Monday 14 November 2022

ഉദ്യോഗപർവ്വം അദ്ധ്യായം 40 മുതൽ 83 വരെ

വിദുരഹിതവാക്യം തുടരുന്നു

40. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: സജ്ജന പൂജിതനായി, ആസക്തി ഇല്ലാത്തവനായി, തന്റെ ശക്തി ഉപയോഗപ്പെടുത്തി വേല ചെയ്യുന്നതായാല്‍ ആ സജ്ജനത്തിന് ഉടനെ യശസ്സുണ്ടാകും. അവനാല്‍ സത്തുക്കള്‍ സുഖികളും പ്രസന്നരുമാകും. അധര്‍മ്മത്തോടു കൂടിയ കാര്യം എത്ര മഹത്തായാല്‍ പോലും യാതൊരു ഭ്രമവും കൂടാതെ അത്‌ ഉപേക്ഷിക്കുവാന്‍ തയ്യാറുള്ളവന്‍ ദുഃഖത്തില്‍ നിന്ന്‌ വിമുക്തനായി ശാന്താത്മാവായി തീരുന്നു. പഴക്കമുള്ള ഉറ ഉപേക്ഷിക്കുന്ന സര്‍പ്പത്തെ പോലെ അവന്‍ ദുഃഖത്തെ വിട്ട്‌ ശാന്തനായി അടങ്ങുന്നു.

അസത്യം കൊണ്ടു ഉല്‍ക്കര്‍ഷം നേടുക, രാജാവില്‍ ഏഷണി കൂട്ടുക, ഗുരുവിനെ വഞ്ചിക്കുക എന്നിവ ബ്രഹ്മഹത്യയ്ക്കു തുല്യമാണ്‌.

അസൂയ മൃത്യുവിന്റെ മറ്റൊരു പേരാണ്‌. അതിവാദം ലക്ഷ്മിയുടെ വധമാണ്‌. ഗുരുവിനെ ശുശ്രൂഷിക്കാതിരിക്കുക, എടുത്തു ചാട്ടം, ആത്മപ്രശംസ എന്നിവ മൂന്നും വിദ്യയുടെ ശത്രുക്കളാണ്‌.

ആലസ്യം, മദം, മോഹം ചാപല്യം, ഗോഷ്ഠി, ഔദ്ധത്യം, അതിമാനിത്വം, അദാനത്വം ഇവയേഴും വിദ്യാര്‍ത്ഥികള്‍ക്കുള്ള ദോഷങ്ങളാണ്‌. ഇവയെ വര്‍ജ്ജിക്കണം.

സുഖം അര്‍ത്ഥിക്കുന്നവന് എവിടെ വിദ്യയുണ്ടാകും? വിദ്യാര്‍ത്ഥിക്ക്‌ എവിടെ സുഖം ലഭിക്കും? സുഖാര്‍ത്ഥി വിദ്യയേയും വിദ്യാര്‍ത്ഥി സുഖത്തേയും ഉപേക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ ഇതു ധരിക്കണം.

വിറകിനാല്‍ അഗ്നി തൃപ്തിയെ പ്രാപിക്കുന്നില്ല ( തീയിനു മതിയാകുന്നില്ല ). നദികള്‍ എത്ര ചെന്നു ചേര്‍ന്നാലും സമുദ്രത്തിന് മതിയായി എന്നു വരുന്നതല്ല. അന്തകന് എല്ലാ ഭൂതങ്ങളെ കൊണ്ടും തൃപ്തി വരുന്നില്ല. എത്ര കൊന്നാലും യമന് മതിയാകുകയില്ല. സ്ത്രീക്ക്‌ പുരുഷന്മാരെ കൊണ്ടും തൃപ്തി വരികയില്ല.

ധൈര്യത്തെ ആശയും, സമൃദ്ധിയെ അന്തകനും, ശ്രീയെ ക്രോധവും, യശസ്സിനെ ലോഭവും, തീയിനെ വെള്ളവും, പശുവിനെ അപലനവും നശിപ്പിക്കും, ഒരേയൊരു ക്രുദ്ധ ബ്രാഹ്മണന്‍ മതി രാജ്യം മുഴുവനും നശിപ്പിക്കുവാന്‍.

ആടുകള്‍, ഓട്ടുപാത്രം, വെള്ളപ്പാത്രം, തേന്‍, പക്ഷി, ശ്രോത്രിയന്‍, വൃദ്ധനും താഴാത്തവനും കുലീനനുമായ ബന്ധു ഈ പറഞ്ഞതെല്ലാം ഗൃഹത്തില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്‌. അതു ഗൃഹത്തിന് ആവശ്യമായ അലങ്കാരമാണ്‌.

അജോക്ഷം, ചന്ദനം, വീണ, കണ്ണാടി, മധു, നെയ്യ്‌, വിഷം, ഔദുംബരം, ശംഖം, സാളഗ്രാമം, ധാന്യം എന്നിവ ഗൃഹത്തില്‍ വെക്കണം. ഇവ ദേവന്മാരേയും, ബ്രാഹ്മണരേയും, അഥിതികളേയും. പൂജിക്കുവാന്‍ വേണ്ടിയാണ്‌. മനു അനുശാസിക്കുന്നതാണ്‌ ഇത്‌.

എല്ലാറ്റിലും വെച്ച്‌ മഹാവിശിഷ്ടമായ പുണൃപദം, കര്‍മ്മലോഭ ഭയങ്ങളാലോ, ജീവിതത്തിന് വേണ്ടിയോ, ധര്‍മ്മത്തെ വെടിയാതിരിക്കുക എന്നതാകുന്നു. ധര്‍മ്മം നിത്യമാകുന്നു. സുഖങ്ങളെല്ലാം അനിത്യങ്ങളാണ്‌. ജീവന്‍ നിത്യമാണെങ്കിലും അനിത്യമാണ്‌ ജീവത്വഹേതുവായ അവിദ്യ. അനിതൃത്തെ തൃജിച്ച്‌ നിത്യത്തില്‍ ഉറച്ചു നിന്ന്‌ ഭവാന്‍ സന്തോഷിച്ചാലും! അതാണ്‌ ഉല്‍കൃഷ്ടമായ ലാഭം. ധനധാന്യ പൂര്‍ണ്ണമായ ഭൂമിയെ പാലിച്ചു കൊണ്ടിരുന്ന മഹാബലന്മാരും, മഹാനുഭാവന്മാരുമായ രാജേന്ദ്രന്മാര്‍ പോലും രാജ്യങ്ങളേയും, മഹത്തായ ഭോഗങ്ങളേയും കൈവെടിഞ്ഞ്‌ അന്തകന്റെ കയ്യില്‍ പെട്ടു പോയത്‌ ഭവാന്‍ ഓര്‍ക്കേണ്ടതാണ്‌.

കഷ്ടപ്പെട്ടു പോറ്റി വളര്‍ത്തിയ മകനായാലും, അവന്‍ മരിച്ചുവെങ്കില്‍ അവന്റെ ദേഹത്തെ എടുത്തു ദൂരെ തള്ളിക്കളയുന്നില്ലേ? അച്ഛനമ്മമാര്‍ തലമുടി ചിന്നിച്ചിതറി സകരുണം രോദനം ചെയ്താലും അവനെ ചിതാമദ്ധ്യത്തില്‍ വിറകെന്ന പോലെഇട്ടു കൊടുക്കുകയല്ലേ ചെയ്യുന്നത്‌. മൃതനായവന്റെ ധനത്തെ അന്യന്മാര്‍ എടുക്കുന്നു. ശരീര ധാതുക്കളെ അഗ്നിയും ഭുജിക്കുന്നു. പുണ്യമെന്നും പാപമെന്നുമുള്ള രണ്ടെണ്ണം മാത്രമാണ്‌ പരലോകത്ത്‌ അവന്റെ കൂടെ പോകുന്നത്‌. പുഷ്പഫലങ്ങള്‍ ഒഴിഞ്ഞ വൃക്ഷത്തെ പക്ഷികള്‍ വിടുന്നതു പോലെ ജീവന്‍ വിട്ട മനുഷ്യനെ പുത്രന്മാരും, ജഞാതികളും, സുഹൃത്തുക്കളും കൈവിടുന്നു. അഗ്നിയില്‍ വെന്ത പുരുഷനെ തുണയ്ക്കുവാന്‍ തന്റെ കര്‍മ്മം മാത്രമേയുള്ളു. അതു കൊണ്ട്‌ പുരുഷന്‍ കരുതലോടു കൂടി ധര്‍മ്മം അനുഷ്ഠിക്കേണ്ടതാകുന്നു.

ഇഹലോകത്തിന് മീതേയും, പരലോകത്തിന് താഴേയുമായി മഹത്തായ തമസ്സ്‌, അന്ധകാരം, തിങ്ങി നിൽക്കുന്നുണ്ട്‌. ഇന്ദ്രിയങ്ങളെ അത്‌ നല്ല പോലെ മയക്കുന്നു. അതില്‍ ഭവാന്‍ ചെന്നു കുടുങ്ങരുത്‌. അന്ധതാമിസ്രമെന്ന നരകമാണ്‌ അത്‌.

എന്റെ ഈ വാക്ക്‌ ഭവാന്‍ സ്വീകരിക്കുകയാണെങ്കില്‍ മറ്റുള്ളതൊക്കെ അറിയുവാനുള്ള കഴിവ്‌ ഭവാനു താനേ ഉണ്ടാകും. അപ്പോള്‍ ഇഹത്തില്‍ ഭവാന്‍ മഹായശസ്വിയായും, ഇഹത്തിലും പരത്തിലും നിര്‍ഭയനായും ഭവിക്കും.

ധൈര്യമായ തീരത്തോടു കൂടിയതും, ദയയാകുന്ന തിരമാലയോടു കൂടി യതും, സതൃത്തില്‍ നിന്ന് ഉത്ഭവിക്കുന്നതുമായ പുണ്യതീര്‍ത്ഥമായ ജീവനദിയില്‍ സ്നാനം ചെയ്താല്‍ അവന്‍ വിശുദ്ധനും, ലോഭഹീനനും, പുണ്യാത്മാവും പുണൃകര്‍മ്മാവും ആകും.

കാമക്രോധാദികളായ മുതലകളുള്ള പഞ്ചേന്ദ്രമായ ജലം നിറഞ്ഞ നദിയില്‍ ധൃതിയെ നൗകയാക്കി ഭവാന്‍ ജന്മമാകുന്ന ദുര്‍ഗ്ഗത്തെ കടക്കണം; മറുകരെ എത്തണം. പ്രജ്ഞാ വൃദ്ധരേയും, ധര്‍മ്മവൃദ്ധരേയും, വിദ്യാവൃദ്ധരേയും, സ്വബന്ധുക്കളേയും, പൂജിച്ച്‌ പ്രസാദിപ്പിച്ച്‌ കാര്യാകാര്യങ്ങളെ കുറിച്ച്‌ അന്വേഷിക്കുന്നവന് ഒരിക്കലും മോഹിക്കേണ്ടതായി വരില്ല.

ധൈര്യത്താല്‍ ഭോഗ്രേന്ദ്രിയത്തേയും വയറിനേയും, കണ്ണുകളാല്‍ കൈകാലുകളേയും, മനസ്സാല്‍ കണ്ണിനേയും കാതുകളേയും, പ്രവൃത്തിയാല്‍ മനോവാക്കുകളെയും ദോഷത്തില്‍ നിന്നു കാത്തു രക്ഷിക്കണം.

നിത്യവും യഥാകാലം സ്നാനവും ആചമനവും ചെയ്യുക, എപ്പോഴും യജേഞാപവീതം ധരിച്ചിരിക്കുക, നിത്യം സ്വാദ്ധ്യായം ചെയ്യുക. പതിതന്മാരുടെ അന്നത്തെ വര്‍ജ്ജിക്കുക, സത്യം പറയുക, ഗുരുശുശ്രൂഷ ചെയ്യുക, എന്നിവ അനുഷ്ഠിക്കുന്ന ബ്രാഹ്മണന്‍ ബ്രഹ്മലോകത്തെ പ്രാപിക്കും. അവിടെ നിന്ന് വീണ്ടും പതിക്കുകയില്ല.

വേദാദ്ധ്യയനവും, അഗ്നിഹോതവ്രും, യാഗങ്ങളും ചെയ്ത്‌ പ്രജകളെ പരിപാലിച്ച്‌, ശസ്ത്രം ധരിച്ച്‌, ശുദ്ധാത്മാവായി, ഗോവിനും ബ്രാഹ്മണന് വേണ്ടി യുദ്ധം ചെയ്തു മരണമടയുന്ന ക്ഷത്രിയന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നതാണ്‌.

വൈശ്യന്‍ വേദം അഭ്യസിക്കുകയും, ധനം സമ്പാദിക്കുകയും, അതില്‍ ഒരു ഭാഗം ബ്രാഹ്മണര്‍ക്കും, ക്ഷത്രിയര്‍ക്കും, ശൂദ്രര്‍ക്കും നല്കുകയും പുണ്യമായ ത്രേതാഗ്നി ധൂമം ഏൽക്കുകയും ചെയ്ത്‌ പുണ്യാത്മാവായി മരണമടഞ്ഞാല്‍ ആ വൈശ്യന്‍ സ്വര്‍ഗ്ഗസുഖത്തെ അനുഭവിക്കും.

ബ്രാഹ്മണരേയും, ക്ഷത്രിയരേയും, വൈശ്യരേയും ക്രമാനുസരണം ന്യായമായി പൂജിച്ച്‌ സന്തോഷിപ്പിച്ച ശൂദ്രന്‍ വ്യഥ കൂടാതെ പാപം നശിച്ച്‌ ദേഹം വെടിയുമ്പോള്‍ സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നതാണ്‌.

ഞാന്‍ ഇപ്രകാരം ഭവാനോട്‌ ചാതുർ വര്‍ണ്യത്തിന്റെ ധര്‍മ്മം പറഞ്ഞു. പറഞ്ഞതിന്റെ കാരണവും ഭവാന്‍ ധരിക്കണം. ക്ഷാത്രധര്‍മ്മമായ പൃഥ്വീപാലനം പാണ്ഡവന്മാര്‍ക്ക്‌ നഷ്ടപ്പെട്ടിരിക്കയാണ്‌. അവരെ വീണ്ടും രാജധര്‍മ്മത്തിലേക്കു പ്രവേശിപ്പിക്കേണ്ട ചുമതല ഭവാനിലുണ്ട്‌. അതു കൊണ്ട്‌ ഞാന്‍ ഇക്കാര്യം ഭവാനെ ഓര്‍മ്മിപ്പിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ വിദുരാ, നീ എന്നോട്‌ എപ്പോഴും പറയാറുള്ളതു പോലെ ഇപ്പറഞ്ഞതും ശരിയാണ്‌, ന്യായമാണ്‌. ഹേ, സൗമ്യാ, നീ പറഞ്ഞതു പോലെ ഇക്കാര്യം എനിക്കും തോന്നാറുള്ളതാണ്‌. എന്നും പാണ്ഡവന്മാരെപ്പറ്റി ചിന്തിച്ച്‌ ഞാന്‍ നിശ്ചയിക്കും. എന്നാൽ ദുര്യോധനന്റെ അടുത്തു വരുമ്പോള്‍ അതൊക്കെ പിന്‍തിരിയുകയും ചെയ്യും. ആര്‍ക്കും അതിക്രമിക്കുവാന്‍ വയ്യാത്തതാണല്ലോ വിധി. ദൈവം തന്നെയാണ്‌ വലുത്‌. പൗരുഷം വൃര്‍ത്ഥം തന്നെയാണെന്നു ഞാന്‍ വിചാരിക്കുന്നു.

സനത്സുജാതപര്‍വ്വം

41. വിദുരന്‍ സനത്സുജാതനെ പ്രാര്‍ത്ഥിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ വിദുരാ! അങ്ങയുടെ വാക്കില്‍ ആത്മവിദ്യയെ കുറിച്ച്‌ അവിടവിടെ സൂചിപ്പിക്കുകയേ ചെയ്തിട്ടുള്ളുവല്ലോ. എനിക്ക്‌ അത്‌ വിസ്തരിച്ചു പറഞ്ഞു തരണം. കേള്‍ക്കുന്നതിന് ആഗ്രഹമുണ്ട്‌. കേള്‍ക്കേണ്ട ധര്‍മ്മങ്ങളെക്കുറിച്ച്‌ എല്ലാം അങ്ങ്‌ വളരെ ഭംഗിയായി പറയുന്നു.

വിദുരന്‍ പറഞ്ഞു; ധൃതരാഷ്ട്ര! എന്നും കുമാരനും, വളരെക്കാലം മുമ്പേ ജനിച്ചവനും, നിതൃനുമായ സനത്സുജാത മഹര്‍ഷി മരണം എന്ന് ഒന്നില്ലെന്നു പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനാണല്ലോ. രഹസ്യങ്ങളായ യോഗാദികളേയും, പ്രകാശങ്ങളായ ശമാദികളേയും, ഹൃദയഗതങ്ങളായ ധര്‍മ്മങ്ങളേയും അദ്ദേഹം പറഞ്ഞു തരും.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നിത്യനായ സനല്‍ കുമാര മഹര്‍ഷി പറയുന്ന ആത്മതത്വം അങ്ങേക്ക്‌ അറിവുള്ളതല്ലേ? ആത്മബോധം ശേഷിച്ചിട്ടുണ്ടെങ്കില്‍ വിദുരാ! അങ്ങു തന്നെ അത്‌ പറഞ്ഞു തരണം.

വിദുരന്‍ പറഞ്ഞു: സനല്‍ കുമാരന്റെ അനശ്വരമായ ബുദ്ധിക്ക്‌ അറിവുള്ള ആത്മതത്വമെല്ലാം എനിക്കും അറിയാം. എങ്കിലും ഞാന്‍ ജാതിയില്‍ ശൂദ്രനാകയാല്‍ അങ്ങയോട്‌ ഉപദേശിക്കുന്നതല്ല. ഞാന്‍ അതിന് അധികാരിയല്ല. ബ്രാഹ്മണനായ സനല്‍കുമാരന്‍ ഏറ്റവും രഹസ്യങ്ങളായ ആത്മതത്വങ്ങളെ കൂടി അങ്ങയ്ക്ക്‌ ഉപദേശിക്കും. ഞാന്‍ അവ ഉപദേശിക്കുന്നതായാല്‍ ദേവനിന്ദ്യനായി തീരും. അങ്ങനെ വരാതിരിക്കണമല്ലോ.

ധൃതരാഷ്ട്രന്‍ പറഞ്ഞു: എനിക്ക്‌ ഈ ദേഹത്തോടു കൂടിയിരിക്കുമ്പോള്‍ (ഈ ജന്മത്തില്‍) പുരാണനും നിത്യനുമായ അദ്ദേഹത്തെ എങ്ങനെ കാണുവാന്‍ കഴിയും? അദ്ദേഹവുമായി ചേര്‍ച്ച എങ്ങനെ ലഭിക്കും? വിദുരാ! അങ്ങ്‌ പറയു.

വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ അപ്പോള്‍ മഹാതപസ്വിയായ ആ സനത്സുജാതനെ മനസ്സില്‍ വിചാരിച്ചു. അപ്പോള്‍ അദ്ദേഹം വിദുരന്‍ തന്നെ കുറിച്ച്‌ വിചാരിക്കുന്ന കാര്യം അറിഞ്ഞ്‌ അവിടെ എത്തി. വിദുരന്‍ അദ്ദേഹത്തെ മധുപര്‍ക്കാദികള്‍ കൊണ്ട് പൂജിച്ച്‌ ആസനത്തില്‍ ഇരുത്തി. മുനി സുഖമായി ഇരുന്നു വിശ്രമിച്ചതിനു ശേഷം അദ്ദേഹത്തോടു പറഞ്ഞു.

വിദുരന്‍ പറഞ്ഞു: ഭഗവാനേ, ധൃതരാഷ്ട്രന്റെ മനസ്സില്‍ ഒരു സംശയമുണ്ട്‌. അതു തീര്‍ത്തു കൊടുക്കുന്നതിന്‌ ശൂദ്രനായ ഞാന്‍ അനധികാരിയാണ്‌. അങ്ങ്‌ ഉപദേശം കൊണ്ട്‌ അത്‌ ഇല്ലാതെയാക്കണം. അങ്ങയുടെ ആത്മതത്വോപദേശം കേട്ടിട്ട്‌ രാജാവ്‌ ദുഃഖങ്ങളെയെല്ലാം ജയിക്കുന്നതിന്‌ സമര്‍ത്ഥനായി ഭവിക്കണം.

ലാഭം, നഷ്ടം, ഇഷ്ടം, വിരോധം, ജര, മരണം, ഭയം, അമര്‍ഷം, വിശപ്പ്‌, ദാഹം, മദം, ഐശ്വര്യം, അരതി, മടി, കാമം, കോപം, ക്ഷയം, അഭിവൃദ്ധി എന്നിവയാണ്‌ ദുഃഖങ്ങള്‍. ധൃതരാഷ്ട്രന്‌ ഇവയെ ജയിക്കുന്നതിനു വേണ്ടി ശക്തി ഉണ്ടാകത്തക്ക വിധമുള്ളതാകണം അങ്ങയുടെ ഉപദേശം.

42. സനത്സുജാതവാക്യം - വൈശമ്പായനൻ പറഞ്ഞു: ബുദ്ധിമാനായ ധൃതരാഷ്ട്ര രാജാവ്‌ വിദുരന്‍ പറഞ്ഞ വാക്ക്‌ മാനിച്ചു. പിന്നീട മഹാത്മാവായ അദ്ദേഹം പരമാത്മ വിഷയമായ ജ്ഞാനത്തെ അറിഞ്ഞ്‌ അനുഭവിക്കുന്നതിനു വേണ്ടി വിജനസ്ഥലത്തു വെച്ച്‌ സനത്സുജാത മുനിയോടു [1] ചോദിച്ചു.

***

1. ബ്രഹ്മാവിന്റെ പുത്രന്മാരാണ്‌ സനകാദികള്‍. സനകന്‍ മുതലായ നാലു മുനികളെ സനകാദികള്‍ എന്നു പറയുന്നു. ഇവര്‍ ആത്മജ്ഞാനികളാണ്‌. എന്നും വൃദ്ധന്മാരും അഞ്ചു വയസ്സു പ്രായമുള്ള കുമാരന്മാരും ആകുന്നു.

***

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ സനത്സുജാതമുനേ! മരണം ഇല്ലെന്ന്‌ അങ്ങ്‌ അഭിപ്രായപ്പെട്ടതായി വിദുരന്‍ പറഞ്ഞു. [2] ദേവന്മാരും അസുരന്മാരും, മൃത്യു സംഭവിക്കാതിരിക്കുന്നതിന് വേണ്ടി ബ്രഹ്മചര്യം അനുഷ്ഠിച്ചു കൊണ്ട്‌ ഗുരുകുലവാസം ചെയ്തതായി ശ്രുതികളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. മൃത്യു ഇല്ലെങ്കില്‍ അവര്‍ എന്തിനായി അങ്ങനെ ചെയ്തു! യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്ന്‌ ഇല്ലെങ്കില്‍ ഇപ്രകാരം ചെയ്യേണ്ട ആവശ്യമില്ലല്ലോ. മൃത്യു ഉണ്ടെന്നും ഇല്ലെന്നുമുള്ള ഈ അഭിപ്രായങ്ങളില്‍ ഏതാണ്‌ ശരിയായിട്ടുള്ളത്‌? അങ്ങു പറഞ്ഞു തരണം.

***

2. ഇന്ദ്രനും, വിരോചനനും ഗുരുവായ പ്രജാപതിയുടെ അധീനത്തില്‍ പാര്‍ത്ത്‌ ബ്രഹ്മചര്യം അനുഷ്ഠിച്ചതായി ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിരിക്കുന്നു.

***

സനത്സുജാതന്‍ പറഞ്ഞു: രാജാവേ, ചില വിദ്വാന്മാര്‍ ബ്രഹ്മചര്യം കൊണ്ട്‌ മൃത്യു നീങ്ങുമെന്ന്‌ പറയുന്നു. സ്വഭാവേന മൃത്യു എന്ന ഒന്നില്ലെന്നാണ്‌ മറ്റു ചിലരുടെ അഭിപ്രായം. ഞാന്‍ നേരു പറയാം. അങ്ങ്‌ സംശയം കൂടാതെ കേട്ടു ധരിച്ചാലും.

സംസാരത്തില്‍ ജനനം മരണം എന്നിവ രണ്ടു മുഖ്യകാര്യങ്ങളാകുന്നു. സുക്ഷ്മത്തില്‍ ഇവ തന്നെ സംസാരം. ഇവയുടെ അഭാവത്തില്‍ സംസൃതിയില്ല. അത്രയ്ക്കു മുഖ്യത ഇവയ്ക്കുണ്ട്‌. ഇവയില്‍ അധികം മുഖ്യമാണു മരണം. അത്‌ സര്‍വ്വജീവികളേയും ബാധിക്കുകയും ദുഃഖം അനുഭവിപ്പിക്കുകയും ചെയ്യുന്നു.

അതു കൊണ്ട്‌ സംസൃതിയില്‍ പ്രധാനമായ മരണം എന്തെന്നും അതില്‍ നിന്ന്‌ എങ്ങനെ രക്ഷ നേടാമെനും പ്രതിപാദിച്ചു കൊണ്ട്‌ അദ്ധ്യാത്മശാസ്ത്രമായ സനത്സുജാതീയം ആരംഭിക്കുന്നു.

ലൗകികനായ സംസാരിയുടേയും, ബ്രഹ്മജ്ഞനായ യോഗിയുടേയും ദൃഷ്ടിയില്‍ ( തത്വപ്രകാരം ) മരണം ഒന്നല്ല, രണ്ടു വിധത്തിൽ ഉള്ളതാണ്‌. ദേഹപ്രാണ വിയോഗത്തെ ലകികന്മാര്‍ മരണം എന്നു പറയുന്നു. സംസാര ബന്ധത്തോടു കൂടിയ ജീവിതമാണ്‌ യഥാര്‍ത്ഥത്തില്‍ മൃത്യുവെന്നും അതിനെ ജയിക്കാമെന്നും ജയിക്കണം എന്നും ജ്ഞാനികള്‍ പറയുന്നു. അതിന്‌ മാര്‍ഗ്ഗം ഉപദേശിക്കുകയാണ്‌ മുഖ്യമായി ഈ ശാസ്ത്രം ചെയ്യുന്നത്‌.

സൂക്ഷ്മത്തില്‍ മൃത്യുവും അമൃത്യുവും എന്തെന്നു പ്രതിപാദിക്കാം. രാജാവേ, ഇവിടെപ്പറഞ്ഞ രണ്ട്‌ അഭിപ്രായങ്ങളും നേരു തന്നെയാണ്‌. സൃഷ്ടിയുടെ ആരംഭകാലം മുതൽക്ക് അവയുണ്ടായി നിലനിൽക്കുന്നു. മൃത്യുവും അമൃത്യുവും പരസ്പരം വിരുദ്ധങ്ങളായ ധര്‍മ്മങ്ങളാണ്‌. ഈ സ്ഥിതിക്ക്‌ ഇവയില്‍ ഏതെകിലും ഒന്നല്ലാതെ രണ്ട്‌ ഉണ്ടെന്നുള്ള അഭിപ്രായം എങ്ങനെ സത്യമാകും എന്ന ചോദ്യത്തിന്‌ അവകാശമുണ്ട്‌. ആത്മാവിലും അനാത്മാവിലും വിപരീത ഭാവന ഉണ്ടാക്കുന്നതാണ്‌ മോഹം. അതു തന്നെ അവിദ്യ. അത്‌ മൃത്യുവെന്ന്‌ ബ്രഹ്മജ്ഞാനികളായ മഹാന്മാര്‍ സമ്മതിച്ച്‌ പറയുന്നു. പ്രമാദം മൃത്യു എന്നും, അപ്രമാദം അമൃത്യു എന്നുമാണ്‌ എന്റെ അഭിപ്രായം.

പ്രമാദം ( ** ) ഹേതുവായി വിരോചനന്‍ മുതലായ അസുരന്മാര്‍ക്ക്‌ പരാജയം നേരിട്ടു. വിവിധ ജന്മങ്ങളെടുത്ത്‌ അവര്‍ കഷ്ടത അനുഭവിച്ചു. അപ്രമാദം കൊണ്ട്‌ ദേവന്മാര്‍ ബ്രഹ്മഭൂതന്മാരായി. മൃത്യു, വ്യാഘ്രത്തെ പോലെ ജന്തുക്കളെ പിടിച്ച്‌ തിന്നുന്നില്ല. കടുവയെ പോലെ അതിനെ കാണാവുന്നതുമല്ല. അതിന്‌ രൂപം ഇല്ല.

പ്രമാദത്തില്‍നിന്ന്‌ മോഹവും (അജ്ഞാനം) അതില്‍ നിന്ന്‌ അഹങ്കാരവും, അഹങ്കാരത്തില്‍ നിന്ന്‌ സംസാര ബന്ധവും, ബന്ധത്തില്‍ നിന്ന്‌ ദുഃഖവും ഉണ്ടാകുന്നു. പ്രമാദം ഓരോ നിലകളേയും അതിക്രമിച്ച്‌ മുന്‍പോട്ടു പോയി ഒടുവില്‍ കഠിനമായ സംസാര ദുഃഖമായി പരിണമിക്കുന്നു. മനസ്സ്‌ വിഷയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ അവയുടെ ഗുണങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നു. ആ സങ്കല്പത്തില്‍ നിന്ന്‌ കാമം ഉണ്ടാകുന്നു. പ്രവൃത്തികള്‍ക്കെല്ലാം ഈ കാമമാണ്‌ മൂലം. പിന്നീട്‌ സ്വസ്വരൂപത്തില്‍ നിന്ന്‌ പതനം നേരിടുന്നു. താഴെ വീഴുന്നവന് നാശമല്ലാതെ വീണ്ടും മേല്‍ഗതിയില്ല. അതു കൊണ്ട്‌ സര്‍വ്വാപത്തുള്‍ക്കും കാരണം ആയ സങ്കല്പത്തെ വര്‍ജ്ജിക്കണം. പ്രമാദം തന്നെ മൃത്യു. ചിത്തം സമാധാനത്തോടു കൂടിയിരിക്കണം. അതുകൊണ്ട്‌ സിദ്ധി കൈവരുന്നു.

ഇത്‌ മനഃശാസ്ത്ര തത്വമാകുന്നു. സ്ത്രീ, ഗൃഹം, ധനം, രാജ്യം, പ്രതാപം മുതലായവയില്‍ മനസ്സു വെച്ച്‌, അവയുടെ ഗുണങ്ങളെപ്പറ്റി വിചാരിച്ച്‌, അവയുടെ ലാഭത്തിന് ശ്രമിക്കുന്നവര്‍ ഒടുവില്‍ എങ്ങനെ നശിക്കുന്നു എന്ന് ഈ ഉപദേശത്തില്‍ നിന്ന്‌ ഗ്രഹിക്കാം. പ്രമാദം കൂടാതെ ഇരിക്കുന്നതിന്‌ കാമബീജമായ സങ്കല്പത്തെ ജയിക്കണം. അതാണ്‌ മുഖ്യമായി വേണ്ടത്‌.

മൂഢന്മാരായ ചിലര്‍ പുണ്യം ചെയ്യുന്നവര്‍ക്കു സുഖത്തേയും പാപം ചെയ്യുന്നവര്‍ക്കു ദുഃഖത്തേയും കൊടുത്തു കൊണ്ട്‌ പിതൃലോകം ഭരിക്കുന്നവനും എല്ലാ ജീവികളുടേയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവനും, നാശമില്ലാത്തവനും, ബ്രഹ്മനിഷ്ഠനും ആയിരിക്കുന്ന യമനാണ്‌ മൃത്യു എന്നു പറയുന്നു. അജ്ഞാനാഖ്യമായ മൃത്യുവല്ലാതെ വേറെ ഒരു മൃത്യു ഉണ്ടെന്നാണ്‌ മൂഢന്മാരുടെ അഭിപ്രായം.

മൃത്യു, ഈ യമന്റെ ആജ്ഞ കാരണം, കോപം, പ്രമാദം, ലോഭം മുതലായവയുടെ രൂപത്തില്‍ ഉണ്ടാകുന്നു. പിന്നീട്‌ അഹകാരത്തോടു കൂടി ധര്‍മ്മവിരുദ്ധമായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നു. അത്‌ ഒരിക്കലും ആത്മയോഗത്തെ പ്രാപിക്കുന്നില്ല. ഞാന്‍ പണ്ഡിതന്‍, എനിക്ക്‌ യോഗ്യത കൂടും; ഞാന്‍ ധനവാനാണ്‌ ഇപ്രകാരമുള്ള വിചാരമാണ്‌ അഹങ്കാരം. യമന്‍ അജ്ഞാനാഭിമാനിയായ ദേവനാണ്‌. അതു പോലെ ക്രോധോദ്യഭിമാനികളായ ദേവന്മാരുമുണ്ട്‌. അവര്‍ യമന്റെ ഭൃത്യന്മാരാകുന്നു. അജ്ഞാനത്തില്‍ നിന്ന്‌ ക്രോധാദികളുണ്ടാകുന്നു. അതുനിമിത്തം സംസൃതിയിൽ വീണു നശിക്കുന്നു. ( ** )

** ആത്മജ്ഞാനമില്ലാത്തവരും വിഷയലമ്പടന്മാരുമായവര്‍ അസുരന്മാര്‍. ആത്മജ്ഞന്മാരും ബ്രഹ്മമായ തന്നില്‍ തന്നെ രമിക്കുന്നവരും സുരന്മാര്‍. ശാസ്ത്രജ്ഞാന വാസന നേടി തദനുസരണം പ്രവര്‍ത്തിക്കുന്നവര്‍ ദേവന്മാര്‍. പ്രതൃക്ഷാനുമാനത്തെ പ്രമാണമാക്കി ദൃഷ്ടാന്ത പ്രയോജനങ്ങളെ മാത്രം വിശ്വസിച്ച്‌ പ്രവര്‍ത്തിക്കുന്നവന്‍ അസുരന്മാര്‍.

ദേഹാദികളില്‍ ആത്മബുദ്ധിയോടു കൂടിയവര്‍, അജ്ഞാനത്തിന്റെ പിടിയിൽ നിന്നു വേര്‍പെടാതെ വീണ്ടും ഭൂമിയില്‍ വന്നു വീഴുന്നു. പിന്നേയും ഇന്ദ്രിയ വികാരങ്ങള്‍ക്ക്‌ അധീനന്മാരായി ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.

കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ സ്വര്‍ഗ്ഗാദിപ്രാപ്തി രുപമായ ഫലത്തെ ആഗ്രഹിക്കുന്നു; അത്‌ അനുഭവിക്കുകയും ചെയ്യുന്നു. അവര്‍ക്ക്‌ സംസാര സമുദ്രത്തിന്റെ കരയില്‍ ചെന്നെത്തുന്നതിനു കഴിയുന്നില്ല. കര്‍മ്മം മോക്ഷത്തെ തരുന്നില്ല. ജിവാത്മാവും സച്ചിദാനന്ദമയമായ പരമാത്മാവും ഒന്നാണെന്ന ബോധം കൂടാതെ നിസ്സാരങ്ങളായ വിഷയ സുഖങ്ങളില്‍ ആശ വച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നു. ദേഹനാശം മാത്രം കൊണ്ടു മുക്തി ലഭിക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവയാണ്‌ ശബ്ദാദി വിഷയ സുഖങ്ങള്‍. ജീവന് അവയെ ആശ്രയിച്ചുള്ള പ്രവൃത്തി എന്നും ഉണ്ടായിക്കൊണ്ടിരിക്കും. അത്‌ ഇന്ദ്രിയങ്ങള്‍ക്കു മഹത്തായ മോഹത്തെ ഉണ്ടാക്കുന്നതാണ്‌. ഇല്ലാത്ത കാര്യങ്ങളോടുള്ള സംയോഗം കൊണ്ട്‌ താന്‍ ബ്രഹ്മമാകുന്നു എന്ന ഭാവത്തിന്‌ ഉടവു വരുന്നതിനും തന്നിമിത്തം സ്ത്രീസുഖാദികളെ കുറിച്ചു തന്നെ ചിന്തിക്കുന്നതിനും അവയെ സേവിക്കുന്നതിനും ഇടയാകുന്നു. വിഷയാദികളുടെ സ്മരണം തന്നെ വര്‍ജ്ജിക്കേണ്ടതാണ്‌.

അവനെ ആദ്യമായി അഭിദ്ധ്യ നശിപ്പിക്കുന്നു. വിഷയങ്ങളെക്കുറിച്ച്‌ ഇടവിടാതെ സ്മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്‌ അഭിദ്ധ്യ. പരദ്രവ്യത്തിലുള്ള ഇച്ഛയാണ്‌ അഭിധ്യ.

യോഗിയായിരിക്കുന്നവന്‍ ആത്മതത്വ ചിന്ത കൊണ്ട്‌ കാമാദികളെ നശിപ്പിക്കണം. വസ്തുക്കള്‍ അശുചികളും തുച്ഛങ്ങളും എന്നു കാണുമ്പോള്‍ അവയില്‍ ആദരം ഉണ്ടാകുകയില്ല. സ്ത്രീ, ധനം മുതലായവയെ കുറിച്ചു ചിന്ത അല്പവും ഉണ്ടാകരുത്‌. അങ്ങനെ അവയെ ചിന്തിക്കാതിരിക്കുന്നവന്‍ മൃത്യുവിനും മൃത്യുവായി ഭവിക്കുന്നു. ഇപ്രകാരം വിദ്വാനായവന്‍ കാമങ്ങളെ നശിപ്പിക്കുന്നു. നിഷ്‌കാമനായവന് മൃത്യുഭയം ഉണ്ടാകുന്നില്ല.

വിഷയങ്ങള്‍ നശ്വരങ്ങളാണ്‌. അവയെപ്പറ്റി വിചാരിച്ച്‌ അവയുടെ പിന്നാലെ ഓടുന്നവന്‍ അവയെ പോലെ നശിക്കുന്നു. നേരെ മറിച്ച്‌ വിഷയങ്ങള്‍ ദോഷമയങ്ങൾ ആണെന്നു കണ്ട്‌ കാമങ്ങളെ ഉപേക്ഷിക്കുന്നവന്‍ ഈ ജന്മത്തിലും മറ്റു ജന്മത്തിലും നേടിയിരിക്കുന്ന രജസ്സിന്റെ ഫലങ്ങളായ പുണ്യപാപാദി കര്‍മ്മങ്ങളെ വിവേകജ്ഞാനം കൊണ്ട്‌ നശിപ്പിക്കുന്നു. കാമാദിക്ക് അടിപ്പെടുന്നവന് നാശമാണ്‌ ഫലം.

ജീവികളുടെ പുറമേ കാണുന്ന ഈ ശരീരം തമസ്സു പോലെ പ്രകാശമില്ലാത്തത് ആകുന്നു. അജ്ഞാനം കൊണ്ട്‌ അത്‌ ഉണ്ടെന്ന് തോന്നുന്നതാണ്‌. അത്‌ നരകമാകുന്നു.

ഇപ്രകാരമുള്ള ശരീരം സർവ്വഥാ ത്യാജ്യമെന്ന്‌ അറിയുന്നവന് സ്ത്രീകളുടെ ദേഹങ്ങള്‍ അശുചികളും ബീഭത്സങ്ങളും ആണെന്ന വിചാരം ഉണ്ടാകും. അപ്പോള്‍ അവന് കാമം നശിക്കും. വിഷയങ്ങളുടെ പിന്നാലെയുള്ള ഓട്ടവും നിൽക്കും. നിലത്തു നോക്കാതെ മേൽപ്പോട്ടു നോക്കി നടക്കുന്നവന്‍ കുഴിയില്‍ വീഴുന്നു. അതു പോലെ അവിവേകിയായവന്‍ മൃത്യുമുഖത്തില്‍ ചെന്നു ചാടുന്നു.

സ്ത്രീ മുതലായവകളില്‍ ആഗ്രഹം വര്‍ദ്ധിച്ച്‌ വിഷയ ലമ്പടനായി അവയുടെ പിന്നാലെ പാഞ്ഞു പോകുന്നവന്‍ അവയില്‍ നിന്ന്‌ അന്യമായ പരമാത്മാവിനെ പറ്റി ചിന്തിക്കുന്നില്ല. അവന്‍ അദ്ധ്യാത്മ ശാസ്ത്രം പഠിക്കുന്നില്ല. അവന്റെ ശരീരം പുല്ലു കൊണ്ട്‌ ഉണ്ടാക്കി വെച്ച വ്യാഘ്രത്തെ പോലെ നിഷ്പ്രയോജനമാകുന്നു. മോഹത്തിന് കാരണമായ കോപവും ലോഭവും കൊണ്ട്‌ മോഹഭയങ്ങളോടു കൂടിയ അങ്ങയുടെ ശരീരത്തില്‍ കാണുന്ന അങ്ങയുടെ ഈ ആത്മാവു തന്നെയാണ്‌ മൃത്യു. അത്‌ വിനാശം വരുത്തിക്കൂട്ടുന്നു. ഇന്ദ്രിയനിഗ്രഹം ചെയ്യാതെ കാമാദികള്‍ക്കു വശംവദനായി പ്രവര്‍ത്തിക്കുന്നവന്‍ തന്നെ അവന്റെ മൃത്യു.

ഇപ്രകാരം ക്രോധാദികളുടെ രൂപം കൈക്കൊണ്ട്‌ ഉണ്ടാകുന്നതാണ്‌ മൃത്യു ( ** ) എന്നും അതാണ്‌ ജനനമരണാദികളായ സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും കാരണം എന്നും അറിഞ്ഞു ക്രോധാദികളെ നശിപ്പിച്ച്‌ പരമാത്മജ്ഞാനത്തോടു കൂടി സ്ഥിതിചെയ്യുന്നവന് മൃത്യുഭയം ഉണ്ടാകുന്നില്ല.

** മൃത്യുവിന്റെ അധീനത്തിലായിട്ട്‌ മനുഷ്യര്‍ എങ്ങനെ നശിക്കുന്നുവോ അപ്രകാരം പരമാത്മ ജ്ഞാനിയുടെ അധീനത്തിലായിട്ട് മൃത്യുവിന്ന്‌ മൃത്യു നേരിടുന്നു. ജ്ഞാനത്തില്‍ അടിയുറച്ചു നിന്നു കൊണ്ട്‌ ജ്ഞാനമാകുന്ന അഗ്നിയെ ജ്വലിപ്പിച്ചും ജ്ഞാനമാകുന്ന വജ്രായുധം ധരിച്ചും ഇരിക്കുന്നവൻ ആരോ ആ വീരന്‍ മൃത്യുവിനെ നശിപ്പിക്കുന്നു. അവന് മത്സരാദി ദോഷങ്ങള്‍ ഉണ്ടാകുന്നില്ല. ബന്ധം അജ്ഞാന കൃതമാണ്‌; അത്‌ ജ്ഞാനത്താല്‍ നശിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ബ്രാഹ്മണര്‍ ജ്യോതിഷ്ടോമാദി യാഗങ്ങള്‍ ചെയ്തു പുണ്യവാന്മാരായ ജനങ്ങള്‍ ചെന്നു ചേരുന്ന ഏറ്റവും പുണ്യത്തോടു കൂടിയ അനശ്വര സ്വര്‍ഗ്ഗാദി ലോകങ്ങളെ പ്രാപിക്കുന്നതാണ്‌ പരമ പുരുഷാര്‍ത്ഥമെന്നു വേദങ്ങള്‍ പറയുന്നു. ആ നിലയ്ക്ക്‌ ആ അത്യുല്‍കൃഷ്ട സ്ഥാനങ്ങളില്‍ ചെല്ലുന്നതിന്‌ ഉപകരണമായ കര്‍മ്മം ജ്ഞാനിക്ക്‌ എങ്ങനെയാണ്‌ അനുഷ്ഠാനയോഗ്യം അല്ലാതാകുന്നത്‌? കര്‍മ്മം കൊണ്ട്‌ ബ്രഹ്മലോകം വരെയുള്ള ഉന്നതസ്ഥാനങ്ങള്‍ പ്രാപിക്കുന്നതിനു കഴിയുന്ന സ്ഥിതിക്ക്‌ ജ്ഞാനി അതിനെ വര്‍ജ്ജിക്കുന്നത്‌ ശരിയാണോ?

സനത്സുജാതന്‍ പറഞ്ഞു; ബ്രഹ്മലോകാദികളില്‍ സിദ്ധിക്കുന്ന സുഖം യഥാര്‍ത്ഥമാണെന്നു വിചാരിച്ച്‌ വിഷയലമ്പടൻ ആയിരിക്കുന്ന അജ്ഞാനി അവയെ പ്രാപിക്കുവാന്‍ യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. ഏന്നാല്‍ ജ്ഞാനിയാകട്ടെ കര്‍മ്മത്തില്‍ അവിദ്യാദി ദോഷങ്ങള്‍ കണ്ട്‌ അതു ചെയ്യുന്നില്ല. തീയും ഉണക്കപ്പുല്‍ കൂട്ടവും പ്രകാശവും ഇരുട്ടും എങ്ങനെയോ അതുപോലെയാണ്‌ ജ്ഞാനവും കര്‍മ്മവും. ജ്ഞാനം കര്‍മ്മനാശകം ആണെന്നു ധ൪ിക്കുക.

ധൃതരാഷ്ട്രന്‍ പറഞ്ഞു; ജനനമില്ലാത്തവനും അനാദിയുമായ ആത്മാവിനെ ഈ സംസാരത്തില്‍ വന്നു ചേരുന്നതിന് പ്രേരിപ്പിക്കുന്നത് ആരാണ്‌? അതിന് പലേ ജന്മങ്ങള്‍ കൈക്കൊണ്ടിട്ട്‌ എന്താണ്‌ കാര്യമുള്ളത്‌? സംസാരിയാകാതെ ഇരുന്നതു കൊണ്ട്‌ അതിന് അസുഖം വല്ലതും ഉണ്ടാകുമോ? ഇവയെപ്പറ്റിയെല്ലാം ജ്ഞാനിയായ അങ്ങേയ്ക്ക്‌ അറിവുണ്ടല്ലോ. അതൊക്കെ ഉള്ളതു പോലെ ക്രമപ്രകാരം പറഞ്ഞു തരണം.

സനത്സുജാതന്‍ പറഞ്ഞു: ബ്രഹ്മത്തിനു നാനാത്വമുണ്ടെന്നു സങ്കല്പിക്കുന്നതായാല്‍ വലുതായ ദോഷം പറ്റും. അദ്വൈതത്തെ ആശ്രയിക്കുന്നവര്‍ അസത്യവാദികളും വേദത്തിന്റെ പ്രാമാണ്യം അംഗീകരിക്കാത്തവരും ആണെന്ന്‌ വന്നു കൂടും. ജീവാത്മാ പരമാത്മാക്കള്‍ക്ക്‌ ഭേദമുണ്ടെന്നു പറയുന്നവന്‍ നാശമടയുന്നു എന്ന് ശ്രുതിയുണ്ട്‌. അവയ്ക്കു താത്വികമായ ഭേദമില്ല. ഈ സിദ്ധാന്തം തെറ്റാകും. അനാദിയായ മായയോട്‌ ചേര്‍ച്ച കൊണ്ടു ജീവാത്മാക്കള്‍ നിത്യങ്ങളാകുന്നു. ജീവാത്മാക്കള്‍ക്ക്‌ പല ഭാവങ്ങള്‍ ഉണ്ടാകുന്നതിന്‌ മായാബന്ധമാണു കാരണം. അനാദി സിദ്ധമായ മായയോട്‌ ചേര്‍ച്ച കൊണ്ട്‌ അസംഖ്യം ജീവാത്മാക്കള്‍ ഉണ്ടാകുന്നു. വാസ്തവത്തില്‍ അദ്വിതീയമായ ബ്രഹ്മം മായാബന്ധം കൊണ്ടാണ്‌ അനേകമായി തോന്നുന്നത്‌.

പരമാത്മഭൂതനായി ( ** ) ഐശ്വര്യാദി യുക്തനായിരിക്കുന്ന പരമേശ്വരന്‍ നിത്യനാകുന്നു. അവന്‍ മായാവികാരം കൈക്കൊണ്ട്‌ ഈ ക്ഷണാദിയാല്‍ ലോകത്തെ സൃഷ്ടിക്കുന്നു. അപ്രകാരം അതു സര്‍വ്വം പരമശിവന്റെ ശക്തിയായ മായയാണു ചെയ്യുന്നത്‌. പരമാത്മാവിന് കര്‍ത്തൃത്വമില്ല. പരമേശ്വരന് അപ്രകാരം ശക്തി ഉണ്ടെന്നുള്ളതിന് വേദം പ്രമാണമാണ്‌.

** ഒരേ പരമാത്മാവു തന്നെയാണ്‌ എല്ലാ ജീവികളിലും ജീവനായി സ്ഥിതി ചെയ്യുന്നത്‌. ഉപാധിഭേദം കൊണ്ട്‌ വേറെ വേറെ തോന്നുന്നതാണ്‌. യഥാര്‍ത്ഥമായ പരമാത്മാവിന്റെ മേന്മയ്ക്ക്‌ ഉപാധിഭേദം യാതൊരു ന്യൂനതയും വരുത്തുന്നില്ല. ജലത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രന്‍ ചലിക്കുന്നതു കൊണ്ട്‌ ആകാശത്തില്‍ പ്രകാശിക്കുന്ന സാക്ഷാല്‍ ചന്ദ്രന്‌ ഇളക്കം സംഭവിക്കുന്നില്ല. അതു പോലെ സ്ഥൂലസൂക്ഷ്മങ്ങളായ ദേഹങ്ങളുടെ (ക്ഷേത്രങ്ങളുടെ) വികാരങ്ങള്‍ പരമാത്മാവിനെ ബാധിക്കുന്നതല്ല.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഈ ലോകത്തില്‍ ചിലര്‍ അഗ്നിഷ്ദോമാദികളായ കര്‍മ്മങ്ങളെ ആചരിക്കുന്നു. മറ്റു ചിലര്‍ അങ്ങനെ ചെയ്യുന്നില്ല. പാപം കൊണ്ട്‌ ധര്‍മ്മം നശിപ്പിക്കപ്പെടുന്നുവോ? അതോ ധര്‍മ്മം പാപത്തെ നശിപ്പിക്കുന്നുവോ? തുല്യബലങ്ങൾ ആകുമ്പോള്‍ അവയിലൊന്ന്‌ മറ്റൊന്നിനെ നശിപ്പിക്കുന്നതായി വരാമല്ലോ. അജ്ഞാനിക്ക്‌ രണ്ടും അനുഭവമാണ്‌.

സനത്സുജാതന്‍ പറഞ്ഞു: പുണ്യങ്ങളും അപുണ്യമയങ്ങളുമായ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരുന്നാലും ജ്ഞാനി എന്നും ജ്ഞാനം കൊണ്ട്‌ ആ രണ്ടു വിധം കര്‍മ്മങ്ങളേയും നശിപ്പിക്കുന്നു. അത്‌ പ്രസിദ്ധമാണ്‌.

ആത്മജ്ഞാനമില്ലാത്തവന്‍ കര്‍മ്മമാണ്‌ ശ്രേഷ്ഠം എന്നു വിചാരിക്കുന്നു. മറ്റൊന്നും അറിയുന്നില്ല. അവന്‍ കര്‍മ്മം ചെയ്തു സ്വര്‍ഗ്ഗാദി ലോകങ്ങളില്‍ സ്ഥാനം പിടിച്ച്‌ അവിടെ അല്പകാലം സ്ഥിതി ചെയ്ത്‌, പിന്നെ ഈ ലോകത്തിലും ഇതിനേക്കാള്‍ നികൃഷ്ടങ്ങളായ മറ്റു ലോകങ്ങളിലും ചെന്നു ജനിക്കുന്നു.

അജ്ഞാനി യായിരിക്കുന്നവന്‍ പുണ്യവും പാപവുമായ കര്‍മ്മം കൊണ്ട്‌ അസ്ഥിരമായ സ്വര്‍ഗ്ഗത്തേയും നരകത്തേയും അനുഭവിക്കുന്നു. അനന്തരം സ്വസംസ്‌കാരാ നുഗുണമായ കര്‍മ്മത്തിന്റെ നിലയനുസരിച്ച്‌ നാനാജീവികളുടെ ജന്മമെടുക്കുന്നു. കര്‍മ്മം ചെയ്യുകയും ഫലമനുഭവിക്കുകയും വീണ്ടും അങ്ങനെ തുടങ്ങുകയും ചെയ്യുന്നതു കൊണ്ട്‌ കര്‍മ്മത്തില്‍ നിന്നു മുക്തി കിട്ടുന്നില്ല.

ധൃതരാഷ്ട്രന്‍ പറഞ്ഞു: സ്വധര്‍മ്മമനുഷ്ഠിക്കുന്ന ബ്രാഹ്മണര്‍ക്ക്‌ അതിന്റെ ഫലമായി നിത്യങ്ങളായ ലോകങ്ങളില്‍ സ്ഥാനം ലഭിക്കുമെന്ന്‌ വിദ്വാന്മാര്‍ പറയുന്നു. അതിന്റെ ക്രമങ്ങള്‍ പറഞ്ഞു തരണം. പിന്നീട്‌ നിത്യാനന്ദത്തെ തരുന്ന മോക്ഷസുഖത്തെ പറ്റിയും പറയണം. സ്വധര്‍മ്മത്തില്‍ നിന്ന്‌ വിട്ട് കാമ്യാദി കര്‍മ്മങ്ങളെ കുറിച്ച്‌ അറിയുവാന്‍ എനിക്ക്‌ ആഗ്രഹമില്ല.

സനത്സുജാതന്‍ പറഞ്ഞു: ബലത്തില്‍ ബലവാന്മാര്‍ക്ക്‌ എന്നതു പോലെ കര്‍മ്മങ്ങളില്‍ ആര്‍ക്കാണ്‌ സ്പര്‍ദ്ധയുണ്ടാകുന്നത്‌, ആ ബ്രാഹ്മണന്‍ ഇഹലോകത്തില്‍ നിന്ന്‌ ധൂമാദി മാര്‍ഗ്ഗങ്ങളെ ആശ്രയിച്ച്‌ ഉയര്‍ന്ന്‌ ഗതി ചെയ്തു സ്വര്‍ഗ്ഗത്തില്‍ ചെന്ന്‌ നക്ഷത്രാദി രൂപം കൈക്കൊണ്ട്‌ പ്രകാശിക്കുന്നു. ബലവാന്മാരായ രാജാക്കന്മാര്‍ക്ക്‌ ബലമേറിയ മറ്റ്‌ രാജാക്കന്മാരെ ജയിച്ചു സുഖിക്കുന്നതിന്‌ ആഗ്രഹമുണ്ടാകുന്നു. അതു പോലെ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ യജ്ഞാദി കര്‍മ്മങ്ങള്‍ ചെയ്ത്‌ അധികം സ്വര്‍ഗ്ഗസുഖം അനുഭവിക്കണം എന്ന വിചാരം (സ്പര്‍ദ്ധ) കര്‍മ്മരതന്മാരായ ആര്‍ക്കുണ്ടോ ആ ബ്രാഹ്മണരുടെ സ്ഥിതിയാണ്‌ ഇത്‌.

വിഷയസുഖങ്ങളില്‍ കൗതുകം സംഭവിക്കാതെ അനിത്യ ഫലപ്രദങ്ങളായ ജ്യോതിഷ്ടോമാദി യാഗങ്ങള്‍ നിഷ്കാമമായി ചെയ്യുന്നവരും അന്യോന്യം മത്സരം ഇല്ലാത്തവരും ആയവര്‍ക്ക്‌ ആ യജ്ഞാദികര്‍മ്മം അന്തഃക്കരണ ശുദ്ധിയേയും ജ്ഞാനത്തേയും ഉണ്ടാക്കുന്നു. നിഷ്കാമമായും ഈശ്വരാര്‍പ്പണ ബുദ്ധിയോടു കൂടിയും കര്‍മ്മം ചെയ്യുന്നവര്‍ക്ക്‌ മനഃശുദ്ധിയും ജ്ഞാനവും ലഭിക്കും: അവര്‍ ഈ ലോകത്തില്‍ നിന്നു മുക്തന്മാരായിട്ട്‌ പൂര്‍ണ്ണാനന്ദമയമായ സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നു.

വേദജ്ഞന്മാരായ ജനങ്ങള്‍ അവന്റെ ശരിയായ നടപടി ഇന്ന വിധം എന്നു പറയുന്നു. രോഗിയായിരിക്കുന്ന ഇവനെപ്പറ്റി പുറത്തും അകത്തുമുള്ളവര്‍ അധികം വിചാരിക്കരുത്‌. പുത്രമിത്രാദികള്‍ തന്നെപ്പറ്റി വിചാരിക്കുന്നതിന് ഇടയാകാത്ത വിധത്തില്‍ (അവര്‍ക്ക്‌ അഗോചരനായി) യോഗി അകലെ പാര്‍ക്കണം.

യോഗി വര്‍ഷകാലത്ത്‌ പുല്ലും വെള്ളവും എന്ന പോലെ ആഹാരത്തിനു വേണ്ട വസ്തുക്കള്‍ ഏതു സ്ഥലത്ത്‌ ധാരാളം കിട്ടുമെന്നു വിചാരിക്കുന്നുവോ അവിടെ പാര്‍ക്കണം. ആ സ്ഥലം വിജനവും കള്ളന്മാരുടെ പീഡ ഏൽക്കാത്തതുമാകണം. അന്നപാനത്തിന്‌ യോഗിക്ക്‌ ബുദ്ധിമുട്ടു വരരുത്‌. ആഹാരത്തിനു വേണ്ടത്‌ കിട്ടാത്ത സ്ഥലത്ത്‌ എങ്ങനെ ദേഹയാത്ര നിർവ്വഹിക്കുമെന്ന സങ്കടം യോഗിക്കു നേരിടും: അത്‌ യോഗവൃത്തിക്ക്‌ തടസ്സം ജനിപ്പിക്കും. അതിന് ഇടയാകരുത്‌.

( ** ) ആ ദേശത്തു മൗനിയായി സ്വമാഹാത്മ്യം മറച്ചിരുന്ന്‌ കിട്ടുന്നതെന്തെങ്കിലും ഭക്ഷിച്ചും, വല്ലതും വസ്ത്രമായുപയോഗിച്ചും, കിടക്കയാക്കിയും ലോകത്തെ കിട്ടുന്നത്‌ തന്നെ പോലെ വിചാരിച്ച്‌ യോഗി സ്ഥിതി ചെയ്യണം.

** ഇന്നത്‌ വേണം എന്ന്‌ നിര്‍ബ്ബന്ധം കൂടാതെ, കിട്ടുന്നത്‌ ഉപയോഗിച്ചും വസ്ത്രാഹാര ശയനങ്ങള്‍ നിർവ്വഹിക്കുന്നവന്‍ ചക്രവര്‍ത്തിയെ പോലെ സുഖിക്കും. എന്നാൽ അവമാനാദികള്‍ ഉണ്ടാകും. യോഗി അന്യന്മാര്‍ തനിക്കു ചെയ്യുന്ന പൂജയെ അല്ല അപമാനത്തെയാണ്‌ ശ്രേഷ്ഠം എന്ന് വിചാരിക്കേണ്ടത്‌. യോഗി താന്‍ സാധാരണ ജനങ്ങളെ പോലെ ഒരുവന്‍ എന്നല്ലാതെ അവരേക്കാള്‍ കേമനെന്ന്‌ വിചാരിക്കുകയും യോഗസിദ്ധി മുതലായവ കാണിച്ച്‌ അവരുടെ ബഹുമതി സമ്പാദിക്കുവാന്‍ ശ്രമിക്കുകയും അരുത്‌. യോഗി പരപീഡയേയും ബഹുമാനത്തേയും കണക്കാക്കരുത്‌. യോഗി തന്നെ ഒരു ബ്രഹ്മജ്ഞനെന്ന്‌ അറിഞ്ഞ്‌ അധികമായി ബഹുമാനിക്കുന്നവനേക്കാള്‍, സാധാരണ നിലയില്‍ കരുതി പൂജിക്കുന്നവനെ ഗുണവാനെന്ന്‌ വിചാരിക്കണം.

തന്റെ യോഗൃതകളെ പ്രശംസിച്ചു പറയുന്നവനെ പറ്റി യോഗി വ്യസനിക്കരുത്‌. യതിക്കും ബ്രഹ്മചാരിക്കും കൊടുത്തിട്ട്‌ ആഹാരം കഴിക്കുന്നവന്റെ അന്നം യോഗിക്ക്‌ സ്വീകരിക്കാവുന്നതാണ്‌.

ബ്രഹ്മജ്ഞനായ യോഗി എന്നും തന്റെ പ്രവൃത്തികള്‍ അന്യന്മാര്‍ അറിയുവാന്‍ ഇടയാകരുത്‌ എന്ന വിചാരത്തോടു കൂടിയിരിക്കണം. മറ്റുള്ളവര്‍ അറിയത്തക്ക വിധം അവന്‍ യോഗവൃത്തികള്‍ വെളിപ്പെടുത്തരുത്‌. പുത്രാദികളായ ബന്ധുജനങ്ങളുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന യോഗിക്ക്‌ ആത്മസിദ്ധി ഉണ്ടാകുന്നില്ല. യോഗി അവരുമായി അകന്നിരിക്കണം.

പരമനും, അനുമാനും, മുതലായവ കൊണ്ട്‌ അറിയുവാന്‍ കഴിയാത്തവനും, സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നവനും, അസംഗനും, സജാതീയം, വിജാതീയം, സ്വഗ്തം എന്ന് മൂന്നുഭേദങ്ങള്‍ഇല്ലാത്തവനുമായിരിക്കുന്ന ഈ ആത്മാവിനെ ഇപ്രകാരമുള്ള ചര്യ കൂടാതെ ആര്‍ക്ക്‌ അറിയുവാന്‍ കഴിയും? ആർക്കും സാധിക്കുകയില്ല.

ദ്വന്ദ്വധര്‍മ്മം യാതൊന്നും ഇല്ലാത്തവനും, സച്ചിദാനന്ദമയനും, നിതൃനും, ബ്രഹ്മവുമാണ്‌ ആത്മാവ്‌. അതിനെ അങ്ങനെയല്ലാതെ, അയഥാര്‍ത്ഥമായി ഭോക്താവ്‌, സുഖി, ദുഃഖി, കൃശന്‍, സ്ഥൂലന്‍, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, രോഗി, ബലവാന്‍ ഇങ്ങനെ ബഹുവിധ ധര്‍മ്മങ്ങളോടു കൂടിയതായിട്ട്‌ അറിയുന്നവന്‍ എന്തു പാപമാണ്‌ ചെയ്യാതിരിക്കുന്നത്‌? അനാത്മ വസ്തുക്കളെ ആത്മാവായി വിചാരിക്കുന്നവന്‍ സർവ്വ പാപവും ചെയ്ത ഫലമുണ്ടാകുന്നു. എന്തെന്നാല്‍ അവന്‍ ആത്മാവിനെ തന്നില്‍ നിന്ന്‌ അകറ്റുന്നവനും ചോരനും ആകുന്നു. ദേഹ വിഷയാദികളില്‍ ആത്മാവ്‌ എന്ന ഭാവന ഉപേക്ഷിക്കണം.

ആത്മാവല്ലാത്ത ദേഹത്തിന്റെ ധര്‍മ്മങ്ങളെ കൈക്കൊള്ളാതെ ഇരിക്കുന്നവന്‍ സംസാര വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അവന്‍ അവയില്‍ നിന്ന്‌ വേര്‍പെട്ടവനാണ്‌. അശനപാനാദികള്‍ക്ക്‌ അവന്‍ കഷ്ടപ്പെടുന്നില്ല. അവന്‍ അവിദ്യാമൂലങ്ങളും ദേഹധര്‍മ്മങ്ങളും ആണെന്ന്‌ അവന്‍ അറിയുന്നു. ക്രോധഭയാദികള്‍ യോഗത്തിന് തടസ്സങ്ങളായ ഉപദ്രവങ്ങളാകുന്നു. അവന്‍ അവയെ വര്‍ജ്ജിക്കുന്നു. അവന്‍ ശിഷ്ടനും, ബ്രഹ്മനിഷ്ഠനും, ബ്രഹ്മജ്ഞനും, ക്രാന്തദര്‍ശിയും ആകുന്നു. എങ്കിലും ഒന്നും അറിവില്ലാത്ത ജഡമൂകാദികളെ പോലെ അവന്‍ സഞ്ചരിക്കുന്നു.

( ** ) ശ്വാക്കള്‍ എന്നും ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്നു; അത്‌ അനര്‍ത്ഥ ഹേതുകമായി തീരുന്നു. സ്വമാഹാത്മൃത്തെ ഘോഷണം ചെയ്തു കൊണ്ട്‌, വെളിവില്‍ സഞ്ചരിച്ച്‌ ലോകബഹുമതി നേടുന്ന യോഗികളും ഇതു പോലെ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്നവരാണ്‌. അവന്‍ സ്വവീര്യത്തെ തന്നെയാണ്‌ ഛര്‍ദ്ദിച്ചു ഭക്ഷിക്കുന്നത്‌. യോഗി ഗൂഢവൃത്തിയായി അശിഷ്ടനെ പോലെയിരിക്കണം. അവന്റെ പ്രവൃത്തി കണ്ടാല്‍ ആരും യോഗി ആണെന്ന് വിചാരിക്കുവാന്‍ ഇടയാകരുത്‌.

മാനുഷധനമായ പുത്രമിത്ര കളത്രാദിയില്‍ അസക്തന്മാരും, വേദപ്രതിപാദിതങ്ങളായ അഹിംസ, സത്യം, ദമം, ശമം, ബ്രഹ്മചര്യം മുതലായവയില്‍ സക്തന്മാരും ആയിരിക്കുന്ന ബ്രാഹ്മണര്‍ ദുര്‍ദ്ധര്‍ഷന്മാരും ഒന്നു കൊണ്ടും ഇളകാത്ത ധീരന്മാരും ആകുന്നു. അവരെ ബ്രഹ്മരൂപ ഭൂതന്മാരെന്ന്‌ അറിയണം..

** യോഗസിദ്ധികള്‍ കാണിച്ചു ജനങ്ങളെ ഭ്രമിപ്പിച്ച്‌ യോഗി അവരുടെ ബഹുമതി നേടുന്നത്‌ അതി നികൃഷ്ടമാണ്‌. ഇക്കാലത്ത്‌ യോഗികള്‍ അധികം പേരും അല്പം എന്തെങ്കിലും സിദ്ധിയോ മറ്റോ ഉണ്ടായാല്‍ ജനങ്ങളുടെ ഇടയില്‍ ചെന്ന്‌ അതു കാണിച്ച്‌ അവരുടെ ബഹുമതിയും സമ്മാനവും വാങ്ങുന്നതിന്‌ ഉത്സാഹിക്കാറുണ്ട്‌. ജനങ്ങളെ കൊണ്ട്‌ വാഴ്ത്തിക്കുന്നതിന് വേണ്ടതൊക്കെ അവര്‍ ചെയ്യുന്നു. അവരുടെ പ്രവ്യത്തി അല്പവും ശ്ലാഘ്യമല്ലെന്ന്‌ ഈ പദ്യത്തില്‍ ഉപദേശിച്ചിരിക്കുന്നു.

അഗ്നി മുതലായ എല്ലാ ദേവന്മാരേയും ഉദ്ദേശിച്ച്‌ യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരുവന്‍ ബ്രഹ്മജ്ഞനായവനോട്‌ തുല്യനല്ല. അവന്‍ സന്തോഷിപ്പിക്കുന്ന വിശിഷ്ടനായ ദേവന്‍ കൂടി യോഗിയോട്‌ തുല്യനല്ല.. പിന്നെ യജമാനാദികള്‍ എങ്ങനെ തുല്യന്മാരാകും? ഒരു കാലത്തും ആകുകയില്ല.

മൗനത്തോടു കൂടിയവനും ഗൂഢചാരിയും സ്വമഹിമാവില്‍ സ്ഥിതിചെയ്യുന്നവനും ആയ യോഗി ( ബ്രഹ്മജ്ഞന്‍ ) അവന്റെ സ്ഥിതി സൂക്ഷ്മമായി അറിഞ്ഞ വിദ്വാന്മാര്‍ മാനിക്കുന്നതായാല്‍ അതില്‍ അഭിമാനം വിചാരിക്കരുത്‌. അജ്ഞന്മാര്‍ ജഡാദികളെ പോലെ സഞ്ചരിക്കുന്ന അവനെ അപമാനിച്ചാല്‍ അതില്‍ അവന്‍ വിഷാദിക്കുകയും അരുത്‌.

കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്‌ ലോകസ്വഭാവം ആകുന്നുവല്ലൊ. അതു പോലെ വിദ്വാന്മാര്‍ ബ്രഹ്മജ്ഞന്മാരെ ബഹുമാനിക്കുന്നതും ലോകസ്വഭാവം തന്നെയാണ്‌. തന്റെ യോഗ്യയത കൊണ്ടല്ല, വിദ്വാന്മാര്‍ തന്നെ ബഹുമാനിക്കുന്നത്‌ എന്ന് യോഗി വിചാരിക്കണം. അല്ലാതെ താന്‍ മാന്യനായല്ലോ എന്ന് അഭിമാനം കൊള്ളരുത്‌.

ധര്‍മ്മസ്വഭാവം അറിയാത്തവരും അവിവേകത്തോടു കൂടിയവരും ശാസ്ത്രം പഠിക്കാത്തവരുമായ. ജനങ്ങള്‍ മാന്യന്മാരെ മാനിക്കുന്നില്ല. അത്‌ അവരുടെ സ്വഭാവമാണ്‌. അജ്ഞന്മാര്‍ അവമാനിക്കുമ്പോള്‍ ബ്രഹ്മജ്ഞന്‍ അങ്ങനെ വിചാരിക്കണം. അല്ലാതെ വിഷാദിക്കരുത്‌ ( അത്തരക്കാര്‍ മാനിച്ചെങ്കില്‍ അതാണ്‌ അത്ഭുതം ).

മാനവും മൗനവും എപ്പോഴും ഒരിടത്ത്‌ ഒരുമിച്ചിരിക്കുകയില്ല. പ്രത്യക്ഷമായി കാണുന്ന ഈ ലോകം ( പ്രപഞ്ചം ) മാനത്തിനും പരലോക മൗനത്തിനും വിഷയമാകുന്നു. മാനം സംസാരപ്രാപ്തിക്കും മൗനം ബ്രഹ്മപദസിദ്ധിക്കും ഹേതുവാകുന്നു.

മാനത്തോടും അര്‍ത്ഥത്തോടും കൂടിയുള്ള സംവാസം നിമിത്തം ശ്രീ ( സമ്പത്ത്‌ ) ശ്രേയസ്സിന് പ്രതികൂലമാകുന്നു. ലോകത്തില്‍ ഇരുന്ന്‌ സ്വര്‍ഗ്ഗം, പശു, അന്നം മുതലായവയ്ക്കു വേണ്ടി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവന് സമ്പത്ത്‌ ഉണ്ടാകും. അത്‌ മുക്തി മാര്‍ഗ്ഗത്തിന് തടസ്സമാകുന്നു. ഇപ്രകാരമുള്ള "ശ്രീ"ക്ക്‌ വശംവദനായി തീര്‍ന്ന്‌ ആര് വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവോ അവന്‍ മൂഢനാകുന്നു. ബുദ്ധിശൂന്യനായ അവന് ബ്രഹ്മാനന്ദ രൂപിണിയായ ശ്രീ അത്യന്തം ദുര്‍ല്ലഭമാകുന്നു. രാജാവേ, അത്‌ കേള്‍ക്കുവാന്‍ കൂടി അവന് ലഭിക്കുകയില്ല.

ബഹുപ്രകാരങ്ങളും, പ്രയാസപ്പെട്ടു മാത്രം ആചരിക്കാവുന്നവയും, ആ ബ്രഹ്മലക്ഷ്മി പ്രവേശിക്കുന്നതിന് ഉള്ള ദ്വാരങ്ങള്‍ എന്ന് സത്തുകള്‍ വഴി പോലെ പറയുന്ന സത്യം, ആര്‍ജ്ജവം, ലജ്ജ, ദമം, ശൗചം, വിദ്യ എന്നിവ ആറും മാനത്തേയും മോഹത്തേയും തടയുന്നവയാണ്‌. ജീവികള്‍ക്കു ഹിതവും യഥാര്‍ത്ഥ ഭാഷണവുമായത്‌ സത്യം. നേരെയുള്ളത്‌ ( വളവില്ലാത്തത്‌ ) ആര്‍ജ്ജവം. അധര്‍മ്മം ചെയ്യുന്നതിനുള്ള സങ്കോചം ഹ്രീ. ഹൃദയത്തിന്റെ അടക്കം ദമം. ബാഹ്യേന്ദ്രിയങ്ങളുടെ അടക്കമാണ്‌ ദമമെന്നു ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. മലിനതയകറ്റുന്നത്‌ ശൗചം. വിദ്യ ബ്രഹ്മവിദ്യ. ഇവയുള്ളവന് മാനവും മോഹവും സംഭവിക്കുകയില്ല.

43. സനത്സുജാതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു; അല്ലയോ ബ്രഹ്മജ്ഞനായ മുനേ! മൗനത്തിന്റെ പ്രയോജനംഎന്ത്‌? ലോകപ്രസിദ്ധമായ വാക് നിയന്ത്രണമോ, മിണ്ടാതെയിരിക്കുന്നതോ അതോ സ്വസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നതോ? ഏതാണ്‌ മൗനം? മൗനത്തിന്റെ ലക്ഷണം എന്താണ്‌? മനനം കൊണ്ട്‌ വിദ്വാന് ബ്രഹ്മപദം ലഭിക്കുമോ? മാനത്തെ ആചരിക്കേണ്ടത് എങ്ങനെ?

സനത്സുജാതന്‍ പറഞ്ഞു: രാജാവേ! വേദങ്ങള്‍ക്കും മനസ്സിനും ഈ പരമാത്മാവ്‌ അഗോചരമാകുന്നു. വാക്കു കൊണ്ടു വിവരിക്കുന്നതിനും മനസ്സു കൊണ്ടു സങ്കല്പിക്കുന്നതിനും കഴിയാത്തതാണ്‌ അത്‌. അതിനാല്‍ പരമാത്മാവിനെ മൗനം എന്നു പറയുന്നു. യാതൊന്ന്‌ കാരണമായി വേദശ ബ്ദമുണ്ടായി, അതായത്‌ യാതൊന്നിനെ കുറിക്കുന്നതിന് വേദം ഉപയോഗിക്കുന്നു, ജ്യോതിസ്സ്റരൂപമായിരിക്കുന്നതാണ്‌ ആത്മാവ്‌. ശ്രുതിസ്മൃതിപുരാണങ്ങളില്‍ ആത്മാവിനെ അങ്ങനെ ജ്യോതിസ്വരൂപമായിട്ടാണ്‌ പറയുന്നത്‌, അതിനെ അനുഭവം കൊണ്ടു തന്നെ അറിയണം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഋഗ്വാദി വേദങ്ങള്‍ പഠിക്കുന്ന ബ്രാഹ്മണന്‌ പാപകര്‍മ്മം കൊണ്ട്‌ പാപസംബന്ധം ഉണ്ടാകുമോ? അതോ ഉണ്ടാകയില്ലയോ? വേദാദ്ധ്യയനം പാപനാശകരമോ എന്നറിയണം.

സനത്സുജാതന്‍ പറഞ്ഞു; പാപങ്ങള്‍ ചെയ്തു കൊണ്ട്‌ വേദങ്ങള്‍ പഠിക്കുന്ന അസമര്‍ത്ഥനായ ഇവനെ ഋഗ്വേദമോ, യജുര്‍വ്വേദമോ, സാമവേദമോ പാപത്തില്‍ നിന്നു രക്ഷിക്കുകയില്ല.

ഋക്ക്‌ തുടങ്ങിയ വേദങ്ങള്‍ പാപശീലനും, വഞ്ചകനും (ധര്‍മ്മനിഷ്ഠനെന്നു നടിക്കുന്നവന്‍), കളവായി പ്രവര്‍ത്തിക്കുന്നവനുമായ ഇവനെ സംസാര സമുദ്രത്തില്‍ നിന്നു കരകയറ്റി രക്ഷിക്കയില്ല. ചിറകു മുളച്ചു വളര്‍ന്ന പക്ഷികള്‍ തങ്ങള്‍ക്കാശ്രയമായ കൂടിനെയെന്ന പോലെ വേദങ്ങള്‍ അവനെ അവസാന കാലത്തു വിട്ടു പിരിയുന്നു. അവ കൊണ്ട്‌ മൗനഭാവത്തില്‍ അവന് ഐഹികമോ പാരത്രികമോ ആയ യാതൊരു ശ്രേയസ്സും ലഭിക്കുന്നില്ല.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ ബ്രഹ്മജ്ഞനായ മുനേ! വേദങ്ങള്‍ക്കു വേദജ്ഞനായവനെ സംസാരത്തില്‍ നിന്നു രക്ഷിക്കുന്നതിന് സാമര്‍ത്ഥ്യം ഇല്ലെങ്കില്‍ ബ്രാഹ്മണര്‍ അനാദി കാലം മുതൽക്കു വേദപാഠം, അര്‍ത്ഥവിചാരം എന്നിവ ചെയ്യുന്നതു കൊണ്ട്‌ എന്താണു പ്രയോജനമുള്ളത്‌? അവ അനർത്ഥ ഹേതു ആകയാല്‍ ചെയ്യേണ്ടതില്ലല്ലോ?

