ നായാട്ടിന് പോയി. നായാട്ടു നടന്നു കൊണ്ടിരിക്കെ! സംവരണന്റെ അപ്രതിമനായ കുതിര പൈദാഹത്തോടെ ചത്തു പോയി. കുതിര ചത്തു പോകയാല്‍ വനപ്രദേശത്ത്‌ കാല്‍നടയായി ചുറ്റുന്ന ആ രാജാവ്‌ ആയതലോചനയും, അതിലോക മനോഹരാംഗിയുമായ ഒരു കന്യകയെ കണ്ടു. ഒറ്റയ്ക്കു വനാന്തരത്തില്‍ വെച്ച്‌ ഏകാകിനിയായി അവളെ കണ്ട രാജാവ്‌ അത്ഭുതത്തോടെ ആ വിശാലാക്ഷിയെ കണ്ണെടുക്കാതെ നോക്കി നിന്നു; സംവരണന്‍ ചിന്തിച്ചു, ഈ സുന്ദരി ശ്രീയാണോന്ന്‌. പിന്നെ വിചാരിച്ചു: ഇവള്‍ ഭാസ്‌കരനില്‍ നിന്നു താഴെ വീണ പ്രഭയായിരിക്കുമോ, അതോ അഗ്നിയുടെ ജ്വാലയായിരിക്കുമോ, പ്രസാദവും കാന്തിയും കാണുമ്പോള്‍ ചന്ദ്രലേഖയായിരിക്കുമോ എന്ന്. ആ അസിതായതലോചന ആ ഗിരിപൃഷ്ഠത്തില്‍ ഒരു കാഞ്ചന പ്രതിമ പോലെ ശോഭിച്ചു. അവളുടെ രൂപ സൗന്ദര്യം കൊണ്ട്‌ അവള്‍ നില്ക്കുന്ന ആ ഗിരിയും വൃക്ഷലതാദികളും പൊന്മയമായി അദ്ദേഹത്തിന് തോന്നി. മറ്റു സ്ത്രീജനങ്ങളൊക്കെ തുച്ഛമാണെന്നു സംവരണന് തോന്നി. തന്റെ കണ്ണിന്റെ ഭാഗ്യം! നേത്രങ്ങള്‍ സഫലമായി എന്ന് അവന്‍ വിചാരിച്ചു. ജനനം മുതല്‍ രാജാവ്‌ എത്രയോ സുന്ദരിമാരെ കണ്ടിട്ടുണ്ടെങ്കിലൂം അവരൊന്നും അഴകില്‍ ഇവളോട്‌ അടുത്തു നില്‍ക്കുന്നതല്ലെന്നും രാജാവിന് തോന്നി. അവള്‍ തന്റെ ഗുണങ്ങളാകുന്ന പാശങ്ങളാല്‍ രാജാവിന്റെ കണ്ണും കരളും കെട്ടിയപ്പോള്‍ അനങ്ങാതെ ഒന്നുമറിയാത്ത വണ്ണം രാജാവു നിന്നു പോയി. ദേവാസുര മനുഷ്യാദികളായ ലോകം മുഴുവന്‍ കടഞ്ഞു സത്തെടുത്ത്‌ വിധി അവളുടെ രൂപം നിര്‍മ്മിച്ചുതാകാം എന്നെല്ലാം അദ്ദേഹം അവളുടെ സൗന്ദര്യാതിശയം കണ്ട്‌ ഊഹിച്ചു. കല്യാണിയായ അവളെ കണ്ട്‌ കല്യാണാഭിജ്ഞനായ രാജാവ്‌ കാമബാണാര്‍ത്തനായി ചിന്തയിലാണ്ടു. ദേഹം ദഹിപ്പിക്കുന്ന ഘോരമാരാഗ്നിയിലെരിയുന്ന പ്രഗല്ഭനായ, അതിസമര്‍ത്ഥനായ, ആ രാജാവ്‌ അപ്രഗല്ഭയായ, അസമര്‍ത്ഥയായ, ആ കീര്‍ത്തിമതിയോട്‌ ഇപ്രകാരം പറഞ്ഞു.

സംവരണന്‍ പറഞ്ഞു: അല്ലയോ രംഭോരൂ! നീ ആരുടെ പുത്രിയാണ്‌? നീ എന്തിനാണ്‌ ഇവിടെ നില്ക്കുന്നത്‌? ഈ വിജനമായ കാട്ടില്‍ എന്തിനാണ് സഞ്ചരിക്കുന്നത്‌? സര്‍വ്വാനവദ്യാംഗിയായ നീ സര്‍വ്വാഭരണ വിഭൂഷിതയായി പ്രശോഭിക്കുന്നു. സ്വദേഹത്തില്‍ അണിയപ്പെട്ട അലങ്കാരങ്ങള്‍ക്കെല്ലാം അലങ്കാരമാണ് നീ. ഇതിന് തുല്യമായ ഭൂഷണം എങ്ങുമില്ല. നീ ദേവിയല്ല, ദൈത്യയല്ല, യക്ഷിയല്ല, രാക്ഷസിയല്ല, നാഗസ്ത്രീയല്ല, ഗന്ധര്‍വ്വിയല്ല, മാനുഷയല്ല. ഉത്തമനാരികളെ പലരേയും ഞാന്‍ കണ്ടിട്ടുണ്ട്‌; കേട്ടിട്ടുമുണ്ട്‌. അവരില്‍ ആരും തന്നെ നിന്നോട്‌ ഒക്കുന്നവരായി കണ്ടിട്ടില്ല. പങ്കജാനനേ, തിങ്കള്‍ പോലെ പ്രശോഭിക്കുന്ന നിന്റെ മുഖം കണ്ട നിമിഷം മുതല്‍ മന്മഥന്‍ എന്റെ ഹൃദയത്തെ മഥിക്കുന്നു.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഇപ്രകാരം രാജാവ്‌ പറഞ്ഞു തീര്‍ന്നു. അവള്‍ ഒരക്ഷരം മറുപടി പറഞ്ഞില്ല. രാജാവിന്റെ വാക്കുകളെ ഗൗനിക്കാതെ അവന്‍ കാണ്‍കെ തന്നെ ആ പെണ്‍കൊടി, മിന്നല്‍പ്പിണര്‍ എന്ന പോലെ, പെട്ടെന്നു മേഘത്തില്‍ മറഞ്ഞു. അവളെ കാണാതെ രാജാവ്‌ കാട്ടില്‍ ഭ്രാന്തനെപ്പോലെ ഓടിനടന്നു. ആ കമലപ്രതാക്ഷിയെ സര്‍വ്വദിക്കിലും തിരഞ്ഞ്‌ അവന്‍ ഓരോന്നു പറഞ്ഞു വിലപിച്ചു. ആര് കേള്‍ക്കാന്‍? രാജാവ്‌ നിശ്ചേഷ്ടനായി മരം പോലെ നിന്നു.

172. തപത്യുപാഖ്യാനം - തപതീ സംവരണ സല്ലാപം - ഗന്ധര്‍വ്വന്‍ കഥ തുടര്‍ന്നു: ആ അജ്ഞാത സുന്ദരിയെ കാണാതെ രാജാവ്‌ കാമമോഹിതനായി. വൈരിവീരപാതനനായ അദ്ദേഹം ഭുമിയില്‍ പതിച്ചു. രാജാവു വീണപ്പോള്‍ പീനായത പൃഥു ശ്രോണിയായ ആ സുമുഖി രാജാവിന്റെ മുമ്പില്‍ വന്നു നിന്നു മന്ദഹസിച്ചു. അവള്‍ മെല്ലെ കാമമോഹിതനായ ആ രാജാവിനെ വിളിച്ചു. കാമകോമളനും, കാമം കലര്‍ന്നവനുമായ കുരുനന്ദനനോട്‌ പുഞ്ചിരി തൂകി കൊഞ്ചിപ്പറഞ്ഞു.

തപതി പറഞ്ഞു; എഴുന്നേല്ക്കുക! എഴുന്നേല്‍ക്കുക! നന്മ നിനയ്‌ക്കുക. മോഹിക്കരുതേ! ഹേ, വീരാ! മഹിയില്‍ പുകഴുന്ന ഭവാന്‍ പരവശനാകരുതേ! :

ഗന്ധര്‍വ്വന്‍ പറഞ്ഞു; കര്‍ണ്ണങ്ങളില്‍ അമൃതു പൊഴിയുന്ന മധുരോക്തി കേട്ട അദ്ദേഹം കണ്ണുമിഴിച്ചു നോക്കിയപ്പോള്‍, ആ തേന്‍മൊഴിയാള്‍, അത്ഭുതം! അവന്റെ മുമ്പില്‍ നില്ക്കുന്നു! ഉടനെ ആ നീലലോചനയോടു നരാധിപന്‍ ദൃഢമായും ഇടറിക്കൊണ്ടും വാക്കുകള്‍ മന്ദം പറഞ്ഞു.

സംവരണന്‍ പറഞ്ഞു: ഹേ, അസിതാപാംഗേ, മന്മഥപീഡിതനായ എന്നെ നീ പ്രാപിക്കുക. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റെ പ്രാണന്‍ എന്നെ വിട്ടു പോകുന്നു. നീ കാരണമായി കാമന്‍ എന്റെ നേരെ തീക്ഷണ ശരങ്ങള്‍ വിടുന്നു. അവയെ തടുക്കുവാന്‍ ഞാന്‍ ശക്തനല്ല. പിടികിട്ടാതെ കാമമാകുന്ന അഹിയുടെ കടിയേറ്റ്‌ ഉഴലുന്ന എന്നെ എടോ, പീനായതശ്രോണീ, വരാനനേ, വരിച്ചാലും! കിന്നരസ്വര ചാരുവാണീ, ചാരുസര്‍വ്വാനവദ്യഠാംഗീ, താമരത്താര്‍മുഖി, ഭീരു, നിന്നെക്കൂടാതെ ജീവന്‍ വഹിക്കുവാന്‍ ഞാന്‍ ശക്തനല്ലാതായിരിക്കുന്നു! കാമന്‍ എന്റെ മെയ്യ്‌ എയ്തു മുറിക്കുന്നു. കമലായതലോചനേ, അതു കൊണ്ടു നീ ഒരു തുള്ളി കരുണ എന്നില്‍ പൊഴിച്ചാലും! ഭക്തനായ എന്നെ ദേവീ, കൈവിടരുതേ! പ്രസാദിച്ച്‌ എന്നെ നീ കാത്തുകൊള്ളേണമേ! നിന്നെ കണ്ടിട്ട്‌ അതിപ്രേമം മൂലം എന്റെ മനസ്സ്‌ ഇളകുന്നു. നിന്നെ കണ്ടിട്ട്‌ അന്യയുവതികളില്‍ എനിക്കു കൊതിയില്ലാതായിരിക്കുന്നു. എന്നില്‍ നീ പ്രസാദിച്ചാലും! നിന്റെ വശഗനായ, ഭക്തനായ എന്നെ നീ ഭജിച്ചാലും. ഭവതിയെ കണ്ട നിമിഷം മുതല്‍ അനംഗന്‍ തീക്കൊളളിയമ്പു കൊണ്ട്‌ എന്റെ ഹൃദയം പിളര്‍ക്കുന്നു. കാമാഗ്നിയില്‍ ഞാന്‍ ദഹിക്കുന്നു. നിന്റെ സ്നേഹമാകുന്ന കുളൂര്‍ജലത്താല്‍ എന്റെ ഹൃദയദാഹം ശമിപ്പിച്ചാലും. ഏറ്റവും ദുര്‍ദ്ധര്‍ഷനായ പുവമ്പന്‍, ഉഗ്രേബാണ ശരാസനനായി ദുസ്സഹമായ ശരങ്ങള്‍ കൊണ്ട്‌ എന്നെ കൊല്ലുന്നു. ആത്മദാനം ചെയ്ത്‌ അവന്റെ ആക്രമണത്തില്‍ നിന്ന്‌ എന്നെ രക്ഷിച്ചാലും. ഗാന്ധര്‍വ്വമായി എന്നെ വിവാഹം ചെയ്ത്‌ എന്നില്‍ ചേര്‍ന്നാലും. വരാംഗനേ! വിവാഹങ്ങളില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠം ഗാന്ധര്‍വ്വമാണ്‌.

ഗന്ധര്‍വ്വന്‍ പറഞ്ഞു: രാജാവിന്റെ മാരമാല്‍ ചേര്‍ന്ന്‌ ഇടറിയ വാക്കു കേട്ട്‌ തപതി പറഞ്ഞു?

തപതി പറഞ്ഞു: ഹേ, നരേന്ദ്രാ, ഞാന്‍ അസ്വതന്ത്രയായ കന്യകയാണ്‌. ഭവാന് എന്നില്‍ പ്രീതിയുണ്ടെങ്കില്‍ അച്ഛനോടു ചോദിക്കുക. രാജാവേ, ഭവാന്റെ പ്രാണനെ ഞാന്‍ ഹരിച്ച വിധം കണ്ട നിമിഷത്തില്‍ തന്നെ ഭവാന്‍ എന്റെ പ്രാണനേയും അപഹരിച്ചിരിക്കുന്നു. ഞാന്‍ എന്റെ ദേഹത്തിന് നായികയല്ല. എന്റെ ദേഹത്തിന് എനിക്കു സ്വാതന്ത്ര്യമില്ല. അതു കൊണ്ട്‌ ഞാന്‍ ഭവാന്റെ സമീപത്തേക്കു വരുന്നില്ല. നാരികള്‍ അസ്വതന്ത്രരാണല്ലോ. ലോകത്തിലൊക്കെ കീര്‍ത്തി പരന്നവനും, അഭിജാതനും രാജാവും ഭക്തപ്രായനുമായ ഒരു സുന്ദരന്‍ കാന്തനാകുവാന്‍ ഏതു കന്യകയാണ്‌ അഭിലഷിക്കാതിരിക്കുക? എന്നാൽ ഈ നിലയില്‍ തന്നെ എന്റെ അച്ഛനോട്‌ ഭവാന്‍ എന്നെ യാചിക്കുക. നമസ്കാരം, തപസ്സ്‌, വ്രതം എന്നിവയെല്ലാം അദ്ദേഹത്തെ ഉപാസിക്കാനുള്ള മാര്‍ഗ്ഗമാണ്‌. പ്രണാമനിയമങ്ങളാല്‍ ഭവാന്‍ അദ്ദേഹത്തോട്‌ അപേക്ഷിക്കുക. ആ ദേവന്‍ പ്രീതനായി എന്നെ അങ്ങയ്ക്കു തരുവാന്‍ കരുതുന്നതായാല്‍ ഞാന്‍ എന്നും അങ്ങയ്ക്ക്‌ അധീനയായി ഇരുന്നുകൊള്ളാം. അല്ലയോ, ക്ഷത്രിയവീരാ! ലോകം പ്രദീപിപ്പിക്കുന്ന സുരൃദേവന്റെ പുത്രിയാണ്‌ ഞാന്‍. സാവിത്രിയുടെ അനുജത്തിയാണ്‌. എന്റെ നാമം തപതിയെന്നാണ്‌.

173. തപത്യുപാഖ്യാനസമാപ്തി - വസിഷ്ഠന്റെ സഹായവും രാജാവിന്റെ തപതീപ്രാപ്തിയും - ഗന്ധര്‍വ്വന്‍ കഥ തുടര്‍ന്നു : തപതി ഇങ്ങനെ പറഞ്ഞു മേൽപോട്ടുയര്‍ന്നു. ആ മാന്യ പോയി. രാജാവ്‌ വീണ്ടും മണ്ണില്‍ വീണു. അമാതൃന്മാര്‍ സൈന്യങ്ങളോടു കൂടി രാജാവിനെ തിരഞ്ഞു കാട്ടിലൊക്കെ നടന്നു. സാനുപ്രദേശത്ത്‌ യാത്ര ചെയ്ത അമാത്യന്‍ വനത്തില്‍ രാജാവിനെ കണ്ടെത്തി. രാജാവ്‌ ഇന്ദ്രധ്വജം വീണ മട്ടില്‍ വെറും മണ്ണില്‍ തളര്‍ന്നു കിടക്കുന്നു! ആ മഹാശയന്റെ കിടപ്പു കണ്ട്‌ മന്ത്രി സംഭ്രമിച്ചു. ഉടനെ ഓടിച്ചെന്ന്‌  പരിഭ്രമത്തോടെ സസ്നേഹം കാമാര്‍ത്തനായ ആ കാമകോമളനെ മണ്ണില്‍ നിന്ന്‌, അച്ഛന്‍ മകനെയെന്ന വിധം, താങ്ങി എഴുന്നേല്‍പിച്ചു. ബുദ്ധിയും, പ്രായവും ചെന്നവനും, കീര്‍ത്തിനയാന്വിതനുമായ അമാത്യന്‍ രാജാവിനെ എഴുന്നേല്‍പിച്ചു പൊടി തുടച്ച്‌ സ്വസ്ഥനാക്കി നല്ല വാക്കുകള്‍ പറഞ്ഞു.

മന്ത്രി പറഞ്ഞു: ഹേ, നരവ്യാഘ്രാ! എന്തിനു ഭയപ്പെടുന്നു? എല്ലാം മംഗളമായി വരും. ഗന്ധര്‍വ്വന്‍ പറഞ്ഞു: ശത്രുക്കളെ വീഴ്ത്തുന്ന രാജാവ്‌ അവിടെ വിണു കിടന്നതു കണ്ടപ്പോള്‍ വിശപ്പും ദാഹവും മൂലം തളര്‍ന്നു വീണതാണെന്നാണ്‌ മന്ത്രി ധരിച്ചത്‌. ഉടനെ ജലം കൊണ്ടു വന്ന്‌ രാജാവിന്റെ ശിരസ്സില്‍ ഒഴിച്ചു. അപ്പോള്‍ പൊയ്ത്താര്‍ മണമുള്ള മുടിച്ചാര്‍ത്തു പൊട്ടി രാജാവിന് സ്വബോധം വന്നു. രാജാവ്‌ മന്ത്രിയെ മാത്രം കൂടെ നിറുത്തി സൈന്യങ്ങളെയൊക്കെ മാറ്റിനിര്‍ത്തി. ഉടനെ രാജാവിന്റെ ആജ്ഞപ്രകാരം സൈന്യങ്ങള്‍ രാജധാനിയിലേക്കു മടങ്ങി. ആ ശൈലപൃഷ്ഠത്തില്‍ പിന്നിട്‌ രാജാവു പാര്‍ത്തു. പിന്നെ ആ പര്‍വ്വതത്തില്‍ ശുചിയായി ഊര്‍ദ്ധ്വവക്ത്രനായി കൈപൊക്കി നിന്ന്‌ സൂര്യസേവ ചെയ്തു. വൈരിനാശം വരുത്തുന്ന പുരോഹിതനായ വസിഷ്ഠനെ മനസ്സില്‍. സംവരണ രാജാവു സ്മരിച്ചു.

രാവും പകലും ഈ നില്പില്‍ രാജാവു നിന്നു. പന്ത്രണ്ടാം ദിവസം മഹര്‍ഷിയായ വസിഷ്ഠന്‍ രാജാവിന്റെ സമീപത്തെത്തി. രാജാവ്‌ തപതിയില്‍ ആസക്ത മതിയാണെന്ന്‌ വസിഷ്ഠന്‍ യോഗദൃഷ്ടി കൊണ്ടു കണ്ടറിഞ്ഞു. നിയതാത്മാവായ രാജാവിനോട്‌ എല്ലാം പറഞ്ഞുറപ്പിച്ച്‌ ധര്‍മ്മജ്ഞനായ മുനി രാജാവിന്റെ നന്മയ്ക്കു വേണ്ടി അര്‍ക്കനെ കാണുവാന്‍ ഉയര്‍ന്നു. അംബരത്തില്‍ ചെന്ന്‌  സഹ്രസരശ്മിയെ കണ്ട്‌ വസിഷ്ഠന്‍ കൈകൂപ്പി നിന്നു. സവിതാവേ, വസിഷ്ഠന്‍ വന്നിരിക്കുന്നു എന്ന് ഉണര്‍ത്തിച്ചു. ആ മുനീന്ദ്രനോട്‌ മഹാഭാസ്സായ ആദിത്യന്‍ പറഞ്ഞു.

ആദിത്യന്‍ പറഞ്ഞു: മഹര്‍ഷേ, ഭവാനു സ്വാഗതം! ഭവാന്റെ മനോഗതമെന്തെന്നു പറഞ്ഞാലും! മഹാഭാഗനായ ഭവാന്‍ എന്താണ്‌ ഉച്ഛിക്കുന്നത്‌? ബുധസത്തമനായ ഭവാന്‍ ആശിക്കുന്നതെന്തോ അത്‌ എത്ര ദുഷ്കരമായാലും ഞാന്‍ സാധിപ്പിക്കുന്നതാണ്.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ആദിത്യ ഭഗവാന്റെ വാക്കു കേട്ട്‌ വസിഷ്ഠന്‍ ഭാനുമാനെ കൈകൂപ്പി ഇപ്രകാരം മറുപടി പറഞ്ഞു.

വസിഷ്ഠന്‍ പറഞ്ഞു: വിഭാവസോ, സാവിത്രിയുടെ അനുജത്തിയും, ഭവാന്റെ പുത്രിയുമായ തപതിയെ ഞാന്‍ സംവരണ നൃപന് വേണ്ടി യാചിക്കുവാന്‍ വന്നിരിക്കുന്നു. ആ രാജാവ്‌ പ്രസിദ്ധനും, ധര്‍മ്മാര്‍ത്ഥജ്ഞനും, മഹാശയനുമാണ്‌. ഭവാന്റെ പുത്രിക്കു ചേര്‍ന്ന ഭര്‍ത്താവാണ്‌, സൗമൃനായ അദ്ദേഹം.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഇപ്രകാരം വസിഷ്ഠന്‍ പറഞ്ഞപ്പോള്‍ സവിതാവ്‌ മുനിയെ അഭിനന്ദിച്ച്‌ പ്രസന്നവദനനായി കൊടുക്കാമെന്നു സമ്മതിച്ചു.

സവിതാവ്‌ പറഞ്ഞു: നൃപന്മാരില്‍ സംവരണന്‍ ശ്രേഷ്ഠനാണ്‌. മുനിമാരില്‍ ഭവാന്‍ ശ്രേഷ്ഠനാണ്‌. നാരിമാരില്‍ തപതി ശ്രേഷ്ഠയാണ്‌. ഈ ദാനം പിന്നെ എങ്ങനെ ശ്രേഷ്ഠമല്ലാതിരിക്കും?

ഗന്ധര്‍വ്വന്‍ പറഞ്ഞു: പിന്നെ സര്‍വ്വാനവദ്യാംഗിയായ തപതിയെ സംവരണനായി വസിഷ്ഠന്റെ കൈവശം നല്കി. ആ കന്യകയെ ആ മുനീശ്വരന്‍ കൈക്കൊണ്ടു. വസിഷ്ഠന്‍ സൂര്യനോടു യാത്ര പറഞ്ഞു പിരിഞ്ഞു. വിഖ്യാതനും, കുരുകുല മുഖ്യനുമായ സംവരണന്‍ സുസ്മേരവദനയായ ആ സുകുമാരിയെ തന്നെ ചിന്തിച്ചു ചിന്തിച്ച്‌ ഉലക്കണ്ഠയോടെ മന്മഥാവിഷ്ടനായി നില്ക്കുകയായിരുന്നു. മന്ദസ്മേര മുഖിയായി, പ്രസന്നവദനയായി തപതി വസിഷ്ഠനോടു കൂടി വരുന്നതു കണ്ട്‌ ഹൃദയം തെളിഞ്ഞു. രാജാവ്‌ മേല്പോട്ടു നോക്കി. നഭസ്സില്‍ നിന്ന്‌ ഇറങ്ങി വരുമ്പോള്‍ അവള്‍ പ്രശോഭിച്ചു. ദിക്കുകളിലൊക്കെ ദിവ്യമായ ഒരു പ്രഭ വീശി മേഘപടലത്തില്‍ വിദ്യുത്പ്രകാശം മിന്നുന്ന പോലെ അവള്‍ പ്രകാശം വീശി.

ക്ലേശ്രവതത്തോടു കൂടി പന്ത്രണ്ടാമത്തെ രാത്രി കഴിഞ്ഞ അന്നു പ്രഭാതത്തിലാണ്‌ ശുദ്ധബോധനായ വസിഷ്ഠ ഭഗവാന്‍എഴുന്നള്ളിയത്‌. തപസ്സിനാല്‍ സംവരണന്‍ സൂര്യനെ പ്രസാദിപ്പിച്ചതു മൂലം വസിഷ്ഠ ഭഗവാന്റെ മാഹാത്മൃം കൊണ്ട്‌ സംവരണന്‍ ഭാര്യയെ നേടി. പുരോഹിതനായ വസിഷ്ഠന്റെ മഹത്വം കൊണ്ടാണ്‌ സംവരണന്‍ തപതിയെ നേടിയത്‌.

ദേവന്മാരും, ഗന്ധര്‍വ്വരും ചുഴലുന്ന ആ വന്‍മലയില്‍ വെച്ച്‌ വിധിപ്രകാരം സംവരണന്‍ തപതിയെ പാണിഗ്രഹണം ചെയ്തു. വസിഷ്ഠ സമ്മതത്തോടു കൂടി ആ ശൈലത്തില്‍ വെച്ച്‌ ഭാര്യയുമൊത്തു രമിക്കുവാന്‍ ആ രാജര്‍ഷി തീരുമാനിച്ചു. പിന്നെ പുരം, രാഷ്ട്രം, ഉപവനം, കാട്‌ ഇവ തന്റെ മന്ത്രിശ്രേഷ്ഠനെ ഏല്‍പിച്ചു. രാജാവിന്റെ സമ്മതം വാങ്ങി വസിഷ്ഠന്‍ തിരിച്ചു പോയി. ആ പര്‍വ്വതത്തില്‍ തന്നെ അമരാഭനായ രാജാവ്‌ ക്രീഡിച്ചു. പിന്നെ പന്ത്രണ്ടു വര്‍ഷം കാട്ടിലും, ആറ്റിലും നിവസിച്ച്‌ തപതിയോടു കൂടി ക്രീഡിച്ച്‌ ആ ഗിരിയില്‍ തന്നെ പാര്‍ത്തു.

ആ രാജാവിന്റെ നാട്ടില്‍ ആ പന്ത്രണ്ടു വര്‍ഷവും ഇന്ദ്രന്‍ മഴ പെയ്യിക്കുകയുണ്ടായില്ല. മഴ കിട്ടാതായപ്പോള്‍ ചരാചരങ്ങളെല്ലാം ക്ഷയിച്ചു. ഇങ്ങനെ അത്യുഗ്രമായ കാലം മൂത്തു വന്നപ്പോള്‍ മഞ്ഞും ഇല്ലാതായി. ഒരു സസ്യവും മുളയ്ക്കാതായി. ക്ഷുല്‍പിപാസയാല്‍ ജനങ്ങള്‍ സര്‍വ്വരും സംഭ്രമിച്ചു തുടങ്ങി. വീടുവിട്ട് അങ്ങുമിങ്ങും ചുറ്റിയുഴന്ന്‌, പിന്നെ ജനങ്ങള്‍ നഗരത്തിലും. പുറംനാടുകളിലും ദ്വാരഗൃഹം വിട്ട്‌, തമ്മില്‍ത്തമ്മില്‍ ക്ഷുത്തുമൂത്ത്‌ ഭക്ഷിക്കുവാന്‍ തുടങ്ങി. വിശന്നു തീറ്റികിട്ടാതെ ശവയരായ ജനങ്ങളാലും, ശവങ്ങളാലും, പ്രേതങ്ങളാലും ആ രാജ്യം പ്രേതരാജ്യം പോലെയായി.

ആ രാജ്യം ഇത്തരത്തിലായപ്പോള്‍ ധര്‍മ്മജ്ഞനായ ഭഗവാന്‍ വസിഷ്ഠന്‍ അതിന്റെ കാരണം മനസ്സിലാക്കി. ഏറെക്കാലമായി നാടു വിട്ടു പോയ രാജാവിനെ ഉടനെ തപതിയോടു കൂടി രാജധാനിയിലേക്കു വരുത്തി. ആ രാജാവ്‌ സഭാര്യനായി രാജധാനിയില്‍ വന്നപ്പോള്‍ ഇന്ദ്രന്‍ മുമ്പത്തെ മാതിരി തന്നെ മഴ വര്‍ഷിച്ചു. രാജ്യം സസ്യങ്ങളൊക്കെ വളര്‍ന്ന്‌ സസ്യശ്യാമളമായിത്തീര്‍ന്നു. ജനങ്ങള്‍ ഹര്‍ഷിച്ചു. മഹാവിശിഷ്ടനായ രാജാവ്‌ നഗരത്തില്‍ വന്ന ഉടനെ രാജ്യവും നഗരവും അത്യധികം ആനന്ദപരവശമായിത്തീര്‍ന്നു. പിന്നെ പന്ത്രണ്ടുവര്‍ഷം ആ രാജാധിരാജന്‍ യജ്ഞങ്ങള്‍ ചെയ്തു. ശചീദേവിയോടു കൂടിയ ഇന്ദ്രനെപ്പോലെ, തപതിയോടു കൂടി സംവരണന്‍ പ്രശോഭിച്ചു.

ഇങ്ങനെയാണ്‌ ഭവാന്റെ കുലത്തിലെ പൂര്‍വ്വമാതാവായ തപതീദേവിയുടെ ചരിത്രം. ഹേ, പാര്‍ത്ഥാ, ഇപ്രകാരം ഭവാന്‍ താപത്യനായി. ആ തപതിയില്‍ കുരു സംവരണാത്മജന്‍ പിറന്നു. അര്‍ജ്ജുന! പിന്നീടു നീ ആ വംശത്തില്‍ പിറന്നു താപത്യനായിത്തീര്‍ന്നു!

