ദ്രൗപദീഹരണ ഉപപര്‍വ്വം തുടരുന്നു
269. പാര്‍ത്ഥാഗമനം - വൈശമ്പായനൻ പറഞ്ഞു: ധനുര്‍ദ്ധരന്മാരായ പാണ്ഡവന്മാര്‍ നാലുദിക്കിലും വേട്ടയാടി മാന്‍, പന്നി, കാട്ടുപോത്ത് മുതലായവയെ കൊന്ന് ആ അഞ്ചുപേരും ഒരിടത്തു ചെന്നു കൂടി. പലവിധം മൃഗങ്ങളാല്‍ ആവൃതവും പക്ഷികുല നാദത്താല്‍ ആകുലവും ആയ കാമ്യക വനത്തില്‍ മൃഗങ്ങളുടെ ശബ്ദം കേട്ട് അശുഭമായ നിമിത്തം ഓര്‍ത്ത് അവര്‍ സംഭ്രാന്തരായി.
യുധിഷ്ഠിരന്‍ പറഞ്ഞു: സുര്യന്‍ ജ്വലിക്കുന്ന ദിക്കിന് അഭിമുഖമായി ഇരുന്ന് ക്രൂരമായി മൃഗങ്ങളും, പക്ഷികളും ശബ്ദിക്കുന്നു. ഇത് ഒരു അശുഭ നിമിത്തമാണ്. നമ്മുടെ ആശ്രമം ശത്രുക്കള്‍ ആക്രമിച്ച് ക്ലേശം ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ഈ നിമിത്ത സൂചന. ഇപ്പോള്‍ ഇതുമതി. എന്റെ മനസ്സു പിടയുന്നു. വെന്തു നീറുന്നു. എന്റെ ബുദ്ധി മങ്ങുന്നു. എന്റെ പ്രാണന്‍ പിടയുന്നു. ഗരുഡൻ റാഞ്ചുകയാല്‍ പാമ്പൊഴിഞ്ഞ പൊയ്ക പോലെയും ശ്രീ നശിച്ചു രാജാവില്ലാത്ത രാഷ്ട്രം പോലെയും അഥവാ ആന വന്നു കുടിക്കുകയാല്‍ വെള്ളം ഒഴിഞ്ഞ കുടം പോലെയുമാണ് ഞാന്‍ ഈ കാമൃകത്തെ ദര്‍ശിക്കുന്നത്.
ഉടനെ അവര്‍ വായു വേഗത്തില്‍ സഞ്ചരിക്കുന്ന സൈന്ധവാശ്വങ്ങളെ കെട്ടിയ തേരില്‍ കയറി ആശ്രമത്തിലേക്കു തിരിച്ചു. അപ്പോള്‍ അവരുടെ ഇടത്തു വശത്തു നിന്ന് കുറുക്കന്‍ ഉറക്കെ ഓരിയിട്ടു. "ഈ നീചജീവിയായ കുറുക്കന്‍ ഇടത്തു വശത്തു നിന്നു ഘോരമായി ശബ്ദിക്കുകയാല്‍ ആ പാപികളായ കൗരവന്മാര്‍ നമ്മെ അവഗണിച്ച് നമ്മുടെ ദാരങ്ങളെ സ്പര്‍ശിച്ചിട്ടുണ്ടാവണം", എന്നു യുധിഷ്ഠിരന്‍ ഭീമനോടും അര്‍ജ്ജുനനോടും പറഞ്ഞു. അവര്‍ ആശ്രമ സമീപത്തുള്ള വനത്തിൽ എത്തിയപ്പോള്‍ ദാസഭാരൃയും ധാത്രീ പുത്രിയുമായ ബാല അവിടെയിരുന്നു കരയുന്നതായി കണ്ടു. ഉടനെ ഇന്ദ്രസേനന്‍ തേര്‍ നിറുത്തി ചാടിയിറങ്ങി ആ ധാത്രേയിയുടെ അരികെ ചെന്നു കരയുന്നതിന്റെ കാര്യമെന്താണെന്നു ചോദിച്ചു.
ഇന്ദ്രസേനന്‍ പറഞ്ഞു: ഹേ കുട്ടീ, നീ എന്താണ് ഇങ്ങനെ നിലത്തു കിടന്നുരുണ്ടു വിലപിക്കുന്നത്? എന്താണ് നിന്റെ മുഖം വാടി വരണ്ടിരിക്കുന്നത്? വല്ല ക്രൂരന്മാരും കടന്നു വന്നു ദ്രൗപദിയെ ഉപദ്രവിച്ചുവോ? അവര്‍ണ്യമായ രൂപലാവണ്യം ഉള്ളവളും, സുന്ദര വിശാല ലോചനയുമായ ആ രാജകുമാരി കുരുപ്രവീരന്മാരുടെ സ്വന്തം ശരീരത്തോട് തുല്യമായവളാണ്. ആ പാവനാംഗി ഭൂമിക്കടിയില്‍ പോയാലും ആകാശത്തിലേക്ക് ഉയര്‍ന്നാലും സമുദ്രത്തില്‍ പ്രവേശിച്ചാലും ആ വഴിക്കെല്ലാം ചെല്ലുവാന്‍ പാണ്ഡവന്മാര്‍ തയ്യാറാണ്; സംശയമില്ല. ധര്‍മ്മപുത്രന് അത്രമാത്രം വ്യസനം തോന്നുന്നു. ഈ പാണ്ഡവന്മാരെ പോലെ രിപുമര്‍ദ്ദനന്മാരായി ആരുണ്ട്? അപരാജിതന്മാര്‍ ആരുണ്ട്? ക്ലേശം സഹിക്കുന്നവര്‍ ആരുണ്ട്? അങ്ങനെയുള്ള ഇവരുടെ പ്രാണപ്രിയയെ, ശ്രേഷ്ഠമായ രത്നത്തെ മൂഢന്‍ എന്ന പോലെ ആരാണ് അപഹരിച്ചത്? സനാഥയായ പാഞ്ചാലി പാണ്ഡവന്മാരുടെ പുറമെ കാണപ്പെടുന്ന കരളാണെന്ന് ഏതൊരു വിഡ്ഡി അറിഞ്ഞില്ലയോ, അവന്റെ ശരീരം ഘോരമായ ശരങ്ങള്‍ പാഞ്ഞു പിളര്‍ന്ന് ആ ശരങ്ങള്‍ ഭൂമിയില്‍ ചെന്നു താഴും. ഭീരുവായ നീ ആ ദേവിയെ ചിന്തിച്ചു ദുഃഖിക്കരുത്! കൃഷ്ണ ഉടനെ തിരിച്ചെത്തും. എല്ലാ ശത്രുക്കളേയും കൂട്ടത്തോടെ സംഹരിച്ച് പാര്‍ത്ഥന്മാര്‍ യാജ്ഞസേനിയോടു കൂടി ഇവിടെ വരും.
ധാത്രീപുത്രി ഉടനെ മുഖം തുടച്ച് സൂതനോടു പറഞ്ഞു: പഞ്ച്യേന്ദ്ര തുല്യരായ പാണ്ഡവന്മാരെ ധിക്കരിച്ചു ജയദ്രഥന്‍ വന്നു കൃഷ്ണയെ ഉപ്രദവിച്ച് അപഹരിച്ചു കൊണ്ടു പോയി. ആ ജയദ്രഥന്‍ പോകുമ്പോള്‍ വഴി തെളിയിക്കുവാന്‍ വീഴ്ത്തിയ വൃക്ഷങ്ങള്‍ വാടാതെ തന്നെ കിടക്കുന്നു. ഉടനെ ഈ വഴിക്കു തന്നെ പോയി ദ്രൗപദിയെ കൂട്ടിക്കൊണ്ടു വരിക. രാജപുത്രിഅധികം ദുരത്ത് എത്തിയിട്ടു ണ്ടാകയില്ല. ഇന്ദ്രതുല്യരായ ഭവാന്മാര്‍ ചട്ടകളണിഞ്ഞ് വില കൂടി യ വില്ലും ശരങ്ങളുമെടുത്ത് ഉടനെ ചെല്ലുക. ദൂഷണത്താലും മര്‍ദ്ദനത്താലും മോഹത്തില്‍ പെട്ടു മനസ്സു തളര്‍ന്ന് മുഖം വരണ്ട് ആജ്യ പൂര്‍ണ്ണമായ സ്രുവം ( ഒരുതരം തവി - ഹോമത്തിനു നെയ്യെടുക്കുന്നത് ) ഭസ്മത്തിലെന്ന പോലെ ആ സതിയുടെ ശരീരം അനര്‍ഹമായ സ്ഥാനത്തു വീഴുന്നതിന് മുമ്പ് ഭവാന്മാര്‍ അവിടെ എത്തുവിന്‍. ഹവിസ്സിനെ ഉമിത്തീയില്‍ ഹോമിക്കുന്നത് പോലെയും, പുഷ്പത്തെ ശ്മശാനത്തില്‍ എറിയുന്നത് പോലെയും ആ ജയദ്രഥനില്‍ പാഞ്ചാലിയെ സമര്‍പ്പിക്കരുത്. വിപ്രന്മാരുടെ ശ്രദ്ധ തെറ്റുന്നതു നോക്കി യജ്ഞസോമത്തെ ചെന്നു നക്കുന്ന ശുനകനെ പോലെ ഭവാന്മാര്‍ അനൃകാര്യ നിരതരായി ആശ്രമത്തില്‍ നിന്നു പോയ തക്കത്തില്‍ ജയദ്രഥന്‍ ദ്രൗപദിയെ ബാധിച്ചിരിക്കുന്നു. കാനനത്തില്‍ ഇരതേടി നടന്ന കുറുക്കന്‍ താമരപ്പൊയ്കയില്‍ വന്ന് ഇറങ്ങിയിരിക്കുന്നു. ഭവാന്മാരുടെ പ്രിയതമയായ ആ സുലോചനയെ ചന്ദ്രപ്രഭമാകുന്ന മുഖത്താലും സുന്ദരമായ നാസികയാലും കമനീയമായ ആ ശരീരത്തെ, യാഗത്തിലെ ഹവ്യത്തെ ശുനകന്‍ എന്ന പോലെ, അകൃത്യകൃത്തായ ഒരുവന്‍ സ്പര്‍ശിക്കുവാന്‍ ഇടയാകരുത്. ഈ വഴിക്ക് ഭവാന്മാര്‍ പിന്തുടര്‍ന്നു ചെല്ലുക. കാലം വൈകിച്ചു കൂടാ.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭദ്രേ! പൊയ്ക്കൊള്ളുക. പറഞ്ഞതു മതി! ഞങ്ങളോട് ഉഗ്രമായ വാക്യമൊന്നും പറയരുത്. രാജാക്കളും രാജകുമാരന്മാരും ബലം കൊണ്ട് ഉന്മത്തരായാല്‍ വഞ്ചനയില്‍ പെട്ടു പോകും.
ഇപ്രകാരം പറഞ്ഞ് അവര്‍ ധാത്രേയി കാണിച്ചു കൊടുത്ത മാര്‍ഗ്ഗത്തിലൂടെ തന്നെ സര്‍പ്പങ്ങളെപ്പോലെ ചീറ്റി, വില്ലിന്റെ ഞാണ്‍ വീണ്ടും ഉലച്ചു ശബ്ദമുണ്ടാക്കി പാഞ്ഞു. കുറച്ചുദൂരം ചെന്നപ്പോള്‍ കുതിരയുടെ കുളമ്പടിയാല്‍ ധൂളി പറക്കുന്നതായി അവരുടെ ദൃഷ്ടിയില്‍ പെട്ടു. അവര്‍ സൈന്യത്തെ സമീപിച്ച ഉടനെ, "ഓടി വരുവിന്‍, ഓടി വരുവിന്‍", എന്നു ധൗമ്യന്‍ ഉറക്കെ വിളിച്ചു പറയുന്നത് അവര്‍ കേട്ടു. ധൗമൃന്റെ നില കണ്ട് ദുഃഖിതരായ രാജപുത്രന്മാര്‍, "സസുഖം വരിക", എന്നു സാന്ത്വനം ചെയ്ത് പരുന്തുകള്‍ മാംസത്തെ കണ്ട വിധം ആ സൈന്യത്തെ ലക്ഷ്യമാക്കി പാഞ്ഞു. രഥത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ പ്രിയയേയും ജയദ്രഥനേയും കണ്ട് ആ ശക്രതുല്യ വീരന്മാരില്‍ കോപം ഉജ്ജ്വലിച്ചു. വൃകോദരനും, അര്‍ജ്ജുനനും, നകുലസഹദേവന്മാരും, ധര്‍മ്മപുത്രനും വില്ലുമേന്തി ഇടഞ്ഞ് പോരിന് വിളിച്ചു പാഞ്ഞുചെന്നു. അപ്പോള്‍ വൈരിവീരന്മാര്‍ക്ക് ദിഗ്ഭ്രമമുണ്ടായി.
270. ദ്രൗപദീവാക്യം - പാണ്ഡവന്മാരുടെ പരാക്രമത്തെ പറ്റി ദ്രൗപദി ജയ്രദഥനോടു പറയുന്നു - വൈശമ്പായനൻ പറഞ്ഞു: ഭീമാര്‍ജ്ജുനന്മാരെ കണ്ടപ്പോള്‍ കോപിഷ്ഠരായ ക്ഷത്രിയന്മാരുടെ ഇടയില്‍ ഉല്‍ക്കടമായ ശബ്ദം പുറപ്പെട്ടു. ആ ശബ്ദം കൊണ്ട് കാടു മുഴങ്ങി. ദുരാത്മാവായ ജയദ്രഥ രാജാവിന് കുരുപുംഗവന്മാരുടെ കൊടികളുടെ അഗ്രഭാഗം കണ്ടപ്പോള്‍ തന്നെ ഉയിര്‍ കെട്ടു പോയി. തേരില്‍ ഇരിക്കുന്ന ദ്രൗപദിയോടു ചോദിച്ചു.
ജയദ്രഥന്‍ പറഞ്ഞു: എടോ, ദ്രൗപദി! ഇതാ അഞ്ചു മഹാരഥങ്ങള്‍ പാഞ്ഞു വരുന്നു. ഭവതിയുടെ ഭര്‍ത്താക്കന്മാരാണ് ഇവര്‍ എന്നു ഞാന്‍ വിചാരിക്കുന്നു. ഈ ഓരോ രഥത്തിലും ഇരിക്കുന്നവര്‍ ആരാണെന്നു വൃക്തമാക്കി തരിക. അവരില്‍ മുമ്പുമുമ്പു വരുന്നവര്‍ ആരാണെന്നു ക്രമത്തില്‍ പറഞ്ഞാലും?
ദ്രൗപദി പറഞ്ഞു: ആയുസ്സ് അറ്റുപോകുവാന്‍ പറ്റിയ ക്രൂരകര്‍മ്മം ചെയ്ത മൂഢനായ നിനക്ക് ഇനി അവരെ വേറെവേറെ മനസ്സിലാക്കിയിട്ട് ഇഹലോകത്തേക്ക് എന്തു കാര്യമാണുള്ളത്? മഹാവീരന്മാരായ എന്റെ ഭര്‍ത്താക്കന്മാര്‍ എത്തിക്കഴിഞ്ഞു. ഇനി നിങ്ങളില്‍ ഒറ്റ ഒരുത്തന്‍ പോലും അവശേഷിക്കുകയില്ല. നീ ചാകുവാന്‍ പോകുന്ന നിലയില്‍ ചോദിച്ചതാകയാല്‍ അതിന് മറുപടി പറയുന്നതു ധര്‍മ്മമാണ്. അനുജന്മാരോടു കൂടി ധര്‍മ്മരാജാവിനെ ഞാന്‍ കണ്ടു കഴിയുകയാല്‍ ഇനി എനിക്കു മനോവ്യഥയോ നിന്നില്‍ ഭയമോ അശേഷവുമില്ല.
നന്ദമെന്നും ഉപനന്ദമെന്നും പേരോടു കൂടി യ രണ്ടു മൃദംഗങ്ങള്‍ ചേര്‍ന്നു ശ്രുതിമധുരമായി മുഴങ്ങുന്ന ധ്വജത്തോടു കൂടിയ യുധിഷ്ഠിരനെ, ധര്‍മ്മനിശ്ചയത്തിലും അര്‍ത്ഥനിശ്ചയത്തിലും നിഷ്ഠയുള്ള ആ പാണ്ഡവജ്യേഷ്ഠനെ, കൃത്യനിഷ്ഠ ഉള്ളവരൊക്കെ അനുകരിക്കുന്നു. സുവര്‍ണ്ണം പോലെ നിര്‍മ്മലമായ ശുചിയും ഗരവര്‍ണ്ണവും ഉയര്‍ന്ന നാസികയും വിടര്‍ന്ന നയനങ്ങളും ചേര്‍ന്ന കുരുപ്രവരനാണ് ധര്‍മ്മാത്മജനായ എന്റെ ഭര്‍ത്താവായ യുധിഷ്ഠിരന്‍. ആ നരസത്തമന്‍ ശരണാഗതന്മാരായ ശത്രുക്കള്‍ക്കു പോലും പ്രാണദാനം ചെയ്യുന്ന ധര്‍മ്മചാരിയാണ്. മൂഢനായ നീ ആയുധം താഴെവെച്ചു കൈകൂപ്പി ഉടനെചെന്നു ധര്‍മ്മരാജാവിനെ ശരണം പ്രാപിക്കുക. നിനക്കു നല്ലത് അതാണ്. യുധിഷ്ഠിരന്റെ പിന്നില്‍ സാലം പോലെ ഉയര്‍ന്ന്, കൈകള്‍ നീണ്ട്, ചുണ്ടു കടിച്ചു പുരികം വളച്ച് രഥത്തില്‍ സ്ഥിതി ചെയ്യുന്ന മഹാബലനാണ് എന്റെ ഭര്‍ത്താവായ ഭീമസേനന്‍. വളരെ ശക്തിയുള്ള ആജാനേയങ്ങള്‍ എന്ന ഇണങ്ങിയതും വാല്‍ നീണ്ടതുമായ കുതിരകളാണ് ആ വീരനെ വഹിക്കുന്നത്. അമാനുഷ കര്‍മ്മാവായ ഭീമനെ കേള്‍ക്കാത്തവര്‍ ആരുമില്ല. തനിക്ക് അപരാധം ചെയ്തവരെ അവന്‍ ബാക്കി വെക്കില്ല. ആ വൈരം വിസ്മരിക്കുകയുമില്ല. ശത്രുവിനെ സംഹരിച്ചാല്‍ പോലും അടങ്ങാത്തതാണ് അവന്റെ വൈരം.
ഭീമന്റെ പിറകെ വരുന്നവനാണു ധൃതിമാനായ എന്റെ ഭര്‍ത്താവ്, അര്‍ജ്ജുനന്‍. ധനുര്‍ദ്ധരന്മാരില്‍ മുഖ്യനും, കീര്‍ത്തിമാനും, ജിതേന്ദ്രിയനും, യുദ്ധവീരനും, യുദ്ധസേവകനും, യുധിഷ്ഠിരന്റെ അനുജനും ശിഷ്യനുമാണ് ആ പുരുഷ പുംഗവന്‍. കാമലോഭങ്ങളാലോ, ഭയത്താലോ, മറ്റെന്തിനാലോ ധര്‍മ്മം വിടാതെ നൃശംസ്യം ചെയ്യാതെ സാക്ഷാല്‍ അഗ്നിതുല്യനായി, പ്രതാപനായി വിലസുന്ന കുന്തീപുത്രനായ ഈ പ്രമാഥി ശത്രുഹരനാണ്. ധര്‍മ്മാര്‍ത്ഥ തത്വങ്ങള്‍ അറിഞ്ഞവനും ബുദ്ധിമാനും ഭയപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്നവനും സുന്ദരനും, പ്രിയത്തോടെ പാണ്ഡവന്മാര്‍ കാക്കുന്നവനും, പ്രാണന്‍ കൊണ്ടും ജ്യേഷ്ഠനെ സേവിക്കുന്നവനുമായ വീരനായ നകുലന്‍ അദ്ദേഹത്തിന് പിന്നിലായി വരുന്നു. അദ്ദേഹം എന്റെ കാന്തനാണ്. കൈവേഗത്തോടു കൂടി വാൾ കൊണ്ടു ഭംഗിയായി പൊരുതുന്നവനും, ധീമാനുമായ സഹദേവനാണ് പിന്നെ വരുന്നത്. ദൈത്യേന്ദ്ര സൈന്യത്തില്‍ ശക്രന്‍ എന്ന പോലെ ധീരമായ അവന്റെ കര്‍മ്മം ഹേ മൂഢാ, നിനക്കു കാണാം. ശൂരനും, കൃതാസ്ത്രനും, ബുദ്ധിമാനും, മനസ്വിയും ധര്‍മ്മപുത്രന് പ്രിയം ചെയ്യുന്നവനും, ചന്ദ്രാര്‍ക്കപ്രഭനും ഒടുക്കത്തെ സഹോദരനും പാണ്ഡവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടവനുമാണ് എന്റെ ഭര്‍ത്താവായ സഹദേവന്‍. ബുദ്ധിയില്‍ ഇവന് തുല്യമായി മറ്റു മനുഷ്യര്‍ ഇന്നു ജീവിച്ചിരിക്കുന്നില്ല. വിദ്വജ്ജനങ്ങളുടെ ഇടയില്‍ ശാസ്തവ്രാദത്തില്‍ വാക്കിന് നിശ്ചയവും പ്രൗഢിയും തികഞ്ഞവനാണ്. ഇവന്‍ ശൂരനും അമര്‍ഷിയുമായ ബുധേന്ദ്രനാണ്. മരിച്ചാലും അഗ്നിയില്‍ ചാടിയാലും, ഈ ധീരന്‍ ഒരിക്കലും ധർമ്മം തെറ്റിക്കുകയില്ല. നിത്യമായ ധീരതയും ക്ഷത്രധര്‍മ്മത്തില്‍ നിഷ്ഠയും ഇദ്ദേഹത്തിനുണ്ട്. കുന്തീദേവിക്കു പ്രാണനേക്കാള്‍ ഇഷ്ടപ്പെട്ടവനുമാണ്.
രത്നം നിറഞ്ഞ കപ്പല്‍ മകര മത്സൃത്തിന്മേല്‍ ചെന്ന് അടിച്ചു തകരുന്ന മാതിരി ഇപ്പോള്‍ നിന്റെ സൈന്യത്തിലെ സകല യോദ്ധാക്കളും തകര്‍ന്നു പോകും. നീ കണ്ടു കൊള്ളുക. ഞാന്‍ ഒന്നു പറയാം: നീ യോഗ്യരായ അവരെ നിരസിച്ച് എതിര്‍ത്തവനാണ്. അവരുടെ കയ്യില്‍ നിന്നു രക്ഷപ്പെടാന്‍, നീ ശരണം പ്രാപിച്ചാല്‍, അതു നിനക്ക് ഒരു പുനര്‍ജ്ജന്മം ആണെന്നു പറയാം. എങ്കില്‍ നിനക്ക് ഇനിയും ജീവിക്കാം.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദ്രൗപദി ജയദ്രഥനോടു പറയുന്നതിനിടയ്ക്ക് പഞ്ച്രേന്ദ്ര തുല്യന്മാരായ പഞ്ചപാണ്ഡവന്മാര്‍ തങ്ങളെക്കണ്ടു ഭയപ്പെട്ട് കൈകൂപ്പി നിൽക്കുന്ന കാലാള്‍പ്പടയെ ഗണിക്കാതെ, ക്രോധത്തോടെ ശത്രുസൈന്യത്തെ ശരവര്‍ഷം കൊണ്ട് ആക്രമിച്ച് സര്‍വ്വത്ര അന്ധകാരമയമാക്കി തീര്‍ത്തു.
271. ജയദ്രഥ പലായനം - വൈശമ്പായനൻ പറഞ്ഞു: ഈ സമയത്തു ജയദ്രഥന്‍ തന്റെ കൂട്ടുകാരായ രാജാക്കന്മാരെ നോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "എണീക്കുവിന്‍! പ്രഹരിക്കുവിന്‍! ഉടനെ പാഞ്ഞു കയറുവിന്‍!". ഉടനെ യുദ്ധത്തിന് ഭടന്മാര്‍ തയ്യാവായി. യുദ്ധം ആരംഭിച്ചു. ഘോരമായ ശബ്ദം മാറ്റൊലിക്കൊണ്ടു. വ്യാഘ്രങ്ങളെ പോലെ ബലോല്‍ക്കടന്മാരായ ഭീമാര്‍ജ്ജുനന്മാരെ ധര്‍മ്മരാജാവിനോടു കൂടി കണ്ടപ്പോള്‍ ശിബി സൗവീരസിന്ധു ഭടന്മാര്‍ വിഷാദം കൊണ്ട് മ്ലാനവദനരായി.
സ്വര്‍ണ്ണം കൊണ്ടു വിചിത്രമായി കെട്ടിച്ച വലിയ ഇരുമ്പു ഗദയെടുത്തു കാലചോദിതനായ സൈന്ധവനോടു ഭീമസേനന്‍ എതിര്‍ത്തു. ഉടനെ വലിയ തേര്‍നിര കൊണ്ട് ഭീമസേനനെ ചുറ്റി കോടികാസ്യന്‍ തടഞ്ഞു. കുന്തം, ഈട്ടി, വേല്‍ മുതലായ ആയുധങ്ങള്‍ ആ ശത്രുഭടന്മാര്‍ കൂട്ടത്തോടെ എറിഞ്ഞിട്ടും ഭീമന്‍ കുലുങ്ങിയില്ല. ആ മഹാബലന്‍ സൈന്ധവ സൈന്യത്തിലെ ഗജങ്ങളെയും, ആനപ്പുറത്തു കയറിയ യോദ്ധാക്കളെയും കാലാളുകളെയും പതിന്നാലു വീതം ഓരോ പ്രഹരത്താല്‍ കൊന്നു വീഴ്ത്തി. അര്‍ജ്ജുനന്‍ സൗവീരനെ പിടികൂടുവാന്‍ പോകുന്ന പോക്കില്‍ ആ ശത്രുസൈനൃത്തില്‍ നിന്ന് അഞ്ഞൂറു വീരന്മാരെ യമപുരിയിലേക്കു യാത്ര അയച്ചു. ധര്‍മ്മരാജാവാകട്ടെ, യുദ്ധവീരന്മാരായ സൗവീര പ്രവരന്മാരില്‍ നൂറുപേരെ ഒരേ നിമിഷം കൊണ്ടു പോരില്‍ നിഗ്രഹിച്ചു നിലം പതിപ്പിച്ചു. വാളുമെടുത്ത് നകുലന്‍ തേര്‍ത്തട്ടില്‍ നിന്നു ചാടിയിറങ്ങി ശത്രുക്കളുടെ ശിരസ്സുകളെ വിളകൊയ്യും വിധം അരിഞ്ഞു തള്ളി. സഹദേവന്‍ ഗജയോധികളുടെ മധ്യത്തില്‍ രഥത്തെ നടത്തി കൂരമ്പുകള്‍ വിട്ടു മരങ്ങളില്‍ നിന്നു മയിലുകളെ എന്ന മാതിരി നിലം പതിപ്പിച്ചു.
