Tuesday, 13 September 2022

സഭാപര്‍വ്വം 45-ാം അദ്ധ്യായം വരെ

സഭാക്രിയാപര്‍വ്വം

1. സഭാസ്ഥാനയിര്‍ണ്ണയം - വൈശമ്പായനൻ പറഞ്ഞു: വാസുദേവന്‍ കേട്ടിരിക്കെ വീണ്ടും വീണ്ടും കൈകൂപ്പി, പൂജിച്ച്‌ ഭംഗിയായി മയന്‍ പാര്‍ത്ഥനോടു പറഞ്ഞു.

മയന്‍ പറഞ്ഞു: ക്രുദ്ധനായ കൃഷ്ണനില്‍ നിന്നും കത്തുന്ന അഗ്നിയില്‍ നിന്നും അര്‍ജ്ജുനാ! ഭവാന്‍ എന്നെ രക്ഷിച്ചു. ഞാന്‍ അങ്ങയ്ക്ക്‌ അതിന് പ്രത്യുപകാരമായി എന്താണു ചെയ്യേണ്ടത്‌ ?

അര്‍ജ്ജുനന്‍ പറഞ്ഞു: അങ്ങ്‌ എല്ലാം ചെയ്തു. നന്നായി വരട്ടെ! ഹേ, ദാനവാ! പൊയ്ക്കൊള്ളുക! ഭവാന്‍ എന്നില്‍ പ്രിയമുള്ളവനാകുക! ഞങ്ങള്‍ നിന്നിലും പ്രിയമുള്ളവരാണ്‌.

മയന്‍ പറഞ്ഞു; ഹേ, നരര്‍ഷഭാ! ഈ പറഞ്ഞതു ഭവാന്റെ മഹത്വത്തിന് ചേര്‍ന്ന്ന വാക്കു തന്നെ! പ്രീതിപൂര്‍വ്വം ചെറിയതായ ഒന്നു ചെയ്യുവാന്‍ ഞാനാഗ്രഹിക്കുന്നു. ദാനവന്മാരുടെ വിശ്വകര്‍മ്മാവും മഹാകവിയുമാണ്‌ ഞാന്‍. അങ്ങനെയുള്ള ഞാന്‍ അതിന് തക്കതായ ഒരു പ്രത്യുപകാരം ചെയ്യുവാന്‍ ഇച്ഛിക്കുന്നുണ്ട്‌.

അര്‍ജ്ജുനന്‍ പറഞ്ഞു: പ്രാണന്‍ അപകടത്തിലായ സന്ദര്‍ഭത്തില്‍ ഞാന്‍ നിന്നെ രക്ഷിച്ചുവെന്ന് നീ വിചാരിക്കുന്നു. ആ നിലയ്ക്കു നിന്നെക്കൊണ്ട്‌ അതിനു പ്രത്യുപകാരം ചെയ്യിക്കുവാന്‍ പാടുള്ളതല്ല. ഭവാന്റെ മോഹം പഴുതെയാക്കാനും വയ്യ. ഭവാന്‍ കൃഷ്ണന് എന്തെങ്കിലും ചെയ്യുക. അത്‌ എനിക്ക്‌ ചെയ്തതായി ഞാന്‍ വിചാരിക്കും.

വൈശമ്പായനൻ പറഞ്ഞു: മയന്‍ ചോദ്യം തുടര്‍ന്നപ്പോള്‍ അവനോട്‌ എന്താണു കല്പിക്കേണ്ടതെന്നു മാധവന്‍ അല്പസമയം ചിന്തിച്ചു. പിന്നെ ഒന്നു ചിന്തയിലുറപ്പിച്ച്‌ ഒരു സഭ തീര്‍ക്കണം എന്ന് മാധവന്‍ മയനോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: നീ പ്രിയം ചെയ്യുവാന്‍ കാര്യമായി തയ്യാറാണെങ്കില്‍ ധര്‍മ്മരാജന് വേണ്ടി തക്കതായ ഒരു സഭ തീര്‍ക്കണം. മനുഷ്യലോകത്തില്‍ മറ്റാര്‍ക്കും ഇതു പോലെ മറ്റൊരു സഭ തീര്‍ക്കണമെന് വിചാരിക്കുവാന്‍ പോലും പറ്റരുത്‌. അത്ര മനോഹരവും വിചിത്രവുമായിരിക്കണം ആ സഭ. കവിയായ ഭവാന്‍ ദിവ്യമായ മനോധര്‍മ്മത്തോടെ ആസുരവും മാനുഷവും ദൈവികവുമായ സകല കലാഭംഗിയോടും കൂടെ ഒരു സഭയുണ്ടാക്കുക.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ മയന്‍ യുധിഷ്ഠിരനു വിമാനശ്രീ പൂണ്ട കമനീയമായ ഒരു സഭ തീര്‍ക്കുവാന്‍ മനസ്സില്‍ സങ്കല്പിച്ചു സമ്മതിച്ചു. കൃഷ്ണനും അര്‍ജ്ജുനനും ആ വൃത്താന്തം യുധിഷ്ഠിരനെ അറിയിച്ചു. മയനെ യുധിഷ്ഠിരന്റെ സന്നിധിയിലേക്കു കൂട്ടിക്കൊണ്ടു പോയി. യുധിഷ്ഠിരന്‍ മയനെ നമസ്കരിച്ചു പൂജിച്ചു. രാജാവ്‌ ആദരിച്ചത്‌ മയന്‍ കൈക്കൊണ്ടു. ആ ദൈത്യവീരന്‍ പൂര്‍വ്വദേവചരിത്രം പാണ്ഡവന്മാരോടു പറഞ്ഞു. കുറേനേരം ആശ്വസിച്ചതിന്റെ ശേഷം ആ വിശ്വകര്‍മ്മാവ്‌ ചിന്തിച്ചിരുന്ന് പാണ്ഡവന്മാര്‍ക്കു തക്കതായ ഒരു സഭ തീര്‍ക്കുന്നതിന്നായി ഒരുങ്ങി. പാണ്ഡവന്മാരുടെയും കൃഷ്ണന്റെയും മതമനുസരിച്ച്‌ പുണ്യമായ ഒരു ദിവസം പുണ്യ മംഗളധാരിയായി ബ്രാഹ്മണര്‍ക്ക്‌ പരമമായ അന്നം നല്കി, അനേകം ധനവും ദാനം ചെയ്ത്‌ ആ വീര്യവാൻ സര്‍വ്വര്‍ത്തൃ രമണീയമായി, ദിവ്യമായി, അതിഭംഗിയായി ഒരു സഭ നിര്‍മ്മിക്കുവാന്‍ പതിനായിരം ചതുരശ്ര അടി ചുറ്റളവില്‍ അതിനുള്ള കുറ്റി നാട്ടി.

2. ഭഗവാന്റെ യാത്ര - വൈശമ്പായനൻ പറഞ്ഞു: പ്രീതിയോടെ പാര്‍ത്ഥന്മാര്‍ പൂജിക്കുന്നതുമേറ്റ്‌ സുഖമായി ഖാണ്ഡവ പ്രസ്ഥത്തില്‍ ജനാര്‍ദ്ദനന്‍ പാര്‍ത്തു.

പിന്നെ കൃഷ്ണന്‍ അച്ഛനെ കാണുവാന്‍ പോകുന്നതിന് ഒരുങ്ങി ധര്‍മ്മജനോടു പറഞ്ഞു. കുന്തിയുടെ പാദത്തില്‍ കുമ്പിട്ടു. കുന്തി അദ്ദേഹത്തെ പുല്‍കി മൂര്‍ദ്ധാവില്‍ ചുംബിച്ചു. പിന്നെ കൃഷ്ണന്‍ തന്റെ സഹോദരിയെ ചെന്നു കണ്ടു അവളോട്‌ സന്തോഷാശ്രുക്കളോടെ ശ്രേഷ്ഠമായും, ഇഷ്ടമായും, തഥ്യമായും, ഭംഗിയായും, ചുരുക്കമായും ആദരവോടെ യാത്ര പറഞ്ഞു. പിന്നെ അമ്മ മുതലായ സ്വജനങ്ങളോട്‌ തന്റെ അന്വേഷണം പറയുന്നതിന്നായി, അവള്‍ പറഞ്ഞതു കേട്ടു സല്ക്കാരവും വന്ദനവും സ്വീകരിച്ച്‌ അനുവാദം വാങ്ങി അഭിനന്ദിച്ച്‌ പാഞ്ചാലിയുടെ അരികിലേക്കു ചെന്നു. പിന്നെ ധൗമ്യനേയും കണ്ടു. വിധിയാം വണ്ണം ധൗമ്യനെ വന്ദിച്ച്‌ കൃഷ്ണയെ സാന്ത്വനം ചെയ്ത്‌  യാത്ര പറഞ്ഞു. പിന്നെ ഭ്രാതാക്കന്മാരെ പാര്‍ത്ഥനോടു കൂടി ചെന്നു കണ്ടു, ദേവന്മാരോടു ദേവേന്ദ്രന്‍ എന്ന പോലെ, അഞ്ചു സഹോദരന്മാരോടു ചേര്‍ന്ന്ന്, യാത്രയ്ക്കു വേണ്ട കര്‍മ്മങ്ങളെല്ലാം ചെയ്യുവാന്‍ കുളിച്ചു ശുചിയായി അലങ്കാരമൊക്കെ അണിഞ്ഞ്‌., ദേവബ്രാഹ്മണപൂജകള്‍ ചെയ്ത്‌, പുഷ്പ മന്ത്ര നമസ്കാര ചന്ദനാദികളാല്‍ സര്‍വ്വ കര്‍മ്മങ്ങളും ചെയ്ത്‌, ജഗത്പതി പുറപ്പെട്ടു. അപ്പുറത്തുള്ള പടികടന്ന് തൈരും, അക്ഷതവും, ഫലങ്ങളും ചേര്‍ത്ത്‌ സ്വസ്തി ചൊല്ലിച്ച്‌, വിപ്രര്‍ക്ക്‌ വിത്തദാനം ചെയ്തു വലംവെച്ച്‌, ശംഖചക്രഗദാ ശാര്‍ങ്ഗാദ്യായുധങ്ങള്‍ ധരിച്ച്‌, ഗരുഡധ്വജമായ പൊന്മണിത്തേരില്‍ കയറി. ശുഭമായ പക്കവും നാളും മുഹൂർത്തവും ഒത്ത സമയം കണ്ട്‌ ശൈബ്യസുഗ്രീവവാഹനനായ പങ്കജാക്ഷന്‍ ഇറങ്ങി.

ഉടനെ നന്ദിയോടെ യുധിഷ്ഠിര രാജാവ്‌ കൂടെ കയറി. സാരഥിയായ ദാരുകനെ മാറ്റി കടിഞ്ഞാണ്‍ പിടിച്ചിരുന് ഒപ്പം കയറി അര്‍ജ്ജുനന്‍ പൊന്‍പിടിയുള്ള വെണ്‍ചാമരം പ്രദക്ഷിണമായി വീശി. അപ്രകാരം ഭീമനും മാദ്രീ പുത്രന്മാരും ഋത്വിക് പുരോഹിതരോടു കൂടി കൃഷ്ണനെ പിന്തുടര്‍ന്നു. ആ ഭ്രാതാക്കളോട്‌ ഇപ്രകാരം ചേര്‍ന്ന്ന കേശവന്‍ ശിഷ്യരോടു ചേര്‍ന്ന്ന ബൃഹസ്പതി പോലെ ശോഭിച്ചു. പാര്‍ത്ഥനെ ദൃഢമായി പുല്കി, യാത്രപറഞ്ഞ്‌ യുധിഷ്ഠിനെ അര്‍ച്ചിച്ചു. ഭീമയമന്മാരും കൃഷ്ണനെ പുല്‍കി. അവരോടും യാത്ര പറഞ്ഞു. രണ്ടു നാഴിക യാത്ര ചെയ്ത ശേഷം കൃഷ്ണന്‍ അവരോട്‌ തിരിച്ചു പൊയ്ക്കൊള്ളുവാന്‍ പറഞ്ഞു. ധര്‍മ്മജനെ അഭിവാദ്യം ചെയ്തു കാലുപിടിച്ചു. ഉടനെ ധര്‍മ്മജന്‍ ഹരിയെ എഴുന്നേല്‍പിച്ച്‌ ശീര്‍ഷത്തില്‍ ചുംബിച്ചു. യാദവപതിയായ കൃഷ്ണനോട്‌ കനിഞ്ഞു; എന്നാൽ പൊയ്ക്കൊള്ളുക എന്നു നന്ദിയോടെ യുധിഷ്ഠിരന്‍ പറഞ്ഞു. അവരുമായി വേണ്ടവിധം മധുസൂദനന്‍ ഇണങ്ങി കൂട്ടത്തോടെ അവരെ ഒരു വിധം മാധവന്‍ പിന്തിരിപ്പിച്ചു.

അമരാവതിയിലേക്ക്‌ ഇന്ദ്രനെന്ന പോലെ കൃഷ്ണന്‍ സ്വന്തം പുരിയിലേക്കു പോയി. കണ്ണു മറയുന്നതു വരെ കൃഷ്ണന്റെ യാത്ര നോക്കി നിന്ന പാണ്ഡവര്‍, പിന്നെ മനസ്സു കൊണ്ട്‌ കൃഷ്ണനില്‍ ചെന്നു. അവര്‍ കൃഷ്ണദര്‍ശനത്തില്‍ തൃപ്തി വരാതെ നില്ക്കുന്ന സമയത്ത്‌ കൃഷ്ണന്‍ മറഞ്ഞു പോയപ്പോള്‍ അവര്‍ ഗോവിന്ദനെ തന്നെ മനസ്സില്‍ കണ്ട്‌ സംതൃപ്തി വരാത്ത വിധം തിരിച്ചു പോന്ന് നഗരത്തിലെത്തി. തേരോടിച്ച്‌ കൃഷ്ണന്‍ ദ്വാരകയ്ക്കടുത്തെത്തി. സ്വൈരമായി പിമ്പേ കൂടിയ വീരനായ സാത്യകിയോടും ദാരുകനെന്ന സൂതനോടും കൂടി ദേവകീപുത്രന്‍ താര്‍ക്ഷ്യനെ പോലെ വേഗത്തില്‍ ദ്വാരകാപുരിയിലെത്തി.

ഭ്രാതാക്കന്മാരോടു കൂടി മടങ്ങിയ ധര്‍മ്മജനും സ്വപുരത്തിലെത്തി. സുഹൃത് ജനത്തേയും ഭ്രാതൃപുത്രരേയും വിട്ട്‌ ദ്രൗപദീ ദേവിയോടൊത്ത്‌ ധര്‍മ്മപുത്രന്‍ നന്ദിച്ചു.

കേശവന്‍ തന്റെ പുരിയില്‍ പ്രവേശിച്ച്‌ രസത്തോടു കൂടി ഉഗ്രസേനന്‍ മുതലായ യദുമുഖ്യന്മാരുടെ പൂജയേറ്റ്‌ ആഹുകന്‍, അമ്മ, വൃദ്ധപിതാവ്‌ എന്നിവരേയും ബലഭ്രദനേയും കൈകൂപ്പി. പിന്നെ കമലലോചനന്‍, പ്രദ്യുമ്നന്‍, സാംബന്‍, നിശഠന്‍, ചാരുദേഷ്ണന്‍, ഗദന്‍, അനിരുദ്ധന്‍, ഭാനു മുതലായവരെ പുല്കി; വൃദ്ധസമ്മതം വാങ്ങി രുഗ്മിണി വാഴുന്ന ഗൃഹത്തിലേക്കു കയറി.

3. സഭാനിര്‍മ്മാണം - വൈശമ്പായനൻ പറഞ്ഞു; പിന്നെ വിജയിയായ അര്‍ജ്ജുനനോടു മയന്‍ പറഞ്ഞു.

മയന്‍ പറഞ്ഞു: ഞാന്‍ ഭവാനോടു യാത്ര പറയുന്നു. താമസിക്കാതെ വീണ്ടും വരാം. കൈലാസത്തിന്റെ വടക്കുള്ള മൈനാക പര്‍വ്വതത്തില്‍ പണ്ട്‌ ദാനവര്‍ യജ്ഞം ചെയ്ത കാലത്ത്‌ ഞാന്‍ തീര്‍ത്തു വെച്ച ചിത്രരത്ന പദാര്‍ത്ഥങ്ങള്‍ ബിന്ദുസരസ്സില്‍ ഉണ്ട്‌. സതൃവാനായ വൃഷപര്‍വ്വാവിന്റെ സഭയില്‍ പണ്ട്‌ വെച്ച രത്നപദാര്‍ത്ഥങ്ങളുമുണ്ട്‌. അവയെല്ലാം അവിടെ ഇരിപ്പുണ്ടെങ്കില്‍ അവയും കൊണ്ട്‌ ഞാന്‍ ഉടനെ എത്തുന്നതാണ്‌. പിന്നെ ഞാന്‍ പാണ്ഡവസഭ വിശ്വവിശ്രുതമായ വിധത്തില്‍ നിര്‍മ്മിക്കന്നതാണ്‌. ഹൃദയാഹ്ളാദകമായ വിധം നാനാചിത്രരത്നങ്ങള്‍ ചേര്‍ത്ത്‌ കലാമാധുര്യം കാണിച്ചു തരാം.

ബിന്ദുസരസ്സില്‍ ഗംഭീരമായ ഒരു ഗദയും വെച്ചിട്ടുണ്ട്‌. ആ രാജാവ്‌ അരികളെ വധിച്ചതിന് ശേഷം വെച്ചതായി ഞാന്‍ ഓര്‍മ്മിക്കുന്നു. കനമുള്ളതും ഉറപ്പുള്ളതും ഭാരം ഏൽക്കുന്നതും സ്വര്‍ണ്ണം കെട്ടിയതുമായ ഗദയുണ്ട്‌. ആയിരം അരികളോടു പോരാടുവാന്‍ ആയിരം ഗദയ്ക്കു പകരം അതൊന്നു മാത്രം മതി. അങ്ങയ്ക്കു ഗാണ്ഡീവം പോലെ ഭീമന് ആ ഗദ ചേര്‍ന്നതാണ്‌. ദേവദത്തം എന്നു പേരായ, വാരുണമായ, മുഴങ്ങുന്ന ശംഖും അതിലുണ്ട്‌. ഇപ്പറഞ്ഞതൊക്കെ കൊണ്ടു വന്ന് ഞാന്‍ ഭവാനു നല്കുന്നുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പാര്‍ത്ഥനോടു പറഞ്ഞ്‌ ആ ദൈത്യന്‍ വടക്കുകിഴക്കായി കൈലാസത്തിന്റെ വടക്കുള്ള മൈനാകാദ്രിയിലേക്കു പോയി. സുവര്‍ണ്ണശൃംഗങ്ങള്‍ ശോഭിക്കുന്ന മഹാമണിമയമായ പര്‍വ്വതം മനോഹരമാണ്‌. അതിലാണ്‌ ബിന്ദുസരസ്സ്‌. അവിടെയാണ്‌ ഭഗീരഥന്‍ എന്ന രാജാവ്‌ ഗംഗയെ കാണുവാന്‍ വളരെക്കാലം തപസ്സു ചെയ്തത്‌. അതുകൊണ്ട്‌ ഭാഗീരഥി എന്ന പേര്‍ ഗംഗയ്ക്കു വന്നു. അവിടെയാണ്‌ സര്‍വ്വഭൂതേശനായ ദേവദേവന്‍ മുഖ്യമായ നൂറു യാഗം ചെയ്തതും. അന്ന് രത്നമയമായ യൂപവും പൊന്മയമായ ചൈത്യവും ഭംഗിക്കു വേണ്ടിയാണ്‌ പണി ചെയ്തത്‌. ദൃഷ്ടാന്തത്തിനു വേണ്ടിയല്ല. അവിടെ യജ്ഞം ചെയ്ത്‌ ശചീപതിയായ ശക്രന്‍ സിദ്ധിനേടി. സര്‍വ്വഭൂതനിഷേവ്യനായി തിഗ്മതേജസ്സായി ഭൂതേശ്വരന്‍ സര്‍വ്വലോകത്തേയും സൃഷ്ടിച്ച്‌ സനാതനനായി അവിടെ സ്ഥിതി ചെയ്യുന്നു. നരനാരായണന്മാരും വിധിയും സ്ഥാണുവും യമനും ഇങ്ങനെ അഞ്ചുപേര്‍ ആയിരം യുഗം ചെല്ലുമ്പോള്‍ അവിടെ വെച്ചാണ്‌ സത്രം നടത്തുക. അവിടെയാണ്‌ ബഹുവര്‍ഷം വാസുദേവനും ധര്‍മ്മപ്രതിപത്തിക്കായി, നന്മയില്‍ ശ്രദ്ധവെച്ച്‌, സത്രം കഴിച്ചത്‌. :

പൊന്നണിഞ്ഞ യൂപങ്ങള്‍, മിന്നുന്ന ചൈത്യങ്ങള്‍ എന്നിവ ഗോവിന്ദന്‍ അവിടെ വെച്ചാണ്‌ ആയിരവും പതിനായിരവും നല്‍കിയത്‌.

അവിടെ ചെന്ന് മയന്‍ ആ ഗദയും ശാഖും എടുത്തു. വൃഷപര്‍വ്വാവിന്റെ സ്ഫടികമായ സഭാദ്രവ്യ സമൂഹവും എടുത്തു. അവയെല്ലാം കിങ്കരന്മാരായ ആശരന്മാര്‍ സംഘമായി കാവല്‍ നിന്നു കാത്തിരുന്നവയാണ്‌. അവയെല്ലാം ആ മഹാസുരനായ മയന്‍ ചെന്നടുത്തു. അവയെക്കൊണ്ട്‌ അവന്‍ മണിമയമായ സഭാസ്ഥലം നിര്‍മ്മിച്ചു. ദിവ്യമായ മട്ടില്‍ ത്രിലോകത്തില്‍ പുകഴുന്ന വിധത്തില്‍ മോഹനമായി, അത്ഭുതമായി അത്‌ വിളങ്ങി. പ്രധാനപ്പെട്ട ഗദ ഭീമനും നല്കി, ദേവദത്തം എന്ന മുഖ്യമായ ശംഖ്‌ അര്‍ജ്ജുനനും നല്കി. ആ ശംഖിന്റെ നാദത്താല്‍ വിശ്വമൊക്കെ കുലുങ്ങും.

സ്വര്‍ണ്ണദ്രുമങ്ങളുള്ള ആ സഭ പത്തു നിഷ്‌ക സഹ്രസം ചുറ്റളവില്‍ തെളിഞ്ഞു. അഗ്നി, സൂര്യന്‍, ശശാങ്കന്‍ എന്നിവരുടെ സഭകള്‍ പോലെ കാന്തിയോടു കൂടി ഭംഗിയായി ശോഭിച്ചു. പ്രഭ കൊണ്ട്‌ അര്‍ക്കപ്രഭയും മായുന്ന വിധം ദിവ്യമായി ദിവ്യതേജസ്സോടെ ജ്വലിച്ചു. നവമേഘം പോലെ നഭസ്ഥലത്തില്‍ വ്യാപിച്ച്‌ ദീര്‍ഘമായും വിസ്തൃതമായും അതു വിളങ്ങി, ദുഃഖദോഷങ്ങള്‍ ബാധിക്കാതെ ഉത്തമ ദ്രവ്യങ്ങളോടു കൂടി രത്ന ഖചിതമായ പൊന്‍മതില്‍ കൊണ്ടു ചുറ്റപ്പെട്ട അതു ശോഭിച്ചു. വളരെ വിചിത്രമായും ധനസമൃദ്ധമായും വിശ്വകര്‍മ്മാവു തീര്‍ത്ത യാദവരുടെ സുധര്‍മ്മയും ബ്രഹ്മസദസ്സും മയാസുരന്‍ ചമച്ച ഈ സഭയ്ക്കു കിടനില്ക്കുകയില്ല. മയന്റെ കല്പന പ്രകാരം ആ സഭ കാത്തു സൂക്ഷിക്കുവാനായി എണ്ണായിരം കിങ്കരന്മാര്‍ എന്നു പേരായ രാക്ഷസരുണ്ട്‌. അവര്‍ അന്തരീക്ഷ ചരന്മാരും വലിയ മെയ്യും കൈയും ഉള്ളവരുമാണ്‌. രക്താക്ഷരും പിംഗാക്ഷരുമായി ആയുധം ധരിച്ച ശങ്കുകര്‍ണ്ണന്മാര്‍ കാവല്‍ നിന്നു.

സഭയ്ക്കുള്ളില്‍ മയന്‍ പൊയ്കകള്‍ നിര്‍മ്മിച്ചു. വൈഡൂരൃപത്രങ്ങളും, രത്നത്തണ്ടുകളുമായി താമരകളും, പൊന്മയമായ ചെങ്ങഴി നീര്‍പ്പൂവും, ആ പൊയ്കയില്‍ പൊന്‍പൂക്കളും, പക്ഷിഗണങ്ങളും, പൊന്മീനുകളും വിളങ്ങി.

സ്ഫടികക്കല്‍പ്പടവുകളും, ചേറില്ലാത്ത ശുദ്ധജലവും ചേര്‍ന്ന് ആ പൊയ്ക്കള്‍ പ്രശോഭിച്ചു. മന്ദമാരുതന്‍ വീശുമ്പോള്‍ ചിന്നുന്ന തരിമുത്തുകളോടെ ഇന്ദ്രനീലക്കല്ലു കൊണ്ട്‌ ചുറ്റും തിണ്ണ പടുത്തു.

ഇങ്ങനെ ഇന്ദ്രനീലപ്പടവുകളോടു കൂടി ശോഭിക്കുന്ന ആ പൊയ്ക കണ്ട്‌ ചില രാജാക്കന്മാര്‍ അതു നിലമാണെന്നു തെറ്റിദ്ധരിച്ച്‌ അതില്‍ അറിയാതെ വീഴുകയുണ്ടായി.

സഭയ്ക്കു ചുറ്റും ഭംഗിയായി നിരന്നു നില്ക്കുന്ന പൂത്ത മരങ്ങള്‍ തണലുണ്ടാക്കി. സുഗന്ധം പരത്തുന്ന പൂങ്കാവുകളും അതില്‍ പല കളിപ്പൊയ്കകളും നിര്‍മ്മിക്കപ്പെട്ടു. ഹംസങ്ങളും കാരണ്ഡവങ്ങളും ചക്രവാകങ്ങളും ചേര്‍ന്ന് വെള്ളത്തിലും കരയിലുമുള്ള താമരപ്പൂമണം പൂശിയ മന്ദമാരുതന്‍ പാണ്ഡവരെ സദാ ആശ്ലേഷിച്ചു വീശി.

ഇങ്ങനെ അത്ഭുതാഹ്ളാദമുളവാകുന്ന സഭ പതിനാലു മാസം കൊണ്ട്‌ മയന്‍ പണി കഴിച്ചു. പണി തീര്‍ന്നുവെന്ന് മയന്‍ യുധിഷ്ഠിരനെ ഉണര്‍ത്തിച്ചു.

4. സഭാപ്രവേശം - വൈശമ്പായനൻ പറഞ്ഞു: പിന്നെ ധര്‍മ്മനന്ദനന്‍ ആ സഭയില്‍ പ്രവേശിച്ചു. പതിനായിരം ബ്രാഹ്മണര്‍ക്ക്‌ അന്നദാനം ചെയ്ത്‌ നെയ്യും പായസവും നല്ല തേനും കൂട്ടിക്കലര്‍ത്തിയ അന്നവും, ഭക്ഷ്യങ്ങളും, ഫലമൂലങ്ങളും നല്കി, മാന്‍, പന്നി എന്നിവയുടെ മാംസം ചേര്‍ത്ത അന്നവും നല്കി. പലതരം മാംസങ്ങള്‍ കൊണ്ടും, നെയ്ച്ചോറു കൊണ്ടും, പലതരം കറികള്‍ കൊണ്ടും, പലതരം പാനീയങ്ങളാലും ബഹുവിഭവ സമൃദ്ധമായ സദ്യ കഴിച്ചു നാനാദേശത്തു നിന്നും വന്ന ബ്രാഹ്മണര്‍ക്ക്‌ ഇരട്ടപ്പുടവകളും നാനാജാതി പുഷ്പങ്ങളും നലകി അവരെ സംതൃപ്തരാക്കി. അവര്‍ക്ക്‌ ആയിരം പശുക്കളേയും ദാനം ചെയ്തു. ആകാശം മുഴങ്ങുമാറ്‌ പുണ്യാഹ ഘോഷമുണ്ടായി. അനേകം ദിവ്യവാദ്യങ്ങളാലും ദിവൃഗന്ധങ്ങളാലും ദേവന്മാരേയും കൗരവ രാജാവു പൂജിച്ചു. മല്ലന്മാരും, നടന്മാരും, ഭല്ലന്മാരും, സൂതന്മാരും, വൈതാളികന്മാരും വന്ന് മാനൃശ്രീമാനായ ധര്‍മ്മപുത്രരാജാവിനെ പൂജിച്ചു. ഭ്രാതാക്കളോടു കൂടി അപ്രകാരം പൂജിച്ചിട്ട്‌ പാണ്ഡവന്‍ ആ രമൃമായ സഭയില്‍ സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രന്‍ എന്ന പോലെ വാണു. പാണ്ഡവന്മാരുമൊത്തു മഹര്‍ഷിമര്‍ സഭയില്‍ കയറി. ഓരോരോ ദേശത്തു നിന്നു വന്ന രാജാക്കന്മാരും സഭയില്‍ കയറി കണ്ടു.

അസിതന്‍, ദേവലന്‍, സത്യന്‍, സര്‍പ്പമാലി, മഹാശിരന്‍, സര്‍വ്വാവസു, സുമിത്രന്‍, മൈത്രേയന്‍, ശുനകന്‍, ബലി, ബകന്‍, ദാല്ഭ്യന്‍, സ്ഥൂലശിരന്‍, കൃഷ്ണദ്വൈപായനന്‍, ശുകന്‍, സുമന്തു, ജൈമിനി, പൈലന്‍, വ്യാസശിഷ്യന്മാര്‍, യാജ്ഞവല്കൃന്‍, തിത്തിരി, പുത്രന്മാരോടു കൂടിയ ലോമഹര്‍ഷണന്‍, അപ്സുഹോമൃന്‍, ധൗമ്യന്‍, അണിമാണ്ഡവ്യന്‍, കൗശികന്‍, ദാമോഷ്ണീഷന്‍, ത്രൈബലി, പര്‍ണ്ണദന്‍, ഘടജാനുകന്‍, വലീവാഹന്‍, സത്യപാലന്‍, മൗഞ്ജായനന്‍, വായുഭക്ഷന്‍, പാരാശര്യന്‍, കൃതശ്രമന്‍ ജാരുകര്‍ണ്ണന്‍, ശിഖാവാന്‍, ആലംബന്‍, പാരിജാതകന്‍, പര്‍വ്വതന്‍, മാര്‍ക്കണ്ഡേയന്‍, പവിത്രപാണി, സാവര്‍ണ്ണി, വാലുകി, ഗാലവന്‍, ജംഘാബന്ധു, രൈഭ്യന്‍, കോപവേഗന്‍, ഭൃഗു, ഹരിദ്രു, കണ്ഡിന്യന്‍. ബഭ്രുമാലി, സനാതനന്‍, കാക്ഷീവാന്‍, ഔഷിജന്‍, ഗൌതമന്‍, നാചികേതന്‍, പൈംഗന്‍, വരാഹന്‍, ശൂനകന്‍, ശാണ്ഡില്യന്‍, കുക്കൂരന്‍, വേണുജംഘന്‍, കാലാപന്‍, കഠന്‍ ഇങ്ങനെ, ധര്‍മ്മവിജ്ഞന്മാരും, ധൃതാത്മാക്കളും ജിതേന്ദ്രിയരുമായ മുനിമാരും മറ്റു പല വേദവേദാംഗപാരം ഗതന്മാരും വന്ന്‌ പാണ്ഡവനെ സഭയില്‍ ഉപാസിച്ചു. നിര്‍മ്മലന്മാരായ ആ മഹര്‍ഷിമാര്‍ പുണ്യസല്‍ക്കഥ പറഞ്ഞു കൊടുത്തു.

അപ്രകാരം തന്നെ ക്ഷത്രിയ ശ്രേഷ്ഠന്മാരും ധര്‍മ്മപുത്രനെ സേവിച്ചു. ധര്‍മ്മാത്മാവും, ശ്രീമാനുമായ മുഞ്ജകേതു, വിവര്‍ദ്ധനന്‍, സംഗ്രാമജിത്ത്‌, ഉഗ്രസേനവീരന്‍, ദുര്‍മ്മുഖന്‍, കക്ഷസേന രാജാവ്‌, ക്ഷേമകന്‍, കാംബോജരാജന്‍, കമഠന്‍, കമ്പനന്‍, കൃതാസ്ത്രരായ യവനന്മാരെ തനിച്ച്‌ യുദ്ധം ചെയ്തു ഓടിച്ച മഹാബലന്‍, ബലപൌരുഷശാലികളായ കാലകേയ സൂതന്മാരെ വജ്രപാണിയെന്ന പോലെ ഒറ്റയ്ക്ക്‌ ഓടിച്ച വീര്യവാനായ മഹാബലന്‍, മദ്രകന്മാരുടെ അധീശനായ ജടാസുരന്‍, കുന്തി, പുളിന്ദന്‍ എന്ന കിരാത രാജാവ്‌, അംഗന്‍, വംഗന്‍, പുണ്ഡ്രക രാജാവ്‌, പാണ്ഡ്യന്‍, കാശ്മീരന്‍, ആന്ധ്ര രാജാവ്‌, സുമിത്രന്‍, ശൈബ്യന്‍, ശത്രുനിബര്‍ഹണനായ കിരാതരാജന്‍, സുമനസ്സ്‌ ഇപ്രകാരമുള്ള യവനനാഥന്മാര്‍, ചാണൂരന്‍, ദേവരാതന്‍ ഭോജന്‍, ഭീമരഥന്‍, ശ്രുതായുധന്‍, കലിംഗന്‍, മഗധരാജാവായ ജയല്‍സേനന്‍, ചേകിതാനന്‍, കേതുമാന്‍, വസുദാനന്‍, വൈദേഹന്‍, സുധര്‍മ്മാവ്‌, അനിരുദ്ധന്‍, മഹാബലനായ ശ്രുതായുസ്സ്‌ ആനുപരാജന്‍, ക്രമജിത്ത്‌, സുദര്‍ശനന്‍, ശിശുപാലന്‍, മകനോടുകുടെ കാരൂഷരാജാവ്‌, വൃഷ്ണീന്ദ്രന്മാര്‍, ഏറ്റവും ദൂര്‍ദ്ധര്‍ഷന്മാരും അമര പ്രഭരുമായ കുമാരന്മാരായ ആഹുകന്‍, വിപൃഥു, ഗദന്‍, സാരണന്‍ എന്നിവരും അക്രൂരന്‍, കൃതവർമ്മാവ്‌, സതൃയകന്‍, ശൈനേയന്‍, ഭീഷ്മകന്‍, മഹാബലനായ ദ്യുമത്സേനന്‍, മഹാവീരന്മാരായ കേകയന്മാര്‍, യജ്ഞസേനന്‍, സൗമകി, കേതുമാന്‍, വസുമാന്‍, കൃതാസ്ത്രന്മാരും അതിശക്തിമാന്മാരുമായ ക്ഷത്രിയന്മാരില്‍ ഉത്തമരായ വേറെ പലരും വന്ന് സഭയില്‍ ധര്‍മ്മപുത്രനെ ഉപാസിച്ചു. ശക്തരായ രാജപുത്രന്മാര്‍ അര്‍ജ്ജുനന്റെ അടുത്ത്‌ മാന്‍തോലുടുത്ത്‌ ധനുര്‍വ്വേദം പഠിച്ചു. അവിടെ തന്നെ വൃഷ്ണിവംശകുമാരന്മാരും വന്നു പഠിച്ചു. രുഗ്മീണീ പുത്രന്മാരും, സാംബനും, യുയുധനന്‍ എന്നു കൂടി പേരുള്ള സാതൃകിയും, സുധര്‍മ്മനും, അനിരുദ്ധനും, നരപുംഗവനായ ശൈബ്യനും ധനഞ്ജയന്റെ അടുത്ത്‌ പഠിച്ചു. അര്‍ജ്ജുനന്റെ സഖിയായി തുംബുരുവും അവിടെ പാര്‍ത്തു മഹാത്മാക്കളായ ഇരുപത്തേഴുപേര്‍ അര്‍ജ്ജുനന്റെ സമീപത്തു വന്നു ശിഷ്യന്മാരായി ഉപാസിച്ചു.

അമാത്യരോടു കൂടിയ ചിത്രസേനന്‍, ഗന്ധര്‍വ്വാപ്സരസ്സുകള്‍, ഗീതാവാദിത്രദക്ഷന്മാരും, സാമ്യതാളവിശാരദന്മാരും, പ്രമാണം ലയസ്ഥാനം ഇവ കണ്ടവരുമായ കിന്നരയാരും, ഗാനഗന്ധര്‍വ്വന്മാരോടു കൂടി ചേര്‍ന്ന് തുംബുരുവിന്റെ കല്പന അനുസരിച്ച്‌ അവരോടു കൂടി നിന്നു. ദിവൃതാനത്തോടു കൂടി യഥാന്യായം ആ മനസ്വിനികള്‍ പാടി. കൗന്തേയനും മുനിമാരും ചേര്‍ന്ന ആ സദസ്സില്‍ അവര്‍ സുഖമായി ഗാനം പൊഴിച്ചു.

ആ സഭയ്ക്കുള്ളില്‍ വാഴുന്നവര്‍, സതൃ സംഗരന്മാരായ സുവ്രതന്മാര്‍, വാനില്‍ വാനോര്‍ ബ്രഹ്മാവിനെ എന്ന വിധം ധര്‍മ്മപുത്രനെ ഉപാസിച്ചു.

ലോകപാലസഭാഖ്യാനപര്‍വ്വം

5. രാജധര്‍മ്മാനുശാസനം - വൈശമ്പായനൻ പറഞ്ഞു: ആ സഭയില്‍ പാണ്ഡവശ്രേഷ്ഠനും മഹാജനങ്ങളും ഗന്ധര്‍വ്വരും സമ്മേളിച്ചിരിക്കുന്ന സമയത്ത്‌ മഹാതേജസ്വിയായ ഒരു മുനിപുംഗവന്‍ കയറി വന്നു.

വേദോപനിഷത്ത്‌ അറിയാവുന്നവനും, സുരപൂജിതനും, ഇതിഹാസ പുരാണജ്ഞനും, കഴിഞ്ഞ യുഗങ്ങള്‍ അറിയുന്നവനും, ന്യായജ്ഞനും, ധര്‍മ്മതത്വജ്ഞനും, ആറു വേദങ്ങള്‍ [1] അറിയുന്നവനും, മഹാശ്രേഷ്ഠനും, ഐക്യവും വേര്‍പാടും കണ്ടവനും, പ്രഗല്ഭനും, വാഗ്മിയും, മേധാവിയും, സ്മൃതിമാനും, നയവാനും, കവിയും, നന്മതിന്മകള്‍ തിരിച്ചറിയുന്നവനും, പ്രമാണം കൊണ്ട്‌ ഉറച്ചവനും, പഞ്ചാവയവ വാകൃത്തിന്റെ [2] ഗുണദോഷമറിഞ്ഞവനും, ബൃഹസ്പതി പറഞ്ഞാലും ശ്രേഷ്ഠമായ ഉത്തരം പറയുന്നവനും, ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ നന്മയില്‍ കണ്ടുറച്ചവനും, മഹാമതിയും, ജഗത്തിങ്കലൊക്കെ ഒരു പോലെ ലോകമൊക്കെ മേലും കീഴും കണ്ടറിഞ്ഞവനും, സാംഖ്യയോഗ വിഭാഗജ്ഞനും, അനുമാനം അറിയുന്നവനും, ഷാല്‍ഗുണവിധി കണ്ടവനും [3], സര്‍വ്വശാസ്ത്ര വിശാരദനും, സംഗീതയുദ്ധരസികനും, എങ്ങും തടവില്ലാത്തവനും, ഇവയും മറ്റു പല ഗുണമുള്ളവനുമായ നാരദ മഹര്‍ഷിയല്ലാതെ അതു മറ്റാരുമായിരുന്നില്ല. ആ മഹാനുഭാവന്‍, തേജസ്വിയായ അദ്ദേഹം, ലോകമെല്ലാം സഞ്ചരിക്കുന്നതിന്നിടയില്‍ യുധിഷ്ഠിരന്റെ സഭയില്‍ വന്നു കയറി.

1. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്‌ ഇവയാണ്‌ ആറു വേദാംഗങ്ങള്‍

2. പ്രതിജ്ഞ, ഹേതു, ദൃഷ്ടാന്തം, ഉപനയം, നിഗമനം എന്നീ അഞ്ച്‌ അവയവങ്ങളോടു കൂടിയ വാക്യം.

3. സന്ധി, യുദ്ധം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം എന്നീ ആറു ഗുണങ്ങള്‍.

പരിജാതമുനിയോടും, രൈവതനോടും, സുമുഖനോടും, സൗമ്യനോടും മറ്റ്‌ മാമുനിമാരോടും കൂടി മനോവേഗത്തോടെഎത്തി സഭയില്‍ വാഴുന്ന യുധിഷ്ഠിരനെ സസന്തോഷം കണ്ടു അദ്ദേഹം ആശീര്‍വ്വാദം ചെയ്തു ധര്‍മ്മപുത്രനെ മാനിച്ചു.

മുനിശ്രേഷ്ഠനെ കണ്ട്‌ യുധിഷ്ഠിരന്‍ അനുജന്മാരോടു കൂടി എഴുന്നേറ്റ്‌ അഭിവാദ്യം ചെയ്ത്‌ വിനയപൂര്‍വ്വം കുമ്പിട്ട്‌ യഥാവിധി മുനിക്കു ചേര്‍ന്ന ആസനം നല്കി. മധുപര്‍ക്കും പശു, ശ്രേഷ്ഠമായ അര്‍ഘ്യം ഇവ നല്കി രത്നത്താല്‍ അര്‍ച്ചിച്ചു. സര്‍വ്വകാമത്താലും അര്‍ച്ചിച്ചു. യുധിഷ്ഠിരന്റെ സൽക്കാരമേറ്റ്‌ സസന്തോഷം നാരദന്‍ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ക്കു ചേര്‍ന്ന വിധം ധര്‍മ്മജനോടു ചോദിച്ചു.

നാരദന്‍ പറഞ്ഞു: ഭവാന്‍ അര്‍ത്ഥം യാഗാദികര്‍മ്മങ്ങള്‍ ക്കായി കല്‍പിക്കുന്നില്ലേ? ധര്‍മ്മത്തില്‍ ഭവാന്‍ നന്ദിക്കുന്നില്ലേ? ഭവാന്‍ സുഖം കൈക്കൊള്ളുന്നില്ലേ? മനസ്സിന് ക്ഷീണമൊന്നുമില്ലല്ലോ? ഹേ, മഹാശയനായ കൗരവരാജാവേ, ഭവാന്റെ പൂര്‍വ്വന്മാരായ പിതാമഹന്മാര്‍ നിന്ന നില്പിൽ തന്നെ ധര്‍മ്മാര്‍ത്ഥങ്ങളോടെ ഭവാനും നില്ക്കുന്നില്ലേ? അര്‍ത്ഥത്തില്‍ ധര്‍മ്മമോ ധര്‍മ്മത്താല്‍ അര്‍ത്ഥമോ ബാധിക്കുന്നില്ലല്ലോ? കാമത്താല്‍ അവ രണ്ടും ബാധിക്കപ്പെടുന്നില്ലല്ലോ? അര്‍ത്ഥവും, ധര്‍മ്മവും, കാമവും ഇവ മൂന്നും വിജയിക്കുന്ന വിധം ഭവാന്‍ കാലേ തിരിച്ച്‌, ഹേ, കാലജ്ഞാ, ഭവാന്‍ സമമായി വെക്കുന്നില്ലേ?

ഏഴ്‌ ഉപായങ്ങളും [4] ചേരുന്ന ആറ്‌ രാജഗണങ്ങളും [5] ബലാബലമറിഞ്ഞ്‌ പതിന്നാലു [6] കാര്യങ്ങളേയും ഭവാന്‍ നല്ല പോലെ കാണുന്നില്ലേ?

4. സാമം, ദാനം, ഭേദം, ദണ്ഡം, ആഭിചാരം, ഔഷധം, ജാലവിദ്യ എന്നിവയാണ്‌ ഏഴ്‌ ഉപായങ്ങള്‍.

5. വാഗ്മിത്വം, പ്രഗല്ഭത, മേധാശക്തി, ഓര്‍മ്മശക്തി, നയജ്ഞത, പാണ്ഡിത്യം എന്നിവയാണ്‌ ആറു രാജഗുണങ്ങള്‍.

6. ദേശം, ദുര്‍ഗ്ഗം, രഥം, ആന, കുതിര, സൈന്യം മുതലായ പതിന്നാലും.

ജയിയായ ഭവാന്‍, തന്നെയും പരനെയും കാണുന്നില്ലേ? അപ്രകാരം എട്ട്‌ കര്‍മ്മങ്ങളേയും [7] സാധിക്കുന്നില്ലേ? സപ്ത പ്രകൃതികള്‍ക്ക്‌ [8] ഒട്ടും ലോപമില്ലല്ലോ? ആഢ്യന്മാരും, അവ്യസനികളും, കൂറുള്ളവരും ഇങ്ങനെയുള്ളവര്‍ എല്ലാവരും ശങ്കിക്കാത്ത വിധമുള്ള കപട ദൂതന്മാര്‍ ആ മന്ത്രികളാല്‍ ഭേദിക്കുന്നില്ലേ? നിങ്കല്‍ നിന്നോ, നിന്റെയോ മന്ത്രങ്ങള്‍ കപടദൂതന്മാര്‍ അറിയുന്നില്ലല്ലോ? ശത്രുമിത്ര സമന്മാരെ കൃത്യമായി വേര്‍തിരിച്ചു കാണുന്നില്ലല്ലോ? കാലം നോക്കി സന്ധിയും വിഗ്രഹവും ചെയ്യുന്നില്ലേ? അങ്ങയുടെ മനോവൃത്തി ഉദാസീന മദ്ധ്യമരില്‍ നിൽക്കുന്നില്ല?

7. കൃഷി, വാണിജ്യം, കോട്ടുകെട്ടല്‍, ചിറകെട്ടല്‍, ആനപിടിത്തം, രത്നഖനി, യാചകകേന്ദ്രം എന്നിവയാണ്‌ എട്ടു കര്‍മ്മങ്ങള്‍.

8. സ്വാമി, അമാത്യന്‍, സുഹൃത്ത്‌, കോശം, രാഷ്ട്രം, ദുര്‍ഗ്ഗം, ബലം.

തനിക്കൊക്കുന്ന പ്രായമുള്ളവര്‍, ശുദ്ധര്‍, അറിവു നല്കുവാന്‍ താല്പര്യമുള്ളവര്‍, കുലീനര്‍, കുറുള്ളവര്‍ ഈ ഗുണങ്ങളെല്ലാം ചേര്‍ന്നവരല്ലേ ഭവാന്റെ മന്ത്രിമാര്‍?

മന്നവന്മാര്‍ക്കു വിജയം മന്ത്രം മൂലമാണ്‌. മന്ത്രസംവരണത്തോടു കൂടി ശാസ്ത്രജ്ഞരായ ഭവാന്റെ മന്ത്രിമാര്‍ രാഷ്ട്രം രക്ഷിക്കുന്നില്ലേ? വൈരികള്‍ മുടിക്കുന്നില്ലല്ലോ? യഥാകാലം ഭവാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നില്ലേ? പുലര്‍ കാലത്ത്‌ അര്‍ത്ഥജ്ഞനായ ഭവാന്‍ അര്‍ത്ഥത്തെപ്പറ്റി ചിന്തിക്കുന്നില്ലേ? മന്ത്രം രഹസ്യമായി നടത്തുന്നില്ലേ? പരസ്യമാക്കുന്നില്ലല്ലോ? മന്ത്രിമാരുമായി ആലോചിച്ച്‌ രഹസ്യങ്ങള്‍ രാഷ്ട്രത്തെ ബാധിക്കുന്നില്ലല്ലോ? അല്പമൂലധനത്താല്‍ ബഹുബലമുണ്ടാക്കുന്ന അര്‍ത്ഥത്തെ ചിന്തിച്ചു കൊണ്ടു ഭവാന്‍ ഉടനെ അതില്‍ പ്രവര്‍ത്തിക്കുന്നില്ലേ? തടസ്സം ഒന്നും പെടുന്നില്ലല്ലോ? സംശയം കൂടാതെ പ്രവൃത്തിയുടെ അവസാനം വരെ പരിരക്ഷകള്‍ ചെയ്യുന്നില്ലേ? ആപ്തരും ലോഭം വിട്ട മുറ കണ്ടവരും ചെയ്യുന്നതൊക്കെ സിദ്ധം സിദ്ധ്രപായം എന്ന നിലയ്ക്കാകുന്നില്ലേ?

നടപ്പിലാകാത്ത ഭവാന്റെ കര്‍മ്മങ്ങള്‍ ആരും അറിയുന്നില്ലല്ലോ? ധര്‍മ്മം പഠിപ്പിക്കുന്ന ആചാര്യന്മാരും, സര്‍വ്വശാസ്ത്ര വിചക്ഷണന്മാരുമായ ചെറുപ്പക്കാരെ ഭവാന്‍ സൈന്യമുഖ്യന്മാരാക്കി നിയമിക്കുന്നില്ലേ? ആയിരം മൂര്‍ഖനെ വിറ്റിട്ടും ഒരു വിദഗ്ദ്ധനെ വാങ്ങുന്നില്ലേ? അര്‍ത്ഥത്തിന് ബുദ്ധിമുട്ടു വരുമ്പോള്‍ വിദ്വാന്മാര്‍ നന്മ ചെയ്യുന്നില്ലേ? ദുര്‍ഗ്ഗങ്ങളിലൊക്കെയും വിത്തധാന്യായുധജലങ്ങളും, യന്ത്രങ്ങളും, ശില്പികളും, വില്ലാളി വീരന്മാരും പൂര്‍ണ്ണമല്ലേ? മേധാവി, പണ്ഡിതന്‍, ദാന്തന്‍, ശൂരന്‍ ഈ ഗുണങ്ങളോടു കൂടിയ മന്ത്രി രാജരാജാത്മജന്മാര്‍ക്കു വലിയ ശ്രീ ഉളവാക്കും.

ശത്രുപക്ഷത്തിലെ പതിനെട്ടു കൂട്ടരിലും സ്വപക്ഷത്തിലെ പതിനഞ്ചു കൂട്ടരിലും അന്യോന്യം അറിയാത്ത മുമ്മൂന്ന് ചാരന്മാരെ വെച്ച്‌ അവരെ സംബന്ധിക്കുന്ന രഹസ്യങ്ങളൊക്കെ ഭവാന്‍ അപ്പപ്പോള്‍ അറയുന്നില്ലേ? സചിവാദികളായ പതിനെട്ടു വിഭാഗങ്ങളേയും ഭവാന്‍ അറിയുന്നില്ലേ?

ശത്രുവീരന്‍ ധരിക്കാതെ എപ്പോഴും മനസ്സിരുത്തി കരുതി അരികളെ ഭവാന്‍ കാണുന്നില്ലേ? വിനയം കലരുന്ന കുലപുത്രന്‍ ബഹുശ്രുതനാണ്‌. അനസൂയാലുവും, നന്മതിന്മകള്‍ തിരിച്ചറിയുന്നവനും, മാന്യനുമായ പുരോഹിതന്‍ അങ്ങയ്ക്കില്ലേ? ഭവാന്റെ അഗ്നി വിധിജ്ഞനായ അവന്‍ കാക്കുന്നില്ലേ? ഹോമിച്ചു കഴിഞ്ഞതും, ഹോമിക്കാനുള്ളതും കാലേ അറിയിക്കുന്നില്ലേ? അംഗങ്ങളൊക്കെ അറിയുന്നവനും, ജ്യോതിഷം പറയുന്നവനും, ഉൽപാത ഭേദ കുശലനുമായ ദൈവജ്ഞന്‍ ഭവാനില്ലേ?

മഹത്തുക്കളില്‍ മുഖ്യമായി സേവിക്കുന്നവരും, മദ്ധ്യമങ്ങളില്‍ മദ്ധ്യമമായി സേവിക്കുന്നവരും, താഴ്ന്ന കര്‍മ്മങ്ങളില്‍ താഴ്ന്നവരായി നില്ക്കുന്നവരുമല്ലേ അങ്ങയുടെ അടുത്തു നില്ക്കുന്ന ഭൃത്യന്മാര്‍?

പിതൃപൈതാമഹന്മാരായും വ്യാജമറ്റു വിശുദ്ധരായും ഇരിക്കുന്ന മന്ത്രിമുഖ്യന്മാരെ ഭവാന്‍ വെക്കുന്നില്ലേ മുഖ്യക്രിയകള്‍ക്ക്‌? തീക്ഷണമായ ശിക്ഷ കൊണ്ടു പ്രജകള്‍ക്കു ഭവാന്‍ ഭയം ഉണ്ടാക്കുന്നില്ലല്ലോ?

ഭവാന്റെ രാജ്യം കാക്കുന്ന മന്ത്രിമാര്‍, യാജകന്മാര്‍ പതിതനെയെന്ന വണ്ണം, ഭവാനെ തള്ളാറില്ലല്ലോ? പണം കൈക്കലാക്കുന്ന ഉഗ്രനായ കാമിയെ സ്ത്രീകള്‍ എന്ന പോലെ, ഭവാന്‍ അവരെ തള്ളാറില്ലല്ലോ? ധൃഷ്ടനും, ശൂരനും, ബുദ്ധിശാലിയും, ധീരനും, ശുചിയും, കുലോന്നതനും, കൂറുള്ളവനും, ദക്ഷനും ആണല്ലോ ഭവാന്റെ പടനായകന്‍? ഭവാന്റെ പടത്തലവന്മാരായ ധീരന്മാര്‍ യുദ്ധവിശാരദന്മാരും, പ്രസിദ്ധമായ അപദാനത്തോടു കൂടിയവരും ഏറ്റവും മാനിതന്മാരുമല്ലേ?

ഭടന്മാര്‍ക്കു ഭക്ഷണവും ശമ്പളവും കാലേ യഥോചിതം നല്കുന്നില്ലേ? താമസിക്കുന്നില്ലല്ലോ? ചോറും ശമ്പളവും നല്കുവാന്‍ താമസമാക്കിയാല്‍ സ്വാമി ദരിദ്രനാണെന് അവര്‍ വിചാരിക്കും. അതു വലിയ അനര്‍ത്ഥമായി തീരും. കുലപുത്രത്തലവന്മാര്‍ നിന്നില്‍ കൂറുള്ളവരല്ലേ? അവര്‍ പടയില്‍ പ്രാണനും കൂടി നിനക്കു വേണ്ടി വെടിയുകയില്ലേ?

യുദ്ധകാര്യത്തിലൊക്കെ ഇച്ഛ പോലെ തനിച്ചൊരാള്‍ തന്നിഷ്ടം പോലെ രാജകല്പന തെറ്റിച്ച്‌ ഒന്നും ചെയ്യുന്നില്ലല്ലോ? പൗരുഷത്താല്‍ ശോഭനമായ കാര്യം പറ്റിച്ച പുരുഷന്‍ മാനത്തോടെ രാജാവിന്റെ പാരിതോഷികം നേടുന്നില്ല? വിദ്യാവിനീതരായി ജ്ഞാനം തെളിഞ്ഞ മാന്യരെ ഗുണാര്‍ഹതയ്ക്കൊത്ത വണ്ണം മാനൃത നല്കി ബഹുമാനിക്കുന്നില്ലേ? തനിക്കു വേണ്ടി പ്രാണന്‍ കളഞ്ഞവരും, ആപത്തില്‍ പെട്ടു കിടക്കുന്നവരുമായ പുരുഷന്മാര്‍ വേട്ട അവരുടെ ഭാര്യമാരെ ഭവാന്‍ വേണ്ടുംവണ്ണം സംരക്ഷിക്കുന്നില്ലേ? ഭയപ്പെട്ടിട്ടോ, പോരില്‍ തോറ്റിട്ടോ ശത്രു തന്റെ കീഴില്‍ വന്നാല്‍ അവരെ പുത്രന്മാരെ പോലെ ഭവാന്‍ പാലിക്കുന്നില്ലേ? സമവിശ്വാസ്യന്മാരെ പൃത്ഥിക്കൊക്കെ നാഥനായി ഭവാന്‍ മാതാപിതാക്കളെ പോലെ കരുതുന്നില്ല?

ശത്രുവിന്റെ കഷ്ടകാലം മനസ്സിലാക്കി മൂന്നു വിധം ബലത്തേയും പ്രഭുശക്തി, മന്ത്രശക്തി, ഉത്സാഹശക്തി, എന്നിവ ചിന്തിച്ചു കണ്ട്‌ ഉടനെ പൊരുതുന്നില്ലേ? ഭവാന്‍ തരം കണ്ടാല്‍ യുദ്ധത്തിനു പോകുന്നില്ലേ? അരിന്ദമാ! പിന്‍പട, ഉദ്യമം, പരാജയം എന്നിവയെല്ലാം അറിഞ്ഞ്‌ മുന്‍കൂട്ടി തന്റെ ഭടന്മാര്‍ക്ക്‌ ശമ്പളം നല്കി വരുന്നില്ലേ? പരരാഷ്ട്രത്തിലുള്ള പടയാളി പ്രവരന്മാര്‍ക്ക്‌ ഭവാന്‍ യോഗ്യതയ്ക്കൊത്തു രത്നങ്ങള്‍ ഗൂഢമായി നല്കുന്നില്ല? വിജിതേന്ദ്രിയനായ തന്നെത്തന്നെ ആദ്യം ജയിച്ച അജിതേന്ദ്രിയനും മൂഢനുമായ അരിയേ ഭവാന്‍ വെല്ലുന്നില്ലേ? ശത്രുവിനെ, പോരിനു പോകുമ്പോള്‍, ഭവാന്‍ മുമ്പെ ചെന്ന്‌ ഏല്ക്കുന്നില്ലേ? സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ഗുണങ്ങള്‍ മൂലം ദൃഡീകരിച്ചതിന് ശേഷമല്ലേ പരന്മാരോട്‌ ഏല്ക്കുന്നത്‌ ? ജയിക്കുവാന്‍ വിക്രമിക്കുന്ന ഭവാന്‍ ജയിച്ചതിന് ശേഷം അവരെ രക്ഷിക്കുന്നില്ലേ?

എട്ടംഗങ്ങളോടു കൂടി യ ഭവാന്റെ നാലുതരം സൈന്യങ്ങള്‍ ബലവാന്റെ നേതൃത്വത്തില്‍ വൈരികളെ നശിപ്പിക്കുന്നില്ലേ? ശത്രുരാഷ്ട്രത്തില്‍ അല്പവും പിടിവിടാതെ അരികളെ പോരില്‍ കൊല്ലുന്നില്ലേ? തന്റെ ശത്രുരാജ്യത്തില്‍ നിന് അര്‍ത്ഥങ്ങള്‍ ഭവാന്റെ ആള്‍ക്കാര്‍ രക്ഷിക്കുന്നില്ലേ? അപ്രകാരം പരസ്പരം രക്ഷിക്കുന്നില്ലേ? ഭക്ഷ്യങ്ങളും, വസ്ത്രങ്ങളും, സൗരഭൃവസ്തുക്കളും ഒക്കെ നിന്റെ സമ്മതത്തോടെ രാജാക്കന്മാര്‍ സൂക്ഷിക്കുന്നില്ലേ? ഭണ്ഡാരം, കലവറ, വാഹനം, വാതില്‍, ആയുധം, ആയുധം എന്നിവയൊക്കെ നല്ല കൂറുള്ളവരല്ലേ കാക്കുന്നത്‌ ? അകത്തും പുറത്തുമുള്ള നമ്മുടെ ആള്‍ക്കാരില്‍ നിന്നു മുമ്പേ തന്നെ ഭവാന്‍ കാക്കുന്നില്ലേ? സ്വന്തക്കാരില്‍ നിന്ന് അവരെയും അവരില്‍ നിന്ന്‌ ഏവരേയും കാക്കുന്നില്ലേ? പാനം, ദ്യൂതം, കളി, പെണ്ണ്‌ എന്നിവയില്‍ ഭവാന്‍ കാലത്ത്‌, പൂര്‍വ്വാഹ്നത്തില്‍, ഏര്‍പ്പെടുന്നില്ലല്ലോ? അത്തരം വൃസനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആരും അറിയുന്നില്ലല്ലോ?

ആയത്തില്‍ പകുതിയോ നാലിലൊന്നോ പാദത്തിന്റെ ത്രിഭാഗമോ വ്യയം കണക്കാക്കുമ്പോള്‍ ഭവാനു ലഭിക്കുന്നില്ലേ? സ്വന്തം ജ്ഞാതികള്‍, ഗുരുക്കള്‍, വൃദ്ധന്മാര്‍, വണിക്കുകള്‍, ശില്പികള്‍, ആശ്രിതര്‍, ദരിദ്രര്‍ ഇവരെ ധാന്യധനങ്ങളാല്‍ പോറ്റുന്നില്ല? വരവുചെലവു കണക്കു വെക്കുന്നവരായ കണക്കെഴുത്തുകാര്‍ നിന്റെ ആയവ്യയങ്ങള്‍ നിത്യവും പ്രഭാതത്തില്‍ നോക്കുന്നില്ലേ? കാരൃത്തില്‍ പ്രാപ്തിയുള്ളവരും നിന്റെ ഗുണകാംക്ഷികളുമായി പ്രിയജനങ്ങളെ കുറ്റമൊന്നും കൂടാതെ പണിയില്‍ നിന്നു നീക്കം ചെയ്യുന്നില്ലല്ലോ? ഉത്തമന്മാരും, മദ്ധ്യമന്മാരും, അധമന്മാരുമായ ജനങ്ങളെ ഭവാന്‍ അവരവര്‍ക്ക്‌ ചേര്‍ന്ന ജോലിയില്‍ നിയമിക്കുന്നില്ലേ? ലുബ്ധന്മാരും, തസ്ക്കരന്മാരും, ശത്രുക്കളും, പ്രായപൂര്‍ത്തി ആകാത്തവരുമായ ജനങ്ങളെ ഭവാന്‍ ഉദ്യോഗത്തില്‍ വച്ചിട്ടില്ലല്ലോ? ചോരന്മാരാലും, ലുബ്ധന്മാരാലും, കുമാരന്മാരാലും, നാരികളാലും രാഷ്ട്രപീഡ ചെയ്യപ്പെടുന്നില്ലല്ലോ? രാജ്യത്തിലെ കൃഷിക്കാര്‍ സന്തുഷ്ടരല്ലേ? രാജ്യത്തു ധാരാളം വെള്ളം സംഭരിക്കുന്ന അണക്കെട്ടുകളില്ലേ? വലിയ തടാകങ്ങളില്ലേ? ഇടയ്ക്കിടയ്ക്കു മഴ കിട്ടിയില്ലെങ്കിലും കൃഷി വര്‍ദ്ധനയ്ക്ക്‌ മാര്‍ഗ്ഗമില്ലേ? വിത്തും നെല്ലും കൃഷിക്കാര്‍ക്ക്‌ പാഴാകുന്നില്ലല്ലോ? അഭിവൃദ്ധിക്കു വേണ്ടി ഇരുപത്തഞ്ചു ശതമാനം ഭവാന്‍ കൃഷിക്കാര്‍ക്കു സമ്മാനിക്കുന്നില്ലേ? സജ്ജനങ്ങള്‍ യഥാവിധി വാണിജ്യം ചെയ്യുന്നില്ലേ?

