Friday 5 August 2022

അനുശാസനപര്‍വ്വം അദ്ധ്യായം 63 മുതൽ 96 വരെ

63. അന്നദാനപ്രശംസ -- അന്നദാനത്തിന്റെ മഹിമകള്‍ ഭീഷ്മൻ പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ദാനം നല്കുവാന്‍ ഉദ്ദേശിക്കുന്ന രാജാവ്‌ ഗുണവാന്മാരായ ബ്രാഹ്മണര്‍ക്ക്‌ ഏതു ദാനമാണ്‌ ഭരതോത്തമാ, നല്കേണ്ടത്‌? ഏതു ദാനം കൊണ്ടാണ്‌ ഉടനെ സന്തോഷിക്കുക? തുഷ്ടന്മാര്‍ എന്താണ്‌ ഉടനെ നല്കുക? അല്ലയോ മഹാബാഹോ, അതുകൊണ്ട്‌ വായ്ക്കുന്ന പുണൃഫലം എന്തെന്നു പറഞ്ഞാലും! എന്തു ദാനം ചെയ്താല്‍ ഈ ലോകത്തിലും പരലോകത്തിലും ഫലമുണ്ടാകും? ഭവാന്‍ പറഞ്ഞ്‌ എല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങു വിസ്തരിച്ചു പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: പണ്ട്‌ ഈ കാര്യം കേട്ടപ്പോള്‍ ദേവദര്‍ശനനായ നാരദന്‍ പറഞ്ഞത്‌ എന്തോ, അതു ഞാന്‍ പറയാം, ഭവാന്‍ കേട്ടാലും.

നാരദന്‍ പറഞ്ഞു: ദേവന്മാരും, ഋഷിമാരും അന്നത്തെ പുകഴ്ത്തിപ്പറയുന്നു. ലോകതന്ത്രവും ബുദ്ധികളുമെല്ലാം അന്നത്തില്‍ സ്ഥിതി ചെയ്യുന്നു. അന്നത്തിന്നൊക്കുന്ന ദാനമെന്തുണ്ട്‌? പണ്ടും അന്നദാനത്തിന് തുല്യമായ ദാനമുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഈ വിശേഷംമുലം അന്നം ദാനം ചെയ്യുവാന്‍ മാനവന്മാര്‍ ഇച്ഛിക്കുന്നു. അന്നം പാരില്‍ ഊര്‍ജ്ജം നല്കുന്നു. പ്രാണന്‍ അന്നത്തില്‍ നില്ക്കുന്നു. ഈ വിശ്വം താങ്ങുന്നത്‌ അന്നമാണ്‌. ജഗത്തിന് അന്നമല്ലാതെ താങ്ങ്‌ എന്തുണ്ട്‌?

അന്നം കൊണ്ടു ഗൃഹസ്ഥര്‍, സന്ന്യാസികള്‍, തപസ്വികള്‍ ഇവരൊക്കെ പാരില്‍ ജീവിക്കുന്നു. പ്രത്യക്ഷമായി അന്നത്തില്‍ നിന്ന്‌ പ്രാണങ്ങള്‍ ഉണ്ടാകുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. കുടുംബിയായി കുഴങ്ങുന്ന മഹാത്മാവായ ബ്രാഹ്മണന്, ഭിക്ഷുവിന് അന്നം നല്ക ണം. തനിക്ക്‌ ഐശ്വര്യം വേണമെന്നു കാംക്ഷിക്കുന്നവന്‍ അതാണു ചെയ്യേണ്ടത്‌. യോഗ്യനായ ബ്രാഹ്മണന്‍ അര്‍ത്ഥിയായി ഗൃഹത്തില്‍ എത്തിയാല്‍ അവന് ഭക്ഷണം നല്‍കുന്നവന്‍ പരലോകത്തു തനിക്കുള്ള നിധി കരുതി വെക്കുകയാണു ചെയ്യുന്നത്‌.

തളര്‍ന്ന്‌ വന്നണയുന്ന യോഗ്യനും, വൃദ്ധനുമായ പാന്ഥനെ ഗൃഹസ്ഥന്‍ അര്‍ച്ചിക്കണം. ഭൂതിയെ കാമിക്കുന്നവന്‍ അതു ചെയ്യേണ്ടതാണ്‌. ക്രോധം വന്നത്‌ അടക്കി വന്നു ചേരുന്ന അതിഥികള്‍ക്ക്‌ മത്സരം കൂടാതെ സുശീലനായി അന്നം ദാനം ചെയ്താല്‍ അവന്‍ വിണ്ണിലും മന്നിലും സൗഖ്യം പ്രാപിക്കുന്നതാണ്‌ രാജാവേ! ഒരു അതിഥി വീട്ടില്‍ വന്നാല്‍ അവനെ നിന്ദിക്കരുത്‌. ഒന്നും നല്കാതെ വിട്ടയയ്ക്കരുത്‌. നായാടിയായാലും നായായാലും അന്നം നല്കിയാല്‍ അതു നിഷ്ഫമാകുകയില്ല.

നാം മുമ്പു കണ്ടിട്ടില്ലാത്ത ഒരു വഴിപോക്കന്‍ തളര്‍ന്ന്‌ നമ്മുടെ ഗൃഹത്തില്‍ വന്നണഞ്ഞാല്‍ അവന്റെ ക്ലേശം തീര്‍ക്കുമാറ്‌ അവനെ അന്നപാനാദികള്‍ കൊണ്ട്‌ സല്‍ക്കരിക്കണം. അങ്ങനെ ചെയ്യുന്നവന്‍ മഹത്തായ ധര്‍മ്മം നേടുന്നതാണ്‌. പിതൃക്കളേയും, ദേവന്മാരേയും, ഋഷിമാരേയും, ഭൂദേവന്മാരേയും, അതിഥികളേയും, അല്ലയോ ജനാധിപാ, ചോറു കൊണ്ട്‌ ആരു തുപ്തിപ്പെടുത്തുന്നുവോ, അവന് മഹത്തായ പുണൃഫലം സിദ്ധിക്കുന്നതാണ്‌. അതിപാതകമായ കര്‍മ്മം ചെയ്തവനാണ്‌ അര്‍ത്ഥിയെങ്കിലും, ബ്രാഹ്മണനാണ്‌ അര്‍ത്ഥിക്കുന്നതെങ്കിലും അവര്‍ക്ക്‌ അന്നം നല്കുന്നവന്‍ പാപം മൂലം ഉഴലുന്നതല്ല. വിപ്രര്‍ക്കും അന്നം നല്കുന്നത്‌ അക്ഷയമായ ദാനമാണ്‌; ദാനം ശൂദ്രന്‌ മഹാഫലം ചെയ്യും. അന്നദാനം ശൂദ്രനായാലും, ബ്രാഹ്മണനായാലും വിശിഷ്ടം തന്നെയാണ്‌.

അന്നം ചോദിച്ചു വരുന്ന ബ്രാഹ്മണന്റെ ഗോത്രമേതെന്നു ചോദിക്കരുത്‌. വേദജ്ഞത്തെപ്പറ്റി അന്വേഷിക്കരുത്‌. ദേശമേതെന്നു ചോദിക്കരുത്‌! ചോദിച്ചു വന്നവന് ഉടനെ അന്നം ദാനം ചെയ്യുക എന്നതാണു ചെയ്യേണ്ടത്‌. അന്നദാതാവിന് അന്നവൃക്ഷങ്ങളും സര്‍വ്വകാമങ്ങളായ ഫലങ്ങളും ഇഹത്തിലും പരത്തിലും സിദ്ധിക്കുന്നതാണ്‌. യാതൊരു സംശയവുമില്ല. കര്‍ഷകന്മാര്‍ മഴ കാത്തിരിക്കുന്നത് പോലെ പിതൃക്കള്‍ പുത്രനോ പൌത്രനോ ചോറു നല്കുമെന്നു വിചാരിച്ചു കാത്തിരിക്കുന്നു. അന്നം ഇരക്കുന്നവരില്‍ ശ്രേഷ്ഠമായ ജീവി ബ്രാഹ്മണനാണ്‌. അകാമനായാലും സകാമനായാലും അവന് നല്കിയാല്‍ പുണ്യം ലഭിക്കുന്നതാണ്‌. വിപ്രന്‍ എല്ലാവര്‍ക്കും അതിഥിയാണ്‌. ആദ്യം അന്നം ഭക്ഷിക്കാന്‍ അര്‍ഹനാണ്‌ അവന്‍. തന്റെ ഗൃഹത്തില്‍ എന്നും വന്ന്‌ , ബ്രാഹ്മണന്‍ ഭിക്ഷ വാങ്ങി പോവുകയാണെങ്കില്‍ അതു തനിക്കു ശ്രേയസ്സിനും അഭി വൃദ്ധിക്കും കാരണമാകും. അവന്‍ മരിച്ചാല്‍ അടുത്ത ജന്മം മഹാഭാഗന്മാരുടെ വംശത്തിലായിരിക്കും.

ലോകത്തില്‍ അന്നം ദാനം ചെയ്യുന്ന മര്‍ത്ത്യന്‍ ഉത്തമസ്ഥാനത്തെ അലങ്കരിക്കുന്നതാണ്‌. നിത്യവും ഇഷ്ടപ്പെട്ട അന്നം ദാനം ചെയ്യുന്നവന്‍ പൂജ്യനായി വിണ്ണില്‍ വാഴുന്നതാണ്‌.

അന്നം മനുഷ്യര്‍ക്കു പ്രാണനാണ്‌. എല്ലാം അന്നത്തില്‍ നില്ക്കുന്നു. അന്നം ദാനം ചെയ്യുന്നവന്‍ പശുസമൃദ്ധിയുള്ളവനും പുത്രവാനും, ധനവാനും, ഭോഗവാനുമായി ശോഭിക്കും. അവന്‍ ആയുഷ്മാനും രൂപവാനുമാകും രാജാവേ! അന്നം ദാനം ചെയ്യുന്നവന്‍ പ്രാണദനും സര്‍വ്വദനുമായി ഭവിക്കും. അതിഥിയായ ബ്രാഹ്മണന് അന്നം വേണ്ട മാതിരി നല്കിയാല്‍ ആ നല്കിയവന്‍ സുഖിയായിത്തീരും. അവന്‍ ദേവന്മാര്‍ക്കും പൂജ്യനായി ഭവിക്കും.

വിപ്രന്‍ മഹത്തായ ഭൂതമാണ്‌. വിപ്രന്‍ ഒരു വയലാണ്‌ രാജാവേ! ആ വയലില്‍ വിതയ്ക്കുന്ന വിത്ത്‌ മഹത്തായ പുണ്യഫലം വിളയിക്കുന്നതാണ്‌. പ്രത്യക്ഷം പ്രീതിയുണ്ടാക്കുന്നതാണ്‌ അന്നദാനം. ഉണ്ണുന്നവനും നല്കുന്നവനും പ്രീതി ജനിപ്പിക്കും. മറ്റു ദാനങ്ങള്‍ എല്ലാം അപ്രത്യക്ഷ ഫലങ്ങളാണ്‌ എന്നു ധരിക്കാം. പ്രസവം നടക്കുന്നത്‌ അന്നം കൊണ്ടാണ്‌. സ്ത്രീപുരുഷ സംയോഗം നടക്കുന്നതും അന്നത്തിന്റെ മാഹാത്മ്യം തന്നെ. ധര്‍മ്മവും അര്‍ത്ഥവും അന്നം കൊണ്ടു തന്നെ. രോഗനാശവും അന്നം കൊണ്ടു തന്നെ. കഴിഞ്ഞ കല്പത്തില്‍ പ്രജാപതി അന്നമാണ്‌ അമൃത്‌ എന്നു പറഞ്ഞു. അന്നം തന്നെ ഭൂമി, അന്നം തന്നെ ആകാശം, അന്നം തന്നെ സ്വര്‍ഗ്ഗം. എല്ലാം നില്ക്കുന്നത്‌ അന്നത്തില്‍ത്തന്നെ! അന്നം കഴിക്കാതിരുന്നാല്‍ ദേഹത്തിലെ അഞ്ചു ധാതുക്കളും വേര്‍പെട്ടു പോകും. എത്ര ബലവാനായാലും അവന്റെ സകലബലവും അന്നം പോയാല്‍ നശിക്കുന്നതാണ്‌.

അല്ലയോ നരശ്രേഷ്ഠാ, കൊള്ളക്കൊടുക്കലും യജ്ഞങ്ങളും എല്ലാം അന്നമില്ലെങ്കില്‍ നശിച്ചു പോകും. അല്ലയോ നരശ്രേഷ്ഠാ! പിന്നെ വേദം പോലും നിലനില്ക്കുന്നതല്ല. നാം ഈ കാണുന്ന സകല ചരാചരങ്ങളുടേയും ഉത്ഭവവും നിലനില്‍പ്പും അന്നത്തില്‍ സ്ഥിതി ചെയ്യുന്നു. മൂന്നു ലോകത്തിലുള്ള ധര്‍മ്മാര്‍ത്ഥങ്ങള്‍ ധര്‍മ്മത്തില്‍ നില്ക്കുന്നു. അതു കൊണ്ടു ബുധന്മാര്‍ അന്നം നല്കണം! അന്നം ദാനം ചെയ്യുന്ന പുണ്യാത്മാവിന് ബലവും ഓജസ്സും കീര്‍ത്തിയും ലഭിക്കുന്നതാണ്‌. അവ എന്നെന്നും വര്‍ദ്ധിച്ചു വരികയും ചെയ്യും രാജാവേ! പ്രാണങ്ങള്‍ക്ക്‌ അധിപനായ വായു മേലെ കാറുകളില്‍ നില്ക്കുന്നു. ആ മേഘത്തിലെ ജലത്തെ ശക്രന്‍ വര്‍ഷിക്കുന്നു. സുര്യന്‍ തന്റെ രശ്മികള്‍ കൊണ്ട്‌ ഭൗമമായ രസത്തെ വലിച്ചെടുക്കുന്നു. വായു

ആദിത്യനില്‍ച്ചെന്നു വര്‍ഷിക്കുന്നതാണ്‌ ആ രസം. മേഘത്തില്‍ നിന്ന് ജലം എപ്പോള്‍ മന്നില്‍ വീഴുന്നുവോ അപ്പോള്‍ ഭൂമിദേവി ഏറ്റവും സ്നിഗ്ദ്ധയാകുന്നു ഭാരതാ! പിന്നെ സസ്യം മുളയ്ക്കുന്നു. അതു ജീവികള്‍ തിന്നുന്നു. മാംസം, മേദസ്സ്‌, അസ്ഥി, ശുക്ലം എന്നിവ പിന്നെ ഉണ്ടാകുന്നു. പിന്നെ ശുക്സത്തില്‍ നിന്ന് പ്രാണികള്‍ ഉണ്ടാകുന്നു. അഗ്നിഷോമന്മാര്‍ ആ ശുക്ലം പുഷ്പമാര്‍ഗ്ഗമായി സൃഷ്ടിക്കുന്നു. ഇപ്രകാരം അന്നം കൊണ്ടു സൂര്യന്‍, വായു, ശുക്ലം ഇവ ഒരു മേളനമാണ്‌. ഈ യോഗത്തില്‍ നിന്നാണ്‌ ഭൂതങ്ങളുടെഉത്ഭവം. ഭൂതങ്ങള്‍ക്കു പ്രാണനും, തേജസ്സും, ഗൃഹത്തില്‍ വന്നവനായ അതിഥിക്ക്‌ അന്നത്തെ ദാനം ചെയ്യുന്നവന്‍ നല്കുന്നു ഭാരതാ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം നാരദന്‍ എന്നോടു പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന് അന്നം സല്‍ക്കരിച്ചു അസൂയ വിട്ടവനായി അല്ലയോ യുധിഷ്ഠിരാ, നീയും അല്ലല്‍ വിട്ട്‌ അന്നം ദാനം ചെയ്യുക! അല്ലയോ രാജാവേ, വിധിപോലെ വിപ്രന്മാര്‍ക്ക്‌ അന്നം ഈ വിധം, ശരിയായ സല്‍പ്പാത്രങ്ങള്‍ക്കു നല്കിയാല്‍ അതുകൊണ്ട് സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകുന്നതാണ്‌.

അന്നം ദാനം ചെയ്യുന്നവര്‍ക്കുള്ള ലോകങ്ങള്‍ ഏതെന്നു ഞാന്‍ പറയാം. അതു രാജാവേ, നീ കേള്‍ക്കുക! ആ മഹാത്മാക്കള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഭവനങ്ങള്‍ പ്രശോഭിക്കുന്നതാണ്‌. നക്ഷത്രലോകാകൃതിയില്‍ നാനാസ്തംഭങ്ങളോടെ, ചന്ദ്രമണ്ഡലം പോലെ ശുഭ്രമായി കിങ്ങിണിയും തൊങ്ങലും അലുക്കുകളുമായി ഗൃഹങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ വിളങ്ങും. ആ മഹാമന്ദിരങ്ങളില്‍ തരുണാര്‍ക്കവര്‍ണ്ണോജ്ജ്വലങ്ങളായ ചരാചരങ്ങള്‍ വിളങ്ങും. അനേക ശതഭൗമങ്ങളായ പൊയ്കകളും അവയില്‍ അനേക വിധത്തിലുള്ള ജലചരങ്ങളും ശോഭിക്കും. വൈഡൂര്യ സ്ഫടികാഭ്രങ്ങളും, വെള്ളിമയമായും സ്വര്‍ണ്ണമയമായും ശോഭിക്കുന്ന മനോഹര വൃക്ഷങ്ങളും നില്ക്കുന്ന ആരാമങ്ങളാല്‍ ആവൃതമായ ഭവനങ്ങള്‍ വിളങ്ങും. കുളങ്ങള്‍, സഭ, വീഥികള്‍, കിണറ്‌, തോട് ഇവകളും വീഥികളില്‍ പൂട്ടിവിട്ട വാഹനങ്ങളും, ഗൃഹങ്ങളില്‍ ഭക്ഷ്യഭോജ്യങ്ങളുടെ കുന്നുകളും, വസ്ത്രാഭരണജാലങ്ങളും, പാല്‍ ഒഴുകുന്ന പുഴകളും, ചോറിന്റെ കുന്നുകളും, ഇവയൊ ക്കെയുള്ള മനോഹരമായ മന്ദിരങ്ങള്‍, വെള്ളമേഘം പോലെ ഉയര്‍ന്ന ശുഭ്രസൗധങ്ങള്‍, അവയ്ക്കുള്ളില്‍ പൊന്നിൻ കട്ടിലുകള്‍ ഇവയൊക്കെ ഉണ്ടാകും. ഈ പറഞ്ഞ സൌധങ്ങളും അലങ്കാരങ്ങളുമെല്ലാം അന്നദാതാക്കൾക്ക് സ്വര്‍ഗ്ഗത്തില്‍ സജ്ജമാക്കിയിരിക്കും. അതുകൊണ്ട്‌ രാജാവേ, അര്‍ഹരായവര്‍ക്ക്‌ അന്നം ദാനം ചെയ്യുക. യോഗ്യരായ അന്നദാതാക്കൾക്ക് ഇപ്രകാരമുള്ള പുണ്യലോകങ്ങള്‍ ലഭിക്കുന്നതാണ്‌. അതുകൊണ്ട്‌ ശ്രദ്ധയോടെ മാനവര്‍ അന്നം ദാനം ചെയ്യേണ്ടതാകുന്നു.

64. നക്ഷത്രയോഗദാനം - ഓരോ നക്ഷത്രത്തില്‍ ചെയ്യേണ്ട ദാനവും അവയുടെ ഫലവും - യുധിഷ്ഠിരന്‍ പറഞ്ഞു: അന്നദാനത്തിന്റെ വിധി ഭവാന്‍ പറഞ്ഞ്‌ ഞാന്‍ കേട്ടു. നക്ഷത്രയോഗത്തിനുള്ള ദാനവിധിയെന്തെന്നു പറഞ്ഞു തന്നാലും.

ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അതു ദേവകിയും നാരദമഹര്‍ഷിയും തമ്മില്‍ നടന്ന ഒരു സംവാദമാണ്‌. ദ്വാരകയില്‍ ഒരു ദിവസം ദേവരൂപനായ നാരദന്‍ ചെന്നെത്തി. ദേവകീ ദേവി നാരദനോട്‌ ധര്‍മ്മദര്‍ശനമായ ഈ ചോദ്യം അന്നു ചോദിക്കുവാനിടയായി. ഉടനെ നാരദന്‍ വിധിപോലെ എല്ലാം പറഞ്ഞു കൊടുത്തു. രാജാവേ, അതു ഞാന്‍ പറയാം, നീ കേള്‍ക്കുക.

നാരദന്‍ പറഞ്ഞു: അല്ലയോ മഹാഭാഗേ, കാര്‍ത്തിക നക്ഷത്രത്തില്‍ നെയ്യുചേര്‍ന്ന പായസം വെച്ചുണ്ടാക്കി നല്ല വേദജ്ഞരായ ബ്രാഹ്മണര്‍ക്കു തൃപ്തിയാവോളം നല്കിയാല്‍ ആ ദാതാവ്‌ മുഖ്യമായ ലോകങ്ങള്‍ നേടുന്നതാണ്‌. രോഹി ണി നക്ഷത്രത്തില്‍ മാനിന്റെ മാംസം നെയ്യില്‍ പൊരിച്ചു പാകം ചെയ്തതും, പാലട പ്രഥമനും ബ്രാഹ്മണര്‍ക്കു ദാനം ചെയ്താല്‍ ദാതാവ്‌ പുണ്യലോകം പ്രാപിക്കുന്നതാകുന്നു. മൃഗശീര്‍ഷ നക്ഷത്രത്തില്‍ കറക്കുന്ന പശുവിനെ കുട്ടിയോടു കൂടി സല്‍പ്പാത്രത്തില്‍ ദാനം ചെയ്താല്‍ മര്‍ത്ത്യലോകം വിട്ട്‌ മുഖ്യമായ സ്വര്‍ഗ്ഗലോകത്ത് എത്തുന്നതാണ്‌. തിരുവാതിര നക്ഷത്രത്തില്‍ ഉപവാസമെടുത്ത്‌ എള്ളും അരിയും പാലും ചേര്‍ത്തു വേവിച്ച കൃസരം ദാനം ചെയ്താല്‍ നരന്‍ ദുര്‍ഗ്ഗം കടക്കുന്നതാണ്‌. പരലോകത്തിലെ മാര്‍ഗ്ഗത്തിലുള്ള ക്ഷുരധാരാചലങ്ങളും കടന്ന്‌ സ്വര്‍ഗ്ഗത്തിലെത്തും. അല്ലയോ ശോഭനേ, പുണര്‍തം നക്ഷത്രത്തില്‍ അപ്പമുണ്ടാക്കി ബ്രാഹ്മണര്‍ക്കു ദാനം ചെയ്താല്‍ സുപ്രസിദ്ധമായ അഴകോടു കൂടി ആഢ്യകുലത്തില്‍ അവന്‍ വന്നു പിറക്കുന്നതാണ്‌. ശുദ്ധീകരിച്ചതും അല്ലാത്തതുമായ സ്വര്‍ണ്ണം പൂയം നക്ഷത്രത്തില്‍ ദാനം ചെയ്താല്‍ അവന്‍ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന ശരീരത്തോടെ പ്രകാശമാനമായ ലോകങ്ങളില്‍ വിളങ്ങുന്നതാണ്‌. ആയില്യം നക്ഷത്രത്തില്‍ വെള്ളി കൊണ്ടുണ്ടാക്കിയ കാളയെ ദാനം ചെയ്താല്‍ അവന്‍ എല്ലാ ഭയവും വിട്ട്‌ പുരോഗതിയെ പ്രാപിക്കുന്നതാണ്‌. മകം നാളില്‍ താലം നിറയെ എള്ളു ദാനംചെയ്താല്‍ അവന്‍ പശുക്കളും പുത്രന്മാരുമായി സമൃദ്ധിയോടെ ഇഹലോകത്തില്‍ സുഖിക്കും; പരലോകത്തിലും സര്‍വ്വസുഖവും അനുഭവിക്കുന്നതാണ്‌. ഉപവാസമെടുത്ത്‌ പൂയം നാളില്‍ ബ്രാഹ്മണര്‍ക്കു പാലും തൈരും നെയ്യുമായി സുഖമായ ഭക്ഷണം നല്കിയാല്‍ അവന്‍ സൗഭാഗ്യവാനായി ശോഭിക്കും.

ഉത്രം നാളില്‍ നെയ്യും പാലും ചേര്‍ത്ത്‌ നവരച്ചോര്‍ വെച്ചു വിധി പോലെ ബ്രാഹ്മണര്‍ക്കു നല്കിയാല്‍ അവന്‍ സ്വര്‍ഗ്ഗലോകത്ത്‌ പൂജ്യനായി ശോഭിക്കുന്നതാണ്‌. ഉത്രം നാളില്‍ എന്തു ദാനം മര്‍ത്ത്യര്‍ കൊടുക്കുന്നുവോ, അതിന് മഹത്തായ ഫലമുണ്ടെന്നു പറയുന്നു. അത്തം നാളിൽ ഉപവസിച്ച്‌ ആനയും നാലു കുതിരകളെപ്പൂട്ടിയ തേരും വിധി പോലെ നല്കി പുണ്യകാമങ്ങള്‍ നിര്‍വ്വഹിച്ചവന്‍ ശ്ലാഘ്യമായ ലോകങ്ങള്‍ നേടുന്നതാണ്‌. ചിത്ര നാളില്‍ കാളയും ഗന്ധങ്ങളും നല്കിയാല്‍ ഹേ ഭാരതാ! അവന്‍ അപ്സരസ്സുകള്‍ സഞ്ചരിക്കുന്ന നന്ദനവനത്തില്‍ രമിക്കുന്നതാണ്‌.

ചോതി നാളില്‍ തനിക്ക്‌ ഇഷ്ടമുള്ള വിത്തം ദാനം ചെയ്താല്‍ അവന്‍ ശുഭലോകങ്ങള്‍ നേടും; ഇഹലോകത്തില്‍ വലിയ കീര്‍ത്തിയും നേടും. വിശാഖം നാളില്‍ കാളയേയും, കറവപ്പശുവിനേയും, പത്തായവും, വണ്ടിയും, നെല്ലും, വസ്ത്രവും എല്ലാം കൂടി നല്കിയാല്‍ പിത്യക്കളുടേയും ദേവന്മാരുടേയും പ്രീതി അവന്‍ നേടും. പരലോകത്തില്‍ ആനന്ദവും അവനു കൈവരുന്നതാണ്‌. അവന്‍ ദുര്‍ഗ്ഗത്തില്‍ ചെല്ലാതെ സ്വര്‍ഗ്ഗലോകത്തിൽ എത്തുകയും ചെയ്യും. വിപ്രന്മാര്‍ക്ക്‌ പറഞ്ഞ മട്ടില്‍ ദാനം ചെയ്താല്‍ ഇഷ്ടമായ വൃത്തിയെ പ്രാപിക്കും. അവന് നരകാദികളായ ക്ലേശങ്ങളൊന്നും ഏല്ക്കുന്നതല്ലെന്നാണു നിശ്ചയം. അനിഴം നാളില്‍ പുതപ്പ്‌, വസ്ത്രം, അന്നം ഇവയൊക്കെ ഉപവസിച്ചു കൊടുക്കുന്നതായാല്‍ നൂറു യുഗം സ്വര്‍ഗ്ഗത്തില്‍ നരന്‍ പൂജ്യനാകും. തൃക്കേട്ട നാളില്‍ ബ്രാഹ്മണര്‍ക്കു ചേനയും കാളശാകവും നല്കിയാല്‍ അവന്‍ പരിപുഷ്ടമായ ഇഷ്ടഗതിയെ പ്രാപിക്കുന്നതാണ്‌.

മൂലം നാളില്‍ ആദരവോടെ വിപ്രര്‍ക്കു മൂലഫലങ്ങള്‍ നല്കിയാല്‍ പിതൃപ്രീതി വരുത്തുകയും ഇഷ്ടമായ ഗതി നേടുകയും ചെയ്യുന്നതാണ്‌. പൂരാടം നാളില്‍ ഉപവാസ വ്രതമെടുത്ത്‌ അനേകം തയിര്‍ക്കുടം കുലവൃത്താഡ്യനും വേദവേദിയുമായ ബ്രാഹ്മണന് നല്കിയാല്‍ അവന്‍ അടുത്ത ജന്മത്തില്‍ വളരെ പശുക്കളുള്ള ഒരു കുലത്തില്‍ വന്നു പിറക്കും. വളരെ ശര്‍ക്കര നീരും നെയ്യും തയിരും അപ്രകാരം തന്നെ ഉത്രാടം നാളില്‍ നല്കിയാല്‍ എല്ലാ ആഗ്രഹങ്ങളും നേടുന്നതാണ്‌. അഭിജിത്ത്‌ നക്ഷത്രത്തിന്റെ കാലത്ത്‌ പാല്‍, നെയ്യ്‌ ഇവ ചേര്‍ത്ത്‌ ധാര്‍മ്മികനായ പുരുഷന്‍ മനീഷികള്‍ക്കു നല്കിയാല്‍ അവന്‍ സ്വര്‍ഗ്ഗലോകത്തു പൂജ്യനാകും. തിരുവോണം നാളില്‍ കംബളം വസ്ത്രത്തോടൊപ്പം നല്കിയാല്‍ അവന്‍ വെളുത്ത വാഹനം കയറി സ്വര്‍ഗ്ഗത്തിൽ എത്തുന്നതാണ്‌.

അവിട്ടംനാളില്‍ ആദരവോടെ ഗോക്കളേയും വാഹനങ്ങളേയും വസ്ത്രവും ധനവും നല്കിയാല്‍ അവന്‍ അടുത്ത ജന്മത്തില്‍ രാജാവായി വാഹനത്തില്‍ കയറി സര്‍വ്വദിക്കിലും സഞ്ചരിക്കും. ചതയം നാളില്‍ സൗരഭ്യമുള്ള അകില്‍, ചന്ദനം എന്നിവ ദാനം ചെയ്താല്‍ അവന്‍ മരിച്ചതിന് ശേഷം അപ്സരസ്സുകളോടു ചേര്‍ന്ന്‌ നിതൃവും സൌരഭ്യം ഏല്ക്കുന്നതാണ്‌. പൂരുരുട്ടാതി നാളില്‍ ചെറുപയര്‍ മറ്റു ധാന്യങ്ങളോടൊപ്പം ദാനം ചെയ്താല്‍ അവന്‍ പരലോകത്തു സുഖിക്കുന്നതാണ്‌. ഉത്രട്ടാതിനാളില്‍ ആട്ടിന്‍മാംസം നല്ലപോലെ പാകംചെയ്തു നല്കുന്നതായാല്‍ അവന്റെ പിതൃക്കള്‍ പ്രസാദിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവന്‍ സുഖം അനുഭവിക്കുകയും ചെയ്യും. രേവതിനാളില്‍ പാത്രം നിറയെ പാല്‍ കറക്കുന്ന പശുവിനെ കൊടുക്കുന്നതായാല്‍ കാമത്തോടൊപ്പം അതു സ്വര്‍ഗ്ഗത്തിലും ലഭിക്കുന്നതാണ്‌.

അശ്വത്തോടു കൂടിയ തേര്‌ അശ്വതി നക്ഷത്രത്തില്‍ ദാ നംചെയ്യുന്ന ശ്രേഷ്ഠപുരുഷന്‍ ആനയും കുതിരയുമുള്ള കുലത്തില്‍ അടുത്ത ജന്മത്തില്‍ മഹാതേജസ്വിയായി ജനിക്കുന്നതാണ്‌. ഭരണി നാളില്‍ ബ്രാഹ്മണര്‍ക്ക്‌ തിലധേനുക്കളെ നല്കിയാല്‍ വളരെയധികം പശുക്കളെ നേടുന്നതാണ്‌. പരലോകത്തു പ്രസിദ്ധി നേടുകയും ചെയ്യുന്നതാണ്‌.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം നാരദന്‍ ഓരോ നാളിലും ദാനം ചെയ്യേണ്ട വസ്തുക്കളേതെന്നും അവയുടെ ഫലമെന്തെന്നും ദേവകിയോടു പറഞ്ഞു. അവള്‍ തന്റെ സ്നുഷയ്ക്കും അതു പറഞ്ഞു കൊടുത്തു.

65. പാനീയാദിദാനം - കുടിക്കുവാന്‍ ജലം നല്കുന്നതിന്റെയും കൂപതടാകാദികള്‍ നിര്‍മ്മിക്കുന്നതിന്റെയും ഫലം - ഭീഷ്മന്‍ പറഞ്ഞു: സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ എല്ലാവിധ ആഗ്രഹങ്ങളും കാമങ്ങളും നല്കുന്നു എന്നാണ്‌ ബ്രഹ്മപുത്രനായ അത്രിഭഗവാന്‍ പറയു ന്നത്‌. പവിത്രവും, ആയുഷ്കരവും, പിതൃക്കള്‍ക്ക്‌ അക്ഷയവുമായ ദാനമാണ്‌ സ്വര്‍ണ്ണദാനമെന്നു പണ്ട്‌ ഹരിശ്ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്‌. മനു പറഞ്ഞിട്ടുള്ളത്‌ ദാനങ്ങളില്‍ ശ്രേഷ്ഠമായത്‌ ജലദാനമാണെന്നാണ്‌. അതുകൊണ്ട്‌ രാജാവേ, ഭവാന്‍ കിണറ്‌, കുളം, വലിയ തടാകം എന്നിവ കുഴിപ്പിക്കണം. എപ്പോഴും വെള്ളം കിട്ടാവുന്ന വിധമുള്ള ഒരു കിണര്‍ പൊതുജനങ്ങള്‍ക്കു വേണ്ടി കുഴിപ്പിച്ചാല്‍ അവന്‍ ചെയ്ത പാപത്തിന്റെ പകുതിയും തീരും. ഗോക്കളും,ബ്രാഹ്മ ണരും, സാധുക്കളും താന്‍ കുഴിപ്പിച്ച ജലാശയത്തില്‍ നിന്ന്‌ നിത്യവും വെള്ളം കുടിക്കുകയാണെങ്കില്‍ അതു തന്റെ വംശത്തെ മുഴുവന്‍ ഉയര്‍ത്തുന്നതാണ്‌. ആര് കുഴിപ്പിച്ച ജലാശയത്തില്‍ വെള്ളം വേനല്‍ക്കാലത്ത്‌ വറ്റാതെ നില്ക്കുന്നുവോ, അവന് യാതൊരു ദുര്‍ഗ്ഗവും കടക്കുവാന്‍ വിഷമം ബാധിക്കുന്നതല്ല. ബൃഹസ്പതിക്കും ഭഗവാന്‍ പൂഷാവിനും, ഭഗനും, അശ്വികള്‍ക്കും, അഗ്നിക്കും നെയ്യ്‌ അര്‍ച്ചിക്കണം. അവര്‍ അതുകൊണ്ട്‌ പ്രീതരാകും. മുഖ്യമായ ഭേഷജമാണ്‌ അത്‌. യജ്ഞങ്ങള്‍ക്കും ഉത്തമമായിട്ടുള്ളതാണ്‌. രസങ്ങളില്‍ ശ്രേഷ്ഠമാണ്‌. ഫലങ്ങളില്‍ ഉത്തമമാണ്‌ നെയ്യ്‌ അര്‍ച്ചിക്കുന്നത്‌.

ഫലം കാമിക്കുന്നവനും, കീര്‍ത്തി കാമിക്കുന്നവനും, പുഷ്ടി കാമിക്കുന്നവനും, എപ്പോഴും വിപ്രര്‍ക്ക്‌ നെയ്യ്‌ ദാനം ചെയ്യണം. ശുചിയും ആത്മവാനുമായ പുരുഷന്‍ നെയ്യ്‌ ദാനം ചെയ്യാന്‍ മടിക്കരുത്‌. വിപ്രന്മാര്‍ക്ക്‌ ആശ്വിന മാസത്തില്‍ നെയ്യ്‌ ദാനം ചെയ്താല്‍ അവനില്‍ അശ്വിനീ ദേവകള്‍ സന്തോഷിച്ച്‌ സൌന്ദര്യം ദാനം ചെയ്യും. നെയ്പായസം ബ്രാഹ്മണര്‍ക്കു നല്കിയാല്‍ അവന്റെ വീട്ടില്‍ രാക്ഷസന്മാര്‍ വന്നുകയറി ആക്രമിക്കുകയില്ല. അവന്‍ ദാഹിച്ചു ചാകുവാന്‍ ഇടവരികയില്ല. എല്ലാ ഉപകരണങ്ങളോടും കൂടിയവനാകും.

പാത്രങ്ങള്‍ ദാനം ചെയ്യുന്നവന്‍ വ്യസനത്തില്‍ അകപ്പെടുകയില്ല. ശുചിയായ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്നതില്‍ ശ്രദ്ധയുള്ളവനായ പുരുഷന്‍ കൊടുത്തതിന്റെ ആറു മടങ്ങ്‌ നേടുന്നതാണ്‌. അവണ് എപ്പോഴും അര്‍ത്ഥം സിദ്ധിക്കും. പല കാര്യങ്ങളും സാധിക്കും. അവന്‍ സകല ശത്രുക്കളുടേയും മേലെയായി ദേഹം കൊണ്ടു പ്രശോഭിക്കുന്നതാണ്‌. ഭഗവാനായ അഗ്നി അവനില്‍ നിത്യവും പ്രീതനാവുകയും ചെയ്യും. അവന് ധാരാളം പശുക്കള്‍ ഉണ്ടാകും. യുദ്ധത്തില്‍ വിജയവും ലഭിക്കുന്നതാണ്‌.

കുട ദാനം ചെയ്യുന്നവന് മക്കളും ശ്രീയും ഉണ്ടാകും. അവന് നേത്രരോഗം ഉണ്ടാവുകയില്ല. യജ്ഞഭാഗവും ഏല്ക്കുന്നതാണ്‌. വേനൽകാലത്തും, വര്‍ഷകാലത്തും കുട നല്കുന്നതായാല്‍ അവന് മനസ്സില്‍ ദാഹം ഒരിക്കലും ഉണ്ടാകുന്നതല്ല. വിഷമ സന്ധികള്‍ അവന്‍ വിട്ടു കയറിപ്പോകുന്നതാണ്‌. ദാനത്തില്‍ വെച്ച്‌ മുഖ്യമായത്‌ ശകട ദാനമാണെന്ന്‌ രാജാവേ, മഹാഭാഗനും, ഭഗവാനും, ഋഷിയുമായ ശാണ്ഡില്യന്‍ പറഞ്ഞിട്ടുണ്ട്‌.

66. അന്നഭൂതിലഗോദാനവിവരണം - അന്നം, ഭൂമി, എള്ള്‌, പശു, എന്നിവ ദാനം ചെയ്താല്‍ ഓരോന്നിനുമുള്ള ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: വഴി നടക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വിപ്രന് കാലില്‍ ഇടുവാന്‍ ചെരിപ്പ്‌ ദാനം ചെയ്യുകയാണെങ്കില്‍ ആ ദാതാവിന് കിട്ടുന്ന ഫലം എന്താണ്‌? പിതാമഹാ, പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ശ്രദ്ധയോടെ ബ്രാഹ്മണര്‍ക്ക്‌ ചെരിപ്പ്‌ ദാനം ചെയ്താല്‍ മര്‍ദ്ദിക്കുന്ന കണ്ടകങ്ങള്‍ ചേര്‍ന്ന വിഷമത്തെ ദാതാവ്‌ തരണം ചെയ്യും. അവന്‍ ശത്രുക്കളെ ജയിച്ചു നില്ക്കുന്നതാണ്‌ യുധിഷ്ഠിരാ! അവന് പെണ്‍കോവര്‍ കഴുതകളെ കെട്ടിയ നല്ല വണ്ടി, വെള്ളിയും പൊന്നും അലങ്കരിച്ച മനോഹരമായ വണ്ടി, വന്നു ചേരും രാജാവേ! കാളയെപ്പൂട്ടിയ വണ്ടി കൊടുത്ത്‌ ഫലം ലഭിക്കുന്നതാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: തിലദാനം, ഭൂമിദാനം, ഗോദാനം, അന്നദാനം ഈ പറഞ്ഞവയ്ക്കു പറഞ്ഞിട്ടുള്ള ഫലങ്ങള്‍ എന്തൊക്കെയാണ്‌ പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: അല്ലയോ കൌന്തേയാ, തിലദാനത്തിന്റെ ഫലം ഞാന്‍ പറയാം, അങ്ങ്‌ കേള്‍ക്കുക: കേട്ടറിഞ്ഞ്‌ അത്‌ യാഥാന്യായം ദാനം ചെയ്യുക രാജാവേ! പിതൃക്കള്‍ക്ക്‌ ഏറ്റവും നല്ല ഭോജ്യമായി ബ്രഹ്മാവ്‌ തീര്‍ത്തതാണ്‌ എള്ള്‌. അതുകൊണ്ട്‌ തിലം  ദാനം ചെയ്താല്‍ പിതൃക്കള്‍ സന്തോഷിക്കുന്നതാണ്‌. മാഘമാസത്തില്‍ ആരാണോ എള്ള്‌ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്നത്‌, ഭയങ്കരമായ സര്‍വ്വജന്തുക്കളും ചിന്നുന്ന നരകം അവന്‍ കാണുകയില്ല, സര്‍വ്വസത്രം ചെയ്തതിന്റെ ഫലം തിലം ദാനംചെയ്തവന് ലഭിക്കും. പിത്യയാജകന്റെ ഫലം ലഭിക്കും. തിലം കൊണ്ടു ചെയ്യുന്ന ശ്രാദ്ധം ഒരിക്കലും മനസ്സില്ലാതെ ചെയ്യരുത്‌. അതുകൊണ്ടു ഫലം ലഭിക്കയില്ല. കാശൃപ മഹര്‍ഷിയുടെ ദേഹത്തില്‍ നിന്നുണ്ടായവയാണ്‌ എള്ളുകള്‍. അതുകൊണ്ട്‌ തിലം ദാനം ചെയ്യുമ്പോള്‍ ദിവ്യമായ ആ ദാനം പുഷ്ടി നല്കും, രുപഗുണം നല്കും, പാപം നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്‌ തിലദാനം എല്ലാ ദാനത്തിലും വെച്ച്‌ ശ്രേഷ്ഠമാണെന്നു പറയുന്നുണ്ട്‌. ആപസ്‌നംബന്‍, മേധയുള്ളവനായ ശംഖന്‍, ലിഖിതന്‍ ഇവരും ശ്രീ ഗൌാതമ മഹര്‍ഷിയും സ്വര്‍ഗ്ഗം പ്രാപിച്ചത്‌ തിലദാനം കൊണ്ടാണ്‌.

തിലഹോമം ചെയ്യുന്ന ദ്വിജന്മാര്‍ മൈഥുനത്തെ അടക്കിയവരാണ്‌. ഗവ്യമായ വസ്തുക്കള്‍ ഹോമിച്ചു പ്രവൃത്തികളില്‍ സമമായി നില്ക്കുന്നവരാണ്‌. എല്ലാ ദാനത്തിലും വെച്ച്‌ തിലദാനം പ്രശസ്തമാകുന്നു. സര്‍വ്വദാനത്തില്‍ തിലദാനം അക്ഷയമെന്നു പറയുന്നുണ്ട്‌.

പണ്ട്‌ പരന്തപനായ കുശികമഹര്‍ഷി ഹവ്യം നശിച്ചപ്പോള്‍ മൂന്നഗ്നിക്കും എള്ളു ഹോമിച്ച്‌ മുഖ്യമായ ഗതി നേടി. ഇപ്രകാരം മഹത്തരമായ തിലദാനത്തെപ്പറ്റി ഞാന്‍ പറഞ്ഞു. ഏതുവിധിയിലും തിലത്തിന് ആഗ്രയമായ സ്ഥാനമുണ്ട്‌. യജ്ഞത്തിന് നിശ്ചയിച്ച വാനവന്മാര്‍, സ്വയംഭൂവായ ബ്രഹ്മദേവന്‍ വന്നു ചേര്‍ന്നപ്പോള്‍ ബ്രഹ്മദേവന്റെ സമീപത്തെത്തി. മന്നില്‍ ശുഭമായ ഒരു പ്രദേശം  യജ്ഞത്തിന് കാണിച്ചു തരുവാന്‍ ആവശ്യപ്പെട്ടു രാജാവേ!

ദേവകള്‍ പറഞ്ഞു: ഭഗവാനേ, അങ്ങ്‌ ഞങ്ങള്‍ക്കു പ്രഭുവാണല്ലോ. ഭൂമിക്കും സ്വര്‍ഗ്ഗത്തിനുമൊക്കെ അങ്ങ്‌ നാഥനാണല്ലോ. അങ്ങയുടെ ആജ്ഞപ്രകാരം ഞങ്ങള്‍ യജ്ഞം യജിക്കട്ടെ! ഭൂമിക്ക്‌ അനുവാദം നല്കാതെ നടത്തുന്ന യജ്ഞത്തിന് ഫലം സിദ്ധിക്കയില്ല. അങ്ങയാണല്ലോ സ്ഥാവരവും, ചരവുമായ ജഗത്തിനൊക്കെ നാഥനായി നില്ക്കുന്നത്‌! അതുകൊണ്ട്‌ അനുവാദം തരണേ!

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ സുരമുഖ്യന്മാരേ, നിങ്ങള്‍ പറഞ്ഞ പ്രകാരം ഞാന്‍ ഭൂഭാഗം തരുന്നുണ്ട്‌. അല്ലയോ കശൃപ പുത്രന്മാരേ, ഏതുഭാഗം വേണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?

ദേവകള്‍ പറഞ്ഞു: ഭഗവാനേ ഞങ്ങള്‍ കൃതാര്‍ത്ഥരായി, ദക്ഷിണാഢ്യമായി യജിക്കാം. ഈ പ്രദേശത്താണ്‌ മുനികള്‍ എപ്പോഴും ഉപാസിക്കുന്നത്‌. അപ്പോള്‍ അഗസ്ത്യന്‍, കണ്വന്‍, ഭൃഗു, അത്രി, വൃഷാകപി, അസിതന്‍, ദേവലന്‍ ഇവരെല്ലാം ദേവന്മാരുടെ ആ യജ്ഞത്തില്‍ എത്തിച്ചേര്‍ന്നു. പിന്നെ മഹാത്മാക്കളായ ദേവന്മാര്‍ യാഗം തുടങ്ങി രാജാവേ. ആ സുരര്‍ഷഭന്മാര്‍ യഥാകാലം യജ്ഞം അവസാനിപ്പിച്ചു. വലിയ മലയായ ഹിമാലയത്തില്‍ വെച്ചാണ്‌ ആ യാഗം ചെയ്തത്‌. ആ യജ്ഞത്തിന്റെ ആറില്‍ ഒരു ഭാഗം ഭൂമി ദാനമായി നല്കി. വെട്ടിത്തെളിയിക്കാത്തതായാലും ആവശ്യത്തിന് വേണ്ട ഭൂമി നല്കിയാല്‍ അവന്‍ കഷ്ടപ്പാടില്‍ കുഴങ്ങുന്നതല്ല. ദുര്‍ഗ്ഗങ്ങളില്‍ അകപ്പെടുന്നതുമല്ല.

വെയിലും, മഞ്ഞും, കാറ്റും, ഏറ്റ്‌ എല്ലാം താങ്ങുന്ന സംസ്കരിക്കപ്പെട്ട ഭൂമിയെ ദാനംചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗം നേടും. പുണ്യം അനുഭവിച്ചു തീര്‍ന്നാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വീണ്ടും ഭൂമിയിലേക്കു പോരികയില്ല. ഇരിപ്പി ടം ദാനംചെയ്ത ദാതാവ്‌ സ്വര്‍ഗ്ഗത്തില്‍ ഇന്ദ്രനോടു കൂടി പൂജ്യനായി വസിക്കുന്നതാണ്‌. വേദം പഠിപ്പിക്കുന്നവന്റെ കുലത്തില്‍ ജനിച്ച നിയതേന്ദ്രിയനായ ശ്രോത്രിയന്‍ ആരുടെ ഗൃഹത്തില്‍ അതിഥിയായി സസുഖം പാര്‍ക്കുന്നുവോ, അവന്‍ മുഖ്യമായ ലോകത്തില്‍ എത്തുന്നതാണ്‌. മഴയും, മഞ്ഞും, ഏറ്റുനില്ക്കുന്ന ദൃഢമായ പശുത്തൊഴുത്ത്‌ ദാനം ചെയ്താല്‍ അവന്‍ തന്റെ ഏഴുതലമുറയെ സ്വര്‍ഗ്ഗത്തിൽ എത്തിക്കുന്നതാണ്‌ ഭാരതസത്തമാ!.

ഭൂമിയില്‍ നിലം ദാനം ചെയ്യുന്നവന്‍ ശുഭമായ ശ്രീ നേടുന്നതാണ്‌. രത്നഭൂമി നല്കുന്നവന്‍ കുലത്തിന്റെ വംശം വളര്‍ത്തും. വിളയാത്ത മരുഭൂമി ആര്‍ക്കും ദാനം ചെയ്യരുത്‌. കത്തി നശിച്ച ഇടം കൊടുക്കരുത്‌. ചുടലക്കാടുള്ള ഭൂമി ദാനം ചെയ്യരുത്‌. പാപികള്‍ പാര്‍ക്കുന്ന സ്ഥലവും ദാനം ചെയ്യരുത്‌.

അന്യന്റെ ഭൂമിയില്‍ ചെന്നിരുന്ന്‌ പിതൃക്രിയ നടത്തുകയോ, അന്യന്റെ ഭൂമി പിതൃക്കള്‍ക്കു വേണ്ടി ദാനം ചെയ്യുകയോ ചെയ്താല്‍ ആ പിതൃകര്‍മ്മവും ശ്രാദ്ധവും ദാനവും നിഷ്പ്രയോജനമായിത്തീരും. അതുകൊണ്ട്‌ വിദ്വാന്മാര്‍ അല്പമെങ്കിലും ഭൂമി വാങ്ങി ദാനംചെയ്യണം. അതില്‍ വെച്ച്‌ പിത്യക്കള്‍ക്കു പിണ്ഡം നല്കിയാല്‍ അതുകൊണ്ടു ഫലമുണ്ടാകുന്നതാണ്‌. കാടും മലയും പുഴയും തീര്‍ത്ഥങ്ങളും ആരുടേയും ഉടമസ്ഥതയിലല്ല. അതുകൊണ്ട്‌ അവ വിലയ്ക്കു വാങ്ങേണ്ട കാര്യമില്ല.

ഇപ്രകാരം ഭൂമിദാനത്തിന്റെ ഫലം ഞാന്‍ പറഞ്ഞു രാജാവേ! ഇനി ഗോദാനത്തിന്റെ ഫലവും ഞാന്‍ പറയാം അനഘാശയാ!

ഗോക്കള്‍ താപസന്മാര്‍ക്ക്‌ എല്ലാറ്റിലും പ്രധാനമാകയാല്‍ അവയോടു കൂടിയാണ്‌ ദേവനായ മഹേശ്വരന്‍ തപസ്സു ചെയ്തത്‌. ബ്രഹ്മലോകത്തും സോമനോടു കൂടി പശുക്കള്‍ വാഴുന്നു. സിദ്ധര്‍ഷിമാര്‍ അപ്രകാരമുള്ള പരസല്‍ഗതി മാത്രമാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌. പാലുകൊണ്ടും ഹവിസ്സു കൊണ്ടും തയിരു കൊണ്ടും തോലു കൊണ്ടും ചാണകം കൊണ്ടും, എല്ലു കൊണ്ടും കൊമ്പു കൊണ്ടും വാലു കൊണ്ടും മനുഷ്യര്‍ക്കു വേണ്ടതായ എല്ലാ ആവശ്യവും പശു നിര്‍വ്വഹിക്കുന്നു. ശീതാതപങ്ങൾ ഏൽക്കാതിരുന്നാല്‍ പശുക്കള്‍ കര്‍മ്മത്തിന് പറ്റിയവയാകുന്നു. അതുകൊണ്ട്‌ മഴ കൊണ്ടുള്ള ദുഃഖം അവയ്ക്കു ബാധിക്കരുത്‌. അതുകൊണ്ടാണ്‌ ഗോക്കള്‍ വിപ്രരോടു കൂടി പരമമായ പദത്തെ പ്രാപിക്കുന്നതായി പറയുന്നത്‌. അങ്ങനെ മനീഷികള്‍ "ഗോബ്രാഹ്മണം" എന്നു തുല്യമായി ഒന്നായിപ്പറയുന്നു. പണ്ട്‌ രന്തിദേവന്റെ യജ്ഞത്തില്‍ അനവധി പശുക്കളെ ബലിയര്‍പ്പിച്ചു. അനവധിയെണ്ണത്തെ അറുത്ത്‌ ബലിയര്‍പ്പിച്ചു. ആ പശുക്കളുടെ ചര്‍മ്മത്തില്‍ നിന്ന് പുണ്യമായ ജലം വാന്നൊര്‍ഴുകി ഉണ്ടായതാണത്രേ ചര്‍മ്മണ്വതി എന്ന നദി. പിന്നെ പശുക്കളെ അറുത്തു ബലിയര്‍പ്പിക്കുന്നതു പാപമാകയാല്‍ നിര്‍ത്തി, ദാനം ചെയ്യുവാന്‍ തുടങ്ങി. അങ്ങനെ നിശ്ചയിച്ച പശുക്കളെ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുന്നവന്‍, ആയിരം പശുക്കളെ കൊടുക്കുന്നവന്‍, പിന്നെ നരകത്തിലെത്തുന്നതല്ല. അവന് സര്‍വ്വത്ര വിജയം ലഭിക്കുന്നതാണ്‌. ദേവനായകനായ ഇന്ദ്രന്‍, പശുക്കളുടെ പാല്‍ അമൃതാണെന്നു പറഞ്ഞു. അതുകൊണ്ട്‌ പശുക്കളെ ദാനം ചെയ്യുന്നവന്‍ അമൃതത്തെയാണു ദാനംചെയ്യുന്നത്‌. അഗ്നികള്‍ക്ക്‌ ശാശ്വത ഫലപ്രദവും ഹോമിക്കത്തക്കതുമാണ്‌ ഗവമെന്നു വേദവേദികള്‍ പറയുന്നു. അതുകൊണ്ടു പശുക്കളെ നല്കുന്നവന്‍ ഹവ്യത്തെ (ഹവിസ്സിനെ) തന്നെയാണു നല്കുന്നത്‌. പശുക്കള്‍ക്കു പതിയായ കാളയെ ഗുണിയായ ബ്രാഹ്മണന് ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ മൂര്‍ത്തിമാനായി, പൂജ്യനായി ഭവിക്കും. പ്രാണികള്‍ക്കു പ്രാണങ്ങളാണ്‌ ഗോക്കള്‍ എന്നു പറയുന്നു. അതുകൊണ്ട്‌ പശുക്കളെ ദാനംചെയ്യുന്നവര്‍ പ്രാണനെ നല്കുന്ന ഫലം നേടുന്നു.

പശുക്കള്‍ ഭൂതങ്ങള്‍ക്ക്‌ ആശ്രയമാണെന്ന്‌ വേദജ്ഞന്മാര്‍ പറയുന്നു. അതുകൊണ്ട്‌ ധേനുദാതാവ്‌ ഭൂതങ്ങള്‍ക്കു ശരണമാണ്‌ കൊടുക്കുന്നത്‌. പശുക്കളെ അറക്കുവാന്‍ കൊടുക്കരുത്‌. അറത്തു തിന്നുന്നതിന് നല്കരുത്‌. നാസ്തികനും പശുവിനെ ദാനം ചെയ്യരുത്‌. പശുക്കളെ അറുത്തു വിറ്റ്‌ ഉപജീവിക്കുന്നവനും പശുക്കളെ കൊടുക്കരുത്‌ ഭരതര്‍ഷഭാ! അപ്രകാരമുള്ള പാപികള്‍ക്കു പശുക്കളെ കൊടുക്കുന്നവന്‍ ഒടുങ്ങാത്ത നരകത്തില്‍ എത്തുന്നതാണെന്നു മനീഷികള്‍ പറയുന്നു. മെലിഞ്ഞ പശുവും കുട്ടി ചത്ത പശുവും രോഗം ബാധിച്ച പശുവും മച്ചിയായ പശുവും അംഗഭംഗമുള്ള പശുവും തളര്‍ന്നു കുഴങ്ങിയ മട്ടിലുള്ള പശുവും ബ്രാഹ്മണന് ദാനം ചെയ്തു പോകരുത്‌.

ആയിരം പശുക്കളെ ദാനം ചെയ്യുന്നവന്‍ ഇന്ദ്രതുല്യനായി സുഖിക്കും. നൂറായിരം പശുക്കളെ ദാനം ചെയ്തവന്‍ അക്ഷയമായ ലോകങ്ങള്‍ നേടുന്നതാണ്‌. ഇപ്രകാരം ഗോദാനത്തേയും തിലദാനത്തേയും ഭൂദാനത്തേയും കുറിച്ചു ഞാന്‍ പറഞ്ഞു.

ഇനി അന്നദാനത്തെ കുറിച്ചും പറയാം; അതും കേള്‍ക്കുക. അല്ലയോ കുന്തീപുത്രാ! അന്നദാനം മുഖ്യമാണെന്നു പറയുന്നു. അന്നം ദാനം ചെയ്ത്‌ രന്തിദേവന്‍ സ്വര്‍ഗ്ഗം നേടി. വിശന്ന്‌ തളര്‍ന്നു വരുന്നവന് അന്നം ദാനം ചെയ്താല്‍ അവന്‍ സ്വയംഭൂവിന്റെ സ്ഥാനത്ത്‌ എത്തി വിളങ്ങുന്നതാണ്‌ രാജാവേ! സ്വര്‍ണ്ണവും വസ്ത്രവും മറ്റു വിശിഷ്ട വസ്തുക്കളും കൊടുത്ത്‌ നേടുന്ന മര്‍ത്ത്യന്റെ ശ്രേയസ്സ്‌ ഇതിനൊക്കുകയില്ല രാജാവേ! ഒന്നാമത്തെ ദ്രവ്യം അന്നമാണ്‌. അന്നം പരമലക്ഷ്മിയാണ്‌. അന്നത്തില്‍ നിന്നാണ്‌ പ്രാണന്‍ ഉണ്ടാകുന്നത്‌. തേജസ്സും ബലവും വീര്യവും ഉണ്ടാകുന്നത്‌ അന്നത്തില്‍ നിന്നാകുന്നു. എന്നും ഏകാഗ്രമതിയായി ചോറു നല്‍കുന്നവന്‍ ഒരിക്കലും ദുര്‍ഗ്ഗങ്ങളില്‍ പെട്ടു പോകുന്നതല്ല എന്ന്‌ മഹേശ്വരന്‍ പറഞ്ഞിട്ടുണ്ട്‌. മുറയ്ക്കു പൂജിച്ച്‌ അന്നം നിവേദിക്കണം. നരന്മാര്‍ക്ക്‌ ഏതന്നം നല്കുന്നുവോ, ദേവകള്‍ അവന്റെ അന്നത്തെ കൈക്കൊള്ളുന്നു.

കാര്‍ത്തികനാളില്‍ ശുക്ലപക്ഷത്തില്‍ അന്നം ദാനം ചെയ്യുന്നവന്‍ ദുര്‍ഗ്ഗങ്ങളെ കടക്കുന്നു. പരലോകത്തില്‍ ആനന്ദമനുഭവിക്കുകയും ചെയ്യുന്നു. ഉണ്ണാതെ ശ്രദ്ധയോടെ അതിഥിക്ക്‌ അന്നം കൊടുക്കുന്നവന്‍ ബ്രഹ്മജ്ഞന്മാര്‍ക്കുള്ള ലോകം പ്രാപിക്കുന്നതാണ്‌ ഭരതര്‍ഷഭാ! കഷ്ടമായ ആപത്ത്‌ എത്ര ഏറ്റാലും അന്നം ദാനം ചെയ്യുന്ന മര്‍ത്ത്യന്‍ അഭിവൃദ്ധിയെ പ്രാപിക്കുന്നതാണ്‌. പാപത്തെ തരണം ചെയ്യും. ദുഷ്കൃതത്തെ നീക്കുകയും ചെയ്യും. ഇങ്ങനെ അന്നദാനം, തിലദാനം, ഭൂദാനം, ഗോദാനം ഇവയുടെയെല്ലാം ഫലം ഞാന്‍ പറഞ്ഞു കഴിഞ്ഞു.

67. പാനീയദാനമാഹാത്മ്യം - ദാഹിച്ചവന് വെള്ളം കൊടുത്താലുള്ള ഫലം - യുധിഷ്ഠിരന്‍ പഞ്ഞു; അല്ലയോ താതാ! അങ്ങു പറഞ്ഞുതന്ന ദാനത്തിന്റെ ഫലത്തെപ്പറ്റി ഞാന്‍ കേട്ടു. അതില്‍ അന്നദാനം ഏറ്റവും പ്രശസ്തമാണ്‌ ഭരതാ! വെള്ളം കൊടുക്കുന്നതിന്റെ മഹാഫലമെന്താണ്‌? അതു കേള്‍ക്കുവാന്‍ എനിക്കു വലിയ ആഗ്രഹമുണ്ട്‌. അങ്ങ്‌ വിസ്തരിച്ചു പറയണേ?

ഭീഷ്മൻ പറഞ്ഞു: അല്ലയോ ഭരതര്‍ഷഭാ! അതിനെപ്പറ്റി ഞാന്‍ പറയാം. ഞാന്‍ ഇപ്പോള്‍ പറയുന്നത്‌ സത്യപരാക്രമാ! നീ കേള്‍ക്കുക!

ജലം ദാനംചെയ്യുന്നത് മുതല്ക്കുള്ള എല്ലാ ദാനത്തേയും ഞാന്‍ പറയാം അനഘാശയാ! ചോറും ജലവും നല്കിയതിന് ശേഷം ഒരുത്തന്‍ ഉണ്ണുന്നതായാല്‍ അതിലും വലിയ ദാനമില്ലെന്നാണ്‌ എന്റെ അഭിപ്രായം. ഉണ്ണീ, ജീവികള്‍ എവിടെയും പ്രവര്‍ത്തിക്കുന്നത്‌ അന്നം മൂലമാണ്‌. അതു കൊണ്ട്‌ അന്നം സര്‍വ്വലോക പ്രസിദ്ധമായി. അന്നം കൊണ്ട്‌ ബലവും തേജസ്സും പ്രാണികള്‍ക്കു വര്‍ദ്ധിക്കും. അതു കൊണ്ട്‌ അന്നദാനം ശ്രേഷ്ഠമാണെന്നു പ്രജാപതി പറഞ്ഞിട്ടുണ്ട്‌. അല്ലയോ കൌന്തേയാ, നീ സാവിത്രി പറഞ്ഞ ശുഭമായ വചനം കേട്ടില്ലേ? ഏതില്‍ നിന്ന്‌, ഏത്‌, ഏതുവിധം നരന്ന്‌ ദേവസത്രത്തില്‍ അന്നം കൊടുക്കുന്നുവോ, അത്‌ പ്രാണന്‍ നല്കിയതായി വരുന്നു. പ്രാണദാനത്തിലും മേലെ ദാനമില്ലല്ലോ. ലോമശന്‍ പറഞ്ഞ വാക്കുകള്‍ നീ കേട്ടിട്ടുണ്ടോ? പണ്ട്‌ മാടപ്രാവിന് പ്രാണന്‍ കൊടുത്ത്‌ ഉല്‍കൃഷ്ടമായ  ഗതി വരിച്ച ശിബിയുടെ കഥ കേട്ടിട്ടില്ലേ? ആ ഗതി തന്നെ നരന്‍ ദ്വിജന് അന്നം കൊടുത്ത്‌ നേടുന്നതാണ്‌ കുരുദ്വഹാ!

ജലം ഉണ്ടാകാതെ ഒന്നും ഉണ്ടാകുന്നതല്ല. വെള്ളം എന്നത്‌ ഗ്രഹഗണേശ്വരനായ സോമനാണ്‌. അമൃതം എന്നത്‌ സുധയാണ്‌. സുധയെന്നത്‌ അമൃതമാണ്‌. ചെടികള്‍ ജലോത്ഭവങ്ങളാണ്‌. അന്നങ്ങളും, ഔഷധങ്ങളും, എല്ലാം ജലോത്ഭവങ്ങളാണ്‌. രാജാവേ! ദേവകള്‍ക്ക്‌ അന്നം അമൃതാണ്‌.

നാഗങ്ങള്‍ക്ക്‌ അപ്രകാരം അന്നം സുധയാണ്‌. പിതൃക്കള്‍ക്ക്‌ അന്നം സ്വധയാണ്‌. ഇപ്രകാരം പശുക്കള്‍ക്ക്‌ അന്നം വീരുത്താണ്‌, പുല്ലാണ്‌. മനുഷ്യര്‍ക്കും പ്രാണനായി നില്ക്കുന്നത്‌ അന്നം തന്നെയാണെന്നു മനീഷികള്‍ പറയുന്നു. അതെല്ലാം നരശ്രേഷ്ഠാ, ജലംകൊണ്ടുണ്ടായതുതന്നെ. ഈ നിലയില്‍ ചിന്തിച്ചുനോക്കുമ്പോള്‍ ജലദാനത്തേക്കാള്‍ മേലെ എന്തുണ്ട്‌? തനിക്കു ശ്രേയസ്സുണ്ടാകണമെന്ന്‌ ആര്‌ ഇച്ഛിക്കുന്നുവോ, അവന്‍ ദാഹിക്കുന്ന പ്രാണികള്‍ക്കു ജലം ദാനം ചെയ്യണം. ധന്യം, യശസ്യം, ആയുഷ്യം എന്നീ നിലയിലെല്ലാം ജലദാനം പ്രസിദ്ധപ്പെട്ടതാണ്‌. അല്ലയോ കൌന്തേയാ, ജലം ദാനം ചെയ്യുന്ന പുരുഷന്‍ ശത്രുക്കളെ ജയിച്ചു നില്ക്കുന്നതാണ്‌. അങ്ങനെയുള്ള ദാതാവ്‌ എല്ലാ കാമങ്ങളും നേടുന്നതാണ്‌. എല്ലാ കാലത്തേക്കും കീർത്തിയും നേടുന്നതാണ്‌. പരലോകത്ത്‌ ആനന്ദം ഏല്ക്കുന്നതാണ്‌. പാപം വിട്ടൊഴിയുകയും ചെയ്യും. ജലം ദാനം ചെയ്യുന്നവന്‍ അല്ലയോ നരവ്യാഘ്രാ! മഹാദ്യുതേ! സ്വര്‍ഗ്ഗത്തെ പ്രാപിച്ചു ക്ഷയിക്കാത്ത ലോകങ്ങള്‍ നേടുന്നതാണ്‌ എന്ന്‌ മനു പറഞ്ഞിട്ടുണ്ട്‌.

68. യമബ്രാഹ്മണസംവാദം, തില ദീപ അന്ന വസ്ത്രദാന മാഹാത്മ്യം - എള്ള്‌, ദീപം, ചോറ്‌, വസ്ത്രം, എന്നിവ ദാനം ചെയ്താലുള്ള ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: എള്ള്‌ ദാനം ചെയ്താല്‍ എന്ത്‌ ഫലം സിദ്ധിക്കും? ദീപം, ചോറ്‌, വസ്ത്രം എന്നിവ ദാനം ചെയ്താലും എന്തെന്തു ഫലമാണ്‌ സിദ്ധിക്കുക. പറഞ്ഞാലും! ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ഒരു ബ്രാഹ്മണനും യമനും തമ്മില്‍ നടന്ന സംഭാഷണമാണ്‌ യുധിഷ്ഠിരാ! ബ്രാഹ്മണര്‍ക്ക്‌ മദ്ധ്യപ്രദേശത്ത്‌ ഒരു മഹാഗ്രാമം ഉണ്ടായിരുന്നു. യമുനാദ്രിയുടെ അടിഭാഗത്ത്‌ ഗംഗായമുനാ നദികള്‍ക്കിടയിലാണ്‌ ആ പ്രദേശം. പര്‍ണ്ണശാല എന്നറിയപ്പെടുന്ന ആ രമണീയ ഗ്രാമത്തില്‍ വിദ്വാന്മാരായ ബ്രാഹ്മണര്‍ വളരെയേറെ പാര്‍ത്തിരുന്നു. ഒരു ദിവസം യമന്‍ തന്റെ ഒരു ദൂതനെ അടുത്തു വിളിച്ചു. അവന്‍ വന്ന്‌ യമന്റെ സമീപത്തു നിന്ന് യമദൂതന്റെ വസ്ത്രം കറുത്തതാണ്‌, കണ്ണ്‌ രക്തവര്‍ണ്ണമാണ്‌, മുടി എഴുന്നേറ്റു നില്ക്കുന്ന മട്ടാണ്‌, അവന്റെ കാല്‍, കണ്ണ്‌, മൂക്ക്‌ മുതലായ അവയവങ്ങളൊക്കെ കാക്കയുടെ മാതിരിയാണ്‌.

ആ ഭയങ്കരാകൃതിയായ ദൂതനോട്‌ യമന്‍ പറഞ്ഞു: എടോ ദൂതാ! നീ ആ ബ്രാഹ്മണഗ്രാമത്തില്‍ പോവുക. അവിടെച്ചെന്ന്‌ അഗസ്ത്യ ഗോത്രജനായ ശര്‍മ്മി എന്നു പേരുള്ള ബ്രാഹ്മണനെ ഇങ്ങോട്ടു കൊണ്ടുവരൂ! പരസ്യമായി വേദം പഠിപ്പിക്കുന്ന വിദ്വാനും ശമനിഷ്ഠനുമാണ്‌ ആ ബ്രാഹ്മണന്‍. അവന്റെ സമീപത്ത്‌ അവന്റെ ഗോത്രത്തില്‍പ്പെട്ട മറ്റൊരുത്തനുണ്ട്‌. അവനെ കൊണ്ടുവരരുത്‌. അവനും ശര്‍മ്മിയെപ്പോലെ തന്നെ ഗുണവാനും വേദജ്ഞനും സജാതീയനും തന്നെയാണ്‌. സന്താനം, വൃത്തി എന്നിവയിലും ആ ധീമാന്‌ തുല്യനാണ്‌ അവനും. പറഞ്ഞമാതിരി അവനെ (ശര്‍മ്മിയെ) കൊണ്ടു വരിക. അവനെ പൂജിക്കണം. അവന്‍ പോയി എന്നാല്‍ യമന്‍ കല്പിച്ചതിന്നു മറിച്ചാണ്‌ ദൂതന്‍ ചെയ്തത്‌. യമന്‍ കൊണ്ടുവരരുത്‌ എന്നു പറഞ്ഞവനെ യമദൂതന്‍ പിടിച്ചു കൊണ്ടുവന്നു. അവനെ ദൂതന്‍ കൊണ്ടു വന്നതു കണ്ട്‌ വീര്യവാനായ യമന്‍ എഴുന്നേറ്റ്‌ അവനെ പൂജിച്ചു. യമന്ന്‌ ആളെ മനസ്സിലായി. യമധര്‍മ്മന്‍ ദൂതനെ നോക്കി ആജ്ഞാപിച്ചു. ഇവനെ കൊണ്ടുപോകൂ! മറ്റവനെ കൊണ്ടുവരൂ! ഇപ്രകാരം ധര്‍മ്മരാജാവു പറഞ്ഞത്‌ കേട്ടപ്പോള്‍ വേദം ചൊല്ലി വെറുത്തവനായ ആ ദ്വിജന്‍ ധര്‍മ്മരാജാവിനോടു പറഞ്ഞു: അല്ലയോ ദേവാ, എനിക്കുള്ള ശേഷിച്ച ജീവിതകാലം ഞാന്‍ ഇവിടെ പാര്‍ത്തുകൊള്ളാം, അച്യുതാ!

യമന്‍ പറഞ്ഞു: എടോ ബ്രാഹ്മണാ! ജീവിതത്തില്‍ ബാക്കിയുള്ള കാലം ഇവിടെ വസിക്കട്ടെ! എന്നാണല്ലോ ആവശ്യപ്പെടുന്നത്‌. എത്ര കാലമാണ്‌ നിനക്കു ബാക്കിയുള്ളതെന്നു പറയുവാന്‍ എനിക്കു കഴിയുകയില്ല. എനിക്കു തീരുമാനിക്കുവാന്‍ കഴിയുന്നതല്ല സമയത്തിന്റെ നിശ്ചയം. അതുകൊണ്ട്‌ അനിശ്ചിതമായ അതിനെ ആശ്രയിച്ച്‌ നിന്നെ ഇവിടെ താമസിപ്പിക്കുവാന്‍ സാദ്ധ്യമല്ല. ധര്‍മ്മം അനുഷ്ഠിക്കുന്നവനെ ഞാന്‍ അറിയുന്നുണ്ട്‌. ഞാന്‍ അവനെപ്പറ്റി ശ്രദ്ധിക്കുന്നുണ്ട്‌. അല്ലയോ വിപ്രാ, അങ്ങ്‌ വേഗം പോവുക അങ്ങയുടെ ഗൃഹത്തിലെത്തുക. എല്ലാം സ്വൈര്യമായി നിന്റെ മനസ്സിലുള്ളത്‌ എന്നോടു പറയു! ഞാന്‍ എന്തു ചെയ്യണമെന്നു പറയുക.

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ ധര്‍മ്മരാജാവേ, അങ്ങു മൂന്നു ലോകത്തിലും പ്രമാണമാണല്ലോ. എന്തു പുണ്യം ചെയ്താലാണ്‌ മഹത്തായ യോഗ്യത നേടുക? പറഞ്ഞാലും!

യമന്‍ പറഞ്ഞു: അല്ലയോ വിപ്രർഷേ! ഞാന്‍ തത്വമായി ഉത്തമമായ പ്രദാനവിധി പറയാം. ഏള്ളാണ്‌ മുഖ്യമായ ദാനം. ശാശ്വതമായ പുണ്യം ഇവിടെ അതുകൊണ്ടു ലഭിക്കുന്നതാണ്‌. തന്റെ കഴിവുപോലെ എള്ള്‌ ദാനം ചെയ്യണം ദ്വിജര്‍ഷഭാ! നിത്യദാനം കൊണ്ടു നല്കപ്പെടുന്ന തിലം, എല്ലാ കാമങ്ങളേയും നടത്തും. ശ്രാദ്ധത്തില്‍ മുഖ്യമായത്‌ എള്ളാണ്‌. മുഖ്യമായ ദാനം, ഉത്തമമായ ദാനം എള്ളു തന്നെയാണ്‌. വിധിയില്‍ കണ്ട കര്‍മ്മമനുസരിച്ച്‌ ഇത്‌ നീ വിപ്രന്മാര്‍ക്ക്‌ നല്കുക! വൈശാഖ മാസത്തില്‍ വെളുത്തവാവു ദിവസം വിപ്രന്മാര്‍ക്കു എള്ള്‌ ദാനം ചെയ്യണം. എള്ള്‌ ദിവസേന ഭക്ഷിക്കണം. എള്ളെണ്ണ തേക്കണം. എല്ലാ ദിവസവും ഇത്‌ വീട്ടില്‍ എല്ലാവരും ചെയ്യേണ്ടതാണ്‌. ശ്രേയസ്സു വേണമെന്ന്‌ ആഗ്രഹിക്കുന്നവന്‍ അതു ചെയ്യണം. തണ്ണീര്‍പ്പന്തല്‍ ഉണ്ടാക്കി വെള്ളം ദാനം ചെയ്യണം. പൊയ്കയും തടാകവും, കുളവും, കിണറും, കുഴിപ്പിക്കണം. ഇത്‌ ഏറ്റവും ദുര്‍ല്ലഭമാണ്‌. ഈ ലോകത്തില്‍. ഭക്ഷണം കഴിഞ്ഞാലും വെള്ളം തയ്യാര്‍ ചെയ്തു നല്കേണ്ടതാണ്‌ ദ്വിജോത്തമാ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ അവന്‍ സ്വന്തം ഗൃഹത്തിലേക്ക്‌ യമനാല്‍ അയയ്ക്കപ്പെട്ടു. യമദൂതന്‍ അവനെ അവന്റെ ഗൃഹത്തിലെത്തിച്ചു. പിന്നെ ആ ബ്രാഹ്മണന്‍ യമന്‍ പറഞ്ഞമാതിരി അവന്റെ കല്പനകളെല്ലാം അനുഷ്ഠിച്ചു.