ഇപ്രകാരം പാണ്ഡവന്മാര്‍ പൊരുതുമ്പോള്‍ ധനുര്‍ദ്ധരനായ ത്രിഗര്‍ത്ത രാജാവ് തന്റെ മഹാരഥത്തില്‍ നിന്നു കുതിച്ചുചാടി, ഗദയുമായി പാഞ്ഞുകയറി യുധിഷ്ഠിരന്റെ രഥത്തിലെ നാലു കുതിരകളേയും അടിച്ചു കൊന്നു. ഇതു കണ്ട് ഭൂമിയില്‍ നിൽക്കുന്ന ത്രിഗര്‍ത്തനെ യുധിഷ്ഠിരന്‍ അര്‍ദ്ധചന്ദ്ര ബാണം എയ്ത് വക്ഷസ്സു പിളര്‍ന്നു. അവന്‍ ഹൃദയം കീറി ചോര ഛര്‍ദ്ദിച്ച് അടി മുറിഞ്ഞ മരം പോലെ ധര്‍മ്മരാജാവിന്റെ മുമ്പില്‍ മരിച്ചു വീണു. ഇന്ദ്രസേനനോടു കൂടി തേര്‍ വിട്ടു ചാടി ധര്‍മ്മജന്‍, അശ്വങ്ങള്‍ വീഴുകയാല്‍ സഹദേവന്റെ തേരില്‍ ചാടിക്കയറി.
മറ്റൊരിടത്ത് ക്ഷേമംകരന്‍, മഹാമുഖന്‍ എന്നീ ശത്രുവീരന്മാര്‍ നകുലന്റെ രണ്ടു ഭാഗത്തും നിന്ന് തീക്ഷ്ണമായ ശരങ്ങള്‍ കൂട്ടത്തോടെ വര്‍ഷിച്ച് എതിരിട്ടു. കാറുകള്‍ മഴപെയ്യും പോലെ ശരങ്ങള്‍ ചൊരിയുന്ന അവരെ മാദ്രേയന്‍ ഓരോ ബാണം കൊണ്ടു തന്നെ കാലപുരിക്കയച്ചു. അതു കണ്ട് ത്രിഗര്‍ത്ത വംശത്തിലെ മറ്റൊരു ക്ഷത്രിയ വീരനായ സുരഥന്‍ ഗജയാനജ്ഞൻ ആകയാല്‍ അവന്‍ ഗജത്തെക്കൊണ്ടു തേര്‍ വലിപ്പിച്ച് നകുലന്റെ രഥത്തിന് നേര്‍ക്കു പാഞ്ഞെത്തി. ശത്രുവിനെ നോക്കി ആ പാണ്ഡവന്‍ വാളും പരിചയുമെടുത്ത് ഭീകരസ്ഥാനത്തു ചെന്ന് ഭയം കൂടാതെ നിശ്ചലമായ പര്‍വ്വതം പോലെ ഉറച്ചു നിന്നു. നകുലനെ കൊല്ലുവാനായി തന്റെ ഗജശ്രേഷ്ഠനെ സുരഥന്‍ പ്രയോഗിച്ചു. ആ ഗജം ക്രുദ്ധനായി തുമ്പി ഉയര്‍ത്തി പാഞ്ഞടുത്തു.
അപ്പോള്‍ നകുലന്‍ അതിന്റെ ഗണ്ഡപ്രദേശത്തില്‍ തന്റെ ഖള്‍ഗം എടുത്തു പ്രയോഗിച്ചു. വെട്ടേറ്റ് ആനയുടെ കൊമ്പും തുമ്പിക്കയ്യും അറ്റു വീണു. അതോടു കൂടി കിങ്ങിണിക്കോപ്പോടു കൂടിയ ആ ഗജം അതിഭയങ്കരമായി ഗര്‍ജ്ജിച്ച്, തലകുത്തി മറിഞ്ഞു വീണു. അതോടു കൂടി ആ ആനയുടെ പാപ്പാന്‍ ചതഞ്ഞു ചാവുകയും ചെയ്തു. ഈ മഹാകര്‍മ്മം കഴിഞ്ഞതിന് ശേഷം ശൂരനായ മാദ്രേയന്‍ ഭീമസേനന്റെ രഥത്തില്‍ കയറി അവിടെ വിശ്രമിച്ചു.
അപ്പോള്‍ ഭീമന്‍ കോടികാസ്യനോടു പൊരുതി നില്‍ക്കുക ആയിരുന്നു. കോടികാസ്യന്റെ സൂതനെ ഭീമന്‍ അമ്പെയ്തു ശിരസ്സ് അറുത്തു വീഴ്ത്തി. കയ്യൂക്കു കൂടിയ കോടികാസ്യന്‍ തന്റെ സൂതനെ ഭീമന്‍ കൊന്നത് അറിഞ്ഞില്ല. സൂതന്‍ വീഴുകയാല്‍ ആ തേരിലെ കുതിരകള്‍ പോര്‍ക്കളത്തില്‍ അവിടവിടെ പാഞ്ഞു തുടങ്ങി. അപ്പോഴേ കോടികാസ്യന്‍ അറിഞ്ഞുള്ളു, തന്റെ സാരഥി ഹതനായത്. ഉടനെ ആ ക്ഷത്രിയന്‍ ആത്മരക്ഷയ്ക്കായി പിന്തിരിയുവാന്‍ ഒരുങ്ങി. യുദ്ധകുശലനായ ഭീമസേനന്‍ അവനെ കുന്തം കൊണ്ടു കുത്തിക്കൊന്നു.
മറ്റൊരിടത്ത് അര്‍ജ്ജുനന്‍ സൗവീരന്മാരോട് എതിര്‍ത്ത് ആ പന്ത്രണ്ടു പേരുടേയും വില്ലു മുറിച്ച് അവരുടെ ശിരസ്സറുത്തു വധിച്ചു വീഴ്ത്തി. ശിബികള്‍, ഐക്ഷ്വാകുകന്മാര്‍, ത്രിഗര്‍ത്തന്മാര്‍, സൈന്ധവന്മാര്‍ എന്നിവരില്‍ തന്റെ ബാണങ്ങള്‍ക്കു ചെല്ലാവുന്ന ഇടം വരെ എത്തുപെടുന്ന എല്ലാവരേയും മഹാരഥനായ അര്‍ജ്ജുനന്‍ കൊന്നൊടുക്കി. സവ്യസാചിയാല്‍ മര്‍ദ്ദിതരായ ശത്രുയോധന്മാര്‍ അവിടവിടെ പലരും ചത്തു ചിന്നിക്കിടക്കുന്നതു കാണുമാറായി. പതാകകളോടു കൂടിയ ഗജങ്ങളേയും ധ്വജങ്ങളോടു കൂടിയ മഹാരഥങ്ങളേയും കൊണ്ടു പോര്‍ക്കളം സര്‍വ്വത്ര മൂടി. അവര്‍ക്കിടയില്‍ ശിരസ്സ് അറ്റ ഉടലുകളും ഉടല്‍ അറ്റ തലകളും അസംഖ്യമസംഖ്യം കൂടിക്കിടന്നു. നായ്ക്കള്‍, കഴുകുകള്‍, കങ്കങ്ങള്‍, കുറുക്കന്മാര്‍ മുതലായ ജീവികള്‍, രണവീരന്മാരുടെ രക്തമാംസങ്ങളാല്‍ സംതൃപ്തി നേടി, കൂട്ടുകാരായ സകല വീരന്മാരും മരിച്ചു വീണപ്പോള്‍ പേടിച്ചു വിറച്ചു ജയദ്രഥന്‍ പാഞ്ചാലിയെ കയ്യൊഴിച്ച് ഓടി വല്ലേടത്തും പോയി ഒളിക്കുവാന്‍ തുനിഞ്ഞു.
സൈന്യങ്ങള്‍ കൂടിക്കലര്‍ന്ന് എതിര്‍ക്കു ന്നതിനുള്ളില്‍ ആ നരാധമന്‍ പാഞ്ചാലിയെ താഴെ ഇറക്കിവിട്ട് പ്രാണ രക്ഷയ്ക്കായി കാട്ടിനുള്ളിലേക്ക് ഓടി.
ധൗമ്യനെ മുന്നില്‍ നടത്തി യാജ്ഞസേനി വരുന്നതു കണ്ടു ധര്‍മ്മരാജാവ്, വീരനായ മാദ്രീപുത്രനെ കൊണ്ട് ആ പതിവ്രതയെ തന്റെ തേരില്‍ കയറ്റിച്ചു.
ജയദ്രഥന്‍ ഓടി പോയപ്പോള്‍ സൈന്യങ്ങള്‍ പിന്‍തിരിഞ്ഞു പായുവാന്‍ തുടങ്ങി. ഭീമന്‍ പാഞ്ഞു ചെന്നു ശത്രുഭടന്മാരെ ശരങ്ങളാല്‍ കൊന്നു വീഴ്ത്തി. ഒളിച്ചോടുന്ന ജയദ്രഥനെ കണ്ടപ്പോള്‍ സൈന്ധവ സൈനികരെ നിഗ്രഹിച്ചു കൊണ്ടു നിൽക്കുന്ന ഭീമനെ ധനഞ്ജയൻ തടുത്തു.
അര്‍ജ്ജുനന്‍ പറഞ്ഞു: ആര് ചെയ്ത തെറ്റു കൊണ്ടാണോ നമുക്ക് ഈ ക്ലേശമൊക്കെ ഉണ്ടായത്, ആ ജയദ്രഥനെ ഇപ്പോള്‍ പോര്‍ക്കളത്തില്‍ കാണുന്നില്ല. അവന്‍ എവിടെ പോയെന്ന് അന്വേഷിക്കുകയാണ് ഇനി നാം വേണ്ടത്. ആ വെറും ഭടന്മാരെ എന്തിനു കൊല്ലുന്നു? നമുക്ക് ഇരയില്ലാത്തവരാണ് ഇവര്‍. ഇതില്‍ ഭവാന്റെ അഭിപ്രായം എന്താണ്?
വൈശമ്പായനൻ പറഞ്ഞു: ബുദ്ധിമാനായ അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ ഭീമന്‍ യുധിഷ്ഠിരന്റെ അടുത്തു ചെന്ന്. ഇപ്രകാരം പറഞ്ഞു: വീരന്മാര്‍ മരിച്ചതിന് ശേഷം ശത്രുക്കള്‍ എല്ലാവരും പല ദിക്കിലേക്കും ഓടി പോയി. രാജാവേ, ഭവാന്‍ കൃഷ്ണയേയും കൊണ്ട് ആശ്രമത്തിലേക്കു പോവുക. നകുല സഹദേവന്മാരും ധൗമ്യനും പോന്നു കൊള്ളട്ടെ! ഭവാന്‍ ആശ്രമത്തിലെത്തി കൃഷ്ണയെ സമാശ്വസിപ്പിക്കുക. ആ മൂഢനായ സിന്ധുരാജാവിനെ ഞാന്‍ ജീവനോടെ വിടുകയില്ല. അവന്‍ പാതാളത്തിൽ ഒളിച്ചാലും കൊള്ളാം, ഇന്ദ്രന്‍ സാരഥിയായാലും കൊള്ളാം, അവനെ ഞാന്‍ വിടില്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമാ! നീ ആ സൈന്ധവനെ കയ്യില്‍ കിട്ടിയാല്‍ ദുഷ്ടനാണെങ്കിലും അവനെ കൊല്ലരുത്. നമ്മുടെ സഹോദരിയായ ദുശ്ശളയേയും സാദ്ധ്വിയായ ഗാന്ധാരിയേയും നീ ഓര്‍ക്കണം.
വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ പറഞ്ഞതു കേട്ടപ്പോള്‍ പാഞ്ചാലിയുടെ ഹൃദയം ഉഴന്നു, അവള്‍ക്കു കോപവും, ലജ്ജയും ഹൃദയത്തില്‍ ഉണ്ടായി. അവള്‍ ഭീമാര്‍ജ്ജുനന്മാരെ ഒന്നു നോക്കി, തന്റെ അഭിപ്രായം ഭീമനോടു പറഞ്ഞു.
ദ്രൗപദി പറഞ്ഞു: എനിക്കു പ്രിയം ചെയ്യണമെന്ന് ഉണ്ടെങ്കില്‍ ആ പുരുഷാധമനെ കൊല്ലുക തന്നെ വേണം: അവന്‍ കുത്സിതനും പാപിയും, ദുര്‍ബുദ്ധിയും, കുലപാംസനനുമാണ്. രാജ്യത്തെ അപഹരിച്ച ശത്രുവിനേയും ഭാര്യയെ അപഹരിച്ച ശത്രുവിനേയും അപേക്ഷിച്ചാല്‍ പോലും പോരില്‍ വിട്ടയച്ചു കൂടാ.
ഇതുകേട്ട് നരവ്യാഘ്രന്മാരായ ഭീമാര്‍ജ്ജുനന്മാര്‍ ഉടനെ തന്നെ ജയദ്രഥനെ അന്വേഷിച്ചു പുറപ്പെട്ടു. ധര്‍മ്മജന്‍ ദ്രൗപദിയെ കൂട്ടിക്കൊണ്ടു പുരോഹിതനോടു കൂടി ആശ്രമത്തിലെത്തി. അവിടെ ചെന്നപ്പോള്‍ ആശ്രമത്തില്‍ ചിന്നിക്കിടക്കുന്ന ഉപകരണങ്ങള്‍ യുധിഷ്ഠിരന്‍ കണ്ടു.
ആശ്രമത്തില്‍ അവര്‍ എത്തുമ്പോള്‍ ദ്രൗപദിയെ ഓര്‍ത്തു ദുഃഖിച്ചിരിക്കുന്ന മാര്‍ക്കണ്ഡേയന്‍ മുതലായ വിപ്രന്മാരെ കണ്ട് നടന്ന കാര്യങ്ങളെല്ലാം അറിയിച്ചു. സൈന്ധവ സൗവീരന്മാരെ നിഗ്രഹിച്ചു ദ്രൗപദിയെ വീണ്ടെടുത്തു ഭ്രാതാക്കന്മാരോടു കൂടി തിരിച്ചു വന്ന യുധിഷ്ഠിരനെ കണ്ടു വിപ്രന്മാരെല്ലാം സന്തോഷിച്ചു. ധര്‍മ്മജന്‍ വിപ്രന്മാരുടെ മദ്ധൃത്തില്‍ സ്ഥിതി ചെയ്യുമ്പോള്‍ ദ്രൗപദി നകുല സഹദേവന്മാരോടു കൂടി ആശ്രമത്തിലേക്കു പോയി.
ജയദ്രഥനെ അന്വേഷിച്ചു ചെന്ന ഭീമാര്‍ജ്ജുനന്മാര്‍ കേട്ടു, അവന്‍ ഒരു വിളിപ്പാട് ദുരെ എത്തിയിട്ടുണ്ടെന്ന്. ഉടനെ കുതിരകളെ ദ്രുതഗതിയില്‍ ഓടിച്ചു പാഞ്ഞുകയറി. അര്‍ജ്ജുനന്‍ അപ്പോള്‍ ഒരു അത്ഭുതകര്‍മ്മം ചെയ്തു. ഒരു വിളിപ്പാട് അകലെയായി ദ്രുതഗതിയില്‍ ഓടുന്ന ജയദ്രഥന്റെ കുതിരകളെ, സങ്കടത്തില്‍ സംഭ്രമിക്കാത്തവനായ ധനഞ്ജയന്‍ ദിവ്യാസ്ത്രം മന്ത്രിച്ചയച്ചു കൊന്നുവീഴ്ത്തി. കുതിരകള്‍ ചത്തപ്പോള്‍ ഭീതനും വ്യാകുല ചിത്തനുമായി ത്തീര്‍ന്നു ജയദ്രഥന്‍. ഒറ്റയ്ക്കുഴലുന്ന സൈന്ധവന്റെ നേരെ ഭീമാര്‍ജ്ജുനന്മാര്‍ പാഞ്ഞു ചെന്നു. കുതിരകള്‍ ചത്തു; അര്‍ജ്ജുനന്‍ അതിവിക്രമങ്ങള്‍ കാണിച്ചു. ഇതു കണ്ടപ്പോള്‍ സൈന്ധവന്‍ ഭയപ്പെട്ടു ദുഃഖിച്ച് ഒളിക്കുവാന്‍ ഇടംനോക്കി കാട്ടിലേക്കു പാഞ്ഞു. പിന്‍തിരിഞ്ഞ് ഓടുന്നതില്‍ നിപുണനായ സൈന്ധവനെ അര്‍ജ്ജുനന്‍ പേരെടുത്തു വിളിച്ചു പിന്തുടര്‍ന്ന് ഇപ്രകാരം പറഞ്ഞു: "ഇമ്മാതിരി പരാക്രമം കൊണ്ടാണോ നീ ഒരു സ്ത്രീയെ ബലാല്‍ കാമിച്ചത്? രാജപുത്രനായ നിനക്ക് ഇത് ഒരിക്കലും ചേര്‍ന്നതല്ല. ജയദ്രഥാ, പിന്തിരിഞ്ഞോളു! അനുചരന്മാരെയൊക്കെ വിട്ട് ശത്രുമദ്ധ്യത്തില്‍ നീ ഓടുന്നത് എന്തിനാണ്?".
ഇപ്രകാരം അര്‍ജ്ജുനന്‍ വിളിച്ചു പറഞ്ഞിട്ടും അവന്‍ തിരിഞ്ഞു നോക്കാതെ ഓടി. "നില്‍കൂ! നില്‍കൂ", എന്നു വിളിച്ചു പറഞ്ഞു ഭീമന്‍ വേഗത്തില്‍ പാഞ്ഞുചെന്നു. "കൊല്ലരുതേ! കൊല്ലരുതേ!" എന്ന് അര്‍ജ്ജുനനും, അവനില്‍ കനിഞ്ഞ്, വിളിച്ചുപറഞ്ഞു.
ജയദ്രഥ വിമോക്ഷണ പര്‍വ്വം
272. ജയദ്രഥന്‍ ശിവനില്‍ നിന്നു വരം നേടുന്നു - വൈശമ്പായനൻ പറഞ്ഞു: ശസ്ത്രധാരികളായ ഭീമാര്‍ജ്ജുനന്മാരെ കണ്ട് വലിയ വിഷമത്തോടെ, അഭിമാനം വിട്ട് ജീവനില്‍ കൊതിയാല്‍ ജയദ്രഥന്‍ ഓടിത്തുടങ്ങി. അങ്ങനെ ദ്രുതഗതിയില്‍ ഓടുന്ന സൈന്ധവനെ ഭീമന്‍ തേരില്‍ നിന്നു ചാടി ഓടിച്ചെന്ന് അമര്‍ഷത്തോടെ തലമുടി ചുറ്റിപ്പിടിച്ചു നിര്‍ത്തി. അവനെ പിടിച്ചു പൊക്കി ഭീമന്‍ നിലത്തിട്ട് ഒന്നു ചതച്ചു. പിന്നെ തലമുടി ചുറ്റിപ്പിടിച്ചു വീശി നിലത്ത് ഒരു അടിയടിക്കുകയും ചെയ്തു. ആ അടിയോടു കൂടി ജയദ്രഥന്‍ മോഹിച്ചു വീണു പോയി. അല്പസമയം കഴിഞ്ഞ് ബോധം വന്നപ്പോള്‍ എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച സൈസന്ധവന്റെ തലമണ്ടയ്ക്കു ഭീമന്‍ ഒരു പ്രഹരം കൂടി കൊടുത്തു. പ്രഹരത്താല്‍ പീഡിതനായ ജയദ്രഥന്‍ വീണ്ടും മോഹാലസ്യപ്പെട്ടു. ഉടനെ അര്‍ജ്ജുനന്‍ അടുത്തു ചെന്ന്, ദുശ്ശളയ്ക്കു വേണ്ടി ധര്‍മ്മരാജാവു പറഞ്ഞത് ഓര്‍മ്മ വേണമെന്നു പറഞ്ഞ്, ക്രുദ്ധനായ ഭീമനെ അക്രമത്തില്‍ നിന്നു തടഞ്ഞു.
ഭീമന്‍ പറഞ്ഞു: ഈ മഹാപാപി എന്റെ കയ്യില്‍ നിന്നു രക്ഷപെടുവാന്‍ അര്‍ഹനല്ല. ക്ലേശമേൽക്കാന്‍ അര്‍ഹതയില്ലാത്ത കൃഷ്ണയെ ക്ലേശിപ്പിച്ച കുത്സിതനാണ് ഈ പാപി. ഞാന്‍ എന്തു ചെയ്യും! രാജാവ് എപ്പോഴും സ്ഥാനത്തും അസ്ഥാനത്തും കൃപ കാണിക്കുന്നു! നീയും എന്നെ അല്പബുദ്ധി കൊണ്ടു കുഴയ്ക്കുകയാണ്. പിന്നെ ശേഷവും പകരവും ഒന്നും പറയാതെ ഭീമന്‍ അര്‍ദ്ധചന്ദ്ര ബാണമെടുത്തു പ്രയോഗിച്ച് ജയദ്രഥന്റെ തലമുടി അഞ്ച് ഇടങ്ങളില്‍ മുറിച്ച് അഞ്ചു കുടുമ്മകള്‍ ഉണ്ടാക്കി നിര്‍ത്തി; അവനെക്കൊണ്ടു തെറ്റു പറയിച്ചു.
ഭീമന്‍ പറഞ്ഞു: എടാ മൂഢഃ! നീ ഇനിയും ജീവിക്കുവാന്‍ തന്നെ കൊതിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒരു സൂത്രം പറഞ്ഞു തരാം. നാലുപേര്‍ കൂടുന്ന സ്ഥലങ്ങളിലൊക്കെ ചെന്ന് "ഞാന്‍ ദാസനാണേ!", എന്നു നീ ഉറക്കെ വിളിച്ചു പറയണം. എന്നാൽ ഞാന്‍ നിന്റെ ജീവന്‍ തരാം. പോരില്‍ തോറ്റവന്‍ ഇങ്ങനെയാണു ചെയ്യേണ്ടത്.
പോരില്‍ എന്നും ശോഭിക്കുന്ന പുരുഷവ്യാഘ്രനായ ഭീമസേനന്‍ വലിച്ചിഴച്ച് ഇപ്രകാരം പറഞ്ഞപ്പോള്‍ ഭീമന്‍ പറയുന്ന പോലെ ചെയ്യാമെന്നു ജയദ്രഥന്‍ സമ്മതിച്ചു. അടിയുടെ ഊക്കേറ്റു പിടയുന്ന സൈന്ധവനെ സംജഞ വിട്ടും പൊടി പുരണ്ടുമുള്ള നിലയില്‍ കെട്ടിയെടുത്ത് ഭീമന്‍ തേരില്‍ വലിച്ചിട്ട് അര്‍ജ്ജുനനോടു കൂടി ആശ്രമത്തിലേക്കു തിരിച്ചു. ആശ്രമത്തില്‍ എത്തിയ ഉടനെ ഭീമന്‍, വികൃതരൂപനും ബന്ധിക്കപ്പെട്ടവനുമായ ജയദ്രഥനെ എടുത്തു ധര്‍മ്മരാജാവിന്റെ മുമ്പില്‍ കാഴ്ചവെച്ചു. സൈന്ധവനെ വികൃത ശീര്‍ഷനായ നിലയില്‍ കണ്ടപ്പോള്‍ ആ ധര്‍മ്മരാജാവിന് പോലും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭീമാ! ഇവനെ വിട്ടയയ്ക്കുക!
ഭീമസേനന്‍ പറഞ്ഞു: ഈ പാപാത്മാവ് പാണ്ഡവന്മാരുടെ ദാസനായി എന്നു ദ്രൗപദിയോടു പറയണം.
ഇതു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ ഭീമനോടു സ്നേഹപൂര്‍വ്വം പറഞ്ഞു; എടോ ഭീമാ! നീ ഈ നീചാചാരനെ വിട്ടയക്കുക!
ഇതു കേട്ടപ്പോള്‍ ധര്‍മ്മജനെ നോക്കി അദ്ദേഹത്തിന്റെ ഹിതം ഗ്രഹിച്ച കൃഷ്ണയും പറഞ്ഞു: ഭവാന്‍ പഞ്ചശിഖ വെപ്പിച്ചഈ ദാസനെ ഇനി വിട്ടയയ്ക്കാം.
ഇപ്രകാരം പാഞ്ചാലി പറയുകയാലും യുധിഷ്ഠിരന്‍ കല്പിക്കുകയാലും ഭീമന്‍ അപ്രകാരം തന്നെ ചെയ്തു. ബന്ധന വിമുക്തനായ ജയദ്രഥന്‍ യുധിഷ്ഠിര രാജാവിനേയും അവിടെയുള്ള മുനിമാരേയും വിറയ്ക്കുന്ന ശരീരത്തോടെ താണു വണങ്ങി നിന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു; എടോ ജയദ്രഥാ! നീ അദാസൻ ആയിരിക്കുന്നു. സ്വൈരമായി പൊയ്ക്കൊള്ളുക! ഇനി മേലാല്‍ നീ ഇത്തരം അവിവേകം കാണിക്കരുത്. ക്ഷുദ്രസഹായനും ക്ഷുദ്രനുമായ നീ പെണ്‍കൊതി നിമിത്തം കാണിച്ച വിക്രമങ്ങള്‍ വളരെ നിന്ദ്യം തന്നെ! ഹേ, പുരുഷാധമാ! നീയല്ലാതെ മറ്റ് ആരാണ് ഇമ്മാതിരി കൊള്ളരുതായ്മ കാണിക്കുക? അശുഭ കര്‍ത്താവായ ജയദ്രഥന്‍ സത്വം കെട്ടവനാണെന്നു കണ്ട് യുധിഷ്ഠിരന് അവനില്‍ അനുകമ്പ തോന്നി പൊയ്ക്കൊള്ളുവാന്‍ അനുജ്ഞ നല്കി; "എടോ ജയദ്രഥാ! നിന്റെ ബുദ്ധി ധര്‍മ്മത്തില്‍ സ്ഥിതി ചെയ്യട്ടെ! അധര്‍മ്മത്തില്‍ ഒരിക്കലും മനസ്സു വെക്കരുത്. തേര്‍, കുതിര, കാലാള്‍ എന്നീ അകമ്പടിയോടു കൂടി തന്നെ പൊയ്ക്കൊള്ളുക. നിനക്കു മംഗളം ഭവിക്കട്ടെ!".
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ അവന്‍ നാണിച്ചു തലതാഴ്ത്തി നിന്നു. പിന്നെ അവന്‍ ദുഃഖത്തോടു കൂടി ഗംഗാദ്വാരത്തേക്കു പോയി.