ഹേ, ശ്രേഷ്ഠാ! വാര്‍ത്തയിലാണല്ലോ - കൃഷി, കച്ചവടം, ഗോരക്ഷ, ബാങ്കു വ്യവസായം എന്നിവയാലാണല്ലോ - ലോകമൊക്കെ സുഖിക്കുന്നത്‌. ശൂരന്മാരായ ബുദ്ധിമാന്മാര്‍ അഞ്ചും, അദ്ധ്യക്ഷന്‍, കരം പിരിക്കുന്നവന്‍, മദ്ധ്യസ്ഥന്‍, ഗുമസ്തന്‍, സാക്ഷി എന്നിവര്‍ അഞ്ചു പ്രവൃത്തികള്‍ കൊണ്ടു യോജിച്ച്‌ ക്ഷേമം ചെയ്യുന്നില്ലേ ഭവാന്റെ നാട്ടില്‍? ( പഞ്ചായത്ത്‌ അഭിവൃദ്ധിയിലല്ലേ? ). പുരത്തിന്റെ രക്ഷയ്ക്കു പര്യാപ്തമാകുന്നില്ലേ, ഗ്രാമങ്ങള്‍ ; ഗ്രാമങ്ങള്‍ പുരത്തിന്റെ മട്ടില്‍ ക്ഷേമപൂര്‍ണ്ണമാകുന്നില്ലേ? ഗ്രാമങ്ങള്‍ പോലെ തന്നെ ഘോഷങ്ങളും ( കന്നുകാലി സംരക്ഷണ ക്രേന്ദ്രങ്ങള്‍  ) ആകുന്നില്ലേ? ഭവാന്റെ ശ്രദ്ധ അതിലൊക്കെയില്ലേ? ഭവാന്റെ നാട്ടില്‍ പുരം കയറി കവരുന്ന ചോരന്മാരെ കുണ്ടിലും കുന്നിലും പിന്നാലെ പാഞ്ഞു പിടിക്കുന്നില്ലേ, ഭവാന്റെ യോദ്ധാക്കള്‍ ? സ്ത്രീകളെ ഭവാന്‍ സാന്ത്വനം ചെയ്യുന്നില്ലേ? വധുക്കളെ രക്ഷിക്കുന്നില്ലേ? അവരില്‍ ശ്രദ്ധിക്കുന്നില്ലേ? ഗൂഢമായി അവരോട്‌ ചൊല്ലാറില്ലേ? അത്യാപത്തു കേട്ടാലുടനെ അതിനെ പറ്റിയോര്‍ത്ത്‌ വേണ്ടത്‌ ചെയ്യാതെ അകത്തു പോയി ഭവാന്‍ കിടക്കുന്നില്ലല്ലോ? രാത്രി ആദ്യത്തെ രണ്ടു യാമങ്ങള്‍ ഉറങ്ങി ഒടുവിലത്തെ യാമത്തില്‍ എഴുന്നേറ്റു ധര്‍മ്മാര്‍ത്ഥ ചിന്ത ചെയ്യുന്നില്ലേ?നിത്യവും അലങ്കരിച്ചല്ലേ നരരെ കാണിക്കൂ? രാജാവിന്റെ നഗ്നരൂപം ആരേയും കാണിക്കുന്നില്ലല്ലോ?

അല്ലയയോ കാലജ്ഞാ! ഭവാന്‍ കാലത്തുണര്‍ന്ന് മന്ത്രിമാരോടു കൂടി നിലക്കുമ്പോള്‍ രക്താംബരത്തോടു കൂടി ഖഡ്ഗം കൈയിലെടുത്ത്‌ ഭടന്മാര്‍ ഭവാന്റെ ചുറ്റും രക്ഷയ്ക്കായി നില്ക്കുന്നില്ലേ? ദണ്ഡ്യന്മാര്‍, പൂജ്യര്‍ ഇവരില്‍ ഹേ, രാജാവേ, യമനെ പോലെ പരീക്ഷ ചെയ്യാറില്ലേ? പ്രിയരിലും അപ്രിയരിലും സമം പരീക്ഷ ചെയ്യാറില്ലേ? ശാരീരമായ രോഗം മരുന്നു കൊണ്ടും, നിയമം കൊണ്ടും, മാനസികമായ രോഗം വൃദ്ധസേവ കൊണ്ടും ഹേ പാര്‍ത്ഥ! നീ മാറ്റുന്നില്ലേ? അഷ്ടാംഗമായ ചികിത്സ നല്ല പോലെ അറിയുന്ന വൈദ്യന്മാരും, ഇഷ്ടന്മാരും, കുറുള്ളവരും ഭവാന്റെ ദേഹസംരക്ഷണത്തിനില്ലേ? ലോഭം, മോഹം, മാനം എന്നിവ ചേര്‍ന്ന് അര്‍ത്ഥികളും പ്രത്യര്‍ത്ഥികളും വരുമ്പോള്‍ ഭവാന്‍ കാണാതിരിക്കുന്നില്ലല്ലോ? ലോഭമോഹങ്ങളാല്‍ നിന്നില്‍ വിശ്വാസവും പ്രണയവും ചേര്‍ന്ന്നവര്‍ ആശ്രയിക്കുമ്പോള്‍ അവരുടെ കൊറ്റ്‌ നീ മുടക്കുന്നില്ലല്ലോ? കൂട്ടമായി പൗരന്മാരും രാഷ്ട്രത്തില്‍ പാര്‍ക്കുന്നവരും, ശത്രുക്കളാല്‍ സ്വാധീനിക്കപ്പെട്ടവരും, നിന്നില്‍ ദ്വേഷിക്കുന്നില്ലല്ലോ? സൈന്യബലം കൊണ്ട്‌ ദുര്‍ബ്ബലനായ രിപുവിനെ നീ പീഡിപ്പിക്കുന്നില്ലേ? ബലവത്തായ പീഡ മന്ത്രത്താലും സൈനൃത്താലും ഭവാന്‍ ചെയ്യുന്നില്ലേ? പ്രധാനപ്പെട്ട ഭൂപരെല്ലാല്ലേ?

സര്‍വ്വവിദ്യാഗുണം തികഞ്ഞ സാധുബ്രാഹ്മണരെ ഭവാന്‍ പൂജിക്കുന്നില്ലേ? അങ്ങനെ ചെയ്താല്‍ ഭവാന്‌ അതില്‍ നന്മ വന്നു കൂടും. പൂര്‍വ്വാചാരമനുസരിച്ചുള്ള ത്രയീധര്‍മ്മങ്ങളില്‍ പ്രയത്നിച്ച്‌ ഭവാന്‍ കൃതാര്‍ത്ഥനാകുന്നില്ലേ? നിന്റെ ഗൃഹത്തില്‍ സ്വാദുള്ള അന്നം ദ്വിജോത്തമര്‍ ഉണ്ണുന്നില്ലേ? ഗുണവാന്മാരായ അവര്‍ ഗുണത്തോടു കൂടി നീ കാണ്കെ തന്നെ ഭക്ഷണാനന്തരം ദക്ഷിണ വാങ്ങുന്നില്ലേ? ശ്രദ്ധയോടു കൂടി പല പ്രാവശ്യവും വാജവേയങ്ങളും പുണ്ഡരീകങ്ങളുമായ ക്രതുക്കളെ ചെയ്യുവാന്‍ ഭവാന്‍ യത്നിക്കുന്നില്ലേ? സ്വന്തം ജ്ഞാതി, ഗുരു, വൃദ്ധന്മാര്‍, ദേവന്മാര്‍, താപസോത്തമന്മാര്‍, ശുഭചൈത്യദ്രുമം, വിപ്രന്മാര്‍ ഇവരെയൊക്കെ ഭവാന്‍ വന്ദിച്ചു കൈകൂപ്പാറില്ലേ? ശോകക്രോധങ്ങളെ കുറ്റമറ്റ ഭവാന്‍ ഒഴിവാക്കുന്നില്ലേ? ഭവാനില്‍ നിന്നും മംഗളം സിദ്ധിച്ച ജനങ്ങള്‍ ഇവിടെ ഭവാന്റെ മുന്നില്‍ കൃതജ്ഞാതാ പൂര്‍വ്വം എത്തുന്നില്ല? ഇപ്രകാരമൊക്കെയാണല്ലോ ഭവാന്റെ ബുദ്ധിയും പ്രവൃത്തിയും. ആയുരാരോഗ്യ വൃദ്ധിയോടു കൂടി ധര്‍മ്മാര്‍ത്ഥ കാമദൃഷ്ടിയില്‍ ഇത്തരം ബുദ്ധിയോടു കൂടി പ്രവര്‍ത്തിക്കുന്നവന്റെ നാടു തീര്‍ച്ചയായും കഷ്ടപ്പെടുകയില്ല. ആ രാജാവ്‌ ഭൂമി മുഴുവന്‍ ജയിച്ച്‌ അത്യന്തം സുഖത്തോടു കൂടി വാഴും. ശുദ്ധാത്മാവായ നല്ലവനെ കള്ളക്കുറ്റം ചുമത്തി ധര്‍മ്മശാസ്ത്രം കാണാത്ത ലുബ്ധന്മാര്‍ കൊല്ലുന്നില്ലല്ലോ? തൊണ്ടിയോടു കൂടി തസ്കരനെ വെളിവായി പിടിച്ചാലും അതറിഞ്ഞവര്‍ കൈക്കൂലി വാങ്ങി, ലോഭം കൊണ്ടു വിടുന്നില്ലല്ലോ? ആഢ്യന്മാരുടേയും ദരിദ്രന്മാരുടേയും കാര്യത്തില്‍ മന്ത്രിമാര്‍ കോഴ വാങ്ങിച്ച്‌ തെറ്റായി വിധിന്യായം നടത്തുന്നില്ലല്ലോ? നാസ്തിക്യം, അനൃതം, കോപം, പ്രമാദം, ദീര്‍ഘസൂത്രത, വിദ്വാന്മാരെ കാണായ്ക, മടി, മറ്റൊന്നില്‍ മനസ്സു മാറ്റുക, ഒരു ഭാഗം മാത്രം ചിന്തിക്കല്‍, മൂഢന്മാരോടൊത്ത്‌ കാര്യാലോചന നടത്തല്‍, തീര്‍പ്പു ചെയ്താൽ നടത്താതിരില്‍, മന്ത്രം രക്ഷിക്കായ്ക, മംഗളാദികള്‍ ചെയ്യാതിരിക്കല്‍, അവ്യവസ്ഥത ഇവ പതിന്നാലും രാജദോഷങ്ങളാണ്‌. ഇവ ഭവാന്‍ ഒഴിവാക്കുന്നില്ലയോ? പേരുകേട്ട രാജാക്കന്മാര്‍ കൂടി ഈ ദോഷം കൊണ്ടു നശിച്ചുപോകും! വേദം വേണ്ട പോലെ സഫലമാകുന്നില്ലേ? ധനം സഫലമാകുന്നില്ലേ? ഭാര്യാ സാഫല്യം ലഭിക്കുന്നില്ലേ? ശ്രുതസാഫല്യം ലഭിക്കുന്നില്ലേ?

യുധിഷ്ഠിരന്‍ പറഞ്ഞു: വേദസാഫല്യം, ധനസാഫല്യം, ഭാര്യാസാഫല്യം, ശ്രുതസാഫല്യം എന്നൊക്കെ ഭവാന്‍ പറഞ്ഞതിന്റെ സാരം ഭഗവാനേ, ഞാന്‍ അറിയുന്നില്ല. അവ ഒന്നു വിശദീകരിച്ചാലും!

നാരദന്‍ പറഞ്ഞു: അഗ്നിഹോത്രഫലദാതാവാണ്‌ വേദം. ദാനഭോഗഫലദാതാവാണ്‌ ധനം. രതിപുത്രഫലദാതാവാണ്‌ പത്നി. ശീലവൃത്തഫലദാതാവാണ്‌ ശാസത്രം!

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം നാരദന്‍ യുധിഷ്ഠിരനോടു പറഞ്ഞു. പിന്നെ വീണ്ടും മഹര്‍ഷി ചോദിച്ചു.

നാരദന്‍ പറഞ്ഞു: ദുരെ നിന്നു ലാഭത്തിന്നായി ഇവിടെ വന്നെത്തുന്ന വണ്ടികളില്‍ നിന്ന് നിരക്കു പ്രകാരമുള്ള ചുങ്കം തന്നെയല്ലേ ഉദ്യോഗസ്ഥന്മാര്‍ വാങ്ങുന്നുള്ളു? ഭവാന്റെ പുരത്തിലും രാഷ്ട്രത്തിലും മാനിതന്മാരായ വണിക്കുകള്‍ ചതിയും വഞ്ചനയും കൂടാതെ സമ്മാനം എത്തിക്കുന്നില്ലേ? വൃദ്ധന്മാരും വിജ്ഞന്മാരും ധര്‍മ്മാര്‍ത്ഥജ്ഞന്മാരും പറയുന്ന ധര്‍മ്മാര്‍ത്ഥ വചനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഭവാന്‍ കേള്‍ ക്കുന്നില്ലേ? കൃഷിതന്ത്രം, പശുഫലം, പുഷ്പസഞ്ചയം ഇവയൊക്കെ വര്‍ദ്ധിക്കുവാന്‍ മധുവും നെയ്യും വിപ്രന്മാര്‍ക്കു ദാനം ചെയ്യുന്നില്ലേ? നാലു മാസത്തേക്കു വേണ്ട ദ്രവ്യോപകരണങ്ങള്‍ എപ്പോഴും എല്ലാ ശില്പിക്കും ഭവാന്‍ കല്പിക്കുന്നില്ലേ? ചെയ്തതെല്ലാം എങ്ങനെ പുരോഗമിക്കുന്നു എന്നു കാണുന്നില്ലേ? ചെയ്യുന്നവനെ അഭിനന്ദിച്ചു പുകഴ്ത്തുന്നില്ലേ? അവനെ മാനിച്ച്‌ സമാജത്തില്‍ വെച്ചു സമ്മാനങ്ങള്‍ നല്കി ബഹുമാനിക്കുന്നില്ലേ? എല്ലാ സൂത്രങ്ങളും ഭവാന്‍ കൈക്കൊള്ളുന്നില്ലേ? ഹയസൂത്രം, ഹസ്തിസൂത്രം, രഥസൂത്രം ഇവയൊക്കെ ഭവാന്റെ രാജധാനിയില്‍ പഠിക്കുന്നില്ലേ? ധനുര്‍വ്വേദത്തിന്റെ സൂത്രവും നഗരത്തില്‍ യന്ത്രസൂത്രവും പഠിക്കുന്നില്ലേ?എല്ലാവിധം അസ്ത്രപ്രയോഗങ്ങളും, ബ്രഹ്മദണ്ഡവും വിഷയോഗം. മുതലായവയും, ശത്രുക്കളെ നശിപ്പിക്കുവാനുള്ള സകലവിദ്യകളും ഭവാന്‍ അറിയുന്നില്ലേ? തീ ഭയം, സര്‍പ്പഭയം, രോഗഭയം, രക്ഷോഭയം ഈ ഭയങ്ങളൊക്കെ തീര്‍ത്ത്‌ ഭവാന്‍ സ്വന്തം രാഷ്ട്രത്തെ രക്ഷിക്കുന്നില്ലേ? അനാഥരായ അന്ധന്മാരേയും, മൂകന്മാരേയും, മുടന്തന്‍, അംഗഹീനന്‍ മുതലായവരേയും, അച്ഛനെ പോലെ തന്നെ ഭവാന്‍ പാലിക്കുന്നില്ലേ? ഭിക്ഷുക്കളേയും പാലിക്കുന്നില്ലേ? ആറ്‌ അനര്‍ത്ഥങ്ങളേയും ഭവാന്‍ പിന്നോക്കം തള്ളുന്നില്ലേ? നിദ്ര, ആലസ്യം, ഭയം, ക്രോധം, മൃദുത്വം, ദീര്‍ഘസൂത്രത ഇവയാണ്‌ ആറ്‌ അനര്‍ത്ഥങ്ങള്‍.

വൈശമ്പായനൻ പറഞ്ഞു: മഹിതാനുഭാവനായ കുരുവീരന്‍ മുനിയുടെ വാക്കു കേട്ടപ്പോള്‍ നമിച്ച്‌ നന്ദിയോടെ ആ ദേവര്‍ഷിയായ നാരദനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭവാന്‍ കല്‍പിച്ച വിധമൊക്കെ ഞാന്‍ ചെയ്തു കൊള്ളാം. ഭവാന്റെ ഉപദേശത്താല്‍ എന്നില്‍ പ്രജ്ഞ വര്‍ദ്ധിക്കുന്നുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌, അനന്തരകാലം ആ ഉപദേശപ്രകാരം, ആഴി ചൂഴുന്ന ഊഴിനേടി.

നാരദന്‍ പറഞ്ഞു ചാതുര്‍വ്വര്‍ണ്യം കാത്ത്‌ ഈ രീതിയില്‍ വാഴുന്ന രാജാവ്‌ മന്നില്‍ സുഖമായി വസിച്ച്‌ ഇന്ദ്രമന്ദിരത്തില്‍ ചെന്നു ചേരും.

6. യുധിഷ്ഠിരസഭാജിജ്ഞാസ - വൈശമ്പായനൻ പറഞ്ഞു: ആ ബ്രഹ്മര്‍ഷിവര്യന്‍ പറഞ്ഞ മൊഴികള്‍ മാനിച്ച്‌ സശ്രദ്ധം കേട്ടശേഷം ധര്‍മ്മപുത്രന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, അങ്ങു ന്യായമായി ശരിക്കും ധര്‍മ്മനിശ്ചയങ്ങള്‍ പറഞ്ഞു തന്നത്‌ ഞാന്‍ ഗ്രഹിക്കുന്നു. മഹര്‍ഷേ! എന്റെ ശക്തി പോലെ ന്യായപ്രകാരം ഈ മുറനോക്കി ഞാന്‍ നടന്നു കൊള്ളാം. പണ്ടുള്ള രാജാക്കന്മാര്‍ ഈ മുറകള്‍ നടത്തിപ്പോന്നു. അതില്‍ യാതൊരു സംശയവുമില്ല.

അവര്‍ യുക്തിക്കു  ചേർന്ന വിധം, കാര്യമൊക്കെ ന്യായമായി കാണുന്ന വിധം ചെയ്തു. ആ സജ്ജനങ്ങളുടെ കാലടിപ്പാടുകള്‍ വിടാതെ നടക്കുവാന്‍ ഈയുള്ളവന്‍ ഉദ്യമിക്കാം. ആ മഹാന്മാര്‍ ചെയ്തു പോന്ന പോലെ അനുഷ്ഠിക്കുവാനുള്ള കെല്പ്‌ എനിക്കുണ്ടെന്നു തോന്നുന്നില്ല.

വൈശമ്പായനൻ പറഞ്ഞു: പിന്നെ ശ്രീമാനായ ദേവര്‍ഷി വിശ്രമിച്ച്‌ സ്വസ്ഥനായി ഇരിക്കുമ്പോള്‍ രാജസഭയില്‍ വെച്ചു യുധിഷ്ഠിരന്‍ ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, അങ്ങ്‌ പല ലോകത്തിലും സഞ്ചരിച്ച്‌ പല തരത്തിലുള്ള ബ്രഹ്മസൃഷ്ടികള്‍ കണ്ടറിഞ്ഞിട്ടുള്ളവനാണല്ലോ? വല്ല സ്ഥലത്തും ഇത്തരത്തിലുള്ള സഭ, ഇതിലും മെച്ചപ്പെട്ട സഭ, ഭവാന്‍ കണ്ടിട്ടുണ്ടോ? പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മപുത്രന്‍ പറഞ്ഞ വാക്കു കേട്ടപ്പോൾ നാരദന്‍ പുഞ്ചിരിയോടെ പാണ്ഡുപുത്രനോടു പറഞ്ഞു.

നാരദന്‍ പറഞ്ഞു: മര്‍ത്ത്യലോകത്തില്‍ ഇതു പോലെയുള്ള ഒരു സഭ ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല! നിന്റെ ഈ രത്നമയമായ സഭ ലോകോത്തരമാണ്‌. പിതൃരാജന്റെയും പിന്നെ ധീമാനായ വരുണന്റെയും, പിന്നെ ഇന്ദ്രന്റേയും, പിന്നെ വൈശ്രവണന്റേയും സഭയെപ്പറ്റി ഞാന്‍ പറയാം. എല്ലാവിധ മനഃക്ലേശങ്ങളും ഇല്ലാതാക്കുന്ന ബ്രഹ്മസഭയെപ്പറ്റിയും ഞാന്‍ പറയാം. പിതൃക്കളും, ദേവകളും, സാദ്ധ്യരും, പ്രധാനികളായ യജ്വാക്കളും, ശാന്തരായി മറകണ്ട മുനീന്ദ്രന്മാരും അധിവസിക്കുന്നതാണ്‌ അത്‌. ഭരതര്‍ഷഭാ! നിനക്കു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ പറയാം.

വൈശമ്പായനന്‍ പറഞ്ഞു: നാരദന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ കൈകൂപ്പി അനുജന്മാരുടേയും, സര്‍വ്വ വിപ്രന്മാരുടേയും സന്നിധിയില്‍ വെച്ച്‌ നാരദ മഹര്‍ഷിയോട്‌ ഉണര്‍ത്തിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, ആ സഭയൊക്കെ വര്‍ണ്ണിച്ചു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവ എന്തു വസ്തുക്കളാൽ തീര്‍ത്തവയാണ്‌ ? അവയുടെ വിസ്താരം എത്ര? ആ സഭയില്‍ ബ്രഹ്മദേവണെ ആരൊക്കെ ഉപാസിക്കുന്നു? ആരൊക്കെയാണ്‌ ഇന്ദ്രനേയും യമനേയും ഉപാസിക്കുന്നത്‌ ? വരുണനേയും, കുബേരനേയും ഉപാസിക്കുന്നത്‌ ആരൊക്കെയാണ്‌? അതൊക്കെ യഥാതഥം ബ്രഹ്മർഷേ! ഭവാന്‍ പറഞ്ഞാലും. ഇവിടെ കൂടിയിരിക്കുന്ന ജനങ്ങള്‍ക്ക്‌ അങ്ങയില്‍ നിന്ന് അവയെല്ലാം കേള്‍ക്കുവാന്‍ കൗതുകമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ നാരദന്‍ പറഞ്ഞു.

നാരദന്‍ പറഞ്ഞു: ഞാന്‍ എല്ലാം പറയാം. ക്രമത്തില്‍ ആ ദിവ്യസഭകളെക്കുറിച്ചു കേട്ടു കൊള്ളുക.

7. ഇന്ദ്രസഭാവര്‍ണ്ണനം - നാരദന്‍ പറഞ്ഞു: ഇന്ദ്രന്റെ സഭ ദിവ്യമായ ശോഭയോടു കൂടിയതാണ്‌. കര്‍മ്മസിദ്ധമായ അത്‌ അര്‍ക്കപ്രകാശത്തെ സ്വീകരിച്ച്‌ ശക്രന്‍ തന്നെ തീര്‍ത്തതാണ്‌. നൂറു യോജന വിസ്താരത്തില്‍ നൂറ്റമ്പതു യോജന നീളത്തില്‍ അഞ്ചു യോജന പൊക്കമുള്ളതാണ്‌. അത്‌ ആകാശത്തിലെങ്ങും സഞ്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്‌. ജര, ശോകം, ശ്രാന്തി ഇവ കൊണ്ടുള്ള പീഡയേല്ക്കാതെ ഏറ്റവും ശുഭമായതാണ്‌ ആ സഭ. രമ്യമായ സൗധങ്ങളും, രമ്യമായ ആസനങ്ങളും, ദിവ്യമായ പുമരങ്ങളും ചേർന്നു ശോഭിക്കുന്നതാണ്‌ ആ സഭ. ആ സഭയ്ക്കുള്ളില്‍ ഭദ്രപീഠത്തില്‍ വാസവന്‍ കാന്തി സമ്പത്തു ചേർന്ന് ശചീദേവിയായ ഇന്ദ്രാണിയോടു കൂടെ ഇരുന്നരുളുന്നു. പറഞ്ഞറിയിക്കുവാന്‍ വയ്യാത്ത ദിവ്യമായ അഴകോടു കൂടി കിരീടം ധരിച്ച്‌ പുത്തന്‍ വസ്ത്രമാല്യാംബരം ധരിച്ച്‌ കീര്‍ത്തിയും ശോഭയും ചേര്‍ന്ന്, അവിടെ നിത്യം അംഗാരകന്‍ മഹാത്മാവായി ഇന്ദ്രനെ ഉപാസിക്കുന്നു.

 എന്നും ഗൃഹമേധികളായ മരുത്തുക്കള്‍, സിദ്ധന്മാര്‍, ദേവര്‍ഷികള്‍, സാദ്ധ്യന്മാര്‍, വാനവന്മാര്‍ ഇവര്‍ കാന്തിയേറിയ പൊന്മാലയണിഞ്ഞ്‌ മരുത്വാന്മാരോടു കൂടി, ഭൃത്യരോടും ചേര്‍ന്ന്, ദിവ്യമായ മോടിയോടെ എല്ലാവരും ശത്രുജയിയും വീരനുമായ അമരേന്ദ്രനെ ഉപാസിക്കുന്നു. ദേവര്‍ഷിമാരും അപ്രകാരം തന്നെ ശക്രനെ സേവിക്കുന്നു. അമലന്മാരും പാപമറ്റവരും, അഗ്നി പോലെ ഉജ്ജ്വലിക്കുന്നവരും, തേജസ്സുള്ളവരും, അല്ലലില്ലാത്തവരുമായ സോമയാജികള്‍, പരാശരന്‍, പര്‍വ്വതന്‍, ഗാലവന്‍, ശംഖന്‍, ലിഖിതന്‍, ഗൗരശിരസ്സ്‌, ദുര്‍വ്വാസസ്സ്‌, ശ്യേനന്‍ എന്ന ദീര്‍ഘതമോമുനി, പവിത്രപാണി, സാവര്‍ണ്ണി, ഭാലുകി, യാജ്ഞവല്ക്യന്‍, ഉദ്ദാലകന്‍, ശ്വേതകേതു, ഭണ്ഡായനി, താണ്ഡ്യന്‍, ഹവിഷ്മാന്‍, ഹരിശ്ചന്ദ്ര രാജാവ്‌, ആ ഹൃദ്യോദരശാണ്ഡില്യര്‍, പാരാശര്യന്‍, കൃഷീവലന്‍, വാതസ്‌കന്ദന്‍, വിശാഖന്‍, വിധാതാ, കാലന്‍, കരാളദത്തന്‍, ത്വഷ്ടാവ്‌, വിശ്വകര്‍മ്മാവ്‌, തുംബുരു, യോനിജായോനിജന്മാര്‍, വായുഭക്ഷര്‍, ഹുതാശികള്‍, സര്‍വ്വലോകേശനായ ഇന്ദ്രനെ സേവ ചെയ്യുന്നവര്‍, സഹദേവന്‍, സുനീഥന്‍, വാല്മീകി, ശമികന്‍, സത്യവാക്ക്‌, മേധാതിഥി, വാമദേവന്‍, പുലസ്ത്യന്‍, പുലഹന്‍, ക്രതു, മരുത്തന്‍, വലിയ തപസ്വിയായ സ്ഥാണു;, മരീചി, കാക്ഷീവാന്‍, ഗൗതമന്‍, താര്‍ക്ഷ്യന്‍, വൈശ്വാനര മുനീശ്വരന്‍, കാലകവ്യക്ഷീയമുനി, ശ്രാവ്യന്‍, ഹിരണ്മയന്‍, സംവര്‍ത്തന്‍, ദേവഹവ്യന്‍, വിഷക്സേനന്‍, പ്രചേതന്‍, സത്യസംഗരന്‍, കബ്ബന്‍, കാത്യായനന്‍, ഗാര്‍ഗ്യന്‍, കൗശികന്‍, ദിവ്യാംഭസ്സ്‌, ഔഷധികള്‍, ശ്രദ്ധ, സരസ്വതി, അര്‍ത്ഥം, മേധ, ധര്‍മ്മം, കാമം ഇപ്രകാരമുള്ള വിദ്വന്മണ്ഡലവും ജലം വഹിക്കുന്ന മേഘങ്ങളും, ഇടിയും, കാറ്റും, പ്രാചീന യജ്ഞവാഹങ്ങളായ ഇരുപത്തേഴു പാവകന്മാരും, അഗ്നീഷോമേന്ദ്രഗ്നികള്‍, സവിതാവ്‌, മിത്രന്‍, അര്യമാവ്‌, ഭഗന്‍, വിശ്വേദേവന്‍, സാദ്ധ്യര്‍, ബൃഹസ്പതി, ശുക്രന്‍, വിശ്വാവസു, ചിത്രസേനന്‍, തരുണനായ സുമനസ്സ്‌, യജ്ഞങ്ങള്‍, ദക്ഷിണകള്‍, ഗ്രഹങ്ങള്‍, താരാഗണങ്ങള്‍, യജ്ഞവാഹങ്ങള്‍, മന്ത്രങ്ങള്‍ എന്നിവരുമൊക്കെ അവിടെ സേവിക്കുന്നു.

അപ്സരസ്സുകളും, രമൃരായ ഗന്ധര്‍വ്വ വീരന്മാരും, സംഗീതനൃത്ത വാദ്യഹാസ്യങ്ങളോടു കൂടി മുന്‍പറയപ്പെട്ടവര്‍ എല്ലാം സസന്തോഷം ശതക്രതുവായ ഇന്ദ്രനെ രമിപ്പിക്കുന്നു. സ്തുതിമംഗള ഘോഷങ്ങളാല്‍ കര്‍മ്മം ചൊല്ലി സ്തുതിച്ചു കൊണ്ട്‌ ഇന്ദ്രന്റെ വിക്രമങ്ങളെപ്പറ്റി വാഴ്ത്തുന്നു. ഇന്ദ്രന്‍ വൃത്രനേയും വലനേയും സംഹരിച്ച കഥകള്‍ വാഴ്ത്തി സ്തുതിക്കുന്നു. ബ്രഹ്മര്‍ഷികളും, ദേവന്മാരും ദേവര്‍ഷികളും നാനാ ദിവ്യ വിമാനങ്ങളില്‍ വാണ്‌, അഗ്നി പോലെ ഉജ്ജ്വലിക്കുന്ന ശരീരത്തില്‍ മാലകളും വിഭൂഷണങ്ങളും ചാര്‍ത്തി, വരികയും പോവുകയും ചെയ്യുന്നു. ബൃഹസ്പതിയും ശുക്രനും എപ്പോഴും അവിടെയുണ്ട്‌. ഈ പറഞ്ഞവരും വേറെ പലരും മഹാത്മാക്കളും ദൃഢ വ്രതരുമാണ്‌. ചന്ദ്രകാന്തി വിമാനത്തില്‍ ചന്ദ്രനെ പോലെ സുന്ദരന്മാരായ അവര്‍ ബ്രഹ്മാവിനോടു തുല്യന്മാരാണ്‌. ഭൃഗു സപ്തിര്‍ഷിമാരും അപ്രകാരം തന്നെ ബ്രഹ്മപ്രഭാവന്മാരാണ്‌. പുഷ്കര മാലിനി എന്നു പേരുള്ള ഈ ദേവേന്ദ്ര സഭ മഹാബാഹോ! ഞാന്‍ കണ്ടിരിക്കുന്നു. ഇനി യമന്റെ സഭയെപ്പറ്റി കേള്‍ക്കുക!

8. യമസഭാവര്‍ണ്ണനം - നാരദന്‍ പറഞ്ഞു: യമന്റെ സഭയെപ്പറ്റി പറയാം, യുധിഷ്ഠിരാ! കേള്‍ക്കുക! വിവസ്വാന്റെ പുത്രനായ യമന്ന് ആ സഭ വിശ്വകര്‍മ്മാവ്‌ പണി ചെയ്തതാണ്‌. തേജസ്സുള്ള ആ സഭ നൂറു യോജന നീളവും നൂറു യോജന വീതിയും ഉള്ളതാണ്‌. വിസ്താരം തുല്യമാണ്‌. സൂര്യപ്രകാശം തട്ടുമ്പോള്‍ അത്‌ ഇഷ്ടമുള്ള രൂപം കൈക്കൊള്ളുന്നു. അതിശീതോഷ്ണമില്ലാതെ മനസ്സിന് വളരെ പ്രീതിയുണ്ടാക്കുന്ന ഒരിടമാണത്‌. അതില്‍ ശോകം, ജര, വിശപ്പ്‌, ദാഹം, അപ്രിയം, ദൈന്യം, ക്ഷിണം, എന്നിവയോ പ്രതികൂലതയോ ഒട്ടും തന്നെയില്ല. ദിവ്യമായ മാനുഷകാമങ്ങള്‍ എല്ലാം അതിലുണ്ട്‌. രസമേറിയ ഭക്ഷ്യവും, ഭോജ്യവും,, പേയവും, ലേഹൃവും, ചോഷ്യവും അതിലുണ്ട്‌. ഹൃദ്യവും, സ്വാദേറിയതും മനസ്സിനെ ഹരിക്കുന്നതുമാണ്‌ ആ ഭോജ്യാദികള്‍. പുണ്യഗന്ധം വീശുന്ന പൂമാലകളും, ഇഷ്ടമുള്ളത്‌ ഇഷ്ടം പോലെ കായ്ക്കുന്ന മരങ്ങളും, രസത്തോടു കൂടിയ ശീതോഷ്ണമയമായ ജലവും അവിടെയുണ്ട്‌. രാജര്‍ഷി വീരന്മാരും, ശുദ്ധ്രബഹ്മര്‍ഷി മുഖ്യന്മാരും, നന്ദിയോടെ വൈവസ്വതനായ യമന്റെ ചുറ്റും ഇരിക്കുന്നു. യയാതി, നഹുഷന്‍, പൂരു, മാന്ധാതാവ്‌, സോമകന്‍, നൃഗന്‍, ത്രസദസ്യു, കൃതവീര്യന്‍, ശ്രുതശ്രവന്‍, അരിഷ്ടനേമി, സിദ്ധന്‍, കൃതവേഗന്‍, കൃതി, നിമി, പ്രതര്‍ദുനന്‍, ശിബി, മത്സ്യന്‍, പൃഥുലാക്ഷന്‍, ബൃഹൃദ്രഥന്‍, വാര്‍ത്തന്‍, മരുത്തന്‍, കുശികന്‍, സാങ്കാശ്യന്‍, സാംകുതി, ധ്രുവന്‍, ചതുരശ്വന്‍, സദശ്വോര്‍മ്മി, കാര്‍ത്തവീര്യന്‍, ഭരതന്‍, സുരഗന്‍, സുനീഥന്‍, നിശഠന്‍, നളന്‍, സുമനസ്‌, ദിവോദാസന്‍, അംബരീഷന്‍, ഭാഗീരഥന്‍, വൃശ്വന്‍, സദശ്വന്‍, വദ്ധൃശ്വന്‍, പൃഥുവേഗന്‍, പൃഥുശ്രവന്‍, പൃഷദശ്വന്‍, വസുമനസ്സറ്‌, ക്ഷപന്‍, സുമഹാബലന്‍, പൃഷല്‍ഗു, വൃക്ഷസേനന്‍, പുരുകുത്സന്‍, ധ്വിജീരഥി, ആര്‍ഷ്ടിഷേണന്‍, ദിലീപന്‍, ഓശീനരി, പുണ്ഡരീകന്‍, ശയ്യാതി, ശരഭന്‍, അരിഷ്ടന്‍, അംഗന്‍, വേനല്‍, ദുഷ്യന്തന്‍, സൃഞ്ജയന്‍, ജയന്‍, ഭാംഗാസുരി, സുനീഥന്‍, വഹീനരന്‍, കരണ്ഡമന്‍, ബാല്‍ഹീകന്‍, സുദ്യുമ്നന്‍, മധു, ഐളന്‍, മരുത്തന്‍, കപോതരോമന്‍, തൃണാകന്‍, അര്‍ജ്ജുനന്‍, സഹദേവന്‍, സാശ്വന്‍, കൃശാശ്വന്‍, ശശബിന്ദു, ദാശരഥിരാമന്‍, ലക്ഷ്മണന്‍, പ്രതര്‍ദദനന്‍, അളര്‍ക്കന്‍, കക്ഷസേനന്‍, ഗയന്‍, ഗരാശ്വന്‍, ജാമദഗ്യന്‍രാമന്‍, നാഭാഗന്‍, സഗരന്‍, ഭൂരിദ്യുമ്നന്‍, മഹാശ്വന്‍, വൃഥാശ്വന്‍, ജനകന്‍, വൈണ്യരാജന്‍, വാരിഷേണന്‍, പുരുജിത്ത്‌, ജനമേജയൻ, ബ്രഹ്മദത്തന്‍, ത്രിഗര്‍ത്തന്‍, ഉപരിചരന്‍, ഇന്ദ്രദ്യുമ്നന്‍, ഭീമജാനു, ഗൌരപൃഷ്ഠന്‍, നളന്‍, ഗയന്‍, പത്മന്‍, മുചുകുന്ദന്‍, ഭൂരിദ്യുമ്നന്‍, പ്രസേനജിത്ത്‌, അരിഷ്ടനേമി, സുദ്യുമ്നന്‍, പൃഥുലാശ്വന്‍, അഷ്ടകന്‍, ശതം മത്സ്യനരേന്ദ്രന്മാര്‍, ശതംനീപര്‍, ശതം ഹയര്‍, ശതം ധൃതരാഷ്ടന്മാര്‍, എണ്‍പതു ജനമേജയന്മാര്‍, നൂറ്‌ ബ്രഹ്മദത്തന്മാര്‍, ശതം ഊരികള്‍, ഇരുനൂറു ഭീഷ്മന്മാര്‍, പരശതം ഭീമന്മാര്‍, ശതം പ്രതിവിന്ധ്യന്മാര്‍, ശതം നാഗര്‍, ശതം പാലശന്മാര്‍, ശതം കാശകശാദികള്‍, ശാന്തനുരാജാവ്‌, നിന്റെ താതനായ പാണ്ഡുരാജാവ്‌, ഇശംഗവന്‍, ശതരഥന്‍, ദേവരാജന്‍, ജയ്രദ്രഥന്‍,മന്ത്രിമാരോടു കൂടി വൃഷഭവന്‍, അപ്രകാരം പുണ്യവാന്മാരായ ആയിരം ശതബിന്ദുക്കള്‍ അവരെല്ലാം ഭൂരിദക്ഷിണം അശ്വമേധം ചെയ്തു ഇവിടെ എത്തിയവരാണ്‌. പുണരാജര്‍ഷീന്ദ്രരായ ഇവര്‍ കീര്‍ത്തിമാന്മാരും വിജ്ഞന്മാരുമാണ്‌. ഈ സഭയ്ക്കുള്ളില്‍ ഇവരൊക്കെയുണ്ട്‌. അവര്‍ ധർമ്മരാജാവിനെ സേവിക്കുന്നു.

അഗസ്ത്യന്‍, മതംഗന്‍, കാലന്‍; മൃത്യു ഈ യജ്വാക്കന്മാര്‍ എല്ലാം സിദ്ധരാണ്‌. ഇവര്‍ യോഗദേഹമുള്ളവരാണ്‌. പിതൃക്കള്‍, അഗ്നിഷ്വാവ്‌, ഫേനപോഷ്മപര്‍ ഇങ്ങനെ സ്വധയും മൂര്‍ത്തിയും ചേർന്നവരും ചിലര്‍ ബര്‍ഹിഷത്തുകളുമാണ്‌.

കാലചക്രവുമായി സാക്ഷാല്‍ ഭഗവാന്‍ ഹവ്യവാഹനും, ദക്ഷിണായന കാലത്തു മരിച്ച ദുഷ്കൃതികളായ മര്‍ത്ത്യരും കാലം നടത്തുന്നവരും യമകിങ്കരന്മാരും അതില്‍ ശിംശപം, പലാശം, കാശം, കുശ മുതലായ രൂപം സ്വീകരിച്ച്‌ ധര്‍മ്മരാജാവിനെ ഉപാസിക്കുന്നു. ഇവരും വേറെ പലരും പിതൃരാജന്റെ സഭാവാസികളാണ്‌. നാമങ്ങള്‍ കൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും അവരെയൊക്കെ പറഞ്ഞവസാനിപ്പിക്കുക സാദ്ധ്യമല്ല.

തിരക്കില്ലാത്ത ആ സഭയും യഥേഷ്ടം ആകാശത്തു സഞ്ചരിക്കുന്നതാണ്‌. വളരെക്കാലം തപസ്സു ചെയ്തു കൊണ്ട്‌ വിശ്വകര്‍മ്മാവു നിര്‍മ്മിച്ച ഈ സഭ, പ്രഭ കൊണ്ടു ഉജ്ജ്വലിച്ചു തെളിയുന്നു. അതില്‍ ഉഗ്രതപോനിഷ്ഠരായ സത്യവാദികള്‍ ചെന്നെത്തുന്നു. ശാന്തരായ സന്യാസികളും, ശുചികര്‍മ്മം, പുണ്യം ഇവ കൊണ്ടു വിശുദ്ധരായി ജ്യോതിസ്വരൂപരായി എല്ലാവരും വിശിഷ്ടമായ വസ്ത്രം ധരിച്ച്‌, വിചിത്രമാല്യാഭരണങ്ങള്‍ ചാര്‍ത്തി, മിന്നുന്ന കുണ്ഡലവും പുണ്യകര്‍മ്മങ്ങളും പുണ്യസാധനങ്ങളുമായി പ്രശോഭിക്കുന്നു. യോഗ്യരായ ഗന്ധര്‍വ്വന്മാരും, അപ്സരസ്ത്രീ ഗണങ്ങളും, സംഗീതം, നൃത്തം, വാദിത്രം, ഹാസ്യം, ലാസ്യം ഇവയോടു കൂടി പുണ്യഗന്ധം പരത്തുന്ന തൈലം പൂശി, പുണ്യഗാനങ്ങള്‍ പൊഴിച്ച്‌ അവിടെ വിളങ്ങുന്നതു കാണാം. ദിവ്യമാല്യങ്ങളും മറ്റും അവിടെ എപ്പോഴും ലഭിക്കും. നൂറും ആയിരവും ധര്‍മ്മചാരിമാര്‍ സുരൂപ ശീലന്മാരായി പ്രജേശനെ എപ്പോഴും ഉപാസിക്കുന്നു. ഇപ്രകാരമാണ്‌ പിതൃരാജന്റെ സഭ. ഇനി പുഷ്കരമാലിനി എന്ന വരുണന്റെ സഭയെപ്പറ്റി പറയാം.

9. വരുണസഭാവര്‍ണ്ണനം - നാരദന്‍ പറഞ്ഞു: ഇനി ദിവ്യശ്രീമാനായ വരുണന്റെ സഭയെപ്പറ്റി പറയാം, യുധിഷ്ഠിരാ! കേള്‍ക്കുക.

കോട്ടയും അളവുകളുമൊക്കെ യമസഭയ്ക്കു തുല്യം തന്നെയാണ്‌. അതു വെള്ളത്തിന്റെ ഉള്ളില്‍ വിശ്വകര്‍മ്മാവ്‌ തീര്‍ത്തതാണ്‌. ഫലപുഷ്പങ്ങള്‍ തൂകുന്ന ദിവ്യമായ രത്നദ്രുമങ്ങളും, മഞ്ഞ, നീല, വെള്ള, കറുപ്പ്‌, ചുവപ്പ്‌  ഇങ്ങനെ പല നിറം കലര്‍ന്ന പന്തലിച്ച മാമരങ്ങളും, വള്ളിക്കുടിലുകളും മറ്റും ചേർന്ന് വിളങ്ങുന്നു. വിചിത്രവും മധുരവുമായ സ്വരമുള്ള അഴകറ്റ അസംഖ്യം പക്ഷികള്‍ അവിടെ വസിക്കുന്നു. സുഖസ്പര്‍ശമായും, തുല്യശീതോഷ്ണ സ്ഥിതിയുള്ള ഗൃഹവും, വിചിത്രമായ ആസനങ്ങളും ചേർന്നതാണ്‌ വരുണന്റെ സഭ. അതില്‍ വരുണന്‍ വാരുണീ ദേവിയോടു കൂടി വിളങ്ങുന്നു.

ദിവ്യരത്നാംബര ധരനായി, ദിവ്യാഭരണ ഭൂഷിതനായി മാലചാര്‍ത്തി, ദിവൃഗന്ധം വീശുന്ന ദിവ്യാനുലേപം പൂശി, ആദിത്യന്മാര്‍ വരുണനെ ഉപാസിക്കുന്നു. തക്ഷകന്‍, വാസുകി, മഹാനാഗന്‍, ഐരാവതന്‍, കൃഷ്ണന്‍, ലോഹിതന്‍, പത്മന്‍, ചിത്രന്‍, കംബളാശ്വ ധരന്മാരായ ധൃതരാഷ്ട്ര വലാഹകര്‍; മണിമാന്‍, കുണ്ഡധരന്‍, കാര്‍ക്കോടക ധനഞ്ജയന്മാര്‍, പാണിമാന്‍, കുണ്ഡകന്‍, പ്രഹ്ളാദന്‍, മൂഷികാദന്‍, ജനമേജയന്‍, പതാകാമണ്ഡലാഢ്യന്മാര്‍ ഇങ്ങനെ ഫണമുള്ള എല്ലാവരും മറ്റു പലരും അതില്‍ സദസ്യരാണ്‌. അവരെല്ലാം പാശിയെ ക്ലേശം കൂടാതെ ഉപാസിക്കുന്നു. ബലിയായ വൈരോചന ഭൂപന്‍, നരകന്‍, പൃഥിവിഞ്ജയന്‍, സംഹ്ളാദന്‍, വിപ്രചിത്തി, കാലകേയാസുരേന്ദ്രന്മാര്‍, സുവിന്ദു, ദുര്‍മ്മുഖന്‍, ശംഖന്‍, സുമതി, സുമനസ്സ്‌, ഘടോദരന്‍, മഹാപാര്‍ശ്വന്‍, ക്രഥനന്‍, പിഠരന്‍, വിശ്വരൂപന്‍, സ്വരൂപന്‍, വിരുപന്‍, മഹാശിരന്‍, ദശഗ്രീവന്‍, ബാലി, മേഘവാസസ്സറ്‌, ദശാവരന്‍, ടിട്ടിഭന്‍, വിടഭുതന്‍, സംഫഹ്ലാദന്‍, ഇന്ദ്രതാപനന്‍, ദൈത്യദാനവ സംഘങ്ങള്‍, മിന്നുന്ന കുണ്ഡലമുള്ളവര്‍, കിരീടവും മാലയും ചാര്‍ത്തി ദിവ്യരൂപത്തിലിരിക്കുന്നു സുചരിതന്മാരായ ഇവരെല്ലാം ധര്‍മ്മപാശമേന്തുന്ന വരുണനെ എപ്പോഴും ഉപാസിക്കുന്നു.

പിന്നെ , സമുദ്രങ്ങളും, ജലാശയങ്ങളും, നദികളും, ദേവരൂപം പുണ്ട്‌ വരുണനെ പൂജിക്കുന്നു. നാലു സമുദ്രങ്ങള്‍, ഭാഗീരഥിനദി, മഹാനദി, കാളിന്ദീനദി, വേണ, വിദിശ, വേഗവാഹിനി, നര്‍മ്മദാ, വിപാശ, ശതദ്രു, ശ്രീചന്ദ്രഭാഗ, സരസ്വതി, ഇരാവതി, വിതസ്ത, സിന്ധു, ദേവമഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, വിശല്യ, കിമ്പുന, സാക്ഷാല്‍ വൈതരണീനദി, ജ്യഷ്ഠില, ശോണമഹാനദി, ചര്‍മ്മബ്വതി, പര്‍ണ്ണാസ, സരയുനദി, വാരവതി, ലാംഗലി, കരതോയ, ആത്രേയി, ലാഹിത്യമഹാനദി, ലഘന്തി, ഗോമതി, സന്ധ്യാ, ത്രിസ്രോതസി ഈ നദികളും, പ്രസിദ്ധതീര്‍ത്ഥങ്ങളും, അതു പോലെ തന്നെ എല്ലാ തീര്‍ത്ഥങ്ങളും, സരസ്സുകളും, കൂപങ്ങളും, ചോലകളും, ശരീരം ധരിച്ച്‌ വരുണസന്നിധിയില്‍ സേവിക്കുന്നു. പല്ലലങ്ങള്‍, തടാകങ്ങള്‍, ഭൂമി, ദിക്കുകള്‍, പര്‍വ്വതങ്ങള്‍. ഇവയും ശരീരമെടുത്തു വന്ന് ജലചരങ്ങളോടു കൂടി ജലനാഥനെ ഉപാസിക്കുന്നു. ഗീതവാദ്യങ്ങളോടു കൂടി അപ്സരസ്ത്രീകളും, ഗന്ധര്‍വ്വ മണ്ഡലങ്ങളും എല്ലാം സഭയില്‍ സ്തുതിച്ചു വരുണ ദേവനെ ഉപാസിക്കുന്നു. രത്നം വിളഞ്ഞ അദ്രികള്‍ അതു പോലെ തന്നെ രസങ്ങള്‍ പറഞ്ഞു, നല്ല കഥകള്‍ പറഞ്ഞും പാശിദേവനെ സേവിക്കുന്നു. വരുണന്മാരും, സുനാഭന്‍ എന്ന മന്ത്രിയും, ഗോ എന്ന പുണ്യജലങ്ങളോടൊപ്പം പുത്രപൌത്രസമന്വിതം, എല്ലാവരും സ്വരൂപം പൂണ്ട്‌ പാശിദേവനെ ഉപാസിക്കുന്നു. ഞാന്‍ വരുണന്റെ മഹാസഭ കണ്ടിട്ടുണ്ട്‌. ഇനി, കുബേരന്റെ അഴകുറ്റ സഭയെപ്പറ്റി പറയാം. കേള്‍ക്കുക.

10. ധനദസഭാവര്‍ണ്ണനം - നാരദന്‍ പറഞ്ഞു: വൈശ്രവണന്റെ മഹാസഭ നുറു യോജന നീളത്തിലും, എഴുപതു യോജന വീതിയിലും ശുഭ്രമായി ശോഭിക്കുന്നു. ഇതു വ്രൈശവണന്‍ തന്നെ തപസ്സു ചെയ്തു നേടിയതാണ്‌. കൈലാസ ശിഖരം പോലെ ചന്ദ്രപ്രഭമായ കോട്ടകളോടു കൂടിയ ആ സഭ ഗുഹൃകന്മാര്‍ ചുമന്ന്‌ ആകാശത്തുയര്‍ന്ന് നിലകൊള്ളുന്നു. ദിവ്യമായ പൊന്‍മേടകളോടു കൂടിയ ആ സഭ വിശിഷ്ടമായ മഹാരത്നങ്ങള്‍ ചേർന്ന് വിചിത്രമായ ദിവൃഗന്ധം വീശി സിതാഭ്രശിഖരം പോലെ പ്രശോഭിക്കുന്നു. ദിവ്യമായ സ്വര്‍ണ്ണമയാംഗങ്ങളോടു കൂടിയ അത്‌ മിന്നല്‍ പോലെ പ്രശോഭിച്ചു കൊണ്ടിരിക്കുന്നു. അതില്‍ വിചിത്രാഭരണാംഗനായ വൈശ്രവണന്‍ കുണ്ഡലമണ്ഡിതനായി ആയിരം സ്ത്രീകളോടു കൂടി വാഴുന്നു.

സൂര്യപ്രഭാസങ്കാശമായ ദിവ്യമേലാപ്പിന് കീഴില്‍ പാദപീഠത്തില്‍ കാല്‍വെച്ച്‌ മനോഹര സിംഹാസനത്തില്‍ ഇരുന്നരുളുന്ന കുബേരസ്വാമിയെ, ഉദാരമന്ദാരതരുപ്പൂങ്കാവുലയുമാറ്‌ തഴുകി സൗഗന്ധിക സുഗന്ധവാഹിയായ മന്ദമാരുതന്‍ അളകാനളിനീ നന്ദനോദ്യാനപ്പൂമണത്തോടും കൂടി ഉള്ളു കുളുര്‍പ്പിക്കുമാറ്‌ മന്ദംമന്ദം വീശുന്നു.

അവിടെ ദേവഗന്ധര്‍വ്വാപ്സര സ്ത്രീഗണങ്ങള്‍ ദിവ്യമായ രാഗത്തോടു കൂടി എപ്പോഴും പാടുന്നു. മിശക്രേശി, രംഭ, ശുചിസ്മിതയ്യായ ചിത്രസേന, ചാരുനേത്രയായ ഘൃതാചി, പുഞ്ജികസ്ഥല, മേനക, വിശ്വാചി, സഹജന്യ, പ്രമ്മളോച, ഉര്‍വ്വശി, ഇര, വര്‍ഗ്ഗ, സൗരഭേയി, സമീചി, ബുല്‍ബുദം, ലത ഇവരും മറ്റു പലരുമായ നൃത്തഗീത വിദഗ്ദ്ധമാരായ അപ്സരോവര്‍ഗ്ഗം വിത്തേശനെ സേവിക്കുന്നു. എപ്പോഴും നൃത്യവാദിത്രഗിത പ്രയോഗത്താല്‍. മുഖരിതമായി ഗന്ധര്‍വ്വാപ്സരസ്സുകള്‍ ചേർന്നു വിളങ്ങുന്നു. കിന്നരന്മാരും, ഗന്ധര്‍വ്വന്മാരും, നരന്മാരും, മണിഭദ്രന്‍, ധനദന്‍, ശ്വേതഭദ്രന്‍ എന്ന ഗുഹൃകന്‍, കശേശന്‍, ഗണ്ഡകണ്ഡു, പ്രദ്യോതന്‍, കസ്തുംബുരു, പിശാചന്‍, ഗജകര്‍ണ്ണന്‍, വിശാലകന്‍, വരാഹകര്‍ണ്ണന്‍, താമ്രോഷ്ഠന്‍, ഫലകക്ഷകന്‍, ഫലോദകന്‍, ഹംസചൂഡന്‍, ശിഖാവര്‍ത്തന്‍, ഹോമനേത്രന്‍, വിഭീഷണന്‍, പുഷ്പാനനന്‍, പിംഗളകന്‍, ശോണിതോദന്‍, പ്രവാളകന്‍, വൃക്ഷബാഷ്പനികേതന്‍, ചീരവാസസ്സ് ഇവരും മറ്റു പലരുമായ നൂറായിരം യക്ഷയന്മാരും, എല്ലായിടത്തും സാക്ഷാല്‍ ഐശ്വര്യ ദേവതയായ ലക്ഷ്മീ ഭഗവതിയും അവിടെയുണ്ട്‌. ലക്ഷ്മീഭഗവതി എവിടെയുണ്ടോ, അവിടെ നളകൂബരനുമുണ്ട്‌. പലപ്പോഴും ഈ ഞാനും ഉണ്ടാകാറുണ്ട്‌, എന്നെ പോലെ മറ്റു പല മുനിമാരും സദാ വന്നുകൊണ്ടിരിക്കും. ബ്രഹ്മര്‍ഷിമാരും, ദേവര്‍ഷിമാരും അവിടെ എല്ലായ്പോഴുമുണ്ടാകും. ക്രവ്യാദരും, മറ്റു പല ഗന്ധര്‍വ്വന്മാരും, മഹാത്മാവായ വിത്തേശ്വരനെ സഭയില്‍ ഉപാസിക്കുന്നു.

അനേകം ഭൂതസംഘത്തോടു കൂടി ഭഗവാനായ ശിവന്‍ ഉമാകാന്തനും, പശുപതിയും, ഭഗനേത്രഹരനും, ഹരനും, ത്ര്യൈംബകനും, ശൂലിയുമായ ദേവന്‍ പാര്‍വ്വതീദേവിയോടു കൂടി തന്റെ സഖാവായ വൈശ്രവണനെ ഉപാസിക്കുന്നു. മുണ്ടന്മാരും, കൂനന്മാരും, കുടിലന്മാരും, അരുണേക്ഷണന്മാരും, മേദോമാംസാശനന്മാരായി ആര്‍ക്കുന്നവരും, ഭയങ്കരാകാരന്മാരും, പലവിധം ആയുധങ്ങളാല്‍ ഉത്കടന്മാരും, വായുവേഗോഗ്രന്മാരുമായ ഭൂതങ്ങളോടു കൂടി ഉഗ്രമായ കാര്‍മ്മുകം ധരിച്ചാണ്‌ തന്റെ സഖിയായ വിത്തേശനെ മഹാദേവന്‍ ഉപാസിക്കുന്നത്‌. ആഹ്ളാദത്തോടു കൂടിയും ആഡംബരത്തോടു കൂടിയും പല പല ഗന്ധര്‍വ്വന്മാരും അവിടെയുണ്ട്‌. വിശ്വാവസു, ഹാഹാ, ഹൂഹു, പര്‍വ്വതന്‍, തുംബുരു, ശൈലൂഷന്‍, സംഗീതജ്ഞനായ ചിത്രസേനന്‍, പിതൃരഥന്‍ ഇങ്ങനെ മഹാന്മാരായ ഗന്ധര്‍വ്വന്മാരും വ്രൈശവണനെ ഉപാസിക്കുന്നു. വിദ്യാധരാധിപന്‍, ചക്രധര്‍മ്മാവ്‌ എന്ന അനുജനോടു കൂടി ധനനായകനെ അവിടെ ഉപാസിക്കുന്നു. വളരെ കിന്നരന്മാരും, അപ്രകാരം വിത്തനാഥനെ ഭഗദത്താദ്യരും ഉപാസിക്കുന്നു. കിമ്പുരുഷാധീശനായ ദ്രുമന്‍ ധനേശ്വരനെ ഉപാസിക്കുന്നു. രാക്ഷസേന്ദ്രനും അപ്രകാരം മഹേന്ദ്രനും ഗന്ധമാദനനും യക്ഷഗന്ധര്‍വ്വരോടും എല്ലാ രാക്ഷസന്മാരോടു കൂടി ധര്‍മ്മിഷ്ഠനായ ജ്യേഷ്ഠനെ വിഭീഷണന്‍ ഉപാസിക്കുന്നു.

ഭഗവാനായ നന്ദികേശ്വരന്‍, മഹാകാളന്‍, ശംഖകര്‍ണ്ണാദികളായ സകല ദ്രവ്യപാരിഷദന്മാര്‍, കാഷ്ഠന്‍, കടിമുഖന്‍, ദന്തി, വിജയാതാപസ്‌, വെള്ളക്കാള ഇവരെല്ലാം മുക്കറയിട്ടും അവിടെ ഉപാസിക്കുന്നു. മറ്റു രാക്ഷസന്മാരും പിശാചുക്കളും ഉപാസിക്കുന്നു. ചുറ്റും പാരിഷദന്മാരോടു കൂടിയ മഹേശ്വരനും, ത്രൈലോകൃഭാവനനും, ദേവദേവനുമായ ശിവനെ എന്നും കുമ്പിട്ടു കൂപ്പി ആ പൗലസ്തൃയനായ ധനേശന്‍ വിശ്വരൂപനായ ഉമാപതി നല്കുന്ന സമ്മതത്തോടെ ആസനസ്ഥനാകുന്നു. വിത്തേശ്വരന്റെ സമീപത്ത്‌ ഇഷ്ടനും മഹാദേവനുമായ ഭഗവാന്‍ ഭവന്‍ എപ്പോഴുമുണ്ടായിരിക്കും. നിധിപ്രവരമുഖ്യന്മാര്‍, ശംഖപത്മങ്ങള്‍, മറ്റു നിധികള്‍ എന്നിവയോടു കൂടി വന്ന് ധനേശനെ ഉപാസിക്കൂന്നു. ഇപ്രകാരം ആകാശത്തു നില്ക്കുന്ന സഭയും ഞാന്‍ കണ്ടിട്ടുണ്ട്‌.

ഇനി പിതാമഹന്റെ സഭയെപ്പറ്റി ഞാന്‍ പറയാം. ഹേ, രാജാവേ! കേട്ടാലും.

11. ബ്രഹ്മസഭാവര്‍ണ്ണനം - നാരദന്‍ പറഞ്ഞു: പിതാമഹന്റെ സഭയെപ്പറ്റി ഞാന്‍ പറയുന്നത്‌ ഹേ, ശ്രേഷ്ഠാ! ഭവാന്‍ കേള്‍ക്കുക! അത്‌ ഇന്ന വിധമാണെന്നു പറയുവാന്‍ പ്രയാസമാണ്‌. പണ്ട്‌ ദേവയുഗത്തില്‍ വാനില്‍ നിന്ന് സൂര്യദേവന്‍ മനുഷ്യലോകം ചുറ്റിനടന്നു കാണുവാന്‍ ഇറങ്ങി വന്നു. മനുഷ്യരൂപം ധരിച്ച്‌ ചുറ്റുന്ന സമയത്ത്‌, സ്വയംഭൂവിന്റെ സഭ കണ്ട വര്‍ത്തമാനം എന്നോടു പറഞ്ഞു. അപ്രമേയവും മാനസിയുമാണ്‌ ആ ദിവ്യസഭ. അതിന്റെ നീളവും വിസ്താരവുമൊന്നും നിര്‍ണ്ണയിക്കുവാന്‍ സാധിക്കയില്ല. അന്ന് ആദിത്യനില്‍ നിന്ന് ആ സഭയുടെ മഹത്വമൊക്കെ ഞാന്‍ കേട്ടു. ആ സഭ കാണുവാനുള്ള ആഗ്രഹത്തോടെ ഞാന്‍ ആദിത്യനോടു ചോദിച്ചു: "ഭഗവാനേ, ബ്രഹ്മസഭ കാണുവാന്‍ ഞാന്‍ കൊതിക്കുന്നു. അതു സാധിക്കുവാൻ എന്തുതരം തപോയോഗ കര്‍മ്മമാണ്‌ ഞാന്‍ അനുഷ്ഠിക്കേണ്ടത്‌ ? പാപനാശിനിയും ഉത്തമവുമായ ഏത്‌ ഔഷധം കൊണ്ടാണ്‌ അതു കാണുവാന്‍ സാധിക്കുക? ഭഗവാനേ, പറഞ്ഞാലും! ഞാന്‍ ആ സഭ കാണുവാന്‍ എന്തുചെയ്യണം?".