174. പുരോഹിതകരണകഥനം - ഗന്ധര്‍വ്വോപദേശം - വൈശമ്പായനൻ പറഞ്ഞു: ഗന്ധര്‍വ്വന്റെ വാക്കുകേട്ട്‌ അര്‍ജ്ജുനന്‍, വസിഷ്ഠനില്‍ ഭക്തിയോടു കൂടി, പൂര്‍ണ്ണ ചന്ദ്രാഭനായി ഗന്ധര്‍വ്വനോടു ചോദിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു; വസിഷ്ഠന്‍ എന്നല്ലേ ഭവാന്‍ ആ മുനീന്ദ്രന്റെ പേരു പറഞ്ഞത്‌? ഞങ്ങള്‍ക്ക്‌ പൂര്‍വ്വ പുരോഹിതനായ ആ മഹര്‍ഷിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരാണ്‌ ആ ഭഗവാനായ മഹര്‍ഷി?

ഗന്ധര്‍വ്വന്‍ പറഞ്ഞു; ബ്രഹ്മാവിന്റെ മാനസപുത്രനാണ്‌വസിഷ്ഠന്‍. അരുന്ധതീ ദേവിയുടെ ഭര്‍ത്താവാണ്‌. തപസ്സുകൊണ്ട്‌ സുരന്മാര്‍ക്കു പോലും അജയ്യങ്ങളായ കാമക്രോധങ്ങള്‍ എല്ലാം അദ്ദേഹത്തിന് കീഴടങ്ങി. കാമക്രോധങ്ങള്‍ വസിഷ്ഠന് കീഴില്‍ നിന്ന്‌ പാദശുശ്രൂഷ  ചെയ്യുന്നു. ഇന്ദ്രിയങ്ങള്‍ വശപ്പെട്ടവനായതു കൊണ്ട്‌ വസിഷ്ഠന്‍ എന്നു പേരുണ്ടായി. വിശ്വാമിത്രന്റെ അപരാധം മൂലം കടുത്ത ദുഃഖം അനുഭവിച്ചിട്ടും, പുത്രദുഃഖം അനുഭവിച്ചിട്ടും, വിശ്വാമിത്രന്‍ മുടിയുവാനായി ഉഗ്രമായ തന്റെ കരുത്തു പ്രയോഗിച്ചില്ല. മഹാശക്തനായ വസിഷ്ഠന്‍ അശക്തനെപ്പോലെ എല്ലാം സഹിച്ചു ജീവിച്ചു. മരിച്ചു പോയ മക്കളെ വീണ്ടും ഹിമാലയത്തില്‍ നിന്നു വരുത്തുവാന്‍ ശക്തനാണ് താനെങ്കിലും കാലനെ അവര്‍ ആക്രമിച്ചില്ല. കരയെ കടല്‍ എന്ന വിധം ഒതുങ്ങി നിന്നു. യാതൊരു പ്രതികാരവും ചെയ്തില്ല. ജിതേന്ദ്രിയനും മഹാത്മാവുമായ അവന്റെ സഹായത്താല്‍ ഇക്ഷ്വാകു രാജാക്കള്‍ പണ്ട്‌ ഭൂമിയൊക്കെ നേടി. വസിഷ്ഠമുനി പുരോഹിതസ്ഥാനം നിര്‍വ്വഹിച്ചു നില്ക്കുകയാല്‍ നാനായജഞങ്ങളും ആ നരനാഥന്മാര്‍ ചെയ്തു. ബൃഹസ്പതി വാനവരെക്കൊണ്ട്‌ യജ്ഞം ചെയ്യിച്ച വിധം, ആ രാജാക്കന്മാരെക്കൊണ്ട്‌ യജ്ഞങ്ങള്‍ ചെയ്യിച്ചു. അതിനാല്‍ ധര്‍മ്മവാനായി വേദധര്‍മ്മാര്‍ത്ഥ വേദിയായി ശുദ്ധനായ ഒരു ബ്രാഹ്മണനെ നിങ്ങള്‍ പൗരോഹിതൃത്തിനായി നേടുവിന്‍! ഹേ, അഭിജാതനായ ക്ഷത്രിയാ! ഭവാന്‍ ഭൂമി ജയിക്കുവാന്‍ നിനയ്ക്കുന്നവനാണല്ലോ. അതു കൊണ്ട്‌ പുരോഹിതനെ വെക്കുക തന്നെ വേണം. രാജ്യശ്രേയസ്സിനും അത്‌ ആവശ്യമാണ്‌. മന്നുവെല്ലുന്ന മന്നവന് മുന്നില്‍ ബ്രഹ്മം നടക്കണം. അതു കൊണ്ട്‌ ഇന്ദ്രിയങ്ങളെ ജയിച്ച ഗുണവാനായ ഒരുപുരോഹിതന്‍, വിപ്രനും, വിദ്വാനും, ധര്‍മ്മാര്‍ത്ഥകോവിദനുമായ ഒരു പുരോഹിതന്‍, നിങ്ങള്‍ക്കുണ്ടാകണം.

175. വാസിഷ്ഠം - വിശ്വാമിത്രപരാഭവം - അര്‍ജ്ജുനന്‍ പറഞ്ഞു; ദിവ്യാശ്രമത്തില്‍ തപോവൃത്തിയോടു കൂടി വാഴുന്ന വിശ്വാമിത്ര വസിഷ്ഠന്മാര്‍ തമ്മില്‍ എന്തു കൊണ്ടാണ്‌ വൈരം ഉണ്ടായത്‌? അതു മുഴുവന്‍ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഗന്ധര്‍വ്വന്‍ പറഞ്ഞും; ലോകത്തിലൊക്കെ പുകഴ്‌ന്ന ഉത്തമമായ പുരാണാഖ്യാനമാണ്‌ വാസിഷ്ഠം. ഹേ, പാര്‍ത്ഥാ! ഭവാന്‍ അതു കേട്ടുകൊള്ളുക.

പണ്ട്‌ കന്യാകുബ്ജം എന്ന രാജ്യം മഹായോഗ്യനും കുശികപുത്രനുമായ ഗാഥി എന്ന രാജാവു ഭരിച്ചു. ധര്‍മ്മാത്മാവായ അവന് സമൃദ്ധ ബലവാഹനനായി വിശ്വാമിത്രന്‍ എന്ന പുത്രനുണ്ടായി. വിശ്രുതനും, വൈരിമര്‍ദ്ദനനുമായ ആ വിശ്വാമിത്ര രാജാവ്‌ അമാത്യന്മാരോടു കൂടി കൊടുംകാട്ടില്‍ വേട്ടയാടി നടന്നു. മരുധന്വ പ്രദേശത്ത്‌ മാന്‍, പന്നി മുതലായ മൃഗങ്ങളെ വേട്ടയാടി ക്ഷീണിച്ച്‌, ദാഹം കൊണ്ടു തളര്‍ന്ന്‌ രാജാവ്‌ വസിഷ്ഠന്റെ ആശ്രമത്തില്‍ കയറിച്ചെന്നു. രാജാവു വന്നതു കണ്ട്‌ പുജ്യന്മാരെ പൂജിക്കുന്നതില്‍ സദാ തല്പരനായ വസിഷ്ഠന്‍ അദ്ദേഹത്തെ സ്വീകരിച്ചു സല്‍ക്കരിച്ചു. പാദ്യം, അര്‍ഘ്യം, ആചമനം, പൂജ, സ്വാഗതോക്തി, ഫലമൂലങ്ങള്‍ എന്നിവ കൊണ്ടെല്ലാം വസിഷ്ഠമുനി അദ്ദേഹത്തെ വേണ്ട വിധം ആദരിച്ചു സ്വീകരിച്ചു.

മഹാമുനിയായ വസിഷ്ഠന്‍ ഏതു കാമൃവസ്തുക്കളും ചുരത്താന്‍ കഴിവുള്ള തന്റെ പശുവിനോട്‌, അതിഥിയായ മഹാരാജാവിന് അഭീഷ്ടങ്ങള്‍ നല്‍കുവാന്‍ പറഞ്ഞു. അവള്‍ അതു വേണ്ടവിധം ചുരത്തി കൊടുക്കുകയും ചെയ്തു. അമൃതിനൊത്ത ഷഡ് രസാഢ്യമായ രസായനവും, ഭോജ്യങ്ങളായ പേയങ്ങളും, പലമാതിരി ഭക്ഷ്യങ്ങളും, അമൃതൊക്കുന്ന ലേഹ്യങ്ങളും, ചോഷ്യങ്ങളും ( ചവച്ചു തിന്നാവുന്ന വസ്തുക്കള്‍ ), വിലയേറുന്ന രത്നങ്ങളും, പല വസ്ത്രങ്ങളും എല്ലാം ആഗ്രഹം സമ്പൂര്‍ണ്ണമാകുമാറ്‌ അര്‍പ്പിച്ചപ്പോള്‍ ആ രാജാവ്‌ അമാത്യന്മാരോടും സൈന്യങ്ങളോടും കൂടി അമിതമായി ആനന്ദിച്ചു.

നല്ല പക്ഷങ്ങളും, പാര്‍ശ്വങ്ങളും, അഴകുള്ള കൊമ്പുകളും, തടിച്ചു നീണ്ട തലയും, കഴുത്തും, മണ്ഡൂകമിഴിയും, നല്ലപോലെ തടിച്ച അകിടും, നല്ല വാലും, കൂര്‍ത്ത ചെവിയുമായി ഭംഗിയോടെ നിൽക്കുന്ന നന്ദിനിയെ കണ്ട്‌ ഗാഥിപുത്രന്‍ സന്തോഷിച്ചു രാജാവ്‌ കണ്ണെടുക്കാതെ പശുവിനെ നോക്കിക്കണ്ടു മുനിയോടു പറഞ്ഞു.

വിശ്വാമിത്രന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ, അര്‍ബുദ സംഖ്യയോളം പശുക്കളേയോ, അഥവാ എന്റെ രാജ്യം തന്നെയോ ഞാന്‍ ഭവാനു തരാം. ഈ നന്ദിനിയെ എനിക്കു തന്നേയ്ക്കു! എന്റെ രാജ്യവും രാജ്യാധിപത്യവും ഭവാന്‍ സ്വീകരിച്ചാലും.

വസിഷ്ഠന്‍ പറഞ്ഞു: ദേവന്മാര്‍ക്കും അതിഥികള്‍ക്കും പിതൃക്കള്‍ക്കും യാഗത്തിന് വേണ്ടിയാണ്‌ ഈ പശു. ഈ നന്ദിനിയെ ഭവാന്റെ രാജ്യം മുഴുവന്‍ കിട്ടിയാലും ഞാന്‍ കൊടുക്കുകയില്ല.

വിശ്വാമിത്രന്‍ പറഞ്ഞു: ഞാന്‍ ക്ഷത്രിയനാണ്‌, ഭവാന്‍ തപസ്സ് സ്വാദ്ധ്യായ സാധനനായ വിപ്രനാണ്‌. പ്രശാന്തചിത്തരായ വിപ്രന്മാര്‍ക്ക്‌ എവിടെയാണു പൗരുഷം? പതിനായിരം ഗോക്കളെ വാങ്ങി എന്റെ ആഗ്രഹം സാധിപ്പിക്കാഞ്ഞാല്‍ ഞാന്‍ എന്റെ ജന്മസിദ്ധമായ പൗരുഷം വിടുമെന്നു വിചാരിക്കയേ വേണ്ട. പശുവിനെ ഞാൻ ബലമായി കൊണ്ടു പോവുക തന്നെ ചെയ്യും; തീര്‍ച്ചയാണ്‌!

വസിഷ്ഠന്‍ പറഞ്ഞു: നീ ബാഹുവീര്യമുള്ള ക്ഷത്രിയനാണ്‌; സൈന്യബലമുള്ള രാജാവാണ്‌. നിന്റെ ഇച്ഛ എന്തായാലും അതു ചെയ്തു കൊള്ളൂ; ശങ്കിക്കേണ്ട.

ഗന്ധര്‍വ്വന്‍ പറഞ്ഞു: വസിഷ്ഠന്‍ ഇപ്രകാരം പറഞ്ഞതുകേട്ടപ്പോള്‍ വിശ്വാമിത്രന്‍ എഴുന്നേറ്റു. ചമ്മട്ടി കൈയിലെടുത്ത്‌ ഹംസ ചന്ദ്രാഭമായ, വെണ്മപുണ്ട, നന്ദിനിയെ അപഹരിക്കാനൊരുങ്ങി. രാജഭടന്മാര്‍ അടിച്ച്‌ ആട്ടി ചുറ്റും ഓടിച്ചു. ഒരിടത്തേക്കും ഒടിക്കളയുവാന്‍ സാധിക്കാത്ത വിധം തടുത്തു. നന്ദിനി അപ്പോള്‍ വസിഷ്ഠന്റെ നേരെ നോക്കി "ഹംഭാ ഹംഭാ", എന്ന് ഉറക്കെ കരഞ്ഞു നിന്നു. പ്രഹരമേറ്റിട്ടും അവള്‍ ആശ്രമം വിട്ടു പോയില്ല.

വസിഷ്ഠന്‍ പശുവിനെ നോക്കിപ്പറഞ്ഞു: ഭദ്രേ! നീ കരയുന്നത്‌ വീണ്ടും വീണ്ടും ഞാന്‍ കേള്‍ക്കുന്നുണ്ട്‌. വിശ്വാമിത്രന്‍ നിന്നെ ബലത്താല്‍ ഹരിക്കുകയാണ്‌. ഞാന്‍ എന്തു ചെയ്യും? ക്ഷമ മാത്രം ആയുധമുള്ള വെറും ഒരു ബ്രാഹ്മണനല്ലേ ഞാന്‍?

ഗന്ധര്‍വ്വന്‍ പറഞ്ഞു: അര്‍ജ്ജുനാ, ആ നന്ദിനി സൈന്യങ്ങളെക്കണ്ടു പേടിച്ചും, വിശ്വാമിത്രനില്‍ ഭയന്നും, പരവശയായി വസിഷ്ഠനെ പോയി ആശ്രയിച്ചു.

നന്ദിനി പറഞ്ഞു; വിശ്വാമിത്ര ഭടന്മാരുടെ കല്ലേറും അടിയും പൊറുക്കാതെ അനാഥ മട്ടില്‍ കരയുന്ന എന്നെ ഭഗവാനേ, ഭവാന്‍ കൈവിടുകയാണോ?

ഗന്ധര്‍വ്വന്‍ പറഞ്ഞു: ആക്രമിക്കപ്പെടുന്ന നന്ദിനി ഇപ്രകാരം അലറിയിട്ടും മുനി ക്ഷോഭിച്ചില്ല. ധൈര്യത്താല്‍ ഇളക്കം തട്ടാതെ ഇരുന്നു.

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ നന്ദിനീ! ക്ഷത്രിയര്‍ക്കു ബലം പ്രതാപമാണ്‌. ബ്രാഹ്മണര്‍ക്കു ബലം ക്ഷമയാണ്‌. ഞാന്‍ ക്ഷമ കൈക്കൊണ്ടു നില്ക്കുകയാണ്‌. അതു കൊണ്ട്‌ നിനക്കു സമ്മതമാണെങ്കില്‍ പൊയ്ക്കൊള്ളുക.

നന്ദിനി പറഞ്ഞു: ഭഗവാനേ, ഭവാന്‍ എന്നെ കൈവിടുകയാണോ? എന്താണ്‌ ഇങ്ങനെ പറയുന്നത്‌? ഹേ ബ്രഹ്മന്‍! ഭവാന്‍ കൈവിടുന്നില്ലെങ്കില്‍ ആര്‍ക്കും എന്നെ ബലമായി കൊണ്ടു പോകുവാന്‍ കഴിയുകയില്ല.

വസിഷ്ഠന്‍ പറഞ്ഞു: ഹേ! കല്യാണി!, മംഗളശീലേ! ഞാന്‍ നിന്നെ കൈവിടുന്നില്ല. നിനക്കു നില്ക്കുവാന്‍ കഴിയുമെങ്കില്‍ നില്ക്കുക! നിന്റെ കുട്ടിയെ അവന്‍ കയറു കൊണ്ടു ബലമായി കെട്ടി ഇതാ കൊണ്ടു പോകുന്നു.

ഗന്ധര്‍വ്വന്‍ പറഞ്ഞു: നില്ക്കു! എന്നു വസിഷ്ഠന്‍ പറഞ്ഞതു കേട്ട ഉടനെ ആ മനസ്വിനി കഴുത്തുയര്‍ത്തി തലപൊക്കി ഘോരദര്‍ശനയായി നിന്നു. ക്രോധരക്താക്ഷിയായി ആ പശു "ഹംഭാ", എന്ന് ഗംഭീരമായി അലറി വിശ്വാമിത്രന്റെ ആ സൈന്യത്തെയൊക്കെ ചുറ്റും ഓടിച്ചു. ഉടനെ ചാട്ടവാറു കൊണ്ടും വടി കൊണ്ടുമുള്ള പ്രഹരമേറ്റ അവള്‍ എങ്ങും നീങ്ങാന്‍ പറ്റാതെ തടുക്കപ്പെട്ട തീ പറക്കുന്ന കണ്ണുകളോടെ കോപത്താല്‍ ജ്വലിച്ചു. അവള്‍ കോപിച്ചു മദ്ധ്യാഹ്ന സൂര്യനെ പോലെ രൗദ്രമൂര്‍ത്തിയായി. വാലില്‍ നിന്നു തീമാരി ചൊരിഞ്ഞു. കോപവികാരം കൊണ്ട്‌ ദേഹമൊക്കെ ഭയങ്കരമായി. അവളുടെ വാലില്‍ നിന്നു പല്‍ഹവന്മാര്‍ ജനിച്ചു. സ്തനത്തില്‍ നിന്നു ശക്ര ദ്രാവിഡര്‍ ജനിച്ചു. യോനിയില്‍ നിന്ന്‌ യവനരുണ്ടായി. ചാണകത്തില്‍ നിന്നു ശബരാദികളുണ്ടായി. മറ്റു ശബരന്മാരെ മൂത്രത്താല്‍ തീര്‍ത്തു. പാര്‍ശ്വത്താല്‍ കിരാതരേയും പൗണ്ഡ്രകരേയും യവനരേയും, ഖസരേയും, ബര്‍ബ്ബരരേയും സിംഹളരേയും ചിബുകന്മാരേയും പുളിന്ദന്മാരേയും ചീനന്മാരേയും ഹൂണന്മാരേയും കേരളീയരേയും സൃഷ്ടിച്ചു. നുര കൊണ്ടു വിവിധ മ്ലേച്ഛരേയും സൃഷ്ടിച്ചു.

പലവിധത്തില്‍ സൃഷ്ടിച്ചു വിട്ട മ്ലേച്ഛമഹാസൈന്യം കോപാവേശത്തോടെ പലമട്ടില്‍ ചട്ടയിട്ട്‌ പല ശസ്ത്രങ്ങള്‍ കൈയിലെടുത്തു നിന്നു. വിശ്വാമിത്രന്‍ നോക്കി നില്ക്കെ, ഒരു കൂസലും കൂടാതെ അദ്ദേഹത്തിന്റെ സൈന്യങ്ങളെ വളഞ്ഞു.

ഇപ്രകാരം നന്ദിനിയില്‍ നിന്നുത്ഭവിച്ച യോദ്ധാക്കള്‍ ഒന്നിന് അഞ്ചും ഏഴും വീതം പെരുകി വന്നു. വിശ്വാമിത്രന്‍ കണ്ടുനില്ക്കെ അവന്റെ സൈന്യം ചിന്നിച്ചിതറി. അസ്ത്രവര്‍ഷം കൊണ്ട്‌ വിദഗ്ദ്ധമായ പടജനമെല്ലാം വിശ്വാമിത്രന്‍ നോക്കിനില്ക്കെ പേടിച്ച്‌ ഓടിക്കളഞ്ഞു. വസിഷ്ഠസൈന്യങ്ങള്‍ വിശ്വാമിത്ര സൈന്യങ്ങളില്‍ ആര്‍ക്കും പ്രാണഹാനി വരുത്തിയില്ല. ആ പശു വിശ്വാമിത്ര ഭടന്മാരെയൊക്കെ ദൂരെ ഓടിച്ചു. അവര്‍ പേടിച്ചു നിലവിളിച്ച്‌ മൂന്നു യോജന ഓടി. അവിടെ അവര്‍ നിരുദ്ധരായി. അവരെ രക്ഷിക്കുവാന്‍ ആരും എത്തിയില്ല.

ബ്രഹ്മതേജസ്സില്‍ നിന്നുണ്ടായ ഈ അത്ഭുതം കണ്ടപ്പോള്‍ വിശ്വാമിത്രന്‍ അത്ഭുതപ്പെടു തന്റെ ക്ഷാത്രത്തില്‍ വെറുപ്പു തോന്നി ഇപ്രകാരം പറഞ്ഞു.

വിശ്വാമിത്രന്‍ പറഞ്ഞു: ക്ഷത്രിയ ശക്തി കൊണ്ടുള്ള ബലത്തെ ഞാന്‍ വെറുക്കുന്നു. ബ്രഹ്മതേജസ്സില്‍ നിന്നു സിദ്ധമാകുന്ന ശക്തിയാണ്‌ ശക്തി. രണ്ടിന്റേയും ബലാബലങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ തപസ്സ് തന്നെയാണ് ഏറ്റവും പ്രബലമായിട്ടുള്ളതെന്ന്‌ നിര്‍ണ്ണയിക്കാം.

***************

"ദ്വിഗ്ബലം, ക്ഷത്രിയബലം ബ്രഹ്മതേജോബലം ബലം, ബലാബലം വിനിശ്ചിത്യ തപ ഏവ പരം ബലം". രാമായണം ബാലകാണ്ഡത്തിലെ വിശ്വാമിത്ര പ്രസ്താവന നോക്കുക. ഈ പദ്യത്തിന്റെ പൂര്‍വ്വാര്‍ദ്ധം ഇതേ രൂപത്തില്‍ തന്നെ കാണുന്നു. വിശ്വാമിത്ര വാക്യം വ്യാസവാല്മീകിമാരുടെ ഹൃദയത്തില്‍ ഒരേ വിധത്തില്‍ പതിഞ്ഞിരിക്കുന്നതു നോക്കുക. 

***************

ഗന്ധര്‍വ്വന്‍ പറഞ്ഞു: വിശ്വാമിത്രന്‍ ഇപ്പോള്‍ ബലാബലം കണ്ടറിഞ്ഞു. തപസ്സ് തന്നെ ബലം എന്നു മനസ്സിലാക്കി വിസ്തൃതമായ രാജ്യവും രാജ്യശ്രീയും ഉപേക്ഷിച്ച്‌, സൗഖ്യങ്ങളെയൊക്കെ പുറത്താക്കി തപസ്സിന്നൊരുങ്ങി. അങ്ങനെ തീവ്രമായ തപസ്സു ചെയ്ത്‌ വിശ്വാമിത്രന്‍ ലോകവ്യാപ്തമായ മഹസ്സു നേടി. തപസ്സു കൊണ്ടു ലോകത്തെ സ്തബ്ധമാക്കി; വിശ്വത്തെ തപിപ്പിക്കുന്ന തപസ്സു കൊണ്ട് ബ്രാഹ്മണത്വവും സമ്പാദിച്ചു. ഇന്ദ്രനോടു കൂടി ഒപ്പമിരുന്ന്‌ കൗശികന്‍ സോമപാനവും ചെയ്തു.

176. വാസിഷ്ഠം - വസിഷ്ഠശോകം - ഗന്ധര്‍വ്വന്‍ കഥ തുടര്‍ന്നു: പണ്ട്‌ ഇക്ഷ്വാകു വംശത്തില്‍ കല്മാഷപാദന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അക്കാലത്ത്‌ അദ്ദേഹത്തിന് തുല്യനായി മറ്റൊരു രാജാവും ഉണ്ടായിരുന്നില്ല. തേജസ്വിയായ അദ്ദേഹം ഒരു കാട്ടിലേക്കു പോയി. അവിടെച്ചെന്ന്‌  മാന്‍, പന്നി മുതലായ ജന്തുക്കളെ വേട്ടയാടി നടന്നു. അനവധി മൃഗവര്‍ഗ്ഗത്തേയും കൊന്നു സഞ്ചരിക്കെ അവന്‍ തളര്‍ന്നു. ആ രാജാവിനെ തന്റെ ശിഷ്യനാക്കേണമെന്ന്‌ വിശ്വാമിത്രന്‍ മുമ്പേ ചിന്തിച്ചിരുന്നു. നായാട്ടു കഴിഞ്ഞു ശാന്തനായി മടങ്ങിപ്പോകുന്ന കല്മാഷപാദന്‍ വഴിക്കു വെച്ച്‌ മഹാത്മാവായ വസിഷ്ഠപുത്രനെ കണ്ടു. രാജാവ്‌ വിശപ്പും ദാഹവും മൂലം ക്ഷീണിച്ചിരുന്നു. തനിയേ പോകുന്ന രാജാവ്‌ മുനിയോടു വഴി മാറുവാന്‍ ആവശ്യപ്പെട്ടു.

കല്മാഷപാദന്‍ പറഞ്ഞു: എന്റെ മാര്‍ഗ്ഗം വിട്ടു മാറിപ്പോവുക.

ഗന്ധര്‍വ്വന്‍ പറഞ്ഞു: മഹാമാനിയായ രാജാവിന്റെ ധിക്കാരപൂര്‍വ്വമായ വാക്കുകേട്ട്‌ മുനി ശാന്തനായി സൗമ്യമായ വാക്കില്‍പറഞ്ഞു.

ശക്തി പറഞ്ഞു: രാജാവേ, ഇത്‌ എന്റെ മാര്‍ഗ്ഗമാണ്‌. സര്‍വ്വധര്‍മ്മത്തിലും രാജാവ്‌ വിപ്രന് വഴി ഒഴിഞ്ഞു കൊടുക്കണം. അതു സനാതനമായ ധര്‍മ്മമാണ്‌.

ഗന്ധര്‍വ്വന്‍ പറഞ്ഞു: അവര്‍ തമ്മില്‍ വാക്കു തര്‍ക്കമായി. നീ രാജാവായ എനിക്കാണ്‌ വഴിമാറേണ്ടത്‌. നീ മാറൂ. ഞാന്‍ ബ്രാഹ്മണനാണ്‌, ബ്രാഹ്മണന് ക്ഷത്രിയന്‍ വഴിമാറണം, നീ വഴിമാറൂ. അങ്ങനെ അവര്‍ പരസ്പരം വാഗ്വാദമായി. ആ മുനി വസിഷ്ഠന്റെ നൂറു പുത്രന്മാരില്‍ ജ്യേഷ്ഠനായ ശക്തിയായിരുന്നു. ധര്‍മ്മം ഒരിക്കലും വിട്ടു മാറാത്ത താപസന്‍ രാജാവിന് വഴിമാറി കൊടുത്തില്ല. തന്റെ നിലയ്ക്കു വഴിമാറി കൊടുക്കുന്നതു ശരിയല്ലെന്ന്‌ രാജാവു വിചാരിച്ചു. രാജാവ്‌ മഹര്‍ഷിക്കും വഴിമാറിക്കൊടുത്തില്ല. മാനിയായ രാജാവിന്‌ കോപക്കലി കയറി. വഴിമാറാതെ നില്ക്കുന്ന മുനിയെ വഴിമാറ്റിയേ രാജാവു പോകു. ഉടനെ അദ്ദേഹം കൈയിലിരിക്കുന്ന ചമ്മട്ടി കൊണ്ട്‌ മഹര്‍ഷിയെ പ്രഹരിച്ചു. രാജാവ്‌. ക്രോധത്താല്‍ രാക്ഷസ വൃത്തിയാണു ചെയ്തത്‌. ചമ്മട്ടി കൊണ്ടു പ്രഹരമേറ്റ മുനി സഹിക്ക വയ്യാത്ത വേദനയോടും, അപമാനത്തോടും ക്രോധത്തോടും കൂടി രാജാവിനെ ശപിച്ചു.

ശക്തി പറഞ്ഞു: ഹേ, നരാധമാ! നീ രാക്ഷസ സ്വഭാവമാണ്‌ ഈ കാണിച്ചത്‌. നീ താപസനായ എന്നെ അടിച്ചു. അതു കൊണ്ട്‌ ഉടനെ നീ മനുഷ്യത്തീനിയായ രാക്ഷസനാകട്ടെ. മനുഷ്യമാംസം തേടി നീ ഭൂമി ചുറ്റി അലഞ്ഞു നടക്കട്ടെ! പോകു! രാജാധമാ!

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഇക്കാലത്താണ്‌ വിശ്വാമിത്രനും വസിഷ്ഠനും തമ്മില്‍ യാജ്യനിമിത്തമായി സ്പര്‍ദ്ധയുണ്ടായത്‌ (കല്മാഷപാദ രാജാവിനെ ശിഷ്യനാക്കാന്‍, അദ്ദേഹത്തിന്റെ പുരോഹിതനാവാൻ, വിശ്വാമിത്രനും വസിഷ്ഠനും ആഗ്രഹിച്ചു. അതാണ്‌ വഴക്കിനു കാരണം ).

