25. ആംഗിരസതീര്‍ത്ഥയാത്ര - ഓരോ തീര്‍ത്ഥത്തി ലും സ്നാനം ചെയ്താലുളള ഫലം വിവരിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭരതര്‍ഷഭാ।! തീര്‍ത്ഥങ്ങളെ . കാണുന്നത് തന്നെ പുണ്യമാണ്. തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്യുന്നതും പുണ്യമാണ്. തീര്‍ത്ഥങ്ങളെപ്പറ്റിയുളള കഥ കേള്‍ക്കുന്നതും പുണ്യമാണ്. അല്ലയോ ഭരതര്‍ഷഭാ, അവയെപ്പറ്റി പറഞ്ഞു തരണേ! അവ കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട് പ്രഭോ!
ഭീഷ്മൻ പറഞ്ഞു: അല്ലയോ മഹാദ്യുതേ, അംഗിരസ്സ് ഈ തീര്‍ത്ഥ സമൂഹങ്ങളെപ്പറ്റിയെല്ലാം പറഞ്ഞിട്ടുണ്ട്. അതു ഞാന്‍ അങ്ങയോടു പറയാം. അതു കേട്ട് അങ്ങു മുഖ്യമായ ധര്‍മ്മം നേടുന്നതാണ്. തപോവനത്തില്‍ വാഴുന്ന അംഗിരസ്സ് എന്ന ധീരനായ മഹര്‍ഷിയെ കണ്ട് സംശിതവ്രതനായ ഗൌതമന്‍ ചോദിച്ചു. തീര്‍ത്ഥങ്ങളില്‍ എനിക്ക് അല്പമായ ധര്‍മ്മ സംശയമുണ്ട്. അതൊക്കെ കേള്‍ക്കുവാന്‍ എനിക്കു മോഹമുണ്ട് മഹര്‍ഷേ! അവയെല്ലാം എന്നോടു പറഞ്ഞു തരണേ മഹര്‍ഷേ! തീര്‍ത്ഥങ്ങളില്‍ ഉപസ്പര്‍ശം ചെയ്താല്‍ എന്താണ് മുനേ ഫലം? പരലോകത്തെക്കുറിച്ച് മഹത്തായ ജ്ഞാനം ലഭിച്ചവനാണല്ലോ ഭവാന്‍. ശരിയായ വിധം എല്ലാം ഉപദേശിച്ചാലും!
അംഗിരസ്സു പറഞ്ഞു: തിരയടിക്കുന്ന വിതസ്തയില്‍ ഏഴു ദിവസം നിരാഹാര വ്രതനായി സ്‌നാനം ചെയ്താല്‍ പാപങ്ങളൊക്കെ തീര്‍ന്ന് നിര്‍മ്മലനായി, മുനിയായി ഭവിക്കും. കാശ്മീരിലെ മഹാനദങ്ങള്‍ എന്ന നദികളില്‍ സ്നാനം ചെയ്താല്‍ ശീലവാനായ അവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്ന് ചേരും. പുഷ്കരം, പ്രഭാസം, നൈമിഷം, സാഗരജലം, ഇന്ദ്രമാര്‍ഗ്ഗമായ ദേവികയും സ്വര്‍ണ്ണബിന്ദുവും പ്രവേശിച്ച് സ്നാനം ചെയ്താല്‍ അവന്‍ പുണ്യവാനായി വിമാനത്തില്‍ക്കയറി സ്വര്‍ഗ്ഗത്തില്‍ അപ്സരസ്ത്രീകളാല്‍ വാഴ്ത്തപ്പെട്ടവനാകും. ഹിരണ്യ ബിന്ദുവില്‍ ചെന്ന് ശുദ്ധനായി കുശേശയദേവനെ വണങ്ങിയാല്‍ പാപമൊക്കെ വിട്ടൊഴിയും. ഗന്ധമാദനത്തിന്റെ പാര്‍ശ്വത്തില്‍ ഇന്ദ്രതോയയില്‍ച്ചെന്ന് കുരംഗത്തില്‍ കരതോയ നദിയില്‍ മൂന്ന്ദിവസം ഉപവസിച്ചു സ്‌നാനം ചെയ്താല്‍ പ്രയതനും ശുചിയുമായ അവന്‍ അശ്വമേധയാഗം ചെയ്ത ഫലം നേടുന്നതാണ്. ഗംഗാദ്വാരം, കുശാവര്‍ത്തം, വില്വകം, നീലപര്‍വ്വതം, അപ്രകാരം തന്നെ കുനഖലം എന്നീ തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്താല്‍ പാപം നീങ്ങി അവന്‍ പുണ്യവാനാകും; സ്വര്‍ഗ്ഗം പ്രാപിക്കുകയും ചെയ്യും.
ജലത്തിന്റെ ഹ്രദത്തില്‍ ഉപസ്പപര്‍ശം ചെയ്താല്‍ അശ്വമേധത്തിന്റെ ഫലം ബ്രഹ്മചാരിയും, ക്രോധം ജയിച്ചവനും, സത്യസന്ധനും, അഹിംസകനുമായവന്‍ നേടുന്നതാണ്. ഭാഗീരഥിയായ ഗംഗ വടക്കോട്ട് എവിടെയാണ് ഒഴുകുന്നത്, "മഹേശത്രിസ്ഥാനം" എന്ന് പ്രസിദ്ധമായ ആ സ്ഥാനത്തു പോയി സ്നാനം ചെയ്ത് ഒരു മാസം ഉപവസിച്ചാല്‍ ആ മനുഷ്യന്‍ ദേവന്മാരെ കാണുന്നതാണ്. സപ്തഗംഗ, ത്രിഗംഗ, ഇന്ദ്രമാര്‍ഗ്ഗം ഇവയില്‍ കുളിച്ചു തര്‍പ്പണം ചെയ്താല്‍ ആ നരന്‍ വീണ്ടും പിറന്നാല്‍ അവന് ഭുജിക്കുവാന്‍ അമൃത് ലഭിക്കും.
മഹാശ്രമോപസ്പര്‍ശം ചെയ്ത് അഗ്നിഹോത്രപരനായി ശുചിയായി ഒരുമാസം നിരാഹാര വ്രതനായി വസിച്ചാല്‍ സിദ്ധി നേടും. മഹാഹ്രദോപസ്പര്‍ശം ചെയ്ത് ഭൃഗുതുംഗത്തില്‍ നിഷ്കാമനായി മൂന്ന്ദിവസം ഉപവസിച്ചാല്‍ ബ്രഹ്മഹത്യാപാപം നീങ്ങുന്നതാണ്. "കന്യാകൂപത്ത്" ആചമിച്ച് വലാകാററില്‍ അര്‍ഘ്യം കൊടുത്ത് ദേവന്മാരില്‍ കീര്‍ത്തിനേടി യശസ്വിയായി ശോഭിക്കുന്നതാണ്. ദേവികാ തീര്‍ത്ഥത്തെ ഉപസ്പര്‍ശം ചെയ്ത് പിന്നെ സുന്ദരികാ ഹ്രദത്തില്‍ സ്നാനം ചെയ്ത് അശ്വിനിയില്‍ മരിച്ചാല്‍ രൂപ സൗന്ദര്യം അവന്‍ പുനര്‍ജ്ജന്മത്തില്‍ നേടുന്നതാണ്.
മഹാഗംഗയിലും കൃത്തികാംഗാരകത്തിലും സ്നാനം ചെയ്താല്‍, ഒരുപക്ഷം നിരാഹാരനായാല്‍, അവന്‍ നിര്‍മ്മലനായി സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്. വൈമാനികത്തില്‍ സ്നാനം ചെയ്ത് കിങ്കിണികാശ്രമത്തില്‍ വസിച്ച് ദിവ്യാപ്സരോനിവാസത്തില്‍ കാമചാരിയാകുന്നവന്‍ പൂജ്യനാകും.
കലികാശ്രമത്തില്‍ ചെന്ന് വിപാശാറ്റിലിറങ്ങി കുളിച്ച് ഉദകക്രിയകള്‍ ചെയ്താല്‍ ജിതക്രോധനായ ബ്രഹ്മചാരി മൂന്ന് ദിവസം കൊണ്ടു മുക്തനാകും. കൃത്തികാശ്രമത്തില്‍ ചെന്ന് സ്നാനം ചെയ്ത് പിതൃതര്‍പ്പണം ചെയ്തു മഹേശനെ പ്രസാദിപ്പിച്ചാല്‍ അവന്‍ നിര്‍മ്മലനായി സ്വര്‍ഗ്ഗം പ്രാപിക്കും. മഹാപുരത്തില്‍ ചെന്ന് തീര്‍ത്ഥസ്നാനം ചെയ്തു മൂന്ന് ദിവസം ഉപവസിച്ചാല്‍ ചരാചരങ്ങളില്‍ നിന്നും ഇരുകാലികളില്‍ നിന്നുമുളള ഭയം അവനുണ്ടാവുകയില്ല. ദേവദാരു വനത്തില്‍ ചെന്ന് തീര്‍ത്ഥസ്നാനം ചെയ്തു ശുചിയായി ഏഴു ദിവസം ശരസ്തംബം, കുശസ്തംബം, ദ്രോണശര്‍മ്മപദം എന്നിവിടങ്ങളില്‍ വസിച്ചാല്‍, വെള്ളച്ചാട്ടങ്ങള്‍ കണ്ടു വസിച്ചാല്‍, അവന്‍ സ്വര്‍ഗ്ഗലോകത്തില്‍ അപ്സരസ്ത്രീകളാല്‍ സേവിക്കപ്പെട്ടവനാകും. ചിത്രകൂടം, ജനസ്ഥാനം, മന്ദാകിനി എന്നിവയിലും നിരാഹാരനായി ഇറങ്ങിയാല്‍ രാജലക്ഷ്മിയാല്‍ സേവിക്കപ്പെട്ടവനാകും. ശ്യാമയുടെ ആശ്രമത്തില്‍ ചെന്ന് അവിടെ തീര്‍ത്ഥസ്നാനം ചെയ്ത് ഒരു പക്ഷം പാര്‍ത്താല്‍ അവന്‍ അന്തര്‍ദ്ധാനഫലാഢ്യനായി ഭവിക്കുന്നതാണ്.
കൗശികീ നദിയില്‍ച്ചെന്ന് വായുഭക്ഷണ ലോലുപനായി മൂന്നാള്‍ ഉപവസിച്ചാല്‍ ഗന്ധര്‍വ്വപുരിയില്‍ എത്തും. രമ്യത്തിലും ഗന്ധതാരകത്തിലും സ്നാനം ചെയ്ത് ഒരു മാസം നിരാഹാരനായാല്‍ അന്തര്‍ദ്ധാന ഫലം സിദ്ധിക്കുന്നതാകുന്നു. ഇരുപത്തിനാലു നാളുകൊണ്ട് അവന് സര്‍ഗ്ഗപ്രാപ്തിയുണ്ടാകും. മതംഗവാപിയില്‍ സ്പാനം ചെയ്താല്‍ ഒറ്റദിവസം കൊണ്ടു സിദ്ധനാകും. അനാലംബനായി സനാതനമായ അന്ധകർത്തില്‍ ഇറങ്ങും.
നൈമിഷത്തില്‍ സ്വര്‍ഗ്ഗതീര്‍ത്ഥത്തില്‍ സ്നാനംചെയ്താല്‍, ജിതേന്ദ്രിയനായി ഒരുമാസം ഉദകക്രിയ ചെയ്താല്‍, അവന്‍ നരമേധ ഫലത്തെ നേടുന്നതാണ്. ഗംഗാഹ്രദത്തില്‍ ആചമിച്ച് ഉല്‍പലാവനത്തില്‍ ഒരു മാസം കൃതോദകനായി വസിച്ചാല്‍ അവന്‍ അശ്വമേധഫലം നേടുന്നതാണ്. ഗംഗായമുനാ തീര്‍ത്ഥത്തില്‍ കുളിച്ച് അങ്ങനെ കാരഞ്ജരാദ്രിയില്‍ ഒരു മാസം കൃതോദകനായി വസിച്ചാല്‍ പത്ത് അശ്വമേധം കഴിച്ച പുണ്യം നേടുന്നതാണ്.
ഷഷ്ഠി ഹ്രദത്തില്‍ കുളിച്ചാല്‍ അന്നദാനത്തേക്കാള്‍ മെച്ചമാകും. പത്തു തീര്‍ത്ഥ സഹസ്രങ്ങളും വേറെ മൂന്ന് കോടി തീര്‍ത്ഥങ്ങളും ഒത്തു കൂടുന്ന സ്ഥാനമാണ് പ്രയാഗയില്‍. മാഘമാസത്തില്‍ അന്ന് അവിടെ നിയതനായി വ്രതമെടുത്ത് തീര്‍ത്ഥസ്നാനം ചെയ്താല്‍ നിര്‍മ്മലനായി പാപം സകലതും നീങ്ങി അവന്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്. മരുത്ഗണത്തില്‍ കുളിച്ചാല്‍ ശുദ്ധനാകും. പിതൃഗണാശ്രമത്തില്‍ വസിച്ചാല്‍ അവന്‍ വൈവസ്വതന്റെ തീര്‍ത്ഥത്തില്‍ തീര്‍ത്ഥഭൂതനാകും. ഇപ്രകാരം ബ്രഹ്മസരസ്സില്‍ച്ചെന്ന് ഗംഗാനദിയില്‍ കൃതോദകനായി ഒരു മാസം നിരാഹാരനായി വസി ച്ചാല്‍ അവന്‍ സോമലോകത്തെത്തും. ഉല്പാതക തീര്‍ത്ഥത്തില്‍ കുളിച്ചാല്‍ അഷ്ടാവക്രത്തില്‍ കൃതോദകനായി ഉപവസിച്ച് പന്ത്രണ്ടു നാള്‍ വസിച്ചാല്‍ അശ്വമേധഫലം നേടും. അശ്മപൃഷ്ഠത്തിലും ഗയയിലും നിരവിന്ദാചലത്തിലും തൃതീയ ക്രൗഞ്ചപദത്തിലും തീര്‍ത്ഥസ്നാനം ചെയ്തു വസിച്ചാല്‍ ബ്രഹ്മഹത്യാ പാപം നീങ്ങുന്നതാണ്. കലപിംഗത്തില്‍ ചെന്ന് ആചമിച്ചാല്‍ വളരെ ജലം ലഭിക്കുന്നതാണ്. അഗ്നികന്യാപുരത്തില്‍ അഗ്നിയെ ഹോമിച്ചു വസിക്കുക, കരവീരതീര്‍ത്ഥത്തില്‍ മുങ്ങുക, വിശാലനദിയില്‍ ഉദകക്രിയ ചെയ്യുക, ദേവ ഹ്രദത്തില്‍ കുളിക്കുക; എന്നാല്‍ ബ്രഹ്മാത്മാവായി വിളങ്ങും. ആവര്‍ത്തനന്ദയേയും മഹാനന്ദയേയും ഭജിച്ചാല്‍ അഹിംസ്രനായി നന്ദനതീര്‍ത്ഥത്തില്‍ സ്നാനംചെയ്തവന്‍ ദാന്തനായി അപ്സരസ്ത്രീകളാല്‍ പൂജിതനായി ഭവിക്കും. സശ്രദ്ധനായി കൃത്തികാ യോഗത്ത് സ്നാനംചെയ്താല്‍ ഉര്‍വ്വശിയുടെ പാര്‍ശ്വത്തിലെത്തി സുഖിക്കും. ലോഹിത്യത്തില്‍ വിധിപോലെ സ്നാനം ചെയ്താല്‍ പുണ്ഡരീകം എന്ന യാഗം ചെയ്ത ഫലം സിദ്ധിക്കും. രാമഹ്രദത്തില്‍ കുളിച്ചാല്‍ വിപാശയില്‍ ഉദക്രക്രിയ ചെയ്തു പന്ത്രണ്ടു നാള്‍ ഉപവാസത്തോടെ വസിച്ചാല്‍ അവന്‍ കന്മഷം നീങ്ങിയവനാകും. മഹാഹ്രദത്തില്‍ കുളിച്ചാല്‍ നരന്‍ ശുദ്ധമാനസനാകുന്നതാണ്. ഒരു മാസം നിരാഹാരനായി അവന്‍ വസിച്ചാല്‍ ജമദഗ്നി പദസ്ഥനാകും. വിന്ധ്യത്തില്‍ തപസ്സു ചെയ്ത് സത്യസന്ധനായി, അഹിംസകനായി, വിനയത്താല്‍ തപിച്ച് ഒറ്റമാസം കൊണ്ട് സിദ്ധനായി ഭവിക്കും. നര്‍മ്മദാ നദിയിലും ശൂര്‍പ്പാരക ജലത്തിലും കുളിച്ചിട്ട് ഒരു പക്ഷം നിരാഹാരനായി വസിച്ചാല്‍ രാജപുത്രത്വം അവന്‍ നേടും.
ജംബൂമാര്‍ഗ്ഗത്തില്‍ മൂന്ന്മാസം സംയതനായി, സുസമാഹിതനായി, ഒരു അഹോരാത്രം വസിച്ചാല്‍ അവന്‍ സിദ്ധി നേടും. കോകാമുഖത്തില്‍ സ്നാനംചെയ്ത് ചണ്ഡാലികാശ്രമത്തില്‍ ചെന്ന് ചീരതിന്നുന്നവനായി, ചീരവസ്ത്രം ധരിക്കുന്നവനായി വസിച്ചാല്‍ പത്തു കുമാരികളെ അവന്‍ നേടും. അവന്‍ യമന്റെ ഗൃഹത്തില്‍ ഒരിക്കലും ഗമിക്കുന്നതല്ല. കന്യാഹ്രദത്തില്‍ പാര്‍ത്തവന്‍ ദേവലോകത്തെത്തും. ഒരു രാവ് പ്രഭാസത്തില്‍ വാവുദിവസം സമാഹിതനായി ഭജിച്ചു വസിച്ചാല്‍, അവന്‍ പിന്നെ അമര്‍ത്തൃനാകും. മരണമില്ലാത്തവനാകും. ഉജ്ജാനകത്ത് ഉപസ്പര്‍ശിച്ച് ആഷ്ടിഷേണാശ്രമത്തില്‍ വസിച്ചാല്‍, പിംഗാശ്രമത്തിലും സ്നാനം ചെയ്താല്‍, എല്ലാ പാപങ്ങളും വിട്ടുപോകുന്നതാണ്. കൂല്യയില്‍ കുളിച്ചു ജപിച്ച് മൂന്നു ദിവസം വസിച്ചാല്‍ അഘങ്ങളൊക്കെ നീങ്ങുന്ന അശ്വമേധയജ്ഞം ചെയ്ത ഫലം ലഭിക്കുന്നതാണ്.
പിണ്ഡാരകത്തില്‍ കുളിച്ച് ഒരു രാവ് ഉപവസിച്ചാല്‍ അഗ്നിഷ്ടോമഫലം, രാത്രികഴിഞ്ഞ് പുലര്‍ച്ചയില്‍ ശുചിയായവന്‍ പ്രാപിക്കും. ഇപ്രകാരം ബ്രഹ്മസരസ്സിലെത്തി ധര്‍മ്മാരണ്യത്താല്‍ ശോഭിക്കുന്നിടത്തു സ്നാനംചെയ്ത പുണ്യവാന്‍ പുണ്ഡരീകയജ്ഞഫലത്തെ നേടുന്നതാണ്. മൈനാകപര്‍വ്വതത്തില്‍ തീര്‍ത്ഥത്തില്‍ മുങ്ങി സന്ധ്യാവന്ദനം ചെയ്ത് ഒരുമാസം കാമങ്ങളെ ജയിച്ചു വസിച്ചാല്‍ എല്ലാ യജ്ഞങ്ങളും ചെയ്ത ഫലം അവന് സിദ്ധിക്കും.
കാലോദകം, നന്ദകുണ്ഡം, അപ്രകാരം ഉത്തരമാനസ തീര്‍ത്ഥം നൂറുയോജന അപ്പുറത്തു നിന്ന് വന്ന് സ്നാനം ചെയ്താല്‍ ഭ്രൂണഹന്താവും വിമുക്തനാകും. നന്ദീശനായ മൂര്‍ത്തിയെക്കണ്ടാല്‍ സകല കില്‍ബിഷവും ഒഴിഞ്ഞുപോകും. സ്വര്‍ഗ്ഗമാര്‍ഗ്ഗത്തില്‍ കുളിച്ചാല്‍ അവന്‍ ബ്രഹ്മലോകത്തിലെത്തും. ശങ്കരന്റെ ശ്വശുരനായ ഹിമവല്‍ പര്‍വ്വതം പ്രസിദ്ധനാണല്ലോ. അവന്‍ രത്നങ്ങളുടെ ആകരമാണ്. സിദ്ധചാരണന്മാരാല്‍ സേവിതനാണ്. വിധിപോലെ അനാഹാരനായി അവിടെക്കിടന് ദേഹം ത്യജിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗം പ്രാപിക്കും. ദേഹം നശ്വരമായിക്കണ്ട് വേദാന്തമറിയുന്ന ദ്വിജന്‍ ദേവതാര്‍ച്ചന ചെയ്തു മുനിമാരെ വന്ദിച്ച് ഹിമാലയത്തില്‍ വസിച്ച് മൃതിയടഞ്ഞാല്‍ സ്വര്‍ഗ്ഗവും പിന്നെ ശാശ്വതമായ ബ്രഹ്മലോകവും അവന്‍ പ്രാപിക്കുന്നതാണ്.
കാമവും ക്രോധവും ലോഭവും ജയിച്ച് തീര്‍ത്ഥത്തില്‍ വാണാല്‍ അവന്‍ തീര്‍ത്ഥാഭിഗമനം മൂലം ഒന്നും നേടാതിരിക്കയില്ല.
പോകാന്‍വയ്യാത്ത തീര്‍ത്ഥങ്ങള്‍ ദുര്‍ഗ്ഗങ്ങളും വിഷമങ്ങളുമാണെങ്കില്‍, പോകാന്‍ കഴിയുകയില്ലെങ്കില്‍, അവ സര്‍വ്വവതീര്‍ത്ഥസമീക്ഷയുടെ ഹൃദയപ്രാഭവം കൊണ്ട്, മനസ്സു കൊണ്ടു ചെന്നെത്താവുന്നതാണ്. ഇത് ശുദ്ധമാണ്. ഇത് പുണ്യമാണ്. ഇത് ഗര്‍ഹ്യമാണ്. ഇത് ഉത്തമമാണ്. ഇത് രഹസ്യമാണ്. ദേവന്മാര്‍ക്കു സ്നാനം ചെയ്യത്തക്കതാണ്. ഏറ്റവും പാവനമാണ്. ഇത് ബ്രാഹ്മണര്‍ക്കുപദേശിക്കണം. ആത്മഹിതനായവനും ഉപദേശിക്കണം. സുഹൃത്തിന്റെ ചെവിയിലും വിപ്രനായ ശിഷ്യന്റെ ചെവിയിലും ഇതു പകര്‍ന്നു കൊടുക്കണം. ഇത് തപോനിധിയായ അംഗിരസ്സ് ഗൗതമന് ഉപദേശിച്ചു. ധീമാനായ കശ്യപന്‍ അത് അംഗിരസ്സിന് ഉപദേശിച്ചു.
ഇത് മഹര്‍ഷികള്‍ക്കു ജപ്യമാണ്. പാവനങ്ങളില്‍ ഇതുത്തമമാണ്. നിത്യവും എഴുന്നേറ്റ് ഇതു ജപിച്ചാല്‍ അവന്‍ നിര്‍മ്മലനായി വിണ്ണു പൂകുമെന്നാണ് അംഗിരസ്സിന്റെ അഭിപ്രായം. രഹസ്യമായി ഇതു കേള്‍ക്കുന്നവന്‍ കഴിഞ്ഞ ജന്മത്തെ സ്മരണയോടെ മുഖ്യവംശത്തില്‍ വന്ന് പിറക്കുകയും ചെയ്യും.
26. ഗംഗാമാഹാത്മ്യം - ശിലോഞ്ഛവ്യത്തിയുടെയും സിദ്ധന്റെയും കഥ - വൈശമ്പായനൻ പറഞ്ഞു: ബുദ്ധിയില്‍ ബൃഹസ്പതിക്കു തുല്യനും ക്ഷമയില്‍ ബ്രഹ്മാവിന് തുല്യനും വിക്രമത്തില്‍ ഇന്ദ്രന് തുല്യനും പ്രതാപത്തില്‍ സുര്യന് തുല്യനും അര്‍ജ്ജുനന്‍ പോരില്‍ വീഴ്ത്തിയവനും തേജസ്വിയുമായ ഭീഷ്മനെ ചെന്നു കണ്ട് സഹോദരന്മാരോടും മറ്റു സുഹൃത്തുക്കളോടും കൂടി ധര്‍മ്മപുത്രന്‍ ധര്‍മ്മസംശയങ്ങള്‍ ചോദിച്ചു. വീരശയ്യയില്‍ വീണ് മൃത്യുകാലം കാത്തുകിടക്കുന്ന ഭാരതശ്രേഷ്ഠനെ കാണുവാന്‍ മഹര്‍ഷികള്‍ ഒത്തുകൂടി. വസിഷ്ഠന്‍, അത്രി, ഭൃഗു, പുലസ്ത്യന്‍, പുലഹന്‍, ക്രതു, അംഗിരസ്സ്, ഗൌതമന്‍, അഗസ്ത്യന്‍, സുയതാത്മാവായ സുമതി, വിശ്വാമിത്രന്‍, സ്ഥൂലശിരസ്സ്, സംവര്‍ത്തന്‍, പ്രമതി, ദമന്‍, ഗുരു, ശുക്രന്‍, വ്യാസന്‍, ച്യവനന്‍, കാശ്യപന്‍, ധ്രുവന്‍, മാര്‍ക്കണ്ഡേയന്‍, ഗാലവന്‍, ദുര്‍വ്വാസാവ്, ജമദഗ്നി, ഭരദ്വാജന്‍, രൈഭ്യന്‍, യവക്രീതന്‍, ത്രിതന്‍, സ്ഥൂലാക്ഷന്‍, ശമ്പളാക്ഷന്‍, കണ്വന്‍, മേധാതിഥി, കൃശന്‍, നാരദന്‍, പര്‍വ്വതന്‍, സുധനന്വാവ്, ഏകതന്‍, ദ്വിതന്‍, നിതംഭു, ഭൂവനന്‍, ധൌമ്യന്‍, ശതാനന്ദന്‍, അകൃത്രവണര്‍, ജമദഗ്നിസുതനായ രാമന്‍, കചന്‍ മുതലായ മഹര്‍ഷിമാര്‍ ഭീഷ്മനെ കാണുന്നതിന് വേണ്ടി ചെന്നുകൂടി. അവിടെ വന്നെത്തിയ മഹര്‍ഷിമാരെ യുധിഷ്ഠിരന്‍ ഭ്രാതാക്കളോടു കൂടി വേണ്ടവിധം യഥാക്രമം പൂജിച്ചു. പൂജയേറ്റ് സുഖമായി വാണ് മഹര്‍ഷികള്‍ ഭീഷ്മനെപ്പറ്റി സര്‍വ്വേന്ദ്രിയ മനോഹരവും മധുരവുമായ കഥ പറഞ്ഞു. ഭാവിതാത്മഹര്‍ഷിമാര്‍ പറയുന്ന പ്രസംഗങ്ങള്‍ കേട്ട് ഭീഷ്മ്നും താന്‍ വിണ്ണിലാണ് വാഴുന്നതെന്നു തോന്നിപ്പോയി. അത്രമാത്രം സന്തോഷിച്ചു. ആ മഹര്‍ഷിമാര്‍ ഭീഷ്മപാണ്ഡവന്മാരോടു യാത്രപറഞ്ഞ് എല്ലാവരും കണ്ടുനില്ക്കെ മറഞ്ഞു. ആ മഹാഭാഗരായ മുനികള്‍ മറഞ്ഞു പോയെങ്കിലും പാണ്ഡവന്മാര്‍ വീണ്ടും ഗാംഗേയനായ കുരുമുഖ്യനെ പ്രസന്നചിത്തരായി കൈകൂപ്പി പ്രശോഭിക്കുന്ന അര്‍ക്കനെ എന്നവിധം ഉപാസിച്ചു. ആ മഹര്‍ഷിയുടെ പ്രസാദത്താല്‍ ദിക്കൊക്കെയും പ്രകാശിക്കുന്നതായി കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ആ മഹര്‍ഷിമാരുടെ മഹാഭാഗ്യത്തെ ചിന്തിച്ച് പാണ്ഡവന്മാര്‍ ഭീഷ്മനുമായി അവരുടെ മഹത്വത്തെപ്പറ്റി സംസാരിച്ചു. പ്രസംഗം കഴിഞ്ഞതിന് ശേഷം ഭീഷ്മന്റെ പാദത്തില്‍ കുമ്പിട്ട് ധര്‍മ്മത്തിന് യോജിച്ച കാര്യങ്ങള്‍ ധർമ്മസുതനായ യുധിഷ്ഠിരന്‍ ചോദിച്ചു.
ശിലോഞ്ഛവൃത്തി - വയലിലും വരമ്പത്തുമുളള നെന്മണി പെറുക്കിയെടുത്ത് കഴിയുന്നവന്‍.
യുധിഷ്ഠിരന്‍ പറഞ്ഞു: ഏതെല്ലാം രാജ്യങ്ങളാണ്, ഏതെല്ലാം നാടുകളാണ്, ഏതേത് ആശ്രമങ്ങളാണ്, ഏതേതു പര്‍വ്വതങ്ങളാണ്, ഏതേതു നദികളാണ് പുണ്യപ്രകൃഷ്ടങ്ങളായിട്ടുളളത്? പറഞ്ഞാലും!
ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അത് ശിലോഞ്ഛവൃത്തിയായ ബ്രാഹ്മണനും സിദ്ധന്മാരും തമ്മിലുളള സംഭാഷണമാണ്.
കുന്നുകള്‍ നിറഞ്ഞ ഒരു ഭൂപ്രദേശത്ത് നരശ്രേഷ്ഠനായ ഒരാള്‍ പലവട്ടം സഞ്ചരിച്ച് ഗൃഹസ്ഥപ്രവരനായ ശിലോഞ്ഛവൃത്തിയായ ഒരുത്തന്റെ ഗൃഹത്തില്‍ ചെന്നു. അവന്റെ പൂജയേറ്റ് ഒരു രാത്രി അവിടെ മുനി സുഖോചിതനായി സസുഖം പാര്‍ത്തു. ശിലോഞ്ഛവൃത്തി പ്രഭാതത്തില്‍ ദിനകൃത്യങ്ങള്‍ കഴി ഞ്ഞ് ശുചിയായി കൃതാര്‍ത്ഥനും സിദ്ധനുമായ അതിഥിയെ ഉപാസിച്ചു. മഹാത്മാക്കളായ അവര്‍ രണ്ടുപേരും ഒത്തു ചേര്‍ന്ന് വേദസംബന്ധമായി ചര്‍ച്ച നടത്തി. പിന്നെ വേദശേഷമായ ഉപനിഷത്തുക്കളെപ്പറ്റിയും ചര്‍ച്ച ചെയ്തു. ശിലോഞ്ഛവൃത്തിയായ ഗൃഹസ്ഥന്‍ കഥാവസാനം ശ്രദ്ധയോടെ സിദ്ധനോട്, ഭവാന്‍ ചോദിച്ചതു പോലെയുള്ള ഈ ചോദ്യം ചോദിച്ചു.
ശിലവൃത്തി പറഞ്ഞു: ഏറ്റവും പുണ്യമായ ദേശം ഏതാണ്? നാട് ഏതാണ്? ആശ്രമം ഏതാണ്? പര്‍വ്വതമേതാണ്? പുഴയേതാണ്? ഭവാന്‍ പറയൂ, ഏറ്റവും പുണ്യമായത് ഏതെന്ന്?"
സിദ്ധന്‍ പറഞ്ഞു: ഏതു നാട്ടിലൂടെ, ഏതു ദേശത്തി ലൂടെ, ഏതു ശൈലത്തിലൂടെ, ഗംഗ സഞ്ചരിക്കുന്നുവോ, ആ പ്രദേശമാണ് ഏറ്റവും പുണ്യവും ശ്രേഷ്ഠവുമായത്. ഏതു സമുദ്രത്തില്‍ ഗംഗ ചെന്നുചേരുന്നുവോ, ആ സമുദ്രമാണ് ഏറ്റവും ശ്രേഷ്ഠമായ സമുദ്രം. തപസ്സാലും ബ്രഹ്മചര്യത്താലും യജ്ഞങ്ങളാലും ദാനങ്ങളാലും ഒരു ജീവി ഗംഗാസേവ കൊണ്ടു കിട്ടുന്ന ഗതി നേടുകയില്ല. ഏതു ദേഹികളുടെ അസ്ഥി ഗംഗാനദീജലം ഏല്ക്കുമാറ് വെച്ചിരിക്കുന്നുവോ, ആ ദേഹികള്‍ക്ക് പിന്നെ സ്വര്‍ഗ്ഗം വിട്ടു പോരേണ്ടതായ ഒരു വിധി വന്നു ചേരുകയില്ല. ഏതു ദേഹിക്ക് ഗംഗാജലം കൊണ്ട് എല്ലാ കാര്യവും നിര്‍വ്വഹിക്കപ്പെട്ടുവോ അവന്‍ ഭൂമി വിടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ തന്നെ ചെന്നുചേരും. ചെറുപ്രായത്തില്‍ പാപം ചെയ്തവനും പിന്നീടു ഗംഗയെ സേവിച്ചാല്‍ പാപമുക്തനാകും. പരിശുദ്ധാത്മാക്കളായി ശുദ്ധമായ ഗംഗാസ്മാനം ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന പുണ്യം നൂറു യാഗംകൊണ്ടും ലഭിക്കുന്നതല്ല. ഒരു മനുഷ്യന്റെ അസ്ഥി എത്രകാലത്തോളം ഗംഗാനദിയില്‍ കിടക്കുന്നുവോ അത്ര വര്‍ഷസഹസ്രങ്ങള്‍ അവന്‍ സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനായി ഭവിക്കും. കൂരിരുട്ടെല്ലാം നീങ്ങി സൂര്യന്‍ വന്നുയരുന്ന മാതിരി പാപങ്ങളെല്ലാം നീക്കി ഗംഗാംബുവിന്റെ സ്പര്‍ശനമേറ്റവന്‍ തെളിയും.
ശുദ്ധമായ ഗംഗാംബുവില്ലാത്ത ദിക്കുകള്‍ ചന്ദ്രന്‍ ശോഭിക്കാത്ത രാത്രിപോലെയാണ്, പൂക്കാത്ത വൃക്ഷംപോലെയാണ്. ധര്‍മ്മജ്ഞാനം വിട്ട വര്‍ണ്ണാശ്രമങ്ങളുടെ മാതിരിയിലും, സോമം ഇല്ലാത്ത യജ്ഞം പോലെയുമാണ് ഗംഗയില്ലാത്ത ജഗത്ത്. അര്‍ക്കനില്ലാത്ത ആകാശം, മലയില്ലാത്ത ഭൂമി, വായുവില്ലാത്ത ആകാശം ഇവയ്ക്കു തുല്യമാണ് ഗംഗയില്ലാത്ത പ്രദേശം. അതില്‍ യാതൊരു സംശയവുമില്ല. മുന്നു ലോകത്തിലും ഇപ്പോള്‍ ഉള്ള സകലപ്രാണികളും ശുഭമായ ഗംഗാജലം കൊണ്ടു തര്‍പ്പിച്ചാല്‍ തൃപ്തി നേടു ന്നതാണ്.
സൂര്യസന്തപ്തമായ ഗംഗാജലം കുടിക്കുകയാണെങ്കില്‍ അത് പശുവിന്‍ ചാണകത്തില്‍ നിന്ന് പെറുക്കിയെടുത്ത യവം പോലെയോ, അതില്‍ കൂടുതലോ, മെച്ചപ്പെട്ട ശുദ്ധനിലയിലെത്തിക്കും. ആയിരം ചാന്ദ്രായനം അനുഷ്ഠിച്ചവനെക്കാള്‍ ദേഹശോധനമാണ് ഗംഗാംബുപാനം. ആയിരം യുഗം ഒറ്റക്കാലില്‍ നിന്ന് തപസ്സു ചെയ്യുന്നവനേക്കാള്‍ മെച്ചമായ പുണ്യം ഒരു മാസം ഗംഗാജലത്തില്‍ നിന്ന് തപസ്സു ചെയ്യുന്ന യോഗി നേടും. ആയിരം യുഗം തല കീഴ്പ്പോട്ടായി നിന്ന് തപം ചെയ്യുന്നവനും, ഇഷ്ടംപോലെ ഗംഗയില്‍ ആണ്ടവനും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഗംഗാസ്നാനം ചെയ്തവന്‍ മെച്ചമായ നില നേടിയതായിക്കാണാം.
അഗ്നിയിലിട്ട പഞ്ഞി കത്തിപ്പോകുന്ന പോലെ, ഗംഗാജലത്തില്‍ കുളിച്ചവന്റെ പാപം ക്ഷണത്തില്‍ നശിച്ചുപോകും. ദുഃഖംകൊണ്ട് ഉളളുകെട്ട ജീവജാലങ്ങള്‍ക്കെല്ലാം എന്താണ് ഗതിയെന്നു ചിന്തിക്കുമ്പോള്‍ ഗംഗാസ്നാനം തന്നെ ഉത്തമമായ ഗതിയെന്ന് അറിയാന്‍ കഴിയും. ഗരുഡനെ കാണുമ്പോള്‍ സര്‍പ്പങ്ങളുടെ വിഷം എങ്ങനെ പോകുന്നുവോ, അപ്രകാരം ഗംഗ കണ്ടാല്‍ ഉടനെ കണ്ടവരുടെ പാപമെല്ലാം ഒഴിഞ്ഞു പോകും. നില കിട്ടാത്തവര്‍ക്കും അപ്രകാരം അധര്‍മ്മത്തെ ശരണം പ്രാപിച്ചവര്‍ക്കും നിലയാകാത്തത് ഈ ഗംഗയാകുന്നു. ശര്‍മ്മവും (സുഖം) വര്‍മ്മവും (ചട്ട, പാപത്തിൽനിന്ന് രക്ഷിക്കുന്ന ചട്ട) ഈ ഗംഗതന്നെയാണ്.
വലിയ പാപം പലതും സമ്പാദിച്ച അധമന്മാരായ മര്‍ത്ത്യരെ, ചത്താല്‍ നരകത്തിലെത്തുന്നവരെ, ഗംഗ കയറ്റി വിടും. ഗംഗയില്‍ സ്നാനം ചെയ്യുന്നവര്‍ക്ക് മുനിമാരും ഇന്ദ്രാദിദേവന്മാരും അവര്‍ക്കുള്ള പുണ്യഫലത്തില്‍ ഒരുഭാഗം പങ്കു വെച്ചു കൊടുക്കുന്നു മതിമത്തമാ! ഗംഗയെ ആശ്രയിച്ചു നില്ക്കുന്നവരും ഭാഗ്യവാന്മാരാണ്. സുരന്മാര്‍ക്ക് അമൃതു പോലെയും പിതൃക്കള്‍ക്ക് സ്വധപോലെയും നാഗങ്ങള്‍ക്ക് സുധ പോലെയുമാണ് നരന്മാര്‍ക്ക് ഗംഗാജലം. വിശപ്പുമൂത്ത പൈതല്‍ അമ്മയെ ഉപാസിക്കുന്നതു പോലെ ശ്രേയസ്സിനെ അര്‍ത്ഥിക്കുന്ന ദേഹികള്‍ ഗംഗയെ ഉപാസിക്കുന്നു. എല്ലാവര്‍ക്കും ശ്രേഷ്ഠമായി ബ്രഹ്മസ്ഥാനം എങ്ങനെ അറിയപ്പെടുന്നുവോ അപ്രകാരം കുളിക്കുന്നവര്‍ക്ക് പുഴകളില്‍ ശ്രേഷ്ഠയായത് ഗംഗയാണെന്നു പറയുന്നു. ഉപജീവിക്കുന്നവര്‍ക്ക് ധേനു എപ്രകാരമോ, ദേവാദികള്‍ക്ക് ഊഴി എപ്രകാരമോ, അപ്രകാരമാണ് ഉപജീവിക്കുന്ന എല്ലാവര്‍ക്കും ഗംഗ. എല്ലാ ജീവികളും ഗംഗയില്‍ ഉപജീവിക്കുന്നു. ദേവന്മാര്‍ സത്രാദികളായ മഖങ്ങളില്‍ സോമാര്‍ക്കസംസ്ഥമായ അമൃതിനെ എപ്രകാരം പാനം ചെയ്യുന്നുവോ അപ്രകാരം ഗംഗാജലം കൊണ്ട് നരന്മാര്‍ ഉപജീവിക്കുന്നു. ഗംഗയുടെ മണല്‍പ്പുറത്തു ചെന്ന് സസുഖം വാഴുന്ന ജനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ വസിച്ചു വിളങ്ങുന്നതു പോലെ കരുതുന്നു. ഗംഗാതീരത്തുള്ള മണല്‍പ്പൊടി ശിരസ്സില്‍ വഹിക്കുന്നവര്‍ തമോനാശത്തില്‍ അര്‍ക്കനെപ്പോലെ നിര്‍മ്മലമായ രൂപത്തെ കൈക്കൊള്ളും. ഗംഗയുടെ തിരയടിച്ചെത്തുന്ന കാറ്റ് എപ്പോള്‍ മര്‍ത്തൃന്റെ ദേഹത്തില്‍ തട്ടുന്നുവോ അപ്പോള്‍ മര്‍ത്ത്യന്റെ സകലപാപവും നീങ്ങുന്നു. വ്യസനാക്രാന്തനായി നാശത്തിലെത്തുന്ന നരന് ഗംഗാജലം കണ്ടാല്‍ ആ രസം സകല വ്യസനത്തെയും അകറ്റുന്നതാണ്. ഹംസങ്ങളുടെയും കോകങ്ങളുടേയും ആരാവം, മറ്റു പക്ഷികളുടെ സ്വനം ഇവകൊണ്ട് പുളിനങ്ങളാകുന്ന മലകള്‍ കൊണ്ട് ഗന്ധര്‍വ്വരുമായി നേരിടുന്നു. അരയന്നം മുതലായ അനവധി പക്ഷികളാല്‍ ആവൃതമായ ഗംഗയെക്കണ്ടാല്‍, ഗോകുലം തിങ്ങിയ ഗംഗയെക്കണ്ടാല്‍, സ്വര്‍ഗ്ഗത്തെപ്പോലും നരന്‍ വിസ്മരിച്ചു പോകും. ഗംഗാനദിയുടെ മണല്‍ത്തട്ടില്‍ ഇരിക്കുമ്പോഴുളള സുഖം ദേവലോകത്ത് സ്വര്‍ഗ്ഗത്തില്‍ ചെന്നാലും കിട്ടുകയില്ല. മനസ്സുകൊണ്ടും വാക്കു കൊണ്ടും കര്‍മ്മംകൊണ്ടുമുളള പാപങ്ങള്‍ പെട്ടവന് പോലും ഗംഗ കണ്ടാല്‍ ശുദ്ധനാകും. അതില്‍ യാതൊരു സംശയവുമില്ല. കീഴെ ഏഴും മേലെ ഏഴും വേറെയും പിതൃക്കളെ, ഗംഗയെക്കണ്ട് തൊട്ട് മുങ്ങിക്കുളിച്ചവന്‍ കയറ്റിവിടുന്നതാണ്. ഗംഗയെപ്പറ്റി കേട്ടാലും കണ്ടാലും ചിന്തിച്ചാലും, തൊട്ടാലും ഗംഗാജലം പാനം ചെയ്താലും അതിലിറങ്ങിയാലും, ഗംഗ നരന്മാരുടെ രണ്ടു വംശത്തേയും കയറ്റിവിടും. കണ്ടാ ലും തൊട്ടാലും കുടിച്ചാലും ഗംഗയെന്നു പറഞ്ഞാലും ഗംഗ പാപികളെ പരിശുദ്ധരാക്കും. നൂറും ആയിരവും പേരെ ഒപ്പം പരിശുദ്ധരാക്കും. ജന്മം സഫലമാകണമെന്ന് ഇച്ഛിക്കുന്നവന്‍, ജീവിതം, പഠനം ഇവയൊക്കെ ഗംഗയില്‍ ചെന്നു ചെയ്യണം. പിതൃദൈവത തര്‍പ്പണവും ഗംഗയില്‍ച്ചെന്നു ചെയ്യണം. മക്കളാലും ധനത്താലും കര്‍മ്മത്താലും മര്‍ത്ത്യന്‍ നേടുന്ന പുണൃഫലം ഗംഗയില്‍ ചെന്നാല്‍ ഏല്ക്കുന്ന ഫലത്തോടൊക്കുകയില്ല.
ഗംഗാനദിയുടെ അടുത്തേക്കു ചെന്നിട്ട് , ഗംഗയെക്കാണാതെ മടങ്ങുന്ന പുരുഷന്‍ ജാത്യാ അന്ധരായവര്‍ക്കു തുല്യനാണ്. മൃതന്മാര്‍ക്കു തുല്യനാണ്. അഥവാ മുടന്തര്‍ക്കു തുല്യനാണ്. ഭൂതഭവ്യഭവിഷ്യജ്ഞരും, ഋഷീന്ദ്രാദികളായ വിണ്ണവരും സേവിക്കുന്ന ഗംഗയെ ഏത് മാനവരാണ് സ്നേഹി ക്കാതിരിക്കുക? വാനപ്രസ്ഥരും, ഗൃഹസ്ഥന്മാരും, യതിമാരും, ബ്രഹ്മചാരികളും, വിദ്യാവാന്മാരും ആശ്രയിക്കുന്ന ഗംഗയെ ആരാണ് ആശ്രയിക്കാതിരിക്കുക? പ്രാണന്‍ പോകുന്ന സമയത്ത് ശുദ്ധനും, ശിഷ്ടന്മാര്‍ ഇഷ്ടപ്പെടുന്നവനും, ജനസമ്മതനുമായവന്‍ മനസ്സു കൊണ്ട് ഗംഗയെ ചിന്തിച്ചാല്‍ അവന്‍ സല്‍ഗതി പ്രാപിക്കുന്നതാണ്.
ഭയങ്ങളില്‍വെച്ചു വലിയ ഭയം പാപഭയമാണ്. പിന്നെ രാജാവില്‍ നിന്നുള്ള ഭയമാണ്. ഇവയൊന്നും മരിക്കുന്നതിന് മുമ്പ് ഏല്ക്കുന്നതല്ല. ഗംഗയെ സേവിക്കുന്നവന്‍ ആകാശത്തു നിന്ന് പതിക്കുമ്പോള്‍ ആ മഹാപുണ്യയായ ഗംഗയെ ശിരസ്സു കൊണ്ട് മഹേശ്വരന്‍ താങ്ങി. അങ്ങനെ അവള്‍ വാനില്‍ സേവ്യയായി. മുന്നു ലോകവും മുന്നു ശുദ്ധമായ മാര്‍ഗ്ഗത്താല്‍ അലങ്കരിക്കുന്നു. ആ ഗംഗാംബുവെ സേവിച്ചാല്‍ പുരുഷന്‍ കൃതകൃത്യനാകും. ദ്യോവില്‍ ജ്യോതിസ്സുകള്‍ക്ക് അര്‍ക്കനെപ്പോലെയും, പിതൃക്കള്‍ക്ക് ചന്ദ്രനെപ്പോലെയും, ചക്രവര്‍ത്തി മാനുഷര്‍ക്കെന്ന പോലെയുമാകുന്നു സരിത്തുകള്‍ക്ക് പ്രവരയായ ഗംഗ.
അച്ഛനും, അമ്മയും, ഭാര്യയും, മക്കളും, സ്വത്തുക്കളും നഷ്ടപ്പെട്ടവന്റെ ദുഃഖത്തെക്കാള്‍ വലുതാണ് ഗംഗ വേര്‍ പെട്ടവന്റെ ദുഃഖം. ആരണ്യം (ബ്രഹ്മലോക്രപ്രാപ്തിക്കുള്ള മാര്‍ഗ്ഗങ്ങളെ പ്രതിപാദിക്കുന്ന അനുഷ്ഠാനരീതികള്‍), ഇഷ്ടവിഷയം, മക്കള്‍, വിത്തം, ഇവയെല്ലാം ഉണ്ടായാലും അവയൊന്നും ഗംഗ കണ്ടാല്‍ അവനുളള സുഖത്തിന്നും പ്രസാദത്തിന്നും തുല്യമാവുകയില്ല.
മര്‍ത്ത്യര്‍ക്കു പൂര്‍ണ്ണചന്ദ്രനെ കണ്ടാല്‍ കണ്ണു തെളിയുന്ന മാതിരി നരന്മാര്‍ക്ക് ഭാഗിരഥിയെ കണ്ടാല്‍ കണ്ണു തെളിയുന്നതാണ്. ഭാവനയോടെ, മനോവൃത്തിയോടെ, ഇഷ്ടത്തോടെ, തല്‍പ്പരായണനായി ഭക്തിയോടെ ഗംഗയില്‍ച്ചെന്നാല്‍ അവന്‍ ഗംഗയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാകും. മന്നിലും വിണ്ണിലും ദ്യോവിലുമുള്ള ഭൂതങ്ങള്‍ പല മട്ടിലുളളവരാണ്. എന്നും ഗംഗയില്‍ മുങ്ങിക്കുളിക്കുക. ഇത് സത്തുക്കള്‍ ചെയ്യേണ്ടതാണ്. ഗംഗയ്ക്ക് ലോകത്തില്‍, വിശ്വം മുഴുവന്‍, കീര്‍ത്തി വര്‍ദ്ധിച്ചു. കത്തി ദഹിച്ചു ചാമ്പലായ സഗരന്റെ പുത്രന്മാരെ ഗംഗ വിണ്ണില്‍ ഏറ്റിയല്ലോ! (ഭഗീരഥന്റെ കഥ ഇവിടെ സൂചിപ്പിക്കുന്നു).
കാറ്റേററ് ഉലച്ച് അഴകോടെ അലഞ്ഞു പൊങ്ങുന്ന ഗംഗാ നദിയിലെ ഓളത്തില്‍ കുളിച്ചവന്‍ പ്രകാശവാനായി പ്രദീപ്തനായി, സഹ്രസരശ്മിയായ സൂര്യനെപ്പോലെ തേജസ്വിയായി വിളങ്ങും.
ശാന്താത്മാക്കളായ മര്‍ത്ത്യര്‍ ഗംഗാനദിയിലിറങ്ങി ശരീരം വെടിഞ്ഞാല്‍ അവരുടെ പരിശുദ്ധി യാഗാഗ്നിയില്‍ ഹോമിക്കപ്പെടുന്ന പയസ്സിനോടും ഘൃതത്തിനോടും തുല്യമായിരിക്കും. അവര്‍ ദേവതുല്യരായി ദേവലോകത്തു വിളങ്ങും.
ജളന്മാര്‍ക്കും, അന്ധര്‍ക്കും, ദരിദ്രര്‍ക്കും സുപ്രസിദ്ധയും, ബൃഹത് സ്വരൂപയും, വിശ്വരൂപയും, ദേവേന്ദ്ര ദേവര്‍ഷി മനുഷ്യ സേവ്യയുമായ ഗംഗ സകലകാമങ്ങളേയും നല്കി അനുഗ്രഹിക്കും.
ഊര്‍ജ്ജാഢ്യയായി പുണ്യരൂപത്തോടെ മധുവേന്തിയ ത്രിമാര്‍ഗ്ഗയായ ഗംഗയെ, മുന്നു ലോകത്തെയും സംരക്ഷിക്കുന്ന ഗംഗയെ, ചെന്ന് ആശ്രയിക്കുന്നവര്‍ സ്വര്‍ഗ്ഗം നേടുന്നതാണ്. ഗംഗയുടെ സന്നിധിയില്‍ പാര്‍ക്കുന്നവനും, എപ്പോഴും ഗംഗയെ കാണുന്നവനുമായ മര്‍ത്ത്യന്‍ ആരോ, അവന് ദേവന്മാര്‍ സുഖങ്ങളെ ദാനം ചെയ്യും. തല്‍ഭാവരായി സ്പര്‍ശന ദര്‍ശനങ്ങള്‍ കൊണ്ടു പുണ്യവാന്മാരായവര്‍ക്ക് ദേവന്മാര്‍ ഇഷ്ടയായ ഗതിയെ നല്കുന്നതുമാണ്. ദക്ഷാ, പൃശ്മി, ബൃഹതീ, വിപ്രകൃഷ്ടാ, ശിവാ, സമൃദ്ധാം ഭാഗിനീ, സുപ്രസന്നാ, വിഭാവരീ, സര്‍വ്വവഭൂതപ്രതിഷ്ഠാ ഈ നിലയില്‍ പ്രസിദ്ധയായ ഗംഗയെ പൂകുന്നവന്‍ ആരോ, അവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുന്നതാണ്.
ആ ഗംഗയുടെ ദിവ്യമായ നാമം ആകാശവും, ഭൂമിയും, ദിക്കും, വിദിക്കും നിത്യവും മുട്ടി നില്ക്കുന്നു. അങ്ങനെ ശ്രേഷ്ഠയായിരിക്കുന്ന ആ പുഴയുടെ നീര്‍ കുടിച്ചാല്‍ സകല മര്‍ത്തൃരും കൃതാര്‍ത്ഥരായി ഭവിക്കുന്നതാണ്. ഈ ഗംഗ നിയതയായ പ്രതിഷ്ഠയാണ്. ഗുഹനേയും സ്വര്‍ണ്ണത്തേയും ഗര്‍ഭത്തില്‍ ധരിച്ചവളാണ്. ദിവസം തോറും പ്രഭാതത്തില്‍ ഗംഗയില്‍ വന്നു സ്നാനം ചെയ്താല്‍ അവന്‍ ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ നേടും. ഗംഗാജലം, ഹോമിക്കപ്പെടുന്ന ഹവ്യമായ ഘൃതത്തിന് തുല്യം പാവനമാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കു വീണവളായ ഗംഗ വിശ്വത്തില്‍ ഏറ്റവും ശ്രേഷ്ഠയാണ്.
ഗംഗ ഹിമവാന്റെ പുത്രിയാണ്, ഹരന്റെ ഭാര്യയാണ്, ഭൂമിക്കും സ്വര്‍ഗ്ഗത്തിനും ഒരു ഭൂഷയാണ് (ആഭരണം), അലങ്കാരമാണ്. ഭൂമിയില്‍ അവള്‍ ഭവ്യയാണ്. മൂന്നു ലോകത്തിനും പുണ്യം കൊടുക്കുന്ന ഗംഗ ഭവ്യയും, ഭൂവില്‍ ഭാഗിനിയും, ഭൂമിനാഥയുമാണ്. മൂന്നു ലോകത്തിനും അവള്‍ പുണ്യം നല്കുന്നു. മധുസ്രവാ, ഘൃതധാരാ, ഘൃതര്‍ച്ചി, മഹോര്‍മ്മിയാല്‍ മിന്നുന്നവള്‍, ഇങ്ങനെ ഗംഗ പ്രശോഭിക്കുന്നു. ഗംഗയില്‍ എപ്പോഴും വിപ്രന്മാര്‍ ഭജിക്കുന്നതു കാണാം. ദേവലോകത്തു നിന്ന് ഊര്‍ന്നു വീണ ഗംഗയെ ശിവന്‍ ശിരസ്സില്‍ വഹിച്ചു. ശൈലത്തില്‍ നിന്ന് പുറപ്പെട്ട ഗംഗ വിണ്ണിന്നും മാതാവാകുന്നു. ഗംഗ വരിഷ്ഠ യോനിയാണ്, വിരജയാണ്, വിതന്വിയാണ്. ഗംഗ ജീവികള്‍ക്കു മരണശയ്യയാണ്, ചിറയാണ്, വാരിവാഹയാണ്, യശസ്സിനെ നലകുന്നവളാണ്. വിശ്വം കാക്കുന്നവളാണ്, ഇഷ്ടങ്ങളെ സാധിപ്പിക്കുന്നവളാണ്. ഗംഗയില്‍ കുളിക്കുന്നവര്‍ക്ക് അവള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയായി ഭവിക്കുന്നു. ഗുപ്തിക്കും, ക്ഷമയ്ക്കും, ധൃതിക്കും ഊഴിയെപ്പോലെയാണ് ഗംഗ. ഭൂമി പോലെ ക്ഷമിക്കുകയും, സംരക്ഷിക്കുകയും, വളര്‍ത്തുകയും ചെയ്യുന്നു. ദീപ്തി കൊണ്ട് അഗ്നിക്കും അര്‍ക്കുനും തുല്യയാണ്. ബ്രഹ്മണ്യം കൊണ്ട് ഗുഹന് തുല്യയാണ് ഗംഗ എന്നു ബ്രാഹ്മണര്‍ക്കു ബോദ്ധ്യം വന്നിട്ടുണ്ട്. ഋഷിസ്തുതയും, വിഷ്ണുപദിയും, പുരാണയും, പുണ്യാംഭസ്സുമായ ഗംഗയെ പാരില്‍ ആര് മനസ്സാലും മറ്റു വിധത്താലും ആശ്രയിക്കുന്നുവോ, അവര്‍ തീര്‍ച്ചയായും ബ്രഹ്മലോകത്ത് എത്തുന്നതാണ്. എല്ലാ ഗുണങ്ങളുംചേര്‍ന്ന അമ്മ തന്റെ പൈതങ്ങളെ എന്ന പോലെ ലോകത്തിലുള്ള സകല ഭൂതങ്ങളെയും ഗംഗ കാണുന്നു. ആ ഗംഗയെ ബ്രഹ്മസ്ഥാനം ഇച്ഛിക്കുന്നവരായ വശ്യാത്മാക്കള്‍ സേവിക്കേണ്ടതാണ്. ഉസ്രാ, പുഷ്ടാ, കാണപ്പപെടുന്നവള്‍, വിശ്വഭോജാ, ഇരാവതീ കുന്നുകള്‍ക്കു താങ്ങല്‍, ശിഷ്ടാശ്രയ, ഇങ്ങനെ നാനാവിധത്തില്‍ വിളങ്ങുന്ന ഗംഗയെ സിദ്ധി കാമിക്കുന്നവന്‍ ആശ്രയിക്കുന്നു. തപസ്സു കൊണ്ട് സര്‍വ്വദേവന്മാരെയും വിഷ്ണുവിനോടു കൂടി പ്രസാദിപ്പിച്ച് ഭഗീരഥന്‍ ഗംഗയെ ഭുമിയില്‍ കൊണ്ടുവന്നു. ആ ഗംഗയെ പ്രാപിച്ചാല്‍ പിന്നെ മര്‍ത്ത്യര്‍ക്ക് ഇഹത്തിലും പരത്തിലും യാതൊരു ഭയവും സംഭവിക്കുന്നതല്ല.
അവളുടെ ഗുണങ്ങള്‍ അല്പം മാത്രം ഞാന്‍ പറഞ്ഞു. മറ്റുളളത് നീ ബുദ്ധിയാല്‍ അറിയുക. ഗംഗയുടെ മഹത്വത്തെ അല്പം മാത്രം കാണിക്കാനേ എനിക്കു കഴിഞ്ഞുള്ളു. എന്റെ കഴിവ് വളരെ കുറച്ചേയുള്ളൂ. ഗംഗയുടെ മഹത്വമാണെങ്കില്‍, അവളുടെ ഗുണങ്ങളാണെങ്കില്‍, എന്റെ ചിന്ത യില്‍ ഒതുങ്ങാത്തത്ര മേന്മയേറിയതാണ്. മേരു പര്‍വ്വതത്തില്‍ എത്ര കല്ലിന്‍ കഷണമുണ്ടെന്നെണ്ണാം. സമുദ്രത്തിലെ വെള്ളത്തുളളിയെയും എണ്ണാം. എന്നാല്‍ ഗംഗാജലത്തിന്റെ ഗുണത്തെപ്പറ്റിയെല്ലാം പറഞ്ഞൊപ്പിക്കുവാനോ, എണ്ണിക്കണക്കാക്കുവാനോ സാദ്ധ്യമല്ല. അതുകൊണ്ട് ഈ ശ്രദ്ധയാല്‍ പറഞ്ഞു വെച്ച ഗുണം, ഗംഗയ്ക്കുള്ള എല്ലാ ഗുണവും, എന്നും സാശ്രദ്ധനായി ഭക്തിയോടെ മനസ്സു കൊണ്ടും, വാക്കു കൊണ്ടും, കര്‍മ്മം കൊണ്ടും ചിന്തിക്കുക! ഈ മൂന്നു ലോകത്തിലും കീര്‍ത്തി പരത്തി, ദുരാപയായി, വലിയ സിദ്ധി സമ്പാദിച്ച് ഗംഗാകൃതമായ അനുഗ്രഹം മൂലം നീ ക്ഷണത്തില്‍ ഇഷ്ടം പോലെ എല്ലാ പുണ്യ ലോകത്തിലുമെത്തി വിഹരിക്കുന്നതാണ്. എനിക്കും നിനക്കും ഗംഗ, ഗുണം നല്കുന്നവളായ ഗംഗ, സ്വന്തം ധര്‍മ്മയോഗത്താല്‍ ഗുണം ചെയ്യുമാറാകട്ടെ! അഭിമതജനനന്ദിയുളള ഗംഗ തന്റെ ഭക്തന്നു സൗഖ്യം നല്കുന്നതാണ്.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം മഹാമതിമാന്‍ ധാന്യം പെറുക്കിയെടുത്തു ജീവിക്കുന്ന ഉഞ്ഛവൃത്തിയായവന് ഗംഗയെ സംബന്ധിച്ച മാഹാത്മ്യങ്ങള്‍, യഥാര്‍ത്ഥമായ കാര്യങ്ങള്‍, പലവിധത്തിലും പറഞ്ഞു കൊടുത്തു. അങ്ങനെ പ്രകാശിക്കുന്ന ആ പണ്ഡിതന്‍ സ്വര്‍ഗ്ഗത്തെ പ്രാപിച്ചു. ആ ശിലവൃത്തിയായവനും ആ സിദ്ധന്റെ വാക്കു ശ്രദ്ധാപൂര്‍വ്വം കേട്ടു ബോധവാനായി. വിധിപോലെ ഗംഗയെ സേവിച്ച് അവനും ദുര്‍ല്ലഭമായ സിദ്ധിയെ പ്രാപിച്ചു. അപ്രകാരം നീയും ഹേ കൌന്തേയാ! പരമമായ ഭക്തിയോടെ ഗംഗയില്‍ എപ്പോഴും ചെല്ലുക! അതുകൊണ്ട് നിനക്കു മുഖ്യമായ സിദ്ധി ലഭിക്കും.
വൈശമ്പായനന്‍ പറഞ്ഞു: ഗംഗാസ്തവം ചേര്‍ന്ന കഥ ഭീഷ്മൻ പറഞ്ഞതു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ സഹോദരന്മാരോടു കൂടി വളരെ പ്രീതനായി ഭവിച്ചു. ഈ ഗണ്യമായ ഇതിഹാസം കേള്‍ക്കുന്നവനും പറയുന്നവനും ഗംഗാസ്തവം മൂലം സകല പാപവും നീങ്ങി സ്വര്‍ഗം പ്രാപിക്കും.
27. ഇന്ദ്രമതംഗസംവാദം - ബ്രാഹ്മണത്വം നേടാന്‍ തപസ്സ് ചെയ്ത മതംഗന്റെ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: ബുദ്ധിയും പഠിപ്പും വൃത്തശീലങ്ങളുമുളളവനാണ് ഭവാന്‍. പല ഗുണങ്ങളും അങ്ങയ്ക്കുണ്ട്. പ്രായവും വളരെച്ചെന്നവനാണ്. ഭവാന്‍ ബുദ്ധി, പ്രജ്ഞ, തപസ്സ് എന്നിവയാലെല്ലാം വിശിഷ്ടനാണ്. അതു കൊണ്ടാണ് ഞാന്‍ അല്ലയോ ധര്‍മ്മിഷ്ഠസത്തമാ, ധര്‍മ്മത്തെപ്പറ്റി ചോദിക്കുന്നത്. ലോകത്തില്‍ ഭവാനല്ലാതെ ചോദിക്കേണ്ടവനായി ആരെയും ഞാന്‍ കാണുന്നില്ല. ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ബ്രാഹ്മണ്യം വേണമെന്നുവെച്ചാല്‍ അതെങ്ങനെയാണ് നേടുക! അത് എന്നോടു പറഞ്ഞു തരണേ! തപസ്സുകൊണ്ടും വലിയ കര്‍മ്മംകൊണ്ടും ശ്രുതത്താലും അതു സിദ്ധിക്കയില്ലേ? ബ്രാഹ്മണ്യം ഇച്ഛിക്കുമെങ്കില്‍ അത് അല്ലയോ പിതാമഹാ! പറയണേ!
ഭീഷ്മൻ പറഞ്ഞു: ക്ഷത്രിയന്‍ മുതലായ മൂന്നു ജാതിക്കും അല്ലയോ താതാ, ബ്രാഹ്മണ്യം ലഭിക്കുകയില്ല! ബ്രാഹ്മണ്യമെന്നത് സര്‍വ്വഭൂതങ്ങളിലും വെച്ചു മുഖ്യമായ സ്ഥാനമാണ് യുധിഷ്ഠിരാ! ഒരുത്തന്‍ വീണ്ടും സംസാരചക്രത്തില്‍ തിരിഞ്ഞ്, ഒരിക്കല്‍ ഒരു ജന്മത്തില്‍ ഉണ്ണീ, വിപ്രനായി പിറന്നേക്കാം. അതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അത് മതംഗനും ഗര്‍ദ്ദഭിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്.
ഉണ്ണി കേള്‍ക്കൂ! പണ്ട് ഒരു ദ്വിജന് തന്റേതായി ഒരു പുത്രനുണ്ടായി. അവന്‍ സ്വന്തം ജാതിയില്‍പ്പെട്ട ഒരു ബ്രാഹ്മണി പെറ്റ പുത്രനായിരുന്നു (തുല്യ വര്‍ണ്ണനായ). ആ പുത്രന്‍ മതംഗന്‍ എന്ന പേരില്‍ കീര്‍ത്തിമാനായി. എല്ലാ ഗുണങ്ങളും തികഞ്ഞവനായി. അച്ഛന്‍ പറഞ്ഞു വിട്ട അവന്‍ അല്ലയോ പാര്‍ത്ഥാ, യജ്ഞകാരനായി കഴുതയെ പൂട്ടിയ രഥത്തില്‍ക്കയറി പോയി. അവന്റെ തേരു വഹിച്ചിരുന്നത് കുട്ടിയായ ഒരു കഴുതയായിരുന്നു. അവന്‍ ആ കഴുതക്കുട്ടിയുടെ അമ്മയുടെ അരികത്തു വെച്ച് അതിനെ ചമ്മട്ടി കൊണ്ടു മൂക്കിന്മേല്‍ പലപ്രാവശ്യം ഇടിച്ചു. കുട്ടിയുടെ മൂക്കു വ്രണപ്പെട്ടു രക്തംചാടുന്നതു കണ്ട് അമ്മയായ ഗര്‍ദ്ദഭി തന്റെ കുട്ടിയോട് ഇപ്രകാരം പറഞ്ഞു: "ഉണ്ണീ, നീ ദുഃഖിക്കരുത്. നിന്റെ യജമാനന്‍ ഒരു ചണ്ഡാലനാണ്. ബ്രാഹ്മണന്‍ ക്രുദ്ധത കാണിക്കുകയില്ല. ബ്രാഹ്മണനില്‍ എപ്പോഴും മിത്രഭാവമേ കാണു! ഭൂതങ്ങള്‍ക്കൊക്കെ ആചാര്യനായ അവന്‍ ശാസിക്കുന്നവനായി പ്രഹരിക്കുകയില്ല. ഇവന്‍ പാപിയാണ്. പാപപ്രകൃതിയായ ഇവന്‍ ബാലനായ നിന്നില്‍ കനിയുന്നില്ല. അവന്‍ അവന്റെ ജന്മസ്വഭാവം കാണിക്കുകയാണ്. പിതാവിന്റെ ഭാവമല്ലേ പുത്രന്‍ കാണി ക്കുക?'.
ഇപ്രകാരം ആ കഴുതപ്പെണ്ണിന്റെ ക്രൂരമായ വാക്ക് മതംഗന്‍ കേട്ടു. ഉടനെ തേരില്‍ നിന്നിറങ്ങി അവളുടെ അടുത്തു ചെന്ന് മതംഗന്‍ പറഞ്ഞു: എടോ കഴുതപ്പെണ്ണേ! ഗര്‍ദ്ഭീ, കല്യാണീ, ഞാന്‍ ഒന്നു ചോദിക്കട്ടെ! എന്റെ അമ്മയെ ദുഷിപ്പിച്ച അവന്‍ ആരാണെന്നു പറയാമോ? ഞാന്‍ ചണ്ഡാലനാണെന്ന് നീ എങ്ങനെ അറിഞ്ഞു സാരഭീ? ബ്രാഹ്മണന്റെ പുത്രനായ എന്നെ നീ ചണ്ഡാലനാണെന്നല്ലേ പറഞ്ഞത്? ഇതിന്റെ രഹസ്യം തത്വമായി നീ എന്നെ കേള്‍പ്പിക്കണം. മഹാപ്രാ ജ്ഞയായ കഴുതപ്പെണ്ണേ! എല്ലാം പറയണം; മടിക്കരുത്!
ഗര്‍ദ്ദഭി പറഞ്ഞു: മദോന്മത്തയായ ബ്രാഹ്മണിയില്‍ ക്ഷൗരക്കാരനായ വൃഷനാല്‍ ജനിപ്പിക്കപ്പെട്ടവനാണ് നീ. അതുകൊണ്ട് നിന്റെ ബ്രാഹ്മണ്യം കെട്ടുപോയി. ഇതു കേട്ടതോടെ മതംഗന്‍ തളര്‍ന്നു. അവന്‍ വീട്ടിലേക്കു തിരിച്ചു. യജ്ഞത്തിന് പോയ മകന്‍ തിരിച്ചു വന്നതു കണ്ട് അച്ഛന്‍ ചോദിച്ചു: "ഞാന്‍ യജ്ഞസിദ്ധിക്കു വേണ്ടി അയച്ച നീ എന്തേ പോന്നത്? നിനക്കു വല്ല വിഷമവും പറ്റിയോ? സുഖമില്ലേ?".
മതംഗന്‍ പറഞ്ഞു: അന്ത്യയോനിക്കും അയോനിക്കും കുശലിത്വം ഉണ്ടോ? താഴ്‌ന്ന ജാതിക്കാരനും ജാതി തെറ്റിയവനും കുശലിയാണോ? ഞാന്‍ ഒരു വൃഷലനില്‍ നിന്ന് ബ്രാഹ്മണ്യ സ്ത്രീക്കു പിറന്നവനാണെന്ന് അമാനുഷിയായ ഒരു കഴുതപ്പെണ്ണു പറഞ്ഞു. അതു കേട്ടപ്പോള്‍ എനിക്കു വലിയ ദുഃഖം തോന്നി. അതുകൊണ്ടു മടങ്ങിയതാണ്.
ഇപ്രകാരം അവന്‍ അച്ഛനോടു പറഞ്ഞ് ദുഃഖത്തോടെ ഗൃഹത്തില്‍ നിന്ന് ഇറങ്ങി, കാട്ടിലേക്കു പോയി. അവിടെച്ചെന്ന് കഠിനമായി തപസ്സു ചെയ്തു. അവന്‍ തപസ്സിന്റെ ശക്തിയാല്‍ ദേവകളെപ്പോലും തപിപ്പിച്ചു. സുഖസ്ഥാനാര്‍ത്ഥിയായ മതംഗന്‍ നല്ല കര്‍മ്മം ചെയ്ത്, തപിപ്പിച്ച് അവിടെ വാണു. ഇപ്രകാരം തപസ്സു ചെയ്യുന്ന അവന്റെ അടുത്തു വന്ന് ഇന്ദ്രന്‍ പറഞ്ഞു: "മതംഗാ! നീ എന്താണ് മര്‍ത്ത്യ ഭോഗങ്ങളെ ഒക്കെ വിട്ട് ഇപ്രകാരം തപിക്കുന്നത്? ഞാന്‍ നിനക്ക് ഇഷ്ടമുളള വരം നല്കാം. നീ അതു വരി ക്കുക! കിട്ടേണ്ടതായി നിന്റെ ഉളളിലുള്ളതു സകലതും നീ വൈകാതെ പറയുക".
മതംഗന്‍ പറഞ്ഞു: അല്ലയോ ദേവാ, ഞാന്‍ ബ്രാഹ്മണ്യം ആഗ്രഹിച്ചാണ് ഈ തപപസ്സിന് ഒരുങ്ങിയത്. ഞാന്‍ അതു നേടിയതിന് ശേഷം പൊയ്ക്കൊളളാം. ഈ ഒരു വരം എനിക്കു തന്നാല്‍ മതി; ഞാന്‍ അതു വരിച്ചു.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം മതംഗന്‍ പറഞ്ഞതു കേട്ട് പുരന്ദരന്‍ പറഞ്ഞു: ഹേ മതംഗാ! നീ വിപ്രത്വമാണല്ലോ ഇരക്കുന്നത്. അതു ദുര്‍ല്ലഭമാണ്, കിട്ടാത്ത കാര്യമാണ്. അകൃതാത്മാക്കള്‍ക്ക് അലഭ്യമായ ബ്രാഹ്മണ്യത്തെ നീ ഇരക്കുകയാണെങ്കില്‍ എടോ ദുര്‍ബുദ്ധേ! അതു നിന്റെ നാശത്തിനാണ്. നീ അതിന് വേണ്ടി ഇവിടെ വസിക്കേണ്ടാ. അടങ്ങൂ! എല്ലാറ്റിലും വെച്ചു ശ്രേഷ്ഠമാണ് ബ്രാഹ്മണ്യം. അത് തപസ്സുകൊണ്ടു കീഴടക്കാവുന്നതല്ല. അഗ്ര്യമായ അതിന് വേണ്ടി ഇച്ഛിച്ചാല്‍ ഉടനെ അതു കൊണ്ടു തന്നെ നീ നശിച്ചു പോകും. ദേവാസുരനരന്മാരില്‍ പവിത്രവും പരമവും ശ്രേഷ്ഠവുമാണ് ബ്രാഹ്മണ്യം. അത് ഒരു ചണ്ഡാല യോനിജാതന് ഒരിക്കലും കിട്ടുകയില്ല! അതിന് വേണ്ടി മിനക്കെടുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല.