എന്റെ വാക്കു കേട്ടപ്പോള്‍ സഹസ്രാഅംശുവായ ദിവാകരന്‍ എന്നോടു പറഞ്ഞു: ഭഗവാനേ, ആയിരം വര്‍ഷം വ്രതമെടുക്കുവാന്‍ കഴിഞ്ഞവനേ അതു കാണുവാന്‍ കഴിയുകയുള്ളു. എന്നു കേട്ടപ്പോള്‍ ഞാന്‍ ഹിമാലയത്തില്‍ പോയി ആയിരം വര്‍ഷം തപസ്സു ചെയ്തു. ആയിരം വര്‍ഷം തികഞ്ഞപ്പോള്‍ ഭഗവാന്‍ ദിവാകരന്‍ എന്റെ അടുത്തു വന്നു. സൂര്യദേവന്‍ എന്നെ കൂട്ടിക്കൊണ്ട്‌ ആ ബ്രഹ്മസഭയിലേക്കു നിഷ്പാപനായി യാതൊരു ക്ഷീണവും കൂടാതെ ചെന്നു. ഞാന്‍ ബ്രഹ്മസഭ കണ്ടു.

ആ സഭ ഇന്ന വിധമാണെന്നു പറയുവാന്‍ പ്രയാസം. ക്ഷണത്തില്‍ രൂപം മാറിക്കൊണ്ടിരിക്കുന്നു. അതു കൊണ്ട്‌ ഇന്ന വിധത്തിലെന്നു പറയുവാന്‍ സാദ്ധ്യമല്ല. അതിന്റെ അളവും സ്ഥാനവും കാണുന്നില്ല. ആകാരവും അതു പോലെ തന്നെ വേറെ ഞാന്‍ കണ്ടിട്ടില്ല. അത്‌ എന്ത് ഭംഗിയുള്ളതാണ്‌. ശീതോഷ്ണങ്ങള്‍ അതിലില്ല. പൈദാഹവും ക്ഷീണവും അതില്‍ പാര്‍ക്കുന്നവര്‍ക്ക് ആര്‍ക്കുമില്ല. നാനാപ്രകാരത്തില്‍ ശോഭിക്കുന്ന രത്നം കൊണ്ടു നിര്‍മ്മിച്ചതാണ്‌. അത്‌ തൂണിന്മേലല്ല നില്ക്കുന്നത്‌. ഒരിക്കലും അതു കീഴോട്ടു വീണു പോവുകയില്ല. പ്രഭയോടു കൂടി വിളങ്ങുന്ന ദിവ്യമായ ദ്രവ്യങ്ങള്‍ ചേർന്നു നിര്‍മ്മിച്ച അത്‌ ചന്ദ്രസൂര്യാഗ്നികളേക്കാള്‍ അധികം തെളിവോടെ സ്വര്‍ഗ്ഗോപരി സൂര്യനെ ധിക്കരിക്കുമാറു ശോഭിക്കുന്നു. ഭഗവാന്‍ അതിലാണല്ലോ ദേവമായയാല്‍ അധിവസിക്കുന്നത്‌. തനിച്ച്‌ സൃഷ്ടി ചെയ്യുന്ന സര്‍വ്വലോക പിതാമഹനായ ഭഗവാന്‍ അതില്‍ വസിക്കുന്നു.

പ്രജാപതികള്‍ എല്ലാവരും ഭവാനെ ഉപാസിക്കുന്നു. കാശ്യപന്‍, ഭൃഗു, അത്രി, വസിഷ്ഠന്‍, അംഗിരസ്സ്‌, ഗൌതമന്‍, പുലസ്ത്യന്‍, ക്രതു, പ്രഹ്ളാദന്‍, കര്‍ദ്ദമന്‍, അഥര്‍വ്വാംഗിരസന്‍, ബാലഖില്യര്‍, മരീചിപര്‍, അന്തരീക്ഷം, മനം, വിദ്യ, തേജസ്സ്‌, വായു, ജലം, മഹി, ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, വികാരം, പ്രകൃതി, മറ്റു ഭുകാരണങ്ങള്‍, അഗസ്ത്യന്‍, മാര്‍ക്കണ്ഡേയന്‍, ജമദഗ്നി, ഭരദ്വാജന്‍, സംവര്‍ത്തന്‍, ചൃവനന്‍, ദുര്‍വ്വാസാവ്‌, ധര്‍മ്മവാനായ ഋശ്യശൃംഗൻ, സനല്‍ക്കുമാരന്‍, അസിതന്‍, ദേവലന്‍, ജൈഗിഷവ്യന്‍, ഋഷഭാജിതശത്രുക്കള്‍, മഹാവീര്യവാനായ മണി, ദേഹം എടുത്ത അഷ്ടാംഗമായ ആയുര്‍വ്വേദം, നക്ഷത്രഗണങ്ങളോടു കൂടി ചന്ദ്രന്‍, തിഗ്മരശ്മിയായ ആദിത്യന്‍, ക്രതുക്കള്‍, വായുക്കള്‍, സങ്കല്പം, പ്രമാണം, മൂര്‍ത്തിമാന്മാരായ മഹാവ്രതികളായ, മഹാത്മാക്കള്‍ ഇവരും മറ്റു പലരും വിരിഞ്ചനെ ഉപാസിക്കുന്നു.

അര്‍ത്ഥം, ധര്‍മ്മം, കാമം, ഹര്‍ഷം, ദ്വേഷം, തപം, ദമം, ഗന്ധര്‍വ്വാപ്സരോഗണം ഇങ്ങനെ ഇരുപത്തേഴു പേരും ലോകപാലന്മാര്‍ എല്ലാവരും മന്ത്രം, രഥന്തരം, ഹരിമാന്‍, വസുമാന്‍, സാധിരാജാക്കള്‍, ആദിത്യന്മാര്‍, നാമദ്വന്ദ്വത്തോടു പറഞ്ഞവര്‍, മരുത്തുക്കള്‍, വിശ്വകര്‍മ്മാവ്‌, വസുക്കള്‍, പിതൃക്കള്‍, സര്‍വ്വഹവിസ്സുക്കളും, ഋഗ്വേദം, സാമവേദം, യജുര്‍വ്വേദം, ഇതിഹാസം, ഉപദേശങ്ങള്‍, എല്ലാ വേദാംഗങ്ങളും ഗ്രഹയജ്ഞങ്ങള്‍, സോമന്‍, ദേവതാജാലം, സാവിത്രി, ദുര്‍ഗ്ഗ, തരണി, വാണി, സപ്തവിധാകൃതി, ധൃതി, മേധാ, സ്മൃതി, പ്രജ്ഞ, ബുദ്ധി, കീര്‍ത്തി, ക്ഷമ, സ്തുതി, ശാസ്ത്രങ്ങള്‍, സാമങ്ങള്‍, പലമാതിരി ഗാഥകള്‍, ഭാഷ്യങ്ങള്‍, തര്‍ക്കങ്ങള്‍ ഇവയുമെടുത്ത്‌ ശരീരമെടുത്ത്‌ ബ്രഹ്മദേവനെ അവിടെ ഉപാസിക്കുന്നു.

നാടകങ്ങള്‍, പല കാവ്യങ്ങള്‍, കഥകള്‍, ആഖ്യായികകള്‍, കാരിക, പുണ്യത്തോടു ചേർന്ന  ഇവ അവിടെയുണ്ട്‌, ഗുരുപൂജകളുമുണ്ട്‌. ക്ഷണം, ലവം, മുഹൂര്‍ത്തം, പകല്‍, രാവ്‌, അര്‍ദ്ധമാസങ്ങള്‍, പന്ത്രണ്ടു മാസങ്ങള്‍, ആറ്‌ ഋതുക്കള്‍, അഞ്ചു വാസരം, നാലു യുഗങ്ങള്‍, അഹോരാത്രങ്ങള്‍, ദിവ്യമായ കാലചക്രം എന്നും അക്ഷയവും അവ്യയവുമായ ധര്‍മ്മചക്രം ഇവയും എന്നും അവിടെയുണ്ട്‌. യുധിഷ്ഠിര! ദിതി, അദിതി, ദനു, സുരസാ, വിനത, ഇര, കാളിക, സുരഭീദ്വി, സരമായെന്ന് പേരായ ഗൗതമി, പ്രഭ, കദ്രു, അപ്രകാരമുള്ള ദേവമാതാക്കള്‍, ദേവികള്‍, രുദ്രാണി, ലക്ഷ്മി, ഭദ്ര, ഷഷ്ഠി, ഗോവടിവില്‍ വന്ന ഭൂമിദേവി, ഹ്രീ, സ്വാഹ, കീര്‍ത്തി, സുരാ, ശചീദേവി, പുഷ്ടി, അരുന്ധതി, സംവൃത്തി, ശനീയാതി, സൃഷ്ടിദേവി, രതി ഇവരും മറ്റു പല ദേവിമാരും വിധാതാവിനെ അവിടെ സേവിക്കുന്നു.

വസുക്കള്‍, രുദ്രന്‍, ആദിത്യന്മാര്‍, മരുത്തുക്കള്‍, അശ്വികള്‍ എന്നറിയപ്പെടുന്ന വിശ്വോദേവകള്‍, സാദ്ധ്യന്മാര്‍, പിതൃക്കള്‍ പ്രകാരം ഏഴു കൂട്ടരായ പിതൃക്കളും, മൂര്‍ത്തിമാര്‍ നാലും, ശരീരമില്ലാത്തവര്‍ മൂന്നും, വൈരാജന്മാര്‍, മഹാത്മാക്കളായ അഗ്നിഷ്വാത്താദ്യന്മാര്‍, നാര്‍ഹപതര്‍, നാകചരരായ പിതൃക്കള്‍, സോമപന്മാര്‍, ഏകശൃംഗര്‍, ചതുര്‍വ്വേദര്‍, കലാഖ്യര്‍, നാലുവര്‍ണ്ണത്താലും പൂജിക്കപ്പെടുന്ന പിതൃക്കള്‍ എന്നിവര്‍ ബ്രഹ്മാവിനെ ഉപാസിക്കുന്നു. ഇവര്‍ക്കു തൃപ്തിയായി വന്നാല്‍ സോമതൃപ്തിയുമായി വരും. അപ്രകാരമുള്ള പിതൃക്കള്‍ അവിടെച്ചെന്ന് യഥാവിധി വന്ദിച്ച്‌ ശക്തിയേറുന്ന വിരിഞ്ചനെ ഉപാസിക്കുന്നു.

രാക്ഷസന്മാര്‍, പിശാചന്മാര്‍, ദാനവന്മാര്‍, ഗുഹ്യകന്മാര്‍, നാഗങ്ങള്‍, സുപര്‍ണ്ണങ്ങള്‍, പശുക്കള്‍, സ്ഥാവരങ്ങളും ജംഗമങ്ങളുമായ മറ്റ്‌ മഹാഭൂതങ്ങള്‍, ദേവരാജാവായ പുരന്ദരന്‍, വരുണന്‍, ധനദന്‍, യമന്‍, ഉമയോടു കൂടി മഹാദേവന്‍ ഇവരൊക്കെ എന്നും വന്ന് വിരിഞ്ചനെ ഉപാസിക്കുന്നു.

ദേവനായ നാരായണനും, ദേവര്‍ഷികളും, ബാലഖില്യമുനീന്ദ്രന്മാരും, യോനിജങ്ങളും, അയോനിജങ്ങളും, ത്രൈലോകൃത്തില്‍ കാണുന്ന എല്ലാ ചരാചരങ്ങളും ഞാന്‍ ആ സഭയില്‍ കണ്ടു. ഊര്‍ദ്ധ്വരേതസ്സുകളായ എണ്‍പത്തെണ്ണായിരം മഹര്‍ഷിമാര്‍, സന്താനമുള്ളവരായ അമ്പതിനായിരം പേര്‍, അമരന്മാര്‍ ഇവരൊക്കെ ദേവനെ കൈവണങ്ങി ഇഷ്ടം പോലെ ഗമിക്കുന്നു. പാന്ഥരായി എത്തുന്ന അമരന്മാര്‍, ദൈത്യന്മാര്‍, അഹികള്‍, ദ്വിജന്മാര്‍, സുപര്‍ണ്ണയക്ഷ ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകൾ, കാലേയര്‍ എന്നിവരേയും പുജ്യാതിഥികളായി സര്‍വൃഭൂത ദയാശാലിയായ ലോകപിതാമഹന്‍ ബ്രഹ്മാവ്‌ യഥാര്‍ഹം സ്വീകരിക്കുന്നു. അവരെ സ്വീകരിച്ച്‌ ബഹുഭക്തിമാനും സ്വയംഭൂവുമായ വിശ്വമുര്‍ത്തി സമാധാനവാക്കും, ബഹുമതിയും, ധനവും, സുഖാനുഭവവും അരുളുന്നു. രാജാവേ! വന്നുവരും, വരുന്നവരുമായ അവരാല്‍ ഇടകലര്‍ന്ന് ഏറ്റവും അഴകില്‍ സഭ ശോഭിക്കുന്നു. സര്‍വ്വതേജോമയിയും ദിവ്യബ്രഹ്മർഷി സേവിതയുമായ സഭ ബ്രഹ്മശ്രീയും ജ്വലിച്ച്‌ വാട്ടം കൂടാതെ വിളങ്ങുന്നു. അപ്രകാരം പ്രശോഭിക്കുന്ന സുദുര്‍ല്ലഭമായ സഭ ഞാന്‍ കണ്ടു. മനുഷ്യലോകത്തില്‍ രാജാവേ! ഭവാന്റെ സഭയെ പോലെയാണ്‌ അതും. ഈ പറഞ്ഞ ദേവസഭകളെയൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്‌. മനുഷ്യലോകത്ത്‌ ഭവാന്റെ ഈ സഭയാണ്‌ എല്ലാറ്റിനേക്കാളും ശ്രേഷ്ഠം.

12. പാണ്ഡുസന്ദേശകഥനം - യുധിഷ്ഠിരന്‍ പറഞ്ഞു:ഹേ, മഹാശയനായ മുനേ, ഭവാന്‍ വൈവസ്വതന്റെ സഭയില്‍ മിക്ക രാജാക്കളും വാഴുന്നതായി പറഞ്ഞുവല്ലോ. വരുണന്റെ സഭയില്‍ നാഗങ്ങളെപ്പറ്റിയും പറഞ്ഞു. അപ്രകാരം ദൈത്യേന്ദ്രന്മാരുടേയും, സരിത്തുകളുടേയും, സാഗരങ്ങളുടേയും യോഗത്തെപ്പറ്റി പറഞ്ഞു. വിത്തേശന്റെ സഭയില്‍ ഗുഹൃകന്മാരേയും അശരജാതിയേയും പറ്റി പറഞ്ഞു. ഗന്ധര്‍വ്വാപ്സരോ വര്‍ഗ്ഗത്തേയും ഗിരീശനേയും പറ്റി പറഞ്ഞു. പിതാമഹന്റെ സഭയില്‍ മാമുനിമാരെ പറ്റി പറഞ്ഞു. എല്ലാ ദേവഗണത്തേയും സര്‍വ്വശാസ്ത്രങ്ങളേയും ദേവന്മാരേയും ശക്രന്റെ ശഭയില്‍ പറഞ്ഞു. ഉദ്ദേശിച്ച പോലെ ഗന്ധര്‍വ്വന്മാരേയും മുനിമാരേയും പറ്റിയും പറഞ്ഞു.

എന്നാൽ രാജാക്കന്മാരില്‍ ഒരാള്‍, ഹരിശ്ചന്ദ്രന്‍ മാത്രം, ദേവേന്ദ്രസഭയില്‍ പാര്‍ക്കുന്നുണ്ടെന്നാണല്ലോ പറഞ്ഞത്‌. എന്തു കര്‍മ്മം ചെയ്തിട്ടാണ്‌ ഈ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചത്‌ ? തപം ചെയ്തിട്ടാണോ? കീര്‍ത്തിമാനായ ഇന്ദ്രനോടു ഗുണത്തില്‍ മത്സരിക്കത്തക്ക വണ്ണം അവിടെ എത്തിച്ചേരുവാന്‍ എന്താണു കാരണം?

പിതൃലോകത്തില്‍ എന്റെ പിതാവായ പാണ്ഡുവിനെ കണ്ടുവല്ലോ? നിങ്ങള്‍ തമ്മില്‍ ചേർന്നുവോ? എന്താണ്‌ അപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ ? ഭഗവാനേ, യതവ്രതാ! ഇതൊക്കെ ഭവാന്‍ പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നാരദന്‍ പറഞ്ഞു: ഹേ, രാജേന്ദ്രാ! ഭവാന്‍ ഹരിശ്ചന്ദ്രനെപ്പറ്റി ചോദിച്ചുവല്ലോ. ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ മാഹാത്മൃത്തെ പറയാം.

ബലവാനായ ഹരിശ്ചന്ദ്രരാജാവ്‌ സര്‍വ്വസാമ്രാജ്യത്തേയും വിജയിച്ചു. അവന്റെ കല്പനയ്ക്കു കീഴില്‍ എല്ലാ രാജാക്കന്മാരും വന്നു. അവന്‍ ഒറ്റയ്ക്കു പൊന്നണിഞ്ഞ ജൈത്രരഥത്തില്‍ കയറി ശസ്ത്രപ്രതാപം കൊണ്ട്‌ സപ്തദ്വീപുകളും ജയിച്ചു. കാടും, പുഴകളും, മേടും കൂടുന്ന പാരൊക്കെയും ജയിച്ചു. മഹാരാജാവേ, രാജസൂയമഹാമഖം നിശ്ചയിച്ചു. രാജാക്കന്മാര്‍ ഹരിശ്ചന്ദ്രന്റെ കല്പനപ്രകാരം ധാരാളം ധനധാന്യങ്ങള്‍ നല്കി. യജ്ഞത്തില്‍ വിപ്രശുശ്രൂഷയ്ക്ക്‌ അവര്‍ എല്ലാവരും നിന്നു. യാചകന്മാര്‍ക്ക്‌ ധാരാളം ദ്രവ്യം നല്കി. അവര്‍ പറഞ്ഞതിലും അഞ്ചിരട്ടി നല്കി. പലവിധം വിത്തങ്ങള്‍ കൊണ്ടും വിപ്രന്മാരെ തര്‍പ്പിച്ചു. നാനാദിക്കില്‍ നിന്നും എത്തിച്ചേർന്നവര്‍ പിരിയുമ്പോള്‍ പല ഭക്ഷ്യഭോജ്യങ്ങളേയും ഇഷ്ടം പോലെ നല്കി, രത്നസംതര്‍പ്പിതന്മാരായ അവര്‍ സന്തോഷിച്ചു നൃപനെ ഏറ്റവും പുകഴ്ത്തി. ഈ രാജാവ്‌ മറ്റു മന്നവരേക്കാള്‍ യശസ്വിയും തേജസ്വിയുമാണ്‌. ഈ കാരണത്താല്‍ രാജാവേ! ഹരിശ്ചന്ദ്രന്‍ മറ്റു മന്നവരേക്കാള്‍ മെച്ചപ്പെട്ടു ശോര്‍ഭിച്ചു. മഹായജ്ഞം കഴിച്ച്‌ പ്രതാപവാനായ ഹരിശ്ചന്ദ്രന്‍ സാമ്രാജ്യാഭിഷേകം ഏറ്റു പ്രശോഭിച്ചു. മറ്റ്‌ ഏതു രാജാക്കന്മാര്‍ രാജസൂയം കഴിച്ചുവോ അവരെല്ലാം ഇന്ദ്രനുമൊന്നിച്ചു വിളങ്ങി സന്തോഷിക്കുന്നവരാകും. പോരില്‍ പിന്തിരിയാതെ പോരാടി മരിച്ച നരവീരന്മാരും ഇന്ദ്രന്റെ സഭയില്‍ ചെന്നു നന്ദിക്കുന്നു. തീവ്രമായ തപം കൊണ്ടു ദേഹം വെടിയുന്നവരും, ആ സ്ഥാനത്തില്‍ ചെന്നു കാന്തിയോടെ സന്തോഷപൂര്‍വ്വം ഇരിക്കും. ഹേ, കൗന്തേയാ! നിന്റെ അച്ഛനായ പാണ്ഡുരാജാവ്‌ ഹരിശ്ചന്ദ്ര രാജാവിന്റെ ലക്ഷ്മി കണ്ടു വിസ്മയിച്ച്‌ മനുഷ്യ ലോകത്തേക്കു ഞാന്‍ പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍, വിനയത്തോടെ എന്നോടു പറഞ്ഞു.

പാണ്ഡു പറഞ്ഞു: ഭവാന്‍ യുധിഷ്ഠിരനോടു പറയണം: നീ പാരിടം ജയിക്കുവാന്‍ കെല്‍പ്പുള്ളവനാണ്‌. അനുജന്മാര്‍ നിന്റെ അധീനത്തില്‍ നില്ക്കുന്നുണ്ട്‌. രാജസൂയ മഹായാഗം ചെയ്യുക! പുത്രനായ നീ ഈ മഖം ചെയ്യുന്നതായാല്‍ ഞാന്‍ ഹരിശ്ചന്ദ്രനെ പോലെ ദേവരാജാവിന്റെ സഭയില്‍ ഒട്ടേറെക്കാലം നന്ദിക്കും.

നാരദന്‍ പറഞ്ഞു: എന്നാൽ അങ്ങനെയാകട്ടെ! ഞാന്‍ ഭൂലോകത്തില്‍ പോയാല്‍ ഭവാന്റെ പുത്രനോട്‌ ഈ സന്ദേശം ഉണര്‍ത്തിക്കാം! എന്നു പാണ്ഡുവിനോടു ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആ സങ്കല്പം ഭവാന്‍ നിറവേറ്റുക. നീ പൂര്‍വ്വന്മാരോടു കൂടി ശക്രസാലോകൃത്തെ പ്രാപിക്കും. ഈ രാജസൂയമെന്ന ക്രതു വളരെയേറെ വിഘ്നമുള്ളതാണ്‌. ഛിദ്രമുണ്ടാക്കുവാന്‍ യജ്ഞഘ്നന്മാരായ ബ്രഹ്മരാക്ഷസന്മാര്‍ ശ്രമിക്കും. ക്ഷത്രിയനാശനമായി ഭൂമി നശിപ്പിക്കുന്ന വിധം യുദ്ധമുണ്ടാകും. ഇതൊക്കെ ചിന്തിച്ചു രാജാവേ, ഭവാന്‍ ക്ഷേമം പോലെ നടക്കുക. ചാതുര്‍വ്വര്‍ണ്യം ഭരിക്കുവാന്‍ പ്രമാദം വിട്ടു നില്ക്കുക! വാഴുക! വര്‍ദ്ധിക്കുക! നന്ദിക്കുക! വിപ്രരെ വിത്തം കൊണ്ടു തര്‍പ്പിക്കുക! എന്നോടു ചോദിച്ചത്‌ ഞാന്‍ വിസ്തരിച്ചു പറഞ്ഞു. ഞാന്‍ യാത്ര പറയുന്നു. ദാശാര്‍ഹന്മാരുടെ നഗരത്തിലേക്ക്‌, ദ്വാരകയിലേക്ക്‌, ഞാന്‍ പോകട്ടെ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പാര്‍ത്ഥന്മാരോടു പറഞ്ഞ്‌ ജനമേജയ! നാരദന്‍ കൂടെവന്ന മുനീന്ദ്രന്മാരോടു കൂടി ഇറങ്ങി. നാരദന്‍ പോയ ശേഷം പാര്‍ത്ഥന്‍ അനുജന്മാരോടു കൂടി രാജസൂയ ക്രതുവിനെപ്പറ്റി ചിന്തിച്ചു.

രാജസുയാരംഭപര്‍വ്വം

13. വാസുദേവാഗമനം - രാജസൂയപരാമര്‍ശം - വൈശമ്പായനന്‍ പറഞ്ഞു: നാരദ മഹര്‍ഷി വന്നു പറഞ്ഞു പോയതിന് ശേഷം യുധിഷ്ഠിരന്റെ മനസ്സ്‌ അസ്വസ്ഥമായി, നെടുവീര്‍പ്പിട്ടു ചിന്തയിലാണ്ടു. മഹാരാജര്‍ഷിമാരുടെ മഹിമാവിനെ ഓ ര്‍ത്തും വിശേഷിച്ചും ഹരിശ്ചന്ദ്ര രാജാവിന്റെ വാഴ്ചക്കാലത്തെ ഓര്‍ത്തും രാജസൂയ ചിന്തയാല്‍ യുധിഷ്ഠിരന്റെ മനസ്സ്‌ അസ്വസ്ഥമായി. യജ്വാക്കള്‍ പുണ്യകര്‍മ്മത്താല്‍ എത്തിച്ചേരുന്ന ലോകത്തെപ്പറ്റി തന്നെയായിരുന്നു, യുധിഷ്ഠരന്റെ ചിന്ത. ചിന്തിച്ചതിന്റെ ശേഷം രാജസൂയമഖം കഴിക്കുവാന്‍ മനസ്സിലുറപ്പിച്ചു.

യുധിഷ്ഠിരന്‍ സര്‍വ്വസഭാ ജനങ്ങളോടും ആലോചന നടത്തി ആ യജ്ഞത്തെപ്പറ്റി വീണ്ടും വീണ്ടും അലോചിച്ചു. സര്‍വ്വജനങ്ങളുടേയും ഹിതത്തെ ചിന്തിച്ചു. സര്‍വ്വജനങ്ങള്‍ക്കും ഇഷ്ടം ചെയ്തു. കോപഗര്‍വ്വങ്ങളൊക്കെ വിട്ട്‌ സാധുധര്‍മ്മമാണ് ധര്‍മ്മമെന്നും അതല്ലാതെ മറ്റൊന്നുമല്ലെന്നും ചിന്തിച്ചു പ്രവര്‍ത്തിച്ചു വാഴുമ്പോള്‍ മഹാജനങ്ങള്‍ പാണ്ഡുവില്‍ എന്ന വിധം ആശ്വാസം കൊണ്ടു. അങ്ങനെ ആരും ശത്രുക്കളില്ലാതായ രാജാവിന്‌ അജാതശത്രു എന്ന പേരു വന്നു. രാജാവിന്റെ അനുഗ്രഹത്താലും, ഭീമന്റെ പാലനത്താലും, ബീഭത്സുവായ അര്‍ജ്ജുനന്റെ ശത്രുധ്വംസത്താലും, ധീമാനായ സഹദേവന്റെ ധര്‍മ്മവാക്കുകളാലും, നകുലനുള്ള വിനയം മൂലവും, രാജാവു പോരും പേടിയുമില്ലാതെ നിത്യവും സ്വകര്‍മ്മം ചെയ്തു. വേണ്ട വിധത്തില്‍മ ഴപെയ്തു രാജ്യം പുഷ്ടി പ്രാപിച്ചു.

വൃദ്ധന്മാര്‍ക്കുള്ള പെന്‍ഷന്‍, യാഗത്തിന് വേണ്ട ദ്രവ്യങ്ങള്‍, ഗോരക്ഷ, കൃഷി, വാണിഭം ഇതൊക്കെ തുല്യമായി രാജരക്ഷ കൊണ്ടു വര്‍ദ്ധിച്ചു. നിര്‍ബ്ബന്ധിച്ചുള്ള കരം പിരിവ്‌, ജനങ്ങളില്‍ നിന്നു കടമെടുപ്പ്‌, ദുര്‍വ്യാധി, അഗ്നിബാധ മുതലായവയൊന്നും യുധിഷ്ഠിരന്‍ രാജാവായതിന് ശേഷം ഉണ്ടായില്ല.

കള്ളന്മാരെക്കൊണ്ടും, തട്ടിപ്പറിക്കാരെക്കൊണ്ടും, രാജാക്കന്മാര്‍ തമ്മിലും, രാജസേവകരാലും ആപത്തുകളൊന്നും വന്നുചേർന്നില്ല. പ്രിയം ചെയ്യുവാനും, ഉപാസിക്കുവാനും, ബലികര്‍മ്മം ചെയ്യുവാനും, സ്വകര്‍മ്മം നടത്തുവാനും, ആദായത്തില്‍ ആറിലൊരു ഭാഗം രാജാവിന് വേണ്ടി പിരിക്കുവാനും, നാട്ടുകാരും വര്‍ത്തകരും സന്നദ്ധരാകയാല്‍ ധര്‍മ്മനിഷ്ഠനായ യുധിഷ്ഠിരന്റെ രാജ്യം ക്ഷേമപൂര്‍ണ്ണമായി. ലോഭം കൂടാതെ നാട്ടുകാര്‍ രാജസങ്ങള്‍ ഇഷ്ടം പോലെ ഏറ്റു. സര്‍വൃഗനും, സര്‍വൃഗുണിയും, സര്‍വ്വസഹായിയുമായി കീര്‍ത്തിയോടെ വിലസുന്ന സമ്രാട്ടിന്റെ കിഴിലുള്ള രാജ്യം മാതാപിതാക്കളില്‍ എന്ന പോലെ, എല്ലായിടവും, നാട്ടുകര്‍ ദ്വിജന്മാര്‍ മുതല്‍ ഗോപാലന്മാര്‍ വരെ തമ്മില്‍ അനുരജ്ഞനത്തോടെ വസിച്ചു. അന്ന് മന്ത്രിമാരോടും അനുജന്മാരോടും കൂടിയിരുന്നു വീണ്ടും രാജസൂയത്തെക്കുറിച്ചു രാജാവ്‌ ആലോചന നടത്തിയത്‌. രാജാവ്‌ ചോദിച്ച ചോദൃത്തിന് ഉത്തരമായി മന്ത്രിമാര്‍, യജ്ഞതത്പരനും പണ്ഡിതനുമായ യുധിഷ്ഠിരനോടു പറഞ്ഞു.

മന്ത്രിമാര്‍ പറഞ്ഞു; അഭിഷേകം കൊണ്ട്‌ വരുണന്റെ ഗുണം രാജാവിന് സിദ്ധിക്കുന്ന രാജസൂയമഖം ചെയ്തു സാമ്രാജൃഗുണം കാംക്ഷിക്കുകയാണല്ലോ രാജാവ്‌. ഹേ, കുരുനന്ദനാ! സാമ്രാജൃ യോഗ്യനാകുന്ന ഭവാന്‍ രാജസൂയത്തിനുള്ള കാലമായെന്ന് സുഹൃജ്ജനങ്ങള്‍ ചിന്തിക്കുന്നു. ആ രാജസൂയത്തിന്റെ കാലം ക്ഷാത്രശക്തി കൊണ്ടു സ്വാധീനമാണ്‌. അതില്‍ സാമവേദത്തില്‍ വിധിച്ച മന്ത്രങ്ങള്‍ കൊണ്ട്‌ ഷഡംഗാഗ്നിയെ സംശിതവ്രതര്‍ ഹോമിക്കുന്നു. സര്‍വ്വദര്‍വ്വീ ഹോമമേറ്റ്‌ യാഗങ്ങളെ ചെയ്യുകയും അവസാനം അഭിഷേകം മൂലം ഭവാന്‌ സര്‍വ്വജിത്ത്‌ എന്ന പേര്‌ ലഭിക്കുകയും ചെയ്യും. മഹാബാഹോ! ഭവാന്‍ ഒട്ടും വിഷാദിക്കരുത്‌. ഞങ്ങളെല്ലാം ഭവാന്റെ പാട്ടില്‍ നില്ക്കുന്നുണ്ട്‌. വൈകാതെ തന്നെ രാജാവേ, ഭവാന്‍ രാജസൂയം നടത്തുക. ശങ്കിക്കാതെ രാജസൂയത്തെപ്പറ്റി വേണ്ടതു ചിന്തിച്ചു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: എന്ന് രാജാവിനോട്‌ സുഹൃത്തുക്കള്‍ വെവ്വേറെയും ഒന്നിച്ചു ചേർന്നും പറഞ്ഞു. ധര്‍മ്മവും, ധൃഷ്ടവും, ശ്രേഷ്ഠവും, ഇഷ്ടവുമായ മൊഴി അവര്‍ പറഞ്ഞപ്പോള്‍ മഹാനായ പാണ്ഡവന്‍ അത്‌ ഹൃദയപൂര്‍വ്വം കൈക്കൊണ്ടു. സുഹൃജ്ജനങ്ങളുടെ വാക്കു കേട്ടും, സ്വന്തം ബുദ്ധികൊണ്ടറിഞ്ഞും, വീണ്ടും വീണ്ടും രാജസൂയത്തിന് തന്നെ മനസ്സുവെച്ചു. സോദരന്മാരോടും, ഋത്വിക്കുകളോടും, മന്ത്രിമാരോടും ഒന്നിച്ച്‌ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍, ധൗമൃനോടും വ്യാസനോടും അതിനെപ്പറ്റി വീണ്ടും ആലോചിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: സാമ്രാജ്യക്രതുവായ രാജസൂയം നടത്തുവാന്‍ ഞാന്‍ ശ്രദ്ധവെക്കുകയാണ്‌. എന്താണ്‌ ഭവാന്മാരുടെ അഭിപ്രായം? ഭവാന്മാര്‍ ചിന്തിച്ചു പറയുക! എന്റെ ആഗ്രഹം എങ്ങനെ കലാശിക്കുമോ എന്നറിയുന്നില്ല!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം രാജാവു പറഞ്ഞപ്പോള്‍ ധര്‍മ്മരാജാവിനോട്‌, രാജസൂയ മഹായാഗത്തിന് അങ്ങ്‌ ഏറ്റവും അര്‍ഹനാണ്‌ എന്ന് ഋത്വിക്കുകളും ഋഷികളും പറഞ്ഞു. രാജാവിന്റെ മന്ത്രിമാരായ ഭ്രാതാക്കള്‍ ആ വാക്ക്‌ ആദരിച്ചു. മഹാപ്രജ്ഞനായ യുധിഷ്ഠിരന്‍ വീണ്ടും ആലോചിച്ചു. തന്റെ കര്‍മ്മം ലോകഹിതമായി വരണമെന്നു ചിന്തിച്ചു. ദേശകാലഭേദങ്ങളും ആയവ്യയങ്ങളും അറിഞ്ഞു ചെയ്യുന്ന ബുദ്ധിമാന്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. തനിച്ചു നിശ്ചയിച്ചാല്‍പ്പോരാ ഈ മഹത്തായ കാര്യം നടത്തുവാന്‍ എന്നു വിചാരിച്ച്‌ രാജാവ്‌ കൃഷ്ണനോടു കൂടി ആലോചിക്കുവാന്‍ തീരുമാനിച്ചു. സര്‍വ്വലോകത്തിലും മുഖ്യനും അപ്രമേയനും മഹാബാഹുവും കാമത്താല്‍ മര്‍ത്തൃനായവനും ദേവസമ്മിതനുമായ കൃഷ്ണനെ കാണുവാന്‍ തീരുമാനിച്ചു. കൃഷ്ണന്ന് അറിയാത്ത കാര്യമില്ല, വയ്യാത്ത കര്‍മ്മമില്ല. അവന്‍ താങ്ങാത്തത്‌ ഒന്നും തന്നെ പ്രപഞ്ചത്തിലില്ല എന്നും കുന്തീപുത്രന്‍ വിചാരിച്ചു. നിഷ്ഠയോടെ ഈ ബുദ്ധി കൈക്കൊണ്ട്‌ യുധിഷ്ഠിരന്‍ ഗുരുവായ ലോകഗുരുവിന്റെ സന്നിധിയിലേക്ക്‌ ഒരു ദൂതനെ വിട്ടു.

വേഗത്തില്‍ പായുന്ന തേരിലേറി ആ ദുതന്‍ ആ യാദവന്റെ സന്നിധിയിലേക്കു പോയി. ദ്വാരകാപുരിയില്‍ ചെന്ന് ദ്വരകാനാഥനായ കൃഷ്ണനെ കണ്ടു. പാര്‍ത്ഥന്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വിവരം അറിഞ്ഞ ഉടനെ അച്യുതന്‍ ഇന്ദ്രസേനനോടു കൂടെ ഇന്ദ്രപ്രസ്ഥത്തിലേക്കു പോയി. നാടുകള്‍ പലതും കടന്ന്‌ ഓടുന്ന കുതിരകള്‍ കൃഷ്ണനെ വേഗത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെത്തിച്ചു. യുധിഷ്ഠിരനെ മാധവന്‍ കണ്ടു. പിതാവിനെ പോലെ ഭീമന്‍ പൂജിച്ചു. ഉടനെ അച്ഛന്‍ പെങ്ങളായ കുന്തിയെ കണ്ട്‌ പ്രീതനായി കൃഷ്ണന്‍ തന്റെ ഇഷ്ടസഖാവായ അര്‍ജ്ജുനനെ കണ്ടു. അര്‍ജ്ജുനനോടു കൂടി ആനന്ദിക്കെ യമന്മാര്‍ ഗുരുവിനെ പോലെ കൃഷ്ണനെ പൂജിച്ചു. വിശ്രമിച്ച്‌ ശുഭസ്ഥാനത്തില്‍ കൃഷ്ണന്‍ ഇരിക്കുമ്പോള്‍ ധര്‍മ്മജന്‍ ചെന്ന് തന്റെ മനോരഥം ഉണര്‍ത്തിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഞാന്‍ വെറുതെ ഇച്ഛ കൊണ്ടു മാത്രം രാജസൂയത്തിന് മോഹിക്കുന്നു. അതു നടക്കുവാന്‍ പോകുന്ന മോഹമല്ലെന്ന് എനിക്കറിയാം. കൃഷ്ണാ, ഭവാന്‍ അതൊക്കെ അറിയാമല്ലോ. എല്ലാം ആരുടെ അധീനത്തിലാണോ, എല്ലാര്‍ക്കും പൂജ്യന്‍ ഏവനാണോ, എല്ലാര്‍ക്കും ഈശ്വരനായിട്ട്‌ ആരുണ്ടോ, അവന്‍ ഈ മഖം നടത്തും. ഈ സുഹൃജ്ജനങ്ങള്‍ പറയുന്നു രാജസൂയം ചെയ്യണമെന്ന്‌. എനിക്ക്‌ ഒരു തീര്‍ച്ചയുമില്ല. എന്റെ തീരുമാനമൊക്കെ ഭവാനിലാണിരിക്കുന്നത്‌. അങ്ങു പറഞ്ഞാല്‍ എനിക്ക്‌ പിന്നെ സംശയമില്ല. വേഴ്ച കൊണ്ടു വൈഷമ്യം കാണില്ലെന്നു ചിലര്‍ പറയും. വേറെ ചിലര്‍ സ്വാര്‍ത്ഥംനോക്കി പ്രിയവും പറയും. ചിലര്‍ ആത്മഹിതം നോക്കി പ്രിയം തന്നെ കാണും. ഇപ്രകാരം പലരും പലതും പറയും.

ഭവാന്‍ ഈ വികാരങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊക്കെ ഉപരിയാണ്‌. അങ്ങ്‌ കാമക്രോധങ്ങള്‍ ജയിച്ചവനാണ്‌. അതു കൊണ്ട്‌ ലോകനന്മയ്ക്ക്‌ ഏറ്റവും നല്ലത്‌ എന്താണെന്നു പറഞ്ഞാലും.

14. കൃഷ്ണന്റെ വാകൃം - ശ്രീകൃഷ്ണന്‍ പറഞ്ഞു: മഹാരാജാവേ, വിശിഷ്ടഗുണങ്ങള്‍ ചേർന്ന  ഭവാന്‍ രാജസൂയത്തിന് അര്‍ഹനാണ്‌. ഞാന്‍ അറിയുന്നതും ചുരുക്കത്തില്‍ പറയാം. ജാമദഗ്ന്യന്‍ കൊന്നൊടുക്കിയതിന് ശേഷം അവശേഷിച്ച ക്ഷത്രിയര്‍ക്ക്‌ താവഴിക്കാരാണ്‌ ക്ഷത്രിയര്‍ എന്ന പേരിലറിയപ്പെടുന്നവരൊക്കെ. ഇന്നത്തെ ക്ഷത്രിയര്‍ എന്നു മുതല്ക്കാണ്‌ ഉണ്ടായത്‌ എന്നുള്ളിന്റെ ഒരു കാലസങ്കല്പമാണ്‌ ഞാന്‍ ഈ പറഞ്ഞത്‌. ആജ്ഞ, അധികാരം, നിയമം എന്നിവയൊക്കെ ഭവാനറിയാമല്ലോ.

ക്ഷത്രിയരുടെ കുലകൂടസ്ഥന്മാര്‍ ഐളന്‍, ഇക്ഷ്വാകു എന്നിവരാണ്‌. മറ്റു രാജാക്കളൊക്കെ പാരമ്പര്യം കൊണ്ട്‌ ഇവരോട്‌ ബന്ധപ്പെട്ടവരാണ്‌. ഐളന്റേയും ഇക്ഷ്വാകുവിന്റേയും വംശക്കാരായി നൂറ്‌ കുലം കാണും. യയാതിയില്‍ നിന്നാണ്‌ ഭോജവംശം വര്‍ദ്ധിച്ചത്‌. ആ വംശം നാലുദിക്കിലും ഇന്ന് പരന്നിരിക്കുന്നു. അവരുടെ ലക്ഷ്മിയെ സര്‍വ്വരാജാക്കന്മാരും സേവിക്കുന്നു. എന്നാൽ ഇപ്പോള്‍ ജരാസന്ധ രാജാവ്‌ ആ കുലത്തിന്റെ ഐശ്വര്യം അടക്കി അഭിഷിക്തനായി എല്ലായിടത്തുമുള്ള രാജാക്കന്മാരുടെ തലയില്‍ക്കയറി നില്ക്കുകയാണ്‌. അവന്‍ മദ്ധ്യഭൂമി ഭരിക്കുന്നു. തമ്മില്‍ കലഹമുണ്ടാക്കുവാന്‍ ഒരുങ്ങി പ്രഭുത്വം തലയില്‍ക്കയറി ദിക്കൊക്കെ അടക്കി ഭരിക്കുകയാണ്‌. അവനാണത്രേ മഹാരാജ സാമ്രാജ്യത്തിന് അര്‍ഹന്‍!

ആ ജരാസന്ധ രാജാവിനെ തന്റെ പാട്ടില്‍ വെച്ച്‌ സേനാപതിയായി പ്രതാപവാനായ ശിശുപാലന്‍ നില്ക്കുന്നു. അവനെ ശിശുപാലന്‍, ശിഷ്യന്‍ ഗുരുവിനെയെന്ന പോലെ, എപ്പോഴും ഉപാസിക്കുന്നു. മഹാബലവാനും, മഹായോദ്ധാവും, മായായുദ്ധ വിദഗ്ദ്ധനുമായ കാരുഷരാജാവ്‌ വക്രനും ജരാസന്ധന്റെ ആശ്രിതനുമാണ്‌. മഹാവീരന്മാരായ ഹംസനും ഡിംഭകനും, ജരാസന്ധനെ ആശ്രയിക്കുന്നു. കാരൂഷന്‍, ദന്തവ്രകന്‍, മേഘവാഹനന്‍, കരഭന്‍ എന്നിവരും അവനെ സേവിക്കുന്നു.

ലോകത്തിലുള്ളതില്‍ വെച്ച്‌ ഏറ്റവും അത്ഭുതകരമായി അറിയപ്പെടുന്ന രത്നം ശിരസ്സില്‍ അണിയുന്നവനും മുരനേയും നരകനേയും സ്വന്തം തേജസ്സു കൊണ്ട്‌ നശിപ്പിച്ചവനും, പടിഞ്ഞാറു ഭാഗത്ത്‌ ഒരു വരുണനെ പോലെ വാഴുന്നവനും, അങ്ങയുടെ അച്ഛന്റെപ്രിയസഖാവുമായ യവനരാജാവ്‌ ഭഗദത്തന്‍, വാക്കു കൊണ്ടും വിശിഷ്യക്രിയ കൊണ്ടും ജരാസന്ധന്റെ വശത്താണ്‌. എങ്കിലും, മനസ്സു കൊണ്ട്‌ അദ്ദേഹത്തിന് നിന്നോട്‌, അച്ഛന്‌ മകനോടെന്ന പോലെ സ്‌നേഹമുണ്ട്‌.

തെക്കും പടിഞ്ഞാറും രാജ്യങ്ങള്‍ക്ക്‌ അധിപനും, ശൂരനും, ഭവാന്റെ അമ്മാവനും, കുന്തിവര്‍ദ്ധനനുമായ പുരുജിത്ത്‌ മാത്രമാണ്‌ അങ്ങയോട്‌ സ്നേഹമുള്ള ഏകരാജാവ്‌. മുമ്പെ ഞാന്‍ കൊല്ലാതെ വിട്ട ജരാസന്ധന്റെ കൂട്ടുകാരനാണ്‌, പുരഷോത്തമനായി ഭാവിക്കുന്ന, ദുര്‍ബുദ്ധിയായ, ചേദിരാജാവ്‌. താനാണ്‌ പുരഷോത്തമന്‍ എന്നു ഭാവിച്ച്‌ എന്റെ ചിഹ്നങ്ങളൊക്കെ എപ്പോഴും മോഹത്തില്‍ അണിയുന്നവനും, വംഗപുന്ധ്ര കിരാതന്മാരുടെ ഒക്കെ അധിപനും, ബലവാനുമായ പൗണ്ഡ്രക വാസുദേവനും ജരാസന്ധ പക്ഷത്താണ്‌.

വിഖ്യാതനും, ഭോജരാജ്യത്തിന്റെ നാലിലൊന്നു ഭാഗത്തിന് അധിപനും, ഇന്ദ്രസഖാവും, മഹാബലനും, സ്വന്തം വിദ്യാബലത്താല്‍ പാണ്ഡ്യര്‍, ക്രഥര്‍, കൈശികര്‍ എന്നിവരെ ജയിച്ചവനുമായ ഭീഷ്മകന്റെ സഹോദരന്‍, വീരനും ജമദഗ്നിപുത്ര തുല്യനുമായ അകൃതി ജരാസന്ധഭക്തനാണ്‌. അവന്‍ ഞങ്ങളുടെ ബന്ധുവായതു കൊണ്ട്‌ എന്നും അവന് പ്രിയമായേ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുള്ളു എങ്കിലും, അവന്‍ സദാ ഞങ്ങളെ ഉപ്രദ്രവിച്ചു കൊണ്ടിരിക്കുന്നു. സ്വന്തം കുലത്തിന്റെ അഭിമാനം നോക്കാതെ, സ്വന്തം ബലം അറിയാതെ, അവന്‍ ജരാസന്ധ ദീപ്തിയില്‍ മോഹിച്ച്‌, ആ മഗാധാധിപന്റെ ആധിപത്യത്തിന്‍ കീഴില്‍ ജീവിക്കുന്നു.

പതിനെട്ട് ഭോജവംശക്കാരും ജരാസന്ധനോടുള്ള ഭയം കൊണ്ട്‌ പടിഞ്ഞാട്ട്‌ മാറിയിരിക്കുകയാണ്‌. അതു പോലെ ബോധന്മാര്‍, ഭദ്രാകരന്മാര്‍, ശൂരസേനര്‍, ശാല്വന്മാര്‍, പടച്ചരന്മാര്‍, മുകുടന്മാര്‍, സുസ്ഥലന്മാര്‍, കളിന്ദന്മാര്‍, കുന്തികള്‍ എന്നിവരും, ശാല്വായനൃപന്മാര്‍ സോദര്യാനുചരന്മാരോടു കൂടിയും, ദക്ഷിണ പാഞ്ചാലര്‍, കിഴക്കന്‍ കോസലര്‍ എല്ലാം കുന്തിരാജ്യത്തേക്കോടി പോയിരിക്കുന്നു. വടക്കന്‍ ദിക്കുവിട്ട് ഓടിവന്ന മത്സ്യര്‍, സന്യസ്തപാദന്മാര്‍ എന്നിവരെല്ലാം തെക്കന്‍ദിക്ക് ആശ്രയിച്ചവരാണ്‌. ജരാസന്ധ ഭയം മൂലം അവരും സര്‍വ്വ പാഞ്ചാലന്മാരും സ്വരാജ്യം വിട്ട്‌ അങ്ങുമിങ്ങും ഓടിക്കളഞ്ഞു. കുറെ നാള്‍ക്കു മുന്‍പ്‌ ബുദ്ധിശൂന്യനായ കംസന്‍, യാദവന്മാരെ ജയിച്ചതിന് ശേഷം രണ്ടു ജരാസന്ധപുത്രികളെ വേട്ടു. അവര്‍ സഹദേവാനുജകളായ അസ്തി യും പ്രാപ്തിയുമാണ്‌. ഈ സഹായത്താല്‍ ആ ദുരാത്മാവ്‌ കൂടുതല്‍ ശക്തനായി തന്റെ വംശക്കാരെ പീഡിപ്പിച്ചു.

കംസന്റെ ദുര്‍ന്നയം വര്‍ദ്ധിച്ചു വന്നു. ഭോജവംശത്തിലെ വൃദ്ധന്മാരായ രാജാക്കന്മാരൊയൊക്കെ ആ ദുഷ്ടന്‍ പീഡിപ്പിച്ചു. അവര്‍ ആത്മരക്ഷയ്ക്കു വേണ്ടി ഈ ഞങ്ങളെ ആശ്രയിച്ചു. ആഹുകന്റെ മകളെ അക്രൂരന് നല്കി, സംകര്‍ഷണനോടൊത്ത്‌ ഞാന്‍ ആ ജ്ഞാതികാര്യം നിര്‍വ്വഹിച്ചു.

രാമന്റെ സഹായത്തോടെ ഞാന്‍ കംസനേയും സുനാമാവിനേയും സംഹരിച്ചു. ഇങ്ങനെ അവനില്‍ നിന്നുള്ള ഭയം തീര്‍ന്നപ്പോള്‍ ജരാസന്ധന്‍ പോരിനൊരുങ്ങി. ഞങ്ങള്‍ യദവന്മാര്‍ പതിനെട്ട്‌ കുലക്കാരും കൂടി ആലോചിച്ചു. അവനേയും കൂട്ടരേയും ഉഗ്രമായ ശസ്ത്രം കൊണ്ട്‌ കൊല്ലാന്‍ ശ്രമിച്ചാല്‍ തന്നെ അത്‌ എളുപ്പമാവില്ലെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. മുന്നുറു കൊല്ലം കൊന്നാലും ഒടുങ്ങാത്ത പട അവനുണ്ട്‌. അവന്‍ അമരതുല്യന്മാരും ബലം കൊണ്ട്‌ ഉഗ്രന്മാരും, ശസത്രം കൊണ്ട്‌ വധിക്കാന്‍ കഴിയാത്തവരുമായ സഹായികളായി ഹംസഡിംഭകന്മാരുമുണ്ട്‌. ആ വീരന്മാരോടു കൂടിയ ജരാസന്ധനെ കീഴടക്കുവാന്‍ മൂന്നു ലോകത്തിനും കഴിയുകയില്ല എന്നാണ്‌ എന്റെ അഭിപ്രായം. ഇത്‌ ഞങ്ങളുടെ മാത്രം അഭിപ്രായമല്ല. മറ്റെല്ലാ മന്നവന്മാരുടേയും അഭിപ്രായം ഇതു തന്നെയാണ്‌. ഇപ്രകാരമാണ്‌ അവന്റെ നില.

ഹംസന്‍ എന്നു പേരായി മഹാബലനായ ഒരു രാജാവുണ്ടായിരുന്നു. അവനെ രാമന്‍ പതിനെട്ട്‌ ദിവസത്തെ യുദ്ധത്തിന് ശേഷമാണ്‌ കൊന്നത്‌. ഹംസനെക്കൊന്നു! എന്ന് ആരോ പറഞ്ഞ്‌ അറിഞ്ഞപ്പോള്‍ യമുനാ നദിയില്‍ ചാടി ഡിംഭകന്‍ മുങ്ങിച്ചത്തു. ഹംസനില്ലാതെ ഈ ലോകത്തില്‍ ഞാന്‍ ജീവിച്ചിരിക്കയില്ല എന്ന് പറഞ്ഞിട്ടാണ്‌ അവന്‍ വെള്ളത്തില്‍ ചാടി ചത്തത്‌. അപ്രകാരം തന്നെ ഡിംഭകന്‍ ചത്തു എന്ന് കേട്ട്‌ ഹംസനും യമുനാ നദിയില്‍ ചാടി മരിച്ചു. അവര്‍ രണ്ടുപേരും മരിച്ച വൃത്താന്തമറിഞ്ഞ്‌ ജരാസന്ധന്‍ ശൂന്യമനസ്സായി സ്വപുരിയിലേക്കു മടങ്ങി പോയി. ആ രാജാവ്‌ മടങ്ങി പോയതിന് ശേഷം ഞങ്ങള്‍ മഥുരാപുരിയില്‍ ആനന്ദത്തോടെ പാര്‍ത്തു. അച്ഛനായ ജരാസന്ധന്റെ സന്നിധിയില്‍ മകളായ കംസഭാര്യ ചെന്നു; ഭര്‍ത്താവു വധിക്കപ്പെട്ടതിലുള്ള ദുഃഖത്തോടെ അവള്‍ അലട്ടുവാന്‍ തുടങ്ങി. എന്റെ കാന്തനെ കൊന്നവനെ അച്ഛന്‍ കൊല്ലുക എന്നു വീണ്ടും വീണ്ടും അവള്‍ നിര്‍ബ്ബന്ധിച്ചു.

മുമ്പെ ചെയ്ത ആലോചന ഞങ്ങള്‍ ഓര്‍ത്തു. വൈമനസ്യത്തോടെ ഞങ്ങള്‍ പിന്മാറി. ഉള്ള സമ്പത്തെല്ലാം എടുത്ത്‌, അതെല്ലാം എടുക്കത്തക്ക വിധത്തില്‍ ചെറിയ കെട്ടുകളാക്കി വിഭജിച്ച്‌, ഉടനെ എല്ലാവരും സ്ഥലം വിടുകയാണ്‌ ഉത്തമമെന്ന്‌ ഞങ്ങള്‍ വിചാരിച്ചു. മക്കളും ബന്ധുക്കളുമൊത്ത്‌ ജരാസന്ധനെ പേടിച്ച്‌, സ്ഥലം വിടുകയാണ്‌ നല്ലത്‌ എന്നുറച്ച്‌ സര്‍വ്വരും പടിഞ്ഞാറന്‍ ദിക്കു നോക്കി പലായനം ചെയ്ത്‌ രൈവതക പര്‍വ്വതങ്ങളാല്‍ചുറ്റപ്പെട്ട രമൃമായ കുശസ്ഥലി എന്ന പടിഞ്ഞാറുള്ള പട്ടണത്തില്‍ താമസമാക്കി. അവിടെ ദേവന്മാര്‍ക്കു പോലും ഭേദിക്കാന്‍ കഴിയാത്ത വിധം ദുര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കി, അതില്‍ ഞങ്ങള്‍ രക്ഷ പ്രാപിച്ചു. അവിടെ സ്ത്രീകളും പൊരുതുവാന്‍ സന്നദ്ധരാണ്‌. വൃഷ്ണിവീരന്മാര്‍ എന്തിനും സന്നദ്ധരാണെന്ന് പറയേണ്ടിതില്ലല്ലോ!

ജരാസന്ധന്‍ ആ പര്‍വ്വതശ്രേഷ്ഠനെ കടക്കുവാന്‍ കഴിയുകയില്ലെന്നതു കൊണ്ട്‌ ജരാസന്ധഭയം തീര്‍ന്ന് മാധവന്മാരായ ഞങ്ങളെല്ലാം ഏറ്റവും സന്തുഷ്ടരായി.

സാമര്‍ത്ഥ്യവും ശക്തിയും ഉണ്ടായിട്ടും ജരാസന്ധ ഭയത്താല്‍ ഞങ്ങള്‍ക്കു, സ്വന്തം സ്ഥലം വിട്ട്‌ ഓടി പോയി, മൂന്നു യോജന നീളമുള്ള ഗോമന്ത പര്‍വ്വതത്തെ ആശ്രയിക്കേണ്ടി വന്നു.

മൂന്നു യോജനയ്ക്കുള്ളില്‍ ഓരോ യോജന ഇടവിട്ട്‌ വലിയ സൈന്യസമൂഹങ്ങളെ സജ്ജരാക്കി നിര്‍ത്തി. ഓരോ യോജനാന്തത്തിലും നൂറു വാതിലുകള്‍ വീതമുള്ള മതിലുകള്‍ ഉണ്ടാക്കി. അതിന് കാവലായി വീരന്മാരായ യോദ്ധാക്കളെ ഏര്‍പ്പെടുത്തി. ഈ ഏര്‍പ്പാടുകളെയെല്ലാം സംരക്ഷിക്കുന്നത്‌ പതിനെട്ട്‌ ശാഖകളില്‍പ്പെട്ട അജയ്യരും ശൂരന്മാരുമായ അസാഖ്യം യാദവവീരന്മാരാണ്‌.

പതിനെണ്ണായിരം ഭ്രാതാക്കള്‍ ചേർന്നതാണ്‌ ഞങ്ങളുടെ കുലം. ആഹുകന് ദേവതുല്യരായ നൂറു മക്കളുണ്ട്‌. ചക്രദേവന്‍, ചാരുദേഷ്ണന്‍, സാതൃകി, രോഹിണീപുത്രനായ ബലരാമന്‍, ഞാന്‍, പ്രദ്യുമ്നന്‍, സാംബന്‍ ഇങ്ങനെ ഏഴ്‌ അതിരഥന്മാരാണ്‌. മറ്റുള്ളവരെപ്പറ്റിയും ഞാന്‍ പറയാം; കേള്‍ക്കുക: കൃതവര്‍മ്മാവ്‌, അനാധൃഷ്ടി, സമീകന്‍, സമിതിഞ്ജയന്‍, കങ്കന്‍, ശങ്കു, കുന്തി ഇവര്‍ വജ്രതുല്യരായ ഏഴ്‌ മഹാരഥന്മാരാണ്‌. അന്ധകഭോജന്റെ രണ്ടു സുതന്മാര്‍, വൃദ്ധനായ രാജാവ്‌ എന്നിവരും വജ്രസമാനരായ വീരന്മാരാണ്‌ ; മഹാരഥന്മാരുമാണ്‌.

ഇവരൊക്കെ മദ്ധ്യപ്രദേശത്ത്‌ വൃഷ്ണിമദ്ധ്യത്തില്‍ ജീവിക്കുന്നു. ഭരതോത്തമനായ ഭവാന്‍ മാത്രമാണ്‌ സാമ്രാജ്യാധിപതിയാകാന്‍ അര്‍ഹന്‍. അതു കൊണ്ട്‌, എല്ലാ ക്ഷത്രിയരുടേയും മീതെ ആധിപത്യത്തിന് നീ ശ്രമിക്കേണ്ടത്‌ വളരെ ഉചിതമാണ്‌. പക്ഷേ, മഹാബലനായ ജരാസന്ധന്‍ ജീവിച്ചിരിക്കുമ്പോള്‍, അങ്ങയ്ക്കു രാജസൂയം നടത്തുവാന്‍ അസാദ്ധ്യമാണെന്നാണ്‌ എന്റെ അഭിപ്രായം.

അവന്‍ അനവധി രാജാക്കളെ ജയിച്ച്‌, ഗിരിവ്രജത്തില്‍ പരാക്രമിയായ സിംഹം താന്‍ കൊന്ന ആനകളെ തടഞ്ഞിട്ടതു പോലെ ബന്ധസനസ്ഥർ ആക്കി ഇട്ടിരിക്കുകയാണ്‌. ആ ജരാസന്ധന്‍ മഹാദേവനും ഉമാപതിയുമായ മഹാത്മാവിനെ തപസ്സാല്‍ സേവിച്ച്‌ പല രാജാക്കന്മാരേയും ജയിച്ചു. അവന്‍ നൂറു രാജാക്കന്മാരെ ഉമാപതിക്ക്‌ ബലി നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ പ്രതിജഞാപൂരണത്തിന്നടുത്ത്‌ ആ രാജാവ്‌ എത്തിയിരിക്കുകയാണ്‌. സൈന്യത്തോടൊപ്പം ലോകത്തിലുള്ള പല രാജാക്കളേയും ജയിച്ച്‌ സ്വപുരത്തിലേക്കു കൊണ്ടു വന്നു. തന്നാല്‍ ബന്ധനസ്ഥരാക്കപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

ഈ ഞങ്ങളും, മഹാരാജാവേ, ജരാസന്ധഭയത്താല്‍ മഥുരാപുരി ഉപേക്ഷിച്ചു പോന്ന് ദ്വാരാവതീപുരിയില്‍ രക്ഷ തേടിയിരിക്കുകയാണ്‌. ഭവാന്‍ രാജസൂയം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ജരാസന്ധനാല്‍ ബന്ധനസ്ഥരാക്കപ്പെട്ട ആ രാജാക്കന്മാരെ വിടുവിക്കാന്‍ നോക്കണം. അതിന്, ആദ്യമായി ജരാസന്ധനെ വധിക്കുകയും വേണം. അത്‌ നിര്‍വ്വഹിച്ചല്ലാതെ ഭവാന്റെ സംരംഭം വിജയിക്കുവാന്‍ പോകുന്നില്ല. അതു കൊണ്ട്‌ ജരാസന്ധനെ കൊല്ലുവാനുള്ള ഉപായമാണ്‌ ആദ്യമായി ചിന്തിക്കേണ്ടത്‌. അവനെ ജയിച്ചാല്‍ എല്ലാം വിജയിച്ചു എന്നു പറയാം. ഇത്‌ എന്റെ അഭിപ്രായമാണ്‌. ഈ സ്ഥിതിക്ക്‌ ഭവാന്റെ അഭിപ്രായമെന്തെന്ന് ചിന്തിച്ചു പറയുക.