സനത്സുജാതന്‍ പറഞ്ഞു; അല്ലയോ മഹാനുഭാവനായ രാജാവേ, ജഗത്ത്‌ ആ പരമാത്മാവിന്റെ നാമരൂപാദി ഭേദങ്ങളോടു കൂടി കാണപ്പെടുന്നതാണ്‌. പരമേശ്വരന്‍ മായയെ ആശ്രയിച്ചു നാനാപ്രകാരങ്ങളായ നാമങ്ങളേയും രൂപങ്ങളേയും കൈക്കൊള്ളുന്നു എന്നു നിര്‍ദ്ദേശിച്ച്‌ ബ്രഹ്മം, നിത്യവും സര്‍വ്വോല്‍കൃഷ്ടവുമെന്ന്‌ ആ വേദങ്ങള്‍ പറയുന്നു. അത്‌ ജഗത്തിന്റെ മൂര്‍ത്തരൂപത്തിന് വിപരീതമായ സ്വരൂപത്തോടു കൂടിയതെന്നു പറയപ്പെടുന്നു.

കൃച്ഛ്റ ചാന്ദ്രായണാദി തപസ്സുകള്‍ ജ്യോതിഷ്ടോമാദി യാഗങ്ങള്‍ എന്നിവ ഈശ്വരാര്‍പ്പണ ബുദ്ധിയോടു കൂടി ചെയ്യുന്ന വിദ്വാന്‌ പുണ്യം സംഭവിക്കുന്നു. പുണ്യം കൊണ്ടു പാപം നശിക്കും. പിന്നീട്‌ അവന്‍ ജ്ഞാനം നിമിത്തം സച്ചിദാനന്ദ ബ്രഹ്മരൂപനായി പ്രകാശിക്കുന്നു. തപോയാഗാദികള്‍ ബ്രഹ്മപ്രാപ്തിക്കു വേണ്ടിയാണ്‌ വിധിച്ചിരിക്കുന്നത്‌.

ബ്രഹ്മജ്ഞനായിരിക്കുന്നവന് ജ്ഞാനം കൊണ്ട്‌ ആത്മപ്രാപ്തിയുണ്ടാകുന്നു. അല്ലെങ്കില്‍ ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതു കൊണ്ട്‌ അവന്റെ പാപം നശിക്കും. എന്നാൽ അവന്‍ ജ്ഞാനിയാകയില്ല. സ്വര്‍ഗ്ഗാദിസുഖം ആഗ്രഹിച്ച്‌ ഈ ലോകത്തില്‍ ചെയ്യുന്ന യാഗാദി കര്‍മ്മങ്ങളുടെ ഫലം പരലോകത്തില്‍ അനുഭവിക്കുന്നു. പിന്നീട്‌ കര്‍മ്മം ശോഷിക്കുന്നതു കൊണ്ട്‌ വീണ്ടും സംസാര മാര്‍ഗ്സത്തില്‍ പ്രവേശിക്കുന്നതിന്‌ ഇടയാകുന്നു.

ഈ ലോകത്തില്‍ ചെയ്യുന്ന തപസ്സിന്റെ ഫലം പരലോകത്തില്‍ അനുഭവിക്കുന്നു. ഇക്കാര്യത്തില്‍ വിദ്വാന്മാരുടേയും അവിദ്വാന്മാരുടേയും സ്ഥിതി സമമാണ്‌. വ്യത്യാസമുള്ളത്‌ ഒരു കാര്യത്തിലാകുന്നു. ബ്രഹ്മജ്ഞന്മാര്‍ സമൃദ്ധമായി ( ധാരാളം, വേണ്ടുന്നതിലധികം ) തപസ്സുചെയ്യും. അവര്‍ക്ക്‌ അധികം ഫലവും കിട്ടുന്നു. ആവശ്യമുള്ളിടത്തോളം മാത്രമേ സംസാരികള്‍ തപസ്സു ചെയ്യുകയുള്ളൂ. അവര്‍ക്കു തപസ്സ്‌ കുറവും കര്‍മ്മഫലം അനുഭവിക്കേണ്ടത്‌ അധികവും ആയിരിക്കും.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ സനത്സുജാതാ, തപസ്സ് എങ്ങനെയാണ്‌ വിദ്വാന് സമൃദ്ധവും അവിദ്വാന് ഋദ്ധവും ആയി തീരുന്നത്‌? അതെങ്ങനെ ഞങ്ങള്‍ അറിയും? അങ്ങ്‌ പറഞ്ഞാലും.

സനത്സുജാതന്‍ പറഞ്ഞു; നിഷ്കന്മഷമായ ഈ തപസ്സിനെ കേവലം എന്നു പറയുന്നു. ഈ പ്രപഞ്ചത്തിനെല്ലാം കാരണമായത്‌ കേവലം എന്ന് അര്‍ത്ഥം.

( ** ) കേവലമായിരിക്കുന്ന തപസ്സ്‌ സമൃദ്ധവും ഋദ്ധവുമായി ഭവിക്കുന്നു. തപസ്സ്‌ സകല്മഷ മാണെങ്കില്‍ സമൃദ്ധമായാലും ഋദ്ധമായി തീരും.

** സകാമമെങ്കിലും ശ്രദ്ധാദിയോടു കൂടിയ തപസ്സ് സമൃദ്ധം. ദംഭാദി നിമിത്തം ചെയ്യുന്നതെങ്കില്‍ അത്‌ ഋദ്ധം.

അല്ലയോ രാജാവേ? അങ്ങ്‌ എന്നോടു ചോദിച്ചതിനെല്ലാം അടിസ്ഥാനം തപസ്സാകുന്നു. വേദജ്ഞന്മാരായവര്‍ തപസ്സു കൊണ്ട്‌ പരലോകത്തില്‍ അമൃതത്തെ ( മോക്ഷത്തെ ) പ്രാപിക്കുന്നു. സര്‍വ്വ സുഖവും തപസ്സു കൊണ്ടു പ്രാപിക്കാവുന്നതാണ്‌.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നിഷ്കല്മഷമായിരിക്കുന്ന തപസ്സ്‌ കേവലം എന്ന് അങ്ങ്‌ പറഞ്ഞതു ഞാന്‍ കേട്ടു. അതാണല്ലോ ഗൂഢമായിരിക്കുന്ന സനാതന ബ്രഹ്മത്തെ അറിയിക്കുന്നത്‌. സനത്സുജാത മുനേ! ഇനിയങ്ങ്‌ തപസ്സിന്റെ കല്മഷത്തെ കു റിച്ചു പറഞ്ഞു തരണം.

സനത്സുജാതന്‍ പറഞ്ഞു: രാജാവേ! ക്രോധാദികള്‍ പന്ത്രണ്ടും തപസ്സിന്റെ ദോഷങ്ങളാകുന്നു. അവ തന്നെ കല്മഷങ്ങള്‍. അതു പോലെ ഏഴ്‌ നൃശംസങ്ങളും തപസ്സിന്റെ ദോഷങ്ങളാകുന്നു. വേദശാസ്ത്രങ്ങളില്‍ വിസ്തരിച്ചു പറഞ്ഞിരിക്കുന്ന ജ്ഞാനം മുതലായ പന്ത്രണ്ടും ഗുണങ്ങളാകുന്നു. ബ്രഹ്മജ്ഞന്മാര്‍ക്ക്‌ അവയെപ്പറ്റി അറിവുണ്ട്‌. അവയെ കുറിച്ച്‌ വിസ്തരിച്ചു പറയാം, കേട്ടാലും.

ക്രോധം, കാമം, ലോഭം, മോഹം, വിവിത്സ, കൃപയില്ലായ്ക, അസൂയ, മാനം, ദുഃഖം, ആഗ്രഹം, ഈര്‍ഷ്യ, ജുഗുപ്സ എന്നിവ പന്ത്രണ്ടും മഹാഗുണവാനായിരിക്കുന്നവന്‍ ഉപേക്ഷിക്കണം. ആഗ്രഹത്തിന്ന്‌ തടസ്സമുണ്ടാകുമ്പോള്‍ മനസ്സിലുണ്ടാകുന്നതും, അടിക്കുക മുതലായവയ്ക്കു പ്രേരിപ്പിക്കുന്നതുമായ മനോവികാരമാണ്‌ ക്രോധം. ലോഭം, തന്റെ മുതല്‌ അനൃന് കൊടുക്കാതെ ഇരിക്കുന്നതും. അന്യന്റെ ധനം വേണം എന്ന്‌ ആഗ്രഹിക്കുന്നതും, സ്ത്രീ മുതലായ വിഷയങ്ങളില്‍ ആഗ്രഹം കാമം. വിഷയ സുഖങ്ങള്‍ അറിയുവാൻ ആഗ്രഹിക്കുന്നത്‌ വിവിത്സാ ഗുണങ്ങളില്‍ ദോഷം ആരോപിക്കുന്നത്‌ അസൂയ. തന്റെ യോഗ്യതയെ കുറിച്ച്‌ അഭിമാനിക്കുന്നത്‌ മാനം. ഭോഗങ്ങളില്‍ ഇച്ഛയുണ്ടാകുന്നത്‌ സ്പൃഹ. അന്യന് ഐശ്വര്യം ഉണ്ടാകുന്നത്‌ സഹിക്കുവാന്‍ പാടില്ലായ്ക ഈര്‍ഷ്യ. പരഗുണങ്ങളെ മറയ്ക്കുവാനുള്ള ആഗ്രഹം ജുഗുപ്സ. ഇവയാണ്‌ തപസ്സിന്റെ കല്മഷങ്ങള്‍.

വേടന്‍ തരം നോക്കി മൃഗങ്ങളെ വധിക്കുന്നു. അല്ലയോ രാജാവേ! അതു പോലെ ഈ ദോഷം ഓരോനും മനുഷ്യനില്‍ കടന്ന്‌ അവനെ നശിപ്പിക്കുന്നു. ഓരോ ദോഷവും നാശകാരണമാകുന്നു. ഇവയില്‍ ഓരോന്നിനും മനുഷ്യനെ നശിപ്പിക്കുവാന്‍ ശക്തിയുണ്ട്‌. പിന്നെ ഇവയില്‍ പലതും ചേര്‍ന്നാല്‍ പറയണമോ?

കാട്ടില്‍ സഞ്ചരിക്കുന്നവനെ തരം നോക്കി സിംഹം ചെന്നായ്‌ മുതലായ മൃഗങ്ങള്‍ പിടികൂടി തിന്നുന്നു. അതു പോലെ ക്രോധാദി ദോഷങ്ങള്‍ അവസരം നോക്കി നിന്ന്‌ മനുഷ്യനെ പിടിച്ചു നശിപ്പിക്കുന്നു. ജഞാനി, ക്രോധാദികള്‍ക്ക്‌ തന്നില്‍ പ്രവേശിക്കുവാന്‍ ഇടകൊടുക്കരുത്‌.

ഏഴു വിധം നൃശംസന്മാരെക്കുറിച്ച്‌ പറയാം. വിഷയ സുഖത്തില്‍ ആസക്തിയുള്ളവന്‍, പ്രാണികളെ ദ്രോഹിച്ച്‌ അഭിവൃദ്ധി നേടുന്നവന്‍, ദാനം ചെയ്തിട്ട്‌ പിന്നെ സങ്കടപ്പെടുന്നവന്‍, അല്പം വല്ലതും ലാഭിക്കുന്നതിന് വേണ്ടി അവമാനാദികള്‍ സഹിക്കുന്നവന്‍, ജ്ഞാനമില്ലാത്തവന്‍, ഇന്ദ്രിയ സുഖങ്ങളെ ശ്ലാഘിക്കുന്നവന്‍, അശരണയായ ഭാര്യയെ ദ്രോഹിക്കുന്നവന്‍ എന്നിവര്‍ ഏഴുപേരും നൃശംസന്മാരാണ്‌.

ജ്ഞാനം, സത്യം, ദമം, ശ്രുതം, മാത്സര്യമില്ലായ്ക, ലജ്ജ, തിതിക്ഷ, അസൂയയില്ലായ്ക, യാഗം, ദാനം, ധൃതി, ശമം എന്നിവ ബ്രഹ്മജ്ഞാനിക്ക്‌ ഉണ്ടായിരിക്കേണ്ട മഹാവ്രതങ്ങളാണ്‌. ആത്മതത്വം അറിയുന്നതാണ്‌ ജ്ഞാനം.

ഈ പന്ത്രണ്ടു ഗുണങ്ങളോട്‌ വേര്‍പെടാതെ ഇരിക്കുന്നവൻ ആരോ അവന്‍ ലോകം മുഴുവനും തന്റെ അധീനത്തില്‍ നിര്‍ത്തും. മൂന്നോ, രണ്ടോ, ഒന്നോ ഗുണങ്ങളെ വിട്ട്‌ മറ്റുള്ളവയോടു കൂടിയവനാണ്‌ ഒരുവന്‍ എങ്കിലും അവന്‍ ക്രമേണ വിശിഷ്ടനായ ജ്ഞാനിയായി തീര്‍ന്ന്‌ ബ്രഹ്മപദം പ്രാപിക്കുന്നു.

ദമത്തിന് പതിനെട്ടു ദോഷങ്ങളുണ്ട്‌. അവ പറയുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നു ചെയ്താല്‍ അത്‌ ദമത്തിന് എതിരായി തീരും. അനൃതം (കളവു പറയുക), പൈശുനം (അന്യന്റെ ദോഷം പറയുക), തൃഷ്ണ ( വിഷയാഗ്രഹം ), പ്രാതികൂല്യം (വേണ്ടതിന്‌ വിപരീതമായി ചെയ്യുന്നത്‌), തമസ്സ്‌ (അജ്ഞാനം), രതി ( സ്ത്രീഭോഗത്തിലാഗ്രഹം ), ലോകദോഷ ( ജനങ്ങള്‍ക്ക്‌ ഉദ്വേഗകരമായി പ്രവര്‍ത്തിക്കുന്നത്‌ ), അഭിമാനം ( താന്‍ യോഗ്യനെന്നു വിചാരിക്കുക ), വിവാദം ( കലഹം ഉണ്ടാക്കുക ), പ്രാണിപീഡനം ( ജീവികളെ വധിക്കുക, ഉപദ്രവിക്കുക ), പരിവാദം ( അന്യനെ കുറിച്ച്‌ അപവാദം പറയുക ), അതിവാദം ( അര്‍ത്ഥമില്ലാതെ അധികം പറയുക ), പരിതാപം ( വെറുതെ സങ്കടപ്പെടുക), അക്ഷമ, അധൃതി ( ഇന്ദ്രിയങ്ങളുടെ ചാപല്യം ), അസിദ്ധി ( ജഞാന വൈരാഗ്യാദി ഗുണങ്ങള്‍ കിട്ടാതെയിരിക്കുക ), ഹിംസ ( അധര്‍മ്മമായി ജീവികളെ പീഡിപ്പിക്കുക ), പാപകൃത്യം ( നിഷിദ്ധകര്‍മ്മം ചെയ്യുക ) ഇവയാണ്‌ ദമത്തിന്റെ പതിനെട്ടു ദോഷങ്ങള്‍. ഇവയോടു വേര്‍പെട്ടിരിക്കാതെ ദമഗുണം ഉണ്ടാവുകയില്ല.

മുമ്പ്‌ അനൃതം മുതല്‍ ഹിംസ വരെ പതിനെട്ടു ദോഷങ്ങള്‍ ദമത്തിന്‌ ഉണ്ടെന്നു പറഞ്ഞുവല്ലോ. അവയ്ക്കു നേരെ വിപരീതങ്ങളായ പതിനെട്ടു ഗുണങ്ങള്‍ മദത്തെ നശിപ്പിക്കുന്നു. അനൃതത്തിനു വിപരീതം സത്യം. ചൈശുനത്തിന്‌ അപൈശുനം. എന്നിങ്ങനെ ദോഷങ്ങള്‍ക്ക്‌ എതിരായി ഗുണങ്ങളെ കണ്ടു കൊള്ളുക.

ആറു വിധം ത്യാഗവും ശ്രേയസ്കരമാണ്‌. അവയില്‍ മൂന്നാമത്തേതു ചെയ്യുന്നതിന്‌ വളരെ പ്രയാസമുണ്ട്‌. അത്‌ ചെയ്യുന്നതു കൊണ്ട്‌ ആദ്ധ്യാത്മികം, ആധിദൈവികം, ആധിഭൗതികം എന്നീ മൂന്നു വിധം ദുഃഖവും നശിക്കുന്നു. അതു ചെയ്യുന്നവന്‍ എല്ലാ കാര്യത്തിലും വിജയം ലഭിക്കുന്നതാണ്‌.

ആറു വിധം ത്യാഗങ്ങളെ കുറിച്ചു പറയാം. യോഗ്യനായവന് പുത്രനേയും ധനത്തേയും കൊടുക്കുന്നത്‌ ഒന്നാമത്തേത്‌.

ഇഷ്ടവും പൂര്‍ത്തവും രണ്ടാമത്തേത്‌. ശ്രൗതകര്‍മ്മങ്ങളില്‍ ചെയ്യുന്ന ദാനം ഇഷ്ടം. പൂര്‍ത്തം സ്മാര്‍ത്ത കര്‍മ്മങ്ങളില്‍ ചെയ്യുന്നത്‌. ദേവന്മാര്‍ക്കു കൊടുക്കുന്നത്‌ ഇഷ്ടം എന്നും പിതൃക്കൾക്ക് കൊടുക്കുന്നത്‌ പൂര്‍ത്തം എന്നും പറയുന്നു. കാമവും ത്യാഗവും മൂന്നാമത്തേത്‌. അത്‌ സത്വോത്കര്‍ഷം സിദ്ധിച്ചിരിക്കുന്നവര്‍ക്കു വിരക്തി കൊണ്ട്‌ ഉണ്ടാകുന്നു. ഇപ്രകാരം ഈ രണ്ടെണ്ണം ചേര്‍ത്താണ്‌ ത്യാഗത്തെ ആറായി പറഞ്ഞിരിക്കുന്നത്‌. ഇവയില്‍ മൂന്നാമത്തേതായ കാമവും ത്യാഗവും ( വിരക്തി വന്ന് സ്ത്രീവിഷയത്തേയും ധനത്തേയും തൃജിക്കുന്നത്‌ ) ആണ്‌ ദുഷ്കരം എന്നു പറഞ്ഞത്‌. ഈ ആറു വിധം ത്യാഗങ്ങളോടു കൂടിയവനു പ്രമാദം ഉണ്ടാവുകയില്ല. അവന്‍ അപ്രമാദിയായിരിക്കും! അപ്രമാദത്തിന്‌ എട്ടു ഗുണങ്ങളുണ്ട്‌.

അപ്രമാദത്തിന്റെ എട്ടു ഗുണങ്ങളെ പറയാം. സത്യം, ധ്യാനം (മനസ്സ്‌ ശുഭവസ്തുവിനെ ലക്ഷ്യമാക്കി അവിച്ഛിന്നമായി വിചാരിക്കുന്നത്‌), സമാധാനം (ആത്മശാന്തിയോടു കൂടി ഇരിക്കുന്നത്‌), ചോദ്യം (ഞാനാരെന്നു ചോദിക്കുന്നത്‌).

ഇപ്രകാരം ഇവിടെപ്പറഞ്ഞ ദമത്തിന്റെ ദോഷങ്ങളെ വര്‍ജ്ജിക്കണം. എന്നാൽ പ്രമാദം ഉണ്ടാവുകയില്ല. ഈ ദോഷങ്ങളുടെ വർജ്ജനമാണ്‌ അപ്രമാദം. അതിന്‌ എട്ടു ഗുണങ്ങളുണ്ട്‌.

സത്യത്തെ ശ്ലാഘിക്കുന്നു. അല്ലയോ രാജശ്രേഷ്ഠാ! അങ്ങ്‌ സത്യാത്മാവായി ഭവിച്ചാലും. ലോകങ്ങള്‍ സതൃത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. സത്യം നശിച്ചാല്‍ ലോകങ്ങളുടെ അടിസ്ഥാനം ഇളകും. അവ സത്യപ്രധാനങ്ങളാകുന്നു. മോക്ഷം സത്യത്തില്‍ സ്ഥിതി ചെയുന്നു. സത്യത്തില്‍ നിലകൊള്ളുന്ന ആത്മാവിനോട്‌ (മനസ്സിനോട്‌) കൂടിയവനാണ്‌ സത്യാത്മാവ്‌.

മുമ്പു പറഞ്ഞ ക്രോധാദികളായ ദോഷങ്ങളെ അകറ്റിയിട്ട്‌ (നശിപ്പിച്ചു) തപോനിഷ്ഠ ആചരിക്കണം. പ്രസ്തുത ദോഷങ്ങളില്‍ നിന്നു നിവൃത്തി നേടിയിരിക്കുന്നവനാണ്‌ തപസ്സിന്‌ അധികാരി. സത്യം തന്നെ സജ്ജനങ്ങളുടെ ഉല്‍കൃഷ്ടമായ വ്രതം. അത്‌ ഈശ്വരന്‍ നിശ്ചയിച്ചിരിക്കുന്ന കാര്യമാണ്‌.

മുമ്പു പറഞ്ഞ ക്രോധാദികളില്‍ നിന്നു വേര്‍പെട്ടതും ജ്ഞാനാദികളായ ഗുണങ്ങളോടു കൂടിയതുമായ (കേവല) തപസ്സ്‌ സമൃദ്ധമായി ഭവിക്കുന്നു.

അല്ലയോ വിശിഷ്ടനായ രാജാവേ! അങ്ങു എന്നോട്‌ ചോദിച്ചത്‌ ഏതാണോ അതിന്‌ ഞാന്‍ ചുരുക്കത്തില്‍ സമാധാനം പറയാം. നിഷ്‌കാമമായി ചെയ്യുന്ന തപസ്സ്‌ എല്ലാ പാപങ്ങളേയും നശിപ്പിക്കും. ജനനം, മരണം ജര എന്നിവയേയും അത്‌ ഇല്ലാതെയാക്കും.

എങ്ങനെയായാല്‍ പാപം നശിച്ച്‌ സുഖം ഉണ്ടാകുമെന്നു പറയാം. അഞ്ച്‌ ഇന്ദ്രിയങ്ങളില്‍ നിന്നും (അവയുടെ വികാരങ്ങളില്‍ നിന്ന്‌) മനസ്സില്‍ നിന്നും (മനസ്സിന്റെ വ്യാപാരങ്ങളില്‍ നിന്ന്‌) കഴിഞ്ഞവയും വരുവാന്‍ പോകുന്നവയുമായ കാര്യങ്ങളില്‍ നിന്നും വേര്‍പെട്ടിരിക്കുന്നവന് സുഖം ഉണ്ടാകുന്നു. കഴിഞ്ഞു പോയവയും വരുവാനുള്ളവയുമായ കാര്യങ്ങളോര്‍ത്ത്‌ സന്തോഷിക്കുകയും ദുഃഖിക്കുകയും അരുത്‌. അങ്ങനെയുള്ളവന്‍ സുഖിയാകും.

ധൃതരാഷ്രടന്‍ പറഞ്ഞു: ചില ജനങ്ങള്‍ പുരാണങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ അഞ്ചു വേദങ്ങള്‍ പഠിക്കുന്നു. അവര്‍ അധികം മാനിക്കപ്പെടുന്നു. ഇതിഹാസ പുരാണം "പഞ്ചമോ വേദ" എന്ന് ശ്രുതിയുണ്ട്‌. ചിലര്‍ നാലും ചിലര്‍ മൂന്നും വേദങ്ങള്‍ പഠിക്കുന്നു. പഞ്ചവേദി, ചതുര്‍വ്വേദി, ത്രിവേദി എന്നൊക്കെ അവര്‍ക്ക്‌ പേരുകളുമുണ്ട്‌.

ചിലര്‍ രണ്ടു വേദങ്ങള്‍ ഉള്ളവരായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നേ ഉണ്ടായിരിക്കുകയുള്ളു. മറ്റു ചിലര്‍ വേദങ്ങളെ ഉപേക്ഷിച്ചിരിക്കുന്നവരാണ്‌. ഇവരില്‍ ആര്‍ക്കാണ്‌ അധികം ശ്ലാഘ്യത? ആരാണ്‌ ബ്രഹ്മജ്ഞന്‍, പറഞ്ഞു തന്നാലും.

സനത്സുജാതന്‍ പറഞ്ഞു: ഏകവും സച്ചിദാനന്ദമയവും ആയ ബ്രഹ്മത്തെക്കുറിച്ച്‌ അറിവില്ലാത്തതു കൊണ്ട്‌ അതിനെ അറിയുന്നതിനാണ്‌ ആ ഋക്ക്‌ മുതലായ വേദങ്ങള്‍ പലതായി ഉത്ഭവിച്ചത്‌. അല്ലയോ രാജാവേ, അനേകം പേരില്‍ ഒരുവന്‍ മാത്രമേ സത്യത്തില്‍ അടിയുറച്ച്‌ നിൽക്കുന്നുള്ളൂ. വേദങ്ങളുടെ എല്ലാം പരമമായ ലക്ഷ്യം ബ്രഹ്മത്തെ അറിയിക്കുകയാകുന്നു.

സത്യലക്ഷണമായ ബ്രഹ്മത്തില്‍ നിന്ന്‌ ഭ്രംശിച്ചു പോയവന് സങ്കല്പങ്ങള്‍ അര്‍ത്ഥശൂന്യങ്ങൾ ആയിത്തീരുന്നു. സ്വാഭാവികമായ സത്യസങ്കല്പം (പരമാനന്ദം) അവന് സിദ്ധിക്കുന്നില്ല. അപ്പോള്‍ അവന്‍ ക്ഷുദ്രസുഖങ്ങളാശിച്ച്‌ ശാശ്വതഫലങ്ങളെ തരുന്ന യാഗാദികര്‍മ്മങ്ങളെ അധികമായി ചെയ്യുന്നു. സത്യമായ ബ്രഹ്മത്തെപ്പറ്റി ശരിയായി അറിയായ്ക കൊണ്ടാണ്‌ ഇപ്രകാരം സംഭവിക്കുന്നത്‌. പരമാത്മാവും ആത്മാവും ഒന്നെന്ന്‌ അറിയാത്തവന്‍ ആദ്ധ്യാത്മികാദി ദുഃഖത്രയത്തിന് അടിപെട്ട്‌, മത്സ്യാദികളാല്‍ എന്ന പോലെ, രാഗാദികളാല്‍ അങ്ങുമിങ്ങും ആകര്‍ഷിക്കപ്പെട്ട്‌ മൂഢനായി നശിക്കുന്നു. വിത്താദി ത്യാജ്യ വസ്തുക്കളില്‍ അവന്‍ ഭ്രമിക്കുന്നു.

വേദം, പുരാണം മുതലായവ അധികം പഠിച്ചിരിക്കുന്നവനെ ബഹുവാക്കെന്നു പറയണം. അവന്‍ അസംഖ്യം ശബ്ദങ്ങളറിയാം. അത്രമാത്രം അവന്‍ യഥാര്‍ത്ഥ ജ്ഞാനിയല്ല. സത്യാദി ലക്ഷണമായ ബ്രഹ്മത്തില്‍ നിന്നു തെറ്റിമാറാതെ സച്ചിദാനന്ദാത്മകൻ ആയിരിക്കുന്നവൻ ആരോ, അവനെ ബ്രഹ്മജ്ഞനെന്നു ഭവാന്‍ അറിയണം. പഠിപ്പോ, ശബ്ദപരിചയമോ അല്ല, അനുഭവജ്ഞാനമാണ്‌ ബ്രഹ്മജ്ഞനു വേണ്ടത്‌.

അല്ലയോ രാജാവേ, വേദങ്ങള്‍ ആ പരമാത്മ വസ്തുവിനെ കുറിച്ച്‌ സ്വച്ഛന്ദതയാ സ്വതന്ത്രങ്ങളായ പ്രമാണങ്ങളാകുന്നു. അതിനാല്‍ അവ പഠിച്ച്‌ അറിഞ്ഞ്‌ വേദാന്തശ്രവണ മനനാദികള്‍ കൊണ്ട്‌ വേദജ്ഞന്മാര്‍ പരമപദം പ്രാപിച്ച്‌ ഗതി നേടി. ബ്രഹ്മജ്ഞന്മാര്‍ ബന്ധത്തെ പ്രാപിച്ചില്ല.

ഋഗാദി വേദങ്ങളില്‍ ഒന്നും വാക്കുകള്‍ക്ക്‌ ആവിഷയീ ഭൂതനും, ജ്ഞാനസ്വരൂപനുമായ പരമാത്മാവിനെ അറിയുന്നില്ല. ജഡമായ വേദം കൊണ്ട്‌ ജഞാനരൂപമായ പരമാത്മാവ്‌ അറിയപ്പെടുകയില്ല. പ്രപഞ്ചത്തേയും അറിയുന്നില്ല. ജഞാനം കൊണ്ടാണല്ലോ എല്ലാം അറിയുന്നത്‌. ജഞാനമായ പരമാത്മാവിനെ അറിയുന്നവന്‍ വേദ്യമായ പ്രപഞ്ചം മുഴുവനും അറിയുന്നു. ആത്മാവിനെ കുറിച്ചു കാണുകയും, ശ്രവിക്കുകയും, വിചാരിക്കുകയും ചെയ്യുന്നതു കൊണ്ട്‌ എല്ലാം അറിയുവാന്‍ കഴിയും. ബാഹ്യപ്രപഞ്ചത്തെ അറിയുന്നവന്‍ സത്യമായ ബ്രഹ്മത്തെ അറിയുന്നില്ല. ഒന്നിനെ (ബ്രഹ്മത്തെ) അറിയുന്നവന്‍ സര്‍വ്വത്തേയും അറിയുന്നു.

ഋഗാദിവേദങ്ങളെ അറിയുന്നവനും ആത്മജ്ഞാനമില്ലാത്തവനുമായ ഒരുവന്‍ വേദജ്ഞാനത്തെ ആശ്രയിച്ച്‌ പ്രപഞ്ചത്തെ അറിയുന്നു. വേദങ്ങളും, അവ പഠിച്ചിരിക്കുന്നവരും ആ പരമാത്മാവിനെ അറിയുന്നില്ല. അത്‌ വാക്കുകള്‍ക്കു വിഷയമല്ല. അതാണു കാരണം; വേദങ്ങള്‍ക്കും അതു വിഷയമല്ല. ജ്ഞാനികള്‍ വളരെ ക്ലേശിച്ച്‌ ലക്ഷണം കൊണ്ട്‌ അതിനെ അറിയുന്നു. അങ്ങനെയാണെങ്കില്‍ ഉപനിഷത് പ്രതിപാദ്യമാണ്‌ ബ്രഹ്മമെന്നു പറയുന്നത്‌. നിരര്‍ത്ഥമല്ലേ എന്നു ശങ്കിക്കും. അതിന് സമാധാനം പറയാം. ബ്രഹ്മം വേദാദികള്‍ക്ക്‌ ഗോചരമമല്ലെങ്കിലും വേദം ബ്രഹ്മപ്രതിപാദകമെനും, വേദഗമ്യം മാത്രമാണ്‌ ബ്രഹ്മമെന്നും അറിവുണ്ടാകുമ്പോള്‍ ബ്രഹ്മജ്ഞാനത്തിന് വേദങ്ങള്‍ കാരണമാകും.

പ്രതിപദത്തിലുള്ള സൂക്ഷ്മമായ ചന്ദ്രക്കലയെ കാണാത്ത ഒരുത്തനെ ആ മരക്കൊമ്പിന്റെ ഇടത്തു ഭാഗത്താണ്‌ അല്ലെങ്കില്‍ വലത്തു ഭാഗത്താണ്‌ ചന്ദ്രന്‍ എന്നു കാണിച്ചു കൊടുക്കാറുള്ളതു പോലെ വേദങ്ങള്‍ അനശ്വരവും, പരമപുരുഷാര്‍ത്ഥ രൂപവും,, ആനന്ദമയവുമായ പരമാത്മാവിന്റെ ജഞാനത്തിന് കാരണമാകുന്നതേയുള്ളു. വാക്കുകള്‍ക്ക്‌ അവിഷയമായ ആത്മാവിനെപ്പറ്റി അവ സാക്ഷാത്തായി പ്രതിപാദിക്കുന്നില്ല. ഇപ്രകാരമാണ്‌ മുനികള്‍ പറയുന്നത്‌.

ഇപ്രകാരം വേദങ്ങള്‍ ജ്ഞാനസ്വരൂപമായ ബ്രഹ്മത്തെ പ്രതിപാദിക്കുന്നത് എങ്ങനെ എന്നറിഞ്ഞ്‌ അത്‌ അന്യന്മാര്‍ക്കു വ്യാഖ്യാനിച്ചു കൊടുക്കുന്നവനാണ്‌ സമര്‍ത്ഥനായ ബ്രാഹ്മണനെന്ന്‌ ഞാന്‍ അറിയുന്നു.

ഈ പരമാത്മാവിന്റെ ശത്രുക്കളാണ്‌ വിഷയസുഖങ്ങള്‍. അവയെ ഒരിക്കലും അന്വേഷിച്ചു പ്രാപിക്കരുത്‌. വിഷയലമ്പടത്വം വര്‍ജ്ജിക്കണം.

വിഷയങ്ങള്‍, ഇന്ദ്രിയങ്ങള്‍, ദേഹം, അഹങ്കാരം എന്നിവ യോഗിയുടെ പുറത്തും അകത്തുമുള്ള ശത്രുക്കളാണ്‌. വിഷയങ്ങളെ അന്വേഷിക്കാത്തവന്‍ ഉപനിഷദ് വാക്യങ്ങള്‍ കൊണ്ട്‌ പരമാത്മാവിനെ അറിയുന്നു. ഇന്ദ്രിയാദികളായ ശത്രുക്കള്‍ക്ക്‌ കീഴ്പ്പെടാത്തവന്‍ പരമാത്മ ദര്‍ശനം സാധിക്കുന്നു.

ആത്മാവൊഴിച്ച്‌ മറ്റുള്ളവയെല്ലാം ഉപേക്ഷിച്ച്‌ കേവലനായി ആത്മാവിനെ മാത്രം ധ്യാനിക്കണം. വിഷയസുഖത്തെപ്പറ്റി വിചാരിക്കുകയേ അരുത്‌. അങ്ങനെയുള്ളവന് ബ്രഹ്മത്തിന്റെ ആഭിമുഖൃമുണ്ടാകും. പിന്നീട്‌ അവന്‍ മഹത്തും പരമവസ്തുവും തമസ്സിന് അപ്പുറത്തുള്ളതുമായ ആത്മാവിനെപ്പറ്റി ബോധം ഉണ്ടാകും. ഒരുവന്‍ തുഷ്ണീഭാവം ( ഇന്ദ്രിയനിഗ്രഹം ) കൊണ്ടാണ്‌ മുനിയായി ഭവിക്കുന്നത്‌. കാട്ടില്‍ ചെന്ന്‌ താടിനീട്ടി പാര്‍ക്കുന്നതു കൊണ്ട്‌ മുനിയാകുകയില്ല. മൗനത്തോടു കൂടിയിരിക്കുന്നവരില്‍ (മുനികളില്‍ ) എല്ലാവരും ഒരു പോലെ ശ്രേഷ്ഠന്മാരല്ല. അവിനാശിയായ പരമാത്മാവ്‌ താന്‍ തന്നെ എന്ന് അറിയുന്നവനാണ്‌ അവരില്‍ ശ്രേഷ്ഠന്‍.

എല്ലാ ശബ്ദാര്‍ത്ഥങ്ങളേയും ശരിയായി വിവേചിച്ച്‌ അറിയുന്നവനെയാണ്‌ വൈയാകരണനെന്നു പറയേണ്ടത്‌. ഏതാനും ശബ്ദങ്ങളുടെ വ്യുല്‍പത്തി കൊണ്ട്‌ ഒരാള്‍ വൈയാകരണൻ ആവുകയില്ല. നാമരൂപാത്മകമായ പ്രപഞ്ചം ബ്രഹ്മത്തില്‍ നിന്നാണ്‌ ഉണ്ടായത്‌. അതു കൊണ്ട്‌ ബ്രഹ്മമാണ്‌ സാക്ഷാല്‍ വൈയാകരണന്‍. അങ്ങനെ ബ്രഹ്മത്തെപ്പറ്റി അറിയുന്നതിനാൽ ജ്ഞാനിയും വൈയാകരണനാണ്‌.

ഭൂമി മുതലായ സര്‍വ്വലോകങ്ങളേയും കണ്‍മുമ്പില്‍ കാണുവാന്‍ കഴിയുന്ന മനുഷ്യന്‍ സര്‍വ്വ വസ്തുക്കളിലും പരമാത്മാവിനെ കാണുന്നവനാകുന്നു. അതു മാത്രമല്ല, അവന്‍ സത്യലക്ഷണമായ ബ്രഹ്മത്തില്‍ സ്ഥിതി ചെയ്യുന്നവനുമാകും. സര്‍വ്വവും ആത്മത്വേന അറിയുന്നവന്‍ സര്‍വ്വജ്ഞനായി തീരുന്നു. സര്‍വ്വവസ്തുക്കളും ബ്രഹ്മം എന്ന സ്ഥിതിക്ക്‌ അതിനെ ഒന്നിനെ അറിഞ്ഞാല്‍ സര്‍വ്വവും അറിഞ്ഞവനാകും.

രാജാവേ! ജ്ഞാനം, സത്യം മുതലായി മുമ്പു പറഞ്ഞ പന്ത്രണ്ടു ഗുണങ്ങളില്‍ ദൃഢമായി സ്ഥിതി ചെയുന്നവന്‍ ബ്രഹ്മദര്‍ശി ( ബ്രഹ്മത്തെ കാണുന്നവന്‍ ) ആകുന്നു. ജഞാനം കൊണ്ടു മാത്രം ബ്രഹ്മത്തെ കാണുകയില്ല. വേദാന്തം കേള്‍ക്കുകയും ബ്രഹ്മത്തെ ധ്യാനിക്കുകയും ആദ്യം ചെയ്യണം. പിന്നീട്‌ ബ്രഹ്മജ്ഞാനമുണ്ടാകുന്നു. അല്ലയോ വിദ്വാനായ ധൃതരാഷ്ട്രാ! വേദാന്തവിചാരം ചെയ്യേണ്ടതെങ്ങനെയെന്ന്‌ ഞാന്‍ അങ്ങയോട്‌ പറയാം.

44. സനത്സുജാതവാകൃം - ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ സനത്സുജാതാ!! അങ്ങ്‌ വിശിഷ്ടമായ പുരുഷാര്‍ത്ഥത്തോടു കൂടിയതും ബ്രഹ്മത്തെ സംബന്ധിക്കുന്നതും നാനാപ്രകാരത്തിൽ ഉള്ളതുമായ വാക്ക്‌ പറയുന്നു. അത്‌ ലോകത്തില്‍ അത്യന്തം ദുര്‍ല്ലഭമാണ്‌. വേറെയാരും പറയുന്നതല്ല. ഇപ്രകാരമുള്ള വാക്ക്‌ സനല്‍കുമാരാ! ഇനിയും അങ്ങ്‌ പറഞ്ഞാലും!

സനത്സുജാതന്‍ പറഞ്ഞു: അല്ലയോ രാജാവേ! അങ്ങ്‌ ഏതിനെ കുറിച്ച്‌ അറിയുവാന്‍ നിര്‍ബ്ബന്ധമായി ചോദിക്കുന്നുവോ ആ ബ്രഹ്മം ( ബ്രഹ്മജ്ഞാനം ) ദ്രുതഗതിയോടു കൂടി പ്രവര്‍ത്തിക്കുന്നവന് കൈവരുന്നതല്ല. സങ്കല്പ വികല്പാത്മകമായ മനസ്സ്‌ വിഷയസുഖങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ആത്മാവില്‍ ലയിക്കുമ്പോള്‍, നിശ്ചയ സ്വഭാവത്തോടു കൂടിയ ബുദ്ധി കൊണ്ട്‌ അതിനെ ധ്യാനിക്കണം. ആ ജ്ഞാനം (വിദ്യ) മേലില്‍ പറയുന്ന ബ്രഹ്മചര്യം കൊണ്ടാണ്‌ കിട്ടേണ്ടത്‌.

"സര്‍വ്വ വിദൃകളിലും ആദ്യത്തേതും സതൃവുമായ ആത്മവിദ്യ എനിക്ക്‌ ഉപദേശിക്കണ"മെന്ന്‌ അങ്ങു പറയുന്നു. അത്‌ സംസാര വിമുഖന്മാരായ സജ്ജനങ്ങള്‍ ബ്രഹ്മചര്യം കൊണ്ട്‌ പ്രാപിക്കുന്നതാണ്‌. അതിനെ പ്രാപിച്ചാല്‍ മനുഷ്യാവസ്ഥ ( സംസാരം ) നശിക്കും. ആ വിദ്യ ആചാര്യന്മാരിലും വൃദ്ധന്മാരിലും സ്ഥിതി ചെയ്യുന്നതാണ്‌. അത്‌ അവരെ സേവിച്ച്‌ അവരുടെ അനുഗ്രഹം കൊണ്ട്‌ ശിഷ്യന്മാര്‍ക്ക്‌ നിത്യമായുണ്ടാകുന്നു.

ബ്രഹ്മചര്യം കൊണ്ടു മാത്രമേ ബ്രഹ്മവിദ്യ ഉണ്ടാകുകയുള്ളു എന്ന് മഹര്‍ഷി പറഞ്ഞപ്പോള്‍ അതിന്റെ സ്വഭാവം അറിയുന്നതിന്‌ രാജാവ്‌ ചോദിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ബ്രഹ്മചര്യം കൊണ്ടാണല്ലോ വിദ്യയെ നേരെ അറിയുവാന്‍ കഴിയുന്നത്‌. അല്ലയോ ബ്രഹ്മജ്ഞനായ മുനേ! ഈ ബ്രഹ്മചര്യം എങ്ങനെ ഉണ്ടാകുമെന്ന്‌ അങ്ങ്‌ പറഞ്ഞു തന്നാലും! അതിന്റെ സ്വഭാവം അങ്ങേക്ക് അറിവുണ്ടല്ലോ.

സനത്സുജാതന്‍ പറഞ്ഞു: ആചാര്യന്റെ അടുക്കല്‍ ചെന്ന്‌ ഉപാസദനം മുതലായ ചടങ്ങുകളോടു കൂടി ശിഷ്യനായി ഗുരുശുശ്രൂഷാദികള്‍ ചെയ്യണം. അങ്ങനെ ചെയ്യുന്നവന്‍ ഇഹലോകത്തില്‍ തന്നെ ശാന്ത്രമുണ്ടാക്കുവാന്‍ നിപുണനായ പണ്ഡിതനായി തീരുന്നു. പിന്നീട്‌ ശ്രവണാദികള്‍ കൊണ്ട്‌ പ്രാരബ്ധകര്‍മ്മം നശിക്കുമ്പോള്‍ അവന്‍ ദേഹം ഉപേക്ഷിച്ച്‌ സതൃസ്വരൂപനായ പരമാത്മാവിനെ പ്രാപിക്കുന്നു; മുക്തനാകുന്നു.

ബ്രഹ്മത്തില്‍ തന്നെ സ്ഥിരമായി സ്ഥിതി ചെയ്യുന്നവന്‍ ഈ ലോകത്തിലുള്ള എല്ലാ കാമങ്ങളേയും ജയിക്കുന്നു. അവര്‍ക്ക്‌ കാമാദികള്‍ സംഭവിക്കുന്നില്ല. അവര്‍ ദേഹേന്ദ്രിയാദികളില്‍ നിന്നു വേര്‍പെട്ടതും ജഞാനരൂപവുമായ ആത്മാവിനെ, മുഞ്ജപ്പുല്ലില്‍ നിന്ന്‌ അതിനകത്തുള്ള ഇഷീകയെ എന്ന പോലെ, ധൈര്യത്തോടു കൂടി വേറെ ഗ്രഹിക്കുന്നു.

ആചാര്യന് മാതാപിതാക്ക ന്മാരേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്നു പറയുന്നു. അല്ലയോ രാജാവേ! ഈ മാതാപിതാക്കന്മാര്‍ ശരീരത്തെ ജനിപ്പിക്കുന്നു. അവര്‍ ഈ ശരീരത്തിന് കാരണഭൂതന്മാരാണ്‌. എന്നാൽ, സത്യവും അനശ്വരവും ബ്രഹ്മാത്മകവും (ജ്ഞാനമയം ) ആയ യാതൊരു ജന്മമുണ്ടോ, അത്‌ ആചാര്യങ്കല്‍ നിന്നാണ്‌ ലഭിക്കുന്നത്‌. സ്ഥൂലമായ ശരീരമാണ്‌ മാതാപിതാക്കന്മാരില്‍ നിന്ന്‌ ഉണ്ടാകുന്നത്‌. പരമാര്‍ത്ഥവും മുക്തിക്കു കാരണവുമായ ജന്മം (ജ്ഞാനം) തരുന്നത്‌ ഗുരുവാകുന്നു.

പരപുരുഷാര്‍ത്ഥ ലാഭം ആചാര്യാധീനമാക കൊണ്ട്‌ ഗുരുവിനെ ബഹുമാനിക്കണം എന്ന്‌ പറയുന്നു. സച്ചിദാനന്ദ രൂപമായ ബ്രഹ്മമാണ്‌ താനെന്ന ബോധം ശിഷ്യന് ഉണ്ടാക്കി കൊടുക്കുന്നത്‌ ഗുരുവാകുന്നു. അതു കൊണ്ട്‌ ആചാര്യനെ ദ്രോഹിക്കരുത്‌, ഗുരുജ്ഞാനപ്രദാന രൂപേണ ചെയ്ത ഉപകാരം അറിഞ്ഞ്‌ ശിഷ്യന്‍ ഗുരുവിനെ എന്നും ആരാധിക്കണം.

മുമ്പ്‌ പറഞ്ഞ വിധം ഭക്തിയോടെ വിശുദ്ധനായിട്ട്‌ ആത്മവിദ്യ പഠിക്കണം. അതു ബ്രഹ്മചര്യ വ്രതത്തിന്റെ ആദ്യത്തേ പാദമാകുന്നു. ഭിക്ഷ കൊണ്ട്‌ കാലത്തും വൈകുന്നേരവും ആഹാരം കഴിക്കുന്നതു ശിഷ്യവൃത്തിയാണ്‌. അപ്രകാരമല്ലാതെ ഗുരുവിന്റെ ആഹാരം കഴിക്കരുത്‌.

( ** ) ശുരുവിനെയെന്ന പോലെ, ഗുരുവിന്റെ ഭാര്യയേയും, പുത്രനേയും ഭക്തിയോടു കൂടി പരിചരിക്കണം. ഗുരു, പത്നി, പുത്രന്‍ എന്നിവരെ സമമായി വിചാരിച്ച്‌ ശിഷ്യന്‍ ബഹുമാനപൂര്‍വ്വം ശുശ്രൂഷിക്കണം. ഇതു ബ്രഹ്മചര്യ വ്രതത്തിന്റെ ദ്വിതീയ പാദമാകുന്നു. ആചാര്യന്‍ തനിക്ക്‌ ചെയ്ത ഉപകാരം മഹത്താണെന്ന്‌ അറിയണം. പരമോല്‍കൃഷ്ടമായ വേദാർത്ഥം പറഞ്ഞു തന്ന്‌ എന്നെ സച്ചിദാനന്ദ രൂപമായ ബ്രഹ്മമായി ജനിപ്പിച്ചത്‌ ഈ ആചാര്യനാകുന്നു. ഇപ്രകാരം വിചാരിച്ച്‌ ഗുരുവിനെ കുറിച്ച്‌ സന്തോഷിക്കണം. കൃതാര്‍ത്ഥതയും ഉണ്ടാകണം. ഇതു ബ്രഹ്മചര്യത്തിന്റെ തൃതീയ പാദമാകുന്നു.

** ശ്രീകൃഷ്ണനും കുചേലനും സാന്ദീപനീ മഹര്‍ഷിയുടെ അടുക്കല്‍ വിദ്യാഭ്യാസം ചെയ്യുന്ന കാലത്ത്‌ ഒരു ദിവസം ഗുരുപത്നിയുടെ ആജ്ഞയനുസരിച്ച്‌ വിറക്‌ കൊണ്ടു വരുന്നതിന് പോയതും കഷ്ടപ്പെട്ടതുമായ കഥ ഭാഗവതത്തില്‍ പ്രതിപാദിക്കുന്നത്‌ ഇവിടെ സ്മരിക്കേണ്ടതാകുന്നു.

പ്രാണന്‍, ധനം, പ്രവൃത്തി, മനസ്സ്‌; വാക്ക്‌ എന്നിവ കൊണ്ട്‌. ആചാര്യന് ഹിതം ചെയ്യണം. അത്‌ ബ്രഹ്മചര്യത്തിന്റെ നാലാമത്തെ പാദമാകുന്നു.

നാലു പാദങ്ങളോടു കൂടിയ വിദ്യയെപ്പറ്റി പറയാം. ഗുരുശുശ്രൂഷ കൊണ്ട്‌ വിദ്യയുടെ ഒരു പാദം കിട്ടുന്നു. തന്റെ ശ്രമവും ഉത്സാഹവും കൊണ്ട്‌ രണ്ടാമത്തെ പാദം ഉണ്ടാകും. കാലം കൊണ്ട്‌ മൂന്നാമത്തെ പാദം ലഭിക്കും. ബ്രഹ്മചാരികളോടു ചേര്‍ന്ന്‌ അര്‍ത്ഥചിന്ത ചെയ്യുന്നതു കൊണ്ടും മറ്റും നാലാമത്തെ പാദവും സ്വാധീനമാകും.

വിദ്യ ഗുരുവിന്റെ അടുക്കല്‍ നിന്നു മാത്രം പൂര്‍ണ്ണമായി ലഭിക്കുന്ന ഒരു വസ്തുവല്ല. ശിഷ്യന്റെ പരിശ്രമം, ബ്രഹ്മചാരികളുമായി ചെയ്യുന്ന ആലോചന, ബഹുകാലം ചെയ്യുന്ന ശ്രന്ഥപരിചയം മുതലായവ കൊണ്ടേ വിദ്യാഭ്യാസം പൂര്‍ത്തിയാകൂ. ഗുരുകുലവാസം ഉപേക്ഷിച്ചാലും വിദ്യാപരിശ്രമം തുടരെ ചെയ്യണം. അപ്രകാരം ദീര്‍ഘകാലം കഴിയുമ്പോള്‍ ഒരുവന്‍ വിദ്വാനായി തീരും.

"കാലേന പാദമാദത്തേ" എന്നത്‌ അര്‍ത്ഥവത്തായ ഉപദേശമാണ്‌. കാലം കൊണ്ടു മാത്രമേ എല്ലാം ശരിപ്പെടുകയുള്ളൂ.

മുമ്പ്‌ പറഞ്ഞ ജ്ഞാനാദികളായ പന്ത്രണ്ടു ഗുണങ്ങള്‍, സത്യം, ജ്ഞാനം മുതലായ മറ്റംഗങ്ങള്‍, അവയെ പാലിക്കുന്നതിന് ഉള്ള ശക്തി എന്നിവയെല്ലാം ആചാര്യനുമായുള്ള ചേര്‍ച്ച കൊണ്ടു മാത്രമേ ഫലിക്കുകയുള്ളു എന്ന് ജ്ഞാനികള്‍ പറയുന്നു. ബ്രഹ്മം തന്നെ ആത്മാവ്‌ എന്ന് അറിയുമ്പോള്‍ ഗുരുശുശ്രൂഷാ ദികളോടു കൂടിയ ബ്രഹ്മചര്യം സഫലമാകുന്നു.

ഈ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ച്‌ മേന്മ നേടിയതു കൊണ്ട്‌ ദേവന്മാര്‍ക്കു ദേവത്വം സിദ്ധിച്ചു. ഋഷികള്‍ മഹാനുഭവാന്മാരായതും ഈ ബ്രഹ്മചര്യം കൊണ്ടു തന്നെ.

( ** ) ഈ ബ്രഹ്മചരൃം കൊണ്ട്‌ ഗന്ധര്‍വ്വന്മാരും അപ്സരസ്ത്രീകളും സൗന്ദര്യ സമ്പത്തോടു കൂടിയവരായി തീര്‍ന്നു. ദിവ്യമായ രൂപസൗന്ദര്യം സമ്പാദിച്ചു. ലോകത്തെ പ്രകാശിപ്പിക്കുന്നതിന് വേണ്ടി ദീപ്തി ആദിത്യന് ഉണ്ടായതും ഈ ബ്രഹ്മചരൃം കൊണ്ടു തന്നെ.

** ഈ ബ്രഹ്മചര്യാനുഷ്ഠാനം കൊണ്ട്‌ ദിവ്യമായ സൗന്ദര്യമുണ്ടാകുന്നു എന്ന് പറഞ്ഞിരിക്കുന്നത്‌ പ്രകൃതത്തില്‍ പ്രത്യേകം, ശ്രദ്ധേയമാകുന്നു. ഓജസ്സ്‌, തേജസ്സ്‌, സൗന്ദര്യം എന്നിവയ്ക്കൊക്കെ അടിസ്ഥാനം ബ്രഹ്മചര്യമാണ്‌. സൗന്ദര്യം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഗുണമാണ്‌. ജന്മനാ സൗന്ദര്യം ലഭിക്കാത്തവര്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച്‌ അതു നേടുവാന്‍ ശ്രമിക്കുന്നു. ഈ സമ്പ്രദായം പഴയകാലം മുതൽക്കേ ഉണ്ട്‌. വിവിധ രോഗങ്ങള്‍ക്ക്‌ കാരണമാകയാല്‍ അത്‌ സര്‍വ്വഥാ വര്‍ജ്ജിക്കേണ്ടതാണ്‌.

ആഗ്രഹിക്കുന്ന കാര്യത്തിനോടുള്ള ചേര്‍ച്ച കൊണ്ട്‌ ചിന്താമണി, കല്പവ്യക്ഷം മുതലായവ ജനങ്ങള്‍ക്കു നാനാപ്രകാരങ്ങളായ വസ്തുക്കളെ കൊടുക്കുന്നു. അതു പോലെ ബ്രഹ്മചര്യം കൊണ്ട്‌ ദേവന്മാര്‍ ദേവത്വം, ഋഷികള്‍, ഋഷിത്വം ഗന്ധര്‍വ്വന്മാര്‍ രൂപസൗന്ദര്യം ഇങ്ങനെ ഓരോ അവസ്ഥകളെ പ്രാപിച്ചു. ആചാര്യ സന്നിധിയെ പ്രാപിച്ച്‌ ബ്രഹ്മചര്യം അനുഷ്ഠിച്ച്‌ പരമ പുരുഷാര്‍ത്ഥം നേടണം.

ഹേ! ധൃതരാഷ്ട്രാ, കര്‍മ്മമാര്‍ഗ്ഗത്തെ ആരാധിക്കുന്നവര്‍ക്ക്‌ നശ്വരങ്ങളായ പിതൃലോകം, ദേവലോകം മുതലായവയെ പ്രാപിക്കുവാന്‍ കഴിയുന്നു. അവര്‍ക്ക്‌ കിട്ടുന്ന ലോകത്തിന്‌ ഒരു കാലത്തു നാശമുണ്ട്‌. താന്‍ തന്നെ ബ്രഹ്മം എന്ന ജ്ഞാനം കൈവന്നിരിക്കുന്നവന് (ജ്ഞാനിക്ക്‌) ജഞാനം കൊണ്ട്‌ അനശ്വരവും, സ്വയം പ്രകാശിക്കുന്നതും, ആത്മസ്വരൂപവുമായ തേജസ്സ്‌ ലഭിക്കുന്നു. ജ്ഞാനം കൊണ്ടല്ലാതെ, കര്‍മ്മം കൊണ്ട്‌ പൂര്‍ണ്ണാനന്ദ ജ്യോതിര്‍മ്മയമായ തേജസ്സ്‌ ലഭിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ആത്മജ്ഞാനി കാണുന്ന പരമാത്മാവിന്റെ രൂപം എന്ത്‌? വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌, കാവി എന്നിവയില്‍ ഏതാണ്‌ അതിന്റെ നിറം? അത്‌ എവിടെ പ്രകാശിക്കുന്നു? നാശമില്ലാത്തതും ജരാദികള്‍ ബാധിക്കാത്തതുമായ ആത്മാവിന്റെ രൂപം തന്നെ എന്താണ്‌?

സനത്സുജാതന്‍ പറഞ്ഞു; ബ്രഹ്മത്തിന്‌ വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌, നീല, കാവി എന്നീ നിറങ്ങളില്‍ ഒന്നും തന്നെയില്ല. എന്തെന്നാല്‍ അത്‌ രൂപമില്ലാത്തതാകുന്നു. അതു ഭൂമിയേയും ആകാശത്തേയും ആശ്രയിച്ചു നിൽക്കുന്നില്ല. പഞ്ചഭൂതാത്മകമായ ദേഹവും അതിനില്ല. ബ്രഹ്മം സര്‍വ്വോത്കൃഷ്ടം. അതിനു രൂപവും നാശവുമില്ല. നക്ഷത്രങ്ങളിലും, മിന്നലിലും, മേഘത്തിലും, വായുവിലും, ദേവതകളിലും, ചന്ദ്രനിലും, സൂര്യനിലും അതിന്റെ രൂപം കാണാവുന്നതല്ല. അത്‌ അവയെ ആശ്രയിച്ചിരിക്കുന്നില്ല.

രാജാവേ! ഋക്ക്‌, യജുസ്സ്‌, അഥര്‍വ്വം, നിര്‍മ്മലമായ സാമം എന്നീ വേദങ്ങളില്‍ അത്‌ കണ്ടു സ്ഥിതിചെയ്യുന്നില്ല. അവയില്‍ തിരഞ്ഞാല്‍ അത്‌ കിട്ടുകയില്ല. രഥന്തരം ബൃഹദ്രഥം എന്നിങ്ങനെയുള്ള വേദഭാഗങ്ങളിലും അതിന്‌ ഇരുപ്പില്ല. "ജ്ഞാനം ച സത്യം ച", "മഹാവ്രതാ ദ്വാദശ ബ്രാഹ്മണസ്യാ" എന്ന ഭാഗങ്ങളില്‍ ഹഞ്ഞിരിക്കുന്ന പന്ത്രണ്ടു ഗുണങ്ങളോട്‌ കൂടിയവന്റെ ആത്മാവില്‍ അത്‌ നിലകൊള്ളുന്നു. ഘടാദികളെ പോലെ ഇതാണ്‌ ബ്രഹ്മമെന്നും, അതിന്റെ രൂപം ഇന്നപ്രകാരമെനും പറയാവുന്നതല്ല. ദ്വാദശ ഗുണങ്ങള്‍ ശീലിച്ച്‌ ആത്മാവില്‍ പരമാത്മാവിനെ സാക്ഷാത്കരിക്കണം.

ബ്രഹ്മത്തിന്റെ സ്വരൂപം പറയാം. ജ്ഞാനാദി ഗുണങ്ങളോടു കൂടിയവന് തന്റെ ആത്മാവില്‍ കാണുവാന്‍ കഴിയുന്ന ബ്രഹ്മം സര്‍വ്വ്രത വ്യാപിച്ചിരിക്കുന്നതാണ്‌. അതു കൊണ്ട്‌ അതിനെ ആര്‍ക്കും തടഞ്ഞു നിര്‍ത്താവുന്നതല്ല: തമസ്സിന്റെ അപ്പുറത്താണ്‌ അതിന്റെ സ്ഥിതി. അതുള്ളിടത്ത്‌ തമസ്സ് ഇരിക്കുന്നതല്ല. ഒടുവില്‍ പ്രപഞ്ചം പ്രളയകാലത്ത്‌ അതില്‍ എത്തിച്ചേരുന്നു. അത്‌ ചെറിയ വസ്തുക്കളേക്കാള്‍ ചെറിയതും പര്‍വ്വതാദികളെക്കാള്‍ വലിയതുമാകുന്നു. ചെറിയതും വലിയതുമായ വസ്തുക്കളോടു കൂടിയ ലോകം എല്ലാം ( പ്രപഞ്ചം സര്‍വ്വം ) പ്രകാശമായ രൂപത്തോടെ ബ്രഹ്മത്തില്‍ സ്ഥിതി ചെയ്ത്‌ ശോഭിക്കുന്നു. ആത്മജ്ഞാനി ആയവന്‍ ജ്ഞാനശക്തി കൊണ്ട്‌ അതിനെ മുഴുവന്‍ കാണുന്നു. അതിനെ പൂര്‍ണ്ണമായി അറിയുന്നു. കര്‍മ്മം കൊണ്ട്‌ അത്‌ അറിയാവുന്നതല്ല. ഈ കാണുന്ന ലോകത്തിനെല്ലാം അതാണ്‌ അടിസ്ഥാനം. അതില്‍ ലോകങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ തത്വം അറിയുന്നവര്‍ മുക്തരായി തീരുന്നു.അവര്‍ ബ്രഹ്മപദം പ്രാപിക്കുന്നു.

45. സനത്സുജാതവാക്യം - സനത്സുജാതന്‍ പറഞ്ഞു: ഏതൊരു ബ്രഹ്മത്തെ ജ്ഞാനയോഗം കൊണ്ട്‌ അറിയുന്നവന്‍ മരണമില്ലാത്തവനായി ഭവിക്കുന്നുവോ, അജ്ഞാന ബന്ധത്തോടു കൂടാത്തതും എല്ലാ വസ്തുക്കളേയും പ്രകാശിപ്പിക്കുന്നതു കൊണ്ടു മഹത്തായ ജ്യോതിസ്സ് ആയിരിക്കുന്നതും, സര്‍വ്വത്ര ശോഭിക്കുന്നതും, മഹത്തായ യശസ്സുള്ളതും, ഇന്ദ്രാദിദേവന്മാര്‍ സേവിക്കുന്നതും, സൂര്യനെ പ്രകാശിപ്പിക്കുന്നതും, ഭഗവാനും നിത്യനും ആയ ആ പരമാത്മാവിനെ യോഗികള്‍ ( **) കാണുന്നു; സാക്ഷാത്കരിക്കുന്നു.

** യോഗം മനോവൃത്തികളുടെ നിയന്ത്രണം. "യോഗഃ ചിത്തവൃത്തി നിരോധഃ" എന്ന് (പതഞ്ജലിയുടെ) യോഗശാസ്ത്രം. മനസ്സ്‌, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയെ വിക്ഷേപാദി വിഘ്നങ്ങള്‍ ബാധിക്കാതെ സ്ഥിരമാക്കി വയ്ക്കുന്ന ധാരണയാണ്‌ യോഗം. അത്‌ ഉണ്ടാകുമ്പോള്‍ പ്രമാദം അകലുന്നു. ചുരുക്കത്തില്‍ മനസ്സിന്റെ നിശ്ചലത്വമാണ്‌ യോഗം എന്നു സാരം. (വിവേക ചൂഡാമണി)

ബ്രഹ്മത്തില്‍ നിന്ന്‌ ഹിരണ്യഗര്‍ഭന്‍ എന്ന ബ്രഹ്മാവ്‌ ഉണ്ടാകുന്നു. അത്‌ ബ്രഹ്മത്തെ ആശ്രയിച്ച്‌ വിരാട്ടായി വളരുന്നു. ആ ബ്രഹ്മം തേജോമൂര്‍ത്തികളായ ആദിത്യാദികളുടെ നടുവില്‍ അവയാല്‍ തപിപ്പിക്കപ്പെടാതെയും പ്രകാശിപ്പിക്കപ്പെടാതെയും തനിയെ ശോഭിക്കുന്നു. മറ്റൊരു തേജസ്സിന്റെയും സാഹായം കൂടാതെ തനിയെ ശോഭിക്കുന്നതാണ്‌ ആ ബ്രഹ്മം. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

പൂര്‍ണ്ണത്തില്‍ നിന്നു പൂര്‍ണ്ണത്തെ ഉദ്ധരിക്കുന്നു. പൂര്‍ണ്ണം കാലദേശാദികളില്‍ അപരിച്ഛിന്നമായ പരമാത്മാവ്‌. (രണ്ടാമത്തെ പൂര്‍ണ്ണത്തിന് ജീവാത്മാവ്‌ എന്ന് അര്‍ത്ഥം). പരമാത്മാവില്‍ നിന്നും ജീവാത്മാവ്‌ വേര്‍തിരിക്കപ്പെടുന്നു. പൂര്‍ണ്ണമായ പരമാത്മാവില്‍ നിന്നു വേര്‍തിരിച്ചതാകയാല്‍ ജീവരൂപവും പൂര്‍ണ്ണം എന്നു പറയുന്നു. ജീവാത്മരൂപമുള്ള ആ പൂര്‍ണ്ണത്തില്‍ നിന്നു പൂര്‍ണ്ണത്തെ ഹരിക്കുന്നു. ദേഹേന്ദ്രാദികളോടു കൂടിയ അവയ്ക്ക്‌ സാക്ഷിയായ, ആത്മരൂപത്തെ ദേഹാദികളില്‍ നിന്നു വേര്‍തിരിക്കുന്നു. ഒടുവില്‍ സച്ചിദാനന്ദാത്മകവും അദ്വിതീയവുമായ ആത്മാവായി തീരുന്നു. യോഗികള്‍ ഭഗവാനായും നിതൃനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ആകാശത്തില്‍ അവകാശവും ഗംഗയില്‍ തിരമാലയും എങ്ങനെയോ. അപ്രകാരം ചരങ്ങളും അചരങ്ങളുമായ സര്‍വ്വവസ്തുക്കളും ബ്രഹ്മത്തില്‍ നിന്നും ഉണ്ടായി. അതില്‍ വിലയം പ്രാപിക്കുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ആദ്യം പരമാത്മാവില്‍ നിന്ന്‌ ജലം ഉണ്ടായി. പിന്നീട്‌ അവയില്‍ നിന്നു പഞ്ചഭൂതാത്മകങ്ങളായ ദേഹാദികള്‍ ഉണ്ടായി. പുറമെ കാണുന്ന ശരീരത്തിന്റെ ഹൃദയാകാശത്തില്‍ സ്വയം പ്രകാശമാനങ്ങളായ ജീവാത്മ പരമാത്മാക്കള്‍ സ്ഥിതി ചെയ്യുന്നു. അനന്തരം പ്രാച്യാദി ദിക്കുകളും. ഉപദിക്കുകളും ഉണ്ടായി. രണ്ടു ദേവന്മാരില്‍ ഒരുവന്‍ അനാത്മാവായ ദേഹം ആത്മാവാണെന്നു തെറ്റിദ്ധരിച്ച്‌ ഭൗതികവും കര്‍മ്മാനുസരണം സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നതുമായ ദേഹത്തെ ഭരിക്കുന്നു. മറ്റേവന്‍ സ്വയം പ്രകാശിക്കുന്നു. തന്റെ മായ കൊണ്ട്‌ ആത്മാവിനെ പ്രാണികളില്‍ പ്രവേശിപ്പിക്കുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

(ആത്മാവില്‍നിന്ന്‌ ആകാശവും, ആകാശത്തില്‍ നിന്നു വായുവും, വായുവില്‍ നിന്ന്‌ അഗ്നിയും, അഗ്നിയില്‍ നിന്നു ജലവും, ജലത്തില്‍ നിന്ന്‌ ഭൂമിയും ഉണ്ടായി. ആത്മാവാണ്‌ സര്‍വ്വഭൂതങ്ങള്‍ക്കും മൂലം. ഒരു മരത്തില്‍ നല്ല ചിറകുകളോടു കൂടി യ രണ്ടു പക്ഷികളിരിക്കുന്നു. അവയിലൊന്നു സ്വാദുള്ള പിപ്പലഫലം ഭക്ഷിക്കുന്നു. മറ്റേത്‌ ഒന്നും തിന്നുന്നില്ല. എന്നാൽ പ്രകാശിക്കുന്നു. ഭാഗവതം ഏകാദശസ്കന്ധം. )

അനശ്വരകര്‍മ്മാവായ പരമേശ്വരന്റെ രഥത്തിന്റെ ചക്രത്തില്‍ സ്ഥിതി ചെയ്യുന്നവനും കേതുവോടു കൂടിയവനും ദിവ്യനും ജരാമരണാദികൾ ഇല്ലാത്തവനും ആയ അവനെ അശ്വങ്ങള്‍ ആകാശത്തില്‍ എത്തിക്കുന്നു. യോഗികള്‍ ഭഗവാനായും നിതൃനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു. സാക്ഷാത്കരിക്കുന്നു.

(ആത്മാവ്‌ യജമാനന്‍, ശരീരം തേര്‌. ബുദ്ധി തേരാളി. മനസ്സ്‌ കടിഞ്ഞാണ്‌. ഇന്ദ്രിയങ്ങള്‍ കുതിരകള്‍. അവ പോകുന്ന സ്ഥലം വിഷയം. ആത്മാവ്‌, ഇന്ദ്രിയം, മനസ്സ്‌ എന്നിവ കൂടി ചേര്‍ന്ന്‌ വിഷയങ്ങളെ അനുഭവിക്കുന്നു - കഠ ഉപനിഷദ് )

പരമാത്മാവായ അത്‌ വേറെ ഒന്നിനോടും തുല്യമല്ല. തത്തുല്യമായ ഒരു വസ്തുവും ഇല്ല. അതിനെ ആരും കണ്ണു കൊണ്ട്‌ കാണുന്നില്ല. നിശ്ചയരൂപമായ ബുദ്ധി കൊണ്ടും, സങ്കല്പവികല്പാത്മകമായ മനസ്സു കൊണ്ടും സാധനഭൂതമായ ഹൃദയം കൊണ്ടും അല്ലാതെ മറ്റു വിധത്തില്‍ പരമാത്മാവിന്റെ ഉപലബ്ധി ഭവിക്കുകയില്ല. മനോബുദ്ധികള്‍ മാത്രം പോരാ, ഫൃദയസ്ഥിതനായ പരമേശ്വരന്റെ അനുഗ്രഹം കൂടി അതിനെ അറിയാന്‍ വേണം. അങ്ങനെ അറിയുന്നവര്‍ മരണമില്ലാത്തവരായി തീരുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ഇന്ദ്രിയവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി അനര്‍ത്ഥകമെന്നു പറയുന്നു. അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, മനസ്സ്‌, ബുദ്ധി എന്നിവ എല്ലാവര്‍ക്കും ഉള്ളതിനാല്‍ ഓരോന്നിനേയും പൂഗമെന്നു പറയുന്നു. ഈ പന്ത്രണ്ടു പൂഗങ്ങളും എപ്പോഴും ഒഴുകുന്ന ശീലത്തോടു കൂടിയതാകുന്നു. എപ്പോഴും ചലിച്ചു കൊണ്ടിരിക്കും. എന്നാൽ അവ പരമാത്മാവിനാല്‍ രക്ഷിക്കപ്പെടുന്നവയാണ്‌. അവയില്‍ ഓരോന്നും അതാതിന് അനുസരിച്ചുള്ള വിഷയസുഖത്തെ അനുഭവിക്കുന്നു. ഇങ്ങനെ വിഷയങ്ങളുടെ പിറകെ അതില്‍ ആസക്തിയുള്ളവര്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു. അവര്‍ ഭയങ്കരമായ സംസാരത്തില്‍ എത്തിച്ചേരുന്നു. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നു പിന്തിരിച്ച്‌ തന്നില്‍ തന്നെ അന്തര്‍മ്മുഖങ്ങൾ ആക്കണം. ആത്മാവ്‌ രക്ഷിക്കുന്ന ഇന്ദ്രിയങ്ങളാണ്‌ വിവിധങ്ങളായ വിഷയസുഖങ്ങള്‍ അനുഭവിക്കുന്നത്‌. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

വണ്ട്‌ പകുതി മാസം സഞ്ചരിച്ച്‌ അനേകം പുഷ്പങ്ങളില്‍ നിന്നു തേന്‍ സമ്പാദിക്കുന്നു. പിന്നീട്‌ പകുതി മാസം അത്‌ അനുഭവിക്കുന്നു. അതു പോലെ സംസാരികളായ മനുഷ്യര്‍ പൂര്‍വ്വജന്മത്തില്‍ കര്‍മ്മം ചെയ്യുകയും പിന്നീട്‌ അടുത്ത ജന്മത്തില്‍ ഫലം അനുഭവിക്കുകയും ചെയ്യുന്നു. ഈശ്വരന്‍ യാഗാദി കര്‍മ്മങ്ങള്‍ക്ക്‌ തദനുസരണമായ ഫലം കൊടുക്കുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

"ഭ്രമര പദത്തിന്‌", "ഭ്രമണവിഷയത്വാത്‌ സംസാരീ", എന്ന് ശാങ്കരഭാഷ്യം. വണ്ടിനെ പോലെ ഭ്രമണം ചെയ്യുന്നതാകയാല്‍, ചുറ്റി സഞ്ചരിക്കുകയാല്‍, സംസാരി എന്ന് അര്‍ത്ഥം. ഈ പദത്തിന്‌" ജീവി ഇതസ്തതോ ഭ്രമണശിീലഃ" എന്നു ഭാവദീപം; മധു എന്നാൽ കര്‍മ്മഫലം.

ജ്ഞാനമാകുന്ന ചിറകില്ലാത്തവര്‍ ഹിതവും മനോഹരവുമായ ഇലകളുള്ള അശ്വത്ഥ വൃക്ഷത്തില്‍ ചെന്നു ചേര്‍ന്നിട്ട്‌ ആ ബ്രാഹ്മണാദി ദേഹത്തില്‍ തന്നെ ജ്ഞാനമാകുന്ന ചിറകോടു കൂടിയവരായി യഥാസുഖം മുക്തന്മാരാകുന്നു.

വിദ്വാന്മാര്‍ ചിറകോടു കൂടിയവരും അവിദ്വാന്മാര്‍ ചിറകില്ലാത്തവരും ആണ്‌. സംസാരത്തില്‍ ഉഴലുന്ന ജീവികള്‍ യദ്യച്ഛയാ ബ്രാഹ്മണ ജന്മം എടുക്കുന്നു. പിന്നീട്‌ തപസ്സ്‌ വേദാന്ത ശ്രവണം മുതലായവ കൊണ്ട്‌ ജ്ഞാനികളായി തീരുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

( "അശ്വത്ഥം" നാളത്തേക്കു നില്ക്കാത്തത്‌, നശ്വരം എന്നര്‍ത്ഥം. അവിദ്യയാകുന്ന മരം. അപക്ഷങ്ങള്‍ ഉദ്ഗമനത്തിന് ശക്തിയില്ലാത്ത ജീവന്മാര്‍ "പ്രപതന്തി" വാസനാനുസരണം അതാതു യോനികളില്‍ ചെന്നു വീഴുന്നു എന്ന് ഭാവദീപം. ഈ പദത്തിന്ന്‌ "പ്രയത്നം കൃത്വാ മുക്താ ഭവന്തി" എന്ന് ശാങ്കരഭാഷ്യം. പ്രയത്നം ചെയ്ത്‌ ജ്ഞാനികളായിട്ടു മുക്തിയെ പ്രാപിക്കുന്നു.

ബുദ്ധി, സ്‌കന്ദം, ഇന്ദ്രിയം, കോടരം, ഭൂതം, ശാഖ, വിഷയം, പ്രതം, ധര്‍മ്മാധര്‍മ്മങ്ങള്‍, പുഷ്പം, സുഖദുഃഖങ്ങള്‍, ഫലം, അവ്യക്തം, ഉല്‍പത്തിസ്ഥാനം, ജഞാനഖഡ്ഗം കൊണ്ട്‌ സംസാര വൃക്ഷത്തെ മുറിച്ചു കളഞ്ഞ്‌ മുക്തി നേടണം )

അപാനനെ പ്രാണനും, പ്രാണനെ മനസ്സും, മനസ്സിനെ ബുദ്ധിയും, ബുദ്ധിയെ ആദിത്യനും, ആദിത്യനെ പരമേശ്വരനും യോഗവിധി അനുസരിച്ച്‌ ഉപസംഹരിക്കുന്നു. മനസ്സിന്റെ അധിദേവത ചന്ദ്രനാകയാല്‍ ചന്ദ്രപദം മനസ്സിനെ കുറിക്കുന്നു. ബുദ്ധിയുടെ അധിദേവത ആദിത്യന്‍. സമാധിയില്‍ അപാനനെ പ്രാണനിലും, പ്രാണനെ മനസ്സിലും, മനസ്സിനെ ബുദ്ധിയിലും, ബുദ്ധിയെ പരമാത്മാവിലും ലയിപ്പിച്ച്‌ യോഗികള്‍ സച്ചിദാനന്ദ രൂപമായ ബ്രഹ്മത്തില്‍ സ്ഥിതി ചെയ്യുന്നു. യോഗികള്‍ ഭഗവാനായും നിതൃനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

(യോഗശാസ്ത്രം: പിന്‍ഭാഗം കൊണ്ട്‌ ഗുദത്തെ ഗ്രഹിക്കുകയും ദന്തങ്ങളെ കൊണ്ട്‌ ദന്തങ്ങളെ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുക. അങ്ങനെ ആസനത്തിലുറച്ച്‌ ഇരിക്കണം. പിന്നെ സാവധാനത്തില്‍ അപാന വായുവിനെ മേല്പോട്ടു നയിച്ച്‌ അതിനെ പ്രാണനോടു ചേര്‍ത്ത്‌ ഒന്നാക്കി ഹൃദയത്തിലെത്തിച്ച്‌ അവിടെ ഉറപ്പിക്കണം. പിന്നെ നിശ്ചേഷ്ടനായിരുന്ന്‌ അതിനെ പരമാത്മാവില്‍ ലയിപ്പിക്കണം. )

ഹംസം (പരമാത്മാവ്‌) ഭൌതികമായ സംസാരത്തില്‍ നിന്ന്‌ മേൽപ്പോട്ടേക്ക്‌ ഉയരുന്നവനായി ജീവാത്മാവാകുന്ന ഒരു പാദത്തെ എപ്പോഴും ഉദ്ധരിക്കുന്നില്ല. എപ്പോഴും സഞ്ചരിക്കുന്ന ജീവനെന്നു പറയുന്ന പാദത്തെ ഉപസംഹരിക്കുന്നു എങ്കില്‍ ജനനമരണ രൂപമായ സംസാരം ഉണ്ടാകുന്നില്ല. അതു പോലെ മോക്ഷവും സംഭവിക്കുകയില്ല. യോഗികള്‍ ഭഗവാനായും നിതൃനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

**********

പരമാത്മാവിന് സംസാര ബന്ധമില്ല. അതു മായയെ ആശ്രയിച്ച്‌ പ്രാണാദികളില്‍ പ്രവേശിച്ച്‌ ജീവാത്മാവായി സ്ഥിതി ചെയ്യുന്നു. അതു കൊണ്ടാണ്‌ സംസാരവും മോക്ഷവും ഉണ്ടാകുന്നത്‌.

