Thursday 18 August 2022

സ്വര്‍ഗാരോഹണപര്‍വ്വം

1. നാരദയുധിഷ്ഠിരസംവാദം ദുര്യോധനാദി ദർശനം - സ്വർഗ്ഗത്തിൽ ദുര്യോധനൻ വലിയ പദവിയിൽ സിംഹാസനത്തിൽ ഇരിക്കുന്നതായി യുധിഷ്ഠിരൻ കാണുന്നു - ജനമേജയന്‍ പറഞ്ഞു: ത്രിവിഷ്ടപമാകുന്ന ( മൂന്നാമത്തെ ലോകമാകുന്ന ) സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച്‌ എന്റെ പൂര്‍വ്വപിതാമഹന്മാര്‍ ഏതേതിടത്തില്‍ ചെന്നു? പാണ്ഡുപുത്രന്മാരും ധാര്‍ത്തരാഷ്ട്രന്മാരും ഏതേതിടത്തില്‍ ചെന്നു. അത്‌ കേള്‍ക്കുവാന്‍ എനിക്കു വലിയ മോഹമുണ്ട്‌. അങ്ങ്‌ അത്ഭുതക്രിയനായ വ്യാസഭഗവാന്റെ അനുഗ്രഹത്താല്‍ എല്ലാം അറിയുന്നവനാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.

വൈശമ്പായനൻ പറഞ്ഞു: ത്രിവിഷ്ടപമായ സ്വര്‍ഗ്ഗത്തില്‍ ചെന്നതിന് ശേഷം നിന്റെ പൂര്‍വ്വപിതാമഹന്മാരായ യുധിഷ്ഠിരന്‍ തുടങ്ങിയവര്‍ എന്താണു ചെയ്തതെന്നു പറയാം, നീ കേള്‍ക്കുക! ത്രിവിഷ്ടപമായ സ്വര്‍ഗ്ഗത്തിലെത്തിയ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ശ്രീയാല്‍ വിളങ്ങുന്ന ദുര്യോധനന്‍ സിംഹാസനത്തില്‍ ഇരിക്കുന്നതായി കണ്ടു.സൂര്യനെപ്പോലെ ശോഭയോടെ വീരലക്ഷ്മീ വിലാസിയായി വിളങ്ങുന്ന പുണ്യകര്‍മ്മാക്കളായ ദേവന്മാരോടും സാദ്ധ്യന്മാരോടും കൂടിച്ചേര്‍ന്ന്‌ സസന്തോഷം ഇരിക്കുന്നതായാണ്‌ യുധിഷ്ഠിരന്‍ കണ്ടത്‌. ദുര്യോധനന്‍ ഈ മഹാപദവിയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ യുധിഷ്ഠിരന് അമര്‍ഷമുണ്ടായി.ദുര്യോധനനില്‍ ആ മഹത്തായ ശ്രീ കണ്ട ഉടനെ മുഖം പിന്തിരിച്ചു നടന്നു. ഉച്ചത്തില്‍ ആ കൂട്ടുകാരോടു വിളിച്ചു പറഞ്ഞു: ദേവന്മാരേ, എനിക്ക്‌ സ്വര്‍ഗ്ഗം ആവശ്യമില്ല! ദീര്‍ഘദര്‍ശിയല്ലാത്തവനും, ലുബ്ധനുമായ ദുര്യോധനന്റെ കൂടെഎനിക്ക്‌ സ്വര്‍ഗ്ഗം വേണ്ടാ. ഇവന്‍ ഒരുത്തന്‍ കാരണം ഭൂമിയിലുള്ള സകല സുഹൃത്തുക്കളെയും ബന്ധുക്കളോടും കൂടി കൊല്ലേണ്ടി വന്നു. ആ ലുബ്ധന്‍ കാരണം കാട്ടില്‍ക്കിടന്ന്‌ കഷ്ടപ്പെടേണ്ടി വന്നത് കൊണ്ടല്ലേ ഞങ്ങള്‍ പോരില്‍ അവരെയൊക്കെ ഭയങ്കരമായി പോരാടി വധിച്ചത്‌! ദ്രുപദപുത്രിയായ പാഞ്ചാലി, ധര്‍മ്മചാരിണിയായ സാദ്ധ്വി, സഭാമദ്ധ്യത്തില്‍ ഗുരുജനങ്ങളുടെ മുമ്പില്‍ പരിക്ലിഷ്ടയായില്ലേ, നല്ലവളായ ഞങ്ങളുടെ പത്നി ഇങ്ങനെ കഷ്ടപ്പെട്ടു. ദേവന്മാരേ, ഈ ദുര്യോധനനെ എനിക്കു കാണേണ്ടാ! എന്റെ സഹോദരന്മാരുള്ളിടത്തു പോകാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. നാരദന്‍ ഇതു കേട്ടപ്പോള്‍ ചിരിച്ചു പറഞ്ഞു: "അതു വേണ്ടെടോ, യുധിഷ്ഠിരാ! അതു നന്നല്ല!".

നാരദന്‍ പറഞ്ഞു: രാജേന്ദ്രാ, സ്വര്‍ഗ്ഗവാസത്തില്‍ വിരോധമൊക്കെ നശിക്കുന്നു യുധിഷ്ഠിരാ, മഹാബാഹോ!ഇപ്രകാരം ഒരിക്കലും പറയുവാന്‍ പാടില്ല. ദുര്യോധനനെപ്പറ്റി ഞാന്‍ പറയുന്നത്‌ ഭവാന്‍ കേള്‍ക്കുക! ദുര്യോധന രാജാവിനെ ദേവന്മാര്‍ പൂജിക്കുന്നു! അനേകം രാജാക്കന്മാരും സത്തുക്കളും സ്വര്‍ഗ്ഗത്തില്‍ ആ രാജവര്യനെ പൂജിക്കുന്നു. പോരില്‍ ദേഹത്തെ ഹോമിച്ച്‌ വീരന്മാരുടെ ലോകത്തില്‍ എത്തിയവനാണ്‌ ദുര്യോധനന്‍. ദേവതുല്യന്മാരായ നിങ്ങളെ എല്ലാവരെയും അവനാണല്ലോ യുദ്ധക്കളത്തിലിറക്കിയത്‌. അങ്ങനെയുള്ള ആ വീരന്മാര്‍ ക്ഷത്രധര്‍മ്മം സ്വീകരിച്ച്‌ ഈ സ്ഥാനത്തെ നേടിയതാണ്‌. മഹാഭയത്തില്‍ പോലും കുലുങ്ങാത്തവനാണ്‌ ഈ രാജാവ്‌. അതൊന്നും നീ ഉള്ളില്‍ വെയ്ക്കരുത്‌ ഉണ്ണീ! ചൂതിലുണ്ടായതൊന്നും ഇനി ചിന്തിക്കരുത്‌. പാഞ്ചാലീ പരിക്ലേശവും ചിന്തിക്കരുത്‌. ജ്ഞാനികളാല്‍ വന്നുകൂടിയ ക്ലേശജാലങ്ങളൊന്നും നീ ചിന്തിക്കരുത്‌.പോരിലും മറ്റുമുണ്ടായത്‌ ഒന്നും ഓര്‍ക്കരുത്‌. ഭവാന്‍ ന്യായപ്രകാരം ദുര്യോധന രാജാവുമായി ചേരുക! ഇതു ഭൂമിയല്ല, സ്വര്‍ഗ്ഗമാണ്‌. ഇവിടെ വൈരങ്ങളൊന്നുമില്ല രാജാവേ!

വൈശമ്പായനന്‍ പറഞ്ഞു: എന്നു നാരദന്‍ പറഞ്ഞപ്പോള്‍ കുരുരാജാവായ യുധിഷ്ഠിരന്‍, മേധാവി, അനുജന്മാരെപ്പറ്റി ചോദിച്ച്‌ ഇപ്രകാരം പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു; ദുര്യോധനന് നിതൃമായ ഈ വീരലോകങ്ങള്‍ ലഭിക്കുമെങ്കില്‍ ഭൂമിയിലുള്ള സകല സുഹൃത്തുക്കളെയും ദ്രോഹിച്ച പാപിയായ അധര്‍മ്മിക്ക്‌ ഈ വീരലോകം ലഭിക്കുമെങ്കില്‍, ആനയും, കുതിരയും, ആളുകളും ചേര്‍ന്ന ഭൂമി മുടിയുവാന്‍ കാരണമായ പാപിക്ക്‌ ഈ വീരലോകം ലഭിക്കുമെങ്കില്‍, പക വീട്ടുവാന്‍ വേണ്ടി ശ്രമം ചെയ്തു കഷ്ടപ്പെട്ടു പോരാടി അവനെ ജയിച്ചമ ഹാത്മാക്കളും, വീരന്മാരും, മഹാവ്രതരും, സത്യപ്രതിജ്ഞരും, ശൂരന്മാരും, സത്യവാദികളുമായ എന്റെ അനുജന്മാര്‍ക്ക്‌ എത്ര മഹത്തരമായ ലോകമായിരിക്കും ലഭിക്കുക! മഹര്‍ഷേ, അവരെ ഒന്നു കാണിച്ചു തരൂ! സത്യനിഷ്ഠനും മഹാനും കുന്തീപുത്രനുമായ കര്‍ണ്ണന്‍ എവിടെയാണ്‌? ശൈനേയനെയും, പാര്‍ഷഭനെയും, പാര്‍ഷതാത്മജന്മാരെയും ക്ഷത്രധര്‍മ്മം സ്വീകരിച്ച്‌ ശസ്ത്രഹതന്മാരായ മന്നവന്മാരെയും കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അല്യയോ, ബ്രഹ്മര്‍ഷേ, ആ രാജാക്കന്മാരൊക്കെ എവിടെയാണ്‌? അവരെയൊന്നും കാണുന്നില്ലല്ലോ നാരദാ! വിരാട ദ്രുപദന്മാരെ, ധൃഷ്ടകേതു പ്രമുഖന്മാരെ, പാഞ്ചാല്യനായ ശിഖണ്ഡിയെ ദ്രൗപദീ പുത്രന്മാരെ, ദൂര്‍ദ്ധര്‍ഷനായ സൗഭദ്രനെ, ഇവരെയൊക്കെ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്‌ നാരദാ.

2. യുധിഷ്ഠിരന്റെ നരകദര്‍ശനം - ധർമ്മപുത്രന്റെ ആവശ്യപ്രകാരം ഇന്ദ്രൻ ദേവദൂതനെ അയച്ചു ഭീമസേനാദികൾ കിടക്കുന്ന ദിക്ക് കാണിക്കുന്നു - യുധിഷ്ഠിരന്‍പറഞ്ഞു: അല്ലയോ ദേവന്മാരേ, ഞാന്‍ അതിതേജസ്വിയായ കര്‍ണ്ണനെ കാണുന്നില്ലല്ലോ. യുധാമന്യു, ഉത്തമൗജസ്സ്‌ എന്നീ ഭ്രാതാക്കളെയും ഞാന്‍ കാണുന്നില്ല. എനിക്കു വേണ്ടി യുദ്ധത്തില്‍ ശരീരത്തെ ഹോമിച്ച രഥീന്ദ്രന്മാരെയും, എനിക്കു വേണ്ടി യുദ്ധത്തില്‍ മരിച്ച രാജാക്കന്മാരെയും, അവരുടെ മക്കളെയും കാണുന്നില്ലല്ലോ? ശാര്‍ദ്ദൂലവിക്രമന്മാരായ, ആ രഥീന്ദ്രന്മാരായ പുരുഷോത്തമന്മാരും ഈ ലോകം നേടിയില്ലെന്നോ? ആ മഹാരഥന്മാരെല്ലാം ഈലോകം നേടി വാഴുന്നുണ്ടെങ്കില്‍, ആ മഹാത്മാക്കളോടു ചേര്‍ന്ന്‌ ദേവന്മാരേ, ഞാന്‍ ഇവിടെ വസിച്ചു കൊള്ളാം. ആ വീരന്മാര്‍ അക്ഷയശുഭമായ ഈ ലോകം നേടിയില്ലങ്കില്‍ ആ ഭ്രാതാക്കളും ജ്ഞാതികളുമായ വീരന്മാര്‍ ഇല്ലാതെ ഞാന്‍ ഇവിടെ വാഴുവാന്‍ വിചാരിക്കുന്നില്ല. ഉദകക്രിയ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അമ്മ പറഞ്ഞത്‌ ഞാന്‍ കേട്ടു. കര്‍ണ്ണന് ഉദകം ചെയ്യുക! ആ വാക്കോര്‍ത്ത്‌ എന്റെ മനസ്സു തപിക്കുന്നു. അതു ചിന്തിക്കുമ്പോള്‍ എന്റെ മനസ്സ്‌ വീണ്ടും വീണ്ടും തപിക്കുന്നു. അമര്‍ത്ത്യന്മാരെ, ആ വീരന്റെ കാലടികള്‍ അമ്മയുടെ കാലടികള്‍ പോലെയായിരുന്നു. അതു കണ്ടിട്ടും ഞാന്‍ ആ ശത്രുസംഹാരിയായ കര്‍ണ്ണനുമായി ചേരുവാന്‍ വിചാരിച്ചില്ല! കര്‍ണ്ണനോടു കൂടിയ ഞങ്ങളെ വെല്ലുവാന്‍ ഇന്ദ്രന് പോലും കഴിയുമായിരുന്നില്ല. അവന്‍ എവിടെയാണ്‌? ആ സൂര്യപുത്രന്‍ എവിടെയാണ്‌? ഞാന്‍ അവനെ ചെന്ന്‌ ഒന്നു കാണട്ടെ! ഞാന്‍ അവനെ, സവ്യസാചിയെക്കൊണ്ടു കൊല്ലിച്ചു. പിന്നെയല്ലേ ഞാന്‍ അവനെ അറിഞ്ഞത്‌! പ്രാണനേക്കാള്‍ പ്രിയപ്പെട്ട ഭീമവിക്രമനായ ഭീമനെ, ഇന്ദ്രാഭനായ അര്‍ജ്ജുനനെ, യമാഭന്മാരായ യമന്മാരെ, ധര്‍മ്മിഷ്ഠയായ കൃഷ്ണയെ, ഇവരെയെല്ലാം കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരില്ലാത്ത ഈ സ്വര്‍ഗ്ഗത്തില്‍ വാഴുവാന്‍ എനിക്കിഷ്ടമില്ല. ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. അവര്‍ എവിടെയുണ്ടോ, അതാണ്‌ എനിക്കു സ്വര്‍ഗ്ഗം. അവരില്ലാത്ത ഇടം എനിക്കു സ്വര്‍ഗ്ഗമല്ലെന്നാണ്‌ എന്റെ അഭിപ്രായം.

