Monday 14 November 2022

ഉദ്യോഗപർവ്വം അദ്ധ്യായം 143 മുതൽ 196 വരെ

ഭഗവദ്യാന ഉപ പര്‍വ്വം തുടരുന്നു . . 

143. കൃഷ്ണകര്‍ണ്ണ സംവാദം - സഞ്ജയന്‍ പറഞ്ഞു: കേശവന്റെ ശുഭമായ ഈ വാക്കുകള്‍ കര്‍ണ്ണന്‍ മനസ്സിരുത്തി കേട്ട്‌ മധുജിത്തായ ആ മഹാശയനെ ബഹുമാനിച്ച്‌ ഇപ്രകാരം പറഞ്ഞു: അല്ലയോ മഹാഭുജാ, ഭവാന്‍ എല്ലാ കാര്യവും അറിഞ്ഞു കൊണ്ടു തന്നെ എന്തിനാണ്‌ എന്നെ ഇങ്ങനെ മിരട്ടുന്നത്‌? ഈ ഭൂമിക്ക്‌ ഇപ്പോള്‍ വന്നു പേര്‍ന്ന നാശത്തിനൊക്കെ നിമിത്തം ഞാനും, ശകുനിയും ദുശ്ശാസനനും, ദുര്യോധനരാജാവും ആണു പോലും!

കൃഷ്ണാ, ഒരു കാര്യം സംശയം കൂടാതെ ഞാന്‍ പറയുന്നു. ചോര ചേറാകുന്ന വിധം അത്ര ഭയങ്കരമായ യുദ്ധം കുരുക്കളും പാണ്ഡവന്മാരും തമ്മില്‍ ഇതാ അടുത്തിരിക്കുന്നു. ദുര്യോധനന്റെ അധീനത്തില്‍ നിൽക്കുന്ന സകല രാജാക്കന്മാരും, രാജപുത്രന്മാരും പോരില്‍ ശസ്ത്രാഗ്നിയില്‍ വെന്തു വെണ്ണീറായി കാലപുരിയിലേക്കു ഗമിക്കുക തന്നെ ചെയ്യും. പല ഘോര ദുഃസ്വപ്നവും ഞാന്‍ കാണുന്നുണ്ട്‌. ഘോരങ്ങളായ ദുര്‍ന്നിമിത്തങ്ങളും, ഘോരങ്ങളായ ഉല്‍പ്പാതങ്ങളും കാണുന്നുണ്ട്‌. ലക്ഷണം കൊണ്ട്‌ അതിലൊക്കെ ദുര്യോധനന് പരാജയവും, ധര്‍മ്മപുത്രന് വിജയവുമാണു ഞാന്‍ കാണുന്നത്‌. അങ്ങനെ പറയുവാന്‍ തക്ക വിധം അത്ര രോമാഞ്ചജനകമാണ്‌ ഇപ്പോഴത്തെ ശ്രഹനില. ഇപ്പോള്‍ തീക്ഷ്ണവും മഹാദ്യുതിയുമായ രോഹിണീ നക്ഷത്രത്തെ ശനിഗ്രഹം ലോകത്തെ അപകടത്തിലാക്കത്തക്ക വിധം പീഡിപ്പിക്കുന്നു. ചൊവ്വാഗ്രഹം തൃക്കേട്ട നക്ഷത്രത്തില്‍ മുഖം കാണിച്ച്‌ അനിഴത്തെ മിത്രനാശം വരുത്തുന്ന വിധം നോക്കിക്കൊണ്ടു നിൽക്കുന്നു. കുരുക്കള്‍ക്കു തീര്‍ച്ചയായും മഹാഭയം വന്നടുത്തിരിക്കുന്നു. ഹേ, വാര്‍ഷ്ണേയാ, വിശേഷിച്ചും ചിത്രയെ ഗ്രഹം പീഡിപ്പിച്ചിരിക്കുന്നു. ചന്ദ്രന്റെ ചിഹ്നവും മങ്ങിയിരിക്കുന്നു. രാഹു സൂര്യന്റെ നേരെ പായുന്നു. ഇടിയോടു കൂടി ചലിക്കുന്ന വിധം കൊള്ളിമീന്‍ ആകാശത്തില്‍ ചാടുന്നു. ആനകള്‍ അകാരണമായി പിടയുകയും, കുതിരകള്‍ നിന്നു കണ്ണുനീര്‍ പൊഴിക്കുകയും ചെയ്യുന്നു. ആ ജീവികളൊന്നും പുല്ലും വെള്ളവും ആഗ്രഹിക്കുന്നില്ല. ഇങ്ങനെയുള്ള ദുര്‍ന്നിമിത്തങ്ങള്‍ കണ്ടാല്‍ ആപത്തടുത്തു എന്നുള്ളതിനു സംശയമില്ല. ദക്ഷണം അല്പമേ കഴിക്കുന്നുള്ളു എങ്കിലും കുതിരകള്‍ക്കും ആനകള്‍ക്കും മനുഷ്യര്‍ക്കുമൊക്കെ മലം ധാരാളമായി ഉണ്ടാകുന്നു. കേശവാ! ഈ ദുര്‍ന്നിമിത്തങ്ങളൊക്കെ ധാര്‍ത്തരാഷ്ട്രന്റെ സൈനൃത്തിലാണു കാണുന്നത്‌. വിദ്വാന്മാരുടെ അഭിപ്രായം അതു പരാജയത്തിന്റെ ലക്ഷണമാണെന്നാണ്‌. എന്നാൽ പാണ്ഡവപക്ഷത്തില്‍ ഇങ്ങനെയുള്ള ദുര്‍ന്നിമിത്തങ്ങള്‍ കാണപ്പെടുന്നില്ല. അവിടെ വാഹനങ്ങളൊക്കെ സന്തോഷിച്ചു നിൽക്കുന്നു. അവര്‍ക്ക്‌ എപ്പോഴും മൃഗങ്ങള്‍ വലത്തോട്ട്‌ ഒഴിയുന്നതായിട്ടാണു കാണുന്നത്‌. അത്‌ ജയത്തിന്റെ ലക്ഷണമാണ്‌. ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ മൃഗം ഇടത്തോട്ട്‌ ഒഴിയുന്നതായി കാണുന്നു. അശരീരോക്തികളും കേള്‍ക്കുന്നു. അതൊക്കെ അശുഭമാണു കുറിക്കുന്നത്‌. മയിലും പുണ്യപക്ഷിയായ അരയന്നവും സാരസവും ചാതകങ്ങളും ജീവഞ്ജീവങ്ങളും പാര്‍ത്ഥന്മാരുടെ പിന്നാലെ പറക്കുന്നതായികാണുന്നു. കഴുകുകളും പെരുംപന്തുകളും കൊക്കുകളും ചെന്നായ്ക്കളും യാതുധാനന്മാരും ഈച്ചക്കൂട്ടങ്ങളും കുരുക്കള്‍ സഞ്ചരിക്കുന്നിടത്തൊക്കെ അനുഗമിക്കുന്നു. ധാര്‍ത്തരാഷ്ട്രന്റെ സൈന്യത്തിലെ ഭേരികള്‍ക്ക്‌ ഒച്ചയില്ല. പാണ്ഡവന്മാരുടെ പെരുമ്പറകള്‍ അടിക്കാതെ തന്നെ ശബ്ദിക്കുന്നു. ജലാശയങ്ങള്‍ ഗോവൃക്ഷങ്ങള്‍ പോലെ ശബ്ദിക്കുന്നു. ധാര്‍ത്തരാഷ്ട്രന്റെ സൈന്യത്തില്‍ ഈ ചിഹ്നങ്ങളൊക്കെ തോല്‍മയുടെ ലക്ഷണങ്ങളാണ്‌. മാധവാ, ദേവന്‍ മാംസരക്തങ്ങള്‍ വര്‍ഷിക്കുന്നു. ഗന്ധര്‍വ്വനഗരം (മൃഗതൃഷ്ണ) അരികെ മിന്നിക്കാണുന്നു. കിടങ്ങും കോട്ടയും കെട്ടും നല്ല കമാനവും ചേര്‍ന്ന്‌ കറുത്ത പരിഘം സുര്യബിംബത്തെ മൂടിനിൽക്കുന്നു. ഉദയം, അസ്തമനം, രണ്ടു സന്ധ്യകള്‍ ഇവയൊക്കെ വലിയ ഭയത്തെ സൂചിപ്പിക്കുന്നു. കുറുക്കന്മാര്‍ ഉഗ്രമായി കൂട്ടം കൂടി ഓരിയിടുന്നു. ഇതും പരാജയത്തിന്റെ ലക്ഷണങ്ങളാണ്‌. ഒറ്റച്ചിറകുള്ളവ., ഒറ്റക്കാലുള്ളവ, ഒറ്റക്കണ്ണുള്ളവ, ഇങ്ങനെയുള്ള പക്ഷികള്‍ അശുഭ ശബ്ദമുണ്ടാക്കുന്നു. ഇതു തോല്മയുടെ ലക്ഷണമാണ്‌. കാലു ചുരുണ്ടും. കഴുത്തു കറുത്തും, കണ്ടാല്‍ പേടി തോന്നുന്ന പക്ഷികള്‍ സന്ധ്യയ്ക്ക്‌ അഭിമുഖമായി പറക്കുന്നതായി കാണുന്നു. ഇതു തോല്‍മയുടെ ലക്ഷണമാണ്‌. വിപ്രദ്രോഹം. ഗുരുദ്രോഹം. കൂറുള്ള ഭൃത്യരില്‍ ദ്രോഹം ഇതൊക്കെ ഇവിടെ ധാരാളം നടക്കുന്നുണ്ട്‌. ഇതു തോല്‍മയുടെ ലക്ഷണങ്ങളാണ്‌. കിഴക്ക്‌ ചോര നിറത്തിലും, തെക്ക്‌ ശസ്ത്ര നിറത്തിലും, പടിഞ്ഞാറ്‌. ആമപാത്രത്തിന്റെ (വേവിക്കാത്ത മണ്‍കലം ); നിറത്തിലും വടക്ക്‌ ശംഖു നിറത്തിലും ഇങ്ങനെയുള്ള നിറങ്ങളില്‍ ദിക്കൊക്കെ ജ്വലിച്ച്‌ ധാര്‍ത്തരാഷ്ട്രന് ഇത്തരം ഉല്‍പാതങ്ങളാല്‍ മഹാഭയം കാണിക്കുന്നു.

ഹേ അച്യുതാ! ഞാന്‍ സ്വപ്നാന്തത്തില്‍, ആയിരം കാൽമണ്ഡപം സഹോദരന്മാരോടു കൂടി യുധിഷ്ഠിരന്‍ കയറുന്നതായി കണ്ടു. അവരെല്ലാവരും വെള്ളത്തലപ്പാവും, വെള്ളവസ്ത്രവുമായി വെളുത്ത പീഠങ്ങളില്‍ ഇരിക്കുന്നതായും ഞാന്‍ കണ്ടു. അങ്ങയേയും ഞാന്‍ സ്വപ്നാന്തത്തില്‍ കണ്ടു. അങ്ങു ചോരയില്‍ കുളിച്ചു കുടല്‍മാലയണിഞ്ഞു ചുറ്റും ലോകങ്ങളോടു കൂടിയും ഞാന്‍ കണ്ടു. അസ്ഥിക്കൂട്ടത്തില്‍ കയറി ഓജസ്സോടു കൂടി യുധിഷ്ഠിരന്‍ ഇരിക്കുന്നതും, നൈപ്പായസം പൊന്‍പാത്രത്തിലെടുത്തു കുടിച്ചു ഹര്‍ഷം കൊള്ളുന്നതും, യുധിഷ്ഠിരന്‍ ലോകം മുഴുവന്‍ വിഴുങ്ങുമാറ്‌ ഇരിക്കുന്നതും ഞാന്‍ കണ്ടു. ഭവാന്‍ നല്കിയ ഈ ഭൂമി അദ്ദേഹം ഭരിക്കുക തന്നെ ചെയ്യും. ഭീമകര്‍മ്മാവായ വൃകോദരൻ, നരവ്യാഘ്രന്‍, ഉയര്‍ന്ന ഒരു കുന്നിന്‍ മുകളില്‍ കയറി ഗദയുയര്‍ത്തി ഭൂമിയെ വിഴുങ്ങും വിധം നിൽക്കുന്നതായും ഞാന്‍ കണ്ടു. ഞങ്ങളെയൊക്കെ അവര്‍ പോരില്‍ മുടിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല. ഹേ, ഹൃഷീകേശാ. ഭവാനറിയാമല്ലോ., എവിടെ ധര്‍മ്മമുണ്ടോ, അവിടെ ജയമുണ്ട്‌!

വെളുത്ത ആനയുടെ പുറത്തു കയറി ഗാണ്ഡീവധരനായ അര്‍ജ്ജുനന്‍ ഭവാനോടു കൂടെ മഹത്തായ ശ്രീയോടു കൂടി വിളങ്ങുന്നതായി ഞാന്‍ കണ്ടു. നിങ്ങള്‍ എല്ലാവരും ദുര്യോധനാദികളായ രാജാക്കളെയെല്ലാം വധിക്കുക തന്നെ ചെയ്യും.

നകുലനും സഹദേവനും മഹാരഥനായ യുയുധാനനും, വെണ്‍കേയുരവും തനുത്രാണവും (ചട്ട) ഇട്ട്‌ ശുക്ലമാല്യാംബരാഢ്യന്മാരായി വെള്ളത്തലപ്പാവുമണിഞ്ഞ്‌ മുഖ്യമായ നരവാഹനത്തില്‍ കയറി ഈ മൂന്നു പേരും, നിൽക്കുന്നതായും ഞാന്‍ സ്വപ്നാന്ത്യത്തില്‍ കണ്ടു.

ഇനി ധാര്‍ത്തരാഷ്ട്രന്റെ സൈന്യത്തില്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടതും പറയാം. അശ്വത്ഥാമാവും കൃപനും കൃതവര്‍മ്മാവും മറ്റു രാജാക്കന്മാരും രക്തവര്‍ണ്ണത്തിലുള്ള തലപ്പാവു ധരിച്ചു നിൽക്കുന്നതും, ഒട്ടകങ്ങളെ പൂട്ടിയ തേരില്‍ കയറി യ മഹാരഥന്മാരായ ഭീഷ്മദ്രോണന്മാരെയും ഞാന്‍ കണ്ടു. അവരെല്ലാം എന്നോടും ദുര്യോധനനോടും കൂടി അഗസ്തൃമഹര്‍ഷി അരുളുന്ന ദിക്കിലേക്കു നോക്കി പോകുന്നതായും കണ്ടു. ഈ നിമിത്തങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ തീര്‍ച്ചയാക്കി, ഞങ്ങളൊക്കെ കാലപുരിയിലേക്കു പോകുവാന്‍ അടുത്തിരിക്കുന്നുവെന്ന്‌. ഞാനും മറ്റു രാജാക്കന്മാരും, എല്ലാ ക്ഷത്രമണ്ഡലവും ഗാണ്ഡീവാഗ്നിയില്‍ കയറി ദഹിച്ചു പോകുമെന്നുള്ളതില്‍ എനിക്കു യാതൊരു സംശയവുമില്ല.

കൃഷ്ണന്‍ പറഞ്ഞു: ഹേ. കര്‍ണ്ണാ! എന്റെ വാക്ക്‌ നിന്റെ ഉള്ളില്‍ കടക്കാത്തതു കൊണ്ടു ഭൂമിക്കു നാശം അടുത്തു എന്നുള്ളതു തീര്‍ച്ചയായി. എല്ലാ ജീവികള്‍ക്കും നാശത്തിനുള്ള കാലം സമാഗതമാകുമ്പോള്‍ അനയം നയമായി തോന്നുകയും ബോധം ഉള്ളില്‍ നിന്ന്‌ ഒഴിഞ്ഞു പോവുകയും ചെയ്യും.

കര്‍ണ്ണന്‍ പറഞ്ഞു: വീരന്മാരായ ക്ഷത്രിയന്മാര്‍ വെട്ടി മരിക്കുന്ന ഈ മഹാ യുദ്ധം കടന്നു ജീവനോടെ ഞങ്ങള്‍ ഭവാനെ കാണുകയില്ല അല്ലെങ്കില്‍ സ്വര്‍ഗൃത്തില്‍ വെച്ചു നമ്മള്‍ക്കു തമ്മില്‍ കാണാന്‍ കഴിയും. ഹേ. അനഘാശയാ, കൃഷ്ണാ, ഞാന്‍ ഇനി ഭവാനോട്‌ അവിടെ വെച്ചു ചേര്‍ന്നു കൊള്ളാം.

സഞ്ജയന്‍ പറഞ്ഞു: കര്‍ണ്ണന്‍ ഇപ്രകാരം പറഞ്ഞു കൃഷ്ണനെ ഗാഢമായി പുണര്‍ന്നു. കേശവന്‍ വിട്ടയച്ചതിന് ശേഷം കര്‍ണ്ണന്‍ തേര്‍ത്തടത്തില്‍ നിന്നിറങ്ങി. തന്റെ പൊന്നണിഞ്ഞ തേരില്‍ കയറി രാധേയന്‍ ഞങ്ങളോടു കൂടി ദീനമാനസനായി തിരിച്ചു പോന്നു. പിന്നെ സാതൃകിയോടു കൂടി കേശവന്‍ വേഗത്തില്‍ സ്ഥലം വിട്ടു. പോകുമ്പോള്‍ കൃഷ്ണന്‍ "വേഗത്തില്‍ പോവുക! പോവുക!" എന്നു സൂതനോടു പറഞ്ഞു.

144. കുന്തികര്‍ണ്ണസമാഗമം - വൈശമ്പായനൻ പറഞ്ഞു: കുരുസംസത്തില്‍ കാര്യം നേടാതെ കൃഷ്ണന്‍ പാണ്ഡവന്മാരുടെ അടുത്തു മടങ്ങിയെത്തി. വിദുരന്‍ കുന്തിയുടെ അടുത്തു ചെന്നു ദുഃഖത്തോടെ ഇപ്രകാരം പറഞ്ഞു.

വിദുരന്‍ പറഞ്ഞു: ആയുഷ്മാന്മാരായ പുത്രന്മാരുള്ളവളെ, എന്റെ സമാധാനകാംക്ഷ നീ അറിയുന്നുണ്ടല്ലോ. ഞാന്‍ കഴിയുന്ന ശ്രമമൊക്കെ ചെയ്തു. യുദ്ധം കൊണ്ടുണ്ടാകുവാന്‍ പോകുന്ന ദോഷങ്ങളെപ്പറ്റി വിലപിച്ചു പറഞ്ഞിട്ടും സുയോധനന്‍ എന്റെ വാക്ക്‌ അനുസരിക്കുന്നില്ല. യുധിഷ്ഠിര രാജാവാകട്ടെ, ചേദിപാഞ്ചാല കേകയന്മാരുടെ സഹായമുണ്ടായിട്ടും, ഭീമന്‍, അര്‍ജ്ജുനന്‍, യമന്മാര്‍, ശ്രീമാനായ കൃഷ്ണന്‍, സാത്യകി എന്നിവരോടു കൂടി ഉപപ്ലാവ്യത്തില്‍ വിജയത്തില്‍ ഉറപ്പോടു കൂടിയവനായിട്ടും. ബലവാനായിരുന്നിട്ടും. ദുര്‍ബ്ബലന്റെ മാതിരി ജ്ഞാതി സൗഹാർദ്ദം തന്നെ കാംക്ഷിക്കുന്നു. ധൃതരാഷ്ട്ര രാജാവാണെങ്കില്‍ ഇപ്പോഴും ശമം കാംക്ഷിക്കുന്നില്ല. പുത്രഗര്‍വ്വം കൊണ്ടു മത്തനായി വിത്തമാര്‍ഗ്ഗത്തില്‍ തന്നെയാണു നിൽക്കുന്നത്‌. കര്‍ണ്ണന്‍, ദുശ്ശാസനന്‍, ശകുനി, ജയദ്രഥന്‍ ഇവരുടെയൊക്കെ ദുഷ്ടത കൊണ്ടു യുദ്ധം ഉണ്ടാവുക തന്നെ ചെയ്യും. അധര്‍മ്മത്താല്‍ ഈ വികൃതി ധര്‍മ്മമായിക്കരുതി ആരാണോ ചെയ്യുന്നത്‌ അവര്‍ക്ക്‌ ധര്‍മ്മം അതിന്റെ ഫലം കാട്ടിക്കൊടുക്കും. കുരുക്കള്‍ ഈ ബലമായ ധര്‍മ്മം ചെയ്യുമ്പോള്‍ ആരും ദുഃഖിക്കയില്ല. സന്ധി ഉണ്ടാക്കാതെ. ഗോവിന്ദന്‍ പറയുകയാണെങ്കില്‍ പാര്‍ത്ഥന്മാര്‍ യുദ്ധത്തിന് തയ്യാറാകും. പിന്നെ കുരുക്കള്‍ക്കു വീരന്മാര്‍ മുടിയുന്ന ആപത്തു വന്നു കൂടുകയും ചെയ്യും. ഈ കാര്യങ്ങള്‍ ചിന്തിച്ചു രാവും പകലും എനിക്ക്‌ ഉറക്കം വരുന്നില്ല.

അര്‍ത്ഥകാംക്ഷിയായ വിദുരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ കുന്തി ദുഃഖിച്ചു നെടുവീർപ്പിട്ട്‌ ഇപ്രകാരം ചിന്തിച്ചു. അര്‍ത്ഥം ചീത്തയാണ്‌. അതു കാരണമാണ്‌ ഈ ജ്ഞാതി ജനങ്ങളുമായുള്ള പോരാട്ടവും വധവും. സുഹൃത്തുക്കള്‍ക്കും ഈ പോരില്‍ പരാഭവം പറ്റാതെ വരികയില്ല. പാണ്ഡവന്മാരും ചേദിനാട്ടുകാരും പാഞ്ചാലന്മാരും യദുക്കളും, ഭാരതന്മാരോടു പൊരുതും. ഇതില്‍പരം ദുഃഖം എന്തുണ്ട്‌? പോരില്‍ തിര്‍ച്ചയായും ദോഷം ഞാന്‍ കാണുന്നുണ്ട്‌. പോരില്‍ തോല്മയും ഉണ്ടാകും. ദരിദ്രന്‍ ചാവുക തന്നെ ചെയ്യും: ജഞാതിക്ഷയം കൊണ്ടുള്ള വിജയം വിജയമായും ഭവിക്കയില്ല. ഈ വിചാരം കൊണ്ട്‌ എന്റെ മനസ്സു സങ്കടപ്പെടുന്നു. മുത്തച്ഛനായ ഭീഷ്മൻ യോദ്ധാക്കളില്‍ ശ്രേഷ്ഠനും ഗുരുവുമാണ്‌. കര്‍ണ്ണനും ദുര്യോധനന് വേണ്ടി എന്നില്‍ ഭയം ജനിപ്പിക്കുന്നു. ദ്രോണാചാര്യന്‍ ശിഷ്യന്മാരോടു കൂടി പൊരുതും. എന്നാൽ പിതാമഹന്‍ പാണ്ഡവന്മാരില്‍ സ്നേഹം കാണിക്കാതിരിക്കുമോ? ഒരാള്‍ അന്ധമായി ധാര്‍ത്തരാഷ്ട്രനെ മൂഢമായി സേവിക്കുന്നുണ്ട്‌. അവന്‍ പാണ്ഡുപുത്രരെ ദ്വേഷിക്കുന്നു. വളരെ അനര്‍ത്ഥമുണ്ടാക്കുന്ന അവന്‍ ശക്തനാണ്‌. പാണ്ഡവരോടു നിത്യസ്പര്‍ദ്ധയുള്ള അവനെപ്പറ്റി, ആ കര്‍ണ്ണനെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം ചുട്ടു പൊള്ളുന്നു. ഞാന്‍ കര്‍ണ്ണന്റെ ഉള്ള്‌ പാണ്ഡവന്മാര്‍ക്കു വേണ്ടി ഇളക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു! പണ്ടു ദുര്‍വ്വാസാവിനെ ഞാന്‍ പ്രസാദിപ്പിച്ചു. അന്ന്‌ ആ മുനി എനിക്കു വരം നല്കി. വളര്‍ത്തച്ഛനായ കുന്തിഭോജന്റെ ഗൃഹത്തില്‍ വാഴുമ്പോള്‍ എനിക്ക്‌ "മന്ത്രാഹ്വാന വരം" ആ മഫഹര്‍ഷി പുംഗവന്‍ തന്നു. സ്ത്രീത്വം. ബാലത്വം എന്നിവയാല്‍ വീണ്ടും ആലോചിച്ച്‌ വിശ്വസ്തയായ ധാത്രിയോടു കൂടി അന്തഃപുരത്തില്‍ വ്യസനത്തോടു കൂടി, പലതും ചിന്തിച്ച്‌ വിശ്വസ്തയായ ധാത്രിയോടും തോഴിമാരോടും കൂടെ വസിച്ചു. അങ്ങനെ വസിക്കുമ്പോള്‍ അച്ഛനു ദോഷം കൂടാതേയും ചാരിത്രം കാത്തു സൂക്ഷിച്ചും എന്തു ചെയ്താല്‍ ശുഭമാകുമോ അങ്ങനെ കുറ്റം പറ്റാത്ത മാതിരി ചിന്തിച്ചും, ആ ബ്രാഹ്മണന്റെ കയ്യില്‍ നിന്നു വരം ഗ്രഹിച്ചും, അദ്ദേഹത്തെ നമസ്കരിച്ചു പറഞ്ഞയച്ചു. ഇങ്ങനെ ഞാന്‍ ആ മന്ത്രം നേടി. കന്യയായി നിൽക്കുമ്പോള്‍ ബാല്യസഹജമായ കൗതുകത്താല്‍ സൂരൃനെ ആവാഹിച്ചു വരുത്തി ആ ദേവനുമായി ചേര്‍ന്നു. അന്നു കാനീനനായി പിറന്ന ആ പൈതലിനെ പുത്രനെ പോലെ ഭദ്രമായി രക്ഷിച്ച ഞാന്‍ ഭ്രാതൃഹിതത്തിന് വേണ്ടി പത്ഥ്യം പറഞ്ഞാല്‍ ചെയ്യാതിരിക്കുമോ? ഇങ്ങനെ വിചാരിച്ചു കുന്തി ഉത്തമമായ തന്റെ ആഗ്രഹം സാധിപ്പിക്കുവാന്‍, കാര്യമായി ഒരുങ്ങി, ഗംഗാ തീരത്തേക്കു നടന്നു. ദയാലുവും സത്യപരനുമായ ആ പുത്രന്റെ വേദാദ്ധ്യയന ശബ്ദം കേട്ടു കൊണ്ട്‌ പൃഥ മന്ദം നടന്നു ഗംഗാ തീരത്തെത്തി. കിഴക്കോട്ടു നോക്കി കൈപൊക്കി നിൽക്കുന്ന മകന്റെ പിന്നില്‍ ചെന്നു നിന്നു. ജപം നിര്‍ത്തുന്ന സന്ദര്‍ഭം നോക്കി കാരൃ സാദ്ധ്യത്തെ ഓര്‍ത്തു നോക്കി ആ തപസ്വി നി നിന്നു. കര്‍ണ്ണന്റെ വസ്ത്രത്തിന്റെ നിഴല്‍ സ്ഥലത്ത്‌ സൂര്യാതപമേറ്റ്‌ അവള്‍ നിന്നു. കൗരവൃപത്നിയായ ആ വാര്‍ഷ്ണേയി പത്മിനി പോലെ വാടിത്തളര്‍ന്നു. യതവ്രതനായ കര്‍ണ്ണന്‍ സൂര്യാതപത്തില്‍ ചുട്ടു കൊണ്ടു ജപിച്ചു നിൽക്കെ കണ്ണു തുറന്ന്‌ ഒന്നു നോക്കി. കുന്തിയെ കണ്ട ഉടനെ ഉത്തമോചിതമായ വിധം കുമ്പിട്ടു തൊഴുത്‌ ആദരവോടെ തേജസ്വിയും മാനിയും ധര്‍മ്മിഷ്ഠനും, ഉത്തമനും സൂര്യാത്മജനുമായ വൃഷന്‍, മന്ദസ്മിതത്തോടെ കൈകുപ്പി വിനയപൂര്‍വ്വം പറഞ്ഞു.

145. കുന്തീകര്‍ണ്ണസമാഗമം - കര്‍ണ്ണന്‍ പറഞ്ഞു; രാധേയനായ ആതിരഥിയാണു ഞാന്‍. കര്‍ണ്ണനാണ്‌! ഭവതിയുടെ പാദത്തില്‍ ഞാന്‍ ഇതാ നമസ്കരിക്കുന്നു. അവിടുന്ന്‌ എന്തിനായിട്ടാണു വന്നത്‌? ഞാന്‍ എന്തു ചെയ്യണം എന്നു പറഞ്ഞാലും.

കുന്തി പറഞ്ഞു മകനേ, നീ കൗന്തേയനാണ്‌; രാധേയനല്ല. നീ ആതിരഥിയല്ല. നീ സൂതവംശജനല്ല. എന്റെ വാക്ക്‌ നീ വിശ്വസിക്കുക. കാനീനനാണ്‌, നീ എന്റെ പ്രഥമപുത്രനാണ്‌; എന്റെ ഉദരത്തില്‍ ജന്മമെടുത്തവനാണ്‌; കുന്തിഭോജ ഗൃഹത്തില്‍ വെച്ച്‌ ഞാന്‍ നിന്നെ വയറ്റില്‍ എടുത്തവനാണ്‌; മകനേ നീ പാര്‍ത്ഥനാണ്‌. ലോകം മുഴുവന്‍ പ്രകാശിപ്പിക്കുന്ന തപനനായ ഈ വിരോചന ദേവനാണ്‌ നിന്നെ എന്നില്‍ ജനിപ്പിച്ചത്‌. ശസ്ത്രജ്ഞ മുഖ്യനായ നിന്റെ അച്ഛന്‍ സാക്ഷാല്‍ സൂര്യഭഗവാനാണ്‌. ചട്ടയിട്ടവനും, കുണ്ഡലമണിഞ്ഞവനും, (ശ്രീ വിളങ്ങുന്നവനും, ദുര്‍ദ്ധര്‍ഷനുമായ നീ എന്റെ അച്ഛന്റെ ഗൃഹത്തില്‍ വെച്ചാണു ജനിച്ചത്‌. നീ നിന്റെ അനുജന്മാരെ അറിയാതെയാണ്‌ മോഹത്താല്‍ ധാര്‍ത്തരാഷ്ട്രനെ സേവിക്കുന്നത്‌. ഉണ്ണീ, ഇതു നിനക്ക്‌ ഒട്ടും ചേര്‍ന്നതല്ല. നരന്മാര്‍ക്ക്‌ ഇതാണു ധര്‍മ്മഫലം. ഉണ്ണി, ധര്‍മ്മനിശ്ചയം ഇതാണ്‌. പിതൃക്കളും, പ്രസവിച്ച മാതാവും സന്തോഷിക്കണം എന്നുള്ളതാണ്‌. അര്‍ജ്ജുനന്‍ മുമ്പെ നേടിയതും, ലോഭത്താല്‍ ദുഷ്ടന്മാര്‍ ഹരിച്ചതുമായ യുധിഷ്ഠിരശ്രീയെ നീ ധാര്‍ത്തരാഷ്ട്രന്മാരെ ജയിച്ച്‌ കൈക്കൊണ്ടാലും! ഇന്നു കൗരവര്‍ കര്‍ണ്ണനും അര്‍ജ്ജുനനും തമ്മില്‍ ചേരുന്നതു കാണട്ടെ! സൗഭ്രാത്ര നിലയില്‍ നിങ്ങളെ രണ്ടു പേരേയും കണ്ട്‌ ദുഷ്ടരായ അവര്‍ താഴട്ടെ! കര്‍ണ്ണാര്‍ജ്ജുനന്മാര്‍ രാമകൃഷ്ണന്മാര്‍ എന്ന പോലെ സഹോദര സ്നേഹത്തോടെ നിൽക്കുന്നതു നിങ്ങളുടെ അമ്മയായ ഞാന്‍ കാണട്ടെ! ഹൃദയം ഒന്നായി ഇണങ്ങിയ നിങ്ങള്‍ക്ക്‌ ഊഴിയില്‍ ദുര്‍ല്ലഭമായി എന്തുണ്ട്‌? ഹേ; കര്‍ണ്ണാ! നീ തീര്‍ച്ചയായും അഞ്ചു സോദരന്മാരോടു കൂടി ശോഭിക്കും. യാഗവേദിയില്‍ വാനോരോടു ചേര്‍ന്നു നിൽക്കുന്ന ബ്രഹ്മദേവനെ പോലെ നീ ശോഭിക്കും! ശ്രേഷ്ഠബന്ധുക്കളില്‍ ജ്യേഷ്ഠനും സർവ്വഗുണങ്ങളും തികഞ്ഞവനുമായ നിനക്ക്‌ സൂതപുവ്രന്‍ എന്ന പേരു ചേര്‍ന്നതല്ല ഉണ്ണീ! നീ വീര്യവാനായ പാര്‍ത്ഥനാണ്‌.

146. കുന്തീകര്‍ണ്ണസമാഗമം - വൈശമ്പായനൻ പറഞ്ഞു; ഉടനെ സൂര്യനില്‍ നിന്നും കര്‍ണ്ണന്‍ ഇപ്രകാരം വാക്കു കേട്ടു, അച്ഛനെ പോലെ അര്‍ക്കനും കുന്തിയുടെ അഭിപ്രായം പോലെ തന്നെ പറഞ്ഞു; കുന്തി പറഞ്ഞതു സത്യമാണ്‌. കര്‍ണ്ണാ, നീ അമ്മയുടെ മൊഴി പൂര്‍ണ്ണമായി അനുസരിക്കുക. അങ്ങനെ ചെയ്താല്‍ നിനക്കു ശ്രേയസ്സുണ്ടാകും.

വൈശമ്പായനൻ പറഞ്ഞു: എന്ന് അമ്മയും, അച്ഛനായ സൂര്യനും പറഞ്ഞെങ്കിലും സത്യധൃതിമാനായ കര്‍ണ്ണന്റെ മനസ്സ്‌ ഇളകിയില്ല.

കര്‍ണ്ണന്‍ പറഞ്ഞു; ക്ഷത്രിയേ, ഭവതി പറഞ്ഞ വാക്കില്‍ ഞാന്‍ ശ്രദ്ധ വെക്കുന്നില്ല. ഭവതിയുടെ ആജ്ഞ ചെയ്യുന്നതായാല്‍ എന്റെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗം ഭ്രംശിച്ചു പോകും. എനിക്കു മഹാനാശം സംഭവിക്കുന്ന വിധത്തിലുള്ള ദോഷമാണല്ലേോ ഭവതി എനിക്കു ചെയ്തത്‌. അമ്മേ, ഭവതി എന്നെ ഉപേക്ഷിച്ചത്‌ എന്റെ യശസ്സിനും കീര്‍ത്തിക്കും നാശമാണു ചെയ്തത്‌. ഞാന്‍ ക്ഷത്രജാതനാണെങ്കിലും ക്ഷത്രിയന് ഏല്‍ക്കേണ്ട സല്‍ക്രിയകളൊന്നും എനിക്കു ലഭിച്ചില്ല. ഭവതി ചെയ്തതു പോലെ ഇതിലും വലിയ അഹിതം ശത്രുക്കള്‍ പോലും ചെയ്യുമോ? ക്രിയാകാലത്തില്‍ എന്നോടു കരുണ കാണിക്കാതെ സംസ്കാര സമയം തെറ്റിച്ച്‌ ഇന്നാണല്ലോ എന്നോട്‌ ഈ വര്‍ത്തമാനം അറിയിക്കുന്നത്‌. അമ്മയെ പോലെ എനിക്കു വേണ്ട ഹിതങ്ങള്‍ നീ ചെയ്തതുമില്ല. അങ്ങനെയുള്ള ഭവതി ഇപ്പോള്‍ സ്വന്തം ഹിതം മാത്രം മുന്‍നിര്‍ത്തി, ഇപ്രകാരം പറയുവാന്‍ വരികയാണല്ലോ ചെയ്തിരിക്കുന്നത്‌. കൃഷ്ണനോടു ചേര്‍ന്നു നിൽക്കുന്ന അര്‍ജ്ജുനനെ ഭയപ്പെടാത്തവര്‍ ആരുണ്ട്‌? ഈ ഞാന്‍ അവരോടു കൂടി ഈ സന്ദര്‍ഭത്തില്‍ ചേര്‍ന്നാല്‍ ജനങ്ങള്‍ എന്തുപറയും? കര്‍ണ്ണന്‍ ഭയപ്പെട്ടു കൃഷ്ണാര്‍ജ്ജുനന്മാരോടു ചേര്‍ന്നു എന്ന്. ആദ്യം ഭ്രാതാവാണെന്നറിയാതെ യുദ്ധകാലത്തു മാത്രം അറിഞ്ഞ ആ പങ്കില്‍ ചേര്‍ന്നാല്‍ ക്ഷത്രിയന്മാരൊക്കെ എന്തു പറയും? അമ്മ ഒന്നു ചിന്തിച്ചു നോക്കു! എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തന്ന്‌ സുഖം പോലെ എന്നെ ആദരിച്ചു സ്നേഹിച്ചു നടന്ന ധാര്‍ത്തരാഷ്ട്രന്മാരുടെ ആഗ്രഹങ്ങളെ ഞാന്‍ എങ്ങനെ പാഴാക്കും? ശത്രുക്കളുമായി വൈരമുണ്ടാക്കി എന്നെ അവര്‍ സേവിക്കുന്നു. വസുക്കള്‍ ഇന്ദ്രനെയെന്ന വിധം അവര്‍ എന്നെ നിത്യവും നമിക്കുന്നുമുണ്ട്‌. എന്റെ പ്രാണനാല്‍ ശത്രുക്കളോട് എതിര്‍ക്കുവാന്‍ ശക്തരാണെനും അവര്‍ കരുതുന്നുണ്ട്‌. അവരുടെ ആശ ഞാന്‍ എങ്ങനെ അറുക്കും? ഞാനാകുന്ന പ്ലവത്താല്‍ ദുര്‍ദ്ധര്‍ഷമായ പോരു കടക്കുവാന്‍ മുതിര്‍ന്നവരെ, അപാരത്തില്‍ മറുകര പറ്റുവാന്‍ ആഗ്രഹിച്ചിരിക്കുന്ന അവരെ, ഞാന്‍ തൃജിക്കുന്നതു ശരിയാണോ? ഇതാ ധാര്‍ത്തരാഷ്ട്ര സേവകന്മാര്‍ക്കുള്ള കാലം അടുത്തിരിക്കുന്നു! പ്രാണനെപ്പോലും തൃണവല്‍ഗണിച്ച്‌ അതില്‍ ഞാന്‍ ഇറങ്ങേണ്ട ഘട്ടമാണിത്‌. കൃതാര്‍ത്ഥരായി പോറ്റിയവര്‍ സന്ദര്‍ഭം വരുമ്പോള്‍ ഉപകാരം ചിന്തിക്കാതെ തെറ്റിപ്പോകുന്ന ചഞ്ചല സ്വഭാവികള്‍ ദുഷ്ടരാണ്‌. രാജദ്രോഹികളായി സ്വാമിയുടെ ചോറിന്റെ നന്ദി മുടിക്കുന്ന പാപികള്‍ക്ക്‌ ഇഹവും പരവും കിട്ടുകയില്ല. തീര്‍ച്ചയാണ്‌! ഞാന്‍ ധാര്‍ത്തരാഷ്ട്രന്മാര്‍ക്കു വേണ്ടി ഭവതിയുടെ മക്കളോട്‌ എതിര്‍ക്കുന്നതാണ്‌. എന്റെ സകല ബലവും വീര്യവും ഞാന്‍ അതില്‍ കാണിക്കുകയും ചെയ്യും. ഞാന്‍ അമ്മയോട്‌ അനൃതം പറയുകയില്ല. സല്‍പ്പുമാന്മാര്‍ക്കു ചേര്‍ന്ന ആന്യശംസ്യവും വൃത്തിയും കാത്ത്‌ അര്‍ത്ഥം സാധിക്കുന്നതായാലും ഞാന്‍ ഭവതി പറഞ്ഞ വിധം ചെയ്യുകയില്ല. ഭവതി എന്നില്‍ ചെയ്ത ഈ പ്രയത്നവും പാഴിലായി വരികയില്ല. പോരില്‍ അര്‍ജ്ജുനനെ കൂടാതെ അമ്മയുടെ മറ്റു മക്കളെ ആരേയും, കൊല്ലുവാന്‍ സന്ദര്‍ഭം ലഭിച്ചാലും ഞാന്‍ കൊല്ലുകയില്ല. ധര്‍മ്മപുത്രനേയും, ഭീമനേയും, യമന്മാരേയും കൊല്ലാന്‍ സന്ദര്‍ഭം ഒത്താലും കൊല്ലുകയില്ലെന്ന്‌ ഉറപ്പു തരുന്നു. യുധിഷ്ഠിര ബലത്തില്‍ അര്‍ജ്ജുനനുമായി ഞാന്‍ ഏറ്റുമുട്ടും. പോരില്‍ അര്‍ജ്ജുനനെ കൊന്നാല്‍ എന്റെ ജന്മം സഫലമായി. അല്ലെങ്കില്‍ സവ്യസാചി എന്നെ വധിച്ച്‌ യശസ്വിയായെന്നും വരാം. അമ്മേ! ഭവതിയുടെ അഞ്ചുമക്കള്‍ ഒരിക്കലും മരിക്കുകയില്ല. പാര്‍ത്ഥന്‍ മരിച്ചാല്‍ അവര്‍ സകര്‍ണ്ണന്മാരായ പാണ്ഡവന്മാരാകും. ഞാന്‍ മരിച്ചാല്‍ അര്‍ജ്ജുനാന്വിതരായ പാണ്ഡവന്മാര്‍ തന്നെ!

ഇപ്രകാരം കര്‍ണ്ണന്‍ പറഞ്ഞതു കേട്ടു കുന്തി ദുഃഖത്താല്‍ വിറച്ചു. ധീരനായി, നിശ്ചലനായി, നിൽക്കുന്ന തന്റെ പുത്രനെ, കര്‍ണ്ണനെ ഗാഢമായി കെട്ടിപ്പിടിച്ചു പറഞ്ഞു: കര്‍ണ്ണാ! നീ പറഞ്ഞ പോലെ വരും! കുരുക്കളൊക്കെ നശിക്കും! അങ്ങനെ തന്നെ എല്ലാം സംഭവിക്കും, ദൈവം ബലമുള്ളതല്ലേ! കര്‍ണ്ണാ, യുദ്ധത്തില്‍ നാലു സഹോദരന്മാര്‍ക്കും അഭയം നല്കിയെന്നു നീ ധരിക്കണം! അനാമയം! സ്വസ്തി! എന്നു കുന്തി കര്‍ണ്ണനോടു പറഞ്ഞു.

ആട്ടെ! അപ്രകാരം തന്നെ എന്നു കര്‍ണ്ണന്‍ കുന്തിയോടു മറുപടി പറഞ്ഞു. അവര്‍ രണ്ടുപേരും പിരിഞ്ഞു.

147. ഭഗവദ് വാകൃം - വൈശമ്പായനന്‍ പറഞ്ഞു: ഹസ്തിനാപുരം വിട്ടു കൃഷ്ണന്‍ ഉപപ്ലാവൃത്തിലെത്തി. ഹസ്തിനാപുരത്തില്‍ നടന്ന സംഭവങ്ങളൊക്കെ അച്യുതന്‍ പാര്‍ത്ഥരോടു പറഞ്ഞു. ഏറെ സമയം നേരമ്പോക്കുകള്‍ പറഞ്ഞ്‌ ആലോചിച്ചതിന് ശേഷം തളര്‍ച്ച തീര്‍ക്കുവാന്‍ ശൗരി തന്റെ ഗൃഹത്തിലേക്കു പോയി. വിരാടന്‍ മുതലായ മന്നവന്മാരെയൊക്കെ വിട്ടയച്ചതിന് ശേഷം, സൂര്യാസ്തമനം കഴിഞ്ഞ്‌, പാണ്ഡവന്മാര്‍ അഞ്ചു പേരും സന്ധ്യാവന്ദനം ചെയ്തു. പിന്നെ കൃഷ്ണനെ വരുത്തി, കാര്യാലോചനയില്‍ പ്രവേശിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാന്‍ ഹസ്തിനാപുരത്തു ചെന്നു സഭയില്‍ വെച്ചു ധാര്‍ത്തരാഷ്ട്രനോട്‌ എന്തൊക്കെയാണു പറഞ്ഞത്‌. എല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വാസുദേവന്‍ പറഞ്ഞു; ഞാന്‍ നാഗപുരിയില്‍ ചെന്നു സഭയില്‍ ധാര്‍ത്തരാഷ്ട്രനെ കണ്ട്‌ തത്ഥ്യവും ഹിതവും പത്ഥ്യവുമായ കാര്യങ്ങള്‍ സംസാരിച്ചു. എന്നാൽ ദുര്‍മ്മതിയായ അവന്‍ അതൊനും കൈക്കൊള്ളുക ഉണ്ടായില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: അവന്‍ ദുര്‍വ്വാശിയോടു കൂടി നിൽക്കുമ്പോള്‍ കുരുവൃദ്ധനായ പിതാമഹന്‍ അമര്‍ഷിയായ ദുര്യോധനനോട്‌ എന്താണു കല്പിച്ചത്‌? ഗുരുവായ ദ്രോണൻഎന്തു പറഞ്ഞു? ഗാന്ധാരിയും ധൃതരാഷ്ട്രനും എന്തു പറഞ്ഞു? ഞങ്ങളുടെ ഇളയച്ഛനും, ധര്‍മ്മവിത്തമനുമായ വിദുരന്‍ പുതശോകാര്‍ത്തനായി എന്താണു ധാര്‍ത്തരാഷ്ട്രനോടു പറഞ്ഞത്‌? എന്നു മാത്രമല്ല സഭയില്‍ കൂടിയിരിക്കുന്ന എല്ലാ മന്നവന്മാരും എന്തൊക്കെയാണു പറഞ്ഞത്‌?. അതൊക്കെ ശരിക്ക്‌ അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. അവിടെ വെച്ചു ഭവാന്‍ പറഞ്ഞതും, കുരുമുഖ്യന്മാര്‍ പറഞ്ഞതും കാമലോഭാന്ധനായ ദുര്യോധനന്, പ്രജ്ഞാമാനിയായ ആ മന്ദബുദ്ധിക്ക്‌, അപ്രിയമായി തോന്നാം. അതൊക്കെ കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ പറഞ്ഞതും കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. കാലം തെറ്റാതെ വേണ്ടതൊക്കെ ഭവാന്‍ ചെയ്യണം. അങ്ങയല്ലാതെ ഞങ്ങള്‍ക്കു വേറെ ആശ്രയമില്ലല്ലോ? അങ്ങ്‌ ഞങ്ങള്‍ക്കു ഗുരുവുമാണ്‌.

വാസുദേവന്‍ പറഞ്ഞു: രാജാവേ. കുരുമദ്ധ്യത്തില്‍ സഭയില്‍ വെച്ചു ദുര്യോധന രാജാവിനോടു പറഞ്ഞതു ഞാന്‍ പറയാം. ഞാന്‍ വാക്കുകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ധൃതരാഷ്ട്രപുത്രന്‍ പൊട്ടിച്ചിരിച്ചു. അപ്പോള്‍ ക്രോധിച്ചു ഭീഷ്മൻ പറഞ്ഞു: "എടോ ദുര്യോധനാ, നീ ധരിക്കൂ! കുലത്തിന്റെ രക്ഷയ്ക്കു വേണ്ടി ഞാന്‍ പറഞ്ഞതു കേള്‍ക്കു. അതുകേട്ടു കുലഹിതമായ കാര്യം ചെയ്യുക! എന്റെ അച്ഛനായ ശന്തനു ലോകത്തില്‍ പ്രസിദ്ധി സമ്പാദിച്ച രാജാവായിരുന്നു. അവന്റെ ഏകപുത്രനാണ്‌ ഞാന്‍. പുത്രന്മാരില്‍ ഉത്തമനാണ്‌ ഞാനെന്നു തോന്നിയാലും എന്റെ അച്ഛന് രണ്ടാമതായി ഒരു പുത്രന്‍ കൂടെ ഉണ്ടാകണം എന്ന്‌ ആഗ്രഹമുണ്ടായി. അതെങ്ങനെയുണ്ടാകും? ഏകപുത്രത്വം അപുത്രത്വമാണെന്നു മനീഷികള്‍ പറയുന്നു. കുലച്ഛേദം വരാതിരിക്കുവാനും യശസ്സു വര്‍ദ്ധിപ്പിക്കുവാനും വേണ്ടി ഞാന്‍ സതൃവതിയമ്മയെ അച്ഛന് വേണ്ടി കൂട്ടിക്കൊണ്ടു വന്നു. എന്റെ അച്ഛനു വേണ്ടിയും കുലത്തിന് വേണ്ടിയും ഉഗ്രമായ ഒരു ശപഥം ചെയ്തിട്ടാണ്‌ ആ സംഭവം നടത്തിയത്‌. ആ രാജാവ്‌ ഊര്‍ദ്ധ്വരേതസ്സായി (ഇന്ദ്രിയനിഗ്രഹം ചെയ്തവനായി) തീര്‍ന്നു. നീ ഈ ചരിത്രമൊക്കെ അറിയുന്നവനാണ്‌. അങ്ങനെ സത്യം രക്ഷിച്ചു ഞാന്‍ ഇവിടെ സസന്തോഷം പാര്‍ക്കുകയാണ്‌.

അവര്‍ക്കു മഹാബാഹുവും ശ്രീമാനും കുരുകുലോദ്വഹനുമായി വിചിത്രവീര്യൻ എന്റെ അനുജനായി പിറന്നു. അച്ഛന്‍ മരിച്ചതിന് ശേഷം ഞാന്‍ അവന് രാജ്യം നല്കി. വിചിത്രവീര്യ രാജാവിന് ഭൃത്യനായി ഞാന്‍ കീഴില്‍ നിന്നു. അവന് വേണ്ടി അവന് ചേര്‍ന്ന ഭാര്യമാരെ ബലമായി കൊണ്ടു വന്നു കൊടുത്തു. സ്വയം വരത്തിന്നെത്തിയ രാജാക്കന്മാരെയൊക്കെ ജയിച്ചിട്ടാണ്‌ കൊണ്ടു വന്നതെനും നീ കേട്ടിരിക്കും. പിന്നെ രാമനുമായി പോരില്‍ ഞാന്‍ ദ്വന്ദ്വയുദ്ധം നടത്തി. രാമനെ പേടിച്ചു പൗരന്മാര്‍

വിചിത്രവീര്യ രാജാവിനെ മറ്റൊരിടത്തേക്കു മാറ്റി. ഭാര്യമാരില്‍ അതിസക്തി കാരണം അവന് ക്ഷയരോഗം ബാധിച്ചു. രാജാവില്ലാത്ത രാജ്യത്ത്‌ ഇന്ദ്രന്‍ വര്‍ഷിക്കാതായി. വിശന്നുഴന്ന നാട്ടുകാര്‍ എന്റെ പാര്‍ശ്വത്തിലെത്തി.

പ്രജകള്‍ ഇപ്രകാരം പറഞ്ഞു; പ്രജകളൊക്കെ ക്ഷീണിച്ചിരിക്കുന്നു. ഭവാന്‍ രാജാവാകണം. ഊതിബാധകള്‍ നീക്കിയാലും. നാട്ടുകാരൊക്കെ ഘോരമായ വ്യാധിയില്‍ പെട്ടു വളരെ ക്ഷയിച്ചിരിക്കുന്നു. ഭവാന്‍ രക്ഷിക്കണം. വ്യാധി മാറ്റിയാലും! ധര്‍മ്മത്താല്‍ പ്രജകളെ രക്ഷിച്ചാലും. ഭവാന്‍ ജീവിച്ചിരിക്കുമ്പോള്‍ നാട്‌ ഇങ്ങനെ മുടിയുവാന്‍ വിടരുത്‌.

ഈ പ്രാര്‍ത്ഥന കേട്ടപ്പോഴും എന്റെ മനസ്സിളകിയില്ല. ഞാന്‍ സത്യം രക്ഷിച്ചു സമൃദ്ധിയെ കാത്തിരിക്കുകയായിരുന്നു. പിന്നെ പൗരന്മാരും, ശുഭയായ എന്റെ മാതാവ്‌ കാളിയും, പുരോഹിതാചാരൃ ജനങ്ങളും, വിപ്രന്മാരും എന്റെ അടുത്തു വന്നു രാജാവാകുവാന്‍ വ്യസനത്തോടെ അഭ്യര്‍ത്ഥിച്ചു. പ്രതീപ രാജാവ്‌ (ശന്തനുവിന്റെ പിതാവ്‌) സംരക്ഷിച്ച ഈ രാജ്യം ഭവാനില്‍ വന്നു ചേര്‍ന്നിട്ട് ഇപ്പോള്‍ നശിക്കുവാന്‍ പോകുന്നു. ഭവാന്‍ ഞങ്ങള്‍ക്കു നന്മയ്ക്കായി രാജാവാകണേ! ഇപ്രകാരം അവര്‍ പറഞ്ഞപ്പോള്‍ ദുഃഖത്തോടെ ഞാന്‍ തൊഴുത്‌ അവിടെ വെച്ചു പിതൃഗൗരവം മൂലം എന്റെ സതൃത്തെപ്പറ്റി പറഞ്ഞു. ഊര്‍ദ്ധ്വരേതസ്സായ രാജാവിനു വേണ്ടിയല്ല, ഈ കുലത്തിനു വേണ്ടിയാണ്‌ പറയുന്നതെന്നും നീ മൂലമാണു ഞാന്‍ ഈ കുലത്തിൽ എത്തിയതെന്നും അങ്ങനെയുള്ള എന്നില്‍ നീ ഈ ഭാരം കയറ്റി വെയ്ക്കരുത് എന്നും അമ്മ പറഞ്ഞു. ഇപ്രകാരം അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ തൊഴുത്‌ അമ്മയെ പ്രസാദിപ്പിച്ചു പറഞ്ഞു: "അമ്മേ, ഞാന്‍ ശന്തനുവിന്റെ പുത്രനാണ്‌. കുരുവംശത്തെ വഹിക്കുന്നവനാണ്‌. ഞാന്‍ സത്യത്തെ പാഴിലാക്കുകയില്ല" എന്നു ദുര്യോധനാ! ഞാന്‍ വീണ്ടും പറഞ്ഞു. വിശേഷിച്ചും അമ്മയ്ക്കു വേണ്ടിയാണു ഞാന്‍ ഇങ്ങനെ ഒരു സത്യം ചെയ്യുവാന്‍ സന്നദ്ധനായതും. പുതവ്രത്സലേ, ഞാന്‍ ഭവതിക്കു പ്രേഷ്യനും ദാസനുമാണ്‌, എന്നു പറഞ്ഞു ഞാന്‍ അമ്മയേയും നാട്ടുകാരേയും ബോദ്ധ്യപ്പെടുത്തി. പിന്നെ ഭ്രാതൃദയിതകളില്‍ വ്യാസമുനീന്ദ്രനെ പ്രസാദിപ്പിച്ചു. അമ്മയുടെ ആഗ്രഹ പ്രകാരം മൂന്നു പുത്രന്മാരെ ഉത്ഭവിപ്പിച്ചു. അന്ധനായ നിന്റെ അച്ഛന്‍ കരണക്ഷയം മൂലം രാജാവായില്ല. മഹാത്മാവും. വിശ്വവിശ്രുതനുമായ പാണ്ഡു രാജാവായി. അവന്‍ രാജാവായപ്പോള്‍ അവന്റെ പുത്രന്മാര്‍ പിതൃദായാംശ ഭാഗികളായി തീര്‍ന്നു. അവരുമായി നീ കലഹിക്കരുത്‌. ഉണ്ണീ, പകുതി രാജ്യം അവര്‍ക്കു നല്കുക! ഞാന്‍ ജീവിച്ചിരിക്കെ മറ്റാരും രാജ്യം ഭരിക്കാന്‍ അവകാശികളല്ല. ഇതിന്റെയെല്ലാം അധികാരി ഞാനാണ്‌. എന്റെ വാക്ക്‌ നീ നിരസിക്കരുത്‌. ഞാന്‍ നിങ്ങളില്‍ ശമം കാംക്ഷിക്കുന്നവനാണ്‌. എനിക്കു നിന്നിലും അവരിലും യാതൊരു ഭേദബുദ്ധിയുമില്ല. നിന്റെ അച്ഛനും അമ്മയ്ക്കും വിദുരനും ഇതു തന്നെയാണു മതം. വൃദ്ധന്മാര്‍ പറയുന്നതു കേള്‍ക്കണം. എന്റെ വാക്കില്‍ നീ സംശയിക്കരുത്‌. നീ ലോകത്തെ മുഴുവനും, തന്നേയും മുടിക്കരുത്‌.

148. കൃഷ്ണവാക്യം - വാസുദേവന്‍ പറഞ്ഞു; ഭീഷ്മൻ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാകൃവിചക്ഷണനായ ദ്രോണൻ സഭാ മദ്ധ്യത്തില്‍ വെച്ചു ദുര്യോധനനോടു പറഞ്ഞു.

ദ്രോണന്‍ പറഞ്ഞു: എങ്ങനെ പ്രതീപജനായ ശന്തനു ഈ കുലത്തിന് വേണ്ടി നിന്നുവോ, എങ്ങനെ ദേവവ്രതനായ ഭീഷ്മനും ഈ കുലത്തിനു വേണ്ടി നിന്നുവോ, അങ്ങനെ തന്നെ സത്യസന്ധനും ജിതേന്ദ്രിയനും ധര്‍മ്മബുദ്ധിയും സുവ്രതനും ശ്രദ്ധാലുവും കുരുരാജനുമായ പാണ്ഡുരാജാവും നിന്നു. വംശവര്‍ദ്ധനനായ അദ്ദേഹം തന്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രനും അനുജനായ വിദുരനും വേണ്ടുവോളം രാജ്യം നല്കി. വീഴ്ചയില്ലാത്ത ഇവനെ സിംഹാസനത്തിലിരുത്തി ഭാര്യമാരോടു കൂടി രാജാവു വനവാസത്തിന് പോയി. താഴ്ന്നു നിന്നു നരവ്യാഘ്രനായ വിദുരന്‍ വിനയത്തോടെ പ്രേഷ്യനെ പോലെ വെണ്‍ചാമരം വീശിയും മറ്റും സേവിച്ചു. പിന്നെ പ്രജകളൊക്കെ ധൃതരാഷ്ട്രനെ പാണ്ഡുവിനെ പോലെ വിധിപ്രകാരം സ്വീകരിച്ച്‌ ആദരിച്ചു. നാട് ധൃതരാഷ്ട്രനും വിദുരനും നല്കിയ ശേഷം പരപുരഞ്ജയനായ പാണ്ഡു മന്നിലെല്ലാടവും ചുറ്റി സഞ്ചരിച്ചു. സ്വത്ത്‌ഏൽക്കുവാനും കൊടുക്കുവാനും ഭൃത്യരെ നോക്കുവാനും എല്ലാം ഭരിക്കുവാനും അന്ധനായ ധൃതരാഷ്ട്രനെ സഹായിക്കുവാന്‍ സതൃസംഗരനായ വിദുരന്‍ കൂടെ ഉണ്ടായിരുന്നു. തേജസ്സേറുന്ന ഭീഷ്മൻ എല്ലാം നോക്കിപ്പാലിച്ചു. മഹാത്മാവായ വിദുരന്‍ എപ്പോഴും സേവ ചെയ്തു കൊണ്ടു നിന്നു. ധൃതരാഷ്ട്രന്‍ സിംഹാസനത്തില്‍ ഇരുന്നു രാജ്യഭരണം നടത്തി. അവന്റെ കുലജനായ നീ കുലച്ഛിദ്രം തുടങ്ങുകയാണോ? ഭ്രാതാക്കളോടു കൂടി സുഖങ്ങളൊക്കെ നീ അനുഭവിക്കൂ രാജാവേ! പേടി കൊണ്ടോ, ദുര കൊണ്ടോ അല്ല ഞാന്‍ പറയുന്നത്‌. നിന്നില്‍ നിന്നു ജീവനോപായം ഞാന്‍ ഇച്ഛിക്കുന്നുമില്ല. ഭീഷ്മൻ തന്നതാണ്‌ ഇപ്പോഴും ഞാന്‍ അനുഭവിക്കുന്നത്‌. ഭീഷ്മൻ എവിടെയുണ്ടോ അവിടെ ദ്രോണനുമുണ്ട്‌. അതു കൊണ്ടു നീ ഭീഷ്മൻ പറയുന്നതു ചെയ്യുക. ഹേ അരികര്‍ശനാ, പാണ്ഡവന്മാര്‍ക്കു പകുതി രാജ്യം നീ നല്കുക! ആചാര്യത്വം നിന്നിലും അവരിലും എനിക്കു തുല്യമാണ്‌. എനിക്ക്‌ അശ്വത്ഥാമാവ്‌ എപ്രകാരമോ. അപ്രകാരം തന്നെയാണ്‌ പാര്‍ത്ഥനും. എന്തിനധികം പറയുന്നു, എവിടെ ധര്‍മ്മമുണ്ടോ, അവിടെ ജയമുണ്ട്‌.

വാസുദേവന്‍ പറഞ്ഞു: തേജസ്സേറിയ ദ്രോണൻ ഇപ്രകാരം പറഞ്ഞു നിര്‍ത്തിയപ്പോള്‍ അതിധാര്‍മ്മികനും, സത്യസംഗരനുമായ വിദുരന്‍ പിതാവിന്റെ മുഖത്ത്‌ ഒന്നു നോക്കിയതിനു ശേഷം തിരിഞ്ഞ്‌ ഇപ്രകാരം പറഞ്ഞു.

വിദുരന്‍ പറഞ്ഞു: ഹേ ദേവവ്രതാ! ഞാന്‍ പറയുന്ന വാക്കുകള്‍ ഭവാന്‍ കേട്ടാലും. നശിച്ച കൗരവകുലത്തെ വീണ്ടും ഉദ്ധരിച്ചവനാണല്ലോ ഭവാന്‍. ഞാന്‍ വിലപിച്ചു പറയുന്ന വാക്കു കേട്ടിട്ടും ഭവാന്‍ എന്താണ്‌ അതില്‍ ഉദാസീനനാകുന്നത്‌?; ഈ ദുര്യോധനന്‍ ആരാണ്‌ ഈ കുലത്തിന്? ഇവന്‍ കുലപാസനനാണ്‌. അനാത്യനും, അറിവില്ലാത്തവനും ലോഭം കൊണ്ട്‌ ഉള്ളു കെട്ടവനുമാണ്‌. ലോഭാന്ധനായ ഇവന്റെ മതി ഭവാന്‍ പിന്തുടരുകയാണോ? ധര്‍മ്മാര്‍ത്ഥദര്‍ശിയായ അച്ഛന്‍ പറഞ്ഞതും തള്ളിക്കളഞ്ഞവനാണ്‌ ഇവന്‍. ദുര്യോധനന്‍ ചെയ്ത കര്‍മ്മം കൊണ്ട്‌ ഈ കൗരവന്മാര്‍ അവസാനിക്കും. അവര്‍ക്കു നാശമേൽക്കാത്ത വിധം ഭവാന്‍ ചെയ്താലും. ധൃതരാഷ്ട്രനേയും എന്നേയും മുമ്പേ തന്നെ ചിത്രത്തില്‍ ചിതക്രാരന്‍ എന്ന വിധം ഇരുത്തുകയല്ലേ ഭവാന്‍ ചെയ്യുന്നത്‌? പ്രജേശന്‍ പ്രജകളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നതു പോലെയാണ്‌ ഭവാന്റെ പ്രവൃത്തി. കുലക്ഷയം കണ്ടും കൊണ്ട്‌ ഉപേക്ഷ കാണിക്കരുതേ! അതോ നാശമടുത്തപ്പോള്‍ ഭവാന്റെ ബുദ്ധി നശിച്ചു പോയോ? അങ്ങ്‌ എന്നോടും ധൃതരാഷ്ട്രനോടും കൂടി കാടു കയറുക. വനവാസമാണ്‌ ഇനി നല്ലത്‌. ഈ ചതിയനും ദുഷ്ടനുമായ ധാര്‍ത്തരാഷ്ട്രനെ പിടിച്ചു കെട്ടിയിട്ടു പാണ്ഡവന്മാര്‍ക്കു രാജ്യം ഏല്പിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഹേ, നരവ്യാഘ്രാ! പ്രസാദിച്ചാലും! വലുതായ ലോകക്ഷയം ഞാന്‍ കാണുന്നു! പാണ്ഡവന്മാര്‍ക്കും കൗരവന്മാര്‍ക്കും തേജസ്വികളായ മറ്റു രാജാക്കന്മാര്‍ക്കും ഒക്കെ മഹാക്ഷയം അടുത്തിരിക്കുന്നതായി ഞാന്‍ കാണുന്നു. ഇപ്രകാരം പറഞ്ഞ്‌ വിദുരന്‍ മനസ്സു മങ്ങി അടങ്ങി, ധ്യാനനിമഗ്നനായി വീണ്ടും നെടുവീര്‍പ്പിട്ടു.

ഉടനെ സുബല പുത്രിയായ ഗാന്ധാരി അന്വയ നാശത്തില്‍ ഭയപ്പെട്ട്‌ പാപിയായ തന്റെ പുത്രനോട്‌, രാജാക്കന്മാര്‍ കേള്‍ക്കെ, കോപത്തോടെ പറയുവാന്‍ തുടങ്ങി: രാജാക്കന്മാരും സഭയില്‍ സന്നിഹിതരായിരിക്കുന്ന മന്ത്രിമാരും ബ്രഹ്മര്‍ഷിമാരും മറ്റു സദസ്യരും ഞാന്‍ പറയുന്നതു കേള്‍ക്കുക. പാപിയായ നീ അമാതൃന്മാരോടു കൂടി ചെയ്ത കുറ്റങ്ങള്‍ ഞാന്‍ പറയുന്നു. എടോ, ദുര്യോധനാ! നമ്മുടെ വംശധര്‍മ്മം വയസ്സില്‍ മൂത്തവന്‍ നാടുവാഴുക എന്നതാണ്‌. എടാ ദുഷ്ടാ, നീ അനിതി ചെയ്തു വംശം നശിപ്പിക്കുവാനാണോ പുറപ്പാട്‌? രാജ്യം വാഴുന്നവന്‍ ധൃതരാഷ്ട്രനാണ്‌. അച്ഛന്‍ ബുദ്ധിമാനാണ്‌. മന്ത്രി വിദുരനാണ്‌. അവന്‍ ദീര്‍ഘദര്‍ശിയുമാണ്‌. ഈ രാജാവും മന്ത്രിയും ഇവിടെ രാജ്യം ഭരിക്കുമ്പോള്‍ അവരെ ധിക്കരിച്ചു നീ എന്തു ന്യായത്തിന്മേലാണ്‌ രാജാവായി നടിക്കുന്നത്‌? രാജാവും ഈ വിദുരനും ഭീഷ്മനുമുള്ളപ്പോള്‍ നിങ്ങളൊക്കെ സ്വതന്ത്രന്മാരല്ല, പരതന്ത്രരാണ്‌. ഭിഷ്മനാണെങ്കില്‍ ധര്‍മ്മജ്ഞത്വം മൂലം രാജ്യം കാംക്ഷിക്കുന്നില്ല. രാജ്യത്തെപ്പറ്റി പിന്നെ ചിന്തിക്കുകയാണെങ്കില്‍ ഈ കാണപ്പെട്ടതൊക്കെ പാണ്ഡവന്മാര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. പൈതാമഹമായ പുത്രപൗത്രക്രമം, നടപടിക്രമം, നോക്കുമ്പോള്‍ നിങ്ങള്‍ക്കാര്‍ക്കും അവകാശപ്പെട്ടതല്ല ഈ രാജ്യം. സ്വധര്‍മ്മത്താല്‍ നാടു രക്ഷിച്ചു വാഴേണ്ടവര്‍ മാത്രമാണു നിങ്ങള്‍. മഹാവ്രതനായ ഭീഷ്മന്റെ അനുവാദത്തോടു കൂടി രാജാവും വിദുരനും ചേര്‍ന്നു പറയുന്ന വാക്കു കേട്ട്‌ അതു പോലെ ദീര്‍ഘകാലം ചെയ്യുക. അതാണ്‌ സുഹൃത്തുക്കളുടെ ധര്‍മ്മം. ന്യായപ്രകാരം കൗരവന്മാരുടെ രാജ്യം ഭരിക്കുവാന്‍ അവകാശി യുധിഷ്ഠിരനാണ്‌. ഭീഷ്മൻ മുമ്പേ വാഴിച്ച രാജാവ്‌ ധൃതരാഷ്ട്രനാണ്‌. അദ്ദേഹം പറയുന്നത്‌ അനുസരിക്കുക മാത്രമാണ്‌ നിന്റെ കടമ. അദ്ദേഹം യുധിഷ്ഠിരന്‍ ഭരിക്കണം എന്നു പറയുമ്പോള്‍ അതിനെ ധിക്കരിക്കുവാനുള്ള അവകാശം നിനക്കില്ല.

149. ധൃതരാഷ്ട്രവാകൃകഥനം - വാസുദേവന്‍ പറഞ്ഞു: ഗാന്ധാരി ഇങ്ങനെ പറഞ്ഞപ്പോള്‍ ധൃതരാഷ്ട്ര രാജാവ്‌ രാജമദ്ധൃത്തില്‍ വെച്ച്‌ ഇപ്രകാരം പറഞ്ഞു.

മകനേ, ദുര്യോധനാ, നീ ഞാന്‍ പറയുന്നതു കേള്‍ക്കൂ! പിതാവാണ്‌ പറയുന്നത്‌. പിതൃ ഗൗരവത്തെ തികച്ചും നീ മാനിച്ചു ചെയ്യുക. എന്നാൽ നിനക്കു ശുഭം സിദ്ധിക്കും. ആദ്യത്തെ പ്രജേശ്വരന്‍ സോമനാണ്‌. അദ്ദേഹമാണ്‌ കുരുവംശത്തിന്റെ കര്‍ത്താവ്‌. സോമനില്‍ നിന്ന്‌ ആറാമത്തെ രാജാവാണ്‌ നഹുഷാത്മജനായ യയാതി. ആ രാജാവിന് രാജര്‍ഷിമാരായി അഞ്ചു പുത്രന്മാര്‍ ഉണ്ടായി. തേജസ്വികളായ അവരില്‍ പ്രഭുവായി ഭവിച്ചത്‌ യദുവാണ്‌. ആ അഞ്ചുമക്കളില്‍ ഇളയവനായ പൂരുവാണ്‌ നമ്മുടെ വംശത്തിന്റെ കര്‍ത്താവ്‌. അവന്‍ വൃഷപര്‍വ്വാവിന്റെ പുത്രിയായ ശര്‍മ്മിഷ്ഠയുടെ പുത്രനാണ്‌. യദു ദേവയാനിയുടെ പുത്രനാണ്‌. തേജസ്വിയായ ശുക്ര മഹര്‍ഷിയുടെ പുത്രിയാണ്‌ ദേവയാനി. അവള്‍ പ്രസവിച്ചുണ്ടായ പുത്രനാണ്‌ യദു. അവന്‍ ബലവാനും വീരൃവാനുമായിരുന്നു. അവനില്‍ നിന്നാണ്‌ യാദവ വംശം ഉണ്ടായത്‌. ഗര്‍വ്വിഷ്ഠനായ അവന്‍ ക്ഷത്രിയരെ ഒക്കെ നിന്ദിച്ചു. പരബലനായ അവന്‍ ബലദര്‍പ്പ വിമോഹിതനായി ഭ്രാതാക്കന്മാരെ ധിക്കരിച്ചു. ഭൂമിയുടെ നാലതിരിന്റെ ഉള്ളില്‍ അവന്‍ മഹാബലവാനായി നിന്നു. രാജാക്കന്മാരെയൊക്കെ കീഴടക്കി ഹസ്തിനാപുരിയില്‍ വാണു. ആ പുത്രനെ അവന്റെ അച്ഛനായ യയാതി രാജ്യത്തു നിന്നു പുറത്താക്കുകയും ശപിക്കുകയും ചെയ്തു. അവനോടു ചേര്‍ന്നു നിന്ന അവന്റെ അനുജന്മാരേയും അച്ഛന്‍ കോപിച്ചു ശപിച്ചു. എന്നാൽ ഇളയ പുത്രനായ പൂരു മാത്രം അച്ഛന്റെ ഇഷ്ടം നോക്കി അനുസരണത്തോടെ നിന്നു. തനിക്കു വിധേയനായി നിന്ന പൂരുവിനോട്‌ അച്ഛനു തൃപ്തിയും സന്തോഷവും തോന്നി. യയാതി തന്റെ ഇളയ പുത്രനായ പൂരുവിനെ രാജാവാക്കി വാഴിച്ചു. ഇങ്ങനെയാണ്‌ നമ്മുടെ വംശത്തിന്റെ പൂര്‍വ്വ ചരിത്രം. അച്ഛനെ അനുസരിക്കാത്ത പുത്രന്മാര്‍ക്ക്‌ അച്ഛന്‍ രാജ്യം നല്കുകയില്ല. അതിന് ആ പുത്രന്‍ അര്‍ഹിക്കുന്നുമില്ല. ആ പാരമ്പര്യമുറ അനുസരിച്ച്‌, ആചാരമര്യാദ അനുസരിച്ച്‌, ഗര്‍വ്വിഷ്ഠനായ നിനക്കും രാജ്യത്തിന് അവകാശം ലഭിക്കുകയില്ല. ജ്യേഷ്ഠനാണെന്നു വന്നാലും അവന് രാജ്യം ലഭിക്കുകയില്ല. വൃദ്ധന്മാരെ ഭജിക്കുകയാണെങ്കില്‍ ഇളയവനും നാടുവാഴും. സര്‍വ്വധര്‍മ്മജ്ഞനായ എന്റെ അച്ഛന്റെ പിതാമഹന്‍, പ്രതീപ രാജാവ്‌, മൂന്നു ലോകത്തിലും പേരു കേട്ടവനായിരുന്നു. അദ്ദേഹത്തിന് മൂന്നു പുത്രന്മാരുണ്ടായിരുന്നു. ദേവാപി, ബാല്‍ഹീകന്‍, ശന്തനു ഇവരായിരുന്നു ആ മൂന്നു പേര്‍. അതില്‍ മൂന്നാമനായ ശന്തനുവാണ്‌ എന്റെ പിതാമഹന്‍. ദേവാപി തേജസ്വിയായിരുന്നെങ്കിലും ത്വക് രോഗി ആയിരുന്നു. അവന്‍ ധാര്‍മ്മികനും സത്യസന്ധനും സർവ്വഭൂതഹിതകാരിയും, അച്ഛനും ബ്രാഹ്മണര്‍ക്കും വിധേയനും, ഭ്രാതൃ പ്രിയനുമായിരുന്നു. കാലമായപ്പോള്‍ വൃദ്ധനായ രാജാവ്‌ ദേവാപിയെ ശാസ്ത്രാനുസരണം രാജാവായിഅഭിഷേകം ചെയ്യുവാന്‍ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞപ്പോള്‍ സംഭവം തകരാറിലായി. അഭിഷേകം നടത്തുവാന്‍ ബ്രാഹ്മണ ശ്രേഷ്ഠന്മാര്‍ സമ്മതിച്ചില്ല. എല്ലാ ഗുണങ്ങളും തികഞ്ഞവനാണെങ്കിലും അവന്‍ ത്വക്ദോഷ ദുഷിതനാകയാല്‍ ദേവകള്‍ കൊണ്ടാടുക യില്ലെന്നായിരുന്നു തടസ്സവാദം. രാജാവ്‌ ദുഃഖിതനായി. വിവരം ഗ്രഹിച്ച ദേവാപി രാജ്യം വേണ്ടെന്നു വച്ചു കാടു കയറി. ശോകാര്‍ത്തനായ ബാല്‍ഹീകന്‍ രാജ്യം വിട്ട്‌ പിതൃഭ്രാതാക്കളെ വെടിഞ്ഞ്‌ മാതുല ഗൃഹത്തിലേക്കും പോയി. ബാല്‍ഹികന്റെ സമ്മതത്തോടു കൂടി പുഷ്ടമായ രാജ്യത്തെ ശന്തനു നേടി. അച്ഛന്‍ മരിച്ചതിന് ശേഷം രാജ്യം പരിപാലിച്ചു. അപ്രകാരമാണ്‌ എനിക്കും സംഭവിച്ചത്‌. അംഗഹീനനാണ്‌ ജ്യേഷ്ഠനെന്നുവച്ച്‌ അനുജനായ പാണ്ഡു എന്നെ വിട്ടു രാജാവായി വാണു. അങ്ങനെ പാരമ്പര്യവും നടപടിക്രമവും അനുസരിച്ചു ഞാന്‍ രാജ്യത്തിന് അര്‍ഹനല്ല; അവകാശിയുമല്ല. പിന്നെ എങ്ങനെയാണ്‌ നീ അവകാശിയാവുക? അവകാശമില്ലാത്തതിനെ നീ കാംക്ഷിക്കുന്നത്‌ എങ്ങനെ നീതിയാകും? രാജാവല്ലാത്തവന്റെ പുത്രനാണു നീ. ന്യായപ്രകാരം നീ ആരുടേയും സ്വാമിയല്ല. ഈ നിലയ്ക്കു നിന്റെ ആഗ്രഹം ശരിയല്ല. പരസ്വത്തില്‍ കൊതിക്കരുത്‌. യുധിഷ്ഠിരന്‍ രാജാവിന്റെ പുത്രനാണ്‌; മഹാത്മാവാണ്‌. ന്യായപ്രകാരം ഈ രാജ്യം മുഴുവന്‍ അവന് അഖണ്ഡമായി തന്നെ അവകാശപ്പെട്ടതാണ്‌. അവന്‍ തന്നെയാണ്‌ ശരിക്കു കൗരവ വംശത്തിന്റെ നാഥന്‍. രക്ഷിക്കുവാന്‍ തക്ക മഹാനുഭാവനുമാണ്‌ അവന്‍. അവന്‍ സതൃസന്ധനാണ്‌, അപ്രമത്തനാണ്‌. ബന്ധുക്കളെ അനുസരിക്കുന്ന സല്‍സ്വഭാവിയാണ്‌, ജനങ്ങള്‍ക്ക്‌ ഇഷ്ടനാണ്‌. സജ്ജനങ്ങളില്‍ അനുകമ്പ ഉള്ളവനാണ്‌, ജിതേന്ദ്രിയനാണ്‌. സജ്ജനങ്ങളുടെ നാഥനുമാണ്‌. ക്ഷമ, തിതിക്ഷ, ദമം, ആര്‍ജ്ജവം, സത്യവ്രതം, അപ്രമാദം, ഭൂതദയ ഈ വക രാജഗുണങ്ങളൊക്കെ യുധിഷ്ഠിരനില്‍ പൂര്‍ണ്ണമായും ശോഭിക്കുന്നുണ്ട്‌. നീയാണെങ്കില്‍ രാജാവിന്റെ പുത്രനല്ല, അനാര്യശീലനാണ്‌, ലോഭിയാണ്‌, ബാന്ധവന്മാരില്‍ ദുഷ്ടതയുള്ളവനാണ്‌, അങ്ങനെയുള്ളവനല്ലേ നീ: ഏതു നിലയ്ക്കും നീ രാജ്യം അര്‍ഹിക്കുന്നില്ല. അന്യന്മാര്‍ക്കു മര്യാദപ്രകാരം അവകാശപ്പെട്ട രാജ്യം ദുര്‍വ്വിനിതനായ നീ ഹരിക്കുവാന്‍ നോക്കിയാല്‍ അത്‌ എങ്ങനെ കിട്ടാനാണ്‌? അതു കൊണ്ട്‌ ഞാന്‍ പറയുന്നു, നീ പകുതി രാജ്യം പരിച്ഛദ വാഹനങ്ങളോടു കൂടി പാണ്ഡവന്മാര്‍ക്കു കൊടുക്കൂ! രാജ്യം ഞാന്‍ നിനക്കു തന്നേക്കാം. അങ്ങനെ ചെയ്താല്‍ സോദരന്മാരോടു കൂടി ദീര്‍ഘായുഷ്മാനായി നിനക്കു ജീവിക്കാം. അല്ലെങ്കില്‍ നിന്റെ ആയുസ്സ്‌ ഇതോടെ അവസാനിക്കും.