ഗംഗാദ്വാരത്തില്‍ ചെന്ന് അവന്‍ വിരൂപാക്ഷനായ ഉമാകാന്തനെ ശരണം പ്രാപിച്ചു. അവിടെ ഇരുന്ന് അവന്‍ തപസ്സു ചെയ്തു. ഒരു ദിവസം വൃഷധ്വജന്‍ അവനില്‍ പ്രീതനായി. ജയദ്രഥന്‍ മഹേശ്വരന്റെ കയ്യില്‍ നിന്നു വരം വാങ്ങിച്ചു. അതും പറയാം. ജയദ്രഥന്‍ ശിവനോടു വരം ആവശ്യപ്പെട്ടു: "എനിക്കു പ്രസിദ്ധന്മാരായ അഞ്ചു പാര്‍ത്ഥന്മാരേയും പോരില്‍ ജയിക്കണം". അതിന് സാദ്ധ്യമല്ലെന്നു ശിവന്‍ മറുപടി പറഞ്ഞു. ശിവന്‍ പറഞ്ഞു; "അര്‍ജ്ജുനനെ ഒഴികെ മറ്റെല്ലാ പാണ്ഡവന്മാരേയും അവര്‍ അജയ്യന്മാരും അവദ്ധ്യന്മാരും ആണെങ്കിലും നീ അവരെ തടുക്കും. എന്നാൽ അര്‍ജ്ജുനനെ നിനക്കു തടുക്കുവാനും കൂടി സാദ്ധ്യമല്ല, അവന്‍ നരനും, സുരേശനും, മഹാബാഹുവുമാണ്. ബദര്യാശ്രമത്തില്‍ നാരായണനോടു കൂടി തപം ചെയ്ത നരനാണ്. അവന്‍ സര്‍വ്വലോക വിജയിയും ദേവന്മാര്‍ക്കു പോലും അധൃഷ്യനുമാണ്. ഞാന്‍ കൊടുത്ത ദിവ്യവും നിസ്തുല്യവുമായ പാശുപതം എന്ന അസ്ത്രം അവന്റെ കയ്യിലുണ്ട്. ലോകപാലകന്മാര്‍ നല്കിയ വജ്രം മുതലായ ശസ്ത്രങ്ങളും അവന്റെ കൈവശമുണ്ട്".
പാര്‍ത്ഥനെ എപ്പോഴും സഹായിച്ചു കൊണ്ടു നില്‍ക്കുന്നവനായ നാരായണന്‍, സുരഗുരുവും, അനന്താത്മാവും, ദേവദേവനുമായ വിഷ്ണുവാണ്. വിശ്വാത്മാവും, വിശ്വമൂര്‍ത്തിയും, അവ്യക്തനുമായ ഉത്തമ പുരുഷനാണ് ആ പ്രഭു. യുഗാന്തത്തില്‍ പര്‍വ്വതം, സമുദ്രം, ദ്വീപ്, വനം മുതലായവ ഉള്‍പ്പെടെയുള്ള ജഗത്തിനെ മുഴുവന്‍ കാലാഗി ദഹിപ്പിക്കുക ഉണ്ടായി. അതോടു കൂടി നാഗലോകവും പാതാള വാസികളായ സകല ജീവികളും വെന്തു നശിച്ചു. അതുക ഴിഞ്ഞതിന് ശേഷം മിന്നല്‍പ്പിണരുകളോടു കൂടി, പലവര്‍ണ്ണങ്ങള്‍ ചേര്‍ന്ന വലാഹകങ്ങള്‍ ഘോരമായി അലറിക്കൊണ്ടു നഭോമണ്ഡലത്തില്‍ പൊങ്ങി എല്ലായിടത്തും വര്‍ഷം ചൊരിഞ്ഞു. അച്ചുതണ്ടു പോലെ വണ്ണം കൂടിയ ജലധാരകളാല്‍ സര്‍വ്വദിക്കും നനച്ച് ആ മേഘമാലകള്‍ കാലാഗ്നിയെ അടക്കി, അഗ്നി മുഴുവന്‍ കെടുത്തി. അപ്പോള്‍ ചരാചരങ്ങളെല്ലാം അടങ്ങി, സര്‍വ്വത്ര ഒരേ ഒരു കടലായി തീര്‍ന്നു. അങ്ങനെ സുര്യചന്ദ്ര പവനന്മാര്‍ നശിച്ച്, നക്ഷത്ര ഗ്രഹങ്ങളെല്ലാം ഒടുങ്ങി. ആയിരം ചതുർ യുഗങ്ങള്‍ അങ്ങനെ കഴിഞ്ഞതില്‍ പിന്നെ ഭൂമി വെള്ളത്തില്‍ മുങ്ങി. അന്നു സഹ്രസാക്ഷനും, സഹസ്രപാദനും, സഹസ്ര ശീര്‍ഷനുമായ നാരായണന്‍ തനിക്കുള്ള പകല്‍ കഴിയുകയാല്‍ ഉറങ്ങുവാന്‍ നിശ്ചയിച്ചു. ഒരായിരം സൂര്യന്മാര്‍ ഉദിച്ച പോലെ അത്രയും അമിത തേജസ്സും മുല്ലപ്പൂവ്, തിങ്കള്‍, മുത്ത്, പാല്‍, താമരവളയം, ആമ്പല്‍ എന്നിവ പോലെ അത്രയും ശുഭ്രവും ആയിരം മഹാഫണങ്ങളോടു കൂടിയതുമായ ശേഷ തല്‍പത്തിന്മേല്‍ ഭഗവാന്‍ ആ സമുദ്ര മദ്ധ്യത്തില്‍ നിദ്ര ചെയ്തു. ആ ദേവന്‍ തന്റെ രാത്രിയെ നിശയാല്‍ അന്ധകാരമയമാക്കി. എന്നാൽ ആ വിഭു സത്വോദയത്തില്‍ ഉണര്‍ന്നു പ്രാണി സഞ്ചാര ഹീനമായ ലോകത്തെ ആ രാവില്‍, ആ ഉറക്കത്തില്‍ തന്നെ കണ്ടു കൊണ്ടിരുന്നു.
ആ രാത്രി കഴിയാറായപ്പോള്‍ വീണ്ടും പ്രജകള്‍ ഉണ്ടാകേണ്ടതിനെ പറ്റി ആ സനാതനന്‍ ധ്യാനനിമഗ്നനായി. ധ്യാനമാത്രയില്‍ തന്നെ ഭഗവാന്റെ നാഭിയില്‍ നിന്ന് ഒരു താമര ഉയര്‍ന്നു. ആ നാഭീ പത്മത്തില്‍ നിന്നു ചതുര്‍മ്മുഖനായ ബ്രഹ്മാവ് ആവിര്‍ഭവിച്ചു. ആ പത്മത്തില്‍ ഇരുന്നു കൊണ്ടു ചുറ്റും നോക്കിയപ്പോള്‍ ജഗത്തു മുഴുവന്‍ ശുന്യമായിരിക്കുന്നത് ലോകപിതാമഹന്‍ കണ്ടു. ഉടനെ ആ ദേവന്‍ മനസ്സു കൊണ്ട് മരീചി, അത്രി, അംഗിരസ്സ്,, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍, നാരദന്‍, ഭൃഗു എന്നീ ആത്മതുല്യരായ ഒമ്പതു മഹര്‍ഷിമാരെ ആദ്യമായി സൃഷ്ടിച്ചു. പിന്നെ സ്ഥാവരങ്ങളേയും, ജംഗമങ്ങളേയും, സര്‍വ്വഭൂതങ്ങളേയും, യക്ഷ രാക്ഷസന്മാരേയും, ഭൂതപിശാചങ്ങളേയും, ഉരഗ മാനുഷന്മാരേയും സൃഷ്ടിച്ചു. രജോഗുണത്തിന്റെ ഉല്‍ക്കര്‍ഷത്തില്‍ ബ്രഹ്മ മൂര്‍ത്തിയായി സൃഷ്ടി നടത്തുക, സത്വഗുണത്തിന്റെ ഉല്‍ കര്‍ഷത്തില്‍ പൗരുഷാത്മകമായവൈഷ്ണവാംശത്തെ പ്രാപിച്ചു രക്ഷചെയ്യുക, തമോഗുണത്തിന്റെ ഉല്‍ക്കര്‍ഷത്തില്‍ രുദ്രഭാവം പൂണ്ടു സംഹാരം നടത്തുക എന്നീ മുന്ന് അവസ്ഥകളാണ് പ്രജാപതിയായ ഈശ്വരനുള്ളത്.
എടോ സൈന്ധവാ! അത്ഭുത കര്‍മ്മാവായ വിഷ്ണുവിനെ കുറിച്ചുള്ള കഥകള്‍ വേദ പാരംഗതന്മാരും മുനീന്ദ്രന്മാരുമായ ബ്രാഹ്മണരില്‍ നിന്നു നീ കേട്ടിട്ടില്ലേ? ആ മഹത്തായ കര്‍മ്മങ്ങളില്‍ ചിലതു ഞാന്‍ പറയാം. നീ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക:
ഭൂതലം മുഴുവന്‍ ജലത്തില്‍. മുങ്ങിക്കിടക്കുമ്പോള്‍, വായുവും തേജസ്സും പൃഥിയുമില്ലാതെ പ്രകാശം ആകാശമാത്രമായും ജലമാത്രമായും സ്ഥിതിചെയ്യുമ്പോള്‍, എല്ലായിടത്തും വര്‍ഷം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ആ നിശയില്‍ പ്രഭുവായ നാരായണന്‍ മിന്നാമിനുങ്ങു പോലെ സഞ്ചരിച്ചു കൊണ്ട് ലോകത്തെ പ്രതിഷ്ഠാപനം ചെയ്യുവാന്‍ എന്തു ചെയ്യേണമെന്നു ചിന്തിച്ചു നോക്കി. വെള്ളത്തില്‍ താണു കിടക്കുന്ന ഭുമിയെ കണ്ട് അതിനെ ഉയര്‍ത്തുവാന്‍ ആഗ്രഹിച്ചു. ഏതു രൂപമാണ് ഭൂമിയെ ജലത്തില്‍ നിന്നു പൊക്കുവാന്‍ താന്‍ കൈക്കൊള്ളേണ്ടത്? അങ്ങനെ ചിന്തിച്ച സമയത്ത് ആ ദേവന്‍ ദിവൃദൃഷ്ടി കൊണ്ട് അതിനുള്ള മാര്‍ഗ്ഗം ദര്‍ശിച്ചു. ജലക്രീഡയില്‍ അഭിരുചി കൂടിയ വരാഹത്തിന്റെ രുപം സ്വീകരിച്ചാല്‍ തന്റെ കാമം സഫലമാകുമെന്നു കണ്ടു. ഭഗവാന്‍ നാരായണന്‍ ചതുര്‍വ്വേദമയവും യജ്ഞരൂപവുമായ വരാഹത്തിന്റെ ശരീരം സ്വീകരിച്ചു. പത്തു യോജന വീതിയും, നൂറുയോജന നീളവുമുള്ള മഹാപര്‍വ്വത തുല്യമായ ശരീരവും പ്രദീപ്തങ്ങളും മൂര്‍ച്ച കൂടിയതുമായ ദംഷ്ട്രങ്ങളും നീല മേഘത്തിന്റെ വര്‍ണ്ണവും മേഘ നിര്‍ഘോഷമൊത്ത ശബ്ദവും ചേര്‍ന്ന യജ്ഞവരാഹമായി ഭഗവാന്‍ നാരായണന്‍ ജലത്തില്‍ പ്രവേശിച്ച് ഒരേ തേറ്റയാല്‍ ഭൂമിയെ ഉയര്‍ത്തി സ്വസ്ഥാനത്തില്‍ കയറ്റി വെച്ചു.
പിന്നീടു മറ്റൊരു അപൂര്‍വ്വ ശരീരം ആ മഹാബാഹു ധരിക്കുക ഉണ്ടായിട്ടുണ്ട്; ശരീരത്തിന്റെ പകുതിഭാഗം മനുഷ്യന്റേയും പകുതിഭാഗം സിംഹത്തിന്റേയും മാതിരിയില്‍. അങ്ങനെ പുതിയരൂപം കൈക്കൊണ്ട് ഭഗവാന്‍ കൈകള്‍ ഉരച്ചു കൊണ്ട് ദൈത്യേന്ദ്രന്മാരുടെ സഭയില്‍ കയറിച്ചെന്നു. ദൈത്യന്മാരുടെ ആദിപുരുഷനായ ആ സുരാരി ഈ അപൂര്‍വ്വ പുരുഷനെ കണ്ട് ക്രോധത്താല്‍ രക്ത നേത്രനായി തീര്‍ന്നു. കരിങ്കാര്‍ക്കൂട്ടം പോലെ ഇരുണ്ട ആ ദേവശത്രു, ഇടിവെട്ടും പോലെ അലറുന്ന ആ അദിതി പുത്രന്‍ കയ്യില്‍ ശൂലമേന്തിയ ആ വീരന്‍, പൂമാല ചാര്‍ത്തിയ ആ ഹിരണ്യകശിപു, തന്റെ മുമ്പില്‍ ഇടഞ്ഞു വന്ന ആ നരസിംഹത്തോട് ഊക്കോടെ പൊരുതി. ഉടനെ ആ മഹാബലനായ നരസിംഹ മൂര്‍ത്തി മൃഗേന്ദ്രനുള്ള തീക്ഷ്ണ നഖങ്ങള്‍ കൊണ്ട് എതിര്‍ത്ത് ആ അസുരനെ കുത്തിപ്പിളര്‍ന്നു. അങ്ങനെ, ഭഗവാന്‍ ശത്രുഘാതകനായ ആ ദൈത്യേന്ദ്രനെ സംഹരിച്ചു.
മറ്റൊരു സന്ദര്‍ഭത്തില്‍ ആ പുണ്ഡരീകാക്ഷന്‍ ലോകഹിതത്തിന് വേണ്ടി കശൃപന്റെ പുത്രനായി അദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിക്കുക ഉണ്ടായി. ഒരു ആയിരം വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഉത്തമമായ ഗര്‍ഭം പരിപൂര്‍ണ്ണമായി. അദിതി ഒരു ബാലനെ പ്രസവിച്ചു. വാമനാകാരനായ ആ ബാലന്‍ വക്ഷസ്സില്‍ ശ്രീവത്സത്താല്‍ ഭൂഷിതനായി, നീലമേഘ ശ്യാമള വര്‍ണ്ണനും ദീപ്തലോചനനും ആയി വിളങ്ങി.
ഇപ്രകാരം ബാലരൂപം ധരിച്ച ഭഗവാന്‍ ദണ്ഡകമണ്ഡലു ധാരിയായി, ജടധരിച്ച്, യജേഞാപവീതം ധരിച്ച് ശ്രീമാനായി, ദാനവേന്ദ്രന്റെ യജഞസ്ഥലത്തേക്കു പോയി. ബൃഹസ്പതിയുടെ സഹായത്താല്‍ ഈ ബാലന്‍ ദൈത്യരാജാവായ ബലിയുടെ യാഗശാലയ്ക്കുള്ളില്‍ പ്രവേശിച്ചു. ഈ വാമനരൂപനെ കണ്ടു സന്തുഷ്ടനായി തീര്‍ന്ന ബലി ഭവാന്റെ ദര്‍ശനത്താല്‍ ഹേ, വിപ്രാ! ഞാന്‍ സംപ്രീതനാ യിരിക്കുന്നു. ഞാന്‍ ഭവാനു വേണ്ടി എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞാലും. എന്നു പറഞ്ഞു. അപ്പോള്‍ വാമനന്‍ പുഞ്ചിരി കൊണ്ടു മംഗളാശംസ ചെയ്ത് തന്റെ കാലിന് മൂന്നടിപ്പാടു വിസ്തീര്‍ണ്ണമുള്ള ഭൂമി തനിക്കു തന്നാലും എന്നു പറഞ്ഞു. അത്രയും സ്ഥലം ആ മഹാതേജസ്വിയായ വിപ്രന് ദൈത്യേന്ദ്രന്‍ പ്രസന്ന ചിത്തനായി ദാനം ചെയ്തു. ആസ്ഥലം അളക്കുവാന്‍ മുതിര്‍ന്നപ്പോള്‍ ദിവ്യവും അത്ഭുത തരവുമായ രൂപം ഭഗവാന്‍ കൈക്കൊണ്ടു. ആ മഹാരൂപത്താല്‍ മൂന്നടി കൊണ്ടു തന്നെ ഭൂമിയെ മുഴുവന്‍ തന്റേതാക്കി. അനന്തരം തനിക്കു കിട്ടിയ ഭൂമിയെ സനാതന ദേവനായ വിഷ്ണു ഇന്ദ്രന് കൊടുത്തു. ഇങ്ങനെയാണ് വാമനാവതാരകഥ. ഈ സംഭവം മുതല്‍ക്കാണ് ദേവന്മാര്‍ ഉയര്‍ന്നതും ലോകം വൈഷ്ണവമായതും.
ദുര്‍ജ്ജനങ്ങളെ നിഗ്രഹിക്കുന്നതിനും ധര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ഇപ്പോള്‍ ഭഗവാന്‍ യദുകുലത്തില്‍ മനുഷ്യനായി അവതരിച്ചിരിക്കുന്നു. കൃഷ്ണന്‍ എന്നു പ്രസിദ്ധനായ ആ യാദവന്‍ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ തന്നെയാണ്. അജനും, പ്രഭുവും, അനാദ്യന്തനും, ലോകനമസ്കൃതനുമാണ് ആ ദേവന്‍. ആ അജിതന്റെ കര്‍മ്മങ്ങളെ പണ്ഡിതന്മാര്‍ സ്തുതിച്ചു കൊണ്ടിരിക്കുന്നു. ഹേ, സൈന്ധവാ! മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ ശ്രീവത്സ ധാരിയും ശംഖചക്ര ഗദാധരനുമായ കൃഷ്ണന്‍ സര്‍വ്വജനത്തിനും കീര്‍ത്തനീയനാണ്. അസ്ത്രജഞന്മാരില്‍ പ്രവരനായ അര്‍ജ്ജുനനെ കൃഷ്ണനാണ് സംരക്ഷിക്കുന്നത് എന്നു നീ അറിയേണ്ടതാണ്.
ശ്രീമാനും അതുല്യ വിക്രമനുമായ പുണ്ഡരീകാക്ഷന്‍ സഹായമായി ഉള്ളപ്പോള്‍ അര്‍ജ്ജുനനെ ജയിക്കുവാന്‍ ആര്‍ക്കാണു സാധിക്കുക? ശത്രുനാശകനായ കൃഷ്ണന്‍ അര്‍ജ്ജുനനെ തന്നോടൊപ്പം ഒറ്റത്തേരില്‍ കയറ്റി ഇരുത്തിയാല്‍ ദേവന്മാര്‍ക്കു പോലും ആ ദുരാധര്‍ഷനായ പാര്‍ത്ഥനെ ജയിക്കുവാന്‍ കഴികയില്ല. ഈ സ്ഥിതിക്കു മനുഷ്യ വര്‍ഗ്ഗത്തില്‍ പെട്ട ആര്‍ക്കെങ്കിലും അര്‍ജ്ജുനനെ ജയിക്കുവാന്‍ കഴിയുമോ? അവനെ മാത്രം ഒഴികെ മറ്റു നാലു പാണ്ഡവന്മാരേയും നീ ഒരു ദിവസം ജയിക്കും!
വൈശമ്പായനൻ പറഞ്ഞു: എന്ന് സര്‍വ്വ പാപഹരനും, ഉമാകാന്തനും, പശുപതിയും, യജ്ഞഘ്നനും, ത്രിപുരാന്തകനുമായ ഹരന്‍ ആ മന്നവനോടു പറഞ്ഞു. കുറിയവരും, നീണ്ടവരും, കൂനന്മാരും, പെരും ചെവിയന്മാരും, തുറുകണ്ണന്മാരും, പലവിധം ആയുധം ധരിച്ചവരും, ഘോര രൂപികളുമായ തന്റെ പരിഷല്‍ സമൂഹത്തോടൊത്ത്, ഭഗനേത്രം കളഞ്ഞവനും മുക്കണ്ണനുമായ ഭഗവാന്‍ ഭവാനിയോടും കൂടി അവിടെ അന്തര്‍ദ്ധാനം ചെയ്തു.
മന്ദാത്മാവായ ജയദ്രഥന്‍ സ്വന്തം ഭവനത്തിലേക്കു മടങ്ങി പോയി. ഹേ, ജനമേജയ! പാണ്ഡവന്മാര്‍ ആ കാനനത്തില്‍ ശാന്തരായി തന്നെ അധിവസിച്ചു.
രാമോപാഖ്യാനപര്‍വ്വം
273. യുധിഷ്ഠിരപ്രശ്നം - ജനമേജയൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണാപഹരണം മൂലം കടുത്ത ക്ലേശം അനുഭവിച്ച ആ നരവ്യാഘ്രന്മാരായ പാണ്ഡവന്മാര്‍ പിന്നെ എന്തു ചെയ്തു?
വൈശമ്പായനൻ പറഞ്ഞു. ഇപ്രകാരം ജയദ്രഥനെ ജയിച്ചു കൃഷ്ണയെ വീണ്ടെടുത്തു. അതിന് ശേഷം ധര്‍മ്മരാജാവ് മഹര്‍ഷിമാരുടെ മദ്ധ്യത്തില്‍ ഇരുന്ന് ദ്രൗപദീഹരണ വൃത്താന്തം അറിഞ്ഞു ദുഃഖിക്കുന്ന മഹര്‍ഷിമാരുടെ മദ്ധ്യത്തില്‍ വച്ച് മാര്‍ക്കണ്ഡേയ മഹര്‍ഷിയോട് ഇപ്രകാരം പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു; ഭഗവാനേ! ഭവാന്‍ ദേവര്‍ഷിമാരില്‍ ഭൂതഭവ്യജ്ഞൻ ആണല്ലോ! ഭവാനോടു ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ! അങ്ങ് എന്റെ ഉള്ളിലുള്ള സംശയം തീര്‍ത്തു തന്നാലും. അയോനിജയായി, മഹാഭാഗയായി, വേദിമദ്ധ്യത്തില്‍ ജനിച്ച ഈ ദ്രുപദ പുത്രിക്ക്, മഹാനായ പാണ്ഡുവിന്റെ സ്നുഷയ്ക്ക്, ഇപ്രകാരമുള്ള കഷ്ടപ്പാടുകള്‍ ഉണ്ടാകുവാന്‍ എന്താണു കാരണം? ഭഗവാനേ, കാലവും ദൈവവും വിധി കല്പിതമാണെന്ന് എനിക്കു തോന്നുന്നു. ജീവികള്‍ക്കും ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും നന്മതിന്മകള്‍ക്കും, കാലത്തിനും ബന്ധമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. ജീവികള്‍ക്ക് അതാതിന് അനുസരിച്ചു കാലം വന്നു കൂടുന്നു. ഭവിതവൃതയെ അതിക്രമിക്കുവാന്‍ ഏതൊരു ജീവിക്കും കഴിയുകയില്ലെന്നു ഞാന്‍ അറിയാതിരിക്കുന്നില്ല. ധര്‍മ്മജ്ഞയും ധര്‍മ്മചാരിണിയുമായ ഞങ്ങളുടെ പത്നി ഇപ്രകാരം ഒരു പരാപഹരണത്തിന് എങ്ങനെ, എന്തു കൊണ്ട്, പാത്രയായി? ശുദ്ധാത്മാവില്‍ മോഷണ സ്വഭാവവും അസത്യ വിചാരവും അങ്കുരിക്കുക അസംഭാവ്യം ആണെങ്കില്‍ ധര്‍മ്മനിരതയായ പാഞ്ചാലിയെ ഈ ആപത്തു ബാധിക്കുവാന്‍ എന്താണ് അവകാശം? പാഞ്ചാലി നിന്ദ്യമായ കര്‍മ്മങ്ങളൊന്നിലും ഏർപ്പെട്ടിട്ടില്ല, പാപകര്‍മ്മങ്ങള്‍ ഒന്നും അവള്‍ ചെയ്തിട്ടില്ല, ബ്രാഹ്മണരെ സംബന്ധിച്ച് മഹത്തായ ധര്‍മ്മം അനുഷ്ഠിച്ചവളാണ്. എന്നിട്ടും എന്തു കൊണ്ട് അവള്‍ക്ക് ഇങ്ങനെ സംഭവിച്ചു? മൂഢബുദ്ധിയായ ജയദ്രഥന്‍ അവളെ ബലാല്‍ അപഹരിച്ചു കൊണ്ടു പോയി. തന്മൂലം ആ മഹാപാപിക്കു കേശച്ഛേദനവും, സഹായികളടക്കം പരാജയവും സംഭവിച്ചു. സൈന്ധവ സൈന്യത്തെ കൊന്നൊടുക്കി ദ്രൗപദിയെ. വീണ്ടെടുത്തു എന്നതു ശരി തന്നെ. ഇതുകൊണ്ടെന്നും ഞങ്ങളുടെ മനസ്സിന് സ്വാസ്ഥ്യം ലഭിക്കുന്നില്ല. ദാരാപഹരണം എന്ന ഒരു അപമാനം ഞങ്ങള്‍ക്കു പറ്റുക തന്നെ ചെയ്തു. ഈ കാടുകളില്‍ അലഞ്ഞു നടന്ന്, വേട്ടയാടി, ഭക്ഷണം സമ്പാദിച്ച്, കാടന്മാരായ ആളുകളോടു ചേര്‍ന്ന്, ബന്ധുജനങ്ങളെ വിട്ട്, ഈ കള്ള താപസവേഷവും കെട്ടിയുള്ള ജീവിതമല്ലേ ഞങ്ങള്‍ നയിക്കുന്നത്? ഞാന്‍ ഇത്തരം ജീവിതചര്യയാല്‍ വലഞ്ഞു. എന്നെപ്പോലെ ഇത്ര ഭാഗ്യഹീനനായ ഒരു മനുഷ്യനെ ഭവാന്‍ വല്ലേടത്തും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോ? വളരെക്കാലത്തെ അനുഭവം അങ്ങയ്ക്കുണ്ടല്ലോ!
274. രാമ രാവണ ജന്മകഥനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, ഭരതര്‍ഷഭാ! അതുല്യമായ ദുഃഖമാണ് രാമന്‍ അനുഭവിച്ചത്. അവന്റെ ഭാര്യയായ ജാനകിയെ ശക്തനായ രാവണന്‍ എന്ന രാക്ഷസന്‍ കുട്ടു കൊണ്ടു പോയി. ദുരാത്മാവായ ആ രാക്ഷസ രാജാവ് മായാവേഷത്തില്‍ ആശ്രമത്തില്‍ കടന്ന് അവളെ ബലമായി പിടിച്ചു കൊണ്ടു പോകുമ്പോള്‍ തടുത്ത ഗൃദ്ധ്റമായ ജടായുവിനെ കൊന്നു. സുഗ്രീവന്റെ സൈന്യ സഹായത്തോടെ സമുദ്രത്തിന് ചിറകെട്ടി, നിശിത ശരങ്ങളെ കൊണ്ടു ലങ്ക ചുട്ട് രാമന്‍ അവളെ വീണ്ടെടുത്തു.