ദേവകള്‍ പറഞ്ഞു: അങ്ങയ്ക്കു അതിലാണ്‌ ശ്രദ്ധയെങ്കില്‍ മകനേ, പോവുക, കാണിച്ചു തരാം. വൈകേണ്ടതില്ല. നിന്റെ ഇഷ്ടമെന്തോ, അതിന് ഞങ്ങള്‍ സന്നദ്ധരാണ്‌. ദേവരാജാവിന്റെ കല്പനയാല്‍ ഞങ്ങള്‍ അങ്ങയുടെ ആഗ്രഹം നിര്‍വ്വഹിക്കുവാന്‍ സന്നദ്ധരായിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ദേവന്മാര്‍ ദേവദുതനോട്‌, "യുധിഷ്ഠിരനെ കൊണ്ടു പോയി അവന്റെ ഇഷ്ടന്മാരെയെല്ലാം കാണിച്ചു കൊടുക്കുക പരന്തപാ!". ഇപ്രകാരം പറഞ്ഞു കൗന്തേയനായ രാജാവും ദേവദൂതനും നടന്നു. അങ്ങനെ രാജശാര്‍ദ്ദൂലാ, അവര്‍ ആ പുരുഷര്‍ഭന്മാരുള്ള സ്ഥലത്തെത്തി. ദേവദൂതന്‍ മുമ്പെ നടന്നു. രാജാവ്‌ പിന്നാലെയും നടന്നു. പാപം ചെയ്തവര്‍ വസിക്കുന്ന അശുഭവും, ദുര്‍ഗ്ഗമമായ വഴിയിലൂടെ നടന്നു. ഘോരമായ കൂരിരുട്ടില്‍ മൂടിയതും, മുടിയാകുന്ന ചണ്ടി നിറഞ്ഞതും, മാംസവും ചോരയും കൂടിച്ചേര്‍ന്ന ചേറു കെട്ടിയതും, പാപികളുടെ ദുര്‍ഗ്ഗന്ധം പരത്തുന്നതും, കടന്നലുകള്‍ പറക്കുന്നതും, പുഴുക്കളും കൊതുകും ഈച്ചയും കൂടിയതും, അങ്ങുമിങ്ങും ചിന്നിയ ശവനിരയുള്ളതും, എല്ലുകളും മുടികളും, ചിന്നിയതും കൃമികീടങ്ങള്‍ തത്തുന്നതും, ചുറ്റും പടര്‍ന്നാളി ചെന്തീയ്‌ കത്തിയെരിയുന്നതും, സൂചിമുഖങ്ങളായ ഇരുമ്പു കൊണ്ടുള്ള കൊറ്റികളും, കഴുക്കളും പറക്കുന്നതും, വിന്ധ്യംപോലെ ശവങ്ങള്‍ ചിന്നിപ്പരന്നതും, ചോരയും മേദസ്സും ഒഴുകുന്നതും, കയ്യറ്റതും, തുടയറ്റതും, കൈത്തണ്ടയറ്റതും, വയറു മുറിഞ്ഞതും, കുടല്‍ ചാടിയതും, കാലു മുറിഞ്ഞതും,അങ്ങുമിങ്ങും കിടന്ന്‌ പിടയുന്നതുമായ ദേഹങ്ങളുള്ളതും, ശവങ്ങള്‍ ചീഞ്ഞുനാറുന്നതുമായ ആ മാര്‍ഗ്ഗം, അശുഭവും രോമഹര്‍ഷണവുമായി കാണപ്പെട്ടു. പലതും ചിന്തിച്ച്‌ ധര്‍മ്മപുത്രരാജാവ്‌ ആ വഴിയുടെ നടുവിലൂടെ ചെന്നു. ചുട്ടു തിളയ്ക്കുന്ന ജലം ഒഴുകിവരുന്ന ദുര്‍ഗ്ഗമമായ പുഴ കണ്ടു. കൂര്‍ത്ത കത്തികള്‍ നിറഞ്ഞ, വാളുകളാകുന്ന ഇലകള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ തിങ്ങിയ കാട്‌ കണ്ടു. ഇരുമ്പു പോലെയും, പാറ പോലെയുമുള്ള ഇടങ്ങളും, വെണ്മയുള്ള മണല്‍പ്പരപ്പും, ചുട്ടു പൊള്ളുന്ന മട്ടില്‍ പഴുത്ത പ്രദേശവും, ലോഹങ്ങള്‍ തിളയ്ക്കുന്ന കുംഭങ്ങളും, കടുത്ത മുള്ളുളളതും അടുക്കാന്‍ വയ്യാത്തതുമായ കൂടശാല്മലികളും, പാപികള്‍ക്ക്‌ യാതനയുണ്ടാക്കുന്ന മറ്റു പലതും ആ വഴിക്ക്‌ കുന്തീപുത്രനായ യുധിഷ്ഠിരന്‍ ദര്‍ശിച്ചു. ആ ദുര്‍ഗ്ഗം നോക്കിക്കണ്ട്‌ യുധിഷ്ഠിരന്‍ ദേവദുതനോടു പറഞ്ഞു: "എടോ ദേവദൂതാ! നമ്മള്‍ ഇപ്രകാരമുള്ള വഴി ഇനി എത്ര ദൂരം പോകണം? എവിടെയാണ്‌ എന്റെ ഭ്രാതാക്കളെന്ന്‌ നീഎന്നോടു പറയൂ! ദേവകള്‍ക്ക്‌ ഈ ദേശം ഏതാണ്‌? എന്തു പേരിലാണ്‌ അറിയപ്പെടുക എന്നുള്ളതും കേള്‍ക്കാനാഗ്രഹമുണ്ട്‌". ധര്‍മ്മരാജാവു പറഞ്ഞ വാക്കു കേട്ട്‌ ദേവദൂതന്‍ പിന്തിരിഞ്ഞു. അദ്ദേഹത്തോട്‌ രാജദൂതന്‍ പറഞ്ഞു: "ഭവാന്റെ യാത്ര ഇത്രയ്ക്കു മാത്രമാണ്‌. ഞാനങ്ങയെ തിരിച്ചു കൊണ്ടു പോകണമെന്നാണ്‌ ദേവന്റെ കല്പന രാജേന്ദ്രാ. ഭവാന്‍ തളര്‍ന്നെങ്കില്‍ ഇനി ഇങ്ങോട്ടു പോന്നുകൊള്ളുക".

യുധിഷ്ഠിരന്‍ വെറുപ്പോടെ സഹിക്കാന്‍ വയ്യാത്ത ആ ദുര്‍ഗ്ഗന്ധം ശ്വസിച്ചു വലഞ്ഞ്‌ തിരിക്കുവാന്‍ തന്നെ തീര്‍ച്ചയാക്കി പിന്തിരിഞ്ഞു ഭാരതാ! ദുഃഖശോകങ്ങളോടെ തിരിച്ച ധര്‍മ്മശീലനായ ആ പാണ്ഡവന്‍ അപ്പോള്‍ അവിടെ ദുഃഖിതന്മാരായ ആരോ പറയുന്ന ദീനസ്വരം കേട്ടു; ചുറ്റും കേട്ടു.ഹേ ധര്‍മ്മരാജാവേ! ഹേ രാജര്‍ഷേ! പുണ്യപുരുഷാ! പാണ്ഡവാ! ഞങ്ങളുടെ അനുഗ്രഹത്തിന്നായി ഭവാന്‍ അല്പസമയം നില്ക്കണേ! ദുര്‍ദ്ധര്‍ഷനായ ഭവാന്‍ വരുന്ന സമയത്ത്‌ പുണ്യമാരുതന്‍ വീശുന്നു. താതാ, ഭവാന്റെ മെയ്യില്‍ തട്ടി വരുന്ന കാറ്റ്‌ ഞങ്ങള്‍ക്കു സുഖം നല്‍കുന്നു. വളരെ നാളുകള്‍ക്കുള്ളില്‍ ഇന്നാണ്‌ ഞങ്ങള്‍ സുഖം അനുഭവിക്കുന്നത്‌ പുരുഷര്‍ഷഭാ! നിന്നെ കാണുകയാല്‍ ഞങ്ങള്‍ക്കു സുഖം ലഭിക്കുന്നു നൃപസത്തമാ! ഭവാന്‍ പോകല്ലേ! അല്ലസമയം നില്ക്കണേ! മഹാബാഹോ, കൗരവ്യാ, ഭവാന്‍ നില്ക്കുകയാണെങ്കില്‍ തീവ്രമായ വേദന ഞങ്ങളേല്ക്കുന്നതല്ല. ഇപ്രകാരം വേദന കൊണ്ടു ദുഃഖിക്കുന്നവരും ദീനമായി അപേക്ഷിക്കുന്നവരുമായ ജനങ്ങള്‍ ആ സ്ഥലത്ത്‌എല്ലാ ദിക്കിലും വിളിച്ചു പറയുന്നത്‌ രാജാവ്‌ കേട്ടു. ആ ദുഃഖിതരായ ജനങ്ങള്‍ ദയനീയമായി വിലപിച്ചു പറയുന്ന വാക്കു കേട്ട്‌ കനിവോടെ യുധിഷ്ഠിരന്‍ നിലവിളിച്ച്‌, "അയ്യോ! മഹാകഷ്ടം!", എന്നു പറഞ്ഞു. രാജാവു മുമ്പെ കേട്ടുപരിചയമുള്ള ശബ്ദമാണ്‌ കേട്ടത്‌. വീണ്ടും അതു കേട്ടു. വാടിത്തളര്‍ന്ന അവര്‍ പറയുന്നതെന്താണെന്ന്‌ രാജാവിന് തിരിഞ്ഞില്ല. അവര്‍ പറയുന്നതെന്തെന്ന്‌ മനസ്സിലാകാതെ യുധിഷ്ഠിരന്‍ ചോദിച്ചു. "നിങ്ങളാരാണ്‌? എന്തു കൊണ്ടാണ്‌ നിങ്ങള്‍ ഇവിടെ നില്ക്കുന്നത്‌?". യുധിഷ്ഠിരന്‍ ചോദിച്ചതു കേട്ട്‌ അവരെല്ലാവരും ഒന്നിച്ചു പറഞ്ഞു; "ഞാന്‍ കര്‍ണ്ണനാണ്‌, ഞാന്‍ ഭീമസേനനാണ്‌, ഞാന്‍ അര്‍ജ്ജുനനാണ്‌, ഞാന്‍ നകുലനാണ്‌, ഞാന്‍ സഹദേവനാണ്‌, ഞാന്‍ ധൃഷ്ടദ്യുമ്നനാണ്‌, ഞാന്‍ ദ്രൗപദിയാണ്‌, ഞങ്ങള്‍ ദ്രൗപദേയന്മാരാണ്‌", എന്ന്‌ നിലവിളിച്ചു പറഞ്ഞു. ആ പ്രദേശത്തിനൊത്ത വിധം ആ വാക്കുകള്‍ കേട്ട്‌ രാജാവേ, യുധിഷ്ഠിരന്‍ വിചാരിച്ചു: "ഇതെന്തൊരു ദൈവകല്പിതമാണ്‌? എന്തു പാപമാണ്‌ ഈ മഹാത്മാക്കള്‍ ചെയ്തത്‌? കര്‍ണ്ണനും, എന്റെ അനുജന്മാരും, ദ്രൗപദിയും, ദ്രൗപദേയന്മാരും, എന്തു പാപമാണ്‌ ചെയ്തത്‌? ഇവര്‍ ഈ പാപമായ, ദുര്‍ഗ്ഗന്ധമായ, ക്രൂരമായ ദേശത്തു നില്ക്കുന്നു. ഈ പുണ്യകര്‍മ്മാക്കളാരും ദുഷ്കര്‍മ്മം ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.എന്തു സുകൃതം ചെയ്തിട്ടാണ്‌ ധാര്‍ത്തരാഷ്ട്രനായ സുയോധനന്‍, മഹാപാപി, തുണക്കാരോടു കൂടി ശ്രീയോടെ ഇന്ദ്രനെപ്പോലെ ലക്ഷ്മിയോടു കൂടി പൂജ്യനായി വര്‍ത്തിക്കുന്നത്‌? സര്‍വ്വധര്‍മ്മജ്ഞരും ശൂരന്മാരും, സത്യാഗമപരായണരും,സത്യധര്‍മ്മസ്ഥരും, സത്തുക്കളും, യജ്വാക്കളും, ബഹുദക്ഷിണരുമായ ഇവര്‍ നരകത്തില്‍ കിടക്കുന്നു. ഇത്‌ എന്തിന്റെവികാരമാണ്‌? എന്തുകൊണ്ട്‌ സംഭവിച്ചു? ഞാന്‍ ഉറങ്ങിയിട്ട്‌ സ്വപ്നം കാണുകയാണോ? ഉണര്‍ന്നിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതു കാണുകയാണോ? ഞാന്‍ ബോധവാനാണോ? അബോധാവസ്ഥയിലാണോ? അതോ, ഇത്‌ തലച്ചോറിന്റെ തകരാറു കൊണ്ട്‌ വന്നു കൂടിയ ഒരു ചിത്തഭ്രമമാണോ?".