28. ഇന്ദ്രമതംഗസംവാദം - മതംഗന്‍ തന്റെ തപസ്സ് കുറേക്കൂടി കഠിനമാക്കുന്നു - ഭീഷ്മൻ പറഞ്ഞു: ഇന്ദ്രന്‍ പറഞ്ഞതു കേട്ട് മതംഗന്‍ നിരാശനായില്ല. അവന്‍ പിന്നെയും തപസ്സു ചെയ്തു. വീഴ്ച വരാതെ തപസ്സു ചെയ്തു. വീണ്ടും ശ്രകന്‍ അവന്റെ മുമ്പിലെത്തി പറഞ്ഞു: അല്ലയോ വത്സാ, ബ്രാഹ്മണ്യം കിട്ടുവാന്‍ സാദ്ധ്യമല്ല! നീ അതിന് വേണ്ടി പ്രാര്‍ത്ഥിച്ചാലും കിട്ടുകയില്ല. അല്ലയോ മതംഗാ, നീ പരമമായ സ്ഥാനത്തെയാണ് പ്രാര്‍ത്ഥിക്കുന്നത്. അതുകൊണ്ട് നീ താനേ നശിക്കുക എന്നതാണ് ഫലം. ഉണ്ണീ, നീ സാഹസം ചെയ്യരുത്. ഇതു നിനക്ക് ധര്‍മ്മമാര്‍ഗ്ഗമല്ല. എടോ ദുര്‍മ്മതേ, നിനക്കു ബ്രാഹ്മണ്യം നേടുവാന്‍ പറ്റുന്നതല്ല. അലഭ്യത്തെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന നീ വൈകാതെ നശിക്കും. അല്ലയോ മതംഗാ! പരമമായ സ്ഥാനം ഞാന്‍ വീണ്ടും തടഞ്ഞിട്ടും നീ ആഗ്രഹിക്കുന്നു! തപസ്സുചെയ്തു നേടാമെന്ന് നീ ആഗ്രഹിക്കുന്നു. നീ ബുദ്ധിശൂന്യനാണ്. ഏതു നിലയിലും നീ ശൂനൃനാണ്. തിരൃക് യോനിയില്‍പ്പെട്ടവന്‍ മര്‍ത്ത്യനായാല്‍ അവന്‍ ചണ്ഡാലനോ, പുല്‍ക്കസനോ ആയിത്തീരും, സംശയമില്ല.
പിന്നെ ചണ്ഡാലന്‍ പാപജന്മാവായി കാണപ്പെടുന്നു. അവന്‍ അതില്‍ത്തന്നെ കറങ്ങും. പിന്നെ നൂറ്റാണ്ടുകാലം, കൊണ്ടു ശൂദ്രനായിപ്പിറക്കും. അങ്ങനെ അനേകവര്‍ഷം ശൂദ്രജന്മത്തില്‍ക്കിടന്നു കറങ്ങും. പിന്നെ മുപ്പതു ജന്മകാലം കൊണ്ട് അവന് വൈശ്യത്വം ലഭിക്കും. അങ്ങനെ വളരെക്കാലം വൈശ്യനായി കഴിയും. പിന്നെ അറുപതു കാലം കൊണ്ട് രാജാവായി പിറക്കും. വളരെക്കാലം രാജാവായി അതില്‍ത്തന്നെ കറങ്ങും. പിന്നെ അറുപതു കാലം കൊണ്ട് ബഹ്മബന്ധുത്വം പ്രാപിക്കും. വളരെക്കാലം ബ്രഹ്മബന്ധുവായും കറങ്ങും. പിന്നെ ഇരുനൂറുകാലം ശസ്ത്രജീവിയായി തിരിയും. പിന്നെ മുന്നൂറുകാലം കൊണ്ട് ജ്ഞാപ കാന്വയത്തില്‍ ( ഗ്രായത്രി ജപിക്കുന്ന ബ്രാഹ്മണന്റെ വംശം) വന്നു പിറക്കും. വളരെക്കാലം ആ ജ്ഞാപകാന്വയത്തില്‍ കിടന്നു കറങ്ങും. പിന്നെ നാനുറുകാലം കൊണ്ട് ശ്രോത്രിയ വേദാദികള്‍ പഠിച്ചവനായി, ബ്രാഹ്മണനായി ജനിക്കും. വളരെക്കാലം ശ്രോത്രിയനായി അവിടെത്തന്നെ കിടന്നു കറങ്ങും. അതില്‍ ശോകം, ഹര്‍ഷം, കാമം, ക്രോധം, അതിമാനം, അതിപാദം, വിപ്രാധമന് പറ്റും. പുത്രാ ആ ശത്രുക്കളെ ജയിച്ചാല്‍ അവന് സല്‍ഗതി ലഭിക്കും. ശത്രുക്കളെ ജയിച്ചില്ലെങ്കിലോ അവര്‍ ഈയാളെ ഉന്നതിയില്‍നിന്ന് താഴെ വീഴ്ത്തും. പനയിനേല്‍ നിന്ന് കീഴ്പോട്ടു വീണമാതിരിയാകും. അവന്റെ കഥ. മതംഗാ, ഞാനിപ്പറഞ്ഞത് നീ മനസ്സിലുറച്ചു വേറെ ആഗ്രഹം വല്ലതുമുണ്ടെങ്കില്‍ അതു വരിക്കുക. ബ്രാഹ്മണ്യം വളരെ വളരെ ദുര്‍ലഭമാണ്. ആശിക്കാന്‍ വയ്യാത്തതാണ്!
29. ഇന്ദ്രമതംഗസംവാദം - മതംഗന്‍ പിന്മാറാതെ തപസ്സു ചെയ്യുന്നു - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഇന്ദ്രന്‍ ഉപദേശിച്ചെങ്കിലും മതംഗന്‍ അതു കേട്ടു പിന്മടങ്ങിയില്ല. അവന്‍ ഒറ്റക്കാലില്‍ ആയിരം വര്‍ഷം നിന്ന് തപസ്സുചെയ്തു. ധ്യാനത്തില്‍ ഉറച്ചു നിന്ന് ആയിരം വര്‍ഷം തികഞ്ഞപ്പോള്‍ വീണ്ടും ശക്രന്‍ അവനെ കാണുവാന്‍ എത്തി. വലവൃത്രനിഷൂദനനായ ദേവേന്ദ്രന്‍ മുമ്പു പറഞ്ഞതു തന്നെ അപ്പോഴും പറഞ്ഞു.
മതംഗന്‍ പറഞ്ഞു: ഈ ആയിരം വര്‍ഷം ബ്രാഹ്മചാരിയായി, സമാഹിതനായി, ഒറ്റക്കാലില്‍ നിന്ന് ഞാന്‍ തപസ്സു ചെയ്തു. എനിക്ക് ഇനിയും ബ്രാഹ്മണ്യം കിട്ടുകയില്ലേ?
ശക്രന്‍ പറഞ്ഞു: ചണ്ഡാലയോനിയില്‍ ജനിച്ചവനു നേടാന്‍ പറ്റുന്നതല്ല ബ്രാഹ്മണ്യം. നീ വേറെ വല്ലതും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വരിക്കുക. നിന്റെ പ്രയത്നം പാഴിലാകരുത്.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞതു കേട്ട് മതംഗനു വലിയ സങ്കടമുണ്ടായി. അവന്‍ അവിടെ നിന്ന് ഗയയില്‍പ്പോയി ഒറ്റ തള്ളവിരലില്‍ നിന്ന് ആയിരം വര്‍ഷം പിന്നെയും ജപിച്ച് വളരെ ഘോരമായ തപസ്സു ചെയ്തു. അവന്റെ ഞരമ്പൊക്കെ തടിച്ച് ദേഹം വല്ലാതെ മെലിഞ്ഞ് എല്ലും തൊലിയും മാത്രമായി. ആ ധര്‍മ്മശീലന്‍ വീണു. അവന്‍ തളര്‍ന്നു വീണപ്പോള്‍ ശക്രന്‍ ഉടനെ ചെന്ന് അവനെ താങ്ങി. വാസവന്‍ ഏതുതരം വരം നല്കുവാന്‍ ശക്തനും സര്‍വ്വഭൂതഹിതോദ്യനുമാണ്.
ശക്രന്‍ പറഞ്ഞു: അല്ലയോ മതംഗാ, ബ്രാഹ്മണത്വം നിന്നിൽ വിരുദ്ധമായിട്ടാണ് കാണുന്നത്. ബ്രാഹ്മണ്യം ഏറ്റവും ദുര്‍ല്ലഭമാണ്. പരിപന്ഥികളുള്ളതാണത്. പൂജിക്കുന്നവന്‍ സുഖം പ്രാപിക്കും. പൂജിക്കാത്തവന്‍ ദുഃഖത്തിനും പാത്രമാകും. ബ്രാഹ്മണന്‍ സര്‍വ്വഭൂതൗഘയോഗക്ഷേമത്തെ കൊതിക്കുന്നവനാണ്. വിപ്രന്‍ മൂലമാണ് ദേവന്മാരും പിതൃക്കളും തൃപ്തി കൊള്ളുന്നത്. അല്ലയോ മതംഗാ, ബ്രാഹ്മണന്‍ എല്ലാ ഭൂതജാലങ്ങളേക്കാള്‍ മേലെയാണ്. ബ്രാഹ്മണന്‍ എന്തൊക്കെ ഇച്ഛിക്കുന്നുവോ, അതൊക്കെ ചെയ്യും. പല യോനികളിലും ജന്മമെടുത്തു കയറി ബ്രാഹ്മണനാകണം. അകൃതാത്മാക്കള്‍ക്ക് അലഭ്യമായ ആ ബ്രാഹ്മണ്യത്തെ ഉപേക്ഷിച്ച് നീ വേറെ വല്ല വരവും വാങ്ങുക. അല്ലാതെ നിനക്ക് ഈ വരം വളരെ ദുര്‍ല്ലഭമാണ്; കിട്ടുകയില്ല.
മതംഗന്‍ പറഞ്ഞു: ദുഃഖിക്കുന്ന എന്നെ അങ്ങു വീണ്ടും കുത്തുകയാണോ? ചത്തവനായ എന്നെ വീണ്ടും ചവിട്ടി കൊല്ലുകയാണോ? . ബ്രാഹ്മണ്യം എനിക്കു നല്കാത്ത നിന്നില്‍ ഞാന്‍ ദുഃഖിക്കുകയില്ല. അല്ലയോ ശതക്രതോ, ബ്രാഹ്മണ്യം മൂന്നുജാതിക്കും (ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും) കിട്ടുന്നതല്ലെങ്കില്‍ സുദുര്‍ല്ലഭമായ അതു ലഭിച്ച മര്‍ത്ത്യര്‍ അതിനെ വേണ്ട മാതിരി എപ്പോഴും അനുഷ്ഠിക്കുന്നതല്ല. ബ്രാഹ്മണ്യം ലഭിച്ചിട്ടും അതിനെ വേണ്ട മാതിരി അനുഷ്ഠിക്കാതിരിക്കുന്നവന്‍ പാപരേക്കാള്‍ പാപിയാകും. അധമരേക്കാള്‍ അധമനാകും. സദുര്‍ല്ലഭമായ ധനം ലഭിക്കുന്നതുപോലെ ബ്രാഹ്മണ്യം ലഭിച്ച പുരുഷന്‍, ബ്രാഹ്മണൃത്തെ വേണ്ട പോലെ കാത്തിടാത്ത പുരുഷന്‍, അധമാധമനായി ഭവിക്കും, തീര്‍ച്ചയാണ്. ബ്രാഹ്മണ്യം കിട്ടുവാന്‍ വിഷമം. കിട്ടിക്കഴിഞ്ഞാല്‍ അതിനെ ദ്രോഹം കൂടാതെ കാത്തു രക്ഷിക്കാന്‍ വിഷമം. അതിദുര്‍ല്ലഭമായ അതിനെ നേടിയിട്ടും മനുഷ്യര്‍ അതു കാക്കുന്നില്ല! ഞാന്‍ ഏകാരാമനായി, സ്വയം ആത്മാവില്‍ രമിക്കുന്നവനായി, അല്ലയോ ശക്രാ, നിര്‍ദ്വന്ദ്വനായി, എതിരില്ലാത്തവനായി നിഷ്പരിഗ്രഹനായി, അഹിംസാ ദമമാണ്ടിട്ടും ഞാന്‍ വിപ്രത്വത്തിന്ന് അനര്‍ഹനായില്ല എന്നതാണ് ഉണ്ടായത്! ഇതും വിധി തന്നെയാണോ! അമ്മയുടെ ദോഷം മൂലം ഞാന്‍ ഈ അവസ്ഥയിലായി. ഹേ പുരന്ദരാ! ഞാന്‍ ധര്‍മ്മത്തെ അറിയുന്നു. ദൈവത്തെ പൌരുഷം കൊണ്ടു മാറ്റുവാന്‍ അസാദ്ധ്യമാണ്. അല്ലെങ്കില്‍ നോക്കു! ഞാന്‍ എത്ര യതിച്ചു? എന്നിട്ടും പ്രഭോ! ഞാന്‍ വിപ്രഭാവം നേടുന്നില്ല. എനിക്ക് ആശിച്ചിട്ടും കിട്ടിയില്ല! ഈ നിലയിലെത്തിയ എനിക്ക് അല്ലയോ വിജ്ഞാ! തക്ക വരം നല്കണം. അങ്ങയുടെ അനുഗ്രഹത്തിനു ഞാന്‍ അര്‍ഹനാണെങ്കില്‍, അതിന്നുള്ള പുണ്യമെനിക്കുണ്ടെങ്കില്‍, എനിക്കു വരം നല്കി യാലും.
വൈശമ്പായനൻ പറഞ്ഞു: ഉടനെ വലവൃത്രാരിയായ ഭഗവാന്‍ ഇന്ദ്രന്‍ എന്നാല്‍ വരിക്കു വരം എന്നു പറഞ്ഞു.
മതംഗന്‍ പറഞ്ഞു: ഞാന്‍ കാമചാരിയാകണം. കാമരൂപിയാകണം. നഭശ്ചരനാകണം (എനിക്ക് ഇഷ്ടം പോലെ ഇഷ്ടമുള്ളേടത്തു പോകാന്‍ കഴിയണം. ഇഷ്ടമുള്ള രൂപം കൈക്കൊള്ളാന്‍ കഴിയണം, ആകാശത്തില്‍ സഞ്ചരിക്കുവാനും കഴിയണം). ബ്രാഹ്മക്ഷത്ര വിരോധം കൂടാതെ ഞാന്‍ പുജയേല്ക്കുമാറാകണം. എനിക്കു നശിക്കാത്ത കീര്‍ത്തിയുണ്ടാകണം. സുരേശ്വരാ! അങ്ങനെ വരാന്‍ എന്നെ അനുഗ്രഹിക്കുക! ഞാന്‍ തലകുമ്പിട്ട് അങ്ങയുടെ ദയയ്ക്ക് അഭ്യര്‍ത്ഥിക്കുന്നു.
ശക്രന്‍ പറഞ്ഞു: ഹേ മതംഗാ! ഭവാന്‍ ഛന്ദോദേവനായി ഭവിക്കുക. അങ്ങ് സ്ത്രീകളുടെ പുജയേല്ക്കുന്നവനായി ഭവിക്കും! അതുകൊണ്ട് മൂന്നു ലോകത്തിലും നീ കീർത്തിമാനാകും ഉണ്ണീ! ഇപ്രകാരം ഇന്ദ്രന്‍ അവനു വരം നല്കി അന്തര്‍ദ്ധാനംചെയ്തു. പിന്നെ പ്രാണന്‍ വെടിഞ്ഞപ്പോള്‍ മതംഗന്‍ ഉത്തമമായ സ്ഥാനത്ത് എത്തുകയും ചെയ്തു.
ഇപ്രകാരം ബ്രാഹ്മണ്യം എന്നത് എത്രയും മുഖ്യമായ ഒരു സ്ഥാനമാണ് ഭാരതാ! ഇത് മഹേന്ദ്രന്‍ പറഞ്ഞ മാതിരി ഇവിടെ ദുഷ്പ്രാപ്യമാകുന്നു.
30. വീതഹവ്വ്യോപാഖ്യാനം - വീതഹവ്യന്‍ ബ്രാഹ്മണനായ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ കുരു കുലോദ്വഹാ! ഞാന്‍ അങ്ങു പറഞ്ഞ മഹാഖ്യാനം കേട്ടു. അല്ലയോ വാഗ്മിസത്തമാ, ബ്രാഹ്മണ്യം ദുഷ്പ്രാപ്യമാണ് എന്നാണല്ലോ ഭവാന്‍ പറഞ്ഞത്? പണ്ട് വിശ്വാമിത്രന്‍ ബ്രാഹ്മണ്യം നേടിയെന്നു കേള്‍ക്കുന്നു. ദുഷ്പ്രാപ്യമാണെന്നല്ലേ അങ്ങു പറഞ്ഞത്! അതുപോലെ തന്നെ വീതഹവ്യന്‍ എന്ന രാജാവ് ബ്രാഹ്മണ്യം നേടിയെന്നു ഞാന്‍ കേള്‍ക്കുന്നു. അത് ഒന്നു വിസ്തരിച്ചു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട് പ്രഭോ! രാജസത്തമനായ അവന്‍ എന്തു മഹത്തായ കര്‍മ്മം കൊണ്ടാണ് വിപ്രനായത്? വരം കൊണ്ടോ? തപസ്സു കൊണ്ടോ? അതൊന്നു വിവരിക്കണേ!
ഭീഷ്മൻ പറഞ്ഞു; രാജാവേ, പണ്ട് വീതഹവ്യന്‍ എന്നു കീര്‍ത്തിമാനായ രാജാവ് എങ്ങനെയാണു ലോകസത്കൃതമായ ബ്രാഹ്മണ്യം നേടിയതെന്നു പറയാം; കേള്‍ക്കുക. ഉണ്ണീ, ധര്‍മ്മത്തോടെ പ്രജകളെ രക്ഷിക്കുന്ന മനുവിന് ശര്യാതി എന്നു പ്രസിദ്ധനും, ധര്‍മ്മിഷ്ഠനുമായ പുത്രനുണ്ടായി. രാജാവേ, അവന്റെ വംശത്തില്‍ രണ്ടു രാജാക്കന്മാരുണ്ടായി. ഹേഹയന്‍ എന്നും താലജംഘന്‍ എന്നുമായിരുന്നു അവരുടെ പേര്. രണ്ടുപേരും വത്സരാജാവിന്റെ മക്കളാണ്. രാജാവേ, ഹേഹയന്‍ പത്തു സുന്ദരികളെ വേട്ടു. അവരില്‍ എല്ലാവരിലും കൂടി നൂറു മക്കളുണ്ടായി. അവര്‍ യുദ്ധത്തില്‍ ശൂരന്മാരും പിന്‍തിരിയാത്തവരുമായി വളര്‍ന്നു. തുല്യരൂപപ്രഭാവന്മാരും, ബലവാന്മാരും, യുദ്ധവിദഗ്ദ്ധരും, ധനുര്‍വ്വേദവും വേദവും പഠിച്ചവരുമായിരുന്നു അവര്‍. ദിവോദാസന്റെ പിതാമഹനായി ഹരൃശ്വന്‍ എന്നു പേരായ കാശി രാജാവ് മഹാവിക്രമിയായി ഉണ്ടായി. വീതഹവ്യന്മാരെന്നറിയപ്പെടുന്ന ഹേഹയ പുത്രന്മാര്‍ ചെന്ന് അവനെ ഗംഗാ യമുനകള്‍ക്കു മദ്ധ്യത്തിലുള്ള പ്രദേശത്തു വെച്ച് യുദ്ധത്തില്‍ വീഴ്ത്തി. മഹാരഥന്മാരായ ഹേഹയന്മാര്‍ ആ രാജാവിനെ വധിച്ചു. നിര്‍ഭയരായി അഴകേറിയ വത്സപുരിയെ കീഴടക്കി. ഹരൃശ്വപുത്രന്‍ കാശിയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ദേവസന്നിഭനും ധര്‍മ്മത്തിന്റെ പ്രത്യക്ഷ മൂര്‍ത്തിയുമായിരുന്നു ആ രാജപുത്രനായ സുദേവന്‍. ധര്‍മ്മാത്മാവായ ആ കാശിരാജപുത്രന്‍ ഭൂമി ഭരിച്ചു. വീതഹവ്യര്‍ ഒന്നിച്ചു വന്ന് അവനെ എതിര്‍ത്തപ്പോള്‍ അവന്‍ പോരില്‍ തകര്‍ന്നു പോയി. അവനെ പോരില്‍ ജയിച്ചിട്ട് അവര്‍ വന്ന വഴിക്കു പോവുകയും ചെയ്തു. സുദേവ പുത്രനായ ദിവോദാസന്‍ കാശി രാജാവായി. ദിവോദോസന്‍ അവരുടെ കൈയൂക്കു മനസ്സിലാക്കി. ശക്രന്റെ ശാസനയാല്‍ വാരാണസിയെ നിര്‍മ്മിച്ചു. വിപ്രന്മാരും ക്ഷത്രിയന്മാരും തിങ്ങി, വൈശ്യരും ശൂദ്രന്മാരും ചേര്‍ന്ന്, വളരെ ദ്രവ്യത്തോടെ, വേശ്യത്തെരുവ്, അങ്ങാടി എന്നിവ ചേര്‍ന്ന് ആ ഗംഗയുടെ വടക്കേ തീരത്ത്, ഗോമതിക്കു തെക്കായി, ഇന്ദ്രന് അമരാവതി എന്ന പോലെ ആ പുരി പ്രശോഭിച്ചു. അതില്‍ വാഴുന്ന രാജാവായ രാജസിംഹനെ വീണ്ടും ചെന്ന് ഹേഹയന്മാര്‍ വളഞ്ഞ് എതിര്‍ത്തു. ഉടനെ പുറത്തിറങ്ങി അവരുമായി മഹാബലനായ ദിവോദാസന്‍ പോരാടി. ആ യുദ്ധം ദേവാസുര യുദ്ധം പോലെ അതിഘോരമായി. അവന്‍ മഹാരാജാവേ, പോരില്‍ പത്തു നൂറു ദിവസം കൊണ്ട് ഗജതുരഗാദികള്‍ മിക്കതും ചത്ത് ദൈന്യമായ നിലയിലായി. യോദ്ധാക്കള്‍ വധിക്കപ്പെട്ടും, ഭണ്ഡാരം നശിച്ചും, രാജാവായ ദിവോദാസന്‍ പുരിവിട്ട് ഓടിപ്പോയി. ധീമാനായ അവന്‍ ഭരദ്വാജന്റെ രമ്യമായ ആശ്രമത്തിലെത്തി. രാജാവ് ഭരദ്വാജനെ കൈകൂപ്പി. ബൃഹസ്പ തിയുടെ ജ്യേഷ്ഠപുത്രനായ ഭരദ്വാജന്‍, സുശീലനായ പുരോഹിതന്‍ പറഞ്ഞു: ഭവാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്? എല്ലാം പറയുക. നിന്റെ ആഗ്രഹം ഞാന്‍ കഴിയുന്ന വിധം ചെയ്യാം, സംശയിക്കേണ്ടാ. രാജാവു പറഞ്ഞു: ഭഗവാനെ, വീതഹവ്യന്റെ മക്കള്‍ എന്റെ വംശം മുടിച്ചു. ഞാന്‍ ക്ഷയിച്ചു. ഏകനായി. ഇതാ, ഞാന്‍ അങ്ങയെ ശരണം പ്രാപിക്കുന്നു. ശിഷ്യ സ്നേഹത്തോടെ ഭഗവാനെ, അങ്ങ് എന്നെ ഭരിച്ചാലും. ആ മഹാ പാപികള്‍ എന്റെ വംശത്തെ ഏകശേഷമാക്കിത്തീര്‍ത്തു. ഇതുകേട്ട് ഭരദ്വാജന്‍ ആ രാജാവിനോടു പറഞ്ഞു: ഭയപ്പെടേണ്ടതില്ല. ഭയം വിടുക! സുദേവപുത്രാ, ഭയം കളയുക. ഞാന്‍ ഒരു യാഗം ചെയ്യാം. അതുമൂലം അങ്ങയ്ക്ക് പുത്രസിദ്ധിയുണ്ടാകും രാജാവേ! ആ സന്താനം മൂലം നീ ആയിരം വീതഹവ്യ പുത്രന്മാരെ ജയിക്കും.
അങ്ങനെ അവന് വേണ്ടി പുത്രകാമേഷ്ഠി എന്ന യാഗം തുടങ്ങി. ഋഷിയുടെ യാഗത്തിന്റെ ഫലമായി പ്രതര്‍ദ്ദനന്‍ എന്നു പ്രസിദ്ധനായ പുത്രന്‍ അവനുണ്ടായി. പിറന്ന ഉടനെ തന്നെ അവന്‍ വളര്‍ന്നു പതിമ്മൂന്ന് വയസ്സുകാരനെപ്പോലെയായി. വേദവും ധനുര്‍വ്വേദവും അവന്‍ നേടി. ധീമാനായ ഭരദ്വാജന്‍, യോഗശക്തി കലര്‍ന്നവനായി ലോകത്തിലൊട്ടുക്കുമുള്ള തേജസ്സ് അവനിലാക്കി. പിന്നെ, ചട്ടയും വില്ലുമെടുത്ത് സുരര്‍ഷികളാല്‍ സ്തുതനായ അവന്‍ വന്ദികളാല്‍ വന്ദിതനായി ഉദയസൂര്യനെപ്പോലെ പ്രകാശിച്ചു. തേരില്‍ക്കയറി വാള്‍ തൂക്കിയിട്ട് അവന്‍ ദീപ്പാഗ്നി പോലെ ശോഭിച്ചു. അവന്‍ വില്ലുലച്ചു യാത്രയായി. വാളും പരിചയും കൈയിലെടുത്ത അവനെക്കണ്ട് സുദേവപുത്രന്‍ ഏറ്റവും ഹര്‍ഷം പൂണ്ടു. ആ രാജാവ് മനസ്സു കൊണ്ടു കരുതി, വീതഹവ്യ പുത്രന്മാര്‍ വെന്തുപോയി എന്നു തന്നെ. അവന്‍ പ്രതര്‍ദ്ദനനെ യുവരാജാവാക്കി. താന്‍ കൃതാര്‍ത്ഥനായെന്ന് സ്വയം അഭിമാനിച്ചു.
ഉടനെ വീതഹവ്യന്മാരെയെല്ലാം മുടിക്കുവാന്‍ ആ രാജാവ് പ്രതര്‍ദ്ദനനെന്ന പു ത്രനെ അയച്ചു. ആ തേരാളി ഉടനെ ഗംഗ കടണ്, ആ പരപുരഞ്ജയനായ പരാക്രമി വീതഹവ്യരുടെ പുരിയില്‍ കടന്നു. ഉദ്ധതമായ തേരൊലി കേട്ട് വീതഹവ്യര്‍ വൈരിയുടെ തേരുകള്‍ വെല്ലുന്ന പുരാകാരങ്ങളായ രഥങ്ങളുമായി ഇറങ്ങി. ചട്ട മുതലായവ ധരിച്ച ചിത്രയോധികളായ നരവ്യാഘ്രന്മാര്‍ വില്ലുയര്‍ത്തി ശരം തൂകി പ്രതര്‍ദ്ദനനോടേറ്റ് എതിര്‍ത്തു. പല ശസ്ത്രങ്ങളും അനവധി തേരുകളുമായിട്ടാണ് അവര്‍ എതിര്‍ത്തത് യുധിഷ്ഠിരാ! ഹിമവാനെ കാറുകള്‍ എന്ന പോലെ അവര്‍ ശരമാരി ചൊരിഞ്ഞ് എതിര്‍ത്തു. പ്രതര്‍ദ്ദനന്‍ അവരുടെ അസ്ത്രങ്ങളൊക്കെ അസ്ത്രങ്ങള്‍ കൊണ്ടു ഖണ്ഡിച്ചു വിട്ടു. വജ്രം പോലെയും അഗ്നി പോലെയുമുള്ള ശരങ്ങള്‍ കൊണ്ടു തേജസ്വിയായ പ്രതര്‍ദ്ദനന്‍ അവരെ സംഹരിച്ചു. കത്തിയമ്പേറ്റു നൂറായിരം പേര്‍ തലയറ്റു വീണു. അവര്‍ പൂത്ത മുരുക്ക് വെട്ടിത്തള്ളിയ പോലെ രക്താര്‍ദ്രരായി വീണു കിടക്കുന്നത് അത്ഭുത ദര്‍ശനമായിരുന്നു.
തന്റെ മക്കളൊക്കെ വധിക്കപ്പെട്ടതിന് ശേഷം വീതഹവ്യനും ഭൃഗുവിന്റെ ആശ്രമത്തിലേക്ക് ഓടിപ്പോയി ഭൃഗുവിനെ ശരണം പ്രാപിച്ചു. ഭൃഗു ആ രാജാവിന് അഭയം നല്കി രാജാവേ! ആ നൃപമുഖ്യനെ പൂജിക്കുകയും ചെയ്തു. ഉടനെ രാജാവിനെ പിന്‍തുടര്‍ന്ന് അവിടേക്ക് പ്രതര്‍ദ്ദന രാജാവും എത്തി. ആശ്രമത്തില്‍ച്ചെന്ന് ദിവോദാസപുത്രന്‍ ഇപ്രകാരം പറഞ്ഞു: "അല്ലയോ മഹര്‍ഷി ശിഷ്യന്മാരേ, ആരാണ് ആശ്രമത്തിലുള്ളത്? നിങ്ങള്‍ ഞാനിവിടെ വന്നതായി ഗുരുവിനെ അറിയിക്കുവിന്‍. ഞാന്‍ ഗുരുവിനെ കാണുവാനായി ഇവിടെ കാത്തു നില്ക്കുന്നതായി പറയുവിന്‍". വൃത്താന്തം അറിഞ്ഞു ഭൃഗു ആശ്രമത്തില്‍ നിന്ന് പുറത്തു വന്ന് രാജാവിനെ സ്വാഗതം ചെയ്തു പുജിച്ചു. ആ രാജാവിനോടു ഭൃഗു പറഞ്ഞു: "രാജാവേ, അങ്ങയുടെ വരവിന്റെ ഉദ്ദേശമെന്തന്ന് അറിഞ്ഞാല്‍ കൊള്ളാം, പറഞ്ഞാലും! ഉടനെ അവനോടു രാജാവ് അവിടെ വരുവാനുള്ള കാരണമെന്തെന്ന് പറഞ്ഞു".
രാജാവു പറഞ്ഞു: മഹര്‍ഷേ, അങ്ങ് ഈ വീതഹവ്യ രാജാവിനെ വിട്ടുതരണേ! അവന്റെ മക്കള്‍ എന്റെ വംശത്തെ മുഴുവന്‍ മുടിച്ചു. ബ്രാഹ്മണാ! കാശി രാജ്യത്തെ ധനവും രത്നജാലങ്ങളും നശിപ്പിച്ചു. ജനങ്ങളെയും നശിപ്പിച്ചു. വീര്യഗര്‍വ്വുള്ള അവന്റെ നുറു മക്കളെയും ഞാന്‍ സംഹരിച്ചു. ഇപ്പോള്‍ ഇനി ഇവനെയും വധിച്ച് അച്ഛനോടുള്ള എന്റെ കടം ഇപ്പോള്‍ വീട്ടണം.
അവന്റെ വാക്കുകേട്ട് അവനോടു ധര്‍മ്മിഷ്ഠ സത്തമനായ ഭൃഗുമഹര്‍ഷി കനിവോടെ പറഞ്ഞു: അല്ലയോ രാജാവേ, ഇവിടെ ക്ഷത്രിയരാരുമില്ല. ഇവിടെയുള്ളവരെല്ലാം ബ്രാഹ്മണരാണ്. ഉപ്രകാരം ഭൃഗു പറഞ്ഞ തഥ്യമായ വാക്കുകേട്ട് പ്രതര്‍ദ്ദനരാജാവ് സന്തോഷത്തോടെ മഹര്‍ഷിയുടെ കാലുപിടിച്ചു പതുക്കെ സൌമൃമായി ഇപ്രകാരം പറഞ്ഞു: "ഭഗവാനേ, അങ്ങു പറഞ്ഞത് ഞാനാഗ്രഹിക്കു ന്നു. ഞാന്‍ കൃതകൃത്യനായി. സംശയം വേണ്ടാ, ഞാന്‍ എന്റെ വീര്യത്താല്‍ ഈ രാജാവിന്റെ ജാതി കളയിച്ചിരിക്കുന്നു. അതു മതി എന്റെ പ്രതികാരത്തിന്ന്. മഹര്‍ഷേ, അനുജ്ഞ തന്നാലും! ഞാന്‍ പോകട്ടെ. എനിക്ക് അങ്ങ് ശുഭം ആശംസിച്ചാലും! അല്ലയോ ഭൃഗുദ്വഹാ! ഈ രാജാവ് ഇന്നു മുതല്‍ ക്ഷത്രിയനല്ലാതായല്ലോ; അതുമതി".
പിന്നെ ഋഷിയുടെ സമ്മതത്തോടെ രാജാവേ, പ്രതര്‍ദ്ദനരാജാവ് വന്നപാടെ, വിഷംപോയ പാമ്പിനെപ്പോലെ മടങ്ങിപ്പോയി. പിന്നെ ഭൃഗുവിന്റെ വാക്കാല്‍ വീതഹവ്യന്‍ ബ്രഹ്മര്‍ഷിയായി. വേദജ്ഞാനം നേടി അവന്‍ ബ്രാഹ്മവാദിയുമായി. വീതഹവ്യന് "ഗൃത്സമദന്‍" എന്നു പേരായി ഒരു പുത്രനുണ്ടായി. അവന്‍ സൗന്ദര്യം കൊണ്ട് ഇന്ദ്രസദൃശനായി വളര്‍ന്നു. അസുരന്മാര്‍ അവനെ ഒരുദിവസം പിടി കൂടി. ഇവന്‍ ഇന്ദ്രനാണ്! ഇവനെ കൊല്ലണം! എന്നു ഗര്‍ജ്ജിച്ച് അസുരന്മാര്‍ അവനെ പിടിച്ചു കൊന്നുകളഞ്ഞു. രൂപസാമ്യത്താല്‍ തെറ്റിദ്ധരിക്കപ്പെട്ട അവന്‍ അങ്ങനെ വധിക്കപ്പെട്ടു. ആ മഹാത്മാവായ "ഗൃത്സമദന്‍" ശ്രുതികളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ഋഗ്വേദത്തിലും ആ ബ്രാഹ്മണനെ ബ്രഹ്മര്‍ഷിയായി വാഴ്ത്തുന്നു. അതില്‍ ഗൃത്സമദന്‍ വിപ്രരോട് കൂടി പൂജയേല്ക്കുന്നു. അങ്ങനെ ബ്രാഹ്മചാരിയായ ഗൃത്സമദന്‍ ശ്രീമാനായ ബ്രഹ്മര്‍ഷിയായി വിളങ്ങി.
സുതേജസ്സ് ഗൃത്സമദന്റെ പുത്രനായ ബ്രാഹ്മണനാണ്. സുതേജസ്സിന്റെ പുത്രനാണ് വര്‍ച്ചസ്സ്. വര്‍ച്ചസ്സിന്റെ പുത്രനാണ് വിഹവ്യന്‍. വിഹവ്യന്റെ പുത്രന്‍ വിതത്യന്‍. അവന്റെ മകന്‍ സത്യന്‍. സത്യന്റെ പുത്രന്‍ സന്തന്‍. സന്തന്റെ പുത്രന്‍ ശ്രവസ്സ്, ശ്രവസ്സിന്റെ പുത്രന്‍ ഋഷിശ്രവസ്സ്, ഋഷിശ്രവസ്സിന്റെ പുത്രന്‍ തമസ്സ്. തമസ്സിന്റെ പുത്രന്‍ പ്രകാശം. അവന്‍ ദ്വിജന്മാരില്‍ വെച്ചു ശ്രേഷ്ഠനാണ്. പ്രകാശന് പുത്രനായി വാഗീന്ദ്രന്‍ ജനിച്ചു. അവന്‍ ജാപകബ്രാഹ്മണരില്‍ ഉത്തമനായി. ആ വാഗീന്ദ്രന്റെ പുത്രനാണ് പ്രമതി. അവന്‍ വേദവേദാംഗപാരഗനായി. ഘൃതാചിയില്‍ പ്രമതിക്കുണ്ടായ പുത്രനാണ് രുരു. പ്രമദ്വരയില്‍ രുരുവിന്ന് ഒരു പുത്രനുണ്ടായി. അവന്റെ പേര് ശുനകന്‍ എന്നാണ്. ആ വിപ്രര്‍ഷിക്ക് ഒരു പുത്രനുണ്ടായി. അവന്‍ ശൌാനകന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഇപ്രകാരം വീതഹവ്യനെന്ന രാജാവ് ബ്രാഹ്മണനായിത്തീര്‍ന്നു. ഭൃഗുവിന്റെ പ്രസാദം കൊണ്ട് ഹേ രാജേന്ദ്രാ, ക്ഷത്രിയന്‍ പോയി ബ്രാഹ്മണനായി. ഇപ്രകാരം ഗൃത്സമദന്റെ വംശത്തെപ്പറ്റി ഞാന്‍ വിസ്തരിച്ചു നിന്നോടു പറഞ്ഞു. രാജാവേ, ഇനി എന്താണ് ഭവാന്‍ അറിയേണ്ടത്?
31. കൃഷ്ണനാരദസംവാദം - എങ്ങനെയുള്ളവരെയാണ് പൂജിക്കേണ്ടതെന്ന് നാരദന്‍ കൃഷ്ണനോടു പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ഈ ലോകത്തില്‍ പൂജിക്കുവാന്‍ അര്‍ഹതയുള്ള മാനവര്‍ ആരാണ്? ഏതു തരക്കാരാണ്? അങ്ങ് ആ കാര്യത്തെപ്പറ്റി വിസ്തരിച്ചു പറഞ്ഞു തരിക. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: ഈ പറഞ്ഞ കാര്യത്തെപ്പറ്റി വിശദമാക്കുന്ന ഒരു പഴങ്കഥയുണ്ട്. അത് നാരദനും വാസുദേവനും തമ്മിലുള്ള ഒരു സംഭാഷണമാണ്. നാരദന്‍ കൈകൂപ്പി വിപ്രപൂജ ചെയ്യുന്നതു കണ്ട് ഉടനെ. കൃഷ്ണന്‍ ചോദിച്ചു: അല്ലയോ ഭഗവാനേ, അങ്ങ് ആരെയാണു കുമ്പിടുന്നത്? അല്ലയോ മഹര്‍ഷേ, അങ്ങ് ഭജിക്കുന്നവരില്‍ എനിക്ക് അതിരറ്റ ബഹുമാനം തോന്നുന്നു. അല്ലയോ ധര്‍മ്മവിത്തമാ, അതിനെപ്പറ്റി എനിക്കു കേള്‍ക്കാന്‍ വിരോധമില്ലെങ്കില്‍ ഹേ ധര്‍മ്മജ്ഞാ! പറഞ്ഞാലും!
നാരദന്‍ പറഞ്ഞു: അല്ലയോ ശത്രുമര്‍ദ്ദനനായ ഗോവിന്ദാ! ഞാന്‍ പൂജിക്കുന്നവരെപ്പറ്റി പറയാം. അങ്ങു കേള്‍ക്കുക! ഭവാനല്ലാതെ അതു കേള്‍ക്കുവാന്‍ അര്‍ഹനായി ആരുണ്ട്? വരുണന്‍, വായു, ആദിത്യന്‍, പിന്നെ പര്‍ജ്ജന്യന്‍, അഗ്നി, സ്ഥാണു, സ്‌കന്ദന്‍, ലക്ഷ്മി, വിഷ്ണു, ബ്രഹ്മദേവന്‍, ചന്ദ്രന്‍, ബൃഹസ്പതി, ജലം, ഭൂമി, സരസ്വതി ഇവരെ വിഭോ! ആര് നമിക്കുന്നുവോ അവരെ ഞാന്‍ നമിക്കും. വേദജ്ഞരായ താപസന്മാരെ, നിത്യവും വേദത്തില്‍ താല്‍പര്യമുള്ളവരെ, മഹാര്‍ഹന്മാരായ ഇവരെ, ഞാന്‍ നിത്യവും പൂജിക്കുന്നു വൃഷ്ണിവീരാ!
ഉണ്ണാതെ ദേവകാര്യങ്ങള്‍ ആരു ചെയ്യുന്നുവോ, ആര് ആത്മപ്രശംസ ചെയ്യാതെ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നുവോ, ക്ഷമയുള്ളവരും സന്തുഷ്ടരുമായി ആരു കഴിയുന്നുവോ, അവരെ ഞാന്‍ വിഭോ, കൈകൂപ്പുന്നു. നന്നായി യജ്ഞം ചെയ്യുന്നവരും ക്ഷാന്തരും ദാന്തരും ജിതേന്ദ്രിയരും ഗോവ്, ഭൂമി, സത്യം, ധര്‍മ്മം ഇവയില്‍ . ഇഷ്ടമുള്ളവരുമായ മാനവരെ കൃഷ്ണാ, ഞാന്‍ കൈകുൂപ്പുന്നു. കാട്ടില്‍പ്പോയി കായ് കനികള്‍ തിന്നു തപസ്സു ചെയ്യുന്നവര്‍ ആരോ, ധനം നേടിവെക്കാത്ത ക്രിയാവാന്മാര്‍ ആരോ, അവരെ കൃഷ്ണാ ഞാന്‍ കൈകൂപ്പുന്നു. ഭൃത്യരെ പോറ്റുന്നവരും എപ്പോഴും അതിഥികളെ സ്വീകരിക്കുന്നവരില്‍ നിഷ്ഠയുള്ളവരും ദേവന്മാര്‍ക്കു നിവേദിച്ചതിന്നു ശേഷം ഭുജിക്കുന്നവരും ആരോ, അവരെ ഞാന്‍ കൈകൂപ്പുന്നു. വേദാഢ്യരായ ദുര്‍ദ്ധര്‍ഷന്മാര്‍, വാഗ്മിമാരായ ബ്രഹ്മചാരികള്‍, യാജനാദ്ധ്യാപനപരന്മാര്‍ ഇവരെ ഞാന്‍ എല്ലായ്പ്പോഴും പൂജിക്കുന്നു. എല്ലാ ജീവികളിലും നിത്യവും ചിത്തം തെളിയുന്നവരെ, പുറം ചുട്ടു പൊള്ളുന്നതു വരെ വേദപാഠം ഉരുവിടുന്നവരായ മാന്യരെ, ഞാന്‍ പൂജിക്കുന്നു.
ഗുരുപ്രസാദം സ്വാദ്ധ്യായം ഇവയ്ക്കു വേണ്ടി പരിശ്രമിയ്ക്കുന്ന യതവ്രതന്മാര്‍, ശുശ്രൂഷുക്കള്‍, ഈര്‍ഷ്യവിട്ടവര്‍ ഇവരെ കൃഷ്ണാ, ഞാന്‍ കൈകൂപ്പുന്നു. സുവ്രതന്മാരായ ബ്രാഹ്മണര്‍, സത്യസംഗരന്മാര്‍, മുനിമാര്‍, ഹവ്യകവ്യവഹന്മാര്‍ ഇവര്‍ ആരോ, അവരെ കൈകൂപ്പുന്നു. കൃശന്മാരും, ഭിക്ഷാന്നനിരതന്മാരും ഗുരുകുലാശ്രയന്മാരും, സുഖഹീനന്മാരും, നിര്‍ദ്ധനന്മാരുമായവര്‍ ആരോ, അവരെ കൃഷ്ണാ, ഞാന്‍ കൈകൂപ്പുന്നു. നിര്‍ദ്വന്ദന്മാര്‍, നിര്‍മ്മമന്മാര്‍, നാണം വിട്ടവര്‍, അര്‍ച്ചിക്കാത്തവര്‍, വേദം പഠിച്ചവര്‍, ദുര്‍ദ്ധര്‍ഷന്മാര്‍, വാഗ്മികള്‍, സത്യവാദികള്‍, ദാന്തന്മാര്‍, അഹിംസാതല്പരന്മാര്‍ ഇവര്‍ ആരോ, ശമം സ്വീകരിച്ചവര്‍ ആരോ, അവരെ ഞാന്‍ കൈകുൂപ്പുന്നു. ദേവതാതിഥികളെ പൂജിക്കുന്നതിന്ന് ഏതു ഗൃഹമേധികള്‍ യുക്തരാണോ, എന്നും കപോതവൃത്തിമാരായ അവരെ അല്ലയോ കൃഷ്ണാ, ഞാന്‍ കൈകൂപ്പുന്നു. കൃത്യത്തില്‍ ആരാണോ ത്രിവര്‍ഗ്ഗം ക്ഷയിക്കാതെ നടക്കുന്നത് അവര്‍ ശിഷ്ടാചാര പ്രവൃത്തന്മാരാണ്. അവരെ ഞാന്‍ എപ്പോഴും കൈകൂപ്പുന്നു. നല്ലപോലെ പഠിച്ചവരും, ത്രിവര്‍ഗ്ഗങ്ങളില്‍ (ധര്‍മ്മാര്‍ത്ഥകാമങ്ങളില്‍) നിഷ്ഠയുള്ളവരും, അലോലുപന്മാരും, പുണ്യവാന്മാരും ആരോ, അവരെ കൃഷ്ണാ, ഞാന്‍ കൈകൂപ്പുന്നു. നീര് കുടിക്കുന്നവരും കാറ്റുണ്ണുന്നവരും, സുധാശികളും, നാനാവ്രതങ്ങള്‍ അനുഷ്ഠിക്കുന്നവരുമായ തപസ്വികളെ കൃഷ്ണാ, ഞാന്‍ കൈകൂപ്പുന്നു. അവിവാഹിതരായി, അഗ്നിഹോത്രികളായി, ബ്രാഹ്മയോനികളായി, സര്‍വ്വഭൂതാത്മയോനികളായി വര്‍ത്തിക്കുന്ന ലോകോപകാരികളായ മുനികള്‍ ആരോ അവരെ ഞാന്‍ കൈകൂപ്പുന്നു കൃഷ്ണാ! ലോകജ്യേഷ്ഠരും, കുലജ്യേഷ്ഠരും, തമോഘ്നരും, ഭുവനാഗ്ര്യരുമായ ദ്വിജന്മാരെ, ഹേ വാര്‍ണേഷയാ, ഭവാനും പൂജിക്കുക! അങ്ങനെ പൂജാര്‍ഹന്മാരായവരെ പൂജിച്ചാല്‍ അനഘാശയാ! ഭവാനു സുഖം നല്കുന്നതാണ്. സുഖപ്രദന്മാരായ ഇവര്‍ ഈ ലോകത്തിലും പരലോകത്തിലും മാന്യന്മാരായി ചരിക്കുന്നു. അത് ഭവാനു സുഖം നല്കുന്നതാണ്.
അതിഥികളേയും, ഗോക്കളേയും, ബ്രാഹ്മണരേയും പൂജിക്കുന്നവര്‍, നിത്യവും സത്യതല്‍പരരായവര്‍, ദുര്‍ഗ്ഗം കടക്കുണതാണ്. നിത്യവും ശമാഢ്യന്മാര്‍ ആരോ, അനസൂയകര്‍ ആരോ, നിതൃസ്വാദ്ധ്യായര്‍ ആരോ അവര്‍ ദുര്‍ഗ്ഗം കടക്കും. വേദങ്ങളെയെല്ലാം വന്ദിക്കുന്നവര്‍, വേദം ആശ്രയിക്കുന്നവര്‍, ശ്രദ്ധയുള്ളവര്‍, ദാന്തന്മാര്‍ ഇവര്‍ ദുര്‍ഗ്ഗം കടക്കുന്നതാണ്. ഇപ്രകാരം വിപ്രപ്രവരന്മാരെ നമിച്ച് യതവ്രതന്മാരായി ദാനനിഷ്ഠന്മാരായി ആര് വര്‍ത്തിക്കുന്നുവോ, അവര്‍ ദൂര്‍ഗ്ഗം കടക്കും. നിത്യവും തപസ്വികള്‍ ഏവരാണോ, കൗമാര ബ്രഹ്മചാരികള്‍ ഏവരാണോ, തപസ്സു കൊണ്ടു ഭാവിതാത്മാക്കളായി വര്‍ത്തിക്കുന്നവര്‍ ഏവരാണോ, അവര്‍ ദുര്‍ഗ്ഗം കടക്കുന്നതാണ്.
ദേവതകള്‍ക്കും അതിഥികള്‍ക്കും ഭൃത്യര്‍ക്കും പിതൃക്കള്‍ക്കും അര്‍ച്ചന ചെയ്ത് അവര്‍ക്കു നല്കി ബാക്കിയുള്ള അന്നം ഭക്ഷിക്കുന്നവര്‍ ആരോ, അവര്‍ ദുര്‍ഗ്ഗം കടക്കും. വിധിപ്രകാരം അഗ്ന്യാധാനം കൈക്കൊണ്ട് കൂപ്പി ധാരണ ചെയ്ത് ആര് സോമാഹുതി ഏല്ക്കുന്നുവോ, അവര്‍ ദുര്‍ഗ്ഗം കടക്കും. അച്ഛന്‍, അമ്മ, ഗുരുക്കന്മാര്‍, ഇവരില്‍ ആരാണ് സദ് വൃത്തനായി വര്‍ത്തിക്കുന്നത് അവന്‍ നിന്റെ മട്ടിലാണ് കൃഷ്ണാ! എന്നു പറഞ്ഞു നാരദന്‍ വിരമിച്ചു. അല്ലയോ കൌന്തേയാ, ഭവാന്‍ ദേവന്മാരേയും പിതൃക്കളേയും ബ്രാഹ്മണരേയും പാന്ഥരേയും നല്ലപോലെ എന്നും പൂജിക്കുന്നുണ്ട്. അതുകൊണ്ട് നീ അഭീഷ്ടമായ ഗതി പ്രാപിക്കും.
32. ശ്യേനകപോതസംവാദം - പരുന്തില്‍ നിന്ന് പ്രാവിനെ രക്ഷിച്ച ശിബി മഹാരാജാവ് ഉടലോടെ സ്വര്‍ഗ്ഗത്തില്‍പ്പോയ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞനായ പിതാമഹാ! സർവ്വശാസ്ത്ര വിചക്ഷണനായ ഭാരത സത്തമാ, ഭവാന്‍ പറഞ്ഞ് ധര്‍മ്മതത്വം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! തന്നെ ശരണം പ്രാപിച്ച നാലുതരം ജീവികളേയും രക്ഷിക്കുന്നവര്‍ക്ക് എന്താണ് ലഭിക്കുന്ന ഫലം? അങ്ങു പറഞ്ഞു തരണേ!
ഭീഷ്മൻ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞാ, യശോനിധിയായ ധര്‍മ്മപുത്രാ! ശരണാഗതരെ രക്ഷിച്ച് മഹത്തായ ഫലം നേടിയ ഒരു പുരാണമായ ഇതിഹാസം ഞാന്‍ പറ യാം. നീ കേള്‍ക്കുക.
പണ്ട് ഒരു പരുന്ത്, ഓടിച്ചു പിടിക്കുവാന്‍ ശ്രമിക്കെ ഒരു കപോതം (പ്രാവ്) പറന്നു തളര്‍ന്നു രക്ഷയില്ലാതെ മഹാശയനായ ശിബി മഹാരാജാവിനെ ശരണം പ്രാപിച്ചു. പ്രിയദര്‍ശനനായ ആ പ്രാവ് നടുങ്ങി ശിബി മഹാരാജാവിന്റെ മടിയില്‍ ചെന്ന് തളര്‍ന്ന് വീണു. ശുദ്ധമാനസനായ രാജാവ് പ്രാവിനെ കൈയിലെടുത്ത് ആശ്വസിപ്പിച്ചു. "എടോ ഖഗമേ, നീ എന്തിന് ഭയപ്പെട്ടു വിറയ്ക്കുന്നു. ഭയപ്പെടേണ്ടാ. നിനക്ക് എങ്ങനെ ഈ ഉഗ്രമായ ഭയം ബാധിച്ചു? എവിടെ വെച്ചു പറ്റി? നീ എന്തു ചെയ്തു? ബോധംകെട്ട്, ഉള്ളുഴന്ന്, ഇങ്ങനെ അവശനായി, എന്നെ രക്ഷപ്രാപിക്കത്തക്ക ആപത്തെന്തുണ്ടായി? പുത്തന്‍ നീലോല്‍പലപ്പൂക്കളുടെ നിറം കലര്‍ന്ന സുദര്‍ശനാ! നീ എന്തൊരഴകുള്ളവനാണ്! മാതള നാരകത്തിന്റെ അല്ലി പോലെ നിന്റെ നേത്രം എത്ര മനോഹരമായിരിക്കുന്നു! അശോകപുഷ്പം പോലെ എന്തു ഭംഗിയായ അരുണിമയാണ് നിന്റെ നേത്രത്തിന്ന്! നീ വിറയ്ക്കുന്നുവല്ലോ! അല്ലയോ ഓമല്‍പ്പക്ഷീ, നീ ഭയപ്പെടാതിരിക്കൂ! എന്റെ മുന്നില്‍ വന്ന നിന്നെ മനസ്സു കൊണ്ടു പോലും പിടിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ല. രക്ഷാദ്ധ്യക്ഷനായ ഞാന്‍ ജീവനോടെ നിന്റെ സമീപത്തു നില്ക്കുമ്പോള്‍ അതിന് ആര് ഉത്സാഹിക്കും? ഒരുത്തനും അതിന് ധൈര്യമുണ്ടാവുകയില്ല! നിനക്കുവേണ്ടി കാശിരാജ്യവും വേണ്ടിവന്നാല്‍ എന്റെ ജീവനും കൂടി തൃജിക്കുവാന്‍ ഞാന്‍ സന്നദ്ധനാണ്. കപോതമേ, നീ വിശ്വസിക്കുക, ഭയപ്പെടേണ്ടതില്ല".
ശ്യേനം പറഞ്ഞു: ഹേ രാജാവേ, ഭവാന്‍ എന്താണീ ച്ചെയ്യുന്നത് അത് എന്റെ തീറ്റിയാണ്! അവനെ രക്ഷിക്കരുത് രാജാവേ! ഇവനെ പിടിക്കുവാന്‍ ഞാന്‍ എത്ര യത്നം ചെയ്തുവെന്നോ! അന്വേഷിച്ചു കണ്ടെത്തിയവനാണ് ഇവന്‍. എത്ര പ്രയത്നിച്ചാണ് ഞാന്‍ ഇവനെ നേടിയതെന്നറിയാമോ? ഈ പ്രാവിന്റെ മാംസം, അവന്റെ രക്തം, അവന്റെ മജ്ജ! മേദസ്സ്, ഹാ! എന്തൊരു രസമായ സാധനമാണിതൊക്കെ! എനിക്കിതിലധികം ഇഷ്ടമുള്ള ഒരു ഭക്ഷണം വേറെയില്ല. രുചികരമായ ഒരു ഭക്ഷണം തിന്നാന്‍ പോകുമ്പോള്‍ അതിന്റെ മുമ്പില്‍ ചാടിവീണു തടസ്സമുണ്ടാക്കരുത്. എനിക്കു വല്ലാത്ത ദാഹവും വിശപ്പുമുണ്ട്. രാജാവേ, അവനെ വീടു. എനിക്കു വിശപ്പു സഹിക്കുന്നില്ല. ഞാന്‍ പിന്‍തുടര്‍ന്ന് ഓടിപ്പിടിക്കാന്‍ നോക്കുന്നവനാണ് ഇവന്‍. എന്റെ ചിറകിന്റെ അടിയേറ്റ്, എന്റെ നഖത്തിന്റെ ക്ഷതമേറ്റ്, തളര്‍ന്നു വീണവനാണിവന്‍. അവന്റെ ശ്വാസോച്ഛ്വാസം നിലയ്ക്കാറായി. ഇവനെ എന്തിനാണ് ഭവാന്‍ രക്ഷിക്കുന്നത്? ചെയ്യരുത്! നീ നിന്റെ നാട്ടിലുള്ള ജനങ്ങള്‍ക്കെല്ലാം പ്രഭുവാണെങ്കില്‍, ദാഹിച്ചു വന്ന പക്ഷിക്കും സത്തമാ, ഭവാന്‍ പ്രഭുവല്ലേ? ശത്രുഭൃത്യന്‍, തന്റെ ആള്‍ക്കാര്‍, ഇവരുടെ കാര്യത്തിലും ഇന്ദ്രിയാര്‍ഥത്തിലും ഭവാന്‍ നീതി പുലര്‍ത്തുക! ആകാശത്തിലും ഭവാന്‍ വിക്രമിക്കരുത്! ആജ്ഞാഭംഗം ചെയ്യുന്നവരെ ശിക്ഷിക്കുന്നതില്‍ നീ പ്രഭുവാണെങ്കിലും ധര്‍മ്മാര്‍ത്ഥിയായ എന്നെ നീ നോക്കോണ്ടതല്ലേ? നോക്കിയാലും!
ഭീഷ്മന്‍ പറഞ്ഞ; രാജര്‍ഷി ആ പരുന്തിന്റെ വാക്കു കേട്ട് അത്ഭുതപ്പെട്ട് അവനെ പ്രശംസിച്ചു പറഞ്ഞു. പ്രാവിനെ രക്ഷിക്കുവാന്‍ വേണ്ടിയാണ് നല്ല വാക്കുകള്‍ പറഞ്ഞത്!
രാജാവു പറഞ്ഞു: എടോ പരുന്തേ, നി നല്ലവന്‍ തന്നെ. ഞാന്‍ നിന്നെ സല്‍ക്കരിക്കാതെ വിടുകയില്ല. പന്നിയോ മാനോ പോത്തോ കാളയോ നിനക്ക് എന്തു വേണമെങ്കിലും ഇവിടെയുണ്ട്. നിനക്കു വിശപ്പിന്റെ ശമനത്തിന് അവ ആവശ്യം പോലെ സ്വീകരിക്കാം. ശരണം പ്രാപിച്ചവനെ നിരാധാരനായി വിടുക എന്നതു ചെയ്യുവാന്‍ പാടില്ല. അത് എന്റെ മഹത്തായ ഒരു മതമാണ്. എന്റെ ദേഹത്തെ ഈ പക്ഷി വിടുന്നില്ല. അവന്‍ കൂടുതല്‍ എന്റെ ദേഹത്തില്‍ ചേര്‍ന്ന് ഒട്ടിയിരിക്കുന്നത് നോക്കുക!
ശ്യേനം പറഞ്ഞു: പന്നിയേയും കാളയേയും മറ്റു പക്ഷികളേയും ഒന്നും ഞാന്‍ തിന്നുകയില്ല. രാജാവേ, വല്ലതും തിന്നുന്നത് എനിക്കിഷ്ടമില്ല. എന്തിനാണതൊക്കെ എനിക്ക്? എനിക്കു പണ്ടുതന്നെ ദേവന്മാര്‍ നിശ്ചയിച്ചിട്ടുള്ള തീറ്റയാണ് ഇത്. പരുന്ത് പ്രാവിനെ തിന്നും എന്നു പണ്ടേ തന്നെയുള്ള ഒരു ചട്ടമാണ്. അല്ലയോ ഉശീനരാ, നീ കപോതത്തെ അത്രയധികം സ്നേഹിക്കുകയാണെങ്കില്‍ അല്ലയോ അനഘാശയാ! എനിക്ക് നീ നിന്റെ മാംസം അത്രയ്ക്ക് നിന്റെ ദേഹത്തില്‍ നിന്ന് മുറിച്ചെടുത്തു തുലാസ്സില്‍ തൂക്കി നല്കണം.
രാജാവു പറഞ്ഞു: എടോ ശ്യേനാ, നീ എന്നോട് ഇപ്പറഞ്ഞത് വലിയ ഒരു അനുഗ്രഹം തന്നെ! നീ പറഞ്ഞത് ഞാന്‍ ശരിക്കും ചെയ്തു തരാം എന്നു പറഞ്ഞ് ആ രാജസത്തമന്‍ പക്ഷിയെ തുലാസ്സിന്റെ ഒരു തട്ടില്‍ വെച്ച് മൂര്‍ച്ചയുള്ള വാളെടുത്ത് തന്റെ ദേഹത്തില്‍ നിന്ന് മാംസം മുറിച്ചെടുത്ത് തുലാസ്സിന്റെ മറ്റേ തട്ടില്‍ വെക്കുവാന്‍ തുടങ്ങി. ഈ മഹാത്യാഗം ചെയ്യുന്നതു പറഞ്ഞു കേട്ട് അന്തഃപുരത്തില്‍ നിന്ന് രത്നാലംകൃതകളായ നാരിമാര്‍ ക്ഷണത്തില്‍ പുറത്തു വന്നു. അവര്‍ അമ്പരന്ന് ഹാ! ഹാ! എന്നു മുറവിളി കൂട്ടി. നിലവിളി കേട്ടു മറ്റുള്ളവരും വന്നു. എല്ലാവരുടേയും മുറവിളി അവിടെ മേഘനിര്‍ഘോഷം പോലെ മുഴങ്ങി. മന്ത്രിമുഖ്യന്മാര്‍ പാഞ്ഞു വന്നു. അവരുടെ കരച്ചിലും അതില്‍ ഇടകലര്‍ന്നു. അങ്ങനെ രാജധാനിയില്‍ വലിയ വിലാപശബ്ദം മുഴങ്ങി.
കാറ്റ് വീശിയടിച്ചു. ആകാശം കാര്‍മേഘങ്ങള്‍ കൊണ്ടു നിറഞ്ഞു. അവന്റെ സത്യകര്‍മ്മം കണ്ട് ഭൂമി കുലുങ്ങിപ്പോയി. ഇങ്ങനെ സര്‍വ്വദിക്കില്‍ നിന്നും, "അരുത് അരുത്" എന്ന മുറവിളി നടക്കുമ്പോള്‍, പ്രപഞ്ചം തന്നെ നടുങ്ങി നിൽക്കുമ്പോള്‍, രാജാവ് കൃതാര്‍ത്ഥതയോടെ തന്റെ പാര്‍ ശ്വഭാഗത്ത് നിന്നും ഭുജത്തില്‍ നിന്നും തുടയില്‍ നിന്നും മാംസം മുറിച്ചെടുത്ത് തുലാസ്സിന്റെ തട്ടില്‍ മെല്ലെമെല്ലെ വെച്ചു കൊണ്ടിരുന്നു. അത്രയേറെ മുറിച്ചു വെച്ചിട്ടും ആ കപോതത്തിന്നോപ്പം മാംസം തുങ്ങുന്നതായിക്കണ്ടില്ല. രാജാവ് പിന്നെയും പിന്നെയും മുറിച്ചെടുത്ത് തുലാസ്സില്‍ വെച്ചു. രാജാവ് അസ്ഥിമാത്രനായി. രക്തം വാര്‍ന്നുപോയി കൃശനായി. അപ്പോള്‍ പിന്നെ രാജാവെന്തു ചെയ്യും? രാജാവ് താന്‍ തന്നെ തുലാസ്സിന്റെ തട്ടില്‍ കയറി പരുന്തിന്നു ഭക്ഷണമാകുവാന്‍ ഇരുന്നു കൊടുത്തു.
ഈ സംഭവം കണ്ടതോടെ ഇന്ദ്രാദികളായ മൂന്നു ലോകത്തിലെ നിവാസികളും അത്ഭുതത്തോടെ അവിടെ വന്നു ചേര്‍ന്നു. ദേവന്മാര്‍ ആകാശത്തില്‍ മുഴങ്ങുമാറ് ഭേരീനാദം മുഴക്കി. ദേവദുന്ദുഭിയും മുഴക്കി. അവര്‍ ദേവലോകത്തു നിന്ന് ശിബിയുടെ ശിരസ്സില്‍ അമൃതു വര്‍ഷിച്ചു. വീണ്ടും കുളുര്‍മ്മ നല്കുമാറ് ദിവ്യമാല്യങ്ങള്‍ വര്‍ഷിക്കുകയും ചെയ്തു. ദേവന്മാരുടേയും ഗന്ധര്‍വ്വന്മാരുടേയും സംഘവും അപ്സരസ്ത്രീ ഗണങ്ങളും ആടിപ്പാടി പിതാമഹസമനായ രാജാവിനെ പുകഴ്ത്തി.
ഉടനെ സ്വർഗ്ഗത്തിൽ നിന്ന് പൊസിന്‍മേട നിരന്നതും മണിപ്പൊന്‍ തോരണങ്ങള്‍ കൊണ്ടു ജ്വലിക്കുന്നതും വൈഡൂര്യം രത്നം എന്നിവയാല്‍ നിര്‍മ്മിച്ചതും സ്തംഭങ്ങളുള്ളതുമായ വിമാനം രാജാവിന്റെ മുമ്പിലെത്തി. സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന ആ വിമാനത്തില്‍ രാജാവിനെ കയറ്റി. വിമാനം ഉയര്‍ന്നു. അങ്ങനെ ആ രാജര്‍ഷി മഹത്തായ കര്‍മ്മത്താല്‍ ശാശ്വതമായ സ്ഥാനത്തെ പ്രാപിച്ചു.
അല്ലയോ യുധിഷ്ഠിരാ! ഭവാന്‍ ശരണാഗതന്മാരില്‍ ഇപ്രകാരം ശിബിമഹാരാജാവ് ചെയ്തതു പോലെ ചെയ്യുക! ഭക്തരും കൂറുള്ളവരുമായ ആശ്രിതന്മാര്‍ക്കു രക്ഷകനും സര്‍വ്വഭൂതങ്ങളിലും ദയാശാലിയുമായിരിക്കുന്നവന്‍ ഇഹത്തിലും പരത്തിലും സുഖിക്കും.
സദ് വൃത്തത്തെ അനുഷ്ഠിക്കുന്ന സാധുവ്യത്തനായ രാജാവിന് വ്യാജം കൈവിട്ട ധര്‍മ്മം കൊണ്ട് കിട്ടുവാന്‍ വയ്യാത്തത് എന്തുണ്ട്? വിശുദ്ധാത്മാവായ ആ രാജര്‍ഷി, ധീരനും സത്യപരാക്രമനുമായ കാശിരാജാവ് ശിബി, സ്വകര്‍മ്മപ്രഭാവം മൂലം മൂന്നു ലോകത്തിലും നശിക്കാത്ത കീര്‍ത്തി നേടി.
മറ്റ് ആര് ഇങ്ങനെ ശരണാഗതന്മാരെ രക്ഷിക്കുന്നുവോ, അവനും ഇത്തരത്തിൽ മഹത്തായ കീര്‍ത്തി നേടുന്നതാണ്.
രാജര്‍ഷിയായ വൃഷദര്‍ഭന്റെ (ശിബി മഹാരാജാവിന്റെ) ഈ ചരിത്രത്തെ പറയുന്നവനും ഇത് എപ്പോഴും കേള്‍ക്കുന്നവനും ലോകത്തില്‍ പുണ്യവാനായി ഭവിക്കുന്നതാണ്.
33. ബ്രാഹ്മണപ്രശംസ - ക്ഷത്രിയന്റെ അതിപ്രധാന കര്‍ത്തവ്യം ബ്രാഹ്മണപൂജ -- യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാ കൃത്യത്തിലും മേലെ രാജാവിന്നുള്ള കൃത്യമെന്താണ് പിതാമഹാ? എന്തു ചെയ്താല്‍ നരനാഥന്‍ ഇഹലോകവും പരലോകവും അനുഭവിക്കും?
ഭീഷ്മൻ പറഞ്ഞു: രാജാവായി അഭിഷേകം ചെയ്യപ്പെട്ടാല്‍ പിന്നെ അവന്‍ സുഖം ഇച്ഛിക്കുന്നുണ്ടെങ്കില്‍ ബ്രാഹ്മണരെ പുജിക്കുകയെന്നതാണു വേണ്ടത്. അല്ലയോ ഭരതര്‍ഷഭാ। രാജാവും അപ്രകാരം തന്നെ ചെയ്യണം. ശ്രോത്രിയന്മാരായ ദ്വിജവൃദ്ധന്മാരെ എന്നും പൂജിക്കണം.
പുരത്തില്‍ വസിക്കുന്നവരും ഗ്രാമങ്ങളില്‍ വസിക്കുന്നവരുമായ വിപ്രന്മാരേയും ശ്രുതവാന്മാരായവരേയും, സാന്ത്വത്താലും സുഖസാധന ദാനങ്ങളാലും നമസ്‌കാരത്താലും പൂജിക്കണം. ഇത് രാജാവ് എന്നും ചെയ്യേണ്ട ഏറ്റവും പ്രധാനമായ കര്‍മ്മമാണ്. തന്നെപ്പോലെയും തന്റെ മക്കളെപ്പോലെയും എന്നും പൌരജാനപദന്മാരെ സംരക്ഷിച്ചു പോരണം. അവര്‍ക്കു ശാന്തിയുണ്ടായാല്‍ നാട്ടിന്നെല്ലാം ശാന്തിയായി, ശോഭയുമായി. അവര്‍ പുജ്യരും നമസ്‌കാരയോഗ്യരും പിതാക്കന്മാരെപ്പോലെ മാന്യരുമാണ്. അവരിലാണ് മാനവന്മാരുടേയും അഖില ജീവികളുടേയും ലോകയാത്ര (ശക്രന്‍ മഴ വര്‍ഷിച്ചില്ലെങ്കില്‍ ജീവലോകം നശിക്കുമല്ലോ).
ബ്രാഹ്മണര്‍ മന്ത്രം, ജപം മുതലായവയാലും മനസ്സുകൊണ്ടും അഗ്നി പോലെ ചുട്ടെരിക്കുവാന്‍ കഴിവുളളവരാണ്. കുപിതരും ഉഗ്രരും സത്യപരാക്രമരും ആയവരെ വിപ്രര്‍ നിശ്ശേഷമാക്കും. അവര്‍ക്ക് യാതൊരന്തവും കാണുന്നില്ല. അവര്‍ക്ക് യാതൊരു ദിക്കും തടവല്ല. കോപിച്ചാല്‍ അവര്‍ കാട്ടില്‍ ജ്വലിക്കുന്ന അഗ്നിപോലെ ആളിക്കത്തും. മഹാധീരന്മാര്‍ പോലും അവരെ ഭയപ്പെടുന്നു. അവരുടെ മഹത്വവും യോഗ്യതയും, അസാധാരണവും അളവറ്റതുമാകുന്നു. അവരില്‍ ചിലര്‍ പുല്ലു മൂടിയ കിണര്‍ പോലെയാണ്. ചിലര്‍ ശുദ്ധമായ ആകാശം പോലെ നിര്‍മ്മലരാണ്. ചിലര്‍ ശക്തിയോടെ പ്രവര്‍ത്തിക്കും. ചിലര്‍ പഞ്ഞിപോലെ മാര്‍ദ്ദവമുളളവരാണ്; വലിയ ശഠന്മാരുമുണ്ട്. ചിലര്‍ തപസ്വികളാണ്. ചിലര്‍ കൃഷിയും ഗോക്കളേയും രക്ഷിക്കുന്നവരാണ്. മറ്റുചിലര്‍ ഭിക്ഷകൊണ്ട് ഉപജീവിക്കുന്നവരാണ്. ചിലര്‍ കളളന്മാരും ചതിയന്മാരുമാണ്. ചിലര്‍ നര്‍ത്തകന്മാരാണ്. മറ്റുചിലര്‍ എന്തിനും പോന്നവരാണ്; മന്നവന്മാരിലും മറ്റുളളവരിലും എന്തും ചെയ്യും. പല ആകാരവുമുളളവരായ വിപ്രന്മാരുമുണ്ട് ഭരതര്‍ഷഭാ! പല കര്‍മ്മങ്ങളിലും താല്പര്യമുളളവരുമുണ്ട്, പല കര്‍മ്മോപജീവികളുമുണ്ട്. അതില്‍ ധര്‍മ്മജ്ഞരും സത്തുക്കളുമുണ്ട്. അവ എന്നും നാം കീര്‍ത്തിക്കണം. പിതൃക്കള്‍, ദേവന്മാര്‍, സര്‍പ്പങ്ങള്‍, മനുജര്‍, രാക്ഷസര്‍ ഇവര്‍ക്കു മുമ്പുതന്നെ രാജാവേ, പൂജിക്കേണ്ടവരാണു മഹാഭാഗന്മാരായ ബ്രാഹ്മണര്‍. ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും ഗന്ധര്‍വ്വന്മാര്‍ക്കും ആശരന്മാര്‍ക്കും പിശാചുക്കള്‍ക്കും ബ്രാഹ്മണരെ ജയിക്കുവാന്‍ സാദ്ധ്യമല്ല. അവര്‍ ദൈവത്തെ അദൈവമാക്കും. അവരിച്ഛിച്ച ആളെ അവര്‍ രാജാവാക്കും. ഇഷ്ടമില്ലാത്തവനെ തോല്പിക്കും. ബ്രാഹ്മണരെ ദുഷിക്കരുത്. ദുഷിക്കുന്നവര്‍ ബുദ്ധിഹീനരാണ്, രാജാവേ. ഞാന്‍ സത്യമാണ് ഈ പറയുന്നത്. ബ്രാഹ്മണരെ ദുഷിച്ചാല്‍ ആ ദുഷിക്കുന്നവന്‍ നിശ്ചയമായും കെട്ടുപോകും. നിന്ദിക്കുവാനും പ്രശംസിക്കുവാനും ബ്രാഹ്മണനുള്ള കഴിവ് അതുല്യമാണ്. കീര്‍ത്തിയിലും അകീര്‍ത്തിയിലും അവര്‍ പരായണരാണ്. ഇങ്ങോട്ടു ദ്വേഷിച്ചവരില്‍ ദ്വിജന്‍ കോപിക്കും.
ബ്രാഹ്മണര്‍ ആരെ പുകഴ്ത്തുന്നുവോ, അവന്റെ ശ്രേയസ്സ് താഴ്ത്തി വിട്ടവന്‍ ക്ഷണത്തില്‍ തോറ്റുപോകും. പിന്നെ അവന് ഗതിയില്ല. ശകന്മാരും, കാംബോജന്മാരും, യവനന്മാരും, ക്ഷത്രജാതികള്‍ തന്നെയാണ്. എന്നാല്‍ അവരെ ബ്രാഹ്മണര്‍ നോക്കാതിരുന്നത് കൊണ്ടു വൃഷലത്വം പ്രാപിച്ചവരാണ്. ദ്രാവിഡന്മാര്‍, കലിംഗന്മാര്‍, കളിന്ദന്മാര്‍, ഉശീനരര്‍, കോളിസര്‍പ്പന്മാര്‍, മഹര്‍ഷിമാര്‍ ഇവരും ക്ഷത്രിയ ജാതിയില്‍പ്പെട്ടവരാണ്. അവര്‍ ബ്രാഹ്മണര്‍ നോക്കാഞ്ഞതു കാരണം വൃഷലത്വം പ്രാപിച്ചവരാണ്. ബ്രാഹ്മണനോട് തോല്ക്കുന്നതാണ് മെച്ചം. ജയിക്കുന്നതല്ല രാജാവേ. സര്‍വ്വഘാതിയാണ് ഒരുത്തന്‍. മറ്റൊരുത്തന്‍ ബ്രഹ്മഘാതിയാണ് എന്ന് വിചാരിക്കുക. ഇവര്‍ രണ്ടുപേരും തുല്യരല്ല. ബ്രഹ്മഹത്യയാണ് കൂടുതല്‍ ദോഷം എന്ന് മഹര്‍ഷികള്‍ പറയുന്നു.