യമദൂതന്‍ ശര്‍മ്മിയെ കൂട്ടിക്കൊണ്ടു പോയി. ധര്‍മ്മരാജാവിന്റെ അടുത്തു ചെന്ന്‌ ദൂതന്‍ ശര്‍മ്മിയെ കൊണ്ടു വന്നിരിക്കുന്നു. എന്നുണര്‍ത്തിച്ചു. വീര്യവാനായ യമധര്‍മ്മരാജാവ്‌ ആ ധര്‍മ്മജ്ഞനെ പൂജിച്ചു. നിശ്ചയങ്ങള്‍ ചെയ്തു വെച്ച്‌ അവനെയും പറഞ്ഞു വിട്ടു. അവനും യമന്‍ വേണ്ട ഉപദേശങ്ങള്‍ നല്കി. അവന്‍ തിരിച്ചു വന്ന്‌ യമന്‍ പറഞ്ഞതൊക്കെ ചെയ്തു.

യമന്‍ പിതൃഹിതേച്ഛ മൂലം ദീപങ്ങളെ വാഴ്ത്തുന്നു. നിത്യവും ദീപം ദാനം ചെയ്യുന്നവന്‍ പിതൃക്കളെ കേറ്റി വിടുന്നു. അതുകൊണ്ട്‌ ഭാരതസത്തമാ, ദീപങ്ങള്‍ നിത്യവും നീ നല്കുക. അതു ദേവകള്‍ക്കും പിതൃക്കള്‍ക്കും കാഴ്ച നല്കുന്നതാണു പ്രഭോ! രത്നദാനവും വലിയ പുണ്യമായി പറയുന്നുണ്ടു രാജാവേ! അതിന്റെ വിലകൊണ്ടു വിപ്രന്‍ ഭയംകൂടാതെ യജിക്കുന്നു. അതു വാങ്ങിച്ചു വിപ്രന്മാര്‍ക്കു നല്കുന്നതായാല്‍ അക്ഷയമായ പുണ്യം കൊടുത്തവനും വാങ്ങിയവനും ലഭിക്കുന്നതാണ്‌. നിലയ്ക്ക് നില്ക്കുന്നവന്‍ അപ്രകാരമുള്ളവന് നല്കുന്നതായാല്‍ രണ്ടു പേര്‍ക്കും ക്ഷയിക്കാത്ത ധര്‍മ്മം ലഭിക്കുമെന്നു ധാര്‍മ്മികനായ മനു പറഞ്ഞിട്ടുണ്ട്‌. തന്റെ ഭാര്യയോടു കൂടെ സുഖമായി വസിക്കുന്ന നരന്‍ വസ്ത്രം സല്‍പ്പാത്രത്തില്‍ ദാനം ചെയ്താല്‍ അവന്‍ സുവസ്ത്രനായി, നല്ല അന്തസ്സോട് കൂടിയവനായി ശോഭിക്കുന്നതാണെന്നു പറഞ്ഞു കേള്‍ക്കുന്നു.

പശുക്കള്‍, സ്വര്‍ണ്ണം, എള്ള്‌, ഇവയെക്കുറിച്ചു പല പ്രാവശ്യവും വിവരിച്ചു ഞാന്‍ പറഞ്ഞു. പുരുഷവ്യാഘ്രാ, വേദത്തില്‍ അവയ്ക്കു പ്രാമാണ്യം കണ്ടതു കൊണ്ടാണു വിസ്തരിച്ചു പറഞ്ഞത്‌. വിവാഹം കഴിക്കണം. പുത്രന്മാരെ ഉല്‍പാദിപ്പിക്കണം. എല്ലാ ലാഭത്തിലും വെച്ചു മേലെയായിട്ടുള്ള ലാഭം പുത്രലാഭമാണു കൌരവ്യ!

69. ഗോദാനമാഹാത്ത്യം - പശുക്കളെ ദാനം ചെയ്താലുള്ള പുണ്യവും ബ്രഹ്മസ്വം അപഹരിച്ചാലുള്ള പാപവും - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ കുരുശ്രേഷ്ഠാ, ദാനങ്ങള്‍ക്കുള്ള ഉത്തമവിധി അങ്ങു പറഞ്ഞാലും. വിശേഷിച്ചും ഭൂമിദാനത്തെക്കുറിച്ചു വീണ്ടും പറഞ്ഞാലും. യാഗത്തില്‍, ക്ഷത്രിയന്‍ ബ്രാഹ്മണന് ഭൂമി ദാനം ചെയ്യണം. വിധിപോലെ അതു ബ്രാഹ്മണന്‍ ഏറ്റുവാങ്ങുകയും വേണം. മറ്റാരും അതു നല്കുവാന്‍ അര്‍ഹതയുള്ളവരല്ല. എല്ലാ ജാതിക്കാര്‍ക്കും പുണ്യലബ്ധിക്കു വേണ്ടി ദാനം ചെയ്യുവാന്‍ അര്‍ഹതയുള്ള വസ്തുക്കള്‍ ഏതൊക്കെയാണ്‌. അതിനെപ്പറ്റി വേദത്തില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നു പറ ഞ്ഞുതരണേ?

ഭീഷ്മൻ പറഞ്ഞു: ദാനം ചെയ്യാവുന്ന മൂന്നു വസ്തുക്കളുണ്ട്‌. ആ മൂന്നു വസ്തുക്കളും ഒരേ വാക്കാലാണ്‌ അറിയപ്പെടുന്നത്‌. അത്‌ മൂന്നും ദാനം ചെയ്താല്‍ ഒരേ ഒരു ഫല മാണ്‌ ലഭിക്കുന്നത്‌. "ഗോവ്‌" എന്നാണ്‌ ആ പദം.. (ഗോവ്‌ എന്നാല്‍ പശു എന്നും ഭൂമി എന്നും സരസ്വതി എന്നും അര്‍ത്ഥമുണ്ട്‌). ഇവ എല്ലാവര്‍ക്കും അഭീഷ്ടം നല്‍കുന്നവയാണ്‌. ശിഷ്യന് ധര്‍മ്മൃയായ ബ്രാഹ്മി, സരസ്വതിയെ പറഞ്ഞു കൊടുക്കുന്നവന്‍ ഗോവിനേയും, ഭൂമിയേയും ദാനം ചെയ്യുന്നവര്‍ക്കു ചേര്‍ന്ന ഫലം ഏല്ക്കുന്നതാണ്‌. ഇപ്രകാരമാണ്‌ ഗോക്കളെപ്പറ്റി വാഴ്ത്തുന്നത്‌. അതിനേക്കാള്‍ മെച്ചപ്പെട്ടതായി യാതൊരു ദേയവുമില്ല. പശുവിനെ ദാനം ചെയ്താൽ ഫലം ഉടനെ തന്നെ ലഭിക്കും. എല്ലാ സുഖവും നല്‍കുന്ന ഗോക്കള്‍ എല്ലാവര്‍ക്കും മാതാക്കളാണ്‌. വൃദ്ധിയെ കാംക്ഷിക്കുന്നവന്‍ എന്നും പശുവിനെ വലംവെയ്ക്കണം.

പശുവിനെ കാല്‍ കൊണ്ടു ചവിട്ടരുത്‌. പശുക്കളുടെ ഇടയില്‍ കയറരുത്‌. ശുഭമായി വസിക്കുന്ന ദേവതകളാണ്‌ പശുക്കള്‍. ആവ എന്നും പുജാര്‍ഹരാണ്‌. പണിയെടുക്കുന്ന കാളകളില്‍ പ്രേരണ ചെയ്യുക എന്നത്‌ ദൈവകല്പിതമാണ്‌. അതു കൂടാതെ കഴികയില്ല. വടി, ചാട്ടവാറ്‌, മുതലായവ കൊണ്ടു കാളകളെ വണ്ടി, കരി മുതലായവ വലിപ്പിക്കുക എന്നത്‌ ഈശ്വരകല്ലിതമാണ്‌. എന്നാല്‍ യജ്ഞാദി കര്‍മ്മങ്ങള്‍ക്കു വേണ്ടിയുള്ള പ്രേരണമാണ്‌ ശ്രേയസ്‌കരമായിട്ടുള്ളത്‌. മറ്റു വിധത്തില്‍ ചെയ്യുന്നത്‌ നിന്ദ്യമാകുന്നു. പശുക്കള്‍ മേയുമ്പോള്‍, പുല്ലു തിന്നുന്ന സമയത്ത്‌, അതിനെ ദ്രോഹിക്കരുത്‌. അപ്രകാരം ഒരിടത്തു കിടന്ന്‌ അയവിറക്കുമ്പോഴും ബുദ്ധിമാന്മാര്‍ ആരും പശുക്കളെ ദ്രോഹിക്കുകയില്ല. ദാഹിച്ച പശുക്കള്‍ക്ക്‌ വെള്ളം കൊടുക്കണം. വെള്ളം കൊടുക്കാതിരുന്നാല്‍, തടസ്സം വരുത്തിയാല്‍, ബന്ധുജനങ്ങളോടൊപ്പം അവനെ അത്‌ ശപിച്ചു നശിപ്പിച്ചുകളയും. പിതൃഗേഹങ്ങളും, ദേവതായതനങ്ങളും, സകല പുണ്യക്ഷേത്രങ്ങളും, പശു അതിന്റെ മലമായ ചാണകം കൊണ്ട്‌ ശുദ്ധമാക്കുന്നു. ഇതില്പരം ശുചി എന്തുണ്ട്‌? ഇതില്പരം ശുദ്ധിയുള്ള മൃഗം ഏതാണ്‌? അന്യന്റെ പശുവിന് ഒരു പിടി പുല്ല്‌ ഒരു വര്‍ഷം നിത്യവും താന്‍ ഉണ്ണുന്നതിന് മുമ്പ്‌ കൊടുക്കുന്നതായാല്‍ അത്‌ എല്ലാ ആഗ്രഹങ്ങളും നല്കുന്ന "സര്‍വ്വകാമദ"മായ വ്രതമാണ്‌. പുത്രന്മാര്‍, കീര്‍ത്തി, ധനം, ശ്രീ എന്നിവ അവന്‍ നേടുന്നതാണ്‌. അവന്റെ അശുഭം മുഴുവന്‍ നീങ്ങുന്നതാണ്‌. ദുഃസ്വപ്നം അവന്‍ കാണുന്നതുമല്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: എന്തു ലക്ഷണമുള്ള ഗോക്കളാണ്‌ ദാനം ചെയ്യുവാന്‍ പറ്റിയത്‌? ഏതുതരം പശുക്കളെ ദാനം ചെയ്യുവാന്‍ പാടില്ല? ഏതു തരക്കാരന് നല്കണം? ഏതുവിധം അളുകള്‍ക്ക്‌ നല്കാന്‍ പാടില്ല?

ഭീഷ്മൻ പറഞ്ഞു: നടപടി നല്ലതല്ലാത്തവന്നും, പാപിക്കും, ലുബ്ധനും, ചതിയനും ഹവ്യകവ്യങ്ങള്‍ ഇല്ലാത്തവനും ഒരിക്കലും ഗോവിനെ ദാനം ചെയ്യരുത്‌. മക്കള്‍ വളരെയുള്ളവനും, ഭിക്ഷുവും, ആഹിതാഗ്നിയുമായ ശ്രോത്രിയന് പത്തു പശുക്കളെ നല്കുന്നവന്‍ മുഖ്യമായ ലോകത്തെ നേടും.

ധര്‍മ്മം ചെയ്യുന്നവന് എന്തു ഫലം ആ ധര്‍മ്മം കൊണ്ട്‌ ലഭിക്കുന്നുവോ, അതില്‍ ഒരോഹരി അതു ദാനം ചെയ്തവന് ലഭിക്കുന്നു. അവന്‍ മൂലമാണല്ലൊ ആ ക്രിയ ചെയ്യുവാന്‍ കഴിയുന്നത്‌. ഒരുത്തനെ ആരു ജനിപ്പിക്കുന്നുവോ, ഒരുത്തനെ ഭയത്തില്‍ നിന്ന്‌ രക്ഷിക്കുന്നത്‌ ആരോ, ഉപജീവനമാര്‍ഗ്ഗം ആര്‌ നല്‍കുന്നുവോ, ഈ പറഞ്ഞ മൂന്നുപേരും അവന്റെ പിതൃക്കളാകുന്നു. പാപം ഗുരുശുശ്രുഷ കൊണ്ടു നശിപ്പിക്കപ്പെടും. ഗര്‍വ്വ്‌ യശസ്സിനെ നശിപ്പിക്കും. അപുത്രത്വം മൂന്നു പുത്രന്മാര്‍ നീക്കും. പത്തുമക്കള്‍ ഒതുത്തനില്‍ ദാരിദ്ര്യത്തെ നീക്കും.

വേദാന്തത്തില്‍ നിഷ്ഠയുള്ളവനും, വളരെ ശ്രുതികള്‍ പഠിച്ചവനും, ശിഷ്ടനും, ദാന്തനും, യതനും, എന്നും എല്ലാ ജീവികളിലും ശുഭം ആശംസിക്കുന്നവനും, വിശന്നാലും അന്യായം ചെയ്യാത്തവനും മൃദുവും, ശാന്തനും, അതിഥി പ്രിയനും, പുത്രന്മാരോടും, ഭാര്യയോടും കൂടിയവനും, സമാനശീലനുമായ ബ്രാഹ്മണന് ജീവിക്കുവാനുള്ള മാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കുക!

പാത്രംകണ്ട്‌, അര്‍ഹനായവനെ മനസ്സിലാക്കി, ഗോവിനെ ദാനം ചെയ്യുന്നവന് എത്ര അളവു പുണ്യം ലഭിക്കുമോ, അത്ര അളവ്‌ പാപം ബ്രഹ്മസ്വം അപഹരിക്കുന്നവനും ലഭിക്കുന്നതാണ്‌. അതുകൊണ്ട്‌ ബ്രാഹ്മണന്റെ സ്വത്ത്‌ അപഹരിക്കാന്‍ ആഗ്രഹിക്കരുത്‌. അവന്റെ ഭാര്യയുമായി സംസർഗ്ഗത്തിനും ആഗ്രഹിക്കരുത്‌. അവയെ മനസ്സില്‍ നിന്ന്‌ ദൂരെയകറ്റണം.

70. ന്യഗോപാഖ്യാനം - അന്യന്റെ പശുവിനെ ദാനം ചെയ്തതിന്റെ ഫലമായി നൃഗന്‍ ആയിരം കൊല്ലം നരകത്തില്‍ കിടന്ന കഥ - ഭീഷ്മൻ പറഞ്ഞു: ഇതില്‍ ഞാന്‍ വേറെ ഒരു സംഭവം പറയാം. ബ്രഹ്മസ്വം അപഹരിച്ചതു മൂലം നൃഗന്‍ എന്ന രാജാവ്‌ വലിയ കഷ്ടപ്പാടനുഭവിച്ചതു ഞാന്‍ പറയാം കുരുദ്വഹാ!

മുമ്പു യാദവന്മാര്‍ പാര്‍ക്കുന്ന ദ്വാരകയില്‍ വലിയ ഒരു കിണറ്‌ പുല്ലും വള്ളിയും പടര്‍ന്നു മൂടിക്കിടന്നിരുന്നു. ഒരുദിവസം വെള്ളത്തിന് വേണ്ടി ജനങ്ങള്‍ പണിപ്പെട്ട്‌ ആ കിണറ്റിന്നരികില്‍ച്ചെന്ന്‌ കാടും മുടിലും വളരെ പണിപ്പെട്ടു വെട്ടി നീക്കിയപ്പോള്‍ കിണറ്റിലെ ജലത്തില്‍ ഭയങ്കര കൂറ്റനായ ഒരു ഓന്തിനെ കണ്ടെത്തി. വളരെ ജനങ്ങള്‍ കൂടി അതിനെ കയറ്റുവാന്‍ കയറും കുടുക്കുമായി ശ്രമിച്ചു നോക്കി. കുന്നു പോലെ കൂറ്റനായ അതിനെ തോല്‍വാറിട്ടു കുടുക്കി കെട്ടിവലിച്ചിട്ടും അവര്‍ക്ക്‌ അതിനെ കയറ്റുവാന്‍ കഴിഞ്ഞില്ല. ഈ അത്ഭുതസംഭവം അവര്‍ ഓടിച്ചെന്ന്‌ കൃഷ്ണനോടു പറഞ്ഞു: "കിണറ്റില്‍ ആകാശം മൂടുന്ന വിധം ഒരു കൂറ്റന്‍, ഓന്തു നില്ക്കുന്നു. അതിനെ കയറ്റുവാന്‍ എത്ര പണിപ്പെട്ടിട്ടും ഞങ്ങള്‍ക്കു കഴിയുന്നില്ല". ഉടനെ കൃഷ്ണന്‍ ചെന്ന്‌ അതിനെ യാതൊരു പ്രയാസവും കൂടാതെ വലിച്ചു കിണറ്റില്‍ നിന്ന് പുറത്തേക്കിട്ടു. ഉടനെ ഓന്ത്‌ ഒരു രാജാവായി.

രാജാവ്‌ പറഞ്ഞു; ഞാന്‍ നൃഗന്‍ എന്ന രാജാവാണ്‌. പണ്ട്‌ ഞാന്‍ ആയിരം യാഗങ്ങള്‍ ചെയ്തവനാണെന്നു ഭവാന്‍ കേട്ടിരിക്കും.

ഇപ്രകാരം തന്നത്താന്‍ പരിചയപ്പെടുത്തിയ രാജാവിനോടു കൃഷ്ണന്‍ ചോദിച്ചു. "അങ്ങ്‌ അനേകം ശുഭങ്ങള്‍ ചെയ്തു. പാപമൊന്നും ചെയ്തതായി കേട്ടിട്ടില്ല. അങ്ങനെയുള്ള അങ്ങയ്ക്ക്‌ എങ്ങനെ ഈ ദുര്‍ഗ്ഗതി വന്നുപെട്ടു? രാജാവേ, എന്താണിതിന് കാരണം? നൂറായിരം പശുക്കളെ അങ്ങു ദാനംചെയ്തിട്ടുണ്ടല്ലോ. അനേകായിരം വേറെയും ദാനംചെയ്തു എന്നു കേട്ടിട്ടുണ്ട്‌. ദ്വിജന്മാര്‍ക്ക്‌ ഇത്രയേറെ ദാനം ചെയ്തതിന്റെ ഫലം ഇതാണോ? ആ ശുഭഫലം എവിടെപ്പോയി?". കൃഷ്ണന്‍ ചോദിച്ചതു കേട്ട്‌ നൃഗന്‍ പറഞ്ഞു: "ഒരു അഗ്നിഹോത്രദ്വിജന്റെ പശു എങ്ങനെയോ കൈവിട്ടുപോയി. അത്‌ എന്റെ പശുക്കൂട്ടത്തില്‍ വന്നു ചേര്‍ന്നു. എന്റെ പശുപാലന്മാര്‍ അതിനെയും എന്റെ പശുക്കളുടെ കൂട്ടത്തില്‍ എണ്ണിക്കണക്കാക്കി. ഞാന്‍ പരലോകപ്രാപ്തിക്കു വേണ്ട പുണ്യഫലം കാംക്ഷിച്ച്‌ ആ പശുവിനെ ഒരു ബ്രാഹ്മണന് ദാനമായി നല്കി. തന്റെ പശുവിനെ അന്വേഷിച്ചന്വേഷിച്ചു നടന്ന ഒരുദിവസം ആ വിപ്രന്‍ മറ്റൊരു വിപ്രന്റെ ഗൃഹത്തില്‍വെച്ച്‌ അതിനെ കണ്ടെത്തി. ശരിയായ ഉടമസ്ഥന്‍ അതിനെ ചെന്നു പിടിച്ചു. "ഇത്‌ എന്റെ പശുവാണ്‌" എന്നു പറഞ്ഞു.  മറ്റേവന്‍ വിട്ടില്ല. "നിന്റെയോ? ഇത്‌ എന്റെയാണ്‌. ഇത്‌ എനിക്കു നൃഗരാജാവു ദാനമായി നല്കിയതാണ്‌", എന്നു മറുപടി പറഞ്ഞു. "നീ കട്ട്താണ്‌", "അല്ല എനിക്കു ദാനം ലഭിച്ചതാണ്‌" എന്നു തര്‍ക്കമായി. സംഭവം അതുകൊണ്ട്‌ അവസാനിച്ചില്ല. രാജാവിന്റെ അടുക്കല്‍ രണ്ടുപേരും തമ്മില്‍ തര്‍ക്കിച്ച്‌ അല്ലലില്‍പ്പെട്ടു വന്നുചേര്‍ന്നു. അവര്‍ രാജാവിനോടു സംഭവം ഉണര്‍ത്തിച്ചു. രാജാവ്‌ കാര്യത്തിന്റെ യഥാര്‍ത്ഥ്യം ഗ്രഹിച്ചു. ഞാന്‍ ദാനംചെയ്ത പശുവിനെ വാങ്ങിയ ബ്രാഹ്മണന് നൂറായിരം പശുക്കളെ മാറ്റമായി നല്‍കാമെന്നും, തന്ന പശുവിനെ മടക്കിക്കൊടുക്കണമെന്നും യാചിച്ചു. അവന്‍ പറഞ്ഞു: "ദേശത്തിന്നും കാലത്തിന്നും ചേര്‍ന്ന്‌ ഇണങ്ങി, നല്ലപോലെ പാല്‍ കറക്കുവാന്‍ തക്ക നല്ല, ശീലസ്വഭാവമുള്ള ഒരു പശുവാണ്‌. ഇവള്‍ വത്സലയാണ്‌. മധുരമുള്ള ഗുണമേറിയ പാല്‍ ഇവള്‍ തരുന്നു. നിത്യവും ഇവള്‍ ഞങ്ങള്‍ക്കു പാല്‍ നല്കുന്നു. മെലിഞ്ഞ്‌ മുലകിട്ടാത്ത എന്റെ പുത്രനെ ഈ പശുവാണ്‌ പോറ്റുന്നത്‌. അതിനെ തരുവാന്‍ പറ്റുകയില്ല". ഇപ്രകാരം പറഞ്ഞ്‌ ബ്രാഹ്മണന്‍ എന്റെ അപേക്ഷ നിരസിച്ചു. ഞാന്‍ പിന്നെ മറ്റേ ബ്രാഹ്മണനോടു മാറ്റം ചോദിച്ചു: എടോ ബ്രാഹ്മണാ, ഭവാന്റെ പശുവിന് മാറ്റമായി ഞാന്‍ നൂറായിരം പശുക്കളെത്തരാം. അങ്ങ്‌ അതു വാങ്ങണം. ആ ബ്രാഹ്മണന്‍ മറുപടി പറഞ്ഞു; "സ്വത്തില്‍ എനിക്കു വലിയ ആഗ്രഹമൊന്നുമില്ല. ഞാന്‍ രാജാക്കളോടു വാങ്ങുകയുമില്ല. എനിക്കു നൂറായിരം പശുക്കളൊന്നും വേണ്ടാ. എനിക്ക്‌ എന്റെ പശു മാത്രം മതി. ഇപ്രകാരം ആ ദ്വിജന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സ്വര്‍ണ്ണം, അശ്വങ്ങള്‍, വെള്ളി, തേര്‌ എന്തുവേണമെങ്കിലും കൊടുക്കാമെന്നു പറഞ്ഞു. എന്നിട്ടും ആ ബ്രാഹ്മണര്‍ഷഭന്‍ വാങ്ങിച്ചില്ല. അയാളൊന്നും വാങ്ങാതെ പോയി മധുസുദനാ!

ഈ കാലത്ത്‌ കാലധര്‍മ്മം പ്രാപിച്ച ഞാന്‍ പിതൃലോകത്തില്‍ ചെന്നു. ധര്‍മ്മരാജാവിന്റെ സമീപത്തെത്തി. യമധര്‍മ്മന്‍ എന്നെ പൂജിച്ചിരുത്തി ഇപ്രകാരം പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്റെ പുണ്യത്തിന് ഞാന്‍ യാതൊരറ്റവും കാണുന്നില്ല. ഭവാന്‍ അറിയാതെ ചെയ്ത ഒരു പാപം അതിന്നിടയില്‍ കിടപ്പുണ്ട്‌. ആ പാപം അങ്ങയ്ക്ക്‌ ഭൂജിക്കാതിരിക്കുവാന്‍ കഴികയില്ല. അത്‌ ആദ്യമോ, ഒടുക്കമോ വേണ്ടതെന്നു പറയൂ! രക്ഷിക്കാം എന്നു നീ പറഞ്ഞു. ആ പ്രതിജ്ഞ പാഴിലായി. പിന്നെ ബ്രഹ്മസ്വം മറ്റൊരാള്‍ക്കു ദാനവും ചെയ്തു. ഇങ്ങനെ രണ്ടതിക്രമങ്ങള്‍ ഭവാന്‍ ചെയ്തിട്ടുണ്ട്‌. ഞാന്‍ ധര്‍മ്മരാജാവിനോടു പറഞ്ഞു. പാപം മുമ്പെ അനുഭവിച്ചു കൊള്ളാം. പിന്നെ പുണ്യം അനുഭവിക്കാം. എന്നു പറഞ്ഞു കഴിയുന്നതിന് മുമ്പേ തന്നെ ഞാന്‍ മന്നിലേക്കു പതിച്ചു. വീഴുന്ന സമയത്ത്‌ യമന്‍ ഉച്ചത്തില്‍പ്പറയുന്ന വാക്കു ഞാന്‍ കേട്ടു. "നിന്നെ കയറ്റി വിടുവാന്‍ ജനാര്‍ദ്ദനനായ വാസുദേവന്‍ ഉണ്ടാകും. ആയിരം വര്‍ഷം തികയുമ്പോള്‍, പാപകര്‍മ്മം ക്ഷയിക്കുമ്പോള്‍, നീ നിന്റെ കര്‍മ്മം കൊണ്ടു ജയിച്ച നിത്യലോകങ്ങള്‍ നേടുന്നതാണ്‌. ഒരു കിണറ്റില്‍ തല കീഴായി വീഴുന്ന എന്നെ ഞാന്‍ കണ്ടു. തിര്യക് യോനിയിലായിട്ടും എന്റെ ഓര്‍മ്മ നശിച്ചില്ല. ഭവാന്‍ ഇപ്പോള്‍ എന്നെ കയറ്റിവിട്ടു. ഇത്‌ തപസ്സിന്റെ മഹത്വമല്ലാതെ എന്താണ്‌? കൃഷ്ണാ! എന്നെ അനുവദിക്കുക. ഞാന്‍ വിണ്ണിലേക്കു പോകട്ടെ. കൃഷ്ണന്റെ സമ്മതത്തോടെ കൃഷ്ണനെ വണങ്ങി ദിവ്യയാനം കയറി അരിന്ദമനായ അവന്‍ സ്വര്‍ഗ്ശത്തിലെത്തി. നൃഗന്‍ സ്വര്‍ഗ്ഗത്തിൽ എത്തിയതിന് ശേഷം അല്ലയോ ഭാരത സത്തമാ! വാസുദേവന്‍ ഇപ്രകാരം ഒരു ശ്ലോകംചൊല്ലി. "ജ്ഞാനിയായ പുരുഷന്‍ ബ്രഹ്മസ്വം അപഹരിക്കരുത് . വിപ്രന്റെ ഗോവിനെ ബ്രാഹ്മണനു ദാനംചെയ്ത്‌ നൃഗരാജാവ്‌ അധുഃപതിച്ചതു പോലെ കഷ്ടത്തിലാകും. സജ്ജനങ്ങള്‍ക്കു സജ്ജനങ്ങളുമായുള്ള ചേര്‍ച്ച ഒരിക്കലും നിഷ്ഫലമാവുകയില്ല. നോക്കൂ, സല്‍സംഗമം കാരണം നൃഗരാജാവ്‌ നരകം വിട്ടുപോയി. ദാനത്തിന്റെ ഫലം പോലെ ദ്രോഹവും ദുഷ്ടമായ ഫലം നല്കും. അതുകൊണ്ട്‌ പശുദ്രോഹം ഒരിക്കലും ചെയ്തു പോകരുത്‌ യുധിഷ്ഠിരാ!

71. യമവാക്യം, നാചികേതനോപാഖ്യാനം - നാചികേതനും യമനും തമ്മില്‍ ഗോദാനത്തെക്കുറിച്ചു പറഞ്ഞത്‌ - യുധിഷ്ഠിരന്‍ പറഞ്ഞു: പശുക്കളെ ദാനം ചെയ്താലുള്ള ഫലം അല്ലയോ അനഘാശയാ, പറഞ്ഞാലും! മഹാബാഹോ, അതു വിസ്തരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. കേട്ടിട്ടും കേട്ടിട്ടും എനിക്കു മതിയാകുന്നില്ല പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. ഋഷിയായ ഉദ്ദാലകനും നാചികേതനും തമ്മില്‍ നടന്ന സംഭാഷണമാണ്‌ കഥാവിഷയം.

ഋഷിയായ ഉദ്ദാലകന്‍ ദീക്ഷയെടുത്ത്‌ മകനായ നാചികേതനെ വിളിച്ച്‌, "നീ കാത്തു ശുശ്രൂഷിക്കുക!", എന്നു . പറഞ്ഞു. പിന്നെ മഹര്‍ഷി തന്റെ നിയമവ്രതം തീര്‍ന്നതിന് ശേഷം പുത്രനോടു വീണ്ടും പറഞ്ഞു: "ആചമനത്തില്‍ ഏര്‍പ്പെട്ടവനും സ്വാദ്ധ്യായത്തില്‍ മനസ്സുവെച്ചവനുമായ ഞാന്‍ ദര്‍ഭയും ഹോമവിറകും പുഷ്ടവും കുടവും ഭോജ്യവസ്തുവും എടുക്കുവാന്‍ മറന്നു. നീ പുഴവക്കില്‍പ്പോയി അതിങ്ങോട്ടു കൊണ്ടുവരു!". അച്ഛന്‍ പറഞ്ഞ ദിക്കിലേക്കു മകന്‍ നടന്നു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ പുഴയുടെ ഓളവും ഒഴു ക്കും അവയെല്ലാം കൊണ്ടുപൊയ്ക്കളഞ്ഞതായി അറിഞ്ഞു. അവിടെ ഈ പറഞ്ഞതൊന്നും കാണുകയുണ്ടായില്ല. മകന്‍ മടങ്ങി വന്ന്‌ അച്ഛനോടു പറഞ്ഞു: "അച്ഛാ, ഞാന്‍ അവിടെ ഒന്നും കണ്ടില്ല" വിശപ്പും ദാഹവും സഹിക്കാതെ തളര്‍ന്ന ആ ഉദ്ദാലകമഹര്‍ഷി മകനെ ശപിച്ചു. "നീ എന്തു പറഞ്ഞു! എടാ പറഞ്ഞതു കേള്‍ക്കാത്തത് കൊണ്ട്‌ നിന്നെ ഇപ്പോള്‍ത്തന്നെ യമന്‍ കൊണ്ടുപോകട്ടെ!". അച്ഛന്‍ ഇങ്ങനെ വാക്കാകുന്ന വജ്രം പ്രയോഗിച്ച ഉടനെ മകന്‍: "അച്ഛാ പ്രസാദി ക്കണേ" എന്നു പറഞ്ഞ്‌ ഉടനെ ചത്തു വീഴുകയും ചെയ്തു. പുത്രന്‍ മരിച്ചു വീണതു കണ്ടപ്പോള്‍ ഉദ്ദാലകന്‍ ദുഃഖത്തില്‍ മുഴുകി. "ഞാന്‍ എന്തു കടുപ്പമാണ്‌ ഈ ചെയ്തത്‌", എന്നു പറഞ്ഞ്‌ നിലത്തു വീണു. മകനെപ്പറ്റി ഓര്‍ത്തു ദുഃഖിക്കുന്ന അവന്, അന്നു പകലും ആ രാത്രിയും കടന്നു പോയി. അച്ഛന്റെ കണ്ണുനീരിന്റെ പ്രവാഹമേറ്റ്‌ അല്ലയോ കുരുദ്വഹാ, ദര്‍ഭശയനത്തില്‍ കിടക്കുന്ന നാചികേതന്‍ സസ്യം മഴയില്‍ ചലിക്കുന്നതു പോലെ ഒന്നിളകി. മരിച്ചു ജീവിച്ച ആ പുത്രനോട്‌, ദിവ്യഗന്ധം വഹിച്ച്‌ എഴുന്നേറ്റ പുത്രനോട്‌, അച്ഛന്‍ ചോദിച്ചു; "ഉണ്ണീ നീ സ്വകര്‍മ്മം കൊണ്ട്‌ പുണ്യലോകം നേടിയില്ലേ?". ഭാഗൃത്താല്‍ നീ വീണ്ടും മടങ്ങിയെത്തി. നിന്റെ ദേഹം മാനുഷമല്ല എന്ന്‌ ഞാന്‍ വിചാരിക്കുന്നു. എല്ലാം കണ്ടവനായ പുത്രന്‍ യോഗ്യനായ അച്ഛന്‍ ചോദിച്ച ഉടനെ, മഹര്‍ഷിമാരുടെ നടുവില്‍ വെച്ച്‌ അവന്‍ കണ്ട വൃത്താന്തങ്ങള്‍ പറഞ്ഞു.

നാചികേതന്‍ പറഞ്ഞു: അങ്ങയുടെ കല്പനപ്രകാരം ഞാന്‍ യമപുരിയിലെത്തി. അവിടെ വൈവസ്വതന്റെ വിശാലവും, രുചിരപ്രഭാവവുമായ സഭ കണ്ടു. അത്‌ അസംഖ്യം യോജന വിസ്താരമുള്ളതും സ്വര്‍ണ്ണമയവുമാണ്‌. ഞാന്‍ നേരെ ചെല്ലുന്നതു കണ്ട്‌ എനിക്ക്‌ പീഠം നല്കുവാന്‍ പരിചാരകന്മാരോട്‌ ആജ്ഞാപിച്ചു. പിന്നെ ധര്‍മ്മരാജാവ്‌ അര്‍ഘ്യാദികളാല്‍ എന്നെ പൂജിച്ചു. ഇവയൊക്കെ ഭവാന്‍ മൂലമാണ്‌ എനിക്കു യമന്‍ ചെയ്തത്‌. അതിന് ശേഷം ഞാന്‍ യമനോടു പതുക്കെ പറയുവാന്‍ ഭാവിച്ചു. അപ്പോള്‍ സദസ്യരൊക്കെ എന്നെ പൂജിച്ചു. ഞാന്‍ പറഞ്ഞു: "അല്ലയോ ധര്‍മ്മരാജാവേ, ഞാന്‍ അങ്ങയുടെ നാട്ടില്‍ വന്നിരിക്കുന്നു. ഞാന്‍ ഏതേതു ലോകങ്ങള്‍ക്കാണ്‌ അര്‍ഹന്‍! അങ്ങ്‌ വിധിച്ചാലും". യമന്‍ പറഞ്ഞു: "അല്ലയോ സൗമ്യാ, നീ മരിച്ചിട്ടില്ല. തപസ്വി പറഞ്ഞു: നീ യമന്റെ അടുത്തുപോയി കാണുക എന്ന്‌. ഭവാന്റെ അച്ഛന്‍ ദീപ്താഗ്നിതേജസ്വിയാണ്‌. അദ്ദേഹം പറഞ്ഞവാക്ക്‌ പാഴാക്കാന്‍ വയ്യാത്തതാണ്‌. അല്ലയോ വത്സാ! ഭവാന്‍ കണ്ടുവല്ലോ! ഇനി ഭവാന്‌ പോകാം. ഇപ്പോള്‍ നിന്റെ ദേഹകര്‍ത്താവ്‌ കിടന്നു ദുഃഖിക്കുകയാണ്‌. ഭവാന്‌ എന്താണു ഞാന്‍ നല്കേണ്ടത്‌. അങ്ങയുടെ മനോഗതമെന്തെന്നു പറഞ്ഞാലും. അങ്ങു പ്രിയപ്പെട്ട അതിഥിയാണ്‌. എന്തു വേണമെങ്കിലും ഇഷ്ടംപോലെ വാ ങ്ങാമല്ലോ".

ഇപ്രകാരം യമധർമ്മൻ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലയോ ധര്‍മ്മാത്മാവേ, അങ്ങയുടെ നാട്ടില്‍ വന്നവരാരും മടങ്ങിപ്പോയതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെയുള്ള നാട്ടില്‍ ഞാന്‍ എത്തിയിരിക്കയാണ്‌. അങ്ങയുടെ അനുഗ്രഹത്തിന്ന്‌ ഞാന്‍ പാത്രമാണെങ്കില്‍ പുണ്യാത്മാക്കള്‍ വന്നു ചേര്‍ന്ന സ്ഥാനങ്ങള്‍ ഒന്നു കാണുവാന്‍ ആഗ്രഹിക്കുന്നു. അവരുടെ സുഖപൂര്‍ണ്ണമായ സ്ഥാനം ഒന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഉടനെ ദേവന്‍ ദിവ്യമായ കുതിരകളെപ്പുട്ടിയ വിളങ്ങുന്ന വിമാനത്തില്‍ക്കയറ്റി ആത്മാക്കളുടെ ലോകങ്ങളെ, പുണ്യം ചെയ്തവര്‍ക്കുള്ള ലോകങ്ങളെ, കാട്ടിത്തന്നു ദ്വിജ്രേന്ദാ! അവിടെ ഞാന്‍ യോഗ്യന്മാര്‍ വസിക്കുന്ന തേജസ്സേറിയ ഗൃഹങ്ങള്‍ ദര്‍ശിച്ചു. പലതരത്തിലും പല അകൃതിയിലുമാണ്‌ ആ ഗൃഹങ്ങള്‍. പലവിധത്തിലുള്ള രത്നങ്ങളാല്‍ അലങ്കരിക്കപ്പെട്ടതാണ്‌ ആ ഗൃഹങ്ങള്‍. ചന്ദ്രമണ്ഡലം പോലെ ശോഭ വീശുന്നവയും, കിങ്ങിണിത്തൊങ്ങല്‍ വെച്ചവയും, നൂറു നിലകളോടു കൂടിയവയുമാണ്‌ ആ ഗൃഹങ്ങള്‍. ജലധാരകളും, പൂന്തോട്ടങ്ങളും അതിന്നുണ്ട്‌. വൈഡൂര്യം സ്ഫടികാഭങ്ങളും, വെള്ളിമയവും പൊന്മയവുമായ പലതരം ഗൃഹങ്ങള്‍ ശോഭിക്കുന്നതായി കണ്ടു. തരുണാര്‍ക്കപ്രകാശങ്ങളായ ചില ഗൃഹങ്ങള്‍ നില്ക്കുകയും, ചില ഗൃഹങ്ങള്‍ നടക്കുകയും ചെയ്യുന്നതായി ദര്‍ശിച്ചു. ഭക്ഷ്യഭോജ്യങ്ങളുടെ കുന്നുകളും, വസ്ത്രാലങ്കാരങ്ങളും ശയനങ്ങളും അവിടെയുണ്ട്‌. ആ ഗൃഹങ്ങളുടെ ചുറ്റുപാടും നില്ക്കുന്ന ഇഷ്ടഫലം കായ്ക്കുന്ന പലതരം വൃക്ഷങ്ങളും, മനോഹരവീഥികളും, പുഴകളും, സഭകളും, തോടുകളും, കുളങ്ങളും, കുതിരകളെപ്പൂട്ടിയ ദിവ്യരഥങ്ങളും, പാല്‍ ഒഴുകുന്ന നല്ല ആറുകളും, നെയ്യു കൊണ്ടുള്ള കുന്നുകളും, തെളിഞ്ഞ വെള്ളമുള്ള തടാകങ്ങളും നിറഞ്ഞ പ്രദേശങ്ങള്‍. ഇവയൊക്കെ യമന്റെ ആജ്ഞപ്രകാരം ഞാന്‍ ദര്‍ശിച്ചു. മുമ്പെ കാണാത്ത മനോഹരമായ പല കാഴ്ചകളും ഞാന്‍ കണ്ടു.

ഈ പറഞ്ഞ കാഴ്ചകളെല്ലാം ഞാന്‍ കണ്ട്‌ ആ പുരാണപ്രഭുവായ ധര്‍മ്മരാജാവിനോടു പറഞ്ഞു: പാലും നെയ്യും ഒഴുകുന്ന ഈ സരിത്തുക്കളൊക്കെ ആര്‍ക്കു ഭക്ഷിക്കുവാനാണ്‌ അങ്ങു നിര്‍ദ്ദേശിക്കുന്നത്‌?

യമന്‍ പറഞ്ഞു: ഇവ ഭോജ്യങ്ങളാണ്‌. ഗോരസം ദാനം ചെയ്യുന്ന സത്തുക്കള്‍ക്കു വേണ്ടിയാണ്‌ അവ വെച്ചിരിക്കുന്നത്‌. ശോകം നശിച്ചവരും കീര്‍ത്തിമാന്മാരും ഗോക്കളെ ദാനം ചെയ്യുന്നവരുമായ പാവനാത്മാക്കള്‍ക്ക് വേണ്ടിയാണ്‌ മറ്റേ ലോകങ്ങള്‍.

പശുവിനെ ദാനംചെയ്തു എന്നതു കൊണ്ടു മാത്രം ആ ദാനം പ്രശസ്തമാവുകയില്ല. ദാനം പരിഗ്രഹിക്കുന്നവന്‍ അതിന് തക്കപാത്രമാണോ എന്നു നോക്കണം. തക്ക കാലത്താണോ നല്കുന്നത്‌ എന്നു നോക്കി വേണ്ട സന്ദര്‍ഭത്തില്‍ നല്കണം. നല്കുന്ന പശു നല്ലതായിരിക്കണം. പശുവിന്‌ രോഗം, വാര്‍ദ്ധക്യം, അംഗഹീനത ഇവയില്ലാതിരിക്കണം. കറക്കുന്നതും കുട്ടിയോടു കൂടിയതുമായിരിക്കണം. യഥാവിധിയായിരിക്കണം ദാനം. ദാനം ചെയ്യുന്നതിന് മുമ്പ്‌ ദാനവസ്തുവും ദാനം പരിഗ്രഹിക്കുന്നവനും അര്‍ഹിക്കുന്ന യോഗ്യതയോട്‌ ചേര്‍ന്നിട്ടുണ്ടോ എന്നു പരിശോധിച്ചു ഉറപ്പി ക്കണം. അഗ്നിഭയത്തിന്ന്‌ സൌകര്യമുള്ള ദിക്കിലോ, സൂര്യാതപശക്തിയുള്ള മരുപ്രദേശത്തോ വസിക്കുന്നവര്‍ക്ക്‌ ഗോവിനെ ദാനം ചെയ്യരുത്‌.

വേദജ്ഞാനമുള്ളവനും യാഗാനുഷ്ഠാനം നടത്തുന്നവനുമായ ബ്രാഹ്മണനാണ്‌ പശുദാനം സ്വീകരിക്കുവാന്‍ അര്‍ഹതയുള്ളവന്‍. ക്ലേശകരമായ ചുറ്റുപാടില്‍ നിന്ന്‌ രക്ഷിച്ചെടുത്ത പശുക്കളും, ദരിദ്രരും സംരക്ഷിക്കുവാന്‍ കഴിവില്ലാത്തവരുമായവരില്‍ നിന്ന്‌ വീണ്ടെടുത്തിട്ടുള്ള പശുക്കളും, ദാനംചെയ്യുവാന്‍ അര്‍ഹതയുള്ളവയാണ്‌.

പശുവിനെ ദാനം ചെയ്യുന്നവനും പശുവിനെ ദാനമായി വാങ്ങുന്നവനും അനുഷ്ഠിക്കേണ്ടതായ ചില ആചാരങ്ങളുണ്ട്‌. നല്‍കുന്നവന്‍ മൂന്നു ദിവസം ഉപവസിക്കണം. പച്ചവെള്ളം മാത്രമേ കഴിക്കാവൂ. പശു നല്ലതാണെന്ന്‌ കൊടുക്കുന്നവനു തൃപ്തി വരണം. അതുപോലെ വാങ്ങുന്നവനും അതില്‍ തൃപ്തിയുണ്ടാകണം. പശുവിനു കുട്ടിയുണ്ടാകണം. കറക്കുന്നതാകണം, യഥാകാലം പ്രസവിക്കുന്ന നല്ല വര്‍ഗ്ഗത്തില്‍പ്പെട്ടതാകണം പശു. കൊടുക്കുമ്പോള്‍ ദക്ഷിണയും കൂടെ വേണം. ഉപചാരവിധിയനുസരിച്ചു വേണം നല്കുക. പശുവിനെ പരിഗ്രഹിക്കുന്നവന്‍ ദാതാവിന്റെ ഗൃഹത്തില്‍ വ്രതത്തോടെ മൂന്നു ദിവസം പശുവിനെ വാങ്ങിയതിനു ശേഷം വസിക്കണം. ആ ദിവസങ്ങളില്‍ ആ പശുവിന്റെ പാല്‍മാത്രം കുടിക്കണം. അങ്ങനെ മൂന്നാംദിവസം വ്രതം അവസാനിപ്പിച്ച്‌ അവനു പശുവിനെയും കൊണ്ട്‌ പോകാം.

നല്ല ഇനത്തില്‍പ്പെട്ടതും യഥാകാലം പ്രസവിക്കുന്നതും വീട്ടില്‍നിന്ന്‌ ഓടിപ്പോകാതെ ഇണങ്ങി നിൽക്കുന്നതും, നല്ല പോലെ ചുരത്തുന്നതുമായ ആ പശുവിനെ, വ്രതത്തോടു കൂടിയ ദാതാവ്‌ കറക്കുവാനുള്ള ഒരു ഓട്ടുമൊന്തയോടു കൂടി ദാനം ചെയ്താല്‍, ആ ദാനം ചെയ്ത പശുവിന്‌ എത്ര രോമങ്ങളുണ്ടോ അത്രവര്‍ഷം അവന്‍ സ്വര്‍ഗ്ഗത്തില്‍ പുണ്യഫലം അനുഭവിക്കും.

അപ്രകാരംതന്നെ അര്‍ഹിക്കുന്ന ബ്രാഹ്മണന് യുവത്വമുള്ളതും ഭാരം വഹിക്കുവാന്‍ കെല്പുള്ളതും, നല്ല ഇനത്തില്‍പ്പെട്ടതുമായ കാളക്കൂറ്റനെ നല്കിയാല്‍ ആ ദാതാവിന്‌ പശുവിനെ ദാനം ചെയ്തവനു ലഭിക്കുന്നതിനു തുല്യമായ പുണ്യം ലഭിക്കുകയും, അവന്‍ സ്വര്‍ഗ്ഗലോകത്തെ നേടുകയും ചെയ്യും.

പശുക്കളോട്‌ സൗമ്യമായി പെരുമാറുന്നവനും, ഉപജീവനത്തിന് വേണ്ടി പശുവിനെ ആശ്രയിക്കുന്നവനും, നന്ദിയുള്ളവനും, സ്വത്തു നശിച്ചവനും, പശുവിനെ ദാനമായി വാങ്ങുവാന്‍ തക്ക പാത്രമാകുന്നു.

ഒരു വൃദ്ധന്‌ രോഗം ബാധിച്ചാല്‍, ഒരു ക്ഷാമകാലം വരള്‍ച്ച വന്നു ചേര്‍ന്നാല്‍, ഒരു ബ്രാഹ്മണന്‍ യജ്ഞത്തിന്‌ ഒരുങ്ങിയാല്‍, ഒരുത്തന്‍ കൃഷിക്കു വേണ്ടി പുറപ്പെട്ടാല്‍, പുത്രലബ്ധിക്കു വേണ്ടി ഗൃഹസ്ഥന്‍ ഹോമകര്‍മ്മത്തിന്‌ ഒരുങ്ങിയാല്‍, ശിഷ്യന്‍ ഗുരുവിനു വേണ്ടി നല്കുവാന്‍ തീരുമാനിച്ചാല്‍, കുട്ടിക്കു കുടിക്കുവാന്‍ മുലപ്പാല്‌ ഇല്ലാതെ വന്നാല്‍ ഈവക സന്ദര്‍ഭങ്ങളില്‍ പശുവിനെ ദാനം ചെയ്യാവുന്നതാണ്‌. സമയവും സ്ഥലവും വേറെ നോക്കേണ്ടതില്ല. എപ്പോഴും ചെയ്യാം; എവിടെ വച്ചും ചെയ്യാം.

ദാനം ചെയ്യുന്ന പശു ധാരാളം പാല്‍ തരുന്നതാകണം. അല്ലെങ്കില്‍ നല്ല ഇനത്തില്‍പ്പെട്ടതാകണം, അല്ലെങ്കില്‍ വില കൊടുത്തു വാങ്ങിയതാകണം. വിദ്യ പഠിപ്പിച്ചതിനു പ്രതിഫലമായി ലഭിച്ച പശുവാകാം, മറ്റു പശുക്കളെയോ, കാളയെയോ, ആടുകളെയോ കൊടുത്ത്‌ കൈമാറ്റം ചെയ്തതാകാം. വേട്ടയാടിപ്പിടിച്ചതാകാം, അല്ലെങ്കില്‍ സ്ത്രീധമായി ലഭിച്ചതാകാം, ഈമാതിരി തനിക്ക്‌ വന്നുചേര്‍ന്ന നല്ല പശുക്കള്‍ ദാനം ചെയ്യുവാന്‍ പറ്റിയതാണ്‌?

നചികേതന്‍ തുടര്‍ന്നു; യമധര്‍മ്മന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു: പശുക്കളെ ദാനം ചെയ്യുവാന്‍ ഇല്ലാത്ത കാലത്ത്‌ തത്തുല്യമായ ഏതു വസ്മു ദാനം ചെയ്താലാണ്‌ ഗോദാനം ചെയ്തവനുള്ള ലോകം ലഭിക്കുക?

ഈ ചോദ്യം കേട്ടപ്പോള്‍ ധീമാനായ യമധര്‍മ്മന്‍ ഗോപ്രദാനം കൂടാതെയുള്ള മറ്റു ദാനമാര്‍ഗ്ഗങ്ങളും പറഞ്ഞു കൊടുത്തു. ഗോപ്രദാനത്തിനു തുല്യമായി ഗോവില്ലാത്ത ദാനവുമുണ്ട്‌. യതവ്രതനായി പശുവിന്റെ അഭാവത്തില്‍ പശുവിനു പകരമായി ഘൃതമെടുത്ത്‌ പശുവാണെന്നു സങ്കൽപ്പിച്ചു പ്രതിജ്ഞയോടെ, "ഇതാ ഞാന്‍ അങ്ങേക്ക്‌ ഗോവിനെ ദാനം ചെയ്യുന്നു", എന്നു പറഞ്ഞു നല്കാം. കുട്ടിയുടെ അടുത്തേക്കു വാത്സല്യം ഒഴുകി വരുന്നതു പോലെ അവന്റെ അടുത്തേക്ക്‌ നെയ്യാറുകള്‍ സ്വര്‍ഗ്ഗത്തില്‍ ഒഴുകിയെത്തും. അപ്രകാരം പശുവിന്റെ അഭാവത്തില്‍ "തിലധേനു"വെ നല്കിയാലും സ്വര്‍ഗ്ഗത്തില്‍ ധേനുദുര്‍ഗ്ഗം കയറ്റിവിട്ട്‌ പാലു കൊണ്ടുള്ള പുഴയില്‍ അവന്‍ പ്രീതനായി ഭവിക്കും. തിലം കിട്ടാത്ത കാലത്ത്‌ അതിനു പകരം "അംബുധേനു"വെ ദാനം ചെയ്യാം. അവന്‍ അതിന്റെ ഫലമായി എല്ലാ കാമങ്ങളും കുളുര്‍ നീരു കൊണ്ട്‌ അനുഭവിക്കുന്നതാണ്‌.

ഇപ്രകാരം പലതും എന്നെ കൊണ്ടുപോയി ധര്‍മ്മരാജാവ്‌ കാണിച്ചുതന്നു. ഇവയെല്ലാം കണ്ട്‌ ഞാന്‍ വളരെയധികം സന്തോഷിച്ചു.

അല്ലയോ താതാ, ഞാന്‍ അങ്ങയോട്‌ അങ്ങയ്ക്കു പ്രിയമായ ഒരു കാര്യം പറയുന്നു. അധികം ധനം ആവശ്യമില്ലാത്ത ഒരുതരം യജ്ഞം ഞാന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഗോദാനം മുതലായവ കൊണ്ടു ലഭിക്കുന്ന പുണ്യം എന്നില്‍ നിന്ന്‌ അതുമൂലം പ്രവഹിക്കുന്നതാണ്‌, മറ്റുള്ളവര്‍ക്കും ആ പുണ്യഫലം സിദ്ധിക്കുന്നതാണ്‌, അതു വേദവിധിക്കു നിരക്കുന്നതുമാണ്‌; അതുകൊണ്ടുള്ള ഫലം ഞാന്‍ നേടുകയും ചെയ്യും. അങ്ങ്‌ എന്നെ ശപിച്ചത്‌ എനിക്ക്‌ ഒരു അനുഗ്രഹത്തിനായി ഭവിച്ചു. എന്തുകൊണ്ടെന്നാല്‍ ആ ശാപം മൂലം എനിക്ക്‌ യമനെ കാണാന്‍ കഴിഞ്ഞുവല്ലോ. അല്ലയോ പൂജ്യാ! ദാനത്തിന്റെ ഫലവും എനിക്ക്‌ പ്രതൃക്ഷമായി കാണുവാന്‍ കഴിഞ്ഞുവല്ലോ! അതുകൊണ്ടു ഞാന്‍ യാതൊരു സംശയവും കൂടാതെ ദാനധര്‍മ്മങ്ങളെ അനുഷ്ഠിക്കുന്നതാണ്‌. ധര്‍മ്മിഷ്ഠനായ യമന്‍ സന്തുഷ്ടനായി വീണ്ടും വീണ്ടും എന്നോടു പറഞ്ഞു. മഹര്‍ഷേ, പലപ്പോഴും ദാനങ്ങള്‍ ചെയ്ത്‌ പുണ്യം നേടിയ പുരുഷന്‍ വിശേഷിച്ചും ഗോദാനവും ചെയ്യണം.

ദാനങ്ങളെ സംബന്ധിച്ച ഈ വിഷയം പരിശുദ്ധി കൊണ്ട്‌ നിറഞ്ഞതാണ്‌. ദാനങ്ങളെ സംബന്ധിച്ച കര്‍ത്തവ്യങ്ങളെ അവഗണിച്ചു തള്ളരുത്‌. ദേശത്തിനും കാലത്തിനും അനുസരിച്ച്‌ അര്‍ഹമായ പാത്രങ്ങളില്‍ ദാനം ചെയ്യുക. അതു കൊണ്ടു ഭവാന്‍ എപ്പോഴും ഗോദാനം നടത്തുക. ഇക്കാര്യത്തില്‍ ഭവാന്‌ ഒരിക്കലും സംശയം തോന്നേണ്ടതില്ല.

ദാനത്തില്‍ പരിശുദ്ധ മാര്‍ഗ്ഗം സ്വീകരിച്ച്‌ പല പുണ്യാത്മാക്കളും പണ്ട്‌ ഗോദാനം ചെയ്തിട്ടുണ്ട്‌. കഠിനമായ തപസ്സുകളില്‍ ഏര്‍പ്പെടുവാന്‍ ഭയപ്പെട്ട്‌ അവര്‍ തങ്ങളുടെ ശക്തിക്കനുസരിച്ചു ദാനം ചെയ്യുകയെന്ന സല്‍ക്കര്‍മ്മം ചെയ്യുകയാണുണ്ടായത്‌. തക്കസമയത്ത്‌ അവര്‍ മത്സരം വിട്ട്‌ ശുദ്ധാത്മാക്കളായി പിതൃക്കള്‍ക്കു വേണ്ടി ശ്രാദ്ധം നിര്‍വഹിച്ച്‌ എല്ലാ ധര്‍മ്മകാര്യങ്ങളും നിര്‍വ്വഹിച്ച്‌ പശുക്കളെ യഥാശക്തി ദാനം ചെയ്ത്‌ സ്വര്‍ഗ്ഗത്തില്‍ പുണ്യവാന്മാരായി ശോഭിക്കുന്നു.

ഈ ദാനം ദ്വിജന്മാര്‍ക്ക്‌ ന്യായലബ്ധമാകുന്നു. പാത്രം നോക്കി ദാനം നല്കേണ്ടതാണ്‌. അതിനു ശേഷം "കാമ്യാഷ്ടമി"യില്‍ വ്രതം ആരംഭിക്കണം. പത്തു ദിവസം ഉപവാസമെടുത്ത്‌ പശുവിന്റെ പാല്‍, മോര്‍, നെയ്യ്‌, മൂത്രം, ചാണകം എന്നീ പഞ്ചഗവ്യങ്ങള്‍ മാത്രം കഴിച്ച്‌ വസിക്കുക എന്നതാണു വ്രതം.

കാളയെ ദാനംചെയ്യുന്നതായാല്‍ ആ ദാനം ദേവ വ്രതത്തിന് തുല്യമാകുന്നു. രണ്ടു പശുക്കളെ ദാനം ചെയ്താല്‍ വേദജ്ഞാനലബ്ധിക്കു തുല്യമായ ഫലം സിദ്ധിക്കും. പശുക്കളെ രഥത്തില്‍ക്കെട്ടി ദാനം ചെയ്താല്‍ പുണ്യതീര്‍ത്ഥ സ്നാനത്തിന് തുല്യമായ ഫലം സിദ്ധിക്കും. കപിലാഗോക്കളെ ദാനംചെയ്താല്‍ സകലപാപവും നശിക്കും.

ഒരു കപിലാഗോവിനെയെങ്കിലും ദാനം ചെയ്യുന്നവന് സകലപാപവും നശിക്കും. ഗോരസത്തിന് മേലെയായി വേറെ ഒരു വസ്തുവുമില്ല. അതുകൊണ്ട്‌ എല്ലാ ദാനത്തിലും വെച്ചു ശ്രേഷ്ഠമായത്‌ ഗോദാനമാകുന്നു.

പാലു ദാനം ചെയ്ത്‌ പശുക്കള്‍ ലോകത്തെ ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നു. ജീവികള്‍ക്കു ഭക്ഷണ സാധനങ്ങള്‍ പശു നല്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും പശുക്കളില്‍ സ്നേഹം തോന്നാത്തവര്‍ വല്ലവരുമുണ്ടെങ്കില്‍ അവര്‍ നിശ്ചയമായും പാപികളാണ്‌. അവര്‍ നരകത്തില്‍ പോവുക തന്നെ ചെയ്യുന്നതാണ്‌. ഒരാള്‍ ആയിരമോ, നൂറോ, പത്തോ, അഞ്ചോ പശുക്കളെ സല്‍പ്പാത്രത്തില്‍ ദാനം ചെയ്യുന്നുണ്ടെ ങ്കില്‍, അഥവാ യഥാകാലം പ്രസവിക്കുന്ന ഒരു പശുവിനെയെങ്കിലും ധര്‍മ്മിഷ്ഠനായ ബ്രാഹ്മണന് നല്കുന്നുവെങ്കില്‍ തീര്‍ച്ചയായും ആ പശു സ്വര്‍ഗ്ഗത്തില്‍ പുണ്യം ഒഴുക്കുന്ന നദി എന്ന പോലെ അവന്റെ സകല കാമങ്ങളും സാധിപ്പിച്ചു കൊടുക്കുന്നതാണ്‌.

അഭിവൃദ്ധി, വളര്‍ച്ച, സംരക്ഷണം എന്നിവയ്ക്കു ഭൂമിയില്‍ എല്ലാറ്റിനും സൂര്യപ്രകാശമെന്ന പോലെ പശുക്കളും സഹായിക്കുന്നു. "ഗോവ്‌" എന്ന പേര്‌ സൂര്യരശ്മിക്കും പശുവിനും തുല്യമാണ്‌ (രണ്ടര്‍ത്ഥവും ഗോവിന്നുണ്ട്‌) ഗോദാനം ചെയ്യുന്നവന്‍ വിസ്തൃതമായ വംശത്തിന്റെ കര്‍ത്താവും, സൗഖ്യഭോഗദാതാവുമായിത്തീരുന്നു. അതുകൊണ്ട്‌ ഗോദാതാവ്‌ സൂര്യനെപ്പോലെ പ്രശോഭിക്കുന്നു.

ശിഷ്യന്‍ ഗോപ്രദാനവിഷയത്തില്‍ ഗുരുവിനെ ഉപദേഷ്ടാവായി സ്വീകരിക്കണം. അതു ധാര്‍മ്മികമായ ഒരു കടമയാണ്‌. അങ്ങനെയുള്ള ഗോദാതാവ്‌ സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുന്നതാണ്‌. അതിന് യാതൊരു സംശയവുമില്ല. ദാനം മുതലായ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ എപ്പോഴും ഒരു ഗുരുവിന്റെ സാന്നിദ്ധ്യവും ഉപദേശവും വേണ്ടതാകുന്നു. ഇതാണ്‌ വേദത്തില്‍ പറഞ്ഞിട്ടുള്ളത്‌. മറ്റുള്ള എല്ലാ വിധികളും അതിനെ ആശ്രയിച്ചു നില്ക്കുന്നു. പരിശോധനയ്ക്കു ശേഷം ബ്രാഹ്മണരില്‍ നിന്ന്‌ ഒരുത്തനെ തെരെഞ്ഞെടുത്ത്‌ നല്ല മാര്‍ഗ്ഗത്തില്‍ നിന്ന് ലഭിച്ച പശുവിനെ അദ്ദേഹത്തെ സമ്മതിപ്പിച്ചു ദാനംചെയ്യേണ്ടതാണ്‌. ദേവതകളും, മനുഷ്യരും, ഞാനും ദാതാവിന് ദാനത്തിന്നര്‍ഹമായ പുണ്യം ലഭിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.

ഇപ്രകാരം ധര്‍മ്മരാജാവു പറഞ്ഞപ്പോള്‍ അല്ലയോ ദ്വിജര്‍ഷേ, ഞാന്‍ അദ്ദേഹത്തെ കൈകൂപ്പി നമസ്കരിച്ചു. പിന്നെ യമന്റെ അനുജ്ഞ വാങ്ങിച്ച്‌ ഞാന്‍ അങ്ങയുടെ പാദത്തില്‍ തിരിച്ചെത്തി.

72. ഗോപ്രദാനം, ശുകപ്രശ്നം - ഗോലോകത്തെയും ഗോദാനത്തേയും പറ്റി ഇന്ദ്രനും ബ്രഹ്മാവും തമ്മില്‍ സംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: നാചികേതര്‍ഷിയുടെ കഥയില്‍ക്കൂടെ ഗോപ്രദാനത്തെക്കുറിച്ച്‌ അങ്ങു പറഞ്ഞു തന്നു. ഗോവിന്റെ മാഹാത്മൃവും അങ്ങ്‌ അതു മുഖേന വെളിവാക്കിത്തന്നു. മഹാത്മാവായ നൃഗരാജാവിന്, അറിയാതെ ചെയ്ത തെറ്റുമൂലം, വലിയ ദുഃഖം അനുഭവിക്കേണ്ടതായി വന്നു. അവന്‍ ദ്വാരകയില്‍ ഒരു കിണറ്റില്‍ വലിയ ഒരു ഓന്തിന്റെ രൂപത്തില്‍ കിടക്കേണ്ടി വന്നു. അവനെ ഏതു വിധമാണ്‌ കൃഷ്ണന്‍ കയറ്റി വിട്ടതെന്നും അറിഞ്ഞു. എന്നെ വലിയ ഒരു സംശയം ബാധിച്ചിരിക്കുന്നു. എങ്ങനെയാണ്‌ ഗോലോകത്തിന്റെ മഹത്വം? ഗോദാനം ചെയ്തവര്‍ക്കുള്ള ലോകം എങ്ങനെയിരിക്കും? എന്നൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. ഈ വിഷയത്തെക്കുറിച്ച്‌ ഇന്ദ്രന്‍ ബ്രാഹ്മാവിനോടു ചോദിച്ചതാണ്‌ വിഷയം.

ഇന്ദ്രന്‍ പറഞ്ഞു: തന്റെ ശോഭ കൊണ്ടു സ്വര്‍ഗ്ഗത്തിലെ ഐശ്വര്യം പോലും താഴ്ത്തിക്കളയുന്ന വിധം ഗോലോകവാസി വസിക്കുന്നു എന്നു പറയുന്നുണ്ടല്ലോ. അതില്‍ എനിക്കു സംശയമുണ്ട്‌. ഗോക്കള്‍ക്കുള്ള ലോകമെന്താണ്‌? ഭഗവാനേ, പറഞ്ഞാലും. ദാതാക്കള്‍ എവിടെ വാഴുന്നു എന്നറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതുവിധം ഫലമാണ്‌ അവര്‍ക്കു ലഭിക്കുക? എന്തെന്തു ഗുണങ്ങളാണ്‌ അവിടെ സിദ്ധിക്കുക? അതിലേക്ക്‌ ഏതു വിധമാണ്‌ അല്ലല്‍ കൂടാതെ പുരുഷന്‍ പ്രവേശിക്കുന്നത്‌? ദാതാവ്‌ ദാനത്തിന് ലഭിക്കുന്ന ഫലം എത്രനാള്‍ അനുഭവിക്കും? പലമട്ടിലുള്ള ദാനം എങ്ങനെ? അല്പദാനമെങ്ങനെ? എങ്ങനെയാണ്‌ ബഹുഗോദാനം? എങ്ങനെയാണ്‌ അല്പഗോദാനം? ഗോവിനെ നല്കാതെ ചിലര്‍ ഗോപ്രദന്മാരാകുന്നുണ്ടല്ലോ അത്‌ എങ്ങനെയാണ്‌? എങ്ങനെ ബഹുഗോദാതാവ്‌ അല്പഗോദാന തുല്യനായിത്തീരുന്നു? എങ്ങനെ നേരെമറിച്ച്‌ അല്പഗോദാതാവ്‌ ബഹുഗോദാന തുല്യനാകുന്നു? ഗോപ്രദാനത്തില്‍ വിശേഷപ്പെട്ട ദക്ഷിണ ഏതു വിധമാണ്‌? ഭഗവാനേ, പരമേശ്വരാ! ഇത്‌ ഒന്നു വിശദമാക്കിത്തരണേ?

73. പിതാമഹേന്ദ്രസംവാദം - പിതാമഹനും ഇന്ദ്രനും തമ്മിലുള്ള സംവാദം തുടരുന്നു - പിതാമഹന്‍ പറഞ്ഞു; ഗോപ്രദാനാദിവിഷയത്തെപ്പറ്റി നീ ചോദിച്ചുവല്ലോ. ഈ ലോകത്തില്‍ ഇതിനെപ്പറ്റി ചോദിക്കുവാന്‍ നീയല്ലാതെ വാസവാ। മറ്റാരും അര്‍ഹരായി ഞാന്‍ കാണുന്നില്ല. ശക്രാ!

ലോകങ്ങള്‍ പല തരത്തിലുണ്ട്‌. അവ മുഴുവനും നീ കണ്ടി ട്ടില്ല, നീ കാണാത്തതായി വളരെയധികം ലോകങ്ങളുണ്ട്‌. ആ ലോകങ്ങളെയൊക്കെ ഞാന്‍ കാണുന്നുണ്ട്‌. ആ ലോകങ്ങളില്‍ ഏകഭര്‍ത്തൃ വ്രതത്തോടു കൂടിയ പതിവ്രതന്മാരും ശുഭകര്‍മ്മ കര്‍ത്താക്കളായ സുവ്രതന്മാരായ മുനീന്ദ്രന്മാരും, ഉടലോടെ അവയില്‍ ചെല്ലുന്നു. ശുദ്ധബുദ്ധികളായ വിപ്രരും അവിടെ എത്തുന്നു. ശരീരന്യാസമോക്ഷത്താലും കളങ്കമില്ലാത്ത മനസ്സാലും സുവ്രതന്മാര്‍ സ്വപ്നത്തില്‍ ആ ലോകങ്ങളെ കാണുന്നു. അല്ലയോ സഹസ്രാക്ഷാ, ആ ലോകങ്ങള്‍ എങ്ങനെയുള്ളതാണെന്നും അവയുടെ ഗുണങ്ങള്‍ എപ്രകാരമാണെന്നും ഞാന്‍ പറയാം. അതില്‍ കാലത്തിന് പ്രവേശനമില്ല. ജര എന്നത്‌ ആ ലോകത്തില്ല. അഗ്നി അവിടെയില്ല. രോഗമില്ല. തളര്‍ച്ചയില്ല. അങ്ങനെ അശുഭമായതൊന്നും ആ നാട്ടിലില്ല. ആ ലോകത്തുള്ള ഗോക്കള്‍ എന്തെന്തു കാര്യം മനസ്സുകൊണ്ട്‌ ആഗ്രഹിക്കുന്നുവോ, അത്‌ ഉടനെ സഫലമാകുന്നു. അതൊക്കെ ഞാന്‍ പ്രത്യക്ഷമായി കണ്ടുകൊണ്ടു പറയുന്നതാണ്‌. അവര്‍ക്ക്‌ ഇഷ്ടം പോലെ എങ്ങും പോകാന്‍ കഴിയുന്നു. എന്തു മനസ്സില്‍ വിചാരിക്കുന്നുവോ അതു ലഭിക്കുന്നു. എവിടെ എത്തണമെന്നു വിചാരിക്കുന്നുവോ ഉടനെ അവിടെ എത്തുന്നു. അവര്‍ ഇഷ്ടം പോലെ എല്ലാം അനുഭവിക്കുന്നു. കുളങ്ങള്‍, തടാകങ്ങള്‍, പുഴകള്‍, പലതരം കാടുകള്‍, സൌധങ്ങള്‍, കുന്നുകള്‍, എല്ലാവിധം സ്വത്തുക്കള്‍, ഇവയൊക്കെ എല്ലാ ഭൂതങ്ങള്‍ക്കും ആ ലോകത്തിലുണ്ട്‌. ഇപ്രകാരമുള്ള മഹാലോകം പോലെ ഒരു ലോകവുമില്ല. ഏറ്റവും ഉല്‍കൃഷ്ടരായവര്‍ മാത്രമേ ആ ലോകത്തില്‍ ചെന്നെത്തുകയുള്ളൂ. എല്ലാ ജീവികളിലും ക്ഷമിക്കുന്നവര്‍, എല്ലാ ക്ലേശവും സഹിക്കുന്നവര്‍, എല്ലാ ജീവികളിലും പരമമായ കാരുണ്യമുള്ളവര്‍, ഗുരുവിനെ എല്ലാ വിധത്തിലും അനുസരിക്കുന്നവര്‍, അഹങ്കാരവും  ഗര്‍വ്വും തീരെ വിട്ടവര്‍, ഇങ്ങനെയുള്ളവര്‍ മാത്രമേ ശക്രാ, അവിടെ ചെല്ലുകയുള്ളു.

എല്ലാവിധം മാംസഭക്ഷണവും ഉപേക്ഷിച്ചവര്‍, ഹൃദയം ശുദ്ധമായിട്ടുള്ളവര്‍, ധര്‍മ്മം തെറ്റാതെ നടക്കുന്നവര്‍, അച്ഛനമ്മമാരെ ഭക്തിയോടെ പൂജിക്കുന്നവര്‍, സത്യം പറയുന്നവര്‍, ബ്രാഹ്മണരെ വണങ്ങുന്നവര്‍, സ്വഭാവശുദ്ധിയുള്ളവര്‍, ബ്രാഹ്മണരോടും പശുക്കളോടും ദ്വേഷ്യപ്പെടുന്നവര്‍, തന്റെ കര്‍ത്തവ്യത്തെ തെറ്റാതെ നിര്‍വ്വഹിക്കുന്നവര്‍, ധര്‍മ്മത്തില്‍ ആസക്തിയുള്ളവര്‍, ഗുരുവിനെ ശുശ്രൂഷിക്കുന്നവര്‍, ജീവിതകാലത്തോളം സത്യത്തില്‍ ഉറച്ചവര്‍, തെറ്റു ചെയ്തവരില്‍ ക്ഷമിക്കുന്നവര്‍ ദാതാവ്‌, മൃദുവായവര്‍, ദാന്തര്‍, ദേവന്മാരില്‍ ഭക്തിയുള്ളവർ, എല്ലാവര്‍ക്കും ആതിഥ്യം ചെയ്യുന്നവര്‍, ദയാവാന്മാര്‍ ഇങ്ങനെയുള്ള ഗുണങ്ങള്‍ ചേര്‍ന്നവരായ മനുഷ്യര്‍ ശാശ്വതവും അവ്യയവുമായ ആ ലോകത്തു ചെന്നെത്തുന്നതാണ്‌.

പരസ്ത്രീസക്തന്മാര്‍ക്ക്‌ ഈ ലോകം കാണുവാന്‍ കഴികയില്ല. ഗുരുദ്രോഹിക്കും നുണ പറയുന്നവനും ഈ ലോകം കാണുവാന്‍ സാദ്ധ്യമല്ല. എപ്പോഴും ദ്വിജന്മാരെ ദുഷിച്ചു പറയുന്നവനും ദ്വിജദ്വേഷിക്കും ഈ ലോകം കാണുവാന്‍ കഴിയുന്നതല്ല. ഇപ്പറഞ്ഞ എല്ലാ ദോഷങ്ങളും ചേര്‍ന്ന ദുഷ്ടന്‍, മിത്രത്തെ ദ്രോഹിക്കുന്നവന്‍, ചതിക്കുന്ന കൃതഘ്നന്‍, ശഠന്‍, വക്രബുദ്ധി, ധര്‍മ്മദ്വേഷി, ബ്രഹ്മഘ്നന്‍ ഇങ്ങനെയുള്ളവരാരും പുണ്യവാന്മാര്‍ അധിവസിക്കുന്ന ഗോലോകത്തെ കാണുന്നതല്ല.

ഈ കാര്യം ഞാന്‍ നിന്നോടു വ്യക്തമായി പറഞ്ഞു തന്നു സുരേന്ദ്രാ! ഇനി ഗോദാനപരമായ പുണ്യവാന്മാര്‍ക്കുള്ള ഫലം ഞാന്‍ പറയാം. അതും നീ കേള്‍ക്കുക ശതക്രതോ!

മാതാവിന്റെ അവകാശപ്രകാരം കിട്ടുന്ന ധനംകൊണ്ട്‌ പശുക്കളെ വാങ്ങി ദാനം ചെയ്യുന്നവനും, ധര്‍മ്മാര്‍ജ്ജിതമായ ധനത്താല്‍ പശുക്കളെ നേടി ദാനം ചെയ്യുന്നവനും അക്ഷയമായ ലോകം നേടും. ചൂതാടി ധനം സമ്പാദിച്ച്‌ ഗോക്കളെ വാങ്ങി നല്കുന്നതായാല്‍ ദിവ്യമായ സഹസ്രാധികമായ വര്‍ഷം അവന്‍, പുണൃഫലം അനുഭവിക്കുന്നതാണ്‌. മുമ്പുള്ളവന്‍ ന്യായമായി നേടിയതും, തായ് വഴിക്കു ലഭിച്ചതുമായ പശുക്കളെ ദാനം ചെയ്താല്‍ ആ ദാതാക്കള്‍ക്കു തീര്‍ച്ചയായും ശാശ്വതമായ പുണൃഫലം സിദ്ധിക്കുന്നതാണ്‌. ദാനം വാങ്ങി പശുക്കളെ ശുദ്ധമായ മനസ്സോടെ നല്കിയാല്‍ അവന് അക്ഷയമായ ലോകം തീര്‍ച്ചയായും ലഭിക്കുന്നതാണ്‌ ശചീപതേ! ജിതേന്ദ്രിയനായ ഏതൊരാള്‍ ജന്മം മുതല്‍ സത്യം പറയുന്നുവോ, ഗുരുദ്വിജന്മാരില്‍ സഹിക്കുന്നവനും ക്ഷാന്തനും ആയവനാരോ അവന്‍ ഗോവിനെ ദാനം ചെയ്തവന് തുല്യമായ പുണ്യം അനുഭവിക്കുന്നതാണ്‌.

