Wednesday 29 June 2022

ശാന്തിപര്‍വ്വം അദ്ധ്യായം 181 മുതൽ 210 വരെ

അദ്ധ്യായം 181. കര്‍മ്മഫലം

അദ്ധ്യായം 182. ഭൃഗുഭരദ്വാജസംവാദം 

അദ്ധ്യായം 183. ഭൃഗുഭരദ്ധാജസംവാദം

അദ്ധ്യായം 184. തൃഗുഭരദ്വാജസംവാദം - പഞ്ചമഹാഭൂതങ്ങളുടെ ഗുണങ്ങള്‍

അദ്ധ്യായം 185. ഭൃഗുഭരദ്വാജസംവാദം - ശരീരത്തില്‍ അഗ്നിവായുക്കളുടെ സ്ഥിതി

അദ്ധ്യായം 186. ഭൃഗുഭരദ്വാജസംവാദം - ജീവസത്തെപ്പറ്റിയുള്ള വിവരണം

അദ്ധ്യായം 187. ഭൃഗുഭരദ്വാജസംവാദം - ജീവന്റെ അസ്തിത്വവും നിതൃത്വവും

അദ്ധ്യായം 188. ഭൃഗുഭരദ്വാജസംവാദം - സമസ്തഭൂതങ്ങളു ടേയും ഉല്‍പത്തി

അദ്ധ്യായം 189. ഭൃഗുഭരദ്വാജസംവാദം - വര്‍ണ്ണധര്‍മ്മങ്ങള്‍ 

അദ്ധ്യായം 190. ഭൃഗുഭരദ്വാജസംവാദം - സത്യത്തിന്റെ മാഹാത്മൃവും അസതൃത്തിന്റെ ദോഷവും

അദ്ധ്യായം 191. ഭൃഗുഭരദ്വാജസംവാദം - ബ്രഹ്മചര്യവും ഗാര്‍ഹസ്ഥ്യവും

അദ്ധ്യായം 192. തൃഗുഭരദ്വാജസംവാദം - വാനപ്രസ്ഥവും സന്യാസവും

അദ്ധ്യായം 193. ആചാരവിധി - പാപഗോപനദോഷവും ധര്‍മ്മപ്രശംസയും

അദ്ധ്യായം 194. അദ്ധ്യാത്മകഥനം - അദ്ധ്യാത്മജ്ഞാനനിരൂപണം

അദ്ധ്യായം 195. ധ്യാനയോഗകഥനം - ധ്യാനയോഗത്തിന്റെ സ്വഭാവവും മഹിമയും

അദ്ധ്യായം 196. ജാപകോപാഖ്യാനം - ജപധ്യാനങ്ങളുടെ സ്ഥലത്തെക്കുറിച്ചുളള വിവരണം

അദ്ധ്യായം 197. ജാപകോപാഖ്യാനം - ജാപകന്ന്‌ ദോഷം സംഭവിച്ചാല്‍ നരകമാണു ഫലം

അദ്ധ്യായം 198. ജാപകോപാഖ്യാനം - ജാപകോചിതമായ ദേവസ്ഥാനങ്ങള്‍

അദ്ധ്യായം 199. ജാപകോപാഖ്യാനം - ജാപകന്ന്‌ സാവിത്രിയുടെ വരദാനം 

അദ്ധ്യായം 200. ജാപകോപാഖ്യാനം - ജാപകന്റെയും ഇക്ഷ്വാകുവിന്റെയും പരമമായ ഗതി 

അദ്ധ്യായം 201. മനുബ്യഹസ്പതിസംവാദം - പരമാത്മതത്ത്വ വിവരണം 

അദ്ധ്യായം 202. മനുബ്യഹസ്പതിസംവാദം - ആത്മസാക്ഷാത്കാരത്തിന്നുളള ഉപായം

അദ്ധ്യായം 203. മനുബ്യഹസ്പതിസംവാദം - ആത്മാവിന്റെ നിതൃസത്തയെപ്പറ്റിയുള്ള പ്രതിപാദനം

അദ്ധ്യായം 204. മനുബ്യഹസ്പതിസംവാദം - ജീവാത്മപരമാത്മാക്കളുടെ സാക്ഷാത്കാരം

അദ്ധ്യായം 205. മനുബ്യഹസ്പതിസംവാദം - പരബ്രഹ്മ പ്രാപ്തിക്കുള്ള ഉപായം 

അദ്ധ്യായം 206. മനുബ്യഹസ്പതിസംവാദം - പരമാത്മതത്ത്വ നിരൂപണം 

അദ്ധ്യായം 207. സര്‍വ്വഭൂതോത്പത്തികഥനം - കൃഷ്ണനില്‍ നിന്നുള്ള സര്‍വ്വഭൂതോത്പത്തി 

അദ്ധ്യായം 208. ദിശാസ്വസ്തികം - പ്രജകളുടെ വംശവര്‍ണ്ണന

അദ്ധ്യായം 209. അന്തര്‍ബ്ഭുമിവിക്രീഡനം - മഹാവിഷ്ണു വരാഹരൂപം ധരിച്ച്‌ അസുരന്മാരെ വധിക്കുന്നു

അദ്ധ്യായം 210. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - വാർഷ്ണേയബ്രഹ്മത്തിന്റെ തത്ത്വം


അദ്ധ്യായം181. കര്‍മ്മഫലം - യുധിഷ്ഠിരന്‍ പറഞ്ഞു:  ദാനം, യജ്ഞം, തപസ്സ്‌, ഗുരു ശുശ്രൂഷ ഇവയെല്ലാം ഉണ്ടെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കും? പിതാമഹാ, പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: അനര്‍ത്ഥം ചേരുന്ന ആത്മാവുള്ളവന്‍ പാപത്തില്‍ കരള്‍ വെക്കും. തന്റെ പ്രവൃത്തി ദുഷ്പ്ര വൃത്തിയാണെങ്കില്‍ അവന്‍ വലിയ നരകത്തെ പ്രാപിക്കും. ദുര്‍ഭിക്ഷത്തേക്കാള്‍ ദുര്‍ഭിക്ഷവും, ക്ലേശത്തേക്കാള്‍ ക്ലേശവും, ഭയത്തേക്കാള്‍ ഭയവും, മരണത്തേക്കാള്‍ വലിയ മരണവും, ദരിദ്രരായ പാപി കള്‍ പൂകുന്നു. ഉത്സവത്തേക്കാള്‍ ഉത്സവവും, സ്വര്‍ഗ്ഗത്തേക്കാള്‍ സ്വര്‍ഗ്ഗവും, സുഖത്തേക്കാള്‍ സുഖവും, ശ്രദ്ധാലുക്കളും ദാന്തന്മാരും ശുഭകാരികളുമായ ധനാഡഢ്യന്മാര്‍ പൂകും. പാപികളായ നാസ്തികന്മാര്‍ വ്യാളങ്ങളും ആനകളുമുള്ള മാര്‍ഗ്ഗത്തില്‍ സര്‍പ്പങ്ങളേയും കളളന്മാരേയും ഭയപ്പെട്ട്‌ വിലങ്ങു വെച്ച കൈകളുമായി എത്തും. അതില്‍പ്പരം എന്തുണ്ട്‌? പ്രിയരേയും ദേവന്മാരേയും അതിഥികളേയും പൂജിക്കുന്നവരും പ്രിയം ചെയ്യുന്നവരുമായ വദാന്യന്മാര്‍ (ദാനശീലന്മാര്‍) ക്ഷേമവാന്മാരുടെ മാര്‍ഗ്ഗത്തില്‍ നല്ല രീതിയിലെത്തും. നെല്ലില്‍ പതിരു പോലെയും പക്ഷികളില്‍ കൊതുകു പോലെയും ധര്‍മ്മമില്ലാത്ത മനുഷ്യര്‍ മര്‍ത്ത്യവര്‍ഗ്ഗത്തില്‍ മനുഷ്യക്കോലങ്ങള്‍ മാത്രമായി കഴിയുന്നു. തങ്ങ ളുടെ കര്‍മ്മഫലം തങ്ങളെ വിട്ടു പിരിയുകയില്ല. അവയെ പിന്നിട്ടു പോകുവാന്‍ ആഗ്രഹിച്ചു വേഗത്തില്‍ ഓടിയാലും അത്‌ പിന്‍തുടര്‍ന്ന്‌ ഒപ്പമെത്തും. മര്‍ത്തൃന്‍ ഉറങ്ങുമ്പോള്‍ കര്‍മ്മം കൂടെക്കിടന്നുറങ്ങും. ആര്‍ എന്തു ചെയ്യുന്നുവോ, അവന്റെ കര്‍മ്മങ്ങളും ഫലങ്ങളും അതു തന്നെ വിടാതെ ചെയ്യും. നില്ക്കുമ്പോള്‍ അതു കൂടെ നില്ക്കും. പോകുമ്പോള്‍ കുടെയെത്തും. ചെയ്യുമ്പോള്‍ അതും ചെയ്യും. മനുഷ്യന്‍ ചെയ്യുന്നതൊക്കെ അവന്റെ നിഴലും ചെയ്യുന്നതായി കാണുന്നുണ്ടല്ലോ. അതു പോലെ അവനെ പ്റ്റി നില്ക്കുന്ന കര്‍മ്മവും ചെയ്യും. ഏതേതു മാര്‍ഗ്ഗത്തില്‍ മുമ്പേ ഏതു കര്‍മ്മം എങ്ങനെ ചെയ്തുവോ താന്‍ ചെയ്ത അതാതു കര്‍മ്മത്തിന്റെ ഫലം മനുഷ്യന്‍ ഭുജിക്കും. മരണം. ജീവികളെ അവരുടെ നിശ്ചയിക്കപ്പെട്ട സ്ഥാനത്തേക്കു വലിച്ചു കൊണ്ടു പോകുന്നു. കര്‍മ്മഫലത്തിന് അനുസരിച്ച്‌ നന്മയോ ചീത്തയോ അവയുടെ ഫലമനുസരിച്ച്‌ അനുഭവിപ്പിക്കുന്നു. അതിന്നനുസരിച്ച്‌ ജന്മം കൈക്കൊളളുന്നു.

മുമ്പു ചെയ്ത കര്‍മ്മത്തിന്റെ ഫലം അതാതു കാലങ്ങളില്‍ വന്നു ചേരും ഒരു വൃക്ഷം പൂക്കേണ്ട കാലത്തു പൂക്കും. കായ്ക്കേണ്ട കാലത്തു കായ്ക്കും. അതിന്റെ കാലം തെറ്റാതെ അതു വന്നു ചേരും. അതിന്ന്‌ ഒരാളുടെ പ്രേരണയും ആവശ്യമില്ല. സമ്മാനം, അവമാനം, ലോഭം, അലോഭം, ക്ഷയം, ഉദയം എന്നിവ വിധാനത്തില്‍ വീണ്ടും പ്രവൃത്തിയില്‍ നിവൃത്തിക്കും. ആത്മാവ്‌ ദുഃഖം ഉണ്ടാക്കുന്നു. ആത്മാവ്‌ സുഖമുണ്ടാക്കുന്നു. ആത്മാവ്‌ വീണ്ടും ഗര്‍ഭത്തില്‍ ജന്മമെടുക്കുന്നു. എല്ലാം പൂര്‍വ്വദേഹകൃതമായ കര്‍മ്മ വൈഭവത്തെ അടിസ്ഥാനമാക്കി വന്നു ചേരുന്നു. ബാലനായിരിക്കുമ്പോഴും; യുവാവായിരിക്കുമ്പോഴും, വൃദ്ധനായിരിക്കുമ്പോഴും എന്തു ശുഭം ചെയ്യുന്നുവോ എന്ത്‌ അശുഭം ചെയ്യുന്നുവോ അതാതവസ്ഥയില്‍ അതാതിന്റെ ഫലം ഏല്ക്കുന്നതാണ്‌. ആയിരം പശുക്കള്‍ക്ക്‌ ആയിരം കിടാങ്ങളുണ്ടാകും. അവ കൂട്ടത്തില്‍ അവയുടെ തളളമാരെ തെറ്റാതെ സ്വീകരിക്കുന്നതു പോലെ അവരവര്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അതാതു കര്‍മ്മം ചെയ്തവനെ തെറ്റാതെ ചെന്നു പ്രാപിക്കുന്നു. മുമ്പെ ഉപയോഗിച്ചു മുഷിഞ്ഞ വസ്ത്രം അലക്കി ശുദ്ധിയാക്കുന്ന മാതിരി ഉപവാസംകൊണ്ടു തപിച്ചവര്‍ക്ക്‌ ദീര്‍ഘകാലം അനന്തമായ സുഖം ലഭിക്കും. തപോവനത്തില്‍ വളരെക്കാലം ചെയ്ത തപസ്സു കൊണ്ട്‌, ധര്‍മ്മകാര്യങ്ങളാല്‍ പാപം നിങ്ങിയവര്‍ക്ക്‌ അവരവരുടെ മനസ്സില്‍ കണ്ട ശ്രേയസ്സു ലഭിക്കും. ആകാശത്തില്‍ പക്ഷികള്‍ പറക്കുമ്പോള്‍ അവ പോയ വഴി തെളിഞ്ഞു പിന്നെ കണ്ണു കൊണ്ടു കാണാറില്ല. അതു പോലെ മത്സ്യങ്ങള്‍ വെള്ളത്തില്‍ സഞ്ചരിച്ച മാര്‍ഗ്ഗവും പിന്നീടു തെളിഞ്ഞു കാണുകയില്ല. അതു പോലെ ജ്ഞാനി പോയ മാര്‍ഗ്ഗം വ്യക്തമായി കാണുവാന്‍ കഴിയുകയില്ല. ഇതിലധികം വിസ്തരിച്ചു പറയേണ്ട കാര്യമില്ല. ഇതിലധികം പാപകര്‍മ്മത്തെപ്പറ്റി ആക്ഷേപിക്കേണ്ടതുമില്ല. തനിക്ക്‌ നല്ലതായ കാര്യങ്ങള്‍ മനസ്സിരുത്തി നന്മതിന്മകള്‍ മനസ്സിലാക്കി ഓരോരുത്തനും ചെയ്യണം. അങ്ങനെ ചെയ്താല്‍ ശ്രേയസ്സ്‌ വന്നുചേരും.

അദ്ധ്യായം 182. ഭൃഗുഭരദ്വാജസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: എവിടെനിന്നാണ്‌ ഈ ലോകത്തില്‍ സകല ചരാചരവും ഉണ്ടായത്‌? പ്രളയത്തില്‍ ഇവ എന്തില്‍ ചെന്നു ചേരുന്നു? അല്ലയോ പിതാമഹാ! ഇവ കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ആഴിയും, ആകാശവും, കുന്നും, ഊഴിയും, കാറും, അപ്രകാരം തന്നെ തീയും, കാറ്റും ചേര്‍ന്ന ഈ ലോകം ആരാണ്‌ നിര്‍മ്മി ച്ചത്‌? ഭൂതങ്ങളുടെ സൃഷ്ടി എങ്ങനെ? വര്‍ണ്ണഭേദങ്ങള്‍ എങ്ങനെ? ശൗചം, അശൗചം എന്നിവയെങ്ങനെ? ധര്‍മ്മാധര്‍മ്മവിധാനം എങ്ങനെ? ജീവികള്‍ക്ക്‌ എങ്ങനെ ജീവന്‍ ഉണ്ടായി? അവ ചത്താല്‍ എവിടെ ചെല്ലുന്നു? ഈ ലോകം വിട്ട് വേറെ ലോകമുണ്ടോ? എല്ലാം അങ്ങ്‌ പറഞ്ഞു തരണേ!

ഭീഷ്മന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു കഥ പണ്ടുള്ളവര്‍ പറയാറുണ്ട്‌. പണ്ട്‌ ഭരദ്വാജമഹര്‍ഷി ഭൃഗുവിനോടു ചോദിച്ചപ്പോള്‍ ഭൃഗു പറഞ്ഞ ശാസ്ത്രമാണത്‌. കൈലാസ ശിഖരത്തില്‍ വാഴുന്ന ഓജസ്വിയായ ഭൃഗുമഹര്‍ഷിയെക്കണ്ട്‌ ഭരദ്വാജന്‍ ഇപ്രകാരം ചോദിച്ചു.

ഭരദ്വാജന്‍ പറഞ്ഞു: സമുദ്രവും, ആകാശവും, മലയും, കാറും, തീയും, കാറ്റും ചേര്‍ന്ന ഈ ലോകം നിര്‍മ്മിച്ചവന്‍ ആരാണ്‌? ഭൂതങ്ങളുടെ സൃഷ്ടി എങ്ങനെയാണ്‌? വര്‍ണ്ണഭേദങ്ങള്‍ എങ്ങനെയൊക്കെയാണ്‌? ശൗചവും, അശൗചവും, ധര്‍മ്മാധര്‍മ്മങ്ങളുടെ വിധാനവും എങ്ങനെയാണ്‌? ജീവികള്‍ക്ക്‌ എങ്ങനെ ജീവന്‍? ചത്തവന്‍ എവിടെയാണ്‌ ചെല്ലുക? ഈ ലോകം വിട്ടാല്‍ പിന്നെ വേറെ ലോകമുണ്ടോ? ഭവാന്‍ എല്ലാം പറഞ്ഞുതരണേ! ഇപ്രകാരം ഭരദ്വാജന്‍ പറഞ്ഞപ്പോള്‍ അവന്റെ സംശയം തീര്‍ക്കുവാനായി ബ്രഹ്മർ‍ഷീന്ദ്രനും ബ്രഹ്മതുല്യനുമായ ഭൃഗു അദ്ദേഹത്തോടു പറഞ്ഞു.

ഭൃഗു പറഞ്ഞു: മാനസന്‍ എന്ന്‌ വിഖ്യാതനും, മഹര്‍ഷിമാരാല്‍ കീര്‍ത്തിക്കപ്പെടുന്നവനും, ആദി, അന്തം ഇവയില്ലാത്തവനും, ദേവനും, അഭേദ്യനും, ജരയും മരണവുമില്ലാത്തവനും, അവ്യക്തന്‍ എന്നു വിഖ്യാത ശാശ്വതനും, അക്ഷതനും, അവ്യയനുമായി ഏവനെ അറിയുന്നുവോ, അവനാണ്‌ ആദ്യന്‍. അവന്‍ സൃഷ്ടിച്ച ഭൂതങ്ങള്‍ ഏതുണ്ടോ, അവയെല്ലാം മരിക്കുന്നതാണ്‌. സൃഷ്ടിക്കപ്പെട്ടവയൊക്കെ മരണമടയും.

ആ ദേവന്‍ ആദ്യമായി മഹത്ത്‌ എന്നു പറയപ്പെടുന്ന ഒന്നിനെ സൃഷ്ടിച്ചു. മഹത്ത്‌ അഹങ്കാരത്തെ സൃഷ്ടിച്ചു. സര്‍വ്വഭൂതധരനായ ഭഗവാന്‍ ആകാശത്തെ സൃഷ്ടിച്ചു. ആകാശത്തില്‍നിന്ന്‌ ജലം ഉണ്ടായി. ജലത്തില്‍ നിന്ന്‌ അഗ്നിയും മാരുതനും ഉത്ഭവിച്ചു. അഗ്നിമാരുതയോഗത്താല്‍ പിന്നെ മന്നിടം ഉണ്ടായി. പിന്നെ സ്വയംഭൂവായ ഭഗവാന്‍ ദിവ്യവും തേജോമയവുമായ അംബുജത്തെ സൃഷ്ടിച്ചു. ആ പത്മത്തില്‍ നിന്ന്‌ ബ്രഹ്മാവുണ്ടായി. ആ ബ്രഹ്മാവ്‌ സര്‍വ്വ വേദമയനാകുന്നു. അറിവിന്റെ സമുദ്രമാകുന്നു. ശ്രുതികള്‍ പറയുന്നു അവന്‍ ജനിച്ച ഉടനെ, ആ ദിവ്യദേവന്‍, ഈ വാക്യം ഉച്ചരിച്ചു;  "ഞാന്‍ അവനാകുന്നു". അഹങ്കാരം എന്നു പറയുന്ന അവന്‍ എല്ലാ ഭൂതങ്ങള്‍ക്കും ആത്മഭൂതഗനാകുന്നു. ആ ബ്രഹ്മാവ്‌ അവന്റെ ദേഹത്തിന്നുള്ള വസ്തുക്കളെയെല്ലാം സൃഷ്ടിച്ചു. അവനാണ്‌ അവയുടെയെല്ലാം സൃഷ്ടാവ്‌. നാം കാണുന്ന അഞ്ചു ഭൂതങ്ങളേയും അവന്‍ സൃഷ്ടിച്ചതാണ്‌. ആ അത്ഭുതങ്ങള്‍ എന്നതു തന്നെ തേജോരുപമായ ബ്രഹ്മനാകുന്നു. പര്‍വ്വതങ്ങള്‍ അവന്റെ അസ്ഥികളാകുന്നു. മേദസ്സും മാംസവും മേദിനി (ധരിത്രി) യാകുന്നു. രുധിരം സമുദ്രമാകുന്നു. ആകാശം വയറാകുന്നു. വായു ശ്വാസമാകുന്നു. അഗ്നി തേജസ്സാകുന്നു. പുഴകള്‍ ഞരമ്പുകളാകുന്നു. സൂര്യനും ചന്ദ്രനും അവന്റെ രണ്ടു കണ്ണുകളുമാണ്‌. ആകാശം ശിരസ്സാകുന്നു. ഭൂമി പാദമാകുന്നു. ദിക്കുകള്‍ കൈകളാകുന്നു. ദുര്‍വിജേഞയനും (അറിയാന്‍ വയ്യാത്തവൻ)  അനന്തനുമായ അവനെക്കുറിച്ച്‌ സിദ്ധന്മാര്‍പോലും നിസ്സംശയം അറിയുന്നില്ല. ഈ പറയപ്പെട്ട ദേവനാണ്‌ വിഷ്ണു. അനന്തന്‍ എന്നു വിശ്രുതനാണ്‌ ഈ ദേവന്‍. സര്‍വ്വഭൂതാത്മ ഭൂതസ്ഥനായ അവന്‍ അനാത്മാക്കള്‍ക്ക്‌ ദുര്‍വ്വിതനാകുന്നു. സര്‍വ്യവഭൂതഭവത്തിന്നു വേണ്ടി അഹങ്കാരത്തെ സൃഷ്ടിച്ചവനാണ്‌ ആ ദേവന്‍. അവന്‍ മൂലമാണ്‌ വിശ്വം ഉണ്ടായത്‌. ഈ സംഭവ കഥയാണല്ലോ ഭവാന്‍ ചോദിച്ചത്‌?

ഭരദ്വാജന്‍ പറഞ്ഞു: വ്യോമത്തിന്നും, ദിക്കുകള്‍ക്കും, ഭൂമിക്കും, വായുവിന്നും എന്താണ്‌ അളവ്‌? ഇവയുടെ തത്ത്വം ഉപദേശിച്ച്‌ എന്റെ സംശയം തീര്‍ത്തു തരണേ!

ഭൃഗു പറഞ്ഞു: സിദ്ധദൈവതസേവിതമായ ഈ ആകാശം അനന്തമാകുന്നു. നാനാശ്രയാകീര്‍ണ്ണമായ അതിന്ന്‌ അറ്റമില്ല. മേല്പോട്ട്‌ ഏറെപ്പോയാല്‍ താഴെ സൂര്യച്രന്രന്മാരെപ്പോലും കാണുവാന്‍ കഴിയുകയില്ല. അവിടെ താനേ സുര്യാഗ്നിപ്രഭയോടു കൂടിയ ദേവകള്‍ പ്രശോഭിക്കുന്നു. ഓജസ്വികളായ അവരും നഭസ്സിന്റെ അന്തം കാണുകയില്ല. എന്തു കൊണ്ടെന്നാല്‍, അത്‌ അത്രയ്ക്കു ദുര്‍ഗ്ഗമാണ്‌. അന്തം കാണാത്തതു കൊണ്ടാണ്‌, മേൽക്കുമേലെ എത്രയെത്ര പോയാലും സ്വയമായ ഭാസ്സു കൊണ്ട്‌ സുരന്മാരാല്‍ അവിടമെല്ലാം ഉജ്വലിക്കും. ആകാശം ഇപ്രകാരം നിരുദ്ധവും അപ്രമേയവുമാകുന്നു. ഭൂമിയുടെ അതിരുകളില്‍ സമുദ്രങ്ങളുണ്ട്‌. ആഴികളുടെ അതിര്‍ത്തികളില്‍ ഇരുട്ടാണ്‌. ഇരുളിന്റെ അതിരുകളില്‍ ജലമാണ്‌. ജലത്തിന്റെ അതിരുകളില്‍ അഗ്നിയാണ്‌. രസാതലത്തിന്റെ അന്തത്തില്‍ വെളളവും, വെള്ളത്തിന്റെ അന്തത്തില്‍ പന്നഗേശ്വരനും, അതിന്റെ അന്തത്തില്‍ ആകാശവും, ആകാശത്തിന്റെ അന്തത്തില്‍ ജലവുമാകുന്നു. ഇങ്ങനെയാണ്‌ വലുതായ വിസ്താരമുള്ള ജലത്തിന്റെ അളവ്‌. അഗ്നി, കാറ്റ്‌, ജലം ഇവയ്ക്കെല്ലാം അപ്പുറത്തെക്കാര്യം ദേവകള്‍ക്കു പോലും അറിഞ്ഞു കൂടാ. അഗ്നി, കാറ്റ്‌, ജലം, ഭൂമി ഇവയുടെ വര്‍ണ്ണം ആകാശത്തിന്റേതു തന്നെയാണ്‌. എന്നാല്‍ അജ്ഞാനം കൊണ്ട്‌ വ്യതൃസ്തമായി കാണുന്നു.

മൂന്നു ലോകങ്ങളുടേയും സമുദ്രത്തിന്റേയും അളവിനെക്കുറിച്ച്‌ പല ശാസ്ത്രങ്ങളിലും പറയുന്നുണ്ട്‌. അദൃശ്യവും അഗമൃവുമായ ഒരു കാര്യത്തെപ്പറ്റി ആര്‍ക്ക്‌ പ്രമാണം പറയുവാന്‍ കഴി യും? ഇങ്ങനെയല്ല, അങ്ങനെയാണ്‌ എന്നു ഖണ്ഡിച്ചു പറയുവാന്‍ കഴിയുന്നവരാരുണ്ട്‌? സിദ്ധന്മാരുടേയും ദേവകളുടേയും ഗതിക്കു തന്നെ ഒരു അതിര്‍ത്തിയുണ്ട്‌. പിന്നെ ആര്‍ക്ക്‌ ശരിയായ ജ്ഞാനം നേടുവാന്‍ കഴിയും?

ദേവമാര്‍ഗ്ഗമായ ആകാശത്തിന്റെ പരിധി അറിയാമെന്നു വെച്ചാല്‍ത്തന്നെ അനന്തനായ അവന്റെ പരിധി അറിയുവാന്‍ പറ്റില്ല-എന്തെന്നാല്‍, അവന്റെ പേരു പോലെ തന്നെ അത്‌ അനന്തമാണ്‌. അതു പോലെ മഹാനായ മാനസം, ദിവ്യമായ രൂപം, ചുരുങ്ങുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അപ്രകാരമുളളവന്നു മാത്രമേ, അവനെപ്പോലെയുള്ളവന്നു മാത്രമേ, അവനെ അറിയുവാന്‍ പറ്റൂ.

സര്‍വ്വജ്ഞനും, മൂര്‍ത്തിമാനും, പ്രഭുവുമായ ബ്രഹ്മാവ്‌ പുഷ്കരത്തില്‍ സൃഷ്ടിക്കപ്പെട്ടവനാണ്‌. പ്രജാപതിയും ധര്‍മ്മമയനുമായ ബ്രഹ്മാവാണ്‌ ആദ്യം ഉണ്ടായവന്‍. അവന്‍ മഹത്തരനാകുന്നു.

ഭരദ്വാജന്‍ പറഞ്ഞു പുഷ്കരത്തില്‍ നിന്നാണ്‌ ബ്രഹ്മാവുണ്ടായതെങ്കില്‍ ആ പുഷ്കരമല്ലെ അഗ്രജന്‍? പുഷ്കരമുണ്ടായതിന്നു ശേഷമല്ലേ ബ്രഹ്മാവുണ്ടായത്‌? അങ്ങ്‌ ബ്രഹ്മാവ്‌ പൂര്‍വ്വജനാണ്‌ എന്നു പറഞ്ഞുവല്ലോ. അതെങ്ങനെയാണ്‌? എനിക്ക്‌ അതില്‍ ശങ്കയുണ്ട്‌. അങ്ങ്‌ സംശയം തീര്‍ത്തു തരണേ!

ഭൃഗു പറഞ്ഞു: ഈ ഭൂമിയെയാണ്‌ പുഷ്കരമെന്നു പറഞ്ഞിരിക്കുന്നത്‌. ബ്രഹ്മാവിന്ന്‌ ഇരിക്കുവാന്‍ ഒരു ഇരിപ്പിടം തീര്‍ത്തതാണ്‌ ആ താമര. ആ താമര എന്നത്‌ മാനസം തന്നെയാണ്‌. അതിന്റെ ആ രൂപ ഭേദമാണ്‌ ബ്രഹ്മാവിന്ന്‌ ഇരിക്കുവാനുള്ള ഇരിപ്പിടത്തിന്റെ രൂപം കൈക്കൊണ്ടതും. ആ പത്മത്തിന്റെ മൊട്ട്‌ സുമേരുവാണ്‌. അത്‌ സ്വര്‍ഗ്ഗത്തേക്ക് ഉയര്‍ന്നു നില്ക്കുന്നു. അതിന്റെ നടുവില്‍ ഇരുന്നാണ്‌ ബ്രഹ്മാവ്‌ ഈ ലോകത്തെയെല്ലാം സൃഷ്ടിച്ചത്.

അദ്ധ്യായം 183. ഭൃഗുഭരദ്ധാജസംവാദം - ഭരദ്വാജന്‍ പറഞ്ഞു: അല്ലയോ ദ്വിജോത്തമാ! എങ്ങനെയാണ്‌ ബലശാലിയായ ബ്രഹ്മാവ്‌ മേരുവില്‍ ഇരുന്നു കൊണ്ട്‌ പലേമട്ടില്‍ പ്രജകളെ സൃഷ്ടിച്ചത്‌? അത്‌ വിശദമായി പറഞ്ഞു തന്നാലും!

ഭൃഗു പറഞ്ഞു; മാനസം മനസ്സു കൊണ്ട്‌ പല വിധം പ്രജകളെ സൃഷ്ടിച്ചു. ഭൂതങ്ങളുടെ രക്ഷയ്ക്കായി ആദ്യമേ തന്നെ ജലത്തെ സൃഷ്ടിച്ചു. ഭൂതങ്ങള്‍ക്കു ജീവനായിട്ടുളളത്‌ ജലമാണ്‌. അതു കൊണ്ട്‌ സര്‍വ്വജീവജാലവും വായ്ക്കുന്നു. അതില്ലാഞ്ഞാല്‍ നശിക്കും. അത്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഭൂമി, മലകള്‍, മേഘങ്ങള്‍ എന്നു തന്നെയല്ല മൂര്‍ത്തിമത്തായ എല്ലാം തന്നെ ജലം കൊണ്ടു രൂപം കൊണ്ടതാണ്‌. എല്ലാം ജലമയമാണെന്നു ധരിക്കുക.

ഭരദ്വാജന്‍ പറഞ്ഞു: ജലം എങ്ങനെ ഉണ്ടായി? അഗ്നിയും വായുവും എങ്ങനെ ഉണ്ടായി? ഭൂമിയെ എങ്ങനെ സൃഷ്ടിച്ചു? ഇവയില്‍ വലിയ സംശയം എനിക്കുണ്ട്‌. അവ തീര്‍ത്തു തന്നാലും.

ഭൃഗു പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, പണ്ടുപണ്ട്‌ ബ്രഹ്മകല്പത്തില്‍ ബ്രഹ്മർ‍ഷീന്ദ്രന്മാര്‍ ചേര്‍ന്ന കാലത്ത്‌ ആ മഹാന്മാര്‍ക്കും ലോകസംഭവത്തില്‍ സംശയം ഉദിച്ചു. ആ ദ്വിജന്മാര്‍ തപോവ്യത്തിയില്‍ ധ്യാനിച്ചു നിന്നു. മനംപൂണ്ട്‌ നിശ്ചലരായി, നിരാഹാരരായി, കാറ്റു മാത്രം ഉണ്ടു കൊണ്ട്‌ ദിവ്യമായ നൂറ്റാണ്ടു കാലം നിന്നു. അവര്‍ക്കെല്ലാം അങ്ങനെ നിൽക്കുമ്പോള്‍, ബ്രഹ്മാവിന്റെ വാക്ക്‌ ഇപ്രകാരം ചെവിയില്‍ മുഴങ്ങിക്കേട്ടു. ആകാശത്തു നിന്ന്‌ ഇപ്രകാരം ഒരു ശബ്ദം പുറപ്പെട്ടു: മുമ്പ്‌ അനന്തമായ ആകാശം മാത്രമേ ഉണ്ടായിരുന്നുളളു. നിശ്ചലവും സ്തബ്ധവുമായിരുന്നു ആ വ്യോമം. കാറ്റും സുര്യചന്ദ്രന്മാരുമില്ലാതെ ഉറങ്ങുന്ന മട്ടിലായി. പിന്നെ, ജലം ഇരുട്ടില്‍ ഇരുട്ടു പോലെ ഉണ്ടായി. ആ വെളളത്തിന്റെ തളളലാല്‍ കാറ്റുണ്ടായി. ഒഴിഞ്ഞ ഒരു പാത്രം പോലെ യാതൊരു ദ്വാരവുമില്ലാത്ത പാത്രം നിശ്ശബ്ദമായി നിൽക്കുമ്പോള്‍ അതില്‍ വെളളം നിറച്ചാല്‍ മാരുതന്‍ ശബ്ദമുണ്ടാക്കുമല്ലോ. അപ്രകാരം ആകാശത്ത്‌ വെളളം ഉണ്ടായപ്പോള്‍ കാറ്റ്‌ ഭയങ്കരമായ ശബ്ദത്തില്‍ അടിച്ചു. അത്‌ വെളളത്തിന്നുള്ളിലൂടെ പാഞ്ഞു. ഇങ്ങനെ കാറ്റുണ്ടായി വന്നു. കടല്‍ തിങ്ങി ഉയര്‍ന്ന കാറ്റ്‌ ഇപ്രകാരമാണ്‌ വീശാന്‍ തുടങ്ങിയത്‌. അത്‌ ആകാശത്തിലെത്തിയിട്ടും ശമിക്കുന്നില്ല. ആ വായുവും ജലവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്ന്‌ അഗ്നിയുണ്ടായി. അവന്‍ ആകാശത്തിലെ ഇരുട്ടിനെ നീക്കി. അഗ്നി വാനില്‍ കാറ്റിനോടു ചേര്‍ന്നു ജലത്തെ നീക്കുന്നു. ആ അഗ്നി കാറ്റു തട്ടി ഘനഭാവത്തെ പ്രാപിക്കുന്നു. അങ്ങനെ ഘനീഭൂതമായ അഗ്നി ആകാശത്തു നിന്നു പതിച്ച്‌ സ്നേഹ രൂപമായി ഒന്നിച്ചു ചേര്‍ന്നു നിന്ന്‌ ഭൂമിയായി പരിണമിച്ചു. എല്ലാ രസങ്ങളും എല്ലാ ശ്രവങ്ങളും എല്ലാ ഗന്ധങ്ങളും ഈ ഭൂമിയില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. എല്ലാവരും ഈ ഭൂമിയില്‍ നിന്ന്‌ ഉത്ഭവിച്ചവയാണ്‌.

അദ്ധ്യായം 184. തൃഗുഭരദ്വാജസംവാദം - പഞ്ചമഹാഭൂതങ്ങളുടെ ഗുണങ്ങള്‍ - ഭരദ്വാജന്‍ പറഞ്ഞു: ബ്രഹ്മാവ്‌ മുമ്പു സൃഷ്ടിച്ച അഞ്ചു ധാതുക്കള്‍ മഹാഭൂതങ്ങള്‍ എന്ന പേരിനാല്‍ അറിയപ്പെടുന്നുണ്ടല്ലേോ. അവ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതായും അങ്ങ്‌ പറഞ്ഞു. ആ മഹാമാനിയായ ബ്രഹ്മാവ്‌ അസംഖ്യം ഭൂതങ്ങളെ തീര്‍ത്തിരിക്കെ ഈ പറഞ്ഞ അഞ്ചു ഭൂതങ്ങള്‍ക്കു മാത്രം ഭൂതത്വം എങ്ങനെയുണ്ടായി?

ഭൃഗു പറഞ്ഞു: മഹത്ത്വം എന്നു പറയുന്നത്‌ അമിതമായതിന്നാണ്‌. അതു കൊണ്ട്‌ ഈ വകുപ്പില്‍ അമിതമായതിനെ മഹാഭൂതങ്ങള്‍ എന്നു പറയുന്നു. പ്രവര്‍ത്തനം കാറ്റാണ്‌. ശബ്ദം ആകാശത്തു നിന്നു കേള്‍ക്കുന്നു. അതിലുള്ള ചൂടിനെ അഗ്നി എന്നു പറയുന്നു. അതിലുള്ള ദ്രവാംശം-രസം-ജലമെന്നു പറയുന്നു. അതിലുള്ള കട്ടിയുള്ള വസ്തുക്കള്‍ മാംസം, അസ്ഥി എന്നിവ പൃത്വി (ഭൂമി) എന്നു പറയുന്നു. ഇങ്ങനെ ജീവികളുടെയെല്ലാം ദേഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ അഞ്ചു ധാതുക്കള്‍ കൊണ്ടാണ്‌. എല്ലാ ചരാചര വസ്തുക്കളും ഈ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്‌. ജീവിക്കുന്നവയുടെ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ഈ പഞ്ചഭൂതങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. ചെവി ആകാശത്തു കൂടെ വരുന്ന ശബ്ദങ്ങളെ ഗ്രഹിക്കുന്നു. മൂക്ക്‌ ഭുമിയുടെ ഗന്ധത്തെ ഗ്രഹിക്കുന്നു. നാവ്‌ ജലത്തിന്റെ സഹായത്തോടെ രസം അറിയുന്നു. കാറ്റ്‌ സ്പര്‍ശനം, അറിയിക്കുന്നു. കണ്ണ്‌ പ്രകാശം (അഗ്നി) മൂലം കാഴ്ച അറിയുന്നു.

ഭരദ്വാജന്‍ പറഞ്ഞു: ഈ ചരാചരങ്ങളെല്ലാം പഞ്ചഭൂതങ്ങളോടു ചേര്‍ന്നതാണെങ്കില്‍ അചരങ്ങളുടെ ദേഹത്തില്‍ ഈ അഞ്ചു ധാതുവും കാണുന്നില്ലല്ലോ. ചൂടും ചേഷ്ടയും ഇല്ലാതെ ഘനത്വം പൂണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ ദേഹത്തില്‍ ഈ അഞ്ചു ധാതുവും ചേരുന്നില്ല. കേള്‍ക്കുന്നില്ല, കാണുന്നില്ല, ഗന്ധവും രസവും അറിയുന്നില്ല, സ്പര്‍ശം അറിയുന്നില്ല. പിന്നെ, എങ്ങനെ അവയ്ക്ക്‌ പഞ്ചഭൗതികത്വമുണ്ടെന്നു പറയാം? വൃക്ഷങ്ങളില്‍ ദ്രവത്വമില്ല, അഗ്നിയില്ല, ഭൂമിയില്ല, വായുവില്ല, ആകാശമില്ല, ഈ നിലയ്ക്ക്‌ മരങ്ങളില്‍ ഭൗതികത്വമില്ലെന്നാണ്‌ എന്റെ അഭിപ്രായം. എന്റെ അഭിപ്രായം തെറ്റാണോ?

ഭൃഗു പറഞ്ഞു: നിന്റെ അഭിപ്രായം ശരിയല്ല, ഘനങ്ങളായ വൃക്ഷങ്ങള്‍ക്ക്‌ ആകാശമുണ്ട്‌. അതില്‍ യാതൊരു സംശയവുമി ല്ല. അതു കൊണ്ടാണ്‌ അവയില്‍ പുഷ്പവും ഫലവും ഉണ്ടാകുന്നത്‌. ചൂടു കൊണ്ട്‌ വൃക്ഷത്തിന്റെ ഇലയും തൊലിയും വാടുന്നു. പൂവും കായും കൊഴിയുന്നു. ഈ നിലയ്ക്ക്‌ അതില്‍ അഗ്നിയും ഉണ്ട്‌. സ്പര്‍ശവുമുണ്ട്‌. കാറ്റ്‌, തീയ്‌, ഇടിനാദം എന്നിവയാല്‍ പൂവും കായും കൊഴിയും. ചെവി കൊണ്ടാണല്ലേഠ ജീവികള്‍ ശബ്ദം കേള്‍ക്കുന്നത്‌. എന്നാല്‍, വൃക്ഷങ്ങളും ചെവി കൂടാതെ തന്നെ ശബ്ദം കേള്‍ക്കുന്നുണ്ട്‌. വൃക്ഷങ്ങളും ചെടികളും കണ്ണില്ലെങ്കിലും കാണുന്നുണ്ട്‌. വളളി വൃക്ഷത്തെ ചുറ്റുന്നു. അങ്ങനെ ചുറ്റിക്കയറുവാന്‍ ലതയ്ക്ക്‌ കാഴ്ചയില്ലാതെ പറ്റുകയില്ല. കണ്ണില്ലാത്തോന് മാര്‍ഗ്ഗം കാണുവാന്‍ സാദ്ധ്യമല്ലല്ലോ. അതുകൊണ്ട്‌ മരങ്ങളും കാണുന്നുണ്ട്‌. പുണ്യങ്ങളും അപുണ്യങ്ങളുമായ ഗന്ധങ്ങളും പലതരം ധൂമങ്ങളുമേറ്റ്‌ രോഗം വിട്ട്‌ വൃക്ഷങ്ങള്‍ പൂക്കുന്നു. അതുകൊണ്ട്‌ വൃക്ഷങ്ങള്‍ ഗന്ധം മൂക്കു കൊണ്ടല്ലെങ്കിലും മറ്റു വിധത്തില്‍ ഘ്രാണിച്ച്‌ അറിയുന്നുണ്ട്‌. അവ പാദം കൊണ്ട്‌ ജലം പാനം ചെയ്യുന്നു. അതിന്നു വ്യാധിയുണ്ടാകുന്നു. വ്യാധിക്കു വേണ്ട ചികിത്സയും അവ തന്നത്താനെ ചെയ്യുന്നു. ആ നിലയ്ക്ക്‌ വൃക്ഷത്തിന്നു രസമറിയുവാനും മറ്റുമുളള നാവുണ്ടെന്നറിയാം. വളഞ്ഞ താമരത്തണ്ടിലൂടെ വെള്ളം കയറുന്ന വിധം വായുവിന്റെ സഹായത്തോടെ വൃക്ഷം വെള്ളം വലിച്ചു കുടിക്കുന്നു. വലിച്ചു കുടിക്കുവാന്‍ വായു കൂടാതെ പറ്റില്ലല്ലോ. വൃക്ഷങ്ങള്‍ക്ക്‌ സുഖവും ദുഃഖവും ഉണ്ട്‌. അവ മുറിച്ചാലും പൊടിക്കുന്നു. അതുകൊണ്ട്‌ വൃക്ഷങ്ങളില്‍ ജീവന്‍ ഉണ്ടെന്നും ധരിക്കണം. വൃക്ഷങ്ങള്‍ ചൈതന്യമില്ലാത്തവയല്ല. വൃക്ഷം വലിച്ചെടുക്കുന്ന വെള്ളവും ആഹാരവും തീയും കാറ്റും അതില്‍ ജനിക്കുന്നു. അങ്ങനെ ആഹാര പരിണാമം ഉണ്ടാവുകയാല്‍ സ്നേഹവും വൃദ്ധിയും അതില്‍ ഉണ്ടാകുന്നുണ്ട്‌. എല്ലാ ജംഗമ വര്‍ഗ്ഗത്തിലും അവയുടെ ദേഹത്തില്‍ അഞ്ചു ധാതുക്കളും പ്രത്യേകം വേര്‍തിരിച്ചു ദേഹത്തെ ചേഷ്ടിപ്പിക്കുന്ന വിധം സ്ഥിതി ചെയ്യുന്നു. അവ കൊണ്ടാണ്‌ ദേഹം ചേഷ്ടിക്കുന്നത്‌. തൊലി, മാംസം, അസ്ഥി, മജ്ജ, സ്നായു ഇവ തമ്മില്‍ ചേര്‍ന്ന്‌ പൃത്വീമയമായി സ്ഥിതിചെയ്യന്നു. അഗ്നി, ക്രോധം, കണ്ണ്‌, ഊഷ്മാവ്‌ (ആന്തരികമായ ചൂട്‌) എന്നിവയാണ്‌ തേജസ്സ്‌. അതേ വിധം ഭക്ഷണം ദഹിപ്പിക്കുന്ന അഗ്നി. ഇങ്ങനെ ആഗ്നേയം അഞ്ചാണ്‌. ഇവ എല്ലാ ജീവികളിലും സ്ഥിതിചെയ്യുന്നു. ശ്രോത്രം, ഘ്രാണം, വായ്‌, കരള്‍, കോഷ്ഠം ഇവ ആകാശം എന്ന ഭൂതത്തില്‍ നിന്ന്‌ പ്രാണികള്‍ക്കു ലഭിക്കുന്നു. ഇങ്ങനെയാണ്‌ ദേഹത്തില്‍ അഞ്ചു ധാതുക്കള്‍ ചേര്‍ന്നിരിക്കുന്നത്‌.?

കഫം, പിത്തം, വിയര്‍പ്പ്‌, വസ, ചോര ഇങ്ങനെ പ്രാണികള്‍ക്ക്‌ ദേഹത്തില്‍ അഞ്ചു വിധത്തില്‍ ജലം സ്ഥിതി ചെയ്യുന്നു. പ്രാണന്‍ എന്ന വായുവാല്‍ പ്രാണന്‍ ഉള്‍ക്കൊള്ളുന്നു. വ്യാനനാല്‍ തള്ളുന്ന അപാനന്‍ കീഴ്പോട്ടു പോകുന്നു. സമാനന്‍ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു. ഉദാന വായുവാല്‍ ഉച്ഛ്വസിക്കുന്നു ഇങ്ങനെ അഞ്ചു വായുക്കള്‍ ജീവിയെ ചേഷ്ടിപ്പിക്കുന്നു.