ദ്വിജന്മാരെ അധിക്ഷേപിച്ചു സംസാരിക്കുന്നതു കേള്‍ക്കരുത്. കേള്‍ക്കുന്നത് തന്നെ പാപമാണ്. കേട്ടാല്‍ ഉടനെ മിണ്ടാതെ തലയും താഴ്ത്തി സ്ഥലംവിടണം. ഇന്ന് ലോകത്തിലുളളവനും, നാളെ ലോകത്തില്‍ ജനിക്കുവാന്‍. പോകുന്നവനും ബ്രാഹ്മണദോഷം നേടിയിട്ട് സുഖമായി ജീവിക്കുമെന്നു വിചാരിച്ചു പോകേണ്ടാ.
കൈകൊണ്ടുളള പിടുത്തം കൊണ്ട് കാറ്റിനെ ലഭിക്കുകയില്ല. ചന്ദ്രബിംബം കൈനീട്ടിത്തൊടാന്‍ കഴിയുകയില്ല. ഭൂമിയുടെ ഭാരം താങ്ങാന്‍ പറ്റുന്നതല്ല. അപ്രകാരം അല്ലയോ ഭൂപാ! ഭൂസുരന്മാര്‍ ഭൂമിയില്‍ ദൂര്‍ജ്ജയര്‍ തന്നെ!
34. പൃഥ്വി വാസുദേവ സംവാദം - ക്ഷത്രിയര്‍ക്ക് ബ്രാഹ്മണന്‍ ഏറ്റവും പൂജനീയനാണെന്നു തെളിയിക്കുന്നു - ഭീഷ്മൻ പറഞ്ഞു: എന്നും ബ്രാഹ്മണരെത്തന്നെ ഏറ്റവും ആദരവോടെ പൂജിക്കണം. അവര്‍ക്ക് സോമം രാജാക്കളായി വര്‍ത്തിക്കുന്നു. സുഖത്തിനും ദുഃഖത്തിനും അവര്‍ ഈശ്വരന്മാരാണ്, ആരില്‍ സുഖമോ ദുഃഖമോ നല്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവോ, അത് സംഭവി ക്കും. ഇവര്‍ക്ക് സുഖജീവിതത്തിനുളളവ നല്കിയും, അലകാരങ്ങള്‍ക്കുളളത് നല്കിയും, മറ്റ് ഇച്ഛയുളളത് നല്കിയും അവരെ പൂജിച്ച് പിതാക്കന്മാരെപ്പോലെ രാജാവ് സംരക്ഷിക്കണം. ഇന്ദ്രനാല്‍ ഭൂതങ്ങള്‍ക്ക് എന്ന പോലെ അതു കൊണ്ട് നാട്ടിന്നു ശാന്തി ലഭിക്കും. ബ്രഹ്മവര്‍ച്ചസ്വിയായ ബ്രാഹ്മണന്‍ ജനിക്കുന്നത് നാട്ടിന്ന് നന്മയാണ്. അരികളെ നശിപ്പിക്കുന്ന മഹാരഥനായ രാജാവിനും പ്രാര്‍ത്ഥ്യനാണ് ബ്രാഹ്മണന്‍ എന്നു നാരദന്‍ പറഞ്ഞിട്ടുണ്ട്. സനല്‍ക്കുലജാതനായ ബ്രാഹ്മണനെ, ധര്‍മ്മജ്ഞനും പ്രതസ്ഥനുമായ ബ്രാഹ്മണനെ, രാജാവേ, ഗൃഹത്തില്‍ പാര്‍പ്പിക്കുക എന്നതിനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. വിപ്രന്മാര്‍ക്ക് ഹവിസ്സു നല്കിയാല്‍ അത് ദേവകള്‍ ഏറ്റുവാങ്ങും. ബ്രാഹ്മണന് ചെയ്യുന്ന സല്ക്കാരം ദേവകള്‍ കൈക്കൊള്ളും പിതൃക്കളും പ്രസാദിക്കും. എല്ലാ ഭൂതപ്രസാദവും അതു കൊണ്ട് ലഭിക്കും, ഇവരിലപ്പുറമായി മറ്റൊരു ദേവതയുമില്ല. എല്ലാ ദേവതാ സാന്നിദ്ധ്യവും ശുദ്ധനായ ബ്രാഹ്മണനില്‍ വസിക്കുന്നു.
സൂര്യന്‍, ചന്ദ്രന്‍, വായു, വെള്ളം, ഭൂമി, ആകാശം, ദിക്കുകള്‍ എല്ലാം ബ്രാഹ്മണനില്‍ പ്രവേശിച്ച് നിത്യവും അന്നം ഭുജിക്കും. വിപ്രന്‍ ഉണ്ണാന്‍ മടിക്കുന്നവന്റെ അന്നം പിതൃക്കളും അനുഭവിക്കുന്നതല്ല. ബ്രാഹ്മണദ്വേഷിയായ ദുഷ്ടന്റെ അന്നം ദേവന്മാരും കൈക്കൊളളുകയില്ല. വിപ്രന്‍ സന്തോഷിച്ചാല്‍ പിതൃക്കളും സന്തോഷിക്കും. ഇപ്രകാരം തന്നെയാണ് ദേവകളുടേയും നില. അതില്‍ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. ആ ഹവിസ്സുളളവരായ അവര്‍ അപ്രകാരം തന്നെ പ്രീതരാകും. പരത്തില്‍ നശിക്കുകയില്ല, പരസല്‍ഗതി പ്രാപിക്കും. ഏതേത് ഹവിസ്സുകൊണ്ട് വിപ്രനെ നരന്‍ തര്‍പ്പിക്കുന്നുവോ, അതാതു കൊണ്ടു ദേവന്മാരും പിതൃക്കളും പ്രീതരാകുന്നു. വിപ്രനില്‍ നിന്നാണ് ആ ഭൂതത്തിന്റെ പ്രഭവം. പ്രജോത്ഭവമാണ് ആ ഭൂതം. ഇത് ഏതില്‍ നിന്നുണ്ടാകും? മരിച്ചാല്‍ ഏതില്‍ ചെന്നെത്തും? അവന് ആ മാര്‍ഗ്ഗമെന്തെന്നറിയാം. സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള മാര്‍ഗ്ഗം അറിയുന്നവനാണ് ബ്രാഹ്മണന്‍. ആഗതാനാഗതങ്ങളെ രണ്ടിനേയും അറിയുന്നവനായ .ബ്രാഹ്മണന്‍ മര്‍ത്ത്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനാണ്.
അല്ലയോ ഭാരതശ്രേഷ്ഠാ! സ്വധര്‍മ്മം അറിയുന്ന ബ്രാഹ്മണനെ പിന്‍തുടരുന്നവര്‍ തോറ്റുപോവുകയില്ല. അവര്‍ പരലോകത്തില്‍ നശിക്കയില്ല, തോല്ക്കുകയുമില്ല. ബ്രാഹ്മണന്റെ വാക്കു കേള്‍ക്കുന്നവര്‍ക്ക് നാശം സംഭവിക്കയില്ല. ഭൂതാത്മാക്കളും മഹാത്മാക്കളുമായ അവര്‍ ഒരിക്കലും തോറ്റു പോകുന്നതല്ല. തേജസ്സാലും ബലത്താലും തപിക്കുന്ന ക്ഷത്രിയന്റെ എല്ലാ തേജസ്സും ബലവും ബ്രാഹ്മണനില്‍ ചെന്നു ചേരുന്നു. ഭൃഗുക്കള്‍ താലജംഘന്മാരേയും, അംഗിരസ്സുകള്‍ നീപരേയും, ഭരദ്വാജര്‍ വീതഹവ്യരേയും, ഐളരേയും തോല്ലിച്ചു. കൃഷ്ണാജിനമാകുന്ന ധ്വജ (അടയാള) ത്തോടുകുടിയ അവര്‍ ചിത്രായുധന്മാരായ ക്ഷത്രിയരെ തോല്പിച്ചു. തേജസ്വിയായ ബ്രാഹ്മണന് ഭൂമി നല്കിയിട്ടും പാരലൗകിക കര്‍മ്മം അനുഷ്ഠിക്കണം. എന്തെല്ലാം പറയുവാനും കേള്‍ക്കുവാനും. പഠിക്കുവാനുമുണ്ടോ, അതൊക്കെ വിപ്രരില്‍ ഗൂഢമായി നില്ക്കുന്നു: വൃക്ഷത്തില്‍ അഗ്നി എന്നപോലെ ഒളിഞ്ഞു കിടക്കുന്നു. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അത് വാസുദേവനും ഭൂമിയുമായി നടന്ന കഥയാണ്. വാസുദേവന്‍ പറഞ്ഞു: ശുഭേ, നീ എല്ലാവര്‍ക്കും അമ്മയാണല്ലൊ. ഭൂമിദേവീ, നിന്നോട് ഞാന്‍ ഒരു സംശയം ചോദി ക്കുന്നു. എന്തു കര്‍മ്മം കൊണ്ട് ഗൃഹസ്ഥന് അവന്റെ പാപം പോക്കാന്‍ കഴിയും?
പൃഥിവി പറഞ്ഞു: ബ്രാഹ്മണരെ പുജിക്കുക. അത് പവിത്രവും അനുത്തമവുമാണ്. വിപ്രസേവകനായവന് സകല രജസ്സും നശിക്കും. അതില്‍ നിന്ന് എല്ലാ ഐശ്വര്യവും, എല്ലാ കീര്‍ത്തിയും, എല്ലാ ബുദ്ധിയും ഒത്തുചേരും. മഹാരഥനായ, ശത്രുതാപനനായ ക്ഷത്രിയനും പ്രാര്‍ത്ഥൃനാണ് ബ്രഹ്മണനെന്ന് നാരദന്‍ പറഞ്ഞിട്ടുണ്ട്.
കുലീനനായ ബ്രാഹ്മണനെ, ധര്‍മ്മം കാണുന്നവനായ വ്രതസ്ഥനെ, അപരര്‍ക്കും, പരര്‍ക്കും, പരാപരജനത്തിനും ധര്‍മ്മം കാണുന്ന വ്രതസ്ഥനെ പുജിക്കണം. വിപ്രന്മാര്‍ ആരെ പുകഴ്ത്തുന്നുവോ, ആ മനുഷ്യന്‍ അഭിവൃദ്ധിപ്പെടും. വിപ്രരെ നിന്ദിക്കുന്നവന്‍ താമസിക്കാതെ പരാജയപ്പെട്ടു പോവുകയും ചെയ്യും. കടലിലിട്ട മണ്‍കട്ട അലിയുന്ന മാതിരി ബ്രാഹ്മണദ്രോഹകരമായ എല്ലാ പ്രവൃത്തികളും നാശത്തിന് വിധേയമാകുന്നതാണ്.
നോക്കൂ! ചന്ദ്രനില്‍ കളങ്കം, കടലിന് ഉപ്പുരസം, ഇതൊക്കെ എങ്ങനെ ഉണ്ടായി? ബ്രാഹ്മണശാപം കൊണ്ടാണ്. ദേവേന്ദ്രന്‍ തന്നെ പണ്ട് സഹസ്രലിംഗനായതും, പിന്നെ സഹസ്രാക്ഷനായതും ബ്രാഹ്മണപ്രഭാവം കൊണ്ടു തന്നെയാണ്. നോക്കൂ! ശതക്രതുവിന്റെ രൂപം ഇങ്ങനെയായത് എന്തു കൊണ്ടാണെന്ന് ഭവാന്‍ അറിയുന്നില്ലേ? ഇവര്‍ ഇച്ഛിച്ചാല്‍ കീര്‍ത്തി, ഭൂതി, ലോകങ്ങള്‍ എല്ലാം ലഭിക്കും. അതു കൊണ്ടു ശുചിയും ആത്മവാനുമായ പുരുഷന്‍ വിപ്രാനുവാദത്തില്‍ത്തന്നെ നില്ക്കണം.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഭൂമിദേവി പറഞ്ഞപ്പോള്‍ അതു കേട്ടു മധുസൂദനന്‍, "നന്നു നന്ന്! കൊള്ളാം കൊള്ളാം!", എന്ന ഭൂമിദേവിയെ ബഹുമാനിച്ചു പറഞ്ഞു കൌരവ്യാ! ഈ ദൃഷ്ടാന്തം കേട്ടു പാര്‍ത്ഥാ! പ്രയതനായി ബ്രാഹ്മണേന്ദ്രരെ എപ്പോഴും പൂജിക്കുക. എന്നാല്‍ ശ്രേയസ്സുകള്‍ വന്നു ചേരും.
35. ബ്രാഹ്മണപ്രശംസ - സ്വകര്‍മ്മാനുഷ്ഠാനത്തില്‍ നിഷ്ഠയുള്ള ബ്രാഹ്മണന്‍ നിഗ്രഹാനുഗ്രഹശക്തി ഉളളവനാണ് - ഭീഷ്മൻ പറഞ്ഞു: ജന്മത്താല്‍ത്തന്നെ മഹാഭാഗനാണ് ബ്രാഹ്മണന്‍. ജന്മനാ യോഗ്യനാണ്. അവന്‍ അതുകൊണ്ടു തന്നെ പൂജിക്കപ്പെടേണ്ടവനാണ്. എല്ലാവര്‍ക്കും അതിഥിയാണവന്‍. ഏറ്റവും ശ്രേഷ്ഠമായ ഭോജനം ആദ്യം ബ്രാഹ്മണനു നല്കിയേ മറ്റുളളവര്‍ ഭക്ഷിക്കാവു. അങ്ങനെ "പ്രസൃതാന്താഗ്രഭോജന"നുമാണ് ബ്രാഹ്മണന്‍. ഉണ്ണീ, ബ്രാഹ്മണര്‍ നല്ലവര്‍ തന്നെയാണ്. ദേവന്മാര്‍ക്ക് മുഖമാണ് ബ്രാഹ്മണന്‍. പൂജിച്ചാല്‍ അവര്‍ അനുഗ്രഹിക്കും. അവര്‍ മംഗളോക്തികള്‍ പറയുന്നവരാണ്. കോപിച്ചാല്‍ അവര്‍ നമ്മെയെല്ലാം ദ്വേഷിക്കും. പൂുജിക്കാത്തവരെ അവര്‍ ദാരുണമായ ഉക്തിയാല്‍ നിഗ്രഹിക്കും. പുരാവൃത്തം അറിയുന്നവര്‍ അവരെപ്പറ്റി ഒരു ഗാഥ പാടിയിട്ടുണ്ട്. അതു ധാതാവ് ആദ്യം ബ്രാഹ്മണരെ സൃഷ്ടിച്ച് കല്പിച്ച വിധമാണ് ഗാഥയില്‍ പറഞ്ഞിട്ടുളളത്. ബ്രാഹ്മണന്‍ അവനു നിശ്ചയിക്കപ്പെട്ട കര്‍മ്മമല്ലാതെ മറ്റൊന്നിലും ഇടപെടരുത്. സംരക്ഷിക്കപ്പെടുന്ന ബ്രാഹ്മണന്‍ മറ്റുഉളവരേയും സംരക്ഷിക്കും. അതു നിങ്ങള്‍ക്ക് നന്മയാകുന്നു. സ്വകീയമായ കര്‍മ്മം ചെയ്യുന്നതായാല്‍ നിങ്ങള്‍ക്ക് ബ്രാഹ്മിയായ ശ്രീ സിദ്ധിക്കും. (ബാഹ്മണരോ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രമാണമാകും. നിയന്ത്രിക്കുവാന്‍ ശക്തിയുള്ളവരുമാകും. പണ്ഡിതോത്തമനായ ബ്രാഹ്മണന്‍ ശൂദ്രന്റെ കര്‍മ്മം ചെയ്യുവാന്‍ പാടില്ല. അങ്ങനെ ശൂദ്രകര്‍മ്മം ചെയ്യുന്നത് ധര്‍മ്മത്തിനു തടസ്സമാകുന്നു. ശ്രീ, ബുദ്ധി, തേജസ്സ് എന്നു മാത്രമല്ല, പ്രതാപാഢ്യമായ വിഭൂതിയും സ്വാദ്ധ്യായത്തില്‍ വിപുലമായ മാഹാത്മൃവും വന്നുചേരും.
ആഹവനീയാഗ്നിയില്‍ ഹോമിച്ച് മഹാഭാഗ്യത്തിത്തെ പ്രതിഷ്ഠിക്കുന്ന ബ്രഹ്മശ്രീമാന്മാരായ ബ്രാഹ്മണര്‍ കിടാങ്ങള്‍ക്കു നലകുന്നതിനും മുമ്പേ തന്നെ ഊണു കഴിക്കേണ്ടവരാണ്. (ഗാര്‍ഹപത്യം, ആഹവനീയം, ദക്ഷിണം ഇങ്ങനെ യാഗാഗ്നികള്‍ മൂന്നു വിധമുണ്ടെന്ന് വേദത്തില്‍ വിധിച്ചിട്ടുണ്ട്).
പരമശ്രദ്ധയുള്ളവരും മറ്റുളളവരില്‍ നിന്ന് യാതൊരു ഉപദ്രവവും ഏല്ക്കാതെയുളളവരുമായ, ദമസ്വാദ്ധ്യായനിരതരായ അവര്‍ സര്‍വ്വകാമങ്ങളും ഏല്ക്കുന്നതാണ്. മനുഷ്യ ലോകത്തിലുളള എന്തും ദേവലോകത്തിലുളള സകലതും ജ്ഞാനം തപസ്സ് നിയമം ഇവ കൊണ്ടും സകലതും നേടാവുന്നതാണ്. ഇപ്രകാരമാണ് ബ്രഹ്മാവ് ഗാനം ചെയ്തത്. അതു ഞാന്‍ നിന്നോട് പറഞ്ഞു. വിപ്രന്മാരില്‍ അനുകമ്പയോടെ ആ ധീമാന്‍ പറഞ്ഞതാണിത്. ഈ ബ്രാഹ്മണരിലുളള ശക്തിയേറിയ ബലം തപസ്വികള്‍ക്ക് രാജതുല്യമായ ബലമാണ്. ഇവരില്‍ ചിലര്‍ ദുരാസദന്മാരാണ്. ചിലര്‍ ഷണ്ഡന്മാരാണ്. ചിലര്‍ ക്ഷിപ്രകാരികളാണ്. ചിലര്‍ സിംഹസത്വന്മാരാണ്. ചിലര്‍ വ്യാഘ്രസത്വന്മാരാണ്. ചിലര്‍ വരാഹസത്വന്മാരും, മൃഗസത്വന്മാരുമാണ്. ചിലര്‍ ജലസത്വന്മാരാണ്. ചിലര്‍ സര്‍പ്പ സ്പര്‍ശോപമന്മാരാണ്. മറ്റുചിലര്‍ മകര സ്പര്‍ശോപമന്മാരാണ്. ചിലര്‍ പറഞ്ഞു കൊല്ലുന്നവരാണ്. ചിലര്‍ നോക്കിക്കൊല്ലുന്നവരാണ്. ചിലര്‍ സര്‍പ്പതുല്യം ആശീവിഷോപമന്മാരാണ്. മറ്റു ചിലര്‍ മന്ദന്മാരുമാണ്.
ഇങ്ങനെ പല മട്ടിലാണ് ബ്രാഹ്മണരുടെ വൃത്തം, യുധിഷ്ഠിരാ! പൗണ്ഡ്രർ, കാണ്ഡവസിരന്മാര്‍, ലാടര്‍, ദ്രാവിഡര്‍, മേകളര്‍, ചോരന്മാര്‍, ദവ്വ൪, ദരദര്‍, ശൗണ്ഡര്‍, ശബരര്‍, ബബ്ബാര്‍, കിരാതര്‍, യവനന്മാര്‍, ക്ഷത്രിയന്മാര്‍ ഇവരൊക്കെ ബ്രാഹ്മണന്റെ കോപം മൂലം വൃഷലത്വം (ശൂദ്രത്വം) പ്രാപിക്കാന്‍ ഇടയായി.
അസുരന്മാര്‍ ബ്രാഹ്മണനിന്ദ മൂലം ജലത്തിനുള്ളില്‍ പാര്‍ക്കേണ്ടതായ ദുരവസ്ഥയിലെത്തി. ദേവകള്‍ വിപ്രപ്രസാദം മൂലം സ്വര്‍ഗ്ഗത്തിലും പാര്‍ക്കുന്നു. ആകാശത്തെ സ്പര്‍ശിക്കുവാന്‍ സാദ്ധ്യമല്ല. ഹിമവാനെ പിടിച്ച് ഇളക്കുവാന്‍ സാദ്ധ്യമല്ല. ചിറകെട്ടി ഗംഗയെ തടയുവാന്‍ സാദ്ധ്യമല്ല. അതുപോലെ തന്നെ ബ്രാഹ്മണനെ ജയിക്കുവാനും സാധിക്കയില്ല.
വിപ്രനെ വിരോധിച്ച് രാജാവിന് ഭൂമി ഭരിക്കാന്‍ സാധിക്കയില്ല. ദേവകള്‍ക്കും ദേവതകളായ മഹാത്മാക്കളാണ് മഹീസുരന്മാര്‍. നിത്യവും അവരെ ദാനങ്ങള്‍ കൊടുത്തും പരിചരിച്ചും പൂജിക്കുക! ആഴിചുഴുന്ന ഊഴി ഭരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്രകാരം ബ്രാഹ്മണനെ ശുശ്രൂഷിക്കുക! പ്രതിഗ്രഹം വാങ്ങാത്ത ബ്രാഹ്മണന്‍ നീഗ്രഹാനുഗ്രഹശക്തി കൂടുതല്‍ കാണും. പ്രതിഗ്രഹം വാങ്ങുന്ന ബ്രാഹ്മണനില്‍ നിഗ്രഹാനുഗ്രഹശക്തിക്കു കുറവുണ്ടാകും. നി പ്രതിഗ്രഹേച്ഛയില്ലാത്ത ബ്രാഹ്മണനില്‍ നിന്ന് നിന്നേയും വംശത്തേയും രക്ഷിക്കുക രാജാവേ!
36. ശ്രക്രശംബരസംവാദം - ശക്രനും ശംബരനും തമ്മില്‍ നടന്ന സംവാദം. ബ്രാഹ്മണപ്രശംസ - ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ നാട്ടില്‍ നടപ്പുണ്ട്. അത് ശക്രനും ശംബരനും തമ്മിലുളള ഒരു സംവാദമാണ്. അതു നീ കേള്‍ക്കുക! ശക്രന്‍ ഒരു അജ്ഞാതമായ വേഷം ധരിച്ച് ജടാധാരിയായി, പൊടിയേറ്റവനായി ഒരു വിരൂപമായ തേരില്‍ക്കയറി ശംബരന്റെ അടുത്തു ചെന്ന് അവനോടു ചോദിച്ചു.
ശക്രന്‍ പറഞ്ഞു; എന്തുകൊണ്ടാണ് ശംബരാ, നീ നിന്റെ ജാതിക്കാരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനായി കണക്കാക്കപ്പെടുന്നത്? തത്വമായി നീ പറയുക!
ശംബരന്‍ പറഞ്ഞു: ഞാന്‍ വിപ്രന്മാരില്‍ ഒരിക്കലും അസൂയപ്പെടുകയില്ല. എനിക്ക് ബ്രഹ്മമാണു മതം. ശാസ്ത്രജ്ഞാനമുള്ള, ശാസ്ത്രം ഉപദേശിക്കുന്നവരായ, ബ്രാഹ്മണരെ ഞാന്‍ യഥാസുഖം മാനിക്കുന്നു. അവരുടെ വാക്കുകളെ ഞാന്‍ ഒരിക്കലും നിന്ദിക്കുകയില്ല. ഒരിക്കലും കുറ്റം ചെയ്യുകയില്ല. ഞാന്‍ അവരെ പൂജിക്കുകയും അവരോടു ഞാന്‍ നേരെ സംശയം ചോദിച്ച് അറിയുകയും ധീമാന്മാരുടെ കാലു പിടിക്കുകയും ചെയ്യും. നിത്യവും സംശയങ്ങള്‍ ചോദിക്കുന്ന എന്നോട് വിശ്വാസത്തോടെ അവര്‍ ജ്ഞാനം ഉപദേശിക്കും. പ്രമത്തന്മാരുടെ മദ്ധ്യത്തില്‍ അപ്രമത്തനായും സുപ്തന്മാരുടെ മദ്ധ്യത്തില്‍ ഉണര്‍ന്നവനായും ഞാന്‍ നില്ക്കും. ശാസ്ത്രത്തില്‍ ജ്ഞാനം നേടുവാന്‍ സന്നദ്ധനായി നില്ക്കുന്ന എന്നില്‍, ബ്രഹ്മണ്യനും അനസൂയുവുമായി നില്ക്കുന്ന എന്നില്‍, യഥാകാലം വേണ്ട നല്ല കാര്യങ്ങള്‍ വേണ്ട പോലെ ഉപദേശിച്ച് ജ്ഞാനം പകര്‍ന്നു തരുന്നു. ശാസിക്കുന്ന അവര്‍ ഈച്ചകള്‍ കോൽത്തേന്‍ ഒഴുക്കുന്ന പോലെ ജ്ഞാനസുധ ഒഴുക്കിത്തരുന്നു. സന്തുഷ്ടന്മാരായ അവര്‍ എന്തു പറയുന്നുവോ അത് ഞാന്‍ എന്റെ ബുദ്ധി കൊണ്ടു ഗ്രഹിക്കുന്നു. എന്നും സമാധിയില്‍ ലയിച്ച് ആത്മാവിന് അനുകൂലമായി ശങ്കകൂടാതെ ഗ്രഹിക്കുന്നു. ആ ഞാന്‍ ജിഹ്വാഗ്രത്തില്‍ പറ്റിയ രസങ്ങള്‍ അറിയുന്നവനായി, സ്വന്തം ജാതിക്കാരില്‍ മേലെയായി, നക്ഷത്രങ്ങള്‍ക്കു ചന്ദ്രന്‍ എന്നപോലെ നില്ക്കുന്നു. ഇതാണ് മന്നില്‍ അമൃത്, ഇതാണ് ഉത്തമമായ് കണ്ണ്. വിപ്രമുഖത്തില്‍ നിന്ന് ശാസ്ത്രം ഗ്രഹിച്ച് അതുപ്രകാരം നടക്കുക എന്നതുതന്നെ. ഈ കാരണം മുമ്പേ അറിഞ്ഞ് ദേവാസുരരണം കണ്ടു. എന്റെ അച്ചന്‍ ഹൃഷ്ടനായി ഏറ്റവും വിസ്മയപ്പെട്ടു. മഹാന്മാരായ വിപ്രന്മാരുടെ മഹിമാവു കണ്ട് അദ്ദേഹം ചന്ദ്രനോട് ചോദിച്ചു! ഈ ബ്രാഹ്മണര്‍ സിദ്ധരായത് എന്തുകൊണ്ടാണ് എന്ന്".
സോമന്‍ പറഞ്ഞു: വിപ്രന്മാരൊക്കെ തപസ്സുകൊണ്ട് സിദ്ധന്മാരാണ്. അവര്‍ എപ്പോഴും വാക്ബലരാണ്. രാജാക്കന്മാര്‍ ബാഹുബലരാണെങ്കില്‍ ബ്രാഹ്മണര്‍ വാക്കാകുന്ന അസ്ത്രം കൈവശമുളളവരാണ്. ദുസ്ഥിതിയേറ്റ ബ്രാഹ്മണന്‍ പ്രണവത്തെ അദ്ധൃയനം ചെയ്യുന്നു. കേപം വിട്ട് നിര്‍വ്വാണനായ സമദര്‍ശി യതിയാകുന്നു. ജ്ഞാനിയായി വേദമൊക്കെ പിതൃമന്ദിരത്തിലിരുന്നു സുഖമായി പഠിച്ചവന്‍ അപരിഷ്കൃതനും നിന്ദ്യനുമാകും. വേദപാഠം ഗുരുമുഖത്തില്‍ നിന്ന് ഗുരുകുലവാസിയായി പഠിക്കേണ്ടതാണ്. എന്നാലേ ശ്രേഷ്ഠനാകൂ! ദേശം സഞ്ചരിച്ചു കാണുകയും, വീടുവിട്ടു വസിക്കുകയും, അങ്ങനെ ജ്ഞാനം വര്‍ദ്ധിപ്പിക്കുകയും വേണം. പാമ്പ് എലിയെ വിഴുങ്ങുന്ന മാതിരി രണ്ടുകൂട്ടരെ ഭൂമി വിഴുങ്ങിക്കളയും. ഒന്ന് യുദ്ധം ചെയ്യാന്‍ മടിക്കുന്ന രാജാവിനെ, രണ്ടാമത്തേത് വീടും സ്വദേശവും വിടുവാന്‍ മടിയുള്ള ബ്രാഹ്മണനെയും. ഇവര്‍ രണ്ടുപേരും നിഷ്പ്രഭന്മാരായി നശിക്കും. അല്പബുദ്ധിയായവന്‍ ഡംഭു കാണിച്ചാല്‍ അവന്‍ സ്വയം കെട്ടു പോകും. അവന്റെ സകല പുരോഗതിയും അധോഗതിയി ലാകും. സ്വന്തം ഗൃഹത്തില്‍ വസിക്കുന്ന ദ്വിജനും വീടു വിട്ടാല്‍ ഭയപ്പെടുന്ന ദ്വിജനും സ്വഗൃഹത്തില്‍ വെച്ചു ഗര്‍ഭിണിയാകുന്ന കന്യകയും ദുഷിച്ചത് തന്നെ!
ഇപ്രകാരം അത്ഭുതാകാരനായ ചന്ദ്രന്‍ എന്റെ അച്ചനോടു പറഞ്ഞു. അദ്ദേഹം മഹാവ്രതികളായ ബ്രാഹ്മണരെ പൂജിച്ചു. ഞാനും അപ്രകാരം തന്നെ ബ്രാഹ്മണരെ പൂജിച്ചു.
ഭീഷ്മൻ പറഞ്ഞു: ദാനവേന്ദ്രന്റെ മുഖത്തു നിന്ന് ഈ വാക്യം കേട്ടവനായ ഇന്ദ്രന്‍ അവിടെ നിന്ന് മടങ്ങി. പിന്നെ വിപ്രരെ വേണ്ട വിധം ആദരിച്ചു പൂജിച്ചു. അങ്ങനെ ശക്രന്‍ ദേവേന്ദ്രപട്ടം നേടി.
37. പാത്രപരീക്ഷ - സല്‍ക്കാരത്തിനും സ്വീകാരത്തിനും പാത്രമാകുന്നത് എങ്ങനെയുള്ളവരാണെന്ന് - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! നാം ദാനം ചെയ്യുവാന്‍ പറ്റിയ പാത്രമേതാണ്? ഈ പറയുന്ന മൂന്നു കൂട്ടരില്‍ ആരാണ് അര്‍ഹന്‍? ഒന്ന് മുമ്പു കാണാത്ത അപൂര്‍വ്വനായ ഒരുത്തന്‍. രണ്ടാമത് വളരെക്കാലം കൂടെ വസിച്ചു ദാനം വാങ്ങാറുളളവന്‍. മൂന്നാമത് വളരെ ദൂരത്തു നിന്ന് വന്നെത്തിയവന്‍. ഇവരില്‍ ആരാണ് ശരിയായ പാത്രം?"
ഭീഷ്മൻ . പറഞ്ഞു; ഈ പറഞ്ഞവരെല്ലാം ദാനകാര്യത്തില്‍ തുല്യപാത്രങ്ങളാണ്. അഭ്യര്‍ത്ഥിക്കുന്ന കാര്യത്തിന്റെ പ്രാധാന്യമനുസരിച്ചാണ് പാത്രത്തിന്റെ യോഗ്യത നിര്‍ണ്ണയിക്കേണ്ടത്. യജ്ഞത്തിന് വേണ്ടി അര്‍ത്ഥം യാചിക്കും. ഗുരുദക്ഷിണയ്ക്കു വേണ്ടി അര്‍ത്ഥം യാചിക്കും. ഭാര്യയേയും മക്കളേയും പുലര്‍ത്തുവാന്‍ യാചിക്കും. ആര് എന്തു യാചിച്ചാലും നല്കുമെന്നു ചിലര്‍ക്ക് വ്രതമുണ്ടാവുകയും ചെയ്യും. ഭൃത്യര്‍ക്കു ദോഷം തട്ടാത്ത മട്ടില്‍ ദാനംചെയ്യാം. ഭൃത്യര്‍ക്കു ദോഷം പറ്റിയാല്‍ അതു തനിക്കു ദോഷഫലം ചെയ്യും. അപൂര്‍വ്വനും ഏറെനാള്‍ കൂടെ വാണവനും, ദൂരത്തു നിന്ന് വന്നവനും, മൂന്നു പേരും അര്‍ഹന്മാര്‍തന്നെ!
യുധിഷ്ഠിരന്‍ പറഞ്ഞു: യാതൊരു ജീവിക്കും പീഢ പറ്റാതെയും, ധര്‍മ്മഹിംസ കൂടാതെയും, തത്വത്താല്‍ ഏതു പാത്രത്തെ അറിഞ്ഞ് ദാനംചെയ്താല്‍ പശ്ചാത്താപത്തിന് ഇടവരികയില്ല?
ഭീഷ്മൻ പറഞ്ഞു: ഋത്വിക്, പുരോഹിതന്‍, ആചാര്യന്‍, ശിഷ്യസംബന്ധികള്‍, ബന്ധുക്കള്‍ ഇവരൊക്കെ പൂജ്യരാണ്. മാന്യന്മാരും, ശ്രുതജ്ഞരും, അനസൂയകരുമായ ഇവര്‍ ദാനത്തിന് പാത്രങ്ങളാണ്. ഇപ്രകാരമല്ലാത്തവര്‍ ആരും സല്‍ക്രിയയ്ക്കു പാത്രമായിത്തീരുന്നതല്ല. അതുകൊണ്ട് പുരുഷന്മാരെ ചുഴിഞ്ഞു പരീക്ഷിക്കണം. ക്രോധിക്കാതിരിക്കല്‍, സതൃംപറയല്‍, അഹിംസ, ആര്‍ജ്ജവം, ദ്വേഷിക്കാതിരിക്കല്‍, മദിക്കാതിരിക്കല്‍, ഹ്രീ, തിതിക്ഷ, ശമം ദമം ഇവ ആരില്‍ കാണുന്നുവോ അകാര്യങ്ങള്‍ ആരില്‍ സ്വഭാവാല്‍ കാണാതിരിക്കുന്നുവോ, അവന്‍, ആ പാത്രം, മാനിക്കുന്നതിന് അര്‍ ഹനാണ്. ഏറെനാള്‍ കണ്ടവനായാലും, അപൂര്‍വ്വനായാലും, പൂര്‍വ്വനായാലും, ആ പാത്രത്തിന് മുമ്പു പറഞ്ഞ ഗുണങ്ങളെല്ലാം ഉണ്ടെങ്കില്‍ അവന്‍ മാനിക്കപ്പെടുവാന്‍ അര്‍ഹനാണ്! വേദവിധികളെ പ്രമാണമാക്കാതിരിക്കുക, ശാസ്ത്രങ്ങളെ ലംഘിക്കുക, എല്ലായിടത്തും വ്യവസ്ഥയില്ലാത്ത വിധം പെരുമാറുക, ഇത് ആത്മവിനാശനമാകുന്നു.
പാണ്ഡിതൃത്തളളലോടെ ഏതു വിപ്രന്‍ വേദനിന്ദകനാകുന്നുവോ, പാഴായ "ആന്വീക്ഷികീ തര്‍ക്കവിദ്യ" യില്‍ കൂറുകാണിക്കുന്നവനാരോ, ദുസ്തര്‍ക്കം കൊണ്ടു സജ്ജനങ്ങളെ ജയിക്കുന്ന സമര്‍ത്ഥനായ താര്‍ക്കികനാരോ, ഉറക്കെ വാദം മുഴക്കുന്ന അതിവക്താവാരോ, വിപ്രന്മാരില്‍ എപ്പോഴും സര്‍വ്വത്തേയും ശങ്കിക്കുന്നവനാരോ, മൂഢനും, ബാലനും, കടുഭാഷിയുമായ അവനെ വത്സാ, നീ നല്ലപോലെ മനസ്സിലാക്കണം. അപ്രകാരമുളളവന്‍ മനുഷ്യരൂപം മാത്രമുളള പട്ടിയാണ്. കൊളളരുതാത്ത നായയാണ് അവന്‍! ഒരു നായ ഏതു പ്രകാരം ചാടി വീണു കുരയ്ക്കുവാനും കടിക്കുവാനും ഒരുങ്ങുന്നുവോ, അപ്രകാരം ഈ മനുഷ്യാധമന്‍ സംഭാഷണത്തിനും ശാസ്ത്രവധത്തിനും തരം കിട്ടുമ്പോഴൊക്കെ ചാടിവീഴും. ഇത്തരക്കാരെ സുക്ഷിക്കണം, അവരുടെ ജീവിതം നിഷ്ഫലമാണ്.
ലോകയാത്രയെ നോക്കി അറിയുക, ആത്മഹിതമായ ധര്‍മ്മങ്ങള്‍ ഗ്രഹിക്കുക. ഇപ്രകാരം നില്ക്കുന്ന മര്‍ത്ത്യന്‍ വളരെക്കാലം ശ്രേയസ്സോടെ ജീവിക്കും. ഋഷികള്‍ക്കും, ദേവകള്‍ക്കും, പിതൃക്കള്‍ക്കും, ബ്രാഹ്മണര്‍ക്കും, പാന്ഥന്മാര്‍ക്കുമുളള കടംവീട്ടി മുറയ്ക്ക്, ശുദ്ധമായി, നന്നായി കര്‍ത്തവ്യ കര്‍മ്മം ചെയ്യുന്ന ഗൃഹസ്ഥന് ഒരിക്കലും ധര്‍മ്മം ക്ഷയിക്കുകയില്ല.
38. പഞ്ചചൂഡാ നാരദസംവാദം - സ്ത്രീയുടെ സ്വഭാവ ചാപല്യം വിവരിക്കുന്ന കഥ - യുധിഷ്ഠിരന്‍ പറഞ്ഞു; സ്ത്രീസ്വഭാവം കേള്‍ക്കുവാന്‍ അല്ലയോ ഭരതോത്തമാ, എനിക്ക് ആഗ്രഹമുണ്ട്. സ്ത്രീകള്‍ ദോഷങ്ങള്‍ക്കു മൂലമാണെന്നും ചഞ്ചലകളാണെന്നും പറയപ്പെടുന്നു.
ഭീഷ്മൻ പറഞ്ഞു: “ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അത് നാരദ മഹര്‍ഷിയും, പുംശ്ചലിയായ പഞ്ചചൂഡയും തമ്മിലുളള സംവാദമാണ്. ലോകത്തിലൊക്കെ സഞ്ചരിക്കുന്ന നാരദ മഹര്‍ഷി പണ്ടൊരിക്കല്‍ ബ്രഹ്മലോകത്തിലെ അപ്സരസ്സായ പഞ്ചചൂഡയെ കണ്ടു. മാനൃയും, ചാരുസര്‍വ്വാംഗിയുമായ അവളെക്കണ്ട് നാരദന്‍ ഇപ്രകാരം ചോദിച്ചു: "അല്ലയോ സുമദ്ധ്യമേ, എനിക്ക് ഒരു സംശയമുണ്ട്. അതൊന്നു തീര്‍ത്തു തരുമോ?
ഭീഷ്മൻ തുടര്‍ന്നു: ഇപ്രകാരം നാരദന്‍ ചോദിച്ചതു കേട്ട് അവള്‍ ആ മുനിയോടു പറഞ്ഞു: പറയാം. സംസാരിക്കുവാന്‍ പറ്റിയ വിഷയമുണ്ടെങ്കില്‍ അതിന് മറുപടി പറയുവാന്‍ ഈയുളളവള്‍ സമര്‍ത്ഥയാണെന്നു ഭവാന്‍ വിചാ രിക്കുന്നുണ്ടെന്നു ഞാന്‍ കാണുന്നു.
നാരദന്‍ പറഞ്ഞും: ഭദ്രേ, നിനക്കു നിശ്ചയമില്ലാത്ത വിഷയമൊന്നും ഞാന്‍ നിന്നോടു പറയുകയില്ല. സ്ത്രീസ്വഭാവത്തെപ്പറ്റി ശരിയായി നിന്നില്‍ നിന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു സുന്ദരീ.
ഭീഷ്മൻ പറഞ്ഞും: ഇപ്രകാരം നാരദന്‍ ചോദിച്ചപ്പോള്‍ അപ്സരസ്ത്രീ കുലത്തില്‍ ഉത്തമയായ അവള്‍ പറഞ്ഞു: "പെണ്ണായ ഞാന്‍ എങ്ങനെയാണ് പെണ്ണുങ്ങളെ നിന്ദിച്ചു പറയുക? ദുര്‍ഘടമാണ് ചോദ്യം. അങ്ങയ്ക്കറിയാമല്ലോ സ്ത്രീകളുടെ സ്വഭാവമെന്താണെന്ന്. പിന്നെ എന്തിനാണ് അങ്ങ് ഇത്തരം കാര്യങ്ങള്‍ ചോദിച്ചു വൈഷമ്യം സൃഷ്ടിക്കുന്നത്? ഈവക കാര്യം ദേവര്‍ഷേ, അങ്ങ് ചോദിക്കരുത്".
അവളുടെ വാക്കു കേട്ടപ്പോള്‍ ദേവര്‍ഷിയായ നാരദന്‍ പറഞ്ഞു: "അല്ലയോ സുമദ്ധ്യമേ, സുന്ദരീ. നീ സത്യം പറഞ്ഞാല്‍ മതി ഇല്ലാത്തതൊന്നും പറയേണ്ടാ. അസത്യം പറഞ്ഞാല്‍ ദോഷമുണ്ട്. സത്യം പറഞ്ഞാല്‍ യാതൊരു ദോഷവുമില്ല. അതുകൊണ്ടു നീ പറയുവാന്‍ മടിക്കേണ്ടതില്ല".
ഇപ്രകാരം നാരദന്‍ പറഞ്ഞപ്പോള്‍ മനസ്സുറപ്പിച്ച് അവള്‍ ഒന്നു നന്നായി ചിരിച്ച് സ്ത്രീകള്‍ക്കുള്ള ശാശ്വതമായ ദോഷം, സത്യമായി മിക്കതും പറയുവാന്‍ തുടങ്ങി.
പഞ്ചചൂഡ പറഞ്ഞു: കുലീനമാരും സുന്ദരികളും നാഥനുള്ളവരുമായ നാരികള്‍ പോലും മര്യാദയ്ക്കു നില്ക്കുകയില്ല. അങ്ങനെയുളള ദോഷം സ്ത്രീകള്‍ക്കുണ്ട് നാരദാ! സ്ത്രീകളേക്കാള്‍ പാപമായി മറ്റൊന്നും തന്നെയില്ല. ദോഷങ്ങള്‍ക്കൊക്കെ ഹേതുവായി നില്ക്കുന്നത് സ്ത്രീകളാണ്. അതങ്ങയ്ക്ക് അറിവുള്ള കാര്യമാണല്ലോ. സമ്പന്നരും അഴകുള്ളവരും തന്റെ അധീനത്തില്‍ നില്ക്കുന്നവരുമായ ആരെയെങ്കിലും തരത്തിന് കിട്ടിയാല്‍ പിന്നെ നാരിമാര്‍ ഭര്‍ത്താക്കളെ കാത്തു നില്ക്കുകയില്ല. സ്ത്രീകളായ ഞങ്ങള്‍ക്ക് ചീത്ത നടപടിയുണ്ട് പ്രഭോ! നാണം കെട്ടും പാപികളായ മര്‍ത്ത്യന്മാരെ ഞങ്ങള്‍ ഭജിക്കും. സ്ത്രീയെ പ്രാര്‍ത്ഥിച്ച് എപ്പോഴും ഒരുത്തന്‍ അവളുടെ അടുത്തു പെരുമാറുകയാണെങ്കില്‍, കുറച്ചു സേവ ചെയ്താല്‍ മതി, അവനെ, സ്ത്രീകള്‍ ഇച്ഛിക്കും. പരിജനങ്ങളെപ്പറ്റി ഭയപ്പെട്ട് മര്‍ത്ത്യന്‍ അവളോട് രഹസ്യം ആവശ്യപ്പെടാത്തതു കൊണ്ട് അവള്‍ ഭര്‍ത്തൃമര്യാദയ്ക്കൂ നില്ക്കുകയാണ് എന്നേയുള്ളൂ, മര്യാദയില്ലാത്തവരാണ് സ്വതവേ സ്ത്രീകള്‍. സ്ത്രീകള്‍ക്ക് അമാത്യനായി ഒരാളുമില്ല. വയസ്സ് ഒരു പ്രശ്മമല്ല. തന്നെ ഭജിക്കുന്നവന്‍ ഒരു ആണായാല്‍ മതി. സുരൂപനായാലും കൊളളാം, വിരൂപനായാലും കൊളളാം. ഭയംകൊണ്ടോ, ദയകൊണ്ടോ, ദ്രവ്യകാംക്ഷ കൊണ്ടോ, ജാതിവംശച്ചാര്‍ച്ച കൊണ്ടോ, സ്ത്രീകള്‍ നാഥരില്‍ സക്തരായി നില്‍ക്കുകയില്ല. സ്ത്രീകള്‍ കൊതിക്കുന്നത് സ്വതന്ത്രകളാവാനാണ്. യൗവനം തികഞ്ഞവരും, നല്ല മോടിയില്‍ വസ്ത്രങ്ങളും, വേണ്ടുവോളം ആഭരണങ്ങളും അഴകില്‍ ധരിച്ചു സ്വൈരമായി, ഇഷ്ടം പോലെ നടക്കുന്നവരുമായ സ്ത്രീകളെയാണ് കുലസ്ത്രീകള്‍ കണ്ടു കൊതിക്കുന്നത്.
വേണ്ടമാതിരി ബഹുമാനിച്ച്, ഇഷ്ടപ്പെട്ട്, രക്ഷിക്കപ്പെടുന്ന നാരിമാര്‍, അവര്‍ ആരായാലും അവരോട് ഇണങ്ങി നില്ക്കും. കൂനനായാലും, പൊട്ടനായാലും, ജഡനായാലും, മുണ്ടനായാലും അവരോടൊക്കെ സ്ത്രീകള്‍ ഇണങ്ങും. ദേവര്‍ഷേ! ഞൊണ്ടു കാലനായാലും കൊളളാം തന്നെ പ്രേമിക്കുന്നവനോടു ചേരാന്‍ അവര്‍ക്കു വിഷമമില്ല. എന്തു വിരൂപനായാലും കൊളളാം സ്ത്രീകള്‍ക്ക് അഗമ്യനായി ലോകത്തില്‍ ആരുമില്ല മഹര്‍ഷേ! അല്ലയോ ബ്രഹ്മന്‍, ആണുങ്ങള്‍ക്ക് ഒരിക്കലും അടക്കാന്‍വയ്യാത്ത ഇടത്തായാലും അവര്‍ തമ്മില്‍ കിണഞ്ഞു നോക്കും. സ്ത്രീകള്‍ നാഥന്മാരില്‍ അങ്ങനെ ഒതുങ്ങി നില്ക്കുകയില്ല.
ആണുങ്ങളെ തരത്തിന് കിട്ടാതെയും, പരിചാര ജനങ്ങളെ ഭയന്നും, വധം, ബന്ധനം എന്നിവയെ ഭയന്നും, താനെ സ്കള്‍ ഗുപ്തകളായി വസിക്കുന്നു എന്നേയുള്ളു. ചപല സ്വഭാവമാരും, ദുസ്സേവ്യമാരും, ദുര്‍ഗ്രാഹൃഭാവകളുമാണ് സ്ത്രീകള്‍. അവര്‍ പ്രാജ്ഞരായ പുമാന്മാരുടെ വാക്കുകള്‍ പോലെയാണ്. എങ്ങനെയെന്നു പറയാം: പ്രാജ്ഞന്മാരുടെ വാക്കിന് അര്‍ത്ഥം പലതുമുണ്ടാകും; പലവഴിക്കും ഓടും. അര്‍ത്ഥം ശരിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റുകയില്ല. ആശയം ഗ്രഹിക്കാനും വിഷമമുണ്ട്. അങ്ങനെ ചപലസ്വഭാവവും, ദുസ്സേവൃതയും, ദുര്‍ഗ്രാഹൃതയും സ്ത്രീകള്‍ക്കുണ്ട്.
തീയ് വിറകില്‍ തൃപ്തിപ്പെടുകയില്ല. എത്ര കിട്ടിയാലും തീ ദഹിപ്പിച്ചു കളയും. പിന്നെയും ആഗ്രഹിക്കും. എത്ര നദികള്‍ വന്നു ചേര്‍ന്നാലും സമുദ്രത്തിന് മതിയാകയില്ല. അന്തകന്‍ എത്ര ജീവിയില്‍ച്ചെന്നേറ്റാലും മതിയെന്നു വിചാരിക്കാറില്ല. അതുപോലെ തന്നെയാണ് പെണ്ണിന്റെ നില യും. എത്ര ആണിനെ കിട്ടിയാലും പെണ്ണിന് മതിയാകയില്ല.
ദേവര്‍ഷേ! സ്ത്രീകള്‍ക്കുള്ള മറ്റൊരു രഹസ്യം ഇനി ഞാന്‍ പറഞ്ഞുതരാം. അഴകുള്ള ആണിനെക്കണ്ടാല്‍ അപ്പോള്‍ സ്ത്രീയുടെ യോനി സ്രവിക്കും (ജലമയമാകും). ഭര്‍ത്താവ് അവളുടെ സകലകാമങ്ങളും നിര്‍വ്വഹിച്ചാലും, മനസ്സിന് പ്രീതി വര്‍ദ്ധിപ്പിക്കുന്നത് എന്തുചെയ്താലും, തന്നെ രക്ഷിക്കുന്ന ഭര്‍ത്താവില്‍ നാരികള്‍ ഒതുങ്ങി നില്ക്കുകയില്ല. അഭീഷ്ടമായ ഭോഗങ്ങളും ആഭരണങ്ങളും വേണ്ടുവോളം ഉടുപുടവയും ചമയങ്ങളും ഗൃഹവുമൊക്കെ കൊടുത്താലും അവയൊന്നും അത്രയ്ക്ക് അവള്‍ കൊണ്ടാടുകയില്ല. രതിക്കുളള ആശയുദിച്ചാല്‍ ഈ പറഞ്ഞതൊന്നും അതിന് തുല്യമായി അവള്‍ പരിഗണിക്കുകയില്ല.
കൊടുങ്കാറ്റ്, അന്തകന്‍, മൃത്യു, പാതാളം, ബഡവാഗ്നിയുടെ മുഖം, മൂര്‍ച്ചയുളള കത്തി, സര്‍പ്പം, വിഷം, അഗ്നി ഇവയൊക്കെ തുലാസ്സിന്റെ ഒരു തട്ടിലും മറ്റേത്തട്ടില്‍ ഒരു സ്ത്രീയേയും കയറ്റി വെക്കുക. എന്നാല്‍ സ്ത്രീയായിരിക്കും കൂടുതല്‍ തൂങ്ങുക.
ധാതാവ് എന്ന് പഞ്ചഭൂതങ്ങളെ സൃഷ്ടിച്ചുവോ, അപ്രകാരം എന്നു ലോകങ്ങളേയും സൃഷ്ടിച്ചുവോ, പുമാന്മാരേയും സ്ത്രീകളേയും എന്നു ചമച്ചുവോ, അന്നുതന്നെ സ്ത്രീകള്‍ക്കു ദോഷങ്ങളേയും ബ്രഹ്മാവു സൃഷ്ടിച്ചു.
39. സ്ത്രീസ്വഭാവകഥനം - സ്ത്രീകള്‍ ചപലകളാണെ ങ്കിലും അവരെ എങ്ങനെ പാട്ടില്‍ നിര്‍ത്താം? - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ രാജാവേ, ലോകത്തില്‍ മനുഷ്യര്‍ സ്ത്രീകളില്‍ ഏറ്റവും സക്തരാകും. ദൈവം സൃഷ്ടിച്ച മാര്‍ഗ്ഗത്തില്‍ മോഹത്താല്‍ അവരില്‍ സക്തരാകുന്നു. അപ്രകാരംതന്നെ സ്ത്രീകള്‍ പുരുഷന്മാരിലും സക്തരാകും. അങ്ങനെയാണ് ലോകത്തില്‍ കാണുന്നത്. ഇതില്‍ എനിക്കു തീവ്രമായ ഒരു ശങ്ക മനസ്സിലുണ്ട്. സ്ത്രീകള്‍ ഇത്തരത്തില്‍ സകല ദോഷങ്ങള്‍ക്കും ഇരിപ്പിടമാണ് എന്നറിഞ്ഞിട്ടും നരര്‍ എന്തുകൊണ്ടാണ് വളരെവളരെ ഇഷ്ടപ്പെട്ട് പിന്നെയും ഈ സ്ത്രീകളില്‍ സംഗം ചെയ്യുന്നത്? സ്ത്രീകള്‍ ചിലരില്‍ വളരെയേറെ രഞ്ജിക്കുന്നു, അലിഞ്ഞു ചേരുന്നു. ചിലരില്‍ വെറുക്കുന്നു. ഇങ്ങനെയാണ് സ്ത്രീകളുടെ കഥയെങ്കിലും, ഹേ പുരുഷവ്യാഘ്രാ, ഈ പെണ്ണുങ്ങളെ പുരുഷന്‍ എങ്ങനെ സൂക്ഷിക്കുന്നു? ദോഷങ്ങള്‍ പെടാതെ സൂക്ഷിക്കുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? അങ്ങ് വിവരിച്ചു തരണേ! പുരുഷനുമായി വളരെ ഇഷ്ടത്തോടെ രമിക്കുന്ന ഇവര്‍ അവനെ വഞ്ചിക്കുന്നു. ഇവരുടെ കൈയില്‍ ഒരു പുരുഷന്‍ പെട്ടു പോയാല്‍, പിന്നെ വിട്ടു പോരിക എന്നുള്ളതില്ല. ഇളംപുല്ലു കണ്ട പശുക്കളെപ്പോലെ അവര്‍ പുതിയവരെ പിടികൂടും. ശംബരന്റെ മായയും നമുചിയുടെ മായയുമൊക്കെ പെണ്ണുങ്ങള്‍ക്കുണ്ട്. ബലിക്കും കുംഭീനസിക്കുമുളള മായയൊക്കെ സ്ത്രീകള്‍ക്കറിയാം. രഹസ്യത്തിന് ആരും ചോദിക്കുന്നില്ലെങ്കില്‍, അഥവാ അതിന് പറ്റിയ രഹസ്യസ്ഥലം കണ്ടില്ലെങ്കില്‍, അതിന് തക്കവും തരവും കിട്ടിയില്ലെങ്കില്‍, എല്ലാ പെണ്ണുങ്ങളും പതിവ്രതകള്‍ തന്നെ.
അവര്‍ ചിരിക്കുന്നവനില്‍ കൊണ്ടാടി ചിരിക്കും. കരയുന്നവനില്‍ അനുതപിച്ചു കരയും. കാലവും സ്ഥലവും നോക്കി പ്രിയമില്ലാത്തവനെ പിടിച്ചു പ്രിയനാക്കാന്‍ നോക്കും. ഉശനസ്സ് അറിയുന്ന ശാസ്ത്രവും ബൃഹസ്പതി അറിയുന്ന ശാസ്ത്രവുമൊക്കെ സ്ത്രീക്കറിയാം. സ്ത്രീബുദ്ധിയേക്കാള്‍ മേലെയല്ല അവരുടെ ബുദ്ധി. ഇങ്ങനെയുള്ളവരെ എങ്ങനെ കാത്തു കൊണ്ടു നടക്കും? നുണയെ നേരാക്കും, സതൃത്തെ പൊളിയാക്കും. ഇപ്രകാരമുളളവരെ എങ്ങനെയാണ് വീരാ! കാക്കുന്നത്? ബൃഹസ്പതി മുതലായ യോഗ്യന്മാര്‍ക്ക് ഈ ശാസ്ത്രമൊക്കെ എവിടെ നിന്ന് കിട്ടി? അവര്‍ സ്ത്രീകളില്‍ കണ്ണുവെച്ച് അവരുടെ പ്രകൃതിയും ചേഷ്ടയും സംസാരവും പ്രവൃത്തിയുമൊക്കെ നോക്കിപ്പഠിച്ചിട്ടാവാം ശാസ്ത്രം നിര്‍മ്മി ക്കുന്നതിനുളള ജ്ഞാനം സമ്പാദിച്ചത്.
പുരുഷന്മാര്‍ പൂജിക്കുമ്പോള്‍ മര്‍ത്ത്യനില്‍ മനം മാറ്റുന്നു. ധിക്കരിച്ചാലും രാജാവേ, നാരികള്‍ മനം മാറ്റുന്നു. മഹാഭൂജാ! ഈ പ്രജകള്‍ ധര്‍മ്മിഷ്ഠമാരാണ് എന്ന് ശ്രുതി പറ യുന്നു. മാനിച്ചാലും മാനിക്കാതിരുന്നാലും അവര്‍ മനസ്സിനെ മാറ്റുന്നു. അവരെ കാക്കുവാന്‍ ആരുണ്ട് എന്നാണ് എനിക്കുളള സംശയം. അല്ലയോ കുരുവംശ വിവര്‍ദ്ധനാ, മഹാഭാഗാ! അതു പറഞ്ഞാലും! അവരെ കാക്കുവാന്‍ മാര്‍ഗ്ഗമുണ്ടെങ്കില്‍ അല്ലയോ കരുപുംഗവാ! ഉപദേശിച്ചാലും ചെയ്യാവുന്നതോ ചെയ്തതോ ഉദാഹരിച്ച് പറഞ്ഞു തരണേ!
40. വിപുലോപാഖ്യാനം - ദേവശര്‍മ്മാവിന്റെ ഭാര്യയായ രുചിയെ വിപുലന്‍ രക്ഷിച്ച കഥ - ഭീഷ്മൻ പറഞ്ഞു: അല്ലയോ മഹാബാഹോ, നീ പറഞ്ഞത് വാസ്തവമാണ്. ഈ പറഞ്ഞതില്‍ ഒന്നും പാഴല്ല. നാരിയെപ്പറ്റി ഭവാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് കൌരവ്യാ! ഇതിനെപ്പറ്റി ഒരു പഴങ്കഥ ഞാന്‍ നിന്നോടു പറയാം. പണ്ട് മഹാത്മാവായ വിപുലന്‍ രക്ഷിച്ച ഒരു സംഭവം ഞാന്‍ പറയാം. ബ്രാഹ്മാവ് ഈ സ്തീകളെ സൃഷ്ടിച്ചത് എന്തിനാണെന്നുളളതും ഞാന്‍ വിവരിക്കാം. രാജാവേ! സ്ത്രീകളേക്കാള്‍ പാപിയായ ഒരു വസ്തുവും ലോകത്തിലില്ല നന്ദനാ! ഈ പെണ്ണുങ്ങള്‍ എന്ന വസ്തുക്കള്‍ കത്തുന്ന അഗ്നിയാണ്. മായാമയകളാണ് വിഭോ! കുത്തി, സര്‍പ്പം, വിഷം, തീയ് ഇവയെല്ലാം തുലാസ്സിന്റെ ഒരു തട്ടിലും സ്ത്രീയെ മറ്റൊരു തട്ടിലും വെച്ചാല്‍ സ്ത്രീക്കാണ് തൂക്കം കൂടുക, മഹാഭുജാ! പ്രജകളെല്ലാം ധര്‍മ്മിഷ്ഠരായിരുന്നു എന്നാണ് ശ്രുതി പറയുന്നത്. സ്വാഭാവികമായ ജന്മപുരോഗതിയില്‍ അവര്‍ മനുഷ്യത്വം വിട്ട് ദേവത്വത്തിലേക്കുയരുന്നു. ഈ സ്ഥിതിവിശേഷം ദേവന്മാരെ ഭയപ്പെടുത്തി. എന്തു കൊണ്ടെന്നാല്‍ എല്ലാ ബ്രഹ്മസൃഷ്ടിയും സ്വാഭാവികമായി ദേവത്വത്തെ പ്രാപിക്കുന്നു എന്നതു തന്നെ. അതുകൊണ്ട് ദേവകള്‍ ഒന്നിച്ചു കൂടി ബ്രഹ്മാവിന്റെ സമീപത്തു ചെന്ന് അവര്‍ അവരുടെ മനസ്സിലുള്ളത് പിതാമഹനെ അറിയിച്ചു കൊണ്ട് ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു. വിക്രമശാലിയായ ബ്രഹ്മാവ് അവരുടെ ഹൃദയത്തിലുള്ള കാര്യം മനസ്സിലാക്കി, അധര്‍വ്വമുറപ്രകാരം കൃത്യകളായ സ്ത്രീകളെ സൃഷ്ടിച്ചു. ആദ്യസൃഷ്ടിയില്‍ എല്ലാ സ്ത്രീകളും നല്ലവരും സാദ്ധ്വികളുമായിരുന്നു. ഇപ്പോള്‍ വിശ്വേശനായ ബ്രഹ്മാവിന്റെ സൃഷ്ടിയില്‍ സ്ത്രീകള്‍ കൃത്യകളായി, പാപികളായി ഭവിച്ചു. അവരില്‍ യഥാകാമം ഭോഗലോലുപത ബ്രഹ്മാവു പ്രതിഷ്ഠിച്ചു. അങ്ങനെ കാമലോഭത്തോടു കൂടിയ സ്ത്രീകൾ പിന്നെ പുരുഷന്മാരെ സദാ പിന്‍തുടര്‍ന്ന് ബാധിച്ചു കൊണ്ടിരുന്നു. കാമത്തിന് സഹായിയായി ക്രോധത്തേയും പ്രഭുവായ ബ്രഹ്മാവ് സൃഷ്ടിച്ചു. അങ്ങനെ പ്രജകളെല്ലാം കാമക്രോധങ്ങള്‍ക്ക് വശംവദരായി സ്ത്രീകളുടെ കൂട്ടു കെട്ട് തേടിക്കൊണ്ടിരുന്നു സ്ത്രീകള്‍ക്ക് സ്വന്തമായി ക്രിയകളൊന്നും നല്കപ്പെട്ടിരുന്നില്ല അതായിരുന്നു അന്നത്തെ ധര്‍മ്മനിശ്ചയം. ശ്രുതി പ്രഖ്യാപിക്കുന്നത് സ്ത്രീകളില്‍ ശക്തമായ ഇന്ദ്രിയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നും, ശാസ്ത്രങ്ങള്‍ അവര്‍ക്കു വിധേയമല്ല എന്നും, അവര്‍ അതീതമായി നില്ക്കുന്നു എന്നും, സ്ത്രീകള്‍ ജീവനുളള നുണകളാണ് എന്നും ആകുന്നു. ബ്രഹ്മാവ് സ്ത്രീകള്‍ക്ക് അവരുടെ ആവശൃത്തിന്, അവരുടെ സൃഷ്ടിവിശേഷത്തിന് തക്കവിധം, ദുര്‍ഭാഷണം, ഭാവം, രതി, ശയ്യ, ആസനം, അലങ്കാരം, അന്നപാനങ്ങള്‍, അനാരൃത എന്നിവ നല്കി. പുരുഷന്മാര്‍, സ്ത്രീകളെ പരിധിക്കുള്ളില്‍ നിര്‍ത്തുന്നതിന് ശക്തരല്ല. വിശ്വകര്‍മ്മാവിന് പോലും അവരെ ഉചിതമായി പരിധിയില്‍ നിര്‍ത്തുവാൻ സാദ്ധ്യമല്ല. പിന്നെ മറ്റാണുങ്ങളുടെ കഥ പറയുവാനുണ്ടോ?
വാക്കു മാത്രമല്ല, വധം, ബന്ധം, പലവിധം ക്ലേശം ഇവ കൊണ്ട് സ്ത്രീകളെ സൂക്ഷിക്കുവാന്‍ വിഷമമാണ്. അവര്‍ അടക്കമില്ലാത്തവരാണ്.
അല്ലയോ പുരുഷവ്യാഘ്രാ! ഇതിനെക്കുറിച്ച് ഒരു കഥ ഞാന്‍ മുമ്പേ കേട്ടിട്ടുണ്ട്. അത് വിപുലന്‍ തന്റെ ഗുരുവിന്റെ ഭാര്യയെ രക്ഷിച്ച കഥയാണ്. ആ കഥ ഞാന്‍ പറ യാം. കേള്‍ക്കുക:
പണ്ട് ദേവശര്‍മ്മാവ് എന്നു പേരായി വിശ്രുതനായ ഒമു മഹര്‍ഷിയുണ്ടായിരുന്നു. അവന് രുചി എന്നു പേരായ ഭാര്യയുണ്ടായിരുന്നു. അഴകില്‍ അവള്‍ക്കു തുല്യയായ ഒരു സ്ത്രീയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അവളുടെ അഴകു കണ്ട് ദേവന്മാരും, ഗന്ധര്‍വ്വന്മാരും ദാനവരും മോഹിച്ചു പോയി. വിശേഷിച്ചു രാജാവേ, വൃത്രഘ്നനായ ദേവേന്ദ്രന്‍ അവളില്‍ മോഹിതനായി.
ദേവശര്‍മ്മ മഹാമുനി സ്ത്രീഹൃദയം നല്ലപോലെ മനസ്സിലാക്കിയ നാരീചരിത വിജ്ഞനാണ്. അവന്‍ യഥാശക്തി, യഥോത്സാഹം, തന്റെ ഭാര്യയെ പര പുരുഷന്മാരില്‍ നിന്ന് സൂക്ഷിച്ചു പോന്നു. ശക്രന്‍ പരസ്ത്രീ ലോലനാണെന്നുളള കഥ അദ്ദേഹത്തിന് അറിയുകയും ചെയ്യാം. അതുകൊണ്ട് അവന്‍ അവന്റെ ഭാര്യയെ ബലമായി കാത്തു രക്ഷിച്ചു പോന്നു.
ഒരുദിവസം ഒരു യജ്ഞം ചെയ്യേണ്ടതായ കാര്യം വന്നു ചേര്‍ന്നു. അവന്‍ ചിന്തിക്കുകയായി, സുന്ദരിയായ ഭാര്യയെ എങ്ങനെയാണ് സൂക്ഷിക്കുക? രക്ഷാവിധാനങ്ങളൊക്കെ മനസ്സില്‍ ധരിച്ചു കണ്ടുവെച്ചവനായ തപോധനന്‍ തന്റെ ഇഷ്ടശിഷ്യനും, ഭൃഗുവംശത്തില്‍ പിറന്നവനുമായ വിപുലന്‍ എന്ന ശിഷ്യനെ വിളിച്ചു പറഞ്ഞു.
ദേവശര്‍മ്മാവ് പറഞ്ഞു: ഉണ്ണീ, ഞാന്‍ യജ്ഞം ചെയ്യുവാന്‍ ശ്രമിക്കുകയാണ്. യജ്ഞം കഴിഞ്ഞ് ഉടനെ വരാം. ശക്രന്‍ രുചിയെ കാമിക്കുന്നുണ്ട്. എപ്പോഴും അവളില്‍ ആശയോടെയാണ് കഴിയുന്നത്. നീ നിന്റെ കഴിവുപോലെ അവളെ രക്ഷിക്കണം. നീ ദേവരാജാവിനെ അടുപ്പിക്കാതെ കരുതലോടെ നില്ക്കണം. ഭൃഗുസത്തമാ, പല മായാവിദ്യകളും അവന്നറിയാം. അതുകൊണ്ട് അവന്‍ പല വേഷവുമെടുത്തു വരും. എന്ന് ഗുരു പറഞ്ഞപ്പോള്‍ തപസ്വിയും, നിയതേന്ദ്രിയനും, നിതൃവും ഉഗ്രതപസ്സു ചെയ്യുന്നവനും, അഗ്നിതുല്യനും, ധര്‍മ്മജ്ഞനും, സത്യവാക്കുമായ ശിഷ്യന്‍ അങ്ങനെയാകാം എന്ന് ഏറ്റു പറഞ്ഞു. പിന്നെ ഗുരു പോകാനായി ഒരുങ്ങി നിന്നപ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു:
വിപുലന്‍ ചോദിച്ചു; ഗുരോ, വന്നെത്തുന്ന ഇന്ദ്രന് എന്തൊക്കെ വേഷം അറിയാം? അവന്റെ വപുസ്സും തേജസ്സും എന്തു മാതിരിയാണെന്ന് വിവരിച്ചു തരണേ!
ഭീഷ്മന്‍ പറഞ്ഞും: മഹാത്മാവായ വിപുലനോട് അപ്പോള്‍ ഭഗവാനായ മുനി ശക്രന്റെ മായയെപ്പറ്റി യഥാതത്വം എല്ലാം പറഞ്ഞു കൊടുത്തു ഭാരതാ!
ദേവശര്‍മ്മാവ് പറഞ്ഞു: അല്ലയോ വിപ്രര്‍ഷേ. ഭഗവാന്‍ പാകശാസനന്‍ വലിയ മായാവിയാണ്. അതാതു തഞ്ചത്തിന്ന് പല വേഷവും മാറിമാറിയെടുക്കും. കിരീടിയും, വജ്രിയും, മകുടിയുമായ വാസവന്‍ കുണ്ഡലം കൊണ്ടു ശോഭിക്കുന്നവനാണ്. അവന്‍ ഒരു മുഹൂര്‍ത്തം കൊണ്ട് ചണ്ഡാലാകൃതിയെടുക്കും. ശിഖിയാകും, ജടിയാകും, ചീരവസ്ത്രം ധരി ച്ചവനാകും പുത്രകാ! വലിയ കുറ്റന്‍ ദേഹമുളളവനാകും, കൃശനായ ചീരവസ്ത്രധാരിയാകും, വെളുത്തവനാകും, കറുത്തവനാകും, പിന്നെ വ്യദ്ധനാകും, ബ്രാഹ്മണനാകും, ക്ഷത്രിയനാകും, വൈശ്യനാകും, ശൂദ്രനാകും, പ്രതിലോമനാകും, ഇങ്ങനെ പല വേഷവും ശതക്രതുവെടുക്കും! അരയന്നം, കാക്ക, കിളി, കുയില്‍ ഇമ്മാതിരിയുള്ള വേഷവുമെടുക്കും; ആന, സിംഹം, പുലി ഇവയുടെ രൂപവുമെടുക്കും. ദൈവം, ദൈത്യം, രാജകീയം എന്നീവിധമുള്ള ദേഹവുമെടുക്കും. അകൃശന്‍, ശകുനാകൃതി (പക്ഷിരുപന്‍), നാല്ക്കാലി ഇങ്ങനെ ബാലിശനായ അവന്‍ പല രൂപവുമെടുക്കും. കൊതുക്, ഈച്ച ഇവയുടെ രൂപവുമെടുക്കും. അവനെ പിടിക്കുവാന്‍ ഹേ വിപുലാ! ആര്‍ക്കും പറ്റുകയില്ല ഉണ്ണീ, വിശ്വം സൃഷ്ടിച്ച വിശ്വകൃത്തിന് പോലും കഴിയുന്നതല്ല. ഇന്ദ്രന്‍ ചിലപ്പോള്‍ മറഞ്ഞെന്നു തോന്നും. അപ്പോള്‍ അവന്‍ കാറ്റായി നില്ക്കും; പിന്നെ ദേവരാജാവായും വരും.
ഇപ്രകാരം പല രൂപങ്ങളും പാകശാസനനെടുക്കും. അതുകൊണ്ട് ഹേ വിപുലാ! നീ ഈ സുമദ്ധ്യയെ പണി പ്പെട്ടു കാത്തു കൊള്ളുക. രുചിയെ ദേവരാജാവ് തൊടാത്ത വിധം നീ കാക്കണം ഭൃഗുസത്തമാ! യജ്ഞത്തിന് വെച്ച ഹവ്യം ദുഷ്ടനായ നായ വന്ന് നക്കാതെ നോക്കണം.
ഭീഷ്മൻ പറഞ്ഞു: എന്നു പറഞ്ഞ് ദേവശര്‍മ്മാവു മഹര്‍ഷി യജ്ഞത്തിന് പോയി രാജാവേ! വിപുലന്‍ ഗുരുവിന്റെ വാക്കുകേട്ട് ചിന്തയില്‍ മുഴുകി. ബലവാനായ ഇന്ദ്രനില്‍ നിന്ന് രക്ഷ ചെയ്യുവാനുള്ള മാര്‍ഗ്ഗവും ചിന്തിച്ചുറച്ചു. ഗുരുവിന്റെ ഭാര്യയെ രക്ഷിക്കാന്‍ ഞാന്‍ എന്തുവേണം! മായാവിയായ ദേവേന്ദ്രന്‍ ദുര്‍ദ്ധര്‍ഷനും വീര്യവാനുമാണ്. ആശ്രമത്തെ മറയ്ക്കാതെ പാകശാസനനില്‍ നിന്ന് രക്ഷ കിട്ടാന്‍ വിഷമമാണ്. ഉടജത്തിന്നുളളിലാക്കി വാതിലടച്ചിട്ടതു കൊണ്ടും ശക്രനെ സംബന്ധിച്ചിടത്തോളം ഞാന്‍ കാര്യസാദ്ധ്യം കാണുന്നില്ല. ശക്രന്‍ കാറ്റായി വന്നിട്ടും ഗുരുപത്നിയെ പ്രാപിച്ചേക്കും. അതുകൊണ്ട് രുചിയില്‍ ഞാന്‍ ആവേശിച്ച് അവളെ രക്ഷിക്കാം. അതേ ഒരു വഴി കാണുന്നുള്ളു. അതല്ലാതെ പൌരുഷം കൊണ്ടു രക്ഷിക്കാന്‍ പറ്റിയവളല്ല ഇവള്‍. ഭഗവാന്‍ പാകശാസനന്‍ നാനാരുപവുമെടുക്കുന്ന വലിയ മായാവിയാണെന്നു പ്രസിദ്ധിയുണ്ട്. അങ്ങനെയിരിക്കെ ഞാന്‍ യോഗബലമെടുത്ത് രുചിയില്‍ ആവേശിച്ച് അവളെ സാംരക്ഷിച്ചു കളയാം. എന്റെ മെയ്യാല്‍ ഞാന്‍ അവളുടെ മെയ്യില്‍ പ്രവേശിച്ച് അവളെ കാത്തുകൊളളാം. സുന്ദരിയായ ഇവള്‍ അന്യന്‍ ഭുജിച്ച ഉച്ഛിഷ്ടമായി മുനി കണ്ടാല്‍ തീര്‍ച്ചയായും ദിവ്യജ്ഞാനനായ തപോനിധി ശപിക്കും. മനുഷ്യര്‍ മറ്റു സ്ത്രീകളെ സംരക്ഷിക്കുന്ന മാതിരി അത്ര പ്രയാസം കൂടാതെ സംരക്ഷിക്കാവുന്നവളല്ല ഇവള്‍. മായാവിയാണല്ലോ ദേവേന്ദ്രന്‍. അമ്പോ? ഇനി എന്തുചെയ്യും? കാര്യം വിഷമത്തിലായല്ലോ. ഗുരുവിന്റെ കല്പന നിര്‍വ്വഹിച്ചേ പറ്റൂ. അങ്ങനെ ഞാന്‍ ഗുരുകല്പന നിര്‍വ്വഹിച്ചാലോ അതു വലിയ ഒരത്ഭുതം ഞാന്‍ പ്രവര്‍ത്തിച്ചതായിത്തീരും.