വിപ്രനോടു പറയാന്‍ വയ്യാത്ത വാക്കുകള്‍ പറയരുത്‌ ശചീപതേ! മനസ്സുകൊണ്ടു പോലും പശുവിനെ ദ്രോഹിക്കരുത്‌. ഗോവില്‍ നല്ലപോലെ പെരുമാറുന്നവന്‍, ഗോക്കളില്‍ അനുകമ്പയുള്ളവന്‍ സത്യധര്‍മ്മങ്ങളില്‍ ഉറച്ചവന്‍ ഇവര്‍ക്കുള്ള ഫലം കേള്‍ക്കു ശചീപതേ! ഈ മാതാരിയുള്ള നല്ല ആളുകള്‍ ഒരു പശുവിനെ ദാനം ചെയ്താല്‍ ആയിരം പശുക്കളെ ദാനം ചെയ്ത ഫലം അവര്‍ക്കു ലഭിക്കുന്നതാണ്‌. ഈ ഗുണങ്ങളോടു കൂടി ഒരു ക്ഷത്രിയന്‍ ഒരു പശുവിനെ ദാനം ചെയ്താല്‍ അവനും ബ്രാഹ്മണന് ലഭിക്കുന്ന അതേ പുണൃഫലം തന്നെ സിദ്ധിക്കുന്നതാണ്‌. വിനീതനായ ഒരു ശൂദ്രനാണ്‌ ദാനം ചെയ്യുന്നതെങ്കില്‍ അവന് ഇരുനൂറ്റമ്പതു പശുക്കളെ ദാനം ചെയ്ത ഫലം സിദ്ധിക്കുന്നതാണ്‌. ഇപ്രകാരം ആരനുഷ്ഠിക്കുന്നുണ്ടോ സത്യസ്ഥനും, ഗുരുശുശ്രൂഷ ചെയ്യുന്നവനും, ദക്ഷനും, ക്ഷാന്തനും, ദേവതാര്‍ത്ഥിയും, പ്രശാന്തനും, ശുദ്ധനും, ബുധനും, ധര്‍മ്മവാനും, അഹംഭാവമില്ലാത്തവനുമായ ആ പുരുഷന്‍ ദ്വിജന് കറക്കുന്ന പശുവെ വേണ്ടമാതിരി ദാനം ചെയ്ത്‌ മഹത്തായ ഫലം നേടുന്നു. ഗുരുവില്‍ ഭക്തിയുള്ളവനായും, സത്യസ്ഥനായും, ഗുരുശുശ്രൂഷാപരനായുമിരിക്കുന്ന ശിഷ്യന്‍ നിത്യവും പശുദാന പുണ്യം നേടുന്നു.

വേദം ചൊല്ലുന്നവനും, ഗോക്കളില്‍ ഭക്തിയുള്ളവനും, നിത്യവും ഗോക്കളെ നോക്കി സന്തോഷിക്കുന്നവനും, ജന്മം മൂതല്‍ ഗോക്കളെ വന്ദിക്കുന്നവനും ഈ ഫലം തന്നെ ലഭിക്കുന്നതാണ്‌.

രാജസൂയം ചെയ്താലുള്ള ഫലം എന്താണോ, ഇതിന് തുല്യമായ മുഖ്യഫലത്തെപ്പറ്റി സത്തുക്കളും, സിദ്ധര്‍ഷികളും എല്ലാവരും പറയുന്നു.

താന്‍ ഈണുകഴിക്കുന്നതിന് മുമ്പ്‌ പശുക്കള്‍ക്കു ഭക്ഷണം നല്കുകയും, പിന്നെ ഉണ്ണുകയും ചെയ്യുന്നവന്‍ ഒരു കൊല്ലം അപ്രകാരം നിത്യവും നല്കിയാല്‍ സത്യവാദിയും, ഗോവ്രതനും, ശാന്തനും, അലുബ്ധനും, സത്യശീലനുമായ അവന്‍ ഗോസഹസ്രം ദാനം ചെയ്താലുള്ള പുണ്യം നേടുന്നതാണ്.

ഒരു ഊണുമാത്രം ഉണ്ണുകയും, മറ്റേ ഊണുപേക്ഷിച്ച്‌ അതു പശുവിന് നല്കുകയും ചെയ്തു പത്തുവര്‍ഷം ജീവിച്ചാല്‍ ഗോനുകമ്പനായ അവന് അനന്തമായ പുണ്യം ലഭിക്കുന്നതാണ്‌. ഒരു ഊണ്‌ മിച്ചംപിടിച്ച്‌ അതിന്റെ വക കൂട്ടിച്ചേര്‍ത്ത്‌ പശുവിനെ വാങ്ങി ഉത്തമനായ ഒരുത്തന് ദാനംചെയ്താല്‍ ആ പശുവിന്റെ ദേഹത്തില്‍ എത്ര രോമങ്ങളുണ്ടോ ശതക്രതോ, അത്രയ്ക്കു ഗോക്കളെ ദാനം ചെയ്തഫലം അവന് ശാശ്വതമായി ലഭിക്കുന്നതാണ്‌. ഇതു ബ്രാഹ്മണന് ലഭിക്കുന്ന ഫലമാണ്‌. ക്ഷത്രിയന് ലഭിക്കുന്ന ഫലം വേറെ പറയാം. ബ്രാഹ്മണന്‍ പത്തു വര്‍ഷം പുണ്യഫലം അനുഭവിക്കുമ്പോള്‍ അതേദാനം കൊണ്ട്‌ ക്ഷത്രിയന്‍ അഞ്ചുവര്‍ഷം അനുഭവിക്കും. വൈശ്യന്‍ തത്തുല്യമായ ദാനത്താല്‍ രണ്ടരവര്‍ഷവും, ശൂദ്രന്‍ വൈശ്യന്‍ അനുഭവിക്കുന്ന കാലത്തിന്റെ പകുതിയും പുണ്യഫലം അനുഭവിക്കുന്നതാണ്‌.

ഏതൊരാള്‍ തന്നെത്തന്നെ വിക്രയം ചെയ്ത്‌ പശുവിനെ വാങ്ങി ദാനം ചെയ്യുന്നുവോ, അവന്‍ എത്ര പശുക്കളെ കാണുന്നുവോ, അത്ര പശുക്കളെ ദാനം ചെയ്ത ഫലം അനുഭവിക്കുന്നതാണ്‌. അവന്‍ ദാനം ചെയ്ത പശുവിന് എത്ര രോമങ്ങളുണ്ടോ, അത്ര അക്ഷയഗോലോകവാസം അവന് ലഭിക്കും. പോരാടി നേടിയ പശുക്കളെ ക്ഷത്രിയന്‍ ദാനം ചെയ്താല്‍ സ്വവിക്രമം പോലെ ശാശ്വതമായ ഫലം അല്ലയോ കൗശികാ! അവന് ലഭിക്കുന്നതാണ്‌.

യതവ്രതനായ ഒരുത്തന്‍ പശുവിന്റെ അഭാവത്തില്‍ "തിലധേനു"വെ ദാനം ചെയ്താല്‍ ധേനുദുര്‍ഗ്ഗം കടന്ന്‌ പാലാകുന്ന പുഴയില്‍ പ്രീതനായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്‌.

പശുവിനെ ദാനം ചെയ്തു എന്നതു കൊണ്ടു മാത്രം ആ ദാനം നന്നായി എന്നു വിചാരിച്ചു കൂടാ. ദാനമായി വാങ്ങുന്നവന്‍ അതിന് തക്ക പാത്രമാണോ എന്നു ചിന്തിക്കണം. കള്ളന്മാര്‍ക്കും, ചതിയന്മാര്‍ക്കും, ദാനം ചെയ്താല്‍ അതു കൊണ്ട്‌ പുണ്യമല്ല, നേരേമറിച്ചു പാപമാണു വന്നു കൂടുക, തക്ക കാലവും അറിയണം. സന്ദര്‍ഭം നല്ലതായാല്‍ ഫലവും നന്നാകും. ആവശ്യമുള്ള സമയത്ത്‌ നല്കണം; കൊടുക്കുന്ന പശു എങ്ങനെയുള്ളതാണെന്നും അറിയണം. ആരോഗ്യമില്ലാതെ രോഗം പിടിച്ചു ചാകാന്‍ പോകുന്ന "ചാവാലി"യെ ദാനം ചെയ്താല്‍ ശാപമേല്ക്കുകയും, ഫലം നേരെമറിച്ച്‌ വരികയും ചെയ്യും. അതുകൊണ്ട്‌ രോഗമില്ലാത്തതും വാര്‍ദ്ധക്യം ബാധിക്കാത്തതും, അംഗഭംഗമില്ലാത്തതും നല്ലപോലെ പാല്‌ ചുരത്തിത്തരുന്നതും കുത്തും ചവിട്ടുമില്ലാത്തതുമായ പശുവിനെ വേണം ദാനം ചെയ്യുവാന്‍. ഇങ്ങനെ ദാനത്തിന് മുമ്പെ ദാനം വാങ്ങുന്നവന്‍, പശുവിനെ എങ്ങോട്ടു കൊണ്ടുപോയി രക്ഷിക്കുന്നു എന്നൊക്കെ നോക്കി, ദാനവസ്തുവിന്റെ സുരക്ഷിതത്വവും കൂടെനോക്കി തീര്‍ച്ചപ്പെടുത്തിയിട്ടു വേണം ദാനംചെയ്യുവാന്‍. അഗ്നിബാധയുണ്ടോ. എന്നും, മരുഭൂമിയിലേക്കാണോ കൊണ്ടുപോകുന്നത്‌ എന്നും, സൂര്യാതപമേല്ക്കുന്ന ജലമില്ലാത്ത ഇടത്തിലേക്കാണോ എന്നും കൂടെ അറിഞ്ഞേ ദാനം ചെയ്യാവു.

വേദജ്ഞാനമുള്ളവനും യാഗാനുഷ്ഠാനം നടത്തുന്നവനുമായ ബ്രാഹ്മണനാണ്‌ പശുവിനെ ദാനമായി സ്വീകരിക്കുവാന്‍ പറ്റിയ സല്‍പ്പാത്രം. ക്ലേശകരമായ ചുറ്റുപാടില്‍ നിന്ന് രക്ഷിച്ചെടുത്ത പശുക്കളും ദരിദ്രന്മാരും, സംരക്ഷിക്കുവാന്‍ കഴിവില്ലാത്തവരുമായവരില്‍ നിന്ന്‌ വീണ്ടെടുത്ത പശുക്കളും ദാനം ചെയ്യുവാന്‍ അര്‍ഹതയുള്ളവയാണ്‌.

ജീവിതത്തിന് മാര്‍ഗ്ഗം കാണാതെ ഉഴലുന്നവനും, കൃഷികാര്യങ്ങള്‍ ചെയ്യുന്നവനും, ഹോമകാര്യം നടത്തുന്നവനും, പ്രസവകാര്യത്തിനും, ഗുരുദക്ഷിണയ്ക്കും, കുട്ടികളെ സംരക്ഷിക്കുന്നതിനും ദേശം കാലം എന്നിവ നോക്കി ആവശ്യം അറിഞ്ഞ്‌ ഗോവിനെ ദാനം ചെയ്യാം. അല്ലയോ ശക്രാ, ജ്ഞാനം സമ്പാദിക്കുവാന്‍ വേണ്ടി ആശിച്ച്‌  അടുത്തു വന്ന ശിഷ്യന് ജ്ഞാനോപദേശം നല്കി ദക്ഷിണയായി ലഭിച്ച ഗോവും, മറ്റ്‌ ആട്‌, കുതിര മുതലായ ജീവികളെ കൈമാറ്റം ചെയ്തു കിട്ടിയ പശുവും, കൈയ്യൂക്കു കൊണ്ട്‌ നേടിയ പശുവും, വിവാഹത്തില്‍ സ്ത്രീധനമായി ലഭിച്ച പശുവും, ആപത്തില്‍ പെട്ടു കിടക്കുന്നിടത്തു നിന്ന്‌ വീണ്ടെടുത്ത പശുവും, വേണ്ട മാതിരി ദക്ഷിണയോടും ആചാരത്തോടും കൂടി ദാനം ചെയ്താല്‍ അതു കൊണ്ടുള്ള പുണ്യഫലം പ്രശസ്തമായിരിക്കും.

ദേഹത്തിന് ശക്തിയുള്ളതും, നല്ല ശീലസ്വഭാവമുളളതും, യുവപ്രായമുള്ളതും, മനസ്സിന് ഇഷ്ടമുള്ള ഗന്ധമുള്ളതുമായ പശുക്കളെല്ലാം പ്രശസ്തകളാണ്‌. നല്ല പുഴകളില്‍ ഗംഗ എപ്രകാരം ശ്രേഷ്ഠമായതാണോ അതുപോലെ വെള്ളപ്പശുക്കളേക്കാളും ശ്രേഷ്ഠകളാണ്‌ കപിലപ്പശുക്കള്‍. ഗോവിനെ ദാനം ചെയ്യുന്നവനും ഗോവിനെ പരിഗ്രഹിക്കുന്നവനും അനുഷ്ഠിക്കേണ്ടതായ ചില ആചാരങ്ങളുണ്ട്‌. ദാനം ചെയ്യുന്നവന്‍ മൂന്നു ദിവസം ഉപവസിക്കണം. പച്ചവെള്ളം മാത്രമേ കുടിക്കാവൂ. പശു നല്ല വര്‍ഗ്ഗമാണെന്നും ഗുണങ്ങള്‍ തികഞ്ഞവളാണെന്നും പശുവിനെ കൊടുക്കുന്നവന് ബോദ്ധ്യം വരണം. അതുപോലെ വാങ്ങുന്നവനും തൃപ്തിയുണ്ടാകണം. പശുവിന് കിടാവുണ്ടാകണം. യഥാകാലം പ്രസവിക്കുന്നതുമാകണം. അവളെ ദാനം ചെയ്യുമ്പോള്‍ കൂടെ ദക്ഷിണയും നല്കണം. പശുവിനെ പരിഗ്രഹിക്കുന്നവന്‍ ദാതാവിന്റെ അതിഥിയായി മൂന്നുദിവസം വസിക്കണം. ആ ദിവസങ്ങളില്‍ ആ പശുവിന്റെ പാല്‍ മാത്രമേ കഴിക്കാവു. വേറെ ഒന്നും കഴിക്കാത്ത ഒരു വ്രതമായോ ഉപവാസമായോ അവന്‍ അതനുഷ്ഠിക്കണം. അങ്ങനെ മൂന്നാംദിവസം വ്രതം അവസാനിപ്പിച്ച്‌ പശുവിനേയും കൊണ്ടു പോകാം.

നല്ല കുട്ടിയുള്ളതും, കയറു പൊട്ടിച്ച്‌ ഓടിപ്പോകാത്തതും, ഇണക്കമുള്ളതും, ഒരു ഓാട്ടുകലം നിറയെ പാല്‍ കറക്കുന്നതുമായ പശുവിനെ വ്രതത്തോടെ നല്‍കിയാല്‍ ആ പശു വിന് എത്ര രോമങ്ങളുണ്ടോ, അത്ര കൊല്ലം ആദാതാവ്‌ സ്വര്‍ഗ്ഗത്തില്‍ സുഖമായി വാഴുന്നതാണ്‌.

അപ്രകാരം തന്നെ നല്ല യുവത്വമുള്ളവനും, വണ്ടിക്കും കരിക്കും കെട്ടാന്‍ പറ്റിയവനും, ശക്തനും വീര്യവാനുമായ കാളക്കൂറ്റനെ ബ്രാഹ്മണന് ദാനംചെയ്താല്‍ പത്തു പശുക്കളെ ദാനംചെയ്യുന്നവന് ലഭിക്കുന്ന ലോകങ്ങള്‍ അവന്ല ഭിക്കുന്നതാണ്‌.

കാട്ടില്‍ ബ്രാഹ്മണരേയും പശുക്കളേയും കാത്തു രക്ഷിച്ചാല്‍ അല്ലയോ കൗശികാ, അവന്‍ ക്ഷേമം മൂലം മുക്തനായിത്തീരും. അവന് ലഭിക്കുന്ന പുണൃത്തിന്റെ ഫലം ഞാന്‍ പറയാം. അവന്‍ അശ്വമേധത്തിന് തുല്യമായ ശാശ്വതഫലം നേടുന്നതാണ്‌.

അവന്‍ മരിക്കുന്ന സന്ദര്‍ഭത്തില്‍, അല്ലയോ സഹസ്രാക്ഷാ, എന്തു വേണമെന്നു ആഗ്രഹിക്കുന്നുവോ, അത്‌ അവന് ലഭിക്കുന്നതാണ്‌. അവന്‍ ഏതു ദിവ്യലോകമാണ്‌ കാംക്ഷിക്കുന്നത്‌ അതു സിദ്ധിക്കുന്നതാണ്‌. ഈ കര്‍മ്മം അത്ര മഹത്തരമാണ്‌. അവന്‍ ഗോസമ്മതത്തോടെ ഏതു ദിക്കിലും പൂജ്യനായി ഭവിക്കും. ഏതൊരു പുരുഷന്‍ എപ്പോഴും കാട്ടില്‍ പശുവിന്റെ പിന്നാലെ നടക്കുകയും, പശുവിന്റെ കൂടെ പുല്ലു തിന്നുകയും, ചാണകവും മൂത്രവും വൃക്ഷങ്ങളുടെ ഇലകളും കഴിക്കുകയും, യാതൊന്നിലും ആഗ്രഹം മനസ്സില്‍ ഇല്ലാതിരിക്കുകയും, മനസ്സിനെ ഭോഗാസക്തിയില്‍ അടക്കുകയും ശുദ്ധമാക്കി വെക്കുകയും ചെയ്യുന്ന നിഷ്കാമനായ ആ പുണ്യപുരുഷന്‍, അല്ലയോ ശതക്രതോ, സ്വതന്ത്രനും ആനന്ദമഗ്നനുമായി എന്റെ സമീപത്ത്‌ ദേവന്മാരോടു കൂടി വസിക്കും. അല്ലെങ്കില്‍ അവന്‍ ഇച്ഛിക്കുന്ന മറ്റു ലോകങ്ങളിലും വസിക്കുന്നതാണ്‌.

74. പിതാമഹനും ഇന്ദ്രനും തമ്മില്‍ സംവാദം - ആഹാരത്തിനോ വിക്രയത്തിനോ പശുവിനെ മോഷ്ടിക്കുന്ന പശുഘാതകന്ന്‌ ലഭിക്കുന്ന ഗതിയെന്തെന്നു പറയുന്നു - ഇന്ദ്രന്‍ പറഞ്ഞു: അറിഞ്ഞുകൊണ്ട്‌ ഒരുത്തന്‍ പശുവിനെ കട്ടാലും, അതിനെ ദ്രവ്യത്തിന്നായി കൊണ്ടുപോയി വിറ്റാലും അവന് എന്തു ഗതി ലഭിക്കും? ഇതു ശരിയായി അറിഞ്ഞാല്‍ കൊള്ളാം പിതാമഹാ!

പിതാമഹന്‍ പറഞ്ഞു; വെട്ടിക്കൊന്ന്‌ തിന്നുവാനോ, അല്ലെങ്കില്‍ വിറ്റു പണമുണ്ടാക്കുവാനോ, ഒരുത്തന്‍ പശുവിനെ കട്ടാല്‍, വിപ്രന്നു ദാനംചെയ്യുവാനും ഒരുത്തന്‍ കട്ടാല്‍, അതിന്റെ ഫലം എന്താണെന്ന്‌ വെവ്വേറെ ഞാന്‍ പറയാം, കേള്‍ക്കുക.

വില്ക്കാന്‍ ഒരാള്‍ ഹരിച്ചാല്‍, അല്ലെങ്കില്‍ തിന്നുവാന്‍ ഹരിച്ചാല്‍, അതു കൊല്ലുന്നവനെ സമ്മതിപ്പിച്ചിട്ടല്ലല്ലോ. അങ്ങനെ ആരും ചെയ്യുന്നില്ല.

കൊന്നവനും, തിന്നവനും, പിന്നെ കൊല്ലാന്‍ സമ്മതിച്ചവനും ഇക്കാര്യത്തില്‍ പാപം ഏല്ക്കുന്നു. കൊന്ന പശുവിന് എത്ര രോമമുണ്ടോ, അത്ര കാലത്തോളം അവന്‍ നരകത്തില്‍ താണു പോകുന്നു. ഒരു ദ്വിജന്റെ യജ്ഞം മുടക്കിയാല്‍ ആ ദുഷ്ടന്മാര്‍ക്ക്‌ എന്തു ഫലം സിദ്ധിക്കുമോ, ആ ഫലം ഘാതകന്മാര്‍ക്കും, പശുവിനെ വില്ക്കുന്നവനും, കക്കുന്നവനും സിദ്ധിക്കുന്നതാണ്‌.

കവര്‍ന്നെടുത്ത പശുവിനെ ബ്രാഹ്മണന് ദാനം ചെയ്താല്‍ ദാനത്തിന് എത്ര ഫലമുണ്ടോ, അത്രനാള്‍ അവന്‍ നരകത്തില്‍ കിടക്കുന്നതാണ്‌. പശുദാനത്തോടൊപ്പം സ്വര്‍ണ്ണം ദക്ഷിണയായി നല്കുന്നതു ശ്രേഷ്ഠമാണ്‌ മഹാദ്യൂതേ! പ്രധാനമായും ദക്ഷിണയ്ക്കു പറ്റിയത്‌ സ്വര്‍ണ്ണമാണെന്നു മഹാശയന്മാര്‍ നിസ്സംശയം പറയുന്നു. ഗോദാനത്താല്‍ ഏഴു തലമുറയെ മേലും കീഴും സംസാരദുഃഖത്തില്‍ നിന്ന്‌ കയറ്റി വിടുന്നതാണ്‌. സ്വര്‍ണ്ണം ദക്ഷിണയായി നല്കിയാല്‍ ഇത്‌ ഇരട്ടിയാകും. ഏറ്റവും ശ്രേഷ്ഠമായ ദക്ഷിണ സ്വര്‍ണ്ണമാകുന്നു. സ്വര്‍ണ്ണം പാവനമായ വസ്തുക്കളില്‍ വെച്ചു പാവനമാണ്‌ ശക്രാ! കുളങ്ങൾക്കും സ്വര്‍ണ്ണം പാവനമാണ്‌ ശതക്രതോ!

ഇങ്ങനെ ദക്ഷിണയെക്കുറിച്ചും ഞാന്‍ മഹാദ്യുതേ, ചുരുക്കത്തില്‍ പറഞ്ഞുകഴിഞ്ഞു. :

ഭീഷ്മൻ പറഞ്ഞു: ഇങ്ങനെ അല്ലയോ ഭരതര്‍ഷഭാ, ഇന്ദ്രനോടു പിതാമഹന്‍ പറഞ്ഞു. ഇന്ദ്രന്‍ അത്‌ ദശരഥന് പറഞ്ഞു കൊടുത്തു. ദശരഥന്‍ ശ്രീരാമനോടു പറഞ്ഞു. രാമന്‍ പ്രിയപ്പെട്ട അനുജനായ ലക്ഷ്മണന് ഉപദേശിച്ചു. ലക്ഷ്മണന്‍ കാട്ടിലുള്ള ഋഷികളോടു പറഞ്ഞു. പ്രഭോ! അതു പാരമ്പര്യ വഴിക്ക്‌ സംശിത വ്രതരായ ഋഷിമാര്‍ ധരിച്ചു. സുദുര്‍ദ്ധരമായ അത്‌ അവരില്‍ നിന്ന്‌ രാജാക്കന്മാര്‍ ഗ്രഹിച്ചു. എന്നോടു ഉപാദ്ധ്യായന്‍ ഇതു പറഞ്ഞു യുധിഷ്ഠിരാ!

ഈ ദാനമാഹാത്മ്യം എന്നും ബ്രാഹ്മണര്‍ ബ്രഹ്മ സദസ്സില്‍ പറയുകയാണെങ്കില്‍, യജ്ഞത്തിലും ഗോപ്രദാനത്തിലും രണ്ടും കൂടുന്ന ഇടങ്ങളിലും ഇതു ചൊല്ലുകയാണെങ്കില്‍, അവന് അക്ഷയമായ ലോകങ്ങളില്‍ ദേവന്മാരോടു കൂടി വാഴുവാന്‍ സാധിക്കുന്നതാണ്‌ എന്ന്‌ ഭഗവാനായ ബ്രഹ്മാവ്‌, പരമേശ്വരനായ പിതാമഹന്‍, കല്പിച്ചു.

75. ദമാദിവ്രതനിയമം - ദമം, സത്യനിഷ്ഠ, ഗുരു ശുശ്രൂഷ മുതലായവയുടെ മാഹാത്മ്യം - യുധിഷ്ഠിരന്‍  പറഞ്ഞു: അല്ലയോ ധര്‍മ്മജ്ഞനായ പ്രഭോ, ധര്‍മ്മങ്ങളുടെ സംശയങ്ങള്‍ അറിയുവാനാഗ്രഹിക്കുന്ന എനിക്ക്‌ ശരിയായ കാര്യങ്ങള്‍ പറഞ്ഞു തന്ന്‌ എന്നെ ഭവാന്‍ വിശ്വസിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ ഒരു സംശയം ചോദിക്കുന്നു. അത്‌ വ്യക്തമാക്കിത്തരണേ പ്രഭോ! വ്രതങ്ങള്‍ക്കു ഫലം എന്താണ്‌? നിയമങ്ങളുടെ ഫലമെന്താണ്‌? പിന്നെ വേദാദ്ധ്യയനം ചെയ്തതു കൊണ്ട്‌ എന്തുണ്ടു ഫലം? ദാനത്തിന്റെ ഫലമെന്താണ്‌? വേദം ഉരുവിട്ടു പഠിക്കുന്നതു കൊണ്ട്‌ സിദ്ധിക്കുന്ന ഫലമെന്താണ്‌? വേദം പാഠിപ്പിക്കുന്നതു കൊണ്ടെന്താണു ഫലം? ദാനം വാങ്ങാത്തവന് എന്താണു ഫലം? പിതാമഹാ! വിജ്ഞാനങ്ങള്‍, ശാസ്ത്രങ്ങള്‍, എന്നിവ ദാനം ചെയ്യുന്നതു കൊണ്ട്‌ എന്താണു ഫലം? സ്വന്തം കര്‍ത്തവ്യകര്‍മ്മങ്ങള്‍ ഇളവില്ലാതെ അനുഷ്ഠിക്കുന്നവന് എന്തു ഫലം സിദ്ധിക്കും? യുദ്ധത്തില്‍ നിന്ന് പിന്‍തിരിഞ്ഞോടാത്ത ശൂരന്മാര്‍ക്ക് ലഭിക്കുന്ന ഫലമെന്താണ്‌? പരിശുദ്ധിക്കും ബ്രഹ്മചരൃത്തിനുമുള്ള ഫലമെന്താണ്‌? പിതൃശുശ്രൂഷണത്തിനും മാതൃശുശ്രൂഷണത്തിനുമുള്ള ഫലം എന്താണ്‌? ആചാര്യന്മാരെയും ഗുരുനാഥന്മാരെയും ശുശ്രൂഷിക്കുന്നവന് എന്തു ഫലം സിദ്ധിക്കും? ആര്‍ത്തരില്‍ കനിയുന്നവന് എന്തു ഫലം സിദ്ധിക്കും? ഇതൊക്കെ ശരിയായി അറിയുവാന്‍ എനിക്കാഗ്രഹമുണ്ട്‌. പിതാമഹാ! അല്ലയോ ധര്‍മ്മജ്ഞാ! എല്ലാം വ്യക്തമായി പറഞ്ഞുതരണേ!

ഭീഷ്മൻ പറഞ്ഞു: പറഞ്ഞമാതിരി ഓരോ വ്രതം കൈക്കൊണ്ടിട്ടുള്ളവന് മുടങ്ങാതെ മുറയ്ക്ക്‌ സനാതനമായ ലോകങ്ങള്‍ സിദ്ധിക്കുന്നതാണ്‌. രാജാവേ, നിയമങ്ങളുടെയെല്ലാം ഫലങ്ങള്‍ പ്രതൃക്ഷമായി ഞാന്‍ ലോകത്തില്‍ കാണുന്നുണ്ട്‌. നിയമത്തിനും യജ്ഞത്തിനുമുള്ള ഫലം നീ ഏല്ക്കുന്നുണ്ട്‌. ഈ ലോകത്തിലും പരലോകത്തിലും വേദാദ്ധ്യയനത്തിന്റെ ഫലം കാണുന്നുണ്ട്‌. ഈ ലോകത്തിലും ബ്രഹ്മലോകത്തിലും അതുകൊണ്ട്‌ സുഖം ലഭിക്കുന്നതാണ്‌. ഇനി ദമത്തിന്റെ ഫലമെന്തെന്നും ഭവാന്‍ വിസ്തരിച്ചു കേള്‍ക്കുക. ദാന്തര്‍ എന്നും സുഖിക്കുന്നവരാണ്‌. ദാന്തര്‍ എന്നും നിര്‍വൃതരാണ്‌. ദാന്തന്മാര്‍ക്ക്‌ ഇച്ഛിച്ച ദിക്കില്‍ എത്താൻ കഴിയും. അല്ലയോ സര്‍വ്വശത്രു നിഷൂദനാ! ദാന്തര്‍ എന്തിച്ഛിക്കുന്നുവോ, അതു നേടുന്നു. അല്ലയോ പാണ്ഡവാ! ദാന്തര്‍ എവിടെയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരായി കാണുന്നു. തപസ്സുകൊണ്ടും വിക്രമം കൊണ്ടും അവര്‍ സ്വര്‍ഗ്ഗത്തില്‍ മോദിക്കുന്നു. പല ദാന ങ്ങള്‍ ചെയ്തും പല യജ്ഞങ്ങള്‍ ചെയ്തും ദാന്തര്‍ ക്ഷമയോടെ ജീവിക്കുന്നു. ദാനത്തെക്കാള്‍ ശ്രേഷ്ഠമായതു ദമമാണ്‌. കോപം കൂടാതെ ദാനം ചെയ്യുന്നവര്‍ ചുരുക്കമാണ്‌. കോപം കൂടാതെ ദാനം ചെയ്യുന്ന ദമികള്‍ക്കു ലഭിക്കുന്ന ലോകം നാശമില്ലാത്ത നിതൃമായ ലോകമാണ്‌. ദമി കോപത്തിന് വശംവദനാവുകയില്ല. അതുകൊണ്ട്‌ ദാനത്തെക്കാള്‍ മേലെയാണ്‌ ദമം. കോപം ദാനത്തിന്റെ സകല പുണ്യങ്ങളേയും നശിപ്പിക്കും. അതുകൊണ്ട്‌ കോപിക്കാതെ വേണം ദാനം ചെയ്യുവാന്‍. അല്ലയോ രാജാവേ, കാണാത്ത ലോകങ്ങള്‍ പതിനായിരമുണ്ട്‌ പരലോകത്തില്‍ മഹത്തായ ആ ലോകങ്ങള്‍ ഋഷികള്‍ക്കുള്ളതാണ്‌. അവയെ ദേവന്മാര്‍ പോലും പ്രാപിക്കുകയില്ല. ദമത്താല്‍ മഹത്തായ ഈ ലോകത്തില്‍ ഋഷിമാര്‍ എത്തുന്നു. മഹത്തായ ആ സ്ഥാനത്തില്‍ അവര്‍ എത്തുന്നു. അതുകൊണ്ട്‌ ദാനത്തെക്കാള്‍ ശ്രേഷ്ഠമായിട്ടുള്ളത്‌ ദമമാണ്‌.

വേദം പഠിപ്പിക്കുന്നവന്‍ വളരെ ക്ലേശങ്ങള്‍ സഹിക്കുന്നു. അങ്ങനെ അവന്‍ അക്ഷയമായ ലോകത്തെ പ്രാപിക്കുന്നു. വിധിപ്രകാരം അഗ്നിയില്‍ ഹോമിച്ച്‌ ബ്രഹ്മലോകത്ത്‌ അവന്‍ ചെന്നെത്തുന്നു രാജാവേ! വേദങ്ങള്‍ പഠിച്ച്‌ ന്യായസ്ഥന്മാരെ പഠിപ്പിക്കുന്ന ഗുരുവിന്റെ കര്‍മ്മത്തെ വാഴ്ത്തുന്നവനും സ്വര്‍ഗ്ഗത്തിലെത്തി പൂജയേല്ക്കുന്നതാണ്‌! ക്ഷത്രിയന്‍ വേദം ഉച്ചരിച്ച്‌, യജ്ഞംചെയ്ത്‌, ദാനം ചെയ്താലും യുദ്ധത്തില്‍ വേണ്ടപോലെ പോരാടി നാടു കാക്കുന്നതായാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ പൂജയേല്ക്കുന്നതാണ്‌. സ്വകര്‍മ്മനിരതനായ വൈശ്യനും ദാനം കൊണ്ടു വലിയ ഫലം നേടുന്നതാണ്‌. സ്വന്തം കര്‍മ്മം നിര്‍വ്വഹിക്കുന്ന ശൂദ്രന്‍ ശുശ്രൂഷ കൊണ്ട്‌ മോക്ഷം നേടും. ശൂരന്മാര്‍ പലതരത്തിലാണ്‌. അവര്‍ക്കു ലഭിക്കുന്ന ഫലവും ഞാന്‍ പറയാം. ശൂരന്മാരുടെ വംശത്തില്‍ പിറന്നവര്‍ക്കും ഈ ഫലം ലഭിക്കുന്നതാണ്‌. യജ്ഞശൂരന്മാര്‍, ദമശൂരന്മാര്‍, സതൃശൂരന്മാര്‍, യുദ്ധശൂരന്മാര്‍, ദാനശുരന്മാര്‍, സാംഖൃശൂരന്മാര്‍, യോഗശൂരന്മാര്‍, ഇങ്ങനെ പലതരത്തിലുണ്ട്‌ ശൂരന്മാര്‍. അരണ്യത്തിലും, ഗൃഹത്തിലും, ത്യാഗത്തില്‍ മറ്റുതരം ശൂരന്മാരുണ്ട്‌. വൃത്തിശൂരന്മാരും, ക്ഷമാശൂരന്മാരുമാണ്‌ അവര്‍. ആര്‍ജ്ജവത്തില്‍ ശൂരന്മാരും, സമഭവാനയോടെ വര്‍ത്തിക്കുന്നവരുമുണ്ട്‌. വേറെ വളരെപ്പേർ അവരവരുടെ നിയമത്തില്‍ ശൂരന്മാരായി വര്‍ത്തിക്കുന്നുണ്ട്‌. വേദാദ്ധ്യയനശൂരന്മാര്‍, വേദാദ്ധ്യാപനശൂരന്മാര്‍, ഗുരുശുശ്രൂഷാശൂരന്മാര്‍, മാതൃശുശ്രൂഷാശൂരന്മാര്‍, ഭൈഷജ്യശൂരന്മാര്‍, കാട്ടിലായാലും ഗൃഹത്തിലായാലും അതിഥി ശുശ്രൂഷാശൂരന്മാര്‍ ഇങ്ങനെയുള്ള ശൂരന്മാര്‍ തങ്ങളുടെ കര്‍മ്മത്താല്‍ ഏതു ലോകം ജയിക്കുന്നുവോ, അവര്‍ ആ ലോകത്തെ നേടുന്നു. എല്ലാ വേദവും ധരിക്കുക, സര്‍വ്വ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്യുക, നിത്യവും സത്യം പറയുക, ഇവ തുല്യമാണെന്നും അല്ലെന്നും ജ്ഞാനികള്‍ പറയുന്നുണ്ട്‌. ആയിരം അശ്വമേധവും, സത്യവും തൂക്കി നോക്കി അതില്‍ അശ്വമേധ സഹസ്രത്തെക്കാളും ഭാരം തൂങ്ങിയത്‌ സത്യമാണത്രേ! അതു കൊണ്ട്‌ സത്യം ഏറ്റവും വിശിഷ്ടമാണെന്നു ധരിക്കണം.

സൂര്യന്‍ സതൃത്താല്‍ തപിക്കുന്നു. അഗ്നി സത്യത്താല്‍ കത്തുന്നു. കാറ്റ്‌ സത്യത്താല്‍ വീശുന്നു. എല്ലാം നില്ക്കുന്നത്‌ സതൃത്തിലാണ്‌. സതൃത്തില്‍ ദേവന്മാരും, വിപ്രന്മാരും, പിത്യക്കളും പ്രീതരാകുന്നു. മുഖ്യമായ ധര്‍മ്മം സത്യമാണ്‌. സത്യം ഒരിക്കലും ലംഘിക്കരുത്‌. മുനിമാര്‍ സത്യനിരതന്മാരാണ്‌. മുനിമാര്‍ സത്യവിക്രമരാണ്‌. മുനിമാര്‍ സതൃശപഥരാണ്‌, അതുകൊണ്ട്‌ സത്യം ഏറ്റവും വിശിഷ്ടമാണെന്നു ധരിക്കണം അല്ലയോ ഭരതര്‍ഷഭാ! സത്യവാന്മാര്‍ വിണ്ണിലെത്തി മോദിക്കുന്നു. ദമം, സതൃഫലപ്രാപ്തി ഇവയൊക്കെ ഞാന്‍ പറഞ്ഞു കഴിഞ്ഞു. തീര്‍ച്ചയായും വിനീതാത്മാവായവന്‍ സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനാകുന്നതാണ്‌.

ഇനി ബ്രഹ്മചര്യത്തിന്റെ ഗുണമെന്തെന്നു ഞാന്‍ പറയാം. രാജാവേ, അത്‌ സശ്രദ്ധം കേള്‍ക്കുക! ജന്മം മുതല്‍ ചാകുന്നതു വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുകയാണെങ്കില്‍ അവന് ലഭിക്കാത്തതായി ഒന്നും ഉണ്ടാവുകയില്ലെന്ന്‌ അല്ലയോ രാജാവേ, അറിഞ്ഞാലും! .

അങ്ങനെ ബ്രഹ്മചര്യം അനുഷ്ഠിച്ച അനേകകോടി മഹര്‍ഷികള്‍ ബ്രഹ്മലോകത്തു വാഴുന്നു. സത്യസ്ഥന്മാര്‍ എപ്പോഴും ദാന്തരാണ്‌. ബ്രഹ്മചര്യാവ്രതസ്ഥരാണ്‌. സകല പാപവും ചൂട്ടു ദഹിപ്പിച്ചു കളയുവാന്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചാല്‍ മതി. വിശേഷിച്ചും ബ്രാഹ്മണന്‍ അഗ്നിയാണ്‌. തപസ്വികളായ ബ്രാഹ്മണേന്ദ്രന്മാരില്‍ ഈ മഹത്തായ ഗുണം പ്രത്യക്ഷമാണ്‌. ദേവരാജാവായ ഇന്ദ്രന്‍ ബ്രാഹ്മണന്റെ ചെറിയ അപ്രീതിയെപ്പോലും ഭയപ്പെടുന്നു. അങ്ങനെയുള്ള ഋഷീന്ദ്രന്മാരില്‍ ബ്രഹ്മചര്യത്തിന്റെ ഫലം കാണുന്നു.

ഇനി അച്ഛനമ്മമാരെ പൂജിക്കുന്നവര്‍ക്കുണ്ടാകുന്ന ശ്രേയസ്സെന്തെന്നു ഞാന്‍ പറയാം. അച്ഛനെ ആരു ശുശ്രൂഷിക്കുന്നുവോ, അവനില്‍ യാതൊരു ബാധയും ഏല്ക്കുന്നതല്ല. അപ്രകാരം അമ്മയെ ശുശ്രൂഷിക്കുന്നവനും ഗുരുവിനെ, ആചാര്യനെ, ശുശ്രൂഷിക്കുന്നവനും തുല്യമാണ്‌ ഫലം. അവന് രാജാവേ, സ്വര്‍ഗ്ഗഫലം സിദ്ധിക്കുന്നതാണ്‌. ഗുരുവിനെ ശുശ്രുഷിക്കുന്നവന്‍ ഒരിക്കലും നരകം കാണുന്നതല്ല.

76. ഗോദാനകഥനം - ഗോദാനവിധിയും ഗോദാന മാഹാത്മ്യവും - യുധിഷ്ഠിരന്‍ പറഞ്ഞു: ഗോക്കളെ ദാനം ചെയ്യുന്നതിലുള്ള ശരിയായ വിധി വിസ്തരിച്ച്‌ തത്വമായി പറഞ്ഞു തരണേ! ഗോദാനം കൊണ്ട്‌ ദാതാവിന് നിത്യലോകം ലഭിക്കുന്നതാണല്ലോ.

ഭീക്ഷ്മൻ പറഞ്ഞു: ഗോദാനത്തെക്കാള്‍ പുണ്യമായ ദാനം ഭൂലോകത്തില്‍ ഇല്ല. ന്യായമായ നിലയില്‍ സമ്പാദിച്ച ഒരു പശുവിനെ അര്‍ഹമായ പാത്രത്തില്‍ മുറപോലെ ദാനം ചെയ്താല്‍ അതുകൊണ്ട്‌ ദാതാവിന്റെ വംശം ഉദ്ധരിക്കപ്പെടും. ധര്‍മ്മിഷ്ഠന്മാരായ സജ്ജനങ്ങള്‍ക്കു വേണ്ടി പണ്ട്‌ ക്രോഡീകരിക്കപ്പെട്ടതും, പിന്നെ എല്ലാവര്‍ക്കും വേണ്ടി പ്രസി ദ്ധീകരിക്കപ്പെട്ടതുമാണ്‌. എന്നു തന്നെയല്ല, പണ്ടുപണ്ടേ നടപ്പുള്ളതുമാണ്‌ ഈ നിശ്ചയങ്ങള്‍. ഗോദാന വിധിയെപ്പറ്റി കേള്‍ക്കുക: പണ്ട്‌ വളരെ ഗോക്കളെ ദാനം ചെയ്യുന്നതിന് വേണ്ടി മാന്ധാതാവ്‌ വരുത്തിച്ചു. ഇവയുടെ ദാനത്തെക്കുറിച്ചു ശങ്കിച്ച്‌ രാജാവ്‌ ബൃഹസ്പതിയോട്‌ ഈ ഗോദാന തത്വത്തെക്കുറിച്ചു ചോദിച്ചു. അപ്പോള്‍ ബൃഹസ്പതി രാജാവിനോടു പറഞ്ഞു: അല്ലയോ രാജാവേ, ആര്‍ക്കാണോ ഗോവിനെ ഭവാന്‍ ദാനം ചെയ്യുവാന്‍ വിചാരിക്കുന്നത്‌, അദ്ദേഹത്തെ, ദാനം ചെയ്യുന്നതിന്റെ തലേന്നാള്‍ അങ്ങയുടെ ഗൃഹത്തിലേക്കു ക്ഷണിച്ചു വരുത്തണം. അദ്ദേഹത്തെ സല്‍ക്കരിച്ചതിന് ശേഷം അദ്ദേഹത്തോടു പറയണം: അല്ലയോ വിപ്രശ്രേഷ്ഠാ, ഞാന്‍ അങ്ങയ്ക്ക്‌ ഒരു ഗോവിനെ ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. അങ്ങ്‌ നാളെ ഇന്ന സമയത്ത്‌ എന്റെ ഗൃഹത്തില്‍ വരണം. അങ്ങനെ പറഞ്ഞു വിട്ടതിന് ശേഷം ചുവന്ന (രോഹിണി വര്‍ഗ്ഗം) പശുവിനെ ദാനത്തിന് തിരഞ്ഞെടുക്കണം. പശുവിനെ "സമംഗേ" എന്നോ "ബഹുളേ" എന്നോ പേര്‍ ചൊല്ലി വിളിക്കണം. എന്നു തന്നെയല്ല, പശുക്കളുടെ ഇടയില്‍ച്ചെന്ന്‌ ഈ ശ്രുതി ഉച്ചരിക്കണം:

"പശു എന്റെ മാതാവാകുന്നു. കാള എന്റെ അച്ഛനാകുന്നു. എന്റെ സ്വര്‍ഗ്ഗവും ഐഹിക സുഖവും ഗോവാകുന്നു. ഗോവ്‌ എന്റെ ശര്‍മ്മമാകുന്നു. ഗോവ്‌ ജഗത്തില്‍ എന്റെ ആശ്രയമാകുന്നു" എന്നു ജപിച്ച്‌ ആ പശുവിന്റെ കൂടെ രാത്രി കിടക്കണം. പശുവിനെ ദാനംചെയ്യുമ്പോള്‍ പറയേണ്ടതും ഈ വാക്യം തന്നെയാണ്‌. അങ്ങനെ അന്നു രാത്രി പശുവിന്റെ കൂടെ എല്ലാ ക്ലേശങ്ങളും ഉറുമ്പുകടിയും മൂട്ടകടിയുമൊക്കെ സഹിച്ച്‌ തണുപ്പേറ്റു വെറുംനിലത്ത്‌ തൊഴുത്തില്‍ കിടക്കണം. പശു സഹിക്കുന്ന കടിയും ബാധയുമൊക്കെ ദാതാവും സഹിക്കണം. അങ്ങനെ പശുവില്‍ സ്‌നേഹത്തോടെ വസിച്ചാല്‍ പാപമൊക്കെ വിട്ടൊഴിയും. പിറ്റേ ദിവസം പുലര്‍ച്ചയ്ക്ക്‌ ആ പശുവിനെ അതിന്റെ കുട്ടിയോടും ഒരു കാളയോടും കൂടി ദാനംചെയ്യുക! ഇങ്ങനെയുള്ള കര്‍മ്മത്തോടെ പശുവിനെ ദാനം ചെയ്താല്‍ അവന് തീര്‍ച്ചയായും സ്വര്‍ഗ്ഗം ലഭിക്കുന്നതാണ്‌. മന്ത്രം കൊണ്ട്‌ ഭവാനു ശ്രേയസ്സ്‌ ലഭിക്കുകയും ചെയ്യും. മന്ത്രത്തില്‍ പശുവിനെപ്പറ്റി ഇപ്രകാരം പറയുന്നു; ബലം നല്കുന്നതും, മേധാശക്തി നല്കുന്നതും, യജ്ഞത്തില്‍ സുധയ്ക്ക്‌ ഗര്‍ഭമായിട്ടുള്ളതും (ഘൃതതുല്യമായ പാല്‍, നെയ്യ്‌ മുതലായവയുടെ ഉത്ഭവം) ലോകത്തിന്നു നിലനില്പിന് കാരണമായിട്ടുള്ളതും ക്ഷിതിക്ക്‌ അങ്കുരമായിട്ടുള്ളതും, ലോകത്തിന് പ്രവാഹമായിട്ടുള്ളതും, പ്രജാപതിക്കു നിതൃമായിട്ടുള്ളതുമാണ്‌ ഗോവ്‌. എന്റെ പാപത്തെ സൂര്യപ്രഭവമുള്ള ഗോക്കള്‍ തീര്‍ക്കട്ടെ!  സൗമൃകളായ ഗോക്കള്‍ സ്വര്‍ഗ്ഗം പൂകുവാന്‍ തുണയ്ക്കട്ടെ! എന്റെ ആത്മാവിനെ അമ്മയെപ്പോലെ ആശ്രയിക്കുമാ റാകട്ടെ! മന്ത്രത്തില്‍ ആവശ്യപ്പെടാതെയുള്ളതായ ശ്രേയസ്സുകള്‍ എല്ലാം നല്കുമാറാകട്ടെ! ക്ഷയം മുതലായ രോഗങ്ങള്‍ അകറ്റി എല്ലാ ബാധകളില്‍ നിന്നും ദേഹത്തെ കാത്തു രക്ഷിക്കുമാറാകട്ടെ! പശുവിന്റെ പഞ്ചഗവ്യങ്ങള്‍ എല്ലാറ്റിനും ഔഷധമാകുന്നു. പശു സരസ്വതീ നദിപോലെ എല്ലാ ജീവികളുടെയും നന്മയ്ക്കു വേണ്ടി ഉയര്‍ന്നതാണ്‌. നിങ്ങള്‍! ആരാണോ ആ അതു തന്നെയാണ്‌ ഞാനും. നിങ്ങളെ നല്കുന്നു എന്നതു കൊണ്ടു തന്നെ ഞാന്‍ ആത്മാവിനെ ദാനം ചെയ്തവനാകുന്നു. ദാതാവായ എന്നെ ഐശ്വര്യ സമൃദ്ധനാക്കിയാലും. ഇപ്രകാരം പറഞ്ഞ്‌ പശുവിനെ കൊടുക്കണം. അപ്പോള്‍ പശുവിനെ ഗ്രഹിക്കുന്ന വിധിജ്ഞനായ ബ്രാഹ്മണന്‍ ഇപ്രകാരം പറയണം: നിങ്ങള്‍ എന്റെയായിരിക്കുന്നു. സുര്യന്റെയും ചന്ദ്രന്റെയും ഗുണത്തോടു കൂടിയ ദാതാവും ദാനം വാങ്ങിയവനും എല്ലാവിധ ഗുണങ്ങളും ചേര്‍ന്നു വിളങ്ങു മാറാകട്ടെ! നല്കുന്നവന്‍ ആ പദ്യത്തിന്റെ പൂര്‍വ്വാര്‍ദ്ധവും വാങ്ങുന്നവന്‍ ഉത്തരാര്‍ദ്ധവും ചൊല്ലണമെന്നാണ്‌ നിശ്ചയം. പശുവിനെ ദാനം ചെയ്യുവാന്‍ കൈവശമില്ലാത്തവര്‍ അതിന്റെ വിലയോളം വരുന്ന വസ്ത്രമോ സ്വര്‍ണ്ണമോ നല്കണം. എന്നാല്‍ ഗോദാനമായിത്തന്നെ അതിനെയും പരിഗണിക്കുവാന്‍ ശാസ്ത്രനിശ്ചയമുണ്ട്‌. ഇങ്ങനെ പശുവിന് പകരം നല്കുന്ന പശുദാനത്തിലും ഇപ്രകാരം പറയേണ്ടതാണ്‌: ഈ ഊര്‍ദ്ധ്വമുഖിയായ പശുവിനെ ഞാന്‍ അങ്ങയ്ക്കു ദാനം ചെയ്യുന്നു! അങ്ങ്‌ അവളെ സ്വീകരിക്കുന്നുണ്ടോ? പശുവിന് പകരം വസ്ത്രമാണ്‌ പശുദാനമായി നല്‍കുന്നതെങ്കില്‍ അവനും ഇപ്രകാരം ഉച്ചരിക്കണം: ഇവള്‍ ഭവിതവ്യയാണ്‌. പശുവിന്നു പകരമായി നല്കുമ്പോള്‍, പശുവിന് പകരം സ്വര്‍ണ്ണം പശുദാനമായി നല്കുമ്പോള്‍, വൈഷ്ണവിയാണ്‌! എന്നും പറയണം. ഇതാണ്‌ ഗോദാനത്തിന് പകരം വസ്ത്രവും സ്വര്‍ണ്ണവും ദാനം ചെയ്യുമ്പോള്‍ ക്രമപ്രകാരം പറയേണ്ടതായ വാക്യങ്ങള്‍. ഇങ്ങനെ ഗോദാനംചെയ്ത പുണ്യാത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ മുപ്പത്താറായിരം വര്‍ഷം അധിവസിക്കും; ഗോവിന് പകരം ദാനംചെയ്യുന്നവന്‍ എണ്ണായിരം വര്‍ഷവും ഇരുപതിനായിരം വര്‍ഷവും. ക്രമപ്രകാരം സുഖമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്‌. പശുവിനെത്തന്നെ നല്കിയ ദാതാവിന്ന്‌ എട്ടടി വീട്ടിലേക്കു നടക്കുമ്പോള്‍ത്തന്നെ ദാനഫലം ലഭിക്കുന്നതാണ്‌. പശുവിനെ ദാനം ചെയ്യുന്നവന് ഇഹത്തില്‍ തന്നെ ഫലം ലഭിക്കും. പശുവിന് പകരം വില ദാനം ചെയ്യുന്നവന് ഭയപീഡകള്‍ ബാധിക്കുകയില്ല. എല്ലാവിധത്തിലും മൂന്നുതരം ദാതാക്കളും വിഷ്ണുസോമന്മാരുടെ ലോകത്തെ പ്രാപിക്കുന്നതാണ്‌.

ഗോവിനെ ദാനം ചെയ്തവന്‍ മൂന്നു രാത്രി പശുവിന്റെ കൂടെ വസിക്കുക എന്ന പ്രതിജ്ഞ ചെയ്യണം. അത്‌ അഷ്ടമിയിലാകണം. അതിനെ കാമ്യാഷ്ടമിയെന്നു പറയുന്നു. മൂന്നുദിവസം രാവും പകലും പാലും ചാണകവും മൂത്രവും കഴിച്ചു വസിക്കണം. (കാമ്യാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം ഗോവ്രതക്കാര്‍ ആഘോഷിക്കുന്ന ഒരു ദിനമാണ്‌. പശുവിനെ ചന്ദനക്കുറി തൊടുവിച്ച്‌ ആരാധിക്കുന്നു).

ഒരു കാളയെ ദാനം ചെയ്യുന്നവന്‍ ബ്രഹ്മചര്യവ്രതം ഉള്ളവന് ലഭിക്കുന്ന സകല പുണ്യവും നേടും. രണ്ടു ഗോക്കളെ ദാനം ചെയ്യുന്നവന്‍ വേദം പഠിച്ചവന്‍ നേടുന്ന പുണ്യം നേടും. അപ്രകാരം ഗോവിനെ യഥാവിധി ദാനം ചെയ്യുന്നവന്‍ യാഗം ചെയ്തവന്റെ ഫലം തികച്ചും അനുഭവിക്കുന്നതാണ്‌. അനന്തമായ ലോകങ്ങള്‍ അവന് ലഭിക്കുന്നതാണ്‌.

ധാരാളം പാലുള്ള നല്ല പശുവിനെ യഥാവിധി ദാനം ചെയ്യുന്നവന്‍ ലോകത്തിലെ വിശേഷപ്പെട്ട രത്നാദികള്‍ ദാനം ചെയ്ത ഫലം നേടുന്നതാണ്‌. എന്തുകൊണ്ടെന്നാല്‍, ഗവ്യങ്ങള്‍ ഹവ്യകവ്യങ്ങളാണല്ലോ. നല്ല കാളയെ ദാനം ചെയ്താല്‍ പശുദാനത്തേക്കാള്‍ കേമമാണെന്നു പറയുന്നു. ഗോദാന മാഹാത്മ്യം വെറുതെ വല്ലവര്‍ക്കും പറഞ്ഞു കൊടുക്കരുത്‌. ശിഷ്യനല്ലാത്തവനോ, വ്രതമില്ലാത്തവനോ ശ്രദ്ധയില്ലാത്തവനോ അത്‌ ഉപദേശിക്കരുത്‌. വക്രബുദ്ധികള്‍ക്കും പറഞ്ഞു കൊടുക്കരുത്‌. ലോകത്തില്‍ ഗൂഢമായ ധര്‍മ്മമാണിത്‌. അത്ര വിലമതിക്കുന്ന ഈ ധര്‍മ്മം വല്ലയിടത്തും പറഞ്ഞ്‌ പാട്ടാക്കി അതിന്റെ യോഗ്യതയെയും നിഗൂഢതയെയും നശിച്ചിക്കരുത്‌.

ലോകത്തില്‍ ശ്രദ്ധാലുക്കളായ മര്‍ത്ത്യരുണ്ട്‌. അതു പോലെ ക്ഷുദ്രന്മാരായ മനുഷ്യരാക്ഷസന്മാരുമുണ്ട്‌. അവര്‍ക്ക്‌ ഇതു നല്കിയാല്‍ അനിഷ്ഠമാണുണ്ടാവുക. അതു പോലെ അല്പ പുണ്യവാന്മാര്‍ക്കും നാസ്തികന്മാര്‍ക്കും ഇത്‌ ഉപദേശിച്ചു പോകരുത്‌.

ബൃഹസ്പതി പറഞ്ഞ ഈ വാക്കുകള്‍ കേട്ടു ഗോദാനം ചെയ്ത പുണ്യവാന്മാരായ രാജാക്കന്മാര്‍ പുണ്യം നേടി. അവരെപ്പറ്റിയുള്ള കീര്‍ത്തി ഇന്നും നടക്കുന്നുണ്ട്‌. അവരാരാണെന്നും ഭവാന്‍ കേള്‍ക്കുക രാജാവേ!

ഉശീനരന്‍, വിഷ്വഗശ്വന്‍, ശ്രുതന്‍, ഭഗീരഥന്‍, യൗവനാശ്വന്‍, നൃഗന്‍, മാന്ധാതാവ്‌, മുചുകുന്ദനരേന്ദ്രന്‍, ഭൂരി ദ്യുമ്നന്‍, നൈഷധന്‍, സോമകന്‍, പുരൂരവന്‍, ഭരതച്ചക്രവര്‍ത്തി - അവന്റെ വംശജരാണല്ലോ എല്ലാ ഭാരതന്മാരും - പിന്നെ ദാശാരഥിയായ രാമന്‍ ഇവരൊക്കെയും ഗോദാനത്താല്‍ കീര്‍ത്തി നേടിയവരാണ്‌. മഹാകര്‍മ്മങ്ങള്‍ ചെയ്ത ദിലീപന്‍ വിധിപ്രകാരം ഗോദാനം ചെയ്ത്‌ സ്വര്‍ഗ്ഗം പ്രാപിച്ചവനാണ്‌. യജ്ഞം, ദാനം, വലിയ തപസ്സ്‌, രാജധര്‍മ്മം, ഗോദാനം ഇവയൊക്കെ മാന്ധാതാവ്‌ നിര്‍വ്വഹിച്ചു രാജാവേ! അതു കൊണ്ട്‌ അല്ലയോ പാര്‍ത്ഥാ, ഭവാനും ബൃഹസ്പതി പറഞ്ഞ ഈ തത്വത്തെ സ്വീകരിക്കുക! ദ്വിജാഗ്ര്യന്മാര്‍ക്കു പുണ്യമായ ഗോദാനംചെയ്യുക. സന്തുഷ്ടനായി കുരുരാജ്യം നേടിയാല്‍ അതാണ്‌ പിന്നെ ചെയ്യേണ്ടത്‌.

വൈശമ്പായനന്‍ പറഞ്ഞു: ഈ പറഞ്ഞ പ്രകാരമെല്ലാം ധര്‍മ്മരാജാവു ചെയ്തു. ഭീഷ്മൻ പറഞ്ഞ പ്രകാരം തന്നെ യുധിഷ്ഠിരന്‍ ഗോപ്രദാനംചെയ്തു. ദേവഗുരുവിനാല്‍ ഉപദേശിക്കപ്പെട്ട മാന്ധാതാവിനെപ്പോലെ ധര്‍മ്മരാജാവും ധര്‍മ്മം നല്ലപോലെ ധരിച്ചു ചെയ്തു. ഇപ്രകാരം എപ്പോഴും ഗോദാനത്തില്‍ ശ്രദ്ധാലുവായി രാജാവ്‌ യവത്തിന്റെ മണികള്‍ കൊണ്ടും ഗോമയം കൊണ്ടും ജീവിച്ചു പോന്നു. രാജാവ്‌ അന്നു മുതല്‍ വെറും നിലത്തു കിടന്ന്‌, കാളയെപ്പോലെ മനസ്സ്‌ അടക്കി എല്ലാ ക്ലേശവും സഹിച്ച്‌ വിളങ്ങി. അന്നു മുതല്‍ കൌരവ രാജാവ്‌ പശുക്കളില്‍ ശ്രദ്ധ പതിപ്പിച്ച്‌ അവയെ സ്തുതിച്ച്‌ ആരാധിച്ചു. പശുക്കളെ തന്റെ വണ്ടിക്കു കെട്ടുന്ന ഏര്‍പ്പാടിനെ വിലക്കുകയും ചെയ്തു. യാത്രയ്ക്ക്‌ ആവശ്യമാകുമ്പോഴെല്ലാം കുതിരകളെ പൂട്ടിയ രഥത്തിലേ യാത്ര ചെയ്തുള്ളൂ.

77. ഗോപ്രഭവകഥനം - കപിലപശുക്കളെ ദാനം ചെയ്താലുള്ള പ്രത്യേകത - വൈശമ്പായനൻ പറഞ്ഞു: പിന്നെയും യുധിഷ്ഠിരരാജാവ്‌ ഭീഷ്മപിതാമഹനോട്‌ ഗോദാനത്തിന്റെ ഗുണങ്ങളെപ്പറ്റി വിവരിച്ചു പറയുവാന്‍ ആവശ്യപ്പെട്ടു.

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭാരതാ! ഭവാന്‍ ഗോദാന ഫലത്തെപ്പറ്റി വീണ്ടും പറഞ്ഞാലും. അമൃതമയമായ ഇത്തരം കഥനങ്ങള്‍ കേട്ടിട്ടും അല്ലയോ വീരാ, എനിക്കു മതിയാകുന്നില്ല. വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹമുണ്ടാകുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധർമ്മരാജാവ് പറഞ്ഞപ്പോള്‍ അതുകേട്ട്‌ ശാന്തനവനായ രാജാവ്‌ ഗോദാന ഗുണങ്ങളെപ്പറ്റി, അതിന്റെ മുഖ്യഗുണങ്ങളെപ്പറ്റി പറഞ്ഞു.

ഭീഷ്മന്‍ പറഞ്ഞു: ചെറുപ്പവും, കുട്ടിയോടു കൂടിയതും, ഗുണം തികഞ്ഞതുമായ പശുവിനെ വസ്ത്രത്താല്‍ ചുറ്റി വിപ്രന് നല്കിയാല്‍ സകല പാപവും തീരുന്നതാണ്‌. സൂര്യരശ്മി തട്ടാത്ത പല നരകക്കുണ്ടുകളുമുണ്ട്‌. നല്ല ഗോക്കളെ ദാനം ചെയ്യുന്നവരൊന്നും അസൂര്യമായ നരകത്തില്‍ പോകുന്നതല്ല. വെള്ളം കുടിക്കാത്തതും; പുല്ലു തിന്നാത്തതും, പാലു വറ്റിയതും, അംഗവൈകല്യമുള്ളതും, വാര്‍ദ്ധക്യം ബാധിച്ചതും, രോഗം പിടിപെട്ടുതുമായ പശുവിനെ, വേനല്‍ക്കാലത്തു, വെള്ളംവറ്റിയ ജലാശയം പോലെ സകല ശ്രേയസ്സും നശിച്ച പശുവിനെ, ദ്വിജന് നല്കി ക്ലേശിപ്പിക്കുന്നവന്‍ തമസ്സു നിറഞ്ഞ നരകത്തില്‍ വീഴുന്നതാണ്‌. കണ്ടവരെയൊക്കെ കുത്തുന്നതും, ദോഷമുള്ളതും, രോഗം പിടിച്ചതും, ക്ഷീണിച്ചതും, വായ്പയായി വാങ്ങിയതും; വീര്യംകെട്ടതും; ലോകത്തിന് ഉപകാരമില്ലാത്തതുമായ പശുവിനെ വിപ്രന് ദാനംചെയ്തു ക്ലേശമേല്ലിക്കുകയാണെങ്കില്‍ അവന്‍ തീര്‍ച്ചയായും നരകത്തിലെത്തുന്നതാണ്‌. ബലമുള്ളതും, ഗുണമുള്ളതും, യൗവനപ്രായത്തിലുള്ളതും, നല്ല ഗന്ധമുള്ളതുമായ പശുവിനെയാണ്‌ ദാനം ചെയ്യേണ്ടത്‌. അല്ലാത്തത് കൊള്ളുകയില്ല. ആറുകളില്‍ ഗംഗ എന്നപോലെ വെള്ളപ്പശുക്കളില്‍ കപിലയാണ്‌ മെച്ചപ്പെട്ടത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: നല്ലതരം പശുക്കളെ ദാനം ചെയ്യുന്ന കാരൃത്തിലെന്താണ്‌ കപിലകള്‍ക്കു പ്രാധാന്യം? സജ്ജനങ്ങള്‍ കപിലാഗോക്കളെപ്പറ്റി ഇത്ര പ്രശംസിക്കുവാന്‍ മറ്റുള്ള പശുക്കളെക്കാള്‍ എന്തു പ്രാധാന്യം കണ്ടിട്ടാണ്‌?

ഭീഷ്മൻ പറഞ്ഞു: പണ്ടു വൃദ്ധന്മാര്‍ ഇതിനെപ്പറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ കേട്ടിട്ടുണ്ട്‌. അതൊക്കെ ഞാന്‍ നിന്നോടു പറയാം. ആ കപിലാഗോക്കളുടെ ചരിത്രം ഇപ്രകാരമാണ്‌.

പണ്ട്‌ സ്വയംഭൂവായ ബ്രഹ്മദേവന്‍ ദക്ഷനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: "നീ ജീവജാലങ്ങളെ സൃഷ്ടിക്കുക!". ജീവജാലങ്ങള്‍ക്കു ഗുണം ചെയ്യുവാനായി ദക്ഷന്‍ ഉടനെ, ആദ്യമായി ഭക്ഷണം സൃഷ്ടിച്ചു. അമൃതാശ്രയിച്ച്‌ അതുകൊണ്ട്‌ ദേവന്മാര്‍ ജീവിക്കുന്നു. അതുപോലെ ഭൂലോകത്തിലെ പ്രജകള്‍ ദക്ഷന്‍ സൃഷ്ടിച്ച ഭക്ഷണം കഴിച്ചു ജീവിക്കുന്നു ചരാചരങ്ങളില്‍ ചരങ്ങൾ ശ്രേഷ്ഠമാണ്‌. ചരങ്ങളിള്‍ ശ്രേഷ്ഠമായത്‌ മനുഷ്യരാണ്‌. മനുഷ്യരില്‍ ശ്രേഷ്ഠര്‍ ബ്രാഹ്മണരാണ്‌. എല്ലാ യജ്ഞങ്ങളും അവരാണല്ലോ നടത്തുന്നത്‌. യജ്ഞംകൊണ്ട്‌ സോമം ഉണ്ടാകുന്നു. യജ്ഞം നിര്‍വ്വഹിക്കുവാന്‍ പശു കൂടിയേ കഴിയൂ (നെയ്യില്ലാതെ ഹോമത്തിന് ഹവ്യമില്ല. നെയ്യ്‌ ലഭിക്കുന്നത്‌ പാലില്‍ നിന്നാണല്ലോ. പശുവില്ലാതെ യജ്ഞം നടക്കുകയുമില്ല). യജ്ഞത്താലാണ്‌ ദേവകള്‍ തൃപ്തരാകുന്നത്‌. അതുകൊണ്ട്‌ ഉപജീവിക്കുവാനുള്ള മാര്‍ഗ്ഗം ആദ്യം ഉണ്ടാകണം. പിന്നെയാണ്‌ ജീവികളുടെ സൃഷ്ടി. കുട്ടികള്‍ അച്ഛനമ്മമാരുടെ അടുത്തു ചെന്ന്‌ ഭക്ഷണത്തിന് ആവശ്യപ്പെട്ടു കരയുന്ന മാതിരി, സകല സൃഷ്ടിജാലങ്ങളും സൃഷ്ടിക്കു ശേഷം കര്‍ത്താവിനെ ആശ്രയിച്ച്‌ "അന്നം അന്നം" എന്നു മുറവിളി കൂട്ടുവാന്‍ തുടങ്ങി. ഇതുകണ്ട്‌ ആ പ്രജാപതി പ്രജകളുടെ ഹിതം മനസ്സിലാക്കി അതിന് നിവൃത്തി ചെയ്യുവാന്‍ വേണ്ടി കുറച്ച്‌ അമൃതം കുടിച്ചു സംതൃപ്തനായി. അങ്ങനെ പ്രജാപതിയായ ദക്ഷന്‍ ഒരു ഏമ്പക്കം വിട്ടു. അതില്‍ നിന്ന്‌ ഒരു ഹൃദ്യമായ സൌരഭ്യം പരന്നു. ആ സൌരഭ്യത്തോടു കൂടി ഏമ്പക്കത്തില്‍ നിന്ന്‌, സുരഭി പുറത്തു വന്നതായി കണ്ടു. അങ്ങനെ ദക്ഷന്റെ മുഖജപുത്രിയായ "സുരഭി"യാണ്‌ ലോകമാതാക്കളായ ഈ ഗോക്കളെ പ്രസവിച്ചത്‌. പൊന്നിന്റെ നിറത്തില്‍ ആ പശുക്കള്‍ ശോഭിച്ചു! ആ നിറമുള്ള പശുക്കളാണ്‌ കപിലാഗോക്കള്‍. എല്ലാ ജീവജാലത്തിനും വൃത്തിക്കുതകുന്നവയാണ്‌ അവ. അമൃതപ്രഭമായ ആ പശുകൂട്ടം പാല്‍ ചുരത്തുമ്പോള്‍ അമൃതജമായ നുര പുഴകളുടെ തിരമാലകളില്‍ നിന്ന്‌ എന്ന മാതാരി പുറപ്പെട്ടു.

പശുക്കളുടെ കുട്ടികള്‍ പാല്‍ കുടിക്കുന്ന സമയത്ത്‌ ആകാശത്തു നിന്ന്‌ അവയുടെ വായില്‍ നിന്നൊഴുകുന്ന പത ഭൂമിയെലേക്കു വീണു. അത്‌ ഭൂമിയില്‍ ഇരിക്കുന്ന ശിവന്റെ ശിരസ്സില്‍ പതിച്ചു. ഉടനെ ശിവന്‍ കോപിച്ചു നോക്കി. നെറ്റിയിലുള്ള മൂന്നാം തൃക്കണ്ണു കൊണ്ട്‌ രോഹിണിയെ (ചുവന്ന പശുവിനെ) നോക്കി. രോഹിണി ദഹിച്ചു പോകുമോ എന്നു തോന്നി. രുദ്രന്റെ ആ തേജസ്സ്‌ ആ കപിലാ ഗോക്കളെ പല നിറത്തിലാക്കി തീര്‍ത്തു. സൂര്യരശ്മി തട്ടിയ മേഘം നാനാനിറത്തിൽ ആകുന്നപോലെ രുദ്രതോജസ്സു പതിച്ച പശുക്കള്‍ പല നിറത്തിലായിത്തീര്‍ന്നു. അവ അപ്പോള്‍ വിട്ടുമാറി സോമനെ ചെന്ന്‌ ആശ്രയിച്ചു. ഇങ്ങനെ സ്വവര്‍ണ്ണോല്‍പന്നകളായ ഗോക്കള്‍ പല വര്‍ണ്ണമുള്ളവയായിത്തീര്‍ന്നു. അപ്പോള്‍ പ്രജാപതി ക്രുദ്ധനായ ശിവനോടു പറഞ്ഞു: "അല്ലയോ രുദ്രാ! ഭവാന്‍ അമൃതത്തില്‍ ആറാടുകയാണുണ്ടായത്‌. പശുക്കള്‍ക്ക്‌ എച്ചില്‍ ഇല്ല. അമൃതു വഹിച്ച്‌ സോമന്‍ വീണ്ടും ഒലിക്കുന്ന വിധം ഈ രോഹിണി (ചുവന്ന പശു) അമൃതതുല്യമായി ക്ഷീരം ചുരത്തും. വായു എന്ത്‌ ദോഷം ബാധിച്ചാലും ദുഷിക്കുകയില്ല. അഗ്നിയും ദുഷിക്കുകയില്ല. സ്വര്‍ണ്ണം എന്തു കലര്‍ന്നാലും ദുഷിക്കുകയില്ല. കടലും ദുഷിപ്പിച്ചാലും ദുഷിക്കുകയില്ല. ദേവന്മാര്‍ പാനം ചെയ്തതു കൊണ്ട്‌ അമൃതും ദുഷിക്കുകയില്ല. അതു പോലെ പശുവിന്റെ അകിട്ടില്‍ നിന്ന്‌ കുട്ടി കുടിച്ചതു കൊണ്ടു പാല്‍ എച്ചിലാവുകയില്ല (ഉച്ഛിഷ്ടമാവുകയില്ല). ഈ ലോകത്തെ ഭരിക്കുന്നത്‌ ഹവിസ്സാണ്‌. ആ ഹവിസ്സ്‌ ഉത്ഭവിക്കുന്നത്‌ പശുവിന്റെ പാലില്‍ നിന്നുമാണ്‌. എല്ലാവരും ശുഭമായ ഈ ഐശ്വര്യം ഇച്ഛിക്കുന്നു.

ഇപ്രകാരം ദക്ഷന്‍ ശിവനോടു പറഞ്ഞ്‌ പാരിതോഷികമായി ഒരു കാളയെ കുറെ പശുക്കളോടു കൂടെ നല്കി. ദക്ഷന്‍ അങ്ങനെ ശിവനെ പ്രസാദിപ്പിച്ചു. അല്ലയോ യുധിഷ്ഠിരാ, മഹാദേവന്‍ ദക്ഷന്റെ പാരിതോഷികം വാങ്ങി സന്തോഷിച്ച്‌ ആ കാളയെ തന്റെ വാഹനമാക്കി. ധ്വജമായും കാളയെ സ്വീകരിച്ചു. അങ്ങനെ ശിവന്‍ വൃഷഭധ്വജനായി. പിന്നെ ദേവന്മാര്‍ ദേവദേവനെ പശുപതിയാക്കി. ഗോക്കളുടെ നടുവില്‍ വൃഷഭാങ്കനായി രുദ്രന്‍ പ്രസിദ്ധനായി. ഇപ്രകാരം നിറക്കേട്‌ സംഭവിച്ച ഓജസ്സുള്ള കപിലാ ഗോക്കളുടെ ദാനം എല്ലാറ്റിലും പ്രധാനമായിത്തീര്‍ന്നു. ഇപ്രകാരം ലോകത്തില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠമായ ജീവി പശുവാണെന്നു പ്രസിദ്ധമാകുന്നു. ലോകത്തിന് ഉപജീവന മാര്‍ഗ്ഗം അവള്‍ നല്കുന്നു. രുദ്രനാണ്‌ പശുക്കളുടെ നാഥന്‍. അവ സോമം (അമൃതം) പാലിന്റെ രൂപത്തില്‍ ദാനം ചെയ്യുന്നു. ഗോക്കള്‍ പരിപാവനകളാണ്‌. പുണ്യ ജീവികളാണ്‌. എല്ലാ ആഗ്രഹങ്ങളും നരന്‍ പശുവിനെ ദാനം ചെയ്തു നേടുന്നു. ഒരുത്തന്‍ പശുവിനെ ദാനം ചെയ്‌താല്‍ എല്ലാവിധ ഐശ്വര്യവും നല്കിയവനായും ഭവിക്കുന്നു. ഐശ്വര്യം പ്രാപിക്കുവാന്‍ ആശിക്കുന്നവന്‍, പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടെ ഈ ഗോപ്രഭവത്തെ പറ്റിയുള്ള പദ്യം വായിക്കുന്നവന്‍, കലിയുഗത്തിലെ കലുഷങ്ങളെല്ലാം നീങ്ങി തെളിയുന്നതാണ്‌. പശു, ധനം, പുത്രന്‍, ഐശ്വര്യം എന്നിവയെല്ലാം നേടുന്നതാണ്‌.

ഹവ്യം, കവ്യം, തര്‍പ്പണം, ശാന്തി, കര്‍മ്മം, യാനം, വസ്ത്രം, ബാലന്മാര്‍ക്കും വൃദ്ധന്മാര്‍ക്കും പുഷ്ടി ഇവയൊക്കെ ഗോപ്രദാനംകൊണ്ട്‌ ദാതാവ്‌ നേടുന്നതാണ്‌ മന്നവേന്ദ്രാ!