ഇങ്ങനെ യുധിഷ്ഠിര രാജാവ്‌ പലതും വിചാരിച്ചു. ദുഃഖശോകങ്ങളില്‍ മുഴുകി ചിന്താ വ്യാകുലിതേന്ദ്രിയനായി തീവ്രമായ കോപത്തോടെ പിന്നെ ആ ധര്‍മ്മനന്ദനനായ രാജാവ്‌ ദേവകളെയും ധര്‍മ്മത്തെയും ഗര്‍ഹിച്ചു. സഹിക്ക വയ്യാത്ത ദുര്‍ഗന്ധത്താല്‍ മനസ്സു തപിച്ച്‌ രാജാവ്‌ ദേവദൂതനോടു പറഞ്ഞു: "എടോ ദേവദൂതാ, നീ പൊയ്ക്കൊള്ളുക. നീ ഏതു ദേവന്മാരുടെ ദൂതനാണ്‌, അവരുടെ മുമ്പില്‍ച്ചെന്ന്‌ പറയു. ഞാന്‍ അങ്ങോട്ടേക്കില്ല, ഇവിടെത്തന്നെ നില്ക്കുകയാണ്‌ എന്ന്‌ യുധിഷ്ഠിരന്‍ പറഞ്ഞതായി പറയുക! ദുഃഖത്തില്‍ കിടക്കുന്ന എന്റെ ഭ്രാതാക്കള്‍ എന്നെ ആശ്രയിച്ച്‌ സുഖിക്കുന്നുണ്ടെന്നും പറയുക". എന്ന്‌ ധീമാനായ പാണ്ഡുപുത്രന്‍ പറഞ്ഞതു കേട്ട്‌ ആ ദൂതന്‍ ദേവരാജാവായ ശതക്രതു ഇരിക്കുന്നിടത്തേക്കു ചെന്നു. ഇന്ദ്രനെക്കണ്ട്‌ യുധിഷ്ഠിര രാജാവിന്റെ കാര്യങ്ങളെല്ലാം അദ്ദേഹം പറഞ്ഞ വിധം തന്നെ ഉണര്‍ത്തിച്ചു രാജാവേ!

3. യുധിഷ്ഠിരദേഹത്യാഗം - സന്തുഷ്ടരായി ഇന്ദ്രനും ധർമ്മരാജാവും യുധിഷ്ഠിരന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. മായാനരകം അപ്രത്യക്ഷമാകുന്നു - വൈശമ്പായനൻ പറഞ്ഞു; കുന്തീപുത്രനായ ധര്‍മ്മപുത്രന്‍, യുധിഷ്ഠിരന്‍, അല്പസമയം അവിടെ നിന്നു. ഉടനെ അവിടേക്ക്‌ ഇന്ദ്രാദികളായ ദേവന്മാര്‍ എത്തി. മൂര്‍ത്തിയെടുത്ത ധര്‍മ്മനും രാജാവിനെ കാണുവാന്‍ ആ കൗരവ രാജാവായ യുധിഷ്ഠിരന്‍ നില്‍ക്കുന്ന അടുത്തെത്തി. പുണ്യാഭിജന കര്‍മ്മാക്കളും, ഭാസിക്കുന്ന ദേഹത്തോടു കൂടിയവരുമായ ആ ദേവകള്‍ വന്നപ്പോള്‍ ആ മാര്‍ഗ്ഗത്തിലുണ്ടായിരുന്ന ഇരുട്ടു പോയി രാജാവേ! പാപികളുടെ യാതനകളൊന്നും പിന്നെ അവിടെ ഉണ്ടായില്ല. കൂടശാല്മലിയോടു കൂടിയ ആ വൈതരണിയെന്ന പുഴയും കാണാതെയായി. പേടി വളര്‍ത്തിയ ലോഹകുംഭങ്ങളും പാറകളും, വികൃതാകൃതികളായ ദേഹങ്ങളും, അവിടെ ചുറ്റുമുണ്ടായിരുന്ന മറ്റു ഭയങ്കര വസ്തുക്കളും അങ്ങനെ കുരുരാജാവ്‌ കണ്ടിരുന്നതൊന്നും പിന്നെ കണ്ടില്ല. ഉടനെ സുഖപ്രദമായ പുണ്യഗന്ധമുള്ള ശുഭമായ കാറ്റ്‌ ദേവന്മാരുടെ സമീപത്ത്‌ കുളിര്‍മ നല്കുമാറ്‌ വീശി ഭാരതാ! ഇന്ദ്രനോടു കൂടി മരുത്തുക്കളും, വസുക്കളും, അശ്വികളും, സാദ്ധ്യന്മാരും, രുദ്രന്മാരും, ആദിതൃന്മാരും, പിന്നെ മറ്റു ദേവന്മാരും ഒട്ടുക്ക്‌ അവിടെ എത്തിച്ചേര്‍ന്നു. സിദ്ധന്മാരായ മുനീന്ദ്രന്മാരും തേജസ്വിയായ ധര്‍മ്മപുത്രരാജാവ്‌ നില്ക്കുന്നിടത്തു വന്നെത്തി. പിന്നെ സുരപതിയും ശ്രീമാനുമായ ഇന്ദ്രന്‍ യുധിഷ്ഠിരനോട്‌ ഇപ്രകാരം സാന്ത്വനം ചെയ്തു പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: യുധിഷ്ഠിരാ, മഹാബാഹോ! ദേവകളെല്ലാം നിന്നില്‍ പ്രീതരായിരിക്കുന്നു. വരു നരവ്യാഘ്രാ, വിഭോ അങ്ങ്‌ ചെയ്തതെല്ലാം മതി. മഹാബാഹോ! ഭവാന്‍ സിദ്ധി നേടിയിരിക്കുന്നു. ഭവാന്‌ അക്ഷയമായ ലോകം ലഭിച്ചിരിക്കുന്നു. ഭവാന്‍ എന്റെ ഈ മൊഴികള്‍ കേട്ടാലും.എല്ലാ രാജാക്കളും നരകം കാണേണ്ടതാണ്‌. ശുഭങ്ങളുടെയും അശുഭങ്ങളുടെയും കൂട്ടങ്ങള്‍ അങ്ങനെ രണ്ടാണല്ലോ ഭരതര്‍ഷഭാ! ആദ്യമായി സുകൃതം ഏൽക്കുന്നവന്‍ പിന്നെ നരകം ഏല്ക്കണം. ആദ്യം നരകം ഏൽക്കുന്നവന്‍ പിന്നെ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ്‌. അധികം പാതകം ചെയ്തവന്‍ ആദ്യമായി സ്വര്‍ഗ്ഗസുഖം അനുഭവിക്കും. ശ്രേയസ്സിനെ അര്‍ത്ഥിക്കുന്നവനായ ഞാന്‍ അതു കൊണ്ടാണ്‌ ആദ്യം നരകത്തിലേക്കു ഭവാനെ കൊണ്ടു പോകുന്നത്‌. രാജാവേ, ദ്രോണനില്‍ പുത്രനെപ്പറ്റി നീ ഒരു വ്യാജത്തൊഴില്‍ എടുത്തു (അശ്വത്ഥാ മാഹതഃ കുഞ്ജരാ ). ആ വ്യാജത്തൊഴിലിന് തക്ക പ്രവൃത്തിയാണു ഞാന്‍ ചെയ്തത്‌. വ്യാജത്താല്‍ ഞാന്‍ നിന്നെ നരകവും കാണിച്ചു. അത്രതന്നെ! നീ എപ്രകാരമാണോ അപ്രകാരം തന്നെ ഭീമനും, അര്‍ജ്ജുനനും, നകൂല സഹദേവന്മാരും, പാഞ്ചാലിയായ കൃഷ്ണയും വ്യാജത്താല്‍ നരകത്തില്‍ പോയതാണ്‌. വരൂ നരവ്യാഘ്രാ, അവര്‍ പാപത്തിൽ നിന്ന്‌ വിമുക്തരായി. നിന്നോട്‌ കൂറുണ്ടായിരുന്നവരില്‍ മരിച്ച രാജാക്കന്മാരുണ്ടല്ലോ. അവരെല്ലാം സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നു ഭരതര്‍ഷഭാ, കണ്ടാലും! ആ മഹേഷ്വാസനായ കര്‍ണ്ണന്‍, സര്‍വ്വശസ്ത്ര ധരോത്തമനായ കര്‍ണ്ണന്‍, വലിയ സിദ്ധി നേടി. അവനെപ്പറ്റിയാണല്ലോ നീ ദുഃഖിക്കുന്നത്‌? സൂര്യപുത്രനായ ആ നരവ്യാഘ്രനെ നീ കാണുക. അവന്‍ തന്റെ സ്ഥാനത്തെത്തിരിക്കുന്നു. മഹാബാഹോ, അവനെക്കണ്ട്‌ ശോകം കളയുക. ഭ്രാതാക്കളെ എല്ലാവരേയും കണ്ടു കൊള്ളുക. ഭവാന്റെ സുഹൃത്തുക്കളായ രാജാക്കന്മാരെയും സ്വസ്ഥാനത്ത്‌ കണ്ടു കൊള്ളുക. നീ മാനസജ്ജ്വരം ഉപേക്ഷിക്കുക. ഭവാന്‍ കഷ്ടപ്പാട്‌, നരകം, ആദ്യം ഏറ്റു കഴിഞ്ഞു. ഇനി ഇന്നു മുതല്‍ ഭവാന്‍ എന്നോടൊപ്പം വിഹരിച്ചാലും. ശോകം കൂടാതെ നിരാമയനായി വിഹരിച്ചാലും. ഉണ്ണീ, നീ നേടിയ പുണ്യകര്‍മ്മങ്ങള്‍ക്കും, തപസ്സിനും ദാനങ്ങള്‍ക്കും ഉള്ള ഫലം മഹാബാഹോ ഭവാന്‍ കൈക്കൊണ്ടാലും. രാജാവേ, ഇന്നു തന്നെ ദേവഗന്ധര്‍വ്വാപ്സരസ്സുകള്‍, വിണ്ണിലായി, മംഗളമായി, വിരജസ്സായി, അംബര ഭൂഷണങ്ങളോട് കൂടി, അവര്‍ ഭവാനെ സേവിക്കട്ടെ! ഋദ്ധികൂടിയ രാജസൂയത്താല്‍ കീഴടക്കിയ ലോകങ്ങളെ ഭവാന്‍ സ്വീകരിച്ചു കൊള്ളുക. മഹാബാഹോ! തപസ്സിന്റെ ഫലവും സ്വീകരിച്ചു കൊള്ളുക! ഭവാന്റെ ലോകങ്ങള്‍ രാജാക്കന്മാര്‍ക്കുള്ളതിലും മേലെയാണ്‌ യുധിഷ്ഠിരാ! ഹരിശ്ചന്ദ്രനെപ്പോലെ അല്ലയോ പാര്‍ത്ഥാ, ഭവാന്‍ അതില്‍ വിഹരിക്കുക. എവിടെയാണോ രാജര്‍ഷിയായ മാന്ധാതാവ്‌,എവിടെയാണോ രാജര്‍ഷിയായ ഭഗീരഥന്‍, എവിടെയാണോ ദുഷ്യന്തപുത്രനായ ഭരതന്‍, അവിടെ ആ ദിവ്യമായ ലോകത്ത്‌ ഭവാന്‍ വിഹരിച്ചാലും. പാര്‍ത്ഥാ മൂന്നു ലോകത്തിനും ശുദ്ധി നല്കുന്നതാണ്‌ ഈ പുണ്യയായ നദി ആകാശഗംഗ! അതില്‍ ഭവാന്‍ പോയി മുങ്ങിക്കുളിച്ച്‌ പോന്നാലും രാജാവേ! അതില്‍ കുളിച്ചാല്‍ ഭവാന്റെ മര്‍ത്തൃഭാവം ആ നിമിഷത്തില്‍ ഒഴിഞ്ഞു പോകും. ശോകം വിട്ട്‌ ആയാസം കൂടാതെ ഭവാന്‍ വൈരം തീര്‍ന്നവനായി ഭവിക്കും.

വൈശമ്പായനൻ പറഞ്ഞു: കൗരവേന്ദ്രനായ ധര്‍മ്മരാജാവിനോട്‌ ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മന്‍ പ്രതൃക്ഷ മൂര്‍ത്തിയായി തന്റെ പുത്രനോട്‌ ഇപ്രകാരം പറഞ്ഞു: ഹേ രാജാവേ, ഹേ മഹാപ്രാജ്ഞാ! എന്റെ മകനേ, ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. ഭക്തിയാലും, സത്യവാക്കാലും, ദമത്താലും, ക്ഷമായാലും, രാജാവേ, നിന്റെ മേല്‍ ഞാന്‍ മുമ്പെ പരീക്ഷിച്ചു. സ്വഭാവാല്‍ അല്ലയോ പാര്‍ത്ഥാ, ഹേതുക്കള്‍ കൊണ്ട്‌ ഇളക്കാവുന്നവനല്ല നീ. മുമ്പെ ദ്വൈത വനത്തില്‍ വെച്ച്‌ ചോദ്യാവലികള്‍ കൊണ്ടും പരീക്ഷിച്ചു. അരണിക്കെട്ടിന്റെ കാര്യത്തിനായി നീ വന്നപ്പോള്‍. അതും നീ തരണം ചെയ്തു. പാഞ്ചാലിയോടു കൂടി നിന്റെ സഹോദരന്മാരൊക്കെ പോയിട്ടും ഭാരതാ, ഞാന്‍ നായയുടെ രൂപത്തില്‍ വന്ന്‌ നിന്നെ പരീക്ഷിച്ചു. മൂന്നാമതും സോദരന്മാര്‍ക്കു വേണ്ടി ഇവിടെ നീ ഉറപ്പിച്ചു പാര്‍ക്കുന്നു. അല്ലയോ മഹാഭാഗാ, നീ വിശുദ്ധനാണ്‌, നീ സുഖിയാണ്‌, കലുഷം നീങ്ങിയവനാണ്‌. പാര്‍ത്ഥാ, നിന്റെ സഹോദരന്മാര്‍ നരകത്തിന്‌ അര്‍ഹരല്ല. മഹാശയാ, ഇതു ദേവരാജാവായ ഇന്ദ്രന്‍ കാട്ടിയ ഒരു മായയാണ്‌. രാജാക്കളെല്ലാം ഉണ്ണീ, നരകം കാണേണ്ടതാണ്‌. അതു കൊണ്ടാണ്‌ നീ അല്പസമയം ദുര്‍ഘടമായ ആ നരകം ഏല്ക്കുവാന്‍ ഇടയായത്‌. അര്‍ജ്ജുനനും, ഭീമനും, പിന്നെ നകുലസഹദേവന്മാരും പുരുഷര്‍ഭന്മാരാണ്‌. ചിരകാലം സത്യവാനും, ശൂരനുമായ കര്‍ണ്ണനും നരകത്തില്‍ കിടക്കുകയില്ല. രാജപുത്രിയായ പാഞ്ചാലിയും നരകത്തില്‍ കിടക്കുകയില്ല യുധിഷ്ഠിരാ! വരൂ വരു, ഭാരതാ ത്രിപഥഗയായ ഗംഗയെ കാണുക.