ഗുരുപത്നിയുടെ ശരീരത്തില്‍ യോഗം കൊണ്ടുള്ള പ്രവേശനം എന്ന അത്ഭുതകൃത്യം ചെയ്യുക തന്നെ. ഞാന്‍ ശ്രദ്ധയോടെ സക്തിയില്ലാത്തവനായി, നിര്‍വ്വികാരനായി അവളില്‍ വസിക്കും. താമരയിലയില്‍ വസിക്കുന്ന നീര്‍ത്തുള്ളി പോലെ, ഇലയില്‍ വസിച്ച് ഇലയില്‍ സ്പര്‍ശിച്ചാലും ഇലയുമായി ഒട്ടാതെ, സക്തനാകാതെ നില്ക്കുന്ന ജലബിന്ദു പോലെ, ചലിച്ചാലും അസക്തനായി ഞാന്‍ അവളില്‍ സ്ഥിതി ചെയ്യും. രജോരൂപം വിട്ടവനായ എനിക്ക് അത് ഒരിക്കലും അപരാധമായി വരികയുമില്ല. വഴിയില്‍ ശൂനൃമായ സത്രത്തില്‍ ഒരു പാന്ഥന്‍ പാര്‍ക്കുന്നത് എപ്രകാരമോ, അപ്രകാരം ഗുരുപത്നിയുടെ ശരീരത്തില്‍ ഞാന്‍ പാര്‍ത്തു കൊളളാം.
ഇപ്രകാരം ഇവളുടെ, ശരീരത്തില്‍ ഞാന്‍ സശ്രദ്ധം പാര്‍ത്തു കൊളളാം. എന്നു ചിന്തിച്ച് വേദങ്ങളായ വേദങ്ങളിലെല്ലാം നോക്കി സംശയം തീര്‍ത്ത്, ധര്‍മ്മം ചിന്തിച്ച് ഗുരുവിനും തനിക്കും ബാധിച്ച വമ്പിച്ച ദുഃഖത്തെ ചിന്തിച്ച്, മനസ്സാല്‍ ഇത്തരത്തില്‍ രക്ഷയ്ക്കുറച്ച ഭാര്‍ഗ്ഗവന്‍ പണിപ്പെട്ടു ചെയ്ത യജ്ഞത്തെപ്പറ്റി രാജാവേ, കേട്ടാലും! ഞാന്‍ പറയാം. തപസ്വിയായ വിപുലന്‍ ആ സുന്ദരിയുടെ അടുത്തിരുന്ന് ഗുരുപത്നിയെ യഥാര്‍ത്ഥമായ മട്ടില്‍ ഉത്സുകയാക്കി, അവളെ നേരെനിര്‍ത്തി അവന്റെ കണ്ണിന്റെ രശ്മി അവളുടെ കണ്ണിന്റെ രശ്മിയില്‍ ചേര്‍ത്തുനിര്‍ത്തി അങ്ങനെ അവളില്‍ വാനില്‍ കാറ്റ് എന്നപോലെ പ്രവേശിച്ചു. ലക്ഷണം ലക്ഷണം കൊണ്ടും, ആനനം ആനനം കൊണ്ടും ഇളകാതെ നിഴല്‍ പോലെ നിര്‍ത്തി മുനി അന്തര്‍ഹിതാത്മാവായി വാണു. പിന്നെ വിപുലന്‍ ഗുരുപത്നിയുടെ ശരീരം നിറുത്തി അവളുടെ രക്ഷയ്ക്ക് അവളില്‍ വാണു. അവന്‍ തന്റെ ഉളളില്‍ ആവേശിച്ചു കടന്നു കൂടിയ വിവരം അവള്‍ അറിഞ്ഞതുമില്ല. ആ മഹാത്മാവായ ഗുരു, യജ്ഞം കഴിഞ്ഞ് ഗൃഹത്തിലേക്കു മടങ്ങി വരുന്നതു വരെ, അപ്രകാരം അവന്‍ അവളെ സംരക്ഷിച്ചു.
41. വിപുലോപാഖ്യാനം - ഇന്ദ്രന്‍ ദേവശര്‍മ്മാവിന്റെ ഭാര്യയായ രുചിയെ പ്രലോഭിപ്പിക്കുന്ന കഥ - ഭീഷ്മൻ പറഞ്ഞു: അങ്ങനെയിരിക്കെ ഒരുദിവസം ദേവേന്ദ്രൻ ദിവ്യരൂപമായ ശരീരം കൈക്കൊണ്ട്, ഇതു നല്ല തക്കമാണെന്നു ചിന്തിച്ച്, ആശ്രമത്തിലെത്തി. അവന്റെ രൂപം കണ്ടാല്‍ ഏതു സ്ത്രീയും കൊതിച്ചു പോകും. കാണേണ്ടുന്ന മനോഹര രൂപത്തോടെ അവന്‍ ആശ്രമത്തില്‍ കടന്നു ചെന്നു. അവന്‍ അകത്തു കടന്നപ്പോള്‍ അവിടെ ഇരിക്കുന്ന വിപുലന്റെ ദേഹം കണ്ടു. യാതൊരു ചേഷ്ടയും കൂടാതെ സ്തബ്ധനേത്രനായി ചിത്രത്തില്‍ എഴുതപ്പെട്ട മാതിരി കാണപ്പെട്ടു. അവന്റെ എതിരായി ഇരിക്കുന്ന ആ സുന്ദരിയേയും കണ്ടു. നിതംബം കനത്തവളും, കൊങ്കകള്‍ തടിച്ചവളും, നീലോല്പലമിഴിയും, സര്‍വ്വാംഗ സുന്ദരിയുമായ രുചിയെ, ആ താമരനേത്രയായ പൂര്‍ണ്ണ ചന്ദ്രമുഖിയെ അവന്‍ കണ്ടു. ഇന്ദ്രനെ കണ്ട ഉടനെ അവള്‍ എഴുന്നേല്ക്കാൻ ഭാവിച്ചെങ്കിലും അവള്‍ക്ക് അതിന് കഴിഞ്ഞില്ല. മനോഹരമായ രൂപം കണ്ട് അവള്‍ അത്ഭുതപ്പെട്ടു. "അങ്ങ് ആരാണ്?", എന്നു ചോദിക്കുവാന്‍ അവള്‍ വിചാരിച്ചു, കഴിഞ്ഞില്ല. എഴുന്നേല്ക്കാന്‍ ഭാവിച്ചെങ്കിലും വിപുലനാല്‍ തടയപ്പെട്ട അവള്‍, നിഗൃഹീതാംഗിയായ അവള്‍, അനങ്ങുവാന്‍ പോലും ശക്തയായില്ല രാജാവേ! അവളോട് ഇന്ദ്രന്‍ സാമമായി, ഭംഗിയായി, ഇപ്രകാരം പറഞ്ഞു:
അല്ലയോ സുന്ദരീ ശുചിസ്മിതേ! നിന്നെ കൊതിച്ചു വന്നവനാണ് ഞാന്‍. ദേവേന്ദ്രനാണ് ഞാന്‍. നിന്നെ മനസ്സില്‍ വിചാരിച്ചത് കൊണ്ട് കാമദേവന്‍ എന്റെ മനസ്സില്‍ വന്നുയര്‍ന്ന് എന്നെ പീഡിപ്പിക്കുന്നു. അതു കൊണ്ടാണ് ഈ തക്കംനോക്കി ശുചിസ്മിതേ, സുന്ദരീ, ഞാന്‍ നിന്റെ സമീപത്തെത്തിയത്. അതുകൊണ്ട് ഇനി വൈകരുത്. സമയം തെറ്റിക്കരുത്. ഇപ്രകാരം ഇന്ദ്രന്‍ മന്ത്രിക്കുന്നത് വിപുലന്‍ എന്ന ആ മുനി കേട്ടു. ഗുരുപത്നിയുടെ ശരീരത്തില്‍ സത്വം കൊണ്ടു വസിക്കുന്ന അവന്‍ ദേവാധിരാജാവിനെ കണ്ടു. മാന്യയായ അവള്‍ ദേവാധിരാജനെ എതിരേല്ക്കുവാനാകട്ടെ, ഒന്നും മിണ്ടുവാനാകട്ടെ, ശക്തയായില്ല. അവള്‍ വിപുലനാല്‍ നിയന്ത്രിതയായിരുന്നു. ഗുരുപത്നിയുടെ ഭാവം എന്തെന്ന് ആ ഭൃഗുദ്വഹന്‍ അറിഞ്ഞു. തേജസ്വിയായ അവന്‍ യോഗം കൊണ്ടു ദൃഢമായി തടഞ്ഞു. അവളുടെ ഇന്ദ്രിയങ്ങളെ വിപുലന്‍ യോഗബന്ധംകൊണ്ടു ബന്ധിച്ചു. ശപീപതി പ്രലോഭിപ്പിച്ചിട്ടും അവള്‍ ചലിച്ചില്ല. അവള്‍ നിര്‍വ്വികാരയായി ഇരിക്കുന്നതായി ശചീപതിയായ ഇന്ദ്രന്‍ കണ്ടു. യോഗമോഹിതയായ അവളോട് ഇന്ദ്രന്‍ ലജ്ജയോടെ പറഞ്ഞു: "വരൂ! വരൂ! സുന്ദരീ, എന്റെ അരികില്‍ വരു!". ഇതു കേട്ട് അവള്‍ ഉടനെ ഇന്ദ്രനെ സ്വാഗതം ചെയ്യുവാനും അനുകൂലം പറയുവാനും ഉദ്ദേശിച്ചെങ്കിലും വിപുലന്‍ ഉളളിലിരുന്ന് അവളുടെ വാക്കു തടഞ്ഞു മറ്റൊരു രൂപത്തിലാക്കി. അങ്ങനെ അവള്‍ വിചാരിച്ചതിന് എതിരായി അവളുടെ വാക്ക്: "എടോ സഹസ്രാക്ഷാ, നീ ഈ അവസരത്തില്‍ എന്തിനിവിടെ വന്നു?". പൂര്‍ണ്ണചന്ദ്രനൊക്കുന്ന അവളുടെ മുഖത്തു നിന്ന് വീണാനാദം പോലെ മനോഹരമായ വാക്കു പുറപ്പെട്ടു. അവള്‍ ലജ്ജിച്ചു പരാധീനയായി നിന്നു. അവിടെ നില്ക്കുന്ന ഇന്ദ്രന് ഒന്നും പറ്റാതായി. അവന്‍ ബുദ്ധികെട്ടവനായി.
അവളുടെ മുഖത്തു നിന്ന് പുറപ്പെട്ട വാക്ക് ഉച്ചാരണ ശുദ്ധിയോടു കൂടിയ നല്ല സംസ്കൃത പദങ്ങളായിരുന്നു. വ്യാകരണ ശുദ്ധിയോടെയാണ് ഉച്ചരിച്ചത്. സ്ത്രീകള്‍ ശുദ്ധസംസ്കൃതം ഉച്ചരിക്കാറില്ല. പ്രാകൃതമായ പദങ്ങളേ ഉച്ചരിക്കാറുള്ളൂ. അവളുടെ ചുണ്ടില്‍ നിന്ന് പുറപ്പെട്ട പദത്തില്‍ ഇന്ദ്രന്‍ അത്ഭുതപ്പെടുകയും സഹസ്രാക്ഷനായ അവന്‍ കാര്യം മുഴുവന്‍ നോക്കിയറിയുകയും ചെയ്തു. വിപുലന്റെ ഭാഷയില്‍ സംസാരിച്ച അവളുടെ ഉള്ളിലിരിക്കുന്ന വിപുലനെ ഇന്ദ്രന്‍ ദിവ്യദൃഷ്ടി കൊണ്ടു നോക്കികണ്ടു. കണ്ണാടിയില്‍ ഛായ എന്ന പോലെ ഗുരുവിന്റെ ഭാര്യയുടെ ഉള്ളില്‍ ആ തീവ്ര തപസ്വിയായ വിപുലനെ പുരന്ദരന്‍ കണ്ടു. ഇന്ദ്രന്‍ ഭയപ്പെട്ടു വിറച്ചുപോയി. ഇവന്‍ നമ്മെ ശപിച്ചേക്കുമോ? എന്ന് ഇന്ദ്രന്‍ ഭയപ്പെട്ടു. തപോനിധിയായ വിപുലന്‍ ഗുരുപത്നിയെ വിട്ട് തന്റെ ദേഹത്തില്‍ തന്നെ പ്രവേശിച്ച് ഭയചകിതനായ ഇന്ദ്രനോടു പറഞ്ഞു.
വിപുലന്‍ പറഞ്ഞു; അല്ലയോ അജിതേന്ദ്രിയാ, ദുര്‍ബുദ്ധേ, പാപാശയനായ പുരന്ദരാ! ഈ നിലയിലായ നിന്നെ ചിരകാലം ദേവന്മാരും മനുഷ്യരും പൂജിക്കുകയില്ല. എടോ ശ്രക്രാ! കഴിഞ്ഞതൊക്കെ നീ മറന്നോ? പണ്ട് നീ ചെയ്തതെല്ലാം നിന്റെ ഉള്ളിലില്ലേ? നീ പണ്ട് ഗൗതമന്റെ ഭാര്യയുടെ അടുത്തു രഹസ്യത്തിന് പോയതും, മുനി അതറിഞ്ഞു നിന്നെ ശപിച്ചതും നീ മറന്നു പോയോ? ദേഹത്തിലൊക്കെ ആയിരം ഭഗങ്ങളാക്കിയല്ലേ ഗൗതമന്‍ നിന്നെ വിട്ടയച്ചത്? പിന്നെയല്ലേ അത് ആയിരം കണ്ണുകളായി മാറ്റപ്പെട്ടതും, നീ സഹസ്രാക്ഷനായതും? നീ അകൃതാത്മാവും, അസ്ഥിരനും, മഹാവിഡ്ഡിയുമാണെന്നു ഞാന്‍ അറിയു ന്നു. എടോ മൂഢാ, ഞാന്‍ ഇവളെ കാക്കുവാന്‍ തന്നെ തീരു മാനിച്ചു. എടോ പാപീ, നീ വന്ന വഴിക്കു തന്നെ പോവുക! മൂഢാ! നിന്നെ ജീവനോടെ ചൂട്ടുകളയേണ്ടവനാണ്. ഞാന്‍ എന്റെ തേജസ്സ് അതിന് ഉപയോഗിക്കുന്നില്ല വാസവാ! പാപിയായ നിന്നെ ധീമാനായ എന്റെ ഗുരു, ഏറ്റവും ഘോരനായ ഗുരു, കണ്ടാല്‍ ഉടനെ ദഹിപ്പിച്ചു കളയും. അദ്ദേഹം വിവരം അറിഞ്ഞാല്‍ ക്രോധം കൊണ്ടു കത്തിജ്ജ്വലിക്കുന്ന ദൃഷ്ടിയാല്‍ നിന്നെ നോക്കി ദഹിപ്പിച്ചു കളയും. എടോ ശക്രാ! നീ മേലാല്‍ ഇങ്ങനെ ചെയ്യരുത്. ബ്രാഹ്മണര്‍ മാന്യരാണ്. ബ്രഹ്മബലത്തോട് എതിര്‍ത്തു നീ പുത്രാമര്‍ ത്ത്യരോടൊപ്പം നശിച്ചുപോകാതിരിക്കുവാന്‍ കരുതിയിരു ന്നുകൊളളുക! ഞാന്‍ ഇന്ദ്രനാണ് എന്ന അഹങ്കാരംകൊ ണ്ടു നീ ഈവക പണിക്കൊരുങ്ങുന്നു. നീ നിന്ന്ദിക്കേണ്ട. തപസ്സു കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല.
ഭീഷ്മൻ പറഞ്ഞു: വമ്പനായ വിപുലന്‍ പറഞ്ഞതു കേട്ടിട്ട് വാസവന്‍ നാണിച്ച് ഒന്നും മിണ്ടാതെ അവിടെത്തന്നെ മറഞ്ഞു പോയി. അവന്‍ പോയിക്കഴിഞ്ഞ് കുറച്ചു സമയം ചെന്നപ്പോള്‍ ദേവശര്‍മ്മാവായ തപോധനന്‍ യഥേഷ്ടം യാഗം അവസാനിപ്പിച്ച് സ്വന്തം ആശ്രമത്തിലെത്തി. ഗുരു വന്ന സമയത്ത് പ്രിയം ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠനായ വിപുലന്‍ മാന്യയായ ഭാര്യയെ കാത്തു രക്ഷിച്ച കഥ മുനിയോടു പറഞ്ഞു. ശാന്തനായ, ഗുരുവത്സലനായ ശിഷ്യ ന്‍ ഗുരുവിനെ അഭിവാദ്യം ചെയ്ത് മുമ്പത്തെ മാതിരി തന്നെ ഉപാസിച്ച്, തളര്‍ച്ച തീര്‍ന്നതിന് ശേഷം ഭാര്യയോടു കൂടി ഇരിക്കുന്ന സന്ദര്‍ഭത്തിലാണ് ശക്രന്‍ വന്നതും സംസാരിച്ചു വിട്ടതുമായ കഥ ഗുരുവിനോട് പറഞ്ഞത്. ഇതുകേട്ടു വിപുലനില്‍ പ്രതാപിയായ മുനി സന്തുഷ്ടനായി. തപസ്സുകൊണ്ടും, നിയമംകൊണ്ടും, ശീലവൃത്തങ്ങള്‍ കൊണ്ടും, വിപുലന്റെ ഗുരുവൃത്തിയും, ഭക്തിയും, ധര്‍മ്മത്തിലുള്ള നിഷ്ഠയും കണ്ട് പ്രഭുവായ ഋഷി അവനെ അഭിനന്ദിച്ച് "നന്ന് നന്ന്" എന്നു പറഞ്ഞു. വിവരമെല്ലാം അറിഞ്ഞപ്പോള്‍ ധര്‍മ്മാത്മാവായ ഋഷി, ദേവശര്‍മ്മന്‍, ശിഷ്യനോട് വരം ചോദിച്ചു കൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഗുരുപ്രിയനായ അവന്‍ അദ്ദേഹത്തില്‍ നിന്ന് ധര്‍മ്മത്തില്‍ നിഷ്ഠയുണ്ടാകണം എന്നു വരം വാങ്ങി. പിന്നെ ഗുരുവിന്റെ സമ്മതത്തോടെ മുഖ്യമായ തപസ്സില്‍ ഏര്‍പ്പെട്ടു. അപ്രകാരം തപോനിധിയായ ദേവശര്‍മ്മാവും ഭാര്യയോടു കൂടി വിജനമായ കാട്ടില്‍ വൃത്രാരിയെ ഭയപ്പെടാതെ വസിച്ചു.
42. വിപുലോപാഖ്യാനം - വിപുലന്‍ ഗുരുപത്നി സ്പര്‍ശം മൂലം പാപിയാണെന്ന അപവാദം - ഭീഷ്മൻ പറഞ്ഞു: വിപുലന്‍ ഗുരുവാക്യം അനുഷ്ഠിച്ച് തീവ്രമായ തപസ്സു ചെയ്തു. ഞാന്‍ തപസ്വിയായി എന്നു വീര്യവാൻ ചിന്തിച്ചു. താന്‍ ചെയ്ത തപസ്സ് വലുതാണെന്നും, താന്‍ വലിയ തപോധനനായി തീര്‍ന്നിരിക്കുന്നു എന്നും ഒരഭിമാനം വിപുലന് ഉള്ളില്‍ തോന്നി. അവന്‍ നിര്‍ഭയനായും, ധീരനായും, പ്രീതനായും, കീര്‍ത്തിമാന്മാരില്‍ പ്രവരനായും എങ്ങും ചുറ്റിസ്സഞ്ചരിച്ചു രാജാവേ! പ്രഭുവായിത്തീര്‍ന്ന അവന്‍ ഭൂമിയും സ്വര്‍ഗ്ഗവും നേടിയെന്നും വിചാരിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം, രുചിയുടെ സഹോദരിയുടെ വിവാഹം ധാന്യധനങ്ങളോടെ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ദിവ്യയായ ഒരു വരാംഗന, സൌന്ദര്യത്തില്‍ മികച്ച ഒരു സ്ത്രീ, ആകാശത്തു കൂടി വിമാനത്തില്‍ പോവുകയായിരുന്നു. അവളുടെ മെയ്യില്‍ നിന്ന് പുഷ്പങ്ങള്‍ ഭൂമിയില്‍ വീണു. ആശ്രമ പ്രദേശത്തു ദിവ്യഗന്ധം പരന്നു. അവ കൈയിലെടുത്തു ലളിതേക്ഷണയായ രുചി നില്ക്കെ, ആ സന്ദര്‍ഭത്തില്‍ അംഗരാജ്യത്തു നിന്ന് ഒരാള്‍ വിവാഹത്തിന് ക്ഷണിക്കുവാന്‍ അവിടെയെത്തി. രുചിയുടെ ജ്യഷ്ഠത്തിയായ പ്രഭാവതി അംഗരാജാവായ ചിത്രരഥന്റെ ഭാര്യയാണ്. വരവര്‍ണ്ണിനിയായ രുചി ക്ഷണം സ്വീകരിച്ച്, തന്റെ കൈയില്‍ വന്നു ചേര്‍ന്ന ആ സുഗന്ധ പുഷ്പം മുടിയിലണിഞ്ഞ് അംഗരാജ്യത്തേക്കു പോയി. അംഗരാജാവിന്റെ ഗൃഹത്തിലെത്തി.
അംഗരാജാവിന്റെ പട്ടമഹിഷി ഈ പുഷ്പം നോക്കി ക്കണ്ടു. ചാരുനേത്രയായ അവള്‍ സഹോദരിയോട് ഈ പൂവ് ലഭിക്കുവാന്‍ പ്രേരണ ചെയ്തു. രുചിരാനനയായ രുചി തന്റെ ഭര്‍ത്താവിനോട് പുവ് ലഭിക്കുവാനുള്ള കാര്യമെല്ലാം പറഞ്ഞു. അവളുടെ സഹോദരിയുടെ അഭ്യര്‍ത്ഥന നിറവേറ്റാന്‍ ശ്രമിക്കാമെന്ന് മുനിയും പറഞ്ഞു. ഉടനെ ദേവശര്‍മ്മ എന്ന ആ മുനി തന്റെ ശിഷ്യനായ വിപുലനെ വരുത്തി പൂവിന് വേണ്ടി പ്രേരിപ്പിക്കുകയും ഉടനെ "പോവുക പോവുക"യെന്നു കല്പിക്കുകയും ചെയ്തു ഭാരതാ! വിപുലന്‍ ഗുരുവിന്റെ കല്പന ശിരസാവഹിച്ചു കൊണ്ടുവരാമെന്നേറ്റു പറഞ്ഞ് ആ ദേശത്തിലെത്തി രാജാവേ! ഏതു ദേശത്തിലാണോ ആകാശത്തില്‍ നിന്ന് ആ പുഷ്പം വീണത് അവിടെ ചെന്നപ്പോള്‍ വാടാത്ത പുഷ്പങ്ങള്‍ വീണു കിടക്കുന്നതായി കണ്ടു. ദിവ്യങ്ങളും ഭംഗിയേറിയതുമായ ആ പുഷ്പങ്ങള്‍ ഉടനെ വിപുലന്‍ കൈയിലെടുത്തു. തന്റെ തപനസ്സു മൂലം സിദ്ധിച്ച ആ പുഷ്പങ്ങള്‍ ദിവ്യഗന്ധങ്ങളായിരുന്നു ഭാരതാ!
ആ പുഷ്പങ്ങള്‍ കൈയില്‍ വെച്ച് അവന്‍ നടന്നു. ഗുരുവിന്റെ കല്പന കാത്ത് അവന്‍ ചനമ്പക പുഷ്പങ്ങള്‍ നിറഞ്ഞ ചമ്പാപുരിയില്‍ പ്രവേശിച്ചു. നിര്‍ജ്ജനമായ ആ കാട്ടില്‍ അവന്‍ രണ്ടു പേരെ കണ്ടു. കൈകൊണ്ടു കൈ തമ്മില്‍പ്പിടിച്ചു ചക്രം കറങ്ങുന്ന രണ്ടു പേരെയാണ് വിപുലന്‍ കണ്ടത്. അതില്‍വെച്ച് ഒരുത്തന്‍ വേഗം ചുറ്റുകയും, മറ്റേവന്‍ വേഗം ചുററാതിരിക്കുകയും ചെയ്യുകയാല്‍ ഒരു കലഹവാദമുണ്ടായി; "നീ വേഗം ചുറ്റുന്നു" എന്ന് ഒരുത്തന്‍; "നീ പോകുന്നില്ല" എന്ന് മറ്റേവനും. അങ്ങനെ അവര്‍ തമ്മില്‍ വഴക്കായി. അവര്‍ തമ്മില്‍ ശപഥമായി. അതില്‍ വിപുലനായിരുന്നു ശപഥത്തിന് മാനദണ്ഡം. നമ്മളില്‍ ആരാണോ നുണ പറഞ്ഞത്, അവന് ദ്വിജനായ വിപുലന് പരലോകത്തില്‍ കിട്ടുന്ന ഗതി കിട്ടട്ടെ! ഇവരുടെ ശപഥവാക്യം കേട്ടപ്പോള്‍ വിപുലന് വലിയ വ്യസനം തോന്നി. അവന്‍ വിഷണ്ണമുഖനായി തന്നത്താന്‍ പറഞ്ഞു: "ഞാന്‍ ഇത്ര കഷ്ടപ്പെട്ടു തപസ്സു ചെയ്തിട്ടും എനിക്കു കിട്ടാന്‍ പോകുന്നതു നരകമാണോ? കഷ്ടം! ഈ തപസ്സു കൊണ്ട് എന്താണു കാര്യം? ഈ അധോഗതി എനിക്കു വന്നു കൂടുവാന്‍ എന്തു കാരണം? ഈ രണ്ടു പേര്‍ക്കും ഞാന്‍ എന്തു തെറ്റുചെയ്തു? സര്‍വ്വഭൂതങ്ങള്‍ക്കും അനിഷ്ടമായ ഒരു നിലയില്‍ എത്തിയെന്നു പറയുവാന്‍ എന്തൊരു തെറ്റാണ് ഞാന്‍ ഈ കാണുന്ന രണ്ടു പേര്‍ക്കും ചെയ്തത്?". ഇപ്രകാരം വിപുലന്‍ ചിന്തിക്കുവാന്‍ തുടങ്ങി. അവന്‍ അവിടെനിന്ന് പിന്നെയും നടന്നു. അവന്‍ പോകുമ്പോള്‍ വഴിവക്കിലിരുന്ന്. സ്വര്‍ണ്ണംകൊണ്ടും വെള്ളി കൊണ്ടുമുണ്ടാക്കിയ ചൂതുകളെടുത്ത് ആറുപേര്‍ കളിക്കുന്നു. ആ ആറുപേരും മഹാലോഭികളും അമര്‍ഷവാന്മാരുമാണ്. അവരും മുമ്പ് വിപുലന്‍ കണ്ട രണ്ടു പേരെപ്പോലെ തന്നെ ശപഥം ചെയ്യുന്നതാണ് കേട്ടത്. "നമ്മളിലാരാണ് ദുര്‍മ്മോഹത്തോടെ കള്ളക്കളി കളിക്കുന്നത്. അവന്‍ പരലോകത്തു വിപുലന് കിട്ടുന്ന ഗതി നേടും". ഇതു കേട്ട വിപുലന്‍ വീണ്ടും ചിന്തിച്ചു: "ജന്മം മുതല്‍ ഇന്നേവരെ ഒരു ധര്‍മ്മസങ്കരവും ഞാന്‍ ചെയ്തിട്ടില്ല. പിന്നെ എന്താണ് ഇവര്‍ എന്നെക്കുറിച്ച് ഇങ്ങനെ അപവാദങ്ങള്‍ പറയുന്നത്?". ഇങ്ങനെ ചിന്തിച്ച് അല്ലയോ കുരുദ്വഹാ, അവന്‍ ധ്യാനത്തിലാണ്ടു. അവന്‍ അഗ്നിയില്‍പ്പെട്ട അഗ്നിപോലെയായി രാജാവേ! ഇപ്രകാരം ശാപംകേട്ട് ഹൃദയം വെന്തുരുകി. അങ്ങനെ അവന്‍ ചിന്തയിലാണ്ട് രാവും പകലും വളരെ നീങ്ങിപ്പോയി. അങ്ങനെ വിചാരിച്ചിരിക്കുമ്പോള്‍ അവന് ഒരു കാര്യം ഓര്‍മ്മ വന്നു.
രുചിയെ കാക്കുവാന്‍ ഗുരു തന്നെ ഏല്പിച്ചു പോയതും താനൊറ്റയ്ക്ക് അവളെ ഇന്ദ്രനില്‍ നിന്ന് സംരക്ഷിക്കുവാന്‍ ശ്രമിച്ചതും ഓര്‍മ്മ വന്നു: പുരുഷലിംഗം (സ്ത്രീയുടെ. ഭഗവുമായി ചേർന്നിടും സ്ത്രീയുടെ മുഖം പുരുഷനായ തന്റെ മുഖവുമായി ചേര്‍ന്നിട്ടും ആ സത്യമായ കാര്യം ഗുരുവിനോടു ഞാന്‍ പറഞ്ഞില്ല. ഇങ്ങനെ ഒരു തെറ്റ് പാവമായ വിപുലന്‍ തന്നിലുണ്ടെന്നു തന്നെ വിചാരിച്ചു.
അവന്‍ ചനമ്പാപുരിയില്‍ ചെന്ന് പൂക്കള്‍ ഗുരുവിന് നല്കി. ആ ഗുരുപ്രിയനായ വിപുലന്‍ ഗുരുവിനെ പുജിച്ചു.
43. വിപുലോപാഖ്യാനം - വിപുലനെപ്പോലെ സ്ത്രീകളെ കാത്തു സൂക്ഷിക്കുവാന്‍ ആര്‍ക്കും കഴികയില്ലെന്ന് ഭീഷ്മൻ പറയുന്നു - ഭീഷ്മൻ പറഞ്ഞു: ആ വന്ന ശിഷ്യനെ കണ്ട് തേജസ്വിയായ ദേവശര്‍മ്മാവ് ചോദിച്ചത് ഭവാന്‍ കേള്‍ക്കുക. രാജാവേ!
ദേവശര്‍മ്മാവു പറഞ്ഞു: അല്ലയോ വിപുലാ! വലിയ കാട്ടില്‍ വെച്ച് ശിഷ്യാ, നീയെന്താണ് കണ്ടത്? വിപുലാ, നിന്നെ അവരറിഞ്ഞില്ലേ? രുചിയെ സംരക്ഷിക്കാന്‍ നീ ചെയ്ത പ്രവൃത്തി എങ്ങനെയാണെന്ന് ഞാന്‍ അറിയുന്നുണ്ട്.
വിപുലന്‍ പറഞ്ഞു: ബ്രഹ്മര്‍ഷേ! ഞാന്‍ കണ്ട ആ രണ്ടുപേര്‍ ആരാണ്? പിന്നെ ആറു പേരെ കണ്ടതും ആരൊക്കെയാണ്? പ്രഭോ! അങ്ങ് ചോദിച്ച മാതിരി എന്നെ അവര്‍ നന്നായി അറിയുന്നു.
ദേവശര്‍മ്മാവ് പറഞ്ഞു; അല്ലയോ ബ്രാഹ്മണാ, നീ കണ്ട ആ ചുറ്റിക്കറങ്ങുന്ന രണ്ടു പേരില്ലേ, അവര്‍ രണ്ടു പേരും രാവും പകലും എന്നിവരാണ്. ചക്രം ചുറ്റുന്ന അവര്‍ നീ ചെയ്ത ദുഷ്കൃതം അറിയും. ഹര്‍ഷത്തോടെ ചൂത് കളിക്കുന്നവരായ ആ ആറു പേരുമുണ്ടല്ലോ, അവര്‍ ആരാണെന്നറിയാമോ? അവര്‍ ആറ് ഋതുക്കളാണ്. അവരും നീ ചെയ്ത ദുഷ്കൃതമറിയും. എന്നെ ആരും അറിയുകയില്ല എന്നു നീ വിശ്വസിക്കരുത്. മനുഷ്യന്‍ ആരും കാണാത്തിടത്ത് ആരും അറിഞ്ഞില്ലെന്ന ഭാവത്തില്‍ ചെയ്യുന്ന പാതകങ്ങളുണ്ടല്ലോ, അതും പാതകം തന്നെയാണ്. ആരും കണ്ടില്ലെങ്കില്‍ അതില്‍ പാപമില്ലെന്നു ധരിക്കരുത്. പാപം രഹസ്സില്‍ ചെയ്യുന്ന നരനും പാപി തന്നെ. അവന്‍ ചെയ്യുന്ന കര്‍മ്മവും പാപം തന്നെയാണ് ദ്വിജാ! രഹസ്യമായി പാപകര്‍മ്മം ചെയ്യുന്നവനെ എപ്പോഴും ഋതുക്കള്‍ അറിയും. അതുപോലെ രാവും പകലും അറിയും. അപ്രകാരം പാപം ചെയ്യുന്നവനുളള ലോകവും അവനു ലഭിക്കും. എനിക്ക് നീ ചെയ്തമാതിരി ചെയ്യുകയും അതു പുറത്തു പറയാതിരിക്കുകയും ചെയ്താല്‍ നിനക്ക് അതു കൊണ്ട് പാപമായ ഫലം സിദ്ധിക്കും. നീ ചെയ്ത കര്‍മ്മമെല്ലാം ഒന്നും മറച്ചുവെക്കാതെ എന്നോടു പറയേണ്ടതായിരുന്നു. അതു ചെയ്യാത്തത് മൂലം അവര്‍ നിന്നെ നോക്കി ചിരിക്കുകയാണു ചെയ്തത്. അതു നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയാണ് അവര്‍ പറഞ്ഞത്. അഹോരാത്രങ്ങളും ഋതുക്കളും സകലതും എപ്പോഴും അറിയും. പുരുഷന്‍ ചെയ്യുന്ന പാപവും പുരുഷന്‍ ചെയ്യുന്ന പുണ്യവും അവര്‍ ശരിക്കും അറിയുന്നുണ്ട്. നീ എന്നോട് ആ പാപകര്‍മ്മം, ഭയങ്കരമായ വ്യഭിചാരം, പറഞ്ഞില്ലെന്ന് അറിഞ്ഞവര്‍ നിന്നെ അത് അറിയിക്കുവാനാണ് പറഞ്ഞത്. ദ്വിജാ! അതു പറയാത്തവന് പാപം ചെയ്തവനെപ്പോലെ ഫലങ്ങളൊക്കെ ലഭിക്കും. എനിക്കു നീ ചെയ്ത മാതിരി ചെയ്തു, അതു പറയാതിരുന്നാല്‍ കിട്ടുന്ന ലോകം പാപികള്‍ക്കുള്ളതാണ്.
അല്ലയോ മഹീസുരാ, ദുര്‍വ്യത്തയായ സ്ത്രീയെ കാവല്‍ നിന്ന് കാക്കുന്നതില്‍ നീ സമര്‍ത്ഥനാണ്. നീ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഞാന്‍ അറിയുന്നുണ്ട്. അതില്‍ ഞാന്‍ നിന്നില്‍ തെളിയുന്നു, പ്രസാദിക്കുന്നു, വിപുലാ! അല്ലയോ ദ്വിജസത്തമാ, ഞാന്‍ നിന്നെ ദുര്‍വൃത്തനായി കണ്ടിരുന്നെങ്കില്‍ ക്രോധം കൊണ്ട് ഞാന്‍ നിന്നെ ശപിച്ചേനെ! അതില്‍ ഒട്ടും സംശയമില്ല. പെണ്ണ് ആണില്‍ തരം കിട്ടിയാല്‍ ചേരും. അത് ആണിനും വലിയ ഇഷ്ടമുള്ള കാര്യമാണ്. നീ മറ്റുവിധത്തിലാണു കാത്തതെങ്കില്‍, താല്ലര്യമുളള മാതിരിയാണ് കാത്തിരുന്നതെങ്കില്‍, തീര്‍ച്ചയായും എന്റെ ശാപത്തിന് നീ പാത്രമായേനെ! ഉണ്ണീ, നീ അവളെ രക്ഷിച്ചു. അതു നീ എന്നോട് അറിയിക്കുകയും ചെയ്തു. ഞാന്‍ തന്മൂലം നിന്നില്‍ പ്രസാദിക്കുന്നു. അതുകൊണ്ട് നീ സ്വസ്ഥനായി സ്വര്‍ഗ്ഗം പ്രാപിച്ചാലും! ഇപ്രകാരം ദേവശര്‍മ്മാവ് എന്ന മുനി ശിഷ്യനോടു പറഞ്ഞു. അങ്ങനെ ചിരകാലം കഴിഞ്ഞ് ഗുരുവും, ഭാര്യയും, ശിഷ്യനും ചേര്‍ന്ന് സ്വര്‍ഗ്ഗത്തിലെത്തുകയും ചെയ്തു.
ഈ ആഖ്യാനം എന്നോട് മഹാമുനിയായ മാര്‍ക്കണ്ഡേയന്‍ ഗംഗാതീരത്ത് വെച്ച് കഥ പറയുന്നതിന് ഇടയ്ക്കു പറഞ്ഞു തന്നതാണ്. അതുകൊണ്ട് ഞാന്‍ പറയുന്നു, പാര്‍ത്ഥാ, സ്ത്രീകളെ എപ്പോഴും കാത്തു സൂക്ഷിക്കണം. അവരില്‍ നന്മയും തിന്മയും രണ്ടും കാണും. സാദ്ധ്വികളായ നാരിമാര്‍ യോഗ്യകളാണ്; ലോകമാതാക്കളാണ്. അവര്‍ കാടും മലയുംചേര്‍ന്ന ഈ ഭൂമി താങ്ങുന്നവരാണ്. അത്ര തപശ്ശക്തി ഉളളവരാണ് പതിവ്രതകള്‍. കുലം മുടിക്കുന്നവരാണ് ദുര്‍വൃത്തകളായ അസാദ്ധ്വികള്‍ അവര്‍ തങ്ങളുടെ ദേഹത്തില്‍ ദുര്‍ല്ലക്ഷണങ്ങള്‍ മൂലം അറിയപ്പെടുന്നവരാണ് രാജാവേ! മഹാന്മാര്‍ ഇത്തരത്തില്‍ അവരെ രക്ഷിക്കണം. അല്ലെങ്കില്‍ അല്ലയോ രാജശാര്‍ദ്ദൂലാ, സ്ത്രീകളെ കാക്കുവാന്‍ ആര്‍ക്കു കഴിയുന്നു? അല്ലയോ മനുജവ്യാഘ്രാ, (സ്ത്രീകള്‍ തീക്ഷ്ണകളാണ്. തീക്ഷ്ണ വീര്യകളാണ്. അവര്‍ക്ക് അപ്രിയനായി ആരുമില്ല. മൈഥുനത്തിന് തയ്യാറുളളവരൊക്കെ അവര്‍ക്കു പ്രിയന്മാരാണ്. അവര്‍ കൃത്യകളാണ്, കാര്യകളാണ്, കൃതകളാണ്. അവര്‍ ഒരു പുരുഷനില്‍ മാത്രം രമിച്ച് കാലം കഴിക്കുവാന്‍ ഇഷ്ടപ്പെടുകയില്ല പാണ്ഡവാ! ഇവരെ ആരും സ്നേഹിച്ച് മോഹിച്ചു പോകരുത്. അവരില്‍ ആരും ഈര്‍ഷ്യ കൊള്ളുകയും ചെയ്യരുത് രാജാവേ! ഖേദത്തോടെ വേണം ധര്‍മ്മം മനസ്സില്‍ ചിന്തിച്ച് അവരോടിണങ്ങുവാനും അവരില്‍ മോദിക്കുവാനും. മറ്റുവിധത്തില്‍ ചെയ്തവന്‍ അല്ലയോ കുരുനന്ദനാ, ഹതനാകുന്നതാണ്. എല്ലാംകൊണ്ടും ഹേ നരശ്രേഷ്ഠാ, കാര്യയുക്തിയനുസരിച്ച് അവരുമായി സഹകരിച്ച് അവരെ പുജിച്ചു ജീവിക്കുക.
വിപുലന്‍ ഒരുത്തന്‍ മാത്രമാണ്, ഒരു സ്ത്രീയെ കാത്തു രക്ഷിച്ചവന്‍. മൂന്നു ലോകത്തിലും പെണ്ണിനെ കാത്തു രക്ഷിക്കാന്‍ സമര്‍ത്ഥനായി ഞാന്‍ മറ്റ് ഒരാളേയും ഇന്നേവരെ കണ്ടിട്ടില്ല രാജാവേ!
44. വിവാഹധര്‍മ്മകഥനം - അഞ്ചുതരം വിവാഹങ്ങളുടെ സമ്പ്രദായവും വിവരിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു; തന്റെ ആള്‍ക്കാര്‍ക്കും ഗൃഹത്തിനും പിതൃക്കള്‍ക്കും ദൈവങ്ങള്‍ക്കും അതിഥികള്‍ക്കും ധര്‍മ്മത്തിനും എന്താണ് ആധാരമായി നില്ക്കുന്നത്? ധര്‍മ്മത്തിലെല്ലാം വെച്ചു ചിന്ത്യമായിരിക്കുന്നത് തന്റെ പുത്രിയെ അര്‍ഹനായ ഒരു പുരുഷനു വിവാഹം ചെയ്തു കൊടുക്കുക എന്നതാണ്. ഏതുതരം പുരുഷനാണ് കന്യകയെ ദാനം ചെയ്യേണ്ടതെന്നു പറഞ്ഞാലും!
ഭീഷ്മൻ പറഞ്ഞു: ശീലവും സ്വഭാവവുമൊക്കെ അറിഞ്ഞ് വിദൃയും ജന്മവും കര്‍മ്മവുമറിഞ്ഞ് ഗുണവാനാണെന്നു ബോദ്ധ്യം വന്നാല്‍ അവനു കന്യകയെ ദാനംചെയ്യണം. നല്ല ബ്രാഹ്മണര്‍ ഈ മാതിരിയാണ് വിവാഹധര്‍മ്മം അനുഷ്ഠി ക്കുക. ഈ സമ്പ്രദായത്തെ ബ്രഹ്മമായ വിവാഹമെന്ന് അറിയുന്നു. ശിഷ്ടരായ ക്ഷത്രിയന്മാര്‍ തങ്ങള്‍ക്ക് ചാര്‍ച്ചയ്ക്കു പറ്റാവുന്നവരുമായി ചേരുന്ന വിധം വിവാഹം നടത്തുക എന്നതാണ് ക്ഷത്രിയധര്‍മ്മം. അതു സനാതനമായ ധര്‍മ്മമാണ്. കന്യയുടെ പിതാവ് തന്റെ ആഗ്രഹം ഉപേക്ഷിച്ച് കന്യയുടെ ഇഷ്ടമെന്താണെന്നു വെച്ചാല്‍ അതിനു വഴങ്ങിക്കൊടുക്കുക. കന്യയ്ക്ക് ഇഷ്ടമുളളവനു വിവാഹം ചെയ്തു കൊടുക്കുക എന്നതാണ് ധര്‍മ്മം. ആ വിവാഹധര്‍മ്മത്തെ "ഗാന്ധര്‍വ്വം" എന്നാണു പറയുന്നത്. ഇതു വേദസമ്മതമായതും പ്രാധാന്യമുളളതുമാണ്. ധനം കൊടുത്ത് കന്യയുടെ ആള്‍ക്കാരെ സന്തോഷിപ്പിച്ച് കന്യകയെ കൂട്ടിക്കൊണ്ടു പോന്ന് വിവാഹം കഴിക്കുക; വിലയ്ക്കു വാങ്ങുന്നത് പോലെയുള്ള ഈ വിവാഹ ധര്‍മ്മത്തെ ആസുരം എന്നു പറയുന്നു. ഇത് അസുരന്മാരുടെ ഇടയില്‍ നടപ്പുള്ള ധര്‍മ്മമാണെന്ന് മനീഷികള്‍ പറയുന്നു. കന്യകയുടെ വീട്ടില്‍ ആയുധങ്ങളുമായി കയറിച്ചെന്ന് കനൃകയെ ബലമായി പിടിച്ചു കൊണ്ടു പോരുക. എതിര്‍ക്കുന്നവരെ വെട്ടിക്കൊല്ലുകയോ, മറ്റു വിധത്തില്‍ യുദ്ധം ചെയ്ത് വധിക്കുകയോ ചെയ്യുക. അത്യാഹിതത്തില്‍ ഭയപ്പെട്ട് കരയുന്ന പെണ്ണിനെ ബലമായി പിടിച്ചു കൊണ്ടു പോരുന്ന ഇത്തരം വിവാഹധര്‍മ്മത്തെ "രാക്ഷസം" എന്നു പറയുന്നു. ഈ പറഞ്ഞ അഞ്ചുതരം വിവാഹങ്ങളില്‍ മൂന്നു തരം മാത്രമേ ധര്‍മ്മമായി എണ്ണുന്നുള്ളു. രണ്ടെണ്ണം അധര്‍മ്മൃമാണെന്ന് അറിയണം യുധിഷ്ഠിരാ! പൈശാചം, ആസുരം എന്നീ രണ്ടെണ്ണവും ചെയ്യാന്‍ പാടില്ലാത്തതാണ്. ഒരിക്കലും പാടില്ലാത്തതാണ് യുധിഷ്ഠിരാ! ബ്രാഹ്മണം, ക്ഷാത്രം, ഗാന്ധര്‍വ്വം, ഈ പറഞ്ഞ മൂന്നുതരം വിവാഹവും ധര്‍മ്മ്യമായിട്ടുളളതാണ് യുധിഷ്ഠിരാ! ഇവ വെവ്വേറെയോ കൂടിക്കലര്‍ന്ന മാതിരിയോ അനുഷ്ഠിക്കാം. അതില്‍ സംശയിക്കേണ്ടതില്ല.
വിപ്രന് മൂന്നു ഭാര്യമാരാകാം, ക്ഷത്രിയന് രണ്ടു ഭാര്യമാരാകാം. വൈശ്യന് സ്വന്തം ജാതിയില്‍ നിന്ന് ഒരു ഭാരൃ മാത്രമാകാം. സന്താനങ്ങള്‍ക്കെല്ലാം തുല്യമായ നിലയാണുളളത്. ഒരു ബ്രാഹ്മണന് ബ്രാഹ്മണ ക്ഷത്രിയ വൈശ്യകളായ മൂന്നു ഭാര്യമാര്‍ മൂന്നു ജാതിയില്‍ നിന്നും ഉണ്ടെങ്കില്‍ അതില്‍ ബ്രാഹ്മണ്രസ്ത്രീ ആയിരിക്കും പ്രധാന ഭാരൃ. അവളാണല്ലോ സ്വജാതിയില്‍പ്പെട്ടവള്‍. അതുപോലെ ക്ഷത്രിയന്റെ പ്രധാന ഭാര്യ ക്ഷത്രിയ്രസ്ത്രീ ആയിരിക്കും. ബ്രാഹ്മണിയായ ക്ഷത്രിയ ഭാര്യയ്ക്കു പ്രാധാന്യമില്ല. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ഇങ്ങനെ മൂന്ന് ഉയര്‍ന്ന ജാതിക്കാര്‍ക്കും ശൂദ്രവര്‍ഗ്ഗത്തിലെ സ്ത്രീകളെ വിവാഹം ചെയ്യാം. അത് വെറും സുഖഭോഗത്തിന് മാത്രം. അല്ലാതെ സഹധര്‍മ്മിണീ പദത്തിന്നും മറ്റു ധര്‍മ്മത്തിന്നുമല്ല. അതു കൊണ്ടു തന്നെ അതു പാടില്ലെന്നും ചിലര്‍ പറയുന്നുണ്ട്. ശൂദ്രസ്ത്രീയില്‍ മേല്‍ജാതിക്കാര്‍ക്ക് സന്താനോല്‍പാദനം സജ്ജനങ്ങള്‍ പ്രശംസിക്കുന്നില്ല. മുപ്പതു വയസ്സായവന് പത്തു വയസ്സായ നഗ്നികസ്ത്രീയെ വേള്‍ക്കാം. (നഗ്നികസ്ത്രീ - ഒററ വസ്ത്രം ധരിക്കുന്നവള്‍. വയസ്സറിയിക്കുന്നതിന് മുമ്പ് ഒറ്റവസ്ത്രം മാത്രം ധരിക്കുന്ന പ്രായം).
ഇരുപത്തൊന്നു വയസ്സു പ്രായമുളളവന്ന് ഏഴു വയസ്സു പ്രായമുളളവളെ വേള്‍ക്കാം. അച്ഛനും ആങ്ങളയും ഇല്ലാത്ത സ്ത്രീയെ വേള്‍ക്കരുത്. അവളെ വേട്ടാല്‍ ഉണ്ടാകുന്ന പുത്രന്‍ അവളുടെ അച്ഛന്റെ പിതൃക്കള്‍ക്ക് പുത്രന്‍ ചെയ്യേണ്ടതായ ശേഷക്രിയ (പുത്രികാധര്‍മ്മം) ചെയ്യേണ്ടി വരും. അത് ശോഭനമല്ല. വയസ്സറിയിച്ച് മൂന്നുവര്‍ഷം കഴിയുന്നതു വരെ പെണ്ണന്വേഷണം വരുന്നതു കാത്തിരിക്കണം. നാലാമത്തെ വര്‍ഷം അവള്‍ തനിക്കു പറ്റിയ ഭര്‍ത്താവിനെ തേടിപ്പിടിക്കണം. പിന്നെ വീട്ടുകാരും ബന്ധുക്കളും ഭര്‍ത്താവിനെ ഉണ്ടാക്കിത്തരുമെന്ന് കാത്തിരിക്കേണ്ടതില്ല. അങ്ങനെ അവള്‍ തേടപ്പിച്ചു ഭര്‍ത്താവില്‍ നിന്നുള്ള സന്താനങ്ങളും ഭര്‍ത്താവും അവളും ഒരിക്കലും ആരുടെയും ആക്ഷേപപാത്രമാവുയോ, ബന്ധുജനങ്ങളുടെ അംഗീകാരത്തിന് വിരുദ്ധയാവുകയോ ചെയ്യുന്നില്ല. നേരെമറിച്ചു വിവാഹിതയാവാതെ ഗര്‍ഭിണി ആവുകയാണെങ്കില്‍ അവള്‍ പ്രജാപതിയാല്‍ തന്നെ ആക്ഷേപാര്‍ഹയായി ഭവിക്കുന്നതാണ്. അമ്മയ്ക്കു സപിണ്ഡയല്ലാത്തവളും പിതാവിന് സഗോത്രയല്ലാത്തവളുമായ സ്ത്രീയെ വിവാഹം കഴിക്കുന്നതു ധര്‍മ്മമായി മനു പറയുന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു: കനൃകയെ വേള്‍ക്കുവാന്‍ അവളുടെ പിതാവിന് ശുല്ക്കം ഒരാള്‍ കെടുത്തു കഴിഞ്ഞു. മറ്റൊരാള്‍ തരാമെന്നു പറയുന്നു. ബലമായി കൊണ്ടുപോകുമെന്ന് വേറെ ഒരാള്‍ പറയുന്നു. ധാരാളം ധനം നല്കാമെന്ന് ഒരുത്തന്‍ പറയുന്നു. കൈ പിടിക്കുന്നത് വേറെയൊരാള്‍. ഇങ്ങനെ കന്യകയെ കിട്ടുവാന്‍ ഭാര്യയാക്കുവാന്‍, പലരും പലതരത്തില്‍ സമീപിക്കുന്നു. ഇവരില്‍ ആരുടെ ഭാര്യയായി ഭവിക്കണം അവള്‍? പിതാമഹാ, തത്വം കാണേണ്ടവരായ ഞങ്ങള്‍ക്ക് അങ്ങ് ദൃഷ്ടിയായി നില്ക്കണേ! ശരിയായതു കാണിച്ചു തരണേ!
ഭീഷ്മൻ പറഞ്ഞു: അംഗീകരിക്കപ്പെട്ടവയോ, ബുദ്ധിമാന്മാരുമായി ആലോചിക്കപ്പെട്ടവയോ ആയ കാര്യങ്ങള്‍ നന്മ ചെയ്യുന്നവയാണെന്നു കാണുന്നു. പല മാര്‍ഗ്ഗങ്ങളും പറഞ്ഞതില്‍ മൂന്നും നാലും സാഹചര്യങ്ങളില്‍ കന്യാദാനത്തില്‍ കന്യയുടെ പിതാവ് തെറ്റുകാരനല്ല. പാണിഗ്രഹണം ചെയ്യുന്നവനു നല്കുന്നതും തെറ്റല്ല. ധനം തരാമെന്നു പറയുന്നവന് പിതാവ് കന്യാദാനം ചെയ്യുന്നതു ശരിയല്ല. തെറ്റായ സംസാരങ്ങള്‍ എല്ലായ്പോഴും പാപകരമാണ്. വാഗ്ദാനം ചെയ്ത ആളെയല്ലാതെ കന്യക മറ്റൊരാളെ വരിക്കുകയാണെങ്കില്‍ ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും, കന്യകയും അവളിലുണ്ടാകുന്ന പുത്രരും, വിവാഹച്ചടങ്ങില്‍ പങ്കു കൊണ്ട ഋത്വിക്, ആചാര്യന്‍, ശിഷ്യന്‍, ഉപാദ്ധ്യായന്‍ എന്നിവരും വാക്കു തെറ്റിച്ച കാര്യത്തില്‍ ശിക്ഷാര്‍ഹരാകാതിരിക്കാന്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ചെയ്യേണ്ടതില്ലെന്നു വേറെ പണ്ഡിതന്മാരും പറയുന്നു.
കന്യകയ്ക്ക് ഇഷ്ടമില്ലാത്ത ഒരുവനുമായി ജീവിക്കുന്ന സമ്പ്രദായത്തെ മനു പ്രശംസിക്കുന്നില്ല. മറ്റു സമ്മര്‍ദ്ദം മൂലം വാക്കു നല്കിയ കന്യകയ്ക്ക് വരന്‍ ഇഷ്ടപ്പെട്ടവനായില്ലെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കാവുന്നതാണെന്ന് മനു അനുശാസിക്കുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമില്ലാത്ത ഭര്‍ത്താവോടു കൂടി ജീവിക്കുന്നത് അവമാനത്തിന്നും പാപത്തിന്നും ഇടയാക്കുന്നു. ധര്‍മ്മപ്രകോപനമാണത്. താഴെ പറയുന്ന കാര്യത്തില്‍ ആരും തെറ്റു ചെയ്യുന്നില്ല. ബലാല്‍ പിതൃജനങ്ങളുടെ ഇഷ്ടപ്രകാരം കന്യകയെ പിടിച്ചു കൊടുക്കുന്നതും, ശുല്ക്കം വാങ്ങി നല്കുന്നതും ഒരു പോലെയാണ്. അത് വലിയ പാപമായി കണക്കാക്കുന്നതല്ല. ബന്ധുജനങ്ങള്‍ സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നെ മന്ത്രഹോമങ്ങളായ ചടങ്ങുകളോടു കൂടി വേണം കനൃകയെ വിവാഹം ചെയ്തു കൊടുക്കുവാന്‍. ഇത്തരത്തിലുള്ള മന്ത്രങ്ങള്‍ ശരിയായും അവരുടെ ഉദ്ദേശത്തെ സഫലീകരിക്കുന്നു. ബന്ധുജനങ്ങളാല്‍ നല്കപ്പെടാത്ത കന്യകയുടെ കാര്യത്തില്‍ മന്ത്രങ്ങളും ഹോമങ്ങളും നടത്തപ്പെടുന്നത് അവരുടെ ഉദ്ദേശത്തെ സഫലമാക്കുന്നില്ല.
ബന്ധുക്കളാല്‍ നടത്തപ്പെടുന്ന വിവാഹം പരിശുദ്ധമായി കണക്കാക്കപ്പെടുന്നു. അത് നിര്‍വ്വഹിക്കപ്പെടേണ്ടതാകുന്നു. വധൂവരന്മാര്‍ നിശ്ചയിക്കുന്ന ഗാന്ധര്‍വ്വ വിവാഹം മന്ത്രപൂര്‍വ്വകമായി ചെയ്യുന്നതാണെങ്കില്‍ അതും അതുപോലെ നല്ലതാകുന്നു. ഭാര്യാഭര്‍ത്തൃബന്ധം യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത് ഈ മന്ത്രനിശ്ചയമാകുന്നു. ശ്രുതിയില്‍ പറയുന്നത്, ഭര്‍ത്താവ് തന്റെ ഭാര്യയെ പൂര്‍വ്വജന്മ കര്‍മ്മഫലത്താല്‍ ലഭിച്ചതായോ, ഇവശ്വര നിശ്ചയത്താല്‍ ലഭിച്ചതായോ കണക്കാക്കാമെന്നാണ്. അതുകൊണ്ട് മറ്റൊരാള്‍ക്കു ബന്ധുജനങ്ങളാല്‍ വാക്ക് കൊടുത്തതാണെങ്കിലും മറ്റൊരാളില്‍ നിന്ന് ശുല്ക്കം വാങ്ങിയതിന് ശേഷം വേറെ ഒരാള്‍ക്കു കൊടുക്കുന്നതായാലും അതില്‍ ഭര്‍ത്താവ് തെറ്റുകാരനല്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: കന്യകാദാനത്തിന് വേണ്ടി ശുല്ക്കം വാങ്ങിയതിന് ശേഷം, അവളെ വിവാഹം കഴിക്കാന്‍ കൂടുതല്‍ അനുയോജ്യനായ മറ്റൊരുവന്‍, ധര്‍മ്മാര്‍ത്ഥ കാമങ്ങളില്‍ തുല്യനായവന്‍ വന്നാല്‍, മുമ്പേ ശുല്ക്കം വാങ്ങിയവനെ നിരസിക്കുന്നതു കൊണ്ട് കന്യകയുടെ അച്ഛന്‍ ആക്ഷേപത്തിന് പാത്രമാകുന്നുവോ? ഇത്തരം കാര്യത്തില്‍ രണ്ടും തെറ്റാണെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാമെന്നു വാക്കുപറഞ്ഞശേഷം അയാളെ ഉപേക്ഷിക്കുന്നത് ഒരിക്കലും ആശാസ്യമല്ല. അതേസമയം ഒരു കുട്ടിയെ അവള്‍ക്ക് ഏറ്റവും അനുയോജ്യനായ ഒരുവനു കൊടുക്കേണ്ട കടമയെ പരിഗണിച്ച് കൂടുതല്‍ അനുയോജ്യനായവനെ (രണ്ടാമനെ) ഉപേക്ഷിക്കുന്നത് ഒരിക്കലും ശരിയല്ല. അയാള്‍ ചെയ്യുന്നതു നന്മയാണെന്ന് മറ്റുളളവര്‍ പറയണമെങ്കില്‍ അയാള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നാണ് ഞാന്‍ ചോദിക്കുന്നത്. എല്ലാ കര്‍ത്തവ്യങ്ങളിലും വെച്ച് ഇതു ഞങ്ങള്‍ക്ക് ഏറ്റവുമധികം ചിന്തനീയമായി തോന്നുന്നു. ഞങ്ങള്‍ സത്യാവസ്ഥ കണ്ടറിയുന്നതിന് ആഗ്രഹമുളളവരാണ്. നിശ്ചയമായും അങ്ങ് ഞങ്ങളുടെ കണ്ണുകളാണ്. അങ്ങ് ഇതു ഞങ്ങള്‍ക്കു വിശദമാക്കി തന്നാലും! എനിക്ക് അങ്ങയില്‍ നിന്ന് ധര്‍മ്മതത്വങ്ങള്‍ എത്ര കേട്ടിട്ടും മടപ്പ് വരുന്നില്ല.
ഭീഷ്മൻ പറഞ്ഞു: ശുല്ക്കദാനം ഒരു കന്യകയ്ക്ക് ഭാര്യാപദവിക്കു കാരണമാകുന്നില്ല. ഇക്കാര്യം പണം കൊടുക്കുന്ന ആള്‍ക്ക് നല്ലപോലെ അറിയാം. അയാള്‍ പെണ്‍കുട്ടിയുടെ വില എന്ന മട്ടില്‍ മാത്രമാണ് അത് കൊടുക്കുന്നത്. കൂടാതെ നല്ലവരായ പിതാക്കന്മാര്‍ മറ്റുളളവര്‍ നീട്ടുന്ന ശുല്ക്കത്തില്‍ ഭ്രമിച്ച് തങ്ങളുടെ പുത്രിമാരെ കൊടുക്കുന്നില്ല. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പെണ്‍കുട്ടിയുടെ ബന്ധുജനങ്ങള്‍ക്ക് അനുയോജ്യമായ സല്‍ഗുണങ്ങൾ ഉണ്ടെങ്കില്‍ അപ്പോഴാണ് ബന്ധുജനങ്ങള്‍ അയാളില്‍ നിന്ന് ശുല്ക്കം ആവശ്യപ്പെടുന്നത്. എന്നിരുന്നാലും മറ്റൊരാളുടെ കഴിവുകളാല്‍ ആകൃഷ്ടരായി വേണ്ടതായ സ്വർണ്ണാഭരണങ്ങള്‍ അണിയിച്ചു കൊണ്ടു എന്റെ മകളെ നിങ്ങള്‍ വിവാഹം കഴിക്കുന്നുവോ എന്നു പറയുന്ന ആളും ഈ അപേക്ഷയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ആളും യഥാക്രമം ശുല്ക്കം ആവശ്യപ്പെടുന്നതായോ, അതു കൊടുക്കുന്നതായോ കണക്കാക്കപ്പെട്ടു കൂടാത്തതാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരത്തിലുള്ള ഒരു ഇടപാട് ശരിക്കും ഒരു വില്പനയല്ല. സ്നേഹത്തോട് കൂടിയ ദാനമായി കണക്കാക്കപ്പെടുന്ന ഒന്നു സ്വീകരിച്ച ശേഷമുളള കന്യകാദാനമാണ് സ്ഥിരമായ സമ്പ്രദായം. വിവാഹകാര്യങ്ങളെ സംബന്ധിച്ച് ചില അച്ഛന്മാര്‍ പറയുന്നു: "ഞാന്‍ അത്തരത്തിലുള്ള ഒരാള്‍ക്ക് എന്റെ മകളെ കൊടുക്കുകയില്ല". ചിലര്‍ പറയുന്നു; "അങ്ങനെയുള്ള ഒരാള്‍ക്ക് ഞാന്‍ എന്റെ മകളെ വിവാഹം ചെയ്തു കൊടുക്കും". മറ്റു ചിലര്‍ പറയുന്നു: "ഇത്തരത്തിലുളള ഒരു വ്യക്തിക്ക് ഞാനെന്റെ മകളെ കൊടുക്കേണ്ടതാണ്". ഈ പ്രഖ്യാപനങ്ങളൊന്നും ശരിയായ വിവാഹത്തോളം എത്തുന്നില്ല. ആളുകള്‍ കന്യകമാരുടെ ഹസ്തങ്ങള്‍ക്ക് വേണ്ടി അന്യോന്യം അഭ്യര്‍ത്ഥനകളും, വാഗ്ദാനങ്ങളും, പിന്‍വാങ്ങലുകളും നടത്തുന്നതായി കാണുന്നു. വിധിപ്രകാരം പാണിഗ്രഹണം നടക്കുന്നത് വരെ വിവാഹം നടക്കുന്നതായി കണക്കാക്കാവുന്നതല്ല. പണ്ടുകാലത്ത് മരുത്തുകള്‍ കന്യകമാരെ സംബന്ധിച്ച് ഇങ്ങനെയൊരു വരം കൊടുത്തതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. ആ വരത്തിന്റെ ഫലമായി ഒരാള്‍ തന്റെ മകളെ കൂടുതല്‍ അനുയോജ്യനായ മറ്റൊരു വരന് വേണ്ടി, മുമ്പ് ഒരാള്‍ക്കു കൊടുക്കാമെന്നേറ്റിരുന്ന വാക്ക് പാലിക്കാതിരുന്നാല്‍ പോലും അതു പാപകരമല്ല എന്നാണ്. കന്യകമാരെ ഏറ്റവും അര്‍ഹരായ ആളുകള്‍ക്കു മാത്രമേ വിവാഹം ചെയ്തു കൊടുക്കാവു എന്ന് എല്ലാ മനുഷ്യരോടും മഹര്‍ഷിമാര്‍ അനുശാസിച്ചിടുണ്ട്, രേഖപ്പെടുത്തിയിട്ടുമുണ്ട്. പുത്രി പ്രതീക്ഷയുടെയും, വംശ സന്താന പരമ്പരയുടെയും മൂലമാണ്. അതു കൊണ്ട് ആരും തങ്ങളുടെ പുത്രിമാരെ അനുയോജ്യരല്ലാത്ത ആളുകള്‍ക്കു വിവാഹം ചെയ്തു കൊടുത്തു കൂടാത്തതാകുന്നു. ഈ സമ്പ്രദായം - കനൃകയെ വിലയ്ക്കു വാങ്ങുകയും വില്പന നടത്തുകയും ചെയ്യുന്ന സമ്പ്രദായം - വളരെക്കാലം മുമ്പു തുടങ്ങി മനുഷ്യര്‍ക്കു പരിചിതമാണ്. അങ്ങനെയുളള പരിചയം മൂലം നിങ്ങള്‍ക്ക് സൂക്ഷ്മപരിശോധനയില്‍, അതില്‍ അനേകം തെറ്റുകളുളളതായി കാണാന്‍ കഴിയും. ശുല്ക്കം കൊടുക്കലും വാങ്ങലും മാത്രം ഭർത്താവിന്റെയും ഭാര്യയുടെയും പദവി സൃഷ്ടിക്കുന്നതായി ഗണിച്ചു കൂടാ. ഇതിനെക്കുറിച്ചു ഞാന്‍ പറയുന്നതു കേള്‍ക്കുക.
ഞാന്‍ വിചിത്രവീര്യന് വേണ്ടി രണ്ടു കന്യകമാരെ കൈക്കലാക്കി. മാഗധന്മാരെയും, കാശിരാജ്യക്കാരെയും ജയിച്ചിട്ടാണ് അവരെ പിടിച്ചുകൊണ്ടു പോന്നത്. ഒരുവള്‍ മറ്റൊരുത്തന്നു കൈകൊടുത്തവളായിരുന്നു. മറ്റേവള്‍ ശുല്ക്കം നല്കപ്പെട്ടവളുമായിരുന്നു. അച്ഛന്‍ വൃത്താന്തമറിഞ്ഞു പറഞ്ഞു: "കൈപിടിച്ച കന്യകയെ കൊണ്ടുവിടുക. എന്നാല്‍ ശുല്ക്കം നല്കപ്പെട്ടവളെ പാര്‍പ്പിക്കുകയും ചെയ്യുക". അച്ഛ ന്റെ വാക്കില്‍ എനിക്കു ശങ്ക തോന്നി. ഞാന്‍ മറ്റുളളവരു മായി കൂടിയാലോചിച്ചു. അച്ഛനേക്കാള്‍ ഏറെ ഇക്കാരൃത്തില്‍ ധര്‍മ്മേച്ഛ എനിക്കുണ്ട്. അതുകൊണ്ട് സദാചാരത്തെ ആഗ്രഹിക്കുന്ന ഞാന്‍ രാജാവേ, ചോദിച്ചു ശരിക്ക് ആചാരമെന്തെന്നറിയുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു എന്നു വീണ്ടും പറ ഞ്ഞു. ഞാന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ധര്‍മ്മിഷ്ഠന്മാരില്‍ ഉത്തമനായ എന്റെ അച്ഛന്‍ ബാല്‍ഹീകന്‍, രാജാവേ, ഇപ്രകാരം പറഞ്ഞു: "നിങ്ങളുടെ അഭിപ്രായം ഭാര്യാഭര്‍ത്ത്യ പദവി ശുല്ക്കം ദാനം ചെയുന്നത് കൊണ്ടും സ്വീകരിക്കുന്നത് കൊണ്ടും സൃഷ്ടിക്കപ്പെടുന്നതാണെന്നാണോ? യഥാവിധി കന്യകയുടെ പാണിഗ്രഹണം നടത്തുന്നത് കൊണ്ടല്ലെന്നാണോ? ആണെങ്കില്‍ കന്യകയുടെ അച്ഛന്‍ തന്റെ മകളെ ശുല്ക്കം തന്ന ആളുടെ കൂടെ പോകാന്‍ അനുവദിച്ചു കൊണ്ടു സ്വയം വേദവിധിക്ക് അതീതമായ ഒരു പാപമായ ആചാരത്തിന്റെ അനുയായിയാണെന്നു കാണിച്ചു കൊടുക്കുന്നു".
ശ്രുതികള്‍ പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്; ധര്‍മ്മം, കര്‍ത്തവ്യം എന്നിവ നല്ലവണ്ണം അറിയുന്ന ആളുകള്‍, ഭാര്യാഭര്‍ത്തൃ പദവി ശുല്ക്കകൈമാറ്റം കൊണ്ടാണ് ഉണ്ടാകുന്നത്, പാണിഗ്രഹണം കൊണ്ടല്ല എന്നു പറയുന്നവരുടെ വാക്കുകള്‍ ഒട്ടും ആധികാരികമായതായി കരുതുന്നില്ല. ശുല്ക്കത്തെ ക്രയമായി (പെണ്ണിന്റെ വിലയായി) കാണുന്നവര്‍ ഒരിക്കലും ധര്‍മ്മജ്ഞരല്ല. അവര്‍ക്കു പെണ്ണിനെ കൊടുക്കരുത്. അപ്രകാരമുള്ളവരുടെ കന്യകമാരെ ഇങ്ങോട്ടു വേള്‍ക്കുകയും ചെയ്യരുത്. ഭാര്യമാര്‍ കച്ചവട വസ്തുക്കളല്ല. അവര്‍ വിലയ്ക്കു വാങ്ങുകയും വിൽക്കുകയും ചെയ്യേണ്ടവരല്ല. ഭാര്യയെ ഒരു പുരുഷന്‍ വില കൊടുത്തു വാങ്ങുകയോ, പിതാവ് ഒരുത്തന് വില്ക്കുകയോ ചെയ്യാന്‍ പാടുളളതല്ല. കാമത്തിന് വശംവദരായ പാപാത്മാക്കള്‍ ദാസ്യവൃത്തിക്ക് വേണ്ടി അടിമപ്പെണ്ണുങ്ങളെ ക്രയവിക്രയം ചെയുന്നു, അങ്ങനെയുളളവര്‍ മാത്രമേ ഭാര്യാപദവും ക്രയവിക്രയം കൊണ്ടുണ്ടാകുന്നതായി പരിഗണിക്കുന്നുള്ളൂ.