150. കൃഷ്ണവാക്യം - വാസുദേവന്‍ പറഞ്ഞു; ഭീഷ്മനും ദ്രോണനും വിദുരനും ഗാന്ധാരിയും ധൃതരാഷ്ട്രനുമൊക്കെ ഇപ്രകാരം പറഞ്ഞിട്ടും അവയൊന്നും ആ ജളന്‍ സ്വീകരിച്ചില്ല. ക്രോധം കൊണ്ടു ചുവന്ന കണ്ണുകളോടു കൂടി അവന്‍ അവിടെ നിന്ന്‌ എഴുന്നേറ്റു പോയി. പ്രാണന്‍ കളയുവാൻ ഒരുങ്ങിയ രാജാക്കന്മാരും അവന്റെ കൂടെ പോയി. ബുദ്ധിശൂന്യരായ രാജാക്കന്മാരോട്‌ കുരുക്ഷേത്രത്തില്‍ പ്രവേശിക്കണം എന്നും അന്നു പൂയം നക്ഷത്രമാണെനും, ഉടനെ പോകണം എന്നും ദുര്യോധനന്‍ കല്പന കൊടുത്തു. ഉടനെ തന്നെ കാലചോദിതരായ രാജാക്കന്മാര്‍ സൈന്യങ്ങളോടു കൂടി ഇറങ്ങി. ഭീഷ്മനെ സേനാനായകനാക്കി നിശ്ചയിച്ചു. പതിനൊന്ന്‌ അക്ഷൗഹിണി കൗവന്മാരുടെ പങ്കില്‍ നിന്നു. അവരുടെ മുമ്പിലായി താലകേതനനായ ഭീഷ്മൻ ശോഭിച്ചു. ഇനി കാലോചിതം എന്തോ അതു യുധിഷ്ഠിരാ! ഭവാന്‍ ചെയ്താലും. ഭീഷ്മനും ദ്രോണനും വിദുരനും ഗാന്ധാരിയും ധൃതരാഷ്ട്രനും എന്റെ മുമ്പില്‍ വെച്ചു പറഞ്ഞതൊക്കെ ഞാന്‍ പറഞ്ഞു. കുരുസഭയില്‍ ഇപ്രകാരമൊക്കെ നടന്നു.

സാമം ഞാന്‍ ആദ്യം പറഞ്ഞു. സൗഭ്രാത്ര കാംക്ഷയാലും, ഈ വംശം കലഹിക്കാതിരിക്കുവാനും, പ്രജാവൃദ്ധി വരാനുമാണ്‌ സാമം ഞാന്‍ പറഞ്ഞു നോക്കിയത്‌. സാമം കൈക്കൊള്ളാതായപ്പോള്‍ ഭേദം പ്രയോഗിച്ചു നോക്കി. ദേവമാനുഷ സമ്മിശ്രമായ കര്‍മ്മവും കീര്‍ത്തനവും ചെയ്തു നോക്കിയിട്ടും ദുര്യോധനന്‍ ആ സാമത്തെ തള്ളിക്കളഞ്ഞപ്പോഴേ ഭേദം പ്രയോഗിച്ചുള്ളൂ. അവിടെ ഒത്തു ചേര്‍ന്ന നരേന്ദ്രന്മാരെ ഭേദിപ്പിക്കുവാന്‍ അത്ഭുതവും, ഏറെ ദാരുണവുമായ അമാനുഷ കര്‍മ്മം ഞാന്‍ കാണിച്ചു. രാജാക്കന്മാരെ നിരസിച്ചും, കുരു രാജാവിനെ തൃണവല്‍ഗണിച്ചും, കര്‍ണ്ണനേയും ശകുനിയേയും ഭയപ്പെടുത്തിയും ഭേദം പ്രയോഗിച്ചു. ദ്യൂതം മുതല്‍ ധാര്‍ത്തരാഷ്ട്രന്മാരെ നിന്ദിച്ചും, രാജാക്കന്മാരെ ഭേദിപ്പിച്ചും, വാക്കു കൊണ്ടും മന്ത്രം കൊണ്ടും വീണ്ടും വീണ്ടും യത്നിച്ചു നോക്കി. പിന്നെ സാമത്തോടു ചേര്‍ന്ന ദാനം പറഞ്ഞു നോക്കി. കൗവരില്‍ അഭേദത്തോടും കാര്യയോഗത്തോടും ധൃതരാഷ്ട്രന്മാരുടെ കീഴില്‍ താഴ്മയോടെ പാണ്ഡവന്മാര്‍ നിൽക്കുമെനും, രാജ്യം നല്കിയാല്‍ അവര്‍ ഭിഷ്മനും വിദുരനും ഭവാനും പറഞ്ഞതു പോലെ നില്‍ക്കുമെനും പറഞ്ഞു. പിന്നെ രാജ്യം മുഴുവന്‍ ദുര്യോധനന്‍ തന്നെ എടുത്തു കൊള്ളട്ടെയെന്നും, അഞ്ചു ദേശം നല്കിയാല്‍ തൃപ്തിപ്പെട്ടു കൊള്ളുമെനും, നിന്റെ അച്ഛന് അവരേയും പാലിക്കേണ്ട ചുമതലയില്ലേ? എന്നും പറഞ്ഞു നോക്കി. ഒന്നിനും അവന്‍ വഴിപ്പെട്ടില്ല. നാലാമത്തെ ഉപായം ദണ്ഡമാണ്‌. ഇനി അതു ഭവാന്‍ ചെയ്താലും. ദുഷ്ടന്മാരില്‍ മറ്റൊന്നും നടക്കുകയില്ല. അവര്‍ നശിക്കുവാന്‍ വേണ്ടി കുരുക്ഷ്രേതത്തിലേക്കു പുറപ്പെട്ടു കഴിഞ്ഞു. കുരുസംസത്തില്‍ നടന്നതു മുഴുവന്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. "ഹേ, പാണ്ഡവാ! അവര്‍ പടവെട്ടാതെ ഭവാനു രാജ്യം തരികയെന്ന പ്രശ്‌നമേയില്ല. ചാവാന്‍ അടുത്ത അവര്‍ എല്ലാവരും നാശത്തിന് കാരണക്കാരായി നിൽക്കുകയാണ്‌".

സൈന്യനിര്യാണപര്‍വ്വം

151. കുരുക്ഷേത്ര പ്രവേശം - വൈശമ്പായനൻ പറഞ്ഞു:ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ തന്റെ സഹോദരന്മാരോട്‌ ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകള്‍ കേട്ട്‌, അദ്ദേഹത്തിന്റെ മുമ്പില്‍; ; ; ; ; ; ; ; ;വച്ച്‌ ഇപ്രകാരം പറഞ്ഞു: കുരു സംസത്തില്‍ വച്ച്‌ ഉണ്ടായ വൃത്താന്തങ്ങളൊക്കെ നിങ്ങള്‍ കേട്ടില്ലേ? അദ്ദേഹം പറഞ്ഞതൊക്കെ നിങ്ങള്‍ ധരിച്ചില്ലേ? ഇനി ഒട്ടും വൈകേണ്ടതില്ല. സൈന്യങ്ങളെയൊക്കെ ഭാഗിച്ചു നേതൃത്വം നല്കുക. ഏഴ്‌ അക്ഷൗഹിണീ വിജയത്തെ കാംക്ഷിച്ചു സന്നദ്ധരായി നിൽക്കുന്നുണ്ടല്ലോ. ഓരോ അക്ഷൗഹിണിക്കും വേണ്ട നാഥന്മാര്‍ ആരൊക്കെയാണെനും നിര്‍ണ്ണയിക്കുവിന്‍. ദ്രുപദന്‍, വിരാടന്‍, ധൃഷ്ടദ്യുമ്നന്‍, ശിഖണ്ഡി, ചേകിതാനന്‍, സാത്യകി, ഭീമസേനന്‍ എന്നീ ഏഴുപേരുമാകട്ടെ സേനാനായകന്മാര്‍. ഇവര്‍ അതുല്യ വീരന്മാരും പ്രാണന്‍ കളയുവാന്‍ സന്നദ്ധരുമാണ്‌. ഇവരെല്ലാംവേദജഞന്മാരും, ശൂരന്മാരും, വ്രതനിഷ്ഠന്മാരും, ഹ്രീമാന്മാരും, നീതിജ്ഞന്മാരും, യുദ്ധകോവിദന്മാരും, ഇക്ഷ്വസ്ത്ര ദക്ഷന്മാരും സര്‍വാസ്ത്ര യോധികളുമാണ്‌. ഏഴ്‌ അക്ഷൗഹിണിയുടെയും സര്‍വ്വസൈന്യാധിപത്യം വഹിക്കുവാനുള്ള കഴിവുള്ളവരാണ്‌ ഓരോരുത്തരും. എടോ, സഹദേവാ, ഞാന്‍ ഒന്നു ചോദിക്കുന്നു. ശരാര്‍ച്ചിസ്സാകുന്ന അഗ്നിക്കു തുല്യനായ ഭീഷ്മനോട്‌ പോരില്‍ ഏൽക്കുവാന്‍ തക്ക ഒരുത്തനെ നീ പറയൂ. നിന്റെ അഭിപ്രായത്തില്‍ സര്‍വ്വസൈന്യാധിപത്യം ആര്‍ക്കാണ്‌ നൽകേണ്ടതെന്നു പറയു!

സഹദേവന്‍ പറഞ്ഞു: നമ്മുടെ ബന്ധുവും, നമ്മുടെ ദുഃഖത്തില്‍ പങ്കാളിയും, നമ്മുടെ ഭാഗം നമുക്കു കിട്ടുവാന്‍ നാം ആശ്രയിച്ച ധാര്‍മ്മികനും യുദ്ധദുര്‍മ്മദനുമായ വിരാട രാജാവ്‌ പോരില്‍ ഭീഷ്മനേയും മറ്റു മഹാരഥന്മാരേയും താങ്ങുവാന്‍ കെല്പുള്ളവനാണെന്നാണ്‌ എന്റെ അഭിപ്രായം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സഹദേവന്‍ പറഞ്ഞപ്പോള്‍ നകുലന്‍ പറഞ്ഞു; വയസ്സ്‌, ശാസ്ത്രം, ധീരത, കുലം, വന്‍പ്‌ ഇവയൊക്കെ ചേര്‍ന്നവനും, ഹ്രീമാനും, ശ്രീമാനും, ബലവാനും സർവ്വശാസ്ത്ര വിചക്ഷണനും, ദുര്‍ദ്ധര്‍ഷനും, സത്യസംഗരനും, ദ്രോണനോടും ഭീഷ്മനോടും അസ്ത്രം കൊണ്ടു മത്സരിക്കുവാന്‍ കഴിവുള്ളവനും, ശ്ലാഘ്യരായ രാജകുലങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്നവനും, നൂറു കൊമ്പുകളുള്ള മഹാവ്യക്ഷം പോലെ അനവധി പുത്രപൗത്രന്മാരോടു കൂടിയവനും, ഭാര്യയോടു കൂടി ഘോരമായ തപസ്സു ചെയ്തവനും രോഷം കൊണ്ട്‌ ദ്രോണനെ പോരില്‍ കൊല്ലുവാന്‍ സന്നദ്ധനായി നില്‍ക്കുന്നവനും, അച്ഛനെ പോലെ നമ്മളെ സമാശ്വസിപ്പിക്കുന്നവനും, നമ്മുടെ ശ്വശുരനുമായ ദ്രുപദ രാജാവാണ്‌ നമ്മുടെ സര്‍വ്വസൈന്യാധിപത്യം വഹിക്കേണ്ടത്‌. ദ്രോണഭീഷ്മന്മാരെ ഈ രാജര്‍ഷഭന്‍ താങ്ങുമെന്നാണ്‌ എന്റെ അഭിപ്രായം. ദിവ്യാസ്ത്രജ്ഞനായ ആ രാജാവ്‌ ദ്രോണന്റെ സഖിയായ രാജാവാണല്ലോ.;

മാദ്രേയന്മാര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍, കുരുനന്ദനനും ഇന്ദ്രാഭനും ഇന്ദ്രപുത്രനുമായ അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞു: രാജാവേ, എന്റെ അഭിപ്രായം മറ്റൊന്നാണ്‌. തപസ്സിന്റെ പ്രാഭവം കൊണ്ടും, ഋഷിമാരുടെ സന്തുഷ്ടി കൊണ്ടും ജനിച്ചവനും, ദിവൃപുരുഷനും, അഗ്നിജ്വാലാവര്‍ണ്ണനും, മഹാഭുജനും, വില്ലും വാളും ചട്ടയുമായി തേരില്‍ കയറി സന്നദ്ധനായി നിൽക്കുന്നവനും, ദിവ്യാശ്വങ്ങളോടു കൂടി തീക്കുണ്ഡത്തില്‍ പിറന്നവനും മുഴങ്ങുന്ന മഴക്കാറു പോലെ തേരിന്റെ ശബ്ദം മുഴക്കുന്ന വീര്യവാനും, സിംഹഗാത്രനും, മഹാവീരനും, സിംഹതുല്യ പരാക്രമനും, സിംഹോരസ്കനും, സിംഹാരവം മുഴക്കുന്നവനും, മഹാപ്രഭനും, സുദംഷ്ട്രനും, സുഭ്രുവും, സുബാഹുവും, സുമുഖനും, മഹാനും, സുജത്രുവും, സുവിശാലാക്ഷനും, സുപാദനും, സുപ്രതിഷ്ഠിതനും, എല്ലാ ശസ്ത്രങ്ങള്‍ക്കും അഭേദ്യനും, മത്ത മാതംഗ സന്നിഭനും, ദ്രോണവധത്തിനായി പിറന്നവനും, സത്യവാദിയും ജിതേന്ദ്രിയനും ആയ ധൃഷ്ടദ്യുമ്നന്‍ ഭീഷ്മൻ എയ്യുന്ന ശരങ്ങളെ താങ്ങുവാന്‍ സമര്‍ത്ഥനാണ്‌. ഭിഷ്മന്റെ ശരങ്ങളാകട്ടെ വജ്രത്തിനും ഇടിത്തീയിനും തുല്യവും വിഷമുള്ള സര്‍പ്പത്തെ പോലെ ഉഗ്രവും, യമദുതനെ പോലെ ശക്തിയായി ചെന്നു പതിക്കുന്നതും, രാമനെ പോരില്‍ തടുത്തവയും, അഗ്നി പോലെ ഉഗ്രവുമാണ്‌. അങ്ങനെയുള്ള ഭിഷ്മാസ്ത്രങ്ങള്‍ തടുക്കുവാന്‍ കഴിവുള്ളവനായി, ആ മഹാവ്രതനോടേല്‍ക്കുവാന്‍ ശക്തനായി, ധൃഷ്‌ടദ്യുമ്നനല്ലാതെ മറ്റാരുമില്ലെന്നാണ്‌ എന്റെ അഭിപ്രായം. വേറെ ഒരു മഹാപുരുഷനേയും ഞാന്‍ കാണുന്നില്ല. ക്ഷിപ്രഹസ്തനും, ചിത്രയോധിയും, അഭേദ്യ കവചനും, ഗജയൂഥപസന്നിഭനുമായ ധൃഷ്ടദ്യുമ്നന്‍ സര്‍വ്വസൈന്യാധിപത്യം ഏല്‍ക്കണം എന്നാണ്‌ എന്റെ അഭിപ്രായം.

ഭീമസേനന്‍ പറഞ്ഞു: ദ്രുപദാത്മജനായ ശിഖണ്ഡി, ഭീഷ്മനെ വധിക്കുവാന്‍ പിറന്നവനാണെന്നു സിദ്ധന്മാരോടു തുല്യരായ മഹര്‍ഷിമാര്‍ പറയുന്നുണ്ട്‌. യുദ്ധമദ്ധ്യത്തില്‍ അവന്‍ ദിവ്യാസ്ത്രം പെരുമാറുകയാണെങ്കില്‍ മഹാത്മാവായ രാമനെ പോലെ നേരെ നിന്നു നോക്കുവാന്‍ പോലും കഴിയുകയില്ല. അത്ര അധൃഷ്യമായ പ്രതാപമുള്ളവനാണ്‌ ശിഖണ്ഡി. അവനെ പോരില്‍ വെല്ലുവാന്‍ കെല്‍പ്പുള്ള ആരേയും ഞാന്‍ കാണുന്നില്ല. മഹാരഥനായ ഭീഷ്മനെ ദ്വൈരഥത്തില്‍ മറ്റാരും കൊല്ലുകയില്ല. അതിനുള്ള കഴിവു ശിഖണ്ഡിക്കു മാത്രമേയുള്ളു. അതുകൊണ്ട്‌ ശിഖണ്ഡി സേനാനിയാകണം എന്നാണ്‌ എന്റെ അഭിപ്രായം.

യുധിഷ്ഠിരന്‍ പറഞ്ഞു: താതാ, ലോകത്തിലുള്ള എല്ലാറ്റിന്റേയും ബലാബലങ്ങളേയും, സാരങ്ങളേയും അറിയുന്നവനും, എല്ലാ ധര്‍മ്മജ്ഞന്മാരുടെ മതവും അറിയുന്നവനുമാണല്ലോ ഹരി! ദാശാര്‍ഹനായ കൃഷ്ണന്‍ ആരേയാണ്‌ നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അവന്‍ സേനാപതിയാകട്ടെ! കൃതാസ്ത്രനായാലും, അകൃതാസ്ത്രനായാലും, വൃദ്ധനായാലും, യുവാവായാലും, ഈ സേനാനിയാണ്‌ നമ്മള്‍ ജയിക്കുവാനും തോൽക്കുവാനും മൂലമായി തീരുക! ഇവനില്‍ നമ്മുടെ എല്ലാവരുടേയും പ്രാണനും, നാടും, ഭാവവും, അഭാവവും, സുഖവും, അസുഖവും, ധാതാവും, വിധാതാവും, സിദ്ധിയും എല്ലാം നിൽക്കുന്നു. അതു കൊണ്ട്‌ സേനാനിയെ നിശ്ചയിക്കുന്ന കാര്യം സര്‍വ്വപ്രധാനമാണ്‌. ദാശാര്‍ഹനായ കൃഷ്ണന്‍ ആരെ സേനാനിയായി നിശ്ചയിക്കുന്നുവോ, അവന്‍ സേനാപതിയാകട്ടെ. വാഗ്മിയായ കൃഷ്ണന്‍ പറയട്ടെ. ഇപ്പോള്‍ രാത്രി ആയല്ലോ. കൃഷ്ണന്‍ പറയുന്ന സേനാപതിയേയും വെച്ചു നാളെ പ്രഭാതത്തില്‍ ശസ്ത്രാധിവാ സം ചെയ്തു മംഗളാചരണത്തിന് ശേഷം പോര്‍ക്കളത്തിലേക്കു പോകണം.

വൈശമ്പായനൻ പറഞ്ഞു: ധീമാനായ ധര്‍മ്മരാജാവിന്റെ വാക്കു കേട്ടപ്പോള്‍ ധനഞ്ജയനെ നോക്കി കൃഷ്ണന്‍ പറഞ്ഞു: രാജാവേ, നിങ്ങള്‍ പറഞ്ഞവരെല്ലാം എനിക്കു സമ്മതന്മാരാണ്‌. എല്ലാവരും വിക്രാന്ത യോധികളാണ്‌. ഭവാന്റെ സൈന്യങ്ങളെ നയിക്കുവാന്‍ സമര്‍ത്ഥരുമാണ്‌. ശത്രുവിനെ ബാധിക്കുന്നതിന് മതിയായവരുമാണ്‌. യുദ്ധത്തില്‍ ഇവര്‍ ഇന്ദ്രന് പോലും ഭയമുണ്ടാക്കുന്നവരാണ്‌. പിന്നെ, ലുബ്ധരും, ദുഷ്ടരുമായ ധാര്‍ത്തരാഷ്ട്രന്മാരെ കുറിച്ചു പറയുവാനുണ്ടോ! മഹാബാഹോ, ഞാനും വല്ലാതെ യത്നിച്ചു നോക്കി ഭവാന്റെ പ്രിയത്തിന് വേണ്ടി. എന്നിട്ടും ശമം നടന്നില്ല. ഇപ്പോള്‍ ധര്‍മ്മത്തിന് വേണ്ട കടപ്പാടു മുഴുവന്‍ നിര്‍വ്വഹിച്ചു. ആരും ഇനി നമ്മെ കുറ്റം പറയുകയില്ല. ധാര്‍ത്തരാഷ്ട്രന്‍ കേവലം വിവരമില്ലാത്ത ബാലനാണ്‌. എന്നാൽ അവന്റെ ഭാവമോ, താന്‍ കൃതാസ്ത്രനാണെന്നാണ്‌. താന്‍ മഹാശക്തനാണെനും വിചാരിക്കുന്നുണ്ട്‌. ഭവാന്‍ പടകൂട്ടിയാലും, അവരെയൊക്കെ വധിച്ചു വിടേണ്ടവരാണ്‌. ഈ ധാര്‍ത്തരാഷ്ട്രന്‍ അര്‍ജ്ജുനനെ കണ്ടാല്‍ മുമ്പില്‍ നിൽക്കുവാന്‍ ധൈര്യപ്പെടുകയില്ല. ക്രൂദ്ധനായ ഭീമനേയും, യമന്മാരേയും, യുയുധാനനോടു ചേര്‍ന്ന കോപിയായ പാര്‍ഷതനേയും, അഭിമന്യു ദ്രൗപദേയന്മാര്‍, മത്സ്യപാഞ്ചാലന്മാര്‍ ഇവരെ ഒന്നും കണ്ടാല്‍ നേരെ നിൽക്കുവാന്‍ ധൈര്യം ദുര്യോധനന് ഉണ്ടാവുകയില്ല. അത്യുഗ്രന്മാരായ അക്ഷാഹിണീശന്മാരേയും, മറ്റു മന്നവന്മാരേയും കണ്ടാല്‍ നേരെ നിൽക്കുവാന്‍ ദുര്യോധനന്‍ ധൈര്യപ്പെടുകയില്ല. നമ്മുടെ സൈന്യം ദുഷ്പ്രധര്‍ഷവും ദുരാസദവുമാണ്‌. അവര്‍ ധാര്‍ത്തരാഷ്ട്രന്റെ സൈന്യത്തെ മുഴുവന്‍ തീര്‍ച്ചയായും മുടിക്കും. സേനാപതിയാകേണ്ടതു ധൃഷ്ടദ്യുമ്നനാണ്‌ എന്നാണ്‌ രാജാവേ, എന്റെ അഭിപ്രായം.

വൈശമ്പായനൻ പറഞ്ഞു; കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍ ആ നരോത്തമന്മാരെല്ലാം സന്തോഷിച്ചു. അവരെല്ലാം ഹര്‍ഷാരവം മുഴക്കി. എല്ലാവരും പടയൊരുക്കുന്നതിനായി ഉത്സാഹിച്ചു. സൈന്യങ്ങള്‍ വേഗത്തില്‍ പായുവാന്‍ തുടങ്ങിയപ്പോള്‍ ഗജങ്ങളുടേയും അശ്വങ്ങളുടേയും ശബ്ദഘോഷങ്ങളും. നേമിനിര്‍ഘോഷവും ശംഖുഭേരി എന്നിവയുടെ ശബ്ദവും മറ്റുമായി സര്‍വ്വദിക്കിലും ഇരമ്പമുണ്ടായി. കോളിളക്കത്തില്‍ ഉഗ്രമായി ആര്‍ക്കുന്ന തിരമാലകള്‍ ചേര്‍ന്ന കടലെന്ന പോലെ തേർ, കാലാള്‍, ആന എന്നിവയുടെ അണികള്‍ മുന്നില്‍ നിരന്ന്‌ ആ സേനാസമുദ്രം പ്രശോഭിച്ചു. അങ്ങുമിങ്ങും പാഞ്ഞും തമ്മില്‍ വിളിച്ചും, ദേഹത്തില്‍ ചട്ടയണിഞ്ഞും പാണ്ഡവന്മാര്‍, പടകൂട്ടി ദുര്‍ദ്ധര്‍ഷയായ ഗംഗയുടെ പ്രവാഹം പോലെ സൈന്യവാഹിനി നീങ്ങുന്നതായി കണ്ടു. പടത്തലയ്ക്കലായി ഭീമനും. മാദ്രീപുത്രന്മാരും സൗഭദ്രനും, ദ്രൗപദേയന്മാരും, ധൃഷ്ടദ്യുമ്നനും, പ്രഭദ്രകന്മാരും, പാഞ്ചാലന്മാരും ഭീമനെ മുന്നിലാക്കി ഇറങ്ങി. അപ്പോള്‍ അമാവാസിയില്‍ കടല്‍ എന്ന പോലെ കോളിളക്കത്തിന്റെ ശബ്ദം മുഴങ്ങി. യാത്ര പുറപ്പെടുമ്പോള്‍ ഉണ്ടായ ഹര്‍ഷാരവം മൂലം ആകാശം മുഴങ്ങി. പ്രഹൃഷ്ടരായി ചട്ടയിട്ട ആള്‍ക്കാര്‍ ശത്രുപ്പട പിളര്‍ക്കുവാന്‍ വെമ്പല്‍ കൊണ്ടു. അവരുടെ, നടുവിലായി യുധിഷ്ഠിര രാജാവ്‌ യാത്ര ചെയ്തു.

വണ്ടികളും വാണിഭക്കാരും വേശ്യമാരും യാത്രാവണ്ടികളും കൂട്ടമായി അവരുടെ പിറകെ സഞ്ചരിച്ചു. ഭണ്ഡാരം, യന്ത്രങ്ങള്‍, ശസ്ത്രങ്ങള്‍, വൈദ്യന്മാര്‍. കാഴ്ചയ്ക്കുള്ള വസ്തുക്കള്‍ ചെറിയ ദുര്‍ബല സാധനങ്ങളും. പരിചാരകന്മാരും, ഒക്കെ കൂടി രാജാവു യാത്രയായി.

ഉപപ്ലാവ്യത്തില്‍ സതൃ വാദിനിയായ പാഞ്ചാലി ദാസീദാസന്മാരോടും സഖിമാരോടും കൂടി കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തു. സ്ഥിരമായ ജംഗമ ഗുല്മങ്ങളാല്‍ മൂല സംരക്ഷണം ചെയ്യുന്ന പാണ്ഡവന്മാര്‍ വലിയ സൈന്യ വിഭാഗങ്ങളോടു കൂടി പുറപ്പെടുമ്പോള്‍ ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണം, പശു എന്നിവകള്‍ ദാനം ചെയ്ത്‌ അവരുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങി. അവരുടെ പ്രകീര്‍ത്തനങ്ങള്‍ കേട്ടു പുറപ്പെട്ടു. കേകയന്മാര്‍, ധൃഷ്ടകേതു, അഭിഭൂവ്‌, കാശ്യപുത്രന്‍, ശ്രേണിമാന്‍, വസുദാനന്‍, അപരാജിതനായ ശിഖണ്ഡി ഇവരൊക്കെ സന്തോഷത്തോടെ ചട്ടയണിഞ്ഞു ശസ്ത്രങ്ങള്‍ എടുത്ത്‌ യുധിഷ്ഠിര രാജാവിനെ പിന്‍തുടര്‍ന്നു. പിന്‍ഭാഗത്തു വിരാടനും, സോമകിയും, യാജ്ഞസേനിയും, സുധര്‍മ്മാവ്‌, കുന്തിഭോജന്‍. ധൃഷ്ടദ്യുമ്നന്റെ മക്കള്‍, പതിനായിരം രഥങ്ങളും, അതില്‍ അഞ്ചിരട്ടി കുതിരകളും, അതില്‍ നൂറിരട്ടി കാലാളുകളും അറുപതിനായിരം ആനകളും യാത്ര പുറപ്പെട്ടു. ചേകിതാനന്‍, അനാധൃഷ്ടി, ശൈനേയന്‍, ധൃഷ്ടകേതു ഇവരൊക്കെ കൃഷ്ണാര്‍ജ്ജുനന്മാര്‍ക്കു ചുറ്റുമായി യാത്ര ചെയ്തു. അവര്‍ കുരുക്ഷേത്രത്തിലെത്തിയ ശേഷം പട കൂട്ടി. പാണ്ഡവന്മാര്‍ ആര്‍ക്കുന്ന കാളകള്‍ പോലെ ചുണയോടെ കാണപ്പെട്ടു.

ശത്രുകര്‍ശനരായ അവര്‍ കുരുക്ഷേത്രത്തിലെത്തി ശംഖനാദം മുഴക്കി. അപ്രകാരം തന്നെ കൃഷ്ണാര്‍ജ്ജുനന്മാരും ശംഖു വിളിച്ചു. ഇടിവെട്ടുന്ന പോലെയുള്ള പാഞ്ചജന്യത്തിന്റെ മഹാരവം കേട്ടു സൈന്യങ്ങളൊക്കെ ഹര്‍ഷതുന്ദിലരായി. ശംഖഭേരീരവങ്ങളോടു ചേര്‍ന്ന വീരന്മാരുടെ സിംഹനാദം ആകാശവും സമുദ്രവും ഭൂമിയും ആകെയൊന്ന്‌ ഇട്ടുകുലുക്കി.

152. ശിബിരാദി നിര്‍മ്മാണം - വൈശമ്പായനൻ പറഞ്ഞു; യുധിഷ്ഠിര രാജാവു സൈന്യങ്ങളെ ധാരാളം പുല്ലും വിറകുമുള്ള സമവും സ്നിഗ്ദ്ധവുമായ സ്ഥലത്തു നിറുത്തി. ദേവതായതനങ്ങളും ശ്മശാനങ്ങളും മുനിമാരുടെ ആശ്രമങ്ങളും തീര്‍ത്ഥസ്ഥലങ്ങളും ഒഴിവാക്കി. മധുരവും, അനൂഷരവും, ശുചിയും പുണ്യവുമായ ഭൂമിയില്‍ രാജാവായ യുധിഷ്ഠിരന്‍ സൈന്യങ്ങളെ പാര്‍പ്പിച്ചു.

പിന്നെ സുഖിയും വിശ്രാന്ത വാഹനനുമായ കേശവ ന്‍പാര്‍ത്ഥനോടും നൂറും ആയിരവും ഭൂപന്മാരോടും കൂടി ചേര്‍ന്നു സ്ഥലം നോക്കിക്കാണുവാന്‍ ഇറങ്ങി. ധാര്‍ത്തരാഷ്ട്രന്മാരുടെ. ഗുല്മപ്പടകളെ ഓടിച്ചു സ്ഥലം ഒഴിച്ചു ചുറ്റും നടന്നു നോക്കി. പടവീടുണ്ടാക്കുവാന്‍ ധൃഷ്ടദ്യുമ്നന്‍ അളവു കഴിപ്പിച്ചു. കുരുക്ഷേത്രത്തില്‍ പുണ്യയായ ഹിരണ്വതീ നദിയുടെ തീരത്തു നല്ല തണ്ണീര്‍ കിട്ടുവാന്‍ സൗകര്യമുള്ളതും പാറയും ചേറുമില്ലാത്തതുമായ നല്ല സ്ഥലം നോക്കി കേശവന്‍ കിടങ്ങു കോരിച്ചു. അവിടെ കാവലിന് ഭടന്മാരേയും നിറുത്തി. യോഗ്യന്മാരായ പാണ്ഡവന്മാര്‍ക്കുള്ള പടവീട്‌ എപ്രകാരമാണോ അപ്രകാരം തന്നെ മറ്റു രാജാക്കന്മാര്‍ക്കും കേശവന്‍ പണി ചെയ്യിച്ചു. ധാരാളം വിറകു കൂട്ടി. ഭക്ഷ്യങ്ങളും ഭോജ്യങ്ങളും പാനങ്ങളും ധാരാളമായി സംഭരിച്ചു. രാജാക്കന്മാര്‍ക്കൊക്കെ വലിയ പടവീടുകളും വെവ്വേറെ തീര്‍പ്പിച്ചു. തട്ടുമാടങ്ങളും കെട്ടിയുണ്ടാക്കി. ധാരാളം ശില്പികളെ ശമ്പളക്കാരായി നിശ്ചയിച്ചു. എല്ലാ ഉപകരണങ്ങളോടും കൂടിയ ശാസ്ത്രജ്ഞന്മാരായ വൈദ്യസംഘത്തെയും വരുത്തി. ഞാണ്‌, വില്ല്‌, ചട്ട, ശസ്ത്രങ്ങള്‍, നെയ്യ്‌, തേന്‍ എന്നിവയും, ധാരാളമായി ചെഞ്ചല്യപ്പശപ്പൊടികളും കൂട്ടി. വെള്ളവും, പുല്ലും, ഉമിത്തീയുമൊക്കെ ദ്വാരങ്ങള്‍ തോറും യുധിഷ്ഠിരന്‍ സംഭരിച്ചു. മഹായന്ത്രങ്ങളും, നാരാചങ്ങളും വെണ്മഴുവും, തോമരവും, വില്ലും ചട്ടകളും, ആവനാഴികളും, ഋഷ്ടികളും കുന്നു പോലെ കൂട്ടി. മുള്ളുള്ള ഇരുമ്പുചട്ടകള്‍ കെട്ടിനിര്‍ത്തിയ ആനകള്‍, കുന്നുകള്‍ പോലെ നൂറും ആയിരവും, കാണപ്പെട്ടു. പാണ്ഡവന്മാര്‍ക്കു ധാരാളം മിത്രങ്ങള്‍ ബലവാഹനങ്ങളോടു കൂടി സഹായത്തിന്നായി എത്തിക്കൊണ്ടിരുന്നു. പാണ്ഡവന്മാരുടെ വിജയത്തിന്നായി ബ്രഹ്മചര്യം അനുഷ്ഠിച്ചവരും, സോമംപാനം ചെയ്യുന്നവരും, ദാക്ഷിണൃമുള്ളവരുമായ രാജാക്കന്മാര്‍ വന്നു കൊണ്ടിരുന്നു.

153. ദുര്യോധനസൈന്യ സജ്ജീകരണം - ജനമേജയൻ പറഞ്ഞു. യുധിഷ്ഠിരന്‍ പടയുമായി പോരിന് വന്നു കുരുക്ഷേത്രത്തില്‍ വാസുദേവന്റെ രക്ഷയില്‍ പാര്‍ക്കുമ്പോള്‍, മക്കളോടു കൂടിയ വിരാടനേയും, ദ്രുപദനേയും, കേകയന്മാരേയും, വൃഷ്ണികളേയും, മറ്റ്‌ അനേകം രാജാക്കന്മാരേയും യുധിഷ്ഠിരനോടു കൂടി കണ്ടപ്പോള്‍, വാനോരുടെ മദ്ധൃത്തില്‍ ഇന്ദ്രനെന്ന പോലെ ആ മഹാശക്തന്മാരുടെ മദ്ധ്യത്തില്‍ യുധിഷ്ഠിരന്‍ ശോഭിക്കുന്നതു കണ്ടപ്പോള്‍, ദുര്യോധനന്‍ എന്താണു ചെയ്തത്‌? അവന്റെ സംരംഭങ്ങള്‍ എങ്ങനെയൊക്കെ ആയിരുന്നു എന്നു വിസ്തിരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ വലിയ സംഭ്രമത്തില്‍ കുരുക്ഷേത്രം എങ്ങനെ കാണപ്പെട്ടു. ഇന്ദ്രനോടു കൂടിയ സുരന്മാരെ പോലും ദുഃഖിപ്പിക്കുവാന്‍ പോന്നവരാണല്ലോ പാണ്ഡവന്മാരും, വാസുദേവനും, വിരാടനും, ദ്രുപദനും, ധൃഷ്ടദ്യുമ്നനും, ശിഖണ്ഡിയും! വാനോര്‍ക്കു പോലും ദുസ്സഹനാണല്ലോ വീരനായ യുധാമന്യു. ഇവരുടെ ചേഷ്ടിതങ്ങളൊക്കെ വിസ്തരിച്ചു കേള്‍ക്കുവാന്‍ മോഹമുണ്ട്‌. മഹാമുനേ! പറഞ്ഞാലും.

വൈശമ്പായനന്‍ പറഞ്ഞു: കൃഷ്ണന്‍ ഹസ്തിനാപുരത്തില്‍ നിന്നു പോയതിനു ശേഷം ദുര്യോധന രാജാവ്‌ അപ്പോള്‍ തന്നെ കര്‍ണ്ണനോടും ദുശ്ശാസനനോടും ശകുനിയോടും ഇപ്രകാരം പറഞ്ഞു: കാര്യം ഫലിക്കാതെ പാര്‍ത്ഥന്മാരുടെ അടുക്കലേക്കു കൃഷ്ണന്‍ പോയി. അവന്‍ ഈ നമ്മളെയൊക്കെ കോപം കൊണ്ടു ദഹിപ്പിച്ചു കളയും; യാതൊരു സംശയവുമി ല്ല. കൃഷ്ണന്റെ ഇഷ്ടം പാണ്ഡവന്മാരും ഞാനുമായി യുദ്ധം നടക്കണം എന്നാണ്‌. ഭീമസേനാര്‍ജ്ജുനന്മാരും ദാശാര്‍ഹന്റെ അഭിപ്രായത്തില്‍ തന്നെയാണ്‌ നിൽക്കുന്നത്‌. അജാതശത്രു ആണെങ്കില്‍ മിക്കവാറും ഭീമന്റെ പാട്ടിലാണു താനും. ഞാന്‍ മുമ്പേ സോദരന്മാരോടു കൂടി അവനെ ഉപദ്രവിച്ചിട്ടുമുണ്ടല്ലോ. പിന്നെ വിരാടനും ദ്രുപദനും എന്നോടു പകയുള്ളവരാണ്‌. അവര്‍ സേനാനായകന്മാരാണ്‌; കൃഷ്ണന്റെ പാട്ടിലുമാണ്‌. ഈ യുദ്ധം ബഹളമാകും, രോമഹര്‍ഷണമായി തീരും. അതു കൊണ്ട്‌ മടികൂടാതെ എന്റെ പടയ്ക്കുള്ള കോപ്പുകളൊക്കെ ഒരുക്കുക. കുരുക്ഷേത്രത്തില്‍ കൈനിലകള്‍ പണിയിക്കുക! വേണ്ടുവോളം വികാസത്തില്‍ പണിയിക്കണം. ശത്രുക്കള്‍ക്കു പിടിക്കുവാന്‍ പറ്റാത്ത മാതിരിയാക്കണം. നദീ തിരത്തു കക്ഷ്യകളോടു കൂടി നൂറും ആയിരവും പടക്കൊട്ടിലുകള്‍ തീര്‍പ്പിക്കണം. സമാനമായ മാര്‍ഗ്ഗം തടയാതെ ഉയര്‍ത്തിക്കെട്ടണം. പലേ ആയുധങ്ങളും കൊടിയും കൊടിമരവും ചേര്‍ന്ന കൈനിലകള്‍ ഭംഗിയായി പണിയണം. നഗരം, കോട്ട, നിരത്ത്‌ ഇവയെല്ലാം അവിടെ നിര്‍മ്മിക്കണം. ഉടനെ ഇന്നോ നാളേയോ ഭേരി കൊട്ടി അറിയിക്കണം. ദുര്യോധനന്‍ പറഞ്ഞതു കേട്ട്‌ അവരെല്ലാവരും അപ്രകാരം തന്നെ പിറ്റേന്നാള്‍ ദ്രുതഗതിയില്‍ എല്ലാം പണി തീര്‍പ്പിച്ചു. സന്തോഷത്തോടു കൂടി രാജാക്കന്മാര്‍ക്കു പാര്‍ക്കുവാന്‍ പറ്റിയ എല്ലാ ഉപകരണങ്ങളും പടകുടീരത്തില്‍ തയ്യാര്‍ ചെയ്തു. രാജശാസനം കേട്ട്‌ അവരെല്ലാം അമര്‍ഷത്തോടെ എഴുന്നേറ്റ്‌ ഇരിമ്പുലക്ക പോലുള്ള കൈകള്‍ മെല്ലെ തലോടി. അകിലും ചന്ദനവും അരച്ചു പൂശിയതും, സ്വര്‍ണ്ണ കേയൂരങ്ങള്‍ ഇട്ടതും താമരപ്പൂ വെക്കുന്നതുമായ കയ്യില്‍ തലപ്ലാവും എടുത്ത്‌, അന്തരീയോത്തരീയങ്ങളായ ഭൂഷണങ്ങളുമണിഞ്ഞ്‌, തേരും തേരാളികളും, അശ്വങ്ങളും അശ്വകോവിദന്മാരും, ആനപ്പുറത്ത്‌ ഇരുന്നു ശീലിച്ചവരും, ആനകളും, പൊന്നണിഞ്ഞു വിചിത്രങ്ങളായ ചട്ടകള്‍ അണിഞ്ഞു. പലമാതിരി ശസ്ത്രങ്ങളും തയ്യാറാക്കി. കാലാള്‍പ്പടയും, നാനാ വിധം ശസ്ത്രങ്ങളും, വിചിത്രാഭരണങ്ങളും, അസംഖ്യം യോദ്ധാക്കള്‍ ധരിച്ചു. പ്രഹൃഷ്ടരായ പുരുഷന്മാരോടു കൂടി മഹോത്സവത്തിലെന്ന പോലെ ധാര്‍ത്തരാഷ്ട്രന്റെ നഗരം ഇളകിത്തുടങ്ങി. ആള്‍ക്കൂട്ടമാകുന്ന ചുഴിയോടും, ആന, തേര്‌, അശ്വം എന്നിവയാകുന്ന ത്ഡഷത്തോടും, ശംഖഭേരീരവമാകുന്ന രവത്തോടും, കോശരത്നചയത്തോടും, കോപ്പുചട്ടകളാകുന്ന തിരയോടും, നല്ല ശസ്ത്രങ്ങളാകുന്ന നുരയോടും, തട്ടുമാടമാകുന്ന കുന്നുകളോടും, പുണ്യമാര്‍ഗ്ഗമാകുന്ന ഹ്രദത്തോടും, കുരുരാജസൈന്യമാകുന്ന മഹാസമുദ്രം ചന്ദ്രോദയത്തില്‍ അലയടിച്ച്‌ ഏറ്റം കൊള്ളുന്ന കടല്‍ എന്ന പോലെ അവിടെ കാണപ്പെട്ടു.

154. യുധിഷ്ഠിരാര്‍ജ്ജുന സംവാദം - വൈശമ്പായനൻ പറഞ്ഞു: വാസുദേവന്‍ പറഞ്ഞതു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ വീണ്ടും വീണ്ടും ചിന്തിച്ചു കൃഷ്ണനോടും ചോദിച്ചു: ഭവാന്‍ എന്താണ്‌ ഇപ്രകാരം പറഞ്ഞത്‌? ഇപ്പോള്‍ ഞങ്ങള്‍ എന്തു ചെയുണം? എന്തു ചെയ്താലാണ്‌ ധര്‍മ്മത്തിനു ദോഷം പറ്റാതിരിക്കുക. അതാണല്ലോ ചെയ്യേണ്ടത്‌. ദുര്യോധനന്റെയും കര്‍ണ്ണന്റെയും ശകുനിയുടെയും അനുജന്മാരോടു കൂടിയ എന്റെയും അഭിപ്രായങ്ങളൊക്കെ ഭവാന്‍ അറിഞ്ഞു കഴിഞ്ഞല്ലോ. എന്നു തന്നെയല്ല വിദുരന്റെയും ഭീഷ്മന്റെയും കുന്തിയുടെയും അഭിപ്രായം വിപുല പ്രജഞനായ ഭവാന്‍ കേട്ടുവല്ലേോ. ഈ അഭിപ്രായങ്ങളില്‍ കൂടി ഭവാന്‍ ബുദ്ധിയോടിച്ചു വീണ്ടും യുക്തമായതിനെ ചിന്തിച്ച്‌ ശങ്ക കൂടാതെ പറഞ്ഞാലും. ധര്‍മ്മാര്‍ത്ഥയുക്തമായ ധര്‍മ്മരാജാവിന്റെ വചനം കേട്ട്‌ മേഘഭേരീധീരനാദനായ കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ധര്‍മ്മാര്‍ത്ഥത്തോടു കൂടി ഹിതമായ വാക്കുകള്‍ ഞാന്‍ ആ വഞ്ചകനോടു പറഞ്ഞു നോക്കി. അതൊന്നും അവന്റെ ഹൃദയത്തില്‍ പ്രവേശിച്ചില്ല. ദുര്‍ബ്ബദുദ്ധിയായ അവന്‍ ഭീഷ്മന്റെയും വിദുരന്റെയും എന്റെയും നല്ല വാക്കുകള്‍ തട്ടിക്കളഞ്ഞു. അവന്‍ ധര്‍മ്മമാകട്ടെ, യശസ്സാകട്ടെ ചിന്തിക്കുന്നില്ല. കര്‍ണ്ണനെ ആശ്രയിക്കുക കൊണ്ട്‌ അവന്‍ എല്ലാം ജയിച്ചതായിട്ടാണു കാണുന്നത്‌. എന്നെ പിടിച്ചു കെട്ടിയിടുവാന്‍ സുയോധനന്‍ കല്പിച്ചു. ദുഷ്ടാത്മാവായ ആ പാപിക്ക്‌ ആ മോഹം നടന്നില്ല. വിദുരനെ ഒഴിച്ച്‌ എല്ലാവരും പിന്തുണ നിന്നു. സൗബലേയനായ ശകുനി, കര്‍ണ്ണന്‍, ദുശ്ശാസനന്‍ ഇവരൊക്കെ കൂടിയാണ്‌ എന്നെ പിടിച്ചു കെട്ടുവാന്‍ ഗൂഢാലോചന നടത്തിയത്‌. അമര്‍ഷിയായ ആ മൂഢനോട്‌ നിന്നെപ്പറ്റി ദുരുക്തികള്‍ പലതും പറഞ്ഞു. കൗരവര്‍ ആ പറഞ്ഞതൊക്കെ വീണ്ടും എടുത്തു പറഞ്ഞിട്ട്‌ എന്തു കാര്യം ? ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ ആ ദുഷ്ടന്‍ ഭവാനോടു നന്മയില്‍ നില്‍ക്കുകയില്ല എന്നു തീരുമാനിക്കപ്പെട്ടു. ഭവാന്റെ സൈനൃത്തിലുള്ള സകല രാജാക്കന്മാരിലും അമംഗളവും പാപവും വരുത്തി വെക്കുവാന്‍ അവന്‍ ഉറച്ചു നിൽക്കുകയാണ്‌. അതു കൊണ്ട്‌ ഇനി ശമത്തിനെ പറ്റി ചിന്തിക്കാതെ യുദ്ധത്തിലേക്കു തന്നെ മനസ്സു വെച്ചു തീര്‍ച്ചപ്പെടുത്തുക. ഇനി കൗരവന്മാരോടു വേണ്ടത്‌ യുദ്ധം മാത്രമാണ്‌.

വൈശമ്പായനൻ പറഞ്ഞു: വാസുദേവന്റെ ആ വാക്കു കേട്ട രാജാക്കന്മാരെല്ലാം ഒന്നും മിണ്ടാതെ യുധിഷ്ഠിരന്റെ മുഖത്തേക്കു നോക്കി. യുധിഷ്ഠിരന്‍ രാജാക്കന്മാരുടെ അഭിപ്രായമറിഞ്ഞ്‌ പട കൂട്ടുവാന്‍ ഭീമാര്‍ജ്ജുന യമന്മാരോടു കൂടി തീര്‍ച്ചപ്പെടുത്തി. ഉടനെ പാണ്ഡവന്മാരുടെ പട ഉത്സാഹത്തോടെ കോലാഹലം കുട്ടി. പടകൂട്ടുവാനുള്ള കല്പന കിട്ടിയപ്പോള്‍ സൈന്യങ്ങള്‍ ഏറ്റവും ഹര്‍ഷം പൂണ്ടു.

അവദ്ധ്യന്മാരെ വധിക്കേണ്ടി വരുമല്ലോ എന്നുള്ള ചിന്തകൊണ്ട്‌ നെടുവീര്‍പ്പിട്ടു. ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ഭീമാര്‍ജ്ജുനന്മാരെ നോക്കി ഇപ്രകാരം പറഞ്ഞു: ഞാന്‍ എന്തിന്‌ ഇങ്ങനെ ദുഃഖിച്ച്‌ വനവാസം ചെയ്തു ? യുദ്ധം കൂടാതെ കഴിക്കാനാണല്ലോ ദീര്‍ഘമായ ഈ കാലം മുഴുവന്‍ ക്ലേശങ്ങള്‍ സഹിച്ചു കാട്ടില്‍ ജീവിച്ചത്‌. എന്നിട്ടും നമ്മള്‍ക്ക്‌ ആ ഘോരമായ അനര്‍ത്ഥം വന്നു ചേര്‍ന്നു! അതിനു വേണ്ടി അഹര്‍ന്നിശം യത്നം ചെയ്തിട്ടും നമ്മള്‍ക്ക്‌ ആ യത്നം പാഴിലായി പോയി. യത്നിക്കാതെ ഇരുന്നിട്ടും നമ്മള്‍ക്കു വലിയ കലിയാണു ബാധിച്ചത്‌. അവദ്ധ്യന്മാരോട്‌ എങ്ങനെ നേരിട്ടു യുദ്ധം ചെയ്യും? കുരുവൃദ്ധന്മാരെ കൊന്നിട്ടു കിട്ടുന്ന ജയം എങ്ങനെ ജയമാകും?

ധര്‍മ്മരാജാവ്‌ ഇപ്രകാരം പറഞ്ഞതു കേട്ട്‌ പരന്തപനായ സവ്യസാചി വാസുദേവന്‍ പറഞ്ഞതായ വാക്ക്‌ ജേഷ്ഠനോടു പറഞ്ഞു: വിദുരനും അമ്മയും പറഞ്ഞ വാക്കുകള്‍ കൃഷ്ണന്‍ പറഞ്ഞു. അതൊക്കെയും രാജാവേ അങ്ങു കേട്ടുവല്ലൊ. അധര്‍മ്മമൊന്നും അവര്‍ പറയുകയില്ലെന്ന്‌ എനിക്കു നല്ല ഉറപ്പുണ്ട്‌. കുന്തീപുത്രനായ ഭവാന്‍ യുദ്ധത്തെപ്പറ്റി മടുക്കരുത്‌. യുദ്ധം കൂടാതെ കഴിക്കാന്‍ വിചാരിക്കുന്നതു ശരിയല്ല. സവ്യസാചി ഇപ്രകാരം പറഞ്ഞപ്പോള്‍ കൃഷ്ണന്‍ ചിരിച്ചു പറഞ്ഞു: ഈ പറഞ്ഞതൊക്കെ സത്യമാണ്.

ഉടനെ പോരിനായി നിശ്ചയിച്ചു സൈനൃങ്ങളോടു കൂടി പാണ്ഡവന്മാര്‍ ആ രാത്രി സഖ്യമായി പാര്‍ത്തു.

155. ദുര്യോധനസൈന്യവിഭാഗം - വൈശമ്പായനൻ പറഞ്ഞു: ആ രാത്രി കഴിഞ്ഞതിനു ശേഷം ദുര്യോധനന്‍ പതിനൊന്ന്‌ അക്ഷൗഹിണിയെ വിഭജിച്ച്‌ തേര്‍, ആന, ആള്‍. കുതിര എന്നിവയെ സാരം, മദ്ധ്യം, ലഘു എന്നിങ്ങനെ മൂന്നു തരത്തിൽ എല്ലാ സൈനൃത്തിലും രാജാവു നോക്കി മനസ്സിലാക്കി. എല്ലാറ്റിലും വകുപ്പുകളായി തിരിച്ച്‌ ഒരുക്കങ്ങള്‍ കൂട്ടി.

അനുകര്‍ഷങ്ങള്‍, തൂണീരം, വരുഥം, ചാട്ടുകുന്തം (തോമരം ), ഉപാസംഗം (ആവനാഴി), ശക്തികള്‍, നിഷംഗം (ആവനാഴി), ഋഷ്ടി (ഇരുവശത്തും മുനയുള്ള വാള്‍), ധ്വജം, കൊടിക്കൂറ, വില്ലില്‍ എയ്യുന്ന തോമരം, വിചിത്രമായ രജ്ജുക്കളോടു കൂടിയ പാശം, മേല്‍വിരിപ്പുകള്‍, തലചുറ്റി വിടുന്ന യന്ത്രം, എണ്ണ. ശര്‍ക്കര, വെള്ളമണല്‍, പാമ്പിന്‍ കുടങ്ങള്‍, പയന്‍മരത്തിന്റെ പശപ്പൊടി, മണികെട്ടിയ പരിചകള്‍., അയോഗുഡം (ഇരുമ്പുണ്ട), ജലോപലം, ചീറ്റുന്ന ഭിണ്ഡിപാലം, തേന്‍ പുരട്ടിയ മുല്‍ഗരം. കാണ്ഡദണ്ഡങ്ങള്‍, കരികള്‍, വിഷം പുരട്ടി ഊട്ടിയ തോമരം. മുള്ളന്‍ ചട്ടകള്‍, വാശീവൃക്ഷാദനങ്ങള്‍, ഋഷ്ടി, ശൃംഗം, പ്രാസം, പല തരം ആയുധങ്ങള്‍, നല്ല വെണ്മഴു, തുമ്പ, എണ്ണ, നെയ്യ്‌, തേന്‍ ഈ പറഞ്ഞവ എടുത്തവരും, പൊന്‍കോപ്പണിഞ്ഞവരും, നാനാരത്ന വിഭൂഷിതന്മാരും, അഗ്നി പോലെ ഉജ്ജ്വലിക്കുന്ന ചിത്രയോധന്മാരും, ചട്ടയിട്ട ശൂരന്മാരും, ശസ്ത്രത്തില്‍ അഭ്യാസ ബലമുള്ളവരും, കുലീനരായ അശ്വജാതിജ്ഞന്മാരും, സാരഥ്യത്തില്‍ നിപുണന്മാരും, അരിഷ്ടകക്ഷാബന്ധാഢ്യന്മാരും, ധ്വജങ്ങള്‍. പതാകകള്‍ എന്നിവ കെട്ടുന്നതില്‍ സമര്‍ത്ഥന്മാരും, ബദ്ധാഭരണനിര്യുഹന്മാരും, ബദ്ധചര്‍മ്മാസി പട്ടസന്മാരും, മുഖ്യന്മാരായ തേരാളികളും, ഹയവേദികളും, നാലു കുതിരകളെ പൂട്ടിയ തേരുള്ളവരും ഉത്തമാശ്വാഢ്യന്മാരും, ഋഷ്ടി., പ്രാസം എന്നിവയോടു കൂടിയവരും, നൂറു വില്ലുകള്‍ ഉള്ളവരും, ഇങ്ങനെ ദുര്യോധനന്റെ പടയില്‍ വളരെയേറെ വിചക്ഷണന്മാര്‍ സന്നദ്ധരായി നിന്നു. നഗരം പോലെ ശോഭിക്കുന്നവയും. ശത്രു ദുര്‍ദ്ധര്‍ഷണങ്ങളുമായ ധാരാളം പൊന്നണിഞ്ഞ രഥങ്ങള്‍ നിരന്നു. തേരുകള്‍ക്കൊപ്പം ചട്ടയിട്ട്‌ അണിഞ്ഞ ആനകളും നിന്നു. ഏഴ്‌ ആനകളോടൊത്ത്‌ രത്നാഢ്യമായ അദ്രികള്‍ പോലെ ആനകള്‍ ശോഭിച്ചു. ഓരോ ആനയ്ക്കും രണ്ടു തോട്ടിക്കാരും, രണ്ടു വില്ലാളികളും, രണ്ടുവാള്‍ക്കാരും, വേലും, ശൂലവും എടുത്തിട്ടുള്ള ഒരാളും ഇങ്ങനെ ചട്ടയിട്ട ആയുധമണിഞ്ഞ ആനപ്പട കൗരവന്റെ പങ്കില്‍ പ്രശോഭിച്ചു.

ചട്ടയിട്ടും കോപ്പണിഞ്ഞും കൊടിനാട്ടിയുമുള്ള കുതിരക്കാര്‍ കേറിയ കുതിരകള്‍ പതിനായിരം ശബ്ദിച്ചു. മുന്‍കാലേറു കൂടാത്ത സ്വര്‍ണ്ണക്കോപ്പണിഞ്ഞ കുതിരകള്‍ അശ്വാരോഹകന്മാരുടെ അധീനത്തില്‍ നൂറായിരം നിന്നു.

നാനാരൂപാകൃതിയോടു കൂടി നാനാകവച ധാരികള്‍, ശസ്ത്രധരന്മാരായ കാലാള്‍ സൈന്യം. പൊന്മാല ചാര്‍ത്തി പ്രശോഭിച്ചു.

ഒരു തേരിന് പത്താനകള്‍. ഒരാനയ്ക്ക്‌ പത്തു കുതിരകള്‍, ഒരു കുതിരയ്ക്ക്‌ പത്തു കാലാളുകള്‍, ഇങ്ങനെ കാലാളുകളെ കാക്കുന്നവരായി നിരന്നു.

ഒരു തേരിന് അമ്പതു കൊമ്പന്മാര്‍. ഒരു കൊമ്പന് അഞ്ഞൂറു കുതിരകള്‍, കുതിരയ്ക്ക്‌ മുപ്പത്തഞ്ച്‌ ഭിന്നസന്ധാനകരന്മാരായ പുരുഷന്മാര്‍.

ഒരു സേനയ്ക്ക്‌ അഞ്ഞൂറാനകള്‍. അത്ര തന്നെ തേരുകള്‍. പത്തു സേന ചേര്‍ന്നാല്‍ ഒരു പൃതന. പത്തു പൃതന ചേര്‍ന്നാല്‍ ഒരു വാഹിനി, അങ്ങനെ പത്തു വാഹിനി ചേര്‍ന്നാല്‍ ഒരു സേന. പൃതന, ധ്വജിനി, ചമു ഇവ ഓരോന്നും പത്തിരട്ടിച്ചതാണ്‌. പര്യായം കൊണ്ട്‌ അക്ഷൗഹിണീക്കു വരുഥിനി എന്നും പറയുന്നു.

ഇങ്ങനെ ധീമാനായ കൗരവ നായകന്‍ പടകൂട്ടി പതിനൊന്ന്‌ അക്ഷൗഹിണി സജ്ജമാക്കി നിര്‍ത്തി. എന്നാൽ പാണ്ഡവന്മാര്‍ക്ക്‌ ഏഴ് അക്ഷൗഹിണി മാത്രമാണ്‌ ബലം. കൗരവന്മാര്‍ക്കു പതിനൊന്നാണ്‌. അഞ്ചു നരന്മാര്‍ ചേര്‍ന്ന അമ്പതു സംഘത്തെ പത്തിയെന്നു പറയുന്നു. മുപ്പതു സേനാമുഖം ചേര്‍ന്നാല്‍ ഗുല്‍മമെന്നു പറയുന്നു. മൂന്നു ഗുല്‍മം ഒരു ഗണം, അങ്ങനെയുള്ള ഗണം പതിനായിരം ദുര്യോധനസൈന്യത്തില്‍ ശസ്ത്രപാണികളായി നിന്നു. ബുദ്ധിയേറിയ ശൂരന്മാരെ ദുര്യോധന രാജാവ്‌ നോക്കിക്കണ്ടു സേനാപതികളാക്കി നിശ്ചയിച്ചു. വെവ്വേറെഅക്ഷൗഹിണികള്‍ നടത്തുവാന്‍ നരമുഖ്യന്മാരെ മുന്‍പേ തന്നെ ഏര്‍പ്പെടുത്തി രാജാവ്‌ മറ്റു മന്നവന്മാരോടു പറഞ്ഞു. കൃപന്‍, ദ്രോണന്‍, ശല്യന്‍ സിന്ധു രാജാവായ ജയദ്രഥന്‍, സുദക്ഷിണന്‍ എന്ന കാംബോജന്‍, ഹാര്‍ദ്ദിക്യന്‍, ദ്രൗണി, കര്‍ണ്ണന്‍, യൂപകേതനന്‍, ശകുനി, ബാല്‍ഹീകന്‍ - ഇങ്ങനെ പതിനൊന്ന്‌ അക്ഷൗഹിണിക്കു നായകന്മാരായി പതിനൊന്നു മഹാരഥന്മാരെ നിയമിച്ചു. അവര്‍ക്ക്‌ നിത്യവും വേണ്ട സമയങ്ങളില്‍ പരസ്യമായി വേണ്ട; വിധത്തില്‍ ബഹുമാനങ്ങള്‍ നല്കി.

ഇങ്ങനെ നിശ്ചയങ്ങള്‍ ചെയ്ത്‌ എല്ലാ മഹാരഥന്മാരും അവരുടെ പരിചാരകന്മാരും രാജസേനകളും രാജപ്രീതി വരുത്തുവാന്‍ നില കൊണ്ടു.

156. ഭീഷ്മസേനാപതിത്വം - വൈശമ്പായനൻ പറഞ്ഞു: ദുര്യോധനന്‍ ശാന്തനവനായ ഭീഷ്മനെ തൊഴുത്‌, മറ്റു മന്നവന്മാരോടു കൂടി ചേര്‍ന്ന്‌ ഇപ്രകാരം പറഞ്ഞു: സേനാനായകനില്ലെങ്കില്‍ എത്ര വലിയ സേനയും ചിന്നിച്ചിതറും, പോരില്‍ ഉറുമ്പില്‍ കൂട്ടം പോലെയാകും. രണ്ടു പേര്‍ക്ക്‌ ഒരു കാലത്തും ഒരേ ബുദ്ധി ഉണ്ടാകുവാന്‍ വിഷമമാണ്‌. പടനായകന്മാര്‍ രണ്ടു പേരായാല്‍ ശൗര്യത്തില്‍ പരസ്പരം മത്സരവുമുണ്ടാകും. പണ്ട്‌ വീരന്മാരായ ഹേഹയേന്ദ്രന്മാരുമായി വിപ്രന്മാര്‍ ദര്‍ഭപ്പുല്ല്‌ എടുത്തു നേരിട്ട്‌ എതിര്‍ത്തുവത്രെ അവര്‍ക്ക്‌ തുണയായി വൈശ്യരും, ശൂദ്രന്മാരും നിന്നു. ഒരു ഭാഗത്തു മൂന്നു ജാതിക്കാര്‍, മറുഭാഗത്ത്‌ രാജാക്കന്മാര്‍. പിന്നെ പോരില്‍ മൂന്നു ജാതിക്കാരും രാജാക്കന്മാരോടു തോറ്റ്‌ ഓടിക്കളഞ്ഞു. പിന്നേയും യുദ്ധം വെട്ടി. ഒരിടത്തു വളരെ ബലമുണ്ടെങ്കിലും ബലം കുറഞ്ഞ ക്ഷത്രിയന്മാര്‍ തന്നെ ജയിക്കുന്നതായി കണ്ടു. അപ്പോള്‍ ആ ക്ഷത്രിയന്മാരോടു വിപ്രന്മാര്‍ അതിനുള്ള കാരണം എന്തെന്നു ചോദിച്ചു. ധര്‍മ്മജ്ഞന്മാരായ അവരോടു ക്ഷത്രിയന്മാര്‍ പറഞ്ഞു. ഞങ്ങള്‍ പോരില്‍ ബുദ്ധി കൂടിയ ഒരു തന്റെ ചൊല്പടി പോലെ നിൽക്കുകയാണ്‌. എന്നാൽ നിങ്ങളൊക്കെ വെവ്വേറെ അവരവര്‍ക്കു ബോധിച്ച മാതിരിയാണു നിന്നു പൊരുതുന്നത്‌. ഇതു കേട്ടപ്പോള്‍ ബ്രാഹ്മണര്‍ ഒരു ബുദ്ധിമാനായ വിപ്രനെ സേനാപതിയാക്കി. നയവാനും ശൂരനുമായ അവന്റെ നേതൃത്വത്തില്‍ നിന്നു പൊരുതിയപ്പോള്‍ രാജാക്കന്മാര്‍ തോറ്റു പോയി. ഇപ്രകാരം കുശലനും, ശൂരനും, ഹിതാര്‍ത്ഥിയും, ഗതകൽമഷനുമായ ഒരു സേനാപതിയുള്ളവര്‍ പോരില്‍ രിപുക്കളെ ജയിക്കും. ഭവാന്‍ എനിക്കു ശുക്രനെ പോലെ ഹിതകാംക്ഷിയാണ്‌. ഇളകാത്തവനും ധാര്‍മ്മികനുമാകണം എന്റെ പടനായകന്‍. രശ്മിയുള്ളവര്‍ക്കു സൂര്യന്‍ എന്ന പോലേയും, ചെടികള്‍ക്കു ചന്ദ്രന്‍ എന്ന പോലേയും, യക്ഷന്മാര്‍ക്കും വിത്തേശന്‍ എന്ന പോലേയും, മലകള്‍ക്കു മേരു പോലേയും, ഖഗങ്ങള്‍ക്കു ഗരുഡന്‍ പോലേയും, വാനവര്‍ക്കു സുബ്രഹ്മണ്യന്‍ പോലേയും, വസുക്കള്‍ക്ക്‌ അഗ്നി പോലേയും, ഭവാന്‍ സംരക്ഷിക്കുന്ന ഞങ്ങള്‍ ഇന്ദ്രന്‍ കാക്കുന്ന വാനവന്മാര്‍ പോലെയാണ്‌. ഞങ്ങള്‍ ദേവന്മാരാല്‍ പോലും അപരാജിതന്മാരായി ഭവിക്കും.; ഒട്ടും സംശയമില്ല. സ്കന്ദന്‍ വാനോര്‍ക്ക്‌ എന്ന പോലെ ഭവാന്‍ ഞങ്ങളുടെ മുമ്പേ നടക്കുക. കാളയെ പശുക്കള്‍ എന്ന പോലെ ഞങ്ങള്‍ അങ്ങയെ പിന്‍തുടരാം.

ഭീഷ്മൻ പറഞ്ഞു: ഹേ, മഹാബാഹോ! നീ പറഞ്ഞ ഒരു കാര്യം ശരിയാണ്‌. എനിക്കു നിങ്ങളെ പോലെ തന്നെയാണ്‌ പാണ്ഡവന്മാര്‍. എന്നു മാത്രമല്ല അവര്‍ക്ക്‌ ഞാന്‍ ശ്രേയസ്സിന് വേണ്ടി ആശംസിക്കുകയും വേണം. നിനക്കു വേണ്ടി പൊരുതുകയും വേണം. ഇതാണ്‌ ഞാന്‍ കരുതിയിട്ടുള്ളത്‌. എനിക്കു കിടയായി ഈ ഭൂമിയില്‍ ഒരു യോധനേയും ഞാന്‍ കാണുന്നില്ല. നരവ്യാഘ്രനായ പൃഥാപുത്രന്‍, അര്‍ജ്ജുനന്‍, മാത്രമല്ലാതെ വേറെ ആരേയും കാണുന്നില്ല. അവന്‍ പലമാതിരി ദിവ്യാസ്ത്രങ്ങള്‍ അറിയുന്ന ബുദ്ധിമാനാണ്‌. ഒരു കാലത്തും അവന്‍ വെളിവായി എന്റെ നേരിട്ടു നിന്നു പൊരുതുകയില്ല. ദേവാസുരന്മാരോടു കൂടി സകല മര്‍ത്ത്യരേയും ക്ഷണം കൊണ്ട്‌ ഇല്ലാതാക്കുവാനുള്ള കഴിവ്‌ അവനുണ്ട്‌. ഞാനും ശസ്ത്രബലം കൊണ്ട്‌ അപ്രകാരം ചെയ്യാം. എന്നാൽ പാണ്ഡവന്മാരെ നശിപ്പിക്കുവാന്‍ എനിക്കു പാടില്ല. അത്‌ എനിക്കു വയ്യ. യോദ്ധാക്കളെ പതിനായിരം വീതം ഞാന്‍ എയ്തു കൊന്നു കളയാം. അങ്ങനെയുള്ള നാശം ഞാന്‍ അവര്‍ക്കു ചെയ്യാം. എതിര്‍ക്കുമ്പോള്‍ ആദ്യം അവര്‍ എന്നെ കൊല്ലാതിരുന്നാല്‍ ഇങ്ങനെ ഒരു സഹായം ഞാന്‍ നിനക്കു ചെയ്യാം. പിന്നെ വേറെ ഒരു കരാറു കൂടി എനിക്കു സേനാപതിയാകണം എങ്കില്‍ ചെയ്യേണ്ടതുണ്ട്‌. അതിനിഷ്ടമുണ്ടെങ്കില്‍, അപ്രകാരം സമ്മതിച്ചാല്‍, ഞാന്‍ സൈന്യാധിപത്യം ഏറ്റെടുക്കാം. ആദ്യം ഞാനോ അല്ലെങ്കില്‍ കര്‍ണ്ണനോ നേതാവായി പൊരുതട്ടെ. കര്‍ണ്ണന്‍ സൈന്യാധിപനാകുവാന്‍ തിരക്കുകയാണല്ലൊ.

കര്‍ണ്ണന്‍ പറഞ്ഞു: ഹേ രാജാവേ. ഭിഷ്മന്‍ ജീവിച്ചിരിക്കുന്ന കാലത്തു ഞാന്‍ പൊരുതുന്നതല്ല. ഗാംഗേയന്‍ വീണതിന് ശേഷം ഞാന്‍ ഗാണ്ഡീവിയോട്‌ എതിര്‍ത്തു കൊള്ളാം.

വൈശമ്പായനൻ പറഞ്ഞു: ധാര്‍ത്തരാഷ്ട്രന്‍ ഭീഷ്മനെ സേനാപതിയാക്കി. ഭീഷ്മൻ അഭിഷേകം കൈക്കൊണ്ടു പ്രശോഭിച്ചു. ശംഖും, പെരുമ്പറകളും നൂറായിരം മുഴങ്ങി. രാജശാസന അനുസരിച്ചു വാദക്കാര്‍ സേനാനായകാഭിഷേകം ഉല്‍ഘോഷിച്ചു. പലമട്ടില്‍ സിംഹനാദങ്ങളും, വാഹനങ്ങളായ ആനകളുടേയും, കുതിരകളുടേയും,. ഒട്ടകം, കഴുത മുതലായവയുടേയും ശബ്ദങ്ങളും മുഴങ്ങി. കാറ്റു കൂടാതെ ആകാശത്തുനി ന്ന്‌ രക്തം വര്‍ഷിച്ചു. ഇടിയും ഭൂകമ്പവും, അതോടൊപ്പം ആനകളുടെ ചിന്നം വിളിയും ഉണ്ടായി. ഈ അപശബ്ദങ്ങള്‍ ഉണ്ടായപ്പോള്‍ യോധന്മാരുടെ മനസ്സു മങ്ങി. അശരീരിവാക്കുകള്‍ കേട്ടു. കൊള്ളിമീന്‍ ആകാശത്തില്‍ ചാടി. ഭയപ്പെടുത്തുന്ന വിധം അഗ്നി വായില്‍ ആളി ജ്വലിക്കുന്ന വിധം കുറുക്കന്മാര്‍ ഓരിയിട്ടു.

ഇപ്രകാരമുള്ള ദുര്‍ന്നിമിത്തങ്ങള്‍ ഭീഷ്മനെ സേനാപതിയാക്കി അഭിഷേകം ചെയ്ത മുഹൂര്‍ത്തത്തില്‍ ഉണ്ടായി. വേറേയും പല ദൂര്‍ന്നിമിത്തങ്ങളും അപ്പോള്‍ കണ്ടു.

ഭീഷ്മനെ അഭിഷേകം ചെയ്തു ഗോവും ഹിരണൃവും ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു ആശീര്‍വ്വാദങ്ങള്‍ കൈക്കൊണ്ടു. അങ്ങനെ ഭീഷ്മൻ യോധന്മാരോടു കൂടി ഇറങ്ങി. ദുര്യോധനന്‍ ഭീഷ്മനെ മുമ്പില്‍ നടത്തി സോദരന്മാരോടു ചേര്‍ന്ന്‌ മഹാസൈന്യങ്ങളോടു കൂടി കുരുക്ഷേത്രത്തിലെത്തി. കര്‍ണ്ണനോടു കൂടി സുയോധനന്‍ കുരുക്ഷേത്രം ചുറ്റി നടന്നു കണ്ടു. പടവീടു കെട്ടുവാന്‍ സമഭൂമിയില്‍ അളപ്പിച്ചു. പുല്ലും വിറകും ധാരാളമുള്ള സമഭൂമിയില്‍ മധുരമായ ആനൂപ പ്രദേശത്തു പണിതീര്‍ത്ത പടവീടുകള്‍ ഹസ്തിനാപുരി പോലെ പ്രശോഭിച്ചു.