യുധിഷ്ഠിരന്‍ പറഞ്ഞു: രാമന്റെ വംശമേതാണ്? വീര്യപരാക്രമങ്ങള്‍ എങ്ങനെ? ആരുടെ പുത്രനാണ് രാവണന്‍? എന്താണ് അവനു രാമനില്‍ വൈരം ഉണ്ടാകുവാന്‍ കാരണം? ഭഗവാനേ, ഈ സംഭവം എല്ലാം ഭവാന്‍ എന്നോടു പറയേണമേ! അക്ലിഷ്ടകാരിയായ രാമന്റെ കഥ കേള്‍ക്കുവാന്‍ എനിക്കു വളരെ മോഹമുണ്ട്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പണ്ട് ഇക്ഷ്വാകു വംശത്തില്‍ അജന്‍ എന്നു പേരായി ഒരു രാജാവുണ്ടായിരുന്നു. അജന്റെ പുത്രനായി ശുദ്ധനും സ്വാദ്ധ്യായവാനുമായി ദശരഥന്‍. എന്ന രാജാവുണ്ടായി. ദശരഥന് ധര്‍മ്മകാമാര്‍ത്ഥ ദര്‍ശികളായി നാലു പുത്രന്മാര്‍ ഉണ്ടായി. മഹാബലന്മാരായ അവര്‍ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിവരാണ്. രാമന്റെ അമ്മ കൗസല്യയും, ഭരതന്റെ അമ്മ കൈകേയിയും, ലക്ഷ്മണ ശത്രുഘ്നന്മാരുടെ അമ്മ സുമിത്രയുമാണ്. അക്കാലത്ത് വിദേഹ രാജാവായ ജനകന് സീത എന്നു പേരായ ഒരു മകള്‍ ഉണ്ടായി. രാമന്റെ ഭാര്യയാകുവാന്‍ ബ്രഹ്മാവ് അയോനിജയായി സൃഷ്ടിച്ചവളാണ് ആ ജാനകി. ഇങ്ങനെയാണ് രാമന്റേയും സീതയുടേയും ജന്മം.
ഇനി രാവണന്റെ ജന്മം എങ്ങനെയെന്നു പറയാം. രാവണന്റെ പിതാമഹന്‍ സാക്ഷാല്‍ ദേവനായ പ്രജാപതിയാണ്.
സ്വയംഭൂവും സര്‍വ്വലോക പ്രഭുവും മഹാതപസ്വിയുമായ ത്വഷ്ടാവിന്റെ പ്രിയപ്പെട്ട മാനസ പുത്രനായ പുലസ്തൃന് "ഗോവ്" എന്ന ഭാര്യയില്‍ വൈശ്രവണന്‍ എന്ന പുത്രന്‍ ജനിച്ചു. സ്വന്തം പിതാവിനെ വെടിഞ്ഞുചെന്ന് തന്റെ പിതാമഹനായ ബ്രഹ്മാവിനോടു കൂടിയാണ് വൈശ്രവണന്‍ പാര്‍ത്തിരുന്നത്. മകന്റെ പോക്ക് അച്ഛന് അത്ര പിടിച്ചില്ല. പുത്രനില്‍ ക്രുദ്ധനായ പുലസ്ത്യന്‍ തന്നത്താന്‍ മറ്റൊരു രൂപത്തില്‍ ജാതനായി. അങ്ങനെ പുലസ്ത്യന്റെ ആത്മാര്‍ദ്ധം കൊണ്ടുണ്ടായ വിപ്രനാണ് വിശ്രവസ്സ്. ക്രോധത്തോടു കൂടി വൈശ്രവണനോടു പ്രതികാരം ചെയ്യുവാന്‍ തന്നില്‍ നിന്നു പുലസ്ത്യന്‍ വിശ്രവസ്സിനെ സൃഷ്ടിച്ചപ്പോൾ ബ്രഹ്മാവിന് വൈശ്രവണനോട് പ്രീതി വര്‍ദ്ധിച്ചു; അവന് അമരത്വം മാത്രമല്ല ധനേശ്വരത്വവും ലോകപാലക സ്ഥാനവും ശിവസഖ്യവും നല്കി അനുഗ്രഹിച്ചു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ വൈശ്രവണന് നളകൂബരന്‍ എന്ന ഒരു പുത്രന്‍ ജനിച്ചു. അതിന് പുറമേ രാജധാനിയായി രാക്ഷസന്മാര്‍ നിറഞ്ഞ ലങ്കയും ഇഷ്ടംപോലെ സഞ്ചരിക്കുവാന്‍ കഴിവുള്ള പുഷ്പക വിമാനവും യക്ഷന്മാരുടെ ആധിപത്യവും രാജാധി രാജത്വവും അവന്‍ നേടി.
275. രാവണാദികളുടെ വരപ്രാപ്തി - പുലസ്ത്യ മുനിയുടെ ക്രോധത്താല്‍ ആ മുനിയുടെ പകുതിഭാഗം യോഗബലത്താല്‍ വിശ്രവസ്സായി ജന്മമെടുത്തതിന് ശേഷം, ആ വിശ്രവസ്സ് വൈശ്രവണന്റെ മുമ്പില്‍ ചെന്ന് ക്രോധത്തോടെ നോക്കി. തന്റെ ആ പിതാവു തന്നില്‍ ക്രോധിച്ചിരിക്കുന്നതായി അറിഞ്ഞ് രാക്ഷസേശ്വരനായ കുബേരന്‍ പിതൃപ്രസാദത്തിനായി എപ്പോഴും പ്രയത്നിച്ചു കൊണ്ടിരുന്നു. ലങ്കേശ്വരനും നരവാഹകനുമായ ആ രാജരാജന്‍ പിതാവായ വിശ്രവസ്സിനെ നിത്യവും പരിചരിക്കുവാനായി മൂന്നു രാക്ഷസിമാരെ ഏര്‍പ്പെടുത്തി. രാക, മാലിനി, പുഷ്പോല്കട എന്നിവരാണ് അവര്‍. നൃത്തം, ഗീതം എന്നിവയില്‍ നിപുണകളായ ആ സുന്ദരികള്‍ ശ്രേയസ്സിനു വേണ്ടി പരസ്പരം സ്പര്‍ദ്ധിച്ച് മഹാത്മാവായ ആ മഹര്‍ഷിയെ സന്തോഷിപ്പിക്കുവാന്‍ സദാ യത്നിച്ചു കൊണ്ടിരുന്നു. ഈ പരിചര്യയാല്‍
ഭഗവാനായ വിശ്രവസ്സ് സന്തോഷിക്കുകയും ഓരോ പരിചാരികയ്ക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ലോകപാലക തുല്യന്മാരായ പുത്രന്മാർ ഉണ്ടാകുവാന്‍ വരം നല്‍കുകയും ചെയ്തു.
പുഷ്പോല്കടയുടെ പുത്രന്മാരായി രാവണനും, കുംഭകര്‍ണ്ണനും ജനിച്ചു. കുംഭകര്‍ണ്ണനും രാവണനും ബലം കൊണ്ട് അതുലൃന്മാരായി വിളങ്ങി. മാലിനിക്ക് ഒരു പുത്രനുണ്ടായി; അവനാണ് വിഭീഷണന്‍. രാകയ്ക്കു രണ്ടു മക്കളുണ്ടായി: ഖരനും, ശൂര്‍പ്പണഖയും. രൂപഗുണം കൊണ്ടു വിഭീഷണന്‍ മറ്റുള്ള എല്ലാവരേക്കാളും ഉത്തമനായി. മാലിനീ പുത്രനായ അവന്‍ മഹാഭാഗനും, ധര്‍മ്മരക്ഷകനും, കര്‍മ്മ കുശലനുമായി ശോഭിച്ചു. രാക്ഷസ ശ്രേഷ്ഠനായ ദശ്രഗീവന്‍ മഹോത്സാഹിയും മഹാവീര്യനും, മഹാ സത്യപരാക്രമനും ആയി മറ്റെല്ലാവരേക്കാളും ശ്രേഷ്ഠനായി ഉയര്‍ന്നു ശോഭിച്ചു.
കുംഭകര്‍ണ്ണന്‍ ശക്തി കൊണ്ടു രണത്തില്‍ എല്ലാവരേക്കാളും മേലെയായി തീര്‍ന്നു. അവന്‍ രൗദ്ര നിശാചരനും മായാവിയും യുദ്ധ ദുര്‍മ്മദനുമാണ്., ഖരന്‍ വിക്രാന്തനായ ധനുര്‍ദ്ധരനും, ബ്രാഹ്മണ ദ്വേഷിയും, മനുഷ്യ മാംസം തിന്നുന്നവനും ആയിത്തീര്‍ന്നു. ശൂര്‍പ്പണഖ യാഗങ്ങള്‍ക്കു വിഘ്നം വരുത്തുന്ന രൗദ്രിയായും തീര്‍ന്നു.
ഈ പുത്രന്മാർ എല്ലാവരും വേദജ്ഞന്മാരും ശൂരന്മാരും സുചരിത വ്രതന്മാരുമായി വളര്‍ന്നു വന്നു. അവര്‍ പിതാവായ വിശ്രവസ്സിനോടു കൂടി ഗന്ധമാദന പര്‍വ്വതത്തില്‍ കളിച്ചു വാഴുന്ന കാലത്ത് ഒരു ദിവസം നരവാഹനനായ വൈശ്രവണന്‍ പരമ സമൃദ്ധിയോടു കൂടി സ്ഥിതി ചെയ്യുന്നതു കണ്ടു. ഉടനെ അമര്‍ഷം വളര്‍ന്ന രാവണാദികള്‍ ദൃഢനിശ്ചയന്മാരായി തപസ്സില്‍ ഏർപ്പെടുകയും ഏറ്റവും കഠോരമായ തപസ്സു കൊണ്ടു ബ്രഹ്മാവിനെ സന്തോഷിപ്പിക്കുകയും ചെയ്തു.
രാവണന്‍ വായു ഭക്ഷിച്ച്, പഞ്ചാഗ്നി മദ്ധ്യത്തില്‍ ഏകാഗ്രചിത്തനായി ഒറ്റക്കാലിന്മേല്‍ ആയിരം വര്‍ഷം ഒരേ നിലയ്ക്കു നിന്നു തപം ചെയ്തു. കുംഭകര്‍ണ്ണന്‍ നിയതാഹാരനും, നിയതവ്രതനുമായി താഴെ കിടന്നു കൊണ്ടാണു തപസ്സു ചെയ്തത്. കൊഴിഞ്ഞു വീഴുന്ന ഒരു ആലില ഒരു ദിവസം തിന്ന്, അങ്ങനെ ആയിരം കൊല്ലം ഉപവാസവും ജപവും ധ്യാനവും ആയി വിഭീഷണന്‍ തപസ്സു ചെയ്തു. ഖരനും ശൂര്‍പ്പണഖയും തപസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹോദരന്മാരെ സന്തുഷ്ടചിത്തരായി സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്തു. ഇപ്രകാരം ആയിരം സംവത്സരം കഴിഞ്ഞപ്പോള്‍ ദുരാധര്‍ഷനായ ദശാനനന്‍ തന്റെ ശിരസ്സു ഛേദിച്ച് അഗ്നിയില്‍ ഹോമിച്ചു. ഉടനെ പ്രഭുവായ പിതാമഹന്‍ സന്തുഷ്ടനായി അവരുടെ മുമ്പില്‍ പ്രത്യക്ഷനായി. പിതാമഹന്‍ ഓരോരുത്തരേയും കണ്ടു പ്രത്യേകം പ്രത്യേകം വരങ്ങള്‍ ദാനം ചെയ്തു. അങ്ങനെ വരദാനത്താല്‍ പ്രലോഭിപ്പിച്ച് അവരുടെ തപസ്സ് അവസാനിപ്പിച്ചു.
ബ്രഹ്മാവു പറഞ്ഞു: മക്കളേ, ഞാന്‍ നിങ്ങളില്‍ പ്രസാദിച്ചിരിക്കുന്നു. തപസ്സ് നിര്‍ത്തുക. വരം വാങ്ങിക്കൊള്ളുക. അമരത്വം ഒഴികെ എന്ത് ആവശ്യപ്പെട്ടാലും നിങ്ങള്‍ക്കു സിദ്ധിക്കും. രാവണാ! നീ ശ്രേയസ്സിനെ കാംക്ഷിച്ച് നിന്റെ ശിരസ്സ് അറുത്ത് അഗ്നിയില്‍ ഹോമിച്ചുവല്ലോ. അറുത്തു ഹോമിച്ച ശിരസ്സുകളെല്ലാം നിനക്കു വീണ്ടും ഉണ്ടാകും. വൈരുപ്യം ഇല്ലാത്തവനായി നീ ഭവിക്കുകയും ചെയ്യും. നീ സുന്ദരരൂപി ആവുകയും പോരില്‍ വൈരികളെ ജയിക്കുകയും ചെയ്യും. അതില്‍ യാതൊരു സംശയവും വേണ്ട.
രാവണന്‍ പറഞ്ഞു: പിതാമഹാ! ദേവാസുരന്മാരില്‍ നിന്നോ, യക്ഷ കിന്നരന്മാരില്‍ നിന്നോ, നാഗ ഗന്ധര്‍വ്വന്മാരില്‍ നിന്നോ, ഭൂത രാക്ഷസന്മാരില്‍ നിന്നോ എനിക്കു തോല്‍വി പറ്റരുത്.
ബ്രഹ്മാവു പറഞ്ഞു: നിനക്ക് ഈ പറഞ്ഞവരില്‍ നിന്നൊന്നും ഭയം ബാധിക്കയില്ല. മര്‍ത്ത്യരെ പറ്റി നീ ആവശ്യപ്പെട്ടില്ല. അതു ഞാന്‍ ഒഴിവാക്കിയിരിക്കുന്നു. എന്റെ ഈ വിധിപോലെ ഭവിക്കും. നിനക്കു മംഗളം ഭവിക്കട്ടെ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞപ്പോള്‍ ദശഗ്രീവന്‍ തുഷ്ടനായി. ആ പുരുഷാധമന്‍ നരന്മാരെ നിരസിക്കുകയും ചെയ്തു. കുംഭകര്‍ണ്ണനോടും അപ്രകാരം തന്നെ പ്രപിതാമഹന്‍ ചോദിച്ചു: "ഉണ്ണീ, കുംഭകര്‍ണ്ണാ! നീയും വരം വാങ്ങിക്കുക! ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു!".
കുംഭകര്‍ണ്ണന്‍ തമോഗ്രസ്തനാകയാല്‍ "നിദ്രാവത്വം" ആണ് (നിദ്ര തന്നെ മതി) ആവശ്യപ്പെട്ടത്. അപ്രകാരം തന്നെ കുംഭകര്‍ണ്ണനും വരം നല്കിയതിന് ശേഷം വിഭീഷണനോടു പറഞ്ഞു: "ഉണ്ണീ വിഭീഷണ, നീ വരം വാങ്ങിക്കുക. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു".
വിഭീഷണന്‍ പറഞ്ഞു: ഭഗവാനേ! ഞാന്‍ അത്യാപത്തില്‍ അകപ്പെട്ടു പോയാല്‍ കൂടി എന്റെ മനസ്സു ധര്‍മ്മത്തില്‍ തന്നെ ഉറച്ചു നിൽക്കേണമേ! പഠിക്കാതെ തന്നെ എനിക്കു ബ്രഹ്മാസ്ത്ര വിദ്യ തോന്നേണമേ!
ബ്രഹ്മാവു പറഞ്ഞു: ശത്രു നിഷൂദനാ! നീ രാക്ഷസ ജാതിയില്‍ ജനിച്ചിട്ടും നിന്റെ ബുദ്ധി ധര്‍മ്മത്തില്‍ വര്‍ത്തിക്കുന്നതിനാല്‍ ഞാന്‍ നിനക്ക് അമരത്വം നല്കുന്നു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; വരം വാങ്ങിയതിന് ശേഷം ആദ്യമായി രാവണന്‍ ലങ്കയിലേക്കു ചെന്നു പോരില്‍ ധനേശനെ ജയിച്ച് അവനെ ലങ്കയില്‍ നിന്ന് ഓടിച്ചു. ലോകപാലകനായ ഭഗവാന്‍ വൈശ്രവണന്‍ യക്ഷ രാക്ഷസന്മാരോടും, ഗന്ധര്‍വ്വ കിംപുരുഷന്മാരോടും കൂടി ലങ്കയെ വെടിഞ്ഞു ഗന്ധമാദനത്തിലേക്കു പോയി. വൈശ്രവണന്റെ പുഷ്പക വിമാനം രാവണന്‍ ബലമായി പിടിച്ചെടുത്തു. ഈ സംഭവത്തില്‍ മനസ്സു കെട്ട് വൈശ്രവണന്‍ രാവണനെ ശപിച്ചു. ഈ വിമാനം നിന്റേതായി വരികയില്ല. നിന്നെ ആര് കൊല്ലുന്നുവോ, അവന്റേതായി വരും ഈ വിമാനം. ഭ്രാതൃത്വം വഴിക്ക് നിന്റെ ഗുരുവായ ഈ എന്നെ നീ അവമാനിക്കുകയാല്‍ നീ ഉടനെ നശിക്കും.
ഇപ്രകാരം രാവണനെ ശപിച്ച് ഗന്ധമാദനത്തിലേക്കു പുറപ്പെട്ട ധനേശ്വരനായ വൈശ്രവണനെ, ധര്‍മ്മാത്മാവും സന്മാര്‍ഗ്ഗസ്ഥിതനും പരമ ശ്രീ യുതനുമായ വിഭീഷണന്‍ ഭ്രാതൃഭക്തിയോടെ അനുഗമിച്ചു. അതുകണ്ടു സന്തുഷ്ടനായ വൈശ്രവണന്‍ തന്റെ ഭ്രാതാവിന് യക്ഷരാക്ഷസ സൈന്യങ്ങളുടെ ആധിപത്യം നല്കി അനുഗ്രഹിച്ചയച്ചു.
നരന്മാരെ ഭക്ഷിക്കുന്നവരും മഹാബലന്മാരുമായ രാക്ഷസന്മാര്‍ എല്ലാവരും കൂടി രാവണനെ രാജാവായി അഭിഷേകം ചെയ്തു. ബലോൽക്കടനായ രാവണന്‍ ദൈത്യന്മാരുടേയും ദാനവന്മാരുടേയും രത്നങ്ങളൊക്കെ കടന്നാക്രമിച്ചു കയ്യിലാക്കി. നഭശ്ചരനായ രാവണന്‍ കാമരൂപി ആയിരുന്നു. അവന് ഇഷ്ടമുള്ള വേഷമെടുക്കുവാന്‍ കഴിഞ്ഞിരുന്നു; ആകാശത്തില്‍ സഞ്ചരിക്കുവാനും കഴിഞ്ഞിരുന്നു; ഇങ്ങനെ വിശിഷ്ടമായ വസ്തുക്കളൊക്കെ അവന് അധീനമായി.
ലോകങ്ങള്‍ക്കു രാവം (**) അഥവാ രോദനം ഉണ്ടാക്കുക കാരണം ഈ ദശഗ്രീവന് രാവണന്‍ എന്നു പേരുണ്ടായി. ബലശാലിയായ രാവണന്‍ ദേവകള്‍ക്കു കൂടി ഭയം ജനിപ്പിച്ചു.
** രാവയാമാസ ലോകാന്‍ യത് തസ്മാദ് രാവണ ഉച്യതേ.
276. വാനരാദ്യുല്‍പത്തി - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു:പിന്നെ ബ്രഹ്മര്‍ഷിമാരും, സിദ്ധന്മാരും, ദേവര്‍ഷിമാരും അഗ്നിയെ മുന്നില്‍ നടത്തി ബ്രഹ്മാവിന്റെ അടുത്തു ശരണം പ്രാപിച്ചു.
അഗ്നി പറഞ്ഞു: വിശ്രവസ്സിന്റെ പുത്രനായ ദശഗ്രീവന്‍ മഹാബലനായി തീര്‍ന്നിരിക്കുന്നു. ഭവാന്‍ മുമ്പു നല്കിയ വരംമൂലം അവന്‍ അവദ്ധ്യനും ആണല്ലോ. ശക്തനായ അവന്‍ ജനങ്ങളെ വല്ലാതെ പീഡിപ്പിക്കുന്നു. ഭഗവാനേ, ഞങ്ങളെയൊക്കെ രക്ഷിക്കണേ!
ബ്രഹ്മാവു പറഞ്ഞു: ഹേ വിഭാവസോ! ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും അവനെ ജയിക്കുവാന്‍ സാധിക്കുകയില്ല. അവനെ വധിക്കുക എന്നതാണ് ഉടനെ ചെയ്യേണ്ട കാര്യം. അതിന് വേണ്ടി ചതുര്‍ഭുജനായ വിഷ്ണു എന്റെ അഭിപ്രായം അനുസരിച്ചു ഭുമിയില്‍ അവതരിച്ചിട്ടുണ്ട്. വിഷ്ണു യോദ്ധാക്കളില്‍ ശ്രേഷ്ഠനാണ്. അവന്‍ ആ ക്രിയ ചെയ്യുന്നതാണ്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പിന്നെ പിതാമഹന്‍ അഗ്നി കേള്‍ക്കെ തന്നെ ശക്രനോടു പറഞ്ഞു: എല്ലാ ദേവഗണത്തോടും കൂടി ഭവാന്‍ ഭൂമിയില്‍ പോയി ജന്മമെടുക്കുക. വിഷ്ണുവിന്റെ സഹായത്തിനായി കരടികളിലും. വാനരിമാരിലും പോയി വേണ്ടുവോളം രൂപബലങ്ങളോടു കൂടിയ വീരപുത്രന്മാരെ ജനിപ്പിക്കുക!
ബ്രഹ്മാവിന്റെ കല്‍പന കേട്ട് ദേവന്മാര്‍, ദാനവന്മാര്‍, ഗന്ധര്‍വ്വന്മാര്‍ മുതലായവര്‍ അന്യോന്യം ആലോചിച്ച് അവരവര്‍ക്കുള്ള അംശത്തെയും ഉപാംശത്തെയും കൊണ്ടു ഭൂമിയില്‍ ചെന്നു ജനിക്കുവാന്‍ ഉടനെ തീരുമാനമെടുത്തു. അവരുടെ കണ്‍മുന്‍പില്‍ വെച്ചു തന്നെ പിതാമഹന്‍ ദുന്ദുഭിയെന്ന ഗന്ധര്‍വ്വനാരിയെ വിളിച്ചു ശാസിച്ച്, കാര്യസിദ്ധിക്കായി പോകുവാന്‍ കല്‍പിച്ചു. അവള്‍ ഉടനെ മര്‍ത്തൃജാതിയില്‍ കുബ്ജയായ മന്ഥരയായി പിറന്നു. ഇന്ദ്രന്‍ മുതലായ എല്ലാ സുരശ്രേഷ്ഠന്മാരും വാനര ഋക്ഷാംഗനകളില്‍ സന്താനങ്ങളെ ഉല്‍പാദിപ്പിച്ചു. അവര്‍ മിക്കവാറും കീര്‍ത്തി കൊണ്ടും ബലം കൊണ്ടും പിതൃസമന്മാരാണ്.
പര്‍വ്വതങ്ങളുടെ കൊടുമുടികള്‍ അടിച്ചു തകര്‍ക്കുന്നതിനും, പയന്‍മരം, കരിമ്പന മുതലായ മരങ്ങള്‍ പറിച്ചും ശിലകള്‍ പുഴക്കി എടുത്തും ആയുധങ്ങളാക്കി ഉപയോഗിക്കുന്നതിനും അവര്‍ക്കു കഴിവുണ്ടായിരുന്നു: എല്ലാവരും വജ്രകായന്മാരും നദീപ്രവാഹം പോലെ ശക്തി ഉള്ളവരും ആയിത്തീര്‍ന്നു. എല്ലാവരും കാമവീര്യ ബലന്മാരും യുദ്ധകോവിദന്മാരും ആയി വളര്‍ന്നു. പതിനായിരം ആനയ്ക്കു തുല്യം ശക്തിയുള്ളവരും, വായുവേഗം പോലെ വേഗമുള്ളവരും, തോന്നുന്ന ദിക്കില്‍ പാര്‍ക്കുന്നവരും, കാട്ടില്‍ തന്നെ നിവസിക്കുന്നവരും, ഇങ്ങനെ പല തരക്കാരുമായി അവര്‍ ആവിര്‍ഭവിച്ചു.
പിതാമഹന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇപ്രകാരമൊക്കെ ദേവന്മാരാല്‍ ഭൂമിയില്‍ വന്നു ഭവിച്ചു. എങ്ങനെയാണ് കാര്യം നിര്‍വ്വഹിക്കേണ്ടത് എന്നു പിതാമഹന്‍ തനിക്ക് ഉപദേശിച്ചു തന്ന വിധം മന്ഥര അങ്ങിങ്ങു നടന്നു വൈരാഗ്നിയെ കത്തിജ്ജ്വലിപ്പിച്ചു.