പാപാത്മാക്കളായ ലുബ്ധന്മാര്‍ക്ക് ഈ ക്രയവിക്രയം നടപടിയാകാം. ഒരിക്കല്‍ ജനങ്ങള്‍ ഇതിനെപ്പറ്റി സത്യവാനോടു ചോദിക്കയുണ്ടായി: "അല്ലയോ രാജാവേ, ശുല്ക്കം വാങ്ങിയതിന് ശേഷം കന്യകയ്ക്കു വേണ്ടി ശുല്ക്കം ദാനം ചെയ്ത വരന്‍ മരിച്ചു പോയാല്‍ ആ കന്യകയെ മറ്റൊരുത്തന് വിവാഹം ചെയ്തു കൊടുക്കുന്നതില്‍ തെറ്റുണ്ടോ? ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധര്‍മ്മസംശയം ബാധിച്ചിരിക്കുന്നു. അല്ലയോ മഹാപ്രാജ്ഞാ, ഈ സംശയം തീര്‍ത്തു തന്നാലും! ഭവാന്‍ പ്രാജ്ഞസമ്മതനാണല്ലോ. സത്യമായ കാര്യം കാണുവാന്‍ ഞങ്ങള്‍ക്ക് ഭവാന്‍ ദൃഷ്ടിയായി വേണ്ടതു കാണിച്ചു തന്നാലും!". ഇപ്രകാരം ചോദിച്ച അവനോട് സത്യവാന്‍ പറഞ്ഞു: "നിങ്ങള്‍ക്കു നിങ്ങളുടെ കന്യകയെ ആര്‍ക്കു കൊടുക്കാനാണ് ഇഷ്ടം, അവര്‍ക്കു നല്കാം; അതില്‍ സംശയിക്കേണ്ടതില്ല. ശുല്ക്കദാതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടംപോലെ ചെയ്യാമെങ്കില്‍ പിന്നെ അയാള്‍ മരിച്ചാല്‍ പറയുവാനുണ്ടോ? സംശയിക്കേ വേണ്ടാ. നിശ്ചയിക്കപ്പെട്ടവന്‍ മരിച്ചാല്‍ കന്യകയ്ക്കു പിന്നെ ഭര്‍ത്താവാകാന്‍ ഉദ്ദേശിച്ചവന്റെ അനുജനെ വേള്‍ക്കാം. അല്ലെങ്കില്‍ തപോവൃത്തി സ്വീകരിച്ചു ജീവിതം കഴിക്കാം. അങ്ങനെ വിവാഹം കഴിക്കാമെന്നു ചിലര്‍ പറയുന്നുണ്ടെങ്കില്‍ മറ്റു ചിലര്‍ പറയുന്നത് അതു പാടില്ലെന്നാണ്. കന്യകയുടെ അച്ഛന് ഇക്കാര്യത്തില്‍ മുമ്പു കൊടുത്ത ശുല്ക്കം കണക്കാക്കാതെ വേറെ ഏതെങ്കിലും അര്‍ഹനായ വരന് നല്കുന്നതിന് അവകാശമുണ്ടെന്ന് വൃക്തമായ അഭിപ്രായം നിലവിലുണ്ട്. ഒരു കന്യകയുടെ വിവാഹത്തില്‍ വാഗ്ദാനങ്ങളും പ്രാരംഭ ചടങ്ങുകളും നടന്നതിന് ശേഷം ആ കന്യ കയെ ആ ചടങ്ങുകളെയെല്ലാം അവഗണിച്ച് മറ്റൊരാള്‍ക്കു വിവാഹം ചെയ്തു കൊടുക്കേണ്ടി വന്നാല്‍ അതും നടത്താവുന്നതാണ്. അതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ അതിന്റെ പാപം കന്യകയെ ദാനം ചെയ്യുന്ന പിതാവിന് മാത്രമേ ബാധകമാകൂ. ഇതില്‍ സ്ത്രീയുടെ ഭാഗത്ത് യാതൊരു ധര്‍മ്മഭ്രംശവും ബാധിക്കുന്നില്ല. വിവാഹസംബന്ധിയായ മന്ത്രങ്ങള്‍, ഏഴാമത്തെ വിന്യാസത്തില്‍ ഒരിക്കലും തകര്‍ക്കപ്പെടാത്ത വിവാഹബന്ധത്തെ സൃഷ്ടിക്കുക എന്ന അവയുടെ ലക്ഷ്യത്തെ സാധിക്കുന്നു. കന്യക ഉദകം സാക്ഷിയായി ഏതൊരാള്‍ക്ക് ദാനം അര്‍പ്പിക്കപ്പെടുന്നുവോ, അയാളുടെ ഭാര്യയായിത്തീരുന്നു (ഏതൊരു ദാനവും ഉദകത്തോടുകൂടി അര്‍പ്പിക്കപ്പെടണമെന്നാണ് വേദോക്തി). കന്യകാദാനം താഴെ കൊടുത്തിരിക്കുന്ന രീതിയില്‍ നിര്‍വ്വഹിക്കപ്പെടേണ്ടതാണ്. ബുദ്ധിമാന്മാര്‍ക്ക് അതു നിശ്ചയമായും അറിയാം. ഒരു ശ്രേഷ്ഠബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരിശുദ്ധിക്കും അന്തസ്സിനും തുല്യമായ കുടുംബത്തിലുള്ളവളും, വിസമ്മതമില്ലാത്തവളും, സഹോദരനാല്‍ ദാനം ചെയ്യപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം ചെയ്യണം. അങ്ങനെയുള്ള ഒരു കന്യക അഗ്നിയുടെ സാന്നിദ്ധ്യത്തില്‍ മറ്റു കര്‍മ്മങ്ങളുടെ കൂട്ടത്തില്‍ വിധിപ്രകാരം പ്രദക്ഷിണം വെച്ചു കൊണ്ട് വിവാഹം ചെയ്യപ്പെടണം.
45. വിവാഹധര്‍മ്മം ;, യമഗാഥ - ശുല്ക്കം വാങ്ങിയ കന്യകയ്ക്കു ഭര്‍ത്താവുണ്ടായില്ലെങ്കില്‍ എന്തു ചെയ്യണം? - യുധിഷ്ഠിരന്‍ പറഞ്ഞു: ഒരാള്‍ ഒരു കന്യകയ്ക്കു വേണ്ടി ശുല്ക്കം കൊടുത്ത ശേഷം വിട്ടു പോകുന്നു എങ്കില്‍ ആ കന്യകയുടെ അച്ഛന്‍ എന്തു ചെയ്യണം? പ്രഭോ, എനിക്ക് ഇതു പറഞ്ഞു തന്നാലും!
ഭീഷ്മൻ പറഞ്ഞു: അങ്ങനെയുള്ള ഒരു കന്യക, പുത്രനില്ലാത്ത ധനികനായ ഒരു അച്ഛന്റെ മകളാണെങ്കില്‍, സ്ത്രീധനം തന്നുപോയ ആളുടെ തിരിച്ചു വരവു കാത്തു കൊണ്ട് അച്ഛനാല്‍ പരിപാലിക്കപ്പെടണം. നിശ്ചയമായും അച്ഛന്‍, സ്ത്രീധനം കൊടുത്ത ആളുടെ ബന്ധുക്കള്‍ക്ക് അതു തിരിച്ചു കൊടുക്കുന്നില്ലെങ്കില്‍ ആ കന്യക സ്ത്രീധനം കൊടുത്ത ആളുടേതായി കണക്കാക്കപ്പെടണം. അവള്‍ അയാള്‍ക്കു വേണ്ടി അയാളുടെ അസാന്നിദ്ധൃത്തില്‍ ശ്രുതികളില്‍ പ്രസ്മാവിക്കപ്പെട്ട ഏതെങ്കിലും മാര്‍ഗ്ഗങ്ങളില്‍ സന്താനത്തെ ഉല്പാദിപ്പിക്കുന്നതില്‍ പോലും തെറ്റില്ല. എങ്കിലും ഒരാളും അവളെ വിധിപ്രകാരം വേള്‍ക്കാന്‍ അധികാരമുളളവനല്ല. അവള്‍ അച്ഛനാല്‍ ദാനം ചെയ്യപ്പെട്ടവളാണ്. രാജകുമാരിയായ സാവിത്രി പണ്ടുകാലത്ത് ഒരു വരനെ തെരഞ്ഞെടുക്കുകയും, അയാളോടൊത്തു ജീവിക്കുകയും ചെയ്തു. അവളുടെ ഈ പ്രവൃത്തിയെ ചിലര്‍ ശരിവെക്കുന്നു. എന്നാല്‍ ശ്രുതികളില്‍ നല്ല പരിചയമുളള മറ്റുളളവര്‍ അവളുടെ ഈ പ്രവൃത്തിയെ പഴിക്കുന്നു. സജ്ജനങ്ങളായ മറ്റുളളവര്‍ അങ്ങനെ ചെയുന്നില്ല. സജ്ജനങ്ങളുടെ പെരുമാറ്റം ധര്‍മ്മത്തിന്റേയും കര്‍ത്തവ്യത്തിന്റേയും ഏറ്റവും വലിയ തെളിവായി കണക്കാക്കപ്പെടണം എന്നു മറ്റുളളവരും പറയുന്നു. അതുകൊണ്ട് സാവിത്രി ചെയ്തതു ധര്‍മ്മത്തിനും കര്‍ത്തവൃത്തിനും എതിരല്ല.
ഈ വിഷയത്തില്‍ മഹാത്മാവും വിദേഹരാജാവുമായ ജനകന്റെ പൗത്രനായ സുക്രതു താഴെ പറയുന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു; സ്ത്രീകള്‍ അവരുടെ ജീവിത ദശയില്‍ ഒരിക്കലും സ്വാതന്ത്ര്യം ആസ്വദിക്കുവാന്‍ അധികാരമുളളവരല്ല എന്നു ശ്രുതികളില്‍ പ്രസിദ്ധമായ പ്രഖ്യാപനമുണ്ട്. സജ്ജനങ്ങളാല്‍ സ്വീകരിക്കപ്പെട്ട മാര്‍ഗ്ഗം ഇതല്ല എങ്കില്‍ ശ്രുതിയിലെ പ്രഖ്യാപനത്തിന് എങ്ങനെ നിലനില്ക്കാന്‍ കഴിയും? അതിനാല്‍ സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ പ്രശ്‌നത്തിനോ സംശയത്തിനോ ഇടമില്ല. അതിനെതിരായി പ്രവര്‍ത്തിച്ചു കൊണ്ട് ജനങ്ങള്‍ക്ക് എങ്ങനെ വേദോക്തിയെ ആക്ഷേപിക്കാന്‍ കഴിയും? ധര്‍മ്മത്തെ തെറ്റായ രീതിയില്‍ ഖണ്ഡിക്കലാണ് അസുരന്മാരുടെ ധര്‍മ്മം. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കല്‍ അസുരന്മാരുടെ സമ്പ്രദായമാണ്. ഇത് നാം പണ്ടുളളവരുടെ പെരുമാറ്റത്തില്‍ ഉള്ളതായി കേട്ടുകേള്‍വി പോലുമില്ല. ഭാര്യാഭര്‍ത്തൃ ബന്ധം വളരെ സൂക്ഷ്മമായതാണ്. അതു വിധിയുടെ പ്രവര്‍ത്തനം കൊണ്ടാണ്. അതുകൊണ്ട് ശ്രുതികളിലെ പ്രഖ്യാപിത തത്വങ്ങളുടെ സഹായത്തോടു കൂടിയേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. കാമനിവ്യത്തിക്കു മാത്രമായ സ്വാഭാവികമായ സ്ത്രീപുരുഷ ബന്ധത്തില്‍ നിന്ന് അതു ഭിന്നമാണ്. ഈ കാര്യവും രാജാവിനാല്‍ പ്രസ്താവിക്കപ്പെട്ടു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഏതു പ്രമാണമനുസരിച്ചാണ് പുത്രിമാര്‍ ഉണ്ടെന്നിരിക്കെ, പുത്രന്മാരില്ലാത്തവരുടെ സ്വത്ത് പുത്രിമാര്‍ക്കു കിട്ടാതെ മറ്റുളളവര്‍ക്കു ലയിക്കുന്നത്? അച്ഛനെ സംബന്ധിച്ചിടത്തോളം മകള്‍ മകന് തുല്യയായി കരുതപ്പെടേണ്ടവളല്ലേ?
ഭീഷ്മൻ പറഞ്ഞു: മകന്‍ ഒരുവന്റെ സ്വന്തം ആത്മാവു തന്നെയാണ്. മകള്‍, മകനെപ്പോലെയുമാണ്. അതുകൊണ്ട് ഒരാള്‍ അയാളുടെ മകളുടെ രൂപത്തില്‍ അയാളില്‍ തന്നെ ജീവിക്കുമ്പോള്‍ എങ്ങനെയാണ് മറ്റൊരാള്‍ക്ക് അയാളുടെ സ്വത്ത് എടുക്കുവാന്‍ കഴിയുക? അമ്മയുടെ സ്വത്ത് മകളുടെ ഭാഗമായിത്തീരുന്നു. ഒരാള്‍ പുത്രനില്ലാതെ മരിക്കുകയാണെങ്കില്‍ അയാളുടെ സ്വത്ത് മകളുടെ മകന് വന്നു ചേരുന്നു. മകളുടെ മകന്‍ അയാളുടെ അച്ചനും അമ്മയുടെ അച്ഛനും ഒരുപോലെ പിണ്ഡങ്ങള്‍ അര്‍പ്പിക്കുന്നു. ധര്‍മ്മത്തെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് അവര്‍ തമ്മില്‍ ഒരു വൃത്യാസവുമില്ല. ഒരാള്‍ക്ക് ഒരു പുത്രി മാത്രമുള്ളപ്പോള്‍ ഒരു മകന്റെ പദവി അവള്‍ക്കു കൊടുക്കുകയും, അതിനു ശേഷം അയാള്‍ക്ക് ഒരു മകന്‍ ഉണ്ടാവുകയുമാണെങ്കില്‍ ആ മകന് അച്ഛന്റെ എല്ലാ സ്വത്തും ലഭിക്കുന്നതല്ല. മകള്‍ക്കു കൊടുത്തു ബാക്കി മാത്രമേ കിട്ടുകയുളളൂ. (സ്വത്ത് അഞ്ചു ഭാഗം വെച്ചു രണ്ടുഭാഗം മകള്‍ക്കും മൂന്നുഭാഗം മകനുമാണ് കിട്ടുക.) ഒരാള്‍ക്ക് ഒരു പുത്രി മാത്രമുള്ളപ്പോള്‍ ഒരു മകന്റെ പദവി അവള്‍ക്ക് കൊടുത്ത ശേഷം ഒരു മകനെ ദത്തെടുക്കുകയോ, വിലയ്ക്കു വാങ്ങുകയോ ചെയ്താല്‍ അയാളുടെ സ്വത്തിന്റെ അഞ്ചില്‍ മുന്നു ഭാഗം മകള്‍ക്കും ബാക്കി രണ്ടു ഭാഗം മാത്രം ആ മകനും ലഭിക്കുന്നതാണ്. ഇവിടെ മകള്‍ മകനേക്കാള്‍ പ്രധാനമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ വിലയ്ക്കു വില്ക്കപ്പെട്ട തന്റെ മകള്‍ക്ക് ഉണ്ടായ പുത്രന്മാര്‍ക്ക് മകളുടെ പുത്രന്മാർക്കുളള അതേ സ്ഥാനം തന്നെ കൊടുക്കപ്പെട്ടു കാണുന്നു. ഇതിന്റെ കാരണം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ശരിക്കും വിലയ്ക്കു വിറ്റ ഒരു മകള്‍ക്കു പിന്നീടുണ്ടായ പുത്രന്മാര്‍ മുഴുവനായും അവരുടെ അച്ഛന് ഉടമപ്പെടുന്നു. അവര്‍ അവന് മാത്രമായി ജനിക്കുന്നവരല്ല. മറിച്ച് സന്താനോത്പാദനത്തിന് ശ്രുതികളില്‍ വിധിക്കപ്പെട്ടിരിക്കുന്നതനുസരിച്ച് മറ്റൊരാള്‍ മുഖേന ജനിക്കുന്നവരാണ് എന്നതു ശരി തന്നെ. എങ്കിലും തന്റെ മകളെ വിൽക്കുകയും, അങ്ങനെ അവളുടെ മേലുള്ള എല്ലാ അവകാശങ്ങളും അയാള്‍ക്കു നഷ്ടപ്പെടുകയും ചെയ്തതിന്റെ ഫലമായി അവളുടെ പുത്രന്മാര്‍ അവളുടെ മകളുടെ പുത്രന്മാര്‍ എന്ന നിലയ്ക്കു പോലും അയാള്‍ക്ക് ഉടമപ്പെടുന്നില്ല. മാത്രമല്ല, ആ പുത്രന്മാര്‍ അസൂയാലുക്കളും, ദുഷ്ട നടപടിക്കാരും, മറ്റുളളവരുടെ സ്വത്ത് അപഹരിക്കുന്നവരും, വഞ്ചകരുമായിത്തീരുന്നു. ആസുര വിവാഹത്തില്‍ നിന്നും ഉടലെടുത്തതിനാല്‍ അവര്‍ പാപികളും ദുഷ്ടരുമായിത്തീരുന്നു.
പുരാതനകാലത്തെ ചരിത്രങ്ങള്‍ പഠിച്ചവരും, കര്‍ത്തവ്യങ്ങളെക്കുറിച്ചു നല്ല ബോധമുളളവരും, ശ്രുതികളില്‍ ബദ്ധശ്രദ്ധരും, അവയില്‍ പ്രസ്താവിക്കപ്പെട്ടിട്ടുളള സംയമനങ്ങള്‍ പാലിക്കുന്നതില്‍ ഉറച്ചു നില്ക്കുന്നവരുമാണ്. യമനാല്‍ പണ്ട് ആലപിക്കപ്പെട്ട ചില വരികള്‍ ഇത്തരുണത്തില്‍ ചൊല്ലുന്നു. യമന്‍ ചൊല്ലിയത് ഇപ്രകാരമാണ്. സ്വന്തം പുത്രനെ വിറ്റ് സ്വത്ത് കൈക്കലാക്കുന്നവനും, സ്വന്തം ജീവിതത്തിന് വേണ്ടി മകളെ ശുല്ക്കം വാങ്ങി കൊടുക്കുന്നവനും, കാലസൂത്രം എന്നു പേരുള്ള ഏഴു നരകങ്ങളില്‍ വീഴേണ്ടി വരും. അവിടെ ആ മൂഢന്‍ മുഴുവന്‍ സമയവും വിയര്‍പ്പ്, മൂത്രം, മലം എന്നിവ ഭക്ഷിച്ചു ജീവിക്കണം. "ആഷം" എന്നു പേരുള്ള വിവാഹച്ചടങ്ങില്‍ വെച്ചു വരന്‍ ഒരു കാളയേയും ഒരു പശുവിനേയും വധുവിന്റെ അച്ഛന് നല്കുന്നു. ചിലര്‍ ഇതിനെ കന്യകയുടെ വിലയായി (ശുല്ക്കം) വ്യാഖ്യാനിക്കുന്നു. എന്നാല്‍ മറ്റുചിലര്‍ അതിനെ ആ രീതിയില്‍ വീക്ഷിക്കരുതെന്ന് അഭിപ്രായപ്പെടുന്നു. എന്തായാലും അത്തരത്തിലുള്ള ഒരു കാര്യത്തിന് ദാനംചെയ്യപ്പെട്ടത്, മൂല്യം ചെറുതായാലും വലുതായാലും വിരോധമില്ല, അല്ലയോ രാജാവേ, സ്ത്രീധനമായിട്ട്, അല്ലെങ്കില്‍ വിലയായിട്ടു തന്നെ കണക്കാക്കപ്പെടണം. ഈ സാഹചര്യത്തില്‍ പുത്രിയെ കൊടുക്കുന്നത് ഒരു വില്പനയായിട്ടു വീക്ഷിക്കപ്പെടുകയും വേണം. കുറച്ചാളുകള്‍ ചെയ്തുവരുന്ന രീതിയാണെങ്കിലും അത് ഒരു ശാശ്വതമായ ധര്‍മ്മമായി എടുത്തുകൂടാ. അവരുടെ ബന്ധുജനങ്ങളുടെ ഇടയില്‍നിന്ന് ബലമായി മോഷ്ടിച്ചു കൊണ്ടുപോയ ശേഷം കന്യകമാരെ വിവാഹം ചെയ്യുക തുടങ്ങി മനുഷ്യരാല്‍ ശീലിച്ചു പോന്നിരുന്ന വിവാഹത്തിന്റെ മറ്റു രൂപഭേദങ്ങളും കാണപ്പെടുന്നു. ബലംകൊണ്ട് കന്യകമാരെ വശത്താക്കുകയും, തങ്ങളുടെ കാമാസക്തിക്ക് വിധേയമാക്കുകയും ചെയ്യുന്നവര്‍ പാപികളാണ്. അവര്‍ക്ക് ഏറ്റവും ഇരുണ്ട നരകലോകത്തില്‍ കഴിയേണ്ടി വരും. രക്തബന്ധമില്ലാത്ത ഒരു മനുഷ്യന്‍ പോലും വില്പനയ്ക്കു വിധേയനാകരുത്. തന്റെ സ്വന്തം സന്തതിയെക്കുറിച്ചു പിന്നെ പറയേണ്ടതുണ്ടോ? പാപ പ്രവ്യത്തികള്‍ കൊണ്ടു സിദ്ധിക്കുന്ന ധനംകൊണ്ടു നന്മയിലേക്കു നയിക്കുന്ന യാതൊരു പ്രവൃത്തിയും ചെയ്യാന്‍ കഴിയുന്നതല്ല.
46. വിവാഹധര്‍മ്മം , സ്ത്രീപ്രശംസ - ഉത്തമസ്ത്രീകള്‍ കുലത്തിന് ഭൂഷണമാണ് - ഭീഷ്മൻ പറഞ്ഞു: പ്രചേതസ്സിന്റെ പുത്രനായ ദക്ഷന്‍ പണ്ടു പറഞ്ഞ വാക്ക് ഇന്നും വൃദ്ധന്മാര്‍ പറഞ്ഞു വരാറുണ്ട്. കന്യകാ ദാനത്തില്‍ ഒന്നും ജ്ഞാതിജനങ്ങള്‍ വാങ്ങുന്നില്ലെങ്കില്‍ (ശുല്ക്കമോ വിലയോ ആയി) അതു വിക്രയം എന്ന നിലയില്‍ കണക്കാക്കാന്‍ വയ്യ എന്നാണ്. അവളെ വിറ്റു എന്നു പറയാവുന്നതല്ല. കന്യകയ്ക്ക് ആഭരണങ്ങള്‍ വരന്റെ ആള്‍ക്കാര്‍ നല്‍കുന്നുണ്ട്. അത് ഒരിക്കലും വിലയുടെ നിലയില്‍ പരിഗണിക്കപ്പെടുന്നില്ല. അതു വിലയായി കണക്കാക്കപ്പെടുന്നില്ല. അതു കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല. അതെല്ലാം കന്യകയ്ക്കുതന്നെ നല്‍കേണ്ടതാണ്. അതില്‍ അല്പവും ജ്ഞാതിജനങ്ങള്‍ എടുത്തു പറ്റരുത്. പിതാക്കന്മാരും സഹോദരന്മാരും ശ്വശുരന്മാരും ദേവന്മാരും (ഭര്‍ത്തൃസഹോദരന്മാര്‍) വിവാഹിതയാകാന്‍ പോകുന്ന കന്യകയ്ക്ക് ആഭരണങ്ങള്‍ നല്കി അണിയിക്കണം. തന്റെ ഭര്‍ത്താവായിക്കഴിഞ്ഞ പുരുഷനില്‍ സ്ത്രീക്ക് ഇഷ്ടമില്ലാതിരുന്നാല്‍, സ്ത്രീ പുരുഷനെ സന്തോഷിപ്പിക്കാതിരുന്നാല്‍, അപ്രമോദിയായ ആ പുരുഷനില്‍ നിന്ന് അവളില്‍ സന്താനവൃദ്ധി ഉണ്ടാവുകയില്ല. സ്ത്രീകളെ എന്നും പൂജിച്ചു ലാളിക്കേണ്ടതാണ് രാജാവേ! സ്ത്രീകളെ പൂജിക്കുന്നിടത്ത് ദേവകള്‍ പ്രസാദിക്കുന്നു. ദേവകള്‍ സന്തോഷിക്കുന്നു! അവരെ പൂജിക്കാത്ത ഇടങ്ങളും നിഷ്ഫലമാകുന്നു ജ്ഞാതികളായ സ്ത്രീകള്‍ ഏതു ഗൃഹത്തില്‍ കണ്ണീരും കൈയുമായി കഴിയുന്നുവോ, അവിടെ ആ കുലം നശിച്ചു പോവുക തന്നെ ചെയ്യും. കുലസ്ത്രീകളാല്‍ ശപിക്കപ്പെട്ട ഗൃഹങ്ങള്‍ കൃത്യയാല്‍ മുറിക്കപ്പെട്ട മട്ടിലായിത്തീരും. ശ്രീ നശിച്ചവ ശോഭിക്കുകയും വളരുകയുമില്ല തന്നെ! പുരുഷന്മാര്‍ക്ക് സ്ത്രീകളെ നല്‍കി സ്വര്‍ഗ്ഗത്തിലേക്കു പോകുന്ന സന്ദര്‍ഭത്തില്‍ മനു പുരുഷന്മാരെ വിളിച്ച് ഇപ്രകാരം പറഞ്ഞു: സ്ത്രീകള്‍ ദുര്‍ബ്ബലകളാണ്. അവര്‍ എളുപ്പത്തില്‍ പ്രലോഭനങ്ങളില്‍ വീണുപോകും. അവര്‍ ചെറിയ തുണിക്കഷണം കൊണ്ടുമാത്രം മറയ്ക്കപ്പെട്ടവരാണ്. സത്യത്തില്‍ ഉറച്ചു നില്‍ക്കുന്നവരും ഇഷ്ടകളുമാണ്. അതില്‍ ചിലര്‍ അസൂയാലുക്കളായും ബഹുമാനം കാംക്ഷിക്കുന്നവരായും ക്ഷിപ്രകോപിനികളായും അറിവില്ലാത്തവരായും കാണുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സ്ത്രീകള്‍ എന്നും പൂജിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് പുരുഷന്മാരെ, നിങ്ങള്‍ അവരെ പുൂജിക്കുവിന്‍!
പുരുഷന്മാരുടെ ധര്‍മ്മം സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷന്മാരുടെ രതിയും, ഭോഗവും, പരിചര്യയും, നുതിയും, ബഹുമതിയും എല്ലാം അവരില്‍ സ്ഥിതിചെയ്യുന്നു. അവരില്‍നിന്ന് പുരുഷന്മാര്‍ക്ക് സന്താനം ലഭിക്കുന്നു. സന്താനമുണ്ടായാല്‍ അവള്‍ രക്ഷിക്കുന്നു. ലോകയാത്രയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്കു വേണ്ടി നിര്‍ വ്വഹിക്കുന്നത് സ്ത്രീയാണ്. പുരുഷന്മാരെ! നിങ്ങള്‍, സ്ത്രീകളെ മാനിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും നേടുവാന്‍ കഴിയും!
വിദേഹരാജാവിന്റെ പുത്രി ഇപ്രകാരം ഒരു ഗാഥ സ്ത്രീകളെക്കുറിച്ചു പാടിയിട്ടുണ്ട്: സ്ത്രീകള്‍ക്ക് അനുഷ്ഠിക്കേണ്ടതായി യജ്ഞങ്ങളോ ഉപവാസങ്ങളോ ശ്രാദ്ധങ്ങളോ ഇല്ല. അവര്‍ക്ക് പ്രധാനമായ ധര്‍മ്മം ഭര്‍ത്തൃശുശ്രൂഷ ഒന്നു മാത്രമാണ്. ഭര്‍ത്താവിന്റെ ബഹുമാനത്തോടും അനുസരണത്തോടും കൂടിയുളള സേവനം മാത്രമാണ്. ആ കര്‍ത്തവ്യം ശരിക്കു നിര്‍വ്വഹിക്കുന്നതായാല്‍ അവര്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകും. കൌമാരത്തില്‍ സ്ത്രീയെ അച്ഛന്‍ സംരക്ഷിക്കുന്നു. യൗവനത്തില്‍ ഭര്‍ത്താവ് രക്ഷിക്കുന്നു. വാര്‍ദ്ധക്യത്തില്‍ മക്കള്‍ രക്ഷിക്കുന്നു. അവളുടെ ജീവിതത്തില്‍ ഒരു ഘട്ടത്തിലും സ്വതന്ത്രയാകുന്നില്ല; സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല. സ്ത്രീകള്‍ ശ്രീദേവിമാരാണ്, ഭൂതിയെ കാംക്ഷിക്കുന്നവര്‍, പൂജിക്കേണ്ട ദേവതമാരാണ്. സ്ത്രീയെ സന്തോഷിപ്പിച്ചാല്‍ ശ്രീദേവിയും സന്തോഷിക്കും. സ്ത്രീയെ ദ്രോഹിച്ചാല്‍ ശ്രീയും ദ്രോഹിക്കും. ശ്രീയും സ്ത്രീയും ഒന്നു തന്നെയാണ്. സ്ത്രീ നന്നായാല്‍ ശ്രീയായി.
47. വിവാഹധര്‍മ്മം , ധനവിഭാഗം - നാലുവര്‍ണ്ണത്തിലുളള സ്ത്രീകളില്‍ ജനിക്കുന്ന സന്താനങ്ങള്‍ക്കു പിതൃസ്വത്തിലെ അവകാശം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ സര്‍വ്വവശാസ്ത്രവിധാനജ്ഞാ, രാജധര്‍മ്മജ്ഞസത്തമാ! വലിയ സംശയങ്ങള്‍ എനിക്കു ബാധിച്ചിരിക്കുന്നു. അതു തീര്‍ത്തു തരുവാന്‍ ഈ മന്നില്‍ അങ്ങയല്ലാതെ വിശ്രുതനായി മറ്റാരും ഇല്ല. മറ്റ് ആരോടും ഞാന്‍ സംശയം ചോദിക്കുന്നില്ല. പിതാമഹാ! എന്റെ സന്ദേഹം രാജാവേ, അങ്ങു തീര്‍ത്തു തന്നാലും. ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന നരന്‍ എന്തു ചെയ്യണം? അതൊക്കെ അല്ലയോ മഹാബാഹോ! അങ്ങു വിവരിക്കേണമേ!
അല്ലയോ പിതാമഹാ, ബ്രാഹ്മണരില്‍ ചിലര്‍ നാലു ഭാര്യമാരെ സ്വീകരിക്കുന്നു. ബ്രാഹ്മണി, ക്ഷത്രിയ, വൈശ്യ എന്നിവര്‍ക്കു പുറമെ രതിക്കു മാത്രം കാംക്ഷിച്ച് ശൂദ്രയേയും വരിക്കുന്നുണ്ട്. അതില്‍ എല്ലാവര്‍ക്കും മക്കളുണ്ടായാല്‍ അവരില്‍ ഓരോരുത്തന്നും പിതൃസ്വത്തിനുളള ക്രമപ്രകാരമുള്ള അര്‍ഹതയെങ്ങനെയാണ്? പിതാവിന്റെ സ്വത്തില്‍ നിന്ന് അവര്‍ക്കുളള ഭാഗം എങ്ങനെയാണ്? ആര്‍ക്ക് എത്രവീതം അംശം ലഭിക്കും? ഇതു പറഞ്ഞാലും പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നീ മൂന്നു ജാതിയും ദ്വിജാതിയാണ്. ഈ മൂന്നു ജാതിയില്‍ നിന്നും ബ്രാഹ്മണന് വേള്‍ക്കാം. എന്നാല്‍ തെറ്റായ മാര്‍ഗ്ഗത്തില്‍ ലോഭംമൂലവും കാമംമൂലവും ബ്രാഹ്മണന്‍ ശൂദ്രയെ വരിക്കുന്നുണ്ട്. അങ്ങനെ വരിച്ചു വരുന്നുണ്ടെങ്കിലും അതിന് ശാസ്ത്രാനുമതി ഒന്നുമില്ല. ശൂദ്രസ്ത്രീയെ മെത്തയില്‍ കയറ്റുന്ന വിപ്രന് അധോഗതിയാണ് ഫലം. അങ്ങനെയുളള ബ്രാഹ്മണന്‍ വിധിപ്രകാരം പ്രായശ്ചിത്തം ചെയ്യേണ്ടി വരും. അതില്‍ സന്താനമുണ്ടായാലോ പ്രായശ്ചിത്തം ഇരട്ടിച്ച് ചെയ്യണം.
ഇനി സന്താനങ്ങള്‍ക്ക് അച്ഛന്റെ മുതല്‍ഭാഗം എങ്ങനെയെന്നും കൂടി വിവരിക്കാം, ഭാരതാ!
ലക്ഷണമൊത്ത കാളയും പശുവും വാഹനങ്ങളും മറ്റു പ്രധാനപ്പെട്ട വസ്തുക്കളും ഒന്നാമത്തേതായി പരിഗണിച്ച് ബ്രാഹ്മണന്‍ ബ്രാഹ്മണിയില്‍ ഉണ്ടായ പുത്രന് നല്ക ണം. ആകെയുളള മുതലിനെ പത്തായി ഭാഗിച്ച് അതില്‍ നാലുഭാഗം ബ്രാഹ്മണീപുത്രന്നു നല്കണം. ക്ഷത്രിയ്രസ്തീ പ്രസവിച്ച മകനും ബ്രാഹ്മണന്‍ തന്നെയാണ്. അമ്മ ബ്രാഹ്മണിയല്ലാത്തത് കൊണ്ട് അല്പം താഴെയായി പരിഗണിച്ച് ആ ക്ഷത്രിയപുത്രന് മൂന്നുഭാഗം നല്കണം. പിന്നെ വൈശ്യസ്ത്രീയില്‍ ജനിച്ച ബ്രാഹ്മണപുത്രന് രണ്ടംശം കൊടുക്കണം. ബ്രാഹ്മണന് ശൂദ്രസ്ത്രീയില്‍ ജനിക്കുന്ന പുത്രന് ഒന്നും നല്കരുത്. യാതൊരു നിലയ്ക്കും അവന്‍ പിതാവായ ബ്രാഹ്മണന്റെ സ്വത്തിന് അര്‍ഹനല്ല. എന്നാലും അവന്റെ നേരെ കരുണ കാണിച്ച് അല്പം നല്കുകയും ചെയ്യാം. ഒരംശം അവനും ഇരിക്കട്ടെ. ഇങ്ങനെയാണ് പത്തായി ഭാഗിച്ച സ്വത്തിന്റെ ഭാഗക്രമം. ബ്രാഹ്മണന് അവന്റെ വര്‍ണ്ണത്തില്‍പ്പെട്ട ഭാര്യമാരിലുണ്ടാകുന്ന സന്താനങ്ങള്‍ക്കെ ല്ലാം അവകാശം തുല്യമാണ്. ശൂദ്രസ്ധീയില്‍ ബ്രാഹ്മണന്നു ണ്ടാകുന്ന സന്താനം ഒരിക്കലും ബ്രാഹ്മണനാവുകയില്ല. മറ്റു മൂന്നു ജാതിയിലും ബ്രാഹ്മണനുണ്ടാകുന്ന പുത്രന്‍ ബ്രാഹ്മണന്‍ തന്നെയായി പരിണമിക്കുന്നു.
ഇങ്ങനെ നാലു ജാതിക്കാരാണ്. അഞ്ചാമത്തേതായി ഒരു വര്‍ണ്ണമില്ല. പത്തില്‍ ഒന്ന് ശൂദ്രാപുത്രന് വാങ്ങാം. അച്ഛന്‍ ഇഷ്ടപ്പെട്ടു കൊടുത്താല്‍ വാങ്ങാമെന്നല്ലാതെ, കൊടുത്തില്ലെങ്കില്‍ കിട്ടുവാന്‍ ഒരിക്കലും അവകാശമില്ല. ശൂദ്രാപുത്രന്, തീര്‍ച്ചയായും അവകാശമില്ലെങ്കിലും, അവന് കൊടുക്കാതിരിക്കരുത് യുധിഷ്ഠിരാ! എന്തുകൊണ്ടെന്നാല്‍ ആനൃശംസ്യം (ദയ) ഏറ്റവും മഹത്തായ ഒരു ധര്‍മ്മമാണെന്നു നീ മനസ്സില്‍ വെയ്ക്കുക. അങ്ങനെ ദയ കാണിക്കുന്നത് ഗുണമേ ചെയ്യൂ! ബ്രാഹ്മണന് വേറെ മക്കളൊന്നുമില്ലാതെ വന്നാലും ശൂദ്രാപുത്രന്‍ മാത്രമേയുള്ളു എന്നുവന്നാലും ആ ശൂദ്രാപുത്രന്ന് പത്തില്‍ ഒരു അംശത്തിലധികം നല്കേണ്ടതില്ല. അത്രയേ നല്കാവു.
മൂന്നുകൊല്ലം യാഗം കഴിക്കുവാനുള്ള ധനത്തിലേറെ കൈവശമുണ്ടെങ്കില്‍ ആ ദ്രവ്യം കൊണ്ടു യജ്ഞം നിര്‍വ്വഹിക്കണം. ധനംനേടി ഉപയോഗിക്കാതെ വെയ്ക്കുന്നതു പാപമാണ്. ധനം പാഴായി നേടി വെയ്ക്കരുത്. മൂവ്വായിരം സംഖ്യവരെ സ്ത്രീക്കു ഭാഗം നല്കാം. ഭര്‍ത്താവ് നല്കിയ ആ ധനം അര്‍ഹത പോലെ അനുഭവിക്കുക. സ്മൃതിയില്‍ പറയുന്നത് സ്ത്രീക്ക് ഭര്‍ത്താവു നല്കുന്ന വിത്തം അവളുടെ ദൈനംദിന ജീവിതച്ചെലവിന് ഉളളതാണ്. ജീവിതച്ചെലവിനുളള ഭര്‍ത്താവിന്റെ ധനം സ്ത്രീകള്‍ ഒരിക്കലും അപഹരിക്കരുത്. ബ്രാഹ്മണ്യസ്ത്രീക്ക് അവളുടെ അച്ഛന്‍ നല്കിയ ധനമുണ്ടെങ്കില്‍, യുധിഷ്ഠിരാ! അത് ആ കനൃകയ്ക്കു സ്വീകരിക്കാം. പുത്രനില്ലെങ്കില്‍ പുത്രനെപ്പോലെ പുത്രിക്ക് ആ പിതൃസ്വത്ത് സ്വീകരിക്കാം. രാജാവേ! അവളെ ഇക്കാര്യത്തില്‍ പുത്രനെപ്പോലെ പരിഗണിക്കണം. ഇങ്ങനെയാണ് ധര്‍മ്മനിശ്ചയം. ധര്‍മ്മം ഇപ്രകാരമാണെന്നു ധരിച്ച് ധനം ചെലവാക്കാതെ, സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ, കൂട്ടിവെയ്ക്കരുത്. യുധിഷ്ഠിരന്‍ പറഞ്ഞു: ശൂദ്രസ്ത്രീയില്‍ ബ്രാഹ്മണനുണ്ടായ പുത്രന്‍ പിതൃധനത്തിന് അവകാശമില്ലെങ്കില്‍ പിന്നെ അവന് പത്തില്‍ ഒരംശം കൊടുക്കണമെന്നു പറയുന്നത് എന്തു വിശേഷത്താലാണ്? പിന്നെ ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ബ്രാഹ്മണന് ബ്രാഹ്മണിയില്‍ ഉണ്ടാകുന്നവന്‍ ബ്രാഹ്മണനാണെന്നു പറഞ്ഞുവല്ലോ. ക്ഷത്രിയസ്ത്രീയിലും വൈശ്യസ്ത്രീയിലും ഉണ്ടാകുന്നവരും ബ്രാഹ്മണരായിത്തന്നെ പരിഗണിക്കണം എന്നു പറയുന്നു. ആ നിലയ്ക്കു പിന്നെ സ്വത്ത് നല്കുന്നതില്‍ എന്തിന് വ്യത്യാസം കാണിക്കുന്നു. ഒപ്പംതന്നെ നല്കുകയല്ലേ വേണ്ടത്? മൂന്നു ജാതിയില്‍, ബ്രാഹ്മണ ക്ഷത്രിയ വൈശ്യമാരില്‍ ജനിക്കുന്ന ബ്രാഹ്മണ പുത്രന്മാര്‍ ബ്രാഹ്മണരാണെന്നല്ലേ അങ്ങു പറയുന്നത്?
ഭീഷ്മൻ പറഞ്ഞു; എല്ലാ ഭാര്യമാരും ഭാരങ്ങള്‍ തന്നെ! എന്നാല്‍ ആ പേരു കൊണ്ട് അതില്‍ പല വിശേഷങ്ങളുമുണ്ടെന്നു നീ ധരിക്കണം. ഞാന്‍ ചില ഉദാഹരണങ്ങള്‍ കാണിക്കാം. ഒരു ബ്രാഹ്മണന്‍ ക്ഷത്രിയസ്ത്രീയേയും വൈശ്യസ്ത്രീയേയും ശൂദ്രസ്ത്രീയേയും വിവാഹം കഴിച്ചതിന് ശേഷം ഒടുവിലായി ഒരു ബ്രാഹ്മണിയെ വിവാഹം കഴിച്ചു എന്നു വിചാരിക്കുക. ഒടുവില്‍ വിവാഹിതയായ അവള്‍ അയാളുടെ വര്‍ണ്ണത്തില്‍പ്പെട്ട ബ്രാഹ്മണി, ശ്രേഷ്ഠയായി ഒന്നാം സ്ഥാനത്തിന് അര്‍ഹയാകുന്നു. ആദ്യം വിവാഹിതയായ മറ്റു മൂന്നു വര്‍ണ്ണത്തില്‍പ്പെട്ടവര്‍ക്കും സ്ഥാനം യഥാക്രമം താഴ്‌ന്നതുതന്നെ! മുമ്പെ വന്നുചേര്‍ന്നു എന്ന പരിഗണനയെന്നും അവിടെയില്ല. ബ്രാഹ്മണിയെ ശ്രേഷ്ഠയും പൂജ്യയുമായി ഗണിക്കണം. ഭര്‍ത്താവിനെ എണ്ണ തേപ്പിക്കുക, കുളിപ്പിക്കുക, ദന്തധാവനത്തിന് ഒരുക്കിക്കൊടുക്കുക, ദേഹശുദ്ധി വരുത്തിയതിന് ശേഷം അലങ്കരിക്കുക, അഞ്ജനമെഴുതിക്കുക, ഹവ്യകവ്യങ്ങള്‍ ഒരുക്കുക മുതലായി ഭാര്യാധര്‍മ്മങ്ങള്‍ ഗൃഹത്തില്‍ ബ്രാഹ്മണിയായ ഭാര്യയുള്ളപ്പോള്‍ മറ്റുളളവള്‍ ഒരിക്കലും ചെയ്തു പോകരുത്. ബ്രാഹ്മണന് വേണ്ടതൊക്കെ ബ്രാഹ്മണി തന്നെ ചെയ്തു കൊടുക്കണം യുധിഷ്ഠിരാ! അന്നം, പാനം, മാല്യം, വസ്ത്രം, ആഭരണം എല്ലാം ബ്രാഹ്മണിക്ക് ബ്രാഹ്മണന്‍ നല്കണം. അവള്‍ ഭര്‍ത്താവിനുളള ഭാര്യമാരില്‍ മേലെയാണ്. മനുവിന്റെ സ്മൃതിയില്‍ ഇതിനെപ്പറ്റി പറയുന്നുണ്ട്. ഇതു സനാതനമായ ധര്‍മ്മമാണ് രാജാവേ! അതിനെ അനുസരിക്കാതെ കാമം മൂലം മറിച്ചു ചെയ്യുകയാണെങ്കില്‍ യുധിഷ്ഠിരാ! ആ ബ്രാഹ്മണനെ മുമ്പെ കണ്ട മാതിരിയുളള വിപ്രചണ്ഡാളനായി കണക്കാക്കണം. ഇനി ബ്രാഹ്മണസ്ത്രീക്കും ക്ഷത്രിയസ്ത്രീക്കുമുണ്ടാകുന്ന വിശേഷവും പറയാം. ബ്രാഹ്മണിക്കു തുല്യയല്ല ക്ഷത്രിയസ്ത്രീ. അവരില്‍ ബ്രാഹ്മണിക്കുണ്ടാകുന്ന പുത്രന്‍ ക്ഷത്രിയയ്ക്കുണ്ടാകുന്ന പുത്രനേക്കാള്‍ ശ്രേഷ്ഠനായി പരിഗണിക്കണം. അവന്‍ ഒന്നാമനാണ്. അച്ഛന്റെ ധനം എത്രയെടുത്താലും തെറ്റില്ല. പിന്നെ ബ്രാഹ്മണിയില്‍ താഴെയാണ് ക്ഷത്രിയസ്ത്രീ എന്നപോലെ, ക്ഷത്രിയസ്ത്രീയില്‍ താഴെയാണ് വൈശ്യസ്ത്രീ. ക്ഷത്രിയസ്ത്രീക്കു കിടയായി ഒരിക്കലും വൈശ്യസ്ത്രീയും ആവുകയില്ല. രാജാവേ, ആഴി ചൂഴുന്ന ഊഴിയും സ്വധര്‍മ്മത്താല്‍ ക്ഷത്രിയന്‍ നേടുന്നു! എല്ലാഐശ്വര്യവും നേടുന്നു. രാജാവ് ദണ്ഡധരനുമാണ്, രാജാവേ, രക്ഷ എന്നു പറയുന്നത് ക്ഷത്രിയനില്‍ നില്ക്കുന്നു. ക്ഷത്രിയന്റെ ചുമതലയാണ് രാജ്യരക്ഷ. ബ്രാഹ്മണർ യോഗ്യരാണ്. അവര്‍ ദേവകളുടേയും ദേവരാണ്. അതു കൊണ്ട് രാജാവേ, ബ്രാഹ്മണപൂജ വിധിപ്രകാരം ചെയ്യണം. ഋഷിപ്രണീതമായ ധര്‍മ്മശാസ്ത്രം നല്ലപോലെ ധരിച്ച് വേണ്ടതു ചെയ്യുക. ശാശ്വതമായ ധര്‍മ്മം അനുഷ്ഠിക്കുക. ക്ഷത്രിയന്‍ സ്വകര്‍മ്മത്തില്‍ വീഴ്ച വരുത്തിയാല്‍ ആ രാജ്യത്തില്‍ ദസ്യുക്കള്‍ കൊളളയടിക്കും. ധനവും സ്ത്രീകളും അപഹരിക്കപ്പെടും. രാജാവ് എല്ലാജാതിക്കാരേയും രക്ഷിക്കുന്നു.
ആപത്തില്‍ നിന്ന് കയറ്റുന്നു. വൈശ്യാപുത്രനിലും മേലെയാണ് ക്ഷത്രിയപുത്രനെന്ന് ഇതില്‍ നിന്നും ധരിക്കാമല്ലോ. അവന്‍ ബ്രാഹ്മണനായ പിതാവിന്റെ ധനം വീണ്ടും സ്വീകരിക്കുന്നതില്‍, എത്ര തന്നാലും സ്വീകരിക്കുന്നതില്‍, തെറ്റില്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ ബ്രാഹ്മണനുള്ള നിശ്ചയം വിധിപ്രകാരം പറഞ്ഞു. മറ്റു ജാതിക്കാര്‍ക്കുളള നിയമം പിന്നെ എങ്ങനെയാണ്?
ഭീഷ്മൻ പറഞ്ഞു: ക്ഷത്രിയന് രണ്ടു ഭാര്യയാകാമെന്നു വിധിച്ചിട്ടുണ്ടല്ലോ കുരുനന്ദനാ! മൂന്നാമത് ശൂദ്രയേയും സ്വീകരിക്കാമെങ്കിലും അതു ശാസ്ത്രാനുസരണമല്ല. ക്ഷത്രിയര്‍ക്കും ഇതു തന്നെയാണല്ലോ നടപടിക്രമം? ക്ഷത്രിയന്‍ തന്റെ ധനം എട്ടായി പങ്കുവെയ്ക്കണം. പിത്യസ്വത്തില്‍ നാലു ഭാഗം ക്ഷത്രിയന്‍ ക്ഷത്രിയഭാരൃയിലുണ്ടായ പുത്രന് നല്ക ണം. അച്ഛന്‍ യുദ്ധംചെയ്തു നേടിയതും ഇവന് ലഭിക്കും. പിന്നെ വൈശ്യ ഭാര്യയിലുണ്ടായ പുത്രന് എട്ടില്‍ മൂന്നു ഭാഗം നല്കണം. പിന്നെ ശൂദ്രസ്ത്രീയില്‍ പിറന്നവന് എട്ടില്‍ ഒരുഭാഗം നല്കാം. അത് അച്ഛന്‍ ഇഷ്ടമായി നല്കിയാല്‍ സ്വീകരിക്കാമെന്നല്ലാതെ മറ്റുളളവര്‍ക്കുളളത് പോലെയുളള അവകാശമൊന്നും അവന്നില്ല. നല്കിയില്ലെങ്കില്‍ കിട്ടുകയില്ല. വൈശ്യന് വൈശ്യസ്ത്രീ ഒരുത്തി മാത്രം ഭാര്യയാകാം. രണ്ടാമതായി ഒരു ശൂദ്രയേയും വെയ്ക്കാം. അതിന് ശാസ്ത്രാനുമതിയില്ല. വൈശ്യന് വൈശ്യസ്ത്രീയില്‍ വര്‍ത്തിക്കെ സന്താനമുണ്ടാകും. ശൂദ്രസ്ത്രീയിലും സന്താനമുണ്ടാകും. അപ്പോള്‍ വൈശ്യന്‍ തന്റെ ധനം അഞ്ചായി ഭാഗിക്കണം. അച്ഛന്റെ മുതലില്‍ അഞ്ചില്‍ നാലുഭാഗം വൈശ്യാപുത്രന് നല്കണം. അഞ്ചാമത്തെ ഭാഗം ശൂദ്രയുടെ പുത്രനും നല്കണം. അച്ഛന്‍ കൊടുത്തെങ്കിൽ വാങ്ങാമെന്നല്ലാതെ അവകാശമൊന്നും അവനില്ല. ഇങ്ങനെ മൂന്നു ജാതിക്കാരിലുണ്ടായ ശൂദ്രസ്ത്രീജാതന് സ്വത്തില്‍ അവകാശമില്ല. ശൂദ്രന് ശൂദ്രസ്ത്രീ മാത്രമേ ഭാര്യയാകാന്‍ വിധിച്ചിട്ടുള്ളു. മറ്റു ജാതിക്കാരെ ഭാര്യയാക്കാന്‍ പാടില്ല. നൂറു മക്കള്‍ ഉണ്ടായാലും അവര്‍ക്കെല്ലാം ഒപ്പം ഭാഗിച്ചു കൊടുക്കുകയും വേണം. സ്വന്തം ജാതിയില്‍ പിറന്ന മക്കള്‍ക്കെല്ലാം അവകാശം തുല്യമാണ്. സമജാതിയിലുളളവര്‍ക്ക് ധനഭാഗം ഒപ്പം തന്നെയാണ്. ഈ സഹോദരാദികളില്‍ ജ്യേഷ്ഠനായവന് ഒരു ഭാഗം കൂടുതല്‍ അവകാശപ്പെടും. ഇങ്ങനെയുള്ള ഭാഗക്രമം പണ്ടേതന്നെ അല്ലയോ പാര്‍ത്ഥാ, ബ്രഹ്മാവു നിശ്ചയിച്ചതാണ്. സവര്‍ണ്ണകളില്‍ ജനിച്ചവര്‍ക്ക് ഈ വിശേഷനിശ്ചയം പണ്ടേ നിശ്ചയിക്കപ്പെട്ടത് തന്നെയാണ്. വിവാഹത്തിന്റെ വിശേഷത്താല്‍ ജാതി ക്രമമനുസരിച്ച് ശ്രേഷ്ഠത്വം നോക്കി ഇപ്രകാരം ദായക്രമത്തിലും വ്യത്യാസം കാണിച്ചു. സമജാതിയില്‍ ജ്യേഷ്ഠന് ഒരംശം പ്രധാനമായി നല്കുന്ന മാതിരി മദ്ധ്യമാംശം മദ്ധ്യമനും, അന്ത്യാംശം കനിഷ്ഠനും നല്കുന്നു. ഇപ്രകാരം ജാതിയില്‍ ഏതിലും സവര്‍ണ്ണജാത പുത്രന് പിതൃസ്വത്തില്‍ മെച്ചം കൂടുതല്‍ ലഭിക്കുന്നതാണ്. മാരീചനായ കാശ്യപമുനിയും ഈ ദായക്രമം വിവരിച്ചിട്ടുണ്ട്.
48. വര്‍ണ്ണസങ്കരകഥനം -- വര്‍ണ്ണസങ്കരംകൊണ്ട് ഉണ്ടാകുന്ന ജാതിഭേദങ്ങളും അവരുടെ സ്വഭാവാദികളും - യുധിഷ്ഠിരന്‍ പറഞ്ഞു: അര്‍ത്ഥലോഭം കാരണമായും, കാമാസക്തി കാരണമായും, ജാതി തീര്‍ച്ചപ്പെടാഞ്ഞത് മൂലവും ജാതി വേര്‍തിരിയാഞ്ഞത് മൂലവും, ഇങ്ങനെ ജാതി കലര്‍ന്നുണ്ടായവര്‍ക്ക് എന്തു ധര്‍മ്മമാണ്? പിന്നെ എന്തു കര്‍മ്മമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്? പിതാമഹാ! അവയെല്ലാം ഒന്നു വെളിവാക്കിത്തന്നാലും!
ഭീഷ്മന്‍ പറഞ്ഞു: ആദിയില്‍ സൃഷ്ടികര്‍ത്താവ് നാലു വര്‍ണ്ണങ്ങളെ സൃഷ്ടിച്ചു. അവര്‍ ക്രമത്തില്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മകര്‍മ്മങ്ങളേയും നിശ്ചയിച്ചു. എല്ലാ യജ്ഞത്തിനും വേണ്ടിയാണ് ധാതാവ് ഈ സൃഷ്ടി നടത്തിയത്. ബ്രാഹ്മണന് നാലു ഭാര്യമാരെ സ്വീകരിക്കാം. ഓരോ വര്‍ണ്ണത്തില്‍ നിന്നും ഓരോ ഭാര്യയെ ആദ്യത്തെ രണ്ടു വര്‍ണ്ണത്തില്‍ (ബ്രാഹ്മണക്ഷത്രിയരില്‍) നിന്നുണ്ടാകുന്ന പുത്രന്മാര്‍ തന്റെ വര്‍ണ്ണത്തിന് തുല്യമായി പരിഗണിക്കുന്നു. പിന്നെയുള്ള രണ്ടു ഭാര്യമാരില്‍ (വൈശ്യശൂദ്രകളില്‍) നിന്നുണ്ടാകുന്ന പുത്രന്മാര്‍ അച്ഛന്റെ വര്‍ണ്ണത്തോട് (ജാതിയോടു) തുല്യമായി പരിഗണിക്കുകയില്ല. മാതൃതുല്യരായേ ഗണിക്കുകയുള്ളൂ. ബ്രാഹ്മണന് ശൂദ്രസ്ത്രീയില്‍ ജനിക്കുന്ന പുത്രനെ "പാരശവന്‍" എന്നാണു വിളിക്കുക. അതിനു കാരണമായിപ്പറയുന്നത് ശവത്തില്‍ നിന്ന് ബ്രാഹ്മണനുണ്ടായ പുത്രന്‍ എന്നാണ്. അതിന്റെ സാരം ശവം എന്നു പറയുന്നത്, ശവതുല്യനായ ശൂദ്രന്‍ എന്നാണ്. അവന്‍ അവന്റെ അച്ഛന്റെ ജാതിക്കാരെ ശുശ്രൂഷിക്കണം. അവന് ശൂദ്രന്റെ പ്രവൃത്തി നല്കാതിരിക്കുന്നത് ഉചിതമല്ല. എന്തു കൊണ്ടെന്നാല്‍, അവന്‍ ശൂദ്രന്റെ തൊഴില്‍ ചെയ്യേണ്ടവനായ ശൂദ്രന്‍ തന്നെയാണ്. അച്ഛന്റെ മറ്റുജാതി ഭാര്യമാരില്‍ ഉണ്ടായ മക്കളേക്കാള്‍ അവന്‍ മൂത്തവനായിയെന്നുവരും. അതുകൊണ്ടൊന്നും കാര്യമില്ല. ഏതുപായങ്ങളും സ്വീകരിച്ച് അവന്‍ അവന്റെ കുടുംബം പുലര്‍ത്തണം. ജൃേഷ്ഠനായാലും മേല്‍ ജാതിക്കാരായ തന്റെ അനുജന്മാരെ അവന്‍ ശുശ്രുഷിക്കണം. ശൂദ്രന് നിശ്ചയിച്ച തൊഴില്‍ സേവാവ്യത്തിയാണ്. അവര്‍ നല്കുന്നതു വാങ്ങി അവന്‍ ജീവിക്കണം. ക്ഷത്രിയന് മൂന്നു ഭാര്യമാരാകാമല്ലോ. ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിവരില്‍ ആദ്യത്തെ രണ്ടിലും ഉണ്ടാകുന്ന സന്താനങ്ങള്‍ തനിക്കു തുല്യം ക്ഷത്രിയരായി പരിഗണിക്കുന്നു. മൂന്നാമത്തേതായ ശൂദ്ര വളരെ താഴ്‌ന്നവളായി മാത്രം കണക്കാക്കുന്നു. അവളിലുണ്ടാകുന്ന സന്താനത്തെ "ഉഗ്രന്‍" എന്ന് ശ്രുതിയില്‍ പറയുന്നു.
വൈശ്യന് രണ്ടു ഭാര്യമാരാകാം (വൈശ്യയും ശൂദ്രയും). രണ്ടിലും താന്‍തന്നെ പിറക്കുന്നു. തന്റെ ജാതി തന്നെ അവര്‍ക്കും. ശൂദ്രന് ഒരേ ഒരു ഭാര്യ മാത്രമാകാം. അത് സ്വജാതിയില്‍ പെട്ടത് തന്നെയാകണം. അവളില്‍ നിന്ന് ഉണ്ടാകുന്നവനും ശൂദ്രന്‍ തന്നെയാണ്. ഈ പറഞ്ഞ പരിധിക്കപ്പുറത്തുണ്ടാകുന്ന ഉല്‍പാദനങ്ങളെല്ലാം വളരെ നികൃഷ്ടമായേ പരിഗണിക്കപ്പെടുന്നുളളു. ജാതിയില്‍ താഴ്ന്ന ഒരുത്തന്‍ ജാതിയില്‍ ഉയര്‍ന്ന സ്ത്രീയില്‍ സന്താനോല്പാദനം ചെയ്താല്‍ ആ സ്ത്രീ പ്രസവിച്ചുണ്ടാകുന്ന പുത്രന്‍ നാലു വര്‍ണ്ണങ്ങളുടെ പരിധിയിലും നില്ക്കുന്നതല്ല. തീര്‍ച്ചയായും അങ്ങനെയുളള പുത്രന്‍ നാലുവര്‍ണ്ണങ്ങളുടേയും ആക്ഷേപത്തിനും നിന്ദയ്ക്കും പാത്രമായി ഭവിക്കും. വിപ്രസ്ത്രീയില്‍ ക്ഷത്രിയനുണ്ടാകുന്ന സന്താനം രണ്ടിലും പെടാത്ത സ്തുതി പാഠകനായ സൂതനായിത്തീരും. അവന്‍ നാലു ജാതിയിലും പെടാത്തവനാണ്. സൂതന്റെ തൊഴില്‍ രാജാക്കന്മാരെയും മഹാപുരുഷന്മാരെയും പ്രശംസിക്കലും സ്തുതിക്കലുമാണ്. വൈശ്യന് ബാഹ്മണിയില്‍ ജനിക്കുന്ന പുത്രന്‍ വൈദേഹന്‍ എന്നറിയപ്പെടുന്നു. അവന്റെ തൊഴില്‍ മാന്യസ്ത്രീകളുടെ അന്തഃപുരം സൂക്ഷിക്കുക എന്നതാണ്. മറ്റു തൊഴിലിലൊന്നും ഏര്‍പ്പെടുത്തുകയില്ല. ശൂദ്രന് ബ്രാഹ്മണിയില്‍ പുത്രനുണ്ടായാല്‍ അവന്‍ ചണ്ഡാലനായി കണക്കാക്കപ്പെടുന്നു. അവന്റെ തൊഴില്‍ കൊലക്കുറ്റം ചെയ്തവരെ തൂക്കിക്കൊല്ലുകയാണ്. അവരെ വളരെ നികൃഷ്ടരായി കണക്കാക്കുന്നു. അവരെ കുലദ്രോഹികളായി പരിഗണിക്കുന്നു. അല്ലയോ ബുദ്ധിമാന്മാരില്‍ അഗ്രഗണ്യനായ രാജാവേ, ഇത്തരക്കാര്‍ സകങ്കരവര്‍ഗ്ഗമാണ്.
ഇനി ക്ഷത്രിയസ്ത്രീയില്‍ വൈശ്യന് ഉണ്ടാകുന്നവനെ പറ്റി പറയാം. അവനെ വന്ദി, മാഗധന്‍, വാകൃജീവനന്‍ എന്നെല്ലാം പറയുന്നു. അവന്റെ തൊഴില്‍ സ്തുതിക്കലാണ്; സ്തുതിപാഠകന്മാരാണ് വന്ദികള്‍. ശൂദ്രന് ക്ഷത്രിയസ്ത്രീയില്‍ ഉണ്ടാകുന്നവന്‍ നിഷാദന്‍, മീന്‍ പിടുത്തക്കാരന്‍ എന്നൊക്കെ അറിയപ്പെടുന്ന കൂട്ടരാണ്. വൈശ്യയില്‍ ശൂദ്രനുണ്ടാകുന്ന പുത്രനെ "അയോഗവന്‍" എന്നു പറയുന്നു. ബ്രാഹ്മണര്‍ ഇവന്റെ കൈയില്‍ നിന്ന് പ്രതിഗ്രഹം വാങ്ങാന്‍ പാടില്ലെന്നാണ് നിശ്ചയം. അവര്‍ക്കു ചെയ്യേണ്ട ജോലി തച്ചുപണിയാണ്. അവനു സ്വത്തു സമ്പാദിക്കുവാന്‍ പാടില്ല. തൊഴില്‍ ചെയ്തു നിത്യവൃത്തി കഴിച്ചു ജീവിച്ചു കൊള്ളണം. ഇങ്ങനെ ഉണ്ടായിത്തീര്‍ന്ന സങ്കരവര്‍ഗ്ഗങ്ങളിലെ സ്ത്രീപുരുഷന്മാർ അതാതു വര്‍ഗ്ഗത്തിലെ സംബന്ധം മൂലം ഒരു വര്‍ഗ്ഗമായി പരിണമിച്ചു വര്‍ദ്ധിക്കുന്നു. താഴ്‌ന്ന ജാതിയില്‍ നിന്ന് ഭാര്യയെ സ്വീകരിച്ചാല്‍ അതില്‍ ഉണ്ടാകുന്ന മക്കള്‍ അമ്മത്താവഴിക്കാരായി താഴ്ന്നവരായി പരിഗണിക്കുന്നു. നാലു വര്‍ണ്ണത്തിലും അതാതു വര്‍ഗ്ഗത്തില്‍ നിന്ന് വിവാഹിതരായവര്‍ക്ക് ഉണ്ടാകുന്ന സന്താനങ്ങള്‍ക്ക് അതാതു പദവി നല്‍കുന്നു. നേരെ താഴെയുള്ള വര്‍ഗ്ഗത്തിലെ ഭാരൃയില്‍ നിന്നുണ്ടാകുന്നവനും അതേ പദവി തന്നെ നല്‍കുന്നു. എന്നാല്‍ പരമ്പരമുറയ്ക്ക്
അങ്ങനെയുണ്ടായവര്‍ ഒരു പ്രത്യേക വര്‍ഗ്ഗമായി അതാതു വര്‍ഗ്ഗത്തില്‍ ഉള്ളവരുമായി വിവാഹബന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. അതു നാലു വര്‍ണ്ണങ്ങളുടേയും പുറമേ നില്ക്കുന്നു. അവരുടെ പിതാക്കന്മാരുടെ ജാതിയാണ് മക്കളുടേയും ജാതി. അവരും അന്യ താഴ്ന്ന വര്‍ഗ്ഗത്തില്‍ നിന്ന് ഭാര്യമാരെ സ്വീകരിക്കുകയും സന്താനമുണ്ടാവുകയും ചെ യ്താൽ അവരുടെ സന്താനങ്ങളുടെ ജാതിയും താഴ്ന്നതു തന്നെയാകുന്നു. ശൂദ്രന് ബ്രാഹ്മണിയില്‍ ഉണ്ടാകുന്ന പുത്രന്‍ ചണ്ഡാലനായിട്ടാണല്ലോ പരിഗണിക്കുക. അതു പോലെയാണ് അതും. നാലു വര്‍ണ്ണങ്ങള്‍ക്ക് അപ്പുറത്തു നില്ക്കുന്നവര്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകളെ സ്വീകരിച്ച് അതില്‍നിന്നുണ്ടാകുന്ന സന്താനങ്ങള്‍ ഓരോ വര്‍ഗ്ഗങ്ങളെ ഉണ്ടാക്കുന്നു. അങ്ങനെ ഉണ്ടാകുന്ന താഴ്‌ന്ന
വര്‍ഗ്ഗങ്ങള്‍ പതിനഞ്ചു വകുപ്പുകളായി കണക്കാക്കിയിരിക്കുന്നു. അവര്‍ തുല്യമായി താഴ്ന്നവരും, ചിലര്‍ കുറേക്കൂടി താഴ്ന്നവരുമായി പരിഗണിക്കുന്നു. അഗമ്യരുമായി ഗമിച്ചിട്ടാണ് ഇങ്ങനെ വര്‍ണ്ണസങ്കരങ്ങള്‍ ഉണ്ടാകുന്നത്. ചാതുര്‍വ്വര്‍ണ്യത്തിന് പുറത്ത് സങ്കരം കൊണ്ടുണ്ടായവരാണ് സ്ത്രീകളില്‍ സൈരന്ധ്രികള്‍, പുരുഷന്മാരില്‍ മാഗധന്മാര്‍. സ്ത്രീകള്‍ക്കു മോടികൂട്ടുന്നതിന് അന്തഃപുരങ്ങളില്‍ താമസിക്കുന്നവരാണ് സൈരന്ധ്രിമാര്‍. ഇവര്‍ ദാസിമാരല്ലാത്ത ദാസികളാണ്. അപ്രകാരം രാജാക്കന്മാരെ അണിയിക്കുവാനും, മാല മുതലായവ കെട്ടുവാനും അവര്‍ സമര്‍ത്ഥരായിത്തീരുന്നു. അതാണ് അവര്‍ തൊഴിലായി സ്വീകരിക്കുന്നത്. അവര്‍ ജന്മനാ സ്വതന്ത്രരാണെങ്കിലും, സേവനം ചെയ്തു ജീവിക്കുന്നു. മാഗധന്മാരുമായി സൈരന്ധ്രികള്‍ ചേരുമ്പോള്‍ അതില്‍നിന്ന് ഒരു പുതിയ ജാതി ഉത്ഭവിക്കുന്നു. അവരെ "ആയോഗവാന്മാര്‍" എന്നു പറയുന്നു. അവരുടെ തൊഴില്‍ വലയുണ്ടാക്കി അതുകൊണ്ടു മത്സ്യം പിടിക്കുക, പക്ഷികളെ പിടിക്കുക, മൃഗങ്ങളെ പിടിക്കുക മുതലായവയാണ്. വൈദേഹരും സൈരന്ധ്രിമാരും കൂടിച്ചേരുമ്പോള്‍ അതില്‍നിന്ന് വേറെ ചില തൊഴില്‍ കൈക്കൊളളുന്ന വര്‍ഗ്ഗക്കാര്‍ ഉണ്ടാകുന്നു. മൈരേയകന്‍ (മദൃമുണ്ടാക്കുന്നവന്‍) എന്ന വര്‍ഗ്ഗം ഈ സംസര്‍ഗ്ഗം കൊണ്ടുണ്ടാകുന്ന കൂട്ടരാണ്. നിഷാദിയില്‍ നിന്ന് "മദ്ഗുരന്മാര്‍" എന്ന വര്‍ഗ്ഗം ഉണ്ടാകുന്നു. അവര്‍ക്ക് ദാശന്മാര്‍ എന്നും പേരുണ്ട്. അവര്‍ വഞ്ചി തുഴഞ്ഞ് ഉപജീവിക്കുന്നു. ചണ്ഡാലനില്‍ നിന്ന് ശ്വാപകന്‍ ഉണ്ടാകുന്നു. അവന്റെ തൊഴില്‍ ശവം കാക്കുക എന്നതാണ്. അവന്‍ നായയെ തിന്നുന്നവനാണ്. മാഗധിയില്‍ നിന്ന് ഈ നാലു ജാതിക്കാര്‍ക്കും ഉണ്ടാകുന്ന സന്താനങ്ങള്‍ വളരെ ക്രൂരസ്വഭാവികളാകുന്നു. മാസം വിൽക്കുന്ന കശാപ്പുകാരന്‍, രസമെടുക്കുന്നവന്‍ (ചാറെടുക്കുന്നവന്‍, മദ്യം മുതലായവ), ക്ഷൗദ്രന്‍, സൌഗന്ധന്‍ ഇങ്ങനെ നാലുകൂട്ടരാണ്. നിഷാദനില്‍ നിന്ന് മദ്രനാഥനുണ്ടാകുന്നു. ആ കൂട്ടര്‍ കഴുതയെക്കെട്ടിയ വണ്ടിയില്‍ സഞ്ചരിക്കുന്നു. ഇവര്‍ മായോപജീവികളാണ്.
ചണ്ഡാലനില്‍ നിന്ന് പുല്‍ക്കസന്‍ന്മാര്‍ ഉണ്ടാകുന്നു. ഈ വര്‍ഗ്ഗക്കാര്‍ കഴുത, കുതിര, ആന എന്നിവയെ തിന്നുന്ന കൂട്ടരാണ്. ഇവര്‍ ശവങ്ങളില്‍ നിന്ന് അഴിച്ചെടുത്ത വസ്ത്രം ധരിക്കുന്നു. ചട്ടിയില്‍ ഭക്ഷണം കഴിക്കുന്നു. ആ യോഗവികളില്‍ നിന്ന് മൂന്നു തരം നീചജാതികള്‍ പല വര്‍ഗ്ഗങ്ങളിലെ പുരുഷ സംയോഗം കൊണ്ട് ഉണ്ടാകുന്നു. വൈദേഹ സംസര്‍ഗം കൊണ്ട് ക്ഷുദ്രന്‍ എന്ന വര്‍ഗ്ഗം ഉണ്ടാകുന്നു. പിന്നെ അവനില്‍ നിന്ന് "അന്ധ്രന്‍" ഉണ്ടാകുന്നു. അവര്‍ ഗ്രാമം വിട്ടു പാര്‍ക്കുന്ന കൂട്ടരാണ്. കാരാവരന്‍ നിഷാദിയുമായിച്ചേര്‍ന്ന് ഉണ്ടാകുന്നവനാണ് "ചര്‍മ്മകാരന്‍" (തോല്‍ക്കൊല്ലന്‍) എന്ന വര്‍ഗ്ഗം. ചണ്ഡാലനില്‍ നിന്ന് നിഷാദിക്കുണ്ടാകുന്നവരാണ് പാണ്ഡസൌപകന്മാര്‍. ഇവരാണ് കുട്ടയും മുറവും മറ്റുമുണ്ടാക്കുന്ന കൂട്ടര്‍. വൈദേഹി സ്ത്രീകളുമായി നിഷാദന്മാര്‍ ചേര്‍ന്നുണ്ടാകുന്നവരാണ് അഹിന്ധകന്മാര്‍. സൌപാകസ്ത്രീയില്‍ നിന്ന് ചണ്ഡാലന് ഉണ്ടാകുന്നവനും ചണ്ഡാലന്‍ തന്നെ. അതില്‍ വൃത്യാസം ഇല്ല. അവര്‍ നഗരത്തില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പുറത്തു പോയി വസിക്കുന്നു. ഇവര്‍ ചുടലക്കാട്ടിലും പോയി വസിക്കുന്നു. ഇവര്‍ പുറം കാക്കുന്നവരും പുറത്തേക്ക് ആക്കിയവരുമാണ്. ഇവരാണ് പല വര്‍ണ്ണങ്ങളിലുമുള്ള സ്ത്രീപുരുഷന്മാര്‍ നിയമാനുസൃതമല്ലാത്ത മാര്‍ഗ്ഗത്തില്‍ പാപവൃത്തികളായി സംസര്‍ഗ്ഗം ചെയ്ത് ഉല്പാദിപ്പിക്കുന്ന സന്താനങ്ങള്‍. ഇങ്ങനെയാണ് സങ്കരവര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നത്. ഒളിവിലും വെളിവിലും ഉള്ളവരെ അറിഞ്ഞിരിക്കണം. അവരുടെ കര്‍മ്മംനോക്കി വര്‍ഗ്ഗത്തെ അറിയുവാന്‍ കഴിയും.
നാലു വര്‍ണ്ണങ്ങള്‍ക്കു മാത്രമേ വേദത്തില്‍ കര്‍മ്മം നിശ്ചയിച്ചിട്ടുളളു. മറ്റു സങ്കരവര്‍ഗ്ഗങ്ങളുടെ കാരൃത്തില്‍ വേദാദികളില്‍ ഒന്നും പറഞ്ഞിട്ടില്ല. മൗനമാണ് അവയില്‍ ദീക്ഷിച്ചിരിക്കുന്നത്. ധര്‍മ്മമൊന്നും പറഞ്ഞു കാണാത്ത ജാതിക്കാരുടെ സംഖ്യ ചെറുതല്ല. അവര്‍ക്കെല്ലാവര്‍ക്കും തൊഴില്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. എഴുതി വെച്ചിട്ടുമില്ല. യജ്ഞബഹിഷ്കൃതന്മാരായ അവര്‍ യാദൃശ്ചികമായി ലഭിക്കുന്ന ഓരോ കര്‍മ്മംകൊണ്ടു കഴിഞ്ഞു കൂടുന്നു. ബാഹ്യന്മാര്‍ ബാഹൃന്മാരാല്‍ ജനിപ്പിക്കപ്പെടുന്നു. ഈ കൂട്ടര്‍ ചാതുര്‍വ്വര്‍ണ്യങ്ങള്‍ക്കു നിശ്ചയിക്കപ്പെടാത്ത ഓരോ തൊഴിലുമായി കഴിഞ്ഞു കൂടുന്നു. അവര്‍ക്ക് ഒരു വ്യവസ്ഥിതിയും നിശ്ചയിച്ചിട്ടില്ല. വഴി, ശ്മശാനം, മലകള്‍, മരങ്ങള്‍ എന്നിവിടങ്ങളില്‍ ഇരുമ്പാഭരണങ്ങള്‍ ധരിച്ച് ഇവര്‍ വെളിവായി പല ദിക്കുകളിലും കഴിച്ചു കൂട്ടുന്നു. ഇവര്‍ ഓരോതരം പണികള്‍ ചെയ്തു നിത്യവ്യത്തി കഴിക്കുന്നു. പലതരം അലങ്കാരങ്ങളും ഉപകരണങ്ങളും നിര്‍മ്മിച്ച് ഇവര്‍ ധരിക്കുന്നു. പലതരം കൈത്തൊഴിലും ചെയ്തു ജീവിക്കുന്നു. ഇവര്‍ ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും തുണയായി അകമ്പടി സേവിക്കുകയും ചെയ്യുന്നു. കാവല്‍ സ്ഥാനങ്ങളില്‍ ഇവര്‍ ദേഹം ബലി കഴിച്ചും സംരക്ഷണം ചെയ്തു വരുന്നു. അതില്‍ യാതൊരു മടിയും കാണിക്കാറില്ല.