157. ബലരാമന്‍ തീര്‍ത്ഥയാത്രയ്ക്ക് ഒരുങ്ങുന്നു - ജനമേജയൻ പറഞ്ഞു: മഹാത്മാവായ ഗംഗാപുത്രന്‍ ശസ്ത്രധരോത്തമനാണ്‌. ഭാരതന്മാര്‍ക്ക്‌ പിതാമഹനാണ്‌. രാജാക്കന്മാര്‍ക്കൊക്കെ ധ്വജോപമനാണ്‌. ബുദ്ധി കൊണ്ട്‌ ബൃഹസ്പതി സദൃശനാണ്‌. ക്ഷമ കൊണ്ടു ക്ഷമയോടു തുല്യനാണ്‌. മഹാസമുദ്രം പോലെ ഗംഭീരനാണ്‌. ഹിമാലയം പോലെ സുസ്ഥിരനാണ്‌. പ്രജാപതിക്കു തുല്യം ഉദാരനാണ്‌. തേജസ്സു കൊണ്ട്‌ അര്‍ക്കസന്നിഭനാണ്‌. ശത്രുക്കളെ ശരവര്‍ഷം കൊണ്ടു ശക്രന്‍ എന്ന പോലെ മുടിക്കുന്നവനാണ്‌. രോമാഞ്ചം അഞ്ചുമാറ്‌ ഘോരമായ യുദ്ധയജ്ഞം തുടങ്ങുമ്പോള്‍ യുധിഷ്ഠിരന്‍ ചിരമായ ദീക്ഷയിലാണെന്നു കേട്ടപ്പോള്‍ മഹാബാഹുവായ ഭീമനും ശസ്ത്രജ്ഞന്മാരില്‍ ഉത്തമനായ അര്‍ജ്ജുനനും എന്താണു പറഞ്ഞത്‌? പിന്നെ കൃഷ്ണനും എന്താണു പറഞ്ഞത്‌?

വൈശമ്പായനൻ പറഞ്ഞു: ആപത് ധര്‍മ്മാര്‍ത്ഥ ചതുരനും, മഹാമതിയുമായ യുധിഷ്ഠിരന്‍, സോദരന്മാരേയും ശാശ്വതനായ കൃഷ്ണനേയും വരുത്തി. സാന്ത്വമായ വിധം വാഗ്മിയായ രാജാവ്‌ ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ പടകളെ നോക്കിക്കൊള്ളുവിന്‍. ചട്ടയിട്ടു നിൽക്കുവിന്‍. പിതാമഹനുമായിട്ടാണ്‌ നിങ്ങള്‍ക്ക്‌ ആദ്യം യുദ്ധമുണ്ടാകുവാന്‍ പോകുന്നത്‌. അതു കൊണ്ട്‌ ഏഴു സൈന്യത്തിലും പടനായകന്മാരായി വെക്കേണ്ടവരെ നിശ്ചയിക്കുവിന്‍.

കൃഷ്ണന്‍ പറഞ്ഞു: കാലം വന്നടുത്തപ്പോള്‍ ഭവാന്‍ പറയേണ്ട കാര്യം പറഞ്ഞു. എനിക്കു ബോദ്ധ്യമായി. ഏഴു സേനയിലും ഭവാന്‍ സേനാപതികളെ നിശ്ചയിച്ചാലും. ഏഴുപേര്‍ ആരൊക്കെയാകണം എന്നു ഞാന്‍ പറയാം. ദ്രുപദന്‍, സാത്യകി, വിരാടന്‍, ധൃഷ്ടദ്യുമ്നന്‍, ധൃഷ്ടകേതു, ശിഖണ്ഡി, മാഗധനായ സഹദേവന്‍ ഈ ഏഴുപേര്‍ മഹായോഗ്യന്മാരാണ്‌. പോരില്‍ ഏൽക്കുന്ന മഹാവീരന്മാരാണ്‌. അവരെ വരുത്തുക. അങ്ങനെ കൃഷ്ണന്റെ അഭിപ്രായം അനുസരിച്ചു ധര്‍മ്മപുത്രന്‍ അവരെ മുറയ്ക്കു സേനാപതികളാക്കി അഭിഷേചിച്ചു. പിന്നെ ധൃഷ്ടദ്യുമ്നനെ വീണ്ടും സര്‍വ്വസേനാപതിയുമാക്കി അഭിഷേചിച്ചു. അവന്‍ ദ്രോണനെ കൊല്ലുവാന്‍ തീയില്‍ നിന്നു പൊങ്ങിയവനാണ്‌. എല്ലാക്കൂട്ടത്തോടും ഒത്തുള്ള രാജാക്കളായ അവര്‍ക്കു സേനാപതി സ്ഥാനം ധനഞ്ജയന്നു നല്കി. അര്‍ജ്ജുനനും നായകനായി അശ്വങ്ങള്‍ക്കു സൂതനായി ബലഭദ്രാനുജനായ സാക്ഷാല്‍ കൃഷ്ണന്‍ പ്രശോഭിച്ചു.

മഹാനാശകരമായ യുദ്ധം വന്നടുത്തതു കണ്ട്‌ ഉടനെ ഹലായുധന്‍, അക്രൂരാദികള്‍, ഗദന്‍, സാംബന്‍, ഉദ്ധവാദ്യന്മാര്‍, പ്രദ്യുമ്നാഹുകന്മാരായ സൂതന്മാര്‍, ചാരുദേഷ്ണന്‍ തുടങ്ങിയവര്‍ ഇങ്ങനെ ബലോൽക്കടരായ ആ പുരുഷവ്യാഘ്രന്മാരോടു കൂടി ദേവന്മാരോടു കൂടിയ ഇന്ദ്രനെ പോലെ അവിടെ കയറി വന്നു. കൈലാസ സന്നിഭനും നീലപ്പട്ടുടുത്തവനും സിംഹപ്രൗഢ ഗതിയുമായ ബലഭദ്രന്റെ കണ്ണുകള്‍ മദം കൊണ്ടു ചുവന്നിരുന്നു. ആ മഹാനെ കണ്ട ഉടനെ യുധിഷ്ഠിരനും കൃഷ്ണനും ഭീമനും അര്‍ജ്ജുനനും മറ്റു രാജാക്കന്മാരും എഴുന്നേറ്റു. വന്നു ചേര്‍ന്ന അതിഥിയെ ആദരവോടു കൂടി അവര്‍ എല്ലാവരും പൂജിച്ചു. ധര്‍മ്മരാജാവ്‌ ഹലിയുടെ കൈകള്‍ പിടിച്ചു. വാസുദേവന്‍ മുതലായവര്‍ അഭിവാദനം ചെയ്തു. ബലരാമന്‍ ഉടനെ ദ്രുപദനേയും വിരാടനേയും വന്ദിച്ചു. പിന്നെ യുധിഷ്ഠിരനോടു കൂടെ ഇരുന്നു. രാജാക്കളൊക്കെ ഇരുന്നു. രാജാക്കന്മാരൊക്കെ ഇരുന്നതിനു ശേഷം വാസുദേവന്റെ നേരെ കണ്ണെറിഞ്ഞു കൊണ്ട്‌, രോഹിണീ പുത്രന്‍ ധര്‍മ്മരാജാവിനോടു പറയുവാന്‍ തുടങ്ങി:

മഹാരൗദ്രവും ഘോരവുമായ പുരുഷക്ഷയം ഇതാ അടുത്തിരിക്കുന്നു. ഇതു വിധിവൈഭവം തന്നെ! യാതൊരു സംശയവുമില്ല. അതു തെറ്റി നിൽക്കുവാന്‍ അസാദ്ധ്യമാണ്‌. എന്നാൽ യുദ്ധം തീര്‍ന്നു കയറി ഇഷ്ടരോടു ചേര്‍ന്നു നിങ്ങളെ അരോഗരായും അക്ഷതഗാത്രരായും കാണുവാന്‍ സാധിക്കുമെന്നാണ്‌ എന്റെ അഭിപ്രായം. ഭൂമിയിലുള്ള രാജാക്കന്മാരൊക്കെ കാലപക്വങ്ങളാണ്‌, അതും തീര്‍ച്ചപ്പെട്ട കാര്യമാണ്‌! മാംസവും ചോരയും ചളിപ്പെടുന്ന മഹായുദ്ധം തീര്‍ച്ചയായും ഇവിടെ നടക്കും. ഞാന്‍ ഈ കൃഷ്ണനോടു വീണ്ടും വീണ്ടും സ്വകാര്യമായും പറഞ്ഞു: "ഹേ, മധുസുദനാ! നീ നമ്മുടെ ബന്ധുക്കളില്‍ തുല്യനില പാലിക്കണം. നമുക്കു പാണ്ഡവന്മാരെ പോലെയാണ്‌ ദുര്യോധന രാജാവും. മാനമായ സഹായം അവനും ചെയ്യും! എന്നു വീണ്ടും വീണ്ടും പറഞ്ഞു. അങ്ങയ്ക്കു വേണ്ടി കൃഷ്ണന്‍ ഞാന്‍ പറഞ്ഞതു കേട്ടില്ല". സര്‍വ്വാത്മനാ കൃഷ്ണനോടു ചേര്‍ന്നിണങ്ങുന്ന അര്‍ജ്ജുനനെ നോക്കി അദ്ദേഹം തുടര്‍ന്നു; "പാണ്ഡവന്മാര്‍ക്കു ജയം തീര്‍ച്ചയായും ഉണ്ടാകുമെന്ന്‌ എനിക്കു ബോദ്ധ്യമായിരിക്കുന്നു. അത്രയ്ക്കു വാശിയുണ്ട്‌ വാസുദേവന്. കൃഷ്ണനെ വിട്ടു ലോകത്തെ കാണുവാനും എനിക്കു ശക്തിയില്ല. അതു കൊണ്ടു കേശവന്റെ ഇഷ്ടത്തിനു ഞാനും നില്‍ക്കുന്നു. എന്റെ ശിഷ്യന്മാരായ രണ്ടുപേരും വീരന്മാരാണ്‌. ഗദായുദ്ധത്തില്‍ വിദഗ്ദ്ധന്മാരുമാണ്‌. എനിക്ക്‌ എന്റെ രണ്ടു ശിഷ്യന്മാരായ ഭീമദുര്യോധനന്മാരില്‍ സ്നേഹം തുല്യമാണ്‌. അതു കൊണ്ട്‌ ഞാന്‍ ഇപ്പോള്‍ സരസ്വതീ തീര്‍ത്ഥയാത്രയ്ക്കു പോവുകയാണ്‌. കൗരവന്മാര്‍ നശിക്കുന്നതു നോക്കി കണ്ട്‌ ഇവിടെ വെറുതെ ഇരിക്കുവാന്‍ പ്രയാസമാണ്‌".

എന്നു പറഞ്ഞു മഹാബാഹുവായ ബലഭദ്രന്‍ പാണ്ഡവന്മാരോടു യാത്ര പറഞ്ഞ്‌ അവരുടെ അനുവാദം വാങ്ങി, അനുനയനം ചെയ്തു കൃഷ്ണനെ മടക്കിപ്പറഞ്ഞയച്ച്‌, തീര്‍ത്ഥയാത്രയ്ക്കു പറപ്പെട്ടു.

158. രുക്മി നിഷേധിക്കപ്പെടുന്നു - വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ കൗരവന്മാരും പാണ്ഡവന്മാരും സൈന്യങ്ങളെ സജ്ജമാക്കി ക്കൊണ്ടിരിക്കെ ഒരു സംഭവമുണ്ടായി. മഹാത്മാവായ ഭീഷ്മക രാജാവിന്റെ പുത്രന്‍ പാണ്ഡവന്മാരുടെ അടുത്തേക്കു പുറപ്പെട്ടു. ഹിരണ്യരോമാവായ സാക്ഷാല്‍ ദേവേന്ദ്രന്റെ സുഹൃത്താണ്‌ ഭീഷ്മക രാജാവ്‌. യശസ്വിയായ ദാക്ഷിണാത്യധിപനാണ്‌ ആ ഭോജരാജാവ്‌. അദ്ദേഹത്തിന്റെ വീരനായ പുത്രന്‍ രുക്മി സത്യസങ്കല്പനായി ഗന്ധമാദനത്തില്‍ ചെന്നു സാക്ഷാല്‍ കിമ്പുരുഷന്റെ ശിഷ്യനായി നാലു പാദങ്ങളോടു കൂടിയ ധനുര്‍വ്വേദം അഭ്യസിച്ചു. ഗാണ്ഡീവ തുല്യമായ തേജസ്സുള്ളതും ശാര്‍ങ്ഗത്തിനൊത്ത ദിവ്യലക്ഷണമുള്ളതുമായ ഐന്ദ്രം എന്ന വില്ലു നേടി. ദേവന്മാര്‍ക്കു പ്രധാനമായ മൂന്നു വില്ലുകളാണ്‌, ഗാണ്ഡീവം, വാരുണം, ഐന്ദ്രം. ഇവ വിജയകരമായ ദിവ്യകാര്‍മ്മുകങ്ങളാണ്‌. ദിവ്യതേജോമയമായ ശാര്‍ങ്ഗം വൈഷ്ണവമായ വില്ലാണ്‌. ശത്രുസേനാഭീഷണമായ അതും കൃഷ്ണന്‍ എടുത്തതാണ്‌. ഗാണ്ഡീവം അഗ്നിയോടു ഖാണ്ഡവത്തില്‍ അര്‍ജ്ജുനന്‍ വാങ്ങി. ദ്രുമങ്കല്‍ നിന്നു തേജസ്വിയായ രുക്മി വിജയം എന്നു കൂടി പേരുള്ള ഐന്ദ്രാസ്ത്രം നേടി. മുരനെ കൊന്ന്‌ ശക്തിമാനായ കൃഷ്ണന്‍ മുരപാശങ്ങള്‍ അറുത്ത്‌ ഭൗമനായ നരകനെ സംഹരിച്ചു കുണ്ഡലങ്ങള്‍ ഹരിച്ചു. പതിനായിരം നാരിമാരേയും പല രത്നങ്ങളും നേടി മുഖ്യമായ ശാര്‍ങ്ഗവും നേടി ഹൃഷീകേശന്‍ തിരിച്ചു. രുക്മിയാണെങ്കില്‍ മേഘാരാവമുള്ള വിജയം എന്ന വില്ലു നേടിയവനാണ്‌.

അങ്ങനെ മൂന്നു മഹാദിവ്യമായ അസ്ത്രങ്ങളില്‍ ഒന്നായ വിജയം എന്ന വില്ലുമായി ലോകത്തെ വിറപ്പിക്കുമാറ്‌ പടയെ നടത്തി പാണ്ഡവന്മാരുടെ സമീപത്തെത്തി. ധീമാനായ കൃഷ്ണന്‍ സഹോദരിയായ രുഗ്മിണിയെ അപഹരിച്ചതു കയ്യൂക്കിന്റെ ഗര്‍വ്വു കൊണ്ടു പൊറുക്കാത്തവനാണ്‌ അതിവീര്യവാനായ ഈ രുക്മി. അവന്‍ കൃഷ്ണനെ കൊല്ലാതെ കുണ്ഡിനത്തില്‍ കയറുകയില്ലെന്നു സത്യം ചെയ്തു. സർവ്വശസ്ത്രധര ശ്രേഷ്ഠനായ വാര്‍ഷ്ണേയനോട്‌ എതിര്‍ത്തവനാണ്‌. മഹാവേഗമായ ചതുരംഗ സേനയോടു കൂടി തടംതല്ലിത്തകര്‍ക്കുന്ന ഗംഗ പോലെ യോഗീശയനായ കൃഷ്ണനോട്‌ എതിര്‍ത്തു. കൃഷ്ണന്‍ അവനെ തോല്പിച്ചു വിടുകയാല്‍ ലജ്ജിച്ചു കുണ്ഡിനത്തിൽ പിന്നെ കയറാതെ ജീവിക്കുന്ന ധീരനാണ്‌. പോരില്‍ കൃഷ്ണന്‍ ജയിച്ച ശത്രുമര്‍ദ്ദനനായ അവന്‍ ഭോജകുടം എന്ന ഒരു പുരം സൃഷ്ടിച്ച്‌ അതില്‍ പാര്‍ക്കുകയാണ്‌. ധാരാളം ഗജങ്ങളും അശ്വങ്ങളും ചേര്‍ന്ന മഹാസൈന്യത്തോടു കൂടി അവന്‍ ഭോജകുടത്തില്‍ പ്രതാപിയായി വാഴുകയാണ്‌. ആ ഭോജരാജാവ്‌ ഒരു അക്ഷൗഹിണീ സൈന്യത്തോടു കൂടി പാണ്ഡവന്റെ സമീപത്തെത്തി. ചട്ട, വില്ല്‌, വാള്‍, കയ്യുറ, ആവനാഴി ഇവ ധരിച്ച്‌ ആദിതൃ വര്‍ണ്ണമുള്ള കൊടിയോടു കൂടി ആ മഹാസൈന്യത്തില്‍ വന്നു കയറി പാണ്ഡവന്മാരെ അറിയിച്ചു. കൃഷ്ണന്റെ ഇഷ്ടം വിചാരിച്ച്‌, അവനെ എതിരേറ്റ്‌, ധര്‍മ്മപുത്രന്‍ പൂജിച്ചു. വേണ്ട പോലെ പാര്‍ത്ഥന്‍ പൂജിച്ച്‌, നല്ല പോലെ പരിചരിച്ച അവന്‍ സൈന്യത്തോടു കൂടി അന്ന്‌ അവിടെ വിശ്രമിച്ചു. വീരന്മാരായ ജനങ്ങളുടെ മുമ്പില്‍ വെച്ച്‌ അര്‍ജ്ജുനനോട്‌ ഇപ്രകാരം പറഞ്ഞു: അല്ലയോ പാണ്ഡവാ, ഭവാന്‍ ഭയപ്പെടേണ്ട, പോരില്‍ സഹായിക്കുവാന്‍ തയ്യാറുണ്ട്‌. നിനക്കു ഞാന്‍ ശത്രുമദ്ധൃത്തില്‍ അസഹ്യമായ സാഹ്യം നല്കുന്നതാണ്‌. എന്നോടൊപ്പം വിക്രമത്തിന്‌ ഒരാളേയും ഞാന്‍ കാണുന്നില്ല. പോരില്‍ ഞാന്‍ ഒരു ഭാഗം മുഴുവന്‍ ഒറ്റയ്ക്ക്‌ കൊന്നു തരാം. അല്ലെങ്കില്‍ ഞാന്‍ ഒരു കാര്യം ചെയ്യാം. ഈ രാജാക്കളൊക്കെ ഇവിടെ നിൽക്കട്ടെ! ഞാന്‍ ഒറ്റയ്ക്കു സകലരേയും ജയിച്ചു ഭൂമി വീണ്ടെടുത്ത്‌ അങ്ങയ്ക്കു നല്കാം. ഇപ്രകാരം അവന്‍ അര്‍ജ്ജുനനോട്‌, കൃഷ്ണനും ധര്‍മ്മപുത്രനും മറ്റുള്ള രാജാക്കന്മാരും കേട്ടു നിൽക്കെ പറഞ്ഞു. ഈ ആത്മപ്രശംസ കേട്ടപ്പോള്‍ അര്‍ജ്ജുനന്‍ കൃഷ്ണന്റേയും യുധിഷ്ഠിരന്റേയും നേരെ കണ്ണു വിട്ടു ചിരിച്ചു. സഖിയുടെ ഭാവത്തില്‍ പറഞ്ഞു; കുരുവംശത്തില്‍ പിറന്നവനും വിശേഷിച്ചും പാണ്ഡുവിന്റെ പുത്രനും ദ്രോണാചാര്യന്റെ ശിഷ്യനാണെന്നു പേരുള്ളവനും, വാസുദേവന്‍ സഹായിക്കുന്നവനും, ഗാണ്ഡീവം കയ്യിലുള്ളവനുമായ എനിക്ക്‌ പേടിയുണ്ടെന്ന്‌ എങ്ങനെ ഞാന്‍ പറയും? ഘോഷയാത്രയില്‍ ശക്തരായ ഗന്ധർവ്വവന്മാരോട് എതിര്‍ത്ത അന്ന്‌, എനിക്ക്‌ വീരനായ ഏതു സഖിയാണു സഹായിച്ചത്‌? അപ്രകാരം ഭീഷണമായി ദേവദൈത്യരോട ഒത്തുചേര്‍ന്നു പൊരുതുന്ന കാലത്ത്‌ ഖാണ്ഡവത്തില്‍ ഏതു വീരസഖാവാണ്‌ എനിക്കു സഹായിച്ചത്‌? നിവാത കവചന്മാരോടും കാലകേയന്മാരോടും യുദ്ധത്തില്‍ ഞാന്‍ അവിടെ വെച്ചു പൊരുതുമ്പോള്‍ എന്നെ ഏതു വീരസഖിയാണ്‌ തുണച്ചത്‌? അപ്രകാരം തന്നെ വിരാടപുരിയില്‍ കുരുക്കളോട്‌ എതിര്‍ത്ത അന്നു ഞാന്‍ പലരുമായി പൊരുതുമ്പോള്‍ എന്നെ ആരാണ്‌ സഹായിച്ചത്‌? പോരില്‍ ശിവനെ സേവിച്ചു. ഇന്ദ്രനേയും അന്തകനേയും ധനേശ്വരനേയും വരുണനേയും അഗ്നിയേയും ദ്രോണനേയും കൃപനേയും മാധവനേയും ഞാന്‍ സേവിച്ചു. ദൃഢവും തേജോമയവും ദിവൃവുമായ ഗാണ്ഡീവം വില്ലെടുത്തു നിൽക്കുന്ന ഞാന്‍, അമ്പ്‌ ഒരിക്കലും ഒടുങ്ങാത്തവനായ ഞാന്‍, ദിവ്യാസ്ത്രങ്ങള്‍ ധരിക്കുന്നവനായ ഞാന്‍, ദുഷ്കീര്‍ത്തിയുണ്ടാക്കുന്ന വിധം പേടിക്കുന്നുണ്ടെന്ന്‌ എങ്ങനെ പറയും? ഹേ, നരവ്യാഘ്രാ! നേരിട്ടു, വജ്രപാണിയോടാണ്‌ ഞാന്‍ പോരാടേണ്ടി വന്നതെന്നു വിചാരിക്കൂ. എന്നാലും മഹാബാഹോ, ഞാന്‍ ഭയപ്പെടുകയില്ല. എന്നെ തുണയ്ക്കുവാന്‍ ആരും വേണ്ടാ. യഥേഷ്ടം മറ്റിടത്തേക്കു ഭവാനു പോകാം. യോഗം പോലെ നിൽക്കുകയും ചെയ്യാം.

ഇതു കേട്ടപ്പോള്‍ അവിടെ പിന്നെ ഒരു നിമിഷം പോലും നിൽക്കാതെ രുക്മി തന്റെ കടല്‍ പോലെയുള്ള മഹാസൈന്യത്തേയും കൊണ്ടു തിരിച്ചു പോയി. പാണ്ഡവന്മാരെ വിട്ട്‌ അവന്‍ നേരെ ചെന്നത്‌ ദുര്യോധനന്റെ സമീപത്തേക്കാണ്‌. അപ്രകാരം ദുര്യോധനനേയും കണ്ടു സംസാരിച്ചു. ശൂരാഭിമാനിയായ ദുര്യോധനനും പാണ്ഡവന്മാര്‍ ഉപേക്ഷിച്ച രുക്മിയെ സ്വീകരിച്ചില്ല.

ഇങ്ങനെ മഹാവീരന്മാരായ രണ്ടുപേരാണ്‌ ഈ മഹായുദ്ധത്തില്‍ നിന്ന്‌ ഒഴിവായി നിന്നത്‌. ഒന്ന്‌ വാര്‍ഷ്ണേയനായ ബലഭദ്രന്‍, രണ്ടാമതു രുക്മി. രാമന്‍ തീര്‍ത്ഥയാത്രയ്ക്കു പോയി. രുക്മി പിന്‍മടക്കപ്പെട്ടു. അവര്‍ പോയതിനു ശേഷം പാണ്ഡവന്മാര്‍ കാര്യാലോചന ചെയ്യുവാന്‍ ചേര്‍ന്ന്‌ ഇരിപ്പായി. രാജാക്കന്മാര്‍ കലര്‍ന്ന ധര്‍മ്മരാജാവിന്റെ ആ സഭ താരങ്ങളോടും, ചന്ദ്രനോടും കൂടിയ ആകാശം പോലെ ശോഭിച്ചു!

159. ധൃതരാഷ്ട്ര സഞ്ജയ സംവാദം - ജനമേജയൻ പറഞ്ഞു: ഇപ്രകാരം കുരുക്ഷേത്രത്തില്‍ വ്യൂഹം കെട്ടി നിൽക്കുമ്പോള്‍ കൗരവന്മാര്‍ എന്തു ചെയ്തു?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അവര്‍ വ്യുഹം കെട്ടി ഒരുങ്ങി നിൽക്കുമ്പോള്‍ ധൃതരാഷ്ട്രന്‍ സഞ്ജയനോടു പറഞ്ഞു: എടോ സഞ്ജയാ, നീ ഇവിടെ വരൂ! ഒന്നും വിടാതെ എല്ലാം എന്നോടു പറയു! എന്തൊക്കെയാണ്‌ കൗരവന്മാരുടേയും പാണ്ഡവന്മാരുടേയും കൂടാരത്തിലെ വൃത്താന്തങ്ങള്‍? ദൈവം തന്നെ വലുത്‌! പൗരുഷം നിഷ്പ്രയോജനം തന്നെ! നാശം വരുത്തിക്കൂട്ടുന്ന യുദ്ധത്തിന്റെ ദോഷങ്ങളൊക്കെ അറിയുന്നവനായ ഞാന്‍ വഞ്ചകനും ദുര്‍ബുദ്ധിയും കുള്ളച്ചൂതാട്ടക്കാരനുമായ എന്റെ പുത്രനെ തടുക്കാന്‍ ശക്തനായില്ലല്ലോ! സ്വന്തം ഹിതം ചെയ്യുവാനും ശക്തനായില്ല! ദോഷങ്ങള്‍ കണ്ടറിഞ്ഞ എന്റെ ബുദ്ധി ഹേ, സാരഥേ! ദുര്യോധനനില്‍ ചെന്നെത്തുമ്പോള്‍ പിന്നേയും പിന്‍തിരിയുകയാണു ചെയ്യുന്നത്‌. ഇതൊക്കെ നോക്കുമ്പോള്‍ സഞ്ജയാ! വരാനുള്ളതു വഴിയില്‍ തങ്ങില്ല. ക്ഷത്രധര്‍മ്മം പോലെ നടക്കട്ടെ, പോരില്‍ മരിക്കുന്നതായാല്‍ അതു മാനമാണല്ലോ!

സഞ്ജയന്‍ പറഞ്ഞു: ഹേ, രാജാവേ! ഈ ആക്ഷേപമൊക്കെ അങ്ങയ്ക്ക്‌ ഉള്ളതാണ്‌. ദുര്യോധനനെപ്പറ്റി ഭവാന്‍ പറഞ്ഞ ആക്ഷേപങ്ങളില്ലേ അതൊക്കെ അങ്ങയ്ക്കുള്ളതാണ്‌. എന്തിന് ദുര്യോധനനില്‍ ഈ ആക്ഷേപവും അപരാധവുമൊക്കെ വെച്ചു കെട്ടുന്നു. രാജാവേ, ഞാന്‍ പറയുന്നതു മുഴുവന്‍ ഭവാന്‍ കേട്ടറിഞ്ഞാലും. തന്റെ ദുഷ്പ്രവൃത്തി കൊണ്ടു ദോഷം നേടുന്ന പുരുഷന്‍ കാലത്തേയും, ദേവകളേയും ഒട്ടും കുറ്റപ്പെടുത്തരുത്‌. രാജാവേ, മനുഷ്യരില്‍ നിന്ദ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ ആരായാലും വേണ്ടില്ല, ആ നികൃഷ്ടനെ സര്‍വ മനുഷ്യനും ഏതു ലോകത്തു വച്ചായാലും വേണ്ടില്ല, കണ്ടേടത്തു വെച്ചു കൊല്ലണം. ഹേ, രാജാവേ! നീയാണ്‌ ഭയങ്കര ചതിയനും കൊലപാതകിയും. ദുര്യോധനനല്ല. എന്തു കൊണ്ടെന്നു പറയാം. നിന്നെ കാത്തിട്ടാണ്‌ ചൂതില്‍ അമാത്യന്മാരോടു കൂടി ദുര്യോധനന്‍ ചെയ്ത ചതിയും ദ്രോഹങ്ങളുമൊക്കെ പാണ്ഡവന്മാര്‍ സഹിച്ചത്‌. അതിന്റെ ഫലമൊക്കെ ഭവാന്‍ ഇരുന്നു കേള്‍ക്കാം.

അശ്വങ്ങള്‍ക്കും ഗജങ്ങള്‍ക്കും തേജസ്വികളായ നൃപന്മാര്‍ക്കും പോരില്‍ വന്ന നാശങ്ങളൊക്കെ കേള്‍ക്കുവാന്‍ തയ്യാറെടുത്തു കൊള്ളുക. സ്വൈര്യത്തോടെ രാജാവേ, ലോകര്‍ക്കൊക്കെ ക്ഷയോദയം മഹായുദ്ധത്തില്‍ ഉണ്ടായ കഥ നീ ഇവിടെ ഇരുന്നു കേള്‍ക്കുക. ശുഭാശുഭങ്ങള്‍ ചെയ്യുന്ന ആള്‍ പുരുഷനല്ല. നമ്മളല്ല. അത്‌ അജ്ഞാതനായ ഒരാള്‍ അസ്വതന്ത്രനായ മർത്ത്യനെ പാവയെ പോലെ ചെയ്യിപ്പിക്കുകയാണ്‌. ചിലത്‌ ഈശ്വര കല്പനവ ഴിക്ക്‌, ചിലത്‌ യദൃച്ഛയാല്‍, ചിലത്‌ പൂര്‍വ്വകര്‍മ്മഫലത്താല്‍, ഇങ്ങനെ മൂന്നു മാതിരിയാണ്‌ കര്‍മ്മങ്ങള്‍ കാണുന്നത്‌. എങ്കിലും നീ അനര്‍ത്ഥത്തില്‍ പെട്ടവനാണ്‌. സ്ഥിരമായി ഇരുന്നു കേട്ടോളൂ!

ഉലൂക ദൂതാഗമന പര്‍വ്വം

** ശകുനിയുടെ പുത്രനാണ്‌ ഉലൂകന്‍

160. ദുര്യോധനവാക്യം - സഞ്ജയന്‍ പറഞ്ഞു: ഹിരബണ്വതീ നദിയുടെ തീരത്ത്‌ മഹാത്മാക്കളായ പാര്‍ത്ഥന്മാര്‍ കൈനിലകളില്‍ യുദ്ധസന്നാഹങ്ങള്‍ കൂട്ടി വാഴുമ്പോള്‍ കൗരവന്മാര്‍ അതെല്ലാം കണ്ട്‌ ദുര്യോധന നൃപനും രാജാക്കന്മാരെ കൂട്ടി കൈനിലകളില്‍ സൈന്യങ്ങളെ വേണ്ട വിധം പാര്‍പ്പിച്ച്‌, കാവൽക്കാരെ നിറുത്തി.

പിന്നെ കര്‍ണ്ണ ദുശ്ശാസനന്മാരേയും ശകുനിയേയും വരുത്തി ദുര്യോധനന്‍ മന്ത്രാലോചന നടത്തി. അവരുടെ ആലോചനയും സംഭാഷണങ്ങളും കഴിഞ്ഞതിന് ശേഷം ഉലൂകനെ രഹസ്യമായി വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: ഹേ ഉലൂകാ, കൈതവ്യാ, പാണ്ഡവ സോമകന്മാരുടെ സന്നിധിയില്‍ പോയി കൃഷ്ണന്‍ കേട്ടിരിക്കെ, നീ എന്റെ വാക്കാല്‍ ഇങ്ങനെ പറയുക: ഇതാ വളരെക്കാലമായി കാത്തിരുന്ന യുദ്ധം വന്നു ചേര്‍ന്നു! ലോകഭയങ്കരമായ കുരുപാണ്ഡവ യുദ്ധം ഇതാ നടക്കുവാന്‍ പോകുന്നു! ഇവിടെ സഞ്ജയന്‍ വന്ന് നിങ്ങള്‍ പറഞ്ഞയച്ച കുറെ മേനി വാക്കുകളൊക്കെ പറഞ്ഞു. കൃഷ്ണന്‍ സഹായിയാണ് എന്നുള്ള നിങ്ങളുടെ ഗര്‍ജ്ജിതം ഞാന്‍ കുരുമദ്ധ്യത്തില്‍ വെച്ചു കേട്ടു. എടോ കൗന്തേയാ, അതിനുള്ള കാലമായിരിക്കുന്നു. നിങ്ങള്‍ സത്യം ചെയ്ത പോലെയൊക്കെ ഒന്നു നടത്തിക്കാണട്ടെ!

കുന്തീപുത്രന്മാരില്‍ ജ്യേഷ്ഠനായ യുധിഷ്ഠിരനോട്‌ എന്റെ വാക്കായിട്ട്‌ ഇതു പറയണം: ഭ്രാതാക്കളും, സോമകന്മാരും, കേകയന്മാരും ചേര്‍ന്നു സഹായിക്കുന്ന നീ ധര്‍മ്മിഷ്ഠനാണെന്നു പറഞ്ഞു നിന്നിട്ട്‌ ഇപ്പോള്‍ ഈ അധര്‍മ്മത്തിനാണോ ഇറങ്ങിയിരിക്കുന്നത്‌? നൃശംസനെ പോലെ നീ ഇപ്പോള്‍ ലോകനാശത്തിനല്ലേ കരുതുന്നത്‌. ജീവികള്‍ക്ക്‌ അഭയം നല്‍കുന്നവനാണ്‌ നീ എന്നാണ്‌ എന്റെ അഭിപ്രായം. പണ്ട്‌ രാജ്യം ദേവന്മാര്‍ ഹരിച്ചകാലത്ത്‌ പ്രഹ്ളാദന്‍ പറഞ്ഞ വാക്കുകള്‍ നിന്നെ കുറിച്ച്‌ അര്‍ത്ഥവത്താണ്‌. വാനോര്‍കളേ, ധ്വജം പോലെ ഉയര്‍ന്ന ഈ ധര്‍മ്മചിഹ്നം ആര്‍ക്കു ചേര്‍ന്നതാണ്‌. പുറത്തു ധര്‍മ്മചിഹ്നവും, ഒളിവില്‍ പാപവും ചേര്‍ന്നവനെ പുച്ചസന്യാസി എന്നാണു പറയുക. നിന്നോടു ഞാന്‍ ആ കഥ പറഞ്ഞു തരാം. ഈ കഥ പണ്ടു നാരദന്‍ എന്റെ അച്ഛനോടു പറഞ്ഞതാണ്‌. ( ധൃതരാഷ്ട്രനെപ്പറ്റിയാകാം നാരദന്‍ പറഞ്ഞത്‌. സ്വ)

ദുഷ്ടനായ ഒരു മാര്‍ജ്ജാരന്‍ കര്‍മ്മങ്ങളൊക്കെ ഒഴിവാക്കി ഗംഗാതീരത്തു കൈപൊക്കി ഭജിച്ചു നിന്നു. ലോകരൊക്കെ വിശ്വസിക്കുവാന്‍ മനഃശുദ്ധിയെടുത്ത അവന്‍ ഞാന്‍ ധര്‍മ്മം ചെയ്യുന്നേ എന്നു ജീവജാലങ്ങളോടൊക്കെ പറഞ്ഞു. ഇങ്ങനെ വളരെക്കാലം നിന്നപ്പോള്‍ പക്ഷികള്‍ അവനെ വിശ്വസിച്ച്‌ അവ അടുത്തു ചെന്ന്‌ വാഴ്ത്തി സ്തുതിച്ചു. പക്ഷികള്‍ കൂട്ടമായി ആ പക്ഷി ഭോക്താവിനെ പുകഴ്ത്തു വാന്‍ തുടങ്ങി. അപ്പോള്‍ പൂച്ചയ്ക്കു തോന്നി താന്‍ കാര്യം നേടിയെന്നും തപസ്സിന്റെ പുണ്യം സിദ്ധിച്ചുവെനും.

പിന്നെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ മൂഷികന്മാരും അവന്റെ അടുത്ത്‌ വന്നു കൂടി. ആ മാര്‍ജ്ജാരനെ ബ്രഹ്മ്വതാചാരത്തോടെ കണ്ടു. വലിയ കാര്യ സാദ്ധ്യത്തിനായി നോക്കിയ അവരെ അവന്‍ വഞ്ചിച്ചു. ആ മൂഷികന്മാര്‍ ആലോചിച്ചു. ഒരു ബുദ്ധി അവര്‍ക്കു തോന്നി. ഞങ്ങള്‍ക്ക്‌ ഇവന്‍ അമ്മാവനായി; ഇവന്‍ ആബാലവൃദ്ധം എല്ലാവരേയും രക്ഷിക്കട്ടെ! എന്നു പറഞ്ഞുറച്ച്‌ അവര്‍ പൂച്ചയുടെ സമീപത്തു ചെന്നു പറഞ്ഞു: ഭവാന്റെ പ്രസാദത്താല്‍ സൗഖ്യത്തോടു കൂടി വാഴുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭവാന്‍ ഞങ്ങള്‍ക്ക്‌ ഉറ്റവനാണ്‌. ഭവാന്‍ ഞങ്ങള്‍ക്ക്‌ ഇഷ്ടനാണ്‌. ഞങ്ങള്‍ എല്ലാവരും കൂടി ഇതാ വന്നു ഭവാനെ ശരണം പ്രാപിക്കുന്നു. ഭവാന്‍ നിത്യവും ധര്‍മ്മപരനാണ്‌. ഭവാന്‍ ധര്‍മ്മത്തില്‍ നില്‍ക്കുന്നവനാണ്‌. ഹേ പ്രാജഞാ, ഭവാന്‍ ഞങ്ങളെ ഇന്ദ്രന്‍ വാനോരെയെന്ന വിധം രക്ഷിച്ചാലും. ഇപ്രകാരം മൂഷികന്മാരൊക്കെ പറഞ്ഞപ്പോള്‍ ആ മൂഷികന്മാരോട്‌ ആ മൂഷികാന്തകന്‍ പറഞ്ഞു: രണ്ടും കൂടി എനിക്കു നടത്തുവാന്‍ കഴിയുകയില്ല. തപസ്സു ചെയ്യലും, രക്ഷിക്കലും. നിങ്ങള്‍ ഹിതം പറയുമ്പോള്‍ നിശ്ചയമായും ഞാന്‍ അതു ചെയ്യേണ്ടതാണ്‌. നിങ്ങള്‍ എന്നും എന്റെ വാക്കിനെ പാലിച്ചു കൊള്ളണം. നിയമസ്ഥനായി തപസ്സു ചെയ്തു തളര്‍ന്നു നിൽക്കുന്ന ഞാന്‍ ആലോചിച്ചിട്ട്‌ നടക്കുവാന്‍ ലേശവും ശക്തി കാണുന്നില്ല. എന്നെ ഉണ്ണികള്‍ നിത്യവും പുഴവക്കില്‍ കൂട്ടിക്കൊണ്ടു പോകണം. മൂഷികന്മാര്‍ പൂച്ചയുടെ കല്പന ശിരസാവഹിച്ച്‌ ആ ബാലവൃദ്ധം തങ്ങളെ ആ പൂച്ചയ്ക്ക്‌ ഏല്പിച്ചു.

ഇങ്ങനെ കാര്യം സുഖമായപ്പോള്‍ ആ പാപിയും ദുര്‍ബ്ബുദ്ധിയുമായ പൂച്ച മൂഷികന്മാരെ സൗകര്യം പോലെ തിന്നുവാന്‍ തുടങ്ങി. മെലിഞ്ഞ പൂച്ച തടിച്ചു. ദേഹം നല്ല ഉറച്ച മാതിരിയായി.

ദിവസം ചെല്ലുന്തോറും എലികളുടെ എണ്ണം കുറയുവാന്‍ തുടങ്ങി. അത്രയ്ക്കത്രയ്ക്കു പൂച്ച തടിക്കുവാനും തുടങ്ങി. തേജസ്സും ബലവും മാര്‍ജ്ജാരന്നു വര്‍ദ്ധിച്ചു. ഇങ്ങനെയിരിക്കെ മൂഷികന്മാര്‍ രഹസ്യമായി ആലോചന നടത്തി. അമ്മാവന്‍ ദിവസേന തടിച്ചു തടിച്ചു വരുന്നു. നമ്മള്‍ ദിവസേന ക്ഷയിച്ചു ക്ഷയിച്ചും വരുന്നു. അപ്പോള്‍ അവരില്‍ ബുദ്ധിമാനായ ഡിണ്ഡികന്‍ എന്നു പേരായ മൂഷികന്‍ മൂഷിക സദസ്സില്‍ ഇപ്രകാരം പറഞ്ഞു: നിങ്ങളൊക്കെ പുഴവക്കത്തേക്കു പോകുമ്പോള്‍ ഞാന്‍ പ്രത്യേക ശ്രദ്ധയോടെ അമ്മാവന്റെ പിന്നാലെ വരാം. "ഭേഷ്‌! കൊള്ളാം!" എന്ന് അവര്‍ മറുപടി പറഞ്ഞു. ഡിണ്ഡികന്‍ പറഞ്ഞ പോലെ തന്നെ ചെയ്തു. മാര്‍ജ്ജാരന്‍ ഈ ഗൂഢാലോചനയൊന്നും അറിഞ്ഞില്ല. അവന്‍ ഡിണ്ഡികനെ പിടിച്ചു തിന്നു. ഉടനെ അവരെല്ലാം വീണ്ടും ഒത്തു കൂടി മന്ത്രിച്ചു. അതില്‍ കോകിലന്‍ എന്നു പേരായ വൃദ്ധനായ ഒരു മൂഷികന്‍ ജ്ഞാതിമദ്ധ്യത്തില്‍ വെച്ചു മുറയ്ക്ക്‌ ഇപ്രകാരം പറഞ്ഞു ഈ അമ്മാവന്‍ ധര്‍മ്മാര്‍ത്ഥിയല്ല. ഇവന്‍ പറഞ്ഞതൊക്കെ ചതിയാണ്‌. ഇവന്‍ ഫലമൂലങ്ങള്‍ ഭക്ഷിക്കുന്നവനാണെങ്കില്‍ ഇവന്റെ മലത്തിൽ എന്താണ്‌ ഇങ്ങനെ രോമങ്ങള്‍ കാണുവാന്‍ ? ഇവന്റെ ദേഹം എന്താണ്‌ ഇങ്ങനെ തടിക്കുവാന്‍ ? തപസ്സു ചെയ്താല്‍ തടിക്കുന്നതെങ്ങനെ? പിന്നെ ഇവനെ ആശ്രയിച്ച എലികളൊക്കെ എന്താണ്‌ ഇങ്ങനെ ദിവസേന ക്ഷയിക്കുന്നത്‌? ഇന്നേക്ക്‌ ഏഴെട്ടു ദിവസമായി ഡിണ്ഡികനെ കാണാതായിട്ട്‌. ഇതുകേട്ട്‌ ആ മൂഷികന്മാരൊക്കെ പാഞ്ഞോടിക്കളഞ്ഞു. ദുഷ്ടനായ മാര്‍ജ്ജാരനും വന്നവഴിക്കു തന്നെ പോയി. അപ്രകാരം ഹേ, ദുര്‍ബുദ്ധേ, നീയും പൂച്ചസന്യാസം സ്വീകരിച്ചവനാണ്‌. നീ ജ്ഞാതികളില്‍ പെരുമാറുന്നത്‌ ആ പൂച്ച എലികളില്‍ എന്ന വിധമാണ്‌. നിന്റെ വാക്ക്‌ ഒരു വിധവും പ്രവൃത്തി മറ്റൊരു വിധവുമാണ്‌. നിനക്കു വേദവും ശമവുമൊക്കെ ലോകരെ ചതിക്കുവാന്‍ വേണ്ടി മാത്രമാണ്‌. ഈ വഞ്ചനയൊക്കെ വിട്ട്‌ നീ ക്ഷത്രധര്‍മ്മത്തില്‍ നിന്ന്‌ കാര്യമൊക്കെ ചെയ്യുക. ഹേ നരര്‍ഷഭാ!! നീ ധര്‍മ്മിഷ്ഠനാണല്ലോ? കയ്യൂക്കു കൊണ്ടു ഭൂമി നേടി ബ്രാഹ്മണര്‍ക്കും പിതൃക്കള്‍ക്കും യഥോചിതം ദാനം ചെയ്യുക. ഏറെക്കാലമായി ഉഴന്ന നിന്റെ മാതാവിന്റെ ഹിതത്തിന് വേണ്ടി വിജയം നേടി അവളുടെ കണ്ണുനീര്‍ തുടച്ചു മാനിയായി ജീവിക്കുക. നീ അഞ്ചു ഗ്രാമം ചോദിച്ചു. കിണഞ്ഞു നോക്കി. ഞാന്‍ അതും നല്കിയില്ല. എങ്ങനെയാണ്‌ പടവെട്ടേണ്ടതെന്നും എങ്ങനെയാണ്‌ പാര്‍ത്ഥരെ ചൊടിപ്പിക്കേണ്ടതെന്നും എനിക്കറിയാം. നീ മൂലം ദുഷ്ടില്‍ പെട്ടു പോയ വിദുരനെ ഇവിടെ നിന്ന്‌ ഓടിച്ചതും അരക്കില്ലം ചുട്ടതുമൊക്കെ ഒന്നു ചിന്തിച്ചു നീ ആണായി നിൽക്കുക. കൃഷ്ണന്‍ കുരുസഭയിലേക്കു വരുമ്പോള്‍ നീ പറഞ്ഞില്ലേ, രാജാവേ, ഇതാ ഞാന്‍ ശമത്തിനും രണത്തിനും തയ്യാറായി നിൽക്കുന്നു എന്ന്? എന്നാൽ ഇതാ ആ രണത്തിന് സമയമായിരിക്കുന്നു. ഈ പോരിനു വേണ്ടി തന്നെയാണ്‌ ഞാന്‍ ഇതൊക്കെ ചെയ്തത്‌. മനസ്സിലായോ? പോരിനേക്കാള്‍ വലുതായ ലാഭം എന്തുണ്ട്‌ ക്ഷത്രിയന്? ക്ഷത്രിയ വംശത്തില്‍ ജനിച്ചവനും ഭൂമിയില്‍ പേര്‍ കെട്ടവനുമാണല്ലോ ഭവാന്‍! ദ്രോണരുടേയും കൃപരുടേയും കയ്യില്‍ നിന്ന്‌ അസ്തവ്രിദ്യ പഠിച്ചവനല്ലേ നീ. കൃഷ്ണനെ ആശ്രയിച്ചവനായ നീ സ്വജാതിക്കാരനും തുല്യബലനുമാണല്ലോ.

പാണ്ഡവന്മാരുടെ അരികെ തന്നെ ഇരിക്കുന്ന കൃഷ്ണനോടും നീ പറയുക. എടോ കൃഷ്ണാ! നീ സഭയില്‍ മായാബലം കൊണ്ടു ചില രൂപമൊക്കെ കാണിച്ചുവല്ലോ. ആ മായാരൂപം വീണ്ടും ഒന്നെടുത്ത്‌ അര്‍ജ്ജുനനോടു കൂടി എന്നോട്‌ ഒന്ന്‌ എതിര്‍ക്കുക. ഇന്ദ്രജാലം, മായ, ഘോരമായ കൃത്യാഭൂതപ്രേരണ മുതലായവ പോരില്‍ ശസ്ത്രം എടുക്കുന്നവന്‍ കോപിച്ചു വരുന്നതു വരെ മാത്രമേ നില നിൽക്കുകയുള്ളു. ഈ വേഷമൊന്നും നമ്മോട്‌ എടുക്കേണ്ട. എനിക്കും ഒരു കൂട്ടമൊക്കെ അറിയാം. എനിക്കും മായ കൊണ്ട്‌ ആകാശത്തും വായുവിലുമൊക്കെ പോകുവാന്‍ കഴിയും. ഞാന്‍ പാതാളത്തിലും പോകാം, ഇന്ദ്രപുരിയിലും പോകാം. പലതരം രൂപങ്ങളേയും ഞാന്‍ എന്റെ ദേഹത്തില്‍ കാണിച്ചു തരാം. ഈ വക വേഷം കാണിച്ചാല്‍ ഞാന്‍ ഭയപ്പെട്ടു യുദ്ധത്തില്‍ നിന്നു പിന്മാറുമെന്നാണ്‌ വിചാരം! പാവം! ശത്രു പേടിപ്പിച്ചാല്‍ പേടിച്ചു പോകും ദുര്യോധനന്‍ എന്നു വിചാരിക്കേണ്ട. ധാതാവാണ്‌ ജീവജാലങ്ങളെയൊക്കെ തന്റെ പാട്ടില്‍ വെക്കുന്നത്‌. ഹേ, വാര്‍ഷ്ണേയാ, നീ പറഞ്ഞില്ലേ, ഞാന്‍ ധാര്‍ത്തരാഷ്ട്രന്മാരെയൊക്കെ സംഗരത്തില്‍ വധിപ്പിച്ചു പാണ്ഡവന്മാര്‍ക്കു രാജ്യം കൊടുക്കുമെന്ന്‌? നീ ഈ പറഞ്ഞ വാക്കുകള്‍ സഞ്ജയന്‍ എന്നെ കേള്‍പ്പിച്ചു. ഞാന്‍ തുണയ്ക്കുന്ന സവ്യസാചിയോടു നിങ്ങള്‍ക്കു വൈരമാണ്‌ എന്നു നീ പറഞ്ഞു. ശരി. അങ്ങനെ തന്നെയാണ്‌! അങ്ങനെ പറഞ്ഞയച്ചവനായ നീ സത്യത്തോടു കൂടി. പാണ്ഡുപുത്രന്മാര്‍ക്കു വേണ്ടി, വിക്രമത്തോടു കൂടി, ഒരുങ്ങി നിന്നു പൊരുതുക. ഞങ്ങളൊന്നു കാണട്ടെ! നീ ആണായി നില്‍ക്കൂ! ശത്രുവിനെ അറിഞ്ഞു ശുദ്ധമായ പൗരുഷത്തോടു കൂടി ശത്രുവിന് ദുഃഖം വളര്‍ത്തുന്നവന്‍ ആരോ അവനാണ്‌ ജീവിക്കുന്ന പുരുഷന്‍. അങ്ങനെ ചെയ്താല്‍ നിന്റെ പേര്‍ കൃഷ്ണാ, ലോകത്തില്‍ പ്രസിദ്ധമാകും! ഇന്നു നാം അറിയപ്പെടുന്നുണ്ട്‌. ഇവിടെ കൊമ്പുള്ള ഷണ്ഡന്മാരേയും അറിയുന്നുണ്ട്‌. എന്നെപ്പോലുള്ള രാജാവ്‌ ഒരിക്കലും നിന്നോടു ചേരുവാന്‍ അര്‍ഹനല്ല. നിന്നോടു പോരിനു എതിര്‍ക്കുവാന്‍ തന്നെ എനിക്കു ലജ്ജയുണ്ട്‌; വിശേഷാല്‍ കംസദാസനാണു നീ. ഊശാന്താടിയും പെരുവയറനും വിഡ്ഡിയും മടയനുമായവനോട്‌, ആ മോശക്കാരനായ ഭീമനോട്‌, എടോ ഉലൂകാ, വേഗം ചെന്ന്‌ ഇപ്രകാരം പറയു: എടോ പാര്‍ത്ഥാ. നീ വിരാടപുരിയില്‍ അടുക്കളപ്പണിക്കാരനായി വല്ലവന്‍ എന്ന പേരില്‍ കഴിഞ്ഞു കൂടിയില്ലേ, അത്‌ ആരുടെ പൗരുഷം കൊണ്ടാണെന്ന്‌ അറിയാമോ? ഈയുള്ളവന്റെ യോഗ്യതയാണ്‌ ആ കണ്ടത്‌! സഭയില്‍ നീ പണ്ടു സത്യം ചെയ്തു പറഞ്ഞില്ലേ, അതു പാഴാക്കരുത്‌. നീ ശക്തനാണെങ്കില്‍ ദുശ്ശാസനന്റെ രക്തം കുടിക്കുന്നതു ഞാന്‍ ഒന്നു കാണട്ടെ! എടോ കൗന്തേയാ, നീ പറയാറില്ലേ ഞാന്‍ ധാര്‍ത്തരാഷ്ട്രന്മാരെ പോരില്‍ ഇടിച്ചു കൊല്ലുമെന്ന്‌? എന്നാൽ അതിന് ഇതാ കാലമായിരിക്കുന്നു! നീ ഭക്ഷ്യഭോജ്യപേയങ്ങളെ വിഴുങ്ങുന്നതില്‍ ഒന്നാമനാണ്‌. യുദ്ധം എവിടെ? തീറ്റിയെവിടെ? പെരുവയറാ നീ പോരിനു വന്നു നില്‍ക്കൂ! നീ ഗദയും തഴുകി ചത്തു കിടക്കുന്നത്‌, അപ്പോള്‍ കാണാം. സഭയില്‍ നീ ചെയ്ത ഗര്‍ജ്ജിതം നിഷ് ഫലം തന്നെ!

ഹേ, ഉലുകാ!! നീ നകുലനോട്‌ എന്റെ വാക്കായി പറയുക. നീ സ്ഥിരമായി നിന്നു പൊരുതുക! നിന്റെ പൗരുഷം ഒന്നു കാണട്ടെ! യുധിഷ്ഠിരനിലുള്ള നിന്റെ കൂറും, എന്നിലുള്ള വൈരവും മുറയ്ക്ക്‌ ഇപ്പോള്‍ നീ സ്മരിക്കുക! നീ സഹദേവനോടും രാജമദ്ധ്യത്തില്‍ വെച്ച്‌ എന്റെ വാക്കാല്‍ പറയുക. ഹേ, പാണ്ഡവാ നീ കിണഞ്ഞു പൊരുതുക. കഴിഞ്ഞ ക്ലേശങ്ങളെ ചിന്തിച്ചു തന്നെ പൊരുതുക.

വിരാട ദ്രുപദന്മാരോടു ഞാന്‍ പറഞ്ഞതായി പറയുക. ഗുണവാന്മാരായ ഭൃത്യന്മാര്‍ ഇങ്ങനെയുള്ള അരചന്മാരെ മുമ്പു കണ്ടില്ല. പ്രഭുക്കന്മാരായ ഭൃത്യരേയും (ബ്രഹ്മസൃഷ്ടി മുതൽക്കു തന്നെ കണ്ടിട്ടില്ല. അശ്ലാഘ്യനായ രാജാവ്‌ നിങ്ങള്‍ക്കുണ്ടായി. എന്നാൽ ആ നിങ്ങള്‍ എല്ലാവരും കൂടി എന്നെ കൊല്ലുന്നതിന് വേണ്ടി, തങ്ങള്‍ക്കായും പാണ്ഡവന്മാര്‍ക്കായും ഇറങ്ങി എന്നോടു പൊരുതുവിന്‍. പാഞ്ചാല പുത്രനായ ധൃഷ്ടദ്യുമ്നനോടും എന്റെ വാക്കാല്‍ പറയുക. "എടോ ധൃഷ്ടദ്യുമ്നാ, നിനക്കു സമയമായിരിക്കുന്നു. നീ ആ കാര്യം നേടുക. പോരില്‍ ദ്രോണനോട് ഏൽക്കുമ്പോള്‍ അറിയാം നിന്റെ മുഖ്യമായ ഹിതം. നല്ല സുഹൃത്തായി തന്നെ നീ പൊരുതുക. ദുഷ്കരമായ ക്രിയ നീ ചെയ്യുക". എടോഉലൂകാ, ശിഖണ്ഡിയോടും ഞാന്‍ പറഞ്ഞതായി പറയുക. "പെണ്ണാണെന്നു വിചാരിച്ച്‌ കൗരവന്‍ നിന്നെ കൊല്ലുകയില്ല. വില്ലാളി മുഖ്യനായ ഭീഷ്മൻ നിന്നെ കൊല്ലുകയില്ല. നിര്‍ഭയമായി നീ പൊരുതിക്കൊള്ളുക. നീ കിണഞ്ഞു പോരാടുക. നിന്റെ പൗരുഷം കാണാമല്ലോ" എന്നു പറഞ്ഞു ദുര്യോധനന്‍ ഉറക്കെ ചിരിച്ച്‌ ഉലൂകനോടു വീണ്ടും പറയുവാന്‍ തുടങ്ങി; "എടോ ഉലൂകാ, കൃഷ്ണന്‍ കേള്‍ക്കുമാറു നീ പിന്നെ അര്‍ജ്ജൂനനോടു പറയൂ. നീ ഞങ്ങളെ ജയിച്ചു ഭൂമി രക്ഷിക്കുക. അല്ലെങ്കില്‍ ഞങ്ങളാള്‍ തോൽപ്പിച്ചിട്ടു യുദ്ധഭൂമിയില്‍ ചത്തുകിടക്കുക. നാടൊഴിപ്പിച്ച ക്ലേശവും കാട്ടിലെ പാര്‍പ്പും കൃഷ്ണാപരിക്ലേശവും ഇതൊക്കെ നീ ഓര്‍ത്ത്‌ ആണായി നിൽക്കുക! ക്ഷത്രിയസ്ത്രീ പെറ്റതിന്റെ ഫലം നിനക്ക്‌ അടുത്തു. ബലം, വീര്യം, ശൗര്യം, അസ്ത്രലാഘവം, പൗരുഷം ഇതൊക്കെ കാട്ടി നീ ആണാണെങ്കില്‍ പക വീട്ടുക! പരിക്ലേശപ്പെട്ടു ദുഃഖിച്ചു വളരെ നാള്‍ പാര്‍ത്തവന് ഐശ്വര്യം ലഭിക്കാതെ വന്നാല്‍ ഹൃദയം പൊട്ടുകയില്ലേ? കുലീനനായി, ശൂരനായി, പരദ്രവ്യകാംക്ഷ ഇല്ലാത്തവനായി ഇരിക്കുന്ന ഒരുത്തനു രാജ്യം ശത്രു അടക്കുന്നതു കൊണ്ട്‌ ഉള്ളു കാളിയില്ലെന്നു വരും. നീ അന്നു പറഞ്ഞ ആ വാക്ക്‌ ഇന്നു കര്‍മ്മം കൊണ്ടു നടത്തുക! ചെയ്യാതെ മേനി പറയുന്നവനെ സത്തുക്കള്‍ വിഡ്ഡിയാണെന്നേ പറയുകയുള്ളു. ശത്രുക്കളുടെ പാട്ടിലുള്ള പാര്‍പ്പും രാജ്യവും നീ വീണ്ടെടുക്കുക. ഈ രണ്ടു കാര്യങ്ങളും നിനക്കു പൗരുഷമുണ്ടെങ്കില്‍ ചെയ്യുക.

നിങ്ങളെ ചൂതില്‍ തോല്പിച്ചു എന്നു മാത്രമല്ല സഭയില്‍ കൃഷ്ണയെ കയറ്റുകയും ചെയ്തു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ ഇതില്‍ അമര്‍ഷം കൊള്ളേണ്ടതാണ്‌. പന്ത്രണ്ടു വര്‍ഷം വീടു വിട്ടു കാട്ടില്‍ ഞാന്‍ പാര്‍പ്പിച്ച നീ പിന്നെ ഒരു കൊല്ലം വിരാടന്റെ ദാസനായും പാര്‍ത്തു. നാട്ടില്‍ നിന്നും ഓടിച്ച ക്ലേശം, കാട്ടിലെ പാര്‍പ്പ്‌, കൃഷ്ണയെ പരിക്ലേശിപ്പിച്ചത്‌, ഇതൊക്കെ ചിന്തിച്ചു നീ ആണായി നിൽക്കുക! അപ്രിയോക്തികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്ന ശത്രുവില്‍ നീ അമര്‍ഷം കാണിക്കുക! അമര്‍ഷം തന്നെയാണ്‌ പൗരുഷം! ക്രോധം, ബലം, വീര്യം, ജ്ഞാനം, ദിവ്യാസ്ത്രലാഘവം, ഇതൊക്കെ നീ കാണിക്കെടോ പാര്‍ത്ഥാ. പോരില്‍ വന്ന് ആണായി നിൽക്കെടോ. നാളെ കേശവനോടു കൂടി വന്ന്, ശസ്ത്രപൂജ ചെയ്തു ചളികെട്ടാത്ത കുരുക്ഷേത്രത്തില്‍ വന്ന് സൈന്യങ്ങളോടു കൂടി നിന്ന്‌, പോരു ചെയ്യുവാന്‍ വരൂ! പോരില്‍ ഭീഷ്മനോടു ഏൽക്കാതെ എന്തിനാണ്‌ ഈ മേനി പറച്ചിലൊക്കെ? ഗന്ധമാദനം കയറാന്‍ മുതിരുന്ന വിഡ്ഡിയെ പോലെ നീ എന്തിനാണ്‌ ഈ വമ്പൊക്കെ പറയുന്നത്‌? വാക്കു കുറയ്ക്കുക! പ്രവ്യത്തി നടത്തുക ആണാണെങ്കില്‍! പോരില്‍ ദുര്‍ദ്ധര്‍ഷനായ കര്‍ണ്ണനേയും ശക്തനായ ശല്യനേയും ശക്രസമനായ ദ്രോണനേയും ജയിക്കാതെ രാജ്യത്തിന് കൊതിച്ചിട്ടു ഫലമുണ്ടോ?

ബ്രഹ്മവേദത്തിന്റെയും ധനുര്‍വ്വേദത്തിന്റെയും ഉള്ളറിയുന്നവനാണ്‌ ഗുരു. പോരില്‍ ധുര്യനും അവിക്ഷോഭ്യനും പടയില്‍ കേറുന്ന അച്യുതനുമാണ്‌ അദ്ദേഹം. തേജസ്വിയായ ആ ദ്രോണനെ ജയിക്കാമെന്ന മോഹം വെറുതെയാണ്‌. മേരുവിനെ കാറ്റു മര്‍ദ്ദിച്ചതായി ഞാന്‍ കേട്ടിട്ടില്ല. കാറ്റു മേരുവിനെ ഏറ്റിയെന്നു വരാം, ആകാശം ഇടിഞ്ഞു വീണേക്കാം, യുഗവും മാറി വന്നേക്കാം. എന്നാലേ നീ പറഞ്ഞ കാര്യം നടക്കുവാന്‍ പോകുന്നുള്ളു. ജീവനില്‍ കൊതിയുള്ള മനുഷ്യന്‍ അദ്ദേഹത്തോടു പോരില്‍ ഏറ്റു ജീവനോടെ സ്വഗൃഹത്തില്‍ മടങ്ങിയെത്താമെന്നു മോഹിക്കേണ്ടാ. ഈ രണ്ടു പേരോടും മത്സരിച്ചു ദാരുണമായ അസ്ത്രം ഏൽക്കുന്നവന്‍ ഭൂമിയില്‍ കാല്‍കുത്തി ജയിച്ചു മടങ്ങുവാന്‍ മോഹിക്കേണ്ടാ. കിണറ്റില്‍ വാഴുന്ന തവളയെ പോലെ നീ ഈ നരരാജന്റെ സൈന്യത്തെ വെല്ലുവാന്‍ മോഹിക്കുന്നു. ദേവസൈനൃത്തോടൊത്തതും ദേവതുല്യന്മാരായ രാജാക്കന്മാര്‍ പാലിക്കുന്നതും ദുര്‍ദ്ധര്‍ഷവുമായ സൈന്യത്തെ ജയിക്കാമെന്നു മോഹിക്കുകയാണ്‌ നീ. പ്രതീച്യരും, പ്രാച്യരും, ദാക്ഷിണാതൃരും, ഉദീച്യരും, കാബോജശകന്മാരും, മത്സ്യസ്വാലരും, കുരുക്കളും, മദ്ധ്യദേശ്യരും, മ്ലേച്ഛരും, പുളിന്ദരും. ദ്രാവിഡരും, ആന്ധ്രക്കാരും. കാഞ്ച്യരും ചേര്‍ന്ന നാനാജനൗഘത്തോടു കൂടിയതും മഹത്തായ ഗംഗാപ്രവാഹം പോലെ ദുഷ്പ്രധൃഷ്യവുമായ സൈന്യത്തെയും ആനപ്പടയ്ക്കു നടുവില്‍ നിൽക്കുന്ന എന്നേയും നീ എതിര്‍ത്ത്‌ ജയിക്കുമെന്നോ വിഡ്ഡി! മരമണ്ടാ!

അമ്പൊടുങ്ങാത്ത നിന്റെ ആവനാഴിയും, അഗ്നി തന്ന തേരും, നിന്റെ ദിവ്യമായ. ധ്വജവുമൊക്കെ ഞങ്ങള്‍ അറിയും. മേനി പറയാതെ പോരാടുക! എന്തിനീ മേനി പറച്ചില്‍?. പരിശ്രമത്താല്‍ സിദ്ധിയുണ്ടാകും; മേനി കൊണ്ട്‌ ഒന്നും സാധിക്കയില്ല. മേനി പറയുന്നതു കൊണ്ട്‌ മാത്രം കാര്യം നടക്കുമെങ്കില്‍ കാര്യം നടക്കാത്തവര്‍ വല്ലവരും ലോകത്തിലുണ്ടാകുമോ? എടോ ധനഞ്ജയാ! വാക്കു കൊണ്ടു ശൗര്യം പറയുവാന്‍ സാധിക്കാത്തവരായി ലോകത്തില്‍ വല്ലവരുമുണ്ടോ?

നിന്റെ സഹായിയായ കൃഷ്ണന്റെ യോഗ്യത ഞാന്‍ അറിയുന്നുണ്ട്‌. നിന്റെ പനപോലത്തെ ഗാണ്ഡീവത്തിന്റെ യോഗ്യതയും എനിക്കറിയാം. നിന്നോടു തുല്യനായ യോദ്ധാവില്ലെനും എനിക്കറിയാം ഇതൊക്കെ അറിഞ്ഞിട്ടും നിന്റെ രാജ്യം ഞാന്‍ കയ്യിലാക്കി! മനസ്സിലായോ? നിന്റെ യോഗ്യത കൊണ്ടും പ്രയത്നം കൊണ്ടും യാതൊരു കാര്യവുമില്ല. ബ്രഹ്മാവു തന്നെ മനസ്സു വെക്കണം, കാര്യം നേടണം എങ്കില്‍. പതിമ്മൂന്നു കൊല്ലം നീ കരഞ്ഞു കരഞ്ഞു നടന്നു. നിന്റെ രാജ്യം ഞാന്‍ ആണായിട്ടു ഭരിച്ചു. ഇനിയും എനിക്കു കഴിയും നിന്റെ സകല ബന്ധുക്കളോടും കൂടി നിന്നെ കൊന്നു ശാസിക്കുവാന്‍. നിന്റെ ഗാണ്ഡീവം എവിടെയായിരുന്നു നിന്നെ ഞാന്‍ ചൂതില്‍ ജയിച്ചു ദാസനാക്കിയപ്പോള്‍? അന്ന്‌ ആ ഭീമന്റെ ബലവും എവിടെ പോയിരുന്നു? ഗദയേന്തിയ ഭീമനാലും, ഗാണ്ഡീവമെടുത്ത പാര്‍ത്ഥനാലും അന്നു വിടുതി കിട്ടിയോ? കൃഷ്ണയാല്‍ മാത്രമല്ലേ നിങ്ങള്‍ക്കു വിടുതി കിട്ടിയത്‌. ആ പാഞ്ചാലിയല്ലേ മഹാവീരന്മാരായ നിങ്ങളെ ദാസ്യത്തില്‍ നിന്ന്‌ വിമുക്തരാക്കിയത്‌? നിങ്ങള്‍ അമാനുഷമായ നിലയില്‍ ദാസ്യ കര്‍മ്മത്തില്‍ നിൽക്കുകയല്ലേ ആയിരുന്നത്‌? നിങ്ങള്‍ പതിരെള്ള്‌ എന്നു ഞാന്‍ പറഞ്ഞു. അതു സത്യമാണു താനും. വിരാടപുരിയില്‍ പാര്‍ത്ഥന്‍ പെണ്ണിനെ പോലെ മുടി കെട്ടി വെച്ച്‌ ആടിപ്പാടി നടന്നില്ലേ? ഭീമന്‍ വിരാടന്റെ അടുക്കളയില്‍ പണിയെടുത്തു കുഴങ്ങിയില്ലേ? ഇതൊക്കെ ഈയുള്ളവന്റെ പൗരുഷമാണ്‌. ഇങ്ങനെയാണ്‌ ക്ഷത്രിയന്‍ ക്ഷത്രിയനെ ശിക്ഷിക്കുക. മുടികെട്ടി വെപ്പിച്ച്‌ ആണും പെണ്ണുമല്ലാത്തവനാക്കി കന്യകമാരെ നൃത്തം പഠിപ്പിക്കുവാന്‍ വേഷംകെട്ടിച്ചു നിന്നെ ആടിച്ചില്ലേ? ഇങ്ങനെയാണ്‌ എന്നോടു കളിച്ചാല്‍!

വാസുദേവനെ പേടിച്ചും നിന്നെ പേടിച്ചും ഞാന്‍ രാജ്യം വിട്ടു തരുമെന്നു വിചാരിക്കേണ്ടാ. നീ കേശവനോടു കൂടി യുദ്ധം ചെയ്തു കൊള്ളുക! മായ മാത്രമല്ല, ഇന്ദ്രജാലവും ഘോരമായ കൃത്യാപ്രയോഗവും പോരില്‍ ശസ്ത്രമെടുത്തവന് എതിര്‍ കോപം വളര്‍ത്താന്‍ കൊള്ളാം. ആയിരം വാസുദേവന്മാരും, നൂറ്‌ അര്‍ജ്ജുനന്മാരും അമോഘബാണനായ എന്നോട്‌ ഏറ്റാല്‍ കണ്ട ദിക്കിലേക്കു പ്രാണനും കൊണ്ട്‌ ഓടിക്കളയും. ഭീഷ്മനുമായി എതിര്‍ത്ത്‌ മലയില്‍ തലതല്ലി തകര്‍ക്കുക. വളരെ അഗാധമായ പുരുഷ സമുദ്രം കൈ കൊണ്ടു തുഴഞ്ഞു കടക്കുക!

ശാരദ്വതനാകുന്ന വലിയ മത്സ്യവും, വിവിംശതിയാകുന്ന മഹാസര്‍പ്പവും, ബൃഹത്ബലനാകുന്ന കോളലയും, സോമദത്തനാകുന്ന ത്ഡഷേന്ദ്രനും, ഭീഷ്മനാകുന്ന വെള്ളത്തള്ളലും, ദ്രോണനാകുന്ന ഗ്രാഹവും കൊണ്ട്‌ അതിഭീമമായി കര്‍ണ്ണശല്യന്മാരാകുന്ന ത്ഡഷം ചുറ്റി കാംബോജ ബഡവാഗ്നിയോടും യുയുത്സുവാകുന്ന ജലത്തോടും കൂടി ഭഗദത്തനാകുന്ന കൊടുങ്കാറ്റടിക്കുന്ന ശ്രുതായുഹാര്‍ദ്ദികൃ മഹാസമുദ്രത്തില്‍ ഇറങ്ങുകയാണ്‌ നീ. ദുശ്ശാസനനാകുന്ന ഒഴുക്കും, ശലശല്യരാകുന്ന മത്സ്യവും. സുഷേണനും, ചിത്രായുധനുമാകുന്ന നാഗനക്രങ്ങളും, ജയദ്രഥനാകുന്ന അദ്രിയും, പുരുമിത്രനാകുന്ന ആഴവും, ദുര്‍മ്മര്‍ഷണനാകുന്ന വെള്ളവും ശകുനിയാകുന്ന കുണ്ടും ചേര്‍ന്ന്‌ ശസ്ത്ര്ഔഘങ്ങളാകുന്ന ഒഴുക്കോടു കൂടി അക്ഷയമായി കോളടിക്കുന്ന ആ സമുദ്രത്തില്‍ കടന്ന്‌ ഉള്ളു തളര്‍ന്ന്‌, മനസ്സു മങ്ങി. ബന്ധുക്കളൊക്കെ മുങ്ങിത്തുടിച്ചു ചാകുമ്പോള്‍ നിന്റെ മനസ്സ്‌ വല്ലാതെ പരിതപിക്കുന്നതാണ്‌. അപ്പോള്‍ നിന്റെ മനസ്സ്‌ ആകാശത്തില്‍ നിന്നെന്ന പോലെ, ക്ഷണത്തില്‍ മഹീപ്രശാസനത്താല്‍ ശമിച്ചു. മഹാദുര്‍ല്ലഭമായ രാജ്യം തപോഹീനന്നു സ്വര്‍ഗ്ഗം എന്ന പോലെ നേടാം.

161. ഉലൂകവാക്യം - സഞ്ജയന്‍ പറഞ്ഞു: കൈതവ്യനായ ഉലൂകന്‍ പാണ്ഡവന്മാരുടെ പടവീട്ടില്‍ ചെന്ന്‌ അവരെ കണ്ട്‌ യുധിഷ്ഠിരനോടു പറഞ്ഞു: രാജാവേ, ഭവാന്‍ ദൂതവാകൃത്തെപ്പറ്റി അറിയുന്നവനാണല്ലോ. ദുര്യോധനന്‍ പറഞ്ഞയച്ച മാതിരി ഞാന്‍ ഭവാനോടു പറയുന്നു. അതുകേട്ട്‌ ഭവാന്‍ എന്നില്‍ ക്രോധിക്കാതിരിക്കണേ!

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഉലൂകാ, നീ പേടിക്കേണ്ട. ഭയപ്പെടാതെ പറയുക. ദൂരദൃഷ്ടിയില്ലാത്ത ആ ധാര്‍ത്തരാഷ്ട്രന്‍, ആ ലോഭി പറയുന്നതു കേള്‍ക്കട്ടെ.

അവന്‍ തേജസ്വികളായ പാണ്ഡവന്മാരുടേയും സൃഞ്ജയന്മാരുടേയും മാധവന്റേയും മക്കളോടു കൂടിയ ദ്രുപദന്റേയും വിരാടന്റേയും മറ്റു രാജാക്കന്മാരുടേയും മദ്ധ്യത്തില്‍ വെച്ച്‌ ഇപ്രകാരം പറഞ്ഞു.

ഉലൂകന്‍ പറഞ്ഞു; മഹാശയനായ ധൃതരാഷ്ട്ര രാജാവ്‌ ഇപ്രകാരം ഭവാനോടു പറയുന്നു. കുരുവീരന്മാര്‍ കേള്‍ക്കെയാണ്‌ അദ്ദേഹം എന്നോടു പറഞ്ഞത്‌. അതു ഭവാന്‍ കേട്ടാലും. ചൂതില്‍ നിന്നെ ജയിക്കുകയും കൃഷ്ണയെ ഞാന്‍ സഭയില്‍ കയറ്റുകയും ചെയ്തു. നീ ആണാണെങ്കില്‍, ചുണയുള്ള പുരുഷനാണെങ്കില്‍ അതില്‍ അമര്‍ഷം കൊള്ളേണ്ടതാണ്‌. പന്ത്രണ്ടു കൊല്ലം വീടുവിട്ട്‌ കാട്ടില്‍ താമസിച്ച നീ, ഒരു കൊല്ലം പിന്നെ വിരാടന്റെ ദാസനായും പാര്‍ത്തു. അമര്‍ഷവും, രാജ്യഹരണവും, വനവാസവും, കൃഷ്ണാപരിക്ലേശവുമൊക്കെ ചിന്തിച്ച്‌ നീ ആണായി നില്‍ക്കൂ! അശക്തനായ ഭീമന്‍ ശപിച്ചല്ലോ ദുശ്ശാസനന്റെ രക്തം കുടിക്കുമെന്ന്‌. അങ്ങനെയാകാം. ശക്തനാണെങ്കില്‍ അവന്‍ ദുശ്ശാസനന്റെ രക്തം കുടിക്കട്ടെ! ശസ്ത്രാദിപൂജ ചെയ്ത്‌, ചളികെട്ടാത്ത കരുക്ഷ്രേതത്തില്‍നിന്ന്‌ അശ്വങ്ങളോടും യോദ്ധാക്കളോടും ചേര്‍ന്നു നിന്ന്‌, കേശവന്റെ സഹായത്തോടു കൂടി നാളെ പോരിന് ഒരുങ്ങി വരിക! പോരില്‍ ഭീഷ്മനോട്‌ ഏൽക്കാതെ എന്തിനീ മേനിയൊക്കെ പറയുന്നു! ഗന്ധമാദനം കയറുവാന്‍ മുതിരുന്ന വിഡ്ഡിയെ പോലെ വമ്പുപറഞ്ഞതു കൊണ്ടു കാര്യമില്ല. മേനി പറച്ചിലൊക്കെ നിര്‍ത്തി ആണായി നീ നിൽക്കുക!.