277. രാമവനാഭിഗമനം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, മഹര്‍ഷേ! രാമന്‍ മുതലായവരുടെ ഉല്‍പത്തി ഭവാന്‍ പറഞ്ഞു തന്നുവല്ലോ. രാമന്‍ കാട്ടിലേക്കു പോകുവാനുള്ള കാരണം കേള്‍ക്കുവാന്‍ എനിക്കു വളരെ മോഹമുണ്ട്. എങ്ങനെയാണ് ദശരഥപുത്രന്മാരായ രാമലക്ഷ്മണന്മാര്‍ സീതയോടും കൂടി കാട്ടില്‍ വാണത് എന്നു കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: കര്‍മ്മോത്സുകനും, ധര്‍മ്മപരനും, വൃദ്ധസേവകനും ആയ ദശരഥന്‍ തനിക്ക് ഉണ്ണികള്‍ പിറന്നപ്പോള്‍ സന്തുഷ്ടനായി. തേജസ്വികളായ കുട്ടികള്‍ ഓജസ്സോടെ വളര്‍ന്നുവന്നു. അവര്‍ വേദങ്ങളിലും ഉപനിഷത്തുകളിലും ധനുര്‍വ്വേദങ്ങളിലും കുശലന്മാരായി. ബ്രഹ്മചര്യം യഥാവിധി അനുഷ്ഠിച്ചതിന് ശേഷം ആ ദശരഥ പുത്രന്മാര്‍ വിവാഹം ചെയ്തു. ഇതെല്ലാം കണ്ട് ദശരഥ മഹാരാജാവ് സംപ്രീതി വളര്‍ന്നു സസുഖം വാണു. അവരില്‍ ജ്യേഷ്ഠനായ രാമന്‍ മനോഹാരിതയാല്‍ അച്ചന്റെ മനസ്സിനെ കുളുര്‍പ്പിച്ച്, അഭിരാമനായി ജനങ്ങളെ രമിപ്പിച്ചു. ദശരഥന്‍ വാര്‍ദ്ധകൃത്തിൽ എത്തിയപ്പോള്‍, മതിമാനായ അദ്ദേഹം, പുരോഹിതന്മാരോടും ധര്‍മ്മജ്ഞരായ സചിവന്മാരോടും കൂടി ആലോചിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ തീരുമാനിച്ചു. കാലോചിതമായ കര്‍മ്മം തന്നെയാണ് ഇതെന്നു മന്ത്രിസത്തമന്മാര്‍ ശരി വെയ്ക്കുകയും ചെയ്തു, അരുണവര്‍ണ്ണമായ നേത്രങ്ങള്‍, നീണ്ടുരുണ്ട കൈകള്‍, മത്തഗജത്തെ പോലെ കൂസലില്ലാത്ത ഗതി, ശത്രുക്കള്‍ക്കു തടുക്കാനാകാത്ത കയ്യൂക്ക്, വിരിഞ്ഞുറച്ച മാര്‍ത്തട്ട്, ഇരുണ്ടു ചുരുണ്ട മുടി എന്നീ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായ രാമന്‍ ശ്രീയാല്‍ ശോഭിക്കുന്നവനും, യുദ്ധത്തില്‍ ക്രതുതുല്യനും, സര്‍വ്വധര്‍മ്മങ്ങളുടേയും മറുകര കണ്ടവനും, ബൃഹസ്പതിക്കു തുല്യനും, മതിമാനും, സര്‍വ്വപ്രജകളിലും അനുരക്തനും, സര്‍വ്വകലാകുശലനും, ശത്രുക്കളെ പോലും കണ്ണും കരളും കുളുര്‍പ്പിക്കുന്ന സുന്ദര കളേബരനും, ദുർജ്ജനങ്ങളുടെ നിയന്താവും, ധര്‍മ്മചാരികളുടെ രക്ഷകനുമായ ആ രാമന്‍, ധൃതിമാനും, ജിതേന്ദ്രിയനും, അനാധൃഷ്യനും, ജേതാവും, പരാക്രമിയുമായി പ്രശോഭിച്ചു. കൗസല്യയില്‍ ഉണ്ടായ ഈ കുമാരനെ കണ്ട് ദശരഥന് അളവറ്റ ആനന്ദമുണ്ടായി. വീര്യവാനായ രാമന്റെ ഗുണങ്ങള്‍ കണ്ട് രാജാവ് പുരോഹിതനെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
ദശരഥന്‍ പറഞ്ഞു: ഹേ, വിപ്രാ! ഭവാനു ശുഭം! ഇന്നു പൂയം നക്ഷത്രമാണ്. രാത്രിയാകുമ്പോള്‍ പുണ്യയോഗം വരുന്നതാണ്. വട്ടങ്ങളൊക്കെ ഒരുക്കുക. രാമനെ അറിയിക്കുക. നാളെ പൂയം നാളില്‍ എന്റെ മകനായ രാമനെ പൗരന്മാരോടും മന്ത്രിമാരോടും കൂടി യുവരാജാവായി അഭിഷേകം ചെയ്യണം. രാജാവിന്റെ വാക്ക് ആരോ പറഞ്ഞു മന്ഥര അറിഞ്ഞു. കൈകേയിയെ ചെന്നു കാലേ കണ്ട് ഇപ്രകാരം പറഞ്ഞു.
മന്ഥര പറഞ്ഞു: എടോ, കൈകേയി, നിന്റെ ദൌര്‍ഭാഗ്യം, രാജാവ് പരസ്യം ചെയ്തു. ദുര്‍ഭഗേ! നിന്നെ ഘോരവിഷമുള്ള സര്‍പ്പം വന്നു ക്രോധത്തോടെ ദംശിക്കട്ടെ! ഭവതി ഈ ദുര്‍ജ്ജീവിതം എന്തിന് പേറുന്നു? ഭാഗ്യവതി കൗാസല്യയാണ് പോലും! ആ രാജ്ഞിയുടെ പുത്രനെയാണത്രേ യുവരാജാവായി അഭിഷേകം ചെയ്യുന്നത്. ഭവതിക്ക് എന്തു സൗഭാഗ്യമാണുള്ളത്? പിന്നെ എങ്ങനെ ഭവതിയുടെ പുത്രന്‍ രാജൃത്തിന് നാഥനാകും?
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മന്ഥര പറഞ്ഞത് കൈകേയിയുടെ മനസ്സില്‍ നല്ലവണ്ണം തറച്ചു. സര്‍വ്വാഭരണ ഭൂഷിതയും ഉത്തമരൂപ സമ്പന്നയുമായ ആ കൃശാംഗി അപ്പോള്‍ തന്നെ ചെന്ന് വിജനസ്ഥലത്തു വെച്ച് രാജാവിനെ കണ്ടു. അവള്‍ പുഞ്ചിരിക്കൊണ്ടു പ്രേമം കലര്‍ന്ന് ഇപ്രകാരം മധുരമായി പറഞ്ഞു.
കൈകേയി പറഞ്ഞു: സത്യവ്രതനായ ജീവിതേശ്വരാ! ഞാന്‍ അര്‍ത്ഥിക്കുന്ന വരം വേണ്ട സമത്തു തന്നു കൊള്ളാമെന്നു ഭവാന്‍ മുമ്പു പ്രതിജ്ഞ ചെയ്തിട്ടുണ്ടല്ലോ. ആ പ്രതിജ്ഞ ഇപ്പോള്‍ നിര്‍വഹിച്ചാലും. അങ്ങനെ ഭവാന്റെ ആ കടപ്പാട് ഇപ്പോള്‍ ഒഴിവാക്കിയാലും.
രാജാവു പറഞ്ഞു: ആ വരം ഞാന്‍ ഇതാ തന്നു കൊള്ളുന്നു. നീ ഇഷ്ടമുള്ളതു വരിച്ചു കൊള്ളുക. ഏത് അവദ്ധ്യനാണ് ഇന്നു വദ്ധ്യനായിരിക്കുന്നത്? ഏതു വദ്ധ്യനെ ഞാന്‍ ഭവതിക്കു വേണ്ടി മോചിപ്പിക്കണം? ആര്‍ക്കു വിത്തം നല്കണം? ആരുടെ മുതല്‍ പിടിച്ചടക്കണം? ബ്രഹ്മസ്വമൊഴികെ എന്തെല്ലാം ധനം എനിക്കുണ്ടോ അതെല്ലാം ഭവതിക്കുള്ളതാണ്. ഞാന്‍ ഭൂമിയുടെ രാജാവാണ്. ചാതുര്‍ വര്‍ണ്യം ഭരിക്കുന്നവനാണ്. അതു കൊണ്ട് നിന്റെ ഇഷ്ടം എന്തോ അതു പറഞ്ഞാലും. അല്ലയോ ശോഭനശീലേ! ഇനി താമസിക്കേണ്ട!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രാജാവു പറഞ്ഞ വാക്കുകേട്ട്, അവള്‍ അദ്ദേഹത്തെ തന്റെ പാട്ടിലാക്കി. തന്റെ ബലം നല്ലപോലെ അറിഞ്ഞു കൊണ്ട് അവള്‍ രാജാവിനോട് ഇപ്രകാരം പറഞ്ഞു.
കൈകേയി പറഞ്ഞു: രാമനു വേണ്ടി അങ്ങ് ഒരുക്കിയ അഭിഷേക കര്‍മ്മം ഭരതന്‍ കൈക്കൊള്ളട്ടെ! രാമന്‍ കാട്ടില്‍ പോകട്ടെ! പതിന്നാലു സംവത്സരം രാമന്‍ ദണ്ഡകാരണൃത്തില്‍ ജടകെടി, മരവുരിയും മാന്‍തോലും ധരിച്ച് തപസ്വിയായി വാഴട്ടെ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: കഠോരമായ ഈ അപ്രിയവചനം കേട്ടു ദുഃഖാര്‍ത്തനായ ദശരഥന്‍ ഒന്നും തന്നെ മിണ്ടിയില്ല. അദ്ദേഹത്തിന്റെ ബുദ്ധി മരവിച്ചു പോയി. കാര്യം അറിഞ്ഞ് വീര്യവാനും ധര്‍മ്മിഷ്ഠനുമായ രാമന്‍ അച്ഛന്റെ സതൃത്തെ രക്ഷിക്കുവാന്‍ വേണ്ടി വനവാസം സ്വയം കൈക്കൊണ്ടു. വില്ലാളിവീരനും ശ്രീമാനുമായ ലക്ഷ്മണനും, ജനകപുത്രിയും തന്റെ ഭാര്യയുമായ സീതയും അദ്ദേഹത്തെ അനുഗമിച്ചു. രാമന്‍ കാട്ടിലേക്കു പോയ ഉടനെ ദശരഥന്‍ കാലധര്‍മ്മം പ്രാപിക്കുകയും ചെയ്തു. രാമന്‍ കാട്ടിലേക്കു പോവുകയും രാജാവു മൃതിയടയുകയും ചെയ്തപ്പോള്‍ കൈകേയി ഭരതനെ വരുത്തി ഇപ്രകാരംപറഞ്ഞു.
കൈകേയി പറഞ്ഞു: ദശരഥരാജാവ് സ്വര്‍ഗ്ഗസ്ഥനായി. രാമലക്ഷ്മണന്മാര്‍ കാടുകയറി. കണ്ടകങ്ങള്‍ ഒഴിഞ്ഞ ഈ വിപുലമായ രാജ്യം നീ ശത്രുക്കളുടെ ബാധകൂടാത്ത നിലയില്‍ സ്വീകരിച്ചു ഭരിച്ചു കൊള്ളുക.
അമ്മയുടെ കര്‍ണ്ണകഠോരമായ വാക്കുകേട്ട് ധര്‍മ്മിഷ്ഠനായ ഭരതന്‍ കുണ്ഠിതത്തോടെ ഇപ്രകാരം മറുപടി പറഞ്ഞു;
ഭരതന്‍ പറഞ്ഞു: അയ്യോ! ഏറ്റവും ക്രുരമായ കര്‍മ്മമാണല്ലോ അമ്മ ചെയ്തത്! ധനലോഭം മൂലം അമ്മ ഭര്‍ത്താവിനെ കൊല്ലുകയും കുലം മുടിക്കുകയും ചെയ്തിരിക്കുന്നു! ഹേ, കുലപാംസനേ! ദുഷ്കീര്‍ത്തി എല്ലാം നീ എന്റെ തലയ്ക്കു വെച്ചു തന്നല്ലോ! അമ്മയുടെ കാമങ്ങള്‍ ഇതൊക്കെ ആയിരിക്കാം; അതു സാധിച്ചല്ലോ! ഇനി കാമ സമ്പൂര്‍ണ്ണയായി അമ്മ വാണുകൊള്ളുക എന്നു പറഞ്ഞു ഭരതന്‍ വിലപിച്ചു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പ്രജകളുടെ മുമ്പില്‍ അവന്‍ തന്റെ നിരപരാധിത്വം വെളിപ്പെടുത്തി. കാട്ടില്‍ പോയ ജേഷ്ഠനെ കൂട്ടിക്കൊണ്ടു വരുവാന്‍ അവന്‍ പുറപ്പെട്ടു. സുമിത്രയേയും, കൗസല്യയേയും, കൈകേയിയേയും വാഹനത്തില്‍ കയറ്റി മുമ്പേ നടത്തി, ശത്രുഘ്നനോടു കൂടി ദുഃഖത്തോടെ കാട്ടിലേക്കു പുറപ്പെട്ടു. വസിഷ്ഠന്‍, വാമദേവന്‍ മുതലായ മറ്റ് അനേകം ദ്വിജന്മാരും, പൗരന്മാരും, ജാനപാദന്മാരും ഒക്കെച്ചേര്‍ന്ന് ജ്യേഷ്ഠനെ നാട്ടിലേക്കു തിരിച്ചു കൊണ്ടു വരുവാന്‍ പുറപ്പെട്ടു. ചിതക്രൂടത്തില്‍ അവന്‍ എത്തി; താപസവേഷത്തില്‍ ഒരു വില്ലും കയ്യിലേന്തി നിൽക്കുന്ന രാമനെ കണ്ടു. ഭരതന്റെ അപേക്ഷ സ്വീകരിക്കുവാന്‍ നിവൃത്തിയില്ലെന്നും അച്ഛന്റെ സത്യം പാലിക്കുന്നതില്‍ താന്‍ ദൃഢ വ്രതനാണെന്നും പറഞ്ഞ് ഭരതനെ ഒരുവിധം സമാധാനിപ്പിച്ചു മടക്കിയയച്ചു. അച്ഛന്റെ പ്രതിജ്ഞ പാലിക്കുന്ന രാമനാല്‍ പറഞ്ഞയയ്ക്കപ്പെട്ട ഭരതന്‍ കുണ്ഠിതത്തോടെ മടങ്ങി.
ചിതക്രൂടത്തില്‍ നിന്നു മടങ്ങിയ ഭരതന്‍, അയോദ്ധ്യയില്‍ കടക്കാതെ നന്ദിഗ്രാമത്തില്‍ ജേഷ്ഠന്റെ പാദുകങ്ങള്‍ വെച്ച്‌അവയെ പുരസ്കരിച്ചു രാജ്യം ഭരിച്ചു.
രാമനാകട്ടെ, നാട്ടുകാരും പൗരന്മാരും ഇനിയും വന്നെത്തുമെന്നുള്ള ശങ്കയാല്‍ ശരഭംഗാശ്രമം നോക്കി കൊടുങ്കാട്ടിന് ഉള്ളിലേക്കു കയറി. അവിടെച്ചെന്നു ശരഭംഗനെ സല്‍ക്കരിച്ച് ആ വഴിക്കു രാമലക്ഷ്മണന്മാര്‍ ദണ്ഡകാരണ്യത്തെ പ്രാപിച്ചു. രമണീയമായ ഗോദാവരീ തീരത്തു പാര്‍പ്പുറപ്പിച്ചു. അവിടെ പാര്‍ക്കുന്ന കാലത്ത് ശൂര്‍പ്പണഖ കാരണം ജനസ്ഥാനത്തില്‍ നിവസിക്കുന്ന ഖരനോട് രാമന് മഹത്തായ വൈരമുണ്ടായി. അതുകൊണ്ട് ധര്‍മ്മിഷ്ഠനായ രാമന്‍ താപസന്മാരുടെ രക്ഷയ്ക്കായി പതിനാലായിരം രാക്ഷസന്മാരെ യുദ്ധത്തില്‍ കൊന്നൊടുക്കി. ഏറ്റവും ബലവാന്മാരായ ഖരദൂഷണന്മാരെ വധിച്ച് ധീമാനായ രാമന്‍ ആ ധര്‍മ്മാരണ്യത്തില്‍ ക്ഷേമം വളര്‍ത്തി. ജനസ്ഥാന വാസികളായ രാക്ഷസന്മാര്‍ ഹതരായപ്പോള്‍ ചുണ്ടും മുക്കും മുറിഞ്ഞ ശൂര്‍പ്പണഖ തന്റെ ഭ്രാതാവിനെ കാണുവാന്‍ ലങ്കയിലേക്കു പോയി. മുഖത്തു രക്തം ഉണങ്ങി പറ്റിയ നിലയില്‍ ആ രാക്ഷസി രാവണനെ കണ്ട് ദുഃഖമൂര്‍ച്ഛിതയായി, ആ ഭ്രാതാവിന്റെ കാൽക്കല്‍ വീണു. അവളെ വികൃത രൂപിണിയായി കണ്ട രാവണന്‍ ക്രോധത്താല്‍ തന്നെത്താനെ മറന്നു പോയി. രാവണന്‍ ചാടിയെഴുന്നേറ്റു. പല്ലുകള്‍ ഇറുമ്മി. തന്റെ അമാതൃന്മാരെ വിളിച്ച് വിജനസ്ഥലത്തു വെച്ച് ക്രുദ്ധനായ അദ്ദേഹം സഹോദരിയോട് കാര്യമെന്തെന്നു ചോദിച്ചു.
രാവണന്‍ പറഞ്ഞു: ഭദ്രേ! എന്നെക്കുറിച്ചു ചിന്തിക്കാതെ, എന്നെ അവമാനിക്കുന്ന വിധം ആരാണ് ഇങ്ങനെ ചെയ്തത്?
തന്റെ ശരീരം മുഴുവന്‍ തീക്ഷ്ണ ശൂലത്തിന്മേല്‍ കോര്‍ത്തു കൊണ്ടു വാഴുന്ന അവന്‍ ആരാണ്? തലയില്‍ തീ എരിച്ചിട്ടു വിശ്വാസത്തോടെ സസുഖം കിടക്കുന്ന അവന്‍ ആരാണ്? ഘോരസര്‍പ്പത്തെ ചവിട്ടിയത് ആരാണ്? മൃഗരാജാവായ സിംഹത്തിന്റെ കൂര്‍ത്ത തേറ്റകളില്‍ സ്പര്‍ശിച്ചു നിൽക്കുന്നവൻ ആരാണ്?
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം കോപത്താല്‍ ഗര്‍ജ്ജിക്കുന്ന ആ ദശഗ്രീവന്റെ സ്രോതസ്സുകളില്‍ നിന്ന് രാത്രിയില്‍ കത്തിയെരിയുന്ന വൃക്ഷത്തിന്റെ പോടുകളില്‍ നിന്നെന്ന പോലെ അഗ്നിജ്വാലകള്‍ പുറപ്പെട്ടു. രാവണനോട് ആ രാക്ഷസ ഭഗിനിയായ ശൂര്‍പ്പണഖ രാമന്റെ പരാക്രമത്തേയും, ഖരദൂഷണ പരാഭവത്തേയും; രക്ഷോഗണ നാശത്തേയും മുഴുവന്‍ സംവിസ്തരം പറഞ്ഞു കേള്‍പ്പിച്ചു. അതെല്ലാം കേട്ടശേഷം മേലില്‍ ചെയ്യേണ്ടത് എന്തെന്നു നിശ്ചയിച്ച് സഹോദരിയെ സമാശ്വസിപ്പിച്ചു. നഗരം രക്ഷിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത്, രാവണന്‍ മേൽപോട്ടുയര്‍ന്നു. ത്രികൂടത്തേയും കാലപര്‍വ്വതത്തേയും കടന്ന് തിമിംഗലങ്ങള്‍ നിറഞ്ഞ ഗംഭീരമായ മഹാസമുദ്രവും കടന്ന് ആ ദശാനനന്‍ ഗോകര്‍ണ്ണത്തിൽ എത്തി. അവ്യാകുലമായ ആ പ്രദേശം മഹാത്മാവായ ശൂലപാണിയുടെ പ്രിയപ്പെട്ട സ്ഥാനമാണ്. അവിടെ തന്റെ പൂര്‍വ്വമന്ത്രിയായ മാരീചന്‍ രാമനെ ഭയപ്പെട്ട് തപോവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടു.
278. സീതാപഹരണം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മാരീചന്‍ രാവണനെ കണ്ടതോടു കൂടി വല്ലാതെ ഒന്നു പരിഭ്രമിച്ചു. ആ രാക്ഷസ ചക്രവര്‍ത്തിയെ ഫലമൂലാദികള്‍ കൊണ്ടു സല്‍ക്കരിച്ചു. വിശ്രമിച്ച ശേഷം വാക്യകോവിദനായ ദശമുഖനോട് വാകൃജ്ഞനായ മാരീചന്‍ അര്‍ത്ഥ ഗൗരവത്തോടു കൂടി ആഗമനോദ്ദേശ്യം എന്തെന്ന് അന്വേഷിച്ചു.
മാരീചന്‍ പറഞ്ഞു: ഭവാന്റെ വര്‍ണ്ണത്തിന് മാറ്റമൊന്നും ഇല്ലല്ലോ? ( രാക്ഷസ വര്‍ഗ്ഗത്തിന് കുഴപ്പമൊന്നുമില്ലല്ലോ? ) ഭവാന്റെ പുരത്തിലൊക്കെ ക്ഷേമം തന്നെയല്ലേ? ഭവാന്റെ രാജ്യാംഗങ്ങള്‍ ( ** ) ഭവാനെ വേണ്ടവിധം സേവിക്കുന്നില്ലേ? ഭവാന്‍ ഇത്രത്തോളം എഴുന്നള്ളിയതിന്റെ ഉദ്ദേശ്യം എന്താണ്? എത്ര ദുഷ്കരമായാലും അതു നിര്‍വൃഹിക്കപ്പെട്ടു എന്നു തന്നെ ഭവാന്‍ കരുതിയാലും!
** രാജാവ്, മന്ത്രി, ബന്ധു, ഭണ്ഡാരം, രാജ്യം, കോട്ട, സൈന്യം എന്നീ ഏഴാണ് രാജ്യാംഗങ്ങള്‍
ക്രോധാന്വിതനും അമര്‍ഷ പൂര്‍ണ്ണനുമായ ദശഗ്രീവന്‍ രാമന്റെ കുചേഷ്ടിതങ്ങളെയും മറ്റു കാര്യങ്ങളെയും ചുരുക്കമായി മാരീചനോടു പറഞ്ഞു. അതിന് താടകാത്മജനായ മാരീചന്‍ ചുരുക്കമായി തന്നെ മറുപടി നല്കി.
മാരീചന്‍ പറഞ്ഞു: എടോ ദശഗ്രീവാ, നീ രാമനോട് ഒരിക്കലും എതിര്‍ക്കരുത്. അവന്റെ വീര്യം ഞാന്‍ കണ്ടതാണ്. ആ മഹാത്മാവിന്റെ ബാണവേഗം താങ്ങുവാന്‍ പോരുന്നവന്‍ ആരുണ്ട്? എന്റെ ഈ സന്യാസ വൃത്തിക്കു ഹേതുഭൂതന്‍ ആ മഹാത്മാവാണ്. ഏതു ദുരാത്മാവാണ് ഭവാനെ ഈ നാശമാര്‍ഗ്ഗത്തിലേക്കു തള്ളിവിട്ടത്?
മാരിചന്റെ ഈ ഹിതോപദേശം രാവണന് തീരെ പിടിച്ചില്ല. രാവണന്‍ മാരീചനെ നിന്ദിച്ചു; എന്റെ വാക്കു നീ കേട്ടില്ലെങ്കില്‍ നിനക്കു മരണം നിശ്ചയമാണ്. രാവണന്‍ ഇപ്രകാരം തീര്‍ത്തു പറഞ്ഞപ്പോള്‍ മാരീചന്‍ വിഷമിച്ചു. മാരീചന്‍ ചിന്തിച്ചു: മരണം ഇപ്പോള്‍ തീര്‍ച്ചയായും സംഭവിക്കുന്നത് ആണെങ്കില്‍ ശ്രേഷ്ഠനില്‍ നിന്ന് അതു സംഭവിച്ചു കൊള്ളട്ടെ ആ മരണവും ശ്രേഷ്ഠമാണ്. രാവണന്റെ അഭിപ്രായം പോലെ ചെയ്തു കൊള്ളാമെന്ന് മാരീചന്‍ സമ്മതിച്ചു.
മാരീചന്‍ പറഞ്ഞു: ഭവാന്‍ എന്നെക്കൊണ്ട് എന്തു സഹായമാണു വേണ്ടത്? ഞാന്‍ പരാധീനൻ ആകയാല്‍ വിസമ്മതത്തോടു കൂടി ആണെങ്കിലും, അവശൻ ആണെങ്കിലും, പരവശൻ ആണെങ്കിലും അതു ചെയ്തേക്കാം.
രാവണന്‍ പറഞ്ഞു: രത്നമയമായ കൊമ്പുകളോടും, രത്ന വിചിത്രമായ രോമങ്ങളോടും കൂടിയ പൊന്മാനായി ഭവാന്‍ ചെന്നു സീതയെ ഭ്രമിപ്പിക്കണം. അത്തരം ഒരു മാനിനെ കണ്ടാല്‍ അതിനെ പിടിക്കുവാന്‍ രാമനെ അവള്‍ വിടും. രാമന്‍ അകന്നു പോയാല്‍ ആ സീത എനിക്കു പാട്ടിലാകും. അവളെ ഞാന്‍ കൊണ്ടു പോന്നാല്‍ ഭാര്യാവിരഹം മൂലം ആ ദുര്‍ബുദ്ധിയായ രാമന്‍ നശിച്ചുപോകും!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രാവണന്‍ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍ മാരീചന്‍ തന്റെ മരണം വരിച്ചുകഴിഞ്ഞു. തനിക്കുള്ള തിലോദകം ( മരണാനന്തരമുള്ള കര്‍മ്മം - ശേഷക്രിയ ) താന്‍ തന്നെ ചെയ്തു. മുമ്പില്‍ നടക്കുന്ന രാവണനെ ദുഃഖത്തോടെ അവന്‍ പിന്‍തുടര്‍ന്നു. അവര്‍ അക്ലിഷ്ടകാരിയായ രാഘവന്റെ ആശ്രമ പ്രദേശത്തു ചെന്ന് മുന്‍നിശ്ചയം പോലെയൊക്കെ പ്രവര്‍ത്തിച്ചു. രാവണന്‍ തലമൊട്ടയടിച്ച് കമണ്ഡലുവും ദണ്ഡും കയ്യിലെടുത്തു നിൽക്കുന്ന ഒരു യതിയായും, മാരീചന്‍ പൊന്മാനായും അവിടെ പ്രവേശിച്ചു. മൃഗരൂപ ധാരിയായ മാരീചനെ കണ്ട് വൈദേഹി, വിധിയോഗമെന്നേ പറയേണ്ടു, ആ മൃഗത്തെ പിടിക്കുവാന്‍ മോഹത്തോടെ രാമനെ നിയോഗിച്ചു. തന്റെ പത്നിക്ക് ഇഷ്ടം ചെയ്യുവാനായി രാമന്‍ വില്ലുമെടുത്ത് ആശ്രമത്തില്‍ സീതയ്ക്കു കാവലായി ലക്ഷ്മണനെയാക്കി, മൃഗത്തെ പിടിക്കുവാന്‍ പുറപ്പെട്ടു. ഉടുമ്പിന്‍തോലു കൊണ്ടുള്ള കയ്യുറയും വാളും ആവനാഴിയും വില്ലുമായി രാമന്‍ ആ മാനിന്റെ പിമ്പേ ഓടി. പണ്ട് താരമാനിന്റെ ( ** ) പിമ്പേ ശിവന്‍ഓടിയതുപോലെ.
** പണ്ടു പ്രജാപതി മാനിന്റെ രൂപമെടുത്തു തന്റെ പുത്രിയില്‍ കാമമോഹിതനായി അവളെ പ്രാപിക്കുവാന്‍ ചെന്നു. ഉടനെ രുദ്രന്‍ ആ മാനിന്റെ പിന്നാലെ ശരവുമായി പാഞ്ഞു ചെന്ന് അതിന്റെ കഴുത്തറുത്തു. ഉടലില്‍ നിന്നു വേര്‍പെട്ട ആ മൃഗത്തിന്റെ ശീര്‍ഷം ഇന്നും ആകാശത്തില്‍ തിളങ്ങിക്കാണുന്നു. അതാണ് മൃഗശീര്‍ഷം എന്ന നക്ഷത്രഗണം. ഈ പുരാണ കഥയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.