വൈശമ്പായനൻ പറഞ്ഞു: പിതാമഹന്‍ പറഞ്ഞതു കേട്ട്‌ യുധിഷ്ഠിരരാജാവ്‌ സഹോദരന്മാരോടു കൂടി സ്വര്‍ണ്ണ വര്‍ണ്ണമുള്ള ഋഷഭങ്ങളേയും ഗോക്കളേയും ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. അപ്രകാരം തന്നെ ബ്രാഹ്മണര്‍ക്ക്‌ ആയിരവും നൂറും പശുക്കളെ യജ്ഞത്തിനായും ദക്ഷിണയ്ക്കായും ലോകത്തെ ജയിക്കുന്നതിന് വേണ്ടിയും, കീര്‍ത്തി നേടുന്നതിന് വേണ്ടിയും നല്കി.

78. ഗോപ്രദാനികം - ഗോദാനവിധിയും ഗോദാന മാഹാത്മ്യവും - ഭീഷ്മൻ പറഞ്ഞു: ഒരിക്കല്‍ മുനിമുഖ്യനായ വസിഷ്ഠനെ ഇക്ഷ്വാകു വംശജനായ സൗദാസ രാജാവ്‌ കണ്ടു നമസ്കരിച്ചു ശാശ്വത ബ്രഹ്മനിധിയും, ലോക സഞ്ചാരിയും, സിദ്ധനുമായ ആചാര്യനോടു രാജാവ്‌ ചോദി ക്കുവാന്‍ തുടങ്ങി.

സൗദാസന്‍ പറഞ്ഞു: ഭഗവാനേ! മൂന്നു ലോകത്തിലും വെച്ചു പവിത്രമായത്‌ എന്താണ്‌? എന്തു പറഞ്ഞാല്‍ അല്ലയോ അനഘാ, മര്‍ത്ത്യന്‍ പുണ്യത്തെ പ്രാപിക്കും?

ഭീഷ്മന്‍ പറഞ്ഞു: തന്റെ മുമ്പില്‍ നിന്ന്‌ തല കുമ്പിട്ടു വണങ്ങുന്ന ആദ്ദേഹത്തോട്‌ ജ്ഞാനിയായ വസിഷ്ഠന്‍, ഉടനെ പശുക്കളെ നോക്കി വന്ദിച്ച്‌, തന്റെ ദേഹവും മനസ്സും പവിത്രമാക്കി, ഗോവിന്റെ തത്വം അറിയുന്ന ആ മഹാശയന്‍, ഹിതമായ വാക്കുകള്‍ പറഞ്ഞു.

വസിഷ്ഠന്‍ പറഞ്ഞു: പശുക്കള്‍ സുഗന്ധിനികളാണ്‌. അവ ഗുല്‍ഗ്ഗുലു ഗന്ധികളാണ്‌. എല്ലാ ഭൂതങ്ങള്‍ക്കും രക്ഷാസ്ഥാനം ഗോക്കളാണ്‌. പശുക്കള്‍ എല്ലാവര്‍ക്കും മംഗളം നല്കുന്നു. ഗോക്കള്‍ ഭൂതവും ഭവ്യവുമാണ്‌. ഗോക്കള്‍ ശാശ്വതമായ വളര്‍ച്ചയ്ക്ക്‌ ആസ്പദമാണ്‌. ഐശ്വര്യത്തിന് മൂലമായിട്ടുള്ളത്‌ ഗോക്കളാണ്‌. പശുവിന് നല്കുന്നതൊന്നും പാഴായിപ്പോവുകയില്ല. പശു മഹത്തായ ഭക്ഷണമാണു നമുക്കു നല്കുന്നത്‌. ദേവന്മാര്‍ക്കു ഹവിസ്സും, മര്‍ത്തൃര്‍ക്കു ഭക്ഷണവുമായി പശു പ്രശോഭിക്കുന്നു. സ്വാഹാകാരവും വഷള്‍ക്കാരവും പശുവില്‍ നിത്യവും സ്ഥിതി ചെയ്യുന്നു. ഗോക്കള്‍ യജ്ഞത്തിന്റെ ഫലമാകുന്നു. ഗോക്കളില്‍ത്തന്നെ യജ്ഞങ്ങളും സ്ഥിതി ചെയ്യുന്നു. ഭൂതവും ഭവിഷയവും ഗോക്കളാണ്‌. യജ്ഞങ്ങളെല്ലാം ഗോക്കളില്‍ സ്ഥിതി ചെയ്യുന്നു. എന്നും പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ഹോമകാലത്തില്‍ ഹോമത്തിന് വേണ്ടുന്ന ക്ഷീരാദികളായ വസ്തുക്കള്‍ മുനിമാര്‍ക്ക്‌ അല്ലയോ പുരുഷര്‍ഷഭാ, നല്കുന്നു. എന്തെല്ലാം ദുര്‍ഗ്ഗങ്ങള്‍ കടക്കേണ്ടതുണ്ടോ, അവ തരണം ചെയ്യുവാനും. എന്തെല്ലാം ദുഷ്കൃതങ്ങള്‍ ഒരുത്തന്‍ ചെയ്തിട്ടുണ്ടോ അതിന്റെ പാപമൊക്കെ നീങ്ങുവാനും ഗോവിനെ വിധിപോലെ ദാനം ചെയ്താല്‍ മതി.

പത്തു പശു ഒരാള്‍ക്കുണ്ടെങ്കില്‍ അതില്‍ ഒന്നിനെ ദാനം ചെയ്യണം. ഒരുത്തന്ന്‌ നൂറു പശുവുണ്ടെങ്കില്‍ അതില്‍ പത്തെണ്ണത്തിനെ ദാനം ചെയ്യണം. അങ്ങനെ ആയിരം പശു ആര്‍ക്കുണ്ടോ അവന്‍ നുറു പശുക്കളെ ദാനം ചെയ്യണം. ഇവര്‍ക്കെല്ലാം ഫലം തുല്യമാണ്‌.

നൂറു പശു തന്റെ കൈവശമുണ്ടായിട്ടും ദിവസം തോറും അഗികൂട്ടി ആരാധിക്കുന്നില്ലെങ്കില്‍ ആ ഗൃഹസ്ഥനും, ആയിരം പശുക്കള്‍ ഉണ്ടായിട്ടും യാഗം ചെയ്യാതിരിക്കുന്നവനും, ധാരാളം പണം കൈവശമുണ്ടായിട്ടും ചെലവാക്കാതെ (അതിഥികള്‍ക്കും മറ്റുവേണ്ടവര്‍ക്കും സല്‍ക്കാരാദികള്‍ ചെയ്യാതെ) പിശുക്കനായി ജീവിക്കുന്നവനും ഇങ്ങനെ മൂന്നു കൂട്ടര്‍ ഒരുവിധത്തിലും ഒരു ആദരവിനും  പൂജ്യതയ്ക്കും അര്‍ഹരാകുന്നില്ല. .

കിടാവിനോടും കറക്കുവാനുള്ള ഓട്ടു മൊന്തയോടും കൂടി നല്ല, ഒരു കപിലപ്പശുവിനെ വസ്ത്രം പുതപ്പിച്ച്‌ അര്‍ഹമായ പാത്രത്തില്‍ യഥാവിധി ദാനം ചെയ്യുന്നവന്‍ ഇഹലോകവും പരലോകവും ജയിച്ചവനാകുന്നു. യുവാവും, ഇന്ദ്രിയവാനും, നൂറെണ്ണത്തില്‍ തികഞ്ഞവനും, വലിയ കൊമ്പ്‌ സ്വര്‍ണ്ണത്താല്‍ അലങ്കരിച്ചുതുമായ കാളയെ വേദജ്ഞാനിയായ ഒരു ബ്രാഹ്മണന് യഥാവിധി ദാനം ചെയ്താല്‍ അവന്‍ എത്രജന്മം ജനിച്ചാലും അതിലൊക്കെ ഐശ്വര്യവാനായി വിളങ്ങും.

ഉറങ്ങുവാന്‍ കിടക്കുമ്പോഴും ഉണർന്നെഴുന്നേൽക്കുമ്പോഴും ഗോവിനെ സ്മരിക്കുകയും ഗോവിനു ശുഭം നേരുകയും വേണം. കാലത്തും സന്ധ്യയ്ക്കും ഗേവിനെ നമസ്‌കരിക്കുന്നവന്‍ പൂജ്യനാകുന്നു.

ഗോമൂത്രത്തെയും ചാണകത്തെയും ആരും ഒരിക്കലും വെറുക്കരുത്‌. ഗോവിന്റെ മാംസം ഒരിക്കലും തിന്നരുത്‌. തിന്നാതിരുന്നാല്‍ അവന് ശ്രേയസ്സുണ്ടാകും. നിത്യവും ഗോക്കളെപ്പറ്റി നന്മ ധ്യാനിക്കണം. നന്മ പറയണം. ഒരിക്കലും ഗോക്കളെ ധിക്കരിക്കരുത്‌. മര്‍ത്ത്യന്‍ ദുഃസ്വപ്നം കണ്ടാല്‍ ഉടനെ പശുവിന്റെ പേര്‍ പറഞ്ഞു ജപിക്കണം. ചാണകം ചേര്‍ത്ത ജലത്തില്‍ കുളിക്കണം. വരളി ഉണ്ടാക്കി അതിനു മീതെ വിരിപ്പു വിരിച്ച്‌ കിടക്കണം. ചാണകത്തില്‍ കഫം തുപ്പുകയോ, മൂത്രം ഒഴിക്കുകയോ, മലം വിസര്‍ജ്ജിക്കുകയോ ചെയ്യരുത്‌. നാശവും ചെയ്യരുത്‌. പശുവിന്‍ തോലു കൊണ്ടുള്ള ഇരിപ്പിടം നനച്ചു ശുദ്ധിയാക്കി അതില്‍ പടിഞ്ഞാട്ടേക്കു തിരിഞ്ഞിരുന്നു വേണം ഭക്ഷണം കഴിക്കുവാന്‍. മൌനിയായി നെയ്യ്‌ ചേര്‍ത്തു ഭക്ഷണം കഴിക്കുന്നവന് ഗോക്കള്‍ ധാരാളമുണ്ടാകും.

നെയ്യു കൊണ്ട്‌ അഗ്നിക്കു ഹോമിക്കണം, നെയ്യ്‌ നല്കി സ്വസ്തി ചൊല്ലിക്കുക, നെയ്യ്‌ ദാനം ചെയ്യുക, നെയ്യ്‌ കഴിക്കുക, അങ്ങനെ ചെയ്യുന്നവന്റെ പശുക്കള്‍ പുഷ്ടിപ്പെടുന്നതാണ്‌.

ഗോമതീവിദ്യയെ അഭിമന്ത്രിച്ച്‌ തിലധേനുവിനെ എല്ലാ രത്നങ്ങളോടും കൂടെ നല്കുന്നതായാല്‍ അവന്‍ ഏതു യുഗത്തിലും ദുഃഖിക്കുകയില്ല, ഉല്‍ക്കര്‍ഷത്തോടെ വര്‍ത്തിക്കും! "ഗോക്കള്‍ എന്നില്‍ ഇണങ്ങുമാറാകട്ടെ! പാല്‍ ഒഴുകുന്ന ഹേമശ്യംഗികളായ പശുക്കള്‍, സൌരഭേയിയും സുരഭിയും, പുഴകള്‍ സമുദ്രത്തിലെന്ന പോലെ എന്നില്‍ ഇണങ്ങുമാറാകട്ടെ! ഞാന്‍ എന്നും ഗോക്കളെ കാണുമാറാകട്ടെ! അപ്രകാരം ഗോക്കളെല്ലാം എന്നേയും കാണുമാറാകുട്ടെ! ഗോക്കള്‍ നമ്മള്‍ക്കുള്ളവരാണ്‌. അവര്‍ക്കുള്ളവരാണു നമ്മള്‍! ഗോക്കള്‍ എവിടെയുണ്ടോ അവിടെ നാമും ഉണ്ട്‌". ഈ വാക്യം എന്നും രാവും പകലും, കഷ്ടപ്പാടിലും, സുഖത്തിലും, സമത്തിലും, വിഷമത്തിലും വലിയ ഭയം ബാധിക്കുമ്പോഴും ചൊല്ലുന്നതായാല്‍ ആ നരനെ ബാധിക്കുന്ന സര്‍വ്വഭയവും അവനെ വിട്ടൊഴിഞ്ഞു പോകുന്നതാണ്‌.

79. ഗോപ്രദാനികം - പശുക്കള്‍ തപസ്സു ചെയ്ത്‌ വരം വാങ്ങിയ കഥ - വസിഷ്ഠന്‍ പറഞ്ഞു: ആദ്യം സൃഷ്ടിക്കപ്പെട്ട പശുക്കള്‍ എല്ലാ ജീവികളെക്കാളും ശ്രേഷ്ഠത തങ്ങള്‍ക്കു ലഭിക്കണമെന്ന ആഗ്രഹത്തോടെ നൂറായിരം വര്‍ഷം തപസ്സു ചെയ്തു. "ഈ ലോകത്തില്‍ എല്ലാ ദക്ഷിണകളേക്കാളും നമ്മള്‍ പ്രാധാന്യം അര്‍ഹിക്കണം, ഇതില്‍ ഒട്ടും ദോഷം പറ്റിപ്പോകരുത്, എന്ന്‌ അവര്‍ ആഗ്രഹിച്ചുവെന്നു മാത്രമല്ല, ജനങ്ങള്‍ നമ്മുടെ പുരീഷത്തില്‍ (ചാണ കത്തില്‍) കുളിച്ചാല്‍ ശുദ്ധികൊള്ളണം. പവിത്രമായ കാര്യങ്ങള്‍ക്ക്‌ ശകൃത്ത്‌ (ചാണകം) ദേവന്മാരും മനുഷ്യരും ഉപയോഗിക്കണം. ഇപ്രകാരം അനുഷ്ഠിക്കുന്ന എല്ലാ ഭൂതങ്ങളും, എല്ലാ ചരങ്ങളും, അചരങ്ങളും, ദാതാക്കളും ശുദ്ധിയാര്‍ജ്ജിക്കുന്നു. നമ്മളുടെ ദിവ്യലോകം പൂകുകയും ചെയ്യണം", എന്നു മനസ്സില്‍ ചിന്തിച്ച്‌ അവര്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷമാക്കി. അവര്‍ ആഗ്രഹിക്കുന്ന പ്രകാരം ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. "അപ്രകാരമാകാം. നിങ്ങള്‍ വിചാരിക്കുന്ന വിധം ചെയ്യാം. പറഞ്ഞ പോലെ ആശ്രയിക്കുന്ന നിങ്ങളെ പൂജിക്കുന്ന ലോകരെ കയറ്റി വിടുകയും ചെയ്യാം". ഇപ്രകാരം പിതാമഹന്‍ അനുഗ്രഹിച്ചപ്പോള്‍ ആഗ്രഹം സാധിച്ച ആ ഗോക്കള്‍, ഭൂതഭവ്യങ്ങള്‍ക്ക്‌ അമ്മമാരായ ആദിഗോക്കള്‍, കൃതാര്‍ത്ഥരായി. അവര്‍ തപസ്സില്‍ നിന്ന് വിരമിച്ചു. കാലത്ത്‌ പശുക്കളെ കൂപ്പുന്നവര്‍ക്ക്‌ സകല ശ്രേയസ്സും ഉണ്ടാകും. മഹാരാജാവേ, തപസ്സിന്റെ അവസാനത്തില്‍ പശുക്കള്‍ വിശ്വാവലംബകളായി; മഹാഭാഗകളായ ഗോക്കള്‍ ഏറ്റവും പവിത്രകളായി; ശ്രേഷ്ഠകളുമായി. ഇങ്ങനെ പശുക്കള്‍ എല്ലാഭുതങ്ങള്‍ക്കും മേലെയായിത്തീര്‍ന്നു.  കുട്ടിയോടു കൂടിയതും, പാല്‍ ധാരാളമുള്ളതുമായ കപിലഗോവിനെ വസ്ത്രം കൊണ്ടു, പുതപ്പിച്ച്‌ ദാനം ചെയ്താല്‍ ആ ദാതാവ്‌ ബ്രഹ്മലോകത്ത്‌ പൂജ്യനായി ഭവിക്കുന്നതാണ്‌.

കുട്ടിയോടു കൂടി, പാലുള്ള ചുവന്ന പശുവിനെ വസ്ത്രം പുതപ്പിച്ച്‌ ദാനം ചെയ്താല്‍ അവന്‍ സൂര്യലോകത്തു പൂജ്യനായിത്തീരും. കുട്ടിയോടു കൂടി, പാലുള്ള നല്ല ശബളധേനുവിനെ വസ്ത്രം പുതപ്പിച്ച്‌ ദാനം ചെയ്താല്‍ അവന്‍ സോമലോകത്തു പുജ്യനായി ഭവിക്കുന്നതാണ്‌. കുട്ടിയോടു കൂടി പാലുള്ള നല്ല വെള്ളപ്പശുവിനെ വസ്ത്രം പുതപ്പിച്ച്‌' ദാനം ചെയ്താല്‍ ആ ദാതാവ്‌ ഇന്ദ്രലോകത്തു പുജ്യനായിത്തീരുന്നതാണ്‌. കുട്ടിയോടു കൂടി, പാലുള്ള കറമ്പിപ്പശുവിനെ വസ്ത്രം പുതപ്പിച്ച്‌ ദാനം ചെയ്താല്‍ ദാതാവ്‌ അഗ്നിലോകത്തു പൂജ്യനായിത്തീരുന്നതാണ്‌. കുട്ടിയോടു കൂടി പാലുള്ള ധൂമ്രധേനുവിനെ വസ്ത്രം പുതപ്പിച്ച്‌ ദാനം ചെയ്താല്‍ യമലോകത്തു പൂജ്യനായിത്തീരുന്നതാണ്‌. കുട്ടിയോടും, കറക്കുവാനുള്ള ഓട്ടുമൊന്തയോടും കൂടി വെള്ളപ്പത പോലെ ശോഭിക്കുന്ന നിറത്തോടു കൂടിയ പശുവിനെ വസ്ത്രം പുതപ്പിച്ച്‌ ദാനം ചെയ്താല്‍ അവന്‍ വരുണന്റെ ലോകത്തില്‍ എത്തുന്നതാണ്‌. കുട്ടിയോടും കറക്കുവാനുള്ള ഓട്ടുമൊന്തയോടും കൂടി കാറ്റില്‍പ്പറക്കുന്ന പൊടിയുടെ നിറത്തോടു കൂടിയ പശുവിനെ ദാനം ചെയ്താല്‍ ആ ദാതാവ്‌ വായുലോകത്ത്‌ പൂജ്യനാകുന്നതാണ്‌. കുട്ടിയോടും കറക്കുവാനുള്ള ഓട്ടുമൊന്തയോടുംകൂടി പിംഗാക്ഷിയായ, സ്വര്‍ണ്ണവര്‍ണ്ണമുള്ള, പശുവിനെ വസ്ത്രം പുതപ്പിച്ചു നല്കിയാല്‍ കുബേരന്റെ ലോകത്തു ചെന്നെത്തുന്നതാണ്‌. കുട്ടിയോടും വെള്ളോട്ടു പാത്രത്തോടും കൂടി പലലാ ധൂമ്രയായ പശുവിനെ വസ്ത്രം പുതപ്പിച്ചു നല്കിയാല്‍ അവന്‍ പിത്യലോകത്തില്‍ പൂജ്യനായി ഭവിക്കുന്നതാണ്‌. കുട്ടിയോടു കൂടി താട തൂങ്ങുന്ന തടിച്ച പശുവിനെ ദാനംചെയ്താല്‍ വിശ്വേദേവകള്‍ പാര്‍ക്കുന്ന മുഖ്യമായ സ്ഥാനത്തു ചെന്നു ചേരുന്നതാണ്‌. കുട്ടിയോടു കൂടി പാലുള്ള നല്ല ശംഖുവര്‍ണ്ണപ്പശുവിനെ വസ്ത്രം പുതപ്പിച്ചു നല്കിയാല്‍ വസുക്കളുടെ ലോകത്ത്‌ ദാതാവ്‌ എത്തുന്നതാണ്‌. കുട്ടിയോടുകൂടി, ഓട്ടുകറവപ്പാത്രത്തോടു കൂടി, ശുക്ല കംബളവ ര്‍ണ്ണയായ പശുവിനെ വസ്ത്രം പുതപ്പിച്ച്‌ നല്കിയാല്‍ അവന്‍ സാദ്ധ്യന്മാരുടെ ലോകത്തില്‍ ചെന്നെത്തുന്നതാണ്‌.

സര്‍വ്വരത്നങ്ങളും അണിഞ്ഞ, പിന്‍പുറം തടിച്ച കാളയെ ദാനം ചെയ്താല്‍ അവന്‍ മരുത്തുക്കളുടെ ലോകത്തില്‍ എത്തിച്ചേരുന്നതാണ്‌ രാജാവേ! എല്ലാരത്നങ്ങളും ചാര്‍ത്തി വയസ്സു തികഞ്ഞ നീലക്കാളയെ ദാനം ചെയ്താല്‍ ആ മര്‍ത്തൃന്‍ ഗന്ധര്‍വ്വാപ്സരസ്ത്രീലോകത്തില്‍ ചെന്നുചേരുന്നതാണ്‌. സര്‍വ്വരത്നങ്ങളും അണിഞ്ഞ താട തൂങ്ങിയ കാളയെ ദാനം ചെയ്താല്‍ പ്രജാപതിയുടെ ലോകത്ത്‌ അവന്‍ ശോകം വിട്ടവനായി ചെന്നു ചേരുന്നതാണ്‌. ഗോവിനെ ദാനം ചെയ്യുന്നതില്‍ താല്‍പര്യമുള്ളവന്‍ മേഘജാലം പിളര്‍ന്ന്‌ സൂര്യകാന്തി വിമാനത്തിലിരുന്ന്‌ വിണ്ണില്‍ പ്രശോഭിക്കുന്നതാണ്‌ രാജാവേ! പശുദാന തല്പരനായ ആ നരമുഖ്യനെ ആയിരം സുരഭികളായ സുരാംഗനങ്ങള്‍ രമിപ്പിക്കുന്നതാണ്‌. ചിലമ്പ്‌, വല്ലകി, വീണ എന്നിവയുടെ ശിഞ്ജിതത്തോടു ചേര്‍ന്ന്‌ മാന്‍ കണ്ണിമാരായ സുന്ദരിമാരുടെ ചിരികേട്ട്‌ അവന്‍ ഉറക്കമുണരും.

പശുവിന് എത്ര രോമങ്ങളുണ്ടോ, അത്ര വര്‍ഷത്തോളം അവന്‍ പൂജിതനാകും. പുണ്യങ്ങള്‍ അനുഭവിച്ചു തീരുമ്പോള്‍ അവന്‍ വീണ്ടും ഭൂമിയില്‍ വന്നു വലിയ കുലത്തില്‍ പിറക്കുകയും ചെയ്യും.

80. ഗോപ്രദാനികം - ഗോദാനഗുണത്തെ വീണ്ടും വസിഷ്ഠന്‍ സൌദാസനോടു പറയുന്നു - വസിഷ്ഠന്‍ പറഞ്ഞു: പശുക്കള്‍ നെയ്യും പാലും നല്‍കുന്നു. നെയ്യിന്റെ ഉത്ഭവം അവയില്‍ നിന്നാണ്‌. അവ നെയ്യില്‍ നിന്നുത്ഭവിച്ചവയാണ്‌. അവ നെയ്യിന്റെ അരുവികളാണ്‌. നെയ്യിന്റെ ചുഴികളാണ്‌. എന്റെ ഗൃഹത്തില്‍ എന്നും പശുക്കള്‍ വസിക്കട്ടെ! എന്റെ കരളില്‍ എന്നും നെയ്യ്‌ നില്ക്കുന്നു. നെയ്യ്‌ എന്റെ നാഭിയില്‍ നില്ക്കുന്നു. നെയ്യ്‌ എന്റെ ദേഹത്തിലെങ്ങും നില്ക്കട്ടെ! നെയ്യ്‌ എന്റെ മനസ്സില്‍ എപ്പോഴും നില്ക്കുന്നുണ്ട്‌. എന്റെ മുമ്പിലും പിമ്പിലും ചുറ്റുപാടും ഗോക്കള്‍ നില്ക്കട്ടെ. ഞാന്‍ ഗോക്കളുടെ നടുവില്‍ വാഴുവാന്‍ കൊതിക്കുന്നു. സന്ധ്യയ്ക്കും പ്രഭാതത്തിലും, ഈ മന്ത്രം ആചമിച്ച്‌ ചൊല്ലണം. പകല്‍ ചെയ്ത പാപമെല്ലാം ഈ മന്ത്രം ചൊല്ലിയാല്‍ അകന്നു പോകുന്നതാണ്‌.

ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യവാന്‍ വെണ്‍മാടങ്ങളും വസോര്‍ദ്ധാരയുമുള്ള സ്വര്‍ഗ്ഗലോകത്ത്‌, ഗന്ധര്‍വ്വാപ്സരസ്ത്രീകള്‍ വിഹരിക്കുന്നിടത്ത്‌, ചെന്നെത്തുന്നതാണ്‌.

വെണ്ണയാകുന്ന ചേറും പാലാകുന്ന വെള്ളവും തയിര്‍പ്പാടയാകുന്ന ചണ്ടിയും ചേര്‍ന്ന പല പുഴകളും പ്രവഹിക്കുന്ന ദിവ്യലോകത്തില്‍ ആയിരം പശുക്കളെ നല്‍കുന്ന പുണ്യാത്മാവ്‌ ചെന്നെത്തുന്നതാണ്‌. നൂറായിരം പശുക്കളെ വിധിപ്രകാരം നല്‍കുന്ന പുണ്യവാന്‍ ഏറ്റവും വൃദ്ധിയോടു കൂടിയവനായി സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനായി ഭവിക്കുന്നതാണ്‌. അച്ഛന്‍വഴിക്കും അമ്മവഴിക്കുമുള്ള കഴിഞ്ഞ പത്തു തലമുറയെ പൂജ്യമായ ലോകത്തിലേക്കുയര്‍ത്തി അവന്‍ വംശത്തെ സമൃദ്ധമാക്കും.

പശുവിനെ ദാനം ചെയ്യുന്നവന്‌ ലഭിക്കുന്ന പുണ്യം എള്ള് കൊണ്ടുള്ള ഗോദാനം ചെയ്യുന്നവനും പാനീയം കൊണ്ടുള്ള ഗോദാനം നല്‍കുന്നവനും ലഭിക്കുന്നതാണ്‌. കുട്ടിയോടും ഓട്ടുപാല്‍പ്പാത്രത്തോടും കൂടി കപിലപ്പശുവെ വസ്ത്രത്താല്‍ ചുറ്റി വിധിപ്രകാരം സല്‍പ്പാത്രത്തില്‍ ദാനം ചെയ്താല്‍ അവന്‍ കടന്നു ചെല്ലുവാന്‍ വിഷമമുള്ള യമന്റെ ആലയത്തില്‍ നിര്‍ഭയനായി എത്തുന്നതാണ്‌. അവന് യമലോകത്തില്‍ച്ചെന്ന്‌ യാതനകളൊന്നും അനുഭവിക്കേണ്ടതായി വരുന്നതല്ല. ഈ മന്ത്രം എന്നും ജപിക്കേണ്ടതാണ്‌. "പശുക്കള്‍ മനോജ്ഞാകൃതിമാരാണ്‌, പശുക്കള്‍ ദിവ്യരൂപകളാണ്‌, പശുക്കള്‍ വിശ്വരൂപകളാണ്‌, അവര്‍ വിശ്വത്തിന്ന്‌ അമ്മമാരാണ്‌. അല്ലയോ ഗോക്കളേ, നിങ്ങള്‍ എന്നെ സമീപിച്ചാലും! ഗോദാനത്തേക്കാള്‍ പവിത്രമായ ദാനം വേറെയില്ല. ഗോദാനത്തേക്കള്‍ അനുഗ്രഹീതമായ ദാനം വേറെയില്ല. പശുവിന് തുല്യയായി മറ്റൊന്നുമില്ല, ഉണ്ടാവുകയുമില്ല. അവളുടെ തോലും അവളുടെ രോമവും, അവളുടെ കൊമ്പും, അവളുടെ വാലിലെ രോമവും, അവളുടെ പാലും, അവളുടെ നെയ്യും ഇവയെല്ലാം കൂടിയാണ്‌ യജ്ഞകര്‍മ്മം നടത്തുന്നത്‌. ഇതില്‍പ്പരം പുണ്യം ഏതൊരു ജീവിക്കു ലഭിക്കും? ഇതിലധികം മേന്മ ഏതു ജീവിക്കുണ്ട്‌?".

എല്ലാ ചരാചരജഗത്തിലും ഏവള്‍ വ്യാപിച്ചിരക്കുന്നുവോ, ആ ധേനുവേ ഞാന്‍ കുമ്പിടുന്നു. ഭൂതത്തിനും ഭാവിക്കും മാതാവായ പശുവിനെ ഞാന്‍ വന്ദിക്കുന്നു.

അല്ലയോ പുരുഷശ്രേഷ്ഠാ! ഞാന്‍ . ഇപ്രകാരം പശുവിന്റെ മാഹാത്മൃത്തെക്കുറിച്ചു കുറച്ചു ഭാഗം പറഞ്ഞു. ഈ ലോകത്തില്‍ ഗോദാനത്തേക്കാള്‍ ഉപരിയായി യാതൊരു ദാനവുമില്ല. പശുവിനെക്കാള്‍ ശ്രേഷ്ഠമായ ഒരു ആശ്രയവും ലോകത്തിലില്ല. .

ഭീഷ്മൻ പറഞ്ഞു: ഭൂമി ദാനം ചെയ്ത്‌ കീര്‍ത്തിമാനായ സൗദാസരാജാവ്‌ ഈ വാക്കുകള്‍ കേട്ടു ചിന്തിച്ച്‌ ഋഷി പ്രവരനായ വസിഷ്ഠന്റെ മഹത്തായ ഉപദേശം സ്വീകരിച്ചു. നിയതാശയനായ അദ്ദേഹം വളരെയധികം പശുക്കളെ ബ്രാഹ്മണര്‍ക്കു നല്കി. ആ സല്‍ക്കര്‍മ്മത്തിന്റെ ഫലമായി വളരെയധികം ഗോക്കളെ ആ പുണ്യാത്മാവു നേടി. മരണാനന്തരം പുണ്യമായ പല ലോകങ്ങളും നേടി.

81. ഗോപ്രദാനികം - ഭീഷ്മൻ വീണ്ടും ഗേദാന മാഹാത്മ്യം യുധിഷ്ഠിരനോട്‌ പറയുന്നു - യുധിഷ്ഠി രന്‍ പറഞ്ഞു: പരിപാവനമായ വസ്തുക്കളില്‍ ഏറ്റവും പരിപാവനമേതാണ്‌? ഇതേവരെ പറഞ്ഞതിന് പുറമേ ഏറ്റവും പാവനമായത്‌ എന്തോ, അതിനെപ്പറ്റി അങ്ങു പറഞ്ഞാലും പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: വിലയേറിയ പുണ്യഗോക്കള്‍ മര്‍ത്തൃരെ നരകത്തില്‍ നിന്ന് കയറ്റുന്നു. ഹവിസ്സുകൊണ്ടും പാല്‍കൊണ്ടും വിശ്വത്തിലെ പ്രജകളെ പശുക്കള്‍ ഉയര്‍ത്തി നിര്‍ത്തുന്നു. അല്ലയോ ഭാരതശ്രേഷ്ഠാ! ഗോക്കളേക്കാള്‍ പുണ്യകളായി യാതൊന്നും ലോകത്തിലില്ല. പവിത്രകളും പുണ്യകളുമായ പശുക്കള്‍ മൂന്നു ലോകത്തില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠകളാകുന്നു. ദേവന്മാരെക്കാള്‍ മേലെയായിട്ടാണല്ലോ പശുക്കള്‍ വാഴുന്നത്‌.

മാന്ധാതാവ്‌, യൗവനാശ്വന്‍, യയാതി, നഹുഷന്‍ ഇവരൊക്കെ നൂറായിരക്കണക്കില്‍ ഗോക്കളെ നല്കി സ്വര്‍ഗ്ഗം പ്രാപിച്ചവരാണ്‌. അവര്‍ മുഖ്യമായ സ്ഥാനത്തെത്തിയത്‌, ദേവന്മാര്‍ക്കു പോലും ദുര്‍ലഭമായ സ്ഥാനത്തെത്തിയത്‌, ഈ മഹത്തായ ഗോദാനത്താലാണല്ലൊ. ഇതിന്റെ പൂര്‍വ്വകഥ അല്ലയോ അനഘാശയാ, ഞാന്‍ പറയാം.

ഋഷികളില്‍ വെച്ച്‌ ഉത്തമനായ വേദവ്യാസനോട്‌ പുത്രനായ ശുകന്‍, ഒരു ദിവസം ആഹ്‌നികം ചെയ്ത്‌ ശുചിയും പ്രയതമാനസനുമായി പിതാവിന്റെ സമീപത്തു വന്നു തൊഴുത്‌ ലോകത്തില്‍ ശ്രേഷ്ഠവും നികൃഷ്ടവും അറിയുന്ന പിതാവിനോട്‌ ചോദിച്ചു: എല്ലാ യജ്ഞത്തിലും വെച്ച്‌ ശ്രേഷ്ഠമായിക്കാണുന്ന യജ്ഞം ഏതാണ്‌? എന്തുചെയ്താല്‍ മനീഷികള്‍ ശ്രേഷ്ഠമായ സ്ഥാനത്ത്‌ എത്തും? എന്തു പരിശുദ്ധിയാലാണ്‌ ദേവന്മാര്‍ വിണ്ണില്‍ വസിക്കുമാറായത്‌? യജ്ഞത്തിന്ന്‌ യജ്ഞത്വം എന്താണ്‌? എവിടെയാണ്‌ യജ്ഞത്തിന്റെ നില്‍പ്പ്‌? ദേവകള്‍ക്ക്‌ ഉത്തമമായത്‌ എന്താണ്‌? അതില്‍ വെച്ച്‌ മുഖ്യമായ സത്രം ഏതാണ്‌? പവിത്രജാലങ്ങളില്‍ വെച്ച്‌ പവിത്രമായത്‌ എന്താണ്‌? അച്ഛന്‍ അത്‌ എന്നോടു പറഞ്ഞാലും!

പുത്രന്‍ ഇപ്രകാരം ചേദിച്ചതു കേട്ട്‌ പരമധാര്‍മ്മികനായ വ്യാസന്‍ പുത്രനോടു ശരിയായ തത്വം പറഞ്ഞു ഭരതര്‍ഷഭാ!

വ്യാസന്‍ പറഞ്ഞു: ഭൂതജാലങ്ങളുടെ പ്രതിഷ്ഠ പശുക്കളാകുന്നു. ഗോക്കളാകുന്നു എല്ലാറ്റിനും ആശ്രയം. ഗോക്കള്‍ പുണ്യപവിത്രകളാകുന്നു. ഗോധനം ഏറ്റവും പരിശുദ്ധമായ ധനമാകുന്നു. പണ്ടു പശുക്കള്‍ക്ക്‌ കൊമ്പുണ്ടായിരുന്നില്ലെന്ന്‌ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. അവ്യയനായ ബ്രഹ്മദേവനെ പശുക്കള്‍ തങ്ങള്‍ക്കു കൊമ്പു നല്കണമെന്നാവശ്യപ്പെട്ട്‌ തപസ്സു ചെയ്തു. തപസ്സു ചെയ്യുന്ന പശുക്കളുടെ മുമ്പില്‍ ബ്രഹ്മദേവന്‍ വന്നു. പട്ടിണി കിടന്നു വ്രതമെടുത്ത്‌ തപസ്സു ചെയ്യുന്ന പശുക്കളോട്‌ അനുകമ്പ തോന്നി. ആ പശുക്കളില്‍ ഓരോന്നിനുമുള്ള ആഗ്രഹം പ്രത്യേകം പ്രത്യേകം അറിഞ്ഞ്‌ ബ്രഹ്മാവ്‌ നല്കി. ഏവള്‍ക്ക്‌ ഏതു നിറത്തിലും ആകൃതിയിലുമുള്ള കൊമ്പാണ്‌ ഇഷ്ടമെന്നറിഞ്ഞ്‌ ഓരോന്നിനും ബ്രഹ്മാവു നല്കി. അങ്ങനെ നാനാ നിറത്തില്‍ നാനാരൂപത്തില്‍ കൊമ്പുകളോടു കൂടി പശുക്കള്‍ ശോഭിച്ചു പുത്രാ! ബ്രഹ്മാവിന്റെ വരംമൂലം ഹവ്യകവ്യങ്ങള്‍ നല്കുന്ന ശുഭാംഗികളാണ്‌ പശുക്കള്‍. പവിത്ര പുണ്യകളും, സുഭഗകളും, പുണ്യപുംസ്ഥാനചിഹ്‌നകളുമാണ്‌ പശുക്കള്‍. ഗോക്കള്‍ പുണ്യതേജസ്സാകുന്നു. അതുകൊണ്ട്‌ ഗോദാനം ഏറ്റവും പ്രശസ്തമാകുന്നു.

പശുക്കളെ ആരു ദാനം ചെയ്യുന്നുവോ, സാധുക്കളും മത്സരം വിട്ടവരുമായ അവര്‍ സുകൃതികളാകുന്നു. അവരെ സര്‍വ്വദാനദരെന്നു പറയാം. അല്ലയോ അനഘാശയാ! അവര്‍ പുണ്യമായ ഗോലോകത്തെ പ്രാപിക്കുന്നതാണ്‌. അവിടെ, ആ സ്വര്‍ഗ്ഗത്തില്‍, തേനുള്ള പഴങ്ങള്‍ വഹിക്കുന്ന വൃക്ഷങ്ങളും ദിവ്യസുഗന്ധപുഷ്പഫലങ്ങളുള്ള വൃക്ഷങ്ങളും ഭംഗിയായി നില്ക്കുന്നു. അവിടത്തെ ഭൂമിയൊക്കെ പൊന്മയമാണ്‌. അവിടത്തെ മണല്‍ രത്നമയമാണ്‌. എല്ലാ ഋതുക്കളിലും സുഖസംസ്പര്‍ശമാണ്‌. പൊടിയില്ലാതെ ഇളകാതെ കിടക്കുന്ന നിലമാണവിടം. സുഖമായ കാലവസ്ഥായാല്‍ അനുഗ്രഹീതമാണ്‌. ചെന്താമരപ്പൂക്കള്‍ ചേര്‍ന്ന ആറുകള്‍ ഭംഗിയായി ഒഴുകുന്നു. പ്രശോഭിക്കുന്ന രത്നങ്ങളും സ്വര്‍ണ്ണ ഖണ്ഡങ്ങളും കരയില്‍ പ്രശോഭിക്കുന്നു. ജലാശയങ്ങള്‍ അരുണ നിറത്തില്‍ പ്രഭാതാദിത്യ വര്‍ണ്ണം കലര്‍ന്നു വിളങ്ങുന്നു. മഹാര്‍ഹമായ നീലക്കല്ലു പോലെ ശോഭിക്കുന്ന പത്രങ്ങളോടും പൊന്‍നിറമായ അല്ലികളോടും കൂടിയ നീലോല്‍പലങ്ങള്‍ നിറഞ്ഞതും ചെന്താമരകള്‍ നിറഞ്ഞതുമായ സരസ്സുകള്‍, സഹസ്രലതാ ജാലങ്ങളോടു കൂടി നീര്‍മരുതുകള്‍ പൂത്ത സന്താന വൃക്ഷങ്ങള്‍ ചേര്‍ന്ന വനങ്ങള്‍ പ്രശോഭിക്കു ന്നു. തിളങ്ങുന്ന മുത്തുകളും രത്നങ്ങളും പൊന്മയമായ മണല്‍ത്തിട്ടകളും ചേര്‍ന്ന പുഴകള്‍ ആ ദിവ്യലോകത്ത്‌ ഒഴുകുന്നതായി കാണാം. എല്ലാവിധ രത്നങ്ങളോടും കൂടിയ വിചിത്രമായ മാമരങ്ങള്‍ നിറഞ്ഞതും പൊന്മയങ്ങളും അഗ്നി പ്രഭങ്ങളുമായ പൊന്നിൻ കുന്നുകളും അവിടെയുണ്ട്‌. അവയുടെ: കൊടുമുടികള്‍ സര്‍വ്വരത്നാഢ്യമായ മണിരത്ന ശിലകളായി അവിടം പ്രശോഭിക്കുന്നു. നിത്യവും പൂത്തു കായ്ച്ചു നില്ക്കുന്ന വൃക്ഷങ്ങളും, അവയില്‍ വസിക്കുന്ന പക്ഷിക്കൂട്ടങ്ങളും, വൃക്ഷങ്ങളില്‍ ദിവ്യഗന്ധവും രസവുമുള്ള പൂവുകളും കായ്കളും ചേര്‍ന്ന ആ പുവനത്തില്‍ പുണ്യകര്‍മ്മാക്കള്‍ നിത്യവും വിഹരിക്കുന്നു യുധിഷ്ഠിരാ! എല്ലാ കാമങ്ങളും സമൃദ്ധിയായി നേടിയവരും ദുഃഖങ്ങള്‍ നീങ്ങിയവരും എല്ലാ അല്ലലുകളും ഒഴിഞ്ഞവരും വിചിത്രമായ രത്നരുചിരവിമാനം പ്രാപിച്ച്‌ പുണ്യകര്‍മ്മാക്കളായി യശസ്വികളായി മോദിക്കുന്നു. ശോഭനാംഗികളായ അപ്സരസ്ത്രീകള്‍ അവിടെ വിഹരിക്കുന്നു രാജാവേ! ഗോദാനം ചെയ്താല്‍ അവര്‍ നേടുന്ന ലോകമാണ്‌ ഇത്‌. അവര്‍ക്കു അധീശ്വരന്‍ പൂഷാവാണ്‌. അവനെ പരിലാളിക്കുവാന്‍ മരുത്തുക്കളുമുണ്ട്‌. പശുക്കളെ ദാനം ചെയ്യുന്നവരെ മരുത്തുക്കള്‍ സേവിക്കുന്നു. ധനസമൃദ്ധിയില്‍ വരുണന്‍ അവരുടെ രാജാവാണ്‌.

പശുവിനെ ദാനം ചെയ്യുന്നവര്‍ വരുണന് തുല്യമായ ഐശ്വര്യ സമൃദ്ധി നേടും. നിത്യവും മനസ്സിരുത്തി നിശ്ചയത്തോടെ പ്രജാപതി അരുള്‍ ചെയ്ത വിധം ഈ മന്ത്രം ജപിക്കണം: "യുഗന്ധരാ, സ്വരൂപ, ബഹുരൂപ, വിശ്വരൂപ, മാതാക്കള്‍" (പശുക്കളെ ആദികാലങ്ങളില്‍ നുകത്തില്‍ കെട്ടിയിരുന്നു. അതുകൊണ്ട്‌ അവര്‍ക്ക്‌ യുഗം (നുകം) ധരകള്‍ എന്നു പേരുണ്ടായി. രണ്ടാമത്തെ പദമായ സുരൂപസൗന്ദ രൃത്തെ കാണിക്കുന്ന ബഹുരൂപ പലേരൂപങ്ങളോടു കൂടിയവയെന്നും വിശ്വരൂപ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനമെന്നും സൂചിപ്പിക്കുന്നു.

ഗോവിനെ ശുശ്രൂഷിച്ചാലും അവയെ വിനയപൂര്‍വ്വം പിന്‍തുടര്‍ന്നാലും അവ സന്തുഷ്ടരാകും. പശുക്കളെ സന്തുഷ്ടരാക്കിയാല്‍ അവ അങ്ങനെയുള്ളവരെ അനുഗ്രഹിക്കും. സുദുര്‍ല്ലഭമായ വരങ്ങള്‍ നല്‍കും. മനസ്സു കൊണ്ടു പോലും ഗോക്കളെ ദ്രോഹിക്കരുത്‌. ഗോക്കളെ സുഖിപ്പിക്കുവാനേ വിചാരിക്കാവു. പശുക്കളെ എപ്പോഴും അര്‍ച്ചിക്കണം. കുമ്പിട്ടു തൊഴുതു പൂജിക്കണം. ദാന്തനും പ്രീതനുമായ അവന്‍ ഗോദാനത്തിന്റെ ഫലം അനുഭവിക്കുന്നതാണ്‌.

മൂന്നുദിവസം പശുവിന്റെ ചൂടുള്ള മൂത്രം മാത്രം കുടിക്കുക. പിന്നെ മൂന്നു ദിവസം ചൂടുള്ള പാല്‍ മാത്രം കുടിക്കുക. പിന്നെ മൂന്നുദിവസം ചൂടുള്ള നെയ്യ്‌ മാത്രം കുടിക്കുക. അങ്ങനെ മൂന്നു ദിവസത്തെ നെയ്യ് സേവയ്ക്കു ശേഷം മൂന്നുദിവസം ഒന്നും കഴിക്കാതെ കാറ്റു മാത്രം (വായു മാത്രം ശ്വസിച്ച്‌) ഉണ്ട്‌ ജീവിക്കുക. അങ്ങനെ ചെയ്താല്‍ ഏതു കൊണ്ടാണോ, ദേവകള്‍ സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നത്‌ ശുദ്ധത്തിലും ശുദ്ധമായ ആ നെയ്യ്‌ ശിരസ്സില്‍ വഹിക്കണം. നെയ്യുകൊണ്ട്‌ അഗ്നിയില്‍ ഹോമിക്കണം. നെയ്യിനാല്‍ സ്വസ്തി പറയിക്കുക, നെയ്യ്‌ കുടിക്കുക, നെയ്യ്‌ ദാനംചെയ്യുക. ഇങ്ങനെയൊക്കെ ചെയ്താല്‍ അവന്ന്‌ ഗോപുഷ്ടിയുണ്ടാകും. ഗോമയത്തില്‍നിന്ന് പെറുക്കിയെടുത്ത ഗോതമ്പു വെച്ച്‌ ഒരുമാസം ഗോതമ്പു ചോറുണ്ണുന്നവന് ബ്രഹ്മഹത്യയ്ക്കു തുല്യമായ സകലപാപങ്ങളും നശിക്കുന്നതാണ്‌. എല്ലാ പാപങ്ങളും നശിച്ചു വിശുദ്ധനാകുന്നതാണ്. പോരില്‍ ദാനവന്മാരാല്‍ തോല്ലിക്കപ്പെട്ട ദേവന്മാര്‍ ഈ പറഞ്ഞ മട്ടില്‍ ശുദ്ധത്മാക്കളായി ദേവത്വം നേടി മഹാബലന്മാരായി സിദ്ധരായി പ്രശോഭിക്കുന്നു.

പവിത്രപുണ്യമാരാണ്‌ ഗോക്കള്‍; ഏറ്റവും പാവനാത്മാക്കളാണ്‌. അവയെ ബ്രാഹ്മണര്‍ക്കു നല്കിയാല്‍ ആ ദാതാവ്‌ സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നതാണ്‌. ശുചിയായി പശുക്കളുടെ മദ്ധ്യത്തില്‍ നിന്ന്‌ ശുദ്ധജലത്തില്‍ ആചമിച്ച്‌ ഗോമതി മന്ത്രിക്കുക. (ഒരു മന്ത്രം ജപിക്കല്‍) അവന്‍ നിര്‍മ്മലനും ശുചിയുമായി ഭവിക്കും. അഗ്നിയുടെ നടുവിലും പശുക്കളുടെ നടുവിലും ബ്രാഹ്മണരുടെ സദസ്സിലും വിദ്യാവേദവ്രതസ്നാതരും പുണ്യകര്‍മ്മികളുമായ വിപ്രന്മാരുടെ നടുവിലും വെച്ച്‌ യജ്ഞതുല്യമായ ഗോമതിയെ ശിഷ്യര്‍ക്കു പഠിപ്പിക്കുക. മൂന്നുദിവസം ഉപവസിച്ചു ചൊല്ലിയാല്‍ ഗോമതീ വരം സിദ്ധമാകും. പുത്രകാമന്‍ അതുകൊണ്ട്‌ പുത്രനെ നേടുന്നു. ധനകാമന്‍ ധനത്തെ നേടുന്നു, ഭര്‍ത്യകാമിനി ഭര്‍ത്താവിനെ നേടുന്നു. നരന്‍ അവന്റെ സകല ആഗ്രഹവും നേടുന്നു.

ഗോക്കളെ സന്തോഷിപ്പിച്ചാല്‍ അവ അനുഗ്രഹിക്കും. ഈ പറഞ്ഞ ഫലങ്ങള്‍ ഗോവിന്റെ അനുഗ്രഹം കൊണ്ടു സിദ്ധിക്കും. പശുക്കളെ സേവിച്ചാല്‍ യാതൊരു സംശയവും കൂടാതെ ഇവ ലഭിക്കുമെന്നു വിശ്വസിക്കാം. ഇപ്രകാരം യജ്ഞത്തിന് ഉപകരിക്കുന്നവരാണ്‌ ഗോക്കള്‍. അവ ആഗ്രഹങ്ങളൊക്കെ നല്കുന്നു. ഇവയില്‍ രോഹിണിമാര്‍ ശ്രേഷ്ഠകളാകുന്നു. ഇവയ്ക്കു മേലെ ഒന്നുമില്ല.

ഭീഷ്മൻ പറഞ്ഞു: മഹാശയനായ വ്യാസന്‍, തന്റെ പിതാവ്‌, ഇപ്രകാരം പറഞ്ഞപ്പോള്‍ തേജസ്വിയായ പുത്രന്‍, ശുകന്‍, അതുകേട്ട്‌ സസന്തോഷം ഗോക്കളെ നിത്യവും പൂജിച്ചു. അതുകൊണ്ട്‌ ഹേ യുധിഷ്ഠിരാ! നീയും അപ്രകാരം ഗോക്കളെ പൂജിക്കുക.

82. ഗോശ്രീസംവാദം - ഗോവിന്റെ മൂത്രത്തിന്നും ചാണകത്തിനുമുള്ള ശ്രേഷ്ഠത, ഗോക്കളും ലക്ഷ്മിയും തമ്മില്‍. സംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: പശുവിന്റെ ചാണകം ശ്രീ ചേര്‍ന്നതാണെന്ന്‌ ഞാന്‍ കേള്‍ക്കുന്നുണ്ട്‌. ഇതില്‍ ഞാന്‍ സംശയിക്കുന്നു. ഇതിനെപ്പറ്റി ഭവാന്‍ വിവരിച്ചു പറഞ്ഞു തരണേ പിതാമഹാ!

ഭീഷ്മന്‍ പറഞ്ഞു:  ഈ പറഞ്ഞതിനെ ഉദാഹരിക്കുന്ന ഒരു പഴങ്കഥ പറയാറുണ്ട്‌. രാജാവേ! അത്‌ ശ്രീയും ഗോക്കളും തമ്മിലുള്ള ഒരു സംവാദമാണ്‌ ഭരതോത്തമാ! മനോഹരമായ രൂപത്തോടു കൂടിയ ശ്രീദേവി ഗോക്കളുടെ മദ്ധ്യത്തില്‍ കടന്നു ചെന്നു. . അവളുടെ ഹൃദയം ഹരിക്കുന്ന സൌന്ദര്യം കണ്ട്‌ ഗോക്കള്‍ ആശ്ചര്യപ്പെട്ടു.

ഗോക്കള്‍ പറഞ്ഞു: അല്ലയോ ദേവീ, അഴകു കൊണ്ട്‌ അതുല്യയായ നീ ആരാണ്‌? എവിടെ നിന്ന് വരുന്നു? മഹാഭാഗേ, ഞങ്ങള്‍ നിന്റെ സൌന്ദര്യത്തില്‍ വിസ്മയിക്കുന്നു! നീ ആരാണെന്നറിയുവാന്‍ ഞങ്ങളാഗ്രഹിക്കുന്നു! നീ എവിടേക്കാണു പോകുന്നത്‌? എല്ലാം അല്ലയോ വരവര്‍ണ്ണിനീ, ഭവതി തത്വമായി ഞങ്ങളോടു പറയണേ!

ശ്രീ പറഞ്ഞു: ഗോക്കളേ,. നിങ്ങള്‍ക്ക്‌ ഭ്രദം! ഞാന്‍ ലോകകാന്തയായ സ്ത്രീയാണ്‌. പ്രസിദ്ധയായ എന്നെപ്പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ? ഞാനുപേക്ഷിച്ച ദൈത്യന്മാര്‍ വളരെ നാളേക്കു നഷ്ടപ്രായരായിത്തീര്‍ന്നു!

ഞാന്‍ സ്വീകരിച്ച ദേവന്മാര്‍ വളരെനാളേക്കു സന്തുഷ്ടരുമായി. ഇന്ദ്രന്‍, വിവസ്വാന്‍, സോമന്‍, വിഷ്ണു, അപ്പ്‌, അഗ്നി ഇങ്ങനെയുള്ളവരൊക്കെ ഞാന്‍ കൈക്കൊണ്ടതു മൂലം സിദ്ധിയെ പ്രാപിച്ചു. ദേവന്മാരും ഋഷികളും എല്ലാവരും സിദ്ധിയെ പ്രാപിക്കുന്നത്‌ ഞാന്‍ കൈക്കൊണ്ടതു കൊണ്ടാണ്‌. അല്ലയോ ഗോക്കളേ, ഞാന്‍ പ്രാപിക്കുന്നില്ലെങ്കില്‍ അവര്‍ എല്ലാം കൊണ്ടും നശിച്ചവര്‍ തന്നെ! ധര്‍മ്മം, അര്‍ത്ഥം, കാമം ഇവ ഞാന്‍ ഏല്ക്കുകയാല്‍ സുഖത്തെ പ്രാപിക്കുന്നവയാകുന്നു. ഇപ്രകാരമുള്ള പ്രഭാവത്തോടു കൂടിയവളാണ്‌ ഞാന്‍. സുഖം നല്കുന്നവരായ ഗോക്കളേ, നിങ്ങള്‍ക്ക്‌ എന്നെ ഇപ്പോള്‍ മനസ്സിലായിരിക്കുമല്ലോ! ഞാന്‍ നിങ്ങളിൽ എല്ലാവരിലും ഇരിക്കുവാന്‍ ഇച്ഛിക്കുന്നു. ഞാന്‍ വന്നു നിങ്ങളോടര്‍ത്ഥിക്കുകയാണ്‌. നിങ്ങളെല്ലാവരും ശ്രീ യോടു കൂടി ഇരിക്കണം.

ഗോക്കള്‍ പറഞ്ഞു: നീ സ്ഥിരമായി ഒന്നിലും സ്ഥിതി ചെയ്യാത്ത ചപലയാണ്‌. ഒരുപോലെ പലരിലും പ്രവേശിക്കുന്നവളാണ്‌. അല്ലയോ ലക്ഷ്മി! നിന്നെ ഞങ്ങള്‍ക്കാവശ്യമില്ല. നിന്നെ ഞങ്ങള്‍ക്കു വേണ്ടാ. നിനക്കു ശുഭം വരട്ടെ! നിനക്ക്‌ ഇഷ്ടമുള്ളേടത്തു പോകാം! ഞങ്ങളെല്ലാവരും രൂപഭംഗിയുള്ളവരാണ്‌. നിന്നെക്കൊണ്ട്‌ ഞങ്ങള്‍ക്കെന്തു കാര്യം? യഥേഷ്ടം പൊയ്ക്കൊള്ളുക. നമുക്കുവേണ്ട കാര്യമൊക്കെ മനസ്സിലാക്കിയിരിക്കുന്നു.

ശ്രീ പറഞ്ഞു: അല്ലയോ ഗോക്കളേ, എന്നെ കൊണ്ടാടാതിരിക്കുന്നത്‌ നിങ്ങള്‍ക്കു ചേര്‍ന്നതാണോ? എന്നെ കിട്ടുവാന്‍ ഏതെല്ലാം വിധത്തിലാണ്‌ ഓരോരുത്തരും പാടു പെടുന്നത്‌! അങ്ങനെയുള്ള എന്നെ നിങ്ങള്‍ എന്താണു സ്വീകരിക്കാതിരിക്കുന്നത്‌? അല്ലയോ സുവ്രതമാരേ, ലോകരുടെ ചൊല്ല്‌ സത്യമാണ്‌. "എന്നെ വേണോ എന്നു ചോദിച്ച്‌ ആരെങ്കിലും വന്നാല്‍ വെറുപ്പാണു തോന്നുക". "നിഷ് പ്രയാസം വന്നുചേരുന്ന വസ്തുവില്‍ ആഗ്രഹം കുറയും. താനെ ചെന്നാല്‍ വെറുപ്പുണ്ടാകും". വലിയ ഉഗ്രതപസ്സു ചെയ്ത്‌ എന്നെ മാനവര്‍ സേവിക്കുന്നു. ദേവന്മാരും ദാനവന്മാരും ഗന്ധര്‍വ്വന്മാരും പിശാചുക്കളും അഹികളും നിശാചരന്മാരും വലിയ തപസ്സു ചെയ്ത്‌ എന്നെ സേവിക്കുന്നു. എന്റെ പ്രഭാവം ഇപ്രകാരമാണ്‌. എന്നെ ഗോക്കളേ, സ്വീകരിക്കുവിന്‍. അല്ലയോ സൗമ്യമാരേ, സ്ഥാവരജംഗമാത്മാകമായ മൂന്നു ലോകത്തിലും ഞാന്‍ നിന്ദ്യയല്ലെന്നു നിങ്ങള്‍ അറിയണം.

ഗോക്കള്‍ പറഞ്ഞു: അല്ലയോ ദേവീ, ഞങ്ങള്‍ ഭവതി യെ നിന്ദിക്കുകയില്ല! ഭവതിയെ അവമാനിക്കുകയുമില്ല. നീ ഒരു സ്ഥിരതയില്ലാത്തവളാണ്‌; ചപലയാണ്‌ നീ. അതു കൊണ്ടാണ്‌ ഞങ്ങള്‍ നിന്നെ സ്വീകരിക്കാത്തത്‌. എന്തിനധികം പറയുന്നു, നീ നിനക്ക്‌ ഇഷ്ടമുള്ളേടത്തേക്കു പൊയ്ക്കൊള്ളുക! ഞങ്ങളെല്ലാം സുരൂപകളാണ്‌. അംഗഭംഗിയുള്ളവരാണ്‌. നിന്റെ സഹായം ഞങ്ങള്‍ക്കെന്തിന്‌ അനഘാശയേ?

ശ്രീ പറഞ്ഞു; അല്ലയോ മാനം നല്കുന്നവരേ! നിങ്ങള്‍ എന്നെ ഉപേക്ഷിക്കുന്നതായാല്‍ ലോകത്തില്‍ പിന്നെ ഈ ലക്ഷ്മിക്ക്‌ എവിടെയാണ്‌ ഒരു സ്ഥാനം? സര്‍വ്വലോകരും എന്നെ ഉപേക്ഷിച്ചുകളയും. അതുകൊണ്ട്‌ ശുഭാംഗിമാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കണേ! ശരണംപ്രാപിക്കുവാന്‍ യോഗ്യതയുള്ളവരാണ്‌ നിങ്ങള്‍! നിങ്ങളെ ശരണം പ്രാപിച്ച്‌. ഒരുത്തിയെ, ഈ എന്നെ, രക്ഷിക്കണേ! നിങ്ങളെ നിന്ദിക്കാത്ത ഒരു ഭക്തയല്ലേ ഞാന്‍? ഞാന്‍ മാനത്തെയാണ് ഇച്ഛിക്കുന്നത്‌. നിങ്ങള്‍ എപ്പോഴും ശുഭശീലകളാണ്‌. നിങ്ങളുടെ ഗുദത്തിലെങ്കിലും ഞാന്‍ വാണുകൊള്ളാം. നിന്ദ്യമായ ഒരു അംഗത്തിലായാലും വിരോധമില്ല, ഞാന്‍ വാണുകൊള്ളാം. നിങ്ങളുടെ അംഗത്തില്‍ ഒരിടത്തും നിന്ദ്യമായ പ്രദേശം ഞാന്‍ കാണുന്നില്ല അനഘമാരേ! പവിത്രകളും പുണ്യകളും സുഭദഗകളുമായ നിങ്ങള്‍ എനിക്ക്‌ ആജ്ഞ നല്കു വിന്‍! ഞാന്‍ നിങ്ങളുടെ ദേഹത്തില്‍ എവിടെ വാഴേണ്ടു? കല്പിച്ചാലും!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ശ്രീദേവി പറഞ്ഞതു കേട്ട്‌ കരുണകൊണ്ടും വാത്സല്യംകൊണ്ടും ആകുലമാനസരായ ഗോക്കളെല്ലാവരും ചേര്‍ന്ന്‌ മന്ത്രിച്ചതിന് ശേഷം ശ്രീയോട്‌ പറഞ്ഞു രാജാവേ!

ഗോക്കള്‍ പറഞ്ഞു: അല്ലയോ യശസ്വിനീ, ശ്രീദേവിയെ മാനിക്കണം എന്നത്‌ അവശ്യം വേണ്ട ഒരു കര്‍ത്തവ്യമാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ നിന്റെ അപേക്ഷ നിരസിക്കുന്നില്ല. നീ ഞങ്ങളുടെ മലത്തിലും മൂത്രത്തിലും വസിച്ചു കൊള്ളുക! അതും ഞങ്ങള്‍ക്ക്‌ പവിത്രമാണ്‌ ദേവീ!

ശ്രീ പറഞ്ഞു: എന്റെ ഭാഗ്യം! നിങ്ങള്‍ എന്നില്‍ പ്രസാദിച്ചിരിക്കുന്നു. എനിക്കു വലിയ ഒരു അനുഗ്രഹമാണ്‌ സിദ്ധിച്ചത്‌! അങ്ങനെയാകട്ടെ! നിങ്ങള്‍ക്ക്‌ ശുഭം ഭവിക്കട്ടെ! ഞാന്‍ നിങ്ങളുടെ പൂജ ഏറ്റിരിക്കുന്നു സുഖദമാരേ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ലക്ഷ്മി ഗോക്കളുമായി കരാര്‍ ചെയ്തു. നിശ്ചയം ചെയ്തു. അവരെല്ലാം കണ്ടു നില്ക്കെ ശ്രീദേവി അന്തര്‍ദ്ധനം ചെയ്തു. ഇപ്രകരം പശുവിന്റെ ചാണകത്തിന്റെ മാഹാത്മ്യം അല്ലയോ പുത്രാ! ഞാന്‍ നിന്നോടു പറഞ്ഞു. ഇനി ഗോക്കളുടെ മാഹാത്മ്യം ഞാന്‍ പറയാം, നീ വീണ്ടും കേള്‍ക്കുക.

83. ഗോലോകവര്‍ണ്ണനം - ബ്രഹ്മാവ്‌ ഇന്ദ്രനോട്‌ ഗോലോകത്തിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ശേഷിച്ചതു ഭക്ഷിക്കുന്നവര്‍ക്കും സത്രങ്ങളും യജ്ഞങ്ങളും ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന ഫലം സിദ്ധിക്കുന്നതാണ്‌ യുധിഷ്ഠിരാ! തൈരും നെയ്യും കൂടാതെ ഒരു യജ്ഞവും നടക്കുകയില്ല. അതുകൊണ്ടാണ്‌ യജ്ഞത്തിന് യജ്ഞത്വം ലഭിച്ചതെന്നു പറയുന്നു. എല്ലാദാനത്തിലും വെച്ച്‌ ഗോദാനം പ്രശസ്തമാകുന്നു. പവിത്രകളും ശ്രേഷ്ഠകളുമാണ്‌ ഗോക്കള്‍. ഗോദാനം പാവനവും ഉത്തമവുമാണ്‌. പശുവിന്റെ പാലും, തൈരും, നെയ്യും പുഷ്ടിക്കു വേണ്ടിയും, ശാന്തിക്കു വേണ്ടിയും പാനം ചെയ്യുക! ഈ ഗവ്യങ്ങള്‍ എല്ലാ പാപങ്ങളും നീക്കുന്ന വസ്തുക്കളാണ്‌. ഈ ലോകത്തിലും പരലോകത്തിലും മുഖ്യമായ തേജസ്സ്‌ ഗോക്കളാകുന്നു. ഗോക്കളെക്കാള്‍ പവിത്രമായി ഒന്നുമില്ല ഭാരതാ! ഇതിന് ഉദാഹണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അതു ബ്രഹ്മവും ഇന്ദ്രനും തമ്മില്‍ നടന്ന ഒരു സംവാദമാണ്‌.

ദൈത്യന്മാര്‍ തോറ്റു പോയപ്പോള്‍ ശക്രന്‍ മൂന്നു ലോകത്തിനും ഈശ്വരനായി. എല്ലാ പ്രജകളും ഒത്തുചേര്‍ന്ന്‌ സത്യധര്‍മ്മത്തില്‍ നില്ക്കുകയായി. മുനീന്ദ്രന്മാരും, ഗന്ധര്‍വ്വന്മാരും, കിന്നരന്മാരും, അഹികളും, നിശാചരന്മാരും, ദേവന്മാരും, അസുരന്മാരും, സുപര്‍ണ്ണന്മാരും, പ്രജാപതികളും ചെന്ന്‌ ഒരുദിവസം അല്ലയോ കുന്തീപുത്രാ! വിരിഞ്ചനെ സേവിച്ചു.

നാരദന്‍, പര്‍വ്വതന്‍, വിശ്വാവസു, ഹാഹാ ഹുഹു എന്നിവരെല്ലാം ദിവ്യതാനത്തോടെ പ്രഭുവിനെ പാടിപ്പുകഴ്ത്തി സേവിച്ചു. അവിടെ ദിവ്യപുഷ്പങ്ങള്‍ അപ്പോള്‍ മാരുതന്‍ വീശി. വേറെ വേറെ സുഗന്ധങ്ങള്‍ ഋതുക്കളും കൊണ്ടുവന്നു. ദേവന്മാരുടെ കൂട്ടത്തില്‍ ദിവൃവാദ്യം മുഴങ്ങുമ്പോള്‍, ദിവ്യസ്ത്രീകളാകുന്ന ചാരന്മാര്‍ ചൂഴുമ്പോള്‍, കുമ്പിട്ടു തൊഴുത്‌ ദേവേശ്വരനോട്‌ വാസവന്‍ ചോദിച്ചു.

ഇന്ദ്രന്‍ ചോദിച്ചു: ഭഗവാനേ, പിതാമഹാ, ദേവകള്‍ക്കും, ലോകേശന്മാര്‍ക്കും മേലെയാണ്‌ ഗോലോകം എന്നു പറഞ്ഞുവല്ലോ. അങ്ങനെ ഏറ്റവും ഉയര്‍ന്ന പദവി ഗോക്കള്‍ക്ക്‌ ലഭിക്കുവാന്‍ എന്താണു കാരണം? പറഞ്ഞാലും. അതു കേള്‍ക്കുവാന്‍ വലിയ ആഗ്രഹമുണ്ട്‌. ഗോക്കള്‍ എന്തു പുണ്യകര്‍മ്മം ചെയ്തിട്ടാണ്‌ അങ്ങനെയൊരു മഹത്തായ ലോകം നേടിയത്‌? തപസ്സു കൊണ്ടാണോ, ബ്രഹ്മചര്യം കൊണ്ടാണോ? രജസ്സു കൂടാതെ ദേവകള്‍ക്കും മേലെ സുഖത്തോടെ ഇരിക്കുവാന്‍ എന്ത്‌ യത്നം ചെയ്തു?'

ഭീഷ്മൻ പറഞ്ഞു: ഗോദാനം ചെയ്തവര്‍ക്കും, ഹോമിച്ച്‌ അപ്പോള്‍ ബ്രഹ്മാവ്‌ വലവൈരിയായ ശക്രനോടു പറഞ്ഞു: അല്ലയോ വലസൂദനാ, നീ നിത്യം ഗോക്കളെ തിരസ്കരിക്കുകയാണ്‌. അതുകൊണ്ടാണ്‌ നീ അവയുടെ മാഹാത്മ്യം അറിയാത്തത്‌. അല്ലയോ സുരര്‍ഷഭാ, ഗോക്കള്‍ക്ക്‌ മഹത്തായ പ്രഭാവമാഹാത്മ്യങ്ങള്‍ ഉണ്ട്‌. ഗോക്കള്‍ യജ്ഞാംഗമാണ്‌. അവ യജ്ഞം തന്നെയാണ്‌ വാസവാ! ഈ ഗോക്കളില്ലെങ്കില്‍ യജ്ഞം ഒരിക്കലും നടക്കുകയില്ല. ഹവിസ്സുകൊണ്ടും, പാലുകൊണ്ടും പ്രജകളെ ഗോക്കള്‍ സംരക്ഷിക്കുന്നു. ഇവരുടെ മക്കളായ കാളകള്‍ കൃഷി മുതലായവയും നിര്‍വ്വഹിക്കുന്നു. പലതരം ധാന്യങ്ങളും, വിത്തുകളും ഇവര്‍ ഉണ്ടാക്കുന്നു. അതുകൊണ്ടാണ്‌ യജ്ഞം നിര്‍വ്വഹിക്കപ്പെടുന്നത്‌.

ഹവ്യവും, കവ്യവും; തയിര്‍, പാല്‍, നെയ്യ്‌ എന്നിവയും പുണ്യങ്ങളാണ്‌ നരനായകാ! പലതരം ഭാരങ്ങള്‍, വിശപ്പും ദാഹവും സഹിച്ച്‌ ഉഴന്ന്‌ വഹിക്കുകയും ചെയ്യുന്നു. മുനീന്ദ്രന്മാരെ രക്ഷിക്കുന്നു. കര്‍മ്മംകൊണ്ട്‌ പ്രജകളേയും രക്ഷിക്കു ന്നു. വലിയ സുകൃത കര്‍മ്മങ്ങള്‍ കളവെന്തെന്നറിഞ്ഞുകുടാത്ത അവര്‍ ചെയ്യുന്നുണ്ട്‌ വാസവാ! അതാണ്‌ അവ ദേവന്മാരായ നമ്മളെക്കാള്‍ മേലെ വാഴുവാന്‍ കാരണം. ഇപ്രകാരം ദേവകളെക്കാള്‍ ഉയര്‍ന്ന നില അവ നേടിയിരിക്കുന്നു.

ഗോക്കളുടെ മാഹാത്മ്യം ഞാന്‍ പറഞ്ഞു വാസവാ! അവ വരം വാങ്ങിയവരും, വരം നല്കുവാന്‍ കഴിവുള്ളവരുമാണ്‌ പുരന്ദരാ! പുണ്യം ചെയ്യുന്ന സുരഭികള്‍ ശുദ്ധമാരാണ്‌. ശുഭചിഹ്‌നകളാണു ഗോക്കള്‍. അതില്‍വെച്ച്‌ സുരഭികള്‍ വന്നതിനുള്ള കാരണം ഞാന്‍ പറയാം. അത്‌ എന്തെന്നു വലസൂദനാ ഭവാന്‍ കേള്‍ക്കുക.

പണ്ട്‌ ദേവാസുരയുഗത്തില്‍ യോഗ്യരായ ദേവന്മാര്‍ മൂന്നുലോകവും രക്ഷിക്കുന്ന കാലത്ത്‌, വിഷ്ണു ഗര്‍ഭത്തില്‍ സ്ഥിതിചെയ്ത കാലത്ത്‌, ദുശ്ചരമായ ഘോരതപസ്സ്‌ അദിതി ചെയ്യുന്ന കാലത്ത്‌, അദിതി ഒറ്റക്കാലില്‍ നിന്ന്‌ പുത്രലബ്ധിക്കു വേണ്ടി തപസ്സുചെയ്യുന്ന കാലത്ത്‌, അതു കണ്ട്‌ ദക്ഷപുത്രിയും ധര്‍മ്മപരായണയുമായ സുരഭിയും സസന്തോഷം തപസ്സിന്നൊരുങ്ങി. അവള്‍ ഗന്ധര്‍വ്വന്മാര്‍ ചുഴന്ന മനോഹരവും, ശുദ്ധവുമായ കൈലാസ ശിഖരത്തില്‍ ഒറ്റക്കാലില്‍ നിന്ന്‌ യോഗത്തിലാണ്ട്‌ പരമാത്മാവിനെ ധ്യാനിച്ച്‌ തപസ്സു ചെയ്തു. പതിനായിരം വര്‍ഷവും പിന്നെ പത്തു നൂറ്റാണ്ടും തപസ്സു ചെയ്തു. അവളുടെ തപസ്സുകൊണ്ട്‌ ദേവര്‍ഷിമാരും, പന്നഗങ്ങളും തപിച്ചു പോയി. അവര്‍ എന്നോടു കൂടി പോന്നു. അങ്ങനെ അവളുടെ സമീപത്തെത്തി. തപസ്വിനിയായ ആ ദേവിയോടു ഞാന്‍ പിന്നെ ചോദിച്ചു: അല്ലയോ അനിന്ദിതേ, ഭവതി എന്തിന് വേണ്ടിയാണ്‌ ഘോരമായ ഈ തപസ്സു ചെയ്യുന്നത്‌? അല്ലയോ മഹാഭാഗേ, ഭവതിയുടെ തപസ്സില്‍ ഞാന്‍ പ്രസാദിക്കുന്നു. അല്ലയോ ദേവീ, നീ ആഗ്രഹിക്കുന്ന വരം എന്നില്‍ നിന്ന് വരിച്ചാലും. ഞാന്‍ തരുവാന്‍ തയ്യാറുണ്ട്‌. എന്നു പറഞ്ഞു പുരന്ദരാ!

സുരഭി പറഞ്ഞു: ഭഗവാനേ, അങ്ങു വരം നല്കാ മെന്നു പറഞ്ഞതില്‍ ഞാന്‍ തൃപ്തയായിരിക്കുന്നു. അല്ലയോ, അനഘാ! എനിക്കു വരമൊന്നും ആവശ്യമില്ല. അങ്ങ്‌ എന്നില്‍ സന്തോഷിക്കുന്നു എന്നതു തന്നെയാണ്‌ മഹത്തായ വരം.

ബ്രഹ്മാവ്‌ പറഞ്ഞു; ഇപ്രകാരം പറയുന്ന സുരഭീ ദേവിയോട്‌ ഞാന്‍ ഉത്തരം പറഞ്ഞു. അല്ലയോ ശചീപതേ, അതു നീ കേള്‍ക്കുക: ദേവീ, കാമലോഭങ്ങള്‍ വിട്ടൊഴിഞ്ഞ ഭവതിയുടെ തപസ്തു കൊണ്ടു ഞാന്‍ പ്രസാദിക്കുന്നു ശുഭാനനേ!