വിശ്വാമിത്രന്‍ അവരുടെ തര്‍ക്കം നടന്നുകൊണ്ടിരിക്കെ അവിടെ എത്തി; അവര്‍ അറിയാതെ മറഞ്ഞു നിന്നു. ആരാണ്‌ തന്റെ ശിഷ്യനാകുവാന്‍ ആഗ്രഹിക്കുന്ന രാജാവിനെ ശപിച്ചതെന്നറിഞ്ഞു. ആ മുനി വസിഷ്ഠപുത്രനായ ശക്തിയാണെന്നുള്ള പരമാര്‍ത്ഥം മനസ്സിലാക്കി, വിശ്വാമിത്രന്‍ വെളിവായി വരാതെ ഒളിഞ്ഞു നിന്ന്‌ അവരുടെ തര്‍ക്കമെല്ലാം കേട്ടു. അവര്‍ രണ്ടുപേരുംഅറിയാതെ തന്റെ കാര്യം ഭംഗിയായി സാധിക്കുവാൻ  വിശ്വാമിത്രന്‍ ചിന്തിച്ചു. ശക്തി ഇപ്രകാരം ശപിച്ചപ്പോള്‍ ആന്തരികമായ. സത്വഗുണത്താല്‍ പ്രേരിതനായ കലമാഷപാദ രാജാവ്‌ ശക്തിയെ പ്രസാദിപ്പിക്കുവാന്‍ കൈകൂപ്പി ശരണം പ്രാപിച്ചു. ആ രാജാവിന്റെ ഹൃദയം വിശ്വാമിത്രന്‍ അറിഞ്ഞപ്പോള്‍, രാജാവ്‌ സാത്വികനാകാന്‍ ഭാവിക്കുകയാണെന്നു കണ്ടപ്പോള്‍, കൗശികന്‍ രാജാവില്‍ ഒരു രാക്ഷസനെ ആവേശിപ്പിച്ചു വിട്ടു. വിപ്രര്‍ഷിയുടെ ശാപം കൊണ്ടും, വിശ്വാമിത്രന്റെ ആജ്ഞ കൊണ്ടും, വിശ്വാമിത്ര കിങ്കരനും, കിങ്കരന്‍ എന്നു പേരുള്ളവനുമായ ആ രാക്ഷസന്‍ നൃപനില്‍ ആശേശിച്ചു. അങ്ങനെ രാക്ഷസന്‍ രാജാവില്‍ പ്രവേശിച്ചതു കണ്ട്‌ വിശ്വാമിത്രന്‍ സ്ഥലം വിടുകയും ചെയ്തു.

രാജാവിന്റെ ഉള്ളില്‍ പ്രവേശിച്ച രാക്ഷസന്‍ രാജാവിനെ ഞെരുക്കിക്കൊണ്ടിരുന്നെങ്കിലും പണ്ഡിതനായ അദ്ദേഹം ആത്മാവിനെ നിയന്ത്രിച്ചു. രാക്ഷസന്‍ ബാധിക്കുകയാല്‍ ആത്മബോധം നശിച്ച മാതിരിയായി രാജാവ്‌. അങ്ങനെ വനത്തില്‍ നില്ക്കുമ്പോള്‍ ആ ശാപ്രഗസ്തനായ രാജാവിനെ ഒരു ബ്രാഹ്മണന്‍ കണ്ടു. ആ ബ്രാഹ്മണന്‍ വിശന്നു പരവശനായിരുന്നു.

ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ, എനിക്കു വിശക്കുന്നു. മാംസം പാകം ചെയ്തു തയ്യാറാക്കി സുഖമായ ഒരു ശാപ്പാട്‌ ഭവാന്‍ എനിക്കു തരണം.

ഗന്ധര്‍വ്വന്‍ പറഞ്ഞു: അപ്രകാരമാകാം. ഞാന്‍ തയ്യാറാക്കി കൊടുത്തയയ്ക്കാം. ഇവിടെ ഇരിക്കൂ എന്നു ബ്രാമണനോടു പറഞ്ഞു രാജാവ്‌ അവിടെ നിന്നു പോയി. ബ്രാഹ്മണനോടു പറഞ്ഞു പോന്ന കാര്യം പെട്ടെന്ന്‌ രാജാവ്‌ മറന്നു പോയി. രാജാവ്‌ യഥാകാമം സഞ്ചരിച്ച്‌ ഗൃഹത്തിലെത്തി ഭക്ഷണം കഴിഞ്ഞ്‌ കിടന്നുറങ്ങി. അര്‍ദ്ധരാത്രിയായപ്പോള്‍ ഉണര്‍ന്നു. പെട്ടെന്നു ബ്രാഹ്മണനോട്‌ താന്‍ പറഞ്ഞു പോന്ന കാര്യം ഓര്‍മ്മയില്‍ വന്നു. ഉടനെ പാചകനെ വിളിച്ചു വരുത്തി കറിയും ചോറും തയ്യാറാക്കുവാന്‍ കല്‍പിച്ചു.

കല്‍മാഷപാദന്‍ പറഞ്ഞു; ഒരു ബ്രാഹ്മണന്‍ കാട്ടില്‍ ഭക്ഷണത്തിനായി എന്നെ കാത്തിരിക്കുന്നുണ്ട്‌. ഉടനെ മാംസം ചേര്‍ന്ന ആഹാര്‍ം തയ്യാറാക്കണം.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഇതുകേട്ട്‌ സുദന്‍ മാംസം അന്വേഷിച്ച്‌ കിട്ടാതെ വ്യഥയോടെ രാജാവിനോടു പറഞ്ഞു.

സൂദന്‍ പറഞ്ഞു; മഹാരാജാവേ, മാംസമൊന്നും കിട്ടിയില്ല. ഞാന്‍ ഇനി എന്തുവേണം?

ഗന്ധര്‍വ്വന്‍ പറഞ്ഞു: രാക്ഷസാവേശം നിമിത്തം ക്രൂരപ്രകൃതിയായ രാജാവു പറഞ്ഞു.

കലമാഷപാദന്‍ പറഞ്ഞു: നീ പോയി മനുഷ്യമാംസം കൊണ്ടു വന്നു പാകം ചെയ്യൂ.

ഗന്ധര്‍വ്വന്‍ പറഞ്ഞു: രാജാവ്‌ ഇപ്രകാരം വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ രാജകല്പന അനുസരിച്ച്‌ സൂദന്‍ കൊലക്കുറ്റക്കാരെ വധിക്കുന്ന സ്ഥലത്തു ചെന്ന്‌  നിര്‍ഭയം നരമാംസം കൊണ്ടു വന്നു പാകം ചെയ്ത്‌ അന്നത്തോടു കൂടി വിപ്രതാപസന്റെ സമീപത്തേക്കു കൊണ്ടു ചെന്നു കൊടുത്തു. ക്ഷുത്തുകൊണ്ട്‌ ആര്‍ത്തനാണെങ്കിലും ആ താപസന്‍ ഈ ദുഷ്ടാന്നം ദിവ്യദൃഷ്ടി കൊണ്ട്‌ നരമാംസം ചേര്‍ന്നതാണെന്നു കണ്ട്‌ കോപ രൂക്ഷാക്ഷനായി. ഇത്‌ അഭോജ്യമാണെന്നു പറഞ്ഞ്‌ ഇങ്ങനെ രാജാവിനെ ശപിച്ചു.

ബ്രാഹ്മണന്‍ പറഞ്ഞു: അഭോജ്യമായ നരമാംസം നല്‍കിയ മൂഢാത്മാവേ, നിനക്കു മേലില്‍ ഇതില്‍ ആഗ്രഹമുണ്ടാകട്ടെ! ശക്തി പറഞ്ഞവിധം തന്നെ നീ നരമാംസത്തില്‍ ആസക്തനായി സകല ജീവജാലത്തിനും ഭയമുണ്ടാക്കി ലോകം ചുറ്റി സഞ്ചരിക്കട്ടെ!

ഗന്ധര്‍വ്വന്‍ പറഞ്ഞും ഇങ്ങനെ രണ്ടുവട്ടം ശാപം സിദ്ധിക്കുകയാല്‍ രാജാവിന്റെ രാക്ഷസ സ്വഭാവവും ശക്തിയും വര്‍ദ്ധിച്ചു. രാജാവു തന്റേടമില്ലാത്തവനായി തീരുകയും ചെയ്തു.

ഒരു ദിവസം രാജാവ്‌ രക്ഷോബാധയാല്‍ ശക്തി നശിച്ചവനായി ചുറ്റുമ്പോള്‍ വഴിക്കു വച്ച്‌ വസിഷ്ഠ പുത്രനായ ശക്തിയെ കണ്ടെത്തി. ഉടനെ ഉത്കടമായ കോപത്തോടെ അവന്‍ ശക്തിയുടെ നേരെ അലറി.

കല്മാഷപാദന്‍ പറഞ്ഞു: നീ മറ്റെങ്ങും കേട്ടിട്ടില്ലാത്ത വിധം അനുചിതമായ ശാപം എനിക്കു തന്നതു കാരണം ആദ്യമായി ഞാന്‍ നിന്നെ തന്നെ തിന്നട്ടെ! നരമാംസഭോജനം ഇതോടെ ആരംഭിക്കട്ടെ.

ഗന്ധര്‍വ്വന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ ഓടിച്ചെന്ന്‌  ഒരു, വ്യാഘ്രം പശുവിനെ എന്ന പോലെ ശക്തിയെ കൊന്നുതിന്നു. ശക്തിയെ കൊന്നു തിന്നുന്നതു കണ്ട്‌ വിശ്വാമിത്രന് ബഹുരസമായി. വീണ്ടും വിശ്വാമിത്രന്‍ ആ രാക്ഷസനെ വസിഷ്ഠപുത്രന്മാരുടെ അടുത്തേക്കു വിട്ടു. ശക്തിയുടെ അനുജന്മാരെ ഓരോരുത്തനെയും പിടിച്ച്‌ ആ രാജാവു തിന്നുകളഞ്ഞു. വസിഷ്ഠന്റെ നൂറു പുത്രന്മാരേയും ആ രാക്ഷസനായ രാജാവു തിന്നൊടുക്കി. വിശ്വാമിത്രന്‍ തന്റെ മക്കളെയൊക്കെ കൊല്ലിച്ചതായി കേട്ടറിഞ്ഞ വസിഷ്ഠന്ന്‌ ഭയങ്കരമായ ദുഃഖമുണ്ടായി. മഹാമേരു ഭൂമിയെ എന്ന പോലെ, വസിഷ്ഠന്‍ മഹാദുഃഖത്തെ വഹിക്കുന്നവനായിത്തീര്‍ന്നു.

സഹിക്കവയ്യാത്ത ദുഃഖത്താല്‍ വസിഷ്ഠന്‍ ആത്മനാശം ചെയ്യുവാനൊരുങ്ങി. എന്നാൽ ഈ തീവ്ര ദുഃഖത്തിലും കൗശികനോടു പ്രതികാരം ചെയ്യുവാനോ, കൗശികന്റെ വംശത്തെ നശിപ്പിക്കുവാനോ ബുദ്ധിമാനായ വസിഷ്ഠന്‍ ചിന്തിക്കുകയുണ്ടായില്ല. വസിഷ്ഠന്‍ ഉന്നതമായ മേരുശ്യംഗത്തില്‍ കയറി കീഴോട്ടു ചാടി. താഴെ കരിങ്കല്ലില്‍ ചെന്നടിച്ചു. പഞ്ഞിക്കെട്ടില്‍ ചെന്നടിച്ചാലെന്ന പോലെ വസിഷ്ഠന് യാതൊരു കുഴപ്പവുമുണ്ടായില്ല. താഴെ വീണിട്ടും ചാകാതായപ്പോള്‍ ഭഗവാനായ വസിഷ്ഠന്‍ എരിയുന്ന കാട്ടുതീയില്‍ പോയി ചാടി. കത്തിക്കാളുന്ന അഗ്നി മഹര്‍ഷിയെ ചുട്ടില്ല. ജ്വലിക്കുന്ന അഗ്നി കുളുര്‍ത്ത വെള്ളം പോലെ ശീതളമായി. എന്നിട്ടും താന്‍ ചാകുന്നില്ലെന്നു കണ്ടപ്പോള്‍ ഋഷി കടലിലേക്ക്‌ ഓടി. ഒരു കല്ലെടുത്തു കഴുത്തില്‍ കെട്ടി അഗാധമായ സമുവ്രതനായ മഹാമുനി ഒന്നു കൊണ്ടും മൃതനായില്ല. ബുദ്ധിക്ഷയം പൂണ്ട്‌ ഋഷി ആശ്രമത്തിലേക്കു മടങ്ങി.

177. വാസിഷ്ഠം - സൗദാസസുതോല്‍പ്പത്തി - ഗന്ധര്‍വ്വ൯ തുടര്‍ന്നു: പിന്നെ വസിഷ്ഠ മഹര്‍ഷി ആശ്രമത്തില്‍ ചെന്നു കയറിയപ്പോള്‍ ദുഃഖം കുറയുകയല്ല സീമാതീതമായി വര്‍ദ്ധിക്കുകയാണുണ്ടായത്‌. നൂറു മക്കള്‍ നിവസിച്ചിരുന്ന ആശ്രമം ശൂന്യമായി കിടക്കുന്നു! അവിടെ ഇരിക്കുക ദുസ്സഹമായി തോന്നിയ മുനി ആശ്രമം വിട്ട്‌ വീണ്ടും നടന്നു. വര്‍ഷകാലമായത് കൊണ്ട്‌ പുഴ കര കവിഞ്ഞു വെള്ളം ഒഴുകുന്നതായി കണ്ടു! അതില്‍ ചാടി ചാകാമെന്നു വിചാരിച്ചു. വെള്ളത്തിന്റെ ഒഴുക്കില്‍ കട പുഴങ്ങി വീണ്‌ വൃക്ഷങ്ങള്‍ ഒഴുകുന്നു. ഞാന്‍ ഈ പുഴയില്‍ ചാടിച്ചാകും എന്നു പറഞ്ഞ്‌ ഉടനെ കയറെടുത്ത്‌ ദേഹത്തില്‍ വരിഞ്ഞു കെട്ടി ആ ഭയങ്കരമായ ഒഴുക്കുള്ള അഗാധ നദിയിലേക്ക്‌ മഹര്‍ഷി കുതിച്ചുചാടി. എന്നാൽ അവിടെയും ഋഷിയുടെ ആഗ്രഹം നിഷ്ഫലമായി. വീരനായ അര്‍ജ്ജുനാ! നദി ഋഷിയുടെ കയറെല്ലാം മുറിച്ച്‌, മുനിയെ കയറില്‍ നിന്നു വേര്‍പെടുത്തി കരയ്ക്കു കൊണ്ടു പോയി അണച്ചു. കയററ്റ മുനീശ്വര൯ നദിയില്‍ നിന്നും കയറിപ്പോന്നു. തിരിഞ്ഞു നിന്ന്‌ ഋഷി ആ പുഴയ്ക്ക്‌ വിപാശ എന്നു പേര്‍ നല്കി (   വിപാശ - കയറ്‌ അറുത്തവള്‍   ) . 

മുനി അവിടെ നിന്നു നടന്നു. ഋഷിക്ക്‌ ഒന്നു കൊണ്ടും മനശ്ശാന്തി കിട്ടിയില്ല. ദുഃഖം വര്‍ദ്ധിച്ചു കൊണ്ടു തന്നെ വന്നു. ഒരിടത്തും പാര്‍ക്കുവാന്‍ സ്വസ്ഥത കിട്ടാതെ, ഒരിടത്തും ശാന്തി കാണാതെ മഹര്‍ഷി മലയിലും ആറ്റിലും പൊയ്കയിലും ചുറ്റി. അങ്ങനെ നടക്കുമ്പോള്‍ മുതലകള്‍ നിറഞ്ഞതും, ഹിമവാനില്‍ നിന്നൊഴുകുന്നതുമായ ഭയങ്കരമായ നദി കണ്ടു. ഒഴുകിമ റിയുന്ന ആ പുഴയില്‍ അദ്ദേഹം ചെന്നു ചാടി. അഗ്നിസമനായ ആ മഹര്‍ഷി പുഴയില്‍ ചാടിയ ഉടനെ പുഴ സഹിക്കാതെ നൂറു കൈവഴിയായി ചിതറിയൊഴുകി. ശതധാവിദ്രുതയായി, ഒഴുകിയതു ( നൂറായി ഒഴുകിയതു ) കൊണ്ട്‌ ആ നദിക്ക്‌ ശതദ്രു എന്നു പേരുണ്ടായി. വസിഷ്ഠന്‍ താന്‍ കരയില്‍ തന്നെ നില്ക്കുന്നതായി കണ്ടു വിചാരിച്ചു: ഞാന്‍ വിചാരിച്ചിട്ടും എനിക്കു മരിക്കുവാന്‍ കഴിയുന്നില്ല. ആത്മഹത്യ അസാദ്ധ്യം തന്നെ എന്നു പറഞ്ഞ്‌ ആശ്രമത്തിലേക്കു മടങ്ങി. നാനാശൈലങ്ങളും, നാനാദേശവും ചുറ്റിത്തിരിഞ്ഞ്‌ ആശ്രമത്തില്‍ വന്ന മുനിയെ അദൃശ്യന്തി എന്ന വധു പിന്തുടര്‍ന്നു ശുശ്രൂഷിച്ചു.

ഒരു ദിവസം വസിഷ്ഠന്‍ ആശ്രമത്തിലേക്കു പോകുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രനായ ശക്തിയുടെ ഭാര്യയായ അദൃശന്തി പിന്നാലെ പോകുന്നുണ്ടായിരുന്നു. ആരാലും കാണപ്പെടുവാന്‍ കഴിയാത്ത അവളെ വസിഷ്ഠനും കാണുകയുണ്ടായില്ല. കുറെ ദൂരം ചെന്നപ്പോള്‍ പിന്നില്‍ നിന്നു വിശദാര്‍ത്ഥമായി ആറംഗങ്ങളുമൊത്ത വേദാദ്ധ്യയന നിസ്വനം മഹര്‍ഷി കേട്ടു. എന്നെ ആരാണ്‌ പിന്തുടരുന്നത്‌? എന്നു മഹര്‍ഷി വിളിച്ചു ചോദിച്ചു. മഹര്‍ഷി ചോദിച്ചതു കേട്ട്‌ ഞാനാണ്‌ പിന്തുടരുന്നത്‌ എന്നു സ്നുഷയായ അദൃശ്യന്തി മറുപടി പറഞ്ഞു. മഹര്‍ഷിക്ക്‌ അത്ഭുതം തോന്നി.

വസിഷ്ഠ മഹര്‍ഷി ചോദിച്ചു: മകളേ, ശക്തി പത്നീ, മഹാഭാഗേ, സാധു താപസീ! ആരുടെ ശ്രുതി നിസ്വനമാണ്‌ ഈ കേള്‍ക്കുന്നത്‌? മുമ്പെ കേട്ടിട്ടുള്ള ശക്തിയുടെ വേദോച്ചാരണത്തിന് തുല്യമാണല്ലോ ഈ സ്വനം!

അദൃശ്യന്തി പറഞ്ഞു: ഭവാന്റെ പുത്രനായ ശക്തിയുടെ ഗര്‍ഭം എന്റെ കുക്ഷിയിലുണ്ട്‌. പന്ത്രണ്ടു വര്‍ഷമായി അവന്‍ എന്റെ വയറ്റില്‍ക്കിടന്നു വേദം ഉച്ഛരിക്കുന്നു. അവന്റെ ശബ്ദമാണ്‌ ഭവാന്‍ കേട്ടത്‌.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഇപ്രകാരം അവള്‍ പറഞ്ഞതു കേട്ടപ്പോള്‍ മഹര്‍ഷിക്കു സന്തോഷമായി. തനിക്കു ശ്രേഷ്ഠനായ ഒരു ഋഷികുമാരന്‍, പേരക്കിടാവ്‌, ഉണ്ടെന്നറിഞ്ഞപ്പോള്‍ വസിഷ്ഠന്‍ മരണത്തിലുള്ള ആശ വെടിഞ്ഞു.

പിന്നെ ഒരു ദിവസം അര്‍ജ്ജുനാ, പുത്രപത്നിയോടു കൂടി വസിഷ്ഠന്‍ ആശ്രമത്തിലേക്കു പോവുകയായിരുന്നു. വഴിക്കു വിജന വനത്തില്‍ വാഴുന്ന കല്‍മാഷപാദ രാജാവിനെ കണ്ടുമുട്ടി. വസിഷ്ഠനെ കണ്ട ഉടനെ രക്ഷോബാധ ഏറ്റ  കൽമാഷപാദന്‍, ക്രുദ്ധനായി മുനിയെ ഭക്ഷിക്കുവാന്‍ ഓടിയടുത്തു. അതിക്രൂരകാരിയായ അവനെക്കണ്ട് പേടിച്ചു വിറച്ച്‌ അദൃശ്യന്തി വസിഷ്ഠനോടു പറഞ്ഞു.

അദൃശ്യന്തി പറഞ്ഞു: ഉഗ്രമായ ദണ്ഡേന്തി കാലനെപ്പോലെ ഭയങ്കരനായ ഒരു രാക്ഷസന്‍ ഇതാ പാഞ്ഞു വരുന്നു! ഉഗ്രനായ ഇവനെ തടുക്കുവാന്‍ വേദവിത്തമനായ ഭവാനല്ലാതെ ആരുണ്ട്‌ എന്നെ ഈ രൗദ്രനായ രക്ഷസ്സില്‍ നിന്നു രക്ഷിച്ചാലും! നമ്മളെ ഇവന്‍ കൊന്നു തിന്നുവാന്‍ തന്നെയാണ്‌ പാഞ്ഞു വരുന്നത്.

വസിഷ്ഠന്‍ പറഞ്ഞു: പുത്രി! പേടിക്കേണ്ടാ. രക്ഷസ്സില്‍ ഒട്ടും നീ ഭയപ്പെടേണ്ടാ.. ഇവന്‍ മഹാവീര്യവാനായ കൽമാഷപാദ രാജാവാണ്‌. ഭീഷണനായ അവന്‍ ഈ കാട്ടിലാണു പാര്‍ക്കുന്നത്‌.

ഗന്ധര്‍വ്വന്‍ പറഞ്ഞു: പാഞ്ഞെത്തുന്ന അവനെ കണ്ട്‌ തേജസ്വിയായ ഭഗവാന്‍ വസിഷ്ഠന്‍ ഹുങ്കാരം കൊണ്ട്‌ അവനെ തടുത്തു നിര്‍ത്തി. മന്ത്ര പൂതമായ ജലം കൈയിലെടുത്ത്‌ അവന്റെ ദേഹത്തില്‍ തളിച്ചു. ആ രാജാവിന് ശാപമോക്ഷം നല്കി. രാക്ഷസബാധയില്‍ നിന്ന്‌ ഒഴിവാക്കി. പന്ത്രണ്ടു വര്‍ഷം അവന്‍ വസിഷ്ഠപുത്രന്റെ ശക്തിയാല്‍ ഗ്രസ്തനായി. കറുത്തവാവിന്‍ നാള്‍ സൂര്യന്‍ രാഹുവാല്‍ ഗ്രസിക്കപ്പെട്ടതു പോലെ, നിഷ്പ്രഭനും, നിര്‍വീര്യനും, ലോകഭീഷണനുമായി ചുറ്റി രക്ഷസ്സു വിട്ടൊഴിഞ്ഞ രാജാവ്‌ അവിടെ നിവസിച്ച്‌ സ്വതേജസ്സു കൊണ്ട്‌ ആ കാടിനെര ഞ്ജിപ്പിച്ചു. തേജസ്സു കൊണ്ടു സന്ധ്യാകാല മേഘത്തെ സൂര്യന്‍ എന്ന പോലെ, അദ്ദേഹം ആ വനത്തെ സ്വകാന്തി കൊണ്ട് മനോഹരമാക്കി. രാക്ഷസബാധ വിട്ടു ബോധം വീണപ്പോള്‍ രാജാവ്‌ കൈകൂപ്പി മഹര്‍ഷിയെ അഭിവാദ്യം ചെയ്തു നിന്നു.

രാജാവ്‌ വസിഷ്ഠ മുനിയോടു പറഞ്ഞു: ഹേ മഹാഭാഗാ, ഞാന്‍ സൗദാസനും അങ്ങയുടെ വിനീതനായ ശിഷ്യനുമാണ്‌. ഇപ്പോള്‍ ഭവാന്‍ എന്താണ്‌ ഇഷ്ടമെങ്കില്‍ കല്‍പിച്ചാലും. ഞാന്‍ ഏതും നിര്‍വ്വഹിക്കുവാന്‍ സന്നദ്ധനാണ്‌.

വസിഷ്ഠന്‍ പറഞ്ഞു: എന്റെ ഇഷ്ടമെല്ലാം നീ വേണ്ട പോലെ നടത്തിക്കഴിഞ്ഞു. രാക്ഷസബാധയില്‍ പെട്ട നീ എന്റെ നൂറു പുത്രന്മാരേയും കൊന്നു തിന്നു! അതു പറഞ്ഞിട്ടെന്തു ഫലം! രാജാവേ, നീ പോയി രാജ്യം സംരക്ഷിച്ചു കൊള്ളുക! ഹേ, മാനവശ്രേഷ്ഠാ! ദ്വിജന് ഒരിക്കലും ഭവാന്‍ അപമാനം ചെയ്യരുത്‌.

രാജാവു പറഞ്ഞു: വിഭോ, ഞാന്‍ ഇനി ഒരിക്കലും വിശിഷ്ട്ര ബ്രാഹ്മണരെ നിന്ദിക്കുന്നതല്ല. ഭവാന്റെ പാട്ടില്‍ തന്നെ നിന്ന്‌ ഭവാനെ സേവിച്ച്‌ ഞാന്‍ ജീവിച്ചു കൊള്ളാം. എന്റെ പൂര്‍വ്വികന്മാരായ ഇക്ഷ്വാകു രാജാക്കന്മാരെ സംബന്ധിച്ചിടത്തോളം എനിക്ക്‌ ഒരു ഋണബന്ധവും ഉണ്ടാകരുത്‌. അതിന് പര്യാപ്തമായ ഒരു വരം ഞാന്‍ ആഗ്രഹിക്കുന്നു. അത്‌ മറ്റൊന്നുമല്ല. അഭിഷ്ടമായ അപത്യത്തെ എനിക്കു ഭവാന്‍ നല്കേണമേ! ശീലം, രൂപഗുണം ഇവ ചേര്‍ന്ന്‌ ഇക്ഷ്വാകു കുലവര്‍ദ്ധനനായി ഒരു സന്താനത്തെ ഭവാന്‍ എനിക്കുണ്ടാക്കിത്തരണം.

ഗന്ധര്‍വ്വന്‍ പറഞ്ഞു: നിന്റെ ഇഷ്ടം സാധിപ്പിക്കാം എന്നു ദൃഢ പ്രതിജ്ഞനും വിശിഷ്ടനുമായ വസിഷ്ഠന്‍ അനുഗ്രഹിച്ചു. അതിന് ശേഷം ആ രാജശ്രേഷ്ഠനുമൊന്നിച്ച്‌ വസിഷ്ഠ മഹര്‍ഷി പുറപ്പെട്ട്‌ പ്രസിദ്ധമായ അയോദ്ധ്യാ പുരിയിലെത്തി. നാട്ടുകാര്‍ പാപം തീര്‍ന്ന രാജാവിനെ എതിരേറ്റു കൂട്ടിക്കൊണ്ടു  പോയി, ഇന്ദ്രനെ ദേവന്മാര്‍ എന്ന വിധം സല്‍ക്കരിച്ചു. ചിരകാലമായി വേര്‍പെട്ടിരുന്ന രാജാവിനെ വസിഷ്ഠ മഹര്‍ഷിയോടു കൂടി കണ്ടപ്പോള്‍ ജനങ്ങള്‍ വളരെയധികം സന്തോഷിച്ചു. അവര്‍ ആ പുണ്യപുരിയില്‍ പ്രവേശിച്ചു. ബൃഹസ്പതിയോടു കൂടി ഉദിക്കുന്ന സൂര്യനെപ്പോലെ രാജാവ്‌ പ്രശോഭിച്ചു.

ആകാശത്തെ ശരച്ചന്ദ്രന്‍ എന്ന വിധം അയോദ്ധ്യാ പുരിയെ രാജാവ്‌ ലക്ഷ്മി കൊണ്ടു നിറച്ചു. പൗരന്മാര്‍ പാതകള്‍ അടിച്ചു വൃത്തിയാക്കി, കൊടികള്‍ നാട്ടി, തോരണങ്ങള്‍ തൂക്കി അയോദ്ധ്യാപുരിക്കു പുതുമോടി കൂട്ടി; നൃപന് ആഹ്ളാദം നല്കി. ഇന്ദ്രനാല്‍ സാക്ഷാല്‍ അമരാവതിയെപ്പോലെ, അയോദ്ധ്യാപുരി രാജാവിനാല്‍ പ്രശോഭിക്കപ്പെട്ടു. ശ്രേഷ്ഠമായ പുരിയില്‍ ഭൂപശ്രേഷ്ഠന്‍ പ്രവേശിച്ചതിന് ശേഷം ആ നരേന്ദ്രന്റെ ആജ്ഞയനുസരിച്ച്‌ രാജപത്നി വസിഷ്ഠ മഹര്‍ഷിയുടെ സന്നിധിയിൽ ചെന്നു. മഹര്‍ഷി ഋതുസ്നാനം കഴിഞ്ഞ ആ ദേവിയോടു കൂടി, സംയോഗം ചെയ്തു. അവളില്‍ വസിഷ്ഠന്‍ ഗര്‍ഭദാനം ചെയ്തു. രാജ്ഞി ഗര്‍ഭം ധരിച്ചതിന് ശേഷം രാജാവിന്റെ അഭിവാദനവും ഏറ്റ്‌, യാത്ര പറഞ്ഞ്‌ വസിഷ്ഠന്‍ ആശ്രമത്തിലേക്കു പോയി. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രസവിക്കാത്തതു  കൊണ്ട്‌ രാജ്ഞി മൂര്‍ച്ചയുള്ള ഒരു അശ്മം ( കല്ല്  ) എടുത്ത്‌ വയറു പിളര്‍ന്നു; തേജസ്വിയായ ഒരു പുത്രനെ പ്രസവിച്ചു. അശ്‌മ പ്രയോഗം കൊണ്ടു പ്രസവിപ്പിക്കപ്പെട്ടവനാകയാല്‍ അവന് അശ്മകന്‍ എന്നു പേര്‍ നല്കി. അശ്മക രാജര്‍ഷി, യോഗ്യനായി വളര്‍ന്നു വന്നു. അദ്ദേഹം പൗദന്യമെന്നു പേരായ പുരി നിര്‍മ്മിച്ചു.