ഉപദേശിക്കപ്പെട്ട സന്മാര്‍ഗ്ഗത്തില്‍ പുരുഷന്‍ ജാതിക്രമമനുസരിച്ച് സ്ത്രീയെ വിവാഹം ചെയ്ത് സന്താനോല്പാദനം നടത്തണം. അതുചെയ്യാതെ നികൃഷ്ടജാതി സ്ത്രീകളുമായി, കാമവികാരത്തെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി ചെയ്യുന്ന സംസര്‍ഗ്ഗം കൊണ്ട് സന്താനമുണ്ടായാല്‍ അത് ആ പുരുഷനു വലിയ ഭാരമായി പരിണമിക്കും. പുഴ നീന്തിക്കടക്കുന്നവന്റെ കഴുത്തില്‍ ഒരു കല്ല് കെട്ടിത്തൂക്കി നീന്തിച്ചാല്‍ അത് അവനെ എപ്രകാരം വെളളത്തില്‍ മുക്കിക്കളയുമോ അപ്രകാരം അവനെ ലോകം വിഴുങ്ങിക്കളയും. അവന്‍ നശിച്ചു പോകും. ജ്ഞാനിയേയും അജ്ഞാനിയേയും ഒരുപോലെ സ്ത്രീകള്‍ പിടികൂടി ദുര്‍മ്മാര്‍ഗ്ഗത്തിലെത്തിക്കും. കാമത്തിനും ക്രോധത്തിനും ചേര്‍ന്ന മട്ടിലാണ് സ്ത്രീകളുടെ ജീവിതം. പുരുഷന്മാരെ ദുഷിപ്പിക്കുക എന്നതാണ് സ്ത്രീകളുടെ സ്വഭാവം. അതുകൊണ്ട് ബുദ്ധിമാന്മാരായ പുരുഷന്മാരും സ്ത്രീകളില്‍ അധികം പറ്റിച്ചേരുവാന്‍ ശ്രമിക്കാറില്ല. അവര്‍ സ്ത്രീകളെ ഭയപ്പെട്ടു ഒഴിഞ്ഞു ജീവിക്കുന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു: നല്ല ആളുകള്‍ അല്ലയോ പിതാമഹാ, എങ്ങനെയാണ് ഈ അനാര്യരൂപന്മാരെ കണ്ടെത്തുക? കലുഷയോനിജനായ നീചമര്‍ത്ത്യന്മാരെ എങ്ങനെ അറിയുവാന്‍ കഴിയും പിതാമഹാ?
ഭീഷ്മൻ പറഞ്ഞു: കലുഷമായ യോനിയില്‍ (സങ്കര യോനിയില്‍) പിറന്നവനെ അറിയുവാന്‍ കഴിയും. അവനില്‍ പലതരത്തിലുളള മട്ടും മാതിരിയും കാണും. ശുദ്ധയോനിയില്‍ പിറന്നവനെ സജ്ജനോചിതമായ കര്‍മ്മം കണ്ടാല്‍ അറിയുവാന്‍ കഴിയും. അനാര്യത്വം, അനാചാരം, ക്രൂരത, നിഷ്ക്രിയത്വം ഇവ ആരില്‍ക്കാണുന്നുവോ അവന്‍ നല്ല മാര്‍ഗ്ഗത്തില്‍ ഉണ്ടായവനല്ലെന്നു ധരിക്കണം. സന്താനങ്ങള്‍ അച്ഛന്റെ ശീലമുളളവരും രണ്ടുംകലര്‍ന്ന ശീലമുള്ളവരുമായി പിറക്കും. സങ്കീര്‍ണ്ണനായി പിറക്കുന്നവന്‍ ഒരിക്കലും തന്റെ പ്രകൃതിയെ അടക്കുവാന്‍ കഴിയാത്തവനായി കാണപ്പെടും. ഒരു പുലിയുടെ കുട്ടി പുലിയായും സിംഹത്തിന്റെ കുട്ടി സിംഹമായും തീരുന്നത് നാം കാണുന്നുണ്ടല്ലോ. അതുപോലെ പുരുഷന്റെ ജാതിപ്രകൃതി തന്നെ അവന്റെ സന്താനവും വെളിപ്പെടുത്തും. കുലത്തിന്റെ കാലഗതിയാല്‍ മറഞ്ഞു പോകുന്ന വിധം പാരമ്പര്യത്തില്‍ സങ്കരംകൊണ്ടു ജനിച്ചവനില്‍ ആ സ്വഭാവം കുറച്ചായോ കൂടുതലായോ പ്രത്യക്ഷമാകും. ആര്യന്റെ വേഷംകെട്ടി നടന്നാലും അവന്റെ നിറം എന്താണെന്നുളളത് ഓരോ സന്ദര്‍ഭത്തിലും അവന്റെ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. പല സ്വഭാവത്തിലും പല കര്‍മ്മത്തിലുമായി ജീവികള്‍ അധിവസിക്കുന്ന ഈ പാരില്‍ അവനവന്റെ ജാതിയുടെ ശരിയായ നിറം അവന്‍ കാണിക്കാതിരിക്കില്ല. അതു മാഞ്ഞുപോകുന്നതല്ല. താഴ്‌ന്നജാതിയില്‍ ജനിച്ചവന്‍ കാഴ്ചയ്ക്കും താഴ്ന്നവനായിക്കാണും. നന്മ അവന്റെ ഉളളിലുയര്‍ന്നാലും ഉടനെ അതു മങ്ങിപ്പോകും. വേദവും ശാസ്ത്രവും പഠിച്ചതുകൊണ്ടൊന്നും ഈ സ്വഭാവം മാറ്റുവാന്‍ സാധിക്കുന്നില്ല. നേരേ മറിച്ച് കുലീനതയും ശ്രേഷ്ഠതയുമുളള വംശത്തില്‍ ജനിച്ചവനില്‍ അതു ശരിക്കും അവന്റെ പ്രവ്യത്തിയില്‍ വിളങ്ങും.
മേലെ ജാതിയില്‍ ജനിച്ചവനാണെന്നു വിചാരിച്ച് സ്വഭാവഗുണമില്ലാത്തവനെ പൂജിക്കരുത്. ധര്‍മ്മജ്ഞനും സത്സ്വഭാവിയുമാണെങ്കില്‍, അവന്‍ ശൂദ്രനായാലും, അവനെ പുജി ക്കണം. ശുഭമായ ശീലം, ചാരിത്രശുദ്ധി ഇവയാണ് സന്മാര്‍ഗ്ഗജനില്‍ കാണുക. അതിനു വിപരീതമായിക്കണ്ടാല്‍ അവന്‍ പിഴച്ച വഴിക്കുണ്ടായവനായി കരുതണം. തെറ്റായ വഴിക്കു സഞ്ചരിക്കുന്നവന്‍ നശിക്കും. സന്മാര്‍ഗ്ഗചാരി ശ്രേയസ്സിനെ പ്രാപിക്കുകയും ചെയ്യും. ഈ കാരണങ്ങളാല്‍ സന്മാര്‍ഗ്ഗവാന്മാരായ ബുദ്ധിമാന്മാര്‍ തനിക്കു ചേരാത്ത സ്ത്രീകളുമായി സംബന്ധത്തിന് വിചാരിക്കരുത്. അവരില്‍ നിന്ന് ഒഴിഞ്ഞു മാറണം. അത്തരക്കാരെ ഭാര്യമാരായി സ്വീകരിച്ച് അവരില്‍ സന്താനത്തെ ജനിപ്പിക്കരുത്.
49. പുത്രപ്രതിനിധികഥനം -- മക്കള്‍ എത്ര വിധത്തിലുണ്ടെന്ന് വിവരിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ കുരുശ്രേഷ്ഠാ! പിതാമഹാ! ജാതിതോറും വെവ്വേറെ മക്കളെപ്പറ്റി പറഞ്ഞാലും, എത്ര തരത്തിലുണ്ട്? മക്കള്‍ ഏതു തരക്കാര്‍? ആര്‍ക്കുണ്ടാകുന്നവര്‍? പുത്രന്മാരെപ്പറ്റി പലതരം വാദഗതിയും കേള്‍ക്കുന്നുണ്ട്. പലതരം പുത്രന്മാരെപ്പറ്റിയും പലരും പറയുന്നതു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു പിടിയും കിട്ടാതാകുന്നു. അത് യഥാക്രമം പറഞ്ഞു തരണേ!
യുധിഷ്ഠിരന്‍ പറഞ്ഞു: തന്റെ സ്വന്തം ബീജത്തില്‍ നിന്നുണ്ടാകുന്ന പുത്രനെ അനന്തരജന്‍ എന്നു പറയുന്നു. ഔരനന്‍ എന്നും പറയുന്നു. അന്യനെ വിളിച്ചു വരുത്തി സ്വന്തം ഭാര്യയില്‍ ജനിപ്പിക്കുന്ന പുത്രനെ നിരുക്തജന്‍ എന്നു പറയുന്നു. ഭര്‍ത്താവിന്റെ അനുവാദം കൂടാതെ ഭാര്യ അന്യപുരുഷനെ പ്രാപിച്ച് അതില്‍ നിന്നുണ്ടാകുന്ന പുത്രനെ പ്രസ്യതജന്‍ എന്നു പറയുന്നു. പതിതനായ അനൃപുരുഷന്‍ സ്വന്തം ഭാര്യയില്‍ പുത്രനെ ജനിപ്പിച്ചാല്‍ ആ പുത്രനെ പതിതജന്‍ എന്നു പറയുന്നു. അപ്രകാരം ദത്തകൃതന്മാരും, അദ്ധ്യൂഢന്മാരും ഉണ്ടാകുന്നു. വിവാഹത്തിനു മുമ്പേ ഗര്‍ഭംധരിച്ച ഭാര്യ വിവാഹാനന്തരം പ്രസവിച്ചുണ്ടാകുന്ന പുത്രനാണ് അദ്ധ്യൂഢന്‍. ദത്തന്‍ എന്നു പറയുന്നത്, മറ്റൊരുത്തന്‍ ദാനംചെയ്ത പുത്രനാണ്. ദത്തപുത്രന്‍ എന്നുപറയും. കൃതകപുത്രന്‍ അതുപോലെ തന്നെ അന്യപുത്രനെ തന്റെ പുത്രനായി വളര്‍ത്തുന്നതാണ്. കന്യകയായിരിക്കുമ്പോള്‍ പിതൃഗൃഹത്തില്‍ വെച്ച് പ്രസവിച്ചുണ്ടാകുന്നവന്‍ കാനീനന്‍ എന്നു പറയുന്നു. (കര്‍ണ്ണന്‍ കാനീനനാണ്) പിന്നെ അപദ്ധ്വംസജര്‍ ആറു തരവും, അപസദര്‍ ആറുതരവും എന്നിങ്ങനെ വേറെയും പുത്രന്മാരുണ്ട്.
യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങു പറഞ്ഞ ഈ ആറു തരം അപദ്ധ്വംസജന്മാരും, ആറുതരം അപസദന്‍മാരും ആരാണ്, എങ്ങനെയുളളവരാണ് എന്നു വിവരിക്കണേ!
ഭീഷ്മൻ പറഞ്ഞു; തന്നില്‍ താഴ്ന്ന മൂന്നുജാതിയിലും ബ്രാഹ്മണനുണ്ടാകുന്ന മക്കള്‍, അതുപോലെ തന്നില്‍ താഴ്‌ന്ന രണ്ടു വര്‍ണ്ണത്തിലും ക്ഷത്രിയനുണ്ടാകുന്ന മക്കള്‍, വൈശ്യന് തന്നേക്കാള്‍ താഴ്‌ന്ന ശൂദ്രയില്‍ ഉണ്ടാകുന്ന മക്കള്‍ ഇവര്‍ ആറുപേരും അപദ്ധ്വംസജര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരാണ്. ഇനി അപസദന്മാര്‍ ആരെന്നു പറയാം. അപസദന്മാരായി മൂന്നുതരം മക്കളുണ്ടാകും. തന്നേക്കാള്‍ ഉയര്‍ന്ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ സ്ത്രീകളില്‍ ശൂദ്രനുണ്ടാകുന്ന പുത്രന്മാരെ ചണ്ഡാലന്‍, വ്രാത്യന്‍, വൈദ്യന്‍ എന്നീ പേരുകളാല്‍ യഥാക്രമം അറിയുന്നു. ഇങ്ങനെ മൂന്നുതരമാണ് ശൂദ്രന്റെ അപസദന്മാരായ പുത്രന്മാര്‍. മാഗധന്‍, വാമകന്‍ എന്നീ രണ്ടും വൈശ്യന് ബ്രാഹ്മണ ക്ഷത്രിയമാരില്‍ ഉണ്ടാകുന്ന പുത്രന്മാരാണ്. വിപ്രസ്ത്രീയില്‍ ക്ഷ്രതിയനുണ്ടാകുന്നവന്‍ സൂതന്‍ ആകുന്നു. ഈ മൂന്നിനവും അപസദന്മാര്‍ തന്നെയാകുന്നു. ഇവരും പുത്രന്മാര്‍ തന്നെ അല്ലെന്നു പറയുവാന്‍ പറ്റുകയില്ല രാജാവേ!
യുധിഷ്ഠിരന്‍ പറഞ്ഞു: ചിലര്‍ പറയുന്നു, തന്റെ ഭാര്യയിലുണ്ടാകുന്ന പുത്രന്മാരൊക്കെ തന്റെ പുത്രന്മാരാണെന്ന്. വേറെ ചിലര്‍ നേരെമറിച്ച് തന്റെ ബീജത്തില്‍ നിന്ന് ജനിക്കുന്നവന്‍ മാത്രമേ തന്റെ പുത്രനാകയുള്ളൂ എന്ന്. ഈ പറഞ്ഞ രണ്ടുതരം പുത്രന്മാരും തുല്യമാണോ? അവര്‍ ആര്‍ക്കുള്ള പുത്രന്മാരാണ്? എങ്ങനെയാണതിന്റെ കിടപ്പ്?
ഭീഷ്മൻ പറഞ്ഞു: തന്റെ ബീജത്തില്‍ നിന്ന് ഉത്ഭവിക്കുന്നവന്‍ തന്റെ പുത്രനാണ്. എന്നാല്‍, ബീജകര്‍ത്താവായ പുരുഷന്‍ തന്നില്‍ നിന്നുണ്ടായ പുത്രനെ ഉപേക്ഷിച്ചാല്‍ അവന്‍ അമ്മയുടെ മകനായേ കണക്കാക്കുകയുള്ളു. അപ്രകാരം തന്നെയാണ് അദ്ധ്യൂഢന്റെ നിലയും. ആരുടെ ബീജത്തില്‍ നിന്ന് ഉത്ഭവിച്ചുവോ, അവന്റെ അദ്ധ്യൂഢനാണ് ആ പുത്രന്‍. ആ ബീജകര്‍ത്താവ് അവനെ തള്ളിക്കളഞ്ഞാല്‍ അവന്‍ അവന്റെ അമ്മയുടെ പുത്രനായിത്തീരും. അമ്മയുടെ ജാതിയാണ് അവന്റേത്. അങ്ങനെയാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങനെയുളള പുത്രന്മാര്‍ക്ക് അമ്മയുടെ ഭര്‍ത്താവിന്റെ സ്വത്തിനാണ് അവകാശം. അല്ലാതെ അവനെ ജനിപ്പിച്ച പുരുഷന്റെ സ്വത്തിന് അവകാശമില്ല. അതു മറച്ചു വെക്കാന്‍ പറ്റുകയില്ല. പ്രത്യക്ഷമായി വന്നവനാണല്ലോ അവന്‍. അത് നിഷേധിക്കുവാന്‍ കഴിയുകയില്ല. ചില ദിക്കില്‍ കൃതകപുത്രന്മാരും സ്വീകാരംകൊണ്ട് പുത്രന്മാരാകുന്നു. അതില്‍ രേതസ്സും ക്ഷേത്രവും നോക്കേണ്ട കാര്യമില്ല ഭാരതാ!
യുധിഷ്ഠിരന്‍ പറഞ്ഞു: രക്തവും ശുക്ലവുമൊന്നും ബന്ധപ്പെടാതെ തങ്ങളുടെയല്ലാത്ത കൃതകപുത്രന്മാര്‍ക്ക് അവകാശം നല്കുക എന്നത് എന്തു ന്യായമാണ്? അത് ശരിയായ വഴക്കമാണോ?
ഭീഷ്മൻ പറഞ്ഞു: അച്ഛന്റെയും അമ്മയുടെയും മാര്‍ഗ്ഗത്തെ വിട്ടവനായ പുത്രനെ സ്വന്തം പുത്രനാക്കി വെച്ചാല്‍, അവന്റെ മാതാപിതാക്കന്മാരെ ആ പുത്രന്‍ കാണാതിരിക്കെ, അവന്‍ ആരാല്‍ സംരക്ഷിക്കപ്പെടുന്നുവോ, അവനെയാണ് അവന്റെ പിതാവായി ഗണിക്കേണ്ടത്. അനാഥരുടെ നാഥത്വം ആരേറ്റെടുക്കുന്നുവോ, ആരില്‍ കാണപ്പെടുന്നുവോ, ആ പോറ്റുന്ന പുരുഷന്റെ ജാതി ഏതോ, അതായിരിക്കും അവന്റെ ജാതിയും.
യുധിഷ്ഠിരന്‍ പറഞ്ഞു: അവൻ ഏതുവിധം സംസ്കാരമാണ് ചെയ്യേണ്ടത്? അവന് ഏതു ജാതിയില്‍പ്പെട്ട കന്യകയെ ഭാര്യയാക്കാം? അതു പറഞ്ഞാലും പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: അവന് സംസ്‌കാരം നിര്‍വ്വഹിക്കേണ്ടത് അവനെ വളര്‍ത്തുന്ന നാഥന്റെ ജാതിമുറ അനുസരിച്ചാണ്. മാതാപിതാക്കള്‍ ഉപേക്ഷിച്ചവന്‍ അപ്രകാരം ജാതി സ്വീകരിക്കുന്നു. പിതാവിന്റെ ഗോത്രം, ബന്ധുജനങ്ങള്‍ ഇവയൊക്കെ സ്വപുത്രനെപ്പോലെ അവനും നല്കണം അച്യുതാ! പിന്നെ അവന്‍ വിവാഹപ്രായത്തിൽ എത്തുമ്പോള്‍ സ്വന്തം ജാതിയില്‍ നിന്ന് ഒരു കന്യകയെ അവന് വിവാഹം കഴിക്കാം. ഇത് അവന്റെ മാതാവാരെന്ന് അറിയാത്ത ഘട്ടത്തിലുള്ള നിലപാടാണ്. കാനീനന്‍, അദ്ധ്യൂഢന്‍ ഇവര്‍ പുത്രന്മാര്‍ക്ക് എന്ന പോലെയുളള സംസ്കാരം ചെയ്യേണ്ടവരാണ്. അവരെ സ്വപുത്രരായി പരിഗണിക്കണം. ബ്രാഹ്മണാദികള്‍ സ്വവര്‍ണ്ണത്തിന് എന്നപോലെ ക്ഷേത്രജന്‍, അപസദന്‍, അദ്ധ്യൂഢന്‍ എന്നിവരിലും നിര്‍വ്വഹിക്കണം. ധര്‍മ്മശാസ്ത്രത്തില്‍, ജാതിനിയമത്തില്‍ ഇപ്രകാരം അനുശാസിച്ചിട്ടുണ്ട്. ഇവയെല്ലാം ഞാന്‍, നിന്നോടു പറഞ്ഞു. ഇനി നിനക്കു കേള്‍ക്കേണ്ടതെന്താണ്? ചോദിച്ചാലും!
50. ച്യവനോപാഖ്യാനം - ച്യവനമഹര്‍ഷി മുക്കുവരുടെ വലയില്‍ കുടുങ്ങിയ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: സ്നേഹം, അനുകമ്പ എന്നൊക്കെ പറയുന്നുണ്ടല്ലോ. അന്യരുടെ ദുഃഖം കാണുമ്പോള്‍, അവരുമായി സഹവസിക്കുമ്പോള്‍, നമ്മളില്‍ കാണുന്ന ആ വികാര വിശേഷമെന്താണ്? ഗോക്കളോടു കാണിക്കുന്ന മഹത്തായ ആ അനുകമ്പാവിശേഷമെങ്ങനെ? അവയ്യെപ്പറ്റിയെല്ലാം ഒന്നു വിശദമാക്കിത്തന്നാലും!
ഭീഷ്മൻ പറഞ്ഞു: യുധിഷ്ഠിരാ, ഇതിനെപ്പറ്റി ഞാന്‍ ഒരു കഥ നിനക്കു പറഞ്ഞുതരാം. അത് നഹുഷനും ചൃവന മഹര്‍ഷിയും തമ്മില്‍ നടന്ന ഒരു കഥയാണ്.
പണ്ട് ഭൃഗുവംശത്തില്‍പ്പെട്ട ച്യവനമഹര്‍ഷി ഉദവാസ വ്രതത്തിന് (വെളളത്തില്‍ ഇരുന്ന് അനുഷ്ഠിക്കുന്ന ഒരു വ്രതം) ആരംഭിച്ചു. മഹാദ്യുതിയായ മഹര്‍ഷി മാനവും ക്രോധവും ജയിച്ച്, ഹര്‍ഷവും ശോകവും ജയിച്ചു പ്രന്തണ്ടു വർഷം ജലവാസ വ്രതത്തിന് തീരുമാനിച്ചു. എല്ലാജീവിയിലും വിശ്വാസത്തോട് കൂടിയവനായ ഋഷി സര്‍വ്വ ജലചരങ്ങളിലും ചന്ദ്രനെപ്പോലെ ശീതളമായ അമൃതകിരണം ചൊരിഞ്ഞ് അവരില്‍ ആനന്ദവും വിശ്വാസവും വളര്‍ത്തി ജലത്തില്‍ വര്‍ത്തിച്ചു. തൂണുപോലെ സ്മംഭിച്ച മട്ടില്‍, ശുദ്ധാത്മാവായി ദേവകളെ വണങ്ങി ജലത്തിലിറങ്ങി ഗംഗായമുനകള്‍ ചേരുന്ന സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. ഗംഗായമുനാ നദികളുടെ ഒഴുക്ക് ഭയങ്കരമാണ്. അതിന്റെ മഹാസ്വനവും ഭയങ്കരമാണ്. ശക്തനായ ആ തപസ്വി അതൊക്കെ ശിരസ്സു കൊണ്ട് കാറ്റെന്ന പോലെ ഏറ്റുവാങ്ങി. ഗംഗപോലെ യമുനയും സരിത്തുകളും സരസ്സുകളും എല്ലാം മഹര്‍ഷിയെ വന്നു വലംവെച്ചു നമസ്‌കരിച്ചു പോയി. ഒന്നും മഹര്‍ഷിയെ ഉപദ്രവിച്ചില്ല.
ആ മഹര്‍ഷി വെള്ളത്തിന്റെ ഉള്ളില്‍ മുട്ടിപോലെ കിടന്നു; പിന്നെ ആ ധീമാന്‍ മേൽപോട്ടേക്ക് ഉയര്‍ന്നിരുന്നു ഭരതര്‍ഷഭാ! അവന്‍ സകല ജലജന്തുക്കള്‍ക്കും പ്രിയദര്‍ശനനായി. ജലത്തിന്നടിയില്‍ ഇരിക്കുന്ന അവന്റെ ചുണ്ടത്തു വന്നു ഘ്രാണിച്ച് മത്സ്യങ്ങള്‍ മനസ്സു കുളുര്‍ത്തു പോയി. അങ്ങനെ ആ മത്സ്യങ്ങളുടെ മദ്ധ്യത്തില്‍ വാണ് വളരെക്കാലം കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം കുറെ മീന്‍പിടുത്തക്കാരെത്തി. നീണ്ടു നിവര്‍ന്നവരും ശക്തന്മാരും ശൂരനമാരും എപ്പോഴും വെള്ളത്തില്‍ വലവീശി മീന്‍പിടിക്കുന്നവരും വലയെടുത്തു വീശി മീന്‍പിടിക്കുന്നതില്‍ സമര്‍ത്ഥരുമായിരുന്നു ആ മുക്കുവന്മാര്‍. അവര്‍ ആ പ്രദേശത്തു വന്നു നീളെ വലകെട്ടിയുറപ്പിച്ചു. പലതരം കൌശലം പ്രയോഗിച്ച് മത്സ്യക്കൊതിയന്‍മാരായ ആ മുക്കുവന്മാര്‍ ഗംഗായമുനകളുടെ സംഗമസ്ഥാനത്തു വല വീശി. അവരുടെ വല പുത്തന്‍ നൂലു കൊണ്ട് ഉണ്ടാക്കപ്പെട്ടതായിരുന്നു. വീതിയും നീളവും കൂടിയ ആ വല അവര്‍ വെള്ളത്തില്‍ വീശി. പിന്നെ വലയ്ക്കു ചുറ്റും അവര്‍ ഉറപ്പിച്ചു നിന്നു. എല്ലാ മുക്കുവരും ഒപ്പം നിന്ന് വല പിടിച്ചു വലിച്ചടുപ്പിച്ചു. അവര്‍ ഭയം കൂടാതെ വലിയ രസത്തോടു കൂടി വല പിടിച്ചു മത്സ്യങ്ങളെയെല്ലാം ബന്ധി ച്ചു. അങ്ങനെ ആ മത്സ്യങ്ങളോടൊപ്പം വലയില്‍ കുടുങ്ങിയ ച്യവനമഹര്‍ഷിയേയും വലിച്ചു കയറ്റി.
അത്ഭുതം! വലിയ ഒരു മത്സ്യം കുടുങ്ങിയിരിക്കുന്നതായ സന്തോഷത്തോടെ അവര്‍ വല കരയ്ക്കടുപ്പിച്ച് വലിച്ചു കരയ്ക്കിട്ടു. വലയില്‍നിന്ന് മത്സ്യങ്ങളെ പിടിച്ചു കോര്‍ത്തു. മഹര്‍ഷിയെ പിടിച്ചിട്ടപ്പോള്‍ അവരെല്ലാവരും അത്ഭുതപ്പെട്ടുപോയി. പുഴച്ചണ്ടി ദേഹത്തില്‍പ്പറ്റി പച്ചപിടിച്ച താടിയും ജടയുമായി ദേഹത്തില്‍ മനോഹരമായ പിരിശ്ശംഖു കൊണ്ട് കൂടുപോലെ ആയിത്തീര്‍ന്ന മഹര്‍ഷിയെ കണ്ടപ്പോള്‍ മുക്കുവര്‍ക്കുണ്ടായ അത്ഭുതം ചെറുതല്ല. അവര്‍ ആ വേദജ്ഞാനിയെ ചുറ്റുംനിന്ന് തലകുമ്പിട്ടു തൊഴുതു. ചതഞ്ഞും ഞെരുങ്ങിയും കുറെ മത്സ്യങ്ങള്‍ കരയ്ക്കു വല വലിച്ചുകയറ്റുന്ന ശ്രമത്തില്‍ ചത്തുപോയി. ആ മഹര്‍ഷി മത്സ്യങ്ങളുടെ ദുഃഖകരമായ അവസ്ഥ കണ്ട് വലിയ കരുണയോടെ നെടുവീര്‍പ്പിട്ടു.
നിഷാദന്മാര്‍ പറഞ്ഞു: അല്ലയോ ഭഗവാനേ, ഞങ്ങള്‍ അറിയാതെ ചെയ്തുപോയ തെറ്റില്‍ പ്രസാദിക്കണേ! മഹര്‍ഷിവര്യാ! അങ്ങയുടെ ഇഷ്ടമെന്താണെന്നു പറഞ്ഞാലും. അതു നിര്‍വ്വഹിക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരാണ്.
ഇപ്രകാരം മുക്കുവന്മാർ പറഞ്ഞപ്പോള്‍ ആ മത്സ്യങ്ങളുടെ നടുവില്‍ വാഴുന്ന മഹര്‍ഷി പറഞ്ഞു: അല്ലയോ ദാശന്മാരേ, എന്റെ പ്രധാനമായ ഒരപേക്ഷ ഞാന്‍ പറയാം. മത്സ്യങ്ങളോടു കൂടെ നിങ്ങള്‍ എന്നെ കൊല്ലുകയോ വില്ക്കുകയോ ചെയ്തുകൊളളുക. സംവാസം കൊണ്ട് എന്നോടു കൂടെ ജലത്തില്‍ വസിക്കുന്ന കൂട്ടുകാരെ എനിക്ക് ഉപേക്ഷിക്കുവാന്‍ സാദ്ധ്യമല്ല.
ഇപ്രകാരം മഹര്‍ഷി പറഞ്ഞപ്പോള്‍ ആ നിഷാദന്മാര്‍ ഭയപ്പെട്ടു വിറച്ചു. അവര്‍ ആകെ അമ്പരന്നു വിളറി. രാജാവിന്റെ അടുത്തേക്കോടി, വൃത്താന്തം നഹുഷനെ ഉണര്‍ത്തിച്ചു.
51. ച്യവനോപാഖ്യാനം - നഹുഷന്‍ വന്ന് ചൃവന മഹര്‍ഷിയെ കാണുന്നു - ഭീഷ്മൻ പറഞ്ഞു: അപ്രകാരം ച്യവനന്റെ വൃത്താന്തം നഹുഷന്‍ കേട്ടയുടനെ സംഭ്രമത്തോടെ, പുരോഹിതനോടും അമാത്യന്മാരോടും കൂടെ ച്യവനനെ കാണുവാന്‍ എത്തി. ശുദ്ധനായി ച്യവനന്റെ മുമ്പില്‍ച്ചെന്ന് കൈകൂപ്പി, പരിശുദ്ധാത്മാവായ രാജാവ് ച്യവനനോട്, ഇതാ നഹുഷരാജാവ് അങ്ങയുടെ മുമ്പില്‍ എത്തിയിരിക്കുന്നു എന്ന് ഉണര്‍ത്തിച്ചു. ആ രാജാവിന്റെ പുരോഹിതനായ സത്യവ്രതന്‍ മഹാത്മാവും ദേവകല്പനുമായ ആ ഋഷിയെ പൂജിച്ചു.
നഹുഷന്‍ പറഞ്ഞു: അല്ലയോ ദ്വിജോത്തമാ, അങ്ങയുടെ ഇഷ്ടം ഞാന്‍ ചെയ്യുന്നതാണ്. ഭഗവാനേ! എത്ര ദുഷ്കരമായ കാര്യമായാലും ഞാന്‍ അതു ചെയ്തുകൊള്ളാം.
ച്യവനന്‍ പറഞ്ഞു: ഈ മുക്കുവന്മാര്‍ വളരെ കഷ്ടപ്പെട്ടവരാണ്. അവര്‍ മത്സ്യംപിടിച്ച് ഉപജീവിക്കുന്നവരുമാണ്. അങ്ങ് ഇവര്‍ വലവീശിപ്പിടിച്ച എന്റെ വില ഇവര്‍ക്കു നല്കുക. മത്സ്യക്കച്ചവടത്തോടൊപ്പം എന്റെ വിലയും ഇവര്‍ക്കു ലഭിക്കട്ടെ!
നഹുഷന്‍ പറഞ്ഞു: അല്ലയോ പുരോഹിതാ, ഭാര്‍ഗ്ഗവന്‍ പറഞ്ഞ മാതിരി തന്നെ ചെയ്യുക. ആയിരം നാണ്യം ഇവര്‍ക്ക് വിലയായി കൊടുക്കുക.
ച്യവനന്‍ പറഞ്ഞു: ആയിരത്തിന് അര്‍ഹനല്ല ഞാന്‍! എന്താണു രാജാവേ ചിന്തിക്കുന്നത്? ഇതില്‍ എനിക്കു തക്കതായ വില ഭവാന്‍ ചിന്തിച്ചു നിര്‍ണ്ണയിക്കുക! ബുദ്ധികൊണ്ട് ഓര്‍ത്തു കൊളളുക!
നഹുഷന്‍ പറഞ്ഞു: അല്ലയോ വിപ്രാ, നൂറായിരം തന്നെ കൊടുക്കുക. ഈ നിഷാദന്മാര്‍ക്കു തക്കതായ പ്രതിഫലമാകട്ടെ! അതു മതിയാകയില്ലേ ഭഗവാനേ! അങ്ങ് എന്തു വിചാരിക്കുന്നു?
ച്യവനന്‍ പറഞ്ഞു: നുറായിരംകൊണ്ട് കൈമാറ്റമാകാമെന്നാണോ വിചാരിക്കുന്നത്? അതു വയ്യ രാജാവേ! മന്ത്രിമാരുമായി ചിന്തിച്ച് ഉചിതമായ മൂല്യം എന്തെന്നു തീരുമാനിക്കൂ രാജാവേ!
നഹുഷന്‍ പറഞ്ഞു; ലക്ഷം പോരെങ്കില്‍ കോടിയാകട്ടെ! പുരോഹിതാ, നിഷാദര്‍ക്ക് തക്ക വിലയാകട്ടെ! പോരെങ്കില്‍ അതാകട്ടെ!
ച്യവനന്‍ പറഞ്ഞു: കോടിക്കും അതില്‍ കൂടുതലിന് ഞാന്‍ അര്‍ഹിക്കുന്നില്ല. തക്ക മൂല്യം കൊടുക്കുക. വിപ്രരോടു കൂടി ചിന്തിച്ചു തീരുമാനിക്കുക രാജാവേ!
നഹുഷന്‍ പറഞ്ഞു: പാതി രാജ്യമോ മുഴുവന്‍ രാജ്യമോ നിഷാദന്മാര്‍ക്കു നല്കുക. അതാണ് ഞാന്‍ മഹര്‍ഷിക്കു മൂല്യമായിക്കാണുന്നത്. ഇതിലപ്പുറം എന്തുവേണം? പോരെന്നുണ്ടോ? അങ്ങു പറയൂ.
ച്യവനന്‍ പറഞ്ഞു: പാതി നാടോ മുഴുവന്‍ നാടോ എനിക്കു മൂല്യമായി ഭവിക്കയില്ല രാജാവേ! തക്ക മൂല്യം ഇപ്പോഴും എന്തെന്നു ഭവാന്‍ കണ്ടെത്തിയിട്ടില്ല. ഋഷിമാരുമായി ചിന്തിക്കൂ രാജാവേ.
ഭീഷ്മൻ പറഞ്ഞു: മഹര്‍ഷിയുടെ വാക്കുകേട്ട് നഹുഷന്‍ ദുഃഖകര്‍ശിതനായി. പുരോഹിതന്മാരെയും അമാത്യന്മാരെയും വിളിച്ചു കൂട്ടി കാര്യാലോചന നടത്തി. അതില്‍ ഒരുത്തന്‍ ഉണ്ടായിരുന്നു. വനചരനും ഫലമൂലങ്ങള്‍ അശിച്ചു ജീവിക്കുന്നവനുമായ ഒരാള്‍ നഹുഷന്റെ സമീപത്തു നില്പുണ്ടായിരുന്നു. ഗോവില്‍ നിന്ന് ജനിച്ചവനായ ഒരു മഹര്‍ഷിയായിരുന്നു അദ്ദേഹം. രാജാവിനെ വിളിച്ച് ആ ദ്വിജോത്തമന്‍ പറഞ്ഞു: "രാജാവേ, ഞാന്‍ നിങ്ങളുടെ വിഷമം തീര്‍ത്തുതരാം, സന്തോഷിക്കുവിന്‍. ഞാന്‍ ഒരിക്കലും ഒക്കാത്ത കാര്യം പറയുകയില്ല. നേരംപോക്കിലും ഞാന്‍ പാടില്ലാത്തതു പറയുകയില്ല. ഭോഷ്കു പറയുകയില്ല. ഞാന്‍ അങ്ങയോടു പറയുന്നത് അങ്ങ് ഒട്ടും ശങ്കിക്കാതെ ചെയ്തു കൊള്ളണം".
നഹുഷന്‍ പറഞ്ഞു: ഭഗവാനായ ഭാര്‍ഗ്ഗവന്റെ സമീപത്തു ചെന്ന് അങ്ങ് അഭ്യര്‍ത്ഥിക്കുക: മഹര്‍ഷേ! അങ്ങ് അങ്ങയുടെ മൂല്യം നിര്‍ണ്ണയിച്ചു പറഞ്ഞാല്‍ അതു ചെയ്യാം. അങ്ങ് എന്റെ നാടും എന്റെ കുലവും കാത്തുകൊള്ളുക. ഭഗവാന്‍ ക്രുദ്ധനായാല്‍ മൂന്നു ലോകവും മുടിയും. പിന്നെ കൈയൂക്കു മാത്രം കൊണ്ടു ജീവിക്കുന്നവനും തപസ്സില്ലാത്തവനുമായ എന്റെ കാര്യം പറയുവാനുണ്ടോ? അമാത്യന്മാരോടും ഭൃത്യന്മാരോടും കൂടെ അഗാധമായ ജലത്തില്‍ ആണ്ടു പോയവനായ എന്നെ ഭവാന്‍ രക്ഷിച്ചാലും. ഞങ്ങളെ ഈ മഹാവ്യസനമായ സമുദ്രത്തില്‍ നിന്ന് കയറ്റുവാന്‍ അങ്ങു തോണിയായി നിന്നാലും! അങ്ങു തന്നെ വില തീര്‍ച്ചപ്പെടുത്തുക, ഇങ്ങനെ അഭ്യര്‍ത്ഥിക്കുക.
ഭീഷ്മൻ പറഞ്ഞു: നഹുഷന്‍ ആ മഹാമുനിയുടെ വാക്കു കേട്ടു. പ്രതാപവാനും ഗോവില്‍ നിന്നുണ്ടായവനുമായ ആ മുനി എല്ലാ അമാത്യന്മാരെയും രാജാവിനെയും ഹര്‍ഷിപ്പിക്കുന്ന വിധം ഇപ്രകാരം പറഞ്ഞു: "രാജാവേ, ജാതിശ്രേഷ്ഠരായ ദ്വിജന്മാരുടെ വില നാണ്യം കൊണ്ടു കല്പിക്കുവാന്‍ കഴികയില്ല. അവര്‍ അനര്‍ഘരാണ്. ' വിലമതിക്കാന്‍ വയ്യാത്തവരാണ്. അതുപോലെ തന്നെയാണ് ശ്രേഷ്ഠകളായ ഗോക്കളുടെയും കഥ. അതുകൊണ്ട് മൂല്യമായി ഗോവിനെ വെച്ചുകൊള്ളുക".
മഹര്‍ഷി പറഞ്ഞ വാക്ക് നഹുഷന്‍ കേട്ടു. രാജാവിന്റെ ഹര്‍ഷം അപരിമിതമായി. പുരോഹിതന്മാരോടും അമാത്യന്മാരോടും കൂടി രാജാവ് സന്തോഷിച്ചു. അവര്‍ എല്ലാവരും കൂടി ച്യവന മഹര്‍ഷിയുടെ സമീപത്തെത്തി. അടുത്തു ചെന്ന് ആ ഭൃഗുസുതനായ ച്യവനര്‍ഷിയോട് വാക്കുകൊണ്ടു തൃപ്തിപ്പെടുത്തുമാറ് ഇപ്രകാരം പറഞ്ഞു രാജാവ്
നഹുഷന്‍ പറഞ്ഞു; വിപ്രര്‍ഷേ, എഴുന്നേറ്റാലും! ഞാന്‍ വില നിര്‍ണ്ണയിച്ചിരിക്കുന്നു. ഒരു ഗോവിനെ മൂല്യമായി നിശ്ചയിച്ചിരിക്കുന്നു. അല്ലയോ ധര്‍മ്മിഷ്ഠ ശ്രേഷ്ഠാ! അങ്ങയുടെ മൂല്യം, ശരിയായ വില, അതാണെന്നു ഞാന്‍ കരുതുന്നു!
ച്യവനന്‍ പറഞ്ഞു: അല്ലയോ രാജര്‍ഷേ, ഞാന്‍ ഇതാ എഴുന്നേല്ക്കുന്നു. പ്രതിഫലം ഞാന്‍ ശരിക്കും അര്‍ഹിക്കുന്ന വിധം സ്വീകരിക്കുന്നു സന്മതേ! പശുക്കള്‍ക്കു തുല്യം വിലമതിക്കുന്ന ഒരു വസ്തുവും ഞാന്‍ ലോകത്തില്‍ കാണുന്നില്ല അച്യുതാ! പശുക്കളെപ്പറ്റി നല്ലതു പറയുന്നതും പശുക്കളെപ്പറ്റി നല്ലതു കേള്‍ക്കുന്നതും പശുക്കളെ ദാനമായി നല്കുന്നതും പശുക്കളെ നോക്കിക്കാണുന്നതും അല്ലയോ വീരാ, പുണ്യമായ കാര്യമാണ്. അങ്ങനെ ചെയ്യുന്നവന്റെ സകല പാപവും ആ കര്‍മ്മം നീക്കം ചെയ്യുന്നതാണ്. ശുഭമായ കാര്യമാണത്. എല്ലാ ഐശ്വരൃത്തിനും കാരണം പശുക്കളാണ്. പശുക്കളില്‍ യാതൊരു പാപവുമില്ല. ഗോക്കള്‍ എന്നും അന്നദാതാക്കളാണ്. അവര്‍ മര്‍ത്ത്യര്‍ക്ക് അന്നവും ദേവന്മാര്‍ക്ക് ഹവിസ്സുമാണ്. സ്വാഹാകാരം, വഷള്‍ക്കാരം എന്നിവ എന്നും പശുക്കളില്‍ നില്ക്കുന്നു. പശുക്കള്‍ യജ്ഞം നടത്തുന്നു. യജ്ഞത്തിന് മുഖം പശുക്കളാണ്. ദിവ്യവും അവ്യയവുമായ അമൃതാണ് അവ ചുരത്തുന്നതും അവ വഹിക്കുന്നതും, അമൃതാലംബനമായത് കൊണ്ട് എല്ലാവരും പശുക്കളെ നമിക്കുന്നു. തേജസ്സു കൊണ്ടും പശുക്കള്‍ അഗ്നി തുല്യരാണ്. എവിടെയിരുന്നു നിര്‍ഭയമായി പശുക്കളുടെ കൂട്ടം ശ്വസിക്കുന്നുവോ ആ ദിക്ക് ശോഭിപ്പിക്കപ്പെടുന്നു. അവിടുത്തെ പാപം ആ ശുദ്ധ വായുവില്‍ നീക്കം ചെയ്യപ്പെടുന്നു. പശുക്കള്‍ സ്വര്‍ഗ്ഗത്തേക്ക് ഉയരാനുള്ള കോണിയാണ്. സ്വര്‍ഗ്ഗത്തില്‍ പശുക്കള്‍ പൂജിക്കപ്പെടുന്നു. ആഗ്രഹിക്കുന്നതെല്ലാം കറന്നെടുക്കപ്പെടുന്ന ദിവ്യകളാണ് പശുക്കള്‍. അവയെക്കാള്‍ വിലമതിക്കുന്ന യാതൊരു വസ്തുവും ഈ ലോകത്തിൽ ഒരിടത്തുമില്ല. ഇപ്രകാരം പശുക്കളുടെ മാഹാത്മ്യം പറഞ്ഞു. ഭരതര്‍ഷഭാ! ഏകദേശം ഗുണങ്ങളെ മാത്രം പറഞ്ഞു എന്നേയുള്ളൂ. സമഗ്രമായി പറയുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല ഭാരതാ!.
നിഷാദന്മാര്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ! അങ്ങു ഞങ്ങളുമായിക്കണ്ട് സംസാരിച്ചുവല്ലോ. "സാപ്തപ ദീനം സഖ്യം" എന്ന പ്രമാണമനുസരിച്ച് ഏഴു പദം തമ്മില്‍ സംസാരിച്ചാല്‍ അല്ലെങ്കില്‍ ഏഴടി ഒന്നിച്ചു നടന്നാല്‍ ഉത്തമമായ സഖ്യത്തിന്ന് അതു മതിയെന്നുണ്ടല്ലോ. ആ നിലയ്ക്ക് ഞങ്ങള്‍ അങ്ങയുടെ സഖ്യം കൈക്കൊള്ളുന്നു. ഞങ്ങള്‍ അങ്ങയുടെ സുഹൃത്തുക്കളായിരിക്കുന്നു. അങ്ങു ഞങ്ങളില്‍ കനിഞ്ഞാലും! പ്രഭോ, ഹവിസ്സിനെയെല്ലാം അഗ്നി ഭുജിക്കുന്നത് പോല അല്ലയോ ധര്‍മ്മാത്മാവേ, അങ്ങ് പുരുഷാഗ്നി പ്രതാപവാനായി പ്രശോഭിക്കുന്നു. അല്ലയോ ജ്ഞാനസ്വരുപാ! അങ്ങയെ ഞങ്ങള്‍ കൈകൂപ്പുന്നു. അങ്ങയെ പ്രസാദിപ്പിക്കുന്നു! ഞങ്ങളുടെ അനുഗ്രഹത്തിനായി ഈ ഗോദാനം അങ്ങു സ്വീകരിക്കണേ!
ച്യവനന്‍ പറഞ്ഞു: അല്ലയോ പാപം നശിച്ച മുക്കുവന്മാരേ! ഞാന്‍ പറയുന്നത് കേള്‍ക്കുക. ദരിദ്രന്റെയും, മുനിയുടെയും, സര്‍പ്പത്തിന്റേയും നോട്ടം ഉണക്കക്കാടിനെ അഗ്നിയെന്ന പോലെ മനുഷ്യനെ ഒന്നാകെ ദഹിപ്പിച്ചു കളയും. ചുട്ടു ചാമ്പലാക്കി കളയും. അതുകൊണ്ട് . നിങ്ങളുടെ പാരിതോഷികം ഞാന്‍ ഇതാ വാങ്ങുന്നു. നിങ്ങള്‍ പിടിച്ച മത്സ്യങ്ങളോടു കൂടി നിങ്ങള്‍ സ്വര്‍ഗ്ഗം പ്രാപിക്കു മാറാകട്ടെ!"
ഭീഷ്മൻ പറഞ്ഞു: ഭവിതാത്മാവായ ആ മുനിയുടെ പ്രഭാവം മൂലം മത്സ്യങ്ങളോടു കൂടി ആ നിഷാദന്മാര്‍ മഹര്‍ഷിയുടെ വാക്ക് പുറത്തു വന്ന ഉടനെ, സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു പോയി. മത്സ്യങ്ങളോടു കൂടി ആ മുക്കുവന്മാര്‍ സ്വര്‍ഗ്ഗം പൂകുന്നത് കണ്ട് നഹുഷരാജാവ് അത്ഭുതപ്പെട്ടു പോയി ഭരതര്‍ഷഭാ।
ഗോവില്‍നിന്നുണ്ടായ മുനിയും ഭാര്‍ഗ്ഗവനായ മുനിയും ആ നഹുഷ രാജാവിനെ വരങ്ങള്‍ നല്കി തൃപ്തിപ്പെടുത്തി. പിന്നെ മഹാവീര്യനായ രാജാവ് പ്രീതനായി അങ്ങനെയാകട്ടെ! എന്നു പറഞ്ഞ് ധര്‍മ്മത്തിലുള്ള ഉറച്ച വിശ്വാസം മഹര്‍ഷിയില്‍ നിന്ന് വാങ്ങിച്ച് മുനിമാരോടു വന്ദനം പറഞ്ഞ് അവരെ പൂജിച്ച് സന്തുഷ്ടരാക്കി. ച്യവനന്‍ ദീക്ഷ അവസാനിപ്പിച്ച് തന്റെ ആശ്രമത്തിലേക്ക് പോയി. ഗോജാതനായ മുനിയും ആശ്രമത്തിലേക്ക് പോയി.
മത്സ്യങ്ങളോട് കൂടി നിഷാദന്മാര്‍ സ്വര്‍ഗ്ഗത്തിലുമെത്തി. വരം വാങ്ങിയ നഹുഷന്‍ തന്റെ രാജധാനിയിലും ചെന്നെത്തി. ഈ മഹത്തായ കഥ ഞാന്‍ നിന്നോട് നീ ചോദിച്ചത് അനുസരിച്ച് പറഞ്ഞു തന്നു. കാഴ്ചയാലും സഹവാസത്താലും ഉള്ള സ്നേഹ സ്വഭാവത്തെയും ഞാന്‍ പറഞ്ഞു തന്നു. ഗോക്കളുടെ മഹത്തായ ഐശ്വര്യത്തേയും ധര്‍മ്മനിശ്ചയത്തേയും ഞാന്‍ ഉപദേശിച്ചു. ഇവയെല്ലാം നീ ധരിക്കുക. ഇനി എന്താണ് ഞാന്‍ പറയേണ്ടത്? നിന്റെ ഉള്ളില്‍ തോന്നുന്ന അടുത്ത ചോദ്യം എന്താണ്? പറയുക.
52. ച്യവനോപാഖ്യാനം - ഭാര്‍ഗഗവരാമന്‍ ക്ഷത്രിയ കുലത്തില്‍ ജനിച്ച് ഒടുവില്‍ ബ്രാഹ്മണനായ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞാ! എന്നെ ബാധിച്ച സംശയം കടല്‍പോലെ പരന്നതാണ്. ഒരു അന്തവും കാണുന്നില്ല. അതു ഞാന്‍ പറഞ്ഞു കേള്‍പ്പിക്കാം. അതൊക്കെ കേട്ടതിന് ശേഷം വിവരിച്ചു തരിക! ഈ ജാമദഗ്നൃനെപ്പറ്റിയുള്ള കാര്യം അറിയുവാന്‍ എനിക്കു വലിയ കൌതുകമുണ്ട്. ധര്‍മ്മിഷ്ഠനായ ആ രാമന്റെ കഥയൊന്നു വിവരിച്ചു തരണേ! സത്യപരാക്രമനായ രാമന്‍ എങ്ങനെ ഉണ്ടായി? ബ്രഹ്മര്‍ഷി വംശ്യനായ അവന്‍ ക്ഷത്രധര്‍മ്മം എടുക്കുവാന്‍ എന്താണു കാരണം? രാമന്റെ ജന്മകഥ മുഴുവനും പറയണേ! ക്ഷാത്രമായ കൌാശിക വംശത്തില്‍ എങ്ങനെയാണ് ബ്രാഹ്മണന്‍ ജനിക്കുക? അമ്പോ! അവന്റെ പ്രഭാവം വലിയതു തന്നെ! മഹാത്മാവായ രാമന്റേയും വിശ്വാമിത്രന്റേയും പ്രഭാവം തുല്യം തന്നെ! മക്കളെ വിട്ടുള്ള ദോഷം എങ്ങനെ അവരുടെ പൌത്രന്മാരില്‍ ചെന്നെത്തി. ഇതിന്റെ കാര്യം വ്യക്തമാക്കിത്തരണേ!
ഭീഷ്മൻ പറഞ്ഞു. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അതു കൗശികനും ചൃവനനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്. മഹാബുദ്ധിമാനും ഭൃഗുപുത്രനുമായ ച്യവനന്‍ തന്റെ വംശത്തില്‍ വരാന്‍ പോകുന്ന ഈ ദോഷം ദിവ്യചക്ഷുസ്സു കൊണ്ടു കണ്ട് ഗുണദോഷങ്ങളുടെ ബലാബലം മനസ്സിലാക്കി കുശികന്മാരുടെ കുലം നശിപ്പിക്കുന്നതിന് വേണ്ടി ആ തപോധനനായ ച്യവനന്‍ ചെന്നു കുശികനോട് ഇപ്രകാരം പറഞ്ഞു: "അല്ലയോ കുശികാ! അങ്ങയോടൊപ്പം പാര്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട് അനഘാശയാ". കുശികന്‍ പറഞ്ഞു: "അല്ലയോ പുണ്യാത്മാവേ, കന്യാപ്രദാന കാലത്ത് വിദ്വാന്മാര്‍ നിശ്ചയിച്ചതാണ് ആ സഹധര്‍മ്മം! കന്യകമാര്‍ക്ക് വിധിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമാണ് അത്. അങ്ങനെയാണെങ്കിലും കര്‍ത്തവ്യത്തേയും ധര്‍മ്മത്തേയും അതിക്രമിച്ചു തന്നെ ഞാന്‍ അങ്ങയുടെ ആജ്ഞ നിര്‍വ്വഹിക്കാം. അങ്ങയ്ക്കു കൂടെ പാര്‍ക്കാം".
ഭീഷ്മൻ പറഞ്ഞു: മഹാമുനിയായ ച്യവനന് പീഠം നല്കി. കുശികന്‍ ഭാര്യയോടൊപ്പം മുനിയുടെ സമീപത്തെത്തി. രാജാവ് കിണ്ടിയില്‍ ജലമെടുത്ത് ച്യവനനെ പാദം കഴുകിച്ചു. മഹാത്മാവായ അവനെ വേണ്ടവിധം അര്‍ഘ്യങ്ങളാല്‍ പൂജിച്ചു. പിന്നെ രാജാവ് മധുപര്‍ക്കം നല്‍കി യഥാവിധി സല്‍ക്കരിച്ചു. അങ്ങനെ യതവ്രതനായ രാജാവ് യഥായോഗ്യം വിപ്രനെ സല്‍ക്കരിച്ചിരുത്തി ഇപ്രകാരം പറഞ്ഞു.
കുശികന്‍ പറഞ്ഞു: ഭഗവാനേ, ഞങ്ങള്‍ പരാധീനരാണ്. ഞങ്ങള്‍ അങ്ങയ്ക്ക് എന്തു ചെയ്യണമെന്നു പറഞ്ഞാലും! അങ്ങയുടെ പാദങ്ങളില്‍ ഞങ്ങള്‍ രാജ്യമോ ധനമോ ഗോക്കളോ യജ്ഞദാനങ്ങളോ ഏതു വേണമെങ്കിലും സമര്‍പ്പിക്കുവാന്‍ തയ്യാറാണ്. അങ്ങ് പറഞ്ഞാലും! ഇതാ അങ്ങയ്ക്കു വസിക്കുവാന്‍ ഗൃഹം! ഇതാ അങ്ങയുടെ പാദത്തില്‍ എന്റെ രാജ്യം തന്നെ നിവേദിച്ചിരിക്കുന്നു. അങ്ങയ്ക്കുള്ള ധര്‍മ്മാസനം ഇതാ നല്കുന്നു രാജാവേ, ഭവാന്‍ ഭൂമി ഭരിച്ചാലും. ഞാന്‍ അങ്ങയില്‍ പരതന്ത്രനാണ്!
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം രാജാവു പറഞ്ഞപ്പോള്‍ ഭൃഗുപുധ്രനായ ച്യവനന്‍ വളരെ സന്തോഷത്തോടെ കുശികനോട് ഇപ്രകാരം പറഞ്ഞു: "രാജാവേ, ഞാന്‍ രാജ്യം കാമിക്കുന്നില്ല. പെണ്ണുങ്ങളെ കാമിക്കുന്നില്ല. ഗോക്കളെ കാമിക്കുന്നില്ല. നാടിനെ കാമിക്കുന്നില്ല. യജ്ഞത്തേയും കാമിക്കുന്നില്ല. അങ്ങു കേള്‍ക്കുക. നിങ്ങള്‍ക്കു വിരോധമില്ലെങ്കില്‍ ഞാന്‍ ഒരു വ്രതം ഇവിടെ തുടങ്ങാന്‍ വിചാരിക്കുന്നു. നിങ്ങള്‍ എല്ലാ വിധത്തിലും രണ്ടു പേരും സന്നദ്ധരായി നിന്ന് എന്നെ ശുശ്രൂഷിക്കണം. ശങ്ക കൂടാതെ ശുശ്രൂഷിക്കണം". ഇപ്രകാരം മഹര്‍ഷി പറഞ്ഞപ്പോള്‍ ആ രാജദമ്പതിമാര്‍ സന്തോഷിച്ച് അങ്ങനെയാകാം എന്നു മറുപടി പറഞ്ഞു ഭാരതാ! ഉടനെ സന്തോഷത്തോടെ കൌാശികന്‍ മുനിയെ അവന്റെ ഗൃഹത്തിന്റെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി ആ മനോഹരമായ ആലയം കാണിച്ചു കൊടുത്തു: "ഭഗവാനേ, ഇതാ ശയ്യ വിരിച്ചിട്ടിരിക്കുന്നു. അങ്ങ് യഥാസുഖം അതില്‍ കിടന്നാലും. അങ്ങയ്ക്ക് പ്രീതിയുണ്ടാകുവാന്‍ ഞങ്ങള്‍ കഴിയുന്ന യത്നങ്ങളൊക്കെ ചെയ്യാം തപോധനാ!".
അങ്ങനെ അവര്‍ ഓരോന്നു പറയുന്ന സമയത്ത് സൂര്യന്‍ അസുമിച്ചു.
പിന്നെ മുനി പാനവും അന്നവും ചോദിച്ചു. അപ്പോള്‍ രാജാവായ കുശികന്‍ മുനിയെ വണങ്ങി ഇപ്രകാരം ചോദിച്ചു: "അങ്ങയ്ക്ക് എന്തൊക്കെയാണ് ഇഷ്ടപ്പെട്ടത്? ഞാന്‍ എന്തു കൊണ്ടു വരണമെന്നു പറഞ്ഞാലും!". ഇപ്രകാരം പറഞ്ഞ രാജാവിനോടു പ്രീതിയോടെ മറുപടി പറഞ്ഞു: "യുക്തമായ ആഹാരം തന്നുകൊള്ളുക". ഇപ്രകാരം പറഞ്ഞപ്പോള്‍ അങ്ങനെയാകാമെന്നു രാജാവു പറഞ്ഞു. മഹര്‍ഷിക്ക് തൃപ്തിയാകുന്ന വിധം ആഹാരം നല്കി രാജാവേ! ധാര്‍മ്മികനായ മുനി ഈണു കഴിഞ്ഞിരിക്കെ പറഞ്ഞു: "രാജാവേ, ഉറക്കംവരുന്നു. കിടന്നുറങ്ങട്ടെ!". അങ്ങനെ ഋഷി സത്തമനായ ഭഗവാന്‍ ശയ്യയിലെത്തി അവിടെ കിടന്നു. രാജാവ് ഭാര്യാ സമേതനായി മുറിയില്‍ പ്രവേശിച്ചു. "ഉറങ്ങിയാല്‍ എന്നെ ഉണര്‍ത്തരുത്!", എന്നും ഭാര്‍ഗ്ഗവനായ മുനി പറഞ്ഞു.
പിന്നെ മുനി പറഞ്ഞു: രാജാവേ ഭവാന്‍ ഉറങ്ങാതെ അടുത്തുനിന്ന് എന്റെ കാല്‍ തഴുകണം. ധാർമ്മികനായ കുശികന്‍ അങ്ങനെയാകാമെന്നും സമ്മതിച്ചു. രാത്രി അവസാനിച്ചു. പ്രഭാതമായി. എന്നാലും അദ്ദേഹത്തെ രാജാവ് ഉണര്‍ത്തിയില്ല. അദ്ദേഹത്തിന്റെ കല്പന നിര്‍വ്വഹിച്ചു. അവര്‍ ആജ്ഞ പോലെ ശുശ്രുഷാപരരായി. പ്രയതാത്മാക്കളായ ദമ്പതികള്‍ കാത്തിരുന്നു. പിന്നെ ആ ഭഗവാനായ വിപ്രന്‍ ഓരോന്ന് ആജ്ഞാപിച്ചു. അപ്രകാരം ഇരുപത്തൊന്നു ദിവസം രാജാവ് ഉറങ്ങാതെ മുനിയെ ശുശ്രൂഷിച്ചു. ആ രാജാവ് ഭാര്യയോടൊപ്പം ഇരുപത്തൊന്നു ദിവസം ഭക്ഷണം ഉപേക്ഷിച്ചു മുനിയെ ശുശ്രൂഷിച്ചു വാണു കുരുനന്ദനാ! അങ്ങനെ ച്യവനമുനിയെ ആരാധിച്ചു അവര്‍ സന്തുഷ്ടരായി.
അങ്ങനെ തപോനിധിയായ ഭാര്‍ഗ്ഗവ മുനി ഒരു ദിവസം അവിടെ നിന്ന് എഴുന്നേറ്റ് ആരോടും ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. വിശന്നു തളര്‍ന്ന രാജാവും രാജ്ഞിയും അവന്റെ പിന്നാലെ നടന്നു. തന്നെ പിന്‍തുടര്‍ന്നെത്തുന്ന ആ ദമ്പതിമാരെ മുനി തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. കുലോദ്വഹനായ ഭാര്‍ഗ്ഗവന്‍ അവര്‍ നോക്കിക്കാണുന്ന സന്ദര്‍ഭത്തില്‍ പെട്ടെന്നു മറഞ്ഞു പോയി. എങ്ങുപോയെന്ന് അറി ഞ്ഞില്ല. രാജാവ് ഉടനെ തളര്‍ന്നു ഭുമിയില്‍ വീണു. മുഹൂർത്ത സമയം ആശ്വസിച്ചു വീണ്ടും പട്ടമഹിഷിയോടു കൂടി ആ മഹാദ്യുതിയായ രാജാവ് ചൃവനനെ അന്വേഷിക്കുവാന്‍ യത്നം ചെയ്തു.
53. ച്യവനോപാഖ്യാനം - നഗരമദ്ധ്യത്തിലൂടെ രാജാവും രാജ്ഞിയും തന്നെ വണ്ടിയില്‍ക്കയറ്റി വലിക്കുവാൻ മുനി ആജ്ഞാപിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ആ വിപ്രന്‍ മറഞ്ഞു പോയപ്പോള്‍ രാജാവും രാജ്ഞിയും എന്തു ചെയ്തു പിതാമഹാ?
ഭീഷ്മൻ പറഞ്ഞു: രാജാവ് ഭാരൃയയോടു കൂടി ആ മുനിയെ അന്വേഷിച്ചു. കാണാതായപ്പോള്‍ അവര്‍ വല്ലാതെ തളര്‍ന്നു പോയി. അവര്‍ ബുദ്ധികെട്ട്, നാണം കെട്ട് പുരത്തിലെത്തി. ദീനനായ രാജാവ് ഒന്നും മിണ്ടിയില്ല. ചൃവനന്‍ എവിടെപ്പോയി? ആരും കണ്ടവരില്ല. ആ മുനിയുടെ കാര്യം തന്നെ ചിന്തിച്ചു വിഷണ്ണനായി ആ രാജാവ് ശുന്യ മാനസനായി സ്വന്തം ഗൃഹത്തില്‍ പ്രവേശിച്ചു. അവന്‍ തന്റെ മുറിയില്‍ കടന്നപ്പോഴുണ്ട് മഹര്‍ഷി മെത്തയില്‍ കിടക്കുന്നു. ഇതില്‍പ്പരം അത്ഭുതമുണ്ടോ! മുനിയെക്കണ്ടു വിസ്മയിച്ചു. ഇതെന്തൊരത്ഭുതമാണെന്നു ചിന്തിച്ച് ആ മുനിയുടെ അടുത്തു ചെന്നു. ഋഷിയെക്കണ്ടു സന്തോഷിച്ചു വിശ്രമിച്ചു. രാജാവ് യഥാസ്ഥാനം പ്രാപിച്ചു കിടക്കുന്ന മുനിയുടെ പാദം തലോടി. പിന്നെ മുനി ഒന്നു തിരിഞ്ഞു. പിന്നെ ഏറെ കിടന്നുറങ്ങിയതിന് ശേഷം ആ വീര്യവാൻ ഉണര്‍ന്നു. യാതൊരു വികാരവും കാണിച്ചില്ല; രാജാവ് ശങ്കിച്ചു ഭയപ്പെട്ടു നിന്നു.
പിന്നെ ഉണര്‍ന്ന് എഴുന്നേറ്റിരുന്ന മഹര്‍ഷി അവരോടു പറഞ്ഞു രാജാവേ! എണ്ണ കൊണ്ടുവരൂ! എനിക്ക് ഒന്നു കുളിക്കണം. വിശന്നു തളര്‍ന്നിരിക്കുന്ന അവര്‍ അപ്രകാരമാകാം എന്നു പറഞ്ഞ് നൂറു പ്രാവശ്യം ആവര്‍ത്തിച്ചു കാച്ചിയ എണ്ണ കൊണ്ടു വന്നു. മൗനത്തോടെ അവര്‍ രണ്ടു പേരും അടുത്തിരുന്നു. മുനിയെ എണ്ണ തേപ്പിച്ചു. എണ്ണ പോരാ എന്നു മുനി പറഞ്ഞു. യാതൊരു വികാരഭേദവും കാണിക്കാത്ത അവരെക്കണ്ടു ഭാര്‍ഗ്ഗവന്‍ എഴുന്നേറ്റു കുളിപ്പുരയിലേക്കു പോയി. അവിടെ രാജോചിത സ്നാനങ്ങള്‍ക്കു വേണ്ട സകല സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. അതൊന്നും ആദരിക്കാതെ മുനി അവിടെത്തന്നെ മറഞ്ഞു.
പിന്നെ ഋഷി വന്നു നില്ക്കുന്നതു കണ്ട് ആ ദമ്പതികള്‍ യാതൊരു സ്പര്‍ദ്ധയും അവനില്‍ കാണിച്ചില്ല. പിന്നെ കുളിച്ച് ഭഗവാനായ മുനി സിംഹാസനത്തില്‍ ഇരിക്കുന്നതു ഭാര്യയോടു കൂടി രാജാവ് നോക്കിക്കണ്ടു.
സഭാര്യനായ രാജാവ് മുഖപ്രസാദത്തോടെ മുനീന്ദ്രനെ നിര്‍വ്വികാരനായി വണങ്ങി. ചോറ് ഒരുക്കിയിരിക്കുന്നു എന്ന് ഉണര്‍ത്തിച്ചു. മുനി ഉടനെ "ശരി! കൊണ്ടുവരു!", എന്നു രാജാവിനോടു പറഞ്ഞു. ഭാര്യയോടു കൂടി നിന്ന് രാജാവ് മുനിക്കു വിളമ്പിക്കൊടുത്തു. പലതരം മാംസക്കറിയും, ഇലക്കറിയും, പലതരം കൂട്ടാനുകളും, നല്ല ലഘുപാനകങ്ങളും, രസാളം, പലവിധം അട, അപ്പം, ഷാഡബം, രസങ്ങള്‍ പല വിധം വന്യമായ ഭോജനങ്ങള്‍, മുനിമാര്‍ കഴിക്കാറുള്ള ഭോജ്യ ങ്ങള്‍, വിചിത്രമായ കായ്കള്‍, ഭക്ഷിക്കേണ്ട പല വസ്തുക്കള്‍ ഇവയെല്ലാം വിളമ്പിക്കൊടുത്തു. ഗൃഹസ്ഥന്മാര്‍ക്കും വനസ്ഥന്മാര്‍ക്കും ചേര്‍ന്ന സകല ഭോജ്യങ്ങളും വിളമ്പിക്കൊടുത്തു. രാജാവ് എല്ലാം വരുത്തി മുനി ശപിക്കുമെന്ന ഭയം കൊണ്ട് ഇഷ്ടമുള്ളത് ഭക്ഷിച്ചു കൊള്ളട്ടെ എന്നു വെച്ചു മുന്നില്‍ നിരത്തി. ഉടനെ ച്യവനമഹര്‍ഷി എല്ലാം കൂട്ടിച്ചേര്‍ത്തു വെച്ച്, കിടക്കയും ആസനങ്ങളും എല്ലാം എടുത്ത്,എല്ലാംകൂടി നല്ല വസ്ത്രം കൊണ്ടു മൂടി ഭോജനോപസ്തരങ്ങളോടു കൂട്ടിച്ചേര്‍ത്ത് സകലതും കത്തിച്ചു കളഞ്ഞു.
ഈ പ്രവ്യത്തി കണ്ടിട്ടും ബുദ്ധിയേറിയ ഈ ദമ്പതി കള്‍ മഹര്‍ഷിയോടു കോപിക്കുകയുണ്ടായില്ല. അവര്‍ നോക്കിനില്ക്കെത്തന്നെ മഹര്‍ഷിയെക്കണ്ടില്ല. ആ രാജര്‍ഷി അങ്ങനെ രാത്രി മുഴുവന്‍ ആ നിലയ്ക്കു തന്നെ നിന്നു. സഭാര്യനായ രാജാവ് മുനിയില്‍ കോപിക്കുകയുണ്ടായില്ല. നിത്യവും നല്ല ഭക്ഷണം പാകം ചെയ്തു രാജമന്ദിരത്തില്‍ മുനിക്കു വേണ്ടി കൊണ്ടുവെയ്ക്കും. വിശേഷപ്പെട്ട ശയ്യ ഒരുക്കും. നല്ല പാത്രത്തില്‍ ജലവും മറ്റും കൊണ്ടുവെക്കും. പലമാതിരി വസ്ത്രങ്ങളും മുനിക്കു പറ്റിയതെടുത്ത് അണിയുവാന്‍ ഒരുക്കി വെക്കും. ഇവയിലെല്ലാം കണ്ണോടിച്ചു നോക്കിയാലും അതിലൊന്നിലും യാതൊരു തെറ്റും കണ്ടെത്തുവാന്‍ മുനിക്കു കഴിഞ്ഞില്ല. അങ്ങനെ ഒരു ദിവസം മുനി കുശിക രാജാവിനോടു പറഞ്ഞു: "എടോ രാജാവേ, നീ നിന്റെ ഭാര്യയോടു കൂടി എന്നെ തേരിലേറ്റി ഞാന്‍ പറയുന്ന ദിക്കില്‍ എത്തിക്കുക!".
"ആകാം" എന്നു സമ്മതിച്ചു, "ഭഗവാനേ, കളിത്തേരോ, യുദ്ധരഥമോ ഏതാണു വരുത്തേണ്ടത്? ആജ്ഞാപിച്ചാലും", എന്നു രാജാവ് സന്തോഷത്തോടെ പറഞ്ഞപ്പോള്‍ ആ മുനീശ്വരന്‍ രാജാവിനോട് . ഇപ്രകാരം പറഞ്ഞു.
ച്യവനന്‍ പറഞ്ഞു: നിന്റെ യുദ്ധരഥംതന്നെ ഒരു ക്കുക. ആയുധവും, കൊടിയും, വേലും, പൊന്നിൻ ദണ്ഡും, പൊന്നണിഞ്ഞ ആയുധങ്ങളും ബാണങ്ങളുമായി കൊണ്ടു വരിക.
ഭീഷ്മൻ പറഞ്ഞു: അവനോട് അപ്രകാരമാകാം എന്നു പറഞ്ഞു. രഥം സജ്ജമാക്കി. ത്രിദണ്ഡ്, വജ്രസുച്യഗ്രം, ചമ്മട്ടി, എന്നിവ അതില്‍ വെച്ചു. അതൊക്കെ വെച്ചതിന് ശേഷം രാജാവു പറഞ്ഞു: "ഭഗവാനേ! തേര്‍ എങ്ങോട്ടാണു കൊണ്ടു പോകേണ്ടത്? എവിടേക്കു കൊണ്ടുപോകണമെന്ന് അങ്ങു കല്പിക്കുന്നുവോ, അങ്ങോട്ടു എത്തിക്കാം".
ഇപ്രകാരം പറയുന്ന രാജാവിനോട് മഹര്‍ഷി പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും കൂടി രഥം വലിക്കണം. ഇവിടെ മുതല്‍ പതുക്കെപ്പതുക്കെ രഥം നിങ്ങള്‍ വലിച്ചുകൊണ്ടു പോകണം. എനിക്ക് ഉലച്ചില്‍ പറ്റാതെ സൂക്ഷിക്കണം. സുഖമായ മട്ടില്‍ രഥം കൊണ്ടു പോകണം. സര്‍വ്വജനങ്ങളും കാണുന്ന മട്ടില്‍ പരസ്യമായി കൊണ്ടു പോകണം. വഴിപോക്കരെ മാറ്റിക്കളയരുത്. അവര്‍ക്കു ധനം ഞാന്‍ നല്കും. ബ്രാഹ്മണര്‍ വഴിക്ക് അര്‍ത്ഥിക്കുന്ന സകല കാമങ്ങളും നല്കണം. എല്ലാം ഞാന്‍ കൊടുക്കും. ധനങ്ങളും രത്നങ്ങളുമെല്ലാം നല്‍കും. രാജാവേ, ഇതില്‍ യാതൊരു മടിയും കാണിക്കരുത്! മുനിയുടെ വാക്കുകേട്ടു രാജാവ് ഭൃത്യരോടു പറഞ്ഞു; "മുനി എന്താവശ്യപ്പെടുന്നുവോ, അതെല്ലാം ഉടനെ യാതൊരു ശങ്കയും കൂടാതെ നല്കണം".
പിന്നെ വളരെ വിശേഷപ്പെട്ട രത്നങ്ങള്‍, സുന്ദരിമാരായ, സ്ത്രീകള്‍, ആട്, ചെമ്മരിയാട്, യുഗ്യം, കൃത്രിമമായതും അകൃത്രിമമായതുമായ സ്വര്‍ണ്ണം, കുന്നുപോലെ ഉയര്‍ന്ന കൊമ്പനാനകൾ ഇവയെല്ലാം മുനിയെ പിന്‍തുടര്‍ന്നു. നഗരമെല്ലാം ഹാ! ഹാ! എന്ന് ആര്‍പ്പുവിളിയും കോലാഹലവും മുഴങ്ങി. മുനി തേരിലിരുന്ന് രഥം വലിക്കുന്ന രാജദമ്പതിമാരെ കുതിരകളെ പ്രഹരിക്കുന്ന മട്ടില്‍ മുനകൂര്‍ത്ത ചമ്മട്ടി കൊണ്ട് പ്രഹരിച്ചു. പുറത്തും അരക്കെട്ടിലുമൊക്കെ പ്രഹരമേറ്റ അവര്‍ അവയെല്ലാം യാതൊരു വികാരഭേദവും കൂടാതെ ഏറ്റു. അമ്പതു ദിവസമായി ഭക്ഷണമില്ലാതെ അവര്‍, വിറച്ചു മെലിഞ്ഞ അവര്‍, അതൊക്കെ സഹിച്ചു. ആ വീര ദമ്പതിമാര്‍ പണിപ്പെട്ട് ആ രഥം വലിച്ചു നടന്നു. പല പ്രാവശ്യവും അടിയേറ്റ് ചോര ദേഹത്തില്‍ ഒഴുകുന്നുണ്ടായിരുന്നു. അവര്‍ പൂത്ത മുരുക്കു പോലെ രക്തനിറമായി കാണപ്പെട്ടു. രാജാവേ, ആ രാജദമ്പതിമാരെ നോക്കി പൌരന്മാര്‍ വിലപിച്ചു. മഹര്‍ഷി ശപിച്ചെങ്കിലോ എന്നു വിചാരിച്ച് ഒന്നും പറയുകയുണ്ടായില്ല. ഇതുകൊണ്ട് ദമ്പതിമാരായ ജനങ്ങള്‍ പരസ്പരം പറഞ്ഞു: "തപോബലം കണ്ടുകൊള്ളുവിന്‍! ചൊടിക്കുന്ന മുനീന്ദ്രനെ നോക്കുവാന്‍ നമുക്കു കഴിയുന്നില്ല. അമ്പോ! ഭാവിതാത്മാവായ മഹര്‍ഷിയുടെ വീര്യം മഹത്തരം തന്നെ! സഭാര്യനായ രാജാവിന്റെ ധൈര്യമെന്തെന്നുള്ളതും ചിന്തിക്കുവിന്‍! തളര്‍ന്നിട്ടും ഈ രാജാവും രാജ്ഞിയും തേരു വലിക്കുന്നതു നോക്കു! ഇവരില്‍ ഒരു വികാരവും ആ ഋഷിക്കു കാണുവാന്‍ സാധിച്ചില്ല.