ആ രാക്ഷസന്‍ ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും രാമനെ അകറ്റി. കുറെ ദൂരം ചെന്നപ്പോള്‍ രാമന് കാര്യം മനസ്സിലായി. ഇവന്‍ രാക്ഷസൻ ആണെന്നു ധരിച്ചയുടനെ ഒരു പാഴാകാത്ത അമ്പു കൊണ്ട് ആ മൃഗരൂപിയെ എയ്തു. അമ്പുകൊണ്ട സമയത്തു രാക്ഷസ മായയാല്‍ രാമന്റെ തനിസ്വരത്തില്‍ അവന്‍ വിലപിച്ചു: "അയ്യോ! സിതേ ലക്ഷ്മണാ!", എന്ന് ആര്‍ത്തനാദത്തോടെ കരഞ്ഞു. അവന്റെ ആ കരുണമായ നിലവിളി ആശ്രമത്തിലിരിക്കുന്ന സീത കേട്ടു. ആ ശബ്ദം കേട്ട ദിക്കിലേക്കു മൈഥിലി ഓടുവാന്‍ ഭാവിച്ചു. അപ്പോള്‍ ലക്ഷ്മണന്‍ സീതയെ തടുഞ്ഞു പറഞ്ഞു.
ലക്ഷമണന്‍ പറഞ്ഞു: ഹേ, ഭീരു! ഭവതി ശങ്കിക്കേണ്ട. ഒട്ടും സംശയിക്കരുത്. രാമനെ പ്രഹരിക്കുവാന്‍, ഇന്നാരുണ്ട്? ഭവതിയുടെ ഭര്‍ത്താവായ രാമനെ ശൂചിസ്മിതയായ ഭവതി ഇപ്പോള്‍ കാണുന്നതാണ്. ഉടനെ എത്തും.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ലക്ഷ്മണന്‍ തന്നെ തടഞ്ഞു നിര്‍ത്തിയപ്പോള്‍ കരഞ്ഞു കൊണ്ടു നില്‍ക്കുന്ന സീതയ്ക്കു ലക്ഷ്മണനില്‍ ശങ്കയുദിച്ചു. പതിവ്രതയും ചാരിത്ര ഭൂഷണയുമായ ജാനകി സ്ത്രീസഹജമായ സ്വഭാവത്താല്‍ മനസ്സു കെട്ടു പരുഷമായ വാക്കുകൾ സൗമിത്രിയോടു പറഞ്ഞു.
സീത പറഞ്ഞു: എടാ, മൂഢാ! നിന്റെ ഉള്ളില്‍ കരുതുന്ന ഈ കാമം ഒരിക്കലും സഫലമാകുവാന്‍ പോകുന്നില്ല. ഞാന്‍ തന്നത്താന്‍ വെട്ടിമരിക്കും! അല്ലെങ്കില്‍ ഗിരിശൃംഗത്തില്‍ കയറി കീഴോട്ടു ചാടും! അല്ലെങ്കില്‍ തീയില്‍ ചാടും. ഏതു വിധേനയെങ്കിലും ഞാന്‍ ആത്മഹത്യ ചെയ്യും. ഭര്‍ത്താവായ. രാമനെ വെടിഞ്ഞ് നീചനായ നിന്നെ ഞാന്‍ സ്വീകരിക്കുകയോ? അതുണ്ടാവുകയില്ല. പെണ്‍പുലി ഒരിക്കലും കുറുക്കനെ വരിക്കയില്ല.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: കഠോരമായ ഈ വാക്കുകള്‍ സീതയുടെ വായില്‍ നിന്നു പുറപ്പെട്ട ഉടനെ ആ ഭ്രാതൃപ്രിയനും, സദ് വൃത്തനുമായ ലക്ഷ്മണന്‍ രണ്ടുകൈ കൊണ്ടും ചെവിപൊത്തി കലങ്ങിയ മനസ്സോടെ രാഘവന്‍ നിൽക്കുന്നിടത്തേക്കു പാഞ്ഞു. ധനുര്‍ദ്ധരനായ ലക്ഷ്മണന്‍ രാമന്റെ കാലടികള്‍ നോക്കി, ആ ബിംബാധരോഷ്ഠിയായ സീതയെ തിരിഞ്ഞു നോക്കാതെ ക്ഷണത്തില്‍ പാഞ്ഞു പോയി. അവന്‍ കാട്ടിനുള്ളില്‍ മറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ രാവണന്‍ അവിടെ വെളിവായി വന്നു. ദുഷ്ടനായ അവന്‍ ശിഷ്യന്റെ വേഷത്തിലാണ് നില്‍ക്കുന്നത്. ഭസ്മം പൂശിയ അഗ്നിപോലെ, യതിയുടെ വേഷത്തില്‍ ആ മാന്യസ്ത്രീയെ അപഹരിക്കാനാണ് അവന്‍ വന്നു നിൽക്കുന്നത്.
ധര്‍മ്മജ്ഞയായ ജാനകി ആ യതി വന്നതു കണ്ട് ആതിഥ്യത്തിനായി ക്ഷണിച്ചു. ഫലമൂലങ്ങള്‍ കൊണ്ടു വന്ന് ആദരവോടെ, അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു. അതൊക്കെ അവന്‍ നിരസിച്ചു. തന്റെ ശരിയായ രൂപം അവള്‍ക്കു കാണിച്ചു കൊടുത്ത് രാവണന്‍ വൈദേഹിയെ പാട്ടിൽ ആക്കുവാൻ ശ്രമിച്ചു.
രാവണന്‍ പറഞ്ഞു: എടോ.. സീതേ! ഞാൻ ആരാണെന്നു ഭവതി അറിയുമോ? രാവണന്‍ എന്ന വിശ്വവിശ്രുതനായ രാക്ഷസരാജാവിനെ പറ്റി കേട്ടിട്ടില്ലേ? അദ്ദേഹമാണ് ഈയുള്ളവന്‍. എന്റെ രാജധാനി സമുദ്രത്തില്‍ വളരെ അകലെയുള്ള മനോഹരമായ് ലങ്കയാണ്. എന്നോടു ചേര്‍ന്നു ഭവതിക്കു മാനുഷികളുടെമദ്ധ്യത്തില്‍ സസുഖം ജീവിക്കാം. എടോ, സുശ്രോണീ! സുന്ദരീ! നീ താപസികനായ രാമനെ വിട്ട് എന്റെ ഭാര്യയാവുക.
രാവണന്‍ ഇപ്രകാരം പറഞ്ഞു തുടങ്ങിയപ്പോള്‍ ജാനകി ചെവി പൊത്തി "ഇല്ല! ഇല്ല!", എന്നു പറഞ്ഞു.
സീത പറഞ്ഞു: താരാഗണങ്ങളോടു കൂടി ആകാശം വീണേക്കാം! ഭൂമി തകര്‍ന്നു പൊടിയായേക്കാം! അഗ്നി ശീതളമായി തീര്‍ന്നേക്കാം. എന്നാലും ഞാന്‍ രാഘവനെ വെടിയുകയില്ല. ഗണ്ഡസ്ഥലത്തു നിന്നു മദജലം പൊട്ടിയൊഴുകുന്ന കാട്ടാനത്തലവനെ ഉപേക്ഷിച്ച് ഒരു പിടിയാന ഒരു പന്നിയെ ചെന്നു വേള്‍ക്കുക എന്നത് ഉണ്ടാകുമോ? പൂന്തേനും മുന്തിരിച്ചാറും കുടിക്കുന്ന ഒരു കാമിനി കഞ്ചാവില്‍ രസിക്കുമെന്നു ഭവാന്‍ വിചാരിക്കുന്നുണ്ടോ?
ഇത്രയും പറഞ്ഞ് അവള്‍ അവിടെ നിൽക്കാതെ ആശ്രമത്തിന്റെ ഉള്ളിലേക്കു കടക്കുവാന്‍ ഭാവിക്കുമ്പോള്‍ പെട്ടെന്നു ചൊടിച്ച് ചുണ്ടുവിറച്ച്, രാവണന്‍ ആ സുശ്രോണിയെ എതിരേ ചെന്നു തടുത്തു. ബോധം മറിയുന്ന വിധം രൂക്ഷമായ സ്വരത്തില്‍ ഭര്‍ത്സിച്ച് അവളുടെ വാര്‍മുടിയില്‍ പിടിച്ചു മേൽപോട്ടു പൊങ്ങി. മലയിലിരിക്കുന്ന ജടായു എന്ന കഴുകന്‍, അവളെ രാവണന്‍ കൊണ്ടു പോകുന്നതായി കണ്ടു. പോകുമ്പോള്‍ അവള്‍ "രാമാ! രാമാ!", എന്ന് ഉറക്കെ വിളിച്ചു കേഴുന്നതും അവന്‍ കേട്ടു.
279. കബന്ധഹനനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അരുണ പുത്രനായ ജടായുസ്സ് ദശരഥന്റെ ഇഷ്ടനായ ഗൃദ്ധ്റ രാജാവാണ്. മഹാവീരനാണ്. അവന്റെ അഗ്രജനാണ് സമ്പാതി. സ്നേഹബന്ധം വഴിക്ക് തന്റെ സ്നുഷയായ സീതയെ രാവണന്‍ മടിയില്‍ വെച്ച് പറന്നു പോകുന്നതും, അവള്‍ "രാമ! രാമ!", എന്ന്ഉ റക്കെ വിളിച്ചു കരയുന്നതും മഹാവീരനായ ജടായുസ്സ് കണ്ടു. അവന്‍ ക്രോധത്തോടെ പറന്ന് രാവണന്റെ നേരെ അടുത്ത് പറഞ്ഞു: "എടാ, രാക്ഷസാ! വിടൂ! സീതയെ വിടൂ! ഞാന്‍ ജീവിച്ചിരിക്കെ നിശാചരാ, നിനക്ക് അവളെ കൊണ്ടു പോകാന്‍ കഴിയുകയില്ല. സീതയെ വിടുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ജീവനോടെ വിടുകയില്ല. വധുവെ വിടുക!", എന്നു പറഞ്ഞ്. അവന്‍ അവന്റെ നഖം കൊണ്ടു രാക്ഷസേശ്വരനെ മാന്തി. ഭയങ്കരമായി ആക്രമിച്ചു. കൊക്കു കൊണ്ട് കൊത്തുകയും, ചിറകു കൊണ്ട് എല്ലു തകരുമാറു തല്ലുകയും ചെയ്തു. ചോലയൊഴുകുന്ന മാമല പോലെയായി രാവണന്റെ ദേഹം. രാമന് പ്രിയം ചെയ്യുന്ന ഗൃദ്ധ്റത്തിന്റെ ഹിംസയേറ്റ താവണന്‍ വാള്‍ വലിച്ചെടുത്ത് പക്ഷിയുടെ ചിറകു രണ്ടും അറുത്തു. ഭിന്നമായ ശൃംഗം പോലുള്ള ആ ഗൃദ്ധ്റേശ്വരനെ വധിച്ച് അങ്കത്തില്‍ സീതയെ എടുത്ത് ആ രാക്ഷസന്‍ ഉയര്‍ന്നു. ഏതേതു ദിക്കുകളില്‍ ആശ്രമമോ പൊയ്കയോ പുഴയോ കണ്ടുവോ, ആ ദിക്കുകളിൽ ഓരോന്നിലും അവള്‍ അവളുടെ ഭൂഷണങ്ങള്‍ ഓരോന്നായി കീഴോട്ടിട്ടു. ഒരു പര്‍വ്വത ശിഖരത്തില്‍ അഞ്ചു വാനരന്മാര്‍ സ്ഥിതി ചെയ്യുന്നതു കണ്ട ജാനകി തന്റെ ദിവ്യമായ മഹാവസ്ത്രത്തെ അവരുടെ ഇടയിലേക്ക് ഇട്ടു കൊടുത്തു. ആ മഞ്ഞപ്പട്ടു പറന്നു ചെന്ന് മേഘങ്ങള്‍ക്ക് ഇടയില്‍ മിന്നല്‍പ്പിണര്‍ പോലെ ആ അഞ്ചു വാനരങ്ങളുടെ നടുവില്‍ ചെന്നു വീണു.
രാവണന്‍ ഖേചരനായ ഒരു ഗന്ധര്‍വ്വനെ പോലെ അതിവേഗത്തില്‍ ആകാശ മാര്‍ഗ്ഗം കടന്നു പറന്നു പോയി. പിന്നെ താമസിയാതെ നാനാദ്വാരങ്ങളോടു കൂടിയ ഭംഗിയാര്‍ന്ന മഹാനഗരം കാണപ്പെട്ടു; മതിലുകളും ഗോപുര വാതിലുകളും ചേര്‍ന്നു വിശ്വകര്‍മ്മാവു നിര്‍മ്മിച്ച ലങ്കാപുരത്തിലേക്ക് സീതയോടു കൂടി ആ രാക്ഷസ രാജാവ് ചെന്നു കയറി.
സീതാപഹരണത്തിന് ശേഷം പൊന്മാനെ കൊന്ന് രാഘവന്‍ മടങ്ങി വരുമ്പോള്‍ ലക്ഷ്മണനുണ്ടു വരുന്നു! രാക്ഷസന്മാ ര്‍നിറഞ്ഞ കാട്ടില്‍ നീ സീതയെ ഒറ്റയ്ക്കാക്കി പോന്നതു നന്നായോ? എന്തിനാണു പോന്നത്? എന്നു രാമന്‍ ലക്ഷ്മണനെ വിഗര്‍ഹിച്ചു. മാനായി രാക്ഷസന്‍ വന്നതും, അവന്‍ തന്നെ അകറ്റിക്കൊണ്ടു പോന്നതും, ആ നിലയില്‍ കാര്യം വന്നു ചേര്‍ന്നതിന്ന് ഇടയില്‍ ലക്ഷ്മണന്‍ ഇങ്ങോട്ടു പോന്നതും ചിന്തിച്ച് രാമന്‍ വല്ലാതെ ദുഃഖിച്ചു. "ലക്ഷ്മണാ! സീത ഇപ്പോള്‍ ജീവിക്കുന്നുണ്ടോ? അവളെ ഇനി കണ്ടു കിട്ടുമോ?", എന്നു രാമന്‍ ദുഃഖാക്രാന്തനായി ചോദിച്ചപ്പോള്‍ സീത തന്നോടു പറഞ്ഞതും, താന്‍ സീതയെ സമാശ്വസിപ്പിച്ചതും ഒടുവില്‍ അവള്‍ പറഞ്ഞ ആ ചേരാത്ത കടുത്ത വാക്കുകളും സീത പറഞ്ഞ വിധം തന്നെ രാമനോടു പറഞ്ഞു കേള്‍പ്പിച്ചു. എരിയുന്ന മനസ്സോടു കൂടി രാമന്‍ ആശ്രമത്തിലെത്തി. അപ്പോള്‍ രാവണനാല്‍ ചിറകു ഛേദിക്കപ്പെട്ട് ചാവാറായ ജടായുവിനെ കണ്ടു. അവന്‍ ചോരയൊലിക്കുന്ന ഒരു കുന്നു പോലെ ഇരിക്കുന്നു! അവന്‍ രാക്ഷസനാണെന്നു വിചാരിച്ച് രാമന്‍ ഊക്കോടെ വില്ലുവലിച്ച് ലക്ഷ്മണനോടു കൂടെ അവന്റെ നേരെ പാഞ്ഞു ചെന്നു. അവര്‍ വരുന്നതു കണ്ട് തേജസ്വിയായ അവന്‍, "ഹേ, രാമലക്ഷ്മണന്മാരേ! നിങ്ങള്‍ക്കു ശുഭം ഭവിക്കട്ടെ!", എന്ന് ആശംസിച്ചു. "ഞാന്‍ ദശരഥ രാജാവിന്റെ സുഹൃത്തായ ഗൃദ്ധ്റരാജാവാണ്", എന്നു പറഞ്ഞു.
തങ്ങളുടെ അച്ഛന്റെ പേര്‍ പറഞ്ഞ ഇവന്‍ ആരായിരിക്കും എന്ന് ശങ്കയോടെ വില്ലു പിന്‍വലിച്ച് അരികിലേക്കു ചെന്നു. രണ്ടു ചിറകുകളും. അറ്റു പോയ ഒരു പക്ഷിയാണ് എന്നു കണ്ടു. സീതയ്ക്കു വേണ്ടി രാവണനാല്‍ ഞാന്‍ ഹതനായി എന്നു പറയുവാന്‍ മാത്രമേ അവന് കഴിഞ്ഞുള്ളു. "രാവണന്‍ ഏതു ദിക്കിലേക്കാണു പോയത്?", രാമന്‍ ചോദിച്ചു. ജടായു തല ഒന്നിളക്കുക മാത്രം ചെയ്തു, അതോടു കൂടി ആ ഗൃദ്ധ്റരാജന്‍ മരിക്കുകയും ചെയ്തു. പക്ഷീന്ദ്രന്‍ കാണിച്ച ഭാവം കൊണ്ട് തെക്കോട്ടാണു പോയതെന്ന് രാമന്‍ ഗ്രഹിച്ചു.
അവര്‍ ആ പിതൃ സുഹൃത്തിനെ മാനിച്ച് പൂജിച്ചതിന് ശേഷം ദര്‍ഭപ്പുല്ലും ഉപകരണങ്ങളും ചിന്നിച്ചിതറി കിടക്കുന്ന ആശ്രമത്തില്‍ കടന്നുചെന്നു. കുടങ്ങള്‍ ഉടഞ്ഞും കുറുക്കന്മാര്‍ മുളഞ്ഞും ആ ആശ്രമം ശൂന്യമായി കിടക്കുന്നു. വൈദേഹീ വിയോഗത്തില്‍ ഭയങ്കരമായ ശോകത്താല്‍ ദുഃഖിതരായ അവര്‍ ദണ്ഡകാരണ്യത്തില്‍ നിന്നു തെക്കോട്ടു തെക്കോട്ടു നടന്നു പോയി.
ആ മഹാവനത്തില്‍ രാമലക്ഷ്മണന്മാര്‍ സഞ്ചരിക്കുമ്പോള്‍ ഒരിടത്തു മൃഗസമൂഹങ്ങള്‍ നാലു ദിക്കിലേക്കും ഓടുന്നതു കണ്ടു. കത്തിപ്പരന്ന കാട്ടുതീയില്‍ എന്ന പോലെ വനജീവികള്‍ ഘോരമായ ശബ്ദം പുറപ്പെടുവിക്കുന്നതു കേള്‍ക്കുകയും ചെയ്തു. ഉടനെ തന്നെ അവര്‍ ഒരു അപൂര്‍വ്വ സത്വത്തെ കണ്ടു. മാര്‍ത്തട്ടില്‍ വട്ടമിഴികളും വലിയ വയറിന്മേല്‍ ഭയങ്കരമായി പിളര്‍ന്ന വായയും ചേര്‍ന്ന്, പര്‍വ്വത തുല്യനായി, സാലസ്കന്ധനായി, ദീര്‍ഘബാഹുവായി, ഘോരരൂപനായ കബന്ധനെ അവര്‍ കണ്ടു. പെട്ടെന്ന് ആ രാക്ഷസന്‍ പാഞ്ഞു വന്നു ലക്ഷ്മണനെ പിടിച്ച് തന്റെ വായിലേക്കാക്കുവാന്‍ ശ്രമം ചെയ്തു തുടങ്ങി. ലക്ഷ്മണന്‍ ദുഃഖിതനായി രാമനെ നോക്കി വിഷണ്ണനായി പറഞ്ഞു.
ലക്ഷ്മണന്‍ പറഞ്ഞു: എന്റെ ദയനീയമായ സ്ഥിതി നോക്കൂ! സീതാപഹരണം, എന്റെ ഈ വിപത്ത്, അങ്ങയ്ക്കു രാജ്യഭ്രംശം, താതന് മരണം, കഷ്ടം! ഇനി അങ്ങയെ ഞാന്‍ കാണില്ല! സീതയോടു കൂടി ഭവാന്‍ ലോകത്തില്‍ പിത്യപൈതാമഹമായ രാജാസനത്തില്‍ അഭിഷിക്തനായി ഇരിക്കുന്ന ഭവാന്റെ പൂര്‍ണ്ണചന്ദ്രാനനം കാണുവാനുള്ള യോഗം എനിക്കില്ല!
ധീമാനായ ലക്ഷ്മണന്‍ ഇത്തരത്തില്‍ പലതും പറഞ്ഞു വിലപിക്കുമ്പോള്‍ കാകുല്‍സ്ഥന്‍ ധീരമായി പറഞ്ഞു.
രാമന്‍ പറഞ്ഞു; നരവ്യാഘ്രാ! ദുഃഖിക്കേണ്ട. ഞാന്‍ ജീവിക്കുമ്പോള്‍ ഇവന്‍ ബാക്കിയില്ല. ഈ ദുഷ്ടന്റെ വലം കൈ നീ വെട്ടൂ! ഇടംകൈ ഞാനിതാ വെട്ടിവീഴ്ത്തിക്കഴിഞ്ഞു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്നു പറഞ്ഞു രാമന്‍ മൂര്‍ച്ചയുള്ള വാള്‍ കൊണ്ട് അവന്റെ ഇടംകൈ എള്ളിന്‍തണ്ടു പോലെ വെട്ടിവീഴ്ത്തി. ഒപ്പം തന്നെ ലക്ഷ്മണന്‍ അവന്റെ വലംകയ്യും വെട്ടി. പിന്നെ ലക്ഷ്മണന്‍ രാമനെ നോക്കി കബന്ധന്റെ പള്ളയില്‍ ഊക്കോടെ വെട്ടി. ആ രാക്ഷസന്റെ ശരീരം പിളര്‍ന്നു. ആ കൂറ്റന്‍ സത്വം ഭൂമിയില്‍ ചത്തു വീണു.
ഉടനെ ഒരു അത്ഭുതമുണ്ടായി. അവന്റെ ശരീരത്തില്‍ നിന്നു ദിവ്യാകൃതിയിലുള്ള ഒരു പുരുഷന്‍ ആകാശത്തുയര്‍ന്നു. സൂര്യനെപ്പോലെ വാനില്‍ പ്രശോഭിക്കുന്ന അവനോട് രാമന്‍ ചോദിച്ചു: "ഭവാന്‍ ആരാണ്?".
ഉടനെ ആ ഗന്ധര്‍വ്വന്‍ പറഞ്ഞു; ഞാന്‍ വിശ്വാവസുവാണ്! രാജാവേ, വിപ്രശാപം നിമിത്തം ഞാന്‍ രാക്ഷസനായി ജനിക്കേണ്ടി വന്നു. ലങ്കാനിവാസിയായ രാവണനാണ് സീതയെ അപഹരിച്ചത്. ഭവാന്‍ ഉടനെ ഈ വഴിക്കു തന്നെ പോയി സുഗ്രീവനെ കാണുക. അവനുമായി ചേരുക. ആ വാനരേന്ദ്രന്‍ ഭവാനെ സഹായിക്കും.
ഹംസം, കാരണ്ഡവം മുതലായ ജലപക്ഷികളാല്‍ ആകുലമായി, ശുദ്ധജല സമ്പൂര്‍ണ്ണമായി ഋഷ്യമൂക പര്‍വ്വതത്തിന്റെ സമീപത്തുള്ള പമ്പാസരസ്സിന്റെ കരയില്‍ നാലു മന്ത്രിമാരോടു കൂടി സുഗ്രീവന്‍ വാഴുന്നുണ്ട്. സ്വര്‍ണ്ണമാലാ ഭൂഷിതനായ ബാലി എന്ന വാനരേന്ദ്രന്റെ സഹോദരനാണ് സുഗ്രീവന്‍. ആ വാനരേന്ദ്രനുമായി ചേര്‍ന്ന് നിങ്ങള്‍ നിങ്ങളുടെ ദുഃഖങ്ങള്‍ അറിയിക്കുക. നിങ്ങള്‍ സമാന ശീലന്മാരാണ്. അതു കൊണ്ട് അവന്‍ നിങ്ങളെ സഹായിക്കുന്നതാണ്. രാവണന്റെ ആലയം അവന്‍ അറിയാതിരിക്കില്ല. എനിക്ക് ഒരു കാര്യം കണിശമായും പറയുവാന്‍ കഴിയും. ഭവാന്‍ ജാനകിയെ കാണും തീര്‍ച്ചയാണ്. എന്നു പറഞ്ഞ്. ആ കാന്തിമാന്‍ ആകാശത്തില്‍ മറഞ്ഞു. ആ വീരന്മാരായ രാമലക്ഷ്മണന്മാര്‍ അത്ഭുതപ്പെട്ടു പോയി.
280. ത്രിജട സീതയെ സാന്ത്വനം ചെയുന്നു - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അവര്‍ അവിടെ നിന്നു പുറപ്പെട്ടു. സീതാപഹരണ ദുഃഖത്താല്‍ ആര്‍ത്തരായ രാമലക്ഷ്മണന്മാര്‍ പത്മങ്ങളും ഉല്പലങ്ങളും ചേര്‍ന്നു വിളങ്ങുന്ന പമ്പാ സരസ്സു കണ്ടു. രാമന്‍ സരസ്സിനെ സമീപിച്ചു. പീയുഷം പോലെ കുളുര്‍മ്മയും സൗരഭ്യവും നല്‍കുന്ന കാറ്റ് അവിടെ വീശിക്കൊണ്ടിരുന്നു. ആ കാറ്റ് ഏറ്റപ്പോള്‍ രാഘവന്‍ മനസ്സു കൊണ്ടു തന്റെ കാന്തയെ പ്രാപിച്ചു. മന്ദമാരുതന്‍ രാമനെ തഴുകിയപ്പോള്‍ കാന്താവിരഹാ ദുഃഖം ഉല്കടമായി ഉദ്ദീപിച്ചു. രാമന്‍ കാമബാണന്റെ ശരങ്ങളാല്‍ പീഡിതനായി വിലപിച്ചു. ഈ ഭാവഭേദം കണ്ടപ്പോള്‍ സൗമിത്രി പറഞ്ഞു.