178. ഔര്‍വ്വോപാഖ്യാനം - പരാശരജനനം - ഗന്ധര്‍വ്വ൯ കഥ തുടര്‍ന്നു: ആശ്രമത്തില്‍ നിവസിച്ച്‌ അദൃശ്യന്തി ( ശക്തി പത്നി ) പ്രസവിച്ചു. അവന്‍ ശക്തിയെപ്പോലെ തന്നെ വംശകരനായി. രണ്ടാം ശക്തി പോലെ അതിതേജസ്വിയായി പ്രശോഭിച്ചു. ആ പൗത്രന്റെ ജാതകര്‍മ്മം മുതലായ ക്രിയകള്‍ വേണ്ടവിധം വസിഷ്ഠന്‍ ചെയ്തു. പരാസുവായ ( മരണദശയിലെത്തിയ ) വസിഷ്ഠനെ ഗര്‍ഭസ്ഥനായ അവന്‍ സംയമിപ്പിക്കുകയാല്‍ പാരില്‍ അവന്റെ പേര് പരാശരന്‍ എന്നു പ്രസിദ്ധമായി. ആ മുനീന്ദ്രൻ വസിഷ്ഠനെ അച്ഛനാണെന്നു വിചാരിച്ചു. ജന്മം മുതല്‍ അവന്‍ അകച്ഛനെയെന്ന വിധം വസിഷ്ഠ മഹര്‍ഷിയെ സ്നേഹിച്ചു. ഹേ, അര്‍ജ്ജുന! ഒരു ദിവസം അദൃശ്യന്തിയുടെ മുമ്പില്‍ വച്ച്‌ അവന്‍ അച്ഛനോടെന്ന വിധം അര്‍ത്ഥവത്തായി അച്ഛാ എന്ന് മധുരമായി വസിഷ്ഠനെ വിളിക്കുന്നതു കേട്ട്‌ കണ്ണുനീര്‍ പൊഴിച്ച്‌ അമ്മ മകനോടു പറഞ്ഞു.

അദൃശ്യന്തി പറഞ്ഞു: ഹേ പുത്ര! നീ അച്ഛാ, അച്ഛാ! എന്നു മുത്തച്ഛനെ വിളിക്കാതിരിക്കൂ! ഉണ്ണീ നിന്റെ അച്ഛനെ രക്ഷസ്സ്‌ കാട്ടില്‍ വെച്ചു പിടിച്ചു തിന്നു. അച്ഛനാണെന്നു നീ വിചാരിക്കുന്ന ഇദ്ദേഹം നിന്റെ മുത്തച്ഛനാണ്‌. മഹാനായ ഇദ്ദേഹം നിന്റെ മഹാനായ അച്ഛന്റെ അച്ഛനാണ്‌.

ഗന്ധര്‍വ്വന്‍ പറഞ്ഞു: അമ്മയുടെ വാക്കുകേട്ട്‌ സതൃവാദിയും മഹാശയനുമായ പരാശരന്‍ ക്രോധത്താല്‍ ഉജ്ജ്വലിച്ചു. സര്‍വ്വലോകവും ഞാന്‍ നശിപ്പിക്കും എന്നു പറഞ്ഞ്‌ ചാടിപ്പുപ്പെട്ടു. അവന്‍ അപ്രകാരം നിശ്ചയിച്ചപ്പോള്‍ അതിതപോബലനും സമ്മതിയുമായ വസിഷ്ഠന്‍ അവനെ തടുത്തു. അര്‍ജ്ജുനാ, ആ കഥ ഞാന്‍ പറയാം; നീ കേള്‍ക്കുക!

വസിഷ്ഠന്‍ പറഞ്ഞു: ഹേ, പരാശരാ, ശാന്തിയുടെ മഹത്വം നീ അറിയുന്നില്ല. ക്രോധം അരുത്‌. ഞാന്‍ നിനക്ക്‌ ഒരു ചരിത്രകഥ പറഞ്ഞു തരാം. നീ ശ്രദ്ധയോടെ കേള്‍ക്കുക.

പണ്ട്‌ കൃതവീര്യന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. വേദജ്ഞന്മാരായ ഭൃഗുക്കള്‍ക്കു ശിഷ്യനായിരുന്നു ആ രാജാവ്‌. അഗ്രഭുക്കുകളായ അവരെ യജ്ഞാന്തത്തില്‍ ധനധാന്യങ്ങളാല്‍ അവന്‍ തര്‍പ്പണം ചെയ്തു സംതൃപ്തരാക്കി. നൃപശാര്‍ദ്ദൂലനായ ആ രാജാവ്‌ സ്വര്‍ഗ്ഗം പ്രാപിച്ചശേഷം അവന്റെ വംശജന്മാര്‍ക്ക്‌ കുറെ പണത്തിന്റെ അത്യാവശ്യം നേരിട്ടു.

ഭൃഗുക്കള്‍ക്ക്‌ ധാരാളം ധനമുണ്ടെന്നറിഞ്ഞ്‌ ആ രാജാക്കള്‍ ആ ഭാര്‍ഗ്ഗവശ്രേഷ്ഠരോടു ധനം യാചിക്കുവാന്‍ ചെന്നു. ഇതുകേട്ട്‌ ഭൃഗുക്കള്‍ അവരുടെ അക്ഷയമായ ധനം ഭൂമിയില്‍ കുഴിച്ചിട്ടു. മറ്റു ചിലര്‍ ക്ഷത്രിയന്മാരില്‍ നിന്നുള്ള ഭയം മൂലം കുറെ ധനം ചില ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. ഭൃഗുക്കളില്‍ ചിലര്‍ വെളിവായി തന്നെ ധനം ക്ഷത്രിയര്‍ക്ക്‌ ചില കാരണങ്ങളാല്‍ യഥേഷ്ടം ദാനംചെയ്തു. ഒരു ക്ഷത്രിയന്‍ യദൃച്ഛയാ ഭൃഗുഗൃഹത്തിന് അടുത്ത്‌ ഭൂമിഭാഗം എന്തോ കാര്യത്തിന് കുഴിക്കുമ്പോള്‍ വളരെ ധനം കണ്ടു കിട്ടി. ദുരാഗ്രഹം മൂത്ത ക്ഷത്രിയര്‍ വീണ്ടും ധനം കിട്ടുന്നതിന് അവരെ ഭീഷണിപ്പെടുത്തി. ഭൃഗുക്കള്‍ അവരെ ശരണം പ്രാപിച്ചെങ്കിലും ക്ഷത്രിയര്‍ ഭൃഗുക്കളുടെ പ്രാര്‍ത്ഥന മാനിച്ചില്ല. ധനം കിട്ടാതായപ്പോള്‍ അവരെ ആബാലവൃദ്ധം ഹിംസിച്ചു. വില്ലാളി വീരന്മാരായ ക്ഷത്രിയര്‍ ശരപ്രയോഗം തുടങ്ങി. ഗര്‍ഭസ്ഥരായ ശിശുക്കളെ പോലും കൊന്ന്‌ അവര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. ഇങ്ങനെ ഭൃഗുകുലച്ഛേദം തുടര്‍ന്നപ്പോള്‍. പേടിച്ചരണ്ട്‌ ഭൃഗുപത്നികള്‍ ഹിമവാന്റെ ഗിരിഗഹ്വരങ്ങളില്‍ ചെന്നൊളിച്ചു. ആ കൂട്ടത്തില്‍ ഒരുവള്‍ അവളുടെ ഗര്‍ഭം ഒതുക്കി തുട കൊണ്ടു മറച്ചു വച്ചു. ആ മഹതി ഭര്‍ത്തൃവംശം പുലര്‍ത്താന്‍ അസാമാന്യമായ ഒരു കര്‍മ്മമാണു ചെയ്തത്‌. ആ ഗര്‍ഭം മറച്ചു വെച്ച വൃത്താന്തമറിഞ്ഞ്‌ ഒരു ബ്രാഹ്മണി ഭയപ്പെട്ട്‌ ഓടിപ്പോയി ക്ഷത്രിയരോട് അറിയിച്ചു. ഉടനെ തന്നെ ആ ഗര്‍ഭവും അറുത്തു കളയുവാന്‍ ക്ഷത്രിയന്മാര്‍ പുറപ്പെട്ടു. അവര്‍ ഗര്‍ഭം മറച്ചിരിക്കുന്ന തേജസ്വിനിയായ ആ ബ്രാഹ്മണിയെ കണ്ടു. അവര്‍ അവളെ ഹിംസിക്കുവാന്‍ ചെന്നു. ഉടനെ ആ ബ്രാഹ്മണിയുടെ ഊരു പിളര്‍ന്ന്‌ കുട്ടി പുറത്തേക്കു വന്നു.

മദ്ധ്യാഹന സൂര്യനെ പോലെ ഉജ്ജല പ്രഭാവനായ ആ കുമാരനെ കണ്ടയുടനെ ക്ഷത്രിയന്മാരുടെ കണ്ണുകള്‍ പൊട്ടിപ്പോയി: അവരുടെ കാഴ്ച നഷ്ടപ്പെട്ടു. രാജാക്കന്മാരൊക്കെ പർവ്വതപ്രദേശത്ത്‌ അന്ധരായി ഉഴന്നു. ക്ഷത്രിയന്മാരുടെ ഉദ്ദേശ്യങ്ങളൊന്നും സഫലമായില്ല. അവര്‍ പരവശരായി ഗതികെട്‌ ആ മാന്യസ്ത്രീയെ തന്നെ ശരണം പ്രാപിക്കുവാന്‍ തീര്‍ച്ചയാക്കി. തേജസ്സു കെട്ട അഗ്നിയെ പോലെ അവര്‍ ബുദ്ധികെട്ട്‌ ഭാഗ്യവതിയായ ആ വിപ്രപത്നിയെ സമീപിച്ച്‌ ഇപ്രകാരം പറഞ്ഞു.

രാജാക്കന്മാര്‍ പറഞ്ഞു: ഹേ മാന്യ, ഭവതിയുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക്‌ കണ്ണിന് കാഴ്ച തരേണമേ! ഞങ്ങളൊക്കെ പാപകര്‍മ്മം ഉപേക്ഷിച്ചു പൊയ്ക്കൊള്ളാം. സപുത്രയായ നീ പ്രസാദിച്ചാലും! ശോഭനേ, വീണ്ടും ഞങ്ങളുടെ കണ്ണിന് കാഴ്ച തന്ന്‌ ഞങ്ങളെ അനുഗ്രഹിക്കേണമേ! പുത്രനോടു കൂടി ഭവതി ഞങ്ങളില്‍ കനിയേണമേ! ഞങ്ങളെ പാപവിമുക്തരാക്കി രക്ഷിക്കണേ!

179. ഔര്‍വ്വോപാഖ്യാനം - ഔര്‍വ്വന്റെ ക്രോധം - ബാഹണസ്ത്രീ പറഞ്ഞു: ഹേ, ക്ഷത്രിയന്മാരേ, ഞാന്‍ നിങ്ങളുടെ ആരുടെയും ദൃഷ്ടി നശിപ്പിച്ചിട്ടില്ല; നിങ്ങളില്‍ കോപവുമില്ല. ഭൃഗുവംശജാതനായ എന്റെ പുത്രന്‍ ഒരു പക്ഷേ, നിങ്ങളോടു കോപിച്ചിരിക്കാം. ഊരുജനായ ഔര്‍വ്വന്‍, എന്റെ പുത്രന്‍, നിങ്ങള്‍ ചെയ്ത ബന്ധു ധ്വംസനമോര്‍ത്തു കോപിച്ച്‌ നിങ്ങളുടെ ദൃഷ്ടി നശിപ്പിച്ചതാകും എന്നാണു തോന്നുന്നത്‌; അതു തീര്‍ച്ചയാണ്‌. ഭൃഗുവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഗര്‍ഭസ്ഥ ശിശുക്കളെ പോലും ഹേ, വത്സന്മാരേ, നിങ്ങള്‍ വധിച്ചു കളഞ്ഞുവല്ലോ. നൂറുവര്‍ഷം നിലനില്ക്കുവാൻ ഉദ്ദേശിച്ച്‌ ഈ ഗര്‍ഭം ഞാന്‍ ഊരുവില്‍ ഒളിപ്പിച്ചതായിരുന്നു. സ്വൈരമായി ഗര്‍ഭത്തില്‍ വാഴുന്ന ഇവനില്‍ ആറു ശാസ്ത്രങ്ങളും വേദങ്ങളും ഭാര്‍ഗ്ഗവകുലം പുലരുവാന്‍ വേണ്ടി വിളങ്ങി. ഇവന്‍ തന്റെ പൂര്‍വ്വികരെ വധിച്ച നിങ്ങളില്‍ കോപിഷ്ഠനായി നിങ്ങളെ ധ്വംസിക്കുവാന്‍ വേണ്ടി പിറന്നവനാകാം. ഇവന്റെ ദിവ്യതേജസ്സാല്‍ നിങ്ങളുടെ കണ്ണുകള്‍ പൊട്ടിയതാണ്‌. കുട്ടികളേ, നിങ്ങള്‍ വിവരക്കേടു കൊണ്ടു ചെയ്തു പോയതിനെപ്പറ്റി പശ്ചാത്തപിച്ച്‌ നമസ്കാരപൂര്‍വ്വം പ്രീതനാക്കി എന്റെ പുത്രനോട്‌ അര്‍ത്ഥിക്കുക. വിനയത്താല്‍ പ്രീതനായ അവനോട്‌ ദൃഷ്ടി നൽകേണമെന്നു യാചിക്കുക. അപ്പോള്‍ അവന്‍ നിങ്ങള്‍ക്കു കാഴ്ച നല്കും.

വസിഷ്ഠന്‍ പറഞ്ഞു: ഇതുകേട്ട്‌ രാജാക്കള്‍ ഔര്‍വ്വനോട്‌ "പ്രസാദിച്ചാലും, പ്രസാദിച്ചാലും", എന്ന് അപേക്ഷിച്ചു. അവന്‍ പ്രസാദിച്ച്‌ അവര്‍ക്കു ദൃഷ്ടി നല്കി. അപ്പോള്‍ തന്നെ ഊരു പിളര്‍ന്നു ജനിച്ച ആ ബ്രഹ്മര്‍ഷി മൂന്നു ലോകത്തിലും പരന്ന കീർത്തിമാൻ ആയി തീർന്നു. ഊരു പിളര്‍ന്ന്‌ ഉണ്ടായവൻ ആയതു കൊണ്ട്‌ ഔര്‍വ്വന്‍ എന്ന പേര്‍ അവന് പ്രസിദ്ധമായി. കണ്ണിന് കാഴ്ച കിട്ടിയ രാജാക്കന്മാരെല്ലാം സസന്തോഷം തിരിച്ചു പോയി; മഹാശയനായ ഔര്‍വ്വന്‍ സര്‍വ്വലോകങ്ങളും മുടിക്കുവാന്‍ തന്നെ പുറപ്പെട്ടു. ഭൃഗുവംശ ശ്രേഷ്ഠനായ ഔര്‍വ്വന്‍ തന്റെ പൂര്‍വ്വികന്മാരെ പൂജിക്കുവാന്‍, ലോകം മുഴുവന്‍ നശിപ്പിക്കുവാന്‍ വേണ്ടി, ഘോരമായ തപസ്സിന് ഒരുങ്ങി. ദേവാസുരമാനുഷമായ ലോകം മുഴുവന്‍ തപസ്സു കൊണ്ടു തപിപ്പിച്ചു. പിതാമഹന്മാരുടെ പ്രീതിക്കു വേണ്ടി ഉഗ്രമായ തപസ്സു ചെയ്തു. കുലനന്ദനനായ ഔര്‍വ്വന്‍ ഈ ഉഗ്രമായ നില പ്രാപിച്ചതറിഞ്ഞ്‌ പിതൃലോകത്തില്‍ നിന്ന്‌ പിതൃക്കള്‍ വന്ന്‌ അവനോട് പറഞ്ഞു.

പിതൃക്കള്‍ പറഞ്ഞു: ഔര്‍വ്വാ! പുരാ! നിന്റെ ഘോരതപസ്സു കൊണ്ട്‌ നിന്റെ ശക്തി ഞങ്ങള്‍ മനസ്സിലാക്കുന്നു. നീ ലോകത്തോടു കനിവുള്ളവനാകുക! പ്രസാദിക്കുക! കോപത്തെ അടക്കുക! അന്ന്‌ ക്ഷത്രിയന്മാര്‍ പെട്ടെന്നു നടത്തിയ അക്രമം അശക്തി കൊണ്ടല്ല ഞങ്ങള്‍ തടയാഞ്ഞത്‌. അന്നു ഞങ്ങള്‍ ഞങ്ങളുടെ ദീര്‍ഘായുസ്സില്‍ ദുഃഖിതരായിരുന്നു. അതു കൊണ്ട്‌ അന്നു ക്ഷത്രിയന്മാര്‍ ഞങ്ങളെ കൊന്നത്‌ ഞങ്ങള്‍ക്കു ഹിതമായിരുന്നു. ഞങ്ങളുടെ ആഗ്രഹത്തിന് ഒത്തതായിരുന്നു. ഭൃഗുഗൃഹത്തില്‍ ആ ധനം കുഴിച്ചിട്ടത്‌ വൈരത്തിനായിട്ടാണ്‌; അവര്‍ക്കു ഞങ്ങളുടെ നേരെ ക്രോധമുണ്ടാക്കണമെന്നു കരുതി ചെയ്തതാണ്‌. സ്വര്‍ഗ്ഗകാംക്ഷികളായ ഞങ്ങള്‍ക്ക്‌ എന്തിനാണു ധനം? ധനാധിപതി ഞങ്ങള്‍ക്കു വേണ്ടുവോളം ധനം തരുമ്പോള്‍ എന്തിന് കുഴിച്ചു മൂടി സൂക്ഷിക്കണം? ഹേ, വിപ്രാ! ഞങ്ങള്‍ ഇങ്ങനെ ഒരു കൗശലം കണ്ടു വെച്ചതാണ്‌. മൃത്യുദേവത ഞങ്ങളെ സ്പര്‍ശിക്കയില്ലെന്ന്‌ ഞങ്ങള്‍ മനസ്സിലാക്കി, ചാകാനുള്ള വിദ്യ ഞങ്ങള്‍ കണ്ടുപിടിച്ചതാണ്‌. ആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക്‌ പുണ്യലോകം ലഭിക്കുകയില്ലല്ലോ. അതുകൊണ്ടാണു ഞങ്ങള്‍ ആത്മഹത്യ ചെയ്യാതിരുന്നത്‌. ഉണ്ണീ, ഇന്നു നീ ചെയ്യുന്ന തൊഴില്‍ ഞങ്ങള്‍ക്ക്‌ ഇഷ്ടമുള്ളതല്ല. സര്‍വ്വലോകക്ഷയമായ ഈ മഹാപാപത്തില്‍ നിന്നു നീ പിന്മാറുക. ക്ഷത്രിയര്‍ക്കെന്നല്ല, ഏഴു ലോകങ്ങള്‍ക്കു പോലും ഞങ്ങളുടെ തപശ്ശക്തിയോട് എതിര്‍ക്കുവാന്‍ സാദ്ധ്യമല്ല! മകനേ നീ നിന്റെ കോപത്തെ അകറ്റുക!

180. ഔര്‍വ്വോപാഖ്യാനം - ഔര്‍വ്വകോപം ബഡവാഗ്നി രൂപത്തില്‍ സമുദ്രത്തില്‍ പരിതൃജിക്കപ്പെടുന്നു - ഔര്‍വ്വന്‍ പറഞ്ഞു: ഞാന്‍ ക്രോധം നിമിത്തം വിശ്വമെല്ലാം മുടിക്കുമെന്നു ചെയ്ത ശപഥം വെറുതെയാകുന്നതല്ല. ഇത്‌ ഒരു വൃഥാ രോഷ പ്രതിജ്ഞത്വം ( വെറുതെ കോപിച്ചു പറഞ്ഞ വ്യര്‍ത്ഥമായ പ്രതിജ്ഞ ) അല്ല, ഞാന്‍ ശപഥം ചെയ്ത പോലെ, ചെയ്തില്ലെങ്കില്‍ എന്റെ കോപം അഗ്നി അരണിയെ എന്ന വിധം എന്നെ തന്നെ ദഹിപ്പിച്ചു കളയും. തക്കതായ കാരണം കൊണ്ട്‌ ഉയര്‍ന്നു വന്ന ഘോരമായ ക്രോധം പ്രയോജനപ്പെടുത്താതെ ക്ഷമിച്ചടക്കുന്ന മനുഷ്യന്‍ ത്രിവര്‍ഗ്ഗത്തെ സംരക്ഷിക്കുവാന്‍ ആളാവുകയില്ല; അത്‌ നിശ്ചയമാണ്‌. ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനും, ശിഷ്ടന്മാരെ രക്ഷിക്കുന്നതിനും പര്യാപ്തമായ രോഷത്തെ വേണ്ട ദിക്കില്‍ ജിഗീഷുക്കളായ നരന്മാര്‍ സ്വീകരിക്കുന്നു. തുടയില്‍ ഗര്‍ഭതല്പത്തില്‍ കിടന്നിരുന്ന ഞാന്‍ കേട്ടു, പിതൃക്കളെ ക്ഷത്രിയന്മാര്‍ കൊല്ലുമ്പോള്‍ ഉണ്ടായ മാതൃരോദനം. ഗര്‍ഭത്തില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ പോലും കൊന്ന്‌ ഭൃഗുവംശം നശിപ്പിക്കുവാന്‍ ഒരുങ്ങിയ ആ നൃപാധമന്മാരില്‍ എനിക്കു കോപം വന്നു. ക്ഷത്രിയരാണ്‌ പ്രധാന വൈരികളെങ്കിലും പൊതുവേ ലോകത്തോട്‌ എനിക്കു വൈരം ജനിച്ചു. ഞാന്‍ ഗര്‍ഭത്തിലിരുന്നു ദുഃഖിക്കുകയായിരുന്നു. സമ്പന്നരായ എന്റെ അച്ഛനമ്മമാര്‍ പേടിച്ചോടി ആശ്രയമില്ലാതെ തേടിയുഴന്നു. ഭൃഗുദാരങ്ങളെ കാക്കുവാന്‍ ഒരാളും ചെന്നില്ല. അപ്പോള്‍ എന്റെ അമ്മ തുടയില്‍ മറച്ച്‌ ഗര്‍ഭം രക്ഷിച്ചു. ലോകത്തില്‍ പാപം തടുക്കുവാന്‍ ജനങ്ങള്‍ ഉണ്ടെങ്കില്‍ ലോകത്തില്‍ പാപകര്‍മ്മങ്ങള്‍ ആരും ചെയ്യുകയില്ല; തീര്‍ച്ചയാണ്‌. ഈ ലോകത്ത്‌ പാപം തടുക്കുവാന്‍ തയ്യാറുള്ളവര്‍ ആരുമില്ലെങ്കില്‍ ലോകത്തില്‍ പലരും പാപരതന്മാരായി തന്നെ നില്ക്കും. അഭിജ്ഞനും ശക്തനുമായ മനുഷ്യന്‍ അറിഞ്ഞിട്ടും പാപകര്‍മ്മം തടുക്കുന്നില്ലെങ്കില്‍ അവനെത്ര യോഗ്യനായാലും, അവനെ ആ പാപത്തിന്റെ ഫലം പൂര്‍ണ്ണമായും പിടി കൂടും. രാജാക്കളും ഈശ്വരന്മാരും ശക്തരായിരുന്നിട്ടും എന്റെ പിതാക്കളെ നിഗ്രഹത്തില്‍ നിന്നു രക്ഷിക്കുവാന്‍ മുതിര്‍ന്നില്ല. അവര്‍ക്കു ജീവനില്‍ കൊതിയുണ്ടായിരുന്നു; അതു കാരണമാണ്‌ അവര്‍ കാക്കാഞ്ഞത്‌. അതു കൊണ്ടാണു കര്‍മ്മകുശലനായ ഞാന്‍ ഈ ലോകത്തോടു കോപിച്ചത്‌. നിങ്ങളുടെ വാക്കിനെ ലംഘിക്കുവാനും പാടില്ല. ഇന്നു ശക്തനായ ഞാന്‍ അങ്ങനെ ഉപേക്ഷ കാണിച്ചാല്‍ ലോകര്‍ക്കും എനിക്കും പാപം മൂലം ആപത്തു വന്നുകൂടും. പിന്നെ എന്റെ ക്രോധത്തില്‍ നിന്നുണ്ടാകുന്ന ഈ അഗ്നി ലോകത്തെ ദഹിപ്പിക്കുവാന്‍ ശക്തനാണ്‌. അവനെ അടക്കിയാല്‍ അവന്‍ എന്നേയും ദഹിപ്പിക്കും; തീര്‍ച്ചയാണ്‌. നിങ്ങള്‍ ലോകത്തിന്റെ നന്മയ്ക്ക്‌ ആഗ്രഹിക്കുന്നവരാണ് എന്നുള്ളത്‌ എനിക്ക് അറിയാവുന്നതാണ്‌. അതു കൊണ്ട്‌ ലോക ഹിതത്തിനും എന്റെ ഹിതത്തിനും പറ്റിയത്‌ എന്തോ അതു വിധിച്ചാലും!

പിതൃക്കള്‍ പറഞ്ഞു: എന്നാൽ നിന്റെ മന്യുഭവമായ അസിയെ ലോകത്തെ ദഹിപ്പിക്കാന്‍ വിടാതെ പിടിച്ചു ജലത്തില്‍ ഒതുക്കുക. ജലമദ്ധ്യത്തിലാണല്ലോ ലോകങ്ങള്‍ നില്ക്കുന്നത്‌. രസമൊക്കെ ജലമയമാണ്‌; ലോകമൊക്കെ ജലാത്മകമാണ്‌. അതു കൊണ്ട്‌ ഹേ, ദ്വിജാ! ഭവാന്‍ ക്രോധാഗ്നിയെ ജലത്തിലേക്കു വിടു! കാരണരൂപമായ ജലത്തിന്റെ നാശം തന്നെ ലോകനാശമാണല്ലോ? ഹേ, ബ്രാഹ്മണാ, ആ അഗ്നി ജലത്തെ ദഹിപ്പിച്ചു കൊള്ളും. കടലില്‍ നിന്റെ കോപാഗ്നി കിടക്കട്ടെ! ബോദ്ധ്യമായോ? വിശ്വമൊക്കെ ജലമയമാണല്ലോ. മഹാത്മാവേ, അങ്ങനെ ചെയ്‌താല്‍ ഭവാന്റെ പ്രതിജ്ഞ സത്യമാവുകയും ലോകേശര്‍ ചേര്‍ന്ന ഈ ലോകം നശിക്കാതിരിക്കുകയും ചെയ്യും.

വസിഷ്ഠന്‍ തുടര്‍ന്നു: ഔര്‍വ്വന്‍ പിതൃക്കള്‍ പറഞ്ഞ പ്രകാരം തന്റെ കോപാഗ്നിയെ ആഴിയില്‍ കൊണ്ടു പോയിത്തള്ളി. ആ അഗ്നിയാണ്‌ കടലിലെ ജലമത്രയും കുടിക്കുന്നത്‌. ആ ക്രോധാഗ്നി അശ്വമുഖാകാരം പൂണ്ട്‌ വീണ്ടും വീണ്ടും വായില്‍ നിന്ന്‌ അഗ്നി വിട്ട്‌ സമുദ്രത്തിലെ മഹാജലം കുടിച്ചു വറ്റിക്കുന്നു. എത്ര ജലം കടലില്‍ ചെന്നാലും അതൊക്കെ ഔര്‍വ്വാഗ്നി വറ്റിച്ചു കളയുന്നതായി വൈദികന്മാര്‍ പറഞ്ഞു വരുന്നു. അതിനെ ബഡവാഗ്നി എന്ന് വേദജ്ഞര്‍ പറയുന്നു. ജ്ഞാനികളില്‍ പ്രമുഖനും ഉത്കൃഷ്ട കര്‍മ്മങ്ങളെ അറിയുന്നവനുമായ പരാശരാ, നീയും അപ്രകാരം ചെയ്യുക. എന്നാൽ നിനക്കു നന്മ വരും. ലോകരക്ഷ ചെയ്യുക. ജ്ഞാനിയായ നീ ലോകത്തെ മുടിക്കരുത്‌ ബുധോത്തമാ, നിന്നെ പരലോകങ്ങള്‍ അറിയുകയും ചെയ്യും.