ഭൂമിയാല്‍ മൂക്ക്‌ ഗന്ധമറിയുന്നു. അംഭസ്സിനാല്‍ നാവ്‌ രസമറിയുന്നു. കണ്ണുകൊണ്ട്‌ ജ്യോതിസ്സിനാല്‍ രൂപമറിയുന്നു. ത്വക്ക്‌ വായുവിനാല്‍ സ്പര്‍ശം ഏൽക്കുന്നു. ഗന്ധം, സ്പര്‍ശം, രസം, രൂപം, ശബ്ദം എന്നിവ ഗുണങ്ങളാകുന്നു. ആ ഗന്ധത്തിന്റെ, ഇനി വിസ്തരിച്ച്‌, ഗുണങ്ങളെപ്പറയാം. ഗന്ധം ഇഷ്ടമായതും, അനിഷ്ടമായതും, മധുരം, എരിവ്‌ ഇങ്ങനെ പല വിധത്തില്‍ അറിയു ന്നു. നിര്‍ഹാരി സമ്മിതം, സ്നിഗ്ദ്ധം, രൂക്ഷം, വിശദം ഇങ്ങനെയും ഉണ്ട്‌. ഇമ്മാതിരി പത്തൊമ്പതു വിധം പാര്‍ത്ഥിവമായി ഗന്ധമുണ്ടെന്നു പറയാം. ഇതാണ്‌ ഗ്രന്ഥവിസ്തരം. ജ്യോതിസ്സ്‌ കണ്ണ് കൊണ്ടു കാണുന്നു. വായുവാല്‍ സ്പര്‍ശം അറിയുന്നു. ശബ്ദം, സ്പര്‍ശം, രൂപം, രസം ഇവ ഗുണങ്ങളാകുന്നു. ഇനി രസജ്ഞാനമെന്തെന്ന്‌ ഞാന്‍ പറയാം. അതു ഭവാന്‍ മനസ്സിരുത്തി കേള്‍ക്കുക. -

രസം പല വിധത്തിലുണ്ടെന്ന്‌ മഹാശയന്മാരായ മഹര്‍ഷിമാര്‍ പറയുന്നു. സ്വാദ്‌, അമ്ലം, ലവണം, തിക്തം, ഈഷണം, കഷായം, മധുരം, പുളി, ഉപ്പ്‌, കയ്പ്‌, എരിവ്‌, ചവര്‍പ്പ്‌ ഈ ആറു വിധത്തില്‍ പറയുന്ന എല്ലാ രസവും ജലമയമാണ്‌. ശബ്ദം, സ്പര്‍ശം, രൂപം എന്നിങ്ങനെ മൂന്നു ഗുണങ്ങള്‍ ജ്യോതിസ്സിന്നുണ്ട്‌. ജ്യോതിസ്സാണ്‌ രൂപങ്ങള്‍ക്കു കാഴ്ചതരുന്നത്‌. രൂപം പല വിധത്തിലാണ്‌. ഹ്രസ്വം, ദീര്‍ഘം, സ്ഥൂലം, വര്‍ത്തുളം, ചതുരശ്രം, ശുക്ലം, കൃഷ്ണം, രക്തം, നീലം, പീതം, അരുണം, കഠിനം, ചിക്കണം, ശ്ലഷ്ണം, പിച്ചിലം, മൃദു, ദാരുണം ഇങ്ങനെ ജ്യോതിസ്സിന്റെ രൂപഗുണം പതിനാറു വിധമാണ്‌. വായവ്യമായ ഗുണമാണ്‌ സ്പര്‍ശം. സ്പര്‍ശം പല വിധത്തിലുണ്ട്‌. ഉഷ്ണം, ശീതം, സുഖം, സ്നിഗ്ദ്ധം, വിഗദം, ഖരം,  ലഘു, ഗുരു ഇവയാണ്‌ അവ. വായുവില്‍ രണ്ടു ഗുണങ്ങളുണ്ട്‌. ശബ്ദം, സ്പര്‍ശം എന്നിവ. ഇങ്ങനെ വായവ്യമായ ഗുണം പതിനൊന്നാണ്‌.

ആകാശകത്തിന്നു ശബ്ദം എന്ന ഒരു ഗുണമേയുള്ളു. ആ ശബ്ദത്തിന്റെ പലവിധ വിസ്താരത്തെ പറയാം. അവ കേള്‍ക്കുക. ഷഡൂര്‍ഷഭങ്ങള്‍, ഗാന്ധാരം, മദ്ധ്യമം, ധൈവതം, പഞ്ചമം, നിഷാദം ഇങ്ങനെ ആകാശസംഭവമായ ശബ്ദം ഏഴു വിധമാണ്‌. ആകാശസംഭവമായി പല മട്ടില്‍ ശബ്ദങ്ങളുണ്ട്‌. ഐശ്വര്യത്തോടു കൂടി നില്ക്കുന്ന പടഹാദികളായ ശബ്ദങ്ങള്‍, മൃദംഗം, ഭേരി, ശംഖം എന്നിവ. ഇടിവെട്ട്‌, തേരൊലി ഈമാതിരി ശബ്ദവും, പ്രാണികളും പ്രാണികളല്ലാത്തവയും കേള്‍ക്കുന്നു. ഇവയെല്ലാം വിഷയമാണെന്നു പറഞ്ഞു. ഇങ്ങനെ ആകാശ സംഭവമായി പല ശബ്ദങ്ങളുണ്ട്‌. ആകാശജമായ ശബ്ദങ്ങള്‍ വായു ഗുണത്തോടു മിശ്രമായിട്ടാണ്‌ ഉണ്ടാകുന്നത്‌. ശ്രോത്രേന്ദ്രിയത്തിന്നു കേടില്ലെങ്കില്‍ ഇവ അറിയാം. തകരാറുണ്ടെങ്കില്‍ അറിയുകയില്ല. എപ്പോഴും ധാതുക്കള്‍ ധാതുക്കളെ പോഷിപ്പിക്കുന്നു. ജലം, അഗ്നി, വായു എന്നിവ ദേഹികളില്‍ വിടാതെ നില്ക്കുന്നു. ഇവയാണ്‌ ദേഹത്തിന്നു മൂലമായിട്ടുളളത്‌. ഇവ പ്രാണവ്യാപികളാകുന്നു.

അദ്ധ്യായം 185. ഭൃഗുഭരദ്വാജസംവാദം - ശരീരത്തില്‍ അഗ്നിവായുക്കളുടെ സ്ഥിതി - ഭരദ്വാജന്‍ പറഞ്ഞു: എങ്ങനെയാണ്‌ ശാരീരികമായ അഗ്നി-ചൂട്‌-ശരീരത്തില്‍ പ്രവേശിച്ച്‌ അവിടെ അധിവസിക്കുന്നത്‌? എങ്ങനെയാണ്‌ വായു അതിന്നു പെരുമാറാനുളള സ്ഥലം നേടുന്നത്‌? എങ്ങനെയാണ്‌ വായു ചേഷ്ടിപ്പിക്കുന്നത്‌?

ഭൃഗു പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, വായുവിന്റെ ഗതി എങ്ങനെയാണെന്ന്‌ ഞാന്‍ പറയാം. പ്രാണികളുടെ ദേഹങ്ങള്‍ എങ്ങനെയാണ്‌ ചേഷ്ടിപ്പിക്കുന്നതെന്നും ഹേ അനഘാശയാ, ഞാന്‍ പറയാം. ദേഹത്തെ രക്ഷിച്ചു കൊണ്ട്‌ അഗ്നി മൂര്‍ദ്ധാവില്‍ നില്ക്കുന്നു. പ്രാണന്‍ അഗ്നിയോടു കൂടി മൂര്‍ദ്ധാഗ്നികളില്‍ നിന്നു കൊണ്ടു ചേഷ്ടയെ ഉണ്ടാക്കുന്നു. ആ ജീവി സര്‍വ്വ ഭൂതാത്മപുരുഷനായ സനാതനനാകുന്നു. മനസ്സ്‌, ബുദ്ധി, അഹങ്കാരം എന്നിവ എല്ലാ ഭൂതങ്ങള്‍ക്കും വിഷയങ്ങളാകുന്നു.

ഇങ്ങനെ പ്രാണികള്‍ക്കൊക്കെ എല്ലാ വിധത്തിലുമുള്ള ചേഷ്ടകള്‍ പ്രാണനാല്‍ ഉണ്ടാകുന്നു; പ്രാണവായുവിനാല്‍ പ്രവര്‍ത്തിക്കുന്നു. സമാനന്‍ എന്ന വായുവിന്റെ ഗതിയാല്‍ ഇന്ദ്രിയങ്ങള്‍ വര്‍ത്തിക്കുന്നു. അപാനന്‍ വസ്തിഗുദം മൂലം ഇവയോടു ചേര്‍ന്നു നില്ക്കുന്ന അഗ്നിയോടു ചേര്‍ന്നു വര്‍ത്തിക്കുന്നു. മലമൂത്രങ്ങളെ കൊണ്ടു നടക്കുന്നത്‌ അപാനനാണ്‌. പ്രയത്നം, ക്രിയ, ഊക്ക്‌ എന്നീ മൂന്നിലും നില്‍ക്കുന്നവനാണ്‌ ഉദാനന്‍ എന്ന വായു എന്ന്‌ അദ്ധ്യാത്മജ്ഞന്മാരായ ജനങ്ങള്‍ പറയുന്നു. എല്ലാ സന്തുക്കളിലുമായി നില്‍ക്കുന്നവനും, മനുഷ്യ ദേഹങ്ങളില്‍ ആഴുന്നവനുമായ വായു വ്യാനനാകുന്നു. സമാനന്റെ പ്രേരണ മൂലം അഗ്നി ധാതുക്കളിലെത്തുന്നു. എല്ലാ ശരീരത്തിലുമുള്ള ചൂട്‌ സമാന വായുവിന്റെ പ്രേരണയാലാണ്‌ എളല്ലായിടത്തും എത്തുന്നത്‌. അങ്ങനെ ശരീരത്തിലിരുന്ന്‌ ആ വായു പലതരത്തിലുള്ള, ജലമയവും മറ്റുമായ, ധാതുക്കളെ സമീകരിച്ചു നിര്‍ത്തുന്നു. അപാനനും പ്രാണനും മദ്ധ്യത്തിലിരിക്കുന്ന അഗ്നി പ്രാണാപാനവായുക്കളെ കൂട്ടിച്ചേര്‍ത്ത്‌ ധമനികളില്‍ രണ്ടു വായുക്കളുടേയും സഹായത്തോടെ, ദഹനം നടത്തുന്നു; എല്ലാ പ്രാണികളിലും അന്നം പചിക്കുന്നു.

വായ്‌ മുതല്‍ ഗുദം വരെയുള്ള നാളമുണ്ട്‌. അതില്‍ നിന്നും അനവധി ശാഖകള്‍ ദേഹമാസകലം വ്യാപിച്ചു കിടക്കുന്നു. മുന്‍പു പറഞ്ഞ വിവിധ തരത്തിലുള്ള വായു തളളിച്ച കൊണ്ട്‌ മിശ്രിതമായിത്തീരുന്നു. പ്രാണനില്‍ സ്ഥിതി ചെയ്യുന്ന ചൂടിനെ ഊഷ്മാവെന്നു പറയുന്നു. ഈ അഗ്നിയാണ്‌ ദേഹികളിലെല്ലാം ദഹനം നടത്തുന്നത്‌. അഗ്നിവാഹകനായ പ്രാണവായു ഗുദാന്തം വരെ ഇറങ്ങിച്ചെല്ലുന്നു. ഗുദാന്തത്തില്‍ തടയപ്പെട്ട അവന്‍ പിന്നെ മേല്പോട്ടു പോകുന്നു. മടങ്ങി വന്ന്‌ ശിരസ്സില്‍ത്തന്നെ സ്ഥിതി ചെയ്യുന്നു. വീണ്ടും അത്‌ ഈഷ്മാവിനെ താഴോട്ടു വിടുന്നു.

നാഭിക്കു താഴെയാണ്‌ ദഹിച്ച വസ്തുക്കളുടെ ഇരിപ്പിടം (പക്വാശയം). നാഭിക്കു മുകളിലാണ്‌ കഴിക്കുന്ന അന്നം സ്ഥിതി ചെയ്യുന്ന ആമാശയം. നാഭിയുടെ മദ്ധ്യത്തിലാണ്‌ എല്ല ശക്തിയും (ജീവചൈതന്യവും) ശരീരത്തെ താങ്ങിനിര്‍ത്തുന്നത്‌, സ്ഥിതിചെയ്യുന്നത്‌. പ്രാണാദ്യമായ പത്തുതരം വായുവാല്‍ പ്രേരിപ്പിക്കപ്പെട്ട മുമ്പു പറഞ്ഞ കുഴലുകള്‍, ഹൃദയത്തില്‍ നിന്നും ശാഖകളായി പിരിയുന്നു, അന്നരസങ്ങളെ മേലോട്ടും കീഴോട്ടും തലങ്ങും വിലങ്ങും എത്തിക്കുന്നു. വായ്‌ മുതല്‍ ഗുദം വരെയുള്ള നാളം മാര്‍ഗ്ഗമായാണ്‌ സമന്മാരും ജിതക്ലമന്മാരുമായ ധീരയോഗികള്‍ ആത്മാവെ മൂര്‍ദ്ധാവില്‍ കയറ്റി ബ്രഹ്മപദം നേടുന്നത്‌. ഇപ്രകാരം ദേഹികളില്‍ എല്ലായിടത്തും പ്രാണാപാനനിവേശിതമായി നിത്യവും കുലത്തില്‍ വെച്ച പോലെ അഗ്നി ജലിച്ചു കൊണ്ടിരിക്കുന്നു.

അദ്ധ്യായം 186. ഭൃഗുഭരദ്വാജസംവാദം - ജീവസത്തെപ്പറ്റിയുള്ള വിവരണം - ഭരദ്വാജന്‍ പറഞ്ഞു: വായുവാണ്‌ പ്രാണന്‍ നില നിര്‍ത്തുന്നതെങ്കില്‍, വായുവാണ്‌ നമ്മള്‍ക്ക്‌ ശ്വസിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള കഴിവ്‌ ഉണ്ടാക്കുന്നതെങ്കില്‍, പിന്നെ ജീവന്‍ കൊണ്ട്‌ എന്തു കാര്യം? ജീവന്‍ ആവശ്യമില്ല, വേറെ ജീവന്‍ ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം. ചൂടിന്റെ ഭാവമാണല്ലോ ആഗ്നേയം. ആ അഗ്നിയാണല്ലേോ ഭക്ഷണം പചിപ്പിക്കുന്നത്‌. അങ്ങനെ അഗ്നിയാണ്‌ നാം കഴിക്കുന്ന ഭക്ഷണത്തെ പാകപ്പെടുത്തി ശരീരം നിലനിര്‍ത്തുന്നതെങ്കില്‍, ചൈതന്യം കൊടുക്കുന്നതെങ്കില്‍, പിന്നെ ജീവന്‍ എന്ന വസ്തു എവിടെയാണ്‌? എന്താണ്‌? എന്തിനാണ്‌? ഇതിനെപ്പറ്റിയുള്ള ചിന്ത അനാവശ്യ മാണ്‌!

ചത്തുപോകുന്ന ജന്തുവിന്റെ ജീവന്‍ കാണപ്പെടുന്നില്ല. തീര്‍ച്ചയാണ്‌. അങ്ങനെ ഒന്നുണ്ടെങ്കില്‍ അനുഭവപ്പെടേണ്ടതല്ലേ? വായു ജീവിയെ വിടുന്നു, ചൂട്‌ നശിക്കുകയും ചെയ്യുന്നു. അപ്പോള്‍ ജീവി ചത്തു എന്നു പറയുന്നു. അതിലപ്പുറം എന്തുണ്ട്‌?

അങ്ങനെ ജീവന്‍ എന്നു പറയുന്നത്‌ വെറും വായു മാത്രമല്ലാതെ മറ്റൊന്നുമല്ലെങ്കില്‍, ജീവന്‍ വായുവിനെ മാത്രം ആശ്രയിച്ചാണ്‌ കാണപ്പെടുന്നതെങ്കില്‍, അതു പുറമെയുള്ള വായുമണ്ഡലം തന്നെയായിട്ടല്ലേ കാണാന്‍ കഴികയുള്ളു? ജീവികളില്‍ നിന്ന്‌ ആ വായു പുറത്തു പോയാല്‍ അത്‌ വായുവിന്റെ സമുദ്രമായ വായു മണ്ഡലത്തില്‍ ചേര്‍ന്നു പോകുന്നു. ജീവന്‍ വായുവിനെ അവലംബിച്ചാണ്‌ നില്ക്കുന്നതെങ്കില്‍, ആ ജീവന്‍ ശരീരത്തില്‍ നിന്ന്‌ വായു വിരമിക്കുന്നതോടു കൂടി അവസാനിക്കുകയാണെങ്കില്‍, ആ വായു പുറമേയുള്ള വായുവിന്റെ ഒരംശത്തോടു ചേര്‍ന്നു പോകുന്നുവെങ്കില്‍, ജലം സമുദ്രത്തിലെന്നപോലെ ചേര്‍ന്നു പോകുന്നുവെങ്കില്‍, ആ വായുവിന്ന്‌ ഒരു സ്ഥാനചലനം ബാധിച്ചു എന്നു മാത്രമേ പറഞ്ഞു കൂടൂ!

നാം കുറച്ചു വെളളമെടുത്തു കിണറ്റിലേക്കൊഴിച്ചാല്‍ അത്‌ കിണറ്റിലെ ജലവുമായി ലയിക്കുന്നു. അല്ലെങ്കില്‍ ഒരു കത്തുന്ന കൊളളിയെടുത്ത്‌ അഗികുണ്ഡത്തിലേക്കെറിഞ്ഞാല്‍ ആ കൊളളിയിലെ അഗ്നി ആ കാളുന്ന അഗ്നിയോടു ചേര്‍ന്നു ലയിക്കുന്നു. ആ ജലത്തിന്റേയും കൊളളിയിലെ അഗ്നിയുടേയും വ്യക്തിത്വം നശിക്കുന്നു.  അതു വേറെ, ഇതു വേറെ എന്നു പറ യുവാന്‍ പറ്റാത്ത മട്ടില്‍ ഒന്നാകുന്നു. അങ്ങനെ ജീവന്‍ എന്നത്‌ വായുവാണെങ്കില്‍, ഒരു ജീവി ചത്താല്‍, ആ വായു പുറമേയുഉള ആ വായുസമുദ്രത്തില്‍ ചേര്‍ന്നുപോകുന്നു. ഈ നിലയ്ക്കു ചിന്തിക്കുമ്പോള്‍ എവിടെയാണ്‌ ജീവന്‍?

ജീവികളുടെ ശരിരത്തില്‍ ജീവന്‍, പഞ്ചഭൂത സഞ്ചിതമാണെന്നു പറയുന്നു. ജീവന്‍ എവിടെയാണ്‌! അഞ്ചിലൊന്ന്‌ വിട്ടാല്‍ നാലെണ്ണവും ചേര്‍ന്നു നില്‍ക്കുകയില്ല. ജീവി ഭക്ഷിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലാംശം വറ്റിപ്പോകും. ശ്വസിച്ചില്ലെങ്കില്‍ വായുവും പോകും. വിസര്‍ജ്ജനം നടത്താഞ്ഞാല്‍ ആകാശവും നഷ്ടപ്പെടും. ഉണ്ണാതിരുന്നാല്‍ അഗ്നിയും കെട്ടുപോകും. വ്യാധി, വ്രണം എന്നിവയുടെ പരിക്ലേശം ബാധിച്ചാല്‍ ഭൂമിയുടെ അംശവും നശിക്കും. ഇങ്ങനെ ഈ പഞ്ചഭൂതങ്ങളില്‍ ഒന്നു വിട്ടു പോയാല്‍ മറ്റുളള നാലെണ്ണവും തകരാറില്‍പ്പെടും. അങ്ങനെ അവയഞ്ചും അഞ്ചായി പിരിഞ്ഞു പോകുമ്പോള്‍ പിന്നെ ജീവന്‍ എവിടേക്കു പോകുന്നു? ഇതെല്ലാം വിട്ട ജീവന്‍ പിന്നെ അറിയുന്നതെങ്ങനെ? എങ്ങനെയാണ്‌ അറിയുക? എങ്ങനെയാണ്‌ കേള്‍ക്കുക? എങ്ങനെയാണ്‌ ജീവന്‍ സംസാരിക്കുക?

ഒരുത്തന്‍ ഒരു ബ്രാഹ്മണന്ന്‌ ഒരു പശുവിനെ ദാനംചെയ്ത്‌ പറയുന്നു; "ഈ പശു പരലോകത്തില്‍ എന്നെ കയറ്റട്ടെ" എന്ന്‌. ആ പശു ചത്തുപോയാല്‍ അത്‌ പിന്നെ ആരെ കകയറ്റുവാന്‍ പോകുന്നു? പശുവിനെ വാങ്ങിക്കുന്നവനും പശുവിനെ കൊടുക്കുന്നവനും ഒരു പോലെ ഈ ലോകത്തില്‍ തന്നെ കിടന്നു ചാകുന്നു, അവസാനിക്കുന്നു! പിന്നെ അവര്‍ എവിടെ വെച്ച്‌ തമ്മില്‍ കാണുമെന്നാണ്‌ പറയുന്നത്‌? പക്ഷി കൊത്തിക്കീറി തിന്നുപോയവനും, മലയില്‍ നിന്നു വീണ്‌ നൂറായി തകര്‍ന്നു ചത്തവനും, തീയില്‍ വെന്ത്‌ വെണ്ണീറായവനും പിന്നെ ജീവന്‍ എവിടെ നിന്നു കിട്ടുന്നു! കഴിഞ്ഞതൊക്കെ കഴിഞ്ഞതു തന്നെ! മുറിച്ചിട്ട മരത്തിന്റെ വേര് വെട്ടിക്കളുഞ്ഞാല്‍ പിന്നെ എങ്ങനെ ആ മരം പൊടിക്കും? ആ മരത്തിന്റെ വിത്ത്‌ മുളയ്ക്കും? എന്നാല്‍ ചത്തവന്‍ വീണ്ടും വരുമോ?

ബീജങ്ങള്‍ ഉണ്ടായത്‌ ഇങ്ങനെ വംശം നില നിൽക്കാനാണ്‌. ഈ പ്രപഞ്ചം, ഈ ബീജങ്ങളുടെ പരമ്പര, ജന്മത്തിന്റെ ഫലമാ ണ്‌. ചത്തവരെല്ലം ചത്തവര്‍ തന്നെ. കഴിഞ്ഞതൊക്കെ നശിച്ചതു തന്നെ! ബീജത്തില്‍ നിന്നു ബിജമുണ്ടാകും. അതു മാത്രമേ പ്രമാണമായിട്ടുള്ളു.

അദ്ധ്യായം 187. ഭൃഗുഭരദ്വാജസംവാദം - ജീവന്റെ അസ്തിത്വവും നിതൃത്വവും - ഭൃഗു പറഞ്ഞു: അല്ലയോ ഭരദ്വാജാ, ജീവന് നാശമില്ല. നാം ചെയ്യുന്ന ദാനത്തിന്നും, നാം ചെയ്യുന്ന കര്‍മ്മത്തിന്നും നാശമില്ല എന്ന്‌ നീ ധരിക്കുക. പ്രാണികള്‍ മരിച്ചാല്‍ അവ മറ്റൊരു ദേഹത്തെ പ്രാപിക്കുന്നു. ദേഹം മാത്രമാണ്‌ നശിക്കുന്നത്‌. ദേഹത്തില്‍ നില്ക്കുന്ന ജീവന്‍ ദേഹം നശിച്ചാലും നശിക്കുകയില്ല. ചമത വെന്ത്‌ ദഹിച്ചാലും അഗ്നി പിന്നെയും കാണുന്നില്ലേ? അതു പോലെയാണെന്ന്‌ ധരിക്കുക.

ഭരദ്വാജന്‍ പറഞ്ഞു: പ്രാണിയുടെ ദേഹം നശിച്ചാലും ജീവന്‍ നശിക്കുകയില്ല. വിറക്‌ നശിച്ചാലും തീ നശിക്കുകയില്ല എന്ന്‌ പറഞ്ഞുവല്ലോ. വിറകെല്ലാം കത്തിക്കഴിഞ്ഞാല്‍ അഗ്നിയും നശിക്കുകയില്ല? വിറകു തീര്‍ന്ന അഗ്നി കെട്ടു പോയെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു. പിന്നെ ആ അഗ്നിക്ക്‌ യാതൊരു പ്രവര്‍ത്തിയും കാണുന്നില്ല. അത്‌ ഉണ്ടെന്നുള്ളതിന്‌ യാതൊരു തെളിവുമില്ല. അതിന്ന്‌ സ്ഥിതി ചെയ്യുവാന്‍ ഒരു സ്ഥാനവും സ്ഥലവും കാണുന്നില്ല. പിന്നെ അഗ്നിയുണ്ടെന്നു വിചാരിക്കുന്നതില്‍ യാതൊരു ന്യായവുമില്ല. അത്തരത്തില്‍ മരിച്ച മനുഷ്യന്റെ ജീവന്റെ അസ്തിത്വവും ഞാന്‍ കാണുന്നില്ല.

ഭൃഗു പറഞ്ഞു: വിറകെല്ലാം തീര്‍ന്നുപോയാലും, അഗ്നിയെ കാണാതെയായാലും സുദുര്‍ഗ്രാഹൃനായി. നിരാശ്രയനായി, അവന്‍ ആകാശത്തു സ്ഥിതി ചെയുന്നുണ്ട്‌. അപ്രകാരം ഉടല്‍ വെടിഞ്ഞാല്‍ ജീവന്‍ ആകാശത്തിന്റെ മാതിരി സൂക്ഷ്മത നിമിത്തം ജ്യോതിസ്സു പോലെ അറിയാത്തതായിത്തീരുന്നു. പ്രാണങ്ങളെ താങ്ങുന്ന അഗ്നിയാണ്‌ ജീവന്‍ എന്നു നീ ധരിക്കുക. വായു ധരിക്കുന്ന അഗ്നി ഉഛ്വാസം തടഞ്ഞാല്‍ പൊയ്ക്കളയും. ആ ശരീരാഗ്നി പോയാല്‍ പിന്നെ ദേഹം അചേതനമായി, അതു പതിച്ച്‌ ഭൂമിയെന്ന ഭൂതമായി പരിണമിക്കുന്നു. അതിന്ന്‌ ആശ്രയം ഊഴിയാണ്‌. മണ്ണോടു മണ്ണു ചേരുന്നു. എല്ലാ ചരാചരങ്ങളിലുമുള്ള വായു വായുവിലും ചേരുന്നു. അഗ്നി വായുവിനെ പിന്തുടരുന്നു. ഈ പറഞ്ഞ മൂന്നു ഭൂതവും (ആകാശം, വായും, അഗ്നി) തമ്മില്‍ ചേരുന്നു. മറ്റു രണ്ടെണ്ണം വെളളവും പൃഥ്വിയും തമ്മില്‍ ചേര്‍ന്ന്‌ മണ്ണായി നില്ക്കുന്നു. വായുവുളേളടത്ത്‌ ആകാശമുണ്ട്‌. വായുവുള്ളേടത്ത്‌ അഗ്നിയുമുണ്ട്‌. അവയ്ക്ക്‌ സ്വരൂപങ്ങളില്ല. അവ ഏതു ദേഹത്തെ പ്രാപിച്ചിരിക്കുന്നുവോ ആ ദേഹിയുടെ രൂപം അവയ്ക്ക്‌ കാണുന്നു എന്നു മാത്രം.

ഭരദ്വാജന്‍ പറഞ്ഞു: ദേഹികള്‍ക്കു രൂപമുണ്ട്‌. ദേഹത്തെ ആശ്രയിക്കുന്ന പഞ്ചഭൂതങ്ങള്‍ക്കും അവയുടെ ആശ്രയസ്ഥാനമായ ദേഹത്തിന്റെ രൂപം കാണാമെന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ പിന്നെ ജീവന്റെ രൂപം എങ്ങനെയിരിക്കും എന്നറിഞ്ഞാല്‍ കൊളളാം. എന്താണ്‌ ജീവന്റെ ലക്ഷണം? അനഘാശയാ, പറഞ്ഞു തന്നാലും! ശരീരങ്ങള്‍ പഞ്ചഭൂതങ്ങള്‍ കൊണ്ടുണ്ടാക്കപ്പെട്ടതാണല്ലേ. അവ അഞ്ചു പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതവുമാണല്ലോ. അഞ്ചു വിജ്ഞാനം നല്‍കുന്നവയുമാണല്ലോ. ജീവികളുടെ ഉടലിന്റെ മട്ടെന്താണ്‌? ജീവന്റെ മട്ടെന്താണ്‌? അവ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മാംസം, രക്തം, ഞരമ്പ്‌, അസ്ഥി, മേദസ്സ്‌ ഇവ ചേര്‍ന്നതായ ദേഹം ഉടച്ചു തകര്‍ത്തു നോക്കിയാല്‍ അതിന്റെ ഉള്ളിലിരിക്കുന്ന ജീവനെ കാണുകയില്ല. പഞ്ചഭൂത സഞ്ചിതമായ ഈ ഉടല്‍ ജീവനില്ലാത്തതാണെങ്കില്‍ ശരീരം, മനസ്സ്‌ ഇവയുടെ ക്ലേശവും വേദനയും ആര്‍ക്കറിയുവാന്‍ കഴിയും? ജീവിക്കുന്നവ പറഞ്ഞാല്‍ ചെവി കൊണ്ടു കേള്‍ക്കുന്നുണ്ട്‌. ചെവിയാല്‍ അത്‌ മനസ്സു വെച്ചില്ലെങ്കില്‍ കേള്‍ക്കുകയില്ല. അതുകൊണ്ട്‌ ജീവന്റെ ആവശ്യം കാണുന്നില്ല. കാണേണ്ടതെല്ലാം മനസ്സുവെച്ചു നോക്കുമ്പോള്‍ കണ്ണുകൊണ്ടു കാണുവാന്‍ കഴിയും. മനസ്സ്‌ കലങ്ങി മറിഞ്ഞ മറ്റു കാര്യങ്ങള്‍ ചിന്തിച്ചിരുന്നാല്‍ കണ്ടാലും കണ്ണ്‌ കാണുകയില്ല. അങ്ങനെ കാണുകയില്ല. വാസന അറിയുകയില്ല. കേള്‍ക്കുകയി ല്ല, പറയുകയില്ല, രസമറിയുകയില്ല, സ്പര്‍ശമറിയുകയില്ല. മനസ്സിരുത്താഞ്ഞാല്‍ ഒന്നും അറിയുകയില്ല. ഉറങ്ങുന്നവന്‍ ഒന്നും അറിയുന്നില്ലല്ലോ. ഹര്‍ഷിക്കുന്നത്‌ ആര്? കോപിക്കുന്നത്‌ ആര്? കേഴുന്നത്‌ ആര്? പേടിക്കുന്നത്‌ ആര്? ഇച്ഛിക്കുന്നതും ഓര്‍ക്കുന്നതും ദ്വേഷിക്കുന്നതും വാക്കിനെ ഉച്ചരിക്കുന്തും ഇതില്‍ ആരാണ്‌?.

ഭൃഗു പറഞ്ഞു: ശരീരത്തിനുള്ളില്‍ പഞ്ചഭൂതാത്മകമായ മനസ്സിനേയും ഒരു ഇന്ദ്രിയമായി അറിയുക. ശരീരത്തില്‍ അതാണ്‌ മറ്റെല്ലാ ഇന്ദ്രിയങ്ങളേയും ഗ്രഹിക്കുന്നത്‌. എന്തെന്നാല്‍, ശരീരത്തെ സചേഷ്ടമായി നിലനിര്‍ത്തുന്നത്‌ അന്തരാത്മാവു മാത്രമാണ്‌. അവന്‍ ഗന്ധം, രസം, ശബ്ദം, സ്പര്‍ശം, രൂപം എന്നീ ഗുണങ്ങളെയെല്ലാം ഗ്രഹിക്കുന്നു.

പഞ്ചാത്മകനും പഞ്ചഗുണങ്ങള്‍ കാണുന്നവനുമാണ്‌ അവന്‍. ദേഹത്തിലെങ്ങും അന്തരാത്മാവ്‌ സ്ഥിതി ചെയ്യുന്നുണ്ട്‌. അവന്‍ സുഖത്തേയും ദുഃഖത്തേയും കാണുന്നു. അവന്‍ പോയാല്‍ ദേഹം ആ വകയൊന്നും അറിയുന്നില്ല.

അഗ്നിക്ക്‌ രൂപവും സ്പര്‍ശവും ഊഷ്മാവും പോകുന്ന സമയത്ത്‌, ശരീരാഗ്നി നശിക്കുമ്പോള്‍, അന്തരാത്മാവ്‌ ദേഹം തൃജിക്കുന്നു. അപ്പോള്‍ ശരീരം നശിക്കുന്നു.

ഈ കാണുന്നതെല്ലാം, പ്രപഞ്ചം മുഴുവന്‍, ജലമയമാണ്‌. ആ ജലത്തില്‍ മാനസന്‍ എന്ന അന്തരാത്മാവ്‌ വസിക്കുന്നുണ്ട്‌. ആ അന്തരാത്മാവാണ്‌ ബ്രഹ്മാവിനെ സൃഷ്ടിച്ചവന്‍. അവന്‍ എല്ലാറ്റിലും വിളങ്ങുന്നു.

ആ അന്തരാത്മാവിനെ പ്രകൃതിഗുണങ്ങളാല്‍ സംയുക്തനാകുന്നതു കൊണ്ട്‌ ക്ഷേത്രജ്ഞന്‍ എന്നു പറയുന്നു. (പാകൃത ഗുണങ്ങളോടു കൂടിയ ആത്മാവാണ്‌ ക്ഷേത്രജ്ഞന്‍. പ്രകൃതി യുടെ മൂന്നു ഗുണങ്ങളില്‍ നിന്നും വിമുക്തനാകുമ്പോള്‍ അവനെ പരമാത്മാവെന്നു പറയുന്നു. സര്‍വ്വ ലോകഹിതാത്മാവായ ക്ഷേത്രജ്ഞനാണ്‌ ആത്മാവ്‌ എന്ന്‌ നീ ധരിക്കുക. അവന്‍ ശരീരത്തില്‍, താമരയില്‍ വെളളത്തുളളി എന്ന വിധം സ്ഥിതി ചെയ്യുന്നു. സ്ഥൂലമോ സൂക്ഷ്മമോ ആയ ശരീരങ്ങളില്‍ വര്‍ത്തി ക്കുന്ന അവന്‍ അവകളില്‍ നിന്നും വിഭിന്നനാണ്‌. നിത്യവും ലോകഹിതം ചെയ്യുന്നവനായ അവന്‍ ക്ഷേത്രജ്ഞനാണെന്നു നീ അറിയുക. അവന്‍ സര്‍വ്വഹിതകാംക്ഷിയായി നിൽക്കുമ്പോളാണ്‌ തമസ്സ്‌, രജസ്സ്‌, സത്വം എന്നീ ഗുണങ്ങള്‍ അവനിലുണ്ടാകുന്നത്‌ എന്നും നീ അറിയുക.

ആത്മാവിന് ബോധമുണ്ടെന്നും, അത്‌ ജീവന്റെ ഗുണത്തോടൊപ്പം നിൽക്കുന്നുവെന്നും, ആത്മാവ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആത്മാവിനെപ്പറ്റി അറിയുന്ന ജ്ഞാനികള്‍ പറയുന്നു. ആത്മാവ്‌ ജീവനില്‍ നിന്നും വൃത്യാസപ്പെട്ടതാണെന്നും അവന്‍ ഏഴു ലോകങ്ങളേയും സൃഷ്ടിച്ചു രക്ഷിക്കുന്ന പരമാത്മാവാണെന്നും പറയുന്നു. ശരീരം നശിച്ചതു കൊണ്ട്‌ ഒരുത്തന്‍ നശിക്കുന്നില്ലെന്ന്‌ അവന്‍ പറയുന്നു. ബുദ്ധിയില്ലാത്ത മനുഷ്യന്‍ പറയുന്നതാണ്‌ അവന്‍ ചത്തുപോയി എന്ന്‌. ജീവന്‍ മറ്റൊരു ദേഹത്തെ കൈക്കൊളളുകയാണ്‌. മരണം എന്നു പറയുന്നത്‌ ഈ ദേഹമാറ്റത്തെയാണ്‌,അല്ലാതെ ആത്മാവിന്റെ മരണത്തെയല്ല. ആത്മാവിന് മരണമില്ല.

ഇങ്ങനെ എല്ലാ ജീവജാലത്തിലും അന്തരാത്മാവ്‌ ഗൂഢമായി അധിവസിക്കുന്നു. മഹത്തായ സൂക്ഷ്മബുദ്ധി കൊണ്ട്‌ തത്ത്വദര്‍ശികള്‍ അതറിയുന്നു. രാത്രിയുടെ ആദ്യത്തിലും അന്ത്യത്തിലും.യോഗം ശീലിക്കുന്ന ശുദ്ധരും മിതാശനന്മാരുമായ ബുധന്മാര്‍ ഈ ആത്മാവിനെ ആത്മാവില്‍ കാണുന്നുണ്ട്‌. ചിത്തം തെളിഞ്ഞ്‌ ശുഭവും അശുഭവുമായ കര്‍മ്മം ഉപേക്ഷിച്ച്‌, തെളിഞ്ഞ ആത്മാവില്‍ നില്ക്കുന്നതായാല്‍ അനന്തമായ സുഖം ലഭിക്കുന്നതാണ്‌.

ഉടല്‍ തോറും നിൽക്കുന്ന മാനസാഗ്നിയാകുന്നു ജീവന്‍ എന്നു പറയുന്നത്‌. അതിനെത്തന്നെയാണ്‌ പ്രജാസൃഷ്ടി എന്നു പറയുന്നത്‌; സൃഷ്ടി കര്‍ത്താവും അതു തന്നെ. ആത്മവിശ്വാസത്തോടെ നിശ്ചയമായി അറിഞ്ഞ്‌ ഞാന്‍ നിന്നോട്‌ ഇതൊക്കെ പറഞ്ഞു. 

അദ്ധ്യായം 188. ഭൃഗുഭരദ്വാജസംവാദം - സമസ്തഭൂതങ്ങളു ടേയും ഉല്‍പത്തി - ഭൃഗു പറഞ്ഞു: ആദ്യമായി പ്രജാപതികളാകുന്ന ബ്രാഹ്മണരെ, ആത്മതേജോമയന്മാരും ഭാസ്‌കരാദി സമപ്രഭന്മാരുമായ ബ്രാഹ്മണരെ, ബ്രഹ്മാവ്‌ സൃഷ്ടിച്ചു. പിന്നെ സത്യം, തപം, ശാശ്വതമായ ധര്‍മ്മം, (ബഹ്മം, ആചാരം, ശൌചം എന്നിവയെ സ്വര്‍ഗ്ഗത്തിന്നുവേണ്ടി ആ പ്രഭു സൃഷ്ടിച്ചു. ദേവന്മാര്‍, ദാനവന്മാര്‍, ഗന്ധര്‍വന്മാര്‍, ദൈത്യന്മാര്‍, അസുരന്മാര്‍, മഹോരഗങ്ങള്‍, യക്ഷരാക്ഷസനാഗങ്ങള്‍, പിശാചുക്കള്‍, മനുഷ്യര്‍, വിപ്രക്ഷത്രിയവൈശ്യന്മാര്‍, ശൂദ്രന്മാര്‍ എന്നിവരേയും ധാതാവു സൃഷ്ടിച്ചു. എല്ലാ ഭൂതജാലങ്ങളേയും വര്‍ണ്ണങ്ങളേയും ബ്രഹ്മാവ്‌ സൃഷ്ടിച്ചു.

ബ്രാഹ്മണര്‍ക്കു വെളുത്ത നിറവും ക്ഷത്രിയര്‍ക്കു ചുവപ്പു നിറവും വൈശ്യര്‍ക്കു മഞ്ഞനിറവും ശൂദ്രര്‍ക്കു കറുപ്പുനിറവും ബ്രഹ്മാവ്‌ കല്‍പിച്ചു.

ഭരദ്വാജന്‍ പറഞ്ഞു: നാലു വര്‍ണ്ണത്തിന്റേയും വര്‍ണ്ണം, വര്‍ണ്ണം കൊണ്ടു തിരിക്കുകയാണെങ്കില്‍, എല്ലാ വര്‍ണ്ണത്തിലും വര്‍ണ്ണം കലര്‍ന്നു കാണുന്നുണ്ടല്ലോ. അതു വര്‍ണ്ണ സങ്കരം കൊണ്ടല്ലേ? കാമം, ക്രോധം, ഭയം, ലോഭം, ശോകം, ചിന്ത, വിശപ്പ്‌, ക്ഷീണം ഇവ എല്ലാവര്‍ക്കും ഉള്ളതല്ലേ? പിന്നെ വര്‍ണ്ണം തിരിച്ചതിന്റെ അര്‍ത്ഥമെന്താണ്‌? എന്തിന്നു തിരിച്ചു? വിയര്‍പ്പ്‌, മലം, മൂത്രം, കഫം, പിത്തം, രക്തം ഇവ എല്ലാവരുടെ ദേഹത്തില്‍ നിന്നും പുറപ്പെടുന്നുണ്ട്‌. പിന്നെ ഈ വര്‍ണ്ണ വ്യത്യാസത്തിന്റെ അര്‍ത്ഥമെന്താണ്‌? എന്താണ്‌ ന്യായം? ചരങ്ങള്‍ക്കും അചരങ്ങള്‍ക്കും ധാരാളം ജാതിവര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഉണ്ട്‌. നാനാ വര്‍ണ്ണത്തില്‍പ്പെട്ട അവയുടെ വര്‍ണ്ണ നിശ്ചയം എന്താണ്‌?

ഭൃഗു പറഞ്ഞു: ജാതി വ്യത്യാസം എന്ന ഒന്ന്‌ വാസ്തവത്തില്‍ ഇല്ലാത്തതാണ്‌. ഈ വിശ്വം മുഴുവനും ബ്രഹ്മം തന്നെയാണ്‌. ബ്രഹ്മമയമാണ്‌ ബ്രഹ്മാവ്‌ മുമ്പെ സൃഷ്ടിച്ചത്‌. പിന്നെ കര്‍മ്മത്തെ അടിസ്ഥാനമാക്കി ജാതി തിരിഞ്ഞതാണ്‌.

കാമഭോഗാസക്തരായ തീക്ഷ്ണന്മാര്‍, ശുണ്ഠിക്കാര്‍, സാഹസപ്രിയന്മാര്‍, സ്വധര്‍മ്മം വിട്ടവരായ രക്താംഗന്മാര്‍ ഇങ്ങനെയുളള ബ്രാഹ്മണർ ക്ഷത്രിയജാതിക്കാരായിത്തീര്‍ന്നു. പശുക്കളെ വളര്‍ത്തി അവ കൊണ്ട്‌ ഉപജീവിക്കുന്ന മഞ്ഞനിറക്കാരായ ബ്രാഹ്മണര്‍ കൃഷി കൊണ്ട്‌ ഉപജീവനം കഴിക്കുന്നവരും സ്വകര്‍മ്മം ഉപേക്ഷിച്ചവരുമായ ബ്രാഹ്മണര്‍, വൈശ്യന്മാരായി ത്തീര്‍ന്നു. ഹിംസയിലും അനൃതത്തിലും ആസക്തന്മാരായി, ലുബ്ധന്മാരായി, സര്‍വ്വകര്‍മ്മങ്ങളും ചെയ്ത്‌ ഉപജീവിക്കുന്ന കറുത്ത കൂട്ടര്‍, ശുചിത്വം വെടിഞ്ഞ ബ്രാഹ്മണര്‍, ശൂദ്രരുമായിത്തീര്‍ന്നു. ഇപ്രകാരമുള്ള കര്‍മ്മം മൂലമാണ്‌ അവര്‍ ജാതി തിരിഞ്ഞത്‌. ധര്‍മ്മമായ യജഞ്രക്രയ അവര്‍ക്ക്‌ എന്നും പറ്റാതായിരുന്നു. ഇങ്ങനെയുളള നാലു ജാതിക്കാര്‍ക്കും ആദ്യ ഭാവം (ബ്രഹ്മാവു നല്കിയത്‌, സൃഷ്ടിച്ചത്‌, ബ്രാഹ്മണനായിട്ടാണ്‌. അവര്‍ ലോഭം മൂലം അജ്ഞരായിത്തീര്‍ന്നതാണ്‌.

ബ്രഹ്മതന്ത്രജ്ഞരായ ബ്രാഹ്മണര്‍ക്കു തപസ്സാണ്‌, ബ്രഹ്മം ധരിച്ചവര്‍ക്ക്‌ നിത്യവും വ്രതങ്ങളും നിയമങ്ങളുമാണ്‌, നിശ്ചയിക്കപ്പെട്ടത്‌. എത്രയും മുഖ്യമായി നിര്‍മ്മിച്ച വേദം അറിയാത്ത ദിജന്മാര്‍ പലതരക്കാരുമുണ്ട്‌. അവരൊക്കെ ബ്രാഹ്മണരില്‍ നിന്നും വിട്ട്‌ വേറെ ജാതിയായി തിരിയുന്നു.

തോന്നിയ മാതിരി ജീവിക്കുന്ന ജഞാനവിജ്ഞാനഹീനന്മാരായരും, തോന്നിയ മാതിരി തൊഴില്‍ ചെയ്യുന്നവരും, ജീവിക്കുന്നവരുമായ ജാതിക്കാരാണ്‌ പിശാചുക്കളും രാക്ഷസന്മാരും, പ്രേതങ്ങളും,മ്ലേച്ഛന്മാരുമായ കൂട്ടര്‍.

സ്വകര്‍മ്മ നിഷ്ഠയുളള ബ്രഹ്മസംസ്കൃതസന്താനപരമ്പരയെ ഋഷികള്‍ തപസ്സു കൊണ്ടു നേടി. മറ്റുളളവര്‍ അവരവരുടെ കര്‍മ്മഗതി പോലുള്ള പാരമ്പര്യത്തേയും ജനിപ്പിച്ചു.

ആദിദേവനില്‍ നിന്ന് ഉത്ഭവിച്ചത്‌ ശ്രേഷ്ഠവും, ബ്രഹ്മമൂലവും, അക്ഷയവും, അവ്യയവുമാണ്‌. ആ മനഃസൃഷ്ടി യോഗാവലംബനയാകുന്നു എന്നു ധരിക്കണം. 

അദ്ധ്യായം 189. ഭൃഗുഭരദ്വാജസംവാദം - വര്‍ണ്ണധര്‍മ്മങ്ങള്‍ - ഭരദ്വാജന്‍ പറഞ്ഞു: എന്തു ചെയ്താല്‍ ബ്രാഹ്മണനാകും? എന്തു ചെയ്താല്‍ ക്ഷത്രിയനാകും? എന്തു ചെയ്താല്‍ വൈശ്യ നാകും? എന്തു ചെയ്താല്‍ ശുദ്രനാകും? അല്ലയോ വാഗ്മിസത്തമാ! ഈ ചാതുര്‍വ്വര്‍ണ്യങ്ങളുടെ തൊഴില്‍ എന്തെന്നു പറയണേ!

ഭൃഗു പറഞ്ഞു: ജാതകര്‍മ്മാദികളായ സംസ്‌കാരം കൊണ്ട്‌ സംസ്കൃതനും ശുചിയുമായവന്‍, വേദാദ്ധ്യയനത്തോടു കൂടിയവന്‍, ആറു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവന്‍. ശൗചാചാരസ്ഥിതന്‍, വിഘസം അശിക്കുന്നവന്‍, ഗുരുപ്രിയന്‍ നിത്യവ്രതന്‍, സത്യപരന്‍ എന്നി ഗുണങ്ങളോടു കൂടിയവന്‍ ബ്രാഹ്മണനാണ്‌. സത്യം, ദാനം, അദ്രോഹം, ആനൃശംസ്യം, ത്രപ, ഘ്യണ, തപസ്സ്‌ ഇവയെല്ലാം ചേര്‍ന്നു കാണുന്നവനാരോ, അവന്‍ ബ്രാഹ്മണനാകുന്നു.

ക്ഷത്രകര്‍മ്മത്തെ സേവിക്കുന്നവനും വേദാദ്ധ്യയനത്തോടു കൂടിയവനും ദാനാദാനങ്ങളോടു കൂടിയവനുമാണ്‌ ക്ഷത്രിയന്‍.

പശുക്കള്‍ മൂലം ജീവിക്കുന്നവനും, കൃഷിലാഭം നേടുന്നവ നും, ശുചിയും, വേദാദ്ധ്യയനം ചെയ്യുന്നവനുമായവന്‍ വൈശ്യനാകുന്നു.

എല്ലാവിധ ആഹാരവും കഴിക്കുന്നവനും, എല്ലാവിധ കര്‍മ്മവും ചെയ്യുന്നവനും, സദാ അശുചിയും, വേദമില്ലാത്തവ നും, ആചാരാനുഷ്ഠാനങ്ങള്‍ വിട്ടവനും ഏവനാണോ, അവന്‍ ശൂദ്രനാകുന്നു. 

ഈ പറഞ്ഞതിന്നു വിപരീതമായാല്‍ ശൂദ്രൻ ശൂദ്രനാവുകയില്ല. ബ്രാഹ്മണന്‍ ബ്രാഹ്മണനുമാവുകയില്ല.