ഇതുകേട്ട്‌ രാജര്‍ഷി, നിന്റെ പൂര്‍വ്വപിതാമഹനായ യുധിഷ്ഠിരന്‍, ധര്‍മ്മനോടും മറ്റ്‌ ദേവന്മാരോടും കൂടി നടന്നു. ഋഷിമാര്‍ വാഴ്ത്തുന്ന പുണ്യയും പാവനിയുമായ ദേവഗംഗയില്‍ ഇറങ്ങി. അങ്ങനെ രാജാവ്‌ മര്‍ത്തൃദേഹം വിട്ടു. പിന്നെ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ദിവ്യവപുസ്സ്‌. നേടി.ആ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ രാജാവ്‌ വൈരം വിട്ടവനും ദുഃഖങ്ങള്‍ വിട്ടവനുമായി. പിന്നെ കുരുരാജാവായ യുധിഷ്ഠിരന്‍ ദേവന്മാരോടും ധര്‍മ്മനോടും കൂടി പോയി. രാജാവ്‌ മുനിമാരാല്‍ സ്തുതിക്കപ്പെട്ടു. ആ ശൂരന്മാരായ നരവ്യാഘ്രര്‍ മന്യു തീര്‍ന്നവരായി. എല്ലാവരും അവരവരുടെ സ്ഥാനത്തു പാണ്ഡവരും കൗരവരും, അവര്‍ക്ക്‌ അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ സസുഖം വസിച്ചു.

4. വാസുദേവാദിദര്‍ശനം - ധർമ്മപുത്രൻ സ്വർഗ്ഗത്തിൽ കൃഷ്ണൻ, കർണ്ണൻ മുതലായവരെ കാണുന്നു - വൈശമ്പായനൻ പറഞ്ഞു: പിന്നെ യുധിഷ്ഠിര രാജാവ്‌, മരുത്ഗണങ്ങളും സുരര്‍ഷികളും സ്തുതിച്ചു പറയുന്നത്‌ കേട്ടു കൊണ്ട്‌ പല കുരുപുംഗവന്മാരും വസിക്കുന്ന സ്ഥലത്തേക്കെത്തി. അവിടെ ബ്രാഹ്മദേഹത്തില്‍ സ്വയം ഗോവിന്ദനെ ദര്‍ശിച്ചു. മുമ്പെ കണ്ടിട്ടുള്ള സാദൃശ്യം മൂലം ഗോവിന്ദനാണെന്ന്‌ യുധിഷ്ഠിരന് മനസ്സിലായി. ദീപ്തമായ ശരീരത്തോടും, പുരുഷന്റെ ആകൃതിയിലും, ചക്രാദികളായ അസ്ത്രശസ്ത്രങ്ങളോടും കൂടിയവനായി കാണപ്പെട്ടു. തേജസ്വിയായ അര്‍ജ്ജുനന്‍ സമീപത്തിലുമായി കാണപ്പെട്ടു. അങ്ങനെ കൗന്തേയന്‍ മധുസൂദനനെ ദര്‍ശിച്ചു. ദേവ പൂജിതരായ കൃഷ്ണാര്‍ജ്ജുനന്മാര്‍ യുധിഷ്ഠിരനെ നേരിട്ടു കണ്ടു. ശരിക്കുള്ള പൂജയാല്‍ ആ നരവ്യാഘ്രര്‍ സ്വീകരിച്ചു. മറ്റൊരിടത്തു ശസ്ത്രധര ശ്രേഷ്ഠനായ കര്‍ണ്ണനെ ദ്വാദശാദിതൃന്മാരോടൊന്നിച്ച്‌ ആ കുരുനന്ദനന്‍ കണ്ടു. പിന്നെ മറ്റൊരിടത്തായി മരുത്ഗണങ്ങളോടൊപ്പം ആ ദേഹത്തോടു കൂടി വിഭുവായ ഭീമസേനനെയും കണ്ടു. മൂര്‍ത്തിമാനായ വായുവിന്റെ സമീപത്ത്‌ ദിവ്യമൂര്‍ത്തിയും യോഗ്യനുമായ ഭീമനെ, പരമമായ സിദ്ധി നേടിയ മഹാനെ, പരമമായ ശ്രീയോടു കൂടി ദര്‍ശിച്ചു. അശ്വികള്‍ക്കു സമീപത്തില്‍ സ്വന്തം തേജസ്സു കൊണ്ടു ദീപ്തരായി നകുല സഹദേവന്മാരെ കൗരവന്‍ ദര്‍ശിച്ചു. പിന്നെ പത്മോത്പല മാല ചാര്‍ത്തിയ കൃഷ്ണയെ കണ്ടു. വപുസ്സു കൊണ്ടു വിണ്ണില്‍ കയറുന്ന സൂര്യകാന്തിയെന്ന വിധം അവളെ ദര്‍ശിച്ചു. അവളെപ്പറ്റിയുള്ള വിവരങ്ങള്‍ കേള്‍ക്കുവാന്‍ യുധിഷ്ഠിര രാജാവ്‌ ആഗ്രഹിച്ചു.

ദേവേശ്വരനായ ഭഗവാന്‍ ഇന്ദ്രന്‍ അപ്പോള്‍ അവനോട്‌ പറഞ്ഞു: "ശ്രീദേവി ദ്രൗപദിയുടെ രൂപത്തില്‍ മാനുഷരൂപം കൈക്കൊണ്ടതാണ്‌. അല്ലയോ ധര്‍മ്മജാ, ഭവാന് വേണ്ടി ലോകകാന്തയായ അവള്‍ പുണ്യയോനിജയായി ഭൂമിയില്‍ ജന്മമെടുത്തതാണ്‌. ശിവന്‍ നിങ്ങളുടെ രതിക്കു വേണ്ടി അവളെ സൃഷ്ടിച്ചതാണ്‌. ഭവാന്മാര്‍ അവളോടു കൂടി വസിച്ചു. പാഞ്ചാലി പ്രസവിച്ച അഞ്ചുപേരും മഹാഭാഗരും അനലോപമമരും, ഓജസ്വികളുമാണ്‌ രാജാവേ! ഇനി ഗന്ധര്‍വ്വരാജാവായ ധൃതരാഷ്ട്രനെ നോക്കൂ! മനീഷിയായ ഇവനാകുന്നു ഭവാന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ എന്നു ധരിക്കണം. ഇതാ ഭവാന്റെ ജ്യേഷ്ഠനായ കൗന്തേയന്‍ കര്‍ണ്ണന്‍! ശ്രേഷ്ഠനായ ആ സുര്യപുത്രന്‍, രാധേയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭവാന്റെ ജ്യേഷ്ഠനാണ്‌. ആദിതൃ തുല്യനായ ആ മഹാപുരുഷന്‍ പോകുന്നത്‌ നോക്കുക! സാദ്ധ്യരും, വിശ്വേദേവകളും മരുത്ഗണങ്ങളും ചേര്‍ന്നവരില്‍ അല്ലയോ രാജേന്ദ്രാ, വൃഷ്ണ്യന്ധക രഥീന്ദ്രന്മാരെ ദര്‍ശിച്ചാലും. ചന്ദ്രന്റെ കൂടെ അജയ്യനായ സൗഭദ്രനെ കണ്ടാലും. തിങ്കളിന്റെ കാന്തിയോടെ ആ ധനുര്‍ദ്ധരന്‍ നില്ക്കുന്നതു നോക്കു!

മഹേഷ്വാസനായ പാണ്ഡു, കുന്തിയോടും മാദ്രിയോടുമൊത്ത്‌ വിമാനത്തില്‍ കയറി എന്റെ സമീപത്തേക്ക്‌ എന്നും വരാറുണ്ട്‌. വസുക്കളോടു കൂടി ഭവാന്‍ ശന്തനു പുത്രനായ ഭീഷ്മനെ കാണുക! ബൃഹസ്പതിയുടെ സമീപത്ത്‌ നിങ്ങളുടെ ഗുരുവായ ദ്രോണനെ കാണുക! ഇവരും മറ്റു രാജാക്കളും ഭവാന്റെ യോധന്മാരായിരുന്നു പാണ്ഡവാ! അവര്‍ ഗന്ധര്‍വ്വരോടും, യക്ഷന്മാരോടും, മറ്റു പുണ്യ ജനങ്ങളോടും കൂടി പോകുന്നു. ചിലര്‍ ഗുഹൃകന്മാരുടെ ഗതിയെ പ്രാപിച്ചു നരാധിപാ! ദേഹം വെടിഞ്ഞ ഇവര്‍ പുണ്യമായ വാക്കു കൊണ്ടും, പുണ്യമായ കര്‍മ്മം കൊണ്ടും, പുണൃമായ ബുദ്ധി കൊണ്ടും സ്വര്‍ഗ്ഗം നേടിയവരാണ്‌.

5. സ്വര്‍ഗഗഗതിവിവരണം - ഭീക്ഷ്മദ്രോണാദികൾ സ്വർഗ്ഗവാസം കഴിഞ്ഞു തങ്ങളുടെ സഹജമായ പൂർവ്വാംശങ്ങളോട് ചേരുന്നു - ജനമേജയന്‍ പറഞ്ഞു; മഹാത്മാക്കളായ ഭീഷ്മദ്രോണന്മാരും, ധൃതരാഷ്ട്ര രാജാവും, വിരാട് ദ്രുപദന്മാരും, ശംഖനും, ഉത്തരനും, ധൃഷ്ടകേതുവും, ജയല്‍സേനനും, സത്യജിത്തു രാജാവും, ദുര്യോധനന്റെ പുത്രന്മാരും, സൗബലനായ ശകുനിയും, വീരന്മാരായ കര്‍ണ്ണ പുത്രന്മാരും, ജയ്രദഥ രാജാവും, ഘടോല്ക്കചന്‍ മുതലായവരും, പിന്നെ പേര്‍ പറഞ്ഞ മറ്റു മന്നവന്മാരും ദീപ്ത മൂര്‍ത്തികൾ ആയിരുന്നുവല്ലോ. അവര്‍ സ്വര്‍ഗ്ഗത്തില്‍ എത്രനാള്‍ വസിച്ചു? അതും ഭവാന്‍ എന്നോടു പറയുക. അവര്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥാനം ഉണ്ടോ? അല്ലയോ ദ്വിജോത്തമാ, കര്‍മ്മങ്ങള്‍ തീര്‍ന്നതിന് ശേഷം എന്തു ഗതിയാണ്‌ ആ നരര്‍ഷഭര്‍ പിന്നെ നേടിയത്‌? ദ്വിജസത്തമാ, അത്‌ പറഞ്ഞു കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ദീപ്തമായ തപസ്സു കൊണ്ട്‌ അവയെല്ലാം ഭവാന്‍ കാണുന്നുണ്ടല്ലോ?

സുതന്‍ പറഞ്ഞു: എന്ന്‌ ജനമേജയൻ പറഞ്ഞതു കേട്ട്‌ മഹാനായ വ്യാസന്‍ സമ്മതിച്ച പ്രകാരം ആ നരാധിപനോട്‌ ബ്രഹ്മര്‍ഷിയായ വൈശമ്പായനൻ പറയുവാന്‍ തുടങ്ങി.

വൈശമ്പായനൻ പറഞ്ഞു: അവരവരുടെ കര്‍മ്മങ്ങള്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും തന്റെ സ്വന്തം പ്രകൃതിയിലേക്കു തിരിച്ചു വരുവാന്‍ സാധിക്കുന്നതല്ല രാജാവേ! നീ നല്ല ഒരു ചോദ്യമാണ്‌ ചോദിച്ചത്‌. രാജാവേ, ദേവഗുഹ്യമായ ഒരു കാര്യം ഞാന്‍ പറയാം, അത്‌ ഭവാന്‍ കേള്‍ക്കുക. ഭരതര്‍ഷഭാ തേജസ്വിയും, ദിവൃദൃഷ്ടിയുള്ളവനും, പ്രതാപവാനും, പുരാണമുനിയും, അഗാധബുദ്ധിയും, സര്‍വ്വജ്ഞനും, കര്‍മ്മഗതി കണ്ടവനുമായ വ്യാസന്‍ സവിസ്തരം പറഞ്ഞു തന്നു. കര്‍മ്മത്തിന്റെ അവസാനത്തില്‍ എന്തു സംഭവിക്കുമെന്ന്‌ അറിഞ്ഞവനാണ്‌ അദ്ദേഹം. അദ്ദേഹം പറഞ്ഞത്‌ അവതാരം എന്തിന് വേണ്ടി സ്വീകരിച്ചുവോ, ആ കര്‍മ്മം തീര്‍ന്നപ്പോള്‍ അവരെല്ലാം അവരവരുടെ ആദ്യ ഭാവത്തില്‍ തന്നെ ചെന്നു ലയിച്ചു എന്നാണ്‌.