181. ഔര്‍വ്വോപാഖ്യാനം - പരാശരന്റെ രാക്ഷസ സത്രം - ഗന്ധര്‍വ്വന്‍ കഥ തുടര്‍ന്നു: മഹാത്മാവായ വസിഷ്ഠന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ മുനി സര്‍വ്വലോകക്ഷയം ചെയ്യുന്ന ക്രോധം വിട്ട്‌ അടങ്ങി. മഹാതേജോനിധിയും മഹാവേദജ്ഞനുമായ പരാശരന്‍ ( ശക്തി പുത്രന്‍ ) രാക്ഷസ സത്രം ചെയ്‌തു. തന്റെ അച്ഛനെ കൊന്നതോര്‍ത്തു ദുഃഖിതനായ മുനി വൃദ്ധരായും ബാലരായും എത്തുന്ന രാക്ഷസരെ യാഗാഗ്നിയില്‍ ദഹിപ്പിച്ചു. ശക്തിയെ കൊന്നതോര്‍ത്ത്‌ വസിഷ്ഠനും അവനെ തടുത്തില്ല. ഇവന്റെ രണ്ടാമത്തെ ശപഥവും മുടക്കുന്നതു ശരിയല്ലെന്ന് വച്ച്‌ വസിഷ്ഠന്‍ രാക്ഷസ വധത്തില്‍ നിന്ന്‌ അദ്ദേഹത്തെ തടഞ്ഞില്ല. സത്രത്തില്‍ മൂന്നഗ്നികള്‍ക്കു നടുവില്‍ നിന്നരുളുന്ന മുനി ആ അഗ്നികള്‍ക്കു തുല്യം, നാലാമത്തെ അഗ്നി എന്ന വിധം, വിലസി. മുഖ്യമായ യജ്ഞവിധിയാല്‍ ഹോമം ചെയ്ത്‌ ശക്തിപുത്രന്‍ ആകാശത്തില്‍ വര്‍ഷാവസാനം അര്‍ക്കന്‍ എന്ന വിധം ജ്വലിച്ചു. തേജസ്സാല്‍ ജ്വലിക്കുന്ന അവനെ കണ്ട്‌ വസിഷ്ഠന്‍ മുതലായ മുനികള്‍ ചിന്തിച്ചു, ഇവന്‍ രണ്ടാമത്തെ ഭാസ്കരനാണോ എന്ന്. അസാദ്ധ്യമായ ആ രാക്ഷസ സത്രം അപ്രകാരം ഉദാരനായ മുനി ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ അത്‌ ഉടനെ നിര്‍ത്തുവാന്‍ വേണ്ടി ലോകോപകാര തത്പരനായ അത്രി മഹര്‍ഷി മറ്റുള്ളവര്‍ക്ക്‌ അടുക്കാന്‍ വയ്യാത്ത തേജസ്സോടു കൂടിയ പരാശരമുനിയുടെ സമീപത്തേക്കു ചെന്നു. പുലസ്ത്യന്‍. പുലഹന്‍, ക്രതുമാന്‍, ക്രതു എന്നിവരും അത്രിയുടെ കൂടെ രാക്ഷസന്മാരുടെ പ്രാണരക്ഷയ്ക്കു വേണ്ടി രണ്ടാം സൂര്യനെപ്പോലെ ജ്വലിക്കുന്ന മുനിയുടെ സമീപത്തു ചെന്നു. പുലസ്ത്യന്‍ ആശരന്മാരുടെ നില മനസ്സിലാക്കി പരാശരനോടു പറഞ്ഞു.

പുലസ്ത്യന്‍ പറഞ്ഞു: മകനേ, നിന്റെ യാഗം നിര്‍വ്വിഘ്നം നടക്കുന്നുണ്ടല്ലോ? ആപത്തറിയാത്ത നിരപരാധികളായ ആശമന്മാരെ സംഹരിച്ച്‌ നീ തൃപ്തനായില്ലേ? ഭവാന്‍ സന്തതികള്‍ക്ക്‌ നിശ്ശേഷമായ നാശം വരുത്താതിരിക്കേണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു. മഹാശയാ, തപോധനന്മാരായ ബ്രാഹ്മണര്‍ക്ക്‌ ഈ കൊലപാതകം ഉചിതമാണെന്ന്‌ എനിക്കു തോന്നുന്നില്ല. ഇത്‌ ധര്‍മ്മമാണെന്നു നീ വിചാരിക്കുന്നുണ്ടോ; ശമമാണ്‌ പരമമായ ധര്‍മ്മം. നീ അതു ചെയ്താലും പരാശരാ! വാസിഷ്ഠനായ നീ വലിയ അധര്‍മ്മത്തിലാണല്ലോ ചരിക്കുന്നത്‌.

വസിഷ്ഠപുത്രനായ ശക്തിക്ക്‌ ഈ ആപത്തു വന്നത്‌ അവന്റെ തന്നെ ശാപം മൂലമാണ്‌. സ്വന്തം ദോഷം തന്നെയാണ്‌ ശക്തിയെ നശിപ്പിച്ചതും. ശക്തിയെ തിന്നുവാന്‍ ശക്തിയുള്ള ഒരു രാക്ഷസന്‍ ലോകത്തിൽ ഉണ്ടാവുകയില്ലായിരുന്നു. ശക്തിക്കു മൃത്യു, ശക്തി തന്നെ ഉണ്ടാക്കിയതാണ്‌. വിശ്വാമിത്രന്‍ ഒരു നിമിത്തം മാത്രമായിരുന്നു എന്നേ പറഞ്ഞു കൂടൂ! കല്മാഷപാദ രാജാവും വാനില്‍ സുഖിക്കുന്നു. ശക്തിയുടെ അനുജന്മാരായ വസിഷ്ഠപുത്രന്മാരും അങ്ങനെ തന്നെ സുഖമായി സ്വര്‍ഗ്ഗത്തില്‍ ദേവന്മാരുമൊന്നിച്ച്‌ ആനന്ദിക്കുന്നു. ഹേ മഹാമുനേ, ഇതൊക്കെ വസിഷ്ഠനും അറിവുണ്ടല്ലോ. പാവങ്ങളായ രാക്ഷസന്മാര്‍ക്ക്‌ ഇപ്രകാരം പറ്റുന്ന ആപത്തിന് നിന്റെ യജ്ഞം ഒരു നിമിത്തം മാത്രമാണ്‌. ശക്തിപുത്രാ! യജ്ഞം മതിയാക്കൂ! നിനക്കു മംഗളം ഭവിക്കട്ടെ! ഈ മഖം നില്ക്കട്ടെ!

ഗന്ധര്‍വ്വന്‍ തുടര്‍ന്നു; ഇപ്രകാരം പുലസ്തൃനും വസിഷ്ഠനും പറഞ്ഞ ക്ഷണത്തില്‍ ആ മഹാസത്രം ശക്തിപുത്രന്‍ സമാപിപ്പിച്ചു. സര്‍വ്വരാക്ഷസ നാശത്തിനു വേണ്ടി സംഭരിച്ച അഗ്നിയെ പരാശരന്‍ വടക്ക്‌ ഹിമവല്‍ പാര്‍ശ്വത്തില്‍, കൊടും കാട്ടില്‍, നിക്ഷേപിച്ചു. ഇന്നും ആ വഹ്‌നി രക്ഷസ്സ് വൃക്ഷം. പാറ ഇതൊക്കെ വെളുത്തവാവു തോറും ദഹിപ്പിച്ചു കൊണ്ടു ജലിക്കുന്നതായി കാണപ്പെടുന്നുണ്ട്‌.

182. വസിഷ്ഠോപാഖ്യാനം - കല്‍മാഷപാദ രാജാവ്‌ ബ്രഹ്മശാപത്തിന് ഇരയായ കഥ - അര്‍ജ്ജുനന്‍ പറഞ്ഞു: കല്മാഷപാദ രാജാവ്‌ ബ്രഹ്മജ്ഞനും ഗുരുവര്യനുമായ വസിഷ്ഠ മുനിയുടെ സമീപത്തേക്കു തന്റെ പത്നിയെ പറഞ്ഞു വിട്ടത്‌ എന്തു കാരണത്താലാണ്‌? പരമധര്‍മ്മജ്ഞനായ വസിഷ്ഠന്‍ കല്മാഷപാദ രാജാവിന്റെ പത്നിയെ പ്രാപിച്ചത്‌ ധര്‍മ്മമായോ? അഗമൃകളുമായി ഗമിക്കുന്നതു തെറ്റല്ലേ? ധര്‍മ്മചിന്ത ചെയ്യുമ്പോള്‍ പുത്രഭാര്യയ്ക്ക്‌ തുല്യയായ രാജപത്നിയെ സ്വീകരിച്ചത്‌ അധര്‍മ്മമല്ലേ? എന്റെ ഈ സംശയം ഭവാന്‍ നിശ്ശേഷം തീര്‍ത്തു തരണം.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഹേ, ധനഞ്ജയാ ഭവാന്‍ ചോദിച്ച ചോദ്യം ഉചിതമായിട്ടുള്ളതു തന്നെ. വസിഷ്ഠനേയും കല്മാഷപാദനേയും പറ്റി ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാം. കേട്ടു കൊള്ളുക! ആദ്യമേ തന്നെ വസിഷ്ഠപുത്രനായ ശക്തി ആ രാജാവിനെ ശപിച്ച കഥ ഞാന്‍ പറഞ്ഞുവല്ലോ. ശാപത്തില്‍ പെട്ട രാജാവ്‌ കോപപര്യാകുലാക്ഷനായി തന്റെ നഗരം വിട്ട്‌ ഭാര്യയോടൊത്തു പുറപ്പെട്ടു. നാനാമൃഗങ്ങള്‍ സഞ്ചരിക്കുന്ന. അനേകം ജീവജാലങ്ങള്‍ ചേര്‍ന്നതും, ആള്‍പ്പെരുപ്പമില്ലാത്തതുമായ, ഘോരകാനനത്തില്‍ ഭാര്യയോടൊത്ത്‌ അദ്ദേഹം ചെന്നു ചേര്‍ന്നു. പല തരത്തിലുള്ള ചെടികളും, ലതകളും, വൃക്ഷങ്ങളും നിറഞ്ഞ ഭയങ്കരമായ കാട്ടില്‍ ശാപമൂഢനായ രാജാവ്‌ ചുറ്റിനടന്നു. ക്ഷുത്തുമൂത്ത്‌ അവന്‍ ഭക്ഷണമന്വേഷിച്ചു നടക്കുമ്പോള്‍. വിജനമായ കാട്ടില്‍ ഒരു കാട്ടരുവിക്കടുത്ത്‌ ഒരു ബ്രാഹ്മണനും ഒരു ബ്രാഹ്മണിയും കിടക്കുന്നതായി കണ്ടു. അവര്‍ രണ്ടുപേരുംവിജനപ്രദേശത്തു വെച്ച്‌ രതിക്രീഡയില്‍ പ്രവേശിക്കുകയായിരുന്നു. കാര്യത്തില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്ന സമയത്ത്‌ പെട്ടെന്ന്‌ അവരുടെ മുമ്പിലേക്ക്‌ ആ രാജാവു ചെന്നു. രാക്ഷസനെ കണ്ട്‌ അവര്‍ പെട്ടെന്ന്‌ ഭയപ്പെട്ടെഴുന്നേറ്റ്‌ രതിസുഖമനുഭവിക്കാതെ ഓടിക്കളഞ്ഞു. രാജാവ്‌ പിന്നാലെ ഓടി ആ വിപ്രനെ പിടി കൂടി. ഭര്‍ത്താവിനെ പിടിച്ചതു കണ്ട്‌ അവന്റെ ഭാര്യ പറഞ്ഞു.

ബ്രാഹ്മണ പത്നി പറഞ്ഞു: ഹേ രാജാവേ, ഭവാന്‍ എന്റെ വാക്ക്‌ ഒന്നു കേള്‍ക്കണേ! ഞാന്‍ പതിവ്രതയാണ്‌. ആദിതൃവംശജനായ ഭവാന്‍ ഈ ഭൂമിയില്‍ ഏറ്റവും പുകഴ്ന്നവനാണ്‌.

ധര്‍മ്മം തെറ്റാതെ നില്ക്കുന്നവനും ഗുരുശുശ്രൂഷയില്‍ അത്യന്തം തല്പരനുമാണ്‌. ശാപത്താല്‍ ബുദ്ധി കെട്ടവനാണ്‌ ഭവാന്‍. എങ്കിലും പാപം ചെയ്യരുതേ! എനിക്കിപ്പോള്‍. ഋതുകാലം വന്നിരിക്കയാണ്‌. പുത്രനുണ്ടാകണമെന്ന ആശയോടു കൂടി ഞാന്‍ ഇപ്പോള്‍ ഭര്‍ത്താവിനെ പ്രാപിച്ചിരിക്കുകയായിരുന്നു. എന്നാൽ എന്റെ കാമം നിര്‍വ്വഹിച്ചില്ല. നൃപശ്രേഷ്ഠ, പ്രസാദിച്ചാലും! എന്റെ കാന്തനെ വിട്ടയച്ചാലും.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ആ ബ്രാഹ്മണസ്ത്രീ ഇപ്രകാരം കരഞ്ഞു പറയുന്നതു കേട്ടിട്ടും ശാപം നിമിത്തം രാജാവ്‌ ഒരു ക്രൂര രാക്ഷസനെ പോലെ, വ്യാഘ്രം മൃഗത്തെ എന്ന പോലെ, അവളുടെ ഭര്‍ത്താവിനെ പിടിച്ചു തിന്നു. ക്രുദ്ധയായ അവളുടെ അശ്രുക്കള്‍ ഭൂമിയില്‍ പതിച്ചു ഉടനെ അതില്‍ അഗ്നിയുണ്ടായി. ആ ദിക്കില്‍ ആളിക്കത്തി. പിന്നെ ഭര്‍ത്താവിന്റെ അകാലമരണം നിമിത്തം ശോകാകുലയായ ആ സാധ്വി കല്മാഷപാദനെ ശപിച്ചു.

ബ്രാഹ്മണസ്ത്രീ പറഞ്ഞു: ക്ഷുദ്രനായ നൃശംസനെപ്പോലെ, കാമം സാധിക്കുന്നതിന് മുമ്പ്‌ എന്റെ പ്രിയഭര്‍ത്താവിനെ, ഞാന്‍ കണ്ടു നില്ക്കെ, നീ ഭുജിക്കുകയാല്‍ ഹേ ദൂര്‍ബുദ്ധേ! നീയും എന്റെ ഘോരമായ ശാപം നിമിത്തം ഋതുകാലത്തില്‍ പത്നിയുമായി ചേരുന്ന സമയത്ത്‌ ഉടനെ മരിച്ചു പോകട്ടെ! നീ ആരുടെ മക്കളെ കൊന്നു വിട്ടുവോ, ആ വസിഷ്ഠ മുനീന്ദ്രനുമായി ഭോഗിച്ച്‌ നിന്റെ ഭാര്യ പുത്രനെയുണ്ടാക്കട്ടെ! എടോ, അധമാ! നിന്റെ വംശം അന്യന്റെ പുത്രനെക്കൊണ്ടുണ്ടാകട്ടെ!

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഇപ്രകാരം ആ നൃപതിയെ ആംഗിരസിന്റെ പുത്രിയായ അവള്‍ ശപിച്ചു. ആ രാജാവു കാൺകെ അവന്റെ മുമ്പില്‍ വെച്ച്‌ ആംഗിരസിന്റെ വംശത്തില്‍ പെട്ട ആ സാധ്വി അഗ്നിയില്‍ ചാടി മരിക്കുകയും ചെയ്തു.

മഹാഭാഗനായ വസിഷ്ഠന്‍ ഇതൊക്കെ തന്റെ അതിമഹത്തായ ജഞാനബലം കൊണ്ടും, തപോവൈഭവം കൊണ്ടും, മനസ്സിലാക്കി. ഹേ, പരന്തപാ! ശാപം തീര്‍ന്ന രാജാവ്‌ കുറച്ചു കാലം ചെന്നതിന് ശേഷം ഋതുകാമമടുത്തപ്പോള്‍ തന്റെ ഭാര്യയായ മദയന്തിയുടെ സമിപത്തു ചെന്ന്‌  രതിക്രീഡയ്ക്ക്‌ ഒരുങ്ങി. എന്നാൽ മദയന്തി രാജാവിനെ തടുത്തു. രാജാവ്‌ തനിക്കു കാട്ടില്‍ വെച്ച്‌ കിട്ടിയ ശാപത്തെ ഓര്‍ത്തില്ല. ഭാര്യ ദൃക് സാക്ഷി ആയതുകൊണ്ട്‌ അവള്‍ ശാപവ്യത്താന്തം സവിസ്തരം രാജാവിനെ പറഞ്ഞു കേള്‍പ്പിച്ചു. നൃപന്‍ സംഭ്രാന്തനായി. ശാപത്തെപ്പറ്റി ചിന്തിച്ച്‌ പരിതാപാന്ധനായി തീര്‍ന്നു. അര്‍ജ്ജുനാ തന്റെ ഭാര്യയെ വസിഷ്ഠന്റെ സമീപത്തേക്കു വസിഷ്ഠനുമായി രമിക്കുവഠന്‍, രാജാവ്‌ അയച്ചതിനുള്ള കാരണം ഇതാണ്‌.

183. ധൗമ്യ പുരോഹിതകരണം - അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, ഗന്ധര്‍വ്വ സത്തമാ! ഞങ്ങള്‍ക്കു ചേര്‍ന്ന വേദജ്ഞനായ പുരോഹിതന്‍ ആരാണ്‌? അതു ഭവാന്‍ പറയു! സര്‍വ്വജ്ഞനാണല്ലോ ഭവാന്‍.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ഈ വനത്തില്‍ ഒരു വേദജഞനായ ബ്രാഹ്മണന്‍ തപോ വ്രതത്തോടെ പാര്‍ക്കുന്നുണ്ട്‌. ദേവലന്റെ അനുജനായ ധൗമ്യന്‍ ആണ്‌ ആ മഹാന്‍. ഉല്‍ക്കോച തീര്‍ത്ഥത്തില്‍ പോയി അദ്ദേഹത്തെ കാണുവിന്‍! അദ്ദേഹത്തെ നിങ്ങള്‍ വരിക്കുവിന്‍!

വൈശമ്പായനന്‍ പറഞ്ഞു: പിന്നെ അര്‍ജ്ജുനന്‍ ആഗ്നേയാസ്‌ത്രം യഥാവിധി ഗന്ധര്‍വ്വന് ഉപദേശിച്ച്‌ നന്ദിയോടെ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ ഗന്ധര്‍വ്വസത്തമാ, അശ്വമെല്ലാം  നിന്റെ പാട്ടില്‍ തന്നെ നില്ക്കട്ടെ! കാര്യം വരുമ്പോള്‍ ഞാന്‍ വാങ്ങിച്ചു കൊള്ളാം. സ്വസ്തി ഭവിക്കട്ടെ!

വൈശമ്പായനന്‍ പറഞ്ഞു: ഗന്ധര്‍വ്വനും പാണ്ഡുപുത്രനും തമ്മില്‍ പൂജിച്ചു. അനന്തരം ഭാഗീരഥീ തീരം വിട്ട അവര്‍ ഇഷ്ടം പോലെ പോയി; ഉല്‍ക്കോച തീര്‍ത്ഥത്തില്‍ ചെന്ന്‌  ധൗമ്യാശ്രമത്തില്‍ ഇരിക്കുന്ന ധൗമ്യനെ പാണ്ഡവന്മാര്‍ കണ്ടു. വേദവിത്തായ ധൗമൃന്‍ അവരേയും സ്വീകരിച്ചു. പാദൃത്താലും വന്യമായ ഫലമൂലങ്ങളാലും പൗരോഹിതൃത്താലും പാണ്ഡവന്മാരെ സല്ക്കരിച്ചു. തങ്ങള്‍ക്കു ശ്രീയും രാജ്യവും കിട്ടിയെന്നു തന്നെ അപ്പോള്‍ പാണ്ഡവന്മാര്‍ കരുതി. അമ്മയോടൊത്ത്‌ ആറുപേരും മാന്യനായ ഗുരുവോടും കൂടി പോകാനൊരുങ്ങി. വിപ്രന്‍ മുമ്പായതിനാല്‍ പാഞ്ചാലിയേയും സ്വയംവരത്തില്‍ കിട്ടിയെന്നു തന്നെ അവര്‍ ചിന്തിച്ചു. ആ ഭരതര്‍ഷഭന്മാര്‍ ഗുരുവായ ധൗമൃപുരോഹിതനോട്‌ ചേര്‍ന്നപ്പോള്‍ തങ്ങള്‍ സനാഥരായി എന്നോര്‍ത്തു. വേദധര്‍മ്മജ്ഞനും ബുദ്ധിമാനുമായ ധൗമ്യനാകട്ടെ അവരുടെ ഗുരുവുമായി. പാണ്ഡവന്മാര്‍ വിശിഷ്ടനും ധര്‍മ്മജ്ഞനുമായ ധൗമ്യന്റെ പൗരോഹിതൃം കൊണ്ട്‌ തങ്ങള്‍ക്ക്‌ സമ്പത്തും, രാജ്യവും, സ്വയംവരത്തില്‍ പാഞ്ചാലിയും ലഭിച്ചതായി വിശ്വസിച്ചു. ദേവന്മാര്‍ക്കൊക്കുന്ന ബലവും ഉത്സാഹവും ബുദ്ധിയും വീര്യവും പാണ്ഡവരില്‍ കണ്ടു കൊണ്ട്‌ അവര്‍ തങ്ങളുടെ രാജ്യവും സമ്പത്തുമെല്ലാം സ്വന്തം ശക്തി കൊണ്ട്‌ വീണ്ടെടുത്തതായി ധൗമ്യനും കണക്കാക്കി. ധൗമ്യനാല്‍ ആശീര്‍വദിക്കപ്പെട്ട പാണ്ഡവന്മാര്‍ ഒരുമിച്ച്‌ പാഞ്ചാലി സ്വയംവരത്തിന് പോകാനൊരുങ്ങി.

സ്വയംവരപര്‍വ്വം

184. പാണ്ഡവാഗമനം - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ അഞ്ചുപേരും വേഗത്തില്‍ പുറപ്പെട്ടു. പാഞ്ചാലിയേയും അവിടെയുള്ള മഹാമഹത്തേയും കാണുവാന്‍ അവര്‍ക്കു തിടുക്കമായി. അമ്മയോടു കൂടി അവര്‍ പോകുമ്പോള്‍ വളരെ വിപ്രന്മാര്‍ പോകുന്നതായി വഴിക്കു വെച്ച്‌ കണ്ടു. ബ്രഹ്മചാരികളായ ബ്രാഹ്മണര്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്‌, എവിടെ നിന്നാണു വരുന്നത്‌ എന്നും മറ്റും.

യുധിഷ്ഠിരന്‍ പറഞ്ഞു: വിപ്രന്മാരേ, സഹോദരന്മാരായ ഞങ്ങള്‍ അമ്മയോടു കൂടി ഏകചക്രയില്‍ നിന്നു വരികയാണ്‌.

ബ്രാഹ്മണര്‍ പറഞ്ഞു: നിങ്ങള്‍ ഉടനെ പാഞ്ചാല രാജ്യത്തേക്കു പോകുക. അവിടെ ദ്രുപദ രാജാവിന്റെ രാജധാനിയില്‍ വളരെ സമ്പത്തു വിളയാടുന്ന സ്വയംവരമുണ്ട്‌. ഞങ്ങള്‍ ഈ സംഘം മുഴുവന്‍ അങ്ങോട്ടാണു പോകുന്നത്‌. എങ്ങും കാണാത്ത വിധം അത്ഭുതകരമായ മഹോത്സവമാണ്‌ അവിടെ നടക്കുന്നത്‌..

മഹാവിശിഷ്ടനും പാഞ്ചാല രാജ്യപതിയുമായ യജ്ഞസേന മഹാരാജാവിന് ചെന്താമരാക്ഷിയായ ഒരു മകള്‍ യാഗമദ്ധൃത്തില്‍ നിന്നു ജനിച്ചു. കാണപ്പെടേണ്ട വിധം ദോഷരഹിതമായ അംഗങ്ങളോടു കൂടിയവളും, സുകുമാരിയും, മനസ്വിനിയുമായ അവള്‍, പ്രതാപശാലിയും ദ്രോണശത്രുവുമായ ധൃഷ്ടദ്യുമ്നന്റെ സഹോദരിയാണ്‌. ഇങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ യാജ്ഞസേനിയേയും സ്വയംവര മണ്ഡപത്തില്‍ വച്ച്‌ നമുക്കു കാണാം, ആ മഹോത്സവവും കാണാം. നമുക്കു പോകാം.

വാളും വില്ലും ചട്ടയും അമ്പുമായി ജ്വലിക്കുന്ന അഗ്നിയില്‍ നിന്നുണ്ടായവനും, തീ പോലെ ജ്വലിക്കുന്നവനുമാണ്‌ ധൃഷ്ടദ്യുമ്നന്‍. അപ്രകാരം തന്നെ അഗ്നിയില്‍ നിന്നുണ്ടായവള്‍ തന്നെയാണ്‌ അവന്റെ സഹോദരിയും. സുന്ദരിമാരില്‍ വെച്ച്‌ ശ്രേഷ്ഠയുമാണ്‌ ദ്രൗപദി. നീലോല്പല സമമായ സൗരഭ്യം ഒരു ക്രോശം അകലം വരെ വീശിക്കൊണ്ടിരിക്കുന്ന ആ കന്യകാ രത്നത്തെ ഒന്ന്‌ കാണുവാന്‍ സാധിക്കുന്നതും, സ്വയംവര മഹോത്സവത്തില്‍ പങ്കു കൊള്ളുന്നതും മഹാഭാഗ്യമാണ്‌! സ്വയംവരത്തിന് ഒരുങ്ങിയ യജ്ഞസേനപുരിയേയും, ആ ദിവൃമായ ഉത്സവത്തേയും, അവിടെ കൂടുന്ന മഹാജനങ്ങളേയും. മഹാരാജാക്കന്മാരേയും കാണാം. ഞങ്ങള്‍ അങ്ങോട്ടു പോവുകയാണ്‌. രാജാക്കളും രാജകുമാരന്മാരും യാഗം ചെയ്തവരും അസംഖ്യം ദക്ഷിണ വാങ്ങിയവരും ശുചികളായ സ്വാദ്ധ്യായവന്മാരും യതവ്രതന്മാരായ മഹാത്മാക്കളും ഓരോ ദേശത്തു നിന്നു വന്നു ചേര്‍ന്ന ചെറുപ്പക്കാരായ സുന്ദരന്മാരും, അസ്‌ത്രവിദ്യ അഭ്യസിച്ച മഹാരഥന്മാരായ മഹീശ്വരന്മാരും അവിടെ കൂടും. ആ രാജാക്കന്മാര്‍ സ്വയംവരത്തില്‍ വിജയം നേടുവാന്‍ വേണ്ടി അവിടെ പല ദാനവും ബ്രാഹ്മണര്‍ക്കു നൽകും. പണം, പശുക്കള്‍, ഭക്ഷ്യഭോജ്യങ്ങള്‍ ഇവയൊക്കെ പലര്‍ക്കും ദാനം ചെയ്യും. അതൊക്കെ വിണ്ടും വീണ്ടും വാങ്ങി സ്വയംവരം കണ്ട്‌ പരമാനന്ദം അനുഭവിച്ച്‌ ഒന്നിച്ച്‌ യഥേഷ്ടം പോകാം. നടന്മാരും, വൈതാളികന്മാരും, നൃത്തക്കാരും, പുരാണകീര്‍ത്തനം ചെയ്യുന്നവരും, വംശസ്തുതി ചെയ്യുന്നവരായ സൂതമാഗധന്മാരും, മല്ലന്മാരും ഓരോരോ ദിക്കില്‍ നിന്ന്‌ മഹോത്സവത്തിലേക്കു വന്നുചേരും. അവരെല്ലാം അവരവരുടെ വിദ്യകള്‍ കാണിക്കുന്നതു കാണാം. ഇങ്ങനെ ഉത്സാഹത്തോടെ നടത്തുന്ന ഉത്സവക്കാഴ്ച കണ്ടും ദാനങ്ങള്‍ വാങ്ങിയും ഞങ്ങളോടു കൂടി യോഗ്യന്മാരായ നിങ്ങളും പോന്നു കൊള്ളുവിന്‍.

സുന്ദരന്മാരും ദേവരൂപന്മാരുമായ നിങ്ങളില്‍ ഒരാളെ കൃഷ്ണ കണ്ടെന്നു വന്നാല്‍ വരിച്ചുവെന്നും വരാം. ഈ സുന്ദരാംഗനും, ശ്രീമാനുമായ നിന്റെ അനുജന്‍ നീ കല്‍പിച്ചു വിട്ടാല്‍ കെല്പോടു കൂടി വളരെ ധനം വിജയപൂര്‍വ്വം നേടും; തീര്‍ച്ചയാണ്‌! എന്നിട്ട്‌ നിങ്ങള്‍ക്കു സന്തോഷിക്കാം.

യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രാഹ്മണരേ, എന്നാൽ ഞങ്ങളും നിങ്ങളോടു കൂടി ഉത്സവം കാണുവാന്‍ വരാം. നിങ്ങളോടു കൂടി സ്വയംവരം കണ്ട്‌ ആനന്ദിക്കാം.

185. ധൃഷ്ടദ്യുമ്നവാക്യം - വൈശമ്പായനൻ പറഞ്ഞു; ജനമേജയ രാജാവേ, ബ്രാഹ്മണരുടെ വാക്കുകേട്ട്‌ പാണ്ഡവന്മാര്‍ ദ്രുപദന്‍ വാഴുന്ന തെക്കന്‍ പാഞ്ചാല നാട്ടിലേക്ക്‌ പോയി.

പിന്നെ അവര്‍ മഹാനും പാപഹാരിയുമായ വേദവ്യാസ മഹര്‍ഷിയെ അവിടെവച്ച്‌ കണ്ടു. അദ്ദേഹത്തെ ആദരവോടെ പൂജിച്ച്‌, അനുഗ്രഹത്തോടും, സമ്മതത്തോടും കൂടി, പാണ്ഡവന്മാര്‍ ദ്രുപദാലയത്തിലേക്കു നടന്നു.