രാജാവും രാജ്ഞിയും ഇത്തരം യാതനകളെല്ലാം അനുഭവിച്ചിട്ടുംം, അവരില്‍ യാതൊരു വികാരഭേദവും കാണാതായപ്പോള്‍ മുനി കണ്ടവര്‍ക്കൊക്കെ വിത്തം വാരിക്കോരി, വിത്തനാഥനായ കുബേരനെപ്പോലെ, ദാനം ചെയ്യുവാന്‍ തുടങ്ങി. രാജാവ് അതിലും യാതൊരു വിമുഖതയും കാണിച്ചില്ല. നേരെമറിച്ച് വലിയ പ്രീതിയോടു കൂടി മഹര്‍ഷിയുടെ കല്പനകളെല്ലാം അനുസരിച്ചു.
ഇത്രത്തോളമായപ്പോള്‍ ഭൃഗുപുത്രനായ ചൃവനന്‍ രാജാവില്‍ പ്രസാദിച്ചു. മുനിസത്തമന്‍ തേരില്‍ നിന്നിറങ്ങി രഥത്തില്‍ കുതിരയുടെ സ്ഥാനത്തു പൂട്ടിയ ആ ദമ്പതിമാരെ കെട്ടഴിച്ചു വിട്ടു. അവരെ അഴിച്ചു വിട്ടതിന് ശേഷം മുനി അവരോട് "അല്ലയോ രാജദമ്പതിമാരേ, നിങ്ങള്‍ക്കു ഞാന്‍ ശ്രേഷ്ഠമായ വരം നല്കുവാന്‍ വിചാരിക്കുന്നു. എന്തു വേണമെന്നു പറഞ്ഞാലും! എന്നു പറഞ്ഞു ഭാരതാ!".
സ്‌നേഹത്താല്‍ മുറിവേറ്റ ആ സുകുമാര കളേബരരെ മുനി തന്റെ അമൃത സദൃശമായ കൈകള്‍ കൊണ്ടു തലോടി. പിന്നെ രാജാവ് പറഞ്ഞു: "ഞങ്ങള്‍ക്ക് ഇതിലൊന്നും യാതൊരു തളര്‍ച്ചയുമില്ല. ഞങ്ങള്‍ അങ്ങയുടെ അനുഗ്രഹത്താല്‍ വിശ്രാന്തരായിരുന്നു". ഇതു കേട്ടു സന്തോഷത്തോടെ ച്യവനന്‍ പറഞ്ഞു: "എന്റെ വാക്ക് ഇന്നേവരെ പാഴായിപ്പോയിട്ടില്ല. ഞാന്‍ പറഞ്ഞാല്‍ അതു പോലെ തന്നെ സംഭവിക്കും. ഈ പ്രദേശം വളരെ അഴകുള്ളതാണ്. ശുഭ്രമായ ഗംഗാതീരമാണ്. ഒട്ടുകാലം വ്രതമെടുത്ത് ഞാന്‍ ഇവിടെ പാര്‍ക്കുന്നുണ്ട് രാജാവേ! ഉണ്ണീ, നീ ഇപ്പോള്‍ സ്വന്തം ഗൃഹത്തിലേക്കു പോവുക. നീ ക്ഷീണം തീര്‍ത്ത് ഇനി ഇവിടെ വരിക. നാളെ രാജാവേ, നീ ഭാര്യയോടു കൂടി ഇവിടെ വരിക! നീ ഒട്ടും ദുഃഖിക്കരുത്. നിനക്ക് അടുത്തു തന്നെ ശ്രേയസ്സു ലഭിക്കും. നീ മനസ്സില്‍ എന്തിഷ്ടപ്പെടുന്നുവോ അതൊക്കെ നിനക്കു സാധിക്കുന്നതാണ്".
ഇപ്രകാരം മുനി പറഞ്ഞപ്പോള്‍ കുശികന്‍ വലിയ സന്തോഷത്തോടെ ആ മുനിശാര്‍ദ്ദുലനോടു സാരവത്തായ വിധം പറഞ്ഞു: "അല്ലയോ മഹാഭാഗാ, എനിക്കു ദുഃഖമില്ല ഭഗവാനേ, ഞങ്ങള്‍ ശുദ്ധരായിരുന്നു. ഞങ്ങള്‍ യൌവനം പ്രാപിച്ചവരെപ്പോലെ ഇപ്പോള്‍ ദേഹം കൊണ്ടു ബലമുള്ളവരായിരിക്കുന്നു. ഭാര്യക്കും എനിക്കും അങ്ങയുടെ കൈ കൊണ്ടേറ്റ ചമ്മട്ടികൊണ്ടുള്ള പ്രഹരം കൊണ്ട് ദേഹത്തില്‍ സര്‍വ്വത്ര മുറിപ്പെട്ടിരുന്നു. ഇപ്പോള്‍ ആ വ്രണത്തിന്റെ അടയാളമൊന്നും കാണുന്നില്ല. ഞങ്ങള്‍ രണ്ടുപേരും ഇതാ സ്വസ്ഥരായിരിക്കുന്നു. ദേഹംകൊണ്ട് എന്റെ ഭാര്യ അപ്സരസ്ത്രീ പോലെ അതിസുന്ദരിയായി കാണപ്പെടുന്നു. ഇത്ര മഹത്തായ ശ്രീയോടെ ഞാന്‍ അവളെ മുമ്പൊന്നും കാണാത്ത വിധം വിളങ്ങുന്നു. മഹാമുനേ, ഭവാന്റെ പ്രസാദം കൊണ്ട് ഇതു കൈവന്നിരിക്കുന്നു. അല്ലയോ സത്യവിക്രമാ അങ്ങയില്‍ അതൊന്നും അത്ര വിചിത്രമായി എനിക്കു തോന്നുന്നില്ല. ഇപ്രകാരം പറഞ്ഞ കുശികനോട് ചൃവനന്‍ "രാജാവേ, ഭവാന്‍ ഭാര്യയോടുകൂടി ഇങ്ങോട്ട്, പറഞ്ഞ മാതിരി വരണം", എന്നു പറഞ്ഞപ്പോള്‍ രാജാവു സമ്മതിച്ച് കൈ കൂപ്പി. ശുദ്ധസുന്ദരമായ വപുസ്സോടെ രണ്ടാമത്തെ ദേവേന്ദ്രനെപ്പോലെ തന്റെ പൂരിയിലേക്കു രാജാവു മടങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പുരോഹിതന്മാരും അമാതൃന്മാരും ചെന്നെത്തി എതിരേറ്റു. സൈന്യങ്ങളോടും, നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളോടും മറ്റു പ്രജകളോടും കൂടി അവര്‍ രാജാവിനെ എതിരേറ്റു. അവരോടു കൂടി കുശിക രാജാവ് ശ്രീയോടെ വിളങ്ങി. വന്ദിമാരുടെ പ്രശംസാഗാനങ്ങള്‍ ശ്രവിച്ചു കൊണ്ട് രാജാവു പുരത്തില്‍ പ്രവേശിച്ചു. നഗരത്തില്‍ കടന്ന രാജാവ് പൂര്‍വ്വാഹ്‌നക്രിയ ചെയ്തതിന് ശേഷം ഭാര്യയോടു കൂടി ഭക്ഷണം കഴിച്ചു. രാത്രി ആ മഹാശയന്‍ സുഖമായി പാര്‍ത്തു. പിന്നെ അവര്‍ തങ്ങള്‍ക്കു യൗവനം വന്നു ചേര്‍ന്നതായി കണ്ടു. പരസ്പരം ദുഃഖം നിങ്ങിയവരായി സുരോപമന്മാരായി അവര്‍ കാണപ്പെട്ടു. അവര്‍ ശയ്യയില്‍ കിടന്ന് നല്ല ദേഹത്തോടെ മഹര്‍ഷി അനുഗ്രഹിച്ചതു പോലെ ശ്രീയോടെ രസമായി ഉല്ലസിച്ചു.
പിന്നെ ഭൃഗുവംശവര്‍ദ്ധനനും തപോധനനുമായ മഹര്‍ഷി വളരെ ശോഭയുള്ളതും, സമൃദ്ധിയുള്ളതുമായ പൂങ്കാവ് പലതരം രത്സസഞ്ചയങ്ങളോടെ മനസ്സുകൊണ്ടു നിര്‍മ്മിച്ചു. ഇന്ദ്രന്റെ പുരിയില്‍പ്പോലും അത്ര മനോഹരമായ ഉദ്യാനം ഉണ്ടായതായി കണ്ടിട്ടില്ല.
54. ച്യവനോപാഖ്യാനം - ച്യവനപ്രസാദത്താല്‍ കുശികനും ഭാര്യയും അത്ഭുതദൃശ്യങ്ങള്‍ കാണുന്നു - ഭീഷ്മൻ പറഞ്ഞു: നേരം പ്രഭാതമായപ്പോള്‍ രാജാവ് ഉണർന്നു. പൂര്‍വ്വാഹ്‌നക്രിയകളെല്ലാം യഥാവിധി നിര്‍വ്വഹിച്ചതിന് ശേഷം രാജാവ് ഭാര്യയോടു കൂടി കാട്ടിലേക്കു പോയി. ആ സമയത്ത് രാജാവിന് ആ നദീതീരത്തില്‍ ഒരു പ്രാസാദം അത്ഭുതകരമായ വിധം കാണപ്പെട്ടു. എല്ലാം പൊന്മയമായിരിക്കുന്നു. തൂണുകളെല്ലാം രത്നഖചിതങ്ങളായിരിക്കുന്നു. ഗന്ധര്‍വ്വനഗരം പോലെ മനോഹരമായ കാന്തിവീശി ആ പ്രാസാദം ശോഭിച്ചു. സര്‍വ്വത്ര അലൗകികമായ ശില്പവിദൃകളാല്‍ അതു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. മനോഹരമായ സാനുക്കളോട് കൂടിയ കുന്നുകളും, പൊല്‍ത്താമരകള്‍ വിരിഞ്ഞ പൊയ്കകളും ചിത്രശാലകളും ചിത്രതോരണങ്ങളും അവിടെ കാണപ്പെട്ടു. ഹരിതമായ തൃണങ്ങള്‍ പരന്ന ഭൂമിയും, അവിടവിടെ സുവര്‍ണ്ണവേദികളുമായി ആ ഉദ്യാനം വിളങ്ങി. പൂത്തുനില്ക്കുന്ന അശോകവ്യക്ഷം, മുല്ല, പൂത്ത തേന്മാവ്, കൈനാറി, കവുങ്ങുകള്‍, അതിമുക്തകം, ജാതി, ചമ്പകം, മയിലെള്ള്, കാച്ചുനില്ക്കുന്ന പിലാവ്, വഞ്ചുളങ്ങള്‍, പൂത്തുനില്ക്കുന്ന കൊന്നകള്‍ എന്നിവയെല്ലാം ആ വിശാലമായ ഉദ്യാനത്തില്‍ പ്രശോഭിക്കുന്നതായി കണ്ടു. ശ്യാമഹരണപുഷ്ടങ്ങള്‍, അഷ്ടപതിവള്ളികള്‍ എന്നിവ വേണ്ടമാതിരി വളര്‍ന്നു നില്ക്കുന്നതായി കണ്ടു. നല്ല താമരകള്‍, ഉല്‍പലങ്ങള്‍ എന്നിവ ചാര്‍ത്തി എല്ലാ ഋതുക്കളിലെ പുഷ്ടങ്ങളും ചേര്‍ന്ന് വിമാനതുല്യമായ പ്രാസാദജാലങ്ങളും ശൈലസന്നിഭമായി വിളങ്ങി. കുളുര്‍ത്ത ജലധാരകള്‍, ചെറുചൂടുള്ള ജലധാരകള്‍, വിശേഷപ്പെട്ട ഉപകരണങ്ങള്‍, വിശിഷ്ടമായ ശയ്യോപകരണങ്ങള്‍, രത്നഖചിതമായ സ്വര്‍ണ്ണക്കട്ടിലുകള്‍, നല്ല മേല്‍വിരിപ്പുകളാല്‍ അലങ്കരിക്കപ്പെട്ട ശയ്യകള്‍, വളരെ ഭക്ഷ്യഭോജ്യങ്ങള്‍ ഇവയെല്ലാം യഥാസ്ഥാനം വിളങ്ങുന്നതായി കണ്ടു. വാക്കുകള്‍ സംസാരിക്കുന്ന പൈങ്കിളികള്‍, ഭൃംഗങ്ങള്‍, തത്തകള്‍, ശതപത്രങ്ങള്‍, കുയിലുകള്‍, കോഴികള്‍, കോയഷ്ടികങ്ങള്‍, മയിലുകള്‍, ജീവജ്ജീവങ്ങള്‍, നത്തുകള്‍, ചകോരങ്ങള്‍, മര്‍ക്കടങ്ങള്‍, ഹംസങ്ങള്‍, ചക്രവാകങ്ങള്‍, സാരസങ്ങള്‍ എന്നിവ ആ പൂത്തോട്ടത്തില്‍ ഉല്ലസിക്കുന്നതായും കാണപ്പെട്ടു. ചില ദിക്കില്‍ അപ്സരസ്ത്രീകള്‍, ചില ദിക്കില്‍ ഗന്ധര്‍വ്വന്മാര്‍, ഭാര്യമാര്‍ തഴുകി രസത്തോടെ നില്ക്കുന്നതായും കാണപ്പെട്ടു. പെട്ടെന്നു കാണാതാവുകയും, എല്ലാം വീണ്ടും പ്രത്യക്ഷമാവുകയും ചെയ്തു. മധുരമായ പാട്ടും, വേദം ചൊല്ലുന്ന ശബ്ദവും, മധുരമായ ഹംസത്തിന്റെ ശബ്ദവും, ഇവയെല്ലാം അവിടെ കേട്ടു രാജാവേ!
ഈ അത്ഭുതങ്ങളൊക്കെ അവിടെ കണ്ട് രാജാവ് ആശ്ചര്യത്തോടെ ചിന്തിച്ചു. "ഈ കാണുന്നത് സ്വപ്നമാണോ? എന്റെ മതിഭ്രാന്തിയാണോ? ഇതു സത്യം തന്നെയാണോ? അമ്പോ! അത്ഭുതം തന്നെ! ഞാന്‍ ഉടലോടെ സ്വര്‍ഗ്ഗം പ്രാപിച്ചിരിക്കയാണോ? പുണ്യമായ ഉത്തരകുരുവില്‍ എത്തിയിരിക്കയാണോ? അതോ ഞാന്‍ അമരാവതിയിൽ എത്തിയിരിക്കയാണോ? ഇത് എന്തു മഹാശ്ചര്യമാണ് ഞാനീക്കാണുന്നത്?". ഇപ്രകാരം രാജാവു വിചാരിച്ചു നില്ക്കുമ്പോള്‍ അവര്‍ ആ മുനിമുഖ്യനെ കണ്ടു. മണിത്തൂണ് വളരെയുള്ള പൊന്‍വിമാനത്തിന്റെ ഉള്ളിലായി മഹാര്‍ഹവും, ദിവ്യവുമായ കട്ടിലില്‍ ഭാര്‍ഗ്ഗവനായ ച്യവന മഹര്‍ഷി കിടക്കുന്നു. ഉടനെ ഭാര്യയോടു കൂടി രാജാവു ചിരിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നു നിന്ന്, അവര്‍ അടുത്തു ചെന്ന ഉടനെ കട്ടിലുമില്ല! കിടക്കയുമില്ല! മഹര്‍ഷിയുമില്ല! എല്ലാം മറഞ്ഞു പോയിരിക്കുന്നു! പിന്നെ രാജാവു നടന്നു. അപ്പോള്‍ വേറെ ഒരിടത്ത് വനത്തില്‍ ആ മുനിയെക്കണ്ടു. അവിടെ പട്ടുവിരിച്ച് ഒരു പുല്‍പ്പായയില്‍ ജപിച്ചു കൊണ്ടിരിക്കുന്ന വ്രതീന്ദ്രനായ മുനിയെക്കണ്ടു, ഇപ്രകാരം യോഗബലത്താല്‍ ഋഷി രാജാവിനെ മോഹിപ്പിച്ചു.
ഒരു നിമിഷംകൊണ്ട് ആ വനവും അവിടെയുള്ള അപ്സരസ്ത്രീകളും, ഗന്ധര്‍വ്വന്മാരും, വൃക്ഷനിരയും സര്‍വ്വതും മറഞ്ഞു പോയി. ആ ഋഷി വസിക്കുന്ന ഗംഗാതടം നിശ്ശബ്ദമായി, ദര്‍ഭപ്പുല്ലും പുറ്റുമായി, പണ്ടത്തെ മാതിരിതന്നെ ആ ഗംഗാതടം കാണപ്പെട്ടു രാജാവേ! ഈ അത്ഭുതം കണ്ടപ്പോള്‍ കുശികരാജാവ് അമ്പരന്നു നിന്ന്പോയി. പിന്നെ രാജാവ് ഹര്‍ഷത്തോടെ ഭാര്യയോടു പറഞ്ഞു: നോക്കൂ! ഭദ്രേ! വിചിത്രവും ദുര്‍ല്ലഭവുമായ വസ്തു കണ്ടില്ലേ? ഭൃഗുമുഖ്യന്റെ പ്രസാദം കൊണ്ട് എന്തു സംഭവിക്കുകയില്ല?. മനോരഥം കൊണ്ടു നാം എന്തു വിചാരിക്കുന്നുവോ, അതെല്ലാം തപസ്സു കൊണ്ടു സാധിക്കുന്നതാണ്. ത്രൈലോക്യമായ രാജ്യം നേടുന്നതിനേക്കാള്‍ ഉത്തമമായത് തപസ്സു നേടുകയാണ്. തപംചെയ്തു സിദ്ധി നേടുകയാണ് എല്ലാറ്റിലും ഉപരിയായ ധനാര്‍ജ്ജനം. നല്ലവിധം ചെയ്ത തപസ്സുകൊണ്ടു മോക്ഷം നേടാം. അമ്പോ! മഹാത്മാവായ ചൃവനന്റെ പ്രഭാവം അത്ഭുതം തന്നെ! മഹര്‍ഷി ഇച്ഛിച്ചാല്‍ സാദ്ധ്യമല്ലാത്തത് ഒന്നുമില്ല. വേറെ ഒരു ലോകം തന്നെ ചമയ്ക്കുവാനുള്ള കഴി വ് തപോധനനായ മഹര്‍ഷിക്കുണ്ട്. പുണൃവാക്കുകളും, പുണൃബുദ്ധികളും, പുണ്യകര്‍മ്മാക്കളുമായ വിപ്രന്മാരായി ജനിക്കുക എന്നതിലപ്പുറം എന്തുണ്ട്? ച്യവന മഹര്‍ഷിക്കൊഴികെ മറ്റാര്‍ക്കു സാധിക്കും ഇങ്ങനെയുള്ള ഒരത്ഭുതം സൃഷ്ടിക്കുവാന്‍? രാജ്യം നേടാന്‍ മര്‍ത്ത്യന്‍ വിചാരിച്ചു ശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍ ബ്രാഹ്മണ്യം നേടുക അത്ര എളുപ്പമായ കാര്യമല്ല! ബ്രാഹ്മണന്റെ പ്രഭാവം കൊണ്ടു രാജാവും രാജ്ഞിയുമായ നമ്മള്‍ കാളകളെ പോലെ വണ്ടി വലിക്കുക പോലും ചെയ്തു! ഇപ്രകാരം രാജാവു ചിന്തിക്കെ ച്യവനന്‍ അറിഞ്ഞ് രാജാവിനെ നോക്കി, "വേഗത്തില്‍ വരൂ!" എന്നു പറഞ്ഞു. മഹര്‍ഷി പറഞ്ഞതു കേട്ട ഉടനെ രാജാവ് ഭാര്യയോടൊപ്പം മുനിയുടെ അടുത്തു ചെന്നു. വന്ദ്യനായ അവനെ രാജാവു ശിരസ്സു കുനിച്ച് വന്ദിച്ചു. മുനി രാജാവിന് ആശിസ്സു നല്കി. "അവിടെ ഇരിക്കുക!", എന്നു സാന്ത്വമായി പറഞ്ഞു. രാജാവിനോടു ഭാര്‍ഗ്ഗവന്‍ സൌമ്യഭാവത്തില്‍ മൃദുവായ വാക്കാല്‍ പറഞ്ഞു ഭാരതാ"
ചൃവനന്‍ പറഞ്ഞു: രാജാവേ! ഭവാന്‍ അഞ്ചും അഞ്ചും ജയിച്ചിരിക്കുന്നു! അഞ്ച് ഇന്ദ്രിയങ്ങളേയും അഞ്ചു ഇന്ദ്രിയങ്ങളുടെ കര്‍മ്മങ്ങളേയും മനസ്സു കൊണ്ടു ഭവാന്‍ കീഴടക്കിയിരിക്കുന്നു. ആറാമത്തെ ഇന്ദ്രിയമായ മനസ്സിനേയും ഭവാന്‍ ജയിച്ചിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സകലവിധ കഷ്ടപ്പാടുകളും ഒഴിഞ്ഞു പോയിരിക്കുന്നു. അല്ലയോ വാശിസത്തമാ! നീ എന്നെ നല്ലപോലെ ആരാധിച്ചു. നിനക്കു ചെറിയ പാപം പോലും ഇനിയില്ല രാജാവേ, അനുജ്ഞ നല്കിയാലും! ഞാന്‍ വന്നപാടു പോകട്ടെ! രാജാവേ, നിന്നില്‍ ഞാന്‍ പ്രീതനായിരിക്കുന്നു! എന്നില്‍ നിന്ന് ഭവാന്‍ വരം വാങ്ങിക്കൊള്ളുക
കുശികന്‍ പറഞ്ഞു: ഭഗവാനേ, ഭവാന്റെ അരികില്‍ ഞാന്‍ അഗ്നിയുടെ മദ്ധ്യത്തില്‍ എന്ന വിധമല്ലേ നിന്നിരുന്നത്, അല്ലയോ ഭൃഗുശാര്‍ദ്ദൂലാ! ഞാന്‍ എന്തു കൊണ്ടാണ് എന്നിട്ടും വെന്തു പോകാഞ്ഞത്? എന്നില്‍ ഭവാന്‍ പ്രസന്നനായി എന്റെ കുലത്തെ രക്ഷിച്ചു. ഈ പ്രധാനപ്പെട്ട വരം ഞാന്‍ അങ്ങയില്‍ നിന്ന് നേടിക്കഴിഞ്ഞുവല്ലോ! എന്റെ ജീവിതം സഫലമായി. എന്റെ രാജത്വത്തിന്റെ സാഫലൃവും നേടിക്കഴിഞ്ഞു. എന്റെ തപസ്സിന്റെ് ഫലവും ഞാന്‍ അങ്ങയുടെ അനുഗ്രഹത്താല്‍ നേടിക്കഴിഞ്ഞു!
അങ്ങ് പ്രീതനായി എന്നുണ്ടെങ്കില്‍ അല്ലയോ ഭൃഗു നന്ദനാ! എന്നില്‍ വലിയ ഒരു സന്ദേഹം കിടപ്പുണ്ട്. അതൊന്നു വിവരിച്ചു വ്യക്തമാക്കിത്തരണേ!
55. ച്യവനോപാഖ്യാനം -ച്യവനന്റെ പരീക്ഷകളുടെ രഹസ്യം കുശികന്‍ ആവശ്യപ്പെട്ടതനുസരിച്ച് പറയുന്നു - ചൃവനന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്‍ എന്നില്‍ നിന്ന് വരം വാങ്ങിക്കൊള്ളുക. ഭവാന്റെ ഉള്ളില്‍ വന്നുപെട്ട സംശയമെന്തെന്നു പറയുക! അതും ഞാന്‍ തീര്‍ത്തുതരാം.
കുശികന്‍ പറഞ്ഞു: ഭഗവാനേ, എന്നില്‍ പ്രീതനാണെങ്കില്‍ ഭവാന്‍ എന്റെ ഗൃഹത്തില്‍ വന്നു പാര്‍ത്തതിന്റെ കാരണമെന്തെന്നു പറഞ്ഞാല്‍ കൊള്ളാം. ഇരുപത്തൊന്നു ദിവസം ഒരു വശംകൊണ്ടു മാത്രം കിടന്നതും ഒന്നും മിണ്ടാതെ പുറത്തുപോയതും എന്തു കൊണ്ടാണെന്നും പറഞ്ഞാല്‍ കൊള്ളാം. മഹര്‍ഷേ! ഉടനെ അങ്ങു മറഞ്ഞു പോയതും പിന്നെ പെട്ടെന്നു കാണുമാറായതും പിന്നേയും ഇരുപത്തൊന്നു ദിവസം ഭവാന്‍ കിടന്നതും, എണ്ണതേച്ചു കുളിക്കുവാന്‍പോയി വന്നതും, ഞാന്‍ അങ്ങയെ സല്‍ക്കരിച്ച ഭോജനങ്ങളെല്ലാം വരുത്തിയതിന് ശേഷം തീയിലിട്ടു ചുട്ടതും, ഭവാന്‍ പിന്നെ തേരില്‍ക്കയറി ഉടനെ യാത്ര ചെയ്തതും, ധനം വാരിക്കോരി ദാനംചെയ്തതും, പിന്നെ വനം കാണിച്ചു തന്നതും, പലതരം സ്വര്‍ണ്ണ പ്രാസാദ നിരകള്‍ കാണിച്ചു തന്നതും, ഉടനെ അവ കാണാതാക്കിയതും ഈ വക കര്‍മ്മങ്ങള്‍ അങ്ങു ചെയ്തത് എന്തിനായിട്ടാണെന്ന് പറഞ്ഞു തരണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ഇവയോരോന്നും ഓര്‍ക്കുന്തോറും ഞാന്‍ മയങ്ങി തളര്‍ന്നുപോകുന്നു. മഹര്‍ഷേ! ഇവയെക്കുറിച്ച് ഒന്നും തീരുമാനിക്കുവാന്‍ എനിക്കു കഴിയുന്നില്ല. ഇവയുടെ കാരണമെന്തന്ന് സത്യമായി കേള്‍ക്കുവാന്‍ എനിക്കു വലിയ ആഗ്രഹമുണ്ട് തപോധനാ!.
ച്യവനന്‍ പറഞ്ഞു: ഇതിന്റെ സകല കാരണവും ഞാന്‍ പറയാം, ഭവാന്‍ കേട്ടുകൊള്ളുക. ഭവാന്‍ ചോദിച്ചാല്‍ അതിന്റെ രഹസ്യം പറയാതിരിക്കുവാന്‍ എനിക്കു സാദ്ധ്യമല്ല രാജാവേ! പണ്ട് പിതാമഹന്‍ ദേവന്മാരുടെ മദ്ധ്യത്തില്‍ വെച്ച് പറഞ്ഞ കാര്യം ഞാന്‍ കേട്ടിട്ടുണ്ട്. അതു ഞാന്‍ ആദ്യം പറയാം. ബ്രഹ്മക്ഷത്ര വിരോധം മൂലം കുലസങ്കരം ഉണ്ടാകും. രാജാവേ, ഭവാന്റെ പൌത്രന്‍ വലിയ തേജോ വീര്യാഢ്യനായി ഭവിക്കും. അതുകൊണ്ട് നിന്റെ കുലം ധ്വംസിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ വന്നത്. കുശികവംശത്തെ ഉന്മൂലനം ചെയ്യുവാന്‍, നിന്റെ കുലം ചുട്ടെരിക്കുവാന്‍, വന്നതാണ്. പിന്നെ ഞാന്‍ നിന്റെ പുരത്തില്‍ വന്നു പറഞ്ഞു രാജാവേ! ഞാന്‍ ഒരു വ്രതമെടുത്തിരിക്കുകയാണ് എന്നെ ശുശ്രുഷിക്കണമെന്ന്. നിന്റെ ഗൃഹത്തില്‍ ദുഷ്കരമായി ഒന്നും ഞാന്‍ കണ്ടില്ല; അതുകൊണ്ടു രാജര്‍ഷേ, ഭവാന്‍ ജീവിക്കുന്നു. എന്നാല്‍ നീ മറിച്ചാണ് പെരുമാറിയിരുന്നത് എങ്കില്‍ ഇന്ന് നീ ജീവിച്ചിരിക്കുകയില്ലായിരുന്നു. ഇപ്രകാരം ബുദ്ധി ചെലുത്തി ഇരുപത്തൊന്നു ദിവസം ഞാന്‍ ഉറങ്ങി. എന്നെ ആരെങ്കിലും ഉണര്‍ത്തുമോ എന്നു പരീക്ഷിക്കുവാന്‍ കിടന്നതാണു രാജാവേ! സഭാര്യനായ നീ ഉറങ്ങിക്കിടക്കുന്ന എന്നെ ഉണര്‍ത്താതിരിക്കയാല്‍ ഞാന്‍ അപ്പോള്‍ നിന്നില്‍ ഉള്ളുകൊണ്ടു പ്രസാദിച്ചു. ഞാന്‍ എഴുന്നേറ്റു പുറപ്പെട്ട് നീ എന്നോട് എങ്ങോട്ടു പോകുന്നു? എന്നു ചോദിക്കുകയാണെങ്കില്‍ ഉടനെ ശപിക്കണമെന്നു വിചാരിച്ചു. നീ അനിഷ്ടമൊന്നും പ്രവര്‍ത്തിച്ചില്ല. ഞാന്‍ വീണ്ടും നിന്റെ ഭവനത്തില്‍ മറഞ്ഞു. യോഗം പ്രാപിച്ച് ഇരുപത്തൊന്നു ദിവസം ഉറങ്ങി. നീ പട്ടിണി കിടന്നു തളര്‍ന്നപ്പോള്‍ എന്റെ നേരെ കോപം തോന്നാന്‍ ഇടയാകുമെന്നു ഞാന്‍ വിചാരിച്ചു. അതും ഉണ്ടായില്ല. ഇപ്രകാരം ചിന്തിച്ചാണു ഞാന്‍ വിശപ്പു കൊണ്ടു നിങ്ങളെ ക്ലേശിപ്പിച്ചത്. മനസ്സില്‍ അല്പമായ കോപം പോലും സഭാര്യനായ നിന്റെ മനസ്സിലുണ്ടായില്ല. അല്ലയോ രാജാവേ, നിന്നില്‍ ഈ നിഷ്ഠയുണ്ടായി കണ്ടപ്പോള്‍ എനിക്കു നിന്നില്‍ പ്രീതിയും ബഹുമാനവും തോന്നി. ഭോജനം വരുത്തിച്ച് അതൊക്കെ ഞാന്‍ ചുട്ടെരിച്ചു. മാത്സര്യം മൂലം നിങ്ങള്‍ കോപിക്കട്ടെ എന്നു വിചാരിച്ചു. അതും നീ പൊറുത്തു. പിന്നെ തേരില്‍ക്കയറ്റി സഭാര്യനായി എന്നെ വലിക്കുവാന്‍ പറഞ്ഞു. അതും നീ ചെയ്തു. അതിലും നീ ശങ്കിക്കുകയോ ദുഃഖിക്കുകയോ മടിക്കുകയോ ചെയ്തില്ല. അതിലും ഞാന്‍ നിന്നില്‍ പ്രസാദിച്ചു. ധനം കോരിവാരി ഞാന്‍ കണ്ടമാനം ദാനം ചെയ്തു. ആ ധനനഷ്ടത്തിലും നീ പതറിയില്ല. അതിലും ഞാന്‍ നിന്നില്‍ പ്രീതനായി. പിന്നെ ഞാന്‍ മായാവനം സൃഷ്ടിച്ചു. സഭാര്യനായ നിനക്കു വേണ്ടിയാണ് അതുണ്ടാക്കിയത്. നിന്റെ പ്രീതിക്കു വേണ്ടിയാണ് ഞാന്‍ ഈ സ്വര്‍ഗ്ഗം കാണിച്ചു തന്നത്. നീ വനത്തില്‍ കണ്ടത് ദിവ്യമായ ദര്‍ശനമായിരുന്നു. നീ സഭാര്യനായി ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിയ കാഴ്ചയാണു ഞാന്‍ കാണിച്ചു തന്നത്. ഒരു മുഹൂര്‍ത്ത സമയം നീ ആ ദിവൃദര്‍ശന സുഖം അനുഭവിച്ചു നൃപോത്തമാ! രാജാവേ, ഈ കണ്ടത് തപസ്സിന്റെയും ധര്‍മ്മത്തിന്റെയും ദൃഷ്ടാന്തമായ കാഴ്ചയാണ്. നിനക്ക് അതില്‍ കാംക്ഷ ഉദിച്ചതും ഞാന്‍ അറിഞ്ഞു. അല്ലയോ രാജാവേ, നീ ബ്രാഹ്മണ്യത്തെ കിട്ടുവാന്‍ ആഗ്രഹിക്കുന്നു. തപസ്സും നീ ആഗ്രഹിക്കുന്നു. നരേന്ദ്രത്വവും സുരേന്ദ്രത്വവും നീ പുല്ലു പോലെ തള്ളിക്കളയുന്നു.
ഉണ്ണീ നീ പറഞ്ഞതു ശരിയാണ്. ബ്രാഹ്മണ്യം വളരെ വളരെ ദുര്‍ലഭമായ കാര്യമാണ്. ബ്രാഹ്മണ്യത്തില്‍ മഹര്‍ഷിത്വവും മഹര്‍ഷിത്വത്തില്‍ തപസ്സും മഹത്വമേറിയത് തന്നെയാണ്. നിനക്ക് ഈ കാമം സാധിക്കും. കുശികനില്‍ നിന്ന് കാൌശികന്‍ മൂന്നാം തലമുറയായി പിറക്കും. അവന്‍ ബ്രാഹ്മണനാകും. അങ്ങനെ നീ ബ്രാഹ്മണവംശത്തിന്റെ നായകനായി ഭവിക്കും. മുന്നാം തലമുറ മുതല്‍ നിന്റെ വംശം ബ്രാഹ്മണവംശമായി പരിണമിക്കും. നിന്റെ കുലം ഭൃഗുക്കളുടെ തേജസ്സു കൊണ്ടാണ് അങ്ങനെ പരിണമിക്കുന്നത്. അഗ്നി സദൃശനായ നിന്റെ പൌത്രന്‍ ബ്രാഹ്മണര്‍ഷീന്ദ്രനാകും. അവന്‍ ദേവന്മാരും മനുഷ്യരും ചേര്‍ന്ന മുന്നു ലോകത്തിനും ഭയമുണ്ടാക്കും. ഞാന്‍ ഈ പറഞ്ഞതു സത്യമാണ്. രാജര്‍ഷേ! ഭവാന്റെ ഉള്ളിലുള്ള വരം എന്തെന്നാല്‍ അതു വാങ്ങിക്കൊള്ളുക. ഞാന്‍ തീര്‍ത്ഥയാത്രയ്ക്കു പോവുകയാണ്. ഇനി വൈകിക്കൂടാ; കാലം തെറ്റിപ്പോയേക്കും.
കുശികന്‍ പറഞ്ഞു: മഹാനുഭാവാ, അങ്ങയുടെ പ്രസാ ദം എനിക്കു ശ്രേഷ്ഠമായ വരം തന്നെയാണ്. ഭവാന്‍ പറഞ്ഞ വിധം എനിക്ക് ഒരു പൌത്രന്‍ ജനിക്കണേ അനഘാശയാ! ഭഗവാനേ, എന്റെ കുലത്തില്‍ ബ്രാഹ്മണ്യം ഉണ്ടാകണം എന്നത് തന്നെയാണ് ശ്രേഷ്ഠമായ വരം. ഭഗവാനേ, എല്ലാം വിസ്തരിച്ചു പറഞ്ഞു തരണേ! അല്ലയോ ഭൃഗുനന്ദനാ! എങ്ങനെ എന്റെ കുലം വിപ്രത്വം നേടും? എനിക്ക് അതിസമ്മതനായി ആരാണു ബന്ധുവായി ഭവിക്കുവാന്‍ പോകുന്നത് പറഞ്ഞാലും.
56. ച്യവനോപാഖ്യാനം - പരശുരാമന്‍ വരെയുള്ളവരുടെ കഥ കുശികന് ച്യവനന്‍ പറഞ്ഞു കൊടുക്കുന്നു - ച്യവനന്‍ പറഞ്ഞു: നിന്നോടു പറയേണ്ട അവശ്യമായ കാര്യമാണ് രാജാവേ, ഞാന്‍ പറയുന്നത്. നിന്നെ മുടിക്കുവാന്‍ വന്നത് എന്തിനാണെന്നും പറയാം. ഭൃഗുക്കള്‍ക്ക് ക്ഷത്രിയന്മാര്‍ എന്നും യാജ്യരാണ് (യാഗം ചെയ്യിക്കേണ്ടവരാണ്) രാജാവേ! ദൈവഹിതമായി അവര്‍ പിണങ്ങുവാന്‍ ഇടയാകും. ക്ഷത്രിയന്മാര്‍ സകല ഭൃഗുക്കളേയും കൊന്നൊടുക്കും. ദൈവശിക്ഷയാല്‍ പീഡിപ്പിക്കപ്പെട്ട അവര്‍ ഗര്‍ഭസ്ഥരായ ശിശുക്കളെപ്പോലും നശിപ്പിക്കും. പിന്നെ നമ്മുടെ വംശത്തില്‍ (ഭൃഗുവംശത്തില്‍) ഗോത്രവര്‍ദ്ധനനായി ഔവ്വന്‍ എന്നു പേരായി ഒരു ഋഷി, ജ്വലനാര്‍ക്ക സമപ്രഭനായി അതിതേജസ്വിയായി ഉണ്ടാകും. അവന്‍ മൂന്നു ലോകവും മുടിക്കുവാന്‍ പോന്ന ക്രോധാഗ്നി ഉളവാക്കും. ആ അഗ്നി കാടും, മേടും, മലയും ചേര്‍ന്ന ലോകത്തെ ചാരമാക്കും. കുറച്ചുകാലം അവന്‍ ആ അഗ്നിയെ അടക്കും. കടലില്‍ ആ അഗ്നിയെ ബഡവാമുഖത്തില്‍ ആ മുനിസത്തമന്‍ പ്രക്ഷേപിക്കും. അവന് ഋചീകന്‍ എന്നു പേരായി ഒരു പുത്രന്‍ ജനിക്കും. ധനുര്‍വ്വേദം മൂര്‍ത്തിമത്തായ രൂപത്തില്‍ അവന്‍ വളരും. എല്ലാവിധം യുദ്ധവിദ്യകളും അവന്‍ അഭ്യസിക്കും. ക്ഷത്രിയന്മാര്‍ മുടിയുവാന്‍ ദൈവഹിതമനുസരിച്ചു പിറന്ന അവനില്‍, സ്വപുത്രനായ ഋചീകനന് പിതാവ് എല്ലാ വിദ്യകളും ഉപദേശിക്കും. തപസ്സാല്‍ ഭാവിതാത്മാവായി വമ്പനായ ജമദഗ്നിയില്‍ ആ വേദത്തെ ഭൃഗുശാര്‍ദൂലനായ അവന്‍ ധരിക്കും. നിന്റെ കുലത്തില്‍ നിന്ന് ജമദഗ്നി കന്യകയെ വേള്‍ക്കും. നിന്റെ കുലത്തിന് ഉയര്‍ച്ച വരുത്താനാണ് ഭരതര്‍ഷഭാ! ആ വിവാഹം നടത്തുന്നത്. നിന്റെ പൗത്രിയും, ഗാഥിയുടെ പുത്രിയുമായ അവളെ നേടി തപോനിധി ക്ഷത്രധര്‍മ്മാവായ പുത്രനെ ഉല്പാദിപ്പിക്കും. അവന്‍ വിപ്രന്റെ കര്‍മ്മം ചെയ്യുന്ന ക്ഷത്രിയനാകും. ബൃഹസ്പതിക്കു തുല്യം വീര്യവാനാകും. അവന്‍ വിശ്വാമിത്രന്‍ എന്ന പേരില്‍ പ്രസിദ്ധനാകും. ഗാഥിയുടെ പുത്രനായ അവന്‍ മഹാതപസ്വിയായി വളരും. ഇവിടെ സ്ത്രീകള്‍ മൂലമാണ് കൈമാറ്റമുണ്ടാവുക. ബ്രഹ്മാവിന്റെ കല്പന മറ്റു വിധത്തിലാക്കുവാന്‍ ആര്‍ക്കും കഴിയുന്നതല്ലല്ലോ. അങ്ങനെ നിന്റെ മൂന്നാമത്തെ തലമുറ ബ്രാഹ്മണനായി ഭവിക്കും. ഭാവിതാത്മാക്കളായ ഭൃഗുക്കള്‍ക്ക് ഭവാന്‍ സംബന്ധിയായിത്തീരും.
ഭീഷ്മൻ പറഞ്ഞു: മഹാത്മാവായ ച്യവന മഹര്‍ഷിയുടെ വാക്കുകേട്ട് ധര്‍മ്മിഷ്ഠനായ കുശികന്‍ ഹര്‍ഷത്തോടെ ഭരതോത്തമനായ രാജാവേ, "എന്നാല്‍ അങ്ങനെയാകട്ടെ" എന്നു പറഞ്ഞു. തേജസ്വിയായ ചൃവനന്‍ പിന്നെയും രാജാവിനോട് തന്നില്‍ നിന്ന് വീണ്ടും വരം വാങ്ങിക്കൊള്ളുവാന്‍ പറഞ്ഞു. രാജാവ് മുനിയോടു പറഞ്ഞു: "മഹര്‍ഷേ, ഞാന്‍ ഭവാനോട് അഭീഷ്ടം വാങ്ങുന്നു. എന്റെ കുലം ബ്രഹ്മകുലമായി ഭവിച്ച് ധര്‍മ്മത്തില്‍ കരള്‍വെക്കുമാറ് അനുഗ്രഹിച്ചാലും". രാജാവിന്റെ അഭ്യര്‍ത്ഥന കേട്ട് ച്യവന മുനി, "അങ്ങനെയാകട്ടെ" എന്നനുഗ്രഹിച്ച് രാജാവിനെ സമ്മതിപ്പിച്ചു യാത്രപറഞ്ഞ് തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ടു. രാജാവേ, അതൊക്കെ നിന്നോടു മുഴുവന്‍ ഞാന്‍ പറഞ്ഞു. ഇതാണ് കുശികള്‍ക്കും ഭൃഗുക്കള്‍ക്കുമുള്ള ബന്ധത്തിനു കാരണം. ഋഷി പറഞ്ഞ മാതിരി തന്നെ എല്ലാം സംഭവിച്ചു. അങ്ങനെ രാമന്റെയും വിശ്വാമിത്രന്റെയും ജന്മവും സംഭവിച്ചു. .
57. വിവിധദാനഫലം - ലോകത്തിന് ദാനങ്ങളാല്‍ ഉപകാരം ചെയ്യുവാന്‍ പറ്റിയ ലൗകിക ജീവിതമാണ് ശ്രേഷ്ഠമെന്ന് യുധിഷ്ഠിരന്‍ സമ്മതിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: എന്നെ ബോധഹീനനാക്കുന്ന വിധമാണ് ഞാന്‍ യുദ്ധാനന്തരം കേട്ട വാര്‍ത്ത. ശ്രീമാന്മാരായ രാജാക്കന്മാര്‍ മുഴുവന്‍ നശിച്ചു. സര്‍വ്വത്തേയും സംഹരിച്ചു കളഞ്ഞു. അങ്ങനെ ഭൂമി മുഴുവന്‍ കീഴടക്കി. നൂറുക്കണക്കിനുള്ള രാജ്യങ്ങളുടെ ചക്രവര്‍ത്തിയുമായി. എന്നിട്ടും എന്റെ മനസ്സിന് യാതൊരു സന്തോഷവും തോന്നുന്നില്ല. നൂറുലക്ഷം പുരുഷന്മാരെ കൊന്നിട്ട് മഹാപാതകിയായിട്ടാണ് ഞാന്‍ നില്ക്കുന്നത്. എന്റെ ഹൃദയം ദുഃഖത്തില്‍ ആണ്ടു പോകുന്നു പിതാമഹാ! എത്ര സ്ത്രീകള്‍ക്കു ഭര്‍ത്താക്കന്മാരില്ലാതായി. എത്രപേര്‍ മക്കളില്ലാത്തവരായി? എത്രപേരുടെ അമ്മാവന്മാര്‍ മരിച്ചു. എത്രപേരുടെ സഹോദരന്മാര്‍ മരിച്ചു. ആ ശ്രേഷ്ഠകളായ സ്ത്രീകളുടെ നില എന്താണ്? നാം എന്തിന് നമ്മുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും വധിച്ചു കളഞ്ഞു! ഇതിന്റെയൊക്കെ ഫലം എന്തായിരിക്കും! നാം തലകീഴായി നരകക്കുണ്ടില്‍ ചെന്നു വീഴുക തന്നെ ചെയ്യും! യാതൊരു സംശയവുമില്ല. അല്ലയോ പിതാമഹാ! .ഞാന്‍ എന്റെ ദേഹത്തെ ഉഗ്രമായ തപസ്സോടെ ചേര്‍ക്കുവാന്‍ ഇച്ഛിക്കുന്നു. ഞാന്‍ ഇക്കാര്യത്തില്‍ ശരിയായ ഉപദേശം അങ്ങയില്‍ നിന്ന് ലഭിക്കുവാന്‍ ആശിക്കുന്നു രാജാവേ പറഞ്ഞു തരണേ!
വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ പറഞ്ഞ വാക്കുകേട്ട് മഹാശയനായ ഭീഷ്മൻ നന്നായി ബുദ്ധിയില്‍ കണ്ട് ഇപ്രകാരം യുധിഷ്ഠിരനോടു പറഞ്ഞു.
ഭീഷ്മന്‍ പറഞ്ഞു: രഹസ്യവും അത്ഭുതവുമായ കാര്യം ഞാന്‍ നിന്നോടു പറയാം. അത് നീ കേള്‍ക്കുക. മരിച്ചാല്‍ എന്തു ഗതിയാണ് ഓരോ കൂട്ടര്‍ക്കും കിട്ടുന്നതെന്ന് ഞാന്‍ പറയാം രാജാവേ. തപസ്സു ചെയ്തവന് സ്വര്‍ഗ്ഗം ലഭിക്കും. തപസ്സുകൊണ്ടു കീര്‍ത്തിയും ലഭിക്കും. വിഭോ, തപസ്സാല്‍ ദീര്‍ഘായുസ്സും സുഖങ്ങളും ലഭിക്കും. ഇങ്ങനെ ജ്ഞാനം, വിജ്ഞാനം, ആരോഗ്യം, സൌന്ദര്യം, ധനം, സൌഭാഗ്യം ഇവയെല്ലാം ഭരതര്‍ഷഭാ, തപസ്സു കൊണ്ടു ലഭിക്കും. തപസ്സു കൊണ്ടു ധനം ലഭിക്കും. മൌനവ്രതമെടുത്താല്‍ ആജ്ഞാശക്തി ലഭിക്കും. ദാനം ചെയ്താല്‍ ഭോഗങ്ങള്‍ ലഭിക്കും. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ക്കു ദീര്‍ഘായുസ്സുണ്ടാകും. അഹിംസയുടെ ഫലം രൂപഗുണമാണ്. ദീക്ഷയെടുത്താല്‍ സല്‍ക്കുലത്തില്‍ ജനിക്കും. ഫലമൂലങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് രാജ്യം ലഭിക്കും. ഇലമാത്രം തിന്നു ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും. വെള്ളം മാത്രം കുടിച്ചു തപസ്സു ചെയ്യുന്നവര്‍ക്കു സ്വര്‍ഗ്ഗം ലഭിക്കും. ദാനം ചെയ്യുന്നവര്‍ക്ക് ധനങ്ങളുടെ നായകനാകാം. ഗുരുശുശ്രൂഷ കൊണ്ട് വിദ്യാസമ്പന്നനാകും. ശ്രാദ്ധംകൊണ്ട് സത്യവാനായ പുത്രനുണ്ടാകും. ഇലക്കറി മാത്രം കഴിച്ചു ജീവിക്കുന്നവര്‍ക്കു പശുക്കള്‍ ധാരാളമുണ്ടാകും. പുല്ലു തിന്നുന്നവര്‍ക്കു സ്വര്‍ഗ്ഗം ലഭി ക്കും. മൂന്നുനേരം കുളിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ധാരാളം സ്ത്രീകളെ ലഭിക്കും. കാറ്റുമാത്രം കഴിച്ചു തപസ്സു ചെയ്താല്‍ അവന് യാഗത്തിന്റെ ഫലം ലഭിക്കും. നിത്യവും കുളിച്ച് സന്ധ്യാജപം ചെയ്യുന്നവന്‍ കാര്യങ്ങളില്‍ സമർത്ഥനാകും. ജലപാനം ഉപേക്ഷിച്ച തപസ്വിക്ക് സ്വര്‍ഗ്ഗം ലഭിക്കും. വെറും നിലത്ത് പായയും കിടക്കയുമില്ലാതെ കിടന്നുറങ്ങുന്നവര്‍ക്ക് ഗൃഹങ്ങളും ശയനങ്ങളും ലഭിക്കും. ചീരവല്ക്കല വസ്ത്രങ്ങള്‍ ധരിച്ചവര്‍ക്ക് വസ്ത്രാഭരണജാലങ്ങള്‍ ലഭിക്കും. ശയ്യകള്‍, ആസനങ്ങള്‍, രഥങ്ങള്‍, എന്നിവയെല്ലാം തപസ്സുകൊണ്ടു ലഭിക്കും.
അഗ്നിയില്‍ പ്രവേശിച്ചവന്‍ ബ്രഹ്മലോകത്തില്‍ പുജ്യനാകും. രസങ്ങളെ തൃജിച്ചാല്‍ അവന്‍ സൌഭാഗ്യം നേടും. മാംസഭക്ഷണം ഉപേക്ഷിച്ചവന്റെ സന്താനങ്ങള്‍ ആയുഷ്മാന്മാരാകും. ജലത്തില്‍ വസിച്ച് തപം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തിന് ഈശനാകും. സത്യമാണു ഞാന്‍ ഈ പറയുന്നത്; അവന്‍ ദേവന്മാരോടു കൂടി സുഖിക്കും. ദാനത്താല്‍ കീര്‍ത്തി ലഭിക്കും. അഹിംസ കൊണ്ട് ആരോഗ്യമുണ്ടാകും.
ദ്വിജന്മാരെ ശുശ്രൂഷിച്ചാല്‍ രാജ്യം ലഭിക്കും. പുഷ്കലമായ ദ്വിജഭാവവും പിന്നത്തെ ജന്മത്തില്‍ സിദ്ധിക്കും. ദാഹിച്ചവര്‍ക്കു വെള്ളം കൊടുത്താല്‍ നിത്യമായ കീര്‍ത്തിയുണ്ടാകും. അന്നം കൊടുത്താല്‍ കാമഭോഗങ്ങളാല്‍ തൃപ്തരാകും. സര്‍വ്വരേയും സ്വാന്ത്വനം ചെയ്താല്‍ എല്ലാവിധം ശോകങ്ങളും അറ്റുപോകും. ദേവന്മാരെ ശുശ്രൂഷിച്ചാല്‍ രാജ്യം ലഭിക്കും. ദിവ്യമായ രൂപവും ലഭിക്കും.
ഇരുട്ടില്‍ വിളക്കു കൊടുക്കുന്നവന്‍ കണ്ണുള്ളവനായി പിന്നത്തെ ജന്മം പിറക്കും. കാണേണ്ട വസ്തുക്കള്‍ കൊടുത്താല്‍ സ്മൃതിയും മേധയും ലഭിക്കും. ഗന്ധവും മാല്യവും നല്കിയാല്‍ വലിയ കീര്‍ത്തി നേടും. മുടിയും താടിയും വളര്‍ത്തുന്നവര്‍ക്ക് നല്ല സന്താനങ്ങള്‍ ഉണ്ടാകും. ഉപവാസം, ദീക്ഷ, അഭിഷേകം ഇവ പന്ത്രണ്ടു വര്‍ഷം തുടര്‍ന്ന് അനുഷ്ഠിച്ചാല്‍ മെച്ചമായ വീരസ്ഥാനങ്ങള്‍ പ്രാപിക്കും.
ദാസികളും ദാസന്മാരും അലങ്കാരങ്ങളും വയലുകളും വീടും എന്നിവയെല്ലാം പെണ്‍മക്കളെ ബ്രഹ്മജ്ഞന്മാര്‍ക്കു നല്കിയാല്‍ ലഭിക്കുന്നതാണ്. യജ്ഞത്താലും ഉപവാസത്താലും അല്ലയോ ഭരതര്‍ഷഭാ! സ്വര്‍ഗ്ഗം പ്രാപിക്കും. ഫലപുഷ്പങ്ങളെ ദാനംചെയ്യുന്ന നരന്‍ ശുഭമായ ജ്ഞാനം നേടും.
പൊന്നുകെട്ടിച്ച കൊമ്പുകളോടു കൂടിയ ആയിരം പശു ക്കളെ സല്‍പാത്രങ്ങളില്‍ ദാനം ചെയ്താല്‍ അവന് പുണ്യമായ ഫലം ലഭിക്കും. ദേവലോകത്തെത്തി അവന്‍ സുഖിക്കും. സ്വര്‍ണ്ണം കൊണ്ടു കൊമ്പു കെട്ടിച്ച കറവപ്പശുക്കളെ കിടാങ്ങളോടു കൂടി ദാനം ചെയ്താല്‍ അതിന്റെ ഫലമായി ഇഷ്ടം പോലെ എല്ലാ ആഗ്രഹങ്ങളും ചുരത്തുന്ന ദിവ്യമായ പശു ആ നരന് ഭാഗ്യവശാല്‍ വന്നു ചേരും.
ഗോദാനം സല്‍പ്പാത്രത്തില്‍ ചെയ്യുന്നവന് താന്‍ നല്കിയ ഗോവിന് എത്ര രോമങ്ങളുണ്ടോ, അത്രത്തോളം പുത്രന്മാരും പൗത്രന്മാരുമുള്ളവനായി ഏഴു തലമുറ സന്താനങ്ങളെ അവന്‍ സ്വര്‍ഗ്ഗത്തിലെത്തിക്കും.
കൊമ്പ് സ്വര്‍ണ്ണംകെട്ടിയ പശുക്കളെ ധനത്തോടൊപ്പം സല്‍പ്പാത്രത്തില്‍ ദാനചെയ്താല്‍, എള്ളോടുകൂടി ദ്വിജന്നു ദാനംചെയ്താല്‍, സുഭിക്ഷമായ വസുലോകത്തില്‍ അവന്‍ ചെന്നെത്തുന്നതാണ്. സ്വന്തം കര്‍മ്മംകൊണ്ട് തടവ് ഏറ്റ ഒരുത്തന്‍, ഘോരാന്ധകാരമായ നരകത്തിലെത്തുവാന്‍, സമുദ്രത്തില്‍ കാറ്റടിച്ച് കപ്പല്‍ പാഞ്ഞു കേറുന്നതു പോലെ ഗോദാനംമൂലം സ്വര്‍ഗ്ഗത്തില്‍ ചെന്നുചേരും.
വിപ്രന് നല്കേണ്ടതായ കന്യകയെ നല്‍കുന്നവനും, വിപ്രന് ഭൂമി ദാനംചെയ്യുന്നവനും, വിധിപ്രകാരം അന്നം നല്കുന്നവന്നും, പുരന്ദരന്റെ ലോകമായ സ്വര്‍ഗ്ഗം ലഭി ക്കും. പാര്‍ക്കുവാന്‍ നല്ല ഗൃഹം എല്ലാ ഉപകരണങ്ങളോടും കൂടി സ്വാദ്ധ്യായവാനും, ശീലഗുണമുള്ളവനുമായ ബ്രാഹ്മണന്നു നല്‍കുന്നവന് ഉത്തമമായ കുരുഭൂമിയില്‍ പെട്ട ലോകം ലഭിക്കുന്നതാണ്.
ഭാരം വഹിക്കുന്ന കാള, കുതിര മുതലായവയെ ദാനം ചെയ്താല്‍ അവനും, പശുക്കളെ നല്‍കുന്നവനും വസുക്കളുടെ ലോകം ലഭിക്കും. സ്വര്‍ണ്ണം ദാനംചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കും. ഏറ്റവും ശ്രേഷ്ഠമായ ദാനം സ്വര്‍ണ്ണദാനമാണ്. കുട ദാനം ചെയ്തവന് വരിഷ്ഠമായ ഭവനം ലഭിക്കും. ചെരിപ്പ് ദാനം ചെയ്തവന് നല്ല വണ്ടി ലഭിക്കും. വസ്ത്രം ദാനം ചെയ്യുന്നവന് നല്ല രൂപം (സൌന്ദര്യം) ലഭിക്കും. ഗന്ധം ദാനം ചെയ്യുന്നവന്‍ സുഗന്ധവാനാകും. അവന്റെ സല്‍ഗുണം ലോകത്തിലെങ്ങും പരക്കും.
പുഷ്പിച്ചതും, കായ്ച്ചതുമായ വൃക്ഷം ദ്വിജന് ദാനം ചെയ്താല്‍ അവന് വളരെ രത്നങ്ങള്‍ നിറഞ്ഞതും, ഉത്തമസ്ത്രീയോടു കൂടിയതുമായ ഗൃഹം ലഭിക്കും. അന്നപാനങ്ങള്‍, രസങ്ങള്‍, ഭക്ഷ്യങ്ങള്‍ എന്നിവ നല്കിയാല്‍ അവന്‍ ഇഷ്ടം പോലെ രസങ്ങള്‍ നേടും. ഇരിപ്പിടവും വസ്ത്രവും നല്കുന്നവന് ഇപ്പറഞ്ഞതെല്ലാം തീര്‍ച്ചയായും നേടും; അതിലൊട്ടും സംശയിക്കേണ്ടതില്ല. മാല്യങ്ങള്‍, കളഭം മുതലായവ, ധൂപം, ദേഹത്തില്‍ പൂശാനുള്ള സുഗന്ധഗ്രവ്യങ്ങള്‍, വസ്ത്രങ്ങള്‍ ഇവ ഏതൊരുത്തന്‍ ബ്രാഹ്മണന് ദാനം ചെയ്യുന്നുവോ, അവന്‍ അരോഗനായി, സുന്ദരനായി ഇന്ദ്രന്റെ നാട്ടില്‍ വസിക്കും. ധാരാളം ധനത്തോടെ നല്ല കട്ടിലും കിടക്കയുമുള്ള ഗൃഹം ബ്രാഹ്മണന് നല്കിയാല്‍ അവന് ധാരാളം പുണ്യം ലഭിക്കുമെന്നു മാത്രമല്ല, മനോജ്ഞവും വളരെ രത്നങ്ങള്‍ നിറഞ്ഞതുമായ ഗൃഹം ദൈവാധീനത്താല്‍ ലഭിക്കുന്നതാണ് രാജാവേ! സുഗന്ധമുള്ളതും പല നിറം കലര്‍ന്നതുമായ വിരിപ്പോടും, തലയണയോടും കൂടെ നല്ല കിടക്ക വിപ്രന് നല്‍കുന്നവന്‍ നല്ല സന്ദര്യമുള്ളവളും സ്നേഹമുള്ളവളുമായ തന്വംഗിയെ യാതൊരു വിഷമവും കൂടാതെ ലഭിക്കുന്നതാണ്. വീരശയ്യയെ പ്രാപിക്കുന്ന മര്‍ത്തൃന്‍ ഒരിക്കലും പിതാമഹനേക്കാള്‍ താണു പോകുന്നതല്ല. അതിലും മേലെയായി ഒന്നുമില്ലെന്നാണ് മഹര്‍ഷിമാര്‍ പറയുന്നത്.
വൈശമ്പായനന്‍ പറഞ്ഞു: കുരുനന്ദനനായ യുധിഷ്ഠിരന്‍ പ്രസാദിച്ചു. പിന്നെ വന്യാശ്രമവാസത്തെപ്പറ്റി അദ്ദേഹം കൊതിച്ചില്ല. വീരന്മാര്‍ക്കുള്ള മാര്‍ഗ്ഗത്തില്‍ കാംക്ഷയുണ്ടായി. പിന്നെ യുധിഷ്ഠിരന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞു: "അല്ലയോ സോദരന്മാരേ, നിങ്ങള്‍ക്കും പിതാമഹന്റെ വാക്കുകള്‍ രുചിച്ചിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു".
യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ എല്ലാ പാണ്ഡവന്മാരും യശസ്വിനിയായ കൃഷ്ണയും യുധിഷ്ഠിരന്റെ വാക്ക് കൊള്ളാം അങ്ങനെ തന്നെ എന്നു പ്രശംസിച്ചു.
58. തടാകം, ആരാമം എന്നിവയുടെ മാഹാത്മ്യം - തടാകനിര്‍മ്മാണാദികളുടെ സല്‍ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: പുങ്കാവുകള്‍ ഉണ്ടാക്കുക, പൊയ്കകള്‍ നിര്‍മ്മിക്കുക, എന്നിവയുടെ ഫലമെന്താണ്? അല്ലയോ കുരൂദ്വഹാ! അവയെപ്പറ്റിയുള്ള ഫലം തത്വമായി അങ്ങ് പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ഭാരതാ!
ഭീഷ്മൻ പറഞ്ഞു; കണ്ടാല്‍ നല്ലപോലെ ഉറച്ചതും വിചിത്രമായ പലതരം ധാതുക്കള്‍ ചേര്‍ന്നതും സര്‍വ്വവഭൂതാഢ്യവുമായ ഭൂമി ശ്രേഷ്ഠഭൂമിയാണെന്നു പറയപ്പെടുന്നു. അങ്ങനെയുള്ള ഭുമിയില്‍ വയലുകളും തടാകങ്ങളും ഉണ്ടാക്കണം. ജലാശയങ്ങളും ഉണ്ടാക്കണം. അവയയെപ്പറ്റി ഞാന്‍ ക്രമപ്രകാരം പറയാം.
തടാകങ്ങള്‍ അതില്‍ ഉണ്ടാക്കുന്നതായാല്‍ അവന് വന്നുചേരുന്ന ഗുണങ്ങളെ ഞാന്‍ വിശദമാക്കാം. തടാകം നിര്‍മ്മിച്ച മര്‍ത്ത്യന്‍ മൂന്നു ലോകത്തിലും പൂജ്യനായി ഭവി ക്കും. അതു സ്നേഹിതന്റെ ഗൃഹം പോലെ ഉപകാരപ്രദമാണ്; മൈത്രമാണ്, മിത്ര (സൂര്യ) പ്രീതികരമാണ്. സുഹൃത്തിനെപ്പോലെയാണ്. മിത്രങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാണ്, കീര്‍ത്തിസമ്പാദനമാണ്, ശ്രേഷ്ഠമാണ്. അതുകൊണ്ട് കഴിവുള്ളവന്‍ തടാകങ്ങള്‍ നിര്‍മ്മിക്കണം. ധര്‍മ്മാര്‍ത്ഥകാമങ്ങ ളുടെ ഫലമായി അതിനെ പ്രശംസിക്കുന്നു. തടാകം ശരിക്കു നിര്‍മ്മിച്ചാല്‍ ഭൂമിയുടെ ആ ഭാഗം സജ്ജനങ്ങള്‍ക്കാശ്രയമായ ഒരു ക്ഷേത്രമായിത്തീരുന്നു. ഈ തടാകം നാലു തരത്തില്‍ ജീവികള്‍ക്ക് ഉപയോഗപ്പെടുന്നു.
തടാകങ്ങള്‍ നാടിന് ശ്രീ വര്‍ദ്ധിപ്പിക്കും, ദേവന്മാരും മനുഷ്യരും ഗന്ധര്‍വ്വന്മാരും പിതൃക്കളും രാക്ഷസന്മാരും അഹികളും സ്ഥാവരങ്ങളുമെല്ലാം തടാകത്തെ ആശ്രയി ക്കുന്നു. അതുകൊണ്ട് ഞാന്‍ ആ തടാകത്തിന്റെ ഗുണങ്ങളെപ്പറ്റി പറയാം. അതിന്റെ ഫലത്തെയും കുറിച്ചു പറയാം. ഇവ പണ്ട് മഹര്‍ഷിമാര്‍ പറഞ്ഞിട്ടുള്ളതാണ്.
വര്‍ഷകാലത്ത് ആരു നിര്‍മ്മിച്ച തടാകത്തില്‍ ജലം സമൃദ്ധിയായി നില്ക്കുന്നുണ്ടോ, അവന് അഗ്നിഹോത്രം ചെയ്ത ഫലം ലഭിക്കുന്നതാണ് എന്നു മഹാശയന്മാര്‍ പറയുന്നു. ശരല്‍ക്കാലത്ത് ആരുടെ തടാകത്തില്‍ ജലസമൃദ്ധിയുണ്ടോ, ആയിരം ഗോക്കളെ സല്‍പ്പാത്രങ്ങളില്‍ ദാനം ചെയ്താലുള്ള ഫലം മരണാനന്തരം ലഭിക്കുന്നതാണ്. ഹേമന്തകാലത്ത് ആരുടെ തടാകത്തില്‍ ജലം സമൃദ്ധിയായി നില്ക്കുന്നുണ്ടോ, അവന്‍ പലവിധം സുവര്‍ണ്ണ ദാനങ്ങളോടു കൂടിയ യജ്ഞത്തിന്റെ ഫലം ഏല്ക്കുന്നതാണ്. ശിശിര കാലത്ത് ആരു നിര്‍മ്മിച്ച തടാകത്തില്‍ ജലം സമൃദ്ധിയായുണ്ടോ, അവന് അഗ്നിഷ്ടോമയജ്ഞത്തിന്റെ ഫലം ലഭിക്കുന്നതാണ്. വസന്തത്തില്‍ ആരുടെ തടാകം ജലപൂര്‍ണ്ണമായി നില്ക്കുന്നുവോ, അവന്‍ അതിരാത്രം എന്ന യാഗം ചെയ്തവന്റെ പുണൃഫലം അനുഭവിക്കുന്നതാണ്. വേനല്‍ക്കാലത്ത് ആരു നിര്‍മ്മിച്ച തടാകത്തില്‍ ജലം ധാരാളമുണ്ടോ, അവന്‍ അശ്വമേധയാഗം ചെയ്ത ഫലം അനുഭവിക്കുമെന്ന് മനീഷികള്‍ പറയുന്നു. ആരു വന്ന് ആ തീര്‍ത്ഥ ജലാശയത്തില്‍ നിന്ന് ജലം പാനംചെയ്യുന്നുവോ, ആ പശുക്കളും സജ്ജനങ്ങളും ആ തീര്‍ത്ഥനിര്‍മ്മാതാവിന്റെ കുലത്തെ സ്വര്‍ഗ്ഗത്തിലേക്കു കയറ്റിവിടും. ആരു നിര്‍മ്മിച്ച തടാകത്തിലെ ജലം മൃഗങ്ങളും പക്ഷികളും മര്‍ത്ത്യരും കുടിക്കുന്നുവോ, അവന്‍ അശ്വമേധയജ്ഞത്തിന്റെ ഫലം അനുഭവിക്കുന്നതാണ്. വെള്ളം കുടിക്കുകയും സ്നാനം ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്നതിന് പറ്റിയ തടാകം ആരു തീര്‍ക്കുന്നുവോ, അയാള്‍ക്കു ലഭിക്കുന്ന പുണ്യം അനന്തമാകുന്നു. ജലം നല്കുന്നതിലുള്ള പുണ്യം ചെറുതല്ല ഉണ്ണീ! സുദുര്‍ല്ലഭമാണ് ആ ഫലം! വെള്ളം കൊടുക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രീതി എന്നെന്നേക്കും നില നില്ക്കുന്നതാണ്.
തിലോദകം നല്കുക, ദീപം നല്കുക, ജാഗ്രത ചെയ്യുക, ജ്ഞാതിമാരോടു കൂടി സന്തോഷിക്കുക! ഇത് പരത്തില്‍ ദൂര്‍ല്ലഭമാണ്. എല്ലാ ദാനത്തെക്കാളും മെച്ചപ്പെട്ടതാണ്, സലിലദാനം രാജാവേ! അതു നന്നായി നിര്‍വ്വഹിക്കണം രാജശാര്‍ദ്ദൂലാ!
ഇപ്രകാരം തടാക നിര്‍മ്മാണത്തിന്റെ ഉത്തമമായ ഫലം ഞാന്‍ പറഞ്ഞു. സ്ഥാവരങ്ങള്‍. ആറുണ്ട്. അവ ഭൂതങ്ങളുടെ ജാതികളാണ്. വൃക്ഷം, ഗുല്മം, ലത, വള്ളി, ത്വക്സാരം, തൃണം ഇവയാണ് വൃക്ഷജാതികള്‍. ഇവയെ നട്ടുവളര്‍ത്തിയാല്‍ പുണ്യമായ ഫലം ലഭിക്കും. മര്‍ത്ത്യലോകത്തു സല്‍ക്കീര്‍ത്തിയും പരലോകത്തു ശുഭമായ ഫലവും ലഭിക്കും. പിതൃക്കള്‍ക്കു പൂജ്യനായി അവന്‍ ഭവിക്കും. സ്വര്‍ഗ്ഗത്തില്‍ ചെന്നാലും അവനുള്ള സല്‍ക്കീര്‍ത്തി നശിക്കാതെ നില്ക്കും. പിതൃവംശത്തിലെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ തലമുറകളെ കയറ്റും. മരങ്ങളെ നട്ടവന് ഇത്തരം ഫലം ലഭിക്കുമെന്നറിഞ്ഞ് എല്ലാവരും മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതില്‍ ഉത്സുകരാകണം. വൃക്ഷം വെച്ചു പിടിപ്പിക്കുന്നവന്റെ മക്കളാണ് വൃക്ഷങ്ങള്‍ എന്നു കരുതണം. അങ്ങനെയുള്ളവന്‍ സ്വര്‍ഗ്ഗം നേടും; അവ്യയമായ മറ്റു ലോകവും നേടും.
വൃക്ഷങ്ങള്‍ പുഷ്പങ്ങളാല്‍ ദേവന്മാരെയും, ഫലങ്ങളാൽ പിതൃക്കളെയും പൂജിക്കുന്നു. നല്ലപോലെ തഴച്ചുവളര്‍ന്ന വൃക്ഷങ്ങള്‍ നിഴല്‍കൊണ്ടു പാന്ഥരെയും പൂജിക്കുന്നു. കിന്നരന്മാര്‍, അഹികള്‍, നിശാചരന്മാര്‍, ദേവന്മാര്‍, ഗന്ധര്‍വ്വന്മാര്‍, മാനുഷര്‍, അപ്രകാരം മുനിമാര്‍ ഇവരെല്ലാം വൃക്ഷങ്ങളെ ആശ്രയിക്കുന്നു. പൂത്തും കായ്ച്ചും വൃക്ഷങ്ങള്‍ മനുഷ്യരെ തര്‍പ്പിക്കുന്നു. വൃക്ഷത്തെ ദാനം ചെയ്യുന്നവരെ വൃക്ഷങ്ങള്‍ പരത്തിലേക്കുയര്‍ത്തും.
ശ്രേയസ്സിനെ ചിന്തിക്കുന്നവന്‍ വൃക്ഷങ്ങളെ തടാകത്തിന്റെ വക്കില്‍ നടേണ്ടതാണ്. അവയെ മക്കളെപ്പോലെ കാക്കണം. ധര്‍മ്മംകൊണ്ടു ചിന്തിച്ചാല്‍ ആ വൃക്ഷങ്ങള്‍ മക്കള്‍ തന്നെയാണ്.
കുളം കുഴിപ്പിക്കുന്നവന്‍, വൃക്ഷങ്ങള്‍ നട്ടുണ്ടാക്കുന്നവന്‍, യജ്ഞം ചെയ്യുന്ന ദ്വിജന്‍ ഇങ്ങനെയുള്ളവരും, സത്യം പറയുന്നവരും ഒന്നുപോലെ സ്വര്‍ഗ്ഗത്തില്‍ പുജ്യരായി ഭവിക്കും. അതുകൊണ്ട് നാം തടാകം തീര്‍ക്കുകയും ആരാമങ്ങള്‍ ഉണ്ടാക്കുകയും പലതരം യജ്ഞങ്ങള്‍ ചെയ്യുകയും സത്യം പറയുകയും ചെയ്യണം.
59. ദാനപാത്രനിരൂപണം - ഉത്തമദാനത്തെയും ഉത്തമ ബ്രാഹ്മണരെയും ഭീഷ്മൻ പ്രശംസിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: വേദത്തില്‍ പ്രസ്താവിക്കപ്പെടാത്ത പല ദാനങ്ങളെയും പറ്റി പ്രസ്താവിക്കപ്പെടുന്നുണ്ടല്ലോ. അതില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദാനം ഏതാണ്? അങ്ങയുടെ അഭിപ്രായമെന്താണ്? പിന്നെ ഒരു കാര്യമറിയുവാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നുണ്ട്. ദാതാവിനെ അടുത്ത ലോകത്തിലേക്ക് അല്ലെങ്കിൽ അടുത്ത ജന്മത്തിലേക്കു പിന്‍തുടരുന്ന (മടക്കിക്കിട്ടുന്ന) ദാനമേതാണ് ഭരതര്‍ഷഭാ?
ഭീഷ്മൻ പറഞ്ഞു: എല്ലാ ജീവികള്‍ക്കും അഭയം നല്കുക, ആപത്തില്‍ സഹായിക്കുക, വിശപ്പും ദാഹവും മൂലം അവ ശമിപ്പിക്കുവാനാവശ്യമായ അന്നപാനങ്ങള്‍ യാചിക്കുന്നവന് അവന്റെ അഭീഷ്ടം നല്കുക, ഇവയാണ് ശ്രേഷ്ഠതരമായ ദാനം. ആ ദാനം ദാതാവിനെ പിന്‍തുടരുന്ന ദാനമാണ്. രത്നദാനം (സ്വര്‍ണ്ണദാനം), ഗോദാനം, ഭൂമിദാനം ഇവയാണ് പരിശുദ്ധമായ ദാനങ്ങള്‍. ഇവ പാപികളെപ്പോലും കരകയറ്റും. അല്ലയോ പുരുഷവ്യാഘ്രാ! ഇവ എന്നും സാധുക്കള്‍ക്ക് നല്കുക. ദാനങ്ങള്‍ മൂലം മര്‍ത്ത്യന്‍ പാപവിമുക്തനാകും. അതില്‍ സംശയിക്കേണ്ട. ലോകത്തില്‍ ഒരുത്തന് ഏറ്റവും ഇഷ്ടപ്പെട്ടതെന്താണ്, അവന്റെ ഗൃഹത്തില്‍ ഏറ്റവും ആവശ്യമായതെന്താണ്, അതറിഞ്ഞ് അവന് നല്കണം. ദാനം അക്ഷയപുണ്യമാക്കി തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതാണ് ചെയ്യേണ്ടത്. പ്രിയം ചെയ്യുന്നവന്‍, പ്രിയപ്പെട്ടതു നല്കുന്നവന്‍, ഇവര്‍ എപ്പോഴും ഈ ലോകത്തിലും . പരലോകത്തിലും ജീവികളുടെ പ്രിയനായി ഭവിക്കുന്നതാണ്. അസക്തനും (അത്യാഗ്രഹമില്ലാത്തവൻ) ദരിദ്രനുമായ അര്‍ത്ഥിയെ ഗര്‍വ്വുമൂലം ശക്തിപോലെ ആദരിക്കാതെ വിടുന്നവന്‍ തീര്‍ച്ചയായും നൃശംസനാണ് (ക്രൂരന്‍, നിന്ദ്യന്‍) യുധിഷ്ഠിരാ!