മഹാതേജസ്വിയായ ഭീഷ്മൻ വസുക്കളില്‍ ചെന്നു ലയിച്ചു ഭാരതാ! വസുക്കള്‍ എട്ടു പേരാണ്‌, ആ വസുക്കളോടു ചേര്‍ന്നു. ആംഗിരസനായ ദ്രോണന്‍ ബൃഹസ്പതിയില്‍ ചേര്‍ന്നു. മരുത്ഗണത്തില്‍ കൃതവർമ്മാവ്‌, ഹാര്‍ദ്ദിക്യനിൽ ചെന്നു ചേര്‍ന്നു. സനല്‍ക്കുമാരനില്‍ ശ്രീയാം വിധം പ്രദ്യുമ്നന്‍ ചെന്നു ചേര്‍ന്നു. ധൃതരാഷ്ട്രന്‍ ധനേശ്വരന്റെ ദുര്‍ല്ലഭമായ സ്ഥാനത്ത്‌ ചെന്നു ചേര്‍ന്നു. ധൃതരാഷ്ട്രനോടു കൂടി ഗാന്ധാരിയും അവിടെ ചെന്നെത്തി. പാണ്ഡു ശക്രാലയത്തില്‍ രണ്ടു ഭാര്യമാരോടും കൂടി ചെന്നെത്തി. വിരാട് ദ്രുപദന്മാരും, ധൃഷ്ടകേതു എന്ന രാജാവും, നിശഠന്‍, അക്രൂരന്‍, സാംബന്‍, ഭാനുകമ്പന്‍, വിദൂരഥന്‍, ഭൂരിശ്രവസ്സ്‌, ശലന്‍, മറ്റു രാജാക്കന്മാരും, കംസനും, അപ്രകാരം ഉഗ്രസേനനും, വസുദേവനും, ഭ്രാതാവായ ശംഖനോടു കുടെ നരപുംഗവനായ ഉത്തരനും, ഈ നരോത്തമന്മാരെല്ലാം വിശ്വേദേവകളില്‍ ചെന്നു ചേര്‍ന്നു. തേജസ്വിയായ വര്‍ച്ചസ്സ്‌ എന്നു പേരുള്ള പ്രതാപവാനായ സോമപുത്രന്‍ ക്ഷത്രധര്‍മ്മത്താല്‍ മറ്റാര്‍ക്കും സാധിക്കാത്ത വിധം പോരാടി. മഹാരഥനായ ആ ധര്‍മ്മാത്മാവ്‌ കര്‍മ്മാന്തത്തില്‍ ആ മഹാരഥന്‍, ചന്ദ്രനില്‍ ചെന്നു ചേര്‍ന്നു. കര്‍ണ്ണന്‍ മരിച്ചിട്ടു സൂര്യനില്‍ ചെന്നു ചേര്‍ന്നു നരര്‍ഷഭാ! |

ശകുനി ദ്വാപരനിലായി. ധൃഷ്ടദ്യുമ്നന്‍ അഗ്നിയില്‍ ചേര്‍ന്നു. പിന്നെ ധൃതരാഷ്ട്രപുത്രന്മാര്‍ ബലോല്ക്കടരായ യാതുധാനന്മാരായിരുന്നു. ഋദ്ധിമാന്മാരായ ആ വീരന്മാര്‍ ശസ്ത്രപൂതരായി സ്വര്‍ഗ്ഗത്തില്‍ എത്തി. ധര്‍മ്മനില്‍ വിദുരന്‍ ചെന്നു. രാജാവായ ധര്‍മ്മപുത്രനും അപ്രകാരം തന്നെ ധര്‍മ്മനില്‍ ചെന്നു ലയിച്ചു. ഭഗവാനും ദേവനുമായ അനന്തന്‍ (രാമന്‍) രസാതലത്തിലെത്തി. അവന്‍ പിതാമഹന്റെ നിയോഗത്താല്‍, യോഗത്താല്‍ ഭൂമിയെ താങ്ങുന്നവനാണ്‌. സാക്ഷാല്‍ ദേവദേവേശനായ നാരായണന്റെ അംശമാണ്‌ കൃഷ്ണന്‍. കര്‍മ്മത്തിന്റെ അന്തത്തില്‍ അവന്‍ നാരായണനില്‍ തന്നെ ലയിച്ചു. വാസുദേവന്റെ ഭാര്യമാരായ പതിനാറായിരം സ്ത്രീകള്‍ അക്കാലത്ത്‌ സരസ്വതിയില്‍ മുങ്ങി ജനമേജയാ! അങ്ങനെ അവര്‍ ദേഹം വെടിഞ്ഞ്‌ സ്വര്‍ഗ്ഗത്തിലെത്തി. അവര്‍ പിന്നെ അപ്സരസ്ത്രീകളായി വാസുദേവനെ സേവിച്ചു. ആ മഹായുദ്ധത്തില്‍ മരിച്ച വീരന്മാരായ മഹാരഥന്മാര്‍, ഘടോല്ക്കചന്‍ മുതലായവര്‍, ദേവന്മാരിലും, യക്ഷന്മാരിലും ചെന്നു ചേര്‍ന്നു. ദുര്യോധനനെ സഹായിച്ച മുമ്പെ പറഞ്ഞ രാക്ഷസന്മാര്‍ ക്രമത്തില്‍ മുഖ്യലോകങ്ങളെ പ്രാപിച്ചു രാജാവേ! ദേവരാജന്റെ ഗൃഹവും, ധീമാനായ വൈശ്രവണന്റെ ഗൃഹവും, പാശിയുടെ ലോകങ്ങളും അപ്രകാരം പുരുഷര്‍ഷഭന്മാര്‍ പ്രവേശിച്ചു. മഹാദ്യുതേ, ജനമേജയ, ഭാവനോട് ഇതൊക്കെ ഞാൻ വിസ്തരിച്ചു പറഞ്ഞു. പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും ചരിത്രം ഭവാന്‍കേട്ടുവല്ലോ ഭരതര്‍ഷഭാ!

സൂതന്‍ പറഞ്ഞു: ഇതു കേട്ട്‌ ബ്രാഹ്മണരേ, ജനമേജയരാജാവ്‌ യജ്ഞകര്‍മ്മങ്ങള്‍ക്കിടയില്‍ വളരെയധികം അത്ഭുതപ്പെട്ടു. ആ രാജാവിന്റെ കര്‍മ്മം യാജകന്മാര്‍ യഥാവിധി നിര്‍വ്വഹിച്ചു. ആസ്തീകനും പ്രീതനായി സര്‍പ്പങ്ങളെ വിടുവിച്ചു. ധാരാളം ദക്ഷിണ നല്കി രാജാവ്‌ ദ്വിജന്മാരെ പ്രീതരാക്കി. രാജാവിന്റെ പൂജയും സല്‍ക്കാരവുമൊക്കെ കൈക്കൊണ്ട്‌ അവര്‍ വന്ന വഴിക്കു പോവുകയും ചെയ്തു.

ആ വിപ്രരെ സസന്തോഷം വിട്ടയച്ചതിന് ശേഷം ജനമേജയരാജാവ്‌ തക്ഷശില എന്ന സ്ഥലം വിട്ട്‌ ഹസ്തിനപുരിയില്‍ എത്തി.

വൈശമ്പായനൻ കീര്‍ത്തിച്ച കഥയൊക്കെ ഞാന്‍ നിന്നോടു പറഞ്ഞു. വ്യാസന്റെ നിര്‍ദ്ദേശപ്രകാരം ജനമേജയന്‍ സര്‍പ്പസത്രത്തില്‍ വെച്ചു പറഞ്ഞതാണിത്‌.

ഈ ഇതിഹാസം പുണ്യവും പവിത്രവും ഏറ്റവും ഉത്തമവുമാണ്‌. സത്യവാക്കായ കൃഷ്ണദ്വൈപായനന്‍ നിര്‍മ്മിച്ചതാണ്‌ ഈ ഇതിഹാസം രാജാവേ! സര്‍വ്വജ്ഞനും ശാസ്ത്രവിധി അറിയുന്നവനും, സത്തായവനും, ധര്‍മ്മവിത്തമനും, അതീന്ദ്രിയനും, ശുചിയും, തപസ്വിയും, ഭാവിതാത്മാവും, സാംഖൃ യോഗ ജ്ഞാനമുള്ളവനും, ഐശ്വര്യവാനുമായ ആ ഋഷി തീര്‍ത്തതാണ്‌ ഇത്‌. അനേകതന്ത്ര സംബുദ്ധമായ ദിവ്യദൃഷ്ടികൊണ്ടു കണ്ട്‌, പാണ്ഡവന്മാരുടെയും മറ്റ്‌ മന്നവന്മാരുടെയും പേരിനെ പ്രകീര്‍ത്തിക്കുവാന്‍ ഋഷിപുംഗവന്‍ തീര്‍ത്താണ്‌ ഈ ഇതിഹാസം.

പര്‍വ്വംതോറും വിദ്വാനായ പുരുഷന്‍ ഇത്‌ നിത്യവും വായിച്ചു കേള്‍പ്പിക്കുന്നതായാല്‍ പാപം വിട്ട്‌ സ്വര്‍ഗ്ഗം നേടി അവന്‍ ബ്രഹ്മമായി ഭവിക്കും. ഈ കൃഷ്ണവേദം മുഴുവന്‍ ശ്രദ്ധയോടെ ഇരുന്നു കേള്‍ക്കുന്നതായാല്‍ ബ്രഹ്മഹത്യ മുതലായ പാപങ്ങള്‍ ഒരു കോടി ചെയ്തവാനായാലും, അതൊക്കെ തീര്‍ന്നു പോകുന്നതാണ്‌. ശ്രാദ്ധത്തില്‍ ഒരു പാദമെങ്കിലും ഇത്‌ വിപ്രരെ കേള്‍പ്പിച്ചാല്‍ അവന്റെ പിതൃക്കള്‍ ഉണ്ടതായ അന്നവും പാനവും അക്ഷയമായി ഭവിക്കുന്നതാണ്‌. ഇന്ദ്രിയത്താലും മനസ്സാലും പകല്‍ വന്നു ചേര്‍ന്ന പാതകം മഹാഭാരതം വായിച്ചാല്‍ രാത്രിയാകുന്നതിന് മുമ്പെതന്നെ തീര്‍ന്നു പോകും. സ്ത്രീകളോടൊത്ത്‌ രാത്രി കാലങ്ങളില്‍ അന്ന്‌ താന്‍ ചെയ്ത പാതകം മഹാഭാരതം വായിച്ചാല്‍ ഉദിക്കുന്നതിന് മുമ്പുതന്നെ തീരുന്നതാണ്‌.

മഹത്താണ്‌ ഭാരതരുടെ ജന്മം. അതു കൊണ്ട്‌ മഹാഭാരതം എന്ന്‌ ഈ ഇതിഹാസത്തിന് പേരുണ്ടായി. മഹത്വത്താലും ഭാരത്വാലും മഹാഭാരതം എന്നു പേരുണ്ടായി. ഇതിന്റെ നിരുക്തം അറിയുന്നതായാല്‍ അവന് സകലപാപങ്ങളും തീരുന്നതാണ്‌.

പതിനെട്ടു പുരാണങ്ങളിലും ഇതിലുള്ള പോലെ ധര്‍മ്മാര്‍ത്ഥ കാമമോക്ഷ കാര്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നില്ല. പതിനെട്ടു പുരാണങ്ങളും എല്ലാ ധർമ്മശാസ്ത്രങ്ങളും സാംഗങ്ങളായ വേദങ്ങളും എല്ലാം തുലാസിന്റെ ഒരു തട്ടിൽ വയ്ക്കുക. മറ്റേ തട്ടിൽ മഹാഭാരതം മാത്രം വയ്ക്കുക, എന്നാൽ തുല്യമായിരിക്കും തൂക്കം എന്ന് വ്യാസൻ പറയുന്നു. മഹാനായ ഈ മഹർഷിയുടെ സിംഹനാദം നിങ്ങൾ കേൾക്കുവിൻ!

മോക്ഷാര്‍ത്ഥികളായ ബ്രാഹ്മണരും ക്ഷത്രിയരും ഗര്‍ഭിണിയായ സ്ത്രീയും ഈ ഇതിഹാസം കേള്‍ക്കേണ്ടതാണ്‌. ഇതു വായിക്കുന്നവന്റെ പാപങ്ങള്‍ ഒഴിഞ്ഞു പോകും; അവന്‍ ധര്‍മ്മികനാവും; ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ നേടും; മോക്ഷവും പ്രാപിക്കും. ഇതിലുള്ളത്‌ മറ്റു പലതിലും കാണും. എന്നാല്‍ ഇതിലില്ലാത്തത്‌ ഒരിടത്തും കാണുകയില്ല.

മൂന്ന് വർഷം കൊണ്ട് കൃഷ്ണ ദ്വൈപായന മഹർഷി, മഹാശയൻ, ഭഗവാൻ, ഈ മഹാഭാരതം മുഴുവനും രചിച്ചു. ജയം എന്നു പേരുള്ള ഈ ഇതിഹാസം മോക്ഷകാമുകര്‍ എല്ലാവരും കേള്‍ക്കണം. ബ്രാഹ്മണരും ക്ഷത്രിയരും, ഗര്‍ഭമുള്ള സ്ത്രീകളും കേള്‍ക്കണം.സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവന്‍ സ്വര്‍ഗ്ഗം നേടും. ജയം കാംക്ഷിക്കുന്നവന്‍ ജയം നേടും. ഭാഗ്യമുള്ള മകനെയോ, ഭാഗ്യമുള്ള മകളെയോ ഗര്‍ഭമുള്ളവള്‍ പ്രസവിക്കും. ആ കൃഷ്ണദ്വൈപായന മഹര്‍ഷി, മോക്ഷത്തിന്റെ മൂര്‍ത്തിയായ വ്യാസന്‍, ഈ ഭാരതം ഒതുക്കി ചുരുക്കി ധര്‍മ്മകാംക്ഷ മൂലം നിര്‍മ്മിച്ചു. അറുപതു ലക്ഷം പദ്യങ്ങള്‍ കൊണ്ട്‌ മറ്റൊരു സംഹിതയും തീര്‍ത്തു. അതില്‍ മുപ്പതു ലക്ഷം കൊണ്ടുള്ളത്‌ ദേവലോകത്തു നില്ക്കുന്നു. പതിനഞ്ചു ലക്ഷം കൊണ്ടുള്ളത്‌ പിതൃലോകത്തും നില്ക്കുന്നു. യക്ഷ ലോകത്തില്‍ പതിന്നാലു ലക്ഷം കൊണ്ടുള്ളതും നില്ക്കുന്നു. മര്‍ത്ത്യലോപത്ത്‌ നിര്‍മ്മിച്ച മഹാഭാരതം ഒരു ലക്ഷം ശ്ലോകങ്ങള്‍ മാത്രം അടങ്ങിയതാണ്‌. ദേവന്മാര്‍ക്കു മഹാഭാരതം ചൊല്ലിക്കൊടുത്തത്‌ നാരദനാണ്‌. പിതൃക്കള്‍ക്ക്‌ ചൊല്ലിക്കേള്‍പ്പിച്ചത്‌ ദേവലനാണ്‌. ശുകന്‍ യക്ഷന്മാര്‍ക്കും ആശരന്മാര്‍ക്കും ചൊല്ലിക്കേള്‍പ്പിച്ചു. മര്‍ത്തൃരില്‍ മഹാഭാരതം ചൊല്ലിക്കേള്‍പ്പിച്ചത്‌ വൈശമ്പായനനാണ്‌.