15. കൃഷ്ണവാക്യം - യുധിഷ്ഠിര ഭീമസേന ശ്രീകൃഷ്ണ സംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, കൃഷ്ണ! അങ്ങ്‌ പറഞ്ഞത്‌ ബുദ്ധിപൂര്‍വ്വമായ കാര്യമാണ്‌. അന്യബുദ്ധിമാന്മാര്‍ക്കു പറയുവാന്‍ വിഷമമുള്ളതാണ്‌. അങ്ങയെ പോലെ, മറ്റുളളവരുടെ സംശയം പരിഹരിക്കുവാന്‍ പ്രാപ്തിയുള്ളവര്‍ ഈ ഭൂമുഖത്തില്ല. വീടുതോറും ഭൂപന്മാരുണ്ട്‌; അവരൊക്കെ സ്വരാജൃത്തിന് പ്രീതിചെയ്യുന്നവരാണ്‌. അവര്‍ക്കാര്‍ക്കും സാമ്രാജ്യം ലഭിച്ചില്ല. സാമ്രാജ്യം അത്ര എളുപ്പത്തില്‍ കിട്ടുന്നതല്ല. പരാനുഭവം കണ്ടവര്‍ ആത്മസ്തുതിക്ക് ഒരുങ്ങുകയില്ല. ശത്രുജനങ്ങള്‍ ചേർന്ന് വാഴ്ത്തുന്നവനേ പുജ്യനാകയുള്ളു. വളരെ രത്നങ്ങളുള്ള ഈ ഭൂമി വളരെ പരന്നു കിടക്കുന്നു. ദൂരത്തു പോയാലേ ശ്രേയസ്സ്‌ മനസ്സിലാകൂ! അടക്കമാണ്‌ ഉത്തമം. നമുക്ക്‌ അടക്കം കൊണ്ടേ സുഖം ലഭിക്കയുള്ളു. ചാടിച്ചെന്നതു കൊണ്ടൊന്നും പരമേഷ്ടി പദം നേടാമെന്ന് ആരും വിചാരിക്കേണ്ട. ഏറ്റവും മനസ്വികളായ കുലീനന്മാരില്‍ ഒരുത്തന്‍ ഒരിക്കല്‍ ശ്രേഷ്ഠനായേക്കാം. ജനാര്‍ദ്ദനാ! നമ്മള്‍ അന്നു ജരാസന്ധ മന്നനില്‍ ഭയം കാരണം അവന്റെ തിന്മ കണ്ടിട്ട്‌ ശങ്കിക്കയുണ്ടായല്ലേോ. ഞാനാണെങ്കില്‍ ഹേ, ദുദ്ധര്‍ഷാ! ഭവാന്റെ വീര്യത്തെ ആശ്രയിച്ചവനാണ്‌. ആങ്ങു തന്നെ ശങ്കിച്ചിരിക്കെ ഞാന്‍ ശക്തനാണെന്ന് അഭിമാനിക്കുന്നില്ല.

അങ്ങുന്നും രാമനും ഭീമനും അര്‍ജ്ജുനനും കൂടിയാല്‍ അവനെ കൊല്ലുവാന്‍ ആളാവുകയില്ലേ? ഇങ്ങനെയൊക്കെ ഞാന്‍ വീണ്ടും ചിന്തിക്കുന്നുണ്ട്‌. ഹേ, കേശവാ!, ഞാനെന്തു പറയാനാണ്‌! അങ്ങുന്നാണ് ഈയുള്ളവര്‍ക്കെല്ലാം എല്ലാറ്റിനും പ്രമാണം.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട വാക്യവിശാരദനായ ഭീമന്‍ പറഞ്ഞു.

ഭീമന്‍ പറഞ്ഞു: ഉത്സാഹം കെട്ട രാജാവ്‌ മണ്‍പുറ്റു പോലെ അലിഞ്ഞു പോകും. ശക്തനെപ്പോലും വീഴ്ത്തുവാന്‍ ഉപായം നോക്കാത്തവനാണ്‌ ദുര്‍ബ്ബലന്‍! മടിവിട്ടാല്‍, ഉത്സാഹമുണ്ടെങ്കില്‍ ഏതു ശക്തനായ വൈരിയേയും ഏതു ദുര്‍ബ്ബലനും നല്ല നീതി പ്രയോഗിച്ച്‌ ജയിക്കുവാന്‍ കഴിയും. തന്നോട്‌ എതിര്‍ത്താലും ജയിക്കാം. നയം കൃഷ്ണനിലുണ്ട്‌, ശക്തി എന്നിലുണ്ട്‌, ജയം പാര്‍ത്ഥനിലുണ്ട്‌. നമ്മള്‍ മുന്നു പേരും ചേർന്നാല്‍ മുന്ന്‌ അഗ്നികള്‍ ഇഷ്ടിയെ എന്ന പോലെ ആ മാഗധന്റെ കഥ അവസാനിപ്പിക്കാം.

കൃഷ്ണന്‍ പറഞ്ഞു: സ്വകാര്യ തല്‍പരനായ, ബുദ്ധിക്ക്‌ പാകം വന്നിട്ടില്ലാത്ത ഒരുവന്‍ കുട്ടികളെ പോലെ ഭവിഷ്യത്തിനെ കുറിച്ചു ചിന്തിക്കുന്നില്ല. അവന്‍ ബലവാനായ ശത്രുവിനെ കുറിച്ചു ചിന്തിക്കുകയില്ല, അര്‍ത്ഥപരായണരായ കുട്ടികളെ പോലെ, ത്യാഗം കൊണ്ടു യവനാശ്വി ( മാന്ധാതാവ്‌ ) പ്രജാപാലന വൈശിഷ്ട്യം കൊണ്ട്‌ ഭഗീരഥന്‍, തപശ്ശക്തി ഒന്നു കൊണ്ടു മാത്രം കാര്‍ത്തവീര്യന്‍, ആത്മശക്തി കൊണ്ടു വിഭുവായ ഭരതന്‍, സമ്പത്പ്രഭാവത്തില്‍ മരുത്തന്‍, ഇങ്ങനെ അവര്‍ അഞ്ചുപേരും സാമ്രാട്ടായി. യുധിഷ്ഠിരാ! ഭവാന് സാമ്രാജ്യം ഈ പറയപ്പെട്ട സര്‍വ്വഗുണങ്ങളുമുള്ളതു കൊണ്ട്‌ നേടുവാന്‍ നിശ്ചയമായും കഴിയും! എല്ലാ ഗുണങ്ങളും ചേർന്ന  ഭവാന് അതു ലഭിക്കുക തന്നെ ചെയ്യും.

ഇതെല്ലാം നോക്കിയാല്‍ ബാര്‍ഹദ്രഥനായ ജരാസന്ധനും ഈ സ്ഥാനത്തിന് അര്‍ഹനാണ്‌. തനിയെ നിന്ന് നൂറു വംശത്തിലെ രാജാക്കന്മാര്‍ എല്ലാവരും അവനെ തടുക്കാന്‍ ശക്തർ അല്ലാതായിരിക്കുന്നു.. അതു കൊണ്ട്‌ സ്വബലത്താല്‍ അവനെ സാമ്രാട്ടായി കരുതാം. രത്നസമ്പത്തുള്ള രാജാക്കന്മാര്‍ അതു കൊടുത്ത്‌ ആ ജരാസന്ധനെ ഉപാസിക്കുന്നു. എന്നിട്ടും ആ മൂര്‍ഖന്‍ സംതൃപ്തനാകുന്നില്ല. കിരീടധാരികളായ രാജാക്കന്മാരെയെല്ലാം, അവരിലെല്ലാം പ്രധാനിയായിരുന്നിട്ടും, അവനെന്നും ആക്രമിച്ചു പീഡിപ്പിച്ച്‌ കൊണ്ടിരിക്കുന്നു. അവന്‍ കപ്പം വാങ്ങിക്കാത്ത രാജാക്കന്മാരുമില്ല.

ഇപ്രകാരം ജരാസന്ധന്‍ നൂറോളം രാജാക്കന്മാരെ ബന്ധനത്തിൽ ആക്കിയിരിക്കുന്നു. പിന്നെ , ദുര്‍ബ്ബലനായ ഏതു രാജാവിന്, ഹേ, പാര്‍ത്ഥാ, അവനോട്‌ ഇടയാന്‍ ധൈരൃമുണ്ടാകും? ഹേ, ഭാരതര്‍ഷഭാ! പശുപതിയുടെ ഗൃഹത്തില്‍ ( ശിവന്റെ അമ്പലത്തില്‍ ) പശുക്കളെ പോലെ ബന്ധനസ്ഥരായ ആ രാജാക്കന്മാരുടെ അവസ്ഥയും ജീവതവും എത്ര ദൈന്യമാണ്‌!

ക്ഷത്രിയന്മാര്‍ക്കു ശസ്ത്രമരണമാണല്ലോ ഉത്തമമായിട്ടുള്ളത്‌. അതു കൊണ്ട്‌, നമുക്കെല്ലാവര്‍ക്കും കൂടി ഒന്നിച്ച്‌ അവനെ ആക്രമിച്ചു കൂടേ? എണ്‍പത്താറു രാജാക്കന്മാരെ അവന്‍ ബന്ധിച്ചു കഴിഞ്ഞു. ഇനി നൂറു തികയാന്‍ പതിന്നാലു പേര്‍ മാത്രമേ വേണ്ടൂ. ആ പതിന്നാലു തികയേണ്ട താമസമേയുള്ളു. ഉടനെ അവരെയെല്ലാം അവന്‍ ക്രൂരമായി വധിക്കും. അതില്‍ തടസ്സം ചെയ്യുന്നവന്‍ ആരോ അവന്‍ മഹത്തായ കീര്‍ത്തി സമ്പാദിക്കും! ജരാസന്ധനെ വധിക്കുന്നവന്‍ ക്ഷത്രിയരുടെയെല്ലാം സാമ്രാട്ടാവുകയും ചെയ്യും.

16. ജരാസന്ധവധമന്ത്രണം - അര്‍ജ്ജുനവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: സാമ്രാട്ടു പദവി മോഹിച്ച്‌ നിങ്ങളെ ഞാന്‍ എങ്ങനെ അയയ്ക്കും? സ്വാര്‍ത്ഥം മാത്രം നോക്കി ഞാന്‍ സാഹസമായി എങ്ങനെ നിങ്ങളെ അയയ്ക്കും? ഭീമാര്‍ജ്ജുനന്മാര്‍ എന്റെ രണ്ടു കണ്ണുകളാണ്‌. ജനാര്‍ദ്ദനാ! നീ എന്റെ മനസ്സാണ്‌. കണ്ണും മനസ്സും പോയാല്‍ പിന്നെ ഒരുവന്‍ എങ്ങനെ ജീവിക്കും? ജരാസന്ധന്റെ മഹാശക്തമായ മഹാസൈനൃത്തെ ജയിക്കുവാന്‍ യമനും കൂടി സാധിക്കയില്ല. പിന്നെ നിങ്ങള്‍ ചെന്ന് എന്തു കാണിക്കും? ഇക്കാര്യത്തിൽ ഏര്‍പ്പെട്ടാല്‍ അനര്‍ത്ഥം വന്നു ഭവിക്കും. അതു കൊണ്ട്‌ ഇതിന് സമ്മതിക്കുവാന്‍ വയ്യ എന്നാണ്‌ എന്റെ അഭിപ്രായം. ഞാന്‍ തനിച്ചു ചിന്തിച്ചതില്‍ എന്റെ അഭിപ്രായം ഞാന്‍ പറയാം, കേള്‍ക്കുക ജനാര്‍ദ്ദനാ! ഞാന്‍ ഇക്കാര്യം ഉപേക്ഷിച്ചു കളയാം; അതാണ്‌ നല്ലത്‌. എന്റെ മനസ്സ്‌ വല്ലാതെ ഇടിയുന്നു! രാജസൂയം നടക്കാത്ത ഒരു കാര്യമാണ്‌!

വൈശമ്പായനൻ പറഞ്ഞു: ഗാണ്ഡീവം, അമ്പൊടുങ്ങാത്ത ആവനാഴി, രഥം, ധ്വജം, സഭ ഇതൊക്കെ നേടിയ അര്‍ജ്ജുനന്‍ ധര്‍മ്മപുത്രനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: വില്ല്‌, അസ്ത്രം, അമ്പ്‌, വീരന്മാരായ ബന്ധുക്കള്‍, പാരിടം, ബലം ഇവയൊക്കെ ഞാന്‍ നേടി രാജാവേ! കിട്ടുവാന്‍ വിഷമമുള്ള അഭീഷ്ടവും നേടി. നില കണ്ട പണ്ഡിതന്മാര്‍ കുലജന്മവും പുകഴ്ത്തുന്നു. പക്ഷേ, ബലത്തിനൊപ്പം ഒന്നുമില്ല. വീരൃത്തിന് വിലകൂടും. കൃതവീര്യന്റെ വംശത്തില്‍ പിറന്നവനായാലും വീര്യമില്ലാത്തവനെ കൊണ്ട്‌ എന്തു നടത്താന്‍ പറ്റും? നിര്‍വ്വീര്യ വംശജനായാലും വിീര്യമുള്ളവൻ ആണെങ്കില്‍ പലതും നടക്കും! സ്വന്തം പരാക്രമത്താല്‍ ശത്രുക്കളെ കീഴടക്കി സ്വന്തം കീര്‍ത്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നവനാണ്‌ ക്ഷത്രിയന്‍. ഗുണമില്ലെങ്കിലും വീര്യമുള്ളവനായാല്‍ അവന്‍ ശത്രുക്കളെ ജയിക്കും. മറ്റെല്ലാ ഗുണവും തികഞ്ഞവനാണെങ്കിലും നിര്‍വ്വീര്യന് എന്തു ചെയ്യുവാന്‍ കഴിയും ? എല്ലാ ഗുണങ്ങള്‍ ക്കും നിദാനം പരാക്രമമാണ്‌. ശ്രദ്ധ, കര്‍മ്മം, ദൈവം എന്നിവയാണ്‌ ജയഹേതുക്കള്‍. ബലമുള്ളവനായാലും അശ്രദ്ധമൂലമുള്ള തെറ്റു കൊണ്ട്‌ ജയാര്‍ഹനല്ലാതെ ഭവിക്കും. ആ വഴിക്കു ശത്രുക്കളില്‍ നിന്ന് അവരേക്കാള്‍ ബലിഷ്ഠരായവരും തോറ്റെന്നു വരും. ദൈന്യം ( അനുത്സാഹം ) ദൂര്‍ബ്ബലന് എന്ന വിധം തന്നെ മോഹം ( തെറ്റ്‌ ) ബലിഷ്ഠനും നാശഹേതുവാണ്‌. അതുകൊണ്ട്‌ ജയേച്ഛവായ രാജാവ്‌ ഇവ രണ്ടും ഉപേക്ഷിക്കണം. 

  

ജരാസന്ധ ധ്വംസനവും രാജാക്കന്മാരുടെ രക്ഷയും യജ്ഞാര്‍ത്ഥമായി നമ്മള്‍ ചെയ്താല്‍ അതിലും മേലെയെന്തുണ്ട്‌? യത്നിക്കാഞ്ഞാല്‍ ഗുണം കിട്ടുകയില്ലെന്നുള്ളതു തീര്‍ച്ചയാണ്‌. എന്നാൽ, നാം അതിന് ശ്രമിക്കാതിരുന്നാല്‍ ലോകം നമ്മെ അസമര്‍ത്ഥരും നിര്‍ഗ്ഗുണരുമായി കണക്കാക്കും. ശമമിച്ഛിക്കുന്ന മുനികള്‍ക്ക്‌ കാഷായ വസ്ത്രം കിട്ടുവാന്‍ ഒട്ടും പ്രയാസമില്ല. അതു പോലെ നാം ശത്രുവിനെ കീഴടക്കിയാല്‍ നമുക്കു വിഷമമെന്യേ സാമ്രാജ്യവും കിട്ടും. അതു കൊണ്ട്‌ നാം ശത്രുക്കളോടു പോരാടുവാന്‍ തീരുമാനിക്കണം.

17. ജരാസന്ധോത്പത്തി - വാസുദേവന്‍ പറഞ്ഞു: ഭരതന്റെ വംശത്തില്‍ പിറന്നവനും, വീരമാതാവായ കുന്തി പ്രസവിച്ചവനും കാണിക്കേണ്ട ബുദ്ധിയാണ്‌ അര്‍ജ്ജുനന്‍ ഇപ്പോള്‍ വെളിവാക്കിയത്‌. എപ്പോളാണ്‌ മരണം, രാത്രിയോ പകലോ, എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. യുദ്ധം ചെയ്യാത്തതു കൊണ്ട്‌ മരണം ഒഴിവായി ജീവിക്കുന്ന മനുഷ്യരെ ആരെയും നാം ലോകത്തില്‍ കാണുന്നില്ല; കേള്‍ക്കുന്നുമില്ല. വീരനായ പരുഷനന് ഏറ്റവും സന്തോഷകരമായിട്ടുള്ളത്‌, തരം കണ്ട്‌, നയംനോക്കി, ശത്രുക്കളോട്‌ എതിര്‍ക്കുക എന്നുള്ളതാണ്‌. അതിന് അപായം കൂടാതെയുള്ള സുനയപ്രയോഗം മുഖ്യമായ മാര്‍ഗ്ഗമാണ്‌. സാമോപായം ചിലപ്പോള്‍ ഫലിച്ചെന്നു വരാം, ഫലിച്ചില്ലെന്നും വരാം. നയോപായങ്ങള്‍ ഇല്ലാത്തവന് യുദ്ധത്തില്‍ നാശം സംഭവിക്കും. സാമ്യം സ്വീകരിച്ചാല്‍ വിജയം സംശയഗ്രസ്തമാകും. രണ്ടു പേര്‍ക്കും ജയം ലഭിക്കയില്ലല്ലോ. എന്നാൽ ഞങ്ങള്‍ നയത്തോടു കൂടെ ശത്രുപാര്‍ശ്വത്തില്‍ ചെന്ന് ഒഴുക്ക്‌ വൃക്ഷത്തെയെന്ന പോലെ വീഴിക്കാതിരിക്കുമോ? പഴുതു നോക്കി അറിഞ്ഞ്‌ കയറി, സ്വന്തം ന്യൂനതകള്‍ ശത്രുക്കളെ കാണിക്കാതെ, വ്യൂഹം കെട്ടി ശത്രുവീരന്മാരോടു ചേർന്ന് ഉറപ്പോടു കൂടി ഏല്ക്കും! പൊരുതാതെ കാര്യം നിര്‍വ്വഹിക്കുക എന്ന ധീമാന്മാരുടെ വചനം ശോഭനം തന്നെ.

യാതൊരു കുറവും കൂടാതെ, ശത്രുഗൃഹത്തില്‍ ആരുമറിയാതെ കയറിച്ചെന്ന്‌, ശത്രുവിനെ കണ്ട്‌ ആക്രമിച്ച്‌, ഈ ഞങ്ങള്‍ ഉദദേശിച്ച കാര്യം നടത്തും. ഒരു പുമാന്‍ മാത്രമേ ലക്ഷ്മിയെ ഭരിക്കുന്നതായി കാണപ്പെടുന്നുള്ളു. ആ ജരാസന്ധന്‍, എല്ലാ ജീവികളിലും അധിവസിക്കുന്ന സര്‍വ്വാന്തര്യാമിയെ പോലെ ഭരണം നടത്തുന്നു! വേറെ ആരെയും തത്തുല്യനായി കാണുന്നില്ല. അവന്റെ നാശം നമ്മുടെ മുമ്പില്‍ വെച്ചു നടക്കും! അതല്ല, അവനെ ഹിംസിക്കുമ്പോള്‍ മറ്റുള്ളവര്‍ വന്ന് ഞങ്ങളെ കൊല്ലുകയാണെങ്കില്‍ കാരാഗൃഹത്തില്‍ കിടക്കുന്ന ജഞാതിരാജാക്കന്മാരെ രക്ഷിക്കുന്നതിന് വേണ്ടി ഞങ്ങള്‍ സ്വര്‍ഗ്ഗം പ്രാപിച്ചു എന്ന പ്രസിദ്ധിയും നേടാമല്ലോ!

യുധിഷ്ഠിരന്‍ പറഞ്ഞു: കൃഷ്ണ! ആരാണീ ജരാസന്ധന്‍? അവന്റെ വീര്യപരാക്രമങ്ങളെന്താണ്‌ ? തീയിനോടൊക്കുന്ന ഭവാനോടു പൊരുതിയിട്ട്‌ അവന്‍ പാറ്റ പോലെ എരിഞ്ഞില്ലല്ലോ!

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഹേ, രാജാവേ! ജരാസന്ധന്റെ വീര്യവും വിക്രമവും ഞാന്‍ പറയാം. ഏറെ ദ്രോഹിച്ചിട്ടും ഞങ്ങള്‍ അവനെ കൈവിടാഞ്ഞത്‌ എന്തു കൊണ്ടാണെന്നും പറയാം. മൂന്ന് അക്ഷൗഹിണീ ബലത്തോടു കൂടി മഗധയില്‍, രൂപയൗവന സമ്പന്നനും, ശ്രീമാനും അതുല്യവിക്രമനും, മഹാബലനുമായി ബൃഹദ്രഥന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അവന്‍ ക്ഷമയില്‍ ഭൂമിയോടു തുല്യനും, കോപത്തില്‍ യമനോടു തുല്യനും,ശ്രീയാല്‍ വൈശ്രവണോപമനും ആയിരുന്നു. അവന്റെ തറവാടിത്തം തികഞ്ഞ ഗുണങ്ങള്‍ കൊണ്ട്‌ പാരിടം അര്‍ക്കരശ്മികളാല്‍ വ്യാപ്തമായതു പോലെ പ്രകാശിച്ചു. അവന്‍ കാശിരാജാവിന്റെ രണ്ടു മക്കളെ വിവാഹം ചെയ്തു. ആ സുന്ദരിമാർ രണ്ടും ഇരട്ട, പ്രസവിച്ചവരായിരുന്നു. രാജാവ്‌ ആ പത്നിമാരുടെ സന്നിധിയില്‍ സത്യം ചെയ്തു, അവരെ രണ്ടു പേരെയും അതിവര്‍ത്തിക്കയില്ലെന്ന്.  ആ പത്നിമാരോടു കൂടി രാജാവ്‌ രമിച്ചു. പ്രിയകളും അനുരൂപകളുമായ രണ്ടു പിടിയാനകളോടു കൂടിയ ഒരു മത്തഗജേന്ദ്രനെ പോലെ ആ രണ്ടു പത്നിമാരുടേയും നടുവില്‍ രാജാവ്‌ ഗംഗായമുനാ നദിയുടെ നടുവില്‍ ശരീരമെടുത്ത മഹാസമുദ്രം പോലെ ശോഭിച്ചു.

അവന്റെ വിഷയാസക്തിയോടൊപ്പം യൗവനവും അവസാനിച്ചു. ആ നൃപന് വംശവൃദ്ധിക്ക്‌ സന്താനമൊന്നുമുണ്ടായില്ല. മംഗളകരമായ പല കര്‍മ്മങ്ങളും ചെയ്തു ഹോമം മുതലായ പലതും ചെയ്തു. പുത്രകാമേഷ്ടിയും ചെയ്തു. എന്നിട്ടും കുലവര്‍ദ്ധനനായ പുത്രനെ ലഭിച്ചില്ല.

പിന്നെ അവന്‍ ഒരു മഹര്‍ഷിയെ പറ്റി കേട്ടു. കാക്ഷീവാരന്റെ പുത്രനായി ചണ്ഡകൗശികന്‍ എന്നു പേരായ ഒരു തപോധനന്‍ ഉണ്ടായിരുന്നു. യദൃച്ഛയാ ഒരു ദിവസം ആ മുനി രാജസന്നിധിയിലെത്തി. മുനി ഒരു വൃക്ഷച്ചുവട്ടിലിരുന്നു. അപ്പോള്‍ രാജാവ്‌ പത്നിമാരോടു കൂടി വളരെ രത്നങ്ങള്‍ നല്കി മഹര്‍ഷിയെ പ്രീതനാക്കി. സത്യവാദിയും സതൃസ്ഥിരനുമായ ആ മുനി അവനോടുപറഞ്ഞു.

മുനി പറഞ്ഞു: രാജാവേ, ഞാന്‍ ഭവാനില്‍ പ്രസാദിച്ചിരിക്കുന്നു. ഹേ, സുവ്രതാ! വരം വാങ്ങിയാലും!

കൃഷ്ണന്‍ പറഞ്ഞു: സഭാരൃനായ ബൃഹദ്രഥന്‍ കുമ്പിട്ട്‌, മക്കളില്ലാത്ത ദുഃഖം മൂലം ഗദ്ഗദ കണ്ഠനായി മുനിയോടു പറഞ്ഞു.

ബൃഹദ്രഥന്‍ പറഞ്ഞു: ഭഗവാനേ, ഞാന്‍ നാടു വിട്ടു പോവുകയാണ്‌. ഭാഗൃഹീനന് എന്തിന് വരം ? പുത്രനില്ലാത്തവന് നാട്‌ എന്തിന്?

ശ്രീകൃഷ്ണന്‍ കഥ തുടര്‍ന്നു: ഇതു കേട്ടപ്പോള്‍ ജിതേന്ദ്രയനായ ആ മുനി അല്പസമയം ധ്യാനം പൂണ്ടിരന്നു. ആ ചൂതവൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനനിമഗ്നനായി ഇരിക്കുന്ന മുനീന്ദ്രന്റെ മടിയില്‍, തത്തച്ചുണ്ടിന്റെ സ്പര്‍ശം പോലുമേല്ക്കാത്ത ഒരു മാമ്പഴം വീണു. അതെടുത്ത്‌ മുനിശ്രേഷ്ഠന്‍ ഹൃദയപൂര്‍വ്വം ജപിച്ച്‌ രാജാവിന് പുത്രനുണ്ടാകുവാന്‍ അനുഗ്രഹിച്ചു നല്കി. എന്നിട്ട്‌ ആ മഹാപ്രാജ്ഞന്‍ അരചനോടു പറഞ്ഞു, രാജാവേ, പൊയ്ക്കൊള്ളുക! നീ കൃതകൃത്യനാണ്‌ എന്ന്. ഇതു കേട്ട്‌ ആ നരശ്രേഷ്ഠന്‍ മുനീന്ദ്രന്റെ ചരണങ്ങളില്‍ കുമ്പിട്ട് നമസ്കരിച്ച്‌ സ്വഗൃഹത്തിലേക്കു പോയി. താന്‍ ചെയ്ത സത്യത്തെ ഓര്‍ത്ത്‌ രാജാവ്‌ അപ്പോള്‍ മാമ്പഴം രണ്ടു പത്നിമാര്‍ക്കുമായി നല്കി. ആ സാധ്വികള്‍ അതു രണ്ടായി പിളര്‍ന്നു ഭക്ഷിച്ചു. വിധി അതാകയാലും മുനിയുടെ വാക്കിനാലും മാമ്പഴം തിന്നതു മൂലം രണ്ടു പേര്‍ക്കും ഗര്‍ഭമുണ്ടായി. അവരെ കണ്ട്‌ രാജാവ്‌ ആനന്ദിച്ചു.

ഒട്ടുനാള്‍ കഴിഞ്ഞ്‌ അവര്‍ യഥാകാലം പ്രസവിച്ചു. രണ്ടു പേരും ഒരേ മട്ടില്‍ ശരീരാര്‍ദ്ധങ്ങളേയാണ്‌ പ്രസവിച്ചത്‌. ഒരു കണ്ണ്‌, ഒരു കാല്‌, നെടുനീളെ കീറിയമാതിരി മുഖം, പാതി സ്ഫിക്‌, പാതി കുക്ഷി ഇങ്ങനെയുള്ള ശരീരാര്‍ദ്ധങ്ങളെ കണ്ട്‌ അവര്‍ വിറച്ചു പോയി. അവര്‍ ഭയപ്പെട്ടു. മഹാവികൃത രൂപികളായ ഈ സത്വങ്ങള്‍ രണ്ടിനേയും കണ്ട്‌ ആ ജ്യേഷ്ഠാനുജത്തികളായ തന്വികള്‍ തമ്മിലൊത്ത്‌ ചിന്തിച്ചു, ആരും അറിയാതെ ജീവനുള്ള ഈ അര്‍ദ്ധശരീര പ്രജകളെ കൈവെടയുക തന്നെ എന്ന്. അവര്‍ ദുഃഖത്തോടെ അവയെ ഉപേക്ഷിച്ചു. രണ്ടു ധാത്രിമാര്‍ ആ ഗര്‍ഭവികൃതികളെ മൂടിക്കെട്ടി അന്തഃപുരത്തിന്റെ പടികടന്ന് വെളിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചിട്ടു പോന്നു.

വഴിയില്‍ക്കിടക്കുന്ന ആ രണ്ടു ശരീരാര്‍ദ്ധങ്ങളും കണ്ട്‌ ജര എന്ന രാക്ഷസി ചെന്നെടുത്തു. അവള്‍ മാംസരക്തങ്ങള്‍ ഭക്ഷിക്കുന്ന ക്രൂരയാണ്‌. ആ പ്രജയളെ കൊണ്ടു പോകുവാനുള്ള എളുപ്പം നോക്കി ആ രാക്ഷസി രണ്ടു സകലങ്ങളേയും എടുത്ത്‌ ഒന്നായിച്ചേര്‍ത്തു. വിധിയോഗബലം നോക്കു! ഒന്നായിച്ചേർന്ന  ഉടനെ അതു രണ്ടും അഭേദ്യമായി ചേർന്ന് ഒട്ടി; ഉടനെ ഒരു വീരനായ കുമാരനായി തീര്‍ന്നു. ആ രാക്ഷസി വിസ്മയം കൊണ്ടു ഉല്‍ഫുല്ലനേത്രയായി നിന്നു. വജ്രസമനായ ആ കുട്ടിയെ എടുക്കുവാന്‍ പോലും അവള്‍ അശക്തയായി!

തുടത്ത കൈ ചുരട്ടി വായില്‍വച്ച്‌ ആ കുട്ടി ഉന്മേഷത്തോടെ ഉച്ചത്തില്‍ കരഞ്ഞു. ഇടിവെട്ടുന്ന പോലെ അവന്റെ കരച്ചില്‍ മാറ്റൊലിക്കൊണ്ടു. ആ കരച്ചില്‍ കേട്ട്‌ അന്തഃപുര നിവാസികള്‍ രാജാവിനോടു കൂടി പുറത്തേക്കു വന്നു. മുലയില്‍ പാല്‍ നിറഞ്ഞു വിഷമിക്കുന്ന ആ രണ്ടു സ്ത്രീകളും വന്നു. രണ്ടുപേരും പുത്രദുഃഖം മൂലം ഒപ്പം വന്നെത്തി. അങ്ങനെ വിഷമിച്ചു നില്ക്കുന്നസ്ത്രീകളേയും പുത്രകാമനായി നില്ക്കുന്ന രാജാവിനേയും ബലവാനായ കുട്ടിയേയും കണ്ട്‌ രാക്ഷസി ചിന്തിച്ചു, പുത്രാര്‍ത്ഥിയായി, ധാര്‍മ്മികനായി, മഹാനായി, വാഴുന്ന ഈ രാജാവിന്റെ രാജ്യത്തു പാര്‍ക്കുമ്പോള്‍ ഈ കുട്ടിയെ കൊല്ലുന്നതു ശരിയല്ല എന്ന്. ഇപ്രകാരം ചിന്തിച്ച്‌, പ്രഭ ശോഭിക്കുന്ന ആ കുട്ടിയെ മേഘലേഖ പോലെ അവള്‍ എടുത്ത്‌, മനുഷ്യസ്ത്രീയുടെ രൂപം ധരിച്ച്‌, രാജാവിന്റെ അരികെച്ചെന്നു പറഞ്ഞു.

രാക്ഷസി പറഞ്ഞു: ഹേ, ബൃഹദ്രഥാ!, ഭവാന്‌ ഞാന്‍ നലകുന്ന ഈ കുട്ടിയെ ഭവാന്‍ വാങ്ങുക. ബ്രഹ്മര്‍ഷിയുടെ വാക്കുപ്രകാരം ഭവാന്റെ രണ്ടു ഭാര്യമാരുടെ ഗര്‍ഭത്തില്‍ ഉണ്ടായവനാണ്‌ ഈ കുട്ടി. ധാത്രിമാര്‍ കൊണ്ടു കളഞ്ഞപ്പോള്‍ ഞാന്‍ എടുത്തു രക്ഷിച്ചു.

കൃഷ്ണന്‍ പറഞ്ഞു: ഉടനെ കാശിരാജാവിന്റെ പുത്രിമാര്‍ ആ പുത്രനെ എടുത്ത്‌ മുലപ്പാലു കൊണ്ട്‌ അഭിഷേകം ചെയ്തു. ആ രാജാവ്‌ സംഭവങ്ങളൊക്കെയറിഞ്ഞ്‌ വളരെ സന്തോഷിച്ചു. മനുഷ്യരൂപം സ്വീകരിച്ചു നില്ക്കുന്ന രാക്ഷസിയോടു പറഞ്ഞു.

രാജാവ്‌ പറഞ്ഞു: നീയാരാണ്‌ ഹേ, കമലഗര്‍ഭാഭേ! എനിക്കു പുത്രനെ നല്കിയ നീ ആരാണ്‌ ? പറയൂ കല്യാണീ, നീ ഒരു ദേവിയാണെന്നു തോന്നുന്നു

18. ജരാസന്ധോത്പത്തി (തുടര്‍ച്ച) - രാക്ഷസി പറഞ്ഞു; ജര എന്നു പേരായ രാക്ഷസിയാണ്‌ ഞാന്‍. വേഷം മാറിയിരിക്കുകയാണ്‌ ഞാന്‍. ഭവാന്റെ ഗൃഹത്തില്‍ പൂജയേറ്റ്‌ രാജാവേ, ഞാന്‍ സുഖമായി വസിക്കുകയായിരുന്നു. മനുഷ്യ മന്ദിരങ്ങള്‍ തോറും പാര്‍ക്കുന്ന രാക്ഷസിയാണ്‌ ഞാന്‍. ഗൃഹദേവീ നാമത്തില്‍ എന്നെ ബ്രഹ്മാവ്‌ സൃഷ്ടിച്ചു. ദിവ്യയായ എന്നെ ദാനവ ധ്വംസനത്തിനായി അയച്ചതാണ്‌. പുത്രരോടു കൂടിയവളും, യൗവനയുക്തയുമായ എന്നെ ഭിത്തിയില്‍ വരച്ചാല്‍ അവന്റെ ഗൃഹത്തില്‍ അന്നു മുതല്‍ അഭിവൃദ്ധിയുണ്ടാകും. അല്ലെങ്കില്‍ ക്ഷയിക്കും. ഭവാന്റെ ഗൃഹത്തിലിരിക്കുന്ന ഞാന്‍ നിത്യവും പൂജയേൽക്കുന്നു. ചുമരില്‍ എന്നെ പുത്രരോടു കൂടി വരിച്ചിട്ടുണ്ട്‌. ഗന്ധം, പ്രസൂനം, ധൂപം, ഭക്ഷ്യം, ഭോജ്യം എന്നിവയാലുള്ള അര്‍ച്ചനയേറ്റ്‌ ഞാന്‍ ഭവാന് പ്രത്യുപകാരം എന്താണ്‌ ചെയ്യേണ്ടതെന്നു കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഭവാന്റെ ഈ പുത്രശകലം രണ്ടും കണ്ടെത്തി. ധാര്‍മ്മികാ! ഞാന്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ദൈവഗത്യാ സുന്ദരനായ ഒരു കുമാരൻ തന്നെയായി. ഭവാന്റെ ഭാഗ്യത്താല്‍ അതു സംഭവിച്ചു. അതിന് ഞാന്‍ ഒരു കാരണം മാത്രം. മഹാമേരു പോലും തിന്നുവാന്‍ ശക്തയാണ്‌ ഞാന്‍; പിന്നെ ഈ കുട്ടിയുടെ കഥയെന്തുണ്ട്‌? ഗൃഹപൂജാ പ്രസാദത്താല്‍ ഞാന്‍ ഭവാനു കുട്ടിയെ നല്കുന്നു.

ശ്രീകൃഷ്ണന്‍ പറഞ്ഞു; എന്നു പറഞ്ഞ്‌ യുധിഷ്ഠിരാ! അവള്‍ അവിടെ തന്നെ മറഞ്ഞു. രാജാവ്‌ കുട്ടിയേയും കൊണ്ട്‌ ഗൃഹത്തില്‍ കയറി. ആ ബാലന് വേണ്ട ജാതകര്‍മ്മങ്ങളൊക്കെ രാജാവു ചെയ്തു. പിന്നെ രാജാവ്‌ മഗധയില്‍ രാക്ഷസിയുടെ സ്മാരകമായി, അവളെ ബഹുമാനിക്കുവാന്‍, ഒരു പരമോത്സവം ഏര്‍പ്പാടു ചെയ്തു. പിതാമഹസമനായ ആ പിതാവ്‌ ആ കുട്ടിക്കു പേര്‍ നല്കി. ജര സന്ധിപ്പിച്ചതു കൊണ്ടു ജരാസന്ധന്‍ എന്നു നാമകരണം ചെയ്തു. മഗധാധിപന്റെ ആ പുത്രന്‍, പൊക്കവും വണ്ണവുമുള്ളവനായി,  മാതാവിനും പിതാവിനും നന്ദികരനായി, ശുക്ലപക്ഷത്തിലെ ചന്ദ്രനെ പോലെ വളര്‍ന്നു വന്നു.

19. ജരാസന്ധപ്രശംസ - ശ്രീകൃഷ്ണന്‍ തുടര്‍ന്നു: കുറേക്കാലം കഴിഞ്ഞതിന് ശേഷം മഹാതപസ്വിയായ ചണ്ഡകൗശിക മഹര്‍ഷി മഗധ രാജ്യത്തു ചെന്നു. അദ്ദേഹം വന്നപ്പോള്‍ ബൃഹ്യദ്രഥ രാജാവ്‌ മന്ത്രിമാരോടും ഭാര്യമാരോടും പുത്രനോടും കൂടി മഹര്‍ഷിയെ എതിരേറ്റു. പാദ്യാര്‍ഘ്യാചമനീയങ്ങള്‍ കൊണ്ട്‌ അര്‍ച്ചിച്ച്‌ രാജാവ്‌ പുത്രനോടു കൂടി രാജ്യവും മഹര്‍ഷിക്കായി സമര്‍പ്പിച്ചു. രാജാവു ചെയ്ത പൂജ സ്വീകരിച്ച്‌, ഭഗവാന്‍ മഹര്‍ഷി, നന്ദിയോടു കൂടി, മഗധനോടു പറഞ്ഞു.

മഹര്‍ഷി പറഞ്ഞു; രാജാവേ, ഇതൊക്കെ ഞാന്‍ ദിവ്യചക്ഷുസ്സു കൊണ്ട്‌ അറിഞ്ഞിരിക്കുന്നു! ഈ പുത്രന്‍ എന്തു നിലയില്‍ എത്തുമെന്നുള്ളത്‌ ഭവാന്‍ ധരിക്കുക. ഇവന്റെ രൂപം, സത്വം, ബലം, ഊര്‍ജ്ജിതം, എന്നിവ ശ്രീ തികഞ്ഞു വിളങ്ങും; അതിന് യാതൊരു സംശയവുമില്ല. വിക്രമങ്ങള്‍ തികഞ്ഞ ഇവന്‍ എല്ലാം നേടും. വീര്യവാനായ ഇവന്റെ വീര്യം പിന്‍തുടരുവാന്‍ മറ്റൊരു രാജാവിനും സാധിക്കുകയില്ല. പറക്കുന്ന ഗരുഡന്റെ വേഗത്തെ പിന്‍തുടരുവാന്‍ മറ്റു പക്ഷികള്‍ ക്ക്‌ എങ്ങനെ കഴിയും ? നിന്റെ പുത്രന്റെ ശത്രുക്കള്‍ വിനാശത്തെ പ്രാപിക്കും.

വേടന്മാര്‍ വില്ല്  ശസ്ത്രങ്ങള്‍ പോലും, നദീവേഗം പര്‍വ്വതത്തിന് എന്ന വിധം ഇവന് ദുഃഖം ഉണ്ടാക്കുകയില്ല. സര്‍വ്വരാജാക്കന്മാരുടേയും ശിരസ്സില്‍ ഇവന്‍ കയറും. ജ്യോതിസ്സുകള്‍ക്ക്‌ ഉപരിയായി സൂര്യന്‍ എന്ന വിധം പ്രഭാഹരനായി ഇവന്‍ വിളങ്ങും. ബലവാഹന സമ്പന്നരായ രാജാക്കന്മാര്‍ ഇവനോട് എതിര്‍ത്ത്‌, തീയില്‍ ഇയ്യാമ്പാറ്റ പോലെ ഇവന്റെ പരാക്രമാഗ്നിയില്‍ ദഹിച്ചു പോകും. സര്‍വ്വരാജാക്കന്മാരുടേയും ശ്രീ ഇവന്‍ നേടും. വര്‍ഷത്തിലെത്തുന്ന പുഴകളെ സമുദ്രം എന്ന വിധം എല്ലാ രാജാക്കന്മാരെയും ഭരിക്കും. രാജ്യം ശുഭമായി സസ്യശ്യാമളമായി പ്രശോഭിക്കും. ഇവന്റെ കല്‍പനയ്ക്കു കീഴില്‍ എല്ലാ നരേന്ദ്രന്മാരും നില്ക്കും. സര്‍വ്വഭൂതഗനായ വായുവിന്റെ കീഴില്‍ ജീവികള്‍ എന്ന വിധം ഇവന്റെ കീഴില്‍ നില്ക്കും. ഇവന്‍ സാക്ഷാല്‍ മഹാദേവനായ ത്രിപുരാന്തഹരനെ പ്രത്യക്ഷമായി കാണും.

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ഋഷി ബൃഹദ്രഥ രാജാവിനെ വിട്ടയച്ചു. രാജാവ്‌ ജഞാതികളോടും സംബന്ധികളോടും കൂടി പുരയില്‍ പ്രവേശിച്ചു. മഗധ രാജാവ്‌ പിന്നീടു ജരാസന്ധനെ രാജാവായി അഭിഷേകം ചെയ്തു. അതിന് ശേഷം ബൃഹദ്രഥരാജാവ്‌ പത്നിമാരോടു കൂടി വനത്തിലേക്കു പോയി.

അച്ഛനും അമ്മമാരും കാട്ടില്‍ വാഴുന്ന കാലത്ത്‌ ജരാസന്ധന്‍ സ്വന്തം വീര്യം കൊണ്ട്‌ രാജാക്കന്മാരെ പാട്ടിലാക്കി.

വൈശമ്പായനൻ പറഞ്ഞു: കുറച്ചു നാള്‍ കഴിഞ്ഞതിന് ശേഷം തപോവനചരനായ രാജാവ്‌ സഭാര്യനായി തപസ്സു ചെയ്തു സ്വര്‍ഗ്ഗം പ്രാപിച്ചു. ജരാസന്ധക്ഷിതിപന്‍, കൗശികന്‍ പറഞ്ഞ പ്രകാരം, വരങ്ങള്‍ വാങ്ങി രാജ്യം രക്ഷിച്ചു വാണു. കംസരാജാവിനെ വാസുദേവന്‍ കൊന്നതിന് ശേഷം ദൃഢമായ വൈരം കൃഷ്ണനോട്‌ അവനുണ്ടായി. അവന്‍ തന്റെ ഘോരമായ ഗദ, നൂറുവട്ടം ചുറ്റി ഗിരിവജ്രത്തില്‍ നിന്ന് മഥുരാപുരി വാഴുന്ന കൃഷ്ണന്റെ നേരെ വിട്ടു. തൊണ്ണൂറ്റി ഒമ്പത്‌ യോജന ദൂരെ ആ ഗദ ചെന്നു വീണു. പൗരന്മാര്‍ ആ ഗദ കണ്ടെത്തി കൃഷ്ണനെ അറിയിച്ചു. ഇന്നും മഥുരയുടെ ആ പാര്‍ശ്വത്തിന്  ഗദാവസാനം എന്നാണ്‌ പേര്‌. മഹാബലന്മാരായ ഹംസഡിംഭകന്മാര്‍ ശസ്ത്രപ്രയോഗം കൂടാതെ തന്നെ ഹതരായി. അവരെപ്പറ്റി ഞാന്‍ മുമ്പേ പറഞ്ഞുവല്ലോ. ബുദ്ധിമാന്മാരും നീതിശാസ്ത്ര വിശാരദന്മാരുമായ അവര്‍ അങ്ങനെ മരിച്ചു.

ഈ മൂന്നുപേരും ചേർന്നാല്‍ മൂന്നു ലോകവും അടക്കുവാന്‍ പ്രയാസമില്ല. ഇപ്രകാരമാണ്‌ അവന്‍ ശക്തരായ വൃഷ്ണി-കുകുര-അന്ധക വീരന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടത്‌. അല്ലയോ രാജാവേ, നയത്തെ പുരസ്കരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്തത്‌.

ജരാസന്ധവധപര്‍വ്വം

20. കൃഷ്ണപാണ്ഡവമാഗധയാത്ര - വാസുദേവന്‍ പറഞ്ഞു: ഹംസനും ഡിംഭകനും അനുയായികളോടു കൂടി വധിക്കപ്പെട്ടുവല്ലോ. ഇനി ജരാസന്ധനെ ബാക്കിവെച്ചു കൂടാ. അവനെ വധിക്കുവാനുള്ള കാലം അടുത്തു. യുദ്ധത്തില്‍ അവനെ ജയിക്കുവാന്‍ ദേവാസുരന്മാരില്‍ ആര്‍ക്കും സാദ്ധ്യമല്ല. അവനെ മല്ലയുദ്ധത്തില്‍ ജയിക്കണം എന്നാണ്‌ ഞാന്‍ കാണുന്നത്‌. നീതി എന്നിലും, ബലം ഭീമനിലും, രക്ഷ പാര്‍ത്ഥനിലുമാണ്‌ ഇരിപ്പ്‌. ദക്ഷിണാഗ്നി, ഗാര്‍ഹസ്ഥ്യാഗ്നി, ആഹവനീയാഗ്നി എന്നീ മൂന്നു അഗ്നികള്‍ കൊണ്ടു യാഗം നിര്‍വ്വഹിക്കുന്നതു പോലെ ഈ മൂന്നു പേരും ചേർന്ന് യത്നിച്ചാല്‍ ജരാസന്ധന്റെ കഥ കഴിക്കാം. രഹസ്യമായും ഞങ്ങള്‍ മൂന്നു പേരും ചെന്നെതിര്‍ത്താല്‍, തര്‍ക്കമില്ല, യുദ്ധത്തില്‍ അവന്‍ ഒരാളോട്‌ ഏറ്റു കൊള്ളും, അഭിമാനം, ലോഭം, ഊക്ക്‌ എന്നിവ കൊണ്ട്‌ തള്ളലുള്ള അവന്‍ ഭീമസേനനോട്‌ പോരിന് എതിര്‍ക്കും. അതില്‍ സംശയമില്ല. അവനോട്‌ പൊരുതുവാന്‍ മഹാബലനായ ഭീമന്‍ മതി. കാലന്‍ ലോകം മുടിക്കുന്ന വിധം അവനെ മുടിക്കുവാന്‍ ഭീമന്‍ മതി. എന്റെ ചിത്തം അറിഞ്ഞ്‌ എന്നെ വിശ്വസിക്കുന്നതായാല്‍ ഭീമസേനാര്‍ജ്ജുനന്മാരെ എനിക്ക്‌ ഏല്‍പിച്ചു തരിക.

വൈശമ്പായനൻ പറഞ്ഞു: ഭഗവാന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ സംഹൃഷ്ടമുഖരായ ഭീമപാര്‍ത്ഥന്മാരെ നോക്കി യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: അച്യുതാ! അച്യുതാ! അങ്ങനെ പറയരുത്‌. അങ്ങ്‌ ഇപ്രകാരം പറയരുത്‌. പാണ്ഡവന്മാരെയെല്ലാം എന്നോ അങ്ങയെ ഏല്‍പിച്ചു കഴിഞ്ഞിരിക്കുന്നു. ഭവാന്‍ അവര്‍ക്കെല്ലാം നാഥനാണ്‌! ഞങ്ങള്‍ക്ക്‌ ആശ്രയം ഭവാനാണ്‌. ഹേ, ഗോവിന്ദാ! ഭവാന്‍ പറഞ്ഞ വിധമൊക്കെ നടക്കും. ലക്ഷ്മി പിന്നോക്കമായവരുടെ മുമ്പില്‍ ഭവാന്‍  നില്ക്കുകയില്ല. ഭവാന്‍ പറഞ്ഞപ്പോള്‍  തന്നെ എന്റെ കാര്യമെല്ലാം ഭംഗിയായി നടന്നു എന്നു തന്നെ എനിക്കു തോന്നുന്നു. ജരാസന്ധന്‍ ചത്തു പോയി! രാജാക്കള്‍ വിട്ടു പോന്നു! എന്റെ രാജസൂയം നടന്നു!

ഉടനെ തന്നെ ഇക്കാര്യം നടക്കേണ്ട വിധം കരുതി വേണ്ടത്‌ ചെയ്താലും ജഗന്നാഥാ! പുരുഷോത്തമ! നിങ്ങള്‍ മൂന്നുപേരും ഇല്ലെങ്കില്‍ പിന്നെ എന്റെ ജീവിതമെവിടെ? ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ കെടുന്ന രോഗിയെ പോലെ ഞങ്ങള്‍ മാലോടു കൂടി ജീവിക്കുകയില്ല. കൃഷ്ണനില്ലാതെ അര്‍ജ്ജുനനില്ല, അര്‍ജ്ജുനനില്ലാതെ കൃഷ്ണനുമില്ല. കൃഷ്ണാര്‍ജ്ജുനന്മാര്‍ക്ക്‌ അജയ്യമായി ഒന്നുമില്ല ഭൂമിയില്‍. വൃകോദരനാണെങ്കില്‍ ബലവാന്മാരില്‍ പ്രമുഖനാണ്‌. കീര്‍ത്തിമാനായ അവന്‍ നിങ്ങളോട്‌  ഒത്തു ചേർന്നാൽ എന്തു സാധിക്കയില്ല?

വേണ്ടവണ്ണം, നടത്തുവാന്‍ കഴിവുള്ള, നേതാവുള്ള സൈന്യം കാര്യം നടത്തും. ജഡവസ്തുക്കളെ അന്ധമായ ബലം കൊണ്ട്‌ വിചക്ഷണന്മാര്‍ നടത്തണം. താണദിക്കു നോക്കി ജലം വിടണം. ഛിദ്രത്തിലേക്ക്‌ സമര്‍ത്ഥന്മാര്‍ ജലം ഒഴുക്കുന്നുണ്ട്‌. അതു കൊണ്ട്‌ നീതിമാനായി പ്രസിദ്ധി പ്രാപിച്ചു, പുരുഷേന്ദ്രനായി വിളങ്ങുന്ന, കൃഷ്ണനെ ഞങ്ങള്‍ കാര്യത്തിന് ആശ്രയിക്കുന്നു. ഇപ്രകാരം ബുദ്ധി, നയം, ശക്തി, ക്രിയോപായങ്ങള്‍ ഇവയുള്ളവനായ കൃഷ്ണന്‍ കാര്യം നേടേണ്ട ഇടങ്ങളില്‍ മുമ്പിട്ടു നില്ക്കണം. ഇപ്രകാരം കാര്യസിദ്ധിക്ക്‌ ഫല്‍ഗുനന്‍ കൃഷ്ണനെ പിന്തുടരണം. ഭീമന്‍ അര്‍ജ്ജുനനേയും പിന്തുടരണം. നയം, ജയം, ബലം എന്നിവ വിക്രമത്തില്‍ ഫലപ്രദമാകും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ മഹാ ഓജസ്വികളായ ആ ഭ്രാതാക്കള്‍, കൃഷ്ണനും പാണ്ഡവന്മാരും, ജരാസന്ധനെ കാണുവാന്‍ മഗധയിലേക്ക്‌ പുറപ്പെട്ടു. ഉജ്ജ്വലിക്കുന്ന സ്നാതക ബ്രാഹ്മണരുടെ വേഷത്തില്‍ ഇഷ്ടജനങ്ങളുടെ ആശിസ്സും അഭിനന്ദനങ്ങളും കൈക്കൊണ്ട്‌ അവര്‍ യാത്രയ്ക്കൊരുങ്ങി. സൂര്യന്‍, സോമന്‍, അഗ്നി എന്നീ മൂന്നു തേജസ്സുകള്‍ പോലെ അവര്‍ മൂന്നു പേരും പ്രശോഭിച്ചു. തങ്ങളുടെ ജ്ഞാതികളായ രാജാക്കന്മാരുടെ കഷ്ടസ്ഥിതിയാലോചിച്ച്‌ അമര്‍ഷരായ അവര്‍ കൂടുതല്‍ ഉജ്ജ്വലിച്ചു. ഭീമനെ മുന്നില്‍ നടത്തി ഒരേ കാര്യത്തില്‍ സക്തന്മാരായ കൃഷ്ണാര്‍ജ്ജുനന്മാരെ കണ്ടപ്പോള്‍ കണ്ടവരെല്ലാം വിചാരിച്ചു, "ജരാസന്ധന്‍ ചത്തതു തന്നെ", എന്ന്. സര്‍വ്വകാര്യം നടത്താനും കഴിവുള്ള ഈശന്മാരും യോഗ്യരുമായ അവര്‍ ധര്‍മ്മകാമാര്‍ത്ഥങ്ങള്‍ മാത്രമല്ല, ലോകചക്രം തന്നെ നടത്തുന്നവരാണ്‌. കുരുരാജ്യം വിട്ട്‌ കുരുജാംഗലം വഴി പോന്ന്‌ അവര്‍ അഴകുള്ള പത്മസരസ്സില്‍ ചെന്നു. കാളകൂട്ടം കടന്ന്‌ ഗണ്ഡകി, മഹാശോണം, സദാനിര എന്നിവയും വിട്ട്‌ ഏകപര്‍വ്വതത്തില്‍ നദി കയറിക്കടന്ന് നടന്ന് സരയൂനദിയും കടന്നു. പൂര്‍വ്വകോസലം കണ്ട്‌, മിഥിലയും കടന്ന്‌, ചര്‍മ്മണ്വതീ നദിയും കടന്ന്‌, പിന്നെ ഗംഗയും ശോണയും കടന്ന് അവര്‍ മൂവരും കിഴക്കോട്ടു പോയി. കുശചീരച്ഛദന്മാരായി ആ അച്യുതന്മാര്‍ ഗോരഥഗിരി കയറുമ്പോള്‍ ഗോക്കളും, ധനവും, വെള്ളവും, ശുഭവൃക്ഷങ്ങളും നിറഞ്ഞ മഗധാപുരിയെ കണ്ടു. 

21. കൃഷ്ണജരാസന്ധസംവാദം - വാസുദേവന്‍പറഞ്ഞു: പാര്‍ത്ഥാ! ഇതാ പശുക്കള്‍, ജലസമൃദ്ധിയുള്ള മൈതാനങ്ങള്‍, രോഗമില്ലാത്ത ഗൃഹങ്ങള്‍, ദൃഡമായി പണിത മേടകള്‍ എന്നിവ ചേർന്ന് മനോഹരമായ മഗധാപുരി കാണുന്നു. വൈഹാരപര്‍വ്വതം, വരാഹപര്‍വ്വതം, വൃഷപര്‍വ്വതം, ഋഷിപര്‍വ്വതം, ചൈതൃകപര്‍വ്വതം ഇവയഞ്ചും ഇതാ കാണുന്നു. മഹാശൃംഗങ്ങളുള്ളവയും, ശീതളവൃക്ഷങ്ങള്‍ നിറഞ്ഞവയുമായ ഈ അഞ്ചു പര്‍വ്വതങ്ങളും ഒത്തു ചേർന്ന് ഗിരിവ്രജത്തെ കാത്തു സൂക്ഷിക്കുന്നതു പോലെ തോന്നും കണ്ടാല്‍. പുത്തു നില്ക്കുന്ന കൊമ്പുമായി അതിഭംഗിയോടെ പൂമണം വീശി കാമിജനങ്ങള്‍ പ്രിയമായ പാച്ചോറ്റിക്കാട്‌ കാണുന്നു. ഇവിടെ സംശിതവ്രതനും മഹാത്മാവുമായ ഗൗതമന്‍, കാക്ഷീവാന്‍ മുതലായ പുത്രന്മാരെ ഉശീനരന്റെ പുത്രിയായ ശൂദ്രയില്‍ ജനിപ്പിച്ചു. ഗൗതമന്റെ വംശജരും മാഗധ രാജാക്കന്മാരെ സേവിച്ച്‌ അവരുടെ അധീനതയില്‍ സാമാനൃ ജനങ്ങളെ പോലെ വസിക്കുന്നു. ഇത്‌ ഗൗതമന്റെ രാജാക്കന്മാരോടുള്ള ദയയാല്‍ മാത്രമാണ്‌. ഹേ, അര്‍ജ്ജുനാ! മഹാബലരായ അംഗവംഗാദി രാജ്യങ്ങളിലെ രാജാക്കന്മാര്‍ പണ്ട്‌ ഗൗതമാശ്രമം പ്രാപിച്ച്‌ രമിച്ചു.

ഭംഗിയേറിയ അരയാല്‍ നിര ഭവാന്‍ കാണുന്നില്ലേ? പാച്ചോറ്റിക്കൂട്ടവും ഗൗതമന്റെ ആശ്രമാന്തികത്തില്‍ കാണുന്നില്ലേ? അബുദന്‍, ശക്രവാപി എന്നീ ശത്രുതാപനന്മാരായ പന്നഗന്മാരുടെയും സ്വസ്തികന്‍, മണിനാഗന്‍ എന്നീ ഉത്തമനാഗങ്ങളുടെയും മന്ദിരം ഇവിടെയായിരുന്നു. മഗധരാജ്യത്തെ മനു മേഘമാലകള്‍ ഒഴിയാത്തതാക്കി തീര്‍ത്തു. കൗശികനും മണിമാനും അനുഗ്രഹിച്ചു. ഇപ്രകാരം ചുറ്റും ദുരാധര്‍ഷമായ ഈ നല്ല പത്തനത്തില്‍ അര്‍ത്ഥസിദ്ധി ധാരാളം ഉണ്ടാകുമെന്ന് ജരാസന്ധന്‍ കാണുന്നു. അവനെ ഇന്ന് നമ്മള്‍ ചെന്നു കൊന്ന് അവന്റെ അഹങ്കാരം അവസാനിപ്പിക്കണം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ മഹാതേജസ്വികളായ ആ ഭ്രാതാക്കള്‍, വാര്‍ഷ്ണേയനും പാണ്ഡവരും മഗധാപുരിയില്‍ പ്രവേശിച്ചു. സന്തുഷ്ടവും ഐശ്വര്യ സമൃദ്ധവുമായ ജനത തിങ്ങി, നാലു വര്‍ണ്ണങ്ങളും ആഹ്ളാദം നിറഞ്ഞ്‌ വാഴുന്ന, ഉത്സവനിത്യമായ ഗിരി വ്രജത്തിലെത്തി. ഉടനെ പുരത്തിന്റെ വാതില്ക്കലെത്തി അതിലൂടെ അകത്തു കയറാന്‍ ശ്രമിക്കാതെ, ബാര്‍ഹദ്രഥന്മാരും അപ്രകാരം നഗരവാസികളും പൂജ ചെയ്യുന്ന മഗധന്മാരുടെ പ്രിയപ്പെട്ട ചൈതൃക ശൈലശ്യംഗം കുത്തിത്തുറന്ന് ഉള്ളില്‍ക്കയറി. അവിടെവച്ചാണ്‌ പണ്ട്‌ മാംസഭോജിയായ ഋഷഭനെ ബൃഹദ്രഥന്‍ കൊന്നത്‌. അവനെ കൊന്ന്‌ അവന്റെ തോല്‍ കൊണ്ട്‌ മൂന്നു പെരുമ്പറ തീര്‍ത്ത്‌, സ്വപുരത്തില്‍ രാജാവു വെച്ചു. പുക്കളര്‍പ്പിച്ച്‌ പൂജിക്കുന്ന ആ ഭേരികള്‍ അവിടെ മുഴങ്ങുന്നുണ്ട്‌. ആ ഭേരികള്‍ മൂന്നും പൊട്ടിച്ച്‌ അവര്‍ ചൈത്യപ്രാകാരത്തില്‍ കയറി. ദ്വാരാഭിമുഖമായി ആയുധപാണികളായി. അവര്‍ കയറിമഗധരുടെ ചൈത്യകത്തിലെത്തി. സുരാസന്ധവധംആഗ്രഹിക്കുന്ന അവരുടെ ആ കയറ്റം ജരാസന്റെ തലയില്‍ ച വിട്ടു ന്ന കാല്‍വയ്പായിരുന്നു. പലയിടത്തും പുരാതനവും ഗന്ധമാല്യാര്‍ച്ചനയോടു കൂടെ വച്ചിരുന്നതുമായ ചൈതൃകശൃംഗം അവര്‍ തടിച്ചു നീണ്ട കൈ കൊണ്ട്‌ ഇടിച്ചു തകര്‍ത്തു വീഴ്ത്തി. ഉടനെ അവര്‍ വളരെ ആഹ്ളാദത്തോടെ മഗധാപുരിയില്‍ കടന്നു. അപ്പോള്‍ വേദപാരംഗതന്മാരും ബുദ്ധിമാന്മാരുമായ ബ്രാഹ്മണന്മാര്‍ ദുര്‍ന്നിമിത്തം കണ്ടതായി ജരാസന്ധനെ അറിയിച്ചു. അമംഗളം നീങ്ങുവാന്‍ പുരോഹിതര്‍ ആനപ്പുറത്തിരിക്കുന്ന രാജാവിനെ പന്തം കാണിച്ച്‌ ഉഴിഞ്ഞു. ദോഷശാന്തിക്ക്‌ പ്രതാപവാനായ ജരാസന്ധ രാജാവ്‌ ദീക്ഷിച്ച്‌, നിയമം പൂണ്ട്‌, ഉപവാസം സ്വീകരിച്ചു.

ബഹുശാസ്ത്രരും നിരായുധരുമായി സ്നാതക ബ്രാഹ്മണരുടെ വേഷത്തില്‍ കൃഷ്ണപാണ്ഡവന്മാര്‍, ജരാസന്ധനോട് യുദ്ധം ചെയ്യാന്‍ ഉത്സാഹത്തോടെ അകത്തു പ്രവേശിച്ചു. ഭക്ഷ്യപദാര്‍ത്ഥങ്ങളും മാലകളും മറ്റും വില്ക്കുന്ന അങ്ങാടിത്തെരുവിന്റെ അതുല്യമായ ഭംഗി കണ്ടു. എല്ലാ മനോഹര വസ്തുക്കളും അവിടെ സമൃദ്ധിയായി നിറഞ്ഞിരിക്കുന്നു! വീഥി തോറും നടന്ന്‌ ആ നരവീരന്മാര്‍ സമൃദ്ധി കണ്ടു. രാജമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഭീമകൃഷ്ണധനഞ്ജയന്മാര്‍ മാലാകാരന്മാരില്‍ നിന്ന്‌ മാല തട്ടിപ്പറിച്ച്‌ വിരാഗവസനന്മാരായി മാലാകുണ്ഡല മണ്ഡിതന്മാരായി. അവര്‍ പശുത്തൊഴുത്തു നോക്കുന്ന ഹിമവന്‍സിംഹം പോലെ, ജരാസന്ധന്‍ ഇരിക്കുന്ന മന്ദിരത്തിലേക്ക്‌ കയറിച്ചെന്നു. ആ യുദ്ധശാലികളുടെ കൈകള്‍ അകിലും ചന്ദനവും പൂശി സാലസ്തംഭം പോലെ ശോഭിച്ചു. ഗജരാജനെ പോലെ ശോഭിക്കുന്ന ആ വീരന്മാരുടെ സാലവൃക്ഷം പോലെ കനത്ത കഴുത്തും വിരിഞ്ഞ മാര്‍ത്തട്ടും കണ്ടപ്പോള്‍ മാഗധന്മാര്‍ വിസ്മയപ്പെട്ടു.