തന്നെ ശരണം പ്രാപിക്കുന്നവന്‍ ഹീനനായ വൈരിയാണെങ്കില്‍ പോലും അവനെ ആപത്തില്‍ നിന്ന് രക്ഷിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നവനാണ് പുരുഷശ്രേഷ്ഠന്‍. കൃശനും വിദ്യയുള്ളവനുമായ ഒരാള്‍ ജീവിതവൃത്തിക്കു മാര്‍ഗ്ഗമില്ലാതെ ഉഴലുകയാണെങ്കില്‍, അവന് ആവശ്യം പോലെ ഭക്ഷണം നല്കുകയാണെങ്കില്‍, അതിൽ പരമായ പുണ്യമില്ല. അവനേക്കാള്‍ ശ്രേഷ്ഠനായി ആരുമില്ല. കര്‍മ്മനിരതരും ഭാര്യയോടും മക്കളോടും ചേര്‍ന്ന് ഉഴലുന്നവരുമായ യോഗ്യരെ, യാചിക്കാത്ത മാന്യരെ, ക്ഷണിച്ചു വരുത്തി സല്‍ക്കരിക്കണം. ദേവന്മാരിലും മര്‍ത്തൃരിലും ആശിസ്സ് നല്കാതിരിക്കുകയും, അര്‍ഹന്മാരും നിതൃസന്തുഷ്ടന്മാരുമായി കിട്ടുന്നത് കൊണ്ട് ഉപജീവിക്കുന്നവരും, സര്‍പ്പത്തെപ്പോലെ വിഷം വഹിക്കുന്നവരുമായവരില്‍ നിന്ന് സ്വയം രക്ഷനേടണം ഭാരതാ! അങ്ങനെയുള്ളവരെ ദാനങ്ങളാല്‍ തൃപ്തിപ്പെടുത്തണം. ഈ ലക്ഷണമൊത്ത ദ്വിജന്മാരെ ദാസന്മാരോടും ഉപകരണങ്ങളോടുംകൂടി നല്ലപോലെ നിര്‍മ്മിച്ചു സജ്ജമാക്കിയ ഗൃഹങ്ങളില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ചു പ്രസാദിപ്പിക്കുക. അങ്ങനെയുള്ളവര്‍ ശ്രദ്ധയാല്‍ പരിപാവനമാക്കപ്പെട്ട ദാനം, അത് ആവശ്യമാണെന്ന ധാരണയാല്‍ വാങ്ങിയേക്കാം യുധിഷ്ഠിരാ!
ധര്‍മ്മിഷ്ഠന്മാരും, പുണ്യവാന്മാരും, വിദ്യാപരന്മാരും, വ്രതശീലന്മാരുമായ സ്നാതകന്മാര്‍, ആരെയും ആശ്രയിക്കാതെ വാഴുന്നവരും, തപസ്സും സ്വാദ്ധ്യായവും അനുഷ്ഠിക്കുന്നവരും, സംശിത വ്രതന്മാരും, സ്വന്തം ഭാര്യയിലല്ലാതെ മറ്റു സ്ത്രീകളില്‍ കാംക്ഷയില്ലാത്തവരും, ശുദ്ധദാന്തന്മാരുമായവരില്‍ നീ ശുഭമായ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതായാല്‍ പരലോകത്തേക്ക് അതു നന്മചെയ്യുന്നതായി ഭവിക്കും.
കാലത്തും സന്ധ്യക്കും അഗ്നിഹോത്രം ചെയ്യുന്നവനും യതാത്മാവുമായ ബ്രാഹ്മണന് ചെയ്യുന്ന ദാനങ്ങള്‍, ദാതാവിനെ പരലോകത്തേക്ക് എത്തിക്കുന്നതാണ്. ശ്രദ്ധാപൂതവും സദക്ഷിണവുമായ മഹായജ്ഞം നിനക്ക് എല്ലാ യജ്ഞത്തിലും വെച്ചു ശ്രേഷ്ഠമായിട്ടുള്ളതാണ്. ഉണ്ണീ! അത് ദാതാവിനെ സ്വര്‍ഗ്ഗത്തിൽ എത്തിക്കുന്നതാണ്. നാം ചെയ്യുന്ന ദാനം തിലത്തോടും ജലത്തോടും കൂടി നല്കണം. മഹാത്മാക്കളായ ബ്രാഹ്മണര്‍ക്ക് അങ്ങനെ ചെയ്യുന്ന ദാനം പിതൃക്കളെയും ദൈവങ്ങളെയും പ്രീതിപ്പെടുത്തുന്നതാണ്. അത് പിത്യക്കളോടുള്ള നമ്മുടെ കടപ്പാട് തീര്‍ക്കുന്നതാണ്.
കോപിക്കാത്തവരും, തൃണത്തോളം ആഗ്രഹമില്ലാത്തവരും, പ്രിയം പറയുന്നവരുമായ ബ്രാഹ്മണര്‍ പൂജ്യാര്‍ഹരാണ്. അത്തരക്കാര്‍ ദാനത്തിന് അര്‍ഹരുമാണ്. അങ്ങനെ ആഗ്രഹങ്ങള്‍ ഇല്ലാത്തവര്‍ ഒരിക്കലും ദാതാവില്‍ ബഹുമാനം കാണിക്കുകയില്ല; അവര്‍ പാരിതോഷിക ലബ്ധിക്ക് പ്രേരിപ്പിക്കുകയുമില്ല. സ്വപുത്രന്മാരെപ്പോലെ പാലിക്കേണ്ടവരാണ് അവര്‍. അവരെ ഞാന്‍ നമിക്കുന്നു. അവര്‍ പ്രസാദിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും. കോപിച്ചാല്‍ അവര്‍ നരകത്തില്‍ തള്ളി വിടുകയും ചെയ്യും. ഋത്വിക്ക്, പുരോഹിതന്‍, ആചാര്യന്‍, മൃദുവായ ബ്രഹ്മണ്യന്‍, ഈ മട്ടിലുള്ളവര്‍ ക്ഷത്രത്തോടു ചേരുമ്പോള്‍ ബ്രഹ്മതേജസ്സ് ശമിക്കുന്നു. ക്ഷത്രിയന്‍ ബ്രാഹ്മണനോട് ഇടഞ്ഞാൽ ക്ഷത്രിയന്റെ തേജസ്സും ഇല്ലാതാകുന്നു. നീ ഒരു രാജാവാണെന്ന് അറിയണം. നിനക്ക് മഹത്തായ ശക്തി കൈയിലുണ്ട്. മഹത്തായ ഐശ്വര്യം കൈവശമുണ്ട്. അവയൊന്നും അല്ലയോ യുധിഷ്ഠിരാ, ബ്രാഹ്മണന് നല്കാതെ അനുഭവിക്കുവാന്‍ വിചാരിക്കരുത്.
വസ്ത്രങ്ങളും അന്നവും ബ്രാഹ്മണന് കൊടുത്തേ താന്‍ അനുഭവിക്കാവൂ! അഴകിനോ, അന്തസ്സിനോ, ധര്‍മ്മം പോലെ അത് ഉപയോഗപ്പെടുത്തുമ്പോള്‍ ബ്രാഹ്മണന് നല്കുന്നതില്‍ വിമനസ്സു കാട്ടരുത്. അവരെ ആദ്യമേ തന്നെ പൂജിച്ചു ദാനങ്ങളാല്‍ പ്രീതിപ്പെടുത്തണം യുധിഷ്ഠിരാ! അവരുടെ ഇഷ്ടത്തിനൊത്തു ജീവിക്കുവാന്‍ അനുവദിക്കേണ്ടതാണ്. നീ നിന്റെ ശിരസ്സ്, ബ്രാഹ്മണന്റെ മുമ്പില്‍ കുനിക്കണം. അവര്‍ അങ്ങയുടെ മക്കളെപ്പോലെ സുഖമായി നാട്ടില്‍ യഥേഷ്ടം ജീവിക്കുമാറാകണം. പ്രസാദം നശിക്കാതെ അല്പം കൊണ്ടു സന്തോഷിക്കുന്ന സജ്ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്കുവാന്‍ നീയല്ലാതെ മറ്റാരുണ്ട് കുരുസത്തമാ!
സ്ത്രീകള്‍ക്ക് പാരില്‍ ശാശ്വതമായ ധര്‍മ്മം ഭര്‍ത്തൃശുശ്രൂഷണമാകുന്നു. നമ്മള്‍ക്ക് അപ്രകാരം തന്നെ ബ്രാഹ്മണ ശുശ്രൂഷയാണ് ധര്‍മ്മം ഉണ്ണീ! നാം പൂജിക്കാതെ ബ്രാഹ്മണനെ വിട്ടയച്ചാല്‍ അവന്‍ നമ്മെ ഉപേക്ഷിച്ചു കളയും. അങ്ങനെയുള്ള ക്ഷത്രിയന്‍ അധഃപതിച്ചു പോകും. ക്രൂരകര്‍മ്മാവായ ആ ക്ഷത്രിയന് വേദവുമില്ല യജ്ഞവുമില്ല എന്ന നിലയില്‍ ലോകം നഷ്ടപ്പെട്ട നിലയിലാകും. അവന്റെ സ്ഥിതിയും നശിച്ചു പോകും. അങ്ങനെയുള്ള ക്ഷത്രിയന് ബ്രാഹ്മണാശ്രയമില്ലാത്ത രാജാവിന് പിന്നെ ജീവിതം കൊണ്ട് എന്തു കാര്യം?
ഇക്കാര്യത്തില്‍ ധര്‍മ്മത്തോടു കൂടിയ പണ്ടത്തെ നിലയെന്തെന്ന് പറഞ്ഞുതരാം. പണ്ട് ക്ഷത്രിയന്‍ ബ്രാഹ്മണനെ പൂജിച്ചു. അതുപോലെ വൈശ്യന്‍ ക്ഷത്രിയനെ പൂജിച്ചു. ശൂദ്രന്‍ വൈശ്യനെയും പൂജിച്ചു. ഇതാണ് ശ്രുതിയില്‍ പറഞ്ഞിട്ടുള്ളത്. ബ്രാഹ്മണന്‍ കത്തുന്ന അഗ്നിപോലെയാണ്. അവനെ തൊടുവാനോ, അടുക്കുവാനോ പാടില്ല. പൊള്ളുന്ന വസ്തുവാണ് ബ്രാഹ്മണന്‍, ശൂദ്രന്‍ അതു കൊണ്ടു ദൂരെനിന്ന് ബ്രാഹ്മണനെ ശുശ്രൂഷിക്കേണ്ടതാകുന്നു. ക്ഷത്രിയനും വൈശ്യനും ബ്രാഹ്മണനെ അടുത്തു സ്പര്‍ശിച്ചു ശുശ്രൂഷിക്കാവുന്നതാണ്. ബ്രാഹ്മണര്‍ മൃദുക്കളും, സത്യശീലന്മാരും, സത്യധര്‍മ്മപാലകന്മാരുമാണ്, എങ്കിലും അവരെ കോപിപ്പിച്ചാല്‍ ഘോരസര്‍പ്പങ്ങള്‍ പോലെ വിഷമുള്ളവരാണെന്നു കാണാം. അപ്രകാരമുള്ള ദ്വിജേന്ദ്രന്മാരെ (അത് അവരുടെ സ്വഭാവമാണെന്നറിയുക) ശുശ്രൂഷിക്കണം യുധിഷ്ഠിരാ! അവരില്‍ അനുസരണത്തോടെ, ബഹുമാതിയോടെ പെരുമാറുക. ബ്രാഹ്മണന്‍ എല്ലാറ്റിലും ഉയര്‍ന്നവനാണ്. പരന്മാര്‍ക്കും, അപരന്മാര്‍ക്കും, പരന്മാരെക്കള്‍ പരന്മരായവര്‍ക്കും ബ്രാഹ്മണന്‍ ഉയര്‍ന്നവന്‍ തന്നെയാണ്. തേജസ്സുകൊണ്ടും, ബലംകൊണ്ടും, തപിക്കുന്ന ക്ഷത്രിയന്റെ സകല യോഗ്യതയും ബ്രാഹ്മണനുമായി ചേരുമ്പോള്‍ ക്ഷത്രിയന്റെ വീര്യം കുറഞ്ഞ് ബ്രാഹ്മണനില്‍ ചേര്‍ന്നു പോകുന്നു. എനിക്ക് എന്റെ അച്ഛന്‍പോലും പ്രിയനല്ല. എന്റെ അമ്മയും അത്ര പ്രിയപ്പെട്ടവളല്ല. എന്റെ അച്ഛന്റെ അച്ഛനും, എന്റെ ആത്മാവും അത്ര പ്രിയപ്പെട്ടതല്ല. രാജാവേ, നിന്നേക്കാള്‍ ഇഷ്ടപ്പെട്ട ഒരു വസ്തുവും ഇന്നെനിക്കു ലോകത്തിലില്ല. ബ്രാഹ്മണനുമായി താരതമൃപ്പെടുത്തുമ്പോള്‍ പ്രിയപ്പെട്ട മുന്‍പറഞ്ഞ എല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവനാണ് ബ്രാഹ്മണന്‍. അല്ലയോ പാണ്ഡുപുത്രാ, ഞാന്‍ നിന്നോട് സത്യമാണീപ്പറയുന്നത്. ഞാന്‍ ആ സത്യംകൊണ്ട് എന്റെ അച്ഛനായ ശന്തനു വസിക്കുന്ന ഇടത്തില്‍ ചെല്ലുന്നതാണ്. ആ ശുദ്ധമായ സജ്ജനലോകത്തെ, ശുദ്ധബ്രഹ്മപുരസ്സരമായ ലോകത്തെ, ഞാന്‍ ബ്രാഹ്മണഭക്തി കൊണ്ടു സമാര്‍ജ്ജിച്ചിരിക്കുന്നു. ഉടനെയോ, അല്ലം വൈകിയിട്ടോ ഞാന്‍ ആ ബ്രഹ്മലോകം പ്രാപിക്കും. അങ്ങനെയുള്ള ഞാന്‍ ഇപ്രകാരമുള്ള ലോകത്തെ ജ്ഞാന ദൃഷ്ടിയാല്‍ ദര്‍ശിച്ച്, അല്ലയോ ഭരതോത്തമാ! വിപ്രരില്‍ ചെയ്ത പുണ്യം മൂലം ഒരിക്കലും ദുഃഖിക്കുന്നില്ല രാജാവേ!
60. ത്രിഷവണാന്നദാനകഥനം -- തുല്യയോഗ്യരായ രണ്ടു വിപ്രന്മാര്‍ വന്നാല്‍ അതില്‍ ചോദിക്കുന്നവനോ ചോദിക്കാത്തവനോ നല്കേണ്ടത്?
യുധിഷ്ഠിരന്‍ പറഞ്ഞു: രണ്ടു ബ്രാഹ്മണര്‍ ആചാരംകൊണ്ടും അനുഷ്ഠാനംകൊണ്ടും ജന്മംകൊണ്ടും വിദ്യകൊണ്ടും തുല്യരാണെന്നു വിചാരിക്കുക. അതില്‍ ദാനത്തിന്ന് യോഗ്യര്‍ ആരാണ്? ഒരുത്തന്‍ യാചിക്കുകയും മറ്റൊരുത്തന്‍ യാചിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അതില്‍ ആര്‍ക്കാണ് ദാനം ചെയ്യേണ്ടത്? പറഞ്ഞാലും!
ഭീഷ്മൻ പറഞ്ഞു: യാചിക്കുന്നവനെക്കാള്‍ നല്ലതു യാചിക്കാത്തവനാണ്. അതുകൊണ്ട് ദാനം യാചിക്കാത്തവനാണ് നല്കേണ്ടത്. ധൈര്യംകെട്ടവനും കൃപണനുമായവനെക്കാള്‍ അവന്‍ ധീരനായ ബ്രാഹ്മണനാണ്. ക്ഷത്രിയന്‍ യുദ്ധവീരനാകണം. ബ്രാഹ്മണന്‍ നിസ്പൃഹാവീരനാകണം. യാചിക്കാതിരിക്കുക എന്ന ധീരമായ ഗുണം ബ്രാഹ്മണന്നുണ്ടാകണം. ധീരനും സന്തുഷ്ടനും വിദ്വാനും ആയ ദ്വിജന്‍ വാനവര്‍ക്കു പ്രീതിനല്കും. ഇരക്കുക എന്നത് ദരിദ്രനെ തിരസ്കരിക്കുന്നതാണ്. ഒരു പുരത്തില്‍ ഇരക്കുന്ന ജനങ്ങളെ അധികാരികള്‍ ആട്ടിയോടിക്കും. അവര്‍ സജ്ജനങ്ങള്‍ക്ക് ശല്യമായി ഭവിക്കുന്നു. കള്ളന്മാരെയും കൊള്ളക്കാരെയുമെന്ന പോലെ യാചകന്മാരെയും ആട്ടിയോടിക്കുവാന്‍ ഇടയാകുന്നു. ജനങ്ങള്‍ക്കു വെറുപ്പുണ്ടാക്കുകയാണ് യാചന ചെയ്യുന്നത്. ഇരക്കുന്നവന്‍ അവന്റെ അന്തസ്സിനെ നശിപ്പിക്കുന്നു. അതു മരണം തന്നെയാണ്. എന്നാല്‍ ദാനം ചെയ്യുന്നവന്‍ മരിക്കുകയല്ല ചെയ്യുന്നത്. അവന്‍ ദാനം മൂലം ജീവിക്കുകയാണ് ചെയ്യുന്നത്. ദാനം മൂലം ബുദ്ധിമാന്‍ ആത്മാവിനെ രക്ഷപ്പെടുത്തുന്നു!
യാചകന് നല്കുക എന്നത് അനൃശംസ്യമാണ്. ഏറ്റവും വലിയ കരുണയാണത്. ഏറ്റവും വലിയ അഹിംസയാണത്. യാചിക്കുവാന്‍ മടിച്ചു കുഴങ്ങുന്നവരെ കണ്ടറിഞ്ഞു ക്ഷണിച്ചു വരുത്തി സല്ക്കരിക്കണം. തന്റെ നാട്ടില്‍ അപ്രകാരമുള്ള മര്‍ത്ത്യര്‍ പാര്‍ക്കുന്നുണ്ടെങ്കില്‍ അവരെ യത്നിച്ച് അന്വേഷിച്ചറിയണം. അവര്‍ ചാരത്താല്‍ മൂടിയ അഗ്നിപോലെയുള്ളവരാണ്. തപസ്സു കൊണ്ടു ദീപ്തരായ അവരെ നാം പുജിക്കുന്നില്ലെങ്കില്‍ അവര്‍ ഭൂമിപോലും ചുട്ടു കളയും. പൂജാര്‍ഹന്മാരായ ബ്രാഹ്മണരെ പൂജിച്ചില്ലെങ്കില്‍ അവമാനിതരായ അവര്‍ കോപിക്കും. അവരുടെ ശാപത്തിന് പാത്രമാകുന്നവന്‍ നശിച്ചു പോകും. പൂജ്യന്മാരും ജ്ഞാനവിജ്ഞാന തപോയോഗ ബലന്മാരുമായ ബ്രാഹ്മണരെ പൂജിക്കാതെ വിടരുത്. രാജാവേ, യാചിക്കാത്ത ബ്രാഹ്മണരെ സമീപിച്ച് അവര്‍ക്കു പലവിധം ധനങ്ങള്‍ ദാനംചെയ്യുകയാണെങ്കില്‍, കാലത്തും സന്ധ്യക്കും അഗ്നിയെ ഹോമിക്കുന്നതിന് തുല്യമായ ഫലം അവന്‍ അതുകൊണ്ടു നേടുന്നതാണ്.
വിദ്യാവ്രതാഢ്യനായ ബ്രാഹ്മണന് നല്കിയാല്‍ ഫലം തീര്‍ച്ചയായും ലഭിക്കുന്നതാണ്. തപസ്സും സ്വാദ്ധ്യായവുമുള്ള യോഗ്യന്മാരും സംശിത്രവതന്മാരുമായ വിപ്രന്മാരെ, ദാസന്മാരോടും ഉപകരണങ്ങളോടും കൂടി സജ്ജമാക്കിയ ഗൃഹങ്ങളോടൊപ്പം ദാനങ്ങളും നല്കി സല്‍ക്കരിക്കുക! ആഗ്രഹമുള്ളതെല്ലാം നല്കുക. ശ്രദ്ധയോടുകൂടി ആദരവോടെ നല്കുന്ന ഇത്തരം ദാനങ്ങള്‍ അവര്‍ ദാതാക്കള്‍ക്കു മനസ്സിന് ക്ഷീണം തട്ടാതിരിക്കുവാന്‍ സ്വീകരിച്ചെന്നു വരാം. സ്വീകരിക്കേണ്ടത് ആവശ്യമാണെന്നു കണ്ടറിഞ്ഞ് ധര്‍മ്മജ്ഞന്മാരും സൂക്ഷ്മ ദര്‍ശികളുമായ അവര്‍ അത് സ്വീകരിക്കും. ഇത്തരം ബ്രാഹ്മണരെ ക്ഷണിക്കണം. അവരുടെ തിരിച്ചു വരവിനെ സ്വഗൃഹങ്ങളില്‍ ഭാര്യമാര്‍ ചാതകങ്ങള്‍ മഴക്കാറിനെ എന്നപോലെ കാത്തിരിക്കുന്നതാണ്. അവര്‍ കൊണ്ടു ചെല്ലുന്ന വിഭവങ്ങള്‍ ഭാര്യമാര്‍ സന്താനങ്ങള്‍ക്കു നല്കുന്നതാണ്.
ബ്രഹ്മചാരികളായ ബ്രാഹ്മണര്‍ തൃപ്തിയാവോളം ആരുടെ ഗൃഹത്തില്‍ നിന്ന് പ്രഭാതത്തില്‍ ഊണു കഴിക്കുന്നുവോ ആ ഗൃഹത്തില്‍ മുന്നു ത്രേതാഗ്നികളും പ്രീതിപ്പെടും. മദ്ധ്യാഹ്നത്തില്‍ ഉത്തമബ്രാഹ്മണന് നീ ഊണു നല്കിയാല്‍ അല്ലയോ വത്സാ, പശുക്കള്‍, വസ്ത്രങ്ങള്‍, സ്വര്‍ണ്ണം, രത്നം എന്നിവകള്‍ ഇന്ദ്രന്റെ പ്രസാദത്താല്‍ നിന്റെ ഗൃഹത്തില്‍ വന്നു ചേരുന്നതാണ്. മൂന്നാമത്തെ നേരം നീ ഗൃഹത്തില്‍ ബ്രാഹ്മണന് ഭക്ഷണം സല്‍ക്കരിക്കുന്നതായാൽ വിശ്വേദേവകള്‍ പ്രസാദിക്കും. ദേവകള്‍ക്കും പിതൃക്കള്‍ക്കും വിപ്രര്‍ക്കും നല്കുന്ന ഫലം സിദ്ധിക്കും. സര്‍വ്വഭൂതങ്ങളിലും അനുകമ്പയുള്ളവനാകുക! എല്ലാ ജീവികള്‍ക്കും അന്നം പങ്കുവെച്ചു നല്കുക. ദമം, ത്യാഗം, ധൃതി (ധൈര്യം) സത്യം ഇവയെല്ലാം നിന്റെ ത്യാഗമാകുന്ന യജ്ഞത്തിലെ അവഭൃതസ്നാനത്തിന് സഹായിക്കുന്നു. ശ്രദ്ധയാല്‍ പൂതമായതും ദക്ഷിണയോടു കൂടിയതുമായ ഈ ദാനമാകുന്ന യജ്ഞം എല്ലാ യജ്ഞത്തേക്കാളും മേലെയായി വിളങ്ങുന്നു. അതുകൊണ്ട് ഈ ത്യാഗപൂര്‍ണ്ണമായ യജ്ഞം നീ നിത്യവും ചെയ്യുക യുധിഷ്ഠിരാ!
61. രക്ഷാദാനം - പ്രജകളെ വേണ്ടപോലെ രക്ഷിച്ചു നേടുന്ന ധനം കൊണ്ടാണ് രാജാവ് യജ്ഞം ചെയ്യേണ്ടത് - യുധിഷ്ഠിരന്‍ പറഞ്ഞു; ദാനം, യജ്ഞം, ക്രിയ ഇവയില്‍ ഏതു ചെയ്താലാണ് വലിയ ഫലം സിദ്ധിക്കുക? ഏതിനാണ് വലിയ ഫലം? ഏതുവിധത്തിലാണ്, എപ്പോഴാണ്, എങ്ങനെയാണ്, ആര്‍ക്കാണ് എന്നൊക്കെ ദാനവിശേഷങ്ങളെ വിവരിച്ചു പറഞ്ഞു തന്നാലും ഭാരതാ! ഇവ ശരിയായി അറിയുവാന്‍ എനിക്കാഗ്രഹമുണ്ട്. ജിജ്ഞാസുവായ എന്നോടു ദാനധര്‍മ്മങ്ങളെ വിശദമായി പറഞ്ഞു തരിക! യജ്ഞശാലയില്‍ വെച്ചു ചെയ്യുന്നതും വേദിക്കു പുറത്തു വെച്ചു ചെയ്യുന്നതുമായ ദാനധര്‍മ്മങ്ങളെ വെവ്വേറെ വിശദമാക്കി തന്നാലും! ശ്രദ്ധയോടും ദയയോടും മോക്ഷത്തിന് പറ്റിയത് ഏതെന്ന് അല്ലയോ പിതാമഹാ! പറഞ്ഞാലും!
ഭീഷ്മൻ പറഞ്ഞു: അല്ലയോ വത്സാ, ക്ഷത്രിയന്‍ നിത്യവും രൗദ്രമായ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ആ ക്രൂരമായ കര്‍മ്മം കൊണ്ടു വന്നു കൂടുന്ന പാപം അന്നന്നു കഴുകിക്കളയുവാന്‍ രാജാവ് യാഗം മുതലായ പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. പാപം ചെയ്തു കൊണ്ടിരിക്കുന്ന രാജാവില്‍ നിന്ന് സജ്ജനങ്ങള്‍ ദാനം വാങ്ങുകയില്ല. അതിന് അവര്‍ മടിക്കും. പാപി തരുന്നത് ഇഷ്ടപ്പെടുകയില്ല. അതുകൊണ്ടു രാജാവ് യജ്ഞം ചെയ്യണം. അങ്ങനെ യജ്ഞത്തില്‍ വെച്ചു ധാരാളം ധനം ദക്ഷിണയായി നല്കണം. അല്ലാതെ തന്നെ രാജാവില്‍ നിന്ന് ധനം വാങ്ങാന്‍ സജ്ജനങ്ങളായ ബ്രാഹ്മണര്‍ തയ്യാറുണ്ടെങ്കില്‍ ദിവസേന ദാനം കൊണ്ട് അവരുടെ പ്രീതിയും അനുഗ്രഹവും രാജാവു നേടണം. ഏറ്റവും ശ്രദ്ധയോടെ വേണം അതു നല്കുവാന്‍. എന്നാല്‍ പാപങ്ങള്‍ നിങ്ങുന്നതാണ്. യജ്ഞത്തില്‍ നല്ല വ്രതത്തോടെ, നല്ല ദാനപാത്രങ്ങളായ ബ്രാഹ്മണരില്‍ തര്‍പ്പിക്കണം. എല്ലാ ജീവികളുടെയും സുഹൃത്തും, ധര്‍മ്മശീലനും, വേദജ്ഞാനിയും, സുശീലനും, സദാചാരതല്‍പരനും, തപസ്വിയുമായ ബ്രാഹ്മണന്‍ ദാനം വാങ്ങുവാന്‍ ഉത്തമമായ പാത്രമാണ്. അങ്ങനെയുള്ള ബ്രാഹ്മണര്‍ നിന്റെ ദാനങ്ങള്‍ വാങ്ങുവാന്‍ തയ്യാറില്ലെന്നു വന്നാല്‍ അതു നിനക്ക് ഒരുവിധത്തി ലും ശോഭനമാവുകയില്ല. സജ്ജനങ്ങളുടെ നന്മയ്ക്കു വേണ്ടി യജ്ഞം ചെയ്യുക! സ്വാദുള്ള അന്നവും, മഹത്തായ ദക്ഷിണയും നല്കുക. അങ്ങ് അപ്രകാരം ബ്രാഹ്മണരെ പൂജിച്ചാല്‍ ആ പുണ്യവാന്മാരുടെ പുണൃത്തില്‍ നിന്ന് ഒരു ഭാഗം അല്ലയോ യുധിഷ്ഠിരാ! നിനക്കു ലഭിക്കുന്നതാണ്. സ്വര്‍ഗ്ഗം നല്കുവാന്‍ കെല്‍പ്പുള്ളവരുമായ, പുത്രന്മാരെ നല്കുവാന്‍ കെല്‍പ്പുള്ളവരുമായ ശുദ്ധബ്രാഹ്മണനെ നീ പൂജിക്കുക! പ്രജാപതിയെ പോലെയുള്ള അവരെ പൂജിച്ചാല്‍ നാം സന്താന സമൃദ്ധി ഉള്ളവരാകും. സാധുധര്‍മ്മങ്ങള്‍ വളര്‍ത്തുന്നവരായ, സത്തുക്കളായ ബ്രാഹ്മണരെ പോറ്റുക! വളരെ നന്മ ചെയ്യുന്നവരെ എല്ലാ ധനം കൊണ്ടും പോറ്റുക! ധനസമൃദ്ധിയുള്ള നീ ബ്രാഹ്മണര്‍ക്ക് അര്‍ഹിക്കുന്ന വിധം ദാനം ചെയ്യണം യുധിഷ്ഠിരാ! പശുക്കള്‍, കാളകള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ചെരിപ്പ്, കുട, വസ്ത്രങ്ങള്‍, യജിക്കുന്നവര്‍ക്കു നെയ്യ്, ഭക്ഷണം എന്നിവയും നല്കണം ഭാരതാ! അശ്വങ്ങളുള്ള വാഹനങ്ങള്‍, ഗൃഹങ്ങള്‍ ശയനങ്ങള്‍ എന്നിവ സമൃദ്ധിയായി നല്കുക! അത്തരം ദാനങ്ങള്‍ ദാതാവിന് ശോഭനമായ അഭിവൃദ്ധിയുണ്ടാക്കുന്നതാണ്. ജീവിക്കാന്‍ കഴിവില്ലാത്ത വിപ്രരെ കണ്ടറിഞ്ഞ് അവരെ ഒളി വായും വെളിവായും വേണ്ടുന്ന അന്നവസ്ത്രാദികള്‍ നല്കി സഹായിക്കണം. രാജസൂയം, അശ്വമേധം എന്നിവയെക്കാള്‍ ക്ഷത്രിയന് അതു നന്മചെയ്യുന്നതാണ്. അങ്ങനെ ചെയ്താല്‍ നീ ശുദ്ധനായി, പാപങ്ങള്‍ തീര്‍ന്ന്, സ്വര്‍ഗ്ഗം പ്രാപി ക്കുന്നതാണ്. നീ ഭണ്ഡാരത്തെ പോഷിപ്പിച്ചു നാടു ഭരിക്കുകയല്ലേ? അതുകൊണ്ട് നീ ബ്രാഹ്മണത്വവും ധനങ്ങളും നേടുന്നതാണ്. തനിക്കും അന്യര്‍ക്കുമുള്ള ജീവിതവൃത്തിയെ നീ രക്ഷിക്കുക! അവര്‍ക്കു വേണ്ടി നീ ജീവിക്കുക. അവര്‍ പാലിക്കപ്പെടാത്തവരാകാന്‍ പാടില്ല. നിന്നെക്കുറിച്ച് അങ്ങനെ ഒരു ആക്ഷേപം ഉണ്ടാകരുത്. ബ്രാഹ്മണന് ആവശ്യത്തില്‍ കവിഞ്ഞു ധനം ഉണ്ടാകരുത്. അത് അവന് അനർത്ഥം ചെയ്യും. ശ്രീയോടു കൂടി വസിക്കുമ്പോള്‍ അവനെ ഗര്‍വ്വിപ്പിക്കുകയും മയക്കുകയും ചെയ്യും. ബ്രാഹ്മണര്‍ മൂഢരായാല്‍ ധര്‍മ്മം തീര്‍ച്ചയായും നാശത്തിലാകും. ധര്‍മ്മം നശിച്ചാല്‍ ഭൂതജാലങ്ങളും നശിക്കും. അതില്‍ യാതൊരു സംശയവുമില്ല. നേടിവെച്ചവര്‍ക്കു വീണ്ടും നല്കുന്ന രാജാവ് രാഷ്ട്രത്തെ നശിപ്പിക്കും.
യജ്ഞത്തിന് ബലമായി നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാരെ അയച്ചു ഭയപ്പെടുത്തി ഭയങ്കരമായി പീഡിപ്പിച്ചു പണം പിരിച്ചെടുത്ത് യജ്ഞം ചെയ്യുന്നതായാല്‍ ആ യജ്ഞം കൊണ്ടു യാതൊരു ഫലവും സിദ്ധിക്കുകയില്ല. സജ്ജനങ്ങളാരും ആ യജ്ഞത്തെ പ്രശംസിക്കുന്നതല്ല. പീഡപ്പെടുത്താതെ സന്തോഷിച്ചു നല്കുന്ന ധനംകൊണ്ട് രാജാവ് യജിക്കേണ്ടതാണ്. പീഡിപ്പിക്കരുത്. നാട്ടുകാര്‍ വിധിപോലെ ഹിതമായി നില്ക്കുന്നു. ധനം കൊണ്ടു വലിയ ദക്ഷിണയോടു കൂടിയ യജ്ഞം നിര്‍വ്വഹിക്കണം. വൃദ്ധരുടെയും ബാലന്മാരുടെയും ധനത്തെ കള്ളന്മാരില്‍ നിന്ന് രാജാവ് രക്ഷിക്കണം. അന്ധന്റെയും മറ്റു വികലന്മാരുടെയും ധനം സംരക്ഷിക്കണം. ഉണക്കം ബാധിച്ചു കൃഷി നശിച്ചവന്റെ കൈയില്‍ നിന്ന് കരം പിരിക്കരുത്. അവന്‍ കിണറും കുളവും കുഴിച്ചുണ്ടാക്കുന്ന ജലം കൊണ്ടു നനച്ചു കൃഷി ചെയ്യുന്നതായാല്‍ അവന്റെ ധനം വാങ്ങരുത്. കരയുന്ന സ്ത്രീകളുടെ ധനവും ബലമായി വാങ്ങിക്കരുത്. ദരിദ്രരായ സാധുക്കളില്‍ നിന്നും ബലമായി വാങ്ങുന്ന ധനം കൊണ്ടു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യലക്ഷ്മിയെ നശി പ്പിക്കും. രാജ്യത്തിന്നു മഹത്തായ സുഖം നല്കണം. നല്ലവരുടെ വിശപ്പു തീര്‍ക്കണം. ആരുടെ സ്വാദുള്ള ഭോജ്യങ്ങള്‍ കുട്ടികള്‍ നോക്കി നില്ക്കുന്നുവോ, അവന്‍ അവര്‍ക്കു കൊടുക്കാതെ ഭക്ഷിക്കരുത്. അവന്‍ അതു കൊടുക്കാതെ ഭുജിച്ചാല്‍ അതില്പരം പാപം ഒന്നുമില്ലെന്ന് വേണം പറയുവാന്‍. നിന്റെ രാജ്യത്തില്‍ അപ്രകാരം വിദ്വാന്മാര്‍ വിശന്നു കേഴുകയാണെങ്കില്‍ വലിയ പാപം ചെയ്തത് പോലെ നീ ഭ്രൂണഹത്യാപാപത്തിന് വശംവദനായിത്തീരും.
ആരുടെ നാട്ടില്‍ വിപ്രനോ മറ്റു മര്‍ത്ത്യനോ ദുഃഖിക്കുന്നു ആ രാജാവിന്റെ ജീവന്‍ എന്തിന് കൊള്ളും എന്നാണു ശിബിരാജാവ് ചോദിച്ചത്? ഏതു രാജാവിന്റെ നാട്ടില്‍ സ്നാതക ബ്രാഹ്മണന്‍ ക്ഷുത്തില്‍ മാഴ്കുന്നുവോ ആ നാട് രാജാവിനോടൊപ്പം ഇടിഞ്ഞു പോകുന്നതാണ്. ഭര്‍ത്താവ് കരഞ്ഞാലും, മക്കള്‍ കരഞ്ഞാലും, അതൊന്നും അത്ര കാര്യമാക്കാതെ സ്ത്രീകളെ ബലമായി ഖലന്മാര്‍ പിടിച്ചു കൊണ്ടു പോകുന്നത് ആരുടെ നാട്ടിലാണോ, ആ രാജാവ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം? ആ രാജാവ് ചത്തതിന് തുല്യമാണ്. രാജ്യത്തെ രക്ഷിക്കാതെ ആ നാട്ടിലെ ധനം ബലമായി ഹരിക്കുന്ന രാജാവിനെ, ആ നീചന്മാരുടെ നാഥനെ, ആ രാജാവാകുന്ന കലിയെ, ആ നിഘൃണനെ, ബലമായി പിടിച്ചു നാട്ടുകാര്‍ കൊന്നുകളയും. ഞാന്‍ നിങ്ങളെ രക്ഷി ക്കാമെന്ന് ഏറ്റതിന് ശേഷം ഏതു രാജാവാണ് അവരെ സംരക്ഷിക്കാതിരിക്കുന്നത്, അവനെ ജനങ്ങള്‍ കൂട്ടംകൂടി പേപ്പട്ടിയെ അടിച്ചുകൊല്ലുന്ന മാതിരി കൊന്നുകളയണം. രാജാവു സംരക്ഷിക്കാതെ പ്രജകള്‍ പാപം ചെയ്യുകയാണെങ്കില്‍ ആ പാപത്തിന്റെ നാലില്‍ ഒരു ഭാഗം രാജാവിന് വന്നു കൂടുന്നു ഭാരതാ! ചിലര്‍ നാലിലൊന്നല്ല മുഴുവനും രാജാവിന് തന്നെയാണ് പാപമെന്നും, ചിലര്‍ പകുതിയാണെന്നും പറയുന്നു. മനു പറയുന്നത് നാലില്‍ ഒരു ഭാഗമാണ് എന്നാണ്. ഞാനും അതുതന്നെയാണ് ശരിയെന്നു വിശ്വസിക്കുന്നു.
രാജാവു നന്നായി കാക്കുന്ന നാട്ടുകാര്‍ പുണ്യം നടത്തുന്നതായാല്‍ ആ പുണൃത്തിന്റെ നാലില്‍ ഒരു ഭാഗം രാജാവ് ഏല്ക്കുന്നു ഭാരതാ! പ്രജകളൊക്കെ യുധിഷ്ഠിരാ, നിന്നെ . ആശ്രയിച്ച്, കാറിനെ ആശ്രയിച്ചു ജീവികള്‍ എന്ന പോലെയും, വൃക്ഷത്തെ ആശ്രയിച്ചു പക്ഷികള്‍ എന്ന പോലെയും ജീവിക്കട്ടെ! വിത്തേശനെ ആശ്രയിച്ചു രാക്ഷസര്‍ എന്നപോലെയും ഇന്ദ്രനെ ആശ്രയിച്ചു ദേവന്മാര്‍ എന്ന പോലെയും നിന്നെ ജ്ഞാതികളും ബന്ധുക്കളും, സുഹൃത്തുക്കളും അല്ലയോ പരന്തപാ, സേവിക്കട്ടെ!
62. ഇന്ദ്രബൃഹസ്പതിസംവാദം, ഭൂമിദാനപ്രശംസ - എല്ലാ ദാനത്തേക്കാൾ ശ്രേഷ്ഠമായത് ഭൂമിദാനമാണ് - യുധിഷ്ഠിരന്‍ പറഞ്ഞു; ജനങ്ങള്‍ വളരെ ഇഷ്ടത്തോടെ ശ്രുതിവാക്യം സ്വീകരിക്കുന്നുണ്ട്. "ഇതു നല്കുക! മറ്റേതു നല്കുക!". പലര്‍ക്കും പലതും നല്കുവാന്‍ ശ്രുതി അനുശാസിക്കുന്നുണ്ട്. അല്ലയോ പിതാമഹാ! സ്മൃതിയില്‍ പലതരം ദാനങ്ങളെപ്പറ്റി പറയുന്നുണ്ടല്ലോ. അതില്‍ ഏതാണ് ഏറ്റവും ശ്രേഷ്ഠമായ ദാനം? പിതാമഹാ! പറഞ്ഞാലും!
ഭീഷ്മന്‍പറഞ്ഞു: ദാനത്തിന്റെ യോഗ്യതയെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍ ഭൂമിദാനമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ഭൂമി എടുത്തു മാറ്റാവുന്നതോ നശിപ്പിക്കാവുന്നതോ അല്ല. നിശ്ചലയും അക്ഷയയുമായ ഭൂമി ഇഷ്ടമുള്ളതൊക്കെ വിളയിക്കുന്നതാണ്. വസ്ത്രങ്ങള്‍, രത്നങ്ങള്‍, പശുക്കള്‍; നെല്ല്, യവം മുതലായ ധാന്യങ്ങൾ ഇവയൊക്കെ ഭൂമി വിളയിക്കുന്നു. അതുകൊണ്ട് ഭൂമിദാനം ചെയ്യുന്നവനെ ഏതു ദാനം ചെയ്യുന്നവനെക്കാളും ശ്രേഷ്ഠനായി ഗണിക്കണം. അവന്‍ ദീര്‍ഘകാലം ജീവിക്കുന്നതാണ്. ഭൂമിക്ക് എത്രകാലത്തോളം ആയുസ്സുണ്ടോ, അത്രകാലത്തോളം ഭൂമി ദാനം ചെയ്തവന്‍ ശ്രേയസ്സോടെ ഉല്‍ക്കര്‍ഷം പ്രാപിക്കുന്നതാണ്. യുധിഷ്ഠിരാ! ഭൂമിദാനത്തേക്കാള്‍ മേലെയായി ഒരു ദാനവുമില്ല! അല്പമെങ്കിലും എല്ലാവരും ഭൂമി നല്കുന്നതായി നാം കേട്ടിരിക്കുന്നു. എല്ലാവരും ഭൂമി നല്കുന്നു. എല്ലാവരും ഭൂമി അനുഭവിക്കുന്നു. ഈ ലോകത്തിലും പരലോകത്തിലും സ്വകര്‍മ്മങ്ങളാല്‍ മര്‍ത്ത്യര്‍ കഴിയുന്നു. ഭൂമി ഐശ്വര്യ ദേവതയാണ്. മഹാദേവിയാണ്. അവള്‍ ദാതാവെ ഇഹത്തിലും പരത്തിലും സന്തോഷിപ്പിക്കും.
ക്ഷയിക്കാത്ത ഈ ദക്ഷിണ ഏതൊരുത്തനാണ് വിഷമം കൂടാതെ നല്കുക? അങ്ങനെ സസന്തോഷം ഭൂമി ദാനം ചെയ്യുന്നവന്‍ വീണ്ടും മനുഷ്യനായി പിറന്ന് ഭൂമിക്കൊക്കെ നാഥനായ രാജാവാകും. ദാനം പോലെയാണ് ഭോഗം എന്നാണ് ധര്‍മ്മത്തിന്റെ നിശ്ചയം. പോരില്‍ ദേഹം ക്ഷയിക്കണം; ഭൂമിയെ ദാനം ചെയ്യണം. ഇതാണ് ക്ഷത്രിയന്മാര്‍ക്ക് വലിയ ലക്ഷ്മിയായി പറയുന്നത്. ഭൂമി നല്കിയവനെ ഭൂമി ശുദ്ധമാക്കുമെന്ന് ഒരു ചൊല്ലുണ്ട്. പാപം ചെയ്തവനായാലും ബ്രഹ്മഘാതിയായാലും ചതിയനായാലും, മഹാപാപിയായാലും അവന്‍ ഉത്തമപാത്രത്തിന് ഭൂമി ദാനം ചെയ്താല്‍ അവന്‍ ദാനം ചെയ്ത ആ ഭൂമി, ദാതാവായ അവനെ ആ പാപത്തില്‍ നിന്നെല്ലാം വിമുക്തനാക്കും. പാപം ചെയ്യുന്നവന്റെ കൈയില്‍ നിന്നും സജ്ജനങ്ങള്‍ ഭൂമി കൈക്കൊള്ളാറുണ്ട്. എന്തുകൊണ്ടെന്നാല്‍, ഭൂമി അമ്മയെപ്പോലെ പാവനിയാണ്. മറ്റൊന്നും അങ്ങനെ സജ്ജനങ്ങള്‍ ഇച്ഛിക്കുകയില്ല. ഭൂമിക്ക് പ്രിയദത്ത എന്നു പേരുണ്ട്. ദാതാവിനും പ്രതിഗ്രഹീതാവിനും പ്രിയപ്പെട്ടവളാണ് ഭൂമി. അതു കൊണ്ട് ആ പേര്‍ സിദ്ധിച്ചു. ഈ പ്രിയദത്ത എന്ന പേര്‍ സനാതനവും ഗൂഢവുമാണ്. അതു പ്രിയപ്പെട്ട ഒരു നാമമാണ്. ഈ ഭൂമിയെ പണ്ഡിതനു നല്കുന്ന ദാതാവ്, ഭൂവുടമസ്ഥന്‍, ഭൂമിയില്‍ വെച്ച് ഇഷ്ടപ്പെട്ട രാജ്യത്തിന്റെ രാജാവായി ഭവിക്കും. പിന്നെ ജനിച്ചാലും അവന്‍ അപ്രകാരം തന്നെ രാജ്യത്തിന്റെ നാഥനാകും; യാതൊരു സംശയവുമില്ല. അതുകൊണ്ട് ഭൂമിയെ നേടി ആ ഭൂമി രാജാവ് ബ്രാഹ്മണനു നല്കണം. ഭൂമീശന്നല്ലാതെ മറ്റാര്‍ക്കും ഭൂമി ഭരിക്കുവാന്‍ സാധിക്കുന്നതല്ല. പാത്രമല്ലാത്തവന്‍ അതു വാങ്ങുകയില്ല. ഭൂമീശനല്ലാതെ ഭൂമി ഭരിക്കുവാന്‍ കെല്പും മറ്റുള്ളവനു ലഭിക്കുകയില്ല. അര്‍ഹനല്ലാത്തവന്‍ അത് വാങ്ങുകയോ കൊടുത്തു പോവുകയോ ചെയ്യുന്നതല്ല. അന്യജനങ്ങളും ഭൂമി ഇച്ഛിച്ചാല്‍ ഇതു തന്നെയാണു ചെയ്യുക! സാധുവിന്റെ ഭുമി തട്ടിയെടുക്കുന്നവന്‍ തീര്‍ച്ചയായും അതു നേടുന്നതല്ല. സാധുക്കള്‍ക്കു ഭൂമി നല്കിയാല്‍ അവന്‍ മുഖ്യമായ ഭൂമിയുടെ ഉടമസ്ഥനായി ഭവിക്കും. ധര്‍മ്മിഷ്ഠന്‍ ഇഹത്തിലും പരത്തിലും വലിയ കീര്‍ത്തി നേടുന്നതാണ്. ഏതു സാധുവിന്റെ ഭൂമിയെപ്പറ്റി സജ്ജനങ്ങള്‍ വാഴ്ത്തുന്നുവോ, അവന് ശത്രുക്കളില്ല രാജാവേ! അവനു കീര്‍ത്തി ലഭിക്കുന്നു. ഇഹലോകവും സ്വര്‍ഗ്ഗവും അവനു ലഭിക്കുന്നു. ജീവിതവ്യത്തിക്കു വേണ്ടി അവന്‍ വല്ല പാപവും ചെയ്തു പോയിട്ടുണ്ടെങ്കില്‍ ഒരു പശുവിന്റെ തോലിനോളം മാത്രം ഭൂമി ദാനം ചെയ്താല്‍ അവന്റെ സകലപാപവും നീങ്ങുന്നതാണ്. സങ്കീര്‍ണ്ണകര്‍മ്മാക്കളും രൗദ്രകര്‍മ്മികളുമായ രാജാക്കന്മാര്‍ക്ക് ഭൂദാനത്തിന് തക്ക ഉപദേശം മന്ത്രിമാര്‍ നല്കേണ്ടതാണ്. ഭൂദാനം ഏറ്റവും ഉത്തമമാണെന്ന് രാജാവു ധരിക്കണം. അശ്വമേധയാഗവും നല്ലവന് നല്കുന്ന ഭൂദാനവും തമ്മില്‍ അല്പം മാത്രമേ അന്തരമുള്ളു എന്നു ജ്ഞാനികള്‍ പറയുന്നു. ഭൂമി ദാനം ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമായി പണ്ഡിതന്മാര്‍ നിസ്സംശയം കരുതുന്നു.
സ്വര്‍ണ്ണം, വെള്ളി, വസ്ത്രങ്ങള്‍, രത്നങ്ങള്‍, മുത്തുകള്‍, ധനങ്ങള്‍, ഇവയൊക്കെ മഹാപ്രാജ്ഞനായ ഭൂദാതാവ് നല്കുന്നു. തപസ്സ്, യജ്ഞം, ശ്രുതം, ശീലം, അലോഭം, സതൃസന്ധത, ഗുരുദേവാര്‍ച്ചന, ഇവയെല്ലാം ഭൂമിദാതാവിനു ലഭിക്കുന്നു. രാജാവിന്റെ നന്മയ്ക്കു വേണ്ടി പോരില്‍, ദേഹം വിട്ടു മരിച്ചവര്‍ ബ്രഹ്മലോകം പ്രാപിച്ചാലും അവരും ഭൂമി ദാനം ചെയ്തവരേക്കാള്‍ മേന്മയേറിയവരല്ല. അമ്മ തന്റെ മുലപ്പാല്‍ നല്കി മകനെ പോറ്റുന്നു. അതുപോലെ ഭൂമി ദാതാവിനെ എല്ലാവിധ രസങ്ങള്‍ കൊണ്ടും അനുഗ്രഹിക്കു ന്നു. മൃത്യുവും കിങ്കരനും ദണ്ഡവും യമനും അത്യുഗ്രമായ അഗ്നിയും, അവരുടെ ഘോരവും ദാരുണവുമായ പാശങ്ങളൊന്നും, ഭൂമി ദാനം ചെയ്ത പുണ്യവാന്റെ നേരെ ഒരിക്കലും എടുക്കുന്നതല്ല. പിതൃപുരത്തില്‍ പിതൃക്കളെയും വിണ്ണില്‍ ദേവന്മാരേയും ശാന്താത്മാവായ ഭൂമിദാതാവ് തര്‍പ്പിക്കുന്നു. ജീവിതത്തിനു മാര്‍ഗ്ഗമില്ലാതെ ചാകാറായവന്‍ ഭൂമി ദാനം ചെയ്താല്‍ ആ ദാതാവ് സത്രം ചെയ്തവനെപ്പോലെ പുണ്യവാനാകും. പാല്‍ ചുരത്തി പശു കുട്ടിയുടെ പിമ്പേ പാഞ്ഞു ചെല്ലുന്ന മാതിരി ഭൂമി ദാനം ചെയ്തവനെ സന്തോഷിപ്പിക്കുവാന്‍, കരകയറ്റുവാന്‍, ഭൂമിയും അവന്റെ പിന്നാലെ പാഞ്ഞു ചെല്ലും.
പൂട്ടിയതോ, വിതച്ചതോ, വിളഞ്ഞതോ, ഉപകരണങ്ങളോടും വിഭവങ്ങളോടും കൂടിയ വീടോടു ചേര്‍ന്നതോ ആയ ഭൂമി ഉത്തമ ബ്രാഹ്മണന് ദാനം ചെയ്താല്‍ അവന്റെ സകലവിധ കാമങ്ങളും സാധിക്കുന്നതാണ്.
ശീലഗുണങ്ങൾ ഉള്ളവനും, അഗ്നികര്‍മ്മ വിശുദ്ധനും, വ്രതനിഷ്ഠനുമായ വിപ്രന് ഭൂമി നല്കിയാല്‍ ആ ദാതാവ് ആപത്തില്‍ പെടുന്നതല്ല. ചന്ദ്രന് അനുദിനം അഭിവൃദ്ധിയുണ്ടാകുന്നത് പോലെ ഭൂമി ദാനം ചെയ്തവന്‍ അപ്രകാരം ഓരോ വിളവും ഭൂമിക്കുണ്ടാകുമ്പോള്‍ വളര്‍ന്നു കൊണ്ടി രിക്കും.
പുരാതനചരിത്രം അറിയുന്ന പഴമക്കാര്‍ പണ്ട് ഭൂമി പാടിയ പാട്ടുകള്‍ ഇന്നും പാടാറുണ്ട്. അവ കേട്ടിട്ടാണ് ജാമദഗ്ന്യന്‍ (പരശുരാമന്‍) ഭൂമിയെ മുഴുവന്‍ കാശ്യപനു നല്കിയത്. ഭൂമി ഇപ്രകാരമാണ് പാടിയത്: "എന്നെ ദാനമായി നല്കുവിന്‍! എന്നെ നല്കി നിങ്ങള്‍ നേടുവിന്‍! കൊടുത്തത് വീണ്ടും ഉണ്ടായിവരും. ഈ ലോകത്തിലും പരലോകത്തിലും ഉണ്ടാകുന്നതാണ്". വേദത്തിനു തുല്യമായ ഈ വാക്ക് അറിഞ്ഞ വിപ്രന്‍ ശ്രാദ്ധം കഴിക്കുന്നതായാല്‍ ബ്രഹ്മഭാവത്തെ പ്രാപിക്കുന്നതാണ്. തന്നെ ബാധിച്ച കൃത്യകള്‍ക്കെല്ലാം അരിഷ്ടത്തിനു ശമനമുണ്ടാകുന്നതാണ്. ഭൂമി പ്രായശ്ചിത്തമായി ബ്രാഹ്മണനു നല്കുന്നതായാല്‍ അമ്മ വഴിക്കും അച്ഛന്‍ വഴിക്കും പത്തു തലമുറ ശുദ്ധമാകുന്നതാണ്. ഇത് അറിഞ്ഞവന്‍ വേദവാദത്തെയും ശുദ്ധമാക്കുന്നു. ഭൂമി എല്ലാ ജീവികളുടെയും പ്രഭവസ്ഥാനമാകുന്നു. ഭൂമിയില്‍ നിന്നാണല്ലോ സര്‍വ്വവും ഉത്ഭവിച്ചു നിലനില്ക്കുന്നത്. അഗ്നിഭഗവാന്‍ ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഒരു രാജാവിനെ ഭുമിനാഥനായി വാഴിക്കുമ്പോള്‍ ഈ വേദവാക്യം രാജാവിന് ചൊല്ലിക്കേള്‍പ്പിക്കണം. അതില്‍ രാജാവ് ഭൂമി കൈയേല്ക്കുന്നത് ഒരിക്കലും അധാര്‍മ്മികമാകരുത്. രാജാവിന് ലഭിക്കുന്ന ഭൂമി തന്റേതാണെന്നു ധരിക്കരുത്. രാജാവു ഭരിക്കുന്ന ഭൂമി ബ്രാഹ്മണന് ചേര്‍ന്നതാണ് എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ബ്രാഹ്മണന് വേണ്ടിയാണ് രാജാവു ഭൂമി ഭരിക്കുന്നത്. ധര്‍മ്മ ശാസ്ത്രാജ്ഞനായ രാജാവാണ്, ധര്‍മ്മകുശലനായ ഭരണകര്‍ത്താവാണ്, രാജ്യത്തിന് ഒന്നാമത്തെ ആവശ്യം. അതാണ് ഐശ്വരൃത്തിന്റെ ലക്ഷണം. ഏതു രാജ്യത്തു നാസ്തികനും ധര്‍മ്മമറിയാത്തവനുമായ രാജാവു രാജ്യം ഭരിക്കുന്നുണ്ടോ, ആ രാജ്യത്തെ ജനങ്ങള്‍ സുഖമായി ഉറങ്ങുകയോ, സുഖമായി ഉണരുകയോ ഇല്ല. സര്‍വ്വരും ഭയപ്പെട്ടു കിടക്കും. എന്നാല്‍, ആ രാജാവിന്റെ ചേഷ്ടിതത്തില്‍ ജനങ്ങള്‍ വിഷമിച്ച് ജീവിക്കേണ്ടി വരും. അവന്റെ രാജ്യത്ത് പലമാതിരി യോഗക്ഷേമം ഉണ്ടാകുന്നതുമല്ല. ഏതു രാജ്യത്ത് ധാര്‍മ്മികനും പ്രാജ്ഞനുമായ രാജാവു ഭരണം നടത്തുന്നുവോ, ആ രാജ്യത്തെ ജനങ്ങള്‍ വിശ്വാസത്തോടെ സുഖമായി ഉറങ്ങുകയും സുഖമായി ഉണരുകയും ചെയ്യും. ആ രാജാവിന്റെ പുണ്യകര്‍മ്മം മൂലം നാട്ടില്‍ ജനങ്ങള്‍ സംതൃപ്തരാകും. യോഗക്ഷേമവും തൊഴിലുമായി സ്വകര്‍മ്മം കൊണ്ടു വളരും. അവനാണ് കുലീനന്‍; അവനാണ് മാധവന്‍; അവനാണ് ബന്ധു; അവനാണ് ശുഭന്‍; അവനാണ് ദാതാവ്; അവനാണ് വീരന്‍. ഭൂമി ദാനമായി ബ്രാഹ്മണണ് കൊടുക്കുന്ന ധീരന്‍ ആരോ, അവന്‍ ആദിത്യനെപ്പോലെ തേജസ്വിയായി ശോഭിക്കുന്നു.
വിതച്ച സസ്യങ്ങള്‍ ഭൂമിയില്‍ മുളച്ചു പൊടിക്കുന്ന പ്രകാരം ഭൂമിദാനം കൊണ്ട് ദാതാവിന്റെ ആഗ്രഹങ്ങളൊക്കെ മുളച്ചു തഴച്ചു സഫലമായിത്തീരും. ആദിതൃന്‍, വരുണന്‍, വിഷ്ണു, ബ്രഹ്മാവ്, ചന്ദ്രന്‍, അഗ്നി, ഭഗവാനായ ശിവന്‍ ഇവരെല്ലാം ഭൂമിദാനം ചെയ്തവനെ ബഹുമാനിക്കും. മന്നില്‍ മര്‍ത്ത്യന്‍ ജനിക്കുന്നു. മന്നില്‍ത്തന്നെ മര്‍ത്ത്യന്‍ നശിക്കുന്നു. നാലുമട്ടിലുള്ള ഈ ലോകം മുഴുവന്‍ ഭൂമിയുടെ ഗുണം ചേര്‍ന്നതാണ്. ഭൂമി ഗുണാത്മകമാണ്. ജഗത്തിന് ഇവള്‍ തന്നെയാണ്, ഭൂമി തന്നെയാണ്, അമ്മയും അച്ഛനും രാജാവേ! ഈ ഭൂമിക്കു തുല്യമായി മറ്റൊരു വസ്തുവുമില്ല. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. ഇത് ബൃഹസ്പതിയും ഇന്ദ്രനും തമ്മിലുള്ള ഒരു സംവാദമാണ് യുധിഷ്ഠിരാ! വലിയ ദക്ഷിണയോടു കൂടി നുറു യാഗം ചെയ്തവനായ ഇന്ദ്രന്‍ വാക്പതിയായ ബൃഹസ്പതിയോട് ചോദിച്ചു.
ഇന്ദ്രന്‍ പറഞ്ഞു: . ഭഗവാനേ, മഹാര്‍ത്ഥമൊത്തതും അക്ഷയമായതുമായ ഏതൊരു വസ്തുവിന്റെ ദാനം കൊണ്ടാണ് സ്വര്‍ഗ്ഗത്തില്‍ ഒരുവന് സുഖമായി വസിക്കുവാന്‍ കഴിയുക? അല്ലയോ വാഗ്‌മീന്ദ്രാ! പറയണേ!
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ദേവേന്ദ്രന്‍ പറഞ്ഞപ്പോള്‍ ദേവന്മാരുടെ പുരോഹിതനും തേജസ്വിയുമായ ബൃഹസ്പതി ശക്രനോടു പറഞ്ഞു.
ബൃഹസ്പതി പറഞ്ഞു: അല്ലയോ വൃത്രഹന്താവേ!, സ്വര്‍ണ്ണദാനം, ഗോദാനം, ഭൂദാനം, ഇവ സല്‍പ്പാത്രങ്ങളിൽ അര്‍പ്പിക്കുന്ന മഹാപ്രാജ്ഞന്മാര്‍ എല്ലാ പാപങ്ങളെയും ഒഴിച്ചു വിടുന്നു. അല്ലയോ ദേവേന്ദ്രാ! ഭൂമി ദാനത്തേക്കാള്‍ വലിയ ദാനമൊന്നുമില്ല പ്രഭോ! എല്ലാറ്റിനും മെച്ചപ്പെട്ട ദാനം ഭൂദാനമാണെന്ന് മനീഷികള്‍ പറയുന്നു. ശത്രുക്കളോടു പോരാടി സ്വര്‍ഗ്ഗം പ്രാപിക്കുന്ന രണകാംക്ഷികളായ വീരന്മാരാരും തന്നെ ഭൂമിദാനം ചെയ്തവനേക്കാള്‍ ശ്രേഷ്ഠമായ ഒരു ലോകത്തിലെത്തുന്നതല്ല.
തന്റെ രാജാവിന് വേണ്ടി പോര്‍ക്കളത്തിലിറങ്ങി പടവെട്ടി മരിച്ചവരും ബ്രഹ്മലോകം പ്രാപിക്കുന്നവരും ഭൂദാതാവിനെ കവിഞ്ഞു പോകുന്നതല്ല. അഞ്ചു പൂര്‍വ്വന്മാര്‍, പിന്നെ ആറുപേര്‍ ഭൂമിയില്‍ വന്നവര്‍, ഈ പതിനൊന്നു പേരെയും (തലമുറ) ഭൂദായി രക്ഷിക്കുന്നു. അല്ലയോ പുരന്ദരാ! രത്നം വിളയുന്ന ഭൂമിയെ ആരു നല്‍കുന്നുവോ അവന്‍ സകല പാപങ്ങളും നശിച്ചു സ്വര്‍ഗ്ഗലോകത്തില്‍ പുജ്യനായിത്തീരും. പൂര്‍ണ്ണകാമാഢ്യമായ, പുഷ്ടമായ ഭൂമി നല്കുന്നവന്‍ അടുത്ത ജന്മത്തില്‍ രാജാധിരാജനായി ഭവിക്കും. ഏറ്റവും ഉത്തമമായ ഭൂദാനം അതാകുന്നു. സര്‍വ്വകാമാഢ്യമായ ഭൂമി ദാനം ചെയ്യുന്നവന്‍ തന്നെത്തന്നെ ദാനം ചെയ്യുന്നതായി അവന്‍ വിചാരിക്കും ദേവരാജാവേ! ഇഷ്ടം പോലെ സര്‍വ്വകാമങ്ങളും കറന്നെടുക്കുന്ന പശുവിനെ ആരു നല്‍കുന്നുവോ, അല്ലയോ സഹസ്രാക്ഷാ! ആ ത്യാഗി സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നതാണ്.
തേന്‍, നെയ്യ്, പാല്, തൈര് എന്നിവ ഒഴുകുന്ന നദികള്‍ സ്വര്‍ഗ്ഗത്തില്‍ ഭൂമി ദാനം ചെയ്തവനെ തൃപ്തിപ്പെടുത്തും വാസവാ! ഭൂദാനം കൊണ്ടു രാജാവിന് എല്ലാ പാപങ്ങളും നീങ്ങുന്നതാണ്. ഭൂമി ദാനത്തേക്കാള്‍ മീതെയായി ഒരു ദാനവുമില്ല. ശാസ്ത്രം കൊണ്ടു നേടിയ ആഴിചൂഴുന്ന ഊഴി ദാനം ചെയ്യുകയാണെങ്കില്‍, ഭൂമി നില്ക്കുന്ന കാലത്തോളം അവനെ പ്രകീര്‍ത്തിച്ചു ജനങ്ങള്‍ പാടുന്നതാണ്. പുണ്യമായി പരിപുഷ്ടമായ രസത്തോടു കൂടിയ ഭൂമി നല്കുകയാണെങ്കില്‍, വാസവാ! അവന് ആ സല്‍ക്കര്‍മ്മം മൂലം മഹത്തായ ശ്രേയസ്സുള്ള ലോകങ്ങള്‍ ലഭിക്കുന്നതാണ്.
ഒടുങ്ങാത്ത പുണ്യലോകങ്ങള്‍ അവന് ലഭിക്കുന്നതാണ്. എന്നും ഐശ്വര്യം ഇച്ഛിക്കുന്ന രാജാവ്, അല്ലയോ ശക്രാ! സല്‍പ്പാത്രത്തില്‍ ദാനം അര്‍പ്പിക്കണം. പാപം ചെയ്താലും വിപ്രന് ഭൂമി നല്കുന്നവനെ ആ പാപമൊക്കെ പാമ്പ് ഉറയെ എന്നപോലെ വിട്ടൊഴിയും. സമുദ്രം, പുഴ, ശൈലങ്ങള്‍, കാനനങ്ങള്‍ എല്ലാം ഭൂമി ദാനം ചെയ്യുന്ന മർത്യൻ കൊടുക്കുന്നുണ്ട് ശക്രാ!
വലിയ കുളം, കിണറ്, ചോല, പൊയ്ക, രസങ്ങള്‍, സ്നേഹങ്ങള്‍ ഇവയൊക്കെയാണ് ഭുമി നല്‍കുന്നവന്‍ നല്കുന്നത്. വീര്യമുള്ള ഔഷധങ്ങള്‍, പൂത്തുകായ്ച്ചു നില്ക്കുന്ന മരങ്ങള്‍, കാട്, കല്ല്, കുന്ന് ഇവയൊക്കെ ഭൂമി നല്കുന്നവന്‍ നല്കുന്നു. ദക്ഷിണയോടു കൂടി അഗ്നിഷ്ടോമാദികളായ യജ്ഞങ്ങള്‍ ചെയ്താലും ഭൂമി ദാനം ചെയ്തതു കൊണ്ടു ലഭിക്കുന്ന ഫലം അവന്‍ നേടുന്നില്ല. ദാനം ചെയ്യുന്നവന്‍ പത്താള്‍ക്കു നന്മ ചെയ്യുന്നു. അപഹരിക്കുന്നവനോ പത്താള്‍ക്കു നന്മ നശിപ്പിക്കുന്നു. മുമ്പ് ഒരാള്‍ക്കു ദാനം ചെയ്ത ഭൂമി മടക്കിയെടുക്കുന്നവന്‍ തീര്‍ച്ചയായും നരകത്തില്‍ പതിക്കും.
തരാമെന്ന് ഏറ്റു പറഞ്ഞതിന് ശേഷം കൊടുക്കാതിരുന്നാലും കൊടുത്തതു മടക്കി വാങ്ങിയാലും വരുണന്റെ കയര്‍ കൊണ്ടുള്ള ബന്ധനത്തില്‍ പെട്ട് മൃത്യുവിന്റെ ശാസന പ്രകാരം ദുഃഖിക്കാനിടയാകും. അഗ്നിയെ ഹോമിക്കുന്നവനും, സദാ യജ്ഞം ചെയ്യുന്നവനും, ഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാത്തവനുമായ ബ്രാഹ്മണനെ ഭജിക്കുന്നവന്‍ യമന്റെ ലോകത്തു പോകുന്നതല്ല. വിപ്രേന്ദ്രന്മാര്‍ക്കുള്ള കടം രാജാവു വീട്ടണം പുരന്ദരാ! കൃശരും ദുര്‍ബ്ബലരുമായവരെ, മറ്റു ജാതിയിലുള്ളവരെ, കയറ്റി വിടണം. അനൃന്‍ കൊടുത്ത ഭൂമി അല്ലയോ സുരേശ്വരാ! പിടിച്ചെടുക്കരുത്. കഷ്ടിച്ച് ഉപജീവനം കഴിച്ചു പോരുന്നവന്റെ ഭൂമി ഒട്ടും ഹരിക്കരുത് സുരോത്തമാ!
ദീനന്മാരായി ഉഴലുന്ന ബ്രാഹ്മണര്‍ക്കു കണ്ണുനീര്‍ പൊഴിക്കുവാനിടവരുത്തുന്ന വിധം നിലം ഹരിക്കുകയാണെങ്കില്‍ മൂന്നു പുമാന്മാരടങ്ങിയ കാലത്തെ നശിപ്പിച്ചതായി കണക്കാക്കാം. രാജ്യം പോയ രാജാവിനെ വീണ്ടും കൊണ്ടു വന്ന് രാജാവായി ആരു വാഴിക്കുന്നുവോ, അവന്റെ വാസം സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനത്താകും ദേവനായകാ! .
കരിമ്പുവിളയുന്ന ഭൂമി, യവഗോധൂമമുള്ള ഭൂമി, ഗവാശ്വവാഹമുള്ള ഭൂമി, ബാഹുവീര്യം കൊണ്ടു കീഴടക്കിയ ഭൂമി, നിധിയുള്ള ഭൂമി, രത്ന സഞ്ചയങ്ങളോടു കൂടി ഇത്തരം ഭൂമി ദാനമായി നല്കുന്നതായാല്‍ ആ ദാതാവിന്ന് അക്ഷയമായ ലോകം ലഭിക്കും. അവന് ആ ദാനം ഭൂമിസത്രമായിപ്പറയാം. കലുഷം തീര്‍ന്നവനും, വിരജസ്സുവുമായ സജ്ജനസമ്മതന്‍ ഭൂമി നല്കിയാല്‍ ലോകത്തില്‍ സാധു സംപൂജ്യനാകും. വെള്ളത്തില്‍ വീണ ജലബിന്ദു പരക്കുന്നതു പോലെ ഭൂമിദാനം കൊണ്ടുള്ള ഫലം, അല്ലയോ ശക്രാ, വിളതോറും വളര്‍ന്നു വരും.
യുദ്ധത്തില്‍ ശൂരന്മാരായ രാജാക്കള്‍ ശോഭിക്കുന്നു. അവര്‍ പടവെട്ടി മരിക്കുന്നു. അങ്ങനെ ആത്മബലി ചെയ്യുന്നവര്‍ ബ്രഹ്മലോകം പ്രാപിക്കും. ആടിപ്പാടി ദിവ്യമാല്യങ്ങള്‍ അണിഞ്ഞ അപ്സരസ്ത്രീകള്‍ ദേവലോകത്തില്‍ ഭൂമി ദാനം ചെയ്തവനെ ഉപാസിക്കുന്നു. വിധിപ്രകാരം ബ്രാഹ്മണന് ഭൂമി ദാനം ചെയ്ത ദാതാവ് സുഖമായി സ്വര്‍ഗ്ഗത്തില്‍ ഗന്ധര്‍വ്വ പൂജിതനായി പ്രശോഭിക്കും. ദിവ്യമാല്യങ്ങളണിഞ്ഞ നൂറ് അപ്സരസ്ത്രീകള്‍ ഭൂമിദായിയെ ബ്രഹ്മലോകത്തില്‍ ഉപാസിക്കും വാസവാ! പുഷ്ങ്ങള്‍ എന്നും അവിടെ ഭൂമിദാതാവിനെ ഉപാസിക്കും. ശംഖ്, ഭദ്രാസനം, ഛത്രം, നല്ല കുതിര, നല്ല വാഹനം, ഇവയെല്ലാം ഭൂദായിയെ ഉപാസിക്കും. ഭൂമി ദാനം ചെയ്തവനെ പുഷ്‌പങ്ങള്‍, സുവര്‍ണ്ണ നിചയങ്ങള്‍, എന്നും തെറ്റാത്ത ആജ്ഞ, ജയശബ്ദം, ധനങ്ങള്‍ ഇവകൊണ്ടുള്ള വാസന ഭൂമി ദാനംചെയ്തവന് ലഭിക്കും. അല്ലയോ പുരന്ദരാ! ഭൂമിദാന പുണൃത്തിന്റെ ഫലം സ്വര്‍ഗ്ഗലാഭമാണ് പുരന്ദരാ! സ്വര്‍ണ്ണം, പുഷ്‌പം, ഔഷധി; കുശ, കാഞ്ചനം, ശാദ്വലം, അമൃതം വിളയുന്ന ഭൂമി ഇവയൊക്കെ ഭൂമി നല്കുന്ന പുരുഷന്‍ നേടുന്നതാണ്. ഭൂമിദാനം പോലെ. മഹത്തായ ദാനമില്ല. അമ്മയെപ്പോലെ മഹത്വമുള്ള ഗുരുവില്ല. സതൃത്തിന് തുല്യമായ ധര്‍മ്മമില്ല. ദാനത്തിന് തുല്യമായ നിധിയുമില്ല.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ബൃഹസ്പതി പറഞ്ഞതു കേട്ട് ഇന്ദ്രന്‍ ധനങ്ങള്‍ പലതും രത്നങ്ങളും, സ്വര്‍ണ്ണവും ചിന്നുന്ന ഈ ഭൂമി ബൃഹസ്പതിക്കു ദാനമായി നല്കി. ശ്രാദ്ധത്തില്‍ ഭൂമിദാനത്തിന്റെ ഫലം ഇപ്രകാരം ആരു കേള്‍ക്കുന്നുവോ, അവനെ പിന്നെ രക്ഷോഭയമോ, ദൈത്യബാധയോ പീഡിപ്പിക്കുകയില്ല. പിതൃക്കള്‍ക്കു നല്കിയത് ഒരിക്കലും ക്ഷയിക്കുന്നതല്ല. അതില്‍ യാതൊരു സംശയവുമില്ല. ഈ ഭൂദാനഫലം ശ്രാദ്ധം ഉണ്ണുന്ന ബ്രാഹ്മണരെ ജ്ഞാനിയായ പുരുഷന്‍ പറഞ്ഞു കേള്‍പ്പിക്കണം. എല്ലാ ദാനത്തേക്കാളും ശ്രേഷ്ഠമായത് ഞാന്‍ പറയുകയാണ് അനഘാശയാ! അല്ലയോ ഭാരതശ്രേഷ്ഠ, ഇനി എന്താണു നിനക്ക് എന്നില്‍നിന്ന് കേള്‍ക്കേണ്ടത് പറഞ്ഞാലും!
No comments:
Post a Comment