പുണ്യമായ ഈ ഇതിഹാസം വളരെ അര്‍ത്ഥങ്ങള്‍ ചേര്‍ന്നതും വേദസമ്മിതവുമാണ്‌. വേദതുല്യമാണ്‌. വ്യാസപ്രോക്തമായ ഈ ഇതിഹാസം ബ്രാഹ്മണനെ മുന്നില്‍ നിര്‍ത്തി ചൊല്ലിക്കേള്‍പ്പിക്കുകയാണെങ്കില്‍ അവന്‍ വലിയ ആഗ്രഹങ്ങള്‍ നേടും, കീര്‍ത്തി നേടും, പിന്നെ പരമമായ സിദ്ധിയും നേടുന്നതാണ്‌ ശൗനകാ! എനിക്ക്‌ അതില്‍ യാതൊരു സംശയവുമില്ല.

ഭാരതം പഠിക്കുന്നത്‌ പുണ്യമാണ്‌. അതില്‍ ഒരു പാദം ചൊല്ലുന്നതു പോലും പുണ്യമാണ്‌. ഭക്തിശ്രദ്ധകളോടെ അത്‌ ചൊല്ലി കേള്‍പ്പിക്കുന്നതും നല്ലതാണ്‌. ശുദ്ധമായ ശ്രദ്ധയുള്ളവന് സകലപാപവും തീരുന്നതാണ്‌. ല്‍

മഹര്‍ഷി, ഭഗവാന്‍ വ്യാസന്‍, മുന്‍പ്‌ ഈ സംഹിത നിര്‍മ്മിച്ചു. നാലു വേദങ്ങളോടു കൂടി, ആ ഭാരത സംഹിത വ്യാസന്‍ തന്റെ പുത്രനായ ശുകനോടു കൂടി ചൊല്ലി.

ആയിരം അമ്മമാരും, ആയിരം പിതാക്കന്മാരും, നുറു നൂറു പുത്രന്മാരും, നൂറു നൂറു ഭാര്യമാരും സംസാരത്തില്‍ മുഴുകി ലോകത്തില്‍ ജീവിച്ചു. ലോകം വിട്ടു പോവുകയും ചെയ്തു. മറ്റുള്ളവരും വന്നു ചേരുന്നു, ജീവിക്കുന്നു, പോകുന്നു. മൂന്ന്‌ ആയിരമായിരം സന്ദര്‍ഭങ്ങള്‍ ഹര്‍ഷിക്കുന്നതിനും, നൂറുനൂറു സന്ദര്‍ഭങ്ങള്‍ ദുഃഖിക്കുന്നതിനും ദിനം തോറും ഉണ്ടാകുന്നു. എന്നാല്‍ പണ്ഡിതനെ അവ രണ്ടും ബാധിക്കുന്നില്ല. ഞാന്‍ കൈപൊക്കി ഉച്ചത്തില്‍ വിളിച്ചു പറയുന്നു, എന്നാല്‍ ഒരു മനുഷ്യനും അതു കേള്‍ക്കുന്നില്ല! അര്‍ത്ഥവും കാമവും ധര്‍മ്മത്തില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. അര്‍ത്ഥത്തെയും കാമത്തെയും കാംക്ഷിക്കുന്ന നിങ്ങള്‍ എന്തു കൊണ്ട്‌ ധര്‍മ്മത്തെ സേവിക്കുന്നില്ല!

കാമം, ഭയം, ലോഭം എന്നിവയാല്‍ ധര്‍മ്മം ഒരിക്കലുംജീവിതത്തിന് പോലും മര്‍ത്ത്യര്‍ ഉപേക്ഷിക്കരുത്‌. മരിക്കുമെങ്കില്‍ മരിക്കട്ടെ! മരിക്കുമെന്നു വന്നാല്‍പ്പോലും ധര്‍മ്മത്തെ ഉപേക്ഷിക്കരുത്‌. ദുഃഖവും സുഖവും നിത്യങ്ങളല്ല, ശാശ്വതമല്ല. ധര്‍മ്മം ശാശ്വതമായിട്ടുള്ളതാണ്‌. അതിന് ഒരിക്കലും നാശമില്ല! ജീവന്‍ ശാശ്വതമാണ്‌. ജീവനെ പ്രത്യക്ഷമാക്കിയ ഹേതു ശാശ്വതമല്ല. ഈ ഭാരത ഗായത്രി പ്രഭാതത്തില്‍ എഴുന്നേറ്റ്‌ ജപിക്കുകയാണെങ്കില്‍ അവന് ഭാരതം മുഴുവന്‍ പാരായാണം ചെയ്യുന്നവന് ലഭിക്കുന്ന ഫലം സിദ്ധിക്കുന്നതാണ്‌. ബ്രഹ്മസായൂജ്യം ലഭിക്കുന്നതുമാണ്‌. മഹാസമുദ്രം എപ്രകാരമാണോ രത്നാകരമായി വിലസുന്നത്‌, ഹിമാലയം എപ്രകാരമാണ്‌ രത്നാകരമായി വിളങ്ങുന്നത്‌, അതുപോലെ തന്നെ വിശേഷപ്പെട്ട രത്നങ്ങളുടെ ആകാരമാണ്‌ മഹാഭാരതവും. മഹാഭാരതം തത്ത്വരത്നങ്ങളുടെ ഒരു നിധിയാണ്‌. കൃഷ്ണദ്വൈപായന വിരചിതമായ ഈ വേദാഗമം വിദ്വാനായ പുരുഷന്‍ ചൊല്ലിക്കേള്‍പ്പിച്ചാല്‍ അവന്‍ അര്‍ത്ഥങ്ങളെ നേടും. ഈ ഭാരതാഖ്യാനം വളരെ ശ്രദ്ധയോടെ പഠിക്കുന്നതായാല്‍ അവന് പരമമായ സിദ്ധി ലഭിക്കുന്നതാണ്‌. അതില്‍ ഒട്ടും സംശയമില്ല.

വ്യാസഭഗവാനാല്‍ വിരചിതമായ, ചുണ്ടില്‍ ഏന്തിയ, ഈ വേദം, ഈ ഭാരതം അപ്രമേയമാണ്‌, പുണ്യമാണ്‌, പവിത്രമാണ്‌, പാപഹരമാണ്‌, ശിവമാണ്‌. ഈ ഭാരതം ചൊല്ലിക്കേള്‍ക്കുന്നതായാല്‍ അവന്‍ പിന്നെ പുഷ്കര തീര്‍ത്ഥത്തില്‍ എന്തിന് സ്നാനം ചെയ്യണം? തീര്‍ത്ഥസ്നാനം ചെയ്യേണ്ടതായ ആവശ്യമില്ല തന്നെ!

മഹാഭാരതശ്രവണവിധി

ജനമേജയന്‍ പറഞ്ഞു: ഭഗവാനേ, വിദ്വാനായവന്‍ എങ്ങനെയാണ്‌ ഭാരതത്തെ കേള്‍ക്കേണ്ടത്‌? എന്താണ്‌ സിദ്ധിക്കുന്ന ഫലം? എതു ദേവന്മാരെയാണ്‌ പാരായണം ചെയ്യുമ്പോള്‍ പൂജിക്കേണ്ടത്‌? ഓരോ പര്‍വ്വവും വായിച്ചു തീരുമ്പോള്‍, എന്തു ദാനമാണു നല്‍കേണ്ടത്‌? വായിക്കുവാന്‍ ഒരുങ്ങുന്നവന്‍ ഏതു വിധം നിഷ്ഠയോടു കൂടിയവനാകണം ഭഗവാനേ, എല്ലാം വിസ്തരിച്ചു പറഞ്ഞുതരണേ!

വൈശമ്പായനൻ പറഞ്ഞു: രാജാവേ, ഭാരതപാരായണത്തിന്റെ വിധിയും ഫലവും ഞാന്‍ പറയാം, ഭവാന്‍ ചോദിച്ചുവല്ലോ. കേട്ടാലും! സ്വര്‍ഗ്ഗത്തില്‍ നിന്നു ദേവകള്‍ ഭൂമിയിലേക്ക്‌ വിനോദത്തിന്നായി, കളിക്കുന്നതിന്നായി വന്നു. അവര്‍ ആ ലീലകളൊക്കെ കഴിഞ്ഞ്‌ മടങ്ങിപ്പോവുകയും ചെയ്തു. അത്ഭുതം! അതു ഞാന്‍ ഭവാനോട്‌ പറയാം. ഋഷികളുടെയും ദേവകളുടെയും അവതാരം, ഭൂമിയില്‍ അവര്‍ വന്ന സംഭവം, ചുരുക്കമായി പറയാം. കേട്ടു കൊളളുക! ഭാരതത്തില്‍ എന്തൊക്കെയാണു കാണുന്നത്‌? രുദ്രന്മാര്‍, സാദ്ധ്യന്മാര്‍, വിശ്വേദേവകള്‍, ആദിത്യന്മാര്‍, അശ്വിനീ ദേവന്മാര്‍, ലോകപാലകന്മാര്‍, മഹര്‍ഷികള്‍, ഗുഹൃകന്മാര്‍, ഗന്ധര്‍വ്വന്മാര്‍, വിദ്യാധരന്മാര്‍, ഭുജംഗന്മാര്‍, സിദ്ധന്മാര്‍, ധര്‍മ്മന്‍, സ്വയംഭൂവ്‌, കാത്യായനീവരനായ മുനി, പര്‍വ്വതങ്ങള്‍, സമുദ്രങ്ങള്‍, നദികള്‍, അപ്സരസ്സുകള്‍, ഗ്രഹങ്ങള്‍, സംവത്സരങ്ങള്‍, അയനങ്ങൾ, ഋതുക്കള്‍ എല്ലാ സുരാസുരന്മാരും ചേര്‍ന്ന ചരാചരങ്ങളടങ്ങിയ ജഗത്തും, ഇവയെല്ലാം ഒന്നിച്ച്‌ ഒരിടത്തു കാണണമെങ്കില്‍ നിങ്ങള്‍ ഭാരതം നോക്കുവിന്‍. അവരുടെ നില നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍, നാമകര്‍മ്മാനുകീര്‍ത്തനം കേൾക്കുകയാണെങ്കില്‍, ഘോരമായ പാപം ചെയ്തവനാണെങ്കില്‍ പോലും, അവനില്‍ നിന്ന്‌ ആ പാപമൊക്കെ വിട്ട്‌ ഒഴിഞ്ഞു പോകുന്നതാണ്‌.

ക്രമത്തില്‍ ആദ്യം മുതല്‍ ശരിയായ വിധം ഈ ഇതിഹാസം ശ്രവിക്കുന്ന ശുചിയായ സംയതാത്മാവ്‌ ഭാരതം മുഴുവനും കേട്ടു കഴിഞ്ഞാല്‍ അവന്‍ വലിയ പുണ്യാത്മാവായി എന്നു ധരിക്കണം. അങ്ങനെയുള്ളവന്‍ ബ്രാഹ്മണന് ശ്രാദ്ധം നല്‍കണം. യഥാശക്തി ഭക്തിയോടെ, മഹാദാനങ്ങള്‍ നല്‍കണം. പലമാതിരി രത്നങ്ങള്‍ നല്‍കണം. പശുക്കളെ കറക്കുവാനുള്ള ഓട്ടു പാത്രം, നല്ല പശുക്കള്‍, ചമയിച്ച കന്യകമാര്‍, എല്ലാ കാമൃമായ ഗുണങ്ങളും തികഞ്ഞ പലമാതിരി രഥങ്ങള്‍, വിചിത്രമായ ഭവനങ്ങള്‍ ഭൂമി,വസ്ത്രങ്ങള്‍, കാഞ്ചനം, വാഹനങ്ങള്‍, മത്തഗജങ്ങള്‍, കുതിരകള്‍, കട്ടിലുകള്‍, പല്ലക്കുകള്‍, അലങ്കരിച്ച തേരുകള്‍, ഗൃഹത്തില്‍ ശ്രേഷ്ഠമായി, വിലയുള്ള എന്തു വസ്തുവുണ്ടോ അവയൊക്കെ വിപ്രന്മാര്‍ക്കു നല്‍കണം. തന്നെയും തന്റെ ഭാര്യയെയും മക്കളെയും അങ്ങനെയുള്ള ബ്രാഹ്മണര്‍ക്കായി ദാനം ചെയ്യണം. ക്രമത്തില്‍ ഈ ഇതിഹാസം സശ്രദ്ധം ശുചിയായി വായിച്ചു തീര്‍ത്തവന്‍ വളരെ ശ്രദ്ധയോടെ മുന്‍പറഞ്ഞവയെ നല്‍കണം. ശക്തി പോലെയുള്ളത്‌ എത്രയും വിനയത്തോടെ സന്തുഷ്ടനായി, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവനായി, നിശ്ചലനായി നല്‍കണം. സത്യവും ആര്‍ജ്ജവവുമുള്ളവന്‍, ദാന്തന്‍, ശുചി, പരിശുദ്ധന്‍, ശ്രദ്ധാലു, ജിതക്രോധന്‍ ഇങ്ങനെയുള്ളവന്‍ ഭാരതപാരായാണം മൂലം സിദ്ധനായി ഭവിക്കും. ശുചിയും, സൗശീല്യവും, സദാചാരവുമുള്ളവനും, ശുഭ്രമായ വസ്ത്രം ധരിക്കുന്നവനും, ജിതേന്ദ്രയനും, സംസ്കൃതനും, സര്‍വ്വശാസ്ത്രജ്ഞനും, ശ്രദ്ധാവാനും,അനസൂയകനും, രൂപവാനും, സുഭഗനും, ദാന്തനും, സത്യവാദിയും, ജിതേന്ദ്രിയനും, ദാനമാനങ്ങളാല്‍ വശ്യനുമായിരിക്കണം മഹാഭാരതം വായിക്കുന്നവന്‍. മഹാഭാരതം വായിക്കുന്നവന്‍ ആദ്യമായി സ്വസ്ഥനായി നല്ല ഒരു ഇരിപ്പടത്തില്‍ മനസ്സില്‍ ശാന്തതയോടെ എല്ലാവിധ അസ്വസ്ഥതകളില്‍ നിന്നും വിമുക്തനായി നല്ല ശ്രദ്ധയോടെ ഇരുന്നു വായന തുടരണം. വായന വളരെ താമസത്തോടെ ഓരോ അക്ഷരം പെറുക്കി വായിക്കരുത്‌. വളരെ പണിപ്പെട്ട്‌ കൂട്ടിവായിക്കുവാന്‍ ബുദ്ധിമുട്ടുന്ന മട്ടില്‍ ശബ്ദമുണ്ടാക്കി വായിക്കരുത്‌. അതിവേഗത്തില്‍ വായിക്കരുത്‌. ശാന്തമായി, വേണ്ടുവോളം, ധീരമായി അക്ഷരത്തെറ്റു കൂടാതെ ഈര്‍ജ്ജിതമായി,വര്‍ണ്ണവും വാക്കും വേര്‍തിരിച്ചു കേള്‍ക്കത്തക്ക വണ്ണം സ്വരവും ഭാവവും ചേര്‍ന്ന വിധം, അറുപത്തി മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്ന്‌, എട്ടു സ്ഥാനം കൊണ്ട്‌ ഉച്ഛരിച്ചു വായിക്കണം.