ദുര്‍ദ്ധര്‍ഷനായ കര്‍ണ്ണനേയും, ശക്തനായ ശല്യനേയും, ശചീപതിസമനായ ദ്രോണനേയും പോരില്‍ ജയിക്കാതെ രാജ്യം കിട്ടണം എന്നു നീ ആഗ്രഹിച്ചുവല്ലോ! ബ്രഹ്മവേദവും, ധനുര്‍വ്വേദവും ഗാഢമായി അറിയുന്ന ഗുരുവിനെ, തേജസ്വിയായ ദ്രോണനെ, യുദ്ധത്തില്‍ ജയിക്കാമെന്നു വെറുതെ മോഹിക്കയാണ്‌. മേരുവിനെ കാറ്റ്‌ മര്‍ദ്ദിച്ചതായി ഞാന്‍ കേട്ടിട്ടില്ല. കാറ്റ്‌ മേരുവിനെ പൊക്കിയെന്നു വരാം. ആകാശം ഭൂമിയില്‍ ഇടിഞ്ഞു വീണെന്നുവരാം, യുഗക്രമം മാറിയെന്നു വരാം. എന്നാൽ നീ പറഞ്ഞതൊക്കെ ഒക്കും. ഈ ശത്രുജിത്തിനോട് എതിര്‍ത്ത്‌ ജീവനില്‍ കൊതിയുള്ള ഒരുത്തന്‍ ആന. കുതിര മുതലായ സൈന്യങ്ങളോടു കൂടി സുഖമായി ഗൃഹത്തിലെത്തുമോ ഭീഷ്മദ്രോണന്മാരോട് എതിര്‍ത്തിട്ട്‌? അവര്‍ വിടുന്ന ദാരുണമായ ശരങ്ങളേറ്റ്‌ കാല്‍ നിലത്തൂന്നുന്ന ഏതൊരുത്തന്‍ പോരില്‍ ജീവനോടെ മടങ്ങും?

കിണറ്റില്‍ വാഴുന്ന തവളയെ പോലെ നീ ഈ രാജസൈന്യങ്ങളെപ്പറ്റി ചിന്തിക്കുകയാണ്‌. ദേവന്മാര്‍ തന്നെ പോരിന് വന്നാലും ജയിക്കുവാന്‍ കഴിയാത്തതും, ദേവതുല്യരായ രാജാക്കന്മാര്‍ പാലിക്കുന്നതും, കിഴക്കും, തെക്കും, പടിഞ്ഞാറും, വടക്കും, കാംബോജരും, ശകന്മാരും, ഖഗന്മാരും, മത്സ്യരോടൊത്ത സാല്വന്മാരും, കുരുമദ്ധ്യദേശ്യന്മാരും, മ്ലേച്ഛന്മാരും, പുളിന്ദന്മാരും, ദ്രമിഡന്മാരും, ആന്ധ്രക്കാരും, കാഞ്ച്യന്മാരും ഇങ്ങനെ പല ജനസമൂഹവും ചേര്‍ന്നു തടിച്ച പടയില്‍, ഗംഗാപ്രവാഹം പോലെ ദുഷ്‌പ്രധര്‍ഷമായ പടയില്‍, ആനക്കൂട്ടത്തിന്റെ ഉള്ളില്‍ നിൽക്കുന്ന എന്നെ എടോ ജളാ, മന്ദബുദ്ധേ, മരമണ്ടാ, നീ എതിര്‍ക്കുമെന്നോ? ഇപ്രകാരം ഉലൂകന്‍ രാജാവായ യുധിഷ്ഠിരനോടു പറഞ്ഞതിന് ശേഷം അര്‍ജ്ജുനന്റെ നേരെ തിരിഞ്ഞ്‌ ഇപ്രകാരം തുടര്‍ന്നു: മേനി പറയാതെ യുദ്ധം ചെയ്യൂ! എന്താണു മേനി കൊണ്ടു കാര്യം ? പരിശ്രമം കൊണ്ടു കാര്യം സാധിച്ചതായി കേട്ടിട്ടുണ്ട്‌. മേനി വാക്കു പറഞ്ഞു കാര്യം ആരും നേടിയതായി ഞാന്‍ കേട്ടിട്ടില്ല! പൊങ്ങച്ചം പറഞ്ഞതു കൊണ്ട്‌ കാര്യങ്ങള്‍ നടക്കുമെങ്കില്‍ ആരാണ്‌ സിദ്ധാര്‍ത്ഥന്മാർ ആകാതിരിക്കുക? മേനി പറയുവാന്‍ കഴിയാത്തവര്‍ ലോകത്തില്‍ വല്ലവരുമുണ്ടോ?

നിന്റെ സഹായിയായ കൃഷ്ണനെ ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. പന പോലെ ഉയര്‍ന്ന നിന്റെ ഗാണ്ഡീവത്തേയും എനിക്കറിയാം, നിന്നോടു തുല്യനായ യോദ്ധാവ്‌ വേറെ ഇല്ലെനും ഞാന്‍ അറിയുന്നുണ്ട്‌. ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണ്‌ നിന്റെ രാജ്യം ഞാന്‍ ഹരിച്ചത്‌. നീ വിചാരിക്കുന്നു, ഇതൊക്കെയുണ്ടെങ്കില്‍ ലോകം മുഴുവന്‍ പിടിച്ചടക്കാമെന്ന്‌. പരിശ്രമം കൊണ്ട്‌ എല്ലാംമനുഷ്യന്‍ നേടുകയില്ല. അതും വെറും വിഡ്ഡിത്തമാണ്‌. ബ്രഹ്മാവ്‌ മനസ്സു വച്ചാലേ വേണ്ടതൊക്കെ പുരുഷന് നേടുവാന്‍ കഴിയു. നീ പതിമ്മൂന്നു കൊല്ലം കരഞ്ഞു കാട്ടില്‍ കിടന്നു. ആ കാലമൊക്കെ ശ്രീമാനായി ഞാന്‍ നാടുവാണു. ഇനിയും എനിക്കു കഴിവുണ്ട്‌ നിന്നെ ബന്ധുക്കളോടു കൂടെ ഹനിച്ചു ശാസിക്കുവാന്‍. അത്‌ ഞാന്‍ ചെയ്യും!

ഞാന്‍ നിന്നെ ചൂതില്‍ ജയിച്ചു ദാസനാക്കിയപ്പോള്‍ നിന്റെ ഗാണ്ഡീവം ഏത്‌ അടുപ്പിലായിരുന്നു? എടോ, ഫല്‍ഗുനാ! അന്ന്‌ ആ ഭീമന്റെ ബലവും എവിടേക്കു പോയിരുന്നു? ഗദയെടുത്ത ഭീമനാലും ഗാണ്ഡീവമെടുത്ത പാര്‍ത്ഥനാലും അന്നു വിടുതി കിട്ടിയോ? പിന്നെ ആയുധങ്ങളുടെ വമ്പു പറഞ്ഞതു മതി! അന്നു നിങ്ങളെ രക്ഷിച്ചതാരാണ്‌? കൃഷ്ണ മാത്രമല്ലേ നിങ്ങളെ കരകയറ്റിയത്‌? ദാസ്യത്തില്‍ പെട്ട നിങ്ങളെ രക്ഷിക്കുവാന്‍ ഒരു പെണ്ണു വേണ്ടി വന്നു! നിങ്ങള്‍ അമാനുഷമായ നിലയില്‍ ദാസ്യത്തില്‍ പെട്ടു നിൽക്കുമ്പോള്‍ നിങ്ങളെ ദാസ്യത്തില്‍ നിന്നു കയറ്റി വിടുവാന്‍ ഒരു പെണ്ണു വേണ്ടി വന്നു! പതിരായ എള്ളുകള്‍ എന്നു ഞാന്‍ നിങ്ങളെപ്പറ്റി പറഞ്ഞു. അതില്‍ എന്താണ്‌ തെറ്റ്‌; നിങ്ങള്‍ പതിരെള്ളുകള്‍ തന്നെ! വിരാടപുരിയില്‍ അര്‍ജ്ജുനന്‍ പെണ്ണിന്റെ മാതിരി മുടി കെട്ടിവച്ചു നടനത്തിന് നടന്നു പോലും! വിരാടന്റെ അടുക്കളയില്‍ അടുക്കളപ്പണി എടുത്ത്‌ ഭീമന്‍ കുഴങ്ങിയില്ലേ? ഇതൊക്കെയാണ്‌ ഈയുള്ളവന്റെ പൗരുഷം! ഇങ്ങനെയുള്ള ശിക്ഷ ക്ഷത്രിയന്മാര്‍ ക്ഷത്രിയന്മാര്‍ക്കു കൊടുക്കും! മുടികെട്ടി ഷണ്ഡനായിട്ടു കനൃകയെ ആടിച്ചില്ലേ? വാസുദേവനെ പേടിച്ചും. നിന്നെ പേടിച്ചും അര്‍ജ്ജുനാ! ഞാന്‍ രാജ്യം തരുമെന്നു മോഹിക്കേണ്ട. ഞാന്‍ രാജ്യം തരില്ല. നീ നിന്റെ കേശവനോടു കൂടി യുദ്ധക്കളത്തിലിറങ്ങുക!

മായയല്ല, ഇന്ദ്രജാലമല്ല, ഘോരകൃത്യാ പ്രയോഗം തന്നെ എടുത്താലും, അതൊക്കെ എന്തിന് പറ്റും? പോരില്‍ ശസ്ത്രമെടുത്ത ശത്രുവില്‍ കോപം വളര്‍ത്തുവാന്‍ മാത്രം കൊള്ളാം. ആയിരം വാസുദേവന്മാരും, നൂറ്‌ അര്‍ജ്ജുനന്മാരും ഒരുമിച്ചു വന്നാലും ഞാന്‍ എന്റെ അമോഘമായ ബാണം എടുക്കുമ്പോള്‍ പ്രാണനും കൊണ്ട്‌ അവര്‍ കണ്ട ദിക്കിലേക്ക്‌ ഓടി പാഞ്ഞു കളയും!

നീ ഭീഷ്മനുമായി എതിര്‍ക്കൂ! മലയില്‍ നിന്റെ തല തല്ലിത്തകര്‍ക്കു! മഹാപുരുഷന്മാരാകുന്ന ഈ സൈന്യസമുദ്രം കൈ കൊണ്ടു തുഴഞ്ഞു കടക്കുന്നതു ഞാനൊന്നു കാണട്ടെ!

ശാരദ്വത മഹാമത്സ്യവും, വിവിംശതി മഹാഹിയും, ബൃഹത്ബലക്കോളലയും. സൗമദത്തിജ് ത് ഡഷേന്ദ്രനും. ഭീഷ്മത്തള്ളലുമായി ഏന്തുന്ന ദ്രോണ്രഗ്രാഹത്താല്‍ അതിഭീഷണമായി കര്‍ണ്ണശല്യത്ഡഷങ്ങള്‍ ചുറ്റുന്ന കാംബോജ ബഡവാഗ്നിയുള്ള സൈന്യസമുദ്രം നീ കടക്കുന്നതു ഞാനൊന്നു കാണട്ടെ!

ദുശ്ശാസനനായ ഒഴുക്കും, ശലശല്യരാകുന്ന സ്രാവുകളും. സുഷേണന്‍, ചിത്രായുധന്‍ മുതലായ നാഗനക്രങ്ങളും, ദുര്‍മ്മര്‍ഷണനാകുന്ന ജലവും ശകുനിയാകുന്ന കുണ്ടും ചേര്‍ന്ന ശസ്ത്രൌഘമാകുന്ന ഓഘത്തോടു കൂടി യ അക്ഷയ സമുദ്രത്തില്‍ കടന്ന്‌ അതില്‍ വീണു ഉള്ളു മയങ്ങി, ആ അഗാധ നദിയില്‍ ബന്ധുക്കളോടു കൂടി മുങ്ങിത്തുടിക്കുമ്പോള്‍ നിന്റെ മനസ്സു വല്ലാതെ പരിതപിക്കുന്നതു കാണാം. അപ്പോള്‍ നിന്റെ മനസ്സ്‌ ആകാശത്തു നിന്നെന്ന പോലെ മഹീപ്രശാസനത്താല്‍ ശമിച്ചു സുദുര്‍ല്ലഭമായ രാജ്യം തപോഹീനനു സ്വര്‍ഗ്ഗമെന്ന പോലെ നേടാം.

162. കൃഷ്ണാദിവാക്യം - ദുര്യോധനനുള്ള പ്രതിസന്ദേശം - സഞ്ജയന്‍ പറഞ്ഞു: ഉലൂകന്‍ പിന്നെ അര്‍ജ്ജുനനോടു പറഞ്ഞു. ആ വാക്കുകള്‍ ക്രൂദ്ധനായ പാമ്പിനെ സൂചി കൊണ്ട്‌ കുത്തുന്ന വിധത്തിലായിരുന്നു. അവന്റെ ആ വാക്കുകള്‍ കേട്ടു പാണ്ഡവന്‍ നല്ല പോലെ കോപിച്ചു. മുമ്പേ തന്നെ ക്രോധത്തോടു കൂടിയവനാണെങ്കിലും കൈതവ്യന്റെ ധര്‍ഷണത്താല്‍ പാണ്ഡവന്മാര്‍ വല്ലാതെ ക്രുദ്ധരായി തീര്‍ന്നു. പീഠങ്ങളില്‍ നിന്ന്‌ എഴുന്നേറ്റ്‌ അവര്‍ കൈകള്‍ ചുറ്റും കുടഞ്ഞു ക്രൂദ്ധരായ സര്‍പ്പങ്ങള്‍ പോലെ അന്യോന്യം നോക്കി. തല താഴ്ത്തി ഭീമസേനന്‍ കൃഷ്ണന്റെ നേരെ പാമ്പിനെ പോലെ ചീറി! അതിലോഹിതമായ കണ്ണുകള്‍ കൊണ്ടു നോക്കി. ക്രോധത്തോടെ ആ വായുപു(തന്‍ ഏറ്റവും ദുഃഖിതനായി നിൽക്കുന്നതു കണ്ട്‌ ദാശാര്‍ഹന്‍ പുഞ്ചിരി കൊണ്ട്‌ ഉലൂകനോടു പറഞ്ഞു: "എടോ, കൈതവ്യാ, നീ വേഗത്തില്‍ ഇവിടെ നിന്നു പോകൂ. ആ സുയോധനനോടു പറയൂ. നിന്റെ അഭിപ്രായം പോലെ തന്നെ എല്ലാം നടക്കുമെന്നു പറയൂ. ഇപ്രകാരം പറഞ്ഞ്‌ മഹാബാഹുവായ കൃഷ്ണന്‍ മഹാപ്രാജ്ഞനായ ധര്‍മ്മപുത്രനെ നോക്കി. അപ്പോള്‍ അരികെ ഇരിക്കുന്ന സൃഞ്ജയന്മാരുടേയും, മാധവന്റേയും മക്കളോടു കൂടിയ വിരാടന്റേയും, പാര്‍ഷതന്റേയും, മറ്റു രാജാക്കന്മാരുടേയും മദ്ധ്യത്തില്‍ വെച്ച്‌ ഉലൂകന്‍ അര്‍ജ്ജുനനോട്‌ ആ വാക്കുകള്‍ വീണ്ടും പറഞ്ഞു. ക്രൂദ്ധനായ പാമ്പിനെ പോലെ വാകൃസൂചിയാല്‍ കുത്തുന്ന നിലയില്‍ കൃഷ്ണാദ്യന്മാരായ എല്ലാവരോടും പറഞ്ഞയച്ച മാതിരി തന്നെ അവന്‍ പറഞ്ഞു. ഉലൂകന്റെ ക്രൂരമായ ആ ദുഷ്ടഭാഷിതം കേട്ടു പാര്‍ത്ഥന്മാരെല്ലാവരും ക്ഷോഭിക്കുകയും നെറ്റിത്തടം തുടയ്ക്കുകയും ചെയ്തു. പാര്‍ത്ഥന്റെ ആ മട്ടു കണ്ടപ്പോള്‍ ആ സദസ്സു പൊറുത്തില്ല. പാണ്ഡവന്മാരെല്ലാം വല്ലാതെ ഇളകിക്കഴിഞ്ഞു. മഹാന്മാരായ കൃഷണാര്‍ജ്ജുനന്മാരെ നന്ദിച്ചതു കേട്ടപ്പോള്‍ ആ നരവ്യാഘ്രന്മാര്‍ കോപക്കലി കൊണ്ടു. ധൃഷ്ടദ്യുമ്നന്‍, ശിഖണ്ഡി, യുയുധാനന്‍, കേകയ ഭ്രാതാക്കള്‍ അഞ്ചുപേര്‍, ഘടോല്‍ക്കച നിശാചരന്‍, ദ്രൗപദേയന്മാര്‍, അഭിമന്യു, ധൃഷ്ടകേതു, വീരനായ ഭീമന്‍, മാദ്രേയന്മാര്‍ മുതലായവരെല്ലാം ക്രോധരക്താക്ഷന്മാരായി പീഠം വിട്ട് എഴുന്നേറ്റു. മുത്തുക്കുലയുള്ള തോള്‍ വളകളും, വളയുമിട്ടും രക്തചന്ദനവും, ചന്ദനവും പൂശിയ കൈകള്‍ ഉയര്‍ത്തി, പല്ലിറുമ്മി നാവിനാല്‍ ചുണ്ടു നക്കി നനച്ച്‌ അസ്വസ്ഥരായി നിന്നു. അവരുടെ ഹൃദയം അറിഞ്ഞ്‌ ഭീമന്‍ ചാടിയെഴുന്നേറ്റു കത്തിജ്ജ്വലിക്കുന്ന കോപത്തോടെ കണ്ണു രണ്ടും ഉരുട്ടി, പല്ലിറുമ്മിക്കടിച്ചു കൈകള്‍ തമ്മില്‍ തിരുമ്മിക്കൊണ്ട്‌ ഉലൂകനോടു പറഞ്ഞു: അശക്തരെ പോലെയുള്ള ഞങ്ങള്‍ക്ക്‌ ഉത്സാഹ കാരണമായ നിന്റെ വാക്ക്‌ ഹേ, മൂര്‍ഖാ! ഞാന്‍ കേട്ടു. ദുര്യോധനന്‍ പറഞ്ഞയച്ച ആ വാക്കു ഞാന്‍ കേട്ടു. എടോ, വിഡ്ഡി, ഞാന്‍ പറയുന്ന ദുരാസദമായ വാക്കും നീ കേട്ടു കൊള്‍ക. ക്ഷത്രിയന്മാരുടെ നടുവില്‍ വെച്ചു നീ ദുര്യോധനനോടു പറയണം. കര്‍ണ്ണനും ദുഷ്ടനായ നിന്റെ അച്ഛനും കേള്‍ക്കുവാനാണ്‌ പറയുന്നത്‌. ജ്യേഷ്ഠ ഭ്രാതാവിന്റെ ഇഷ്ടം ചിന്തിച്ചു നിത്യവും ഈ ഞാന്‍ നിന്റെ തെറ്റു പൊറുത്തു. നീ അതു മാനിക്കുന്നില്ല. ശമം ചിന്തിച്ചു മുകുന്ദനെ കുരുമദ്ധൃത്തിലേക്കു വിട്ടു. കുലത്തിന്റെ ഹിതം ചിന്തിച്ചാണ്‌ ധീമാനായ ധര്‍മ്മപുത്രന്‍ വിട്ടത്‌. കാലചോദിതനായ നീയാണെങ്കില്‍ കാലപുരിയിലേക്കു യാത്രയായി നിൽക്കുന്നവനാണ്‌. നീ പോരിനു വന്ന് ഞങ്ങളോട്‌ ഏല്‍ക്കുക; അതു നാളെ തന്നെ നടക്കട്ടെ! അനുജന്മാരോടു കൂടി നിന്നെ വധിക്കുമെന്നുള്ളത്‌ ഞാന്‍ സത്യം ചെയ്തിട്ടുള്ളതാണ്‌. അതും അങ്ങനെ തന്നെയാകും ദുഷ്ടാ! അതില്‍ ലേശവും സംശയം വേണ്ട. കരയെ കടല്‍ കയറിക്കടന്നേക്കാം. പര്‍വ്വതങ്ങള്‍ തകര്‍ന്നു പോയേക്കാം. എന്നാൽ, ഞാന്‍ പറഞ്ഞ വാക്ക്‌ ഒരിക്കലും പാഴിലായി വരികയില്ല. നിന്റെ സഹായി യമനോ, കുബേരനോ, സാക്ഷാല്‍ രുദ്രന്‍ തന്നെയോ ആയിക്കൊള്ളട്ടെ! സത്യം പാണ്ഡവന്മാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതു നടത്തുക തന്നെ ചെയ്യും. ദുശ്ശാസനന്റെ രുധിരം ഇഷ്ടം പോലെ ഞാന്‍ കുടിക്കുക തന്നെ ചെയ്യും. അതില്‍ ചൊടിച്ച്‌ എന്നെ എതിരിട്ട്‌ ഏൽക്കുന്ന ക്ഷത്രിയന്‍ ഏവനായാലും ഭീഷ്മന്റെ മുമ്പില്‍ വെച്ചു തന്നെ ഞാന്‍ അവനെ കൊന്നു കളയും. ഞാന്‍ ക്ഷത്രിയ സദസ്സില്‍ വെച്ചു പറഞ്ഞ വാക്കുകള്‍ സത്യമാണ്‌ എന്നു ഞാന്‍ കാണിച്ചു തരാം. എന്റെ ആത്മാവാണ്‌ ഇതു സത്യമാണ്‌.;

ഭീമസേനന്‍ പറഞ്ഞതു കേട്ടപ്പോള്‍ അമര്‍ഷിയായ സഹദേവനും ചൊടിച്ചു കണ്ണു ചുവത്തി ഇപ്രകാരം പറഞ്ഞു: ഗര്‍വ്വോടു കൂടി ശൂരനെ പോലെ പടയാളികളുടെ നടുവില്‍ വെച്ചു ഞാന്‍ പറയുന്നതും ദുഷ്ടാ. നീ കേള്‍ക്കുക! നിന്റെ അച്ഛനോടു പറയുവാനാണ്‌ ഞാന്‍ പറയുന്നത്‌. കുരുക്കളോടു ഞങ്ങള്‍ക്കു കലഹമുണ്ടാവുകയില്ലായിരുന്നു. തീര്‍ച്ചയാണ്‌; നിന്നോടു ധൃതരാഷ്ട്രന് ചാര്‍ച്ചയില്ലായിരുന്നു എങ്കില്‍! ലോകം മുടിക്കുവാനും, ധൃതരാഷ്ട്രന്റെ വംശം മുടിക്കുവാനും, സ്വന്തം കുലത്തിന്റെ ഹാനിക്കും വേണ്ടി വൈരപുരുഷനായി നീ തീര്‍ന്നു. ഞങ്ങള്‍ക്കു ജന്മം തൊട്ട്‌ നിന്റെ അച്ഛന്‍ ശകുനി എന്ന ആ പാപപുരുഷന്‍ ക്രൂരങ്ങളായ അഹിതങ്ങള്‍ പതിവായി ചെയ്യുവാന്‍ ഇച്ഛിച്ചിരിക്കുകയാണ്‌. കടന്നെത്താന്‍ കുഴങ്ങുന്ന വൈരപ്പക ഞാന്‍ നികത്തും. ഞാന്‍ ആദ്യം തന്നെ ശകുനി കാണ്കെ നിന്നെ വധിക്കും; പിന്നെ ശകുനിയേയും കൊല്ലും, ധന്വികള്‍ കാണ്കെ അതു നടക്കും!

ഭീമനും സഹദേവനും പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അര്‍ജ്ജുനനും ഭീമനെ നോക്കി മന്ദസ്മിതത്തോടെ പറഞ്ഞു; ഭീമാ, നിന്നോടു പകയുള്ളവരൊന്നും ഭൂമിയില്‍ ശേഷിച്ചു നിൽക്കുകയില്ല. ഗൃഹത്തില്‍ സുഖിക്കുന്ന ആ മന്ദന്മാര്‍ കാലന്‍ വീശിയ വലയില്‍ കുടുങ്ങിയിരിക്കുകയാണ്‌. ഉലൂകനോട്‌ പൗരുഷം പറയരുതേ! പറഞ്ഞു വിട്ട വാക്കു പറയുന്ന ദൂതന്മാര്‍ കുറ്റക്കാരല്ല. ഭീമവീര്യനായ ഭീമനോട്‌ ഇപ്രകാരം പറഞ്ഞതിന് ശേഷം ആ മഹാഭുജന്‍ ധൃഷ്ടദ്യുമ്നാദ്യരായ ഇഷ്ടവീരന്മാരോടു പറഞ്ഞു: "നിങ്ങള്‍ ആ ദുഷ്ടനായ ധാര്‍ത്തരാഷ്ട്രന്റെ മൊഴി കേട്ടുവല്ലോ. കൃഷ്ണനേയും അവന്‍ നിന്ദിച്ചിരിക്കുന്നു. പിന്നെ വിശേഷിച്ച്‌ എന്നേയും. ഞങ്ങളുടെ നന്മയ്ക്ക്‌ ഉത്സാഹിക്കുന്ന നിങ്ങള്‍ കേട്ടു ചൊടിച്ചു പോയിരിക്കും. വാസുദേവന്റെ പ്രസാദത്താലും, സര്‍വ്വക്ഷത്രിയ മന്നവന്മാരേയും ഞാന്‍ വകവയ്ക്കുന്നില്ല. നിങ്ങളുടെ സമ്മതത്തോടു കൂടി ഈ വാക്കിന്റെ ഉത്തരം, ദുര്യോധനനോടു പറയുവാന്‍, ഉലൂകന് ഞാന്‍ കൊടുക്കാം. ഈ വാക്കിന്റെ ഉത്തരം നാളെ പടത്തലയ്ക്കല്‍ വെച്ചു ഗാണ്ഡീവം കൊണ്ടു പറയാം. മൊഴി കൊണ്ടുള്ള ഉത്തരം ക്ലീബന്മാര്‍ക്കുള്ളതാണ്‌.

സഞ്ജയന്‍ തുടര്‍ന്നു: പാര്‍ത്ഥന്റെ മൊഴി കേട്ടപ്പോള്‍ നൃപന്മാരെല്ലാം അഭിനന്ദിച്ചു പ്രശംസിച്ചു. ഇപ്രകാരമുള്ള വാക്യോപചാരത്താല്‍ നരേശ്വരന്മാര്‍ വിസ്മയിച്ച്‌ അവനെ സമ്മതിപ്പിച്ചു. ഞായം പോലെയും, വയഃക്രമം അനുസരിച്ചും, അങ്ങോട്ടു ചൊല്ലേണ്ടതായ വാക്ക്‌ ധര്‍മ്മരാജാവു പറഞ്ഞു.

സഞ്ജയന്‍ ധൃതരാഷ്ട്രനോടു തുടര്‍ന്നു. ആത്മാഭിമാനി! ഡംഭം ഉള്ളവന്‍ ഉത്തമനായി ഭവിക്കയില്ല. അതിന് ഉത്തരം നിന്റെ ശുശ്രൂഷയ്ക്ക്‌ നിൽക്കുന്നവനായ ഞാന്‍ പറയാം. ഭരതശ്രേഷ്ഠാ! ധൃതരാഷ്ട്രാ. ദുര്യോധനന്‍ ഊര്‍ജ്ജിതമായി പറഞ്ഞയച്ച വാക്യങ്ങള്‍ക്കു മറുപടി ധര്‍മ്മപുത്രന്‍ സാമത്തോടു കൂടിയാണ്‌ പറഞ്ഞത്‌. തുടുത്ത കണ്ണുമായി സര്‍പ്പത്തെ പോലെ ചീറ്റുന്ന അവന്‍ ക്രോധം കൊണ്ടു ഹരിക്കുന്ന വിധം ചുണ്ടു നക്കി നനച്ചു ഭ്രാതാക്കന്മാരിലും, കൃഷ്ണനിലും കണ്ണു വിട്ടു കൊണ്ടു തന്റെ ദീര്‍ഘമായ ബാഹുക്കള്‍ പൊക്കി ഉലൂകനോടു പറഞ്ഞു: "ഉലൂകാ, നീ പോയിട്ടു കൃതഘ്നനും, പാപപുരുഷനും, കുലം കെടുക്കുന്ന ദുര്‍ബുദ്ധിയുമായ ദുര്യോധനനോടു പറയൂ! എപ്പോഴും നീ പാണ്ഡവന്മാരില്‍ ചതി ചെയ്യുന്നു. പരവീര്യം കൊണ്ടു വിക്രമിച്ചു ശത്രുക്കളോട്‌ ഏൽക്കുന്നവന്‍ ഖലനാണ്‌. നിര്‍ഭയമായി പറഞ്ഞ വാക്കു നടപ്പിലാക്കുന്ന ക്ഷത്രിയനാണ്‌ പുരുഷന്‍. പാപിയായ ക്ഷത്രിയനാണ്‌ നീ. നമ്മെ പോരിനു വിളിച്ചു മാന്യരായ അമാത്യന്മാരെ മുന്നില്‍ നിര്‍ത്തി പൊരുതരുത്‌ കുലാധമാ! തന്റെ വീര്യവും, തന്റെ ഭൃതൃന്മാരുടെ വീര്യവും അവലംബിച്ചു പാര്‍ത്ഥന്മാരെ പോരിനു വിളിക്കുക! അങ്ങനെ നീ ക്ഷത്രിയനാവുക! പരവീര്യത്തെ ആശ്രയിച്ചു പരന്മാരെ പോരിനു വിളിക്കുന്നവന്‍ തന്നെക്കൊണ്ടു നേടുവാന്‍ കഴിയാത്ത, ശക്തികെട്ട ക്ലീബനാണ്‌. നീയാണെങ്കില്‍ പരന്മാരുടെ വീര്യത്തെ ആശ്രയിച്ചു മാനം നേടുകയാണ്‌. ഇങ്ങനെ അശക്തനായ നീ എന്താണ്‌, എന്തിനാണ്‌ എന്നോടേറ്റ്‌ എതിര്‍ക്കുവാന്‍ ഭാവിക്കുന്നത്‌?

കൃഷ്ണന്‍ പറഞ്ഞു: എടോ ഉലൂകാ, ഇനി നീ എന്റെ വാക്കും ദുര്യോധനനോടു പറയണം. നാളെ വന്ന് എന്നെ എതിര്‍ക്കുക! ദുര്‍മ്മതേ, അപ്പോള്‍ എല്ലാം പ്രത്യക്ഷത്തില്‍ കാണാം! എടോ മൂഢാ, നീ ഓര്‍ക്കുന്നുണ്ടാകും ജനാര്‍ദ്ദനന്‍ പൊരുതുകയില്ലെന്ന്‌. പാര്‍ത്ഥന്റെ സാരഥിയാണല്ലോ എന്നു വിചാരിച്ച്‌ നീ ഭയപ്പെടുന്നില്ലായിരിക്കും! അവസാന കാലത്ത്‌ ഇതു പറ്റുമെന്നു വിചാരിക്കേണ്ട. മന്നവന്മാരെ ഒക്കെ ഞാന്‍ ക്രോധം കൊണ്ട്‌ ഉണക്കപ്പുല്ലിനെ അഗ്നിയെന്ന വിധം ചുട്ടു ചാമ്പലാക്കി കളയും. യുധിഷ്ഠിരന്റെ കല്പന പ്രകാരം ഏറ്റവും യോഗ്യനും ജിതാത്മാവുമായ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ ഞാന്‍ സാരഥ്യം കൈയേറ്റതാണ്‌. നീ മൂന്നു ലോകത്തിലും പാഞ്ഞു കയറിയാലും, പാതാളത്തില്‍ പോയാലും അതാതിടത്തൊക്കെ ഞാന്‍ അര്‍ജ്ജുനന്റെ രഥം നാളെ പുലര്‍ച്ചയില്‍ കൊണ്ടെത്തിക്കും. ഭീമസേനന്റെ ആ വാക്കു പാഴായി പോകുമെന്നു നീ വിചാരിക്കുന്നു. ദുശ്ശാസനന്റെ രുധിരം കുടിച്ചു എന്നു തന്നെ നീ ധരിച്ചു കൊള്ളുക. നിന്നെ അര്‍ജ്ജുനനും, ധര്‍മ്മരാജാവായ യുധിഷ്ഠിരനും, ഭീമനും. യമന്മാരും നോക്കുകയില്ല. അധികപ്രസംഗം പറയുന്ന മൂര്‍ഖനെ ആരും ഗണിക്കുകയില്ല.

163. ഉലൂകന്‍ മടങ്ങിപ്പോകുന്നു - സഞ്ജയന്‍ പറഞ്ഞു:ദുര്യോധനന്റെ വാക്കു കേട്ടു ചുവന്ന കണ്ണുകളോടു കൂടി ആ കൗരവ്യനെ കൃഷ്ണന്‍ നോക്കി. അപ്പോള്‍ അര്‍ജ്ജുനന്‍ കേശവന്റെ മുഖത്തു നോക്കി ദീര്‍ഘമായ തന്റെ കൈ ഉയര്‍ത്തി ഉലൂകനോടു പറഞ്ഞു:

തന്റെ വീരൃത്തെ ആശ്രയിച്ചു ശത്രുക്കളെ പോരിന് വിളിച്ചു നിര്‍ഭയമായി പൊരുതുന്നവന്‍ ഏവനോ അവനാണു പുരുഷന്‍! പരന്റെ വീര്യം കണ്ടു പരന്മാരെ പോരിനു വിളിക്കുന്നവന്‍ അശക്തനായ ക്ഷത്രബന്ധുവാണ്‌. അവന്‍ ലോകത്തില്‍ പുരുഷാധമനാണ്‌. നീ പരന്മാരുടെ വീര്യം കൊണ്ടു തന്റെ വീര്യത്തെ ചിന്തിക്കുന്നവനാണ്‌. നികൃഷ്ട പുരുഷനും മൂഢനുമായ നീ വിജ്ഞനാണെന്നു ധരിക്കുന്നു! ജിതേന്ദ്രിയനും ഹിതമതിയും, സര്‍വ്വ മന്നവന്മാരിലും വെച്ചു വൃദ്ധനും പ്രാജ്ഞനുമായ ആ മഹാത്മാവിനെ മരണത്തിന് ദീക്ഷയെടുപ്പിച്ച്‌ ഇപ്രകാരം മേനി പറയുകയാണോ ഹേ, ദുര്‍ബുദ്ധേ, നിന്റെ ഉള്ളു ഞങ്ങള്‍ അറിഞ്ഞു. കുലപാംസനാ! നീ വിചാരിക്കുന്നുണ്ടാകും പാണ്ഡവന്മാര്‍ കരുണ കൊണ്ടു ഭീഷ്മരെ കൊല്ലുകയില്ലെന്ന്‌. ആ മഹാനുഭാവന്റെ വീര്യം കണ്ടിട്ടാണല്ലോ ധാര്‍ത്തരാഷ്ട്രാ! നീ വമ്പു പറയുന്നത്‌; ധനുര്‍ദ്ധരന്മാരൊക്കെ കാണ്‍കെ ആദ്യമായി തന്നെ ആ ഭീഷ്മനെ വധിക്കുന്നതാണ്‌. എടോ കൈതവ്യാ, നീ ഭാരതന്മാരുടെ പാര്‍ശ്വത്തില്‍ ചെന്നു ദുര്യോധനനോടു പറയണം, അര്‍ജ്ജുനന്‍ പറഞ്ഞു, ഇന്നു രാത്രി അവസാനിച്ചാല്‍ യുദ്ധം തുടങ്ങുമെന്ന്‌. ഊര്‍ജ്ജിതാശയനായ ഭീഷ്മൻ കുരുക്കള്‍ക്കു സന്തോഷത്തിന് വേണ്ടി പറഞ്ഞു, താന്‍ സൃഞ്ജയ സാല്വ സൈന്യങ്ങളെ ഒക്കെ കൊല്ലാമെന്ന്‌. അങ്ങനെ പറഞ്ഞതു മൂലം അതു തന്റെ ഭാരമായി ആ സത്യസന്ധന്‍ വിചാരിക്കുന്നുണ്ടാകാം. പിന്നെ അദ്ദേഹം പറഞ്ഞിരിക്കാം, ദ്രോണര്‍ കൂടാതെ തന്നെ ഈ ശത്രുലോകത്തെ മുഴുവന്‍ ഞാന്‍ കൊല്ലും; നിനക്ക്‌ ഇനി പാണ്ഡവന്മാരെ ഭയപ്പെടേണ്ടതില്ല എന്ന്. അതു വിചാരിച്ചു നീ രാജ്യം കയ്യിലായി എന്നും പാണ്ഡവന്മാരൊക്കെ ആപത്തിലായെന്നും വിചാരിക്കുന്നു. ഗര്‍വ്വിഷ്ഠനായ നിനക്കു വന്നേറ്റതായ അനര്‍ത്ഥം ഒന്നും അറിയുന്നില്ല. എന്നാൽ ഞാന്‍, നിന്റെ ഭടന്മാര്‍ കണ്ടു നിൽക്കെ തന്നെ ആ കുരുവൃദ്ധനെ ആദ്യമായി വധിക്കുന്നതാണ്‌. സൂര്യോദയത്തില്‍ പടകൂട്ടി രഥധ്വജാഢ്യനായ നീ ആ സതൃവാനെ രക്ഷിക്കുക. ഞാന്‍ നിങ്ങള്‍ കാണ്‍കെ നിങ്ങളുടെ ആ വന്‍സമുദ്രത്തില്‍ ദ്വീപായി നിൽക്കുന്ന ആ ഭിഷ്മനെ തേരില്‍ നിന്ന്‌ എയ്തു വീഴ്ത്തുന്നതാണ്‌. നാളെ പ്രഭാതമായാൽ എന്റെ അസ്ത്രം ദേഹത്തില്‍ തറച്ചു പിതാമഹനെ ദുര്യോധനന്‍ കാണുമ്പോള്‍ മേനി വാക്കിന്റെ അര്‍ത്ഥം അറിയും. സഭയില്‍ ഭീമസേനന്‍ ക്രോധത്താല്‍ ചെയ്ത പ്രതിജ്ഞയും, കാഴ്ചയില്‍ മുണ്ടനും, നിന്റെ അനുജനും, അധര്‍മ്മിഷ്ഠനും, നിത്യവൈരിയും, പാപബുദ്ധിയും, നൃശംസനുമായ ദുശ്ശാസനന്‍ ഭീമന്റെ ശപഥം സത്യമാകുമോ എന്നതു നിനക്ക്‌ അതു കൊണ്ടു തന്നെ അനുമാനിക്കുവാന്‍ സാധിക്കും. അഭിമാനം, ഗര്‍വ്വ്‌, കോപം, പൗരുഷം എന്നിവയ്ക്കും, നൃശംസതയ്ക്കും, മൂര്‍ച്ചയ്ക്കും, ധര്‍മ്മവിദ്വേഷണത്തിനും, അധര്‍മ്മമായ ദുര്‍വ്വാക്കുകള്‍ക്കും, വൃദ്ധാതിക്രമണത്തിനും, കാഴ്ചയ്ക്കും, സര്‍വ്വസേനയ്ക്കും മുറ്റുന്ന അപനയത്തിനും, തീവ്രമായ ഫലം ഉടനെ തന്നെ സുയോധനാ, നിനക്കു കാണാറാകും. കൃഷ്ണന്‍ തുണയ്ക്കുന്ന ഈ ഞാന്‍ ക്രോധിച്ച്‌ എതിര്‍ത്താല്‍, എടോ നരാധമാ, പിന്നെ ജീവനില്‍ കൊതിയും രാജ്യകാംക്ഷയുമൊക്കെ എങ്ങനെയാകും? ഭീഷ്മദ്രോണന്മാര്‍ ശമിച്ചാല്‍ സൂതപുത്രന്‍ പതിച്ചാല്‍ പിന്നെ നിന്റെ ജീവനെവിടെ, നാടെവിടെ, പുത്രന്മാരെവിടെ? എല്ലാറ്റിലും നീ നിരാശനായി തീരും, ഭ്രാതാക്കളും മക്കളുമൊക്കെ ചത്തു കെട്ടു സുയോധനന്‍ ഭീമന്റെ തല്ലു കൊള്ളുമ്പോള്‍ എല്ലാ ദുഷ്കൃതങ്ങളും ചിന്തിക്കും. എടോ. കൈതവ്യാ, ഞാന്‍ ഇനി രണ്ടാമതും ഒരു സത്യം ചെയ്യുന്നില്ല. സത്യമായി പറഞ്ഞതൊക്കെ സത്യമായി തന്നെ വരും.

പിന്നെ ധര്‍മ്മരാജാവും ഉലൂകനോടു പറഞ്ഞു; എടോ ഉലുകാ, നീ പോയി ദുര്യോധനനോടു ഞാന്‍ പറഞ്ഞതായി പറയുക. സ്വവൃത്തം കൊണ്ട്‌ എന്റെ വൃത്തം നേടാന്‍ നീ നോക്കേണ്ട. രണ്ടിനും അന്തരം കാണും സുനൃതവും അനൃതവും എന്ന മട്ടില്‍. എടോ സുയോധനാ, ഞാന്‍ ഉറുമ്പിനും പുഴുവിനും കൂടി ദോഷം മനസ്സില്‍ വിചാരിക്കുന്നില്ല. പിന്നെയുണ്ടോ ജഞാതി വധത്തെപ്പറ്റി അല്പമെങ്കിലും നിനയ്ക്കുന്നു! അതിന് വേണ്ടിയാണ്‌ ഉണ്ണീ ഞാന്‍ അഞ്ചു ഗ്രാമത്തിന് നിന്നോടു യാചിച്ചത്‌. ദുര്‍ബുദ്ധേ, നിന്റെ പരമ സങ്കടം കാണാതിരിക്കുവാന്‍ എനിക്കു കഴിയുമോ? നീ കാമാവിഷ്ടനായി, മൂഢനായി മേനി പറയുന്നു. വാസുദേവന്റെ ഹിതമായ വാക്കും നീ കൈക്കൊള്ളുന്നില്ല. എന്തിനധികം പറയുന്നു! നീ ബന്ധുക്കളോടു കൂടി യുദ്ധം ചെയ്തു കൊള്ളുക. എനിക്കു വിപ്രിയം ചെയ്ത കൗരവനോടു ഇതു പറഞ്ഞേക്കൂ! കേട്ടില്ലേ, പൊരുള്‍ ഗ്രഹിച്ചില്ലേ, നിന്റെ മതം പോലെ അതു ഭവിക്കട്ടെ!

ഭീമസേനന്‍ വീണ്ടും രാജപുത്രനോടു പറഞ്ഞു: എടോ ഉലൂകാ, എന്റെ ഈ വാക്കുകള്‍ ആ ദുഷ്ടനും, പാപബുദ്ധിയും, ശഠനും, ചതിയനും, പാപിയുമായ ദുര്യോധനനോടു പറയൂ. നരാധമാ, കഴുകിന്റെ വയറ്റിലോ അല്ലെങ്കില്‍ ഹസ്തിനപുരത്തിലോ പാര്‍ക്കണം. സഭാമദ്ധ്യത്തില്‍ ഞാന്‍ ചെയ്ത സത്യം ഞാന്‍ നിര്‍വ്വഹിക്കും. എന്റെ വാക്കു സത്യമാണ്‌! സത്യമാണ്‌! സത്യമാണ്‌! ദുശ്ശാസനന്റെ രുധിരം ഞാന്‍ അവനെ പോരില്‍ കൊന്നു കുടിക്കും. നിന്റെ അനുജന്മാരെയൊക്കെ കൊന്ന ഞാന്‍ നിന്റെ തുട അടിച്ചുടയ്ക്കും. എടോ സുയോധനാ, എല്ലാ ധാര്‍ത്തരാഷ്ട്രന്മാര്‍ക്കും ഞാന്‍ മൃത്യുവാണെന്നു ധരിക്കൂ! എല്ലാ രാജപുത്രന്മാര്‍ക്കും അഭിമന്യു മൃത്യുവാണ്‌. അതില്‍ സംശയം വേണ്ട. കര്‍മ്മം കൊണ്ടു ഞാന്‍ തുഷ്ടിയാക്കാം. വീണ്ടും എന്റെ മൊഴി നീ കേള്‍ക്കുക. ദുര്യോധനാനുജന്മാരോടു കൂടി ദുര്യോധനാ! നിന്നെ വധിച്ചു ധര്‍മ്മജന്‍ കണ്ടു നില്ക്കെ ഞാന്‍ നിന്റെ തലയ്ക്കു കാലു വെയ്ക്കും.

പിന്നെ നകുലന്‍ ഇപ്രകാരം പറഞ്ഞു: രാജാവേ, ധാര്‍ത്തരാഷ്ട്രനായ ദുര്യോധനനോട്‌ ഉലൂകാ, നീ പോയി പറയു. നീഎല്ലാ വാക്കുകളും ശരിക്കു കേട്ടില്ലേ? നീ എന്നോടു പറഞ്ഞ വിധമൊക്കെ ചെയ്യുന്നതാണ്‌.

സഹദേവനും അര്‍ത്ഥ പൂര്‍ണ്ണമായ വാക്കു പറഞ്ഞു:എടോ ദുര്യോധനാ, നിന്റെ ഈ ദുര്‍ബുദ്ധി പാഴായി തീരും. മഹാരാജാവേ, പുത്രന്മാരോടും ജ്ഞാതികളോടും ബന്ധുക്കളോടും കൂടി നീ ദുഃഖിക്കും! നീ ഇപ്പോള്‍ സന്തോഷിച്ചു മേനി പറയുന്നതു കൊണ്ടു ക്ലേശമാണ്‌ വരാന്‍ പോകുന്നത്‌.

വൃദ്ധരായ മത്സ്യദ്രുപദന്മാരും ഉലൂകനോടു പറഞ്ഞു: സാധുവിന് ദാസ്യമേല്ക്കാമെന്നാണല്ലോ നിത്യമായ ആശയം. അദാസരോ ദാസരോ എന്നുള്ളതു പൗരുഷം പോലെയാണ്‌.

പിന്നെ ശിഖണ്ഡിയും ഉലൂകനോടു പറഞ്ഞു: എപ്പോഴും പാപം തന്നെ ചിന്തിച്ചിരിക്കുന്ന രാജാവിനോടു പറയുക. പോരില്‍ അത്യുഗ്രമായ കര്‍മ്മം ഞാന്‍ ചെയ്യുന്നതു നീ കാണുക! ആരുടെ വീര്യം കയ്യിലാക്കിയിട്ടാണ്‌ നീ പടയില്‍ വിജയം കാണുന്നത്‌, ആ നിന്റെ പിതാമഹനെ ഞാന്‍ തേരില്‍ നിന്നു വീഴ്ത്തും. എന്നെ ധാതാവു സൃഷ്ടിച്ചത്‌ ഭീഷ്മനെ കൊല്ലുവാനാണ്‌. ആ ഞാന്‍ ഈ ഭീഷ്മനെ ധനുര്‍ദ്ധരന്മാര്‍ കാണ്‍കെ കൊല്ലും.

ധൃഷ്ടദ്യുമ്നനും ഉലൂകനോടു പറഞ്ഞു: രാജപുത്രനായ ദുര്യോധനനോട്‌ എന്റെ മൊഴികള്‍ ചെന്നു പറയൂ, ദ്രോണനെ ബന്ധു ഗണത്തോടു ചേര്‍ന്നു നിന്നു ഞാന്‍ കൊല്ലുന്നതാണ്‌. മഹത്തായ പൂര്‍വ്വ ചരിതം എനിക്കും ചെയ്യേണ്ടതുണ്ടല്ലോ. അന്യന്‍ ചെയ്യാത്ത വിധം ഞാന്‍ ആ കാര്യം നിര്‍വഹിക്കും.

ധര്‍മ്മരാജാവ്‌ കരുണയോടെ വീണ്ടും അവനോടു പറഞ്ഞു: രാജാവേ, ഞാന്‍ ഒരിക്കലും ജഞാതിവധം കാമിക്കുന്നില്ല. ദുര്‍ബുദ്ധേ. നിന്റെ ദോഷം കൊണ്ടാണ്‌ ഇതൊക്കെ സംഭവിക്കുവാന്‍ പോകുന്നത്‌. മഹത്തായ പൂര്‍വ്വ ചരിതം ഞാനും ചെയ്യേണ്ടതാണ്‌. എടോ, ഉലുക താതാ!! ഭവാനു സമ്മതമാണെങ്കില്‍ വേഗം പോയാലും. ഭവാന്‍ എവിടെ പാര്‍ത്താലും ഭദ്രം ഭവിക്കട്ടെ! ഞങ്ങള്‍ നിന്റെ ബന്ധുക്കളാണല്ലേോ!

ഉലൂകന്‍ ധര്‍മ്മരാജാവിനോടു യാത്ര പറഞ്ഞ്‌ അവിടെ നിന്നിറങ്ങി. ദുര്യോധനന്റെ അടുത്തേക്കു നടന്നു. ഈ വാക്കുകളൊക്കെ യത്നത്താല്‍ കിതവനായ ഉലൂകന്‍ മനസ്സില്‍ ദൃഢമായി ധരിച്ചു. എല്ലാവരോടും സമ്മതം വാങ്ങി വന്ന വഴിക്കു തിരിച്ച ഉലൂകന്‍, അമര്‍ഷിയായ ദുര്യോധനനെ ചെന്നു കണ്ടു. അര്‍ജ്ജുനന്റെ സന്ദേശം പറഞ്ഞ മാതിരി തന്നെ പറഞ്ഞറിയിച്ചു. കൃഷ്ണന്റേയും, ഭീമസേനന്റേയും, ധര്‍മ്മരാജാവിന്റേയും പൗരുഷം അറിയിച്ചു. നകുലന്റെയും, വിരാടന്റെയും, ദ്രുപദന്റെയും, സഹദേവന്റെയും, ധൃഷ്ടദ്യുമ്നന്റെയും, ശിഖണ്ഡിയുടെയും, കൃഷ്ണാര്‍ജ്ജുനന്മാരുടെയും വാക്കുകള്‍ അവര്‍ പറഞ്ഞ പ്രകാരം തന്നെ എല്ലാം യഥാക്രമം പറഞ്ഞു.

ഉലൂകന്റെ ആ വാക്കു കേട്ട ഭരതര്‍ഷഭനായ ദുര്യോധനന്‍ കര്‍ണ്ണനോടും ദുശ്ശാസനനോടും ശകുനിയോടും സുഹൃത് സെന്യങ്ങളോടും കല്പിച്ചു; എല്ലാവരും പുലരുന്നതിന് മുമ്പായി പടകൂട്ടി നില്ക്കണം.

ഉടനെ കര്‍ണ്ണന്‍ ദൂതനെ വിട്ടു. ദൂതന്മാര്‍ തേരിലേറി ചുറ്റി. ചിലര്‍ ഒട്ടകത്തേരിലും മറ്റു ചിലര്‍ കുതിരപ്പുറത്തും കയറി കര്‍ണ്ണന്റെ കല്പന പ്രകാരം സൈന്യങ്ങളുടെ കൂടാരങ്ങളിലേക്ക്‌ ഉദയത്തിന് മുമ്പ്‌ പട കൂട്ടുവാനുള്ള കല്പന അറിയിക്കുവാന്‍ വേഗത്തില്‍ പാഞ്ഞു പോയി.

164. സേനാപതി നിയോഗം - സഞ്ജയന്‍ പറഞ്ഞു: ഉലൂകന്‍ വന്നു പറഞ്ഞതു കേട്ട്‌ യുധിഷ്ഠിര രാജാവ്‌ ധൃഷ്ടദ്യുമ്നനെ നേതാവാക്കി പടകൂട്ടി. കാലാള്‍, തേര്‌, ആന, കുതിര ഇവ കൂടിക്കലര്‍ന്ന്‌ നാലംഗങ്ങള്‍ ചേര്‍ന്ന്‌ ഉഗ്രവും, ഭൂമി പോലെ ഇളകാത്തതും, ഭീമന്‍ കാക്കുന്നതും, അര്‍ജ്ജുനാദൃരായ വീരന്മാര്‍ ചേര്‍ന്നതുമായ സൈന്യപ്പരപ്പ്‌ ധൃഷ്ടദ്യുമ്നന്റെ നേതൃത്വത്തില്‍ നിശ്ചലമായ സമുദ്രം പോലെ ശോഭിച്ചു. ആ സൈനൃത്തിന്റെ മുന്‍ഭാഗത്തായി പാഞ്ചാല്യനായ ധൃഷ്ടദ്യുമ്നന്‍, യുദ്ധദുര്‍മ്മദനായ ദ്രോണകാംക്ഷി പെരുമ്പട നടത്തി. ബലോത്സാഹാനുരൂപം അദ്ദേഹം തേരാളിമാരെ നിയമിച്ചു.

സൂതപുത്രന് അര്‍ജ്ജുനനെ, ദുര്യോധനനു ഭീമനെ, ശല്യര്‍ക്കു ചൈദ്യനെ, കൃപന് ഉത്തമൗജസ്സിനെ, ദ്രോണജന്ന്‌ നകുലനെ, കൃതവര്‍മ്മന്ന്‌ ശൈബ്യനെ, സിന്ധുരാജന്ന്‌ സാതൃകിയെ, ഭീഷ്മന്ന്‌ ശിഖണ്ഡിയെ ഇങ്ങനെ ഓരോരുത്തനെ പ്രതിയോഗികളായി കല്പിച്ച്‌ സേനാമുഖത്തില്‍ നിയമിച്ചു. ശകുനിക്ക്‌ മാദ്രിജനെ, ശലന്ന്‌ ചേകിതാനനെ, ത്രിഗര്‍ത്തന്മാര്‍ക്ക്‌ പാഞ്ചാലീ പുത്രന്മാര്‍ അഞ്ചുപേരെ ഇങ്ങനേയും ഓരോരുത്തനെ നിശ്ചയിച്ചു. വൃഷസേനന്ന്‌ അഭിമന്യുവിനെ, മറ്റു മന്നവന്മാര്‍ക്കും ആ വീരനെ തന്നെ നിയമിച്ചു. അര്‍ജ്ജുനനേക്കാള്‍ പോരില്‍ അവന്‍ പോരുമെനും അവന്‍ വിചാരിച്ചു. പോരാളിമാരെ ഒന്നിച്ചും തിരിച്ചും വിഭജിച്ചു. അതിന് ശേഷം ജ്വാലാവര്‍ണ്ണനായ വില്ലാളിവീരന്‍, ധൃഷ്ടദ്യുമ്നന്‍. ദ്രോണനെ അംശമായി വിചാരിച്ചു വെച്ചു.

ഇങ്ങനെ മഹേഷ്വാസനും സേനാപതിയും സർവ്വശക്തനുമായ ധൃഷ്ടദ്യുമ്നന്‍ അണികള്‍ ഉറപ്പിച്ചു യുദ്ധത്തിന്നായി. പാണ്ഡവന്മാരുടെ ഉദ്ദേശമനുസരിച്ച്‌, വിജയപ്രാര്‍ത്ഥനയോടു കൂടി പടകൂട്ടി.

രഥാതിരഥ സംഖ്യാനപര്‍വ്വം

165. കൗരവ രഥാതിരഥ സംഖ്യ - ധൃതരാഷ്ട്രന്‍ പറഞ്ഞു: പോരില്‍ ഭീഷ്മനെ അര്‍ജ്ജുനന്‍ വധിക്കുന്നതാണെന്നു സത്യം ചെയ്തതിന് ശേഷം എന്റെ മന്ദന്മാരായ ദുര്യോധനാദി സന്താനങ്ങള്‍ എന്തു ചെയ്തു? പോരില്‍ എന്റെ അച്ഛനായ ഭീഷ്മൻ ഹതനായെന്നു തന്നെ ഞാന്‍ കരുതുന്നു. വാസുദേവന്‍ സഹായിക്കുന്ന അര്‍ജ്ജുനന്‍ വിചാരിച്ചാല്‍ അതിന്ന്‌ ഒട്ടും വിഷമമില്ല. അമിതപ്രാജ്ഞനായ പാര്‍ത്ഥന്‍ പറഞ്ഞ വാക്കു കേട്ടപ്പോള്‍ വില്ലാളികളില്‍ ഉത്തമനായ ഭീഷ്മന്‍ എന്തു പറഞ്ഞു ? മഹാബുദ്ധിമാനും മഹാപരാക്രമിയുമായ ഭീഷ്മൻ കുരുക്കളുടെ സേനാനായകത്വം വഹിച്ചതിനു ശേഷം എന്താണ്‌ ചെയ്തത്‌?

വൈശമ്പായനന്‍ പറഞ്ഞു: പിന്നെ കുരുവ്യദ്ധനായ ഭീഷ്മൻ പറഞ്ഞതെല്ലാം ഒന്നും വിടാതെ സഞ്ജയന്‍ ധൃതരാഷ്ട്രനോടു പറഞ്ഞു.

സഞ്ജയന്‍ പറഞ്ഞു; രാജാവേ, ശാന്തനവനായ ഭീഷ്മൻ സേനാപതിത്വം കയ്യേറ്റു ദുര്യോധനനോട്‌ അവന്റെ മനസ്സ്‌ സന്തോഷിക്കുന്ന വിധം ഇങ്ങനെ പറഞ്ഞു. ഞാന്‍ സർവ്വശക്തനായ ദേവസേനാനിയായ സുബ്രഹ്മണ്യനെ പൂജിച്ചു നമസ്കരിച്ചു നിന്റെ സേനാനിയായി നില്ക്കാം. അതില്‍ സംശയം വേണ്ടാ. സേനാകര്‍മ്മം എനിക്കറിയാം. പലമാതിരി വ്യൂഹങ്ങള്‍ ചമയ്ക്കുവാനും എനിക്കറിയാം. ഭൃത്യന്മാരെ കൊണ്ടു വേണ്ട മാതിരി വേല ചെയ്യിക്കുവാനും യാത്ര, യാനം, യുദ്ധം, ഉപശയം എന്നിവയും ബൃഹസ്പ്തിയെ പോലെ എനിക്കുമറിയാം. ദേവം, മാനുഷം, ഗാന്ധര്‍വ്വം എന്നിങ്ങനെയുള്ള വ്യൂഹാരംഭക്രമങ്ങൾ ഉള്‍ക്കൊണ്ടും ഞാന്‍ പാണ്ഡവന്മാരെ മയക്കി വിടാം; നീ വ്യസനിക്കേണ്ടാ. ഈ ഞാന്‍ നിന്റെ പട രക്ഷിച്ച്‌ ശാസ്ത്രീയമായി യുദ്ധം നടത്താം. നീ മനസ്സിലെ ജ്വരം കളയൂ!

ദുര്യോധനന്‍ പറഞ്ഞു: മഹാബാഹോ, ദേവാസുരന്മാര്‍ ഒന്നിച്ചു കൂടിയാലും ഇനി എനിക്കു ഭയമില്ല. ഞാന്‍ ഈ പറയുന്നതു സത്യമാണ്‌. പിന്നെയുണ്ടോ ദുര്‍ദ്ധര്‍ഷനായ അങ്ങ്‌ സേനാനിയായിരിക്കുമ്പോള്‍! നരവ്യാഘ്രനായ ദ്രോണനും പോരിനെ കൊണ്ടാടിക്കൊണ്ടു നിൽക്കുമ്പോള്‍! ഇങ്ങനെ രണ്ടു മഹാത്മാക്കള്‍ എന്നെ സഹായിക്കുവാൻ ഉണ്ടെങ്കില്‍ എന്റെ വിജയം തീര്‍ച്ചപ്പെട്ടതു തന്നെ! അല്ലയോ കുരുശ്രേഷ്ഠാ! ദേവേന്ദ്രന്റെ നാടു തന്നെ പിടിക്കണം എന്നു വിചാരിച്ചാല്‍ എനിക്ക്‌ അതും സാധിക്കും! ശത്രുക്കളുടേയും നമ്മുടേയും രഥ സംഖ്യ മുഴുവനും, അതു പോലെ തന്നെ അതിരഥന്മാരുടെ സംഖ്യയും അങ്ങു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരമായ ആത്മതത്വ ബോധത്തില്‍ പിതാമഹന്‍ പടുവാണല്ലോ. ഈ നിൽക്കുന്ന രാജാക്കളോടു കൂടി അങ്ങയുടെ അഭിപ്രായം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു നിൽക്കുന്നു.

ഭീഷ്മൻ പറഞ്ഞു: ഹേ, ഗാന്ധാരീപുത്രാ! നമ്മുടെ പടയിലെ രഥസംഖ്യ കേള്‍ക്കുക. രഥികന്മാരുടെയും അതിരഥന്മാരുടെയും സംഖ്യ പറയാം. നിന്റെ സൈനൃത്തില്‍ മുഖ്യരായ രഥികള്‍ ആയിരവും പതിനായിരം അര്‍ബ്ബുദവുമുണ്ട്‌.

ആദ്യമായി രഥോദാരന്മാര്‍ നിന്റെ സോദരന്മാരാണ്‌. ദുശ്ശാസനാദ്യരായ നൂറു സഹോദരന്മാരോടു കൂടിയ നീ, നിങ്ങള്‍ എല്ലാവരും കൃതായുധന്മാരാണ്‌, കുത്തിക്കീറുവാന്‍ പഠിച്ചവരാണ്‌. തേര്‍ത്തട്ട്‌, ആനപ്പുറം, ഖള്‍ഗം, ചര്‍മ്മം, പ്രാസം, ഗദ എന്നിവയില്‍ യന്താക്കളാണ്‌, സമര്‍ത്ഥന്മാരാണ്‌, പ്രകര്‍ത്താക്കളാണ്‌.

കൃതാസ്ത്രരാണ്‌, ഭാരം ഏൽക്കുന്നവരാണ്‌. വില്ലിലും അമ്പിലും ദ്രോണനും, കൃപനും ശിഷ്യരുമാണ്‌. ഇവര്‍ പോരില്‍ ഉഗ്രമദന്മാരായ പാഞ്ചാല വീരന്മാരെ കൊല്ലുവാന്‍ പോന്നവരാണ്‌. പാണ്ഡവന്മാര്‍ തെറ്റു ചെയ്ത ധൃതരാഷ്ട്രജന്മാര്‍ ധീരന്മാരാണ്‌. അപ്രകാരം ഭാരതേന്ദ്രാ. ഞാന്‍ നിന്റെ പടയുടെയെല്ലാം നായകനുമാണ്‌. പാര്‍ത്ഥന്മാരെ ധിക്കരിച്ചു ശത്രുക്കളെ ഞാന്‍ മുടിക്കും. എന്റെ ഗുണങ്ങളെപ്പറ്റി ഞാന്‍ തന്നെ പറയുന്നതു പാടില്ലാത്തതാണെന്ന്‌ നിനക്ക്‌ അറിയാമല്ലോ.

പിന്നെ കൃതവർമ്മാവ്‌ അതിരഥനാണ്‌. ആ ഭോജന്‍ ശസ്ത്രധരന്മാരില്‍ ഉത്തമനാണ്‌. അവന്‍ യുദ്ധത്തില്‍ നിനക്കു വേണ്ട കാര്യസിദ്ധി ചെയ്യുവാന്‍ പ്രാപ്തിയുള്ളവനാണ്‌. ശസ്ത്രജ്ഞന്മാര്‍ക്ക്‌ അനാധൃഷ്യനും, ദൂരേയ്ക്കെയ്യുവാന്‍ കഴിയുന്ന ദൃഢായുധനുമായ അവന്‍ ഇന്ദ്രന്‍ ദാനവരെയെന്ന വിധം ശത്രുസൈനൃത്തെ മുടിച്ചു വിടും.

പിന്നെ മാദ്രേശനായ ശല്യന്‍ വില്ലാളികളില്‍ അതിരഥനാണെന്നാണ്‌ എന്റെ അഭിപ്രായം. യുദ്ധം തോറും കൃഷ്ണനോടു നിത്യവും മത്സരിക്കുന്നവനാണ്‌. മരുമക്കളെ വിട്ടു നിന്നോടു ചേര്‍ന്ന ആ അതിരഥന്‍, മഹാരഥന്മാരായ പാണ്ഡവന്മാരുമായി ഏൽക്കുന്നതാണ്‌. കടല്‍ത്തിരയ്ക്കു തുല്യമായ അമ്പെയ്തു ശത്രുവര്‍ഗ്ഗത്തെ മുക്കുന്ന ഭൂരിശ്രവസ്സ്‌ അസ്ത്രപടുവാണ്‌. നിനക്കു ഹിതനായ സുഹൃത്താണ്‌. വില്ലാളിയായ സൗമദത്തി രഥാതിരഥ യൂഥപനാണ്‌. ശത്രുക്കള്‍ക്കു വലിയ ബലക്ഷയം വരുത്തുവാൻ കെല്പുള്ളവനാണ്‌ അവന്‍. സിന്ധു രാജാവായ ജയദ്രഥന്‍ ദ്വിഗുണനായ രഥിയാണെന്നാണ്‌ എന്റെ അഭിപ്രായം. പടയില്‍ വീരനായി പൊരുതുന്ന അവന്‍ വിക്രമിയായ രഥോത്തമനാണ്‌. ദ്രൗപദീ ഹരണത്തില്‍ പാര്‍ത്ഥന്മാര്‍ പിടിച്ച്‌ അവനെ കശക്കി വിട്ടിട്ടുണ്ടല്ലോ. ആ ക്ലേശത്തെ ചിന്തിച്ച്‌ ശത്രുനാശനനായ അവന്‍ നല്ല മാതിരി പൊരുതുന്നതാണ്‌. ഇവന്‍ ഘോരമായ തപസ്സു ചെയ്തു പാണ്ഡവരോടു പക വീട്ടുവാന്‍ സുദൂര്‍ല്ലഭമായ വരം നേടിയിട്ടുണ്ട്‌. ആ വൈരം ചിന്തിച്ച്‌ നരവ്യാഘ്രനായ അവന്‍ പ്രിയപ്പെട്ട പ്രാണനെ കളഞ്ഞും പാര്‍ത്ഥനോട്‌ ഏല്‍ക്കുന്നതാണ്‌.

166. കൗരവ രഥാതിരഥ സംഖ്യ - ഭീഷ്മൻ പറഞ്ഞു: കാംബോജ രാജാവായ സുദക്ഷിണന്‍ ഏകഗുണനായ രഥിയാണെന്നാണ്‌ എന്റെ പക്ഷം. നിന്റെ കാര്യസിദ്ധിക്കായി അവന്‍ ശത്രുക്കളോട്‌ ധീരമായി പോരാടും. അവന്‍ ഇന്ദ്രതുല്യം വിക്രമിക്കുന്നതായി നിങ്ങള്‍ക്കു കാണാം. ഇവന്റെ രഥവംശത്തില്‍ ശക്തന്മാരായ യോദ്ധാക്കള്‍, ശലഭം കണക്കേ എതിര്‍ക്കുന്ന കാംബോജന്മാര്‍, വേറെ അനവധിയുണ്ട്‌. മാഹിഷ്മതി നാഥനായ നീലനും, നീലവര്‍മ്മാവും നിന്റെ രഥികളാണ്‌. അവര്‍ രഥവംശത്തോടു കൂടി ശത്രുക്കളെ മുടിക്കും. പണ്ട്‌ സഹദേവന്‍ വൈരമുണ്ടാക്കി തീര്‍ത്ത നീലവര്‍മ്മാവ്‌ രാജാവേ, നിനക്കു വേണ്ടി നിത്യവും പൊരുതുവാന്‍ സന്നദ്ധനാണ്‌. അവന്ത്യന്മാരായ വിന്ദനും, അനുവിന്ദനും, രഥസത്തമന്മാർ ആണെന്നു സർവ്വ സമ്മതമാണ്‌. രഥസത്തമന്മാരായ അവര്‍ പോരില്‍ സമര്‍ത്ഥന്മാരും, ദൃഢവീര്യ പരാക്രമരുമാണ്‌. ഇവര്‍ ശത്രുസൈന്യത്തെ മുടിപ്പിക്കുന്ന പുരുഷ വ്യാഘ്രന്മാരാണ്‌. ഇവര്‍ ഗദ, പ്രാ സം, തോമരം, അസ്ത്രം, വാള്‍ എന്നിവ വേണ്ട പോലെ പ്രയോഗിക്കുവാന്‍ സമര്‍ത്ഥരാണ്‌. യുദ്ധാര്‍ത്ഥികളായ ഇവര്‍ പടയില്‍ കടന്നു കളിക്കുന്ന യൂഥപോപമന്മാരാണ്‌. അവര്‍ യൂഥത്തില്‍ അസ്ത്രവുമേന്തി ചരിക്കും. ത്രിഗര്‍ത്ത ഭ്രാതാക്കള്‍ അഞ്ചും രഥോദാരന്മാർ ആണെന്നാണ്‌ എന്റെ അഭിപ്രായം. വിരാട നഗരത്തില്‍ വെച്ച്‌ ഇവരില്‍ പാര്‍ത്ഥന്‍ വൈരം വളര്‍ത്തി. തിരതല്ലുന്ന ഗംഗയില്‍ വലിയ തിമിംഗലങ്ങള്‍ എന്ന പോലെ പാര്‍ത്ഥവാഹ്നിയെ പോരില്‍ ഇവര്‍ കലക്കി മറിക്കും. സത്യരഥന്‍ തുടങ്ങിയ ഇവര്‍ അഞ്ചു പേരും തേരാളിമാരാണ്‌. മുമ്പേ ചെയ്തത്‌ ഓര്‍മ്മ വെച്ച്‌ ഇവര്‍ പോരില്‍ പൊരുതുന്നതാണ്‌. പാണ്ഡുപുത്രനായ അര്‍ജ്ജുനന്‍ ദ്വിഗ് വിയത്തില്‍ അവരോട്‌ അപരാധം ചെയ്കയാല്‍ അവര്‍ പാര്‍ത്ഥന്മാരുടെ മഹാരഥന്മാരോട്‌ ഏറ്റ്‌, ക്ഷത്രിയന്മാരില്‍ ഭാരം വഹിക്കുന്ന നേതാക്കന്മാരെ ആ മഹാരഥന്മാര്‍ കൊന്നുകളയും.

നിന്റെ പുത്രനായ ലക്ഷ്മണനും, ദുശ്ശാസന കുമാരനും ഇവര്‍ രണ്ടുപേരും പോരില്‍ പിന്‍മാറാത്ത പുരുഷവ്യാഘ്രന്മാരാണ്‌. ചെറുപ്പക്കാരും, ശക്തന്മാരും, സുന്ദരന്മാരും, രാജകുമാരന്മാരുമായ അവര്‍ യുദ്ധകാരൃത്തില്‍ വിശേഷജ്ഞരും, എല്ലാം നോക്കി നടക്കുന്നവരുമാണ്‌. ഇവര്‍ കുരുശാര്‍ദ്ദൂലന്മാരായ രഥികളാണ്‌. എന്റെ അഭിപ്രായത്തില്‍ ഇവര്‍ രഥസത്തമന്മാരാണ്‌, ക്ഷത്രധര്‍മ്മം ചേര്‍ന്ന ഈ വീരന്മാര്‍ മഹത്തായ കാര്യം നടത്തുന്നവരാണ്‌, ദണ്ഡധാരന്‍ ഒരു രഥിയാണ്‌. നിനക്കു വേണ്ടി ആ പട കാക്കുന്ന പോരാളി പൊരുതും. കോസല രാജാവായ ബൃഹത്ബലന്‍ രഥസത്തമനാണ്‌. മഹാവിക്രമിയായ അവന്‍ ഒരു രഥിയാണ്‌. തന്റെ ബന്ധുക്കള്‍ക്കു സന്തോഷം വളര്‍ത്തുമാറ്‌ അവന്‍ വീറോടെ പൊരുതും. അവന്‍ ധാര്‍ത്തരാഷ്ട്രന്മാര്‍ക്കു ഹിതം ചെയ്യുന്ന വികടായുധനായ വില്ലാളിയാണ്‌. ശാരദ്വതനായ കൃപന്‍ രഥയൂഥപയൂഥപനാണ്‌. തന്റെ പ്രാണനെ വെടിഞ്ഞും അവന്‍ ശത്രു സംഘത്തെ ചുട്ടുകളയും. മഹര്‍ഷിയായ, ശരദ്വാന്‍ എന്നു പേരായ, ഗൗതമനു ശരസ്തംബത്തില്‍ നിന്നു (ശരല്‍പ്പുല്‍ കാട്‌), കാര്‍ത്തികേയന്‍ ജനിച്ച പോലെ ഇവന്‍ ജനിച്ചു. പല തരത്തിലുള്ള ആയുധങ്ങളും വില്ലും ഉള്ളവന്‍, പടയാളിയായ ഇവന്‍, പോരില്‍ ദഹിപ്പിച്ചു സൈന്യത്തില്‍ അഗ്നി പോലെ ചുറ്റും.

167. കൗരവ രഥാതിരഥ സംഖ്യ - ഭീഷ്മൻ പറഞ്ഞു: നിന്റെ അമ്മാവനായ ശകുനി ഒരു ഒറ്റ രഥിയാണ്‌. പാര്‍ത്ഥരില്‍ വൈരം ജനിപ്പിച്ച അവന്‍ നന്നായി പോരാടും. അതില്‍ ശങ്കിക്കേണ്ടതില്ല. പോരില്‍ അതുല്യനായ അവന്‍ ദുര്‍ദ്ധര്‍ഷനാണ്‌. പല വിധം ആയുധങ്ങളും പ്രയോഗിക്കുവാന്‍ സമര്‍ത്ഥനായ അവന്‍ വായു വേഗത്തില്‍ പറന്നു പയറ്റും.