എല്ലാ വിധത്തിലും ലോഭം, ക്രോധം എന്നിവയെ നിഗ്രഹി ക്കണം. ജ്ഞാനത്താല്‍ ശുദ്ധി, ആത്മസംയമം ഇവ നേടണം. ശ്രേയസ്സിന്നു പറ്റിയ കാര്യങ്ങള്‍ രക്ഷിക്കണം. ക്രോധത്തിൽ നിന്നു ശ്രീയെ രക്ഷിക്കണം. മത്സരത്തില്‍ നിന്നു തപസ്സിനെ രക്ഷിക്കണം. വിദ്യയെ മാനാവമാനങ്ങളില്‍ നിന്നു രക്ഷിക്കണം. തെറ്റില്‍ നിന്ന്‌ തന്നെ താന്‍ രക്ഷിക്കണം. ഇങ്ങനെ കാമക്രോധങ്ങളില്‍ നിന്ന്‌ എല്ലാ ശ്രേയസ്സുകളേയും രക്ഷിക്കണം. ആരംഭങ്ങളൊക്കെ ശ്രേയസ്സു കൂടാതെ ആര്‍ക്കാണു വന്നു ചേരുക? ഹേ ദ്വിജാ, ത്യാഗത്തില്‍ എല്ലാം ഹോമിക്കുന്നവന്‍ ഏവനോ, അവന്‍ ത്യാഗിയാണ്‌. അവന്‍ ബുധനാണ്‌. സര്‍വ്വഭൂതങ്ങളിലും അഹിംസ പാലിക്കുന്നവന്‍ മൈത്രിയോടു കൂടി പെരുമാറണം. പരിഗ്രഹങ്ങളെ വിട്ട്‌ ബുദ്ധിയോടു കൂടെ ജിതേന്ദ്രിയന്‍ നിൽക്കണം. അവന്‍ ശോകമില്ലാതെ നിര്‍ഭയനായി ഇഹത്തിലും പരത്തിലും സുഖിക്കും.

തപോനിത്യരും, ദാന്തനും, ആത്മസംയതനുമായവന്‍ മുനിയായിത്തീരും. പരലോകത്ത്‌ അവന്‍ സുഖിക്കും. സംഗങ്ങളില്‍ അസംഗിയായി, അജിതത്തെ വെല്ലുവാന്‍ ശ്രമിക്കണം. ഇന്ദ്രിയ ഗ്രാഹ്യമായതെല്ലാം വ്യക്തമായതാണ്‌. അതീന്ദ്രിയമായതിനെ ഹേതു കൊണ്ടു ഗ്രഹിക്കണം. അത്‌ അവ്യക്തമെന്ന്‌ അറിയപ്പെടുന്നതാണ്‌. എപ്പോഴും ബ്രഹ്മത്തില്‍ ഉള്ളുറച്ചു നില്ക്കണം. അവിശ്വാസം പാടില്ല. പ്രാണവായുവാല്‍ മനസ്സിനെ അടക്കണം. ബ്രഹ്മത്തില്‍ പ്രാണനെ നിറുത്തണം. നിര്‍വ്വേദം കൊണ്ടു നിര്‍വ്വാണമുണ്ടാകും. മറ്റൊന്നും ചിന്തിക്കരുത്‌. നിര്‍വ്വേദം ഒന്നു കൊണ്ട്‌ബ്രാഹ്മണന്‍ സുഖമായി ബ്രഹ്മത്തെ പ്രാപിക്കും. എപ്പോഴും ശൌചമുളളവനും, സദാചാരപരനും, ഭൂതാനുകമ്പിയുമായവനാണല്ലോ ദ്വിജന്‍. അതാണല്ലോ ദ്വിജന്റെ ലക്ഷണം!

അദ്ധ്യായം 190. ഭൃഗുഭരദ്വാജസംവാദം - സത്യത്തിന്റെ മാഹാത്മൃവും അസതൃത്തിന്റെ ദോഷവും - ഭൃഗു പറഞ്ഞു: സത്യം (ബഹ്മമാകുന്നു. തപസ്സ്‌ സത്യമാകുന്നു. പ്രജാവ്രതമായ സൃഷ്ടി സത്യമാകുന്നു. സത്യം ലോകത്തെ നിര്‍ത്തുന്നു. സത്യത്താല്‍ സ്വര്‍ഗ്ഗസിദ്ധിയുണ്ടാകുന്നു. അനൃതം തമോരുപമാകുന്നു. തമസ്സാല്‍ അധഃപതിക്കും. തമസ്സു ബാധിച്ചുവര്‍ തമസ്സാല്‍ മൂടിയിട്ട്‌ പ്രകാശത്തെ കാണുന്നതല്ല. സ്വര്‍ഗ്ഗം പ്രകാശമാകുന്നു. തമസ്സ്‌ നരകമാകുന്നു. അവ രണ്ടും-സത്യവും അനൃതവും-മന്നിലുള്ളവര്‍ നേടുന്നു. ഇത്തരത്തിലാണ്‌ സത്യാനൃതങ്ങളില്‍ ലോകത്തിലെ വൃത്തി. ധര്‍മ്മവും, അധര്‍മ്മവും, പ്രകാശവും ഇരുട്ടും, സുഖവും ദുഃഖവും. സത്യമെന്നതും ധര്‍മ്മമാണ്‌. ധര്‍മ്മമെന്നതു പ്രകാശമാണ്‌. പ്രകാശമെന്നതു സുഖമാണ്‌. അനൃതം എന്നത്‌ അധര്‍മ്മമാണ്‌ അധര്‍മ്മമെന്നതു തമസ്സാണ്‌. തമസ്സെന്നത്‌ ദുഃഖമാണ്‌. ശരീരം, മനസ്സ്‌ ഇവയുടെ ക്ലേശം കൊണ്ടും, ദുഃഖം സുഖാന്തമാണെന്ന്‌ അറിയുന്നതു കൊണ്ടും, ഈ ലോകസൃഷ്ടി ദര്‍ശിക്കുന്ന വിചക്ഷണന്‍ മോഹത്തില്‍ പെട്ടു പോവുകയില്ല. അതു കൊണ്ട്‌ ഇഹത്തില്‍ ദുഃഖം നീക്കുവാന്‍ വിചക്ഷണന്മാര്‍ യത്നിക്കേണ്ടതാണ്‌. സുഖം ജീവികള്‍ക്ക്‌ ഇഹത്തിലും പരത്തിലും നിലനില്ക്കുകയില്ല. രാഹു വിഴുങ്ങിയ ചന്ദ്രന് നിലാവു തെളിയുന്നതല്ലല്ലോ. അപ്രകാരം തമസ്സു ബാധിച്ച ജീവികള്‍ക്ക്‌ ഒരിക്കലും സുഖം ലഭിക്കുന്നതല്ല.

സുഖം ശാരീരം, മാനസം എന്ന രണ്ടു വിധത്തിലുണ്ടെന്നു പറയുന്നു. ഇഹത്തിലും പരത്തിലും സുഖത്തിന് വേണ്ടിയാണ്‌ ജീവികളുടെ പ്രവൃത്തികളെ പറഞ്ഞിട്ടുള്ളത്‌. അതിലും മേലെയായി വിശിഷ്ടമായി ത്രിവര്‍ഗ്ഗഫലമില്ല. സുഖമെന്നത്‌ ആത്മീയമാണ്‌. അതു തന്നെയാണ്‌ ധര്‍മ്മാര്‍ത്ഥങ്ങളുടെ ലക്ഷ്യവും. അതു മൂലമാണ്‌ ഇതിന്റെ ഉത്പത്തി; എല്ലാ കര്‍മ്മവും സുഖത്തിന് വേണ്ടിയാകുന്നു.

ഭരദ്വാജന്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ, സുഖങ്ങള്‍ക്കാണ്‌ ഉന്നതമായ നില എന്നു ഭവാന്‍ പറഞ്ഞുവല്ലോ. അതു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.

ഈ മഹര്‍ഷിമാര്‍ സുഖേച്ഛയില്ലാതെ എന്തോ മഹത്തായ കാര്യത്തിന്നായി മുഴുകുന്നവരായി കാണുന്നു. ത്രൈലോക്യ കര്‍ത്താവായി പ്രഭുവായ ബ്രഹ്മാവ്‌ ബ്രഹ്മചാരിയായി ഒറ്റയ്ക്ക്‌ നില്ക്കുന്നു എന്ന്‌ കേള്‍ക്കുന്നുണ്ടല്ലോ. അവന്‍ കാമസുഖങ്ങളില്‍ ആത്മാവിനെ ഏര്‍പ്പെടുത്തുന്നില്ല എന്നുതന്നെയല്ല, ഭഗവാന്‍ വിശ്വനാഥനായ ഗൌരീപതി എതിര്‍ത്തു വന്ന കാമനെ അനംഗനായ വിധത്തില്‍ ശമിപ്പിച്ചു എന്നു കേള്‍ക്കുന്നു. അതു കൊണ്ട്‌ പറയാം മഹാത്മാക്കള്‍ ഇതിനെ (സുഖം) സ്വീകരിച്ചിട്ടില്ലെന്ന്‌. അതു വിശിഷ്ടമായ ഗുണവിശേഷമല്ല. ഭഗവാന്‍ പറയുന്നത് സുഖത്തിലും മേലെയായിട്ടൊന്നുമില്ല എന്നാണല്ലോ. അതു ശരിയാണെന്നു തോന്നുന്നില്ല. സുകൃതംകൊണ്ട്‌ സുഖവും, ദുഷ്കൃതം കൊണ്ട്‌ ദുഃഖവും കിട്ടുമെന്നാണല്ലോ പറയുന്നത്‌. ഇങ്ങനെ രണ്ടു വിധത്തിലാണ്‌ ഫലസിദ്ധി എന്നു ലോകത്തില്‍ പ്രസിദ്ധമാണ്‌.

ഭൃഗു പറഞ്ഞു; ഞാന്‍ പറയാം: അനൃതത്തില്‍നിന്ന്‌ തമസ്സ്‌ (ഇരുട്ടു) ഉണ്ടാകുന്നു. തമസ്സ്‌ ബാധിച്ചവന്‍ അധര്‍മ്മമേ ചെയ്യു; ധര്‍മ്മം ചെയ്യുകയില്ല. അവര്‍ ക്രോധം, ലോഭം, ഹിംസ, അനൃതം ഇവയാല്‍ ആവ്യതന്മാരായിത്തീരും. അവര്‍ ഇഹലോകത്തും പരലോകത്തും സുഖത്തെ പ്രാപിക്കുകയില്ല. പല വിധത്തില്‍ വ്യാധി, വേദന, ഉപാതം എന്നിവ കൊണ്ട്‌ ആക്രമിക്കപ്പെടുകയും ചെയ്യും. വധം, ബന്ധനം, പരിക്ലേശം, വിശപ്പ്‌, ദാഹം, തളര്‍ച്ച ഇവയുണ്ടാകുന്ന ഉപാതങ്ങളാല്‍ തപ്തന്മാരാകും. മഴ, കാറ്റ്‌, കടുത്ത ചൂട, കടുത്ത തണുപ്പ്‌ എന്നിവയുണ്ടാക്കുന്ന ഭയങ്കരമായ ശരീരദുഃഖങ്ങള്‍ കൊണ്ട്‌ ഉപതപ്തരാകും. ബന്ധനവും വിനാശവും വേര്‍പാടും ഉണ്ടാക്കുന്ന മാനസ ശോകങ്ങള്‍ കൊണ്ടും ജരാമരണങ്ങളുണ്ടാക്കുന്ന മറ്റു ബാധകള്‍ കൊണ്ടും പീഡിപ്പിക്കപ്പെടും. ഈ ശരീര മാനസ ദുഃഖങ്ങള്‍ തട്ടാത്തവന്‍ സുഖം നേടും. ഈ ദോഷങ്ങളൊന്നും സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകുന്നതല്ല.

സ്വര്‍ഗ്ഗത്തില്‍ സുഖമായ കാറ്റും സൌരഭ്യവും ഉണ്ടാകും. വിശപ്പും, ദാഹവും, ക്ഷീണവും, ജരയും, പാപവും ഉണ്ടാവുകയില്ല. സ്വര്‍ഗ്ഗത്തില്‍ നിത്യമായ സുഖം തന്നെയാണുണ്ടാവുക.

ഇഹത്തില്‍ സുഖവും, ദുഃഖവും ഉണ്ടാകും. എന്നാല്‍ നരകത്തിലോ ദുഃഖം മാത്രമാണുണ്ടാവുക. അതു കൊണ്ട്‌ പരമമായ പദം സുഖം മാത്രമാകുന്നു. ഭൂമി എല്ലാവര്‍ക്കും അമ്മയാകുന്നു. എല്ലാറ്റിനേയും സ്ത്രീകള്‍ എന്ന പോലെ ഗര്‍ഭം ധരിച്ച്‌ പ്രസവിക്കുന്നു പുരുഷനായ പ്രജാപതി തേജോമയമായ ശുക്ലം അതില്‍ ആധാനം ചെയ്യുന്നു. അങ്ങനെയാണ്‌ ലോകത്തിന്റെ സൃഷ്ടി; ബ്രഹ്മാവ്‌ മുമ്പെ കല്പിച്ച നിശ്ചയമാണ്‌ അത്‌. പ്രജകള്‍ തങ്ങ ളുടെ കര്‍മ്മത്തിന്റെ ഫലത്തെ അനുഭവിക്കുന്നു. ആ പ്രകൃതി നിയമത്തെ പിന്‍തുടരുന്നു.

അദ്ധ്യായം 191. ഭൃഗുഭരദ്വാജസംവാദം - ബ്രഹ്മചര്യവും ഗാര്‍ഹസ്ഥ്യവും - ഭരദ്വാജന്‍ പറഞ്ഞു: ദാനത്തിന്ന്‌ ഫലം എന്താണ്‌? ധര്‍മ്മത്തിന്നും കൃതത്തിന്നും (ചെയ്യപ്പെട്ടത്‌) എന്താണ്‌ ഫലം? തപസ്സിന്നും, സ്വാദ്ധ്യായത്തിന്നും, സുഹുതത്തിന്നും (വഴി പോലെ ചെയ്ത ഹോമം) ഫലം എന്താണ്‌?

ഭൃഗു പറഞ്ഞു: ഹുതം കൊണ്ട്‌ പാതകം തീരും. സ്വാദ്ധ്യായം കൊണ്ട്‌ മുഖ്യമായ ശാന്തി ലഭിക്കും. ദാനത്താല്‍ ഭോഗസുഖം സിദ്ധിക്കും. തപസ്സു കൊണ്ട്‌ സ്വര്‍ഗ്ഗം ലഭിക്കും. പാരത്രികമെന്നും, ഐഹികമെന്നും രണ്ടു വിധമാണ്‌ ദാനം. സത്തുക്കള്‍ക്ക്‌ നലകുന്ന ദാനം പരലോകത്തില്‍ ദാതാവിനെ കയറ്റും.

അസത്തുക്കള്‍ക്കു നല്കുന്ന ദാനത്തിന്റെ ഫലം ഈ ലോകത്തില്‍ത്തന്നെ അനുഭവിക്കും. ദാനം ഏതു വിധത്തിലാണോ, ഫലവും അതിന്നനുസരിച്ചിരിക്കും.

ഭരദ്വാജന്‍ പറഞ്ഞു: ധര്‍മ്മാചരണത്തിന്റെ സ്വഭാവവും പറഞ്ഞുതന്നാലും. ആര്‍ക്ക്‌ എന്തു ധര്‍മ്മാചരണം? ധര്‍മ്മത്തിന്റെ ലക്ഷണമെന്താണ്‌? ധര്‍മ്മം എത്രവിധമാണ്‌?

ഭൃഗു പറഞ്ഞു: സ്വധര്‍മ്മാചരണത്തില്‍ നില്ക്കുന്ന മനീഷികളുണ്ടല്ലേോ, അവര്‍ക്ക്‌ സ്വര്‍ഗ്ഗഫലം സിദ്ധിക്കും. മറിച്ചു ചെയ്യുന്നവര്‍ ഉഴന്നുപോകും.

ഭരദ്വാജന്‍ പറഞ്ഞു: ബ്രഹ്മാവ്‌ ആദ്യമേ സൃഷ്ടിച്ച നാല് ആശ്രമങ്ങളുണ്ടല്ലേോ. അവയുടെ ആചാരമെന്തെന്നു പറഞ്ഞു തന്നാലും.

ഭൃഗു പറഞ്ഞു: ആദ്യമേ തന്നെ ലോകഹിതമനുഷ്ഠിക്കുന്ന ബ്രഹ്മാവ്‌ ധര്‍മ്മരക്ഷയ്ക്കായി നാലാശ്രമങ്ങളെ കല്പിച്ചു. അതില്‍ ഗുരുകുലവാസത്തെ ഒന്നാമത്തെ ആശ്രമമായി പറയു ന്നു. ഈ ഒന്നാം ആശ്രമത്തില്‍ ശുചിയായി, ശൗചസംസ്‌കാര നിയമ്രവതനിഷ്ഠയുള്ളവനായി രണ്ടു സന്ധ്യക്കും സൂര്യാഗ്നി ദൈവതങ്ങളെ ഉപസ്ഥാനം ചെയ്ത്‌ മടിയും ആലസ്യവും കൂടാതെ ഗുരുവിനെ അഭിവാദ്യംചെയ്ത്‌, വേദാഭ്യാസം, വേദശ്രവണം എന്നിവയാല്‍ വിശുദ്ധാന്തരാത്മാവായി, മൂന്നു സവനത്തിലും കുളിച്ച്‌ ബ്രഹ്മചര്യം, അഗ്നിപരിചരണം, ഗുരുശുശ്രൂഷ, ഭിക്ഷാന്നഭക്ഷണം മുതലായതില്‍ അന്തരാത്മാവിനെ നിവേദിപ്പിച്ച്‌, ഗുരുവചന നിര്‍ദ്ദേശാനുഷ്ഠാനങ്ങളില്‍ പ്രതികൂലനല്ലാതെ, ഗുരുപ്രസാദം കൊണ്ട്‌ കിട്ടുന്ന സ്വാദ്ധ്യായത്തില്‍ തല്പരനായിരിക്കണം. ഇതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്‌

ആചാര്യാരാധനം ചെയ്യും വിപ്രന്‍ വേദത്തെ നേടിയാല്‍ അവന്നുണ്ടാം സ്വര്‍ഗ്ഗഫലം മാനസം സിദ്ധമായിടും.

ഗാര്‍ഹസ്ഥ്യം രണ്ടാമത്തെ ആശ്രമമാണെന്ന്‌ പറയുന്നു. അതിന്റെ ആചാര ലക്ഷണം മുഴുവന്‍ വിവരിക്കാം. സമാവര്‍ത്തനം ചെയ്ത്‌ സദാചാരപരന്മാരായി, ഭാര്യയോടു കൂടി ഫലത്തെ ഇച്ഛിക്കുന്നവര്‍ക്കാണ്‌ ഗൃഹസ്ഥാശ്രമം വിധിച്ചിട്ടുളളത്‌. ഇതില്‍ ധര്‍മ്മാര്‍ത്ഥകാമപ്രാപ്തി ത്രിവര്‍ഗ്ഗസാധനമാണെന്നുകണ്ട്‌, നിന്ദ്യമല്ലാത്ത കര്‍മ്മം കൊണ്ട്‌ ധനം സമ്പാദിച്ച്‌ സ്വാദ്ധ്യായലബ്ധ പ്രകര്‍ഷമായോ, ബ്രഹ്മർ‍ഷി നിര്‍മ്മിതമായോ. അദ്രിസാരത്തിലുള്ളതായോ, ഹവ്യകവ്യനിയമാഭ്യാസദൈവതപ്രസാദോപലബ്ധമായോ ഉളള ധനംകൊണ്ട്‌ ഗൃഹസ്ഥന്‍ ഗാര്‍ഹസ്ഥ്യം നടത്തണം. അതാണത്രേ സര്‍വ്വ ആശ്രമങ്ങള്‍ക്കും മൂലമായി പറ യുന്നത്‌. ഗുരുകുലവാസികള്‍, പരിവ്രാജകന്മാര്‍, പിന്നെ വേറെ സങ്കല്‍പിച്ചിട്ടുള്ള വ്രതനിയമധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ എന്നിവര്‍ക്കൊക്കെ ഇവിടം കൊണ്ടാണ്‌ ഭിക്ഷാസംവിഭാഗങ്ങള്‍ നടക്കുന്നത്‌. വാനപ്രസ്ഥന്മാര്‍ക്ക്‌ സമ്പത്ത്‌ ശേഖരിച്ചുവെയ്ക്കലില്ല. ഇവര്‍ നല്ല ഹിതമായ ഭക്ഷണം കഴിച്ച്‌ സ്വാദ്ധ്യായ പ്രസംഗികളായി തീര്‍ത്ഥാഭിഗമന ദേശദര്‍ശനങ്ങള്‍ക്കു വേണ്ടി ഭൂമിയില്‍ സഞ്ചരിക്കണം. അതിഥികളെ എഴുന്നേറ്റ്‌ എതിരേല്ക്കുക, അസൂയ കൂടാതെ സംസാരിക്കുക, കുശലം ചോദിക്കുക, ആസനം നല്കുക, സുഖം നലകുന്ന ശയനം, ഭക്ഷണം എന്നിവയാല്‍ സല്‍ക്കരിക്കുക, എന്നിവ വേണമെന്നുണ്ട്‌. ഇതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്‌:

ആര്‍ക്കുള്ള ഗേഹംവിട്ടാശ കെട്ടു പാന്ഥന്‍ തിരിക്കുകില്‍ അവനു തന്‍ പാപമേകി പുണ്യവുംകൊണ്ടു പോകയാം.

ഗൃഹസ്ഥാശ്രമത്തില്‍ യജ്ഞക്രിയകളെക്കൊണ്ട്‌ ദേവകള്‍, തിലോദകം കൊണ്ട്‌ പിതൃക്കള്‍, വിദ്യാഭ്യാസ ശ്രവണധാരണം കൊണ്ട്‌ മഹര്‍ഷികള്‍, പുത്രോല്പാദനം കൊണ്ട്‌ പ്രജാപതി എന്നിവര്‍ സന്തോഷിക്കുന്നു. ഇതിനെപ്പറ്റി രണ്ട്‌ ശ്ലോകമുണ്ട്‌.

വാത്സല്യത്തോടേവരോടും ചൊൽക കര്‍ണ്ണസുഖോക്തികള്‍ പരിതാപോപഘാതങ്ങള്‍ പരുഷത്വങ്ങള്‍ ഗര്‍ഹിതം; അവജ്ഞാനം അഹങ്കാരം ദംഭമെന്നിവ ഗര്‍ഹിതം, അഹിംസ സത്യം അക്രോധം സര്‍വ്വാശ്രമഗതം തപം.

എന്നുതന്നെയല്ല ഇതില്‍ മാല്യം, ആഭരണം, വസ്ത്രം, അഭ്യംഗം (എണ്ണതേക്കല്‍) എന്നിവയുടെ നിത്യോപയോഗം, നൃത്യഗീത, വാദ്യാദിശ്രുതിസുഖങ്ങള്‍, കണ്ണിന്ന്‌ നല്ല കാഴ്ചകള്‍ - ഇവയുടെ ലാഭവും, ഭക്ഷ്യഭോജ്യലേഹൃപേയചോഷ്യങ്ങളായ പലവിധം ഭക്ഷണസാധനങ്ങളുടെ ഉപയോഗവും, സ്വവിഹാര സന്തോഷകാമസുഖലാഭവും ഉണ്ട്‌:

ത്രിവര്‍ഗ്ഗഗുണസംപ്രാപ്തിയാര്‍ക്കോ നിത്യം ഗൃഹാശ്രമേ അവനിങ്ങു സുഖം പൂണ്ടു നേടും ശിഷ്ടര്‍ക്കെഴും ഗതി; ഗൃഹസ്ഥനിങ്ങുഞ്ഛവൃത്തി സ്വധര്‍മ്മപരനേവനോ കാമസൗഖ്യാരംഭമുക്തനവന്നാ വിണ്ണെളുപ്പമാം.

അദ്ധ്യായം 192. തൃഗുഭരദ്വാജസംവാദം - വാനപ്രസ്ഥവും സന്യാസവും - ഭൃഗു പറഞ്ഞു:  വാനപ്രസ്ഥന്മാര്‍ ധര്‍മ്മത്തെ അനുസരിച്ച്‌ പുണ്യതീര്‍ത്ഥങ്ങള്‍, നദികള്‍, ചോലകള്‍ ഇവയില്‍ സഞ്ചരിച്ച്‌ മാന്‍, പന്നി, കാട്ടുപോത്ത്‌, പുലി, കാട്ടാന മുതലായവ സഞ്ചരിക്കുന്ന വിജനവനങ്ങളില്‍ തപസ്സു ചെയ്തു വസിക്കുന്നു. നാട്ടിലുള്ള വസ്ത്രം, ഭക്ഷണസാധനം, ഉപഭോഗങ്ങള്‍ ഇവയെ ഉപേക്ഷിച്ച്‌ കാട്ടിലുള്ള ഔഷധികളുടെ ഫലമൂലങ്ങള്‍ കൊണ്ട്‌ പരിമിതവും വിചിത്രവും, മിതവുമായ ആഹാരത്തോടു കൂടി ഇരിപ്പിടത്തില്‍ ഇരിക്കുന്നു. ഭൂമിയിലോ, പാറപ്പുറത്തോ, മണലിലോ, ചരലിലോ, മണൽത്തിട്ടുകളിലോ, ഭസ്മത്തിലോ കിടക്കുന്നു. കാശം, കുശം, തോല്‍, മരവുരി എന്നിവയാല്‍ ദേഹം ആച്ഛാദനം ചെയ്യുന്നു. തലമുടി, താടി , നഖം, രോമം എന്നിവ വളര്‍ത്തുന്നു. നേർനിയമം പാലിച്ച്‌, കുളിച്ച്‌ ആചമിക്കുന്നു. വേണ്ട നേരത്ത്‌ ബലിഹോമങ്ങളെ അനുഷ്ഠിക്കുന്നു. ചമത, ദര്‍ഭപ്പുല്ല്‌, പൂവ്‌ എന്നിവ കൊണ്ടുവരികയും, സ്ഥലം അടിച്ചു വെടിപ്പാക്കുകയും ചെയ്തു വിശ്രമിക്കുന്നു. മഞ്ഞും, വെയിലും, മഴയും, കാറ്റും സഹിച്ച്‌ ശരീരത്തിലെ തൊലിയൊക്കെ നിറം മാറി, പലവിധത്തിലുള്ള നിയമോപായോഗചര്യാനുഷ്ഠാനങ്ങള്‍ കൊണ്ട്‌ മാംസവും രക്തവും വറ്റി, എല്ലും തൊലിയും മാത്രം ശേഷിച്ച്‌, ധ്യാനനിരതന്മാരായി സത്വയോഗത്താല്‍ ശരീരത്തെ ധരിക്കുന്നു. ബ്രഹ്മർ‍ഷിമാരുടെ ഈ നിയമാനുഷ്ഠാനം ചെയ്യുന്നവന്‍ കടുത്ത പാപങ്ങളെയെല്ലാം അഗ്നിയില്‍ എന്ന പോലെ ദഹിപ്പിക്കും. അവന്‍ ദുര്‍ജ്ജയമായ ലോകങ്ങളെ നേടുകയും ചെയ്യും.

ഇനി സന്ന്യാസി ജീവിതം എങ്ങനെയാണെന്നു പറയാം: അഗ്നി, ധനം, ഭാര്യ ഇവയുടെ പോഷണ സംസര്‍ഗ്ഗത്തില്‍ നിന്ന്‌ ഒഴിഞ്ഞ്‌ സ്നേഹപാശങ്ങളെ കളഞ്ഞ്‌ ശത്രുമിത്രോദാസീനന്മാരില്‍ സമദര്‍ശികളായി സ്ഥാവരം, ജരായുജം, അണ്ഡജം, സ്വേദജം എന്നീ ഭൂതജാലങ്ങള്‍ക്ക്‌ മനസാ വാചാ കര്‍മ്മണാ ദോഷം ചെയ്യാതെയും ഇരിപ്പിടമില്ലാതെയും പര്‍വ്വതം മണല്‍ത്തിട്ട്‌ വൃക്ഷംമൂലം ദേവാലയം ഇവയില്‍ സഞ്ചരിച്ചു പാര്‍ക്കുക, പട്ടണത്തിലോ ഗ്രാമത്തിലോ ചെല്ലുക, പട്ടണത്തില്‍ അഞ്ചു രാത്രിയോ ഗ്രാമത്തില്‍ ഒരു രാത്രിയോ പാര്‍ക്കുക, പ്രാണധാരണത്തിന്നു വേണ്ടി സങ്കരമില്ലാത്ത ബ്രാഹ്മണരുടെ ഭവനങ്ങളില്‍ ചെല്ലുക, യാചിക്കാതെ പാത്രത്തില്‍ വീണ ഭിക്ഷയേൽക്കുക. കാമം, ക്രോധം, ലോഭം, മോഹം, കൃപണതാ ,ഡംഭം, പരിവാദം, അഭിമാനം, ഹിംസ ഇവ ഉപേക്ഷിച്ചവരാവുക ഇങ്ങനെയാണ്‌ സന്ന്യാസികളുടെ ജീവിതം. ഇതിനെപ്പറ്റി ശ്ലോകമുണ്ട്‌:

സര്‍വ്വഭൂതാഭയം നല്‍കി മുനിയായി ചരിക്കുകില്‍ അവന്നു ഭൂതജാലത്തില്‍ ഭീതി പറ്റില്ലൊരിക്കലും.

അഗ്നിഹോത്രം, തന്റെ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ശരീരാഗ്നിക്ക്‌, മുഖത്തിലൂടെ വിപ്രന്‍ ഭിക്ഷാലബ്ധമായ ഹവിസ്സു കൊണ്ടു ഹോമിക്കുന്നു. അങ്ങനെ ചെയ്യുന്ന ഹോത്രത്താല്‍ അവന്‍ പുണ്യലോകങ്ങളെ പ്രാപിക്കും. സന്ന്യാസാശ്രമം ശുചിയായി, പറഞ്ഞവിധം ശുദ്ധഹൃദയനും നിഷ്കാമനുമായി ചരിക്കുന്നവന്‍ പ്രശാന്തമായി വിറകില്ലാത്ത അഗ്നിക്കു തുല്യമായി ബ്രഹ്മസ്ഥാനമെത്തുന്നു.

ഭരദ്വാജന്‍ പറഞ്ഞു: ഈ ലോകം വിട്ട്‌ അന്യലോകമുണ്ടെന്നു പറയുന്നുണ്ടല്ലോ. എന്നാല്‍ കണ്ടവരാരും ഇല്ല. അതെങ്ങനെയാണെന്ന്‌ ഒന്ന്‌ അറിഞ്ഞാല്‍ കൊളളാം. ഭവാന്‍ അതു പറഞ്ഞുതന്നാലും.

ഭൃഗു പറഞ്ഞു: പുണ്യമായി ഗുണമേറിയ ഹിമവാന്റെ വടക്ക്‌ പുണ്യവും, ക്ഷേമവും, കാമ്യവുമായ ലോകമുണ്ട്‌. അതിനെ പരലോകം എന്നു പറയുന്നു. അവിടെ പാപമില്ലാത്ത ശുദ്ധന്മാര്‍ അതിനിര്‍മ്മലന്മാരാണ്‌. ലോഭമോഹങ്ങള്‍ ഇല്ലാത്തവരാണ്‌. അവിടെ മനുഷ്യര്‍ നിരുപദ്രവികളാണ്‌. അത്‌ സ്വര്‍ഗ്ഗ സദൃശമാണ്‌. ആ ദേശം ശുഭഗുണങ്ങളോടു ചേര്‍ന്നതാണ്‌. അവിടെ കാലങ്ങളില്‍ മൃത്യുവില്ല. അവിടെ രോഗം ആരേയും സ്പര്‍ശിക്കയില്ല. പരദാരങ്ങളില്‍ അവിടെ ആര്‍ക്കും ആഗ്രഹമി ല്ല. ജനങ്ങള്‍ തങ്ങളുടെ ഭാര്യമാരില്‍ മാത്രം നിഷ്ഠയുള്ളവരാണ്‌. തമ്മില്‍തമ്മില്‍ കൊല്ലുകയില്ല. ദ്രവ്യത്തില്‍ അത്യാഗ്രഹവുമില്ല. അധര്‍മ്മങ്ങള്‍ അവിടെയില്ല. സന്ദേഹം ഉളവാക്കുന്നില്ല. ചെയ്തതിന്റെ ഫലം അവിടെ പ്രത്യക്ഷമായി ലഭിക്കുന്നു. നല്ല പാനീയങ്ങളും നല്ല ഭക്ഷണവും കഴിക്കുന്നു. നല്ല ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു. പ്രാസാദസ്ഥാനങ്ങളില്‍ വസിക്കുന്നു. എല്ലാ കാമങ്ങളോടും കൂടി അവര്‍ പൊന്‍ഭൂഷണങ്ങളാല്‍ അലംകൃതരായി വസിക്കുന്നു. ചിലര്‍ക്ക്‌ അവിടെ കേവലമായ പ്രാണധാരണം കാണാം. വളരെ ശ്രമിച്ച്‌ ചിലര്‍ പ്രാണധാരണം ചെയ്യുന്നു.

ഇവിടത്തെ കഥ എന്തെന്നു നോക്കുക. ഇവിടെ ചിലര്‍ ധര്‍മ്മം ചെയ്യുന്നു. ചിലര്‍ വഞ്ചകന്മാരാണ്‌. ചിലര്‍ സുഖിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ ധനാഢ്യന്മാരാണ്‌. ചിലര്‍ നിര്‍ദ്ധനന്മാരാണ്‌. ഇവിടെ ശ്രമം, ഭയം, മോഹം, തീവ്രമായ വിശപ്പ്‌ ഇവയൊക്കെ ബാധിക്കുന്നു. മനുഷ്യര്‍ക്ക്‌ അര്‍ത്ഥലോഭം ഉണ്ടാകുന്നു. ബുധന്മാര്‍ മോഹിക്കുന്ന വിധം അര്‍ത്ഥത്തില്‍ ആഗ്രഹം ജനിക്കുന്നു. ഇവിടെ ധര്‍മ്മാധര്‍മ്മങ്ങള്‍ കാണുന്നു. ഓരോരുത്തരും വൃത്യസ്തമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നു. വിദ്വന്മാര്‍ മാത്രം പാപം പുരണ്ടവരാകുന്നില്ല.

വഞ്ചന, ചതി, കളവ്‌, കുറ്റം പറയല്‍, അസൂയ, പരപീഡനം, ഹിംസ, ഭോഷ്ക്ക്‌, ഏഷണി എന്നിവ ശീലിക്കുന്നവനു തപസ്സ്‌ വളരെ ക്ഷയിച്ചുപോകും. ഇവ ചെയ്യാത്ത വിദ്വാന് തപസ്സു വളരുകയും ചെയ്യും. ധര്‍മ്മാധര്‍മ്മ പ്രവ്യത്തികളെക്കുറിച്ച്‌ പലരീതിയില്‍ ഇവിടെ ചിന്തിക്കപ്പെടുന്നു. ഇതു പാരില്‍ കര്‍മ്മഭൂമിയാണ്‌. ഇവിടെ ശുഭാശുഭങ്ങള്‍ ചെയ്താല്‍, ശുഭങ്ങളാല്‍ ശുഭവും അശുഭങ്ങളാല്‍ അശുഭവും സംഭവിക്കും.

ആദ്യം പ്രജാപതിയും, വാനവന്മാരും, മുനിമാരും ഇവിടെ യജിച്ച്‌ ഇഷ്ടതപസ്സു കൊണ്ട്‌ ശുദ്ധരായി ബ്രഹ്മപദത്തെ പ്രാപി ച്ചു. വടക്കുള്ള ഭൂവിഭാഗം സര്‍വ്വപുണ്യതമമായിട്ടുളളതും ശുഭവുമാണ്‌. ഇവിടെ ഇരുന്ന ജനങ്ങള്‍ പുണ്യം ചെയ്ത്‌ അവിടെ ചെല്ലും. സല്‍ക്കാരം ഏൽക്കും. മറ്റുളളവര്‍ തിര്യക് യോനിയില്‍ ജനിക്കും. മറ്റുളള ചിലര്‍ ആയുസ്സറ്റ്‌ ഈ മന്നിടത്തില്‍ത്തന്നെ നശിക്കും. ലോഭമോഹങ്ങളില്‍ പെട്ടവര്‍, തമ്മില്‍ തിന്നുവാന്‍ ഉന്നുന്നവരായവര്‍, ഇങ്ങോട്ടു തന്നെ മടങ്ങി വരുന്നു; അവര്‍ വടക്കോട്ട്‌ എത്തുകയില്ല.

ഗുരുശുശ്രൂഷ ചെയ്യുന്നവര്‍, നിയതമായ ബ്രഹ്മചര്യം എടുത്തവര്‍ അങ്ങനെയുളള മനീഷികള്‍ സര്‍വ്വലോകത്തേക്കുമുള്ള മാര്‍ഗ്ഗം അറിയുന്നവരായിത്തീരും. ബ്രഹ്മനിര്‍മ്മിതമായ ധര്‍മ്മം ഞാന്‍ ചുരുക്കമായി നിന്നോടു പറഞ്ഞു. ലോകത്തിലെ ധര്‍മ്മാധര്‍മ്മതത്ത്വം അറിയുന്നവനാണ്‌ ബുദ്ധിമാന്‍.

ഭീഷ്മന്‍ പറഞ്ഞു: ഇപ്രകാരം ഭൃഗു പറഞ്ഞു കൊടുത്തപ്പോള്‍ പ്രതാപവാനായ ഭരദ്വാജന്‍ ധര്‍മ്മാത്മാവായി ഭൃഗുവിനെ വിസ്മയത്തോടെ പൂജിച്ചു. ഹേ യുധിഷ്ഠിരാ, ഞാന്‍ ലോകത്തിന്റെ ഉത്പത്തി ഭവാനോടു പറഞ്ഞു. മഹാപ്രാജ്ഞനായ രാജാവേ, ഭവാന്‍ ഇനി എന്നില്‍ നിന്ന്‌ എന്താണ്‌ കേള്‍ക്കേണ്ടതെന്നു പറഞ്ഞാലും.

അദ്ധ്യായം 193. ആചാരവിധി - പാപഗോപനദോഷവും ധര്‍മ്മപ്രശംസയും - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ അനഘാശയനായ ധര്‍മ്മജ്ഞാ, താതാ! ആചാരവിധിയെക്കുറിച്ച്‌ ഭവാനില്‍ നിന്ന്‌ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങ്‌ സര്‍വ്വജ്ഞനാണെന്നാണ്‌ എന്റെ അഭിപ്രായം!

ഭീഷ്മൻ പറഞ്ഞു: ദുഷ്പ്രജ്ഞന്മാരും, ദുശ്ചേഷ്ടന്മാരും അതിസാഹസികന്മാരും, അസജ്ജനങ്ങളും ദുരാചാരന്മാരാണ്‌. സജ്ജനങ്ങള്‍ ആചാരലക്ഷണമൊത്തവരുമാണ്‌.

രാജവീഥി, പശുക്കള്‍ വസിക്കുന്ന ഇടം, നെല്‍പ്പാടത്തിന്റെ വരമ്പ്‌, ഇവിടെയൊക്കെ ചെന്നിരുന്ന്‌ മലമൂത്രങ്ങള്‍ വിടുന്ന കൂട്ടരുണ്ടല്ലേോ ഇവര്‍ അശുഭന്മാരാണ്‌.

ദേവതാതര്‍പ്പണം ധര്‍മ്മമാണ്‌. അതു ചെയ്താല്‍ മനുഷ്യര്‍ നദിയില്‍ച്ചെന്ന്‌ ആചമിച്ച്‌ ശൗചം ചെയ്യണം.

നിത്യവും സൂര്യനെ സേവിക്കണം. സൂര്യോദയത്തില്‍ ആരും കിടന്നുറങ്ങരുത്‌. കാലത്തും സന്ധ്യക്കും സുര്യന്നഭിമുഖമായി സൂര്യമന്ത്രം ജപിക്കണം. അങ്ങനെ രണ്ടു സന്ധ്യയിലും സുരൃനമസ്‌കാരം ചെയ്യണം. പാഞ്ചാര്‍ദ്രനായിട്ടേ ഉണ്ണാവൂ. പാഞ്ചാര്‍ദ്രം എന്നു പറയുന്നത്‌ അഞ്ചംഗങ്ങളെ ശുദ്ധിയാക്കുക എന്നതാണ്‌. (മലാശയം, മൂത്രാശയം, മുഖം, കൈ, കാല്‍ എന്നിവയാണ്‌ അഞ്ച് അംഗങ്ങള്‍). ഉണ്ണുവാൻ കിഴക്കോട്ട് മുഖമായി ഇരിക്കണം. ഉണ്ണുമ്പോള്‍ മൗനമായിരിക്കണം. സംസാരിക്കരുത്‌. ഉണ്ണുന്ന അന്നങ്ങളേയും ഭക്ഷ്യങ്ങളേയും നിന്ദിച്ചു പറയരുത്‌. സ്വാദുളളത്‌ അറിഞ്ഞു കഴിക്കണം. കൈ നനച്ച്‌ എഴുന്നേല്ക്ക ണം. രാത്രി കാല്‍കഴുകിയിട്ടു വേണം ഉറങ്ങുവാന്‍. ദേവര്‍ഷിയായ നാരദന്‍ പറഞ്ഞു തന്ന ആചാരലക്ഷണമാണിത്‌.

ശുചിസ്ഥലം, കാള, ദേവന്‍, ഗോഷ്ഠം, നാലും കൂടിയ വഴി, ബ്രാഹ്മണന്‍, ധാര്‍മ്മികന്‍, ചൈത്യം ഇവയെ കടന്നു പോകുമ്പോള്‍ വലത്തു ഭാഗത്തൂടെ ഒഴിയണം. പാന്ഥന്മാര്‍ക്കും സര്‍വ്വ ഭൃതൃന്മാര്‍ക്കും സ്വന്തം ജനങ്ങള്‍ക്കു തുല്യമായ ഭോജനം ഭൃത്യരോടു ചേര്‍ന്ന്‌ നരന്മാര്‍ക്കു നല്കണം. മനുഷ്യന് കാലത്തും അന്തിക്കും മാത്രമേ ഭക്ഷണം ദൈവം വിധിച്ചിട്ടുള്ളു. അതിന്നിടയ്ക്ക്‌ ഈണു വിധിച്ചിട്ടില്ല. മുന്‍പറഞ്ഞ മട്ടിലാണെങ്കില്‍ ഉപവാസിയെന്നെ നിലയുണ്ട്‌. ഹോമകാലത്ത്‌ ഹോമിക്കുകയും, ഋതുകാലത്ത്‌ ആര്‍ത്തവശുദ്ധി വന്നതിന്നു ശേഷം മാത്രം ഭാര്യയോടു ചേരുകയും, മറ്റു കാലങ്ങളില്‍ ചേരാതിരിക്കുകയും, പരസ്ത്രീഗമനം വര്‍ജ്ജിക്കുകയും ചെയ്യുന്നവന്‍ പ്രാജഞനാണ്‌. അവന്‍ ബ്രഹ്മചാരിയോടു തുല്യനായ വ്രതം സ്വീകരിച്ചുവനാണെന്നു പറയാം.

ബ്രാഹ്മണന് കൊടുത്ത്‌ ബാക്കിയുള്ള അന്നം അമൃതാണ്‌. അമ്മ മനസ്സുവെച്ച്‌ തരുന്ന അന്നവും അമൃതാണ്‌. സത്തുക്കള്‍ അത്‌ അനുഭവിക്കുന്നു. സജ്ജനം സത്യമായി നില്ക്കുന്നു. മണ്ണുടയ്ക്കുന്നവനും പുല്ലുവെട്ടുന്നവനും, നഖംകൊണ്ട്‌ നുളളിത്തിന്നുന്നവനും, ഉച്ചിഷ്ടം തിന്നാന്‍ കാത്തുകിടക്കുന്നവനും, വേണ്ടതു പോലെ നടക്കാത്തവനുമായ നരന്‍ ദീര്‍ഘായുസ്സ്‌ നേടുകയില്ല. യജുസ്സു കൊണ്ട്‌ സംസ്കരിക്കപ്പെട്ട മാംസം മാംസവര്‍ജ്ജിതനും ഭക്ഷിക്കാം. അല്ലാത്ത മാംസം വെറുതെ ഭക്ഷിക്കരുത്‌. ഏതിന്റേയും പൃഷ്ഠഭാഗത്തെ മാംസം ഉപേക്ഷിക്കണം. സ്വദേശത്തായാലും അന്യദേശത്തായാലും ഒരു വഴിയാത്രക്കാരന്‍ വന്നു കയറിയാല്‍ അവനെ പട്ടിണിക്കിടരുത്. താന്‍ ആഗ്രഹിച്ചതു പോലെ കാമ്യമായ കര്‍മ്മഫലം നേടിയാല്‍ ഗുരുക്കള്‍ക്ക്‌ അതു കൊടുക്കണം.

ഗുരുക്കള്‍ക്ക്‌, തന്നേക്കാള്‍ പ്രായം ചെന്നവര്‍ക്ക്‌, ഇരിക്കുവാനുള്ള പീഠം സജ്ജമാക്കി കൊടുക്കണം. ഗുരുജനങ്ങളെ വന്ദിക്കണം. ഗുരുജനങ്ങളെ പൂജിച്ചാല്‍ ശ്രീയും ആയുസ്സും നേടും. (ഗുരുജനങ്ങള്‍- അച്ഛന്‍, അമ്മ, ഗുരുനാഥന്‍). ഗുരുക്കള്‍ക്ക്‌ അര്‍ച്ചന ചെയ്ത്‌ മര്‍ത്ത്യന്‍ ശ്രീയും യശസ്സും നേടുന്നു. ഉദിച്ചുയരുന്ന സൂര്യന്റെ നേരെ നോക്കി നില്ക്കരുത്‌. നഗ്നകളായ സ്ത്രീകളെ നോക്കരുത്‌. ഗൂഢമായ ദിക്കില്‍ വെച്ചേ ധര്‍മ്മ്യമായ മൈഥുനം ചെയ്യാവു. എപ്പോഴായാലും ന്യായമായതായാലും അതു പരസ്യമായി ചെയ്യുവാന്‍ പാടില്ല. ഹൃദയം തീര്‍ത്ഥങ്ങളില്‍ വെച്ച്‌ തീര്‍ത്ഥമാണ്‌. ഹൃദയമാണ്‌ ശുചികളില്‍ വെച്ച്‌ ശുചി. ഹൃദയത്തിനൊത്ത പുണ്യതീര്‍ത്ഥമില്ല. ഹൃദയത്തിന്നൊപ്പം ശുദ്ധമായ മറ്റു വസ്തുക്കളില്ല. അങ്ങനെ ഹൃദയത്തെ ശുദ്ധമായി വെക്കണം. ആര്യന്മാര്‍ ശുദ്ധമായി ബാലന്മാരുടെ സ്പര്‍ശനത്തെ കരുതുന്നു. കാണുമ്പോഴൊക്കെ അവരോട്‌ സുഖമന്വേഷിക്കണം; ചോദിക്കണം. വിപ്രന്മാരെ കാലത്തും അന്തിക്കും അഭിവാദനം ചെയ്യുന്നത്‌ യുക്തമാണ്‌.

ദേവാലയം, പശുക്കളുടെ മദ്ധ്യം, വിപ്രന്മാരുടെ ക്രിയാസ്ഥലം, സ്വാദ്ധ്യായം, ഊണ് ഇവയില്‍ വലത്തേ കൈ ഉയര്‍ത്തണം. അങ്ങനെ ബ്രാഹ്മണ പൂജ ചെയ്യുന്നവരുടെ കൃഷിയും കച്ചവടവും അഭിവൃദ്ധിപ്പെടും. ഗോക്കള്‍ സമൃദ്ധിയായി ഉണ്ടാകും; ഭോജന സമ്പത്തു വര്‍ദ്ധിക്കും; പാനീയത്തില്‍ സമൃദ്ധിയുണ്ടാകും.