സര്‍വ്വഭൂതങ്ങളുടേയും അന്തരാത്മാവായിരിക്കുന്ന പരമേശ്വരന്‍ ഓരോ രൂപത്തിലും പ്രതിരൂപനായി ഭാവിച്ച്‌ അവിദ്യയേയും അതിന്റെ പാദങ്ങളേയും നശിപ്പിക്കുന്നതു കൊണ്ട്‌ ആത്മാവിന് ഹംസം എന്നു പേര്‍ ഉണ്ടായി. "ഹന്ത്യവിദ്യാം തത്‌കാര്യമിതി ഹംസഃ പരമാത്മാ" എന്ന് ശാങ്കരഭാഷ്യം. ബ്രഹ്മത്തിന്റെ ഒരു പാദം ജീവാത്മാവ്‌. മറ്റു മൂന്നു പാദങ്ങള്‍ അദ്വിതീയ ബ്രഹ്മം.

ഹംസത്തെ പോലെയിരിക്കുന്നത്‌ ഹംസം. പരമാത്മാവ്‌ ശരീരമാകുന്ന വൃക്ഷത്തിൽ ഇരിക്കുന്നതെങ്കിലും അതിനോട്‌ ബന്ധമില്ലാത്തത്‌. "സഃ അയമാത്മാ ചതുഷ്പാത്‌" എന്ന് ശ്രുതി. ആത്മാവിന് നാലു പാദങ്ങളുണ്ട്‌. ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി, തുരീയം എന്നിവയാണ്‌ അവ. ഇവയില്‍ തുരീയത്തെ ഉത്ക്ഷേപിക്കുന്നില്ല, പ്രകാശിപ്പിക്കുന്നില്ല. "തം തുരീയം പാദംശിവമദ്വൈതം ചതുര്‍ത്ഥം മന്യന്തേ സ ആത്മാ സ വിജേഞയഃ", എന്നു ശ്രുതി. നാലാമത്തെ പാദം ആത്മാവാണ്‌. അതിനെ അറിയേണ്ടതാകുന്നു.

************

സര്‍വ്വ വസ്തുക്കളുടേയും അന്തര്‍ഭാഗത്തില്‍ സ്ഥിതി ചെയ്യുന്നവനും, പൂര്‍ണ്ണനുമായ ആ പരമാത്മാവു തന്നെ ലിംഗ ശരീരത്തിനോടുള്ള ചേര്‍ച്ച കൊണ്ടു പെരുവിരലിനോളം വലുപ്പമുള്ളവനായി എന്നും സംസാരത്തില്‍ ഉഴലുന്നു. സര്‍വ്വേശ്വരനും സ്തുത്യനും എല്ലാറ്റിലും പ്രവേശിച്ച്‌ സ്വരൂപമുണ്ടാക്കുന്നവനും, എല്ലാറ്റിനും മുമ്പുള്ളവനുമായ ആ പരമാത്മാവിനെ ദേഹം തന്നെ ആത്മാവെന്നു വിചാരിക്കുന്ന മൂഢന്മാര്‍ കാണുന്നില്ല. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

(അംഗുഷ്ഠ മാത്രം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതു കൊണ്ടു പെരുവിരലിനോളം വലിപ്പമുള്ളത്‌, വലിപ്പം കുറഞ്ഞത്‌. ഈ പദം ഹൃദയപുണ്ഡരീകമാണ്‌ ധ്യാനസ്ഥലം എന്ന് ഉപദേശിക്കുന്നു. അന്തരാത്മാവ്‌, പുറമേയും അകത്തുമുള്ള അന്നമയാദികളായ അഞ്ചു കോശങ്ങളുടെ അകത്തുള്ളത്‌. അന്നം. പ്രാണം, മനോമയം, വിജ്ഞാനം, ആനന്ദം എന്നിവ പഞ്ചകോശങ്ങള്‍, ലിംഗശരീരം, പ്രാണ മനോബുദ്ധി ഇന്ദ്രിയാദി രൂപത്തോടു കൂടിയത്‌. ആദ്യം മൂലകാരണം. വിരാജനം പ്രത്യേക ചൈതന്യമായി ശോഭിക്കുന്നത്‌ )

പാമ്പുകള്‍ പൊത്തുകളില്‍ നിന്നു പുറത്തു വന്ന് ജനങ്ങളെ കടിച്ചു വിഷമേല്പിച്ച്‌ വീണ്ടും അവയില്‍ ചെന്ന്‌ ഒളിക്കുന്നു. അതു പോലെ ഇന്ദ്രിയങ്ങളാകുന്ന സര്‍പ്പങ്ങള്‍ ബാധിച്ച്‌ വിഷയസുഖമാകുന്ന വിഷമേല്പിച്ച്‌ മനുഷ്യനെ നശിപ്പിച്ചിട്ട്‌ വീണ്ടും സ്വസ്ഥാനങ്ങളില്‍ ചെന്ന്‌ ഒതുങ്ങി ഒളിച്ചിരിക്കുന്ന. വിഷയ വിഷം ഏൽക്കുന്നവര്‍ ഒന്നും അറിയുവാന്‍ പാടില്ലാത്തവരാകുന്നു.

"യഥാ പ്രിയയാ സ്ത്രിയാ സമ്പരിഷ്വക്തഃ" എന്ന് ശ്രുതി. പ്രിയയായ സ്ത്രീയുടെ ആശ്ലേഷത്തിനു വശംഗതനായവന്‍ വേറെ യാതൊനും അറിയുന്നില്ല. അതു തന്നെ ഇന്ദ്രിയസര്‍പ്പം കടിച്ചവന്റേയും സ്ഥിതി. ഇന്ദ്രിയങ്ങള്‍ ഉണ്ടാക്കുന്ന വിഷയവിഷം ബാധിക്കുന്നവര്‍ സംസാരത്തില്‍ അകപ്പെടുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

വിവേകബുദ്ധി ഇല്ലാത്തവന്‍ ആത്മാവ്‌ തന്നില്‍ തന്നെ ഇരിക്കുന്നു എന്ന് അറിയുന്നില്ല. അതു കൊണ്ട്‌ അവന്‍ പന്നി, പട്ടി, മുതലായ ജന്മങ്ങളെ പ്രാപിച്ച്‌ സംസാരകൂപത്തില്‍ വീണ്‌ ഉഴലുന്നു. സര്‍വ്വവസ്തുക്കളേയും പ്രകാശിപ്പിക്കുന്ന ആത്മസ്വരൂപത്തെ ഉപേക്ഷിച്ച്‌ അവന്‍ വിഷയങ്ങളെ അനുഭവിക്കുന്നു. അവന്‍ സാക്ഷാല്‍ കഴുത തന്നെയാണ്‌. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ശമദമാദി സാധനകളോടു കൂടിയവരും അങ്ങനെ അല്ലാത്തവരും അതിനെ മനുഷ്യരില്‍ സമമായി കാണുന്നു. ഇവരില്‍ ആദ്യത്തെ തരക്കാര്‍ മോക്ഷത്തിനും മറ്റേവര്‍ സംസാരത്തിനും പാത്രമാകുന്നു. മുക്തന്മാര്‍ വിഷ്ണുപദം പ്രാപിച്ച്‌ പൂര്‍ണ്ണാനന്ദമയമായ ബ്രഹ്മസുഖം അനുഭവിക്കുന്നു. യോഗികള്‍ ഭഗവാനായും നിതൃനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ഇഹപരങ്ങളായ രണ്ടു ലോകങ്ങളും ആത്മവിദ്യ കൊണ്ട്‌ വ്യാപിച്ചിട്ട്‌ അതു കൊണ്ട്‌ ആഹുതമായിരിക്കുന്ന അഗ്നിഹോതവ്രും ആത്മജ്ഞാനത്തിന്റെ ആഭിമുഖ്യത്താല്‍ ആഹുതമായി ഭവിക്കുന്നു. അഗ്നിഹോത്രാദികളായ സര്‍വ്വകര്‍മ്മങ്ങളും അതു കൊണ്ടു ഫലിക്കുന്നു. തന്മൂലം ആത്മവിദ്യയെ അങ്ങു നിസ്സാരമായി കരുതരുത്‌. ആത്മവിദ്യയില്‍ വ്യാപരിക്കുന്നവന്‍ പരമാത്മാവിനെ ആത്മത്വേന അനുഭവപ്പെടുത്തുന്നു. അതു തന്നെ പ്രജ്ഞാനം. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ഇപ്രകാരം ബ്രഹ്മം (മഹത്ത്‌) ആയിരിക്കുന്ന ആത്മാവ്‌ ബ്രഹ്മത്തെ തന്നെ സമ്പാദിക്കുന്നു. സമ്പത്തിനേയും തന്നില്‍ അടക്കുന്നു. അഗ്നിയെ തന്നില്‍ അടക്കുന്നവനും പൂര്‍ണ്ണനും ആയ ആത്മാവിനെ ആരാണോ അറിയുന്നത്‌ അവന്റെ ആത്മാവിനു നാശം സംഭവിക്കുന്നില്ല. ബ്രഹ്മജ്ഞാനിയുടെ പ്രാണന്‍ ഉത്ക്രമിക്കുന്നില്ല. അതു ബ്രഹ്മസ്വരൂപം കൈക്കൊണ്ട്‌ ബ്രഹ്മത്തെ തന്നെ പ്രാപിക്കുന്നു. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

സച്ചിദാനന്ദമയമായ ബ്രഹ്മാണ്‌ താനെന്ന്‌ എപ്പോഴും അഭിമാനിക്കണം. അവന് മൃത്യു ഭവിക്കുന്നില്ല. പിന്നെ അമൃതം എവിടെ? മൃത്യു ഉണ്ടാകാതെ അമൃതം സംഭവിക്കയില്ലല്ലോ. അവന് ജരാമരണ ലക്ഷണമായ സംസാരം തന്നെയില്ല. ഒരു പരമാര്‍ത്ഥമായ അടിസ്ഥാനത്തെ ആസ്പദമാക്കിയാണ്‌ സത്യവും അസത്യവും ഉണ്ടെന്നു തോന്നുന്നത്‌. ഉള്ളതും ഇല്ലാത്തതുമായ വസ്തുവിന് കാരണം ബ്രഹ്മം തന്നെയാണ്‌. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

പരമാത്മാവ്‌ ആകാശം മുതല്‍ ദേഹം വരെയുള്ള ജഗത്തിനെ സൃഷ്ടിച്ചു ഹൃദയത്തില്‍ പ്രവേശിച്ച്‌ സ്ഥിതി ചെയ്യുന്നു. എന്നാലും അരൂപനായ അവനെ കാണുന്നില്ല. അവന്‍ ജന്മമില്ലാത്തവനും രാപ്പകല്‍ സഞ്ചരിക്കുന്നവനും ആകുന്നു. അലസത കൂടാതെ അവനെ ധ്യാനിക്കുന്നവന്‍ കൃതാര്‍ത്ഥനും കവിയുമായി ഭവിക്കുന്നു.

ആ ബ്രഹ്മത്തില്‍ നിന്നു വായു ഉണ്ടായി. അതില്‍ തന്നെ അത്‌ അപ്രകാരം ലയിക്കുകയും ചെയ്യുന്നു. അതില്‍ നിന്ന്‌ അഗ്നിയും ചന്ദ്രനും ഉണ്ടായി. അതില്‍ നിന്ന്‌ പ്രാണനുണ്ടായി.

അതില്‍ നിന്നാണ്‌ എല്ലാം ഉണ്ടായത്‌ എന്നറിയണം. ഓരോന്നിനേയും പ്രത്യകം എടുത്തു പറയുന്നതിന്‌ കഴിയുന്നതല്ല. യോഗികള്‍ ഭഗവാനായും നിത്യനായും ഇരിക്കുന്ന ആ പരമാത്മാവിനെ കാണുന്നു; സാക്ഷാത്കരിക്കുന്നു.

ലോകങ്ങളെല്ലാം അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അമൃതവും ബ്രഹ്മവും യശസ്സും അതു തന്നെ. അതില്‍ നിന്നു ജീവികള്‍ ഉണ്ടായി. അതില്‍ തന്നെ അവ ലയിക്കുകയും ചെയ്യുന്നു.

ജീവേശ്വരന്മാരേയും ആകാശത്തേയും ഭൂമിയേയും ദിക്കുകളേയും മറ്റു ലോകങ്ങളേയും ബ്രഹ്മം തന്നെ ഭരിക്കുന്നു. ആ ബ്രഹ്മത്തില്‍ നിന്നു ദിക്കുകള്‍ ഉണ്ടായി. നദികള്‍ ഒഴുകുന്നു. അതാണ്‌ സമുദ്രത്തെ നിര്‍മ്മിച്ചിരിക്കുന്നത്‌.

ബ്രഹ്മം അനന്തം എന്നു പറയുന്നു. ഒരുവന്‍ ആയിരം ആയിരം ചിറകുകള്‍ സമ്പാദിച്ച്‌ ഉപയോഗിച്ച്‌ മനോവേഗത്തില്‍ പറന്നാലും സർവ്വത്തിനും കാരണമായ പരമാത്മാവിന്റെ അവസാനം കാണുകയില്ല. അത്രയ്ക്ക്‌ അനന്തനാണ്‌ പരമാത്മാവ്‌.

ഈ പരമാത്മാവിന്റെ രൂപം കാണാവുന്നതല്ല. അതു നേത്രഗോചരമല്ല. അങ്ങനെ ആണെങ്കിലും അതിനെ യജ്ഞാദികള്‍ ചെയ്ത്‌ നിര്‍മ്മലമായ മനഃസ്ഥിതിയോടു കൂടിയവര്‍ കാണുന്നു.

രജസ്സ് തമസ്സുകള്‍ നശിച്ച്‌ സത്വൈകമയമായ ഹൃദയത്തോടു കൂടിയ ജ്ഞാനികള്‍ക്ക്‌ അതു മനസ്സു കൊണ്ടു കാണുവാന്‍ കഴിയും. ഈ പരമാത്മാവിനെ ആത്മാവെന്ന്‌ അറിയുന്നവന് മരണം നേരിടുകയില്ല. അവന്‍ അമൃതനായി തീരുന്നു: രാഗദ്വേഷാദികൾ ഇല്ലാത്തവനാകുന്നു.

ഏതൊരുത്തന്‍ സര്‍വ്വവ്യാപിയും സര്‍വ്വജീവികളിലും സ്ഥിതിചെയ്യുന്നവനുമായ പരമാത്മാവിനെ ധ്യാനം കൊണ്ട്‌ സാക്ഷാത്കരിക്കുന്നുവോ അവന്‍ ദേഹഹേന്ദ്രിയാദികളാണ്‌ ആത്മാവ്‌ എന്ന് അഭിമാനിക്കുന്നവരെ പോലെ ദുഃഖിക്കുന്നതല്ല. ശരീരാത്മാഭിമാനികള്‍ക്കാണ്‌ പുത്രദാരാദികളിലും മറ്റും ദുഃഖം ഉണ്ടാകുന്നത്‌. ജ്ഞാനി കൃതാര്‍ത്ഥനാകുന്നു.

എല്ലാ സ്ഥലത്തും ജലം നിറഞ്ഞു വ്യാപിച്ചിരിക്കുന്ന സമയത്ത്‌ ഒരുവന് കിണറു കൊണ്ട്‌ പ്രത്യേകം പ്രയോജനമില്ല. അപ്രകാരം സര്‍വ്വഭൂതങ്ങളിലും ആത്മാവിനെ കാണുന്ന ഒരു ബ്രഹ്മജ്ഞന്‍ വേദങ്ങള്‍ പ്രതിപാദിക്കുന്ന യജ്ഞാദി കര്‍മ്മങ്ങള്‍ അല്പവും ചെയ്യേണ്ടതായിട്ടില്ല. അതു കൊണ്ട്‌ അവന് ഒന്നും കിട്ടുവാനില്ല. അവ അല്പങ്ങളാണ്‌. ആത്മദര്‍ശനം കൊണ്ട്‌ അവന്‍ കൃതാര്‍ത്ഥനാകുന്നു.

രാജാവേ, ഞാന്‍ തന്നെയാണ്‌ അങ്ങയുടെ അച്ഛനും അമ്മയും. പിന്നെ പുത്രന്മാരായ ദുര്യോധനാദികളും ഞാന്‍ തന്നെ. എന്തൊക്കെ പ്രാണികള്‍ ഉണ്ടോ എന്തൊക്കെയില്ലയോ അവയുടെ ആത്മാവ്‌ ഞാന്‍ തന്നെയാകുന്നു.

അല്ലയോ ധൃതരാഷ്ട്ര രാജാവേ, ഇന്ദ്രാദികളുടെ വൃദ്ധനായ പിതാമഹന്‍ ഞാനാകുന്നു. പിതാവായ ഹിരണൃഗര്‍ഭനും ഞാന്‍ തന്നെ. അനാദിയായ പരമാത്മാവും ഞാനത്രെ. നിങ്ങള്‍ എല്ലാവരും എന്റെ ആത്മാവില്‍ സ്ഥിതി ചെയ്യുന്നവരാണ്‌. എന്നാൽ പരമാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്നില്‍ സ്ഥിതി ചെയ്യുന്നില്ല. അതു പോലെ ഞാന്‍ നിങ്ങളിലും സ്ഥിതി ചെയ്യുന്നില്ല.

ആത്മാവു തന്നെയാണ്‌ സർവ്വത്തിനും ആശ്രയസ്ഥാനം. ആത്മാവില്‍നിന്ന്‌ സര്‍വ്വവും ഉണ്ടായി.

ജഗത്ത്‌ മുഴുവനും ഈടും പാവും പോലെ അതില്‍ നിന്ന്‌ സംഭവിച്ചു. ഞാന്‍ തന്നെ എങ്ങും നിറഞ്ഞ്‌ ഓതപ്രോതരൂപേണ (ഈടും പാവും പോലെ) സ്ഥിതി ചെയ്യുന്നു. ജഗത്തിന്റെ ആത്മാവായ ഞാന്‍ നിങ്ങളുടെ പിതാവാകുന്നു. ജരാമരണങ്ങളില്ലാത്ത സ്വന്തം മഹിമാവില്‍ പ്രതിഷ്ഠയോടു കൂടിയവനാണ്‌ ഞാന്‍.

ചെറിയവരില്‍ വെച്ച്‌ ഏറ്റവും ചെറിയവനും, രാഗദ്വേഷാദി സ്പര്‍ശമില്ലാത്ത ശോഭനമായ മനസ്സോടു കൂടിയവനും, സര്‍വ്വജീവജാലങ്ങളുടേയും ഹൃദയപത്മത്തില്‍ ആത്മത്വേന സ്ഥിതി ചെയ്യുന്നവനും ആണ്‌ ഞാന്‍. ബ്രഹ്മജ്ഞന്മാരായ സനക സനന്ദന വാമദേവാദി മഹര്‍ഷിമാരും സർവ്വജീവികളുടേയും പിതാവായ ആ പരമേശ്വരനെ ഹൃദയപുണ്ഡരീകത്തില്‍ സ്ഥിതനായി ആത്മത്വേന അറിയുന്നു.

ഒരു വസ്തു തന്നെ എങ്ങനെ ഏറ്റവും ചെറിയതും ഏറ്റവും വലിയതും ആകും? പറയാം. അങ്ങനെ പറഞ്ഞത്‌ ഒരു ദോഷമല്ല. പരിച്ഛിന്ന ദേശത്തില്‍ മാത്രം ഇരിക്കുന്ന ഒരുവനെ സർവ്വഗതന്‍ എന്നു പറയുന്നത്‌ ഒരുവിധത്തിലും ചേരുന്നതല്ല. എന്നാൽ സര്‍വ്വഗതനായ ഒരുവന്‍ എല്ലാ ദിക്കിലും ഉണ്ടാക കൊണ്ട്‌ അവന് ഒരു പരിച്ഛിന്ന ദേശം വ്യപദേശിക്കുന്നത്‌ സാപേക്ഷകമായി ഭവിക്കാവുന്നതാണ്‌. എങ്ങനെയെന്നാല്‍ സമസ്ത ഭൂലോകാധിപനായ ഒരുവനെ അയോദ്ധ്യാധിപതി എന്നും പറയാവുന്നതാണ്‌. എന്നാൽപ്പിന്നെ എന്തിനെ അപേക്ഷിച്ചാണ്‌ സര്‍വ്വഗതനായ ഈശ്വരനെ ചെറിയ കുടിലില്‍ ഇരിക്കുന്നവനെനും നെന്മണിയേക്കാള്‍ അണീയാനെനും പറയുന്നത്‌? തദ്‌ രൂപേണ ഉപാസിക്കുവാന്‍, ധ്യാനിക്കുവാന്‍, അല്ലെങ്കില്‍ ബുദ്ധി കൊണ്ട്‌ ഗ്രഹിക്കാന്‍ വേണ്ടി മാത്രം എന്ന് ഞങ്ങള്‍ പറയുന്നു. ഇങ്ങനെ അണീയസ്ത്വം മുതലായ ഗുണസമുച്ചയത്തോടു കൂടിയവനായി ഈശ്വരനെ ഹൃദയ പുണ്ഡരീകത്തില്‍ ധ്യാനിക്കേണ്ടതായി, അല്ലെങ്കില്‍ മനസ്സു കൊണ്ടു ദര്‍ശിക്കേണ്ടതായി, ഉപദേശിക്കുന്നു. സാള ഗ്രാമത്തില്‍ വിഷ്ണുവിനെ ധ്യാനിക്കുന്നതു പോലെയാണിത്‌. ഹൃദയ പുണ്ഡരീകത്തില്‍ ഈശ്വരനേയും സാള ഗ്രാമത്തില്‍ ഹരിയേയും ഗ്രഹിക്കുന്നത്‌ ബുദ്ധിജ്ഞാനമാണ്‌. ഈശ്വരന്‍ സര്‍വ്വഗതനാണെങ്കിലും ഹൃദയപുണ്ഡരീകത്തില്‍ ഉപാസിക്കപ്പെടുമ്പോള്‍ പ്രസാദിക്കുന്നു.

************

ബ്രഹ്മത്തിന്റെ അല്പായതനത്വം ആകാശത്തിന്റേതു പോലെയും ആകുന്നു. ആകാശം സർവ്വഗതമാണെങ്കിലും സുചീരന്ധ്രാദിരൂപേണ വിചാരിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ സുചീരന്ധ്രാദ്യപേക്ഷാ ഹേതുവായിട്ട്‌ അതിനെ അല്പനീഡമെന്നും അണീയസ്സറെന്നും പറയുന്നതു പോലെയാണ്‌ ബ്രഹ്മവും ബ്രഹ്മത്തിന്റെ അല്പനീഡത്വവും അണീയുസ്ത്വവും. നിചായ്യത്വത്തെ അല്ലെങ്കില്‍ ഉപാസൃത്വത്തെ അല്ലെങ്കില്‍ ശ്രഷ്ടവ്യത്വത്തെ അപേക്ഷിച്ചു കൊണ്ടുള്ളതാണ്‌; പാരമാര്‍ത്ഥികമല്ല. ബ്രഹ്മം അണോരണീയാന്‍ എന്ന് ഈ ഭാഗം യുക്തിയുക്തമായി സമര്‍ത്ഥിക്കുന്നു. അതിന്റെ മഹീയസ്ത്വത്തില്‍ ആര്‍ക്കും യാതൊരു സംശയവും ഉണ്ടാകുന്നതല്ലല്ലോ. ( ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം )

യാനസന്ധിപര്‍വ്വം

47 സഞ്ജയന്റെ പ്രത്യാഗമനം - വൈശമ്പായനൻപറഞ്ഞു: സനത്സുജാത മഹര്‍ഷിയും വിദുരനും ചേര്‍ന്ന്‌ ഇപ്രകാരം ജ്ഞാനോപദേശങ്ങള്‍ നല്കി. ധൃതരാഷ്ട്ര രാജാവ്‌ ആ ഉപദേശങ്ങളൊക്കെ കേട്ടു കൊണ്ടിരിക്കേ അങ്ങനെ അന്നത്തെ രാത്രിയും കഴിഞ്ഞു.

പിറ്റേ ദിവസം പ്രഭാതമായി. സഞ്ജയന്റെ ദൗത്യം കൊണ്ട്‌ പാണ്ഡവന്മാരില്‍ ഉണ്ടായ പ്രതികരണം എന്തെന്നറിയുവാന്‍ രാജാക്കന്മാരൊക്കെ സഭയിലേക്കു ചെന്നു. ധര്‍മ്മാനുസരണമായി പാര്‍ത്ഥന്മാര്‍ പറഞ്ഞയച്ച മൊഴി സഞ്ജയനില്‍ നിന്നു കേള്‍ക്കുവാന്‍ ധൃതരാഷ്ട്രന്‍ മുതലായവരെല്ലാം രാജസഭയില്‍ സന്നിഹിതരായി.

വെള്ളയടിച്ച്‌ വളരെ വിസ്താരത്തില്‍ പ്രശോഭിക്കുന്ന സഭാതലത്തില്‍ സ്വര്‍ണ്ണാലം കൃതമായും ചന്ദ്രകാന്തിപ്രഭയോടു ചേര്‍ന്നും ചന്ദനച്ചാര്‍ തളിച്ച്‌ ഹേമദാരുമയങ്ങളായും, ഉരുക്ക്‌ ആനക്കൊമ്പ്‌ എന്നിവയാല്‍ ചിത്രിതങ്ങളായും വിളങ്ങുന്ന വിചിത്രാസനങ്ങളില്‍ അവര്‍ യഥായോഗ്യം ഇരിപ്പുറപ്പിച്ചു.

ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, ശല്യന്‍, കൃതവർമ്മാവ്‌, ജയദ്രഥന്‍, വികര്‍ണ്ണന്‍, അശ്വത്ഥാമാവ്‌, ബാല്‍ഹീകന്‍, സോമദത്തന്‍, പ്രാജ്ഞനായ വിദുരന്‍, മഹാരഥനായ യുയുത്സു എന്നീ ശൂരന്മാരോടും ധൃതരാഷ്ട്രനോടും കൂടി ശുഭമായ സഭയിലേക്ക്‌ ആദ്യമായി എത്തിച്ചേര്‍ന്ന്‌ എല്ലാവരും യഥാസ്ഥാനത്തിരുന്നു.

ദുശ്ലാസനന്‍, ചിത്രസേനന്‍, സൗബലനായ ശകുനി, ദുര്‍മ്മുഖന്‍, ദുസ്സഹന്‍, കര്‍ണ്ണന്‍, ഉലൂകന്‍, വിവിംശതി എന്നിവര്‍ അമര്‍ഷിയായ ദുര്യോധനന്റെ പിന്നാലെയായി ദേവന്മാര്‍ ഇന്ദ്രസദസ്സിലേക്കെന്ന പോലെ, സഭയില്‍ വന്നു കയറി.

പരിഘബാഹുക്കളായ ആ ശൂര രാജാക്കന്മാര്‍ കയറിയപ്പോള്‍ സിംഹങ്ങള്‍ കയറിയ മഹാഗഹ്വരം പോലെ ആ രാജസഭ പ്രശോഭിച്ചു. ഓജസ്സു കൂടിയ ആ വില്ലാളി വീരന്മാര്‍; വിചിത്ര പീഠങ്ങളില്‍ സൂര്യസന്നിഭന്മാരായി ശോഭിച്ചു.

ആ രാജാക്കന്മാരെല്ലാവരും ഇരുന്നതിന് ശേഷം സഞ്ജയന്‍ വരുന്നതായി ദ്വാരപാലകന്‍ സഭയെ അറിയിച്ചു. പാണ്ഡവന്മാരുടെ അടുത്തു പോയിരുന്ന സഞ്ജയന്‍ തേരില്‍ കയറി ഇതാ വരുന്നു! പറഞ്ഞു കഴിയുമ്പോഴേക്കും തേര്‍ നിര്‍ത്തി കുണ്ഡലങ്ങള്‍ കുണുങ്ങുമാറ്‌ സഞ്ജയന്‍ രഥത്തില്‍ നിന്നു ചാടിയിറങ്ങി മഹാരഥന്മാര്‍ നിറഞ്ഞ ആ രാജസഭയിലേക്കു പ്രവേശിച്ചു. സഞ്ജയന്‍ സഭയെ കൈകൂപ്പി.

സഞ്ജയന്‍ പറഞ്ഞു: അല്ലയോ കൗരവന്മാരേ, ഞാന്‍ പാണ്ഡവന്മാരെ കണ്ട്‌ ഇതാ മടങ്ങിയെത്തി യിരിക്കുന്നു. വയസ്സിന് അനുരൂപമായി എല്ലാ കുരുക്കളേയും പാണ്ഡവന്മാര്‍ മാനിക്കുന്നു. വൃദ്ധന്മാരെ കുമ്പിട്ട്‌ അവര്‍ പൂജിക്കുന്നു. ഇഷ്ടന്മാരേയും, യുവാക്കളേയും, പ്രായത്തിനൊത്ത വിധം പാണ്ഡവന്മാര്‍ അഭിനന്ദിക്കുന്നു. ധൃതരാഷ്ട്ര രാജാവിന്റെ സന്ദേശ വാഹകനായി പോയ. ഞാന്‍ പാണ്ഡവന്മാരുടെ അടുത്തു നിന്നു ലഭിച്ച വൃത്താന്തങ്ങള്‍ നിങ്ങളെ ഗ്രഹിപ്പിക്കാം.

48. അര്‍ജ്ജുനവാകൃ നിവേദനം - സഞ്ജയന്‍ അര്‍ജ്ജുനന്റെ സന്ദേശം വിവരിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, സഞ്ജയാ! രാജമദ്ധൃത്തില്‍ വെച്ച്‌, ഉദാരസത്വനും, യോധാധിനാഥനും ദുഷ്ടനിഗ്രഹ തല്പരനും, മാന്യനുമായ ധനഞ്ജയന്‍ എന്താണു പറഞ്ഞത്‌? കേള്‍ക്കട്ടെ. സഞ്ജയന്‍ പറഞ്ഞു: യുദ്ധസന്നദ്ധനായ അര്‍ജ്ജുനന്‍, ധര്‍മ്മ രാജാവിന്റെ അനുമതിയോടു കൂടി കേശവന്‍ കേള്‍ക്കെ, പറഞ്ഞ വാക്യം ദുര്യോധനന്‍ കേള്‍ക്കേണ്ടതാണ്‌. അവിടെ വച്ച്‌ സ്വന്തം ബാഹുവീരൃത്തേയും വാസുദേവ സഹായത്തേയും പുരസ്കരിച്ച്‌ പോരിന് ഒരുങ്ങി നിൽക്കുന്ന കിരീടി എന്നോട്‌ ഇപ്രകാരം പറഞ്ഞു: "ഭവാന്‍ കൗരവ സദസ്സില്‍ ചെന്ന്‌ ദുര്യോധനനോട്‌, ദുര്‍ഭാഷണനും ദുഷ്ടബുദ്ധിയുമായ ആ സൂതപുത്രന്‍ കേള്‍ക്കെ പറയണം. എന്നോട്‌ എന്നും പോരിന് സന്നദ്ധനായ, മന്ദബുദ്ധിയും മരണം, അടുത്തവനും മൂഢനുമായ അവന്‍ കേള്‍ക്കുമാറ്‌, കൗന്തേയന്മാരോട്‌ യുദ്ധത്തിനായി വന്നു ചേര്‍ന്ന മറ്റു രാജാക്കന്മാരും കേള്‍ക്കുമാറ്‌, അമാത്യന്മാരോടു ചേര്‍ന്ന ആ രാജാവ്‌ കേള്‍ക്കുമാറ്‌ എന്റെ വാക്യം കേള്‍പ്പിക്കുക". ഇന്ദ്രവാക്യം ദേവസമൂഹമെന്നപോലെ, കിരീടിയുടെ വാക്ക്‌ പാണ്ഡവ സൃഞ്ജയന്മാരെല്ലാവരും കേള്‍ക്കെ, ഇപ്രകാരം ഗാണ്ഡീവ ധനന്വാവായ അര്‍ജ്ജുനന്‍ പറയുവാന്‍ തുടങ്ങിയപ്പോള്‍ അവന്റെ ന്രേതങ്ങള്‍ രക്താംബുജം പോലെ പ്രോജ്ജ്വലിച്ചു.

അര്‍ജ്ജുനന്‍ ഇപ്രകാരം തുടര്‍ന്നു: എന്റെ വാക്ക്‌ അവരെല്ലാവരും കേള്‍ക്കെ പറഞ്ഞേക്കൂ! യുധിഷ്ഠിര രാജാവിന്റെ രാജ്യം ദുര്യോധനന്‍ വിട്ടു കൊടുക്കാതിരുന്നാല്‍ മുമ്പേ ചെയ്തതും അനുഭവിക്കാതെ കിടക്കുന്നതുമായ എന്തോ മഹാപാപത്തിന്റെ ഫലം ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ ഉണ്ടെന്നു വിചാരിക്കേണ്ടി വരും. ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍, കൃഷ്ണന്‍, സാതൃകി, ധൃഷ്ടദ്യുമ്നന്‍. ശിഖണ്ഡി, യുധിഷ്ഠിരന്‍ എന്നിവരോട്‌ ദുര്യോധനന്‍ അപകാരത്തിന് ഒരുങ്ങുകയാണെങ്കില്‍ അന്നു കാണാം, ആകാശവും ഭൂമിയും. ഒരു പോലെ ദഹിക്കുന്നത്‌. ഇവരോടെല്ലാം പോരാടി ഇവരെയൊക്കെ പരാജിതരാക്കി പാണ്ഡവധനം കൈക്കലാക്കാമെന്നു വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ ബുദ്ധിശൂന്യതയാണ്‌. പാണ്ഡവ ഹിതത്തിനായി അര്‍ദ്ധരാജ്യം നല്കാതെ, യുദ്ധത്തിന് പുറപ്പെടുകയാണെങ്കില്‍, ധര്‍മ്മചാരിയായ യുധിഷ്ഠിരന്‍ നാടുകടത്തപ്പെടുകയാല്‍ കാട്ടിലെ ദുഃഖശയ്യയില്‍ കിടന്നു കഴിയേണ്ടി വന്നതിനേക്കാള്‍ കഠിന ദുഃഖകരമായ അന്ത്യശയ്യയില്‍ അനുഭവിച്ചു കൊണ്ടു മൃതിയടയും.

ജ്ഞാനവും, ദമവും, ഹ്രീയും, തപവും, ശൗര്യവും, ധര്‍മ്മത്രാണവും തികഞ്ഞ പാണ്ഡവന്മാരില്‍ ദുരാത്മാവായ ദുര്യോധനന്‍ അന്യായമായി കയ്യേറുകയാണു ചെയ്തിരിക്കുന്നത്‌. സത്യം, വിനയം, അടക്കം, തപസ്സ്‌, ധര്‍മ്മരക്ഷ എന്നീ ഗുണങ്ങള്‍ ചേര്‍ന്നവനും, സതൃവാദിയും, ക്ഷമാവാനുമായ യുധിഷ്ഠിര രാജാവിനെ കപട വാക്കുകളാല്‍ വഞ്ചിച്ചിട്ടാണല്ലോ ഇങ്ങനെഏറ്റവും ക്ലേശിപ്പിച്ചത്‌. തീക്ഷ്ണവ്രതനായ പാണ്ഡവ ജ്യേഷ്ഠന്‍ തന്നില്‍ വളരെക്കാലമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഘോരമായ ക്രോധത്തെ, തീവ്രമായ സംരംഭത്തോടെ കൗരവന്മാരില്‍ എന്നു വിടുന്നുവോ അന്ന്‌ ദുര്യോധനന്‍ യുദ്ധം കൊണ്ടുള്ള സന്താപം അനുഭവിക്കും.

വേനല്‍ കാലത്ത്‌ ഉണങ്ങിക്കിടക്കുന്ന കാട്ടില്‍ അണയുന്ന അഗ്നി ആ കാടിനെ കത്തി ദഹിപ്പിക്കുന്നതു പോലെ, ശുദ്ധാത്മാവായ യുധിഷ്ഠിരന്‍ ധാര്‍ത്തരാഷ്ട്രന്റെ സൈന്യത്തെയൊക്കെ തന്റെ നോട്ടം കൊണ്ടു തന്നെ ദഹിപ്പിച്ചുകളയും.

അമര്‍ഷണനും ഭീമവേഗനുമായ ഭീമസേനന്‍ ഗദ കയ്യിലേന്തി ക്രോധവിഷം വമിച്ചു കൊണ്ട്‌ രഥത്തില്‍ സ്ഥിതി ചെയ്ത്‌ എപ്പോള്‍ നേരിടുമോ, അന്ന്‌ യുദ്ധം കൊണ്ട ള്ള സന്താപം ധാര്‍ത്തരാഷ്ട്രന്‍ അനുഭവിക്കും. പടത്തലയ്ക്കല്‍ കയറി ചട്ട ധരിച്ച്‌ യുദ്ധാവേശത്താല്‍ ദുര്‍ദ്ദര്‍ശനനും പരവീരമര്‍ദ്ദനനുമായ ഭീമന്‍ അന്തകനെ പോലെ ശത്രുക്കളെ അടിച്ചു കൊന്നു തുടങ്ങുന്ന സമയത്ത്‌ എന്റെ ഈ വാക്ക്‌ ആ അതിമാനി ഓര്‍ക്കും.

ഭീമസേനന്‍ വധിച്ചു വീഴ്ത്തുന്ന കുന്നു പോലുള്ള ഗജങ്ങള്‍ അടിയേറ്റു മസ്തകം തകര്‍ന്ന്‌, കുടത്തില്‍ നിന്ന്‌ ജലം ഒഴുകുന്ന പോലെ അവ രക്തം വാര്‍ക്കുന്നത്‌ എപ്പോള്‍ കാണുന്നുവോ, അപ്പോള്‍ ധാര്‍ത്തരാഷ്ട്രന്‍ ദുഃഖിക്കാതിരിക്കയില്ല.

ഭയങ്കരസിംഹം പശുക്കൂട്ടത്തില്‍ എന്ന പോലെ ഭീമരൂപനായി ഗദാധരനായ ഭീമന്‍ നൂറ്റുപേരില്‍ കയറി എപ്പോള്‍ മുടിക്കുവാന്‍ തുടങ്ങുന്നുവോ, അപ്പോള്‍ യുദ്ധം കൊണ്ടു ള്ള സന്താപം ദുര്യോധനന്‍ അനുഭവിക്കും.

ആപത്തില്‍ ഭയമില്ലാത്തവനും, കൃതാസ്ത്രനും, എതിര്‍ക്കുമ്പോള്‍ ശത്രുവര്‍ഗ്ഗത്തെ പൊടിയാക്കുന്നവനും, ഒറ്റത്തേരില്‍ വന്ന് ഗദാഘാതത്താല്‍ കാലാളുകളേയും തേര്‍ നിരകളേയും തകര്‍ത്തു വിടുന്നവനുമായ ഭീമന്‍ ഗജയൂഥത്തെ എപ്പോള്‍ മുടിക്കുന്നുവോ, മഴുവാല്‍ കാടെന്ന പോലെ, ധാര്‍ത്തരാഷ്ട്രന്റെ സൈന്യത്തെ എപ്പോള്‍ വീഴ്ത്തുന്നുവോ, അപ്പോള്‍ യുദ്ധം കൊണ്ടു ള്ള സന്താപം ദുര്യോധനന്‍ അനുഭവിക്കും.

പുല്ലു മേഞ്ഞ ഗ്രാമം തീ പിടിച്ചാല്‍ എന്ന വിധം ധാര്‍ത്തപേ ചേടിച്ചേടിയും, പോരാളിമാര്‍ ഉഴഠിപ്പാഞ്ഞു പോയ ും ഭീമന്റെ ശസ്ത്രാഗ്നിയില്‍. എരിയുന്നത്‌ധാര്‍ത്തരാഷ്ര്ന്‍ എപ്പോള്‍ കാണുന്നുവോ, അപ്പോള്‍ യുദ്ധം കൊണ്ടു ള്ള സന്താപം ആ. ധാര്‍ത്തരാഷ്ട്രന്‍ അനുഭവിക്കും.

പുല്ലുമേഞ്ഞ ഗ്രാമം തീപിടിച്ചാല്‍ എന്ന വിധം ധാര്‍ത്തരാഷ്ട്രന്റെ സൈന്യം, ഇടിത്തീയിനാല്‍ വിള കത്തുന്നതു പോലെചിന്നിച്ചിതറി വീരന്മാര്‍ ചത്തും, പേടിച്ചോടിയും, പോരാളിമാര്‍ ഉഴറിപ്പാഞ്ഞു പോയും ഭീമന്റെ ശസ്ത്രാഗ്നിയില്‍. എരിയുന്നത്‌ ധാര്‍ത്തരാഷ്ട്രൻ എപ്പോള്‍ കാണുന്നുവോ, അപ്പോള്‍ യുദ്ധം കൊണ്ടുള്ള സന്താപം ആ. ധാര്‍ത്തരാഷ്ട്രന്‍ അനുഭവിക്കും.

ഭീമനെ പിന്തുടര്‍ന്ന്‌, ചിത്രയോധിയാല്‍ കൗരവയോദ്ധാക്കളുടെ ശിരസ്സുകള്‍ അനായാസേന വെട്ടി കുന്നുകള്‍ പോലെ കൂട്ടും! ദീര്‍ഘകാലം കാട്ടിലെ ദുഃഖശയ്യയില്‍ കിടക്കേണ്ടി വന്ന ആ സുഖോചിതന്‍ ക്രുദ്ധനായ സര്‍പ്പത്തെ പോലെ ശത്രുക്കളില്‍ വിഷം വമിക്കും] അപ്പോള്‍ യുദ്ധം കൊണ്ടുള്ള സന്താപം ധാര്‍ത്തരാഷ്ട്രന്‍ അനുഭവിക്കും.

ധര്‍മ്മ രാജാവിന്റെ ആദേശപ്രകാരം ജീവന്‍ കളയുവാന്‍ തയ്യാറായ പാര്‍ത്ഥിവയോധന്മാര്‍, ശുഭ്രരഥങ്ങളില്‍ കയറി ധാര്‍ത്തരാഷ്ട്ര സൈനൃത്തെ പറപ്പിക്കുന്നതു കാണുമ്പോള്‍ ധാര്‍ത്തരാഷ്ട്രന്‍ പശ്ചാത്തപിക്കാ തിരിക്കുകയില്ല.

ശിശുക്കളാണെങ്കിലും മുതിര്‍ന്നവരെ പോലെ കൃതാസ്ത്രന്മാരായ ആ പഞ്ചശൂരന്മാര്‍ പ്രാണനെ വെടിഞ്ഞ്‌ എതിര്‍ത്തു കൗരവന്മാരെ ഓടിക്കും. അതു കാണുമ്പോള്‍ യുദ്ധം കൊണ്ടുള്ള ദുഃഖം ധാര്‍ത്തരാഷ്ട്രന്‍ അനുഭവിക്കും.

അനുകൂലമായ ഗതിയും, നിശ്ശബ്ദമായ അക്ഷവും, ദീര്‍ഘമായ തന്തുവും ഇണങ്ങിയ കുതിരകളും ചേര്‍ന്ന രഥത്തില്‍ കയറി ആതതായിയായ നകുലന്‍ ശരഘങ്ങള്‍ കൊണ്ട്‌ രാജാക്കന്മാരുടെ ശിരസ്സുകള്‍ അറുത്തു വീഴ്ത്തും. യുദ്ധത്തില്‍ ചുറ്റിസഞ്ചരിച്ച്‌ സർവ്വദിക്കിലും പാഞ്ഞു ചെന്ന്‌, മഹാഭയം നല്കുന്ന ആ രഥസ്ഥനായ കൃതാസ്ത്രനെ എപ്പോള്‍ കാണുന്നുവോ അപ്പോള്‍ ദുര്യോധനന് യുദ്ധം കൊണ്ടുള്ള സന്താപം അനുഭവപ്പെടും.

ഹ്രീമാനും, നിപുണനും, സത്യവാദിയും സര്‍വ്വധര്‍മ്മജ്ഞനും, ബലവാനുമായ സഹദേവന്‍ തുമുലമായ യുദ്ധത്തില്‍ ശത്രുസൈന്യത്തെ ഊക്കോടെ അടിച്ചു തകര്‍ത്തു ക്ഷിപ്രകാരിയായി ശകുനിയോട്‌ നേരിടും. ശൂരന്മാരും, അസ്ത്രജ്ഞന്മാരും. രഥയുദ്ധ വിദഗ്ദ്ധന്മാരുമായ ദ്രൗപദേയന്മാര്‍ ഘോരവിഷോഗ്ര ദര്‍പ്പങ്ങള്‍ പോലെ പാഞ്ഞു വരുന്നതു കാണുമ്പോള്‍ യുദ്ധം കൊണ്ടുള്ള സന്താപം ധാര്‍ത്തരാഷ്ട്രന് ഉണ്ടാകാതിരിക്കയില്ല.

എപ്പോള്‍ ശരം കൊണ്ട്‌ അഭിമന്യു മേഘം പോലെ വര്‍ഷിച്ച്‌ ശത്രു സംഘം മുടിക്കുന്നുവോ, കൃഷ്ണതുല്യനും കൃതാസ്ത്രനുമായ അവന്റെ പരാക്രമത്തെ എപ്പോള്‍ കാണുന്നുവോ, അപ്പോള്‍ യുദ്ധം കൊണ്ടുള്ള സന്താപം ദുര്യോധനന്‍ അനുഭവിക്കുന്നതു കാണാം. ആ സൗഭദ്രന്‍ ബാലനാണെങ്കിലും മുതിര്‍ന്നവനെ പോലെ വീരൃവാനായി ശത്രുപ്പടയില്‍ കാലനെ പോലെ ചൊടിച്ചു കയറുന്നതു കാണുമ്പോള്‍ യുദ്ധം കൊണ്ടു ള്ള സന്താപം ദുര്യോധനന്‍ അനുഭവിക്കും.

യുവാക്കളും ശീഘ്രതരന്മാരും, വിശാരദന്മാരും, സിംഹതുല്യ വീരന്മാരുമായ പ്രഭദ്രകന്മാര്‍ ധാര്‍ത്തരാഷ്ട്രന്മാരെ സൈന്യത്തോടു കൂടെ വെട്ടിയെറിയുന്നതും വൃദ്ധമഹാരഥനായ ദ്രുപദ രാജാവ്‌ ക്രുദ്ധനായി എതിര്‍ത്ത്‌ യുവാക്കന്മാരുടെ ശിരസ്സ്‌ ശരങ്ങളാല്‍ അറുത്തു വീഴ്ത്തുന്നതും ശത്രുനാശനനായ വൃദ്ധവിരാടന്‍ രഥസ്ഥനായി ആര്യരൂപന്മാരായ മത്സ്യന്മാരോടു കൂടി ശത്രു സൈന്യത്തില്‍ പ്രവേശിച്ച്‌, കൗരവന്മാരെ തകര്‍ക്കുന്നതും എപ്പോള്‍ കാണുന്നുവോ അപ്പോള്‍ ദുര്യോധനന്‍ യുദ്ധത്തെ ഓര്‍ത്ത്‌ സന്തപിക്കാതിരിക്കയില്ല.

കുരുപ്രവീരനും, സത്തമനുമായ ഭീഷ്മനോട്‌ ചട്ട ധരിച്ചവനായ ശിഖണ്ഡി മഹായുദ്ധത്തില്‍ ഏറ്റുമുട്ടി ദിവ്യാസ്ത്രങ്ങളാല്‍ രഥയൂഥത്തെ മഥിച്ച്‌ യുദ്ധം ചെയ്യുമ്പോള്‍ ധാര്‍ത്തരാഷ്ട്രന്‍ യുദ്ധത്തിന് ആഗ്രഹിച്ചതു ചിന്തിച്ച്‌ ദുഃഖത്തില്‍ മുഴുകും!

കൗരവപ്രവീരനായ ഭീഷ്മൻ യുദ്ധത്തില്‍ ശിഖണ്ഡിയാല്‍ ഹതനായാല്‍ പിന്നെയുണ്ടോ കൗരവസൈന്യങ്ങള്‍ക്ക്‌ ആയുര്‍ബ്ബലം! രഥഗുപ്തിമാനായി ശിഖണ്ഡി രഥജാലത്തെ പൊടിയാക്കി രഥികളെ വീഴ്ത്തി ഭീഷ്മനോട്‌ ഇടയുകയും ദ്രോണൻ നല്കിയ ഗൂഢാസ്ത്രം ധരിച്ച്‌ സൃഞ്ജയ സൈനൃത്തിന്റെ നേതാവായി ധൃഷ്ടദ്യുമ്നന്‍ മുമ്പില്‍ നിൽക്കുന്നതും, ശത്രുസംഹരനും അപ്രമേയനുമായ ആ സേനാപതി ധാര്‍ത്തരാഷ്ട്രന്മാരെ മര്‍ദ്ദിച്ച്‌ ദ്രോണനോട് എതിര്‍ക്കുന്നതും കാണുമ്പോള്‍ ദുര്യോധനന് തപിക്കാതെ കഴിയുകയില്ല.

സേനാപതിയായ ആ മഹാധീരന്‍ ധാര്‍ത്തരാഷ്ട്ര സമൂഹത്തെ അമ്പെയ്ത്‌ ഉടച്ച്‌ ദ്രോണന്റെ നേര്‍ക്കു ശത്രുമര്‍ദ്ദനനായ അവന്‍ ആഞ്ഞടുക്കുമ്പോള്‍ പോരു കൊണ്ടുള്ള ദുഃഖം എത്രത്തോളം കനത്തതാണെന്ന്‌ ധാര്‍ത്തരാഷ്ട്രന് അനുഭവപ്പെടും.

ശ്രീമാനും, ഹ്രീമാനും, മനസ്വിയും, മനീഷിയുമായ മഹാബലനാണ്‌ സോമക സൈനൃത്തിന്റെ നേതാവ്‌. ഞങ്ങളുടെ മുമ്പില്‍ നിൽക്കുന്ന ആ ധീരനെ ശത്രുക്കള്‍ക്കാർക്കും താങ്ങുവാന്‍ സാധിക്കുകയില്ല. യുദ്ധത്തില്‍ അതുല്യനായ വൃഷ്ണിവീരനെ ഞങ്ങള്‍ സചിവനായി വരിച്ചിട്ടുണ്ടെന്ന്‌ ദുര്യോധനനോടുപറയുക! മഹാമനസ്കനും, ദീര്‍ഘബാഹുയും പരമാസ്ത്രവേദിയും നിര്‍ദ്ദയനുമാണ്‌ ശൈനേയനായ സാതൃകി. ആ ശിനിശ്രേഷ്ഠന്‍, ഞാന്‍ പറയുന്ന വിധത്തില്‍ ശത്രുക്കളില്‍ ശരങ്ങള്‍ ചൊരിഞ്ഞ്‌ യോധമുഖ്യന്മാരെ മൂടി മറയ്ക്കും. ആ ദൃഢധന്വാവ്‌ യുദ്ധത്തില്‍ ധീരനായി ഇറങ്ങുമ്പോള്‍ സിംഹത്തിന്റെ ഗന്ധമേറ്റ പശുക്കള്‍ പോലെ ശത്രുക്കള്‍ സംഭ്രമിക്കും. പര്‍വ്വതങ്ങളെ പിളര്‍ക്കുവാനും ലോകങ്ങളെ തകര്‍ക്കുവാനും ആ മഹാത്മാവ്‌ ശക്തനാണ്‌. ആകാശത്തില്‍ സൂര്യനെന്ന പോലെയാണ്‌ ആ ക്ഷിപ്രഹസ്തനായ കൃതാസ്രതന്‍ പ്രശോഭിക്കുന്നത്‌. വിസ്മയകരവും ദുര്‍ന്നിരീക്ഷ്യവും സുശിക്ഷിതവുമായ അസ്ത്രയോഗകത്താലും, പ്രശസ്തമായ ഗുണയോഗത്താലും കൃഷ്ണനോടു തുല്യനാണ്‌ സാതൃകി. നാലു വെള്ളക്കുതിരകളെ പൂട്ടിയ പൊന്മയമായ മാധവരഥത്തില്‍ സാത്യകിയെ കാണുമ്പോള്‍ മന്ദനും അകുതാത്മാവുമായ ദുര്യോധനന്‍ സന്തപിക്കും..

ശ്വേതാശ്വങ്ങളോടും ഹേമമണികളോടും ഉഗ്രമായ വാനരകേതുവോടും കൂടിയ രഥത്തില്‍ കേശവനൊന്നിച്ച്‌ എന്നെ ദുര്യോധനന്‍ കാണും. ഞാന്‍ ഗാണ്ഡീവത്തെ വളച്ചു ഞാണ്‍ വലിക്കുമ്പോള്‍ മേഘനിര്‍ഘോഷം പോലെ മുഴങ്ങുന്ന മഹാശബ്ദം ദുര്‍മ്മതിയും ദുസ്സഹായനുമായ ധൃതരാഷ്ട്ര പുത്രന്‍ കേട്ട്‌ പരിതപിക്കും. ശരവര്‍ഷത്തിന്റെ അന്ധകാരത്തില്‍ ശത്രുസൈന്യത്തെ കൂട്ടം തകര്‍ന്ന ഗോസമൂഹം പോലെ കാണാം. ശത്രുക്കളുടെ അസ്ഥികള്‍ തുളഞ്ഞു കയറുന്നവയും മര്‍മ്മങ്ങള്‍ പിളര്‍ക്കുന്നവയുമായ നിശിത ശരങ്ങള്‍ ഗാണ്ഡീവത്തില്‍ നിന്ന്‌ ഏറ്റവും ഭീമങ്ങളും ഘോരരൂപങ്ങളുമായ മിന്നല്‍പ്പിണരുകള്‍ മേഘപടലത്തില്‍ നിന്നെന്ന പോലെ പുറപ്പെട്ട്‌ ശത്രു സംഘത്തെ ആയിരക്കണക്കായി ചുട്ടു ചാമ്പലാക്കും. അനൃന്മാര്‍ എയ്യുന്ന അമ്പുകളെല്ലാം എന്റെ ശരങ്ങളേറ്റ്‌ പിന്നോട്ടടിച്ച്‌ മുറിഞ്ഞു ചിതറുന്നതും ആ മന്ദന്‍ കാണും.

വൃക്ഷഫലങ്ങളെ പക്ഷികള്‍ എന്ന പോലെ എന്റെ അസ്ത്രങ്ങള്‍ യുവാക്കന്മാരുടെ ശിരസ്സുകള്‍ കൂട്ടത്തോടെ വീഴ്ത്തും. രഥങ്ങളില്‍ നിന്നും ഗജങ്ങളില്‍ നിന്നും അശ്വങ്ങളില്‍ നിന്നും എന്റെ അമ്പുകളേറ്റു മരിച്ചു വീഴുന്ന യോദ്ധാക്കളെ കൊണ്ട്‌ യുദ്ധക്കളം നിറയും. എതിരാളിയുടെ അസ്ത്രമാര്‍ഗ്ഗം കാണാതെ, യുദ്ധത്തില്‍ എന്തു ചെയ്യേണം എന്നറിയാതെ കുഴങ്ങി ധാര്‍ത്തരാഷ്ട്രന്മാര്‍ ചത്തൊടുങ്ങുന്നത്‌ എപ്പോള്‍ ദുര്യോധനന്‍ കാണുന്നുവോ അപ്പോള്‍ അവന്‍ യുദ്ധം കൊണ്ടുണ്ടായ കെടുതി സഹിക്കാന്‍ വയ്യാതെ ദുഃഖിക്കും.

വായ് തുറന്ന അന്തകനെ പോലെ ശരജാലങ്ങള്‍ കാലാള്‍പ്പടയിലും രഥസംഘത്തിലും ഞാന്‍ അവിച്ഛിന്ന ധാരയായി പ്രയോഗിക്കും. ആ ജ്വലിക്കുന്ന ബാണവര്‍ഷം കൊണ്ട്‌ ഞാന്‍ ശത്രുക്കളെ മുഴുവന്‍ ഓടിക്കും. എല്ലാ ദിക്കിലും പാഞ്ഞു ചെല്ലുന്ന എന്റെ രഥത്തില്‍ എങ്ങും പൊടി ഉയര്‍ന്ന്‌ വ്യാകുലീഭൂതരായി തേരില്‍ നിന്ന്‌ വീഴുകയും ഗാണ്ഡീവത്താല്‍ മുറിപ്പെടുകയും ചെയ്ത്‌ സ്വന്തം സൈന്യം വലയുന്നതു ധാര്‍ത്തരാഷ്ട്രന്‍ കാണുമ്പോള്‍ പശ്ചാത്തപിക്കാ തിരിക്കുകയില്ല.

ദിക് ഭ്രമത്താല്‍ ഉഴലുകയും ശരിരം മുറിപ്പെടുകയും ആനകളും കുതിരകളും യോധന്മാരും രാജാക്കന്മാരും ചത്തു വീഴുകയും വാഹനങ്ങള്‍ തളരുകയും ദാഹം വളരുകയും ഭയപ്പെട്ട്‌ ഉഴറുകയും ചാകുന്നവരില്‍ നിന്ന്‌ ആര്‍ത്ത സ്വരം പൊങ്ങുകയും കേശം, അസ്ഥി, തലയോട്‌ എന്നിവ കൂട്ടമായി ചിതറുകയും ചെയ്‌തു കൊണ്ടുള്ള സ്ഥിതിയില്‍ ഏറ്റവും ബീഭത്സമായി തന്റെ സൈന്യം എപ്പോള്‍ ആ മന്ദബുദ്ധി ദര്‍ശിക്കുന്നുവോ, അപ്പോള്‍ അവന്‍ യുദ്ധം കൊണ്ടുള്ള തന്റെ ദയനീയത ഓര്‍ത്ത്‌ വൃസനിക്കും.

രഥത്തില്‍ എന്നേയും വാസുദേവനേയും പാഞ്ചജന്യത്തേയും ദേവദത്തത്തേയും ശ്വേതാശ്വങ്ങളേയും അക്ഷയമായ തൂണികളേയും ഒന്നിച്ച്‌ ഒത്തു കാണുമ്പോള്‍ ആ ധാര്‍ത്തരാഷ്ട്രന്‍ വൃസനിക്കും.

ശസ്ത്രാഗ്നിയാല്‍ കൗവന്മാരെ ദഹിപ്പിച്ച്‌, ദസ്യുവര്‍ഗ്ഗത്തെ കൂട്ടത്തോടെ ദഹിപ്പിച്ച്‌ പ്രളയകാലത്തിൽ എന്ന പോലെ കുരുക്കളെ അഗ്നിയിലിട്ടു ദഹിപ്പിച്ച്‌, യുഗം മാറ്റുന്നതു കാണുമ്പോള്‍ സപുത്രനായ ധൃതരാഷ്ട്രന്‍ വൃസനിക്കും!

ഭ്രാതാക്കളും സൈന്യങ്ങളും ഭൃത്യന്മാരും ചേര്‍ന്ന സകല ഐശ്വര്യവും നശിച്ച്‌, ദര്‍പ്പം പോയി, പേടിച്ചു വിറച്ചു ഹതനാകുന്ന സമയത്ത്‌ ആ മന്ദബുദ്ധിയായ ദുര്യോധനന്‍ വൃസനിക്കും.

പൂര്‍വ്വാഹ്നത്തില്‍ ആചമനവും ജപവും കഴിഞ്ഞു നില്‍ക്കുന്ന ഒരു വിപ്രന്‍ ഇപ്രകാരം എന്നോടു പറഞ്ഞു: ഹേ അര്‍ജ്ജുനാ, ഭവാനു ശത്രുക്കളോടു ഭയങ്കരമായി യുദ്ധം ചെയ്യേണ്ടതുണ്ട്‌. അതില്‍ വജ്രഹസ്തനും ശത്രുനാശനനുമായ ഇന്ദ്രന്‍ ഭവാന്റെ മുന്നിലും സുഗ്രീവയുക്തമായ രഥത്തില്‍ വാസുദേവന്‍ പിന്നിലും നിന്നു ഭവാനെ രക്ഷിക്കുമാറാകട്ടെ! ഇങ്ങനെ അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ഈ യുദ്ധത്തില്‍ വാസുദേവനെ സഹായിയായി ഞാന്‍ മഹേന്ദ്രനില്‍ നിന്നു വരിച്ചതാണ്‌. ദസ്യുവധത്തിനാണ്‌ എനിക്കു കൃഷ്ണനെ ലഭിച്ചത്‌. അത്‌ ദൈവഹിതമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. കൃഷ്ണന്‍ യുദ്ധം ചെയ്തില്ലെങ്കിലും അദ്ദേഹം ആര്‍ക്ക്‌ വിജയം സങ്കല്പിക്കുന്നുവോ, അവന്‍ ഇന്ദ്രാദി ദേവന്മാര്‍ ഉള്‍പ്പെടെ സകല ശത്രുവിനേയും ജയിക്കും. തേജസ്വിയും അതൃന്ത ശൂരനുമായ കൃഷ്ണനെ യുദ്ധത്തില്‍ ജയിക്കാമെന്നു വിചാരിക്കുന്നവന്‍ കരകാണാ സാഗരത്തെ കൈ കൊണ്ടു തുഴഞ്ഞു കടക്കുവാന്‍ ആഗ്രഹിക്കുന്നവനാണ്‌! മഹത്തായ ശ്വേതശൈലത്തെ കൈ കൊണ്ടു തല്ലിത്തകര്‍ക്കുവാന്‍ ശ്രമിക്കുന്നവനാണ്‌! എന്തായിരിക്കും അതിന്റെ ഫലം ? നഖങ്ങളോടു കൂടി അവന്റെ കൈ തകര്‍ന്നു പോവുകയായിരിക്കും അതിന്റെ ഫലം! മലയ്ക്ക്‌ യാതൊരു ഹാനിയും അതു കൊണ്ടു ഭവിക്കുകയില്ല! ആ മൂഢന്‍ കത്തുന്ന തീയ്‌ കൈ കൊണ്ടു തല്ലിക്കെടുത്തുവാന്‍ ശ്രമിക്കും! സൂര്യചന്ദ്രന്മാരെ തടുത്തു നിര്‍ത്തുവാന്‍ നോക്കും! ദേവന്മാരോട്‌ ഏറ്റ്‌ അമൃതം ഹരിക്കുവാനായി അവന്‍ മുതിര്‍ന്നേക്കും. കൃഷ്ണനെ പോരില്‍ ജയിക്കുവാന്‍ കൊതിക്കുന്ന മൂഢന്‍ ഇതൊക്കെ ചെയ്തേക്കും!

കൃഷ്ണന്‍ ഏകരഥത്തില്‍ ഭോജന്മാരോട് എതിര്‍ത്തു ജയിച്ച്‌ യശസ്വിനിയായ രുക്മിണിയെ ഭാര്യയാക്കി വേട്ടു. അവള്‍ക്കു പിറന്നവനായ ആ മഹാത്മാവായ രൗഗ്മിണേയന്‍ ഗാന്ധാരന്മാരെ തകര്‍ത്തു. നഗ്നജിത്തിന്റെ സകല പുത്രന്മാരേയും അവന്‍ ജയിച്ചു. ബന്ധനസ്ഥനായിരുന്ന ദേവാര്‍ച്യനായ സുദര്‍ശനന് മോചനം നല്കി. അവന്‍ വാതില്‍പ്പലക കൊണ്ട്‌ പാണ്ഡ്യനെ അടിച്ചു കൊന്നു. കലിംഗരെ യുദ്ധത്തില്‍ ജയിച്ചു. കാശി ചുട്ടു പൊരിക്കുകയാല്‍ വളരെക്കാലം അവിടെ രാജാവില്ലാതായി. അജയ്യനാണെന്നു കരുതിയിരുന്ന നിഷാദ രാജാവായ ഏകലവ്യനെ, ശൈലം കൊണ്ട്‌ ജംഭനെയെന്ന വിധം കൃഷ്ണന്‍ സംഹരിച്ചതും ദുഷ്ടാത്മാവായ ഉഗ്രസേനപുത്രന്‍ (കംസന്‍) വൃഷ്ണ്യന്ധകന്മാരോടു കൂടി സഭയില്‍ കയറിയിരിക്കുന്ന സന്ദര്‍ഭത്തില്‍ ബലരാമനോടു കൂടെ ചെന്നു കൊന്നു വീഴ്ത്തിയതും ഉഗ്രസേനനു രാജ്യം നല്കിയതും ആകാശത്ത്‌ സൗഭത്തില്‍ കയറി വന്ന മായാഭയങ്കരനായ ശാല്വനോടു പോരാടിയതും സൗഭദ്വാരത്തിലൂടെ വിട്ട ശതഘ്നി കൈ കൊണ്ടു പിടിച്ചതുമൊക്കെ ചിന്തിക്കുമ്പോള്‍ ഇന്ന്‌ ഈ ലോകത്ത്‌ അവനോട് എതിര്‍ക്കുവാന്‍ പോന്നവര്‍ ആരുണ്ട്‌; ആരുമില്ല!

ഘോരവും അസഹ്യവും ദുര്‍ഗ്ഗമവുമായ അസുരപുരമാണല്ലോ പ്രാക്ജ്യോതിഷം. അവിടെ വാണിരുന്ന ഭുമിപുത്രനായ നരകന്‍ അദിതിയുടെ ശോഭനമായ മണികുണ്ഡലങ്ങള്‍ അപഹരിക്കുകയുണ്ടായി. മൃത്യുഭയമില്ലാത്ത ഇന്ദ്രാദിദേവകള്‍ക്കു പോലും അവനെ ജയിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ കൃഷ്ണന്റെ സ്വഭാവവും വിക്രമവും ദുര്‍ന്നിവാരമായ അസ്ത്രബലവും കണ്ട്‌ അദ്ദേഹത്തെ ദസ്യുവധത്തിനായി നിയോഗിച്ചു. കാര്യസിദ്ധിക്കായി യത്നിക്കുന്നതില്‍ സമര്‍ത്ഥനായ വാസുദേവന്‍ ആ ദുഷ്കരമായ കര്‍മ്മം അംഗീകരിച്ച്‌ അസുരപുര രക്ഷകരായ എഴുനൂറു പേരെ കൊന്ന്‌ ലോഹമയമായ പാശങ്ങള്‍ അറുത്ത്‌ അകത്തു പ്രവേശിച്ചു. മുരനേയും ഓഘനേയും വധിച്ചു. ആ രാക്ഷസരെ കൊന്നതിനു ശേഷം മഹാബലനായ നരകനോട് എതിര്‍ത്തു. കൊടുങ്കാറ്റില്‍ വീണ കൊന്ന പോലെ ഭൗമന്‍ കൃഷ്ണനാല്‍ വീഴ്ത്തപ്പെട്ടു. അങ്ങനെ മുരനേയും നരകനേയും കൊന്ന്‌ മണികുണ്ഡലങ്ങള്‍ വീണ്ടെടുത്ത്‌ ശ്രീയാലും യശസ്സാലും ലാളിതനായി അപ്രതിമ പ്രഭാവനായ കേശവന്‍ തിരിച്ചു പോന്നു. യുദ്ധത്തില്‍ ഭീമകര്‍മ്മം ചെയ്തതു കണ്ട്‌ ഇനി ഏതു യുദ്ധത്തിലും ഒരിക്കലും തളരുന്നതല്ലെന്നും ആകാശത്തിലും ജലത്തിലും സഞ്ചരിക്കുവാന്‍ കഴിയുമെന്നും ദേഹത്തില്‍ ശസ്ത്രങ്ങൾ ഏൽക്കുന്നതല്ലെന്നും ദേവന്മാര്‍ കൃഷ്ണനു വരം നല്കി കൃതാര്‍ത്ഥനാക്കി.

ഇപ്രകാരം അനന്തവീര്യനും, അപ്രമേയനും, മഹാബലനും ഗുണസമ്പന്നനുമായ വാസുദേവനെയാണ്‌ ദുര്യോധനന്‍ ജയിക്കുവാന്‍ വിചാരിക്കുന്നത്‌. ആ ദുരാത്മാവിന്റെ ഈ വിചാരം തനിക്കറിയാമെങ്കിലും അത്‌ കൃഷ്ണന്‍ സഹിക്കുന്നത്‌ ഞങ്ങളെ ഓര്‍ത്തിട്ടാണ്‌. എന്നോടും കൃഷ്ണനോടും എതിര്‍ത്തു നിൽക്കാവുന്നവർ ഉണ്ടെങ്കില്‍ അവര്‍ക്കു പാണ്ഡവ ധനം ഹരിക്കുവാന്‍ കഴിയും. അതു യുദ്ധമുണ്ടായാല്‍ അപ്പോള്‍ കാണാവുന്നതാണ്‌.

ഭീഷ്മനേയും ദ്രോണനേയും അശ്വത്ഥാമാവിനേയും, കൃപനേയും ധൃതരാഷ്ട്രനേയും നമസ്കരിച്ചിട്ട്‌ രാജ്യത്തിനായി ഞാന്‍ യുദ്ധത്തില്‍ ഏര്‍പ്പെടും. പാണ്ഡവന്മാരോടു പൊരുതുന്ന ആ പാപബുദ്ധിയെ കൊല്ലുന്നത്‌ ധര്‍മ്മ്യമായ കര്‍മ്മമാണ്‌. ആ നൃശംസന്മാര്‍ കള്ളച്ചൂതിൽ തോല്പിക്കുകയാല്‍ പന്ത്രണ്ടു സംവത്സരം കാട്ടില്‍ പാര്‍ത്തവരാണ്‌ ഈ രാജപുത്രന്മാര്‍. വളരെക്കാലം കഷ്ടപ്പെട്ട്‌ കാട്ടില്‍ വസിച്ചതിന് ശേഷം ഒരു വര്‍ഷം അജ്ഞാതവാസവും കഴിച്ചു. ആ പാണ്ഡവന്മാര്‍ ജീവനോടു കൂടി ഇരിക്കുന്ന കാലത്തോളം ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ ഇനി സന്തോഷിച്ചിരിക്കുവാന്‍ സാധിക്കുമോ?

മഹേന്ദ്രന്‍ തുടങ്ങിയവര്‍ തന്നെ സഹായിച്ചാലും അവര്‍ ഞങ്ങളോടു യുദ്ധം ചെയ്തു ജയിക്കുമെന്ന്‌ ആഗ്രഹിക്കയേ വേണ്ട. എന്തു കൊണ്ടെന്നാല്‍ അവരാണ്‌ ജയിക്കുന്നതെങ്കില്‍ ധര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠം അധര്‍മ്മമാണെന്നു വന്നു കൂടും! സൽക്കര്‍മ്മങ്ങള്‍ നിഷ്ഫലങ്ങളാണെനും പുരുഷന്‍ കര്‍മ്മബദ്ധനല്ലെനും വന്നു കൂടും. ഞങ്ങള്‍ പരാജിതരാകുമെങ്കില്‍ ഞങ്ങള്‍ ചെയ്ത കര്‍മ്മങ്ങളൊന്നും വിശിഷ്ട കര്‍മ്മങ്ങളല്ല എന്നു ലോകം വിധിക്കുകയും ചെയ്യും! ദുര്യോധനനെ കൂട്ടത്തോടെ ഹനിക്കുവാന്‍ ഞാനും വാസുദേവനും ആശിക്കുന്നുമുണ്ട്‌.

യുധിഷ്ഠിരന്‍ ചെയ്ത പുണ്യകര്‍മ്മങ്ങള്‍ പാഴിലാവുകയില്ലെങ്കില്‍, പുണ്യകര്‍മ്മത്തിന് ഫലമില്ലാതെ വരികയില്ലെങ്കില്‍, മനുഷ്യര്‍ കര്‍മ്മബദ്ധരാണെങ്കില്‍, ദുര്യോധനന്റെയും ഞങ്ങളുടെയും നടപടി നോക്കിയാല്‍ ആ ധാര്‍ത്തരാഷ്ട്രന് പരാജയമേ ഉണ്ടാവുകയുള്ളു എന്ന് നിശ്ചയിക്കാം. നിങ്ങള്‍ യുദ്ധത്തിന് ഇറങ്ങിയാല്‍ പിന്നെ, നിങ്ങളില്‍ ആരും ബാക്കിയാവില്ലെന്ന്‌ ഞാന്‍ കൗരവന്മാരോടു തുറന്നു പറഞ്ഞു കൊള്ളുന്നു. യുദ്ധം കൂടാതെ കഴിച്ചാല്‍ കൗരവന്മാര്‍ക്കു ജീവിക്കാം. പോരാടിയാല്‍ ഒറ്റയെണ്ണം അവശേഷിക്കുകയുമില്ല അവരില്‍. കര്‍ണ്ണനോടു കൂടെ ധാര്‍ത്തരാഷ്ട്രന്മാരെയെല്ലാം കൊന്ന്‌ കൗരവരാജ്യം മുഴുവന്‍ ഞാന്‍ പിടിച്ചടക്കും. നിങ്ങള്‍ക്ക്‌ ഇഷ്ടമേതോ അതു ചെയ്തു കൊള്ളുക. പ്രിയപ്പെട്ട ഭാര്യമാരോടു കൂടി സുഖഭോഗങ്ങളെ അനുഭവിച്ച്‌ ജീവിക്കുവാന്‍ തക്കവണ്ണം എന്തു വേണമോ അത്‌ കൗരവന്മാ ര്‍ചിന്തിച്ചു ചെയ്തു കൊള്ളട്ടെ!

ജ്യോതിസ്സുകളുടെ ഗതി, നക്ഷത്രയോഗം, ദേവയുക്തമായ രഹസ്യം, ദിവ്യപ്രശ്‌നം, മൃഗചക്രം, മുഹൂര്‍ത്തം ഇവയെല്ലാം അറിയുന്നവരും, ശീലവാന്മാരും, കുലീനരും, വൃദ്ധരും, പഠിച്ചുവരുമായ ദ്വിജന്മാര്‍ ഞങ്ങളുടെ സമീപത്ത്‌ അധിവസിക്കുന്നു. അവര്‍ ജ്യോതിഷത്തെ അവലംബിച്ചു മഹാക്ഷയം കുരുസൃഞ്ജയന്മാര്‍ക്കു വരുമെന്നും പ്രവചിക്കുന്നു. പാണ്ഡവന്മാര്‍ക്ക്‌ വിജയത്തേയും പ്രവചിക്കുന്നു. ശത്രുക്കളെ നിഗ്രഹിച്ചു താന്‍ സിദ്ധാര്‍ത്ഥനാകുമെന്ന്‌ അജാതശത്രു വിചാരിക്കുന്നു. അത്‌ കൃഷ്ണനും തന്റെ ദിവൃദൃഷ്ടി കൊണ്ടു നിസ്സംശയം കാണുന്നുണ്ട്‌. ഭാവിരൂപം സ്വബുദ്ധിയാല്‍ ലേശവും പിഴയ്ക്കാതെ കണ്ടുകൊണ്ട് ഇരിക്കുന്നവന്‍ തന്നെയാണ്‌ ഞാനും. യോഗപ്രഭാവം ചേര്‍ന്ന ദൃഷ്ടി എനിക്കു തിരസ്കൃതമല്ല. യുദ്ധം വന്നു ചാടുകയേ വേണ്ടു പിന്നെ, ധാര്‍ത്തരാഷ്ട്രന്മാര്‍ ഈ ലോകത്തിലില്ല.

പിടിക്കാതെ തന്നെ ഗാണ്ഡീവം ജൃംഭിക്കുന്നു. വലിക്കാതെ തന്നെ ഞാണ്‍ വിറകൊള്ളുന്നു. ആവനാഴി വിട്ട്‌ അമ്പുകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നു വരുന്നു. സര്‍പ്പം സ്വയം ഉറയൂരുന്നതു പോലെ ഉറയില്‍ നിന്നു വാള്‍ തനിയെ പുറത്തേക്കു കുതിക്കുന്നു. ധ്വജം ശബ്ദിക്കുന്നു, "കിരീടി, നിന്റെ തേര്‌ എന്നാണ്‌ പൂട്ടുന്നത്‌?" എന്ന്.

കുറുക്കന്മാര്‍ ഓരിയിടുന്നു; രാവില്‍ ആകാശം വിട്ട്‌ ആശരന്മാര്‍ ചാടിയെത്തുന്നു. വെള്ളക്കുതിരകള്‍ പൂട്ടിയ രഥം കാണുമ്പോള്‍ മാനുകള്‍, കുറുക്കന്മാര്‍, മയിലുകള്‍, കാക്കകള്‍, കൊറ്റികള്‍, കോഴികള്‍, വ്യാഘ്രങ്ങള്‍, പരുന്തുകള്‍ എന്നിവ കൂട്ടമായി ആ രഥത്തിന്റെ പിന്നാലെ പാഞ്ഞു പറന്നു വരികയും ചെയുന്നു. ഈ നിമിത്തങ്ങള്‍ കൊണ്ട്‌ ഘോരമായ യുദ്ധം സമീപിച്ചിരിക്കുന്നതായി ഞാന്‍ കാണുന്നു.