മഹേഷ്വാസനായ ദ്രോണപുത്രന്‍ എല്ലാ ധനുര്‍ദ്ധരന്മാരേക്കാളും മേലേയാണ്‌. സമരത്തില്‍ ചിത്രയോധിയും സുദൃഢാസ്ത്രനും മഹാരഥനുമാണ്‌ ഇവന്‍. അര്‍ജ്ജുനന്റെ എന്ന പോലെ ഇവന്റേയും ശരങ്ങള്‍ ഒന്നിനൊന്നു തൊട്ടു തൊട്ടു പോകും. ഞാന്‍ വിചാരിച്ചാല്‍ ഇവന്റെ യോഗ്യത പറഞ്ഞറിയിക്കുവാന്‍ കഴിയുകയില്ല. അചിന്ത്യമായ മഹത്വമാണ്‌ ഇവനുള്ളത്‌. ഇവന്‍ വിചാരിച്ചാല്‍ മൂന്നു ലോകവും ചുട്ടെരിക്കും. തേജസ്സും ക്രോധവും ഋഷിക്കു ചേര്‍ന്ന തപസ്സും ഇവനുണ്ട്‌. ഈ മഹാശയന്‍ ദ്രോണാനുഗ്രഹമുള്ളവനും ദിവ്യാസ്ത്ര സമ്പന്നനുമാണ്‌. ഈ ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും ഈ മഹാരഥനു വലിയ ഒരു ദോഷമുണ്ട്‌. അതു കൊണ്ട്‌ ഞാന്‍ ഇവനെ രഥാതിരഥ യോഗത്തില്‍ കൂട്ടുകയില്ല. ആ ദോഷമെന്താണെന്നു പറയാം. ജീവനില്‍ കൊതി ഇവനു വളരെയുണ്ട്‌. ആയുഷ്മാനാണ്‌. ബ്രാഹ്മണനുമാണല്ലോ. ഈ ദോഷം ഒഴികെ മറ്റു ഗുണങ്ങള്‍ കൊണ്ട്‌ ഇവന്‍ അതുല്യ പ്രഭാവനാണ്‌. രണ്ടു സൈന്യത്തിലും ഇവന് കിടനിൽക്കുന്നവന്‍ ഇല്ലെന്നു പറയാം. ഒറ്റത്തേരാല്‍ ഇവന്‍ ദേവന്മാരുടെ സേനയെ പോലും തകര്‍ത്തു വിടും. ശൗര്യം മൂര്‍ത്തിമത്തായ ഇവന്‍ സിംഹനാദം കൊണ്ട്‌ പര്‍വ്വതത്തെ പോലും പിളര്‍ക്കും. അസംഖ്യം ഗുണങ്ങള്‍ ചേര്‍ന്ന ഈ വീരന്‍ കടുത്ത സാഹസങ്ങള്‍ ചെയ്യും. ദണ്ഡപാണിയെ പോലെ ഇവന്‍ അസഹ്യനാണ്‌. യമനെ പോലെ ഇവന്‍ സൈനൃത്തില്‍ ചുറ്റും. ക്രോധത്തില്‍ കല്‍പാന്താഗ്നിക്കു തുല്യനാണ്‌; സിംഹകണ്ഠനാണ്‌; മഹാദ്യുതിയാണ്‌! ഇവന്‍ ഭാരതയുദ്ധത്തില്‍ പിന്‍പുറത്തെ മുഴുവന്‍ ഒടുക്കും. തേജസ്വിയായ അവന്റെ പിതാവ്‌ വൃദ്ധനാണെങ്കിലും യുവജനോചിതനാണ്‌. അവന്‍ പോരില്‍ വലിയ ക്രിയചെയ്യും എന്നുള്ളതില്‍ സംശയമില്ല. അസ്ത്രവേഗമാകുന്ന കൊടുകാറ്റുണ്ടാക്കി പടയാകുന്ന കാട്ടില്‍ ഉയര്‍ന്ന്‌ ഏന്തി ഒരുങ്ങിയ അവന്‍ പാണ്ഡവപ്പടയെ ചുട്ടു ദഹിപ്പിക്കും. രഥയൂഥപയൂഥന്മാരില്‍ വച്ച്‌ നരപുംഗവനായ യൂഥപനാണ്‌ ദ്രോണൻ. ഭരദ്വാജ പുത്രനായ ഇവന്‍ നിന്റെ ഹിതത്തിനായി വലിയ ക്രിയ നടത്തും. എല്ലാ രാജഗണത്തിനും ആചാര്യനായ ദ്രോണൻ വൃദ്ധനാണ്‌. സൃഞ്ജയന്മാരെ കൂട്ടത്തോടെ ഇവന്‍ കൊല്ലും. എന്നാൽ ഇവന്‍ ഫല്‍ഗുനനില്‍ വലിയ സ്നേഹം ഉള്ളവനാണ്‌. വില്ലാളിയായ ഇവന്‍ തെറ്റു ചെയ്യാത്ത അര്‍ജ്ജുനനെ ഏതു കാര്യത്തിലും ഗുണപ്രൗഢി കണ്ട്‌ ദീപ്തമായ ഗുരുത്വം നോക്കി കൊല്ലുകയില്ല. ഇവന്‍ എപ്പോഴും വീരനായ പാര്‍ത്ഥന്റെ ഗുണത്തില്‍ അഭിമാനം കൊള്ളും. "എന്റെ ശിഷ്യനായ അര്‍ജ്ജുനന് സമം ഒരു വില്ലാളി മൂന്നു ലോകത്തിലുമില്ല" എന്ന്. ഭര്വാജന്‍ തന്റെ പുത്രനായ അശ്വത്ഥാമാവിനേക്കാള്‍ മേലെയായിട്ടാണ്‌ പാര്‍ത്ഥനെ കാണുന്നത്‌. ഒറ്റത്തേരാല്‍ ഈ മഹാന്‍ ദേവന്മാരേയും ഗന്ധര്‍വ്വന്മാരേയും മര്‍ത്ത്യരേയും സംഹരിച്ചു കളയും. എല്ലാവരും ഒന്നിച്ച്‌ ആര്‍ത്തുവന്നു കേറട്ടെ. സകലത്തിനേയും പ്രതാപവാനായ ദ്രോണാചാര്യന്‍ ദിവ്യാസ്ത്രം കൊണ്ട്‌ ഒടുക്കിക്കളയും.

ന്യപശാര്‍ദ്ദൂലനായ പൗരവന്‍ നിന്റെ ഒരു മഹാരഥനാണ്‌. ശത്രുവീരരഥികളുടെ അന്തകനാണ്‌ ഇവന്‍ എന്നുള്ളതിനു സംശയമില്ല. തന്റെ വലിയ പടയോടൊത്തു വന്നു ചേര്‍ന്ന ഇവന്‍ ശത്രുപ്പടയെ തപിപ്പിക്കും. ഉണങ്ങിയ പുല്‍ കാട് അഗ്നിയെയെന്ന പോലെ ഇവന്‍ പാഞ്ചാല വീരന്മാരെ സംഹരിക്കും. സതൃശ്രവസ്സ്‌ മഹാബലനായ രഥിയാണെന്നാണ്‌ എന്റെ അഭിപ്രായം. രാജാവേ, നിന്റെ ശത്രുവിന്റെ സൈനൃത്തില്‍ ഇവന്‍ യമനെ പോലെ ചുറ്റും. ഇവന്റെ യോദ്ധാക്കള്‍ വിചിത്ര കവചന്മാരും വിചിത്രായുധന്മാരുമാണ്‌. അവര്‍ നിന്റെ വൈരികളെ ജയിച്ച്‌ അടരില്‍ സഞ്ചരിക്കും. രഥിശ്രേഷ്ഠനായ കര്‍ണ്ണപുത്രന്‍, വൃഷസേനന്‍, മഹാരഥനാണ്‌. ബലവാനായ ഇവന്‍ നിന്റെ ശത്രുവിന്റെ സൈന്യത്തെ ചുട്ടെരിച്ചു കളയും.

തേജസ്വിയായ ജലസന്ധന്‍ നിന്റെ ഒര രഥിയാണ്‌. ശത്രു നാശനനായ ആ മാധവന്‍ പോരില്‍ പ്രാണന്‍ കളയും. ആനപ്പുറത്തു കയറി വിരുതനായ ഇവന്‍ രണത്തില്‍ പോരാടും. തേരില്‍ കയറി ഇവന്‍ ശത്രുപ്പട മുടിക്കും. ഇവന്‍ രഥിയാണെന്നുള്ളതു ബോദ്ധ്യമായ കാര്യമാണ്‌. പോരില്‍ ഇവന്‍ തന്റെ പടയോടു കൂടിപ്രാണന്‍ കളയുവാനും സന്നദ്ധനാണ്‌. വിക്രമിച്ചു കയറുന്ന ഇവന്‍, രണാങ്കണത്തില്‍ ചിത്രയോധിയാണ്‌. ഇവന്‍ നിര്‍ഭയനായി നിന്റെ ശത്രുസൈനൃത്തില്‍ കടന്നു പടവെട്ടും. പോരിൽ പിന്‍തിരിയാത്ത ബാല്‍ഹീകന്‍ അതിരഥനാണ്‌. ഇവന്‍ പോരില്‍ അന്തകസന്നിഭനാണെന്ന്‌ എനിക്കു ബോദ്ധ്യമായിട്ടുണ്ട്‌. പടയില്‍ കേറിയാല്‍ ഒരിക്കലും ഇവന്‍ പിന്‍തിരിക്കുകയില്ല. കാറ്റു പോലെ ഇവന്‍ ശത്രുക്കളെയൊക്കെ യുദ്ധത്തില്‍ കൊന്നു വീഴ്ത്തും. ശത്രുരഥാന്തകനായ സത്യവാന്‍ നിന്റെ സേനാപതികളില്‍ മഹാരഥനാണ്‌. പോരില്‍ ഇവന്‍ അത്ഭുത കര്‍മ്മാവായ രഥിയാണ്‌. ഇവന് സമരം കണ്ടാല്‍ ഒരിക്കലും ഭയം ഉണ്ടാവുകയില്ല. ഇവന്‍ തേരില്‍ നിന്നു യുദ്ധം ചെയ്യുന്ന മഹാരഥന്മാരില്‍ ചിരിച്ചു കൊണ്ടു യുദ്ധം ചെയ്തു കയറും. പുരുഷോചിതമായ നല്ല കര്‍മ്മം ചെയ്ത്‌ വിക്രമിച്ച്‌ വൈരികളില്‍ കയറും. അങ്ങയ്ക്കു കേമനായ ഈ പുരുഷോത്തമന്‍ അക്രമത്തില്‍ അത്ഭുതങ്ങള്‍ ചെയ്യും.

ആലംബുഷന്‍ എന്ന രാക്ഷസേന്ദ്രന്‍ ഉഗ്രകാരിയായ മഹാരഥനാണ്‌. അവന്‍ പൂര്‍വ്വവൈരം വിചാരിച്ച്‌ നിന്റെ വൈരികളെ കൊല്ലും. ഇവന്‍ രാക്ഷസ സൈന്യത്തില്‍ എല്ലാവരിലും വെച്ചു ശ്രേഷ്ഠനാണ്‌.

പ്രാക് ജ്യോതിഷ രാജാവായ ഭഗദത്തന്‍ വീരനും പ്രതാപവാനും ആണ്‌. ആനത്തോട്ടിക്കാരില്‍ ഇവന്‍ ഏറ്റവും യോഗ്യനാണ്‌. പണ്ട്‌ ഇവനുമായി ഗാണ്ഡീവി യുദ്ധം ചെയ്യേണ്ടി വന്നു. വളരെ നാള്‍ രണ്ടുപേരും തനിക്കു വിജയം, തനിക്കു വിജയം എന്ന വിധത്തില്‍ യുദ്ധം ചെയ്തു. പിന്നെ സഖാവായ ഇന്ദ്രനെ ചിന്തിച്ച്‌ ഇന്ദ്രപുത്രനുമായി ധന്യനായ അവന്‍ ഒരു കരാറു ചെയ്തു പിന്‍വാങ്ങി. ആനപ്പുറത്തു കയറിയിരുന്ന്‌ പോരു നടത്തുന്നതില്‍ ഇവന്‍ അതുല്യനാണ്‌. ദേവേന്ദ്രനെ പോലെ ഇവന്‍ തന്റെ ഐരാവതത്തിന്റെ പുറത്തു കയറി സഞ്ചരിക്കും.

168. ഭീഷ്മകര്‍ണ്ണ സംവാദം - ഭീഷ്മൻ പറഞ്ഞു; അചലനും വൃഷകനും രണ്ടു ഭ്രാതാക്കളാണ്‌, അവര്‍ രണ്ടുപേരും ദുര്‍ദ്ധര്‍ഷരായ രണ്ടു മഹാരഥന്മാരാണ്‌. അവര്‍ നിന്റെ ശത്രുക്കളെ മുടിച്ചു കളയും. ബലവാന്മാരായ ആ നരവ്യാഘ്രന്മാര്‍ ചുണ കൂടിയ പ്രഹാരികളാണ്‌. ചെറുപ്പക്കാരായ ഇവര്‍ അഴകേറിയ ഗാന്ധാരന്മാരാണ്‌. മഹാബലവാന്മാരുമാണ്‌.

നിനക്ക്‌ എന്നും തോഴനും ഇഷ്ടനും സമകര്‍ക്കശനും പാര്‍ത്ഥന്മാരുമായി പൊരുതാന്‍ നിന്നെ എപ്പോഴും ഉത്സാഹിപ്പിക്കുന്നവനുമായ ഈ വൈകര്‍ത്തനനായ കര്‍ണ്ണന്‍ നീചനും ക്രൂരനും മേനിവാക്കു പറയുന്നവനുമാണ്‌. നിന്റെ മന്ത്രിയും നേതാവും ബന്ധുമാനിയും എന്നും ഉയര്‍ന്നു നിൽക്കുന്നവനുമായ അവന്‍ രഥിയല്ല! കര്‍ണ്ണന്‍ യുദ്ധക്കളത്തില്‍ അതിരഥനല്ല!

സഹജമായി തനിക്കുണ്ടായിരുന്ന ചട്ട അവന്‍ കളഞ്ഞു കുളിച്ചു. ബുദ്ധികെട്ടവനാണ്‌ അവന്‍. എപ്പോഴും ആരിലും ഘൃണയുള്ള അവന്‍ അവന്റെ സഹജമായ ദിവൃകുണ്ഡലങ്ങളും കളഞ്ഞു. രാമന്റെ ശാപത്താലും ഭൂദേവന്റെ വാക്കാലും കരണപ്രക്ഷയത്താലും അവന്‍ അര്‍ദ്ധരഥനായേ ഞാന്‍ കാണുന്നുള്ളു. ഇവന്‍ അര്‍ജ്ജുനനോട്‌ ഏറ്റാല്‍ ജീവനും കൊണ്ടു പോരികയില്ല. ഭീഷ്മൻ ഇപ്രകാരം പറഞ്ഞ ഉടനെ അതു കേട്ടു നിൽക്കുന്ന ദ്രോണന്‍ ഇപ്രകാരം പറഞ്ഞു: "ഭവാന്‍ പറഞ്ഞതു വാസ്തവമാണ്‌. ഈ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. അഭിമാനിയായ ഇവന്‍ രണം തോറും പിന്‍വാങ്ങുന്നതായിട്ടാണു ഞാന്‍ കണ്ടിട്ടുള്ളത്‌. ഒന്നില്‍ ഉറച്ചു നില്ക്കാതെ പതറിപ്പോകുന്ന ഇവന്‍ അര്‍ദ്ധരഥി ആണെന്നാണ്‌ എന്റേയും അഭിപ്രായം".

ഭീഷ്മദ്രോണന്മാരുടെ വാക്കുകള്‍ കര്‍ണ്ണനു സഹിച്ചില്ല. തന്റെ മുമ്പില്‍ വെച്ചു തന്നെ നിന്ദിച്ചു പറഞ്ഞ ഗുരുജനങ്ങളുടെ നേരെ ക്രോധത്തോടെ കണ്ണുരുട്ടി വാകൃദോഷം കൊണ്ടു വൃഷമെന്ന പോലെ (കാളയെ പോലെ) കുത്തി വേദനിപ്പിക്കുമാറ്‌ രാധേയനായ വൃഷന്‍ ഭീഷ്മനോടു പറഞ്ഞു: കുറ്റം ഒന്നുമില്ലെങ്കിലും പിതാമഹന്‍ എന്നെ അടിക്കടി വാക് ശരം കൊണ്ട്‌ അറുക്കുന്നു. അതൊക്കെ ഞാന്‍ ദുര്യോധനനു വേണ്ടി പൊറുക്കുകയാണ്‌. അങ്ങ്‌ എന്നെ വെറും വിഡ്ഡിയെ പോലെ മന്ദനാണെന്നു വിചാരിക്കുന്നു. നീ അര്‍ദ്ധരഥനാണ്‌ എന്നു ശങ്ക കൂടാതെ അങ്ങു പറഞ്ഞാല്‍, സര്‍വ്വലോകര്‍ക്കും ഹിതനായ ഗാംഗേയന്‍ പൊളി പറയുകയില്ല എന്നു വിചാരിച്ച്‌ അതു വിശ്വസിക്കും. കുരുക്കളുടെ ഹിതത്തിന് യത്നിക്കുന്ന രാജാവായ സുയോധനന്‍ അതിന്റെ പരമാര്‍ത്ഥം അറിയുന്നില്ല. ഉദാര കര്‍മ്മാക്കളും സമശീര്‍ഷന്മാരുമായ രാജാക്കന്മാര്‍ ഇരിക്കുന്ന ഈ സദസ്സില്‍ ആരാണു പോരില്‍ ഛിദ്രമുണ്ടാക്കുവാന്‍ തേജോവധം ചെയ്യുന്നതെന്നു പറയട്ടെ!

ഗുണദ്വേഷത്താല്‍ ഭവാന്‍ എന്നെ ദ്രോഹിക്കയാണോ? പരമാര്‍ത്ഥം പറഞ്ഞാല്‍ ഞാനല്ല അര്‍ദ്ധരഥന്‍, ഈ പറഞ്ഞവന്‍ തന്നെയാണ്‌ (ഭീഷ്മനാണ്‌ അര്‍ദ്ധരഥന്‍). പ്രായാധിക്യം. നര, സമ്പത്ത്‌. ബന്ധുക്കള്‍ ഇവ കൊണ്ടു മഹാരഥത്വം ഈ രാജാവിന് കൊടുക്കുവാന്‍ പാടില്ല. ബലം കൊണ്ടാണെങ്കില്‍ സ്ഥാനം ബ്രാഹ്മണനാണ്‌. ധനം കൊണ്ടാണെങ്കില്‍ സ്ഥാനം വൈശ്യനാണ്‌. വയസ്സു കൊണ്ടാണെങ്കില്‍ സ്ഥാനം ശൂദ്രനാണ്‌. ഈ വയസ്സന്‍ ഈ വകയിലൊന്നും പെട്ടവനല്ല. ഒന്നിലും ഒരു സ്ഥാനവും ഇല്ലാത്തവനാണ്‌. രഥാതിരഥ സംഖ്യ വായില്‍ തോന്നിയ മാതിരി ഒക്കെ പറഞ്ഞോളു. കാമദ്വേഷങ്ങള്‍ ഉള്ള ഭവാന്‍ മൗഢ്യം കൊണ്ടു പലതും പറയും. അതു നടക്കട്ടെ! ഹേ ദുര്യോധനാ, മഹാബാഹോ! ഭവാന്‍ നല്ല പോലെ കരുതിക്കോളൂ! നിന്നെ ദ്വേഷിക്കുന്ന ഈ ഭീഷ്മനെ വിശ്വസിക്കരുത്‌ ഇവന്‍ ദുഷ്ടനാണ്‌. ത്യാജ്യനാണ്‌. സൈന്യത്തിനുള്ളില്‍ ഛിദ്രമുണ്ടാക്കാനാണ്‌ ഈ മനുഷ്യന്റെ ശ്രമം. സൈന്യം ഭേദിച്ചു പോയാല്‍ പിന്നെ കൂട്ടിച്ചേര്‍ക്കുവാന്‍ വിഷമമുണ്ടാകും. പടയില്‍ ഭിന്നിച്ചാല്‍ പിന്നെ നാട്ടുകാരുടെ കഥയെന്താകും? ഈ യോധന്മാര്‍ തന്നെ രണ്ടു പങ്കായാല്‍ യുദ്ധത്തില്‍ എന്താകും ഫലം ? അല്ലെങ്കില്‍ ഈ അല്പന്‍ എന്നെ പരസ്യമായി തേജോവധം ചെയ്യുവാന്‍ ഒരുങ്ങുമോ? രഥവിജ്ഞാനം എവിടെ? അല്പബുദ്ധിയായ ഭീഷ്മനെവിടെ? പാണ്ഡവന്മാരുടെ പട ഞാന്‍ നേരെ നിന്നു തടുക്കുന്നുണ്ട്‌. അമോഘബാണനായ ഞാന്‍ ചെന്നാല്‍ പാണ്ഡവന്മാരും പാഞ്ചാലന്മാരുമൊക്കെ പാഞ്ഞു പോകുന്നതു നിങ്ങള്‍ക്കു കാണാം. അവര്‍ പുലിയെ കണ്ട കാളകള്‍ പോലെ പത്തു ദിക്കിലും പാഞ്ഞു പൊയ്ക്കളയും. ഘോരവിമര്‍ദ്ദമായ യുദ്ധമെവിടെ? മന്ത്ര സംസാരങ്ങളെവിടെ? മന്ദബുദ്ധിയും കിഴവനും കാലന്റെ കല്പന കൈപ്പറ്റിയവനുമായ ഭീഷ്മനെവിടെ? നിത്യവും താന്‍ മേലെയെന്ന ഈ കിഴവന്‍ തിരക്കുകയാണ്‌. നിഷ്ഫലദര്‍ശനനായ ഇവന്‍ മറ്റ്‌ ആരേയും ഗണിക്കുന്നുമില്ല! ശാസ്ത്രങ്ങളില്‍ പറയുന്നത്‌, വൃദ്ധന്മാര്‍ പറയുന്നതു കേള്‍ക്കണം എന്നാണ്‌. എന്നാൽ അതിവൃദ്ധന്മാര്‍ പറയുന്നതിനെ ആരും കണക്കിലെടുക്കരുത്‌. അവര്‍ വീണ്ടും കിടാങ്ങളായി തീര്‍ന്നിരിക്കയാണ്‌. അതിവൃദ്ധന്‍ ബാലനു തുല്യനാണ്‌. ഈ ഞാന്‍ ഒറ്റയ്ക്കു പാണ്ഡവസേനയെ മുഴുവന്‍ മുടിക്കാം. എന്നാൽ ഹേ, രാജാവേ, അതിന്റെ പേരൊക്കെ ഭീഷ്മനാണു കിട്ടുക. രാജാവേ, ഭവാന്‍ ഭീഷ്മനു സേനാപതിത്വം നല്‍കിയില്ലേ? പേരൊക്കെ സേനാപതിക്കാണല്ലോ? യോധന്മാര്‍ക്ക്‌ ഒരിക്കലും പേരു കിട്ടുകയില്ല. രാജാവേ, ഈ ഭീഷ്മൻ സേനാപതി ആയിരിക്കുന്നിടത്തോളം ഞാന്‍ യുദ്ധം ചെയ്യുകയില്ല. ഭീഷ്മന്‍ വീണാല്‍ ഞാന്‍ സര്‍വ്വമഹാരഥന്മാരോടും എതിര്‍ത്തു കൊള്ളാം.

ഭീഷ്മൻ പറഞ്ഞു: കടലുപോലുള്ള ഈ ഭാരമൊക്കെ ഞാന്‍ വഹിക്കുന്നു. വളരെക്കാലം ധാര്‍ത്തരാഷ്ട്രന്മാര്‍ക്കു വന്നു ചേരുമെന്നു പ്രതിക്ഷിച്ചിരുന്ന ഈ യുദ്ധകാലം, കുളുര്‍മെയ് കൊള്ളുന്ന ദീപ്തമായ ആ കാലം, വന്നടുത്തപ്പോള്‍ തമ്മില്‍ ഛിദ്രം നമുക്കു ചേര്‍ന്നതല്ല. ഹേ, സൂതപുത്രാ! ഞാന്‍ ഇപ്പോള്‍ നിന്റെ നേരെ തിരിഞ്ഞ്‌ ഈ വൃദ്ധനായ ഞാന്‍ ശിശുവായ നിന്റെ യുദ്ധത്തിനും ജീവനുമുള്ള ആഗ്രഹം തീര്‍ക്കുവാന്‍ വിചാരിക്കുന്നില്ല. ജാമദഗ്ന്യനായ രാമന്‍ മഹാസ്ത്രങ്ങള്‍ അയച്ചിട്ടും എനിക്ക്‌ ഒട്ടും ദുഃഖമുണ്ടാക്കിയില്ല. പിന്നെ നീ വിചാരിച്ചാല്‍ എന്നോടെന്തെടുക്കും? തന്റെ ശക്തി താന്‍ തന്നെ പറയുന്നത്‌ ആരും പ്രശംസിക്കുകയില്ല. എന്നാലും സന്തപ്തനായ ഞാന്‍ നിന്നോടു പറയുന്നു എടാ നീചാ, കുലപാസനാ, നീ കേള്‍ക്കു.

കാശി രാജാവിന്റെ മക്കളുടെ സ്വയം വരത്തിന് ക്ഷത്രിയന്മാരെല്ലാം ഒത്തുചേര്‍ന്നിരുന്നു. ഞാന്‍ ഒറ്റത്തേരാലെ സകല ക്ഷത്രിയന്മാരേയും ജയിച്ചു കന്യകമാരെ കൊണ്ടു പോന്നു. ഇപ്രകാരമുള്ള രാജാക്കന്മാര്‍ ആയിരമുണ്ടായിരുന്നു. അവരേയും, അതില്‍ ശ്രേഷ്ഠന്മാരേയും ഞാന്‍ ഒറ്റയ്ക്കു പോരില്‍ പടയോടു കൂടി ഓടിച്ചു. നീ അതു കേട്ടിട്ടുണ്ടോ? വൈരവിത്തായ നീ കാരണം കുരുക്കള്‍ക്കു വലിയ സങ്കടം ബാധിച്ചു. നാശത്തിനായി വന്നു കൂടി. നീ യത്നിച്ച്‌ ആണായി നില്‍ക്കൂ! നിത്യവും നീ മത്സരിക്കുന്നവരായ പാണ്ഡവന്മാരോടു പടവെട്ടു! ഈ യുദ്ധം കഴിഞ്ഞിട്ട്‌ ഞാന്‍ നിന്നെ പിന്നെ കണ്ടോളാം!

പ്രതാപവാനായ ധാര്‍ത്തരാഷ്ട്രന്‍ ഭീഷ്മനോടു പറഞ്ഞു:ഹേ, ഗാംഗേയാ. എന്നെ നോക്കൂ! കാര്യം വലുതാണ്‌! ഭവാന്‍ നിഷ്കര്‍ഷിച്ച്‌ എനിക്കു വേണ്ട നന്മ ചിന്തിച്ചാലും! നിങ്ങള്‍ രണ്ടു പേരും എനിക്കു വേണ്ടി മഹത്തായ കര്‍മ്മങ്ങള്‍ ചെയ്യും. അതു തീര്‍ച്ചയാണ്‌. ഇനി ശത്രുക്കളുടെ രഥമുഖ്യന്മാരെപ്പറ്റി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെയുള്ള അതിരഥന്മാരേയും രഥയൂഥപന്മാരേയും പറ്റി പറഞ്ഞാലും.

ശത്രുക്കളുടെ ബലാബലത്തെപ്പറ്റി അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. നേരം പ്രഭാതമായാല്‍ പിന്നെ മഹായുദ്ധം ആരംഭിക്കുകയാണല്ലോ.

169. പാണ്ഡവ രഥാതിരഥ സംഖ്യ - ഭീഷ്മൻ പറഞ്ഞു: ഭവാന്റെ രഥാതിരഥ സംഖ്യാനം ഞാന്‍ പറഞ്ഞു. ഇനി പാണ്ഡവ സൈന്യത്തിലെ രഥികളെയും അര്‍ദ്ധരഥികളെയും ഞാന്‍ പറയാം. പാണ്ഡവ സൈന്യത്തെപ്പറ്റി കേള്‍ക്കാന്‍ കൗതുകമുണ്ടെങ്കില്‍ പറയാം.

രഥോദാരനും കുന്തീനന്ദനനുമായ യുധിഷ്ഠിര രാജാവ്‌ അഗ്നി പോലെ സംഗരത്തില്‍ സഞ്ചരിക്കും. അതില്‍ സംശയമില്ല. രാജാവേ, വൃകോദരന്‍ എട്ടിരട്ടിച്ച രഥിയാണ്‌. ഗദ, അമ്പ്‌ എന്നിവയാല്‍ പോരില്‍ അവന് കിടയായി ആരുമില്ല. പതിനായിരം ആനയ്ക്കുള്ള ശക്തി അവനുണ്ട്‌. മാനിയായ അവന്‍ തേജസ്സൂു കൊണ്ടു മര്‍ത്ത്യനല്ലെന്നു തന്നെ പറയാം. മാദ്രേയന്മാര്‍ രണ്ടുപേരും രഥികളാണ്‌. രണ്ടുപേരും പുരുഷര്‍ഷഭന്മാരാണ്‌. രൂപം കൊണ്ട്‌ ആശ്വിനേയാഭന്മാരായ അവര്‍ തേജസ്വികളാണ്‌. ഇവര്‍ പടത്തലയ്ക്കല്‍ എത്തുമ്പോള്‍ ഉത്തമമായ ക്ലേശത്തെ ഓര്‍ത്ത്‌ രുദ്രനെ പോലെ ചുറ്റും. അതില്‍ യാതൊരു സംശയവുമില്ല. എല്ലാവരും മഹാത്മാക്കളാണ്‌. ദാരുസ്തംഭം പോലെ ഉയര്‍ന്നവരാണ്‌. അളന്നു നോക്കിയാല്‍ അവര്‍ അന്യരേക്കാള്‍ ഒരു ചാണ്‍ പൊക്കം കൂടിയവരാണെന്നു കാണാം. എല്ലാവരും സിംഹകായന്മാരും മഹാബലരുമാണ്‌. പാണ്ഡവന്മാരൊക്കെ ബ്രഹ്മചര്യം അനുഷ്ഠിച്ചവരും തപസ്വികളുമാണ്‌. ഹ്രീ ചേര്‍ന്ന പുരുഷ വ്യാഘ്രരാണ്‌. വ്യാഘ്രത്തെ പോലെ ബലോൽക്കടന്മാരുമാണ്‌. വേഗം, പ്രഹാരം, സമ്മര്‍ദ്ദം ഇവയിലെല്ലാം അവര്‍ അമാനുഷ ശക്തിമാന്മാരാണ്‌. ഉണ്ണീ, ഭാരത ദ്വിഗ് ജയത്തില്‍ എല്ലാ രാജാക്കന്മാരേയും ജയിച്ചവരാണ്‌ ഇവര്‍. ഇവരുടെ ആയുധങ്ങളും ബാണങ്ങളും ഗദകളും ആരും താങ്ങുകയില്ല. വില്ലില്‍ ഞാണു കെട്ടാനും മതിയായവരില്ല. അവരുടെ വമ്പിച്ച ഗദയെടുക്കുവാനും യുദ്ധത്തില്‍ അമ്പയ്ക്കുവാനും ഊക്കു കാണിക്കുവാനും ലക്ഷ്യം ഭേദിക്കുവാനും ഞെരിക്കലിനും ഇടിക്കും ആയുധം പൊക്കുവാനും തക്ക ശക്തിയും സാമര്‍ത്ഥ്യവുമുള്ളവര്‍ ഇല്ല. ചെറുപ്പത്തില്‍ തന്നെ അവര്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ടവരായിരുന്നുവെന്ന്‌ ഉണ്ണിക്കറിവുണ്ടല്ലേോ. ഈ സൈന്യത്തില്‍ കടന്നു നോക്കിയാല്‍ അറിയാം എല്ലാവരും ബലശാലികളാണെന്ന്‌. അവരോട്‌ ഏൽക്കുന്നവരെയെല്ലാം അവര്‍ മുടിച്ചു കളയും. ഒറ്റയ്ക്ക്‌ അവര്‍ ഓരോരുത്തനും എല്ലാ രാജാക്കന്മാരേയും മുടിച്ചു കളയും. രാജസൂയത്തില്‍ നടന്ന സംഭവങ്ങളൊക്കെ രാജാവേ, നീ കണ്ടതാണല്ലോ.

പാഞ്ചാലിയുടെ പരിക്ലേശവും ചൂതില്‍ പറഞ്ഞ പരുഷവാക്കുകളും ഓര്‍ത്ത്‌ അവര്‍ യുദ്ധത്തില്‍ രുദ്രനെ പോലെ ചുറ്റും. രക്തനേത്രനായ ഫല്‍ഗുനന്‍ നാരായണനോടു കൂടിയാല്‍ പിന്നെ രണ്ടു സൈന്യത്തില്‍ നോക്കിയാലും അത്ര യോഗ്യനായ ഒരു രഥിയെ കാണുന്നില്ല. ദേവന്മാരിലാകട്ടെ, ഉരഗഗണങ്ങളിൽ ആകട്ടെ, മുമ്പ്‌ ഉണ്ടായിട്ടില്ല. യക്ഷരക്ഷസ്സുകളിലും ഉണ്ടായിട്ടില്ല. പിന്നെ മനുഷ്യരില്‍ പറയുവാനുണ്ടോ? അര്‍ജ്ജുനന്റെ രഥം പോലെ ഇങ്ങനെ ഒരു രഥവും ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്ന് വിചാരിക്കുവാന്‍ പോലും വയ്യ! വാസുദേവനാണ്‌ സൂതന്‍! യോദ്ധാവ്‌ ധനഞ്ജയനാണ്‌! വില്ലു ദിവൃമായ ഗാണ്ഡീവമാണ്‌! വാജികള്‍ വായുവേഗങ്ങളാണ്‌. ദിവ്യ കവചമാകട്ടെ, ഭേദിക്കാന്‍ സാധിക്കാത്തതാണ്‌. ആവനാഴികള്‍ അമ്പ്‌ ഒടുങ്ങാത്തവയാണ്‌. അസ്ത്രസമൂഹങ്ങൾ ആണെങ്കില്‍ മാഹേന്ദ്രം, രൗദ്രം, കൗബേരം, യാമ്യം. വാരുണം എന്നിവയാണ്‌. ഗദയാണെങ്കില്‍ അത്യുഗ്രമായി കണ്ടാല്‍ ഭയം തോന്നിക്കും. വജ്രാദികളാണ്‌ മുഖ്യമായ ആയുധങ്ങള്‍. ഹിരണ്യപുരത്തില്‍ ചെന്ന്‌ അസംഖ്യം ദാനവേന്ദ്രന്മാരെ അവന്‍ ഒറ്റത്തേരാല്‍ ജയിച്ചവനാണ്‌. അത്തരത്തിലുള്ള രഥിയാരുണ്ട്‌ ലോകത്തില്‍? സംരംഭം പൂണ്ട സത്യവിക്രമനായ അവന്‍ സ്വസൈന്യം കാത്തു കൊണ്ട്‌ നിന്റെ സൈന്യത്തെ മുടിക്കും. ഈ അര്‍ജ്ജുനനോട്‌ ഏല്‍ക്കുവാന്‍ രണ്ടാള്‍ മാത്രമേ ശക്തരായിട്ടുള്ളു. ഞാനും ദ്രോണാചാര്യനുമാണ്‌ ആ രണ്ടുപേര്‍. പിന്നെ മൂന്നാമത്‌ ഒരു രഥി ഈ രണ്ടു സൈന്യത്തിലും ഇല്ല. ശരവര്‍ഷം തുടങ്ങുമ്പോള്‍ കൊടുങ്കാറ്റില്‍ ഇളകുന്ന മഴക്കാറു പോലെ വാസുദേവനോടു ചേര്‍ന്ന കുന്തീപുത്രന്‍ സന്നദ്ധനായി നിൽക്കുന്നതു കാണാം. പാര്‍ത്ഥന്‍ യുവാവാണ്‌. ചതുരനാണ്‌. ഈ ഞങ്ങള്‍ രണ്ടു പേരുമോ, വൃദ്ധരാണല്ലോ?

വൈശമ്പായനൻ പറഞ്ഞു: ഭീഷ്മൻ പറഞ്ഞ വാക്കു കേട്ടപ്പോള്‍ മന്നവന്മാരുടെ പൊന്നിന്‍ തോള്‍വളകള്‍ അണിഞ്ഞതും, ചന്ദനം തേച്ചതുമായ കൈകള്‍ ഒന്നയഞ്ഞു. പണ്ടുണ്ടായത് ഓരോന്നോര്‍ത്ത്‌ അവരുടെ ഹൃദയം നടുങ്ങി. പാണ്ഡവന്മാരുടെ സാമര്‍ത്ഥ്യം പ്രത്യക്ഷം കണ്ട മാതിരി അവര്‍ക്കു തോന്നി.

170. പാണ്ഡവ രഥാതിരഥ സംഖ്യ - ഭീഷ്മൻ പറഞ്ഞു: മഹാരാജാവേ, പാഞ്ചാലീ പുത്രന്മാര്‍ അഞ്ചുപേരും മഹാരഥന്മാരാണ്‌. പാഞ്ചാല പുത്രനും ഉത്തരനും രഥോദാരന്മാർ ആണെന്നാണ്‌ എന്റെ അഭിപ്രായം. മഹാബാഹുവായ അഭിമന്യു രഥയൂഥപന്മാരില്‍ യൂഥപനാണ്‌. ശത്രുനാശനനായ അവന്‍ പോരില്‍ അര്‍ജ്ജുനനും കൃഷ്ണനും തുല്യനാണ്‌. ലഘ്വസ്ത്രനും ചിത്രയോധിയും, ധീരനും ഏറ്റവും ദൃഢവ്രതനുമായ അവന്‍ പിതാവിന്റെ പരിക്ലേശമോര്‍ത്ത്‌ വിക്രമിക്കും. ശൈനേയനായ മാധവന്‍ ശൂരനാണ്‌; രഥയൂഥപയൂഥപനാണ്‌. വൃഷ്ണിവീരശ്രേഷ്ഠനായ ഇവന്‍ അമര്‍ഷിയും ഭയം ലേശമില്ലാത്തവനും ആണ്‌; ഉത്തമൗജസ്സും രഥോദാരനാണ് എന്നാണ്‌ എന്റെ അഭിപ്രായം വീരനായ യുധാമന്യുവും രഥോദാരനാണ്‌. ഇവര്‍ക്ക്‌ അസംഖ്യം ആനയും തേരും അശ്വങ്ങളും ഉണ്ട്‌. ഉടല്‍ പോക്കുമാറ്‌ അവര്‍ പൊരുതും; അവര്‍ കൗന്തേയന്ന്‌ ഇഷ്ടം കാംക്ഷിക്കുന്നവരാണ്‌. ഹേ, രാജേന്ദ്രാ! നിന്റെ സൈന്യത്തില്‍ ചാടി വീണ്‌ അവര്‍ തീയും കാറ്റും പോലെ തമ്മില്‍ ഒത്തു ചേര്‍ന്നു ദഹിപ്പിക്കും. വിരാടനും ദ്രുപദനും വൃദ്ധരാണെങ്കിലും അവര്‍ പോരില്‍ അജേയരാണ്‌. മഹാരഥന്മാരായ ആ മഹാവീര്യന്മാര്‍ പുരുഷര്‍ഷഭന്മാരാണ്‌. വയസ്സു മൂത്താലും അവര്‍ ക്ഷത്രധര്‍മ്മത്തില്‍ തന്നെ വിടാതെ നിൽക്കുന്നവരാണ്‌. വീരമാര്‍ഗ്ഗമണഞ്ഞ്‌ അവര്‍ ശക്തിയോടു കൂടി പ്രയത്നിക്കും. അവര്‍ പാണ്ഡവന്മാരുമായി ചാര്‍ച്ച കൊണ്ടും വീര്യബലസമ്പത്തു കൊണ്ടും സ്നേഹവീര്യക്കെട്ടു പെട്ട ആര്യന്മാരും വില്ലാളിമാരുമാണ്‌. കാരണം കൊണ്ട്‌ അവരൊക്കെ മര്‍ത്തൃന്മാരുമാണ്‌. എല്ലാവരും മഹാബാഹുക്കളുമാണ്‌. ഹേ, കുരുപുംഗവാ, ശൂരന്മാരും ചില സന്ദര്‍ഭങ്ങളില്‍ കാതരന്മാരാകാം. ഒരേ നിലയിലുള്ള അവര്‍ ദൃഢധമ്പികളാണ്‌. പ്രാണന്‍ കളഞ്ഞും അവര്‍ ഊക്കോടെ ഏറ്റ്‌ എതിര്‍ക്കും. വെവ്വേറെ അക്ഷൗഹിണികള്‍ ഒത്തു കൂടി ആ മഹാരഥന്മാര്‍ ചാര്‍ച്ചയെ കാത്ത്‌ സാഹസകര്‍മ്മം ചെയ്യും! മഹാധനുര്‍ദ്ധരന്മാരായ അവര്‍ വീരന്മാരാണ്‌. അവര്‍ പ്രാണന്‍ കളഞ്ഞും പടവെട്ടി വിശ്വാസം കാത്ത്‌ കടുംക്രിയ നടത്താതിരിക്കുകയില്ല.

171. പാണ്ഡവരഥദതിരഥ സംഖ്യ - ഭീഷ്മൻ പറഞ്ഞു; പാഞ്ചാല രാജാവിന്റെ പുത്രനായ ശിഖണ്ഡി പരപുരഞ്ജയനാണ്‌. അവന്‍ രഥിമുഖ്യനാണെന്നു സര്‍വ്വസമ്മതനാണ്‌. അവന്‍ നിന്റെ സേനയില്‍ കടന്ന്‌, മുമ്പത്തെ നിലയെക്കാള്‍ കൂടുതല്‍ സാമര്‍ത്ഥൃത്തോടെ കീര്‍ത്തി പരക്കുമാറ്‌ മഹാധീരതയോടെ പൊരുതുന്നതാണ്‌. ഇവന്റെ സൈന്യം വളരെ പാഞ്ചാലന്മാരും പ്രഭദ്രകന്മാരും ചേര്‍ന്നതാണ്‌. ഇവന്‍ ആ രഥവംശം കൊണ്ടു കടുംക്രിയകള്‍ നടത്തും.

ധൃഷ്ടദ്യുമ്നന്‍ സര്‍വ്വസേനാനിയാണ്‌. ആ കാര്യം നമുക്കു ബോദ്ധ്യമാണ്‌. മഹാരഥനായ ദ്രോണശിഷ്യനാണ്‌. ഇവന്‍ പോരില്‍ ശത്രുക്കളെ മുടിച്ച്‌ പ്രളയത്തില്‍ ക്രൂദ്ധനായ ഭഗവാന്‍ ശൂലി എന്ന വിധം പൊരുതും. രണപ്രിയന്മാരായ മഹാജനങ്ങള്‍ ഇവന്റെ തേരും പടക്കൂട്ടവും ദേവസൈന്യം പോലെ യുദ്ധത്തില്‍ അലയടിക്കുന്ന സമുദ്രതുല്യമാണെന്നു പുകഴ്ത്തുന്നു. ക്ഷത്രധര്‍മ്മാവും ബാല്യത്താല്‍ ശീലം കുറഞ്ഞവനുമായ ധൃഷ്ടദ്യുമ്ന പുത്രന്‍ അര്‍ദ്ധരഥനാണ് എന്നാണ്‌ എന്റെ മതം. ചേദി രാജാവായ ശൂരൻ, ശിശുപാലപുത്രന്‍, മഹാരഥനാണ്‌. പാര്‍ത്ഥരുമായി ചാര്‍ച്ചയുള്ള ധൃഷ്ടകേതു മഹാധനുര്‍ദ്ധരനാണ്‌. ഈ ചേദി രാജാവായ ശൂരന്‍, മകനോടു കൂടി മഹാരാജാക്കന്മാര്‍ക്കു ചേര്‍ന്ന സാഹസക്രിയ നടത്തും. ക്ഷത്രധര്‍മ്മരതനും അരിപുരഞ്ജയനുമായ ക്ഷത്രദേവന്‍ രാജാവേ, ബോദ്ധ്യപ്പെട്ട രഥോത്തമനാണ്‌. ജയന്തനും, അമിതായുസ്സും സത്യജിത്തും മഹാരഥന്മാരാണ്‌. ഉണ്ണീ, അവര്‍ പോരില്‍ ക്രോധിച്ചു ഗജവീരന്മാരെ പോലെ പൊരുതും. അജനും ഭോജനും വിക്രമികളാണ്‌; അവര്‍ പാണ്ഡവരുടെ മഹാരഥന്മാരാണ്‌. അവര്‍ ശക്തന്മാരും ശക്തിയും സാമര്‍ത്ഥ്യവുമുള്ളവരും ശീഘ്രാസ്ത്രന്മാരും ചിത്രയോദ്ധാക്കളും ദക്ഷന്മാരും ദൃഢവിക്രമികളുമാണ്‌. കേകയന്മാരായ അഞ്ചുപേരും ദൃഢവിക്രമികളായ ഭ്രാതാക്കന്മാരാണ്‌. രഥോദാരന്മാരായ അവര്‍ എല്ലാവരും രോഹിത ധ്വജന്മാരാണ്‌! കാശികനും സുകുമാരനും നീലനും സൂര്യദത്തനും ശംഖനും മദിരാശ്വനും രഥോദാരന്മാരും സർവ്വശസ്ത്രജ്ഞന്മാരും യുദ്ധസന്നദ്ധരുമായ മഹാത്മാക്കളാണ്‌. വൃദ്ധക്ഷേമാത്മജന്‍ മഹാരഥനാണെന്നാണ്‌ എന്റെ അഭിപ്രായം. ചിത്രായുധ രാജാവും മഹാരഥനാണ്‌. അവന്‍ പോരില്‍ പ്രകാശിക്കുന്നവനും പാര്‍ത്ഥരില്‍ കൂറു കൂടിയവനുമാണ്‌. ചേകിതാനനും സത്യധൃതിയും പാണ്ഡവന്മാരുടെ മഹാരഥരാണ്‌. പുരുഷ വ്യാഘ്രരായ ഇവര്‍ രണ്ടുപേരും രഥോദ്യരന്മാരാണ് എന്നാണ്‌ എന്റെ മതം. വ്യാഘ്രദത്തനും ചന്ദ്രസേനനും അപ്രകാരം തന്നെ. എന്റെ അഭിപ്രായത്തില്‍ അവര്‍ പാണ്ഡവന്മാരുടെ രഥോദാരന്മാരാണ്‌. സേനാബിന്ദുവും. ക്രോധഹന്താവും, വാസുദേവ സദൃശന്മാരും ഭീമസദൃശന്മാരുമാണ്‌. അവര്‍ വിക്രമം കാട്ടി പോരില്‍ നിന്റെ പടയോടു പൊരുതുവാന്‍ പോകുന്ന മഹാരഥന്മാരാണ്‌. ഞാന്‍, ദ്രോണന്‍, കൃപന്‍ എന്നീ മൂന്നു പേരും നീ കരുതുന്ന മാതിരി തന്നെ ഓര്‍ക്കുക. സമരശ്ലാഘി എന്നവനും രഥസത്തമനാണ്‌. കാശ്യന്‍ മഹാശീഘ്രാസ്ത്രനാണ്‌. ആ നരോത്തമന്‍ ശ്ലാഘ്യനാണ്‌. ശത്രുപുരഞ്ജയന്‍ ഏകഗുണനായ രഥിയാണ്‌. പോരില്‍ വിക്രാന്തനായ സത്യജിത്ത്‌ ദ്രുപദപുത്രനും രണശ്ലാഘിയുമായ യുവാവാണ്‌. എട്ടിരട്ടിച്ച രഥിയായ അവന്‍ ധൃഷ്ടദ്യുമ്ന സദ്യശനും ശ്രേഷ്ഠനുമായ അതിരഥനാണ്‌. പാണ്ഡവന്മാര്‍ക്ക്‌ യശസ്സിന് വേണ്ടി അവന്‍ സാഹസക്രിയ നടത്താതിരിക്കുകയില്ല.

പാണ്ഡവന്മാരില്‍ കൂറുള്ളവനും ശൂരനുമായി വേറെ ഒരു മഹാരഥനെ പറയാം. അത്‌ മഹാവീരനായ പാണ്ഡ്യരാജനാണ്‌. പാണ്ഡവന്മാരുടെ ഏതു ഭാരവും അവന്‍ കയ്യേല്‍ക്കും. ദൃഢധന്വാവ്‌ മഹാധനുര്‍ദ്ധരനാണ്‌; പാണ്ഡവന്മാരുടെ മഹാരഥനാണ്‌. ശ്രേണിമാനും വസുദാന രാജാവും പരപുരഞ്ജയന്മാരായ മഹാരഥന്മാരാണ്‌.

172. പാണ്ഡവരഥാതിരഥ സംഖ്യ - ഭിഷ്മന്‍ പറഞ്ഞു: രോചമാനന്‍ പാണ്ഡവന്മാരുടെ മഹാരഥനാണ്‌. അവന്‍ അമരനെ പോലെ ശത്രുക്കളോടു പൊരുതും. പുരുജിത്ത്‌ എന്ന കുന്തീഭോജന്‍ മഹാധനുര്‍ദ്ധരനും മഹാബലനുമാണ്‌. ഭീമസേനന്റെ അമ്മാവനായ അവന്‍ അതിരഥനാണെന്നാണ്‌ എന്റെ അഭിപ്രായം. ഈ വീരനായ വില്ലാളി വിദഗ്ദ്ധന്‍ സമര്‍ത്ഥനാണ്‌. ശക്തനായ വിചിത്രയോധി രഥിപുംഗവനാണെന്നു ഞാന്‍ അഭിപ്രായപ്പെടുന്നു. അവന്‍ ഇന്ദ്രന്‍ ദൈത്യരോടെന്ന വിധം ശത്രുക്കളോട്‌ ഏറ്റെതിര്‍ക്കും. അവന്റെ പടയാളികളെല്ലാം പോരില്‍ വിദഗ്ദ്ധന്മാരാണ്‌. വീരനായ ആ മഹാരഥന്‍ മരുമകന്നു വേണ്ടി സാഹസങ്ങള്‍ കാണിക്കാതിരിക്കയില്ല. പാണ്ഡവരില്‍ അത്ര പ്രിയം അവനുണ്ട്‌. ഭീമസേനപുത്രനായ ഹിഡിംബി രാക്ഷസേശ്വരനായ മഹാരഥനാണ്‌. രണപ്രിയനും മായാവിയുമായ അവന്‍ പോരില്‍ ശക്തിയായി പൊരുതും. അവന്റെ പാട്ടില്‍ വീരന്മാരായ രാക്ഷസര്‍ മന്ത്രിമാരായി നിൽക്കുന്നു. ഇവരും മറ്റു പലരും നാനാരാജൃത്തിനും അധീശ്വരന്മാരാണ്‌. വാസുദേവന്‍ തുടങ്ങിയ ഇവരെല്ലാം പാണ്ഡവന്മാരുടെ സഹായത്തിന് വന്നു ചേര്‍ന്നിരിക്കയാണ്‌. ഇവരൊക്കെയാണു മുഖ്യന്മാര്‍. യോഗ്യനായ പാണ്ഡവന്റെ രഥികളുടേയും അര്‍ദ്ധരഥികളുടേയും സംഖ്യ ഞാന്‍ പറഞ്ഞു. പ്രഭോ! ഇവര്‍ കിരീടി ഭരിക്കുന്ന ഭീമമായ ധര്‍മ്മജപ്പടയെ നടത്തും. ജയം കാംക്ഷിക്കുന്നവരും മായാവികളുമായ അവരോടു ഞാന്‍ ജയം കാംക്ഷിച്ചു പൊരുതാം. പോരില്‍ മരിക്കുകയും ചെയ്യാം.

ചക്രവും ഗാണ്ഡീവവും കയ്യിലുള്ള കൃഷ്ണനും അര്‍ജ്ജുനനും സന്ധ്യയ്ക്ക്‌ അര്‍ക്കേന്ദുക്കള്‍ പോലെ ഒത്തിണങ്ങുന്ന രഥോത്തമന്മാരാണ്‌. രഥോദാരന്മാരായ പാണ്ഡുപുത്രന്റെ യോധന്മാരെ അവര്‍ പടയോടൊത്ത്‌ എതിര്‍ത്താലും, ഞാന്‍ പടത്തലയ്ക്കല്‍ നിന്ന്‌ എതിര്‍ക്കുന്നതാണ്‌.

രാജാവേ, ഭവാന്റെയും ശത്രുക്കളുടെയും ഭാഗത്തുള്ള രഥാതിരഥാഗ്ര്യന്മാരേയും അര്‍ദ്ധരഥികളേയും ഞാന്‍ പറഞ്ഞു കഴിഞ്ഞു.

അര്‍ജ്ജുനന്‍, കൃഷ്ണന്‍ എന്നിവരെ മാത്രമല്ല മറ്റു രാജാക്കന്മാരേയും ഞാന്‍ തടുക്കാം. എന്നാൽ അതിപ്രധാനമായ ഒരു കാര്യം എനിക്കു പറയേണ്ടതുണ്ട്‌, അതും ഭവാന്‍ കേട്ടാലും.

ഞാന്‍ പാഞ്ചാല്യനായ ശിഖണ്ഡിയെ കൊല്ലുകയില്ല. അവന്‍ ബാണം എടുത്തു കണ്ടാലും എന്നോട്‌ എതിര്‍ത്തു വന്നാലും ഞാന്‍ കൊല്ലുന്നതല്ല. എന്നെപ്പറ്റി ലോകര്‍ക്കൊക്കെ അറിയാം. എന്റെ അച്ഛന്റെ ഇഷ്ടം സാധിപ്പിക്കുവാന്‍ വേണ്ടി കൈവശം വന്ന രാജ്യത്തെ ഉപേക്ഷിച്ച്‌ ബ്രഹ്മചര്യം സ്വീകരിച്ചവനാണു ഞാന്‍. എന്നിട്ടു ഞാന്‍ ചിത്രാംഗദനെ കുരു രാജാവാക്കി അഭിഷേചനം ചെയ്തു. യുവരാജാവായി ചിത്രാംഗദനേയും അഭിഷേചിച്ചു. ലോകത്തിലുള്ള മന്നവന്മാരെയൊക്കെ ഞാന്‍ എന്റെ ദേവവ്രതത്വം അറിയിച്ചു. ഞാന്‍ സ്ത്രീകളെ വധിക്കുകയില്ല. മുമ്പു പെണ്ണായിരുന്നവനേയും ഞാന്‍ കൊല്ലുകയില്ല. ശിഖണ്ഡി പണ്ട്‌ പെണ്ണായിരുന്നു എന്ന കഥ ഭവാനും കേട്ടിരിക്കാം. പിന്നെ പെണ്ണ്‌ ആണായി വന്നവനാണ്‌ അവന്‍. ഞാന്‍ ഒരിക്കലും അവനെ എതിര്‍ക്കുന്നതല്ല. മറ്റു സകല രാജാക്കന്മാരേയും പോരില്‍ എന്നോട്‌ എതിര്‍ത്തു വന്നാല്‍ ഞാന്‍ കൊന്നു കളയാം. എന്നാൽ രാജാവേ, ഞാന്‍ കുന്തീകുമാരന്മാരെ കൊല്ലുന്നതല്ല.

അംബോപാഖ്യാനപര്‍വ്വം

173. കന്യാഹരണം - ഭിഷ്മന്‍ കന്യകമാരെ അപഹരിച്ച കഥ - ദുര്യോധനന്‍ പറഞ്ഞു: ഹേ, ഭാരതശ്രേഷ്ഠാ. എന്തു കാരണത്താലാണ്‌ ഭവാന്‍ ശിഖണ്ഡിയെ കൊല്ലുകയില്ലെന്നു പറയുന്നത്‌? അവന്‍ ബാണം എടുത്തു കണ്ടാലും, ഇങ്ങോട്ട് എതിര്‍ത്തു വന്നാലും കൊല്ലുന്നതല്ലെന്നു പറയുന്നത്‌? ഞാന്‍ പാഞ്ചാല സോമകുലം മുടിക്കും എന്ന് മുമ്പു ഭവാന്‍ പറയുകയുണ്ടായല്ലോ. പിന്നെ എന്താണ്‌ ഭവാന്‍ ഇപ്രകാരം പറയുന്നതെന്നു വൃക്തമാക്കിയാല്‍ കൊള്ളാം.

ഭീഷ്മൻ പറഞ്ഞു: ദുര്യോധനാ, നീ മന്നവന്മാരോടു കൂടി ഈ കഥ കേള്‍ക്കുക. പോരില്‍ ശിഖണ്ഡിയെ കണ്ടാല്‍ ഞാന്‍ കൊല്ലുന്നതല്ല എന്നു പറഞ്ഞത്‌ എന്തു കൊണ്ടാണെന്നു വ്യക്തമാക്കാം.

എന്റെ അച്ഛന്‍, ലോകത്തില്‍ പേരു കേട്ട ധര്‍മ്മിഷ്ഠനായ ശന്തനു രാജാവ്‌, കാലഗതി യടഞ്ഞപ്പോള്‍ ഞാന്‍ സത്യം രക്ഷിക്കുന്നതിന്‌ രാജാവാകാതെ, അനുജനായ ചിത്രാംഗദനെ രാജാവാക്കി അഭിഷേകം ചെയ്തു. അവന്‍ മരിച്ചപ്പോള്‍ സത്യവതിയുടെ സമ്മതത്തോടു കൂടി ഞാന്‍ വിചിതവ്രീര്യനെ മുറപ്രകാരം രാജാവാക്കി. ധര്‍മ്മിഷ്ഠനായ വിചിതവ്രീര്യൻ എന്റെ ഹിതം അനുസരിച്ച്‌ രാജ്യം ഭരിച്ചു. അവന് വേളി കഴിപ്പിക്കുവാന്‍ അനുകൂലമായ കുലത്തില്‍ നിന്നു തന്നെ വേണം എന്നു ഞാന്‍ വിചാരിച്ചു.

അങ്ങനെ ഇരിക്കുമ്പോള്‍ കാശി രാജാവിന്റെ പുത്രിമാരായ മൂന്നു കന്യകമാരുടെ സ്വയംവരം ഉണ്ടെന്ന്‌ അറിഞ്ഞു. എല്ലാ രാജാക്കന്മാര്‍ക്കും ക്ഷണവും ലഭിച്ചു. അഴകേറുന്ന ആ പെണ്‍കുട്ടികള്‍ അംബ, അംബിക. അംബാലിക എന്നിവരായിരുന്നു. അംബ മൂത്തവളും, പിന്നെ അംബികയും, ഇളയവള്‍ അംബാലികയുമാണ്‌. സ്വയംവര വൃത്താന്തം കേട്ടയുടനെ ഞാന്‍ ഒറ്റത്തേരാല്‍ കാശിരാജപുരിയില്‍ ചെന്നു. അണിഞ്ഞൊരുങ്ങി വിവാഹപ്പന്തലില്‍ ഇറങ്ങി നിൽക്കുന്ന ആ കന്യകമാരെ ഞാന്‍ കണ്ടു. ക്ഷണിച്ചു വന്ന രാജാക്കന്മാരേയും കണ്ടു. ആ രാജാക്കന്മാരെ എല്ലാം പോരിന് വിളിച്ചു കൊണ്ട്‌ ഞാന്‍ ആ കന്യകമാരെ വീര്യശുൽക്കകളാണെന്നു കണ്ട്‌ തേരില്‍ കയറ്റി. അവിടെ കൂടി നിൽക്കുന്ന രാജാക്കന്മാരെ നോക്കി ഞാന്‍ ഇങ്ങനെ പറഞ്ഞു: "ഹേ, രാജാക്കന്മാരെ ശാന്തനവനായ ഭീഷ്മൻ ഇതാ കന്യാഹരണം ചെയ്യുന്നു. വിടുവിക്കുവാന്‍ രാജാക്കന്മാരായ നിങ്ങള്‍ എല്ലാവരും പ്രയത്നിക്കുവിന്‍! നിങ്ങള്‍ എല്ലാവരും നോക്കി നില്ക്കെ ഞാന്‍ ഇതാ ബലാല്‍ കന്യകമാരെ ഹരിക്കുന്നു". ഉടനെ രാജാക്കന്മാര്‍ ആയുധവുമേന്തി എല്ലാവരും എഴുന്നേറ്റു. പടകൂട്ടുവിന്‍ എന്നു ക്രോധത്തോടെ അവര്‍ സൂതന്മാരോടു കല്പിച്ചു. ആനയും കുതിരയും തേരുകളുമൊക്കെ സജ്ജമാക്കി രാജാക്കന്മാര്‍ ആയുധങ്ങളുയര്‍ത്തി എല്ലവരും ചേര്‍ന്ന്‌ എന്നോട് എതിര്‍ത്തു. തേരുകളും, കുതിരകളും, ആനകളുമായി അവര്‍ എന്നെ വളഞ്ഞു. ശരവര്‍ഷംകൊണ്ട്‌ ഞാന്‍ അവരെയൊക്കെ ചുറ്റും തടുത്തു. സുരേന്ദ്രന്‍ ദൈത്യരെയെന്ന വിധം ഞാന്‍ ആ രാജേന്ദ്രന്മാരെ ഒക്കെ പിന്മടക്കി. ഞാന്‍ ചിരിച്ചു കൊണ്ട്‌ ദീപ്തമായ അസ്ത്രങ്ങള്‍ എയ്ത്‌ ആര്‍ത്ത്‌ എതിര്‍ത്തു കൊണ്ടിരുന്ന അവരുടെ വിചിത്രമായ ഹേമധ്വജങ്ങളെല്ലാം അറുത്തു വീഴ്ത്തി. ഓരോ അമ്പു കൊണ്ട്‌ ഓരോ ധ്വജവും വീഴ്ത്തി. അവരുടെ ആന, കുതിര, ആയുധങ്ങള്‍, സൂതന്മാര്‍ മുതലായവരെ വീഴ്ത്തി. എന്റെ കൈവേഗം കണ്ടു രാജാക്കന്മാരൊക്കെ പിന്മാറുകയും തോറ്റു പാഞ്ഞു പോവുകയും ചെയ്തു. രാജാക്കന്മാരെയൊക്കെ ജയിച്ചതിന് ശേഷം ഞാന്‍ കനൃകമാരേയും കൊണ്ട്‌ ഹസ്തിനാപുരത്തേക്കു പോന്നു. പിന്നെ ഞാന്‍ സത്യവതിയമ്മയുടെ അടുത്തു ചെന്നു കനൃകമാരെ അമ്മയെ ഏല്പിച്ച്‌ ഞാന്‍ ചെയ്ത സാഹസകൃത്യങ്ങളെ ഉണര്‍ത്തിച്ചു. ഈ കന്യകമാര്‍ അനുജനായ വിചിത്രവീര്യന് വേണ്ടി നേടിയതാണെന്ന്‌ അറിയിക്കുകയും ചെയ്തു.

174. അംബയുടെ അപേക്ഷ - ഭീഷ്മൻ പറഞ്ഞു: ദുര്യോധനാ, പിന്നെ ഞാന്‍ ദാശേയിയായ വീരമാതാവിനെ കുമ്പിട്ട്‌ ഇപ്രകാരം പറഞ്ഞു: രാജാക്കന്മാരെയൊക്കെ പോരില്‍ ജയിച്ച്‌ കാശി രാജാവിന്റെ ഈ പെണ്‍കിടാങ്ങളെ അനുജനായ വിചിത്രവീര്യന് വേണ്ടി വീര്യശുല്ക്കത്തോടെ ഹരിച്ചതാണ്‌. ഞാന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അമ്മ എന്നെ തഴുകി മൂര്‍ദ്ധാവില്‍ ഘ്രാണിച്ച്‌ കണ്ണുനീര്‍ പൊഴിച്ച്‌ നന്ദിയോടെ പറഞ്ഞു: ഉണ്ണി, നീ ഭാഗ്യത്താല്‍ ജയിച്ചു!

സത്യവതിയുടെ സമ്മതത്തോടു കൂടി വിവാഹം അടുത്ത ദിവസം നടത്തുവാന്‍ തീരുമാനിച്ചു. അന്ന്‌ കാശി രാജാവിന്റെ മൂത്ത മകള്‍ അംബ ലജ്ജയോടു കൂടി എന്നോടു പറഞ്ഞു ":ഭീഷ്മാ, ഭവാന്‍ ധര്‍മ്മജ്ഞനാണല്ലോ. എല്ലാ ശാസ്തവ്രും ഭവാന്‍ ഗ്രഹിച്ചിട്ടുണ്ടല്ലോ. ധര്‍മ്മ്യമായ എന്റെ മൊഴി നീ കേട്ടു വേണ്ടതു ചെയ്യണേ! ഞാന്‍ മുമ്പെ തന്നെ മനസ്സു കൊണ്ട്‌ ശാല്വ രാജാവിനെ വരിച്ചു. അവന്‍ എന്നെയും വരിച്ചു. ഈ വര്‍ത്തമാനം ഞാന്‍ മുമ്പെ അച്ഛനെ അറിയിക്കുകയുണ്ടായില്ല. അന്യനില്‍ കാമമുള്ള എന്നെ, രാജധര്‍മ്മത്തെ കവിഞ്ഞ്‌, വിശേഷിച്ചും കൗരവനായ ഭവാന്‍ , ഗൃഹത്തില്‍ വാഴിക്കുന്നത്‌ ഉചിതമാണോ? ഈ കാര്യം പരിഗണിച്ച്‌, ഹേ മഹാബാഹോ, എന്താണ്‌ ഉചിതമായിട്ടുള്ളത് എന്നു വെച്ചാല്‍ അത്‌ അങ്ങു ചെയ്താലും! എന്നെ ശാല്വ രാജാവു കാത്തിരിക്കുന്നുണ്ട്‌. കുരുരാജാവേ. ഭവാന്‍ എനിക്കു സമ്മതം തന്നാലും. മഹാബാഹോ! ഭവാന്‍ എന്നില്‍ കരുണ കാണിച്ചാലും. ധര്‍മ്മവിത്തമാ, വീരാ, ഭവാന്‍ സത്യവ്രതനാണ്‌ എന്നു ലോകത്തിലൊക്കെ പുകഴ്ത്തുന്നതായി ഞാന്‍ കേള്‍ക്കുന്നു".

175. ശൈഖാവത്യ അംബാ സംവാദം - ഭീഷ്മൻ പറഞ്ഞു: ഞാന്‍ ഗന്ധവതിയായ സത്യവതിയേയും ഋത്വിക്കുകളേയും പുരോഹിതന്മാരേയും വേണ്ടവണ്ണം സമ്മതിപ്പിച്ചതിന് ശേഷം മൂത്ത കന്യകയായ അംബയ്ക്കു പോകുവാന്‍ സമ്മതം നല്കി. അങ്ങനെ സമ്മതം ലഭിച്ച അംബ ശാല്വേശന്റെ പുരിയിലേക്കു പോയി. ചുറ്റും വൃദ്ധരായ ദ്വിജന്മാരോടും പിന്നെ ധാത്രിയോടും കൂടി അവള്‍ വഴിയൊക്കെ പിന്നിട്ട്‌ രാജാവിന്റെ അടുത്തു ചെന്നു. അവള്‍ ശാല്വ രാജാവിന്റെ സന്നിധിയിലെത്തി ഇപ്രകാരം ഉണര്‍ത്തിച്ചു:

മഹാബാഹോ, മഹാമതേ, ഞാന്‍ ഭവാനെ ചിന്തിച്ചു വന്നിരിക്കുന്നു. ശാല്വ രാജാവ്‌ പുഞ്ചിരിയോടെ അവളോടു പറഞ്ഞു; "എടോ വരവര്‍ണ്ണിനീ! ഞാന്‍ നിന്നെ ഭാര്യയാക്കുന്നതല്ല. നീഅന്യനാല്‍ ഹരിക്കപ്പെട്ടവളാണ്‌. ഭദ്രേ, നീ വിണ്ടും ഭീഷ്മന്റെ അടുത്തേക്കു തന്നെ പൊയ്ക്കോളൂ! ഭീഷ്മൻ ബലമായി നേടിയനിന്നെ ഞാന്‍ ഇച്ഛിക്കുന്നില്ല. നീ ഭീഷ്മൻ ജയിച്ചു പിടിച്ചവളാണ്‌. അപ്പോള്‍ നീ അവനില്‍ പ്രീതി ജനിച്ചവളാണ്‌. പോരില്‍ സകല രാജാക്കന്മാരേയും ജയിച്ച്‌ പരാമര്‍ശിച്ചപ്പോള്‍ നീ അതില്‍ സന്തുഷ്ടയായി. ഹേ വരവര്‍ണ്ണിനി, അന്യന്‍ കൈയേറ്റ കന്യകയെ ഞാന്‍ ഭാര്യയാക്കുന്നതല്ല. എന്നെ പോലെയുള്ള ഒരു രാജാവ്‌ മാറ്റാന്‍ ഏറ്റ ഒരു പെണ്ണിനെ വീട്ടില്‍ കയറ്റുമോ? പെണ്ണിനെപ്പറ്റി ജ്ഞാനമുള്ളവനും അന്യര്‍ക്കു ധര്‍മ്മം ഉപഭദശിക്കുന്നവനുമായ ഞാന്‍? ഭദ്രേ, നീ യഥേഷ്ടം പോകൂ! നിനക്കു കാലം തെറ്റേണ്ടാ. വേഗം പൊയ്ക്കോളു".

അംബ ശാല്വന്റെ വാക്കു കേട്ടപ്പോള്‍ കാമബാണ പീഡിതയായി ഇങ്ങനെ പറഞ്ഞു: രാജാവേ, ഇങ്ങനെ പറയരുതേ! ഭവാന്‍ വിചാരിക്കുന്ന പോലെയല്ല കാര്യം. ഭീഷ്മൻ എന്നെ പ്രീതിയോടെ ഹരിച്ചതല്ല. ഞാന്‍ ഭീഷ്മന്റെ വിക്രമങ്ങളില്‍ പ്രീതിപ്പെടുന്നുമില്ല. രാജാക്കന്മാരെയൊക്കെ ഓടിച്ചതിന് ശേഷം ഞാന്‍ കേഴുന്ന സമയത്താണു ഹരിച്ചത്‌. ഹേ ശാല്വാ! എന്നെ കൈക്കൊണ്ടാലും. കുറ്റമറ്റവളും ഭവാനില്‍ കൂറുള്ളവളുമായ ഈ ബാലയെ ഭവാന്‍ സ്വീകരിച്ചാലും. ഭക്തത്യാഗത്തെ ഒരു ധര്‍മ്മത്തിലും പുകഴ്ത്തുന്നതായി ഞാന്‍ കണ്ടിട്ടില്ല. പോരില്‍ തോല്ക്കാത്തവനായ ഗംഗാപുത്രനോട്‌ ഞാന്‍ എന്റെ വൃത്താന്തം ഉണര്‍ത്തിച്ചു. അവന്റെ സമ്മതത്തോടു കൂടിയാണ്‌ ഞാന്‍ ഇങ്ങോട്ടു പോന്നത്‌. മഹാബാഹുവായ ഭീഷ്മൻ എന്നെ ഇച്ഛിച്ചിട്ടില്ല. രാജാവേ, ഭീഷ്മന്റെ ഉദ്യമം അനുജനാണെന്നുള്ളതും ഞാന്‍ കേട്ടു. അംബികയേയും അംബാലികയേയും ഭീഷ്മൻ അവന്റെ അനുജനായ വിചിത്രവീര്യന് നല്കി. ഹേ, ശാല്വേശാ, ഭവാനെ വിട്ട്‌ അന്യനായ വരനെ ഞാന്‍ ഒരിക്കലും ഓര്‍ത്തിട്ടില്ല. ഹേ പുരുഷവ്യാഘ്രാ! മൂര്‍ദ്ധാവാണു ഞാന്‍ പറഞ്ഞതു സത്യമാണ്‌. നിന്റെ മുമ്പില്‍ വന്നു നിൽക്കുന്ന ഈ ഞാന്‍ അന്യപൂര്‍വ്വയുമല്ല. രാജാവേ ശാല്വ, ഞാനീപ്പറഞ്ഞത്‌ ആത്മാവാണു സത്യമാണ്‌. വിശാലാക്ഷാ, സ്വയം വന്ന ഈ കന്യകയെ ഭവാന്‍ സ്വീകരിച്ചാലും. അന്യന്‍ ഏല്ക്കാത്തവളും ഭവാന്റെ പ്രിയം കാത്തിരിക്കുന്നവളുമായ ഈ കന്യകയെ ഉപേക്ഷിക്കരുതേ!

ഇങ്ങനെയൊക്കെ ദുഃഖാര്‍ത്തയായി പറയുന്ന കാശിരാജപുത്രിയെ ശാല്വ രാജാവ്‌ പാമ്പ്‌ പഴയ ഉറയെന്ന പോലെ ഉപേക്ഷിച്ചു. അവള്‍ പലതരത്തിലും ഇരന്നു പറഞ്ഞു. എന്നിട്ടും ആ രാജാവ്‌ ആ കന്യകയില്‍ ലേശവും ശ്രദ്ധിക്കുകയുണ്ടായില്ല. അംബ മന്യുവോടു കൂടി കണ്ണുനീര്‍ വാര്‍ത്ത്‌ ഇടറുന്ന കണ്ഠത്തോടെ ഇപ്രകാരം പറഞ്ഞു: "നീ ഉപേക്ഷിച്ച ഞാന്‍ എവിടേക്കു പോകണം രാജാവേ? അവിടെ എനിക്കു ഗതിയുണ്ടാകട്ടെ! സജ്ജനം സത്യം പോലെയാണല്ലോ."

ഇപ്രകാരം സങ്കടപ്പെട്ട്‌ വിലപിക്കുന്ന കന്യകയെ ശാല്വ രാജാവ്‌ ഉപേക്ഷിക്കുക തന്നെ ചെയ്തു.

പോകൂ! പോകൂ! എന്ന് അവളോടു പിന്നേയും ശാല്വന്‍ പറഞ്ഞു; ഞാന്‍ ഭീഷ്മനെ ഭയപ്പെടുന്നു. സുന്ദരീ, നീ ദീഷ്മന്റെ സ്വത്താണ്‌. ആ ദീര്‍ഘദര്‍ശിയായ ശാല്വന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അംബ കുരരിയെ പോലെ വായ വിട്ടു വിലപിച്ച്‌ ശാല്വന്റെ പുരം വിട്ടിറങ്ങി.

ഭീഷ്മൻ തുടര്‍ന്നു. പുരം വിട്ട്‌ ഇറങ്ങുമ്പോള്‍ അവള്‍ ദുഃഖത്തോടെ ഓര്‍ത്തു: "എന്നേക്കാള്‍ വിഷമത്തില്‍ പെട്ട ഒരു പെണ്ണ്‌ ഊഴിയിലില്ല. എനിക്കു ബന്ധുക്കളില്ലാതായി. ശാല്വനും എന്നെ ഉപേക്ഷിച്ചു. ഞാന്‍ വീണ്ടും ഹസ്തിനാപുരിയില്‍ കയറുവാന്‍ ശക്തയാകുന്നില്ല. ശാല്വന്‍ കാരണമായിട്ട് ഭീഷ്മന്‍ സമ്മതിച്ചപ്പോള്‍ ഞാന്‍ എന്നെയോ, ദുഷ്പ്രധര്‍ഷനായ ഭീഷ്മനെയോ, മൗഢ്യത്താല്‍ എനിക്കു സ്വയംവരം നിശ്ചയിച്ച അച്ഛനെയോ ആരെയാണു ഞാന്‍ നിന്ദിക്കേണ്ടത്‌! ഈ ദോഷമൊക്കെ ഞാന്‍ വരുത്തിക്കൂട്ടിയതാണ്‌. ഭയങ്കരമായ യുദ്ധം നടക്കുന്ന സമയത്ത്‌ ഭീഷ്മന്റെ തേരില്‍ നിന്നു ചാടി എനിക്കു ശാല്വനെ പോയി വരിക്കാമായിരുന്നു. അതു ചെയ്യാഞ്ഞതിന്റെ ഫലമാണ്‌ ഞാന്‍ മൂഢയെ പോലെ ദുഃഖിച്ചുഴലേണ്ടി വന്നത്‌. ഭീഷ്മന്‍ നിന്ദ്യന്‍ തന്നെ! മൂഢനായ എന്റെ അച്ഛനും നിന്ദ്യന്‍ തന്നെ! അല്ലെങ്കില്‍ വീരൃശുല്ക്കത്താല്‍ വേശ്യപ്പെണ്ണിനെ പോലെ കണ്ടവര്‍ക്കു പിടിച്ചു കൊണ്ടു പോകുവാന്‍ പാകത്തിന് എന്നെ വിട്ടില്ലേ! ഈ ശാല്വ രാജാവും നിന്ദ്യന്‍ തന്നെ! ദൈവവും നിന്ദ്യന്‍ തന്നെ! അവരുടെ ദുര്‍ന്നയത്താലാണല്ലോ ഞാന്‍ ഇമ്മാതിരി ആപത്തില്‍ ചെന്ന്‌ വീണത്‌! എല്ലാം കൊണ്ടും തങ്ങളുടെ ഭാഗ്യം പോലെയാണ്‌ മനുഷ്യന്റെ നില. ഈ ആപത്തിന്നൊക്കെ കാരണം ഭീഷ്മനാണ്‌. ഞാന്‍ ഇതിനു ഭീഷ്മനോടു പകരം വീട്ടാതിരിക്കുമോ? തീര്‍ച്ചയായും എനിക്കു ദുഃഖമുണ്ടാക്കിയവന്‍ അവനല്ലാതെ മറ്റാരുമല്ല. ഞാന്‍ തപസ്സു കൊണ്ടോ പോരിനാലോ പകരം വീട്ടും! ഏതു രാജാവിനു കഴിയും ഭീഷ്മനെ പോരില്‍ ജയിക്കുവാന്‍?" എന്നുവിചാരിച്ച്‌ അവള്‍ നഗരം വിട്ടു നടന്നു. മഹാന്മാരായ മഹര്‍ഷിമാര്‍ താമസിക്കുന്ന ഒരു പുണ്യാശ്രമത്തില്‍ ചെന്നു. അന്നു രാത്രി അവള്‍ താപസന്മാരോടു കൂടി അവിടെ പാര്‍ത്തു. തനിക്കു വന്നു ചേര്‍ന്ന ആപത്തിനെപ്പറ്റി ഒക്കെ അവരോട്‌ ആ ശുചിസ്മിത വിസ്തരിച്ചു പറഞ്ഞു. തന്നെ ഭീഷ്മൻ ഹരിച്ചതും ശാല്വന്‍ ഉപേക്ഷിച്ചുതുമൊക്കെ സവിസ്തരം പറഞ്ഞു. ഈ വര്‍ത്തമാനങ്ങളൊക്കെ ശൈഖാവത്യന്‍ എന്നു പേരായ സംശിതവ്രതനായ ഒരു ബ്രാഹ്മണന്‍ കേട്ടു. തപോവൃദ്ധനും വേദാന്താഗമ ദേശികനുമായ അദ്ദേഹം സന്തപ്തയായ അവളില്‍ കരുണയോടെ നോക്കി. ശ്രൗതസ്മാര്‍ത്തജ്ഞനായ ആ യോഗി സതിയായ ആ ബാലയോടു പറഞ്ഞു: "ഭദ്രേ, തപസ്വികളായ ഞങ്ങള്‍ ഈ നിലയിലെത്തിയ നിന്നില്‍ എന്തു ചെയ്യേണ്ടൂ! മഹാഭാഗേ, ആശ്രമത്തില്‍ വാഴുന്ന മഹാത്മാക്കളായ താപസികന്മാരല്ലേ ഇവർ?";

അവള്‍ ഇതു കേട്ടപ്പോള്‍ താപസികനോടു പറഞ്ഞു: മഹര്‍ഷേ, സന്യസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! ഞാന്‍ ഉഗ്രമായി തപസ്സു ചെയ്യാം. മൂഢയായ ഞാന്‍ പൂര്‍വ്വജന്മങ്ങളില്‍ കഠിനമായ പാപം ചെയ്തിരിക്കണം. അതിന്റെയൊക്കെ ഫലമാണ്‌ ഇത്‌. മുനീശ്വരാ! ഞാന്‍ വീണ്ടും സ്വജനങ്ങളുടെ പാര്‍ശ്വത്തില്‍പോകുവാന്‍ വിചാരിക്കുന്നില്ല. ഞാന്‍ തള്ളിവിട്ടവളും നന്ദികെട്ടവളും ശാല്വ രാജാവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളുമാണ്‌. ഭവാന്മാര്‍ പറഞ്ഞു തരുന്ന മാതിരി ഞാന്‍ തപസ്സു ചെയ്തു കൊള്ളാം. ദേവസന്നിഭന്മാരായ നിങ്ങള്‍ എന്നില്‍ കനിയണേ!". അവള്‍ ഇപ്രകാരം അഭ്യര്‍ത്ഥിച്ചപ്പോള്‍ ദുഃഖിതയായ അവളെ ദൃഷ്ടാന്തമായി ആഗമയുക്തികള്‍ പറഞ്ഞ്‌ ആ യോഗിവര്യന്‍ ആശ്വസിപ്പിച്ചു. വിപ്രരോടു കൂടി അവളെ സാന്ത്വനംചെയ്ത്‌ ആ കന്യകയെ അവിടെ പാര്‍പ്പിച്ചു.