നാരായണനെയും, നരോത്തമനായ നരനേയും, സരസ്വതീദേവിയേയും വ്യാസനേയും നിനച്ച്‌, ജയം എന്നു കൂടി പേരുള്ള മഹാഭാരതം വായിക്കുവാന്‍ തുടങ്ങണം. ഇപ്രകാരം പറയുന്നവനില്‍ നിന്നു വേണം ഭാരതം കേള്‍ക്കുവാന്‍. അങ്ങനെ നിയമസ്ഥനും ശുചിയുമായ ശ്രോതാവ്‌ ഭാരതം ചൊല്ലിക്കേട്ടാല്‍ ഫലം ഏല്ക്കുന്നതാണ്‌. ആദ്യപാരായണം കഴിഞ്ഞാല്‍ ആ വിദ്വാന്‍ ബ്രാഹ്മണര്‍ക്ക്‌ വേണ്ടുവോളം ദാനങ്ങള്‍ നല്കണം. എന്നാല്‍ ആ പുരുഷന്‍ അഗ്നിഷ്ടോമ മഖത്തിന്റെ ഫലം നേടുന്നതാണ്‌. അപ്സരസ്ത്രീകള്‍ കൂടുന്ന വലിയ വിമാനത്തെ അവന്‍ നേടും. ദേവന്മാരോടു കൂടി സമാഹിതനായ അവന്‍ സ്വര്‍ഗ്ഗത്തിൽ എത്തുന്നതാണ്‌. രണ്ടാം പാരായണം തീര്‍ന്നാല്‍ അതിരാത്രം എന്ന യാഗം ചെയ്ത ഫലം നേടുന്നതാണ്‌. സര്‍വ്വരത്നമയവും ദിവൃവുമായ വിമാനത്തില്‍ അവന്‍ കയറും. ദിവ്യ മാല്യംബര ധരനും, ദിവ്യഗന്ധ വിഭൂഷിതനും, ദിവൃഗന്ധധരനുമായിഅവന്‍ നിത്യവും ദേവലോകത്ത്‌ പുജിതനാകും.

മൂന്നാമത്തെ പാരായണം തീര്‍ന്നാല്‍ ദ്വാദശാഹയാഗത്തിന്റെ ഫലം അവന്‍ നേടും. സുരന്മാരെപ്പോലെ ശോഭയോടു കൂടിയവനായി അവന്‍ സ്വര്‍ഗ്ഗത്തില്‍ ആയിരം വര്‍ഷം വാഴും.വാജപേയഫലം നാലാം പാരായണത്തില്‍ ലഭിക്കും.ആഞ്ചാം പാരായണത്തില്‍ അതിന്റെ ഇരട്ടി ഫലം അവന്‍ നേടുന്നതാണ്‌. ഉദിച്ചു വരുന്ന സൂര്യനെപ്പോലെ അവന്‍ തേജസ്വിയായി അനലോപമനായി വിളങ്ങും. വിമാനത്തില്‍ ദേവന്മരോടു കൂടി വിണ്ണില്‍ സഞ്ചരിക്കും. സ്വര്‍ഗ്ഗത്തില്‍ ആയിരം വര്‍ഷം ഇന്ദ്രനോടു കൂടി സുഖിക്കുന്നതാണ്‌. ആറും ഏഴും പാരായണത്തില്‍ ഈ ഫലം സിദ്ധിക്കും. മുമ്മൂന്നായി ഇരട്ടിച്ച്‌ ഓരോ പാരായണത്തിലും ഫലം സിദ്ധിക്കുന്നതാണ്‌.

കൈലാസശിഖരം മാതിരി വൈഡൂര്യത്തിണ്ണയുള്ളതും, പല കോട്ടകള്‍ കെട്ടിയിട്ടുള്ളതും, മണിവിദ്രുമങ്ങളാല്‍ അലകരിച്ചിട്ടുള്ളതും, കാമഗമായതും, അപ്സരസ്ത്രീകളോട് കൂടിയതുമായ വിമാനത്തില്‍ കയറി എല്ലാ ലോകങ്ങളും രണ്ടാമത്തെ സൂര്യനെപ്പോലെ ചുറ്റുന്നതാണ്‌.

എട്ടാമത്തെ പാരായണത്തില്‍ രാജസൂയ ഫലം സിദ്ധിക്കുന്നതാണ്‌. ചന്ദ്രാഭമായ അഴകേറിയ വിമാനത്തില്‍ കയറും. തിങ്കള്‍ കാന്തി നിറമുള്ള, മനോവേഗമായി ശേഭിക്കുന്ന അശ്വത്തില്‍ കയറി തിങ്കള്‍ നേര്‍മുഖികളായ സുന്ദരികളോടു കൂടി അവരുടെ അരഞ്ഞാണിന്റെയും കാല്‍ച്ചിലമ്പിന്റെയും മനോഹര ശബ്ദം എല്ലായ്പോഴും കേള്‍ക്കത്തക്ക വിധം ഉള്ള സുന്ദരികളായ ജനങ്ങളുടെ അങ്കത്തില്‍ കിടന്ന്‌ ഉറങ്ങി ഉണരും. ഒമ്പതാമത്തെ പാരായണത്തില്‍ അല്ലയോ ഭാരതാ, അശ്വമേധ യജ്ഞത്തിന്റെ ഫലം നേടും. പൊന്നു കൊണ്ട്‌ തൂണില്‍ കെട്ടി വൈഡൂര്യത്തിണ്ണയോടു കൂടി ചുറ്റും ദിവ്യമായ സ്വര്‍ണ്ണമയഗവാക്ഷങ്ങള്‍ വെച്ച്‌ വ്യോമചാരികളായ ഗന്ധര്‍വ്വാപ്സരസ്ത്രീകളോട് ചേര്‍ന്നു വളരെ ശ്രീയോടു കൂടി വിമാനത്തില്‍ കയറി ജ്വലിക്കുന്നതാണ്‌. ദിവ്യമാല്യാംബരങ്ങള്‍ ചാര്‍ത്തി, ദിവ്യചന്ദനം പൂശി ദേവന്മാരോടു കൂടി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലെന്ന പോലെ സന്തോഷിക്കുന്നതാണ്‌.

പത്താമത്തെ പാരായണം തീര്‍ന്ന്‌ വിപ്രന്മാരെ കൂപ്പിയാല്‍ കിങ്ങിണിത്തൊങ്ങലിന്റെ ശബ്ദത്തോടെ വലിയ ധ്വജവും പതാകയുമായി രത്നത്തിണ്ണകളും, വൈഡൂര്യക്കല്ല് കൊണ്ടുള്ള കമാനവും, പൊന്നില്‍ ജനാലയും, പവിഴ നിര്‍മ്മിതമായ വരാന്തയും ഉള്ളതും പാട്ടുപാടുന്ന ഗന്ധര്‍വ്വാപ്സരസ്ത്രീകള്‍ വിലസുന്നതും സുകൃതികള്‍ക്ക്‌ ഇരിക്കുവാന്‍ യോഗ്യവുമായ വിമാനത്തില്‍ അവന്‍ സുഖമായി വാഴും.

അഗ്നിയുടെ നിറത്തില്‍ പൊന്നണിഞ്ഞ മകുടച്ചാര്‍ത്തു ചാര്‍ത്തി ദിവ്യചന്ദനംപുശി, ദിവ്യമാല്യമണിഞ്ഞ്‌, ദിവ്യലോകങ്ങളില്‍ ദിവ്യഭോഗങ്ങളോടു കൂടി അവന്‍ ചുറ്റും വിബുധന്മാരുടെ പ്രസാദം കൊണ്ടു ശ്രീമാനായി വളരെ വര്‍ഷങ്ങള്‍ ഇപ്രകാരം സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനായി വസിക്കും. ഇരുപത്തോരായിരം വര്‍ഷം അവന്‍ ഗന്ധര്‍വ്വന്മാരോടു കൂടി,പുരന്ദരപുരത്തില്‍ ഇന്ദ്രനോടു കൂടി, വാണ്‌ സുഖിക്കുന്നതാണ്‌. ദിവ്യയാനങ്ങളും, വിമാനങ്ങളും മറ്റും കയറി നാനാ ലോകങ്ങളിലും ദിവ്യകളായ സുന്ദരിമാരോടു കൂടി ദേവന്മാരെ പോലെ അവന്‍ സുഖമായി വാഴും. പിന്നെ അവന്‍ സൂര്യന്റെ ഗൃഹത്തിലും, ചന്ദ്രന്റെ ഗൃഹത്തിലും, ശംഭുവിന്റെ ഗൃഹത്തിലും രാജാവേ, പ്രവേശിച്ചതിന് ശേഷംവിഷ്ണുവിന്റെ ലോകത്തില്‍ ചെന്നെത്തുന്നതാണ്‌. ഈ പറഞ്ഞ പ്രകാരമൊക്കെ ഉണ്ടാകും രാജാവേ! ഇതില്‍ ഒട്ടും ശങ്കിക്കേണ്ടതില്ല. മഹാഭാരതം വായിക്കുമ്പോള്‍ ശ്രദ്ധയോടെ ഇരിക്കണമെന്ന്‌ എന്റെ ഗുരു പറഞ്ഞിട്ടുണ്ട്‌. വായിച്ചവന് ഉള്ളില്‍ ഓര്‍ക്കുന്നതൊക്കെ നല്കണം. തേര്‌, ആന, കുതിര, യാനങ്ങള്‍, വാഹനങ്ങള്‍, വിശേഷമായി കടകം, കുണ്ഡലം, വേറെ ബ്രഹ്മസൂത്രം, വിചിത്രമായ വസ്ത്രം, വിശേഷമായ സുരഭില വസ്തുക്കള്‍ എന്നിവയെല്ലാം നല്കി അവനെ പൂജിക്കണം. എന്നാല്‍ അവന് വിഷ്ണുലോകം സിദ്ധിക്കുന്നതാണ്‌.

ഇനി ബ്രാഹ്മണേന്ദ്രന് നല്കേണ്ടവ ഞാന്‍ പറയാം രാജാവേ! പര്‍വ്വം തോറും ഭാരതം വായിച്ചാല്‍, ജാതി, ദേശം, സത്യം, മാഹാത്മ്യം, ധര്‍മ്മം, വൃത്തി എന്നിവയറിഞ്ഞ്‌, രാജാക്കന്മാരുടെ രാജാവേ, മുമ്പേ തന്നെ വിപ്രരെക്കൊണ്ടു സ്വസ്തി പറയിച്ച്‌ ഉടനെ കാര്യം തുടങ്ങണം. പര്‍വ്വം കഴിഞ്ഞാല്‍ വിപ്രരെ ശക്തി പോലെ പുജിക്കുക! മുമ്പെതന്നെ വായിക്കുന്നവന് വസ്ത്രഗന്ധങ്ങളോടു കൂടി വിധിപ്രകാരം ഊണു കൊടുക്കണം. മധുവും പായസവും ഒക്കെയുള്ള സുഖമായ ഊണു‌ അവന് നല്കണം. പിന്നെ മൂലഫലപ്രായവും നെയ്യ്‌, തേന്‍, പായസം എന്നിവയോടു കൂടിയതുമായ ഭക്ഷണം ശര്‍ക്കരച്ചോറോടു കൂടി ആസ്തികപര്‍വ്വ പാരായണത്തില്‍ നല്കണം. അപ്പം, അട, ലഡ്ഡു മുതലായ പലഹാരങ്ങളും ഊണിന് വിളമ്പണം.

ഇനി സഭാപര്‍വ്വം വായിക്കുമ്പോള്‍ വിപ്രരെ ഹവിസ്സ്‌ ഊട്ടണം. ആരണ്യകപര്‍വ്വം പാരായണം ചെയ്യുമ്പോള്‍ ഫലമൂലങ്ങളാല്‍ വിപ്രരെ തര്‍പ്പിക്കണം. ആരണീ പര്‍വ്വത്തിലെത്തിയാല്‍ ജലകുംഭം കൊടുക്കണം. മുഖ്യങ്ങളായ തര്‍പ്പണങ്ങളും, വന്യമൂലഫലങ്ങളും, സര്‍വ്വകാമഗുണങ്ങളും ചേര്‍ത്തു വിപ്രന്മാര്‍ക്ക്‌ അന്നം നല്കണം. ഇപ്രകാരം തന്നെ വിരാടപര്‍വ്വം വായിക്കുമ്പോള്‍ വിപ്രന്മാര്‍ക്ക്‌ പലമാതിരി വസ്ത്രങ്ങള്‍ ദാനം ചെയ്യണം. ഉദ്യോഗപര്‍വ്വം പാരായണം ചെയ്യുമ്പോള്‍ എല്ലാ കര്‍മ്മഗുണങ്ങളോടും കൂടി ഗന്ധമാല്യാഞ്ചിതാംഗരായ ബ്രാഹ്മണരെ ചോറ്‌ ഊട്ടണം.