എന്നോട് എതിര്‍ക്കുന്ന രാജയോധന്മാരെ ഒക്കെ ബാണം വര്‍ഷിച്ച്‌ കാലപുരിയിലേക്ക്‌ അയയ്ക്കുവാന്‍ ഞാനൊറ്റയ്ക്കു മതി. എന്റെ ബാണങ്ങള്‍ വേനല്‍ക്കാട്ടില്‍ എത്തുന്ന അഗ്നി പോലെയാണ്‌. സ്തൂണാകര്‍ണ്ണം, പാശുപതം, ഇന്ദ്രന്‍ നല്കിയ മഹാസ്ത്രങ്ങള്‍ എന്നിവ കൊണ്ടു ശത്രുവധത്തിന് ഒരുങ്ങി ഞാന്‍ പ്രയോഗമാരംഭിച്ചാല്‍ പിന്നെ ഇവിടെ ആരും ശേഷിക്കുകയില്ല. എല്ലാം ഒടുങ്ങിക്കഴിഞ്ഞേ ഞാന്‍ അടങ്ങുകയുള്ളു. സഞ്ജയാ, അവനോടു പറഞ്ഞേക്കു! ഇന്ദ്രാദി ദേവന്മാര്‍ കൂട്ടത്തോടെ എതിര്‍ത്തു വന്നാല്‍ പോലും അവരെയെല്ലാം തുലച്ചു വിടുവാന്‍ കഴിവുള്ളവരോടാണോ ധാര്‍ത്തരാഷ്ട്രന്‍ കലഹത്തിന് ഒരുങ്ങുന്നത്‌? ഹേ, ഗാവല്‍ഗണേ, അവന്റെ മൂഢത നോക്കൂ! വൃദ്ധനായ ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, അശ്വത്ഥാമാവ്‌, ബുദ്ധിശാലിയായ വിദുരന്‍ എന്നിവര്‍ പറയുന്നതെന്തോ, അതുകേട്ട്‌ അപ്രകാരം നടന്നാല്‍ കുരുക്കള്‍ക്ക്‌ ആയുസ്സോടു കൂടി ജീവിക്കാം. ഇടഞ്ഞാൽ രക്ഷയുണ്ടാകുകയില്ലെന്നു ധരിക്കട്ടെ. ഇങ്ങനെയാണ്‌ അര്‍ജ്ജുനന്‍ പറഞ്ഞത്‌.

49. ഭീഷ്മദ്രോണവാക്യം - ഭീഷ്മൻ ദുര്യോധനനോട്‌ ശ്രീകൃഷ്ണാര്‍ജ്ജുനന്മാരുടെ മാഹാത്മ്യം പറഞ്ഞു കേള്‍പ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; ആ രാജാക്കന്മാരെല്ലാം നിരന്നിരിക്കുന്ന സഭയില്‍ ഭീഷ്മൻ ദുര്യോധനനോട്‌ ഇപ്രകാരം പറഞ്ഞു: "ഹേ, ദുര്യോധനാ! അര്‍ജ്ജുനവാക്യം സഞ്ജയനിൽ നിന്ന്‌ അറിഞ്ഞുവല്ലോ. ഇനി ഞാന്‍ ഒരു സംഭവത്തെക്കുറിച്ച്‌, ഉണ്ണിയുടെ അറിവിനായി പറഞ്ഞു തരാം".

പണ്ട്‌ ബൃഹസ്പതി, ശുക്രന്‍, മഹ്രേന്ദനോടു കൂടെ മരുത്തുക്കള്‍, അഗ്നിയോടു കൂടെ വസുക്കള്‍, ആദിത്യന്മാര്‍, സാദ്ധ്യന്മാര്‍, സപ്തര്‍ഷികള്‍, ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകൾ എന്നിവര്‍ ലോകവൃദ്ധ പിതാമഹനായ ബ്രഹ്മാവിന്റെ ചുറ്റും നിന്നു കുമ്പിട്ട്‌ ഉപാസിക്കുന്ന അവസരത്തില്‍ തങ്ങളുടെ മനസ്സും തേജസ്സും ഓജസ്സില്‍ അടക്കിക്കൊണ്ട്‌ അവരെ അതിക്രമിച്ചു പൂർവ്വദേവന്മാരായ നരനാരായണര്‍ഷിമാര്‍ ആ വഴിക്കു കടന്നു പോയി. ഉടനെ ബൃഹസ്പതി ബ്രഹ്മാവിനോടു ചോദിച്ചു: "ഹേ, പിതാമഹാ, അങ്ങയേയും കുടി വണങ്ങാതെ ഈ കടന്നു പോയവർ ആരാണ്‌?"

ബ്രഹ്മാവ്‌ പറഞ്ഞു: ആകാശത്തേയും ഭൂമിയേയും ഒരു പോലെ പ്രകാശിപ്പിച്ച്‌ ഏറ്റവും ജ്വലിക്കുന്ന മഹാബലന്മാരായ ഈ തപസ്വികള്‍ നരനാരായണന്മാരാണ്‌. ഇവര്‍ക്ക്‌ ഏതു ലോകത്തിലും ചെല്ലാം. സ്വന്തം തപസ്സാല്‍ ഊര്‍ജ്ജിതന്മാരും മഹാസത്വ പരാക്രമന്മാരുമായ ഇവര്‍ സ്വകര്‍മ്മങ്ങളാല്‍ ലോകത്തെ ആനന്ദിപ്പിക്കുന്നവരാണ്‌. ഹേ, വിപ്രാ! ഇവര്‍ പരന്തപന്മാരും മഹാപ്രാജ്ഞന്മാരും ദേവഗന്ധര്‍വ്വ പൂജിതന്മാരുമാണ്. ഇവര്‍ അസുരധ്വം സനാര്‍ത്ഥം രണ്ടായി പിരിഞ്ഞു നിൽക്കുന്നവരാണ്‌.

വൈശമ്പായനൻ പറഞ്ഞു: ബ്രഹ്മാവ്‌ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍ അവര്‍ തപസ്സു ചെയ്യുന്നിടത്തേക്കു ശതക്രതു ബൃഹസ്പതിയെ പുരസ്കരിച്ചു സർവ്വദേവന്മാരോടും കൂടി ചെന്നു. അന്ന്‌ മഹാഭയങ്കരമായ ദേവാസുര യുദ്ധം നടന്നു കൊണ്ടിരിക്കുക യായിരുന്നു. അതില്‍ ദേവന്മാരെ സഹായിക്കണം എന്ന്‌ ഇന്ദ്രന്‍ നരനാരായണന്മാരോട്‌ വരപ്രാര്‍ത്ഥന ചെയ്തു. അപ്രകാരം ആകാമെന്ന്‌ ആ മഹാത്മാക്കള്‍ വരം നല്കുകയും ചെയ്തു. അതിന് ശേഷം അവര്‍ പല പ്രാവശ്യവും ദൈത്യന്മാരെ നശിപ്പിക്കുകയുണ്ടായി. അവരുടെ സാഹായത്താലാണ്‌ ഇന്ദ്രന്‍ വിജയിയായത്‌. പരന്തപനായ നരന്‍ പോരില്‍ ഇന്ദ്രന്റെ ശത്രുക്കളായ നൂറായിരത്തില്‍പ്പരം പൗലോമ കാലകേയന്മാരെ കൊന്നൊടുക്കി. ഇവര്‍ ചുറ്റിക്കൊണ്ടിരിക്കുന്ന രഥത്തില്‍ നിന്നു കൊണ്ട്‌ നരന്‍, തന്നെ വിഴുങ്ങുവാന്‍ വന്ന ജംഭനെ തലയറുത്തു വീഴ്ത്തി. കടലിന്റെ അക്കരയില്‍ ചെന്ന്‌ ഹിരണ്യപുരം തകര്‍ത്തു കളഞ്ഞു. അറുപതിനായിരം നിവാത കവച കാലകേയന്മാരെ ജയിച്ചു. നാരായണനും ഇപ്രകാരം ബഹുസഹസ്രം ദൈതൃന്മാരെ വധിച്ചിട്ടുണ്ട്‌.

ആ മഹാവീര്യന്മാരാണ്‌ ഈ വാസുദേവാര്‍ജ്ജുനന്മാര്‍ എന്നു ധരിക്കണം. ഇന്ദ്രാദിദേവന്മാരെ ജയിച്ച്‌ അര്‍ജ്ജുനന്‍ അഗ്നിയെ തര്‍പ്പണം ചെയ്തത്‌ ഉണ്ണി ഓര്‍ക്കുന്നുണ്ടോ? അര്‍ജ്ജുനന്‍ നരനും കൃഷ്ണന്‍ നാരായണനുമാണ്‌. സുരാസുരന്മാര്‍ക്കു പോലും അവരെ ജയിക്കുവാന്‍ കഴിയുകയില്ല. ഒരേ സമത്വത്തിന്റെ രണ്ടു പിരിവുകളാണ്‌. കര്‍മ്മം കൊണ്ട്‌ ഇവര്‍ അക്ഷയ ലോകങ്ങള്‍ നേടിയിരിക്കുന്നു. ഇവരുടെ കര്‍ത്തവ്യം യുദ്ധമാണെനും, ഇവര്‍ അക്ഷയ ലോകങ്ങള്‍ കര്‍മ്മം കൊണ്ടു നേടിയവരാണെന്നും, ഇവര്‍ യുദ്ധകാലത്തില്‍ അതാതിടത്തു വീണ്ടും വീണ്ടും വന്ന് പിറക്കുമെനും യുദ്ധം ചെയ്യുമെന്നും നാരദന്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. സനാതനന്മാരും മഹാത്മാക്കളുമായ കൃഷ്ണന്മാര്‍ ഒരേ രഥത്തില്‍ സ്ഥിതി ചെയ്യുന്നതും, ശംഖ ചക്ര ഗദാധരനായി കൃഷ്‌ണന്‍ ശോഭിക്കുന്നതും ഭീമധന്വാവായ അര്‍ജ്ജുനന്‍ അസ്ത്രങ്ങളെടുത്തു പെരുമാറുന്നതും കാണുമ്പോള്‍ എന്റെ വാക്ക്‌ ഉണ്ണി ഓര്‍ക്കാതിരിക്കയില്ല. കൗവന്മാര്‍ക്ക്‌ നാശകാലം സമീപിച്ചിട്ടില്ലെങ്കില്‍, അര്‍ത്ഥധര്‍മ്മങ്ങളില്‍ നിന്നും ഉണ്ണിയുടെ ബുദ്ധി തെറ്റുന്നതല്ല. എന്റെ ഈ വാക്ക്‌ നീ കേള്‍ക്കാതിരുന്നാല്‍ പിന്നെ പലരും മരിച്ചു പോകുന്നതായി നീ കേള്‍ക്കും. നിന്റെ മതമെന്താണെന്നു കേള്‍ക്കുവാന്‍ കുരുക്കളൊക്കെ കാത്തിരിക്കുകയാണ്‌. നീയാണെങ്കില്‍ മൂന്നു പേരുടെ അഭിപ്രായം മാത്രം സ്വീകരിച്ചു കൊണ്ടു നിൽക്കുകയാണ്‌. രാമന്‍ ശപിച്ചു വിട്ടവനും, നീചബുദ്ധിയും, സൂതപുത്രനുമായ കര്‍ണ്ണന്റെ വാക്ക്‌ നിനക്കു നന്മ ചെയ്യുകയില്ല. പിന്നെ ശകുനിയുടെ കാര്യം പറയുവാനുമില്ല. ക്ഷുദ്രനും പാപിയുമായ ദുശ്ശാസനന്‍ പറയുന്നതും നീ അനുസരിക്കരുത്‌.

കര്‍ണ്ണന്‍ പറഞ്ഞു; ആയുഷ്മാനായ പിതാമഹാ, ഭവാന്‍ എന്നെപ്പറ്റി ഇപ്രകാരം പറയുന്നതില്‍ വൃസനിക്കുന്നു. ഞാന്‍ സ്വധര്‍മ്മം തെറ്റിക്കാതെ ക്ഷത്രധര്‍മ്മത്തില്‍ നിൽക്കുന്നവനാണ്‌. എന്നെ നിന്ദിക്കുവാന്‍ തക്കതായ അപരാധം എന്താണു ഞാന്‍ ചെയ്തിട്ടുള്ളത്‌? ധാര്‍ത്തരാഷ്ട്രന്മാര്‍ ആരും എന്നില്‍ ഒരുകുറ്റവും കാണുന്നില്ല. ധാര്‍ത്തരാഷ്ട്രന്മാര്‍ക്കു ഞാന്‍ ഒരിക്കലും ഒരു കുറ്റവും ചെയ്തിട്ടുമില്ല. യുദ്ധത്തിന് വരുന്ന സകല പാണ്ഡവന്മാരേയും ഞാന്‍ വധിക്കും. മുമ്പെ പിണങ്ങിയ സത്തുക്കള്‍ പിന്നെ എങ്ങനെയാണ്‌ ഇണങ്ങുക? രാജാവായ ധൃതരാഷ്ട്രന് ഞാന്‍ പ്രിയം ചെയ്യേണ്ടതാണ്‌. ദുര്യോധനനും ഞാന്‍ പ്രിയം ചെയ്യണം. അദ്ദേഹമാണല്ലോ രാജ്യം ഭരിക്കുന്നത്‌.

വൈശമ്പായനന്‍ പറഞ്ഞു: കര്‍ണ്ണന്‍ പറഞ്ഞതു കേട്ട്‌ ഭീഷ്മൻ ധൃതരാഷ്ട്ര രാജാവിനെ സംബോധന ചെയ്തു കൊണ്ട്‌ ഇപ്രകാരം പറഞ്ഞു:

ഭീഷ്മൻ പറഞ്ഞു: ഈ കര്‍ണ്ണന്‍ എപ്പോഴും പറയാറുണ്ട്‌. ഞാന്‍ പാണ്ഡവന്മാരെയൊക്കെ കൊല്ലും എന്ന്. മഹാന്മാരായ പാണ്ഡവന്മാരുടെ പതിനാറിൽ ഒരംശത്തിന് പോലും യോഗ്യത ഇവനില്ല. ദുഷ്ടന്മാരായ നിന്റെ പുത്രന്മാര്‍ക്ക്‌ എല്ലാ ആപത്തും വരുത്തി വെക്കുന്നത്‌ ഈ സൂതപുത്രന്റെ പണിയാണെന്ന്‌ നീ ധരിക്കണം. ഇവനെ ആശ്രയിച്ചാണ്‌ നിന്റെ പുത്രനായ ആ വിഡ്ഡി, സുയോധനന്‍, വീരന്മാരായ, വൈരിനാശനന്മാരായ, ആ ദേവപുത്രന്മാരെ അവമാനിച്ചത്‌. പാണ്ഡവന്മാരില്‍ ഓരോരുത്തരും മുമ്പു ചെയ്ത വിധമുള്ള ദുഷ്കരക്രിയ എന്തെങ്കിലും ഈ പൊങ്ങച്ചും പറയുന്നവന്‍ മുമ്പു ചെയ്തിട്ടുണ്ടോ? വിരാട നഗരത്തില്‍ വെച്ച്‌ തന്റെ പ്രിയപ്പെട്ട അനുജനെ അര്‍ജ്ജുനന്‍ കൊല്ലുന്നതു കണ്ടപ്പോള്‍ ഇവന്‍ എന്തു ചെയ്തു ? കുരുക്കളോടൊക്കെ ഏറ്റ്‌ എതിര്‍ത്തു ധനഞ്ജയന്‍ തോല്പിച്ച്‌ വസ്ത്രങ്ങള്‍ എല്ലാം നേടിയപ്പോള്‍ ഇവന്‍ എവിടെ പോയിരുന്നു; നാടു വിട്ടു പോയിരുന്നോ? നിന്റെ മക്കളെയൊക്കെ ഘോഷയാത്രയില്‍ ഗന്ധര്‍വ്വന്മാര്‍ പിടിച്ചു കെട്ടിക്കൊണ്ടു പോയപ്പോള്‍, ഇപ്പോള്‍ കാളയായി, വൃഷമായി, മുക്രയിട്ട്‌ മദിച്ചു നിൽക്കുന്ന ഇവന്‍, ഈ സൂതപുത്രന്‍, അന്ന്‌ എവിടെ പോയി? എന്നാൽ അപ്പോള്‍ ഭീമനും, മഹാത്മാവായ പാര്‍ത്ഥനും, യമന്മാരും എതിര്‍ത്തിട്ടല്ലേ ഗന്ധര്‍വ്വന്മാരെ ജയിച്ചത്‌? ഇവന്റെ പാഴ്വാക്കുകള്‍ ധര്‍മ്മലോപിയുടെ മേനിവാക്കുകൾ ആണെന്ന്‌ ഇനിയെങ്കിലും ധരിക്കുക. ഭീഷ്മൻ പറഞ്ഞതു കേട്ട്‌ മഹാശയനായ ദ്രോണന്‍ രാജമദ്ധ്യത്തില്‍ ധൃതരാഷ്ട്രനെ മാനിച്ച്‌ ഇപ്രകാരം പറഞ്ഞു:

ദ്രോണൻ പറഞ്ഞു: ഭാരതശ്രേഷ്ഠനായ ഭീഷ്മൻ പറഞ്ഞതിനെ ഭവാന്‍ അനുസരിക്കുക. ദ്രവ്യലോഭികള്‍ പറയുന്ന ഇഷ്ടവാക്കുകള്‍ കേള്‍ക്കരുത്‌. യുദ്ധത്തിന് മുമ്പെ പാണ്ഡവന്മാരുമായി സന്ധി ചെയ്യുകയാണു വേണ്ടതെന്ന്‌ ഞാന്‍ കാണുന്നു.. അര്‍ജ്ജുനന്‍ പറഞ്ഞ വാക്കുകള്‍ സഞ്ജയന്‍ പറഞ്ഞ്‌ ഭവാന്‍ കേട്ടുവല്ലോ? ആ പറഞ്ഞതൊക്കെ യഥാര്‍ത്ഥമാണെനും, അതൊക്കെ പറഞ്ഞതു പോലെ ചെയ്യുവാന്‍ അര്‍ജ്ജുനന്‍ പോന്നവനാണെനും എനിക്കറിയാം. മൂന്നു ലോകത്തിലും അവനോടു തുല്യനായി ഒരു പോരാളിയും ഇല്ല.

സാരഗര്‍ഭമായ ഭീഷ്മന്റേയും ദ്രോണന്റേയും വാക്കുകള്‍ കേള്‍ക്കാതെ ധൃതരാഷ്ട്രന്‍ വീണ്ടും സഞ്ജയനോട്‌ പാണ്ഡുപുത്രന്മാരെപ്പറ്റി ചോദിക്കുകയാണു ചെയ്തത്‌. ഇതു കേട്ടതോടു കൂടി അപ്പോള്‍ തന്നെ കുരുക്കള്‍ക്ക്‌ ജീവിതാശ നശിച്ചു പോയി. ഇനി രക്ഷയില്ല എന്ന് തീര്‍ച്ചയാക്കി. ( കാരണം ഭീഷ്മദ്രോണന്മാരുടെ വാകൃത്തെ കേട്ട്‌ അഭിനന്ദിക്കാതെ ധൃതരാഷ്ട്രന്‍, പിന്നെ പാണ്ഡവന്മാര്‍ എന്തു പറഞ്ഞു? എന്ന് ആ ഭാഗം മറച്ച്‌ മറ്റു മാര്‍ഗ്ഗത്തിലേക്കു കടക്കുകയാണല്ലോ ചെയ്തത്‌! )

50. സഞ്ജയവാക്യം - സഞ്ജയന്‍ ഭീമാദികളുടേയും പാണ്ഡവ സഹായികളുടേയും പരാക്രമം ധൃതരാഷ്രടനെ ഗ്രഹിപ്പിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ സഞ്ജയാ, ഭവാനോട്‌ യുധിഷ്ഠിരന്‍ എന്താണു പറഞ്ഞത്‌? വളരെ സൈന്യങ്ങള്‍, യുദ്ധം ചെയ്യുവാന്‍ ഒരുങ്ങിയിരിക്കുന്ന യുധിഷ്ഠിരന്റെ പ്രീതിക്കായി വന്നു ചേര്‍ന്നിട്ടുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മട്ടും മാതിരിയും എങ്ങനെ? ഭ്രാതൃപുത്രന്മാരില്‍ എപ്പോഴും യുധിഷ്ഠിരന്റെ ആജ്ഞ കേള്‍ക്കുവാന്‍ മുഖത്ത്‌ നോക്കിക്കൊണ്ടു നിൽക്കുന്നവര്‍ ആരാണ്‌? മന്ദബുദ്ധികള്‍ വല്ലതുമൊക്കെ പറഞ്ഞു കൊടുത്ത്‌ ചൊടിപ്പിച്ചിരിക്കയാണ്‌! ധര്‍മ്മജ്ഞനും ധര്‍മ്മചാരിയുമായ അദ്ദേഹത്തെ യുദ്ധത്തില്‍ നിന്ന്‌ പിന്‍മടങ്ങുകയെന്ന്‌ ഉപദേശിക്കുവാന്‍ വല്ലവരുമുണ്ടോ?

സഞ്ജയന്‍ പറഞ്ഞു; പാഞ്ചാലന്മാരും പാണ്ഡവന്മാരും ഒന്നിച്ച്‌ എപ്പോഴും യുധിഷ്ഠിരന്റെ മുഖം നോക്കിക്കൊണ്ടു നിൽക്കുന്നു. അവരെയെല്ലാം യുധിഷ്ഠിരനാണ്‌ ശാസിച്ച്‌ നടത്തുന്നത്‌. പാഞ്ചാലന്മാരുടെയും പാണ്ഡവന്മാരുടേയും രഥസമൂഹങ്ങള്‍, അവിടെ വരുന്ന യുധിഷ്ഠിരനെ തിരിഞ്ഞു നിന്ന്‌ അഭിവന്ദിക്കുന്നു. ആകാശത്തില്‍ ഉദിച്ചുയരുന്ന ആദിതൃനെ പോലെയാണ്‌ പാഞ്ചാലന്മാര്‍ക്ക്‌ ദീപ്തതേജസ്വിയായ യുധിഷ്ഠിരന്റെ ദര്‍ശനം. കേകയന്മാരും മാത്സ്യന്മാരും ആ തേജോരാശിയെ അഭിനന്ദിക്കുന്നു. ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരും അവരുടെ ക്രീഡാലാലസകളായ പുത്രിമാരും യുധിഷ്ഠിരനെ കാണുവാന്‍ എപ്പോഴും വന്നു കൊണ്ടിരിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: പാണ്ഡവന്മാര്‍ക്ക്‌ നമ്മോട് എതിര്‍ക്കുവാന്‍ ധൃഷ്ട്രദ്യുമ്നന്റേയും സോമകന്റെയും സൈന്യങ്ങള്‍ മാത്രമല്ലേയുള്ളു?

വൈശമ്പായനൻ പറഞ്ഞു: കൗരവസദസ്സില്‍ ഈ ചോദ്യം, അപ്രതീക്ഷിതമായ ഈ ചോദ്യം, കേട്ടപ്പോള്‍ സഞ്ജയന്‍ നീണ്ട ഒരു നെടുവീര്‍പ്പിട്ടു. വീണ്ടും ചിന്താന്ധനായ വിധം നിന്നു. ദുര്‍ന്നിമിത്തം കണ്ടു. ദൈവകൃതമായ ആ അശുഭസൂചന സൂതപുത്രന്റെ ( സഞ്ജയന്റെ ) മനസ്സ്‌ കലക്കി; ബോധക്കേടുണ്ടാക്കി. വിദുരന്‍ രാജാവിനെ ഉണര്‍ത്തിച്ചു: രാജാവേ, സഞ്ജയന്‍ ഇതാ ഭൂമിയില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നു. അവന്‍ ചേതനകെട്ട് പ്രജഞവിട്ട് ഒന്നും മിണ്ടാന്‍ വയ്യാതെ കിടക്കുകയാണ്‌

ധൃതരാഷ്ട്രന്‍ പറഞ്ഞു; ഈ സഞ്ജയന്‍, പാവം! അവന്‍ ആ മഹാവമ്പന്മാരായ, മഹാരഥന്മാരായ, പാര്‍ത്ഥന്മാരെ കണ്ടു പേടിച്ചിരിക്കണം! അതു തീര്‍ച്ചയാണ്‌. ആ നരവ്യാഘ്രന്മാരെ കണ്ടതോടു കൂടി അവനില്‍ ഉദ്വേഗമുണ്ടായിരിക്കും.

വൈശമ്പായനൻ പറഞ്ഞു: സഞ്ജയന്‍ അല്പം കഴിഞ്ഞു ബോധമുണര്‍ന്ന്‌ എഴുന്നേറ്റു. അല്പം ആശ്ചസിച്ചതിനു ശേഷം ധൃതരാഷ്ട്ര രാജാവിനോടു സഭാന്തരത്തില്‍ പറയുവാന്‍ തുടങ്ങി.

സഞ്ജയന്‍ പറഞ്ഞു: മത്സ്യരാജ ഗൃഹത്തില്‍ തടവുപുള്ളികള്‍ പോലെ പാര്‍ത്തിരുന്നവർ ആകയാല്‍ ദേഹം മെലിഞ്ഞ നിലയിലാണ്‌ ഞാന്‍ പാണ്ഡവന്മാരെ കണ്ടത്‌. പാണ്ഡവന്മാരോടു കൂടി നിൽക്കുന്നവര്‍ ആരൊക്കെയാണെന്നു ഞാന്‍ പറയാം; ഭവാന്‍ കേട്ടാലും. വീരനായ ധൃഷ്ടദ്യുമ്നനോടു കൂടി പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധത്തിനു സന്നദ്ധരായിരിക്കുന്നു. രോഷം കൊണ്ടോ, ഭയം കൊണ്ടോ ലോഭം കൊണ്ടോ, അര്‍ത്ഥകാരണം കൊണ്ടോ, ഹേതുവാദം കൊണ്ടോ ഒരിക്കലും സത്യം വിടാത്ത ധര്‍മ്മാത്മാവും, ധര്‍മ്മത്തില്‍ അടിയുറച്ചു നിൽക്കുന്ന ധാര്‍മ്മികനുമായ അജാത ശത്രുവിനെ മുന്‍നിര്‍ത്തി പാണ്ഡവന്മാര്‍ യുദ്ധസന്നദ്ധരായി നിൽക്കുന്നു.

ലോകത്തില്‍ കയ്യൂക്കിന്‌ ആരും എതിരില്ലാത്തവനായ, ധനുര്‍ദ്ധരന്‍, രാജാക്കന്മാരെയൊക്കെ പാട്ടിലാക്കിയ വീരന്‍, കാശിമാഗധ കലിംഗ വംഗന്മാരെ ഒക്കെ ജയിച്ച ആ ഭീമനെ പുരസ്കരിച്ചു പാണ്ഡവന്മാര്‍ നിങ്ങളോട്‌ യുദ്ധസന്നദ്ധരായി നിൽക്കുന്നു. നാലു പാണ്ഡവന്മാരും യാതൊരുത്തന്റെ ഭുജശക്തിയാല്‍ അരക്കില്ലം വിട്ടു രക്ഷപ്പെട്ടുവോ, ഹിഡിംബാശര നേറ്റപ്പോള്‍ ആര് ആശ്രയമായി ഭവിച്ചുവോ, പാഞ്ചാലിയെ സിന്ധു രാജാവ്‌ അപഹരിച്ച സമയത്തും അവര്‍ക്ക്‌ ആശ്രയമായി ആര് നിന്നുവോ, ആ കുന്തീപുത്രനായ വൃകോദരൻ, വാരണാവത മന്ദിരത്തില്‍ ആ പാണ്ഡവന്മാരെയൊക്കെ; ഗൃഹം ദഹിക്കുമ്പോള്‍ വേര്‍പെടുത്തി രക്ഷിച്ച ആ കുന്തിപുത്രനായ വ്യകോദരന്‍ ഉണ്ടല്ലോ, അവനാല്‍ പാണ്ഡവന്മാര്‍ യുദ്ധസന്നദ്ധരായി നിൽക്കുകയാണ്‌. കൃഷ്ണയുടെ പ്രീതിക്കു വേണ്ടി വിഷമമായ ഗന്ധമാദന പര്‍വ്വതം കയറുകയും ഇടഞ്ഞു വന്നെതിര്‍ത്തവരെ ഒക്കെ അടക്കി കൊല്ലുകയും ചെയ്തവന്‍ ഏവനോ, പതിനായിരം ആനയുടെ ഊക്ക്‌ തന്റെ ബാഹുക്കള്‍ക്കുള്ളവന്‍ ആരോ, ആ ഭീമസേനനാല്‍ പാണ്ഡവന്മാര്‍ യുദ്ധസന്നദ്ധരായി നിൽക്കുകയാണ്‌.

കൃഷ്ണനോടു ചേര്‍ന്ന്‌ അഗ്നിയുടെ തുഷ്ടിക്കു വേണ്ടി വിക്രമിച്ചു ചെന്ന്‌ എതിര്‍ത്തു വന്ന പുരന്ദരനെ ജയിക്കുകയും, സാക്ഷാല്‍ മഹാദേവനും ഉമാപതിയുമായ ശൂലപാണിയെ യുദ്ധത്തില്‍ സന്തോഷിപ്പിക്കുകയും, ലോകപാലകന്മാരെ ഒക്കെ വശപ്പെടുത്തുകയും ചെയ്ത ആ ധനഞ്ജയനാല്‍ പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധരായി നിൽക്കുകയാണ്‌.

മ്ലേച്ഛന്മാര്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രദേശങ്ങളെ കീഴടക്കിയ വിചിത്രയോധിയും, ദര്‍ശനീയനും, വീരധനുര്‍ദ്ധരനുമായ നകുലനാലും, അംഗമഗധ കലിംഗ കാശി രാജാക്കന്മാരെ പോരാടി വെന്ന സഹദേവനാലും. പാണ്ഡവന്മാര്‍ നിങ്ങളോട എതിര്‍ക്കുവാന്‍ ഒരുങ്ങി നിൽക്കുന്നു. അശ്വത്ഥാമാവ്‌, ധൃഷ്ടകേതു, രുക്മി, പ്രദ്യുമ്നന്‍ ഇങ്ങനെ നാലു മഹാരഥന്മാര്‍ സഹദേവനു തുല്യരാണ്‌. ഇങ്ങനെ വീര്യത്താല്‍ തുലൃശക്തന്മാരായ അഞ്ച്‌ മഹാരഥന്മാരില്‍ ഒരുവനായ സഹദേവനോടു സൂക്ഷിച്ചു വേണം യുദ്ധത്തിനടുക്കുവാന്‍. നിങ്ങള്‍ക്ക്‌ അവനുമായുള്ള രണം ദുര്‍ഘടമുണ്ടാക്കും.

പണ്ട്‌ സതിയായ കാശിരാജകന്യക ഘോരമായ തപസ്സു ചെയ്തു. മദിച്ചവനായ ഭീഷ്മനെ വധിക്കുവാന്‍ ഇച്ഛിച്ചാണ്‌ അവൾ തപസ്സു ചെയ്തത്‌. അവള്‍ വിധിവശാല്‍ പാഞ്ചാല പുത്രനായി, ഒരു പുരുഷനായി, ജനിച്ചു. ഹേ, നരവ്യാഘ്രാ! സ്ത്രീയുടേയും പുരുഷന്റേയും ഗുണദോഷങ്ങളെ അറിഞ്ഞവനായ, കലിംഗന്മാരുമായി പൊരുതിയ യുദ്ധദുര്‍മ്മദനായ ആ പാഞ്ചാല്യനാല്‍, അസ്ത്രജ്ഞനായ ശിഖണ്ഡിയാല്‍, പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധരായി നിൽക്കുന്നു. ഭീഷ്മനെ കൊല്ലുന്നതിനു വേണ്ടി യക്ഷന്‍ പുരുഷനാക്കി വിട്ട അവനാല്‍ ആ രൗദ്ര വില്ലാളിയാല്‍, പാണ്ഡവന്മാര്‍ യുദ്ധസന്നദ്ധരായി നിൽക്കുകയാണ്‌.

കേകയന്മാരായ, അഞ്ചു ഭ്രാതാക്കളായ മഹാരഥന്മാര്‍, ചട്ട ധരിച്ചവരായ ആ ശൂരന്മാരാല്‍ പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധരായി നിൽക്കുന്നു. ക്ഷിപ്രാസ്ത്രനും, ദീര്‍ഘബാഹുവും, ശ്രുതിമാനും, സതൃവിക്രമനും, വൃഷ്ണിവീരനുമായ സാതൃകിയോട്‌ നിങ്ങള്‍ക്കു യുദ്ധം തീര്‍ച്ചയായി; മഹാന്മാരായ പാണ്ഡവന്മാര്‍ക്ക്‌ കാലേ ശരണമായവനായ ആ വിരാട രാജാവിനോട്‌ നിങ്ങള്‍ക്കു യുദ്ധം തീര്‍ച്ചപ്പെട്ടു. വാരണാസിയിലുള്ള മഹാരഥനായ കാശി രാജാവ്‌ പാണ്ഡവന്മാരുടെ സുഹൃത്താണ്‌. അവനാല്‍ പാണ്ഡവന്മാര്‍ യുദ്ധത്തിനു സന്നദ്ധരായിരിക്കുന്നു.

പാഞ്ചാലിപുത്രന്മാര്‍ പോരില്‍ ദുര്‍ജ്ജയരാണ്‌. ആശീവിഷോഗ്രരായ അവരാല്‍ പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധർ ആയിരിക്കുന്നു. വീര്യത്തില്‍ കൃഷ്ണസദൃശനും, ദമത്തില്‍ ധര്‍മ്മജോപമനുമായ അഭിമന്യുവിനാല്‍ പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധർ ആയിരിക്കുകയാണ്‌.

വീര്യത്തില്‍ അതുല്യനായ ധൃഷ്ടകേതു കീര്‍ത്തിമാനാണ്‌. ഒരു അക്ഷൗഹിണീ സൈനൃത്തോടു കൂടി പാര്‍ത്ഥരെ ആശ്രയിച്ച ശിശുപാലപുത്രനായ അവന്‍ വീരനായ മഹാരഥനാണ്‌. പോരില്‍ ക്രുദ്ധനായ ആ ചേദി രാജാവിനാല്‍ പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധരായി നിൽക്കുന്നു.

വാനോര്‍ക്ക്‌ ഇന്ദ്രന്‍ എന്ന പോലെ പാണ്ഡുപുത്രന്മാര്‍ക്ക്‌ ആശ്രയമായിട്ടുള്ള വാസുദേവനാല്‍ പാണ്ഡവന്മാര്‍ നിങ്ങളോടു യുദ്ധസന്നദ്ധരായി നിൽക്കുകയാണ്‌.

ചേദി രാജാവിന്റെ സഹജനായ ശരഭന്‍, കരകര്‍ഷന്‍ എന്നിവരാല്‍ പാണ്ഡവന്മാര്‍ യുദ്ധസന്നദ്ധരായി നിൽക്കുന്നു. ജരാസന്ധ പുത്രനായ സഹദേവന്‍, ജയത്സേനന്‍ എന്നിവര്‍ പോരില്‍ അതുല്യ മഹാരഥന്മാരായ വീരന്മാരാണ്‌. അവരെല്ലാം പാണ്ഡവന്മാര്‍ക്കു വേണ്ടി നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങി നിൽക്കുന്നു.

തേജസ്വിയായ ദ്രുപദനും ധാരാളം സൈന്യങ്ങളോടു കൂടി പാണ്ഡവന്മാര്‍ക്കു വേണ്ടി ജീവന്‍ കളഞ്ഞും പോരാടുവാന്‍ തയ്യാറായിരിക്കുന്നു. ഇവരും മറ്റു പലരും കിഴക്കും വടക്കുമുള്ള രാജാക്കന്മാരില്‍ പലരും തയ്യാറായിക്കഴിഞ്ഞു. ആയിരമായിരം സഹായികളോടു കൂടി ചേര്‍ന്ന്‌ യുധിഷ്ഠിരന്‍ നിങ്ങളോട്‌ എതിര്‍ക്കുവാന്‍ സന്നദ്ധനായി നിൽക്കുകയാണ്‌.

51. ധൃതരാഷ്രടവാക്യം - ഭീമപരാക്രമനായ ഭീമസേനനെ ഭയപ്പെട്ട്‌ ധൃതരാഷ്ട്രന്‍ വിലപിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, സഞ്ജയാ, ഭവാന്‍ പറഞ്ഞ ഇവരെല്ലാം മഹോത്സാഹന്മാര്‍ തന്നെയാണ്‌. അവരെല്ലാം ഒരു ഭാഗത്തു ചേര്‍ന്നു നിന്നാല്‍ അവരോടൊപ്പം നിൽക്കുന്നതിനു ഭീമന്‍ ഒരാള്‍ മതി. ഭീമസേനനെ ചിന്തിച്ചാണ്‌ എനിക്ക്‌ ഏറ്റവുമധികം ഭയം. ക്രുദ്ധനും അമര്‍ഷണനുമായ അവനെ വ്യാഘ്രത്തെ മാന്‍ എന്ന വിധം ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ ചുടുനെടുവീര്‍പ്പിട്ട്‌, സിംഹത്താല്‍ പശു എന്ന പോലെ, വൃകോദരനാല്‍ ഭീതനായ ഞാന്‍ രാത്രി മുഴുവന്‍ നിദ്രാഹീനനായി കഴിച്ചു കൂട്ടുന്നു. ശക്രതുല്യ തേജസ്വിയായ ആ മഹാബാഹുവിനോട്‌ ഇടഞ്ഞു പോരാടുവാന്‍ മതിയായ ഒരുത്തനേയും ഈ നമ്മുടെ സൈന്യത്തില്‍ കാണുന്നില്ല. അമര്‍ഷണനും ദൃഢവൈരനുമാണ്‌ കുന്തീപുത്രനായ വൃകോദരന്‍. അമര്‍ഷഹാസിയാണ്‌, കളിയായി ചിരിക്കാത്ത കോപഹാസിയാണ്‌, ആ പാണ്ഡവന്‍ കോപോന്മാദിയായ അവന്‍ യുദ്ധത്തില്‍ ഉന്മത്തനെ പോലെയാണ്‌. ആ മഹാരഥന്റെ ഉരം തിരിഞ്ഞ നോട്ടം ഭയങ്കരമാണ്‌. അവന്റെ അട്ടഹാ സം ശത്രുക്കളെ കിടിലം കൊള്ളിക്കും. മഹാവേഗനും, മഹോത്സാഹനും മഹാബാഹുവും മഹാബലനുമായ വൃകോദരന്‍ മര്‍ക്കടമുഷ്ടിക്കാരും മന്ദന്മാരുമായ എന്റെ മക്കളെയൊക്കെ ഗദ കൊണ്ടു പ്രഹരിച്ചു കൂട്ടത്തോടെ കൊന്നുകളയും. കുരുശ്രേഷ്ഠനായ അവന്‍ ദണ്ഡേന്തിയ അന്തകനെ പോലെ യുദ്ധത്തില്‍ ഗദയുമായി ചുറ്റി നടക്കും. എട്ടു ചുറ്റോടു കൂടി സ്വര്‍ണ്ണം കൊണ്ടു കെട്ടിച്ച ആ ഇരുമ്പുഗദ ബ്രഹ്മദണ്ഡെന്ന വിധം ഞാന്‍ മനസ്സു കൊണ്ടു കാണുന്നു. മാന്‍കൂട്ടത്തിനുള്ളില്‍ ശക്തനായ സിംഹമെന്ന പോലെ എന്റെ സൈന്യത്തില്‍ ആ ഭീമപരാക്രമനായ ഭീമന്‍ സഞ്ചരിക്കും; സംശയമില്ല. എന്റെ മക്കള്‍ക്കൊക്കെ ക്രൂരവിക്രമനായ അവന്‍ ഒരാള്‍ മാത്രമാണ്‌ എതിരാളി. ബാല്യത്തില്‍ തന്നെ വലിയ തീറ്റക്കാരനും ശീഘ്രകര്‍മ്മാവുമാണ്‌ അവന്‍. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സു പിടയുകയാണ്‌. എന്റെ മക്കളായ ദുര്യോധനാദികളെ കുട്ടിക്കാലത്തു തന്നെ ആന മര്‍ദ്ദിക്കും പോലെ അവന്‍ മര്‍ദ്ദിച്ചു വിട്ടിട്ടുണ്ട്‌. അവന്റെ വീര്യം മൂലം എന്റെ മക്കളൊക്കെ എപ്പോഴും ക്ലേശിക്കുകയാണ്‌. ഭീമപരാക്രമനായ ആ ഭിമന്‍ തന്നെയാണ്‌ ഈ വഴക്കിനൊക്കെ കാരണം. ആള്‍, ആന, കുതിരക്കൂട്ടം എന്നിവ ചേര്‍ന്ന മഹാസൈന്യത്തെ ക്രോധമൂര്‍ച്ഛിതനായ ആ ഭീമകായന്‍ വിഴുങ്ങുന്നതു പോലെ ഞാന്‍ മനസ്സു കൊണ്ടു കാണുന്നു. അസ്ത്ര വിദ്യയില്‍ ദ്രോണാര്‍ജ്ജുനന്മാര്‍ക്കു തുല്യനും കര്‍മ്മത്തില്‍ വായുവേഗനും ക്രോധത്തിൽ രുദ്രതുല്യനുമായ ഭീമനെ കൊല്ലുവാന്‍ ആര്‍ക്കു കഴിയും! ഹേസഞ്ജയാ, അമര്‍ഷിയും. വീരനുമായ ഭീമസേനനെ കൊല്ലുവാന്‍ കഴിവുള്ളവര്‍ ആരെങ്കിലുമുണ്ടോ നമ്മുടെ ഭാഗത്ത്‌? പറയൂ! ഇതിന് മുമ്പു തന്നെ അവനെ കോപിപ്പിച്ച സന്ദര്‍ഭത്തില്‍ അവന്‍ എന്റെ മക്കളെയൊക്കെ കൊന്നു കളയാതിരുന്നതു തന്നെ ഭാഗ്യം. അവന്‍ മുമ്പെ ശക്തരായ യക്ഷന്മാരേയും രക്ഷസ്സുകളേയും കൂട്ടത്തോടെ മുടിച്ചവനാണ്‌. അവന്റെ ശക്തി എത്തനെ ആണ് മനുഷ്യന്‍ താങ്ങുന്നത്‌?

കുട്ടിക്കാലത്തു പോലും അവന്‍ എന്റെ പാട്ടില്‍ നിലക്കാത്തവനാണ്‌. ഇന്ന്‌ എന്റെ ദുഷ്ടസന്താനങ്ങളാല്‍ സന്തപിക്കപ്പെട്ട ആ പാണ്ഡവനുണ്ടോ എന്നെ അനുസരിക്കുവാന്‍ പോകുന്നു? ആ ക്രൂരനും രോഷണനുമായ അവന്‍ ഇനി നാം ഒഴിഞ്ഞാലും മടങ്ങുകയില്ല. പുരികം ചുളിച്ചു തിരിഞ്ഞു നിന്നു നോക്കുന്ന ഭീമനുണ്ടോ അടങ്ങുവാന്‍ പോകുന്നു!

പന പോലെ ഉയര്‍ന്നവനും, ശൂരനും, ഗൗരനും, മഹാശക്തനും, വലുപ്പത്തില്‍ പാര്‍ത്ഥന്മാരില്‍ വച്ച്‌ ഒരു വിരല്‍ പൊക്കം കൂടിയവനും, അശ്വത്തേക്കാള്‍ വേഗമുള്ളവനും, ആനയേക്കാള്‍ മഹാബലനും, അവൃക്തഭാഷിയും, മധുപിംഗല നേത്രനുമായ മദ്ധ്യ മപാണ്ഡവന്‍ മഹാശക്തനാണ്‌.

ആ പാണ്ഡുപുത്രന്റെ യഥാര്‍ത്ഥമായ രൂപഭാവങ്ങള്‍ ബാലൃത്തില്‍ തന്നെ വ്യാസന്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്‌. ക്രുദ്ധനായി തേര്‍, ആന. ആള്‍, കുതിര എന്നീ ചതുരംഗ സൈന്യങ്ങളെ രൗദ്രപരാക്രമനായ അവന്‍ പോരില്‍ മുടിക്കുന്നതാണ്‌. അമര്‍ഷിയും കോപിഷ്ഠനുമായ ഭീമന്‍ യോദ്ധാക്കളില്‍ ഉത്തമനാണ്‌. ഞാന്‍ മുമ്പേ വിരോധം ചെയ്ത്‌ അവമാനിച്ചു വിട്ടവനായ അവന്‍ വളയാതെ കട്ടിയായ ഇരുമ്പു കൊണ്ടുള്ളതും പൊന്നു കെട്ടിച്ചതും ഒറ്റയടിക്ക്‌ നൂറുപേരെ കൊല്ലുവാന്‍ പോന്നതുമായ അവന്റെ മഹാഗദ താങ്ങുവാന്‍ എന്റെ മക്കളില്‍ ആരുണ്ട്‌? എല്ലാറ്റിനേയും അവന്‍ തകര്‍ത്തു വിടും. അപാരവും ശരവേഗിതവും ഭയങ്കരവുമായ ദുര്‍ഗ്ഗമവുമായ ഭീമസേന മഹാസമുദ്രത്തെ തോണി കൂടാതെ നീന്തിക്കടക്കാമെന്ന്‌ എന്റെ വിഡ്ഡികളായ പുത്രന്മാര്‍ വിചാരിക്കുന്നുവല്ലോ. ഞാന്‍ ദുഃഖം മൂലം നിലവിളി കൂട്ടുന്നതൊന്നും പണ്ഡിത മാനികളായ ആ കുട്ടികള്‍ കേള്‍ക്കുന്നില്ല. മലയിടുക്കിന്റെ സമീപത്തു ചെന്ന്‌ തേന്‍ കാണുമ്പോള്‍ കൊതിമൂലം ഇടുക്കിന്റെ അപകടത്തെ ഓര്‍ക്കാതെ തേനിന്റെ നേരെ കുതിച്ച്‌ അപകടക്കുണ്ടിലേക്കു വീഴുന്ന മൂഢരെ പോലെയാണ്‌ എന്റെ മക്കള്‍. സിംഹത്തോടു മല്ലടിക്കുവാന്‍ ചെല്ലുന്ന മാന്‍കൂട്ടത്തെ പോലെ നരരൂപനായ മൃത്യുവിനോടു പോരിന്നടുക്കുന്നവര്‍ ദൈവചോദിതന്മാര്‍ തന്നെയാണ്‌; സംശയമില്ല. നാലു നിഷ്കം വലിപ്പമുള്ളതും ആറു ചുറ്റിട്ടതുമായ ഗദയെ ഓങ്ങി ഒരടിയടിച്ചാല്‍ എന്റെ മക്കള്‍ അതു താങ്ങുവാന്‍ ശക്തരാണോ? ഗദചുറ്റി വീശി മത്തേഭ മസ്തകങ്ങളുടച്ചും, വരണ്ട ചുണ്ട്‌ ഇടയ്ക്കിടയ്ക്കു നാവു കൊണ്ടു നുണഞ്ഞു നനച്ചും. ചുടു നിശ്വാസം ഇടയ്ക്കിടയ്ക്കു വിട്ടും, ഭൈരവശബ്ദം പുറപ്പെടുവിച്ചും, ആനക്കൂട്ടത്തില്‍ കടന്ന്‌ എതിര്‍ത്തു വരുന്നവരെ ഒക്കെ അടിച്ചു പരത്തിയും, തേര്‍ക്കൂട്ടത്തില്‍ കടന്ന്‌ വമ്പന്മാരെയൊക്കെ തകര്‍ത്തും. എന്റെ സൈന്യത്തില്‍ കടന്ന്‌ മാര്‍ഗ്ഗം ഉണ്ടാക്കുന്ന ആ മഹാഭുജന്‍ അഗ്നി ജ്വലിക്കും പോലെ എതിര്‍ത്തു വന്നാല്‍ എന്റെ കൂട്ടരില്‍ പിന്നെ വല്ലവരും അവശേഷിക്കുമോ? എന്റെ സൈന്യത്തെ പിളര്‍ന്ന്‌ ആ ഗദാപാണി പ്രളയകാലത്തെ കാണിക്കുമാറ്‌ സംഹാരനൃത്തം തുടങ്ങും; തീര്‍ച്ചയാണ്‌.

പൂത്ത വൃക്ഷങ്ങള്‍ കടപുഴക്കി മറിച്ചിടുന്ന മത്തഹസ്തി പോലെ എന്റെ മക്കളുടെ സൈന്യത്തില്‍ കടന്ന്‌ അവന്‍ സാരഥി, നാഥന്‍, സൂതന്‍, കൊടി, ഹയം ഇവയൊക്കെ പോരില്‍ മുടിച്ചും രഥിസാദിവ്രജത്തെ ചതച്ചും ഗംഗാപ്രവാഹം തീരത്തില്‍ നിൽക്കുന്ന വൃക്ഷങ്ങളെയെന്ന പോലെ, യുദ്ധത്തിൽ എന്റെ മക്കളുടെ മഹാസൈന്യത്തെ, തകര്‍ത്തു വീഴ്ത്തിയും നശിപ്പിക്കും സഞ്ജയാ! ഭീമസേന ഭയത്താല്‍ തീര്‍ച്ചയായും എന്റെ മക്കളും ഭൃത്യന്മാരും രാജാക്കളും പത്തു ദിക്കിലേക്കും പാഞ്ഞുകളയും. ഒന്നിനേയും അവന്‍ ബാക്കിവെക്കില്ല.

മുമ്പു കൃഷ്ണനോടു കൂടെ അന്തഃപുരത്തില്‍ പ്രവേശിച്ചു വീര്യവാനായ ജരാസന്ധ രാജാവിനെ കൊന്നു വീഴ്ത്തിയവനാണ്‌ അവന്‍. മഗധ രാജാവായ ജരാസന്ധന്‍ ഈ ഭൂമിയൊക്കെ ജയിച്ച്‌ അധീനമാക്കി തപിപ്പിച്ചവനാണ്‌. ഭീഷ്മന്റെ പ്രതാപം മൂലം കൗരവന്മാരും, നയം കൊണ്ട്‌ അന്ധകവൃഷ്ണികളും ദൈവാനുകൂല്യത്താല്‍ അവന്റെ കിഴിൽ ആയില്ലെന്നേയുള്ളു. ആ ജരാസന്ധനെ മഹാഭുജനായ ഭീമസേനന്‍ നിരായുധനായി എതിര്‍ത്ത്‌ കയ്യൂക്കു കൊണ്ടു വീഴ്ത്തി. ഇതിനേക്കാള്‍ മഹത്തായ കര്‍മ്മം എന്തുണ്ട്‌?അങ്ങനെയുള്ള വ്യകോദരന്‍ ദീര്‍ഘകാലമായി വര്‍ദ്ധിച്ചു തന്നില്‍ അടക്കി വെച്ച കോപം സര്‍പ്പത്തെ പോലെ അവന്‍ എന്റെ മക്കളില്‍ ഘോരമായി വിടും. ദേവേന്ദ്രന്‍ വജ്രത്താല്‍ ദാനവന്മാരെ എന്ന പോലെ ഗദാപാണിയായ ഭീമന്‍ എന്റെ മക്കളെ എല്ലാം കൊന്നു കളയും. ആര്‍ക്കും തടുക്കാനോ താങ്ങാനോ ആകാത്ത തീവ്രവേഗ പരാക്രമനായ, ആ താമ്രാക്ഷനായ ഭീമന്‍ നേരെ ചാടിയെത്തുന്നതു ഞാന്‍ മനസ്സു കൊണ്ടു കാണുന്നു! വില്ലും തേരും ചട്ടയും ഗദയും ഒന്നും കൂടാതെ തന്നെ മുഷ്ടി കൊണ്ടു മാത്രം പൊരുതുന്നതായാലും അവനോട്‌ എതിരിടുവാന്‍ ഇന്നു ലോകത്തില്‍ ആരുണ്ട്‌? എന്നെ പോലെ തന്നെ ഭീഷ്മൻ, ദ്രോണൻ, കൃപന്‍ എന്നീ യോഗ്യന്മാര്‍ക്കറിയാം ശരിക്കും ആ വീരന്റെ വീര്യം. ആര്യവ്രതം അറിയുന്നവരും, ശത്രുസൈന്യത്തെ മുടിക്കേണ്ടവരും എന്റെ കൂട്ടരുടെ സൈന്യമുഖത്തില്‍ നില്ക്കേണ്ടവരുമായ നരര്‍ഷഭന്മാര്‍ അവരാണല്ലോ. എല്ലാറ്റിലും വലുത്‌ ദൈവമാണ്‌. വിധിയാണ്‌! വിശേഷാല്‍ പുരുഷന് എല്ലാറ്റിലും വലുതു വിധിയാണ്‌! ആ വീരന്മാരുടെ വിജയം ഞാന്‍ കണ്ടിട്ടും എന്റെ മക്കളെ ഞാന്‍ യുദ്ധത്തില്‍ നിന്നു തടുക്കുന്നില്ലല്ലേോ! ഭീഷ്മനും ദ്രോണനും കൃപനും പുരാതനമായ ഇന്ദ്രമാര്‍ഗ്ഗത്തിലേക്കു ഗമിക്കുന്നവരാണ്‌. യുദ്ധത്തില്‍ പ്രാണന്‍ കളഞ്ഞും അവര്‍ മര്‍ത്ത്യന്റെ മഹത്തായ കീര്‍ത്തിയെ സംരക്ഷിക്കും.

അവര്‍ക്ക്‌ എന്റെ മക്കളും പാണ്ഡവരും തുല്യമാണ്‌. രണ്ടു കൂട്ടരും ഭീഷ്മന്റെ പൗത്രന്മാരാണ്‌. ദ്രോണകൃപന്മാര്‍ക്കു രണ്ടുകൂട്ടരും ഒരു പോലെ ശിഷ്യന്മാരുമാണ്‌. ഈ മൂന്നു വൃദ്ധന്മാരും എന്നെ ആശ്രയിച്ച്‌ ഒട്ടൊട്ട്‌ ഇഷ്ടം നേടുന്നവരാകയാല്‍ ആര്യന്മാരായ അവര്‍ എനിക്കു പ്രത്യുപകാരം ചെയ്യാതിരിക്കുകയില്ല. ക്ഷത്രധര്‍മ്മാനുസരണം ശസ്ത്രം കയ്യിലെടുത്തു യുദ്ധം ചെയ്തു മരിക്കുകയാണെങ്കില്‍ അതും ശ്ലാഘ്യമാണെന്നാണല്ലോ പറയുന്നത്‌. പാര്‍ത്ഥന്മാരോടു പൊരുതേണ്ടി വരുന്നഎല്ലാവരെ കുറിച്ചും ഞാന്‍ ദുഃഖിക്കുന്നു. ആദ്യം വിദുരന്‍ വായ് വിട്ടു നിലവിളിച്ചു പറഞ്ഞ ആപത്ത്‌ ഇപ്പോള്‍ ഇതാ അടുത്തിരിക്കുന്നു. ഈ ദുഃഖത്തെ തടുക്കുവാന്‍ തക്ക ജ്ഞാനം എനിക്കില്ല. ജഞാനം കൊണ്ടു തടുക്കുവാന്‍ കഴിയാത്ത അത്ര വലിയ ബലം ഈ ഭാവി ദുഃഖത്തിനുണ്ട്‌. ലോകഗതി കണ്ടിട്ടുള്ള ജീവന്മുക്തന്മാരായ ഋഷിമാര്‍ പോലും സുഖത്തില്‍ സുഖിക്കുകയും ദുഃഖത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഇരിക്കെ രാജ്യത്തിലും ഭാര്യയിലും പുത്രന്മാരിലും പൗത്രന്മാരിലും ബന്ധുക്കളിലും പല വിധത്തില്‍ അങ്ങിങ്ങായി പല പല കാര്യങ്ങളില്‍ മോഹത്തില്‍ മുഴുകി ജീവിക്കുന്ന ഈയുള്ളവരുടെ കഥ പറയേണ്ടതുണ്ടോ? ഈ മഹാ സംശയത്തില്‍ എനിക്ക്‌ എന്താണ്‌ ശരിയായ ഒരു ഉത്തരം ? ഞാന്‍ ചിന്തിക്കുന്തോറും കുരുക്കള്‍ക്കു നാശമല്ലാതെ മറ്റൊനും കാണുന്നില്ല. ചൂതു മുതല്‍ കുരുക്കള്‍ക്കു മഹാവ്യസനം തുടങ്ങി. വിഡ്ഡി, മന്ദബുദ്ധിയായ ഞാന്‍ ദുരാഗ്രഹം മൂലം ഐശ്വര്യത്തെ കാമിച്ച്‌ ഈ പാപം ചെയ്തു. കഷ്ടം! ഇതു പാഞ്ഞു കൊണ്ടിരിക്കുന്ന കാലത്തിന്റെ സ്വഭാവമാറ്റം എന്നല്ലാതെ എന്തു പറയട്ടെ! ചക്രത്തിന്റെ നേമി പോലെ തിരിയുകയല്ലാതെ ഇതില്‍ നിന്നു വിട്ടു പോകുവാന്‍ ആര്‍ക്കു കഴിയും? ഞാന്‍ എന്തു ചെയ്യേണ്ടു, എന്തു പറയേണ്ടു, എങ്ങോട്ടു പോകേണ്ടു സഞ്ജയാ! ഇതാ മന്ദന്മാര്‍, കാലവശഗരായ കൗരവന്മാര്‍ നശിക്കുന്നു! എന്റെ പുത്രന്മാര്‍ നൂറുപേരും മരിച്ചു. ഞാന്‍ അവശനായിരിക്കുമ്പോള്‍ അവരുടെ ഭാര്യമാരുടെ രോദനം കേട്ട്‌ എങ്ങനെ ജീവിക്കും? സഞ്ജയാ, എനിക്കു മരിക്കുവാന്‍ വല്ല വഴിയും കാണിച്ചു തരൂ! വേനൽ കാലത്തു കത്തിപ്പടരുന്ന അഗ്നി ഉണക്കക്കാടു ചുടുന്ന പോലെ ഗദാഹസ്തനായ ഭീമന്‍ അര്‍ജ്ജുനനോടു ചേര്‍ന്ന്‌ എന്റെ മക്കളെയെല്ലാം കൊന്നൊടുക്കും; തീര്‍ച്ചയാണ്.

52. ധൃതരാഷ്രടവാക്യം - ധൃതരാഷ്രടന്‍ അര്‍ജ്ജുനന്റെ പ്രതാപത്തെപ്പറ്റി പറയുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: അസത്യമായ വാക്ക്‌ ഒരിക്കലും പറയുകയില്ലെന്നു കീര്‍ത്തി സമ്പാദിച്ചവനായ അര്‍ജ്ജുനന്‍, ലോകൈക വീരനായ അര്‍ജ്ജുനന്‍ എന്തു പറയുന്നുവോ, അവന്‍ അതു പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. എല്ലായ്പോഴും ഞാന്‍ ചിന്തിച്ചു നോക്കിയിട്ടും ഗാണ്ഡീവിയോടു കിടനിൽക്കാവുന്ന ഒരു വില്ലാളിയെ ഞാന്‍ കാണുന്നില്ല. അര്‍ജ്ജുനന്‍ ഹൃദയം കീറുന്ന കര്‍ണ്ണിനാളിക ശരങ്ങള്‍ എയ്യുമ്പോള്‍ അവനോടു പോരില്‍ എതിരിടുവാന്‍ കെല്‍പുള്ളവര്‍ ആരുണ്ട്‌? നരര്‍ഷഭന്മാരായ ദ്രോണകര്‍ണ്ണന്മാര്‍ ഗാണ്ഡീവിയോട എതിര്‍ത്തു ചെന്നേക്കാം. കൃതാസ്ത്രന്മാരും ശക്തന്മാരും പോരില്‍ തോല്ക്കാത്തവരുമാണവര്‍. എന്നാലും, അവരെ കൊണ്ട്‌ എനിക്കു വിജയം ഉണ്ടാവുകയെന്ന കാര്യം സംശയത്തിലാണ്‌. കര്‍ണ്ണന്‍ പ്രമാദിയാണ്‌, കൈപ്പിഴ ഉള്ളവനാണ്‌, അസ്ഥാനത്തില്‍ കനിയുന്നവനുമാണ്‌. ആചാര്യനാകട്ടെ വയോവ്യദ്ധനും അര്‍ജ്ജുനന്റെ ഗുരുവുമാണ്‌. എന്നാൽ അര്‍ജ്ജുനനാകട്ടെ, ബലവാനും സമര്‍ത്ഥനും ദൃഢധന്വാവും ജിതക്ലമനുമായി വര്‍ത്തിക്കുന്നു. എത്രയും തുമുലമായ യുദ്ധം നടന്നാലും അര്‍ജ്ജുനന് പരാജയം ഉണ്ടാവുകയില്ല. ശൂരന്മാരും അസ്ത്രജ്ഞന്മാരും മഹായശസ്വികളുമാണു ദ്രോണകര്‍ണ്ണാര്‍ജ്ജുനന്മാര്‍ മൂന്നു പേരും. എന്നാലും സ്വര്‍ഗ്ഗീയ ഐശ്വര്യങ്ങള്‍ അര്‍ജ്ജുനന്‍ വേണ്ടെന്നു വെച്ചേക്കാമെങ്കിലും വിജയം ഒരിക്കലും അര്‍ജ്ജുനന്‍ വിടുകയില്ല. ദ്രോണകര്‍ണ്ണന്മാരുടെ അഥവാ അര്‍ജ്ജുനന്റെയോ വധം കൊണ്ടല്ലാതെ യുദ്ധം അടങ്ങുകയില്ല.

അര്‍ജ്ജുനെ കൊല്ലാനോ വെല്ലാനോ പോന്നവനായി ഞാന്‍ ആരേയും കാണുന്നില്ല. എന്റെ മന്ദന്മാരായ മക്കളില്‍ അവന് വളര്‍ന്നിട്ടുള്ള മന്യു എങ്ങനെയാണ്‌ പ്രതിക്രിയ കൂടാതെ അടങ്ങുക. അസ്ത്രജ്ഞന്മാര്‍ ലോകത്തില്‍ വേറെ പലരുമുണ്ടെകിലും അവര്‍ തോൽക്കുകയോ ജയിക്കുകയോ ചെയ്യും. എന്നാൽ അര്‍ജ്ജുനനെ സംബന്ധിച്ചിടത്തോളം വിജയമല്ലാതെ പരാജയം എന്ന വാക്ക്‌ അവന്റെ ചരിത്രത്തിലില്ല. മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഖാണ്ഡവാഗിയെ തര്‍പ്പിച്ചത്‌. അന്ന്‌ അവന്‍ ദേവന്മാരെ ഒക്കെ ജയിച്ചു. അന്നും അവന്‍ തോൽമയെ കാണുകയുണ്ടായില്ല. ശീലം കൊണ്ടും വൃത്തം കൊണ്ടും പോരില്‍ സമസായ കേശവന്‍ ആര്‍ക്കു സൂതനാകുന്നുവോ അവന്, ഇന്ദ്രനെന്ന പോല വിജയം ദൃഢമാണ്. ഒറ്റത്തേരിലാണ്‌ ആ കൃഷ്ണന്മാരുടെ നില്പ്‌. ഗാണ്ഡീവം ഞാണ്‌ കെട്ടിയിരിക്കുന്നു. അങ്ങനെ മൂന്നു തേജസ്സുകളും ഒന്നിച്ചു ചേര്‍ന്നു എന്നു ഞാന്‍ കേൾക്കുന്നു! അപ്രകാരം മഹത്തായ വില്ലു വേറെയില്ല, യോധനുമില്ല!, സ്യതനുമില്ല. ആ യാഥാര്‍ത്ഥ്യം ഈ മന്ദബുദ്ധികള്‍ ധരിക്കുന്നില്ല. അവരൊക്കെ ദുര്യോധനന്റെ അഭിപ്രായം പിന്‍താങ്ങി നടക്കുന്നവർ ആണല്ലോ. ശിരസ്സില്‍ ഇടിത്തീ വീണാലും ഒരു പക്ഷേ, രക്ഷപ്പെട്ടേക്കാം. ഹേ, സഞ്ജയാ, എന്നാൽ കിരീടി വിട്ട ബാണം ആരേയും ബാക്കി വെക്കുകയില്ല. ശരവര്‍ഷം ചൊരിഞ്ഞു തലയറുത്തു കൊന്നു വീഴത്തിക്കൊണ്ട്‌ അര്‍ജ്ജുനന്‍ ഉജ്ജ്വല പ്രഭാവനായി നിൽക്കുന്ന നില്പ് ഞാന്‍ ഉള്ളു കൊണ്ടു കാണുന്നു. എല്ലായിടത്തും വ്യാപിച്ചു നിൽക്കുന്ന ബാണതേജസ്സ്‌, കേവലം ഗാണ്ഡീധവോത്ഥേമായ ആ തേജസ്സ്‌, എന്റെ പുത്രന്മാരുടെ സേനയെ പോരില്‍ ചുട്ട്‌ ചാമ്പലാക്കി കളയും.

സവ്യസാചിയുടെ രഥനിര്‍ഘോഷം കേട്ടു ഭയപ്പെട്ട്‌ ഭാരതപ്പട ഛിന്നഭിന്നമായി കണ്ടടത്തേക്ക്‌ ഓടി ഒഴിയുന്നതായി ഞാന്‍ മനസ്സു കൊണ്ടു കാണുന്നു, എല്ലായിടത്തും വ്യാപിക്കുന്ന അഗ്നി ഇളകുന്ന ജ്വാലയോടു കൂടി ഉണക്കക്കാട്‌ ചൂട്ടു ദഹിപ്പിക്കുന്നതു പോലെ അവന്‍ എന്റെ സൈന്യത്തെ ചുട്ടുകളയും. കുര്‍ത്ത ബാണങ്ങള്‍ തൂകി വധത്തിന് ഒരുങ്ങി യുദ്ധത്തില്‍ പ്രശോഭിക്കുന്ന കിരീടി എല്ലാം മുടിക്കുവാന്‍ ദൈവം വിട്ടയച്ച അന്തകന പോലെ അവാര്യനായി ഞാന്‍ കാണുന്നു. ഭാരതന്മാര്‍ യുദ്ധത്തില്‍ കൂട്ടത്തോടെ ചേരുന്ന ദിക്കില്‍ പല അനിഷ്ട വ്യത്താന്തങ്ങളും ഉടനെ കേള്‍ക്കാനിടവരും. ആ ഭാരതന്മാര്‍ക്ക് പടത്തലയ്ക്കല്‍ സര്‍വ്വദിക്കിലും ക്ഷയം വന്നണയുന്നുണ്ട്‌, തീര്‍ച്ചയാണ്‌!

53. ധൃതരാഷ്രടവാക്യം - ധൃതരാഷ്രടന്‍ പാണ്ഡവന്മാരുമായി സന്ധി ചെയ്യണം എന്ന്‌ കൗരവസഭയില്‍ പറയുന്നു - ധൃതരാഷ്രടന്‍ തുടര്‍ന്നു; എപ്രകാരമാണോ പാണ്ഡവന്മാരെല്ലാം ജയാര്‍ത്ഥികളായി, വിക്രമികളായി വര്‍ത്തിക്കുനാത്‌ അപ്രകാരം തന്നെയാണ്‌ അവരുടെ ആള്‍ക്കാരും. അവര്‍ വിജയത്തിനായി പ്രാണന്‍ കളയുവാന്‍ പോലും തയ്യാറാണ്‌. എന്റെ ശത്രുക്കളായി നിൽക്കുന്ന പാഞ്ചാലന്മാര്‍, കേകയന്മാര്‍, മാത്സ്യന്മാര്‍, മാഗധന്മാര്‍ മുതല്ലായ പരാക്രമികളെ കുറിച്ച്‌ ഭവാന്‍ പറയുക ഉണ്ടായല്ലോ. ഇന്ദ്രനോട് ചേർന്ന എല്ലാ ലോകങ്ങളെയും വേണമെങ്കിൽ വെല്ലുവാൻ കഴിവുള്ളവനും വിശ്വസൃഷ്ടാവുമായ പാണ്ഡവന്മാരുടെ ജയത്തിനു വേണ്ടി ഒരുങ്ങി നിൽക്കുന്നത് പ്രത്യേകം ചിന്തിക്കേണ്ടതാണ്.

എല്ല വിദ്യകളും അര്ജ്ജുനനിൽ നിന്ന് അഭ്യസിച്ചവനായ സാതൃകി വിത്തു വിതയ്ക്കുന്നതു പോലെയാണ്‌ പോരില്‍ അസ്ത്രങ്ങള്‍ തൂകുക. ദ്രുപദപുത്രനും ക്രൂരകാരിയുമായ മഹാരഥന്‍ ധൃഷ്ടദ്യുമ്നന്‍, പരമാസ്ത്രജ്ഞനാണ്‌. അവന്‍ എന്റെ സൈന്യത്തില്‍ കയറി പോരാടും. യുധിഷ്ഠിൽന്റെ കോപത്താലും, ജിഷ്ണുവിന്റെ വിക്രമത്താലും, യമന്മാരാലും, ഭീമനാലും ഞാന്‍. ആപത്തില്‍ പതിക്കുക തന്നെ ചെയ്യും. ഈ മനുഷ്യേന്ദ്രന്മാര്‍ അമാനുഷാസ്ത്ര ജാലങ്ങള്‍ വിതയ്ക്കുമ്പോള്‍ എന്റെ സൈന്യങ്ങൾക്ക് അതു കടക്കുവാന്‍ കഴികയില്ലെന്ന്‌ ഞാന്‍ ഇതാ ഉറക്കെ പറഞ്ഞു കൊള്ളുന്നു. ദര്‍ശനീയനും ധീരനും സുകൃതപ്രജ്ഞനും ശ്രീമാനും മേധാവിയും ബ്രഹ്മതേജസ്വിയും ധര്‍മ്മാത്മാവുമാണ്‌ യുധിഷ്ഠിരന്‍. മിത്രങ്ങളും അമാതൃന്മാരും തികഞ്ഞവനും, യുദ്ധോദ്യുക്തന്മാരോടു ചേര്‍ന്നവനും മഹാരഥനും വീരന്മാരും ശൂരന്മാരുമായ ഭ്രാതാക്കളോടു ചേര്‍ന്നവനും, ധൃതിമാനുമാണ്‌ ആ രാജശ്രേഷ്ഠന്‍. മന്ത്രഗുപ്തിയും ധൈര്യവും ആ രാജാവിന്‌ വേണ്ടുവോളമുണ്ട്‌. വദാന്യനും, അനൃശംസനും, ഹ്രീമാനും, സത്യപരാക്രമനും, പഠിപ്പേറിയ കൃതാത്മാവും, വൃദ്ധസേവകനും, ജിതേന്ദ്രിയനും ഗുണം തികഞ്ഞവനുമായ അവനില്‍ പാറ്റ ഹോമാഗ്നിയിലെന്ന വിധം കാമിയായ ഈ മന്ദന്‍ പതിക്കുവാന്‍ പോകുന്നു. അവാര്യമായി എരിയുന്ന പാണ്ഡവാഗ്നിയില്‍ ഇവന്‍ ചേതന കെട്ട്‌ മരിക്കുവാന്‍ ഇതാ വീഴുന്നു. ഞാന്‍ മിഥ്യോപചാരം ചെയ്ത ആ രാജാവ്‌ അഗ്നിതുല്യനാണ്‌. മന്ദന്മാരായ എന്റെ മക്കള്‍ക്ക്‌ അവന്‍ യുദ്ധത്തില്‍ അന്തം വരുത്തിക്കളയും. കുരുക്കന്മാരേ, നിങ്ങള്‍ പാണ്ഡവന്മാരുമായി യുദ്ധത്തിനു പോകരുത്‌. അവരുമായി സന്ധി ചെയ്യുകയാണ്‌ നല്ലത്‌, യുദ്ധം കൊണ്ട്‌ ഈ കുലത്തിന് സര്‍വ്വനാശം തന്നെ ഭവിക്കും; തീര്‍ച്ചയാണ്‌. ഇതാണ്‌ എന്റെ മുഖ്യമായ ബുദ്ധി. അയുദ്ധത്തിലാണു ഞാന്‍ ശാന്തി കാണുന്നത്‌. നിങ്ങള്‍ക്കും അയുദ്ധമാണ്‌ ഇഷ്ടമെങ്കില്‍ നമുക്കു ശമത്തിന്നായി ശ്രമിക്കാം. നാം നിര്‍ബ്ബന്ധിച്ചാല്‍, ക്ലേശിച്ചു പറഞ്ഞാല്‍, യുധിഷ്ഠിരന്‍ അത്‌ ഉപേക്ഷിക്കുകയില്ല. അധര്‍മ്മമായി, കലഹ കാരണം ഉണ്ടാക്കുന്ന എന്നില്‍ അവന്‍ വെറുക്കുന്നുണ്ട്‌.

54. സഞ്ജയവാക്യം - സഞ്ജയന്‍ ധൃതരാഷ്ട്രനെ ഉപദേശിക്കുന്നു - സഞ്ജയന്‍ പറഞ്ഞു; മഹാരാജാവേ, ഭവാന്‍ പറഞ്ഞതു യഥാര്‍ത്ഥമാണ്‌. യുദ്ധമുണ്ടായാല്‍ ഗാണ്ഡീവം കൊണ്ടു ക്ഷത്രിയനാശം നിശ്ചയമാണ്‌. സവ്യസാചിയുടെ തത്വം ശരിക്ക്‌ അറിഞ്ഞിട്ടും പിന്നേയും ധീരനായ ഭവാന്‍ എന്തു കൊണ്ടാണ്‌ പുത്രവശഗനാകുന്നത് എന്ന്‌ എനിക്ക് അറിഞ്ഞു കൂടാ. ഭവാനാണല്ലോ ആദ്യം പാണ്ഡവന്മാരെ ചതിച്ചത്‌? അവരുടെ ഗുരുവും വലിയച്ഛനുമായ ഭവാന്‍ സൗഹൃദത്തോടെ നല്ലബുദ്ധി വിചാരിച്ച്‌ ഹിതത്തില്‍ നിൽക്കേണ്ടതല്ലേ? ഗുരു ഒരിക്കലും അവരുടെ ഹിതം നോക്കി ചെയ്യുകയല്ലാതെ ദ്രോഹിക്കുവാന്‍ പാടുണ്ടോ? എന്നാൽ, ദ്യൂത കാലത്ത്‌ പരാജിതന്മാരില്‍ നിന്ന്‌ ഇതു ജയിച്ചു, ഇതു നേടി! എന്നൊക്കെ കേട്ട സമയത്ത്‌ ഭവാന്‍ ഒരു ബാലനെ പോലെ ചിരിച്ചു കൊണ്ടിരിക്കുകയല്ലേ ചെയ്തത്‌? പാര്‍ത്ഥന്മാരില്‍ പരുഷവാക്കു പറയുന്നവരെ തടയുകയുണ്ടായോ? ഒന്നും മിണ്ടാതെ ഇരിക്കുകയല്ലേ ചെയ്തത്‌? രാജ്യമൊക്കെ ജയിക്കുകയാണെന്നു മാത്രമേ ഭവാന്‍ കാണുക ഉണ്ടായുള്ളു. അതിലുള്ള വീഴ്ച ഭവാന്‍ കാണുകയുണ്ടായില്ല! അച്ഛന്‍ വഴിക്കുള്ള രാജ്യവും കുരുജാംഗലവും, പിന്നെ ആ വീരന്മാര്‍ വെന്ന രാജ്യങ്ങളൊക്കെയും ഭവാന്‍ കൈക്കലാക്കി. തങ്ങള്‍ കയ്യൂക്കു കൊണ്ടു നേടിയ ഭൂമിയൊക്കെ പാണ്ഡവന്മാ ര്‍ഭവാനു സമര്‍പ്പിച്ചപ്പോള്‍ അതു ഭവാന്‍ നേടിയതാണെന്നു വിചാരിക്കുന്നു.

ഗന്ധര്‍വ്വന്മാരാല്‍ പിടിക്കപ്പെട്ടു നിലയില്ലാത്ത കടലില്‍ മുങ്ങിയപ്പോള്‍ അതില്‍ നിന്നു ഭവാന്റെ പുത്രന്മാരെ പാര്‍ത്ഥന്‍ കരകേറ്റി വിട്ടു! ചൂതില്‍ വഞ്ചിക്കപ്പെട്ട പാണ്ഡവന്മാര്‍ കാടുകേറുമ്പോള്‍ ഭവാന്‍ വീണ്ടും വീണ്ടും ബാലനെ പോലെ ചിരിക്കയാണല്ലോ ഉണ്ടായത്‌? വളരെ കൂര്‍ത്തുമൂര്‍ത്ത അമ്പുകള്‍ അര്‍ജ്ജുനന്‍ തൂകുമ്പോള്‍ മഹാസമുദ്രം കൂടി വറ്റിപ്പോകും! പിന്നെ, ഈ മാംസയോനികളുടെ കാര്യം എന്തു പറയാന്‍! എയ്യുന്നവരില്‍ വെച്ചു ശ്രേഷ്ഠന്‍ അര്‍ജ്ജുനനാണ്‌! വില്ലില്‍ വെച്ച്‌ ഉത്തമമായത്‌ ഗാണ്ഡീവമാണ്‌! കൃഷ്ണന്‍ എല്ലാറ്റിലും മുമ്പനാണ്‌. ആയുധത്തില്‍ ശ്രേഷ്ഠമായത്‌ സുദര്‍ശനമാണ്‌. കേതുക്കളില്‍ വെച്ച്‌ വാനരകേതുവാണ്‌ ശ്രേഷ്ഠം! ഈ പറഞ്ഞതൊക്കെ ചേര്‍ന്ന മഹാരഥനാണ്‌ പോരില്‍ ശ്വേതവാഹനനായ അര്‍ജ്ജുന൯. അവന്‍ കാലച്ചക്രം പോലെ നമ്മെ രാജാവേ, നശിപ്പിക്കാതിരിക്കുമോ? ഈ ഭൂമി മുഴുവന്‍ അര്‍ജ്ജുനന്റേതാകയും ചെയ്യും.