ഭക്ഷണം മറ്റുളളവര്‍ക്കും ഒപ്പമിരുത്തി ദാനംചെയ്താല്‍, ഇനിയും വേണമോ "കുറച്ചുകൂടി വിളമ്പട്ടേ" എന്നു ചോദിച്ചുനല്കണം. പാനീയങ്ങള്‍ നല്‍കുമ്പോള്‍ "കുറച്ചുകൂടി തരട്ടേ" എന്നു സസന്തോഷം ചോദിച്ചു നല്കണം. മധുരമുള്ള പാല്‍ കൊടുക്കുമ്പോഴും ചോറു കൊടുക്കുമ്പോഴും പായസം നല്‍കുമ്പോഴും ശാന്തമായി  "കുറേക്കൂടി വിളമ്പട്ടെ" എന്നു ചോദിച്ചു നല്കണം. ക്ഷൗരം, തുമ്മല്‍, കുളി, ഈണ്‌ ഇവയ്ക്കുശേഷം ബ്രാഹ്മണരെ കൈകൂപ്പണം. രോഗികള്‍ ഈ മാതിരി ചെയ്താല്‍ രോഗശാന്തി ലഭിക്കും. സൂര്യന്റെ നേരെ തിരിഞ്ഞിരുന്ന്‌ മൂത്രമൊഴിക്കരുത്‌. സ്വന്തം മലം വിസര്‍ജ്ജിച്ചതിന്നു ശേഷം അത്‌ നോക്കരുത്‌. പെണ്ണിന്റെ കൂടെ എപ്പോഴും ഒരു കിടക്കയില്‍ കിടക്കരുത്‌. പെണ്ണിന്റെ കൂടെ ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌. ജ്യേഷ്ഠന്മാരേയോ മുത്തവരേയോ നീ എന്നു വിളിക്കരുത്‌. പേരു വിളിക്കുന്നതും പാടില്ല.  നിങ്ങള്‍  അങ്ങ്‌  ഭവാന്‍ എന്നേ വിളിക്കാവു. താഴ്ന്നവരേയും സമന്മാരേയും നീ എന്നു വിളിക്കുന്നതില്‍ തെറ്റില്ല. ഇങ്ങനെ രണ്ടു കൂട്ടരെ മാത്രമേ നീ എന്ന പദത്തില്‍ സംബോധന ചെയ്യാവൂ.

പാപികളുടെ ഹൃദയം വൈകൃതമാണ്‌. അവര്‍ പാപം പറയും. അത്‌ മനസ്സിലാക്കി മഹാജനങ്ങളില്‍ അതു തുറന്നു പറയാതിരുന്നാല്‍ പാപി നശിക്കും. അറിവു കുറഞ്ഞവന്‍ താന്‍ അറിഞ്ഞുചെയ്ത കുറ്റത്തെ മൂടി വെയ്ക്കും. അത്‌ മനുഷ്യന്‍ അറിഞ്ഞില്ലെന്നു വരും. എന്നാല്‍ ദേവന്മാര്‍ അതു കാണുന്നുണ്ടെന്നു ധരിക്കണം. പാപത്താല്‍ മൂടുന്ന പാപം പാപത്തെ പിന്‍തുടരും. ധര്‍മ്മത്താല്‍ ധര്‍മ്മം മൂടുകയില്ല. അതു ധര്‍മ്മത്തെ പിന്‍തുടരും.

പാപം ചെയ്താല്‍ പിന്നെ അതിനെപ്പറ്റി മൂഢന്‍ ചിന്തിക്കുകയില്ല. പാപം അന്യന്‌ ഏല്‍ക്കുകയില്ല. മടങ്ങി വന്ന്‌ ചെയ്തവനെത്തന്നെ അതു പ്രാപിക്കും. ചന്ദ്രനില്‍ രാഹു ചെല്ലുന്ന മാതിരി അജ്ഞാനിയില്‍ ആ പാപകര്‍മ്മം ചെല്ലും.

ആശിച്ചു നേടിയ ധനം സംഭരിച്ചു വെച്ചാല്‍ അത്‌ അനുഭവിക്കാന്‍ യോഗമുണ്ടാകയില്ല. ബുധന്മാര്‍ക്ക്‌ അത്‌ ഉപേക്ഷിക്കുന്നതില്‍ വിഷമമില്ല. അവര്‍ സര്‍വ്വസ്വവും ഉപേക്ഷിച്ച്‌ മൃത്യുവിനെ ഭയപ്പെടുന്നില്ല. എല്ലാ ജീവിക്കും ധര്‍മ്മമായിട്ടുള്ളതു മാനസമാണ്‌. അതു കൊണ്ട്‌ എല്ലാ ജീവിക്കും നാം മനസ്സു കൊണ്ട്‌ നന്മ ചെയ്യണം. താന്‍ തന്നെ ധര്‍മ്മം അനുഷ്ഠിക്കണം. ധര്‍മ്മത്തില്‍ ആരും തുണയായി നില്ക്കുകയില്ല. ധര്‍മ്മത്തില്‍ നിന്നാണ്‌ മനുഷ്യന്റെ ഉത്ഭവം, ദേവന്മാര്‍ക്ക്‌ ധര്‍മ്മം അമൃതാകുന്നു. മരണാനന്തരം പരലോകത്തില്‍ മനുഷ്യന്‍ ധര്‍മ്മം വഴിയായി നിത്യമായ സുഖം അനുഭവിക്കുന്നു. 

അദ്ധ്യായം 194. അദ്ധ്യാത്മകഥനം - അദ്ധ്യാത്മജ്ഞാനനിരൂപണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ, പിതാമഹാ, എല്ലാ പുരുഷനും അദ്ധ്യാത്മം എന്ന ഒന്ന്‌ ഉള്ളതായി പറഞ്ഞു വരുന്നുണ്ടല്ലോ. എന്താണ്‌ ഈ അദ്ധ്യാത്മം? അതിന്റെ രൂപമെന്താണ്‌? എനിക്ക്‌ അത്‌ ശരിയായി അറിയുവാന്‍ ആഗ്രഹമുണ്ട്‌. ഒന്നു വിശദമായി പറഞ്ഞു തരണേ! ബ്രഹ്മാവ്‌ ചരാചരമടങ്ങിയ ജഗത്തിനെ എന്തിനാലാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌? പ്രളയത്തില്‍ അവയെല്ലാം എങ്ങോട്ടാണ്‌ ചെല്ലുന്നത്‌ എന്നും പറഞ്ഞു തന്നാലും!

ഭീഷ്മന്‍ പറഞ്ഞു: അല്ലയോ പാര്‍ത്ഥാ, നീ എന്നോട്‌ അദ്ധ്യാത്മം എന്താണെന്നു ചോദിക്കുന്നു. അതു ഞാന്‍ വിവരിച്ചു പറയാം. ഉണ്ണീ, അത്‌ എത്രയോ ശ്രേയസ്‌കരവും സുഖവുമായിട്ടുളളതാണ്‌.

സൃഷ്ടി, പ്രളയം എന്നിവയെപ്പറ്റി സത്യമായി മഹാന്മാരായ ആചാര്യന്മാര്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്‌. ഇതിന്റെ സത്യാവസ്ഥ അറിഞ്ഞവന്‍ ലോകത്തില്‍ പ്രീതിയും സൗഖ്യവും നേടുന്നതാണ്‌. അതുകൊണ്ട്‌ നല്ലതായ ഫലം സിദ്ധിക്കും. അത്‌ എല്ലാവര്‍ക്കും ഏറ്റവും ഹിതമായിട്ടുള്ളതുമാണ്‌.

പൃഥ്വി, വായു, ആകാശം, ജലം, ജ്യോതിസ്സ്‌ ഇവ അഞ്ചുമാണ്‌ മഹാഭൂതങ്ങള്‍. ഇവയാല്‍ ഭൂതങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു എവിടെ നിന്നാണോ അവ സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തിയത്‌ അവിടെത്തന്നെ അവ ചെന്നുചേരും. സമുദ്രത്തിലെ തിരമാല പൊങ്ങുകയും താഴുകയും ചെയ്യുന്ന പോലെയും, ആമ അതിന്റെ അംഗങ്ങള്‍ പുറത്തു കാണിക്കുകയും, ഉള്ളിലേക്ക്‌ വലിക്കുകയും ചെയ്യുന്നതു പോലെയും, മഹാഭൂതങ്ങള്‍ ഭൂതങ്ങളെ-ജീവികളെ-പുറത്തു കാണിക്കുകയും, അവയെ നശിപ്പിച്ച്‌ തന്നിലേക്കു തന്നെ പിന്‍തിരിച്ച്‌ തന്നില്‍ ലയിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഭുതാത്മാവ്‌ സൃഷ്ടിച്ച ഭൂതൗഘങ്ങളെ, ഭൂതാത്മാവു തന്നെ സംഹരിക്കുന്നു. ഭൂതകൃത്ത്‌ ഈ പ്രവൃത്തി സകല ഭൂതങ്ങളിലും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ജീവികള്‍ക്ക്‌ ഈ സത്യം കാണാന്‍ കഴിയുന്നില്ല.

ശബ്ദം, ശ്രോത്രം, ഓട്ടകള്‍ എന്നീ മൂന്നും ആകാശ യോനിജമാണ്‌. സ്പര്‍ശം, ചേഷ്ട, ത്വക്ക്‌ ഈ മൂന്നും വായുജങ്ങളാണ്‌. രൂപവും, കണ്ണും, ദഹനവും ഇവ മൂന്നും തേജസ്സില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. രസം, സ്രവങ്ങള്‍, നാവ്‌, എന്നീ മൂന്നും ജലത്തിന്റെ ഗുണങ്ങളാണ്‌. ഗന്ധം, ഘ്രാണം, ദേഹം എന്നീ മൂന്നും ഭൂമിയുടെ ഗുണങ്ങളാണ്‌. ഇങ്ങനെ മഹാഭൂതങ്ങള്‍ അഞ്ചെണ്ണമാകുന്നു. മനസ്സ്‌ എന്നു പറയുന്നത്‌ ആറാമത്തേതാണ്‌. ഇന്ദ്രിയങ്ങളും മനസ്സും ചേര്‍ന്ന്‌ വിജ്ഞാനം ഉണ്ടാകുന്നു. ഏഴാമത്തേതു ബുദ്ധിയാണ്‌. ക്ഷേത്രജ്ഞന്‍ (ആത്മാവി) എന്നത്‌ എട്ടാമത്തേതാണ്‌.

കണ്ണു കൊണ്ട്‌ കാണുന്നു. കണ്ണു കാഴ്ചയ്ക്കുള്ളതാണ്‌. മനസ്സുകൊണ്ടു സംശയിക്കുന്നു. ബുദ്ധി കാര്യത്തെ തീര്‍ച്ചപ്പെടുത്തുന്നതിന്നുള്ളതാണ്‌. ക്ഷ്രേത്രജ്ഞന്‍ എല്ലാറ്റിന്നും സാക്ഷി പോലെ ഒന്നിലും പെടാതെ നില്‍ക്കുന്നു. പാദത്തിന്നു മേലെ കീഴും മേലും കണ്ടറിയുന്നവന്‍ ആരോ, ആ അവനാല്‍ ഇവിടെ പ്രപഞ്ചത്തില്‍ എല്ലാം വ്യാപ്തമായിരിക്കുന്നു എന്നു നീ ധരിക്കുക! എല്ലാ ഇന്ദ്രിയങ്ങളേയും എല്ലാവരും അറിഞ്ഞിരിക്കണം. തമസ്സ്‌, രജസ്സ്‌, സത്വം എന്നീ ഭാവങ്ങള്‍ക്കെല്ലാം ആശ്രയമാണ്‌ ആ ക്ഷ്രേതജ്ഞന്‍. ബുദ്ധി കൊണ്ട്‌ ജീവികള്‍ക്കുള്ളതായ ഈ ഗതാഗതം അറിഞ്ഞ പുരുഷന്‍ മെല്ലെ സൂക്ഷിച്ചു നോക്കി ഉത്തമമായ ശമം നേടുന്നു. ഗുണങ്ങള്‍ ബുദ്ധിയേയും, ബുദ്ധി മനസ്സു തുടങ്ങിയ ആറ്‌ ഇന്ദ്രിയങ്ങളേയും ധീ ഭൂതങ്ങളേയും നയിക്കുന്നു. ധീ നഷ്ടപ്പെട്ടാല്‍ പിന്നെ ഗുണങ്ങള്‍ നശിച്ചതു തന്നെ. ഈ പ്രപഞ്ചം മുഴു വന്‍-സര്‍വ്വചരാചരവും-ആ ബുദ്ധിയില്‍ അടങ്ങിയിരിക്കുന്നു. ആ ബുദ്ധിയില്‍ നിന്നാണ്‌ സര്‍വ്വ ചരാചരങ്ങളുടെയും ഉല്‍പ്പത്തിയും ലയവും. അതു കൊണ്ട്‌ വേദം പറയുന്നത്‌ എല്ലാം ആ ബുദ്ധിയുടെ കല്പനയാണെന്നാണ്‌. അതിനെ ആശ്രയിച്ചു കാണുന്നതാണ്‌ കണ്ണ്‌, കേള്‍ക്കുന്നതാണ്‌ ചെവി, ഘ്രാണിക്കു ന്നതാണ്‌ മൂക്ക്‌, രസം ആസ്വദിക്കുന്നത്‌ ജിഹ്വയാണ്‌, ത്വക്കു കൊണ്ടു തൊട്ടാല്‍ അറിയുന്നു. ബുദ്ധിയില്‍ വികാരം ഉണ്ടാകുന്നു. എന്തു കൊണ്ട്‌ എന്ത്‌ ഓര്‍ക്കുന്നുവോ, അപ്പോള്‍ മനസ്സ്‌ തന്മയമാകുന്നു. ബുദ്ധിയുടെ അധിഷ്ഠാനങ്ങള്‍ അഞ്ചിനം അര്‍ത്ഥം ഉളളതാണ്‌. ഇന്ദ്രിയങ്ങള്‍ എന്ന്‌ പറയുന്ന അവയ്ക്ക്‌ അധിഷ്ടാതാവ്‌ അദൃശ്യനാകുന്നു. പുരുഷനിലുള്ള ബുദ്ധി മൂന്നു ഭാവങ്ങളിലും നില്‍ക്കുന്നു. ചിലപ്പോള്‍ പ്രീതി നേടും, ചിലപ്പോള്‍ ദുഃഖിക്കും, ചിലപ്പോള്‍ സുഖവും ദുഃഖവും വിട്ടുനില്ക്കും.

ഇങ്ങനെ മനുഷ്യന്റെ ഉള്ളിലുള്ള മൂന്നു ഭാവത്തില്‍ നില്ക്കുന്നതും ഭാവാത്മികമായ മൂന്നു ഭാവങ്ങള്‍ക്കും ഇതു മേലെയായി നില്ക്കുന്നു. പുഴകളുടെ നാഥനായ സമുദ്രം തിരയായി കരയെ കടക്കുന്ന മട്ടില്‍, ഭാവത്തെ കടക്കുന്ന ബുദ്ധി ഭാവത്തിന്റെ ഉള്ളിലും നില്ക്കുന്നു, ഭുവാതീതമായ ബുദ്ധി സ്വയം വര്‍ത്തിക്കു ന്നു. എന്നാല്‍ തമസ്സ്‌ അതിനെ പിന്‍തുടരുകയാല്‍ രജസ്സ്‌ പ്രവര്‍ത്തിക്കുന്നു. അത്‌ അപ്പോള്‍ സര്‍വ്വ ഇന്ദ്രിയത്തേയും പ്രവര്‍ത്തിപ്പിക്കും.

പ്രീതി സത്വത്തിലും, ദുഃഖം രജസ്സിലും, മോഹം തമസ്സിലും നില്ക്കുന്നു. ഇപ്പറഞ്ഞ മൂന്നെണ്ണത്തില്‍, ഏതെല്ലാം ഈ ലോകത്തിലുണ്ടോ, അവയെല്ലാം ഈ മൂന്നില്‍ അടങ്ങിയിരിക്കുന്നു. ഇപ്രകാരം ബുദ്ധിയുടെ ഗതി, ഹേ ഭാരതാ! ഞാന്‍ നിന്നോടു പറഞ്ഞു. അതു കൊണ്ടു ബുദ്ധിമാനായ പുരുഷന്‍ സര്‍വ്വ ഇന്ദ്രിയങ്ങളേയും ജയിക്കണം. പ്രാണികള്‍ക്ക്‌ എല്ലാം എപ്പോഴും സത്വം, രജസ്സ്‌, തമസ്സ്‌ എന്നിവ ചേര്‍ന്നു നില്ക്കുന്നു. എല്ലാ സത്വത്തിലും മൂന്നു മാതിരി ബോധനം കാണുന്നു. അവ സാത്വികം, രാജസം, താമസം എന്നിവയാണ്‌ ഭരതര്‍ഷഭാ!

സുഖസ്പര്‍ശമാണ്‌ സത്വഗുണം, ദുഃഖസ്പര്‍ശമാണ്‌ രജോഗുണം. തമോയോഗത്താല്‍ വ്യാവഹാരികങ്ങള്‍ ബാധിക്കുന്നു. സത്വരജോഗുണങ്ങളോടു തമോഗുണം ചേര്‍ന്നാല്‍ ദുഃഖവും സുഖവുമില്ലാത്ത സ്ഥിതി സംജാതമാകുന്നു. മാനസികമായും ശാരീരികമായും ഉണ്ടാകുന്ന സുഖത്തിന് കാരണം സത്വഗുണമാണ്‌. ദുഃഖഹേതു രജോഗുണവും, മോഹഹേതു തമോഗുണവുമാണ്‌.

ഹര്‍ഷം, പ്രീതി, ആനന്ദം, സുഖം, ചിത്തപ്രശാന്തത, ഇവ സാത്വികമെന്ന ഗുണങ്ങളാകുന്നു. ഇത്‌ ഇടയ്ക്കൊക്കെ ആര്‍ക്കും ഉണ്ടാകുന്നതാണ്‌. അതുഷ്ടി, പരിതാപം, ശോകം, ലോഭം, അക്ഷമ, ഇവ ഹേതുക്കളായും, അഹേതുക്കളായും കാണപ്പെടുന്നു. അത്‌ രജസ്സിന്റെ ചിഹ്നങ്ങളാകുന്നു. അവമാനം, പ്രമാദം, നിദ്ര, മോഹം, ഇവ പലതരത്തിലുള്ള തമോഗുണങ്ങളാകുന്നു. എല്ലാവിധത്തിലും മുന്‍കൂട്ടിക്കണ്ട്‌ മനസ്സിലാക്കി മനസ്സിനെ അടക്കിയവന്‍ ഈ ലോകത്തിലും പരലോകത്തിലും സുഖം നേടുന്നതാണ്‌.

ബുദ്ധിയും, ആത്മാവും തമ്മിലുള്ള അന്തരം വളരെ സൂക്ഷ്മമായിട്ടുളളതാണ്‌. ഒരന്തരവും കാണാന്‍ കഴിയുകയില്ല. ബുദ്ധി ഗുണങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നു. ആത്മാവ്‌ ഒന്നും തന്നെ ചെയ്യുന്നില്ല. അതാണ്‌ അവ തമ്മിലുള്ള അന്തരമെന്നറി യണം. അവ രണ്ടും എപ്പോഴും ചേര്‍ന്നിരിക്കും. അത്തിമരവും മിന്നാമിനുങ്ങും എന്ന പോലെ എപ്പോഴും ചേര്‍ന്നിരിക്കും. ആത്മാവും ബുദ്ധിയും തമ്മില്‍ വളരെയേറെ ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന സ്വഭാവത്താല്‍ ഇവ രണ്ടും വ്യത്യസ്തമാണെങ്കിലും അവ എപ്പോഴും തമ്മില്‍ ഇണങ്ങിച്ചേര്‍ന്നിരിക്കും. മത്സ്യവും വെളളവും തമ്മില്‍ ഇണങ്ങുന്നതു പോലെയാണ്‌ ആത്മാവിന്റെയും മനസ്സിന്റെയും ചേര്‍ച്ച. ഗുണങ്ങള്‍ ആത്മാവിനെപ്പറ്റി അറിയുന്നില്ല, എന്നാല്‍ ആത്മാവ്‌ ഗുണങ്ങളെപ്പറ്റി എല്ലാം അറിയുന്നുണ്ട്‌. ഗുണങ്ങളെ കാണുന്ന ആത്മാവ്‌ ഇവയൊക്കെ തന്നില്‍ നിന്നുത്ഭവിച്ചതാണെന്ന്‌ ഓര്‍ക്കുന്നു. ആത്മാവ്‌ ഇന്ദ്രിജ്ഞാനത്തിലൂടെയും, മനസ്സിലൂടെയും, ബുദ്ധിയിലൂടെയും, അങ്ങനെ സപ്തമാര്‍ഗ്ഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവയെല്ലാം പ്രവര്‍ത്തന വ്യാപൃതമല്ല. ഒന്നിന്നും സ്വന്തമായ ബോധമില്ല. അവ നില്ക്കുന്ന സ്ഥാനം ആത്മാവാകുന്ന വെളിച്ചത്താല്‍ കാണപ്പെടുന്നു. ചുറ്റും നില്ക്കുന്ന വസ്തുക്കളെ നേര്‍മ്മയില്‍ മൂടിയ വെളിച്ചത്തിലെന്ന പോലെ അവ കാണപ്പെടുന്നു. ബുദ്ധി എല്ലാ ഗുണങ്ങളേയും ഉണ്ടാക്കുന്നു. എന്നാല്‍ ആത്മാവ്‌ ഒന്നും ചെയ്യാതെ നില്‍ക്കുക മാത്രം ചെയ്യുന്നു. ഒരു സാക്ഷിയെപ്പോലെ നിശ്ചലനായി കണ്ടു നില്ക്കുക മാത്രം ചെയ്യുന്നു. ഇപ്രകാരമാണ്‌ ആത്മാവിന്നും ബുദ്ധിക്കും തമ്മിലുള്ള ബന്ധം. അവ തമ്മില്‍ യാതൊരു ആശ്രയവുമില്ല. ബുദ്ധി മനസ്സിനെ സൃഷ്ടിക്കുന്നു. പക്ഷേ, ഗുണങ്ങളെ സൃഷ്ടിക്കുന്നില്ല. മനസ്സു കൊണ്ട്‌ ഗുണങ്ങളെ നിയന്ത്രിക്കുമ്പോള്‍ ഘടത്തില്‍ ദീപം എന്ന പോലെ ആത്മാവ്‌ വളരെ തെളിയും. പ്രാകൃത കര്‍മ്മത്തെ വിട്ട്‌ ആത്മരതിയായ മുനി, സര്‍വ്വ ഭൂതാത്മഭുവായ ആ മുനി, മുഖ്യമായ ഗതി പ്രാപിക്കുന്നു. വെള്ളത്തില്‍ ചുറ്റിപ്പറക്കുന്ന പക്ഷി വെള്ളത്തിന്റെ ബന്ധം ഏൽക്കാത്ത മാതിരി കൃതപ്രജ്ഞന്‍ ഭൂതങ്ങളില്‍ വര്‍ത്തിക്കുന്നു.

ഇപ്രകാരം സ്വഭാവാദികള്‍ തന്റെ ബുദ്ധി കൊണ്ടു കണ്ടറിയുന്ന നരന്‍, ഹര്‍ഷിക്കാതേയും ദുഃഖിക്കാതേയും സമഭാവനയോടെ, മത്സരം വെടിഞ്ഞവനായി, സ്വഭാവവും ബുദ്ധിയും ചേര്‍ത്ത്‌ നിത്യവും ഗുണങ്ങളെ തീര്‍ക്കുന്നു. ഗുണങ്ങളെ ഊറാമ്പുലിയുടെ മാറാമ്പലു പോലെ കാണുക. തുടച്ചു നീക്കിയാല്‍ അതു പോവുകയില്ല. ഉടച്ചാല്‍ ഉടയുകയുമില്ല. പരോക്ഷമായ ഇത്‌ പ്രതൃക്ഷാനുമാനങ്ങളാല്‍ കാണുവാന്‍കഴിയും. ഇപ്രകാരം ചിലര്‍ ഉറപ്പിച്ചു പറയുന്നു. ഒന്നും നഷ്ടമായില്ലെന്നു പറയുന്നു. അപ്പോള്‍ ചിലരുടെ അഭിപ്രായം എല്ലാം നഷ്ടപ്പെട്ടു എന്നാണ്‌. ഇവ രണ്ടും മനസ്സിലാക്കി അതില്‍ യഥാമതി തീര്‍പ്പു ചെയ്യുക. ഇപ്രകാരം ഹൃദയഗ്രന്ഥി ബുദ്ധിഭേദാത്മകങ്ങളെ ദൃഢമായും ഉപേക്ഷിച്ചു സുഖമായി വാഴുക. സംശയമറ്റവന്‍ ഒരിക്കലും ദുഃഖിക്കുകയില്ല.

മലിനന്മാര്‍ അറിവു സമ്പാദിച്ചാല്‍ പൂര്‍ണ്ണനദിയില്‍ മുങ്ങിയ പോലെ മാലിന്യം നീങ്ങി സിദ്ധി നേടും. എല്ലാ പാപങ്ങളും ജ്ഞാനപ്രവാഹത്തില്‍ നീങ്ങും. വിസ്താരമുള്ള നദി കടക്കുന്നവന്‍ മറുകര കാണുമ്പോള്‍ മാത്രമേ സന്തോഷിക്കുകയുള്ളൂ. മറുകര കാണുന്നവന്‍ തോണിയാല്‍ എത്തുവാന്‍ ശ്രമിക്കുന്നു. അപ്പോഴേ അവനും സുഖം ലഭിക്കയുള്ളു. സത്യത്തെപ്പറ്റിയുള്ള ജ്ഞാനം അവനെ സന്തോഷ ഭരിതനാക്കും. അങ്ങനെയുള്ള ജ്ഞാനത്തിന്റെ ഫലം ലഭിക്കുവാന്‍ സന്തോഷം തുടങ്ങുമ്പോള്‍ പുരുഷന്‍ മറുകര പറ്റിയതായി കണക്കാക്കുന്നു. തത്ത്വജ്ഞന്‍ തപിക്കുകയില്ല. ഫലം കണ്ടാല്‍ അവന്‍ കടന്നുപോകും. ഇപ്രകാരം ഉത്തമജ്ഞാനമായ കൈവല്യത്തെ, അദ്ധ്യാത്മത്തെ അറി യുക. ഇത്‌ അറിഞ്ഞ നരന്‍ എല്ലാ ഭൂതത്തിന്റെയും ജന്മനാശങ്ങള്‍ മനസ്സിലാക്കി മെല്ലെ ബുദ്ധിയാല്‍ ഒടുവില്‍ ശമം പ്രാപിക്കുന്നു.

ത്രിവര്‍ഗ്ഗത്തെ അറിഞ്ഞവനും, എല്ലാം നോക്കിയറിഞ്ഞു വിടുന്നവനും, മനസ്സാല്‍ തിരയുന്നവനുമായ യോഗി തത്ത്വം കണ്ട്‌ നിരുത്സാകനാകുന്നു. ആത്മാവിനെ വേര്‍തിരിച്ച്‌ ഇന്ദ്രിയങ്ങളാല്‍ അകൃതാത്മാക്കള്‍ക്ക്‌ കാണുവാന്‍ കഴിയുകയില്ല. ആത്മാവിനെ അറിഞ്ഞവന്‍ ബുദ്ധനായി. ബുദ്ധലക്ഷണം വേറെ എന്തുണ്ട്‌. അതറിഞ്ഞ്‌ മനീഷികള്‍ കൃതകൃത്യരായി ബ്രഹ്മത്തെത്തന്നെ നിനയ്ക്കുന്നു.

ജഡരതിഭയങ്ങള്‍ ഏൽക്കുന്നതില്‍ ബുധന്മാര്‍ ഒരിക്കലും ഭയപ്പെടുകയില്ല. നന്മയുടെ തൂക്കവും അളവും അനുസരിച്ച്‌ മോക്ഷത്തിന്റെ ആപേക്ഷികാവസ്ഥ മനസ്സിലാക്കാമെന്ന്‌ മഹര്‍ഷികള്‍ പറയുന്നു. ഫലത്തില്‍ ആസക്തി കൂടാതെ കര്‍മ്മം ചെയ്യുന്നതു കൊണ്ടു പണ്ടു താന്‍ ചെയ്ത പാപം ഇല്ലാതാക്കാമെന്നു പറയുന്നു. ജഞാനിക്കു പഴയ കര്‍മ്മങ്ങളുടെയും ഇപ്പോഴത്തെയും ഫലങ്ങള്‍ അപ്രിയമാവുകയില്ല. ദീനന്മാരില്‍ ജനങ്ങള്‍ ഈര്‍ഷ്യ കൊളളുന്നു. അത്‌ അവനെ അടുത്ത ജന്മത്തില്‍ ദോഷമായി ബാധിക്കുകയും ചെയ്യും. പുത്രന്മാര്‍ മരിച്ചും ധനം നഷ്ടപ്പെട്ടും മറ്റു വിധത്തിലും ദുഃഖിച്ച്‌ ആതുരരായിക്കഴിയുകയാണ്‌ അജ്ഞരായ ജനങ്ങള്‍. ആ ദുഃഖം യാഥാര്‍ത്ഥ്യ ബോധത്തിന്റെ അഭാവത്താലാണെന്ന്‌ അറിയുക. ജ്ഞാനികള്‍ക്കു ദുഃഖമില്ല അവരിങ്ങനെ ദുഃഖിക്കയില്ല. അവര്‍ രണ്ടും കണ്ടറിഞ്ഞവരാണെന്നു ധരിക്കുക. ഇത്തരത്തിലുള്ളവരാണ്‌ ശരിയായ ജ്ഞാനികള്‍.

അദ്ധ്യായം 195. ധ്യാനയോഗകഥനം - ധ്യാനയോഗത്തിന്റെ സ്വഭാവവും മഹിമയും -- ഭീഷ്മൻ പറഞ്ഞു: അല്ലയോ പാര്‍ത്ഥാ, നാലു വിധത്തിലാണ്‌ ജ്ഞാനയോഗം. അതിനെക്കുറിച്ച്‌ ഞാന്‍ പറയാം. അത്‌ ശരിയായി അറിഞ്ഞ മഹര്‍ഷിമാര്‍ എല്ലാ കാലത്തേക്കും സിദ്ധിയേൽക്കുന്നു. ധ്യാനം നന്നായി ഒത്ത വിധം യോഗികള്‍ ചെയ്യുന്നു. ജഞാനതൃപ്തരായ മുനീന്ദ്രന്മാര്‍ നിര്‍വ്വാണത്തെ ചിന്തിച്ച്‌ സംസാരദോഷത്തില്‍ നിന്ന്‌ വിമുക്തരാകുന്നു. അവര്‍ക്ക്‌ പിന്നെ പുനര്‍ജ്ജന്മം ഉണ്ടാകുന്നതല്ല. ജന്മദോഷം ക്ഷയിച്ചവരും നിര്‍ദ്വന്ദരും, നിത്യസത്വസ്ഥരും, മുക്തന്മാരും, നിഷ്പരിഗ്രഹരുമായവര്‍ക്ക്‌ തര്‍ക്കമറ്റ അസംഗങ്ങള്‍ മനഃശാന്തികരങ്ങളാകുന്നു. അങ്ങനെ ധ്യാനത്തോടു ചേര്‍ന്ന്‌ മനസ്സിനെ ഏകാഗ്രമാക്കി ഇന്ദ്രിയങ്ങളെ ഒന്നാക്കി മരത്തടിപോലെ മുനി അമരുന്നു.

അങ്ങനെ ധ്യാനനിമഗ്നനായിരിക്കുന്ന മുനി ചെവി കൊണ്ട്‌ ശബ്ദം കേള്‍ക്കുകയില്ല. തൊലി കൊണ്ട്‌ സ്പര്‍ശം അറിയുകയില്ല. കണ്ണു കൊണ്ട്‌ രൂപം കാണുകയില്ല. നാവു കൊണ്ട്‌ സ്വാദറിയുകയില്ല. എല്ലാ ഗന്ധങ്ങളേയും വെടിയുന്നു. ധ്യാനത്താല്‍ യോഗത്തില്‍ ലയിച്ചവന്‍ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നുണ്ടാകുന്ന സുഖത്തെ ഇച്ഛിക്കുകയില്ല. വീര്യവാനായ അവന്‍ അവയെ മഥിക്കുന്നു. പഞ്ചവര്‍ഗ്ഗങ്ങളെ ഉള്ളിലടക്കി വിചക്ഷണനായ അവന്‍ അഞ്ചിന്ദ്രിയത്തേയും മനസ്സിനേയും അടക്കുന്നു. അനാലംബമായി കണ്ടതിലൊക്കെ മോഹിച്ചു സഞ്ചരിക്കുന്ന മനസ്സിനേയും പഞ്ചേന്ദ്രിയങ്ങളേയും ആദ്യമായി ധീരന്‍ ധ്യാനമാര്‍ഗ്ലത്തില്‍ നിറുത്തുന്നു.

ആദ്യമായി ഇന്ദ്രിയങ്ങളും മനസ്സും ഒന്നാക്കിത്തീര്‍ക്കണം. ധ്യാനമാര്‍ഗ്ഗത്തില്‍ ആദ്യം ഇതാണു വേണ്ടത്‌. അപ്പോള്‍ കാറ്റില്‍ ഇളകുന്ന മിന്നലെന്ന പോലെ മനസ്സ്‌ സ്ഫുരിക്കും. താമരയിലയില്‍ നില്ക്കുന്ന വെള്ളത്തുള്ളി കാറ്റില്‍ ഇളകുന്ന പോലെ അവന്റെ ചിത്തവും ധ്യാനമാര്‍ഗ്ഗത്തില്‍ ചലിക്കും. കുറച്ചുസമയം ഉറപ്പിച്ചു നിന്നാല്‍ അത്‌ ധ്യാനമാര്‍ഗ്ഗത്തില്‍ നില്ക്കും. വീണ്ടും മനസ്സ്‌ ആകാശത്ത്‌ കാറ്റ്‌ അടിക്കുമ്പോളെന്ന പോലെ ഇളകും. നിര്‍വ്വേദമില്ലാത്തവനും, ക്ലേശം അറ്റവനും, മടി വിട്ടവനും, മാത്സര്യമില്ലാത്തവനും, ധ്യാനത്താല്‍ ധ്യാനയോഗജ്ഞനുമായ അവന്‍ വീണ്ടും ചിത്തത്തെ അടക്കും. മൗനവ്രതമെടുത്ത്‌ യോഗധ്യാനം കൊളളുന്നവന് വിവേചനബുദ്ധിയും, വിവേകവും, ജ്ഞാനവും സിദ്ധിക്കും. മനശ്ചാഞ്ചല്യം ദുഃഖമുണ്ടാക്കുമെങ്കിലും യോഗി നിരാശനാകാതെ, നന്മയ്ക്കായി മനസ്സു കൊണ്ടു ക്ലേശിച്ച്‌ വീണ്ടും ധ്യാനം നടത്തണം. തടസ്സം എന്ത്‌ ബാധിച്ചാലും മുനി ഒട്ടും അതില്‍ വെറുക്കുകയോ നിരാശപ്പെടുകയോ അരുത്‌. തന്റെ ഹിതമെന്തോ അതു ചെയ്യുക തന്നെ വേണം. പൊടി, ചാരം, വരളി എന്നിവ ഒരിടത്തുവെച്ച്‌ വെള്ളം കൊണ്ടു കുറേശ്ശെ നനച്ചാല്‍ ഉടനെ നനവേല്ക്കുകയില്ല. കുറച്ച്‌ നനയും. അപ്പോള്‍ പൊടിയല്ലാത്ത മട്ടിലാകും. പിന്നേയും കുറേശ്ശെ നനച്ചു കൂട്ടുമ്പോള്‍ പതുക്കെപ്പതുക്കെ നനഞ്ഞ്‌ വെള്ളത്തില്‍ അലിഞ്ഞു കൂടും. അപ്രകാരം പഞ്ചേന്ദ്രിയങ്ങളെ മെല്ലെ ധ്യാനത്തില്‍ ലയിപ്പിക്കണം. ക്രമത്താല്‍ ഇന്ദ്രിയങ്ങളെ സംഹരിച്ചാല്‍ അതു നല്ലപോലെ ശമിക്കും. ഇപ്രകാരം ഹേ ഭരതര്‍ഷഭാ, പഞ്ചേന്ദ്രിയ വ്യാപൃതമായ മനസ്സിനെ ആദ്യമേ തന്നെ ധ്യാനത്തിന്റെ വഴിയിലേക്കു കൊണ്ടു വന്നാല്‍ അത്‌ നിത്യമായ യോഗത്തില്‍ അടങ്ങി നില്ക്കും.

പൌരുഷം കൊണ്ട്‌ മാത്രമായോ, ദൈവം കൊണ്ടു മാത്രമായോ, ഒരാള്‍ക്കും സുഖം പാട്ടിലാവുകയില്ല. അപ്രകാരം തന്നെയാണ്‌ സംയതാത്മാവിന്റെയും കഥ, യോഗം പ്രാപിച്ചവന്‍ സുഖമായി ധ്യാനത്തില്‍ ലയിക്കും. യോഗീന്ദ്രന്മാര്‍ ഇപ്രകാരം പ്രാപിക്കുന്ന ആ നിര്‍വ്വാണം അനാമയമാകുന്നു.

അദ്ധ്യായം 196. ജാപകോപാഖ്യാനം - ജപധ്യാനങ്ങളുടെ സ്ഥലത്തെക്കുറിച്ചുളള വിവരണം - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ പിതാമഹാ, അങ്ങ്‌ നാലാശ്രമങ്ങളെപ്പറ്റിയും രാജധര്‍മ്മങ്ങളെപ്പറ്റിയും പറഞ്ഞു തന്നു. അങ്ങ്‌ പല ഇതിഹാസങ്ങളേയും പല തരത്തിലുള്ള ആശ്രയങ്ങളേയും പറഞ്ഞു തന്നു. പല ധാര്‍മ്മിക കഥകളും ഭവാന്‍ പറഞ്ഞു തന്നു. ഇപ്പോള്‍ എനിക്ക്‌ ഒരു സംശയം ബാധിച്ചിരിക്കുന്നു. അതും അങ്ങു തീര്‍ത്തു തരണം.

ജപിക്കുന്നവര്‍ക്കുള്ള ഫലലാഭം എന്തെന്ന്‌ അങ്ങു പറഞ്ഞു തരണം. ജപിക്കുന്നവര്‍ക്ക്‌ എന്തു ഫലം? അവര്‍ നില്ക്കുന്നത്‌ എവിടെ? ജപത്തിന്റെ വിധിയും മറ്റും ഹേ, പിതാമഹാ, അങ്ങ്‌ പറഞ്ഞാലും. ജപിക്കുന്നവര്‍ എന്നത്‌ എന്താണ്‌? അത്‌ സാംഖ്യയോഗവിധാനമാണോ? അത്‌ എന്തു യജനവിധിയാണ്‌? ജപ്യം എന്നാല്‍ എന്താണ്‌? ഇതെല്ലാം അങ്ങ്‌ പറഞ്ഞുതരിക. അങ്ങ്‌ സര്‍വ്വജ്ഞനാണ്‌ എന്നാണ്‌ എന്റെ മതം.

ഭീഷ്മൻ പറഞ്ഞു: ഇതിന്ന്‌ ഉദാഹരണമായി ഒരു പഴങ്കഥ നാട്ടില്‍ നടപ്പുണ്ട്‌. പണ്ട്‌ യമധര്‍മ്മനും, കാലനും, ബ്രാഹ്മണനും തമ്മില്‍ നടന്നതാണ്‌ കഥ.

മോക്ഷം കാണുന്ന മുനീശ്വരന്മാര്‍ സാംഖ്യവും യോഗവുമെന്തെന്നു പറഞ്ഞിട്ടുണ്ട്‌. വേദാന്തത്തില്‍ സന്യാസവും ജപവും പറഞ്ഞിട്ടുണ്ട. പക്ഷേ, സാംഖ്യത്തിലോ യോഗത്തിലോ അതിന്റെ ആവശ്യം പറഞ്ഞിട്ടില്ല. വേദാന്തത്തിലും യോഗത്തിലും മനോനിഗ്രഹവും ഇന്ദ്രിയനിഗ്രഹവും സാധിക്കുന്നത്‌ ജപമായിത്തന്നെ കണക്കാക്കുന്നു.

ജപംകൊണ്ടു മുക്തിനേടാനാഗ്രഹിക്കുന്നവര്‍ സത്യം, അഗ്നിശുശ്രൂഷണം, വിജനസ്ഥലസേവനം, ധ്യാനം, തപം, ദമം, ക്ഷാന്തി, അനസുയ, മിതാശനം, വിഷയം വിടല്‍, മിതമായ ഭാഷണം, ശമം എന്നിവ പാലിക്കണം. ഇവ പ്രവര്‍ത്തിപ്പിക്കുന്ന യജ്ഞമാണ്‌. ഇനി നിവര്‍ത്തിക്കുന്ന യജ്ഞത്തേയും പറയാം: അത്‌ കേട്ടാലും. ജപിക്കുന്ന ബ്രഹ്മവാദിക്കു കര്‍മ്മം വിട്ടൊഴിയുന്ന വിധം, ഈ പറഞ്ഞതൊക്കെ ഭേദമില്ലാതെ പറഞ്ഞ വിധം തന്നെ നടക്കണം. വ്യക്തമായും അവ്യക്തമായും അനാശ്രയമായും അടങ്ങുന്ന മാര്‍ഗ്ഗത്തിലെത്തി കുശപ്പുല്ലു വിരിച്ച്‌ അതിലിരുന്നു കുശ കൈയില്‍ പിടിച്ച്‌ കുശാശിഖിയായി കുശകള്‍ ചുഴുമാറ്‌ നടുവില്‍ കുശയാല്‍ ഛന്നനായി വിഷയങ്ങളെ സേവിക്കാതെ അതിനെ വന്ദിച്ച്‌, വിഷയങ്ങള്‍ നിനയ്ക്കാതിരിക്കുക.

അങ്ങനെ മനസ്സാല്‍ സമനില ഉണ്ടാക്കി ഉള്ളം ഉള്ളിലാഴ്ത്തി, ധീയാല്‍ ധ്യാനിക്കുകയാണ്‌ ബ്രഹ്മസംഹിതാജപത്തില്‍ മുഴുകിയവന്‍. സമാധിയില്‍ അമര്‍ന്നവന്‍ സന്യസിച്ചേക്കാം. സംഹിതാബലത്തെ സംശ്രയിച്ച്‌ ധ്യാനം സമ്പാദിക്കുന്നു. ശുദ്ധന്‍, തപസ്സാല്‍ ദാന്തന്‍, കാമദ്വേഷങ്ങള്‍ വിട്ടവന്‍, രാഗമോഹങ്ങള്‍ വിട്ടവന്‍-ഇവര്‍ ദുഃഖിക്കയില്ല. വീണ്ടും സുഖതല്പരനാവുകയില്ല. കാരണങ്ങള്‍ക്ക്‌ കര്‍ത്താവില്ല. കാരൃത്തിന്ന്‌ ഈ നിലയില്ല.

അഹകങ്കാരത്തോടു കൂടി മനസ്സിനെ എങ്ങും വ്യാപരിപ്പിക്കരുത്‌. അര്‍ത്ഥ്രഗഹം, മാനഹാനി, ഔദാസ്യം ഇവയൊക്കെ വിട്ടവനായി, ധ്യാനക്രിയാപരനായി ഇരിക്കുന്ന യോഗി ധ്യാനവാനും ധ്യാനത്തില്‍ ഉറച്ചവനുമാകുന്നു. ധ്യാനത്തില്‍ സമാധിയേറ്റ്‌ അവന്‍ എല്ലാറ്റിനേയും ക്രമേണ വിടുന്നു. ആ നിലയിലെത്തി സര്‍വ്വത്യാഗിയാല്‍ അവന് ശ്രേഷ്ഠമായ സുഖം ലഭിക്കും. അനീഹനായി അവന്‍ പ്രാണന്‍ വെടിയും. അങ്ങനെ വിട്ടുപോകുന്ന പ്രാണന്‍ ബ്രാഹ്മിയായ ശരീരത്തെ പ്രാപിക്കും. അതില്‍ ഇച്ഛയില്ലെങ്കില്‍ അവന്‍ ബ്രഹ്മസായുജ്യത്തെ പ്രാപിക്കും. വീണ്ടും ജനിക്കുകയില്ല.

ആത്മബുദ്ധിയോടെ ധ്യാനനിമഗ്നനായവന്‍ നിരാമയനായി എല്ലാ ലോകദുഃഖങ്ങളില്‍ നിന്നും വിട്ടവനായി മൃതിയില്ലാത്തതും രജസ്സില്ലാതെ ശുദ്ധമായി വിളങ്ങുന്നതുമായ പരമാത്മാവില്‍ ചെന്നു ചേരും.

അദ്ധ്യായം 197. ജാപകോപാഖ്യാനം - ജാപകന്ന്‌ ദോഷം സംഭവിച്ചാല്‍ നരകമാണു ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: ജാപകന്മാര്‍ക്ക്‌ ഏറ്റവും ഉത്തമമായ സല്‍ഗതി ലഭിക്കുമെന്ന്‌ അങ്ങു പറഞ്ഞുവല്ലോ. അവര്‍ക്ക്‌ ഒരു തരത്തിലുള്ള സല്‍ഗതി മാത്രമാണോ വേറെ വല്ല ഗതിയും ഉണ്ടോ?

ഭീഷ്മൻ പറഞ്ഞു:  ജപിക്കുന്നവര്‍ക്കുളള ഗതി എന്താണെന്നു ഹേ രാജാവേ, ഭവാന്‍ മനസ്സു വെച്ചു കേള്‍ക്കുക അനേകം നരകവും അവര്‍ക്കുണ്ട്‌. അതും പറയാം പുരുഷ ശ്രേഷ്ഠാ!

മുമ്പു പറഞ്ഞ മാതിരി അനുഷ്ഠിക്കാത്ത ജാപകന്‍, കര്‍മ്മങ്ങള്‍ മുഴുമിപ്പിക്കാതിരിക്കുന്നവന്‍, ഇവരൊക്കെ നരകത്തിലേക്കെത്തും. അത്‌ ഏതൊക്കെയാണെന്നു പറയാം.

അവമാനത്തോടു കൂടി ചെയ്യുക, നന്ദിക്കാതെയും ഹര്‍ഷമേല്ക്കാതെയും ചെയ്യുക. ഇത്തരം ജാപകന്നു ഗതി നരകം തന്നെയാണ്‌. അതില്‍ ഒട്ടും സംശയമില്ല. അഹങ്കാരത്തോടെ ജപിക്കുന്നവരെല്ലാം നരകത്തിലെത്തും. പരാവമാനിയായ പുരുഷന്‍ നരകത്തിലെത്തും. ദ്രോഹചിന്തയോടുകൂടി ജപിക്കുന്നവന്‍, മോഹത്തില്‍ മുങ്ങിയവന്‍, അവന്റെ കാമം, അവന്‍ ചെല്ലുന്ന ദിക്കിലൊക്കെ അകപ്പെടുത്തും. ഐശ്വര്യം എത്തിച്ചേരുന്നതില്‍ രഞ്ജിക്കുന്നവനായ ജാപകന്‍ അവന്നു നരകം തീര്‍ക്കുകയാണ്‌. അത്‌ അവന്‍ വിട്ടുപോവുകയില്ല. രാഗത്താല്‍ അതില്‍ മോഹിച്ചു ജപിക്കുകയാണെങ്കില്‍ രാഗം അവന്‍ ചെല്ലുന്ന ദിക്കിലൊക്കെ കാണും. ദുര്‍ബുദ്ധിയും അകൃതപ്രജ്ഞനുമായവന്‍ മനസ്സിളകി നിന്നാല്‍ ചലിക്കുന്നതായ ഗതിയാണവന്നു ലഭിക്കുക. അവന്‍ നരകത്തില്‍ച്ചെന്നു എന്നും വരും. ഈ ബോധം തെറ്റിച്ചു നില്ക്കുന്നവന്ന്‌ അവന്‍ ചെയ്യുന്ന തെറ്റ്‌ ധരിക്കുന്നില്ലെങ്കില്‍ അകൃതപ്രജ്ഞനായ ആ വിഡ്ഢിജ്ജാപകന്‍ മോഹത്തിലകപ്പെടും. അതിന്റെ ഫലമായി മോഹം മൂലം നരകത്തില്‍ ചെന്നു വീഴും. വാശിയോടു കൂടി, ഞാന്‍ കാണിച്ചു തരാം നോക്കിക്കോ എന്നു പറഞ്ഞു ജപിക്കുന്ന ജാപകന്‍ പൂര്‍ണ്ണനല്ല. അവന്‍ യോഗിയല്ല. അവന്‍ തീര്‍ച്ചയായും നരകത്തിലെത്തും.

യുധിഷ്ഠിരന്‍ പറഞ്ഞു: സ്വാഭാവികവും മായാതീതവും വ്യക്തവുമായ ബ്രഹ്മത്തില്‍ മനസ്സുറപ്പിച്ച, അതില്‍ പൂകിയ, ജാപകന്‍ പുനര്‍ജ്ജന്മം എടുക്കുന്നതെങ്ങനെ?