ജനങ്ങള്‍ നിറഞ്ഞ മൂന്നു കാവൽ പടിയും കടന്ന് അവര്‍ അഹങ്കാരത്തോടെ, കൂസല്‍ കൂടാതെ, രാജാവിനെ കണ്ടു. ഗോവ്‌, പാദ്യം, മധുപം, അര്‍ക്കം മുതലായവയാല്‍ സല്‍ക്രിയ ചെയ്യേണ്ട യോഗ്യരെ എതിരേറ്റ്‌ ജരാസന്ധന്‍ യഥാവിധി ഉപാസിച്ചു. ആ രാജാവ്‌ അവരോട്‌ സ്വാഗതം പറഞ്ഞു. അപ്പോള്‍ ഭീമാര്‍ജ്ജുനന്മാര്‍ ഒന്നും മിണ്ടിയില്ല. അതില്‍ വെച്ച്‌ മഹാബുദ്ധിമാനായ കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു; നിയമത്താല്‍ ഇവര്‍ക്ക്‌ ഒന്നും പറയുവാന്‍ വയ്യ രാജാവേ! അര്‍ദ്ധരാത്രിക്കു മുമ്പായി ഒന്നും പറയുവാന്‍ അവര്‍ക്കു പാടില്ല. അതു കഴിഞ്ഞാല്‍ അവര്‍ പറയും.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ടപ്പോള്‍ അവന്‍ അവരെ യജ്ഞശാലയിലാക്കി ഗൃഹത്തിലേക്കു പോയി. അര്‍ദ്ധരാത്രിയായപ്പോള്‍ രാജാവ്‌ ആ ദ്വിജന്മാര്‍ ഇരിക്കുന്നേടത്തു ചെന്നു.

അവന് ഇങ്ങനെ ഒരു വ്രതമുണ്ട്‌; ഭൂമി മുഴുവന്‍ പ്രസിദ്ധമായതാണ്‌ ആ വ്രതം. സ്നാതക ദ്വിജര്‍ വന്നു എന്നു കേട്ടാല്‍ ആ സമിതിഞ്ജയന്‍ അര്‍ദ്ധരാത്രിക്കും ചെന്ന് എതിരേല്ക്കും. അപൂര്‍വ്വമായ വേഷം ധരിച്ചിരിക്കുന്ന അവരെ കണ്ടപ്പോള്‍, രാജാവായ ജരാസന്ധന്‍ പരിചരിച്ച്‌ വിസ്മയപ്പെട്ടു.

ജരാസന്ധനെ കണ്ടപ്പോള്‍ ശത്രുഘ്നരായ ആ നരർഷഭന്മാര്‍ ഇപ്രകാരം പറഞ്ഞു: രാജാവേ. അങ്ങയ്ക്ക്‌ ബുദ്ധിമുട്ടു കൂടാതെ സ്വസ്തി ഭവിക്കട്ടെ! എന്നു പറഞ്ഞ്‌ പരസ്പരം കണ്ണിട്ടു. അപ്പോള്‍ ജരാസന്ധന്‍ അവരോടു പറഞ്ഞു, ഇരിക്കാം എന്ന്.

ഇതു കേട്ടപ്പോള്‍ അവര്‍ രാജാവിന്റെ അടുത്ത്‌, അദ്ധ്വരത്തിന് ചുറ്റും മൂന്ന് അഗ്നികള്‍ പോലെ, മൂന്നുപേരും ഇരുന്നു. സത്യസന്ധനായ ജരാസന്ധന്‍ അവരോട്‌ അവരുടെ വേഷവൈകൃതം കണ്ട്‌ ഗര്‍വ്വിച്ചു കൊണ്ടു പറഞ്ഞു.

ജരാസന്ധന്‍ പറഞ്ഞു: സ്നാതക ബ്രാഹ്മണര്‍ ഇപ്രകാരം മാല്യാനുലേപനം കൈക്കൊള്ളാറില്ല. ലോകത്തിലെങ്ങും ഞാന്‍ ഇങ്ങനെ കണ്ടിട്ടില്ല. പുവു ചൂടുന്ന നിങ്ങള്‍ ആരാണ്‌ ? കൈയില്‍ ഞാണിന്റെ കലയുള്ള നിങ്ങള്‍ ആരാണ്‌ ? ക്ഷാത്ര തേജസ്സ്‌ നിങ്ങളില്‍ കാണുന്നു. വിപ്രരാണെന്നു നിങ്ങള്‍ പറയുന്നു. ഇപ്രകാരം നിര്‍മ്മലമായ വസ്ത്രപുഷ്പ ലേപനങ്ങള്‍ അണിഞ്ഞ നിങ്ങള്‍ സത്യം പറയുക. നിങ്ങള്‍ ആരാണ്‌ ? രാജാക്കള്‍ക്ക്‌ സത്യം ശോഭനമാണ്‌. എന്തു കാരണത്താലാണ്‌ ചൈത്യകഗിരിയുടെ ശൃംഗം ഭേദിച്ച്‌, രാജാവിന്റെ കോപത്തെ കൂസാതെ, തെറ്റായ വാതിലിലൂടെ കടന്നു വന്നത്‌ ? ബ്രാഹ്മണര്‍ക്കു വീര്യം വാക്കില്‍ മാത്രമാണ്‌. പ്രവൃത്തിയിലല്ല. നിങ്ങളുടെ പ്രവൃത്തി നിങ്ങളുടേതാണെന്നു പറയുന്ന ജാതിക്കു യോജിച്ചതല്ല. ഇപ്രകാരം എന്റെ മുമ്പില്‍ വന്നിട്ടും പലവിധത്തിലുള്ള എന്റെ അര്‍ച്ചനം എന്തു കൊണ്ടാണ്‌ കൈക്കൊള്ളാഞ്ഞത്‌ ? എന്റെ സന്നിധിയിൽ എന്തിന് വന്നു?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞപ്പോള്‍ കൃഷ്ണന്‍ ധീരമായി മറുപടി പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു; രാജാവേ! ഞങ്ങള്‍ സ്നാതക ബ്രാമണരാണെന്നു വിചാരിക്കുക. സ്നാതക വ്രതരായി ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരുണ്ട്‌. അവര്‍ വിശേഷ നിയമക്കാരും സാമാന്യ നിയമക്കാരുമാണ്‌. വിശേഷം ചേരുന്ന ക്ഷത്രിയന്‍ ലക്ഷ്മിയോടു കൂടിയവനാകും. പുഷ്പത്തില്‍ ശ്രീ നില്ക്കുന്നു. അതു കൊണ്ട്‌ നാം പുഷ്പം ധരിക്കുന്നു. ക്ഷത്രിയന്‍ ബാഹുവീരൃനാണ്‌. വാക് വീര്യം അവനില്ല. വിവരമില്ലാത്തവനെ പോലെയാണല്ലോ ഭവാന്റെ സംസാരം. ക്ഷത്രിയന്മാര്‍ക്കു വീര്യം കൈകള്‍ക്കാണല്ലോ വിധിച്ചിട്ടുള്ളത്‌. അതു കാണാനാണ്‌ മോഹമെങ്കില്‍ അതു ഭവാന്‍ സംശയം കൂടാതെ കാണും. ഉപായമാകുന്ന ദ്വാരത്തിലൂടെ ശത്രുഗൃഹത്തിലും ശരിയായ വാതില്‍ കടന്നു മിത്രമന്ദിരത്തിലും ധീരന്മാര്‍ ചെല്ലുന്നു. ഇവ ധര്‍മ്മമാര്‍ഗ്ഗങ്ങളാണ്‌. കാര്യത്തിന് വേണ്ടി ശത്രുവിന്റെ ഗൃഹത്തില്‍ കടന്നാല്‍ പിന്നെ അവന്റെ അര്‍ച്ചന സ്വീകരിക്കുവാന്‍ പാടില്ല എന്നാണ്‌ ഞങ്ങളുടെ ദൃഢമായ വ്രതം.

22. ജരാസന്ധയുദ്ധോദ്യോഗം - ജരാസന്ധന്‍ പറഞ്ഞു:നിങ്ങളോടു വൈരമൊന്നും ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്തു തെറ്റാണ്‌ ഞാന്‍ നിങ്ങളോടു ചെയ്തതെന്ന് എത്രയോര്‍ത്തിട്ടും കാണുന്നില്ല. പിഴ ചെയ്യാത്ത എന്നെ പിഴ ചെയ്തവനായി കരുതുകയാണോ? ഹേ, വിപ്രന്മാരേ, നിങ്ങള്‍ ഞാന്‍ വൈരിയാണെന്നു പറയുന്നു. ഇതാണോ ധര്‍മ്മം? അന്യനോടുള്ള അകാരണമായ അര്‍ത്ഥധര്‍മ്മോപഘാതം നിമിത്തം മനസ്സ്‌ തീര്‍ച്ചയായും ദുഃഖിക്കാതിരിക്കയില്ല. നിരപരാധിയുടെ സുഖത്തേയും ധര്‍മ്മത്തേയും അകാരണമായി ദ്രോഹിക്കുന്നവന്‍, ധര്‍മ്മജ്ഞനോ മഹാരഥനോ ആയിക്കൊള്ളട്ടെ, ആ ക്ഷത്രിയന്‍ തീര്‍ച്ചയായും ആപത്തിലാകും; പാപികളുടെ ലോകം പ്രാപിക്കുകയും ചെയ്യും. അവന്റെ ശ്രേയസ്സും നശിക്കും. മൂന്നു ലോകത്തിലും ധര്‍മ്മനിഷ്ഠയില്‍ ശ്രേഷ്ഠമായതാണ്‌ ക്ഷത്രധര്‍മ്മം. മറ്റു ധര്‍മ്മമൊന്നും ഇതേവിധം ധര്‍മ്മജ്ഞന്മാര്‍ വാഴ്ത്തുന്നില്ല. ഞാന്‍ എന്റെ കര്‍മ്മത്തിന്റെ സ്ഥിരതയില്‍ സ്ഥിതി ചെയ്യുന്നു. ഞാന്‍ പ്രജകള്‍ക്കു കുറ്റം ചെയ്യാത്തവനാണ്‌. നിങ്ങള്‍ എന്നില്‍ കുറ്റം ആരോപിക്കുകയും ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ പറഞ്ഞു: മഹാബാഹോ കുലവര്‍ദ്ധനനായ ഒരാള്‍ കുലകാര്യം വേണ്ട പോലെ വഹിക്കുന്നുണ്ട്‌. അദ്ദേഹം കല്പിച്ച, പ്രകാരം ഞാന്‍ ഭവനോട് എതിര്‍ക്കുകയാണ്‌. നാടുവാഴുന്ന ക്ഷത്രിയന്മാരെ മുഴുവന്‍ നീ ബന്ധിച്ചു ഭയങ്കരമായ ആ കുറ്റം ചെയ്തിട്ടും നീ പറയുന്നു ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്. മാന്യനായ ഒരു രാജാവ്‌ സാധുക്കളായ രാജാക്കന്മാരെ ഹിംസിക്കുമോ? രാജാവേ, നൃപന്മാരെക്കൊണ്ട്‌ രുദ്രോപഹാരം ചെയ്യുവാന്‍ ചിന്തിക്കുകയല്ലേ?

ഹേ, ബാര്‍ഹദ്രഥാ! ഭവാന്‍ ചെയ്ത കുറ്റം ഞങ്ങള്‍ക്കും ബാധിക്കും. ധര്‍മ്മചാരികളായ ഞങ്ങള്‍ ധര്‍മ്മരക്ഷയ്ക്ക്‌ ശക്തരാണ്‌. നരബലി ഒരു ശാസ്ത്രത്തിലും വിധിച്ചതായി ഞങ്ങള്‍ കാണുന്നില്ല. പിന്നെ എന്തു കൊണ്ട്‌ നീ നരന്മാരെക്കൊന്ന് ഈശ്വരാധ്വരം നടത്തുന്നു; സവര്‍ണ്ണനെ സവര്‍ണ്ണന്റെ പശുവാക്കി അറക്കുമോ? ഹേ, ജരാസന്ധാ! നിന്നെ പോലെ ജളനായ മറ്റൊരുത്തന്‍ ഉണ്ടോ? ഏതേതവസ്ഥയില്‍ ഏതേതു കര്‍മ്മം ഒരുത്തന്‍ ചെയ്യുന്നവോ, അതാതവസ്ഥയ്ക്കു തുല്യമായ ഫലം അവന്‍ തീര്‍ച്ചയായും നേടും. ജഞാതി വിധ്വംസിയായ നിന്നെ, ആര്‍ത്തന്മാരെ സംരക്ഷിക്കുന്ന ഞങ്ങള്‍, ജ്ഞാതിവൃദ്ധിക്കു വേണ്ടി കൊല്ലുവാന്‍ വന്നണഞ്ഞതാണ്‌. നാട്ടില്‍ ക്ഷത്രിയനായി തന്നെ  പോലെ ആരും എങ്ങുമില്ല എന്നു നീ വിചാരിക്കുന്നതും വലിയ ബുദ്ധിമോശമാണ്‌. ആഭിജാത്യമറിഞ്ഞ ധീരനായ ഏതു ക്ഷത്രിയന്‍ പടവെട്ടി സ്ഥിരമായ സ്വര്‍ഗ്ഗത്തെ പ്രാപിക്കുവാന്‍ നിനയ്ക്കുകയില്ലാ? ക്ഷത്രിയര്‍ യുദ്ധത്തില്‍ വ്രതത്തോടെ ജീവിക്കുന്നു. അവര്‍ ലോകങ്ങളെ ജയിക്കുന്നു. വേദം സ്വര്‍ഗ്ഗത്തിന് മൂലമാണ്‌. യശസ്സ്‌ സ്വര്‍ഗ്ഗത്തിന് മൂലമാണ്‌. തപസ്സ്‌ സ്വര്‍ഗ്ഗത്തിന് മൂലമാണ്‌. പോരില്‍ മരിക്കുന്നതും സ്വര്‍ഗ്ഗത്തിന്  മൂലമാണ്‌. മറ്റു മൂന്നു കര്‍മ്മങ്ങളും സ്വര്‍ഗ്ഗത്തിന് മൂലമാണെന്ന കാര്യം തീര്‍ച്ചയല്ലായിരിക്കാം. പക്ഷേ, രണത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം പ്രാപിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. യുദ്ധത്തില്‍ മൃതനായവന്‍ ഇന്ദ്രനെ പോലെ ജയം നേടും. ദാനവരെ ജയിച്ച്‌ ഇതൊന്നിനാല്‍ ഇന്ദ്രന്‍ മൂന്നു ലോകവും കാക്കുന്നു. നിന്നോടെന്ന വിധം ആരോടുമാകാം യുദ്ധം. അതു സ്വര്‍ഗ്ഗസാധനമാണ്‌. അങ്ങയോടുള്ള വൈരത്തേക്കാള്‍ സ്വര്‍ഗ്ഗദായകമായി മറ്റ്‌ ഏതു മാര്‍ഗ്ഗമുണ്ട്‌? എന്തെന്നാല്‍, മഗധയുടെ മഹത്തായ സൈന്യബലത്താൽ നീ ഉന്മത്തനാണല്ലോ? പരന്മാരെ നിന്ദിക്കരുത്‌. എല്ലാവരിലും വീര്യമുണ്ടെന്നു മനസ്സിലാക്കണം. ബലത്തിലും വീര്യത്തിലും നിനക്കു തുല്യനായിട്ടോ, നിന്നേക്കാള്‍ വിശിഷ്ടനായിട്ടോ ചിലര്‍ ഉണ്ടായെന്നു വരാം. ഈ തത്ത്വം അറിയാറാകുന്നതു വരെ മാത്രമേ നിന്റെ തേജസ്സ്‌ ബഹുമാന്യമാകയുള്ളൂ. നിന്റെ ശക്തി താങ്ങാന്‍ തക്ക കെല്പ്‌ ഞങ്ങള്‍ക്കുണ്ട്‌. ഞാന്‍ കാര്യം പറഞ്ഞേക്കാം; അല്ലെങ്കില്‍ നീ സൂതന്മാരോടും, അമാത്യരോടും, സൈന്യങ്ങളോടും കൂടി യമലോകത്തിലേക്കു പോകും.

ദംഭോത്ഭവന്‍, കാര്‍ത്തവീര്യന്‍, ഉത്തരന്‍, ബൃഹദ്രഥന്‍ ഇവരൊക്കെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായവരെ നിന്ദിക്കുക കാരണം കൂട്ടരോടു കൂടി നശിച്ചു പോയില്ലേ?

അങ്ങയുമായി പൊരുതുവാന്‍ വന്ന ഞങ്ങള്‍ ഭൂസുരന്മാരല്ല. ഹൃഷീകേശനായ കൃഷ്ണനാണ്‌ ഞാന്‍. വീരന്മാരായ ഇവര്‍ പാണ്ഡവന്മാരാണ്‌. നിന്നെ ഞങ്ങള്‍ പോരിന് വിളിക്കുന്നു. മാഗധാ! സ്ഥിരമായി പൊരുതുക. ഒന്നുകില്‍ രാജാക്കളെ വിടു. അല്ലെങ്കില്‍ കാലപുരിക്കു നടക്കു.

ജരാസന്ധന്‍ പറഞ്ഞു: ഞാന്‍ പോരില്‍ തോല്‍പിക്കാത്ത ഒരു രാജാവിന്നേയും പിടിക്കുകയില്ല. തോല്പിക്കാത്ത ഏതു രാജാവിനെയാണ്‌ ഞാന്‍ ബന്ധനത്തിൽ ആക്കിയിരിക്കുന്നത്‌ ? പറയൂ! ക്ഷത്രിയന്മാരുടെ ഉപജീവനമായ ധര്‍മ്മം ഇതാണ്‌. കൈയൂക്കാല്‍ കീഴടക്കി തോന്നുന്ന വിധം പ്രവര്‍ത്തിക്കാം. ദേവതാര്‍ത്ഥം കൊണ്ടു വന്ന നൃപന്മാരെ പേടി കൊണ്ട്‌ ഞാന്‍ കൈ വിടുമെന്ന് നീ വിചാരിക്കുന്നുണ്ടോ, ഞാന്‍ ക്ഷത്രിയനായി ക്ഷത്രിയധര്‍മ്മം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ? പട കൂട്ടിയിട്ടോ, ഒറ്റയ്ക്കു തന്നെയോ, ഓരോരുത്തരായോ, മൂന്നു പേരോടും ഒപ്പമായോ ഞാന്‍ പൊരുതുവാന്‍ തയ്യാറാണ്.

വൈശമ്പായനൻ പറഞ്ഞു; എന്നു പറഞ്ഞ്‌ ജരാസന്ധന്‍ തന്റെ പിന്‍ഗാമിയായി സഹദേവനെന്ന തന്റെ പുത്രനെ അഭിഷേകം ചെയ്യാന്‍ ആജ്ഞാപിച്ചു. അതിന് ശേഷം അവരുമായി പൊരുതുവാന്‍ തീര്‍ച്ചയാക്കി. കശികന്‍, ചിത്രസേനന്‍ എന്ന തന്റെ രണ്ടു സേനാപതിമാരേയും സ്മരിച്ചു. ഹംസന്‍, ഡിംഭകന്‍ എന്നീ പേരാല്‍ ലോകപ്രസിദ്ധരായ അവരെപ്പറ്റി, ജനമേജയാ, ഞാന്‍ മുമ്പേ പറയുകയുണ്ടായല്ലോ. ആ ബലവാന്മാരില്‍ വെച്ച്‌ ബലം കൂടിയവനായി, പുരുഷശാര്‍ദ്ദൂലനായി, ശാര്‍ദ്ദുല സമവിക്രമനായി, ഭീമപരാക്രമനായി, പാരില്‍ പരാക്രമശാലിയായി വിളങ്ങുന്ന ജരാസന്ധനെ, മാധവനാല്‍ അവദ്ധ്യനാണെന്ന ബ്രഹ്മാവിന്റെ ആജ്ഞ അറിയുകയാലും, അവന്‍ ഭീമനാല്‍ വധിക്കപ്പെടേണ്ടവനാണെന്ന് അറിയുകയാലും, ഹലധരാനുജനായ മധുസൂദനന്‍ സ്വയം ജരാസന്ധനെ കൊല്ലുവാന്‍ ആഗ്രഹിച്ചില്ല.

23. ജരാസന്ധക്ലാന്തി - വൈശമ്പായനൻ പറഞ്ഞു: പിന്നെ യുദ്ധസന്നദ്ധനായി ജരാസന്ധന്‍ നിന്നപ്പോള്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു.

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഈ നില്ക്കുന്ന മൂന്നു പേരില്‍ ആരോട്‌ പൊരുതുവാനാണ്‌ ഭവാനു സമ്മതമെങ്കില്‍ പൊരുതുക.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ടപ്പോള്‍ ജരാസന്ധന്‍ ഭീമനോട്‌ പോരാടുവാന്‍ നിശ്ചയിച്ചു. ഗോരോചനം, പുഷ്പം മുതലായ മംഗള വസ്തുക്കളും ക്ഷീണം ബാധിക്കാതിരിക്കുന്നതിനുള്ള ഔഷധങ്ങളും മറ്റുമായി പുരോഹിതന്‍ ജരാസന്ധ രാജാവിന്റെ പാര്‍ശ്വത്തിലേക്കു വന്നു സ്വസ്ത്യയനം ചെയ്തു.

രാജധര്‍മ്മം പാലിക്കുവാനായി ജരാസന്ധന്‍ കിരീടം താഴെവെച്ച്‌ മുടി കെട്ടിമുറുക്കി, കരയോടേറ്റുമുട്ടുന്ന കടല്‍ പോലെ, എഴുന്നേറ്റ്‌ ഭീമപരാക്രമനായ ഭീമനോട്‌ ജരാസന്ധന്‍ പറഞ്ഞു.

ജരാസന്ധന്‍ പറഞ്ഞു. ഭീമാ! ഞാന്‍ നിന്നോടു പൊരുതാന്‍ ആഗ്രഹിക്കുന്നു. ശ്രേഷ്ഠനാല്‍ തോല്പിക്കപ്പെടുന്നതാണ്‌ അഭികാമ്യമായത്‌.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ വലന്‍ ശക്രനോടെന്ന പോലെ പോരാട്ടമാരംഭിച്ചു. ഭീമസേനന്‍ ജരാസന്ധനോടും പരമോത്സാഹത്തോടെ കൈ കൊണ്ടു ള്ള ദ്വന്ദ്വയുദ്ധത്തില്‍ ഏര്‍പ്പെട്ടു.

ആദ്യമായി പരസ്പരം കൈപിടിച്ചു. പിന്നെ കാൽക്കല്‍ കുമ്പിട്ടു. കക്ഷങ്ങളാല്‍ കക്ഷങ്ങള്‍ കമ്പിപ്പിച്ചു. ഉടനെ കൊട്ടിയാര്‍ത്തു. ചുമലില്‍ കൈകള്‍ കൊണ്ടു തട്ടി വിണ്ടും വീണ്ടും അടിച്ചു. അംഗങ്ങള്‍ തമ്മില്‍ പിണയുന്ന സമയത്തു വീണ്ടും ആര്‍ത്തു. കൈ പൊക്കി, നീട്ടി, താഴ്ത്തി. പിന്നെ ഗണ്ഡങ്ങള്‍ തമ്മില്‍ മുട്ടിച്ച്‌ ഇടിത്തീ പോലെ തീ പാറിച്ചു. കൈ കൊണ്ടു ചുറ്റി കാലു കൊണ്ട്‌ ആഞ്ഞു ചവിട്ടി. പൂര്‍ണ്ണ കുംഭം പ്രയോഗിച്ച്‌ അവര്‍ നെഞ്ചു കൈക്കൊണ്ട്‌ തള്ളി. കൈ ഞെക്കി മത്തഹസ്തികളെ പോലെ ആര്‍ത്തു. മേഘങ്ങള്‍ പോലെ അലറി. ബാഹുക്കളായ ആയുധം കൊണ്ട്‌ അവര്‍ തമ്മില്‍ ശക്തിയായി അടിച്ചു. അന്യോന്യം ലാക്കുനോക്കി നടന്നു. ക്രൂരസിംഹങ്ങള്‍ പോലെ വലിച്ചിഴച്ചു പോരാടി. മെയ് കൊണ്ടു മെയ്‌ അമര്‍ത്തി കൈ കൊണ്ട്‌ കൈ അമര്‍ത്തി പിന്നോട്ടു വാങ്ങി കൈ ഓങ്ങി രണ്ടു പേരും ഓതിരം അടിച്ചു. അടിക്കഴുത്ത്‌, വയര്‍, എന്നിവ നോക്കി തള്ളി. അതില്‍ വിട്ട്‌ ഉഗ്രമായി തണ്ടെല്ലൊടിയുമാറ്‌, മോഹിക്കുമാറ്‌, പുര്‍ണ്ണകുംഭം ( ശ്വാസരോധം ) കൈ കൊണ്ടു നടത്തി, തൃണുപീഡം ചെയ്തു. പിന്നെ മുഷ്ടികപൂര്‍ണ്ണയോഗങ്ങള്‍ ചെയ്തു. ഇരുപേരും കടീപാര്‍ശ്വങ്ങളില്‍ നന്നായി തല്ലി. ഇങ്ങനെയുള്ള അടവുകള്‍ അവര്‍ തമ്മില്‍ നടത്തി.

ഇപ്രകാരം അവരുടെ പോര്‍ നടന്നു കൊണ്ടിരിക്കെ അത്‌ കാണുവാനായി പുരവാസികള്‍, വിപ്രക്ഷത്രിയ വൈശൃ സംഘങ്ങള്‍, അസംഖ്യം അവിടെയെത്തി. ശൂദ്രരും, സ്ത്രീകളും, വൃദ്ധരും, കുട്ടികളുമെത്തി. ജനങ്ങള്‍ വന്നു തിങ്ങി കൂടി ആ പ്രദേശം ഇടമില്ലാതായി.

അവര്‍ തമ്മില്‍ അടിയും തട്ടും തടവുമായി, വജ്രവും പര്‍വ്വതവുമെന്ന വിധം, രണം ഭീഷണമായി. ഇരുപേരും ബലം കൊണ്ട്‌ സംഹൃഷ്ടന്മാരാണ്‌, മഹാബലന്മാരാണ്‌; തമ്മില്‍ പഴുതു നോക്കി ജയിക്കുവാന്‍ മുതിരുന്നവരാണ്‌. അവർ ആള്‍ക്കൂട്ടത്തെ അകറ്റി ആ ദിക്കില്‍ നടന്നു.

വൃത്ര വാസവന്മാരോടൊക്കുന്ന ആ ശക്തന്മാരുടെ ആ രണത്തില്‍ പ്രകര്‍ഷണം, ആകര്‍ഷണം, അനുര്‍ഷണം, വികര്‍ഷണം എന്നിവയാല്‍ ആകര്‍ഷിച്ച്‌ മുട്ടു കൊണ്ടിടിച്ച്‌ മഹാഘോഷമുണ്ടാക്കി. തമ്മില്‍ ഭര്‍ത്സിച്ച്‌, കട്ടിയുള്ള കല്ല് കൊണ്ട്‌ ഇടിക്കുന്ന മട്ടില്‍ ഘോരമായി അടിച്ചു.

മാറു വിരിഞ്ഞവരും, കൈകള്‍ നീണ്ടവരും, പോരില്‍ വൈദഗ്ദ്ധ്യമുള്ളവരുമായ അവര്‍ ഇരുമ്പുലക്ക പോലുള്ള കൈകള്‍ പെരുമാറി.

ഇങ്ങനെ കാര്‍ത്തിക മാസം ഒന്നാം തീയതി മുതല്‍, ഭക്ഷണം കഴിക്കുവാന്‍ കൂടി പോരാട്ടം നിര്‍ത്തിവെക്കാതെ, രാപ്പകല്‍ പോരാട്ടം നടന്നു. ത്രയോദശി വരെ ഒപ്പം പൊരുതി നിന്നു. പതിന്നാലാം ദിവസം രാത്രി ജരാസന്ധന്‍ ക്ഷീണിച്ചു പിന്മാറി.

ജരാസന്ധന്‍ ക്ഷീണിച്ചു പിന്മാറിയതു കണ്ട്‌ മാധവന്‍ ഭീമവീര്യനായ ഭീമന് ഓര്‍മ്മ നല്കും വിധം ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഭീമാ! ശത്രു ക്ഷീണിച്ചിരിക്കുന്നു. രണത്തില്‍ പീഡ്യനല്ല. വളരെയധികം പീഡിപ്പിച്ചാല്‍ പ്രാണന്‍ വെടിയുമെന്നും വരാം. ഇവന്‍ പീഡനീയനല്ലെന്നതിനാല്‍, ഹേ കൗന്തേയ! അവനില്‍ ശേഷിച്ച ശക്തിക്ക്‌ തുലൃശക്തി മാത്രം പ്രയോഗിച്ച്‌, കൈ കൊണ്ടു പൊരുതുക.

വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്‍ പറഞ്ഞതു കേട്ട്‌ ശത്രുക്കള്‍ക്കു ഭീകരനായ ഭീമന്‍ ജരാസന്ധന്റെ രൂപവും അവസ്ഥയും മനസ്സിലാക്കി കൊല്ലുവാന്‍ ഒരുങ്ങി. അജയ്യനായ ജരാസന്ധനെ കൊല്ലുവാന്‍ കുരുനന്ദനനും, ബലിഷ്ഠനുമായ വൃകോദരന്‍ സര്‍വ്വശക്തിയും സംഭരിച്ച്‌ ഒരുങ്ങി.

24. ജരാസന്ധവധം - വൈശമ്പായനൻ പറഞ്ഞു: ജരാസന്ധ വധത്തിന്‌ വര്‍ദ്ധിച്ച ബലത്തോടു കൂടിയവനായ വൃകോദരൻ യദുനന്ദനനായ കൃഷ്ണനോടു പറഞ്ഞു. കൃഷ്ണാ! കച്ചകെട്ടി എതിര്‍ത്തു നില്ക്കുന്ന ദുഷ്ടനായ ഇവനെ വെറുതെ വിടുവാന്‍ ഞാന്‍ ഉദ്ദേ ശിക്കുന്നില്ല എന്ന്. ഈ വാക്കു കേട്ടപ്പോള്‍ കൃഷ്ണൻ വ്യകോദരനോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ജരാസന്ധവധം ഇനി താമസിച്ചു കൂടാ. നിന്റെ ദിവ്യമായ ശക്തിയും, വായുബലവും നീ കാണിച്ചു കൊള്ളുക. ഇനി താമസിക്കേണ്ട?

വൈശമ്പായനൻ പറഞ്ഞു; കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഭീമന്‍ ജരാസന്ധനെ എടുത്തു പൊക്കി. ആ ബാലവാനെ മഹാബലനായ ഭിമന്‍ നൂറുവട്ടം ചുറ്റി താഴെയിട്ട്‌ മുട്ടു കൊണ്ട്‌ കുത്തി തണ്ടെല്ലൊടിച്ച്‌ ഭയങ്കരമായി ഒന്ന് അലറി. പിന്നെ കൈ കൊണ്ട്‌ കാല്‍പിടിച്ചു രണ്ടായിച്ചീന്തി, ഞെരിയുന്ന ജരാസന്ധന്റെയും അലറുന്ന ഭീമന്റെയും ഭയങ്കരമായ ശബ്ദം സര്‍വൃദിക്കിലും ഭീഷണമായി. മാഗധന്മാരൊക്കെ ത്രസിച്ചു. സ്ത്രീകളുടെ ഗര്‍ഭം അലസി! ഭീമസേന ജരാസന്ധന്മാരുടെ ഭീമമായ ശബ്ദം കേട്ടപ്പോള്‍ ഹിമവാന്‍ പൊട്ടിത്തകര്‍ന്നുവോ, ഭൂമി പിളര്‍ന്നുവോ എന്ന് മാഗധന്മാര്‍ ഭയപ്പെട്ടു. ഭീമന്റെ നിസ്വനം അത്ര ഭീമമായിരുന്നു.

പിന്നെ രാജഗൃഹ ദ്വാരത്തില്‍ ചത്ത ജരാസന്ധനെ ഉറങ്ങിക്കിടക്കുന്നവനെയെന്ന പോലെ വിട്ട്‌, അവിടെ നിന്നു പിന്മാറി. ജരാസന്ധന്റെ കൊടിനാട്ടിയ വലിയ രഥം പൂട്ടി മാധവന്‍ ഭീമാര്‍ജ്ജുനന്മാരെ കയറ്റി, ബന്ധുരാജാക്കന്മാരെ ബന്ധനത്തില്‍ നിന്നു മോചിപ്പിച്ചു. രത്നാര്‍ഹരായ ആ രാജാക്കള്‍ അവരുടെ അധീനത്തിലുള്ള രത്നസഞ്ചയം, തങ്ങളെ മഹാഭയത്തില്‍ നിന്നു വേര്‍പെടുത്തിയതിന് പ്രത്യുപകാരമായി അനിര്‍വ്വചനീയവും അപാരവുമായ കൃതജ്ഞതയോടെ കാഴ്ച വെച്ചു. അക്ഷതനും ശസ്ത്രസമ്പന്നനുമായ കൃഷ്ണന്‍ ജരാസന്ധന്റെ ആ ദിവ്യരഥം കയറി ഗിരിവ്രജത്തില്‍ നിന്നു പുറപ്പെട്ടു. ഭീമാര്‍ജ്ജുനന്മാരേയും വഹിച്ച്‌ കൃഷ്ണന്‍ ഓടിക്കുന്ന ആ രഥം രാജാക്കന്മാരുടെ വിരുതു നശിപ്പിക്കുന്നതും, അന്യരാജാക്കന്മാര്‍ക്ക്‌ ജയിക്കുവാന്‍ കഴിയാത്തതുമാണ്‌. ഭീമാര്‍ജ്ജുനന്മാര്‍ കയറി കൃഷ്ണന്‍ നടത്തുന്ന ആ രഥം അജയ്യമായി പ്രശോഭിച്ചു. പണ്ട്‌ ശക്രനും വിഷ്ണുവും ഇരുന്നു പോരാടിയ ആ തേരില്‍ക്കയറി കൃഷ്ണന്‍ പോന്നു. തങ്കപ്രകാശം ചേർന്നതും, കിങ്കിണിയും തൊങ്ങലുമായി അലങ്കരിച്ചതും, കാര്‍മേഘം പോലെ ഇരമ്പുന്നതും, വൈരിവീരന്മാരെ വിറപ്പിക്കുന്നതുമായ ആ രഥത്തില്‍ ഇരുന്ന് പണ്ട്‌ ഇന്ദ്രന്‍ ഒന്നായി തൊണ്ണൂറ്റൊന്ന് അസുരന്മാരെ സംഹരിച്ചിട്ടുണ്ട്‌. അത്ര പ്രസിദ്ധമായ ആ തേര്‍ സമ്പാദിച്ച്‌ ആ പുരുഷര്‍ഷഭര്‍ സന്തോഷിച്ചു. പിന്നെ ഭീമാര്‍ജ്ജുനന്മാരോടു കൂടി ചേർന്ന് വീരനായ മുകുന്ദനെ ആ തേരില്‍ കണ്ട്‌ മാഗധ നാട്ടുകാര്‍ ആശ്ചര്യപ്പെട്ടു. ദിവ്യാശ്വങ്ങളെ കെട്ടി കാറ്റു പോലെ ഓടുന്ന ആ രഥം കൃഷ്ണന്‍ കയറിയ സമയത്ത്‌ ഏറ്റവും പ്രശോഭിച്ചു. ദേവനിര്‍മ്മിതമായി എവിടെയും തടയാത്ത ആ രഥം ഇന്ദ്രായുധം പോലെ ഒരു യോജന ദൂരെ ശോഭിച്ചുയര്‍ന്നു കണ്ടു.

കൃഷ്ണന്‍ ഗരുഡനെ ചിന്തിച്ചു. ഉടനെ ഗരുഡന്‍ വന്ന്‌, ചൈത്യവൃക്ഷം പോലെ ഉയര്‍ന്ന കൊടിയില്‍ കുടി കൊണ്ടു. വായ് തുറന്നലറുന്ന ഭൂതങ്ങളോടു കൂടി ചൈത്യവൃക്ഷത്തിലെന്ന വിധം ആ തേരില്‍ ഗരുഡന്‍ ശോഭിച്ചു. ആര്‍ക്കും നോക്കാന്‍ വയ്യാത്ത ഉഗ്രമായ തേജസ്സോടെ, അത്യുഗ്രമായ രശ്മി ചിതറുന്ന മദ്ധ്യാഹന സൂര്യനെ പോലെ, വൃക്ഷങ്ങളില്‍ തടയാത്ത ആ ധ്വജം ശസ്ത്രമേറ്റാലും മുറിയാത്തതാണ്‌. ദിവ്യമായ ആ ധ്വജം മര്‍ത്തൃര്‍ക്കും അപ്രകാരം കാണാം. മേഘനാദം പോലെ ഘോഷമുണ്ടാക്കുന്ന ആ ദിവ്യമായ തേരില്‍ക്കയറി പുരുഷോത്തമന്‍ പാണ്ഡവരൊത്തു പുറപ്പെട്ടു. ഈ രഥം വസുവിന് ഇന്ദ്രന്‍, വസു ബൃഹദ്രഥന്ന്‌, ബൃഹദ്രഥന്‍ ജരാസന്ധന്, ഇങ്ങനെ നല്കപ്പെട്ടതുമാണ്‌. ആ രഥത്തില്‍ കയറി കൃഷണന്‍ പോന്നു. ഗിരിവ്രജത്തിന്റെ പുറത്ത്‌ മൈതാന ഭൂമിയില്‍ ചെന്നു നിന്നു. നാട്ടുകാര്‍ അവിടെ വച്ച്‌ കൃഷ്ണനെ സല്‍ക്കരിച്ചു. വിധിപ്രകാരം ബ്രാഹ്മണരും ബന്ധനം വിട്ടു പോന്ന മന്നവന്മാരും മാധവനെ പൂജിച്ചു. കൃഷ്ണനെ പുകഴ്ത്തിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു.

രാജാക്കന്മാര്‍ പറഞ്ഞു: ദേവകീ പുത്രാ! ഗോവിന്ദാ! ഭവാന്‍ ഇതും അത്ഭുതമല്ല. ഭീമാര്‍ജ്ജുനന്മാരുടെ തുണയോടു കൂടി ഇപ്രകാരം നൃപന്മാരെ ഭവാന്‍ രക്ഷിച്ചു. ജരാസന്ധക്കയത്തില്‍ അല്ലല്‍ച്ചെളിയില്‍ ആണ്ടു പോയ അരചന്മാരെ ഭവാന്‍ കയറ്റിയില്ലേ! ഘോരമായ ഗിരിദുര്‍ഗ്ഗത്തില്‍ കുടുങ്ങിയ ഞങ്ങളെ മോചിപ്പിച്ച ഭവാന്‍ കീര്‍ത്തി നേടി. ഞങ്ങള്‍ ചെയ്യേണ്ടതെന്തെന്ന്‌ ആജ്ഞാപിച്ചാലും. നൃപന്മാര്‍ക്ക്‌ അസാദ്ധ്യമായ അക്കാര്യം സാധിച്ചതില്‍ ഞങ്ങള്‍ ഭവാന്റെ ദാസരാണെന്നു ചിന്തിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ നൃപന്മാരോട്‌ കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: യുധിഷ്ഠിരന്‍ രാജസൂയം ചെയ്യുവാന്‍ ഇച്ഛിക്കുന്നു. ധര്‍മ്മം ചെയ്തിട്ടും അവന്‍ പാര്‍ത്ഥിവത്വം നടത്തുവാൻ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും ചേർന്ന് ചിന്തിച്ച്‌ സഹായം ചെയ്തു തരണം.

വൈശമ്പായനൻ പറഞ്ഞു; കൃഷ്ണന്റെ വാക്കു കേട്ട്‌ നൃപന്മാര്‍ ആനന്ദിച്ചു. ആ വാക്കു കേട്ട്‌ അപ്രകാരമാകാമെന്ന് അവര്‍ എല്ലാവരും സമ്മതിച്ചു. കൃഷ്ണന്നായി രാജാക്കള്‍ രത്നസഞ്ചയം കാഴ്ചവെച്ചു. അവരിലുള്ള കൃപ മൂലം കൃഷ്ണന്‍ വളരെ വിഷമത്തോടെയാണ്‌ അതില്‍ നിന്ന് അല്പം മാത്രം സ്വീകരിച്ചത്‌.

ജരാസന്ധന്റെ മകനായ സഹദേവന്‍ പുരോഹിതനെ മുമ്പില്‍ നടത്തി അമാതൃ ഭൃത്യന്മാരോടു കൂടി എത്തി. നാനാരത്നങ്ങള്‍ അര്‍പ്പിച്ച്‌ താണുകുമ്പിട്ട്‌ നിന്നു. സഹദേവന്‍ വാസുദേവന്റെ ദാസനായി. ഭയാര്‍ത്തനായ അവന മാധവന്‍ അപ്പോള്‍ അഭയം നലകി. അവന്റെ കാഴ്‌ച ദ്രവ്യങ്ങള്‍ കൈക്കൊണ്ട്‌ പുരുഷോത്തമന്‍ അവനെ രാജാവായി അഭിഷേകം ചെയ്തു. കൃഷ്ണനും പാണ്ഡവന്മാരും ചേർന്ന് സല്‍ക്കരിച്ചപ്പോള്‍ അവന്‍ ബാര്‍ഹദ്രഥ പുരത്തിലേക്ക്‌ ശ്രീമാനായി തിരിച്ചു ചെന്നു ആ പൂജ്യന്മാര്‍ വാഴിച്ച ജരാസന്ധപുത്രന്‍ രാജാവായി ശോഭിച്ചു. കൃഷ്ണന്‍ പാണ്ഡഡവന്മാരോടു കൂടി രത്നജാലങ്ങള്‍ സ്വീകരിച്ച്‌ അതി ശ്രീ സമന്വിതനായി ഇന്ദ്രപ്രസ്ഥത്തില്‍ മടങ്ങിയെത്തി. ഇന്ദ്രപ്രസ്ഥത്തില്‍ ഉത്കണ്ഠിതനായി ഇരിക്കുന്ന യുധിഷ്ഠിര നൃപന്റെ മുമ്പില്‍ എത്തി, കൃഷ്ണന്‍ സസന്തോഷം ഉണര്‍ത്തിച്ചു.

കൃഷ്ണന്‍ പറഞ്ഞു: ഭാഗ്യം! ശക്തനായ ജരാസന്ധനെ ഭീമന്‍ കൊന്നു! തടവിലാക്കിയ രാജാക്കന്മാരെയൊക്കെ മോചിപ്പിച്ചു. ഭാഗ്യം! എന്നോടു കൂടി ഭീമാര്‍ജ്ജുനന്മാര്‍ കേടൊന്നും കൂടാതെ സ്വന്തം പുരിയില്‍ മടങ്ങിയെത്തി.

വൈശമ്പായനന്‍ പറഞ്ഞു: യുധിഷ്ഠിരന്‍ ആനന്ദബാഷ്പം പൊഴിച്ച്‌ മാധവനെ യഥാര്‍ഹം സല്‍ക്കരിച്ചു. ഭിമാര്‍ജ്ജുനന്മാരെ സസന്തോഷം തഴുകി. ജരാസന്ധന്‍ വീണതിന് ശേഷം സോദരന്മാരാല്‍ ജയം നേടി അജാതശത്രുവായ യുധിഷ്ഠിരന്‍ സന്തോഷിച്ച്‌ ആനന്ദിച്ചു. ഭ്രാതാക്കളോടു ചേർന്ന് കൗന്തേയന്‍ വയസ്സിന്റെ മൂപ്പു മുറയ്ക്കു സല്‍ക്കാരം ചെയ്തു മാനിച്ച്‌ ആ നരേന്ദ്രന്മാരെയെല്ലാം വിട്ടയച്ചു.

യുധിഷ്ഠിരന്റെ അനുവാദത്തോടു കൂടി രാജാക്കന്മാര്‍ വളരെ രസത്തോടെ നാനാവാഹനങ്ങളോടു കൂടി അവരവരുടെ ദേശത്തേക്കു ചെന്നു. ഇപ്രകാരം പുരുഷശാര്‍ദ്ദൂലനായ ജനാര്‍ദന്‍ പാര്‍ത്ഥരെ കൊണ്ട്‌ വൈരിയായ മഗധേന്ദ്രനെ കൊല ചെയ്യിച്ചു. ബുദ്ധിപൂര്‍വ്വം ജരാസന്ധനെ കൊല്ലിച്ചതിന് ശേഷം കൃഷ്ണന്‍ ധര്‍മ്മപുത്രനോടും, കുന്തിയോടും, പാഞ്ചാലിയോടും, സുഭദ്രയോടും, ഭീമാര്‍ജ്ജുനന്മാരോടും, മാദ്രേയന്മാരോടും യാത്ര പറഞ്ഞ്‌, ധൗമ്യാനുവാദത്തോടെ ദ്വാരകയിലേക്കു യാത്രയായി. മനോഹര മഹാരഥത്തില്‍ കയറി ദിക്കു മുഴങ്ങുമാറ്‌ നന്ദിയോടെ ധര്‍മ്മപുത്രനും തമ്പിമാരും മാന്യകര്‍മ്മകാരിയായ നരകാരിയെ വലംവെച്ച്‌ യാത്രയയച്ചു.

വാസുദേവന്‍ പോയതിന് ശേഷം മഹാജയം പൂണ്ട മന്നവന്മാര്‍ക്ക്‌ അഭയം കൊടുത്ത്‌ രാജാവ്‌ കീര്‍ത്തിമാനായി തീര്‍ന്നു. ദ്രൗപദിക്ക്‌ പാണ്ഡവന്മാര്‍ പരമാനന്ദം നല്കി. കാലത്തിനൊത്ത ധര്‍മ്മകാമാര്‍ത്ഥ യുക്തങ്ങളായ കര്‍മ്മങ്ങള്‍ ചെയ്ത്‌ രാജാവ്‌ പ്രജാസംരക്ഷണത്താല്‍ കീര്‍ത്തിമാനായി.

ദിഗ്വിജയപര്‍വ്വം

25. ദിഗ്വിജയസംക്ഷേപകഥനം - വൈശമ്പായനൻ പറഞ്ഞു. ഗാണ്ഡീവം എന്ന് അമ്പൊടുങ്ങാത്ത ആവനാഴിയും, പ്രശംസാര്‍ഹമായ രഥം, ധ്വജം, സഭ ഇവയെല്ലാം നേടിയ പാര്‍ത്ഥന്‍ യുധിഷ്ഠിരനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു. വില്ല്‌, വീര്യമേറുന്ന അസ്ത്രം, കൂട്ടുകാര്‍, പാരിടം, ബലം ഇവയൊക്കെ ഞാന്‍ രാജാവേ നേടിക്കഴിഞ്ഞു. കിട്ടുവാന്‍ വിഷമമുള്ള അഭീഷ്ടവും നേടി. ഇനി വേണ്ടത്‌ ഭണ്ഡാരം വര്‍ദ്ധിപ്പിക്കുകയാണ്‌. അതു കൊണ്ട്‌ എല്ലാ രാജാക്കന്മാരില്‍ നിന്നും കപ്പം വാങ്ങണം. അതിനു വേണ്ട നടപടികള്‍ ആരംഭിക്കണം. വിത്തേശ്വരന്‍ ഇരിക്കുന്ന ദിക്കിലേക്കു പോകണം. അവിടെയുള്ള രാജാക്കന്മാരെയെല്ലാം പോരില്‍ ജയിക്കുവാന്‍ മുഹൂര്‍ത്തവും നല്ല നാളും പക്കവും നോക്കി ഇറങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു; ധനഞ്ജയന്‍ പറഞ്ഞ വാക്കുകേട്ട്‌ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ സ്നിഗ്ദ്ധ ഗംഭീര സ്വരത്തില്‍ അവനോട്‌ ഉത്തരം പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു; വിപ്രന്മാരുടെ ആശംസ വാങ്ങി, ഹേ, ഭാരതാ! പുറപ്പെടുക. ശത്രുവിജയത്തിനും, മിത്രാനുമോദത്തിനും ബ്രാഹ്മണരുടെ അനുഗ്രഹം ആവശ്യമാണ്‌. ഹേ, പാര്‍ത്ഥാ! നിനക്ക്‌ ജയം വന്നുകൂടും. ആഗ്രഹങ്ങളൊക്കെ സാധിക്കുകയും ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞതു കേട്ട്‌ അര്‍ജ്ജുനന്‍ വലിയ സൈന്യത്തോടു കൂടി അഗ്നി നല്കിയ ദിവ്യമായ തേരില്‍ ഇരുന്നു പുറപ്പെട്ടു. അപ്രകാരം ഭീമനും മാദ്രീ പുത്രരും ദിവ്യമായ തേരുകളില്‍ കയറി ധര്‍മ്മരാജാവിന്റെ അനുഗ്രഹം വാങ്ങി സൈന്യങ്ങളോടു കൂടി പുറപ്പെട്ടു.

വിത്തേശ്വരന്റെ ദിക്ക്‌ അര്‍ജ്ജുനന്‍ ജയിച്ചു. കിഴക്കു ദിക്കൊക്കെ ഭീമസേനന്‍ ജയിച്ചു. പിടഞ്ഞാറന്‍ ദിക്കൊക്കെ നകുലന്‍ ജയിച്ചു. തെക്കേ ദിക്ക്‌ സഹദേവനും ജയിച്ചു.

ഖാണ്ഡവ പ്രസ്ഥത്തില്‍ ഇരുന്നരുളുന്ന ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ മഹത്തായ ലക്ഷ്മി കൈ കൊണ്ട്‌, മിത്രാന്വിതനായി വിഭുവായി രാജിച്ചു.

26. അര്‍ജ്ജുനദിഗ്വിജയം ഭഗദത്തപരാജയം - ജനമേജയന്‍ പറഞ്ഞു: ഹേ, ദ്വിജോത്തമ! ദിഗ് ജയം വിസ്തരിച്ച്‌ ഭവാന്‍ പറഞ്ഞാലും! പൂര്‍വ്വന്മാരുടെ കഥ കേട്ട്‌ എനിക്കു സംതൃപ്തി വരുന്നില്ല.

വൈശമ്പായനൻ പറഞ്ഞു: ആദ്യമായി ഞാന്‍ ധനഞ്ജയന്റെ വിജയത്തെക്കുറിച്ചു പറയാം. പാണ്ഡവന്മാരെല്ലാവരും കൂടി ഭൂമിയൊക്കെ ജയിച്ചു. ആദ്യമായി കടുങ്കൈയൊന്നും കൂടാതെ കുളിന്ദരാജ്യത്തെ രാജാക്കളെ മഹാബാഹുവായ അര്‍ജ്ജുനന്‍ കീഴടക്കി. ആനര്‍ത്തന്മാരേയും, കാളകൂടന്മാരേയും, കുളിന്ദന്മാരേയും ജയിച്ച്‌, സ്വയം പെരും പടയോടു കൂടി സവ്യസാചി ശാകലദ്വീപ്‌ ജയിച്ച്‌ പ്രതിവിന്ധൃനെ പരാജയപ്പെടുത്തി.

ശാകല ദ്വീപസ്ഥരോടു ചേർന്ന് സപ്ത ദ്വീപസ്ഥരായ രാജാക്കള്‍ അര്‍ജ്ജുനന്റെ ഭടന്മാരുമായി പൊരുതി. പോരാട്ടം ഭയങ്കരമായി. അവന്‍ ആ വില്ലാളികളെയൊക്കെ ജയിച്ചു. ആ കൂട്ടരോടൊക്കെ ചേർന്നു പ്രാക്ജ്യോതിഷത്തിന് വേണ്ടി എതിര്‍ത്തു. അവിടെ അന്ന് ഭഗദത്തന്‍ വാണിരുന്നു. ഭയങ്കരമായ പോരാട്ടം അവനുമായി ഉണ്ടായി. കിരാതന്മാരോടും ചീനക്കാരോടും കൂടിയവനാണ്‌ പ്രാക്ജ്യോതിഷ രാജാവ്‌. അവന് വലിയ പടയുണ്ടായിരുന്നു. സാഗരാനുപചരന്മാരായിരുന്നു ആ വീരന്മാര്‍. എട്ടു ദിവസം പ്രാക്‌ ജ്യോതിഷന്‍ പാര്‍ത്ഥനോട്‌ പോരാടി നിന്നു. എന്നിട്ടും ക്ഷീണിക്കാത്ത പാര്‍ത്ഥനോട്‌ രാജാവ്‌ സസ്മിതം പറഞ്ഞു.

ഭഗദത്തന്‍ പറഞ്ഞു: മഹാവീരാ, നിനക്കു യോജിച്ചതു തന്നെയാണിത്‌. പാണ്ഡുപുത്രാ! പാകശാസനന്റെ പുത്രനായി വിക്രമം പൂണ്ടു നില്ക്കുന്ന ഭവാന് ഇത്‌ ഉചിതം തന്നെ. മഹേന്ദ്രന്റെ സുഹൃത്താണ്‌ ഞാന്‍. പോരില്‍ ഇന്ദ്രനില്‍ താഴാത്തവനുമാണ്‌ ഞാന്‍. ഉണ്ണി, നിന്നോടു പൊരുതുവാന്‍ പോരാത്തമ ട്ടിലാണ്‌ ഇന്ന് എന്റെ കഥ, ഹേ, പാണ്ഡവാ! എന്താണ്‌ നിന്റെ അഭീഷ്ടം? ഞാന്‍ എന്തു ചെയ്യണമെന്നു പറഞ്ഞാലും. മകനേ, മഹാബാഹോ, നിന്റെ അഭിഷ്ടം ചെയ്യുവാന്‍ ഞാന്‍ തയ്യാറാണ്‌.

അര്‍ജ്ജുനന്‍ പറഞ്ഞു: കുരുക്കളില്‍ ഋഷഭനും, രാജാവും, ധര്‍മ്മപുത്രനുമായ യുധിഷ്ഠിരന്‍ ധര്‍മ്മവിത്തമനും, സത്യസന്ധനും, ബഹുദക്ഷിണനുമായ യജ്വാവാണ്‌. അദ്ദേഹം ചക്രവര്‍ത്തിയാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭവാനും കപ്പം കൊടുക്കണം. അങ്ങ്‌ എന്റെ അച്ഛന്റെപ്രിയ സഖാവാണ്‌,; എനിക്കും പ്രിയപ്പെട്ടവനാണ്‌. അതു കൊണ്ട്‌ അങ്ങയോട്‌ ഞാന്‍ ആജ്ഞാപിക്കുന്നില്ല. അങ്ങ്‌ പ്രീതിപൂര്‍വ്വം കൊടുക്കുക.

ഭഗദത്തന്‍ പറഞ്ഞു: ഹേ, കൗത്തേയ! എനിക്ക്‌ നിന്നെ പോലെ തന്നെയാണ്‌ യുധിഷ്ഠിര രാജാവും. ഭവാന്‍ പറഞ്ഞതു പോലെയാകാം. പിന്നെ മറ്റെന്തു വേണമെന്നു പറയുക.

27. ഫാല്‍ഗുനദിഗ്വിജയം - നാനാദേശജയം - വൈശമ്പായനന്‍ പറഞ്ഞു; അതു കേട്ട്‌ ഭഗദത്തനോട്‌ അര്‍ജ്ജുനന്‍ മറുപടി പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: അങ്ങ്‌ ഇങ്ങനെ ചെയ്യാമെന്ന്‌ ഏറ്റാല്‍ തന്നെ എനിക്കു വേണ്ടതായി.

വൈശമ്പായനൻ പറഞ്ഞു: പിന്നെ ആ രാജാവിനെ വിട്ട്‌ വീരനായ ധനഞ്ജയന്‍ അവിടെ നിന്നും വടക്കോട്ടു കുബേരന്റെ ദിക്കിലേക്കു പോയി. അന്തര്‍ഗിരിയേയും ബഹിര്‍ഗിരിയേയും ജയിച്ചു. പിന്നെ എല്ലാ ഗിരികളേയും അവിടെയുള്ള രാജാക്കന്മാരേയും ജയിച്ചു. അവരെ പാട്ടില്‍ നിര്‍ത്തി, വളരെ ദ്രവ്യം ഗ്രഹിച്ച്‌, അവരോടു കൂടി ആ നൃപന്മാരെയൊക്കെ ഇണക്കിച്ചേര്‍ത്ത്‌, ഉലൂകരാജാവായ ബൃഹന്ത രാജാവിനോട്‌ ചെന്ന് എതിര്‍ത്തു. മൃദംഗ നിനദം കൊണ്ടും, തേരിന്റെ നാദം കൊണ്ടും, ഹസ്തി ജാലങ്ങളുടെ ആരവം കൊണ്ടും, ലോകത്തെയിട്ടു വിറപ്പിച്ച ബൃഹന്തന്‍ വേഗത്തില്‍ ചതുരംഗപ്പടയെ കൂട്ടി പുരിവിട്ട് പുറത്തേക്കെത്തി പാര്‍ത്ഥനോട്‌ പൊരുതി. ധനഞ്ജയബൃഹന്തന്മാര്‍ ഏറ്റ പോര് ഘോരമായി. പാണ്ഡവന്റെ വിക്രമം ബൃഹന്തന് പൊറുക്കുവാന്‍ വയ്യാതായി. കൗന്തേയന്‍ അജയ്യനാണെന്നു കൊണ്ട്‌ ആ പര്‍വ്വതേശ്വരന്‍ എല്ലാ രത്നസമ്പത്തോടൊപ്പം കീഴടങ്ങി.

അവന്‍ ആ നാട്‌ കീഴടക്കിയ ശേഷം ഉലൂകനോടു കുടെച്ചെന്ന് സേനാബിന്ദുവിനെ രാജ്യഭ്രഷ്ടനാക്കി. മോദാപുരം, വാമദേവം, സദാമാവ്‌, സുസങ്കലം, ഉത്തലോലൂകം എന്നീ രാജ്യങ്ങളൊക്കെ ജയിച്ച്‌ അവയെ അധീനത്തിലാക്കി. ധര്‍മ്മരാജാവ്‌ ദൂതന്മാരെ അയച്ച്‌ അറിയിച്ച പ്രകാരം പാണ്ഡവന്‍ കുറച്ചു നാള്‍ അവിടെ പാര്‍ത്തു.

പിന്നെ കിരീടി പഞ്ചഗണദേശം ജയിച്ചു. ദേവ പ്രസ്ഥത്തിലെത്തി സേനാബിന്ദു പുരത്തില്‍ ചതുരംഗ ബലത്തോടു കൂടെ കൂടാരം കെട്ടി താമസിച്ചു. അവരോടെല്ലാം ചേർന്ന് പുരുഷര്‍ഷഭനും പൗരവനുമായ വിഷഗശ്വ രാജാവിനോടെതിര്‍ത്തു. തേരാളിവീരരായ പാര്‍വ്വതീയരെ ജയിച്ചു, പൗരവന്‍ കാള പോരുന്ന പുരവും സേനാശക്തി കൊണ്ട്‌ ജയിച്ച്‌, പോരില്‍ പൗരവനെ ജയിച്ച്‌, അദ്രിസ്ഥമായ ദസ്യുഗണത്തേയും ജയിച്ച്‌, ഉത്സവസങ്കേതമെന്ന ഏഴു ഗണത്തേയും. പാ ണ്ഡവന്‍ കീഴടക്കി. പിന്നെ ക്ഷത്രിയര്‍ഷഭന്‍ കാശ്മീരകക്ഷത്രിയരായ വമ്പന്മാരെ ജയിച്ചു. പത്തു മണ്ഡലത്തോടു കൂടി ലോഹിതനേയും ജയിച്ചു. പിന്നെ ത്രിഗര്‍ത്തന്മാരേയും ദാര്‍വ്വരേയും കാകനദന്മാര്‍ മുതലായ അനേകം ക്ഷത്രിയന്മാരേയും പാര്‍ത്ഥന്‍ കീഴടക്കി.

പിന്നെ അര്‍ജ്ജുനന്‍ രമ്യമായ അഭിസാരി എന്ന പുരം ജയിച്ചു. ഉരഗം ഭരിക്കുന്ന രോചമാനനേയും രണത്തില്‍ തോല്പിച്ചു. പിന്നെ ചിത്രായുധന്‍ സംരക്ഷിക്കുന്ന മനോരമ്യമായ സിംഹപുരത്തേയും യുദ്ധത്തില്‍ അര്‍ജ്ജുനന്‍ തകര്‍ത്തു. കിരീടിയായ പാണ്ഡവന്‍ സഹ്യം, സുമാലം എന്നിവയേയും സര്‍വ്വസൈന്യങ്ങളോടും കൂടിച്ചെന്ന് കലക്കി മറിച്ചു. പിന്നെ പരമവിക്രാന്തനായ ബാല്‍ഹീകനേയും ദുരാസദന്മാരാണെങ്കിലും അവരെ അര്‍ജ്ജുനന്‍ പോരില്‍ അടക്കി. പടയും പണവും സമ്പാദിച്ച്‌ സമര്‍ത്ഥനായ അര്‍ജ്ജുനന്‍ ദരദന്മാരേയും കാംബോജന്മാരേയും പരാജയപ്പെടുത്തി.