ഭീമാര്‍ജ്ജുനന്മാര്‍ ആര്‍ക്ക്‌ യോധന്മാരായി ഭവിക്കുന്നുവോ അവനാണ്‌ രാജാവ്‌. ഭീമന്‍ കൊന്നു സകലത്തിനേയും മുക്കിക്കളയും. ദുര്യോധനാദികളായ കുരുക്കളൊക്കെ മുടിയും. ഭീമാര്‍ജ്ജുന ഭയാര്‍ത്തന്മാരായ അവര്‍ എങ്ങനെ വിജയം നേടാനാണ്‌?

ഹേ, രാജാവേ! ഭവാന്റെ മക്കളും പിന്‍തുണക്കാരായ രാജാക്കന്മാരും അതായത്‌ മത്സ്യപാഞ്ചാല കേകയന്മാര്‍ ഭവാനെ ഇന്ന്‌ ആദരിക്കുന്നില്ല. സാല്വേയ ശൂരസേനന്മാരൊക്കെ ഭവാനെ നിന്ദിക്കുന്നു. പാര്‍ത്ഥന്റെ വീര്യം അറിഞ്ഞവരായ അവരൊക്കെ പാര്‍ത്ഥനോടു ചേര്‍ന്നു കഴിഞ്ഞു. യുധിഷ്ഠിരനില്‍ കൂറോടു കൂടി അവര്‍ ഭവാന്റെ മക്കളോട്‌ ഇടയുകയാണ്‌. വധത്തിന്‌ അനര്‍ഹന്മാരും ധര്‍മ്മയുക്തന്മാരുമായ പാണ്ഡവന്മാരെ ഏറ്റവും ക്ലേശിപ്പിച്ചുവെന്നു മാത്രമല്ല, ഇപ്പോഴും കൂട്ടുകാരോടു ചേര്‍ന്ന്‌ ദ്വേഷിച്ചു കൊണ്ടിരിക്കുന്ന പാപപുരുഷനെ സര്‍വ്വ ഉപായങ്ങളും പ്രയോഗിച്ചു ഭവാന്‍ തടയുകയാണ്‌ വേണ്ടത്‌. ഭവാന്‍ വൃസനിക്കാതിരിക്കുക. ചൂതുകാലത്തു ഞാന്‍ പറയുകയുണ്ടായി, ധീമാനായ വിദുരനും പറയുകയുണ്ടായി. അന്ന്‌ ഭവാന്‍ അതൊനും അനുസരിക്കാതെ ഇപ്പോള്‍ പാണ്ഡവന്മാരെ കുറിച്ചു ചെയ്യുന്ന ഈ വിലാപം നിരര്‍ത്ഥകമാണ്‌; വെറുതെയാണ്‌. അതു കൊണ്ട്‌ ഒരു പ്രയോജനവുമില്ല.

55. ദുര്യോധനവാക്യം - ഭീമാര്‍ജ്ജുനന്മാരെ ഭയപ്പെടേണ്ടതില്ലെന്ന്‌ ദുര്യോധനന്‍ പറയുന്നു - ദുര്യോധനന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്‍ ഈയുള്ളവനെ പറ്റി ഓര്‍ത്തു വൃസനിക്കരുത്. പോരില്‍ ശത്രുക്കളെ ജയിക്കുവാന്‍ പോരുന്ന ശക്തന്മാരാണ്‌ നമ്മള്‍. പാര്‍ത്ഥന്മാര്‍ കാട്ടിലേക്കു പോയ കാലത്ത്‌ പരരാജ്യങ്ങളെ മര്‍ദ്ദിക്കുവാന്‍ പോരുന്ന മഹാസൈന്യങ്ങളോടു കൂടി മധുസൂദനന്‍ അവിടെയെത്തിയ വര്‍ത്തമാനം ഭവാന്‍ കേട്ടിട്ടുണ്ടോ? അന്നു കേകയന്മാരും ധൃഷ്ടകേതു, ധൃഷ്ടദ്യുമ്നന്‍ മുതലായ പല രാജാക്കന്മാരും പാര്‍ത്ഥന്മാരെ തുണയ്ക്കുവാന്‍ അവിടെ ചെല്ലുകയുണ്ടായി. ഇന്ദ്രപ്രസ്ഥത്തില്‍ നിന്നു വളരെ ദൂരെയല്ലാത്ത ഒരിടത്ത്‌ അവര്‍ സമ്മേളിച്ചു. കുരുക്കളോടു കൂടിയ അങ്ങയെ അവര്‍ അധിക്ഷേപിച്ചു സംസാരിച്ചു. തോലുടുത്തു വസിക്കുന്ന യുധിഷ്ഠിരനെ കൃഷ്ണന്‍ തുടങ്ങിയവർ എല്ലാവരും ഉപാസിച്ചും രാജ്യം ഉടനെ പിടിച്ചടക്കണം എന്നും അവര്‍ പറഞ്ഞു. സഹായികളോടു കൂടിയ ഭവാനെ മുടിക്കുവാനും അവര്‍ തീരുമാനിച്ചു. ഈ വര്‍ത്തമാനം കേട്ട ഉടനെ ഞാന്‍ ഭിഷ്മദ്രോണ കൃപന്മാരെ ചെന്നു കണ്ടു. ജഞാതി ക്ഷയ ഭയമോര്‍ത്ത്‌ എനിക്കു വലിയ ഭയമുണ്ടായി. ഞാന്‍ പറഞ്ഞു: "പാണ്ഡവന്മാര്‍ കരാറു പോലെ നിൽക്കുമെന്നാണ്‌ എന്റെ അഭിപ്രായം. നമ്മളെയൊക്കെ മുടിക്കുവാന്‍ വാസുദേവന്‍ ഒരുങ്ങിയിരിക്കുകയാണ്‌. വിദുരനെ മാത്രം ഒഴിവാക്കും. നമ്മളെയൊക്കെ അവര്‍ വധിക്കും. കുരുക്കളില്‍ ഉത്തമനും ധര്‍മ്മവേദിയുമായ ധൃതരാഷ്ട്ര രാജാവിനേയും ഒഴിവാക്കിയെന്നു വരാം. കുരുക്കളുടെയൊക്കെ ഏകച്ഛത്രാധിപത്യം യുധിഷ്ഠിരനു നല്കും. അതു കൊണ്ടു നാം ഇനി ഇവിടെ എന്തു ചെയ്യണം? ശത്രുക്കള്‍ക്കു കീഴ്പെടുകയോ, ഓടിയൊളിക്കുകയോ, പ്രാണന്‍ വെടിഞ്ഞും ശത്രുക്കളോട് എതിര്‍ക്കുകയോ എന്താണു ചെയ്യേണ്ടത്‌? അവരോട്‌ എതിര്‍ക്കാനാണു വിചാരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പരാജയപ്പെടും. രാജാക്കന്മാരൊക്കെ യുധിഷ്ഠിരന്റെ വശത്താണ്‌ നിൽക്കുന്നത്‌. നമ്മെയാകട്ടെ, നാട്ടുകാരൊക്കെ വെറുക്കുകയും ചെയ്യുന്നു. മിത്രങ്ങളൊക്കെ നമ്മളോട്‌ കോപിച്ചിരിക്കുകയാണ്‌. എല്ലാ രാജാക്കന്മാരാലും സ്വജനങ്ങളാലും നാം ഇപ്പോള്‍ ധിക്ക്യതരാണ്‌. ഈ സ്ഥിതിയില്‍ നാം കീഴടങ്ങുന്നതില്‍ തെറ്റില്ല. സന്ധി കൊണ്ട്‌ നമ്മുടെ വംശം ഹാനി കൂടാതെ എന്നെന്നും നിലനിൽക്കും. ഞാന്‍ കാരണം, പ്രജ്ഞാചക്ഷുസ്സായ പിതാവിന്‌ അനന്തമായ ക്ലേശത്തില്‍ പെട്ടു ദുഃഖിക്കേണ്ടി വരും എന്നോര്‍ത്താണ്‌ ഞാന്‍ ദുഃഖിക്കുന്നത്‌. എന്റെ പ്രിയത്തിനു വേണ്ടി അച്ഛന്‍ ചെയ്തതെല്ലാം പാണ്ഡവന്മാരുടെ അപ്രിയത്തിനായി ഭവിച്ചിരിക്ക കൊണ്ട്‌ ആ വൈരത്തിനു പ്രതികാരമായിശത്രുക്കള്‍ വംശം മുടിക്കുന്ന വിധം അച്ഛനോടു പകവീട്ടും.

വൃഥ പൂണ്ട്‌ ഇപ്രകാരം പറഞ്ഞു ചിന്തയിലാണ്ടു നിൽക്കുന്ന എന്നെ കണ്ട്‌ ദ്രോണനും ഭീഷ്മനും കൃപയും അശ്വത്ഥാമാവും ഇപ്രകാരം പറഞ്ഞു: "ശത്രുക്കള്‍ നമ്മളെ ദ്രോഹിക്കുക ആണെങ്കില്‍ അങ്ങനെയാകട്ടെ. നീ ഭയപ്പെടേണ്ട. ശത്രുക്കളൊന്നും യുദ്ധത്തില്‍ ഇറങ്ങി നിൽക്കുന്ന നമ്മളോട്‌ പോരാടി ജയിക്കുവാന്‍ പോന്നവരല്ല. എല്ലാ രാജാക്കന്മാരെയും ജയിക്കുവാന്‍ ഞങ്ങൾ ഓരോരുത്തരും സമര്‍ത്ഥരാണ്‌. ശത്രുക്കുള്‍ ഇടഞ്ഞു വന്നാല്‍ അവരുടെ ഗര്‍വ്വ്‌ നിശിതമായ ശരങ്ങള്‍ കൊണ്ട്‌ നമുക്കു നശിപ്പിച്ചു കളയാം. ഇപ്രകാരം അവര്‍ പറഞ്ഞ ആശ്വാസ വാക്യം ഇന്നും എന്നില്‍ കുടികൊള്ളുന്നുണ്ട്‌. ഭീഷ്മപിതാമഹന്‍ മുമ്പ് എകനായി സംരംഭത്തോടെ ചെന്ന്‌ എല്ലാ നൃപന്മാരേയും ജയിക്കുകയും അവരില്‍ പലരേയും ക്രുദ്ധനായി വധിക്കുകയും ചെയ്തില്ലേ? അന്ന്‌ അവര്‍ ഭയപ്പെട്ട ഈ ദേവവ്രതനെ ശരണം പ്രാപിക്കുകയല്ലേ ഉണ്ടായത്‌? ആ ഭീഷ്മൻ നമ്മളോടു ചേര്‍ന്നു യുദ്ധം ചെയ്യുവാനും ശത്രുക്കളെ ജയിക്കുവാനും ഏറ്റവും സമര്‍ത്ഥനാണല്ലോ. അതു കൊണ്ട്‌ രാജാവേ, ഭവാനു പേടിക്കേണ്ട കാര്യമില്ലല്ലോ.

ഈ ഭൂമി മുഴുവന്‍ കീഴിലാക്കി അമിതമായ തേജസ്സോടെ വാണിരുന്ന പാണ്ഡവന്മാര്‍ക്ക്‌, ചൂതില്‍ പരാജിതരായി കാടുകേറിയ കാലത്തു നമ്മോട് എതിര്‍ത്താല്‍ കൊള്ളാമെന്നുണ്ടായ മോഹം പോലെ ഇനിയും ആഗ്രഹം ജനിച്ചാല്‍ അതു നമുക്ക്‌ സാരമാക്കേണ്ടതില്ല. നമ്മോട് എതിര്‍ത്തു ജയിക്കുവാൻ ഇന്ന് അവര്‍ സമര്‍ത്ഥരല്ല. വീര്യവും അവരില്‍ കുറഞ്ഞിട്ടുണ്ട്‌. അവര്‍ക്ക്‌ ഇപ്പോള്‍ പക്ഷബലമില്ല. ഇന്നു ഭൂമി മുഴുവന്‍ നമുക്കധീനമാണ്‌. സുഖദുഃഖങ്ങളില്‍ നമ്മോടു പങ്കു കൊള്ളുവാനായി രാജാക്കന്മാരൊക്കെ ഇവിടെ വന്നിട്ടുണ്ട്‌. എനിക്ക് വേണ്ടി ഈ രാജാക്കന്മാര്‍ അഗ്നിയിലോ വെള്ളത്തിലോ ചാടുവാന്‍ സന്നദ്ധരാണ്‌. ഭവാന്‍ ഉന്മത്തനെ പോലെ വെറുതെ കിടന്നു വിലപിക്കുന്നത് കേട്ട്‌ അവര്‍ ഹസിക്കുകയാണു ചെയ്യുന്നത്‌. പരന്മാരുടെ പ്രശംസ കേട്ട്‌ വളരെ ഭയപ്പെട്ട ഭവാന്‍ വിലപിക്കുകയാണോ? ഈ മന്നവന്മാരില്‍ ഓരോരുത്തരും പാണ്ഡു പുത്രന്മാരോടു പൊരുതുവാന്‍ "ഞാന്‍ മതി", "ഞാന്‍ മതി" എന്നു വിപപാരിക്കുന്നു. അതു കൊണ്ട്‌ ഇനി ഭവാന്‍ ഭയപ്പെടേണ്ടതില്ല,

എന്റെ ഈ വന്‍പടയെ വെല്ലുവാന്‍ ശക്രന് പോലും സാദ്ധ്യമല്ല. അക്ഷയമായ ഈ സൈന്യത്തെ കൊന്നൊടുക്കുവാന്‍ ബ്രഹ്മാവിന് പോലും സാദ്ധ്യമല്ല. യൂധിഷ്ഠിരന്‍ ഇപ്പോള്‍ എന്താണ്‌ അര്‍ത്ഥിക്കുന്നതെന്നു ഭവാന്‍ അറിയുന്നുണ്ടോ? പുരത്തിലുള്ള ആശയൊക്കെ പോയി. ഇപ്പോള്‍ അഞ്ചു ഗ്രാമം കിട്ടിയാല്‍ മതിയെന്നാണ്‌. എന്തേ ഇപ്പോള്‍ ഇങ്ങനെയായത്‌? എന്റെ സൈന്യപ്രഭാവങ്ങള്‍ കണ്ടു പേടിച്ചിട്ടാണ്‌. പിന്നെ ഭീമസേനന്‍ മഹാശക്തനാണ് എന്നാണല്ലേ? ഭവാന്റെ വിചാരം, ആ വിചാരം തെറ്റാണ്‌. ഭവാന്‍ എന്റെ പ്രഭാവത്തെ അറിയാഞ്ഞിട്ടു പറയുന്നതാണ്‌. ഗദായുദ്ധത്തില്‍ എന്നോടു തുല്യനായി ഇന്നു ലോകത്തില്‍ ഒരുത്തനുമില്ല, ആരും ഉണ്ടായിട്ടുമില്ല; മേലില്‍ ഉണ്ടാവുകയുമില്ല. അങ്ങനെ സര്‍വ്വ കാലാതീതനായി, സര്‍വ്വ പോരാളിമാരിലും അതീതനായി, അതുല്യപ്രഭാവനായിട്ടാണ് ഈയുള്ളവന്‍ വിരാജിക്കുന്നത്‌!

ഗുരുകുലക്ലിഷ്ടനായി അഭ്യസിച്ചിട്ടാണ്‌ ഞാന്‍ വിദ്യാപാരംഗതനായത്‌. അതു കൊണ്ട്‌ ആ ഭീമനേയോ മറ്റാരേയുമോ ഞാന്‍ ഭയപ്പെടുന്നുമില്ല. ഗദയില്‍ ദുര്യേധനതുല്യനായി ആരുമില്ലെന്ന്‌ ബലരാമന്‍ നിസ്സംശയം പറഞ്ഞിട്ടുണ്ട്‌. ഞാന്‍ ആ സങ്കര്‍ഷണനെ ശിഷ്യത്വത്തോടെ പരിചരിച്ചിട്ടുണ്ട്‌. യുദ്ധത്തില്‍ ബലരാമനോടു തുല്യനും ബലം കൊണ്ട്‌ ലോകത്തില്‍ വെച്ചു മുമ്പനുമാണ്‌ ഞാന്‍. എന്റെ ഗദാപ്രഹരം താങ്ങുവാൻ ഭീമനു സാദ്ധ്യമല്ല. അവന്‍ സഹിക്കയില്ല. ഞാന്‍ ക്രോധത്തോടെ ഗദകൊണ്ട്‌ ഒരു അടി വെച്ചു കൊടുത്താല്‍ ആ പ്രഹരത്തോടു കൂടി അവന്‍ യമപുരിയിലെത്തും; തീര്‍ച്ചയാണ്‌! ഗദയെടുത്ത ഭീമനെ ഒന്നു കണ്ടുകിട്ടണം എന്ന്‌ എനിക്ക്‌ ഒരു ആഗ്രഹമുണ്ട്‌. വളരെ നാളായി എന്നില്‍ കുടികൊള്ളുന്നതാണ്‌ ഈ ആഗ്രഹം.

പോരില്‍ ഞാൻ ഗദ കൊണ്ട്‌ ആഞ്ഞ്‌ ആ വൃകോദരനെ ഒരു ഒറ്റപ്രഹരം വെച്ചു കൊടുത്താല്‍ ഉടനെ അവന്‍ തളര്‍ന്നു മണ്ണില്‍ ചത്തു വീഴും. ഹിമവല്‍ പര്‍വ്വതം പോലും ഗദാഘാതത്താല്‍ ഞാന്‍ നൂറായിരം ഖണ്ഡമായി തകര്‍ത്തു കളയാം. ഗദയില്‍ ദുര്യോധന തുല്യനായി ആരുമില്ലെന്ന വിധി ഭീമനും കൃഷ്ണാര്‍ജ്ജുനന്മാര്‍ക്കും അറിവുള്ളതാണ്‌. അതു കൊണ്ട്‌ ഭവാന്‍ ഇനി ഭയപ്പെടരുത്‌. ഭീമനെ ഞാന്‍ നിലയ്ക്കു നിര്‍ത്തും. രാജാവേ, ഭവാന്റെ മനസ്സു മങ്ങരുത്‌. ഞാന്‍ ഭീമനെ കൊന്നുവീഴ്ത്തി കഴിഞ്ഞാല്‍ അര്‍ജ്ജുനനെ കൊല്ലുന്നതിന് അവനോടു സമന്മാരും അവനേക്കാള്‍ ശ്രേഷ്ഠന്മാരുമായ മഹാരഥന്മാര്‍ ഇവിടെ പലരുമുണ്ട്‌. ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, അശ്വത്ഥാമാവ്‌, കര്‍ണ്ണന്‍, ഭൂരിശ്രവസ്സ്‌, പ്രാക്‌ ജ്യോതിഷ രാജാവ്‌., ശല്യന്‍, ജയദ്രഥന്‍ എന്നിവരില്‍ ഓരോരുത്തനും പാര്‍ത്ഥനെ വധിക്കുവാന്‍ ശക്തരാണ്‌. ഇവര്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ശത്രുക്കളെ മുഴുവനും ഉടനെ നശിപ്പിക്കുന്നതാണ്‌. പാര്‍ത്ഥിവന്മാരൊക്കെ ചേര്‍ന്നാലും ഏകനായഅര്‍ജ്ജുനനെ ജയിക്കുവാന്‍ കഴികയില്ലെന്നു വിചാരിക്കുന്നതിന് ഞാന്‍ കാരണമൊന്നും കാണുന്നില്ല. ഭീഷ്മനും ദ്രോണനും ദ്രൗണിയും കൃപനും ചേര്‍ന്ന്‌ കൂട്ടത്തോടെ ശരങ്ങള്‍ ചൊരിഞ്ഞാല്‍ അര്‍ജ്ജുനന്‍ അവശനായി യമലോകം പ്രാപിക്കുക തന്നെ ചെയ്യും. ശന്തനുവിന് ഗംഗാദേവിയില്‍ ജനിച്ച ഭീഷ്മപിതാമഹന്‍ ബ്രഹ്മര്‍ഷി സമനും ദേവന്മാര്‍ക്കു കൂടി ദുസ്സഹനുമാണ്‌. ഭീഷ്മനെ കൊല്ലുവാന്‍ ലോകത്തില്‍ ആരുണ്ട്‌? പിതാവിന്റെ പ്രസാദത്താല്‍ അദ്ദേഹം സ്വച്ഛന്ദമരണനാണ്‌. ബ്രഹ്മര്‍ഷിയായ ഭരദ്വാജന് ദ്രോണത്തിലുണ്ടായ പുത്രനാണ്‌ ദ്രോണൻ. ഗൌതമ മഹര്‍ഷിക്ക്‌ ശരസ്തംബത്തില്‍ നിന്നു ജനിച്ച പുത്രനാണ്‌ കൃപാചാര്യന്‍. അമക്കാട്ടില്‍ ഉണ്ടായ ആ ശ്രീമാന്‍ അവദ്ധ്യനാണ്‌. ആ ശ്രീമാനോട് ഒന്നിച്ചാണല്ലോ ദ്രോണന്റെ പത്നിയും ജനിച്ചത്‌. ഇപ്രകാരം ദ്രോണപുത്രനായ അശ്വത്ഥാമാവിന്റെ മാതാവും പിതാവും അമ്മാവനും അയോനിജരാണ്‌. അപ്രകാരമുള്ള അശ്വത്ഥാമാവ്‌ അതുല്യ വീരനാണ്‌. അവന്‍ എന്റെ അധീനത്തിലാണ്‌. ഇവരെല്ലാം രാജാവേ, ദേവ തുല്യന്മാരായ മഹാരഥന്മാരാണ്‌. ശക്രന് പോലും യുദ്ധത്തില്‍ വൃഥയുണ്ടാക്കുന്നവരാണ്‌. ഇവരില്‍ ഓരോരുത്തനോടും അര്‍ജ്ജുനന്‍ കിടനിൽക്കുകയില്ല. ഇവര്‍ ഒത്തുചേര്‍ന്നാല്‍ പാര്‍ത്ഥനെ കൊന്നുകളയും. ഭീഷ്മദ്രോണ കൃപന്മാരോടു തുല്യനാണ്‌ കര്‍ണ്ണനും എന്നാണ്‌ എന്റെ അഭിപ്രായം. എന്നോടു തുല്യനാണ്‌ നീ എന്നു പരശുരാമന്‍ സമ്മതിച്ചിട്ടുള്ളവനാണ്‌ കര്‍ണ്ണന്‍. കര്‍ണ്ണന് സഹജമായി ശുഭമായ കുണ്ഡലം ഉണ്ടായിരുന്നു. ആ പരന്തപനോട്‌ ഇന്ദ്രന്‍ ശചീദേവിക്കു വേണ്ടി അത്‌ ഇരന്നുവാങ്ങി അമോഘമായ, ഘോരമായ ശക്തി കൈമാറ്റം ചെയ്തിട്ടാണ്‌ അതു നല്കിയത്‌. കര്‍ണ്ണന്റെ കയ്യില്‍ ആ വേല്‍ ഇരിക്കുമ്പോള്‍ അര്‍ജ്ജുനന്‍ പിന്നെ എങ്ങനെ ജീവിക്കാനാണ്‌? ഇങ്ങനെ ചിന്തിച്ചു നോക്കു. രാജാവേ, എന്റെ വിജയം കരതലാമലകം പോലെ പ്രത്യക്ഷമാണ്‌. വ്യക്തമാണ്‌. ശത്രുക്കളുടെ പരാജയവും അപ്രകാരം വ്യക്തമായിരിക്കുന്നു. ഒറ്റപ്പകല്‍ കൊണ്ടു പത്തു ലക്ഷംപേരെ ഭീഷ്മൻ വധിക്കും. ദ്രോണനും ദ്രൗണിയും കൃപനും അദ്ദേഹത്തോടു തുല്യരായ ധനുര്‍ദ്ധരന്മാരാണ്‌. സംശപ്തക ക്ഷത്രിയന്മാരും അവരുടെ കൂട്ടുകാരും പറയുന്നു; ഞങ്ങള്‍ അര്‍ജ്ജുനനെ കൊല്ലും, അഥവാ അര്‍ജ്ജുനന്‍ ഞങ്ങളെ കൊല്ലും. രണ്ടാലൊന്നു തീര്‍ച്ചയാണ്‌. ഇവിടെ വന്നിട്ടുള്ള രാജാക്കന്മാരാകട്ടെ, ഓരോരുത്തനും അര്‍ജ്ജുനനോട് എതിര്‍ക്കുവാന്‍ മുതിര്‍ന്നു നിൽക്കുന്നു. ഈ സ്ഥിതിക്ക്‌ ഞങ്ങള്‍ അര്‍ജ്ജുനനേയോ, അതോ അര്‍ജ്ജുനന്‍ ഞങ്ങളേയോ കൊല്ലുക? ഏതാണ്‌ സംഭവിക്കുക? ഭവാന്‍ ചിന്തിച്ചു നോക്കുക! ഭവാന്‍ എന്തിന് ഭയപ്പെടുന്നു? അസ്ഥാനത്താണ്‌ ഭവാന്റെ ഭയം.

ഭീമസേനന്‍ ചത്തു വീണാല്‍ പിന്നെ ശത്രുക്കളില്‍ പൊരുതുവാന്‍ ആരുണ്ട്‌; ഭവാന് അറിയാമെങ്കില്‍ പറയുക. ഭ്രാതാക്കന്മാര്‍ അഞ്ചുപേരും ധൃഷ്ടദ്യുമ്നനും സാതൃകിയും കൂടി ഏഴു യോധന്മാരാണ്‌ ശത്രുക്കള്‍ക്കുള്ള സാരമായ ബലം. നമ്മള്‍ക്കാണെങ്കില്‍ അവരെക്കാളൊക്കെ യോഗ്യരായ ഭീഷ്മൻ, ദ്രോണന്‍. കൃപന്‍, ദ്രൗണി, വൈകര്‍ത്തനനായ കര്‍ണ്ണന്‍, ബാല്‍ഹീകന്‍, സോമദത്തൻ, പ്രാക്ജ്യോതിഷാധിപന്‍. ശല്യന്‍, അവന്തീശന്മാര്‍, ജയദ്രഥന്‍, ദുശ്ശാസനന്‍, ദുര്‍മ്മുഖന്‍, ദുസ്സഹന്‍. ശ്രുതായുസ്സ്‌, ചിത്രസേനന്‍, പുരുമിത്രന്‍, വിവിംശതി, ശലന്‍, ഭൂരിശ്രവസ്സ്‌, വികര്‍ണ്ണന്‍. ഭവാന്റെ പുത്രന്മാരായ മറ്റുള്ളവര്‍ ഇവരൊക്കെ ഉണ്ടല്ലോ. പതിനൊന്ന്‌ അക്ഷൗഹിണീ സൈന്യവും നമ്മള്‍ക്കു വേണ്ടി തയ്യാറായി നില്‍ക്കുന്നു. ശത്രുക്കള്‍ക്കാണെങ്കില്‍ നമ്മളേക്കാള്‍ കുറവാണ്‌. ഏഴ്‌ അക്ഷൗഹിണിയേ ഉള്ളു. ഈ സ്ഥിതിക്ക്‌ നമുക്കു പരാജയം ഉണ്ടാകുമെന്നു വിചാരിക്കുവാന്‍ കാരണം എന്താണ്‌?

ശത്രുക്കളേക്കാള്‍ എനിക്ക്‌ മൂന്നിലൊരു ഭാഗം സൈന്യം കൂടുതലുണ്ട്‌. ആകെയുള്ള സൈനൃത്തില്‍ മൂന്നില്‍ രണ്ടു വീതം നമ്മള്‍ക്കുള്ളപ്പോള്‍ മൂന്നില്‍ ഒന്നല്ലേ അവര്‍ക്കുള്ളു? അങ്ങനെയുള്ള സൈന്യത്തോട്‌ യുദ്ധം ചെയ്യാമെന്നു ബൃഹസ്പതി വിധിച്ചിട്ടുണ്ട്‌. ശത്രുസൈന്യത്തില്‍ ഗുണക്കുറവു പലതും കാണും. നമ്മുടെ സൈന്യത്തില്‍ ഗുണോദയം വളരെയുണ്ടു താനും. ഇങ്ങനെ എനിക്കുള്ള സൈന്യങ്ങളുടെ മേന്മയും പാണ്ഡവന്മാരുടെ സൈനൃത്തിനുള്ള ന്യൂനതയും ഭവാന്‍ മനസ്സിലാക്കി ഉഴലാതെ, വിഷമിക്കാതെ, ധൈര്യമായി അടങ്ങിയിരിക്കുക?

ഇപ്രകാരം അച്ഛനെ സാന്ത്വനം ചെയ്തതിന് ശേഷം ദുര്യോധനന്‍ പാണ്ഡവന്മാരുടെ കാലോചിതമായ സ്ഥിതിഗതികളെ പറ്റി അറിയുവാന്‍ സഞ്ജയനോടു ചോദിച്ചു.

56. സഞ്ജയവാക്യം - സഞ്ജയന്‍ ഭീമാര്‍ജ്ജുനന്മാരുടെ ധ്വജാശ്വങ്ങളുടെ മേന്മ ദുര്യോധനനെ ഗ്രഹിപ്പിക്കുന്നു - ദുര്യോധനന്‍ പറഞ്ഞു; യുദ്ധത്തിന്‌ ഒരുങ്ങി നിൽക്കുന്ന യുധിഷ്ഠിരന്‍ ഏഴ്‌ അക്ഷൗഹിണീ സൈന്യങ്ങളെ നേടി, കൂട്ടുകാരായ രാജാക്കന്മാരോടു കൂടി എന്താണ്‌ ഇച്ഛിക്കുന്നത്?

സഞ്ജയന്‍ പറഞ്ഞു: യുദ്ധസന്നദ്ധനായ യുധിഷ്ഠിരന്‍ ഏറ്റവും മോദത്തോടെയാണ്‌ വാഴുന്നത്‌. ഭീമാര്‍ജ്ജുനന്മാര്‍ക്കോ, യമന്മാര്‍ക്കോ ലേശവും ഭയമില്ല. ദിക്കുകളൊക്കെ ശോഭിപ്പിക്കുന്ന ആ ദിവ്യരഥത്തെ മന്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി, അസ്ത്രപ്രയോഗത്തെ പരീക്ഷിക്കുവാന്‍ വേണ്ടി, ബീഭത്സു പൂട്ടി. സന്നദ്ധമായ ആ രഥം മിന്നല്‍ ചേര്‍ന്ന കാര്‍മേഘം പോലെ ഞാന്‍ കണ്ടു. എല്ലാം ധ്യാനിച്ചതിന്റെ ശേഷം ഹര്‍ഷിച്ചു കൊണ്ട്‌ അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞു: "ഹേ സഞ്ജയ, ഈ പൂര്‍വ്വരൂപം ഭവാന്‍ കണ്ടാലും. ഞങ്ങള്‍ ജയിക്കും; അതിനുള്ള ലക്ഷണം ഞാന്‍ കാണുന്നു. ലക്ഷണം കൊണ്ട്‌ അര്‍ജ്ജുനന്‍ പറഞ്ഞ വാക്കു സത്യമായി വരുമെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌".

ദുര്യോധനന്‍ പറഞ്ഞു; ചൂതില്‍ തോറ്റു തുന്നം പാടി നാടുവിട്ടോടി പോയ പാണ്ഡവന്മാരെ പറ്റി ഭവാന്‍ പ്രശംസിക്കുകയാണ്‌! അര്‍ജ്ജുനന്റെ രഥധ്വജത്തിന്റേയും അശ്വങ്ങളുടേയും സ്ഥിതി എന്താണെന്നു പറയു!

സഞ്ജയന്‍ പറഞ്ഞു: വിശ്വകര്‍മ്മാവ്‌ ഇന്ദ്രനോടും പ്രജാപതിയോടും കൂടി വിചിത്രമായി നിര്‍മ്മിച്ചതാണ്‌ പാര്‍ത്ഥധ്വജം. ചെറുതും വലുതുമായി വിലപിടിച്ചതും ദിവ്യങ്ങളുമായ രൂപങ്ങള്‍ പലതും ദിവ്യമായയാല്‍ അതിൽ ഇണക്കിയിട്ടുണ്ട്‌. ഭീമസേനന്റെ ഇഷ്ടത്തിനായി വായുനന്ദനനായ ഹനുമാന്‍ ആത്മരൂപത്തെ അതില്‍ വെച്ചിരിക്കുന്നു. ചുറ്റുപാടും, മേലും, കീഴും യോജന ദൂരം വരെ ആ ധ്വജം തേജസ്സു പരത്തുന്നു. വിശ്വകര്‍മ്മാവിന്റെ മായയാല്‍ അതു യാതൊരു വൃക്ഷത്തിലും തടയുകയില്ല. ആകാശത്തിലെ മഴവില്ലു പോലെ അതു പ്രകാശിക്കുന്നു. അതിൽ എന്തെല്ലാം വര്‍ണ്ണങ്ങൾ ആണ് ഉള്ളതെന്ന്‌ വേര്‍തിരിച്ചറിയുവാന്‍ വിഷമമാണ്‌. പല ആകാരങ്ങളിലുള്ള പല രൂപങ്ങളും അതിലുണ്ട്‌. ഇങ്ങനെ വിചിത്ര തേജോവര്‍ണ്ണ രൂപങ്ങളോടു കൂടിയ ആ ധ്വജത്തില്‍ നിന്ന്‌ തീയും പുകയും ആകാശത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ആ ധ്വജം രഥത്തിന് ഒട്ടും ഭാരമാകുന്നില്ല. അതിനു മാര്‍ഗ്ഗതടസ്സവുമില്ല. വായുവേഗമുള്ള വെള്ളക്കുതിരകളെയാണ്‌ അതില്‍ പുട്ടിയിരിക്കുന്നത്‌. ആ അശ്വങ്ങള്‍ക്ക്‌ ആകാശത്തിലും ഭൂമിയിലും എവിടേയും തടവില്ലാതെ സഞ്ചരിക്കാം. മുമ്പെ വരം ലഭിക്കുക മൂലം അതില്‍ എത്രയെണ്ണത്തിനെ കൊന്നു വിട്ടാലും എപ്പോഴും നൂറെണ്ണം രഥത്തില്‍ തികഞ്ഞിരിക്കും. യുധിഷ്ഠിരന്റെ തേരില്‍ കെട്ടിയ കുതിരകള്‍ക്ക് ആനക്കൊമ്പിന്റെ നിറമാണ്‌. എല്ലാം തുല്യവീര്യങ്ങളുമാണ്‌. ഭീമസേനന്റെ തേരില്‍ കെട്ടിയ ഋക്ഷാഭയോടു കൂടിയ അശ്വങ്ങള്‍ വായുവേഗങ്ങളാണ്‌. പലനിറത്തിൽ ഉള്ളതും, തിത്തിരിപൃഷ്ഠത്തോടു കൂടിയതും ജ്യേഷ്ഠനായ അര്‍ജ്ജുനന്‍ നല്കിയതുമായ സഹദേവന്റെ തേര്‍ നല്ല മിടുക്കുള്ള കുതിരകളാണു വഹിക്കുന്നത്‌. മാദ്രീപുത്രനായ നകുലന് ഇന്ദ്രന്‍ നല്കിയ ഹരിവാഹനങ്ങളാണ്‌ രഥത്തില്‍ കെട്ടിയിരിക്കുന്നത്‌. വേഗത്തില്‍ കാറ്റിനോടു തുല്യമായ അവ വൃത്തവൈരിയുടെ വാഹനങ്ങള്‍ക്കു തുല്യമാകുന്നു. വയസ്സു കൊണ്ടും വീര്യം കൊണ്ടും ഇവയ്ക്ക്‌ ഒത്ത, വേഗം കൂടുന്ന ചിത്രരൂപമായ അശ്വജാലം സൗഭദ്രന്‍ മുതലായവര്‍ക്കും ദ്രൗപദീ പുത്രന്മാര്‍ക്കും ദേവദത്തമായിട്ടുണ്ട്‌. ആ വാഹനങ്ങള്‍ പൊരുതുവാന്‍ തയ്യാറായി നിൽക്കുന്നു.

57. സഞ്ജയവാക്യം - പാണ്ഡവന്മാരുടെ സമരോദ്യോഗം സഞ്ജയന്‍ വര്‍ണ്ണിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: പാണ്ഡവന്മാര്‍ക്കു വേണ്ടി എന്റെ പുത്രന്മാരുടെ സൈന്യത്തോടു പൊരുതുവാന്‍ അവിടെ പ്രീതിയോടെ വന്നു കൊണ്ടിരിക്കുന്നവരില്‍ ആരെയെല്ലാം ഭവാന്‍ കണ്ടു?

സഞ്ജയന്‍ പറഞ്ഞു: വൃഷ്ണ്യന്ധക പ്രവരനായ കൃഷ്‌ണന്‍ അവിടെ എത്തിയതായി ഞാന്‍ കണ്ടു. ചേകിതാനനും, യുയുധാനനും വെവ്വേറെ അക്ഷൗഹിണിയോടു കൂടി പാണ്ഡവന്മാരുടെ അടുത്ത്‌ എത്തിയതായി ഞാന്‍ കണ്ടു. മഹാരഥന്മാര്‍ എന്നു പേരു കേട്ടവരും, പൗരുഷത്തെ കാണിക്കുന്നവരുമാണ്‌ അവര്‍. ഒരു അക്ഷൗഹിണിയോടും, പത്തു മക്കളോടും കൂടി പാഞ്ചാലനേയും അവിടെ കണ്ടു. ഉടുപ്പുകള്‍ അണിഞ്ഞ പടയാളികളാലും, സത്യജിത്ത്‌, ധൃഷ്ടദ്യുമ്നന്‍, ശിഖണ്ഡി എന്നീ വീരന്മാരാലും മാനം വര്‍ദ്ധിപ്പിച്ചു കൊണ്ട്‌ ദ്രുപദന്‍ അവിടെ വന്നെത്തി പ്രശോഭിക്കുന്നു. ശംഖന്‍ ഉത്തരന്‍ എന്നീ രണ്ടു പുത്രന്മാരോടും. മദിരാക്ഷന്‍, സുര്യദത്തന്‍ എന്നീ ഭ്രാതാക്കളോടും ഒരു അക്ഷൗഹിണി സൈന്യത്തോടും കൂടി വിരാടന്‍ യുധിഷ്ഠിരനെ സമാശ്രയിച്ചിരിക്കുന്നു. മാഗധനായ ജരാസന്ധ പുത്രന്‍, ചേദി രാജാവായ ധൃഷ്ടകേതു, ചുവന്ന കൊടികളോടു കൂടിയ കേകയത്തിലെ പഞ്ചഭ്രാതാക്കള്‍ എന്നിവരും ഓരോ അക്ഷൗഹിണിയോടു കൂടി വന്നു ചേര്‍ന്നിട്ടുണ്ട്. പാണ്ഡവന്മാര്‍ക്കു വേണ്ടി ധാര്‍ത്തരാഷ്ട്ര സൈന്യത്തോട്‌ പൊരുതുവാന്‍ അവിടെ ഇത്രയും പേര്‍ വന്നു ചേര്‍ന്നതായി ഞാന്‍ കണ്ടു.

ദൈവം, മാനുഷം, ഗാന്ധര്‍വ്വം, ആസുരം, മുതലായ എല്ലാവിധ വ്യൂഹങ്ങളും അറിയുന്ന മഹാരഥനായ ധൃഷ്ടദ്യുമ്നനാണ്‌ സേനാമുഖത്തില്‍ നിൽക്കുന്നത്‌. ഭീഷ്മൻ ശിഖണ്ഡിയുടെ ഇരയാണെന്നു നിശ്ചയിച്ചിരിക്കുന്നു. ആ വീരന് പിന്തുണയായി മത്സ്യന്മാരോടു കൂടി വിരാടന്‍ നിൽക്കുന്നതാണ്‌. യുധിഷ്ഠിരന് ഇരയായി കണ്ടിരിക്കുന്നത്‌ മദ്രാധിപനായ ശല്യനാണ്‌. അവരിരുവരും സമന്മാരല്ലെന്ന്‌ അവിടെ ചിലര്‍ പറയുന്നതായും ഞാന്‍ കേട്ടു. ഒരുനൂറ്‌ അനുജന്മാരോടും പുത്രന്മാരോടും കുടിയ ദുര്യോധനനും, കിഴക്കും തെക്കുമുള്ള രാജാക്കന്മാരുമാണ്‌ ഭീമസേനന്റെ ഇര. അര്‍ജ്ജുനന്റെ ഏറ്റവും പ്രധാനപ്പെട്ട ഇര വൈകര്‍ത്തനനായ കര്‍ണ്ണനാണ്‌. അതിന് പുറമേ അശ്വത്ഥാമാവിനേയും, വികര്‍ണ്ണനേയും, സിന്ധു രാജാവായ ജയദ്രഥനേയും, ദുര്‍ജ്ജയന്മാരായ മറ്റു ശൂര രാജാക്കളേയും അര്‍ജ്ജുനന്‍ ഇരയായി നിശ്ചയിച്ചിട്ടുണ്ട്‌. കേകയ ഭ്രാതാക്കളായ അഞ്ചു പേരോടും പൊരുതുവാന്‍ വരുന്നത്‌ കേകയന്മാര്‍ തന്നെയാണ്‌. മാളവന്മാര്‍, സാല്വന്മാര്‍ എന്നിവരും ആ അഞ്ചു ഭ്രാതാക്കളുടെ പങ്കിലാണ്‌.

ത്രിഗര്‍ത്തശ്രേഷ്ഠന്മാരും, സംശപ്തകന്മാരും, ദുര്യോധനന്റെ പുത്രന്മാരും, ദുശ്ശാസന കുമാരന്മാരും, ബൃഹല്‍ബലരാജാവും അഭിമന്യുവിന്റെ ഇരയായി നിശ്ചയിച്ചിരിക്കുന്നു. ദ്രൗപദീ പുത്രന്മാരോടു ചേര്‍ന്ന്‌ ധൃഷ്ടദ്യുമ്നന്‍ ദ്രോണനോടും, ചേകിതാനന്‍ സോമദത്തനോടും. സാത്യകി (യുയുധാനന്‍) കൃതവര്‍മ്മാവിനോടും പൊരുതുന്നതാണ്‌. മാദ്രീ പുത്രനായ സഹദേവന്‍, പോരിലാര്‍ക്കുന്ന ആ വിക്രമി, നിന്റെ അമ്മാവനായ ശകുനിയെ ഇരയായി സങ്കൽപ്പിച്ചിരിക്കുന്നു. നകുലനുള്ള ഇര ഉലൂക കൗരവ്യരും സാരസ്വത ഗണങ്ങളും ആണെന്നു പറയുന്നു. പോരിന് ചെല്ലുന്ന മറ്റു രാജാക്കന്മാരേയും പാണ്ഡവന്മാര്‍ ഓരോരുത്തരും പേര്‍ ചൊല്ലി ഇന്നിന്നവരാണെന്ന്‌ നിശ്ചയിച്ചു വെച്ചിട്ടുണ്ട്‌. ഇപ്രകാരം ഇവിടെയുള്ള സൈന്യത്തെ മുഴുവന്‍ തനിക്കു തനിക്കെന്ന്‌ പാണ്ഡവന്മാര്‍ പകുത്തു വെച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഒട്ടും കാല താമസം കൂടാതെ പുത്രന്മാരോടു കൂടി ഭവാന്‍ വേണ്ടുന്ന കാര്യങ്ങളില്‍ പ്രവേശിച്ചാലും.

ധൃതരാഷ്ട്രന്‍ പറഞ്ഞു: കള്ളച്ചൂത് ആടുന്നതിന് വേണ്ടി തീര്‍ന്ന മരമണ്ടന്മാരാണ്‌ എന്റെ മക്കളൊക്കെ, അവര്‍ക്കു വേറെ എന്തറിയാം. ഈ മൂഢന്മാരൊക്കെ ബലവാനായ ഭീമന്റെ ഗദാഘാതമേറ്റു ചാവാന്‍ വേണ്ടി പിറന്നവരാണ്‌. വധത്തിന് വേണ്ടി കാലധര്‍മ്മത്തിന്റെ സജ്ജീകരണത്തിന് വിധേയരായി രാജാക്കളൊക്കെ കാത്തു നിൽക്കുന്നു. ഹോമാഗ്നിയില്‍ പാറ്റകള്‍ പോലെ ഗാണ്ഡീവാഗ്നിയില്‍ വീണ അവരൊക്കെ പൊരിഞ്ഞു വെണ്ണീറാകും! കൃതവൈരന്മാരും മഹാത്മാക്കളുമായ പാണ്ഡവന്മാര്‍ യുദ്ധത്തില്‍ അടിച്ചു തകര്‍ക്കുന്ന സൈനൃത്തെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഇവരില്‍ ആര്‍ക്കു കഴിയും? അവരെല്ലാവരും ശൂരന്മാരായ രഥികളാണ്‌. പേര്‍ പുകഴ്‌ന്ന പ്രതാപികളാണ്‌. തേജസ്സാല്‍ സൂര്യാഗ്നി തുല്യന്മാരാണ്‌. യുദ്ധത്തില്‍ വിജയിക്കുന്നവരുമാണ്‌. അവര്‍ക്കാണെങ്കില്‍ നാഥന്‍ ധര്‍മ്മജനാണ്‌. രക്ഷയ്ക്കാണെങ്കില്‍ കേശവനുണ്ട്‌. യോധന്മാരാണെങ്കില്‍ വീരന്മാരായ മഹാരഥന്മാര്‍, അര്‍ജ്ജുനനും, ഭീമനും, നകുലനും, സഹദേവനും, ധൃഷ്ടദ്യുമ്നനും, സാത്യകിയും, ദ്രുപദനും, ഭ്രാതാക്കളോടു കൂടിയ ധൃഷ്ടകേതുവും, ഉത്തമൗജസ്സും, യുധാമന്യുവും, ശിഖണ്ഡിയും, ഉത്തരനും, കാശിചേദിപന്മാരും, മത്സൃന്മാരും, സൃഞ്ജയന്മാരും, വിരാടപുത്രന്മാരും, ബഭ്രുക്കളും, പാഞ്ചാലന്മാരും, പ്രഭദ്രകന്മാരും ആകുന്നു. ഇവരൊക്കെ അതുല്യ വീരന്മാരായ രണധീരന്മാരാണ്‌. ഇവരെ ധിക്കരിച്ച്‌ ഇന്ദ്രന് പോലും ഭൂമി നേടുവാന്‍ കഴികയില്ല. ആ ധീരന്മാര്‍ക്കു പര്‍വ്വതങ്ങള്‍ പോലും പിളര്‍ക്കുവാന്‍ കഴിയും. ഗുണങ്ങളൊക്കെ തികഞ്ഞ ആ ദിവ്യന്മാരുമായി, ഉഗ്രപ്രതാപന്മാരുമായി എന്റെ ദുഷ്ടസന്താനം പോരിന് ഒരുങ്ങി നിൽക്കുകയാണ്‌. സഞ്ജയാ! ഞാന്‍ എന്തു ചെയ്യേണ്ടൂ! എത്ര വിലപിച്ചിട്ടും അവന്‍ പിന്മാറുന്നില്ലല്ലോ!

ദുര്യോധനന്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടു കൂട്ടരും സമജാതീയരാണ്‌. രണ്ടു കക്ഷികളും ഈ ഭൂമിയില്‍ തന്നെ ജീവിക്കുന്നവരാണ്‌. പിന്നെ പാണ്ഡവന്മാരില്‍ തന്നെ എന്തു കൊണ്ടാണ്‌ അച്ഛന്‍ ജയം കാണുന്നത്‌? പിതാമഹനായ ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, കര്‍ണ്ണന്‍, ജയദ്രഥന്‍, സോമദത്തൻ, അശ്വത്ഥാമാവ്‌ എന്നിവര്‍ ദുര്‍ജ്ജയന്മാരും തേജസ്വികളുമായ ധനുര്‍ദ്ധരന്മാരല്ലേ? ഇവരെ പോരില്‍ ജയിക്കുവാന്‍ ഇന്ദ്രനോടു കൂടിയ അമരന്മാര്‍ക്കും സാധിക്കയില്ല. അച്ഛാ, പിന്നെ പാണ്ഡവന്മാര്‍ക്ക്‌ എങ്ങനെ കഴിയും! എനിക്കു വേണ്ടി രാജാക്കന്മാരൊക്കെ പാര്‍ത്ഥന്മാരോട്‌ പോരാടുവാന്‍ സന്നദ്ധരായി നിൽക്കുന്നു. അവരെല്ലാം ശൂരന്മാരും ശസ്ത്രധാരികളുമായ ആര്യന്മാരാണ്‌. എന്റെ ആള്‍ക്കാരോടു നേരിട്ടു നോക്കുവാന്‍ പാണ്ഡവന്മാര്‍ക്കു കെല്‍പ്പുണ്ടോ? ഇല്ല തന്നെ! മക്കളോടു കൂടിയ പാണ്ഡവന്മാരുമായി പൊരുതുവാന്‍ തന്നെ ഞാന്‍ കരുതുന്നു! എന്റെ ഇഷ്ടംനോക്കി നിൽക്കുന്ന രാജാക്കന്മാര്‍ കയറാല്‍ മാനുകളെ എന്ന പോലെ അവരെ തീര്‍ച്ചയായും തടഞ്ഞു നിര്‍ത്തും. എന്റെ കൂട്ടര്‍ വലിയ തേര്‍നിരയാലും ശരജാലങ്ങളാലും പാഞ്ചാലരോടൊത്ത പാണ്ഡവന്മാരെ ചെന്ന്‌ ആക്രമിക്കുക തന്നെ ചെയ്യും; എല്ലാറ്റിനേയും തകര്‍ത്തു വിടും.

ധൃതരാഷ്ട്രന്‍ പറഞ്ഞു :എന്റെ പുത്രന്‍ ഭ്രാന്തനെ പോലെ ചിലയ്ക്കുന്നത്‌ ഭവാന്‍ കേട്ടില്ലേ? പോരില്‍ ധര്‍മ്മ രാജാവായ യുധിഷ്ഠിരനെ ജയിക്കുമത്രേ! ഇവന്‍ അതിന് വെറുതെ മോഹിക്കയാണ്‌! ധര്‍മ്മജ്ഞന്മാരും, മഹാത്മാക്കളും, മക്കളോടു ചേര്‍ന്നവരുമായ പ്രസിദ്ധന്മാരായ പാണ്ഡവന്മാരുടെ ശക്തി ഭീഷ്മന്നറിയാം. അതു കൊണ്ടാണ്‌ ആ മഹാന്മാരുമായി പൊരുതുന്നതില്‍ അദ്ദേഹം സമ്മതിക്കാഞ്ഞത്‌.. ഹേ സഞ്ജയാ, ഭവാന്‍ അവരുടെ ഒരുക്കങ്ങള്‍ എന്തൊക്കെയാണെന്നു പറയൂ. ഞാന്‍ കേള്‍ക്കട്ടെ! ആ തേജസ്വികളെ ഹവിസ്സാല്‍ അഗ്നികളെ എന്ന പോലെ ഉദ്ദീപിപ്പിക്കുന്ന തരസ്വി ആരാണ്‌?

സഞ്ജയന്‍ പറഞ്ഞു: ഹേ ഭാരതാ! അവരെ ഉദ്ദീപിപ്പിക്കുന്ന തരസ്വി ധൃഷ്ടദ്യുമ്നനാണ്‌. ആ പാഞ്ചാലന്‍ ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഹേ ഭാരത മുഖ്യന്മാരേ, നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍! യുദ്ധത്തില്‍ നിങ്ങള്‍ ഭയപ്പെടരുത്‌. ധാര്‍ത്തരാഷ്ട്രന്‍ വിളിച്ചു കൂട്ടിയ രാജാക്കന്മാര്‍ ശസ്ത്രസങ്കുലമായ തുമുല യുദ്ധത്തില്‍ കൂട്ടുകാരോടു കൂടി എതിര്‍ത്തു വരുമ്പോള്‍ മത്സൃക്കൂട്ടങ്ങളെ തിമിംഗലമെന്ന പോലെ ഞാന്‍ ഒരുത്തന്‍ മതി, അവരെയൊക്കെ ഗ്രസിക്കുവാന്‍. ഭീഷ്മന്‍, ദ്രോണൻ, കൃപന്‍, കര്‍ണ്ണന്‍, ദ്രൗണി, ശല്യന്‍, സുയോധനന്‍ ഇവരെയൊക്കെയും ഞാന്‍ സമുദ്രത്തെ കരയെന്ന പോലെ തടുക്കാം.

ഇപ്രകാരം ധൃഷ്ടദ്യുമ്നന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മബുദ്ധിയായ യുധിഷ്ഠിര രാജാവു പറഞ്ഞു: ഭവാന്റെ വീര്യധൈര്യങ്ങളെയാണ്‌ പാണ്ഡവന്മാരും പാഞ്ചാലന്മാരും അവലംബിക്കുന്നത്‌. ഞങ്ങളെ ഭവാന്‍ യുദ്ധത്തില്‍ നിന്നു സമുദ്ധരിച്ചാലും. ക്ഷത്രധര്‍മ്മത്തില്‍ ഉറച്ചു നിൽക്കുന്ന മഹാബാഹുവാണ്‌ ഭവാനെനും കൗരവന്മാരെയൊക്കെ നിഗ്രഹിക്കുവാന്‍ ഭവാന്‍ സമര്‍ത്ഥനാണെനും എനിക്കറിയാം. കൗരവന്മാര്‍ പോരിന് ഒരുങ്ങി വരുന്നതിന് മുമ്പായി ഇവിടെ ഞങ്ങളുടെ ശ്രേയസ്സിന് വേണ്ടതെന്തോ അത്‌ ഭവാന്‍ ചെയ്താലും! യുദ്ധത്തില്‍ തോറ്റു ശരണം തേടി പായുന്ന ജനങ്ങളുടെ മുമ്പില്‍ പൗരുഷത്തോടെ അഭയം നല്കുന്ന ശൂരന്‍ ഒരു ആയിരം വീരന്മാരേക്കാള്‍ ശ്രേഷ്ഠനാണ്‌. ശൂരനും വീരനും വിക്രമിയുമായ ഭവാന്‍ , യുദ്ധത്തില്‍ ഭയാര്‍ത്തന്മാരെ പരിത്രാണനം ചെയ്യും എന്നുള്ളതില്‍ സംശയമില്ല.

ഇപ്രകാരം ധര്‍മ്മശാലിയായ യുധിഷ്ഠിരന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ധൃഷ്ടദ്യുമ്നന്‍ എന്നോട്‌ ഇപ്രകാരം നിര്‍ഭയനായി പറഞ്ഞു: ഹേ, സൂതാ! ദുര്യോധനന്റെ യോദ്ധാക്കളായ നാട്ടുകാരോടൊക്കെയും ബാല്‍ഹീകന്മാര്‍, കൗരവന്മാര്‍, പ്രാതിപേയന്മാര്‍ എന്നിവരോടും സൂതപുത്രന്‍, ദ്രോണന്‍, ദ്രൌണി, ജയദ്രഥന്‍, ദുശ്ശാസനന്‍, വികര്‍ണ്ണന്‍, ദുര്യോധനന്‍, ഭീഷ്മൻ മുതലായവരോടും ഭവാന്‍ അവിടെ ചെന്നയുടനേ എന്റെ വാക്കായി ഇപ്രകാരം പറയണം: യുധിഷ്ഠിരനോട്‌ നിങ്ങള്‍ നന്നായി നിൽക്കുകയാണ്‌ നിങ്ങള്‍ക്കു നല്ലത്‌! ദേവഗുപ്തനായ അര്‍ജ്ജുനനാല്‍ നിങ്ങള്‍ ഹതരാവേണ്ടാ. ധർമ്മ രാജാവിന്റെ രാജ്യം ഉടനേ വിട്ടു കൊടുത്ത്‌ ആ പാണ്ഡവവീരനായ പാര്‍ത്ഥനോട് ശമത്തിന്നായി അപേക്ഷിക്കുവിന്‍! അര്‍ജ്ജുനനെ പോലെ യോഗ്യനായ ഭരു യോധന്‍ ഈ ഭൂലോകത്തില്‍ ഒരിടത്തും ൦കാണുകയില്ല. അത്രയ്ക്കു സവ്യസാചി ധീരനും സത്യവിക്രമനുമാണ്‌. ഗാണ്ഡീവിയുടെ ദിവ്യമായ രഥമാകട്ടെ ദേവനിര്‍മ്മിതമാണ്‌. അങ്ങനെയുള്ള അര്‍ജ്ജുനനെ ജയിക്കുവാന്‍ കഴിയുന്ന മനുഷ്യരാരും ഇന്നില്ല. യുദ്ധവിചാരം നിങ്ങള്‍ മനസ്സില്‍ നിന്ന്‌ അകറ്റുവിന്‍!

58. ധൃതരാഷ്ട്രവാക്യം - ധൃതരാഷ്രടന്‍ വീണ്ടും ദുര്യോധനനെ ഉപദേശിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു; ബാല്യം മുതല്‍ ബ്രഹ്മചാരിയാണ്‌ ക്ഷത്രിയ വീരനായ ആ പാണ്ഡവന്‍! അവനോട്‌ യുദ്ധത്തിന്നാണ്‌ എന്റെ മന്ദന്മാരായ മക്കളുടെ പുറപ്പാട്‌. ഞാന്‍ വിലപിച്ചു പറഞ്ഞിട്ടും അവര്‍ പിന്മാറുവാന്‍ തയ്യാറില്ല. എടോ, ദുര്യോധനാ, നീ പോരില്‍ നിന്നു പിന്മാറുക. ഏതു നിലയ്ക്കു ചിന്തിച്ചാലും യുദ്ധം ഒരു പ്രശംസാര്‍ഹമായ കാര്യമല്ല. നിനക്കു നിന്റെ അമാതൃന്മാരോടു കൂടി ജീവിക്കുവാന്‍ പകുതി രാജ്യം മതി. പാണ്ഡവന്മാര്‍ക്ക് ഉള്ളത്‌ യഥോചിതം അവര്‍ക്കു കൊടുത്തേക്കൂ! കൗരവന്മാരൊക്കെ അതാണു ധര്‍മ്മമായി കരുതുന്നത്‌. യോഗ്യന്മാരായ പാണ്ഡവന്മാരുമായി നീ ശമം കൈക്കൊള്ളുകയാണ്‌ ശ്രേയസ്കരമായത്‌. ഉണ്ണീ, നീ നിന്റെ സൈന്യത്തെ തന്നെ നന്നായി നോക്കുക. ശമമാണു നല്ലതെന്നു ഞാന്‍ പറയുമ്പോള്‍ നീ മൗഢ്യത്താല്‍ അതു കേള്‍ക്കുന്നില്ല. യുദ്ധം ചെയ്യുവാന്‍ ഞാന്‍ സമ്മതിക്കയില്ല. ബാല്‍ഹീകനും സമ്മതിക്കയില്ല. ഭീഷ്മനും സമ്മതിക്കയില്ല. ദ്രോണനും സമ്മതിക്കയില്ല. ദ്രൗണിയും സമ്മതിക്കയില്ല. സഞ്ജയനും സമ്മതിക്കയില്ല. സോമദത്തനും, ശല്യനും, കൃപനും, രണം കാംക്ഷിക്കുന്നില്ല. പുരുഷമിത്രന്‍, ജയന്‍, സത്യവ്രതന്‍, ഭൂരിശ്രവസ്സ്‌ ഇവരൊക്കെയാണല്ലോ പരാക്രമികളായ കൗരവന്മാര്‍ക്ക്‌ ആശ്രയമായി വിലസുന്നത്‌. അവരാരും യുദ്ധത്തെ അഭിനന്ദിക്കുന്നില്ല. ഇക്കാര്യം നീ നല്ല പോലെ ചിന്തിച്ചറിയണം. നീ നിന്റെ ഇഷ്ടത്തിന് ചെയ്യുകയല്ല നിന്നെ കൊണ്ടു കര്‍ണ്ണന്‍ ചെയ്യിക്കുകയാണ്‌. പാപബുദ്ധിയായ ദുശ്ലാസനന്റേയും പിന്നെ ശകുനിയുടേയും പ്രേരണയ്ക്കു നീ വശംവദനായിരിക്കയാണ്‌. അവര്‍ മൂന്നു പേരുമാണ്‌ നിന്നെ യുദ്ധത്തിലേക്ക്‌ ഇറക്കുന്നത്‌.

ദുര്യോധനന്‍ പറഞ്ഞു: ഭവാനിലും, ദ്രോണനിലും, അശ്വത്ഥാമാവിലും, സഞ്ജയനിലും, ഭീഷ്മനിലും, കാംബോജനിലും. കൃപനിലും, വികര്‍ണ്ണനിലും, ബാല്‍ഹീകനിലും, സത്യവ്രതനിലും, പുരുഷമിത്രനിലും, ഭൂരിശ്രവസ്സിലും ഭവാന്റെ ആള്‍ക്കാരായ മറ്റുള്ളവരിലും ആശ്രയിച്ചിട്ടല്ല ഞാന്‍ യുദ്ധത്തില്‍ ഇറങ്ങുന്നത്‌. അച്ഛാ, ഞാനും കര്‍ണ്ണനും ചേര്‍ന്ന്‌ രണമാകുന്ന യജ്ഞം ആരംഭിച്ചു യുധിഷ്ഠിരനെ പശുവാക്കിക്കൊണ്ട്‌ ദീക്ഷിച്ചു വരികയാണ്‌ ഇപ്പോള്‍. തേരിനെ വേദിയും, വാളിനെ സ്രുവവും (ഹോമത്തിന്നുള്ള ഒരു തരം തവി), ഗദയെ സ്രുക്കും ( ഹോമപാത്രം ), കവചത്തെ സദസ്സും, ശരത്തെ ദര്‍ഭയും, യശസ്സിനെ ഹവിസ്സും ആക്കിക്കൊണ്ടാണ്‌ ഈ യാഗം. ആത്മയജ്ഞത്താല്‍ അന്തകന്ന്‌ ഇഷ്ടി ചെയ്ത്‌ ശത്രുക്കളെ വധിച്ച്‌ ജയം പ്രാപിച്ച്‌ ഞങ്ങള്‍ ശ്രീമാന്മാരാകും. ഞാനും കര്‍ണ്ണനും ദുശ്ശാസനനും ചേര്‍ന്ന്‌ ആ പാണ്ഡവന്മാരെ കൊന്നു കൊള്ളാം. ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്ന്‌ ആ പാണ്ഡവന്മാരെയെല്ലാം യുദ്ധത്തില്‍ വധിച്ച്‌ ഭൂമി പാലിക്കുന്നതാണ്‌. അഥവാ എന്നെ കൊന്ന്‌ പാണ്ഡവര്‍ ഭൂമിയൊക്കെ അനുഭവിച്ചു കൊള്ളട്ടെ. ധനവും രാജ്യവും ജീവിതവും മറ്റൊക്കെയും എനിക്ക്‌ ഉപേക്ഷിക്കേണ്ടി വന്നാലും ഞാന്‍ പാണ്ഡവന്മാരുമായി ഒരിക്കലും ഒന്നിച്ച്‌ വാഴുകയെന്നത് ഉണ്ടാവുകയില്ല. കൂര്‍ത്ത സൂചിമുനയാല്‍ കുത്തിയാല്‍ കാണുന്ന ആത്രയും സ്ഥലം പോലും ഞാന്‍ പാണ്ഡുപുത്രന്മാര്‍ക്കു നല്കുകയില്ല.

ധൃതരാഷ്ട്രന്‍ പറഞ്ഞു; ഹേ! കൗരവന്മാരേ, ഞാന്‍ നിങ്ങളെയോര്‍ത്ത്‌ ദുഃഖിക്കുന്നു. ഈ ദുര്യോധനനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു! ഇനി എനിക്ക്‌ അവന്റെ കാര്യമേയില്ല! യമപുരിയിലേക്കു യാത്രയായി നിൽക്കുന്ന ഇവനെ, ഈ മന്ദനെ നിങ്ങള്‍ക്ക്‌ അനുഗമിക്കേണ്ടി വന്നുവല്ലോ എന്നോര്‍ത്താണ്‌ ഞാന്‍ ദുഃഖിക്കുന്നത്‌! മാന്‍കൂട്ടത്തില്‍ ചാടി വീണ വ്യാഘ്രത്തെ പോലെ, യുദ്ധവിദഗ്ദ്ധന്മാരായ പാണ്ഡവന്മാര്‍ പോരില്‍ വമ്പന്മാരെ തിരഞ്ഞു പിടിച്ച്‌ ആദ്യമാദ്യം കൊന്നുകളയും. ദീര്‍ഘബാഹുവായ യുയുധാനന്‍ മട്ടുമാറി കൗരവസേനയെ കേവലം ഒരു പെണ്ണിനെയെന്ന വിധം പിടിച്ചു വലിച്ചിഴച്ച്‌ ഉലയ്ക്കുന്നതായി ഞാന്‍ മനസ്സു കൊണ്ട്‌ ഇതാ മുമ്പില്‍ കാണുന്നു. കൃഷ്ണന്‍ അര്‍ജ്ജുനന്റെ ബലത്തെ സമ്പൂര്‍ണ്ണമാക്കീട്ടുണ്ട്‌. സാതൃയകിയാകട്ടെ വിത്തു വിതയ്ക്കുന്ന പോലെ അമ്പുകള്‍ തൂകും. യോധന്മാരുടെ സേനാമുഖത്തില്‍ ഭീമന്‍ വന്നു നിൽക്കും. കോട്ടയെന്ന പോലെ അവനെ ആശ്രയിച്ച്‌ സര്‍വ്വരും നിര്‍ഭയരായി നിൽക്കും. ഭീമന്‍ അടിച്ചു കൊന്നു വീഴ്ത്തുകയാല്‍ മല പോലെയുള്ള ആനകള്‍ കൊമ്പുകളൊടിഞ്ഞും മസ്തകം തകര്‍നും ചോര പുരണ്ടും അവിടവിടെ ചിതറിക്കിടക്കുന്നതു കാണുമ്പോള്‍ ഭീമപ്രഹര ഭീതനായി നിൽക്കുന്ന സമയത്ത്‌ ഇവന്‍ എന്റെ വാക്കുകളെ ഓര്‍മ്മിക്കും. ആന, തേര്‍, കുതിരകള്‍ തുടങ്ങിയ സൈന്യത്തെ ഭീമന്‍ കൊന്നു മുടിക്കുന്ന സമയത്ത്‌, തീ കത്തിജ്വലിക്കുന്ന വിധം കത്തിക്കാളി നശിക്കുന്ന സമയത്ത്‌, നീ എന്റെ വാക്കു സ്മരിക്കും.

പാര്‍ത്ഥന്മാരോട്‌ ഇണങ്ങുകയാണു നല്ലത്‌. അല്ലെങ്കില്‍ നിങ്ങള്‍ക്കു വലിയ വിപത്തു നേരിടുക തന്നെ ചെയ്യും. നിങ്ങള്‍ ഇന്ന്‌ അടങ്ങാതിരുന്നാല്‍ ഭീമസേനന്റെ ഗദാഘാതമേറ്റു ഹതരായി അടങ്ങേണ്ടി വരും. ഭീമന്‍ തകര്‍ത്തിട്ട കൗരവസൈന്യം വെട്ടിമുറിച്ചിട്ട കാടു പോലെ കിടക്കുന്നതു കാണുമ്പോള്‍ നീ എന്റെ മൊഴി ഓര്‍ക്കും!

വൈശമ്പായനന്‍ പറഞ്ഞു; ഇപ്രകാരമൊക്കെ രാജാക്കന്മാരോടു പറഞ്ഞിട്ട്‌ ധൃതരാഷ്ട്ര രാജാവ്‌ സഞ്ജയനെ വിളിച്ചു വീണ്ടും പാണ്ഡവന്മാരുടെ വൃത്താന്തം അറിയുവാന്‍ ആഗ്രഹത്തോടെ ചോദിച്ചു.

59. ശ്രീകൃഷ്ണവാകൃകഥനം - സഞ്ജയന്‍ ധൃതരാഷ്ട്രനോട്‌ കൃഷ്ണന്‍ പറഞ്ഞയച്ച സന്ദേശം ഉണര്‍ത്തിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: മഹാത്മാക്കളായ അര്‍ജ്ജുനനും, വാസുദേവനും എന്താണു പറഞ്ഞത്‌? മഹാപ്രാജ്ഞനായ സഞ്ജയാ, അതു ഭവാന്‍ പറഞ്ഞാലും. ഭവാന്റെ വാക്കുകള്‍ കേള്‍ക്കുന്നതില്‍ ഞാന്‍ ശ്രദ്ധാലുവാണ്‌.

സഞ്ജയന്‍ പറഞ്ഞു: രാജാവേ, ഞാന്‍ കൃഷ്ണാര്‍ജ്ജുനന്മാരെ കണ്ട വിധവും, അവര്‍ പറഞ്ഞ വാക്കുകളും ഭവാനോടു പറയാം.

ഞാന്‍ കൈകൂപ്പി വിനീതനായി ശുചിയായി കാല്‍വിരല്‍ നോക്കിക്കൊണ്ട്‌ ആ നരദേവന്മാരെ കാണുവാനായി അന്തഃപുരത്തില്‍ ചെന്നു. കൃഷ്ണന്മാരും, കൃഷ്ണയും. സത്യഭാമയും വാഴുന്നിടത്ത്‌ അഭിമന്യുവോ നകുല സഹദേവന്മാരോ കടന്നു ചെല്ലുകയില്ല. ചന്ദനം പൂശി, മാല ചാര്‍ത്തി, പട്ടുടുത്ത്‌. ദിവ്യാഭരണങ്ങൾ അണിഞ്ഞ്‌. മധുവും ആസവവും പാനം ചെയ്ത്‌ ഉന്മത്തരായി, വിവിധ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണക്കട്ടിലില്‍ വിചിത്രമായ വിരിപ്പില്‍ സസുഖം വാഴുന്നതായി ഞാന്‍ കണ്ടു. കൃഷ്ണന്റെ പാദങ്ങള്‍ അര്‍ജ്ജുനന്റെ മടിയിലും, അര്‍ജ്ജുനന്റെ പാദങ്ങള്‍ കൃഷ്ണ സത്യഭാമമാരുടേയും മടിയിലുമാണ്‌ വച്ചിരിക്കുന്നത്‌. സ്വര്‍ണ്ണമയമായ തന്റെ പാദപീഠം എനിക്കായി അര്‍ജ്ജുനന്‍ നീക്കിത്തന്നു. ഞാന്‍ ആ പീഠം സ്വീകരിച്ച്‌ അതിന്മേല്‍ കൈ കൊണ്ടു തൊടുക മാത്രം ചെയ്ത്‌ നിലത്തിരുന്നു. പാര്‍ത്ഥന്‍ ആ പാദപീഠത്തില്‍ നിന്നു കാലുകളെടുക്കുന്ന സമയത്ത്‌ ഞാന്‍ ആ പാദങ്ങളിലെ ഊര്‍ദ്ധ്വരേഖകളും ശുഭലക്ഷണങ്ങളും കണ്ടു. ശ്യാമന്മാരും, വന്മരം പോലെ ഉയര്‍ന്നവരും, യൗവനയുക്തരും, ഏകാസനസ്ഥരുമായ അവരെ ഇരുവരേയും കണ്ടപ്പോള്‍ എനിക്ക്‌ വലിയ ഭയമുണ്ടായി. ഇന്ദ്രവിഷ്ണു തുല്യരാണ്‌ അവര്‍. അത്‌ ഈ മന്ദാത്മാവ്‌ അറിയുന്നില്ല. ദ്രോണരും, ഭീഷ്മരും തുണയുണ്ടെന്ന വിചാരത്താലും, കര്‍ണ്ണന്റെ പ്രശംസയാലും, ദുര്യോധനന്‍ കൃഷ്ണാര്‍ജ്ജുന മഹത്വത്തെപ്പറ്റി അറിയുന്നില്ല. ഈ കൃഷ്ണാര്‍ജ്ജുനന്മാര്‍ ആജ്ഞാകാരന്മാരായി നിൽക്കുമ്പോള്‍ ധര്‍മ്മപുത്രന് എല്ലാ മനസ്സങ്കല്പവും സാധിക്കുമെന്ന്‌ അന്ന്‌ എനിക്കുറപ്പുണ്ടായി. അന്നപാനാദി സൽക്കാരവും പൂജയും ഏറ്റ്‌ ഞാന്‍ അവിടെ ഇരുന്ന്‌ തലയ്ക്കു കൈകൂപ്പി അവരോട്‌ ഞാന്‍ സന്ദേശമെന്തെന്നു ചോദിച്ചു. ഞാണ്‍ തഴമ്പു ചേര്‍ന്ന കൈ കൊണ്ടു ശുഭലക്ഷണമായ പാദം തലോടി അര്‍ജ്ജുനന്‍ കൃഷ്ണനെ പ്രേരിപ്പിച്ചു. സര്‍വ്വാഭരണ ഭൂഷിതനായ ഇന്ദ്രവീര്യോപമന്‍ ഇന്ദ്രകേതു പോലെ എഴുന്നേറ്റിരുന്ന്‌ എന്നോടു പറഞ്ഞു. ആ വാഗ്മി ശ്രേഷ്ഠന്റെ വാക്ക്‌ മൃദുവും സമുചിതവും ആഹ്ളാദകരവും ആയിരുന്നു. എങ്കിലും, അതു ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ ദാരുണവും ഭീഷണവുമായിരുന്നു. ശിക്ഷാക്ഷരം ചേര്‍ന്ന്‌ പൊരുള്‍ ഓര്‍ത്ത്‌ ഉള്ള്‌ ഇളക്കുന്ന കൃഷ്ണന്റെ വാക്കുകള്‍ ഞാന്‍ ഇപ്രകാരം കേട്ടു.

കൃഷ്ണന്‍ പറഞ്ഞു: എടോ, പ്രാജ്ഞനായ സഞ്ജയാ, ഭവാന്‍ കൗരവസഭയില്‍ ചെന്ന്‌ മൂത്തവരെ ഞങ്ങളുടെ അഭിവാദ്യവും, പ്രായം കുറഞ്ഞവരെ ഞങ്ങളുടെ കുശലപ്രശ്നവും അറിയിച്ച്‌, കുരുശ്രേഷ്ഠനായ ഭീഷ്മനും ആചാര്യനായ ദ്രോണനും കേള്‍ക്കെ, ബുദ്ധിമാനായ ധൃതരാഷ്ട്രനെ എന്റെ വാക്ക്‌ അറിയിക്കണം. നിങ്ങള്‍ പുണ്യമായ പല യജ്ഞങ്ങളും ചെയ്തു കൊള്ളുവിന്‍! വിപ്രന്മാര്‍ക്ക്‌ ദക്ഷിണ നല്കുവിന്‍! പുത്രദാരസുഖം അനുഭവിച്ചു കൊള്ളുവിന്‍. എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ ഇതാ അത്യാപത്ത്‌ അടുത്തിരിക്കുന്നു. വിത്തം സല്‍പാത്രങ്ങളില്‍ ദാനം ചെയ്യുവിന്‍. യഥാകാമം പുത്രന്മാരെ നേടിക്കൊള്ളുവിന്‍. ഇഷ്ടജനങ്ങള്‍ക്ക്‌ ഇഷ്ടം ചെയ്തു കൊള്ളുവിന്‍. ധര്‍മ്മ രാജാവ്‌ ഇതാ വിജയത്തിന്നായി പുറപ്പെട്ടിരിക്കുന്നു.

പാഞ്ചാലി വസ്ത്രാപഹാര കാലത്ത്‌ ദൂരവാസിയായ എന്നെ "ഗോവിന്ദാ, ഗോവിന്ദാ രക്ഷിക്കണേ" എന്നു വിളിച്ചു കരഞ്ഞു. ആ കടം എന്റെ മനസ്സില്‍ നിന്ന്‌ ഒരിക്കലും ഒഴിയാതെ എപ്പോഴും വര്‍ദ്ധിച്ചു കുടി കൊള്ളുന്നു. തേജോമയവും, ദുരാധര്‍ഷവുമായ ഗാണ്ഡീവത്തെ കാര്‍മ്മുകമായി കൈക്കൊണ്ട സവ്യസാചിയോട്‌ ഞാന്‍ തുണയ്ക്കുന്ന ആ ദുരാധര്‍ഷനോട്‌ നിങ്ങള്‍ക്കു വൈരമാണ്‌! ഞാന്‍ തുണയ്ക്കുന്ന അര്‍ജ്ജുനനോടു പൊരുതുവാന്‍ വരുന്നവന്‍ സാക്ഷാല്‍ ദേവേന്ദ്രനായാലും അവന്‍ കാലത്തെ കയ്യിലെത്താതെ പോകുമോ? കൈകളാല്‍ ഭൂമിയെ പൊക്കിപ്പിടിക്കുകയോ, സര്‍വ്വപ്രജകളേയും ക്രുദ്ധനായി ദഹിപ്പിക്കുകയോ, സ്വര്‍ഗ്ഗത്തില്‍ നിന്നു ദേവന്മാരെ വീഴ്ത്തുകയോ ചെയ്യാമെങ്കില്‍ അവന് സവ്യസാചിയെ ജയിക്കാം. ദേവാസുര മനുഷ്യരിലോ നാഗയക്ഷ ഗന്ധര്‍വ്വരിലോ അര്‍ജ്ജുനനോട്‌ എതിര്‍ക്കാവുന്നവനായി ആരുമില്ലെന്ന്‌ നിങ്ങള്‍ അറിയേണ്ടതാണ്‌. വിരാട നഗരത്തില്‍ വെച്ചുണ്ടായ ആ കേള്‍വിപ്പെട്ട പരമാത്ഭുതം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? ഏകനായ അര്‍ജ്ജുനനോട്‌ നിങ്ങള്‍ പലരും കൂടി എതിര്‍ത്തിട്ട്‌ ഒടുവില്‍ എന്തുണ്ടായി? അതൊനും പോരേ പാര്‍ത്ഥന്റെ യുദ്ധകുശലതയ്ക്ക്‌ നിദര്‍ശനം? അന്നു നിങ്ങളൊക്കെ മുറിവേറ്റ്‌, നിൽക്കള്ളിയില്ലാതെ, പരാജിതരായി പ്രാണനും കൊണ്ട്‌ ഓടിയതു പോരേ നിദര്‍ശനം?