ഭീഷ്മൻ പറഞ്ഞു: ദുഷ്പ്രജ്ഞാനത്തിനാല്‍ നരകങ്ങള്‍ പലതരത്തിലുണ്ടെന്നു പറഞ്ഞതാണ്‌. തെറ്റിപ്പോകുന്നവരാണ്‌ നരകത്തില്‍ പോവുക. അല്ലാതെ ശരിയായി കര്‍മ്മം അനുഷ്ഠിക്കുന്നവന്‍ നരകത്തിലെത്തുകയില്ല. ജാപകത്വം പ്രശസ്തം തന്നെയാണ്‌. അങ്ങനെ ശരിയായ മട്ടില്‍ ജപിക്കുന്ന ജാപകന്നു പുനര്‍ജ്ജന്മമില്ല. തെറ്റായ വഴിക്കു നടക്കുന്നവര്‍ക്കാണ്‌ നരകവും പുനര്‍ജ്ജന്മവും.

അദ്ധ്യായം 198. ജാപകോപാഖ്യാനം - ജാപകോചിതമായ ദേവസ്ഥാനങ്ങള്‍ - യുധിഷ്ഠിരന്‍ പറഞ്ഞു:  ജാപകന്‍ ഏതുതര ത്തിലുള്ള നരകത്തിലേക്കാണ്‌ ചെന്നെത്തുക? ആ നരകത്തിന്റെ മാതിരി എങ്ങനെയാണെന്നറിഞ്ഞാല്‍ കൊളളാം. വിവരിച്ചു പറ ഞ്ഞുകേള്‍ക്കുവാന്‍ രാജാവേ, എനിക്കു കൌതുകമുണ്ട്‌. ഭവാന്‍ അതു പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു:  ധര്‍മ്മാംശമായി പിറന്നവനാണ്‌ നീ. സ്വഭാവാല്‍ ധര്‍മ്മശാലിയാണ്‌ നീ. ധര്‍മ്മമൂലാശ്രയമായ മൊഴി സശ്രദ്ധം സന്മതേ, നീ കേള്‍ക്കുക പരമാത്മാക്കളായ വാനവര്‍ക്കുള്ള സ്ഥാനങ്ങളുണ്ടല്ലോ. അവ ഞാന്‍ പറയാം. നാനാസംസ്ഥാന വര്‍ണ്ണങ്ങളും, നാനാരൂപഫലങ്ങളും ചേര്‍ന്നതാണ്‌ ആ സ്ഥലം. ദിവ്യങ്ങളും, കാമഗങ്ങളുമായ വിമാനങ്ങള്‍ സഞ്ചരിക്കുന്ന സ്ഥലമാണവിടം. സദസ്സുകള്‍, നാനാതരം ഉദ്യാനങ്ങള്‍, പൊന്‍പൂക്കള്‍ വികസിക്കുന്ന പൊയ്കകള്‍ ചേര്‍ന്ന ആ ദിവ്യസ്ഥാനത്ത്‌ നാല്‌ ലോകേശന്മാരും, ശുക്രാചാര്യനും ബൃഹസ്പതിയും മറ്റും ആ മനോഹരോദ്യാനത്തില്‍ വിഹരിക്കുന്നു. സാദ്ധ്യന്മാരും, വിശ്വേദേവകളും, മരുത്തുക്കളും, അശ്വിനീദേവകളും, രുദ്രനും ആദിത്യനും, വസുക്കളും മറ്റ്‌ ദേവകളും പരമാത്മ നിലയില്‍ അവിടെ ഉപാസിക്കുന്നു. ഇതിന്നു വിപരീതമാണ്‌ നരകം.

സ്വര്‍ഗ്ഗം അനിമിത്തമാണ്‌. അഭയസ്ഥാനമാണു സ്വര്‍ഗ്ഗം. ക്ലേശമെന്നത്‌ അവിടെയില്ല. അവിടെ രണ്ടു കാര്യവുമില്ല (അനുകൂല പ്രതികൂലങ്ങൾ). മൂന്നു ഗുണങ്ങളില്ല (സത്വരജസ്തമോഗുണൾ).  എട്ട്‌ ഇന്ദ്രിയജ്ഞാനങ്ങളില്ല (പഞ്ചേന്ദ്രിയം, ബോധം, മനസ്സ്‌, ബുദ്ധി), മുന്നു ജേഞയങ്ങളില്ല. നാലു ജ്ഞാനങ്ങളില്ല. അപ്രഹര്‍ഷവും, അനാനന്ദവും, അശോകവും വിഗതക്ലമവുമായ കാലം അതില്‍ നില്ക്കുന്നു. അവിടെ കാലം പ്രഭുവല്ല. രാജാവേ, കാലപ്രഭുവായവന്‍ സ്വര്‍ഗ്ഗത്തിന്നും അധീശ്വരനാണ്‌. ആത്മകൈവല്യം പ്രാപിച്ച പുരുഷന്‍ അവിടെച്ചെന്നാല്‍ ദുഃഖിക്കുന്നതല്ല. ഇപ്രകാരമാണ്‌ സ്വര്‍ഗ്ഗസ്ഥാനം. അതിന് നേരെ വിപരീതമാണ്‌ നരകസ്ഥാനം.

ഹേ രാജാവേ, ശരിയായ വിധം നരകത്തെപ്പറ്റി ഞാന്‍ പറഞ്ഞു. മുന്‍പറഞ്ഞ സ്വര്‍ഗ്ഗത്തില്‍ പറ്റുവാന്‍ അര്‍ഹതയില്ലാത്ത പാപികള്‍ അതിന്നപ്പുറത്തുള്ള നരകത്തില്‍ വീഴുന്നു.

അദ്ധ്യായം 199. ജാപകോപാഖ്യാനം - ജാപകന്ന്‌ സാവിത്രിയുടെ വരദാനം - യുധിഷ്ഠിരന്‍ പറഞ്ഞു: കാലന്‍, മൃത്യു, യമന്‍, ഇക്ഷ്വാകു, വിപ്രന്‍ ഇവര്‍ തമ്മില്‍ വിവാദമുണ്ടായി എന്ന്‌ അങ്ങു പറഞ്ഞുവല്ലോ. പിതാമഹാ, അതിനെക്കുറിച്ച്‌ അങ്ങു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭീഷ്മൻ പറഞ്ഞു: ഇതിന്നുദാഹരണമായി ഒരു പുരാണ കഥ പറയാറുണ്ട്‌. സൂര്യപുത്രനായ ഇക്ഷ്വാകുവും ബ്രാഹ്മണനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ കഥാവിഷയം. കാലനും, മൃത്യുവും അതില്‍ കഥാപാത്രങ്ങളാണ്‌. അവര്‍ തമ്മിലുണ്ടായ സംഭാഷണവും അതിന്റെ സന്ദര്‍ഭവും ഞാന്‍ പറയാം. കേള്‍ക്കുക.

പണ്ട്‌ ഒരു ജാപക ബ്രാഹ്മണന്‍, പിപ്പലാദജനായ കൗശികന്‍ എന്നറിയപ്പെടുന്ന വേദവേദാംഗജ്ഞാനിയായ ധര്‍മ്മവൃത്തന്‍, ഹിമവല്‍പ്പാദത്തില്‍ ചെന്ന്‌ തപോനിയമത്തോടെ വസിച്ചു. അവന്‍ അന്തൃമായ ബ്രാഹ്മൃതപസ്സില്‍ മനസ്സുവെച്ച്‌ സംഹിത ജപിച്ച്‌ ആയിരം വര്‍ഷം കഴിഞ്ഞു. വേദങ്ങളില്‍ വിദഗ്ദ്ധനും മഹാപ്രാജ്ഞനുമായ അവന്‍ ഷഡംഗങ്ങളില്‍ പ്രത്യക്ഷമായ ജ്ഞാനം നേടി. ആ ബ്രാഹ്മണന്‍ അങ്ങനെ ജപിച്ചു നിൽക്കുമ്പോള്‍ അവന്റെ മുമ്പില്‍ ദേവി പ്രത്യക്ഷയായി, ഞാന്‍ നിന്നില്‍ പ്രീതയായിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍ ഒന്നും മിണ്ടാതെ മന്ത്രം ജപിച്ചുകൊണ്ട്‌ നില്ക്കുന്ന അവന്‍ ദേവിയോട്‌ ഒന്നും പറഞ്ഞില്ല. എന്നാല്‍ ദേവി അപ്പോള്‍ അവനില്‍ കനിവോടെ, പ്രീതിയോടെ നിന്നു. വേദമാതാവായ ദേവി അവന്റെ ആ ജപത്തെ പ്രശംസിച്ചു.

ബ്രാഹ്മണന്‍ ജപം കഴിഞ്ഞ്‌ എഴുന്നേറ്റ ഉടനെ ദേവിയുടെ പാദങ്ങളില്‍ തല കുമ്പിട്ട് വീണു നമസ്കരിച്ചു. ആ ധര്‍മ്മജ്ഞന്‍ ഇപ്രകാരം പറഞ്ഞു:  ഭാഗ്യം! ദേവീ, ഭവതി എന്നില്‍ പ്രസാദിച്ചു. ഭാഗ്യം! ഭവതിയെ ഞാന്‍ എന്റെ കണ്ണു കൊണ്ടു കാണുമാറായി. ഭവതി എന്നില്‍ പ്രസാദിക്കുന്നുണ്ടെങ്കില്‍ എന്റെ ഹൃദയം എപ്പോഴും ജപ്യത്തില്‍ത്തന്നെ രമിക്കുമാറാകണം.

സാവിത്രി പറഞ്ഞു:  വിപ്രര്‍ഷേ, അങ്ങ്‌ എന്താണു പ്രാര്‍ത്ഥിക്കുന്നത്‌? ഞാന്‍ എന്തു പ്രിയമാണ്‌ അങ്ങയ്ക്കു ചെയ്യേണ്ടത്‌? പറയു. ജാപക ശ്രേഷ്ഠാ, അങ്ങയുടെ ആഗ്രഹം എല്ലാം സഫലമാകട്ടെ! ഇപ്രകാരം ദേവി പറഞ്ഞപ്പോള്‍ ആ ജാപക ശ്രേഷ്ഠനായ വിപ്രന്‍ പറഞ്ഞു:  "വീണ്ടും ജപ്യത്തില്‍ എനിക്ക്‌ ഇച്ഛ വര്‍ദ്ധിക്കു മാറാകട്ടെ! മനസ്സമാധി നാള്‍തോറും ഇങ്ങനെ എന്നില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹിച്ചാലും!" എന്ന് ബ്രാഹ്മണന്‍ പറഞ്ഞതു കേട്ടപ്പോള്‍,  "അങ്ങയുടെ ആഗ്രഹം പോലെ അപ്രകാരം ഭവിക്കും" എന്നു ദേവി മധുരമായി മറുപടി പറഞ്ഞു. അതിന് പുറമേ അവന്റെ ഇഷ്ടം ചിന്തിച്ച്‌ ദേവി വീണ്ടും പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, ദ്വിജര്‍ഷഭന്മാര്‍ പോയ ഉത്തമ സ്ഥാനത്ത്‌, അനിമിത്തമായി, അനിന്ദിതമായിരിക്കുന്ന സ്ഥാനത്ത്‌ നീ ചെന്നെത്തും. നീ നരകം ഒരിക്കലും പൂകുകയില്ല. ഞാന്‍ പോകുന്നു. ഹിതം ചിന്തിച്ച്‌ അങ്ങു പറഞ്ഞതെല്ലാം അപ്രകാരം വന്നു കൂടും. നിയമത്താല്‍ ജപം ശ്രേഷ്ഠമാകുന്നു. ധര്‍മ്മനും, കാലനും, മൃത്യു വും, യമനും നിന്റെ സമീപത്തെത്തും. അവരും നീയും തമ്മില്‍ ധര്‍മ്മസംബന്ധമായി വാദം നടത്തും.

ഭീഷ്മൻ പറഞ്ഞു; എന്നു പറഞ്ഞ്‌ ഭഗവതി തന്റെ ഗേഹത്തിലേക്കു പോയി. ദിവൃശതവര്‍ഷങ്ങള്‍ ആ ദ്വിജന്‍ ജപിച്ചു കൊണ്ടിരിക്കുകയായി. നിത്യം ദാന്തനായി, ജിതക്രോധനായി, സത്യസ്ഥനായി, അനസൂയകനായി, ബുദ്ധിമാനായി വിളങ്ങുന്ന വിപ്രനെ നിയമം തീര്‍ന്ന സമയത്ത്‌ പ്രീതനായി തന്റെ മുമ്പില്‍ വന്നു നിൽക്കുന്ന ധര്‍മ്മനെ ബ്രാഹ്മണന്‍ കണ്ടു.

ധര്‍മ്മന്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ, നോക്കുക! ഞാന്‍ ധര്‍മ്മനാണ്‌. നിന്നെക്കാണുവാന്‍ വന്നതാണ്‌! നിന്റെ ഈ ജപം മൂലം നീ നേടിയിരിക്കുന്ന മഹത്തായ ഫലം എന്താണെന്ന്‌ നീ അറിയുന്നുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കുക. ദിവ്യമാനുഷന്മാര്‍ക്കുളള എല്ലാ ലോകങ്ങളും നീ ജയിച്ചിരിക്കുന്നു. സാധോ, ഭവാന്‍ ദേവഗൃഹങ്ങള്‍ തോറും കയറി ചരിച്ചാലും. പ്രാണനെ തൃജിച്ച്‌ അഭീഷ്ടമായ ദിവ്യലോകത്തെ മഹര്‍ഷേ, ഭവാന്‍ പൂകിയാലും. ഉടനെ തന്നെ ഈ ദേഹം വെടിഞ്ഞ്‌ ആ മഹത്തായ ലോകങ്ങള്‍ നേടുക.

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ ധര്‍മ്മാ! എനിക്കെന്തിനാണ്‌ ദിവ്യലോകങ്ങള്‍! എടോ ധര്‍മ്മാ, ഭവാന്‍ പൊയ്ക്കൊള്ളുക. ബഹുദുഃഖസുഖങ്ങളോടു കൂടിയ ഈ ദേഹം മതി എനിക്ക്‌. വിഭോ, ഞാന്‍ ഈ ദേഹം ഉപേക്ഷിക്കുവാന്‍ വിചാരിക്കു ന്നില്ല."

ധര്‍മ്മന്‍ പറഞ്ഞു: തീര്‍ച്ചയായും മുനി പുംഗവാ, ഭവാന്‍ ഈ ദേഹം വിടണം. വിടേണ്ടതാണ്‌ ഈ ദേഹം. ഭവാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാലും. ഈ ദേഹം ഇഷ്ടപ്പെടേണ്ടതല്ല സന്മതേ!

ബ്രാഹ്മണന്‍ പറഞ്ഞു: ദേഹം കൂടാതെ എനിക്കു സ്വര്‍ഗ്ഗവാസം പോലും രുചിക്കുകയില്ല. ധര്‍മ്മാ, ഭവാന്‍ പൊയ്ക്കൊള്ളുക. സ്വര്‍ഗ്ഗം പൂകുവാന്‍ ഈ ദേഹം വിടണമെങ്കില്‍ എനിക്ക്‌ ആ സ്വര്‍ഗ്ഗം ആവശ്യമില്ല.

ധര്‍മ്മന്‍ പറഞ്ഞു: ദേഹത്തില്‍ നീ ഇഷ്ടം കാണിക്കരുത്‌. ദേഹം വിട്ട്‌ നീ സുഖിക്കൂ! അവിടെച്ചെന്ന്‌ ദുഃഖമില്ലാത്ത, രുജയില്ലാത്ത ലോകത്തെ പ്രാപിക്കുക.

ബ്രാഹ്മണന്‍ പറഞ്ഞു: ഞാന്‍ ഇവിടെയിരുന്ന്‌ ജീവിക്കുകയാണ്‌. അതിലപ്പുറം ഒരു സുഖം എനിക്കില്ല. എനിക്കെന്തിനാണു നിത്യലോകങ്ങള്‍? ഉടലോടു കൂടി എന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാമോ? എന്നാല്‍ ഞാന്‍ സമ്മതിക്കാം. അല്ലെങ്കില്‍ എനിക്ക്‌ ആ ദിവ്യമായ ലോകം ആവശ്യമില്ല.

ധര്‍മ്മന്‍ പറഞ്ഞു: ദേഹം നീ വെടിയുകയില്ലെങ്കില്‍ നീ വെടിയേണ്ടി വരും. നോക്കൂ! എടോ ദ്വിജാ, ഇതാ കാലനും, മൃത്യുവും, യമനും നേരെ വരുന്നു. അവര്‍ നിന്റെ മുമ്പില്‍ ഇതാ എത്തിക്കഴിഞ്ഞു.

ഭീഷ്മൻ പറഞ്ഞു: പിന്നെ വൈവസ്വതനും കാലനും മൃത്യുവും ഇങ്ങനെ മൂന്നുപേര്‍ ആ യോഗ്യനായ ബ്രാഹ്മണനെ ചെന്നു കണ്ട്‌ ഇപ്രകാരം പറഞ്ഞു.

യമന്‍ പറഞ്ഞു: നല്ല പോലെ ചെയ്ത തപസ്സിനും അപ്രകാരമുളള സല്‍ചരിതത്തിനും അങ്ങയ്ക്കു ഫലം ലഭിച്ചിരുന്നി ല്ല. അല്ലയോ ശ്രേഷ്ഠബ്രാഹ്മണാ, ഞാന്‍ നിന്നോടു പറയുന്നു. ഞാന്‍ യമനാണ്‌.

കാലന്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ, ശരിക്ക്‌ ഭവാന്‍ ഈ ജപത്തിന്റെ മുഖ്യമായ ഫലം ഏറ്റാലും സ്വര്‍ഗ്ഗം പ്രാപിക്കുവാനുളള കാലം ഭവാനെത്തിയിരിക്കുന്നു. ഞാന്‍ കാലനാണ്‌. നിന്നെ കൊണ്ടു പോകാന്‍ വന്നിരിക്കുകയാണ്‌.

മൃത്യു പറഞ്ഞു:  അല്ലയോ ധര്‍മ്മജ്ഞാ! ഞാന്‍ ശരീരമെടുത്ത മൃത്യുവാണ്‌. ഞാന്‍ നിന്റെ അടുത്തു വന്നിരിക്കുന്നത്‌ എന്തിനാണെന്നറിയാമോ? നിന്നെ കൊണ്ടുപോകാനാണ്‌. കാലം എന്നെ പ്രേരിപ്പിക്കുകയാല്‍ ഞാന്‍ അയാളോടു കൂടി നിന്നെ കൊണ്ടുപോകാന്‍ എത്തിയിരിക്കുകയാണ്‌.

ബ്രാഹ്മണന്‍ ഫറഞ്ഞു: സുര്യപുത്രനു സ്വാഗതം! മഹാത്മാവായ കാലനും സ്വാഗതം! മൃത്യുവിനും കാലന്നും സ്വാഗതം! മഹാശയന്മാരേ ഞാന്‍ നിങ്ങള്‍ക്ക്‌ എന്തു സേവനമാണ്‌ ചെയ്യേണ്ടത്‌? പറഞ്ഞാലും?

ഭീഷ്മൻ പറഞ്ഞു: ആ ബ്രാഹ്മണന്‍ ആ ആഗതന്മാര്‍ക്ക്‌ അര്‍ഘ്യപാദ്യങ്ങള്‍ നല്കി പൂജിച്ചു. ബ്രാഹ്മണന്‍ അതിഥിപൂജ ചെയ്ത്‌ പരമപ്രീതനായി ചോദിച്ചു:  ശക്തിക്കൊത്ത വിധം ഞാന്‍ ഭവാന്മാര്‍ക്ക്‌ എന്തു ചെയ്യേണ്ടു! ആജ്ഞാപിച്ചാലും!

ആ സന്ദര്‍ഭത്തില്‍ത്തന്നെ തീര്‍ത്ഥയാത്രയ്ക്കു പോയ ഇക്ഷ്വാകു രാജാവും അവര്‍ കൂടിയ ആ സ്ഥലത്തു ചെന്നെത്തി. രാജര്‍ഷി അവരെയെല്ലാവരേയും പൂജിച്ച്‌ നമിച്ചു. രാജസത്തമന്‍ എല്ലാവര്‍ക്കും കുശലപ്രശ്നം ചെയ്തു. അവന്നും ആസനം, പാദ്യം, അര്‍ഘ്യം എന്നിവ നല്കി കുശല മര്യാദ ചെയ്ത്‌ ബ്രാഹ്മണന്‍ ഇപ്രകാരം പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: മഹാരാജാവേ, അങ്ങയ്ക്കു സ്വാഗതം! അങ്ങയുടെ കാംക്ഷിതം എന്തെന്നു പറയുക! എന്റെ ശക്തിയാല്‍ ഞാന്‍ ചെയ്യേണ്ടത്‌ എന്താണെന്ന്‌ എന്നോടു പറഞ്ഞാലും.

രാജാവു പറഞ്ഞു: ഞാന്‍ രാജാവാകുന്നു. അങ്ങ്‌ ഷള്‍കര്‍മ്മസ്ഥനായ ബ്രാഹ്മണനാണ്‌. അങ്ങയ്ക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തരാം. എന്തു വേണമെന്നു പറയു!

ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ, ബ്രാഹ്മണന്മാര്‍ രണ്ടു വി ധമുണ്ട്‌. പ്രവൃത്തന്മാരും നിവൃത്തന്മാരുമാണ്‌ ആ രണ്ടു തരക്കാര്‍. ഞാന്‍ നിവ്യത്തനാണ്‌. പ്രതിഗ്രഹം വാങ്ങാത്തവനാണ്‌. നിവ്യത്തന്മാരെ നോക്കി അവര്‍ക്ക്‌ പ്രതിഗ്രഹം നല്‍കൂ, രാജാവേ. ഞാന്‍ പ്രതിഗ്രഹം വാങ്ങുകയില്ല. അങ്ങയ്ക്കെന്താണ്‌ ഇഷ്ടം എന്നു വെച്ചാല്‍ അതു ഞാന്‍ നല്കാം. അങ്ങയ്ക്ക്‌ എന്തു വേണമെന്നു പറയു. തപസ്സു കൊണ്ട്‌ എന്ത്‌ കഴിയുമെങ്കില്‍ അതു നല്കാം. എന്തു വേണം?

രാജാവു പറഞ്ഞു: ഹേ ബ്രാഹ്മണാ! ഞാന്‍ ക്ഷത്രിയനാണ്‌. "തരൂ" എന്ന വാക്ക്‌ ഞാന്‍ ഒരിക്കലും ഒരിടത്തും പ്രയോഗിച്ചിട്ടില്ല. അത്‌ എനിക്കറിഞ്ഞുകൂടാ. "യുദ്ധം തന്നാലും" എന്നു പറയാം. അങ്ങനെ പറഞ്ഞിട്ടുണ്ടു താനും. അതാണ്‌ ഒരു രാജാവിന്റെ ധര്‍മ്മമെന്ന്‌ ഭവാനറിഞ്ഞുകുടേ?

ബ്രാഹ്മണന്‍ പറഞ്ഞു: നീ സ്വധര്‍മ്മാല്‍ തുഷ്ടനാണല്ലോ. അപ്രകാരം തന്നെ എന്റെ ധര്‍മ്മത്താല്‍ സന്തുഷ്ടനാണ്‌ ഞാനും. നാം തമ്മില്‍ ഇടപാടൊന്നുമില്ല. അങ്ങയ്ക്ക്‌ എന്തു തോന്നുന്നുവോ അതു ചെയ്തോളു!

രാജാവു പറഞ്ഞു:  സ്വശക്തി പോലെ ഞാന്‍ നല്കാം എന്നു ഭവാന്‍ എന്നോട്‌ ആദ്യം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ നിന്നോട്‌ ഇരക്കുന്നു. ഹേ ദ്വിജാ! അങ്ങ്‌ അങ്ങയുടെ ജപത്തിന്റെ ഫലം എനിക്കു തന്നാലും!

ബ്രാഹ്മണന്‍ പറഞ്ഞു: ഹേ രാജാവേ, ഞാന്‍ യുദ്ധം വേണമെങ്കില്‍ യാചിക്കാം, മറ്റൊന്നും യാചിക്കുകയില്ല. തരൂ എന്ന വാക്ക്‌ എനിക്കു പരിചയമില്ല എന്നൊക്കെ ഭവാന്‍ മേനി പറഞ്ഞു. പിന്നെ ഇപ്പോള്‍ യുദ്ധമല്ലല്ലോ യാചിക്കുന്നത്‌. ഇതു രാജാവിന്ന്‌ ചേര്‍ന്നതാണോ?

രാജാവു പറഞ്ഞു. വാക് വജ്രന്മാരാണ്‌ വിപ്രന്മാര്‍. രാജാക്കന്മാര്‍ ബാഹുജീവികളാണ്‌. ഭവാനും ഞാനും തമ്മില്‍ ഉഗ്രമായ ഒരു വാക് യുദ്ധം തന്നെ നടക്കട്ടെ ബ്രാഹ്മണാ!

ബ്രാഹ്മണന്‍ പറഞ്ഞു: ഞാന്‍ പറഞ്ഞതില്‍ നിന്നു പിന്മാറുന്നില്ല. സത്യം ഞാന്‍ പാലിക്കും. രാജാവേ, ഭവാന്‍ പറയു! ശക്തി പോലെ ഞാന്‍ എന്തു ഭവാനു നല്കണമെന്ന്‌ പറയൂ. വൈകാതെ വിഭവം പോലെ ഞാന്‍ നല്‍കാം.

രാജാവു പറഞ്ഞു: അങ്ങ്‌ ഒരു നൂറ്റാണ്ടു മുഴുവന്‍ പൂര്‍ണ്ണമായി ജപിച്ച ജപ്യമുണ്ടല്ലോ! അതിന്റെ ഫലം അങ്ങ്‌ എനിക്കു തന്നാലും. അങ്ങ്‌ തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എനിക്ക്‌ അതു മതി.

ബ്രാഹ്മണന്‍ പറഞ്ഞു; ഓഹോ! ഒരു തടസ്സവുമില്ല രാജാവേ, ഭവാന്‍ വാങ്ങിയാലും! ഞാന്‍ ജപിച്ചതിന്റെ ഫലം, നിസ്സംശയം അതിന്റെ ഫലം, പകുതി ഭവാന്‍ വാങ്ങിയാലും. അതില്‍ തൃപ്തി പോരെങ്കില്‍ ഞാന്‍ നൂറ്റാണ്ട്‌ ജപിച്ചതിന്റെയെല്ലാം ഫലം യഥേഷ്ടം രാജാവേ, ഭവാന്‍ വാങ്ങിക്കൊളളുക. ഞാന്‍ ഇതാ, തരുന്നു.

രാജാവു പറഞ്ഞു: ഞാന്‍ യാചിച്ച്‌ത്‌ ആ ജപത്തിന്റെ ഫലം മുഴുവനാണ്‌. അതു മതി. അങ്ങയ്ക്ക്‌ ശുഭം വരട്ടെ! അങ്ങയ്ക്ക്‌ സ്വസ്തി! ഞാന്‍ പോകുന്നു. എന്താണ്‌ ഇതിന്റെ ഫലമെന്ന്‌ പറയു!

ബ്രാഹ്മണന്‍ പറഞ്ഞു: ഫലം എന്താണെന്ന്‌ ഞാന്‍ അറിയുന്നില്ല. ജപ്യം ഞാന്‍ അങ്ങയ്ക്കു തന്നു. ഞാന്‍ തന്നതിനുള്ള സാക്ഷികള്‍ ഇതാ നില്ക്കുന്നു. ഈ ധര്‍മ്മനും, കാലനും, യമനും, മൃത്യുവും സാക്ഷികളാണ്‌.

രാജാവു പറഞ്ഞു: അറിയാത്ത ധര്‍മ്മത്തിന്റെ ഫലം എനിക്ക്‌ എന്തു ചെയ്യും? ചെയ്ത കര്‍മ്മത്തിന്റെ ഫലം അങ്ങ്‌ എന്നോടു പറയുന്നില്ലെങ്കില്‍ ആ ഫലം വിപ്രനായ അങ്ങു തന്നെ ഏറ്റോളൂ! സന്ദിഗ്ദ്ധം ഞാന്‍ ഇച്ഛിക്കുന്നില്ല. അത്‌ എനിക്കു വേണ്ടാ.

ബ്രാഹ്മണന്‍ പറഞ്ഞു: ഇതിന്റെ ന്യായം കണ്ടു നില്ക്കുന്നവര്‍ പറയട്ടെ. ഞാന്‍ കൊടുത്ത ഫലം ഇനി തിരിച്ചു വാങ്ങുകയില്ല. രാജര്‍ഷേ! വാക്കാണ്‌ പ്രമാണം. അങ്ങയ്ക്കും എനിക്കും അതാണ്‌ പ്രമാണം. വാക്കു മാറ്റുന്നത്‌ ഒരിക്കലും ഭൂഷണമല്ല. ജപ്യത്തിന്ന്‌ എന്താണു ഫലമെന്ന്‌ ഞാന്‍ മുമ്പേ ഓര്‍ത്തിട്ടില്ല. ഫലകാംക്ഷയോടെല്ല ഞാന്‍ ജപിക്കുവാന്‍ നിശ്ചയിച്ചത്‌. അതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്തിട്ടില്ല. അങ്ങനെയിരിക്കെ ഹേ രാജസിംഹമേ, ഞാന്‍ എങ്ങനെ ജപത്തിന്റെ ഫലം കാണും? തന്നാലും എന്ന്‌ അങ്ങു പറഞ്ഞു. തരാം എന്നു ഞാനും പറഞ്ഞു. ഞാന്‍ പറഞ്ഞ വാക്ക്‌ ഞാന്‍ തെറ്റിക്കുകയില്ല. ഭവാനും സത്യം പാലിച്ച്‌ സ്ഥിരബുദ്ധിയോടെ നില്ക്കുക. അതല്ല, നീ ഞാന്‍ പറയുന്ന വാക്കു പ്രകാരം ചെയ്യാതിരുന്നാല്‍ വലിയ അധര്‍മ്മം വ്യാജം മൂലം നിനക്കു വന്നു ചേരും. വെറും വ്യാജം പറയുന്ന നില അങ്ങയ്ക്കു ചേര്‍ന്നതല്ല രാജാവേ! അപ്രകാരം തന്നെ ഞാന്‍ പറഞ്ഞതും വെറുതെ ആയിത്തീരുകയില്ലെന്നു ധരിക്കണം.

തരുന്നു എന്നു ഞാന്‍ അങ്ങയോട്‌ ശങ്ക കൂടാതെ പറഞ്ഞു. അതു ഭവാന്‍ ശങ്ക കൂടാതെ വാങ്ങുക. നീ സത്യം പാലിക്കുന്നവനാണെങ്കില്‍ അതാണു വേണ്ടത്‌. രാജാവേ! ഇവിടെ വന്ന്‌ ഭവാന്‍ എന്നോടു ജപത്തിന്റെ ഫലം യാചിച്ചു. അതു ഞാന്‍ തന്നു. അത്‌ ഇനി ഒട്ടും വൈകാതെ വാങ്ങിക്കുക. സത്യത്തില്‍ സ്ഥിരമായി നില്ക്കുക. അസത്യം പറയുന്നവന്‍ ഇഹത്തിലും പരത്തിലും പൂര്‍വ്വന്മാരെ കയറ്റുകയില്ല. പിറക്കുവാന്‍ പോകുന്നവരേയും കയറ്റുകയില്ല. നുണ പറയുന്നവന്‍ എല്ലാവരേയും കുണ്ടില്‍ വീഴ്ത്തും. സത്യം തെറ്റിച്ചവന്‍ യജ്ഞഫലവും ദാനഫലവും നിയമങ്ങളുമൊക്കെ കുണ്ടില്‍ വീഴ്ത്തും. എല്ലാം ഉയര്‍ത്തുന്നതിന് സത്യത്തിനൊപ്പം മറ്റൊന്നുമില്ല. ഇഹത്തിലും പരത്തിലും ഞാന്‍ ചെയ്ത തപസ്സും, ഞാന്‍ ചെയ്യുന്ന തപസ്സും ചേര്‍ന്നാലും സത്യത്തിനേക്കാള്‍ മേലെയാവുകയില്ല.

സത്യമേകാക്ഷരം ബ്രഹ്മം

സത്യമേകാക്ഷരം തപം

സത്യമേകാക്ഷരം യജ്ഞം

സത്യമേകാക്ഷരം ശ്രുതം.

വേദത്തില്‍ സത്യം ഉണരുന്നു. ഫലം സത്യത്തില്‍ നില്ക്കുന്നു. സത്യത്താല്‍ ധര്‍മ്മം, ദമം എന്നിവ സര്‍വ്വം ഉറച്ചതാണ്‌. സത്യം വേദവും വേദാംഗവുമാണ്‌. സത്യം വേദവിധാനമാണ്‌. വ്രതചര്യപരമായ സത്യമാണ്‌. ഓങ്കാരം സത്യം ഒന്നുമാത്രമാകുന്നു.

ജീവികള്‍ക്ക്‌ ഉത്ഭവം സത്യമാകുന്നു. സന്തതിയെന്നത്‌ സത്യമാകുന്നു. സത്യത്താല്‍ കാറ്റു വീശുന്നു. സത്യത്താല്‍ അര്‍ക്കന്‍ തപിക്കുന്നു. സത്യത്താല്‍ അഗ്നി ദഹിപ്പിക്കുന്നു. സ്വര്‍ഗ്ഗം സതൃത്തില്‍ നില്ക്കുന്നു. സത്യം യജ്ഞമാണ്‌, തപമാണ്‌, വേദമാണ്‌, സ്തോഭമാണ്‌, മന്ത്രമാണ്‌, സരസ്വതിയാണ്‌. സത്യവും ധര്‍മ്മവും തുലാസ്സില്‍ തൂക്കിനോക്കിയെന്നു കേട്ടിട്ടുണ്ട്‌. രണ്ടും ഓരോ തട്ടില്‍വെച്ചു സമപ്പെടുത്തി നോക്കിയപ്പോള്‍ കൂടുതല്‍ തൂങ്ങിയത്‌, ഭാരം കൂടിയത്‌ സത്യമാണ്‌.  ധര്‍മ്മം എവിടെയുണ്ടോ അവിടെ സത്യമുണ്ട്‌. സത്യത്താല്‍ എല്ലാം വര്‍ദ്ധി ക്കുന്നു. അല്ലയോ രാജാവേ, ഭവാന്‍ എന്തിനാണ്‌ ഈ അസതൃകര്‍മ്മത്തിന്നൊരുങ്ങുന്നത്‌? ഭവാന്‍ സതൃത്തില്‍ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. അനൃതം ചെയ്യരുതേ രാജാവേ! തരു! എന്ന ശുഭോക്തിയെ ഭവാന്‍ എന്തിന്ന്‌ അനൃതമാക്കിത്തീര്‍ക്കുന്നു.

ഞാന്‍ തന്ന ഈ ജപത്തിന്റെ ഫലം ഭവാന്‍ ഏല്ക്കുന്നില്ലെങ്കില്‍ രാജാവേ, ഭവാന്‍ ധര്‍മ്മഭ്രഷ്ടനായി ലോകംതോറും ചരിക്കും. ഏറ്റു പറഞ്ഞതിന്നു ശേഷം നല്കാത്തവനും, ഇരന്ന മുതല്‍ സ്വീകരിക്കാതിരിക്കുന്നവനും-രണ്ടുപേരും അനൃതം ചെയ്തവരാണ്‌. അതുകൊണ്ടു പറഞ്ഞ വാക്ക്‌ ഭവാന്‍ പാഴാക്കാതിരിക്കുക.

രാജാവു പറഞ്ഞു:  അല്ലയോ ദ്വിജാ, പൊരുതുകയും രക്ഷിക്കുകയും ഇവ രണ്ടുമാണ്‌ ക്ഷത്രധര്‍മ്മം. ക്ഷത്രിയന്മാര്‍ കൊടുക്കുന്നവരാണ്‌. അങ്ങനെയിരിക്കെ നിന്നോടു ഞാന്‍ എങ്ങനെയാണ്‌ വാങ്ങുക?

ബ്രാഹ്മണന്‍ പറഞ്ഞു: ഞാന്‍ കടന്നുവന്ന്‌ തരികയല്ല ഉണ്ടായത്‌. ഞാന്‍ നിന്റെ ഗൃഹത്തില്‍ വന്ന്‌ ജപത്തിന്റെ ഫലം എന്റെ കൈവശമുണ്ട്‌ ഭവാന്‌ ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ തരാം എന്ന്‌ പറയുകയുണ്ടായില്ല. ഭവാന്‍ എന്റെ അടുത്തു വന്നു ഇരന്നതാണ്‌. പിന്നെ എന്താണ്‌ അങ്ങ്‌ വാങ്ങാതിരിക്കുവാന്‍ കാരണം?

ധര്‍മ്മന്‍ പറഞ്ഞു:  നിങ്ങള്‍ എന്തിന്നു വാദിക്കുന്നു? ഞാന്‍ ധര്‍മ്മനാണ്‌. ഇവിടേക്കു വന്നവനാണ്‌. ഞാന്‍ കണ്ടതിന്റെ ന്യായം പറയാം. ദ്വിജന്‍ ദാനത്തിന്റെ ഫലം നേടുന്നുണ്ട്‌. രാജാവ്‌ സത്യത്തിന്റെ ഫലവും നേടുന്നു.

സ്വര്‍ഗ്ഗം പറഞ്ഞു:  ശരീരമെടുത്ത്‌ നിങ്ങളുടെ മുമ്പില്‍ ഇപ്പോള്‍ വന്നവനായ ഞാന്‍ സ്വര്‍ഗ്ഗമാണ്‌. രാജാവേ, ഭവാന്‍ വാദിക്കേണ്ട, നിങ്ങള്‍ രണ്ടുപേരും തുല്യമായ ഫലം നേടിയിരി ക്കുന്നു.

രാജാവു പറഞ്ഞു: സ്വര്‍ഗ്ഗം കൊണ്ടുള്ള കാര്യം മതി. അല്ലയോ സ്വര്‍ഗ്ഗമേ, ഭവാന്‍ വന്നവഴിക്കു തന്നെ പോയാലും! അല്ലയോ വിപ്രാ നീ സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ എന്റെ ഫലത്തെ കൈയേൽക്കലാകുന്നു.

ബ്രാഹ്മണന്‍ പറഞ്ഞു: ബാല്യത്തില്‍ അറിയാതെ ഈ ഞാന്‍ കൈനീട്ടി യാചിച്ചിരിക്കാം. വേദം ജപിച്ച്‌ ഞാന്‍ നിവൃത്തി ധര്‍മ്മം സേവിക്കുകയാണ്‌. വളരെക്കാലമായി എല്ലാറ്റില്‍ നിന്നും നിവൃത്തനായി നില്ക്കുന്ന നീ കൊതിപ്പിക്കുകയാണോ? ഞാന്‍ എന്റെ കാര്യം പരാശ്രയം കൂടാതെ തന്നെ തന്നെത്താന്‍ നടത്തിക്കൊള്ളാം. ഭവാന്റെ ഫലത്തെപ്പറ്റി എനിക്ക്‌ ഒരു കാര്യവുമില്ല. ഞാന്‍ അതിനെപ്പറ്റി ചിന്തിക്കുന്നുമില്ല. ഞാന്‍ തപസ്സ്‌, സ്വാദ്ധ്യായം ഇവ ശീലിച്ചവനാണ്‌. പ്രതിഗ്രഹത്തില്‍ നിന്ന്‌ ഞാന്‍ നിവര്‍ത്തിക്കുന്നവനാണ്‌. പ്രതിഗ്രഹം വാങ്ങാന്‍ ഞാന്‍ ആശിക്കുന്നുമില്ല.

രാജാവ്‌ പറഞ്ഞു; ഭവാന്‍ എനിക്ക്‌ അങ്ങയുടെ മുഖ്യമായ ജപത്തിന്റെ ഫലം തന്നു എന്നുണ്ടെങ്കില്‍ നമ്മള്‍ക്ക്‌ അല്പമുള്ള ഫലം നമ്മളില്‍ ഒപ്പമായിത്തീരട്ടെ. ദ്വിജന്മാര്‍ വാങ്ങുന്നവരാ ണ്‌. രാജവംശജന്മാര്‍ കൊടുക്കുന്നവരുമാണ്‌. ഇപ്രകാരമാണ്‌ ധര്‍മ്മമെങ്കില്‍ ഹേ വിപ്രാ, നമ്മുടെ രണ്ടു പേരുടെയും കര്‍മ്മത്തിന്റെ ഫലം നാം തുല്യമായി ഭാഗിച്ചെടുക്കുക. നാം ഒപ്പം ഏൽക്കുന്നില്ലെങ്കിലോ എന്റെ കര്‍മ്മഫലം ഭവാന്‍ സ്വീകരിക്കുക. ഞാന്‍ അനുഗ്രാഹൃനാണെങ്കില്‍ ഞാന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അങ്ങ്‌ വാങ്ങിച്ചാലും!

ഭീഷ്മൻ പറഞ്ഞു: ഉടനെ വികൃതവേഷക്കാരായ രണ്ടു പേര്‍ അവിടേക്കെത്തി. തമ്മില്‍ കെട്ടിപ്പിണഞ്ഞ്‌ ആ കുചേലന്മാര്‍ ഇപ്രകാരം വഴക്കടിച്ച്‌ അവിടെ എത്തി. ഒരാള്‍ പറയുന്നു. എനിക്ക്‌ നീ ഒന്നും തരാനില്ല മറ്റേയാള്‍ പറയുന്നു തരാനുണ്ട്‌ എന്ന്‌.  നമ്മുടെ ഈ വാദം തീര്‍ത്തു തരേണ്ടത്‌ രാജാവാണ്‌. രാജാവാണ്‌ വിധികര്‍ത്താവ്‌. സത്യം ഞാന്‍ പറയുന്നു! എനിക്ക്‌ നീ ഒന്നും തരാനില്ല. നീ നേരു കേടാണു പറയുന്നത്‌. കടം തീര്‍ച്ചയായും നിനക്കു ഞാന്‍ തീര്‍ക്കേണ്ടതുണ്ട്‌. ഇങ്ങനെ തമ്മില്‍ പറഞ്ഞ്‌ അവര്‍ രണ്ടുപേരും വലിയ ദുഃഖത്തോടെ രാജാവിന്റെ അടുത്തു ചെന്നു. രാജാവിന്റെ മുമ്പില്‍ കൈകൂപ്പി ഇപ്രകാരം പറഞ്ഞു;  അല്ലയോ പരോക്ഷനായ രാജാവേ, അങ്ങ്‌ ഈ ഞങ്ങള്‍ ഗര്‍ഹൃരാകാത്തവിധം ആക്കേണമേ?

വിരൂപന്‍ പറഞ്ഞു: രാജാവേ, ഞാന്‍ വികൃതന്നു ഗോഫലം കൊടുക്കാനുണ്ട്‌. ഞാന്‍ കൊടുത്താലും വികൃതന്‍ അതു വാങ്ങുന്നില്ല രാജാവേ!

വികൃതന്‍ പറഞ്ഞു: രാജാവേ, ഞാന്‍ പറയുന്നത്‌ അങ്ങ്‌ കേള്‍ക്കണേ! വിരൂപന്‍ എനിക്ക്‌ ഒന്നും തരാനില്ല. സത്യാഭാസമാണ്‌ ഇവന്‍ പറയുന്നത്‌. നുണയാണു പറയുന്നത്‌ രാജാവേ !

രാജാവ്‌ പറഞ്ഞു: എടോ വിരൂപാ, ഇവന്ന്‌ നീ എന്താണു കൊടുക്കാനുളളതെന്നു പറയൂ! കേട്ടതിന്നുശേഷം അതു നടത്താമെന്ന്‌ എനിക്കു തോന്നുന്നുണ്ട്‌.

വിരുപന്‍ പറഞ്ഞു: രാജാവേ, അങ്ങ്‌ മനസ്സു വെച്ച്‌ കേള്‍ക്കണേ! വികൃതന്ന്‌ ഞാന്‍ കൊടുക്കാനുളളതിന്റെ സംഭവമൊക്കെ നരനായകാ! ഞാന്‍ അങ്ങയോടു പറയാം.

ഇവന്‍ ധര്‍മ്മാര്‍ത്ഥമായി മുമ്പേ ശുഭമായ ഒരു പശുവിനെ നല്ല തപസ്സും സ്വാദ്ധ്യായവുമുള്ള ഒരു വിപ്രന്നു നല്കി. അതിന്റെ ഫലത്തെ ഞാന്‍ ഇവനോടു യാചിച്ചു. വിശുദ്ധമായ മനസ്സോടെ വികൃതന്‍ അത്‌ അന്ന്‌ എനിക്കു തന്നു. പിന്നെ ഞാന്‍ ആത്മശുദ്ധിക്കു വേണ്ടി സുകൃതം ചെയ്ത്‌, കറവുളളതും കുട്ടിയോടു കൂടിയതുമായ രണ്ടു കപിലപ്പശുക്കളെ വാങ്ങി. രാജാവേ, ഞാന്‍ അവയെ ഉഞ്ഛവൃത്തി ചെയ്തുപജീവിക്കുന്ന (വഴിയിലെ നെല്ലിന്‍മണി പെറുക്കിയെടുത്ത്‌ അതുകൊണ്ടു ദിവസവൃത്തി കഴിക്കുന്ന) ഒരു ബ്രാഹ്മണന്ന്‌ വിധിപ്രകാരം ശ്രദ്ധയോടു കൂടി നല്കി. അതിന്റെ, ആ ദാനത്തിന്റെ, ഫലം ഞാന്‍ സ്വീകരിച്ച്‌, മുമ്പേ എനിക്കു തന്ന ഫലത്തിന്റെ ഇരട്ടി ഇപ്പോള്‍ ഞാന്‍ വികൃതന്നു നല്കുകയാണ്‌. ഇതാണ്‌ കാര്യത്തിന്റെ യാഥാര്‍ത്ഥും. അല്ലയോ പുരുഷവ്യാഘ്രാ. ഇതില്‍ ആരാണ്‌ ശുദ്ധന്‍? ആരാണ്‌ ദോഷവാന്‍? ഇതാണ്‌ ഞങ്ങളുടെ തര്‍ക്കവിഷയം. അതു തീര്‍ക്കുവാന്‍ വേണ്ടിയാണ്‌ ഞങ്ങള്‍ അങ്ങയെ സമീപിച്ചിരിക്കുന്നത്‌. ശരിയായ ധര്‍മ്മം അങ്ങ്‌ ചെയ്താലും. ഞങ്ങളെ വേണ്ട വഴിക്കു തിരിച്ചാലും. ഇവന്‍ എനിക്കു തന്ന മാതിരി തന്നെ ഇവന്‍ എന്റെ കൈയില്‍ നിന്നും ദാനം വാങ്ങിക്കുന്നില്ലെങ്കില്‍ ഭവാന്‍ ഇതില്‍ ന്യായമെന്തെന്നു ചിന്തിച്ചുറച്ച്‌ ശരിയായ മാര്‍ഗ്ഗം കാണിച്ചു തരണേ! കടം വീട്ടുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. എന്താണു ഭവാന്‍ അതു വാങ്ങാതിരിക്കുന്നത്‌? നീ സമ്മതിച്ചമാതിരി തന്നെ അത്‌ എന്റെ പക്കല്‍നിന്നും വൈകാതെ വാങ്ങിക്കൊള്ളുക.

വികൃതന്‍ പറഞ്ഞു: തരാനുണ്ടെന്ന്‌ അവന്‍ പറഞ്ഞു. തരാമെന്ന്‌ ഞാനും പറഞ്ഞു. ഇവന്‍ എനിക്കൊന്നും തരാനില്ല. അവന്‍ ഇഷ്ടമുള്ളിടത്തു പൊയ്ക്കോട്ടെ!

രാജാവ്‌ പറഞ്ഞു: ഇവന്‍ തന്നത്‌ നീ വാങ്ങാതിരിക്കുന്നതു തെറ്റാണെന്ന്‌ ഞാന്‍ കാണുന്നു. നീ ശിക്ഷാര്‍ഹനാണെന്നാണ്‌ എന്റെ അഭിപ്രായം. അതില്‍ യാതൊരു സംശയവുമില്ല."