അഴകേറിയ പുവനങ്ങളും, വികസിച്ച താമരകള്‍ നില്‍ക്കുന്ന പൊയ്കകളും, മനോഹരമായ ഭൂഭാഗങ്ങളും കണ്ട്‌ ഇടയ്ക്കിടയ്ക്കു വിശ്രമിച്ച്‌, ആ മഹാരഥന്മാര്‍ യാത്ര തുടര്‍ന്നു.

സ്വാദ്ധ്യായവാന്മാരും, ശുചികളും, മധുരവും പ്രിയവുമായി സംസാരിക്കുന്നവരുമായ പാണ്ഡവന്മാര്‍ വയസ്സനുസരിച്ച്‌ ക്രമപ്രകാരം പാഞ്ചാലരാജ്യത്ത്‌ കാലെടുത്തു കുത്തി. പുരവും, പടനില്ക്കുന്ന നിലവും, പാണ്ഡവര്‍ കണ്ടു. കുംഭകാരന്‍ പണിയെടുക്കുന്ന ഒരു ശാലയില്‍ ചെന്നുകയറി. അവിടെ ബ്രാഹ്മണവേഷത്തില്‍ അവര്‍ ഭിക്ഷ വാങ്ങിക്കഴിച്ച്‌ താമസിച്ചു. വീരന്മാരായ അവര്‍ ആരാണെന്ന്‌ ആരും അറിഞ്ഞില്ല.

കിരീടിയായ പാണ്ഡവന് ( അര്‍ജ്ജുനൻ ) കൃഷ്ണയെ കൊടുക്കണം എന്നാണ്‌ ദ്രുപദന്റെ ആഗ്രഹം. എന്നാൽ അത്‌ അവന്‍ പുറത്താക്കിയില്ല. കൗന്തേയന്‍ എവിടെപ്പോയിരിക്കുന്നു എന്ന് പാഞ്ചാലന്‍ അന്വേഷണം നടത്തി. പലയിടത്തും തിരഞ്ഞിട്ടും കാണാതായപ്പോള്‍ പാഞ്ചാലന്‍ കുലകേറ്റാന്‍ കഴിയാത്ത സുദൃഢമായ ഒരു വില്ല്‌ തീര്‍പ്പിച്ചു. അത്ഭുതകരമായി ആകാശത്തില്‍ നില്ക്കുന്ന കൃത്രിമമായ ഒരു യന്ത്രവും ആ യന്ത്രത്തിന്റെ അകത്തായി ഒരു ലക്ഷ്യവും രാജാവ്‌ തീര്‍പ്പിച്ചു.

ദ്രുപദന്‍ പറഞ്ഞു: ഈ വില്ലില്‍ ഞാണ്‍കെട്ടി മുറുക്കി അമ്പുകള്‍ കൊണ്ടു യന്ത്രത്തെ സ്പര്‍ശിക്കാതെ ലക്ഷ്യം ഭേദിക്കുന്നവന് ഞാന്‍ എന്റെ പുത്രിയെ നല്കുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദ്രുപദ രാജാവ്‌ സ്വയം വിളംബരം ചെയ്തു. അതുകേട്ട്‌ രാജാക്കന്മാര്‍ എല്ലാവരും വന്നു ചേര്‍ന്നു. സ്വയംവരം കാണുവാനുള്ള കൗതുകം കൊണ്ട്‌ യോഗ്യന്മാരായ മുനീന്ദ്രന്മാരും വന്നുചേര്‍ന്നു. ദുര്യോധനനെ മുമ്പിലാക്കി കര്‍ണ്ണനോടു കൂടി കൗരവ രാജാക്കളും വന്നു ചേര്‍ന്നു.

യോഗ്യരായ വിപ്രന്മാരും ഓരോരോ ദിക്കില്‍ നിന്നു വന്നുചേര്‍ന്നു. ദ്രുപദന്റെ സല്ക്കാരം സ്വീകരിച്ച്‌ നൃപന്മാരെല്ലാം സ്വയംവരം കാണുവാന്‍ മഞ്ചത്തില്‍ കയറി ഇരിപ്പായി.

ഉടനെ പൗരന്മാരെല്ലാം കടല്‍ ഇരമ്പുന്ന പോലെ കല്യാണപ്പന്തലില്‍ നൃപരൊത്ത്‌ നിരന്നു. നഗരത്തിന്റെ വടക്കുകിഴക്കെ കോണിലായി സമഭൂമിയില്‍ ചുറ്റും നാനാഗൃഹങ്ങളോടു കൂടി വിവാഹ മണ്ഡപ സ്ഥലം ശോഭിച്ചു. കിടങ്ങും, കോട്ടയും നല്ല കമാനം വെച്ച വാതിലും ഭംഗിയേറുന്ന വിവിധ വിതാനങ്ങളും അലങ്കാരങ്ങളും ചേര്‍ന്നതും പെരുമ്പറകള്‍ നിരത്തി വെച്ചതും, അകിലിന്റെ ധൂമത്തോടും ചന്ദനച്ചാര്‍ നനച്ച പൂമാലകളോടും കൂടിയതായിരുന്നു ആ മണ്ഡപം. കൈലാസശിഖരം പോലെ ആകാശം മുട്ടുന്ന വിധം ചുറ്റും വെളുത്തു വിലസുന്ന പ്രാസാദങ്ങള്‍ ശോഭിച്ചു. സുവര്‍ണ്ണ ജാലങ്ങളുമായി മണിത്തിണ്ണയോടും, നല്ല കോണികളോടും വിചിത്രമായി അലങ്കരിച്ച നാനാപീഠ ശയ്യകളോടും കൂടിയ സൗധങ്ങള്‍ ശോഭിച്ചു. പൂമാല തൂക്കിയും സുഗന്ധ ധൂമങ്ങള്‍ വീശിയും, അരയന്ന നിറത്തോടു കൂടി, തിരക്കു കൂടാതെ പോകുന്നതിനും വരുന്നതിനും സുഖസൗാകര്യം കൊടുക്കുന്ന വാതിലുകളോടു കൂടിയതും നാനാശയ്യാസനങ്ങളോടു കൂടി ശോഭിക്കുന്നതും, പല ധാതുക്കള്‍ അണിഞ്ഞതുമായ ശയ്യാഗൃഹങ്ങള്‍, പലതരം ധാതുദ്രവ്യങ്ങള്‍ ചേര്‍ന്ന്‌, സുരഭിലമായ ഹിമവല്‍ശിഖരം പോലെ, പ്രഭവീശി. ഇങ്ങനെ പലേ വിധത്തില്‍ അലങ്കരിക്കപ്പെട്ട സൗധങ്ങളില്‍ അലങ്കാരങ്ങളണിഞ്ഞ മത്സരബുദ്ധിയോടു കൂടിയ രാജാക്കന്മാര്‍ ഞാനാണ്‌ അതിസുന്ദരന്‍; അവള്‍ എന്നെ വരിക്കും, എന്ന ഭാവത്തില്‍ സ്ഥിതി ചെയ്തു.

അവിടെ സത്വവിക്രമന്മാരും ഭാദ്യവാന്മാരും മഹാന്മാരുമായ രാജസിംഹന്മാര്‍ ദേഹത്തില്‍ അകില്‍ അരച്ചു പൂശിയവരായി കണ്ടു. വൈദിക ഭക്തന്മാരും പ്രസന്നരും സ്വന്തം രാഷ്ട്രം ഭരിക്കുന്നവരും എല്ലാവര്‍ക്കും പ്രിയമുള്ളവരും, മംഗള പുണ്യകര്‍മ്മാക്കളുമായ രാജസിംഹന്മാരെ കണ്ടു. പൗരജാനപദവ്രജവും മഞ്ചങ്ങളില്‍ യഥാര്‍ഹം ആസനസ്ഥരായി അവരെല്ലാം കൃഷ്ണയെ കാണുവാന്‍ തൃഷ്ണയോടെ ഇരിപ്പായി. ബ്രാഹ്മണരുടെ ഇടയില്‍ പാണ്ഡവന്മാരും ഇരുന്നു. പാഞ്ചാലരാജ്യസമ്പത്തു കണ്ട്‌ പ്രശംസിച്ച്‌ ബ്രാഹ്മണര്‍ ഇരുന്നു. ഈ മഹാജനങ്ങള്‍ വന്നു തുടങ്ങിയിട്ട്‌ കുറച്ചു ദിവസങ്ങളായി. ദിനംപ്രതി അതിഥികളുടേയും സന്ദര്‍ശകരുടേയും സംഖ്യ വര്‍ദ്ധിച്ചു. രത്നദാനവും നാനാവിധം നടനങ്ങളും കാഴ്ചകളുമായി ആ മഹാസമ്മേളനം നാള്‍ക്കുനാള്‍ വളര്‍ന്നു വന്നു.

വിവാഹ മഹോത്സവം തുടങ്ങി പതിനാറാം ദിവസം മംഗളസ്നാനം കഴിഞ്ഞ്‌ ശുഭ്രവസ്‌ത്രം ധരിച്ച്‌ സര്‍വ്വാഭരണ ഭൂഷിതയായ ദ്രൗപദി മാലയും, വേണ്ട പോലെ അലങ്കരിച്ച്‌ ഭംഗിയേറുന്ന പൊന്‍പാത്രവും കൈയിലെടുത്ത്‌ രംഗത്തില്‍ ഇറങ്ങി വന്നു. വിവാഹമന്ത്രം അറിയുന്ന നിര്‍മ്മലചിത്തനും ബ്രാഹ്മണശ്രേഷ്ഠനുമായ സോമകപുരോഹിതന്‍ മന്ത്രോച്ചാരണത്തോടെ അഗ്നിയില്‍ നെയ്യൊഴിച്ച്‌ ആഹുതി കഴിച്ചു. അഗ്നിസംതര്‍പ്പണം ചെയ്ത്‌ അഗ്നിയെ തൃപ്തനാക്കി; വിപ്രന്മാര്‍ക്ക്‌ ആശിസ്സു പറഞ്ഞു. ഉടനെ ചുറ്റുമുള്ള സംഘം വാദൃഘോഷങ്ങള്‍ തല്ക്കാലത്തേക്ക്‌ നിര്‍ത്തി. ജനമേജയരാജാവേ, പെട്ടെന്ന്‌ വാദ്യമെല്ലാം നിന്നപ്പോള്‍ ധൃഷ്ടദ്യുമ്നന്‍ കൃഷ്ണയേയും കൊണ്ട്‌ രംഗമദ്ധ്യത്തില്‍ ചെന്നു നിന്ന്‌ മേഘഗംഭീര സ്വരത്തില്‍ ഉച്ചത്തില്‍ മധുരമായി അര്‍ത്ഥത്തോടു കൂടിയ വാക്കുകള്‍ പറഞ്ഞു.

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു: അല്ലയോ മന്നവന്മാരേ, നിങ്ങള്‍ കേള്‍ക്കുവിന്‍! ഇതാ വില്ലും ലക്ഷ്യവും ബാണങ്ങളും. യന്ത്രത്തിന്റെ പഴുതിലൂടെ ഒരേ സമയത്ത്‌ അഞ്ചു ബാണങ്ങള്‍ എയ്ത്‌ ലക്ഷ്യം ഭേദിക്കണം. ഇപ്രകാരമുള്ള അത്ഭുത കര്‍മ്മം ആര് ചെയ്യുന്നുവോ, കുലീനനും ബലരൂപശാലിയുമായ അദ്ദേഹത്തിന് എന്റെ സഹോദരിയായ കൃഷ്ണ ഭാര്യയാകും. ഞാന്‍ ഈ പറയുന്നത്‌ സത്യമാണ്‌. ഭോഷ്ക്‌ ഞാന്‍ പറയുകയില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പാഞ്ചാലരാജപുത്രന്‍ പറഞ്ഞതിന് ശേഷം തന്റെ സോദരിയായ കൃഷ്ണയോട്‌ അവിടെയിരിക്കുന്ന ഓരോ രാജാവിന്റേയും നാമം, കുലം, കര്‍മ്മം, സാമര്‍ത്ഥ്യം എന്നിവയെപ്പറ്റി തിരിച്ചു തിരിച്ച്‌ പറയുവാന്‍ തുടങ്ങി.

186. രാജനാമകീര്‍ത്തനം - ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു: ദുര്യോധനന്‍, ദുര്‍വ്വിഷഹന്‍, ദുര്‍മ്മുഖന്‍, ദുഷ്പ്രധര്‍ഷണന്‍, വിവിംശതി, വികര്‍ണ്ണന്‍, സഹന്‍, ദുശ്ശാസനന്‍, യുയുത്സു, വായുവേഗന്‍, ഭീമവേഗരവന്‍, ഉഗ്രായുധന്‍, ബലാകങ്കി, കരകായു, വിരോചനന്‍, കുണ്ഡകന്‍, ചിത്രസേനന്‍. സുവര്‍ച്ചസ്സ്‌, കനകധ്വജന്‍, നന്ദകന്‍, ബാഹുശാലി, തുഹുണ്ഡന്‍, വികടന്‍ ഇവരും മറ്റു പലരും മഹാവീരന്മാരും മഹാബലന്മാരുമായ ധാര്‍ത്തരാഷ്ട്രന്മാരാണ്‌. കര്‍ണ്ണനോടു കൂടിയ വീരന്മാരായ ഇവര്‍ നിന്നെ ഉദ്ദേശിച്ച്‌ വന്നവരാണ്‌. വേറേയും അസംഖ്യം മഹാത്മാക്കളായ രാജാക്കള്‍ വന്നെത്തിയിട്ടുണ്ട്‌.

അതാ ഇവിടെ ഇരിക്കുന്നത്‌ ശ്രീമാനും സുബലപുത്രനുമായ ശകുനിയാണ്‌. അടുത്ത്‌ ഇരിക്കുന്നത്‌ ശ്രീമാന്‍ വൃഷകന്‍. അടുത്തത്‌ ബൃഹത്ബലന്‍, ഇവരും ഗാന്ധാര രാജാവിന്റെ പുത്രന്മാരാണ്‌.

അശ്വത്ഥാമാവ്‌, ഭോജന്‍, ഇവര്‍ സർവ്വശാസ്ത്ര പടുക്കളായ മഹാന്മാരാണ്‌. ഇവരും നിന്നെ ഓര്‍ത്ത്‌ വന്നവരാണ്‌.

ബൃഹന്തന്‍, മണിമാന്‍, ദണ്ഡധാരന്‍, സഹദേവന്‍, ജയല്‍ സേനന്‍, മേഘസന്ധി, ശംഖന്‍, ഉത്തരന്‍ എന്നീ പുത്രന്മാരോടു കൂടിയ വിരാട രാജാവ്‌, വാര്‍ദ്ധക്ഷേമി, സുശര്‍മ്മാവ്‌, സേനാബിന്ദു, സുനാമാവ്‌, സുവര്‍ച്ചസ്സ്‌ എന്നീ രണ്ടു പുത്രന്മാരോടു കൂടിയ സുകേതു, സുചിത്രന്‍, സുകുമാരന്‍, വൃകന്‍, സതൃധൃതി, സൂര്യധ്വജന്‍, രോചമാനന്‍, നീലന്‍, ചിത്രായുധന്‍, അംശുമാന്‍, ചേകിതാനന്‍, മഹാബലനായ ശ്രേണിമാന്‍, സമുദ്രസേന പുത്രനായ ചന്ദ്രസേനന്‍, ജലസന്ധന്‍, പിതാവായ വിദണ്ഡന്‍, പുത്രനായ ദണ്ഡന്‍, പൗന്ധ്രക വാസുദേവന്‍, ഭഗദത്തന്‍, കലിംഗന്‍, പത്തനാധിപതിയായ താമ്രലിപ്തന്‍, മദ്രരാജാവും മഹാരഥനുമായ ശല്യന്‍, തന്റെ പുത്രന്മാരായ രുഗ്മാംഗദന്‍, രുഗ്മരഥന്‍, എന്നിവരോടു കൂടി ഇതാ ഇരിക്കുന്നു. കൗരവനായ സോമദത്തൻ അവന്റെ പുത്രന്മാരായ ഭൂരി, ഭൂരിശ്രവസ്സ്‌, ശലന്‍ എന്നി മൂന്നു പേരോടു കൂടി ഇരിക്കുന്നു. സുദക്ഷിണന്‍, കാംബോജന്‍, ദൃഡധന്വാവ്‌ എന്ന പരവ, ബൃഹത്ബലന്‍, സുഷേണന്‍, ഔശീനരസനായ ശിബി, പാടച്ചരനിഹന്തന്‍ എന്ന കാരൂഷാധിപന്‍, സങ്കര്‍ഷണന്‍, വാസുദേവന്‍, രുഗ്മിണിപുത്രന്‍, സാംബന്‍. ചാരുദേഷ്ണന്‍; പ്രദ്യുമ്നപുത്രന്‍, ഗദന്‍, അക്രൂരന്‍, സാതൃകി, മഹാനായ ഉദ്ധവന്‍, ഹാര്‍ദ്ദിക്യനായ കൃതവർമ്മാവ്‌, പൃഥു, വിപൃഥു, വിദൂരഥന്‍, കങ്കന്‍, ശങ്കു, ഗവേഷണന്‍, ആശാവഹാന്‍, അനിരുദ്ധന്‍, സമീകന്‍, സാരിമേജയന്‍, വാതപതി, ത്ധില്ലി, പിണ്ഡാരകന്‍, മഹാവീരനായ ഉശീനരന്‍, ഇവര്‍ വൃഷ്ണിപുംഗവന്മാരാണ്‌. ഭഗിരഥന്‍, ബൃഹത്ക്ഷത്രന്‍, സിന്ധുരാജാവായ ജയദ്രഥന്‍, ബൃഹ്ഹ്രഥന്‍. ബാല്‍ഹീകന്‍, ശ്രുതായുസ്സ്‌, ഉലൂകന്‍, കൈതവരാജാവ്‌, ചിത്രാംഗദന്‍. ശുഭാംഗദന്‍, കോസലാധിപനായ വത്സരാജാവ്‌, ശിശുപാലന്‍, മഹാവീരനായ ജരാസന്ധന്‍, ഇവരും മറ്റു പലരും നാനാരാജ്യങ്ങളുടേയും രാജാക്കന്മാരാണ്‌. ഭദ്രേ, ലോകപ്രസിദ്ധന്മാരായ ഈ ക്ഷത്രിയന്മാര്‍ എല്ലാം നിന്നെ കാംക്ഷിച്ച്‌ വന്നവരാണ്‌. ഇവര്‍ നിന്നെ നിനച്ച്‌ ലക്ഷ്യം ഭേദിക്കും; തീര്‍ച്ചയാണ്‌. ശുഭേ, നീ ലക്ഷ്യം ഭേദിക്കുന്ന രാജാവിനെ വരിക്കണം!

187. രാജാക്കന്മാരുടെ ലക്ഷ്യഭേദശ്രമവും, പരാജയവും - വൈശമ്പായനൻ പറഞ്ഞു: മോടിയോടെ വസ്ത്രങ്ങള്‍ ധരിച്ച്‌, അലങ്കാരങ്ങള്‍ ചാര്‍ത്തി, കുണ്ഡലപ്രഭ ചിതറി ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന രാജാക്കന്മാര്‍ക്ക്‌ തമ്മില്‍ സ്പര്‍ദ്ധയങ്കുരിച്ചു. അസ്ത്രവും ബലവും തനിക്കേ ഉള്ളു എന്ന് അഭിമാനിക്കുന്ന രാജാക്കള്‍ എല്ലാം "ലക്ഷ്യം ഞാന്‍ മുമ്പ്‌ മുറിക്കും, ഞാന്‍ മുമ്പ്‌ മുറിക്കും" എന്ന ഭാവത്തോടെ തങ്ങളുടെ ആസനങ്ങളില്‍ നിന്ന്‌ ചാടി എഴുന്നേറ്റു. രൂപം, കുലം, ശീലം, വിത്തം, വീര്യം, യൗവനം ഇവയാല്‍ അനല്പമായ അഹങ്കാരത്തോടു കൂടിയ രാജാക്കന്മാര്‍ ഹിമാദ്രിയിലെ മത്തദ്വീപന്മാരോടു തുല്യമായ പ്രൗഢിയുള്ളവരും പരസ്പരം സ്പര്‍ദ്ധയോടെ നോക്കുന്നവരും കാമദേവന്‍ കരളില്‍ കടന്നു കൂടി മഥിക്കപ്പെടുന്നവരുമായ രാജാക്കള്‍, കൃഷ്ണ നമുക്കുള്ളവള്‍ തന്നെ എന്നു പറഞ്ഞ്‌ ആസനം വിട്ട്‌ എഴുന്നേറ്റു.

ആ ക്ഷത്രിയന്മാർ രംഗത്തിൽ ചെന്ന് കയറി സാമര്‍ത്ഥ്യത്തോടെ കൃഷ്ണയെ നേടുവാന്‍ തിരക്കി; പാര്‍വ്വതീ ലാഭത്തിന് വേണ്ടി വാനവന്മാര്‍ എന്ന വിധം പ്രശോഭിച്ചു ( നിരര്‍ത്ഥകമായിഅവര്‍ വ്യാമോഹിച്ചു ). ഉടനെ കൃഷ്ണയില്‍ കാമാസ്ത്രമേറ്റ്‌ ദേഹം വേദനിക്കുന്ന രാജാക്കള്‍ അവളെ കൈയിലാക്കുവാന്‍ മനസ്സു വെച്ച്‌, പണ്ടേ സുഹൃത്തുക്കളായിരുന്നവര്‍ കൂടി പരസ്പരം സ്പര്‍ദ്ധയോടെ, രംഗത്തിറങ്ങി.

ഈ സമയത്ത്‌ ദേവന്മാര്‍ വിമാനത്തില്‍ എത്തി അംബരത്തില്‍ നിരന്നു. രുദ്രന്മാരും വസുക്കളും അശ്വിനീദേവന്മാരും. ആദിത്യന്മാരും സാദ്ധ്യന്മാരും മരുത്തുക്കളും യമധനേശ്വരന്മാരെ മുന്നിലാക്കി വന്നു ചേര്‍ന്നു. ദൈതൃരും സുപര്‍ണ്ണന്മാരും മഹോരഗങ്ങളും മുനീന്ദ്രന്മാരും ഗുഹൃകന്മാരും ചാരണന്മാരും വിശ്വാവസുവും നാരദപർവ്വതന്മാരും ഗന്ധര്‍വ്വന്മാരും അപ്സരോവര്‍ഗ്ഗത്തോടു കൂടി കാഴ്ചക്കാരായി വന്നു കൂടി. ഹലായുധനും ജനാര്‍ദ്ദനനും മറ്റു വൃഷ്ണ്യന്ധക പ്രവരന്മാരും വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു, കൃഷ്ണന്റെ അഭിപ്രായ പ്രകാരം ആ മഹാന്മാര്‍ വെറും പ്രേക്ഷകരായി ഇരുന്നു. ബ്രാഹ്മണരാണെന്ന വ്യാജേന ഇരിക്കുന്ന പാര്‍ത്ഥന്മാരെ, ഭസ്മം മൂടുന്ന തീക്കനല്‍ എന്ന പോലെയും, താമര നിറഞ്ഞ കുളത്തെ മത്തഗജങ്ങള്‍ എന്ന പോലെയും ദ്രൗപദിയില്‍ ആകൃഷ്ടരായി കണ്ട്‌ കൃഷ്ണന്‍ അറിഞ്ഞു. കൃഷ്ണന്‍ ജ്യേഷ്ഠനായ ബലഭ്രദനെ അടുത്തുനിര്‍ത്തി ധര്‍മ്മപുത്രന്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍ എന്തിവരെ കാണിച്ചു കൊടുത്തു. രാമന്‍ മെല്ലെ ഓരോരുത്തരേയും നോക്കിയറിഞ്ഞ്‌ സന്തുഷ്ടനായി, മനസ്സിലായെന്ന ഭാവത്തില്‍, കൃഷ്ണനെ വിണ്ടും നോക്കി.

മറ്റു രാജാക്കന്മാരും രാജപുത്രന്മാരും ഉലാത്തുന്ന കൃഷ്ണയില്‍ തന്നെ ആസക്തരായി കണ്ണും കരളും ഉറപ്പിച്ച്‌ വിക്രാന്തിക്കായി ചുണ്ടു കടിച്ചു രക്താക്ഷന്മാരായി നില്ക്കെ അവരാരും പാണ്ഡവന്മാരെ കാണുകയുണ്ടായില്ല. അപ്രകാരം ദീര്‍ഘബാഹുക്കളായ പാര്‍ത്ഥന്മാരും വീരന്മാരായ മാദ്രേയന്മാരും ദ്രൗപദീദര്‍ശനം കൊണ്ട്‌ പുഷ്പബാണാര്‍ത്തന്മാരായിത്തീര്‍ന്നു.

ദേവര്‍ഷികളും ഗന്ധര്‍വ്വരും ചേര്‍ന്നു; സുപര്‍ണ്ണ നാഗാസുര സിദ്ധന്മാര്‍ നിരന്നു കൂടി; ദിവ്യമായ സുഗന്ധം ചിതറിപ്പരന്നു; ദിവ്യപ്രസൂനങ്ങള്‍ ചൊരിഞ്ഞു; ദുന്ദുഭിവാദ്യം മുഴങ്ങി. അന്തരീക്ഷം അങ്ങനെ സുരഭിലവും ശബ്ദായമാനവും ആകുലവുമായി വിളങ്ങി.

വിമാനങ്ങള്‍ തമ്മില്‍ മുട്ടിത്തിരക്കി, വേണുവീണാ മൃദംഗങ്ങളുടെ മധുരസ്വനം പൊങ്ങി. ക്രമേണ, രാജാക്കന്മാര്‍ കൃഷ്ണ നിമിത്തമായി വിക്രമങ്ങള്‍ തുടങ്ങി.

രാഷ്ട്രാധിപന്മാരും ബലം, വീര്യം എന്നിവ ചേര്‍ന്നവരും, പത്മപത്രായതാക്ഷന്മാരുമായ രാജാക്കന്മാര്‍ കിരീടം, ഹാരം, അംഗദം, ചക്രം മുതലായവ അണിഞ്ഞ്‌ ഓരോരുത്തനായി വന്ന്‌ ബലമേറുന്ന ആ വില്ലെടുത്തു കുലയ്ക്കുവാന്‍ കിണഞ്ഞു നോക്കി. കുലയ്ക്കുവാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. കുലയ്ക്കുമ്പോള്‍ നിലതെറ്റി തെറിക്കുന്ന വില്ലില്‍ത്തട്ടി രാജാക്കള്‍ തെറ്റിത്തെറിച്ചു നിലത്തു വീണു. പിടയുന്ന ശിക്ഷാബലം പോലെ അവര്‍ ഏഴുന്നേറ്റു നടന്നു തുടങ്ങി. ശൗര്യം കെട്ടും, ഹാരം, കിരീടം എന്നിവ നുറുങ്ങിയും, നെടുവീര്‍പ്പിട്ടും, ഹാരം, അംഗദം, കുണ്ഡലം മുതലായ ആഭരണം കൊഴിഞ്ഞും ആ വീരന്മാര്‍  നിര്‍വ്വീരൃന്മാരായി ഹാ! ഹാ! എന്നുള്ള അത്ഭുതാനന്ദ ഹാസ്യ ശബ്ദങ്ങള്‍ക്കിടയില്‍ മടങ്ങിത്തുടങ്ങി. കൃഷ്ണയിലുള്ള ആശ വെടിഞ്ഞും, ആര്‍ത്തിപ്പെട്ടും, പരുക്കു പറ്റിയും രാജാക്കള്‍ മിക്കവരും മടങ്ങി. ഇങ്ങനെ കര്‍ണ്ണന്‍, ദുര്യോധനന്‍, ശാലന്‍, ശല്യന്‍, ദ്രൗണി ( അശ്വത്ഥാമാവ്‌ ), ക്രാഥസുനീഥവക്ത്രന്മാര്‍, കലിംഗവംഗാധിപര്‍, പാണ്ഡ്യപൗന്ധ്രകന്മാര്‍, വിദേഹരാജാവ്‌, യവനാധിപന്‍ മുതലായവരും മറ്റു രാജാക്കന്മാരും പുത്രപൗത്രാദികളടക്കം പരാജിതരായി നാണം കെട്ട്‌, ബുദ്ധികെട്ട്‌ പിന്മാറി.

ഇങ്ങനെ ആര്‍ത്തിപ്പെട്ട്‌ രാജചക്രം നില്ക്കുമ്പോള്‍ എല്ലാ നൃപന്മാരേയും ഒന്നു നോക്കി. വില്ലാളിയായ കര്‍ണ്ണന്‍. സ്വതസിദ്ധമായ ഗാംഭീര്യത്തോടെ ഘനമായി നടന്നു ചെന്ന്‌  വില്ലെടുത്തു കുലച്ച്‌ കൂസലില്ലാതെ അഞ്ചമ്പുകളും തൊടുത്തു. ആ അര്‍ക്കപുത്രന്‍ അഗ്നിസോമാര്‍ക്ക സങ്കാശനായി പ്രശോഭിച്ചു. കര്‍ണ്ണന്‍ അങ്ങനെ അമ്പുകള്‍ തൊടുത്തപ്പോള്‍ പാണ്ഡവന്മാര്‍ വിചാരിച്ചു; ഇവന്‍ ഇപ്പോള്‍ ലാക്ക്‌ എയ്ത്‌ അറുത്തതു തന്നെ. ആ നിലയില്‍ കര്‍ണ്ണനെ കണ്ടയുടനെ ദ്രൗപദി ഉച്ചത്തില്‍ പറഞ്ഞു: "സൂതനെ ഞാന്‍ വരിക്കുകയില്ല!".