ലക്ഷ്മണന്‍ പറഞ്ഞു; ജ്യേഷ്ഠാ! എന്താണു ഭവാന്‍ ധൈര്യം വിടുന്നത്? ഇതൊരിക്കലും ഭവാനു ചേര്‍ന്നതല്ല. ശരിയായി ജീവിക്കുന്ന വൃദ്ധനായ നരനെ വ്യാധിയെന്ന പോലെ ഭവാനെ ദുഃഖം ബാധിക്കരുത്. വൈദേഹിയുടെയും രാവണന്റെയും വൃത്താന്തം നാം ഇപ്പോള്‍ ധരിച്ചു കഴിഞ്ഞു. ഇനി ബുദ്ധി കൊണ്ടും പൗരുഷം കൊണ്ടും ജാനകിയെ വീണ്ടെടുക്കുവാനാണ് ഭവാന്‍ നോക്കേണ്ടത്. പര്‍വ്വതത്തില്‍ പാര്‍ക്കുന്ന ആ വാനരേന്ദ്രനായ സുഗ്രീവനെ നാം പോയി കാണുക. ഭവാന്റെ ശിഷ്യനായും ഭൃത്യനായും സഹായവാനായും ഞാന്‍ നിൽക്കുമ്പോള്‍ ഭവാന് ആശ്വസിക്കാമല്ലോ.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഇങ്ങനെ ലക്ഷ്മണന്‍ പലമട്ട് സാന്ത്വനം ചെയ്തപ്പോള്‍ സ്വസ്ഥത പ്രാപിച്ച് രാമന്‍ മേലാല്‍ വേണ്ട കാരൃത്തെ പറ്റി ചിന്തിച്ചു.
പമ്പാ ജലത്തില്‍ ഇറങ്ങി കുളിച്ചു പിതൃതര്‍പ്പണം ചെയ്ത് വീരന്മാരായ ആ സഹോദരന്മാര്‍ നടന്നു. ഫലമൂല വൃക്ഷനിബിഡമായ ഋഷ്യമൂക പര്‍വ്വതത്തില്‍ അവര്‍ എത്തിയപ്പോള്‍ അതിന്റെ ഉപരിഭാഗത്ത് വീരന്മാരായ അഞ്ചു വാനരന്മാര്‍ ഇരിക്കുന്നതായി കണ്ടു. ആഗതന്മാരായ ആ രണ്ടു പേരെയും കൂട്ടിക്കൊണ്ടു വരുവാനായി ഹിമാലയ മഹാകായനും ബുദ്ധിമാനും വാനര ശ്രേഷ്ഠനുമായ ഹനുമാന്‍ എന്ന സചിവനെ സുഗ്രീവന്‍ അയച്ചു. ആ ഭ്രാതാക്കന്മാരും ഹനുമാനും തമ്മില്‍ കുറച്ചു സംഭാഷണങ്ങള്‍ നടത്തിയതിന് ശേഷം അവര്‍ സുഗ്രീവന്റെ അരികെ ചെല്ലുകയും രാമസുഗ്രീവന്മാര്‍ തമ്മില്‍ സഖ്യമുണ്ടാക്കുകയും ചെയ്തു. രാവണന്‍ അപഹരിച്ചു കൊണ്ടു പോകുമ്പോള്‍ സീത അഞ്ചു വാനരന്മാര്‍ക്കിടയില്‍ ഇട്ടുകൊടുത്ത ദിവ്യവസ്ത്രം എടുത്തു സുഗ്രീവന്‍ അതു തനിക്കു കിട്ടിയത് എങ്ങനെ ആണെന്നു പറഞ്ഞു കൊണ്ട് രാമന്റെ കയ്യില്‍ കൊടുത്തു. സുഗ്രീവന്‍ സീതയുടെ ഗതി അറിഞ്ഞിട്ടുണ്ട് എന്നതിനു മതിയായ തെളിവു നലകുന്ന ആ വസ്ത്രം കണ്ട് ഉടനെ ആ വാനരശ്രേഷ്ഠനായ സുഗ്രീവനെ ഭൂമിയിലെ വാനരന്മാര്‍ക്കെല്ലാം രാജാവായി രാമന്‍ അഭിഷേകം ചെയ്തു. യുദ്ധത്തില്‍ ബാലിയെ കൊല്ലാമെന്നു രാമനും, വൈദേഹിയെ വീണ്ടെടുക്കാമെന്നു സുഗ്രീവനും പരസ്പരം വിശ്വസിച്ചു പ്രതിജ്ഞ ചെയ്തു. പിന്നെ അവരെല്ലാവരും യുദ്ധകാംക്ഷികളായി കിഷ്കിന്ധയിലേക്കു പോയി. അവിടെ ചെന്ന് സുഗ്രീവന്‍ ജലപാത സ്വരം പോലെ ഘോരമായി ഗര്‍ജ്ജിച്ചു. ബാലിക്ക് അതു സഹിച്ചില്ല. ബാലി ഉടനെ സുഗ്രീവനെ പ്രഹരിക്കുവാന്‍ എഴുന്നേറ്റു. അതു ചെയ്യരുതെന്നു താര തടുഞ്ഞു.
താര പറഞ്ഞു: നാഥാ, സുഗ്രീവന്റെ അലര്‍ച്ച കേള്‍ക്കുമ്പോള്‍ അവന്‍ ഇപ്പോള്‍ പരസഹായത്താല്‍ ബലവാനായി തീര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. പിന്നില്‍ ശക്തനായ ഒരുത്തൻ ഉണ്ടായിരിക്കും. അതു കൊണ്ട് ഇപ്പോള്‍ അങ്ങു തീര്‍ച്ചയായും പോകരുത്!
അപ്പോള്‍ ജീവിതേശ്വരനായ ബാലി താരാനാഥ മുഖിയായ താരയോടു ചോദിച്ചു.
ബാലി പറഞ്ഞു: താരേ, നീ സര്‍വ്വ ഭൂതങ്ങളുടെയും ശബ്ദം കേട്ടു നിമിത്തം കൊണ്ടു കാര്യങ്ങള്‍ ഗ്രഹിക്കുന്നവൾ ആണല്ലോ. എന്റെ ഭ്രാതാവ് ആരുടെ സഹായത്തോടെ ആണു വന്നിരിക്കുന്നത് എന്നു പറയുക.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: താരേശ പ്രഭയായ താര അല്പ സമയം ചിന്തിച്ചതിന് ശേഷം സത്യം ഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു.
താര പറഞ്ഞു: കപീശ്വരാ! ഞാന്‍ പറയാം. ദാശരഥിയായ രാമന്‍, ഭാര്യ അപഹരിക്കപ്പെടുകയാല്‍ സുഗ്രീവനോട് കുടിച്ചേര്‍ന്നു സഖ്യം ചെയ്തിരിക്കുന്നു. അവരുടെ രണ്ടു പേരുടെയും ശത്രുമിത്രങ്ങള്‍ രണ്ടു പേര്‍ക്കും തുല്യരായിരിക്കുന്നു. അവന്റെ അനുജനായ ലക്ഷ്മണന്‍ അപരാജിതനാണ്; മേധാവിയാണ്. അവന്‍ കാര്യം നടത്തുവാന്‍ തയ്യാറായി നിലക്കുന്നു. മൈന്ദന്‍, ദ്വിവിദന്‍, ഹനുമാന്‍, ജാംബവാന്‍ എന്ന ഋക്ഷരാജാവ് ഇവരെല്ലാം, സുഗ്രീവന് മന്ത്രിമാരായി കൂടെയുണ്ട്. ഇവരൊക്കെ മഹാത്മാക്കളും ബുദ്ധിമാന്മാരും മഹാബലന്മാരുമാണ്. രാമനെ ആശ്രയിച്ച് അവരൊക്കെ മഹാബലന്മാർ ആയിരിക്കുന്നു. അതു കൊണ്ട് ഭവാന്‍ ഒറ്റയ്ക്ക് സുഗ്രീവനോട് എതിര്‍ത്തു നശിക്കാന്‍ പോകരുത്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: താര, ഹിതമായ കാര്യം പറഞ്ഞപ്പോള്‍, ബാലി അതു തള്ളിക്കളഞ്ഞു. സ്ത്രീഹൃദയം ആര്‍ക്കറിയുവാന്‍ കഴിയും ? ഇവള്‍ക്കു സുഗ്രീവനിലാണ് പ്രേമം എന്നു കരുതി ഈര്‍ഷ്യയോടെ പരുഷ വാക്കുകള്‍ താരയോടു പറഞ്ഞ്, ഗുഹ വിട്ടു പുറത്തേക്കു കടന്ന് സുഗ്രീവന്റെ അടുത്തു ചെന്നു. മാല്യവാന്‍ എന്ന മലയുടെ പാര്‍ശ്വത്തില്‍ പോരിന് വിളിച്ചു നിൽക്കുന്ന സുഗ്രീവന്റെ നേരെ ചെന്ന് ഇപ്രകാരം പറഞ്ഞു.
ബാലി പറഞ്ഞു; എടാ, നീ ഇതിന് മുമ്പ് പല പ്രാവശ്യം എന്നോടെതിര്‍ത്ത് ജീവനും കൊണ്ടു തോറ്റോടി പോയ വനല്ലേ? നീ എന്റെ ജഞാതിയല്ലേ എന്നു വിചാരിച്ചു ഞാന്‍ അന്നൊക്കെ നിന്നെ വിട്ടയച്ചു. ഇപ്പോള്‍ തന്നത്താനെ ചാകാന്‍ ബദ്ധപ്പെട്ടാണോ വന്നത്?
ഇതു കേട്ടു സുഗ്രീവന്‍ ജ്യേഷ്ഠനോടു യുക്തിയുക്തമായിപറഞ്ഞു.
സുഗ്രീവന്‍ പറഞ്ഞു: രാജാവേ, നീ എന്റെ രാജ്യം അപഹരിച്ചു. ഭാര്യയേയും അപഹരിച്ചു. ഇനി എന്റെ ജീവനെക്കൊണ്ട് എന്തു വിലയാണുള്ളത് എന്നു വിചാരിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം അവര്‍ തമ്മില്‍ പറഞ്ഞു തമ്മിൽ എതിര്‍ത്തു. ആ ബാലി സുഗ്രീവന്മാര്‍ കല്ലുകളും സാലം താലം മുതലായ വൃക്ഷങ്ങളും പറിച്ചെടുത്ത് പരസ്പരംഅടിച്ചും ഇടിച്ചും യുദ്ധം ചെയ്തു. രണ്ടു പേരും മറിഞ്ഞു വീണു. ഉടനെ ചാടിയെഴുന്നേറ്റു രണ്ടുപേരും മുഷ്ടി കൊണ്ടു പരസ്പരം ഇടിച്ചു. നഖം കൊണ്ടു മാന്തിയും പല്ലു കൊണ്ടു കടിച്ചും അവരുടെ ദേഹം മുറിഞ്ഞ് രക്തം പ്രവഹിച്ചു. ആ രണ്ടു വീരന്മാരും രക്തം ചീന്തി പൂത്ത മുരുക്കു പോലെ ശോഭിച്ചു. അങ്ങനെ പൊരുതുമ്പോള്‍ അവര്‍ക്കു തമ്മില്‍ രൂപവ്യത്യാസം കാണാത്തത് കൊണ്ട് ഹനുമാന്‍ ഒരു മാല സുഗ്രീവന്റെ കഴുത്തില്‍ അണിയിച്ചു. ആ വീരന്‍ ആ മാലയണിഞ്ഞ് വിശേഷാല്‍ ശോഭിച്ചു; കാര്‍മേഘമാല അണിഞ്ഞ മലയ പര്‍വ്വതത്തിന്റെ കാന്തി വഹിച്ചു.
സുഗ്രീവനെ ഇപ്പോള്‍ രാമന് തിരിച്ചറിയുവാന്‍ സാധിച്ചു.
ഉടനെ രാഘവന്‍ തന്റെ വില്ലിനെ ബാലിയെ ലക്ഷ്യം വെച്ചു വലിച്ചു. യന്ത്രനാദം പോലെ അവന്റെ ചെറുഞാണൊലി പൊങ്ങി. മാറില്‍ അമ്പുചെന്നു കൊണ്ടപ്പോള്‍ ബാലി നടുങ്ങി പോയി. ഹൃദയം പിളര്‍ന്ന ബാലി ചോര ഛര്‍ദ്ദിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ലക്ഷ്മണനോടു കൂടി രാമന്‍ നിൽക്കുന്നതായി കണ്ടു. കാകുല്‍സ്ഥനെ ഗര്‍ഹണം ചെയ്തു ബാലി മറിഞ്ഞു വീണു. താരേശ്വരനെ പോലെ ഓജസ്സാര്‍ന്ന അവനെ ഭൂമിയില്‍ താര കണ്ടു. :
ഇങ്ങനെ ബാലി മരിച്ചപ്പോള്‍ താരാപതിയായ സുഗ്രീവന്‍ കിഷ്കിന്ധയേയും, താരേശ മുഖിയായ താരയേയും നേടി. നാലുമാസം മാല്യവാന്‍ മലയുടെ മുകളില്‍ സുഗ്രീവന്റെ സേവനമേറ്റ് രാമലക്ഷ്മണന്മാര്‍ പാര്‍ത്തു.
കാമവിക്ഷുബ്ധനായ രാവണന്‍ ലങ്കാപുരിയില്‍ ചെന്ന്, അശോകവനത്തിന് അരികെ താപസാശ്രമം പോലെ ശോഭിക്കുന്ന നന്ദനതുല്യമായ വനത്തില്‍ സീതയെ പാര്‍പ്പിച്ചു. ഭര്‍ത്തൃചിന്തയാല്‍ മെലിഞ്ഞ്, താപസീവേഷം ധരിച്ച് ഉപവാസവും തപോവൃത്തിയുമായി തപോനിഷ്ഠയോടെ ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ചു ദുഃഖമയമായ ആ ഭവനത്തില്‍ ദിവസങ്ങള്‍ കഴിച്ചു. അവളുടെ രക്ഷയ്ക്കായി രാവണന്‍ രാക്ഷസിമാരെ നിശ്ചയിച്ചു. കുന്തം, വാള്‍, ശൂലം, വെണ്മഴു, കത്തി, കൊള്ളി എന്നീ ആയുധങ്ങളോടു കൂടിയാണ് രാക്ഷസ സ്ത്രീകള്‍ സീതയെ കാത്തു രക്ഷിച്ചു കൊണ്ടിരുന്നത്. ഇരുകണ്ണി, മുക്കണ്ണി, നെറ്റിക്കണ്ണി, നാവില്ലാത്തവള്‍, നാവു നീണ്ടവള്‍, ഒറ്റക്കാലി, മൂന്നു മുലച്ചി, ഏകാക്ഷി, ത്രിജട എന്നിവരും വേറെ പലരും എരികണ്ണുള്ളവരും, എട്ടടിമാന്‍ കേശികളും ഇങ്ങനെ പല രാക്ഷസികളും സീതയ്ക്കു ചുറ്റുമായി വളരെപ്പേര്‍ രാപ്പകല്‍ കൂടി. ആയത ലോചനയായ അവളെ രൗദ്രകളും ഭയങ്കരികളുമായ പിശാചികള്‍ പരുഷ സ്വരത്തില്‍ ഓരോന്നു പറഞ്ഞു ഭയപ്പെടുത്തി. "ഇവളെ നമ്മള്‍ തിന്നുക! ഇവളെ നമ്മള്‍ കൊല്ലുക! ഇവളെ നമ്മള്‍ ചീന്തിയിടുക! ഇവളെ എള്ളുപോലെ ശകലം ശകലമാക്കി കൊത്തി നുറുക്കുക! നമ്മുടെ സ്വാമിയെ ധിക്കരിക്കുന്ന ഇവളെ, നിന്ദിക്കുന്ന ഇവളെ, നാം കൊന്നു കളയുക!". ഇപ്രകാരം അധിക്ഷേപിച്ചു വീണ്ടും വീണ്ടും പേടിപ്പെടുത്തുന്ന സമയത്ത് ഭര്‍ത്തൃ ശോകാര്‍ത്തയായ സീത നെടുവീർപ്പിട്ട് അവരോട് ഇപ്രകാരം പറഞ്ഞു.
സീത പറഞ്ഞു: ഹേ, ആര്യമാരേ! നിങ്ങള്‍ വേഗത്തില്‍ എന്നെ തിന്നുവിന്‍. എനിക്കു ജീവിക്കുവാന്‍ ആശയില്ല. ഇരുണ്ടുചുരുണ്ട മുടിയോടു കൂടിയ ആ പുണ്ഡരീ കാക്ഷനെ കൂടാതെയുള്ള ജീവിതം എനിക്ക് എന്തിനാണ്? അല്ലെങ്കില്‍ ജീവിതാശ വെടിഞ്ഞു നിരാഹാരയായി, ദേഹത്തെ ശോഷിപ്പിച്ച്, പനയിന്മേല്‍ കുടുങ്ങിയ സര്‍പ്പത്തെ പോലെ ഞാന്‍ മരിക്കും! ഞാന്‍ രാഘവനെ അല്ലാതെ മറ്റൊരു പുരുഷനെ ഒരിക്കലും കാമിക്കുകയില്ല. ഇതു സത്യമാണെന്നു നിങ്ങള്‍ അറിഞ്ഞു കൊള്ളുക. ഇനി നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: സീതയുടെ ഈ പ്രതിജ്ഞ കേട്ടപ്പോള്‍ ഘോരസ്വരകളായ രാക്ഷസിമാര്‍ വിവരം രാവണ മഹാരാജാവിനെ ഗ്രഹിപ്പിക്കുവാന്‍ പോയി. ആ രാക്ഷസീ സംഘം ഒഴിഞ്ഞപ്പോള്‍ ധര്‍മ്മജ്ഞയും, പ്രിയവാദിനിയുമായ ത്രിജട എന്ന രാക്ഷസി വൈദേഹിയെ നല്ല വാക്കുകള്‍ കൊണ്ടു സാന്ത്വനം ചെയ്തു.
ത്രിജട പറഞ്ഞു: സീതേ, നീ എന്നെ അല്പമൊന്നു വിശ്വസിക്കൂ! ഞാന്‍ പറയുന്നതു കേള്‍ക്കുക! ഭവതിയെ ഞാന്‍ സഖിയെപ്പോലെ ആണു കരുതുന്നത്. ഭവതി ഒന്നു കൊണ്ടും ഭയപ്പെടേണ്ട. രാമന്റെ ഹിതം എല്ലായ്‌പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്ന വൃദ്ധനും ബുദ്ധിമാനും രാക്ഷസ പുംഗവനുമായ അവിന്ധ്യന്‍ ഭവതിയുടെ എല്ലാ കാര്യവും എന്നോടു പറഞ്ഞിട്ടുണ്ട്. ഭവതിയെ സമാശ്വസിപ്പിച്ച്, പ്രസാദിപ്പിച്ചു പറയുവാന്‍ അവിന്ധ്യന്‍ എന്നെ ഏല്‍പിച്ച വൃത്താന്തം ഞാന്‍ പറയാം; ഭവതികേള്‍ക്കുക: ഭവതിയുടെ ഭര്‍ത്താവ് ലക്ഷ്മണനോടു കൂടെ കുശലിയായി വര്‍ത്തിക്കുന്നു. ശ്രീമാനായ ആ മഹാബലശാലി ഇന്ദ്രതുല്യം തേജോമയനായ സുഗ്രീവനുമായി സഖ്യം ചെയ്തു ഭവതിയെ വീണ്ടെടുക്കുവാന്‍ യത്നിച്ചു വരുന്നു. എടോ ഭീരു, ലോകം മുഴുവന്‍ നിന്ദിച്ചു വരുന്ന രാവണനെ നീ ഭയപ്പെടേണ്ട. നളകൂബരന്റെ ശാപം മൂലം രാവണന്‍ ഭയപ്പെടുന്നു. അതു കൊണ്ടാണ് അവന്‍ നിന്നെ ദ്രോഹിക്കാതെ സംരക്ഷിക്കുന്നത്. നളകൂബരന്റെ പ്രേമഭാജനവും ആ നിലയ്ക്ക് തന്റെ സ്നുഷയുമായ രംഭയെ ഈ പാപി ബലാല്‍സംഗത്തിന് ഒരുങ്ങുകയാല്‍, അപ്പോഴുണ്ടായ ശാപം മൂലം ഈ രാക്ഷസ രാജാവ്, തനിക്കു വശപ്പെടാത്ത അന്യസ്ത്രീകളെ ബലാല്‍ പ്രാപിക്കുന്നതിന് അശക്തൻ ആയിരിക്കുന്നു. അങ്ങനെ ജിതേന്ദ്രിയനാണ് ഇക്കാര്യത്തില്‍ അവന്‍. ഭവതിയുടെനാഥന്‍ സൗമിത്രിയോടു കൂടി സുഗ്രീവനാല്‍ രക്ഷിതനായി ഉടനെ ഇവിടെയെത്തും. ആ ധീരന്‍ ഭവതിയെ മോചിപ്പിച്ചു കൊണ്ടു പോകും. അനിഷ്ട ദര്‍ശനങ്ങളും മഹാഘോരങ്ങളായ സ്വപ്നങ്ങളും ഞാന്‍ കാണുകയുണ്ടായി. പൗലസ്ത്യ വംശത്തിന്റെ ഘാതകനായ ഈ ദുര്‍ബുദ്ധി നശിക്കാറായി എന്നാണ് ആ സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ഭയങ്കരനായ നിശാചരന്‍ ദുഷ്ടാത്മാവും ക്ഷുദ്ര കര്‍മ്മാവുമാണ്. സ്വഭാവത്താലും; ശീലദോഷത്താലും ഈ രാവണന്‍ എല്ലാവര്‍ക്കും ഭയവര്‍ദ്ധനനാണ്, കാലചോദിതനായ ഈ ദുരാത്മാവ് എല്ലാ ദേവന്മാരേയും കോപിപ്പിച്ചിരിക്കുന്നു.
ഈ പാപി നശിക്കാറായി എന്നു ഞാന്‍ സ്വപ്നത്തില്‍ കണ്ടു. രാവണന്‍ ശിരസ്സു മുണ്ഡനം ചെയ്ത് എണ്ണതേച്ച് ചളിയില്‍ മുഴുകി കഴുതകളെ പൂട്ടിയ തേരില്‍ കയറി ചാഞ്ചാടി നിൽക്കുന്നതും ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. കുംഭകര്‍ണ്ണന്‍ മുതലായവര്‍ തലമുടി അഴിച്ചിട്ട് നഗ്നന്മാരായി, ചുവന്ന പൂക്കള്‍ ചൂടി, ചുവന്ന കുറിയിട്ട് തെക്കോട്ടു പോകുന്നതും ഞാന്‍ കണ്ടു.
വെണ്‍കെറ്റക്കുട ചൂടി, വെണ്‍പൂക്കള്‍ ചൂടി; വെണ്‍തലപ്പാവ് ധരിച്ച്, വെണ്‍കുറികളിട്ട്, വെണ്മലയില്‍ വിഭീഷണന്‍ കയറി നിൽക്കുന്നു. ആ ധര്‍മ്മാത്മാവിനെ പോലെ തന്നെ വെണ്‍കുറികള്‍ ചാര്‍ത്തി, വെണ്‍പൂക്കള്‍ ചൂടി നാലു മന്ത്രിമാരും ആ വെണ്മലയില്‍ അവനെ ചുഴന്നു നിൽക്കുന്നു. വിഭീഷണനും ആ നാലു മന്ത്രിമാരും ഞങ്ങളെ മഹാഭയത്തില്‍ നിന്നു മോചിപ്പിക്കുന്നതും ഞാന്‍ കണ്ടിരിക്കുന്നു. രാമന്റെ ശരങ്ങള്‍ കടല്‍ ചുഴുന്ന ഭൂമി മുഴുവന്‍ വ്യാപിച്ചിരിക്കുന്നതും ഭവതിയുടെ നാഥന്‍ യശസ്സിനാല്‍ ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്നതും ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു.
അസ്ഥികൂടത്തിന്മേല്‍ കയറി നിന്നു മധുപായസം ഭുജിച്ച്, ദിക്കു മുഴുവന്‍ ദഹിപ്പിക്കുമാറു ചുറ്റും നോക്കി നിൽക്കുന്ന നിലയിലാണ് ഞാന്‍ ലക്ഷ്മണനെ ദര്‍ശിച്ചത്. ദേഹം മുഴുവന്‍ ചോരയണിഞ്ഞ്, കരഞ്ഞ്, പുലികളുടെ അകമ്പടിയോടു കൂടി ഭവതി വടക്കോട്ടു പോകുന്നത് പലപ്രാവശ്യവും ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. സീതേ, നീ ഭർത്താവിനോടു ചേര്‍ന്ന് സഹര്‍ഷം ശോഭിക്കും. സഹോദരനോടു കൂടിയ രാഘവനോട് താമസിക്കാതെ ഭവതി ചേരും.
ഇപ്രകാരം ത്രിജട പറഞ്ഞത് കേട്ട് ബാലയായ ആ നീലലോചന നിരാശ വെടിഞ്ഞു. അവളുടെ ഉള്ളിലെ ഇരുട്ടില്‍ നേരിയ ഒരു വെളിച്ചം പരന്നു. അവള്‍ ഭര്‍ത്താവിനെ കാണുവാനുള്ള ആശയോടെ ഇരുന്നു.
ഉടനെ രൗദ്രരൂപിണികളും ഭീഷണാകാരകളുമായ പിശാചികള്‍ വീണ്ടും വന്നു. അവര്‍ ത്രിജടയോടു കൂടി മുമ്പത്തെ മട്ടില്‍ തന്നെ ഇരിക്കുന്ന സീതയെ ദര്‍ശിച്ചു.
281. സീതാ രാവണ സംവാദം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഭര്‍ത്തൃ ശോകാര്‍ത്തയായ ആ സാധ്വീ രത്നം മുഷിഞ്ഞ വസ്ത്രത്തോടും മംഗല്യസൂത്രം മാത്രമായ ആഭരണത്തോടും കൂടി മ്ലാനവദനയായി കരഞ്ഞു കൊണ്ട് രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് പാറയിന്മേല്‍ ഇരിക്കുമ്പോള്‍ അവളെ കണ്ട് കാമാര്‍ത്തിയോടെ രാവണന്‍ മെല്ലെ സമീപത്തെത്തി. ദേവന്മാരാലും ദാനവന്മാരാലും ഗന്ധര്‍വ്വന്മാരാലും യക്ഷ കിന്നരന്മാരാലും ജയിക്കുവാന്‍ കഴിയാത്തവനായ രാവണന്‍ കാമതപ്തനായി അശോക വനത്തിലേക്കു വന്നു. ശ്രീമാനായി, ദിവ്യ വസ്ത്രങ്ങള്‍ ചാര്‍ത്തി, മണികുണ്ഡല മണ്ഡിതനായി മൂര്‍ത്തിമത്തായ വസന്തം പോലെ, പൂക്കള്‍ ചൂടി ഭൂഷിതൻ ആണെങ്കിലും, കല്പവൃക്ഷം പോലെയല്ല, ശ്മശാന ചൈത്യവൃക്ഷം എന്ന പോലെ, അലങ്കരിച്ചാലും ഭയങ്കരനായി ആ നിശാചരന്‍ സുന്ദരിയായ സീതയുടെ മുമ്പില്‍ വന്നു നിന്നു. കാമബാണ ശരാര്‍ദ്ദിതനായ അവന്‍ തനുമദ്ധ്യയായ സീതയെ, രോഹിണിയെ ശനി എന്ന പോലെ, നോക്കി നിന്നു.