വികൃതന്‍ പറഞ്ഞു: രാജാവേ, ഞാന്‍ ഇവന്നു ദാനം ചെയ്തു. അത്‌ പിന്നെ ഞാന്‍ എങ്ങനെ മടക്കിവാങ്ങും? ഇതില്‍ തെറ്റു കാണുന്നുണ്ടെങ്കില്‍ പ്രഭോ, ഭവാന്‍ എന്നെ ശിക്ഷിച്ചാലും

വിരൂപന്‍ പറഞ്ഞു: ഞാന്‍ തരുന്നത്‌ ലേശവും നീ വാങ്ങുകയില്ല എന്നാണു ഭാവമെങ്കില്‍ തീര്‍ച്ചയായും നിന്നെ ധര്‍മ്മം നടത്തുന്ന രാജാവ്‌ നിലയ്ക്കുനിര്‍ത്തും! മനസ്സിലായോ?

വികൃതന്‍ പറഞ്ഞു: ഇവന്‍ എന്നോടു യാചിച്ചു. ഇവന്ന്‌ ഞാന്‍ ധനം ദാനം ചെയ്യുകയും ചെയ്തു. ഇന്നു ഞാന്‍ അതെങ്ങനെ തിരിച്ചു വാങ്ങും? അവന്‍ പൊയ്ക്കൊളളട്ടെ!! ഞാന്‍ സമ്മതം തരുന്നു. എനിക്കൊന്നും വേണ്ടാ! അപ്പോള്‍ കഴി ഞ്ഞില്ലേ കാര്യം? 

ബ്രാഹ്മണന്‍ പറഞ്ഞു. രാജാവേ, ഭവാന്‍ കേട്ടില്ലേ? ഇവര്‍ രണ്ടു പേരും പറഞ്ഞത്‌ ഭവാന്‍ കേട്ടില്ലേ! ഞാന്‍ അങ്ങയോട്‌ ഏറ്റു പറഞ്ഞത്‌ ഭവാന്‍ വാങ്ങു! വൈകരുത്‌.

രാജാവ്‌ പറഞ്ഞു: ഇവരുടെ ഈ ഗഹ്വരമായ, അഗാധമായ, ദുഷ്പ്രവേശമായ, ചിന്താക്കുഴപ്പമുണ്ടാക്കുന്ന വലിയ കാര്യം ഇപ്പോഴത്തെ സന്ദര്‍ഭത്തിന്നു പറ്റിയതായിരിക്കുന്നു. ജാപകന്ന്‌ എന്റെ കാരൃത്തില്‍ ഒരു ഉറപ്പുമായി. ഇനി എങ്ങനെയാകും. ഈ നിലയ്ക്ക്‌ ബ്രാഹ്മണന്‍ തന്നത്‌ ഞാന്‍ വാങ്ങിക്കാതിരുന്നാല്‍ എനിക്കു വലുതായ പാപം വന്നു ചേരും. അതില്‍ നിന്നു ഞാന്‍ എങ്ങനെ വിമുക്തനാകും? രാജര്‍ഷി അവരോടു പറഞ്ഞു: കാര്യം നിങ്ങള്‍ ചെയ്തു പൊയ്ക്കൊളളുവിന്‍. നിങ്ങള്‍ എന്റെ മുമ്പില്‍ വെച്ച കാര്യം പാഴായിപ്പോകാതിരിക്കുവാന്‍ തക്ക രാജധര്‍മ്മം എനിക്കു ചെയ്യേണ്ടതായിട്ടുണ്ട്‌. രാജാക്കള്‍ക്ക്‌ അവരുടെ ധര്‍മ്മം കാക്കേണ്ടതുണ്ട്‌. അതു നിര്‍വ്വഹിക്കാതിരുന്നുകൂടാ. കാര്യബോധമില്ലാതെ ഉഴന്ന എനിക്ക്‌ ഇപ്പോള്‍ ബ്രാഹ്മണന്റെ ഗഹനമായ ധര്‍മ്മത്തില്‍ ബോധം ഉദിച്ചു.

ബ്രാഹ്മണന്‍ പറഞ്ഞു: വാങ്ങുക. യാചിച്ചത്‌ ഏറ്റുവാങ്ങു ക. ഞാന്‍ അങ്ങയ്ക്കു തരുവാന്‍ സന്നദ്ധനായി ഇതാ നില്‍ക്കുന്നു. വാങ്ങാതിരുന്നാല്‍ രാജാവേ, ഭവാനെ ഞാന്‍ ശപിക്കും. അതില്‍ യാതൊരു സംശയവുമില്ല.

രാജാവ്‌ പറഞ്ഞു: രാജധര്‍മ്മം മോശംതന്നെ! ഇങ്ങനെയാണ്‌ എങ്കില്‍ ഞാന്‍ വാങ്ങിക്കൊളളാം. എന്നാല്‍ രണ്ടു പേര്‍ക്കും ഒപ്പമാകട്ടെ ഫലം. ഇതാ മുമ്പു ചെയ്യാത്ത പണി ഞാന്‍ ചെയ്യുന്നു. പൊക്കാത്ത കൈ ഇതാ പൊക്കുന്നു. യാചിക്കുവാന്‍ വേണ്ടി ഒരിക്കലും ഞാന്‍ എന്റെ ഈ കരം പൊക്കിയിട്ടില്ല. അതും വേണ്ടി വന്നു. നിക്ഷേപത്തിന്നു കൈ നീട്ടുന്നു. ഹേ വിപ്രാ! എനിക്കു തരുവാന്‍ വെച്ചിരിക്കുന്നത്‌ തന്നാലും!

(ബ്രാഹ്മണന്‍ പറഞ്ഞു: ഇവിടെ ഈ സംഹിത ജപിക്കുന്നവനായ ഞാന്‍ എത്രത്തോളം പുണ്യം സമ്പാദിച്ചിട്ടുണ്ടോ അതെല്ലാം ഭവാന്‍ എന്നില്‍ നിന്നു വാങ്ങിച്ചാലും. എനിക്കുള്ള സകല പുണ്യവും ഭവാന്‍ വാങ്ങിച്ചു കൊള്ളുക!

രാജാവ്‌ പറഞ്ഞു: ഹേ ദ്വിജോത്തമാ! എന്റെ കൈത്തലത്തില്‍ ഇതാ ജലം വീഴുന്നു! സമമായി ഒപ്പമായി പുണ്യം നമ്മള്‍ക്കു പങ്കിട്ടെടുക്കാം. ഭവാനും എന്നില്‍ നിന്ന്‌ എന്റെ പുണ്യ ഫലം പകുതി വാങ്ങിക്കൊളളുക.

വിരൂപന്‍ പറഞ്ഞു: രാജാവേ! ഞങ്ങള്‍ കാമക്രോധങ്ങളാണ്‌. അങ്ങു ധരിക്കുക! ഞങ്ങള്‍ നിന്നെക്കൊണ്ടു ചെയ്യിച്ചു. ഒപ്പം എന്ന്‌ അങ്ങു പറഞ്ഞുവല്ലോ. അങ്ങയ്ക്കും ഈ ബ്രാഹ്മണന്നും പുണ്യലോകങ്ങള്‍ ഒപ്പമാണ്‌. വികൃതന്‍ എനിക്കൊന്നും തരാനില്ല. നിന്നെ പരീക്ഷിക്കുവാന്‍ വേണ്ടി ഞങ്ങള്‍ ഒരു കപട നാടകം അഭിനയിച്ചതാണ്‌. കാലന്‍, ധര്‍മ്മന്‍, മൃത്യു, കാമം, ക്രോധം എന്നിവരും നിങ്ങളും തമ്മില്‍ച്ചേര്‍ന്ന്‌ നിന്നെ നിന്റെ കര്‍ത്തവ്യം എന്തെന്നു വ്യക്തമാക്കുവാന്‍ വന്ന്‌ ഞങ്ങള്‍ തമ്മില്‍ ഭവാന്റെ മുമ്പില്‍ വെച്ചു ധര്‍മ്മസംശയം പ്രകടമായിക്കാണിച്ച്‌ നിന്നെ ചിന്തിപ്പിച്ചു. സ്വധര്‍മ്മത്താല്‍ വെന്ന ലോകങ്ങളില്‍ ഇഷ്ടം പോലെ ഗമിച്ചാലും.

ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ! ജപിക്കുന്നവര്‍ക്കു ളള ഫലം നിനക്കു ഞാന്‍ കാട്ടിത്തന്നു. ഗതിസ്ഥാനവും ലോകവും ആ ജാപകന്‍ ജയിച്ച മാതിരി, സംഹിത ചൊല്ലുന്നവന്‍, പരമേഷ്ഠയായവന്‍ എത്തുന്ന ബ്രഹ്മപദത്തെ പ്രാപിക്കും. അല്ലെങ്കില്‍ അഗ്നിയുടെ തേജോലോകത്തിലെത്തും. അല്ലെങ്കില്‍ സൂര്യനില്‍ ചെന്നെത്തും! അവന്‍ തേജസ്സായി പരിണമിച്ച്‌ അവിടെത്തന്നെ രാഗത്താല്‍ പ്രതിമോഹിതനായി രമിക്കുകയാണെങ്കില്‍ അവയ്ക്കും ഗുണമുണ്ടാകും. ഇപ്രകാരം സോമനിലും കാറ്റിലും ഭൂമിയിലും ആകാശത്തിലും രാഗത്തോടു കൂടി അവയെ ഉദ്ധരിക്കുവാന്‍ വേണ്ടി അവയില്‍ താദാത്മൃം വന്ന്‌ അധിവസിക്കും. പിന്നെ അവന്‍ വൈരാഗ്യം പ്രാപിക്കുമ്പോള്‍ സംശയത്തിലാകും. പിന്നെ അവ്യയമായ മോക്ഷം ഇച്ഛിക്കുന്നവന്‍ വീണ്ടും അതില്‍ ചെന്നെത്തും. അമൃതത്തിലും അമൃതനായവന്‍, നിര്‍മ്മമനും ശാന്തനുമായവന്‍, നിര്‍ദ്വന്ദനായവന്‍, സുഖിയും ശാന്തനും നിരാമയനുമായി ബ്രഹ്മത്തെ പ്രാപിക്കും. അനാവൃത്തമായ ബ്രഹ്മപദം ഏകമായിട്ടുളളതാണ്‌. അക്ഷരമാണ്‌ (നാശമി ല്ലാത്തത്‌). അദുഃഖവും അചലവും ശാന്തവുമായ ആ സ്ഥാനം പ്രാപിക്കുന്നതാണ്‌. നാലാശ്രമങ്ങളും ആറു തരം വികാരങ്ങളും വിട്ട്‌, അഞ്ചു വായുക്കളേയും ആറു രസങ്ങളേയും വിട്ട്‌, അവന്‍ ആകാശത്തിലെത്തും. അത്‌ ഇച്ഛിക്കുന്നില്ലെങ്കില്‍ ആ രാഗാത്മാവ്‌ അവന്‍ ഇച്ഛിക്കുന്നതെന്തോ അത്‌ അവന് ലഭിക്കും. എന്ത്‌ മനസ്സു കൊണ്ടു കാംക്ഷിക്കുന്നുവോ അവ സര്‍വ്വവും കൈവരുന്നതാണ്‌. അല്ലെങ്കില്‍ ഈ ലോകമെല്ലാം നരകം പോലെ കണ്ട്‌ അവന്‍ നിസ്പൃഹനായി സര്‍വ്വവും വിട്ട് പരലോകത്തില്‍ സുഖിക്കും.

ഹേ യുധിഷ്ഠിരാ, ഇതാണ്‌ ജാപകന്നു ലഭിക്കുന്ന ഗതി. നിന്നോട്‌ അവയെല്ലാം ഞാന്‍ വിസ്തരിച്ചു പറഞ്ഞു. ഇനി എന്താണ്‌ ഭവാനു കേള്‍ക്കേണ്ടത്‌?

അദ്ധ്യായം 200. ജാപകോപാഖ്യാനം - ജാപകന്റെയും ഇക്ഷ്വാകുവിന്റെയും പരമമായ ഗതി - യുധിഷ്ഠിരന്‍ പറഞ്ഞു: അവന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ ബ്രാഹ്മണനും, ആ രാജാവും എന്തു ചെയ്തു എന്നു പറഞ്ഞാലും. ഭവാന്‍ പറഞ്ഞ മാതിരി അവര്‍ പോയോ? അവര്‍ എന്തു പറഞ്ഞു?

ഭീഷ്മൻ പറഞ്ഞു:  അപ്രകാരം ആകാമെന്നു പറഞ്ഞ്‌ ആ ദ്വിജന്‍ ധര്‍മ്മനേയും കാലന്‍, യമന്‍, മൃത്യു, സ്വര്‍ഗ്ഗം എന്നിവരേയും പൂജിച്ചു. ആദ്യമേ തന്നെ അവിടെ വന്നു ചേര്‍ന്ന ബ്രാഹ്മണമുഖ്യന്മാരേയും കുമ്പിട്ട്‌ ആ ബ്രാഹ്മണന്‍ പൂജിച്ചതിന് ശേഷം രാജാവിനോടു പറഞ്ഞു:  രാജര്‍ഷേ, എന്റെ ഈ ഫലം അങ്ങു മുഖ്യഭാവം കൈക്കൊണ്ടു ഗമിച്ചാലും. ഭവാന്റെ സമ്മതത്തോടെ ഞാന്‍ വീണ്ടും ജപിക്കട്ടെ! ഹേ മഹാബലാ! മുമ്പേ തന്നെ ദേവി എന്നെ അനുഗ്രഹിച്ചിട്ടുണ്ട്‌, ശ്രദ്ധ എനിക്കു ജപത്തില്‍ നിത്യവും ഉണ്ടാകുമെന്ന്‌!

രാജാവ്‌ പറഞ്ഞു; അങ്ങനെയാണെങ്കില്‍ അങ്ങയുടെ ജപഫലം എനിക്കു നല്കിയതു മൂലം അങ്ങു നേടിയ സിദ്ധിയും, ശ്രദ്ധയും എല്ലാം ഞാന്‍ മൂലം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഹേ വിപ്രാ, നാം ഒന്നിച്ചു പോവുക. ജപത്തിന്റെ ഫലം അങ്ങു തന്നെ ഏൽക്കുക.

ബ്രാഹ്മണന്‍ പറഞ്ഞു: എല്ലാവരും കാണ്‍കെ ഒട്ടു വളരെ പ്രയത്നം നാം ഇതില്‍ ചെയ്തുവല്ലോ. അതുകൊണ്ടു നാം തുല്യ ഫലം നേടിയവരായി. നമുക്കു ഗതിയുള്ളിടത്തേക്കു പോവുക.

ഭീഷ്മൻ പറഞ്ഞു;  അവരുടെ നിശ്ചയം എന്തെന്നു മനസ്സി ലാക്കിയ ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ദേവകളോടു കൂടി അവിടേക്കെഴുന്നളളി. വിശ്വേദേവന്മാരും, മരുത്തുക്കളും, സാദ്ധ്യന്മാരും, വാദ്യങ്ങളും, മലകളും, സമുദ്രങ്ങളും, പുഴകളും പല തീര്‍ത്ഥങ്ങളും, തപസ്സ്‌, സംയോഗവിധി, വേദം, സ്തോഭം, സരസ്വതി, നാരദന്‍, പര്‍വ്വതന്‍, വിശ്വാവസു, ഹാഹാ, ഹുഹു (രണ്ടു ഗന്ധര്‍വ്വന്മാര്‍), പരിവാരങ്ങളോടു കൂടിയ ഗന്ധര്‍വ്വന്മാര്‍, ചിത്രസേനന്‍, നാഗങ്ങള്‍, സിദ്ധന്മാര്‍, മുനികള്‍, ദേവദേവന്‍, പ്രജാപതി, സഹസ്രശീര്‍ഷനായ ദേവന്‍, അചിന്ത്യനായ വിഷ്ണുഭഗവാന്‍ ഇവരെല്ലാം അവിടെ എത്തി. അപ്പോള്‍ ആകാശത്ത്‌ ഭേരീതൂര്യവാദ്യഘോഷങ്ങള്‍ മുഴങ്ങി. ആ മഹാത്മാക്കളുടെ ശിരസ്സില്‍ പുഷ്പവൃഷ്ടിയുണ്ടായി. അപ്സരസ്ത്രീകള്‍ അതാതിടത്ത്‌ ചുറ്റും നൃത്തംചെയ്തു.

പിന്നെ മൂര്‍ത്തിയെടുത്തെത്തിയ സ്വര്‍ഗ്ഗം ബ്രാഹ്മണനോടു പറഞ്ഞു:  അല്ലയോ മഹാഭാഗാ, ഭവാന്‍ സിദ്ധനായി. അപ്രകാരം രാജാവേ, ഭവാനും സിദ്ധനായി.

അന്യോന്യവിധിയാല്‍ തമ്മില്‍ അവര്‍ ചേര്‍ന്നു. രാജാവേ, അതിന് ശേഷം അവര്‍ രണ്ടു പേരും വിഷയങ്ങളില്‍ നിന്ന്‌ പിന്മാറി. പ്രാണന്‍, അപാനന്‍, ഉദാനന്‍ എന്നീ വായുക്കളേയും സമാനന്‍, വ്യാനന്‍ എന്നീ വായുക്കളേയും മനസ്സില്‍ നിയന്ത്രിച്ചു നിര്‍ത്തി. മനസ്സ്‌ പ്രാണനില്‍ നിര്‍ത്തി. വയറ്റിന്നു നേരെ നാസാഗ്രത്തെ നിര്‍ത്തി, പുരികത്തെ കയറ്റി. മനസ്സാല്‍ പുരികത്തില്‍ മെല്ലെ അവര്‍ അടക്കി ചേഷ്ടവിട്ട ഉടലോടെ കണ്ണുറപ്പിച്ച്‌ സജ്ജരായി മൂര്‍ദ്ധാവില്‍ ആ ജിതാത്മാക്കള്‍ ആത്മാവിനെ നിറുത്തി. മഹാനായ ആ ബ്രാഹ്മണന്റെ താലുദേശം പിളര്‍ന്ന്‌ ഉടനെ മഹാ ജ്യോതിജജ്വാല പൊങ്ങി. അതുയര്‍ന്നുയര്‍ന്ന്‌ ആകാശത്തേക്കു പോയി. അപ്പോള്‍ എല്ലാ ദിക്കിലും ഹാ! ഹാ! എന്ന ശബ്ദം ഉയര്‍ന്നു. സര്‍വ്വരാലും പുകഴ്ത്തപ്പെടുന്ന ആ ആത്മാവ്‌ അപ്പോള്‍ ബ്രഹ്മാവില്‍ ആണ്ടു പോയി. അപ്പോള്‍ പ്രപിതാമഹനായ ദേവന്‍ ആ തേജസ്സോടെ സ്വാഗതം പറഞ്ഞു. വിരല്‍ പ്രായനായ ആ പുരുഷനെ എതിരേറ്റു. വീണ്ടും മധുരമായ വിധം ഇങ്ങനെ പറഞ്ഞു: യോഗികള്‍ക്ക്‌ കിട്ടുന്ന ലോകം തന്നെയാണ്‌ (അവസാനമാണ്‌) ജാപകര്‍ക്കും ലഭിക്കുക. അതു നിശ്ചയമാണ്‌. യോഗികളുടെ അന്ത്യം എല്ലാവര്‍ക്കും കാണാം. പക്ഷേ, ജാപകരെ മുന്നോട്ടു ചെന്ന്‌ ഞാന്‍ സ്വീകരിക്കുന്നു. എന്നില്‍ നീ വാഴുക എന്ന്‌ പിന്നീട്‌ അവനോട്‌ ബ്രഹ്മാവു പറഞ്ഞു.

അങ്ങനെ ബ്രഹ്മദേവന്റെ വായില്‍ സര്‍വ്വപാപവും നീങ്ങിയവനായ ബ്രാഹ്മണന്‍ പ്രവേശിച്ചു. രാജാവും ഈ വിധിയാല്‍ ഭഗവാനായ വിരിഞ്ചനില്‍ പ്രവേശിച്ചു. ദ്വിജശ്രേഷ്ഠന്‍ പ്രവേശിച്ചതു പോലെ തന്നെ രാജാവും ബ്രഹ്മാവില്‍ പ്രവേശിച്ചു. അപ്പോള്‍ സ്വയംഭൂവായ ബ്രഹ്മാവിനെ വണങ്ങി ദേവന്മാര്‍ ഇപ്രകാരം പറഞ്ഞു:  ജാപകരുടെ അന്തം മഹത്തു തന്നെ! അങ്ങ്‌ അവന്‍ എതിരേല്‍പ്പു നടത്തി! ജാപകര്‍ക്കാണ്‌ ഈ യത്നമെല്ലാം അങ്ങു ചെയ്തത്‌. അതു കാണുവാനാണ്‌ ഞങ്ങളും വന്നത്‌. ഒപ്പം പൂജിതരായ ഇവര്‍ക്ക്‌ അല്ലയോ പിതാമഹാ! അങ്ങ്‌ തുല്യമായ ഫലമാണ്‌ നല്കിയത്‌. യോഗജാപകന്മാരുടെ ഫലം പ്രത്യക്ഷമായി ഞങ്ങള്‍ കണ്ടു. ലോകങ്ങളൊക്കെ കടന്ന്‌ ഇവര്‍ ഇഷ്ടം പോലെ ഉയര്‍ന്നു പോകുമാറാകട്ടെ.

ബ്രഹ്മാവ്‌ പറഞ്ഞു: മഹത്തായ സ്മൃതിയും, ശുഭമായ മറ്റു സ്മൃതികളും പഠിക്കുന്നവര്‍ ഈ വിധാനത്താല്‍ അവരും എന്റെ സാലോക്യത്തെ പ്രാപിക്കും. യോഗത്തില്‍ ഭക്തനാകുന്നവനും ഇപ്രകാരം തന്നെ അന്ത്യകാലത്ത്‌ എന്റെ സാലോക്യത്തെ പ്രാപിക്കും. ഞാന്‍ ഇതാ പോകുന്നു. സിദ്ധിക്കു വേണ്ടി സ്ഥാനങ്ങള്‍ തോറും നിങ്ങള്‍ പോകുവിന്‍!

ഭീഷ്മൻ പറഞ്ഞു; എന്നു പറഞ്ഞ്‌ ബ്രഹ്മാവ്‌ അവിടെത്തന്നെ മറഞ്ഞു. ദേവന്മാരും യാത്ര പറഞ്ഞു പിരിഞ്ഞ്‌ അവരവരുടെ സ്ഥാനങ്ങളില്‍ ചെന്നു ചേര്‍ന്നു. ആ മഹാത്മാക്കളെല്ലാം ധര്‍മ്മനെ സല്‍ക്കരിച്ചു പ്രീതമാനസരായി പിന്‍തുടര്‍ന്നു. ജാപകന്മാര്‍ക്കുള്ള ഈ ഫലത്തേയും, അവരുടെ ഈ ഗതിയേയും പറ്റി ഞാന്‍ പറഞ്ഞു. എല്ലാം ഭവാന്‍ മനസ്സിരുത്തി കേട്ടുവല്ലോ. ഇനി രാജാവേ, എന്താണ്‌ എന്നില്‍നിന്ന്‌ കേള്‍ക്കേണ്ടത്‌? 

അദ്ധ്യായം 201. മനുബ്യഹസ്പതിസംവാദം - പരമാത്മതത്ത്വ വിവരണം - യുധിഷ്ഠിരന്‍ പറഞ്ഞു: ജഞാനയോഗത്തിന്നും വേദാദ്ധ്യയനത്തിന്നും എന്താണ്‌ ഫലം? ഭൂതങ്ങളുടെ ആത്മാവിനെപ്പറ്റി എങ്ങനെ അറിയാം? അതിന്റെ മാര്‍ഗ്ഗവും ഹേ പിതാ മഹാ! അങ്ങ്‌ വിവരിച്ചാലും.

ഭീഷ്മന്‍ പറഞ്ഞു: ഇതിന്നുദാഹരണമായി ഒരു പഴങ്കഥ നടപ്പുണ്ട്‌. അത്‌ പ്രജാപതിയായ മനുവും ബൃഹസ്പതിയും തമ്മില്‍ നടന്ന ഒരു സംവാദമാണ്‌. പ്രജാഗ്രൃനായ പ്രജാപതിയോട് ദേവര്‍ഷിമാരുടെ സമ്മേളനത്തില്‍ വെച്ച്‌ മഹാനായ ബൃഹസ്പതി തന്റെ ഗുരുവായ പ്രജാപതിയെ വണങ്ങി, ഈ പുരാണമായ കാര്യം ചോദിച്ചു. പ്രജാപതി എല്ലാ ഭൂതങ്ങളിലും വെച്ച്‌ ആദ്യമുണ്ടായവനാണ്‌.  അല്ലയോ ഗുരോ! എങ്ങനെയാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്‌? ഏതില്‍ വിധി എത്തുന്നു? ജ്ഞാനത്തിന്റെ ഫലം എന്താണ്‌? വിപ്രന്മാര്‍ അതിനെപ്പറ്റി എന്തു പറയുന്നു? മന്ത്രത്താല്‍ തെളിയാതെയുളളത്‌ ഏതാണ്‌? അത്‌ ഭഗവാനേ, അങ്ങ്‌ എന്നോടു പറഞ്ഞാലും!

ശാസ്ത്രം, വേദജ്ഞാനം, യജ്ഞം, ഗോദാനം ഇവകൊണ്ട്‌ സിദ്ധിക്കുന്ന ഫലം എന്താണ്‌? വേദങ്ങളാല്‍പ്പോലും വ്യക്തമാക്കാന്‍ കഴിയാത്ത തത്ത്വമെന്താണ്‌? എപ്പോള്‍ എങ്ങനെ പുണ്യകര്‍മ്മങ്ങളുടെ ഫലങ്ങള്‍ ഉദിക്കുന്നു.? അവ എവിടെ നിന്ന്‌ ഉത്ഭവിക്കുന്നു? എങ്ങനെയാണ്‌ ലോകോത്ഭവചരിത്രം? ഭൂമിയും, എല്ലാ വസ്തുക്കളും, വായുവും, ആകാശവും, ഭൂതജാലങ്ങളും, ജലവും, സ്വര്‍ഗ്ഗവും, ദേവന്മാരും എന്തില്‍ നിന്നാണ്‌ ഉണ്ടായത്‌? എന്തില്‍ നിന്നാണ്‌ മനുഷ്യന്‍ ജ്ഞാനം പ്രാപിക്കുന്നത്‌? അതിന്റെ മൂലം തന്നെയാണല്ലോ പ്രവൃത്തി. ശരിക്ക്‌ ആ പുരാണകാര്യങ്ങള്‍ ഒന്നും ഞാന്‍ അറിയുന്നില്ല. ആ പരാശക്തിയെപ്പറ്റി ഞാന്‍ ഒന്നും അറിയുന്നില്ല. എന്നിട്ടും ഞാന്‍ അവനെ ആരാധിക്കുന്നു; ഭജിക്കുന്നു. ഇത്‌ ഒരു പാഴ്വേലയാണോ? ആണെങ്കില്‍ ഞാന്‍ എങ്ങനെ അതില്‍നിന്നു രക്ഷനേടണം?

ഋക്, സാമം മുതലായവ, യജുസ്സ്‌, ഛന്ദസ്സ്‌, ജ്യോതിഷം, നിരുക്തം ഇവ പഠിച്ചിട്ടും, വ്യാകൃതി, ശിക്ഷ, കല്പം എന്നിവ പഠിച്ചിട്ടും, ഭൂതങ്ങളുടെ പ്രകൃതി പ്രമാണങ്ങളൊന്നും എനിക്കറിയുവാന്‍ കഴിഞ്ഞില്ല, ഭവാന്‍ എന്നോട്‌ എല്ലാം ഉപദേശിക്കണം. വിശേഷവും സാമാന്യവുമായ സംഗതികള്‍ പറഞ്ഞു തരണം. ജ്ഞാനത്തിനും ക്രിയയ്ക്കും എന്താണ്‌ ഫലമെന്നുളളത്‌ പ്രത്യേകിച്ച്‌ എനിക്ക്‌ പറഞ്ഞു തരണം. ദേഹം വിട്ടാല്‍ ദേഹി പോകുന്ന കാര്യവും, വീണ്ടും ദേഹം പ്രാപിക്കുന്നതും എങ്ങനെയാണെന്നറിയുവാന്‍ ആഗ്രഹമുണ്ട്‌.

മനു പറഞ്ഞു: ഒരുത്തന്‌ എന്താണ്‌ അവന്റെ മനഃസ്ഥിതിക്ക്‌ ഇഷ്ടമായിട്ടുളളത്‌, എന്താണ്‌ സുഖമായിത്തോന്നുന്നത്‌, അതു തന്നെയാണ്‌ സുഖമെന്നു പറയുന്നത്‌. അതു പോലെ ഏതൊന്നാണ്‌ അനിഷ്ടമായിട്ടുള്ളത്‌, അതു തന്നെയാണ്‌ ദുഃഖം. ഇതാണ്‌ സുഖദുഃഖങ്ങളുടെ നിര്‍വ്വചനം. ഇഷ്ടം വന്നുചേരണം, അനിഷ്ടം വന്നുചേരരുത്. അതിനാണ്‌ കര്‍മ്മയോഗങ്ങളുടെ പ്രവൃത്തി. ഇഷ്ടവും എനിക്ക്‌ വന്നുചേരരുത്‌, അനിഷ്ടവും വന്നുചേരരുത്‌ എന്നുള്ള ചിന്തയാണ്‌ ജ്ഞാനയോഗപ്രവൃത്തി എന്നു പറയുന്നത്‌. വേദത്തില്‍ കര്‍മ്മയോഗങ്ങളെല്ലാം കാമാത്മകമാണെന്നു പറയുന്നു. ഈ കാമങ്ങള്‍ അറ്റവനാരോ, അവന്‍ പരമമായ സത്തില്‍ ചെന്നുചേരും. നാനാതരത്തിലുള്ള കര്‍മ്മ മാര്‍ഗ്ഗത്തില്‍ സുഖത്തെ ഇച്ഛിച്ച്‌ പ്രവര്‍ത്തിക്കുന്നവന്‍ നേരെ വിപരീതമായ നരകത്തിലും ചെന്നു ചേരും.

ബൃഹസ്പതി പറഞ്ഞു: സുഖത്തെ ആഗ്രഹിച്ച്‌ മനുഷ്യന്‍ പ്രയത്നിക്കുന്നു. ദുഃഖങ്ങളില്‍ നിന്നു വിമുക്തനാകാനും യത്നിക്കുന്നു. മര്‍ത്ത്യന്റെ പ്രവൃത്തി പോലെ അവന്റെ കര്‍മ്മത്തിന്റെ ഫലം അതാതു കര്‍മ്മം പോലെ ഏൽക്കുകയും ചെയ്യുന്നു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

മനു പറഞ്ഞു: കര്‍മ്മഫലങ്ങളെ തൃജിക്കുന്നവന്‍ പരമമായ സത്തില്‍--ബ്രഹ്മത്തില്‍-എത്തുന്നു. അതിന്ന്‌ കര്‍മ്മയോഗപ്രവൃത്തിയെന്നു പറയുന്നു. കാമിക്കുന്നവര്‍ക്ക്‌ ഇഷ്ടം നല്കുന്നതാണ്‌ കര്‍മ്മയോഗം. ഇതു വിട്ടവന്‍ പരമമായ ബ്രഹ്മത്തില്‍ ചേരുന്നു.

ആത്മാദികൊണ്ട്‌ കര്‍മ്മഗണാഭിവൃദ്ധനായി ധര്‍മ്മപ്രവൃത്തനായും ദ്യുതിമാനായും, സുഖാര്‍ത്ഥിയായും ഇരിക്കുന്നവന്‍, ഗുണങ്ങള്‍ ചേര്‍ന്നവന്‍, കര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തെ വിട്ട് നിരാശിസ്സ്‌, ആ പരമമായ സത്തില്‍ ചെന്നു ചേരുന്നു.

മനസ്സ്‌, കര്‍മ്മം ഇവ രണ്ടിലുമാണ്‌ ലോകത്തിന്റെ സൃഷ്ടി. ഇവ രണ്ടും ലോകസേവ്യമായ സല്‍പ്പഥമാകുന്നു. നശിക്കുന്നതും നശിക്കാത്തതുമായ കര്‍മ്മങ്ങളില്‍ ശാശ്വതമായ കര്‍മ്മഫലം ലഭിക്കുന്നവന്‍ കര്‍മ്മഫലം മനസ്സു കൊണ്ട്‌ തൃജിക്കേണ്ടതാകുന്നു. രാത്രി പോകുമ്പോള്‍ ഇരുട്ട്‌ നീങ്ങുന്നു. അപ്പോള്‍ കണ്ണ്‌ വസ്തുക്കളെ ശരിക്കും കാണുന്നു. അപ്പോള്‍ കണ്ണ്‌ ശരിക്കും അതിന്റെ നാഥനെ വേണ്ട മാര്‍ഗ്ഗത്തില്‍ നയിക്കുന്നു. അതു പോലെ മനസ്സില്‍ ജഞാനമുണ്ടാകുമ്പോള്‍ വിജ്ഞാനത്തോടു കൂടിയ എല്ലാ കര്‍മ്മത്തേയും ശരിക്കു കാണാന്‍ കഴിയുന്നു. ശുഭമേതെന്നും അശുഭമേതെന്നും വര്‍ജ്ജ്യമേതെന്നും ശരിക്കു കാണുന്നു.

സര്‍പ്പങ്ങളേയും, പുല്ലിന്‍ മുനകളേയും, കുണ്ടുകളേയും മുള്ളൂകളേയും നടക്കുന്ന വഴിയില്‍ സൂക്ഷിച്ചു നടക്കുന്നവര്‍ കാണുകയും ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. അതുപോലെ ജ്ഞാനിയായ നരന്‍ അപകടത്തില്‍ പെടാതെ ഒഴിഞ്ഞു മാറുന്നു. അജ്ഞാനി അതില്‍പ്പെട്ട് കഷ്ടപ്പെടുന്നു. ജ്ഞാനത്തിന്റെ ഫലം നല്ലതാണെന്നു ധരിക്കുക. അഞ്ചു വിധത്തിലാണ്‌ കര്‍മ്മത്തിന്റെ ഫലം. വിധിപ്രകാരം ചെയ്യുന്ന മന്ത്രം, ദക്ഷിണകള്‍, ശരിയായി നടത്തുന്ന യജ്ഞം, അന്നദാനം, മനസ്സുറപ്പിച്ചുള്ള സമാധി, ഇവയഞ്ചുമാണ്‌ കര്‍മ്മഫലദായകങ്ങള്‍.

വേദം പറയുന്നു കര്‍മ്മങ്ങള്‍ ഗുണാത്മകങ്ങളാണെന്ന്‌. ഗുണമെന്നത്‌ സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ മൂന്നുമാണ്‌. കര്‍മ്മത്തിന്റെ ഫലം മനസ്സങ്കല്പത്തെ ആശ്രയിച്ചിമിക്കുന്നു. അത്‌ കര്‍മ്മം ചെയ്യുന്നവന്റെ ഇഷ്ടത്തെ ആശ്രയിച്ചു നില്ക്കുന്നു. എല്ലാ മനോഹരമായ ശബ്ദവും, രൂപവും, രസവും, സ്പര്‍ശവും, ഗന്ധവും പ്രവൃത്തിയുടെ ഫലമായി സ്വര്‍ഗ്ഗത്തില്‍ സിദ്ധിക്കുന്നു. അത്‌ ഇഹത്തിലും കര്‍മ്മഫലമായി ലഭിക്കുന്നു!

ഏതേതു കര്‍മ്മം ദേഹത്താല്‍ ചെയ്യുന്നുവോ, അതാതു കര്‍മ്മത്തിന്റെ ഫലം ദേഹിക്കു സിദ്ധിക്കുന്നു. സുഖത്തിന്നുള്ള ഗൃഹം ശരീരമാണ്‌. ദുഃഖത്തിന്നുള്ള ഗൃഹവും ശരീരം തന്നെയാണ്‌. 

വാക്കുകൊണ്ട്‌ ഏതേതു കര്‍മ്മം ചെയ്യുന്നുവോ, അതൊക്കെ വാക്കു കൊണ്ടു തന്നെ നാം ഏൽക്കുന്നു. മനസ്സു കൊണ്ട്‌ ഏതേതു കര്‍മ്മം ചെയ്യുന്നവോ, അതെല്ലാം മനസ്സു കൊണ്ടു തന്നെ അനുഭവിക്കുന്നു. കര്‍മ്മഫലത്തില്‍ ആശിച്ച്‌ ഫലാര്‍ത്ഥിയായവന്‍ ഏതേതു കര്‍മ്മം ചെയ്യുന്നവോ, അപ്രകാരമുള്ള ഫലം ഗുണങ്ങളോടു ചേര്‍ന്ന്‌, ശുഭത്തിന്ന്‌ ശുഭവും, അശുഭത്തിന്ന്‌ അശുഭവും, അനുഭവിക്കുന്നു. മത്സ്യം ഒഴുക്കില്‍ നില്‍ക്കുന്ന മാതിരി മുമ്പെ ചെയ്ത കര്‍മ്മത്തിന്റെ ഫലം ചെയ്തവന്‍ അനുഭവിക്കുന്നു. ശരീരി ശുഭത്തില്‍ മോദിക്കുകയും ദുഷ്കൃതത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നു.

ഈ ലോകമൊക്കെ എന്നില്‍ നിന്നു ജനിച്ചു. എന്തൊരു തത്ത്വം അറിഞ്ഞിട്ടാണ്‌ ആത്മവാന്മാര്‍ സംസാരം കടക്കുന്നത്‌, മന്ത്രാക്ഷരങ്ങളാലും വ്യക്തമാക്കാന്‍ കഴിയുന്ന തത്ത്വമെന്താണോ അത്‌ ഞാന്‍ പറയാം. നീ മനസ്സുവെച്ച്‌ കേള്‍ക്കുക.

എല്ലാത്തരം രസങ്ങളും വിട്ടൊഴിഞ്ഞതും (യാതൊരു രസവും ഇല്ലാത്തതും), ഗന്ധം ഒന്നുമില്ലാത്തതും, ശബ്ദം, സ്പര്‍ശം, രൂപം എന്നിവയൊന്നുമില്ലാത്തതും, ഗ്രഹിക്കുവാന്‍ കഴിഞ്ഞതും, വ്യക്തമല്ലാത്തതും, അവര്‍ണ്യവുമായതും യാതൊന്നോ, അതാണ്‌ അഞ്ചു വിധത്തില്‍ പ്രജകളെ സൃഷ്ടിക്കുന്നത്‌. അത്‌ ആണല്ല, പെണ്ണല്ല, ഷണ്ഡനല്ല, സത്തല്ല, അസത്തല്ല-- എന്നാല്‍ സത്തസത്തുമല്ല (മായയല്ല).ബ്രഹ്മജ്ഞരായ പണ്ഡിതന്മാര്‍ എന്ത്‌ കാണുന്നുവോ അത്‌ അക്ഷരമാണ്‌; നാശമില്ലാത്തതാകുന്നു എന്ന്‌ ധരിക്കുക.

അദ്ധ്യായം 202. മനുബ്യഹസ്പതിസംവാദം - ആത്മസാക്ഷാത്കാരത്തിന്നുളള ഉപായം - മനു പറഞ്ഞു: അക്ഷരത്തില്‍ നിന്ന്‌ ആകാശം, അതില്‍ നിന്ന്‌ വായു, അതില്‍ നിന്ന്‌ തേജസ്സ്‌, തേജസ്സില്‍ നിന്ന്‌ ജലം, ജലത്തില്‍ നിന്നു ഭുമി, ഭൂമിയില്‍ നിന്നു ജഗത്ത്‌ ഇങ്ങനെയാണ്‌ ഉത്ഭവം.

ഈ ദേഹത്താല്‍ ജലത്തെ പ്രാപിച്ച്‌, ജലത്താല്‍ തേജസ്സിനെ പ്രാപിച്ച്‌, പിന്നെ കാറ്റ്‌, പിന്നെ ആകാശം ഈ മട്ടില്‍ ആകാശത്തേയും പ്രാപിച്ച്‌, അതും വിട്ടാല്‍ പിന്നെ അവന്ന്‌ ജന്മമില്ല. അങ്ങനെയുളളവരെല്ലാം പരമമായ മോക്ഷം നേടുന്നു.

ശീതമല്ല, ഉഷ്ണമല്ല, മൃദുവല്ല, തീക്ഷണമല്ല, ചവര്‍പ്പല്ല, കയ്പല്ല, പുളിയല്ല, മധുരമല്ല, ശബ്ദമല്ല, ഗന്ധമമല്ല, രൂപമല്ല ഇവയൊന്നും ഉള്ളതല്ലാത്ത, ഈ പറഞ്ഞ ഒമ്പതും അല്ലാതെ പത്താമത്തേതായ ഒന്നാണ്‌ പരമാത്മാവിന്റെ സ്വഭാവം. ആദ്ധ്യാത്മ ബോധമുള്ളവന്‍ സ്പര്‍ശം ശരീരം കൊണ്ട്‌ അറിയുന്നു. നാവു കൊണ്ട്‌ രസമറിയുന്നു, മുക്കു കൊണ്ട്‌ വാസനയറിയുന്നു. ചെവി കൊണ്ട്‌ ശബ്ദം കേള്‍ക്കുന്നു, കണ്ണു കൊണ്ട്‌ രൂപം കാണുന്നു. ഇതൊക്കെ ഗ്രഹിക്കുന്നത്‌ ആദ്ധ്യാത്മബോധം കൊണ്ടാണ്‌. അതില്ലെങ്കില്‍ ഈ ജ്ഞാനമൊന്നും പ്രാണികള്‍ക്കുണ്ടാവുകയില്ല.

പരമാത്മസ്വഭാവം കാണണമെങ്കില്‍ ഈ പറഞ്ഞവയൊക്കെ പിന്‍വലിക്കണം. രസത്തില്‍ നിന്ന്‌ നാവിനെ പിന്‍വലി ക്കണം. മൂക്കു കൊണ്ട്‌ ഗന്ധത്തെ പിന്‍വലിക്കണം. ചെവിയെ ശബ്ദത്തില്‍ നിന്നു പിന്‍വലിക്കണം. സ്പര്‍ശത്തില്‍ നിന്ന്‌ ത്വക്കിനെ പിന്‍വലിക്കണം. രൂപഭേദത്തില്‍ നിന്നു സ്വന്തം ദൃഷ്ടിയേയും പിന്‍വലിക്കണം. ഇങ്ങനെ യോഗത്തില്‍ മുഴുകുന്നവന്‍ എല്ലാ ഇന്ദ്രയജ്ഞാനങ്ങളില്‍ നിന്നും നിവൃത്തനാകുന്നു. അങ്ങനെ എല്ലാറ്റില്‍ നിന്നും പിന്‍വലിക്കുന്നവന്‍ പരമാത്മാവിന്റെ സ്വഭാവത്തെ ദര്‍ശിക്കുന്നു. ഏതില്‍ നിന്ന്‌ ഏത്‌ ചെയ്യുന്നുവോ, ഒന്ന്‌ ഏതില്‍ ആരംഭിക്കുന്നുവോ, അതാണ്‌ പ്രവൃത്തി. ഏതില്‍ ഏതിനാല്‍ ആര് ചെയ്യുന്നുവോ, ഏതൊന്നാണോ വ്യാപകം, സാധകം, ഏതോ മന്ത്രം പോലെ ലോകത്തില്‍ നിൽക്കുന്നു, എല്ലാറ്റിന്നും ഹേതുവായി നിൽക്കുന്ന ആത്മകാരി ഏതോ അതാണ്‌ കാരണമായിട്ടുള്ളത്‌. മറ്റുളളതെല്ലാം കാര്യവുമാകുന്നു.

താന്‍ എന്ത്‌ ചെയ്താലാണോ ശുഭാശുഭങ്ങള്‍ നേടുന്നത്‌, അവ ഒന്നിച്ചു നിൽക്കുന്നപോലെ, അതു പോലെ തന്നെ ശുഭാശുഭപ്രായമായ ദേഹങ്ങള്‍ തോറും ജ്ഞാനവും നിലകൊള്ളുന്നു.

മുമ്പില്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക്‌ മറ്റൊന്നിനെ തെളിയിച്ച്‌ കാണിക്കുന്നതു മാതിരി, ജ്ഞാനദീപത്താല്‍ കുത്തുന്ന അഞ്ച്‌ ഇന്ദ്രിയങ്ങളാകുന്ന പന്തങ്ങള്‍ അവയുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുന്നു. രാജാവിനെ ഒട്ടേറെ അമാത്യന്മാര്‍ വേറെ വേറെ പ്രമാണം പറഞ്ഞു ധരിപ്പിക്കുന്ന മാതിരി, ദേഹങ്ങളില്‍ ഇന്ദ്രിയങ്ങള്‍ അഞ്ചും ജ്ഞാനത്തിന്നു വിധേയമായി വര്‍ത്തിക്കുന്നു.

അഗ്നിക്ക്‌ ശോഭ, കാറ്റിന്ന്‌ ശക്തി, അര്‍ക്കന്ന്‌ രള്‍മി, പുഴകള്‍ക്ക്‌ ജലം ഇവ പോവുകയും വരികയും സഞ്ചരിക്കുകയും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. അതു പോലെ ദേഹികള്‍ക്കു ദേഹം ഉണ്ടാവുകയും നശിക്കുകയും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു.

ഒരുത്തന്‍ കോടാലി കൈയിലെടുത്ത്‌ മരമുട്ടി വെട്ടിപ്പിളര്‍ന്നാല്‍ അതിന്റെ ഉള്ളില്‍ക്കിടക്കുന്ന ഈര്‍ജ്ജം കാണുകയി ല്ല. ധൂമവും അഗ്നിയും അതില്‍ അന്തര്‍ലീനമാണ്‌. അതു കാണാന്‍ അവന്നു കഴികയില്ല. അതു പോലെ ശരീരം കത്തി കൊണ്ടു കീറി വയറു പൊളിച്ചു നോക്കിയാലും അതിന്റെ ഉള്ളിലുള്ളതല്ലാതെ ആത്മാവിനെ കണ്ടു കിട്ടുകയില്ല. ആ മുട്ടിയെത്തന്നെ കടഞ്ഞാല്‍ തീപ്പൊരി പാറുന്നത്‌ കാണാം. അഗ്നിയും ധൂമവും കാണാം. അപ്രകാരം യോഗം കൊണ്ട്‌ കടഞ്ഞാല്‍, ധീമാനായ വിദ്വാന്‍ ഇന്ദ്രിയങ്ങളെ കടഞ്ഞാല്‍, പരമാത്മാവിനെ കണ്ടെത്തും. സ്വപ്നത്തില്‍ തന്റെ മെയ്യ്‌ മന്നില്‍ പതിച്ച്‌ മറ്റൊന്നായി എപ്രകാരം കാണുന്നുവോ അപ്രകാരം ശ്രോത്രങ്ങള്‍ ഉള്ളവനും സുമഹാനുമായ സുബുദ്ധി മരണാനന്തരം തന്റെ ശരീരം കാണുന്നു; പിന്നെ മറ്റൊരു ശരീരത്തെ പ്രാപിക്കുന്നു. ഉല്‍പത്തി, വൃത്തി, വ്യയം ഇവ ആത്മാവിനില്ല. ഒരു ശരീരം ഉപേക്ഷിച്ചു മറ്റൊരു ശരീരത്തില്‍ അദൃഷ്ടനായി, ഫലത്തിന്റെ സന്നിയോഗം മൂലം ആത്മാവ്‌ എത്തിച്ചേരുന്നു.