അതുകൊണ്ടു നിനക്ക്‌ അമരത്വം ഞാന്‍ വരമായി നല്കുന്നു. മൂന്നു പാരിനും മേലെയായി എന്റെ പ്രസാദത്താല്‍ മഹത്തായ ലോകത്തില്‍ നീ പാര്‍ത്തു കൊള്ളുക. ആ ലോകത്തിന് "ഗോലോകം" എന്നു പ്രസ്സിദ്ധി ലഭിക്കട്ടെ! മര്‍ത്ത്യരില്‍ ശുഭകര്‍മ്മം ചെയ്യുന്ന പ്രജകളും ഭവതിയുടെ സ്ഥാനത്ത്‌ വാഴുന്നതാണ്‌. മഹാഭാഗേ, ഭവതിയുടെ എല്ലാ മക്കളും ആ ദിവ്യലോകത്തില്‍ വാഴുന്നതാണ്‌. ഭവതി ഉള്ളില്‍ വിചാരിക്കുന്ന സകല മാനുഷഭോഗവും, വിണ്ണിലെ സുഖങ്ങളും, ഏതു ചിന്തിക്കുന്നുവോ അതൊക്കെ ലഭിക്കുന്നതാണ്‌ ശുഭേ! അല്ലയോ ഇന്ദ്രാ, അവള്‍ക്കുള്ള ലോകങ്ങള്‍ സര്‍വ്വകാമാന്വിതങ്ങളാണ്‌. അവിടേക്ക്‌ മൃത്യുവും, ജരയും, അഗ്നിയും എത്തുന്നതല്ല. അവിടെ നിര്‍ഭാഗ്യങ്ങളില്ല,  അശുഭങ്ങളുമില്ല വാസവാ! അവിടെ ദിവ്യങ്ങളായ അരണ്യങ്ങളുണ്ട്‌. ദിവ്യമായ ആഭരണ ജാലങ്ങളുണ്ട്‌. കാമഗങ്ങളായ വിമാനങ്ങളുമുണ്ട്‌. വാസവാ! ബ്രഹ്മചര്യം, തപസ്സ്‌, സത്യം, ദമം എന്നിവയാലും, പലമട്ടിലുള്ള പുണ്യദാനങ്ങളാലും, വലിയ തപസ്സാലും, സുകൃത്ര ക്രിയയാലും ഗോലോകത്തില്‍ ചെന്നുകൂടാന്‍ കഴിയും പുഷ്കരേക്ഷണാ! അല്ലയോ ശക്രാ, നീ ചോദിച്ചതു കൊണ്ട്‌ ഞാന്‍ ഇതൊക്കെ നിനക്കു പറഞ്ഞുതന്നു. അല്ലയോ അസുരസൂദനാ, നീ ഒരിക്കലും ഗോക്കള്‍ക്കു പരിഭവമൊന്നും ചെയ്തു പോകരുത്‌.

ഭീഷ്മൻ പറഞ്ഞു: ബ്രഹ്മാവിന്റെ വാക്കുകേട്ട്‌ പിന്നെ നിത്യവും സഹ്രസാക്ഷന്‍ ഗോക്കളെ ബഹുമാനിച്ചു പൂജിക്കുവാന്‍ തുടങ്ങി. യുധിഷ്ഠിരാ! മഹാദ്യുതേ, ഞാന്‍ പാവനമായ ഇതൊക്കെ നിന്നോടു പറഞ്ഞു. ഗോക്കളുടെ മാഹാത്മൃം പവിത്രമാണ്‌, പരമമാണ്‌, ഉത്തമമാണ്‌. ആ മാഹാത്മ്യം പറഞ്ഞാല്‍ തന്നെ പുരുഷവ്യാഘ്രാ, സകല പാപവും നശി ക്കും. ഇതു നിത്യവും ശ്രദ്ധയോടു കൂടി വിപ്രന്മാര്‍ക്കു പറഞ്ഞു കൊടുക്കുകയാണെങ്കില്‍, ഹവ്യകവ്യങ്ങളാല്‍ മഖവും പിതൃക്രിയയും ചെയ്യുന്ന മാതിരി തന്നെ സര്‍വ്വവകാമങ്ങളും സാധിക്കുന്നതും ശാശ്വതമായ ഫലം നല്കുന്നതുമാകുന്നു. പിതൃക്കള്‍ക്ക്‌ അതു കൊണ്ടുള്ള ഫലം ലഭിക്കുന്നതാണ്‌. ഗോക്കളില്‍ ഭക്തിയുള്ളവന്‍ ഇച്ഛിച്ചതൊക്കെ നേടുന്നതാണ്‌. ഗോക്കളില്‍ ഭക്തിയുള്ള സ്ത്രീകള്‍ ആഗ്രഹിക്കുന്നതെല്ലാം നേടും. പുത്രാര്‍ത്ഥി പുത്രനെ നേടും. കന്യാര്‍ത്ഥി കന്യകയെ നേടും. ധനാര്‍ത്ഥി ധനം നേടും. ധര്‍മ്മാര്‍ത്ഥി ധര്‍മ്മത്തെയും നേടും. വിദ്യാര്‍ത്ഥി വിദൃയെ നേടും. സൗഖ്യാര്‍ത്ഥി സഖ്യം നേടും. ഗോക്കളില്‍ ഭക്തിയുള്ളവന് കിട്ടാത്തതൊന്നുമില്ല ഭാരതാ!

84. സുവര്‍ണ്ണോത്പത്തി - സ്വര്‍ണ്ണദാനമാഹാത്മ്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ഗോദാനം ഉത്തമമാണെന്നു പിതാമഹന്‍ പറഞ്ഞുവല്ലോ! ധര്‍മ്മം അനുഷ്ഠിക്കുന്ന രാജാക്കന്മാരുടെ കാര്യത്തില്‍ ഗോദാനം വിശേഷിച്ചും ഉത്തമമാണ്‌. രാജ്യഭരണം എപ്പോഴും ദുഃഖകരമാണ്‌. അകൃതാത്മാക്കള്‍ മൂലം ശരിക്കും ഭരണം നടത്തുവാന്‍ വിഷമം കാണും. രാജാക്കന്മാര്‍ക്ക്‌ മിക്കവാറും ശുഭമായ ഗതി കിട്ടാന്‍ വിഷമമാണ്‌. അതുകൊണ്ട്‌ രാജാക്കന്മാര്‍ എപ്പോഴും ഭൂദാനം കൊണ്ട്‌ പുണ്യം നേടണം. എന്നാല്‍ പാപം നീങ്ങി അവര്‍ ശുദ്ധരായി ഭവിക്കുന്നതാണ്‌. അല്ലയോ കുരുനന്ദനാ! ഭവാന്‍ എന്നോടു ധര്‍മ്മങ്ങളൊക്കെ ഉപദേശിച്ചുവല്ലോ. അപ്രകാരം നൃഗന്‍ ചെയ്ത ഗോദാനത്തെക്കുറിച്ചും അതേവിധം തന്നെ പറഞ്ഞു. നാചികേത മഹര്‍ഷീന്ദ്രന്‍ പണ്ട്‌ കാണിച്ചുതന്നതും അങ്ങു പറഞ്ഞു. വേദങ്ങളും ഉപനിഷത്തുകളും എല്ലാവിധം യജ്ഞങ്ങളിലും, എല്ലാവിധം ദൈവിക കാര്യങ്ങളിലും ദക്ഷിണ വേണമെന്ന്‌ അനുശാസിക്കുന്നു. ദക്ഷിണയായി ഭൂമിയോ പശുവോ സ്വര്‍ണ്ണമോ ആകണമെന്നു പറയുന്നുണ്ട്‌. ശ്രുതികളില്‍ പറയുന്നത്‌ ദക്ഷിണകളില്‍ മെച്ചപ്പെട്ടത്‌ സ്വര്‍ണ്ണമാണെന്നാണ്‌. ഇതിന്റെ ശരിയായ തത്വം അറിയുവാന്‍ എനിക്കാഗ്രഹമുണ്ട്‌ പിതാമഹാ! ഈ സ്വര്‍ണ്ണം എന്ന വസ്മു എങ്ങനെയുണ്ടായി?. ഏതു കാലത്തുണ്ടായി? എന്തിനാല്‍ ഉണ്ടായി? അതിന്റെ ദൈവതമെന്താണ്‌? മുഖ്യമായ ഫലമെന്താണ്‌? എന്തുകൊണ്ടാണ്‌ അതിനെ ഏറ്റവും വിശിഷ്ടമായി പരിഗണിക്കുന്നത്‌? സ്വര്‍ണ്ണദാനത്തെ യജ്ഞത്തില്‍ ദക്ഷിണയായി മഹാശയന്മാര്‍ പ്രശംസിക്കുവാന്‍ കാരണമെന്താണ്‌? ഗോദാനത്തെക്കാളും ഭൂമിദാനത്തെക്കാളും പാവനമായി സ്വര്‍ണ്ണദാനത്തെ പരിഗണിക്കുവാന്‍ എന്താണു കാരണം? ദക്ഷിണയ്ക്ക്‌ ഏറ്റവും പറ്റിയതായി അതിനെ പരിഗണിക്കുന്നത് എന്തുകൊണ്ടാണ്‌? ഇവയെല്ലാം വിസ്തരിച്ച്‌ അങ്ങ്‌ പറഞ്ഞുതരണേ പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: രാജാവേ, ശ്രദ്ധയോടുകൂടി ഞാന്‍ പറയുന്ന സുവര്‍ണ്ണോത്പത്തിയെപ്പറ്റി കേള്‍ക്കുക. വളരെ കാരണങ്ങള്‍ ചേര്‍ന്ന്‌ വിസ്തൃതമായ ചരിത്രം ഞാന്‍ പറയാം. ഞാന്‍ അനുഭവിച്ച കഥയും പറയാം. എന്റെ അച്ഛനായ ശതന്തനുരാജാവ്‌ മരിച്ചതിന് ശേഷം അച്ഛുന് ശ്രാദ്ധം നല്കുവാനായി ഞാന്‍ ഗംഗാദ്വാരത്തിലേക്കു പോയി. അവിടെച്ചെന്ന്‌ ഉണ്ണീ, ഞാന്‍ അച്ഛന് ശ്രാദ്ധം തുടങ്ങി. എന്റെ അമ്മയായ ഗംഗ അവിടെ വന്ന്‌ എന്നെ സഹായിച്ചു. എന്റെ മുമ്പില്‍ സിദ്ധന്മാരായ മുനിമാരെ ഇരുത്തി ഞാന്‍ ജലദാനം തുടങ്ങിയ കര്‍മ്മം ചെയ്യുവാന്‍ തുടങ്ങി. ഞാന്‍ വളരെ ശ്രദ്ധയോടു കൂടി പൂര്‍വ്വകര്‍മ്മം ശാസ്ത്രവിധിയനുസരിച്ച്‌, ഉദ്ദേശിച്ച മാതിരി, നന്നായി പിണ്ഡം വയ്ക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഒരു അത്ഭുതം ഉണ്ടായി. ദര്‍ഭ വിരിച്ച സ്ഥാ നം പിളര്‍ന്ന്‌ മനോഹരമായ തോള്‍ വളയിട്ടതും, ഭൂഷണം തൂങ്ങുന്നതുമായ ഒരു കൈ മേലോട്ടുയര്‍ന്നു രാജാവേ!

ആ കൈ പൊങ്ങിക്കണ്ടപ്പോള്‍ അളവില്ലാത്ത വിസ്മയത്തോടെ ഞാന്‍ മനസ്സിലാക്കി; അച്ഛന്‍ ഞാന്‍ നല്കുന്ന പിണ്ഡം പ്രത്യക്ഷമായി വന്നു വാങ്ങുന്നതാണെന്ന്‌ എനിക്ക്‌ അറിയുവാന്‍ കഴിഞ്ഞു. ഉടനെ എനിക്കു ബോധം വന്നു. ശ്രദ്ധാനുസരണമുള്ള ചിന്ത എന്നിലുണ്ടായി. കൈയില്‍ നേരിട്ടു പിണ്ഡം നല്കുവാന്‍ ശാസ്ത്രത്തില്‍ വിധിച്ചിട്ടില്ലല്ലോ എന്നു ഞാന്‍ ഓര്‍ത്തു. മര്‍ത്ത്യന്‍ പിണ്ഡം നല്കണം എന്ന കാര്യം തീര്‍ച്ചയാണ്‌. എന്നാല്‍ നേരെ പിതൃക്കളാരും മനുഷ്യര്‍ നല്കുന്ന പിണ്ഡം വാങ്ങാറില്ല. വിഹിതമായിട്ടുള്ളത്‌ പി ണ്ഡം ദര്‍ഭയില്‍ വെച്ചു നല്കുക എന്നതാണ്‌. അച്ഛന്‍ കൈ നീട്ടിയത്‌ ഞാന്‍ കണ്ടു എങ്കിലും അതില്‍ പിണ്ഡം വെച്ചു കൊടുക്കുവാന്‍ ഞാന്‍ തയ്യാറായില്ല. ശാസ്ത്രത്തെ പ്രമാണമാക്കി സൂക്ഷ്മമായ തത്വം ഗ്രഹിച്ച്‌ പിണ്ഡദാനത്തിന്റെ വിധി അനുസരിച്ചു തന്നെ അതൊക്കെ ദര്‍ഭയില്‍ത്തന്നെ നല്കി. കൈയില്‍ നല്കിയില്ല ഭരതര്‍ഷഭാ! ശാസ്ത്രം നിശ്ചയിച്ചിരിക്കെ അതു തെറ്റിക്കാവതല്ലല്ലോ. ഉടനെ എന്റെ അച്ഛന്റെ കൈയും അപ്രത്യക്ഷമായി രാജാവേ! പിന്നെ സ്വപ്നത്തില്‍ ഞാന്‍ പിത്യക്കളെക്കണ്ടു. വളരെ പ്രീതിയോടെ അവര്‍ എന്നോടു പറഞ്ഞു: അല്ലയോ ഭരതര്‍ഷഭാ, ഞങ്ങള്‍ വളരെയേറെ പ്രീതരായിരിക്കുന്നു. നിന്റെ അറിവു ശരിതന്നെ. നീ ശാസ്ത്രത്തെ പ്രമാണമാക്കി വെച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിനക്കു ധര്‍മ്മത്തില്‍ ഒരിക്കലും വ്യാമോഹം അബദ്ധം, പറ്റിയിട്ടില്ല. ആത്മാവ്‌, ധര്‍മ്മം, ശ്രുതം, വേദം, മുനിമാര്‍, പിതൃക്കള്‍, സാക്ഷാല്‍ പിതാമഹനായ ബ്രഹ്മാവ്‌, ഗുരുജനങ്ങള്‍, പ്രജാപതി ഇവരെ പ്രമാണമാക്കി നീ വിധിപ്രകാരം അനുഷ്ഠിച്ചു. ഈ സ്ഥിതിയില്‍ നിന്ന് നീ വ്യതിചലിച്ചില്ല. നീ തുടര്‍ന്നത്‌ വളരെ യുക്തമായി! നന്നായി! അതുകൊണ്ട്‌ ഗോവിനും ഭൂമിക്കുമായി സ്വര്‍ണ്ണം നല്കുന്നു. സ്വര്‍ണ്ണദാനം പവിത്രമാണ്‌, പാപനാശനമാണ്‌. അതുകൊണ്ടു നമ്മളും, നമ്മളുടെ മുത്തച്ഛന്മാരും പാപം നശിച്ചവരായിത്തീരും. പത്തുതലമുറ മേലും, പത്തുതലമുറ കീഴും നാം ചെയ്യുന്ന സ്വര്‍ണ്ണദാനം മൂലം പാപം തീര്‍ന്നവരായി നരകത്തില്‍ നിന്ന് കരകേറുന്നു. ഉടനെ ഞാന്‍ വിസ്മയത്തോടെ ഉണര്‍ന്നു രാജാവേ!

പിന്നെ സ്വര്‍ണ്ണദാനത്തിന് തന്നെ തീരുമാനിച്ചു രാജാവേ! അതിനെപ്പറ്റി നടപ്പുള്ള പഴങ്കഥയും ഞാന്‍ പറയാം; അതു കേള്‍ക്കുക. ജാമദഗ്ന്യനെക്കുറിച്ചുള്ള കഥ കേള്‍ക്കുന്നത്‌ ധന്യവും ആയുഷ്യവുമാണ്‌ വിഭോ! ജാമദഗ്ന്യനായ രാമന്‍ പണ്ടു വളരെ ഉഗ്രമായ രോഷത്തോടെ ഇരുപത്തൊന്നു വട്ടം ക്ഷത്രനാശം ചെയ്തു. പിന്നെ ഭൂമിയൊക്കെ ജയിച്ചിട്ട്‌ രാജീവലോചനനായ, വീരനായ, രാമന്‍ ബ്രഹ്മക്ഷത്രാദി പൂജിതമായ അശ്വമേധയാഗം സര്‍വ്വകാമങ്ങളോടും കൂടി ചെയ്തു. ആ യാഗം പാവനവും, സര്‍വ്വജീവികളുടെയും തേജസ്സും, ശോഭയും വര്‍ദ്ധിപ്പിക്കുന്നതുമായിരുന്നു. തേജസ്വിയായ രാമന്‍ ആ ക്രതുവിന്റെ ഫലം മൂലം നിഷ്‌പാപനായിത്തീര്‍ന്നു. ജാമദഗ്ധ്യന്‍ ആത്മാവിന്റെ ലാഘവം ഒട്ടും അറിഞ്ഞില്ല. ധാരാളം ദക്ഷിണയോടു കൂടിയ യജ്ഞം നിര്‍വ്വഹിച്ച രാമന്‍, ആത്മാജ്ഞാനിയായ ഋഷി, ദേവന്മാരോടു ചോദിച്ചു, "അല്ലയോ ദേവന്മാരെ, ഋഷിമാരേ, ഉഗ്രകര്‍മ്മം ചെയ്യുന്നവരായ മര്‍ത്ത്യര്‍ക്ക്‌ ഏറ്റവും പാവനമായ കര്‍മ്മം എന്താണ്‌? ദേവന്മാരേ, നിങ്ങള്‍ പറയുവിന്‍!". 

ഇപ്രകാരം രാമന്‍ ഘൃണയോ ടെ പറഞ്ഞപ്പോള്‍ അതുകേട്ടു വേദത്തിലും ശാസ്ത്രത്തിലും ജ്ഞാനികളായ മഹര്‍ഷിമാര്‍ പറഞ്ഞു: രാമാ, വിപ്രരെ പൂജിക്കുക! വേദത്തില്‍ പറഞ്ഞ പ്രമാണത്തെ ആദരിക്കുക. വീണ്ടും വിപ്രര്‍ഷികളോടു ചോദിച്ചറിഞ്ഞ്‌ അവര്‍ ഉപദേശിക്കുന്ന വിധം പാവനമായ കര്‍മ്മങ്ങള്‍ ചെയ്തു കൊള്ളുക. ഇതു കേട്ടു പിന്നെ ഭാര്‍ഗ്ഗവന്‍ വസിഷ്ഠനോടും, അഗസ്ത്യനോടും, കശ്യപനോടും ചോദിച്ചു. വിപ്രേന്ദ്രരേ, എന്റെ മനസ്സില്‍ ഒരു ആഗ്രഹം ഉണര്‍ന്നിരിക്കുന്നു. എന്തു ചെയ്താലാണ്‌ പാപം നീങ്ങി ഞാന്‍ പരിശുദ്ധനാവുക? എന്തു വസ്തു ദാനംചെയ്താലാണ്‌ എന്റെ ആഗ്രഹം സഫലമാവുക? അല്ലയോ പുണ്യാത്മാക്കളേ, നിങ്ങള്‍ക്ക്‌ എന്നെ അനുഗ്രഹിക്കണമെന്ന്‌ ഒരു കനിവു തോന്നുന്നുണ്ടെങ്കില്‍, എനിക്ക്‌ അതിന് തക്ക ഉപദേശം നല്കണേ! പാവനമായിട്ടുള്ളത്‌ എന്താണെന്നു പറയണേ മുനീന്ദ്രന്മാരേ.

ഋഷികള്‍ പറഞ്ഞു: ഗോക്കളേയും ഭൂമിയേയും ദ്രവ്യത്തേയും അല്ലയോ ഭാര്‍ഗ്ഗവാ, നീ നല്കുക! പാപം ചെയ്താല്‍ ഈ മൂന്നു വസ്തുക്കള്‍ ദാനം ചെയ്താല്‍ ആ പാപം നീങ്ങുന്നതാണെന്നു ഞാന്‍ കേള്‍ക്കുന്നു. ഭാര്‍ഗ്ഗവാ! വേറെ ഏറ്റവും പാവനമായ ഒരു വസ്തുവുണ്ട്‌ അത്‌ എന്താണെന്നു പറയാം വിപ്രർഷേ! ഏറ്റവും പാവനമാണ്‌ അത്‌. ദിവ്യവും അത്യത്ഭുതാകാരവുമായ അത്‌ അഗ്നിദേവന്റെ സന്തതിയാണ്‌. പണ്ട്‌ അഗ്നി ലോകം ചുട്ടപ്പോള്‍ തന്റെ വീര്യത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്‌ അത്‌ എന്നു നാം കേള്‍ ക്കുന്നു. സ്വര്‍ണ്ണം എന്നാണ്‌ അതിന്റെ പേര്‌. ആ വസ്തു നീ സല്‍പ്പാത്രങ്ങളില്‍ ദാനം ചെയ്യുക. എന്നാല്‍ തീര്‍ച്ചയായും നീ സിദ്ധനാകും. വസിഷ്ഠഭഗവാന്‍ രാമനോടു പറ ഞ്ഞു.

വസിഷ്ഠന്‍ പറഞ്ഞു: രാമാ, അഗ്നിയുടെ നിറത്തില്‍ പണ്ട്‌ സ്വര്‍ണ്ണം ഉത്ഭവിച്ച കഥ ഞാന്‍ പറയാം. അതു ദാനം ചെയ്താല്‍ നിനക്കു ലഭിക്കുന്ന ഫലം എന്താണെന്നും പറയാം. സുവര്‍ണ്ണം എന്നത്‌ എന്താണ്‌? എന്തില്‍ നിന്ന്‌ അതുണ്ടായി? അതു ഗുണവത്തായത്‌ എങ്ങനെയാണ്‌? അതു ഞാന്‍ എല്ലാം വിശദമായി പറയാം. മഹാബാഹോ കേള്‍ക്കുക.

ഈ സ്വര്‍ണ്ണം എന്ന വസ്തു അഗ്നിയുടെയും സോമന്റെയും സാരാംശമാണ്‌. അജം (ആട്‌) എന്നത്‌ അഗ്നിയാണ്‌. അജദാനം അഗ്നിയുടെ ലോകത്തിലെത്തിക്കും. ചെമ്മരിയാട്‌ വരുണനാണ്‌ (എന്തുകൊണ്ടെന്നാല്‍ അതിന്റെ ദാനം വരുണന്റെ ലോകത്തിലേക്കു നയിക്കും) കുതിര സൂര്യനാണ്‌ (സുര്യലോകത്തില്‍ അശ്വദാതാവിനെ എത്തിക്കും) ആന നാഗമാണ്‌ (നാഗലോകത്തെത്തിക്കും) പോത്ത്‌ അസുരനാണ്‌ (അസുരലോകത്തെത്തിക്കും) കോഴിയും പന്നിയും ചമരിമാനും അസുരന്മാരാണ്‌. അല്ലയോ ഭൃഗുസത്തമാ, ഭൂമി യജ്ഞമാണ്‌. പശുവും ജലവും സോമനുമാണ്‌. അതുകൊണ്ട്‌ അതു ദാതാവിനെ ഗോലോകത്തേക്കും വരുണലോകത്തേക്കും സോമലോകത്തേക്കും എത്തിക്കും. ഇങ്ങനെയാണ്‌ ശ്രുതിയില്‍ പ്രസ്‌താവിക്കുന്നത്‌. വിശ്വം മുഴുവന്‍ കടഞ്ഞപ്പോള്‍ ഒരു തേജസ്സ്‌ ഉണ്ടായി. ആ തേജസ്സാണ്‌ സ്വര്‍ണ്ണം. അതുകൊണ്ട്‌ ഋഷിസത്തമാ, ഈ സ്വര്‍ണ്ണം രത്നമാണ്‌. എല്ലാറ്റിലുംവെച്ച്‌ വിശിഷ്ടമാണ്‌. അതുകൊണ്ട്‌ സ്വര്‍ണ്ണം ദാനം ചെയ്യുന്നവന് അഖിലവിശ്വവും ദാനംചെയ്ത ഫലം സിദ്ധിക്കുന്നതാണ്‌. അതിനാല്‍ ദേവന്മാരും, ഗന്ധര്‍വ്വന്മാരും, രാക്ഷസന്മാരും, നാഗന്മാരും, മര്‍ത്ത്യരും, പിശാചുക്കളും, പ്രയതരായി അതിനെ ധരിക്കുന്നു. കിരീടം, തോള്‍വളകള്‍ മുതലായ പലതരം അലങ്കാരങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കി വരിക്കുന്നു ഭൃഗുത്തമാ! അതു കൊണ്ട്‌ പവിത്രവസ്തുക്കളില്‍ ഏറ്റവും പവിത്രമാണ്‌ സ്വര്‍ണ്ണം എന്നു ഞാന്‍ കരുതുന്നു. ഗോക്കളാകുന്ന ഭൂഷണത്തെക്കാള്‍ അതു ശ്രേഷ്ഠമാണ്‌ മാനുഷര്‍ഷഭാ! ഗോക്കളെയും ഭൂമിയെയും വേറെ വല്ലതിനെയും നല്കിയാല്‍ അതില്‍വെച്ചു വിശേഷമായി പറയുന്നത്‌ സ്വര്‍ണ്ണദാനത്തെയാണ്‌. അക്ഷയവും പാവനവും ആണ്‌ അമരദ്യുതേ, സ്വര്‍ണ്ണം. അതുകൊണ്ടു പാവനവും ഉത്തമവുമായ സ്വര്‍ണ്ണം വിപ്രമുഖ്യന്മാര്‍ക്കു നല്കണം. എല്ലാ ദക്ഷിണ നല്‍കുമ്പോഴും കൂടെ സ്വര്‍ണ്ണവും നല്കുവാന്‍ വിധിക്കുന്നു. സ്വര്‍ണ്ണം നല്കിയാല്‍ അവര്‍ എല്ലാം നല്കിയവരാകും. ഗോദാനം, ഭൂദാനം എന്നിവയെല്ലാം സ്വര്‍ണ്ണദാനത്തില്‍ അടങ്ങിയിരിക്കുന്നു. സ്വര്‍ണ്ണം നല്കുമ്പോള്‍ അവര്‍ ദേവന്മാരേയാണ്‌ നല്‍കുന്നത്‌. എല്ലാ ദേവകളും അഗ്നിയില്‍ ഇരിക്കുന്നു. സ്വര്‍ണ്ണം എന്നത്‌ അഗ്നിയാണല്ലോ. അതുകൊണ്ടു സ്വര്‍ണ്ണം നല്കിയാല്‍ സര്‍വ്വദേവപ്രദാനമായി. ഇതിലും മേലെയായി മറ്റൊരു ദാനവുമില്ലെന്നു ഞാന്‍ അറിയുന്നു പുരുഷര്‍ഷഭാ! സ്വര്‍ണ്ണത്തിന്റെ മാഹാത്മ്യം ഇനിയും ഞാന്‍ പറയാം. അല്ലയോ സര്‍വ്വശാസ്ത്ര ധരോത്തമനായ വിപ്രർഷേ, കേട്ടുകൊള്ളുക! ഇതു ഞാന്‍ മുമ്പേ തന്നെ കേട്ടിട്ടുള്ളതാണ്‌. പ്രജാപതി അതിന്റെ ന്യായമായ നില എന്തെന്ന്‌ ഉപദേശിച്ചിട്ടുണ്ട്‌.

മഹാത്മാവായ രുദ്രന്‍, ശൂലി, ഭഗവാന്‍, ശിവന്‍ രുദ്രാണിദേവിയെ പാര്‍വ്വതിയെ വേട്ടതിന് ശേഷം ഹിമാലയത്തില്‍ അരുളുമ്പോള്‍ ദേവന്മാര്‍ക്ക്‌ ഒരു ഭയം കടന്നുകൂടി. മഹേശ്വരന്‍ ദേവിയുമായി സംയോഗം ചെയ്യുന്നതില്‍ സംഭീതരായ ദേവന്മാര്‍ എല്ലാവരും കൂടി രുദ്രന്റെ സമീപത്തെത്തി. ഈ രണ്ട്‌ മഹാതേജസ്സുകളും തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന തേജസ്വിയായ പുത്രന്‍ എത്ര ഉഗ്രതേജസ്സാകും! അവന്‍ ലോകത്തെ നശിപ്പിക്കുമോ എന്നാണു ഭയപ്പെട്ടത്‌. ദേവന്മാര്‍, മഹേശ്വരന്‍ ദേവിയോടു കൂടി ഇരിക്കുന്ന സന്ദര്‍ഭത്തില്‍ മുമ്പിലെത്തി രുദ്രന്റെ മുമ്പില്‍ കുമ്പിട്ട്‌ ഇപ്രകാരം പറഞ്ഞു.

ദേവന്മാര്‍ പറഞ്ഞു: അല്ലയോ ദേവാ, അങ്ങ്‌ ദേവിയുമായി സംഗം ചെയ്യുവാന്‍ വിചാരിക്കുന്നുണ്ടോ? രണ്ടുപേരും തപസ്വികളാണ്‌. തപസ്വി തപസ്വിനിയുമായി ചേരുവാന്‍ വിചാരിക്കുകയാണോ? ദേവാ, അങ്ങ്‌ അമോഘതേജസ്സാണ്‌. ഉമാദേവിയും അപ്രകാരം തന്നെയാണല്ലോ! അല്ലയോ ദേവാ, നിങ്ങള്‍ക്കുണ്ടാകുന്ന അപത്യം മഹാബലശാലിയായി ഭവിക്കും. അവന്‍ മൂന്നു ലോകത്തിലും ഒന്നും ബാക്കിവെക്കുകയില്ല; തീര്‍ച്ചയാണത്‌! അല്ലയോ പൃഥുലോചനാ, അങ്ങയുടെ മുമ്പില്‍ കുമ്പിടുന്ന ദേവന്മാര്‍ക്ക്‌ ലോകേശാ, അങ്ങ്‌ വരം നല്കണേ! മൂന്നു ലോകത്തിന്നും ഹിതം കാംക്ഷിച്ചു കൊണ്ടു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്‌. അപത്യദമായ തേജസ്സ്‌ ഭവാന്‍ അടക്കണേ വിഭോ! നിങ്ങള്‍ ത്രൈലോക്യ സാരന്മാരാണ്‌. അതുകൊണ്ടു നിങ്ങളിലുണ്ടാകുന്ന സന്താനം ഈ ലോകത്തെ തപിപ്പിക്കും. നിങ്ങള്‍ക്കുണ്ടാകുന്ന അപത്യം ദേവന്മാരെ താഴ്ത്തുന്നതാണ്‌. അതുകൊണ്ട്‌ അല്ലയോ പൃഥുലോചനാ, നമസ്കരിക്കുന്ന ഈ ദേവന്മാര്‍ക്ക്‌, ത്രൈലോകൃ ഹിതകാംക്ഷയാല്‍ അഭ്യര്‍ത്ഥിക്കുന്ന ഞങ്ങള്‍ക്കു വരം നല്കണേ! അങ്ങ്‌ സന്താനത്തിന് ആഗ്രഹിക്കരുതേ! അപത്യദമായ മഹാതേജസ്സിനെ അടക്കണേ വിഭോ! അങ്ങയുടെ തേജസ്സ്‌ താങ്ങുവാന്‍, ഭൂമിദേവിക്കും ആകാശത്തിനും സ്വര്‍ഗ്ഗത്തിനും സാദ്ധ്യമല്ല എന്നാണ്‌ ഞങ്ങളുടെ അഭി പ്രായം. തേജസ്സിന്റെ ശക്തികൊണ്ട്‌ ഈ ലോകമൊക്കെ വെന്തു പോകും. അതുകൊണ്ട്‌ ഭഗവാനേ, ഞങ്ങളില്‍ പ്രസാദിക്കണേ പ്രഭോ! സുരോത്തമാ! അങ്ങയ്ക്ക്‌ ദേവിയില്‍ പുത്രന്‍ ഉണ്ടാകരുതേ! ജ്വലിക്കുന്ന ഉഗ്രമായ തേജസ്സ്‌ ധൈര്യത്താല്‍ അടക്കിയാലും.

വസിഷ്ഠന്‍ പറഞ്ഞു: ഇപ്രകാരം ദേവന്മാര്‍ പറയുമ്പോള്‍ ഭഗവാന്‍ വൃഷധ്വജന്‍ അങ്ങനെയാകട്ടെ! എന്ന്‌ സുരന്മാരോടു മറുപടി പറഞ്ഞു. ഇങ്ങനെ മറുപടി പറഞ്ഞതിന് ശേഷം വൃഷധ്വജന്‍ തേജസ്സ്‌ മേൽപോട്ടാക്കി. അന്നു മുതല്‍ വൃഷധ്വജന്‍ ഊര്‍ദ്ധരേതസ്സായി. സന്താനമുണ്ടാകാതെ വന്നപ്പോള്‍ രുദ്രാണി കോപിച്ചു. ദേവന്മാരോടു സ്ത്രീസഹജമായ പരുഷോക്തിയോടെ പറഞ്ഞു. 

 പാര്‍വ്വതി പറഞ്ഞു: പുത്രനുണ്ടാകാന്‍ ആഗ്രഹിക്കുന്ന എന്റെ ഭര്‍ത്താവിനെ അതില്‍ നിന്ന്‌ ഒഴിവാക്കുകയാല്‍ അല്ലയോ സുരന്മാരേ, നിങ്ങള്‍ എല്ലാവരും അനപത്യരായി  (പുത്രന്മാരില്ലാത്തവരായി) ഭവിക്കട്ടെ! നിങ്ങള്‍ എനിക്കു സന്താനം ഉണ്ടാകാതിരിക്കണമെന്നു കാംക്ഷിച്ച്‌ പ്രജോഛേദം ചെയ്യുകയാണല്ലോ ചെയ്തത്‌. അല്ലയോ വ്യോമഗന്മാരേ, നിങ്ങള്‍ക്കാര്‍ക്കും സന്താനം ഉണ്ടാവുകയില്ല! അല്ലയോ ഭൃഗുപുത്രാ! ദേവി ശപിച്ച കാലത്ത്‌ അഗ്നി അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ദേവിയുടെ ശാപമേറ്റ്‌ ദേവന്മാരെല്ലാം അനപത്യരായിത്തീര്‍ന്നു. അപ്പോള്‍ രുദ്രന്‍ എതിരറ്റ തേജസ്സ്‌ ആര്‍ജ്ജിച്ചു. ആ തേജസ്സില്‍ അല്പം ഒന്ന്‌ ഒലിച്ച്‌ ഭൂമിയില്‍ വീണു. ആ വീണ തേജസ്സ്‌ ഉടനെ അഗ്നിയില്‍ ചെന്നു ചാടി, അത്‌ അഗ്നിയില്‍ക്കിടന്നു വര്‍ദ്ധിച്ചു. അത്ഭുതം തന്നെ! തേജസ്സ്‌ തേജസ്സോടു ചേര്‍ന്ന്‌ ആത്മയോനിത്വം പ്രാപിച്ചു.

ഈ കാലത്തു തന്നെ ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരെ അസുരന്മാരായ താരകന്മാര്‍ വല്ലാതെ പീഡിപ്പിച്ചു. ആദിത്യവസുരുദ്രന്മാരും, മരുത്തുക്കളും, അശ്വികളും, സാദ്ധ്യന്മാരും, ആ ദൈത്യന്റെ പരാക്രമം മൂലം ഭയപ്പെട്ടു വിറച്ചു പോ യി. ദേവന്മാരുടെ സ്ഥാനങ്ങളും, വിമാനങ്ങളും, പുരങ്ങളും, ഋഷിമാരുടെ ആശ്രമങ്ങളും ദൈത്യന്മാര്‍ കൊള്ളയടിച്ച്‌ അപഹരിച്ചു. ആ ദേവര്‍ഷികളെല്ലാം ദീനചിത്തരായി. അവരെല്ലാം ദേവപ്രഭുവായ ബ്രഹ്മാവിനെ ശരണംപ്രാപിച്ചു.

85. സുവര്‍ണ്ണോത്പത്തി - ശിവന്‍ വരുണരൂപിയായി ചെയ്ത യാഗത്തില്‍ നിന്ന്‌ പ്രജാപതി ആവിര്‍ഭവിക്കുന്നു - ദേവകള്‍ പറഞ്ഞു: അല്ലയോ പിതാമഹാ, ഭവാന്‍ പണ്ടു വരം നല്കി ശക്തി ആര്‍ജ്ജിച്ച താരകാസുരന്‍ ദേവന്മാരെയും ഋഷിമാരെയും പീഡിപ്പിക്കുന്നു പ്രഭോ, അവനെ വധിച്ചാലും! പിതാമഹാ, ഞങ്ങള്‍ അവനെ വല്ലാതെ ഭയപ്പെടുന്നു. ദേവാ, ഞങ്ങളെ രക്ഷിച്ചാലും! ഭവാനല്ലാതെ വേറെ ഗതിയൊന്നും ഞങ്ങള്‍ക്കില്ല.

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ ദേവന്മാരേ, ഞാന്‍ എല്ലാവരോടും  സമമായേ വര്‍ത്തിക്കുകയുള്ളു. ഒരിക്കലും ഞാന്‍ അധര്‍മ്മം കൈക്കൊള്ളുന്നതല്ല. സുരന്മാരെയും ദേവര്‍ഷികളെയും ദ്രോഹിക്കുന്ന താരകാസുരനെ ഉടനെ സംഹരിക്കുവിന്‍. വേദധര്‍മ്മങ്ങള്‍ നശിക്കാതിരിക്കുവാന്‍ വേണ്ടി ഉടനെ അവനെ സംഹരിക്കുവിന്‍! അവനെ അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി ഞാന്‍ മുമ്പേ തന്നെ നിശ്ചയിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലല്‍ വിടുവിൻ. 

 ദേവകള്‍ പറഞ്ഞു: ഭഗവാനെ, അങ്ങയുടെ ബലം കൊണ്ട്‌ ബലഗര്‍വ്വിതനാണ്‌ ആ ദൈത്യന്‍. ദേവന്മാര്‍ക്ക്‌ അവനെ വധിക്കുവാന്‍ കഴിയുന്നതല്ല പിന്നെ അവനെ എങ്ങനെ അടക്കാനാണ്‌? അവന്‍ ദേവന്മര്‍ക്കും ദൈത്യന്മാര്‍ക്കും രാക്ഷസന്മാര്‍ക്കും അവദ്ധ്യനാണെന്ന്‌ അങ്ങയില്‍ നിന്നും വരം വരിച്ചിട്ടുണ്ടല്ലോ! പണ്ട്‌ ഗൗരി സന്താനോച്ഛേദം മൂലം (സന്താനമുണ്ടാകാതിരുന്നതുകൊണ്ട്‌) ദേവന്മാരെ ശപി ച്ചിട്ടുമുണ്ട്‌. അതുകൊണ്ടു നിങ്ങള്‍ക്ക്‌ ഒരു സന്താനമുണ്ടാകുമെന്നുള്ള ആശയും വേണ്ടാ. എല്ലാവരും ഈ ശാപമേറ്റവരുമാണ്‌ ജഗത്പതേ!

ബ്രഹ്മാവ്‌ പറഞ്ഞു: "ആ ശാപത്തിന്റെ സന്ദര്‍ഭത്തില്‍ അവിടെ അഗ്നിയുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഈ ശാപമൊന്നും അഗ്നിക്കു ബാധകമല്ല. നിങ്ങള്‍ ശ്രമിച്ചാല്‍ ആ ദേവദ്വേഷിയെ വധിക്കുന്നതിന് അവന്‍ അപത്യത്തെ ജനിപ്പിക്കുന്നതാണ്‌. ആ സന്താനം ദേവന്മാരെയും ദൈത്യന്മാരെയും നിശാചരന്മാരെയും മനുഷ്യരെയും ഗന്ധര്‍വ്വന്മാരെയും, ഫണികളെയും, പക്ഷിവര്‍ഗ്ഗങ്ങളെയും കീഴിലാക്കി, പ്രയോഗിച്ചാല്‍ ഒരിക്കലും നിഷ്ഫലമാകാത്ത അസ്ത്രമായ വേല്‍കൊണ്ട്‌, നിങ്ങള്‍ ഭയപ്പെടുന്ന താരകനെയും അവന്റെ കൂട്ടുകാരായ എല്ലാ ദേവാരികളെയും അവന്‍ വീഴ്ത്തുന്നതാണ്‌. സനാതനമാണ്‌ സങ്കല്പം. ആ സങ്കല്പത്തെ കാമനെന്നറിയുന്നു. അവന്‍ രുദ്രരേതസ്സായി ഒരു അംഗം ഒഴുകി ജ്വലിക്കുന്ന അഗ്നിയില്‍ വീണിട്ടുണ്ട്‌. ആ , തേജസ്സ്‌ ഒരു ശക്തമായ വസ്തുവാണ്‌. അത്‌ രണ്ടാമത്തെ അഗ്നിപോലെ പ്രശോഭി ക്കുന്നു. അത്‌ അഗ്നി ഗംഗയില്‍ പ്രക്ഷേപിച്ചിട്ടുണ്ട്‌. അത്‌ ഗംഗയില്‍ ഒരു സന്താനത്തെ ജനിപ്പിക്കും. ആ അപത്യം ദേശശത്രുക്കളെ സംഹരിക്കുന്നതാണ്‌. അഗ്നി ഉമയുടെ ശാപത്തില്‍ പെടാത്തവനാണ്‌. ഹുതഭുക്കായ അഗ്നി, ദേവി ശപിക്കുന്ന സന്ദര്‍ഭത്തില്‍ ആ സ്ഥലത്തുണ്ടായിരുന്നില്ല. അതു കൊണ്ടു നിങ്ങളുടെ ഭയം നശിപ്പിക്കുന്ന അഗ്നിപുത്രന്‍ ജനിക്കും. നിങ്ങള്‍ അഗ്നിയെ അന്വേഷിച്ചു കണ്ടുപിടിക്കുവിന്‍! അതിന് വേണ്ടി നിയോഗിക്കുവിന്‍! ഇങ്ങനെ താരകനെ കൊല്ലുവാനുള്ള ഉപായം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തന്നു അനഘന്മാരേ!

തേജസ്വികളുടെ ശാപങ്ങള്‍ തേജസ്സുകളില്‍ ഏല്ക്കുന്നതല്ല. ബലമുള്ള വസ്തുക്കള്‍ കുടുതല്‍ കുടുതല്‍ ബലമുള്ളവയുടെ അടുത്തു ചെന്നാല്‍, ദുര്‍ബ്ബലങ്ങളായിത്തീരും. (ബലാന്യതിബലം പ്രാപ്യ ദുര്‍ബ്ബലാനി ഭവന്തി ഹി!) അവദ്ധ്യരും വരദന്മാരുമായ ദേവന്മാരെപ്പോലും ശപിച്ചു നശിപ്പിച്ചു കളയുവാനുള്ള കഴിവ്‌ തപോധനന്മാര്‍ക്കുണ്ട്‌. ആഗ്രഹം അല്ലെങ്കില്‍ കാമം അഗ്നിയാണ്‌. അത്‌ ഏറ്റവും പ്രാചീന കാലത്ത്‌ ഉത്ഭവിച്ചു. അതു നാശമില്ലാതെ എല്ലാ ജീവികളിലും സ്ഥിതിചെയ്യുന്നു. അഗ്നി വിശ്വത്തിന്റെ നാഥനാണ്‌, അനിര്‍ദ്ദേശ്യനാണ്‌. സര്‍വ്വഗനാണ്‌, സര്‍വ്വഭാവനനാണ്‌, എല്ലാ ജീവികളുടെയും ഹൃദയത്തില്‍ ശയിക്കുന്നു. രുദ്രനും മുമ്പുണ്ടായവനാണ്‌ ആ അഗ്നി. അങ്ങനെയുള്ള തേജോരാശിയായ വഹ്‌നിയെ, ഹുതാശനനെ, വേഗം അന്വേഷിക്കുവിന്‍. അവന്‍ നിങ്ങളുടെ ഉള്ളില്‍ കിടക്കുന്ന കാമത്തെ സാധിപ്പിക്കുന്നതാണ്‌".

ഇപ്രകാരം, ആ മഹാത്മാവു പറഞ്ഞ വാക്കുകേട്ട്‌ ദേവകള്‍ സിദ്ധസങ്കപരായി അഗ്നിയെത്തേടുവാൻ പുറപ്പെട്ടു. അങ്ങനെ അഗ്നിയെക്കാണുവാനായി താല്‍പര്യത്തോടെ മൂന്നു ലോകത്തിലും മുനികള്‍ ദേവന്മാരോടു കൂടി തിരഞ്ഞു തുടങ്ങി. വലിയ തപസ്വികളായ ശ്രീമാന്മാരായ ആ സിദ്ധന്മാര്‍ ലോകത്തിലൊക്കെ ചുറ്റിക്കറങ്ങി അന്വേഷിച്ചു ഭൃഗുസത്തമാ! അവര്‍ക്കാര്‍ക്കും ഹുതാശനനെ കാണുവാന്‍ കഴിഞ്ഞില്ല. ആത്മാവില്‍ ആത്മാവിനെ ലയിപ്പിച്ച അഗ്നിയെ (ജലത്തില്‍ ജലത്തോട്‌ അഗ്നി ലയിച്ചു കിട ക്കുന്നു) കാണുവാന്‍ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ ആ ജലത്തിന്റെ ഏറ്റവും അഗാധത്തില്‍ നിന്ന്‌ ഒരു തവള പൊങ്ങിവന്നു. ആ തവള വളരെ അവശനായിരിക്കുന്നതായി കണ്ടു. എന്തുകൊണ്ടെന്നാല്‍ അഗ്നി ആ ജലത്തിന്റെ അഗാധതയില്‍ സര്‍വ്വത്തിനെയും പീഡിപ്പിച്ചിരിക്കുന്നു. പാതാളത്തില്‍ നിന്ന്‌ ഉയര്‍ന്നു വന്ന ആ തവള ദേവന്മാരോടു പറഞ്ഞു: "ദേവന്മാരേ, നിങ്ങള്‍ തിരയുന്ന അഗ്നിദേവന്‍ പാതാളത്തിന്റെ അതൃഗാധമായ സ്ഥലത്തു ചെന്ന്‌ ഇരിക്കുകയാണ്‌ പ്രഭോ! ഞാന്‍ അഗ്നിയുടെ ചൂടു സഹിക്കാതെ ഇങ്ങോട്ടു പോന്നതാണ്‌. ഭഗവാനായ ഹവ്യവാഹന്‍. അല്ലയോ ദേവന്മാരേ, നീറ്റില്‍ കിടക്കുകയാണ്‌. അഗ്നി തന്റെ തേജസ്സ്‌ ജലത്തില്‍ കലര്‍ത്തിയിരിക്കുന്നു. തന്മൂലം ഞങ്ങളൊക്കെ. സംതൃപ്തരായിരിക്കുന്നു. നിങ്ങള്‍ക്ക്‌ ആ അഗ്നിയെ കാണണമെന്നുണ്ടെങ്കില്‍ ദേവന്മാരേ! അഗ്നികൊണ്ട്‌ നിങ്ങള്‍ക്ക്‌ വല്ല കാര്യവുമുണ്ടെങ്കില്‍ നിങ്ങള്‍ അവിടെപ്പോയി കണ്ടുകൊള്ളുവിന്‍ അമര്‍ത്ത്യരേ! അഗ്നിയിലുള്ള ഭയം മൂലം ഇതാ ഞങ്ങള്‍ പോകുന്നു അമര്‍ത്ത്യരേ!", എന്നു പറഞ്ഞ്‌ ആ തവള ജലത്തില്‍ ആണ്ടുപോയി. മണ്ഡൂകം പറഞ്ഞ ഈ ഏഷണി അഗ്നി അറിഞ്ഞു. അഗ്നി അവന്റെ അടുത്തു ചെന്ന്‌ സകല തവളകളേയും ശപിച്ചു. "എടോ മണ്ഡൂകമേ, നിങ്ങള്‍ക്ക്‌ രസം അറിയുവാനുള്ള കഴിവ്‌ നശിക്കട്ടെ!". ഇപ്രകാരം മണ്ഡൂകത്തെ ശപിച്ചുതിനു ശേഷം അവിടെ നിന്ന് ബദ്ധപ്പെട്ട് ഓാടി വേറെ ഒരിടത്ത് ചെന്നു വസിക്കുവാന്‍ തീര്‍ച്ചയാക്കി. അവന്‍ തന്നെ കാണിച്ചില്ല. എന്നാല്‍ അഗ്നി തവളയെ ഇപ്രകാരം ശപിച്ചപ്പോള്‍ ദേവകള്‍ക്ക്‌ അതിന്റെ നേരെ അനുകമ്പ തോന്നി. അവര്‍ തവളയെ അനുഗ്രഹിച്ച്‌ ഒരൂ വരം നല്കി കുരുദ്വഹാ! അല്ലയോ മഹാബാഹോ, അത്‌ എന്തെന്നു ഞാന്‍ മുഴുവനും പറയാം; കേട്ടുകൊള്ളുക.

ദേവകള്‍ പറഞ്ഞു; "അല്ലയോ തവളകളേ, അഗ്നി നിങ്ങളെ ശപിച്ചുവെങ്കിലും, അഗ്നിശാപം മൂലം രസമറിയുവാന്‍ നിങ്ങള്‍ക്ക്‌ നാവില്ലാതെ വന്നുവെങ്കിലും, നിങ്ങള്‍ പലമാതിരി വാക്കുകള്‍ ഉച്ചരിക്കുവാന്‍ കഴിവുള്ളവരാകട്ടെ! ഭൂമിയില്‍ ബിലത്തിന്നുള്ളില്‍ ഭക്ഷണമൊന്നും കഴിക്കാതെ ചൈതന്യം കെട്ട്‌ വളരെനാള്‍ ഇരിക്കുന്നതായാലും, ഒരു സമയം ആ ഗുഹയിലിരുന്ന്‌ നിങ്ങള്‍ ചത്തുണങ്ങിപ്പോകുന്നതായാലും നിങ്ങളെ ഭൂമി രക്ഷിക്കട്ടെ! നിങ്ങള്‍ സജീവരായി ആപത്തില്‍ നിന്ന്‌ കയറിപ്പോകുമാറാകട്ടെ! എത്ര കൂരിരുട്ടുള്ള രാവിലും നിങ്ങള്‍ സഞ്ചരിക്കുന്നതാണ്‌", എന്നു തവളകളെ അനുഗ്രഹിച്ച്‌ ദേവകള്‍ വീണ്ടും അഗ്നിയെ അന്വേഷിച്ചു ചുറ്റിക്കറങ്ങി. എന്നിട്ടും കാണുകയുണ്ടായില്ല. അങ്ങനെ ദേവകള്‍ ചുറ്റിക്കറങ്ങുമ്പോള്‍ ഇന്ദ്രന്റെ ആനയ്ക്കു തുല്യനായ ഒരാന ദേവകളോടു പറഞ്ഞു: "ദേവന്മാരേ! നിങ്ങള്‍ അന്വേഷിക്കുന്ന അഗ്നി എവിടെയാണെന്ന്‌ ഞാന്‍ പറഞ്ഞു തരാം. അഗ്നി അരയാലില്‍ വാഴുന്നുണ്ട്‌", എന്നു പറഞ്ഞു കുരുത്തമാ! ഈ വൃത്താന്തം അറിഞ്ഞയുടനെ അഗ്നി ഭയങ്കരമായ കോപത്തോടെ ആനകളെ ശപിച്ചു: "ആനകളേ, ഒളിച്ചുവസിക്കുന്ന എന്നെ നിങ്ങള്‍ പറഞ്ഞു കൊടുക്കുകയാല്‍ നിങ്ങളുടെ നാവ്‌ അകത്തേക്കാകട്ടെ!".

അല്ലയോ കുരുദ്വഹാ! ഇപ്രകാരം അഗ്നി ആനകളെ ശപിച്ചതിന് ശേഷം ആ അരയാല്‍ ഉപേക്ഷിച്ച്‌ അഗ്നി ശമീഗര്‍ഭത്തില്‍ (ചമതയില്‍) പ്രവേശിച്ചു. അതില്‍ പ്രവേശിച്ച്‌ മങ്ങിക്കിടന്നു. അഗ്നി ആനകള്‍ക്കു ശാപം നല്കിയത് കണ്ടപ്പോള്‍ ദേവന്മാര്‍ക്ക്‌ കരുണ തോന്നി അവയെ അനുഗ്രഹിച്ചു. പ്രഭോ, അതും ഞാന്‍ പറയാം.

ദേവന്മാര്‍ പറഞ്ഞു: "അല്ലയോ ഗജങ്ങളേ, നിങ്ങളുടെ നാവ്‌ അകത്തേക്കായാലും നിങ്ങള്‍ക്ക്‌ എല്ലാം തിന്നുവാന്‍ കഴിയും. അവ്യക്തമായ അക്ഷരത്തോടു കൂടിയ വാക്കുകള്‍ ഉറക്കെ നിങ്ങള്‍ക്കു പറയുവാന്‍ കഴിയട്ടെ!", എന്നു പറഞ്ഞ്‌ വീണ്ടും അഗ്നിയെ ദേവകള്‍ അന്വേഷിച്ചു. "അരയാല്‍ വിട്ട്‌ അഗ്നി ശമിയുടെ ഉള്ളില്‍ പ്രവേശിച്ചിരിക്കുന്നു. ദേവകളേ!" എന്ന്‌ ഉടനെ കിളി ദേവന്മാരോടു വിളിച്ചുപറഞ്ഞു.

ഇതുകേട്ട്‌ അഗ്നി കിളിയെ ശപിച്ചു: "എടോ കിളി, നീ വാക്ക്‌ ഉച്ചരിക്കുവാന്‍ വയ്യാത്തവനാകട്ടെ!" അവന്റെ നാവിനെയും അഗ്നി അകത്തേക്കാക്കിക്കളഞ്ഞു. തത്ത പറഞ്ഞ പ്രകാരം ദേവന്മാര്‍ അഗ്നിയെ കണ്ടെത്തി. അവര്‍ തത്തയുടെ നേരെ തിരിഞ്ഞ്‌, "അല്ലയോ തത്തേ, നിനുക്കു ശുകത്വം മൂലം വാക്കുകള്‍ ഉച്ചരിക്കുവാന്‍ കഴിയും. ഒന്നും പറയാന്‍ കഴിയാത്ത മട്ടിലാവുകയില്ല നിങ്ങള്‍. വാഗ്‌മി ഹീനത വന്നുചേരുകയില്ല. നിങ്ങളുടെ നാവ്‌ അകത്തേക്കായാലും വാക്ക്‌ വളരെ ഭംഗിയുള്ളതായി വന്നുചേരും. കുട്ടികളുടെ മട്ടിലോ, വൃദ്ധന്മാരുടെ മട്ടിലോ, നിങ്ങള്‍ മനോഹരമായി, അത്ഭുതകരമായി ശബ്ദിക്കുന്നതാണ്‌". ഇപ്രകാരം തത്തയെ അനുഗ്രഹിച്ചു നോക്കിയപ്പോള്‍ ശമിയുടെ ഉള്ളിലിരിക്കുന്ന അഗ്നിയെ ദേവകള്‍ കണ്ടെത്തി. അതിന് ശേഷം അതിനെ സര്‍വ്വക്രിയകള്‍ക്കും പുണൃസ്ഥാനമാക്കി വെച്ചു. അന്നു മുതല്‍ മാനവര്‍ ശമീഗര്‍ഭത്തില്‍ അഗ്നി ഇരിക്കുന്നതായി കണ്ടുവരുന്നു. യജ്ഞത്തിന്‌ ശമീവ്യക്ഷത്തിന്റെ രണ്ടു കഷണങ്ങള്‍ തമ്മില്‍ ഉരസി (അരണികൊണ്ടു കടഞ്ഞ്‌). അഗ്നിയുണ്ടാക്കുന്നു. (ഈ പ്രവൃത്തി അന്നുമുതല്‍ ചെയ്യുവാന്‍തുടങ്ങി. ഈ മരം വേഗത്തില്‍ കത്തുന്നതാണ്‌).

അഗ്നി പാതാളത്തില്‍ ചെന്നിരുന്നപ്പോള്‍ ജലവുമായി സ്പര്‍ശമുണ്ടായല്ലോ. അങ്ങനെ ജലത്തെ അന്ന്‌ അഗ്നി ചൂടാക്കിയത്‌ ഇപ്പോഴും മലകളില്‍ നിന്ന്‌ ഉഷ്ണപ്രവാഹമായി ചാടുന്നുണ്ട്‌ ഭാര്‍ഗ്ഗവാ!

പിന്നെ അഗ്നി വൃഥയോടെ ദേവന്മാരെ കണ്ടു. അഗ്നി ചോദിച്ചു: ദേവന്മാരേ, നിങ്ങള്‍ എന്തിന്നു വന്നു? അപ്പോള്‍ ദേവന്മാരും മുനിമാരും അഗ്നിയോടു പറഞ്ഞു: അല്ലയോ അഗ്നീ ഞങ്ങള്‍ നിന്നെ ഒരു കാര്യത്തിന് ഏല്പിക്കുന്നു. അത്‌ നീ ചെയ്യുക. അത്‌ ചെയ്താല്‍ നിനക്ക്‌ വലിയ ഗുണം വന്നുകൂടും.

അഗ്നി പറഞ്ഞു; . അല്ലയോ അമര്‍ത്ത്യരേ, പറയുവിന്‍! ഞാന്‍ നിങ്ങള്‍ക്ക്‌ എന്തു ഗുണമാണു ചെയ്തു തരേണ്ടത്‌? പറയുവിന്‍! ഞാന്‍ നിങ്ങള്‍ക്ക്‌ ആജ്ഞാപ്യനാണല്ലോ! അതില്‍ വിഷമിക്കേണ്ടതില്ല.

ദേവകള്‍ പറഞ്ഞു: ബ്രഹ്മാവിന്റെ വരം മൂലം ശക്തനായിത്തീര്‍ന്ന താരകാസുരന്‍ അവന്റെ വീര്യത്തില്‍ ഗര്‍വ്വിതനായി ദേവന്മാരായ ഞങ്ങളെയെല്ലാം വല്ലാതെ കഷ്ടപ്പെടുത്തുന്നു. ഭവാന്‍ അവനെ വധിച്ചാലും. അങ്ങ്‌ ദേവന്മാരെയും, പ്രജാപതിയെയും, മഹാഭാഗരായ ഋഷിമാരെയും രക്ഷിച്ചാലും. അല്ലയോ പാവക, അവന്റെ വധത്തിന് വേണ്ടി ഭവാന്‍ വളരെ തേജസ്സും ശക്തിയുള്ള സന്താനത്തെ ജനിപ്പിച്ചാലും. ഹവ്യവാഹനാ! ഭവാനില്‍ നിന്നുണ്ടാകുന്ന ആ സന്താനം ദൈത്യഭയത്തെ തീര്‍ത്തു തരാതിരിക്കയില്ല. ഗൌരിയുടെ ശാപമേറ്റ ഞങ്ങള്‍ക്ക്‌ വേറെ രക്ഷയൊന്നും കാണുന്നില്ല. അങ്ങയുടെ ബീജമല്ലാതെ വേറെ ഒന്നും പര്യാപ്തമല്ല. അങ്ങു ഞങ്ങളെ രക്ഷിക്കണേ!

ദേവന്മാരുടെ അഭ്യര്‍ത്ഥന സ്വീകരിച്ച്‌ ദുരാസദനായ ഹവ്യവാഹനന്‍ ഭാഗീരഥിയായ ഗംഗയില്‍ച്ചെന്നു. അങ്ങനെ ഭാഗീരഥിയുമായി ഇണചേര്‍ന്ന്‌ അവളില്‍ ഗര്‍ഭോത്പാദനം നടത്തി. ഉണക്കക്കാട്ടില്‍ തീയെന്ന പോലെ ഗംഗയില്‍ അവന്റെ ഗര്‍ഭം വളരുവാന്‍ തുടങ്ങി. ആ അഗ്നിദേവന്റെ തേജസ്സ്‌ ഗര്‍ഭത്തില്‍ വഹിച്ച ഗംഗ ഉഴന്നുപോയി. ആ ഗര്‍ഭം വഹിക്കുവാനുള്ള ശക്തിയില്ലായ്മയാല്‍ തളര്‍ന്ന ഗംഗ ഏറ്റവും സന്തപ്തയായിത്തീര്‍ന്നു.

തേജസ്സേറിയ ഗര്‍ഭം, അഗ്നി ഗംഗയില്‍ ചേര്‍ത്ത സമയത്ത്‌ ഭയങ്കരമായ ശബ്ദം കൊണ്ട്‌ ആകാശം നിറയുമാറ്‌ ഒരു രാക്ഷസന്‍ അലറി. അവിചാരിതമായ മഹാനാദം കേട്ട ഉടനെ ഭയപ്പെട്ടു കണ്ണുവിറച്ച്‌ ഗംഗ വിഹ്വലയായിത്തീര്‍ന്നു..

ബോധംകെട്ടു പോയ ഗംഗ ആ ഗര്‍ഭം വഹിക്കുവാനോ തന്നെ വഹിക്കുവാനോ ശക്തയായില്ല. തേജസ്സിന്റെ ചേര്‍ച്ചയില്‍ അവള്‍ വിറച്ചുപോയി. അപ്പോള്‍ ജാഹ്നവി ചലിക്കുന്ന ഗര്‍ഭത്തോടെ അഗ്നിയോടു പറഞ്ഞു വിപ്രാ! ഭഗവാനേ, അങ്ങയുടെ തേജസ്സ്‌ ഏന്തുവാന്‍ ഞാന്‍ ശക്തയല്ലാതായിരിക്കുന്നു. ഞാന്‍ തന്മൂലം വിമൂഢയായിരിക്കുന്നു. മുമ്പത്തേ മട്ടില്‍ എനിക്ക്‌ ഒരു സ്വാസ്ഥ്യവും ഇല്ല. ഭഗവാനേ! ഞാന്‍ വിഹ്വലയായിരിക്കുന്നു. അല്ലയോ അനഘാ! എന്റെ ചേതസ്സ്‌ കെട്ടുപോയിരിക്കുന്നു. അല്ലയോ ഉത്തമനായ തപനാ! ഈ ഗര്‍ഭം ചുമക്കുവാന്‍ ഞാന്‍ ശക്തയല്ല. ദുഃഖം സഹിക്കവയ്യാതെ ഞാന്‍ ഇതാ ഗര്‍ഭത്തെ കൈവിടുന്നു. കൈവിടണമെന്നാഗ്രഹിക്കുന്നത്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കഴിയാത്തത് കൊണ്ടാണ്‌, വയ്യാത്തത് കൊണ്ടാണ്‌. വിഭാവസോ! തേജസ്സ്‌ ഏറ്റുനടക്കാന്‍ വയ്യാത്തത് കൊണ്ടാണ്‌. ഞാന്‍ വഹിച്ചു നടന്നാല്‍ അതെനിക്ക്‌ ആപത്തുണ്ടാക്കും; സൂക്ഷ്മമാണ്‌ സംബന്ധമെങ്കിലും, എന്ത്‌ ഗുണമുണ്ടായാലും അതെല്ലാം അങ്ങയില്‍ നില്ക്കുന്നു. എല്ലാ ധര്‍മ്മാധര്‍മ്മങ്ങളും അങ്ങയില്‍ത്തന്നെ നില്ക്കുന്നു. ഇപ്രകാരം ഗംഗ പറഞ്ഞപ്പോള്‍ അഗ്നി പറഞ്ഞു: "ഗംഗേ, നീ വഹിക്കൂ! എന്റെ ബീജം നീ ധരിക്കുക. ഇതു കൈവിടരുത്‌. എന്റെ തേജസ്സു ചേര്‍ന്ന ആ ഗര്‍ഭം നീ ചുമന്നാല്‍ അതുകൊണ്ട്‌ വലിയ ഫലമാണ്‌ സിദ്ധിക്കുവാന്‍ പോകുന്നത്‌. ഈ ഭൂമി മുഴുവന്‍ താങ്ങുവാന്‍ കഴിവുള്ളവളാണ്‌ നീ. പിന്നെ എങ്ങനെ നീ അശക്തയാകും, എന്റെ ബീജം വഹിക്കുവാന്‍? അനൃന്റെ സഹായം കൂടാതെതന്നെ നിനക്ക്‌ വഹിക്കുവാന്‍ കഴിയാ ത്തതായി ഒന്നും കാണുന്നില്ല".

അഗ്നിയും ദേവന്മാരും തടുത്തുപറഞ്ഞിട്ടും നദികളില്‍ ശ്രേഷ്ഠയായ ഗംഗ, ആ ഗര്‍ഭത്തെ മേരുപര്‍വ്വതത്തില്‍ ഉപേക്ഷിച്ചുകളഞ്ഞു. അഗ്നിയുടെ ബീജം ധരിക്കുവാന്‍ ശക്തയാണ്‌ ഗംഗയെങ്കിലും രുദ്ര തേജസ്സടങ്ങിയ അഗ്നിയെ വഹിക്കുവാന്‍ അതിന്റെ പ്രധര്‍ഷണം മൂലം അവള്‍ അശക്തയായി. അതിനുള്ള ഓജസ്സ്‌ ഗംഗ തന്നില്‍ കാണാതെയാണ്‌ ആ രേതസ്സിനെ കൈവിട്ടത്‌. ദീപ്തമായ അഗ്നിക്കു തുല്യം തേജസ്സുള്ള ആ ഗര്‍ഭം ദുഃഖംമൂലം ഉപേക്ഷിച്ചപ്പോള്‍ അഗ്നി ആ മഹാനദിയോടു ചോദിച്ചു: "നീ കൈവിട്ട ഗര്‍ഭപിണ്ഡം സുഖദമല്ലേ? അതിന്റെ നിറം എങ്ങനെയിരിക്കുന്നു? അതിന്റെ രൂപം എങ്ങനെ? തേജസ്സ്‌ എങ്ങ നെ? എല്ലാം എന്നോടു പറഞ്ഞാലും".

ഗംഗ പറഞ്ഞു: ആ തേജസ്സിന്റെ രൂപത്തെപ്പറ്റി പറയുകയാണെങ്കില്‍ സ്വര്‍ണ്ണംപോലെയാണ്‌. അങ്ങയുടെ തേജസ്സൂ തന്നെ അതിന്റെയും തേജസ്സ്‌. സുവര്‍ണ്ണമായി, വിമലമായി, ദീപ്തമായി ആ മലയെ മുഴുവന്‍ തിളക്കുന്നു, പത്മോല്പലങ്ങള്‍ ചേര്‍ന്ന പൊയ്കകള്‍ പോലെ ശീതളമായിരിക്കുന്നു. അതിന്റെ ഗന്ധം കടമ്പിന്‍ പൂവു പോലെയാണ്‌ തപനാ! ആ ഗര്‍ഭത്തിന്റെ തേജസ്സ്‌ സൂര്യന്റെ കതിരു പോലെയാണ്‌. ആ ഗര്‍ഭപിണ്ഡത്തിന്റെ ശോഭ ഏതില്‍ ഏല്ക്കുന്നുവോ, അതൊക്കെ കുന്നും മലയും എല്ലാം ചുറ്റും സ്വര്‍ണ്ണമായിത്തന്നെ കാണപ്പെടുന്നു. ആ തേജസ്സ്‌ മലകളിലും ചോലകളിലും പുഴകളിലും പാഞ്ഞു ചെല്ലുന്നു. ചരാചരങ്ങളോടു കൂടിയ മൂന്നു ലോകങ്ങളും പ്രശോഭിക്കുന്നു. ഇപ്രകാരമുള്ള ഭഗവാനാണ്‌ അല്ലയോ ഹവ്യവാഹനാ, അങ്ങയുടെ പുത്രന്‍! സൂര്യനെപ്പോലെയും അഗ്നിയെപ്പോലെയും ജ്വലിക്കുന്ന അവന്‍ കാന്തികൊണ്ട്‌ രണ്ടാമത്തെ സൂര്യന്‍ എന്ന പോലെ വിളങ്ങുന്നു എന്നു പറഞ്ഞ്‌ ആ ദേവി അവിടെ മറഞ്ഞു.

തേജസ്വിയായ അഗ്നി ദൈവകാര്യം നിര്‍വ്വഹിച്ചു തനിക്ക്‌ ഇഷ്ടമുള്ള ദിക്കിലേക്കു പോവുകയും ചെയ്തു. ഭാര്‍ഗ്ഗവനന്ദനാ! ഈ കര്‍മ്മഗുണം മൂലം അഗ്നിക്ക്‌ "ഹിരണ്യരേതസ്സ്‌" എന്ന പേരും പ്രസിദ്ധമായി. ദേവന്മാരും മുനിമാരും അപ്രകാരം പുകഴ്ത്തുവാന്‍ തുടങ്ങി. അ ഗര്‍ഭത്തെ വഹിക്കുകയാല്‍ ഭൂമിദേവി, വസുമതി എന്ന പേരില്‍ പ്രസിദ്ധയായി. അതിതേജസ്വിയായ ആ ഗര്‍ഭം, ഗംഗാപുത്രനും പാവകാത്മജനുമായി ദിവ്യമായ അമക്കാട്ടില്‍ അത്ഭുതാകൃതിയായി വളര്‍ന്നു. ബാലാര്‍ക്കനെപ്പോലെ പ്രശോഭിക്കുന്ന അവ നെ. കൃത്തികമാര്‍ കാട്ടില്‍ വെച്ചു കണ്ടു. അവര്‍ അവനെയെടുത്ത്‌ മുല കൊടുത്ത്‌ പുത്രനാക്കി വളര്‍ത്തി. അതു കൊണ്ട്‌, കൃത്തികമാര്‍ വളര്‍ത്തിയതു കൊണ്ട്‌, കാര്‍ത്തികേയന്‍ എന്ന പേരില്‍ ആ പരമതേജസ്വി പ്രസിദ്ധനായി. സ്‌കന്നത്വം മൂലം (ഭസ്കലിച്ചതുമുലം, ഒലിച്ചതുമുലം) അവന്‍ സ്‌കന്ദന്‍ എന്നു പ്രസിദ്ധനായി. ഗുഹയില്‍ വസിക്കുക മൂലം ഗുഹനായി. ഇപ്രകാരം പാവകന്റെ സന്താനമായി സുവര്‍ണ്ണം ജനിച്ചു. അതില്‍ സ്വര്‍ണ്ണം (ജാംബുനദം) ശ്രേഷ്ഠമാണ്‌. ദേവകള്‍ അതിനെ ഭൂഷണമാക്കുന്നു. അന്നേമുതല്‍ അതിന് "ജാതരുപം" എന്നും പ്രസിദ്ധിയുണ്ടായി. രത്നങ്ങളില്‍ വെച്ച്‌ ഉത്തമരത്നമാണത്‌. പവിത്രങ്ങളില്‍ വെച്ചു പവിത്രമാണത്‌. മംഗളങ്ങളില്‍ വെച്ചു മംഗളമാണത്‌. സുവര്‍ണ്ണം എന്നാല്‍ ഭഗവാനായ അഗ്നിയാണ്‌. ഈശ്വരനായ പ്രജാപതിയാണ്‌. അല്ലയോ ദ്വിജോത്തമാ, കനകം പവിത്രങ്ങളില്‍ വെച്ചു പവിത്രമാണ്‌. അഗ്നിഷ്ടോമാത്മകമായ ഇത്‌ "ജാതരൂപം" എന്ന്‌ പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു.

വസിഷ്ഠന്‍ പറഞ്ഞു: ഈ ചരിത്രം, ബ്രഹ്മദര്‍ശനം എന്ന പേരിലറിയപ്പെടുന്ന ചരിത്രം, അല്ലയോ രാമാ! ഞാന്‍ പണ്ടുപണ്ടേ കേട്ടിട്ടുണ്ട്‌. പിതാമഹനും മഹാത്മാവുമായ ബ്രഹ്മദേവന്റെ കഥയാണത്‌. ഉണ്ണീ, ദേവനായ മഹേശ്വരന്‍ വരുണന്റെ രൂപം ധരിച്ച കാലത്ത്‌, രുദ്രേശ്വരന്റെ വാരുണമായ ഐശ്വരൃസ്ഥാനത്ത്‌, മുനിമാരും, ദേവന്മാരും അഗ്നിയെ മുന്നില്‍ നടത്തി ചെന്നെത്തി. എല്ലാ യജ്ഞാംഗങ്ങളും ശരീരമെടുത്തു കൂടെപ്പോയി. വഷള്‍ക്കാരവും സാമവും യജുസ്സുകളും എല്ലാം ശരീരമെടുത്തു. പദക്രമ വിഭൂഷിതമായ ഋഗ്വേദവും ശരീരമെടുത്തു. സ്വരം, സ്തോഭം, ലക്ഷണങ്ങള്‍, നിരുക്തം, സുരപംക്തികള്‍ ഇവര്‍ എല്ലാവരും മൂര്‍ത്തിയെടുത്ത്‌ ദേവന്മാരുടെ കൂടെ പോയി. അവയെ ഭഗവാന്‍ ശിവന്‍ സ്വീകരിച്ചു. ഓംകാരം നേത്രത്തില്‍ വാണു. നിഗ്രഹപ്രഗ്രഹങ്ങളും അപ്രകാരം തന്നെ നേത്രത്തില്‍ വാണു. അങ്ങനെ ഭഗവാന്‍ ശിവന്‍ വേദങ്ങള്‍, വിദ്യ, ഉപനിഷത്ത്‌, സാവിത്രി, ഭൂതം, ഭവ്യം, ഭവിഷ്യത്ത്‌, ഇവയെ ധരിച്ചു. പ്രഭോ, ആത്മാവാല്‍ ആത്മാവെ സ്വയം ഹോമിച്ചു.

പിനാകി ബഹ്യരൂപമായ യജ്ഞം ശോഭിപ്പിച്ചു. ദ്യോവ്‌, നഭസ്സ്‌, പൃഥ്വി, ഖം, ഭൂപതി ഇവയെല്ലാം അവന്‍ തന്നെയാണ്‌. സര്‍വ്വവിഘ്നേശ്വരനും ശ്രീമാനും വിഭാവസുവും അവന്‍ തന്നെയാണ്‌. ബ്രഹ്മാവും ശിവനും രുദ്രനും പാശിയും വഹ്‌നിയും പ്രജാപതിയും എല്ലാം പ്രസിദ്ധനും സര്‍വ്വ ഭുവനേശ്വരനുമായ ശിവന്‍ തന്നെയാണ്‌.