കഠോരമായ ഈ വാക്കുകേട്ട്‌ അമര്‍ഷത്തോടും ഹാസത്തോടും കൂടി കര്‍ണ്ണന്‍ സൂര്യനെ ഒന്നു നോക്കി, കുലച്ച വില്ല്‌ താഴെയിട്ട്‌ തിരികെ പോന്നു!

ഇപ്രകാരം എല്ലാ ക്ഷത്രിയന്മാരും പിന്തിരിഞ്ഞു. ഈ സമയത്ത്‌ വീരനും ബലവാനും അന്തകോപമനും മഹാമതിയുമായ, ചേദിരാജാവും ദമഘോഷസൂതനുമായ ശിശുപാലന്‍ ധീരതയോടെ നടന്നു വന്ന്‌ വില്ലെടുത്ത്‌ ആഞ്ഞു വലിച്ചു കുലയ്ക്കുവാന്‍ ശ്രമിക്കവേ മുട്ടുകുത്തി ഭൂമിയില്‍ വീണു!

പിന്നെ മഹാബലനും മഹാവീര്യനുമായ ജരാസന്ധന്‍ വില്ലിന്റെ അരികില്‍ ചെന്നു മഹാമല പോലെ നിന്നു. വില്ലെടുത്തു കുലയ്ക്കുവാന്‍ ഭാവിച്ചപ്പോള്‍ വില്ലിന്റെ പീഡയേറ്റ്‌ അവനും മുട്ടുകുത്തി വീണു. ഉടനെ അവിടെ നിന്നെഴുന്നേറ്റ്‌ മറ്റു വിശേഷങ്ങളൊന്നും കാണാന്‍ നില്ക്കാതെ ഊണു കഴിക്കുവാന്‍ പോലും നില്ക്കാതെ, നേരെ തന്റെ നാട്ടിലേക്കു നടന്നു. പിന്നെ, മഹാവീരനും മഹാബലനുമായ മദ്രരാജാവ്‌, ശല്യന്‍, ആ വില്ലു കുലയേറ്റുന്ന സമയത്തു മുട്ടുകുത്തി വീണു.

ജനങ്ങളൊക്കെ സംഭ്രാന്തരായി, ജനാധിപന്മാരൊക്കെ അടങ്ങി. പിന്നെ രാജാക്കളാരും തന്നെ മുന്നോട്ടു വന്നില്ല. രംഗം ശാന്തമായി. ഈ സമയത്ത്‌ കുന്തീപുത്രനായ അര്‍ജ്ജുനന്‍ വില്ലെടുത്ത്‌ എയ്യുവാന്‍ വിചാരിച്ചു.

188. ലക്ഷ്യച്ഛേദം - വൈശമ്പായനൻ പറഞ്ഞു; വില്ലിന്റെ ഞാണ്‍ കെട്ടുന്ന കാര്യത്തില്‍ നിന്ന്‌ രാജാക്കന്മാരൊക്കെ പിന്മടങ്ങിയപ്പോള്‍ വിപ്രസമൂഹത്തിന്റെ മദ്ധ്യത്തില്‍ നിന്ന്‌ അര്‍ജ്ജുനന്‍എഴുന്നേറ്റു. ഇതു കണ്ട്‌ മാന്‍ തോലാകുന്ന ഉത്തരീയം വീശി വിപ്രന്മാര്‍ ഹര്‍ഷത്തോടെ ആര്‍ത്തു. ഇന്ദ്രധ്വജപ്രഭനായ പാര്‍ത്ഥന്‍ മെല്ലെ ചെന്നടുത്തു. ഇതു കണ്ടപ്പോള്‍ ചിലര്‍ അസ്വസ്ഥ ചിത്തരായി; ചിലര്‍ സന്തോഷിച്ചു. ബുദ്ധിജീവികളായ ചിലര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു. ചില ബ്രാഹ്മണര്‍ പറഞ്ഞു; കര്‍ണ്ണന്‍, ശല്യന്‍ മുതലായ ധനുര്‍വ്വേദ വിദഗ്ദ്ധന്മാരായ വീരന്മാര്‍ തോറ്റമ്പിയേടത്ത്‌ ഒരു ബ്രാഹ്മണ ബാലന്‍ കയറിച്ചെല്ലുന്നത്‌ കണ്ടോ? ഈ ബ്രാഹ്മണരൊക്കെ ഇവന്‍ മൂലം രാജാക്കന്മാരുടെ പരിഹാസത്തിന് പാത്രമാകാനാണ്‌ പോകുന്നത്‌. ദുഷ്കരമായ ഈ കര്‍മ്മം ഇവനെക്കൊണ്ടുണ്ടോ സാധിക്കുന്നു?. ഇത്‌ ദര്‍പ്പമോ കൊതിയോ ചാപല്യമോ?എന്താണിത്‌? നോക്കൂ! അവന്‍ വില്ലെടുക്കുവാന്‍ പോകുന്നു! നാം അവനെ തടുക്കണം, പിടിച്ചു നിര്‍ത്തണം. നാം മറ്റുള്ളവരുടെ പരിഹാസപാത്രമാകരുത്‌; രാജാക്കന്മാരുടെ ശത്രുക്കളുമാകരുത്‌.

ചിലര്‍ പറഞ്ഞു: ഈ യുവാവ്‌ ഏറ്റവും ശ്രീമാനാണ്‌. നാഗരാജകരോപമനാണ്‌! പീനസ്കന്ധനും, ദീര്‍ഘബാഹുവും, ധൈര്യം കൊണ്ട്‌ ഹിമവല്‍സമനുമാണ്‌. സിംഹവീരഗതിയാണ്‌. മത്തനാഗ്രേന്ദ്ര വിക്രമനാണ്‌. ഇവന്‍ ഈ പണി പറ്റിക്കും! അവന്റെ ഉത്സാഹം കണ്ടോ! അവന് ശക്തിയുണ്ട്‌. അല്ലാതെ ഈ സന്ദര്‍ഭത്തില്‍ അവന്‍ പുറപ്പെടുമോ? ലോകത്തിലെങ്ങും കാണാത്ത കാര്യം ബ്രാഹ്മണര്‍ക്കു ചെയ്യുവാന്‍ സാധിക്കും. അവര്‍ക്ക്‌ അസാദ്ധ്യമായി മൂന്നു ലോകത്തിലും എന്താണുള്ളത്‌? അക്ഷുബ്ധരായി, വായുഭക്ഷന്മാരായി, ഫലാഹാരരായി, ദൃഢവ്രതരായി, ദുര്‍ബ്ബലന്മാരായിരിക്കുന്ന വിപ്രന്മാര്‍ തേജോബലം കൊണ്ടു ബലശാലികളാണ്‌. അവര്‍ നല്ലതോ ചീത്തയോ ചെയ്യും. എന്നാലും അവര്‍ പരിഹാസ്യരല്ല. അദ്ദേഹത്തിന്റെ കര്‍മ്മം സുഖത്തെ ദുഃഖമായും വലുതിനെ നിസ്സാരമായും മാറ്റുവാന്‍ പോന്നതാണ്‌. ജാമദഗ്നൃനായ രാമന്‍ സമരത്തില്‍ ഭൂപന്മാരെയൊക്കെ തോല്‍പിച്ചു. അഗസ്തൃ മഹര്‍ഷി ബ്രഹ്മതേജസ്സു കൊണ്ട്‌ സമുദ്രത്തിലെ ജലം കൂടി വറ്റിച്ചു. അതു കൊണ്ട്‌ എല്ലാവരും പറയുവിന്‍ ഈ പടു അതിന് പോന്നവനാണെന്ന്‌. ഇവന്‍ വില്ലു കുലയ്ക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: എന്നു പല തരത്തില്‍ വിപ്രന്മാര്‍ സംസാരിക്കുന്നതിന്നിടയ്ക്ക്‌ അര്‍ജ്ജുനന്‍ വില്ലിന്നരികെച്ചെന്ന്‌  അദ്രിപോലെ നിന്നു. അവന്‍ ആദ്യമായി ആ വില്ലിനെ വലംവെച്ചു. ദേവനും വരദനുമായ ഈശാനദേവനെ ശിരസാ നമസ്കാരം ചെയ്തു. കൃഷ്ണനെ ഓര്‍ത്ത്‌ അര്‍ജ്ജുനന്‍ വില്ലെടുത്തു.

രുക്മന്‍, സുനീതന്‍, വ്രകന്‍, രാധാപുത്രന്‍, ദുര്യോധനന്‍, ശല്യന്‍, ശാല്വന്‍ മുതലായ ശസ്ത്രപടുക്കള്‍ക്ക്‌ കഠിനമായി യത്നിച്ചിട്ടും പറ്റാത്ത ആ കാര്യം ഇന്ദ്രപുത്രനും ഇന്ദ്രന്റെ അനിയനെപ്പോലെ ( വിഷ്ണു ) ശക്തനുമായ അര്‍ജ്ജുനന്‍ ചെയ്തു. മന്നവന്മാര്‍ നോക്കിനില്ക്കെ, അരക്ഷണം കൊണ്ടു കുലയേറ്റി അഞ്ചു ശരങ്ങളും കൈയിലെടുത്ത്‌ ലക്ഷ്യം എയ്തു ഭേദിച്ചു. എയ്ത്തിന്റെ ഊക്കേറ്റ്‌ അതു താഴെ വീണു.

ഉടനെ ആകാശത്തില്‍ ഒരു മുഴക്കമുണ്ടായി. ജനമദ്ധൃത്തിലും ഉച്ചമായ ഘോഷമുണ്ടായി. ദേവന്മാര്‍ പാര്‍ത്ഥന്റെ ശിരസ്സില്‍ പൂവര്‍ഷം ചൊരിഞ്ഞു.

വിപ്രന്മാരുടെ ഭാഗത്ത്‌ ഹര്‍ഷാരവം മുഴങ്ങി. അത്ഭുതത്തോടെ വസ്ത്രങ്ങള്‍ വീശി. ഹാ! ഹാ എന്ന് ആര്‍ത്തു. ആകാശത്തു നിന്ന്‌ സര്‍വ്വത്ര പുഷ്പവൃഷ്ടിയുണ്ടായി. ശതാംഗതൂര്യവാദൃങ്ങള്‍ വാദകന്മാര്‍ മുഴക്കി. സൂതമാഗധസംഘങ്ങള്‍ സുസ്വരത്തില്‍ പുകഴ്ത്തി. അവനെ ദ്രുപദന്‍ നോക്കി പ്രീതി നേടി. പാര്‍ത്ഥനെ സൈന്യത്തോടു കൂടി തുണയ്ക്കുവാനും ഉറച്ചു.

ഇങ്ങനെ ഘോഷങ്ങള്‍ മുഴങ്ങുന്ന സമയത്ത്‌ ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്‍ നകുലസഹദേവന്മാരോടു കൂടെ ഇരിപ്പിടത്തിലേക്കു വേഗം നടന്നു. ലാക്ക്‌ എയ്തു വീഴ്ത്തിയതു കണ്ട്‌ കൃഷ്ണ ശക്രാഭനായ പാര്‍ത്ഥനെ കടാക്ഷിച്ചു. ശുക്ലാംബരം ചാര്‍ത്തിയ അവള്‍ മാല്യവുമായി മന്ദസ്മിതത്തോടെ അര്‍ജ്ജുനന്റെ പാര്‍ശ്വത്തില്‍ എത്തി.

രംഗത്തില്‍ വച്ചു വിജയം വരിച്ചവനായ അര്‍ജ്ജുനന്‍ അവളുടെ കരം ഗ്രഹിച്ചു. ബ്രാഹ്മണരുടെ പൂജയേറ്റ്‌ അചിന്ത്യ വീര്യനായ ആ യുവാവ്‌ തന്റെ പത്നിയോടു കൂടി രംഗഭൂമി വിട്ട്‌ ഇറങ്ങി.

189. കൃഷ്ണവാകൃം - വൈശമ്പായനൻ പറഞ്ഞു; തന്റെ പുത്രിയെ ഒരു ബ്രാഹ്മണന് നല്കുവാന്‍ രാജാവ്‌ മുതിര്‍ന്നതു കണ്ടപ്പോള്‍ രാജാക്കന്മാര്‍ അന്യോന്യം നോക്കി നിന്നു. അവരുടെ മുഖം ദുഃഖം നിറഞ്ഞ കോപം കൊണ്ട്‌  ജ്വലിച്ചു.

രാജാക്കന്മാര്‍ പറഞ്ഞു: സുഹൃത്തുക്കളായ ഞങ്ങളെ പുല്ലു പോലെ ധിക്കരിച്ച്‌ ഇവന്‍ നാരീരത്നമായ ദ്രൗപദിയെ ഒരു ബ്രാഹ്മണന് നല്‍കുവാന്‍ പോകുന്നു. ഒരു വൃക്ഷം വെച്ച്‌ നനച്ചു വളര്‍ത്തിക്കൊണ്ടു വന്നു കായ്ക്കുവാന്‍ പോകുന്ന കാലത്തു വീഴ്ത്തി; ഈ ദുഷ്ടനെ കൊല്ലുകയാണ്‌ വേണ്ടത്‌. നമ്മളെയൊക്കെ ധിക്കരിച്ചതിന് ഇവനെ ബാക്കിവെച്ചുകൂടാ. മാനിക്കുവാനും, വൃദ്ധനെന്നു വച്ചു പൂജിക്കുവാനും, ഇവന്‍ യോഗ്യനല്ല. പുത്രനോടൊപ്പം ഈ രാജദ്രോഹിയെ കൊന്നു കളയണം. ഇവന്‍ ഈ ഭൂപരെയൊക്കെ വരുത്തി സല്‍ക്കരിച്ചു. ആദിയില്‍ നന്നായി ആദരിച്ചു. പിന്നെ നിന്ദിച്ചു. ദേവതുല്യരായ ഈ രാജാക്കളില്‍ ചാര്‍ച്ചയ്ക്കു യോഗ്യരായിട്ട്‌ ആരെയും ഈ ധൂര്‍ത്തന്‍ കണ്ടില്ല പോലും! വിപ്രന്മാര്‍ക്ക്‌ സ്വയംവരത്തില്‍ പങ്കുകൊള്ളുവാന്‍ അധികാരമില്ല. സ്വയംവരം ക്ഷത്രിയര്‍ക്ക്‌ ചേര്‍ന്നതാണെന്നാണ്‌ ശ്രുതി ഘോഷിക്കുന്നത്‌. രാജാവിന്റെ കുറ്റം കൊണ്ടല്ലെങ്കില്‍, ആരേയും ബോദ്ധ്യപ്പെടാത്ത സമുദായലേഷിണിയായ ഈ കൃഷ്ണയെ പിടിച്ചു തീയിലിട്ട്‌ നാം നമ്മുടെ നാട്ടിലേക്കു തിരിക്കുക.

ചാപല്യം, കോപം ഇവയാല്‍ ഈ ബ്രാഹ്മണനാണ്‌ പിഴ ചെയ്തതെങ്കില്‍, ഭൂപാലന്മാര്‍ക്ക്‌ ആ പിഴ ചെയ്ത ഭൂസുരന്‍ വദ്ധ്യനായി വരില്ല. നമ്മുടെ രാജ്യവും ജീവനും ധനവുമൊക്കെ ബ്രാഹ്മണര്‍ക്കുള്ളതാണ്‌. മാത്രമല്ല, പുത്രമിത്രാദിയായി നമ്മള്‍ക്ക്‌ ഉള്ളതെല്ലാം അവര്‍ക്കുള്ളതാണ്‌. അതു കൊണ്ട്‌ ഒരു കാലത്തും ബ്രാഹ്മണന്‍ വദ്ധ്യനല്ല.

അപമാനം, ഭയം, സ്വന്തം ധര്‍മ്മരക്ഷ ഇവ കൊണ്ട്‌ സ്വയംവരത്തിന് ഇനിമേല്‍ ഇപ്രകാരം ഒരു നില വരരുത്‌.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ ദീര്‍ഘബാഹുകളായ രാജാക്കന്മാര്‍ പ്രഹൃഷ്ടമായി ദ്രുപദനെ ധ്വംസിക്കുവാന്‍ ശസ്ത്രവുമേന്തി ഒരുങ്ങി. വില്ലും അമ്പുമെടുത്ത്‌ ദീര്‍ഘബാഹുക്കളായ രാജാക്കന്മാര്‍ ക്രുദ്ധരായി ദ്രുപദന്റെ നേരെ ചാടിപ്പുറപ്പെട്ടപ്പോള്‍, ദ്രുപദന്‍ പേടിച്ചു വിപ്രരെ ശരണം പ്രാപിച്ചു. പാഞ്ഞുവരുന്ന ആനകളെ പോലെ ആഞ്ഞടുക്കുന്ന രാജാക്കന്മാരെ ആ പാണ്ഡുനന്ദനന്മാര്‍ നേരിട്ട്‌ എതിര്‍ത്തു.

ഉടനെ രാജാക്കള്‍ കൈയുറയിട്ട്‌ യുദ്ധസന്നദ്ധരായി. ഭീമാര്‍ജ്ജുനന്മാര്‍ക്കു ശുണ്ഠി കയറി. അത്ഭുതഘോരകര്‍മ്മാവായ ഭീമന്‍ ഒരു ഗജവീരനെപ്പോലെ ചൊടിച്ച്‌ ഒരു വന്മരത്തെ പറിച്ചെടുത്ത്‌ തുമ്പി കൊണ്ട്‌ പത്രങ്ങള്‍ ഉരിക്കുന്നതു പോലെ ഉരിഞ്ഞു നിന്നും യമന്‍ ദണ്ഡേന്തി നില്ക്കുന്നതു പോലെ ആ ദീര്‍ഘബാഹുവായ ഭീമന്‍ അര്‍ജ്ജുനന്റെ സമീപത്തു നിൽപുറപ്പിച്ചു.

അതിബുദ്ധിമാനായ പാര്‍ത്ഥന്‍ ജ്യേഷ്ഠന്റെ ഈ അമാനുഷകര്‍മ്മം കണ്ട്‌ ആശ്ചര്യപ്പെട്ടു; ഭയം വെടിഞ്ഞ്‌ ഇന്ദ്രനെപ്പോലെ വില്ലെടുത്തു നിന്നു. ഭ്രാതാവിനോടൊത്ത്‌ അര്‍ജ്ജുനന്റെ ചാതുര്യത്തോടു കൂടിയ ആ നില്പു കണ്ട്‌ പടുബുദ്ധിമാനായ കൃഷ്ണന്‍ സോദരനായ ബലഭദ്രനോട്‌ ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ജ്യേഷ്ഠാ, ഞാന്‍ വസുദേവ പുത്രനാണെങ്കില്‍ പന പോലെയുള്ള വില്ല്‌ ഉലയ്ക്കുന്നവനും മദിച്ച കൂറ്റനെപ്പോലെ ഉള്ളവനുമായ ഇവന്‍ അര്‍ജ്ജുനന്‍ തന്നെയാണ്‌, സംശയമില്ല. ഹേ! രാമ! ഞാന്‍ കൃഷ്ണനാണെങ്കില്‍ അവന്‍ അര്‍ജ്ജുനനാണ്‌. മരം ബലമായി പറിച്ചെടുത്ത്‌ നരേന്ദ്രന്മാരെ സംഹരിക്കുവാന്‍ ഒരുങ്ങി നില്ക്കുന്ന അവന്‍ വൃകോദരൻ തന്നെയാണ്‌. ലോകത്തില്‍ ഇതുപോലെ അത്ഭുതകര്‍മ്മം ചെയ്യുവാനുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ല. പത്മപത്രായതാക്ഷനായി, കൃശനായി സിംഹത്തെപ്പോലെ നടക്കുന്നവനായി, വിനീതനായി, സ്വര്‍ണ്ണപ്രഭനായി ശോഭിക്കുന്ന, വലിയ ഗൗരവത്തില്‍ പോകുന്ന ആ മഹാപുരുഷന്‍ ആരാണെന്നു നോക്കൂ! അവന്‍ തീര്‍ച്ചയായും ധര്‍മ്മപുത്രനാണ്‌. കാര്‍ത്തികേയോപമന്മാരായ മറ്റു രണ്ടുപേരും മാദ്രേയരാണെന്നാണ്‌ എന്റെ അഭിപ്രായം. അരക്കില്ലം ചുട്ടതില്‍ പാണ്ഡവന്മാര്‍ ദഹിച്ചില്ലെന്നും കുന്തിയോടു കൂടി അവര്‍ രക്ഷപ്പെട്ടുവെന്നും കേള്‍ക്കുന്നുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്റെ വാക്കു കേട്ടപ്പോള്‍ തെളിഞ്ഞ ശരത്കാലത്തെ മേഘം പോലെ പ്രശോഭിക്കുന്നവനായ ഹലായുധന്‍ സന്തോഷത്തോടെ അനുജനോട്‌ ഇപ്രകാരം പറഞ്ഞു.

ബലഭദ്രദന്‍ പറഞ്ഞു: ഭാഗ്യം! പിതൃസഹോദരിയും പുത്രന്മാരും ആപത്തില്‍ നിന്നു രക്ഷപ്പെട്ടുവല്ലോ, നന്നായി!

190. പാണ്ഡവപ്രത്യാഗമനം - വൈശമ്പായനൻ പറഞ്ഞു: രാജാക്കന്മാര്‍ യുദ്ധസന്നദ്ധമായപ്പോള്‍ സ്വാദ്ധ്യായക്കിണ്ടിയും മാന്‍തോലും പൊക്കിപ്പിടിച്ച്‌ വിപ്രന്മാര്‍ പറഞ്ഞു.

ബ്രാഹ്മണര്‍ പറഞ്ഞു; അങ്ങ്‌ ഭയപ്പെടേണ്ട! ഞങ്ങള്‍ ശത്രുക്കളോട്‌ എതിര്‍ക്കുവാന്‍ സന്നദ്ധരാണ്‌.

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ആവേശം പൂണ്ടു പറയുന്ന വിപ്രരെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട്‌ ഫല്‍ഗുനന്‍ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ സുഹൃത്തുക്കളേ, നിങ്ങളെല്ലാം അരികെ കണ്ടു നിന്നാല്‍ മതി. കൂര്‍ത്തു മൂര്‍ത്ത ശരം കൊണ്ട്‌ പാര്‍ത്ഥിവന്മാരെ എയ്ത്‌, വിഷഹാരികള്‍ മന്ത്രം കൊണ്ടു സര്‍പ്പങ്ങളെയെന്ന പോലെ, ഞാന്‍ തടുത്തു കൊള്ളാം.

വൈശമ്പായനൻ പറഞ്ഞു. എന്നു പറഞ്ഞ്‌ സ്ത്രീധനമായി അപ്പോള്‍ കിട്ടിയ ആ വലിയ വില്ലെടുത്ത്‌ ഉലച്ച്‌, ജ്യേഷ്ഠനായ ഭീമനോടു കൂടി കുന്നുപോലെ കുലുങ്ങാതെ നിന്നു. ഉടനെ കര്‍ണ്ണന്‍ തുടങ്ങിയ യുദ്ധപടുക്കളായ രാജാക്കന്മാര്‍ അടുത്തു. ആനയോട്‌ ആന എന്ന വിധം അവര്‍ എതിര്‍ത്തേറ്റു. പോരിന് മുതിരുന്ന രാജാക്കന്മാര്‍ പരുഷോക്തികള്‍ പറഞ്ഞു. എതിര്‍ത്തു പൊരുതിയാല്‍ വിപ്രജാതിയേയും വധിക്കാം എന്നു പറഞ്ഞ്‌ ക്ഷത്രിയന്മാര്‍ വിപ്രന്മാരെ ലക്ഷ്യമാക്കി കുതിച്ചു.

പടയില്‍ പടുവായ കര്‍ണ്ണന്‍ പാര്‍ത്ഥനോടടുത്തു. പിടി കാരണമായി ഒരു ഗജം മറുഗജത്തോടെന്ന പോലെ എതിര്‍ത്തു. മഹാശക്തിമാനും ധീരനുമായ മദ്രരാജാവ്‌, ശലൃന്‍, ഭീമന്റെ നേരെ ആര്‍ത്തടുത്തു; ദുര്യോധനാദികള്‍ ബ്രാഹ്മണരോട്‌ ഏറ്റുമുട്ടി. ധീമാനായ അര്‍ജ്ജുനന്‍ മൃദുവായ മട്ടില്‍ യത്നം കൂടാതെ ചാതുര്യത്തോടെ പൊരുതി. അര്‍ജ്ജുനന്‍ വലിയ വില്ലെടുത്ത്‌ വൈകര്‍ത്തനനായ കര്‍ണ്ണനോടു പൊരുതി. കര്‍ണ്ണന്‍ ഒറ്റയ്ക്കാണ്‌ അര്‍ജ്ജുനനോടു പൊരുതിയത്‌. കൂര്‍ത്തുമൂര്‍ത്ത ശരത്തിന്റെ ശക്തിയേറ്റു ബുദ്ധിക്ഷയം പ്രാപിച്ച രാധേയന്‍ പ്രയാസപ്പെട്ട്‌ അര്‍ജ്ജുനനോട്‌ വീണ്ടും എതിരിട്ടു നിന്നു.

പറയുവാന്‍ വയ്യാത്തവിധം ലാഘവത്തോടെ അവര്‍ തമ്മില്‍, സരോഷം ജയകാംക്ഷയോടെ, ഏറ്റവും വാശിയോടെ പൊരുതി. "നോക്കൂ! എന്റെ കൈയൂക്കു നോക്കൂ! കൈയിന്റെ മറുകൈ ഞാന്‍ ചെയ്തു! നോക്കൂ, എന്റെ കൈയുക്ക്‌!", എന്നു തമ്മില്‍ വീരവാദം ചെയ്തു പോരാടി. പാര്‍ത്ഥന്റെ അതിരറ്റ ദോര്‍വ്വീര്യം അറിഞ്ഞ കര്‍ണ്ണന്‍ സഹിക്കവ യ്യാത്ത കോപത്തോടു കൂടി എതിരിട്ടു. ഊക്കോടെ അര്‍ജ്ജുനന്‍ എയ്യുന്ന ഉഗ്രമായ ബാണഗണങ്ങളെ തടുത്ത്‌ കര്‍ണ്ണന്‍ ആര്‍ത്തു. അതില്‍ സൈന്യങ്ങള്‍ അത്ഭുതപ്പെട്ടു; സൈന്യങ്ങള്‍ കര്‍ണ്ണനെ പുകഴ്ത്തി.

കര്‍ണ്ണന്‍ പറഞ്ഞു: ഹേ വിപ്രമുഖ്യാ, ഞാന്‍ അങ്ങയുടെ കൈയൂക്കില്‍ സന്തോഷിക്കുന്നു. ഭവാന്റെ കൈയൂക്കിനാലും അവിഷാദത്താലും ശസ്ത്രാസ്ത്ര ജ്ഞാനത്താലും ഞാന്‍ ഭവാനില്‍ ബഹുമാന പൂര്‍വ്വം സന്തോഷിക്കുന്നു. ഭവാന്‍ സാക്ഷാല്‍ ധനുര്‍വ്വേദമാണോ? രാമനാണോ? അല്ലെങ്കില്‍ ഇന്ദ്രനാണോ? സാക്ഷാല്‍ അച്യുതനായ വിഷ്ണു തന്നെയാണോ? ദോര്‍ബലം പെരുകുന്ന ഭവാന്‍ ഈ പറഞ്ഞവരില്‍ ആരെങ്കിലും സ്വന്തം രൂപം മറച്ച്‌ വിപ്രരൂപം പൂണ്ട നമ്മോട്‌ ഇപ്പോള്‍ പൊരുതുന്നതാണോ? കോപിഷ്ഠനായ എന്നോടെതിര്‍ക്കുവാന്‍ ഇന്ദ്രനല്ലാതെ പടുവായ അന്യവീരന്മാരാരുമില്ല. ലോകത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത്‌ അര്‍ജ്ജുനന്‍ മാത്രമാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന കര്‍ണ്ണനോട്‌ അര്‍ജ്ജുനന്‍ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ! കര്‍ണ്ണാ, ഞാന്‍ ധനുര്‍വ്വേദമല്ല, രാമനുമല്ല, ഞാന്‍ യുദ്ധം ശീലിച്ച ഒരു വിപ്രനാണ്‌. ശസ്ത്രാസ്ത്രങ്ങള്‍ അറിഞ്ഞ ഒരു വെറും വിപ്രൻ മാത്രം! ഞാന്‍ ഒരു യുദ്ധവീരനാണ്‌. ഗുരൂപദേശം വഴിക്കു ബ്രഹ്മാസ്‌ത്രവും ഇന്ദ്രാസ്ത്രവും എനിക്കു സ്വാധീനമാണ്‌! ഇന്നു നിന്നെ പോരില്‍ വെല്ലുവാന്‍ ഞാന്‍ ഒരുങ്ങി നില്ക്കുകയാണ്‌. എടോ, വീരാ, കരുതി നില്ക്കുക.