176. ഹോത്രവാഹനാംബാ സംവാദം - ഭീഷ്മൻ പറഞ്ഞു: പിന്നെ ആ താപസന്മാരെല്ലാവരും ആ കനൃകയുടെ കാര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്ന്‌ ആലോചനയായി. ചില താപസന്മാര്‍ അവളെ അച്ഛന്റെ ഗൃഹത്തിലേക്ക്‌ അയയ്ക്കണം എന്ന്‌ അഭിപ്രായപ്പെട്ടു. ചില തപസ്വികള്‍ എന്നെ ശകാരിക്കുവാന്‍ വിചാരിച്ചു. ചിലര്‍ അവളെ ശാല്വന്റെ അരികിലേക്കു കൂട്ടിക്കൊണ്ടു പോകണം എന്ന്‌ അഭിപ്രായപ്പെട്ടു. അതു പാടില്ലെനും ഉപേക്ഷിച്ച പെണ്ണിനെ കെട്ടിയേല്പിക്കുന്നതു ശരിയല്ലെനും. വേറെ ചില താപസന്മാര്‍ പറഞ്ഞു. സംശിതവ്രതരായ താപസന്മാര്‍ അവളോടു ചോദിച്ചു:" ഭദ്രേ, കാര്യം ഈ നിലയിലിരിക്കയാൽ ഇനി ഞങ്ങള്‍ എന്തു ചെയ്യേണ്ടു!". വീണ്ടും അവര്‍ അവളോടു പറഞ്ഞു: "ഭദ്രേ. നീ സന്നൃസിക്കേണ്ട. ഞങ്ങളുടെ ഹിതമായ മൊഴി നീ കേള്‍ക്കൂ! നീ ഇവിടെ നിന്ന്‌ അച്ഛന്റെ ഗൃഹത്തിലേക്കു പോകുക. നിന്റെ അച്ഛനായ കാശി രാജാവ്‌ നിനക്കു വേണ്ടതൊക്കെ ചെയ്യും. എടോ, കല്യാണീ! നീ സര്‍വ്വഗുണ സമ്പന്നയാണ്‌. നീ അച്ഛന്റെ ഗൃഹത്തില്‍ പോയി പാര്‍ക്കുക. മറ്റു വല്ലേടവും പാര്‍ക്കുന്നതിനേക്കാള്‍ പിതൃഗൃഹമാണു നല്ലത്‌. അച്ഛനെ പോലെയാകുമോ മറ്റുള്ളവരെ ആശ്രയിക്കുന്നത്‌; ഒരു പെണ്ണിന് ആശ്രയം ഭര്‍ത്താവോ പിതാവോ ആണ്‌. ഹേ, വരവര്‍ണ്ണിനീ! ഞാന്‍ പറയുന്നതു കേള്‍ക്കു! സമാധാനമുള്ളവള്‍ക്ക്‌ ആശ്രയം കാന്തനാണ്‌. വിഷമസ്ഥയ്ക്ക്‌ ആശ്രയം അച്ഛനാണ്‌. ഭദ്രേ, ആശ്രമത്തില്‍ പാര്‍ക്കുകയാണെങ്കില്‍ വളരെ ദോഷങ്ങളും ക്ലേശങ്ങളും അനുഭവിക്കുന്നതിന് ഇടയാകും. വിശേഷിച്ചും നീ ഓമനയായ രാജപുത്രിയല്ലേ? അച്ഛന്റെ ഗൃഹത്തിലാണെങ്കില്‍ വിഷമമൊന്നും അനുഭവിക്കാതെ ജീവിക്കാം". എന്നാൽ, വേറെ ചില താപസികന്മാര്‍ ആ കന്യകയോടു പറഞ്ഞു: "നീ തനിയേ വലിയ കാട്ടില്‍, നിര്‍ജ്ജനമായ വനത്തില്‍ പാര്‍ക്കുന്നതു കണ്ടാല്‍ രാജാക്കന്മാര്‍ നിന്നെ ആഗ്രഹിക്കും. അതു നീ ചിന്തിക്കേണ്ടാ".

അംബ പറഞ്ഞു; അച്ഛന്റെ ഗൃഹമായ കാശിയിലേക്ക്‌ ഇനി ഞാന്‍ മടങ്ങുകയില്ല. അവിടെ ചെന്നാല്‍ ബന്ധുക്കള്‍ എന്നെഅവമാനിക്കും. അത്‌ എനിക്കു ചിന്തിക്കാന്‍വയു. ബാല്യത്തില്‍ നിങ്ങള്‍ പറഞ്ഞ മാതിരി പിതൃഗൃഹത്തില്‍ വസിച്ചു. ഇനി അതു വയ്യ! ഞാന്‍ അച്ഛന്റെ അടുത്തേക്കു മടങ്ങുകയില്ല. ഞാന്‍ നിങ്ങളോടു മംഗളം പറയുന്നു. ഞാന്‍ തപസ്വിജനങ്ങളുടെ രക്ഷയില്‍ തപസ്സു ചെയ്യുവാനാണ്‌ വിചാരിക്കുന്നത്‌. പരലോകത്തിൽ എനിക്ക്‌ ഇത്തരത്തില്‍ സങ്കടം വരാതിരിക്കട്ടെ! ദുര്‍ഭഗയായ ഞാന്‍ തപസ്സു ചെയ്യട്ടെ!

ഭീഷ്മൻ പറഞ്ഞു: ഇങ്ങനെ താപസന്മാര്‍ ഓരോന്നു വിചാരിച്ചിരിക്കുമ്പോള്‍ ആ കാട്ടില്‍ ഹോത്രവാഹനന്‍ എന്ന ഒരു രാജര്‍ഷി വന്നു ചേര്‍ന്നു. ആ താപസന്മാരെല്ലാം ആ രാജാവിനെ പൂജിച്ചു സ്വാഗതം, പീഠം, ഉദകം. പൂജ ഇവ കൊണ്ട്‌ ആദരിച്ചു ബഹുമാനിച്ചു. അവിടെ ആ രാജാവു വിശ്രമിക്കുമ്പോള്‍ താപസികന്മാര്‍ ഈ കന്യകയുടെ പ്രശ്നം എടുത്തു പറഞ്ഞു. കാശി രാജാവിന്റെ പുത്രിയായ അംബയുടെ വൃത്താന്തം കേട്ട ആ രാജര്‍ഷി ഏറ്റവും ഉദ്വിഗ്നനായി തീര്‍ന്നു. അവള്‍ ഈ വൃത്താന്തം പറഞ്ഞതു കേട്ടും, അവളെ നേരെ നോക്കിക്കണ്ടും രാജര്‍ഷിയായ ഹോത്രവാഹനന്‍ (അവളുടെ അമ്മയുടെ അച്ഛന്‍) വിറച്ചു കൊണ്ട്‌ എഴുന്നേറ്റ്‌ അവളെ അങ്കത്തില്‍ കയറ്റിയിരുത്തി സമാശ്വസിപ്പിച്ചു. അവന്‍ തന്റെ മകളുടെ പുത്രിയോട്‌ ആദ്യം മുതൽക്കുള്ള വൃത്താന്തങ്ങള്‍ ചോദിച്ചറിഞ്ഞു. അവള്‍ ഉണ്ടായ വിവരം അദ്ദേഹത്തോടു പറഞ്ഞു. അവള്‍ പറഞ്ഞതു കേട്ട്‌ ആ രാജാവു ദുഃഖശോകാര്‍ത്തനായി തീര്‍ന്നു. ആ തപസ്വി കാര്യം മനസ്സില്‍ ചിന്തിച്ചു വെച്ചു. ആര്‍ത്തയായ അവളോട് ആര്‍ത്തനായ ആ വൃദ്ധന്‍ വിറച്ചു കൊണ്ടു പറഞ്ഞു; "വൽസേ, നീ താതന്റെ ഗൃഹത്തില്‍ പോകേണ്ടാ. ഞാന്‍ നിന്റെ അമ്മയുടെ അച്ഛനാണ്‌. പിന്നെ ഞാന്‍ നിന്റെ ദുഃഖമൊക്കെ തീര്‍ത്തു തരാം. നീ ഞാന്‍ പറയുന്നതു കേള്‍ക്കു! നീ ദുഃഖിച്ചതു മതി. നീ ദുഃഖിച്ചു ദേഹം ഇനി ക്ഷീണിപ്പിക്കരുത്‌. ഇപ്പോള്‍ തന്നെ വല്ലാതെ മെലിഞ്ഞിരിക്കുന്നു. നീ ഉടനെ ജാമദഗ്ന്യനായ രാമന്റെ സന്നിധിയിലേക്കു പോകണം. രാമന്‍ നിന്റെ കഠിനമായ ഈ ശോകത്തെ തീര്‍ത്തു തരും. അവന്‍ പറഞ്ഞതു ഭീഷ്മൻ കേട്ടില്ലെങ്കില്‍ അവനെ യുദ്ധത്തില്‍ രാമന്‍ കൊന്നു കളയും. അഗ്നിതേജസ്വിയായ ഭാര്‍ഗ്ഗവന്റെ സമീപത്തേക്കു പോകുക. ആ തപോധനന്‍ നിന്നെ നല്ലവഴിയിലേക്കു നയിക്കുന്നതാണ്‌". ഇതു കേട്ട്‌ അവള്‍ ബാഷ്പം പൊഴിച്ചു തന്റെ മാതാമഹനോടു പറഞ്ഞു: "ഞാന്‍ അങ്ങയുടെ പാദത്തില്‍ ശീര്‍ഷം കുനിച്ചു നമസ്കരിക്കുന്നു. ഞാനിതാ, അങ്ങയുടെ ആജ്ഞ സ്വീകരിച്ച്‌ ആ മഹര്‍ഷിയെ കാണുവാന്‍ പോകുന്നു. അദ്ദേഹത്തെ ഞാന്‍ ഇപ്പോള്‍ ചെന്നാല്‍ കാണുമോ? അദ്ദേഹം എന്റെ തീവ്രമായ ദുഃഖം തീര്‍ക്കാതിരിക്കുമോ? ഞാന്‍ ഏതു വഴിക്കാണ്‌ പോകേണ്ടത്‌ അദ്ദേഹത്തെ കാണുവാന്‍?"

ഹോത്രവാഹനന്‍ പറഞ്ഞു: ഭദ്രേ, ആ കാണുന്ന വനത്തിലാണ്‌, മാഹേന്ദ്രമലയിലാണ്‌ അദ്ദേഹത്തിന്റെ ആശ്രമം. അവിടെ സത്യസന്ധനും, അതിശക്തനും, വേദജ്ഞരോടും മുനിമാരോടും ചേര്‍ന്നവനുമായ രാമന്‍ അപ്സരസ്സുകളോടു കൂടി തപസ്സൂ ചെയ്തു വാഴുന്നുണ്ട്‌. അവിടേക്ക്‌ നീ പോകുക. അവിടെ ചെന്നാല്‍ നിനക്കു ശുഭം ലഭിക്കും. ഞാന്‍ പറഞ്ഞയച്ചതായിനി ആ താപസികനോടു പറയു! ഭദ്രേ, നീ കരുതുന്ന കാര്യം അദ്ദേഹത്തോട്‌ ഉണര്‍ത്തിക്കൂ! എന്റെ പേരു പറഞ്ഞാല്‍ നീ കരുതുന്ന കാര്യം അദ്ദേഹം നിവൃത്തിച്ചു തരും. വൽസേ, രാമന്‍ എന്റെ ഇഷ്ടസഖിയും സുഹൃത്തുമാണ്‌. ജമദഗ്നിപുത്രനായ ആ വീരന്‍ ശസ്ത്രജ്ഞന്മാരില്‍ ഉത്തമനാണ്‌.;

ഇപ്രകാരം ആ രാജര്‍ഷി തന്റെ മകളുടെ പുത്രിയോടു പറയുന്ന സമയത്ത്‌ രാമന്റെ ഇഷ്ടാനുചരനായ അകൃതവ്രണന്‍ കയറി വന്നു. ഉടനെ ആ മുനിമാരെല്ലാം എഴുന്നേറ്റ്‌ അദ്ദേഹത്തെ സ്വീകരിച്ചു. വയോവൃദ്ധനായ സൃഞ്ജയന്‍, ഹോത്രവാഹനന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ആ അതിഥിയെ സ്വീകരിച്ചതിന് ശേഷം ആ വനവാസികള്‍ ആ അതിഥിയുടെ ചുറ്റുമിരുന്ന്‌ ഭംഗിയേറിയ വന്യദിവൃകഥകള്‍ ഓരോന്നു പറയുവാന്‍ തുടങ്ങി. ഹേ, രാജശ്രേഷ്ഠാ! പ്രീതിയോടും ഹര്‍ഷത്തോടും കൂടിയിരിക്കുമ്പോള്‍ രാമമുനിയെപ്പറ്റി അവര്‍ അകൃതവ്രണനോടു ചോദിച്ചു: "ഇപ്പോള്‍ ഹേ, മഹാബാഹോ ജാമദഗ്ന്യ മഹര്‍ഷി എവിടെയാണ്‌! അദ്ദേഹത്തെ ഒന്നു കാണുവാന്‍ തരപ്പെടുമോ?"

അകൃതവ്രണന്‍ പറഞ്ഞു: മഹാബാഹോ! ഭാവനെ തന്നെ പലപ്പോഴും രാമന്‍ കീര്‍ത്തിക്കുന്നതു ഞാന്‍ കേള്‍ക്കാറുണ്ട്‌. രാജര്‍ഷിയായ സൃഞ്ജയന്‍ എന്റെ ഇഷ്ടനാണ്‌ എന്നും മറ്റും. നാളെ കാലത്തു രാമന്‍ ഇവിടെ വരുന്നതാണെന്ന്‌ എനിക്കറിയാം. ഭവാനെ കാണുവാന്‍ രാമന്‍ ഇവിടെ വരുമ്പോള്‍ ഭവാന് കാണാമല്ലോ. പിന്നെ, ഞാന്‍ ഒരു കാരൃം ചോദിക്കട്ടെ! ഈ കനൃക എന്തിന് കാട്ടില്‍ വന്നു. ഇവള്‍ ആരുടെ പുത്രിയാണ്‌? ഭവാനുമായി ബന്ധമെന്താണ്‌? അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഹോതവ്രാഹനന്‍ പറഞ്ഞു; ഇവള്‍ എന്റെ മകളുടെ പുത്രിയാണ്‌. കാശി രാജാവിന്റെ ഇഷ്ടപുത്രിയാണ്‌. ഇവള്‍ സ്വയംവരത്തില്‍ രണ്ട്‌ അനുജത്തിമാരോടു കൂടി നിന്നു. അംബ എന്നാണ്‌ ഇവളുടെ പേര്. കാശി രാജാവിന്റെ മൂത്തമകളാണ്‌ ഇവള്‍. അംബികയും അംബാലികയും ഇളയ കന്യകമാരാണ്‌.

മന്നില്‍ വാഴുന്ന മന്നവന്മാരൊക്കെ കാശി രാജാവിന്റെ പുരിയില്‍ വന്നെത്തി. കന്യകയെ ലഭിക്കുന്നതിന് വേണ്ടി വന്ന അവരുടെ മഹോത്സവം അന്നു തന്നെ അവസാനിച്ചു. മഹാവീരനും ശന്തനു പുത്രനുമായ ഭീഷ്മൻ എല്ലാ രാജാക്കന്മാരേയും ധിക്കരിച്ച്‌ മൂന്നു കന്യകമാരെയും ഹരിച്ചു. രാജാക്കന്മാരെയൊക്കെ അതിതേജസ്വിയായ ഭീഷ്മന്‍ ജയിച്ച്‌ മൂന്നു കന്യകമാരേയും കൊണ്ട്‌ ഹസ്തിനാപുരിയിലെത്തി. അതിനു ശേഷം ദാശേയിയോടു (മുക്കുവത്തിപ്പെണ്ണ്‌) വിവാഹ വിവരം ഉണര്‍ത്തിച്ചു. വിചിത്രവീരൃന്നായി വിവാഹം നിശ്ചയിച്ചു. ആ വേളിക്കുള്ള ഒരുക്കത്തെ കണ്ടപ്പോള്‍ ഈ കന്യക മന്ത്രിമാരുടെ മദ്ധൃത്തില്‍ വെച്ചു ഭീഷ്മനോടു പറഞ്ഞു: "വീരനായ. ശാല്വ രാജാവിനെ ഞാന്‍ ഭര്‍ത്താവായി മനസ്സു കൊണ്ട്‌ വരിച്ചു. അന്യനില്‍ അനുരക്തയായ എന്നെ ഭവാന്‍ അനുജനായി നല്കരുതേ".

ഇവളുടെ ആ വാക്കു കേട്ടപ്പോള്‍ ഭീഷ്മൻ മന്ത്രിമാരോടു കൂടി ആലോചിച്ചു തീര്‍പ്പുണ്ടാക്കി. സത്യവതിയുടെ സമ്മതത്തോടു കൂടി വിട്ടു കൊടുത്തു. അവിടെ നിന്നു വിട്ടു കിട്ടിയ ഇവള്‍ ഭീഷ്മന്റെ അനുവാദത്തോടു കൂടി അവിടെ നിന്നു പോയി. സൗഭനാഥനായ ശാല്വന്റെ സമീപത്തു ചെന്ന്‌ നന്ദിയോടു കൂടി, കാലം ചിന്തിച്ച്‌ ഇപ്രകാരം പറഞ്ഞു: "ഭീഷ്മന്‍ എന്നെ വിട്ടു തന്നു. നരര്‍ഷഭാ! ഭവാന്‍ എന്നില്‍ ധര്‍മ്മം നടത്തിയാലും. ഞാന്‍ ഭവാനെ മുമ്പേ തന്നെ മനസ്സു കൊണ്ടു ഭര്‍ത്താവായി വരിച്ചിരിക്കുന്നു". ചാരിത്രത്തില്‍ ശങ്കിച്ച്‌ ശാല്വന്‍ ഇവളെ കൈക്കൊണ്ടില്ല. അവള്‍ അങ്ങനെ നിരാശയോടെ തപോവനത്തില്‍ എത്തിച്ചേര്‍ന്നിരിക്കയാണ്‌, തപസ്സില്‍ ശ്രദ്ധിക്കയാണ്‌. ഇവിടെ വച്ചാണ്‌ ഞാന്‍ ഇവളെ കണ്ടുമുട്ടുന്നത്‌. വംശം ചോദിച്ചറിഞ്ഞപ്പോളാണ്‌ കാര്യം ഗ്രഹിച്ചത്‌. ഇവള്‍ തനിക്കു നേരിട്ട സങ്കടത്തിന് കാരണമായി കാണുന്നത്‌ ഭീഷ്മനെയാണ്‌.

അംബ പറഞ്ഞു: ഭഗവാനേ, രാജര്‍ഷി പറഞ്ഞ വിധം എല്ലാം സത്യമാണ്‌. എന്റെ അമ്മയുടെ അച്ഛനാണ്‌ ഈ ഹോത്രവാഹനനായ സൃഞ്ജയന്‍. തപോധനാ! എനിക്ക്‌ എന്റെ അച്ഛന്റെ അരികിലേക്കു മടങ്ങിപ്പോകുവാനും തോന്നുന്നില്ല. അവമാന ഭയവും ലജ്ജയും എന്നെ തടയുന്നു. എന്നോട്‌ ഭഗവാന്‍ രാമന്‍ എന്തു കല്പിക്കുന്നുവോ അതു ഞാന്‍ ചെയ്തുകൊള്ളാം. തക്കതായ കാര്യം അദ്ദേഹം നിര്‍ദ്ദേശിക്കുമെന്നാണ്‌ എന്റെ അഭിപ്രായം.

177. രാമാംബാ സംവാദം - അകൃതവ്രണന്‍ പറഞ്ഞു; ഭവതിക്ക്‌ ഇങ്ങനെ രണ്ടു ഭാഗത്തു നിന്നും ദുഃഖങ്ങള്‍ വന്നു ചേര്‍ന്നു. ഇതില്‍ ആരോടാണ്‌ നീ പ്രതിക്രിയ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്‌? ഹേ അബലയായ കുട്ടീ, നീ തത്വം എന്നോടു പറഞ്ഞാലും! നിന്റെ ആഗ്രഹം സൗഭേശനായ ശാല്വനോടു കല്പിക്കണോ? രാമന്‍ നിന്റെ ഹിതത്തിന്നായി കല്പിക്കുന്നതാണ്‌. അതോ നിനക്കു വേണ്ടി രാമന്‍ ഗാംഗേയനായ ഭീഷ്മനെ പോരില്‍ ജയിക്കണോ? നിനക്കു വേണ്ടി രാമന്‍ അതും ചെയ്യും. സൃഞ്ജയന്‍ പറഞ്ഞതും നിന്റെ വാക്കും ഞാന്‍ കേട്ടുവല്ലോ. നിനക്ക്‌ എന്താണാവശ്യമെങ്കില്‍ നീ അതിനെപ്പറ്റി ചിന്തിക്കുക.

അംബ പറഞ്ഞു: ഭഗവാനേ, എന്റെ മനസ്സ്‌ എങ്ങനെയാണെന്ന് അറിയാതെയാണ്‌ ഭീഷ്മൻ എന്നെ ഹരിച്ചത്‌. ശാല്വനില്‍ ഞാന്‍ അനുരക്തയാണെന്ന്‌ ഭീഷ്മൻ അറികയില്ലല്ലോ. അതോര്‍ത്ത്‌ യഥാന്യായം ഭവാന്‍ തന്നെ ചിന്തിച്ചു വേണ്ടതെന്തെന്ന്‌ അറിഞ്ഞ്‌ ആ കാര്യം നടത്തിത്തരിക. കുരുവ്യാഘ്രനായ ഭിഷ്മനിലോ, ശാല്വ രാജാവിലോ, അതോ രണ്ടു പേരിലുമോ മഹര്‍ഷേ, ഭവാന്‍ വേണ്ടത്‌ എന്താണെനറിഞ്ഞ്‌ യുക്തിപൂര്‍വ്വം ചെയ്തു തന്നാലും. നടന്ന വിധം എന്റെ ദുഃഖകാരണം ഞാന്‍ ഭവാനോടു പറഞ്ഞുവല്ലോ. ഭവാന്‍ ഇക്കാരൃത്തില്‍ യുക്തമായതു ചെയ്താലും

അകൃതവ്രണന്‍ പറഞ്ഞു: വരവര്‍ണ്ണിനീ, ശുഭേ, നീ പറഞ്ഞതു നിനക്കു ചേര്‍ന്നതു തന്നെ! ധര്‍മ്മമാണു നീ പറഞ്ഞത്‌. എന്നാൽ ഞാന്‍ പറയുന്നതു നീ കേള്‍ക്കൂ! ഭീഷ്മന്‍ നിന്നെ ഹസ്തിനപുരിയില്‍ കയറ്റിയില്ലായിരുന്നെങ്കില്‍ രാമന്‍ ഒരുവാക്കു പറഞ്ഞാല്‍ മതി ഭീരുവായ ശാല്വന്‍ നിന്നെ തലയിലേറ്റിയേനെ. അവന്‍ നിന്നെ ജയിച്ചു പിടിച്ചു എന്നു കേട്ടപ്പോള്‍ ശാല്വന് നിന്നില്‍ സംശയം വന്നു ചേര്‍ന്നു. സുമദ്ധൃമേ, നീ അന്യനാല്‍ ഹരിക്കപ്പെട്ടില്ലേ! ഭീഷ്മൻ പൗരുഷത്തില്‍ ഗര്‍വ്വുള്ളവനും വിജയമദം ഉള്ളവനുമാണ്‌. അതു കൊണ്ട്‌ നീ ഭീഷ്മനിലാണു പ്രതികാരം ചെയ്യേണ്ടത്‌.

അംബ പറഞ്ഞു; എപ്പോഴും എന്റെ ഉള്ളിലെ വിചാരം ഇതു തന്നെയാണ്‌. പോരില്‍ ഭീഷ്മനെ വധിപ്പിക്കണം എന്നാണ്‌ നിതൃവും എന്റെ വിചാരം. ഭീഷ്മനോ ശാല്വനോ ആരാണു ഭവാന്റെ ദൃഷ്ടിയില്‍ ദോഷം ചെയ്തത്‌ എങ്കില്‍, ആരു മൂലമാണ്‌ ഞാന്‍ ഇവിടെ കണ്ണീരും കൈയുമായി ജീവിക്കുന്നതെങ്കില്‍, അവന് ഭവാന്‍ ശിക്ഷ നല്കണം!

ഭീഷ്മൻ പറഞ്ഞു: അവര്‍ ഇപ്രകാരം പറഞ്ഞിരിക്കെ അന്നത്തെ പകല്‍ അവസാനിച്ചു. ഭാരതശ്രേഷ്ഠാ, സുഖവും ശീതളവുമായ കാറ്റു വീശി അന്നത്തെ രാത്രിയും കഴിഞ്ഞു. പ്രഭാതമായപ്പോള്‍ തേജസ്സാല്‍ ഉജ്ജ്വലിക്കുന്നവനും. ജടാചീരധരന്മാരായ ശിഷ്യഗണത്തോടു കൂടിയവനും, വില്ലും വാളും മഴുവും ധരിച്ചവനും, രജസ്സ്‌ അറ്റവനുമായ ജാമദഗ്ന്യന്‍ വരുന്നു! ആ മഹര്‍ഷിവര്യന്‍ സൃഞ്ജയന്റെ സമീപത്തെത്തി. അവനെ കണ്ട്‌ മുനിമാരും, തപസ്വിയായ രാജാവും, ആ സാധുവായ കന്യകയും തൊഴുതു നിന്നു. അവര്‍ മധുപര്‍ക്കങ്ങളാല്‍ ഭാര്‍ഗ്ഗവനെ പൂജിച്ചു. മുറയ്ക്കു പൂജ കൈക്കൊണ്ട്‌ അവരോടു കൂടി മഹര്‍ഷി ഇരുന്നു. പിന്നെ ജാമദഗ്ന്യനും സൃഞ്ജയനും കൂടി കഴിഞ്ഞ കഥകളോരോനും പറഞ്ഞ്‌ അങ്ങനെ രസത്തോടെ ഇരുന്നു. അങ്ങനെ കഥകള്‍ പറഞ്ഞു കഴിഞ്ഞ സമയത്ത്‌ രാജര്‍ഷി ശക്തനായ ഭാര്‍ഗ്ഗവരാമനെ നോക്കി മധുരമായി അര്‍ത്ഥത്തോടു കൂടിയ വാക്കു പറഞ്ഞു: "ഇവള്‍ എന്റെ മകളുടെ പുത്രിയാണ്‌. കാശി രാജാവിന്റെ നന്ദിനിയാണ്‌. കാര്യജ്ഞനായ ഭവാന്‍ ഇവളുടെ കഥയൊന്നു മനസ്സിരുത്തി കേള്‍ക്കണം".

ആകട്ടെ കുട്ടി, പറയൂ എന്ന് രാമന്‍ തന്നെ അവളോടു നേരിട്ടു പറഞ്ഞു. കത്തിക്കാളുന്ന അഗ്നിയോടു തുല്യനായ രാമന്റെ ശുഭമായ പാദങ്ങളില്‍ ശിരസ്സു കുനിച്ചു തൊഴുതു താമര പോലുള്ള കൈകള്‍ കൊണ്ടു പാദങ്ങളില്‍ തൊട്ട്‌ മുമ്പില്‍ നിന്നു. അവള്‍ സങ്കടം പൂണ്ടു കണ്ണുനീര്‍ കണ്ണില്‍ നിറഞ്ഞ്‌ രാമനെ ശരണം പ്രാപിച്ചു.

രാമന്‍ പറഞ്ഞു: ഹേ, രാജനുന്ദിനി. നീ എനിക്ക്‌ ഈ സൃഞ്ജയന്‍ എന്ന പോലെ തന്നെയാണ്‌. നിന്റെ വാക്കു ഞാന്‍ നടത്താം.

അംബ പറഞ്ഞു: ഭഗവാനേ, സുവ്രതനായ അങ്ങയെ ഞാന്‍ ശരണം പ്രാപിക്കുന്നു. ദുഃഖപങ്കമായ സമുദ്രത്തില്‍ താഴ്ന്നു പോയ എന്നെ ഭവാന്‍ കയറ്റി വിടേണമേ!

ഭീഷ്മൻ പറഞ്ഞു: രാമന്‍ അവളുടെ അഴകും, യൗവനയുക്തമായ ദേഹവും, സൗകുമാര്യത്തിന്റെ തികവും കണ്ട്‌ അത്ഭുതത്തോടെ നോക്കി ചിന്തിച്ചിരുന്നു പോയി. എന്താണ്‌ അവള്‍ പറയുവാന്‍ പോകുന്നതെന്ന്‌ ചിന്തിച്ചു രാമന്‍. കൃപയില്‍ കുളിച്ച്‌ അങ്ങനെയിരുന്നു. പറയൂ മകളേ! എന്നു രാമന്‍ പറഞ്ഞപ്പോള്‍ ആ ശുചിസ്മിത നടന്ന വിധം എല്ലാം ഒന്നും വിടാതെ ഭാര്‍ഗ്ഗവനോടു പറഞ്ഞു. ജാമദഗ്ന്യന്‍ രാജപുത്രിയുടെ മൊഴികേട്ടു. ആ വരാരോഹയോട്‌ കാര്യത്തിന്റെ തീര്‍പ്പു മനസ്സില്‍ ഉറച്ച്‌ ഇങ്ങനെ പറഞ്ഞു.

രാമന്‍ പറഞ്ഞു; എടോ, ഭാമിനീ, ഞാന്‍ ഭീഷ്മന്റെ അടുത്തേക്കയയ്ക്കാം. എന്റെ വാക്കു കേട്ടാല്‍ അവന്‍ അതനുസരിക്കും. ഞാന്‍ പറഞ്ഞ വാക്കു ഗാംഗേയന്‍ കേട്ടില്ലെങ്കില്‍, ഞാന്‍ എന്റെ ശസ്ത്രതേജസ്സാല്‍ അവനെ അമാത്യന്മാരോടൊപ്പം ചുട്ടെരിക്കും. അങ്ങനെയല്ലാതെ ശാല്വനെയാണ്‌ നിനക്കു വേണ്ടതെങ്കില്‍ അങ്ങനെയാകാം. ഞാന്‍ ശാല്വനോടു പറയാം. അവനുമായി കാര്യം കൂട്ടിയോജിപ്പിക്കാം.

അംബ പറഞ്ഞു; മഹാത്മാവേ, ഭീഷ്മൻ എന്നെ വിട്ടയച്ചു. ഹേ, ഭൃഗുനന്ദനാ! ഞാന്‍ ശാല്വ രാജാവിനെ കാമിക്കുന്നുണ്ടെന്ന്‌ പറഞ്ഞതു കൊണ്ടാണ്‌ അദ്ദേഹം എന്നെ വിട്ടയച്ചത്‌, പിന്നെ ആ സൗഭന്റെ അരികെച്ചെന്നു ഞാന്‍ പറയാന്‍ പാടില്ലാത്ത വിധം താണു കേണപേക്ഷിച്ചു. അവന്‍ ചാരിത്രൃശങ്ക മൂലം എന്നെ സ്വീകരിക്കുകയുണ്ടായില്ല. ഭവാന്‍ സ്വബുദ്ധി കൊണ്ടു ചിന്തിച്ചു തക്കതായ നടപടി എന്താണെന്ന്‌ ഉറപ്പിച്ചാലും. എന്റെ ഈ ദുഃഖത്തിനൊക്കെ കാരണം മഹാവ്രതനായ ഭീഷ്മനാണ്‌. അവന്‍ അപ്പോള്‍ എന്നെ ബലമായി പിടിച്ചു പാട്ടിലാക്കുക കാരണത്താല്‍ ഈ മഹാവ്യസനമൊക്കെ ഞാന്‍ അനുഭവിക്കേണ്ടി വന്നു. ഭവാന്‍ ഭീഷ്മനെ കൊല്ലണം. അവനാണ്‌ എന്നെ ഇമ്മട്ടിലാക്കിയത്‌. ഞാന്‍ ഏറ്റ അപ്രിയങ്ങളൊക്കെ ഭവാന്‍ അറിഞ്ഞു ചെയ്യണേ! ആ ഭീഷ്മൻ ലുബ്ധനും, നീചനും, ജിതകാശിയുമാണ്‌. ഹേ ഭാര്‍ഗ്ഗവാ. അവനില്‍ ഭവാന്‍ പ്രതിക്രിയ ചെയ്താലും. ആ ഭാരതന്‍ എന്നെ പീഡിപ്പിച്ചപ്പോൾ എന്റെ മനസ്സിലുണ്ടായ സങ്കല്പം ഇതാണ്‌. ആ മഹാവ്രതനെ കൊല്ലുകയെന്നുള്ളതാണ്‌. അതു കൊണ്ട്‌ എന്റെ ഈ ആഗ്രഹം അനഘാശയനായ ഭവാന്‍ സാധിപ്പിക്കണം. ഹേ, വീരാ, ഭവാന്‍ ഭീഷ്മനെ ഇന്ദ്രന്‍ വൃത്രനെ എന്ന വിധം സംഹരിച്ചാലും.

178. കുരുക്ഷേത്രാവതരണം - ഭീഷ്മൻ പറഞ്ഞു: ഭീഷ്മനെ കൊന്നാലും എന്നു പറഞ്ഞു പിന്നെയും കരഞ്ഞു കൊണ്ടു നിൽക്കുന്ന ആ കനൃകയോടു ഭാര്‍ഗ്ഗവന്‍ പറഞ്ഞു: കനൃകേ, ഞാന്‍ വിപ്രകാര്യത്തിന്നല്ലാതെ ശസ്ത്രമെടുക്കുകയില്ല എന്ന് ഒരു നിശ്ചയമുണ്ട്‌ എനിക്ക്‌. ഇപ്പോള്‍ ഞാന്‍ എന്തുചെയ്യും? വരവര്‍ണ്ണനീ, ഈ നിലയ്ക്കു ഞാൽ എന്തു ചെയ്യേണ്ടു? കേവലം വാക്കാല്‍ ഭീഷ്മനും, ശാല്വനും എനിക്കു പാട്ടിലാകും. എടോ, അനവദ്യാംഗി. അതു ഞാന്‍ ചെയ്യാം. നീ ദുഃഖിക്കാതിരിക്കുക! വിപ്രകല്പന കൂടാതെ ശസ്ത്രമെടുക്കില്ലല്ലോ ഞാന്‍. ഭാമിനീ, ഞാന്‍ എന്തു വേണം?

അംബ പറഞ്ഞു: ഭഗവാന്‍ എന്റെ ദുഃഖത്തെ വേരറുത്തു വിടണം. ആ ദുഃഖം ഭീഷ്മന്‍ മൂലം ഉണ്ടായതാണ്‌. അവനെ ഉടനെ വധിക്കണം.

രാമന്‍ പറഞ്ഞു: കാശികന്യേ, നീ പറയു, ഞാന്‍ പറഞ്ഞാല്‍ ഭീഷ്മന്‍ നിന്റെ രണ്ടു കാലും അവന്റെ ശിരസ്സില്‍ വയ്ക്കുന്നതാണ്‌. വന്ദിക്കേണ്ടവനാണ്‌ അവന്‍. എന്നാലും അവന്‍ അങ്ങനെ ചെയ്യും!

അംബ പറഞ്ഞു: ഭഗവാനേ, രാമാ! അസുരനെ പോലെ അലറുന്നവനായ ആ ഭീഷ്മനെ ഉടനെ കൊല്ലൂ! പോരില്‍ വേഗം ചെന്ന്‌ എതിര്‍ത്ത്‌ അവന്റെ കഥ കഴിക്കൂ! ഭവാന്‍ എനിക്കു പ്രിയം ചെയ്യുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ചെയ്യുക! അങ്ങു എന്നോടു പ്രതിജ്ഞ ചെയ്തതല്ലേ? അതു സത്യമാക്കൂ!

ഭീഷ്മൻ പറഞ്ഞു: എടോ ദുര്യോധനാ, ഇപ്രകാരം അംബയും രാമനും തമ്മില്‍ പറയുമ്പോള്‍ മഹര്‍ഷിയും ധര്‍മ്മജ്ഞനുമായ അകൃതവ്രണന്‍ ഇടയ്ക്കു കടന്നു പറഞ്ഞു: മഹാബാഹോ, ശരണം പ്രാപിച്ച കന്യകയെ തൃജിക്കരുത്‌. രാമാ, പോരിന് വിളിച്ച ഭീഷ്മന്‍ നിന്നോടു എതിര്‍ക്കുകയാണെങ്കില്‍ ഞാന്‍ മടങ്ങി എന്ന് അവന്‍ പറയണം. അല്ലെങ്കില്‍ ഭവാന്‍ പറയുന്നതു പോലെ കേള്‍ക്കണം. അങ്ങനെയായാല്‍ കന്യകയുടെ കാര്യം സാധിച്ചെന്നു പറയാം. ഭവാന്റെ വാക്കു സത്യമായെന്നും പറയാം. ഇപ്രകാരമല്ലേ മഹാമുനേ, ഭവാന്റെ പ്രതിജ്ഞയും? ക്ഷത്രവര്‍ഗ്ഗം മുടിച്ചിട്ടു വിപ്രരോട്‌ ഏറ്റു പറഞ്ഞതും എന്താണ്‌? ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ ഇവരില്‍ ആരു പോരിലേറ്റാലും ബ്രഹ്മവിത്തായാലും അവനെ കൊല്ലുമെന്നല്ലേ? പേടിച്ചു ശരണം പ്രാപിച്ച ലോകരെ ജീവനുള്ള കാലത്തു ഞാന്‍ ഒരിക്കലും തൃജിക്കുകയില്ല. പോരില്‍ ഏൽക്കുന്ന ക്ഷതവ്രര്‍ഗ്ഗം നിശ്ശേഷം ജയിക്കുന്നവനായാലും, എത്ര ഉജ്ജ്വലിക്കുന്നവനായാലും അവനെ കൊല്ലും എന്നല്ലേ ഭവാന്‍ പറഞ്ഞത്‌, രാമാ! അപ്രകാരം വിജയിയാണ്‌ ഭീഷ്മൻ! കുരുകുലോദ്വഹനാണ്‌. അവനുമായി ഭവാന്‍ ചെന്നേറ്റു പൊരുതിയാലും.

രാമന്‍ പറഞ്ഞു; ഹേ മഹാമുനേ, ഞാന്‍ ഓര്‍ക്കുന്നുണ്ട്‌ മുമ്പു ചെയ്ത സത്യം. സാമം കൊണ്ടു സാധിക്കുമെങ്കില്‍ കാശി കന്യയുടെ ഉള്ളിലുള്ള കാര്യം ശ്രമിച്ചു നോക്കാം. ഞാന്‍ ഈ കനൃകയേയും കൊണ്ട്‌ അവന്റെ അരികിലേക്കു ചെല്ലാം. രണശ്ലാഘിയായ ഭീഷ്മൻ ഞാന്‍ പറയുന്നതു കേട്ടില്ലെങ്കില്‍ ധിക്കരിച്ചു നിൽക്കുന്ന അവനെ കൊല്ലണം എന്നു ഞാന്‍ ഉറച്ചിരിക്കയാണ്‌. ദേഹികളുടെ ശരീരത്തില്‍ ഞാന്‍ എയ്യുന്ന അമ്പുകള്‍ അവര്‍ താങ്ങുകയില്ല. ഞാന്‍ മുമ്പു രാജാക്കളുമായി ഏറ്റ കാലത്ത്‌ അതൊക്കെ ഭവാന്‍ കണ്ടിട്ടുള്ളതല്ലേ? എന്നു പറഞ്ഞു തപോനിധിയായ രാമന്‍ ബ്രാഹ്മണരോടു കൂടി യാത്രയ്ക്കായി എഴുന്നേറ്റു. അന്നത്തെ രാത്രി അവിടെ പാര്‍ത്ത്‌ ജപഹോമങ്ങള്‍ ചെയ്ത്‌ എന്നെ വധിക്കുന്നതിന് അവിടെനിന്ന്‌ ഇറങ്ങി. രാമന്‍ ഉടനെ ബ്രഹ്മജ്ഞരുമൊത്തു കന്യകയേയും കൊണ്ട്‌ കുരുക്ഷേത്രത്തില്‍ വന്നെത്തി. സരസ്വതീ ക്ഷേത്രത്തില്‍ മഹാത്മാക്കളായ ആ താപസന്മാരും പരശുരാമനും പാര്‍പ്പുറപ്പിച്ചു.

ഭീഷ്മൻ പറഞ്ഞു: കുരുക്ഷ്രേതത്തില്‍ പാര്‍ത്തു മുന്നാം ദിവസം എന്റെ അരികിലേക്ക്‌ അദ്ദേഹം ദൂതനെ വിട്ടു. ഞാന്‍ ഇവിടെ വന്നിരിക്കുന്നു. രാജാവേ, ഭവാന്‍ എന്റെ ഇഷ്ടം സാധിപ്പിച്ചാലും എന്ന്. രാജ്യാതിര്‍ത്തിക്കുള്ളില്‍ ആ ശക്തന്‍ വന്നതായി അറിഞ്ഞപ്പോള്‍ തേജസ്വിയായ ആ പ്രഭുവിനെ ഞാന്‍ ചെന്നു എതിരേറ്റു. പശുവിനെ മുമ്പില്‍ നടത്തി ബ്രാഹ്മണ മുഖ്യന്മാരും, ഋത്വിക്കുകളും, പുരോഹിതന്മാരും മറ്റും ചേര്‍ന്നാണ്‌ ഞാന്‍ ആ മഹാവ്രതനെ അഭിവാദ്യം ചെയ്തത്‌. ഞാന്‍ വന്നതായി കണ്ടപ്പോള്‍ പ്രതാപവാനായ പരശുരാമന്‍ ആ പൂജ കൈക്കൊണ്ട്‌ ഇങ്ങനെ കല്പിച്ചു.

രാമന്‍ പറഞ്ഞു: ഹേ ഭീഷ്മാ! അകാമനായ നീ എന്തു വിചാരിച്ചിട്ടാണ്‌ ഈ കാശിരാജപുത്രിയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പോന്നത്‌. പിന്നെ വിട്ടയച്ചതും; യശസ്വിനിയായ ഈ കന്യക നീ മൂലം ധര്‍മ്മ ഭ്രംശത്തിലായിരിക്കുന്നു. നീ ബലമായി പിടിച്ച ഈ പെണ്ണിനെ പിന്നെ ഏതൊരുത്തനാണു സ്വീകരിക്കുക? ഹേ. ഭാരതാ! നീ കൊണ്ടു പോയതു കാരണം ശാല്വന്‍ ഉപേക്ഷിച്ചിരിക്കുന്നു. അതു കൊണ്ടു നീ എന്റെ വാക്കുകേട്ട് അവളെ കൈക്കൊള്ളുക. ഹേ, രാജപുത്രാ! ഈ രാജപുത്രി സ്വധര്‍മ്മം നേടട്ടെ! രാജാക്കള്‍ക്കു നീ ഈ ചെയ്ത ഗര്‍ഹണം യോജിച്ചതല്ല. വിമനസ്സായ അവനെ ചിന്തിച്ചാണ്‌ ഞാനീ പറഞ്ഞത്‌.

ഭീഷ്മൻ പറഞ്ഞു: ഞാന്‍ ഒരിക്കലും എന്റെ അനുജന് ഇവളെ കൊടുക്കുകയില്ല. ഞാന്‍ ശാല്വനെ കാമിക്കുന്നു എന്നു ഇവള്‍ എന്നോടു പറഞ്ഞു ഭാര്‍ഗ്ഗവാ! ഞാന്‍ ഉടനെ സമ്മതിച്ചു വിട്ടിട്ടാണ്‌ ഇവള്‍ ശാല്വപുരത്തേക്കു പോയത്‌. ഭയം, ക്രോധം. ദ്രവ്യലോഭം, കാമം ഇവ കൊണ്ട്‌ ക്ഷത്രധര്‍മ്മം വിടുകയില്ലെന്ന്‌എനിക്കൊരു ദൃഢമായ വ്രതമുണ്ട്‌. ഞാന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ രാമന്‍ ക്രോധവ്യാകുല നേത്രനായി പറഞ്ഞു.

രാമന്‍ പറഞ്ഞു; ഹേ, നരപുംഗവാ! നീ ഇപ്പോള്‍ ഞാന്‍ പറയുന്ന വാക്ക്‌ കേള്‍ക്കുകയില്ലെങ്കില്‍ അമാതൃന്മാരോടു ചേര്‍ന്ന നിന്നെ ഞാന്‍ കൊന്നുകളയും. രാമന്‍ ഇപ്രകാരം വാശിയോടെ പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഞാന്‍ ഇഷ്ടമായ വാക്കുകള്‍ കൊണ്ട്‌ ഭാര്‍ഗ്ഗവനോട്‌ യാചിച്ചു. എന്നാൽ അദ്ദേഹം ശമിക്കുകയുണ്ടായില്ല. ഞാന്‍ ആ ഗുരുവിന്റെ മുമ്പില്‍ തലകുനിച്ചു കൈകൂപ്പി ചോദിച്ചു; ഭഗവാനേ, ഭവാന്‍ എന്നോട്‌ പൊരുതണം എന്നു ചിന്തിക്കുവാന്‍ എന്താണു കാരണം? ബാല്യത്തിൽ എനിക്ക്‌ ഇക്ഷ്വസ്ത്രങ്ങള്‍ നാലു ജാതിയും ഭവാന്‍ ഉപദേശിച്ചു തന്നു. ഭാര്‍ഗ്ഗവാ! ഞാന്‍ ഭവാന്റെ ശിഷ്യനല്ലേ? ഞാന്‍ നല്ലവാക്കു പറഞ്ഞപ്പോള്‍ അദ്ദേഹം ചൊടിച്ചു രക്താക്ഷനായി ഇങ്ങനെ ചോദിച്ചു: "നീ എന്നെ ഗുരുവാണെന്ന്‌ അറിഞ്ഞിട്ടും എന്റെ വാക്കു കേള്‍ക്കുന്നില്ല, അല്ലേ: എന്റെ പ്രീതിക്കു വേണ്ടി ഈ കാശിരാജപുത്രിയെ നീ കൈക്കൊള്ളുക! അതാണ്‌ നല്ലത്‌. അല്ലെങ്കില്‍ നിനക്ക്‌ ഒരിക്കലും ശമം ഉണ്ടാകുവാന്‍ പോകുന്നില്ലെന്ന്‌ ധരിച്ചോളു. ഈ നിൽക്കുന്ന കന്യകയെ നീ കൊണ്ടു പോകൂ! മഹാബാഹോ, നീ അവളുടെ കുലത്തെ രക്ഷിക്കുക. നീ ഭ്രംശിപ്പിക്കുക കാരണം ഇവള്‍ ഭര്‍ത്താവിനെ ലഭിക്കാത്ത മട്ടിലായി തീര്‍ന്നു".

ഇപ്രകാരം പറയുന്ന ആ പരപുരഞ്ജയനായ രാമനോടു ഞാന്‍ പറഞ്ഞു; അങ്ങ്‌ പറയുന്ന കാര്യം നടപ്പിലാവുകയില്ല. ബ്രഹ്മര്‍ഷേ എന്തിനാണീ ശ്രമം? ഹേ, ജാമദഗ്ന്യാ, ഭവാനില്‍ പണ്ടുള്ള ഗൗരവത്തെ ചിന്തിച്ചു ഞാന്‍ ഭവാനെ പ്രസാദിപ്പിക്കുന്നു. സ്വാമീ, ഞാന്‍ ഇവളെ മുമ്പു വിട്ടവളാണ്‌. പരാനുരക്തയായ പെണ്‍പാമ്പിനെ പോലെയുള്ള ഇവളെ ഞാന്‍ എന്റെ ഗൃഹത്തില്‍ വാഴിക്കണം എന്നാണോ ഭവാന്‍ പറയുന്നത്‌? സ്ത്രീദോഷം ബഹുദുര്‍ഘടമാണ്‌. ഇന്ദ്രന്‍ വന്നു ഭയപ്പെടുത്തിയാലും ഞാന്‍ ധര്‍മ്മം വിടുമെന്നു ഭവാന്‍ ധരിക്കരുത്‌. ഭവാന്‍ പ്രസാദിക്കുന്നില്ലെങ്കില്‍ വേണ്ട. ഭവാന്‍ എന്താണ്‌ എന്നെ ചെയ്യുവാന്‍ വിചാരിക്കുന്നതെങ്കില്‍ ചെയ്തോളു! ഹേ, വിശുദ്ധാശയാ! ഞാന്‍ പുരാണത്തിൽ ഇങ്ങനെ പറയുന്നതു കേട്ടിട്ടുണ്ട്‌. മഹാത്മാവായ മരുത്തന്റെ ഒരു പാട്ടാണത്‌.

കാര്യാകാര്യങ്ങളോര്‍ക്കാതെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ച്ചരിപ്പവന്‍ ഗര്‍വ്വിഷ്ഠന്‍ ഗുരുവായാലും പരിത്യാഗത്തിനര്‍ഹനാം.

ഭവാനെ ഗുരുവാണെന്നു വിചാരിച്ച്‌ വളരെ നന്ദിയോടു കൂടി ഞാന്‍ മാനിച്ചു. ഗുരുവൃത്തിയെ അങ്ങു ധരിക്കുന്നില്ലെങ്കില്‍ ഞാന്‍ അങ്ങയോടു പോരിനു തയ്യാറാണ്‌. ഗുരുവിനെ പോരില്‍ കൊല്ലരുത്‌. വിശേഷിച്ചും ബ്രാഹ്മണനെ കൊല്ലുവാന്‍ പാടില്ല. വിശേഷിച്ചും ഭവാന്‍ തപോവൃദ്ധനുമാണല്ലോ എന്നു വിചാരിച്ചു ഞാന്‍ ഭവാനില്‍ ക്ഷമിച്ചതാണ്‌. ബ്രാഹ്മണന്‍ ക്ഷത്രിയന്റെ രൂപത്തില്‍ ശസ്ത്രമെടുത്തു കണ്ടാല്‍ പോരില്‍ ചൊടിച്ചു വിടാതെ പോരാടുമ്പോള്‍ വധിക്കാമെന്നുണ്ട്‌. അങ്ങനെ വധിച്ചാല്‍ അവന് ബ്രഹ്മഹത്യ എന്ന പാപം ബാധിക്കുന്നതല്ല എന്നാണ്‌ ധര്‍മ്മശാസ്ത്രം പറയുന്നത്‌. ഹേ, തപോധനാ! ഞാന്‍ ക്ഷത്രധര്‍മ്മത്തില്‍ നിൽക്കുന്ന ക്ഷത്രിയനാണ്‌. ആര് ആരില്‍ ഏതു നിലയില്‍ ഇങ്ങോട്ടു പെരുമാറുന്നുവോ, ആ നിലയില്‍ തന്നെ അങ്ങോട്ടും പെരുമാറുന്നവന്‍ അധര്‍മ്മത്തില്‍ വീഴുകയില്ല. അവന് അശ്രേയസ്സും ബാധിക്കയില്ല. അര്‍ത്ഥധര്‍മ്മങ്ങളില്‍ ദക്ഷനും ദേശകാലങ്ങളെ അറിഞ്ഞവനും അര്‍ത്ഥ സംശയമുള്ള സന്ദര്‍ഭങ്ങളില്‍ ന്യായമായി തോന്നുന്നതു ചെയുണം. അതുകൊണ്ട്‌ ഹേ, രാമാ! ഞാന്‍ ഭവാനോട്‌ പോരാടുന്നതാണ്‌. ഭവാന്‍ എന്റെ ബാഹുവീര്യത്തോടു കൂടിയ അമാനുഷ വിക്രമം കണ്ടാലും. ഈ നിലയ്ക്ക്‌ എന്തു ചെയ്യുവാന്‍ എനിക്കു കഴിയുമോ, അതു ഞാന്‍ കുരുക്ഷേത്രത്തില്‍ വെച്ച്‌ ചെയ്യുന്നുണ്ട്‌. ഞാന്‍ ഭവാനോട്‌ യഥേഷ്ടം ദ്വന്ദ്വയുദ്ധത്തിന് ഒരുങ്ങുന്നു. ഭവാന്‍ തയ്യാറായിക്കൊള്ളുക! എവിടെ വെച്ചു ഭവാന്‍ എന്റെ ബാണങ്ങള്‍ ഏറ്റ്‌ വധിക്കപ്പെട്ടു ശസ്ത്രശുദ്ധങ്ങളായ ലോകങ്ങള്‍ പ്രാപിക്കുമോ, അവിടേക്ക്‌, ആ കുരുക്ഷേത്രത്തിലേക്ക്‌, ഭവാന്‍ നടന്നാലും. ഞാന്‍ ഭവാനോട്‌ രണത്തിന്ന്‌ അവിടേക്ക്‌ എത്തുന്നതാണ്‌. രാമാ, ഭവാന്‍ എവിടെ വച്ച്‌ പണ്ട്‌ ഭവാന്റെ പിതാവിന്‌ ഉദകക്രിയ നടത്തിയോ, അവിടെ വച്ച്‌ ഞാന്‍ ഭവാനെ വധിച്ച്‌ പിതൃശൗചം നടത്തുന്നതാണ്‌. ഹേ, യുദ്ധദുര്‍മ്മദം, ഉടനെ തന്നെ അവിടെ വന്ന് എന്നോട്‌ ഏല്‍ക്കുക. ഹേ, ബ്രാഹ്മണാധമാ. ഭവാന്റെ ആ പഴയ ഗര്‍വ്‌ ഞാന്‍ അവിടെ വച്ച്‌ അവസാനിപ്പിക്കുന്നതാണ്‌. ഭവാന്‍ പലപ്പോഴും മേനി പറയാറുണ്ടല്ലോ! വര്‍ഷത്തില്‍ പല പ്രാവശ്യം ഞാന്‍ ക്ഷ്രതിയന്മാരെ ഒടുക്കിയവനാണെന്ന്‌. അതിനുള്ള സമാധാനം ഞാന്‍ പറയാം. ഭവാന്‍ കേള്‍ക്കു! അന്നു ഭീഷ്മൻ ജനിച്ചിട്ടില്ലായിരുന്നു. എന്നോട് സമാനനായ ഒരു ക്ഷത്രിയനും അന്നുണ്ടായിട്ടില്ലായിരുന്നു. തേജസ്സൊക്കെ പിന്നീടാണുണ്ടായത്‌. അന്നു പുല്‍ക്കൂട്ടത്തില്‍ നീ അഗ്നിയായിരുന്നു. അതു കൊണ്ട്‌ അന്നു നീ കത്തിജ്വലിച്ചു. ഇന്ന്‌ അതു നടക്കുകയില്ലെന്നു മനസ്സിലാകട്ടെ! നിന്റെ ആ യുദ്ധഗര്‍വ്വും, മോഹവും തീര്‍ക്കുവാനായി ഒരു ഭീഷ്മൻ പിറന്നു! പരപുരഞ്ജയനായ ആ ഭീഷ്മനോട് ഒന്നു പൊരുതി നോക്കൂ! ഇതോടു കൂടി നിന്റെ ആ ഗര്‍വ്വമൊക്കെ അസ്തമിപ്പിച്ചു തരാം.

ഭീഷ്മൻ പറഞ്ഞു: എടോ, ദുര്യോധനാ, അപ്പോള്‍ രാമന്‍ ചിരിച്ചു കൊണ്ട്‌ എന്നോട്‌ പറഞ്ഞു: കെള്ളാം, നിന്റെ മോഹം തെറ്റില്ല. എന്നോടു യുദ്ധത്തിന് വിചാരിക്കുന്നതു കൊള്ളാം! നമുക്ക്‌ കുരുക്ഷേത്രത്തിലേക്കു പോകാം. നിന്നെ ഞാന്‍ അവിടെ അമ്പു കൊണ്ടു മൂടി കൊന്നിട്ടിരിക്കുന്നതും, കഴുക്കളും പരുന്തുകളും കൊത്തിവലിക്കുന്നതും നിന്റെ അമ്മയായ ജാഹ്നവി കാണട്ടെ! ഞാന്‍ കൊന്നിട്ടിരിക്കുന്ന നിന്നെ, സിദ്ധചാരണന്മാര്‍ സേവിക്കുന്ന നിന്റെ അമ്മ കണ്ടു കേഴട്ടെ! അതിന് അനര്‍ഹയാണല്ലോ പുണ്യയായ ഭാഗീരഥീ നദി. യുദ്ധക്കൊതിയനായ നിന്നെ പെറ്റ ആ മാന്യ അതിന് അനര്‍ഹയാണല്ലോ. എന്നോടു വന്ന് ഏൽക്കുക ഭീഷ്മാ! യുദ്ധമാണല്ലോ നിനക്കു വേണ്ടത്‌. രഥാദികളൊക്കെ ഒരുക്കിക്കോളു! ഇപ്രകാരം പറയുന്ന പരപുരഞ്ജയനായ രാമനോട്‌, ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ശിരസ്സു കുനിച്ചു നമസ്കരിച്ച്‌ അങ്ങനെയാകട്ടെ എന്നു മറുപടി പറഞ്ഞു.

ഇങ്ങനെ പറഞ്ഞു രാമന്‍ യുദ്ധത്തിനായി കുരുക്ഷേത്രത്തിലേക്കു പോയി. ഞാനും ഗൃഹത്തില്‍ ചെന്ന്‌ ഈ സംഭവങ്ങളൊക്കെ സതൃവതിയമ്മയോടു പറഞ്ഞു. പിന്നെ സ്വസ്തൃയനം ചെയ്തു അമ്മയെ വന്ദിച്ച്‌ അമ്മയുടെ അനുഗ്രഹം വാങ്ങി പോന്ന ഞാന്‍ ദ്വിജന്മാരാല്‍ സ്വസ്തി പുണ്യാഹം ചൊല്ലിച്ചു വെള്ളത്തേരില്‍ കയറി. വെള്ളക്കുതിരകളെ പൂട്ടിയതും, നല്ല അംഗചക്രങ്ങളുള്ളതും, പുലിത്തോലു കൊണ്ട്‌ പൊതിഞ്ഞതും. മഹാസ്ത്രങ്ങളോടു കൂടിയതും., വേണ്ടതായ സകല സാമഗ്രികളോടു ചേര്‍ന്നതും, കുലീനനും, വീരനും, അശ്വശാസ്ത്ര വിശാരദനും. വിശിഷ്ടനും, പല വിദ്യകളും അറിയുന്നവനും സൂതന്‍ വാറു പിടിച്ചിട്ടുള്ളതുമായ രഥത്തില്‍ ഞാന്‍ കയറി. മെയ്ക്കൊതുങ്ങുന്ന നല്ലവെള്ള ചട്ടയിട്ടു മുറുക്കി, വെള്ള വില്ലും കയ്യില്‍ പിടിച്ചു നല്ല വെണ്‍ചാമരങ്ങള്‍ വീശുമാറും തലയ്ക്കുമീതെ നല്ല വെള്ളക്കുടയുമായി, വെള്ളവസ്ത്രം ധരിച്ച്‌ വെള്ളത്തലപ്പാവും, വെള്ളമെയ്ക്കോപ്പുമായി, ജയാശീര്‍വ്വാദങ്ങള്‍ കേട്ടു കൊണ്ട്‌ ഞാന്‍ ഹസ്‌തിനാപുരിയില്‍ നിന്നു പുറപ്പെട്ടു. പടക്കളമായ കുരുക്ഷേത്രത്തിലേക്കു പാഞ്ഞു. പടക്കളത്തിലേക്കു സൂതന്‍ ഓടിക്കുന്ന ഹയങ്ങള്‍ എന്നേയും കൊണ്ട്‌ മനോവായുജവത്തോടു പാഞ്ഞു. ഞാനും, പ്രതാപനിധിയായ രാമനും കുരുക്ഷേത്രത്തിലെത്തി. പരസ്പരം പരാക്രമികളായ ഞങ്ങള്‍ യുദ്ധസന്നദ്ധരായി.

തപസ്വിയായ രാമന്റെ മുമ്പില്‍ ചെന്നു നിന്നു ഞാന്‍ മുഖ്യമായ ശംഖ്‌ എടുത്ത്‌ ഊക്കില്‍ വിളിച്ചു. ഉടനെ രാജാവേ, ആ ദിവ്യമായ സമരം കാണുവാന്‍ ദ്വിജന്മാരും കാട്ടിലുള്ള മുനിമുഖ്യന്മാരും ഇന്ദ്രാദികളായ സുരവൃന്ദവും വന്നു ചേര്‍ന്നു. അപ്പോള്‍ അങ്ങുമിങ്ങും ദിവ്യങ്ങളായ മാല്യങ്ങള്‍ ചുറ്റും കാണുമാറായി. ദിവ്യമായ വാദ്യഘോഷങ്ങൾ കേട്ടു. മേഘവൃന്ദങ്ങള്‍ നിരന്നു.

അപ്പോള്‍ ഭാര്‍ഗ്ഗവന്റെ ഇഷ്ടന്മാരായ താപസികന്മാര്‍ കാഴ്ചക്കാരായി പോര്‍ക്കളത്തിന്റെ ചുറ്റും നിരന്നു നിന്നു. അപ്പോള്‍ എന്റെ അമ്മയായ ഗംഗാദേവി സ്ത്രീരൂപമെടുത്തു വന്ന് എന്നോടു പറഞ്ഞു എടോ രാജാവേ, നീ എന്താണ്‌ ഈ ചെയ്യുവാന്‍ പോകുന്നത്? ജാമുദഗ്ന്യനോടു ഞാന്‍ വീണ്ടും പോയി അപേക്ഷിക്കാം ശിഷ്യനായ ഭീഷ്മനോടു പൊരുതരുതെന്ന്‌. ഉണ്ണീ, നീ വിപ്രനോട്‌ ഇപ്രകാരം നിര്‍ബ്ബന്ധം കാട്ടരുത്‌. ജാമദഗ്ന്യനോടു പോരില്‍ ഏൽക്കുന്നതു ഗര്‍ഹ്യമാണ്‌. ക്ഷത്രിയഘ്നനും രുദ്രതുല്യ വിക്രമനുമായ ജാമദഗ്ന്യനെ ഉണ്ണീ, നീ അറിയുകയില്ലെന്നോ! എന്താണീ സാഹസത്തിന് ഒരുങ്ങുന്നത്‌?

ഇപ്രകാരം പറഞ്ഞപ്പോള്‍ ഞാന്‍ അമ്മയുടെ പാദത്തില്‍ കുമ്പിട്ട്‌, അമ്മയോടു കാശിരാജധാനിയിലെ സ്വയംവരത്തിലുണ്ടായ കഥയൊക്കെ പറഞ്ഞു. ഞാന്‍ ആദ്യമേ തന്നെ രാമനോടു പറഞ്ഞതും കാശി രാജാവിന്റെ മകള്‍ ആദ്യം ചെയ്ത സംഗതിയും അറിയിച്ചു. അപ്പോള്‍ മഹാനദിയായ എന്റെ അമ്മ രാമന്റെ അടുത്തു ചെന്നു. ആ ഭാര്‍ഗ്ഗവ മുനിയെ ക്ഷമിപ്പിച്ചു. ശിഷ്യനായ ഭീഷ്മനോടു ഭവാന്‍ പൊരുതരുത്‌ എന്നു പറഞ്ഞു. ഇങ്ങനെ യാചിക്കുന്ന അവളോടു ഭാര്‍ഗ്ഗവന്‍ പറഞ്ഞത്‌, ഭീഷ്മൻ എന്റെ ഇഷ്ടം ചെയ്യാത്തതു കൊണ്ടാണു ഞാന്‍ യുദ്ധത്തിന് ഒരുങ്ങിയത്‌, ഭീഷ്മനെ യുദ്ധത്തില്‍ നിന്നു നീ മാറ്റുകയാണ്‌ ഇപ്പോള്‍ വേണ്ടത്‌.

വൈശമ്പായനൻ പറഞ്ഞു: വീണ്ടും ഗംഗ സൂതസ്നേഹം മൂലം ദീഷ്മന്റെ സമീപത്തെത്തി. അവള്‍ പറഞ്ഞതു ക്രോധരൂക്ഷേക്ഷണനായ ഭീഷ്മൻ ചെയ്തില്ല. അപ്പോള്‍ ഭൃഗുശ്രേഷ്ഠനായ തപോനിധി കുരുക്ഷേത്രത്തിലിറങ്ങി നിൽക്കുന്നതു കണ്ടു. ആ ദ്വിജസത്തമന്‍ ഭീഷ്മനെ പോരിന്നു വിളിച്ചു.

179. രാമഭീഷ്മ യുദ്ധം - ഭീഷ്മൻ പറഞ്ഞു: പോരിന്ന്‌ ഒരുങ്ങി നിൽക്കുന്ന അവനോട്‌ ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു: ഭൂമിയില്‍ നിൽക്കുന്ന ഭവാനോടു ഞാന്‍ തേരില്‍ നിന്നു യുദ്ധം ചെയ്കുകയില്ല. ഹേ വീരാ, ഭവാന്‍ തേരില്‍ കയറുക. ഒരു ചട്ട കെട്ടുക. പോരില്‍ എന്നോട് എതിര്‍ക്കുവാന്‍ മോഹമുണ്ടെങ്കില്‍ അതു ചെയ്യണം. ഇതു കേട്ട്‌ രാമന്‍ ചിരിച്ച്‌ ആ പോര്‍ക്കളത്തില്‍ നിന്നു പറഞ്ഞു: എനിക്ക്‌ തേരു ഭൂമിയാണ്‌ ഭീഷ്മാ! ഹയോപമമായ നാലു വേദങ്ങളാണ്‌ കുതിരകള്‍. സൂതന്‍ വായുവാണ്‌. വേദമാതാക്കളാണ്‌ ചട്ട. അവരാല്‍ രക്ഷിതനായി ഞാന്‍ പൊരുതുന്നതാണു കുരുനന്ദനാ! ഹേ ഗാന്ധാരീപുത്രാ! ഇപ്രകാരം പറഞ്ഞു സത്യവിക്രമനായ രാമന്‍ വളരെയേറെ അസ്ത്രങ്ങളാല്‍ എല്ലായിടവും രോധിച്ചു. പിന്നെ ഞാന്‍ കണ്ടതു ജാമദഗ്ന്യന്‍ തേര്‍ത്തടത്തില്‍ നിൽക്കുന്നതായിട്ടാണ്‌. സകല ആയുധങ്ങളോടും കൂടിയ ആ തേര്‍ അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു! മനോനിര്‍മ്മിതവും പുണ്യനഗരാകാരവുമായ അതില്‍, ദിവ്യവാജികളെ പൂട്ടിയതും പൊന്നണിഞ്ഞതുമായ ആ ദിവ്യരഥത്തില്‍ മഹാബാഹോ! സോമ സൂര്യചിഹ്നമായ ചട്ടയണിഞ്ഞ്‌, വില്ലേന്തി, തൂണിയിട്ട, മുട്ടുമ്പുറയണിഞ്ഞു പോരിന്നു തയ്യാറായി നിന്നു പ്രശോഭിക്കുന്ന അവന് അകൃതവ്രണന്‍ സാരഥ്യം വഹിക്കുന്നു. ആ അകൃതവ്രണന്‍ വേദജ്ഞനും ഭാര്‍ഗ്ഗവന് ഏറ്റവും ഇഷ്ടപ്പെട്ട സഖിയുമാണ്‌. ഭാര്‍ഗ്ഗവന്‍ എന്നെ വീണ്ടും വീണ്ടും പോരിന്നു വിളിച്ചു ഹര്‍ഷം വര്‍ദ്ധിപ്പിച്ചു.

ഉദിച്ചു വരുന്ന സൂര്യനെ പോലെ അപ്രധൃഷ്യനും മഹാബലനുമായ ആ ക്ഷത്രാരിയായ രാമന്‍ ഒറ്റയ്ക്ക്‌ ഏറ്റപ്പോള്‍ ഞാനും ഒറ്റയ്ക്കു തന്നെ എതിര്‍ത്തു. ആദ്യമായി മൂന്ന്‌ അമ്പു പാടകലെയായി ഞാന്‍ അശ്വങ്ങളെ നിറുത്തി. രഥത്തില്‍ നിന്നിറങ്ങി വില്ലു വെച്ചു പാദത്താല്‍ നടന്നു ചെന്ന്‌ ആ മുനിമുഖ്യനെ എതിരേറ്റു. ഗുരുവര്യനായ രാമനെ പൂജിക്കുവാന്‍ അടുത്തു ചെന്നു. അഭിവാദ്യം ചെയ്തു മുഖ്യമായ വാക്കുകള്‍ ഞാന്‍ ഉച്ഛരിച്ചു: രാമാ ഞാന്‍ അങ്ങയോടു പോരില്‍ പൊരുതുവാന്‍ പോവുകയാണ്‌.

ഞാന്‍ അങ്ങയോടു സമനല്ല. അങ്ങ്‌ ഉത്തമനായ എന്റെ ഗുരുവാണ്‌. ധാര്‍മ്മികനായ അങ്ങയോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രഭോ! അങ്ങ്‌ എനിക്കു ജയം ആശംസിച്ചാലും.

രാമന്‍ പറഞ്ഞു: എടോ കുരുശ്രേഷ്ഠാ! ഭൂമിക്കു കാംക്ഷിക്കുന്ന ഏവനും ഇപ്രകാരം തന്നെയാണു ചെയ്യേണ്ടത്‌. മഹാഭുജാ! വിശിഷ്ടന്മാരോടു എതിര്‍ക്കുന്നവര്‍ക്ക്‌ ഇതു തന്നെയാണു ധര്‍മ്മം! മഹാദ്യുതേ, നീ ഇപ്രകാരം ഈ സന്ദര്‍ഭത്തില്‍ എന്റെ അടുത്തു വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശപിച്ചേനേ! നീ കരുതലോടു കൂടി തന്നെ ധൈര്യത്തോടു കൂടി പൊരുതിക്കൊള്ളുക! ജയാശിസ്സുകള്‍ ഞാന്‍ ഇപ്പോള്‍ നിനക്കു നല്‍കുന്നില്ല. ഞാന്‍ ജയത്തില്‍ ഉദ്യമിക്കുന്നവനാണല്ലോ. നീ ധര്‍മ്മമായി പോരാടുക. നിന്റെ ഈ നടപടിയില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു!

പിന്നെ ഞാന്‍ ആ മഹാനെ കൂപ്പി തേരില്‍ ക്ഷണത്തില്‍ കയറി പൊന്നണിഞ്ഞ ശംഖെടുത്തു പോര്‍ക്കളം മുഴങ്ങു മാറ്‌ ഊതി. ഞാനും രാമനും തമ്മില്‍ പോരാടി. യുദ്ധം വളരെ ദിവസം നീണ്ടു നിന്നു. ജയാശയോടെ യുദ്ധം നടന്നു. സമപ്പോരില്‍ കങ്കപത്രശരം അവന്‍ മുമ്പേ എയ്തു. തേച്ചു മൂര്‍ച്ച കൂട്ടിയ ശരങ്ങള്‍ അമ്പതും അറുപതും നൂറും ഒമ്പതും എയ്തു. ആ ശരപ്രയോഗം കാരണം എന്റെ നാല്‌ അശ്വങ്ങളും സൂതനും നിരുദ്ധരായി. ചട്ടയിട്ട ഞാന്‍ അങ്ങനെ തന്നെ നിന്നു പോയി. ഞാന്‍ ദേവന്മാരേയും വിശേഷാല്‍ വിപ്രന്മാരേയും വണങ്ങി, പോരില്‍ സന്നദ്ധനായി നിൽക്കുന്ന അവനോട്‌ ചിരിച്ചും കൊണ്ടു പറഞ്ഞു: "ഞാന്‍ ഗുരുത്വത്തെ മാനിക്കുന്നു! മര്യാദകെട്ട ഭവാനേയും വന്ദിക്കുന്നു. ധര്‍മ്മ സംഗ്രഹ സമ്പത്തായി നിന്റെ മെയ്യില്‍ കുടി കൊള്ളുന്ന വേദങ്ങളേയും ബ്രാഹ്മണ്യത്തേയും വലിയ തപസ്സിനേയും ഹേ ബ്രാഹ്മണാ, ഞാന്‍ ശരങ്ങളാല്‍ ആക്രമിക്കുന്നില്ല. പ്രഹാരത്തില്‍ ഭവാന്‍ ക്ഷത്രധര്‍മ്മത്തെ ആശ്രയിക്കുന്നവനാണല്ലോ. ബ്രാഹ്മണന്‍ ശസ്ത്രങ്ങള്‍ എടുത്താല്‍ ക്ഷത്രിയത്വം പ്രാപിച്ചവനായി. ഭവാന്‍ ക്ഷത്രിയനായ എന്റെ വില്ലിന്റെ വീര്യവും എന്റെ കൈയൂക്കും കണ്ടുകൊള്ളുക. ഇതാ ഭവാന്റെ വില്ല്‌. ഹേ വീരാ, എന്റെ മഹാസ്ത്രം കൊണ്ട്‌ ഞാന്‍ മുറിക്കുന്നു. അതിന്നായി ഞാന്‍ തീക്ഷ്ണമായ ഭല്ലം അയയ്ക്കുന്നു! എന്നു പറഞ്ഞ്‌ അവന്റെ വില്ലിന്റെ തല മുറിച്ചു ഞാന്‍ ഊഴിയില്‍ വീഴ്ത്തി. പിന്നെ കങ്കപത്രങ്ങളുള്ള അമ്പുകളെ ജാമദഗ്ന്യന്റെ നേരെ നോക്കി അസംഖ്യം ഞാന്‍ എയ്തു. ഊക്കോടെ ചെന്ന്‌ അവന്റെ ദേഹത്തില്‍ തറച്ച്‌ അവ പാമ്പുകള്‍ പോലെ കയറി. അവ ചലിച്ചു. രക്തം ചാടിച്ചു. ദേഹത്തില്‍ നിന്നു ചോരയൊലിച്ചു. ധാതുക്കള്‍ ഒഴുകുന്ന മേരുപര്‍വ്വതം പോലെ രാമന്‍ രണഭൂമിയില്‍ ശോഭിച്ചു. വസന്തകാലത്തില്‍ ചുവന്ന തളിരു കൊണ്ടു പ്രശോഭിക്കുന്ന അശോക വൃക്ഷം പോലെയും, പുഷ്പിച്ചു നിൽക്കുന്ന മുരുക്കു പോലെയും ഭാര്‍ഗ്ഗവന്‍ പ്രശോഭിച്ചു. ഉടനെ ക്രോധത്തോടു കൂടി രാമന്‍ മറ്റൊരു വില്ലെടുത്ത്‌ കടയ്ക്കു പൊന്നു കെട്ടിച്ചതായ നിശിതാസ്ത്രങ്ങള്‍ തൂകി. മര്‍മ്മം കീറുന്ന രൗദ്രമായ ആ അസ്ത്രങ്ങള്‍ എന്നില്‍ അസംഖ്യം വന്നേറ്റു. സര്‍പ്പതുല്യവും അഗ്നിതുല്യവും വിഷതുല്യവുമായ ആ ശരങ്ങള്‍ എന്നെ ഊക്കോടെ പ്രകമ്പിപ്പിച്ചു. ആത്മാവിനെ ഉറപ്പിച്ചു വീണ്ടും ആ സംഗരത്തില്‍ ഞാന്‍ രാമന്റെ നേരെ നൂറുകണക്കിന് ശരങ്ങളെ വിട്ടു. അഗ്നിതുല്യവും അര്‍ക്കതുല്യവും ജ്വലിക്കുന്ന ആ ശരങ്ങള്‍ ഏറ്റു രാമന്‍ വേദനിച്ചു മയങ്ങി പോയി. ആത്മാവിനെ ഉറപ്പിച്ചു പിന്നെ ഞാന്‍ കൃപയോടെ തന്നെത്താന്‍ പറഞ്ഞു: ഈ ക്ഷാതവ്രും ഈ യുദ്ധവും നികൃഷ്ടം തന്നെ! പല പ്രാവശ്യവും ഞാന്‍ പലതരത്തിലും ശോകതപ്തനായി പറഞ്ഞു പോയി. ക്ഷത്രധര്‍മ്മത്തില്‍ നിന്നു കൊണ്ടു ഞാന്‍ ഈ മഹാപാപം ചെയ്തല്ലോ എന്നോര്‍ത്ത്‌ അത്യധികം ശോകം എനിക്കുണ്ടായി. ഗുരുവും ദ്വിജനും ധാര്‍മ്മികനുമായ മഹാത്മാവിനെ ഞാന്‍ ശരമെയ്തു ആര്‍ത്തിപ്പെടുത്തിയല്ലോ എന്ന ഖേദം എന്നെ വിഷമിപ്പിച്ചു. പിന്നെ ഞാന്‍ അന്ന്‌ ജാമദഗ്യയന്റെ നേരെ ശരം പ്രയോഗിച്ചില്ല. അപ്പോഴേക്കും, അതുവരെ തന്റെ ഉഗ്രമായ കരങ്ങളാകുന്ന ശരങ്ങളാല്‍ ലോകത്തെ ഉഗ്രമായി തപിപ്പിച്ചു കൊണ്ടിരുന്ന സഹസ്രാംശുവായ അര്‍ക്കന്‍ അസ്തമിച്ചു. അന്നത്തെ യുദ്ധവും അവസാനിച്ചു.