തപസ്സും യജ്ഞവും ക്രതുക്കളും ദീക്ഷയും വ്രതവും ദിക് പാലന്മാരും ദിക്കുകളും ദേവന്മാരുടെ ഭാര്യമാരും കന്യകമാരും ദേവമാതാക്കളും എല്ലാവരും കൂടി ഒന്നിച്ചു ചേര്‍ന്ന്‌ അവിടെ വന്നെത്തി ഭൃഗുസത്തമാ! മഹാത്മാവായ പശുപതി വരുണന്റെ മഖത്തില്‍ വരുണന്റെ രൂപത്തില്‍ ഇരിക്കുന്നതായി കണ്ട്‌ സന്തോഷിച്ചു. ഈ സന്ദര്‍ഭത്തില്‍ ദേവലോകത്തിലെ അപ്സരസ്സുകളാകുന്ന സുന്ദരിമാരെ കണ്ടപ്പോള്‍ സ്വയംഭൂവിന്റെ (ബ്രഹ്മാവിന്റെ) രേതസ്സ്‌ സ്ഖലിക്കുകയും അതു ഭൂമിയില്‍ വീഴുകയും ചെയ്തു. അവന്റെ രേതസ്സു കലര്‍ന്ന പൊടി മന്നില്‍ നിന്ന് പൂഷാവ്‌ (സൂര്യന്‍) കൈകൊണ്ടു വാരിയെടുത്ത്‌ അഗ്നിയിലിട്ടു. ആ സത്രം അഗ്നി കത്തിജ്ജ്വലിക്കുമാറ്‌ അപ്പോള്‍ നടക്കുകയായിരുന്നു. ഹോമിച്ചു കൊണ്ടിരിക്കെ ബ്രഹ്മാവിന്റെ രേതസ്സും പുറപ്പെട്ടു. പുറത്തുവന്ന ശുക്ലം ഉടനെ ബ്രഹ്മാവ്‌ തവി കൊണ്ടെടുത്ത്‌ മന്ത്രം ചൊല്ലി ആജ്യമെന്ന മട്ടില്‍ അതില്‍ ഹോമിച്ചു ഭാര്‍ഗ്ഗവാ! അതില്‍ നിന്ന്‌ വീരൃവാനായ അവന്‍ നാലിനം ഭൂതസമൂഹങ്ങളെ ജനിപ്പിച്ചു. അവന്റെ തേജസ്സില്‍ നിന്ന്‌ ഭവനങ്ങളില്‍ തൈജസങ്ങളെല്ലാം ഉണ്ടായി. പിതാമഹന്റെ ആ ബീജത്തില്‍ നിന്ന് സത്വരജസ്സ് തമോഗുണങ്ങളുണ്ടായി. രജസ്സ്‌ എല്ലാ ചരങ്ങളിലും വ്യാപിച്ചു. തമസ്സ്‌ എല്ലാ അചരങ്ങളിലും വ്യാപിച്ചു. സത്വം രണ്ടു വകുപ്പിലുമുള്ള വസ്തുക്കളിലും വ്യാപിച്ചു. സത്വഗുണം തേജസ്സാണ്‌. അതു ബുദ്ധിയെ പ്രതിനിധീകരിക്കുന്നു. അത്‌ ഗുണദോഷങ്ങളെ ഗ്രഹിക്കുവാന്‍ സഹായിക്കുന്നു. അങ്ങനെ ബ്രഹ്മാവിന്റെ ബീജം അഗ്നിയില്‍ ഹോമിച്ചപ്പോള്‍ അതില്‍ നിന്ന് മൂന്നു പുരുഷന്മാര്‍ പൊങ്ങിവന്നു മഹാശയാ! അവര്‍ പുരുഷരൂപത്തില്‍ പ്രത്യക്ഷമായി. ആദ്യമായി ഭൃക്കില്‍നിന്ന്‌ (അഗ്നിജജ്വാലയില്‍ നിന്ന്‌) പുറത്തു വന്നതു മൂലം അദ്ദേഹം ഭൃഗുവായി. രണ്ടാമത്‌ തീക്കനലില്‍ (അംഗാരകനില്‍) നിന്ന് പുറപ്പെട്ടവനാണ്‌. അവന്‍ തന്മൂലം അംഗിരസ്സ്‌ എന്നു പ്രസിദ്ധനായി. മൂന്നാമത്തവന്‍ കരിയില്‍ നിന്ന് ജനിച്ചവനാണ്‌. അവന്‍ കവിയായി. ഭൃഗു തീജ്ജ്വാലയോടു കൂടി ജനിച്ചവനാണ്‌. മരീചിയില്‍ (രശ്മിയില്‍) നിന്ന് ജനിച്ചവനാണ്‌ മരീചി. മരീചിയുടെ പുത്രന്‍ കശ്യപന്‍, തീക്കനലില്‍ നിന്ന്‌ അംഗിരസ്സ്, കുശോച്ചയത്തില്‍ നിന്ന് ബാലഖില്യന്മാര്‍, ആ കുശിയില്‍ നിന്ന് തന്നെ, അത്ര (അതില്‍ നിന്ന് തന്നെ), അത്രിയും ഉത്ഭവിച്ചു. അങ്ങനെ ഭസ്മക്കൂട്ടില്‍ നിന്ന് ബ്രഹ്മര്‍ഷി ഗുണസമ്മതന്മാരായ വൈഖാനസന്മാര്‍ ജനിച്ചു. വൈഖാനസന്മാര്‍ ജനിച്ചതും ആ ഭസ്മത്തില്‍ നിന്ന് തന്നെ. അവര്‍ തപശ്രുതഗുണാര്‍ത്ഥികളായി. അഗ്നിയുടെ ന്നേത്രത്തില്‍ നിന്ന്‌ അശ്വനീദേവകള്‍ എന്ന ഇരട്ടുക്കുഞ്ഞുങ്ങള്‍ ഉത്ഭവിച്ചു. അവര്‍ വളരെ സന്ദര്യമുള്ളവരാണ്‌. ഒടുവില്‍ അഗ്നിയുടെ ചെവിയില്‍ നിന്നും സ്രോതസ്സുകളില്‍ നിന്നും എല്ലാ പ്രജാപതികളും ഉത്ഭവിച്ചു. രോമകൂപങ്ങളില്‍ നിന്ന് മുനിമാര്‍ ഉണ്ടായി. അവന്റെ വിയര്‍പ്പില്‍ നിന്ന് ഛന്ദസ്സുകളുണ്ടായി. അവന്റെ ബലത്തില്‍ നിന്ന് മനസ്സ്‌ ഉത്ഭവിച്ചു. ഈ സകല കാരണങ്ങളാലും പറയപ്പെടുന്നു, അഗ്നിയാണ്‌ എല്ലാ ദേവകളുമെന്ന്‌. ശ്രുതവാന്മാരായ ഋഷികളും വേദപ്രാമാണ്യ ദര്‍ശനത്താല്‍ അപ്രകാരമാണെന്നു തന്നെ പറയുന്നു. അഗ്നിജ്വാലയെ സജീവമായി സൂക്ഷിച്ചു വരുന്ന മരക്കഷണങ്ങളാണത്രേ മാസങ്ങള്‍. വിറകിലുള്ള ഒഴുകുന്ന ദ്രാവകമാണത്രേ പക്ഷങ്ങള്‍. അഗ്നിയില്‍ ജീവിക്കുന്നവരാണ്‌ ദിനരാത്രങ്ങള്‍. അവന്റെ ഭയങ്കരമായ പ്രഭയാണ്‌ മുഹൂര്‍ത്തങ്ങള്‍. അഗ്നിയുടെ രക്തപ്രവാഹം രുദ്രനില്‍ നിന്നാണുണ്ടാകുന്നത്‌. ആ അഗ്നിയുടെ രക്തത്തില്‍ നിന്നാണ്‌ സ്വര്‍ണ്ണ വര്‍ണ്ണമായ ദേവതമാരായ മിത്രദേവതകള്‍ ഉണ്ടായത്‌. അവന്റെ പുകയില്‍ നിന്ന് വസുക്കള്‍ ഉത്ഭവിച്ചു. അവന്റെ ജ്വാലയില്‍ നിന്ന് രുദ്രന്മാരും പ്രന്തണ്ട്‌ ആദിത്യന്മാരും ഉണ്ടായി. ഗ്രഹങ്ങളും നക്ഷത്ര സമുഹങ്ങളും നക്ഷത്രങ്ങളും എല്ലാം അവരവരുടെ സഞ്ചാര മാര്‍ഗ്ഗങ്ങളില്‍ കാണുന്നു. ജ്വലിക്കുന്ന അഗ്നിയുടെ കരിക്കട്ടകളാണ്‌ അവ. ലോകത്തിന്റെ ആദി കര്‍ത്താവ്‌ പരപബ്രഹ്മമാണ്‌. അതു തീര്‍ച്ചയായും അഗ്നിയാണ്‌. എല്ലാ കാമവും നല്കുന്നത്‌ സനാതനനായ അഗ്നിയാണ്‌. ആ രഹസ്യവും അവന്‍ പറഞ്ഞു.

ഈ ജന്മങ്ങളൊക്കെ എടുത്തതിന് ശേഷം മഹാദേവന്‍ യജ്ഞത്തില്‍ വരുണന്റെ രൂപം ധരിച്ച്‌ പവനാത്മകനായി പറഞ്ഞു: "ഈ മഹത്തായ യജ്ഞം എന്റെയാണ്‌. ഞാന്‍ ഇവിടെ ഗൃഹേശ്വരനാണ്‌. മുമ്പുണ്ടായ മൂന്നു സന്താനങ്ങളുണ്ടല്ലോ. അത്‌ എന്റേതാണ്‌; അതില്‍ സംശയമില്ല. അല്ലയോ വ്യോമഗരായ ദേവന്മാരേ, ഇതെല്ലാം എന്റെ യജ്ഞത്തിന്റെ ഫലമാണ്‌".

അഗ്നി പറഞ്ഞു: ഈ സന്താനങ്ങളൊക്കെ എന്റെ മെയ്യില്‍ നിന്ന് ഉത്ഭവിച്ചവരാണ്‌. അതുകൊണ്ട്‌ അവരെല്ലാം ജീവന്‍ ലഭിച്ച കാര്യത്തില്‍ എന്നെ അവലംബിക്കുന്നു. അതു കൊണ്ട്‌ അവരെല്ലാം എന്റെ സന്താനങ്ങളാണ്‌. ഇക്കാരൃത്തില്‍ വരുണരൂപമേന്തിയിരിക്കുന്ന മഹാദേവന്‍ തെറ്റുകാരനാണ്‌. അപ്പോള്‍ ലോകഗുരുവും വിശ്വപിതാമഹനുമായ ബ്രഹ്മാവ്‌ പറഞ്ഞു: "ഇതൊക്കെ എന്റെ സന്താനങ്ങളാണ്‌. എന്റെ ശുക്ലം ഹോമിച്ചാണല്ലോ, അതില്‍ നിന്നാണല്ലോ, ഇവരൊക്കെ ജനിച്ചത്‌? ഞാനാണ്‌ ഈ യജ്ഞം ചെയ്യുന്നവന്‍. ഈ ശുക്ലം ഹോമിച്ചവനും ഞാന്‍ തന്നെയാണ്‌. ശുക്ലം കാരണമായിട്ടാണ്‌ സന്താനമുണ്ടാകുന്നതെങ്കില്‍ ആ ശുക്ടത്തിന്റെ ഉടമസ്ഥനാണ്‌ സന്താനത്തിന്റെ ഉടമസ്ഥത".

അപ്പോള്‍ ദേവന്മാരെല്ലാം പിതാമഹന്റെ സമീപത്തെത്തി കൈകൂപ്പി, തലകുനിച്ചു നിന്ന്‌ ഇപ്രകാരം പറഞ്ഞു.

ദേവകള്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ഞങ്ങളെല്ലാവരും ഈ ചരവും സ്ഥിരവുമായ ജഗത്തു മുഴുവനും ഭവാന്റെ സന്തതികളാണ്‌. അതുകൊണ്ട്‌ ജ്വലിക്കുന്നവനായ അഗ്നി, മഹാത്മാവായ മഹാദേവന്‍, യജ്ഞത്തില്‍ വരുണ രൂപമെടുത്ത മഹാദേവന്‍, ഇവരെല്ലാം അവരുടെ ആഗ്രഹം നേടുന്നു. ഈ വാക്കാല്‍ ബ്രഹ്മാവ്‌ നൽകിയ യാദോഗണേശ്വരനായ വരുണനും, ഭൃഗുവിനെ, സൂര്യഭാസ്സായ ആദ്യപുത്രനെ, സ്വീകരിച്ചു. ഈശ്വരന്‍ അംഗിരസ്സിനെ അഗ്നിയുടെ സന്താനമാക്കി കല്പിച്ചു. തത്വവിത്തായ പിതാമഹന്‍ കവിയെ അപത്യമാക്കി. ഭൃഗുവിനെ ഒരു പ്രജാപതിയായി സങ്കല്പിച്ചു വരുണന്റെ സന്താനമാക്കി. അംഗിരസ്സ് അഗ്നിയുടെ സന്താനമായി, (കവി, ശുക്രൻ) ബ്രഹ്മാവിന്റെ സന്താനമായി.

ഭൃഗുവും അംഗിരസ്സും അഗ്നിയുടെ ജ്വാലയില്‍ നിന്നും, കരിയില്‍ നിന്നും യഥാക്രമം ജനിച്ചു. അവര്‍ ലോകത്തിലെ എല്ലാ വര്‍ഗ്ഗങ്ങളുടേയും ജാതികളുടേയും കുലകൂടസ്ഥരായി. ഇങ്ങനെ ഭൃഗു, അംഗിരസ്സ്‌, കവി ഇവരെ മൂന്നു പേരെയും പ്രജാപതികള്‍ എന്നു പറഞ്ഞു വരുന്നു. എന്തു കൊണ്ടെന്നാല്‍, ലോകത്തിലെ എല്ലാ വര്‍ഗ്ഗത്തിന്റെയും ജാതിയുടെയും പാരമ്പര്യം അവരില്‍ നിന്നാണ്‌ ഉണ്ടായത്‌. എല്ലാവരും ഈ മഹാത്മാക്കളുടെ സന്താനപരമ്പരകളാണ്‌.

ഭൃഗുവിന് ഏഴു പുത്രന്മാരുണ്ടായി. എല്ലാവരും ഭൃഗു തുല്യന്മാരായ മഹായോഗ്യന്മാരായിത്തീര്‍ന്നു അവര്‍ ച്യവനന്‍, വജ്രശീര്‍ഷന്‍, ശുചി, ഔര്‍വ്വന്‍, ശുക്രന്‍, വിഭു, സവന്തന്‍ എന്നീ ഏഴു പേരുമാണ്‌. ഇവര്‍ ഭൃഗുവിന്റെ പുത്രന്മാരാകയാല്‍ ഭാര്‍ഗ്ഗവര്‍ എന്നറിയപ്പെടുന്നു. അവര്‍ വാരുണന്മാര്‍ എന്നും അറിയപ്പെടുന്നുണ്ട്‌. മഹേശ്വരന്‍ ഭൃഗുവിനെ വരുണന്റെ രൂപത്തില്‍ നിയോഗിച്ചിട്ടുണ്ട്‌. ഭൃഗു വംശത്തില്‍ പെട്ടവരാണെങ്കിലും ഇപ്രകാരം അവര്‍ വാരുണന്മാരാണ്‌. അംഗിരസ്സിന് എട്ടു പുത്രന്മാരുണ്ടായി. അവരും വാരുണന്മാരാണ്‌. ബൃഹസ്പതി, ഉതത്ഥ്യന്‍, പയസ്യന്‍, ശാന്തി, ഘോരന്‍, വിരൂപന്‍, സംവര്‍ത്തന്‍, സുധന്വന്‍ ഇവരാണ്‌ ആ എട്ടു പേര്‍. ഇവരെല്ലാം അഗ്നിപുത്രന്മാരും, വിജ്ഞാനികളും നിരാമയന്മാരുമാണ്‌. ബ്രഹ്മപുത്രനായ കവിയുടെ പുത്രന്മാരും വാരുണന്മാരാണ്‌. എട്ടു പേരാണ്‌ അവര്‍. കാരണവും ഗുണവും ചേര്‍ന്ന നല്ല ബ്രഹ്മവാദികളാണവര്‍. വലിയ കുലത്തിന്റെ അധിപന്മാരുമാണ്‌. കവി, കാവ്യന്‍, ധൃഷ്ണു, ബുദ്ധിമാനായ ഉശനസ്സ്‌, ഭൃഗു, വിരജസ്സ്‌, കാശി, ധര്‍മ്മജ്ഞനായ ഉഗ്രന്‍ ഇവരാണ്‌ കവിയുടെ എട്ടു മക്കള്‍. ഇവരില്‍ നിന്നാണ്‌ പ്രപഞ്ചത്തിലെല്ലാം ജനങ്ങളുണ്ടായി നിറഞ്ഞത്‌. ഇവര്‍ പ്രജാപതികളാണ്‌. സന്താന പരമ്പരകളുടെ ഉത്ഭവസ്ഥാനം ഇവരാണ്‌.

അല്ലയോ ഭൃഗുസത്തമാ! ഇപ്രകാരം അംഗിരസ്സിന്റെയും, കവിയുടേയും, ഭൃഗുവിന്റേയും വംശത്താല്‍ വിശ്വം വ്യാപിച്ചിരിക്കുന്നു. ആദ്യമേ തന്നെ വരുണന്‍ കവിയേയും ഭൃഗുവിനേയും ഗ്രഹിച്ചതു മൂലം അവര്‍ വാരുണന്മാരായി. അവനില്‍ നിന്ന്‌ അഗ്നിദേവന്‍ അംഗിരസ്സിനെ വാങ്ങിച്ചു. അതുകൊണ്ട്‌ അംഗിരസര്‍ അവന്റെ വംശജന്മാരായി.

പണ്ട്‌ ദേവന്മാര്‍ ബ്രഹ്മാവിനെ പ്രസാദിപ്പിച്ച്‌ അനുഗ്രഹം വാങ്ങി. അവര്‍ ബ്രഹ്മാവിനോടു അഭ്യര്‍ത്ഥിച്ചു; ജഗത്തിന്റെ ഈശ്വരന്മാരായ ഇവര്‍ ഞങ്ങളെ ഉദ്ധരിക്കുമാറാകട്ടെ. എല്ലാവരും പ്രജാപതികളാണ്‌. എല്ലാവരും വലിയ തപസ്വികളാണ്‌. അങ്ങയുടെ പ്രസാദത്താല്‍ ഈ വിശ്വം കരകയറുമാറാകട്ടെ! അപ്രകാരം വംശകര്‍ത്താക്കളും നിന്റെ തേജസ്സു കൊണ്ടു വളര്‍ന്നവരും, വേദവിത്തുകളും സുകൃതികളുമായി ഭവിക്കട്ടെ! സൗമ്യമാരും, ദേവപക്ഷക്കാരുമായ പ്രജാപത്യ ഋഷിമാര്‍ തപസ്വികളായി ബ്രഹ്മചര്യാ വ്രതത്തോടെ വര്‍ത്തിക്കട്ടെ! പ്രഭോ, ഞങ്ങളെല്ലാവരും ഇവരുമെല്ലാം ഭവാന്റെ സന്തതികളാകുന്നു. പിതാമഹാ! അങ്ങു തന്നെയാണല്ലോ ദേവകള്‍ക്കും ബ്രാഹ്മണര്‍ക്കും കര്‍ത്താവായിട്ടുള്ളത്‌.

മരീചിയെ മൂൻനിര്‍ത്തി എല്ലാ ഭാര്‍ഗ്ഗവന്മാരും മറ്റുള്ളവരും അപത്യങ്ങളെ ക്ഷമിപ്പിക്കുന്നതായും കണ്ടു പിതാമഹാ! അവര്‍ ഈ രുപവും പൂണ്ട്‌ പ്രജാവ്രജത്തെ ജനിപ്പിക്കും. യുഗത്തിന്റെ ആദിയിലും അവസാനത്തിലും തന്നെത്താന്‍ നിലനിര്‍ത്തുകയും ചെയ്യും.

വസിഷ്ഠിന്‍ പറഞ്ഞു: ഇപ്രകാരം അവര്‍ പറഞ്ഞപ്പോള്‍ ലോകപിതാമഹനായ ബ്രഹ്മാവ്‌ "അങ്ങനെയാകട്ടെ" എന്ന്‌ അനുഗ്രഹിച്ചു. അവര്‍ അനുഗ്രഹം വാങ്ങി വന്ന വഴിക്കു പോവുകയുംചെയ്തു. ഇപ്രകാരം പണ്ട്‌ മഹാത്മാവായ ദേവന്‍ വരുണരൂപം പൂണ്ട്‌ യജ്ഞം ചെയ്ത കാല ത്ത്‌, ലോകത്തിന്റെ ആദിയില്‍ നടന്നു.

അഗ്നി ബ്രഹ്മമാണ്‌, അഗ്നി പ്രജാപതിയാണ്‌, അഗ്നി ശിവനാണ്‌, അഗ്നി രുദ്രനാണ്‌, അഗ്നി പശുപതിയാണ്‌, സ്വര്‍ണ്ണം അഗ്നിയുടെ സന്താനമാണ്‌, അഗ്നിയെ ലഭിക്കാത്ത സന്ദര്‍ഭത്തില്‍ ബലികള്‍ക്കും മറ്റും അഗ്നിക്കു പകരമായി സ്വര്‍ണ്ണം വെയ്ക്കുന്നു. വേദശ്രുതിനിദര്‍ശനം പ്രമാണമാക്കി അഗ്നിക്കു പകരം (ദീപത്തിന് പകരം) സ്വര്‍ണ്ണം കുശമേല്‍ വെച്ചു ഹോമം നടത്താം. അതുപോലെ സ്വര്‍ണ്ണം വെച്ച്‌ ആടിന്റെ വലത്തെ ചെവിയില്‍ ആജ്യം ആഹുതി ചെയ്യാം. പുറ്റിന്നടുത്ത്‌ ദര്‍ഭയില്‍ പൊന്നു വെച്ച്‌ പുറ്റില്‍ ആജ്യം ആഹൂതി ചെയ്യാം. വെറും നിരപ്പായ ഭൂമിയിലും അപ്രകാരം ആഹുതി സ്വര്‍ണ്ണം വെച്ചു ചെയ്യാം. തീര്‍ത്ഥജലത്തിലും ഹോമിക്കാം. ബ്രാഹ്മണന്റെ കരത്തിലും, ഹോമദ്രവ്യം വെച്ചുകൊടുക്കാം. ഇങ്ങനെ ഏതില്‍ ഹോമിച്ചാലും അഗ്നി ഭഗവാന്‍ പ്രസാദിക്കും; പ്രീതി ചെയ്യും. സമൃദ്ധി നല്കുകയും ചെയ്യും. വാനവരെല്ലാം അഗ്നിപരന്മാരാണെന്നു നാം കേള്‍ക്കുന്നു. അവര്‍ അഗ്നിയെ ആശ്രയിക്കുന്നു.

ബ്രഹ്മാവില്‍ നിന്ന്‌ അഗ്നിയുണ്ടായി, അഗ്നിയില്‍ നിന്ന് സ്വര്‍ണ്ണമുണ്ടായി. അതുകൊണ്ട്‌ ധര്‍മ്മദര്‍ശികള്‍ സ്വര്‍ണ്ണം ദാനം ചെയ്യുന്നു. അവര്‍ സര്‍വ്വദൈവതദാനത്തെ ചെയ്യുന്നവരാണെന്ന്‌ നാം കേള്‍ക്കുന്നു. അവന് തമസ്സില്ലാത്ത ലോകം ലഭിക്കുമ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കുബേരത്വത്തിലുള്ള അഭിഷേകം ഉണ്ടാകുന്നതാണ്‌ ഭാരതാ!

സുര്യോദയ സമയത്തു വിധിപ്രകാരമുള്ള മന്ത്രത്തോടു കൂടി സ്വര്‍ണ്ണം ദാനം ചെയ്യുന്നവന് ദുഃസ്വപ്നം ഉണ്ടാകുന്നതല്ല. ഉദിച്ച ഉടനെ നല്കിയാല്‍ അവന് സകല പാപവും നീങ്ങും. ഉച്ചയ്ക്കു സ്വര്‍ണ്ണം ദാനം ചെയ്താല്‍ ഭാവിയിലുണ്ടാകുന്ന എല്ലാ പാപവും നീങ്ങുന്നതാണ്‌. വ്രതമെടുത്തു ശുദ്ധനായവന്‍ സ്വര്‍ണ്ണം സന്ധ്യാസമയത്ത്‌ ദാനം ചെയ്താല്‍ ബ്രഹ്മലോകം വായുലോകം അഗ്നിലോകം സോമലോകം ഇവയിലൊന്നിനെ പ്രാപിക്കുന്ന, ഇന്ദ്രാഢ്യമായ ലോകത്തിലും പ്രതിഷ്ഠ പ്രാപിക്കുന്നതാണ്‌. ഈ ലോകത്തില്‍ പ്രസിദ്ധനായി പാപമില്ലാത്തവനായി സുഖിക്കുന്നതാണ്‌. മറ്റു ലോകങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ ചെന്നെത്തും. യാതൊരിടത്തും ഗതിക്കു തടവില്ലാത്തവനായി കാമചാരിയായി ഭവിക്കുന്നതാണ്‌. യാതൊരു ക്ഷയവും ബാധിക്കുന്നതല്ല. വലിയ കീര്‍ത്തി നേടും. അക്ഷയമായ സ്വര്‍ണ്ണം ദാനം ചെയ്താല്‍ പുഷ്കലമായ ലോകം സിദ്ധിക്കുന്നതാണ്‌.

സുര്യോദയത്തില്‍ അഗ്നിയുണ്ടാക്കി ഏതൊരുത്തന്‍ വ്രതോദ്ദേശത്തോടെ ഏകുന്നുവോ അവന്‍ സര്‍വ്വകാമങ്ങളും നേടിയവനാകും. സുഖാവഹമായ ആ പ്രദാനത്തെ അഗ്നിദാനമെന്നാണ്‌ പറയുന്നത്‌. അതു യഥേഷ്ടഗുണ സമ്പന്നവും പ്രവര്‍ത്തകവുമാണ്‌.

ഇപ്രകാരമാണ്‌ സ്വര്‍ണ്ണത്തിന്റെ ഉല്‍പ്പത്തി. അതും ഞാന്‍ പറഞ്ഞു അനഘാശയാ! അല്ലയോ ഭൃഗുനന്ദനാ! കാര്‍ത്തികേയന്റെ കഥയും നീ അറിയുക.

മഹത്തായ ഒരു കാലത്ത്‌ കാര്‍ത്തികേയന്‍ വളര്‍ന്നു. ഇന്ദ്രാദികളായ ദേവന്മാര്‍ അവനെ സേനാപതിയാക്കി ഭൃഗുനന്ദനാ! അവന്‍ താരകനെ വധിച്ചു. മറ്റ്‌ അസുരന്മാരെയും അല്ലയോ ബ്രാഹ്മണാ! ഇന്ദ്രന്റെ ആജ്ഞപ്രകാരം ലോകഹിതത്തിനായി അവന്‍ സംഹരിച്ചു.

വിഭോ ഞാന്‍ സ്വര്‍ണ്ണദാനത്തിന്റെ മാഹാത്മ്യം പറ ഞ്ഞു. അതുകൊണ്ടു ഭവാന്‍ വിപ്രന്മാര്‍ക്കു സ്വര്‍ണ്ണം നല്കി പാപത്തില്‍ നിന്ന് മേചനം നേടുക.

ഭീഷ്മൻ തുടര്‍ന്നു: അങ്ങനെ വസിഷ്ഠന്‍ പറഞ്ഞതു കേട്ട്‌ ജാമദഗ്ന്യന്‍ ധാരാളം സ്വര്‍ണ്ണം ബ്രാഹ്മണര്‍ക്കു ദാനംചെയ്ത്‌ തന്റെ പാപങ്ങളൊക്കെ കഴുകിക്കളഞ്ഞു.

സുവര്‍ണ്ണത്തിന്റെ കഥയെല്ലാം ഞാന്‍ നിന്നോടു പറഞ്ഞു. ദാനത്തിന്റെ ഫലവും സ്വര്‍ണ്ണത്തിന്റെ ജന്മവും ഹേ യുധിഷ്ഠിരാ! ഭവാന്‍ കേട്ടുവല്ലോ. അതുകൊണ്ടു ഭവാനും ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണം ദാനംചെയ്യുക. സ്വര്‍ണ്ണം ദാനം ചെയ്താല്‍ നിന്റെ സകല പാപങ്ങളും നീങ്ങുന്നതാണ്‌ രാജാവേ!

86. താരകവധോപാഖ്യാനം - ആറ്‌ കൃത്തികമാര്‍ കുമാരനെ രക്ഷിക്കുന്നതും ഷഡാനനന്‍ സേനാനിയാകുന്നതും - യുധിഷ്ഠിരന്‍ പറഞ്ഞു; പിതാമഹാ! അങ്ങു സവിസ്തരം സ്വര്‍ണ്ണദാനത്തിനുള്ള വിധിയും ശ്രുതിപ്രോക്തങ്ങളായ ഗുണങ്ങളും പറഞ്ഞു തന്നു. സ്വര്‍ണ്ണം ഉണ്ടാകുവാനുള്ള കാരണവും പറഞ്ഞു. ഇനി ആ താരകനെ കൊന്നത്‌ എങ്ങനെയാണെന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം. രാജാവേ, ആ താരകനെ ദേവന്മാര്‍ക്ക്‌ കൊല്ലുവാന്‍ സാദ്ധ്യമല്ലെന്നാണല്ലോ കേട്ടിട്ടുള്ളത്‌. എങ്ങനെയാണ്‌ അവന് മൃത്യു വന്നു ചേര്‍ന്നത്‌? അതും വിസ്തരിച്ച്‌ പറഞ്ഞു തരണേ! ഇതു തത്വമായി കേള്‍ക്കുവാന്‍ ആശയുണ്ട്‌ കുരുപുംഗവാ! താരകവധം കേള്‍ക്കുവാനുള്ള കൌതുകം ചെറുതല്ല.

ഭീഷ്മൻ പറഞ്ഞു: യാഗാദികര്‍മ്മങ്ങള്‍ക്കു വിഘ്നം ബാധിച്ച ദേവന്മാരും മുനിമാരും അപത്യങ്ങളെ ഭരിക്കുന്നതിന്  വേണ്ടി കൃത്തികമാരെ വിട്ടു. ജാതവേദസ്സിന്റെ ഗര്‍ഭത്തെ ധരിക്കുന്നതിന് ഒരു ദേവതയ്ക്കും കെല്‍പ്പുണ്ടായില്ല. ഓജസ്സു കൊണ്ട്‌ ഈ കൃത്തികമാര്‍ ശക്തരായി. അവരില്‍ ആറു പേരിലും ഗര്‍ഭധാരണം മൂലം അഗ്നി പ്രസാദിച്ചു. സ്വന്തം തേജസ്സിന്റെ വിസര്‍ഗ്ഗംമൂലവും മുഖ്യമായ വീര്യംമൂലവും അവരില്‍ അഗ്നി പ്രസാദിച്ചു. ആ കൃത്തികകള്‍ ആറുപേരും അഗ്നിയുടെ ഗര്‍ഭത്തെ പോഷിപ്പിച്ചു വളര്‍ത്തി. പ്രഭോ! അഗ്നിയുടെ തേജസ്സ്‌ ആറു വഴിയായി എല്ലാം നിഹിതമായി. അവര്‍ പിന്നെ വളരുന്ന മഹാനായ കുമാരന്റെ തേജസ്സ്‌ അംഗംതോറും ഏറ്റ്‌ ഒരിക്കലും ശാന്തി ലഭിക്കാത്ത മട്ടിലായി.

ഉടലില്‍ തേജസ്സ്‌ ഏറ്റ അവര്‍ എല്ലാവരും പ്രസവിക്കുവാനുള്ള കാലം എത്തിയ സന്ദര്‍ഭത്തില്‍ രാജാവേ, എല്ലാവരും ഒപ്പം ഒരേ കാലത്തില്‍ പ്രസവിച്ചു. ഉടനെ ആറു ഗര്‍ഭവും കൂടി ഒന്നായി. അതിനെ സ്വര്‍ണ്ണത്തിന് അടുത്തായി ഭൂമി ഏറ്റുവാങ്ങി. ദിവ്യസംസ്ഥാനമായ ആ ഗര്‍ഭം അഗ്നിക്ക് തുല്യം ദീപ്തിയോടു കൂടി ദിവ്യമായ അമക്കാട്ടില്‍ ദിവ്യദര്‍ശനമായി വളര്‍ന്നു.

അര്‍ക്കാഭനായ ശിശുവിനെ കണ്ട്‌ കൃത്തികമാര്‍ക്ക്‌ സ്‌നേഹം ജനിച്ചു. അവര്‍ സൗഹാര്‍ദ്ദത്തോടെ ശിശുവിനെപ്പോറ്റി മുലകൊടുത്തു. ചരാചരങ്ങള്‍ നിറഞ്ഞ മൂന്നുലോകത്തിലും അവന്‍ കാര്‍ത്തികേയനായി. സ്‌കന്നത്വംകൊണ്ട്‌ (സ്രവിക്കുക) സ്‌കന്ദനായി. ഗുഹയില്‍ വാഴുകയാന്‍ ഗുഹനായി. മുപ്പത്തിമൂന്നു ദേവന്മാര്‍. ദിക് പാലന്മാര്‍, ദിക്കുകള്‍, രുദ്രൻ, ധാതാവ്‌, വിഷ്ണു, യമന്‍, പൂഷാവ്‌, അര്യവസു, ഭഗന്‍, അംശന്‍, മിതൻ, സാദ്ധ്യർ, വസുക്കള്‍, വാസവന്‍, അശ്വികള്‍, അംബൂ, വായു. നഭസ്സ്‌, ഇന്ദു, ;ഗ്രഹങ്ങള്‍, നക്ഷത്രം, ഭാസ്കരന്‍, ഭൂതങ്ങള്‍, ഇവ വേറെ ദേവന്മാരില്‍ ചേര്‍ന്നുനിന്ന്‌, അത്ഭുതശിശുവായ അഗ്നികുമാരനെ കാണുവാന്‍ എത്തി. ഋഷികള്‍ സ്തുതിച്ചു, ഗന്ധര്‍വ്വന്മാര്‍ പാട്ടുപാടി. പന്ത്രണ്ടു നേത്രങ്ങളുള്ള ഷണ്‍മുഖനെ, ദ്വിജന്മാര്‍ക്ക്‌ പ്രിയപ്പെട്ട കുമാരനെ, സ്തുതിച്ചു. ചുമല്‍ തടിച്ച്‌ ഈരാറുകൈകളുള്ളവനും, പാവകാദിത്യഭാസ്സായവനും, അമക്കാട്ടില്‍ കിടക്കുന്നവനുമായ കുമാരനെ ദേവന്മാരും മുനീന്ദ്രന്മാരും കണ്ടു. അവനെ കണ്ടതോടു കൂടി ദേവന്മാരുടെ സന്തോഷം കരകവിഞ്ഞു. ആ താരകാസുരന്‍ വധിക്കപ്പെട്ടു എന്നുതന്നെ കരുതിപ്പോയി. പിന്നെ ദേവന്മാരെല്ലാം അവന് വേണ്ടതായ പ്രിയവസ്തുക്കളെ കൊണ്ടുവന്നു. കളിക്കുന്ന കുട്ടിക്കു കളിക്കോപ്പുകള്‍, ഖഗങ്ങള്‍ കൊണ്ടുവന്നു കൊടുത്തു. ചിത്രമായ തൂവലുള്ള മയുരനെന്ന തന്റെ പുത്രനെ സുപര്‍ണ്ണന്‍ കൊണ്ടുവന്നു കൊടുത്തു. രാക്ഷസന്മാര്‍ അവന് പന്നിയെയും പോത്തിനെയും നല്കി. അഗ്നിതുല്യമായ കുക്കുടത്തെ അരുണന്‍ തന്നെ കൊണ്ടുവന്നു കൊടുത്തു. ചെമ്മരിയാടിനെ ചന്ദ്രന്‍ നല്കി. ആദിത്യന്‍ നല്ല ശോഭയുള്ള രശ്മി നല്കി. ഗോക്കളുടെ മാതാവായ സുരഭി നുറു ഗോക്ക ളെ നല്കി. ഛാഗത്തെ (ആടിനെ) അഗ്നി നല്കി. ഗുണമേറിയ ഫലത്തേയും പുഷ്പങ്ങളേയും ഊഴി നല്കി. സുധന്വാവ്‌ ശകടം നല്കി, കൂബരത്തോടു കൂടിയ രഥത്തേയും നല്കി. വരുണന്‍ ദിവ്യമായ വാരുണഗജശ്രേഷ്ഠന്മാരെ നല്കി. ശക്രന്‍, സിംഹം, വ്യാഘ്രം, ഗജം, പലതരം പക്ഷികള്‍ എന്നിവയെയും നല്കി. ഉഗ്രമായ ശ്വാപദജാലത്തെയും, പലതരം കുടകളും നല്കി. രാക്ഷസന്മാരും, അസുരന്മാരും, അധീശ്വരനെ പിന്നാലെ നടന്ന്‌ തുണച്ചു. വളരുന്ന കുട്ടിയെക്കണ്ട്‌ താരകാസുരന്‍ അവനെ കൊല്ലുവാന്‍ ശ്രമം ചെയ്തു. നാനാതരത്തിലുള്ള ഉപായം സ്വീകരിച്ചെങ്കിലും അവന്‍ ശക്തനായില്ല. ആ വിഭുവിനെ ഒന്നും ചെയ്യുവാന്‍ അവന് കഴിഞ്ഞില്ല.

പിന്നെ ഗുഹനെ ദേവന്മാര്‍ സേനാപതിയാക്കി സ്വീകരിച്ചു. താരകന്‍ ചെയ്ത കുറ്റത്തെ അവനോട്‌ ഉണര്‍ത്തിച്ചു. വളര്‍ന്നുവന്ന ആ മഹാവീരനായ കുമാരന്‍ ദേവസേനാപതിയായി. ആ പ്രഭു അമോഘമായ, നിഷ്ഫലമാകാത്ത വേലിനാല്‍ താരകാസുരനെ വധിച്ചു. കളിക്കുന്നവനായ ആ കുമാരന്‍ ദൈത്യനെ കൊന്നസമയത്ത്‌ ദേവരാജ്യൃത്ത്‌ ദേവേന്ദ്രനെ അധീശ്വരനായി വാഴിച്ചു. പ്രതാപവാനായ സ്‌കന്ദന്‍ സേനാപതിയായി അഭിഷിക്തനായി. ഈശ്വരനും, രക്ഷിതാവും, ശങ്കരന് ഏറ്റവും ഇഷ്ടം ചെയ്യുന്നവനും, ഹിരണ്യ മൂര്‍ത്തിയും, ഭഗവാനും, പാവകനന്ദനനും, കുമാരനുമായ ഇവന്‍ എന്നും വാനവരുടെ സേനാപതിയായി.

അങ്ങനെ സ്വര്‍ണ്ണം മംഗല്യവും അക്ഷയ്യവും രത്നങ്ങളില്‍ ഉത്തമവും, കാര്‍ത്തികേയന് സഹജവും (ജനിക്കു മ്പോള്‍ കൂടെയുള്ള) അഗ്നിതേജസ്സുള്ളതും മുഖ്യമായിട്ടുള്ളതുമാണ്‌. ഇപ്രകാരം പണ്ടു രാമനോട്‌ വസിഷ്ഠന്‍ പറഞ്ഞു കൗരവാ! അതുകൊണ്ട്‌ രാജാവേ, ഭവാന്‍ സ്വര്‍ണ്ണദാനത്തിന് ഉദ്യമിക്കുക! രാമന്‍ സ്വര്‍ണ്ണം ദാനം ചെയ്ത്‌ സകലപാപത്തില്‍ നിന്നും വിമുക്തനായി, മര്‍ത്ത്യര്‍ക്ക്‌ ലഭിക്കാത്ത മഹത്തായ സ്ഥാനം സ്വര്‍ഗ്ഗത്തില്‍ നേടുകയും ചെയ്തു.

87. ശ്രാദ്ധകല്പം - ഓരോ തിഥിയിലും ശ്രാദ്ധം കഴിച്ചാലുള്ള ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ധര്‍മ്മാത്മാവേ, അങ്ങു ചാതുര്‍വര്‍ണ്യത്തിന്റെ ഫലം പറഞ്ഞുവല്ലോ. അപ്രകാരം അങ്ങു ശ്രാദ്ധത്തിന്റെ ഫലത്തെപ്പറ്റിയും പറഞ്ഞു തന്നാലും രാജാവേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ ശന്തനു നന്ദനനായ ഭീഷ്മൻ അപ്പോള്‍ ഈ ശ്രാദ്ധവിധി പറയുവാന്‍ തുടങ്ങി.

ഭീഷ്മൻ പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്‍ ഞാന്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുക. ഇത്‌ ഉത്തമമായ ശ്രാദ്ധവിധിയാണു പരന്തപാ! ധന്യവും യശസ്യവും, പുത്രീയവുമാണ്‌ (പുത്രലാഭമുണ്ടാക്കുന്നതുമാണ്‌). പിതൃയജ്ഞം, ദേവന്മാര്‍, അസുരന്മാര്‍, മനുഷ്യര്‍, അഹികള്‍, ഗന്ധര്‍വ്വര്‍, ആശരന്മാര്‍, പിശാചുക്കള്‍, കിന്നരന്മാര്‍ എന്നിവര്‍ക്കെല്ലാം പിതൃക്കള്‍ പൂജ്യരാണ്‌. ആദ്യമായി പിതൃക്കളെ പുജിച്ച്‌ പിന്നെയാണ്‌ ദേവന്മാരെ തര്‍പ്പിച്ചത്‌. അതുകൊണ്ട്‌ അവരെ എല്ലാ യജ്ഞത്തിലും പൂജിക്കണം. മാസം തോറുമുള്ള പിതൃകര്‍മ്മം പിത്യക്കള്‍ക്കു ശ്രാദ്ധമാണ്‌ രാജാവേ! അതുകൊണ്ട്‌ വിശേഷവിധിയായി ആദ്യകലപിതമായ വിധി അതിനുണ്ട്‌. എല്ലാ ദിവസവും നാം ശ്രാദ്ധം കഴിച്ചാല്‍ പിതാമഹന്മാര്‍ നമ്മളില്‍ പ്രീതരാകും. അല്ലയോ യുധിഷ്ഠിരാ, ഞാന്‍ നിന്നോട്‌ തീര്‍ത്ഥത്തിന്റെയും ആതിഥ്യത്തിന്റെയും ഗുണത്തേയും അഗുണത്തേയും പറ്റി പറയാം. ഏതേതു നാളുകളില്‍ ഏതേതു ശ്രാദ്ധഫലമെന്നുള്ളതും പറയാം അനഘാശയാ! അതൊക്കെ നീ ശരിക്കു ധരിക്കണം. പ്രതിപദ ദിവസം പിതൃക്കള്‍ക്കു ശ്രാദ്ധംചെയ്താല്‍ ഗൃഹത്തില്‍ സ്തീകള്‍ വന്നുചേരും, അവര്‍ നല്ല സുന്ദരിമാരും പ്രസവിക്കുന്നവരും പ്രജകളെ ധാരാളം ജനിപ്പിക്കുന്നവരും അഴക് വര്‍ദ്ധിച്ചവരുമാകും. ദ്വിതീയയിലാണെങ്കില്‍ സ്ത്രീകളുണ്ടാകും. തൃതീയയില്‍ പിതൃക്കള്‍ക്കു ശ്രാദ്ധം ചെയ്താല്‍ നല്ല അശ്വങ്ങളുണ്ടാകും. ചതുര്‍ത്ഥിയിലാണെങ്കില്‍ ഗൃഹത്തില്‍ ആട്‌, ചെമ്മരിയാട്‌ മുതലായവയുണ്ടാകും. പഞ്ചമിയില്‍ ശ്രാദ്ധം ചെയ്താല്‍ ധാരാളം മക്കളുണ്ടാകും രാജാവേ! ഷഷ്ഠിയില്‍ ശ്രാദ്ധം ചെയ്താല്‍ നരര്‍ വളരെ ശോഭയുള്ളവരാകും. സപ്തമിയില്‍ ശ്രാദ്ധം ചെയ്താല്‍ കൃഷിയുണ്ടാകും. അഷ്ടമിയില്‍ ശ്രാദ്ധം ചെയ്താല്‍ ധാരാളം ലാഭം കച്ചവടത്തില്‍ ലഭിക്കും. നവമിയില്‍ ശ്രാദ്ധം ചെയ്താല്‍ വളരെ ഒറ്റക്കുളമ്പുള്ള ജീവികളെ (കുതിരകളെ) ലഭിക്കും. ദശമിയില്‍ ശ്രാദ്ധം ചെയ്താല്‍ ധാരാളം പശുക്കള്‍ അവനു ലഭിക്കും. ഏകാദശിയില്‍ ശ്രാദ്ധം ചെയ്താല്‍ ധാരാളം ഓട്ടുപാത്രം പിച്ചളപ്പാത്രം എന്നിവ ലഭിക്കും. അവന് ബ്രഹ്മവര്‍ച്ചസ്സുള്ള സന്താനം ഗൃഹത്തിലുണ്ടാകും. ദ്വാദശിയില്‍ ശ്രാദ്ധം നടത്തിയാല്‍ അവന് നിത്യവും ധാരാളം വെള്ളിയും പൊന്നും, ധനങ്ങളും, മനോഹര വസ്തുക്കളും ലഭിക്കുന്നതാണ്‌. ത്രയോദശിയില്‍ ശ്രാദ്ധം ചെയ്താല്‍ ജ്ഞാനികളില്‍ വെച്ചു ശ്രേഷ്ഠനാകും. വേണ്ടുവോളം യുവാക്കന്മാര്‍ ഗൃഹത്തിലുണ്ടാകും. ചതുര്‍ദ്ദശിയില്‍ ശ്രാദ്ധം ചെയ്താല്‍ അവന്‍ യുദ്ധ ശ്രദ്ധനാകും. വാവിന്‍ ദിവസത്തില്‍ ശ്രാദ്ധം ഊട്ടിയാല്‍ എല്ലാ ആഗ്രഹങ്ങളും അവന്‍ നേടുന്നതാണ്‌. കൃഷ്ണപക്ഷത്തില്‍ ദശമി മുതല്‍ ചതുര്‍ദശി ഒഴിവാക്കി മറ്റു ദിവസങ്ങള്‍ ശ്രാദ്ധത്തിന്ന്‌ മുഖ്യമായ തിഥികളാണ്‌. മറ്റുള്ളവ അത്രയ്ക്കു ശ്രേഷ്ഠമല്ല. പൂര്‍വ്വപക്ഷത്തെക്കാള്‍ അപരപക്ഷം മെച്ചമാണ്‌. പൂര്‍വ്വാഹ്‌നത്തെക്കാള്‍ മെച്ചം അപരാഹ്‌നവുമാണ്‌.

88. ശ്രാദ്ധകല്പം - ശ്രാദ്ധത്തില്‍ എന്തൊക്കെ കൊടുത്താലാണ്‌ പിതൃക്കള്‍ക്കു തൃപ്തിയാവുകയെന്ന്‌ - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ നരേശ്വരാ! പിതൃക്കള്‍ക്ക്‌ എന്തൊക്കെ നല്കിയാലാണ്‌ അക്ഷയമായിത്തീരുക. എന്തൊക്കെ നല്കിയാലാണ്‌ ദീര്‍ഘകാലത്തേക്കു നില്ക്കുക. എന്തൊക്കെ നല്കിയാല്‍ എന്നെന്നേക്കുമാകും? വിസ്തരിച്ചു പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ശ്രാദ്ധജ്ഞന്മാര്‍ ശ്രാദ്ധവിധിയില്‍ കാണുന്ന ഹവിസ്സുകള്‍ കാമ്യങ്ങളാണ്‌. അവ ഏതെന്നും അവയുടെ ഫലമെന്തെന്നും ഞാന്‍ പറയാം കേട്ടാലും. എള്ള്‌, വീഹി (നെല്ലരി), യവം, ഉഴുന്ന്‌, ജലം, കായ, കിഴങ്ങ്‌ ഇവ ശ്രാദ്ധത്തില്‍ നല്കിയാല്‍ പിതൃക്കള്‍ക്ക്‌ ഒരു മാസം പ്രീതിക്കു വകയായി രാജാവേ! മനു പറയുന്നു: ധാരാളം എള്ളു കൊണ്ടുള്ള ബലി നല്കിയാല്‍ അത്‌ അക്ഷയമായ ബലിയാകുമെന്ന്‌. എല്ലാ ഭോജ്യത്തിലും പ്രധാനമായത്‌ എള്ളാണ്‌. മത്സ്യങ്ങള്‍ കൊണ്ടുള്ള ബലി പിതൃക്കളെ രണ്ടു മാസത്തേക്കു സംതൃപ്തരാക്കും. ചെമ്മരിയാടിനെ ബലി കൊടുത്താല്‍ മൂന്നു മാസത്തേക്കു സംതൃപ്തരാക്കും. മുയലു കൊണ്ടായാല്‍ നാലു മാസത്തേക്കാകും. ആടിനെ ബലി കൊടുത്താല്‍ പിതൃക്കള്‍ അഞ്ചു മാസത്തേക്കു പ്രീതരാകും. വരാഹം കൊണ്ടു ബലിയര്‍പ്പിച്ചാല്‍ ആറു മാസം പിതൃക്കള്‍ പ്രീതരാകും. ശാകം (ഇലക്കറി) കൊണ്ട്‌ ബലി കൊടുത്താല്‍ ഏഴു മാസത്തേക്കാകും. കൃഷ്ണമൃഗത്തെ ബലിയര്‍പ്പിച്ചാല്‍ എട്ടു മാസത്തേക്കാകും. രുരുവിനെ (ചാരനിറവും കറുപ്പുനിറവും ചേര്‍ന്ന ഒരുതരം മാന്‍)  ബലിയര്‍പ്പിച്ചാല്‍ ഒമ്പതു മാസത്തേക്കു പിതൃക്കള്‍ക്കു തൃപ്തിയാകും. ഗവയത്തിനെ (ഒരുതരം മാ൯) ബലിയര്‍പ്പിച്ചാല്‍ അതിന്റെ മാംസം കൊണ്ടു പിതൃക്കള്‍ പത്തുമാസം തൃപ്തിപ്പെടും. കാട്ടുപോത്തിനെ ബലി കൊടുത്താല്‍ പിതിനൊന്നു മാസത്തേക്കു തൃപ്തിപ്പെടും. ശ്രാദ്ധത്തില്‍ പശുവിന്റെ മാംസം ബലിയര്‍പ്പിച്ചാല്‍ ഒരു കൊല്ലത്തേക്കു പിതൃക്കള്‍ സംതൃപ്തരാകും. ഗവ്യം കലരുന്ന വിധം നെയ്യ്‌ ചേര്‍ത്ത്‌ തയ്യാര്‍ ചെയ്തതും കാളമാംസം അതുപോലെ ചേര്‍ത്ത്‌ പാകം ചെയ്തതുമായ പായസം ബലിയര്‍പ്പിച്ചാല്‍ പിതൃക്കള്‍ പന്ത്രണ്ടു വര്‍ഷത്തേക്ക്‌ പ്രീതരാകും. ഖള്‍ഗമാംസം (കാണ്ടാമൃഗത്തിന്റെ മാംസം) പിതൃക്കള്‍ക്ക്‌ ബലിയര്‍പ്പിച്ചാല്‍ അതിന്റെ ഫലം നശിക്കാതെ ദീര്‍ഘകാലം നില്ക്കും. കാലശാകം, കാഞ്ചന വൃക്ഷത്തിലുണ്ടാകുന്ന പുവും, കായും, ഛാഗവും ബലിയര്‍പ്പിച്ചാല്‍ ഒടുങ്ങാത്ത ഫലം നല്കും.

ഇതിനെപ്പറ്റി പിതൃക്കള്‍ ചൊല്ലിയ ഒരു ഗാഥ ഞാന്‍ ചൊല്ലാം യുധിഷ്ഠിരാ! ഈ ഗാഥ സനല്‍ക്കുമാര ഋഷി പണ്ട്‌ എനിക്കു ചൊല്ലിക്കേള്‍പ്പിച്ചതാണ്‌. - ത്രയോദശി നാളില്‍ മകം നക്ഷത്രത്തില്‍ ദക്ഷിണായന കാലത്തില്‍ പിതൃക്കള്‍ക്കു നെയ്യുചേര്‍ത്ത പായസം ബലിയര്‍പ്പിക്കുന്നവന്‍ സ്വകുലത്തില്‍ ജനിക്കാതിരിക്കുമോ? അജമാംസം ലോഹിതമാംസം എന്നിവ മകം നക്ഷത്രത്തില്‍ വരതനിഷ്ഠനായി വിധിപ്രകാരം ആനയുടെ നിഴലിലിരുന്, ആനയുടെ ചെവികൊണ്ടു വീശുന്ന കാറ്റേറ്റിരുന്ന്‌, പിതൃക്കള്‍ക്കു ബലി നല്കുന്നവന് ധാരാളം പുത്രന്മാരുണ്ടാകും. അല്ലെങ്കില്‍ ഗയയില്‍ച്ചെന്ന്‌ അവിടെ നില്ക്കുന്ന "അക്ഷയം" എന്നു പേരുള്ള ആല്‍വ്യക്ഷത്തിന്റെ ചുവട്ടിലിരുന്ന്‌ പിതൃക്കള്‍ക്കു വെള്ളം, കിഴങ്ങ്‌, കായ, മാംസം, പായസം, തേന്‍ ചേര്‍ത്ത വസ്തുക്കള്‍ എന്നിവ ബലിയര്‍പ്പിച്ചാല്‍ അതിന്റെ സംതൃപ്തി പിതൃക്കള്‍ക്ക്‌ എന്നെന്നേക്കും നിലനില്ക്കുന്നതാണ്‌.

89. ശ്രാദ്ധകല്പം - ഓരോ നക്ഷത്രത്തിലും പിതൃകര്‍മ്മം ചെയ്താലുള്ള ഫലം - ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ! ഏതൊക്കെ ശ്രാദ്ധങ്ങളാണ്‌ യമന്‍ ശശബിന്ദുവിനോടു പറഞ്ഞത്‌. കാമ്യങ്ങളായ അവയെക്കുറിച്ച്‌ ഇനി ഞാന്‍ പറയാം. അവ നാള്‍തോറും വേറെവേറെയാണ്‌.

കാര്‍ത്തിക നാളില്‍ ശ്രാദ്ധം എല്ലാ മാസത്തിലും ചെയ്യുന്ന മര്‍ത്ത്യന്‍ എന്നും അഗ്ന്യാധാനാഢ്യനായി യജ്ഞം ചെയ്യുകയാണ്‌ (എന്നും യജ്ഞം ചെയ്യുന്ന ഫലം അവന് ലഭിക്കും). അവന്‍ എല്ലാ രോഗങ്ങളില്‍ നിന്നും വിമുക്തനായി സന്താനങ്ങളോടു കൂടി സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌. സന്താനലാഭം കാംക്ഷിക്കുന്നന്‍ രോഹിണി നാളില്‍ പിതൃക്കള്‍ക്കു ശ്രാദ്ധം കഴിക്കണം. തേജസ്സും ശക്തിയും ആഗ്രഹിക്കുന്നവന്‍ മകീര്യത്തില്‍ ശ്രാദ്ധം ചെയ്യണം. തിരുവാതിര നാളില്‍ ശ്രാദ്ധംചെയ്താല്‍ അവന്‍ ക്രൂരകര്‍മ്മവാകും. കൃഷിയെ കാമിക്കുന്ന നരന്‍ പിതൃക്കള്‍ക്ക്‌ പുണര്‍തം നക്ഷത്രത്തില്‍ ശ്രാദ്ധം ഊട്ടണം. പുഷ്ടിയുണ്ടാകാന്‍ ആഗ്രഹിക്കുന്നവന്‍ പൂയം നക്ഷത്രത്തില്‍ ശ്രാദ്ധം നല്കണം. ആയില്യം നാളില്‍ ശ്രാദ്ധം പിതൃക്കള്‍ക്കു ചെയ്യുന്ന നരന് വീരനായ പുത്രന്‍ പിറക്കുന്നതാണ്‌. മകം നാളില്‍ ശ്രാദ്ധം ചെയ്യുന്നവന്‍ ജ്ഞാതിവര്‍ഗ്ഗത്തില്‍ പ്രധാനിയായിത്തീരും. പൂയം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന്‍ സുഭഗനായിത്തീരും. ഉത്രം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന് പുത്രലാഭമുണ്ടാകും. അത്തം നാളില്‍ ശ്രാദ്ധം ഊട്ടിയാല്‍ ഫലമുണ്ടാകും. ചിത്രയിൽ ശ്രാദ്ധം പിതൃക്കള്‍ക്കു നല്കുന്നവന് സുന്ദരനായ പുത്രനെ ലഭിക്കും. ചോതിയില്‍ പിതൃക്കളെ പൂജിച്ച്‌ ശ്രാദ്ധം ഊട്ടുന്നവന് കച്ചവടത്തില്‍ വലിയ നേട്ടമുണ്ടാകും. വിശാഖത്തില്‍ ശ്രാദ്ധം ചെയ്താല്‍ അവന് വളരെ പുത്രന്മാരുണ്ടാകും. അനിഴം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന്‍ രാജചക്രം നടത്തുന്നവനാകും. തൃക്കേട്ട നക്ഷത്രത്തില്‍ ശ്രാദ്ധം ഊട്ടുന്നവന്‍ ആധിപത്യം നടത്തും; ശ്രദ്ധയും ദമവുമുള്ളനാകും. മൂലം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന് ആരോഗ്യമുണ്ടാകും. പുരാടം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന് കീര്‍ത്തിയുണ്ടാകും. ഉത്രാടം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന്‍ അല്ലല്‍ വിട്ട്‌ ലോകം ചുറ്റും, അഭിജിത്ത്‌ നക്ഷത്രത്തില്‍ ശ്രാദ്ധം ഊട്ടുന്നവന് വിദ്യ ലഭിക്കും. ഓണം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന് പരലോകത്തില്‍ സല്‍ഗതിയുണ്ടാകും. അവിട്ടം നാളില്‍ ശ്രാദ്ധം ഊട്ടുന്നവന് രാജ്യം ലഭിക്കുന്നതാണ്‌. ചതയം നാളില്‍ ശ്രാദ്ധം ഊട്ടിയാല്‍ അവന് ഭേഷജങ്ങള്‍ ലഭിക്കും. പുരുരുട്ടാതി നാളില്‍ ശ്രാദ്ധം പിതൃക്കള്‍ക്കു ചെയ്താല്‍ ധാരാളം ആട്‌, പെണ്ണാട്‌ മുതലായവയുണ്ടാകും. ഉത്രട്ടാതിനാളില്‍ ശ്രാദ്ധം പിതൃക്കള്‍ക്കു ചെയ്താല്‍ ധാരാളം ഗോക്കളെ കിട്ടും. ധാരാളം പിച്ചള, ചെമ്പു പാത്രങ്ങള്‍ രേവതി നാളില്‍ പിതൃക്കള്‍ക്കു ശ്രാദ്ധം നല്കുന്നവന് ലഭിക്കും. അശ്വതി നാളില്‍ ശ്രാദ്ധം ചെയ്താൽ ധാരാളം അശ്വങ്ങളെ ലഭിക്കും. ഭരണി നാളില്‍ ശ്രാദ്ധം ചെയ്താല്‍ നല്ല ആയുസ്സ്‌ ലഭിക്കും. ഇപ്രകാരം ശ്രാദ്ധമുറകള്‍ കേട്ട്‌ അപ്രകാരം ശശബിന്ദുരാജാവ്‌ പിതൃക്കള്‍ക്കു ശ്രാദ്ധം നടത്തി. പിന്നെ ക്ലേശം കൂടാതെ ഭൂമിയൊക്കെ ജയിച്ച്‌, ഭൂമി വേണ്ടവിധം പാലിച്ചു.

90. ശ്രാദ്ധകല്ലം - ശ്രാദ്ധത്തിന്ന്‌ ക്ഷണിക്കാന്‍ അര്‍ഹനായ ബ്രാഹ്മണന്റെ ലക്ഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഏതുതരക്കാരെയാണ്‌ ശ്രാദ്ധത്തിന് ക്ഷണിച്ചു വരുത്തി ശ്രാദ്ധം നല്കേണ്ടത്‌? അര്‍ഹനായ ബ്രാഹ്മണനെപ്പറ്റി കുരുശ്രേഷ്ഠാ! പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: ദാനധര്‍മ്മജ്ഞനായ ക്ഷത്രിയന്‍ ഒരിക്കലും ബ്രാഹ്മണരെ പരീക്ഷിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ പിതൃകര്‍മ്മം ചെയ്യുക എന്ന ദൈവക്രിയയില്‍, പിതൃകര്‍മ്മത്തില്‍ ബ്രാഹ്മണനെ പരീക്ഷിക്കാതെ പറ്റുകയുമില്ല. ദേവതകള്‍ ദൈവതേജസ്സാലാണ്‌ പൂജിക്കുന്നത്‌. അതുകൊണ്ട്‌ ദേവകള്‍ക്കു വേണ്ടി എല്ലാവര്‍ക്കും ദാനം ചെയ്യണം. ശ്രാദ്ധത്തില്‍ ബുധന്മാര്‍ ബ്രാഹ്മണരെ പരീക്ഷിക്കണം. കുലം, ശീലം, വയസ്സ്‌, രൂപം, വിദ്യ, സജ്ജനസംസര്‍ഗ്ഗം ഇവ പരിശോധിച്ചറിയണം. ശ്രാദ്ധത്തിന് സഹായിയായി നില്ക്കുവന്നവന്‍ വേദാദികളിലും, മന്ത്രതന്ത്രങ്ങളിലും ജ്ഞാനം സമ്പാദിച്ചവനാകണം. ചിലര്‍ പന്തിയെ ദുഷിപ്പിച്ചേക്കും. ചിലര്‍ പന്തിയെ പരിശുദ്ധമാക്കും. ശ്രാദ്ധത്തിന് അന്നം നല്കുവാന്‍ അര്‍ഹരല്ലാത്തവരെ, പന്തിയില്‍ കയറ്റരുത്‌. പന്തിയില്‍ കയറ്റി ഇരുത്താന്‍ പാടില്ലാത്തവര്‍ ആരൊക്കെയാണെന്നു പറയാം.

ഭ്രൂണഹന്താവ്‌, ചതിയന്‍, ക്ഷയരോഗി, പശുക്കളെ മേച്ചുനടക്കുന്നവന്‍, ബ്രാഹ്മണവ്യത്തി ഉപേക്ഷിച്ച ബ്രാഹ്മ ണന്‍, ഗ്രാമപ്രേഷ്യന്‍ (ഗ്രാമത്തിലെ ഒരു പൊതുഭൃത്യന്‍), പണം കടംകൊടുത്ത്‌ പലിശവാങ്ങി ജീവിക്കുന്നവന്‍, പാട്ടുകാരന്‍ (ഭാഗവതര്‍), വാണിഭക്കാരന്‍, പുരയ്ക്കു തീവെച്ചവന്‍, വിഷദ്രാവകം വില്ക്കുന്നവന്‍, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവന്‍, മദ്യവിക്രയം ചെയ്യുന്നവന്‍, കൈനോട്ടക്കാരന്‍, സാമുദ്രികലക്ഷണം പറയുന്നവന്‍, രാജഭൃത്യന്‍, എള്ളു വില്ക്കുന്നവന്‍, കള്ളസ്സാക്ഷി പറയുന്നവന്‍, അച്ഛനുമായി കലഹിക്കുന്ന പുത്രന്‍, ഭാര്യയ്ക്കു ജാരനെ വീട്ടില്‍ പാര്‍പ്പിക്കുന്നവന്‍, ശാപം ഏറ്റവന്‍, കണ്ടതൊക്കെ കക്കുന്നവന്‍, ശില്പവിദ്യകൊണ്ട് ഉപജീവിക്കുന്നവന്‍, വേഷംമാറി നടക്കുന്നവന്‍, സ്വഭാവാല്‍ ചതിയന്‍, മിത്രധ്രുക്ക്‌, അന്യന്റെ ഭാര്യയെ സ്വീകരിക്കുന്നവന്‍, ശൂദ്രാദികളെ പഠിപ്പിക്കുന്നവന്‍, ആയുധംകൊണ്ട്‌ ഉപജീവിക്കുന്നവന്‍, നായാട്ടുകാരന്‍, നായയുടെ കടിയേറ്റവന്‍, പരിവൃത്തി (അനുജന്‍ വിവാഹം കഴിച്ചിട്ടും വിവാഹം ചെയ്യാത്ത ജ്യേഷ്ഠന്‍) ത്വക്ദോഷം ഉള്ളവന്‍, (പാണ്ഡ്‌, കുഷ്ഠം, ചൊറി മുതലായവയുള്ളവന്‍), ഗുരുവിന്റെ ഭാര്യയില്‍ പ്രവേശിച്ചവന്‍, നാടകത്തില്‍ വേഷം കെട്ടുന്ന നടന്‍, ശാന്തി ചെയ്യുന്നവന്‍, ജ്യോതിഷം കൊണ്ടു കഴിയുന്നവന്‍ ഇങ്ങനെയുള്ള വിപ്രന്മാര്‍ പന്തിയില്‍ കയറിയിരുന്ന്‌ ഊണുകഴിച്ചാല്‍ ആ ഊണാകുന്ന ഹവ്യം പിത്യക്കള്‍ക്ക്‌ ലഭിക്കുകയില്ല. അത്‌ രാക്ഷസന്മാര്‍ക്കാണ്‌ ലഭിക്കുകയെന്ന്‌ ബ്രഹ്മവാദികള്‍ പറയുന്നു.

ശ്രാദ്ധം ഉണ്ട ബ്രാഹ്മണന്‍ അന്നു വേദം ചൊല്ലുന്നതില്‍ നിന്ന്‌ ഒഴിഞ്ഞു നില്ക്കണം. അപ്രകാരം തന്നെ ശ്രാദ്ധം ഉണ്ട ബ്രാഹ്മണന്‍ അന്ന്‌ ശൂദ്രസ്ത്രീയുമായി സംയോഗത്തിന് പോകരുത്‌. ഈ രണ്ടു കൂട്ടര്‍ക്കും പാപം തുല്യമാണ്‌. രണ്ടു പേരുടെയും പിതൃക്കള്‍ അവന്റെ മലത്തില്‍ ഒരു മാസം കിടക്കും. സോമം എന്ന മദ്യം വില്ക്കുന്ന ബ്രാഹ്മണന് ശ്രാദ്ധത്തില്‍ കൊടുക്കുന്ന ഭക്ഷണം പിത്യക്കള്‍ക്ക്‌ മലം കൊടുത്ത മാതിരി അശുദ്ധമായിത്തീരും. വൈദ്യം ചെയ്യുന്ന ബ്രാഹ്മണന് ശ്രാദ്ധത്തില്‍ കൊടുക്കുന്ന ഈണു ചലവും ചോരയും പിത്യക്കള്‍ക്കു കൊടുത്തപോലെ ദുഷ്ഫലമാണ്‌ ലഭിക്കുക. ശാന്തിക്കാരനായ ബ്രാഹ്മണന് ഭക്ഷണം ശ്രാദ്ധത്തില്‍ നല്കിയാല്‍ അതു നഷ്ടപ്പെട്ടതു തന്നെ! യാതൊരു ഫലവും ലഭിക്കുകയില്ല ഹുണ്ടികക്കാരനായ ബ്രാഹ്മണന് ശ്രാദ്ധത്തില്‍ ഭക്ഷണം കൊടുത്താല്‍ അത്‌ അപമാനകരമായി ഭവിക്കും. കച്ചവടം ചെയ്യുന്ന ബ്രാഹ്മണനെ വിളിച്ചു വരുത്തി ശ്രാദ്ധത്തില്‍ ഊണു കൊടുക്കുന്നവന് ഇഹലോകവും പരലോകവും നഷ്ടപ്പെടും. ഒരു (സ്ത്രീക്കു പുനര്‍വിവാഹത്തിലുണ്ടാകുന്ന ബ്രാഹ്മണപുത്രന് ശ്രാദ്ധത്തില്‍ ഊണു കൊടുത്താല്‍ ആ ദാനം വെണ്ണീറ്റില്‍ ഹോമം ചെയ്ത ഫലമേയുള്ളു (കത്തുന്ന അഗ്നിയിലാണ്‌ നെയ്യ്‌ ഹോമിക്കുക. വെണ്ണീറ്റില്‍ ഹവ്യം ഹോമിച്ചാല്‍ ഫലം സിദ്ധിക്കുകയില്ല). ധര്‍മ്മംവിട്ടവര്‍ക്കും, ചാരിത്രം കെട്ടവര്‍ക്കും ശ്രാദ്ധാന്നമോ, ഹവ്യകവ്യങ്ങളോ, നല്കിയാല്‍ പരലോകത്തില്‍ അവന് ഫലം സിദ്ധിക്കയില്ല. അറിഞ്ഞും കൊണ്ട്‌ ഇത്തരക്കാര്‍ക്കു നല്കുന്ന അല്പബുദ്ധികളുടെ പിതൃക്കള്‍ അവന്റെ അമേദ്ധ്യം പരലോകത്തില്‍ തീര്‍ച്ചയായും തിന്നുവാന്‍ കാരണമാകും. ഇപ്രകാരമുള്ള വിപ്രന്മാരാണ്‌ പന്തിയില്‍ കയറുവാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നു നീ അറിയണം. ശൂദ്രന്മാര്‍ക്കു വേദം ഉപദേശിക്കുന്ന അല്പബുദ്ധികളായ ബ്രാഹ്മണരുടെ ഗതിയും മോശം തന്നെയാണ്‌. കുരുടന്‍ പന്തിയിലിരിക്കുന്ന അറുപതുപേരെയും, നപുംസകന്‍ പന്തിയിലിരിക്കുന്ന നൂറുപേരെയും, പാണ്ഡുരോഗി പന്തിയിലിരിക്കുന്ന കണ്ണെത്തുന്നിടത്തോളമുള്ള ആളുകളെയും കളങ്കപ്പെടുത്തും, അവരെയൊക്കെ ദുഷിപ്പിക്കും രാജാവേ! തലയില്‍ മുണ്ടു കെട്ടിയിരുന്ന്‌ ഉണ്ണരുത്‌. തെക്കോട്ടു തിരിഞ്ഞിരിന്ന്‌ ഉണ്ണരുത്. ചെരിപ്പിട്ടിരുന്ന്‌ ഉണ്ണരുത്‌. ഇതൊക്കെ അസുരന്മാര്‍ക്കു ചേര്‍ന്നതാണ്‌. നല്ലതല്ലാതെയും ഇഷ്ടമില്ലാതെയും അസൂയയോടു കൂടിയും ആര്‍ക്കും ഭക്ഷണം നല്കരുത്‌. ബഹുമാനം തോന്നിക്കാത്ത വിധം ഭക്ഷണം നല്കരുത്‌. അതൊക്കെ അസുരേന്ദ്രന്മാര്‍ക്ക്‌ ബ്രഹ്മാവു നിശ്ചയിച്ച ഭാഗമാണ്‌.

പന്തിയില്‍ ഇരുന്ന്‌ ഉണ്ണുന്നത്‌ അപ്പുറത്തിരുന്ന്‌ ഒരു നായ നോക്കിക്കാണരുത്. പന്തി ദുഷിപ്പിക്കുന്ന കൂട്ടരും നോക്കിക്കാണരുത്. അതുകൊണ്ട്‌ ഊണു കൊടുക്കുന്ന പന്തല്‍ ചുറ്റും മറയ്ക്കണം. ആരും പുറമേ നിന്ന്‌ നോക്കിക്കാണാത്ത മട്ടില്‍ അന്നം നല്കണം. പന്തലില്‍ നിലത്ത്‌ എള്ളിന്‍ മണി തൂവണം. എള്ളു കൂടാതെയും ക്രോധത്തോടു കൂടിയും ശ്രാദ്ധത്തില്‍ അന്നം നല്‍കുകയാണെങ്കില്‍ അത്‌ രാക്ഷസന്മാരും പിശാചുക്കളും അപഹരിച്ചു കളയും. പന്തിയില്‍ ഇരിക്കുവാന്‍ അര്‍ഹതയില്ലാത്തവന്‍ ഊണു കഴിക്കുന്നവരെ ആഗ്രഹത്തോടെ നോക്കിക്കണ്ടാല്‍ അവന്‍ കാണുന്നതു വരെയുള്ള ദാനത്തിന്റെ ഫലം നശിച്ചുപോകും.

ഇനി പന്തിയെ ശുദ്ധമാക്കുന്നവര്‍ ആരൊക്കെയാണെന്നു പറയാം. ആ വിപ്രരെ പരീക്ഷിച്ചറിയണം. വിദ്യാവേദ വ്രതസ്നാതന്മാരായ എല്ലാ ബ്രാഹ്മണരും, സദാചാരപരന്മാരായ സകല ബ്രാഹ്മണരും എല്ലാറ്റിലും പരിശുദ്ധന്മാരാണെന്നറിയണം. പന്തിയില്‍ ഇരുത്തേണ്ടത്‌ അവരെയാണ്‌. അവര്‍ പന്തി ശുദ്ധി വരുത്തുന്നവരാണ്‌.

മൂന്നു നചികേതസ്സിലും ചേര്‍ന്നവനും, അഞ്ച്‌ അഗ്നികളേയും ജ്വലിപ്പിച്ച്‌ കര്‍മ്മം ചെയ്യുന്നവനും, മൂന്നു സുവര്‍ണ്ണന്മാരെ അറിയുന്നവനും, വേദത്തിന്റെ ആറ്‌ അംഗങ്ങളും അറിയുന്നവനും, വേദം പഠിച്ചവനും, പഠിപ്പിക്കുന്നവനും, വേദജ്ഞന്മാരുടെ വംശത്തില്‍ പിറന്നവനും, ജ്യേഷ്ഠസാമം (സാമവേദത്തിലെ ഒരു ഭാഗം) ചൊല്ലുന്നവനും പിതാക്കള്‍ക്ക്‌ അധീനനും പത്തു തലമുറയായി വേദം പഠിച്ചും പഠിപ്പിച്ചും വരുന്നവനും എല്ലാം ഋതുകാലത്തും (ഋതുസ്നാനം കഴിഞ്ഞുവരുന്ന പതിനൊന്നു ദിവസം) ധര്‍മ്മപത്നിയുമായി സംഗം ചെയ്യുന്നവനും, ജ്ഞാനത്താല്‍ ആത്മാവിനെ ശുദ്ധമാക്കിയവനും, വേദജ്ഞനും, വ്രതസ്ഥനും, ധര്‍മ്മാനുസരണം അനുഷ്ഠിക്കുന്നവനുമായ വിപ്രന്‍ പന്തിയെ ശുദ്ധമാക്കുന്നവനാണ്‌.  ശ്രാദ്ധത്തില്‍ ക്ഷണിക്കാന്‍ അര്‍ഹരായിട്ടുള്ളവരെ പറ്റിയും പറയാം. അഥര്‍വ്വശീര്‍ഷം (വേദമന്ത്രം) ചൊല്ലുന്നവനും, ധര്‍മ്മശീലനും, സ്വകര്‍മ്മം അനുഷ്ഠിക്കുന്നവനും, ബ്രഹ്മചാരിയും, യത്രവതനും, സത്യം പറയുന്നവനും, ധര്‍മ്മശീലനും, പുണ്യതീര്‍ത്ഥ സ്നാനം ചെയ്തവനും, പരിശ്രമിയും, മന്ത്രത്തോടു കൂടി യജ്ഞാനന്തരം അവഭൃതസ്നാനം ചെയ്തവനും, അക്രോധന്മാരും, അചപലന്മാരും, ക്ഷമാവാന്മാരും, ദാന്തന്മാരും, ജിതേന്ദ്രിയന്മാരും, സര്‍വ്വവഭൂതഹിതന്മാരുമായ ഇവര്‍ ശ്രാദ്ധത്തില്‍ ക്ഷണിക്കുവാന്‍ യോഗ്യരാണ്‌.

ഇവര്‍ക്ക്‌ ശ്രാദ്ധത്തില്‍ ഭക്ഷണം നല്കിയാല്‍ അതിന് ക്ഷയം ഉണ്ടാവുകയില്ല. ഇവര്‍ പന്തിയെ പരിശുദ്ധമാക്കുന്നവരാണ്‌.

മോക്ഷധര്‍മ്മജ്ഞന്മാരായ യതികളും, യോഗികളും, ചരിത്രവതന്മാരും, പരിശുദ്ധരായി ഇതിഹാസം ദ്വിജന്മാരോട്‌ പറയുന്നവരും, ദാക്ഷ്യജ്ഞന്മാരായവരും, വ്യാകരണജ്ഞാനമുള്ളവരും പുരാണത്തെ പറയുന്നവരും, ധര്‍മ്മശാസ്ത്രം പറയുന്നവരും യഥാന്യായം പഠിച്ചു വിധിപോലെ ചെയ്യുന്നവരും ഗുരുകുലത്തില്‍ വിദ്യ പഠിച്ചവരും, സത്യം പറയുന്നവരും, ധാരാളം ദാനം ചെയ്യുന്നവരും, എല്ലാ വേദത്തിലും ജ്ഞാനം സമ്പാദിച്ചവരില്‍ ശ്രേഷ്ഠരും, എല്ലാ പ്രവചനത്തിലും ശ്രേഷ്ഠന്മാരുമായ ബ്രാഹ്മണര്‍ നോക്കിക്കാണുന്ന ഇടമൊക്കെ ശുദ്ധമാകുന്നതാണ്‌. പന്തിക്കു പരിപാവനത്വം ചേര്‍ക്കുക മൂലം ഇവര്‍ പംക്തിപാവനര്‍ എന്നു പറയപ്പെടുന്നു. ഇങ്ങനെയുള്ള ഒരുത്തന്‍ മൂന്നു വിളിപ്പാടു ദൂരത്തോളം ശുദ്ധി നല്കുവാന്‍ പോന്നവനാണ്‌. വേദം അഭ്യസിപ്പിക്കുന്നവന്റെ വംശജന്മാരാണ്‌ ഇവര്‍ എന്നു വേദജ്ഞന്മാര്‍ കാണുന്നു.