ബലം, തേജസ്സ്‌, വീര്യം, ബുദ്ധിവേഗം, ലഘുഹസ്തത, ധൈര്യം, അവിഷാദം എന്നീ ഗുണങ്ങള്‍ പാര്‍ത്ഥനിലല്ലാതെ പൂര്‍ണ്ണമായും വിളങ്ങുന്നവനാരുണ്ട്‌.

പാര്‍ത്ഥന്‍ ഹര്‍ഷിക്കുന്ന വിധം,; ഇപ്രകാരം ഹൃഷികേശന്‍ വാനില്‍ കാലവര്‍ഷത്തിലെ കാളമേഘം ഗര്‍ജ്ജിക്കുന്ന വിധം പറഞ്ഞു. കേശവന്റെ പ്രൗഢഗംഭീരമായ വാക്കുകേട്ട്‌ ശ്വേതവാഹനനായ കിരീടി രോമാഞ്ച കഞ്ചുകിതനായി.

60. ധൃതരാഷ്രടവിവേചനം- ധൃതരാഷ്ട്രന്‍ അര്‍ജ്ജുനന്റെ അതുല്യവിക്രാമത്തെ പറഞ്ഞ്‌ ദുര്യോധനനെ ഉപദേശിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; സഞ്ജയന്റെ വാക്കുകേട്ട്‌ പ്രജഞാദൃഷ്ടിയായ ധൃതരാഷ്ട്രന്‍ ആ വാക്കിന്റെ ഗുണദോഷങ്ങളെ പറ്റി ചിന്തിക്കുവാന്‍ തുടങ്ങി. സൂക്ഷ്മമായി ഗുണദോഷങ്ങളെ ധൃതരാഷ്ട്രന്‍ കണക്കാക്കി തുടങ്ങി. മക്കള്‍ക്കു ജയം ഇച്ഛിക്കുന്നവനാണ്‌ ധൃതരാഷ്ട്രന്‍ എങ്കിലും തത്വം യഥാശക്തി ചിന്തിച്ചറിഞ്ഞു. ആ ബുദ്ധിമാന്‍ കാരൃത്തിന്റെ ബലാബലം ശരിയായി തീര്‍ച്ചയാക്കി രണ്ടു കക്ഷിയുടെ ശക്തിയും കണക്കാക്കി. പാണ്ഡവന്മാര്‍ക്ക്‌ ദൈവികവും മാനുഷികവുമായ ശക്തിയുണ്ടെനും കൗരവര്‍ക്ക്‌ മാനുഷികമായ ശക്തി മാത്രമേ ഉള്ളുവെന്നും കണ്ട്‌ ആ പ്രജ്ഞാചക്ഷുസ്സായ രാജാവ്‌ തന്റെ പുത്രനെ യുദ്ധത്തില്‍ നിന്നു പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ച്‌, ദുര്യോധനനോടു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, ദുര്യോധനാ, എന്റെ മനസ്സില്‍ നിന്ന്‌ അപജയ ചിന്ത വിട്ടു മാറുന്നില്ല. പ്രതൃക്ഷമായും ഞാന്‍ സത്യാവസ്ഥ കാണുന്നു. ഊഹം കൊണ്ടു പറയുകയല്ല. എല്ലാ ഭൂതങ്ങള്‍ക്കും അവരവരുടെ സന്താനങ്ങളില്‍ പരമമായ സ്നേഹം ഉണ്ടാവുക സാധാരണമാണ്‌. അവര്‍ക്ക്‌ ഇഷ്ടം ചെയ്യുകയും ശക്തി പോലെ ഹിതമായ കാര്യങ്ങള്‍ ചെയ്യുകയും സാധാരണമാണ്‌. അതിന് പുറമേ ഉപകാരം ചെയ്യുന്നവര്‍ക്ക്‌ അതിലുമധികം നന്മ പകരമായി ചെയ്യുവാന്‍ ഏതു സജ്ജനവും ഇച്ഛിക്കും. ഖാണ്ഡവത്തില്‍ വെച്ച്‌ തനിക്കു ചെയ്ത ഉപകാരം സ്മരിച്ച്‌ കൗരവ പാണ്ഡവ യുദ്ധത്തില്‍ അഗ്നിദേവന്‍ അര്‍ജ്ജുനന്റെ സാചിവ്യം വഹിക്കും; അതു തീര്‍ച്ചയാണ്‌. ജന്മം കൊണ്ടു പല ദേവന്മാരോടും ബന്ധപ്പെട്ടവരാണ്‌ പാണ്ഡവന്മാര്‍. അങ്ങനെ ബന്ധമുള്ള ധര്‍മ്മാദ്യന്മാരായ ദേവന്മാര്‍ പുത്രസ്നേഹത്താല്‍ ദേവന്മാരെ ഒക്കെ വിളിച്ചു കൂട്ടി പാണ്ഡവ പക്ഷത്തില്‍ നിര്‍ത്തും. ഭീഷ്മദ്രോണ കൃപാദികളില്‍ നിന്നുള്ള ഭയത്തില്‍ നിന്ന്‌ പാണ്ഡവന്മാരെ രക്ഷിക്കുവാന്‍ ദേവന്മാര്‍ ഇടിത്തീ പോലുള്ള കോപം കൗരവന്മാരുടെ നേരെ ചൊരിയും. ദേവന്മാരോടു ചേര്‍ന്ന്‌ പാര്‍ത്ഥന്മാര്‍ ശോഭിക്കുമ്പോള്‍ ആ വീര്യവാന്മാരായ അസ്ത്രവേദികളെ നോക്കുവാന്‍ പോലും മനുഷ്യന് സാദ്ധ്യമാവുകയില്ല.

ദിവ്യവും ദുരാസദവുമായ ഗാണ്ഡീവമുള്ളവനാണ്‌ അര്‍ജ്ജുനന്‍. ദിവ്യവും ഉഗ്രവുമായ അമ്പുകള്‍ ഒടുങ്ങാത്ത ആവനാഴിയുള്ളവനാണ്‌ അവന്‍. വാനരധ്വജവും ധൂമം പോലെ നിസ്സുംഗമായ ഗതിയും ചേര്‍ന്ന്‌ ലോകത്തില്‍ എതിരില്ലാത്ത ദിവ്യരഥമുള്ളവനാണ്‌ അര്‍ജ്ജുനന്‍. ഇടിവെട്ടും പോലെയുള്ള ആ രഥത്തിന്റെ നിര്‍ഘോഷം ശത്രുക്കള്‍ക്കു ഭയങ്കരമാണ്‌. ഫല്‍ഗുനനാകട്ടെ അമരന്മാരെ പോലും യുദ്ധത്തില്‍ ജയിച്ച അതിമാനുഷ വീര്യനാണെന്ന്‌ രാജാക്കന്മാരൊക്കെ അറിഞ്ഞിട്ടുണ്ട്‌. അവന്‍ അഞ്ഞൂറു ശരങ്ങള്‍ ഒപ്പം പിടിച്ച്‌ കണ്ണടച്ചു മിഴിക്കുന്നതിന് മുമ്പേ അവയെല്ലാം എയ്ത്‌ ദൂരെ എത്തിക്കും. ഭീഷ്മൻ, ശ്രോണന്‍, കൃപന്‍, ദ്രൗണി എന്നിവരും മദ്രേശനായ ശല്യനും മദ്ധ്യസ്ഥന്മാരായ മറ്റു മനുഷ്യരേവരും അര്‍ജ്ജുനനെ പ്രശംസിക്കുന്നു. ബാഹുവിരൃത്തില്‍ കാര്‍ത്തവിീര്യനോടും വിക്രമത്തിൽ ഇന്ദ്രോപ്രേന്ദന്മാരോടും തുല്യനായ ആ അരിന്ദമന്‍ അതിമാനുഷന്മാരായ മന്നവന്മാര്‍ക്കു പോലും എതിര്‍ക്കുവാൻ ആവാത്തവനായി നിൽക്കുന്നത്‌ ഞാന്‍ കാണുന്നു. ഒരു ഊക്കില്‍ അഞ്ഞൂറു ബാണങ്ങള്‍ അവന്‍ എയ്തു വിടും. ആ അതുല്യ പരാക്രമന്‍ ശത്രുപ്പട മുടിക്കുന്നതായി ഞാന്‍ കണ്‍മുമ്പില്‍ കാണുന്നു. ഇങ്ങനെയൊക്കെ ഓരോന്നു ശങ്കിച്ചും ചിന്തിച്ചും മനസ്സില്‍ കണ്ടും ഉറക്കം വരാതെ ഞാന്‍ ഉഴലുകയാണ്‌. കുരുക്കള്‍ക്കു ശമം ഉണ്ടാകണം എന്നുള്ള ആഗ്രഹമാണ്‌ എന്നിലുള്ളത്‌. എന്നാൽ ഇതാ കുരുക്കള്‍ക്ക്‌ ഘോരമായ ക്ഷയം വന്നു കൂടിയിരിക്കുന്നു. ശമം കൊണ്ടല്ലാതെ ഈ കലഹത്തില്‍ നിന്നു രക്ഷ കിട്ടുവാന്‍ വേറെ ഒന്നു കൊണ്ടും കഴികയില്ല. എന്റെ പക്ഷത്തില്‍ പാര്‍ത്ഥന്മാരുമായി ശമം കൈക്കൊള്ളണം എന്നാണ്‌. നമ്മളേക്കാള്‍ ശക്തന്മാരായ പാണ്ഡവന്മാരുമായി നാം യുദ്ധത്തിന് പോകുന്നത്‌ ആപത്തിനാണ്.

61. ദുര്യോധനവാകൃം - ദുര്യോധനന്‍ സ്വന്തം യോഗ്യതയെ പ്രശംസിച്ച്‌ അച്ഛന് പറഞ്ഞു കൊടുക്കുന്നു - വൈശമ്പായനൻ പറഞ്ഞു; അച്ഛന്റെ ആ വാക്കുകള്‍ കേട്ട്‌ അമര്‍ഷണനായ ദുര്യോധനന്‍ വലിയ ക്രോധത്തോടെ ഇപ്രകാരം പറഞ്ഞു.

ദുര്യോധനന്‍ പറഞ്ഞു; ദേവന്മാര്‍ പാണ്ഡവന്മാരെ തുണയ്ക്കുമെന്നും അതു കൊണ്ട്‌ അവരെ ജയിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും ആണല്ലോ ഭവാന്‍ ഓര്‍ക്കുന്നത്‌. ആ ഭയം വേണ്ടാ. അത്‌ ഭവാന്റെ മനസ്സില്‍ നിന്നു പോയേ പറ്റൂ. കാമം, ദ്വേഷം, ലോഭം, ദ്രോഹം മുതലായ മാനുഷിക ഭാവങ്ങളെ ഉപേക്ഷിക്കുക കൊണ്ടാണ്‌ ദേവന്മാര്‍ ദേവന്മാരായത്‌ എന്ന് ദ്വൈപായനനായ വ്യാസനും, തപസ്വിയായ നാരദനും, ജാമദഗ്ന്യനായ രാമനും പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. മനുഷ്യരെ പോലെ കാമക്രോധ ലോഭ ദ്വേഷങ്ങളോടു കൂടി ദേവന്മാര്‍ ഒരിക്കലും പ്രവര്‍ത്തിക്കുകയില്ല. അഗ്നി, വായു, ധര്‍മ്മന്‍, ഇന്ദ്രന്‍, അശ്വികള്‍ എന്നിവര്‍ കാമയോഗത്താല്‍ പ്രവര്‍ത്തിക്കുന്നവർ ആണെങ്കില്‍ പാര്‍ത്ഥന്മാര്‍ ഇങ്ങനെ ദുഃഖിക്കേണ്ടി വരികയില്ലായിരുന്നു. അതു കൊണ്ട്‌ ദേവന്മാര്‍ ഇടയുമെന്നോര്‍ത്ത്‌ ഭവാന്‍ ഇനി ഒരിക്കലും ചിന്താവശഗനാകരുത്‌. ദേവന്മാര്‍ എപ്പോഴും ദൈവികമായ ഭാവങ്ങളെ മാത്രമേ കൈക്കൊള്ളുകയുള്ളു. അഥവാ കാമയോഗത്താല്‍ ദ്വേഷലോഭങ്ങള്‍ കാണുകയാണെങ്കില്‍ ദേവന്മാരുടെ ദൈവപ്രാധാനം ഇല്ലാതാവുകയും ചെയ്യും. ( ഏതായാലും എനിക്ക്‌ ആ ദേവന്മാരെ ഭയമില്ല ). ലോകം മുഴുവന്‍ ചുട്ടു വെണ്ണീറാക്കാന്‍ ഒരുങ്ങി നിൽക്കുന്നവൻ ആയാലും, അഗ്നിദേവന്‍, ഞാന്‍ അഭിമന്ത്രിച്ചാല്‍ ഉടനെ കെട്ടു പോകും. ദേവന്മാരിലുള്ള ആ മഹാതേജസ്സ് എന്നില്‍ വന്നു ചേരുന്നത്‌ ഭവാനു കാണാം. ഭൂമിയോ, ഗിരിശിഖരങ്ങളോ പിളരുകയാണെങ്കില്‍ ലോകം കാണ്കെ തന്നെ അത്‌ ഞാന്‍ മന്ത്രം ചൊല്ലി നിര്‍ത്തുന്നതാണ്‌. ചേതനാചേതനങ്ങള്‍ ചേര്‍ന്ന ചരാചരാത്മകമായ ഈ ജഗത്തിന്റെ വിനാശത്തിനായി ഉണ്ടായ ഘോരമായ മഹാസ്വനമായി ഞാന്‍ രൂപാന്തരപ്പെടും.

ശിലാവര്‍ഷം, കൊടുങ്കാറ്റ്‌ എന്നിവ ഞാന്‍ നിത്യവും ലോകം നിറഞ്ഞ ഭൂതാനുകമ്പയാല്‍ ശമിപ്പിക്കുന്നു. ഞാന്‍ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന ജലത്തില്‍ തേരും കാലാളും നടക്കും. ദേവാസുരമായ പദാര്‍ത്ഥങ്ങള്‍ക്കൊക്കെ ഈ ഞാന്‍ ഒരാള്‍ മാത്രമാണ്‌ പ്രവര്‍ത്തകനായി വര്‍ത്തിക്കുന്നത്‌. അക്ഷൗഹിണികളൊത്ത്‌ ഞാന്‍ ഏതു കാര്യയത്തിന് എവിടേക്കു ചെല്ലുന്നുവോ, ഞാന്‍ വിചാരിക്കുന്ന വിധം അതാതിടങ്ങളില്‍ എന്റെ അശ്വങ്ങളൊക്കെയും എപ്പോഴും ചെല്ലും. ഭയം ജനിപ്പിക്കുന്ന ഘോരവ്യാളാദികളൊന്നും എന്റെ രാജ്യത്തില്ല. എന്റെ മന്ത്രം കൊണ്ടു സ്തംഭിച്ചു പോകുന്ന ഘോരജീവികള്‍ പിന്നെ ഹിംസിക്കുവാന്‍ ശക്തരാകയില്ല. എന്റെ നാട്ടുകാര്‍ക്ക്‌ ഇഷ്ടം പോലെ മേഘം മഴ പെയ്യുന്നുണ്ട്‌. ഈ ബാധകളൊന്നും ഞാന്‍ ഭരിക്കുന്ന നാട്ടിലില്ല. നാട്ടുകാര്‍ എല്ലാവരും ധര്‍മ്മിഷ്ഠരാണ്‌. മരുത്തുക്കളോടു ചേര്‍ന്ന്‌ ഇന്ദ്രനും, അശ്വിനികളും, വായുദേവനും, അഗ്നിയും, ധര്‍മ്മനും ഞാന്‍ ഇടയുന്നവരെ രക്ഷിക്കുവാന്‍ മുതിരുകയില്ല. എന്റെ ശത്രുകളെ രക്ഷിക്കുവാന്‍ അവര്‍ പേന്നവരാണെങ്കില്‍ പതിമ്മൂന്നു വര്‍ഷം പാണ്ഡവന്മാര്‍ വനവാസം ചെയ്ത്‌ ദുഃഖിക്കയില്ലായിരുന്നു. ദേവന്മാരും, ഗന്ധര്‍വ്വന്മാരും, സുരന്മാരും, അസുരന്മാരും മറ്റ്‌ ആരും തന്നെ ഞാന്‍ ദ്വേഷിക്കുന്നവരെ രക്ഷിക്കുവാന്‍ ഒരുങ്ങുകയില്ല. ഈ പറഞ്ഞതു സത്യമാണ്‌. ഞാന്‍ വിചാരിക്കുന്നതു ശുഭമായാലും അശുഭമായാലും, മിത്രശത്രുക്കളില്‍ തെറ്റായി ഭവിക്കാറുമില്ല. ഹേ പരന്തപാ! ഇത്‌ ഉണ്ടാകുന്നതാണെന്നു ഞാന്‍ പറഞ്ഞാല്‍ അത്‌ ഉണ്ടാവുക തന്നെ ചെയ്യും. എന്റെ വാക്ക്‌ ഒരിക്കലും അസത്യമായി ഭവിക്കയില്ല. ഇക്കാര്യം ലോകപ്രസിദ്ധമാണ്‌. എന്റെ ഈ സത്യമാഹാത്മ്യം ലോകവിദിതമാണ്‌. സത്യവാദിയാണ്‌ ഞാന്‍ എന്നു ലോകം അറിഞ്ഞിട്ടുണ്ട്‌. ഞാന്‍ ഈ പറയുന്നത്‌ ആത്മപ്രശംസയാണെന്നു ധരിക്കരുത്‌. ഭവാന്റെ ആശ്വാസലബ്ധിക്കു വേണ്ടി സത്യമായ കാര്യം അറിയിക്കുക മാത്രമാണ്‌. എന്റെ സതൃഭാഷണത്താല്‍ ഭവാനു ശാന്തി ലഭിക്കട്ടെ! ഉടനെ പാണ്ഡവന്മാരേയും, പാഞ്ചാലന്മാരേയും, മത്സ്യന്മാരേയും, സാതൃകിയേയും കൃഷ്ണനേയും ഈ ദുര്യോധനന്‍ ജയിച്ചു എന്നുള്ള വര്‍ത്തമാനം ഭവാന്‍ കേള്‍ക്കുന്നതാണ്‌. പുഴ സമുദ്രത്തില്‍ എത്തിക്കഴിയുമ്പോള്‍ എല്ലാം അതില്‍ ഒടുങ്ങുന്നതു പോലെ എന്നോട്‌ എതിര്‍ത്തു വരുന്ന അവരുടെ സകല ശ്രേയസ്സും നശിച്ച്‌ എന്നില്‍ വന്നു ചേരും. എന്റെ നേരിട്ടു വന്നാല്‍ മതി, അതോടു കൂടി അവരെല്ലാം വംശത്തോടു കൂടി നശിച്ചടങ്ങും.

എന്റെ കവിഞ്ഞ ബുദ്ധിയും, കവിഞ്ഞ തേജസ്സും, വലിയ വീര്യവും, മഹത്തായ വിദ്യയും, യോഗവും എല്ലാം അവരേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ്‌. പിതാമഹനായ ഭീഷ്മൻ, ദ്രോണൻ, കൃപന്‍, ശല്യന്‍, ശലന്‍ ഇവരൊക്കെ അസ്ത്രജ്ഞന്മാരാണ്‌. അവര്‍ക്ക്‌ അറിയാവുന്ന സകല അസ്ത്രവിദൃയും എനിക്കും അറിയാം.

ഇപ്രകാരം മകന്‍ പറഞ്ഞപ്പോള്‍ അതിന് ഉത്തരം പറയാതെ ധൃതരാഷ്ട്രന്‍ യുദ്ധസന്നദ്ധരായ പാണ്ഡവന്മാരുടെ സ്ഥിതിയെപ്പറ്റി സഞ്ജയനോടു വീണ്ടും ചോദിച്ചു.

62. കര്‍ണ്ണഭീഷ്മവാക്യം - കര്‍ണ്ണന്റെ ആത്മപ്രശംസയും ഭീഷ്മന്റെ അധിക്ഷേപവും - വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്‍ സഞ്ജയനോടു ചോദിച്ച സമയത്ത്‌ അദ്ദേഹത്തെ ഓര്‍ക്കാതെ അവഗണിച്ച്‌ കര്‍ണ്ണന്‍ മദ്ധ്യത്തില്‍ ചാടി വന്ന് ദുര്യോധനന് ഹര്‍ഷം ജനിക്കുന്ന വിധം കൗരവരോട് ഇപ്രകാരം പറഞ്ഞു.

കര്‍ണ്ണന്‍ പറഞ്ഞു: ഞാന്‍ മുമ്പ്‌ മിഥ്യാവാക്കു പറഞ്ഞ്‌ പരശുരാമനില്‍ നിന്ന്‌ ബ്രഹ്മാസ്ത്രം സമ്പാദിച്ചു. അത്‌ ആ മഹര്‍ഷി അറിഞ്ഞപ്പോള്‍ എന്നെ ശപിച്ചു. അവസാന കാലത്തില്‍ അസ്ത്രസ്മൃതി ഇല്ലാതാകട്ടെ എന്നാണ്‌ ശപിച്ചത്‌. മഹാപരാധം മൂലം ഞാന്‍ ഗുരുവിനാല്‍ ഇപ്രകാരം ശപ്തനാകേണ്ടി വന്നു എങ്കിലും ഞാന്‍ ആ മഹാതേജസ്വിയെ ശുശ്രൂഷയാലും പൗരുഷത്താലും പ്രസാദിപ്പിച്ചു. ആഴി ചൂഴുന്ന ഊഴിയെ മുഴുവന്‍ തന്റെ ഉഗ്രതേജസ്സാല്‍ ദഹിപ്പിക്കുവാന്‍ പോന്ന ആ മഹര്‍ഷിയുടെ മനസ്സിനെ ഞാന്‍ പ്രസാദിപ്പിച്ചു! ഇപ്പോള്‍ എനിക്ക്‌ ആയുസ്സുമുണ്ട്‌, അസ്ത്രവുമുണ്ട്‌. അന്ത്യകാലം ആയിട്ടില്ല. അതുകൊണ്ട്‌ യുദ്ധത്തില്‍ അവരെയൊക്കെ ജയിക്കേണ്ട ഭാരം നിര്‍വ്വഹിക്കാനുള്ള കെല്പ്‌ എനിക്കുണ്ട്‌. മുനിപ്രസാദം മൂലം ഞാന്‍ നിമിഷം കൊണ്ട്‌ പാഞ്ചാല കാരുഷക മത്സ്യന്മാരേയും പുത്രന്മാരോടു കൂടിയ പാര്‍ത്ഥന്മാരേയും വധിച്ച്‌ ശസ്ത്രം കൊണ്ടു നേടാവുന്ന പുണ്യലോകത്തെ പ്രാപിക്കും. ഭീഷ്മദ്രോണന്മാരും, നരേന്ദ്രമുഖ്യന്മാരും ദുര്യോധനന്റെ സമീപത്തില്‍ നിൽക്കട്ടെ. ഞാന്‍ പ്രധാന സൈന്യത്തോടു കൂടി ചെന്ന്‌ പാര്‍ത്ഥന്മാരെ വധിക്കുന്നതാണ്‌. അത്‌ എന്റെ ഭാരമാണ്‌; അത്‌ എന്റെ കടമയാണ്‌.

ഇപ്രകാരം പറയുന്ന കര്‍ണ്ണനോട്‌ ഭീഷ്മൻ പറഞ്ഞു; എടോ, കര്‍ണ്ണാ! കാലവിപന്ന ബുദ്ധിയായ നിന്റെ ആത്മപ്രശംസ നിര്‍ത്തുക! പ്രധാന സൈന്യത്തെ നീ കൊണ്ടു പോയി അതൊക്കെ നശിപ്പിച്ചാല്‍ അതോടു കൂടി ധാര്‍ത്തരാഷ്ട്രന്മാരുടെ കഥ അവസാനിക്കും. അത്രയ്ക്കൊനും നീ ഞെളിയേണ്ട! ഖാണ്ഡവദാഹ കാലത്ത്‌ വാസുദേവന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ചെയ്ത മഹല്‍കര്‍മ്മങ്ങളെ പറ്റി കേട്ട ഉടനെ നീ ബന്ധുജനങ്ങളോടു കൂടി പാര്‍ത്ഥന്മാരില്‍ വൈരം ജനിപ്പിക്കാതിരിക്കുവാന്‍ ശ്രമിക്കേണ്ടതായിരുന്നു. മനസ്സ്‌ അടക്കി ജീവിക്കേണ്ടതായിരുന്നു. ദേവരാജാവായ ഭഗവാന്‍ മഹേന്ദ്രന്‍ നിനക്കു സമ്മാനിച്ച വേലിനെ കൃഷ്ണന്‍ ചക്രം പ്രയോഗിച്ചു തകര്‍ത്ത്‌ ഭസ്മമാക്കി കളയുന്നത്‌ നിനക്കു കാണാം. യത്നത്തോടു കൂടി മാലകളര്‍പ്പിച്ചു സൂക്ഷിച്ചിരിക്കുന്ന നിന്റെ "ഉരഗാസ്യ" ബാണം പാണ്ഡുപുത്രന്റെ ശരമേറ്റ്‌ നിന്നോടൊന്നിച്ചു നശിക്കുന്നതാണ്‌.

എടോ കര്‍ണ്ണാ, ഭൗമന്റെ അസ്ത്രങ്ങളെ ഉടച്ചു തകര്‍ത്ത ഭൗമഹന്താവായ കൃഷ്ണന്‍ കിരീടിയെ നിത്യവും കാത്തു വരുന്നു. നിന്റെ കൂട്ടുകാരേയും നിന്നേക്കാള്‍ ശ്രേഷ്ഠന്മാരായ മറ്റുള്ളവരേയും കലമ്പല്‍ കൂട്ടുന്ന സകല വായാടികളേയും പടയ്ക്കുള്ളില്‍ അയാള്‍ മുടിച്ചു വിടും.

കര്‍ണ്ണന്‍ പറഞ്ഞു: ആ വൃഷ്ണിപതി, ഭവാന്‍ പറയുന്ന പോലെയും ഒരു പക്ഷേ, അതിനേക്കാളധികവും മഹാത്മാവാണെന്നത്‌ തീര്‍ച്ചയാണ്‌. എന്നാൽ എന്നോടു പറയുന്ന ഈ പരുഷവാക്ക്‌ എനിക്കു സഹിക്കുവാന്‍ സാദ്ധ്യമല്ല. ഞാന്‍ ഇതാ ഈ സഭയില്‍ എന്റെ ശസ്ത്രങ്ങള്‍ വെക്കുന്നു. യുദ്ധത്തില്‍ ഭവാന്‍ ഇനി എന്നെ കാണുന്നതല്ല. ഭവാന്‍ അടങ്ങിയതിന് ശേഷം എന്റെ പ്രഭാവം രാജാക്കന്മാരൊക്കെ കണ്ടു കൊള്ളും.

വൈശമ്പായനൻ പറഞ്ഞു. മഹാധനുര്‍ദ്ധരനായ കര്‍ണ്ണന്‍ ഇപ്രകാരം പറഞ്ഞ്‌ സഭാസ്ഥലത്തു നിന്ന്‌ ഇറങ്ങി സ്വഗൃഹത്തിലേക്കു നടന്നു. ഇതു കണ്ടപ്പോള്‍ ഭിഷ്മന്‍ ദുര്യോധനനെ നോക്കി ഒരു പുഞ്ചിരിയോടു കൂടി കുരുവീര മദ്ധ്യത്തില്‍ ഇപ്രകാരം പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: അമ്പോ! സത്യപ്രതിജ്ഞൻ ആണത്രേ സൂതപുത്രന്‍! എന്നിട്ട്‌ എന്തു കൊണ്ട്‌ സ്വന്തം ഭാരം നിർവ്വഹിക്കുന്നില്ല? പടയുടെ മുന്നണിയില്‍ ഏറ്റു മുട്ടുന്ന ഭീമനാല്‍ ശിരസ്സുറുത്ത്‌ ഒടുക്കപ്പെടുന്ന മഹാസൈന്യ നാശം കാണുവാന്‍ നിങ്ങള്‍ക്കു കഴിയും. ആവന്ത്യ കാലിംഗ ജയദ്രഥന്മാരും ചേദീശ ബാല്‍ഹീകന്മാരും കാണ്കെ ഞാന്‍ ദിവസേന പത്തു ലക്ഷം ശത്രുയോധന്മാരെ യുദ്ധത്തില്‍ വധിച്ചു തള്ളുന്നതും നിങ്ങള്‍ക്കു കാണാം.

അനിന്ദൃയനായ ഭാര്‍ഗ്ഗവനോട് വിപ്രനാണെന്നു നുണ പറഞ്ഞ്‌ അവന്‍ അസ്ത്രം സമ്പാദിച്ചു. അസത്യം പറയുകയാല്‍ പാപിയായി തീര്‍ന്ന ആ വൈകര്‍ത്തനന്റെ തപസ്സും ധര്‍മ്മവും അതോടൊപ്പം നശിച്ചു പോയി.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മൻ ദൃഢമായി പറഞ്ഞപ്പോള്‍, കര്‍ണ്ണന്‍ സ്വന്തം ശസ്ത്രങ്ങളെ ഉപേക്ഷിച്ചു പോയപ്പോള്‍, അല്പ ബുദ്ധിയായ ദുര്യോധനന്‍ ഭീഷ്മനോട്‌ ഇപ്രകാരം പറഞ്ഞു.

63. വിദുരവാക്യം - ദുര്യോധനന്‍ സ്വപക്ഷത്തിന്റെ യോഗ്യതയും വിദുരന്‍ ക്ഷമയുടെ മഹത്വവും വര്‍ണ്ണിക്കുന്നു - ദുര്യോധനന്‍ പറഞ്ഞു; ഞങ്ങളും പാണ്ഡവരും മനുഷ്യരില്‍ തുല്യജന്മാക്കളല്ലേ? ജന്മം കൊണ്ടും വൃത്തം കൊണ്ടും സമന്മാരല്ലേ? പിന്നെ ഭവാന്‍ എന്തുകൊണ്ടാണ്‌പാണ്ഡവന്മാരില്‍ മാത്രം ജയം കാണുന്നത്‌? വയസ്സ്‌, വീര്യം, പരാക്രമം, പ്രതിഭ, വിദയ, അസ്ത്രസമ്പത്ത്‌, യുദ്ധസാമര്‍ത്ഥ്യം, ശീഘ്രത്വം, കൗശലം എന്നിവ കൊണ്ട്‌ രണ്ടു കൂട്ടരും സമജാതിക്കാരും രണ്ടുകൂട്ടരും മര്‍ത്ത്യയോനിജാതരുമാണ്‌. എന്നിരിക്കെ ഹേ പിതാമഹാ!! ഭവാന്‍ എങ്ങനെയാണ്‌ പാര്‍ത്ഥന്മാരില്‍ മാത്രം ജയം കണ്ടത്‌? ഞാനാണെങ്കില്‍ ഭവാനിലും കൃപനിലും ദ്രോണനിലും ബാല്‍ഹീകനിലും മറ്റു രാജാക്കന്മാരിലും ഭാരം ഏല്പിച്ചാണല്ലോ ഉദ്യമിക്കുന്നത്‌.

ഞാനും കര്‍ണ്ണനും ദുശ്ശാസനനും കൂടി കൂര്‍ത്തു മൂര്‍ത്ത ശരം കൊണ്ട്‌ അഞ്ചു പാണ്ഡവന്മാരേയും കൊന്നു കളയും. പിന്നെ പല വിധം ദക്ഷിണകളോടു കൂടിയ മഖങ്ങള്‍ കൊണ്ട്‌ ബ്രാഹ്മണരെ തര്‍പ്പിക്കുന്നതാണ്‌. പശുക്കള്‍, അശ്വങ്ങള്‍, ധനവൃഷ്ടി ഇവയായിരിക്കും ബ്രാഹ്മണര്‍ക്കുള്ള ദക്ഷിണകള്‍. കയറാല്‍ മാനുകളെ കെട്ടി വലിക്കും പോലെ, വെള്ളത്തില്‍ തോണി കെട്ടി വലിക്കും പോലെ കൈ കൊണ്ട്‌ എന്റെ ഭടന്മാര്‍ പാണ്ഡവന്മാരെ കെട്ടി വലിക്കുന്ന സമയത്ത്‌, തേരും ആനയും ചേര്‍ന്ന സൈന്യങ്ങള്‍ തകര്‍ന്ന പാണ്ഡവന്മാര്‍ തങ്ങളുടെ ശത്രുക്കളെ കാണുന്ന സമയത്ത്‌ ആ പാണ്ഡുപുത്രന്മാരുടെയും വാസുദേവന്റെയും ഗര്‍വ്വ്‌ വിടാതിരിക്കയില്ല.

വിദുരന്‍ പറഞ്ഞു: വൃദ്ധന്മാര്‍ കാര്യത്തിന് തീര്‍പ്പു കാണുകയും ശ്രേഷ്ഠമായ ശ്രേയസ്സ്‌ ഉപദേശിക്കുകയും ചെയ്യും. ബ്രാഹ്മണന് വിശേഷിച്ചും സനാതനമായ ധര്‍മ്മം ദമമാണ്‌. ജ്ഞാനം, തപസ്സ്‌, ദാനം ഇവയോടു ചേര്‍ന്ന്‌ ആര്‍ക്കാണ്‌ ദമവും നിൽക്കുന്നത്‌. അവന് ദാനവും ക്ഷമയും മുക്തിയും, സിദ്ധമാകും. ദമം തേജസ്സിനെ വായ്പിക്കും. പാവനമായ ദാനം ഉത്തമമാണ്‌. പാപം പോയി വൃദ്ധതേജസ്സായി പുരുഷന്‍ മുക്തിയെ പ്രാപിക്കുന്നു. ലോകര്‍ക്ക്‌ ദാന്തരില്‍, രാക്ഷസരെ എന്ന വിധം ഭയമാണ്‌. അവരെ തടയുവാനായി ബ്രഹ്മാവ്‌ ക്ഷത്രത്തെ സൃഷ്ടിച്ചു. നാലാശ്രമത്തിലും പറയുന്നുണ്ട്‌ ഉത്തമമായ വ്രതം ദമമാണെന്ന്‌. ദമത്താല്‍ അഭിവൃദ്ധി ആര്‍ക്കുണ്ടോ, അവന്റെ ലക്ഷണം ഞാന്‍ പറയാം. ധൃതി, ക്ഷമ, അഹിംസ, സത്യം, ആര്‍ജ്ജവം, ഇന്ദ്രിയ ജയം, ധൈര്യം, മൃദുത്വം, ശ്രീ, അചാപലം, കാര്‍പ്പണ്യം, അസംരംഭം, സന്തോഷം, ശ്രദ്ധ ഇവ ആര്‍ക്കുണ്ടോ, അവന്‍ ദാന്തനായ പുരുഷനാണെന്നു പറയാം. കാമം, ലോഭം, ഗര്‍വ്വ്‌, മന്യു, നിദ്ര, വികത്ഥനം, ഈര്‍ഷ്യ, മാനം, ശോകം ഇവ ദമമുള്ളവര്‍ ശിലിക്കുകയില്ല. അജിഹ്മം (ആര്‍ജ്ജവം ), അശഠം, ശുദ്ധം ഇവ മൂന്നും ദാന്തന്റെ ലക്ഷണമാണ്‌. അനീഹനായി അല്പം മാത്രം ഇച്ഛിച്ച്‌ കാമാദികളില്‍ ചിന്ത ചെയ്യാതെ സമുദ്ര തുല്യനായിരിക്കുന്ന പുരുഷനാണ്‌ ദമമുള്ളവന്‍. സദ്‌ വൃത്തനും സൗശിീല്യത്തോടെ ഹൃദയം തെളിഞ്ഞവനും ആത്മജ്ഞാനിയുമായ ബുധന്‍ ഇഹലോകത്തില്‍ മാനത്തോടെ പരലോകത്തേക്കുള്ള പുണ്യം സമ്പാദിക്കും. ആരേയും ഭയപ്പെടാത്തവനും ആരേയും ഭയപ്പെടുത്താത്തവനും ഏവനോ അവന്‍ പരിണതപ്രജ്ഞനായ നരോത്തമനാണ്‌. എല്ലാവര്‍ക്കും ഹിതനായി, എല്ലാവര്‍ക്കും മിത്രമായിരിക്കുന്ന അവനില്‍ ജനങ്ങളാരും വെറുക്കുകയില്ല. സമുദ്രം പോലെ ഗംഭീരനായി, പ്രജ്ഞാതൃപ്തന്‍ പ്രശാന്തനായി പ്രശോഭിക്കുന്നു. പൂര്‍വ്വന്മാരുടെ കര്‍മ്മം ആചരിച്ച്‌ സജ്ജനക്രമം അനുവര്‍ത്തിക്കുന്ന ദാന്തന്മാര്‍ ശമശാലികളായി മോദിക്കുന്നു.

നൈഷ്‌കര്‍മ്മ്യം സ്വീകരിച്ചിട്ടും ജഞാനദീപ്തന്‍ ജിതേന്ദ്രയനാകുന്നു. കാലം നോക്കി ലോകവൃത്തി അനുസരിക്കുന്നവനും ബ്രഹ്മകല്പനാകുന്നു. ആകാശത്തില്‍ പക്ഷിഗണം പോയ മാര്‍ഗ്ഗം അറിയുവാന്‍ സാദ്ധ്യമല്ല. അപ്രകാരം ജ്ഞാനതൃപ്തനായ മുനിയുടെ മാര്‍ഗ്ഗവും അറിയുവാന്‍ വിഷമമാണ്‌. ഗൃഹത്തെ കേവലം ഉപേക്ഷിച്ച്‌ മോക്ഷത്തെ മാത്രം നോക്കുക ആണെങ്കില്‍ അവന് തേജോമയമായ ലോകം ആകാശത്തില്‍ ശാശ്വതമായും സിദ്ധിക്കുന്നതാണ്‌.

64. വിദുരവാക്യം - ജ്ഞാതികള്‍ തമ്മില്‍ പിണങ്ങുന്നത്‌ ശരിയല്ലെന്ന്‌ വിദുരന്‍ ഉദാഹരണ സഹിതം വിവരിക്കുന്നു - വിദുരന്‍ പറഞ്ഞു: പൂര്‍വ്വന്മാര്‍ പറഞ്ഞു കേട്ട ഒരു കഥ ഞാന്‍ പറയാം. പണ്ട്‌ പക്ഷികളെ പിടിച്ച്‌ ഉപജീവിക്കുന്ന ഒരു വേടന്‍ ഭൂമിയില്‍ കയറു കെട്ടി പക്ഷികളെ പിടിക്കുവാന്‍ ഒരു ജാലം ഉണ്ടാക്കി വെച്ചു. ഒപ്പം ചുറ്റിപ്പറക്കുന്ന രണ്ടു പക്ഷികള്‍ ആ വലയില്‍ പെട്ടു. ആ പക്ഷികള്‍ രണ്ടു കയറും കൊണ്ട്‌ ആകാശത്തിലേക്ക് ഉയര്‍ന്നു പറന്നു. പക്ഷികള്‍ കയറും കൊണ്ട്‌ ആകാശത്തേക്ക് ഉയര്‍ന്നതു കണ്ട്‌ ആ പക്ഷിപ്പിടിയന്‍ ബുദ്ധിമങ്ങാതെ അവ പറക്കുന്ന വഴി നോക്കി ഓടി. പക്ഷിയെ ആഗ്രഹിച്ചു ചോടേ ഓടുന്ന വേടനെ കൃതാഗ്നികനായ ഒരു മുനീന്ദ്രന്‍ തന്റെ ആശ്രമത്തിലിരുന്നു കണ്ടു. ആകാശത്തില്‍ പറക്കുന്ന പക്ഷികളെ ഭൂമിയില്‍ പിന്തുടരുന്ന വേടനോട്‌ ആ മുനി ഇപ്രകാരം ഒരു ശ്ലോകത്താല്‍ ചോദിച്ചു;

അത്ഭുതപ്പെട്ടിടുന്നേന്‍ നിന്‍ചേഷ്ടിതം കണ്ടു വേട, ഞാന്‍.

വിണ്ണില്‍പ്പറക്കും പക്ഷിക്കായ്‌മന്നില്‍പ്പായുന്നു ഹന്ത! നീ.

വേടന്‍: കയറും കൊണ്ടു പോകുന്നു രണ്ടു പക്ഷികളും മുനേ,

എപ്പോളവ വിവാദിക്കുമപ്പോള്‍ എന്‍ പാട്ടില്‍ വന്നീടും.

വിദുരന്‍ പറഞ്ഞു: അങ്ങനെ മരണമടുത്ത പക്ഷികള്‍ രണ്ടും ബുദ്ധിശൂന്യത കൊണ്ടു പരസ്പരം കലഹിച്ച്‌ ഇടയുകയാല്‍ നിലത്തു വീണു. നിലത്തു വീണിട്ടും അവിടെ നിന്നു ചുണയോടെ കൊത്തു കൂടിക്കൊണ്ടിരിക്കുന്ന മൃത്യുപാശ ബദ്ധരായആ പക്ഷികളെ, അവ അറിയാതെ അരികില്‍ ചെന്ന്‌ ആ വേടന്‍ പിടിച്ചു.

ഇപ്രകാരം ജഞാതികള്‍ ധന സംബന്ധമായി പിണങ്ങുകയാണെങ്കില്‍, പരസ്പരം പിണങ്ങി കൊത്തു കൂടുന്ന പക്ഷികളെ പോലെ ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടുപോകും. ഒപ്പം ഊണു‌, ഒപ്പം ആലാപം, ഒപ്പം ഭാഷണം, ഒപ്പം സമാഗമം ഇതൊക്കെയാണ്‌ ജ്ഞാതി കാര്യങ്ങള്‍. അല്ലാതെ ജഞാതികള്‍ തമ്മില്‍ ഒരിക്കലും വൈരം പാടില്ല. കാലേ തന്നെ നല്ല മനസ്സോടു കൂടി വൃദ്ധജനങ്ങളെ സേവിക്കുകയാണെങ്കില്‍ സിംഹം കാത്തു രക്ഷിക്കുന്ന വനം പോലെ അവര്‍ അപ്രധൃഷ്യരാകുന്നതാണ്‌. എപ്പോഴും അര്‍ത്ഥത്തെ തന്നെ നോക്കി വ്യസനം മൂത്തു പാര്‍ക്കുകയാണെങ്കില്‍ ആ സമ്പത്ത്‌ അവര്‍ ശത്രുക്കള്‍ക്കു നല്കുകയാണുണ്ടാവുക. ജ്ഞാതികള്‍ തീക്കൊള്ളി പോലെയാണ്‌. പിരിഞ്ഞാല്‍ കിടന്നു പുകയും. കൂടി നിന്നാല്‍ കത്തിജ്ജ്വലിക്കും. ഇനി ഞാന്‍ വേറെ ഒരു ഉദാഹരണം പറയാം. മലയില്‍ ഞാന്‍ കണ്ടതാണിത്‌. അതുകേട്ട്‌ ശ്രേയസ്കരമായ വിധത്തില്‍ ഹേ, ധൃതരാഷ്ട്രാ! ഭവാന്‍ പ്രവര്‍ത്തിച്ചാലും.

നമ്മള്‍ കാട്ടാളരോടു കൂടി വലിയ മല കയറി. മന്ത്രാഔഷധിജ്ഞരായ ദേവകല്പ ബ്രാഹ്മണര്‍ വസിക്കുന്ന ഇടത്തിലെത്തി. വള്ളിക്കുടിലുകള്‍ ചേര്‍ന്ന ആ ഗന്ധമാദന പര്‍വ്വതത്തില്‍ വളരെ ഔഷധികള്‍ ഉണ്ടായിരുന്നു. സിദ്ധന്മാരും ഗന്ധര്‍വ്വന്മാരും അവിടെ അധിവസിക്കുന്നുണ്ടായിരുന്നു. അവിടെ തേന്മയമായ പൊന്നീച്ചക്കൂട് ഉണ്ടായിരുന്നു. വലിയ ഒരു കുടത്തോളം വലിപ്പമുള്ള ആ തേനീച്ചക്കൂട്‌ ഒരു മരക്കുണ്ടിന്റെ ഇടുക്കിന്റെ വക്കിലായിരുന്നു. സര്‍പ്പങ്ങള്‍ കാത്തു കൊണ്ടിരിക്കുന്ന അത്‌ കുബേരന് വളരെ ഇഷ്ടമുള്ളതും ആയിരുന്നു. അതു നേടുന്ന മര്‍ത്ത്യന്‍ അമര്‍ത്തൃത്വം പ്രാപിക്കുന്നതാണ്‌. കണ്ണില്ലാത്തവന് കണ്ണുണ്ടാകും, കിഴവന്‍ യുവാവാകും, എന്നൊക്കെയാണ്‌ മന്ത്രാഔഷധികള്‍ സാധിക്കുന്ന വിപ്രര്‍ പറയുന്നത്‌. അതു കണ്ടു കാട്ടാളന്മാര്‍ ആ തേന്‍ കൂട്‌ കയ്യിലാക്കുവാന്‍ ശ്രമിച്ചു. എന്നിട്ടെന്താണു സംഭവിച്ചുത്‌! നേടാന്‍ ശ്രമിച്ചു കുതിച്ചവരെല്ലാം സര്‍പ്പമുള്ള മലയിടുക്കില്‍ വീണു നശിച്ചു പോവുകയാണുണ്ടായത്‌. ഹേ ധൃതരാഷ്ട്രാ! അപ്രകാരം നിന്റെ മകന്‍ ഒറ്റയ്ക്ക്‌ ഈ മന്നിടം കിട്ടണം എന്നു കാംക്ഷിച്ച്‌ മൗഢ്യത്താല്‍ തേന്‍ കാണുകയും കുണ്ടു കാണാതിരിക്കുകയുമാണ്‌ ചെയ്യുന്നത്‌.

ദുര്യോധനന്‍ സവ്യസാചിയുമായി പൊരുതുവാന്‍ നോക്കുന്നു. എന്നാൽ അവന്‍ അര്‍ജ്ജുനന്റെ തേജസ്സും വിക്രമശക്തിയും കാണുന്നില്ല..

തനിച്ചു തേരേറി ഭൂമിയൊക്കെ ജയിച്ചവനാണ്‌ അര്‍ജ്ജുനന്‍. നന്നായി എതിര്‍ക്കുന്ന ഭീഷ്മദ്രോണാദികള്‍ക്കു പോലും ഭയമുണ്ടാക്കിയവനാണ്‌ അര്‍ജ്ജുനന്‍! വിരാടപുരിയില്‍ അര്‍ജ്ജുനനോട്‌ എതിര്‍ത്തു തോറ്റു പിന്മടങ്ങിയവരാണ്‌ ഇവര്‍!

ഭവാന്‍ എന്തു വിചാരിക്കുന്നു? കാത്തുനിൽക്കുന്ന ആ വീരനെ ഭവാന്‍ കണ്ടറിയേണ്ടതാണ്‌. ദ്രുപദനും, മത്സ്യ രാജാവും ക്രോധിച്ച്‌ എതിര്‍ക്കുന്ന പാര്‍ത്ഥനും കൂടി പോരില്‍ ലേശവും. ബാക്കി വെക്കാതെ കാറ്റേറ്റ്‌ അഗ്നികള്‍ പോലെ, എല്ലാം മുടിച്ചു വിടും. ഹേ, ധൃതരാഷ്ട്രാ, ഭവാന്‍ യുധിഷ്ഠിര രാജാവിനെ വിളിച്ചു വരുത്തി സ്നേഹപൂര്‍വ്വം മടിയില്‍ വെക്കുക. രണ്ടുപേരും പൊരുതുന്നതായാല്‍ കൗരവന്മാര്‍ക്ക്‌ ഒരിക്കലും ജയം ലഭിക്കുവാന്‍ പോകുന്നില്ല. തീര്‍ച്ചയാണ്‌ ആ കാര്യം!

65. ധൃതരാഷ്രടവാക്യം - ദുര്യോധനനോട്‌ ധൃതരാഷ്ട്രന്റെ ഉല്‍ബോധനം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഉണ്ണീ, സുയോധനാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. നീ വഴിയറിയാത്ത പാന്ഥനെ പോലെ തെറ്റായ വഴിക്കു നടക്കുകയാണ്‌. ലോകധാരികളായ പഞ്ചഭൂതങ്ങളെ പോലെയാണ്‌ പഞ്ചപാണ്ഡവന്മാര്‍. അവരുടെ തേജസ്സോട്‌ പോരാടുവാനാണല്ലോ നീ ഒരുങ്ങി നിൽക്കുന്നത്‌! പരമ ധാര്‍മ്മികനായ യുധിഷ്ഠിരനോട്‌ എതിര്‍ത്തു പരലോകം പൂകുകയല്ലാതെ ജയിക്കുവാന്‍ നിനക്കു സാധിക്കയില്ല. ബലത്തില്‍ അപ്രതിമനും, യുദ്ധത്തില്‍ അന്തകനുമായ ഭീമസേനനെ, കൊടുങ്കാറ്റിനെ വൃക്ഷമെന്ന പോലെയാണ്‌ നീ എതിര്‍ക്കുന്നത്‌. മലകളില്‍ മഹാമേരു പോലെ ധനുര്‍ദ്ധരന്മാരില്‍ ഉന്നതനായ ഗാണ്ഡീവിയോടു പൊരുതുവാന്‍ ബുദ്ധിയുളളവര്‍ ആരെങ്കിലും മുതിരുമോ? ദ്രുപദജനായ ധൃഷ്ടദ്യുമ്നന്‍ എന്തു നാശമാണ്‌ വരുത്തിക്കൂട്ടുക! ഇന്ദ്രന്‍ വജ്രം എന്ന പോലെ ശത്രുമദ്ധ്യത്തില്‍ ബാണങ്ങള്‍ വര്‍ഷിക്കുന്നവനാണ്‌ അവന്‍. വൃഷ്ണ്യന്ധക ശ്രേഷ്ഠനും, അതിദുര്‍ദ്ധര്‍ഷനുമായ സാത്യകി പാണ്ഡവന്മാര്‍ക്ക്‌ ഹിതം ചെയ്യുവാന്‍ വേണ്ടി നിന്റെ സൈന്യത്തെ മുടിച്ചുകളയും. കിടനോക്കുക ആണെങ്കില്‍ മൂന്നു ലോകത്തേയും അതിക്രമിച്ചു നിൽക്കുന്ന പുണ്ഡരീകാക്ഷനായ കൃഷ്ണനോട്‌ ബുദ്ധിയുള്ളവര്‍ വല്ലവരും പോരിന് നോക്കുമോ? ആ മഹാശയന്റെ യോഗ്യത നീ അറിയുന്നില്ല. ഒരു വശത്ത്‌ ഭാര്യയടക്കമുള്ള ജഞാതിബന്ധുക്കളും, ആത്മാവും ഊഴിയും. മറ്റേത്തട്ടിലോ അര്‍ജ്ജുനന്‍ ഒരുത്തന്‍ മാത്രം മതി തുല്യതയ്ക്ക്‌. ആത്മാവ്‌ ദുര്‍ദ്ധര്‍ഷമാണ്‌. പാര്‍ത്ഥനെവിടെ, അവിടെ കേശവനുണ്ട്‌. കേശവന്‍ നിൽക്കുന്നിടത്തുള്ള ബലം താങ്ങുവാന്‍ ഭൂമിക്കു പോലും വയ്യ!

ഉണ്ണീ, കാര്യ ഗൗരവം ധരിച്ചു പറയുന്ന ഇഷ്ടജനങ്ങളുടെവാക്കു കേള്‍ക്കുക. നിന്റെ വൃദ്ധനായ പിതാമഹനെ, ശാന്തനവനായ ഭീഷ്മനെ, നീ അനുസരിക്കുക. ദ്രോണൻ, കൃപന്‍, വികര്‍ണ്ണന്‍, ബാല്‍ഹീകന്‍, ഇവരെയെല്ലാം എന്നെ പോലെ തന്നെ വിചാരിക്കേണ്ടവരാണ്‌. ഇവര്‍ പറയുന്നത്‌ ഒരിക്കലും നിന്റെ നാശത്തിന് ആവുകയില്ല. ധര്‍മ്മജ്ഞന്മാരായ അവര്‍ നിന്നില്‍ തുല്യസ്നേഹം ഉള്ളവരാണ്‌.

മുമ്പ്‌ വിരാട നഗരത്തില്‍ തമ്പിമാരോടു കൂടി പശുക്കളെ വിട്ടു പേടിച്ചു നിന്റെ സൈന്യം ചിന്നിയ സംഭവം നീ ഓര്‍ക്കുന്നില്ലേ? പിന്നെ ആ നഗരത്തില്‍ അര്‍ജ്ജുനന്‍ ഒരുത്തന്‍ പലരോടു കാണിച്ച അത്ഭുത കര്‍മ്മവും നീ ഓര്‍ക്കുന്നില്ലേ? അതു പോരേ അര്‍ജ്ജുനന്റെ യോഗ്യതയ്ക്ക്‌ നിദര്‍ശനം? അര്‍ജ്ജുനന്‍ ചെയ്ത വിധം ചെയ്യുവാന്‍ പലരുമൊത്തിട്ടും സാദ്ധ്യമായോ? ഹേ, സുയോധനാ! നീ അവരെ ഭ്രാതാക്കളെന്നു വിചാരിച്ച്‌ അവര്‍ക്കുള്ളത് നല്കുകയാണു നല്ലത്‌.

66. സഞ്ജയവാക്യം - സഞ്ജയന്‍ അര്‍ജ്ജുന സന്ദേശം അറിയിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മഹാമതിയായ ധൃതരാഷ്ട്രന്‍ ദുര്യോധനനോടു പറഞ്ഞു. പിന്നെ ആ മഹാഭാഗനായ. ധൃതരാഷ്ട്രന്‍ ഇപ്രകാരം സഞ്ജയനോടു ചോദിച്ചു: ഹേ സഞ്ജയാ, ഗോവിന്ദന്‍ പറഞ്ഞു നിര്‍ത്തിയതിന് ശേഷം അര്‍ജ്ജുനന്‍ എന്താണു നിന്നോടു പറഞ്ഞതെന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സഞ്ജയന്‍ പറഞ്ഞു: കൃഷ്ണന്‍ പറഞ്ഞതു കേട്ടതിന് ശേഷം ദുര്‍ദ്ധര്‍ഷനായ ധനഞ്ജയന്‍ വാസുദേവന്‍ കേള്‍ക്കെ ഇപ്രകാരം പറഞ്ഞു: ഹേ സഞ്ജയാ, പിതാമഹനായ ശാന്തനവന്‍, ധൃതരാഷ്ട്രന്‍, ദ്രോണൻ, കൃപന്‍, കര്‍ണ്ണന്‍, ബാല്‍ഹീക രാജാവ്‌, ദ്രോണപുത്രന്‍, സൗമദത്തന്‍, ശകുനി, ദുശ്ശാസനന്‍, ശലന്‍, പുരുമിത്രന്‍, വിവിംശതി, വികര്‍ണ്ണന്‍, ചിത്രസേനന്‍, ജയല്‍സേനന്‍, വിന്ദാനുവിന്ദര്‍, ആവന്ത്യര്‍, കൗരവനായ ദുര്‍മ്മുഖന്‍, സൈന്ധവന്‍, ദുസ്സഹന്‍, ഭൂരിശ്രവസ്സ്‌, ഭഗദത്തന്‍, ജലസന്ധ രാജാവ്‌, കൗരവാര്‍ത്ഥത്തിന് വേണ്ടി യുദ്ധത്തിന്ന്‌ എത്തിച്ചേര്‍ന്നിട്ടുള്ള മറ്റു രാജാക്കന്മാര്‍ ഇവരെല്ലാം ചാകുവാന്‍ ഒരുങ്ങി നിൽക്കുന്നവരാണ്‌. പാണ്ഡവാഗ്നിയില്‍ ഹോമിക്കുവാന്‍ വേണ്ടി കൗരവ രാജാവ്‌ അവരെയൊക്കെ വിളിച്ചു വരുത്തിയിരിക്കുകയാണ്‌.

ന്യായം പോലെ കുശലം, വന്ദനത്തോടു കൂടി ആ കൂട്ടരോട്‌ എന്റെ വാക്കാല്‍ പറയുക. രാജമദ്ധ്യത്തില്‍ ഞാന്‍ പറഞ്ഞതായി ഇപ്രകാരം പറയുക: പാപികള്‍ക്ക്‌ ആശ്രയമാണ്‌ ദുര്യോധനന്‍. അമര്‍ഷണനും ദുര്‍മ്മതിയും രാജപുത്രനുമായ ആ ധാര്‍ത്തരാഷ്ട്രന്‍ പാപിയായ ലുബ്ധനാണ്‌. അമാത്യന്മാരോടു കൂടിയ അവനോടു ഞാന്‍ പറയുന്ന ഈ വാക്കുകള്‍ പറയണം. ഇപ്രകാരം പറഞ്ഞു വെച്ച ധര്‍മ്മാര്‍ത്ഥം ചേര്‍ന്ന വാക്യം കൃഷ്ണനെ നോക്കി, കടക്കണ്ണു ചുവന്നവനായ പാര്‍ത്ഥന്‍ പറഞ്ഞു: നീ മനസ്സു വെച്ചു മാന്യനായ കൃഷ്ണന്റെ വാക്കു കേട്ടില്ലേ? അപ്രകാരം തന്നെ എന്റെ വാക്കും, രാജാക്കന്മാരെല്ലാം ഒരുമിച്ചിരിക്കുമ്പോള്‍, ആ സഭാമദ്ധ്യത്തില്‍ വെച്ചു പറയണം.

ശരാഗ്നി ധൂമവും രഥഘോഷവും ചേര്‍ന്ന ആ മഹായുദ്ധ യാഗത്തില്‍ ധനുസ്സാകുന്ന സ്രുവം കൊണ്ടു രക്തം സ്രവിപ്പിച്ചു ഹോമം ചെയ്യിക്കാതിരിക്കുവാന്‍ ഇനി നിങ്ങള്‍ നോക്കുകയാണു നല്ലത്‌. ശത്രു സംഹാരിയായ യുധിഷ്ഠിരന്, വിചാരിച്ച സ്വത്തു തരാതിരിക്കുക യാണെങ്കില്‍ കാലാള്‍, ഗജം, അശ്വം ഇവയോടു കൂടി യമപുരിയിലേക്കു നിങ്ങളെ ഇവന്‍ അമ്പു കൊണ്ടു പറഞ്ഞയയ്ക്കും.

പിന്നെ ഞാന്‍ പാര്‍ത്ഥനോടും, കൃഷ്ണനോടും തൊഴുതു യാത്ര പറഞ്ഞ്‌, വേഗത്തില്‍ ഇവിടേക്കു പോന്നു. ഹേ സുരോപമദ്യുതേ, ഭവാനെ കണ്ടു തിടുക്കത്തില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുവാനാണ്‌ ഞാന്‍ ബദ്ധപ്പെട്ടു പോന്നത്‌.

67. വ്യാസനും ഗാന്ധാരിയും സഭയില്‍ എത്തുന്നു - വൈശമ്പായനൻ പറഞ്ഞു: ആ സന്ദേശങ്ങളെ ദുര്യോധനന്‍ നിസ്സാരമാക്കി തള്ളിയപ്പോള്‍ സഭാവാസികളായ രാജാക്കന്മാരെല്ലാം മൗനത്തോടു കൂടി എഴുന്നേറ്റു. രാജാക്കന്മാരൊക്കെ എഴുന്നേറ്റു പോയപ്പോള്‍ സഞ്ജയനെ അരികില്‍ തനിച്ചു വിളിച്ചു ധൃതരാഷ്ട്രന്‍ ചോദിച്ചു. മക്കളുടെ പാട്ടില്‍ നില്‍ക്കുന്നവനും മക്കള്‍ക്കു ജയം ലഭിക്കണം എന്ന്‌ അഭിലഷിക്കുന്നവനുമായ ധൃതരാഷ്ട്രന്‍ തനിക്കും ശത്രുക്കളായ പാണ്ഡവന്മാര്‍ക്കും ചേര്‍ന്ന നിശ്ചയം എന്താണെന്നാണ്‌ അറിവാന്‍ ആഗ്രഹിക്കുന്നത്‌?

ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ, ഗാവല്‍ഗണേ, ഞാന്‍ നിന്നോട്‌ ഒരു കാര്യം യഥാര്‍ത്ഥമായി അറിവാനാണു സ്വകാര്യമായി ചോദിക്കുന്നത്‌. നിനക്കു നമ്മുടെ സൈന്യത്തിന്റെ യോഗ്യതയൊക്കെ അറിയാമല്ലോ. പാണ്ഡവ സൈന്യത്തിന്റെ തത്വങ്ങളൊക്കെ ഗ്രഹിച്ചിട്ടാണല്ലോ നീ വരുന്നതും. ഞാന്‍ ചോദിക്കട്ടെ, ഇവിടെയാണോ വലിപ്പം ? അവിടെയാണോ ചെറുപ്പം ? നീ സാമജ്ഞനാണല്ലേ! ഇവരില്‍ എല്ലാം ദര്‍ശിച്ചവനുമാണ്‌. ധര്‍മ്മാര്‍ത്ഥങ്ങളുടെ തീര്‍പ്പു ഗ്രഹിച്ചവനുമാണ്‌. ഹേ സഞ്ജയാ, ഞാന്‍ ചോദിക്കുകയാണ്‌, പറയൂ, രണ്ടു കൂട്ടരും തമ്മിലിടഞ്ഞു യുദ്ധംചെയ്താല്‍ ഏതു കൂട്ടരാണ്‌ കീഴടങ്ങുക?

സഞ്ജയന്‍ പറഞ്ഞു: ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ മറ്റാരും കേള്‍ക്കെ പറയുകയില്ല. കാരണം അങ്ങ്‌ എന്റെ നേരെ അസൂയാലുവാകും. എന്നോട്‌ അസുഖം തോനും. അതു കൊണ്ട്‌ ഭവാന്‍ മഹാവ്രതനായ താതനെ വരുത്തുക. പ്രിയയായ ഗാന്ധാരീ ദേവിയേയും വരുത്തുക. അസൂയയൊക്കെ അവര്‍ തീര്‍ക്കും. ധര്‍മ്മജ്ഞന്മാര്‍ കാര്യത്തിന്റെ തീര്‍പ്പു കാണുന്ന വിദഗ്ദ്ധരാണ്‌. അവരുടെ സന്നിധിയില്‍ അങ്ങയോടു ശങ്കവിട്ട്‌, കാര്യം ധൈര്യമായി, കൃഷ്ണാര്‍ജ്ജുനന്മാരുടെ അഭിപ്രായമൊക്കെ അറിയി ക്കാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സഞ്ജയന്‍ പറയുകയാല്‍ ഗാന്ധാരിയും വ്യാസനും അവിടെ എത്തി. ഉടനെ വിദുരനാണ്‌ അവരെ സഭയിലേക്കു കൂട്ടിക്കൊണ്ടു വന്നത്‌. സഞ്ജയന്റേയും തന്റെ പുത്രനായ ധൃതരാഷ്ട്രന്റെ യും അഭിപ്രായം ഗ്രഹിച്ച്‌ മഹാപ്രാജ്ഞനായ വ്യാസ മഹര്‍ഷി ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: ഹേ സഞ്ജയാ, ധൃതരാഷ്ര്ടന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നീ പറഞ്ഞു കൊടുക്കുക. ഭവാന്‍ അറിവുള്ള വിധം കൃഷ്ണാര്‍ജ്ജുനന്മാരുടെ തത്വമൊക്കെ പറഞ്ഞു കൊടുക്കുക.

68. സഞ്ജയവാക്യം - ശ്രീകൃഷ്ണതത്വം സഞ്ജയന്‍ വിവരിക്കുന്നു - സഞ്ജയന്‍ പറഞ്ഞു: വില്ലാളി വീരന്മാരായ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഏറ്റവും പൂജ്യന്മാരാണ്‌. സര്‍വ്വാത്മസമ്മതരായ അവര്‍ സ്വേച്ഛയാ അവതാരം പൂണ്ടവരാണ്‌. പഞ്ചഹസ്തര പ്രമാണത്തില്‍ വിട്ടതായ ആ ചക്രം മനസ്വിയായ വാസുദേവന്റെ മായയാലാണ്‌ തിരിയുന്നത്‌. കൗരവന്മാര്‍ക്കു നിഗൂഢവും പാണ്ഡവന്മാര്‍ക്കു സമ്മതവുമായ ആ ചക്രം കൊണ്ടു തന്നെ സാരാസാരബലം കാണുവാന്‍ ഭവാനു കഴിയും. തേജഃപുഞ്ജ പ്രകാശിതമായ ആ ചക്രം കൊണ്ടു മഹാ ഘോരന്മാരായ നരകന്‍, ശംബരന്‍, ചൈദ്യന്‍, ബകന്‍ എന്നിവരെ മഹാബലനായ ഹരി കളിയായി ജയിച്ചു. ഭൂമിയും ആകാശവും സ്വര്‍ഗ്ഗവും എല്ലാം പുരുഷോത്തമന്‍ മനസ്സു കൊണ്ട്‌ ആത്മാവിന്റെ പാട്ടിലാക്കുന്നു.

ഭവാന്‍ വീണ്ടും വിണ്ടും പാണ്ഡവരെപ്പറ്റി ചോദിക്കുകയാണോ? സാരാസാരബലം പരിശോധിച്ചറിയണം എങ്കില്‍ ചുരുക്കമായി ഞാന്‍ പറയാം. അതു കേട്ടു കാര്യം ഗ്രഹിച്ചു കൊള്ളുക. ഒരു ഭാഗത്തു ജഗത്തു മുഴുവനും നില്ക്കട്ടെ. മറ്റേ ഭാഗത്ത്‌ ജനാര്‍ദ്ദനനും നിൽക്കട്ടെ. എന്നാൽ എല്ലാ ജഗത്തിലും മേലെ സാരം കൊണ്ട്‌ ജനാര്‍ദ്ദനൻ ആയിരിക്കും. ജനാര്‍ദ്ദനന്‍ മനസ്സു വെച്ചാല്‍ ജഗത്തു മുഴുവന്‍ ഭസ്മമാക്കി കളയും. എന്നാൽ നേരെ മറിച്ച്‌ ജനാര്‍ദ്ദനനെ ഭസ്മമാക്കുവാന്‍ ലോകങ്ങള്‍ക്കു സാദ്ധ്യമല്ല. സത്യം എവിടെയുണ്ടോ അവിടെ ധര്‍മ്മമുണ്ട്‌. ഹ്രീ എവിടെയുണ്ടോ അവിടെ ആര്‍ജ്ജവമുണ്ട്‌. എവിടെ ആര്‍ജ്ജവമുണ്ടോ അവിടെ ഗോവിന്ദനുണ്ട്‌. ഗോവിന്ദന്‍ എവിടെയുണ്ടോ അവിടെ ജയമുണ്ട്‌.

ഭൂമിയും ആകാശവും സ്വര്‍ഗ്ഗവും എല്ലാം പുരുഷോത്തമന്‍ ചേഷ്ടിപ്പിക്കുന്നു. ജനാര്‍ദ്ദനന് അത്‌ ഒരു ലീലയാണ്‌. അവന്‍ പാണ്ഡവ വ്യാജത്താല്‍ വിശ്വം മോഹിക്കുന്ന വിധം ഹേ, ധര്‍മ്മിഷ്ഠാ! നിന്റെ ദുഷ്ടപുത്രന്റെ പീഡനത്തിന് ഇച്ഛിക്കുന്നുണ്ട്‌.

കാലചക്രം, ജഗത്ചക്രം, യുഗചക്രം എന്നിവയെ ഭഗവാനായ ഹരി നിത്യവും ആത്മയോഗത്താല്‍ ചുറ്റിക്കുകയാണ്‌. കാലത്തിനും മൃത്യുവിനും ചരാചര ജഗത്തിനും ഈശനായിട്ടുള്ളത്‌ ഏകനായ ഈ ഭഗവാനാണ്‌. ഞാന്‍ പറഞ്ഞതു സത്യമാണ്‌. ജഗത്തിന് ഈശ്വരനാണെങ്കിലും, ഈ മഹായോഗിയായ ഹരി യമനെ പോലെ സംഹാര കര്‍മ്മം ചെയ്യുവാന്‍ തുടങ്ങുകയാണ്‌. കേശവന്‍ ഈ മായായോഗം കൊണ്ടു ലോകത്തെ വഞ്ചിക്കുകയാണ്‌. ആ മഹേശ്വരനെ ശരണം പ്രാപിച്ച മര്‍ത്ത്യര്‍ക്ക്‌ പിന്നെ മോഹം ഉണ്ടാവുകയില്ല.

69. സഞ്ജയവാക്യം - സഞ്ജയന്‍ ശ്രീകൃഷ്ണ തത്വം വിവരിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ സഞ്ജയാ! നീ മാധവനെ വിശ്വേശ്വരനാണെന്ന്‌ എങ്ങനെ അറിഞ്ഞു? ഞാന്‍ ഈ തത്വം എന്തു കൊണ്ടാണ്‌ ധരിക്കാഞ്ഞത്‌? അതിന് കാരണം എന്തെന്നു ഭവാന്‍ പറഞ്ഞാലും.

സഞ്ജയന്‍ പറഞ്ഞു: രാജാവേ, അങ്ങയ്ക്ക്‌ വിദ്യ (ജ്ഞാനം) ഇല്ലാത്തതു കൊണ്ടാണ്‌ മാധവനെ വിശ്വേശ്വരൻ ആണെന്ന് അറിയാഞ്ഞത്‌. ഞാനാണെങ്കില്‍ ആ ജ്ഞാനം നേടിയിട്ടുണ്ട്‌. വിദ്യകെട്ടവന്‍ തപസ്സ്‌ അറ്റവനാണ്‌. വിദ്യയും തപസ്സും അറ്റവന് മുകുന്ദനെ അറിയുവാന്‍ കഴിയുകയില്ല. വിദ്യ കൊണ്ടു ഞാന്‍ ത്രിയുഗനായ മധുവൈരിയെ അറിയുന്നു. എല്ലാ ഭൂതങ്ങള്‍ക്കും ഉത്ഭവസ്ഥാനമായി എല്ലാറ്റിനും അധീശനായി ആ ദേവന്‍ വിലസുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, സഞ്ജയാ! എങ്ങനെയാണ്‌ ഭവാന്‍ കൃഷ്ണഭക്തനായി ഭവിച്ചത്‌? എങ്ങനെയാണ്‌ ത്രിയുഗനായ മധുവൈരിയെ അറിയുവാന്‍ തക്കതായ മാര്‍ഗ്ഗം അവലംബിച്ചത്.

സഞ്ജയന്‍ പറഞ്ഞു: രാജാവേ, അങ്ങയ്ക്ക്‌ മംഗളം ഭവിക്കട്ടെ! ഞാന്‍ മായയില്‍ പെട്ടു പോകുന്നില്ല. പാഴായ ധര്‍മ്മത്തെ അവലംബിക്കുന്നില്ല. ഭക്തി കൊണ്ടു ശുദ്ധസ്വഭാവനായി ഞാന്‍ ശാസ്ത്രത്താല്‍ കൃഷ്ണനെ കണ്ടു കൊണ്ടിരിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, സുയോധനാ! സഞ്ജയന്‍ പറഞ്ഞതു നീ കേട്ടില്ലേ? അവന്‍ നമുക്കു ഹിതമേ പറയുകയുളൂളു. മകനേ, നീ ഹൃഷികേശനായ കൃഷ്ണനെ ആശ്രയിക്കുക! നീ കൃഷ്ണനെ ശരണം പ്രാപിക്കുക!

ദുര്യോധനന്‍ പറഞ്ഞു: പിതാവേ, ഭഗവാനായ ദേവകീപുത്രന്‍ ലോകം മുഴുവന്‍ മുടിക്കുക യാണെങ്കില്‍ മുടിക്കട്ടെ! എന്നാലും അര്‍ജ്ജുനന് പ്രിയനായ കൃഷ്ണനെ ഞാന്‍ ആശ്രയിക്കുകയില്ല.

ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ, ഗാന്ധാരീ, നിന്റെ പുത്രന്‍ ഇതാ താഴെ വീഴുന്നു! അവന്‍ ദുര്‍മ്മതിയാണ്‌; ദുഷ്ടനാണ്‌; മാനിയാണ്‌; പരൈശ്വര്യം പൊറുക്കാത്തവനാണ്‌. അല്ലെങ്കില്‍ എന്റെ ഈ സദുപദേശം കേള്‍ക്കാതിരിക്കുമോ?

ഗാന്ധാരി പറഞ്ഞു: വൃദ്ധന്മാരുടെ (**) ശാസന തെറ്റിക്കുന്ന ഐശ്വര്യ ഭ്രാന്താ! ദുര്‍മ്മതേ, കുരുത്തം കെട്ടവനേ!ഐശ്വര്യം എന്നതു ജീവനും അച്ഛനും അമ്മയും ആണെന്നുള്ള തത്വം നീ വിട്ടു കളഞ്ഞിരിക്കുന്നു. അതു കൊണ്ട്‌ എടാ, മൂഢാ! നീ ശത്രുക്കള്‍ക്കു സന്തോഷവും എനിക്കു ദുഃഖവും വളര്‍ത്തുകയാണ്‌! ഭീമന്റെ കൈ കൊണ്ട്‌ തല്ലു കിട്ടുന്ന സമയത്ത്‌ നീ അച്ഛന്റെ വാക്ക്‌ ഓര്‍ക്കും.

**

ഗാന്ധാരി പറഞ്ഞു:

ഐശ്വര്യകാമദുഷ്ടാത്മന്‍ വൃദ്ധാനാം ശാസനാതിഗ

ഐശ്വര്യജീവിതേ ഹിത്വാ പിതരം മാം ച ബാലിശ

വര്‍ദ്ധയന്‍ ദുര്‍ഹൃദാം പ്രീതിം മാം ച ശോകേന വര്‍ദ്ധയന്‍

നിഹതോ ഭീമസേനേന സ്മര്‍ത്തസി വചനം പിതുഃ

**

വ്യാസന്‍ പറഞ്ഞു: ഹേ, ധൃതരാഷ്ട്രാ! നീ കൃഷ്ണ്രപ്രിയനായി വര്‍ത്തിക്കുക. ദൂതനായ സഞ്ജയന്‍ ഭവാനെ ശ്രേയസ്സിലേക്ക്‌ എത്തിക്കും. ഈ സഞ്ജയന്‍ പുരാണപുരുഷനും പരനുമായ മുകുന്ദനെ അറിഞ്ഞവനാണ്‌. ശ്രദ്ധാപൂര്‍വ്വം അവന്റെ വാക്ക്‌ നീ കേള്‍ക്കുകയാണെങ്കില്‍ നിന്നെ ബാധിച്ച വലുതായ ഭയം അവന്‍ തീര്‍ത്തു തരും. എടോ, വൈചിത്ര വീര്യാ! മര്‍ത്ത്യരൊക്കെ (**) ക്രോധഹര്‍ഷങ്ങളോടു കൂടിയവരാണ്‌. പലവിധത്തിലും ഉള്ള ബന്ധങ്ങളാല്‍ ബന്ധിക്കപ്പെട്ടവരാണ്‌. സ്വസ്വത്താല്‍ പ്രസാദിക്കാത്തവരുമാണ്‌. യമന്റെ പിടിയില്‍ പെട്ടിട്ടും അവര്‍ അതു ധരിക്കാതെ കാമം കൊണ്ടു കണ്ണു കാണാതെ കുരുടന്‍ കൊണ്ടു നടക്കുന്ന കുരുടനെ പോലെ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. സഞ്ജയന്‍ പ്രകാശിപ്പിച്ചു കാണിച്ചു തരുന്ന ആ മാര്‍ഗ്ഗമാണ്‌ ശരിയായ മാര്‍ഗ്ഗം. ബുദ്ധിമാന്മാര്‍ സഞ്ചരിക്കുന്ന ആ മാര്‍ഗ്ഗത്തെ ഭവാന്‍ ആശ്രയിക്കുക. ആ മാര്‍ഗ്ഗം ദര്‍ശിച്ചവന് മൃത്യു തീരുകയും ചെയ്യും. മഹാന്മാര്‍ അതില്‍ ഇടയ്ക്കു വെച്ച്‌ തങ്ങി നിൽക്കുകയില്ല.