ആരും ആത്മാവിനെ കണ്ണുകൊണ്ട്‌ കാണുന്നില്ല. അതു സ്പര്‍ശം ഏൽക്കുന്നില്ല. അവ കൊണ്ട്‌ ആത്മാവ്‌ ഒരു കാര്യവും നേടുന്നില്ല. ഇന്ദ്രിയങ്ങള്‍ ആത്മാവിനോട്‌ ഏല്‍ക്കുന്നില്ല. എന്നാല്‍ അവന്‍ എല്ലാം കാണുന്നു. അടുത്തു കത്തുന്ന അഗ്നിയുടെ രൂപത്തെ അടുത്തു നില്ക്കുന്നവന്‍ ഏൽക്കുന്നു. മറ്റ്‌ രൂപ ഗുണങ്ങളൊന്നും അവന്‍ ഗ്രഹിക്കുകയില്ല. അത്തരത്തില്‍ ആത്മാവ്‌ ശരീര രൂപത്തില്‍ കാണുന്നു. അപ്രകാരം ഉടല്‍വിട്ട മര്‍ത്ത്യന്‍ അദൃശ്യമായ മറ്റെരു ഉടലിനെ പ്രാപിക്കുന്നു. ഈ ശരീരം പഞ്ചമഹാഭൂതങ്ങള്‍ക്ക്‌ വിട്ടു കൊടുത്ത്‌ അതിനെത്തന്നെ ആശ്രയിച്ച്‌ മറ്റൊരു രൂപം കൈക്കൊള്ളുന്നു. ആകാശം, കാറ്റ്‌, അഗ്നി, വെള്ളം, ധരിത്രി ഇവ ചേര്‍ന്ന്‌ ദേഹം രൂപം കൊള്ളുന്നു. നാനാ ആശ്രയങ്ങളോടെ കര്‍മ്മം നടത്തുന്ന ശ്രോത്രാദി ഇന്ദ്രിയങ്ങള്‍ അഞ്ചും ശരീരത്തെ അപ്രകാരം ആശ്രയിക്കുന്നു. ശ്രോത്രം വ്യോമത്തില്‍ നിന്നും. ഘ്രാണം ഭൂമിയില്‍ നിന്നും, തേജോമയമായ രൂപം വിപാകത്തില്‍ നിന്നും ഉണ്ടാകുന്നു. ജലസ്ഥമായ തേജസ്സ്‌, രസം, വായ്വാത്മകം, സ്പര്‍ശം ഇവ ഗുണമെന്നു പറയുന്നു. മഹാഭൂതങ്ങളില്‍ അഞ്ചും നിൽക്കുന്നു. ഇന്ദ്രിയത്തില്‍ അഞ്ചിന്ദ്രിയാര്‍ത്ഥങ്ങളും നില്ക്കുന്നു. ഇവയെല്ലാം മനോനുഗങ്ങളാണ്‌. മനസ്സ്‌ ബുദ്ധിക്ക്‌ അധീനമാണ്‌. മനസ്സ്‌ സ്വഭാവ രൂപത്തില്‍ നിൽക്കുന്ന പരമാത്മാവിന്ന്‌ അധീനവുമാണ്‌. ഈ ജന്മത്തിലും കഴിഞ്ഞ ജന്മങ്ങളിലും ചെയ്ത കര്‍മ്മങ്ങള്‍, ശുഭവും അശുഭവുമായവ, എല്ലാം പുതിയ ശരീരത്തില്‍ എത്തിച്ചെല്ലുന്നു; അവ മത്സ്യങ്ങള്‍ ഒഴുക്കിനെ എന്നപോലെ എത്തിച്ചേരുന്നു. ചലിക്കുന്നത്‌ കണ്ണിന്റെ മാര്‍ഗ്ഗത്തില്‍ കാണുന്ന പോലെ, സൂക്ഷ്മമായ വസ്തു ബൃഹത്തായി (കണ്ണാടിയില്‍ക്കൂടെ) തോന്നുന്ന പോലെ, സ്വരൂപത്തെ കണ്ണാടിയിലെന്ന പോലെ കാണുവാന്‍, ആത്മജ്ഞാനം നേടുവാന്‍ പ്രയത്നിക്കുക!

അദ്ധ്യായം 203. മനുബ്യഹസ്പതിസംവാദം - ആത്മാവിന്റെ നിതൃസത്തയെപ്പറ്റിയുള്ള പ്രതിപാദനം - മനു പറഞ്ഞു; മനസ്സ്‌ ഇന്ദ്രിയങ്ങളോടു ചേര്‍ന്ന്‌ മുമ്പേ നേടിയ ഗുണത്തെ, കഴിഞ്ഞതിനെ, ഓര്‍ക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചാല്‍ പരമമായ ആത്മാവ്‌ ബുദ്ധിരൂപത്തില്‍ അതിന്റെ ശരിയായ നിലയില്‍ വര്‍ത്തിക്കുന്നു.

പരസ്പര വൈരുദ്ധ്യമുള്ള എല്ലാ ഇന്ദ്രിയങ്ങളേയും അവയുടെ സ്ഥാനഭേദങ്ങള്‍ നോക്കാതെ ആത്മാവ്‌ ഒതുക്കിക്കൂട്ടി അവയില്‍ സഞ്ചരിക്കുന്നു. പരമേശനായ ശരീരി സാക്ഷിയായി, ഒന്നിലും പെടാതെ നിൽക്കുന്ന ആത്മാവ്‌, പലതരം വൃത്യസ്തമായ സ്ഥാനങ്ങളില്‍ സന്ദര്‍ഭങ്ങളില്‍ കൂട്ടു ചേരുന്നു. എന്നാല്‍ വാസ്തവത്തില്‍ സ്ഥാനസന്ദര്‍ഭങ്ങള്‍ അതിനോടു ചേരുന്നതല്ല. അതു സ്വതന്ത്രമാണ്‌.

രജസ്സ്‌, തമസ്സ്‌, സത്വം ഈ അവസ്ഥകള്‍ക്കനുസരിച്ച്‌ ബുദ്ധിക്കു വന്നു ചേരുന്ന ഗുണങ്ങള്‍ മൂന്നും ഈയാള്‍ ഏൽക്കുന്നു. അപ്രകാരം തന്നെ ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നിവയും. മുന്ന്‌ അവസ്ഥയിലേയും സുഖദുഃഖങ്ങള്‍ ആത്മാവിനെ വിട്ടു നില്‍ക്കുന്നു. എന്തെന്നാല്‍ അവ ത്രയോഗുണജന്യമാണെന്ന്‌ ആത്മാവിന്നറിയാം. ആത്മാവ്‌ ഇന്ദ്രിയങ്ങളില്‍, കാറ്റ്‌ കത്തുന്ന മരക്കഷണത്തില്‍ എന്നപോലെ നിൽക്കുന്നു.

മനുഷ്യന്‌ ആത്മാവിനെ കണ്ണു കൊണ്ടു കാണാന്‍ പറ്റുന്നതല്ല, സ്പര്‍ശിക്കുവാനും പറ്റുകയില്ല. ആത്മാവ്‌ ശബ്ദരഹിതമാണ്‌; അതു കൊണ്ടു കേള്‍ക്കാനും പറ്റുകയില്ല.

ശ്രോത്രാദികളാലും വിദ്വാന്മാരില്‍ നിന്നും അത്‌ അറിയാന്‍ പറ്റുന്നതാണ്‌. ഏതെങ്കിലും ഇന്ദ്രിയം അത്‌ അറിഞ്ഞു കഴിഞ്ഞാല്‍ ആ അറിവു കൊണ്ട്‌ ആ ഇന്ദ്രിയം ഇന്ദ്രിയാവസ്ഥ വിടുന്നു.

ആത്മാവ്‌ സര്‍വ്വജ്ഞനാണ്‌. അത്‌ എല്ലാം കാണുന്നു. ആരും ഹിമവാന്റെ മറുവശം കണ്ടിട്ടില്ല. അതുപോലെ ചന്ദ്രന്റെ മറുപുറവും. എങ്കിലും അത്‌ ഇല്ലെന്ന്‌ ആരും പറയുകയില്ല. അവ ഉള്ള തുതന്നെയാണ്‌. ഇപ്രകാരം ഭൂതങ്ങളില്‍ സൂക്ഷ്മനും, ഭൂതാത്മജ്ഞനുമായ ആത്മാവ്‌ കണ്ണു കൊണ്ട്‌ മുമ്പു കാണാത്തവനാണ്‌ എങ്കിലും ഇല്ലാത്തവനല്ല. ചന്ദ്രനില്‍ ഭൂമി പ്രതിഫലിച്ചു കാണുന്നു. ഇതു കണ്ടാലും ഭൂമിയുടെ പ്രതിബിംബമാണ്‌ അതെന്നു ജനങ്ങള്‍ അറിയുന്നില്ല. ആത്മാവിനെക്കുറിച്ചുള്ള വിവരം ഇതു പോലെയാണ്‌. അതേപ്പറ്റിയുള്ള ജ്ഞാനം സ്വയം ഉണ്ടാകണം. ആത്മാവ്‌ ആത്മാവിനെ മാത്രം ആശ്രയിച്ചു നില്ക്കുന്നു. ജ്ഞാനികള്‍ സ്ഥൂലവസ്തുക്കള്‍ ഉത്ഭവത്തിന്നു മുമ്പും നാശം സംഭവിക്കുമ്പോഴും അരൂപമാണെന്നു കണ്ട്‌ രൂപമുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അരൂപരാണെന്നു മനസ്സിലാക്കുന്നു. അതു പോലെ ഉദയവും അസ്തമയവും കണ്ട്‌ സൂര്യന്റെ ഗതിയറിയുന്നു. ദൂരെ നില്ക്കുകയാണെങ്കിലും നല്ല പണ്ഡിതന്മാര്‍ ബുദ്ധിയുടെ വിള ക്കിന്റെ സഹായത്താല്‍ ആത്മാവിനെ നല്ല പോലെ കാണുന്നു. അവര്‍ ജേഞയത്തെ ജ്ഞാനം കൊണ്ട്‌ അടുപ്പിച്ച്‌ കാണാന്‍ ശ്രമിക്കുന്നു.

ഉപായം കൂടാതെ ഒരു കാര്യവും സാധിക്കുകയില്ല. മീന്‍ പിടുത്തക്കാര്‍ വല കൊണ്ട്‌ മീനുകളെ പിടിക്കുന്നു. മാനുകളെ വിട്ട്‌ മാന്‍കൂട്ടത്തെ പിടിക്കുന്നു. പക്ഷികളെ വിട്ട് പക്ഷിക്കൂട്ടങ്ങളെയും പിടിക്കുന്നു. ആനയെ വിട്ട്‌ ആനകളെ പിടിക്കുന്നു. ജ്ഞാനം കൊണ്ട്‌ നരന്‍ ജേഞയത്തെ പാട്ടിലാക്കുന്നു. പാമ്പിന്റെ കാലിനെപ്പറ്റി പാമ്പു മാത്രമേ അറിയുന്നുള്ളൂ. ഇങ്ങനെ ജ്ഞാനത്താല്‍ ജേഞയം മൂര്‍ത്തിയില്‍ മൂര്‍ത്തിയായി കാണപ്പെടുന്നു. ഇന്ദ്രിയങ്ങളാല്‍ ഇന്ദ്രിയങ്ങളെ അറിയുവാന്‍ കഴിയുകയില്ല. ഏറ്റവും അറിയേണ്ടതായ വസ്തുവെ സൂക്ഷ്മമായ ബുദ്ധി കൊണ്ടും അറി യാന്‍ പറ്റുകയില്ല. കറുത്ത വാവില്‍ ശരീരം ക്ഷയിച്ച ചന്ദ്രനെ കാണാന്‍ കഴിയുന്നില്ല. അതു പോലെയാണ്‌ ആത്മാവ്‌. ആത്മാവ്‌ നശിക്കുന്നില്ല. കറുത്ത വാവില്‍ കാന്തിമങ്ങി മറഞ്ഞ്‌ ചന്ദ്രനെ കാണാതാവുകയാണു ചെയുന്നത്‌. അപ്രകാരം ശരീരം വിട്ട ദേഹിയെ മനസ്സിലാക്കണം. ആകൃതി മാറി ആ ചന്ദ്രന്‍ വീണ്ടും നമ്മുടെ മുമ്പില്‍ തെളിയുന്നു. അപ്രകാരം ദേഹാന്തരം പ്രാപിച്ച്‌ ദേഹി വീണ്ടും തെളിയുന്നതാണ്‌. വൃദ്ധിയും, ക്ഷയവും പ്രത്യക്ഷമായി ചന്ദ്രനില്‍ക്കാണുന്നു. ആ കാണുന്ന വൃദ്ധിക്ഷയങ്ങള്‍ ദേഹിക്കുള്ളതല്ല. ഉല്‍പ്പത്തിയും വൃദ്ധിയും കണ്ട്‌ അതു ചന്ദ്രനാണെന്നറിയാത്ത മാതിരിയാണ്‌ മൂര്‍ത്തിയെടുത്തവരും. കറുത്ത വാവിന്‍ നാളത്തെ ച്ന്രനെപ്പോലെയാണ്‌ ശരീരമെടുത്തവന്റെ കഥയും. രാഹു ചന്ദ്രനിൽ വരുന്നതും പോകുന്നതും ആരും കാണുന്നില്ല. എന്നാല്‍ ഏൽക്കുന്നതും വിട്ടു പോകുന്നതും കാണുന്നുണ്ടല്ലോ. അതു പോലെയാണ്‌ ദേഹിയുടേയും കഥയെന്നറിയുക. ചന്ദ്രാര്‍ക്കന്മാരോടു ചേരുന്ന സമയത്ത്‌ നാം രാഹുവിനെ കാണുന്നുളളൂ. അപ്രകാരം ദേഹത്തോടു ചേരുമ്പോള്‍ മാത്രമേ നാം ദേഹിയെ കാണുന്നുള്ളു. ചന്ദ്രാര്‍ക്കന്മാരെ വിട്ടു പോന്ന രാഹുവെ കാണാത്ത മാതിരി ദേഹം വിട്ട ദേഹിയേയും കാണുവാന്‍ നമുക്കു കഴിയുന്നില്ല. കറുത്ത വാവില്‍ ചന്ദ്രന്‍ പോകുന്നു. കാണാതാകുന്നു. നക്ഷത്രങ്ങള്‍ പകല്‍ വെളിച്ചത്തില്‍ കാണാതാകുന്നു. അപ്രകാരം ദേഹം വിട്ട ദേഹിയും ദേഹകര്‍മ്മഫലയോഗത്തെ വിടുന്നില്ല.

അദ്ധ്യായം 204. മനുബ്യഹസ്പതിസംവാദം - ജീവാത്മപരമാത്മാക്കളുടെ സാക്ഷാത്കാരം - മനു പറഞ്ഞു: സ്വപ്ന ത്തില്‍ ദേഹം ഒരിടത്തു കിടക്കുമ്പോള്‍, ജീവന്‍ ചുറ്റുന്ന മാതിരി, മരണാനന്തരം ലിംഗശരീരത്തെ വിട്ട്‌, ജ്ഞാനം ഉണര്‍ന്നു നിൽക്കുന്നു. തെളിഞ്ഞ വെള്ളത്തില്‍ രൂപം കാണുന്ന മാതിരി ഇന്ദ്രിയത്തിന്റെ തെളിവില്‍ ജേഞയത്തെ ജ്ഞാനം കൊണ്ടു തെളിഞ്ഞു കാണും. ആ ജലമൊന്നിളകിയാല്‍ അയാള്‍ ആ രൂപത്തെ കാണാതിരിക്കുന്ന വിധം. ഇന്ദ്രിയത്തിന്റെ ഉള്‍ഭ്രാന്തി മൂലം ജേഞയത്തെ ജ്ഞാനം കൊണ്ടു കാണാന്‍ കഴിയാതാകുന്നു. അജ്ഞാനം കൊണ്ട്‌ ഭ്രാന്തിയുണ്ടാകുന്നു. ഭ്രാന്തിയില്‍ മനസ്സു ചലിക്കുന്നു. മാനസേന്ദ്രിയങ്ങള്‍ അഞ്ചും മനസ്സു ദുഷിച്ചാല്‍ ദുഷിക്കും. അജ്ഞാനതൃപ്തന്‍ വിഷയമേറ്റാലും തൃപ്തനാവുകയില്ല. അദൃഷ്ടമായ വിധം ഭൂതാത്മാവ്‌ വിഷയങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറും. കല്മഷം കാരണം പുരുഷന്നു തൃഷ്ണ നശിക്കുന്നതല്ല. പാപം ഒഴിയുമ്പോള്‍ തൃഷ്ണയും വിട്ടു പോകും. വിഷയത്തിലുള്ള ആസക്തി മൂലം ആഗ്രഹിക്കാന്‍ പാടില്ലാത്തത്‌ മനസ്സു കൊണ്ട്‌ ആഗ്രഹിക്കുന്നു. അവന്ന്‌ ബ്രഹ്മപ്രാപ്തി സിദ്ധിക്കാതെ വരുന്നു. നരന്മാര്‍ക്കു പാപകര്‍മ്മത്തിന്റെ ക്ഷയത്തില്‍ ജ്ഞാനം ഉദിക്കും. കണ്ണാടിയിലെന്ന പോലെ തന്നില്‍ തന്നെത്താന്‍ കാണുന്ന വിധം ആത്മാവില്‍ ആത്മാവിനെ കാണും. ഇന്ദ്രിയം ചിന്നി യാല്‍ ദുഃഖിക്കുകയും അതടങ്ങിയാല്‍ സുഖിക്കുകയും ചെയ്യും. അതുകൊണ്ട്‌ ഇന്ദ്രിയപദത്തില്‍ തന്നെ താന്‍ തന്നെ അടക്കണം.

ഇന്ദ്രിയങ്ങള്‍ക്കു മേലെയാണ്‌ ചിത്തം. ചിത്തത്തിന്നും മേലെയാണ്‌ ബുദ്ധി. ബുദ്ധിക്കും മേലെയാണ്‌ ജ്ഞാനം. ജ്ഞാനത്തിന്നും മേലെയാണ്‌ മഹത്ത്‌. അവ്യക്തോത്ഭവമാണ്‌ ആത്മാവ്‌. ആത്മാവില്‍ നിന്നു ജ്ഞാനവും, ജഞാനത്തില്‍ നിന്നു മനസ്സും ഉണ്ടായി. ശ്രോത്രാദികളോടു ചേര്‍ന്ന മനസ്സ്‌ ശബ്ദാദികളെ അറിയുന്നു. ശബ്ദാദികളെ മുഴുവനും ഉപേക്ഷിച്ചവന്‍ പ്രാകൃതജ്ഞാനവും ഒഴിക്കും. അത്‌ ഒഴിവാക്കിയാല്‍ അനശ്വരതയാണ്‌ ഫലം. ഉദിച്ചുയരുന്ന അര്‍ക്കന്‍ രശ്മിമണ്ഡലം സൃഷ്ടിക്കും. അസ്തമിക്കുമ്പോള്‍ അര്‍ക്കന്‍ രശ്മിമണ്ഡലത്തെ തന്നിലേക്കു തന്നെ പിന്‍വലിക്കും. അപ്രകാരം അന്തരാത്മാവും ദേഹത്തെ പ്രാപിച്ച്‌ ഇന്ദ്രിയരശ്മി കൊണ്ട്‌ അഞ്ച്‌ ഇന്ദ്രിയഗുണം നേടി. അന്തരാത്മാവ്‌ ശരീരം ഉപേക്ഷിക്കുമ്പോള്‍ ആ രശ്മികളെ തന്നിലേക്കെടുത്ത്‌ അസ്തമിക്കുന്നു. കര്‍മ്മത്താല്‍ തീര്‍ത്ത വഴിക്കു വീണ്ടും കൊണ്ടു വിടുന്ന ആത്മവിത്തമന്‍ പ്രവൃത്തമായ കര്‍മ്മഫലം നേടുന്നു.

ആഗ്രഹങ്ങളില്ലാത്തവനില്‍ നിന്ന്‌ ആഗ്രഹസാധകങ്ങളായ വസ്തുക്കളോടുള്ള താല്പര്യം ഒഴിഞ്ഞു പോകുന്നു. സ്വന്തം ആത്മാവിനെ അറിയുന്നവനില്‍ നിന്ന്‌ ആഗ്രഹങ്ങള്‍ തന്നെ നശി ച്ചു പോകുന്നു. ബുദ്ധി വിഷയ സുഖം നല്കുന്ന പദാര്‍ത്ഥങ്ങളോടു വിരക്തി പ്രാപിക്കുമ്പോള്‍ അവന്‍ ബ്രഹ്മലീനനായിത്തീരുന്നു. അപ്പോള്‍ സ്പര്‍ശിക്കാതെയും, കേള്‍ക്കാതെയും, കാണാതെയും, ആസ്വദിക്കാതെയും, ഘ്രാണിക്കാതെയും, ഓര്‍ക്കാതെയും ഇരിക്കുന്ന.ആ ബ്രഹ്മത്തില്‍ നരന്‍ എത്തുന്നതാണ്‌. ബുദ്ധി കൊണ്ടു മാത്രമേ അത്‌ സാദ്ധ്യമാകൂ. മനസ്സില്‍ ആകൃതികള്‍ സ്ഥിതി ചെയ്യുന്നു. മനസ്സ്‌ ബുദ്ധിയലിരിക്കുന്നു. ബുദ്ധി ജ്ഞാനത്തില്‍ ചെന്നു ചേരുന്നു. ജ്ഞാനം പരത്തിലും എത്തുന്നു. ഇന്ദ്രിയങ്ങളില്‍ നിന്നു മനസ്സിദ്ധി ലഭിക്കുകയില്ല. മനസ്സ്‌ ബുദ്ധിയെ കാണുകയില്ല. അവൃക്തത്തെ ബുദ്ധിയും കാണുകയില്ല. എന്നാല്‍ സൂക്ഷ്മമായ ആത്മാവ്‌ എല്ലാറ്റിനേയും കാണുന്നു.

അദ്ധ്യായം 205. മനുബ്യഹസ്പതിസംവാദം - പരബ്രഹ്മ പ്രാപ്തിക്കുള്ള ഉപായം - മനു പറഞ്ഞു: ശരീരവും മനസ്സും ശോകം കൊണ്ടു തകര്‍ന്ന മട്ടിലിരിക്കുമ്പോള്‍ പ്രയത്നം കൊണ്ട്‌ ചെയ്യേണ്ടതായ യോഗത്തില്‍ (യോഗാഭ്യാസത്തില്‍) മനസ്സ്‌ വെക്കരുത്‌. ദുഃഖത്തിന്ന്‌ ഒരു ചികിത്സയുണ്ട്‌. അത്‌ ദുഃഖത്തെപ്പറ്റി ചിന്തിക്കാതിരിക്കുക എന്നതാണ്‌. ദുഃഖകാരണത്തെ ചിന്തയില്‍ നിന്നും ബലമായി ഒഴിവാക്കാന്‍ ശ്രമിക്കുക; അത്‌ മറ്റു കാര്യങ്ങളില്‍ മനസ്സു വെക്കുവാന്‍ ശ്രമിക്കുകയാണ്‌. ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ ആ ചിന്ത വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരികയല്ലാതെ വിട്ടുമാറുകയില്ല. ഔഷധം സേവിച്ച്‌ ശാരീരികമായ ദുഃഖവും തീര്‍ക്കണം. പ്രജഞ കൊണ്ടു മാനസിക ദുഃഖവും തീര്‍ക്കണം.

ഇതാണ്‌ ജ്ഞാനത്തിന്റെ സാമർത്ഥ്യം. കുട്ടികളെപ്പോലെയാകരുത്‌. നശ്വരമായ യൗവനത്തേയും, രൂപത്തേയും, ജീവനേയും, ദ്രവ്യജാലത്തേയും, ആരോഗ്യത്തേയും, പ്രിയസംസര്‍ഗ്ഗത്തേയും ബുധന്മാര്‍ കൊതിക്കരുത്‌. നാടടച്ചു ബാധിക്കുന്ന ദുഃഖത്തില്‍ തനിയെ നിന്നു വിലപിച്ചിട്ടെന്തു കാര്യം? കൌശലം കണ്ടിട്ടുണ്ടെങ്കില്‍ ദുഃഖിക്കാതെ അതിന്നുള്ള മറുകൈ കാണണം. ജീവിക്കുകയാണെങ്കില്‍ അവര്‍ക്കു സുഖത്തേക്കാള്‍ കൂടുതല്‍ ദുഃഖമാണ്‌ ലഭിക്കുക; അത്‌ ദൃഢമാണ്‌. ഇന്ദ്രിയാര്‍ത്ഥങ്ങളെ സ്നേഹിക്കുന്നവന് മോഹം മൂലം മരണം അപ്രിയമാണ്‌. സുഖവും ദുഃഖവും, ഈ ദ്വന്ദത്തെ വിട്ടൊഴിക്കുന്ന പുരുഷന്‍ അവസാനം ബ്രഹ്മത്തില്‍ ചെന്നെത്തും. ഒരിക്കലും അത്തരക്കാരായ പണ്ഡിതന്മാര്‍ ദുഃഖിക്കുകയില്ല.

ധനം ഉണ്ടാകുവാന്‍ ദുഃഖം, അത്‌ സംരക്ഷിക്കുവാന്‍ ദുഃഖം. ദുഃഖമാണ്‌ അത്‌ നേടുന്നത്‌. അതിന്റെ നാശത്തെപ്പറ്റി ചിന്തിക്കരുത്‌. ജ്ഞാനം ജേഞയം ചേര്‍ന്നതാണ്‌. ജ്ഞാനഗുണമാണ്‌ മനസ്സ്. ജ്ഞാനത്തോടു കൂടി മനസ്സു ചേരുമ്പോള്‍ ബുദ്ധിയുദിക്കുന്നു. ബുദ്ധി കര്‍മ്മജന്യമായ വിഷയങ്ങളില്‍ നിന്നും വിട്ട്‌ മനസ്സിലേക്കു തിരിയുമ്പോള്‍ ബ്രഹ്മജ്ഞാനം ധ്യാനയോഗസമാധിയാല്‍ ഉണ്ടാകുന്നു. അജ്ഞാനജന്യമായ ബുദ്ധി ഇന്ദ്രിയബദ്ധമായി മറ്റു കുന്നുകളുടെ മുടികളില്‍ നിന്നു ജലം പല വഴിക്കു പോകുന്നതു പോലെ അസ്ഥാനത്ത്‌ ചെന്നെത്തുന്നു. എപ്പോള്‍ നിര്‍ഗുണമായ ധ്യാനം ഹൃദയത്തില്‍ ഏൽക്കുന്നുവോ അപ്പോള്‍ ബ്രഹ്മത്തെ ഉരകല്ലില്‍ മാറ്റെന്ന വിധം കാണും. ഇന്ദ്രിയാര്‍ത്ഥ പ്രദര്‍ശകമാണ്‌ മനസ്സ്‌. അതിനെ ആദ്യം കീഴടക്കണം. ഈ ദ്വാരങ്ങളെയൊക്കെ തടഞ്ഞ്‌ ഉള്ളില്‍ അമര്‍ന്നവന്‍ മനസ്സിനെ ഏകാഗ്രമാക്കി പരത്തിനെ കാണും. ഗുണക്ഷയത്തില്‍ മഹാഭൂതങ്ങള്‍ വിട്ടൊഴിയുന്ന മാതിരി ഇന്ദ്രിയങ്ങളുമായി ബുദ്ധി മനസ്സില്‍ അമരുന്നു. മനസ്സില്‍ ആ ബുദ്ധി ഇടപറ്റി എപ്പോള്‍ നിൽക്കുമോ, വ്യവസായ ഗുണത്തോടു കൂടിയ മനസ്സില്‍ അപ്പോള്‍ സിദ്ധിയുണ്ടാകും. ഗുണവത്തായ ഗുണം ചേര്‍ന്ന്‌ എപ്പോള്‍ ചിത്തം ധ്യാനഗുണാഡ്യമാകുന്നുവോ, ഗുണങ്ങള്‍ സര്‍വ്വതും വിട്ട് അപ്പോള്‍ നിര്‍ഗുണത്തില്‍ ചെന്നെത്തും. അവ്യക്തത്തെ അറിയുന്ന അവസരത്തില്‍ ഇവിടെ കാഴ്ചകള്‍ ഒന്നും ഇല്ലാതാകും. അടിവെക്കുവാന്‍ പെടാത്ത ഇടത്തില്‍ ആര്‍ക്കാണ്‌ വിഷയാഗ്രഹം ഉണ്ടാവുക? തപസ്സാലും, അനുമാനത്താലും, ഗുണത്താലും, ജാതിയാലും, ശ്രുതത്താലും, പരബ്രഹ്മത്തെ പ്രാപിക്കുവാന്‍ ശുദ്ധമായ മനസ്സു കൊണ്ടു യത്നിക്കുക! ഗുണമറ്റവന്‍ ആ മാര്‍ഗ്ഗത്തില്‍ പുറത്തു കൂടിയെത്തും. ഗുണത്തിന്റെ അഭാവത്തില്‍ സ്വഭാവത്താല്‍ അതര്‍ക്ക്യമാണ്‌ ജേഞയപ്രായം. ത്രിഗുണാതീതമായ അവസ്ഥയാല്‍ (നൈര്‍ഗ്ഗുണൃത്താല്‍) ബ്രഹ്മസിദ്ധിയും സഗുണത്വം കൊണ്ടു നിവ്യത്തിയും ലഭിക്കും. ഗുണത്തില്‍ ചുറ്റുന്ന ബുദ്ധി വിറകില്‍ തീ പോലെയാണ്‌. സ്വകര്‍മ്മം വിട്ട്‌ അഞ്ച്‌ ഇന്ദ്രിയവും എങ്ങനെ നിൽക്കുന്നുവോ, അങ്ങനെ തന്നെ പ്രകൃതി വിട്ടാണ്‌ ബ്രഹ്മവും നിൽക്കുന്നത്‌. ഇപ്രകാരം പ്രകൃതിയാല്‍ ശരീരികള്‍ പ്രവര്‍ത്തിക്കുന്നു. നിവൃത്തിയില്‍ നിവര്‍ത്തിക്കുകയും പിന്നെ സ്വര്‍ഗ്ഗത്തെ പ്രാപി ക്കുകയും ചെയ്യുന്നു. പുരുഷന്‍, പ്രകൃതി, ബുദ്ധി, വിഷയം, ഇന്ദ്രിയങ്ങള്‍, അഹങ്കാരാഭിമാനങ്ങള്‍ ഇവ ഭൂതസംജ്ഞകമായ സംഘമാകുന്നു. ഇതിന്റെ ആദ്യത്തെ പ്രവൃത്തി പ്രാധാന്യത്താല്‍ തുടര്‍ന്നതാണ്‌. രണ്ടാമത്‌ അവിശേഷത്താല്‍ മിഥുനവ്യക്തി നിര്‍ത്തലാകുന്നു. ധര്‍മ്മത്താല്‍ ശ്രേയസ്സും അധര്‍മ്മത്താല്‍ അശ്രേയസ്സും വന്നു ചേരും. രാഗി പ്രകൃതിയില്‍ ചെല്ലും. വിരാഗി ജ്ഞാനിയുമാകും.

അദ്ധ്യായം 206. മനുബ്യഹസ്പതിസംവാദം - പരമാത്മതത്ത്വ നിരൂപണം - മനു പറഞ്ഞു; അഞ്ചു ഗുണങ്ങള്‍ അഞ്ച്‌ ഇന്ദ്രിയങ്ങളോടും, മനസ്സോടും എപ്പോള്‍ കൂടിച്ചേരുന്നുവോ, അപ്പോള്‍ മണിയില്‍ കോര്‍ത്ത നൂലുപോലെ ബ്രഹ്മം കാണുമാറാകുന്നു. ആ നൂലുതന്നെ സുവര്‍ണ്ണത്തിലും മുത്തിലും പവിഴത്തിലും മണ്‍കൂട്ടിലും വെള്ളിയിലും കോര്‍ത്തു കാണുന്ന മട്ടില്‍ പശു, കുതിര, മര്‍ത്ത്യര്‍ ഇവയിലും, ആന, മാന്‍, പുഴുക്കള്‍, പാറ്റകള്‍ എന്നിവയിലും, സ്വകര്‍മ്മത്താല്‍ കോര്‍ത്ത മട്ടില്‍ തങ്ങുന്നു. ഏതേത്‌ ഉടലോടെ ഏതേതു കര്‍മ്മം ഇയാള്‍ നടത്തുന്നുവോ, അതാത്‌ ഉടലോടെ ആ കര്‍മ്മങ്ങളുടെ ഫലം അവന്‍ ഏൽക്കുന്നു. ഒരേ രസത്തോടു കൂടിയ ഭൂമി സസ്യങ്ങളുടെ ഓരോന്നിന്റേയും വളര്‍ച്ചയ്ക്ക്‌ ആവശ്യമായ വിധം വേര്‍തിരിച്ച്‌ രസങ്ങളെ കൊടുത്തു വളര്‍ത്തുന്നതു പോലെ കര്‍മ്മത്തെ തുടരുന്ന ബുദ്ധി ഉള്‍ക്കാഴ്ച നേടുന്നു. ഇന്ദ്രിയജ്ഞാനത്തില്‍ നിന്ന്‌ ആശയുണ്ടാകുന്നു. ആശയില്‍ നിന്നു ഫലേച്ഛയുണ്ടാകുന്നു. ഫലേച്ഛയില്‍ നിന്നു കര്‍മ്മമുണ്ടാകുന്നു. കര്‍മ്മത്തില്‍ നിന്ന്‌ കര്‍മ്മഫലം ഉണ്ടാകുന്നു. ഫലം കര്‍മ്മാത്മകമാണെന്ന്‌ അറിയുക. ഈ കര്‍മ്മം ജേഞയകല്പമാകുന്നു. ജേഞയം ജ്ഞാനാത്മകമാണ്‌. ജ്ഞാനം സത്തുമയമാകുന്നു. ജഞാനങ്ങള്‍ക്കും ഫലങ്ങള്‍ക്കും ജേഞയങ്ങള്‍ക്കും ക്രിയയ്ക്കും ക്ഷയാന്തത്തില്‍ പരമമായ ദിവ്യജ്ഞാനം (ബ്രഹ്മം) ജേഞയത്തില്‍ നില്ക്കുന്നു. മഹത്താണ്‌ പരമായ ഭൂതം എന്നു യോഗികള്‍ കാണുന്നു. ഗുണബുദ്ധികളായ മൂഢന്മാര്‍ ആത്മസ്ഥമായ അതിനെ കാണുകയില്ല.

മഹീരൂപത്തേക്കാളും മഹത്തരമാണ്‌ ജലമെന്ന ഭൂതം. തേജസ്സ്‌ ജലത്തേക്കാള്‍ മേലെയാണ്‌. വായു തേജസ്സിനേക്കാള്‍ മേലെയാണ്‌. ആകാശം വായുവേക്കാള്‍ മേലെയാണ്‌. അതിനേക്കാള്‍ മേലെയാണ്‌ മനസ്സ്‌. മനസ്സിനേക്കാള്‍ മേലെയാണ്‌ ബുദ്ധി. ബുദ്ധിയേക്കാള്‍ മേലെയാണ്‌ കാലം. കാലത്തിലും മേലെയാണ്‌ വിഷ്ണു. വിശ്വവ്യാപിയായ വിഷ്ണു ഭഗവാന്‍ ഏറ്റവും വലിയവനാണ്‌. ആ ദേവന്‍ ശരിയായി മറ്റൊന്നുമില്ല. അവന്‍ ആദിയും, മദ്ധ്യവും, അന്തവും ഇല്ല. ആദിമദ്ധ്യാന്തങ്ങളില്ലായ്‌കയാല്‍ അവന്‍ അവ്യയനാകുന്നു. അവന്‍ സര്‍വ്വദുഃഖാതീതനാകുന്നു - ദുഃഖം അന്തമുള്ളതാണല്ലോ. വിഷ്ണു തന്നെയാണ്‌ പരബ്രഹ്മം. ആ സ്ഥാനമാണ്‌ പരമമായ പദം. അതില്‍ ചെന്നു ചേര്‍ന്ന ബുദ്ധിമാന്മാര്‍ കാലത്തിന്റെ പിടിയില്‍ നിന്നും, വിഷയത്തിന്റെ പിടിയില്‍ നിന്നും മുക്തന്മാരായി മോക്ഷം പ്രാപിച്ചവരാണ്‌. ഇവയെല്ലാം (നാം കാണുന്നതെല്ലാം) ഗുണങ്ങളാല്‍ കാണപ്പെടുന്നു. ബ്രഹ്മം നിര്‍ഗുണമാണ്‌ എന്നു പറയുന്നു. അത്‌ ഒരു ഗുണത്തിലും ബന്ധപ്പെടാതെ എല്ലാറ്റിന്നും മേലെയായി വിളങ്ങുന്നു. കര്‍മ്മഫലത്യാഗമാണ്‌ ഏറ്റവും വലിയ ധര്‍മ്മം. ആ ധര്‍മ്മം തീര്‍ച്ചയായും ജനനമരണ വ്യഥയില്‍ നിന്ന്‌ മർത്ത്യനെ വിമുക്തനാക്കും.

ഋക്ക്‌, യജുസ്സ്‌, സാമം എന്നിവയ്ക്ക്‌ ശരീരത്തിന്റെ ആശ്രയം ഉണ്ട്‌. നാവു കൊണ്ട്‌ ഉച്ചരിക്കേണ്ടവയാണ്‌ വേദങ്ങള്‍. അവ യത്നം കൊണ്ട്‌ സാധിക്കേണ്ടവയാണ്‌. അതു കൊണ്ട്‌ അവയ്ക്ക്‌ നാശമുണ്ട്‌. അത്തരത്തിലല്ല ബ്രഹ്മത്തിന്റെ അവസ്ഥ. അതിന്നു ശരീരവുമായി ബന്ധമില്ല, ആശ്രയമില്ല. ബ്രഹ്മം യജ്ഞത്താല്‍ ഉണ്ടായതല്ല. അത്‌ ആദിയും, മദ്ധ്യവും, അന്തവുമില്ലാത്തതാണ്‌. ഋക്ക്‌, യജുസ്സ്‌, സാമം മുതലായ വേദങ്ങള്‍ക്ക്‌ ആദിയുണ്ട്‌. ആദിയുള്ളതിന്നെല്ലാം അന്തവും ഉണ്ടാകും. ബ്രഹ്മത്തിന്ന്‌ ആദിയില്ല. അതുകൊണ്ട്‌ അന്തവുമില്ല. അതു കൊണ്ട്‌ അനന്തമാണ്‌ അത്‌. അവ്യയയമാണ്‌ അത്‌. അവ്യയമായതു കൊണ്ട്‌ അതു ദുഃഖഹീനമാണ്‌. അതു ദ്വന്ദ്വം അറ്റതാണ്‌. കാണുവാന്‍ കഴിയാത്തതും, കൌശലവും കര്‍മ്മബന്ധവും വിട്ടതുമാകയാല്‍ ആ പദത്തിലേക്ക്‌ എത്താനുള്ള മാര്‍ഗ്ഗം മനുഷ്യന്‍ കാണുന്നില്ല. വിഷയങ്ങളില്‍ ആസംഗമുള്ളവനും ശാശ്വതത്തിന്റെ ദര്‍ശനത്താല്‍, മനസ്സു കൊണ്ട്‌ മറ്റൊന്നിനെ ചിന്തിക്കുന്നവനും പരമാത്മാവിനെ പ്രാപിക്കുന്നതല്ല. ഗുണങ്ങളെ കാണാന്‍ കഴിയുന്നു. അതുകൊണ്ട്‌ ജനങ്ങള്‍ അതിനെ ഇച്ഛിക്കുന്നു. നിര്‍ഗ്ഗുണത്താല്‍ ഗുണാര്‍ത്ഥികള്‍ പരത്തിനെ കാംക്ഷിക്കുക! ഗുണങ്ങള്‍ താഴ്ന്ന മര്‍ത്ത്യന്‍ മേലെയുള്ള ഗുണങ്ങളെ കാണുന്നവനാകയില്ല. സല്‍ഗുണങ്ങളാകുന്ന അവയവങ്ങളെ അറിഞ്ഞ്‌ പരത്തെ ഊഹിച്ചു കാണുക. സൂക്ഷ്മമായ മനസ്സു കൊണ്ട്‌ പരത്തെ കാണാം. എന്നാല്‍ അത്‌ ഇന്ന വിധമാണെന്ന്‌ വാക്കു കൊണ്ട്‌ പറഞ്ഞറിയിക്കുവാന്‍ സാദ്ധ്യമല്ല.

മനസ്സു മനസ്സു കൊണ്ടേ പിടിക്കാന്‍ പറ്റു. ദര്‍ശനം ദര്‍ശനത്താലേ അറിയാന്‍ കഴിയൂ. ജ്ഞാനത്താല്‍ ശുദ്ധമായ ബുദ്ധി ബുദ്ധിയാലേ അധീനമാകൂ. മനസ്സും ബുദ്ധിയാലേ അധീനമാകു. മനസ്സാല്‍ ഇന്ദ്രിയ സമൂഹം അടക്കാം. ഇവയെല്ലാം അധീനമായാല്‍ അവന്‍ അക്ഷരത്തില്‍ (നശിക്കാത്തതില്‍) ചെന്നെത്തും.

അദ്ധ്യായം 207. സര്‍വ്വഭൂതോത്പത്തികഥനം - കൃഷ്ണനില്‍ നിന്നുള്ള സര്‍വ്വഭൂതോത്പത്തി -- യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ മഹാപ്രാജ്ഞനായ പിതാമഹാ! പങ്കജാക്ഷ നും, ഭൂതോത്ഭവക്ഷയകരനും നിത്യനും കര്‍ത്താവും മുകുന്ദനുമായ വിഷ്ണുദേവനെപ്പറ്റി, നാരായണനും ഹൃഷീകേശനും ജയിയും ഗോവിന്ദനുമായ കേശവനെപ്പറ്റി, തത്ത്വത്തോടെ കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌. അല്ലയോ ഭാരതാ, പറഞ്ഞു തന്നാലും.

ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഞാന്‍ ജാമദഗ്ന്യാരാമന്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌, ദേവര്‍ഷിയായ നാരദനും, കൃഷ്ണദ്വൈപായനനും പറഞ്ഞു കേട്ടിട്ടുണ്ട്‌. അസിതനും, ദേവലനും, ശ്രീവാല്മീകി മഹര്‍ഷിയും, മാര്‍ക്കണ്ഡേയനും, ഗോവിന്ദന്റെ മഹാത്ഭുതത്തെ എന്നോടു പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.

അല്ലയോ ഭരതശ്രേഷ്ഠാ! കേശവന്‍ ഭഗവാനും, ഈശ്വരനും, പ്രഭുവും പുരുഷനും എല്ലാമാണെന്ന്‌ കേള്‍ക്കുന്നു. പല വിധത്തിലും വിഭുവാണ്‌ ഗോവിന്ദന്‍. പാരില്‍ ബ്രാഹ്മണന്മാര്‍ അറിഞ്ഞവ, മഹാത്മാവായ ശാര്‍ങിയില്‍ എപ്രകാരമാണെന്ന്‌ മഹാബാഹോ, ഭവാന്‍ കേള്‍ക്കുക. പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളവയാണ്‌ അവയെല്ലാം. ഗോവിന്ദനിലുള്ള കര്‍മ്മങ്ങളെ ഞാന്‍ ഇപ്പോള്‍ പറയുന്നു.

ഭൂതാത്മാവും സര്‍വ്വഭൂതേശ്വരനും, പ്രഭുവും, മഹാത്മാവുമായ പുരുഷോത്തമന്‍, മഹാഭൂതങ്ങളായ വായു, തേജസ്സ്‌, ജലം, വ്യോമം, ഭൂമി എന്നിവയെ സൃഷ്ടിച്ചു. അങ്ങനെ മഹാത്മാവായ പുരുഷോത്തമന്‍ വെള്ളത്തിന്നു മേലെ ശയനം ചെയ്തു. സര്‍വ്വ തേജോമയനായ പുരുഷോത്തമന്‍ അതില്‍ കിടക്കുമ്പോള്‍ എല്ലാവര്‍ക്കും അഗ്രജനായ സങ്കര്‍ഷണനെ, സര്‍വ്വ ഭൂതാലംബനനെ മനസ്സാല്‍ സൃഷ്ടിച്ചു എന്ന്‌ നാം കേള്‍ക്കുന്നു. അവന്‍ ഭൂതങ്ങളേയും ഭൂതഭവ്യങ്ങള്‍ രണ്ടിനേയും ധരിക്കുന്നു.

അപ്രകാരം ഹേ, മഹാഭുജാ! ആ മഹാത്മാവ്‌ ജനിച്ച ഉടനെ അര്‍ക്കപ്രതിമമായ ദിവ്യപത്മം നാഭിയിലുണ്ടായി. പത്മത്തില്‍ ഭഗവാനായ ബ്രഹ്മദേവന്‍ ദിക്കു മുഴുവന്‍ വിലസിക്കുന്നവനായി, സര്‍വ്വ ഭൂതപിതാമഹനായി ജനിച്ചു.

ആ ബ്രഹ്മദേവന്‍ ഉണ്ടായി വന്നപ്പോള്‍ തപസ്സു കൊണ്ട്‌ പൂര്‍വ്വജനായി മധു എന്ന മഹാസുരന്‍ ഉണ്ടായി. ഉഗ്രനും, ഉഗ്രകര്‍മ്മം ചെയ്യുന്നവനുമായ അവനെ ബ്രഹ്മാവിന്റെ പ്രീതിക്കു വേണ്ടി പുരുഷോത്തമന്‍ വധിച്ചു. അവനെ സംഹരിക്കുക കാരണം ദേവന്മാരും, ദാനവന്മാരും, മാനവരും, സാത്വതര്‍ഷഭനായ പുരുഷോത്തമനെ മധുസൂദനന്‍ എന്നു പറയുന്നു.

ബ്രഹ്മാവ്‌ മനസ്സു കൊണ്ട്‌ ദക്ഷനോടു കൂടി ഏഴു പുത്രന്മാരെ സൃഷ്ടിച്ചു. മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു എന്നിവരാണ്‌ അവര്‍.

യുധിഷ്ഠിരാ, അതില്‍ മൂത്തവനായ മരീചി കശ്യപന്‍ എന്ന പുത്രനെ ജനിപ്പിച്ചു. അവന്‍ മാനസനും, തൈജസ ബ്രഹ്മവേദിയുമായിരുന്നു. അംഗുഷ്ഠത്തില്‍ നിന്നു ബ്രഹ്മാവ്‌ മരീചിയുടെ അഗ്രജനായി ദക്ഷന്‍ എന്ന പ്രജാപതിയെ സൃഷ്ടിച്ചു. ആ ദക്ഷ പ്രജാപതിക്ക്‌ ആദ്യമായി പതിമ്മുന്ന്‌ പെണ്‍മക്കളുണ്ടായി. അവരില്‍ മുത്തവളാണ്‌ ദിതി. സര്‍വ്വ ധര്‍മ്മവിശേഷജ്ഞനും പുണ്യ കീര്‍ത്തി പുകഴന്നവനുമായ കശ്യപന്‍ എല്ലാവരുടേയും പതിയായിത്തീര്‍ന്നു. പിന്നെ അവരുടെ അനുജത്തിമാരായി പത്തുപേരെ സൃഷ്ടിച്ചു. ആ മഹാശയനായ ദക്ഷന്‍ അവരെ ധര്‍മ്മന്ന്‌ കൊടു ത്തു. വസുക്കളും, തേജസ്വികളായ രുദ്രന്മാരും, വിശ്വേദേവകളും, സാദ്ധ്യന്മാരും, മരുത്വന്മാരും ധര്‍മ്മന്ന്‌ അവരില്‍ ഉണ്ടായവരാണ്‌.

പിന്നെ ദക്ഷന്‍ വേറെ ഇരുപത്തേഴ്‌ പെണ്‍മക്കളെ അവരുടെ അനുജത്തിമാരായി സൃഷ്ടിച്ചു. അവരെയെല്ലാം ദക്ഷന്‍ സോമന്ന്‌ നല്കി. മറ്റുള്ള പെണ്‍മക്കള്‍, ഗന്ധര്‍വ്വന്മാര്‍, കുതിരകള്‍, പക്ഷികള്‍, ഗോക്കള്‍, കിമ്പുരുഷന്മാര്‍, മത്ത്യോത്ഭിജ്യങ്ങള്‍, വൃക്ഷങ്ങള്‍ ഇവരേയും പെറ്റു.

അദിതി ആദിത്യന്മാര്‍ എന്ന ശക്തരായ സുരാഗ്ര്യന്മാരെ പ്രസവിച്ചു. അക്കൂട്ടത്തില്‍ വിഷ്ണു, ഗോവിന്ദന്‍ വാമനനായി പിറന്നു. അവന്റെ വിക്രമം കൊണ്ട്‌ ഐശ്വര്യം വാനവന്മാര്‍ക്ക്‌ വര്‍ദ്ധിച്ചു. ദാനവ ദൈതേയാസുര സമൂഹങ്ങളൊക്കെ മിക്കവാറും ദേവന്മാരോടു തോറ്റുപോയി.