വൈശമ്പായനൻ പറഞ്ഞു; അര്‍ജ്ജുനന്‍ പറഞ്ഞതു കേട്ട്‌ കര്‍ണ്ണന്‍ പോരു വേണ്ടെന്നു വച്ച്‌ അടങ്ങി. യുദ്ധത്തില്‍ നിന്നു പിന്മാറി. ബ്രഹ്മതേജസ്സ്‌ അജയ്യമാണെന്ന്‌ കര്‍ണ്ണന്‍ ചിന്തിച്ചു. മറ്റൊരു വശത്ത്‌ അപ്പോള്‍ യുദ്ധം പൊടിപൊടിച്ചു നടക്കുന്നുണ്ടായിരുന്നു. വീരന്മാരായ ശല്യനും ഭീമനും തമ്മില്‍. രണ്ടുപേരും ബലവാന്മാരും യുദ്ധദക്ഷരും വിദ്യാബലമുള്ളവരുമാണ്‌. തമ്മില്‍ പോരിന് വിളിച്ച്‌ അവര്‍ മത്തഹസ്തികള്‍ പോലെ പോരാടി. മുട്ടു കൊണ്ടും മുഷ്ടി കൊണ്ടും അവര്‍ തമ്മില്‍ ഏറ്റുമുട്ടി. അപകര്‍ഷണം, അഭ്യാകര്‍ഷം, വികര്‍ഷണം ഇങ്ങനെ അവര്‍ തമ്മില്‍ പിടിച്ചു വലിച്ചു പോരാടി. മുഷ്ടി കൊണ്ട്‌ ഇടിച്ചു. ഉടനെ ചടപടാശബ്ദം മുഴങ്ങി. പാറ കൊണ്ട്‌ ഇടിക്കുന്ന വിധം ഭയങ്കര ശബ്ദമുണ്ടായി. മുഹൂര്‍ത്ത സമയം അന്യോന്യം പരികര്‍ഷിച്ചു. യുദ്ധം ചെയ്തു കൊണ്ടിരിക്കേ പെട്ടെന്ന്‌ ഭീമന്‍ കൈകള്‍ കൊണ്ട്‌ ശല്യനെ പിടിച്ചേറ്റി ഒരു ഏറു കൊടുത്തു. ഇതു കണ്ട്‌ വിപ്രര്‍ക്കൊക്കെ ബഹുരസമായി! അവര്‍ കൈകൊട്ടിച്ചിരിച്ച്‌ ആര്‍ത്തുവിളിച്ചു! ഇങ്ങനെ പുരുഷപുംഗവനായ ഭീമന്‍ ആശ്ചര്യം കാണിച്ചു. എന്നാൽ താഴെ പതിച്ചു ശല്യനെ ഭീമന്‍ കൊന്നില്ല. അതു കണ്ട്‌ എല്ലാവരും അത്ഭുതപ്പെട്ടു.

ഭീമന്‍ ശല്യനെ വീഴിക്കുകയും കര്‍ണ്ണന്‍ ശങ്കിച്ച്‌ ഒഴിയുകയും ചെയ്തപ്പോള്‍ മറ്റു രാജാക്കളെല്ലാം ഭീമന്റെ ചുറ്റും കൂടി. എല്ലാവരും കൂടി ബ്രാഹ്മണരോട്‌ അന്വേഷണമായി. ഇവര്‍ എവിടെ നിന്നു വന്നവരാണ്‌ ? എവിടെ നിവസിക്കുന്നവരാണ്‌ ഇതൊക്കെ അറിയണം! എന്ന് ആഗ്രഹിച്ചു.

രാജാക്കന്മാര്‍ പറഞ്ഞു: വീരനായ കര്‍ണ്ണനോടു പോരാടുവാന്‍ പാരില്‍ ആരാണുള്ളത്‌? രാമനോ, ദ്രോണനോ, സാക്ഷാല്‍ പാണ്ഡുപുത്രനായ കിരീടിയോ, ദേവനായ കൃഷ്ണനോ, പിന്നെ കൃപനോ അല്ലാതെ മറ്റാരുണ്ട്‌? ശല്യനോട് എതിര്‍ക്കുവാന്‍ ശക്തിയുള്ളവരാരുണ്ട്‌? നല്ല ശക്തനായ ബലദേവനോ പാണ്ഡുപുത്രനായ ഭീമസേനനോ അല്ലാതെ ശല്യനെ വീഴിക്കുവാന്‍ മറ്റാര്‍ക്കു കഴിയും ? വിപ്രരുമായുള്ള ഈ യുദ്ധം ഇപ്പോള്‍ തന്നെ നിര്‍ത്തണം. തെറ്റു ചെയ്താലും രാജാക്കന്മാര്‍ വിപ്രരെ കാക്കണം. ഇവര്‍ ആരാണ് എന്നറിഞ്ഞിട്ട്‌ പിന്നെ നന്മയാൽ തന്നെ പൊരുതാം.

വൈശമ്പായനൻ പറഞ്ഞു; എന്നൊക്കെ പറഞ്ഞു നില്ക്കുന്ന മന്നവന്മാരെ നോക്കി, പിന്നെ മറ്റുള്ള വീരന്മാരേയും നോക്കി, ഈ ആശ്ചര്യക്രിയ കണ്ടും കൊണ്ടു ഭീമനെയും നോക്കി. കൃഷ്ണന്‍ ഇവര്‍ കുന്തീസുതന്മാര്‍ തന്നെയെന്ന്‌ അറിഞ്ഞ രാജാക്കന്മാരോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: നിങ്ങള്‍ വിചാരിക്കുന്ന മാതിരിയല്ല കാര്യം. ഈ വിവാഹം ധർമ്മാനുസൃതമാണ്‌. ഇവള്‍ ബ്രാഹ്മണന് അധീനയാണ്‌.

വൈശമ്പായനൻ പറഞ്ഞു എന്നു പറഞ്ഞ്‌ രാജാക്കന്മാരെ യുദ്ധത്തില്‍ നിന്നു തടഞ്ഞ്‌ അവരെ സമാധാനിപ്പിച്ചു. പോരില്‍ പേര് കേട്ട രാജാക്കന്മാര്‍ പൊരുതിയ ശേഷം പിന്‍വാങ്ങി. എല്ലാവരും സ്വവസതികളിലേക്ക്‌ അത്ഭുതത്തോടെ തിരിച്ചു പോയി.

ബ്രാഹ്മണ്ര പ്രധാനമാണ്‌ രംഗം; കൃഷ്ണയും ബ്രാഹ്മണന്റെ കൈയിലായി എന്ന് സ്വയംവരം കാണുവാന്‍ വന്നുചേര്‍ന്ന ജനങ്ങളും പറഞ്ഞ്‌, തിരിച്ചു പോയി. രുരുചര്‍മ്മം ധരിക്കുന്ന ബ്രാഹ്മണര്‍ തിക്കിത്തിരക്കുവാന്‍ തുടങ്ങിയപ്പോള്‍ പ്രയാസപ്പെട്ട്‌, ഭീമാര്‍ജ്ജുനന്മാര്‍ പുറപ്പെട്ടു. ആള്‍ത്തിരക്കു വിട്ടൊഴിഞ്ഞപ്പോള്‍ ശത്രുശസ്ത്ര പരീക്ഷിതരായ ആ വീരര്‍ കൃഷ്ണയോടു കൂടി കാര്‍മേഘം നീങ്ങിയ സൂര്യ ചന്ദ്രന്മാരെപ്പോലെ ശോഭിച്ചു.

ഭിക്ഷ കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു; സമയം വൈകിയിട്ടും പുത്രന്മാരെ കാണാതെ കുന്തി പലവിധം ആപത്തുകള്‍ ചിന്തിച്ച്‌ ഉത്കണ്ഠിതയായി ഇരിപ്പായി. അവളുടെ ഹൃദയത്തില്‍ പലവിധം ചിന്തകള്‍ വന്നു കൂടി; ഹൃദയം വ്യസനത്തില്‍ മുഴുകി. നിതൃവും ഭിക്ഷയുമായി മടങ്ങിയെത്താറുള്ള മക്കളെ ഇന്നു കാണുന്നില്ല. തീര്‍ച്ചയായും എന്തെങ്കിലും ആപത്തു സംഭവിച്ചിരിക്കും. മുമ്പുണ്ടാകാത്ത ഒരനുഭവമാണ്‌ ആ അമ്മയ്ക്ക്‌ ഉണ്ടായിരിക്കുന്നത്‌. പുത്രന്മാരെ ധാര്‍ത്തരാഷ്ട്രന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവരെ കൊന്നുകളഞ്ഞുവോ? അഥവാ ദൃഢവൈരരായ രാക്ഷസര്‍ തിന്നു കളഞ്ഞുവോ? എന്റെ കുമാരന്മാര്‍ക്ക്‌ എന്തു സംഭവിച്ചു? മഹാനായ വ്യാസമഹര്‍ഷി പറഞ്ഞ വാക്കും വിപരീതമായോ? ഇപ്രകാരം പുത്രസ്നേഹ പരവശയായ കുന്തി വിചാരിച്ചിരുന്നു. കരിങ്കാര്‍ തിങ്ങിയ രാത്രിയില്‍ ലോകര്‍ ഉറങ്ങുമ്പോള്‍ കുന്തി നിര്‍ന്നിദ്രയായി ഇരുന്നു. അപരാഹ്ന സമയത്ത്‌ മേഘങ്ങളാല്‍ ചുറ്റപ്പെട്ട ഭാസ്കരനെപ്പോലെ ബ്രാഹ്മണരാല്‍ ചുറ്റപ്പെട്ട്‌ ജിഷ്ണു കുലാലശാലയില്‍ ഏത്തി.

191. രാമകൃഷ്ണാഗമനം - വൈശമ്പായനൻ പറഞ്ഞു; പാണ്ഡവന്മാര്‍ രണ്ടുപേരും കുശവാഗാരത്തില്‍ മടങ്ങിയെത്തി അകത്തേക്കു കടന്നുചെന്ന്‌  അമ്മയുടെ അടുത്ത് എത്തുന്നതിന് മുമ്പു തന്നെ വിളിച്ചു പറഞ്ഞു.

പാണ്ഡവന്മാര്‍ പറഞ്ഞു: അമ്മേ, ഞങ്ങള്‍ക്കു ഭിക്ഷ കിട്ടി.

വൈശമ്പായനൻ പറഞ്ഞു; കുന്തി അകത്തിരുന്ന്‌ ഭിക്ഷയെന്തെന്നു നോക്കാതെ തന്നെ പറഞ്ഞു.

കുന്തി പറഞ്ഞു; എല്ലാവരുംചേര്‍ന്ന്‌ അനുഭവിച്ചുകൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: പറഞ്ഞു കഴിഞ്ഞതിന്റെ ശേഷം അതിസുന്ദരിയായ പാഞ്ചാലിയെ കുന്തി കണ്ടു. കുന്തി അത്ഭുതപ്പെട്ടു, സന്തോഷിച്ചു. പിന്നെ താന്‍ പറഞ്ഞതോര്‍ത്തു വ്യസനിച്ചു. കഷ്ടം! താന്‍ ഇങ്ങനെ പറഞ്ഞു പോയല്ലോ എന്ന് അവള്‍ കുണ്ഠിതപ്പെട്ടു. |

അധര്‍മ്മ ഭീതി ഉള്ളില്‍ത്തട്ടിയ കുന്തി, പാഞ്ചാലിയെ കൈക്കു പിടിച്ചു സന്തോഷിപ്പിച്ചു. അവളെ അകത്തു കടത്തിയു ധിഷ്ഠിരനോട്‌ ഇപ്രകാരം പറഞ്ഞു.

കുന്തി പറഞ്ഞു: യുധിഷ്ഠിരാ, ഈ ദ്രൗപദിയെ നിന്റെഭ്രാതാക്കള്‍ എന്റെ അരികിലേക്കു കൊണ്ടു വന്നു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ജ്യേഷ്ഠാനുജന്മാര്‍ മുറപ്രകാരം എല്ലാവരും ചേര്‍ന്ന്‌ അനുഭവിച്ചുകൊള്ളുക എന്ന്. എനിക്ക്‌ അബദ്ധം പറ്റി. എന്റെ വാക്കു തെറ്റാതിരിക്കുവാന്‍ എന്താണ്‌ ഉപായം? ഞാന്‍ പറഞ്ഞത്‌ അസത്യമായി വരരുത്‌. ഹേ, കുരുവംശവീരാ! വല്ല മാര്‍ഗ്ഗവുമുണ്ടോ? പാഞ്ചാലീപുത്രിക്കും അധര്‍മ്മം ബാധിക്കരുത്‌. നീ അതിനുള്ള വഴി എന്തെന്നു ചിന്തിച്ചു പറയുക.

വൈശമ്പായനൻ പറഞ്ഞു: അമ്മ പറഞ്ഞ വാക്കു കേട്ടു മതിമാനായ യുധിഷ്ഠിരന്‍ മുഹൂര്‍ത്ത നേരം ചിന്തിച്ചിരുന്നു. അമ്മ വ്യസനിക്കാതിരിക്കൂ, മാര്‍ഗ്ഗമുണ്ടാക്കാം എന്ന് അമ്മയെ സമാശ്വസിപ്പിച്ചു. പിന്നെ അവന്‍ അർജ്ജുനനോട് പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, അര്‍ജ്ജുനാ! നീ നേടിയവളാണ്‌ ദ്രുപദപുത്രി. നിനക്കു ചേര്‍ന്നവളാണ്‌ ഈ രാജകുമാരി. നിന്നെക്കൊണ്ടു തന്നെയാണവള്‍ ശോഭിക്കുക. അതുകൊണ്ട്‌ സ്ഥാനത്ത്‌ ഹോമാഗ്നി ജ്വലിപ്പിക്കുക. ഇവളെ വിധിപ്രകാരം പാണിഗ്രഹണം ചെയ്യുക.

അര്‍ജ്ജുനന്‍ പറഞ്ഞു: മഹാരാജാവേ, അവിടുന്ന്‌ എന്നെ അധര്‍മ്മിയാക്കരുത്‌. ഭവാന്റെ കല്പന ധര്‍മ്മമല്ല. ആദ്യം ഭവാന്‍ വേള്‍ക്കണം. അതിന്റെ ശേഷം ഭീമച്ചേട്ടന്‍ വേള്‍ക്കണം. പിന്നെ ഞാന്‍ വേള്‍ക്കാം. അതിന് ശേഷം നകുലന്‍, പിന്നെ സഹദേവന്‍. ഇങ്ങനെയാണ്‌ വേണ്ടത്‌. ഞങ്ങള്‍ നാലുപേരും ഭവാന്റെ ഭൃതൃരാണല്ലോ. ഈ നിലയിലാണ്‌ കാര്യമെങ്കില്‍, എന്തു ചെയ്താലാണ്‌ ധര്‍മ്മ്യമെങ്കില്‍, അതു പാഞ്ചാലന്റെ ഹിതപ്രകാരം ചിന്തിച്ചു ചെയ്യുക. ഞങ്ങള്‍ ഭവാന്റെ ഭൃത്യരാണ്‌, എന്തു ചെയ്യേണമെന്നു കല്‍പിച്ചാലും.

വൈശമ്പായനൻ പറഞ്ഞു: ഭക്തിസ്നേഹങ്ങള്‍ കലര്‍ന്ന ജിഷ്ണുവിന്റെ മൊഴികേട്ട്‌ പാഞ്ചാലിയില്‍ പാണ്ഡുനന്ദനന്മാര്‍ എല്ലാവരും ദൃഷ്ടിവച്ചു. കൃഷ്ണ അവരെ എല്ലാവരേയും മാറിമാറി കടാക്ഷിച്ചു. അവര്‍ കൃഷ്ണയെ തമ്മില്‍ നോക്കിക്കണ്ടു. അവരുടെ കരളില്‍ കുടിയിരുത്തി. സ്വൈരമായി പാഞ്ചാലിയെ കണ്ട അഞ്ചു വീരന്മാരിലും ഒപ്പം ഇന്ദ്രിയസമൂഹത്തെ മഥിക്കുന്ന മനോഭവന്‍ വന്നുചേര്‍ന്നു. കാമൃമായ ദ്രൗപദീരൂപം മറ്റു നാരീമണികളേക്കാള്‍ മനോഹരമായി തന്നെ ബ്രഹ്മാവ്‌ സൃഷ്ടിച്ചിരിക്കുന്നു. ഇത്രയും സര്‍വ്വാംഗ മനോഹാരിത ആരിലും അവര്‍ കണ്ടിട്ടില്ല. അവളുടെ അനന്യമനോജ്ഞത കണ്ടും സോദരന്മാരുടെ മട്ടും മാതിരിയും കണ്ടും യുധിഷ്ഠിരന്‍ വ്യാസന്റെ വചനത്തെ ഓര്‍ത്തു. പരസ്പര ഭേദ ബുദ്ധിയിലുള്ള ഭയം നിമിത്തം യുധിഷ്ഠിരന്‍ ഭ്രാതാക്കളോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: സഹോദരന്മാരേ, നമ്മള്‍ക്ക്‌ ഏവര്‍ക്കും ഇവള്‍ ഭാര്യയാകട്ടെ! ദ്രൗപദി നല്ലവളാണ്‌.

വൈശമ്പായനൻ പറഞ്ഞു; എല്ലാവരും യുധിഷ്ഠിരന്‍ പറഞ്ഞ വാക്ക്‌ ആനന്ദത്തോടെ കേട്ടു. അതിന്റെ ശേഷം ഹൃദയത്തില്‍ ഈ കാര്യം ചിന്തിച്ച്‌ ഉത്കണ്ഠ വിട്ട്‌ ആ വീരര്‍ നിവസിച്ചു. ലക്ഷ്യം ഭേദിച്ചു വരണമാല്യം ചാര്‍ത്തി എതിരാളികളെ തോല്പിച്ച വീരന്മാര്‍ പാണ്ഡവന്മാര്‍ തന്നെ എന്ന് ഊഹിച്ച കൃഷ്ണന്‍ ബലദ്രദനോടു കൂടി കുരുവീരന്മാരെ കാണുവാന്‍, ആ വീരന്മാര്‍ വാഴുന്ന, കുംഭകാരാലയത്തിലേക്കു കയറിച്ചെന്നു. അവര്‍ പാണ്ഡവന്മാരെ കണ്ടു. പാണ്ഡവന്മാര്‍ രാമകൃഷ്ണന്മാരെ പൂജിച്ചു. ചുറ്റും നിന്നു പൂജിച്ചു ബഹുമാനിക്കുന്ന പൃത്ഥീന്ദ്രന്മാരെ ആദരവോടെ കണ്ടു വാസുദേവന്‍, ധര്‍മ്മജനോടുപറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: കൃഷ്ണനായ ഞാന്‍ യുധിഷ്ഠിര രാജാവിനെ വന്ദിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം തന്നെ രൗഹിണേയനും ധര്‍മ്മജനെ വന്ദിച്ചു. കൗരവന്മാരായ രാജകുമാരന്മാര്‍ എല്ലാവരും ആഗതന്മാരായ അവരെയും വന്ദിച്ചു. പിന്നെ ആ യാദവന്മാര്‍ അച്ഛന്‍ പെങ്ങളായ കുന്തിയുടെ പാദങ്ങള്‍ കൂപ്പി. അജാത ശത്രുവായ ധര്‍മ്മജന്‍ കൃഷ്ണനോടു കുശലപ്രശ്നം ചെയ്ത്‌ ഇങ്ങനെ ചോദിച്ചു.

ധര്‍മ്മപുത്രന്‍ ചോദിച്ചു: ഞങ്ങള്‍ ഇവിടെ ഗൂഢമായി പാര്‍ക്കുന്ന വിവരം ഭവാന്‍ എങ്ങനെയാണറിഞ്ഞത്‌?

വൈശമ്പായനൻ പറഞ്ഞു: ഉടനെ കൃഷ്ണന്‍ മന്ദസ്മിതത്തോടെ മറുപടി പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു; അഗ്നി മൂടിവെച്ചാലും അത്‌ കാണുകയില്ലേ രാജാവേ? ആ കാണിച്ച വിക്രമങ്ങളൊക്കെ പാണ്ഡവര്‍ക്കല്ലാതെ ഈ ഭൂമിയില്‍, മനുഷ്യലോകത്ത്‌, മറ്റാര്‍ക്കു ചെയ്യുവാന്‍ കഴിയും ? ഭാഗ്യം മൂലം ഘോരമായ അഗ്നിഭയത്തില്‍ നിന്ന്‌ വിക്രാന്തരായ പാണ്ഡവന്മാര്‍ വിട്ടു പോന്നു. ഭാഗ്യം തന്നെ! ദുഷ്ടനായ ധാര്‍ത്തരാഷ്ട്രന് ഇഷ്ടം സാധിച്ചില്ല. അവന്റെ കൂട്ടുകാര്‍ക്കും സാധിച്ചില്ല. അതും ഭാഗ്യം തന്നെ! നിങ്ങള്‍ മനസ്സു കൊണ്ടു കാണുന്ന മംഗളം നിങ്ങള്‍ക്കുണ്ടാകും! ആളിക്കത്തുന്ന അഗ്നി പോലെ നിങ്ങള്‍ വളരും. മറ്റു രാജാക്കന്മാര്‍ നിങ്ങള്‍ ഇവിടെയുള്ള വൃത്താന്തം അറിയേണ്ടാ. ഞങ്ങള്‍ ശിബിരത്തിലേക്കു തിരിച്ചു പോകട്ടെ.

വൈശമ്പായനൻ പറഞ്ഞു: അങ്ങനെ രഹസ്യമായ ഒരു കൂടിക്കാഴ്ചയ്ക്കു ശേഷം ധര്‍മ്മപുത്രന്റെ സമ്മതത്തോടു കൂടി കൃഷ്ണന്‍ രാമനോടു കൂടെ പോവുകയും ചെയ്തു.

192. ധൃഷ്ടദ്യുമ്ന പ്രത്യാഗമനം - വൈശമ്പായനൻ പറഞ്ഞു; പാഞ്ചാല്യനായ ധൃഷ്ടദ്യുമ്നന്‍ ആ കുരുപുത്രന്മാരെ പിന്തുടര്‍ന്നു. പാഞ്ചാലിയോടു കൂടി അവര്‍ കുംഭകാരാലയത്തില്‍ കടക്കുമ്പോഴും ആരുമറിയാതെ അവരെ പിന്തുടരുന്നുണ്ടായിരുന്നു. ഗൂഢമായി അവന്‍ ആള്‍ക്കാരേയും വിട്ടിരുന്നു. ധൃഷ്ടദ്യുമ്നന്‍ കുലാല ഗുഹത്തിന്റെ സമീപത്ത്‌ ആരുമറിയാതെ മറഞ്ഞു നിന്ന്‌ അവിടെ നടക്കുന്നത് എന്താണെന്നും, ഇവര്‍ ആരാണെന്നും മറ്റും അറിയുവാന്‍ ശ്രമം നടത്തുകയായിരുന്നു. കുംഭകാരന്റെ ഗൃഹത്തിന്റെ ഒരു ഭാഗത്ത്‌ ഇരുട്ടില്‍ അവര്‍ ഒളിച്ചു നിന്നു കാര്യങ്ങളൊക്കെ ഗ്രഹിച്ചു.

ശത്രുസംഘത്തെ മഥനം ചെയ്യുന്ന ഭീമനും അര്‍ജ്ജുനനും യമന്മാരും ഭിക്ഷാടനം ചെയ്ത്‌ ഭക്ഷണവും കൊണ്ട്‌ സന്ധ്യയ്ക്ക്‌ എത്തി; യുധിഷ്ഠിരനെ വിവരമറിയിച്ചു. പിന്നീട്‌ ദാനശീലയും മധുരഭാഷിണിയുമായ കുന്തി ദ്രൗപദിയോട്‌ സമയമായപ്പോള്‍ പറഞ്ഞു.

കുന്തി പറഞ്ഞു: ഭദ്രേ! ദ്രുപദപുത്രീ, ആദ്യം അതില്‍ നിന്നെടുത്ത്‌ ദേവാരാധന നടത്തുക; വിതുബലി നല്‍കുക. പിന്നെ ബ്രാഹ്മണര്‍ക്കു ഭിക്ഷ കൊടുക്കണം. അന്നത്തിന് ആശിച്ച്‌ ഇവിടെ വരുന്നവര്‍ക്ക്‌ അന്നം കൊടുക്കാതിരുന്നു കൂടാ. പിന്നെ പകുതി ഭാഗിച്ച്‌ അതില്‍ ഒരു പങ്കെടുത്ത്‌ നാലായി പകുത്തു വെക്കുക. അതില്‍ നിന്നു പിന്നെ നമ്മള്‍ക്കു രണ്ടുപേര്‍ക്കും നീക്കി വെക്കുകയും വേണം ( അങ്ങനെ ആറായി ഭാഗിക്കണം ). അല്ലയോ ഭദ്രേ, പകുതി ഭാഗിച്ചു വെച്ചത്‌, മദിച്ച കാളയ്ക്കു തുല്യനായ കറുത്തവനും യുവാവും ബലവാനുമായ ഭീമന് നല്കുക. ഈ വീരന്‍ ധാരാളം ഭക്ഷിക്കുന്നവനാണ്‌.

വൈശമ്പായനൻ പറഞ്ഞു: കുന്തിയുടെ വാക്കുകേട്ട്‌ ആ രാജപുത്രി ശങ്ക കൂടാതെ അപ്രകാരം ചെയ്തു. അങ്ങനെ അവരെല്ലാവരും ഊണു കഴിച്ചു.

സഹദേവന്‍ എല്ലാവര്‍ക്കും കിടക്കുവാന്‍ പുല്ലു വിരിച്ച്‌ മെത്തയുണ്ടാക്കി. പിന്നെ തങ്ങള്‍ക്കുള്ള അജിനം (  മാന്‍തോല്‍ ) വിരിച്ചു. വീരന്മാരെല്ലാം നിലത്തു കിടന്നു. തെക്കോട്ടു ശിരസ്സു വെച്ച്‌ കിടന്നുറങ്ങി. തലയ്ക്കലായി വിലങ്ങനെ കുന്തി കിടന്നു. പാദതലത്തില്‍ കൃഷ്ണയും കിടന്നു. എല്ലാവരുടേയും കാല്ക്കലായി കുശപ്പുല്ലില്‍ ആ രാജപുത്രി കിടന്നു. അവള്‍ക്ക്‌ മനസ്സിന് ഒട്ടും അഴലില്ല. കുരുപുത്രന്മാരില്‍ ആരിലും അനാസ്ഥയുമില്ല. ആ ശൂരന്മാര്‍ കുറേനേരം ഓരോ കഥയും പറഞ്ഞ്‌ കിടന്നു. വലിയ സൈന്യപ്രകരത്തില്‍ ദിവ്യാസ്ത്രജാലം, രഥം, ആന, ആള്‍, ഗദ, പരശു എന്നിവയുടെ പ്രയോഗം മുതലായവയായിരുന്നു സംസാര വിഷയം. അവരുടെ ജീവിതവൃത്തിയും പെരുമാറ്റവും സംസാരവുമൊക്കെ മറഞ്ഞു നിന്ന്‌ ധൃഷ്ടദ്യുമ്നന്‍ മനസ്സിലാക്കി. കൃഷ്ണയുടെ സമീപത്തുള്ള ഇരിപ്പും, അവളുടെ മട്ടും അപ്പോള്‍ ധൃഷ്ടദ്യുമ്നന്റെ ഭടന്മാര്‍ കണ്ടു. അവര്‍ ആ രാത്രിയില്‍ ഗ്രഹിച്ച വര്‍ത്തമാനങ്ങളെല്ലാം ഉടനെ പോയി ദ്രുപദ രാജാവിനെ ഉണര്‍ത്തിച്ചു.

പാഞ്ചാലന്‍ ഈ സമയമൊക്കെ അവര്‍ പാണ്ഡവന്മാരാണോ എന്നറിയാതെ ആവലാതിപ്പെട്ട് ധൃഷ്ടദ്യുമ്നനോട്‌ ചോദിക്കുകയായിരുന്നു.

പാഞ്ചാലന്‍ പറഞ്ഞു; കൃഷ്ണയെ ആരാണ്‌ കൊണ്ടു പോയത്‌? ഹീനജനായ ശൂദ്രനാണോ, കരം കൊടുക്കുന്ന വൈശ്യനാണോ? എനിക്കു വ്യസനം ശമിക്കുന്നില്ല. ചളി പുരണ്ട പാദം തലയില്‍ വെച്ചില്ലല്ലോ? തലയില്‍ ചൂടേണ്ട മാല ചുടലക്കളത്തില്‍ ചെന്ന്‌  വീണില്ലല്ലോ? സ്വജാതിക്കാരനോ മേല്‍ ജാതിക്കാരനോ? എനിക്ക്‌ ഒന്നും അറിഞ്ഞു കൂടാ. കൃഷ്ണമൂലം ഇടങ്കാല്‍ ആരും എന്റെ ശിരസ്സില്‍ വെച്ചില്ലല്ലേോ? മകനേ, ധൃഷ്ടദ്യുമ്നാ, എനിക്ക്‌ ഒരു ശാന്തിയും കിട്ടുന്നില്ല! നാം വീരാഗ്രഗണ്യനായ പാര്‍ത്ഥന് തന്നെയാണോ അവളെ നല്കിയത്‌? ദഃഖംവിട്ട് ആനന്ദിക്കാമോ? ആരാണ്‌ എന്റെ പുത്രിയെ കൊണ്ടു പോയത്‌? വാസ്തവം എന്താണെന്ന്‌ നീ അറിഞ്ഞുവോ? വിചിത്രവീര്യന്റെ പേരക്കിടാങ്ങളായ പാണ്ഡവന്മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?കുന്തിയുടെ ഇളയപുത്രനായ അർജ്ജുനൻ തന്നെയല്ലേ വില്ലെടുത്ത്‌ ലക്ഷ്യം ഭേദിച്ചത്‌? പറയൂ!.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഉത്കണ്ഠയോടെ ഇരിക്കുന്ന ദ്രുപദ രാജാവിനോട്‌ സന്തോഷത്തോടെ രാജപുത്രന്‍ പറഞ്ഞു. 


No comments:

Post a Comment