വടക്കു കിഴക്കു ഭാഗത്തായി പാര്‍ക്കുന്ന ദസ്യുവര്‍ഗ്ഗത്തേയും, കാട്ടില്‍ വാഴുന്ന രാജാക്കന്മാരേയും പാട്ടിലാക്കിയതിന് ശേഷം ലോഹം, കിഴക്കേ കാംബോജം, വടക്കേ ഋഷീകം എന്നീ നാട്ടുകാരേയും ഇന്ദ്രപുത്രന്‍ ജയിച്ചു. ഋഷീകത്തില്‍ വെച്ച്‌ അതിഭീഷണമായ രണമുണ്ടായി. താരകാസുരയുദ്ധം പോലെ അവര്‍ തമ്മില്‍ രണം ഉഗ്രമായി. പടത്തലയ്ക്കല്‍ ഋഷീകപ്പടയെ ജയിച്ച്‌ അര്‍ജ്ജുനന്‍ ശുഭോദരാഭമായ എട്ട്‌ കുതിരകളെ കൈയിലാക്കി. മയൂരച്ഛായങ്ങളും ഉത്തമങ്ങളുമായ ഊക്കും വേഗതയും കൂടുന്ന അശ്വങ്ങളെ കപ്പമായി വാങ്ങി. അങ്ങനെ വനനിബിഡമായ ഹിമവാനെ പടവെട്ടിപ്പിടിച്ച്‌ ശ്വേതാദ്രിയില്‍ ചെന്ന് ആ പുരുഷപുംഗവന്‍ കൂടാരമടിച്ചു.

28. അര്‍ജ്ജുനോത്തരദിഗ്വിജയം - വൈശമ്പായനൻ പറഞ്ഞു: ശ്വേതശൈലം കടന്ന് വീരനായ അര്‍ജ്ജുനന്‍ "ദ്രുമപുത്രന്‍" ഭരിക്കുന്ന ദേശമായ കിമ്പുരുഷാലയത്തിലെത്തി. ഉഗ്രമായ പോരാട്ടത്തിന് ശേഷം അതു പിടിച്ചടക്കി ദ്രുമപുത്രന്റെ പക്കല്‍ നിന്നു കപ്പം വാങ്ങിച്ചു. പിന്നീട്‌ ഗുഹ്യകന്മാരാല്‍ രക്ഷിക്കപ്പെടുന്ന ഹാടകം എന്ന ദേശത്ത്‌ പെരുമ്പടയുമായി അര്‍ജ്ജുനന്‍ ചെന്നു കയറി. ഉടനെ അവരെല്ലാം അദ്ദേഹത്തിന് കീഴടങ്ങി. അങ്ങനെ ആ മാനസസരസ്ഥലം സാന്ത്വം കൊണ്ട്‌ കീഴടക്കി. ആ സരസ്സും ഋഷികുല്യകളും കണ്ട്‌ ഹാടകന്മാരാല്‍ ചുറ്റപ്പെട്ട ആ മാനസസരസ്സു പ്രാപിച്ചതിന് ശേഷം ഗന്ധര്‍വ്വന്മാര്‍ സംരക്ഷിക്കുന്ന ദേശം അര്‍ജ്ജുനന്‍ ജയിച്ചു. അവിടെ തിത്തിരിക്കുതിരകള്‍, മണ്ഡൂകക്കുതിരകള്‍ മുതലായ പ്രസിദ്ധ ഹയങ്ങളെ ആ ഗന്ധര്‍വ്വ പതനത്തില്‍ വെച്ച്‌ അര്‍ജ്ജുനന്‍ കരമായി വാങ്ങി. പിന്നെ വടക്കന്‍ ഹരിവര്‍ഷത്തില്‍ കടന്ന് ഇന്ദ്രപുത്രന്‍ ആ ദിക്ക്‌ വെല്ലുവാന്‍ വിചാരിച്ചു. അവനോട്‌ മഹാകായ ബലമുള്ളവരായ ദ്വാരപാലകന്മാര്‍ അടുത്തു ചെന്ന് സന്തോഷത്തോടെ പറഞ്ഞു.

ദ്വാരപാലകന്മാര്‍ പറഞ്ഞു: ഹേ, പാര്‍ത്ഥാ! നീ ഈ പുരം ജയിക്കുവാന്‍ ഒരിക്കലും ശക്തനാവുകയില്ല. ഹേ, ശുഭശീല! ഭവാന്‍ മടങ്ങി പോയാലും. ഇത്രത്തോളം മതി, ഈ പുരത്തില്‍ കടക്കുന്ന മനുഷ്യന്റെ കഥ അപ്പോള്‍ അവസാനിക്കും. ഞങ്ങള്‍ ഭവാനോട് സന്തോഷിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ ഭവാന് ജയമായല്ലോ. ഭവാന് ജയിക്കാവുന്നതായി ഒന്നും ഇവിടെ കാണുന്നില്ല. ഈ ഉത്തര കുരുക്കളുമായി യുദ്ധത്തിന് പറ്റുകയില്ല. കടന്നാല്‍ തന്നെ ഒന്നും ഭവാന്‍ കാണുകയില്ല. മനുഷ്യ ദേഹമുള്ളവന് കാണുവാന്‍ പറ്റാത്തതാണ്‌ ഇവിടെയുള്ളതെല്ലാം. ഈ നിലയ്ക്ക്‌ വേറെ എന്താണ്‌ ഭവാൻ ഇച്ഛിക്കുന്നത്‌ ? പറയുക! ഞങ്ങള്‍ നടത്താം.

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ അര്‍ജ്ജുനന്‍ അവരോട്‌ മന്ദഹാസത്തോടെ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ധീമാനായ ധര്‍മ്മപുത്രന് ചക്രവര്‍ത്തി പദം ഞാന്‍ കാംക്ഷിക്കുന്നു. നരന്മാര്‍ക്ക്‌ അഗമ്യമാണ്‌ ഈ പ്രദേശമെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ കയറുന്നില്ല. ധര്‍മ്മപുത്രനായി നിങ്ങള്‍ എന്തെങ്കിലും കരമായി നല്കുവിന്‍.

വൈശമ്പായനൻ പറഞ്ഞു: ഇത്‌ കേട്ടയുടനെ അവര്‍ സസന്തോഷം ദിവ്യമായ വസ്ത്രങ്ങളും, ദിവ്യമായ ആഭരണങ്ങളും, ദിവ്യമായ പട്ടുകളും, തോലുകളും, കുപ്പായങ്ങളും കപ്പമായി നല്കി. പാണ്ഡവന്‍ അതെല്ലാം സ്വീകരിച്ചു. അങ്ങനെ ആ പുരുഷവ്യാഘ്രന്‍ വടക്കുദിക്കു ജയിച്ചു.

ക്ഷത്രിയന്മാരോടും ദസ്യുക്കളോടും യുദ്ധം ചെയ്തു. ആ രാജാക്കന്മാരെയൊക്കെ ജയിച്ച്‌, കപ്പം വാങ്ങിച്ച്‌ ഇങ്ങനെ എല്ലാ രാജാക്കന്മാരില്‍ നിന്നും ധനം വാങ്ങി, നാനാ വിധത്തിലുള്ള രത്നചയത്തോടു കൂടി, തിത്തിരിപ്പുല്ലിന്റെ നിറമുള്ളതും തത്തയുടെ നിറമുള്ളതും, മയില്‍ നിറമുള്ളതും, ഇങ്ങനെ പല നിറമുള്ളതും വായുവേഗത്തെ ജയിക്കുന്നതുമായ അശ്വങ്ങളെ നേടി, അര്‍ജ്ജുനന്‍ വിസ്തൃതമായ ചതുരംഗപ്പടയോടു കൂടി തിരിയെ ഇന്ദ്രപപസ്ഥപുരിയിലേക്ക്‌ മടങ്ങിയെത്തി. ഉത്തരദിക്കു ജയിച്ച ധനങ്ങളും കുതിരകളുമൊക്കെ അര്‍ജ്ജുനന്‍ ധര്‍മ്മപുത്രന് കാഴ്ചവെച്ച്‌ നമസ്കരിച്ചു. അനന്തരം അനുജ്ഞ വാങ്ങി സ്വന്തം ഭവനത്തിലേക്കു പോയി.

29. ഭീമദിഗ്വിജയം - വൈശമ്പായനൻ പറഞ്ഞു: അക്കാലത്തു തന്നെ വീരനായ ഭീമസേനനും ധര്‍മ്മരാജാവിന്റെ ആജ്ഞ സ്വീകരിച്ച്‌ ദിഗ്വിജയത്തിന് കിഴക്കന്‍ ദിക്കിലേക്കു പുറപ്പെട്ടു. ചതുരംഗ സൈന്യങ്ങളോടു കൂടി പ്രതാപിയായ ഭീമന്‍ ഉത്സാഹത്തോടെ ശത്രുക്കള്‍ക്ക്‌ ശോകമുണ്ടാക്കുമാറ്‌ മുന്നേറി. ആ പുരുഷസിംഹന്‍ ആദ്യമായി പാഞ്ചാലപുരിയില്‍ ചെന്നു. പാഞ്ചാലപുംഗവന്മാരെ വിവിധോപായങ്ങളാല്‍ ആ ഭരതര്‍ഷഭന്‍ സാന്ത്വനം ചെയ്തു. പിന്നെ ഗണ്ഡകന്മാരെയും വിദേഹന്മാരെയും ജയിച്ചു. അല്പദിവസം കൊണ്ട്‌ ദശാര്‍ണ്ണരേയും കീഴടക്കി. ദശാര്‍ണ്ണരാജാവായ സുധര്‍മ്മന്‍ തുമൂലവും രോമഹര്‍ഷണവുമായ പോര്‍ നടത്തി. അവര്‍ നിരായുധനാക്കപ്പെട്ടു. ദ്വന്ദ്വയുദ്ധം ചെയ്ത്‌ അവനെ ഭീമന്‍ തോല്പിച്ചെങ്കിലും അവന്റെ. അത്ഭുതകരമായ പാടവം കണ്ട്‌ ഭീമന്‍ അവനെ സേനാപതിയായി നിയമിച്ചു. പിന്നെ ആ വീരനായ സുധര്‍മ്മാവിനോടു കൂടി കിഴക്കോട്ടു കയറി. ഭീമപരാക്രമനായ ഭീമന്‍ പെരുമ്പടയുമായി പാരിടം വിറപ്പിച്ചു.

പിന്നെ അശ്വമേധേശ്വരനായ രോചമാനനെ കൂട്ടത്തോടെ ബലമായി പോരാടി ജയിച്ചു. അത്യുഗ്ര ധര്‍മ്മം കൂടാതെ അദ്ദേഹത്തേയും ജയിച്ചു. അങ്ങനെ കിഴക്കന്‍ ദിക്കൊക്കെ ജയിച്ച്‌ തെക്കോട്ടു തിരിച്ചു. പുളിന്ദപുരത്തിലെത്തി, സുകുമാരനേയും, സുമിത്രനേയും ജയിച്ചു. പിന്നെ ധര്‍മ്മപുത്ര ശാസനത്താല്‍ ഹേ, ജനമേജയാ! ഭീമന്‍ ശിശുപാലനുമായി ചെന്നേറ്റു. പാണ്ഡവന്റെ പുറപ്പാടറിഞ്ഞ്‌ ചേദിരാജാവായ ശിശുപാലന്‍ പരിവാരങ്ങളോടു കൂടി പുരത്തില്‍ നിന്നിറങ്ങി ചെന്ന് ഭീമസേനനെ എതിരേറ്റു. അങ്ങനെ കുരുചേദി വീരന്മാര്‍ തമ്മില്‍ സസന്തോഷം കൂടിക്കാഴ്ച നടന്നു. രണ്ടു പേരും, രണ്ടു വംശത്തിനും കുശലപ്രശ്നം ചെയ്തു. ഈ രാജ്യമെല്ലാം അങ്ങയ്ക്കു സമര്‍പ്പിക്കുന്നു എ ന്ന്ചേദിരാജാവ്‌ ചിരിച്ചു കൊണ്ട്‌ ഭീമനോടു പറഞ്ഞു. എന്നു തന്നെയല്ല ഹേ അനഘാ! ഇത്‌ എന്തിനുള്ള പുറപ്പാടാണ്‌ ? എന്ന് ഭീമനോട്‌ അവന്‍ ചോദിച്ചു. ഇതു കേട്ടപ്പോള്‍ ഭീമന്‍ അവനോട്‌ ധര്‍മ്മരാജാവിന്റെ ആഗ്രഹവും ഉദ്ദേശ്യവും പറഞ്ഞു. ആ രാജാവ്‌ അതില്‍ സന്തോഷിച്ച്‌ അപ്രകാരം സമ്മതിച്ചു.

അങ്ങനെ സൗഹാര്‍ദ്ദത്തോടെ ഭീമന്‍ മുപ്പതു രാത്രി അവിടെ ശിശുപാലന്റെ സല്‍ക്കാരമേറ്റ്‌ പാര്‍ത്തതിന് ശേഷം സൈന്യങ്ങളുമായി പറുപ്പെട്ടു.

30. ഭീമ, പ്രാചിദിഗ്വിജയം - വൈശമ്പായനൻ പറഞ്ഞു:പിന്നെ കുമാര രാജൃത്തു ചെന്ന് ശ്രേണിമാനെ തോല്പിച്ചു. പിന്നെ കോസല രാജാവായ ബൃഹത്ബലനെ തോദപിച്ചു. ധര്‍മ്മജ്ഞനും മഹാബലനുമായ ദീര്‍ഘയജ്ഞനെ അയോദ്ധ്യയില്‍ അതിതീവ്രമായ കര്‍മ്മം കൂടാതെ തന്നെ ജയിച്ചു. പിന്നെ ഗോപാലകക്ഷം, ഉത്തരകോസലം എന്നിവയും മല്ലന്മാരുടെ രാജാവിനേയും ജയിച്ചു.

പിന്നീട്‌ ജലോത്ഭവമായ ഹിമവല്‍ പാര്‍ശ്വത്തില്‍ പ്രവേശിച്ച്‌ എല്ലാ ദേശങ്ങളേയും കുറച്ചു നാള്‍ കൊണ്ടു കീഴടക്കി. പിന്നെ പല ദേശങ്ങള്‍ ജയിച്ച്‌ ഭല്ലാടവും അതിന്നടുത്തുള്ള ശുക്തിമന്ത പര്‍വ്വതവും ജയിച്ചു. പിന്നെ ആ മഹാബാഹു പോരില്‍ പിന്മടങ്ങാത്ത കാശിരാജാവായ സുബാഹുവിനെ ജയിച്ചു. ഭീമപരാക്രമനായ ഭീമന്‍ സുപാര്‍ശ്വത്തിലെത്തി രാജപതിയായ ക്രഥനെ ജയിച്ചു.

പിന്നെ മഹാതേജസ്വികളായ മത്സ്യരേയും, മഹാബലരായ മലദന്മാരേയും കീഴടക്കി. ആരേയും ഭയപ്പെടാത്ത പശുഭൂമി എന്ന രാജ്യവും ജയിച്ചു. തിരിച്ചു പോന്ന് ആ മഹാബാഹു മദധാരാ, മഹീധര എന്നിവയും, സോമധേയന്മാരേയും ജയിച്ചു വടക്കോട്ടു തിരിച്ചു. ബലവാനായ ഭീമന്‍ ബലം പ്രയോഗിച്ച്‌ വത്സരാജ്യം കീഴടക്കി. ദുര്‍ഗ്ഗന്മാരുടെ രാജാവിനേയും, നിഷാദാധിപനേയും ജയിച്ചു. മണിമാന്‍ മുതല്ക്കുള്ള വളരെയേറെ രാജാക്കളേയും ജയിച്ചു.

പിന്നെ ദക്ഷിണമല്ലന്മാരേയും, ഭോഗവന്തപര്‍വ്വതത്തേയും അത്യുഗ്രകര്‍മ്മം കൂടാതെ വേഗത്തില്‍ വൃകോദരൻ ജയിച്ചു. ശര്‍മ്മകന്മാരേയും വര്‍മ്മകന്മാരേയും സാന്ത്വപൂര്‍വ്വം ജയിച്ചു വൈദേഹ രാജാവായ ജനക ജഗത്പതിയെ അത്യുഗ്രകര്‍മ്മം കൂടാതെ തന്നെ ആ പുരുഷവ്യാഘ്രന്‍ ജയിച്ചു. ചില വഞ്ചനാ തന്ത്രങ്ങള്‍ പ്രയോഗിച്ച്‌ ശാകന്മാരേയും ബര്‍ബ്ബരരേയും ജയിച്ചു. വൈദേഹത്തില്‍ പാര്‍ത്തു ഇന്ദ്രപര്‍വ്വതത്തിനടുത്തുള്ള ഏഴു കിരാത രാജാക്കന്മാരെ കൗന്തേയന്‍ തോല്പിച്ചു. പിന്നെ സുഹ്മനേയും പ്രശുഹ്മനേയും ജയിച്ചു. അവരെയും സ്വപക്ഷങ്ങളോടു കൂടി മാഗധത്തിലേക്കു ചെന്ന് ദണ്ഡനേയും, ദണ്ഡധാരനേയും ജയിച്ച്‌, ആ രാജാക്കന്മാരോടൊപ്പം ആ രാജ്യമൊക്ക ജയിച്ച്‌, ഗിരിവ്രജത്തിലെത്തി. ജരാസന്ധ പുത്രനായ സഹദേവനെ ചെന്നു കണ്ട്‌ അവനേയും ആശ്വസിപ്പിച്ചു കരം വാങ്ങി. അവരോടൊക്കെ ചേർന്ന് ഭീമന്‍ കര്‍ണ്ണനോട്‌ എതിര്‍ത്തു. ചതുരംഗ ബലത്തോടു കൂടി ആ ക്ഷിതിയൊക്കെ കുലുങ്ങുമാറ്‌ കര്‍ണ്ണനോട്‌ വായുപുത്രന്‍ യുദ്ധം ചെയ്തു. പോരില്‍ കര്‍ണ്ണനെ ജയിച്ചു പാട്ടിലാക്കി. പിന്നെ പര്‍വ്വതപ്രദേശത്തെ രാജാക്കന്മാരെ ജയിച്ചു. പിന്നെ മോദാഗിരിയില്‍ ചെന്ന് ബലവാനായ രാജാവിനെ പാണ്ഡവന്‍ ബാഹുവീര്യത്താല്‍ കൊന്നു. പിന്നെ പൗണ്ഡ്രക വാസുദേവന്‍ എന്ന ശക്തനായ രാജാവിനോടേറ്റു. കാശികീകച്ഛത്തില്‍ വാഴുന്ന മഹൗജസ്സാണ്‌ മറ്റൊരു ശക്തന്‍. അവര്‍ രണ്ടു പേരും മഹാബലന്മാരും ഉഗ്രപരാക്രമന്മാരുമാണ്‌. ആ രണ്ടു പേരേയും തോല്പിച്ചതിന് ശേഷം വംഗരാജാവുമായി ഏറ്റുമുട്ടി ജയിച്ചു. പിന്നെ സമുദ്രസേനനേയും ചന്ദ്രസേനനേയും ജയിച്ചു. താമ്രലിപ്താധിപനേയും, കര്‍വ്വടാധിപനേയും ജയിച്ചു. സുഹ്മാധിപനേയും മറ്റുള്ള കടല്‍ത്തീര രാജാക്കളേയും എല്ലാ മ്ലേച്ഛ പരിഷകളെയും ജയിച്ചു. ഇപ്രകാരം നാനാപ്രദേശങ്ങള്‍ ജയിച്ച അവരുടെ സ്വത്തുക്കള്‍ കൈയിലാക്കി ഭീമന്‍ ലൗഹിതത്തിലെത്തി.

സാഗര തീരത്തില്‍ അധിവസിക്കുന്ന സര്‍വ്വ മ്ലേച്ഛ രാജാക്കന്മാരേയും കപ്പം തരുന്ന വിധത്തിലാക്കി; ധനങ്ങളും പല രത്നങ്ങളും കപ്പം വാങ്ങി. ചന്ദനം, അഗരു, പല വസ്ത്രങ്ങള്‍, മണികള്‍, മുത്തുകള്‍, കംബളങ്ങള്‍, സ്വര്‍ണ്ണം, വെള്ളി, പവിഴം, വില കൂടുന്ന ധനോച്ചയങ്ങള്‍ ഇവയൊക്കെ കോടിക്കണക്കിന് ആ രാജാക്കള്‍ കൗന്തേയന്റെ മുമ്പില്‍ കൊണ്ടു വന്ന് ചൊരിഞ്ഞു. ഇന്ദ്ര പ്രസ്ഥത്തിലെത്തി ഭീമപരാക്രമനായ ഭീമന്‍ ആ മഹാധനമെല്ലാം ധര്‍മ്മപുത്രനായി കാഴ്ച വെച്ചു.

31. സഹദേവദക്ഷിണദിഗ്വിജയം - വൈശമ്പായനൻ പറഞ്ഞു: സഹദേവനും അപ്രകാരം തന്നെ ധര്‍മ്മരാജാവിനോടുള്ള ആദരവോടെ മഹാസൈന്യത്തോടു കൂടി തെക്കന്‍ ദിക്കിലേക്കായി പുറപ്പെട്ടു. അവന്‍ ആദ്യമായി ശൂരസേനന്മാരെയൊക്കെ ജയിച്ചു. മത്സ്യ രാജാവിനേയും പാട്ടിലാക്കി. അധിരാജാധിപതിയും ശക്തനുമായ ദന്തവക്രനേയും യുദ്ധത്തില്‍ ജയിച്ചു: കരം തരുമാറാക്കി രാജൃത്തില്‍ വാഴിച്ചു. സുകുമാരനേയും, സുമിത്രനേയും ജയിച്ചു. പടചരന്മാരേയും മറ്റു മത്സ്യരാജാക്കളേയും കീഴടക്കി. നിഷാദഭൂമിയും ഗോശൃംഗമെന്ന വനശൈലവും വേഗത്തില്‍ ആ ധീമാന്‍ ജയിച്ചു. ശ്രോണിമാന്‍ എന്ന നൃപനേയും ജയിച്ചു. നവരാഷ്ട്രം ജയിച്ച്‌ കുന്തിഭോജ രാജൃത്തു ചെന്നു. ആ രാജാവിന്റെ ആജ്ഞ കൈക്കൊണ്ട്‌ സസന്തോഷം അവിടെ വിശ്രമിച്ചു.

പിന്നെ ചര്‍മ്മണ്വതീ തീരത്തില്‍ ജംഭകാത്മജനായ രാജാവിനെ ചെന്നു കണ്ടു. പണ്ടു വാസുദേവന്‍ തോല്പിച്ചവനാണ്‌ ഈ രാജാവ്‌. സഹദേവന്‍ അവനോടു പൊരുതി അവനേയും ജയിച്ച്‌ തെക്കോട്ട്‌ യാത്ര ചെയ്തു.

പിന്നെ സേകാപരസേകന്മാരെ ആ മഹാബലന്‍ ജയിച്ചു. അവരോടും കരം വാങ്ങി അവരില്‍ നിന്ന് നാനാരത്നങ്ങള്‍ വാങ്ങി, അവരുമൊന്നിച്ച്‌ നര്‍മ്മദയിലേക്കു കടന്നു. അവന്തിയിലെ രാജാക്കളായ വിന്ദനേയും അനുവിന്ദനേയും പടയോടു കൂടി ആ വീരന്‍ ജയിച്ചു. അവിടെ നിന്ന് രത്നങ്ങള്‍ വാങ്ങിച്ച്‌ ഭോജകടമെന്ന പുരത്തില്‍ ചെന്നു. അവിടെ രണ്ടു ദിവസം ഭയങ്കരമായ യുദ്ധം നടന്നു. അസഹ്യനായ ഭീഷ്മകനെ മാദ്രീ നനന്ദനന്‍ ജയിച്ചു. വേണയുടെ തടത്തില്‍ വാഴുന്ന കോസലാധിപനേയും കാന്താരകരന്മാരേയും കിഴക്കേ കോസലാധിപനേയും നാടകേയരേയും ഹേരംബകരേയും വെന്നു. മാരുധനെ ജയിച്ച്‌ മുഞ്ജഗ്രാമം പിടിച്ചു. നാചീനന്മാര്‍, അര്‍ബുകന്മാര്‍ എന്ന മന്നവന്മാരേയും മഹാബലനായ സഹദേവന്‍ ജയിച്ചു. അതാതിടത്തിലെ കാട്ടു രാജാക്കളേയും ജയിച്ചു. തുമുലമായ യുദ്ധത്തിന് ശേഷം മഹാവീരന്മാരായ പുളിന്ദന്മാരെ പോരില്‍ ജയിച്ചു തെക്കോട്ടു കടന്നു. ഒരു ദിവസം മുഴുവന്‍ പാണ്ഡ്യനോട്‌ നകുലാനുജന്‍ ഏറ്റുമുട്ടി; അവനേയും ജയിച്ച്‌ വീരനായ സഹദേവന്‍ ദക്ഷിണാപഥത്തിലെത്തി. ലോകപ്രസിദ്ധമായ കിഷ്കിന്ധാ ഗുഹയില്‍ ചെന്നു. മൈന്ദന്‍, ദ്വിവിദന്‍ എന്ന വാനരേന്ദ്രരുമായി ഏഴു ദിവസം പോരാടി നിന്നു. എന്നിട്ടും അവന്‍ തളര്‍ന്നില്ല. ആ കീശവീരന്മാര്‍ സന്തുഷ്ടരായി മാദ്രേയനോടു പ്രീതിപൂര്‍വ്വം ഇപ്രകാരം പറഞ്ഞു.

ആ വാനരന്മാര്‍ പറഞ്ഞു: രത്നങ്ങളൊക്കെയും ഹേ, പാണ്ഡുനന്ദനാ! ഭവാന്‍ കൊണ്ടു പൊയ്ക്കൊള്ളുക. ധീമാനായ ധര്‍മ്മപുത്രന്റെ കാര്യം സഫലമാകും, യാതൊരു വിഘ്നവും ഭവിക്കുകയില്ല.

വൈശമ്പായനൻ പറഞ്ഞു: പിന്നെ രത്നങ്ങളുമായി മാഹിഷ്മതീപുരം പ്രാപിച്ചു. അവിടെ നീലന്‍ എന്ന രാജാവുമായി യുദ്ധമുണ്ടായി. സഹദേവന്‍ പ്രതാപവാനും ശത്രുഹരനുമായി. ഭീരുക്കളെ ഭയപ്പെടുത്തുന്ന മഹായുദ്ധം നടന്നു. പടയൊക്കെ മുടിയുമാറ്‌, പ്രാണഭയം ഉണ്ടാക്കുമാറ്‌, നീലനു തുണയായി അഗ്നിഭഗവാനും നിന്നു. ഉടനെ തേര്, ആന, കുതിര, കാലാള്‍, കവചം എന്നിവ സഹദേവന്റെ സേനയില്‍ കത്തിജ്ജ്വലിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുരുനന്ദനനായ സഹദേവന്‍ ഉള്ളില്‍ ഭ്രമത്തോടെ നിന്നു. ഉത്തരം പറയുവാന്‍ പോലും പറ്റാത്ത മട്ടിലായി.

ജനമേജയന്‍ പറഞ്ഞു; എന്തിനാണ്‌ ഭഗവാനായ അഗ്നി യുദ്ധത്തില്‍ സഹദേവനെ ചെന്നെതിര്‍ത്തത്‌? അല്ലയോ ദ്വിജാ, യജ്ഞാര്‍ത്ഥം മാത്രമായിരുന്നല്ലോ സഹദേവന്റെ യുദ്ധം?  ( യജ്ഞം കൊണ്ട്‌ പ്രഥമമായും ഗുണമുണ്ടാകുന്നത്‌ അഗ്നിക്കല്ലേ. പിന്നെ എന്തു കൊണ്ട്‌ അതിനു വിഘ്നമുണ്ടാക്കാന്‍ അഗ്നി ശ്രമിച്ചു എന്ന് സാരം ).

വൈശമ്പായനൻ പറഞ്ഞു: അവിടെ മാഹിഷ്മതിയില്‍ വസിക്കുന്ന കാലത്ത്‌ ഭഗവാന്‍ ഹവ്യവാഹനന്‍ ഒരു കാമുകനെന്ന പ്രസിദ്ധി നേടി. രാജാവായ നീലന് അതീവ ശോഭനയായ ഒരു പുത്രിയുണ്ടായിരുന്നു. അവള്‍ എന്നും അച്ഛനോടൊപ്പം അഗ്നിഹോത്രത്തിനരികെ, തീ നന്നായി കത്തിക്കാനായി നില്ക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ വിശറി കൊണ്ടു വീശിയാലും അഗ്നി കത്തിജ്ജ്വലിക്കാതായി. അവളുടെ മനോഹരമായചുണ്ടു കൊണ്ട്‌ ഊതുമ്പോളുണ്ടാകുന്ന കാറ്റേറ്റാല്‍ മാത്രമേ അഗ്നി ആളിക്കത്തൂ എന്ന നിലവന്നു.

അഗ്നി അങ്ങനെ നീലപുത്രിയായ സുദര്‍ശനയെ കാമിച്ചു എന്ന് നീലരാജാവിന്റെ കൊട്ടാരത്തിലും നാട്ടിലും പരസ്യമായി; ആ കനകയും അതു പോലെ ആഗ്രഹിച്ചു. അഗ്നി ബ്രാഹ്മണന്റെ രൂപമെടുത്ത്‌, ഒരു ദിവസം ആ ഉല്പലാക്ഷിയുമായി രമിക്കുന്നത്‌ യദൃച്ഛയാ രാജാവു കാണാനിടയായി. അപ്പോള്‍ നീതിമാനായ, ആ രാജാവ്‌ നിയമാനുസരണം അവനെ ശിക്ഷിക്കുവാന്‍ കല്പിച്ചു. ഉടനെ ഭഗവാന്‍ ഹവ്യവാഹനന്‍ കോപത്താല്‍ ജ്വലിച്ചു. അതു കണ്ട്‌ അത്ഭുതപ്പെട്ട്‌ അഗ്നിയുടെ പാദത്തില്‍ രാജാവു നമസ്‌കരിച്ചു.

പിന്നെ കാലം നോക്കി വേണ്ട വിധത്തില്‍ ആ കനൃകയെ രാജാവ്‌ വിപ്രരൂപിയായ അഗ്നിദേവന് നല്കി, കുമ്പിട്ട്‌ നമസ്കരിച്ചു. വിഭാവസു നീലലോചനയായ നീലപുത്രിയെ വിവാഹം ചെയ്ത ശേഷം സന്തോഷത്തോടെ, "ഞാന്‍ ഭവാന് വരം തരാന്‍ ഇച്ഛിക്കുന്നു; ചോദിച്ചാലും", എന്ന് രാജാവിനോടു പറഞ്ഞു. രാജാവ്‌ തന്റെ സൈന്യത്തിന് അഭയമാണ്‌ ആവശ്യപ്പെട്ടത്‌. അന്നു മുതല്‍ വല്ല രാജാക്കളും അജ്ഞതയാല്‍ ആ പുരം ബലമായി എതിര്‍ക്കുകയാണെങ്കില്‍ ആ രാജാവിന്റെ സൈന്യങ്ങളെ അഗ്നി കത്തിച്ചു കളയും. മാഹിഷ്മതീ രാജൃത്തിലെ സ്ഥിതി അങ്ങനെയായി. അന്നു മുതല്‍ അവിടെയുള്ള കന്യകകള്‍ മറ്റുള്ളവര്‍ക്ക്‌ അസ്വീകാര്യകളായി തീര്‍ന്നു. എന്തെന്നാല്‍, സ്ത്രീകള്‍ അഗ്നി അവര്‍ക്കു നല്കിയ വരത്താല്‍ സ്വതന്ത്രകളായി. അവര്‍ സ്വൈരിണികളെ പോലെ യഥേഷ്ടം ഒരു ഭര്‍ത്താവിന്റേയും കീഴിലല്ലാതെ സഞ്ചരിക്കയായി. അതു കൊണ്ട്‌, രാജാക്കന്മാരാരും അഗ്നിയോടുള്ള ഭയത്താല്‍ ആ പുരത്തെ ആക്രമിക്കുകയില്ല.

രാജാവേ, സൈന്യങ്ങള്‍ ഭയപ്പെടുന്ന വിധം അഗ്നിയില്‍ പെട്ടതു കണ്ടിട്ടും ധര്‍മ്മിഷ്ഠനായ സഹദേവന്‍ കുലുങ്ങിയില്ല. മല പോലെ അനങ്ങാതെ നിന്ന് ആചമിച്ചു ശുചിയായി നിന്ന് അഗ്നിയോട്‌ ഇപ്രകാരം പറഞ്ഞു.

സഹദേവന്‍ പറഞ്ഞു: ഹേ, കൃഷ്ണവര്‍ത്മാവേ! ഞാന്‍ അങ്ങയെ കൈകൂപ്പുന്നു! നീ ദേവന്മാര്‍ക്കു മുഖവും യജ്ഞവുമാണല്ലോ. പരിശുദ്ധിയില്‍ പാവകനാണ്‌ ഭവാന്‍. ഹവനം കൊണ്ട്‌ ഹവ്യവാഹകനാണ്‌! വേദം നിനക്കു വേണ്ടി ജാതമായി. അങ്ങ് ജാതവേദനുമാണ്‌. ചിത്രഭാനുവും സുരേശനും നീയാണ്‌. വിഭാവസോ, നീ അനലനുമാണ്‌. സ്വര്‍ഗ്ഗദ്വാരം തൊടുന്നവനാണ്‌. നീ ഹുതാശനനും ജ്വലനനും ശിഖിയുമാണ്‌. വൈശ്വാനരനും പിംഗേശനും നീയാണ്‌. പ്ലവംഗനും ഭൂരിതേജസനും നീയാണ്‌. കുമാരസൂവാണ്‌ നീ. ഭഗവാന്‍ രുദ്രഗര്‍ഭനാണ്‌, ഹിരണ്യകൃത്താണ്‌. അഗ്നി എനിക്കു തേജസ്സു നല്കട്ടെ! വായു പ്രാണന്‍ നല്കട്ടെ! ഭൂമി ബലം നല്കട്ടെ! ജലം ശുഭം ചേര്‍ക്കട്ടെ! അല്ലയോ അംബുഗര്‍ഭാ! മഹാസത്വാ! ജാതവേദാ! സുരേശ്വരാ! ദേവന്മാര്‍ക്ക്‌ മുഖമായ അഗ്നേ! സത്യത്താല്‍ എനിക്കു ശുദ്ധി നല്കിയാലും. ഋഷിമാരും ബ്രാഹ്മണരും ദേവ ദൈത്യന്മാരും എന്നും യജ്ഞത്തില്‍ ഹോമിക്കുന്ന ഭവാന്‍ സതൃത്താല്‍ എനിക്കു ശുദ്ധി നല്കിയാലും! ശിഖിയായ നീ ധൂമകേതുവാണ്‌. പാപനാശനനാണ്‌. അനിലോത്ഭവനാണ്‌. സര്‍വ്വ ജീവിയിലും വാഴുന്നവനാണ്‌. ഭവാന്‍ സത്യത്താല്‍ എനിക്ക്‌ ശുദ്ധി നല്കിയാലും!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ആഗ്നേയമന്ത്രം ചൊല്ലി ഹോമിക്കുന്നവന്‍ എന്നും ക്ഷമയോടു കൂടിയവനാകും. അവന്റെ പാപമൊക്കെ നീങ്ങുകയും ചെയ്യും.

ഇപ്രകാരം ഭവാന്‍ യജ്ഞവിഘ്നം ചെയ്യരുതേ ഹവ്യവാഹനാ! എന്ന് സഹദേവന്‍ അഗ്നിയോടു വീണ്ടും അപേക്ഷിച്ചു.

ഇങ്ങനെ പറഞ്ഞ്‌, നിലത്തു ദര്‍ഭ വിരിച്ച്‌ മാദ്രീപുത്രന്‍ വിധിപ്രകാരം വഹ്നിയെ ഉപാസിച്ചു പേടിച്ചു നടുങ്ങിയ സൈന്യത്തിന്റെ മുമ്പില്‍ ഇപ്രകാരം ആ പുരുഷവ്യാഘ്രന്‍ വഹ്നിയെ ഉപാസിച്ചപ്പോള്‍, കരയെ കടലെന്ന പോലെ അവനെ അഗ്നി അതിക്രമിച്ചില്ല. അഗ്നി നൃദേവനായ സഹദേവനോട്‌ ഇങ്ങനെ സാന്ത്വപൂര്‍വ്വം പറഞ്ഞു.

അഗ്നി പറഞ്ഞു: ധര്‍മ്മജന്റേയും ഭവാന്റേയും മറ്റും ആശയം ഞാന്‍ അറിയുന്നു. എന്നാൽ ഈ പുരം കാക്കേണ്ടതായ കടമ എന്നിലുണ്ട്‌. ഈ നീലരാജാവിന്റെ വംശമുള്ളിടത്തോളം കാലം എനിക്ക്‌ അതു ചെയ്യാതെ കഴികയില്ല. നിന്റെ മനസ്സിലുള്ള അഭീഷ്ടം ഞാന്‍ നടത്തിത്തരാം.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ സന്തുഷ്ടനായിഎഴുന്നേറ്റ്‌ മാദ്രേയന്‍ പാവകനെ പൂജിച്ചു. അഗ്നി പിന്‍തിരിഞ്ഞപ്പോള്‍ നീലരാജാവ്‌ വന്നെത്തി. പാവകന്റെ ആജ്ഞാബലത്താല്‍ ആ രാജാവ്‌ സഹദേവനെ പൂജിച്ചു. സല്‍ക്കാരപൂര്‍വ്വം പോരാളി വീരനായ സഹദേവന്‍ രാജാവിന്റെ പൂജയൊക്കെ സ്വീകരിച്ച്‌ കപ്പം വാങ്ങിച്ചു. രണ്ടാമത്തെ മാദ്രീസുതനായ സഹദേവന്‍. പിന്നെ ദക്ഷിണ ദിക്കിലേക്കായി പോയി. ത്രൈപുരം കീഴടക്കി അവിടത്തെ മഹാശക്തനായ രാജാവിനെ തോല്പിച്ചു. പിന്നെ പൗരവേശ്വരനേ യും വേഗത്തില്‍ കീഴ്പ്പെടുത്തി. പിന്നീട്‌, ആ മഹാബാഹു കൗശികന്മാരുടെ ആചാര്യനും സുരാഷ്ട്രാധീപതിയുമായ ആകൃതിയെ കഠിന യത്നത്താല്‍ തോല്പിച്ചു. സുരാഷ്ട്രത്തില്‍ താമസിക്കുമ്പോള്‍ ആ ധര്‍മ്മാത്മാവ്‌ സാക്ഷാല്‍ ഇന്ദ്രന്റെ സഖാവും, ധീമാനും, സമ്പന്നനുമായ ഭോജകടത്തില്‍ പെട്ട ഭീഷ്മകത്തിലെ, രുക്മിയുടെ അരികിലേക്കു ദൂതനെ പറഞ്ഞയച്ചു. ദൂതസന്ദേശം കേട്ട്‌ രാജാവ്‌ പുത്രനോടൊപ്പം ചെന്ന് സഹദേവനെ എതിരേറ്റു; വാസുദേവനെ ഓര്‍ത്തു പ്രീതിപൂര്‍വ്വം സ്വീകരിച്ചു. ഉടനെ രത്നങ്ങളും വാങ്ങി അവിടെ നിന്നും ആ യുദ്ധവീരന്‍ യാത്ര തുടര്‍ന്നു.

പിന്നെ ശൂര്‍പ്പാരകരേയും താലാടകരേയും ദണ്ഡരേയും ആ മഹാബലന്‍ പാട്ടിലാക്കി. സാഗരദ്വീപിൽ അധിവസിക്കുന്ന മ്ലേച്ഛരായ നൃപരേയും, നിഷാദന്മാരേയും, പുഷാദന്മാരേയും,. കര്‍ണ്ണപ്രാവരണരേയും, മനുഷ്യ രാക്ഷസന്മാരില്‍ നിന്നും ഉണ്ടായ കാളമുഖന്മാരെന്നു പേരായ വര്‍ഗ്ഗത്തേയും, കോലഗിരി മുഴുവനും, സുരഭീപത്തനത്തേയും താമ്രദ്വീപിനേയും, രാമകമെന്ന പര്‍വ്വതത്തേയും തിമിംഗല രാജാവിനേയും ആ മഹാമതി കീഴടക്കി. ഒറ്റക്കാലന്മാരും വനവാസികളുമായ കേരളരേയും പാട്ടിലാക്കി. ആ പാണ്ഡവന്‍ പിന്നീട്‌ സംജയന്തി എന്ന നഗരവും, പാഷണ്ഡം, കുരഹാടകം എന്നീ രാജ്യങ്ങളും യുദ്ധം കൂടാതെ ദൂതന്മാരെ അയച്ച്‌ പാട്ടിലാക്കി കരം വാങ്ങിച്ചു. ആ വീരന്‍ പിന്നെ പാണ്ഡ്യർ, ദ്രാവിഡര്‍, ഉന്ധ്രകേരളക്കാര്‍, ആന്ധ്രക്കാര്‍, താലവനര്‍, കലിംഗര്‍, ഉഷ്ടകര്‍ണ്ണികര്‍ എന്നിവരേയും, ആടവി എന്ന രമണീയമായ പുരത്തേയും, യവനന്മാരുടെ നഗരത്തേയും ദൂതന്മാരെ മാത്രം പറഞ്ഞയച്ച്‌ തന്റെ വശത്താക്കുകയും കരം ഈടാക്കുകയും ചെയ്തു. പിന്നെ കടല്‍ക്കരയിലെത്തി ബുദ്ധിമാനായ സഹദേവന്‍ പുലസ്ത്യന്റെ വംശജനായ വിഭീഷണന് ദൂതനെ വിട്ടു. അത്‌ കാലകൃതമാണെന്നു വിചാരിച്ച്‌ ആ രാജാവ്‌ പാണ്ഡവന്റെ ശാസനം പ്രീതിപൂര്‍വ്വം സ്വീകരിച്ചു. പലമാതിരി രത്നങ്ങളും, അകില്‍, ചന്ദനം, ദിവ്യമായ ആഭരണങ്ങള്‍, ഇവയും കൊടുത്തയച്ചു. നല്ല വസ്ത്രങ്ങളും വളരെ വിലപിടിച്ച രത്നങ്ങളും ആ പാണ്ഡുപുത്രന്‌ കൊടുത്തയച്ചു.

ഉടനെ അതെല്ലാം സ്വീകരിച്ച്‌ വീരനായ സഹദേവന്‍ അവിടെ നിന്ന് സ്വരാജ്യത്തേക്കു തിരിച്ചു. യുദ്ധം ചെയ്തു വിജയിച്ച്‌, രാജാക്കന്മാര്‍ കരം തരുമാറാക്കി ആ ധീരന്‍ മടങ്ങിയെത്തി. ആ ഭാരതശ്രേഷ്ഠന്‍ ധര്‍മ്മരാജന് അതൊക്കെ കാഴ്ചവെച്ചു. സഹദേവന്‍ താന്‍ കൃതകൃത്യനായി എന്നു കരുതി സസുഖം വാണു.

32. നകുലപ്രതീചീവിജയം - വൈശമ്പായനൻ പറഞ്ഞു; നകുലന്റെ ഉദ്യമവും വിജയവും ഇനി ഞാന്‍ പറയാം. വാസുദേവന്‍ മുന്‍പ്‌ ജയിച്ച ദിക്ക്‌ ആ പ്രഭു ജയിച്ചത്‌ ക്രമപ്രകാരം ഞാന്‍ പറയാം.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് പടിഞ്ഞാറുള്ള ദിക്ക്‌ ജയിക്കുവാന്‍ ഉദ്ദേശിച്ച്‌ വലിയ പടയോടു കൂടി നകുലന്‍ പറപ്പെട്ടു. യോദ്ധാക്കളുടെ സിംഹനാദം കൊണ്ടും ഗര്‍ജ്ജിതം കൊണ്ടും രഥനേമീ സ്വനം കൊണ്ടും ഭൂമിയൊക്കെ കുലുക്കിക്കൊണ്ടായിരുന്നു പുറപ്പാട്‌. ഉടനെ വളരെയധികം ധനവും, പശുക്കളും ധനധാന്യവുമുള്ള കാര്‍ത്തികേയന്‍ ഇഷ്ടമായ, രോഹീതകം പ്രാപിച്ചു. അവിടെ അതിഘോരമായ യുദ്ധം മത്തമയൂരകരുമായി നടന്നു. മരുഭൂമിപ്രദേശങ്ങളും, അപ്രകാരം ധാനൃസമൃദ്ധമായ ശൈരീഷികം, മഹേത്ഥം എന്നീ പ്രദേശങ്ങളും ആ മഹാദ്യുതി കൈയിലാക്കി. "ആക്രോശനെ" ന്നു പേരായ രാജര്‍ഷിയേയും നകുലന്‍ ഒരു മഹായുദ്ധത്തില്‍ പാട്ടിലാക്കി. പിന്നെ ദശാര്‍ണ്ണര്‍, ശിബികള്‍, ത്രിഗര്‍ത്തര്‍, അംബഷ്ടര്‍, പഞ്ചകര്‍പ്പടര്‍, മാളവര്‍ എന്നിവരേയും, മദ്ധ്യമികര്‍, വാടാധാനര്‍ എന്നീ പേരുള്ള ദ്വിജന്മാരേയും കീഴടക്കി ആ പാണ്ഡുപുത്രന്‍ അവിടെ നിന്നും തിരിച്ചു. പിന്നെ ചുറ്റിത്തിരിഞ്ഞ്‌ ആ പുരുഷര്‍ഷഭന്‍ പുഷ്കരാരണ്യ വാസികളായ, ഉത്സവസങ്കേതരെന്നു പേരായ, ഗണങ്ങളേയും ജയിച്ചു. സിന്ധു നദീതീരത്തിലെ ഗ്രാമണീയരെന്ന കൂട്ടരേയും, സരസ്വതീ തീരത്തുള്ള ശൂദ്രന്മാരേയും, ആഭീരഗണത്തേയും അദ്ദേഹം കീഴടക്കി. മുക്കുവന്മാരെയും പര്‍വ്വതത്തില്‍ അധിവസിക്കുന്നവരെയും കീഴടക്കി. പഞ്ചനദം മുഴുവനും അമരപര്‍വ്വതവും, ഉത്തരജ്യോതിഷം, ദിവ്യ, കടം എന്ന പുരവും, ദ്വാരപാലരെന്ന വര്‍ഗ്ഗത്തേയും ആ മഹാദ്യുതി കീഴിലാക്കി. രാമഠന്മാര്‍, ഹാരഹൂണര്‍, മറ്റു പല പാശ്ചാതൃ രാജാക്കന്മാര്‍ എന്നിവരെ തന്റെ ബലത്താല്‍ നകുലന്‍ ജയിച്ചു. അവിടെ താമസിച്ച്‌ വാസുദേവന്റെ അടുത്തേക്ക്‌ ആളെ വിട്ടു. കൃഷ്ണന്‍ യാദവന്മാരോടു കൂടിച്ചെന്ന് പാണ്ഡവന്റെ ആധിപത്യം സ്വീകരിച്ചു.

പിന്നെ ശാലകമെന്നു പേരായ മദ്രന്മാരുടെ പട്ടണത്തിലേക്കായി യാത്ര. അവിടച്ചെന്ന് അമ്മാവനായ ശല്യനെ പ്രീതിയാല്‍ കീഴടക്കി. സല്ക്കാരാര്‍ഹനായ അവന്‍ ശലൃരുടെ സല്ക്കാരം സ്വീകരിച്ചു. വളരെ രത്നങ്ങളും കൊണ്ട്‌ ആ മഹാരഥന്‍ അവിടെ നിന്നും പോന്നു. പിന്നെ സാഗരമദ്ധ്യത്തില്‍ താമസിക്കുന്ന മദാരുണന്മാരായ മ്ലേച്ഛന്മാരെ ജയിച്ചു. പല്ലവന്മാര്‍, കിരാതര്‍, ബര്‍ബ്ബരര്‍, ശാകര്‍, യവനര്‍ എന്നിവരേയും ജയിച്ച്‌, അവരില്‍ നിന്നും കരം വാങ്ങി, കുരുശ്രേഷ്ഠനായ നകുലന്‍ ധാരാളം രത്നധന സഞ്ചയത്തോടെ സ്വരാജ്യത്തേക്കു മടങ്ങി.

അങ്ങനെ ചിത്രമാര്‍ഗ്ഗിയായ നകുലന്‍ മടങ്ങി. ഹേ. മഹാരാജാവേ, അവന്‍ നേടിയ സമ്പത്ത്‌ അത്ര മഹത്തായിരുന്നു. അവ പതിനായിരം ഒട്ടകങ്ങള്‍ പണിപ്പെട്ടു ചുമന്നു. നകുലന്‍ ഇന്ദ്ര പ്രസ്ഥത്തില്‍ ചെന്ന് യുധിഷ്ഠിരനെ കണ്ടു തൊഴുതു. ശ്രീമാനായ മാദ്രീസുതന്‍ ആ മഹത്തായ ധനം ധര്‍മ്മരാജാവിന്റെ മുമ്പില്‍ കാഴ്ചവെച്ചു. ഇപ്രകാരം നകുലന്‍, വരുണന്‍ പാലിക്കുന്ന പശ്ചിമദിക്കു മുഴുവന്‍ വേഗത്തില്‍ കീഴിലാക്കി. ഇതൊക്കെ വാസുദേവന്‍ മുന്‍പു ജയിച്ച ദിക്കായിരുന്നു. അത്‌ ഇപ്പോള്‍ നകുലന്റെ ചൊൽല്‍പ്പടിയിലായി.

രാജസൂയപര്‍വ്വം

33. രാജസൂയദീക്ഷ - വൈശമ്പായനൻ പറഞ്ഞു; ധര്‍മ്മപുത്രന്റെ ഭരണനൈപുണ്യം കൊണ്ടും സത്യനിഷ്ഠ കൊണ്ടും, ശത്രുക്ഷപണം കൊണ്ടും പ്രജകള്‍ സ്വകര്‍മ്മപരന്മാരായി സുഖിച്ചു, ധര്‍മ്മം വേണ്ടതു പോലെ രാജാവു സംരക്ഷിക്കുകയാല്‍ ദേവകള്‍ ബലി സന്തോഷത്തോടെ കൈക്കൊണ്ടു. വേണ്ട സമയത്തൊക്കെ മഴയുണ്ടായി. നാട്ടിലൊക്കെ പുഷ്ടിയായി. എല്ലാ തൊഴിലുകളും നന്നായി നടന്നു. കൃഷി, ഗോ സംരക്ഷണം, വാണിഭം ഇവയൊക്കെ വിശേഷിച്ചും രാജ്യരക്ഷ മൂലം നന്നായിപുഷ്ടിപ്പെട്ടു. കള്ളന്മാരും, ചതിയന്മാരും, രാജസവകരും കൂടി പരസ്പരം കള്ളം പറയാതായി; എല്ലാവരും സത്യനിരതന്മാരായി തീര്‍ന്നു. അവര്‍ഷം,; അതിവര്‍ഷം, തീഭയം, വ്യാധി ഇവയൊന്നുമില്ലാതായി. യുധിഷ്ഠിരന്‍ ധര്‍മ്മിഷ്ഠനാണ്‌. അദ്ദേഹം ഭരിക്കുമ്പോള്‍ രാജ്യമെങ്ങും സുഭിക്ഷമാണ്‌, ശാന്തിയും സമാധാനവുമാണ്‌ എന്നു പ്രസിദ്ധി പ്രാപിച്ചു.

ധര്‍മ്മപുത്രന് ധര്‍മ്മത്താല്‍ ധനസഞ്ചയം വര്‍ദ്ധിച്ചു. നൂറു വര്‍ഷം ചെലവു ചെയ്താലും തീരാത്ത ധനസമൃദ്ധി തന്റെ ഖജനാവില്‍ വന്നു ചേർന്നതായി രാജാവ്‌ അറിഞ്ഞ്‌ ഇനി യജ്ഞത്തിനൊരുങ്ങാം എന്ന് യുധിഷ്ഠിരന്‍ വിചാരിച്ചു. ഈ സന്ദര്‍ഭത്തില്‍ സുഹൃത് ജനങ്ങള്‍ ഒന്നിച്ചു ചേർന്നും ഒറ്റയ്ക്കും രാജാവിനെ ചെന്നു കണ്ടു പറഞ്ഞു വിഭോ, യജ്ഞത്തിനുള്ള കാലമായിരിക്കുന്നു. അങ്ങ്‌ വേണ്ടതു ചെയ്താലും എന്ന്.

ഇങ്ങനെ അവര്‍ പറയുന്ന സമയത്ത്‌ കൃഷ്ണന്‍ അവിടെ വന്നു ചേർന്നു. വേദാത്മാക്കള്‍ കാണുന്ന പുരാണ ഋഷി, പ്രപഞ്ചത്തിന്റെ വൃദ്ധിക്ഷയകരനായ വിളാഭൂതഭവ്യഭവന്നാഥന്‍, കേശിസുദനനായ കേശവന്‍, വൃഷ്ണികള്‍ക്കു കോട്ടയായവന്‍, ആപത്തില്‍ അഭയപ്രദന്‍ ഇങ്ങനെ വിജ്ഞാനികള്‍ പുകഴ്ത്തുന്ന കൃഷ്ണന്‍, ആനന്ദദുന്ദുഭിയെ ( വസുദേവനെ ) സേനാധിപത്യം ഏല്‍പിച്ചു കൊടുത്ത്‌ ധര്‍മ്മപുത്രര്‍ക്ക്‌ കാഴ്ച വെക്കാനായി നാനാ ധനചയത്തോടു കൂടെ, സുശക്തമായ പടയാല്‍ ചുറ്റപ്പെട്ടു രത്നസാഗരം പോലെ അക്ഷയമായ അന്തമറ്റ ധനങ്ങളുമായി, രഥനിര്‍ഘോഷം മുഴക്കി കൊണ്ട്‌ ഇന്ദ്രപസ്ഥത്തില്‍ വന്നുചേർന്നു. സൂര്യനില്ലാത്ത സമയത്ത്‌ സൂര്യന്‍ ഉദിച്ച പോലെയും, കാറ്റില്ലാത്ത സമയത്ത്‌ കാറ്റുണ്ടായതു പോലെയും ആ പുരവാസികള്‍ കൃഷ്ണന്റെ ആഗമനത്തില്‍ സന്തോഷിച്ചു. മോദത്തോടെ ആ മഹാത്മാവിനെ ചെന്നു സൽക്കരിച്ചു യഥാവിധി കുശലം ചൊല്ലി യുധിഷ്ഠിരന്‍ സന്തോഷിപ്പിച്ചിരുത്തി. അനന്തരം, ധൗമ്യന്‍. വ്യാസന്‍, ഋത്വിക്കുകള്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നിവരോടു കൂടി ഇരുന്ന് യുധിഷ്ഠിരന്‍ കൃഷ്ണനോടു പറഞ്ഞു. യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ, കൃഷ്ണാ! ഭൂമി അങ്ങയ്ക്കു വേണ്ടി എനിക്കു കീഴടങ്ങിയിരിക്കുന്നു. അങ്ങയുടെ പ്രസാദത്താല്‍ ധാരാളം ധനവും വന്നു ചേർന്നിരിക്കുന്നു. ഇതൊക്കെ ദ്വിജന്മാര്‍ക്കും അഗ്നിക്കും ഉചിതമായി വിധിപ്രകാരം ഉപയോഗപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദാശാര്‍ഹ!! ഭവാനോടു കൂടി യജിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുജന്മാരുമായി ഭവാന്‍ എന്നെ അതിന്ന് അനുവദിച്ചാലും. ഹേ, മഹാഭുജാ, ഭവാന്‍ തന്നെ ദീക്ഷിച്ചു കൊള്ളുക. അങ്ങുന്നു യാഗം ചെയ്താൽ എന്റെ പാപമൊക്കെ നീങ്ങും. അല്ലെങ്കില്‍ അനുജന്മാരോടു കൂടി എന്നെ ഭവാന്‍ അനുവദിക്കുക. കൃഷ്ണാ! ഭവാന്റെ അനുവാദമുണ്ടെങ്കില്‍ ഈ ഉത്തമമായ മഖം ഞാന്‍ ചെയ്യാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ധര്‍മ്മജനോട്‌ കൃഷ്ണന്‍ ഗുണങ്ങള്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: അങ്ങു തന്നെയാണ്‌ സാമ്രാജ്യത്തിന് അര്‍ഹന്‍! അങ്ങ്‌ മഹാമഖം ചെയ്തു കൊള്ളുക! സാധിച്ചാല്‍ അതിന്റെ കൃതാര്‍ത്ഥത ഞങ്ങള്‍ക്കാണല്ലോ. ഞാന്‍ ഭവാന്റെ ശ്രേയസ്സിന് നില്ക്കുന്നു. ഭവാന്‍ ഇഷ്ടയജ്ഞം ചെയ്താലും. എന്തു വേണമെന്ന് കല്പിക്കുകയേ വേണ്ടു. ഞാന്‍ ഭവാന്റെ കല്പനയെല്ലാം നടത്താം.

യുധിഷ്ഠിരന്‍ പറഞ്ഞു: കൃഷ്ണാ! എനിക്ക്‌ ഇഷ്ടമായ വിധം അങ്ങയുടെ സാന്നിദ്ധ്യമുള്ളപ്പോള്‍ എന്റെ സങ്കല്പം സഫലമാണ്‌. കാരൃസിദ്ധി ഉറച്ചതാണ്‌.

വൈശമ്പായനൻ പറഞ്ഞു; കൃഷ്ണന്റെ സമ്മതം വാങ്ങി അനുജന്മാരോടു കൂടി യുധിഷ്ഠിരന്‍ രാജസൂയ യജ്ഞത്തിന് വേണ്ടതൊക്കെ ഒരുക്കി. ഉടനെ സഹദേവനെ വിളിച്ചു മന്ത്രികളോടു കൂടി വേണ്ടതൊക്കെ തയ്യാറാക്കുവാന്‍ ആ മഹാശയന്‍ കല്‍പിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഈ യജ്ഞത്തിന്‌ വിപ്രന്മാര്‍ പറയുന്ന യജ്ഞാംഗമെല്ലാം സര്‍വ്വ ഉപകരണങ്ങളോടും കൂടി, ദ്രവൃങ്ങളും മറ്റ്‌ യജ്ഞസംഭാരങ്ങളും ധൗമ്യന്‍ ആവശ്യപ്പെടുന്നത് അനുസരിച്ച്‌ ഒരുക്കുക. ഇന്ദ്രസേനന്‍, വിശോകന്‍, പുരു, അര്‍ജ്ജുന സാരഥി എന്നിവര്‍ ഭോജനവസ്തുക്കള്‍ സംഭരിക്കുവാന്‍ നില്ക്കട്ടെ! അതാണ്‌ എനിക്കു തൃപ്തി. വേണ്ടതൊക്കെ രസഗന്ധസമന്വിതമായി സജ്ജീകരിക്കണം. ദ്വിജന്മാരുടെ ആഗ്രഹത്തിനൊത്ത്‌ എല്ലാം തയ്യാറാക്കണം.

വൈശമ്പായനൻ പറഞ്ഞു; ഇതു കേട്ടപ്പോള്‍ സഹദേവന്‍ ആദരവോടെ എല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്‌ എന്നറിയിച്ചു. പിന്നെ ദ്വൈപായനന്‍ വേദങ്ങള്‍ തന്നെ ശരീരം കൈക്കൊണ്ടു നില്‍ക്കുന്നതു പോലെയുള്ള യോഗ്യരായ ഋത്വിക്‌ ജനങ്ങളെ സമ്മേളിപ്പിച്ചു. സ്വയം ബ്രഹ്മത്വം സതൃവതീസുതനായ വ്യാസന്‍ ഏറ്റു. ധനഞ്ജയ ഗോത്രത്തില്‍ ജനിച്ച "സുസാമാവ്‌" സാമവേദത്തിലെ മന്ത്രങ്ങള്‍ ഉച്ഛരിക്കുന്ന ജോലി ഏറ്റു. ഋഷിസത്തമനായ യാജ്ഞവല്കൃന്‍ ബ്രഹ്മനിഷ്ഠനായി നിന്നു. പൈലമുനി പുത്രനോടു കൂടെ ധൗമ്യനോടു ചേർന്ന് ഹോതാവായി. ഇവരുടെ പുത്രവര്‍ഗ്ഗങ്ങളും ശിഷ്യന്മാരും, ഹേ, ഭരതര്‍ഷഭാ! ഹോത്രഗന്മാരായി. എല്ലാവരും വേദവേദാംഗപാരം ഗതന്മാരാണ്‌. അവര്‍ പുണ്യാഹമോതി സങ്കല്പം ചെയ്തതിന് ശേഷം ശാസ്ത്രപ്രകാരം ആ യാഗശാലയില്‍ പൂജ നടത്തി. കല്പനപ്രകാരം ഭവന സമൂഹങ്ങള്‍ ശില്പികള്‍ പണിതു. എല്ലാം വിശാലമായും, സൗരഭ്യം വഹിച്ചും. ദേവന്മാരുടെ ഗൃഹം പോലെ ശോഭിച്ചു. പിന്നെ ക്ഷണിക്കേണ്ടവരെ ക്ഷണിക്കുവാന്‍ ധര്‍മ്മരാജാവ്‌ തന്റെ പ്രധാന ഉപദേശകനായ സഹദേവന് കല്പന കൊടുത്തു.

യുധിഷ്ഠിരന്‍ പറഞ്ഞു: വേഗത്തില്‍ എത്തുന്ന ദൂതന്മാരെ നീ ക്ഷണിക്കുവാന്‍ അയയ്ക്കണം.

വൈശമ്പായനൻ പറഞ്ഞു: രാജാവിന്റെ വാക്കു കേട്ട ഉടനെ അവന്‍ ദൂതന്മാരെ ഇങ്ങനെ പറഞ്ഞു വിട്ടു.

സഹദേവന്‍ പറഞ്ഞു: നാടു തോറും പോയി ബ്രാഹ്മണര്‍, രാജാക്കന്മാര്‍, വൈശ്യര്‍ എന്നിവരേയും മാന്യരായ ശൂദ്രരേയും ക്ഷണിച്ചു കൊണ്ടു വരിക.

വൈശമ്പായനൻ പറഞ്ഞു: ആജ്ഞാപിച്ചു വിട്ട ദൂതന്മാര്‍ പാണ്ഡുപുത്രന്റെ കല്പന പ്രകാരം പലരേയും ക്ഷണിക്കുകയും, പലരേയും കൂടെ കൊണ്ടു പോരികയും ചെയ്തു. വേറെ ചില ബ്രാഹ്മണരേയും കൂട്ടായി കൂട്ടി അതിവേഗത്തില്‍ യുധിഷ്ഠിര രാജാവിന്റെ അടുത്തെത്തി.

വിപ്രന്മാര്‍ രാജാവിനെ രാജസൂയത്തിനായി ദീക്ഷിപ്പിച്ചു. ധര്‍മ്മശീലനായ രാജാവ്‌ ദീക്ഷ കൈക്കൊണ്ടു. പിന്നെ വളരെ ഭൂസുരന്മാരോടും ഭ്രാതൃജ്ഞാതി ഗണങ്ങളോടും, നാനാദേശങ്ങളില്‍ നിന്നു വന്നുചേർന്ന  രാജാക്കന്മാരോടും കുടി, മനുഷ്യരൂപമെടുത്ത ധര്‍മ്മനെ പോലെ, യജ്ഞശാലയില്‍ പ്രവേശിച്ചു.