**

വൈചിത്ര്യവീര്യാ പ്രരുഷാഃ ക്രോധഹര്‍ഷസമാവൃതാഃ

സിതാ ബഹുവിധൈഃ പാശൈഃ യേന തുഷ്ടാഃ സ്വകൈര്‍ദ്ധനൈഃ

യമസ്യ വശമായാന്തി കാമമൂഢാ പുനഃ പുനഃ

അന്ധനേത്രാ യഥൈവാന്ധാ നീയാമാനാ സ കര്‍മ്മഭിഃ

ഏഷ ഏകായനഃ പന്ഥാ യേന യാന്തി മനീഷിണഃ

തം ദൃഷ്ട്വാ മൃത്യുമത്യേതി മഹാംസ്തത്ര ന സഞ്ജതി.

**

ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ, സഞ്ജയാ! ആ നിര്‍ഭയമായ മാര്‍ഗ്ഗം നീ എനിക്കു പറഞ്ഞു തരൂ. ആ മാര്‍ഗ്ഗത്തിലൂടെ പോയി ഞാന്‍ ഹരിയെ പ്രാപിച്ചു ശ്രേഷ്ഠമായ ബൂദ്ധിയെ നേടട്ടെ!

സഞ്ജയന്‍ പറഞ്ഞു: അകൃതാത്മാവ്‌ ഒരിക്കലും കൃതാത്മാവായ മുകുന്ദനെ അറിയുകയില്ല. ഇന്ദ്രിയ നിഗ്രഹം കൂടാതെ ആത്മസാധനോപായം ഒന്നുമില്ല. എല്ലാറ്റിലും വ്യാപിക്കുന്ന ഇന്ദ്രിയങ്ങളുടെ കാമിതങ്ങള്‍ ഉപേക്ഷിക്കുക. അപ്രമാദവും അഹിംസയും കൈക്കൊള്ളുക. ഇവയാണ്‌ ജ്ഞാനത്തിനുള്ള സാധനം. ഇളവില്ലാതെ ഇന്ദ്രിയങ്ങളെ ജയിച്ച്‌, ബുദ്ധി തെറ്റിപ്പോകാതെ, അടങ്ങി ജീവിക്കുക. ജ്ഞാനം എന്നത്‌ ഇന്ദ്രിയനിഗ്രഹം ആണെന്ന്‌ ദ്വിജന്മാര്‍ അറിയുന്നു. ആ ജ്ഞാനമാര്‍ഗ്ഗമാണ്‌ ബുദ്ധിമാന്മാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം. ഇന്ദ്രിയങ്ങളെ ജയിക്കാത്തവര്‍ക്ക്‌ മുകുന്ദനെ ലഭിക്കുന്നതല്ല. ശാസ്ത്രലാഭത്താലും യോഗത്താലും തത്വത്താലും ഇന്ദ്രിയങ്ങളെ അടക്കിയവന്‍ പ്രശോഭിക്കുന്നു.

70. സഞ്ജയവാക്യം - ഭഗവാന്‍ കൃഷ്ണന്റെ നാനാനാമങ്ങളെ കുറിച്ചുള്ള നിര്‍വചനം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, സഞ്ജയാ! ഞാന്‍ വീണ്ടും ചോദിക്കുന്നു. ഇനിയും പറഞ്ഞാലും. നാമകര്‍മ്മാര്‍ത്ഥങ്ങള്‍ അറിഞ്ഞു കൊണ്ട് ഞാന്‍ മുകുന്ദനെ പ്രാപിക്കട്ടെ!

സഞ്ജയന്‍ പറഞ്ഞു: ഹേ, ധൃതരാഷ്ട്രാ! ഞാന്‍ കൃഷ്ണന്റെ ഉത്തമമായ നാമ യാഥാര്‍ത്ഥ്യം കേട്ടിരിക്കുന്നു. അതില്‍ മുരാന്തകന്‍ അപ്രമേയനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.

വിശ്വം വസിക്കുന്നവനും വസുവും ദേവയോനിയും ആയതു കൊണ്ട്‌ വാസുദേവന്‍ എന്ന പേര്‍ സിദ്ധിച്ചു. മഹത്വം കൊണ്ട്‌ വിഷ്ണു എന്ന പേര്‍ ലഭിച്ചു. മൗനം, ധ്യാനം, യോഗം ഇവ കൊണ്ട്‌ ഹേ രാജാവേ, മാധവന്‍ എന്ന പേര്‍ ഉണ്ടായി. സർവ്വതന്വമയത്വം കൊണ്ട്‌ മധുഹന്താവ്‌ മധുസൂദനനായി. കൃഷിസത്താ വാചി ശബ്ദമായ ണകാരം തൃപ്തിവാചകമാണ്‌. അതു ചേര്‍ന്നുകാണുകയാല്‍ വിഷ്ണു കൃഷ്ണനായി. പരമമായ സ്ഥാനം പുണ്ഡരീകമാണ്‌. ആ സ്ഥാനം നിത്യവും അവൃയവും അക്ഷയവുമാണ്‌. ആ സ്ഥാനം ചേര്‍ന്നവനായതു കൊണ്ട്‌ പുണ്ഡരീകാക്ഷനായി. ദസ്യുക്കള്‍ക്ക്‌, അനാര്യന്മാര്‍ക്ക്‌ ഭയം ഉണ്ടാക്കുന്നവൻ ആയതു കൊണ്ട്‌ ജനാര്‍ദ്ദനനായി. സത്വത്തെ ഉപേക്ഷിക്കാത്തവനും സത്വം ഉപേക്ഷിക്കാത്തവനും ആയതു കൊണ്ട്‌ സാത്വതനായി. വൃഷഭദേവനെ സംബന്ധിക്കുന്നവൻ ആകയാൽ വൃഷഭേഷണനായി. ജനിതാവാല്‍ ജാതനല്ലായ്കയാല്‍ അജനായി. പിന്നെ സേനകളെ ജയിക്കുകയാല്‍ അനീകജിത്തായി. ദേവപ്രകാശ ദമത്താല്‍ വിഭു ദാമോദരനായി. സുഖൈശ്വരൃ ഹര്‍ഷത്താല്‍ ഹൃഷീകേശനായി. ഭൂമിയും ആകാശവും കൈക്കൊണ്ടവൻ ആകയാല്‍ മഹാബാഹുവായി. അധോഭാഗക്ഷയം വിട്ടവനായതു കൊണ്ട്‌ അധോക്ഷജനായി. നാരങ്ങള്‍ക്ക്‌ അയനം മൂലം നാരായണനായി. പൂരണം, സദനം ഇവ രണ്ടും കൊണ്ടു പുരുഷോത്തമനായി. അസത്ത്‌, സത്ത്‌ എന്നിവയ്ക്കൊക്കെ ഉത്ഭവത്തിനും ക്ഷയത്തിനും കാരണമായി സര്‍വ്വജ്ഞാനത്തിനാല്‍ സര്‍വ്വരൂപിയായി അറിയപ്പെടുന്നവനും ഇവന്‍ തന്നെയാണ്‌.

സത്യത്തില്‍ കൃഷ്ണന്‍ അധിവസിക്കുന്നു. കൃഷ്ണനില്‍ സത്യം അധിവസിക്കുന്നു. അതു കൊണ്ട്‌ സത്യാല്‍ സത്യനായി. ഗോവിന്ദന്‍ സത്യ നാമകനായി ശോഭിക്കുന്നു. വിക്രമത്തില്‍ വിഷ്ണുദേവന്‍, ജയത്താല്‍ അവന്‍ ജിഷ്ണുവാണ്‌. ശാശ്വതത്വത്താല്‍ അനന്തന്‍, ഗോനിവേദനത്താല്‍ ഗോവിന്ദന്‍. അതതത്വത്തെ തത്വമാക്കുകയും വിശ്വത്തെ മയക്കുകയും ചെയ്യുന്നു. ഇപ്രകാരം വര്‍ത്തിക്കുന്ന ധര്‍മ്മനിത്യനും, ഭഗവാനുമായ മധുസൂദനന്‍ ആനൃശംസൃത്തിനായി എഴുന്നള്ളുന്നതാണ്‌.

71. ധൃതരാഷ്ട്രവാക്യം - ധൃതരാഷ്ട്രന്‍ കൃഷ്ണദര്‍ശനത്തിന് കൊതിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു:ഹേ സഞ്ജയാ! കണ്ണുള്ളവരില്‍ എനിക്കു കൊതി തോന്നുന്നു. അവര്‍ ഭാഗ്യവാന്മാരാണ്‌. അവര്‍ക്കു കൃഷ്ണനെ അരികെ നിന്നു കാണുവാന്‍ കഴിയുമല്ലോ. നല്ല പോലെ ശരീരം ശോഭിച്ച്‌ ദിക്കും വിദിക്കും വിളങ്ങുമാറ്‌ ഭഗവാനെ അവര്‍ക്കു കാണുവാന്‍ കഴിയുമല്ലോ.

ഭാരതീയര്‍ക്ക്‌ അഭ്യര്‍ച്ച്യമായും, സൃഞ്ജയന്മാര്‍ക്ക്‌ ഇഷ്ടമായും ഐശ്വര്യം അര്‍ത്ഥിക്കുന്നവര്‍ക്കു ഗ്രാഹ്യമായും ശ്ലാഘ്യമായും, ചാകാന്‍ പോകുന്നവര്‍ കേള്‍ക്കാത്തതായും, ശോഭനമായ വാക്കു പറഞ്ഞു കൊണ്ടു സഞ്ചരിക്കുന്നതു കണ്ണുള്ളവര്‍ക്കു കാണാമല്ലോ!

ശോഭിക്കുന്ന ആ സാത്വത വീരന്‍ യദുക്കള്‍ക്കു ശ്രേഷ്ഠനായ നാഥനാണ്‌. ശത്രുക്കള്‍ക്കു ക്ഷോഭണനായ നാശകാരിയാണ്‌. ശത്രുക്കളുടെ കീര്‍ത്തി നശിപ്പിക്കുന്നവനുമാണ്‌.

മഹാത്മാവും ശത്രുജിത്തും വരേണ്യനുമായ ആ കൃഷ്ണനെ കൗരവന്മാര്‍ കാണുന്നതാണ്‌. നൃശംസത്വം വിട്ട വാക്കു പറഞ്ഞ്‌ എന്റെ ആള്‍ക്കാരെ മയക്കുന്ന വിധം ആ വൃഷ്ണിവംശേശനെ അവര്‍ കാണുമാറാകട്ടെ!

സനാതനനും പണ്ഡിതനുമായ മഹര്‍ഷി, വാക്കിന്റെ സമുദ്രം, യോഗികള്‍ക്കു കലശം; അരിഷ്ടനേമി, ഗരുഡന്‍, സുപര്‍ണ്ണന്‍, ഹരിപ്രജ, ഈ ഭുവനം ഇവയ്ക്കൊക്കെ ധാമം, ഇങ്ങനെ ദേവന്‍ ശോഭിക്കുന്നു.

സഹ്രസശീര്‍ഷനും, പുരാണപുരുഷനും, അനാദിമദ്ധ്യാന്തനും, കീര്‍ത്തിയും, ശുക്ലൈകധാതാവും, അജനും, നിത്യനും പരാല്‍പരനുമായ ദേവനെ ഞാന്‍ സര്‍വ്വാത്മനാ ശരണം പ്രാപിക്കുന്നു.

മൂന്നു ലോകങ്ങളെ സൃഷ്ടിക്കുന്നവനും, ദേവദൈത്യന്മാരുടെയും നാഗനിശാചരന്മാരുടെയും ജനയിതാവും, നരാധിപന്മാര്‍ക്കും വിബുധന്മാര്‍ക്കും ഏറ്റവും പ്രധാനനുമായ ഇന്ദ്രാനുജനെ ഞാന്‍ ആശ്രയിക്കുന്നു.

ഭഗവദ്യാനപര്‍വ്വം

72. യുധിഷ്ഠിരകൃത കൃഷ്ണപ്രേരണം - വൈശമ്പായനന്‍ പറഞ്ഞു: സഞ്ജയന്‍ പോയതിന് ശേഷം ധർമ്മരാജാവായ യുധിഷ്ഠിരന്‍ സാത്വതര്‍ഷഭനായ ദാശാര്‍ഹനോട്‌ ഇപ്രകാരം പറഞ്ഞു: മിത്രവത്സലാ, അമോഘഗര്‍വ്വിതനും, നിര്‍ഭയനും, അമാതൃന്മാരോടു കൂടിയവനുമായ ധാര്‍ത്തരാഷ്ട്രനോട്‌ യുദ്ധത്തിന് നാം മുതിര്‍ന്നിരിക്കുക യാണല്ലോ. ഭവാനെ ആശ്രയിച്ചാണ്‌ ഞങ്ങളുടെ നില. മിത്രങ്ങളാല്‍ ചെയ്യേണ്ടുന്ന കാലം അടുത്തിരിക്കുന്ന മാധവാ, ഞങ്ങളുടെ ആപത്ത്‌ ഒഴിക്കുവാന്‍ ഭവാനെ ഒഴികെ മറ്റാരേയും ഞാന്‍ കാണുന്നില്ല. ആപത്തില്‍ ഭവാന്‍ വൃഷ്ണികളെ രക്ഷിക്കുന്ന വിധം പാര്‍ത്ഥന്മാരായ ഞങ്ങളെ രക്ഷിച്ചാലും! ഞങ്ങളും അങ്ങയാല്‍ പാലിക്കപ്പെടേണ്ടവർ ആണല്ലോ.

കൃഷ്ണന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ഞാന്‍ ഭവാനു വേണ്ടി ഒരുങ്ങി നിൽക്കുകയാണ്‌. ഭവാന്‍ പറയുവാന്‍ വിചാരിക്കുന്നത്‌ തുറന്നു പറഞ്ഞാലും. അങ്ങയുടെ വാക്കുകളെല്ലാം കേട്ട്‌ അപ്രകാരം ഞാന്‍ ചെയ്യുന്നതാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ കൃഷ്ണാ! സഞ്ജയന്‍ വന്ന് ഇവിടെ പറഞ്ഞ സന്ദേശങ്ങളൊക്കെ ഭവാന്‍ കേട്ടില്ലേ? മക്കളോടു കൂടിയ ധൃതരാഷ്ട്രന്റെ ആഗ്രഹം ഇപ്പോള്‍ മനസ്സിലായില്ലേ? ധൃതരാഷ്ട്രന്റെ അഭിപ്രായമാണ്‌ സഞ്ജയന്‍ ഉണര്‍ത്തിച്ചത്‌. പറഞ്ഞത്‌ ഒന്നും മറച്ചുവെക്കാതേയും വൃത്യാസപ്പെടുത്താതേയും എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്‌. മാറ്റിപ്പറഞ്ഞാല്‍ അവന്‍ വദ്ധ്യനാകും. ഞങ്ങള്‍ക്ക്‌ രാജ്യം നല്കാതെ ധൃതരാഷ്ട്രന്‍ ശമത്തിന് ശ്രമിക്കുകയാണ്‌. ആ ലുബ്ധനായ രാജാവ്‌ പാപമനസ്സോടു കൂടി തനിക്കു ചേരാത്ത കാര്യം വിചാരിക്കുകയാണ്‌. ഞങ്ങള്‍ പന്ത്രണ്ടു വര്‍ഷം വനവാസം ചെയ്തതും ഒരു വര്‍ഷം അജ്ഞാതവാസം ചെയ്തതും ധൃതരാഷ്ട്രന്റെ ആജ്ഞപ്രകാരമാണ്‌. വൃദ്ധനായ ധൃതരാഷ്ട്രരാജാവ്‌ സ്വധര്‍മ്മം നോക്കാതായിരിക്കുന്നു. പുത്രന്മാരുടെ വശത്തായി അദ്ദേഹം ആ മന്ദന്റെ വാക്ക്‌ കേള്‍ക്കുകയാണ്‌. ദുര്യോധനന്റെ ഹിതം നോക്കുന്നവനായ ആ ലുബ്ധരാജാവ്‌ ഞങ്ങളില്‍ വ്യാജം തുടങ്ങുന്നു. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു. എന്റെ ഇഷ്ടജനങ്ങളേയും, പെറ്റമ്മയേയും കൂടി പോറ്റുവാന്‍ ആകാത്ത മട്ടിലുള്ള ഒരു ഗതികേടില്‍ ഞാന്‍ എത്തിയല്ലേ മാധവാ! കാശി രാജാവ്‌, പാഞ്ചാല രാജാവ്‌, ചൈദ്യന്മാര്‍, മത്സ്യന്മാര്‍, നാഥനായ ഭവാന്‍ ഇവരൊക്കെ സഹായികളായി നിൽക്കുമ്പോഴും ഞാന്‍ അഞ്ചു ഗ്രാമം മാത്രമാണ്‌ വരിച്ചത്‌. "വൃകസ്ഥലാവിസ്ഥലങ്ങള്‍, മാകന്തീ വാരണാവതം, അഞ്ചാമതായി വേറൊന്നും ഹേ, ഗോവിന്ദാ! വരിച്ചു ഞാന്‍":

താതാ, നല്കേണമേയഞ്ചു ഗ്രാമമോ നഗരങ്ങളോഅവിടെപ്പാര്‍ത്തീടാം ഞങ്ങള്‍ ഭാരതന്മാര്‍ നശിക്കൊലാ.

എന്റെ ഈ അഭ്യര്‍ത്ഥന പോലും ദുഷ്ടനായ ധാര്‍ത്തരാഷ്ട്രന്‍ സമ്മതിച്ചില്ല. എല്ലാറ്റിനും അവകാശം തനിക്കാണെന്ന്‌ അവന്‍ ഭാവിക്കുന്നു. ഇതില്പരം ദുഃഖമെന്താണ്‌? കുലീനനായ വൃദ്ധനും, പരദ്രവ്യത്തില്‍ ആഗ്രഹം ജനിച്ചാല്‍ ആ ലോഭം പ്രജ്ഞാനത്തെ നശിപ്പിക്കും. പ്രജ്ഞ നശിച്ചാല്‍ നാണവും കെട്ടു പോകും. നാണം കെട്ടാല്‍ ധര്‍മ്മം നശിക്കും. ധര്‍മ്മം കെട്ടാല്‍ ധനക്ഷയം ബാധിക്കും. ശ്രീ നശിച്ചാല്‍ പുരുഷന്‍ കെട്ടവനായി. നിസ്വത്വം മനുഷ്യന് വധമാണ്‌. ധനമില്ലാത്തവന്‍ മൃതപ്രായനാണ്‌. അധമന്മാരെ ജ്ഞാതികളും മിത്രങ്ങളും ബ്രാഹ്മണരും ഉപേക്ഷിക്കും. പൂവും കായും അറ്റ മരത്തെ പക്ഷികള്‍ ആശ്രയിക്കയില്ലല്ലോ!

പ്രാണന്‍ ശവത്തിനെ എന്ന പോലെ, ജ്ഞാതികള്‍ നിസ്വനായ എന്നേയും ഭ്രഷ്ടനെ പോലെ ഉപേക്ഷിക്കും എന്നു വന്നാല്‍ അതല്ലേ മരണം!

ഇതിലും കഷ്ടമെന്തുള്ളു? പണ്ട്‌ ശംബരനോതിനാന്‍

ഇന്നേക്കും പുലര്‍വേളയ്ക്കും അഷ്ടിക്ക്‌ ഗതിമുട്ടുകില്‍.

മുഖ്യമായ ധര്‍മ്മമാണ്‌ ധനം. വിത്തത്തില്‍ എല്ലാം നിൽക്കുന്നു. ലോകത്തില്‍ ധനികരാണ്‌ ജീവിക്കുന്നവര്‍. നിര്‍ദ്ധനന്മാര്‍ ചത്തവരാണ്‌. ബലത്താല്‍ സ്വത്തില്‍ നിന്നു മർത്ത്യനെ വേര്‍പെടുത്തുന്നവര്‍ ധര്‍മ്മത്തേയും, അര്‍ത്ഥത്തേയും, കാമത്തേയും വീഴ്ത്തുന്നു. ഒടുവില്‍ തന്നേയും വീഴ്ത്തുന്നു. ഈ നിലയിൽ എത്തിച്ചേര്‍ന്ന ചിലര്‍ ആത്മഹത്യ ചെയ്യാറുണ്ട്‌. ചിലര്‍ ഗ്രാമം വിട്ടു പോകും, ചിലര്‍ കാടുകയറും, ചിലര്‍ ആത്മാവിനെ നശിപ്പിക്കും, ചിലര്‍ ഭ്രാന്തന്മാരാകും, ചിലര്‍ ശത്രുക്കളുടെ പാട്ടില്‍ കുടുങ്ങുന്നു, ചിലര്‍ ദ്രവൃത്തിന് വേണ്ടി ചിലരുടെ ദാസ്യം സ്വീകരിക്കുന്നു. ഈ പുരുഷന് മരണത്തേക്കാള്‍ ആപത്താണ്‌ വലുത്‌. ശ്രീവിനാശം ധര്‍മ്മകാമനാശത്തിനും കാരണമാകുന്നു. അവന് ധര്‍മ്മ്യം മരണമാകുന്നു. അത്‌ ശാശ്വത സ്ഥാനത്തിലേക്കുള്ള മാര്‍ഗ്ഗമാകുന്നു. എവിടേയും എല്ലാ ജീവികള്‍ക്കും ഇത്‌ ഒരിക്കലും തെറ്റുകയില്ല.

ശ്രീയാല്‍ സുഖിച്ചവന് ശ്രീ നശിക്കുമ്പോഴുണ്ടാകുന്ന വിധം അത്രയ്ക്ക്‌ ഉപദ്രവം സ്വതേ നിര്‍ദ്ധനന് ഉണ്ടാവുന്നതല്ല. ഇടക്കാലത്ത്‌ സ്വന്തം തെറ്റിനാല്‍ ധനം നശിച്ചവന്‍ മഹാവ്യസനത്തിലാണ്ടു പോകും. തന്റെ കുറ്റത്തെപ്പറ്റി ചിന്തിക്കാതെ ഇന്ദ്രാദികളായ ദേവന്മാരെ അവന്‍ നിന്ദിക്കും. അവനെ അല്പം അടക്കി നിര്‍ത്തുവാന്‍ ലോകത്തിലെ സര്‍വ്വശാസ്ത്രങ്ങള്‍ക്കും കഴിയുകയില്ല. അവന്‍ ഭൃത്യരില്‍ കോപിക്കും; അവന്‍ ഇഷ്ടജനങ്ങളില്‍ അസൂയാലുവാകും. എപ്പോഴും ദുഃഖം ഉണ്ടാകും. അത്‌ എപ്പോഴും വളര്‍ന്നു കൊണ്ടിരിക്കും. പിന്നെ അവന്‍ മോഹാന്ധനാവുകയും ക്രൂരകര്‍മ്മം തുടങ്ങുകയും ചെയ്യും. അവന്‍ ചെയ്യുന്ന പാപകര്‍മ്മത്താല്‍ സങ്കരം പുഷ്ടമായി ഭവിക്കും. സങ്കരം നരകത്തിനാണ്‌. പാപത്തിന്റെ അതിര്‍ത്തിയാണ്‌ നരകം. ഉണര്‍ന്നിരിക്കാഞ്ഞാല്‍ അവന്‍ നരകത്തിലെത്തും. അവന് ഉണര്‍ച്ചയാണ്‌ പ്രജ്ഞ. പ്രജ്ഞാദൃഷ്ടിക്കു കയറാന്‍ കഴിയും. പ്രജ്ഞ കിട്ടിയാല്‍ മര്‍ത്ത്യന്‍ ശാസ്ത്രത്തെ നോക്കും. ശാസ്ത്രനിഷ്ഠന്‍ ധര്‍മ്മമേൽക്കും. ഹ്രീ അതിന് ഉത്തമാംഗമാണ്‌. ശ്രീമാന്‍ പാപത്തെ വെറുക്കും; അവന് ശ്രീ വളരും. ഒരുത്തന്‍ എപ്പോള്‍ ശ്രീമാനാകുന്നുവോ, അപ്പോള്‍ അവന്‍ പുരുഷനായി. ധര്‍മ്മനിത്യന്‍, ശാന്തചിത്തന്‍, കാര്യയോഗസ്ഥന്‍ ഇവരാരും അധര്‍മ്മത്തില്‍ ബുദ്ധി ചെലുത്തുകയില്ല. പാപത്തില്‍ ചെന്നു ചാടുകയുമില്ല. നാണം കെട്ട മൂഢന്‍ ആണും പെണ്ണും അല്ലാത്തവനാണ്‌. അവന്‍ ധര്‍മ്മാധികാരിയാകാത്ത ശൂദ്രനെ പോലെയാണ്‌. ശ്രീമാന്‍ പിതൃക്കള്‍ക്കും തനിക്കും തൃപ്തി നല്‍കും. അമൃതത്വം അതില്‍ നിന്നു ലഭിക്കും. പുണ്യങ്ങളുടെ അതിര്‍ത്തിയാണ്‌ അത്‌. മധുസൂദനാ, ഭവാന്‍ അത്‌ എന്നില്‍ പ്രത്യക്ഷം കാണുകയുണ്ടായില്ലേ. രാജ്യഭ്രംശം പൂണ്ട ഞാന്‍ ഈ ഇരുപ്പില്‍ ഇരിക്കുകയാണ്‌. ആ ഞങ്ങള്‍ ഏതു നിലയിലും ശ്രീ വെടിയുവാന്‍ ന്യായമില്ല. അതില്‍ ശ്രമിക്കുന്ന ഞങ്ങള്‍ മരിക്കുന്നതായാലും അതും നല്ലതാണ്‌.

എന്റെ മുഖ്യമായ അഭിപ്രായം അവരും ഞങ്ങളും ചേര്‍ന്നു കൃതാര്‍ത്ഥരായി സമനിലയില്‍ ശ്രീയേറ്റ്‌ വാഴണം എന്നാണ്‌. രൗദ്രകര്‍മ്മങ്ങള്‍ ചെയ്തു നശിപ്പിച്ച്‌ ഉയര്‍ന്ന നില സമ്പാദിക്കുന്നതിനേക്കാള്‍ ഭേദമാണിത്‌. നമ്മള്‍ കൗരവരെ കൊന്നാല്‍ നാടു മുഴുവന്‍ കയ്യിലാക്കാം! വേണ്ട!

കൃഷ്ണാ, ചാര്‍ച്ചയില്ലാത്ത നീചരായ ശത്രുക്കളെ കൂടി കൊല്ലാതിരിക്കുകയാണ്‌ വേണ്ടത്‌. പിന്നെ ഇത്തരം ജ്ഞാതികളെപ്പറ്റി എന്തു പറയുവാന്‍ ? അധികം പേരും ജ്ഞാതികളാണ്‌. സഹായികളാണെങ്കില്‍ ഗുരുജനങ്ങളാണ്‌. അവരെ കൊല്ലുകയോ? കഷ്ടം! പോരില്‍ എന്താണ്‌ പിന്നെ ശോഭനം!

ക്ഷത്രധര്‍മ്മം കഷ്ടം തന്നെ! നമ്മള്‍ ക്ഷത്രിയജാതിക്കാർ ആണല്ലോ. നമ്മുടെ ധര്‍മ്മം നാം ചെയ്യണം. അന്യധര്‍മ്മം ആചരിക്കുവാന്‍ ചിന്തിക്കുന്നത്‌ നികൃഷ്ടമാണ്‌. ശൂദ്രന്‍ ശുശ്രൂഷ ചെയ്യുന്നു. വൈശ്യന്‍ കച്ചവടം ചെയ്യുന്നു. ക്ഷത്രിയരായ നമ്മള്‍ വധജീവികളാണ്‌. യുദ്ധം കൊണ്ടാണ്‌ നമ്മുടെ ജീവിതം. ബ്രാഹ്മണ്ന്റെ ജീവിതം കപാലം (ദേവന്മാര്‍ക്ക്‌ പുരോഡാശം പാകം ചെയ്യുന്ന പാത്രം ) കൊണ്ടുള്ളതാണ്‌. ക്ഷത്രം ക്ഷത്രത്തിനെ കൊല്ലുന്നു. മത്സ്യം ജീവിക്കുന്നത്‌ മത്സ്യത്തെ തന്നെ പിടിച്ചു തിന്നിട്ടാണല്ലോ. നായ നായയെ കൊല്ലുന്നു. ഹേ കൃഷ്ണാ, ധര്‍മ്മഗതിയുടെ ക്രമം നോക്കു! പോരില്‍ കലി ബാധിക്കും. നിത്യവും ലോകത്തില്‍ തളര്‍ച്ച ബാധിച്ചു കൊണ്ടിരിക്കും. പോരില്‍ ബലമുള്ളവന്‍ നീതിമാനാണെന്നു പറയും. യുദ്ധത്തില്‍ ജയവും പരാജയവും ഉണ്ടാകും. ജീവികളുടെ ഇച്ഛ പോലെയല്ല, ജീവിതവും മരണവും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. അകാലത്തില്‍ സുഖം കിട്ടുകയില്ല; കാലത്തില്‍ ദുഃഖവും കിട്ടുകയില്ല.

ഒരുത്തന്‍ പലരെ കൊല്ലുന്നു; പലര്‍ ചേര്‍ന്ന്‌ ഒരുത്തനെ കൊല്ലുന്നു; ശൂരനെ ഭീരു കൊല്ലുന്നു. കീര്‍ത്തിമാനെ കീര്‍ത്തി കേള്‍ക്കാത്തവനും കൊല്ലുന്നു. യുദ്ധത്തില്‍ ഇരുപേര്‍ക്കും ജയം കാണുകയില്ല. ഇരുപേര്‍ക്കും പരാജയവും കാണുകയില്ല. പിന്മാറിയാല്‍ ഇടിവുണ്ടാകും; നാശവും ചെലവും വലുതു പറ്റുകയും ചെയും. യുദ്ധം ആളെ ഹനിക്കുമ്പോള്‍ അതു പാപമാകുന്നു, ഹതിയേൽക്കാതെ ഏതൊരുത്തനാണ്‌ യുദ്ധം ചെയ്യുവാന്‍ കഴിയുക! അല്ലയോ ഹൃഷീകേശാ, മഹാനാശം വരുത്തിവെക്കുന്ന യുദ്ധം ജയിച്ചാലും തോറ്റാലും ശരി തന്നെ! ഒപ്പം തന്നെ! എന്നാൽ തോല്മയെന്നതു മരണത്തെക്കാള്‍ ഭയങ്കരമാണ്‌, കനപ്പെട്ടതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. ജയിക്കുന്നവനും വല്ലാത്ത നാശം സംഭവിക്കാതിരിക്കയില്ല. യുദ്ധത്തില്‍ അവസാനം ഇഷ്ടനെ കൊല്ലും. മറ്റുള്ള ചിലര്‍ അങ്ങനെ അവസാനിക്കും. ബലഹീനരായി, അംഗഹീനരായി, യോദ്ധാക്കള്‍ കിടന്നു തന്റെ മക്കളേയും ഭ്രാതാക്കളേയും ശത്രുക്കള്‍ സംഹരിക്കുന്നത്‌ കണ്ടു കൊണ്ടു കിടക്കാനല്ലാതെ അവര്‍ക്ക്‌ ഒന്നിനും കഴിയാതെ വരും. അവസാനം ജീവിതത്തില്‍ വെറുപ്പ്‌ എല്ലാം കൊണ്ടും ഉണ്ടാകും. ഹ്രീമാന്മാരും, ധീമാന്മാരും, കരുണ ഉള്ളവരുമായ പലരും യുദ്ധത്തില്‍ മൃതിയടയും. ഒന്നിനും പോരാത്ത ചിലര്‍ രക്ഷപ്പെടുകയും ചെയ്യും. ശത്രുക്കളെ യാണെങ്കിലും വധിച്ചു കഴിഞ്ഞാല്‍ സങ്കടം തോന്നും. എന്നാൽ ശത്രു അവശേഷിച്ചു നിൽക്കുക യാണെങ്കില്‍ അത്‌ ഏറ്റവും വലിയ അപകടമായി തീരുകയും ചെയ്യും. ശേഷിച്ച ശത്രു വീണ്ടും ബലം നേടി ശക്തനായി വന്ന് അവശേഷിച്ച അവന്റെ ശത്രുക്കളെ കൊന്നൊടുക്കും; ഒന്നും ബാക്കി വെക്കുകയില്ല. വൈരം തീര്‍ക്കുവാന്‍ അവന്‍ പാടേ മുടിച്ചു വിടും. ഇപ്രകാരം വൈരം തോറ്റു പോയവന്‍ വരുത്തിക്കൂട്ടും. പരാജിതന്‍ ദുഃഖം സഹിച്ചിട്ടു പഴുതു നോക്കി വാഴും. ശാന്തനായ മനുഷ്യന്‍ ജയത്തേയും പരാജയത്തേയും പറ്റി ചിന്തിക്കാതെ, അവയിലൊന്നും ഇടപെടാതെ, സുഖമായി കിടന്നുറങ്ങും. വൈരമുള്ള പുരുഷന് വളരെ വിഷമിച്ചേ ഉറക്കം കിട്ടുകയുള്ളു. പാമ്പ്‌ ഇരിക്കുന്ന ഗൃഹത്തില്‍ മനഃസ്സമാധാനത്തോടെ ഉറങ്ങുവാന്‍ കഴിയുമോ? അതു പോലെ വൈരമുള്ള പുരുഷന്റെ മനസ്സിന് സ്വൈരമുണ്ടാവുകയില്ല. അവന്‍ പാടേ ശത്രുവിനെ മുടിക്കുന്നവനായി ഭവിക്കും! അപ്പോള്‍ അവന്റെ കീര്‍ത്തിയും നശിക്കും. എല്ലാക്കാലത്തേക്കും എല്ലായിടത്തേക്കും അവന്റെ ദുഷ്കീര്‍ത്തി പരക്കുകയും ചെയ്യും. എത്രകാലം അടക്കി നിര്‍ത്തിയാലും വൈരങ്ങള്‍ക്കു ശമം സിദ്ധിക്കുന്നതല്ല. കുലത്തില്‍ ഒരു ആണ്‍കുഞ്ഞു ബാക്കിയുണ്ടെങ്കില്‍ ആളുകളൊക്കെ അവനോടു വൈരത്തെപ്പറ്റി പറയുകയായി. വൈരം വൈരം കൊണ്ടു ശമിക്കയില്ല, കൃഷ്ണാ! ഹവിസ്സു കൊണ്ട്‌ അഗ്നി കെടുകയില്ല; അതു വീണ്ടും ആളിക്കത്തുകയേയുള്ളു.

വൈരം വൈരത്തിനാലൊട്ടും ശമിക്കില്ല ജനാര്‍ദ്ദന!

ഹവിസ്സറാലഗ്നിയെ പോലെ വീണ്ടും വൈരം വളര്‍ന്നിടും.

ഒടുവില്‍ ഛിദ്രത്തിനാലല്ലാതെ അതു ശമിക്കുകയില്ല. ഛിദ്രം നോക്കുന്നവര്‍ക്ക്‌ എന്നും ഇത്തരത്തില്‍ ദോഷം സംഭവിക്കുകയും ചെയ്യും. പുരുഷനെ ബാധിക്കുന്ന ശക്തി കൂടിയ രോഗം ഹൃദയവ്യഥയാണ്‌. അതു വിട്ടൊഴിഞ്ഞാല്‍ സൗഖ്യം മരണത്താലും സിദ്ധിക്കും.

എന്നാൽ ശത്രുക്കളുടെ മൂലച്ഛേദത്താല്‍ ഫലനിവൃത്തി വര്‍ദ്ധിക്കുന്നു. എന്നാൽ അത്‌ ഏറ്റവും നൃശംസമായിക്കൂടാ. വിട്ടൊഴിഞ്ഞിട്ടും ശമം സിദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ അത്‌ വധത്തിലെത്തിക്കും. വിട്ടൊഴിക്കുവാന്‍ ഇക്കാര്യത്തില്‍ ഞാന്‍ വിചാരിക്കുന്നില്ല. എന്നാൽ വംശച്ഛേദം വരുത്തുവാനും എനിക്ക്‌ ആഗ്രഹമില്ല. ഈ സന്ദര്‍ഭത്തില്‍ നമസ്‌കാരം കൊണ്ടു സാധിക്കുന്ന ശമമാണ്‌ ഉത്തമമായിട്ടുള്ളത്‌. എല്ലാവിധത്തിലും യുദ്ധം കൂടാതെ കാര്യം നേടുവാന്‍ ശ്രമിച്ചു നോക്കുകയാണു നല്ലത്‌. ക്ലീബത്വം ഒരിക്കലും പാടില്ല. സാന്ത്വം തീരെ പറ്റുകയില്ലെന്നു വന്നാല്‍ യുദ്ധം തന്നെ വേണ്ടി വരും. ക്രൂരകര്‍മ്മം അവസാനക്കൈ ആയേ എടുക്കാവൂ. നായ്ക്കളുടെ ബഹളം പോലെ മാത്രമേ പണ്ഡിതന്മാര്‍ യുദ്ധത്തിനെ കാണുകയുള്ളു. വാലിളക്കുക, മുരളുക, എതിര്‍ മുരളുക, പല്ലിളിച്ചു കാട്ടുക, കുരയ്ക്കുക, പിന്നെ യുദ്ധം തുടരുക ഇതൊക്കെയാണ്‌ നായ്ക്കളുടെ സമ്പ്രദായം. അങ്ങനെ ബലവാനായ നായ എതിരാളിയെ കടിച്ചു വീഴ്ത്തി ശത്രുവിന്റെ മാംസം ഭക്ഷിക്കും. മനുഷ്യരുടെ മട്ടും ഇതില്‍ നിന്ന്‌ ഒട്ടും വൃത്യസ്തമല്ല. ഇതൊക്കെ ശക്തിയുള്ളവര്‍ ശക്തിയുള്ളവരില്‍ കാണിക്കുന്ന മട്ടാണ്‌. അനാദരവും വിരോധവും ഉണ്ടാവുക. അതില്‍ ദുര്‍ബ്ബലന്‍ താണുപോകും. അച്ഛനും വൃദ്ധനുമായ രാജാവ്‌ എല്ലാ വിധത്തിലും മാനിക്കത്തക്കവനാണ്‌. എന്നാൽ മാന്യനായ ധൃതരാഷ്ട്രന്‍ പൂജ്യനാകേണ്ടവനല്ലേ, ജനാര്‍ദ്ദനാ? പുത്രസ്നേഹം വര്‍ദ്ധിച്ചവനായ ആ ധൃതരാഷ്ട്രന്‍ പുത്രവശഗനായി നിൽക്കുകയാല്‍ എങ്ങനെ അദ്ദേഹത്തെ നമസ്കരിക്കും? എങ്ങനെ അദ്ദേഹം അതിന് അര്‍ഹനാകും? അതില്‍ ഭവാന്‍ എന്തു വിചാരിക്കുന്നു? പിന്നെ കാലാനുരൂപമായി വേണ്ടതു ചെയ്യാം.

അര്‍ത്ഥവും ധര്‍മ്മവും ഞങ്ങള്‍ക്ക്‌ ഇല്ലാതാക്കരുതേ, കേശവാ ഇങ്ങനെയുള്ള അര്‍ത്ഥ കൃച്ഛ്റാവസരത്തില്‍ സംശയ നിവാരണത്തിന് നീയല്ലാതെ മറ്റ്‌ ആരാണു ഞങ്ങള്‍ക്കുള്ളത്‌? ഹേ പുരുഷോത്തമാ, മധുസൂദനാ, നീ പ്രിയനും, പ്രിയങ്കരനും, എല്ലാ കര്‍മ്മത്തിന്റേയും ഗതി കണ്ടവനും ആണല്ലോ. ഞങ്ങള്‍ക്ക്‌ നിന്നെ പോലെ അറിവു പറഞ്ഞു തരാന്‍ പറ്റിയ സഖി വേറേയില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ മാധവന്‍ അതിന് ഉത്തരമായി പറഞ്ഞു: നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും വേണ്ടി (ഭവാനും ദുര്യോധനനും വേണ്ടി), കുരുസഭയിലേക്കു ഞാന്‍ പോകാം. കാര്യത്തിന് വിഘ്നം കൂടാതെ ശമം ലഭിക്കുകയാണെങ്കില്‍ വലിയ ഫലമായ പുണ്യം ഞാന്‍ സാധിച്ചു എന്നും ആകാമല്ലോ. മൃത്യുപാശത്തില്‍ നിന്ന്‌ രുഷ്ടരായ ഗുരുജനങ്ങളേയും, സഞ്ജയവീരന്മാരേയും, പാണ്ഡവന്മാരേയും, ധാര്‍ത്തരാഷ്ട്രന്മാരേയും മാത്രമല്ല, ഈ ലോകത്തെ മുഴുവനും തന്നെ രക്ഷിച്ചു എന്നും വരാമല്ലോ!

യുധിഷ്ഠിരന്‍ പറഞ്ഞു; ഭവാന്റെ കൗരവസഭയിലേക്കുള്ള യാത്ര എനിക്ക്‌ അത്ര പിടിക്കുന്നില്ല. നന്നായി നന്മയ്ക്കു വേണ്ടി പറയുന്ന ഭവാന്റെ വാക്കുണ്ടോ സുയോധനന്‍ കൈക്കൊള്ളുന്നു? ഭൂമിയിലുള്ള രാജാക്കന്മാരില്‍ മിക്കവരും ദുര്യോധനന്റെ പാട്ടിലാണു നിൽക്കുന്നത്‌. അവരുടെ മദ്ധ്യത്തിലേക്കുള്ള ഭവാന്റെ ഈ പോക്ക്‌ എനിക്കു ബോധിക്കുന്നില്ല. അവര്‍ ഭവാനെ ദ്രോഹിക്കുകയാണെങ്കില്‍ സര്‍വ്വദേവൈശ്വര്യവും ദ്രവ്യദേവപ്രദമായ സുഖവും ഞങ്ങളെ തൃപ്തിപ്പെടുത്തുകയില്ല.

കൃഷ്ണന്‍ പറഞ്ഞു: അല്ലയോ മഹാരാജാവേ, ഞാന്‍ ധാര്‍ത്തരാഷ്ട്രന്റെ ദുഷ്ടത അറിഞ്ഞു കൊണ്ടു തന്നെയാണ്‌ പോകാമെന്നു വിചാരിക്കുന്നത്‌. പിന്നീടു നമ്മെ രാജാക്കന്മാരാരും തന്നെ കുറ്റം പറയുവാന്‍ വഴിവെക്കരുത്‌. നാം അങ്ങേയറ്റം ക്ഷമയോടെ പരിശ്രമിച്ച്‌ വിട്ടു വീഴ്ചകള്‍ക്കു സന്നദ്ധരായി ഗതിമുട്ടിയിട്ടാണ്‌ യുദ്ധത്തിന് ഒരുങ്ങിയതെന്ന്‌ എല്ലാവരും അറിയണം. എല്ലാ രാജാക്കന്മാരും ഒന്നിച്ചു ചേര്‍ന്നാലും നമ്മളോടു പോരിന് നേരിടാന്‍ പോരാ. അന്യജന്തുക്കളൊക്കെ ചേര്‍ന്ന്‌ സിംഹത്തിനോട് ഇടഞ്ഞാലെന്ന വിധമാണ്‌ എനിക്ക്‌ അവരൊക്കെ കൂടി വന്നാല്‍. എന്നില്‍ അവര്‍ വല്ല അയുക്തവും ചെയ്തുവെങ്കില്‍, ഞാന്‍ അവിടെ വെച്ച്‌ കുരുക്കളെ മുഴുവന്‍ ഭസ്മമാക്കും. അതു തീര്‍ച്ചയാണ്‌. ഞാന്‍ അവിടെ പോയാല്‍ ഫലം ഇല്ലാതെവരില്ല. ഒരു സമയം അര്‍ത്ഥലാഭം ഉണ്ടാകും; അല്ലെങ്കില്‍ അപവാദമില്ലായ്മ ഉണ്ടാകും.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭവാന്റെ ഇഷ്ടം പോലെയാകട്ടെ കൃഷ്ണാ! ശുഭം ഭവിക്കട്ടെ. ഭവാന്‍ കൗരവ സഭയിലേക്കു പോയാലും. കൃതാര്‍ത്ഥനായി, സ്വസ്തിമാനായി ഭവാന്‍ മടങ്ങി വന്നു കാണുമാറാകട്ടെ! കുരുനാട്ടില്‍ ചെന്ന്‌, ഹേ, വിഷ്വക്സേനാ, ഭവാന്‍ ഭാരതരില്‍ എല്ലാവരും ചേര്‍ന്ന്‌ അഭിനന്ദിക്കുന്ന വിധം ശമംവളര്‍ത്തുക. ഭവാന്‍ ഫല്‍ഗുനന് ഭ്രാതാവും ഇഷ്ടനുമാണ്‌. എനിക്കാണെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവനുമാണ്‌. സൗഹൃദത്താല്‍ ശങ്ക വിട്ടവനായ ഭവാന്‍ ഭൂതിക്കു വേണ്ടി സ്വസ്തി നേടിയാലും! ഞങ്ങളേയും, പൗരന്മാരേയും കാര്യവും വേണ്ട വാക്കും അറിഞ്ഞവനായ ഭവാന്‍ ഹിതം ദുര്യോധനനോടു പറയണേ! ധര്‍മ്മത്തോടൊത്തു തീര്‍ത്ത ഹിതം അങ്ങു പറയുക. സാന്ത്വം പ്രയോഗിച്ചു നോക്കുക, പറ്റിയില്ലെങ്കില്‍ പിന്നത്തെക്കൈ പ്രയോഗിക്കുക! എല്ലാം ഭവാനറിയാമല്ലോ!

73. കൃഷ്ണവാക്യം - കൃഷ്ണന്‍ യുധിഷ്ഠിരനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു - ശ്രീഭഗവാന്‍ പറഞ്ഞു:ഹേ യുധിഷ്ഠിരാ! സഞ്ജയന്റേയും ഭവാന്റേയും വാക്കുകള്‍ ഞാന്‍ കേട്ടു. ശത്രുക്കളുടേയും ഭവാന്റേയും അഭിപ്രായവും അറിഞ്ഞു. ഭവാന്റെ ബുദ്ധി ധര്‍മ്മാശ്രിതമായി നിൽക്കുന്നു. അവരുടെ ബുദ്ധിയാണെങ്കില്‍ വൈരത്തില്‍ തന്നെ ആശ്രയിച്ചു നിൽക്കുന്നു. യുദ്ധം കൂടാതെ കിട്ടുന്നതാണു ഭവാന്‌ ഏറ്റവും സമ്മതമായിട്ടുള്ളത്‌. നൈഷ്ഠിക ബ്രാഹ്മണന്റെ തൊഴില്‍ ക്ഷത്രിയന് യോജിച്ചതല്ല. എല്ലാ ആശ്രമികളും പറയുന്നത്‌ എന്താണെന്ന് അറിയുമോ? ക്ഷ്രതിയന്‍ ഭിക്ഷാടനത്തിന് പോകരുത്‌ എന്നാണ്‌. യുദ്ധത്തില്‍ ജയമുണ്ടാകാം; പരാജയമുണ്ടാകാം. അതു പണ്ടേ തന്നെ ബ്രഹ്മാവ്‌ വിധിച്ചിട്ടുള്ളതാണ്‌. ക്ഷത്രിയന്റെ സ്വധര്‍മ്മമാണ്‌ ഇത്‌. കൃപണത്വം ഒരിക്കലും പ്രശംസാര്‍ഹമല്ല, കാര്‍പ്പണ്യം കൊണ്ട്‌ ക്ഷത്രിയന് വൃത്തി നേടുവാന്‍ കഴിയുകയില്ല. വിക്രമിക്കുക! വൈരികളെ കൊല്ലുക! ഹേ, വീരാ! പരന്തപാ! അതിന് തയ്യാറായി കൊള്ളുക. ധാര്‍ത്തരാഷ്ട്രന്മാര്‍ ലുബ്ധരാണ്‌, ഏറ്റവും പ്രിയപ്പെട്ടവരാണ്‌, ഏറെക്കാലം ഒന്നിച്ചു വസിച്ചവരാണ്‌, മിത്രസൈന്യ ബലാഢ്യന്മാരാണ്‌. അവര്‍ ഭവാനുമായി സമനിലയ്ക്ക്‌ ഒക്കുന്നവരല്ല. ഭീഷ്മദ്രോണ ന്യപന്മാര്‍ കൂടെയുള്ളതു കൊണ്ട്‌ മഹാബലന്മാരാണു തങ്ങള്‍ എന്നു വിചാരിക്കുന്നവരാണ്‌. അവര്‍ക്കു മാര്‍ദ്ദവവും ഉപചാരവുമാകാത്ത കാലത്തോളം അവര്‍ ഭവാനുള്ള രാജ്യം ഹരിക്കുക തന്നെ ചെയ്യും. നിങ്ങളില്‍ കൃപ കൊണ്ടോ, നിങ്ങളുടെ ദൈന്യത ഓര്‍ത്തോ, ധര്‍മ്മാര്‍ത്ഥങ്ങളെ ചിന്തിച്ചോ, ധാര്‍ത്തരാഷ്ട്രന്‍, ഭവാന്റെ അഭീഷ്ടം നടത്തുകയില്ല. ഇക്കാരണത്താല്‍ ഭവാന്‍ കഷ്ടപ്പെട്ട്‌ കാപീന ധാരിയായി കാട്ടില്‍ വാണസമയത്തും അവര്‍ ഭവാന്റെ കഷ്ടപ്പാടില്‍ അല്പമെങ്കിലും അനുതപിക്കുക ഉണ്ടായില്ല. പിതാമഹനായ ഭീഷ്മൻ, ആചാര്യനായ ദ്രോണൻ, പിന്നെ ധീമാനായ വിദുരന്‍, സജ്ജനങ്ങളായ വിപ്രന്മാര്‍, നല്ലവരായ രാജാക്കന്മാര്‍, നഗരവാസികളെല്ലാം, എല്ലാ കുരുപ്രവരന്മാരും ഇവരൊക്കെ യഥാര്‍ത്ഥമായ വിധം സത്യാവസ്ഥ കണ്ടു കൊണ്ടിരിക്കെ ദാന്തനും, ദാതാവും ഏറ്റവും മൃദുശീലനും, ദാനശീലനും, അനുവ്രതനുമായ ഭവാനെ ചൂതില്‍ വഞ്ചിച്ച്‌, കളവുകാട്ടി, പരാജയപ്പെടുത്തി. ആ നൃശംസന്‍ തന്റെ കര്‍മ്മത്താല്‍ നാണിക്കുന്നുണ്ടോ? ഇങ്ങനെ നാണം കെട്ട ശീലാചാരമുള്ളവനില്‍ സ്നേഹം ഒരിക്കലും ഭാവിക്കരുതു രാജാവേ! അവരെ കണ്ടേടത്തു വെച്ചു കൊല്ലേണ്ടവരാണ്‌. പണ്ടേ തന്നെ അവരെ നിങ്ങള്‍ കൊന്നു കളയേണ്ടതായിരുന്നു. അനുജന്മാരോടു കൂടിയ ഭവാനെ അനുചിതമായ വാക്കു കൊണ്ട്‌ അവന്‍ കുത്തിയില്ലേ? അനുജനോടു കൂടി തന്നത്താന്‍ വാഴ്ത്തുകയും, ഹര്‍ഷിക്കുകയും, ഭവാനെ അധിക്ഷേപിക്കുകയും ചെയ്തില്ലേ? അവര്‍ക്ക്‌ ഇന്നത്തെ പോലെ സ്വത്ത്‌ അന്നുണ്ടായിരുന്നില്ല. ഇനി അവര്‍ക്ക്‌ പേരും, പെരുമയും, ഗോതവ്രും ശേഷിക്കുവാന്‍ പോകുന്നില്ല. ഏറെക്കാലത്തേക്ക്‌ ഇവര്‍ക്കു പരാഭവം വന്നു കൂടും. പ്രകൃതിയുടെ പ്രചോദനത്താല്‍ നഷ്ടപ്രകൃതികളായി അവര്‍ എന്നില്‍ എത്തിച്ചേരും. അവരുടെ നാശകാലമായി.

ദുഷ്ടപാപിയായ ദുശ്ശാസനന്‍ ചൂതുനടന്ന അന്ന്‌ അനാഥയെ പോലെ ദ്രൗപദീ ദേവിയെ മുടി ചുറ്റിപ്പിടിച്ചു വലിച്ച്‌ രാജാക്കന്മാര്‍ ഇരിക്കുന്ന സഭയില്‍ കൊണ്ടു വന്നു. ഭീഷ്മദ്രോണന്മാരുടെ കണ്ണിന് മുമ്പില്‍ വെച്ചു പീഡിപ്പിച്ചു. "പശു പശു" എന്നോതി പരിഹസിച്ചു. ഭവാന്‍ തടുത്തതു കൊണ്ട്‌ ഭീമവിര്യന്മാരായ ഭവാന്റെ ഭ്രാതാക്കള്‍ ധര്‍മ്മപാശക്കെട്ടിനെ മാനിച്ച്‌ അപ്പോള്‍ പ്രതികാര നടപടികളൊന്നും ചെയ്യുകയുണ്ടായില്ല. ഇത്തരം പ്രവൃത്തികള്‍ ചെയ്യുകയും പരുഷോക്തികള്‍ പറയുകയും ചെയ്ത അവര്‍ ഭവാന്‍ കാടു കയറിയപ്പോള്‍ ജഞാതിമദ്ധ്യത്തില്‍ സന്തോഷിക്കുക യാണുണ്ടായത്‌.

അന്ന്‌ ആ സഭയിൽ ഉണ്ടായിരുന്നവർ എല്ലാം തെറ്റു ചെയ്യാത്ത ഭവാനെ കണ്ടു. അവരൊക്കെ കണ്ഠം സ്തം ഭിച്ച്‌ ബാഷ്പം പൊഴിച്ചു കരഞ്ഞു കൊണ്ട്‌ സഭാമദ്ധ്യത്തിൽ ഇരുന്നു. ആ സഭയിൽ ഉണ്ടായിരുന്ന രാജാക്കന്മാരും, ബ്രാഹ്മണരും ആരും തന്നെ ദുര്യോധനന്റെ ആ പ്രവൃത്തിയെ ശ്ലാഘിക്കുകയുണ്ടായില്ല. സഭാവാസികളൊക്കെ ദുര്യോധനനെ നിന്ദിച്ചു. കുലീനന്മാര്‍ക്കു നിന്ദ കേള്‍ക്കുന്നതില്‍ ഭേദം വധമാണ്‌. മരണമാണു ശ്രേഷ്ഠം. വധിക്കുന്നതിനേക്കാള്‍ ക്രൂരമായ ദ്രോഹമാണ്‌ കുലീന നിന്ദ! ആ നിന്ദ നാണം കെട്ട്‌ കേട്ട ദുര്യോധനന്‍ ചത്തവനാണ്‌. നാട്ടിലുള്ള രാജാക്കന്മാരുടേയും സജ്ജനങ്ങളുടേയും നാട്ടുകാരായ മഹാജനങ്ങളുടേയും ഒക്കെ നിന്ദയ്ക്കു പാത്രമായി ആ പുരുഷാധമന്‍ നാണം കെട്ടു ജീവിക്കുന്നു. ഈ നിലയിലുള്ളവന്റെ വധകാര്യം വളരെ എളുപ്പമാണ്‌. അവന്റെ കഥ ഇത്തിക്കണ്ണി പിടിച്ച്‌, വേരുകെട്ട വൃക്ഷത്തിന്റേതു പോലെയാണ്‌. വിഷമുള്ള പാമ്പിനെ തല്ലിക്കൊല്ലുന്നതു പോലെ ആ ദുഷ്ടനെ അടിച്ചു കൊന്നു കളയണം. ഹേ ശത്രുഘ്നാ, ഈ ദുര്യോധനനെ കൊന്നു കളയുക. രാജാവേ, ഇക്കാര്യത്തില്‍ ഒട്ടും ശങ്കിക്കേണ്ടതില്ല. എല്ലാം കൊണ്ടും ചെയ്യേണ്ടതായ പ്രവൃത്തി അങ്ങയ്ക്ക്‌ ഇതാണ്‌ എന്നെനിക്കു ബോദ്ധ്യമായി. പിതാവിനേയും ഭീഷ്മനേയും നീ ഏറ്റവും വണങ്ങേണ്ടതാണ്‌. ഞാന്‍ അവിടെ ചെന്ന്‌ എല്ലാവരുടേയും സംശയം തീര്‍ത്തു പോരാം. ദുര്യോധനനന്റെ പേരില്‍ രണ്ടു പക്ഷമുള്ളവരുണ്ടാകും. ഞാന്‍ അവിടെ ചെന്ന്‌ രാജാക്കന്മാരുടെ സഭാമദ്ധ്യത്തില്‍ വെച്ച്‌ പുരുഷന്മാര്‍ക്കു ചേര്‍ന്ന സല്‍ഗുണങ്ങള്‍ അങ്ങയ്ക്കുള്ളതായി എല്ലാം പറയാം. അതോടു കൂടെ തന്നെ ദുര്യോധനന്റെ ദുര്‍ഗ്ഗുണങ്ങളെ പറ്റിയും പറയാം. ധര്‍മ്മാര്‍ത്ഥം ചേര്‍ന്ന്‌ ഹിതമായി ഞാന്‍ അങ്ങയെപ്പറ്റി പറയുമ്പോള്‍ നാനാരാജ്യങ്ങള്‍ ഭരിക്കുന്ന രാജാക്കന്മാര്‍ അതൊക്കെ കേട്ട്‌ യുധിഷ്ഠിരന്‍ ധര്‍മ്മശീലനാണെന്നും, സത്യവാദിയാണെന്നും വിശ്വസിക്കുന്നതിന്നിട വരും. (ഇപ്പോള്‍ നേരെ മറിച്ചായിരിക്കും. അവരെ ധരിപ്പിച്ചിരിക്കുക. ) ദുര്യോധനന്‍ ദുരാശയാല്‍ ചെയ്ത കര്‍മ്മങ്ങളൊക്കെ അവര്‍ അറിയും. പൗരന്മാരും ജാനപദന്മാരും വൃദ്ധന്മാരും ബാലന്മാരും നാലു വര്‍ണ്ണങ്ങളും നിൽക്കുന്നിടത്തു വെച്ചും ഭവാന്‍ ശമത്തിനായി കാംക്ഷിക്കുന്നത്‌ ഞാന്‍ ഉറപ്പിച്ചു പറയും. ശമം യാചിക്കുന്ന ഭവാന്‍ അധര്‍മ്മം ഒരിക്കലും ബാധിക്കുകയില്ല. ഈ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ അവര്‍ കുരുക്കളേയും ധൃതരാഷ്ട്രനേയും നിന്ദിക്കുന്നതാണ്‌. ലോകര്‍ അവനെ ഉപേക്ഷിച്ചാൽ പിന്നെ ശേഷിക്കുന്ന കാര്യമെന്താണ്‌? ദുര്യോധനനെ കെടുത്തി കളഞ്ഞാല്‍ പിന്നെ ചെയ്യേണ്ടത് എന്താണ്‌? പിന്നെ ഞാന്‍ പോയി കുരുക്കളോടെല്ലാം ഭവാന്റെ കാര്യം കൈവിടാതെ ശമത്തിനായി പ്രയത്നിക്കാം. അവരുടെ മട്ടും മാതിരിയും പ്രവൃത്തിയും നോക്കി അറിയുകയും ചെയ്യാം. കുരുക്കളുടെ തൊഴിലും യുദ്ധ സംബന്ധമായി എല്ലാ സംഗതികളും കേട്ടറിഞ്ഞ്‌ ഭവാന്റെ ജയത്തിനായി ഞാന്‍ പോയിവരാം. എല്ലാ വിധത്തിലും ശത്രുക്കളോടു യുദ്ധം ചെയ്യണം എന്നാണു ഞാന്‍ വിചാരിക്കുന്നത്‌. അതിന് അനുകൂലമായ നിമിത്തങ്ങളേ ഞാന്‍ എല്ലായിടത്തും കാണുന്നുള്ളു.

മൃഗങ്ങളും പക്ഷികളും അശുഭമായ ഘോരശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. സന്ധ്യാസമയത്ത്‌ ഹവ്യവാഹന്‍ ആനകളിലും കുതിരകളിലും ഘോരമായ രൂപങ്ങള്‍ എടുക്കുകയും ഘോരരൂപങ്ങള്‍ കാട്ടുകയും ചെയ്യുന്നു. മനുഷ്യലോകക്ഷയകാരിയും ഘോരനുമായ അന്തകന്‍ ഇങ്ങോട്ടു വന്നു ചേരാതിരിക്കുവാന്‍ ഇനി കാരണം കാണുന്നില്ല. ശസ്ത്രങ്ങള്‍, യന്ത്രം, കവചം, രഥങ്ങള്‍, ആനകള്‍, അശ്വങ്ങള്‍ ഇവയെല്ലാം ഒരുക്കി സൈനികരെല്ലാം സന്നദ്ധരായി നില്ക്കട്ടെ! തേര്‍, ആന, കുതിര ഇവകളില്‍ വേണ്ടതെല്ലാം യുദ്ധത്തിന് വേണ്ടി സജ്ജീകരിച്ചു നിര്‍ത്തുക. ദുര്യോധനന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ഭവാന്റെ രാജ്യം ലേശവും വിട്ടു തരുന്നതല്ല. അതു ഭവാനോട്‌ ചൂതില്‍ ചതിച്ച്‌ തട്ടിയെടുത്തതല്ലേ? സമൃദ്ധമായ ആ പാണ്ഡവരാജ്യം അവന്‍ കൈവിടുമെന്ന്‌ ഭവാന്‍ വിചാരിക്കേണ്ട.

74. ഭീമവാക്യം - ഭീമസേനന്റെ ശാന്തിപ്രസ്താവന - ഭീമസേനന്‍ പറഞ്ഞു: ഏതേതു വിധത്തിലായാല്‍ പാണ്ഡവര്‍ക്കു ശമം ആകുമോ അതാതു വിധം ഭവാന്‍ പറഞ്ഞാലും, യുദ്ധത്തിന്റെ കാര്യം പറഞ്ഞ്‌ ഭയപ്പെടുത്താന്‍ നോക്കരുത്‌. കൗരവനോട്‌ ഉഗ്രമായി പറയരുത്‌. സാമം ആചരിച്ചാല്‍ മതി. അവന്‍ ഐശ്വര്യമദത്താല്‍ മത്തനും പാണ്ഡവന്മാരില്‍ വൈരവാനുമാണ്‌. ദീര്‍ഘദര്‍ശിയല്ല. അവന്‍ ക്രൂരനാണ്‌. ഗര്‍ഹിക്കുന്നവനാണ്‌. ക്രൂരവിക്രമനാണ്‌. ദീര്‍ഘമായ കോപം അടങ്ങാത്തവനാണ്‌. പാപശീലനാണ്‌. ചതിയില്‍ താല്‍പര്യമുള്ളവനാണ്‌. ചത്താലും കീഴടങ്ങാത്തവനും തന്റെ നിശ്ചയം വിടാതെ പിടിക്കുന്നവനുമാണ്‌. അത്തരക്കാരുമായി ശമം എളുപ്പമല്ല, പരമദുഷ്കരമാണ്‌. ഇഷ്ടന്മാര്‍ക്കു തെറ്റി നിൽക്കുന്നവനും, ധര്‍മ്മം വിട്ടവനും, വ്യാജത്തില്‍ മനസ്സു വെച്ചവനും, സുഹൃത്തുക്കള്‍ പറഞ്ഞാലും കേള്‍ക്കാത്തവനും, മന്യുവിന്റെ അധീനത്തില്‍ നിൽക്കുന്നവനും, ദുഃസ്വഭാവിയും പുല്ലില്‍ ഒളിച്ചിരിക്കുന്ന സര്‍പ്പത്തേ പോലെ, സ്വഭാവാല്‍ പാപിയുമാണ്‌ ദുര്യോധനന്‍. അവന്റെ സൈന്യവും, ശീലവും, സ്വഭാവവും, ബലവും, പരാക്രമവുമൊക്കെ ഞാന്‍ പറയാതെ തന്നെ ഭവാന് അറിവുള്ളതാണല്ലോ. കുരുക്കളും മക്കളോടും കൂടി അതേ വിധത്തില്‍ ഞങ്ങളും ഇന്ദ്രജ്യേഷ്ഠന്മാര്‍ പോലെ സബാന്ധവരായി മോദത്തോടെ ജീവിക്കുവാന്‍ ഇടവരുത്തണം. ദുര്യോധനന്റെ ക്രോധം മൂലം ഭാരതരൊക്കെ വേനൽക്കാലത്ത്‌ അഗ്നി പിടിപെട്ട അടവി പോലെ വെന്തു നശിക്കും! പതിനെട്ടു രാജാക്കള്‍ പേര്‍ കേട്ടവരായിരുന്നു. അവര്‍ ബന്ധുക്കളോടു കൂടി സുഹൃത്തുക്കളുടേയും ജഞാതികളുടേയും വര്‍ഗ്ഗം മുടിച്ചവരാണ്‌. തേജസ്സാല്‍ ജ്വലിക്കുന്ന സമൃദ്ധാസുരന്മാര്‍ക്കു ധര്‍മ്മം ക്ഷയിച്ചപ്പോള്‍ കലി ബാധിച്ചു. ഹേഹയന്മാര്‍ക്ക്‌ ഉദാവര്‍ത്തന്‍, നീചന്മാര്‍ക്ക്‌ ജനമേജയന്‍, താലജംഘര്‍ക്ക്‌ ബഹുളന്‍, കൃമികള്‍ക്ക്‌ ഉദ്ധതനായ വസു, സുവീരര്‍ക്ക്‌ അജവിന്ദു, സുരാഷ്ട്രര്‍ക്ക്‌ രുഷര്‍ദ്ധികന്‍, ബലീഹര്‍ക്ക്‌ അര്‍ക്കജന്‍, ചീനന്മാര്‍ക്ക്‌ ധൗതമൂലകന്‍, വിദേഹന്മാര്‍ക്ക്‌ ഹയ്രഗീവന്‍, മഹജര്‍ക്ക്‌ ഹരയു, സുന്ദരവംശര്‍ക്ക്‌ ബാഹു, ദീപ്താക്ഷര്‍ക്ക്‌ പുരൂരവന്‍, ചേദി മത്സ്യന്മാര്‍ക്ക്‌ സഹജന്‍, പ്രവീരര്‍ക്ക്‌ വൃഷധ്വജന്‍, ചന്ദ്രവന്ധര്‍ക്ക്‌ വാരണന്‍, മുകുടര്‍ക്ക്‌ വിഗാഹനന്‍, നന്ദിവേഗന്മാര്‍ക്ക്‌ ശമന്‍ ഇവരൊക്കെ കുലപാംസനന്മാരാണ്‌. യുഗാന്തത്തില്‍ തങ്ങളുടെ കുലത്തില്‍ പെറ്റുണ്ടായ പുരുഷാധമന്മാരാണ്‌ ഇവര്‍. കുരുക്കളായ ഞങ്ങളുടെ വംശത്തെ നശിപ്പിക്കുവാന്‍ യുഗാന്തത്തില്‍ പിറന്ന കാല സംഭൂതനായേക്കാം കുലാംഗാരനും ഹീനനും പാപപുരുഷനുമായ ദുര്യോധനന്‍. അതു കൊണ്ട്‌ ഭവാന്‍ മൃദുവായി, മെല്ലെ, കോപിക്കാതെ, സമയമായി, ധര്‍മ്മാര്‍ത്ഥത്തോടു കൂടിയ ഹിതം അവനോടു പറയുക. ഹേ ഉഗ്രവിക്രമനായ കൃഷ്ണാ, ഉഗ്രം അവനോടു പറയരുത്‌. ഹേ, കൃഷ്ണാ! ദുര്യോധനന്റെ കീഴില്‍ നിന്ന്‌ ഈ ഞങ്ങളൊക്കെ താഴ്ന്നവരായി പിന്‍തുടര്‍ന്നു കൊള്ളാം. എന്നാലും ഭാരതന്മാര്‍ നശിക്കാതിരിക്കട്ടെ!

കുരുക്കളോടു ഞങ്ങള്‍ക്ക്‌ ഔദാസീന്യം വരുന്ന വിധം ഭവാന്‍ പ്രവര്‍ത്തിച്ചാലും കുരുവം ശം നശിക്കാതിരിക്കട്ടെ! വൃദ്ധനായ പിതാമഹനോടും സഭ്യരോടും ഹരേ, ഭവാന്‍ യഥോചിതം പറഞ്ഞാലും. ഭ്രാതൃസൗഭ്രാത്രം ഒക്കുമാറാകട്ടെ. സുയോധനന്‍ ശമിക്കട്ടെ! ഞാന്‍ ഇപ്രകാരം പറയുന്നു. രാജാവും എന്റെ അഭിപ്രായത്തെ പ്രശംസിക്കുന്നു. അര്‍ജ്ജുനനും യുദ്ധത്തില്‍ ആഗ്രഹമില്ല. അര്‍ജ്ജുനന് ദയ വളരെ കൂടുതലാണ്‌.

75. ഭീമോത്തേജക കൃഷ്ണവാക്യം - കൃഷ്ണന്‍ ഭീമനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഭീമന്റെ ഈ വാക്കു കേട്ട, മുമ്പൊരിക്കലും കാണാത്ത മാര്‍ദ്ദവം ചേര്‍ന്ന ഈ വാക്കു കേട്ട്‌, കൃഷ്ണന്‍ മന്ദസ്മിതം തൂകി. കുന്നിന്റെ നടുവില്‍ ഉറവു പോലെയും, അഗ്നിക്കു ശീതളത്വം പോലെയും, ഭീമനില്‍ ഈ സ്വഭാവഭേദം കണ്ടപ്പോള്‍ രാമാനുജനായ ശാര്‍ങ്ഗി ഭീമസേനനെ നോക്കി നിന്നു. കാറ്റ്‌ അഗ്നിയെയെന്ന പോലെ വാക്കു കൊണ്ടു ശൗര്യം ജ്വലിപ്പിക്കുന്ന വിധം, കൃപ കൊണ്ട്‌ അലിഞ്ഞു നിൽക്കുന്ന വൃകോദരനെ നോക്കി കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

ഭഗവാന്‍ പറഞ്ഞു: എടോ ഭീമാ, നീ മുമ്പെ യുദ്ധത്തിനെ തന്നെ പുകഴ്ത്തി പറഞ്ഞിരുന്നുവല്ലൊ. ക്രൂരനായ ധാര്‍ത്തരാഷ്ട്രനെ വധിക്കുവാന്‍ നീ വധത്തിന് തന്നെ ഉദ്യുക്തനായിരുന്നുവല്ലൊ. ഉറങ്ങാതെ എപ്പോഴും ഉണര്‍ന്നു തന്നെ കിടന്നിരുന്ന നീ, അടങ്ങാതെ എപ്പോഴും ഉഗ്രവാക്കു പറഞ്ഞിരുന്ന നീ, നെടുവീര്‍പ്പിട്ട്‌ അഗ്നി പോലെ കോപം കത്തിജ്ജലിച്ചിരുന്ന നീ, മനസ്സടങ്ങാതെ തീക്കൊള്ളി പോലെ പുകഞ്ഞിരുന്ന നീ, ഭാരാര്‍ത്തനായ ദുര്‍ബ്ബലനെ പോലെ കിതച്ചു കൊണ്ട്‌ കിടന്നിരുന്ന നീ, എന്തേ ഇങ്ങനെയാവാന്‍! അന്നു നിന്റെ ഈ ഭാവഭേദങ്ങള്‍ കണ്ടിരുന്ന ജനങ്ങള്‍ നീ ഉന്മത്തനാണെന്നു പറഞ്ഞിരുന്നു! മരങ്ങള്‍ വേരോടെ പറിച്ച്‌ ആനയെ പോലെ ഒടിച്ച്‌ ഹേ, ഭീമാ! നീ ഭൂമി കുലുക്കി ഓടാറില്ലേ? ഈ ജനങ്ങളെ കണ്ടാല്‍ സന്തോഷിക്കുകയോ, വിജനം വിടുകയോ ചെയ്യാതെ, രാവും പകലും ആരേയും അഭിനന്ദിക്കാതെ വാണിരുന്ന നീ, പെട്ടെന്ന്‌ അകാരണമായി ചിരിക്കുകയും, പിന്നെ അപ്രകാരം തന്നെ കരയുകയും, മുട്ടിന്മേല്‍ തലയും വെച്ചു കണ്ണു ചിമ്മി ഇരിക്കുകയും പുരികം വളച്ച്‌ പിന്നേയും പിന്നേയും ചുണ്ടു കടിക്കുകയും ചെയ്തു കൊണ്ട്‌ സഹിക്ക വയ്യാത്ത കോപത്തോടെ നീ എങ്ങനെയൊക്കെ കാണപ്പെട്ടിരുന്നു! മുന്‍ഭാഗം അഗ്നിസദൃശമായ രശ്മി ചൊരിയുന്നവനായി സൂര്യദേവനെ കാണാം. പിന്നെ അഗ്നി അടങ്ങി ശാന്തനായ വിധത്തില്‍ ചുറ്റുന്നതായും കാണാം. അങ്ങനെ സത്യം ഞാന്‍ പറയുന്നു. ആ ദേവന് അതു ചേര്‍ന്നതാണ്‌; അവനില്‍ ഒരു തെറ്റുമില്ല. എന്നാൽ നീ എന്താണു പറഞ്ഞത്‌? അമര്‍ഷിയായ ദുര്യോധനനെ ഞാന്‍ ഈ ഗദ കൊണ്ട്‌ അടിച്ചു കൊല്ലും എന്നു ഭ്രാതാക്കന്മാരുടെ മദ്ധ്യത്തില്‍ വെച്ചു ഗദ തൊട്ടു ശപഥം ചെയ്തവനാണ്‌. ഹേ, പരന്തപാ! അങ്ങനെയുള്ള ഭവാനും ഇപ്പോള്‍ ശാന്തബുദ്ധി ഉദിച്ചിരിക്കുന്നു! അമ്പോ! യുദ്ധം കൊതിക്കുന്നവര്‍ക്കു യുദ്ധം വന്നടുക്കുമ്പോള്‍ മനസ്സ്‌ പിന്മടങ്ങും. ഭീമാ! ഭവാനും യുദ്ധത്തെ ഭയപ്പെടുന്നു! പല ദുര്‍ന്നിമിത്തങ്ങളും ഭവാന്‍ സ്വപ്നപ്രജാഗരത്തിന്റെ ഇടയ്ക്കു കണ്ടിരിക്കാം. അതു കൊണ്ട്‌ ഭയപ്പെട്ടായിരിക്കും ഭവാന്‍ ശമം ഇച്ഛിക്കുന്നത്‌. നീ ഷണ്ഡനാണോ? ആണത്തം നശിച്ചു പോയോ? യുദ്ധഭീതനായ നീ കശ്മലപ്പെട്ടിരിക്കയാണ്‌. അതാണു നിന്റെ മനസ്സ്‌ ഇങ്ങനെ മാറിയത്‌. നിന്റെ ഹൃദയം പിടയ്ക്കുന്നുണ്ട്‌. നിന്റെ മനസ്സ്‌ തളരുന്നുണ്ട്‌. നിന്റെ തുടകള്‍ വിറയ്ക്കുന്നുണ്ട്‌. അതു കൊണ്ടാണു നീ ശമം ഇച്ഛിക്കുന്നത്‌. മനുഷ്യന് ചിത്തം അനിത്യമാണ്‌. ഹേ പാര്‍ത്ഥാ, മര്‍ത്ത്യചിത്തം ചലാചലമാണ്‌. കാറ്റേറ്റു ചിന്നുന്ന ഇലവിന്റെ പഞ്ഞിക്കൂട്ടം പോലെയാണ്‌. ഗോക്കളുടെ മര്‍ത്ത്യഭാഷണം പോലെ ഇപ്പോള്‍ നിന്റെ ബുദ്ധി പകച്ചിരിക്കയാണ്‌. തോണിയില്ലാതെ പാണ്ഡവന്മാര്‍ മനസ്സിനെ മുക്കുകയാണ്‌. എനിക്ക്‌ ഇതു വലിയ ആശ്ചര്യമായിരിക്കുന്നു. പര്‍വ്വതം ഭൂമിയില്‍ സഞ്ചരിക്കുക യാണെങ്കില്‍ പോലും ഞാന്‍ ഇത്രയ്ക്ക്‌ അത്ഭുതപ്പെടില്ല. ഭീമസേനന്‍ ശമം ഇച്ഛിക്കുന്നു പോലും! ഭീമസേനന് ചേരാത്ത വാക്ക്‌ അവന്‍ പറഞ്ഞാല്‍ അത്ഭുതപ്പെടാതിരിക്കുമോ? സ്വകീയമായ കര്‍മ്മവും വലിയ കുലത്തിലെ ജന്മവും ചിന്തിച്ച്‌ ഹേ ഭാരതാ! ഭവാന്‍ ഉത്ഥാനം ചെയ്താലും! വ്യസനിക്കാതിരിക്കുക ഹേ വീരാ, നീ സ്വൈര്യത്തോടെ ഇരിക്കുക. ഇങ്ങനെ വാടിത്തളര്‍ന്ന ഭാവം നിനക്കു ചേര്‍ന്നതല്ല. ഹേ! അരിന്ദമാ, ഓജസ്സു കൊണ്ടു നേടാത്തതൊനും ക്ഷത്രിയന്‍ അനുഭവിക്കുകയില്ല.

76. ഭീമസേനവാക്യം - ഭീമന്‍ തന്റെ സാമര്‍ത്ഥ്യത്തെ കുറിച്ച്‌ കൃഷ്ണനോടു പ്രസ്താവിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ നിത്യമന്യുവും അമര്‍ഷണനുമായ ഭീമന്‍ ചുണയുള്ള കുതിരയെ പോലെ കുതിച്ച്‌ ഇപ്രകാരം ഉത്തരം പറഞ്ഞു.