180. രാമഭീഷ്മ യുദ്ധം - ഭീഷ്മൻ പറഞ്ഞു: പിന്നെ കുശലനും സമ്മതനുമായ സൂതന്‍ തന്റെയും അശ്വങ്ങളുടെയും എന്റെയും ദേഹത്തിലേറ്റു തറച്ചു നിൽക്കുന്ന ശരങ്ങളെയൊക്കെ പറിച്ചെടുത്തു. കുതിരകളെ കുളിപ്പിച്ചു കെട്ടി തണ്ണീരു കൊടുത്തു. ഞങ്ങള്‍ കുളിച്ചു വാജികളെ വിശ്രമിപ്പിച്ചു.

സൂര്യോദയമായപ്പോള്‍ കുതിരകളെ രഥത്തില്‍ പൂട്ടി വീണ്ടും യുദ്ധം തുടങ്ങി. ഞാന്‍ ചട്ടയിട്ടു തേരില്‍ വന്നതു കണ്ട്‌ ഉടനെ പ്രതാപവാനായ രാമനും രഥം സജ്ജമാക്കി. പോരിന് സന്നദ്ധനായി രാമന്‍ വന്നതു കണ്ടു ഞാന്‍ വില്ലു വെച്ചു തേരില്‍ നിന്നിറങ്ങി. അഭിവാദ്യം ചെയ്തു വീണ്ടും തേരില്‍ കയറി. പോരിനായി ജാമദഗ്ന്യന്റെ മുമ്പില്‍ നിര്‍ഭയം ചെന്ന്‌ ഏറ്റു. ഞാന്‍ ഭയങ്കരമായ ശരവര്‍ഷം തുടങ്ങി. രാമനും എന്നില്‍ ശരവര്‍ഷം തുടര്‍ന്നു. ജാമദഗ്നൃന്‍ ചൊടിച്ചു വിടുന്ന മൂര്‍ച്ചയേറിയ ശരങ്ങള്‍ വായ്‌ എരിയുന്ന സര്‍പ്പങ്ങള്‍ എന്ന വിധം എന്റെ ദേഹത്തില്‍ പാഞ്ഞു കയറി. ഞാന്‍ അപ്പോള്‍ തീക്ഷ്ണമായ അസംഖ്യം ഭല്ലങ്ങളെ ക്ഷണത്തില്‍ എയ്ത്‌ അവയെ ആകാശത്തില്‍ വെച്ചു തന്നെ ഖണ്ഡിച്ചു വീഴ്ത്തി. പിന്നെ അവന്‍ എന്റെ നേരെ ദിവ്യാസ്ത്രങ്ങള്‍ വിട്ടു. അവയെ ഞാന്‍ ദിവ്യാസ്ത്രങ്ങളാല്‍ തന്നെ തടുത്തു. അസ്ത്രപ്രയോഗം മെച്ചപ്പെടുത്തുവാന്‍ അപ്പോള്‍ ആകാശത്ത്‌ അഭിനന്ദനഘോഷങ്ങള്‍ ഉയര്‍ന്നു.

പിന്നെ ഞാന്‍ രാമാന്റെ നേരെ വായവ്യാസ്ത്രം വിട്ടു. അത്‌ രാമന്‍ ഗുഹ്യകാസ്ത്രം കൊണ്ടു തടഞ്ഞു. പിന്നെ ഞാന്‍ ആഗ്നേയാസ്ത്രം ജപിച്ച്‌ അങ്ങോട്ടു വിട്ടു. അതും രാമന്‍ വാരുണാസ്ത്രം കൊണ്ടു തടഞ്ഞു. ഇങ്ങനെ രാമന്‍ വിടുന്ന ദിവ്യാസ്ത്രങ്ങളെ ഓരോന്നോരോന്നായി ഞാന്‍ തടഞ്ഞു. തേജസ്വിയായ രാമന്‍ എന്റെ ദിവ്യാസ്ത്രങ്ങളേയും അപ്രകാരം തന്നെ തടുത്തു. പ്രതാപവാനായ രാമന്‍ എന്നെ ഇടത്താക്കി ചൊടിച്ച്‌ എന്റെ മാറില്‍ ഒരു ശരം വിട്ടു. അത്‌ ഏറ്റയുടനെ ഞാന്‍ തേര്‍ത്തട്ടില്‍ ഇരുന്നു പോയി. ഉടനെ ഞാന്‍ മയങ്ങി. ബോധരഹിതനായ എന്നെ സൂതന്‍ അവിടെ നിന്നു കൊണ്ടു പോയി. രാമബാണങ്ങള്‍ ഏറ്റ ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. ശരങ്ങള്‍ ഏറ്റു മോഹാലസ്യപ്പെട്ടു പിന്മാറുന്നതു കണ്ടപ്പോള്‍ രാമന്റെ ആള്‍ക്കാര്‍ അകൃതവ്രണന്‍ മുതലായവരും കാശിരാജകന്യകയും ഹര്‍ഷത്തോടെ ആര്‍ത്തു വിളിച്ചു. ആ സന്തോഷ ശബ്ദങ്ങളാല്‍ ആകാശം മാറ്റൊലിക്കൊണ്ടു. അല്പം കഴിഞ്ഞു ബോധം വന്നപ്പോള്‍ ഞാന്‍ സൂതനോടു പറഞ്ഞു: എടോ സൂതാ!! രാമന്റെ അടുത്തേക്കു തേര്‍ നടത്തുക. എന്റെ ക്ഷീണമൊക്കെ തീര്‍ന്നു. ഞാന്‍ ഇതാ സജ്ജനായിരിക്കുന്നു. ഉടനെ അശ്വങ്ങള്‍ സന്തോഷിച്ചു തുള്ളുന്ന വിധം സൂതന്‍ അവയെ രാമന്റെ നേരെ വായു വേഗത്തില്‍ ഓടിച്ചു.

പിന്നെ രാമനോട് എതിര്‍ത്തു ഞാന്‍ ബാണങ്ങള്‍ വര്‍ഷിക്കുവാന്‍ തുടങ്ങി. സംരബ്ധനായ അവനെ ജയിക്കുവാന്‍ സംരംഭത്തോടു കൂടി തന്നെ ഞാന്‍ ശരങ്ങള്‍ വര്‍ഷിച്ചു. രാമന്‍ നേരെ വരുന്ന ശരങ്ങളെയൊക്കെ ശരങ്ങള്‍ കൊണ്ടു നുറുക്കി വിട്ടു. ഞാന്‍ എയ്യുന്ന നൂറും ആയിരവും ശരങ്ങള്‍ രാമബാണമേറ്റു രണ്ടായി മുറിഞ്ഞു വീഴുവാന്‍ തുടങ്ങി. പിന്നെ ഞാന്‍ കാലനോടു തുല്യമായി ദിവ്യവും ദീപ്രവുമായ ഒരു ബാണം രാമനെ കൊല്ലുവാനായി വിട്ടു. അതു ചെന്നു തറച്ച ഉടനെ രാമന്‍ മോഹിച്ചു യുദ്ധക്കളത്തില്‍ കമിഴ്ന്നടിച്ചു വീണു. രാമന്‍ വീണതു കണ്ടതോടു. കൂടി ഹാ! ഹാ! എന്നുള്ള ആര്‍ത്തനാദം അവിടെയെങ്ങും ഉണ്ടായി. സൂര്യന്‍ ഭൂമിയില്‍ വീണാലെന്ന വിധം ലോകരൊക്കെ നടുങ്ങി പോയി. ഉടനെ അവന്റെ പാര്‍ശ്വത്തിലേക്ക്‌ എല്ലാവരും പാഞ്ഞു ചെന്നു. തപസ്വിമാരും കാശിരാജപുത്രിയും ചുറ്റും നിന്നു വിഷമിച്ചു. അവരെല്ലാവരും കൂടി അവനെ മെല്ലെ താങ്ങി വെള്ളം തളിച്ചു ജയാശിസ്സുകള്‍ നല്കി സമാശ്വസിപ്പിച്ചു. രാമന്‍ മെല്ലെ എഴുന്നേറ്റ്‌ വിഹ്വലമായ വാക്കുകള്‍ പറഞ്ഞു. "എടോ ഭീഷ്മാ! നിൽക്കുക! നിന്റെ കഥ കഴിഞ്ഞു", എന്നു പറഞ്ഞ്‌ അവന്‍ അമ്പ്‌ വില്ലില്‍ തൊടുത്തു വിട്ടു. ആ ശരം വന്ന് എന്റെ ഇടത്തു വശം തുളഞ്ഞു കയറി. ആ ശരമേറ്റ ഉടനെ മഹാവൃക്ഷം കുലുങ്ങുന്ന പോലെ ഞാന്‍ ഒന്നു കുലുങ്ങി. ശീഘ്രമായ അസ്ത്രശക്തിയാല്‍ ഭാര്‍ഗ്ഗവന്‍ അശ്വങ്ങളെ കൊന്നു വീഴത്തി. എന്നില്‍ യഥേഷ്ടം രോമഹര്‍ഷകങ്ങളായ ശരങ്ങളെ വര്‍ഷിച്ചു. ഞാനും ഉടനെ തക്കതായ ശീഘ്രാസ്ത്ര പ്രയോഗത്താല്‍ അവയെ തടുത്തു. അങ്ങനെ നിരന്തരം രണ്ടു പേരും ശരങ്ങള്‍ പ്രയോഗിച്ചപ്പോള്‍ അമ്പുകള്‍ ഞങ്ങളുടെ മദ്ധ്യത്തില്‍ പരസ്പരം രോധിച്ചു കൊണ്ടു നിന്നു. അങ്ങനെ ഞങ്ങളുടെ ശരങ്ങള്‍ കൊണ്ട്‌ ആകാശം മൂടി സുര്യന്‍ പ്രകാശിക്കുന്നില്ലെന്ന്‌ എനിക്കു തോന്നി. അമ്പുകള്‍ കൊണ്ട്‌ ആകാശം അത്രയ്ക്കു മറഞ്ഞു കാണപ്പെട്ടു. മേഘം കൊണ്ടു തടഞ്ഞ മാതിരി കാറ്റും ഇല്ലാതായി. അപ്പോള്‍ കാറ്റ്‌ ഒന്ന്‌ ഇളകുകയും സൂര്യന്‍ ശോഭിക്കുകയും ശരങ്ങള്‍ പരസ്പരം കൂട്ടി മുട്ടുകയും ചെയ്യുകയാല്‍ അഗ്നി പുറപ്പെടുകയും താനേ ഉണ്ടായ അഗ്നിയാല്‍ ശരങ്ങള്‍ കത്തിയെരിയുകയും ചെയ്തു. അവ ചാരമായി നിലത്തു ചിതറി. അപ്പോള്‍ നൂറായിരവും പിന്നെ പ്രയുതവും അര്‍ബ്ബുദവും അയുതവും ഖര്‍വ്വവും നിഖര്‍വ്വവും സംഖ്യയോളം ശരങ്ങള്‍ രാമന്‍ എന്റെ നേരെ പ്രയോഗിച്ചു. ഉടനെ അവയെയെല്ലാം ഞാന്‍ പാമ്പു പോലുള്ള ഉഗ്രശരങ്ങള്‍ കൊണ്ട്‌ അറുത്തു പര്‍വ്വതം വീഴ്ത്തുന്ന പോലെ വീഴ്ത്തി. ഇങ്ങനെ ഭയങ്കരമായ ഒരു പോരാട്ടം നടന്നു. സന്ധ്യയായപ്പോള്‍ എന്റെ ഗുരു പോരില്‍ നിന്നു പിന്മാറി.

181. രാമഭിഷ്മ യുദ്ധം - ഭീഷ്മൻ പറഞ്ഞു: പിന്നേയും ഞാന്‍ രാമനോട്‌ അതിദാരുണമായി ഏറ്റു. പിറ്റേന്നാള്‍ ബഹളമായ പോരു നടന്നു. ദിവ്യാസ്ത്രജ്ഞനായ ആ മഹാശൂരന്‍ അസഖ്യം ദിവ്യാസ്ത്രങ്ങളെ ദിവസം തോറും പ്രയോഗിച്ചു. ആ ധര്‍മ്മശീലന്‍ പ്രയോഗിച്ച സകല ദിവ്യാസ്ത്രങ്ങളും ഞാന്‍ പ്രത്യസ്ത്രം കൊണ്ടു പ്രാണന്‍ കളഞ്ഞും നശിപ്പിച്ചു. പലപാട്‌ അസ്ത്രം, അസ്ത്രം കൊണ്ടു ലയിക്കുവാന്‍ തുടങ്ങിയപ്പോള്‍ ആ തേജസ്വി പ്രാണന്‍ കളഞ്ഞും ക്രോധിച്ചു പോരാടി.

ഉടനെ രാമന്‍ ഘോരാകാരമായ വേല്‍ ചാട്ടി അകാലത്തില്‍ കത്തിജ്ജ്വലിക്കുന്ന കൊള്ളിമീന്‍ എന്ന പോലെ ഈ ലോകം മുഴുവനും പെട്ടെന്നു ദീപ്തമാക്കി. യുഗാന്ത സൂര്യന്റെ കാന്തിയോടു കൂടി അടുക്കുന്ന ആ വേല്‍ ഞാന്‍ തീക്ഷ്ണമായ ശരം കൊണ്ടു മൂന്നായി അറുത്തു ഭൂമിയില്‍ വീഴ്ത്തി. ഉടനെ പുണ്യമായ ഗന്ധം വഹിച്ചു കുളുര്‍ മാരുതന്‍ വീശി. ആ വേല്‍ മൂന്നായി മുറിഞ്ഞു ചിന്നിയപ്പോള്‍ രാമന്‍ ഉഗ്രമായ പന്ത്രണ്ടു ശക്തി പ്രയോഗിച്ചു. അവയുടെ രൂപം ഇന്നവിധത്തിൽ ആണെന്നു പറയുവാന്‍ തന്നെ ഞെരുക്കം. അത്ര തേജസ്സും ലാഘവവും അതിന് ഉണ്ടായിരുന്നു. ഞാന്‍ അതു കണ്ടപ്പോള്‍ പരിഭ്രമിച്ചു പോയി. ദിക്കെങ്ങും കൊള്ളിമീന്‍ എന്ന പോലെ പല മട്ടില്‍ അഗ്നി പ്രകാശം പരത്തി. ലോകക്ഷയത്തില്‍ ദ്വാദശാര്‍ക്കന്മാര്‍ ഉദിച്ച മട്ടില്‍ ഉജ്ജ്വലിച്ചു.. ഉടനെ ഞാന്‍ ദൃഢമായി നോക്കി നിന്നു ശരജാലങ്ങള്‍ വിട്ടു. ആ പന്ത്രണ്ടു വേലും തുലച്ചു വിട്ടു. അപ്പോള്‍ മഹാത്മാവായ ജാമദഗ്ന്യന്‍ പൊന്നണിഞ്ഞ ഉഗ്രമായ വേലുകള്‍ വിട്ടു. വിചിത്രമായ അവയും ജ്വലിക്കുന്ന ഉല്‍ക്കകള്‍ പോലെ പ്രശോഭിച്ചു. അതൊക്കെ ഞാന്‍ പരിച കൊണ്ടു തടുത്തു വാൾ കൊണ്ടു വെട്ടി വീത്തി. പിന്നെ ദിവ്യമായ അസ്ത്രങ്ങള്‍ രാമന്റെ ദിവ്യാശ്വങ്ങളുടെ ദേഹത്തിലും സൂതന്റെ മെയ്യിലും പ്രയോഗിച്ചു. തോല്‍ ഊരിയ പാമ്പു പോലെയുള്ള വിചിത്രമായ വേലൊക്കെ ഞാന്‍ അറുത്തു തള്ളിയതായി കണ്ടപ്പോള്‍ മഹാത്മാവായ ആ ഹേഹയാധീശ ശത്രു എന്റെ നേരെ ക്രോധത്തോടു കൂടി ദിവ്യാസ്ത്രം അയച്ചു. ഇയ്യാം പാറ്റക്കൂട്ടം എന്ന പോലെ ശരജാലങ്ങള്‍ പുറപ്പെട്ട്‌ അവന്റെ ദേഹം, അശ്വങ്ങള്‍, സൂതന്‍ ഇവയൊക്കെ മൂടി. ശരങ്ങള്‍ വന്നു കൊണ്ടപ്പോള്‍ എന്റെ തേരും കുതിരകളും സാരഥിയും നുകവും രഥത്തിന്റെ ഈഷ, അക്ഷം, ചക്രം എന്നിവയുമൊക്കെ അറ്റു പോയി.

ആ ബാണവര്‍ഷം നിന്നതിന് ശേഷം ഞാന്‍ ഗുരുവിന്റെ ബാണവര്‍ഷത്തെ എതിര്‍ത്ത്‌ ഒരു ബാണവര്‍ഷം ഞാനും പൊഴിച്ചു. എന്റെ ശരങ്ങളേറ്റു ദേഹം മുറിപ്പെട്ട ആ ബ്രഹ്മരാശി നില്‍ക്കാത്ത രക്തപ്രവാഹത്തില്‍ മുഴുകി.

രാമന്‍ ഇത്തരത്തില്‍ ബാണമേറ്റു തപിക്കുകയും, ഞാനും ധാരാളം ശരങ്ങള്‍ ഏറ്റു കുഴങ്ങുകയും ചെയ്യുകയാല്‍ ഞങ്ങള്‍ അന്നത്തെ യുദ്ധം നിര്‍ത്തി. അസ്താദ്രിയില്‍ സൂര്യദേവന്‍ ഗമിക്കുകയും ചെയ്തു.

182. രാമഭീഷ്മ യുദ്ധം - ഭീഷ്മൻ പറഞ്ഞു: പിന്നെ പുലര്‍ച്ചയായപ്പോള്‍, സൂര്യന്‍ പ്രകാശം ചൊരിയുവാന്‍ തുടങ്ങിയ സമയത്തു വീണ്ടും യുദ്ധം തുടങ്ങി. ആയോഗ്രണിയായ രാമന്‍ ആകാശമണ്ഡലത്തില്‍ ഉയര്‍ന്നു കുന്നില്‍ മേഘം വര്‍ഷിക്കുന്ന വിധം യുദ്ധം തുടര്‍ന്നു. എന്റെ ഇഷ്ടനായ സൂതന്‍ ശരവര്‍ഷം ഏൽക്കുകയാല്‍ തേര്‍ത്തട്ടു വിട്ട്‌ ഓടിക്കളഞ്ഞു. അപ്പോള്‍ എന്റെ ഹൃദയം കിടിലം കൊണ്ട്‌ എന്റെ സൂതന്‍ അത്യധികം ദുഃഖിച്ച്‌ അമ്പേറ്റു ഭൂമിയില്‍ വീണു മോഹാലസ്യപ്പെട്ടു. രാമബാണാര്‍ത്തനായ സൂതന്‍ അതോടു കൂടി മൃതിയടയുകയും ചെയ്തു. ഒരു മുഹൂർത്തം കൊണ്ടു ഞാനും ഭയപ്പെട്ടു പോയി. ആ സൂതന്‍ മരിച്ച സമയം ശരം വര്‍ഷിച്ചു കൊണ്ടു നിൽക്കുന്ന ഞാന്‍ നോക്കാതെ നിൽക്കുമ്പോള്‍ രാമന്‍ മൃത്യുസമമായ ശരം എന്റെ നേരെ എയ്തു. ആ ശരം എന്റെ കൈകളുടെ നടുവില്‍ ഏറ്റു ഞാനും ആ ശരവും ഒപ്പം ഭൂമിയില്‍ പതിച്ചു. ഞാന്‍ മരിച്ചു പോയെന്നു വിചാരിച്ച്‌ രാമന്‍ ഹര്‍ഷത്തോടെ മേഘം അലറുന്ന മാതിരി ഉച്ചത്തില്‍ അലറി. രാമന്റെ കൂട്ടുകാരും ഹര്‍ഷാരവും മുഴക്കി. അപ്പോള്‍ എന്റെ കുടെ വന്നു നിൽക്കുന്നവരായ കൗരവന്മാരും യുദ്ധം കാണുവാന്‍ വന്നു നിൽക്കുന്ന മഹാജനങ്ങളും ഞാന്‍ വീണതു കണ്ടു വല്ലാതെ വൃസനിച്ചു.

ഞാന്‍ വീണ ഉടനെ സൂര്യാഗ്നി തുല്യന്മാരായ എട്ടു വിപ്രന്മാര്‍ എന്നെ ചുറ്റി കൈ കൊണ്ടു താങ്ങി ആ യുദ്ധക്കളത്തില്‍ നിൽക്കുന്നതായി ഞാന്‍ കണ്ടു.

ആ വിപ്രന്മാര്‍ സംരക്ഷിക്കുന്ന ഞാന്‍ ഭൂമി തൊടാതെയാണു നിൽക്കുന്നത്‌. ബന്ധുക്കളെ പോലെ അവര്‍ എന്നെ ആകാശത്തില്‍ ഏന്തി നിന്നു. ശ്വസിക്കുന്ന വിധം ആകാശത്തില്‍ അംബുശീകരങ്ങള്‍ ഏറ്റു ഞാന്‍ നിൽക്കെ ആ വിപ്രന്മാര്‍ എന്നെ താങ്ങി നിന്നു കൊണ്ടു പറഞ്ഞു; "ഭവാന്‍ ഭയപ്പെടേണ്ട. സ്വസ്തി ഭവിക്കട്ടെ!", എന്നു വീണ്ടും പറഞ്ഞു. അവര്‍ പറയുന്ന വാക്കു കേട്ടു തൃപ്തിയോടു കൂടി എഴുന്നേറ്റു തേരില്‍ ഇരിക്കുമ്പോള്‍ സരില്‍പ്രവരയായ അമ്മയെ ഞാന്‍ കണ്ടു.

എന്റെ അമ്മ പടയില്‍ എന്റെ ഹയങ്ങളേയും പിടിച്ചിരുന്നു. ഉടനെ അമ്മയോടൊപ്പം ഞാന്‍ എന്റെ പിതാവിനേയും കണ്ടു.

ഞാന്‍ എന്റെ മാതാപിതാക്കന്മാരുടെ പാദങ്ങളില്‍ നമസ്കരിച്ചു തേരില്‍ വീണ്ടും കയറി.

അമ്മ തേരും അശ്വവും ഉപസ്കരവും ഒത്ത എന്നെ രക്ഷിച്ചു. ഞാന്‍ വീണ്ടും അമ്മയെ കൈതൊഴുതു വിട്ടയച്ചു. പിന്നെ ഞാന്‍ തന്നെ വായുവേഗങ്ങളായ കുതിരകളെ നടത്തി. പകല്‍ ഏറെ ചെന്ന ആ സമയത്ത്‌ ജാമദഗ്ന്യനുമായി പൊരുതി. ഹേ. ദുര്യോധനാ! അപ്പോള്‍ ഞാന്‍ വേഗവും ശക്തിയും കൂടിയ ശരങ്ങള്‍ രാമന്റെ ഹൃദയം കീറിപ്പിളര്‍ക്കുമാറു വിട്ടു. ആ ശരം ഏറ്റ ഉടനെ രാമന്‍ വില്ലും വിട്ടു മുട്ടുകുത്തി ബോധം കെട്ടു നിലത്തു വീണു. ഉദാരനായ രാമന്‍ ഭൂമിയില്‍ വീണപ്പോള്‍ എല്ലായിടത്തും ഭയങ്കരമായ കാറ്റു വീശുകയും ആകാശത്തു നിന്നു രക്തം വര്‍ഷിക്കുകയും ചെയ്തു. ഇടിയും മിന്നലും ഉണ്ടാവുകയും കൊള്ളിമീന്‍ ചാടുകയും ചെയ്തു. ഉടനെ ദീപ്തനായ അര്‍ക്കനെ ചെന്നു രാഹു ഗ്രസിച്ചു. കൊടുങ്കാറ്റു രൂക്ഷമായി അടിക്കുകയും ധരാതലം നടുങ്ങുകയും ചെയ്തു. വലിയ രസത്തോടെ കഴുക്കളും കങ്കങ്ങളും വലാകകളും അവിടെ ചുറ്റിപ്പറന്നെത്തി. ദിക്കുകള്‍ കത്തിക്കാളി. അവിടെ നിന്നു കുറുക്കന്മാര്‍ ഓരിയിട്ടു. അടിക്കാതെ തന്നെ പെരുമ്പറകള്‍ പടുഘോഷങ്ങളുണ്ടാക്കി. ഇങ്ങനെ ഭീഷണമായ ഉല്‍പ്പാതങ്ങള്‍ മഹാത്മാവായ രാമന്‍ മോഹിച്ചു ഭൂമിയില്‍ പതിച്ചപ്പോള്‍ ഉണ്ടായി.

ഉടനെ തന്നെ രാമന്‍ പിടഞ്ഞെഴുന്നേറ്റ്‌ എന്നോട്‌ എതിര്‍ത്തു. അവന്‍ വല്ലാതെ ക്രോധം കൊണ്ട്‌ ആ സമയത്തു മൂര്‍ച്ഛിച്ചിരിക്കുന്നതായി ഞാന്‍ കണ്ടു. കോപം പൂണ്ട മഹാഭുജനായ ഭാര്‍ഗ്ഗവന്‍ ശക്തി കൂടി യ ഒരു ശരം കയ്യിലെടുത്ത്‌ എന്റെ നേരെ പ്രയോഗിക്കുവാന്‍ ഭാവിക്കുമ്പോള്‍ പെട്ടെന്നു കനിവേറിയ മഹര്‍ഷിമാര്‍ കാലാനലോഗ്രമായ ആ ബാണത്തെ അരുത്‌ എന്നു പറഞ്ഞു തടഞ്ഞപ്പോള്‍ ഭാര്‍ഗ്ഗവന്‍ ആ ശരത്തെ പിന്‍വലിച്ചു.

സൂര്യന്‍ ഏറ്റവും മനോഹരമായ മരീചി മണ്ഡലത്തോടു കൂടി നിഗൂഢമായി ധൂളികള്‍ക്കുള്ളില്‍ അസ്തമിച്ചു. കുളുര്‍ കാറ്റടിക്കുന്ന രാത്രി വന്നു ചേര്‍ന്നു. ഉടനെ ഞങ്ങള്‍ രണ്ടുപേരും യുദ്ധം നിര്‍ത്തി.

ഇപ്രകാരം അന്നു പുലര്‍ന്നപ്പോള്‍ ആ ഘോരമായ യുദ്ധം അവസാനിച്ചു. ഇരുപത്തി മൂന്നു ദിവസം യുദ്ധം നടന്നു.

183. രാമഭീഷ്മ യുദ്ധം - ഭീഷ്മൻ പറഞ്ഞു: ഹേ, രാജേന്ദ്രാ! പിന്നെ രാത്രിയായപ്പോള്‍ ഞാന്‍ ശിരസ്സു കൊണ്ടു ബ്രാഹ്മണരേയും പിതൃക്കളേയും എല്ലാ ദേവന്മാരേയും നക്തഞ്ചരനിരകളേയും നമിച്ചു. തനിച്ചു മെത്തയില്‍ കയറിക്കിടന്നു വിചാരിച്ചു: ജാമദഗ്ന്യനോടു ഞാന്‍ ചെയ്തു വരുന്ന ഈ യുദ്ധം ഭയങ്കരം തന്നെ! വളരെ ദിവസങ്ങളായല്ലോ നടക്കുന്നു. ഇതിന്ന്‌ ഈ നിലയ്ക്ക്‌ ഒരു അന്ത്യവും കാണുന്നില്ല. ശക്തനായ ജാമദഗ്ന്യനെ പോരില്‍ ജയിക്കുവാന്‍ ഞാന്‍ ശക്തനല്ലെന്നാണു വന്നിരിക്കുന്നത്‌. പ്രതാപിയായ ജാമദഗ്ന്യനെ ഖെല്ലുവാന്‍ ഞാന്‍ ശക്തനാണെങ്കില്‍ ദൈവതങ്ങള്‍ ഇന്നു രാത്രി എനിക്കു കാണുമാറാകണം! ഇങ്ങനെ ഞാന്‍ വലത്തോട്ടു തിരിഞ്ഞു കിടന്നുറങ്ങി. തേര്‍ത്തട്ടില്‍ നിന്നു ഞാന്‍ വീണപ്പോള്‍ താങ്ങിപ്പിടിച്ചവരും, എന്നോടു ഭയപ്പെടേണ്ടെന്നു പറഞ്ഞവരുമായ ആ ബ്രാഹ്മണര്‍ പ്രഭാതത്തില്‍ നിദ്രയില്‍ എന്റെ മുമ്പില്‍ വന്നു. അവര്‍ എന്റെ ചുറ്റുമായി നിന്നു പറഞ്ഞ വര്‍ത്തമാനം നീ കേള്‍ക്കു; "ഹേ ഗാംഗേയാ, എഴുന്നേല്‍ക്കൂ! ഭയപ്പെടേണ്ട. ഞങ്ങള്‍ നിന്നെ രക്ഷിച്ചു. ഞങ്ങളുടെ ഉടലാണു നീ. നിന്നെ ഒരിക്കലും പോരില്‍ ജാമദഗ്ന്യന്‍ ജയിക്കുകയില്ല. നീ രാമനെ പോരില്‍ ജയിക്കും. ഇഷ്ടമായ ഈ ദിവ്യാസ്ത്രം നീ പോരു നടക്കുമ്പോള്‍ ഓര്‍ക്കുന്നതാണ്‌. ഇതു നിനക്കു മുജ്ജന്മത്തില്‍ അറിവുള്ളതാണ്‌. പ്രജാപതൃവും വിശ്വകൃതവുമായ "പ്രസ്വാപം" എന്ന അസ്ത്രമാണ്‌ ഇത്‌. ഈ ദിവ്യാസ്ത്രങ്ങള്‍ രാമന്ന്‌ അറിയുകയില്ല. രാമന്ന്‌ എന്നല്ല ലോകത്തില്‍ മറ്റാര്‍ക്കും അറിയുകയില്ല. ഭരതര്‍ഷഭാ!! അതു നീ ഓര്‍ക്കണം; ഉടനെ തൊടുക്കുകയും വേണം. എന്നാൽ എല്ലാം നിനക്ക്‌ അധീനമാകും. അതു കൊണ്ടു വീര്യവാന്മാരെ ഒക്കെ ഭവാനു വെല്ലുവാന്‍ കഴിയും. ആ മഹാസ്ത്രം കൊണ്ടു രാമന്‍ നശിക്കുകയില്ല; നിനക്കാണെങ്കില്‍ യാതൊരു ദോഷവും ഉണ്ടാവുകയില്ല. നിന്റെ ബാണത്തിന്റെ ബലം കൊണ്ടു ജാമദഗ്ന്യന്‍ ഉറങ്ങിപ്പോകും. ഉടനെ അവനെ ജയിച്ചു സംബോധനാഖ്യാന പ്രിയാസ്ത്രം കൊണ്ടു യുദ്ധത്തില്‍ അവനെ എഴുന്നേൽപ്പിക്കണം. നീ പുലര്‍ച്ചയ്ക്കു തേരില്‍ കയറി ഇപ്രകാരം ചെയ്തു കൊള്ളുക. ഉറങ്ങിയവനും ചത്തവനും ശരിയാണെന്നു നാം ഓര്‍ക്കുന്നു. രാമന്‍ ഒരുകാലത്തും മരിക്കുവാന്‍ വയ്യ. അതു കൊണ്ട്‌ നീ തക്കതായ പ്രസ്വാപാസ്ത്രം അയയ്ക്കുക എന്നു പറഞ്ഞ്‌ ആ വിപ്രവരന്മാര്‍ മറഞ്ഞു. ഇവര്‍ എട്ടുപേരും തുല്യരൂപന്മാരും കാന്തിശാലികളുമായിരുന്നു.

184. രാമഭീഷ്മ യുദ്ധം - അന്യോന്യ ബ്രഹ്മാസ്ത്ര പ്രയോഗം - ഭീഷ്മൻ പറഞ്ഞു: ദുര്യോധനാ! പിന്നെ രാത്രി കഴിഞ്ഞപ്പോള്‍ ഞാന്‍ ഉണര്‍ന്നു. സ്വപ്നവൃത്താന്തം ആലോചിച്ച്‌ എനിക്കു വളരെ സന്തോഷം തോന്നി. എന്റെ വിഷാദമൊക്കെ നീങ്ങി. പിന്നീട്‌ ഭയങ്കരമായ യുദ്ധം തുടങ്ങി. ആ യുദ്ധം തുമുലവും സര്‍വജീവികള്‍ക്കും രോമാഞ്ചമുണ്ടാക്കുന്നതും അത്ഭുതകരവും ആയിരുന്നു. പിന്നെ ശരവര്‍ഷം ഭാര്‍ഗ്ഗവന്‍ എന്നില്‍ ചൊരിഞ്ഞു. ഉടനെ ഞാന്‍ ആ ശരങ്ങളെ ശരജാലം കൊണ്ടു തന്നെ തടുത്തു. പിന്നെ തലേദിവസത്തെ കോപം കൊണ്ടു ദൃഢമായി ചൊടിച്ച്‌ ആ തപോധനന്‍ എന്റെ നേരെ വേല്‍ ചാട്ടി. ഇടിത്തീ പോലുള്ളതും, കാലദണ്ഡം പോലെ ഉഗ്രമായതും. പോരില്‍ തീ പോലെ എരിഞ്ഞ്‌ എല്ലായിടത്തും ലേഖനം ചെയ്തു ചുറ്റുന്നതും, ധൂമകേതു പോലെ ഉള്ളതുമായ ആ വേല്‍ എന്റെ കഴുത്തിന്റെ കീഴെല്ലില്‍ ചെന്നു തറച്ചു. ഉടനെ മലയില്‍ നിന്നു ധാതുച്ചോല ഒലിക്കുന്നതു പോലെ എന്റെ കഴുത്തില്‍ നിന്നു രക്തം പ്രവഹിക്കുവാന്‍ തുടങ്ങി. ഉടനെ ഞാന്‍ രാമനില്‍ ക്രോധത്തോടെ സര്‍പ്പവിഷ തുല്യമായ മാരക ബാണം എയ്തു. ആ ബാണം നെറ്റിത്തടത്തില്‍ തറച്ച ആ ദ്വിജസത്തമന്‍ ശൃംഗമുള്ള അദ്രി പോലെ ശോഭിച്ചു. അവന്‍ ഉടനെ തിരിഞ്ഞു കാലാന്തക സമമായ ഒരു ശരം വില്ലു കുലച്ചു തൊടുത്തു. അതു കഠോരവും ശത്രുനാശനവും ആയിരുന്നു. ചീറ്റുന്ന പാമ്പു പോലെ അതു പാഞ്ഞു വന്ന് എന്റെ മാറില്‍ കൊണ്ടു. ഉടനെ രക്തം പ്രവഹിച്ചു ഞാന്‍ നിലത്തു വീണു. വീണ്ടും സ്വബോധം വന്നപ്പോള്‍ ഞാന്‍ ധീമാനായ ജാമദഗ്ന്യനില്‍ ഇടിത്തീ പോലെ വിലസുന്ന ഒരു വേല്‍ചാട്ടി. അത്‌ ആ ദ്വിജശ്രേഷ്ഠന്റെ ബാഹുമദ്ധ്യത്തില്‍ ചെന്നു കൊണ്ടു. അവന്‍ ദേഹം വിറച്ചു തളര്‍ന്നു പോയി. സഖിയായ വിപ്രന്‍, അകൃതവ്രണന്‍, അവനെ തഴുകി ശുഭമായ വാക്കു കൊണ്ട്‌ ആശ്വസിപ്പിച്ചു. അല്പം ആശ്വസിച്ചതിന് ശേഷം ക്രോധാമര്‍ഷത്തോടെ ഭാര്‍ഗ്ഗവന്‍ ബ്രഹ്മാസ്ത്രമെടുത്ത്‌ പ്രയോഗിച്ചു. അതിനെ തടയുവാന്‍ ഉത്തമമായിട്ടുള്ളത്‌ ബ്രഹ്മാസ്ത്രം തന്നെയാണല്ലോ. ഞാന്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു. അതു പ്രളയാഗ്നി പോലെ ആളിജ്ജ്വലിച്ചു. ബ്രഹ്മാസ്ത്രം രണ്ടും ഒന്നായി കൂട്ടിമുട്ടി. അവ രണ്ടും എന്നിലും രാമനിലും എത്താതെ ഇടയ്ക്ക്‌ കൂട്ടിമുട്ടി ജ്വലിച്ചു. അപ്പോള്‍ നഭസ്സില്‍ ഭയങ്കരമായ തേജസ്സുണ്ടായി ഭൂമണ്ഡലം മുഴുവനും നടുങ്ങി. ഋഷീന്ദ്രന്മാരും ഗന്ധര്‍വന്മാരും ദേവന്മാരും അസ്ത്രത്തിന്റെ തേജസ്സാല്‍ പീഡിതരായി. കാടും മേടും പെടുന്ന ഭൂമി ആകെ ഒന്നു കുലുങ്ങി. ജീവജാലങ്ങളെല്ലാം വിഷാദിച്ചു സംഭ്രമിച്ചു. ആകാശം എരിയുവാനും, പത്തു ദിക്കും പുകയുവാനും തുടങ്ങി. ആകാശചാരികള്‍ക്ക്‌ അന്തരീക്ഷത്തില്‍ നിൽക്കുവാന്‍ കഴിയാതായി. ദേവദൈത്യാശരന്മാരോടു കൂടിയ ലോകം മുഴുവന്‍ പരിഭ്രമിച്ച്‌ ഹാ! ഹാ! എന്ന് ആർക്കുവാന്‍ തുടങ്ങി. ഇതാണു തക്കസമയമെന്നു ചിന്തിച്ചു ഞാന്‍ ഉടനെ തന്നെ, ആ ബ്രഹ്മജ്ഞന്മാര്‍ പറഞ്ഞതോര്‍ത്ത്‌, എയ്യുവാന്‍ നോക്കി. ആശ്ചര്യം തന്നെ! അപ്പോള്‍ എന്റെ ഉള്ളില്‍ അസ്തവ്രിദ്യ തെളിവായി വന്നു.

185. രാമഭീഷ്മ യുദ്ധം - ഭീഷ്മൻ പറഞ്ഞു: ഉടനെ ആകാശത്തു കളകളഘോഷം ഉണ്ടായി. ഹേ, കൗരവനന്ദനാ! ഇങ്ങനെ ഒരു ശബ്ദം ആകാശത്തു നിന്നു വന്നു: "ഹേ ഭീഷ്മാ! ഭവാന്‍ പ്രസ്വാപാസ്ത്രം വിടരുതേ!".; ഞാന്‍ പ്രസ്വാപാസ്ത്രം തൊടുക്കുകയും ചെയ്തു. ഉടനെ എന്റെ മുമ്പില്‍ നാരദന്‍ പ്രതൃക്ഷനായി: "ഹേ, കൗരവ്യാ, നീ നോക്കൂ! ആകാശത്തില്‍ ദേവകള്‍ വന്നു നിൽക്കുന്നു. അവര്‍ നിന്നെ തടുക്കുന്നു. പ്രസ്വാപാസ്ത്രം അയയ്ക്കരുതെന്ന്‌ നിന്നോടു പറയുന്നു. രാമന്‍ തപസ്വിയും ബ്രഹ്മണൃനുമാണ്‌; ബ്രാഹ്മണനാണ്‌; നിന്റെ ഗുരുവുമാണ്‌. അവന് നീ ഒരിക്കലും അവമാനം വരുത്തി വെക്കരുത്‌". ഇപ്രകാരം നാരദന്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ ആകാശത്തിലേക്കു നോക്കി. അവിടെ എന്റെ ആ എട്ടു ബ്രാഹ്മണരേയും കണ്ടു. അവര്‍ എന്നോടു മെല്ലെ പുഞ്ചിരിയോടെ പറഞ്ഞു: "ഹേ, ഭാരത ശ്രേഷ്ഠാ നാരദന്‍ പറഞ്ഞതു പോലെ ചെയ്യൂ! അതു ലോകര്‍ക്കു ശ്രേയസ്സിനാണത്രെ! അങ്ങനെ ചെയ്യുക!". ഞാന്‍ ഉടനെ പ്രസ്വാപാസ്ത്രത്തെ പിന്‍വലിച്ചു. ആ യുദ്ധത്തിന്റെ ക്രമം പോലെ ഞാന്‍ ബ്രഹ്മാസ്ത്രത്തെ ജലിപ്പിച്ചു.

ഭീഷ്മൻ പ്രസ്വാപാസ്രതം പിന്‍വലിച്ചതു കണ്ടപ്പോള്‍ രാമന്‍ ഏറ്റവും സന്തുഷ്ടനായി. "മന്ദബുദ്ധിയായ ഞാന്‍ ഭീഷ്മനാല്‍ ജിതനായി", എന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്തു ജാമദഗ്ന്യന്‍ തന്റെ അച്ഛനേയും അച്ഛന്റെ അച്ഛനേയും കണ്ടു. ചുറ്റും നിന്ന്‌ അവര്‍ അദ്ദേഹത്തോടു സാന്ത്വനപൂര്‍വ്വം പറഞ്ഞു.

പിതൃക്കള്‍ പറഞ്ഞു: ഉണ്ണീ, മേലില്‍ നീ ഇപ്രകാരം സാഹസം ചെയ്യരുത്‌. ഭീഷ്മന്റെ നേരെ സമരം, വിശേഷാല്‍ ക്ഷത്രിയന്റെ നേരെ സമരം പാടില്ല. ക്ഷത്രിയന്റെ ധര്‍മ്മമാണു യുദ്ധം. ഹേ, ഭാര്‍ഗ്ഗവാ! സ്വാദ്ധ്യായവും വ്രതവും മറ്റുമാണ്‌ ബ്രാഹ്മണരുടെ ശ്രേഷ്ഠമായ ധനം. ഈ സംഗതി മുമ്പു മറ്റൊരു കാര്യത്തില്‍ ഞങ്ങള്‍ ഭവാനോടു പറഞ്ഞിട്ടുള്ളതാണ്‌. ശസ്ത്രധാരണം അത്യുഗ്രമാണ്‌. നീ വേണ്ടാത്ത കാരൃത്തിലാണ്‌ ഇപ്പോള്‍ ഇടപെട്ടതും. അത്ര മാത്രം മതി. ഇനി ഭീഷ്മനുമായി പടയ്ക്കൊരുങ്ങരുത്‌. അതു കൊണ്ടു നീ കുഴങ്ങും. മഹാബാഹോ! രണത്തില്‍ നിന്നു പിന്മാറുക. ഇത്രയൊക്കെ മതി. നിനക്കു നന്മ വരും. നീ ഈ വില്ല്‌ എടുക്കു! ദുര്‍ദ്ധര്‍ഷ, ഈ വില്ലു വിട്ടേക്കൂ! ഭാര്‍ഗ്ഗവാ! പോയി തപസ്സു ചെയ്യുക!

എല്ലാ ദേവന്മാരും ശാന്തനവനായ ഭീഷ്മനേയും തടഞ്ഞ്‌ യുദ്ധത്തില്‍ നിന്നു പിന്മാറുകയെന്നു പറഞ്ഞു. ഗുരുവായ രാമനോടു പൊരുതരുതെനും പറഞ്ഞു: രാമനെ യുദ്ധത്തില്‍ നീ ജയിക്കുവാന്‍ വിചാരിക്കരുത്‌. ബ്രാഹ്മണന് ഈ യുദ്ധത്തില്‍ നീ മാനം ചെയ്യൂ! രാമനെ പോരില്‍ നീ ജയിക്കുവാന്‍ പാടില്ല. ഞങ്ങള്‍ നിന്റെ ഗുരുക്കന്മാരാണ്‌. അതു കൊണ്ടു നിന്നെ ഞങ്ങള്‍ തടുക്കുകയാണ്‌. ഭീഷ്മൻ വസുക്കളില്‍ ഒരുവനാണ്‌. ഭാഗ്യത്താല്‍ ഉണ്ണീ, നീ ജീവിച്ചു. യശോനിധിയായ ശന്തനു പുത്രന്‍ വസുവാകുന്നു. ഭാര്‍ഗ്ഗവാ, നീ എങ്ങനെ അവനോടു ജയിക്കും? പിന്‍വലിക്കൂ യുദ്ധം! ഇപ്പോള്‍ ഭീഷ്മന്റെ കാലം അവസാനിക്കാറായിട്ടില്ല. പാണ്ഡവശ്രേഷ്ഠനും ശക്തനും ശക്ര നന്ദനനുമായി പ്രജാപതി, നരനായ സനാതനപൂര്‍വ്വ ദേവന്‍ മൂന്നു പാരിലും സവൃസാചിയെന്നു പേര്‍കേട്ട പോരാളിയായി ജനിക്കും. വീരൃവാനും സ്വയം ഭൂകല്പിതനുമായ അവന്‍ യഥാകാലം പിറക്കും. അവന്‍ ഭീഷ്മന്റെ അന്തകനായി ഭവിക്കും. നീ ഇപ്പോള്‍ പരിശ്രമിച്ചിട്ട് യാതൊരു ഫലവും കിട്ടുവാന്‍ പോകുന്നില്ല.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പിതൃക്കള്‍ പറഞ്ഞപ്പോള്‍ രാമന്‍ അവരോടു പറഞ്ഞു: പോരില്‍ ഞാന്‍ പിന്‍വലിക്കുന്നതല്ലെന്ന്‌ എനിക്ക്‌ ഒരു മഹാവ്രതമുണ്ട്‌. ഞാന്‍ ഒരിക്കലും പടത്തലയ്ക്കല്‍ നിന്നു പിന്മാറാത്തവനാണ്‌. പിതൃക്കളേ, നിങ്ങള്‍ ഗാംഗേയനെ പിന്തിരിപ്പിക്കുവിന്‍. ഈ മഹായുദ്ധത്തില്‍ നിന്ന്‌ ഞാന്‍ ഒരിക്കലും പിന്‍മാറുന്ന പ്രശ്നമേയില്ല. പിന്നെ ഋചീകന്‍ മുതലായ താപസന്മാര്‍ നാരദനോടു കൂടെ എന്റെ അടുത്തേക്കു വന്നു; "ഉണ്ണീ, പോരില്‍ നിന്ന്‌ ഒഴിക്കൂ! ദ്വിജമുഖ്യനെ മാനിക്കൂ!".;

ഇപ്രകാരം പറയുന്ന അവരോടു ഞാന്‍ ക്ഷത്രധര്‍മ്മ വ്യവസ്ഥ അനുസരിച്ച്‌ ഇപ്രകാരം പറഞ്ഞു: "പോരില്‍ ഞാന്‍ മുഖം തിരിച്ചു പിന്നില്‍ നിന്ന്‌ അമ്പേറ്റ്‌ ഒഴിക്കുന്ന വിധം ഒരിക്കലും കഴിക്കുകയില്ല. ലോഭം, കാര്‍പ്പണ്യം, ഭയം, ദുര ഇവയാല്‍ ഞാന്‍ ശാശ്വതമായ ധര്‍മ്മം വിടുകയില്ല. ഇത്‌ എന്റെ വ്രതമാണ്‌". ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ആ മഹര്‍ഷിമാരെല്ലാവരും എന്റെ അമ്മയായ ഭാഗീരഥിയോടു കൂടി പോര്‍ക്കളത്തില്‍ ഇറങ്ങി നിന്നു. ഞാന്‍ ദൃഢനിശ്ചയത്തോടു കൂടി വില്ലും അമ്പും ധരിച്ച്‌ യുദ്ധസന്നദ്ധനായി നിന്നു. അപ്പോള്‍ യുദ്ധസന്നദ്ധനായ ഭാര്‍ഗ്ഗവനോട് അവര്‍ എല്ലാവരും കൂടി ഇപ്രകാരം പറഞ്ഞു: "വിപ്രന്മാരുടെ ഹൃദയം വെണ്ണയാണ്‌. ഹേ രാമാ, ഭൃഗുനന്ദനാ, ശമിക്കൂ! ദ്വിജോത്തമ, ഭവാന്‍ യുദ്ധം നിറുത്തി മടങ്ങുക!". എന്നു പറഞ്ഞ്‌ അവര്‍ ഏകോപിച്ച്‌ ഭാര്‍ഗ്ഗവനെ തടഞ്ഞു. അങ്ങനെ പിതൃക്കള്‍ ഭാര്‍ഗ്ഗവനെ കൊണ്ടു ശസ്ത്രം വെപ്പിച്ചു. പിന്നെയും ഞാന്‍ ആ എട്ടു ബ്രാഹ്മണരെ ഉദിച്ചു പൊങ്ങുന്ന അഷ്ടഗ്രഹങ്ങള്‍ പോലെ ശോഭ വീശുന്നവരായി ദര്‍ശിച്ചു. ഞാന്‍ യുദ്ധത്തിന് തന്നെ മുതിര്‍ന്നു നിൽക്കുന്നതായി കണ്ട്‌ അവര്‍ എന്നോടു സസ്നേഹം പറഞ്ഞു:

മഹാബാഹോ ഭവാന്‍ ലോകഹിതത്തിന് വേണ്ടി ഗുരുവായ രാമന്റെ സമീപത്തേക്കു ചെല്ലു. രാമന്‍ തിരിച്ചു പോയതു കണ്ട്‌ ബന്ധുജനങ്ങളുടെ വാക്കു പ്രകാരം ലോകങ്ങളുടെ ഹിതം നോക്കി ആ വാക്കിനെ കൈക്കൊണ്ട്‌ മുറിവേറ്റ ഞാന്‍ രാമന്റെ മുമ്പില്‍ ചെന്നു വന്ദിച്ചു. തപോനിധിയായ രാമന്‍ ചിരിച്ച്‌ പ്രേമത്തോടെ ഇപ്രകാരം പറഞ്ഞു: "നിന്നെ പോലെ ഈ ലോകത്തില്‍ ഭൂമിവാഴുന്ന ക്ഷത്രിയന്മാര്‍ ഇല്ല. ഭീഷ്മാ! നീ പോയാലും! പോരില്‍ നീ എന്നെ സന്തുഷ്ടനാക്കി. പിന്നെ ഭാര്‍ഗ്ഗവന്‍ ആ കന്യകയെ എന്റെ മുമ്പിലേക്കു വിളിച്ച്‌ ആ മഹാത്മാക്കളുടെ നടുവില്‍ വെച്ച്‌ ദിനമായ വാക്കുകളാല്‍ ഇപ്രകാരം പറഞ്ഞു".

186. അംബയുടെ തപസ്സ്‌ - രാമന്‍ പറഞ്ഞു: ലോകങ്ങളൊക്കെ പ്രതൃക്ഷമായി, വ്യക്തമായി കാണുമാറ്‌ ഞാന്‍ യഥാശക്തി പൗരുഷത്തോടു കൂടി യുദ്ധം ചെയ്തു. ശസ്ത്രജ്ഞന്മാരില്‍ മുമ്പനായ ഭീഷ്മനെ ജയിക്കുവാന്‍ ഞാന്‍ ശക്തനായില്ല. ഉത്തമാസ്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും അവനെ ജയിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. ഇതാണ്‌ എന്റെ പരമമായ ശക്തി. ഇതാണ്‌എന്റെ പരമമായ ബലം. ഭദ്രേ! നീ യഥേഷ്ടം പോയാലും. ഞാന്‍ നിനക്ക്‌ എന്തൊന്നാണു ചെയ്യേണ്ടത്‌? നീ ഭീഷ്മനെച്ചെന്ന്‌ ആശ്രയിക്കുക. വേറെ ഗതിയൊന്നും നിനക്കു ഞാന്‍ കാണുന്നില്ല.

"ഇപ്പോള്‍ മഹാസ്ത്രങ്ങള്‍ വിട്ട്‌ ഭീഷ്മൻ എന്നെ ജയിച്ചിരിക്കുന്നു" എന്നു പറഞ്ഞ്‌ മഹാശയനായ രാമന്‍ നിശ്വസിച്ചു. ഇതു കേട്ട്‌ അടങ്ങി ആ കന്യക ഭാര്‍ഗ്ഗവനോടു പറഞ്ഞു ഭഗവാനേ, "ഭവാന്‍ പറഞ്ഞ വിധം സത്യമാണ്‌ ഇക്കാര്യം. മഹാശയനായ ഭീഷ്മൻ ദേവകള്‍ക്കു കൂടി അജേയനാണ്‌. ഭവാന്‍ എന്റെ കാര്യത്തില്‍ യഥാശക്തി ഉത്സാഹം ചെയ്തു. എന്റെ കാരത്തില്‍ ഭവാന്‍ ഉപേക്ഷ കാണിച്ചില്ലെന്ന്‌ എനിക്കറിയാം. ഭവാനു. പോരില്‍ വീര്യം അവാര്യമാണെങ്കിലും. പലമട്ട് അസ്ത്രജാലങ്ങൾ ഉണ്ടെങ്കിലും, പോരില്‍ മെച്ചമെടുക്കുവാന്‍ പറ്റുകയില്ലെന്നു ബോദ്ധ്യമായി. ഞാന്‍ ഈ ഭീഷ്മന്റെ അരികില്‍ പോയി ഒരിക്കലും ഇരക്കുവാന്‍ വിചാരിക്കുന്നില്ല. പോരില്‍ ഭീഷ്മനെ ഞാന്‍ തന്നെ വീഴ്ത്തും. അതിന്ന്‌ എവിടെ ചെന്ന്‌ ആശ്രയിച്ചാല്‍ സാധിക്കുമോ ഞാന്‍ അവിടേക്കു പോവുകയാണ്‌ ഭാര്‍ഗ്ഗവാ!", എന്നു പറഞ്ഞ്‌ ആ കന്യക രോഷവ്യാകുല ദൃഷ്ടിയായി എന്നെ കൊല്ലുവാനുള്ള വിചാരത്തോടു കൂടി തപസ്സു ചെയ്യുവാന്‍ പോയി. പിന്നെ രാമന്‍ മുനിമാരോടു കൂടി എന്നോടു യാത്ര പറഞ്ഞ്‌ മഹേന്ദ്ര പര്‍വ്വതത്തിലേക്കും പോയി. പിന്നെ വിപ്രന്മാരുടെ സ്തുതികള്‍ കേട്ടു കൊണ്ട്‌ ഞാന്‍ തേരില്‍ കയറി ഹസ്തിനാപുരത്തേക്കു പോന്നു. പുരിയില്‍ വന്നു സത്യവതിയെ കണ്ട്‌ നടന്ന കഥയൊക്കെ പറഞ്ഞു. അവള്‍ എന്നെ അഭിനന്ദിച്ചു.

പിന്നെ ഞാന്‍ പ്രാജ്ഞന്മാരായ ചാരന്മാരെ കന്യകയുടെ വൃത്താന്തം ഗ്രഹിക്കുവാന്‍ വിട്ടു. നാളുതോറും അവളുടെ പോക്കും വാക്കും പ്രവൃത്തിയുമൊക്കെ അറിഞ്ഞ്‌ ആ വൃത്താന്തമെല്ലാം അവര്‍ എന്നെ അറിയിച്ചു.

തപസ്സുചെയ്യുവാന്‍ ഉറച്ച്‌ ആ കന്യക കാട്ടിലേക്കു പോയി. ഇതു കേട്ടു ഞാന്‍ നടുങ്ങി. എന്റെ മനസ്സു മങ്ങി പോയി. ഉണ്ണീ ദുര്യോധനാ! വീര്യം കൊണ്ട്‌ മറ്റൊരു ക്ഷത്രിയനും എന്നെ പോരില്‍ ജയിക്കുകയില്ല. തപോവ്രതമുള്ളവനും ബ്രഹ്മജ്ഞാനികളില്‍ ശ്രേഷ്ഠനുമായവൻ ഒഴികെ ക്ഷ്രതിയന്മാര്‍ക്കാര്‍ക്കും എന്നെ ജയിക്കുവാന്‍ സാധിക്കുകയില്ല. ഈ വൃത്താന്തം ഞാന്‍ നാരദനോടും വ്യാസനോടും പറഞ്ഞു. അവര്‍ എന്നോട്‌ ഇങ്ങനെയാണ്‌ അപ്പോള്‍ പറഞ്ഞത്‌. "ഭീഷ്മാ, നീ കാശി കന്യകയെപ്പറ്റി വിഷാദിക്കേണ്ട. ദൈവത്തെ പൗരുഷം കൊണ്ടു ലംഘിക്കുന്നവനായി ആരുണ്ട്‌?".

ആ കന്യക തപോവനത്തില്‍ ചെന്ന്‌ യമുനാതടത്തില്‍ അമാനുഷമായ തപസ്സാരംഭിച്ചു. ഭക്ഷണം കൂടാതെ രൂക്ഷയും കൃശയുമായി മുടി ചെട കെട്ടി ചേറു പുരണ്ട്‌ ആറു മാസം വായു ഭക്ഷണമായി അവള്‍ തൂണു പോലെ നിന്ന്‌ കഠിനമായ തപസ്സു ചെയ്തു. പിന്നെ ഒരു സംവത്സരം യമുനാ നദിയില്‍ ഇറങ്ങി നിന്ന്‌ ആഹാരം ഇല്ലാതെ തപസ്സു ചെയ്തു. പിന്നെ ഒരു വര്‍ഷം കൊഴിഞ്ഞു വീണ ഇല ഭക്ഷിച്ച്‌ തപസ്സു ചെയ്തു. കടുകോപയായ അവള്‍ പാദാംഗുഷ്ഠം മാത്രം ഊന്നി നിന്നു തപസ്സു ചെയ്തു. ഇങ്ങനെ അവള്‍ ഭൂമിയും ദ്യോവും ചുടുന്ന വിധം പന്ത്രണ്ടു സംവത്സരം തപസ്സു ചെയ്തു. ജഞാതികള്‍ അവളെ ആ കടുത്ത തപസ്സില്‍ നിന്നു നിവര്‍ത്തിപ്പിക്കുവാന്‍ ശ്രമിച്ചിട്ടും അവള്‍ സമ്മതിച്ചില്ല. പിന്നെ അവള്‍ സിദ്ധചാരണന്മാര്‍ വസിക്കുന്ന വത്സരാജൃത്തു ചെന്നു. അവിടെ പുണൃശീലരും മഹാത്മാക്കളുമായ താപസികന്മാരുടെ ഒരാശ്രമമുണ്ട്‌. അവള്‍ അവിടെ ചെന്ന്‌ അവിടെ നിന്നു പുണൃതീര്‍ത്ഥങ്ങളിലേക്കു ചെന്ന്‌ സ്നാനം ചെയ്തു. ഇങ്ങനെ യഥാകാമം സഞ്ചരിച്ചു കാശികന്യക നാളുകള്‍ കഴിച്ചു. പിന്നെ നന്ദാശ്രമത്തിലും, പിന്നെ ശുഭമായ ഉലൂകാശ്രമത്തിലും, പിന്നെ വനാശ്രമത്തിലും, ബ്രഹ്മസ്ഥാനത്തും, പ്രയാഗയിലും, ദേവയജന ദേവാരണ്യങ്ങളിലും, ഭോഗവതിയില്‍ കൗശികന്റെ ആര്യാശ്രമത്തിലും, മാണ്ഡവ്യാശ്രമത്തിലും, ദിലീപാശ്രമത്തിലും, രാമപദത്തിലും, പൈലഗര്‍ഗ്ഗാശ്രമത്തിലും അവള്‍ യഥാകാമം ചുറ്റി. അവിടെ ചെന്നു ദേഹശുദ്ധി വരുത്തി ദുഷ്കരമായ വ്രതങ്ങള്‍ നേടി. അവളോട്‌ എന്റെ അമ്മയായ ഗംഗാദേവി പറഞ്ഞു: "ഭദ്രേ, നീ എന്തിനാണ്‌ ഇങ്ങനെ ക്ലേശിക്കുന്നത്‌? സത്യം എന്നോടു പറയൂ!". അപ്പോള്‍ അവള്‍ കൈകൂപ്പി എന്റെ അമ്മയോടു പറഞ്ഞു; "ചാരുലോചനേ, പോരില്‍ ഭീഷ്മൻ രാമനെ ജയിച്ചുവല്ലോ. അസ്ത്രമെടുത്ത അവനെ വെല്ലുവാന്‍ ഏതു മന്നവനും കഴിയും? ഞാന്‍ ഭീഷ്മവധത്തിന്നായി കടുത്ത തപസ്സു ചെയ്യുകയാണ്‌. ദേവീ ഞാന്‍ മന്നില്‍ ഇങ്ങനെ വ്രതങ്ങളെടുത്തു സഞ്ചരിക്കുന്നത്‌ ആ മന്നവനെ വധിക്കുവാനാണ്‌. ഇതാണ്‌ ഞാന്‍ വരതം കൊണ്ടുദ്ദേശിക്കുന്നത്‌. അത്‌ എനിക്കു ദേവി സാധിപ്പിക്കണം".

അപ്പോള്‍ ഗംഗാദേവി പറഞ്ഞു; ഭാമിനീ, നീ ജിഹ്മം ( ക്രമക്കേട് ) ആണു ചെയ്തത്‌. അബലേ, നിന്റെ ഈ ആഗ്രഹം സാധിക്കുക അത്രഎളുപ്പമല്ല. കാശിരാജപുത്രീ, ഭീഷ്മവധത്തിന് നീ വ്രതമെടുക്കുക യാണെങ്കില്‍ വ്രതത്തില്‍ നിന്നു തന്നെ നീ ജീവനെ തൃജിക്കും. നീ വര്‍ഷക്കാലത്തു ജലം നിറഞ്ഞ കുടിലയായ പുഴയായി തീരും. എട്ടു മാസവും വെള്ളമുള്ളതായറിയുകയില്ല. വര്‍ഷത്തില്‍ ഉഗ്രഗ്രാഹങ്ങളോടു കൂടി എല്ലാവരേയും ആ പുഴ ഭയപ്പെടുത്തുകയും ചെയ്യും. അങ്ങനെയാകും നീ. ഇങ്ങനെ എന്റെ അമ്മ അവളോടു ചിരിച്ചു കൊണ്ടു പറഞ്ഞു. അവള്‍ അതു കേട്ടു ക്ഷുഭിതയായി. പിന്നെ അവള്‍ എട്ടും പത്തും മാസം ജലപാനം പോലുമില്ലാതെ തീര്‍ത്ഥ ലോഭത്താല്‍ ആ വരവര്‍ണ്ണിനി, വത്സഭൂമിയില്‍ വീണും പാഞ്ഞും സഞ്ചരിച്ചു. അങ്ങനെ ആ കാശിരാജപുത്രി വത്സഭൂമിയില്‍ അംബ എന്ന പുഴയായി പ്രവഹിച്ചു. വര്‍ഷക്കാലത്ത്‌ ആ നദി ഉഗ്രമായ നക്രങ്ങളോടു കൂടി ഭയങ്കരിയായി വളഞ്ഞു പുളഞ്ഞ്‌ ദുര്‍ജ്ജല പൂര്‍ണ്ണയായി ഒഴുകുവാന്‍ തുടങ്ങി. അവള്‍ അങ്ങനെ തന്റെ തപസ്സിന്റെ ഫലമായി ദേഹത്തിന്റെ അര്‍ദ്ധഭാഗം കൊണ്ട്‌ വത്സരാജ്യത്തു പുഴയായും മറ്റേ അര്‍ദ്ധഭാഗം കൊണ്ട്‌ കന്യകയായും ജനിച്ചു.

187. അംബ അഗ്നിയില്‍ പ്രവേശിക്കുന്നു - ഭീഷ്മൻ പറഞ്ഞു: പിന്നേയും തപസ്സിന്നു തന്നെ തിര്‍ച്ചപ്പെടുത്തിയ അവളെ താപസന്മാര്‍ തടഞ്ഞു കൊണ്ട്‌ എന്തു കാര്യത്തിനാണ്‌ ഈ തപസ്സസ്സെന്നു ചോദിച്ചു. ആ വൃദ്ധരായ താപസന്മാരോട്‌ അവള്‍ മറുപടി പറഞ്ഞു: "ഭീഷ്മൻ എന്നെ ധിക്കരിച്ചു. എന്റെ പതിധര്‍മ്മത്തെയും നശിപ്പിച്ചു. വിപ്രന്മാരെ, എന്റെ തപസ്സിന്റെ ഉദ്ദേശം അവനെ കൊല്ലുക എന്നുള്ളതാണ്‌. അല്ലാതെ പരലോകശ്രയസ്സിന് വേണ്ടിയല്ല. ഭീഷ്മനെ കൊന്ന്‌ എനിക്കു ശാന്തി കൊള്ളണം എന്നാണ്‌ എന്റെ നിശ്ചയം. അവന്‍ കാരണം ഞാന്‍ നിത്യമായ ദുഃഖത്തില്‍ ആണ്ടു പോയിരിക്കുന്നു. പതിലോകഭ്രഷ്ടയായ ഞാന്‍ ആണും പെണ്ണും കെട്ടവളായി തീര്‍ന്നു. ഗാംഗേയനെ വധിക്കാതെ ഞാന്‍ പിന്മാറുകയില്ല മുനീന്ദ്രന്മാരേ! ഇതാണ്‌ എന്റെ സങ്കല്പം. എന്റെ ആഗ്രഹം ഞാന്‍ നിങ്ങളോടു പറഞ്ഞു. പെണ്ണായതില്‍ ഞാന്‍ വെറുക്കുന്നു. ഞാന്‍ ആണാകുവാനാണ്‌ ആഗ്രഹിക്കുന്നത്‌. അങ്ങനെ ആണായി ഭീഷ്മനില്‍ പക വീട്ടുന്നതാണ്‌ ഞാന്‍. എന്നെ നിങ്ങള്‍ തടയരുത്‌. അങ്ങനെ അവള്‍ തപസ്സ് ആരംഭിച്ചപ്പോള്‍ ശൂലപാണി ആ തപോധനന്മാരുടെ മദ്ധ്യത്തില്‍ അവളുടെ മുമ്പില്‍ സ്വന്തം രൂപത്തില്‍ പ്രതൃക്ഷപ്പെട്ടു. "കന്യേ, ഞാന്‍ പ്രസാദിക്കുന്നു. വരം ആവശ്യപ്പെട്ടുകൊള്ളുക", എന്നു ശൂലപാണി പറഞ്ഞപ്പോള്‍, എനിക്കു ഭീഷ്മനെ ഹനിക്കണം എന്ന് അവള്‍ വരം ചോദിച്ചു. "നീ ഭീഷ്മനെ ഹനിക്കും" എന്ന് ഈശ്വരന്‍ അവളോടു പറഞ്ഞു. ആ കന്യക രുദ്രനോടു പിന്നെയും ചോദിച്ചു: "പെണ്ണായ എനിക്ക്‌ ഹേ, ദേവ, യുദ്ധത്തിൽ എങ്ങനെ ജയം സിദ്ധിക്കും? സ്ത്രീയായതു കൊണ്ട്‌ ഉമാപതേ. എന്റെ മനസ്സു ശാന്തമല്ലേ? അങ്ങനെയുള്ള ഞാന്‍ എങ്ങനെ ഭീഷ്മനെ കൊല്ലും? ഭൂതേശനായ ഭവാന്‍ ഏറ്റു പറയുകയും ചെയ്തു ഞാന്‍ ഭീഷ്മനെ കൊല്ലുമെന്ന്‌. അതു സത്യമാകുമാറ്‌ ഹേ, വൃഷഭദ്വജാ! വേണ്ടതു ചെയ്തു തന്നാലും. പോരില്‍ ഏൽക്കുന്ന ആ ശാന്തനവനെ എനിക്കു കൊല്ലണം!".

ഇപ്രകാരം ആ കന്യക പറഞ്ഞപ്പോള്‍ വൃഷഭധ്വജനായ മഹാദേവന്‍ പറഞ്ഞു. "എന്റെ വാക്ക്‌ ഒരിക്കലും വെറുതെ ആവുകയില്ല ഭദ്രേ! ഞാന്‍ പറഞ്ഞത്‌ സത്യമാകും. പോരില്‍ നീ ഭീഷ്മനെ വധിക്കും. നിനക്കു പുരുഷത്വം ലഭിക്കുകയും ചെയ്യും. ദേഹാന്തരത്തെ നീ പ്രാപിച്ചാലും. ഈ കാര്യങ്ങളൊക്കെ നിന്റെ ഓര്‍മ്മയില്‍ ഉണ്ടാവുകയും ചെയ്യും. ദ്രുപദാന്വയത്തില്‍ ജനിക്കുന്ന നീ മഹാരഥനായി തീരുന്നതാണ്‌. ആ മഹാരഥന്‍ ശീരാസ്ത്രനായും ചിത്രയോധിയായും ബഹുസമ്മതനായും ഭവിക്കും. ഒട്ടുകാലം കഴിഞ്ഞതിന് ശേഷം നീ ആണായി തീരും", എന്നു പറഞ്ഞ്‌ മഹാദേവനായ കപര്‍ദ്ദി, വൃഷഭദ്വജ ഭഗവാന്‍ , വിപ്രന്മാര്‍ കാണ്കെ മറഞ്ഞു പോയി. അനിന്ദിതയായ അവള്‍ ആ മാമുനി ശ്രേഷ്ഠന്മാര്‍ കണ്ടുനില്ക്കെ തന്നെ കാട്ടില്‍ പോയി വിറകു കൊണ്ടു വന്നു കൂട്ടി വലിയ ഒരു ചുടലയുണ്ടാക്കി, അതില്‍ തീ കൊളുത്തി. തീ കത്തുന്ന സമയത്ത്‌, ദുര്യോധനാ! തീക്ഷ്ണമായ കോപത്തോടെ ഭീഷ്മ ഹിംസയ്ക്കായി എന്നു പറഞ്ഞ്‌ അഗ്നിയില്‍ ചാടി. അങ്ങനെ യമുനാ തീരത്തില്‍ സ്വയം ചുടല കൂട്ടി അതില്‍ച്ചാടി കാശിരാജ പുത്രിയായ അംബ ആത്മഹത്യ ചെയ്തു.

188. ശിഖണ്ഡിയുടെ ഉത്പത്തി - ദുര്യോധനന്‍ പറഞ്ഞു; ഗംഗാപൂത്രാ, പിതാമഹാ! എങ്ങനെയാണ്‌ കന്യയായ ശിഖണ്ഡി പിന്നെ ആണായി തീര്‍ന്നത്‌? അത്‌ എന്നോടു വിശദമായിപറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ഹേ, രാജാവേ, ദ്രുപദ രാജാവിന്റെ ഇഷ്ടമഹിഷി അപുത്രയായി തീര്‍ന്നു. അവള്‍ ഒന്നു പ്രസവിച്ചു കാണുവാന്‍ ദ്രുപദ രാജാവു മഹേശനെ പ്രസാദിപ്പിച്ചു. എന്നെ കൊല്ലുന്നതിന് വേണ്ടിയാണ്‌ അദ്ദേഹം തപസ്സു ചെയ്തത്‌. ശിവന്‍ അവന്റെ മുമ്പില്‍ പ്രതൃക്ഷനായി. ദ്രുപദന്‍ പറഞ്ഞു; "ഭഗവാനേ, ഭീഷ്മവധത്തിന്നായി ഒരു പുത്രനുണ്ടാകേണം എന്ന്‌ ഇച്ഛിക്കുന്നു. കന്യയാകാതെ പുത്രന്‍ തന്നെ ഉണ്ടാകേണമേ!". ദ്രുപദന്റെ അപേക്ഷ കേട്ടു മഹേശ്വരന്‍ പറഞ്ഞു: "രാജാവേ, നിനക്ക്‌ ഒരു സ്ത്രീപുമാന്‍ ഉണ്ടാകും. ഭവാന്‍ പോയാലും! ഞാന്‍ പറഞ്ഞതു മറിച്ചു വരികയില്ല. രാജാവു ദുഃഖിതനായി നഗരത്തിലേക്കു മടങ്ങി. അന്തഃപുരത്തില്‍ കടന്ന്‌ തന്റെ ഭാര്യയോടു പറഞ്ഞു: ഞാന്‍ നന്നേ പ്രയത്നിച്ച്‌ മഹാദേവനെ പ്രത്യക്ഷനാക്കി. മഹാദേവന്‍ എന്നോടു പറഞ്ഞു: കന്യകയായ ഒരു പുരുഷന്‍ നിനക്കുണ്ടാകട്ടെ! ഞാന്‍ ഈ അനുഗ്രഹം കേട്ടപ്പോള്‍ വീണ്ടും വീണ്ടും ചോദിച്ചു. അപ്പോള്‍ മഹേശ്വരന്‍ പറഞ്ഞു: "ഇതു യോഗമാണ്‌, വരുവാനുള്ളത്‌ മറിച്ചു വരികയില്ല".