ഓരോ ദിക്കില്‍ നിന്നും വന്നു ചേർന്ന  ബ്രാഹ്മണര്‍, സര്‍വ്വവിദ്യാ വിദഗ്ദ്ധരും വേദവേദാംഗ വേദികളുമായ വൈദികര്‍, ധര്‍മ്മപുത്രന്റെ ആജ്ഞപ്രകാരം തീര്‍ത്ത ഗൃഹങ്ങളില്‍ പ്രവേശിച്ചു. എല്ലാവര്‍ക്കും അന്നവും, വസ്ത്രവും നല്കി യഥോചിതം, യഥായോഗ്യം വേണ്ടതെല്ലാം ശില്പികള്‍ സജ്ജമാക്കി നല്കി. രാജസല്‍ക്കാരം കൈക്കൊണ്ട്‌ ആ മന്ദിരങ്ങളില്‍ ദ്വിജന്മാര്‍ പാര്‍ത്തു.

ഓരോ ഫലിതങ്ങളും നേരമ്പോക്കുകളും പറഞ്ഞു, നാട്യനൃത്തങ്ങള്‍ കണ്ടും, സന്തോഷത്തോടെ അവര്‍ അവിടെ പാര്‍ത്തു. വിപ്രന്മാര്‍ ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന വിളികളും, നേരമ്പോക്കു പറയുമ്പോള്‍ ഉണ്ടാകുന്ന ഘോഷങ്ങളും, അവിടെ എപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. "വിളമ്പുക! വിളമ്പുക! ഉണ്ണുക! ഉണ്ണുക!", എന്നും മറ്റുമുള്ള വിളിയും ശബ്ദകോലാഹലങ്ങളും ഊട്ടുപുരയില്‍ എപ്പോഴും കേള്‍ക്കുമാറായി. നൂറും ആയിരവുംപശുക്കള്‍, മെത്തകള്‍, പൊന്ന്‌, പെണ്ണ്‌ ഇവയൊക്കെ ധര്‍മ്മാത്മാവ്‌ അവര്‍ക്കെല്ലാം വെവ്വേറെ നല്കി. ഇപ്രകാരം ഏറ്റവുംശ്രേഷ്ഠമായി, ശക്രന്‍ സ്വര്‍ഗ്ഗത്തിലെന്ന വിധം, ഭൂമിയില്‍ ഏകവീരനായി യുധിഷ്ഠിരന്‍ യാഗം തുടങ്ങി. അപ്പോള്‍ യുധിഷ്ഠിരന്‍ നകുലനെ വിളിച്ചു ഹസ്തിനാപുരിയില്‍ പാര്‍ക്കുന്ന ഭീഷ്മര്‍ക്കും, ദ്രോണര്‍ക്കും, ധൃതരാഷ്ട്രനും, വിദുരനും, കൃപനും, യുധിഷ്ഠിരനില്‍ സ്‌നേഹമുള്ള എല്ലാ ഭ്രാതൃജനങ്ങള്‍ക്കും സന്ദേശംഅയച്ചു. അവരെ ക്ഷണിച്ചു കൂട്ടിക്കൊണ്ടു വരുവാന്‍ പറഞ്ഞു വിട്ടു.

34. നിമന്ത്രിതരാജാഗമനം - വൈശമ്പായനൻ പറഞ്ഞു: ഹസ്തിനാപുരിയില്‍ ചെന്ന് സമിതിഞ്ജയനായ നകുലന്‍ ഭീഷ്മരേയും, ധൃതരാഷ്ട്രനേയും ക്ഷണിച്ചു. അവന്‍ സാദരം ക്ഷണിച്ച ആചാര്യ പ്രമുഖന്മാര്‍ മുതലായവര്‍ സസന്തോഷം ബ്രാഹ്മണരോടു കൂടി അവിടെ എത്തി.

ധര്‍മ്മപുത്രന്റെ യജ്ഞത്തെപ്പറ്റി കേട്ട്‌ യജ്ഞവിജ്ഞന്മാരായ അസഖ്യം ബ്രാഹ്മണരും മറ്റു പലരും സസന്തോഷംഅവിടെ വന്നു ചേർന്നു. സഭയേയും, ധര്‍മ്മപുത്രനേയും കാണുവാന്‍ നാനാദിക്കില്‍ നിന്നും രാജാക്കന്മാര്‍ വിലയേറിയ രത്നജാലങ്ങളുമായി വന്നുചേർന്നു.

ധൃതരാഷ്ട്രന്‍, ഭീഷ്മര്‍, ബുദ്ധിമാനായ വിദുരന്‍, ദുര്യോധനന്‍ തുടങ്ങിയ നൂറു ഭ്രാതാക്കള്‍, ഗാന്ധാരരാജാവായ സുബലന്‍, ശക്തനായ ശകുനി, അചലന്‍, വൃഷകന്‍, മഹാരഥന്മാരില്‍ പടുവായ കര്‍ണ്ണന്‍, ബലവാനായ ശല്യന്‍, ശക്തനായ ബാല്‍ഹീക രാജാവ്‌, സോമദത്തൻ, ഭൂരിശ്രവസ്സ്‌, ശലന്‍, അശ്വത്ഥാമാവ്‌, കൃപന്‍, ദ്രോണന്‍, സിന്ധുരാജാവായ ജയ്രദ്രഥന്‍, മക്കളോടു കൂടി യജ്ഞസേനന്‍, ശാലന്‍, പ്രാക്ജ്യോതിഷ രാജാവും മഹാരഥനുമായ ഭഗദത്തന്‍: പര്‍വ്വത പ്രദേശങ്ങള്‍ വാഴുന്ന രാജാക്കന്മാര്‍, ബൃഹത്ബല രാജാവ്‌, പൗണ്ഡ്രക വാസുദേവന്‍, വംഗരാജാവ്‌, കലിംഗരാജാവ്‌, കടല്‍ക്കരയില്‍ വാഴുന്ന മ്ലേച്ഛവര്‍ഗ്ഗങ്ങളുടെ രാജാക്കന്മാര്‍, ആകര്‍ഷന്‍, കുന്തളന്‍, മാളവന്മാര്‍, ആന്ധ്രന്മാര്‍, ദ്രാവിഡന്മാര്‍, സിംഹളന്മാര്‍, കാശ്മീരരാജാവ്‌, കുന്തിഭോജന്‍, മഹാവീരനായ ഗൗരവാഹന രാജാവ്‌, ശൂരന്മാരായ ബാല്‍ബീക രാജാക്കന്മാര്‍ എല്ലാവരും, മക്കളോടു കൂടി മത്സ്യ രാജാവ്‌, ശക്തിമാനായ മാവേല്ലന്‍, നാനാനാട്ടിനും അധീശരായ രാജാക്കന്മാര്‍, രാജപുത്രന്മാര്‍, പുത്രനോടു കൂടി മഹാവീര്യവാനായ ശിശുപാലന്‍ ഇവരെല്ലാം പാണ്ഡവേയന്റെ യജ്ഞത്തിന് വന്നു ചേർന്നു.

സമരദുര്‍മ്മദനായ രാമന്‍, അനിരുദ്ധന്‍, കങ്കന്‍, സാരണന്‍, ഗദന്‍, പ്രദ്യുമ്നന്‍, സാംബന്‍, വീര്യവാനായ ചാരുദേഷ്ണന്‍, ഉന്മുഖന്‍, നിശാന്‍, വീരനായ അംഗവഹന്‍, മഹാവീരന്മാരായ മറ്റു വൃഷ്ണിവീരന്മാര്‍, ഇവരും മദ്ധ്യദേശസ്ഥരായ പല മന്നവന്മാരും ധര്‍മ്മരാജാവിന്റെ രാജസൂയ യാഗത്തിനെത്തി. അവര്‍ക്കു ധര്‍മ്മപുത്ര കല്പന പ്രകാരം ആലയങ്ങള്‍ നല്‍കി. വൃക്ഷങ്ങളും ജലാശയങ്ങളും നിറഞ്ഞ്‌ ഭംഗിയോടു കൂടിയ ആ ഗൃഹങ്ങളില്‍ ബഹുവിധ ഭക്ഷ്യപേയങ്ങള്‍ സൽക്കരിച്ച്‌ അവരെ പാര്‍പ്പിച്ചു. അവരെ എല്ലാവരേയും ഒന്നിച്ചു കണ്ട്‌ അവരെ മാനിച്ചു ധര്‍മ്മരാജാവ്‌ പൂജിച്ചു. സൽക്കാരമേറ്റ്‌ ആ രാജാക്കന്മാര്‍ താന്താങ്ങളുടെ സൗധങ്ങളില്‍ വിശ്രമിച്ചു.

രമൃവസ്തുക്കള്‍ അണിയുന്ന കൈലാസ ശിഖരം പോലെ, ചുറ്റും കെട്ടിപ്പടുത്ത നല്ല വെണ്മതിലോടു കൂടി, നല്ല കോണിപ്പടികളോടും ആഡംബര സുന്ദരമായ പീഠങ്ങളോടും ചേര്‍ന്ന്, പൂമാലയണിഞ്ഞ്‌ അകില്‍ ഗന്ധം കലര്‍ന്ന്, ഹംസചന്ദ്ര പ്രകാശത്തോടെ ദൂരദര്‍ശനങ്ങളായി, തിരക്കു കൂടാത്ത സമദ്വാരത്തോടും മണിത്തിണ്ണകളോടും കൂടി യ ആ സൗധങ്ങള്‍ വളരെ ധാതുക്കള്‍ ചിതറിയ ഹിമാദ്രിക്കു തുല്യമായി പ്രശോഭിച്ചു. വിശ്രാന്തി കൊള്ളുന്ന ആ രാജാക്കന്മാര്‍ നാനാസദസ്യരോടു കൂടി ഇരുന്നരുളുന്ന ധര്‍മ്മപുത്രന്‍ വളരെ ദക്ഷിണ കൊടുക്കുന്നതു കണ്ടു.

ആ സദസ്സ്‌ രാജാക്കളാലും, ബ്രാഹ്മണരാലും, ഋഷിമാരാലും നിറഞ്ഞു വിചിത്രമായി, അമരന്മാര്‍ തിങ്ങി നിറഞ്ഞ സ്വര്‍ഗ്ഗലോകം പോലെ വിളങ്ങി.

35. യജ്ഞകരണം - വൈശമ്പായനന്‍ പറഞ്ഞു: പിതാമഹനേയും, ആചാര്യന്മാരേയും ചെന്ന് എതിരേറ്റ്‌ യുധിഷ്ഠിരന്‍ അഭിവാദ്യം ചെയ്തു. ഭീഷ്മന്‍, ദ്രോണന്‍, കൃപന്‍, ദ്രൗണി, ധാർത്തരാഷ്ട്രന്മാര്‍ ഇവരോട്‌ ആദരവോടെ യുധിഷ്ഠിരന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഈ യജ്ഞത്തിന് നിങ്ങള്‍ എന്നെ അനുഗ്രഹിച്ചാലും! എനിക്കുള്ള ഈ മഹാധനം നിങ്ങളുടേതാണ്‌. എന്നെ വേണ്ടവിധം നിങ്ങള്‍ തന്നെ കൊണ്ടു നടത്തിയാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ദീക്ഷിതനായ പാണ്ഡവാഗ്രജന്‍ ഓരോരുത്തര്‍ക്കും ചേരുന്ന വിധം അധികാരങ്ങള്‍ നല്കി. ഭക്ഷ്യങ്ങളും ഭോജ്യങ്ങളും ചേർന്ന  കലവറക്കാര്യങ്ങള്‍ ദുശ്ശാസനനെ അധികാരപ്പെടുത്തി. അങ്ങനെ സദ്യവട്ടമൊക്കെയും ദുശ്ശാസനന്റെ അധികാരത്തിലാക്കി. വിപ്രന്മാരെ സ്വീകരിക്കുവാന്‍ അശ്വത്ഥാമാവിനെ അധികാരപ്പെടുത്തി. രാജാക്കന്മാരെ പ്രീതരാക്കുവാന്‍ സഞ്ജയനെ ഏല്പിച്ചു. തെറ്റും പോരായ്മകളും നോക്കുവാന്‍ ഭിഷ്മദ്രോണന്മാരെയാക്കി. സ്വര്‍ണ്ണവും രത്നങ്ങളുമൊക്കെ പരിശോധിച്ചറിഞ്ഞ്‌ ദക്ഷിണയ്ക്കു കൊടുപ്പിക്കുവാന്‍ കൃപാചാര്യനെയാക്കി. ഇപ്രകാരം മറ്റു നരവ്യാഘ്രന്മാരെയൊക്കെ അതാതിന് അനുസരിച്ച്‌ ഓരോ കര്‍മ്മങ്ങളില്‍ നിയോഗിച്ചു. ബാല്‍ഹീകന്‍, ധൃതരാഷ്ട്രന്‍, സോമദത്തൻ, ജയദ്രഥന്‍ എന്നിവര്‍ നകുലനാല്‍ ആനീതരായി തറവാട്ടു കാരണവന്മാരായി സുഖിച്ചു. വ്യയാധികാരിയായി ധര്‍മ്മവിത്തമനായ വിദുരന്‍ നിന്നു. തിരുമുല്‍ക്കാഴ്ചയൊക്കെ സുയോധനന്‍ ഏറ്റുവാങ്ങി. വിപ്രന്മാരെ കാലു കഴുകിക്കുവാന്‍, വിശ്വത്തിലെ കാര്യങ്ങള്‍ തിരിഞ്ഞവനും, സല്‍ഫല പ്രീതി ഏൽക്കുന്നവനുമായ മാധവന്‍ സംപ്രീതനായി നിന്നു.

സഭയേയും ധര്‍മ്മജനേയും കാണുവാന്‍ വന്നു ചേർന്നവര്‍ ആയിരം സ്വര്‍ണ്ണനാണ്യത്തില്‍ കുറഞ്ഞ്‌ ഒന്നും കാഴ്ചവെച്ചില്ല. അനേകം രത്നജാലം കൊണ്ട്‌ പാര്‍ത്ഥനെ കൂടുതല്‍ സമ്പന്നനാക്കി, ഞാന്‍ കൊടുക്കുന്ന ധനം കൊണ്ട്‌ ധര്‍മ്മപുത്രന്‍ യജ്ഞം സമ്പൂര്‍ണ്ണമാക്കണം; ഞാന്‍ കൊടുക്കുന്നതു കൊണ്ട്‌ പൂര്‍ത്തിയാക്കണം എന്ന് അഹമഹമികയാ തിരക്കി രാജാക്കന്മാര്‍ ധനംനല്കി.

ജലവും ബലവും ചേർന്ന് വിലസുന്നതും, പൊക്കം കൊണ്ട്‌ ദേവന്മാരുടെ വിമാനങ്ങള്‍ തടയുന്ന മണിമേടകളും, നാട്ടുകാരുടേയും രാജാക്കളുടേയും ഗൃഹങ്ങളും, ബ്രാഹ്മണന്മാരുടെ ഗൃഹങ്ങളും, ദിവ്യ വിമാനഭംഗി ചേർന്ന  സൗധങ്ങളും, വിചിത്ര രത്ന സമ്പത്തു ചേർന്ന് വിലസിത്തെളിയുന്ന വിധം വന്നുചേർന്ന  രാജാക്കള്‍ക്കുള്ള ലക്ഷ്മിയോടും കൂടി ധര്‍മ്മപുത്രന്റെ സദസ്സ്‌ ഏറ്റവുംപ്രശോഭിച്ചു.

ധനസമൃദ്ധി കൊണ്ട്‌ വരുണനുമായി സ്പര്‍ദ്ധിക്കുന്ന നിലയിലെത്തി. യുധിഷ്ഠിരന്‍ ദക്ഷിണയാലും ആറ്‌ അഗ്നിയാലും മുഖ്യമായി നിര്‍വ്വഹിക്കപ്പെടുന്ന ആ മഹായജ്ഞം അങ്ങനെ യജിച്ചു. സര്‍വ്വരേയും സര്‍വ്വകാമങ്ങളും സമ്പത്താല്‍ തൃപ്തമാക്കി. ചോറും പല വിധത്തിലുള്ള ഭക്ഷ്യവും ഇഷ്ടം പോലെ ഭക്ഷിച്ച്‌ സന്തുഷ്ടരായ ജനങ്ങളോടു കൂടി രത്നോപഹാര സമ്പൂര്‍ണ്ണമായി ആ സജ്ജനസംഗമം പ്രശോഭിച്ചു. ഇഡാജ്യഹോമാഹുതികള്‍ മന്ത്ര ശിക്ഷാ വിശാരദരായ മഹര്‍ഷിമാര്‍ ആ യജ്ഞത്തില്‍ ചെയ്തു. ദേവകള്‍ തൃപ്തരായി. സുരന്മാരെ പോലെ ഭൂസുരന്മാര്‍, ദക്ഷിണ, അന്നം, ധനം എന്നിവയാല്‍ സംതൃപ്തരായിത്തീര്‍ന്നു. സര്‍വ്വവര്‍ണ്ണങ്ങളിലും പെട്ട ജാതിക്കാരും യജ്ഞത്തില്‍ മോദിച്ചു.

അര്‍ഘ്യാഭിഹരണപര്‍വ്വം

36. ശ്രീകൃഷ്ണാര്‍ഘ്യദാനം - വൈശമ്പായനൻ പറഞ്ഞു; രാജാക്കന്മാരോടു കൂടെ വിപ്രന്മാര്‍ അഭിഷേക ദിനത്തില്‍ യാഗവേദിക്കകത്തു കയറി. പൂജ്യരായ മഹര്‍ഷിമാരും, നാരദന്‍ മുതലായ മുനിമാരും, രാജര്‍ഷി പ്രവരന്മാരോടു കൂടി അന്തര്‍വ്വേദിയില്‍ പ്രശോഭിച്ചു ബ്രഹ്മസദസ്സില്‍ ദേവദേവര്‍ഷികള്‍ ചേർന്ന വിധം അവിടം വിളങ്ങി. ഇടയ്ക്കിടയ്ക്കുള്ള ക്രിയാവിരാമ സമയത്ത്‌ ( വിശ്രമവേളയില്‍ ) യോഗ്യന്മാരായ അവര്‍ തമ്മില്‍ത്തമ്മില്‍ ഇങ്ങനെ ജല്പിച്ചു; "ഇത്‌ ഇപ്രകാരമാണ്‌! അങ്ങനെയാവില്ല! ഇത്‌ മറ്റു വിധത്തില്‍ വരില്ല!", എന്നും മറ്റും, പലവിധം അവര്‍ തമ്മില്‍ത്തമ്മില്‍, തര്‍ക്കിച്ചു. ചെറിയ കാര്യം ചിലര്‍ പറഞ്ഞു വലുതാക്കി. വലിയ കാര്യം ചിലര്‍ നിസ്സാരമാക്കി. ശാസ്ത്രവും യുക്തിയും ഉദ്ധരിച്ചു ചിലര്‍ ജലപിച്ചു. ബുദ്ധിമാന്മാരായ മറ്റു ചിലര്‍ അതില്‍ അന്യമായ അര്‍ത്ഥം പറഞ്ഞു ഖണ്ഡിച്ചപ്പോള്‍ പല പരുന്തുകള്‍ ആകാശത്തില്‍ വെച്ച്‌ ഒരു മാംസഖണ്ഡത്തെ റാഞ്ചിക്കൊത്തി ഛിന്നഭിന്നമാക്കി ആകാശത്തില്‍ വിക്ഷേപിച്ച മട്ടിലായി തര്‍ക്കവിഷയം. ധര്‍മ്മാര്‍ത്ഥദക്ഷന്മാരും, മഹാ രതന്മാരുമായ ചിലര്‍ തമ്മില്‍ച്ചൊല്ലി രസിച്ചു. ആ വേദവേദ സമ്പന്നന്മാരാലും, ദേവദ്വിജ മുനിമാരാലും, വ്യോമം താരങ്ങളാലെന്ന വിധം അവിടം ഏറ്റവും ശോഭിച്ചു. യുധിഷ്ഠിരന്റെ യാഗത്തില്‍ ആ വേദിയുടെ അരികത്തെങ്ങും ശൂദ്രന്മാരില്ല.വ്രതം ഒരുത്തനും വിട്ടില്ല. ശ്രീമാനായ ധര്‍മ്മപുത്രന്റെ യജഞലക്ഷ്മിയെ അപ്പോള്‍ നോക്കി കണ്ട്‌ നാരദന്‍ ആനന്ദിച്ചു. പിന്നെ ആ ദേവര്‍ഷി സര്‍വൃക്ഷത്രിയരും ഒന്നിച്ചുചേർന്നതു കണ്ട്‌ മനസ്സില്‍ എന്തോ വിചാരിച്ചു. അംശാവതരണത്തില്‍ മുമ്പ്‌ ബ്രഹ്മലോകത്തില്‍ നടന്ന കഥ നാരദന്‍ ഓര്‍ത്തു. ഇതും ദേവസമ്മേളനമാണെന്നു വിചാരിച്ച്‌ ഹരിയെ ക്ഷത്രജാതിയില്‍ ദൈതൃശത്രുവായ നാരായണന്‍ പ്രതിജ്ഞ പാലിക്കുവാന്‍ അവതരിച്ചെത്തിയിരിക്കയാണ്‌. ഭൂതകര്‍ത്താവായ അവന്‍ പണ്ട്‌ വിബുധരോടു പറയുകയുണ്ടായി. നിങ്ങള്‍ തമ്മില്‍ കൊന്ന് വീണ്ടും ഈ ലോകത്തില്‍ തന്നെ വരും. ഇപ്രകാരം നാരായണനായ ശംഭു വാനോര്‍കളോടു കല്‍പിച്ച്‌ യദുമന്ദിരത്തില്‍ അന്ധക വൃഷ്ണി കുലത്തില്‍ കുലവര്‍ദ്ധനനായി ജനിച്ചു. നക്ഷത്രങ്ങളുടെ നടുവില്‍ അവന്‍ ചന്ദ്രനെ പോലെ ശോഭിച്ചു. ഇന്ദ്രാദിദേവന്മാര്‍ക്ക്‌ അവന്റെ ബാഹുബലമാണ്‌ ഒരാശ്രയം. ആ വിഷ്ണു മര്‍ത്ത്യനാണെന്ന ഭാവത്തില്‍ വന്നവനാണ്‌ ജനാര്‍ദ്ദന്‍. അത്ഭുതം, മഹാത്ഭുതമാണ്‌, സാക്ഷാല്‍ സ്വയംഭൂ തന്നെയാണ്‌. ഇദ്ദേഹം ക്ഷത്രമൊക്കെ സംഹരിക്കുവാന്‍ തക്ക ബലം ഉള്ളവനാണ്‌. ഇപ്രകാരം സര്‍വ്വജ്ഞനായ നാരായണനെ ധ്യാനിച്ച്‌ ധര്‍മ്മപുത്രന്റെ യജ്ഞകര്‍മ്മത്തില്‍ ധര്‍മ്മവിത്തമനായ ആ മഹാബുദ്ധിമാന്‍ സല്‍ക്കാരങ്ങള്‍ കൈക്കൊണ്ടു വിരാജിച്ചു. പിന്നെ ഭീഷ്മൻ ധര്‍മ്മരാജാവായ യുധിഷ്ഠിരനോടു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: പുജ്യതയ്ക്കൊത്ത രാജാക്കന്മാരെ ഹേ, ഭാരതാ! പൂജിക്കുക. ആചാര്യന്‍, ഋത്വിക്‌, ബന്ധു, സ്നാതകന്‍, സ്നേഹിതന്‍, ഭൂപന്‍ ഇവര്‍ ആറുപേരാണ്‌ അര്‍ഘ്യാര്‍ഹര്‍. ഒരു വര്‍ഷം ഇവര്‍ ഇവിടെ പാര്‍ത്താലും നവാതിഥികളെ പോലെ പൂജിക്കേണ്ടവരാണ്‌. അപ്രകാരമുള്ള ഇവരെ വളരെക്കാലം കൊണ്ടു നമുക്കു ലഭിച്ചിരിക്കയാണ്‌. ഇവര്‍ക്ക്‌ ഓരോരുത്തര്‍ക്കും രാജാവേ, ഭവാന്‍ അര്‍ഘ്യം നല്കിയാലും. എന്നാൽ അതില്‍വെച്ചു ശ്രേഷ്ഠന്‍ ആദ്യം അര്‍ഘ്യം കൊടുക്കുക

യുധിഷ്ഠിരന്‍, പറഞ്ഞു: ഹേ കുരുനന്ദനാ! ആദ്യമായി ഞാന്‍ ആര്‍ക്കാണ്‌ അര്‍ഘ്യം നല്കേണ്ടത്‌ ? ഭവാനു യുക്തമായി തോന്നുന്നത്‌ പിതാമഹാ! പറഞ്ഞാലും.

വൈശമ്പായനന്‍ പറഞ്ഞു: അപ്പോള്‍ ശാന്തനവനായ ഭീഷ്മന്‍ ബുദ്ധിപൂർവ്വം ചിന്തിച്ചതിന് ശേഷം ഭൂമിയില്‍ വെച്ച്‌ ഏറ്റവും മാന്യനായവന്‍ കൃഷ്ണനാണെന്നു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: ഇവന്‍ എല്ലാവരേക്കാളും ശക്തിയിലും മഹത്ത്വത്തിലും പരാക്രമത്തിലും മുമ്പനാണ്‌ ജ്യോതിസ്സുകളുടെ ഇടയില്‍ ഭാസ്‌കരനെ പോലെ തപിക്കുന്നവനാണ്‌. സൂര്യന്‍ ഇല്ലാത്തിടത്തു സൂര്യനാണ്‌. കാറ്റില്ലാത്തേടത്തു കാറ്റാണ്‌. അപ്രകാരമാണ്‌ ഈ സഭയെ തെളിയിച്ച്‌ കൃഷ്ണന്‍ ആഹ്ളാദിപ്പിക്കുന്നത്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മൻ അനുജ്ഞ ചെയ്തപ്പോള്‍ പ്രതാപവാനായ സഹദേവന്‍ വാര്‍ഷ്ണേയന്ന് യഥാവിധി ഉത്തമമായ അര്‍ഘ്യം നലകി. ശാസ്ത്രപ്രകാരം കൃഷ്ണന്‍ അതു സ്വീകരിച്ചു. വാസുദേവനെ അഗ്രപൂജ ചെയ്തു ബഹുമാനിച്ചത്‌ ശിശുപാലനു പൊറുക്കുവാന്‍ കിഴിഞ്ഞില്ല. മഹാബലനായ ചേദിരാജാവ്‌ ആ സഭയില്‍ ഭീഷ്മനേയും ധര്‍മ്മപുത്രനേയും നിന്ദിച്ച്‌, വാസുദേവനെ ആക്ഷേപിച്ചു സംസാരിച്ചു.

37. ശിശുപാലക്രോധം -- ശിശുപാലന്‍ പറഞ്ഞു: മഹാത്മാക്കളായ മഹാരാജാക്കന്മാര്‍ സദസ്സില്‍ നിറഞ്ഞിരിക്കുമ്പോള്‍ വൃഷ്ണിവംശജാതനായ ഇവന്‍ രാജാവിനെ പോലെ രാജപൂജയ്ക്ക്‌ അര്‍ഹനല്ല. കൗരവാ, മഹാന്മാരായ പാണ്ഡവന്മാര്‍ക്കു ചേർന്നതല്ല ഈ കര്‍മ്മം. തന്നിഷ്ടം മൂലം പുണ്ഡരീകാക്ഷനെ പൂജിച്ചതു നന്നായില്ല. ഹേ, ബാലരായ പാണ്ഡവരേ!! നിങ്ങള്‍ സൂക്ഷ്മമായ ധര്‍മ്മം അറിയുന്നില്ല. വിവരമില്ലാത്തവനും അല്പം മാത്രം കാണുന്നവനുമാണ്‌ ഗംഗാനദിയുടെ പുത്രനായ ഭീഷ്മൻ. ഹേ, ഭീഷ്മാ, അങ്ങയെപ്പോലുള്ള ധര്‍മ്മിഷ്ഠന്മാര്‍ സേവ നോക്കി നടക്കുകയാണെങ്കില്‍ ലോകത്തില്‍ സത് ജനങ്ങളുടെ നിന്ദയ്ക്ക്‌ അവര്‍ പാത്രമാകും. രാജാവല്ലാത്ത ദാശാര്‍ഹന്‍ രാജാക്കന്മാരുടെ നടുവില്‍, നിങ്ങള്‍ പൂജിച്ച വിധം പൂജയ്ക്ക്‌ അര്‍ഹനാണോ? അതല്ല, വൃദ്ധനെന്ന നിലയ്ക്കാണ്‌ നിങ്ങള്‍ അര്‍ഹണം ചെയ്തതെങ്കില്‍ വസുദേവന്‍ ഇരിക്കുമ്പോള്‍ അവന്റെ പുത്രന് എന്താണു പൂജയ്ക്ക്‌ അര്‍ഹത? അതല്ല, ഇഷ്ടം ചെയ്യുന്ന ഒരു ബന്ധുവിന്റെ നിലയ്ക്കാണ്‌ നിങ്ങള്‍ പൂജിച്ചതെങ്കില്‍ ദ്രുപദന്‍ നില്‍ക്കുമ്പോള്‍ എങ്ങനെ കൃഷ്ണന്‍ പൂജ്യനാകും. അതല്ല, ആചാര്യന്റെ നിലയ്ക്കാണ്‌ അഗ്രപൂജ ചെയ്തതെങ്കില്‍ ദ്രോണരുള്ളപ്പോള്‍ എന്താണു കൃഷ്ണനെ സല്‍ക്കരിക്കാന്‍? അതല്ല, ഋത്വിക്കിന്റെ നിലയിലാണ്‌ സല്‍ക്കരിച്ചതെങ്കില്‍ വൃദ്ധനായ വ്യാസനുള്ളപ്പോള്‍ എന്താണ്‌ കൃഷ്ണനെ പൂജിച്ചത്‌ ? ശാന്തനായ ഭീഷ്മൻ സ്വച്ഛന്ദമൃത്യുവാണ്‌. പുരുഷന്മാരില്‍ വെച്ച്‌ ഉത്തമനായ അവന്‍ നില്ക്കുമ്പോള്‍ എന്തേ, കൃഷ്ണനെ പൂജിക്കുവാന്‍? സര്‍വ്വശസ്ത്രജ്ഞനായ അശ്വത്ഥാമാവു നില്ക്കുമ്പോള്‍ എന്തേ, കൃഷ്ണനെ പൂജിക്കുവാന്‍? രാജേന്ദ്രനെ പൂജിക്കുവാനാണ്‌ ചിന്തിച്ചതെങ്കില്‍ രാജേന്ദ്രനും പുരുഷശ്രേഷ്ഠനുമായ ദുര്യോധനന്‍ ഇരിക്കുമ്പോള്‍ കൃഷ്ണനെ പൂജിച്ചതു നന്നായോ? കൃപാചാര്യനുള്ളപ്പോള്‍ എന്തേ, കൃഷ്ണനെ പൂജിക്കുവാന്‍?

കിംപുരുഷാചാര്യനായ ദ്രുമന്‍ നില്ക്കുമ്പോള്‍ കൃഷ്ണനെ പുജിച്ചത്‌ അക്രമം തന്നെ!

******************

മഹാഭാരത കാലഘട്ടത്തിൽ , ഭാരതദേശത്തെ ദ്രോണർക്കു തുല്യനായി കിംപുരുഷദേശത്തു നിലനിന്നിരുന്ന ധനുർവേദാചാര്യനാണ് ദ്രുമൻ അഥവാ ദ്രുമാവ് . ഇദ്ദേഹം കിംപുരുഷന്മാരുടെയും മ്ലേച്ഛരുടേയും അസ്ത്രവിദ്യാചാര്യനായിരുന്നു . ആര്യദേശത്തു ദ്രോണർ ഗുരുവായിരുന്നത് പോലെ മ്ലേച്ഛദേശത്ത് ദ്രുമനും (ദ്രുമാവ് ) ഗുരുവായിരുന്നു . കുബേരന്റെ സഭയിലെ സാമാജികനായ ഇദ്ദേഹം കിന്നരന്മാരുടെ നേതാവുമാണ് . ഈ ദ്രുമൻ ചിരഞ്ജീവിയാണ്.

(NB:ഈ ദ്രുമാവിനെ ദ്രോണൻ എന്നാണു Kisori Mohan Ganguly-യുടെ മഹാഭാരതം ആംഗലേയ വിവർത്തനത്തിലെ ഉദ്യോഗപർവ്വത്തിൽ (അദ്ധ്യായം 158) കാണുന്നത്. അവലംബം നോക്കുമ്പോൾ ശ്രദ്ധിക്കുക . സംസ്കൃതം Original Text-ഇൽ ദ്രുമാഃ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് .ഹരിവംശത്തിലും ദ്രുമാഃ തന്നെയാണ് ).

******************

ദുര്‍ദ്ധര്‍ഷനായ ഭീഷ്മകനുള്ളപ്പോള്‍, പാണ്ഡുതുല്യനായ രുഗ്മിയുള്ളപ്പോള്‍, മഹാധനുര്‍ദ്ധരനായ ഏകലവ്യനുള്ളപ്പോള്‍, മാദ്രേശനായ ശല്യനുള്ളപ്പോള്‍ എന്തേ, കൃഷ്ണനെ പൂജിക്കുവാന്‍?

സര്‍വ്വ രാജാക്കളുടേയും ഇടയില്‍ മഹാബലവാനും പരശുരാമന്റെ ഇഷ്ടശിഷ്യനും, തന്റെ വീര്യം കൊണ്ടു തന്നെ രാജാക്കളെ ജയിച്ചുവനുമായ ഈ കര്‍ണ്ണന്‍ നില്ക്കുമ്പോള്‍ കൃഷ്ണനെ പൂജിച്ചത്‌ ഉചിതമായോ? കൃഷ്ണന്‍ ഋത്വിക്കല്ല, കൃഷ്ണന്‍ആചാര്യനല്ല, കൃഷ്ണന്‍ രാജാവല്ല. പിന്നെ പൂജ ചെയ്തത്‌ എന്തു കൊണ്ട്‌ ? വെറും സേവയ്ക്കു മാത്രം! അല്ലാതെ മറ്റെന്തു കൊണ്ടാണ്‌ ? നിങ്ങള്‍ക്ക്‌ മധുവൈരിയെ പൂജിക്കണമെന്ന് ഉണ്ടെങ്കില്‍ ഇവിടെ രാജാക്കന്മാരെ എന്തിന്നു വരുത്തി: അവമാനിക്കുവാനാണോ? ഞങ്ങള്‍ പേടിച്ചിട്ടല്ല സാധുവായ കൗന്തേയന് കപ്പം കൊടുത്തത്‌. ലോഭത്താലല്ല, സാന്ത്വത്താലുമല്ല. സല്‍ക്കര്‍മ്മം ചെയ്യുന്ന ഇവന് ചക്രവര്‍ത്തിത്വം നല്കുന്നമെന്ന്‌ വിചാരിച്ചാണ്‌ ഞങ്ങള്‍ കപ്പം കൊടുത്തത്‌. എന്നാൽ ഇപ്പോള്‍ ഞങ്ങളെ നിന്ദിച്ചിരിക്കുന്നു. ഇത്‌ എന്തൊരു ധിക്കാരം! രാജസദസ്സില്‍ വെച്ച്‌ നീ ലക്ഷണം കെട്ട കൃഷ്ണന്‌ അര്‍ഘ്യ പൂജ കഴിച്ചതു ധിക്കാരമല്ലേ? ഈ പ്രവൃത്തി മൂലം ധര്‍മ്മപുത്രന്‍ ധര്‍മ്മാത്മാവ്‌ എന്ന പേരു പെട്ടെന്നു കളഞ്ഞു കുളിച്ചു! ഇപ്രകാരം ധര്‍മ്മച്യുതനായ അവലക്ഷണത്തിനെ ആരെങ്കിലും പൂജിക്കുമോ? വൃഷ്ണിവംശോത്ഭവനാണ്‌ ഇവന്‍. ജരാസന്ധ രാജാവിനെ ചതിച്ചു കൊന്ന കൊലപാതകിയാണിവന്‍! ധര്‍മ്മതത്ത്വം ധർമ്മരാജാവില്‍ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു. കൃഷ്ണന് അര്‍ഘ്യം നല്കി അദ്ദേഹത്തിന്റെ കൊള്ളരുതാത്തരം വെളിവാക്കി. പാര്‍ത്ഥരര്‍ ഭീരുക്കളും, കൃപണന്മാരും, പാവങ്ങളുമാണെങ്കില്‍ ഹേ, കൃഷ്ണാ! നീ ചിന്തിക്കേണ്ടതല്ലേ ഈ പൂജ തനിക്കു ചേർന്നതാണോ എന്ന്? ഈ കൃപണന്മാര്‍ നല്കുന്ന പൂജ അനര്‍ഹനായ നീ അനുമോദിച്ചു വാങ്ങിയതു നന്നായോ? തനിക്ക്‌ അര്‍ഹതയില്ലാത്തത്‌ മെച്ചപ്പെട്ടതാണെന്നു നീ ഭാവിക്കുന്നു. ഹവിസ്സിന്റെ ഭാഗം വിജനത്തില്‍ വെച്ചു തിന്നുന്ന പട്ടിയെ പോലെ നാണമില്ലാതെ യോഗ്യത നടിക്കുന്നു.

രാജാക്കളെയൊക്കെ അവമാനിക്കലാണ്‌, തീര്‍ച്ച! അല്ലെങ്കില്‍ ജനാര്‍ദ്ദനാ! കുരുക്കള്‍ നിന്നെ തന്നെ ഇപ്രകാരം അപമാനിച്ചിരിക്കുന്നു. രാജാവല്ലാത്തവന് എങ്ങനെ ഈ രാജപൂജ ചേരും? നപുംസകം പെണ്ണിനെ വേട്ട മാതിരി, അന്ധനു വെളിച്ചം കാട്ടുന്ന മാതിരി, രാജാവല്ലാത്ത നിനക്ക്‌ ഈ പൂജ ചേർന്നതാണോ യുധിഷ്ഠിരനേയും കണ്ടു! ഭീഷ്മന്റെ മട്ടും കണ്ടു! കൃഷ്ണനേയും കണ്ടു! എല്ലാവരേയും കണ്ടു! എല്ലാം ഭേഷായിരിക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ ചേദിരാജാവായ ശിശുപാലന്‍ പരമാസനത്തില്‍ നിന്നു ക്രോധത്തോടെ എഴുന്നേറ്റ്‌ മറ്റു ഭൂപന്മാരെയൊക്കെ വിളിച്ച്‌ സഭാസ്ഥലം വിട്ടിറങ്ങുവാല്‍ ഭാവിച്ചു.

38. ഭീഷ്മവാകൃം - വൈശമ്പായനൻ പറഞ്ഞു: ഉടനെ യുധിഷ്ഠിര രാജാവ്‌ ശിശുപാല സന്നിധിയില്‍ ചെന്നു. അവനോട്‌ മധുരമായി സാന്ത്വപൂര്‍വ്വം ഇങ്ങനെ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, മഹീപാലാ! ഭവാന്‍ ഇപ്പോള്‍ പറഞ്ഞത്‌ ഏറ്റവും നിരര്‍ത്ഥകമാണ്‌. ഭവാന്റെ പരുഷവാക്ക്‌ വലിയ അധര്‍മ്മമായി തീരും. പരമമായ ധര്‍മ്മം അറിയാതെ പറയുന്നവനല്ല ഭീഷ്മൻ. ശാന്തനവനായ ഭീഷ്മനെ തെറ്റിദ്ധരിച്ച്‌, അവമാനിച്ചു പറയരുത്‌. നോക്കൂ! ഭവാനേക്കാള്‍ വൃദ്ധരായ രാജാക്കന്മാര്‍ ഇവിടെ പലരുമുണ്ട്‌. അവര്‍ കൃഷ്ണസൽക്കാരം പൊറുക്കുന്നു. നീയും അപ്രകാരം പൊറുക്കുക. ഭീഷ്മൻ കൃഷ്ണനെ നന്നായി അറിയും. ചേദി രാജാവേ! എടോ! ആ കൗരവന്‍ അറിയുന്ന വിധം നീ അറിയുന്നില്ല.

ഭീഷ്മൻ പറഞ്ഞു: ലോകത്തില്‍ ഏറ്റവും വൃദ്ധനായ കൃഷ്ണനെ അര്‍ച്ചിക്കുന്നതു സഹിക്കാത്ത ഇവനോട്‌ ഭവാന്‍ എന്തിനു സാന്ത്വവാക്കു പറയുന്നു? ഇവന്‍ അതര്‍ഹിക്കുന്നില്ല. ക്ഷത്രിയന്‍ ക്ഷത്രിയനോടു പോരാടി, ജയിച്ചു കീഴടക്കിയാല്‍ ആ പോരാളിക്ക്‌ അവന്‍ ഗുരുവാണ്‌. ഈ സദസ്സില്‍ സാത്വതീ പുത്രനായ അവന്‍ പോരില്‍ തന്റെ ശക്തിയാല്‍ ജയിക്കാത്തതായ ഒരു രാജാവിനേയും ഞാന്‍ കാണുന്നില്ല. നമുക്കു മാത്രം അര്‍ച്ച്യനല്ല അച്യുതന്‍. ആ മഹാഭുജന്‍ ഈ മൂന്നു ലോകത്തിലും ഏവര്‍ക്കും  ഏറ്റവും അര്‍ച്ച്യനാണ്‌. കൃഷ്ണന്‍ അസംഖ്യം ക്ഷത്രിയന്മാരെ പോരില്‍ ജയിച്ചിട്ടുണ്ട്‌. ഈ വാര്‍ഷ്ണേയനില്‍ വിശ്വമൊക്കെ സ്ഥിതിചെയ്യുന്നു. അതു കൊണ്ട്‌ അതോര്‍ത്ത്‌ അന്യവൃദ്ധരെ വിട്ടു കൃഷ്ണനെ അര്‍ച്ചിച്ചു. അതു കൊണ്ട്‌ ഇപ്രകാരം പറയരുത്‌. ബുദ്ധി മാറി ഭ്രമിക്കരുത്‌. ഞാന്‍ പല ജ്ഞാനവൃദ്ധരേയും സേവിച്ചിരിക്കുന്നു. അവര്‍ പറഞ്ഞ്‌ ശരിയുടെ ഗുണത്തിന്റെ ശ്രേഷ്ഠതയെ കേട്ടിരിക്കുന്നു. ആ സജ്ജനങ്ങളൊന്നിച്ചു ബഹുമാനിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മഹത്വം വൃക്തമായിരിക്കുന്നു. ജന്മം മുതല്‍ ഈ ധീമാന്റെ കര്‍മ്മങ്ങള്‍ അപ്രകാരം തന്നെ പലപ്പോഴും പലരും പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ചേദിരാജാവേ! വെറും മോഹംകൊണ്ടല്ല, ബന്ധു വഴിക്കല്പ, സഹായിച്ച വേഴ്ച നോക്കിയുമല്ല ജനാര്‍ദ്ദനനെ അര്‍ച്ചിച്ചത്‌. ഇവന്‍ അര്‍ച്ച്യനായതു കൊണ്ടാണ്‌. ഇവന്‍ സുഖങ്ങളെ സര്‍വ്വചരാചരങ്ങള്‍ക്കു നല്കുന്നവനാണ്‌! യശസ്സ്‌, ശൗര്യം, ജയം ഇവ കണ്ട്‌ അര്‍ച്ചിച്ചതാണ്‌. വെറും ബാലന്മാരെയും ഞങ്ങള്‍ പരീക്ഷിക്കാതിരുന്നിട്ടില്ല  ( അവരിൽ ആർക്കെങ്കിലും കൃഷ്ണനേക്കാൾ ശ്രേഷ്ഠതയുണ്ടോ എന്ന്).  മറ്റെല്ലാ സല്‍ഗുണസമ്പന്നർ ആയവരേക്കാളും മീതെ പൂജ്യനായി ഞങ്ങള്‍ ഹരിയെ കണ്ടു. എന്തെന്നാല്‍, ബ്രാഹ്മണരില്‍ ജ്ഞാനം അധികമുള്ളവനും, ക്ഷത്രിയരില്‍ ബലം കൂടിയവനും, വൈശ്യരില്‍ സമ്പന്നനും, ശൂദ്രരില്‍ വയസ്സു കൊണ്ടു മൂപ്പു കൂടിയവനുമാണ്‌ പൂജാര്‍ഹന്‍. ഗോവിന്ദന്റെ പൂജ്യതയ്ക്കും രണ്ടു കാരണമുണ്ട്‌. വേദവേദാംഗ വിജ്ഞാനവും അതുല്യമായ മഹാബലവും! മനുഷ്യലോകത്തില്‍ കൃഷ്ണനല്ലാതെ പൂജ്യനായി മറ്റാരുണ്ട്‌? ദാനം, ദാക്ഷ്യം, ശ്രുതം, ശൗര്യം, ഹ്രീ, കീര്‍ത്തി, അതിയായ ബുദ്ധി, സന്തതി, ശ്രീ, തുഷ്ടി, ധൃതി ഇവ കൃഷ്ണനിലുണ്ട്‌. ലോകസമ്പന്നനും, ആചാര്യനും, പിതാവുമാണ്‌ അവന്‍. അര്‍ച്ച്യനായ അവന്‍ അര്‍ച്ചിതനായി! നിങ്ങളെല്ലാവരും ക്ഷമിക്കുവിന്‍. ഋത്വിക്‌, ഗുരു, സംബന്ധി, സ്നാതകന്‍, പാര്‍ത്ഥിവന്‍, പ്രിയന്‍, ഹൃഷികേശന്‍ ഇതൊക്കെയാണ്‌ അവന്‍. അതോര്‍ക്കുമ്പോള്‍ അച്യുതന്‍ അര്‍ച്ചിതാര്‍ഹനാണ്‌. ലോകത്തിന്റെ ഉത്പത്തിയും, പ്രളയവും കൃഷ്ണനില്‍ നില്ക്കുന്നു. കൃഷ്ണന്‍ കാരണമാണ്‌ ഇന്ന് ഈ കാണുന്ന വിശ്വവും, സകലചരാചരവും. ഇവന്‍ പ്രകൃതിയും, അവ്യക്തനും, കര്‍ത്താവും, ആദ്യനും, സനാതനനും, സര്‍വ്വഭൂതങ്ങള്‍ക്കും പൂജ്യനുമാണ്‌. അതു കൊണ്ട്‌ അവന്‍ ഏറ്റവും പൂജാര്‍ഹനാണ്‌. ബുദ്ധി, ചിത്തം, മഹല്‍തത്വം, വായു, തേജസ്സ്‌, അംബു, ഭൂമി, ആകാശം, ചതുര്‍വ്വിധമായ ഭൂതജാലം ഇവയെല്ലാം കൃഷ്ണനില്‍ സ്ഥിതിചെയ്യുന്നു. ആദിത്യന്‍, ചന്ദ്രന്‍, നക്ഷത്രജാലം, ഗ്രഹങ്ങള്‍, ദിക്കുകള്‍, വിദിക്കുകള്‍ ഇവയൊക്കെ കൃഷ്ണനില്‍ നില്ക്കുന്നു. വേദം അഗ്നിഹോത്രമുഖം, ഗായ്രതി ഛന്ദസ്സുകള്‍ക്കു മുഖം, മനുഷ്യര്‍ക്കു മുഖം നൃപന്‍, പുഴകള്‍ക്കു മുഖം സമുദ്രം, നക്ഷത്രങ്ങള്‍ക്കു ചന്ദ്രന്‍ മുഖം, തേജസ്സിന്‌ അര്‍ക്കന്‍ മുഖം, മലകള്‍ക്കു മുഖം മേരു, ഖഗങ്ങള്‍ക്കു മുഖം ഗരുഡന്‍, മേലും, കീഴും, ചുറ്റും കാണുന്ന എല്ലാ ജഗത്തുകളിലും ദേവാസുരന്മാരടങ്ങിയ സകല ലോകര്‍ക്കും മുഖമായത്‌ ഭഗവാന്‍ കേശവനാണ്‌!

ശിശുപാലന് അതൊന്നും അറിഞ്ഞുകൂടാ. അവന്‍ ബാലനാണ്‌. കൃഷ്ണന്റെ മാഹാത്മ്യമേ തിരിഞ്ഞേടത്തൊക്കെ ഞാന്‍ കാണുന്നുള്ളു. അതു കൊണ്ടാണ്‌ ഞാന്‍ ഇങ്ങനെ പറയുന്നത്‌. ഉത്കൃഷ്ടമായ ധര്‍മ്മത്തെ തിരയുന്ന ബുദ്ധിമാന്‍ ഈ ധര്‍മ്മതത്വം കാണും. അത്രയ്ക്കു കാണുകയില്ല ചേദിരാജാവായ ശിശുപാലന്‍. ആബാല വൃദ്ധം ഇവിടെയുള്ള രാജാക്കളില്‍ മറ്റാരുണ്ട്‌ അര്‍ഹനായി? കൃഷ്ണന്‍ അനര്‍ഹനാണെന്നു വിചാരിച്ച്‌ പൂജിക്കാത്തവന്‍ ആരാണ്‌ ? എന്നാൽ, ചേദിരാജാവു വിചാരിക്കുന്നു, ഈ പൂജ ശരിയായില്ലെന്ന്‌. ചൊവ്വായില്ലെന്ന് അവന് തോന്നുന്നുണ്ടെങ്കില്‍ അവന്‍ വേണ്ടതൊക്കെ ചെയ്യട്ടെ!

39. രാജമന്ത്രണം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞു ഭീഷ്മൻ വിരമിച്ചപ്പോള്‍ കാര്യത്തിന്റെ യാഥാര്‍ത്ഥ്യം ഗ്രഹിച്ച സഹദേവന്‍ അര്‍ത്ഥവത്തായി ഇങ്ങനെ പറഞ്ഞു.

സഹദേവന്‍ പറഞ്ഞു: അപ്രമേയബലനും, കേശിഹന്താവുമായ കേശവനെ ഞാന്‍ പൂജിച്ചത്‌ ഇവിടെ കൂടിയിരിക്കുന്ന ഏതേതു രാജാവിനാണ്‌ സഹിക്കാത്തത്‌, ആ ബലിഷ്ഠന്മാരുടെ മൂര്‍ദ്ധാവില്‍ ഞാന്‍ എന്റെ ഈ കാല്‍ വെയ്ക്കുന്നു; അവന്റെ ശിരസ്സില്‍ ഞാന്‍ ചവിട്ടു ന്നു. ഞാന്‍ പറയുന്നതിന്റെ ഉത്തരം അവന്‍ പറയട്ടെ. എനിക്ക്‌ അവന്‍ വദ്ധ്യനാണ്‌. അതില്‍ യാതൊരു സംശവുമില്ല. മതിമാന്മാരുടെ ആചാര്യനും, പിതാവും, ഗുരുവുമായ മാധവന്‍ അര്‍ച്ച്യനാണ്‌. അവന്‍ അര്‍ച്ചിതനായിക്കണ്ട മതിമാന്മാരായ മന്നവന്മാരേ! നിങ്ങള്‍ അതിന് അനുവദിച്ചാലും.

വ്വൈശമ്പായനന്‍ പറഞ്ഞു: ഇങ്ങനെ അവന്‍ പറഞ്ഞപ്പോള്‍ സജ്ജനങ്ങളൊന്നും മറുപടി പറഞ്ഞില്ല. അഭിമാനികളായ മന്നവന്മാരുടെ മുമ്പില്‍ വെച്ചു ഞാന്‍ അവനെ ച വിട്ടും എന്ന് ഉച്ചത്തില്‍ പറഞ്ഞ്‌ കാല്‍ പൊക്കിക്കാട്ടിയെങ്കിലും ആരും മറുപടി പറഞ്ഞില്ല. ഉടനെ സഹദേവന്റെ ശിരസ്സില്‍ പുഷ്പവൃഷ്ടിയുണ്ടായി. "കൊള്ളാം! നന്ന്‌! ഭേഷ്‌", എന്ന് ഹര്‍ഷത്തോടെ അശരീരി വാക്കുണ്ടായി. അപ്പോള്‍ ഭഗവാന്‍ കൃഷ്ണനെപ്പറ്റി ഭൂതഭവ്യങ്ങള്‍ പറയുന്നവനായ, സര്‍വ്വലോകജ്ഞനും, സര്‍വ്വസന്ദേഹരനുമായ നാരദന്‍ സര്‍വ്വരും കേള്‍ക്കുമാറ്‌ ഏറ്റവും സ്പഷ്ടമായ വിധം പറഞ്ഞു.

നാരദന്‍ പറഞ്ഞു പങ്കജാക്ഷനായ കൃഷ്ണനെ അര്‍ച്ചിക്കാത്ത മനുഷ്യര്‍ ജീവച്ഛവങ്ങളാണ്‌. അവരോട് ആരും മിണ്ടരുത്‌.

വൈശമ്പായനൻ പറഞ്ഞു: ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള വൃത്യാസം അറിയുന്ന, മനുഷ്യരില്‍ ദേവനായ സഹദേവന്‍ പൂജ്യരെ പൂജിച്ച്‌ ആ ക്രിയ അവസാനിപ്പിച്ചു. കൃഷ്ണപൂജ കഴിഞ്ഞപ്പോള്‍ ശത്രുകര്‍ഷണനായ സുനീഥന്‍ ( ശിശുപാലന്‍ ) കോപത്താല്‍ കണ്ണുചുവന്ന്‌, ഭൂപന്മാരോട്‌ ഇപ്രകാരം പറഞ്ഞു.

ശിശുപാലന്‍ പറഞ്ഞു: സേനാപതിയായി ഞാന്‍ ഇതാ നില്ക്കുന്നു! ഇനി എന്താണു വേണ്ടതെന്നു ചിന്തിക്കുവിന്‍! സന്നദ്ധരായി വൃഷ്ണി പാണ്ഡവന്മാരോട്‌ നാം എതിര്‍ക്കണം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം എല്ലാ ഭൂപന്മാരേയും ശിശുപാലന്‍ ഉത്സാഹിപ്പിച്ചു. രാജാക്കളോടു കൂടി രാജസൂയം മുടക്കുവാന്‍ മന്ത്രിച്ചു. ക്ഷണിച്ചു വന്നുചേർന്ന  ശിശുപാലാദികളായ രാജാക്കന്മാര്‍ ക്രോധത്തോടെ എല്ലാവരും നിറം മാറിയവരായി കാണപ്പെട്ടു. യുധിഷ്ഠിരാഭിഷേകത്തോടൊപ്പം കൃഷ്ണന്റെ അര്‍ഹണവും ഇല്ലാതാക്കണമെന്ന് എല്ലാവരും ദൃഢമായി പറഞ്ഞു. നിഷ്കര്‍ഷമായ നിശ്ചയത്തോടു കൂടി എല്ലാ ഭൂപന്മാരും കോപിച്ചു നില കൊണ്ടു. ആ ഉശിരന്മാര്‍ വെറുപ്പോടു കൂടി ഓരോന്നു പറഞ്ഞു. സുഹൃത്തുക്കള്‍ തടയുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ മുഖം കോപത്താല്‍ ഉജ്ജ്വലിച്ച്‌ ഇരയില്‍ നിന്നു മാറുന്ന സമയത്ത്‌ അലറുന്ന സിംഹത്തെ പോലെയായി. അന്തമില്ലാതെ അക്ഷയമായി വന്നു കേറുന്ന രാജസാഗരം പൊരുതുവാന്‍ ഒരുങ്ങിയെന്നു മനസ്സിലാക്കി.

ശിശുപാലവധപര്‍വ്വം

40. യുധിഷ്ഠിരാശ്വാസനം - വൈശമ്പായനൻ പറഞ്ഞു:ഉടനെ കടല്‍ പോലെ ശോഭിച്ച നൃപമണ്ഡലം പ്രളയക്കാറ്റടിച്ചു മറിയുന്ന സമുദ്രം പോലെ അസ്വസ്ഥമായി. അവര്‍ ക്രോധത്താല്‍ ക്ഷോഭിച്ചതു കണ്ട്‌ ധര്‍മ്മപുത്രന്‍ ഭീഷ്മപിതാമഹനോട്‌, തേജസ്വിയായ ദേവേന്ദ്രന്‍ ബൃഹസ്പതിയോടെന്ന പോലെ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ, ഇനി എന്തു വേണമെന്നു പറഞ്ഞാലും. യാഗം മുടങ്ങരുത്‌. ലോകർക്കു ക്ഷേമവുമാകണം. അതിനെന്തു വേണമെന്ന് ഭവാന്‍ പറഞ്ഞാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ പറഞ്ഞപ്പോള്‍ ഭീഷ്മൻ പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: കുരുവീരാ! നീ പേടിക്കേണ്ട. ശ്വാവ്‌ സിംഹത്തെ ജയിക്കുമോ? മുമ്പെ തന്നെ ഞാന്‍ നല്ലമാര്‍ഗ്ഗം കണ്ടു വെച്ചിട്ടുണ്ട്‌. സിംഹം കിടന്നുറങ്ങുമ്പോള്‍ നായ്ക്കള്‍ വന്ന് ഒത്തു കൂടിയാല്‍ കുരയ്ക്കുന്ന പോലെ രാജാക്കന്മാര്‍ ഇരമ്പുന്നു. വൃഷ്ണിസിംഹം ഉറങ്ങുമ്പോള്‍ മുമ്പില്‍ വന്ന് ഇവരെല്ലാം സിംഹം ഇരിക്കുന്ന ദിക്കില്‍ ചെന്ന് നായ്ക്കള്‍ കുരയ്ക്കുന്നതു പോലെ കുരയ്ക്കുകയാണ്‌. സിംഹം ഉണരുമ്പോലെ വാസുദേവന്‍ ഒന്ന് ഉണര്‍ന്ന് എഴുന്നേലക്കുന്നത് വരെ ചേദിരാജാവായ ന്യസിംഹന്‍ സിംഹമായി നില്ക്കും. ജളനായ ഈ ശിശുപാലന്‍ രാജാക്കന്മാരെയൊക്കെ കൊല്ലിക്കുവാനുള്ള മാര്‍ഗ്ഗമാണു ചിന്തിക്കുന്നത്‌. ഈ രാജാക്കന്മാരെയൊക്കെ അവന്‍ ആപത്തിലാക്കും. ശിശുപാലനില്‍ കാണപ്പെടുന്ന തേജഃസമ്പത്ത്‌ ഇതാ ബുദ്ധി തെറ്റിയ മട്ടില്‍ കാണപ്പെടുന്നു. ചേദിരാജാവിനും മറ്റു മന്നവന്മാര്‍ക്കും ബുദ്ധി പിഴച്ചിരിക്കുന്നു. ഈ നരവ്യാഘ്രനായ കൃഷ്ണന്‍ ആരെ തന്നിലേക്കെടുക്കുവാന്‍ ആഗ്രഹിക്കുന്നുവോ അവന്റെ ബുദ്ധി ഈ ചേദിപതിയുടെ ബുദ്ധി പോലെ തന്നെ തെറ്റിപ്പോകും. ധര്‍മ്മപുത്രാ! ഈ മൂന്നു ലോകത്തിലുമുള്ള നാലു തരത്തിലുള്ള ജീവികള്‍ക്കും ഉത്ഭവവും മരണവും നല്കുന്നത്‌ ഈ മാധവനാണ്‌!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മൻ പറഞ്ഞതു കേട്ടപ്പോള്‍ ചേദിരാജാവ്‌ രൂക്ഷമായ വാക്കില്‍ ഭീഷ്മരോടു പറഞ്ഞു.

41. ശിശുപാലവാക്യം - ശിശുപാലന്റെ ഭീഷ്മനിന്ദ--ശിശുപാലന്‍ പറഞ്ഞു; രാജാക്കന്മാരെയൊക്കെ ഭയപ്പെടുത്താന്‍ നീ പല ഭീഷണികളും പറഞ്ഞു. ഹേ, കുലപാംസനാ! നിനക്കു നാണമില്ലേ പടുവൃദ്ധാ? തൃതീയ പ്രകൃതിയായ, നപുംസക പ്രകൃതിയായ നിനക്ക്‌ ധര്‍മ്മബോധം കൂടാതെയുള്ള ഇത്തരം വാക്കുകള്‍ ഒത്തതു തന്നെയാണ്‌. എടോ വൃദ്ധാ! താനാണല്ലോ സര്‍വ്വകുരുക്കളിലും വെച്ച്‌ ഉത്തമന്‍. തോണികള്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്ന തോണി പോലെ അന്ധന്മാരെ പിന്നില്‍ കൊണ്ടു നടക്കുന്ന അന്ധനെ പോലെ എടോ ഭീഷ്മാ, നീ നടക്കുന്നു! പിമ്പെ അവരും നടക്കുന്നു! |

വിശേഷിച്ചും ഈ കൃഷ്ണന്‍ ചെയ്ത പൂതനാവധം നീ പറഞ്ഞു കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ള്‌ വീണ്ടുമൊന്നു കൂടി വിറച്ചു പോയി. അഹംഭാവിയും, മൂര്‍ഖനുമായ ഈ കൃഷ്ണനെ വാഴ്ത്തുന്ന നിന്റെ നാവ്‌ നൂറായി പിളരാഞ്ഞത്‌ എന്തു കൊണ്ടാണ്‌ ? ബാലന്മാര്‍ സ്തുതിക്കുന്ന ഈ ഇടയച്ചെറുക്കനെ നീ സ്തുതിക്കുവാന്‍ തുടരുന്നുണ്ടല്ലേോ! നീ ജ്ഞാനവൃദ്ധനെന്നാണ്‌ കേള്‍വി! ഇവന്‍ ബാല്യത്തില്‍ ഒരു പക്ഷിയെക്കൊന്നു. അതിലെന്താണത്ഭുതം?പോരിടാനറിയാത്ത കുതിരയേയും കാളയേയുമൊക്കെ കൊന്നതാണോ വീരത! ഇതിലെന്തു വൈചിത്ര്യമുണ്ട്‌? ചൈതനൃമില്ലാത്ത ഒരു വണ്ടി കാലു കൊണ്ടു തട്ടിവിഴ്ത്തിയത്രേ ഇവന്‍ പണ്ട്‌! ഇതാണോ ഒരത്ഭുതം? പുറ്റു പോലുള്ള ഗോവര്‍ദ്ധനക്കുന്ന്‌ ഏഴു ദിവസം പൊക്കിപ്പിടിച്ചു നിന്നുവത്രെ! ഇതാണത്രേ മറ്റൊരത്ഭുതം! ഇതിലൊന്നും ഞാന്‍ ഒരത്ഭുതവും കാണുന്നില്ല. കുന്നന്‍മേല്‍ കളിക്കുന്ന സമയത്ത്‌ വളരെയധികം ചോറ്‌ ഇവന്‍ തിന്നുവത്രെ! ഇതു നീ പറഞ്ഞു കേട്ടപ്പോള്‍ ജനങ്ങള്‍ നിന്റെ വാക്കിലെ കഥയില്ലായ്മ ഓര്‍ത്ത്‌ അത്ഭുതപ്പെട്ടു!