ദനുവാണ്‌ ദാനവരെ പ്രസവിച്ചത്‌. വിപ്രചിത്തി മുതലായവരാണ്‌ അവര്‍. ദിതി സത്വവാന്മാരായ ദാനവന്മാരെ പ്രസവിച്ചു. അഹസ്സിനേയും, രാത്രിയേയും, ഋതുക്കളേയും, പൂര്‍വ്വാഹ്നത്തേയും, അപരാഹ്നത്തേയും ഇങ്ങനെ സകല കാലങ്ങളേയും, മധുസൂദനന്‍ സൃഷ്ടിച്ചു. മനസ്സു കൊണ്ട്‌ ധ്യാനിച്ച്‌ മേഘങ്ങളേയും ചരാചരങ്ങളേയുമുണ്ടാക്കി. ഐശ്വര്യവും തേജസ്സും കൂട്ടിച്ചേര്‍ത്ത്‌ അവന്‍ ഈ ഭൂതലം സൃഷ്ടിച്ചു. പിന്നെ മഹാഭാഗനായ കൃഷ്ണന്‍ വീണ്ടും ശ്രേഷ്ഠന്മാരായ നൂറ്‌ ബ്രാഹ്മണരെ മുഖത്തു നിന്നു ജനിപ്പിച്ചു. കൈകളില്‍ നിന്ന്‌ നൂറു ക്ഷത്രിയന്മാരെയും, തുടയില്‍ നിന്നു നൂറു വൈശ്യന്മാരെയും കാലില്‍ നിന്നു നൂറ്‌ ശൂദ്രന്മാരെയും കേശവന്‍ സൃഷ്ടിച്ചു.

ഇങ്ങനെ നാലു ജാതികളെ സൃഷ്ടിച്ചതിന് ശേഷം തപോനിധി സര്‍വ്വഭൂതങ്ങള്‍ക്കും അദ്ധ്യക്ഷനായി ബ്രഹ്മാവിനെ നിശ്ചയിച്ചു. വേദവിദ്യാ വിധാതാവായി ദ്യുതിമാനായ ബ്രഹ്മാവിനേയും, ഭൂതമാതൃഗണേശനായി വിരൂപാക്ഷനേയും തീര്‍ത്തു. ദുഷ്ടന്മാരെ ശിക്ഷിക്കുവാന്‍ യമനെ പിതൃനാഥനായും തീര്‍ത്തു. സര്‍വ്വഭൂതാത്മാവ്‌ നിധി കാക്കുവാന്‍ ധനേശ്വരനേയും തീര്‍ത്തു. ജലങ്ങളുടെ നാഥനായി വരുണനെ തീര്‍ത്തു. പിന്നെ എല്ലാ ദേവഗണങ്ങള്‍ക്കും നാഥനായി ദേവേന്ദ്രനെ നിശ്ചയിച്ചു. മര്‍ത്ത്യര്‍ക്ക്‌ ഉടലെടുക്കുവാന്‍ എത്രത്തോളം ശ്രദ്ധയുണ്ടോ, അത്രത്തോളം അവര്‍ യമനെ ഭയപ്പെടാതെ ജീവിച്ചു. അവര്‍ക്ക്‌ മൈഥുനമെന്ന ധര്‍മ്മം ഇല്ലായിരുന്നു. സങ്കല്പം കൊണ്ടു മുമ്പ്‌ അവര്‍ക്ക്‌ സന്താനങ്ങളുണ്ടായിരുന്നു. പിന്നെ ത്രേതാ യുഗത്തില്‍ വെറും സ്പര്‍ശം കൊണ്ടു മാത്രം പ്രജകളുണ്ടായി. അവര്‍ക്കും മൈഥുനമെന്ന ഒന്നുണ്ടായിരുന്നില്ല. രാജാവേ! പിന്നെ ദ്വാപരത്തിലാണ്‌ മൈഥുനമെന്ന ധര്‍മ്മമുണ്ടായത്‌. പിന്നെ കലിയുഗത്തില്‍ മൈഥുനം കൂടാതെ കഴികയില്ല എന്നു തന്നെ ജനങ്ങള്‍ക്കനുഭവമായി. അവര്‍ അത്‌ കൈക്കൊള്ളുകയും ചെയ്തു. ഇപ്രകാരം ഭൂതങ്ങള്‍ക്കെല്ലാം അധീശ്വരന്‍, സ്വാദ്ധ്യക്ഷനും ഖ്യാതനുമായിത്തീര്‍ന്നു.

ഇനി നിരപേക്ഷരെപ്പറ്റി പറയാം. തെക്കു ഭാഗത്തുണ്ടായവര്‍ മിക്കവാറും ആന്ധ്രക്കാരാണ്‌. പുളിന്ദന്മാര്‍, ചൂചുകര്‍, ഗുഹര്‍, ശബരന്മാര്‍, ഭദദര്‍ എന്നിവരും തെക്കു ഭാഗത്തുണ്ടായവരാണ്‌. വടക്കന്‍ ദിക്കില്‍ ഉണ്ടായവര്‍ ആരൊക്കെയാണെന്നും പറയാം, ഭവാന്‍ കേള്‍ക്കുക. യൗനര്‍, കാംബോജര്‍, ഗാന്ധാരന്മാര്‍, ബര്‍ബ്ബരന്മാര്‍, കിരാതര്‍ എന്നിവരാണ്‌. ശ്വപാകവലഗ്യദ്ധാദി തുല്യന്മാരായ അവര്‍ മന്നിലൊക്കെ ചരിക്കുന്നു. അവര്‍ പാപികളാണ്‌. അവര്‍ കൃതയുഗത്തില്‍ മന്നില്‍ ചരിക്കുകയുണ്ടായില്ല. ത്രേതായുഗം മുതല്ക്കാണ്‌ അവര്‍ വര്‍ദ്ധിച്ചു കാണാന്‍ തുടങ്ങിയത്‌.

പിന്നെ വലിയ ഘോരമായ സന്ധ്യാകാലം വന്നപ്പോള്‍ രാജാക്കള്‍ ചെന്നേറ്റു. പരസ്പരം സമാസക്തരായി. ഈ മട്ടില്‍ ഇവന്‍ മഹാത്മാക്കള്‍ക്കു ദൃശ്യനായി. കുരുശ്രേഷ്ഠാ, ദേവനെപ്പറ്റി ദേവര്‍ഷി ലോകം കാണുന്ന നാരദന്‍ പറഞ്ഞു തന്നു. നാരദന്‍ കൃഷ്‌ണന്റെ മാഹാത്മ്യം കണ്ടിരിക്കുന്നു. അവന്റെ ശാശ്വതത്ത്വം ഇപ്രകാരമാണ്‌ ഹേ ഭരതര്‍ഷഭാ, ഇപ്രകാരമാണ്‌ മഹാബാഹുവായ കേശവന്റെ മഹത്ത്വം. അചിന്ത്യനായ പുണണ്‍ഡരീകാക്ഷന്‍ വെറും മനുഷ്യനല്ല എന്ന്‌ ഹേ ഭരതര്‍ഷഭാ! ഭവാന്‍ ധരിച്ചാലും.

അദ്ധ്യായം 208. ദിശാസ്വസ്തികം - പ്രജകളുടെ വംശവര്‍ണ്ണന - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ഭരതര്‍ഷഭാ! മുമ്പുള്ള പ്രജാപതികള്‍ ആരൊക്കെയാണ്‌? മഹത്ത്വവും ഭാഗ്യവും ചേര്‍ന്ന ഋഷിമാര്‍ ആരൊക്കെയാണ്‌? അവരുടെ ഓരോരുത്തരുടേയും ദിക്ക്‌ ഏതാണ്‌?

ഭീഷ്മൻ പറഞ്ഞു: ഹേ ഭരതശ്രേഷ്ഠാ, ഭവാന്‍ കേള്‍ക്കുക. പ്രജാപതികള്‍ ആരൊക്കെയാണെന്നാണല്ലോ ഭവാന്‍ ചോദിച്ചത്‌. ഞാന്‍ പറയാം.

സ്വയംഭൂവായ ബ്രഹ്മാവ്‌ ശാശ്വതനാണ്‌. ഏകനായ അവന്‍ ആദ്യമായി ഉണ്ടായവനാണ്‌. മഹാത്മാവായ ആ ഭഗവാന് ഏഴു മക്കളാണ്‌ ആദ്യമുണ്ടായത്‌. മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, സ്വയംഭൂവിനോടു തുല്യനായ, മഹാഭാഗനായ വസിഷ്ഠന്‍ എന്നിവരാണ്‌. ഇവരാണ്‌ പുരാണത്തില്‍ സ്ഥിരപ്രതിഷ്ഠന്മാരായ സപ്തബ്രഹ്മർ‍ഷികള്‍.

പിന്നെയുള്ള പ്രജാപതികളേയും ഞാന്‍ പറയാം. അത്രിയുടെ വംശത്തില്‍ ബ്രഹ്മയോനിയായി, സനാതനനായി, പ്രാചീനബര്‍ഹിസ്സ് ഉണ്ടായി. അവനില്‍ നിന്ന്‌ പ്രചേതസ്സുകള്‍ പത്തു പേരുണ്ടായി. ആ പത്തു പേര്‍ക്കു കൂടി ഒരു പുത്രന്‍ ഉണ്ടായി. ദക്ഷന്‍ എന്ന പ്രജാപതിയാണ്‌ അവന്‍. അവന് രണ്ടു പേരുകളുണ്ട്‌. ചിലര്‍ ദക്ഷന്‍ എന്നു പറയും. ചിലര്‍ "കന്‍" എന്നു പറയും. മരീചിയില്‍ നിന്നുണ്ടായവനാണ്‌ കശ്യപന്‍. അവന്നും രണ്ടു പേരുണ്ട്‌. ചിലര്‍  അരിഷ്ടനേമി എന്നും ചിലര്‍ കശ്യപന്‍ എന്നും പറയുന്നു.

അത്രിയുടെ ഔരസപുത്രനാണ് ശ്രീമാനും വീര്യവാനുമായ സോമരാജാവ്‌. ആയിരം ദിവ്യയുഗം പര്യുപാസിച്ചിരുന്നതിന്റെ ഫലമായി ലഭിച്ചതാണ്‌ അവന്ന്‌ സോമനെന്ന പുത്രന്‍. പിന്നെ അര്യമാവ്‌ എന്ന ഭഗവാനും മറ്റു പുത്രന്മാരും സോമനുണ്ടായി. ലോകകര്‍ത്താക്കളായ ഋഷിമാരെപ്പറ്റി ഞാന്‍ പറഞ്ഞു.

ശശബിന്ദുവിന്‌ പതിനായിരം ഭാര്യമാരുണ്ടായി. ഓരോന്നിലും ആയിരം മക്കള്‍ വീതം അവന്നുണ്ടായി. ആ മഹാത്മാവിന്ന്‌ ഇങ്ങനെ പത്തുനൂറായിരവും അതിലധികവും മക്കളുണ്ടായി. അവര്‍ മറ്റൊരാളെ പ്രജാപതിയായിരിക്കുവാന്‍ ആഗ്രഹിച്ചില്ല. പണ്ടുള്ള ബ്രാഹ്മണര്‍ അവരെപ്പറ്റി പറയുന്നത്‌, ശശബിന്ദുവിന്റെ പ്രജകളെപ്പറ്റി പറയുന്നത്‌, അവര്‍ വൃഷ്ണിവംശ പ്രഭവമാണെന്നാണ്‌.

മുമ്പേ പറഞ്ഞ പ്രജാപതികള്‍ യശസ്വികളാണ്‌. ഇനി മൂന്നു ലോകത്തിന്നും ഈശന്മാരായ ദേവന്മാരെപ്പറ്റിയും പറയാം. ഭഗന്‍ അര്യമാവിന്റെ വംശജനാണ്‌. പിന്നെ മിത്രന്‍, വരുണന്‍, സവിതാവ്‌, ധാതാവ്‌, ശക്തനായ വിവസ്വാന്‍, ത്വഷ്ടാവ്‌, പൂഷാവ്‌, ഇന്ദ്രന്‍, പന്ത്രണ്ടാമത്തേവനായ വിഷ്ണു. ഇങ്ങനെ പന്ത്രണ്ട്‌ ആദിത്യന്മാരാണ്‌ ഇവര്‍. ഇവര്‍ കശ്യപന്റെ പുത്രന്മാരാണ്‌.

നാസത്യന്‍, ദസ്ര ഇങ്ങനെ രണ്ടു പേര്‍ മാര്‍ത്താണ്ഡ സുതന്മാരാണ്‌. ഇവര്‍ മഹാത്മാവും എട്ടാമത്തെ ആദിത്യനുമായ മാര്‍ത്താണ്ഡന്റെ പുത്രന്മാരാണ്‌. ഇവര്‍ മുമ്പേ സുരന്മാരും, പല മട്ടില്‍ പിതൃക്കളുമാകുന്നു.

ത്വഷ്ടാവിന്റെ പുത്രന്‍ ശ്രീമാനായ വിശ്വരൂപന്‍ പ്രസിദ്ധനാണ്‌. അജൈകപാത്ത്‌, അഹി, ബ്രദ്ധ്നന്‍, വിരൂപാക്ഷന്‍, രൈവതന്‍ എന്നിവരും, പിന്നെ ഹരന്‍, ബാഹുരൂപന്‍, ത്രൈംബകന്‍, സുരേശ്വരന്‍, സാവിത്ര്യന്‍, ജയന്തന്‍, അപരാജിതനായ പിനാകി, ഇവരും, അവന്റെ പുത്രന്മാരാണ്‌. മുമ്പേ പറഞ്ഞ മഹാഭാഗന്മാരായ ഇവര്‍ എട്ടു വസുക്കളാണ്‌. പ്രജാപതിയായ മനുവിന്റെ കാലത്ത്‌ ഇവര്‍ ദേവന്മാരാണ്‌. മുമ്പേ ഇവരെ ഈശ്വരന്മാരെന്നും പിത്യക്കളെന്നും പറഞ്ഞിരുന്നു. അവരില്‍ സിദ്ധന്മാരും സാദ്ധ്യന്മാരും ശീലയൗവനം ചേര്‍ന്ന കൂട്ടരാണ്‌. ഋഭുക്കളും മരുത്തുക്കളും ദേവന്മാരില്‍ ഒരു ഗണമാണ്‌. ഇവര്‍ പ്രസിദ്ധരായ വിശ്വദേവകളാണ്‌, വിപ്രരുമാണ്‌. ആദിത്യന്മാര്‍ ക്ഷത്രിയന്മാരാണ്‌. അതില്‍ മരുത്ഗണങ്ങള്‍ വൈശ്യരാണ്‌. അശ്വിനീദേവകള്‍ ദേവന്മാരില്‍ ശൂദ്രന്മാരാണ്‌. അത്യുഗ്രമായ തപഃശക്തി ആര്‍ജ്ജിച്ചവരാണ്‌, ആംഗിരസന്മാരെല്ലാം. വാനവരില്‍ അവര്‍ വിപ്രന്മാരാകു ന്നു. ഇപ്രകാരം ദേവന്മാരിലുള്ള ചാതുര്‍ വർണ്യത്തേയും ഞാന്‍ പറഞ്ഞു. പ്രഭാതത്തില്‍ എഴുന്നേറ്റ് ഈ ദേവകളെ പുകഴ്ത്തുന്നവന്ന്‌ താന്‍ ചെയ്ത പാപവും അന്യന്മാര്‍ തനിക്കു ചെയ്ത പാപവും വിട്ടൊഴിഞ്ഞു പോകും.

യവക്രീതന്‍, രൈഭ്യന്‍, അര്‍വ്വാവസു, പരാവസു, കാക്ഷീവന്‍, ഔഷിജന്‍, ബലന്‍, അംഗിരസന്‍, ഋഷി, മേധ, ദിതിസുതന്‍, കണ്വന്‍, ബര്‍ഹിഷിദന്‍ ഇവരും. ത്രൈലോകൃ ഭാവനന്മാരായ സപ്തര്‍ഷികളും കിഴക്കു വാഴുന്നു. ഉന്മുചന്‍, വിമുചന്‍, സ്വസ്ത്യാത്രേയന്‍, വീര്യവാനായ പ്രമുചന്‍, പ്രതാപവാനായ അഗസ്ത്യന്‍ ഇവര്‍ തെക്കുദിക്കില്‍ വാഴുന്ന ബ്രഹ്മർ‍ഷികളാകുന്നു. ഉഷംഗകരുഷന്‍, ധനമ്യന്‍, സുവീര്യവാനായ പരിവ്യാധന്‍, ഏകതന്‍, ദലിതന്‍, ത്രിതന്‍ എന്നീ മഹര്‍ഷികള്‍, ഭഗവാനായ സാരസ്വതന്‍ ഇവരെല്ലാം മഹാത്മാക്കളും പടിഞ്ഞാറു വസിക്കുന്നവരുമാണ്‌. ആത്രേയന്‍, വസിഷ്ഠന്‍, കശ്യപന്‍ എന്ന മഹാമുനി, ഗൌതമന്‍, ഭരദ്വാജന്‍, വിശ്വാമിത്രനെന്നു പേരുള്ള കൌശികന്‍, ഭഗവാന്‍ ജാമദഗ്ന്യന്‍, ഇവര്‍ വടക്കേ ദിക്കില്‍ വസിക്കുന്നു.

ഓരോ ദിക്കിലും വസിക്കുന്ന തിഗ്മതേജസ്വികളായ ഋഷിമാരെപ്പറ്റി ഞാന്‍ പറഞ്ഞു. ഇവര്‍ സാക്ഷികളായി നില്ക്കുന്നവരും മഹാത്മാക്കളും ഭുവനങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നവരു മാണ്‌. ഈ മഹാത്മാക്കള്‍ എല്ലാ ദിക്കുകളേയും തങ്ങളുടെ സാന്നിദ്ധ്യത്താല്‍ ശോഭിപ്പിക്കുന്നു. ഇവരെ പുകഴ്ത്തിപ്പറയുന്നവരുടെ പാപമെല്ലാം ഒഴിയുന്നതാണ്‌. ഇവര്‍ വാഴുന്ന ദിക്കുകളെ ശരണം പ്രാപിച്ചു നമിക്കുന്നവര്‍ പാപങ്ങളൊക്കെ നീങ്ങി സ്വസ്തിമാന്മാരായി ഗൃഹത്തില്‍ കയറുന്നതാണ്‌.

അദ്ധ്യായം 209. അന്തര്‍ബ്ഭുമിവിക്രീഡനം - മഹാവിഷ്ണു വരാഹരൂപം ധരിച്ച്‌ അസുരന്മാരെ വധിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: മഹാപ്രാജ്ഞനായ പിതാമഹാ, പോരില്‍ സത്യപരാക്രമനായ മഹാശയാ, അവ്യയേശ്വരനായ കൃഷ്ണന്റെ മാഹാത്മൃത്തെപ്പറ്റി അങ്ങയില്‍ നിന്ന്‌ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൃഷ്ണന്നുള്ള മഹത്തായ തേജസ്സ്‌ എന്താണ്‌? എന്ത്‌ മഹത്തായ കര്‍മ്മങ്ങളാണ്‌ മുമ്പെ കൃഷ്ണന്‍ ചെയ്തിട്ടുള്ളത്‌? അത്‌ ശരിയായി എന്നോടു പറഞ്ഞാലും! എങ്ങനെ പ്രഭുവായ അവന്‍ തിര്യക് യോനിയില്‍ രൂപം കൈക്കൊണ്ടു? എന്തു കാര്യത്തിനായിട്ടാണ്‌ രൂപം കൈക്കൊണ്ടത്‌? അതും പിതാമഹാ, അങ്ങ്‌ വിസ്തരിച്ചു പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: പണ്ട്‌ ഞാന്‍ വേട്ടയാടിയിരുന്ന കാലത്ത്‌ മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു കയറി. അവിടെ വളരെ മുനിമാര്‍ ഇരിക്കുന്നതായിക്കണ്ടു. അവര്‍ എന്നെ മധുപര്‍ക്കങ്ങളാല്‍ പൂജിച്ചു. ആ പൂജ സ്വീകരിച്ച്‌ ഞാന്‍ അവരെ അഭിനന്ദിച്ചു. മഹര്‍ഷിയായ കശ്യപന്‍ അതിന്നിടയില്‍ മനസ്സിന്ന്‌ ആനന്ദം നല്കുമാറ്‌ ആ കഥ പറഞ്ഞു. അത്‌ നീ മനസ്സു തെളിഞ്ഞു കേള്‍ക്കുക. ഞാന്‍ പറയാം.

പണ്ട്‌ ദാനവമുഖ്യന്മാരും, ക്രോധലോഭങ്ങളോടു കൂടിയ നരകാദികളായ അസംഖ്യം ബലവാന്മാരുമായ മഹാസുരന്മാരും, മറ്റ്‌ യുദ്ധദുര്‍മ്മദന്മാരായ ദാനവന്മാരും ദേവന്മാരുടെ മുഖ്യമായ ഐശ്വര്യം കണ്ട്‌ സഹിക്കുവാന്‍ വയ്യാത്തവരായി. ആ ദാനവന്മാര്‍ മഹാശക്തന്മാരായിരുന്നു. അവര്‍ ദേവന്മാരെ കഠിനമായി ദ്രോഹിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവരോട്‌ എതിര്‍ത്തു നില്ക്കുവാന്‍ കഴിയാതെ അവരുടെ പീഡയേറ്റ് ദേവന്മാരും ദേവര്‍ഷിമാരും പല ദിക്കിലും ചെന്നൊളിച്ചു. എന്നിട്ടും പൊറുതിയില്ലാതായി. ഭൂമി ദേവി ആര്‍ത്തയായിത്തീര്‍ന്നു. ഘോരരൂപികളും ശക്തന്മാരുമായ രാക്ഷസന്മാര്‍ ഭൂമിയില്‍ നിറഞ്ഞു. ഭാരം താങ്ങാന്‍ ഭൂമീദേവിക്കു കഴിയാതായി. ഭൂമിയില്‍ ഹര്‍ഷം നശിച്ചു. ദുഃഖം കൊണ്ട്‌ ഭൂമി ഭാരം താങ്ങാന്‍ വയ്യാതെ താഴുവാന്‍ തുടങ്ങി. ഉടനെ പേടിച്ചോടി ആദിതേയന്മാര്‍ ബ്രഹ്മാവിന്റെ അടുത്തു ചെന്ന്‌ സങ്കടം ഉണര്‍ത്തിച്ചു.  ബ്രഹ്മാവേ, ഞങ്ങളെ ഒന്ന്‌ നോക്കൂ! ദാനവന്മാരുടെ മര്‍ദ്ദനമേറ്റ്‌ അവശരായ ഞങ്ങളെ ഒന്നു നോക്കൂ! ഞങ്ങള്‍ എങ്ങനെ സഹിക്കേണ്ടു പിതാമഹാ, ഈ ദാനവന്മാരുടെ അടിയും ഇടിയും ചവിട്ടും?

ഇതു കേട്ട്‌ സ്വയംഭൂവായ ദേവന്‍ അവരോടു പറഞ്ഞു: ഹേ ദേവന്മാരേ, അവര്‍ വരസമ്പന്നരാണ്‌. ബലവും ഗര്‍വ്വും കൂടിയ വരാണ്‌. മൂഢന്മാരാണ്‌. അവര്‍ വ്യക്തമായി കാണപ്പെടാത്ത വിഷ്ണുവിന്റെ മാഹാത്മ്യം അറിയുന്നില്ല. ഞാന്‍ ഇതില്‍ ഒരു തീര്‍പ്പു കല്‍പിച്ചു കഴിഞ്ഞു. അത്‌ ഉടനെ സംഭവിക്കുവാന്‍ പോവുകയാണ്‌. നിങ്ങള്‍ ഭയപ്പെടാതിരിക്കുവിന്‍. ഇതിന് ഒരു നിവാരണം അടുത്തുണ്ടാകും. ഇപ്പോള്‍ അവരൊക്കെ ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ കുടിപാര്‍പ്പാക്കി ഇരിക്കയാണല്ലേോ. അവിടെ സുഖമായി അധിവസിക്കുന്ന ഘോരാകാരന്മാരായ അവരെയെല്ലാം, വിഷ്ണു ഉടനെ അടക്കിക്കൊള്ളും.

ഇപ്രകാരം ബ്രഹ്മാവ്‌ പറഞ്ഞപ്പോള്‍ വാനവരെല്ലാം സന്തോഷിച്ചു. പിന്നെ തേജസ്സെടുത്തു വിഷ്ണു വരാഹത്തിന്റെ (പന്നി യുടെ) ആകൃതി എടുത്ത്‌ ഭൂമിയുടെ ഉള്ളില്‍ക്കടന്ന്‌ ദിതിജന്മാരോട്‌ ഏറ്റു. ഈ അമാനുഷമായ സത്വത്തെക്കണ്ട്‌ അവര്‍ എല്ലാവരും ഒത്തു കൂടി "പിടിക്കുവിന്‍! വെട്ടുവിന്‍! കൊല്ലുവിന്‍! ജന്തു വിനെ അടിക്കുവിന്‍!". എന്ന്‌ അട്ടഹസിച്ച്‌ ആര്‍പ്പുവിളിച്ച്‌ ആയുധങ്ങളുമായി അടുത്തു. അവര്‍ സര്‍വ്വരും കാലന്റെ കല്പന കൈപ്പറ്റിയവരായിരുന്നു! എല്ലാവരും പെട്ടെന്നു ചാടി വീണ്‌ വരാഹത്തെ പിടി കൂടി. ആ വരാഹത്തെ സര്‍വ്വരും ചൊടിച്ച്‌ പിടിച്ചു വലിച്ചു. ആ കുറ്റന്മാരായ ദാനവന്മാര്‍ മഹാശക്തന്മാരും, ഉന്നതന്മാരും, മഹാകായന്മാരുമായിരുന്നു. എന്തുകാര്യം? അവരെക്കൊണ്ട്‌ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. വരാഹത്തിന്റെ ശൗര്യപരാക്രമങ്ങള്‍ കണ്ട്‌ ദാനവന്മാര്‍ വിസ്മയിച്ചു! ഭയപ്പെട്ടു! അപ കടത്തില്‍പ്പെട്ടു പോയല്ലോ! ചതിച്ചോ! എന്ന്‌ വളരെപ്പേര്‍ ഓര്‍ത്തുപോയി.

ഉടനെ ദേവാധിദേവനും, യോഗാത്മാവും, യോഗസാരഥിയുമായ ഭഗവാന്‍ യോഗം പൂണ്ട്‌ അപ്പോള്‍ എന്തു ചെയ്തുവെന്നോ, ഭരതശ്രേഷ്ഠാ, പറയാം. ആ ദൈത്യദാനവന്മാരെയൊക്കെ കശക്കി ഉച്ചത്തില്‍ അലറി. ആ വരാഹത്തിന്റെ ഗര്‍ജ്ജനം കേട്ട്‌ പത്തു ദിക്കും നടുങ്ങിപ്പോയി. ആ മഹാനാദത്തിന്റെ അലയടിയില്‍ ലോകങ്ങളൊക്കെ കുലുങ്ങിപ്പോയി. ശക്രന്‍ തുടങ്ങിയ ദേ കളൊക്കെ വിറച്ചു പോയി. ആ നാദത്തിന്റെ ക്ഷോഭത്താല്‍ ഞെട്ടിത്തെറിച്ച്‌, നടുങ്ങി മരവിച്ച്‌, ജഗത്ത്‌ നിശ്ചേഷ്ടമായി. ചരവും അചരവും ബോധഹീനമായിപ്പോയി.

ആ നാദംകേട്ട്‌ ഭയാര്‍ത്തരായി സകല ദാനവന്മാരും വിഷ്ണുവിന്റെ തേജസ്സേറ്റ്‌ വിമോഹിതരായി ചത്തു വീണു. വരാഹം കീഴ്ലോകം വാഴുന്ന ദേവദ്രോഹികളെ കുളമ്പു കൊണ്ട്‌ ചവിട്ടിക്കീറി. മാംസം, മേദസ്സ്‌, അസ്ഥി ഇവയൊക്കെ തകര്‍ത്തു ചതച്ചു. ആ മഹാനാദത്താല്‍ സനാതനനും, പത്മനാഭനും, ഭൂതേശനും, ഭുതഗുരുവും യോഗത്തില്‍ മുഴുകിയവനുമായ വിഷ്ണു പുറപ്പെട്ടു.

ഉടനെ ദേവസംഘം ബ്രഹ്മാവിന്റെ അടുത്തു ചെന്നു. മഹാന്മാരായ ആ ദേവന്മാര്‍ ജഗത്പതിയോടു പറഞ്ഞു:  ദേവാ, ഇത്‌ എന്തു നിനദമാണ്‌ ദേവാ! വിഭോ, കാരണമൊന്നും കാണുന്നില്ലല്ലോ! ഇങ്ങനെ ഒരു മഹാനാദം ഇന്നേവരെ ഞങ്ങള്‍ കേട്ടിട്ടില്ലല്ലോ! ലോകം തകരുകയാണോ! ആകെ വിഹ്വലപ്പെട്ടിരിക്കുന്നുവല്ലേ! വാനവന്മാരും, ദാനവന്മാരും ആ തേജസ്സില്‍ വിമൂഢരായിരിക്കുന്നുവല്ലോ. ഇങ്ങനെ ഒരു തേജസ്സ്‌ ഞങ്ങള്‍ കണ്ടിട്ടില്ല.

ഇതിന്നിടയില്‍ വരാഹാകൃതി പൂണ്ട വിഷ്ണുഭഗവാന്‍ എഴുന്നേറ്റു. മഹര്‍ഷികള്‍ ഭഗവാനെ പുകഴ്ത്തി.

പിതാമഹന്‍ പറഞ്ഞു; ഹേ ദേവന്മാരേ, നിങ്ങള്‍ ഭയപ്പെടേണ്ട. ഭഗവാന്‍ വിഷ്ണു ദാനവേന്ദ്രന്മാരെയൊക്കെ സംഹരിച്ചു. സര്‍വ്വത്തിനേയും കൊന്നുകളഞ്ഞു. മഹാകായനും, മഹാബലനും, മഹായോഗിയും, ഭൂതാത്മാവും, ഭൂതഭാവനനും, സര്‍വ്വഭൂതേശ്വരനും, യോഗിയും, ആത്മാവും, മുനിയുമായ ദേവനെ ഇതാ കണ്ടു കൊള്ളുവിന്‍! അശകൃമായ മഹാകാരൃമാണ്‌ അവന്‍ നട ത്തിയത്‌. അതിപ്രഭനായ മഹാത്മാവ്‌, മഹാദ്യുതിയായ പത്മനാഭന്‍, മഹാത്മാവായ ഭൂതഭാവനന്‍, ദൈതൃന്മാരെ വരാഹരൂപമെടുത്തു നശിപ്പിച്ചു സ്വാത്മാവിലേക്ക്‌ എത്തിക്കഴിഞ്ഞു. ഹേ ദേവന്മാരേ, സുരമുഖ്യന്മാരേ, നിങ്ങള്‍ തപിക്കേണ്ടതില്ല. ദുഃഖം വെടിഞ്ഞാലും ഇവന്‍ വിധി പ്രഭാവത്താല്‍ സംക്ഷയകാരകനായ കാലനായി. ലോകത്തിന് താങ്ങായിട്ടുള്ള ആ ദേവന്റെ അട്ടഹാസമാണ്‌ നിങ്ങള്‍ കേട്ടത്‌.

ആ ദേവനാണ്‌ മഹാബാഹുവും, സര്‍വ്വലോക നമസ്കൃത നും, പുണ്ഡരീകാക്ഷനുമായ അച്യുതന്‍. സര്‍വൃഭൂതാദ്യനായ ഈശ്വരനാണ്‌ അവന്‍.

അദ്ധ്യായം 210. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - വാർഷ്ണേയബ്രഹ്മത്തിന്റെ തത്ത്വം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ താതാ, മോക്ഷത്തിന്നുള്ള ശ്രേഷ്ഠമായ യോഗം എന്താണെന്ന്‌ ഹേ വാഗ്മിസത്തമനായ ഭാരതാ, അങ്ങു പറഞ്ഞാലും. അതു തത്ത്വമായി കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌.

ഭീഷ്മൻ പറഞ്ഞു: ഇതിന്ന്‌ ഉദാഹരണമായി ഒരു പഴങ്കഥ നടപ്പുണ്ട്. അതു ശിഷ്യനും ഗുരുവും തമ്മില്‍ പറഞ്ഞ യോഗപരമായ സംഭാഷണമാണ്‌.

തേജോരാശിയും മഹാത്മാവും സതൃസന്ധനും ജിതേന്ദ്രി യനും ബ്രഹ്മർ‍ഷിയുമായ ഒരു ആചാര്യന്‍ ഇരിക്കുന്നിടത്തു ചെന്ന്‌ മേധാവിയും നന്മ കാംക്ഷിക്കുന്നവനും സമാഹിതനുമായ ഒരു ശിഷ്യന്‍ അഭിവാദ്യം ചെയ്തു നിന്ന്‌ കൈകൂപ്പി ഇപ്രകാരം ചോദിച്ചു: ഭഗവാനേ, ഭവാന്‍ എന്നില്‍ എന്റെ സേവനത്താല്‍ പ്രീതനാണെങ്കില്‍ എന്റെ വലിയ ഒരു സംശയം തീര്‍ക്കത്തക്ക വിധം വിവരിച്ചു തരണേ. ഈ ജീവജാലങ്ങളെല്ലാം സമമായി സ്ഥിതി ചെയ്യുമ്പോള്‍ ഈ ഞാന്‍ എവിടെ നിന്നു വന്നു? അങ്ങും എവിടെ നിന്നു വന്നു? എങ്ങോട്ട്‌ അവസാനത്തില്‍ പോകുന്നു? ജീവിതം ഉണ്ടാകുന്നു, അവസാനിക്കുന്നു, എല്ലാം ഉണ്ടാകുന്നു, ഒരേ വിധത്തിലല്ല ക്ഷയഭേദങ്ങള്‍. ഇതിനെക്കുറിച്ച്‌ വേദം എന്തു പറയുന്നു? ശരിക്ക്‌ ഈവക രഹസ്യ കാര്യങ്ങളെ അങ്ങു വിശദമാക്കിത്തരണേ!

ഗുരു പറഞ്ഞു:  അല്ലയോ മഹാപ്രാജ്ഞനായ ശിഷ്യാ, കേള്‍ക്കുക ഞാന്‍ പറയാം. ബ്രഹ്മം വളരെ ഗുഹ്യമായ ഒന്നാണ്‌, ഉത്തമമായിട്ടുള്ളതാണ്‌. വിദ്യകള്‍ക്കെല്ലാം ആദ്ധ്യാത്മവും ആഗമങ്ങള്‍ക്കെല്ലാം പൊരുളായിട്ടുള്ളതും ബ്രഹ്മമാണ്‌. മുഖ്യമായ ബ്രഹ്മമുഖം, പരമായിട്ടുള്ള സത്യം, ജ്ഞാനം, യജ്ഞം, തിതിക്ഷ, ദമം, ആര്‍ജ്ജവം ഇവ വാസുദേവനാകുന്നു. സനാതനനായ പുമാന്‍, വിഷ്ണുവാണെന്ന്‌ വേദജ്ഞന്മാര്‍ കാണുന്നു. സൃഷ്ടിയും സംഹാരവും നടത്തുന്നവനും അവ്യക്തനും ബ്രഹ്മവും ശാശ്വതനുമാണ്‌. വാര്‍ഷ്ണേയ ബ്രഹ്മമെന്ന ഈ ഇതിഹാസം നീ കേള്‍ക്കുക. വിപ്രന്മാര്‍ വിപ്രനില്‍ നിന്ന്‌ അതു കേള്‍ക്കണം. ക്ഷത്രിയര്‍ ക്ഷത്രിയനില്‍ നിന്നും വൈശ്യര്‍ വൈശ്യനില്‍ നിന്നും ശൂദ്രന്‍ ഉത്തമനായ ശുദ്രനില്‍ നിന്നും അതു കേള്‍ക്കേണ്ടതാണ്‌. തേജസ്സേറിയ ദേവദേവനായ വിഷ്ണുവിന്റെ മാഹാത്മ്യം ഇപ്രകാരമാണ്‌. മംഗളകരമായ വാര്‍ഷ്ണേയാദ്ധ്യാത്മം നീ അര്‍ഹിക്കുന്ന വിധം കേള്‍ക്കുക. ഞാന്‍ പറയാം.

ഭാവാഭാവമായ ആത്മലക്ഷണത്തോടു കൂടിയ കാലചക്രം അനാദ്യന്തമാണ്‌. സര്‍വ്വനാഥനായ വിഷ്ണുവില്‍ ത്രൈലോക്യം ചക്രം പോലെ ചുറ്റുന്നു. അതാണ്‌ അക്ഷരമായിട്ടുള്ളത്‌. അവ്യക്തവും അമൃതവുമായ ബ്രഹ്മശാശ്വതമതാണ്‌ എന്നു പറയുന്നു. അല്ലയോ പുരുഷവ്യാഘ്രാ, കേശവന്‍ പുരുഷര്‍ഷഭനാണ്‌. അവ്യയനായ പരന്‍ പിതൃക്കളെയും ദേവന്മാരെയും ഋഷികളെയും യക്ഷന്മാരെയും രാക്ഷസന്മാരെയും നരന്മാരെയും നാഗങ്ങളെയും അസുരന്മാരെയും സൃഷ്ടിച്ചു. വേദശാസ്ത്രങ്ങളും നിത്യമായ ലോകധര്‍മ്മങ്ങളുമെല്ലാം നശിപ്പിച്ച്‌ വീണ്ടും പ്രകൃതിയെ യുഗത്തിന്റെ ആദിയില്‍ സൃഷ്ടിക്കുന്നു. ഋതുക്കളും കാലഭേദങ്ങളും വീണ്ടും സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ യുഗത്തിന്റെ തുടക്കത്തില്‍ ഭാവം വീണ്ടും വന്നു ചേരുന്നു. ലോകയാത്രാവിധിയുടെ ക്രമംപോലെ ഓരോ അറിവും വന്നുദിക്കുന്നു. യുഗാവസാനത്തില്‍ അസ്തമിക്കുന്നു. വേദേതിഹാസങ്ങള്‍ മഹര്‍ഷികള്‍ തപസ്സു കൊണ്ട്‌ സ്വയംഭൂവിന്റെ സമ്മതത്തോടെ നേടി. വേദജ്ഞനായ ഭഗവാന്‍ ബൃഹസ്പതി വേദാംഗങ്ങള്‍ കണ്ടു. ഭാര്‍ഗ്ഗവന്‍ ലോകഹിതമാകുമാറ്‌ നീതി ശാസ്ത്രം നിര്‍മ്മിച്ചു നാരദമഹര്‍ഷി ഗാന്ധര്‍വ്വശാസ്ത്രം നിര്‍മ്മിച്ചു. ഭരദ്വാജന്‍ ധനുര്‍വ്വേദം നിര്‍മ്മിച്ചു. ഗര്‍ഗ്യന്‍ ദേവര്‍ഷിമാരുടെ ചരിത്രം നിര്‍മ്മിച്ചു. ചികിത്സാ വിധികള്‍ കൃഷ്ണാത്രേയന്‍ നിര്‍മ്മിച്ചു. അതാതു ശാസ്ത്രങ്ങള്‍ അറിയുന്നവര്‍ ഇത്തരത്തില്‍ അനേകം ന്യായതന്ത്രങ്ങള്‍ എഴുതി. മഹത്വാഗമാചാരത്തോടു കൂടി പറയപ്പെട്ടതെല്ലഠം ഉപാസിക്കത്തക്കതാകുന്നു. അനാദ്യമായ ആ പരബ്രഹ്മം മാത്രം അറിയുന്നു. ആ പരബ്രഹ്മത്തെപ്പറ്റി ദേവര്‍ഷികള്‍ക്കു പോലും ശരിയായ ജ്ഞാനമില്ല. അതു ശരിക്കും ഒരേ ഒരുത്തന്‍ മാത്രമേ കാണുന്നുള്ളു. അത്‌ പ്രഭുവും ഭഗവാനുമായ നാരായണന്‍ മാത്രമാകുന്നു. നാരായണന്‍ വഴി മുനി മുഖ്യന്മാരും സുരാസുരന്മാരും പുരാണ ഋഷിമാരും അറിഞ്ഞു. എല്ലാ ദുഃഖത്തിന്നും ഓഷധമാണ്‌ ബ്രഹ്മജ്ഞാനം. പുരുഷാശ്രിതമായ ഭാവങ്ങള്‍ പ്രകൃതി തീര്‍ത്തപ്പോള്‍ ഹേതുയുക്തമായി അതിനു മുമ്പില്‍ ലോകം തിരിയുന്നു. ദീപത്തില്‍ നിന്ന്‌ അനേകായിരം ദീപങ്ങള്‍ കൊളുത്തിയ മട്ടില്‍ പ്രകൃതിയില്‍ പ്രസവം നടക്കുന്നു. അന്തമില്ലാത്ത അവസ്ഥ തന്മൂലമുണ്ടാകുന്നു. അവ്യക്തത്താല്‍ കര്‍മ്മജമായ ജ്ഞാനം, അഹങ്കാരം ഉണ്ടായി. അഹങ്കാരത്തില്‍ നിന്ന്‌ ആകാശവും ആകാശത്തില്‍ നിന്ന്‌ മരുത്തുമുണ്ടായി. മരുത്തില്‍ നിന്നു തേജസ്സും, തേജസ്സില്‍ നിന്നു ജലവും, ജലത്തില്‍ നിന്നു ഭൂമിയും ഇങ്ങനെ എട്ടു മൂലപ്രകൃതിയില്‍ മുന്നു ലോകവും സ്ഥിതി ചെയ്യുന്നു. ജഞാനേന്ദ്രിയങ്ങള്‍ അഞ്ചാകുന്നു. കര്‍മ്മേന്ദ്രിയങ്ങളും അഞ്ചുണ്ട്‌. വിഷയങ്ങള്‍ അഞ്ചുണ്ട്‌. അങ്ങനെ പതിനഞ്ചും മനസ്സുംകൂടി പതിനാറാണ്‌ അവയുടെ സങ്കലനം.

ചെവി, ത്വക്ക്‌, കണ്ണ്‌, നാവ്‌, മൂക്ക്‌ ഇവയഞ്ചും ജ്ഞാനേന്ദ്രിയങ്ങളാകുന്നു. വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം ഇവ കര്‍മ്മേന്ദ്രിയങ്ങളാകുന്നു. ശബ്ദം, സ്പര്‍ശം, രുപം, രസം, ഗന്ധം ഇവയിലെല്ലാം മനസ്സു വ്യാപിക്കുന്നു. രസം അറിയുന്നത്‌ നാവു കൊണ്ടാണ്‌. വാക്കുകള്‍ ഉച്ചരിക്കുന്നതും നാവു കൊണ്ടാകുന്നു. പല മട്ടിലുള്ള ഇന്ദ്രിയത്തോടു ചേര്‍ന്ന്‌ വ്യക്തമായും മനസ്സ്‌ എല്ലാം അറിയുന്നു. ഈ പതിനാറു ദൈവതങ്ങളേയും വേര്‍തിരിച്ചറിയണം.

ദേഹത്തില്‍ ജ്ഞാനത്തിന്റെ കര്‍ത്താവായിരിക്കുന്നവനെ ഇവ ഭജിക്കുന്നു. സോമന്റെ ഗുണമാണു നാവ്‌. ഗന്ധം പൃഥ്വിയുടെ ഗുണമാകുന്നു. ശ്രോത്രം നഭസ്സിന്റെ ഗുണമാകുന്നു. കണ്ണ്‌ അഗ്നിയുടെ ഗുണമാകുന്നു. സ്പര്‍ശം വായുവിന്റെ ഗുണമാകു ന്നു. ഇവ എല്ലാ ജീവിയിലും എപ്പോഴുമുള്ള ഗുണമാകുന്നു. മനസ്സ്‌ സത്വഗുണമാകുന്നു. സത്വം എത്രയും അവ്യക്തമാകുന്നു. അതു സര്‍വ്വഭൂതാത്മകവും സര്‍വ്വഭൂതസ്ഥവുമാണെന്ന്‌ ബുദ്ധിമാന്‍ അറിയണം. ഈ ഭാവങ്ങള്‍ എല്ലാ ചരാചരവും വഹിക്കുന്നു. ഇതു പ്രകൃതിക്കപ്പുറത്തു നിൽക്കുന്നു. അതിന് ഒന്നിലും തല്പരതയോ കാര്യമോ ഇല്ല. പുണ്യമായ ഈ ഭാവങ്ങളോടു കൂടിയ നവദ്വാര പുരത്തില്‍ ഇരിക്കുന്ന മഹാത്മാവിനെ തന്മൂലം പുരുഷന്‍ എന്നു പറയുന്നു. അവന്‍ അരജസ്സാണ്‌, അമരനാണ്‌. എത്രയും വ്യക്തനും അവ്യക്തനുമാണ്‌. എങ്ങും വ്യാപിക്കുന്നവനും, ഗുണവാനും, സൂക്ഷ്മനും, സര്‍വ്വഭൂതഗുണാശ്രയനുമാണ്‌. ചെറിയതോ വലിയതോ ആയ ദീപം പ്രകാശിക്കുന്നതു പോലെയാണ്‌ എല്ലാ വലിയതും ചെറിയതുമായ ജീവിയില്‍ അവന്റെ നില. എല്ലാ ജീവിയിലും കുടികൊള്ളുന്ന ജ്ഞാനാത്മാവായ പുരുഷനെ കാണുക. ശ്രോത്രത്തിന് കേള്‍ക്കാനുള്ള കഴിവ്‌ അവനില്‍ നിന്നാണ്‌. കണ്ണു കൊണ്ടു കാട്ചയുണ്ടാക്കുന്നത്‌ അവനാണ്‌. അതിന്ന്‌ ഈ ദേഹം ഒരു കാരണമാണെന്നു മാത്രം. എല്ലാം ചെയ്യുന്നത്‌ ദേഹമല്ല, അവനില്‍ വസിക്കുന്ന പുരുഷനാകുന്നു.

വിറകിനുള്ളില്‍ ലയിച്ചു കിടക്കുന്ന അഗ്നിയെ വിറകു വെട്ടിക്കീറി നോക്കിയാല്‍ കാണുകയില്ല. അതു പോലെ ദേഹത്തിന്നുള്ളില്‍ ഇരിക്കുന്ന ആത്മാവിനെ ദേഹം പൊളിച്ചു നോക്കിയാല്‍ കാണുകയില്ല. എന്നാല്‍ ഉപായം പ്രയോഗിച്ചാല്‍, മരംകൂട്ടി. ഉരസിയാല്‍, അതില്‍ നിന്ന്‌ അഗ്നി പുറപ്പെടുന്നത്‌ കാണാം. 

അപ്രകാരം യോഗാഭ്യാസം ചെയ്താല്‍ ദേഹഗതനായ ആത്മാവിനെ അവന് കാണാന്‍ കഴിയും. പുഴയില്‍ ജലമെന്ന പോലെയും, സൂര്യന് കിരണം പോലെയും എപ്പോഴും ദേഹിക്ക്‌ പല ദേഹവും വന്നു കൂടുന്നു. സ്വപ്നത്തില്‍ അഞ്ചിന്ദ്രിയങ്ങളും ചേര്‍ന്ന ആത്മാവ്‌ എപ്രകാരം ദേഹം വിട്ടു പോകുന്നുവോ അപ്രകാരം ശരീരത്തെ വിട്ട്‌ ആത്മാവു പോകുന്നു. അത്‌ മനസ്സിലാക്കണം. തന്റെ കര്‍മ്മശക്തിയാല്‍ ബുദ്ധനാകുന്നു. കര്‍മ്മശക്തിയാല്‍ ലഭ്യനാകുന്നു. കര്‍മ്മത്താല്‍ നീതനാകുന്നു. സ്വന്തം പ്രകൃതിയുടെ ശക്തി കൊണ്ടാണ്‌ മറ്റൊരിടത്ത്‌ ആത്മാവ്‌ എത്തുന്നത്‌. ആ ദേഹി ദേഹം കൈവിട്ട്‌ മറ്റൊന്നു സ്വീകരിക്കുന്നു. അതു പോലെ എല്ലാം സ്വകര്‍മ്മഫലം പോലെ ഭൂതസമൂഹങ്ങള്‍ മറ്റൊരു ശരീരം കൈക്കൊള്ളുന്നു.


No comments:

Post a Comment