മനസ്വിനിയായ രാജ്ഞി പിന്നെ ശ്രദ്ധയോടു കൂടി ഋതുകാലത്ത്‌ ദ്രുപദ രാജാവിനോടു ചേര്‍ന്നു. വിധി കണ്ട കര്‍മ്മപ്രകാരവും നാരദന്‍ പറഞ്ഞ വിധത്തിലും അവള്‍ ഗര്‍ഭം ധരിച്ചു. പുത്രനുണ്ടാകേണം എന്ന ആഗ്രഹത്തോടെ രാജാവു സല്ക്കര്‍മ്മങ്ങള്‍ ചെയ്തു. ദ്രുപദന്‍ ഭാര്യയെ യഥോചിതം പരിചരിച്ചു. അവള്‍ മോഹിച്ച ശുഭ കര്‍മ്മങ്ങളൊക്കെ അനുഷ്ഠിച്ചു. അങ്ങനെ രാജ്ഞി യഥാകാലം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. പുത്രനെ ആഗ്രഹിച്ചു പുത്രിയുണ്ടായപ്പോള്‍ ആ വൃത്താന്തം രഹസ്യമായി വച്ച്‌ രാജാവിന് പുത്രന്‍ ജനിച്ചതായി വിളംബരം ചെയ്തു. പിന്നെ ദ്രുപദന്‍ ആ കാര്യം ഗോപ്യമായി വച്ച്‌ പുത്രനുണ്ടായാല്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങളൊക്കെ ചെയ്യിച്ചു. ഈ രഹസ്യം ദ്രൂപദരാജന്റെ ഭാര്യയും പുറത്തു വിടാതെ സൂക്ഷിച്ചു. പ്രയത്നങ്ങള്‍ ചെയ്തു പുത്രനാണെന്നു തന്നെ എല്ലാവരേയും ധരിപ്പിച്ചു. അങ്ങനെ കുട്ടിയുടെ അച്ഛനും അമ്മയുമൊഴികെ എല്ലാവരും ആ കുട്ടി പുരുഷനാണെന്നു തന്നെ ധരിച്ചു വന്നു. തേജസ്വിയായ മഹാദേവന്റെ വാക്കില്‍ ശ്രദ്ധയോടെ മറ്റുള്ളവരില്‍ നിന്ന്‌ കുട്ടിയെ മറച്ചു വച്ച്‌ പുത്രനാണെന്ന മട്ടില്‍ ദിവസങ്ങള്‍ കഴിച്ചു. ജാതക കര്‍മ്മങ്ങളൊക്കെ ചെയ്യിപ്പിച്ചു. പുത്രന് ശിഖണ്ഡി എന്നു പേരും ഇട്ടു. ഞാന്‍ ഒരാള്‍ മാത്രം ചാരന്‍ മുഖേനയും നാരദന്റെ വാക്കു മുഖേനയും ദേവന്മാരുടെ വാക്കുകളില്‍ നിന്നുംഅംബയുടെ തപസ്സിന്റെ രഹസ്യം കാലേ തന്നെ ഗ്രഹിച്ചിരുന്നു.

189. ഹിരണ്യവര്‍മ്മ ദൂതാഗമനം - ശിഖണ്ഡി പെണ്ണാണെന്ന്‌ അറിഞ്ഞ്‌ ശ്വശുരന്‍ കോപിക്കുന്നു - ഭീഷ്മൻ പറഞ്ഞു; തന്റെ പുത്രിയായ ശിഖണ്ഡിക്കു വേണ്ടതൊക്കെ പാര്‍ഷതന്‍ പ്രയത്നത്തോടെ നിര്‍വ്വഹിച്ചു. ലേഖ്യം മുതലായവയും ശില്പവിദ്യകളുമൊക്കെ അഭൃസിപ്പിച്ചു. അമ്പ്‌, വില്ല്‌ എന്നിവയില്‍ ദ്രോണന്റെ ശിഷ്യനുമായി തീര്‍ന്നു. ശിഖണ്ഡിക്കു യുവത്വം വന്നപ്പോള്‍ പുത്രനായി വളര്‍ത്തിക്കൊണ്ടു വരുന്ന അവന് ഒരു ഭാര്യ വേണമല്ലോ എന്നു വിചാരിച്ചു രാജാവിന് ചിന്തയായി. തന്റെ ഭാര്യയുമായി കൂടിയാലോചന നടത്തി.

ദ്രുപദന്‍ പറഞ്ഞു: എന്നെ ദുഃഖിപ്പിക്കുന്ന വിധം ഈ കന്യക യൗവനയുക്ത ആയിരിക്കുന്നു. ശൂലി കല്പിക്കുക കാരണം ഇവളുടെ ആകാരം മറച്ചു വച്ചിരിക്കയാണല്ലോ?

ഭാര്യ പറഞ്ഞു: മഹാദേവന്‍ പറഞ്ഞത്‌ ഒരിക്കലും മറിച്ചു വരികയില്ല. മൂന്നു ലോകവും സൃഷ്ടിച്ച ദേവന്‍ അസത്യം പറയുകയില്ല. അതില്‍ എനിക്കു നല്ല വിശ്വാസമുണ്ട്‌. അതു കൊണ്ടു ഞാന്‍ ഒരു കാര്യം പറയാം. ഭവാന്‍ അതു ചെയ്യുക. ഇവന് വേണ്ട വിധം ഒരു വിവാഹം ഇപ്പോള്‍ നടത്തണം. മഹേശ്വരന്റെ വാക്കു വിശ്വസിച്ചു നാം അതില്‍ ഏര്‍പ്പെടുകയാണു വേണ്ടത്‌. അങ്ങനെ രാജാവും രാജ്ഞിയും അതില്‍ തീര്‍പ്പു കല്പിച്ചു. പിന്നെ ദ്രുപദ രാജാവ്‌ കുലശ്രേഷ്ഠത നോക്കി ദശാര്‍ണ്ണ രാജാവിന്റെ പുത്രിയെ ശിഖണ്ഡിയുടെ ഭാര്യയാക്കുവാന്‍ വരിച്ചു. ഹിരണൃവര്‍മ്മന്‍ എന്ന ദശാര്‍ണ്ണ രാജാവ്‌ ശിഖണ്ഡിക്കായി തന്റെ പുത്രിയെ നൽകി.

ദശാര്‍ണ്ണ രാജാവാണെങ്കില്‍ അത്യന്ത ദുര്‍ജ്ജയനാണ്‌. മഹാനായ ആ ഹിരണ്യ വര്‍മ്മന്‍ ദുര്‍ദ്ധര്‍ഷനും മഹാസേനനും മഹാശയനുമാണ്‌. വിവാഹം കഴിഞ്ഞ കാലത്ത്‌ ആ കനൃകയും ശിഖണ്ഡിയെന്ന കന്യകയും യൗവനവതികളായി. ശിഖണ്ഡി ഭാര്യയോടു കൂടി കാമ്പില്യപുരിയിലെത്തി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ കന്യകയ്ക്കു മനസ്സിലായി തന്റെ വരന്‍ ഒരു പെണ്ണാണെന്ന്‌. ഹിരണ്യവര്‍മ്മ പുത്രി ശിഖണ്ഡിനിയെ അറിഞ്ഞപ്പോള്‍ ധാത്രിമാരോടും സഖികളോടും തനിക്കു വന്നു കൂടിയ സ്ഥിതിയെപ്പറ്റി ലജ്ജയോടെ അറിയിച്ചു. പാഞ്ചാലപുത്രന്‍ പുത്രനല്ല പുത്രിയാണെനും അവന്‍ ശിഖണ്ഡിയല്ല ശിഖണ്ഡിനിയാണെന്നും രഹസ്യമായി അറിയിച്ചു. ഉടനെ ദശാര്‍ണ്ണത്തുള്ള ധാത്രിമാരോടും ദാസിമാരോടും സംഗതിയുടെ പരമാര്‍ത്ഥം അറിയുവാന്‍ രാജാവ്‌ ഏര്‍പ്പാടു ചെയ്തു. ദശാര്‍ണ്ണനോടു ദാസിമാര്‍ നടന്ന ചതിയൊക്കെ പറഞ്ഞു. ശിഖണ്ഡി ആണിന്റെ മട്ടില്‍ രാജധാനിയില്‍ കളിച്ചു സന്തോഷത്തോടെ സ്ത്രീഭാവം വെളിപ്പെടുത്താതെ നടക്കുകയാണെന്ന്‌ രാജാവ്‌ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രഹിച്ചു. വൃത്താന്തം അറിഞ്ഞ്‌ ഹിരണ്യവര്‍മ്മന്‍ കോപം കൊണ്ട്‌ ആര്‍ത്തനായി തീര്‍ന്നു. ഉടനെ തന്നെ ദശാര്‍ണ്ണ രാജാവ്‌ തീവ്രമായ കോപത്തോടെ ദ്രുപദന്റെ ഗൃഹത്തിലേക്കു ദൂതനെ പറഞ്ഞയച്ചു. ഹിരണ്യവര്‍ണ്ണന്റെ ദൂതന്‍ ദ്രുപദന്റെ സമീപത്തു വന്ന് ആളുകളെ അകറ്റി രഹസ്യമായി രാജാവിനോടു പറഞ്ഞു: രാജാവേ, ദശാര്‍ണ്ണ രാജാവു ഭവാനോട്‌ അവമാനപ്രകുപിതനായി ഇങ്ങനെ പറയുന്നു: ഹേ രാജാവേ. ഭവാന്‍ എന്നെ വഞ്ചിച്ചിരിക്കുന്നു. എന്റെ കന്യകയെ ഭവാന്റെ കനൃകയ്ക്കു വേണ്ടി അര്‍ത്ഥിച്ചത്‌ നിന്റെ ദുഷ്ടമായ വിചാരം കൊണ്ടല്ലേ? നിന്റെ ഈ മൂഢതയ്ക്കു തക്ക പ്രതിഫലം, ആ വഞ്ചനയ്ക്കു തക്ക പ്രതിഫലം, ഉടനെ തന്നെ നീ ഏൽക്കുന്നതാണ്‌. ദുര്‍മ്മതേ!! വഞ്ചകാ! ഞാന്‍ നിന്നെ മന്ത്രിമാരോടും ഭൃത്യന്മാരോടും കൂടി വേണ്ടമ ട്ടിലാക്കുവാന്‍ വിചാരിക്കുന്നു. നീ ഉറച്ചിരിക്കൂ!

190. ദ്രുപദപശ്നം - ദ്രുപദനും ഭാര്യയും കൂടിയാലോചിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ദൂതന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ദ്രുപദന്‍ പിടിക്കപ്പെട്ട കള്ളനെ പോലെയായി. രാജാവിന്റെ വായില്‍ നിന്ന്‌ ഒച്ച പൊങ്ങിയില്ല. തന്റെ ചാര്‍ച്ചക്കാരനുമായി പിണങ്ങാതെ ഇണങ്ങി നിൽക്കുവാന്‍ അവന്‍ പലമട്ടു ശ്രമിച്ചു നോക്കി. ഈ പറഞ്ഞതൊന്നും ശരിയല്ല എന്നു ഭംഗിവാക്കു ചൊല്ലുന്ന ദൂതന്മാരെ രാജാവ്‌ അയച്ചു. ദശാര്‍ണ്ണ രാജാവ്‌ സംഗതിയൊക്കെ ധരിച്ചു. പാഞ്ചാലന്റെ സന്തതി പെണ്ണാണെന്നു തന്നെ ധരിച്ച്‌, വഴക്കിന് തന്നെ തീരുമാനിച്ചു. ഓജസ്വികളായ മിത്രങ്ങള്‍ക്ക്‌ ആളെ വിട്ടു. ധാത്രികള്‍ പറഞ്ഞ വിധം പുത്രിയില്‍ ചെയ്ത അപരാധം അവരെയൊക്കെ അറിയിച്ചു. പിന്നെ പടയൊരുക്കി ദ്രുപദന്റെ നേരെ യുദ്ധത്തിന് തന്നെ തീരുമാനിച്ചു. മന്ത്രിമാരോടു കൂടി ആലോചന നടത്തി ഹിരണ്യവര്‍മ്മന്‍ ദ്രുപദനോടു യുദ്ധത്തിനു തന്നെ നിശ്ചയം ചെയ്തു. ശിഖണ്ഡി കന്യകയാണെന്നു വന്നാല്‍ പാഞ്ചാല രാജാവിനെ പിടിച്ചു കെട്ടി കാരാഗൃഹത്തിലിടണം. പാഞ്ചാല നാട്ടില്‍ വേറെ ഒരു രാജാവിനെ നമുക്കു നിശ്ചയിക്കുകയും വേണം. എന്നു തീരുമാനിച്ചു. സംഭവം ശരിയാണെന്നു തന്നെ ധരിച്ച്‌ ദ്രുപദന്റെ അടുത്തേക്കു ദൂതനെ വിട്ടു, നിന്നെ ഞങ്ങള്‍ കൊല്ലുവാന്‍ തീര്‍ച്ചയാക്കി. അതു കൊണ്ട്‌ കരുതി ഇരിക്കൂ! എന്ന്.

സ്വഭാവത്താല്‍ ഭീരുവും കുറ്റം ചെയ്തവനുമായ ആ രാജാവ്‌ ഭയങ്കരമായി പേടിച്ചു വിറച്ചു. ദൂതന്മാരെ ദശാര്‍ണ്ണന്റെ അരികിലേക്കു വിട്ടു; എല്ലാം മിഥ്യാവാദമാണെന്നു പറയുവാന്‍.

പിന്നെ രഹസ്യമായി തന്റെ ഭാര്യയെ ചെന്നു കണ്ടു ദ്രുപദന്‍ പറഞ്ഞു. രാജാവ്‌ അപ്പോള്‍ ഭയങ്കരമായി പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു. രാജ്ഞീ, മഹാബലനായ നമ്മുടെ ബന്ധു എന്നോടു ക്രോധത്തോടെ എതിര്‍ക്കുന്നു. ഹിരണ്യവര്‍മ്മ രാജാവു വലിയ പടയോടു കൂടി പുറപ്പെട്ടിരിക്കുന്നു, കന്യകയെപ്പറ്റി ആക്ഷേപം പറഞ്ഞു. മൂഢനായ അവന്‍ വന്ന് എതിര്‍ത്താല്‍ നാമെന്തു ചെയ്യും? നിന്റെ പുത്രനായ ശിഖണ്ഡി കന്യക യാണെന്നുള്ള ശങ്കയാലാണ്‌ പുറപ്പാട്‌. അവന്‍ മിത്രങ്ങളോടും സേനാജനങ്ങളോടും കൂടെ, ചതിച്ചു എന്നു പറഞ്ഞിട്ടാണ്‌ പുറപ്പെട്ടിരിക്കുന്നത്‌. മുടിക്കുമെന്നാണ്‌ പറയുന്നത്‌. സുശ്രോണി, ഇക്കാരൃത്തില്‍ വേണ്ടതും വേണ്ടാത്തതും എന്തെന്നു നീ ചിന്തിച്ചു പറയുക. ശുഭമായി നീ പറയുന്നതു ഞാന്‍ ചെയ്യുന്നതാണ്‌. ഞാനും ശിഖണ്ഡിനിയും സംശയത്തില്‍ പെട്ടിരിക്കുന്നു. രാജ്ഞീ, നീയും കഷ്ടപ്പാടിലായി. എല്ലാവരുടെയും മോചനത്തിന് വേണ്ടിയാണ്‌ ഞാനീപ്പറയുന്നത്‌. നീ നിന്റെ അഭിപ്രായം പറയുക. ശുചിസ്മിതേ, നീ പറയുന്നതു ഞാന്‍ അനുസരിക്കാം. എടോ, ശിഖണ്ഡിനീ, നീയും ഭയപ്പെടേണ്ട. സത്യം ചിന്തിച്ചു വേണ്ടതു ചെയ്യുന്നതാണ്‌. കൃപയാല്‍ നീ പുത്രധര്‍മ്മം അനുഷ്ഠിച്ചതില്‍ ദശാര്‍ണ്ണ രാജാവിനെ വഞ്ചിച്ചിരിക്കയാണ്‌. അതു കൊണ്ട്‌ മഹാഭാഗേ, എന്താണ്‌ ഇനി നാം ചെയ്യേണ്ടത്‌? ഇങ്ങനെ കാര്യം അറിഞ്ഞ്‌ രാജാവു പരബോദ്ധൃത്തിന്നായി നേരിട്ടു ചോദിച്ചപ്പോള്‍ രാജ്ഞി രാജാവിനോടു പറഞ്ഞു.

191. സ്ഥുണാ കര്‍ണ്ണസമാ ഗമം - ഭിഷ്മന്‍ പറഞ്ഞു: ഉടനെ ശിഖണ്ഡിയുടെ അമ്മ ശരിയായ തത്വം രാജാവിനോടു പറഞ്ഞു പുത്രനില്ലാത്ത ഞാന്‍ സപത്നീ ജനങ്ങളെ ഭയപ്പെട്ടു ശിഖണ്ഡിനി പ്പെണ്‍കിടാവിനെ ആണാണെന്നു പറഞ്ഞു. അവിടുന്നു എന്റെ അഭിപ്രായത്തെ നന്ദിയോടെ അനുവദിച്ചില്ലല്ലോ. പുത്രനായാല്‍ ചെയ്യേണ്ട കര്‍മ്മമൊക്കെ കനൃകയ്ക്കു ചെയ്യുകയും ചെയ്തു. ഭാര്യയായി ദശാര്‍ണ്ണപുത്രിയെ വേള്‍ക്കുകയും ചെയ്തു. ദേവവാകൃത്തിന്റെ പൊരുള്‍ ധരിച്ചാണ്‌ ഞാന്‍ ഇതു പറഞ്ഞതും. ആദ്യം കനൃകയായാലും പിന്നെ ആണാകുമല്ലോ എന്നു ചിന്തിക്കുകയും ചെയ്തു.

ഇപ്രകാരം രാജ്ഞി പറഞ്ഞതു കേട്ടപ്പോള്‍ ദ്രുപദനായ യജ്ഞസേനന്‍ യാഥാര്‍ത്ഥ്യം മന്ത്രിമാരോടും പറഞ്ഞു കാര്യാലോചന ചെയ്തു. പ്രജകളുടെ രക്ഷയ്ക്ക്‌ എന്തു വേണം എന്നും കാര്യങ്ങളൊക്കെ അപകടനിലയിൽ ആണ് ഇരിക്കുന്നതെന്നും ദശാര്‍ണ്ണ രാജാവുമായുള്ള ചാര്‍ച്ചയും വഞ്ചനയും അറിഞ്ഞു ശരിയായ തീര്‍പ്പു കല്പിക്കുവാനും മന്ത്രിമാരോടു രാജാവു പറഞ്ഞു.

നഗരം സ്വതവേ ഗുപ്തമാണ്‌. ആപല്‍ കാലത്ത്‌, അലംകൃതമായ ആ നഗരം, ഏറ്റവും കരുതലോടെ രക്ഷിക്കുവാന്‍ തയ്യാറായി.

രാജാവു ഭാര്യയോടു കൂടി കടുത്ത വൃസനത്തില്‍ പെട്ടു. ദശാര്‍ണ്ണ രാജാവുമായുള്ള വൈരം അപകടമാണെന്നു തന്നെ ധരിച്ചു. ബന്ധുജനങ്ങളുമായി വലിയ യുദ്ധം കൂടാതെ കഴിക്കുവാന്‍ എന്താണു വഴി എന്നു വിചാരിച്ചു ദേവതകളെ അര്‍ച്ചിക്കുന്നതില്‍ അവര്‍ ഏര്‍പ്പെട്ടു. ആ രാജാവു ഭക്തിയോടെ ദേവനെ അര്‍ച്ചിക്കുന്നതായി കണ്ടു. രാജ്ഞി അടുത്തു ചെന്നു രാജാവിനോടു പറഞ്ഞു: "ദേവ വിശ്വാസം സത്യമായ കാര്യമാണ്‌. സജ്ജനസമ്മതവുമാണ്‌. ദുഃഖത്തില്‍ പെട്ടാല്‍ പിന്നെ പറയുകയും വേണ്ട. ഗുരുപൂജയേ ശരണമുള്ളു! ദൈവതങ്ങളെയൊക്കെ ഭൂരിദക്ഷിണം പൂജിക്കുക. ദശാര്‍ണ്ണനെ ശമിപ്പിക്കുവാന്‍ അഗ്നിയെ ആഹുതി ചെയ്യുക. യുദ്ധം കൂടാതെ കഴിക്കുവാന്‍ മനസ്സു കൊണ്ടു ഗാഢമായി ദേവന്മാരെ ഭജിക്കുക. ദേവതാനുഗ്രഹത്താല്‍ അതൊക്കെ സാദ്ധ്യമാകും. അങ്ങു മന്ത്രിമാരുമായി ആലോചിച്ചില്ലേ? ഈ പുരത്തിന്റെ രക്ഷയ്ക്കു വേണ്ടതു ഭവാന്‍ ചെയ്താലും. ദൈവം പൗരുഷത്തോടു ചേര്‍ന്നാല്‍ ഏതു കാര്യവും സാധിക്കും. പരസ്പരം തെറ്റി നിന്നാല്‍ ദൈവവുമില്ല. അതു കൊണ്ട്‌ മന്ത്രിമാരോടു കൂടി പുരത്തെ രക്ഷിച്ചു ദൈവങ്ങളെ യഥേഷ്ടം അര്‍പ്പിക്കുക!"

അവര്‍ ഇങ്ങനെ. പരസ്പരം ദുഃഖത്തോടെ പറയുന്നതു കേട്ടപ്പോള്‍ ശിഖണ്ഡിനിപ്പെണ്‍കുട്ടി ലജ്ജിച്ചു തപോവൃത്തി ധ്യാനിച്ച്‌ ഇങ്ങനെ വിചാരിച്ചു; "ഞാന്‍ കാരണമാണല്ലോ ഇവര്‍ ഇങ്ങനെ ദുഃഖിക്കുന്നത്‌". അവള്‍ അപാരമായി ദുഃഖിച്ചു. പ്രാണത്യാഗത്തിന് തിരുമാനിച്ചു. അങ്ങനെ അവള്‍ നഗരം വിട്ടു ഗഹനമായ കാട്ടിലേക്ക്‌ ഓടി പോയ്ക്കളഞ്ഞു. കാട്ടില്‍ ഋദ്ധിമാനായ സ്ഥൂണാകര്‍ണ്ണന്‍ എന്നു പേരായ യക്ഷന്‍ താമസിക്കുന്ന ഇടത്തിലേക്കു കടന്നു ചെന്നു. അവനെ പേടിച്ചു ജനങ്ങള്‍ ആ കാട്ടില്‍ കയറാറില്ല. അവിടെ സ്ഥൂണഭവനം കുമ്മായം തേച്ചു ശോഭിക്കുന്നതായി ശിഖണ്ഡിനി കണ്ടു. രാമച്ചം ഇട്ടു പുകയ്ക്കുന്നതും കമാനമായ കോട്ട കെട്ടിയതുമാണ്‌ അവന്റെ ഭവനം. ദ്രുപദാത്മജയായ ശിഖണ്ഡി അതില്‍ പ്രവേശിച്ചു. ആഹാരമില്ലാതെ കുറെ ദിവസം കിടക്കുകയാല്‍ അവളുടെ ഉടല്‍ ക്ഷീണിച്ചു.;

അന്ന്‌ അവള്‍ ദയാവാനായ സ്ഥൂണാകര്‍ണ്ണനെ കണ്ടു. അദ്ദേഹം ചോദിച്ചു: "എന്തിനാണ്‌ നിന്റെ ഒരുക്കം, പറയു! ഞാന്‍ സാധിപ്പിച്ചു തരാം വൈകാതെ. പറയു!";

"യക്ഷാ, കാര്യം അസാദ്ധ്യമാണ്‌! ഭവാനെ കൊണ്ടാവുകയില്ല". ഇതു കേട്ടപ്പോള്‍ ആ ഗുഹൃകന്‍ പറഞ്ഞു: "സാധിപ്പിച്ചു തരാം! തരുവാന്‍ ആകാത്തതും ഞാന്‍ തരാം! നീ നിന്റെ മനോഗതം പറയൂ!". ശിഖണ്ഡി ഉടനെ എല്ലാ കാരൃവും വിശദമായി ഒന്നും വിടാതെ, യക്ഷപ്രധാനനായ സ്ഥൂണാകര്‍ണ്ണനോടു പറഞ്ഞു.

ശിഖണ്ഡി പറഞ്ഞു: പുത്രനില്ലാത്ത എന്റെ അച്ഛന്‍ ഉടനെ നശിക്കുവാന്‍ പോകുന്നു. അവനോടു ദശാര്‍ണ്ണന്‍ ക്രോധത്തോടെ യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നു. ആ ദശാര്‍ണ്ണനാകട്ടെ, മഹാബലനും മഹോത്സാഹനും സുവര്‍ണ്ണ കവചനുമായ രാജാവാണ്‌. യക്ഷാ! ഭവാന്‍ എന്നെ രക്ഷിക്കണേ! എന്റെ അച്ഛനേയും അമ്മയേയും രക്ഷിക്കണേ! ഭവാന്‍ എന്റെ ദുഃഖം ശമിപ്പിക്കാമെന്ന്‌ ഏറ്റു പറഞ്ഞില്ലേ! ഭവാന്റെ പ്രസാദത്താല്‍ ഞാന്‍ പുരുഷനായി ഭവിക്കണേ! ആ രാജാവ്‌ എന്റെ നഗരിക്ക്‌ എത്തുന്നതിന് മുമ്പു മഹായക്ഷാ, ഭവാന്‍ എന്നില്‍ പ്രസാദിച്ചാലും!

192. ശിഖണ്ഡി പുരുഷനാകുന്നു - ഭീഷ്മൻ പറഞ്ഞു: ശിഖണ്ഡി പറഞ്ഞ വര്‍ത്തമാനം ദൈവപീഡിതനായ ആ. യക്ഷന്‍ മനസ്സ് വെച്ചു കേട്ടു. അവന്‍ പറഞ്ഞു: ഭദ്രേ! നിന്റെ ഇഷ്ടം പോലെ ഞാന്‍ ചെയ്യാം. കുറച്ചു നാളേക്കു നിന്റെ ആഗ്രഹം നടക്കട്ടെ! ഞാന്‍ എന്റെ പുരുഷത്വം നിനക്കു തരാം. നിന്റെ സ്ത്രീത്വം എനിക്കു തന്നേക്കൂ! കാലം വന്നാല്‍ നീ എന്റെ അടുത്തു വന്ന് എന്റെ പുരുഷത്വം എനിക്കു തിരികെ തരണം. അതിന് മുടക്കം വരരുത്. സത്യം ചെയ്യണം. ഞാന്‍ പ്രഭുവും സങ്കല്പത്താല്‍ കാര്യം സാധിക്കുന്നവനും, കാമചാരിയായ നഭശ്ചരനുമാണ്‌. എന്റെ പ്രസാദത്താല്‍ നീ നിന്റെ പുരത്തേയും, അച്ഛനമ്മ മുതലായ ബന്ധുജനങ്ങളേയും രക്ഷിക്കൂ!" ഇങ്ങനെ എന്റെ ദുഃഖത്തിന് വേണ്ടി ദുര്യോധനാ! ആ യക്ഷന്‍ അവളില്‍ കനിഞ്ഞു.

യക്ഷന്‍ തന്റെ പുരുഷത്വം അവള്‍ക്കു നല്കാമെന്നു പറഞ്ഞപ്പോള്‍ ശിഖണ്ഡിനി സന്തോഷിച്ചു. ശിഖണ്ഡിനി പറഞ്ഞു: ഭഗവാനേ, നിശാചരാ! ഭവാനു പുംസ്ത്വം തിരിച്ചുതരാം. കുറച്ചുകാലം എന്റെ സ്ത്രീത്വം ഭവാന്‍ ധരിച്ചാലും. ദശാര്‍ണ്ണ രാജാവായ ഹിരണ്യവര്‍മ്മാവു പോയതിനു ശേഷം ഞാന്‍ വീണ്ടും കന്യകയാകാം; ഭവാന്‍ പുരുഷനുമാകും.

ഭീഷ്മൻ പറഞ്ഞു: എന്നു പറഞ്ഞ്‌ അവര്‍ തമ്മില്‍ കരാറു ചെയ്തു. സ്ത്രീത്വ പുംസ്ത്വങ്ങള്‍ തമ്മില്‍ കൈമാറി. സ്ഥൂണയക്ഷന്‍ സ്ത്രീലിംഗം സ്വീകരിക്കുകയും ശിഖണ്ഡി ദീപ്തമായ യക്ഷരുപത്തെ സ്വീകരിക്കുകയും ചെയ്തു. ശിഖണ്ഡി പുസ്ത്വം സ്വീകരിച്ച്‌ ഹൃഷ്ടനായി പിതാവായ പാഞ്ചാല രാജാവിന്റെ സമീപത്തെത്തി. നടന്ന വൃത്താന്തങ്ങളെല്ലാം അച്ഛനോടു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ദ്രുപദന്‍ അതിരറ്റു സന്തോഷിച്ചു. ഉടനെ ഭാര്യയെ വിളിച്ചു വിവരം അറിയിക്കുകയും മഹേശ്വരന്‍ പറഞ്ഞ വാക്കിനെ സ്മരിക്കുകയും ചെയ്തു. ഉടനെ ദൂതനെ വിളിച്ചു ദശാര്‍ണ്ണന്റെ അരികിലേക്കു വിട്ടു. എന്റെ മകന്‍ ആണാണ്‌; ഭവാന്‍ പരിശോധിച്ചോളൂ! ഈ വര്‍ത്തമാനം അറിഞ്ഞ ഉടനെ ദശാര്‍ണ്ണന്‍ ദുഃഖശോകങ്ങളോടെ പാഞ്ചാല രാജാവിന്റെ നേരെ എതിര്‍ക്കുക ആണുണ്ടായത്‌. പിന്നെ പില്യത്തിലെത്തി ദശാര്‍ണ്ണ രാജാവു സൽക്കാരപൂര്‍വ്വം ബ്രഹ്മജ്ഞനായ ദൂതനെ പറഞ്ഞു വിട്ടു. "ഹേ, ദൂതാ, നീ പോയി എന്റെ വാക്കാല്‍ മൂഢനായ ദ്രുപദനോടു പറയു! എന്റെ കന്യകയെ നിന്റെ കന്യകയ്ക്കായിട്ടല്ലേ വരിച്ചത്‌? ദുര്‍മ്മതേ! ആ ഗര്‍വ്വിന്റെ ഫലം ഞാന്‍; ഇന്നു തന്നെ കാണിച്ചുതരാം". എന്നു പറഞ്ഞു കേട്ട ഉടനെ ബ്രാഹ്മണന്‍ ദശാര്‍ണ്ണന്റെ സന്ദേശവുമായി നഗരത്തിലേക്കു ചെന്നു. പുരത്തിലെത്തി, ദ്രുപദന്റെ അടുത്തു പുരോഹിതന്‍ ചെന്നു. അവനെ പാഞ്ചാല രാജാവു ശിഖണ്ഡിയോടു കൂടി പൂജിച്ച്‌ ഗോവും അര്‍ഘ്യവും എത്തിച്ചു. ആ പൂജ അവന്‍ സ്വീകരിച്ചില്ല എന്നു തന്നെയല്ല, ഈ വാക്കുകള്‍ വീരനായ ഹിരണ്യവര്‍മ്മ രാജാവ്‌ കല്പിച്ച പ്രകാരം തന്നെ പറയുകയും ചെയ്തു: "അധമാചാരാ, നീ എന്നെ നിന്റെ പുത്രിയെ കൊണ്ടു ചതിച്ചില്ലേ, ദുഷ്ടാ ആ പാപം ചെയ്തതിന്റെ ഫലം നീ ഏൽക്കുക. പടത്തലയ്ക്കല്‍ നീ യുദ്ധത്തിന് തയ്യാറാവുക. അമാതൃ പുത്ര ബന്ധുക്കള്‍ സഹിതം നിന്നെ ഞാന്‍ നാമാവശേഷമാക്കും".;

രാജാവിന്റെ അധിക്ഷേപം കലര്‍ന്ന ഈ വാക്കുകള്‍ മന്ത്രിമാരുടെ മദ്ധൃത്തില്‍ വെച്ചു പറഞ്ഞപ്പോള്‍ ദ്രുപദന്‍ പ്രണയത്താല്‍ വണങ്ങുക യാണുണ്ടായത്‌. ബ്രാഹ്മണാ, ഭവാന്‍ ചാര്‍ച്ചക്കാരന്റെ വാക്കുകള്‍ കേട്ടുവല്ലോ. അതിന്ന്‌ ഉത്തരമായി ഞാന്‍ അയയ്ക്കുന്ന ദൂതന്‍ രാജാവിനോടു പറയും. പിന്നെ ദ്രുപദന്‍ വേദജ്ഞനായ വിപ്രനെ വിളിച്ച്‌ ദൂതനായി അയച്ചു. ആ ദശാര്‍ണ്ണ ക്ഷിതിപനെ അപ്പോള്‍ തന്നെ ദൂതന്‍ ചെന്നു കണ്ടു. രാജാവു പറഞ്ഞു വിട്ട വാക്ക്‌ ഉണര്‍ത്തിച്ചു: "വെളിവായി ഭവാന്‍ പരിശോധിച്ചു നോക്കുക. എന്റെ പുത്രന്‍ കുമാരന്‍ തന്നെയാണ്‌. ആരോ ഏഷണി പറഞ്ഞതിനെ ഭവാന്‍ ശ്രദ്ധിക്കരുത്‌".

ഉടനെ രാജാവു ദ്രുപദന്റെ വാക്കു കേട്ടു പരിശോധനയ്ക്ക്‌ ശ്രേഷ്ഠകളും സുന്ദരിമാരുമായ പെണ്ണുങ്ങളെ, ശിഖണ്ഡി ആണോ പെണ്ണോ എന്നു ശങ്ക വിട്ട്‌ നല്ല പോലെ പരിശോധിക്കുവാന്‍ പറഞ്ഞയച്ചു. ആ കൂട്ടര്‍ പോയി ശരിയായ പരിശോധന നടത്തി തത്വമെല്ലാം ഗ്രഹിച്ചു രാജാവിനോടു മറുപടി പറഞ്ഞു; "രാജാവേ, ഞങ്ങള്‍ നല്ല പോലെ പരിശോധിച്ചു. ശിഖണ്ഡി ആണു തന്നെയാണ്‌. സംശയിക്കേണ്ട".;

പരീക്ഷണങ്ങള്‍ എല്ലാം കഴിഞ്ഞതിന് ശേഷം രാജാവു പ്രീതിയോടെ സംബന്ധിയെ കണ്ടു സമ്മതിച്ചു വാണു. ശിഖണ്ഡിയില്‍ സന്തോഷിച്ച്‌ ശ്വശുരന്‍ ധാരാളം ധനം നല്കുകയും ചെയ്തു. അസംഖ്യം ആനകളേയും കുതിരകളേയും പശുക്കളേയും ദാസികളേയും നല്കി. തന്റെ പുത്രിയെ ആക്ഷേപിക്കുകയും, തെറ്റിദ്ധാരണ നീങ്ങിയതില്‍ സന്തോഷിക്കുകയും ചെയ്തു. അങ്ങനെ ദശാര്‍ണ്ണ രാജാവു പോയി. ശിഖണ്ഡി ഹര്‍ഷത്തോടെ വാണു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നരവാഹനനായ കുബേരന്‍ ലോകസഞ്ചാരം ചെയ്ത്‌ സ്ഥൂണന്റെ ഗൃഹത്തിലെത്തി. ആ ഗൃഹത്തിന്റെ ഉപരിഭാഗത്തു വന്നു കുബേരന്‍ ഒന്നു നോക്കി. അങ്ങനെ നരവാഹനന്‍ അങ്ങു കയറി ചെന്നു. ആ ഗൃഹം വിചിത്രമാല്യങ്ങൾ അണിഞ്ഞും രാമച്ചഗന്ധം കലര്‍ന്നും വിതാനങ്ങളാല്‍ അലങ്കരിച്ചും ധൂമങ്ങളാല്‍ അര്‍ച്ചിതമായും, ധ്വജങ്ങളോടും പാതകകളോടും ചേര്‍ന്നതുമായി പ്രശോഭിക്കുന്നത്‌ ആ യക്ഷരാജാവു ദര്‍ശിച്ചു. ധാരാളം ഭക്ഷ്യങ്ങളും, അന്നപേയങ്ങളും ആ ഗൃഹത്തില്‍ കാണപ്പെട്ടു. അവന്റെ ആ സ്ഥലം മനോഹരമായി അലങ്കരിച്ചതായി കണ്ട്‌ യക്ഷന്‍ അത്ഭുതപ്പെട്ടു. മണികളും രത്നങ്ങളും സ്വര്‍ണ്ണമാലകളും നിരത്തി വെച്ചിരിക്കുന്നു. പലതരം പുഷ്പങ്ങളുടെ സൗരഭ്യം അവിടെ വീശുന്നു. എല്ലായിടവും തുടച്ചു വൃത്തിയാക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ കണ്ട്‌ ആനന്ദത്തോടെ ആ യക്ഷരാജാവ്‌ ഭൃത്യന്മാരായ യക്ഷന്മാരോടു ചോദിച്ചു: "ഈ സ്ഥൂണഗൃഹം നല്ലമാത്രിരി അലങ്കരിച്ചിരിക്കുന്നു. എന്നാൽ ആ ജളന്‍ എന്താണ്‌ ഞാന്‍ ഇവിടെ വന്നിട്ടും എന്റെ മുമ്പില്‍ വരാഞ്ഞത്‌; ഞാന്‍ ഇവിടെ വന്നു നില്‍ക്കുന്നതറിഞ്ഞിട്ടും എന്റെ മുമ്പിലേക്കു വരാഞ്ഞതു കൊണ്ട്‌ അവന് തക്കതായ ശിക്ഷ കൊടുക്കണം എന്ന്‌ എനിക്കു തോന്നുന്നു".

യക്ഷന്മാര്‍ പറഞ്ഞു: രാജാവേ, ദ്രുപദ രാജാവിന് ശിഖണ്ഡിനി എന്നു പേരായി ഒരു മകള്‍ ഉണ്ടായി. അവള്‍ക്ക്‌ ഒരു കാര്യത്തിന്നായി അവന്‍ അവന്റെ പുംസ്ത്വം നല്കി. സ്ത്രീത്വം പകരം വാങ്ങി. ഇപ്പോള്‍ അദ്ദേഹം ഒരംഗനയായി ഇരിപ്പാണ്‌. സ്ത്രീരൂപം മൂലം നാണിച്ചിട്ട്‌ അവന്‍ ഭവാന്റെ മുമ്പില്‍ വരാതിരിക്കുകയാണ്‌. സ്ഥൂണന്‍ മുമ്പില്‍ വരാതിരിക്കുവാന്‍ വേറെ കാരണമൊന്നുമില്ല. ചോദിച്ചറിഞ്ഞ്‌ ന്യായമായതു ചെയ്താലും. വിമാനം ഇവിടെ നില്ക്കട്ടെ.

യക്ഷന്‍ പറഞ്ഞ വാക്കുകേട്ട്‌ വരുത്തുക യക്ഷനെ! എന്നു യക്ഷരാജാവു കല്പിച്ചു. അവനെ ഞാന്‍ കൊന്നു കളയും എന്നു യക്ഷരാജാവ്‌ പറയുകയും ചെയ്തു. യക്ഷരാജാവ്‌ വിളിച്ചപ്പോള്‍ അവന്‍ രാജാവിന്റെ മുമ്പില്‍ സ്ത്രീരൂപത്തോടെ മന്ദം മന്ദം നാണിച്ചു വന്നു നിന്നു. ഈ വേഷം കണ്ടപ്പോള്‍ കോപിച്ചു രാജാവ്‌ അവനെ ശപിച്ചു: "ഇപ്രകാരം തന്നെ ഈ പാപിക്ക്‌ സ്ത്രീത്വം നിലനിൽക്കട്ടെ, യക്ഷന്മാരെ!"

മാന്യനായ ആ യക്ഷരാജാവ്‌ കോപത്തോടെ പറഞ്ഞു. യക്ഷന്മാരെ ധിക്കരിച്ച്‌ ശിഖണ്ഡിക്കു പുരുഷത്വം നല്കി. ഈ പാപബുദ്ധി സ്ത്രീത്വം കൈയേറ്റില്ലേ! ഈ തെറ്റായ പ്രവൃത്തി നീ ചെയ്തതു കൊണ്ട്‌ എടോ ദുഷ്ടബുദ്ധി, ഇന്നു മുതല്‍ നീ പെണ്ണു തന്നെ! അവന്‍ ആണുമാകട്ടെ!;

ഈ ശാപം കേട്ടപ്പോള്‍ ആ യക്ഷന്മാര്‍ യക്ഷരാജാവിനെ പ്രസാദിപ്പിച്ചു. സ്ഥൂണന് ശാപമോക്ഷം കൊടുക്കണേ! അവന്റെ നേരെ ക്ഷമിക്കണേ! എന്നു വീണ്ടും വീണ്ടും പറഞ്ഞു. ഉടനെ യക്ഷരാജാവ്‌ അനുചരന്മാരോടു പറഞ്ഞു. "എല്ലാ യക്ഷന്മാരോടും ശാപമോക്ഷം അറിയിക്കുവാന്‍ പറഞ്ഞു. ശിഖണ്ഡി ചത്തതിന് ശേഷം ഇവന്‍ സ്വന്തമായ രൂപം നേടും; അന്നു മഹാശയനായ സ്ഥൂണന്‍ നിരുദ്വേഗനായി ഭവിക്കും". എന്നു പറഞ്ഞു ഭഗവാനായ യക്ഷന്‍ പൂജയേറ്റു നിമേഷപരന്മാരായ മറ്റുള്ളവരോടു കൂടി പോയി. സ്ഥൂണന്‍ ശാപത്തില്‍ അകപ്പെട്ട്‌ അവിടെ തന്നെ വസിച്ചു.

ശപഥം പോലെ ശിഖണ്ഡി പറഞ്ഞ സമയത്തു സ്ഥൂണന്റെ അരികിലെത്തി, "ഭഗവാനേ, ശിഖണ്ഡി ഇതാ എത്തിയിരിക്കുന്നു" എന്ന് ഉണര്‍ത്തിച്ചു. "സ്ഥൂണനായ ഞാന്‍ പ്രീതനായിരിക്കുന്നു" എന്ന് അവനോട്‌ യക്ഷന്‍ പറഞ്ഞു. സത്യം പോലെ ശിഖണ്ഡി എത്തിയതു കണ്ടു രാജപുത്രനായ ശിഖണ്‍ഡിയോടു നടന്ന കഥയൊക്കെ ആ ഗുഹ്യകന്‍ പറഞ്ഞു കേള്‍പ്പിച്ചു.

യക്ഷന്‍ പറഞ്ഞു: രാജപുത്രാ! ഭവാന്‍ മൂലം എന്നെ കുബേരന്‍ ശപിച്ചു. ഭവാന്‍ ഇഷ്ടം പോലെ പോയി രാജ്യം ഭരിച്ച്‌ യഥാസുഖം വാണാലും. വിധി മുമ്പെ തന്നെ നിശ്ചയിച്ച ഈ കാര്യം മാറ്റുവാന്‍ ആര്‍ക്കു കഴിയും? അല്ലങ്കില്‍ നീ ഇവിടെ വന്നു പോയതും ഉടനെ പൗലസ്ത്യന്‍ വന്നതും അവിചാരിതമല്ലേ

ഭീഷ്മന്‍ പറഞ്ഞു: ശിഖണ്ഡി ആ സ്ഥൂണയക്ഷന്‍ പറഞ്ഞതു കേട്ടു തിരിച്ചു പോന്ന്‌ വളരെ സന്തോഷത്തോടെ പുരിയില്‍ പ്രവേശിച്ചു. പിന്നെ അവന്‍ വിപ്രരേയും ദേവകളേയും ചൈത്യങ്ങളേയും തീര്‍ത്ഥങ്ങളേയും വിലയേറുന്ന ഗന്ധങ്ങളും മാല്യങ്ങളുമായി പൂജിച്ചു. ദ്രുപദന്‍ കാര്യം സാധിച്ച്‌ ശിഖണ്ഡിയെന്ന പുത്രനോടു കൂടി വളരെ സന്തോഷത്തോടെ ബന്ധുജന സമേതനായി പാര്‍ത്തു. ഇങ്ങനെ മുമ്പു പെണ്ണായിരുന്ന ശിഖണ്ഡിയെ ദ്രോണാചാര്യന് ശിഷ്യനായി നല്‍കി. അങ്ങനെ ആണ് ആ നൃപനന്ദനന്‍ പാദം നാലായ ധനുര്‍വ്വേദം പഠിച്ചതു ദുര്യോധനാ! നിങ്ങളോടു കൂടി, ധൃഷ്ടദ്യുമ്നനും ഇങ്ങനെയാണു പഠിച്ചത്‌. ഉണ്ണി, ഞാന്‍ ദ്രുപദ രാജാവിന്റെ അടുത്തേക്കയച്ച ചാരന്മാര്‍ രാജധാനിയില്‍ ജഡന്മാരും, അന്ധന്മാരും, ബധിരന്മാരുമായി പാര്‍ത്തിരുന്നു. അവരില്‍ നിന്നാണ്‌ ഞാന്‍ ഈ സംഭവങ്ങളെല്ലാം അറിഞ്ഞത്‌. അവര്‍ യഥാകാലം എല്ലാ സംഭവങ്ങളും ഹസ്തിനാപുരത്തു വന്ന് എന്നെ ഉണര്‍ത്തിച്ചിരുന്നു..

ഇപ്രകാരം പെണ്ണായി പിറന്ന്‌ പിന്നെ ആണായവനാണ്‌ ദ്രുപദാത്മജനായ ശിഖണ്ഡി. അങ്ങനെ ഇപ്പോള്‍ അവന്‍ യോഗ്യനായ ഒരു മഹാരഥനായി. കാശി രാജാവിന്റെ മൂത്ത പുത്രിയായ അംബ എന്ന കീര്‍ത്തിമതി ദ്രുപദന്റെ പുത്രിയായി വീണ്ടും പിറന്നതാണ്‌ ശിഖണ്ഡി.

വില്ലുമായി എത്തുന്ന ഇവനെ ഞാന്‍ ഒരു ക്ഷണം പോലും നോക്കുകയില്ല. അവന്റെ നേരെ പ്രഹരിക്കുകയുമില്ല. എന്റെ ഈ വ്രതം വിശ്വവിശ്രുതമാണ്‌. ഞാന്‍ പെണ്ണിലും, പെണ്ണായിരുന്നവനിലും, പെണ്ണിന്റെ പേരുള്ളവനിലും പെണ്ണിന്റെ രൂപമുള്ളവനിലും ഒരിക്കലും ശരം അയയ്ക്കുകയില്ല. ഈ കാരണത്താല്‍ ഞാന്‍ ശിഖണ്ഡിയെ ഹനിക്കുന്നതല്ല. ഉണ്ണി, ശിഖണഡിയുടെ ജന്മതത്വം ഞാന്‍ ഗ്രഹിച്ചിരിക്കുന്നു. പോരില്‍ എന്നെ കൊല്ലുവാന്‍ വന്നാലും ഞാന്‍ ഈ ശിഖണ്ഡിയെ കൊള്ളുക ഇല്ലെന്നുള്ളത്‌ ഉറച്ച കാര്യമാണ്‌.

ഭീഷ്മൻ സ്ത്രീവധം ചെയ്തു എന്നു കേട്ടാല്‍ സജ്ജനങ്ങള്‍ നിന്ദിക്കും. അതു കൊണ്ട്‌ ഇവനെ, പോരില്‍ ഏൽക്കുന്നതായാലും, ഞാന്‍ വധിക്കുകയില്ല.

വൈശമ്പായനൻ പറഞ്ഞു: ഭീഷ്മൻ പറഞ്ഞതു കേട്ട്‌ കൗരവ്യനായ ദുര്യോധനന്‍ അപ്പോള്‍ അല്പസമയം ധ്യാനിച്ചു നിന്നതിന് ശേഷം ഭീഷ്മന് ഇതൊക്കെ ചേര്‍ന്നതു തന്നെ എന്നു തന്നെത്താന്‍ പറഞ്ഞു.

193. ഭിഷ്മാദിശക്തികഥനം - സഞ്ജയന്‍ പറഞ്ഞു: അന്നത്തെ രാത്രി അങ്ങനെ തീര്‍ന്നു. നേരം പ്രഭാതമായപ്പോള്‍, ഹേ ധൃതരാഷ്ട്രാ! നിന്റെ പുത്രന്‍ പിതാമഹനോട്‌ ഇപ്രകാരം ചോദിച്ചു:

ഹേ! ഗാംഗേയാ, പിതാമഹാ! പാണ്ഡുപുത്രന്റെ ഈ സജ്ജമായ സൈന്യമുണ്ടല്ലോ; ആനയും, ആളും, അശ്വവും, മഹാരഥന്മാരുമൊക്കെ ചേര്‍ന്ന ആ സൈന്യം! ഭീമാര്‍ജ്ജുനപ്രഭൃതികളും മഹാബലന്മാരായ ധൃഷ്ടദ്യുമ്നാദികളും ഭരിക്കുന്ന ആ സൈന്യം! എതിര്‍ക്കാനും തടുക്കുവാനും വാനവന്മാര്‍ക്കു പോലും വയ്യാത്ത വിധം കടല്‍ പോലെ അക്ഷോഭ്യമായി പരന്നു കാണുന്ന ആ സൈന്യം! മഹാരണത്തില്‍ ഭവാന്‍ അവ എത്ര കാലം കൊണ്ട്‌ ഒടുക്കും? വില്ലാളിവീരനായ ദ്രോണാചാര്യന്‍ എത്രനാള്‍ കൊണ്ട്‌ ഒടുക്കും. ശക്തനായ കൃപന്‍ എത്ര നാള്‍ കൊണ്ട്‌ ഒടുക്കും? രണത്തെ വാഴ്ത്തുന്ന കര്‍ണ്ണന്‍ എത്രനാള്‍ കൊണ്ട്‌ ഒടുക്കും? ദ്വിജേന്ദ്രനായ അശ്വത്ഥാമാവ്‌ എത്ര കാലം കൊണ്ട്‌ ഒടുക്കും? നിങ്ങളൊക്കെ എന്റെ സൈന്യത്തില്‍ ദിവ്യാസ്ത്ര പ്രൗഢിയുള്ളവർ ആണല്ലൊ! ഇതു ശരിയായി കേട്ടാല്‍ കൊള്ളാമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ട്‌; കൗതുകമുണ്ട്‌. വളരെ നാളായി എന്റെ ഉള്ളിലുള്ള ഒരു ആഗ്രഹമാണ്‌ ഞാന്‍ ഈ പറഞ്ഞത്‌. മഹാബാഹോ ഭവാന്‍ അതു പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു: ഹേ, കുരുശ്രേഷ്ഠനായ രാജാവേ, ശത്രുക്കളുടെ ബലാബലം അറിയുവാന്‍ ആഗ്രഹിക്കുന്നത്‌ യുദ്ധസന്നദ്ധനായ ഒരു രാജാവിന് ചേര്‍ന്നതു തന്നെയാണ്‌. ഞാന്‍ അതില്‍ സന്തോഷിക്കുന്നു. രാജാവേ, നീ കേള്‍ക്കു, എനിക്കുള്ള പരമാവധി ബലം ഞാന്‍ പറയാം. എന്റെ കൈകള്‍ക്കുള്ള ബലവും, ശസ്ത്രങ്ങളുടെ വീര്യവുമാണ്‌ ഞാന്‍ പറയുന്നത്‌. മര്യാദയുദ്ധമാണ്‌ ചെയ്യേണ്ടത്‌. മായാവികള്‍ മായായുദ്ധം ചെയ്യും എന്നാണല്ലൊ ധര്‍മ്മനിശ്ചയം. അങ്ങനെ ഞാന്‍ പോരാടി ദിവസംതോറും കാലത്തും വൈകുന്നേരവുമായി പതിനായിരം യോധന്മാരേയും, ആയിരം രഥിവീരന്മാരേയും കൊല്ലാം. ഇതു സമ്മതമായ കാര്യമാണ്‌. ഈ നിശ്ചയം പോലെ എന്നും ഞാന്‍ ഉത്സാഹത്തോടെ ഒരുങ്ങി നിന്നാല്‍ മഹാസ്ത്രം കൊണ്ട്‌ നൂറും ആയിരവും കൊന്നു വിടാം. ഇങ്ങനെ ഞാന്‍ ഒറ്റയ്ക്ക്‌ ഉത്സാഹിച്ചാല്‍ പാണ്ഡവപ്പട മുഴുവന്‍ ഒരു മാസം കൊണ്ട്‌ പോരാടി ഒടുക്കാം.

സഞ്ജയന്‍ പറഞ്ഞു: ഭീഷ്മന്റെ വാക്കു കേട്ടതിന് ശേഷം ദുര്യോധനന്‍ അംഗിരോ മുഖ്യനായ ദ്രോണനോടു ചോദിച്ചു: ആചാര്യാ! ഭവാന്‍ വിചാരിച്ചാല്‍ എത്ര കാലം കൊണ്ട്‌ ഈ പാണ്ഡവപ്പടയെ മുടിക്കാം! ഈ ചോദ്യം കേട്ടപ്പോള്‍ ദ്രോണാചാര്യന്‍ ചിരിച്ച്‌ ഉത്തരം പറഞ്ഞു. "ഞാന്‍ ഇപ്പോള്‍ വൃദ്ധനായില്ലേ? എന്റെ പ്രാണചേഷ്ടകളൊക്കെ മന്ദിച്ചു. എന്നാലും ശസ്ത്രാഗ്നി കൊണ്ട്‌ ഞാന്‍ പാണ്ഡവസൈന്യത്തെ, ശാന്തനവനായ ഭിഷ്മനെ പോലെ തന്നെ ഒരു മാസം കൊണ്ട്‌ മുടിച്ചു വിടാമെന്നാണ്‌ എന്റെ അഭിപ്രായം. ഇതാണ്‌ എന്റെ പരമമായ ശക്തി. ഇതാണ്‌ എന്റെ പരമമായ ബലം".;

ശാരദ്വതനായ കൃപന്‍ രണ്ടു മാസം കൊണ്ട്‌ ഒടുക്കാമെന്നു പറഞ്ഞു. ദ്രൗണി പത്തു ദിവസം കൊണ്ട്‌ ഒടുക്കാമെന്ന്‌ ഏറ്റു പറഞ്ഞു. കര്‍ണ്ണന്‍ പറഞ്ഞു അഞ്ചു ദിവസം കൊണ്ട്‌ ഒടുക്കാമെന്ന്‌.;

സൂതപുത്രന്റെ വാക്കുകേട്ടപ്പോള്‍ ഭീഷ്മൻ പൊട്ടിച്ചിരിച്ച്‌ ഇപ്രകാരം പറഞ്ഞു; അമ്പുംവില്ലും ശംഖുമായി മഹായുദ്ധത്തില്‍ പൊരുതുന്ന സമയത്ത്‌ ആ വലിയ തേരില്‍ കയറി കൃഷ്ണനോടു കൂടി പാര്‍ത്ഥനെ അടുത്തു കാണാത്തതു കൊണ്ടാണു കര്‍ണ്ണാ, നീ ഈ വീമ്പിളക്കുന്നത്‌. യഥേഷ്ടം എന്തും ആര്‍ക്കാണു പറഞ്ഞു കൂടാത്തത്‌? ഇതും ഇതിലപ്പുറവും പറയാം.

194. അര്‍ജ്ജുനവാക്യം - വൈശമ്പായനൻ പറഞ്ഞു: ഈ വൃത്താന്തമറിഞ്ഞ യുധിഷ്ഠിരന്‍ അനുജന്മാരെയൊക്കെ അരികില്‍ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു:

യുധിഷ്ഠിരന്‍ പറഞ്ഞു: ധാര്‍ത്തരാഷ്ട്രപ്പടയില്‍ നില്‍ക്കുന്ന എന്റെ ചാരന്മാരില്ലേ! അവര്‍ എന്റെ അടുത്ത്‌ ഇന്നലെ രാത്രി ധാര്‍ത്തരാഷ്ട്ര പ്പാളയത്തില്‍ നടന്ന സംഭവങ്ങളൊക്കെ എന്നോടു പറഞ്ഞു. മഹാവ്രതനായ ഭീഷ്മനോട്‌ സുയോധനന്‍ ചോദിച്ചുവത്രേ: "പ്രഭോ! എത്ര കാലം കൊണ്ട്‌ ഭവാനു പാണ്ഡവപ്പടയെ ഒടുക്കുവാന്‍ കഴിയും? അതിന് മറുപടി പറഞ്ഞത്‌ ഒരു മാസം കൊണ്ട്‌ ഒടുക്കാം എന്നാണ്‌. ദ്രോണനും ഏറ്റു പറഞ്ഞു. ഒരു മാസം കൊണ്ടു താന്‍ തനിച്ചു പാണ്ഡവപ്പടയെ ഒടുക്കാമെന്ന്‌. അതില്‍ ഇരട്ടികാലം കൊണ്ട്‌ ഒടുക്കാമെന്ന്‌ കൃപനും സമ്മതിച്ചു എന്ന് ഞാന്‍ കേള്‍ക്കുന്നു. ദ്രോണപുത്രന് പത്തു ദിവസം മതിയത്രെ! ഇങ്ങനെ കുരുക്കളുടെ സന്നിധിയില്‍ വെച്ച്‌ ഓരോരുത്തരും ഏറ്റു പറഞ്ഞതു കേട്ട്‌ കര്‍ണ്ണന്‍ പറഞ്ഞുവത്രെ. പാണ്ഡവ സൈന്യത്തെ മുഴുവന്‍ താന്‍ ഒറ്റയ്ക്ക്‌ അഞ്ചു ദിവസം കൊണ്ട്‌ ഒടുക്കാമെന്ന്‌. ഹേ, അര്‍ജ്ജുനാ! അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞതായി കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ ഒരു ആശ! ഹേ, അര്‍ജ്ജുനാ! നിനക്ക്‌ എത്ര കാലം വേണം ശത്രുക്കളുടെ സൈന്യം മുടിക്കുവാന്‍?"

ഇപ്രകാരം രാജാവു ചോദിച്ചപ്പോള്‍ ഗുഡാകേശനായ ധനഞ്ജയന്‍ വാസുദേവന്റെ നേരെ ഒന്നു കണ്ണെറിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: അവരൊക്കെ കൃതാസ്ത്രന്മാരും മഹാന്മാരും ചിത്രയോധികളുമാണ്‌. അവര്‍ ഈ പറഞ്ഞ കാലം കൊണ്ട്‌ നിസ്സംശയമായും മുടിക്കും. അവര്‍ പറഞ്ഞതൊക്കെ ശരിയാണ്‌. അങ്ങ്‌ മനസ്താപപ്പെടേണ്ട. ഞാന്‍ സത്യമായ കാര്യമാണു പറയുന്നത്‌. വാസുദേവന്‍ തുണയുണ്ടെങ്കില്‍ ഞാന്‍ ഒറ്റത്തേരാല്‍ വാനോര്‍; സഹിതമായ മൂന്നു ലോകവും സകല ചരാചരങ്ങളും ഭൂതവും ഭവ്യവും ഭവിഷ്യത്തും മുടിക്കുവാന്‍ ഒറ്റ നിമിഷം മതി എന്നാണ്‌ എന്റെ അഭിപ്രായം, ഇതാ പശുപതി തന്ന ഘോരമായ അസ്ത്രം. അത്‌ എന്റെ കൈവശമുണ്ട്‌. കൈരാത ദ്വന്ദ്വയുദ്ധത്തില്‍ ലഭിച്ചത്‌ എന്റെ കൈവശമുണ്ട്‌. പ്രളയത്തില്‍ വിശ്വത്തെ സംഹരിക്കുന്ന പശുപതി എയ്യുന്ന അസ്ത്രം എന്റെ കൈവശമുണ്ട്‌. ആ രഹസ്യായുധത്തെപ്പറ്റി ഗാംഗേയനും ദ്രോണനും കൃപനും അറിയുകയില്ല. ദ്രോണപുത്രനും അറിയുകയില്ല. പിന്നെ സൂതപുത്രന്റെ കാര്യം പറയണോ? എന്നാൽ ജനങ്ങളെ ദിവ്യാസ്ത്രം കൊണ്ടു കൊല്ലരുത്‌ (ഇന്നത്തെ അണുബോംബു പ്രയോഗം ശരിയല്ലെന്നു ലോകം സമ്മതിക്കുന്നു. സ്വ. ). മര്യാദപ്പോരില്‍ നമുക്കു ശത്രുക്കളെ സംഹരിച്ചു വിടാം. അപ്രകാരം അതിന് പറ്റിയവരാണ്‌ ഭവാന്റെ സൈന്യത്തിലെ മഹാരഥന്മാര്‍. എല്ലാവരും ദിവ്യാസ്ത്ര വിജ്ഞന്മാരാണ്‌. എല്ലാവരും യുദ്ധകാംക്ഷികളാണ്‌. ധനുര്‍വ്വേദാന്തത്തില്‍ അവഭൃതസ്നാനം കഴിച്ചവരാണ്‌. എല്ലാവരും അപരാജിതന്മാരുമാണ്‌. ദേവസൈന്യം എതിര്‍ത്തു വന്നാലും അവരെ മുടിച്ചു വിടുവാന്‍ കെല്‍പുള്ളവരാണ്‌. ശിഖണ്ഡി, യുയുധാനന്‍, ധൃഷ്ടദ്യുമ്നന്‍, ഭീമന്‍, യമന്മാര്‍, യുധാമന്യു, ഉത്തമൗജസ്സ്‌ എന്നിവരെല്ലാം. വിരാട ദ്രുപദന്മാരും ഭീഷ്മദ്രോണതുലൃര്‍ തന്നെയാണ്‌ രണത്തില്‍. ശംഖന്‍, ഘടോല്‍ക്കചന്‍, അവന്റെ പുത്രനായ അഞ്ജനപര്‍വ്വാവ്‌ എന്നിവരും മഹാബലന്മാരായ പരാക്രമികളാണ്‌. ശൈനേയനാണെങ്കില്‍ നമ്മുടെ സഹായിയായ രണകോവിദനാണ്‌. അഭിമന്യു മഹാശക്തനാണ്‌. പാഞ്ചാലീ പുത്രന്മാര്‍ അഞ്ചുപേരും ശക്തന്മാരാണ്‌. അങ്ങുന്നും മൂന്നു ലോകവും മുടിക്കുവാന്‍ പോന്ന ശക്തിയുള്ളവൻ ആണല്ലോ. ശക്രതുല്യദ്യുതേ! ഭവാന്‍ ആരെ ക്രോധദൃഷ്ടിയാല്‍ നോക്കുന്നുവോ അവന്റെ കഥ അപ്പോള്‍ അവസാനിക്കില്ലേ? അങ്ങയെപ്പറ്റി എനിക്കറിയാം.

195. കരവസൈന്യങ്ങളുടെ പുറപ്പാട്‌ - വൈശമ്പായനന്‍ പറഞ്ഞു: നേരം പ്രഭാതമായപ്പോള്‍ ദുര്യോധനന്‍ സൈന്യങ്ങള്‍ക്കു കല്പന നലകി. പാണ്ഡവ സൈന്യത്തെ എതിര്‍ത്തു മുടിക്കുവിന്‍!

എല്ലാവരും കുളിച്ച്‌ ശുക്ലമാല്യാംബരാഢ്യരായി ശസ്ത്രങ്ങള്‍ ധരിച്ച്‌, അഗ്നിയെ ഹോമിച്ച്‌ സ്വസ്തി ചെയ്തു. എല്ലാവരും ബ്രഹ്മവിത്തമന്മാരും, ശൂരന്മാരും, ഇഷ്ടം സാധിപ്പിക്കുന്നവരും, രണലക്ഷണന്മാരുമാണ്‌. പരലോകങ്ങളെ പോരില്‍ നേടുവാന്‍ നോക്കുന്ന മഹാബലന്മാരുമാണ്‌. എല്ലാവരും ഏകാഗ്രചിത്തന്മാരും, പരസ്പരം ശ്രദ്ധാലുക്കളുമാണ്‌. വിന്ദാനുവിന്ദര്‍, അവന്ത്യന്മാര്‍, കേകയന്മാര്‍, ബാല്‍ഹീകന്മാര്‍ ഇവരൊക്കെ ദ്രോണാചാര്യന്റെ പിന്നില്‍ അണി നിരന്നു.

അശ്വത്ഥാമാവ്‌, ഗാംഗേയന്‍, സിന്ധുരാജനായ ജയദ്രഥന്‍, ദാക്ഷിണാത്യര്‍, പ്രതീച്ച്യന്മാര്‍, പാർവ്വതീയന്മാരായ രാജാക്കന്മാര്‍, ഗാന്ധാര രാജാവായ ശകുനി, പ്രാച്യരും ഉദീച്യരുമായ എല്ലാവരും, ശകന്മാര്‍, കൈരാതന്മാര്‍, യവനന്മാര്‍, ശിബിമാര്‍, വസാതികള്‍, അവരവരുടെ പടകളോടു കൂടി മഹാരഥന് ചുറ്റുമായി നിന്നു. ഈ മഹാരഥന്മാരൊക്കെ രണ്ടാമത്തെ സൈന്യ വകുപ്പില്‍ നിന്നു. സൈന്യത്തോടു കൂടി കൃതവർമ്മാവ്‌, വന്‍തേരാളിയായ ത്രിഗര്‍ത്തന്‍, സോദരന്മാരാല്‍ ചുറ്റപ്പെട്ട ദുര്യോധന രാജാവ്‌, ശലന്‍, യൂപദ്വജന്‍, ശല്യന്‍, കോസലേന്ദ്രന്‍, ബൃഹദ്രഥന്‍? ഇവര്‍ ധാര്‍ത്തരാഷ്ട്രനോടു കൂടി പിന്നില്‍ പുറപ്പെട്ടു. ധാര്‍ത്തരാഷ്ട്രന്മാരായ മഹാബലന്മാര്‍ ചെന്ന്‌ ന്യായം പോലെ ചട്ടയിട്ടു കുരുക്ഷേത്രത്തില്‍ പിന്‍പുറത്തു നിൽപ്പുറപ്പിച്ചു. ദുര്യോധനന്‍ കൈനിലയുണ്ടാക്കിച്ചു. അലങ്കരിക്കപ്പെട്ട ആ കൈനില കണ്ടാല്‍ രണ്ടാമത്തെ ഹസ്തിനാപുരി ആണെന്നു തോന്നും. പുരത്തിനും കൈനിലയ്ക്കും യാതൊരു ഭേദവും തോന്നുകയില്ല. ഹേ, രാജേന്ദ്രാ! അവിടെയുള്ള പൗരന്മാര്‍ കുശലികളായി ശോഭിച്ചു. അപ്രകാരമുള്ള ദുര്‍ഗ്ഗങ്ങള്‍ മറ്റു മന്നവന്മാര്‍ക്കും തീര്‍പ്പിച്ചു. അങ്ങനെ നൂറും ആയിരവും രാജകീയ കൈനിലകള്‍ ഉയര്‍ന്നു. അഞ്ചു യോജന വിസ്താരം പോര്‍ക്കുളത്തട്ട്‌ ഒഴിച്ചിട്ട്‌ മറ്റു ഭാഗങ്ങളില്‍ പണി ചെയ്തുയര്‍ത്തിയ മനോഹര കുടീരങ്ങളില്‍ രാജാക്കന്മാര്‍ വാണു. അവിടെ ഭൂപാലന്മാരായ അവര്‍ യഥോത്സാഹം യഥാബലം ദ്രവ്യപൂര്‍ണ്ണമായ കൈനിലകളില്‍ പ്രവേശിച്ചു.

സൈസന്യങ്ങളോടു കൂടിയ യോഗ്യന്മാര്‍ക്ക്‌ ദുര്യോധന രാജാവ്‌ ഉത്തമമായ ഭക്ഷ്യവും ഭോജ്യവും നല്കി. മറ്റ്‌ ആള്‍ക്കാര്‍ക്കും നല്കി. മനുഷ്യര്‍, ആന, കുതിര, ശില്പി, ജനങ്ങള്‍, മറ്റ്‌ അനുചരന്മാര്‍, സൂതമാഗധ വന്ദികള്‍, കച്ചവടക്കാര്‍, വേശ്യകള്‍, കാഴ്ചക്കാരായി വന്നു ചേര്‍ന്ന മഹാജനങ്ങള്‍ ഈ സകല കൂട്ടരേയും കൗരവന്‍ നല്ല പോലെ സംരക്ഷിച്ചു.

196. പാണ്ഡവസൈന്യങ്ങളുടെ പുറപ്പാട്‌ - വൈശമ്പായനന്‍ പറഞ്ഞു; ഇപ്രകാരം യുധിഷ്ഠിര രാജാവ്‌ ധൃഷ്ടദ്യുമ്നാദ്യന്മാരായ വീരന്മാരെ പ്രേരിപ്പിച്ചു. ചേദികാശി കുരൂഷന്മാര്‍ക്ക്‌ നേതാവായി ദൃഢവിക്രമനും ശത്രുഹന്താവും സേനാധിപനുമായ ധൃഷ്ടകേതുവിനെ നിയമിച്ചു. വിരാടന്‍,ദ്രുപദന്‍, ശിഖണ്ഡി, യുയുധാനന്‍, പാഞ്ചാല്യര്‍, ഉത്തമൗജസ്‌, യുധാമന്യു എന്നിവരെയും നിശ്ചയിച്ചു. ആ ശൂരന്മാരെല്ലാം ചിത്രവര്‍മ്മാക്കളും മിന്നുന്ന കുണ്ഡലങ്ങളോടു കൂടിയവരുമാണ്‌. യാഗശാലയില്‍ നെയ്യു വീഴ്ത്തുമ്പോള്‍ കത്തിക്കാളുന്ന അഗ്നികള്‍ പോലെ ആ വില്ലാളി വീരന്മാര്‍ ഉജ്ജ്വലിക്കുന്ന ഗൃഹങ്ങളുടെ ധാടിയോടെ പ്രശോഭിച്ചു.

പിന്നെ യഥായോഗ്യം സൈനൃത്തെ. പുജിച്ചതിന് ശേഷം ആ പടയോടു കൂടിയ മഹാന്മാര്‍ക്കൊക്കെ നാഥനായ യുധിഷ്ഠിരന്‍ ആ സൈന്യങ്ങള്‍ക്കു പുറപ്പെടുവാനുള്ള കല്പന നല്കി. എല്ലാവര്‍ക്കും ഉത്തമമായ ആഹാരങ്ങള്‍ നല്കി. ഭൃത്യന്മാര്‍, ആന, കുതിര, ശില്പികള്‍ ഇവര്‍ക്കും സുഖമായ ഭോജ്യങ്ങള്‍ നല്കി. അഭിമന്യു, ബൃഹന്തന്‍, പാഞ്ചാലീ പുത്രന്മാര്‍ അഞ്ചുപേര്‍, ധൃഷ്ടദ്യുമ്നാദ്യന്മാര്‍ ഇവരെ പാണ്ഡവന്‍ അയച്ചു. ഭീമനേയും സാത്യകിയേയും അര്‍ജ്ജുനനേയും രണ്ടാം പട വകുപ്പിലേക്കു വിട്ടു. സാമാനം കയറ്റുന്നവര്‍, നടക്കുന്ന കൂട്ടര്‍, ഓടുന്ന കൂട്ടര്‍, ഇങ്ങനെ പലരുടേയും ശബ്ദകോലാഹലം കൊണ്ട്‌ കുരുക്ഷേത്രം മുഖരിതമായി.

പിന്നെ പിന്‍പുറത്തായി വിരാടന്‍, ദ്രുപദന്‍ എന്നിവരോടു കൂടി മറ്റു മന്നവന്മാരുമായി രാജാവ്‌ എഴുന്നെള്ളി. ധൃഷ്ടദ്യുമ്നന്റെ സൈന്യാധിപതൃത്തിന് കീഴിലുള്ള വില്ലാളികളോടു ചേര്‍ന്ന ആ മഹാസൈന്യം കരകവിഞ്ഞൊഴുകുന്ന ഭാഗീരഥി പോലെ ശോഭിച്ചു.

പിന്നെ സൈന്യങ്ങളെ കൂട്ടിച്ചേര്‍ത്ത്‌, ധാര്‍ത്തരാഷ്ട്രന്മാരുടെ സങ്കല്പങ്ങളെ തകര്‍ക്കുന്ന വിധം, നടത്തി. ദ്രൗപദീ നന്ദനന്മാരേയും അഭിമന്യുവിനേയും മാദ്രീപുത്രന്മാരേയും പ്രഭദ്രകന്മാരേയും പതിനായിരം കുതിരകളും രണ്ടായിരം ആനകളും പതിനായിരം കാലാളുകളും അഞ്ഞൂറു രഥങ്ങളും മുന്നണിയില്‍ നിൽക്കുന്ന ഭീമസേനനു നല്കി. അത്‌ ദുര്‍ദ്ധര്‍ഷമായ ഒരു ബലം തന്നെ. വീരന്മാരും ഗദാചാപധരന്മാരും യോഗ്യരുമായ ജയസേനാദികളേയും നടുവില്‍ മത്സ്യനേയും യുധാമന്യു, ഉത്തമൗജസ്സ്‌ എന്നീ പാഞ്ചാല വീരന്മാരേയും പിന്‍തുടര്‍ന്ന്‌ നടുവിലായി കൃഷ്ണാര്‍ജ്ജുനന്മാര്‍ ശോഭിച്ചു. എല്ലാവരും യുദ്ധക്കലി കൊണ്ടു. അതില്‍ ഇരുപതിനായിരം ശൂരന്മാരുടെ സംരക്ഷണത്തില്‍ അയ്യായിരം കൊമ്പനാനകളും തേര്‍ക്കൂട്ടങ്ങളും ഗദ, വാള്‍, വില്ല്‌ ഇവയോടു കൂടിയ പദാദികള്‍ അസംഖ്യം മുന്‍ഭാഗത്തും അസംഖ്യം പിന്‍ഭാഗത്തുമായി ആ പടക്കടലിന്റെ നടുവില്‍ എവിടെയാണോ യുധിഷ്ഠിരന്‍ നിൽക്കുന്നത്‌, അവിടെ തന്നെ മിക്ക രാജാക്കന്മാരും നിന്നു.

ആയിരക്കണക്കിന് ആനകളും പതിനായിരക്കണക്കിന് കുതിരകളും ആയിരക്കണക്കിന് തേരുകളും വളരെയേറെ കാലാളുകളും ചേര്‍ന്ന സ്വന്തം പടയുമായി ചേകിതാനന്‍ പോയി. ചേദിജനങ്ങളുടെ നേതാവായ ധൃഷ്ടകേതുവും വില്ലാളിയും വൃഷ്ണിപ്രവരനുമായ മഹാരഥന്‍ സാത്യകിയും നൂറായിരം തേരുകളോടു കൂടി രഥാരൂഢനായി. തേരാളി വീരന്മാരായ ക്ഷത്രദേവനും ബ്രഹ്മദേവനും നടുഭാഗം കാത്തു. പിന്‍പുറം കണ്ടു പോയി. വണ്ടികള്‍, വാണിഭം, വേശ്യാസംഘം, വാഹനങ്ങള്‍, കാളകള്‍, ആയിരം ആനകള്‍, പതിനായിരം കുതിരകള്‍ ഇവയൊക്കെ നടന്നു. കൃശന്മാരും ദുര്‍ബ്ബലരും ബാലരും സ്ത്രീജനങ്ങളും ഭണ്ഡാര വണ്ടികളും പത്തായങ്ങളും ആനപ്പടയും കൂടി ചേര്‍ന്ന്‌ മെല്ലെ യുധിഷ്ഠിരനും പോയി.

സത്യധൃതി, സൗചിത്തി എന്നീ രണദുര്‍മ്മദന്മാരും ശ്രേണിമാന്‍, വസുദാനന്‍, കാശ്യനന്ദനന്‍ എന്നിവരും ഇവര്‍ക്ക്‌ പതിനായിരം തേരുകളും അനുയായികളും പൊന്നിന്‍ മണിയണിഞ്ഞ പത്തു കോടി കുതിരകളും മദം പൊട്ടി ഇളകുന്നവയും കാറു പോലെ ശോഭിക്കുന്നവയും വലിയ കൊമ്പു കൊണ്ട്‌ പൊരുതുന്നവയുമായ പത്തു ലക്ഷം കൊമ്പനാനകളും വേറെ അറുപതിനായിരം കൊമ്പനാനകളും ഇവയൊക്കെ ചേര്‍ന്നതാണ്‌, യുദ്ധത്തില്‍ യുധിഷ്ഠിരന്റെ സേനകള്‍.

മഴ പെയ്യുന്ന കാര്‍മേഘം പോലെ മദം പൊട്ടുന്ന മുഖത്തോടു കൂടിയ ആ ഗജങ്ങള്‍, സഞ്ചരിക്കുന്ന കുന്നുകള്‍ പോലെ യുധിഷ്ഠിര രാജാവിനെ പിന്‍തുടര്‍ന്നു. ഇങ്ങനെയൊക്കെയാണ്‌ ബുദ്ധിമാനായ യുധിഷ്ഠിരന്റെ കടുത്ത പട. ഈ പടകള്‍ ചേര്‍ന്നാണ്‌ ദുര്യോധനനോട്‌ എതിര്‍ത്തത്‌.

പിന്നെ വേറെ ജനങ്ങള്‍ നൂറും ആയിരവും പതിനായിരവും ആര്‍ത്തിറങ്ങി. അവരുടെ പെരുംപടകള്‍ അസംഖ്യമായിരുന്നു. അതില്‍ അനേകായിരം ഭേരികളും പതിനായിരം ശംഖങ്ങളും അനേകായിരം ഹൃഷ്ടരായ യോദ്ധാക്കള്‍ ഉച്ചത്തില്‍ മുഴക്കി.


No comments:

Post a Comment