ഭീമസേനന്‍ പറഞ്ഞു: മറ്റൊരു കാര്യം ചിന്തിച്ചവനായ എന്നെ ഭവാന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. യുദ്ധത്തില്‍ അത്യാശയോടു കൂടിയ സത്യ വിക്രമനാണ്‌ ഞാന്‍ എങ്കിലും, ഹേ ദാശാര്‍ഹാ! വളരെ നാള്‍ നാം ഒന്നിച്ചു പാര്‍ത്ത്‌ എന്നെ അറിഞ്ഞവനാണല്ലോ ഭവാന്‍. കയം ചാടുന്നവനെ പോലെ ഭവാന്‍ എന്നെ അറിയായ്കയാണോ? അതു കൊണ്ടാണ്‌ ചേരാത്ത വാക്കു പറഞ്ഞു ഭവാന്‍ എന്നെ കുത്തുന്നത്‌. ഭീമനെ അറിവുള്ള ഒരാള്‍, ഭവാനെ പോലെ ശരിക്കും എന്നെ അറിയുന്ന ഒരാള്‍, എങ്ങനെ ഭവാന്‍ പറയുന്നതു പോലെ വിപരീതം പറയും? അതു കൊണ്ടു ഞാന്‍ ഇപ്പോള്‍ ഈ വാക്കു പറയുന്നു. എന്റെ ഊക്കും പൗരുഷവും പരന്മാരുമായി കിടയറ്റതാണ്‌. എല്ലാം കൊണ്ടും അയോഗ്യമാണല്ലോ ആത്മപ്രശംസ. അതിവാദാക്ഷേപം ഏറ്റവനായ ഞാന്‍ എന്റെ ബലത്തെ പറയുകയാണെന്നു വിചാരിച്ചോളു; ഈ ലോകര്‍ നിൽക്കുന്ന ആകാശവും ഭൂമിയും ഭവാന്‍ കാണുക. ഇളകാതെ അടിയറ്റ അന്തമറ്റ വിശ്വത്തിന് അമ്മമാരാണിവര്‍. പാറപോൽ ഇവരെന്നോടു ചൊടിക്കുന്നതായാലും ചരാചരം തിങ്ങുന്ന ഈ ഇള രണ്ടും ഞാന്‍ കൈ കൊണ്ടു താങ്ങും. എന്റെ പരിഘപ്രായമായ കൈകളുടെ ഇട ഭവാനൊന്നു നോക്കൂ! ഇതില്‍ പെട്ടു പോയാല്‍ വിട്ടു പോകുന്ന പുരുഷനെ ഞാന്‍ കാണുന്നില്ല. ഹിമവാനും വന്‍സമുദ്രവും വലവൈരിയും ഈ മുന്നു പേരും ഒന്നിച്ചു വന്നാലും ഞാന്‍ എതിര്‍ത്തവനെ രക്ഷിക്കുവാന്‍ സാധിക്കയില്ല. പോരിന്നു പാണ്ഡവരോട്‌ ഏൽക്കുന്നവരെ ഒക്കെയും ഞാന്‍ അടിച്ചു വീഴ്ത്തി കാലടിയുടെ ചുവട്ടിലാക്കി കയറി നിലക്കും. അച്യുതാ! അങ്ങയ്ക്ക്‌ അറിവില്ലാത്തതല്ലല്ലോ എന്റെ വിക്രമം. ഞാന്‍ പോരില്‍ ജയിച്ച്‌ മന്നവരെയൊക്കെ പാട്ടിലാക്കിയതും ഭവാന്‍ കണ്ടതല്ലേ? ഉദിച്ചു വരുന്ന അര്‍ക്കന്റെ ആഭ പോലെ എന്നെ ഇപ്പോള്‍ അറിയുന്നില്ലെങ്കില്‍ ബഹുളമായ പോരിന്നിടയ്ക്ക്‌ എന്നെ ജനാര്‍ദ്ദനാ, ഭവാന്‍ അറിയുമാറാകും. പൂതിവ്രണം കുത്തുന്ന പോലെ എന്തിനാണ്‌ ഈ പരുഷഭര്‍ത്സനം? അറിയുമ്പോലെ പറഞ്ഞ്‌ എന്നെ അറിയുക. അങ്ങ്‌ ഇതിലേറെ എന്നെ കാണും, ബഹുളപ്പോരില്‍ ഞാന്‍ കൊന്നു കൂട്ടുന്ന നാളുകളില്‍ ഞാന്‍ ഒടുക്കുന്ന ഗജതുരഗരഥസാദി സംഘങ്ങളേയും, മര്‍ത്ത്യരേയും, കോപത്തോടെ ക്ഷത്രിയമുഖ്യരേയും വധിക്കുമ്പോള്‍ പരന്മാരെ കര്‍ഷിക്കുന്നവനായ എന്നെ ഭവാനും ജനങ്ങളും കാണും! എന്റെ മജ്ജ തളരുന്നില്ല. എന്റെ മനസ്സു വിറയ്ക്കുന്നുമില്ല. ലോകമൊക്കെ ചൊടിച്ച്‌ എതിര്‍ത്താലും എനിക്കു ഭയമില്ല.

എന്നാൽ ഈ പറഞ്ഞതു സൗഹൃദം കൊണ്ടു മാത്രമാണ്‌. കൃപ കൊണ്ടു മാത്രമാണ്‌. ഭാരതന്മാര്‍ നശിക്കരുതെന്നു വിചാരിച്ച്‌ ക്ലേശമൊക്കെ ക്ഷമിക്കുകയാണു ഞാന്‍. ഭാരതന്മാര്‍ നശിക്കരുത്‌.

77. കൃഷ്ണവാക്യം - കൃഷ്ണന്‍ ഭീമസേനനെ ആശ്വസിപ്പിക്കുന്നു - ഭഗവാന്‍ പറഞ്ഞു; ഹേ ഭീമാ, നിന്റെ ഭാവം മനസ്സിലാക്കുവാന്‍ വേണ്ടി ഞാന്‍ നിന്നോടുള്ള ഇഷ്ടം കൊണ്ട്‌ ഇപ്രകാരം പറഞ്ഞതാണ്‌. നിന്റെ മാഹാത്മ്യവും ശക്തിയും ഞാന്‍ അറിയുന്നുണ്ട്‌. നിന്റെ കര്‍മ്മങ്ങളും അറിയുന്നുണ്ട്‌. ഞാന്‍ നിന്നെ നിന്ദിക്കുകയില്ല. എത്രത്തോളം ഗുണം നിന്നിലുണ്ടെന്നു വിചാരിക്കുന്നുവോ, അതിന്റെ ആയിരം ഇരട്ടി ഗുണം നിന്നില്‍ ഞാന്‍ കാണുന്നുണ്ട്‌. എല്ലാ രാജാക്കന്മാരും ബന്ധുക്കളും സുഹൃത്തുക്കളും നിന്നെ വാഴ്ത്തുന്ന വിധം തന്നെ നീ ജനിച്ച വംശത്തിനൊത്തവന്‍ തന്നെയാണു നീ. സന്ദിഗ്ദ്ധമായ ധര്‍മ്മത്തെ അറിയുവാന്‍ ഞാന്‍ മോഹിക്കുകയാണ്‌. ഭീമാ, പൗരുഷം കൊണ്ടോ, ദൈവം കൊണ്ടോ കാര്യസാദ്ധ്യതയെന്നു നിശ്ചയിക്കുവാന്‍ ജനങ്ങള്‍ക്കു കഴിയുന്നില്ല. മനുഷ്യന്‍ അര്‍ത്ഥസിദ്ധിക്കു വേണ്ടി ഒരു കാര്യത്തില്‍ ശ്രമിച്ചു പ്രവര്‍ത്തിച്ചാല്‍ ആ പ്രവൃത്തി തന്നെ അര്‍ത്ഥനാശത്തിനും ഹേതുവായി ഭവിക്കുന്നു. അതു കൊണ്ട്‌ പൗരുഷക്രിയ സംശയാസ്പദമാകുന്നു. ദോഷജ്ഞന്മാരായ പണ്ഡിതന്മാര്‍ കാണുന്ന കാര്യം കാറ്റിന്റെ ഗതിവേഗം പോലെ ക്ഷണത്തില്‍ വേറെ വഴിക്കായി പരിണമിക്കുന്നു! നല്ല പോലെ ചിന്തിച്ചു കൂടിയാലോചന നടത്തി നീതിക്കും ന്യായത്തിനും നിരക്കുന്നതാണ് എന്നറിഞ്ഞ്‌ ആ വിധം പ്രവര്‍ത്തിച്ചാല്‍ ദൈവം ആ കര്‍മ്മത്തെ നിഷ്ഫലമാക്കി തീര്‍ക്കുന്നതായും കാണുന്നു. പൗരുഷം ദൈവകര്‍മ്മത്തെ നടത്താതെ കെടുത്തുകയും ചെയ്യും. എങ്ങനെയെന്നാല്‍ ശീതം, ഉഷ്ണം, വര്‍ഷം, പൈദാഹങ്ങള്‍ ഇവയെ മനുഷ്യന്‍ പൗരുഷം കൊണ്ടാണു ജയിക്കുന്നത്‌. പ്രാരബ്ധ കര്‍മ്മംവിട്ട്‌ പൗരുഷമായ കര്‍മ്മം കൊണ്ടു കാര്യങ്ങള്‍ സാധിക്കാം. അതിന് ശാസ്ത്രവുമുണ്ട്‌. കര്‍മ്മം കൂടാതെ ലോകത്തിന് ജീവിക്കുവാന്‍ വിഷമമാണ്‌. അതു കൊണ്ട്‌ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നു. രണ്ടായാലും ഫലം കിട്ടാതിരിക്കയില്ല. ഇപ്രകാരം ബുദ്ധിയുറപ്പിച്ച്‌ കര്‍മ്മത്തില്‍ മുതിരുന്ന ആള്‍ ഫലം സിദ്ധിച്ചില്ലെങ്കില്‍ അതു കൊണ്ട്‌ ദുഃഖിക്കുകയില്ല. ഫലം സിദ്ധിച്ചാല്‍ ഹര്‍ഷിക്കുകയുമില്ല. എനിക്കിതില്‍ ഉറപ്പു പറയുവാനുണ്ട്‌. ഫലം തീര്‍ത്തു പറയുവാന്‍ സാധിക്കുകയില്ല. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പ്രാരാബ്ധ കര്‍മ്മം തീരുമ്പോള്‍, പ്രഭ താനേ കുറഞ്ഞു പോകും. അപ്പോള്‍ വിഷാദിക്കുകയും വാട്ടമേൽക്കുകയും ചെയ്യും. അതു മനസ്സിലാക്കിയാണ്‌ ഞാന്‍ നിന്നോടു പറഞ്ഞത്‌.

ഞാന്‍ നാളെ ധൃതരാഷ്ട്രന്റെ അരികില്‍ പോയി നിങ്ങളുടെ അര്‍ത്ഥം നാശം കൂടാതെ നൽകുന്നതിന് ശമം സ്വീകരിക്കുന്നതിന് ശ്രമിക്കാം. അവര്‍ ശമിച്ചാല്‍ എനിക്കു വലിയ യശസ്സുമായല്ലോ. നിങ്ങള്‍ക്ക്‌ ഇഷ്ടം സാധിക്കുകയും അവര്‍ക്കു വലിയ നന്മയാവുകയും ചെയ്യും. എന്നാൽ, അതില്‍ കുരുക്കള്‍ മനസ്സു വെക്കാതെ, എന്റെ വാക്കു സ്വീകരിക്കാതെ വന്നാലോ? പിന്നെ ഘോരമായ യുദ്ധം എന്ന കര്‍മ്മം തന്നെ നടക്കും. എടോ ഭീമസേനാ, ഈ യുദ്ധത്തില്‍ ഭാരമെല്ലാം ഭവാനു തന്നെയാണ്‌. അര്‍ജ്ജുനന്‍ ഭാരം വഹിക്കുന്നു. ഭരിക്കേണ്ടവര്‍ മറ്റവരാണ്‌. യുദ്ധം നടക്കുകയാണെങ്കില്‍ ഞാന്‍ അര്‍ജ്ജുനന്റെ സൂതനാകും. പാര്‍ത്ഥന് അതാണാഗ്രഹം. എനിക്കാണെങ്കില്‍ യുദ്ധത്തില്‍ താല്‍പര്യമില്ലായ്കയുമില്ല. ഈ നിലയ്ക്കു ഞാന്‍ നിന്റെ മനഃസ്ഥിതിയില്‍ ശങ്കിച്ചു. നിന്റെ പൗരുഷം കെട്ട വാക്കു കേട്ടപ്പോള്‍ ഞാന്‍ നിന്നെയൊന്ന്‌ ഇളക്കി നോക്കുകയാണുണ്ടായത്‌.

78. അര്‍ജ്ജുനവാക്യം - അര്‍ജ്ജുനന്‍ തന്റെ അഭിപ്രായം കൃഷ്ണനോടു പറയുന്നു - അര്‍ജ്ജുനന്‍ പറഞ്ഞു; ഹേ ജനാര്‍ദ്ദനാ, യുധിഷ്ഠിരന്‍ പറയേണ്ടിടത്തോളമൊക്കെ പറഞ്ഞു. ഭവാന്റെ വാക്കു കേട്ട്‌ എനിക്ക്‌ ഒരു കാര്യം പറയുവാന്‍ തോന്നുന്നുണ്ട്‌. ഭവാന്‍ ശമം സുകരമായ കാര്യമാണെന്നു വിചാരിക്കുന്നില്ല. ദുര്യോധനന്റെ ലോഭം നിമിത്തമായോ, അവന്റെ ദൈന്യം കണ്ടു കൊണ്ടോ ആയിരിക്കാം ഭവാന്‍ അങ്ങനെ പറഞ്ഞത്‌. പുരുഷന്റെ പ്രയത്നം നിഷ്ഫലമാണെനും ഭവാന്‍ വിചാരിക്കുന്നതായി എനിക്കു തോന്നുന്നു. പ്രവൃത്തി കൂടാതെ പൗരുഷത്താല്‍ ഫലോദയം ഉണ്ടാവുകയില്ല. ഭവാന്‍ ഈ പറഞ്ഞതു ശരിയാണ്‌ എന്നു തന്നെയല്ല. ഇത്‌ അസാദ്ധൃം തന്നെയാണ്‌ എന്നു വിചാരിച്ച്‌ ഒരു കാര്യവും ഉപേക്ഷിക്കരുത്‌. എന്നു തന്നെയല്ല, ഭവാന്‍ ഈ കടുംക്രിയ ഞങ്ങള്‍ക്ക്‌ ഉടവാണെനും ഫലം കിട്ടാത്തവര്‍ക്കു കര്‍മ്മനാശം വരുത്തുമെനും പറയുന്നു. നന്നായി നടത്തുന്ന കര്‍മ്മത്തിന് ഫലം സിദ്ധിക്കാതെ വരില്ല. പരന്മാരുമായി ചേര്‍ന്നു സുഖം നേടുന്ന വിധം ഭവാന്‍ കാര്യം നടത്തിയാലും. പാണ്ഡവന്മാര്‍ക്കും കുരുക്കള്‍ക്കും ഭവാന്‍ സുഹൃത്താണല്ലോ. പ്രത്യേകിച്ചും ഭവാന്‍ ഞങ്ങള്‍ക്ക്‌ ഒന്നാമനായ സുഹൃത്താണ്‌. ദേവാസുരന്മാര്‍ക്കു പ്രജാപതി എപ്രകാരമാണോ അപ്രകാരമാണ്‌ ഭവാന്‍ പാണ്ഡവ കൗരവന്മാര്‍ക്ക്‌. ഭവാന്‍ ഈ രണ്ടുകൂട്ടര്‍ക്കും അനാമയം നല്കിയാലും. ഭവാന് അസാദ്ധ്യമല്ല അത്‌. അങ്ങ്‌ ഞങ്ങള്‍ക്കു ഹിതം ചെയ്താലും. ഇപ്രകാരമായാല്‍ ഭവാന്റെ കര്‍മ്മം കാര്യമായി തീരും. അത്‌ ഈ യാത്ര കൊണ്ടു സാധിക്കുകയും ചെയ്യും. ആ ദുരാത്മാവില്‍ ഭവാനു വേറെ ആഗ്രഹമുണ്ട്‌. അതൊക്കെ ഭവാന്‍ വിചാരിക്കുന്ന പോലെ തന്നെ സംഭവിക്കും. അവരുമായി ശമം ഞങ്ങള്‍ക്കൊക്കുന്നതാണോ! അതിന് ഭവാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഭവാന്റെ ഇച്ഛയല്ലാതെ ഇക്കാരൃത്തില്‍ ഞങ്ങള്‍ക്കു വേറെ ഒരു ഗുരുവുമില്ല ഉപദേശിക്കുവാന്‍. പുത്രന്മാരോടും ബന്ധുക്കളോടും കൂടിയവനായ ആ ദുഷ്ടന്‍ വധത്തിന് അനര്‍ഹനുമല്ല. ധര്‍മ്മപുത്രനില്‍ മഹത്തായ ഐശ്വര്യം കണ്ടു സഹിക്കാന്‍ സാധിക്കാത്തവനാണ്‌ അവന്‍. ധര്‍മ്മിഷ്ഠമായ മാര്‍ഗ്ഗമൊന്നും കാണാതെ നൃശംസമായ മാര്‍ഗ്ഗത്തെ സ്വീകരിച്ചാണ്‌, കള്ളച്ചൂതു കളിച്ചാണ്‌, ഐശ്വര്യം തട്ടിയെടുത്തത്‌. ക്ഷത്രിയന്മാരില്‍ ധനുര്‍ദ്ധരനായ മഹാരഥന്‍ വിളിച്ചാല്‍ എങ്ങനെ പിന്‍തിരിക്കും? പ്രാണന്‍ പോവുകയാണെങ്കിലും വീരന്മാര്‍ മത്സരത്തിന് വിളിച്ചാല്‍ പിന്മാറുകയില്ല. അധര്‍മ്മമായ ഈ മാര്‍ഗ്ഗത്താല്‍ ഞങ്ങളെ ജയിച്ചു കാടുകേറി എന്നുള്ളതു കൊണ്ട്‌ എനിക്കു തന്നെ സുയോധനന്‍ വദ്ധ്യനായിരിക്കുന്നു. ഹേ കൃഷ്ണാ! മിത്രങ്ങള്‍ക്കു വേണ്ടി ഭവാന്‍ ഈ ചെയ്യുന്ന കാര്യത്തില്‍ യാതൊരത്ഭുതവുമില്ല. മൃദുവായോ, അഥവാ കഠിനമായോ എങ്ങനെയായാലും വേണ്ടി ല്ല ഈ ക്രിയ ഫലിക്കണം. അതല്ല, അവരെ കൊല്ലുകയാണു വേണ്ടതെന്ന് ഉണ്ടെങ്കില്‍ അതും ചെയ്യാം. ഭവാന്റെ ഇഷ്ടം പോലെ അതു ക്ഷണത്തില്‍ ചെയ്താലും. അതില്‍ ആലോചിക്കാനൊന്നുമില്ല. ദ്രൗപദിയെ സഭയില്‍ ദുഷ്ടനായ ഇവന്‍ പരിക്ലേശിപ്പിച്ചത്‌ അതും ഇപ്പോള്‍ പൊറുക്കുകയാണ്‌. അവന്‍ പാണ്ഡവരുമായി ഇണങ്ങിച്ചേരുമെന്നുള്ള വിചാരമേ എനിക്കില്ല. മരുഭൂമിയിലുണ്ടോ വിത്തു വിതച്ചാല്‍ പിടിക്കുന്നു? ഭവാന്‍ കണ്ട വിധം യുക്തമായതു ചെയ്തു കൊള്ളുക. അതു പാണ്ഡവന്മാര്‍ക്കു തൃപ്തിയാണ്‌. ഹേ വാര്‍ഷ്ണേയാ, മേലില്‍ ഞങ്ങള്‍ക്കു വേണ്ടതെന്തെന്നു ഭവാനറിയാമല്ലോ

79. ശ്രീകൃഷ്ണന്റെ മറുപടി - ഭഗവാന്‍ പറഞ്ഞു: ഹേ, അര്‍ജ്ജുനാ, നീ പറയുന്നതു പോലെ ചെയ്യാം. പാണ്ഡവന്മാര്‍ക്കും കൗരവന്മാര്‍ക്കും അനാമയത്തിന്നായി ഞാന്‍ ശ്രമിക്കാം. ഹേ, ബീഭത്സോ, രണ്ടു കര്‍മ്മങ്ങളിലും ഞാന്‍ മനസ്സുവയ്ക്കാം. വളമുള്ളതാണു കൃഷിനിലമെന്നു വയ്ക്കുക. നല്ല പോലെ കണ്ടം ഉഴുതു ശരിപ്പെടുത്തിയാണ്‌ കൃഷി ചെയ്തതെന്നും വിചാരിക്കുക. എന്നാൽ മഴ കിട്ടാഞ്ഞാല്‍ കൃഷി നേരെയാവുമോ? എങ്ങനെ വിളവുണ്ടാകും? ഈ സന്ദര്‍ഭത്തില്‍ നാം എന്തുചെയ്യണം? നല്ല പോലെ നനയ്ക്കണം. അതാണു പൗരുഷമെന്നു പറയുന്നത്‌. ഈ കാരൃത്തില്‍ ഉണക്ക്‌ എന്നത്‌ ദൈവകല്പിതവും, നനയ്ക്കല്‍ എന്നതു പൗരുഷവുമാണ്‌. പണ്ടുള്ള മഹാത്മാക്കള്‍ എന്താണു പറഞ്ഞത് എന്നറിയുമോ? എല്ലാക്കാര്യങ്ങളും ദൈവപൗരുഷങ്ങള്‍ ചേര്‍ന്നാണു നിൽക്കുന്നതെന്നാണ്‌. അതു കൊണ്ട്‌ എന്നാൽ കഴിയുന്ന വിധം പൗരുഷം ഞാന്‍ ഇക്കാരൃത്തില്‍ ചെയ്യാം. ദൈവമെന്ന കര്‍മ്മം എന്നാൽ കഴികയില്ല ചെയ്യുവാന്‍. എന്തു കൊണ്ടെന്നാല്‍ ധര്‍മ്മത്തേയും ലോകത്തേയും തെറ്റി നടന്നവനാണ്‌ ആ ദുരാശയനായ ദുര്യോധനന്‍. അത്തരം കര്‍മ്മത്താല്‍ അവന്‍ സന്തപിക്കുന്നുമില്ല. എന്നിട്ടും ദുഷ്ടതകള്‍ അവന്‌ ഉപദേശിച്ചു കൊടുക്കുവാന്‍ മന്ത്രിമാര്‍ വേണ്ടുവോളമുണ്ട്‌. സൂതപുത്രനായ കര്‍ണ്ണന്‍, ശകുനി, തമ്പിയായ ദുശ്ശാസനന്‍ ഇവരാണ്‌ ആ ദുര്‍ബുദ്ധിക്കുള്ള ഉപദേഷ്ടാക്കള്‍. അവന്‍ രാജ്യം വിട്ടു കൊടുത്ത്‌ ശമം കൈക്കൊള്ളുമെന്നു വിചാരിക്കേണ്ടാ. കൂട്ടത്തോടു കൂടി വധം ഏറ്റാലും ദുര്യോധനന്‍ രാജ്യം വിട്ടു കൊടുത്തുവെന്നു വരില്ല. കീഴടങ്ങിക്കളയാമെന്നു ധര്‍മ്മജനും വിചാരിക്കുന്നില്ല. യാചിച്ചാലും ദുര്‍മ്മതിയായ അവന്‍ രാജ്യം കൊടുക്കുകയില്ല. ധര്‍മ്മജന്റെ വാക്ക്‌ അവനോടു പറയേണ്ടതായിട്ടില്ല. ഉള്ള കാര്യമൊക്കെ ധര്‍മ്മ രാജാവ്‌ ഭവാനോടു പറഞ്ഞുവല്ലോ! അപ്രകാരമൊന്നും ആ മഹാപാപി ചെയ്യുമെന്നു തോന്നുന്നില്ല, ചെയ്തില്ലെങ്കില്‍ അവന്‍ ലോകവദ്ധ്യനായി തീരും. എനിക്കും അവന്‍ വദ്ധ്യനാകും. ലോകര്‍ക്കും അവന്‍ വദ്ധ്യനാകും. ബാല്യത്തില്‍ തന്നെ നിങ്ങളെയൊക്കെ ദ്രോഹിച്ചവനാണ്‌ അവന്‍. പിന്നെ നിങ്ങളുടെ നാടും അവന്‍ അപഹരിച്ചു. നൃശംസനും ദുഷ് മാനസനുമാണ്‌ അവന്‍. യുധിഷ്ഠിരന്റെ ഐശ്വര്യം കണ്ട്‌ അടങ്ങാത്ത ദുര്‍മ്മതിയാണവന്‍. നിനക്കു വേണ്ടി പല വിധത്തിലും ഞാന്‍ അവനുമായി തെറ്റി നിൽക്കുന്നു. അവന്റെ പാപമായ ആഗ്രഹം ഞാന്‍ ഇനി സമ്മതിക്കുവാന്‍ പോകുന്നില്ല. അവന്റെ ദുരാശയം എന്താണെന്നു നീയും എന്നെ പോലെ തന്നെ മനസ്സിലാക്കിയിട്ടുണ്ടല്ലോ. ധര്‍മ്മപുത്രന് പ്രിയം ചെയ്യുവാന്‍ തയ്യാറായി നിൽക്കുന്ന എന്നെ, ദുര്യോധനന്റെ ഹിതമെന്തെന്ന്‌ അറിയുന്ന എന്നെ, എന്റെ ഉദ്ദേശമെന്തെന്നു മനസ്സിലാക്കിയതിന് ശേഷവും ഒന്നും അറിയാത്ത മട്ടില്‍ ശങ്കിക്കുന്നതെന്താണ്‌? പരമവും ദിവ്യവുമായ ഒന്നിനെ അനുവര്‍ത്തിക്കുന്നവൻ ആണല്ലോ ഭവാന്‍. ലോകാചാര പ്രകാരം ഹേ പാര്‍ത്ഥാ, ശത്രുക്കളുമായി ശര്‍മ്മം സാധിക്കുമോ? വാക്കാലും പ്രവൃത്തിയാലും ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്യാം. ശത്രുക്കളുമായി ശമം ഞാന്‍ ഇച്ഛിക്കുകയില്ല. ഗോഗ്രഹണത്തിങ്കല്‍ അവന്‍ പരാജിതനായ കാലത്ത്‌ ശമത്തിനു ശ്രമിച്ചു. അന്ന്‌ അവന്‍ അതിന് വഴങ്ങിയില്ല. ഒരു സംവത്സരം കഴിഞ്ഞ അന്നു ഭീഷ്മൻ ശമത്തിനു യാചിച്ചു. എന്നിട്ടും കാര്യം നടന്നില്ല. നീ വിചാരിച്ചു വച്ച ആ മഹാന്മാര്‍ അവനോടു തോറ്റു പോയില്ലേ? അല്പാല്പമായിട്ടു പോലും ക്ഷണനേരമെങ്കിലും സുയോധനന്‍ സത്തോഷിക്കുക യുണ്ടായില്ല. അതു കൊണ്ട്‌ എല്ലാ വിധത്തിലും ധര്‍മ്മപുത്രന്റെ കല്പന എനിക്കു നിർവ്വഹിക്കുക തന്നെ വേണം. ആ ദുഷ്ടന്റെ പാപകര്‍മ്മത്തെപ്പറ്റി വീണ്ടും ആലോചിക്കുകയും ചെയ്യണം.

80. നകുലന്റെ അഭിപ്രായം - നകുലന്‍ പറഞ്ഞു: വദാന്യനും ധര്‍മ്മതത്വജ്ഞനുമായ ധര്‍മ്മരാജാവ്‌ പറഞ്ഞതൊക്കെ ഭവാന്‍ ഗ്രഹിച്ചുവല്ലോ. ഭീമനും രാജാവിന്റെ അഭിപ്രായം അറിഞ്ഞിട്ടാണ്‌ ശമവും തന്റെ കയ്യൂക്കും ഭവാനോടു വെളിവാക്കിയത്‌. അപ്രകാരം തന്നെ അര്‍ജ്ജുനന്‍ പറഞ്ഞ വാക്കും ഭവാന്‍ കേട്ടുവല്ലോ. എല്ലാം മനസ്സിലാക്കി ഭവാന്‍ കാലോചിതമായതു ചെയ്താലും. അതാതു കാര്യങ്ങളില്‍ മതഭേദം കാണുമ്പോള്‍ അവനവന്റെ യുക്തം പോലെ കാലോചിതമായി ചെയ്യേണ്ടതായി വരും. ഒരു വിധത്തില്‍ കണ്ടതായ കാര്യം മറ്റു മാതിരി സംഭവിക്കാം. മനുഷ്യന്റെ മനസ്സ്‌ ഒന്നിലും സ്ഥിരമായി നിൽക്കുകയില്ല. ഞങ്ങള്‍ കാട്ടിലിരിക്കുമ്പോള്‍ ഒരുതരം മനോവിചാരം ഉണ്ടായിരുന്നു. കാണാത്തപ്പോള്‍ മറ്റു പ്രകാരത്തില്‍; കണ്ടപ്പോള്‍ വേറെ വിധത്തില്‍; ഇങ്ങനെയാണ്‌ ഞങ്ങളുടേയും സ്ഥിതി. ഞങ്ങള്‍ക്ക്‌, കാട്ടിലായിരുന്നപ്പോള്‍ രാജ്യത്തില്‍ തോന്നിയിരുന്ന ആഗ്രഹം ഇപ്പോള്‍ തോന്നുന്നില്ല. വനവാസം തീര്‍ന്നതറിഞ്ഞ്‌ സുഹൃത്തുക്കള്‍ ഏഴ്‌ അക്ഷൗഹിണീ സൈന്യത്തേയും സജ്ജമാക്കി കൊണ്ടു വന്നു ഞങ്ങളോട്‌ ഇണങ്ങി നിൽക്കുന്നു. ഈ സൈന്യങ്ങളൊക്കെ ഇവിടെ എത്തുവാന്‍ കാരണം ഭവാന്റെ പ്രസാദം തന്നെയാണ്‌. അചിന്ത്യ ബലവീര്യന്മാരും യുദ്ധത്തിനു സന്നദ്ധമായി ആയുധം എടുത്തവരുമായി ഇവര്‍ നിൽക്കുന്നതു കാണുമ്പോള്‍ ഏതു പുരുഷനാണു നടുങ്ങിപ്പോകാത്തത്‌? ഭവാന്‍ കുരുമദ്ധ്യത്തില്‍ നിര്‍ഭയമായി സാന്ത്വനത്തിന് ശ്രമിക്കുക; മന്ദനായ ദുര്യോധനന്‍ പേടിക്കാത്ത വിധം പറയണം, യുധിഷ്ഠിരനും, ഭീമനും, അര്‍ജ്ജുനനും, സഹദേവനും, ഞാനും ഭവാനും, രാമന്‍, യുയുധാനന്‍, മഹാവീര്യനായ വിരാടന്‍, അദ്ദേഹത്തിന്റെ പുത്രന്മാര്‍, അമാത്യന്മാരോടു കൂടിയ ദ്രുപദന്‍, ധൃഷ്ടദ്യുമ്നന്‍, വീര്യവാനായ കാശി രാജാവ്‌, ചേദി രാജാവ്‌, ധൃഷ്ടകേതു ഇവരുമായി മാംസരക്താംഗനായ ഏതൊരുത്തന്‍ എതിര്‍ക്കുവാന്‍ ധൈര്യപ്പെടും ? ഭവാന്റെ യാത്ര എല്ലാം സാധിപ്പിക്കും. അതില്‍ സംശയില്ല. ധര്‍മ്മ രാജാവിന്റെ ഇഷ്ടകാര്യം ഈ യാത്ര കൊണ്ട്‌ ശുഭമായി ഭവിക്കും. വിദുരന്‍, ഭീഷ്മൻ, ദ്രോണൻ, ബാല്‍ഹീക രാജാവ്‌ എന്നിവര്‍ ഭവാന്‍ പറഞ്ഞാല്‍ കാര്യം ഭംഗിയാക്കും. അവര്‍ക്കു ഭവാന്റെ ശ്രേയസ്സ്‌ അറിയാം; ഭവാന്‍ പറഞ്ഞാല്‍ അത്‌ അവര്‍ തട്ടുകയില്ല. അവര്‍ എല്ലാവരും കൂടി ധൃതരാഷ്ട്ര രാജാവിനെ സമ്മതിപ്പിക്കും. പാപാചാരനും മന്ത്രിമാരോടു കൂടിയവനുമായ ദുര്യോധനനേയും സമ്മതിപ്പിക്കും. കാര്യം കേള്‍ക്കുവാന്‍ വിദുരനുണ്ടല്ലോ. അങ്ങ്‌ പറയുവാനും ഉണ്ടല്ലോ. ഏതു കാര്യം തെറ്റിയാലും എല്ലാം വഴിക്ക്‌ ആക്കാതെ ഇരിക്കയില്ലല്ലോ?

81. സഹദേവ സാതൃകീ വാകൃം - സഹദേവന്‍ പറഞ്ഞു: രാജാവു പറഞ്ഞത്‌ ഒട്ടേറെ സനാതനമായ ധര്‍മ്മമാണ്‌. അല്ലയോ അരിന്ദമാ, യുദ്ധം തന്നെ നടത്തുവാന്‍ തക്കവണ്ണം ഭവാന്‍ കാര്യങ്ങളില്‍ പ്രവേശിച്ചാലും. കുരുക്കള്‍ പാണ്ഡവരുമായി ശമം ഇച്ഛിച്ചുവെന്നും വരാം; എന്നാലും അവരുമായി യുദ്ധത്തിനുള്ള വഴിയാണ്‌ ഉണ്ടാക്കേണ്ടത്‌. സഭയില്‍ വച്ച്‌ അത്ര ശോചനീയമായ തരത്തിലല്ലേ കൃഷ്ണയെ ഞങ്ങള്‍ കണ്ടത്‌. അത്ര വലിയ അക്രമം പ്രവര്‍ത്തിച്ച ദുര്യോധനനെ കൊല്ലാതെ വിടുകയോ? കൊല്ലാതെ എന്റെ കോപം ശമിക്കുകയില്ല. ഹേ കൃഷ്ണാ, ഭീമാര്‍ജ്ജുന യുധിഷ്ഠിരന്മാര്‍ ധാര്‍മ്മികർ ആണെങ്കിലും ധര്‍മ്മം വിട്ട്‌ ദുര്യോധനനുമായി പൊരുതാനാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.

സാതൃകി പറഞ്ഞു: മഹാബാഹോ, മഹാമതിയായ സഹദേവന്‍ ഉള്ള കാര്യമാണു പറഞ്ഞത്‌. ദുര്യോധന വധം കൊണ്ടേ എന്റെ കോപത്തിനു ശമം സിദ്ധിക്കുകയുള്ളു. കാട്ടില്‍ മരവുരിയും തോലും ഉടുത്തു ദുഃഖിച്ചിരുന്ന പാണ്ഡവന്മാരെ കണ്ടപ്പോള്‍ അങ്ങു ദുഃഖിച്ചത്‌ ഓര്‍ക്കുന്നില്ലേ? എന്നാൽ ശൂരനായ സഹദേവന്‍ പറഞ്ഞത്‌ എല്ലാ യോദ്ധാക്കള്‍ക്കും സമ്മതമായ കാരൃമാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മനസ്വിയായ യുയുധാനന്‍ പറഞ്ഞപ്പോള്‍ യോദ്ധാക്കളുടെ ഇടയില്‍ നിന്ന്‌ ആര്‍പ്പുവിളിയും സിംഹനാദവും മുഴങ്ങി. അവിടെ സന്നിഹിതരായ എല്ലാ വീരന്മാരും ആ വാക്കിനെ പ്രശംസിച്ചു! വാഴ്ത്തിപ്പറഞ്ഞു! രണോദ്ധതനായ സാത്യകി ഭേഷ്‌! ഭേഷ്‌! എന്നു യോധന്മാരുടെ ആഹ്ളാദ പ്രകടനങ്ങള്‍ക്കു മറുപടി നല്കി.

82. ദ്രൗപദീ കൃഷ്ണ സംവാദം - കൃഷ്ണന്റെ മുമ്പില്‍ ദ്രൗപദിയുടെ സങ്കട നിവേദനം - വൈശമ്പായനന്‍ പറഞ്ഞു: ധര്‍മ്മാര്‍ത്ഥ സഹിതമായി രാജാവ്‌ പറഞ്ഞതിനെ ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കുന്ന കൃഷ്ണന്റെ സമീപത്ത്‌ കൃഷ്ണ സങ്കടത്തോടെ ചെന്നു. ദ്രുപദ രാജാവിന്റെ പുത്രിയായ ആ കരിവാര്‍മുകില്‍ വേണി സഹദേവനേയും സാതൃകിയേയും പൂജിച്ച്‌, ഭീമസേനന്‍ ശമം പുണ്ടതു കണ്ട്‌ ബുദ്ധിക്ഷയത്തോടെ കണ്ണുനീര്‍ വാര്‍ത്ത്‌ ഇപ്രകാരം കൃഷ്ണനോടു പറഞ്ഞു.

ദ്രൗപദി പറഞ്ഞു: മഹാബാഹോ, ധര്‍മ്മജ്ഞാ, മധുസൂദനാ, മന്ത്രിമാരോടു കൂടിയ ദുര്യോധനന്‍ ചതിച്ചു പാണ്ഡവന്മാരെ രാജ്യത്തു നിന്ന്‌ ഓടിച്ചു ദുഃഖിപ്പിച്ചതൊക്കെ ഭവാന്‍ അറിഞ്ഞിരിക്കുന്നു. സഞ്ജയന്‍ വന്നു ഗൂഢമായി രാജാവിനെ കണ്ടു മന്ത്രിച്ചതും, ധര്‍മ്മപുത്രന്‍ പറഞ്ഞ വാക്കുകളും ഭവാന്‍ അറിഞ്ഞിരിക്കുന്നു. സഞ്ജയനോടു പറഞ്ഞയച്ച വാക്കുകളും ഭവാന്‍ കേട്ടിരിക്കുന്നു: കൃഷ്ണാ! ഞങ്ങള്‍ക്ക്‌ അഞ്ചു ഗ്രാമം, അതായത്‌, വൃകസ്ഥലാവി സ്ഥലങ്ങള്‍, മാകന്തീ, വാരണാവതം, ഒടുവില്‍ അഞ്ചാമത്തേതായി ഏതെങ്കിലും ഒന്നും എന്നു പറയു ദുര്യോധനനോട് എന്നു പറഞ്ഞയച്ചു. ഇത്ര കിഴിഞ്ഞു പറഞ്ഞിട്ടും ആ വാക്ക്‌ ദുര്യോധനന്‍ കേട്ടില്ല. സന്ധിക്കു ശ്രമിക്കുന്ന ശ്രീമാനായ ധര്‍മ്മപുത്രന് രാജ്യം കൊടുക്കാതെ തന്നെ സന്ധിക്കു തയ്യാറാവുകയാണെന്നു വന്നാല്‍ അത്‌ ഒരിക്കലും നടത്തിക്കരുതേ കേശവാ! മഹാബാഹോ, ഈ പാണ്ഡവന്മാരും സൃഞ്ജയന്മാരും മതി ചൊടിച്ചു വരുന്ന ദുര്യോധനന്റെ സൈന്യത്തെയൊക്കെ തകര്‍ത്തു വിടുവാന്‍ അവരില്‍ സാമദാനങ്ങള്‍ സ്വീകരിച്ചതും ചേരാത്തതാണ്‌. എന്നാൽ, അവരില്‍ ലേശവും കാരുണ്യം ഭവാന്‍ കാണിക്കരുതേ! സാമദാനങ്ങളില്‍ ശമിക്കാത്ത അരിവീരന്മാരില്‍ ജീവനില്‍ ശ്രദ്ധയുള്ളവന്‍ ദണ്ഡം എന്ന ഉപായം തന്നെ പ്രയോഗിക്കണം. അച്യുതാ, ഭവാന്‍ ഘോരമായ ദണ്ഡം അവരില്‍ ഏല്പിക്കണം. പാണ്ഡുപുത്രന്മാരും, സൃഞ്ജയ വീരന്മാരും, ഭവാനും കൂടി അവരുടെനേരെ ഘോരമായ ദണ്ഡം തന്നെ പ്രയോഗിക്കണം. ഇതു പാര്‍ത്ഥന്മാര്‍ക്ക്‌ അനുഗുണവും ഭവാനു കീര്‍ത്തി വര്‍ദ്ധകവുമാണ്‌. അങ്ങനെ ചെയ്താല്‍ അതു ക്ഷത്രത്തിന് മേന്മയുമാണ്‌. സുഖാവഹവുമാണ്‌. ലോഭം കാണിച്ചാല്‍ ക്ഷത്രിയനെ ക്ഷത്രിയന്‍ കൊല്ലണം. അക്ഷത്രിയനേയും കൊല്ലണം. അതാണ്‌ സ്വധര്‍മ്മത്തില്‍ നിൽക്കുന്ന ക്ഷത്രിയന്റെ ധര്‍മ്മം. ഏതു പാപം ചെയ്താലും ബ്രാഹ്മണനെ മാത്രമേ ഒഴിവാക്കിക്കൂടൂ. വിപ്രന്‍ എല്ലാ ജാതിക്കും ആചാര്യനും പ്രസൃതാഗ്ര ഭുക്കുമാണല്ലോ. അവദ്ധ്യന്മാരെ കൊല്ലുന്ന പോലെ തന്നെ വദ്ധ്യന്മാരെ കൊല്ലാതെ വിടുന്നതും പാപമാണെന്നല്ലേ ധര്‍മ്മജ്ഞന്മാര്‍ പറയുന്നത്‌? ആ പാപം അങ്ങയില്‍ ബാധിക്കാതിരിക്കത്തക്ക വിധം ഭവാന്‍ വളരെ ശ്രദ്ധിച്ച്‌ ഈ കാര്യം നിർവ്വഹിക്കണം എന്ന്‌ ഞാൻ അപേക്ഷിക്കുന്നു. പാര്‍ത്ഥസൃഞ്ജയ ദാശാര്‍ഹ യോധ വീരന്മാരോടു കൂടി അതു നിർവ്വഹിക്കേണം എന്നപേക്ഷിക്കുന്നു. ഭവാനോടുള്ള വിശ്വാസത്താല്‍ ഞാന്‍ പറഞ്ഞതു തന്നെ വീണ്ടും പറയുകയാണ്‌.

കേശവാ, ഭവാനൊന്ന്‌ ചിന്തിച്ചു നോക്കൂ. ഇന്ന്‌ ഈ ഭൂമണ്ഡലത്തില്‍ അധിവസിക്കുന്ന സ്ത്രീകളില്‍ എന്നെ പോലെ ആരുണ്ട്‌?ദ്രുപദ മഹാരാജാവിന്റെ പുത്രി, യജ്ഞവേദിയില്‍ നിന്ന്‌ ഉയര്‍ന്നു വന്നവള്‍, ധൃഷ്ടദ്യുമ്നന്റെ സഹോദരി, ഹേ, കൃഷ്ണാ! ഭവാന്റെ ഇഷ്ടതോഴി, ആജമീഢാന്വയത്തിലേക്കു കെട്ടിച്ചു കൊടുത്തവള്‍, മാന്യനായ പാണ്ഡു രാജാവിന്റെ സ്നുഷ, പഞ്ചേന്ദ്ര തേജസ്വികളായ പഞ്ചപാണ്ഡവന്മാരുടെ വല്ലഭ. അഞ്ചു വീരന്മാര്‍ വഴിക്ക്‌ അഞ്ചു മഹാരഥന്മാരായ മക്കളുടെ വീരമാതാവ്‌, ഭവാന്‍ അഭിമന്യുവിനെ പോലെ ധര്‍മ്മത്താല്‍ എന്റെ മക്കള്‍ ഭവാനു വത്സന്മാരാണല്ലോ. അങ്ങനെയുള്ള എന്നെ ആ നരാധമന്‍ മുടി ചുറ്റിപ്പിടിച്ച്‌ വലിച്ച്‌ സഭയില്‍ കയറ്റി. നിലവിളിക്കുന്ന എന്നെ പാണ്ഡവന്മാര്‍ നോക്കി നിൽക്കെ, ഭവാന്‍ ജീവിച്ചിരിക്കെ, ഹരേ! സഭയില്‍ കയറ്റി! പാണ്ഡവന്മാരും പാഞ്ചാലന്മാരും വൃഷ്ണികളും ജീവിച്ചിരിക്കെ തന്നെ ദുഷ്ടന്മാര്‍ക്കു ദാസിയായി ഞാന്‍ സഭയില്‍ കയറ്റപ്പെട്ടു. ഞാന്‍ സഭയില്‍ കയറി നിന്നു. പാണ്ഡവന്മാര്‍ അമര്‍ഷം കൊള്ളാതെ ഏവരും കണ്ടു നിൽക്കെ, "എന്നെ രക്ഷിക്കണേ! ഗോവിന്ദാ! രക്ഷിക്കണേ! ഗോവിന്ദാ!", എന്നു ഞാന്‍ മനസ്സില്‍ വേദനയോടെ വിളിച്ചു നിലവിളിച്ചു. അപ്പോള്‍ എന്നോടു വിശ്രുതനായ ശ്വശുരന്‍ പറഞ്ഞു: "വരം ചോദിക്കു പാഞ്ചാലീ, നീ എന്റെ വരത്തിന് അര്‍ഹയാണ്‌" എന്ന്. തേരും ആയുധവുമായി പാർത്ഥന്മാര്‍ ദാസ്യം വിടേണമെന്ന്‌ ഞാന്‍ അപേക്ഷിച്ചു. അങ്ങനെ കാട്ടില്‍ പാര്‍ക്കുന്നതിന് വിട്ടു കിട്ടി. ഇങ്ങനെയുള്ള ദുഃഖങ്ങള്‍ എനിക്കുണ്ടായത്‌ നീ അറിഞ്ഞവനല്ലേ ജനാര്‍ദ്ദനാ! ഹേ, പുണ്ഡരീകാക്ഷ! ഭര്‍ത്താക്കന്മാരേയും ജ്ഞാതികളേയും മിത്രങ്ങളേയും ഭവാന്‍ രക്ഷിച്ചാലും! എന്നാലും ഞാന്‍ ഭീഷ്മര്‍ക്കും ധൃതരാഷ്ട്രര്‍ക്കും ഒന്നു പോലെ ധര്‍മ്മത്താല്‍ സ്നുഷയായിരിക്കെ ബലത്താല്‍ ഞാന്‍ ദാസിയായി തീര്‍ന്നു. പാര്‍ത്ഥന്റെ ധനുര്‍ദ്ധരത്വം നിന്ദ്യം തന്നെ. ഭീമന്റെ ആ മഹാശക്തത നിന്ദ്യം തന്നെ. മുഹൂര്‍ത്ത സമയമെങ്കിലും ആ സുയോധനന്‍ ജീവിച്ചിരിക്കുന്നു. അവനെ ഇത്രനാളും ബാക്കി വെച്ചില്ലേ? ഞാന്‍ അനുഗ്രാഹ്യയാണെങ്കില്‍, എന്നില്‍ നീ കൃപയുള്ളവനാണെങ്കില്‍ ഹേ കൃഷ്ണാ! ധാര്‍ത്തരാഷ്ട്രന്മാരില്‍ ഭവാനുള്ള കോപം മുഴുവന്‍ വിടണം. ലേശം ബാക്കി വെക്കരുത്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞു മൃദുവായി ചുരുണ്ടും അഴകുറ്റതും സര്‍വ്വലക്ഷണവും ചേര്‍ന്നതും സുഗന്ധമെല്ലാം അണിഞ്ഞ്‌ ഏറ്റവും കറുത്തതും, കൃഷ്ണസര്‍പ്പം പോലെ നീണ്ടതും ശോഭിക്കുന്നതുമായ വാര്‍മുടി ഇടതുകൈ കൊണ്ടു താങ്ങിപ്പിടിച്ച്‌ ആ പത്മാക്ഷി പങ്കജാക്ഷന്റെ അരികിലേക്ക്‌ ഗജരാജ ഗാമിനിയായി നടന്നുചെന്ന്‌ ഇപ്രകാരം പറഞ്ഞു:

ദുശ്ശാസനന്‍ തന്റെ കൈ കൊണ്ടു പിടിച്ചു വലിച്ച ഈ മുടി നോക്കൂ! ശത്രുക്കളുമായി സന്ധി സംസാരിക്കുവാന്‍ പോകുന്ന ഭവാന്‍ ഓരോ കാര്യം പറയുമ്പോഴും ഈ മുടിയെപ്പറ്റി ഓര്‍ക്കണേ. കൃഷ്ണാ! ഭീമാര്‍ജ്ജുനന്മാര്‍ കൃപണമായ സന്ധിയെപ്പറ്റിആഗ്രഹിച്ചാലും മഹാരഥന്മാരായ പുത്രന്മാരോടു കൂടിയ എന്റെ അച്ഛന്‍ വൃദ്ധനാണെങ്കിലും, അദ്ദേഹം അതിന് സമ്മതിക്കയില്ല. എതിര്‍ക്കുക തന്നെ ചെയ്യും. ഭീമാര്‍ജ്ജുനന്മാര്‍ കൃപണമായ ആ സന്ധിയെപ്പറ്റി ആഗ്രഹിച്ചാലും മഹാവീരന്മാരായ എന്റെ പുത്രന്മാര്‍, അഭിമന്യുവിനെ മുന്‍നിര്‍ത്തി കുരുക്കളോടു പോരാടും. ദുശ്ശാസനന്റെ ആ കറുത്ത ഹസ്തമറ്റ്‌ യുദ്ധഭൂമിയിലെ പൊടിയില്‍ കിടക്കുന്നത്‌ നോക്കിക്കാണുവാന്‍ എനിക്കു കഴിഞ്ഞില്ലെങ്കില്‍ എന്റെ ഹൃദയത്തിന് എന്തു ശാന്തിയാണ്‌ ലഭിക്കുക? പതിമൂന്നു ദീര്‍ഘമായ വര്‍ഷങ്ങള്‍ കാത്തിരുന്നു കഴിഞ്ഞു പോയി. കുത്തുന്ന തീ പോലെ ഉള്ളില്‍ ദുഃഖമടക്കി കഴിച്ചു കൂട്ടി. ഇപ്പോള്‍ ഭീമന്റെ വാക്കാകുന്ന ശല്യം എന്റെ മനസ്സിനെ പീഡിപ്പിക്കയാല്‍ ഹൃദയം പൊട്ടുന്നു. ഇക്കാലത്ത്‌ ഇവന്‍ ധര്‍മ്മം നോക്കിയിരിക്കയാണു പോലും. ഇപ്രകാരം പറഞ്ഞു തൊണ്ടയിടറി കോപം സഹിക്കാതെ ഇടറുന്ന ഒച്ചയോടു കൂടി, ആ പീനായത നിതംബ കൊങ്കകള്‍ രണ്ടും ഒപ്പം കണ്ണില്‍ നിന്നൊഴുകുന്ന ചുടുകണ്ണുനീരില്‍ കുളിപ്പിച്ച്‌ ഉച്ചത്തില്‍ തേങ്ങിക്കരഞ്ഞു.

അപ്പോള്‍ മഹാബാഹുവായ കേശവന്‍ അവളോടു സാന്ത്വമായി ഇപ്രകാരം പറഞ്ഞു: കൃഷ്ണേ, ഭാരത സ്ത്രീകള്‍ കരയുന്നത്‌ നിനക്കു ക്ഷണത്തില്‍ കാണുവാന്‍ സാധിക്കും. ബന്ധുക്കളും ജഞാതികളും ചത്ത്‌ അവര്‍ ഇപ്രകാരം കരയുന്നതാണ്‌. ഹേ, ഭാമിനീ! നീ കോപിക്കുക മൂലം അവരുടെ മിത്രസൈന്യങ്ങളും നശിച്ച്‌ ഇത്തരത്തിലുള്ള ദുഃഖത്തില്‍ ആര്‍ത്തരായി വിലപിക്കുന്നത്‌ ഉടനെ നിനക്കു കാണാം. ഞാനും ഭീമാര്‍ജ്ജുന യമന്മാരോടു കൂടി യുധിഷ്ഠിരന്റെ ആജ്ഞപ്രകാരം ദൈവം കല്പിച്ച വിധിയാല്‍ അവരെ അത്തരത്തിലാക്കും. എന്റെ വാക്ക്‌ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ നൂറ്റുപേര്‍ കാലപക്വന്മാരാണെന്നു വിചാരിച്ചു കൊള്ളുക. അവര്‍ മന്നില്‍ ചത്തു വീഴും. നായ്ക്കള്‍ക്കും നരികള്‍ക്കും അവര്‍ തീറ്റിയായി തീരും. ഹിമാചലം ചലിച്ചെന്നു വരാം. ഭൂമി നൂറു കഷണമായി പിളര്‍ന്നു പോയെന്നു വരാം. ആകാശം കൊള്ളിമീനോടു കൂടി ഇടിഞ്ഞു വീണേക്കാം. എന്നാൽ, എന്റെ വാക്ക്‌ ഒരിക്കലും പിഴച്ചു പോവുകയില്ല. കൃഷ്ണേ, ഞാന്‍ നിന്നോടു സത്യം ചെയ്തു പറയുന്നു. നീ കണ്ണുനീരടക്കുക. ശത്രുക്കളെ കൊന്ന്‌ ലക്ഷ്മിയോടു കൂടി നിനക്കു നിന്റെ കാന്തന്മാരെ കാണാം.

83. ശ്രീകൃഷ്ണപ്രസ്ഥാനം - അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, ഭവാന്‍ ഇന്ന്‌ കുരുക്കള്‍ക്കൊക്കെ മുഖ്യനായ സുഹൃത്താണ്‌. സംബന്ധിയും ദയിതനെന്നും രണ്ടു കൂട്ടരിലും വൃത്യാസമില്ലാത്ത തുല്യ സുഹൃത്തുമാണ്‌. പാണ്ഡവന്മാരുമായി കുരുക്കള്‍ക്കു കുശലം ഭവാന്‍ ഉണ്ടാക്കണം. ശമം ഉണ്ടാക്കുന്ന കാര്യത്തില്‍ കേശവാ, ഭവാന്‍ സമര്‍ത്ഥനും കഴിവുള്ളവനുമാണല്ലോ! ശത്രുസൂദനാ! ഭവാന്‍ അമര്‍ഷിയായ ദുര്യോധനനെ ജ്യേഷ്ഠനോടു ശമമുണ്ടാക്കുവാന്‍ വേണ്ടതു പറയുക. ധര്‍മ്മാര്‍ത്ഥത്തോടു കൂടി ശുഭമായി അനാമയമായി ഭവാന്‍ പറയുന്നതു കൈക്കൊള്ളാത്ത മൂഢന്‍ കാലത്തിന്റെ അധീനത്തില്‍ പെട്ടു പോവുക തന്നെ ചെയ്യും.

ഭഗവാന്‍ പറഞ്ഞു: നമ്മള്‍ക്കു ഹിതമായും കുരുക്കള്‍ക്ക്‌ അനാമയമായുമിരിക്കുന്ന കാര്യം നിര്‍വ്വഹിക്കുവാന്‍ ഞാന്‍ ധൃതരാഷ്ട്ര രാജാവിന്റെ പാര്‍ശ്വത്തിലേക്കു പോവുകയാണ്‌.

വൈശമ്പായനൻ പറഞ്ഞു: സൂര്യന്‍ ഇരുട്ടു വിട്ടു ശുദ്ധമായ ആകാശത്തില്‍ വിളങ്ങുമ്പോള്‍, മൈത്രം എന്ന മുഹൂര്‍ത്തത്തില്‍, സൂര്യനു ശോഭ മൃദുവായിരിക്കുന്ന സമയത്ത്‌ ശരത്തു പോയി മഞ്ഞണിഞ്ഞ കാര്‍ത്തിക മാസത്തില്‍ രേവതീനക്ഷത്രത്തില്‍, സുഖമായി സസ്യങ്ങളൊക്കെ വളര്‍ന്നു നിൽക്കുന്ന കാലത്ത്‌, മംഗളരൂപനായ ആ സത്വഗുണാന്വിതന്‍, ഇന്ദ്രന്‍ മുനീന്ദ്രന്മാരുടെ എന്ന പോലെ കൂടെ നിൽക്കുന്ന ബ്രാഹ്മണരുടെ മംഗല്യ പുണ്യഘോഷം ചേര്‍ന്ന നല്ല സത്യോക്തികള്‍ കേട്ട്‌ പൗര്‍വ്വാഗ്നികം (പൂര്‍വ്വാന്നത്തെ സംബന്ധിച്ച അഗ്നികര്‍മ്മം) ചെയ്ത്‌, കുളികഴിഞ്ഞ്‌ ഏറ്റവും ശുചിയായി അലംകൃതനായി സൂര്യനേയും അഗ്നിയേയും ജനാര്‍ദ്ദനന്‍ ഉപാസിച്ചു. പിന്നെ കാളയുടെ പുറം തൊട്ടു വിപ്രന്മാര്‍ക്ക്‌ അഭിവാദനം ചെയ്ത്‌, അഗ്നിയെ വലം വെച്ച്‌, മുന്‍വശത്തു മംഗളങ്ങള്‍ കണ്ട്‌ പാണ്ഡവന്റെ വാക്ക്‌ ഏറ്റു സ്വീകരിച്ചു. പിന്നെ ശിനിപുത്രനായ സാത്യകിയെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: "എന്റെ ശംഖും ചക്രവും, ഗദയും തേരില്‍ കയറ്റണം. ആവനാഴികളും, വേലും മറ്റ്‌ ആയുധങ്ങളും കയറ്റണം. ദുഷ്ടബുദ്ധികളാണ്‌ ദുര്യോധനനും, കര്‍ണ്ണനും, ശകുനിയും. അശക്തനായ ശത്രുവിനേയും ശക്തന്‍ നിസ്സാരമായി കരുതരുത്‌". പിന്നെ കേശവന്റെ അഭിപ്രായം അറിഞ്ഞ്‌ കൂടെയുള്ളവര്‍ ആ ഗദാചക്രധരന്റെ തേര്‍ പൂട്ടുവാനായി പാഞ്ഞു പോയി.

ദീപ്തമായ കാലാഗ്നിക്കു തുല്യമായതും, വായു വേഗത്തില്‍ പായുന്നതും, സൂര്യചന്ദ്രന്മാരെ പോലെ ശോഭിക്കുന്ന രണ്ടു ചക്രമുള്ളതും, ചന്ദ്രന്‍, അര്‍ദ്ധചക്രന്‍, മത്സ്യങ്ങള്‍, മൃഗപക്ഷികള്‍, പലതരം പൂക്കള്‍, നാനാരത്നങ്ങള്‍ ഇവ കൊണ്ട്‌ മോടിപിടിപ്പിച്ചതും, തരുണ സൂര്യപ്രകാശത്തോടു കൂടിയതും, വലിയതും, ഭംഗിയുള്ളതും, സ്വര്‍ണ്ണരത്നങ്ങള്‍ ചേര്‍ന്ന പതാകയുള്ളതും, വേണ്ടതെല്ലാം ചേര്‍ന്ന്‌ അധൃഷ്യമായതും, പുലിത്തോലു കൊണ്ടു പൊതിഞ്ഞതും, ശത്രുകീര്‍ത്തിഹരവും, യാദവന്മാര്‍ക്കു സന്തോഷപ്രദവും, അശ്വങ്ങളായ ശൈബ്യം, സുഗ്രീവം, മേഘപുഷ്പം, വലാഹകം എന്നിവയെ നനച്ചു വിലപിടിച്ച കോപ്പുകള്‍ അണിഞ്ഞ്‌ നുകത്തില്‍ കെട്ടിയതും, കൃഷ്ണന്റെ മഹിമാവ്‌ വീണ്ടും വീണ്ടും ഉദ്ദീപിപ്പിക്കുന്നതും, മുഴക്കത്തോടു കൂടിയതും, ഗരുഡധ്വജം ചേര്‍ന്നതും, മേരുശൃംഗം പോലെ ഉയര്‍ന്നതും, മേഘദുന്ദുഭിസ്വനം ചേര്‍ന്നതും, വിമാനം പോലെ കാമഗവുമായ തന്റെ രഥത്തില്‍ ശൗരി കയറി. പിന്നെ സാത്യകിയെ യാത്രയ്ക്കായി കൂടെ കയറ്റി.

ആകാശവും ഭൂമിയും രഥഘോഷം കൊണ്ട്‌ മുഴക്കി. ഭഗവാന്‍ പുറപ്പെട്ട സമയത്തു കാറ്റ്‌ ഒഴിഞ്ഞ മട്ടില്‍ നിൽക്കുകയും പിന്നെ ശുഭമായി വീശുകയാല്‍ പൊടിയൊക്കെ അമരുകയും ചെയ്തു. കാര്യത്തിന് അനുകൂലമായ വിധം മംഗല്യങ്ങളായ മൃഗപക്ഷികള്‍ വലം വയ്ക്കുകയും വാസുദേവന്റെ യാത്രയെ പിന്‍തുടരുകയും ചെയ്തു. മംഗള സൂചകമായ സ്വരങ്ങള്‍ പുറപ്പെടുവിച്ച്‌ പിന്നാലെ പറന്നുവന്ന് സരസ്സില്‍ അധിവസിക്കുന്ന ശതപ്രതങ്ങളായ അന്നങ്ങള്‍ മധുവൈരിയെ പ്രീതിപ്പെടുത്തി. മന്ത്രാഹുതിയാല്‍ മഹാഹോമഹുതനായ അഗ്നി ജ്വാലാമുഖം വലത്തോട്ടു ചുറ്റി പുകയില്ലാതെ തെളിഞ്ഞു. അപ്പോള്‍ വസിഷ്ഠന്‍, വാമദേവന്‍, ഭൂരിദ്യുമ്നന്‍, ഗയന്‍, ക്രഥന്‍, ശുക്രന്‍, നാരദന്‍, വാല്മീകന്‍, വാനോര്‍കള്‍, കുശികന്‍, ഭൃഗു ഇങ്ങനെ ദേവന്മാരും, ബ്രഹ്മര്‍ഷിമാരും യദു സൗഖ്യദനായ കൃഷ്ണനെ, ഇന്ദ്രാനുജനെ ഒന്നിച്ചു വലം വെച്ചു. ഇപ്രകാരം ഈ മഹാഭാഗരായ മഹര്‍ഷി ഗണങ്ങളും, മറ്റു സജ്ജനങ്ങളും പൂജിച്ചതു കൈക്കൊണ്ട്‌ കൃഷ്ണന്‍ കുരുപുരത്തിലേക്കായി പുറപ്പെട്ടു പോകുമ്പോള്‍ യുധിഷ്ഠിര രാജാവു കൃഷ്ണനെ അനുഗമിച്ചു. ഭീമാര്‍ജ്ജുനന്മാരും മാദ്രീകുമാരന്മാരും അനുഗമിച്ചു. വിക്രാന്തനായ ചേകിതാനന്‍, ചേദി രാജാവായ ധൃഷ്ടകേതു, ദ്രുപദന്‍, കാശി രാജാവ്‌, മഹാരഥനായ ശിഖണ്ഡി, ധൃഷ്ടദ്യുമ്നന്‍, പുത്രരോടു കൂടിയ വിരാടന്‍, കേകയ രാജാവ്‌, മറ്റു ക്ഷത്രിയന്മാര്‍ എന്നിവരും, ക്ഷത്രിയേന്ദ്രനായ കൃഷ്ണനെ കാര്യസിദ്ധിക്കായി അനുഗമിച്ചു. പിന്നെ രാജാവായ യുധിഷ്ഠിരന്‍ ഗോവിന്ദനെ പിന്‍തുടര്‍ന്നു. മഹദ്യുതിയായ അദ്ദേഹം ആ രാജാക്കന്മാരുടെ മദ്ധ്യത്തില്‍ നിന്ന്‌ കൃഷ്ണന്റെ സമീപത്തെത്തി, കാമം, ഭയം, ലാഭം, അര്‍ത്ഥസിദ്ധി എന്നിവ കൊണ്ടും അന്യായം തുടരാത്തവനും, സ്ഥിരബുദ്ധിയും, അലോലൂപനും, ധര്‍മ്മജ്ഞനും, ധൃതിമാനും, നാട്ടിലൊട്ടുക്കു അതുല്യ പ്രാജ്ഞനും, സര്‍വ്വ ജീവികളുടേയും ഈശ്വരനും, ദേവദേവനും, സനാതനനും, ശ്രീവത്സ ചിഹ്നമുള്ളവനും, സര്‍വ്വഗുണ സമ്പൂര്‍ണ്ണനുമായ കേശവനെ ഗാഢമായി കെട്ടിപ്പുണര്‍ന്ന്‌ കൗന്തേയന്‍ ഇപ്രകാരം സന്ദേശം ഉണര്‍ത്തിക്കുവാന്‍ തുടങ്ങി.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, കൃഷ്ണാ, ബാല്യം മുതല്‍ ഞങ്ങളെ വളര്‍ത്തി പാലിച്ച ഞങ്ങളുടെ അമ്മ! ഉപവാസവും തപസ്സും മൂലം തളര്‍ന്ന ഞങ്ങളുടെ അമ്മ! സ്വസ്ത്യയനത്തില്‍ എന്നും ശ്രദ്ധയോടു കൂടി ദേവതകള്‍ക്കും അതിഥികള്‍ക്കും, ആര്യഗുരു ജനങ്ങള്‍ക്കും ശുശ്രൂഷ ചെയ്ത ഞങ്ങളുടെഅമ്മ, മക്കളില്‍ പ്രിയ വാത്സല്യവതിയായ ഞങ്ങളുടെ അമ്മ, ദുര്യോധന ഭയത്തില്‍ നിന്ന്‌ ഞങ്ങളെ രക്ഷിച്ചു പോന്ന, മഹാമ്യത്യു ഭയത്തില്‍ കടലില്‍ കപ്പലെന്ന പോലെ ഞങ്ങളെ രക്ഷപ്പെടുത്തിയ, ഞങ്ങള്‍ക്കു വേണ്ടി നിത്യം കണ്ണുനീര്‍ പൊഴിച്ചു കൊണ്ടിരിക്കുന്ന അമ്മ, ഒരിക്കലും ദുഃഖത്തിന് അര്‍ഹയല്ലാത്ത ഞങ്ങളുടെ അമ്മ, ഇപ്പോഴും കണ്ണുനീര്‍ പൊഴിച്ച്‌ ഹസ്തിനപുരത്തില്‍ കഴിഞ്ഞു കൂടുകയാണ്‌. ഞങ്ങളുടെ പ്രാണനായ അമ്മയെ കേശവാ, ജനാര്‍ദ്ദനാ! ആശ്വസിപ്പിക്കണേ! പാണ്ഡവന്മാരായ ഞങ്ങളുടെ ഓരോരുത്തരുടേയും പേരു പറഞ്ഞ്‌ അമ്മയെ ആശ്വസിപ്പിക്കണേ! വേട്ടനാള്‍ മുതല്‍ ശ്വശുര ഗ്യഹത്തില്‍ ദുഃഖമേ അമ്മയ്ക്കുണ്ടായിട്ടുള്ളു. അവമാനം കണ്ട്‌ അനര്‍ഹമായ ദുഃഖങ്ങള്‍ എത്ര അനുഭവിച്ചു! കൃഷ്ണാ, ഞങ്ങളുടെ അമ്മയ്ക്കു ദുഃഖഭയം തീര്‍ന്ന കാലം എങ്ങാനും അനുഭവിക്കുവാന്‍ കഴിയുമോ? ക്ലേശിച്ചു ക്ലേശിച്ച്‌ ജീവിച്ച എന്റെ അമ്മയ്ക്കു കുറച്ചു നാളെങ്കിലും സുഖം അനുഭവിക്കുവാന്‍ എന്നെ കൊണ്ട്‌ ഇടവരുമോ കൃഷ്ണാ!

കാട്ടിലേക്കു പോകുന്ന ഞങ്ങളെ കണ്ണുനീർ ഒഴുക്കിക്കൊണ്ട്‌ പാവം പിന്തുടര്‍ന്നു. പുത്രവാത്സല്യം മൂലം കരഞ്ഞു പിന്തുടരുന്ന ഞങ്ങളുടെ അമ്മയെ വിട്ടു ഞങ്ങള്‍ കാട്ടിലേക്കു പോന്നു. അമ്മ ആ ദുഃഖത്താല്‍ മരിച്ചു പോകുമായിരുന്നു. അമ്മ മരിച്ചില്ല; കാരണം പുത്രസ്നേഹം ഒന്നു കൊണ്ടു മാത്രമാണ്‌. ദ്വാരകയില്‍ സല്‍കൃതയായ അമ്മ ഇന്നു പുത്രന്മാരെ കുറിച്ചുള്ള ആധിയാൽ ആര്‍ത്തയായി ഹസ്തിനപുരത്തില്‍ കഴിഞ്ഞു കൂടുന്നു. ഭവാന്‍ എന്റെ വാക്കാല്‍ അമ്മയെ അഭിവാദ്യം ചെയ്യുക.

വൃദ്ധകൗരവ രാജാവായ ധൃതരാഷ്ട്രനേയും ഭീഷ്മദ്രോണ കൃപന്മാരേയും ബാല്‍ഹീക രാജാവിനേയും സോമദത്തനേയും അശ്വത്ഥാമാവിനേയും, മറ്റു ഭാരതന്മാരേയും എന്റെ വാക്കാല്‍ അഭിവാദ്യം ചെയ്യുക. പ്രാജ്ഞനായ വിദുരനേയും മധുസുദനാ, പുല്കണേ! ഇപ്രകാരം രാജമദ്ധ്യത്തില്‍ വെച്ച്‌ കേശവനോടു യുധിഷ്ഠിരന്‍ പറഞ്ഞു. കൃഷ്ണന്റെ സമ്മതത്തോടു കൂടി യുധിഷ്ഠിരന്‍ തിരിച്ചു. തന്റെ സഖിയും പുരുഷശ്രേഷ്ഠനും, ശത്രുജിത്തും അപരാജിതനുമായ ദാശാര്‍ഹനോടു പിന്നെ അര്‍ജ്ജുനന്‍ പറഞ്ഞു: ആദ്യത്തെ നിശ്ചയത്തില്‍ ഞങ്ങള്‍ക്കുള്ള അര്‍ദ്ധരാജ്യത്തെ കുറിച്ചുള്ള വാസ്തവസ്ഥിതി രാജാക്കന്മാര്‍ക്കൊക്കെ ബോദ്ധ്യമായിട്ടുള്ളതാണ്‌. തടസ്സം കൂടാതെ മാനിച്ച്‌ നിന്ദ കൂടാതെ അതു തരികയാണെങ്കില്‍ അത്‌ എനിക്കു തൃപ്തി നൽകും. അതു കൊണ്ട്‌ ദുഃഖം വിട്ടൊഴിയുകയും ചെയ്യും. അതു കൂടാതെ കുശലം വെടിഞ്ഞ്‌ ധാര്‍ത്തരാഷ്ട്രന്‍ മറിച്ചു തുടങ്ങിയാല്‍ ഞാന്‍ സര്‍വ്വ ക്ഷ്രതിയന്മാര്‍ക്കും നാശം വരുത്തിയേ അടങ്ങുകയുള്ളൂ ജനാര്‍ദ്ദനാ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ ഭീമസേനന്‍ പ്രഹര്‍ഷം പൂണ്ടു. വീണ്ടും വീണ്ടും ഉദിച്ച ക്രോധത്താല്‍ ഭീമന്‍ വിറച്ചു. അര്‍ജ്ജുനന്റെ വാക്കു കേട്ട്‌ ഹര്‍ഷത്തള്ളലാല്‍ വിറപൂണ്ട്‌ ഭീമസേനന്‍ ഉച്ചത്തില്‍ അലറി. അവന്റെ ആരവം കേട്ട്‌ വീരന്മാരായ ധനുര്‍ദ്ധരന്മാര്‍ കിടിലം കൊണ്ടു. ആനകളും കുതിരകളും പേടിച്ച്‌ മലമൂത്രങ്ങള്‍ വിട്ടു.

ഇങ്ങനെ കേശവനോട്‌ അവര്‍ പറഞ്ഞു നിശ്ചയിച്ച്‌ കൃഷ്ണനെ പുണര്‍ന്ന്‌ സമ്മതം വാങ്ങി അവര്‍ തിരിച്ചു.

രാജാക്കന്മാരൊക്കെ പോയതിന് ശേഷം ശൈബ്യസുഗ്രീവ വാഹനനായ കൃഷ്ണന്‍ ഹര്‍ഷത്തോടെ യാത്ര തുടര്‍ന്നു. ദാരുകന്‍ തെളിച്ച്‌ ഓടിക്കുന്ന ആ കുതിരകള്‍ ആകാശത്തെ വിഴുങ്ങുന്ന വിധം കുതിച്ചു പാഞ്ഞു. കേശവന്‍ മുനീന്ദ്രരെ മാര്‍ഗ്ഗത്തില്‍ കണ്ടു. ബ്രഹ്മതേജസ്വികളായ അവര്‍ വഴിയുടെ ഇരുവക്കിലും നിരന്നതായി കണ്ടപ്പോള്‍ രഥം നിര്‍ത്തി അതില്‍ നിന്നു ചാടിയിറങ്ങി, ജനാര്‍ദ്ദനന്‍ യഥാവൃത്തം മുനികളെയൊക്കെ മാനിച്ച്‌ ഇപ്രകാരം പറഞ്ഞു: "ലോകര്‍ക്കു സുഖം തന്നെയല്ലേ; ധര്‍മ്മാനുഷ്ഠാനം നടക്കുന്നില്ലേ? വിപ്രശാസനയില്‍ മൂന്നു ജാതികളും നിൽക്കുന്നില്ലേ?". ഇങ്ങനെ അവരെ പൂജിച്ചതിന് ശേഷം കൃഷ്ണന്‍ തുടര്‍ന്നു; "സിദ്ധരായ ഭവാന്മാര്‍ എങ്ങു നിന്ന്‌ ഇവിടെ എത്തി? ഭവാന്മാരുടെ മാര്‍ഗ്ഗം ഏതാണ്‌? ഭവാന്മാര്‍ക്ക്‌ ഈയുള്ളവന്‍ ചെയ്തു തരേണ്ട കര്‍മ്മം എന്താണെന്ന്‌ അറിയിച്ചാലും. എന്തിനാണ്‌ ഭവാന്മാര്‍ ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത്‌?". ഇതു കേട്ട്‌ ജാമദഗ്ന്യന്‍, മധുവൈരിയായ കൃഷ്ണന്‍ തന്റെ അരികേ എത്തുന്ന സമയത്ത്‌ ഗാഢമായി പുണര്‍ന്ന്‌ ഇപ്രകാരം പറഞ്ഞു: "ഹേ ദാശാര്‍ഹാ! പുണ്യവാന്മാരും അറിവുള്ളവരുമായ ദ്വിജേന്ദ്രന്മാരും, ദേവര്‍ഷിമാരും, രാജര്‍ഷികള്‍ മാനിക്കുന്ന തപസ്വികളും പുരാതനമായ ദേവാസുരങ്ങള്‍ കണ്ടിട്ടുള്ളവരാണ്‌. മഹാമുനേ, ഇപ്പോള്‍ മുന്നിലുള്ള ക്ഷത്രം ഒക്കെ ഒത്ത്‌ സന്തോഷത്തോടെ കാണുന്നതിന്, സത്യസ്വരൂപനും ജനാര്‍ദ്ദനനുമായ ഭവാനെ കാണുന്നതിന്, കാണേണ്ടതായ ഭയങ്കര കാഴ്ച കാണുന്നതിന് വേണ്ടി ഞങ്ങള്‍ ഇങ്ങു വന്നതാണ്‌. ഭവാന്റെ ധര്‍മ്മാധര്‍മ്മങ്ങൾ ഇണങ്ങിയ വാക്ക്‌, കുരുരാജ സദസ്സില്‍ വെച്ചു കേള്‍ക്കുവാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു. ഭീഷ്മദ്രോണാദികളും ധീമാനായ വിദുരനും, യാദവശാര്‍ദ്ദൂലനായ ഭവാനും, സഭയില്‍ ചെന്നു ചേരുന്നതാണല്ലോ. ഭവാന്റെയും ആ യോഗ്യന്മാരുടേയും ദിവ്യവും സത്യവും ഹിതവുമായ വാക്യങ്ങള്‍ കേള്‍ക്കുവാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു. ഹേ, ഗോവിന്ദാ, ഞങ്ങള്‍ ഭവാനെ ഒന്നു പുണരട്ടെ. ഞങ്ങള്‍ വീണ്ടും ഭവാനോട്‌ ഉണര്‍ത്താം. ഹേ വീരാ, ഭവാന്‍ നിര്‍വിഘ്‌നം പോയാലും, ഭവാന്‍ ബലതേജസ്സോടു കൂടി സഭാതലത്തില്‍ ദിവ്യാസനത്തില്‍ വാണരുളുന്ന സമയത്ത്‌ ഞങ്ങള്‍ ഭവാനെ ആ സഭാതലത്തില്‍ വെച്ചു കണ്ടു കൊള്ളാം. നമസ്കാരം!

ഭഗവദ്യാന ഉപ പര്‍വ്വം തുടർന്ന് വായിക്കുക . . . . https://keralam1191.blogspot.com/2022/11/84-142.html

No comments:

Post a Comment