ഋത്വിക് അല്ലാത്തവന്‍, ആചാര്യനല്ലാത്തവന്‍, ഇവര്‍ അഗ്രാസനസ്ഥാരായാലും ഋത്വിക് ജനം സമ്മതിച്ചാല്‍ അവരും പന്തിയിലെ പാപം നശിപ്പിക്കും. പന്തിദോഷങ്ങള്‍ എല്ലാം അറ്റവനായ വേദജ്ഞന്‍ രാജാവേ, ഒരിക്കലും പതിതനാവുകയില്ല. അതുകൊണ്ടു നല്ലപോലെ പരീക്ഷിച്ചു വേണം വിപ്രന്മാരെ ശ്രാദ്ധത്തിന് ക്ഷണിക്കുവാന്‍. സ്വധര്‍മ്മനിരതന്മാരും പഠിപ്പു ധാരാളം ഉള്ളവരുമായ കുലീനര്‍ പരിഗണിക്കപ്പെടേണ്ടവരാണ്‌.

സ്നേഹംമാത്രം നോക്കി അര്‍ഹനല്ലാത്തവനെ ശ്രാദ്ധത്തില്‍ ക്ഷണിച്ചു വരുത്തി ഊണും ഹവിസ്സുമൊക്കെ നല്കി വിടുന്നതു കൊണ്ട്‌ പിതൃക്കളും ദേവകളും പ്രസാദിക്കുകയില്ല.

ശ്രാദ്ധത്തില്‍ സഖ്യം മാത്രം പ്രമാണമാക്കിയെടുക്കുന്നവന്‍ ദേവന്മാരുടെ മാര്‍ഗ്ഗത്തില്‍ ഗമിക്കുകയില്ല. ഞെട്ടറ്റു പഴം ഭൂമിയില്‍ പതിക്കുന്നതു പോലെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടും പെട്ടെന്നു ഭൂമിയില്‍ പതിക്കും; അതാണ്‌ ശ്രാദ്ധമിത്രന്റെ ഫലം. അതുകൊണ്ടു ശ്രാദ്ധം ചെയ്യുന്നവന്‍ മിത്രത്തെ അതില്‍ പങ്കാളിയാക്കരുത്‌. മിത്രങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടുവോളം ധനം കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ശ്രാദ്ധവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആരേ ശത്രുവായോ മിത്രമായോ കാണാതിരിക്കുന്നു, അതു രണ്ടും അല്ലാത്തവനെ വിളിച്ചു വരുത്തി ആ മദ്ധ്യവര്‍ത്തിയായവന്ന്‌ ഹവ്യകവ്യങ്ങള്‍ ശ്രാദ്ധത്തില്‍ ഊട്ടുക.

ഊഷരപ്രദേശത്തില്‍ വിത്തു വിതച്ചാല്‍ മുളയ്ക്കുകയില്ല. വിതച്ചവന് വീണ്ടും വിത്തു ലഭിക്കുകയുമില്ല. അപ്രകാരം അനര്‍ഹന്മാര്‍ക്കു നല്കുന്ന ചാത്തത്തിലെ ഹവ്യം ഇഹത്തിലും പരലോകത്തിലും നിഷ്ഫലമായിപ്പോകും. ഉണക്കപ്പുല്ലില്‍ തീ പിടിച്ചാല്‍ ഉടനെ കത്തി ദഹിക്കുന്നത് പോലെ, വേദം ചൊല്ലാനറിയാത്ത ദ്വിജനെ വിളിച്ചു വരുത്തി ചാത്തം ഊട്ടിയാല്‍ അതുകൊണ്ടു യാതൊരു ഫലവുമുണ്ടാവുകയില്ല. വെറും ചാരത്തില്‍ ഹവ്യം ഒഴിച്ചിട്ട്‌ എന്തു കാര്യം?

പിശാചുക്കളുടെ ദക്ഷിണ അന്യോനൃമുള്ള ഊട്ടു നല്കുകയാണ്‌. അതു പിതൃക്കള്‍ക്കും ദേവകള്‍ക്കും ചേര്‍ന്ന സമ്പ്രദായമല്ല. അതില്‍ പുണ്യമില്ല എന്നറിയാതെ ഭ്രമിക്കുന്നവരുണ്ട്‌. അവരുടെ അറിവില്ലായ്മയാണത്‌. കുട്ടിയില്ലാത്ത പശു തൊഴുത്തില്‍ കിടക്കുന്ന മാതിരിയാണത്‌. കെട്ട അഗ്നിയില്‍ ഹോമഘൃതം ഒഴിക്കുന്ന പോലെ അതു പിതൃക്കള്‍ക്കും ദേവകള്‍ക്കും ലഭിക്കുന്നില്ല. ആടുന്നവനും, പാടുന്നവനും, ഭോഷ്ക്കു പറയുന്നവനും, ദക്ഷിണയായി നല്കിയ ദാനം പോലെയാണ്‌ അത്‌. ഫലം നല്കുന്നതല്ല.

ചതിയനും, നുണപറയുന്നവനും നല്കുന്ന ദാനം ഇഹത്തേയും പരത്തേയും കെടുത്തിക്കളയും. യാതൊരു ഫലവും നല്കുകയില്ല. ഗര്‍ഹിതമായ ആ കര്‍മ്മം ദേവലോകത്തില്‍ നിന്ന് പിതൃക്കളെ നരകത്തിലേക്കോ, ഭൂമിയിലേക്കോ വീഴ്ത്തിക്കളയും. ഋഷിമാരുടെ മുറയനുസരിച്ചു ജീവിക്കുന്നവര്‍ അല്ലയോ യുധിഷ്ഠിരാ! സര്‍വ്വധര്‍മ്മജഞന്മാരാണ്‌. വിപ്രന്മാര്‍ ദേവസമ്മതന്മാരാണ്‌. സ്വാദ്ധ്യായനിഷ്ഠരായ ഋഷികളും, ജ്ഞാനനിഷ്ഠന്മാരും, തപോനിഷ്ഠന്മാരും, കര്‍മ്മനിഷ്ഠന്മാരും അവരില്‍ ഉണ്ട്‌ രാജാവേ!

ഈ പറഞ്ഞവരില്‍ ജഞാന നിഷ്ഠന്മാര്‍ക്ക്‌ കവ്യങ്ങള്‍ നല്കണം യുധിഷ്ഠിരാ! ബ്രാഹ്മണരെ ഒരിക്കലും നിന്ദിക്കരുത്‌. ബ്രാഹ്മണരെ സംഭാഷണത്തില്‍ നിന്ദിച്ചു പറയുന്നവരെ ശ്രാദ്ധത്തില്‍ ക്ഷണിച്ചു വരുത്തി ഭക്ഷണാദികള്‍ നല്കരുത്‌. രാജാവേ, വിപ്രന്റെ ശാപത്തിന് പാത്രമാകരുത്‌. വിപ്രന്‍ നിന്ദിച്ചാല്‍ മൂന്നു ദിവസം കൊണ്ട്‌ കുലം നശിച്ചു പോകും.

വൈഖാനസന്മാരായ മുനീന്ദ്രന്മാര്‍ പറഞ്ഞതായി ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്‌. വേദപാരഗന്മാരായ ബ്രാഹ്മണരെ ദൂരെ വെച്ചുതന്നെ പരിശോധിച്ചറിയണം. പ്രിയപ്പെട്ടവന്‍ ദ്വേഷ്യനായാലും അവന് ശ്രാദ്ധം നല്കണം. ആയിരത്തോളം കള്ള ബ്രാഹ്മണരെ ശ്രാദ്ധം ഊട്ടുന്നതിനേക്കാള്‍ നല്ല ഫലം വേദജ്ഞാനവും സൗശീല്യവുമുള്ള ഒറ്റ ബ്രാഹ്മണന് ശ്രാദ്ധം നല്കിയാല്‍ ലഭിക്കുന്നതാകുന്നു.

91. ശ്രാദ്ധകല്പം - ദുഃഖാകുലനായ നിമി പുത്രന് വേണ്ടി പിണ്ഡംവയ്ക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ശ്രാദ്ധം ആരാണ്‌ നിശ്ചയിച്ചത്‌? ഏതു കാലത്താണ്‌? എന്തിനാണ്‌? ഭൃഗുവും അംഗിരസ്സും ഉള്ളപ്പോള്‍ പിന്നെ ഏതു മുനിയാണ്‌ മുഖ്യനാവുക? അവരില്‍ നിന്നാണല്ലോ ജനങ്ങള്‍ ഉണ്ടായത്‌? ഏതു മുനിയാണ്‌ ശ്രാദ്ധം നടപ്പാക്കിയത്‌? ശ്രാദ്ധത്തില്‍ ചെയ്യരുതാത്തത്‌ എന്താണ്‌? ഉപയോഗിക്കാന്‍ പാടില്ലാത്ത ഫലങ്ങള്‍ എന്തൊക്കെയാണ്‌? ശ്രാദ്ധത്തില്‍ ഉപയോഗിക്ക വയ്യാത്ത ധാന്യങ്ങളെന്തൊക്കെയാണ്‌? എല്ലാം വിസ്തരിച്ചു പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: അല്ലയോ രാജാവേ, ശ്രാദ്ധം എങ്ങനെ തുടര്‍ന്നു എന്നും, ഏതുകാലത്തു തുടര്‍ന്നു എന്നും, എന്തിന് തുടര്‍ന്നു എന്നും, ആരു സങ്കൽപിച്ചു എന്നും ഭവാന്‍ കേള്‍ക്കുക! ഞാന്‍ പറയാം.

ബ്രഹ്മാവിന്റെ പുത്രനായി പ്രസിദ്ധനും, പരമര്‍ഷിയും, പ്രതാപവാനുമായി അത്രി എന്ന മുനി ഉണ്ടായി. അവന്റെ കുലത്തില്‍ പ്രസിദ്ധനായി ദത്താത്രേയന്‍ ഉണ്ടായി. ദത്താത്രേയന് നിമി എന്നു പേരായി പുത്രനുണ്ടായി. അവന്‍ തപോധനനായി വളര്‍ന്നു. നിമിക്കും ശ്രീമാനായി ശ്രീമാന്‍ എന്ന പുത്രനുണ്ടായി. ആയിരം വര്‍ഷം അവന്‍ ദുസ്സാദ്ധ്യമായ തപസ്സു ചെയ്ത്‌ കാലധര്‍മ്മം പ്രാപിച്ചു. നിമി വിധിപ്രകാരം പുലകുളിച്ച്‌ തന്റെ അകാലചരമം പ്രാപിച്ച പുത്രനെ ചിന്തിച്ച്‌ തീവ്രമായ ദുഃഖത്തില്‍ ആണ്ടുപോയി. അങ്ങനെ പുത്രശോക പരായണനായ അവന്‍ പതിന്നാലാം ദിവസം ചോറ്‌, മെതിയടി, തലയണ മുതലായവ പാരിതോഷികങ്ങളായി സല്‍പ്പാത്രത്തില്‍ ദാനം നല്കി. ശോകസന്തപൃനായ അവന്‍ രാത്രി കഴിഞ്ഞ്‌ ഉണര്‍ന്നു. ശോകകഥകള്‍ എണ്ണിയെണ്ണി പറഞ്ഞു കരഞ്ഞ്‌ ഉണര്‍ന്നെഴുന്നേറ്റ അവൻ വിഷയത്തില്‍ മനസ്സടങ്ങി. ബുദ്ധി വല്ലാത്ത പരപ്പിലായി. പിന്നെ അദ്ദേഹം ശ്രാദ്ധകല്പം സമാഹിതനായി ചിന്തിച്ചു.

തന്റെ പുത്രന് എന്ത്‌ ഇഷ്ടമായിരുന്നുവോ, ആ അന്നങ്ങളും, ഭോജ്യങ്ങളും, ഫലമൂലങ്ങളും, അവന്‍ ജീവിച്ചിരുന്നപ്പോള്‍ ഇഷ്ടപ്പെട്ടിരുന്നതെല്ലാം മനസ്സില്‍ തീര്‍ച്ചപ്പെടുത്തി. അതൊക്കെ സംഭരിച്ച്‌ വാവിന്‍ നാള്‍ ബ്രാഹ്മണരെ വിളിച്ചു വരുത്തി ആ മഹാപ്രാജ്ഞന്‍ അവരെ പൂജിച്ചു. ദര്‍ഭാസനങ്ങള്‍ തെക്കോട്ടു തിരിച്ചുവെച്ചു ഏഴു വിപ്രന്മാരെ ഒപ്പം ഊണിന് വിളിച്ചിരുത്തി. ഉപ്പുചേര്‍ക്കാതെ വെച്ചുണ്ടാക്കിയ ഭോജ്യവും, ഉപ്പില്ലാത്ത ചാമച്ചോറും വിളമ്പി. തെക്കോട്ടു തലയായി ദര്‍ഭ വിഷ്ടരങ്ങളില്‍ വെച്ചു. അന്നം ഉണ്ണുന്ന ബ്രാഹ്മണരുടെ പാദങ്ങളിലും അപ്രകാരം വെച്ചു. തെക്കോട്ടു തലയായി പ്രയതനും ശുചിയുമായ അവന്‍ ദര്‍ഭ നിരത്തി. ധീമാനായ അവന്‍ നാമഗോത്രങ്ങള്‍ പറഞ്ഞ്‌ പിണ്ഡം വെച്ചു. അപ്രകാരം ചെയ്ത്‌ ആ മുനിശ്രേഷ്ഠന്‍ ചിന്തിച്ചു, ഇതില്‍ എനിക്ക്‌ ധര്‍മ്മസങ്കരം ബാധിക്കുമോ? വലിയ പശ്ചാത്താപം മൂലം അവന്‍ ചിന്തിച്ചു: മുമ്പെ മുനിമാരാരും ചെയ്യാത്ത കര്‍മ്മമാണ്‌ ഞാന്‍ ഈ ചെയ്യുന്നത്‌! എന്നെ വിപ്രന്മാര്‍ ശാപം കൊണ്ട്‌ ദഹിപ്പിക്കുമോ? എന്നും ചിന്തിച്ചു. പിന്നെ തന്റെ വംശകര്‍ത്താവിനെ അവന്‍ ചിന്തിച്ചു. ധ്യാനിച്ച ഉടനെ തപോധനനായ അത്രി അവിടെ വന്നെത്തി. പുത്രശോകാക്രാന്തനായ അവനെ അത്രി കണ്ട്‌ അവ്യയനായ ആ ഋഷി ഏറ്റവും ഇഷ്ടമായ നല്ല ആശ്വാസ വാക്കു പറഞ്ഞു സമാധാനിപ്പിച്ചു.

അത്രി പറഞ്ഞു: എടോ നിമി, നീ ഈ പിതൃയജ്ഞം സങ്കല്പിച്ചു. തപോധനാ, നീ ഭയപ്പെടേണ്ട. ഈ ധര്‍മ്മം പണ്ട്‌ ബ്രഹ്മാവ്‌ മനസ്സില്‍ കണ്ടതാണ്‌. ബ്രഹ്മാവ്‌ തന്നത്താന്‍ നിശ്ചയിച്ചതാണിത്‌. അതു നീ പകര്‍ത്തിയിരിക്കയാണ്‌. ശ്രാദ്ധത്തിന്റെ വിധി കല്പിക്കുവാന്‍ ബ്രഹ്മാവല്ലാതെ മറ്റ്‌ ആരുണ്ട്‌? ഉണ്ണീ, ഞാന്‍ ഉത്തമമായ എല്ലാ ശ്രാദ്ധവിധിയും നിനക്കു പറഞ്ഞുതരാം. സ്വയംഭൂ കല്പിച്ച പ്രകാരം പറഞ്ഞു തരാം. അത്‌ നീ എന്നില്‍ നിന്ന്‌ ഗ്രഹിക്കുക.

ആദ്യമായി ഹോമം ജ്വലിപ്പിച്ച്‌, മന്ത്രം ജപിച്ച്‌ അഗ്നിയെ കൂട്ടി തപോധനാ, പിന്നെ അഗ്നിക്കും സോമനും, നിത്യവും വരുണനും നിത്യവും പിതൃക്കളോടു കൂടിയ വിശ്വേദേവകള്‍ക്കും ബ്രഹ്മാവ്‌ ഭാഗം കല്പിച്ചു. പിതൃപൂജ താങ്ങുന്ന ഭൂമിദേവിയെ സ്തുതിച്ച്‌ പൂജിക്കുക! വൈഷ്ണവി എന്നും, കാശ്യപിയെന്നും, അക്ഷയ എന്നും ഭൂമിദേവിയെ സ്തുതിക്കുക. ഉദകാനയത്തില്‍ പ്രഭുവായ വരുണനെ സ്തുതിക്കുക. പിന്നെ അഗ്നിക്കും, സോമനും, അനഘാശയ! തൃപ്തി നല്കുക. ബ്രഹ്മാവ് ചമച്ച വാനവരും പിതൃക്കളുമുണ്ടല്ലോ, ഉഷ്ണപന്മാരും, മഹാഭാഗന്മാരും ഉണ്ടല്ലോ, അവര്‍ക്ക് ഭാഗം കല്പിക്കുക. ശ്രാദ്ധത്താല്‍ അര്‍ച്ചിതന്മാരായ അവര്‍ക്ക്‌ കില്‍ബിഷം വിട്ടൊഴിയും. പിതൃവംശം ഏഴാണ്‌ സ്വയംഭൂ പണ്ടു കണ്ടത്‌. അഗ്ന്യാസ്യരായ വിശ്വദേവന്മാര്‍, അവര്‍ മുമ്പേ ഖ്യാതന്മാരാണ്‌. ഭാഗാര്‍ഹന്മാരായ ആ മഹാത്മാനാക്കളുടെ പേരു പറയാം. ബലം, ധൃതി, വിപാത്മാവ്‌, പുണ്യകൃത്ത്‌, പാവനന്‍, പാര്‍ഷ്ണി, ക്ഷേമന്‍, സമൂഹന്‍, ദിവ്യസാനു, വിവസ്വാന്‍, വീര്യവാൻ, ഹ്രീമാന്‍, കീര്‍ത്തിമാന്‍, കൃതന്‍, ജിതാത്മാവ്‌, മുനി. വീര്യന്‍, ദീപ്തരോമന്‍, ഭയങ്കരന്‍, അനുകര്‍മ്മന്‍, പ്രതീതന്‍, പ്രദാതാവ്‌, അംശുമാന്‍, ശൈലഭന്‍, പരമന്‍, ക്രോധി, ധീരോഷ്ണി, ഭൂപതി, സ്രജന്‍, വജ്രി, വഹ്നി ഇവരാണ്‌ ശാശ്വതരായ വിശ്വേദേവകള്‍. വിദ്യുദ്വര്‍ച്ചന്‍, സോമവര്‍ച്ചന്‍, പ്രസിദ്ധനായ സുൂര്യശ്രീ, സോമപന്‍, സുര്യസാവിത്രന്‍, ദത്താത്മാവ്, പുണ്ഡരീയകന്‍, ഉഷ്ണീനാഭന്‍, നഭോദന്‍, വിശ്വായുസ്സ്‌, ദീപ്തി, ചമൂഹരന്‍, സുരേശ്വരന്‍, വ്യോമാരി, ശങ്കരന്‍, ഭവന്‍, ഈശന്‍, കര്‍ത്താവ്‌, കൃതി, ദക്ഷന്‍, ഭൂവനന്‍, ദിവ്യകര്‍മ്മകൃത്ത്‌, ഗണിതന്‍, പഞ്ചവീര്യന്‍, ആദിത്യന്‍, രശ്മിമാന്‍, സപ്തകൃത്‌, സോമവര്‍ച്ചസ്സ്‌, വിശ്വകൃത്ത്‌, കവി, അനുഗോപ്താവ്‌, സുഗോപ്താവ്‌, നപ്താവ്‌, ഈശ്വന്‍ ഈ പറഞ്ഞവര്‍ മഹാഭാഗന്മാരാണ്‌. ഇവര്‍ കാലത്തിന്റെ ഗതി അറിഞ്ഞവരാണ്‌.

ഇനി ശ്രാദ്ധത്തിന് പറ്റാത്ത ധാന്യങ്ങൾ ഏതൊക്കെയാണെന്നു പറയാം: വരകം, പുലകങ്ങള്‍ ഇവയാണ്‌. ദ്രവ്യങ്ങളില്‍ കായവും ഉള്ളിയും പാടില്ല. ശാകങ്ങളില്‍ മുരിങ്ങ, കോവിദാരം (മലയകത്തി), വെളുത്തുള്ളി, കുമ്പളങ്ങ, ജാതിച്ചുരയ്ക്കാ, കാരുപ്പ്‌, പോര്‍ക്കിന്റെ മാംസം പരിശുദ്ധി വരുത്താത്തവയും, ചുവന്ന കുന്നി, കരിഞ്ചീരകം, വിളയുപ്പ്‌, ഇവയും അങ്കുരം മുതലായവയും വര്‍ജ്ജ്യങ്ങളാണ്‌. വലിയ കുരുക്കളും അപ്രകാരം തന്നെയാണ്‌. എല്ലാത്തരം ഉപ്പും വര്‍ജ്ജിക്കണം. ഞാവല്‍പ്പഴവും പാടില്ല. കരഞ്ഞു കണ്ണുനീര്‍ വീണതും, തുമ്മല്‍ ഏറ്റതും ശ്രാദ്ധത്തില്‍ വര്‍ജ്ജിക്കണം. നിവാപാം, ഹവ്യകവ്യങ്ങള്‍ ഇവയ്‌ക്കെല്ലാം സുദര്‍ശനം (ഒരുതരം ചീര) നിന്ദ്യമാണ്‌. ആ ഹവിസ്സ്‌ പിതൃക്കളും ദേവകളും പ്രശംസിക്കുകയില്ല, ഇഷ്ടപ്പെടുകയില്ല. ചണ്ഡാളന്മാരും, ശ്വപചന്മാരും (നായമാംസം തിന്നുന്ന ഒരുതരം ചണ്ഡാളന്മാര്‍) ഗ്രാദ്ധത്തിന്നടുത്ത്‌ വരരുത്‌. കാഷായവസ്ത്രം ധരിച്ചവനും, കുഷ്ഠരോഗിയും, പതിതനും, ബ്രഹ്മഘാതിയും, സങ്കീര്‍ണ്ണ യോനിയില്‍ നിന്ന് ജനിച്ച ദ്വിജനും, ഭ്രഷ്ടസംബന്ധിയും, വിദ്വാന്മാര്‍ക്ക്‌ വര്‍ജ്ജനീയന്മാരാണ്‌. അവര്‍ ചാത്തത്തിന് സമീപത്ത്‌ ചെല്ലരുത്‌.

ഭീഷ്മൻ പറഞ്ഞു: എന്ന്‌ തന്റെ വംശജനായ ഋഷിയോട്‌ ഭഗവാന്‍ അത്രി ഉപദേശിച്ച്‌, ദിവ്യമായ ബ്രഹ്മസഭാ സ്ഥാനത്ത്‌ ആ തപോധനന്‍ പ്രവേശിച്ചു.

92. ശ്രാദ്ധകല്പം - നിമി തുടങ്ങിവെച്ച ശ്രാദ്ധകര്‍മ്മം മറ്റ്‌ മഹര്‍ഷിമാര്‍ അനുകരിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം നിമി തുടങ്ങി വെച്ചപ്പോള്‍ എല്ലാ മഹര്‍ഷിമാരും വിധിയില്‍ കണ്ടമാതിരി കര്‍മ്മംകൊണ്ടു പിതൃയജ്ഞം കഴിക്കുവാന്‍ തുടങ്ങി. ധര്‍മ്മനിത്യന്മാരായ ഋഷിമാര്‍ നിവാപക്രിയ ചെയ്ത്‌ തീര്‍ത്ഥാംഭസ്സു കൊണ്ട്‌ തര്‍പ്പണവും കഴി ച്ചു. ചാതുര്‍വർണ്യം നിവാപം നല്കുക മൂലം പിതൃക്കളും ദേവന്മാരും തൃപ്തരായി. ക്രമേണ അത്‌ അവര്‍ക്ക്‌ ദഹിക്കാതായി. ദഹിക്കാത്ത അന്നത്താല്‍ ദേവപിതൃക്കള്‍ പീഡിതരായി. അവര്‍ അജീര്‍ണ്ണം ബാധിച്ച്‌ സോമനെ ശരണം പ്രാപിച്ചു. അജീര്‍ണ്ണാര്‍ത്തരായ പിതൃക്കള്‍ സോമനോടു പറഞ്ഞു: നിവാപാന്നത്താല്‍ ഞങ്ങള്‍ രോഗബാധിതരായിരിക്കുന്നു. നീ ഞങ്ങള്‍ക്കു നന്മ ചെയ്താലും! സോമന്‍ ഇതുകേട്ട്‌ അവരോടു പറഞ്ഞു: "അല്ലയോ ദേവന്മാരെ, നിങ്ങള്‍ ശ്രേയസ്സിനെ ഇച്ഛിക്കുന്നുണ്ടെങ്കില്‍ ബ്രഹ്മാവിന്റെ ഗൃഹത്തിലേക്കു പൊയ്ക്കൊള്ളുക! അവന്‍ നിങ്ങള്‍ക്കു ശ്രേയസ്സു നല്കും". സോമന്‍റെറ വാക്കുകേട്ട്‌ പിതൃക്കള്‍ ദേവകളോടു കൂടി ബ്രഹ്മാവിന്റെ അടുത്തേക്കു പോയി. മേരു ശൃംഗത്തില്‍ വാഴുന്ന ബ്രഹ്മാവിനെ ചെന്നുകണ്ടു.

പിതൃക്കള്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ഭഗവാനേ! ഞങ്ങള്‍ നിവാപാന്നം ഭക്ഷിച്ച്‌ പീഡിതരായിരിക്കുന്നു. ഞങ്ങളില്‍ പ്രസാദിക്കുക! ദേവാ, ഞങ്ങള്‍ക്കു ശ്രേയസ്സു ചെയ്താലും!

ഇപ്രകാരം അഭ്യര്‍ത്ഥിച്ചപ്പോള്‍ അവരോട്‌ ബ്രഹ്മാവു പറഞ്ഞു: എന്റെ അടുത്തു നില്ക്കുന്ന വഹ്നിയെ നോ ക്കൂ! ഇവന്‍ നിങ്ങള്‍ക്ക്‌ ശ്രേയസ്സു നല്കും!

അഗ്നി പറഞ്ഞു: താതാ! നമ്മള്‍ക്കു നിവാപം കിട്ടുമ്പോള്‍ ഒന്നിച്ച്‌ ഉണ്ണാം. അപ്പോള്‍ നിവാപാന്നം എന്നോടൊപ്പം നിങ്ങളും ദഹിപ്പിക്കും!

ഭീഷ്മൻ പറഞ്ഞു: അഗ്നിയുടെ വാക്ക് കേട്ട് പിതൃക്കൾ അല്ലല്‍ വിട്ടു. അതുകൊണ്ട്‌ ശ്രാദ്ധത്തില്‍ അന്നം ആദ്യമായി അഗിക്ക്‌ നല്കുന്നു രാജാവേ! അഗ്നിക്കു മുമ്പെ നിവാപം അര്‍പ്പിച്ചാല്‍ ആ നിവാപത്തെ രാക്ഷസന്മാരാരും തന്നെ ധര്‍ഷിക്കുന്നതല്ല. ദേവനായ ഹുതാശനന്‍ മുമ്പില്‍ നില്ക്കുമ്പോള്‍ നിവാപം കൊതിച്ചെത്തുന്ന രക്ഷസ്സുകളൊക്കെ ഒഴിഞ്ഞുപോകും. പിണ്ഡം പിതാവിന് നല്കണം. പിന്നെ പിതാമഹന് നല്കണം. ഇതാണ്‌ ശ്രാദ്ധത്തിലെ വിധി. ഓരോ പിണ്ഡത്തിലും സമാഹികനായി സാവിത്രി മന്ത്രം ചൊല്ലണം. പിതൃക്കളെ ഇഷ്ടപ്പെടുന്ന സോമന് വേണ്ടി എന്നും മന്ത്രം ഉച്ചരിക്കണം. തീണ്ടാര്‍ന്ന പെണ്ണുങ്ങളും ചെവിപൊട്ടിയ പെണ്ണുങ്ങളും ശ്രാദ്ധത്തില്‍ അടുക്കരുത്‌. ഭക്ഷണം .തയ്യാറാക്കുന്നതിണ് അനൃഗോത്രത്തിലെ സ്ത്രീകളെ കൂട്ടരുത്‌. സ്വഗോത്രത്തില്‍പ്പെട്ടവര്‍ മാത്രമേ പാടുള്ളു. വെള്ളം കൊടുക്കുമ്പോഴും നദി കടക്കുമ്പോഴും നിവാപം അര്‍പ്പിക്കുമ്പോഴും പിതൃക്കളുടെ പേര്‌ പറഞ്ഞു നദിയില്‍ ചെന്നാല്‍ ജലം പ്രദാനം ചെയ്ത്‌ നല്കണം. തന്റെ പിത്യക്കളെ തൃപ്തരാക്കണം. ജലപ്രദാനത്തില്‍ തന്റെ പൂര്‍വ്വപിതാക്കന്മാരെയും പിന്നെ മരിച്ചുപോയ ബന്ധുമിത്രാദികളുടെ പിതൃക്കളെയും സ്മരിക്കാം. ഒരു നദി കടന്നു പോകുമ്പോഴും രഥത്തിലും കാളകളെപ്പൂട്ടിയ വണ്ടിയിലും ഇരുന്നു പോകുമ്പോഴും നദി കണ്ടാല്‍ തോണിയില്‍ നിന്നിറങ്ങി ജലം തര്‍പ്പിക്കണം. പിതൃക്കള്‍ അതു പ്രതീക്ഷിക്കുന്നുണ്ട്‌. പുഴയില്‍ വഞ്ചിയില്‍ സഞ്ചരിക്കുമ്പോഴും പുണ്യസ്ഥാനങ്ങളില്‍ എത്തുമ്പോഴും  ജലക്രിയ ചെയ്യാം. അപ്പോഴും പിതൃക്കളെപ്പറ്റി ചിന്തയുള്ളവന്‍ സൌകര്യം ലഭിക്കുമ്പോഴൊക്കെ തീര്‍ത്ഥങ്ങളിലിറങ്ങി പിത്യക്കള്‍ക്കു ജലക്രിയ ചെയ്യാവുന്നതാണ്‌. കറുത്തവാവു ദിവസം എന്നും ബലിദാനം പിതൃക്കള്‍ക്കു ചെയ്യണം. പുഷ്ടി, ആയുസ്സ്‌, വീര്യം, ഹ്രീ എന്നിവയൊക്കെ പിതൃഭക്തി കൊണ്ടു ലഭിക്കുന്നതാണ്‌. പിതാമഹന്‍, പുലസ്ത്യന്‍, വസിഷ്ഠന്‍, പുലഹന്‍, അംഗിരസ്സ്‌, ക്രതു, കശ്യപ മഹര്‍ഷി, ഹേ കുലശ്രേഷ്ഠാ! ഇവരാണ്‌ മഹായോഗത്തിന് ഈശ്വരന്മാര്‍. രാജാവേ, ഇവര്‍ പിതൃക്കളായി പരിഗണിക്കപ്പെടുന്നു. ശ്രാദ്ധവിധാനം ഇതാകുന്നു.

ഭൂമിയില്‍ ശ്രാദ്ധംചെയ്താല്‍ പിണ്ഡകര്‍മ്മം മൂലം മുക്തരാകും. ഇങ്ങനെ ശ്രാദ്ധത്തിന്റെ ഉത്ഭവം ആഗമത്തില്‍ പറഞ്ഞവിധം ഞാന്‍ വിവരിച്ചു. മെമ്പെ വിധിച്ചതായ ദാനത്തെപ്പറ്റി ഇനി പറയാം.

93. ബിസസ്തൈന്യോപാഖ്യാനം - ഭിക്ഷുരൂപിയായ ഇന്ദ്രന്‍ കൃത്യയെക്കൊന്ന്‌ സപ്തർഷികളെ രക്ഷിക്കുന്ന കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: ഉണ്ണാന്‍ പാടില്ലാത്ത വ്രതം അനുഷ്ഠിക്കുന്ന ബ്രാഹ്മണര്‍ ഹവിസ്സ്‌ ഉണ്ണുന്നതായാല്‍, യജമാനനായ ബ്രാഹ്മണന്റെ തൃപ്തിക്കു വേണ്ടി ഹവിസ്സ്‌ ഉണ്ണുന്നതായാല്‍, അതിന്റെ ഫലം എന്താണ്‌ പിതാമഹാ?

ഭീഷ്മൻ പറഞ്ഞു: വേദത്തില്‍ പറഞ്ഞിട്ടുള്ള യാഗം മുതലായവയെ സംബന്ധിക്കുന്ന വ്രതം ഇല്ലാത്തവര്‍ ഇഷ്ടം പോലെ ഉണ്ണുന്നവരാണ്‌. വേദോക്തവിധി തെറ്റിച്ച്‌ ഉണ്ണുന്നതായാല്‍ അവര്‍ വ്രതഭംഗം ബാധിച്ചവരായി പരിഗണിക്കുന്നതാണ്‌ യുധിഷ്ഠിരാ?

യുധിഷ്ഠിരന്‍ പറഞ്ഞു: ഇത്‌ തപസ്സാണെന്ന്‌ ജനങ്ങള്‍ ഉപവാസത്തെപ്പറ്റി പറയുന്നു. ഉപവാസം പലതരത്തി ലുണ്ട്‌. ഉപവാസം തപസ്സാണോ പിതാമഹാ? പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ഒരു മാസമോ അരമാസമോ ഉപവസിക്കുന്നത്‌ ഒരു തപസ്സായി ജനങ്ങള്‍ പരിഗണിക്കുന്നു. ഒരുത്തന്‍ മരിക്കുന്നതിന് വേണ്ടി പട്ടിണി കിടക്കുകയാണെങ്കില്‍ സത്യത്തില്‍ അത്‌ ഒരു തപസ്സോ ധര്‍മ്മമോ ആകുന്നില്ല. അത്‌ പുണ്യമായ തപസ്സാകുന്നില്ലെന്നു തന്നെയല്ല, അത്‌ ഒരു പാപംകൂടിയാകുന്നു. ത്യാഗത്തിന്റെ സമ്പത്താണ്‌ തപസ്സ്‌, അതാണ്‌ ഏറ്റവും മഹത്തായ തപം.

ബ്രാഹ്മണന്‍ ഉപവസിക്കണം. ബ്രഹ്മചര്യം ഉപേക്ഷിക്കരുത്‌. മാനം കൈക്കൊള്ളണം. മുനിയാകണം വേദപാരായണം ചെയ്യണം. ബ്രാഹ്മണന്‍ വിവാഹം ചെയ്യണം. അവന്റെ ചുറ്റും സന്താനങ്ങളും ബന്ധുജനങ്ങളും ഉണ്ടാകണം. അങ്ങനെ ഗൃഹസ്ഥാശ്രമധര്‍മ്മം പാലിക്കണം.  അവന്‍ എപ്പോഴും ഉണര്‍ന്നിരിക്കണം. അനവസരങ്ങളില്‍ ഉറങ്ങരുത്‌. മാംസഭക്ഷണം ഉപേക്ഷിക്കണം. മാംസം ആഗ്രഹിക്കരുത്‌. എന്നും വേദങ്ങളും ഇതിഹാസങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യണം. എപ്പോഴും സത്യമേ പറയാവു. നിയതാത്മാവാകണം. ആത്മസംയമനം വേണം. ദേവകള്‍ക്കും പിതൃക്കള്‍ക്കും ആശ്രിതര്‍ മുതലായവക്കും നല്കിയതിന് ശേഷം ബാക്കിയുള്ളത്‌ ഭക്ഷിക്കുന്നവനാകണം. അങ്ങനെ വിഘസാശിയാകണം. എന്നും അതിഥിപ്രിയനാകണം. വീട്ടിലെ അംഗങ്ങള്‍ക്കും വിരുന്നുകാര്‍ക്കും സേവകന്മാര്‍ക്കുമെല്ലാം ദാനംചെയ്ത്‌ ബാക്കിയുള്ളതിനെ അമൃതം എന്നു പറയുന്നു. അങ്ങനെയുള്ള അമൃതിനെ ഭക്ഷിക്കുന്നവനാകണം ഗൃഹസ്ഥന്‍. പവിത്രിയാകണം. (എല്ലാ ആചാര ങ്ങളും അനുഷ്ഠിക്കുന്നവനുമാകണം).

യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ പിതാമഹാ! സദോപവാസി എന്നു പറഞ്ഞുവല്ലോ. ആരാണ്‌ സദോപവാസി? വ്രതാചാരി എന്നും വിഘസാശി എന്നും ഈ പറഞ്ഞതെന്താണ്‌? അതിഥി പ്രിയന്‍ എങ്ങനെയുള്ളവനാണ്‌?

ഭീഷ്മൻ പറഞ്ഞു: കാലത്തും അന്തിക്കും മാത്രം ഉണ്ണുകയും ഇടനേരം പിന്നെ ഈണ്‌ കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ്‌ സദോപവാസി എന്ന്‌ പറയുന്നവന്‍. ഋതു കാലത്ത്‌ എന്നുവെച്ചാല്‍ ഋതുസ്നാനം കഴിഞ്ഞ്‌ ശുദ്ധിയായി പിന്നെ വരുന്ന പതിനൊന്നു ദിവസമാണ്‌. അതാണ്‌ ഋതു കാലം. ഈ കാലത്തുമാത്രം സ്വന്തം ഭാര്യയുമായി സംഗം ചെയ്യുന്നവന്‍, മറ്റു കാലങ്ങളില്‍ ഭാര്യയില്‍ പ്രവേശിക്കാത്തവന്‍, ഇവനെയാണ് ബ്രഹ്മചാരി എന്നു പറയുന്നത്‌. അതാണ്‌ വിവാഹിതന്റെ ബ്രഹ്മചര്യവ്രതം. എപ്പോഴും അര്‍ഹതയുള്ള പാത്രങ്ങളില്‍ ദാനം ചെയ്യുന്നവനാണ്‌ സത്യവാന്‍. മാംസം അനാവശ്യമായി ഭക്ഷിക്കാത്തവന്‍ മാംസാഹാര വര്‍ജ്ജിതൻ ആണെന്ന് പറയാം. ബലിയര്‍പ്പിക്കുന്ന മൃഗത്തിന്റെ മാംസം തിന്നുന്നതിനെ നിരോധിക്കുന്നില്ല (അവനെ മാംസഭോജിയായി പരിഗണിക്കുകയില്ല).  ദാനങ്ങള്‍ ചെയ്യുന്നവനാണ്‌ "പവിത്രി". പകല്‍ ഉറങ്ങാത്തവനാണ്‌ "ഉണര്‍ന്നവന്‍" എന്നറിയപ്പെടുന്നത്‌. എന്നും ഭൃത്യന്മാരും അതിഥികളും ഉണ്ടതിന് ശേഷം ഉള്ളത്‌ ഭക്ഷിക്കുന്നവനാണ്‌ "അമൃതഭൂക്ക്‌". ഇത്‌ നീ ധരിക്കേണ്ടതാണ്‌ യുധിഷ്ഠിരാ! ബ്രാഹ്മണര്‍ക്ക്‌ ഊണു നല്‍കാതെ താന്‍ ഉണ്ണുകയില്ല എന്ന വ്രതം അനുഷ്ഠിക്കുന്ന പുരുഷന്‍ അവന്റെ ആ അഭോജന വ്രതം മൂലം സ്വര്‍ഗ്ഗലോകം പ്രാപിക്കുന്നതാണ്‌. ദേവകള്‍ക്കും പിതൃക്കള്‍ക്കും അതുപോലെ തന്നെ ആശ്രിതര്‍ക്കും കൊടുത്തതിന് ശേഷമുള്ള അന്നം ഉണ്ണുന്നവനാണ്‌ വിഘസാശി. അങ്ങനെയുള്ള ഗൃഹസ്ഥന്മാര്‍ക്ക്‌ അനന്തമായ ലോകങ്ങള്‍ ബ്രഹ്മാലയത്തില്‍ ഉണ്ട്‌. അവിടെ അപ്സരസ്ത്രീകളും ഗന്ധര്‍വ്വന്മാരും ചേര്‍ന്ന്‌ അവനെ സല്‍ക്കരിക്കും. പിതൃദേവാതിഥികളോടു കൂടി ഭക്ഷണം കഴിക്കുന്ന പുണ്യവാന്മാര്‍ക്കു ചുറ്റും പുത്രന്മാരും പൗത്രന്മാരും ധാരാളമുണ്ടാകും. അങ്ങനെ പുത്രപൗത്രദികളോടു കൂടി രമിക്കുന്ന അവര്‍ക്ക്‌ മുഖ്യമായ ഗതി ലഭിക്കുന്നതാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക്‌ പലമാതിരി ദാനങ്ങള്‍ കൊടുക്കുന്നവനും ഈ ദാനങ്ങള്‍ വാങ്ങുന്നവനും തമ്മില്‍ എന്താണ്‌ അന്തരം? പിതാമഹാ! അതു വ്യക്തമാക്കിയാലും.

ഭീഷ്മൻ പറഞ്ഞു: ബ്രാഹ്മണന്‍ ഗുണവാനില്‍ നിന്നും ഗുണഹീനനില്‍ നിന്നും ദാനം വാങ്ങുന്നുണ്ടെന്നു വിചാരിക്കുക. ദാതാവ്‌ ധര്‍മ്മിഷ്ഠനും നല്ലവനുമാണെങ്കില്‍ വാങ്ങുന്നവന് അതില്‍ തെറ്റില്ല. എന്നാല്‍ നേരെമറിച്ച്‌ അധര്‍മ്മിയുടെ കൈയില്‍ നിന്നാണ്‌ വാങ്ങുന്നതെങ്കില്‍, വാങ്ങുന്നവന്‍ തീര്‍ച്ചയായും പാപത്തില്‍ പതിക്കും.

ഇതിന് ഉ ഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ വൃഷാദര്‍ഭിയും സപ്തര്‍ഷിമാരും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ ഭാരതാ! കശ്യപന്‍, അത്രി, വസിഷ്ഠന്‍, ഭരദ്വാജന്‍, ഗൌതമന്‍, വിശ്വാമിത്രന്‍, ജമദഗ്നി, സാദ്ധ്വിയായ അരുന്ധതി (വസിഷ്ഠന്റെ ഭാര്യ) ഇവര്‍ക്കെല്ലാം കര്‍മ്മങ്ങള്‍ നടത്തുവാന്‍ പൊതുവില്‍ ഒരു വേലക്കാരിയുണ്ടായിരുന്നു. "ഗണ്ഡ" എന്നാണ്‌ അവളുടെ പേര്‌. അവളുടെ ഭര്‍ത്താവായി "പശുസഖന്‍" എന്നു പേരായ ഒരു ശൂദ്രനുണ്ടായിരുന്നു. ഈ പറഞ്ഞ കാശൃപനും കൂട്ടരും പണ്ടുകാലത്ത്‌ ഘോരമായ തപസ്സു ചെയ്തു. പിന്നെ അവര്‍ ലോകം ചുറ്റി നടന്നു. സമാധിയാല്‍ ശാശ്വതമായ ബ്രഹ്മലോകത്തു ചുറ്റുന്നവരാണ്‌ ആ സപ്തര്‍ഷിമാരും.

അക്കാലത്ത്‌ അനാവ്യഷ്ടിയുണ്ടായി. വരള്‍ച്ച ബാധി ച്ചു. ആ വരള്‍ച്ച മൂലം സസ്യങ്ങള്‍ നശിച്ചു. കൃഷി നശിച്ചു. എല്ലാ ജീവജാലങ്ങളും വിശന്നുഴന്ന്‌ ചത്തു നശിക്കുവാന്‍ തുടങ്ങി.

അക്കാലത്ത്‌ ശിബിരാജാവിന്റെ പുത്രനായ ശൈബ്യന്‍ ഒരു യജ്ഞം നടത്തി. അതില്‍ ദക്ഷിണയായി ഋത്വിക്കുകള്‍ക്കു നല്കിയത്‌ തന്റെ പുത്രനെയാണ്‌. അവര്‍ അവനെ വാങ്ങിക്കൊണ്ടുപോയി. എന്നാല്‍ അവന്‍ ഭക്ഷണം കിട്ടാതെ ചത്തുപോയി. രാജകുമാരന്‍ മരിച്ചപ്പോള്‍ ആ ഋഷിമാരെല്ലാം ആ കുട്ടിയുടെ ചുറ്റും വളഞ്ഞിരുന്നു. യാഗം ചെയ്യിച്ച രാജാവിന്റെ പുത്രന്‍ മരിച്ചതു കണ്ടപ്പോള്‍ ആ ഋഷിമാര്‍, വിശന്നു പൊരിയുന്ന മുനിസത്തമന്മാര്‍, അവന്റെ ദേഹം കൊത്തിനുറുക്കി ഒരു ഉരുളിയിലിട്ടു പാകം ചെയ്തു. മര്‍ത്ത്യലോകത്തില്‍ അന്നമില്ലാതെ, ആത്മരക്ഷയ്ക്കു വേണ്ടി, അന്നത്തിന് വേണ്ടി കഷ്ടമായ ഈ പ്രവൃത്തിക്ക്‌ അവര്‍ ഒരുങ്ങിയെന്നേ പറയേണ്ടു!

ഈ സന്ദര്‍ഭത്തില്‍ ആ വഴിക്കു പോയിരുന്ന രാജാവ്‌, ശൈബ്യരാജാവായ വൃഷാദര്‍ഭി, ക്ലേശിക്കുന്ന ഋഷിമാര്‍ മാംസം പാകം ചെയ്യുനതു കണ്ടു.

വൃഷാദര്‍ഭി പറഞ്ഞു: എന്നില്‍ നിന്ന്‌ നിങ്ങള്‍ പ്രതിഗ്രഹം വാങ്ങിയാലും. അതു നിങ്ങളെ ഉടനെ ആശ്വസിപ്പിക്കും. നിങ്ങളുടെ കഷ്ടപ്പാടു നീക്കും. അതുകൊണ്ട്‌ നിങ്ങളുടെ ദേഹം നിങ്ങള്‍ക്കു രക്ഷിക്കാം. അല്ലയോ തപോധനന്മാരേ, നിങ്ങള്‍ പറയുവിന്‍! എന്റെ കൈവശമുള്ള ധനം വേണ്ടത്‌ ചോദിച്ചുകൊള്ളുക. ധനം അര്‍ത്ഥിക്കുന്ന വിപ്രരോട്‌ എനിക്ക്‌ പ്രിയമേയുള്ളൂ. നിങ്ങള്‍ക്കു വേണമെങ്കില്‍ ആയിരം കുതിരകളെ ഞാന്‍ തരാം. നിങ്ങള്‍ക്കോരോരുത്തർക്കും ആയിരം പശുക്കൾ വീതം നൽകാം. എല്ലാം വെളുത്ത രോമമുള്ളവയും, നല്ല ഇനത്തില്‍പ്പെട്ടവയും, കുട്ടിയുള്ളവയുമാണ്‌. ഓരോന്നും ഓരോ കാളയോടു കൂടിയവയും ധാരാളം പാലുള്ളവയുമാണ്‌. പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആയിരം കാളകളെ വീതം തരാം. അവ നല്ല ഭാരം വഹിക്കുന്നവയാണ്‌. പിന്നെ നിങ്ങള്‍ക്ക്‌ വേണ്ടുവോളം പശുക്കളെ വേറെയും തരാം. അവയെല്ലാം കാഴ്ചയ്ക്ക്‌ കൌതുകമുള്ളവയും, എല്ലാം നല്ല വര്‍ഗ്ഗത്തില്‍പ്പെട്ടവയും, തടിച്ചവയും, എല്ലാം പ്രസവിച്ചവയും, അടുത്ത രണ്ടാം പ്രാവശ്യം പ്രസവിക്കുവാന്‍ പോകുന്നവയുമാണ്‌. ശ്രേഷ്ഠമായ ഗ്രാമവും, നെല്ലും, യവവും, രത്നവും, പിന്നെ ദുര്‍ല്ലഭമായ മറ്റു വസ്തുക്കളും ഏതു വേണമെങ്കിലും ഞാന്‍ നല്കാം, ഭക്ഷിക്കാന്‍ കൊള്ളാത്തത്‌ നിങ്ങള്‍ ആശിക്കരുത്‌. നിങ്ങളുടെ ആഗ്രഹം എന്താണെന്നു പറയു. എന്തു വേണമെങ്കിലും ഞാന്‍  നല്കാം. നിങ്ങളുടെ പ്രാണന്‍ നിലനില്ക്കാന്‍, ദേഹം നശിക്കാതിരിക്കാന്‍ വേണ്ടതെന്തെന്നു പറഞ്ഞാലും!

ഋഷികള്‍ പറഞ്ഞു: രാജാക്കന്മാര്‍ തരുന്ന ദാനം ആദ്യം വളരെ മധുരമായിത്തോന്നും. എന്നാല്‍ അത്‌ അവസാനത്തില്‍ ദുഃഖം നല്കുന്ന വിഷമായി ഭവിക്കും. ഇത്‌ അങ്ങയ്ക്കറിയാമല്ലോ. അല്ലയോ രാജാവേ, ഇതറിഞ്ഞു കൊണ്ട്‌ എന്തിന് ഞങ്ങളെ പ്രലോഭിപ്പിക്കുന്നു? ബ്രാഹ്മണന്റെ ദേഹം ദേവന്മാരുടെ ക്ഷേത്രമാണ്‌. തപസ്സുകൊണ്ട്‌ അതു ശുദ്ധമാക്കപ്പെടുന്നു. അതുകൊണ്ട്‌ ബ്രാഹ്മണപ്രീതിക്കു വേണ്ടി ചെയ്യുന്നത്‌ ദൈവപ്രീതിക്കാകട്ടെ! അപ്പോള്‍ ബ്രാഹ്മണപ്രീതി ഉണ്ടാകും. ബ്രാഹ്മണന്‍ രാജാവിന്റെ ദാനം സ്വീകരിച്ചാല്‍, ബ്രാഹ്മണന്‍ ചെയ്ത തപസ്സിന്റെ ഫലം അന്നുതന്നെ അതുമൂലം നശിച്ചു പോകും. രാജാവു നല്കുന്ന ദാനം പ്രതിഗ്രഹിച്ചാല്‍ ഒറ്റപ്പകല്‍ നേടിയ പുണ്യം അന്നുതന്നെ കാട്ടുതീയില്‍ കാടെന്ന പോലെ ദഹിപ്പിച്ചു കളയും. രാജാവേ, അങ്ങയോടഭ്യര്‍ത്ഥിക്കുന്നവര്‍ക്ക്‌ അങ്ങ്‌ ദാനംചെയ്യുക. അത്‌ അങ്ങയ്ക്കു കുശലം നലല്‍കും, എന്നു പറഞ്ഞ്‌ അവര്‍ മറ്റൊരു വഴിക്കു തിരിഞ്ഞു. അവര്‍ അടുപ്പത്തു വെച്ച മാംസം വെന്തില്ല. അതുകൊണ്ട്‌ അവര്‍ അതുപേക്ഷിച്ച്‌ ഭക്ഷണത്തിന്നു വല്ലതും കിട്ടുവാന്‍ അന്വേഷിച്ചു കാട്ടിലേക്കു നടന്നു.

പിന്നെ രാജാവു പറഞ്ഞുവിട്ട മന്ത്രിമാര്‍ കാട്ടിലേക്കു ചെന്നു. അവര്‍ അത്തിപ്പഴം പറിച്ച്‌ മഹര്‍ഷിമാര്‍ക്കു കൊടുക്കുവാന്‍ തുടങ്ങി. പൊന്നുനിറച്ച അത്തിപ്പഴങ്ങള്‍ അവര്‍ വേറെയും കൊണ്ടുവന്നു. അത്രി അതെടുത്തു പൊക്കിയപ്പോള്‍ ഭാരംകൊണ്ട്‌ പൊന്താതായി. അതിനെ അവിടെയിട്ട്‌ അവന്‍ പറഞ്ഞു: ഞങ്ങള്‍ പമ്പരവിഡ്ഡികളല്ല! മഠയന്മാരല്ല. ഞങ്ങള്‍ക്ക്‌ മനസ്സിലായി. ഈ അത്തിപ്പഴത്തില്‍ സ്വര്‍ണ്ണം നിറച്ചിരിക്കയാണ്‌. ഞങ്ങള്‍ക്കു ഞങ്ങളെപ്പറ്റി അറിയാം. ഞങ്ങള്‍ ബോധവാന്മാരാണ്‌. ഞങ്ങള്‍ ഉറങ്ങുകയല്ല. അതു സ്വീകരിച്ചാല്‍ ഈ ലോകത്തില്‍ ഇന്നുമുതല്‍ ദുഃഖമാണ്‌, തിക്താനുഭവങ്ങളാണ്‌ ഞങ്ങള്‍ക്കുണ്ടാകുക. ഇഹലോകത്തും പരലോകത്തും സുഖം വേണമെന്നാഗ്രഹിക്കുന്നവരാരും ഇതു സ്വീകരിക്കരുത്‌.

വസിഷ്ഠന്‍ പറഞ്ഞു: നാം ഇപ്പോള്‍ ഒരു സ്വര്‍ണ്ണ നാണ്യം വാങ്ങിച്ചാല്‍ അത്‌ നൂറോ ആയിരമോ ആയി എണ്ണപ്പെടും. അത്രയ്ക്കത്‌ പാപിഷ്ഠഗതിയുണ്ടാകും. അപ്രകാരം കൂടുതല്‍ വാങ്ങിയാല്‍ അത്രയത്ര ഇരട്ടി അധോഗതി അവനു വന്നുകൂടും!

കാശ്യപന്‍ പറഞ്ഞു: ഈ ലോകത്തിലുള്ള നെല്ലും യവവും, പൊന്നും, പെണ്ണുങ്ങളും, പശുക്കളും ഒക്കെ കൂടിയാലും ഒരേയൊരാളുടെ തൃപ്തിക്കു മതിയാവുകയില്ല. ഈ തത്വം നല്ലപോലെ അറിഞ്ഞ്‌ അതില്‍ നിന്ന് മനസ്സിനെ അടക്കണം.

ഭരദ്വാജന്‍ പറഞ്ഞു: ഒരു രുരു(മൃഗം) വിന്‌ കൊമ്പുണ്ടായാല്‍ രുരു വളരുന്നതിനൊപ്പം അതു വളര്‍ന്നു കൊണ്ടിരിക്കും. മനുഷ്യന്റെ കാമം (ആഗ്രഹം) അതുപോലെ തന്നെയാണ്‌. അതിന്റെ വളര്‍ച്ചയ്ക്കു നില്ക്കലില്ല.

ഗൌതമന്‍ പറഞ്ഞു; ഈ ലോകത്തിലുള്ള എല്ലാ സമ്പത്തും ചേര്‍ന്നാല്‍പ്പോലും ഒരുത്തന്റെ ആഗ്രഹത്തിന് പോരാ. മനുഷ്യന്‍ ഒരു സമുദ്രം പോലെയാണ്‌. എന്തു കൊണ്ടെന്നാല്‍ അവനെ നിറയ്ക്കുവാന്‍ സാദ്ധ്യമല്ല. എല്ലാ പുഴകളും സമുദ്രത്തിന്‌ എത്ര ജലം കൊണ്ടുവന്നു നല്കിയാലും സമുദ്രം നിറയുന്നില്ല.

വിശ്വാമിത്രന്‍ പറഞ്ഞു: മനുഷ്യന്‍ എന്തെങ്കിലും ഒന്നിനെ ആഗ്രഹിക്കുന്നുവെന്നു വെയ്ക്കുക. ആ ആഗ്രഹം നേടിക്കഴിഞ്ഞാല്‍ അതിനെക്കാള്‍ ബലമേറിയ മറ്റൊരാഗ്രഹം ഉടനെ അവനില്‍ വന്നുകയറുന്നു. ഒരമ്പ് വന്നു കയറുന്നതു പോലെയാണ്‌ അതു മനസ്സില്‍ വന്നു കയറുന്നത്‌.

ജമദഗ്നി പറഞ്ഞു; ദാനം വാങ്ങാതെ അതില്‍ നിന്ന്‌ ഒഴിഞ്ഞു നില്ക്കുകയാണു വേണ്ടത്‌. അത്‌ തപസ്സിനെ ഉറപ്പിക്കും. തപസ്സിനെ താങ്ങിനിര്‍ത്തും. എന്നാല്‍ പ്രതിഗ്രഹിക്കയാണെങ്കില്‍ ആ ധനത്തിലുള്ള മോഹം വര്‍ദ്ധിക്കുകയും അത്‌ ബ്രാഹ്മണന്‍ നേടിയ സകല തപോധനങ്ങളേയും നശിപ്പിക്കുകയും ചെയ്യും.

അരുന്ധതി പറഞ്ഞു: ചില ജനങ്ങള്‍ക്ക്‌ ഇങ്ങനെ ഒരു അഭിപ്രായമുണ്ട്‌, ഈ ലോകത്തിലെ വിഭവങ്ങളൊക്കെ സമ്പാദിച്ചു കൂട്ടുന്നത്‌ അവരുടെ ധാര്‍മ്മികമായ ദാനത്തിനും ത്യാഗത്തിനും വേണ്ടിയാണെന്ന്‌. അതു ഞാന്‍ നമ്മതിക്കുന്നു. എന്നാല്‍ എന്റെ അഭിപ്രായം ധാര്‍മ്മികമായ തപ സ്സിന്റെ സമ്പാദ്യമാണ്‌ ദ്രവ്യ സമ്പാദ്യത്തെക്കാള്‍ മഹത്തരം എന്നാണ്‌.

ഗണ്ഡ പറഞ്ഞു: ഉഗ്രമായ ഈ ഭയത്തില്‍ ശക്തരായ എന്റെ ഈശ്വരന്മാര്‍ ഇപ്രകാരം ഭയപ്പെടുന്നതു കാണുമ്പോള്‍, എന്നെപ്പോലെയുള്ള അശക്തരായ ജനങ്ങള്‍ അതില്‍ പേടിച്ചു വിറച്ചു പോകുന്നു!

പശുസഖന്‍ പറഞ്ഞു: ധര്‍മ്മത്തെക്കാള്‍ മേലെയായി യാതൊരു ധനവും ഇല്ലെന്ന്‌ വിപ്രന്മാര്‍ അറിയുന്നുണ്ട്‌. അതിനെക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. ഞാന്‍ ആ ബ്രഹ്മണരെ സേവിക്കുന്നു. ആ ധനത്തിന്റെ മഹത്വം അറിയുവാനാണ്‌ ദാസ്യവൃത്തിയോടെ ഞാന്‍ അവരെ ഉപാസിക്കുന്നത്‌.

ഋഷിമാര്‍ എല്ലാവരും ചേര്‍ന്നു പറഞ്ഞു: ഈ നാട്ടിലെ രാജാവിന്റെ ദാനത്തിന്റെ ഫലമായി സൗഖ്യം ഭവിക്കട്ടെ! സ്വര്‍ണ്ണം ഉള്ളില്‍ വെച്ച്‌ ഈ ഫലങ്ങള്‍ നമ്മള്‍ക്കു കൊടുത്തയച്ച രാജാവിന്റെ ദാനം സഫലമാകട്ടെ!

ഭീഷ്മൻ പറഞ്ഞു: ആ ധൃതവ്രതരായ ഋഷിമാര്‍ ഇപ്രകാരം പറഞ്ഞ്‌, ആ സ്വര്‍ണ്ണം നിറച്ച ഫലങ്ങളൊക്കെ ഉപേക്ഷിച്ച്‌ മറ്റൊരിടത്തേക്കു പൊയ്ക്കളഞ്ഞു.

മന്ത്രിമാര്‍ പറഞ്ഞു: ഇതില്‍ എന്തോ ചതിയുണ്ടെന്നു ശങ്കിച്ച്‌, ആ അത്തിപ്പഴങ്ങളില്‍ സ്വര്‍ണ്ണമുണ്ടെന്നു മനസ്സിലാക്കി, ഋഷിമാരൊക്കെ അതുപേക്ഷിച്ച്‌ വേറെ ഒരിടത്തേക്കു പോവുകയാണ്‌ രാജാവേ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം തന്റെ ഭൃത്യന്മാര്‍ പറഞ്ഞപ്പോള്‍, അതുകേട്ട്‌ വൃഷാദര്‍ഭിരാജാവിന് കോപവും അപമാനവും സഹിക്കാതായി. ആ മഹര്‍ഷിമാരോടു പകരം ചോദിച്ചേ അടങ്ങു എന്നു ശപഥം ചെയ്ത്‌ ഗൃഹത്തിലെത്തി. തീവ്രമായ വ്രതമെടുത്ത്‌ ആഹവനീയാഗ്നി ജ്വലിപ്പിച്ചു. അതില്‍ മന്ത്രംജപിച്ച്‌ ഹവ്യം ഓരോരോ ആഹുതിയായി ഹോമിച്ചു. ആ അഗ്നിയില്‍ നിന്ന്‌ ലോകഭയങ്കരിയായ ഒരു കുത്യ ഉയര്‍ന്നുവന്നു. വൃഷാദര്‍ഭി രാജാവ്‌ അവള്‍ക്ക്‌ "യാതുധാനി" എന്നു പേര്‌ നല്കി. ഉടനെ കാളരാത്രി പോലെ ഭയങ്കരിയായ കൃത്യ രാജാവിന്റെ മുമ്പില്‍ കൈകൂപ്പി നിന്ന്‌ വൃഷാദര്‍ഭി രാജാവിനോട്‌, "ഞാന്‍ എന്തുചെയ്യേണ്ടു!" എന്നു പറഞ്ഞു.

വൃഷാദര്‍ഭി പറഞ്ഞു; എടോ യാതുധാനീ, നീ ഉടനെ പോയി സപ്തര്‍ഷികളെയും അവരോടു കൂടെയുള്ള അരുന്ധതിയെയും ദാസീദാസന്മാരെയും കൊന്നു കളയണം. ഒറ്റയെണ്ണത്തിനെയും ബാക്കിവെയ്ക്കരുത്‌. അവരുടെ പേരെല്ലാമറിഞ്ഞ്‌ എല്ലാറ്റിനെയും കൊന്നുകളയണം. അവരുടെ കഥ കഴിച്ചതിന് ശേഷം നിനക്ക്‌ ഇഷ്ടമുള്ളേടത്തു പോകാം.

ഭീഷ്മൻ പറഞ്ഞു: ആ രാക്ഷസി അങ്ങനെയാകാം എന്ന്‌ ഏറ്റുപറഞ്ഞു. യാതുധാനി തന്റെ ഭയങ്കരമായ രൂപത്തോടെ ആ മഹര്‍ഷികള്‍ സഞ്ചരിക്കുന്ന വനത്തില്‍ പ്രവേശിച്ചു. രാജാവേ, പിന്നെ ആ കാട്ടില്‍ അത്രി മുതലായ മഹര്‍ഷിമാര്‍ ഫലമുലങ്ങള്‍ ഭക്ഷിച്ചു സഞ്ചരിക്കുകയായിരുന്നു, അപ്പോള്‍ അവര്‍ ഒരു സന്ന്യാസിയെ കണ്ടു. അയാളുടെ കൂടെ ഒരു നായയുണ്ട്‌. ആ സന്ന്യാസിയുടെ ചുമലും കൈകാലുകളും നല്ലപോലെ കൊഴുത്തു തടിച്ചതായിരുന്നു. ദേഹം നല്ലപോലെ പൂര്‍ണ്ണിച്ചുമിരുന്നു. ദേഹമൊക്കെ തടിച്ചു ഭംഗിയായി നന്നായിരിക്കുന്ന അവനെക്കണ്ട്‌ അരുന്ധതി ഋഷിമാരോട്‌ നിങ്ങള്‍ ഒരിക്കലും ഇപ്രകാരം തടിച്ച്‌ നന്നായിക്കണ്ടില്ലല്ലോ! എന്ന്‌ അത്ഭുതത്തോടെ പറഞ്ഞു.

വസിഷ്ഠന്‍ പറഞ്ഞു: ഇവന്നു ഞങ്ങള്‍ ചെയ്യുന്ന മാതിരിയുള്ള അഗ്നിഹോത്രമൊന്നുമില്ല. അവന്‍ കാലത്തും സന്ധ്യയ്ക്കും അഗ്നിയില്‍ ആജ്യം ആഹുതി ചെയ്യുമ്പോള്‍ നമുക്ക്‌ അതിനു കഴിയാതെ വന്നിരിക്കുന്നു. അതാണ്‌ ഇവനും നായയും ഇത്ര തടിക്കുവാന്‍ കാരണം (വേണ്ട മാതിരി ദൈവകാര്യം ചെയ്യാന്‍ കഴിയാതെ വന്നതു കൊണ്ടാണു ക്ഷീണിച്ചതെന്നു വസിഷ്ഠന്‍ പറയുന്നു).

അത്രി പറഞ്ഞു: ഈ മനുഷ്യന്‍ നമ്മെപ്പോലെ വിശപ്പു സഹിക്കുന്നില്ല. തന്മൂലം അവന്റെ ചുണ കെട്ടിട്ടില്ല, നമ്മളുടെ മാതിരിയായിട്ടില്ല. വളരെ പണിപ്പെട്ട്‌ പഠിച്ച വേദങ്ങള്‍ നമ്മുടെ മാതിരി അവന്‍ മറന്നു പോയിട്ടുമില്ല. അതു കൊണ്ടാണ്‌ അവനും അവന്റെ നായയും ഇമ്മാതിരി തടിച്ചത്‌.

വിശ്വാമിത്രന്‍ പറഞ്ഞു: ഈ മനുഷ്യന്‍ നമ്മുടെമാതിരി യല്ല. വേദത്തില്‍ പറഞ്ഞമട്ടില്‍ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ കഴിയായ്ക അവന്നില്ല. ഞാന്‍ മടിയനായിരിക്കുന്നു. ഞാന്‍ വിശന്നലയുകയാണ്‌. ഞാന്‍ സമ്പാദിച്ച അറിവൊക്കെ വിശപ്പു മൂലം നഷ്ടപ്പെട്ടിരിക്കുന്നു. ഈ മനുഷ്യന്‍ ഇക്കാരൃത്തില്‍ നമ്മെപ്പോലെയല്ല. അതാണ്‌ അയാളും അയാളുടെ നായയും ഇങ്ങനെ തടിച്ചത്‌.

ജമദഗ്നി പറഞ്ഞു: ഈ മനുഷ്യന്‍ ഒരാണ്ടത്തേക്കു വേണ്ട നെല്ലും അരിയും വിറകും കരുതി വെച്ചിട്ടുണ്ടാകും. കഴിവില്ലാത്ത നമ്മളെപ്പോലെ ഈ മനുഷ്യന്‍ അലയുന്നില്ല. അതുകൊണ്ടാണ്‌ ഈയാളും നായയും ഇങ്ങനെ തടിച്ചത്‌.

കശ്യപന്‍ പറഞ്ഞു: ഇവന് ഞങ്ങള്‍ക്കുള്ള മാതിരി നാലു സഹോദരന്മാരില്ല, വീടു തോറും "തരൂ! തരൂ!" എന്നു യാചിക്കുവാന്‍. അതുകൊണ്ടാണ്‌ ഈ മനുഷ്യനും അവന്റെ നായയും ഇങ്ങനെ തടിച്ചത്‌.

ഭരദ്വദാന്‍ പറഞ്ഞു: ഈ മനുഷ്യന് ഞങ്ങള്‍ക്കുള്ളതു പോലെ നിരാശയില്ല. ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്ന ഭാര്യമാര്‍ ഇവന്നുണ്ടായിരിക്കയില്ല. അവന്‍ അത്ര ക്രൂരമായി, ബുദ്ധിശുന്യമായി അവരോടു പെരുമാറുന്നുമുണ്ടായിരിക്കയില്ല. അതുകൊണ്ടാണ്‌ അവനും നായയും ഇമ്മാതിരി തടിച്ചുത്‌!

ഗൌതമന്‍ പറഞ്ഞു: ഈ മനുഷ്യന് ഞങ്ങളുടെ മാതിരിയുള്ള വസ്ത്രമല്ല ഉള്ളത്‌. കുശപ്പുല്ലു കൊണ്ടുള്ള മൂന്നും രങ്കുത്തോലു കൊണ്ടുള്ള ഒന്നും ഓരോന്നും മുമ്മൂന്നു കൊല്ലം പഴകിയതുമാണ്‌ ഞങ്ങളുടെ വസ്ത്രങ്ങള്‍. അവന്റെ വസ്ത്രങ്ങള്‍ അങ്ങനെയല്ല. അവന് അതിനെക്കുറിച്ചു മനസ്സില്‍ വിഷമമൊന്നുമില്ല. അതുകൊണ്ടാണ്‌ അവനും അവന്റെ നായയും ഇങ്ങനെ തടിച്ചിരിക്കുന്നത്‌.

ഭീഷ്മൻ പറഞ്ഞു: നായയോടു കൂടിയെത്തിയ ആ സന്ന്യാസി മുനീന്ദ്രന്മാരെ കണ്ടു. അവന്‍ സൌമൃഭാവത്തോടെ അടുത്തു ചെന്ന്‌ ക്ഷണത്തില്‍ കൈ പിടിച്ചു. ആ കാട്ടില്‍ വിശപ്പു തീര്‍ക്കാനുള്ള ഉപായം ചിന്തിച്ച്‌ തമ്മില്‍ പറഞ്ഞ്‌ അവര്‍ എല്ലാവരും യാത്രയായി. ഒരേയൊരു നിശ്ചയത്തോടെ ഓരോ കാട്ടില്‍ അവര്‍ ചുറ്റി ഫലമൂലങ്ങള്‍ പറിച്ചുനടന്നു. ഒരിക്കല്‍ വളരെ വൃക്ഷങ്ങള്‍ തിങ്ങിനില്ക്കുന്ന ഒരിടത്ത്‌ ശുദ്ധജലം നിറഞ്ഞു തെളിഞ്ഞ ഒരു പൊയ്ക കണ്ടു. ബാലസൂര്യന്റെ പ്രഭയോടെ താമരകള്‍ വിളങ്ങുന്നതും വൈഡൂര്യ നിറമായ പത്മപത്രങ്ങള്‍ തിങ്ങിയതും നാനാമട്ടിലുള്ള പക്ഷിക്കൂട്ടങ്ങള്‍ നിറഞ്ഞതും ഒറ്റ മാര്‍ഗ്ഗമുള്ളതും സുഗമമായതും ചേറില്ലാത്ത കടവോടു കൂടിയതുമായ സരസ്സ് കണ്ടു. വൃഷാദര്‍ഭി അയച്ച വികൃതാകൃതിയായ കൃത്യ, യാതുധാനി എന്നവള്‍, ആ പൊയ്ക കാത്തു കൊണ്ടിരുന്നു. ആ മഹര്‍ഷികള്‍ പശുസഖനെന്ന ഭൃത്യനോടു കൂടി താമര വളയം പറിക്കുവാന്‍ കൃത്യ കാക്കുന്ന ആ പൊയ്കയിലേക്കു ചെന്നു. വികൃതാകൃതിയായ കൃത്യ പൊയ്കയുടെ വക്കില്‍ നില്ക്കുന്നതു കണ്ട്‌ മുനികള്‍ അവളോടു പറഞ്ഞു.

ഋഷികള്‍ പറഞ്ഞു: എടോ യുവതീ, നീ ആരാണ്‌? ആരുടെയാണ്‌? നീ ഇവിടെ ഒറ്റയ്ക്കു നില്ക്കുന്നതെന്താണ്‌? എന്തു കാര്യത്തിന്നാണ്‌? പറയു! പൊയ്കവക്കത്തു നിന്ന്‌ നീ എന്തിനാണ്‌ ഒരുക്കം?

യാതുധാനി പറഞ്ഞു: എടോ മുനീന്ദ്രന്മാരേ, ഞാന്‍ ആരാണെന്നറിഞ്ഞിട്ടു നിങ്ങള്‍ക്കെന്തു കാര്യം? ആവശ്യമില്ലാത്ത ചോദ്യമൊന്നും എനിക്കു കേള്‍ക്കേണ്ട. ഞാന്‍ ഈ പൊയ്ക കാക്കുന്നവളാണ്‌. അതു മാത്രം മുനീന്ദ്രന്മാരേ, നിങ്ങള്‍ അറിഞ്ഞാല്‍ മതി.

ഋഷികള്‍ പറഞ്ഞു: ഞങ്ങളെല്ലാവരും വിശന്നു തളര്‍ന്നവരാണ്‌. ഞങ്ങള്‍ക്കു ഭക്ഷിക്കുവാന്‍ ഒന്നും കിട്ടിയിട്ടില്ല. നിന്റെ സമ്മതത്തോട കൂടി ഞങ്ങള്‍ എല്ലാവരും പൊയ്കയിലിറങ്ങി കുറെ താമര വളയം പറിച്ചെടുക്കട്ടെ?

യാതുധാനി പറഞ്ഞു: നിങ്ങള്‍ക്ക്‌ ഇഷ്ടംപോലെ പൊയ്കയിലിറങ്ങി ബിസങ്ങള്‍ പറിച്ചെടുക്കാം. എന്നാല്‍ അതിന് മുമ്പായി ഒരു കരാറു ചെയ്യണം. അതു മറ്റൊന്നുമല്ല, നിങ്ങളുടെ പേര്‌ ശരിയായി പറയണം എന്നിട്ട്‌ വേഗമെടുക്കാം.

ഭീഷ്മൻ പറഞ്ഞു: ആ യാതുധാനി കൃത്യയാണെന്നും ഋഷി ഘാതിനിയാണെന്നും അറിഞ്ഞ്‌, വിശന്നുഴന്ന അത്രി ഇപ്രകാരം പറഞ്ഞു.

അത്രി പറഞ്ഞു; എന്റെ പേര്‌ അത്രിയെന്നാണ്‌. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിന്റെ പാപത്തെ കഴുകിക്കളയുന്നു. പിന്നെ മൂന്നുപ്രാവശ്യം ദിവസേന വേദം പഠിക്കുന്നു. എന്റെ രാത്രിക്ക്‌ ഞാന്‍ പകല്‍ ഉണ്ടാക്കുന്നു. വീണ്ടും, ഞാന്‍ വേദം പഠിക്കാത്ത രാത്രിയില്ല. അതുകൊണ്ട്‌ അല്ലയോ സുന്ദരീ, ഞാന്‍ അത്രിയെന്നറിയപ്പെടുന്നു.

യാതുധാനി പറഞ്ഞു: അല്ലയോ മഹാദ്യുതേ! അങ്ങ്‌ ഈ പറഞ്ഞ അങ്ങയുടെ നാമമുണ്ടല്ലോ. അത്‌ മഹാദുര്‍ഘടം തന്നെ! അത്‌ ഉള്ളില്‍ ധരിക്കുവാന്‍ എനിക്കു കഴിയുന്നില്ല. ആട്ടെ, ഭവാന്‍ പോയി വെള്ളത്തില്‍ ഇറങ്ങിക്കൊള്ളുക. വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ യോഗത്താല്‍ നേടിയ ഐശ്വര്യങ്ങള്‍ ചേര്‍ന്നവനാണ്‌. ഞാന്‍ വീണ്ടും ഗൃഹസ്ഥാശ്രമിയായി. ആ ഗൃഹസ്ഥാശ്രമ ജീവിതം നയിച്ചവരില്‍ ഏറ്റവും ശ്രേഷ്ഠനാണെന്ന്‌ ഞാന്‍ അറിയപ്പെടുന്നു. അത്തരം ഒരു ധനം ഞാന്‍ എന്റെ ഗാര്‍ഹസ്ഥൃജീവിതം കൊണ്ടു നേടുകയാല്‍ ഗൃഹസ്ഥാശ്രമികളില്‍ ശ്രേഷ്ഠനായ ഞാന്‍ വസിഷ്ഠനായി.