ബലവാനായ ആരുടെ ചോറാണോ ഇവന്‍ ഉണ്ടത്‌, ആ കംസനെ കൊന്നതാണോ വലിയ യോഗ്യത? എടോ ഭീഷ്മാ! സത്തുക്കളുടെ മൊഴി നീ കേട്ടിട്ടില്ലായിരിക്കും. അത്‌ ഞാന്‍ നിന്നോടു പറയാം, കുരുകുലാധമാ! സ്ത്രീകള്‍, പശു, ബ്രാഹ്മണന്‍ ഇവരില്‍ ആയുധം പ്രയോഗിക്കരുത്‌. ചോറു നല്കുന്നവനിലും താന്‍ സേവിക്കുന്നവനിലും ആയുധം പ്രയോഗിക്കരുതെന്ന് ധര്‍മ്മിഷ്ഠന്മാര്‍ കല്പിക്കുന്നു. എടോ ഭീഷ്മാ! ലോകമര്യാദ നിന്നില്‍ പിഴച്ചാണു കാണുന്നത്‌. ജഞാനവൃദ്ധന്‍, മഹാവൃദ്ധന്‍ എന്നും മറ്റും കേശവനെപ്പറ്റി നീ എന്നോട്‌ ഒന്നും തിരിയാത്തവനോടെന്ന പോലെ ജല്പിക്കുന്നല്ലോ! കൗരവാധമാ, നിന്റെ വാക്കു കൊണ്ടു തന്നെ പശുഘാതകനും സ്ത്രീഘാതകനുമായ അവന്‍ പൂജിക്കപ്പെട്ടു. എന്നാലും എങ്ങനെയാണ്‌ ഇപ്രകാരമുള്ളവന്‍ സ്തുതിക്കര്‍ഹനാകുക? മതിമാന്മാര്‍ക്ക്‌ ഇവന്‍ മുഖ്യനത്രേ! ഇവനാണത്രേ ജഗല്‍പ്രഭു! ഇങ്ങനെയൊക്കെ ആയിത്തീരുന്നുവല്ലോ നിന്റെ വാക്കാല്‍ ജനാര്‍ദ്ദനന്‍! ഇതൊക്കെ  ഒക്കാത്തതാണ്‌. തത്വത്തെപ്പറ്റിയുള്ള പാട്ട്‌ വളരെ പാടിയാലും അത്‌ ആ ഗായകനെ സംരക്ഷിക്കുവാന്‍ പര്യാപ്തമല്ല.  ഭൂലിംഗപ്പക്ഷിയെ പോലെയാണ്‌ വൃദ്ധാ! നിന്റെ പ്രവൃത്തി.

************

ഈ ചെറുപക്ഷി "സാഹസമരുത്‌" എന്ന് എപ്പോഴും ചിലയ്ക്കുന്നു. എന്നാൽ അതു ചെയ്യുന്ന സാഹസം വിചിത്രമാണ്‌. അത്‌ സിംഹത്തിന്റെ ദംഷ്ടത്തില്‍ പറ്റിയിരിക്കുന്ന മാംസശകലം അപഹരിക്കുവാന്‍ ശ്രമിക്കുന്നു. സാഹസം പാടില്ലെന്നു പറയുകയും യുദ്ധത്തിനു പ്രേരിപ്പിക്കുകയും ചെയ്യുകയാണ്‌ ഭീഷ്മനെന്ന് അര്‍ത്ഥം. 

****************

നീചമാണ്‌ പ്രവൃത്തി. അതില്‍ യാതൊരു സംശയവുമില്ല. അതു കൊണ്ട്‌ പാണ്ഡവന്മാര്‍ക്കും പാപം പറ്റും. അങ്ങനെയുള്ളവര്‍ക്ക്‌ ഏറ്റവും അര്‍ച്ച്യനാണ്‌ കൃഷ്ണന്‍. നീയാണല്ലോവഴി കാണിക്കുന്നവന്‍? ധര്‍മ്മവാനെ പോലെ ഭാവിക്കുന്ന അധര്‍മ്മിയാണ്‌ നീ. സന്മാര്‍ഗ്ഗം വിട്ടു നി ല്ക്കുന്നവനാണ്‌. എങ്കിലും ധര്‍മ്മാര്‍ഹനാണ്‌ താനെന്നു ഭാവിക്കുന്നു. ആരാണു ജ്ഞാനി?

ധര്‍മ്മം നോക്കി നീ ചെയ്ത കര്‍മ്മം പ്രസിദ്ധമാണ്‌. നീ ധര്‍മ്മജ്ഞനാണെങ്കില്‍, നിന്റെ പ്രജ്ഞ ധര്‍മ്മാധിഷ്ഠിതമാണെങ്കില്‍, ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. നീ പ്രജ്ഞാമാനിയാണ്‌, സംശയമില്ല. അല്ലെങ്കില്‍ നീ മറ്റൊരാളെ പ്രേമിക്കുന്ന ധര്‍മ്മശീലയായ അംബയെ എന്തിനു ഹരിച്ചു കൊണ്ടു പോന്നു? നീ അവളെ ഹരിച്ച നിലയ്ക്ക്‌ എന്തേ അവളെ കൈക്കൊള്ളാഞ്ഞത്‌ ? വിചിത്രവീര്യൻ, നിന്റെ അനുജന്‍, ധര്‍മ്മം തെറ്റാതെ നടക്കുന്നവനാണ്‌. അതു കൊണ്ട്‌, നീ കൊണ്ടു വന്നിട്ടും അവളെ സ്വതന്ത്രയാക്കി; ഭാരൃയാക്കിയില്ല. അവന്റെ ഭാര്യമാരില്‍ പ്രാജഞനായ നീ കണ്ടുനില്ക്കെ തന്നെ, അന്യന്‍ മക്കളെയുണ്ടാക്കിയില്ലേ? ഇതൊക്കെ സജ്ജനങ്ങള്‍ സമ്മതിച്ചു കൊടുക്കുമോ? എടോഭീഷ്മാ! നീ ധര്‍മ്മത്തെ പുകഴ്ത്തുന്നുവല്ലോ! എന്തു ധര്‍മ്മമാണ്‌ നിനക്കുള്ളത്‌ ? നിനക്ക്‌ ബ്രഹ്മചര്യം കൊണ്ട്‌ എന്തു ഫലം? മൗഢ്യം കൊണ്ടല്ലേ നീ ബ്രഹ്മചര്യം സ്വീകരിച്ചത്‌ ? അല്ലെങ്കില്‍ നീ ആണും പെണ്ണും കെട്ടവനായിരിക്കണം! നപുംസകത്തിന് പെണ്ണിനെക്കൊണ്ടു കാര്യമില്ലല്ലോ! എന്നിട്ടും അഭിമാനിക്കുന്നു ധര്‍മ്മജ്ഞനാണ്‌ താനെന്ന്‌! എടോ ധര്‍മ്മജ്ഞാ! നിനക്ക്‌ ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല. വൃദ്ധസേവ നീ ചെയ്തിട്ടില്ല; അപ്രകാരമല്ല നീ ധര്‍മ്മപ്രസംഗം നടത്തിയത്‌ ? ഇഷ്ടി, അദ്ധ്യയനം, ദാനം, ദക്ഷിണാഢ്യമായ മഖങ്ങള്‍ ഇവയെല്ലാം സന്താനത്തിന്റെ പതിനാറിലൊരംശമാവുകയില്ല എന്ന് വിവരമുള്ളവര്‍ പറയുന്നു. നാനാവ്രതോപവാസങ്ങള്‍ കൊണ്ട്‌ ഹേ, ഭീഷ്മാ! ലഭിക്കുന്ന പുണ്യമൊക്കെ അനപത്യന് നിഷ്ഫലമാണ്‌ ; തീര്‍ച്ച. നിഷ്ഫലമായ ധര്‍മ്മം പ്രവര്‍ത്തിച്ചു കൊണ്ടു കഴിയുന്ന സന്താനമില്ലാത്ത പടുവൃദ്ധനാണ്‌ നീ. പണ്ട്‌ ഒരു ഹംസം ജ്ഞാതികളാല്‍ വധിക്കപ്പെട്ട മാതിരി നീയും അവസാനിക്കും. പണ്ടുള്ള ജ്ഞാനികള്‍ ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്‌. അത്‌ ഞാന്‍ പറയാം; കേട്ടുകൊള്ളുക.

പണ്ട്‌ വൃദ്ധനായ ഒരു ഹംസം സമുദ്രതീരത്തു പാര്‍ത്തിരുന്നു. ആ ശഠന്‍ ധര്‍മ്മം പ്രയോഗിച്ച്‌ പക്ഷികളെ ശാസിച്ചു പോന്നു. എപ്പോഴും അവന്‍ പറയും, ധര്‍മ്മം അനുഷ്ഠിക്കുവിന്‍, ധര്‍മ്മത്തില്‍ അനുഷ്ഠിക്കുവിന്‍! അധര്‍മ്മം ചെയ്യരുത്‌! സത്യവാദികളായ പക്ഷികള്‍ ഭീഷ്മാ, ആ മുതുക്കന്‍ പക്ഷിയുടെ വാക്കു കേട്ട്‌ അവന് ആവശ്യമുള്ള തീറ്റി സമുദ്രസഞ്ചാരം ചെയ്തു മടങ്ങുമ്പോള്‍ കൊണ്ടു വന്നു കൊടുക്കുക പതിവായി. പോകുമ്പോള്‍ മുട്ടകളെല്ലാം അവര്‍ ആ മുതുക്കന്‍ പക്ഷിയെ ഏല്‍പിച്ചു പോകും. പിന്നീട്‌ സമുദ്രജലത്തില്‍ അവര്‍ പോയി മുങ്ങും. അവര്‍ പോയിക്കഴിഞ്ഞാല്‍ അവരുടെ മുട്ടയൊക്കെ ആ മുതുക്കന്‍ പക്ഷി തിന്നും. മറ്റുള്ളവര്‍ അവനെ സംശയിക്കാതിരിക്കെ അവരുടെ മുട്ടയൊക്കെ ഒടുങ്ങുവാന്‍ തുടങ്ങി. ഇതു കണ്ടപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഒരു പക്ഷി അവനെ സംശയിച്ചു. ഒരു ദിവസം ആ പക്ഷി പതിയിരുന്ന് ആ മുതുക്കന്‍ മുട്ട കൊത്തിക്കുടിക്കുന്നത്‌ പ്രത്യക്ഷമായി കണ്ടു. ഹംസം ചെയ്ത പാപകര്‍മ്മം കണ്ട്‌ മറ്റു പക്ഷികളോട്‌ അവന്‍ സങ്കടപ്പെട്ടു വിവരം പറഞ്ഞു. സത്യം പ്രത്യക്ഷമായി കണ്ടറിഞ്ഞ്‌ പക്ഷികള്‍ ഒത്തു കൂടി ആ ധര്‍മ്മപ്രാസംഗികനായ മുതുക്കന്‍ പക്ഷിയെ കൊത്തിക്കൊന്നു.

അതു പോലെ, ആ വൃദ്ധ ഹംസത്തെ പോലെ ഇരിക്കുന്നു നിന്റെ കഥയും. നിന്നെ രാജാക്കുന്മാരെല്ലാം കൂടി കോപിച്ചു കൊന്നു കൊള്ളാം. പഴമക്കാര്‍ ഇതിനെപ്പറ്റി ഒരു നാടോടിപ്പാട്ട് പാടാറുണ്ട്‌. അതും ഞാന്‍ ചൊല്ലാം; ഭീഷ്മാ, കേള്‍ക്കുക:

കപടം മനസ്സിങ്കല്‍ വെച്ചു നീ ധര്‍മ്മത്തിന്റെ മധുരാലാപം പാടി ലോകത്തെ ആകര്‍ഷിച്ചു! മുട്ടകള്‍ ഗൂഡം കൊത്തിക്കുടിക്കും ഖഗമേ, നിന്‍ ദുഷ്ടമാം പണിയെങ്ങു? എങ്ങു നിന്‍ മഹത്ഗാനം?

42. ഭീമക്രോധം - ശിശുപാലന്‍ പറഞ്ഞു: എനിക്ക്‌ ശക്തനായ ജരാസന്ധനില്‍ വളരെ ബഹുമാനമുണ്ട്‌. ദാസനാണ്‌ കൃഷ്ണനെന്ന ചിന്തയാല്‍ അവനോടു പോരിന് ആ രാജാവ്‌ ഇച്ഛിച്ചില്ല. ജരാസന്ധനെ കൊല്ലുവാന്‍ കേശവനെടുത്ത വിദ്യയും ഭീമാര്‍ജ്ജുനന്മാരുടെ ക്രിയകളും നന്നായി എന്ന് ആരു പറയും? ശരിക്കുള്ള വഴിക്കല്ലാതെ സൂത്രത്തില്‍ അകത്തു കടന്നു ചെന്ന്‌ കൃഷ്ണന്‍ കള്ള ബ്രാഹ്മണ വേഷത്തില്‍ ജരാസന്ധ പ്രഭാവങ്ങളെല്ലാം കണ്ടു. പിന്നീട്‌ ആ രാജാവ്‌ പാദ്യം നല്‍കിയപ്പോഴാണ്‌ ഈ ദുരാത്മാവ്‌ താന്‍ ബ്രാഹ്മണനല്ലെന്ന്‌, ധര്‍മ്മത്തിന്റെ പേരില്‍ വെളിവാക്കിയത്‌! കൃഷ്ണഭീമാര്‍ജ്ജുനന്മാരോട്‌ ആ ജരാസന്ധ രാജാവ്‌ ഉണ്ടു കൊള്ളുവാന്‍ പറഞ്ഞിട്ടും ഊണിന് സമ്മതിക്കാഞ്ഞത്‌ ഈ കൃഷ്ണനാണ്‌.

ഹേ, മൂര്‍ഖാ! നീ വിചാരിക്കുനന പോലെ ഇവന്‍ ജഗത് കര്‍ത്താവാണെങ്കില്‍ താന്‍ ബ്രാഹ്മണന്‍ തന്നെയാണെന്ന് എന്തു കൊണ്ടു ചിന്തിച്ചില്ല? ഇതാണ്‌ എനിക്കാശ്ചര്യം! ഈ പാണ്ഡവന്മാരേയും ഭവാന്‍ സന്മാര്‍ഗ്ഗത്തില്‍ നിന്നും മാറ്റി. അതു നല്ലതാഞെന്ന് അവര്‍ വിചാരിക്കുന്നു. അല്ലെങ്കില്‍ അത്‌ ഒരാശ്ചര്യമല്ല. പെണ്ണുങ്ങളെ പോലെയുള്ള ( ആണത്തമില്ലാത്ത ) പടുവൃദ്ധനാണല്ലോ അവര്‍ക്കു വഴികാട്ടി!

വൈശമ്പായനൻ പറഞ്ഞു. രൂക്ഷവും, രൂക്ഷാക്ഷരവുമായി അവന്‍ അധികപ്രസംഗം പറഞ്ഞതു കേട്ടപ്പോള്‍, ശക്തരില്‍ ശ്രേഷ്ഠനായ ഭീമന്‍ കോപം കൊണ്ടു വിറച്ചു. സ്വതവേ നീണ്ടുവിടര്‍ന്ന താമരപ്പു പോലെയുള്ള കണ്ണുകള്‍ വീണ്ടും ക്രോധത്താല്‍ കലങ്ങിച്ചുവന്നു. ത്രികൂടത്തില്‍ ത്രിപഥഗയായ ഗംഗയെ പോലെ അവന്റെ നെറ്റിയിന്മേല്‍ ത്രിശിഖയോടു കൂടിയ ഭ്രുകുടി എല്ലാ പാര്‍ത്ഥിവന്മാരും, കണ്ടു. ക്രോധിച്ചു പല്ലു കടിക്കുന്ന വിധം അവന്റെ മുഖം കാണപ്പെട്ടു. പ്രളയത്തില്‍ ലോകത്തെ വിഴുങ്ങുവാന്‍ തയ്യാറായി നില്ക്കുന്ന കാലന്റെ മാതിരിയില്‍ ചൊടിച്ച്‌ ഊക്കില്‍ ചാടുമ്പോള്‍ ഭീമസേനനെ ശക്തനായ ഭീഷ്മര്‍, മഹേശ്വരന്‍ സുബ്രഹ്മണ്യനെയെന്ന വിധം, പിടിച്ചു നിര്‍ത്തി. ഗുരുവായ ഭീഷ്മര്‍ ഭീമന്റെ കോപത്തെ വേണ്ട മാതിരി പറഞ്ഞ്‌ ശമിപ്പിച്ചു. ഭീഷ്മന്റെ വാക്ക്‌ ഭീമന്‍ അതിലംഘിച്ചില്ല. വര്‍ഷാന്തത്തില്‍ കോളിളകുന്ന കടലിനെ കരയെന്ന വിധം തടഞ്ഞു നിര്‍ത്തി. പൗരുഷത്തില്‍ ഉറച്ച മഹാവീരനായ ശിശുപാലന്‍, ഭീമസേനന്‍ ചുണച്ചു ചാടിയപ്പോള്‍ കുലുങ്ങിയില്ല. ഊക്കോടെ വീണ്ടും ക്രുദ്ധസിംഹത്തെ പോലെ ചാടുന്ന അവനെ അരിന്ദമനായ ശിശുപാലന്‍ ഒട്ടും ചിന്തിച്ചതേയില്ല. പ്രതാപവാനായ ചേദിരാജാവ്‌ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.

ശിശുപാലന്‍ പറഞ്ഞു: ഇവനെ വിടെടോ ഭീഷ്മാ!! രാജാക്കന്മാരൊക്കെ കാണട്ടെ എന്റെ പ്രഭാവാഗ്നിയില്‍ അവന്‍ പാറ്റ പോലെ എരിയുന്നത്‌!

വൈശമ്പായനൻ പറഞ്ഞു: ചേദിപതിയായ ശിശുപാലന്‍ ഇങ്ങനെ പറഞ്ഞതു കേട്ട്‌ ബുദ്ധിമാനും, കുരുസത്തമനുമായ ഭീഷ്മൻ ഭീമസേനനോടിങ്ങനെ പറഞ്ഞു.

43. ശിശുപാലവൃത്താന്തകഥനം - ഭീഷ്മൻ പറഞ്ഞു: ചേദിരാജാവിന്റെ കുലത്തില്‍ ജനിച്ച ഇവന്‍ മുന്നു കണ്ണും നാലു കൈയുമായാണ്‌ പിറന്നത്‌. അവന്‍ പിറന്ന ഉടനെ കഴുത കരയുന്ന ശബ്ദത്തില്‍ ഉച്ചത്തില്‍ ഒന്ന് അലറി. ശിശുവിന്റെ വികൃതമായ കരച്ചിലും, വികൃതമായ അംഗങ്ങളും കണ്ട്‌, ഇവനെ വല്ല ദിക്കിലും കൊണ്ടു പോയി ഉപേക്ഷിക്കുവാന്‍ അച്ഛനമ്മമാര്‍ തീരുമാനിച്ചു; ബന്ധുക്കള്‍ സമ്മതിച്ചു. അമാതൃന്മാരോടും, ആചാര്യന്മാരോടും, അവരുടെയൊക്കെ ഭാര്യമാരോടും കൂടി, കുട്ടിയെക്കണ്ടും ദുഃഖിച്ച്‌ ഇരിക്കുമ്പോള്‍ രാജാവിനോട്‌ ഇപ്രകാരം ഒരു അശരീരി വാക്കുണ്ടായി: "ഹേ മഹാരാജാവേ, നിന്റെ പുത്രനായ ഇവന്‍ ശ്രീമാനും മഹാശക്തനുമാകും; ഭയപ്പെടേണ്ടതില്ല. കുട്ടിയെ നന്നായി സംരക്ഷിക്കുക. ഇവന്‍ ഇപ്പോള്‍ മരിക്കുകയില്ല, അതിന് കാലമായിട്ടില്ല. ശസ്ത്രം കൊണ്ട്‌ ഇവനെ കൊല്ലുവാന്‍ ഒരുത്തന്‍ ജനിച്ചിട്ടുണ്ട്‌.

ഇപ്രകാരം അശരീരി വാക്കു കേട്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. ഈ വാക്കുകള്‍ പറഞ്ഞ്‌ മറഞ്ഞു നില്ക്കുന്ന ഭൂതത്തോട്‌ അമ്മ പുത്രസ്നേഹം മൂലമുള്ള ദുഃഖത്തോടെ ചോദിച്ചു.

അമ്മ പറഞ്ഞു: എന്റെ ഈ പുത്രനെപ്പറ്റി ആരാണ്‌ ഇപ്രകാരം പറഞ്ഞത്‌ ? അവനെ ഞാന്‍ നമസ്‌കരിക്കുന്നു! അവന്‍ എന്നോട്‌ ഒന്നു കൂടി പറയട്ടെ. എന്റെ പുത്രനെ ദേവനോ മനുഷ്യനോ ആരാണു കൊല്ലുക? വാസ്തവം പറയണേ!

ഭീഷ്മൻ പറഞ്ഞു: മറഞ്ഞുനില്ക്കുന്ന ആ ഭൂതം പിന്നെയും പറഞ്ഞു.

ഭൂതം പറഞ്ഞു: ഇവനെ എടുത്ത്‌ ആര്‌ മടിയില്‍ വെക്കുമ്പോള്‍ ഇവന്റെ കൂടുതലായുള്ള രണ്ടു കൈകളും അഞ്ചു പടമുള്ള പാമ്പുകള്‍ പോലെ വീണു പോകുമോ, നെറ്റിയില്‍ക്കാണുന്ന ഈ മൂന്നാമത്തെ കണ്ണ്‌ ആരെക്കാണുമ്പോള്‍ മാഞ്ഞുപോകുമോ, അവനാണ്‌ ഇവന്റെ അന്തകന്‍.

ഭീഷ്മൻ പറഞ്ഞു: മൂന്നു കണ്ണും നാലു കൈയുമായി രാജാവിന് ഒരു പുത്രന്‍ ജനിച്ച വര്‍ത്തമാനം നാട്ടിലൊക്കെപ്പരന്നു. അനവധി രാജാക്കന്മാര്‍ കുട്ടിയെ വന്നു കാണുവാന്‍ തുടങ്ങി. മന്നിലുള്ള മന്നവന്മാരൊക്കെ വന്ന് ഈ അത്ഭുത ശിശുവിനെ കണ്ടു. കുട്ടിയെ കാണുവാന്‍ വന്നെത്തുന്നവരെ വേണ്ട വിധം സല്ക്കരിച്ചതിന് ശേഷം രാജാവ്‌ ഓരോ രാജാവിന്റെ മടിയിലും കുട്ടിയെ വെക്കുകയുണ്ടായി. ഇങ്ങനെ പലവട്ടം വെച്ചു നോക്കി. എന്നാൽ പറഞ്ഞ മാതിരി ഒരു അനുഭവവും ഉണ്ടായില്ല. ഈ

അത്ഭുത വര്‍ത്തമാനം ദ്വാരകയിലും എത്തി. ഉടനെ മഹാബലവാന്മാരായ രാമനും വാസുദേവനും ചേദിരാജാവിന്റെ പുരത്തിലേക്കു പുറപ്പെട്ടു. ആ യാദവോത്തമന്മാര്‍ അച്ഛന്‍ പെങ്ങളായ രാജ്ഞിയെ അഭിവാദ്യം ചെയ്തു. വേണ്ട വിധം രാജാവിനേയും അഭിവാദ്യം ചെയ്തു, രാമകൃഷ്ണന്മാര്‍ അനാമയം ചൊല്ലി, ആസനസ്ഥരായി. അവള്‍ ആ യാദവവീരന്മാരെ സസന്തോഷം അര്‍ച്ചിച്ചു. അനന്തരം കൃഷ്ണന്റെ മടിയില്‍ പുത്രനെ വെച്ചു. മടിയില്‍ വെച്ച മാത്രയില്‍ അധികമായുള്ള രണ്ടു കൈകളും കൊഴിഞ്ഞു വീണു. നെറ്റിയിലെ കണ്ണും അപ്രകാരം തന്നെ മാഞ്ഞു പോയി. അതു കണ്ട്‌ അവള്‍ ഭയത്തോടെ കൃഷ്ണനോടു വരം യാചിച്ചു.

രാജ്ഞി പറഞ്ഞു: കൃഷ്ണാ!, എനിക്കു ഒരു വരം തരണേ! ഞാന്‍ ഭയപ്പെടുന്നു. നീ ആര്‍ത്തന്മാര്‍ക്ക്‌ ആശ്വാസം നല്‍കുന്നവനാണല്ലോ? ഭീതന്മാര്‍ക്ക്‌ അഭയപ്രദനാണല്ലോ?

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം അവളുടെ വാക്കു കേട്ട്‌ യദുനന്ദനനായ കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ദേവീ, ഭയപ്പെടേണ്ട. ധര്‍മ്മജേഞ, എന്നില്‍ നിന്നും ഭയം വേണ്ട. അമ്മായീ, എന്തു വരമാണ്‌ ഭവതിക്ക്‌ വേണ്ടത്‌ ? ഭവതി പറയുന്നതു ഞാന്‍ ചെയ്യാം. അശക്യമായാലും ചെയ്യാം പറയൂ.

ഭീഷ്മൻ പറഞ്ഞു; ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.

രാജ്ഞി പറഞ്ഞു; ശിശുപാലന്റെ കുറ്റങ്ങള്‍ ഭവാന്‍ പൊറുക്കണം. എന്നെയോര്‍ത്തു പൊറുക്കണം! അതാണ്‌ എനിക്കു തരേണ്ട വരം. മറ്റൊന്നുമല്ല.

കൃഷ്ണന്‍ പറഞ്ഞു; അച്ഛന്‍ പെങ്ങളെ! ഞാന്‍ നൂറു തെറ്റു പൊറുത്തു കൊള്ളാം. ഭവതിയുടെ പുത്രന്‍ വദ്ധ്യനാണെങ്കിലും നൂറു തെറ്റ്‌ അവനില്‍ ഞാന്‍ പൊറുക്കാം. നീ വ്യസനിക്കേണ്ട.

ഭീഷ്മൻ പറഞ്ഞു: ഇതാണ്‌ മന്ദബുദ്ധിയായ ഈ രാജാവ്‌ നിന്നെ പോരിന് വിളിക്കുന്നത്‌. ഭീമാ! അവന്‍ ഗോവിന്ദന്റെ വരത്താല്‍ അഹങ്കാരിയായിരിക്കുകയാണ്‌.

44. ഭിഷ്മവാക്യം - ഭീഷ്മൻ പറഞ്ഞു: കൃഷ്ണനോട്‌ എതിര്‍ക്കുവാന്‍ ശിശുപാലനുണ്ടായ ഈ ആഗ്രഹം സ്വന്തമായി ഉണ്ടായതല്ല. ഇത്‌ ജഗന്നാഥനായ ഭഗവാന്റെ നിശ്ചയപ്രകാരം ഉണ്ടായതാണ്‌. അതിനു സംശയമില്ല. എന്നെ ഈ ലോകത്തില്‍ അധിക്ഷേപിക്കുവാന്‍ മരണമടുത്ത ദുഷ്ടചൈദ്യനല്ലാതെ മറ്റ്‌ ഏതു രാജാവിന് തോന്നും ? ഇവന്റെ കൈയിലുള്ള തേജസ്സ്‌ ഹരിയുടെ തേജോംശമാണ്‌. അതില്‍ തര്‍ക്കമില്ല. അത്‌ അവനില്‍ നിന്നു വീണ്ടെടുക്കുവാന്‍ കൃഷ്ണന്‍ ഇച്ഛിക്കുകയാണ്‌. അതു കൊണ്ടാണ്‌ ഭീമാ, ആ ദുര്‍മ്മതി ശാര്‍ദ്ദൂലം പോലെ നമ്മെ നിസ്സാരരെന്നു വിചാരിച്ചു ഗര്‍ജ്ജിക്കുന്നത്‌.

വൈശമ്പായനൻ പറഞ്ഞു: ഭീഷ്മന്റെ വാക്കു കേട്ടപ്പോള്‍ ശിശുപാലനു പൊറുക്കുവാന്‍ കഴിഞ്ഞില്ല. സംക്രുദ്ധനായി ഭീഷ്മനോട്‌ ഉടനെ ഉത്തരം പറഞ്ഞു.

ശിശുപാലന്‍ പറഞ്ഞു: ദ്വേഷിക്കുന്ന നമ്മുടെ ബലം കൃഷ്ണന്റെ ശക്തിയോ? കൊള്ളാം! ലജ്ജയില്ലാതെ വാഴ്ത്താന്‍ തന്നെ ഒരുങ്ങി നില്ക്കുകയാണ്‌ നീ. പരന്മാരെ സ്തുതിക്കാനാഗ്രഹിച്ചു നില്ക്കുകയാണെങ്കില്‍ ഇവിടെ തന്നെ അവനേക്കാള്‍ മെച്ചപ്പെട്ട രാജാക്കന്മാരുണ്ടല്ലോ! ജനാര്‍ദ്ദനനെ വിട്ട് അവരെ സ്തുതിച്ചു കൂടേ? ബാല്‍ഹീക രാജാവിനെ കാണുന്നില്ലേ? അദ്ദേഹം ജനിച്ച സമയം ഭൂമി പിളര്‍ന്നു പോലും! അദ്ദേഹത്തെ സ്തുതിച്ചു കൂടേ? അല്ലെങ്കില്‍ വംഗവും അംഗവും ഭരിക്കുന്നവനും, ഇന്ദ്രതുല്യ പരാക്രമിയുമായ കര്‍ണ്ണനെ നോക്കൂ! അദ്ദേഹം ജനിക്കുമ്പോള്‍  തന്നെ ദിവൃകുണ്ഡലയുഗ്മവും, പ്രശോഭിക്കുന്ന കവചവുമായി സൂര്യതുല്യം വിളങ്ങി. ശക്രനൊക്കുന്ന ആ വില്ലാളിവീരന്‍ ദുര്‍ജ്ജയനായ ജരാസന്ധനെ, മഗധ രാജാവിനെ, ബാഹുയുദ്ധത്താല്‍ കീഴടക്കി ദേഹത്തിന്റെ ഘടന ഭേദിക്കുമോ എന്ന് ജരാസന്ധന്‍ ഭയപ്പെട്ടു പോയി. ( കര്‍ണ്ണന്‍ തന്റെ പരാക്രമത്താല്‍ ജരാസന്ധനെ തോല്പിക്കുന്ന കഥ ശാന്തിപര്‍വ്വത്തില്‍ വിവരിക്കുന്നുണ്ട്‌ ).

അത്ര മഹാപരാക്രമിയായ കര്‍ണ്ണനെ ഹേ, ഭീഷ്മാ! ഭവാന്‍ വാഴ്ത്തുക! മഹാരഥന്മാരായ ദ്രോണ ദ്രൗണിമാര്‍ ഉണ്ടല്ലോ. ആ അച്ഛനേയും മകനേയും അങ്ങയ്ക്കു വാഴ്ത്തിക്കൂടേ? അവര്‍ മഹാന്മാരായ ദ്വിജന്മാരുമാണ്‌. കെല്പുള്ള അവര്‍ ഇടഞ്ഞാൽ ചരാചരങ്ങള്‍ ചേർന്ന ഈ പ്രപഞ്ചം പോലും മുടിഞ്ഞു പോകും എന്നാണ്‌ എന്റെ അഭിപ്രായം. അവരെ വാഴ്ത്തൂ ഭിഷ്മാ!! ദ്രോണര്‍ക്കു തുല്യനായി ആരുണ്ട്‌? അതു പോലെ ദ്രൗണിക്കു തുല്യനായി ആരുണ്ട്‌? അവര്‍ ഇരിക്കുമ്പോള്‍ അവരെയല്ലേ വാഴ്ത്തേണ്ടത്‌ ? അല്ലെങ്കില്‍ ഇതാ ദുര്യോധനന്‍ നില്ക്കുന്നു! ആഴി ചൂഴുന്ന ഊഴി വാഴുന്നവരില്‍ ഒരാളെങ്കിലും അവന് തുല്യനായി ഭൂമിയിലുണ്ടോ? അവനെ വാഴ്ത്തു! അല്ലെങ്കില്‍ അസ്ത്രജ്ഞനും വിക്രമിയുമായ ജയദ്രഥന്‍ ഇതാ നില്ക്കുന്നു. അല്ലെങ്കില്‍ ലോകവീരനായ കിംപുരുഷാചാര്യന്‍ ദ്രുമന്‍ നില്ക്കുന്നു. ഇവരെയൊക്കെ അതിക്രമിച്ച്‌ കൃഷ്ണനെ വാഴ്ത്തുന്നത്‌ ഉചിതമാണോ; വൃദ്ധനും, ഭാരതാചാര്യനുമായ കൃപന്‍ നില്ക്കുമ്പോള്‍ കേശവനെ വാഴ്ത്തുകയോ? വില്ലാളിവീരനും, പുരുഷോത്തമനുമായ രുഗ്മി നില്ക്കുന്നു! അവനേയും അതിക്രമിച്ച്‌ എന്താണ്‌ കൃഷ്ണനെ വാഴ്ത്തുവാന്‍ കാരണം? മഹാവീരനായ ഭീഷ്മകന്‍, ദന്തവക്ത്ര രാജാവ്‌, ഭഗദത്തന്‍, യൂപകേതു, ജയല്‍സേനനെന്ന മാഗധന്‍ വിരാട ദ്രുപുദന്മാര്‍, ശകുനി, ബൃഹത്ബലന്‍, അവന്ത്യയിലെ വിന്ദാനുവിന്ദര്‍, പാണ്ഡ്യന്‍, ഉത്തമനായ ശ്വേതൻ, ശംഖന്‍, വൃഷസേനന്‍, വിക്രാന്തനായ ഏകലവ്യന്‍, കലിംഗേശന്‍ ഈ മഹാവീരന്മാരൊക്കെ നില്ക്കുമ്പോള്‍ കേശവനെ വാഴ്ത്തുവാന്‍ നാണമില്ലല്ലോ! ശല്യാദികളായ രാജാക്കന്മാരുമുണ്ട്‌. വേണമെങ്കില്‍ അവരെ വാഴ്ത്തിക്കൂടേ?

നിത്യവും വാഴ്ത്തുവാനാണ്‌ ഭീഷ്മാ! ഭവാന്റെ മോഹമെങ്കില്‍ ഞാന്‍ എന്തുചെയ്യും ? നീ ജ്ഞാനികളില്‍ നിന്നും ധര്‍മ്മജ്ഞാനം നേടിയിട്ടില്ല. ആത്മനിന്ദ, ആത്മസ്തുതി, പരനിന്ദ, പരസ്തുതി ഇവ നാലും സജ്ജനങ്ങള്‍ ആചരിക്കാത്ത വൃത്തിയാണെന്നു നിനക്ക് അറിഞ്ഞുകൂടേ? സ്തുതിക്കാന്‍ അര്‍ഹതയില്ലാത്ത കേശവനെ മോഹത്താല്‍ ഭക്തിയോടെ സ്തുതിക്കുന്നത്‌ ആരും സമ്മതിക്കുവാന്‍ പോകുന്നില്ല. ഭോജന്റെ ഭൃത്യനും, പശുക്കളെ മേച്ചു നടക്കുന്ന ഇടയനുമായ ഈ ദുരാത്മാവില്‍ എടോ ഭീഷ്മാ! നീ ഈ വിശ്വമൊക്കെ എന്തേ സ്ഥിതി ചെയ്യുന്നു എന്നു പറയുവാന്‍? സേവ പറയുകയാണെങ്കില്‍ അതിന് ഒരു ഔചിത്യം വേണ്ടേ? അല്ലെങ്കില്‍ ഈ നിന്റെ ബുദ്ധി പ്രകൃതിക്ക്‌ ഒത്ത വിധം തന്നെയായി. ഞാന്‍ മുമ്പ്‌ പറഞ്ഞ വിധം ഭൂലിംഗപ്പക്ഷി പോലെയായി.

ഹിമാലയത്തിന്റെ അങ്ങേ പാര്‍ശ്വത്തില്‍ ഭൂലിംഗം എന്നു പേരായ പക്ഷിയുണ്ട്‌. എപ്പോഴും അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പറയും. സാഹസം പാടില്ല എന്ന് അത്‌ എപ്പോഴും കൂവും. അവനോ ചെയ്യുന്നത്‌ മഹാസാഹസവും! ആലോചിക്കാതെഅവന്‍ ചെയ്യുന്ന സാഹസത്തെപ്പറ്റി അലന്‍ അറുയുന്നില്ല, തിന്നുന്ന സിംഹത്തിന്റെ വായില്‍നിന്ന് ആ പക്ഷി മാംസശകലം കൊത്തിത്തിന്നും. സിംഹത്തിന്റെ പല്ലിന്റെ ഇടയില്‍പ്പെട്ട മാംസശകലവും അവന്‍ കൊത്തിയെടുത്തു തിന്നും. സിംഹത്തിന്റെ കൃപ കൊണ്ടാണ്‌ ആ പക്ഷി ജീവിക്കുന്നത്‌ എന്നുള്ളതില്‍ വല്ല സംശയവുമുണ്ടോ? അതിനെ പോലെ, അധാര്‍മ്മികനായ ഭീഷ്മ, നീ ചിലയ്ക്കുന്നു! ഈ രാജാക്കന്മാരുടെ കരുണ കൊണ്ട്‌ ഇപ്പോള്‍ നീ ജീവനോടെ ഇരിക്കുകയാണ്‌! ലോകവിദ്വേഷ കര്‍മ്മാവായി നിന്നെ പോലെ ഇന്നു ലോകത്തില്‍ ആരുണ്ട്‌?

വൈശമ്പായനൻ പറഞ്ഞു: കടുത്ത വാക്കുകള്‍ ഇപ്രകാരം ചേദിരാജാവായ ശിശുപാലന്‍ ചൊരിഞ്ഞതു കേട്ട്‌ ഭീഷ്മൻ ഇപ്രകാരം പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: രാജാക്കന്മാര്‍ വേണ്ടെന്നു വെച്ചതു കൊണ്ടാണു പോലും ഞാന്‍ മരിക്കാതെ ജീവിച്ചിരിക്കുന്നത്‌ ? അമ്പോ!

കൊള്ളാം! ഈ നൃപന്മാരെയൊക്കെ ഞാന്‍ തൃണത്തിനുപോലും കണക്കാക്കുന്നില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മൻ പറഞ്ഞപ്പോള്‍ രാജാക്കന്മാര്‍ ഒന്നിളക്കി. ചിലര്‍ "ഭേഷ്‌! ഭേഷ്‌!", എന്നു ഭീഷ്മനെ അഭിനന്ദിച്ചു. ചിലര്‍ ഭീഷ്മനെ അധിക്ഷേപിച്ചു. മറ്റു ചില വില്ലാളി വീരന്മാര്‍ ഭീഷ്മന്റെ വാക്യം കേട്ടു പറഞ്ഞു.

ചില രാജാക്കന്മാര്‍ പറഞ്ഞു: ഈ നരച്ച കിഴവന്‍ നമ്മുടെ ക്ഷമയ്ക്ക്‌ അര്‍ഹനല്ല. ഇവനെയിനി വെച്ചിരുന്നു കൂടാ. രാജാക്കളേ, ഈ മുതുക്കനെ മൃഗങ്ങളെ കൊല്ലുന്ന മട്ടില്‍ കൊന്നു കളയണം. അല്ലെങ്കില്‍ എല്ലാവരും കൂടി ഇവനെപ്പിടിച്ചു തീയിലിട്ടു ചുട്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അവര്‍ പറയുന്നതു കേട്ട്‌ ആ കുരുപിതാമഹന്‍ ആ രാജാക്കന്മാരോടു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു; പറഞ്ഞതിന് അപ്പുറം പറയുന്ന കാര്യത്തില്‍ ഒരന്തവുമില്ല. ഞാന്‍ ഈ പറയുന്നത്‌ ഹേ! നരേന്ദ്രന്മാരേ, നിങ്ങള്‍ കേള്‍ക്കുവിന്‍! മൃഗത്തെ പോലെ കൊല്ലുകയോ തീയില്‍ ചുട്ടെരിക്കുകയോ എന്തു വേണമെങ്കിലും ചെയ്തു കൊള്ളുവിന്‍. ഞാന്‍ ഇതാ നിങ്ങളുടെ തലയ്ക്കു കാലു വയ്ക്കുന്നു. ഇതാ ഗോവിന്ദന്‍ നില്ക്കുന്നു. അദ്ദേഹത്തെയാണ്‌ ഞങ്ങള്‍ അര്‍ച്ചിച്ചത്‌. നിങ്ങളില്‍ ചാകുവാനാഗ്രഹമുള്ളവര്‍ വല്ലവരുമുണ്ടെങ്കില്‍ അവര്‍ വേഗത്തില്‍ ഗദാചക്രധരനായ കൃഷ്ണനെ പോരിനു വിളിക്കുവിന്‍! എന്നാൽ മരണാനന്തരം ഈ ദേവന്റെ ദേഹത്തില്‍ നിങ്ങള്‍ പ്രാപിക്കും!

45. ശിശുപാലവധം - വൈശമ്പായനൻ പറഞ്ഞു. ഭീഷ്മൻ പറഞ്ഞതു കേട്ടപ്പോള്‍ മഹാവിക്രമനായ ചേദിരാജാവ്‌ കൃഷ്ണനുമായി പൊരുതുവാന്‍ സന്നദ്ധനായി, കൃഷ്ണനോടു പറഞ്ഞു.

ശിശുപാലന്‍ പറഞ്ഞു: ഹേ, ജനാര്‍ദ്ദനാ! ഞാന്‍ നിന്നെ പോരിന് വിളിക്കുന്നു! നീ എന്നോടു പോരിന് വന്ന് ഏല്‍ക്കുക. അങ്ങനെയായാല്‍ പാണ്ഡവന്മാരോടു കൂടിയ നിന്റെ കഥയിപ്പോള്‍ ഞാന്‍ കഴിച്ചേക്കാം. നിന്നോടൊപ്പം തന്നെ വദ്ധ്യന്മാരാണ്‌ എനിക്ക്‌ എല്ലാ പാണ്ഡവന്മാരും. രാജാവല്ലാത്തവനും, ദാസനും, ദുഷ്ടനുമായ നിന്നെ, രാജാക്കളെ അവഗണിച്ച്‌. പൂജിച്ചവരാണല്ലോ പാണ്ഡവന്മാര്‍. അവരുടെ കഥയും ഇതോടൊപ്പം തന്നെ കഴിച്ചേക്കാം. അനര്‍ഹന്മാരെ പൂജിക്കുന്നവരേയും വെച്ചേക്കില്ലന്നാണ്‌ എന്റെ നിശ്ചയം.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞു ആ രാജശാര്‍ദ്ദൂലന്‍ ഗര്‍ജ്ജിച്ച്‌ അമര്‍ഷത്തോടെ നിന്നു. ഇപ്രകാരം ശിശുപാലന്‍ പറഞ്ഞപ്പോള്‍ വീര്യവാനായ ജനാര്‍ദ്ദനന്‍ മൃദുവായ ഭാഷയില്‍ എല്ലാ രാജാക്കന്മാരും കേള്‍ക്കുമാറു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: രാജാക്കന്മാരേ, സാത്വതീസുതനായ ഇവന്‍ സാത്വതന്മാരായ ഞങ്ങള്‍ക്ക്‌ ഏറ്റവും വലിയ വൈരിയാണ്‌. എപ്പോഴും അവനു ഹിതകാരികളായ സാത്വതരില്‍, വളരെ ദ്രോഹം ചെയ്ത ഘാതകനാണ്‌ ഇവന്‍. ഞങ്ങള്‍ പ്രാക്‌ ജ്യോതിഷപുരത്തില്‍ പോയ തക്കം നോക്കി ഈ ദുഷ്ടന്‍ സഹോദരീപുത്രൻ ആയിരുന്നിട്ടു കൂടി ദ്വാരകയ്ക്കു തീവെച്ചു. മുമ്പു ഭോജരാജാവ്‌ രൈവതകത്തില്‍ ക്രീഡിക്കുന്ന തക്കം നോക്കി കൂട്ടരെക്കൊന്ന്‌, ചിലരെ ബന്ധിച്ച്‌ തന്റെ പുരത്തിലേക്കു പോന്നു. എന്റെ അച്ഛന്‍ അശ്വമേധത്തിനായി കാവലോടു കൂടി വിട്ട അശ്വത്തെ പാപിയായ ഇവന്‍ കട്ടു കൊണ്ടു പോയി. ഇവന്‍ അങ്ങനെ എന്റെ അച്ഛന്റെ യജ്ഞം മുടക്കുവാന്‍ യത്നിച്ചു. സൗവീരത്തില്‍ പോകുകയായിരുന്ന ബഭ്രുവിന്റെ തപസ്വിനിയായ ഭാര്യയെ, അവള്‍ക്ക്‌ ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടു കൂടി, ഇവന്‍ വഴിക്കുവച്ച്‌ കാമമോഹിതനായി ബലമായി അപഹരിച്ചു കൊണ്ടു പോയി. മായാവിയും, മാതുല ദ്രോഹിയുമായ ഇവന്‍ വൈശാല രാജകുമാരിയായ ഭദ്രയെ, അവള്‍ കാരൂഷ രാജാവിന് വേണ്ടി തപസ്സു ചെയ്തു കൊണ്ടിരിക്കെ, കാരൂഷന്റെ മായാവേഷം ധരിച്ചു വന്നു തട്ടിക്കൊണ്ടു പോയി. അച്ഛന്‍പെങ്ങള്‍ക്കു വേണ്ടി ഞാന്‍ ഈ ക്ലേശമൊക്കെ പൊറുത്തു. ഭാഗ്യത്താല്‍ ഇപ്പോള്‍ ഈ രാജസദസ്സില്‍ വെച്ചു തന്നെയായി അവന്റെ ധിക്കാരം. അവന്‍ കാണിച്ച അക്രമം നിങ്ങളും കണ്ടുവല്ലോ. മുമ്പേ നിങ്ങള്‍ കാണാത്തതൊക്കെ ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുക. ഇവന്റെ ഈ അക്രമങ്ങള്‍ എനിക്കു പൊറുക്കുവാന്‍ ഇനി സാദ്ധ്യമല്ല. രാജമദ്ധ്യത്തില്‍ വെച്ചു വദ്ധ്യനായ ഈ ഗര്‍വ്വിഷ്ഠന്‍ എന്നോടു യുദ്ധത്തിന്‌ ഏല്ക്കുകയാണ്‌. വേഗം ചാകാന്‍ ആഗ്രഹിക്കുന്ന മൂഢനായ ഇവന്  രുക്മിണിയില്‍ വലിയ ആശയുണ്ടായിരുന്നു. ശൂദ്രന് വേദശ്രുതി എന്ന പോലെ അവന് അവളെ കിട്ടിയതുമില്ല.

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം വാസുദേവന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ രാജാക്കളെല്ലാം ചേദിരാജാവിനെ നിന്ദിച്ചു. എന്നാൽ പ്രതാപവാനായ ശിശുപാലന്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട്‌ ഇപ്രകാരം പറയുവാന്‍തുടങ്ങി.

ശിശുപാലന്‍ പറഞ്ഞു: ഹേ, കൃഷ്ണാ, നിനക്കു നാണമില്ലേ, വിശേഷിച്ചും ഈ രാജാക്കന്മാരുടെ മുമ്പില്‍ വെച്ച്‌, നിന്റെ ഭാര്യയെ മറ്റൊരുവന്‍ ആഗ്രഹിച്ചുവെന്നു പറയുവാന്‍? ഇത്തരം കാര്യങ്ങള്‍ രാജസദസ്സില്‍ പറയുവാന്‍ നിനക്കു നാണമില്ലല്ലോ! മുമ്പ്‌ അന്യന് ഉദ്ദേശിക്കപ്പെട്ട ഒരു സ്ത്രീയെ സ്വന്തമാക്കിയ കാര്യം സദസ്സില്‍ വെച്ചു നീയല്ലാതെ ഏതു പുരുഷനാണ്‌ മധുസൂദനാ! പുകഴ്ത്തിപ്പറയുക? നീ ആദരവേടെ പൊറുത്താലും കൊള്ളാം, പൊറുത്തില്ലെങ്കിലും കൊള്ളാം, എനിക്ക്‌ രണ്ടും ശരിയാണ്‌. കൃഷ്ണന്റെ കോപം കൊണ്ട്‌ എനിക്ക്‌ ഒരു ചുക്കും വരാനില്ല! നിന്റെ പ്രസാദം കൊണ്ട്‌ എനിക്കൊന്നും വേണ്ട താനും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അവന്‍ പറഞ്ഞ സമയത്ത്‌ ഭഗവാനായ മധുസൂദനന്‍ ദൈത്യനാശനമായ ചക്രം മനസ്സു കൊണ്ടു ധ്യാനിച്ചു. ഉടനെ ചക്രം അവന്റെ കൈയില്‍ വന്നു പ്രശോഭിച്ചു. ഉടനെ കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഹേ രാജാക്കന്മാരേ, നിങ്ങള്‍ കേള്‍ക്കുവിന്‍! ഇന്നേവരെ ഞാന്‍ ഇവനോട്‌ ക്ഷമിച്ചത്‌ എന്തു കൊണ്ടാണെന്നു പറയാം. ഇവന്റെ അമ്മ എന്നോടു യാചിച്ചു. ഇവന്റെ നൂറു കുറ്റം പൊറുക്കണമെന്ന്‌. യാചിച്ചതു ഞാന്‍ നല്കുകയും ചെയ്തു. ഇന്നേവരെ ഞാന്‍ ക്ഷമിച്ചു; നൂറും തികഞ്ഞു കഴിഞ്ഞു. ഇന്നു മന്നവന്മാരായ നിങ്ങള്‍ കണ്ടുനില്ക്കെ ഞാന്‍ ഇതാ, ഇവനെ കൊല്ലുന്നു.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ ക്രോധത്തോടെ ശത്രുകര്‍ഷണനായ കൃഷ്ണന്‍ ശിശുപാലന്റെ ശിരസ്സ്‌ ചക്രം കൊണ്ടു മുറിച്ചുവീഴ്ത്തി. വജ്രമേറ്റ മല പോലെ ആ മഹാബാഹു വീണു. ഉടനെ ചൈത്യന്റെ അംഗത്തില്‍ നിന്ന് ഒരു ഉഗ്രതേജസ്സ്‌, സൂര്യന്‍ വാനില്‍ ഉയര്‍ന്നു നില്ക്കുന്ന വിധം, ഉയര്‍ന്നതായി രാജാക്കന്മാരെല്ലാം കണ്ടു. ആ തേജസ്സ്‌ ലോകവന്ദ്യനായ പങ്കജാക്ഷന്റെ നേരെ വന്നു നിന്ന്‌, കൃഷ്ണനെ വണങ്ങി, കൃഷ്ണനില്‍ ചെന്നു ലയിച്ചു. ഈ അത്ഭുതം കണ്ട്‌ രാജാക്കളൊക്കെ ആശ്ചര്യപ്പെട്ടു.

ഉടനെ കാര്‍മേഘമില്ലാതെ വര്‍ഷമുണ്ടായി. ഭൂമിയില്‍ ഇടിത്തീ വീണു. ചൈദ്യനെ കൃഷ്ണന്‍ കൊന്നപ്പോള്‍ ഭൂമി കുലുങ്ങി. നരേന്ദ്രന്മാര്‍ ഒന്നും മിണ്ടിയില്ല. അവര്‍ അടങ്ങി. വാക്കിന്റെ കാലം പോയി എന്നു ചിന്തിച്ച്‌ കൃഷ്ണനെ നോക്കി നിന്നു. ചില രാജാക്കന്മാര്‍ കോപം സഹിക്കാതെ കൈ കൊണ്ടു കൈയമര്‍ത്തി നിന്നു. ഉല്ക്കടമായ ക്രോധമൂര്‍ച്ഛ കൊണ്ട് ചിലര്‍ ചുണ്ടുകടിച്ചു. ചില രാജാക്കന്മാര്‍ കൃഷ്ണനെ ഗൂഢമായി പ്രശംസിച്ചു. ചിലര്‍ സംരബ്ധരായും, ചിലര്‍ മദ്ധ്യനിലയിലും നിന്നു. ഹൃഷ്ടരായി കൃഷ്ണനെച്ചെന്നു മഹര്‍ഷിമാര്‍ വാഴ്ത്തി. മഹാബ്രാഹ്മണരും, മഹാശക്തരായ മഹീശന്മാരും, സന്തുഷ്ടരായി കൃഷ്ണന്റെ വിക്രമത്തെ വാഴ്ത്തി.

യുധിഷ്ഠിരന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞു, ദമഘോഷപുത്രനായ ശിശുപാലനെ വേണ്ടവിധം നിങ്ങള്‍ സംസ്കരിക്കണമെന്ന്‌. ജേഷ്ഠന്റെ കല്പന പോലെ അവര്‍ ചെയ്തു. പിന്നെ ധര്‍മ്മപുത്രന്‍ ശിശുപാലന്റെ പുത്രനെ ആ രാജാക്കന്മാരുടെ സന്നിധിയില്‍ വെച്ച്‌ ചേദിരാജാവായി അഭിഷേകം ചെയ്തു.

വിപുലമായ ഓജസ്സു ചേർന്ന  കുരുരാജാവിന്റെ അദ്ധ്വരം സര്‍വ്വസമ്പത്തോടും ചേർന്നു സര്‍വ്വപ്രഹര്‍ഷണമായി ശോഭിച്ചു. കേശവന്റെ രക്ഷയില്‍ വിഘ്നം കൂടാതെ സുഖമായി ആരംഭിച്ച യജ്ഞം, ധാരാളം ധനധാന്യസമൃദ്ധിയോടു കൂടി, വളരെ ജനങ്ങള്‍ക്കു ഭക്ഷണവും, ദക്ഷിണയും നല്കി, മംഗളമായി സമാപിച്ചു. സമാപ്തി വരെ ആ യജ്ഞം ഭഗവാന്‍ ശാര്‍ങ്ഗ ചക്ര ഗദാധരനായ ശാരി രക്ഷിച്ചു. പിന്നെ അവഭൃതസ്നാനം ചെയ്ത ധര്‍മ്മപുത്രനോട്‌ എല്ലാ ക്ഷത്രിയ രാജാക്കന്മാരും ചെന്ന് ഇപ്രകാരം പറഞ്ഞു.

ക്ഷത്രിയന്മാര്‍ പറഞ്ഞു; ഭാഗ്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സര്‍വ്വജ്ഞാ! ഭവാന്‍ ഇന്നു സാമ്രാജ്യംനേടി. ഹേ, ആജമീഡാ!, ഭവാന്‍ ആജമീഡ രാജാക്കന്മാര്‍ക്കു യശസ്സിനെ വര്‍ദ്ധിപ്പിച്ചു; ഈ കര്‍മ്മം കൊണ്ട്‌ ഹേ, രാജേന്ദ്രാ! ഭവാന്‍ മഹത്തായ കര്‍മ്മം നടത്തി! സര്‍വ്വകാമാര്‍ച്ചിതന്മാരായ ഞങ്ങള്‍ ഭവാനോടു യാത്രപറയുന്നു! ഞങ്ങള്‍ ഞങ്ങളുടെ രാജ്യങ്ങളിലേക്കു പോവുകയാണ്‌! സമ്മതം തന്നാലും!

വൈശമ്പായനൻ പറഞ്ഞു: രാജാക്കന്മാര്‍ പറഞ്ഞതു കേട്ട്‌ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ യഥാര്‍ഹം നൃപന്മാരെ പൂജിച്ച്‌ സോദരന്മാരോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭ്രാതാക്കളേ! ഈ രാജാക്കന്മാരെല്ലാം നന്ദിയോടെ വന്നു ചേർന്നവരാണ്‌. സ്വരാജ്യത്തേക്കു പോകുകയാണെന്ന് എന്നോടു യാത്ര പറയുന്നു! നിങ്ങള്‍ നമ്മുടെ രാജ്യാതിര്‍ത്തി വരെ ഇവരെ അനുയാത്ര ചെയ്യുക!

വൈശമ്പായനൻ പറഞ്ഞു; ഭ്രാതാവിന്റെ വാക്കു കേട്ടപ്പോള്‍ ധര്‍മ്മചാരികളായ പാണ്ഡവര്‍ യഥാര്‍ഹം ഓരോ രാജാക്കന്മാര്‍ക്ക്‌ അനുയാത്ര നടത്തി. വിരാടനെ പ്രതാപവാനായ ധൃഷ്ടദ്യുമ്നന്‍ പിന്തുടര്‍ന്നു. ധനഞ്ജയന്‍ മഹാത്മാവും, മഹാരഥനുമായ യജ്ഞസേനനെ പിന്തുടര്‍ന്നു. ഭീഷ്മനേയും, ധൃതരാഷ്ട്രനേയും ബലവാനായ ഭീമന്‍ പിന്തുടര്‍ന്നു. സപുത്രനായ ദ്രോണനെ സഹദേവന്‍ പിന്തുടര്‍ന്നു. സപുത്രനായ സുബലനെ നകുലന്‍ പിന്തുടര്‍ന്നു. അഭിമന്യുവിനോടു കൂടി പാഞ്ചാലീ പുത്രന്മാര്‍ പര്‍വ്വതത്തിലെ രാജാക്കന്മാരെ പിന്തുടര്‍ന്നു. മറ്റു രാജാക്കളെ മറ്റു ഭൂപന്മാരും പിന്തുടര്‍ന്നു. ഇപ്രകാരം പൂജിതരായി നാനാ ദ്വിജേന്ദ്രന്മാരും പോയ ശേഷം യുധിഷ്ഠിരനോടു പ്രതാപവാനായ വാസുദേവന്‍ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഹേ! കുരുദ്വഹാ! ഞാന്‍ യാത്ര പറയുന്നു. ദ്വാരകയ്ക്കു പോകട്ടെ! രാജസൂയ മഖം സാധിച്ചു. ഭവാന്‍ ഭാഗ്യവാനാണ്‌

ധര്‍മ്മപുത്രന്‍ പറഞ്ഞു: ഹേ, ഗോവിന്ദാ! അങ്ങയുടെ പ്രസാദം കൊണ്ടാണ്‌ ഞാന്‍ ഈ ക്രതു സാധിച്ചത്‌. ഭവാന്റെ പ്രസാദത്താല്‍ എല്ലാ ക്ഷത്രിയന്മാരും എന്റെ പാട്ടില്‍ വന്നു! ധാരാളം കപ്പവും തന്നു. എല്ലാവരും വന്ന് എന്നെ സേവിക്കുകയും ചെയ്തു. ഭവാന്റെ യാത്രയ്ക്കു ഞാന്‍ എങ്ങനെ വാക്കു നല്കും? ഹേ, വീര! ഭവാനില്ലാതെ ഞാന്‍ എങ്ങനെ സന്തോഷിക്കും? ഒരിക്കലും സന്തോഷിക്കുവാന്‍ എനിക്കു കഴിയുകയില്ല. എന്നു വെച്ച്‌ ഭവാനു ദ്വാരകയ്ക്കു പോകാതെയും നിവൃത്തിയില്ലല്ലോ.

വൈശമ്പായന൯ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ ആ ധര്‍മ്മ മൂര്‍ത്തിയായ കൃഷ്ണന്‍ യുധിഷ്ഠിരനോടു കൂടി കുന്തിയുടെ അരികില്‍ച്ചെന്നു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: അമ്മായീ, ഭവതിയുടെ മക്കള്‍, ഇവര്‍ സാമ്രാജ്യം നേടി, സിദ്ധാര്‍ത്ഥരായി, സമ്പന്നരായി. ഭവതി സന്തോഷിച്ചാലും! ഭവതിയുടെ അനുജ്ഞയോടു കൂടി ഞാന്‍ ദ്വാരകയ്ക്കു പോകുവാന്‍ ചിന്തിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞു കൈകൂപ്പി അനുജ്ഞ വാങ്ങി അന്തഃപുരത്തില്‍ സുഭദ്രയേയും ദ്രൗപദിയേയും കണ്ട്‌ ആദരിച്ചു. പിന്നെ ധര്‍മ്മജനോടു കൂടി അന്തഃപുരത്തില്‍ നിന്നു പോന്നു. കുളിച്ചു ജപം ചെയ്ത്‌, വിപ്രന്മാരുടെ ആശിര്‍വ്വാദമേറ്റു നിന്നു. അപ്പോള്‍ മേഘസങ്കാശമായി സജ്ജീകൃതമായ തേര്‍പൂട്ടി, മഹാബാഹുവായ ദാരുകന്‍ വന്നു. ഗരുഡധ്വജമുള്ള ആ തേര്‍ വന്നു നിന്നപ്പോള്‍ അതിനെ പ്രദക്ഷിണം വെച്ച്‌ പുണ്യപുരുഷന്‍ അതില്‍ക്കയറി പുറപ്പെട്ടു. യുധിഷ്ഠിരന്‍ അപ്പോള്‍ കാല്‍നടയായി സോദരന്മാരോടു കൂടി പിന്‍തുടര്‍ന്നു; മുഹൂര്‍ത്ത സമയം അവര്‍ സാവധാനം പോകുന്ന തേരിനെ പിന്‍തുടര്‍ന്നു. പിന്നെ തേര്‍ നിര്‍ത്തി കൃഷ്ണന്‍ യുധിഷ്ഠിരനോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: അപ്രമത്തനായി ഭവാന്‍ എന്നും പ്രജകളെ പാലിക്കുക. ജീവജാലങ്ങള്‍ മഴക്കാറിനെ എന്ന പോലെയും ദേവന്മാര്‍ സഹസ്രാക്ഷനെ എന്ന പോലെയും ബന്ധുക്കള്‍ക്ക്‌ അങ്ങ്‌ എന്നും താങ്ങായിരിക്കുക.

വൈശമ്പായനൻ. പറഞ്ഞു: ഇങ്ങനെ തമ്മില്‍ പറഞ്ഞ്‌ കൃഷ്ണ പാണ്ഡവന്മാര്‍ പരസ്പരാനുവാദം വാങ്ങി സ്വഗൃഹങ്ങളിലേക്കു മടങ്ങി പോയി; ദ്വാരാവതിയിലേക്കു സാത്വത പ്രവരനായ കൃഷ്ണന്‍ പോയതിന് ശേഷം ദുര്യോധനന രാജാവ്‌ ഒരുത്തന്‍ മാത്രം ; സബലനായ ശകുനിയോടു കൂടി ആ ദിവ്യമായ സഭയില്‍ പാര്‍ത്തു.



No comments:

Post a Comment