ഭീഷ്മപര്‍വ്വം വായിക്കുമ്പോള്‍ രാജാവേ, ശ്രേഷ്ഠമായ യാനം ദാനമായി നല്കണം. പിന്നെ ബഹുവിഭവങ്ങളോട് കൂടിയ നല്ല അന്നം നല്കണം. ദ്രോണപര്‍വ്വത്തില്‍ വിപ്രന്മാര്‍ക്ക്‌ നല്ല ഭോജനം നല്കുക. ശരവും, വില്ലും, വാളും സല്‍പ്പാത്രങ്ങളില്‍ ദാനം ചെയ്യുക! കര്‍ണ്ണപര്‍വ്വം വായിക്കുമ്പോഴും സര്‍വ്വകാമങ്ങളും തികഞ്ഞ ഭോജനം വിപ്രന്മാര്‍ക്ക്‌ സംയതചിത്തനായി നല്കണം. ശല്യപര്‍വ്വം പാരായണം ചെയ്യുമ്പോള്‍ ശര്‍ക്കരച്ചോറ്‌, അപ്പം, അട, തര്‍പ്പണം ഇവയോടുകൂടി സുഖമായ ഭക്ഷണം നല്കണം. സഭാപര്‍വ്വം വായിക്കുന്ന സമയത്ത്‌ അപ്രകാരം തന്നെ ചെറുപയറു ചേര്‍ന്ന പായസം നല്കണം. സ്ത്രീപര്‍വ്വം പാരായണം ചെയ്യുമ്പോള്‍ വിപ്രരെ രത്നങ്ങളാല്‍ തര്‍പ്പിക്കണം.

പിന്നെ ഐഷീകപര്‍വ്വം വായിക്കുമ്പോള്‍ നെയ്ച്ചോറ്‌ മുതലായ വിശേഷപ്പെട്ട ഭക്ഷണം ബ്രാഹ്മണരെ വിളിച്ചു വരുത്തി സല്‍ക്കരിക്കണം. ശാന്തിപര്‍വ്വത്തില്‍ സര്‍വ്വഗുണവും ചേര്‍ന്ന ഹവിസ്സ്‌ ബ്രാഹ്മണരെ ഊട്ടണം. അശ്വമേധത്തില്‍ സര്‍വ്വകാമങ്ങളും തികഞ്ഞ ഭോജനം നല്കണം. അപ്രകാരം ആശ്രമവാസത്തില്‍ വിപ്രരെ ഹവിസ്സ്‌ ഊട്ടണം. മൗസലത്തില്‍ സര്‍വ്വഗുണവും ചേര്‍ന്ന ഗന്ധവും, മാല്യവും, അനുലേപനവും നല്കണം. മഹാപ്രസ്ഥാനത്തില്‍ സര്‍വ്വകാമാഢ്യമായ ദാനങ്ങള്‍ ചെയ്യണം. സ്വര്‍ഗ്ഗപര്‍വ്വത്തില്‍ അപ്രകാരം വിപ്രരെ ഹവിസ്സ്‌ ഊട്ടണം. ഹരിവംശം തീരുമ്പോള്‍ ആയിരം വിപ്രര്‍ക്ക്‌ അന്നദാനം ചെയ്യണം. വിപ്രന്ന്‌ ആയിരം നിഷ്കത്തോടുകൂടി ഒരു പശുവിനെ ദാനംചെയ്യണം. അതില്‍ പകുതി നിഷ്കവും ഒരു പശുവിനേയും ദരിദ്രന് നല്കണം.

പര്‍വ്വംതോറും വായിച്ചുതീരുമ്പോള്‍ ഗ്രന്ഥവിചക്ഷണന്‍ സ്വര്‍ണ്ണത്തോടു കൂടി ആ ഗ്രന്ഥം വായിച്ചവന് ദാനം ചെയ്യണം.

ഹരിവംശം വായിക്കുമ്പോഴും പര്‍വ്വം തോറും പായസം ഊട്ടണം രാജാവേ! പാരായണം തോറും ഇതു ശരിക്കും ചെയ്യണം ഭരതര്‍ഷഭാ! എല്ലാ സംഹിത തീര്‍ന്നിട്ടും പ്രയതനായ ശാസ്ത്രകോവിദന്‍ ശുഭമായ സ്ഥലത്ത്‌ ഇരുത്തി വെള്ളപ്പട്ടു പുതച്ച്‌, വെള്ളവസ്ത്രവും, മാലയും, ചാര്‍ത്തി ശുചിയായി ചമഞ്ഞ്‌ വെവ്വേറെ ഗന്ധമാല്യങ്ങള്‍ കൊണ്ട്‌ ശരിക്ക്‌ അര്‍ച്ചിക്കുക! സശ്രദ്ധനും പ്രയതനുമായി രാജാവേ, സംഹിതാ ഗ്രന്ഥങ്ങളെ ഭക്ഷ്യമാല്യങ്ങളോടും പേയങ്ങളോടും പലതരം ഇഷ്ടവസ്തുക്കളോടും, സ്വര്‍ണ്ണത്തോടും കൂടി ദക്ഷിണയായി നല്കണം. അതില്‍ പകുതിയോ നാലില്‍ ഒരു ഭാഗമോ ലോഭം കൂടാതെ എന്തെന്തു തനിക്ക്‌ ഇഷ്ടമായതുണ്ടോ അതൊക്കെ ദ്വിജന് ദാനമായി നല്കണം. മഹാഭാരതം വായിക്കുന്ന ഗുരുവിനെ എല്ലാം കൊണ്ടും ദാനങ്ങളാല്‍ സന്തോഷിപ്പിക്കണം. ദേവന്മാരെയും നരനാരയണന്മാരെയും പ്രകീര്‍ത്തിക്കുക. പിന്നെ ഗന്ധമാല്യങ്ങളാല്‍ അന്തണേന്ദ്രന്മാരെ ചമയിക്കുക. പല തരത്തിലുള്ള കാമദാനങ്ങളാല്‍ തര്‍പ്പിക്കുക. അങ്ങനെ ചെയ്താല്‍ ആ നരന്‍ അതിരാത്ര മഖത്തിന്റെ ഫലം നേടുന്നതാണ്‌. പര്‍വ്വംതോറും ദാനം ചെയ്യുന്നവന്‍ ക്രതുഫലത്തേയും നേടുന്നതാണ്‌. ഭാരതം വായിക്കുന്നവന്‍ വ്യക്തമായി അക്ഷര സ്ഫുടതയോടെ, പദ സ്ഫുടതയോടെ, വൃക്തമായ സ്വരത്തോടെ, വായിക്കണം. ഭവിഷ്യമായ ഭാരതം വിപ്രന്മാരെ കേള്‍പ്പിക്കണം ഭാരതാ! വിപ്രന്മാരെ ഊട്ടിയതിന് ശേഷം വായിക്കുന്നവന് മൃഷ്ടാന്നം നല്കി സന്തോഷിപ്പിക്കണം. വായനക്കാരന്‍ സന്തുഷ്ടനായാല്‍ പ്രീതി ശുഭമാകും. വിപ്രന്‍ സന്തോഷിച്ചാല്‍ എല്ലാ ദേവകളും പ്രസാദിക്കും. അതുകൊണ്ടു നല്ല ബ്രാഹ്മണരെ മുറയ്ക്ക്‌ പല മട്ടിലുള്ള വിശേഷമായ ദ്രവ്യങ്ങള്‍ നല്കി വരിക്കുക. അല്ലയോ രാജാവേ, ഞാന്‍ ഭാരതപാരായണത്തിന്റെ വിധി ഭവാനോട്‌ പറഞ്ഞു. ശ്രദ്ധയോടെ ഭവാന്‍ ഇരിക്കുക. അങ്ങ്‌ ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ്‌ ഞാന്‍ പറഞ്ഞത്‌. ഭാരതം വായിക്കുന്നതിനും ഭാരതം കേള്‍ക്കുന്നതിനും എപ്പോഴും ശ്രമിക്കണം. ശ്രേയസ്സ്‌ ആഗ്രഹിക്കുന്നവന്‍ അതു ചെയ്യണം. ഭാരതം കേള്‍ക്കുകയും ഭാരതം പഠിക്കുകയും വേണം. ഭാരതം ഗൃഹത്തിലുള്ളവനു വിജയം കൈവശമാകും. ഭാരതം പാവനമാണ്‌. ഭാരതം പുണ്യമാണ്‌. ഭാരതത്തില്‍ അനവധി കഥകള്‍ അടങ്ങിയിരിക്കുന്നു. ഭാരതം ദിവ്യന്മാര്‍ സേവിക്കുന്നു. ഭാരതം പരമമായ പദമാകുന്നു.

എല്ലാ ശാസ്ത്രത്തിലും വെച്ചു മുഖ്യമായത്‌ മഹാഭാരതമാണ്‌ ഭരതര്‍ഷഭാ! ഭാരതത്താല്‍ നിനക്കു മോക്ഷം പ്രാപിക്കാം. ഞാന്‍ ഈ തത്ത്വം നിന്നോടു പറയുന്നു രാജാവേ!

മഹാഭാരതം എന്ന ആഖ്യാനത്തെയും, ഭൂമിയെയും, ഗോവിനെയും, വാണിയെയും, വിപ്രരെയും, കേശവനെയും സ്തുതിച്ചാൽ അവന്‍ ഒരിക്കലും താഴ്ന്നു പോവുകയില്പ. വേദത്തില്‍, രാമായണത്തില്‍, പുണ്യമായ ഭാരതത്തില്‍, ഇവയിലെല്ലാം ഹേ ഭാരതേന്ദ്രാ, ഹരി ആദിയിലും, മദ്ധ്യത്തിലും,അവസാനത്തിലും വാഴ്ത്തപ്പെട്ടിരിക്കുന്നു. എവിടെയെല്ലാംവിഷ്ണുവിന്റെ കഥകളുണ്ടോ, എവിടെയെല്ലാം ശാശ്വതമായ ശ്രുതിജാലങ്ങളുണ്ടോ, അവയെല്ലാം ഭാരതത്തിലുണ്ട്‌. പരമമായ പദത്തെ ഇച്ഛിക്കുന്ന മനുഷ്യന്‍ ഭാരതം കേള്‍ക്കണം. ഇതു പവിത്രമാണ്‌, ഇതു പരമമാണ്‌, ഇതു ധര്‍മ്മനിദര്‍ശനമാണ്‌, ഇതു സര്‍വ്വഗുണങ്ങളോടും കൂടിയതാണ്‌. ഭൂതി ആഗ്രഹിക്കുന്നവന്‍ ഇത്‌, ഈ ഭാരതം, കേള്‍ക്കണം. ശരീരം, വാക്ക്‌, മനസ്സ്‌ എന്നിവയാല്‍ മനുഷ്യന്‍ നേടി വെച്ച പാപങ്ങളെല്ലാം ഭാരതം വായിച്ചാല്‍ സൂര്യോദയത്തില്‍ ഇരുട്ട്‌ എന്ന പോലെ, മാഞ്ഞു പോകും. പതിനെട്ടു പുരാണങ്ങള്‍ കേട്ടാല്‍ ഉണ്ടാകുന്ന ഫലം മുഴുവന്‍ വിഷ്ണുഭക്തനായ പുരുഷന്‍ നേടുന്നതാണ്‌. അതില്‍ യാതൊരു സംശയവുമില്ല. സ്ത്രീകളും പുരുഷന്മാരും വിഷ്ണുപദത്തില്‍ ചെന്നെത്തും. സന്താനം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന നാരിമാര്‍ വിഷ്ണുവിന്റെ യശസ്സിനെ കേള്‍ക്കണം. വായിച്ചു കേള്‍പ്പിക്കുന്നവന് സ്വര്‍ണ്ണനാണ്യം ദക്ഷിണ നല്കണം. വായിച്ചവന് യഥാശക്തി സ്വര്‍ണ്ണം ദാനം ചെയ്താല്‍ ഫലം തീര്‍ച്ചയായും സിദ്ധിക്കും. പൊന്നു കൊണ്ടു കൊമ്പു കെട്ടിച്ച കപിലപ്പശുവെ വസ്ത്രം ചാര്‍ത്തിച്ച്‌, കുട്ടിയോടു കൂടി മഹാഭാരത ഗ്രന്ഥം വായിച്ചവന്‍ ദാനംചെയ്യണം. നന്മ നിനയ്ക്കുന്നവന്‍ അതാണു ചെയ്യേണ്ടത്‌. പുണ്യമായ അലങ്കാരങ്ങളും നല്കണം. നല്ല കര്‍ണ്ണാഭരണങ്ങളും, വിശേഷപ്പെട്ട വസ്തുക്കളുടെ ദാനവും നല്കണം. രാജാവേ, ഭൂമിദാനം പോലെയുള്ള ദാനം ഇന്നെവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. ഭാരതം വായിച്ചവന് ഭൂമി തന്നെ ദാനം ചെയ്താൽ അത്രയ്ക്കും നന്മയാണു ഫലം.

മഹാഭാരതം നിത്യം കേള്‍ക്കുകയും, കേള്‍പ്പിക്കുകയും ചെയ്യുന്ന പുരുഷന്‍ എല്ലാ പാപങ്ങളും വിട്ട്‌ വിഷ്ണുസ്ഥാനത്ത്‌ എത്തുന്നതാണ്‌. അവന്‍ പതിനൊന്നു തലമുറ പിതൃക്കളെ കയറ്റി വിടും. തന്നെയും, തന്റെ പുത്രനെയും, തന്റെ ഭാര്യയെയും ദുഃഖത്തില്‍ നിന്നു വിമുക്തനാക്കും ഭരതര്‍ഷഭാ! ഭാരത പാരായണം കഴിഞ്ഞാല്‍ ദശാംശഹോമവും ചെയ്യണം രാജാവേ!

ഇവയെല്ലാം ഭവാന്റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു നരര്‍ഷഭാ! ഈ മഹാഭാരതം ഭക്തിയോടെ ആദ്യം മുതല്‍ കേള്‍ക്കുന്നതാണെങ്കില്‍, മദ്യപാനം ചെയ്തവനായാലും, ബ്രഹ്മഹത്യാ പാപം ചെയ്തവനായാലും, കള്ളനായാലും, ഗുരുവിന്റെ ഭാര്യയുടെ തല്പത്തില്‍ കിടന്നവനായാലും ചണ്ഡാലനായാലും അവനെ അവന്‍ നേടിയ മഹാപാപങ്ങളൊക്കെ കൈവിട്ടു പോകുന്നതാണ്‌.

അവന്‍ പാപം മുഴുവന്‍ അകറ്റി. ഇരുട്ടിനെ നീക്കിയ അര്‍ക്കന്‍ എന്ന പോലെ, വിഷ്ണു ലോകത്തില്‍ വിഷ്ണു എന്ന പോലെ, മോദിക്കുന്നതാണ്‌.


No comments:

Post a Comment