യാതുധാനി പറഞ്ഞു: നീ നിന്റെ പേരു പറഞ്ഞത്‌ വളരെ വിചിത്രമായിരിക്കുന്നു! ഇങ്ങനെ പറയുവാന്‍ കഷ്ടപ്പാടുള്ള അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ആരെങ്കിലും പേരിടുമോ? ഇതു ധരിക്കുവാന്‍ എനിക്കു കഴിയുകയില്ല. ആട്ടെ! നീ പോയി പൊയ്കയില്‍ ഇറങ്ങിക്കൊള്ളുക!

കശ്യപന്‍ പറഞ്ഞു: ഞാന്‍ എപ്പോഴും എന്റെ ദേഹം സംരക്ഷിക്കുന്നു. ഞാന്‍ എന്റെ തപസ്സു കൊണ്ട്‌ മഹത്തായ തേജസ്സു നേടി. അങ്ങനെ ശരീര സംരക്ഷണവും തേജോരക്ഷണവും തപസ്സു കൊണ്ടു നേടുകയാല്‍ ഞാന്‍ കാശ്യപനായി.

യാതുധാനി പറഞ്ഞു: അങ്ങ്‌ എന്നോടു പറഞ്ഞ പേര് മഹാദുര്‍ഘടം മഹാദ്യുതേ! ഇത് മഹാവിചിത്രം തന്നെ ഇങ്ങനെയൊക്കെ പേരിട്ടാല്‍ ആരു വിളിക്കും? കൊള്ളാം! എന്നെക്കൊണ്ട്‌ ഇതു ധരിക്കാനാവുകയില്ല. ആട്ടെ, അങ്ങു പോയി പൊയ്കയിലിറങ്ങിക്കൊള്ളുക!

ഭരദ്വാജന്‍ പറഞ്ഞു: ഞാന്‍ എപ്പോഴും എന്റെ പുത്രനെ സംരക്ഷിക്കുന്നു. എന്റെ ശിഷ്യനെ സംരക്ഷിക്കുന്നു. ദേവന്മാരെ സംരക്ഷിക്കുന്നു. ബ്രാഹ്മണരെ രക്ഷിക്കുന്നു. ഭാര്യയെ രക്ഷിക്കുന്നു. ഇങ്ങനെ സുഗമമായി ഭാരം വഹിക്കുന്നവനായ ഞാന്‍ ഭാരദ്വാജന്‍ എന്നു പ്രസിദ്ധനായി.

യാതുധാനി പറഞ്ഞു: അമ്പോ! പേരുകൊള്ളാം. അത്ര കഷ്ടപ്പാടുള്ള അക്ഷരം കൂട്ടിച്ചേര്‍ത്ത്‌ പേരുണ്ടാക്കിയത്‌ മനുഷ്യനെ കഷ്ടപ്പെടുത്താന്‍ തന്നെയാന്ന്‌. എനിക്ക്‌ ഇതു ധരിക്കുവാന്‍ വയ്യ! ആട്ടെ! നീയും പോയി പൊയ്കയില്‍ ഇറങ്ങിക്കൊള്ളൂ!

ഗൌതമന്‍ പറഞ്ഞു: ഞാന്‍ ആത്മസംയമനം കൊണ്ട്‌ സ്വര്‍ഗ്ഗവും ഭൂമിയും ജയിച്ചു. ഞാന്‍ സമമായി ജീവികളെ ദര്‍ശിക്കുകയാല്‍ പുകയില്ലാത്ത അഗ്നിപോലെ ജ്വലിച്ചു. ഞാന്‍ അജയ്യനാണ്‌. ഞാന്‍ ജനിച്ചപ്പോള്‍ എന്റെ ദേഹജമായ പ്രകാശത്താല്‍ ചുറ്റുപാടുമുള്ള ഇരുട്ടു നീങ്ങി. അങ്ങനെ ഞാന്‍ ഗൌതമനായി.

യാതുധാനി പറഞ്ഞു: നീ നിന്റെ പേരിന്റെ മാഹാത്മ്യം പറഞ്ഞതു വിശേഷമായിരിക്കുന്നു. കൊള്ളാം, ഇത്‌ മനസ്സിലാക്കുവാന്‍ ഋഷിമാര്‍ക്കേ പറ്റൂ. എന്നെപ്പോലെ ഉള്ളവര്‍ക്ക്‌ ഇതൊന്നും ഗ്രഹിക്കാന്‍ കഴിയുകയില്ല. എന്തായാലും നിനക്ക്‌ പോകാം. പൊയ്കയില്‍ മുങ്ങിക്കോളു.

വിശ്വാമിത്രന്‍ പറഞ്ഞു: വിശ്വത്തിലെ ദേവകളൊക്കെ എന്റെ മിത്രങ്ങളാണ്‌. ഞാനും വിശ്വത്തിന്റെ മിത്രമാണ്‌. അതുകൊണ്ട്‌ അല്ലയോ യാതുധാനീ; ഞാന്‍ വിശ്വാമിത്രന്‍ എന്നു വിളിക്കപ്പെടുന്നു.

യാതുധാനി പറഞ്ഞു: നിന്റെ പേരിനെപ്പറ്റിയുള്ള വിവരണം ഞാന്‍ കേട്ടു. വിശ്വവും മിത്രവുമൊന്നും എനിക്കറിഞ്ഞു കൂടാ. എന്റെ പിടിയിലൊതുങ്ങാത്ത കാര്യങ്ങളാണതൊക്കെ. എനിക്കു ഗ്രഹിക്കാനും വയ്യ! ഉച്ചരിക്കാനും വയ്യ! ആട്ടെ! നീ പൊയ്ക്കൊള്ളുക. പൊയ്കയിലിറങ്ങിക്കൊള്ളുക!

ജമദഗ്നി പറഞ്ഞു: ഞാന്‍ ദേവന്മാരുടെ യാഗാഗ്നിയില്‍ നിന്ന് ഉത്ഭവിച്ചവനാണ്‌. അല്ലയോ സുന്ദരീ, അങ്ങനെ ഞാന്‍ ജമദഗ്നി എന്നു പ്രസിദ്ധനായി.

യാതുധാനി പറഞ്ഞു: നിന്റെ പേര്‌ ഉച്ചരിക്കുവാന്‍ മഹാദുര്‍ഘടം. ഇങ്ങനെ ഒരു ദുര്‍ഘടം വന്നു കൂടാനില്ല. ഇതു പുരാണജ്ഞന്മാര്‍ക്കു കൊള്ളാം. താപസികന്മാര്‍ക്കു പറ്റും. എനിക്ക്‌ ഇത്‌ ഓര്‍ക്കാന്‍ പോലും വിഷമം. നീ പോയി പൊയ്കയിലിറങ്ങി ബിസം പറിച്ചുകൊള്ളുക.

അരുന്ധതി പറഞ്ഞു; ഞാന്‍ എല്ലായ്പോഴും എന്റെ ഭര്‍ത്താവിന്റെ സമീപത്തിരിക്കുന്നു. ഭൂമിയെ ഞങ്ങള്‍ ഒന്നിച്ച്‌ ആശ്രയിക്കുന്നു. ഞാന്‍ എന്റെ ഭര്‍ത്താവിന്റെ ഹൃദയം എന്നിലേക്ക്‌ ഇഷ്ടമുള്ളതാക്കുന്നു. ഈ കാരണങ്ങളാല്‍ ഞാന്‍ അരുന്ധതി എന്നറിയപ്പെടുന്നു.

യാതുധാനി പറഞ്ഞു: നിന്റെ പേരിന്റെ വിവരണം എനിക്കു ഗ്രഹിക്കുവാന്‍ കഴിയുന്നില്ല, മഹാദുര്‍ഘടം! നീ പൊയ്ക്കൊള്ളുക. പൊയ്കയിൽ ഇറങ്ങിക്കൊളളുക.

ഗണ്ഡ പറഞ്ഞു: ഗണ്ഡ എന്നാല്‍ കവിള്‍ത്തടത്തിന്റെ ഭാഗമാണ്‌. മറ്റുള്ളവരുടെ കവിളിനെക്കാള്‍ കുറച്ചു തടിച്ചു പൊങ്ങിയതാണ്‌ എന്റെ കവിള്‍. അല്ലയോ അഗ്നിസംഭദവ, ഞാന്‍ അതു മൂലം ഗണ്ഡ എന്നറിയപ്പെടുന്നു.

യാതുധാനി പറഞ്ഞു: നീ പറഞ്ഞ പേരിന്റെ വിവരണം എനിക്കു ഗ്രഹിക്കാന്‍ വിഷമം. അതിന് കാരണമുണ്ട്‌. അതിന്റെ ധാതു പിടിച്ചു വളച്ചിരിക്കയാണ്‌. അതു കൊണ്ട്‌ ഗ്രഹിക്കുവാന്‍ വളരെ ദുര്‍ഘടം തന്നെ! ആട്ടെ! നീ പൊയ്ക്കൊള്ളുക. തടാകത്തിലിറങ്ങി ബിസം പറിച്ചു കൊള്ളുക!

പശുസഖന്‍ പറഞ്ഞു: ഞാന്‍ കാണുന്ന പശുക്കളെയും മൃഗങ്ങളെയുമൊക്കെ അലിവോടെ സംരക്ഷിക്കുന്നു. ഞാന്‍ എല്ലാ പശുക്കളുടെയും മൃഗങ്ങളുടെയും സഖാവാണ്‌. അതുകൊണ്ട്‌ അഗ്നിസംഭവേ, ഞാന്‍ പശുസഖന്‍ എന്ന് പ്രസിദ്ധനായി.

യാതുധാനി പറഞ്ഞു: ദുര്‍ഘടം! ദുര്‍ഘടം! ചിന്തിക്കുവാന്‍ വിഷമം. എന്നിട്ടുവേണ്ടേ ഗ്രഹിക്കുവാന്‍. എനിക്ക്‌ ഒന്നും മനസ്സിലാകുന്നില്ല. ഈ പദങ്ങളുടെ ധാതുക്കളൊക്കെ വളച്ചൊടിച്ചാല്‍ എങ്ങനെ തിരിയാനാണ്‌? ആട്ടെ പോവുക. പൊയ്കയിലിറങ്ങിക്കൊള്ളുക.

ശുനസ്സഖന്‍ പറഞ്ഞു: ഇവര്‍ പറഞ്ഞ മാതിരിയൊന്നും പേര്‌ പറയുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. ഞാന്‍ ശുനസഖ സഖാവാണ്‌ യാതുധാനീ, ന! ധരിക്കുക.

യാതുധാനി പറഞ്ഞു: നീ നിന്റെ പേര്‌ സന്നിഗ്ദ്ധ വാക്കായ വാക്യം കൊണ്ടാണ്‌ വിവരിച്ചത്‌. അതുകൊണ്ടു നിന്റെ പേര്‌ ഒന്നുകൂടി പറയു ദ്വിജാ!

ശുനസ്സഖന്‍ പറഞ്ഞു: ഞാന്‍ ഒരു പ്രാവശ്യം പറഞ്ഞ എന്റെ പേര്‍ നീ ഗ്രഹിച്ചില്ലെങ്കില്‍ എന്റെ ഈ ത്രിദണ്ഡത്തിന്റെ തല്ലേറ്റ്‌ നീ ചത്തുപോകട്ടെ! ചാമ്പലാകട്ടെ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ ശുനസ്സഖന്‍ ബ്രഹ്മദണ്ഡാഭമായ ത്രിദണ്ഡംകൊണ്ട്‌ അവളുടെ തലയ്ക്ക്‌ ഒരടികൊടുത്തു. അടികൊണ്ട ഉടനെ ആ കുത്യ നിലത്തു വീണ്‌ ഭസ്മമായിപ്പോവുകയും ചെയ്തു. ശുനസ്സഖാവ്‌ ശക്തയായ ആ യാതുധാനിയെ വീഴ്ത്തിയതിന് ശേഷം ത്രിദണ്ഡം ഭൂമിയില്‍ കുത്തി പച്ചപ്പുല്ലിൽ ഇരുന്നു.

ഉടനെ ആ മുനിമാരെല്ലാവരും താമരയും താമരവളയവും ഇഷ്ടംപോലെ പറിച്ച്‌ സന്തോഷത്തോടെ കയറി. വളരെ കഷ്ടപ്പെട്ടു പറിച്ച ആ താമരവളയം കെട്ടുകെട്ടാക്കി പൊയ്കയുടെ വക്കില്‍വെച്ച്‌ ജലതര്‍പ്പണം കഴിച്ചു. പിന്നെ എല്ലാവരും വെള്ളത്തില്‍നിന്ന് കയറി ഒരിടത്തു കൂടി. അപ്പോള്‍ ആ പുരുഷര്‍ഷഭന്മാര്‍ ബിസങ്ങളെ കണ്ടില്ല.

ഋഷികള്‍ പറഞ്ഞു: ക്ഷുത്തു ബാധിച്ചു ഭക്ഷിക്കുവാൻ ഒരുങ്ങുന്നവരായ നമ്മളുടെ ബിസങ്ങളൊക്കെ ഏതു മഹാപാപിയാണ്‌ കൊണ്ടുപോയത്‌?

ഭീഷ്മൻ പറഞ്ഞു: ആ ദ്വിജോത്തമന്മാര്‍ അത്ഭുതപ്പെട്ടു. അവര്‍ക്കു പരസ്പരം ശങ്ക തോന്നി. അവര്‍ തമ്മില്‍ ചോദിച്ചു. പിടികിട്ടിയില്ല. ഒടുവില്‍ അവര്‍ സത്യം ചെയ്യുവാന്‍ തീരുമാനിച്ചു രാജാവേ! അങ്ങനെതന്നെ എന്ന്‌ എല്ലാവരും ഏറ്റു പറഞ്ഞു. അങ്ങനെ വിശന്നു പൊരിഞ്ഞു തളര്‍ന്ന അവര്‍ ശപഥത്തിനൊരുങ്ങി.

അത്രി പറഞ്ഞു: പശുവിനെ കാലുകൊണ്ട്‌ ചവിട്ടട്ടെ! സൂര്യന്റെ നേര്‍ക്കു തിരിഞ്ഞു നിന്ന്‌ മൂത്രം ഒഴിക്കട്ടെ. അനദ്ധ്യായ ദിവസം വേദം ചൊല്ലട്ടെ. ഇതാണ്‌ താമരവളയം കട്ടവന്‌ ശിക്ഷ.

വസിഷ്ഠന്‍ പറഞ്ഞു: ബിസം കട്ടവന്‍ അനദ്ധ്യായത്തില്‍ വേദം പഠിക്കട്ടെ! നായാട്ട്‌ ഏല്ക്കുമാറാകട്ടെ, സന്ന്യാസി കാമിയാകട്ടെ, ആശ്രയിച്ചവനെ കൊല്ലട്ടെ! പുത്രിയുടെ ചാരിത്ര്യം വിറ്റു ജീവിക്കട്ടെ. താണ ജീവിതക്കാരുടെ ധനം ചെന്ന്‌ ഇരക്കട്ടെ, ഇതാണ്‌ ബിസം കട്ടവന്‌ ശിക്ഷ.

കശ്യപന്‍ പറഞ്ഞു: ബിസം കട്ടവന്‍ എല്ലാത്തരം വാക്കുകളും എല്ലാ ദിക്കിലും പറയട്ടെ. കള്ളസ്സാക്ഷി പറയട്ടെ! ബലിക്ക്‌ അര്‍പ്പിക്കാത്ത മാംസം തിന്നട്ടെ, അര്‍ഹതയില്ലാത്ത പാത്രങ്ങളില്‍ ദാനംചെയ്യട്ടെ, സ്ത്രീകളെ പകല്‍ ഭോഗം ചെയ്യട്ടെ, . ഇതാണ്‌ ബിസം കട്ടവനുള്ള ശിക്ഷ.

ഭരദ്വാജന്‍ പറഞ്ഞു: ബിസം കട്ടവന്‍ സ്വഭാവത്തില്‍ നൃശംസനായി ക്രൂരധര്‍മ്മവും വിട്ട്‌ സ്ത്രീകളിലും ബന്ധുക്കളിലും ഗോക്കളിലും പെരുമാറട്ടെ! ബ്രാഹ്മണനെ യുദ്ധത്തില്‍ ജയിക്കട്ടെ! ഇതാണ്‌ ബിസം കട്ടവനുള്ള ശിക്ഷ. ഗുരുവിനെ കീഴിലാക്കി ഋക്കും യജുസ്സും ഉച്ചരിക്കട്ടെ. കാട്ടുതീയില്‍ കൊണ്ടുപോയി ഹവ്യം ഹോമിക്കട്ടെ. ഇതാണ്‌ ബിസം കട്ടവനുള്ള ശിക്ഷ.

ജമദഗ്നി പറഞ്ഞു: ബിസം കട്ട കൊള്ളരുതാത്തവന്‍ മഹാപാപിയാണ്‌. അവനുള്ള ശിക്ഷ പറയാം. അവന്‍ മലം വെള്ളത്തില്‍ വിടട്ടെ, പശുവിനെ ദ്രോഹിക്കട്ടെ, ആര്‍ത്തവകാലമല്ലാത്ത കാലത്ത്‌ അവന്‍ സ്ത്രീസംഗം ചെയ്യട്ടെ, ദ്വേഷ്യനാകട്ടെ. ഭാര്യയുടെ സമ്പാദ്യം കൊണ്ടു ജീവിക്കട്ടെ. അവന്‍ സ്നേഹിതനില്ലാതാകട്ടെ, ശത്രു വര്‍ദ്ധിക്കട്ടെ. പരസ്പരം അതിഥിയാകട്ടെ?

ഗൌതമന്‍ പറഞ്ഞു: ബിസം കട്ടവന്‍ വേദം പഠിച്ചതിന് ശേഷം അതുപേക്ഷിക്കുന്ന പാപിയാകട്ടെ, അവന്‍ മൂന്നഗ്നികളേയും ഉപേക്ഷിക്കട്ടെ, അവന്‍ സോമം (ഒരുതരം മദ്യം) വില്ക്കുന്നവനാകട്ടെ, അവന്‍ ഒറ്റക്കിണറുള്ള ഗ്രാമത്തില്‍ ശൂദ്രസ്ത്രീയെ ഭാര്യയാക്കിയ ബ്രാഹ്മണന്റെ കൂടെ വസിക്കുമാറാകട്ടെ!

വിശ്വാമിത്രന്‍ പറഞ്ഞു: ബിസം കട്ടവന്‍ താന്‍ ജീവിച്ചിരിക്കെ, തന്റെ അച്ചനമ്മമാരെയും ഗുരുജനങ്ങളെയും ഭൃത്യന്മാരെയും മറ്റുള്ളവര്‍ സംരക്ഷിക്കുന്നതു കാണുവാനിടയാകട്ടെ, ധാരാളം മക്കളുണ്ടായി അവരെ രക്ഷിക്കാന്‍ കഴിയാത്തവനാകട്ടെ, ബ്രാഹ്മണനെ ദ്വേഷിക്കുന്നവനും അശുദ്ധനുമാകട്ടെ, തന്റെ സമ്പാദ്യത്തെപ്പറ്റി അഹങ്കാരമുള്ളവനാകട്ടെ, അവന്‍ നിലം ഉഴുത്‌ മറിക്കുന്നവനാകട്ടെ, അവന്‍ മത്സര ബുദ്ധിയാകട്ടെ, മഴയത്തു നനഞ്ഞ്‌ സഞ്ചരിക്കുന്ന ഭൃത്യനാകട്ടെ, രാജാവിന്റെ പുരോഹിതനാകട്ടെ, യാഗം ചെയ്യാന്‍ അര്‍ഹതയില്ലാത്തവനെ സേവിക്കുന്ന ഋത്വിക്കായി ഭവിക്കട്ടെ!

അരുന്ധതി പറഞ്ഞു: ബിസം കട്ടവന്‍ മഹാപാപിയാണ്‌. അവനുതക്ക ശിക്ഷ എന്തെന്ന്‌ പറയാം. ബിസം കട്ടവള്‍ അമ്മായിയമ്മയെ നിന്ദിക്കുന്നവളാകട്ടെ, അവള്‍ എപ്പോഴും ഭര്‍ത്താവില്‍ മുഷിഞ്ഞു കഴിയട്ടെ, തന്റെ ഗൃഹത്തില്‍ വന്നുചേരുന്ന വിശിഷ്ഠ വസ്തുക്കള്‍ മറ്റാര്‍ക്കും പങ്കുവെച്ചു കൊടുക്കാതെ ഇരുന്നു തിന്നട്ടെ. തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാല്‍ വെറുക്കപ്പെട്ട ഭര്‍ത്തൃഗൃഹത്തില്‍ ഉണങ്ങിയ ധാന്യം വറുത്തുപൊടിച്ച്‌ രാത്രിയില്‍ അതു തിന്നു കഴിയട്ടെ. അവള്‍ അഭോഗ്യയായി വീരസുവായി ഭവിക്കട്ടെ. (അനുഭവിക്കാന്‍ പറ്റാത്ത വിധം ദോഷധൂഷിതമായവള്‍ വീരനായ പുത്രനെ പ്രസവിക്കട്ടെ!).

ഗണ്ഡ പറഞ്ഞു: ബിസം കട്ടവള്‍ ആരായാലും അവള്‍ എന്നും നുണ പറയട്ടെ! ബന്ധുക്കളുമായി വഴക്കടിച്ചു കഴിയട്ടെ, അവളുടെ കന്യകയെ ശുല്ക്കം വാങ്ങി ദാനം ചെയ്യട്ടെ, താന്‍ വെച്ചുണ്ടാക്കിയ അന്നം ആര്‍ക്കും കൊടുക്കാതെ ഇരുന്ന്‌ ഉണ്ണട്ടെ. ജീവിതം മുഴുവന്‍ അടിമയായി കഴിയട്ടെ!

ശുനസ്സഖന്‍ പറഞ്ഞു: ബിസം കട്ട മനുഷ്യന്‍ ചെയ്യേണ്ടതെന്തെന്നു ഞാന്‍ പറയാം. യാഗംചെയ്യുന്നവനും, സാമവേദം യജുര്‍വ്വേദം ഇവയൊക്കെ പഠിച്ചവനും, ബ്രഹ്മചര്യം ശരിക്കും അനുഷ്ഠിക്കുന്നവനുമായ ബ്രാഹ്മണന് തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കട്ടെ. അഥര്‍വ്വണവേദം ചൊല്ലി ആ വിപ്രന്‍ കുളിക്കുമാറാകട്ടെ. ഇതാണ്‌ താമര വളയം കട്ടവന്‍ ചെയ്യേണ്ട പ്രായശ്ചിത്തം!

ഋഷികള്‍ പറഞ്ഞു: എടോ ശുനസ്സഖാ! നീ ഈ ചെയ്ത ശപഥം ബ്രാഹ്മണര്‍ക്ക്‌ ഇഷ്ടമായ കാര്യമാണ്‌. അത്‌ പാപിക്കു പറ്റിയ പ്രായശ്ചിത്തമല്ല. അതുകൊണ്ട്‌ നീ തന്നെയാണ്‌ ബിസം കട്ടത്‌ സംശയമില്ല.

ശുനസ്സഖന്‍ പറഞ്ഞു: തിന്നുവാനായി നിങ്ങള്‍ എടുത്തു വെച്ച ബിസം കാണാതായപ്പോള്‍ നിങ്ങള്‍ പറഞ്ഞതൊക്കെ സത്യമാണ്‌. നുണയല്ല, ബിസം കട്ടതു ഞാന്‍ തന്നെയാണ്‌. ഋഷികളേ, ഞാന്‍ ഒളിപ്പിച്ചുവെച്ച ബിസം ഇതാ, നോക്കു. അനഘരായ ഭഗവാന്മാരേ, ഞാന്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ ചെയ്തതാണ്‌. ഞാന്‍ നിങ്ങളെയെല്ലാവരെയും കാത്തുരക്ഷിക്കുവാന്‍ വന്നതാണ്‌. യാതുധാന മഹാക്രൂരയാണ്‌. നിങ്ങളുടെ വധത്തിന് വേണ്ടി ജനിച്ച കൃത്യയാണ്‌ അവള്‍. മുനീന്ദ്രന്മാരേ, വൃഷാദര്‍ഭി രാജാവ്‌ അഗ്നിയില്‍ നിന്ന് ജനിപ്പിച്ച അവളെ ഞാന്‍ സംഹരിച്ചു കളഞ്ഞു. അവള്‍ നിങ്ങളെ കൊല്ലുമായിരുന്നു. മഹാപാപിയായ അവള്‍ അഗ്നിയില്‍ പിറന്നവളാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ രക്ഷയ്ക്കെത്തിയ ഞാന്‍ ഇന്ദ്രനാണെന്ന്‌ അറിഞ്ഞാലും. നിങ്ങള്‍ ലോഭം വിടുകയാല്‍ സര്‍വ്വകാമങ്ങളും തികഞ്ഞ അക്ഷയമായ ലോകങ്ങള്‍ നിങ്ങള്‍ നേടിയിരിക്കുന്നു. നിങ്ങള്‍ എഴുന്നേല്‍ക്കുക. സര്‍വ്വകാമങ്ങളും നിങ്ങള്‍ അനുഭവിക്കുക.

ഭീഷ്മൻ പറഞ്ഞു: പിന്നെ എല്ലാ ഋഷിമാരും സസന്തോഷം എഴുന്നേറ്റ്‌. ഇന്ദ്രനോടു നന്ദി പറഞ്ഞു. ഇന്ദ്രനോടു കൂടി എല്ലാവരും സ്വര്‍ഗ്ഗത്തിലേക്കു പോയി. ഇപ്രകാരം ഈ മഹാത്മാക്കള്‍ പലതരം ഭോഗങ്ങള്‍ നല്കാമെന്നു പറഞ്ഞിട്ടും അതു കൈക്കൊള്ളാതെ, ഏറ്റവും കഠിനമായ വിശപ്പു സഹിച്ചും, മഹാത്മാക്കള്‍ കൊടുത്തിട്ടും അതില്‍ ആഗ്രഹിക്കാതെ ഒട്ടും ലോഭം മനസ്സില്‍ ബാധിക്കാതെ നിന്ന്, തന്മൂലം അവര്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നു ചേര്‍ന്നു. അതുകൊണ്ട്‌ ഈ കഥയെ മനസ്സിലാക്കി. നരന്‍ ലോഭത്തെ ഒഴിവാക്കണം. ഇതു മുഖ്യമായ ധര്‍മ്മമാണ്‌. അതുകൊണ്ട്‌ രാജാവെ, ലോഭം വിടണം.

മര്‍ത്ത്യന്‍ ഈ നല്ലതായ കഥ ജനസമൂഹത്തില്‍ പറഞ്ഞു കേള്‍പ്പിച്ചാല്‍ അര്‍ത്ഥം അവന്‍ നേടും. ദുര്‍ഗ്ഗങ്ങളില്‍ പെട്ടു വലയുന്നതല്ല. അവനില്‍ പിതൃക്കളും ഋഷികളും ദേവന്മാരും പ്രസാദിക്കും. അവന്‍ യശസ്സും ധര്‍മ്മാര്‍ത്ഥങ്ങളും ഇഹത്തിലും പരത്തിലും നേടുന്നതാണ്‌.

94. ശപഥവിധി - സത്യത്തിന്റെ മാഹാത്മ്യം തെളിയിക്കുവാന്‍ ഇന്ദ്രന്‍ മുനിമാരെ പരീക്ഷിക്കുന്ന കഥ - ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ! ഇനി ഇതിന് ഉദാഹരണമായി മറ്റൊരു പഴങ്കഥ പറയാം. അത്‌ ഋഷിമാരുടെ തീര്‍ത്ഥയാത്രയില്‍ ഉണ്ടായ ഒരു ശപഥകഥയാണ്‌ ഭരതസത്തമാ! പണ്ട്‌ താമര കട്ട ഒരു സംഭവം ഉണ്ടായി. രാജര്‍ഷികളും ദ്വിജര്‍ഷികളും കൂടിച്ചേര്‍ന്ന്‌ നടന്നതാണ്‌ ആ കഥ. ഋഷീന്ദ്രന്മാര്‍ പശ്ചിമഭാഗത്തു പ്രഭാസത്തില്‍ ചെന്നു കൂടി. എല്ലാവരും ഓരോന്നു ചിന്തിച്ച്‌ ഇരുന്നു പറഞ്ഞു: "നമുക്ക്‌ എല്ലാവര്‍ക്കുംകൂടി ഭൂമിയിലുള്ള പുണ്യതീര്‍ത്ഥങ്ങളില്‍ സഞ്ചരിക്കാം. എല്ലാവരും ഒന്നിച്ചുപോവുക!".

ശുക്രന്‍, അംഗിരസ്സ്‌, കവി, വിദ്വാനായ അഗസ്ത്യന്‍, നാരദന്‍, പര്‍വ്വതന്‍, ഭൃഗു, വസിഷ്ഠന്‍, കശ്യപന്‍, ഗൗതമന്‍, വിശ്വാമിത്രന്‍, ജമദഗ്നി, ഋഷീന്ദ്രനായ ഗാലവന്‍, അഷ്ടകന്‍, ഭരദ്വാജന്‍, അരുന്ധതി, ബാലഖില്യര്‍, യയാതിരാജാവ്‌, പുരു, ധുംധുമാരന്‍ എന്നിവരെല്ലാം, മഹാനുഭാവനും വൃത്ര വൈരിയുമായ ശതക്രതുവിനെ മൂന്നില്‍ നടത്തി, രാജാക്കന്മാരും എല്ലാവരുംകൂടി തീര്‍ത്ഥങ്ങള്‍തോറും സഞ്ചരിച്ച്‌, മാഘമാസത്തില്‍ കൗശികീ പുണ്യതീര്‍ത്ഥത്തില്‍ ചെന്നെത്തി.

ഓരോ തീര്‍ത്ഥത്തിലും സ്നാനംചെയ്ത്‌ പാപം നീങ്ങിയ അവര്‍ പുണ്യമായ ബ്രഹ്മസരസ്സില്‍ ചെന്നെത്തി. ആ ദേവന്റെ തീര്‍ത്ഥത്തില്‍ അഗ്നിസങ്കാശരായ അവര്‍ ഇറങ്ങി. താമരപ്പുക്കള്‍ പറിച്ച്‌ ഭക്ഷിച്ചു. പിന്നെ താമരവളയം (ബിസം) ഭക്ഷിച്ചു. ചില വിപ്രന്മാര്‍ മൃണാളം ഭുജിച്ചു കൊണ്ടിരുന്നു. അതിനിടയ്ക്ക്‌ അഗസ്ത്യ മഹര്‍ഷി പറിച്ച താമര ആരോ കട്ടതായി അറിഞ്ഞു.

അഗസ്ത്യ മഹര്‍ഷി ഉടനെ മുനിമാരോടു പറഞ്ഞു; "എന്റെ പുഷ്കരം കട്ടത്‌ ആരാണ്‌? ഞാന്‍ നിങ്ങളെ സംശയിക്കുന്നു. അത്‌ എടുത്ത ആള്‍ ഉടനെ തന്നു കൊള്ളുക! പത്മം ഹരിക്കുവാന്‍ അര്‍ഹരല്ല നിങ്ങള്‍. ധര്‍മ്മവീര്യം കെട്ടു കാലം ധര്‍മ്മവീര്യത്തെ കെടുത്തിക്കളയുമെന്നു കേള്‍ക്കുന്നു. ആ കാലം ഇതാ നമ്മളില്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ട്‌ നമ്മുടെ ധര്‍മ്മം പീഡിപ്പിക്കപ്പെട്ടു. ഇവിടെ ധര്‍മ്മം നിലനില്ക്കാതെ വരും. അധര്‍മ്മം ബാധിക്കുന്നതിന് മുമ്പെ സ്വര്‍ഗ്ഗത്തേക്കെത്തുകയാണ്‌ നല്ലത്‌. അധര്‍മ്മം ഇവിടെ ഭരണം നടത്തും". (ശ്രുതികളില്‍ പറയുന്നു ധര്‍മ്മം യുഗം തോറും കാലംശം വീതം ക്ഷയിക്കുമെന്നും കലിയില്‍ കാലംശം മാത്രമായി ശേഷിക്കുമെന്നും).

അധര്‍മ്മം എങ്ങനെയൊക്കെ വന്നു ചേരുമെന്ന്‌ പറയാം: വേദങ്ങളെ ഗ്രാമത്തിലും നാലുംകൂടിയ പെരുവഴിയിലും നിന്ന്‌ ബ്രാഹ്മണര്‍ ചൊല്ലുന്നതു കേള്‍ക്കാം. ആ കാലം വരുന്നതിന് മുമ്പ്‌ സ്വര്‍ഗ്ഗം പ്രാപിക്കുകയാണ്‌ ഉത്തമം. ആ കാലത്ത്‌ ശൂദ്രന്മാര്‍ വേദം കേള്‍ക്കുവാന്‍ നില്ക്കും. രാജാക്കന്മാര്‍ ധര്‍മ്മത്തെ തള്ളും. നയങ്ങള്‍ക്ക് വേണ്ടി ധര്‍മ്മത്തെ വിടും. അതുകൊണ്ട്‌ ആ കാലം വരുന്നതിന് മുമ്പ്‌ ഈ ലോകം വിടുകയാണ്‌ നല്ലത്‌. ശ്രേഷ്ഠന്മാരെ നിന്ദിക്കും, നാലു തരത്തിലുള്ള വര്‍ണ്ണങ്ങളുടെ മേലും, കീഴും, മദ്ധ്യവും എന്ന വ്യത്യാസമൊക്കെ വിട്ട്‌ സമത്വത്തോടെ പെരുമാറാന്‍ തുടങ്ങും. ജാതിവ്യത്യാസമൊക്കെ വിട്ട്‌ മേലും കീഴുമില്ലാത്ത നിലവരുന്നതിന് മുമ്പ്‌ ഈ നാടുവിട്ട്‌ സ്വര്‍ഗ്ഗത്തിൽ എത്തുകയാണ്‌ നല്ലത്‌. (സമുദായത്തില്‍ കാണുന്ന ജാതിവ്യത്യാസം ആവശ്യമാണെന്നും അത്‌ സനാതനമായ ധര്‍മ്മമാണെന്നും അന്ന്‌ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാര്‍ കരുതിയിരുന്നു).

ബലഹീനന്മാരെ ബലിഷ്ഠന്മാര്‍ ആക്രമിക്കുന്നതു കാണാറാകും. അവരെ അടിമകളാക്കി വെക്കും. അതിന് മുമ്പ്‌ ഈ ലോകം വിടുകയാണ്‌ നല്ലത്‌.

മുനീന്ദ്രമ്മാര്‍ ആര്‍ത്തരായി അഗസ്തൃ മഹര്‍ഷിയോടു പറഞ്ഞു: മഹര്‍ഷേ ഞങ്ങള്‍ അങ്ങയുടെ താമര അപഹരിച്ചിട്ടില്ല. അങ്ങ്‌ വെറുതെ ഞങ്ങളെ ശങ്കിക്കരുത്‌. മഹര്‍ഷേ! ഞങ്ങളില്‍ കോപിക്കരുത്‌. ഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ കഠിനമായ ശപഥംചെയ്യാം.

ധര്‍മ്മജ്ഞന്മാരായ മഹര്‍ഷിമാര്‍ ഇങ്ങനെ അതില്‍ നിശ്ചയം ചെയ്തു രാജാവേ! ഇപ്രകാരം പറഞ്ഞ്‌ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മനസ്സാക്ഷിയുടെ പ്രേരണ പോലെ ധര്‍മ്മത്തെ ഉയര്‍ത്തി കാണിക്കുവാനായി ആ ഋഷിമാരും രാജര്‍ഷിമാരും ഓരോരുത്തരായി ഈ പറയുന്ന സത്യവാചകം ചൊല്ലി ശപഥം ചെയ്യുവാന്‍ തുടങ്ങി.

ഭൃഗു പറഞ്ഞു: ആക്ഷേപം പറഞ്ഞു ശകാരിക്കുന്നവനോട്‌ അങ്ങോട്ടും ആക്ഷേപിച്ചു ഗകാരിക്കട്ടെ, തല്ലിയാല്‍ അങ്ങോട്ടും തല്ലട്ടെ! ബലിയര്‍പ്പിച്ച മൃഗത്തിന്റെ പൃഷ്ഠത്തിലെ മാംസം തിന്നട്ടെ! ഇതാണ്‌ നിന്റെ താമര കട്ടവന്‍ ചെയ്യേണ്ടതായ പ്രായശ്ചിത്തം.

വസിഷ്ഠന്‍ പറഞ്ഞു: താമര കട്ടവന്‍ വേദപാഠമൊക്കെ ഉപേക്ഷിച്ചു നായാട്ടിന് പോകട്ടെ! പുരത്തിലോ, ജനപദങ്ങളിലോ, ഭിക്ഷുവായി നടന്ന്‌ ഉപജീവിക്കട്ടെ!

കാശ്യപന്‍ പറഞ്ഞു: എല്ലായിടത്തും നടന്ന്‌ എല്ലാ സാധനവും വിറ്റ്‌ ഉപജീവിക്കട്ടെ, സൂക്ഷിക്കുവാന്‍ ഏല്പിച്ച മുതല്‍ നശിപ്പിക്കട്ടെ. കള്ളസ്സാക്ഷി പറയട്ടെ, ഇതാണ്‌ നിന്റെ താമര കട്ടവന്‍ ചെയ്യേണ്ടത്‌?

ഗൌതമന്‍ പറഞ്ഞു: താമര കട്ടവന്‍ എല്ലാറ്റിലും മഹാഗര്‍വ്വിയായി തന്റെ അന്തസ്സ്‌ മറ്റുള്ളവര്‍ക്കു കാണിച്ചു വസിക്കട്ടെ! എല്ലാ ജീവികളിലും സമമായ ഒരു ദര്‍ശനം അവനില്ലാതെ പോകട്ടെ, അവന്‍ മത്സരബുദ്ധിയായി കാമദ്വേഷങ്ങളോടെ ജീവിക്കട്ടെ! ആ ബ്രാഹ്മണന്‍ നിലം ഉഴുത്‌ കൃഷിക്കാരനായി ജീവിക്കട്ടെ!

അംഗിരസ്സ്‌ പറഞ്ഞു: നിന്റെ താമര അപഹരിച്ചവന്‍ അശുദ്ധനായി വേദപാരായണം ചെയ്യട്ടെ! നായാട്ടു കൊണ്ട്‌ ആ ബ്രാഹ്മണന്‍ ജീവിക്കട്ടെ! ബ്രഹ്മഹത്യാ പാപം അവന്റെ മനസ്സില്‍ ഉണ്ടാകട്ടെ!

ധുന്ധുമാരന്‍ പറഞ്ഞു: മിത്രങ്ങളില്‍ നന്ദികെട്ടവനാകട്ടെ, ശൂദ്രസ്ത്രീയില്‍ സന്താനം ഉത്പാദിപ്പിക്കട്ടെ. തന്നാത്താന്‍ ഇരുന്ന്‌ അന്യര്‍ക്ക്‌ നല്‍കാതെ (വിരുന്നുകാര്‍ക്കും അതിഥി കള്‍ക്കും നല്കാതെ) ഉണ്ണട്ടെ, നിന്റെ താമര കട്ടവ൯!

പൂരു പറഞ്ഞു: മറ്റുള്ളവരെ ചികിത്സിക്കുന്ന ഒരു വൈദ്യനാകട്ടെ, അങ്ങയുടെ താമര കട്ട ബ്രാഹ്മണന്‍. അല്ലെങ്കില്‍ അവന്‍ ഭാര്യയുടെ ശമ്പളം കൊണ്ടു ജീവിക്കുന്നവനാകട്ടെ, അല്ലെങ്കില്‍ ഭാര്യയുടെ അച്ഛന്റെ സ്വത്തു കൊണ്ട്‌ കഴിയുന്നവരാകട്ടെ!

ദിലീപന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ട ബ്രാഹ്മണന്‍ ഒറ്റക്കിണറു മാത്രമുള്ള ഗ്രാമത്തില്‍ (എല്ലാവരും വെള്ളം കുടിക്കുവാനുപയോഗിക്കുന്ന കിണറ്റില്‍ നിന്ന്‌ വെള്ളം കുടിച്ച്‌, കഷ്ടപ്പാടില്‍പ്പെട്ട്‌ ശൂദ്രസ്ത്രീയുടെ ഭര്‍ത്താവായി കഴിയുമാറാകട്ടെ! )

ശുക്രന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ട പാപിയായ ബ്രാഹ്മണന്‍ ബലിക്കല്ലാതെ കൊന്ന മൃഗങ്ങളുടെ മാംസം തിന്നട്ടെ. അവന്‍ അവന്റെ ഭാര്യയെ പച്ചപ്പകല്‍ സംഭോഗം ചെയ്യട്ടെ. അവന്‍ രാജകിങ്കരനാകട്ടെ!

ജമദഗ്നി പറഞ്ഞു; അനദ്ധ്യായന ദിവസം വേദം ചൊല്ലട്ടെ! ഇഷ്ടനെ വിളിച്ച്‌ (അര്‍ഹതയില്ലാത്തവനെ) ചാത്തം ഊട്ടട്ടെ! ശൂദ്രന്റെ ചാത്തം ആ ബ്രാഹ്മണന്‍ ഉണ്ണട്ടെ! ഇതാണ്‌ അങ്ങയുടെ താമര കട്ട പാപിയായ ബ്രാഹ്മണനുള്ള ശിക്ഷ!

ശിബി പറഞ്ഞു: അങ്ങയുടെ താമര കട്ട ബ്രാഹ്മണന്‍ അഗ്നി ഹോമം ചെയ്യാതെ നിന്ദ്യനായി ചാകട്ടെ! യജ്ഞത്തിന് വിഘ്നം ചെയ്യുന്നവനാകട്ടെ! താപസികന്മാരുമായി ആ ബ്രാഹ്മണന്‍ വഴക്കടിക്കട്ടെ! ഇതാണ്‌ അതിനുള്ള ശിക്ഷ.

യയാതി പറഞ്ഞു; അങ്ങയുടെ താമര കട്ടവന്‍ വ്രതമെടുത്ത്‌ ജടാധാരിയായി നടക്കുന്ന സമയത്ത്‌, ഭാര്യയെ ആര്‍ത്തവശുദ്ധിയില്ലാത്ത കാലത്ത്‌, സംഭോഗംചെയ്യട്ടെ! വേദത്തെ ധിക്കരിച്ചു സംസാരിക്കുകയും ജീവിക്കുകയും ചെയ്യട്ടെ ആ ബ്രാഹ്മണന്‍!

നഹുഷന്‍ പറഞ്ഞു: യതിയായവന്‍ അതു വിട്ട്‌ ഗാര്‍ഹസ്ഥ്യം സ്വീകരിക്കട്ടെ! ദീക്ഷയെടുത്തവന്‍ കാമിയായിത്തീരട്ടെ! വിദ്യ അവന്‍ വിലയ്ക്കു വില്ക്കട്ടെ! ഇതാണ്‌ നിന്റെ താമര കട്ടവന്‍ ചെയ്യേണ്ടത്‌.

അംബരീഷന്‍ പറഞ്ഞു: നിന്റെ താമര കട്ടവന്‍ സ്വഭാവത്തില്‍ ക്രൂരനും അധര്‍മ്മിയുമായി, സ്ത്രീകളിലും, ബന്ധുക്കളിലും, പശുക്കളിലും പെരുമാറട്ടെ. എന്നു തന്നെയല്ല, ആ ബ്രാഹ്മണന്‍ ബ്രാഹ്മണനെ കൊല്ലുന്നവനുമാകട്ടെ.

നാരദന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ടവന്‍ ശാസ്ത്രം അറിയാത്തവനാകട്ടെ! ശരീരം ആത്മാവാണെന്നു വിശ്വസിക്കുന്നവനാകട്ടെ! ആക്ഷേപാര്‍ഹനായ ഗുരുവിന്റെ ശിഷ്യനായി അവനില്‍ നിന്ന് വേദം പഠിക്കട്ടെ! വേദത്തില്‍ നിയമ വിരുദ്ധമായി, വിസ്വരമായി, പദം ഉച്ചരിക്കട്ടെ! അവന്‍ സകല ഗുരുജനങ്ങളെയും ധിക്കരിക്കുന്നവനാകട്ടെ!

നാഭാഗന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ട പാപിയായ ബ്രാഹ്മണന്‍ എപ്പോഴും അസംബന്ധങ്ങളായ നുണകള്‍ പറയുന്നവനാകട്ടെ! അവന്‍ സകല സജ്ജനങ്ങളുമായി വിരോധിയാകട്ടെ! തന്റെ പുത്രിയെ ശുല്ക്കം വാങ്ങി നല്കട്ടെ!

കവി പറഞ്ഞു: അങ്ങയുടെ താമര കട്ട പാപി പശുവിനെ കാലുകൊണ്ടു ചവിട്ടട്ടെ! സൂര്യന്റെ നേരെ തിരിഞ്ഞു നിന്ന് മൂത്രം ഒഴിക്കട്ടെ! ശരണം പ്രാപിച്ചു വന്നവനെ ഉപേക്ഷിക്കട്ടെ! ഇതാണ്‌ ആ പാപി ചെയ്യേണ്ടതായ പ്രതിവിധി.

വിശ്വാമിത്രന്‍ പറഞ്ഞു: അങ്ങയുടെ താമര അപഹരിച്ച പാപിയായ ബ്രാഹ്മണന്‍ എന്തു ചെയ്യണമെന്നറിയാമോ? അവന്‍ ഒരു വേലക്കാരനായി, തന്റെ യജമാനനെ ചതിക്കുന്നവനുമായിത്തീരണം. അവന്‍ ഒരു രാജാവിന്റെ പുരോഹിതനാകട്ടെ! യജ്ഞത്തില്‍ സഹായിക്കാന്‍ ആരുമില്ലാത്ത ഒരു ഋത്വിക്കായി ഭവിക്കട്ടെ!

പര്‍വ്വതന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ട ബ്രാഹ്മണന്‍ ഗ്രാമത്തിലെ പ്രധാനിയാകട്ടെ! അവന്‍ കഴുതപ്പുറത്തു സഞ്ചരിക്കുന്നവനാകട്ടെ! ഉപജീവനത്തിന്ന്‌ ഒരു നായാട്ടുകാരനാകട്ടെ!

ഭരദ്വാജന്‍ പറഞ്ഞു: അങ്ങയുടെ താമര അപഹരിച്ചവന്‍ നൃശംസനും വ്യാജം പറയുന്നവനുമാകട്ടെ! എല്ലാ പാപവും അവന്‍ ഏൽക്കട്ടെ! ഈ എല്ലാ പാപവും അവന്‍ ഒ്റ്റയ്ക്ക്‌ ഏൽക്കട്ടെ!

അഷ്ടകന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ട പാപി അപ്രജ്ഞനും കാമിയും പാപിഷ്ഠനുമായ രാജാവാകട്ടെ! അധര്‍മ്മത്തോടെ ഭൂമി ഭരിക്കട്ടെ അവന്‍.

ഗാലവന്‍ പറഞ്ഞു: അങ്ങയുടെ താമര കവര്‍ന്ന പാപി പ്രസിദ്ധ പാപികളേക്കാള്‍ മഹാപാപിയായി പേരു കേള്‍ക്കട്ടെ! അങ്ങനെയുള്ള പാതകം അവന്‍ ചെയ്യട്ടെ! അവന്‍ അവന്റെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും നേരെ ആക്ഷേപം പറഞ്ഞ്‌ കൈ ഓങ്ങുന്നവനായി അധഃപതിച്ച്‌ നിന്ദ്യനായിപ്പോകട്ടെ! പിന്നെ വല്ലതും വല്ലവര്‍ക്കും ദാനം ചെയ്ത്‌ ഞാന്‍ മഹത്തായ ദാനം ഇന്നയാള്‍ക്കു ചെയ്തു എന്നു വിളിച്ചു പറഞ്ഞു തന്നത്താന്‍ പുകഴ്ത്തുന്നവനായി ഭവിക്കട്ടെ!

അരുന്ധതി പറഞ്ഞു: അമ്മായിയമ്മയെ കുറ്റം പറയുന്ന മരുമകളാകട്ടെ അങ്ങയുടെ താമര കുട്ടവള്‍. അല്ലെങ്കില്‍ അവള്‍ ഭര്‍ത്താവിനോടു മുഷിഞ്ഞു ജീവിക്കുന്നവളാകട്ടെ! അല്ലെങ്കില്‍ നല്ല വസ്തുക്കള്‍ ആര്‍ക്കും പങ്കുവെച്ചു നല്കാതെ എല്ലാം ഒറ്റയ്ക്കു ഭക്ഷിക്കുന്നവളായി ഭവിക്കട്ടെ അവൾ!

ബാലഖില്യര്‍ പറഞ്ഞു: ഗ്രാമത്തിന്റെ പെരുവഴിയില്‍ ഒറ്റക്കാലില്‍ നിന്ന്‌ അന്നം ഇരക്കുന്നവനായി ഭവിക്കട്ടെ! ധര്‍മ്മജ്ഞനാണെങ്കില്‍ അവന്റെ ധര്‍മ്മമൊക്കെ അവനില്‍ നിന്നകലട്ടെ! ഇതാണ്‌ അങ്ങയുടെ താമര കട്ടവന് ലഭിക്കേണ്ടത്‌.

ശുനസ്സഖന്‍ പറഞ്ഞു: അങ്ങയുടെ താമര കട്ട ബ്രാഹ്മണന്‍ അഗ്നിഹോത്രം നോക്കാതെ സുഖമായി കിടന്നുറങ്ങട്ടെ. പരിവ്രാട്ട്‌ കാമവ്യത്തനായി ഭവിക്കട്ടെ!

സുരഭി പറഞ്ഞു: അങ്ങയുടെ താമര അപഹരിച്ചവള്‍ മനുഷ്യരുടെ മുടി പിരിച്ചുണ്ടാക്കിയ കയറ്‌ പിന്‍കാലില്‍ കെട്ടി പശുവിനെ കക്കുന്നവളായി ഭവിക്കട്ടെ! ആ പശുവിന്റെ കിടാവു ചത്ത്‌ അന്യഗോവിന്റെ കിടാവിനെക്കൊണ്ടു മുല കുടിപ്പിച്ചു ചുരത്തിക്കുന്നതാകട്ടെ! പാൽ ഓട്ടു പാത്രത്തില്‍ കറന്ന്‌ എടുക്കുമാറാകട്ടെ! (മുടിക്കയറു കൊണ്ടു കെട്ടുന്നത്‌ പശുവിനു കൂടുതല്‍ വേദനയുണ്ടാക്കുന്നതാണ്‌. അന്യഗോവിന്റെ കുട്ടിയുടെ സ്പര്‍ശനം പശുവിന് ഇഷ്ടമല്ല. അതു നിഷിദ്ധവുമാണ്‌. ഓട്ടുപാത്രത്തില്‍ കറന്നൊഴിച്ച പാല്‍ ദേവന്മാര്‍ക്കു ഹിതമല്ല. ഈ പറഞ്ഞത്‌ എല്ലാം നിഷിദ്ധമാണ്‌).

ഭീഷ്മൻ പറഞ്ഞു: അല്ലയോ കൗരവേന്ദ്രാ! ഇപ്രകാരം പലതരത്തില്‍, പലേമട്ടില്‍, ആ മഹാശയന്മാര്‍ ശപഥം ചെയ്തപ്പോള്‍ ആ സഹസ്രാക്ഷന്‍ സന്തോഷത്തോടെ ആ കോപിയായ ബ്രഹ്മര്‍ഷീന്ദ്രനെ നോക്കി തന്റെ സത്യവും ഉടനെ പറഞ്ഞു. ബ്രഹ്മര്‍ഷിമാരുടെയും ദേവര്‍ഷിമാരുടെയും മദ്ധ്യത്തില്‍ വെച്ച്‌ പറഞ്ഞ ആ ശപഥം എന്താണെന്നും ഞാന്‍ പറയാം. അതും കേള്‍ക്കേണ്ട ശപഥം തന്നെയാണ്‌.

അങ്ങയുടെ താമര കട്ടവന്‍ ചെയ്യേണ്ടത്‌ പറയാം. അവന്‍ ബ്രഹ്മചര്യം ശരിക്കും അനുഷ്ഠിക്കുന്നവനും, സാമവേദവും യജുര്‍വ്വേദവും പഠിച്ചവനുമായ ബ്രാഹ്മണന് തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുവാന്‍ ഇടവരട്ടെ! എന്നുതന്നെയല്ല, അവന്‍ അഥര്‍വ്വണവേദം പഠിച്ചു തന്റെ പഠനം പൂര്‍ത്തിയാക്കി തീര്‍ത്ഥാടനം ചെയ്തവനുമാകട്ടെ! അങ്ങനെ താമര കട്ടവന്‍ സ്വഭാവേന സകല ധര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും, സകല കര്‍ത്തവ്യങ്ങളും നിര്‍വ്വഹിക്കുന്നവനും ആകട്ടെ! അവന്‍ ബ്രഹ്മലോകം പ്രാപിക്കുവാന്‍ അര്‍ഹനുമാകട്ടെ!

അഗസ്ത്യന്‍ പറഞ്ഞു: അല്ലയോ വനസൂദനാ, അങ്ങ്‌ ശാപത്തിന് പകരം ഒരു അനുഗ്രഹമാണ് ഈ പറയുന്നത്‌. ആശീര്‍വാദം പറഞ്ഞതു മൂലം അതു കട്ടവന്‍ മറ്റാരുമല്ല. അങ്ങ്‌ ആ താമര എനിക്കു തന്നേക്കൂ! അതാണ്‌ സനാതനമായ ധര്‍മ്മം!

ഇന്ദ്രന്‍ പറഞ്ഞു: ഭഗവാനേ താമരയില്‍ ലോഭം മൂലമല്ല ഞാന്‍ അതു കട്ടത്‌. ഭവാന്മാരില്‍ നിന്ന് നാം അനുഷ്ഠിക്കേണ്ട ധര്‍മ്മം കേള്‍ക്കുന്നതിന് വേണ്ടിയാണ്‌. അതുകൊണ്ട്‌ ഭവാന്‍ എന്നില്‍ കോപിക്കരുത്‌. ശ്രുതികളില്‍ നിന്ന് ധരിക്കേണ്ടത്‌ കര്‍ത്തവ്യമായ ധര്‍മ്മങ്ങളാണ്‌. ശാശ്വതമായ ലോകത്തിലേക്കു മർത്ത്യനെ എത്തിക്കുന്നത്‌ കര്‍ത്തവ്യങ്ങളാണ്‌, ധര്‍മ്മങ്ങളാണ്‌.

ധര്‍മ്മങ്ങള്‍ മര്‍ത്തൃനെ സംസാരമാകുന്ന സമുദ്രത്തിന്റെ മറുകരയ്ക്കെത്തിക്കും. ഋഷിമാര്‍ ധര്‍മ്മശ്രുതികള്‍ ശാശ്വതവും അവ്യയവും അനാമയവും ആണ്‌. അതു ഞാന്‍ ഋഷിമാരില്‍ നിന്ന് കേള്‍ക്കുവാന്‍ ഇടയായി. അല്ലയോ മഹാശയാ! അങ്ങയുടെ താമരപ്പൂവ്‌ ഇതാ അങ്ങ്‌ വാങ്ങിയാലും! ഭഗവാനേ, അങ്ങ്‌ എന്റെ അക്രമവ്യത്തിയെ ക്ഷമിക്കണേ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞപ്പോള്‍, മഹാകോപിയായ അഗസ്തൃ മഹര്‍ഷി ഇന്ദ്രന്റെ കൈയില്‍ നിന്ന് താമരപ്പൂവ്‌ വാങ്ങി. ആ ധീമാന്‍ പ്രസാദിച്ചു. വീണ്ടും വനചാരികളായ അവര്‍ തീര്‍ത്ഥങ്ങളില്‍ ചുറ്റിനടന്നു. പുണ്യ തീര്‍ത്ഥങ്ങളില്‍ അവര്‍ സ്‌നാനം ചെയ്തു. ഈ മുഖ്യമായ ആഖ്യാനം ഓരോ പര്‍വ്വത്തിലും മനസ്സിരുത്തി ചൊല്ലുകയാണെങ്കില്‍ അവന് മൂര്‍ഖനായ പുത്രന്‍ ജനിക്കുകയില്ല. അവന്‍ പ്രായശ്ചിത്തം ചെയ്യേണ്ടതായും വരികയില്ല. പാപമൊക്കെ നീങ്ങി അവന്‍ നന്മയോടു കൂടി സ്വര്‍ഗ്ഗലോകം പ്രാപിക്കുന്നതാണ്‌. ഋഷിമാര്‍ സംരക്ഷിച്ചു പോകുന്ന ശാസ്ത്രത്തെ പഠിച്ചാല്‍ അവ്യയമായ ബ്രഹ്മലോകത്തില്‍ അല്ലയോ നരോത്തമാ, അവന്‍ ചെന്നെത്തുന്നതാണ്‌.

95. ഛത്രോപാനഹദാനപ്രശംസ - ബ്രാഹ്മണവേഷധാരിയായ സുര്യനും ജമദഗ്നിയും തമ്മിലുള്ള സംവാദം, കുടയും ചെരിപ്പും ദാനംചെയ്ത കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ശ്രാദ്ധങ്ങളില്‍ ബ്രാഹ്മണര്‍ക്ക്‌ ചെരിപ്പും കുടയും ദാനം ചെയ്യാറുണ്ടല്ലോ. ഈ നടപടി ആരാണ്‌ തുടങ്ങി വെച്ചത്‌? ഈ നടപടി എങ്ങനെയാണ്‌ ഉണ്ടായത്‌? എന്തിനാണ്‌ അവ നല്കുന്നത്‌? ഓരോരോ കാരണങ്ങളാല്‍ ചെയ്യുന്ന ദാനങ്ങളിലും ചെരിപ്പും കുടയും നല്കാറുണ്ട്‌. പുണ്യം ചിന്തിച്ചാണ്‌ അതു ചെയ്യുന്നത്‌. അതു വിസ്തരിച്ച്‌ തത്വമായി അങ്ങ്‌ പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു: രാജാവേ അങ്ങ്‌ ശ്രദ്ധയോടെ കേട്ടു കൊള്ളുക. കുട, ചെരിപ്പ്‌ എന്നിവയുടെ ദാനത്തെപ്പറ്റി ഞാന്‍ വിസ്തരിച്ചു പറയാം. ഇതിന്റെ പ്രസിദ്ധി എങ്ങനെയുണ്ടായി? ലോകത്തില്‍ ഇത്‌ എങ്ങനെയുണ്ടായി എന്നു ഞാന്‍ പറയാം. ലോകത്തില്‍ നിലനില്‍ക്കുന്നതും പുണ്യമായതുമായ ഒരു ആചാരമായി അതു വന്നു കൂടിയത്‌ എങ്ങനെയാണെന്നും ഞാന്‍ പറയാം. രാജാവേ, കേള്‍ക്കുക. എല്ലാം ഞാന്‍ പറയാം. അത്‌ ജമദഗ്നിയും മഹാത്മാവായ സൂര്യഭഗവാനും തമ്മില്‍ നടന്ന ഒരു സംഭാഷണ കഥയാണ്‌.

മുമ്പ്‌ ഭഗവാന്‍ ഭാര്‍ഗ്ഗവന്‍ കളിയായി വില്ലു കൊണ്ട്‌ വീണ്ടും വീണ്ടും അമ്പു തൊടുത്ത്‌ എയ്തു. എയ്തു വിടുന്ന അമ്പുകളൊക്കെ ആ തേജസ്വിയുടെ അടുത്തേക്കു ഭാര്യയായ രേണുക എടുത്തു കൊണ്ടു വന്നു കൊടുത്തു. പിന്നെയും ആ പ്രഭു ഞാണിന്റെ ശബ്ദത്തോടും ശരത്തിന്റെ ചീറ്റലോടും കൂടി ശരം വിട്ടു കൊണ്ടു നിന്നു. വളരെ സന്തോഷത്തോടെ ഭര്‍ഗ്ഗവന്‍ എയ്യുന്ന ശരങ്ങളെ ഭാര്യയായ രേണുക വീണ്ടും കൊണ്ടു വന്നു കൊടുത്തു.

അങ്ങനെ തൃക്കേട്ട നക്ഷത്രത്തോടു ചേര്‍ന്ന്‌ അര്‍ക്കന്‍ ഉച്ചത്തില്‍ നില്ക്കുന്ന സന്ദര്‍ഭത്തില്‍ ദ്വിജനായ ഭാര്‍ഗ്ഗവന്‍ അമ്പുകള്‍ എയ്തു തന്റെ ഭാര്യയായ രേണുകയോട്‌, "എടോ വിശാലാക്ഷീ, നീ പോയി വേഗത്തില്‍ എന്റെ വില്ലില്‍ നിന്ന് പായുന്ന അമ്പുകളെ കൊണ്ടുവരിക! അല്ലയോ സുഭ്രൂ! വീണ്ടും ഞാന്‍ അവയെ എയ്യട്ടെ!", എന്നു പറഞ്ഞു രാജാവേ! ആ ഭാമിനി പോകുന്ന വഴിക്ക്‌ ഒരു മരത്തിന്റെ നിഴലില്‍ച്ചെന്നു കുറച്ചു നേരം നിന്നു. അവളുടെ തലയും കാലും നല്ലപോലെ ചുടുന്നുണ്ടായിരുന്നു. അത്ര കഠിനമായിരുന്നു സൂര്യാതപം. അല്പം നിന്നതിന് ശേഷം ശുഭയായ അവള്‍, ഭര്‍ത്താവിന്റെ ശാപത്തെ ഭയന്ന്‌ അമ്പ്‌ കൊണ്ടു വരുന്നതിന് ആ നീലലോപന നടന്നു. അഗ്നിമയമായ മണലില്‍ ചവിട്ടി കാലും തീപ്പൊരി ചൊരിയുന്ന രശ്മിയേറ്റ്‌ തലയും പൊള്ളുന്നുണ്ടായിരുന്നു. അവള്‍ ദുഃഖമൊക്കെ അടക്കി ഭര്‍ത്താവിന്റെ സമീപത്തെത്തി. ഭര്‍ത്താവ്‌ കോപിക്കുമോ എന്നു പേടിച്ച്‌ അവള്‍ വിറച്ചു പോയി, ശുഭാനനയായ അവളെ നോക്കി മുനി ക്രോധത്തോടെ രേണുകേ, നീ എന്താണ്‌ വരുവാന്‍ ഇത്രയധികം താമസിച്ചത്‌? എന്നു വീണ്ടും വീണ്ടും ചോദിച്ചു.

രേണുക പറഞ്ഞു: അല്ലയോ തപേനിധേ, എന്റെ ശിരസ്സും കാലും ചുട്ടു പൊള്ളി മഹര്‍ഷേ സൂര്യന്റെ തേജസ്സു കൊണ്ടു രോധിക്കപ്പെട്ട ഞാന്‍ അല്പസമയം മരത്തണലില്‍ നിന്നു പോയി. ഈ ഒറ്റകാരണത്താല്‍ ഞാന്‍ താമസിച്ചു പോയതാണ്‌. ഇതു കേട്ട്‌ ഹേ തപേധനാ! എന്നില്‍ കോപിക്കരുതേ! ക്ഷമിക്കണേ!

ജമദഗ്നി പറഞ്ഞു: എടോ ശോഭനേ, നിന്നെ തപിപ്പിച്ച ദീപ്തകരനായ അര്‍ക്കനെ, നിനക്കു ദുഃഖമുണ്ടാക്കിയ സൂര്യനെ, ഞാന്‍ ഇപ്പോള്‍ അസ്ത്രാഗ്നിയുടെ തേജസ്സു കൊണ്ട്‌ എയ്തു വീഴ്ത്തുന്നതാണ്‌.

ഭീഷ്മൻ പറഞ്ഞു: എന്നു പറഞ്ഞ്‌ അവന്‍ ദിവ്യമായ വില്ലു വലിച്ച്‌ ശരങ്ങളെ അതില്‍ ചേര്‍ത്ത്‌ സൂര്യന്‍ എവിടേക്കു ഗമിക്കുന്നുവോ, അവിടേക്കു നോക്കി ലക്ഷ്യം വെച്ച്‌ നില്‍പ്പുറപ്പിച്ചു. മഹര്‍ഷി ക്രുദ്ധനായി ശ്രദ്ധയോടെ വില്ലു കുലച്ചു നില്ക്കുന്നതു കണ്ടപ്പോള്‍ സൂര്യരഥം വിട്ട്‌ ഇറങ്ങി ബ്രാഹ്മണരൂപം കൈക്കൊണ്ട്‌ അര്‍ക്കന്‍ മുനിയുടെ മുമ്പില്‍ എത്തി ഇപ്രകാരം പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ ഭാര്‍ഗ്ഗവാ, സൂരൃന്‍ എന്തു തെറ്റാണ്‌ അങ്ങയ്ക്കു ചെയ്തത്‌? സൂര്യന്‍ രശ്മി കൊണ്ട്‌ രസം (വെള്ളം) ഭൂമിയില്‍ നിന്നും ആകാശത്തു നിന്നും എടുക്കുന്നു. പിന്നെ ദിവാകരന്‍ ആ ജലത്തെ വര്‍ഷ കാലത്തു വര്‍ഷിക്കുന്നു. ആ ജലവര്‍ഷം മൂലം ഭൂമിയില്‍ അന്നം ഉണ്ടാകുന്നു. അല്ലയോ ദ്വിജാ! അതുകൊണ്ടല്ലേ ഈ മനുഷ്യരൊക്കെ ജീവിക്കുന്നത്‌? പ്രാണികളുടെ പ്രാണന്‍ എന്നു പറയുന്നത്‌ അന്നമല്ലേ? വേദത്തില്‍ അങ്ങനെയാണല്ലോ പറയുന്നത്‌? കാറില്‍ ഒളിച്ചിരുന്നാലും രശ്മിമാന്‍ രശ്മിയോടു കൂടിയവന്‍ തന്നെയാണ്‌. ഈ ഏഴു ഭൂഖണ്ഡങ്ങളിലും (സപ്തദ്വീപുകളിലും) സുര്യന്‍ തന്നെയാണ്‌ മഴ ചൊരിയുന്നത്‌ ബ്രാഹ്മണാ! അതുകൊണ്ടാണ്‌ ഔഷധികളും ലതകളും പത്രങ്ങളും ഒക്കെ ജനിക്കുന്നത്‌. അങ്ങനെ വര്‍ഷം കൊണ്ടാണ്‌ അന്നമുണ്ടാകുന്നതും ജാതകര്‍മ്മങ്ങളും എല്ലാ വ്രതങ്ങളും ഉപനയങ്ങളും, ഗോദാനങ്ങളും, വിവാഹങ്ങളും, യജ്ഞത്തിന്റെ സമൃദ്ധിയും, ശസ്ത്രങ്ങളും, ദാനങ്ങളും, സംയോഗങ്ങളും, ധനസമ്പത്തുകളും, അന്നം കൊണ്ടാണല്ലോ നടക്കുന്നത്‌. ഇതെല്ലാം അങ്ങ്‌ അറിയുന്നില്ലേ ഭാര്‍ഗ്ഗവാ! രമണീയങ്ങളും, എല്ലാ സംരംഭങ്ങളും, എല്ലാം ഒന്നു പോലെ തന്നെ; എല്ലാം അന്നത്തില്‍ നിന്ന് ഉണ്ടാകുന്നതു തന്നെ. എല്ലാം അങ്ങയ്ക്കറിവുള്ളതാണ്‌ ഈയുള്ളവന്‍ പറഞ്ഞത്‌. അതുകൊണ്ട്‌ അല്ലയോ മഹര്‍ഷേ! അങ്ങ്‌ ഇതില്‍ ക്ഷമിക്കണം സൂര്യനെ എയ്തു വീഴ്ത്തുന്നത്‌ എന്തിനാണ്‌?

96. ഛത്രോപാനഹദാനപ്രശംസ - സൂര്യന്‍ കുടയും ചെരിപ്പും ജമദഗ്നിക്കു സമ്മാനിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ഇപ്രകാരം അര്‍ക്കന്‍ ഇരക്കുന്ന സമയത്ത്‌ മഹാതേജോനിധിയും മുനിസത്തമനുമായ ജമദഗ്നി എന്തു ചെയ്തു?

ഭീഷ്മൻ പറഞ്ഞു: അര്‍ക്കന്‍ ഇപ്രകാരം ഇരന്നു പറഞ്ഞിട്ടും അഗ്നിസമപ്രഭനായ ജമദഗ്നി മഹര്‍ഷി കോപം അടക്കിയില്ല രാജാവേ! പിന്നെ വിപ്രരൂപനായ ആദിതൃന്‍ നമസ്കരിച്ച്‌ മധുരമായ വാക്കാല്‍ ഇപ്രകാരം പറഞ്ഞു: "അല്ലയോ വിപ്രർഷേ, സൂര്യന്‍ എപ്പോഴും ചലിച്ചു കൊണ്ടിരിക്കയല്ലേ? എങ്ങനെ ഉന്നം ശരിപ്പെടും? ലക്ഷ്യം തെറ്റിപ്പോവുകയില്ലേ? അനുനിമിഷം ഇളകിച്ചരിക്കുന്ന സൂര്യനെ എങ്ങനെ ഭവാന്‌ ശരമയച്ചു പിളര്‍ക്കാന്‍ കഴിയും?".

ജമദഗ്നി പറഞ്ഞു: സ്ഥിരനായാലും ചഞ്ചലനായാലും കൊള്ളാം, നിന്നെ എനിക്കു മനസ്സിലായി. എന്റെ ജ്ഞാനദൃഷ്ടി കൊണ്ട്‌ ഞാന്‍ നിന്നെ കണ്ട്‌ അറിയുന്നു. ഇന്നു തീര്‍ച്ചയായും നിന്നെ ഒരു പാഠം പഠിപ്പിച്ചേ വിടൂ!,  "എടോ ദിവാകരാ, മദ്ധ്യാഹ്നത്തില്‍ ഒരു അര്‍ദ്ധനിമിഷം നീ നിശ്ചലനായി നില്ക്കില്ലേ? ആ തക്കംനോക്കി ഞാന്‍ നിന്നെ പിളര്‍ന്നു കളയും. അതില്‍ ഞാന്‍ മടിക്കയില്ല. മനസ്സിലായോ?".

സൂര്യന്‍ പറഞ്ഞു: അല്ലയോ ധന്വിവര്യാ! അങ്ങയ്ക്കു തീര്‍ച്ചയായും എന്നെ പിളര്‍ക്കുവാന്‍ കഴിയും. ഭഗവാനേ, ശരണാഗതനായ ഞാന്‍ തെറ്റുകാരനാണ്‌. അങ്ങ്‌ പൊറുക്കണം.

ഭീഷ്മൻ പറഞ്ഞു: ഇതു കേട്ടു ചിരിച്ച്‌ ഭഗവാന്‍ ജമദഗ്നി പറഞ്ഞു: അല്ലയോ സൂര്യാ, ഭവാന്‍ ഭയപ്പെടേണ്ടാ. അങ്ങ്‌ എനിക്കു കീഴടങ്ങിയില്ലേ? ഞാന്‍ ശരണാഗതന്മാരെ ഒരിക്കലും ദ്രോഹിക്കയില്ല. ബ്രാഹ്മണര്‍ക്കുള്ള ആര്‍ജ്ജവം, ഭൂമിക്കുള്ള സ്ഥിരത, സോമന്നുള്ള സൗമ്യത്വം, വരുണനുള്ള ഗാംഭീര്യം, അഗ്നിക്കുള്ള ദീപ്തി മേരുവിനുള്ള പ്രഭ, സൂര്യനുള്ള ചൂട്‌, ഇവയ്ക്കു അതിക്രമം ആര് ചെയ്യുന്നുവോ, അവന്‍ ശരണാഗതന്മാരെ ഹനിക്കുന്നവനാണ്‌. അവന്‍ ഗുരുതല്പഗനും ബ്രഹ്മഘാതിയുമായ മഹാപാപിയാകും. അവന്‍ മദ്യപാനം ചെയ്യുന്ന പാപിയാകും. ശരണാഗത ഘാതകനായി ഭവിക്കും. ഈ ദുര്‍ന്നയത്തിന്ന്‌ അല്ലയോ താതാ ഒരു സമാധാനം നീ ചിന്തിക്കുക. നിന്റെ രശ്മിയാല്‍ ചൂടുന്ന വഴി സുഗമമാകുവാനുള്ള ഉപായം ഭവാന്‍ ചിന്തി ക്കണം.

ഭീഷ്മൻ പറഞ്ഞു; ഇത്രമാത്രം പറഞ്ഞ്‌ ഒന്നും മിണ്ടാതെ ഭാര്‍ഗ്ഗവന്‍ നിന്നു. ഉടനെ സൂര്യന്‍ രണ്ടു പാദങ്ങളിലേക്കും പാകത്തിന്നുള്ള ചെരിപ്പും ചൂടുവാന്‍ ഒരു കുടയും മഹര്‍ഷിക്കു നല്കി.

സൂര്യന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ, എന്റെ രശ്മിയെ മാറ്റുവാന്‍, തലയെ രക്ഷിക്കുവാന്‍ ഇതാ ഒരു കുട. ഞാന്‍ അങ്ങയ്ക്കു തരുന്നു. ഇത്‌ അങ്ങു സസന്തോഷം വാങ്ങിയാലും! പാദരക്ഷയ്ക്ക്‌ ഇതാ ഒരു തോല്‍ച്ചെരിപ്പും നല്കുന്നു. അങ്ങ്‌ വാങ്ങിക്കൊള്ളുക. ഇന്നുതൊട്ട്‌ ലോകത്തിലെല്ലാം, പുണ്യമായ ക്രിയകള്‍ക്കെല്ലാം, ഈ ദാനം ഉത്തമമായിട്ടുള്ളതും ക്ഷയിക്കാത്തതുമായി ഭവിക്കും.

ഭീഷ്മൻ പറഞ്ഞു: ഇങ്ങനെ സൂര്യന്‍ തുടങ്ങി വെച്ച ദാനമാണ്‌ ഛത്രദാനവും പാദുകദാനവും. ഇതു മൂന്നു ലോകത്തിലും പ്രസിദ്ധമായതും ഏറ്റവും പുണ്യമായ ദാനവുമാകുന്നു. വിപ്രന്മാര്‍ക്കു കുട നല്കുക! ചെരിപ്പ്‌ നല്കുക! ഇവ രണ്ടും വളരെയേറെ ഉത്തമമായിട്ടുള്ളതാണ്‌. അതു കൊണ്ടു ധര്‍മ്മം വര്‍ദ്ധിക്കും. അതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല.

ബ്രഹ്മണന്ന്‌ ശുഭ്രവും നൂറ്‌ അഴിയുള്ളതുമായ കുട ദാനം ചെയ്താല്‍ ദീര്‍ഘായുസ്സു നേടി ദാതാവ്‌ സുഖിക്കുന്നതാണ്‌. വിപ്രന്മാരെ പൂജിക്കുന്ന അവന്‍ ഇന്ദ്രലോകം പ്രാപിക്കുന്നതാണ്‌. അവന്‍ അപ്സരസ്ത്രീകളോടു കൂടി എന്നും സുഖിക്കുന്നതാണ്‌.

ചുട്ടുപൊള്ളുന്ന സ്നാതകബ്രാഹ്മണന്, സംശിത വ്രതനായ വിപ്രന്, ചെരിപ്പു കൊടുത്താല്‍. ആ ദാതാവ്‌ ദേവന്മാര്‍ മാനിക്കുന്നതായ ലോകങ്ങള്‍ പിന്നെ നേടും. ഗോലോകത്തു രസത്തോടു കൂടി മേലില്‍ വസിക്കുന്നതാണ്‌. കുടയും ചെരിപ്പും ദാനം ചെയ്യുന്നതിന്റെ ഫലം അല്ലയോ ഭര തശ്രേഷ്ഠാ, ഞാന്‍ ഭവനോടു പറഞ്ഞു. 


No comments:

Post a Comment