പിന്നെ അവന്‍ ശനിയുടെ മുമ്പില്‍ പേടിച്ചു വിറയ്ക്കുന്ന രോഹിണിയെ പോലെ നിൽക്കുന്ന ആ അബലയായ സുശ്രോണിയെ വിളിച്ച് ഇപ്രകാരം പറഞ്ഞു: "എടോ സീത്തേ! നീ നിന്റെ ഭര്‍ത്താവിന് വേണ്ടി ചെയ്ത അനുഗ്രഹം ഇത്രയ്ക്കു മതി. ഇനിയെങ്കിലും മതിയാക്കുക. അല്ലയോ തന്വഅംഗീ , ഇനി നീ എന്നില്‍ പ്രസാദിച്ചാലും! ഇനി നീ നിന്റെ ദേഹത്തിന് ഒന്നു മോടി കൂട്ടുക. നല്ലവിധം ഒന്ന് അലങ്കരിക്കുക. വിലയേറിയ വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് എടോ സുന്ദരീ, നീ എന്നില്‍ ചേരുക. എന്റെ എല്ലാ നാരിമാരിലും വെച്ചു വരവര്‍ണ്ണിനിയായ ഭവതി ഉത്തമയായി ശോഭിക്കട്ടെ! എനിക്ക് സുരസ്ത്രീകളും ഗന്ധര്‍വ്വ സ്ത്രീകളും ദാനവ സ്ത്രീകളും ദൈത്യാംഗനകളും ഉണ്ട്. അതിനും പുറമേ പതിനാലു കോടി പിശാചുക്കള്‍ എന്റെ ചൊല്പടിക്കു നിൽക്കുന്നുണ്ട്. മനുഷ്യ ഭുക്കുകളായ ഇരുപത്തെട്ടു കോടി ഉഗ്രരാക്ഷസന്മാരും എഴുപത്തിനാലു കോടി യക്ഷന്മാതും എന്റെ ചൊല്പടിക്കു നിൽക്കുന്നുണ്ട്. അതില്‍ ചുരുക്കം ചിലര്‍ മാത്രമാണ് എന്റെ ജ്യേഷ്ഠനായ വൈശ്രവണന്റെ കീഴില്‍ നിൽക്കുന്നത്. ഭദ്രേ ഞാന്‍ പറയുന്നതു കേള്‍ക്കൂ ഗന്ധര്‍വ്വാപ്സര സ്ത്രീകള്‍ ഞാന്‍ മദ്യപാന കൂത്തുകള്‍ക്ക് ഒരുങ്ങുമ്പോള്‍ എന്നെ ഹേ, വാമോരൂ! , എന്റെ ജ്യേഷ്ഠനെ എന്ന പോലെ തന്നെ സേവിക്കുന്നു. ഞാനും വിപ്രര്‍ഷിയായ സാക്ഷാല്‍ വിശ്രവസ്സിന്റെ പുത്രനാണെന്നു ഭവതി അറിയണം. ലോകപാലകരില്‍ അഞ്ചാമന്‍ ഞാനാണ് എന്നു പ്രസിദ്ധമായിരിക്കുന്നു. ഹേ, ഭാമിനീ! പലതരം ദിവ്യങ്ങളായ ഭക്ഷ്യഭോജ്യങ്ങളും പലമാതിരി ദിവ്യപാനങ്ങളും ദേവേന്ദ്രനുള്ള മാതിരി തന്നെ എനിക്കുമുണ്ട്. ഇങ്ങനെ സകല ഭാഗ്യങ്ങളും തികഞ്ഞ ഞാന്‍ ഇതാ, നിന്റെ മുമ്പില്‍ പ്രേമാഭ്യര്‍ത്ഥന ചെയ്തു കൊണ്ടു നിൽക്കുന്നു. സുന്ദരിയായ നീ എന്തിനു ഈ കാട്ടില്‍ വാണു കഷ്ടപ്പെടുന്നു? ഭവതിക്കുള്ള ആ ദുരിതം ഇന്നത്തോടെ അവസാനിക്കട്ടെ. മണ്ഡോദരിയെ പോലെ ഭവതിയും എന്റെ ഭാര്യയായി വാഴുക!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഇപ്രകാരം രാവണന്‍ പറഞ്ഞപ്പോള്‍ വൈദേഹി തന്റെ ശുശ്രമായ മുഖം തിരിച്ചു കളഞ്ഞു. എപ്പോഴും കണ്ണുകളില്‍ നിന്നു വാര്‍ന്നൊഴുകുന്ന അശുഭമായ കണ്ണുനീരു കൊണ്ട് തന്റെ വീഴാതെ നിൽക്കുന്ന മുലകളെ കുളുര്‍പ്പിച്ചു കൊണ്ട്, ഭര്‍ത്താവിനെ ദൈവതമായി കരുതി നാള്‍ കഴിക്കുന്ന ആ ബാല, തന്റെയും രാവണന്റെയും ഇടയ്ക്ക് ഒരു തൃണത്തെ നുള്ളി വെച്ചു കൊണ്ട് അതിനെ നോക്കി ആ ക്ഷുദ്രനായ രാക്ഷസനോട് പതിവ്രതയായ ജാനകി പറഞ്ഞു.
സീത പറഞ്ഞു: ഹേ, രാക്ഷസേശ്വരാ! ഭവാന്‍ ഇത്തരത്തില്‍ വിഷാദപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നത് ഭാഗ്യഹീനയായ ഞാന്‍ പല പ്രാവശ്യം കേട്ടുക ഴിഞ്ഞതാണ്. ഹേ, ഭദ്രമുഖാ! ഭവാനു മംഗളം ഭവിക്കുവാന്‍ ഈ അശുഭ വിചാര്‍ം മനസ്സില്‍ നിന്നു കളയുക. മറ്റൊരുത്തന്റെ ഭാര്യയാണ് ഞാന്‍. അന്യര്‍ക്കു കിട്ടുവാന്‍ കൊതിച്ചാലും ലഭ്യമാവുകയില്ല. എന്നും പാതിവ്രത്യ നിഷ്ഠയോടു കൂടിയ ഒരു പാവപ്പെട്ട മാനുഷിയാണ് ഞാന്‍. ഈ നിലയ്ക്കു ഞാന്‍ ഒരിക്കലും നിനക്കു ചേര്‍ന്ന ഭാര്യ ആവുകയില്ല. പാട്ടിലാവാത്തവളെ ആക്രമിച്ചു പ്രാപിച്ചാല്‍ അതില്‍ എത്രത്തോളം പ്രീതി ലഭിക്കും? ഇതൊക്കെ ചിന്തിച്ചു നോക്കാതെ പതിവ്രതയായ പരദാരങ്ങളെ അധീനമാക്കാന്‍ ശ്രമിക്കുന്നത് ശോഭനമല്ല. ബ്രഹ്മര്‍ഷി തുല്യനും പ്രജാപതിക്ക് ഒത്തവനും ബ്രഹ്മപുത്രനും ആണല്ലോ നിന്റെ പിതാവ്. ലോക പാലകന്മാരോടു തുല്യനായ ഭവാന്‍ എന്താണ് ധര്‍മ്മം സംരക്ഷിക്കാത്തത്? രാജരാജനായ മഹേശ്വരന്റെ സഖിയായ വൈശ്രവണന്‍ നിന്റെ ജ്യേഷ്ഠനാണെന്ന് പറയുമ്പോള്‍ നിനക്കു ലജ്ജ തോന്നുന്നില്ലേ?
എന്നു പറഞ്ഞ് കൃശാംഗിയായ സീത കൊങ്കകള്‍ ഉലയുമാറ് തേങ്ങി തേങ്ങി കരഞ്ഞു. കഴുത്തും മുഖവും വസ്ത്രം കൊണ്ടു മറച്ചു കരഞ്ഞു. കരഞ്ഞു കൊണ്ടിരിക്കുന്ന സീതയുടെ മിടഞ്ഞു നീണ്ട തലമുടി കറുത്തു മിനുത്ത പെണ്‍നാഗം പോലെ ശിരസ്സില്‍ കാണപ്പെട്ടു. സീത നിഷ്ഠുരയായി പറഞ്ഞ വാക്കു കേട്ടിട്ടും, താന്‍ നിരസിക്കപ്പെട്ടവൻ ആണ് എന്നറിഞ്ഞിട്ടും, ദുഷ്ടതയോടെ ഇപ്രകാരം പറഞ്ഞു.
രാവണന്‍ പറഞ്ഞു: എടോ. സീതേ, കാമന്‍ എന്റെ അംഗങ്ങളെ എല്ലായിടത്തും വേദനപ്പെടുത്തു ന്നുണ്ടെങ്കിലും, സുശ്രോണിയും സുഹാസിനിയുമായ ഭവതി എന്നെ കാമിക്കുന്നില്ലെങ്കില്‍ ഞാന്‍ ഭവതിയെ സ്പര്‍ശിക്കുകയില്ല. ഞങ്ങളുടെ ആഹാര വസ്തുവാണ് മനുഷ്യന്‍. അങ്ങനെയുള്ള രാമനില്‍ തന്നെയാണ് നിന്റെ മനസ്സ് ഇപ്പോഴും എന്നു വന്നാല്‍ പിന്നെ എനിക്ക് എന്തു ചെയ്യാന്‍ കഴിയും ? ഞാനെന്തു കാട്ടും?
രാക്ഷസരാജാവായ രാവണന്‍ ഇപ്രകാരം ശോഭനാംഗിയായ സീതയോടു പറഞ്ഞ് അവിടെ നിന്ന് ഇഷ്ടപ്പെട്ട ദിക്കിലേക്കു പോയി. ശോകാര്‍ത്തയായ വൈദേഹി ദുഃഖിച്ചു മെലിഞ്ഞ് രാക്ഷസികളാല്‍ ചുറ്റപ്പെട്ട ത്രിജടയുടെ സേവ കൈക്കൊണ്ട് അവിടെ തന്നെ വാണു.
282. ഹനുമല്‍ പ്രത്യാഗമനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: സുഗ്രീവന്റെ സംരക്ഷയില്‍ ലക്ഷ്മണനോടു കൂടി രാഘവന്‍ മാല്യവാന്‍ പര്‍വ്വതത്തില്‍ വാഴുമ്പോള്‍ ആകാശം നിര്‍മ്മലമായി കണ്ടു. തെളിഞ്ഞ ആകാശത്തില്‍ ഗ്രഹങ്ങളും നക്ഷ്രതങ്ങളും താരങ്ങളും ചന്ദ്രനെച്ചുഴന്നു പരിശോഭിക്കുന്നതായിക്കണ്ടു.
ആമ്പലും താമരയും വികസിച്ചു സൗരഭ്യം വഹിച്ച് മന്ദമാരുതന്‍ കുളുര്‍ക്കെ വീശി. ആ മാരുത സ്പര്‍ശമേറ്റാണ് അന്നു രാഘവന്‍ ഉണര്‍ന്നത്. പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ രാമന്‍ ലക്ഷ്മണനെ വിളിച്ചു ദുഃഖത്തോടെ, രാക്ഷസ ഗൃഹത്തില്‍ ഇരിക്കുന്ന സീതയെ ചിന്തിച്ചു, ഇപ്രകാരം പറഞ്ഞു.
രാമന്‍ പറഞ്ഞു: ലക്ഷ്മണാ! നീ കിഷ്കിന്ധയില്‍ ചെന്ന് ആ കപീന്ദ്രന്റെ മനോഭാവം എന്താണെന്ന് അറിഞ്ഞു വരൂ! സ്ത്രീസേവയില്‍ മത്തുപിടിച്ച് ആ കൃതഘ്നന്‍, ആ സ്വാര്‍ത്ഥ തല്പരന്‍, ഞാന്‍ രാജാവാക്കി വാഴിച്ച ആ മൂഢാത്മാവ് എന്തെടുക്കുന്നു എന്ന് അറിഞ്ഞു വരിക. ആ നീചവംശത്തിലെ മൂഢാത്മാവിനെ ഞാന്‍ രാജാവാക്കിയത് മൂലമാണല്ലോ ഇന്ന് അവന്‍ കുരങ്ങുകളാലും ഗോപുച്ഛ കരടിക്കുരങ്ങുകളാലും ഒക്കെ സേവ്യനായി ഭവിച്ചത്. കിഷ്കിന്ധയിലെ ഉപവനത്തില്‍ വെച്ച്, മഹാബാഹുവായ നിന്നോടു കൂടി ചെന്ന് ഞാന്‍ ആ ബാലിയെ ആര്‍ക്കു വേണ്ടിയാണു വധിച്ചത്, ആ വാനരന്‍ ഭുമിയില്‍ വെച്ചു കൃതഘ്നനാണെന്ന് എനിക്കു തോന്നുന്നു. അവന് ഈ ഉന്നത പദവി എങ്ങനെ ലഭിച്ചുവെന്ന് താന്‍ ചിന്തിക്കുന്നില്ല. അവന്‍ ചെയ്ത ശപഥം പാലിക്കണമെന്ന ബോധവും ആ സുഗ്രീവന് ഇല്ലെന്നു തോന്നുന്നു. ഉപകാരം ചെയ്ത എന്നെ അല്പബുദ്ധിയാല്‍ വിസ്മരിച്ച്, അവഗണിച്ച്, കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കാമസുഖത്തില്‍ മുങ്ങി കഴിയുകയാണ് അവനെങ്കില്‍, ബാലി പോയ വഴിക്കു തന്നെ ആ വാനരനെ നീ അയച്ചേക്കൂ! നേരേമറിച്ച് അവന്‍ നമ്മുടെ കാര്യത്തില്‍ ജാഗരൂകനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കില്‍, ആ കൃതജ്ഞനെ വൈകാതെ ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വരിക!
ഇപ്രകാരം ജ്യേഷ്ഠന്‍ പറഞ്ഞതു കേട്ട് ഗുരുവാക്യം സര്‍വ്വഥാ നിര്‍വ്വഹിക്കുവാന്‍ ബദ്ധകച്ഛനായ ലക്ഷ്മണന്‍ നല്ല ഞാണും അമ്പുമുള്ള വില്ലുമായി പുറപ്പെട്ടു. കിഷ്കിന്ധാ ദ്വാരത്തില്‍ ചെന്നു തടസ്സമൊന്നും കൂടാതെ അകത്തു കടന്നു. ലക്ഷ്മണന്‍ ക്രുദ്ധനായിട്ടാണു വന്നിരിക്കുന്നത് എന്നറിഞ്ഞ്, ആ കപീശ്വരന്‍ ചെന്ന് വിനയാന്വിതനായി ദാരങ്ങളോടു കൂടി അരികെ ചെന്ന് ആ രഘുവീരനെ അര്‍ഹത പോലെ സ്വീകരിച്ചു പൂജിച്ച് സംപ്രീതനാക്കി. ആ സൽക്കാരം സ്വീകരിച്ചതില്‍ പിന്നെ ലക്ഷ്മണന്‍ ലേശവും ഭയം കൂടാതെ രാമവാക്യം സുഗ്രീവനെ ധരിപ്പിച്ചു. അതെല്ലാം കേട്ട് ഭൃത്യന്മാരോടും ഭാര്യയോടും കൂടി ആ വാനരാധിപനായ സുഗ്രീവന്‍ കൈകൂപ്പി നിന്ന് നരശ്രേഷ്ഠനായ ലക്ഷ്മണനില്‍ സംപ്രീതനായി ഇപ്രകാരം മറുപടി പറഞ്ഞു.
സുഗ്രീവന്‍ പറഞ്ഞു: ഹേ, ലക്ഷ്മണ! ഞാന്‍ കൃതഘ്നനോ, ദുര്‍ബുദ്ധിയോ, നിര്‍ദ്ദയനോ അല്ല. ഞാന്‍ സീതാന്വേഷണത്തിന് ആയി ചെയ്ത യത്നം ഭവാന്‍ കേള്‍ക്കുക. വിനീതരായ കപികളെ ഞാന്‍ എല്ലാ ദിക്കിലേക്കും അയച്ചു കഴിഞ്ഞു. എല്ലാവര്‍ക്കും ഒരു മാസമാണ് അവധി കല്പിച്ചത്. കാട്, മല, പുരം, ഗ്രാമം, ആകരങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളിൽ എല്ലാം നല്ലപോലെ തിരഞ്ഞു നോക്കുന്നതിന് അവര്‍ തന്നെ വേണം. അവര്‍ അതിന് സമര്‍ത്ഥന്മാരാണ്. ഒരു മാസം കൊണ്ടു ചെയ്തു തീര്‍ക്കുവാന്‍ കല്പിച്ച കാര്യം അഞ്ചുദിവസം കൊണ്ടു ചെയ്തു തീര്‍ക്കുവാന്‍ കെല്പുള്ളവരാണ് അവരെല്ലാവരും. തിരിച്ചു വരുമ്പോള്‍ രാമനോടു കൂടി ഭവാന് ഏറ്റവും പ്രിയം കൂടിയ വാക്യം തീര്‍ച്ചയായും കേള്‍ക്കുവാന്‍ കഴിയും.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം ബുദ്ധിമാനായ സുഗ്രീവന്‍ പറഞ്ഞപ്പോള്‍ ലക്ഷ്മണന്‍ കോപം വെടിഞ്ഞ് ഉത്സാഹത്തോടെ ആ കപീന്ദ്രനെ അഭിനന്ദിച്ചു. പിന്നെ സൗമിത്രിയോടു കൂടെ സുഗ്രീവന്‍ പുറപ്പെട്ട് മാല്യവാന്‍ പര്‍വ്വതത്തില്‍ വസിക്കുന്ന രാമനെ ചെന്നു കണ്ട് താന്‍ ആരംഭിച്ച കര്യേങ്ങളെല്ലാം ഉണര്‍ത്തിക്കുകയും ചെയ്തു.
പറഞ്ഞ വിധം വാനരന്മാര്‍ അസംഖ്യം വന്നുചേര്‍ന്നു. തെക്കോട്ടു പോയവർ ഒഴികെ മറ്റു മൂന്നു ദിക്കിലേക്കും പോയവര്‍ മടങ്ങിവന്ന് രാമനെ അറിയിച്ചു: ആഴി ചൂഴുന്ന ഈ ഊഴിയില്‍ സര്‍വ്വത്ര ഞങ്ങള്‍ തിരഞ്ഞു. രാവണനേയും സീതയേയും ഞങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞില്ല. തെക്കോട്ടു പോയവര്‍ മടങ്ങി വരായ്കയാല്‍ ആ വാനരന്മാരില്‍ ഉത്തമന്മാരായ ചിലരില്‍ രാമന്‍ വിശ്വാസം ഉറപ്പിച്ചു ഉത്കണ്ഠിതനായി പ്രാണധാരണം ചെയ്തു.
ഇങ്ങനെ ദിവസങ്ങള്‍ പലതും കഴിഞ്ഞു. ഒരുദിവസം ചില വാനരന്മാര്‍ ബദ്ധപ്പെട്ടു സുഗ്രീവന്റെ അടുത്തു വന്ന് ഇപ്രകാരം പറഞ്ഞു.
വാനരന്മാര്‍ പറഞ്ഞു: ഹേ, സുഗ്രീവാ! മുമ്പു ബാലിയാലും, ഇപ്പോള്‍ ഭവാനാലും സംരക്ഷിക്കപ്പെടുന്നതും, മഹത്തരവും സമ്പുഷ്ടവുമായ മധുവനം ഭവാന്‍ തെക്കോട്ടയച്ച ഹനുമാനും അംഗദനും മറ്റു വാനരശ്രേഷ്ഠന്മാരും കൂടി ആഹാരമാക്കിയിരിക്കുന്നു. അവരുടെ ഈ അപനയത്തെ കുറിച്ചു കേട്ടപ്പോള്‍ സുഗ്രീവന് കോപമുണ്ടായില്ല. കാര്യം സാധിച്ചു കൃതാര്‍ത്ഥരായ ജനങ്ങള്‍ അത്തരത്തില്‍ ആഹ്ളാദിക്കുക സാധാരണയാണ്, എന്നാണ് സുഗ്രീവന്‍ അവരോടു മറുപടി പറഞ്ഞത്. മേധാവിയായ വാനര ശ്രേഷ്ഠന്‍ ഇക്കാര്യം രാമനോടു പറഞ്ഞപ്പോള്‍ തെക്കോട്ടു പോയ വാനരന്മാര്‍ സീതയെ കണ്ടെത്തി ഇരിക്കുന്നതായി രാഘവന്‍ അനുമാനിച്ചറിഞ്ഞു.
ഹനുമാന്‍ മുതലായവര്‍ വഴിക്ക് അല്പം വിശ്രമിച്ചതിന് ശേഷം, മാല്യവാന്‍ മലയില്‍ രാമലക്ഷ്മണന്മാരോടു കൂടി സ്ഥിതിചെയ്യുന്ന സുഗ്രീവന്റെ മുമ്പില്‍ എത്തിച്ചേര്‍ന്നു. ഹനുമാന്റെ ജാഗ്രതയും ഗതിയും പ്രസന്നമായ മുഖഭാവവും കണ്ടപ്പോള്‍ ആ വാനരശ്രേഷ്ഠന്‍ സീതയെ കണ്ടിട്ടുണ്ടെന്ന് രാമന് വിശ്വാസമായി. കൃതാര്‍ത്ഥതയാല്‍ മനസ്സു നിറഞ്ഞ ഹനുമല്‍ പ്രമുഖന്മാരായ വാനരന്മാര്‍ രാമനേയും, സുഗ്രീവനേയും, ലക്ഷ്മണനേയും യഥാവിധി വന്ദിച്ചു നിന്നു.
രാമന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ ജീവിപ്പിക്കുമോ? നിങ്ങള്‍ കൃതകൃത്യരാണോ? ഞാന്‍ അയോദ്ധ്യയില്‍ പോയി രാജ്യം വാഴുമോ? വൈദേഹിയെ മോചിപ്പിക്കാതെ, ശത്രുക്കളെ സമരത്തില്‍ വധിക്കാതെ ഹൃതദാരനും നിരസ്തനുമായി ഞാന്‍ തീര്‍ച്ചയായും ജീവിക്കുകയില്ല.
ഇപ്രകാരം പറയുന്ന രാമനോട് വായുപുത്രന്‍ ഉണര്‍ത്തി: രാമാ! ഞാന്‍ അങ്ങയ്ക്ക് ഇഷ്ടമായ വര്‍ത്തമാനം പറയുന്നു. സീതയെ ഞാന്‍ കണ്ടു. ഞങ്ങള്‍ ഇവിടെ നിന്നു പുറപ്പെട്ടു വനങ്ങളും പര്‍വ്വതങ്ങളും മാടുകളും ഖനികളും നിറഞ്ഞ തെക്കന്‍ ദിക്കില്‍ സഞ്ചരിച്ച്, തിരഞ്ഞു തളര്‍ന്ന്, അവധി തെറ്റി, വലിയ ഒരു ഗുഹയുടെ മുമ്പില്‍ എത്തിച്ചേര്‍ന്നു. കീടങ്ങള്‍ നിറഞ്ഞ്, ഇരുളടഞ്ഞ്, കാടുപിടിച്ച്, വഴി തടഞ്ഞു വളരെ യോജന നീണ്ടു കിടക്കുന്ന ആ ഗുഹയില്‍ ഞങ്ങള്‍ കയറിച്ചെന്നു. ആ ഗുഹയിലൂടെ നടന്നു വളരെ ദുരം ചെന്നപ്പോള്‍ സൂര്യകിരണങ്ങള്‍ പ്രകാശിക്കുന്ന ദിവ്യമായ ഒരു ഭവനം കണ്ടു. ആ ദിവ്യ ഭവനത്തിന്റെ സമീപത്തേക്കു ഞാന്‍ നടന്നുചെന്നു. ആ മന്ദിരം ദൈത്യേന്ദ്രനായ മയന്റേതു പോലെ ശോഭിക്കുന്നു. പ്രഭാവതി എന്ന താപസി കഠിനമായി തപം ചെയ്തു കൊണ്ടിരിക്കുന്ന ഗൃഹമാണത്. അവിടെ നിന്നു ലഭിച്ച വിവിധ ഭോജ്യങ്ങളും വിവിധ പാനങ്ങളും അനുഭവിച്ചു വീണ്ടും ബലം കൂടിയ ഞങ്ങള്‍ ആ താപസി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍ കൂടി പിന്നേയും നടന്നു. അവിടെ നിന്നു ഞങ്ങള്‍എത്തിയത് സമുദ്രത്തിന് അടുത്താണ്. അവിടെ നിന്നു നോക്കിയപ്പോള്‍ സഹ്യം, മലയം, ദരം എന്നീ മലകള്‍ കണ്ടു. ഉടനെ മലയ പര്‍വ്വത്തിന് മുകളില്‍ കയറി അടുത്തുള്ള കടല്‍ കണ്ടു. കടല്‍ കണ്ടതോടു കൂടി ഞങ്ങളുടെ ആശയെല്ലാം നശിച്ചു. ജീവിതത്തില്‍ തന്നെ ആശയില്ലാത്തവർ ആയി. മത്സ്യങ്ങളും, മുതലകളും, തിമിംഗലങ്ങളും നിറഞ്ഞ് അനേകായിരം യോജന വിസ്തൃതമായി കിടക്കുന്ന ആ മഹാസാഗരത്തെ കണ്ട് മുന്നോട്ടു കടക്കുവാന്‍ കഴിയാതെ ഞങ്ങള്‍ ദുഃഖിതരായി തീര്‍ന്നു. നിരാഹാരരായി ഞങ്ങള്‍ അവിടെയിരുന്നു. ഞങ്ങള്‍ ഓരോന്നു പറയുന്നതിനിടയ്ക്ക് ഗൃദ്ധ്റരാജാവായ ജടായുവിനെ പറ്റി പ്രസ്താവമുണ്ടായി.
ആ സമയത്തു ഞങ്ങളെ അത്ഭുതപ്പെടുത്തുമാറ് പര്‍വ്വത ശൃംഗം പോലെ ഉയര്‍ന്ന ഘോരസ്വരൂപനും, മറ്റൊരു വൈനതേയനെ പോലെ ഭയങ്കരനുമായ ഒരു പക്ഷി ഞങ്ങളുടെ മുമ്പിൽ എത്തി. ഞങ്ങളെ ഭക്ഷിക്കുവാനായി അടുത്തുവന്ന അവന്‍ ഞങ്ങളോട് ഇപ്രകാരം പറഞ്ഞു: "എടോ, ആരാണ് എന്റെ ഭ്രാതാവായ ജടായുസ്സിന്റെ കഥ പറഞ്ഞത്? ആ ജടായുസ്സിന്റെ ജ്യേഷ്ഠനായ സമ്പാതിയെന്ന പക്ഷി രാജാവാണു ഞാന്‍. ഞങ്ങള്‍ക്കു പരസ്പരമുണ്ടായ സ്പര്‍ദ്ധയാല്‍ ഒരിക്കല്‍ ഞങ്ങള്‍ സൂര്യ മാര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു. അതില്‍ എന്റെ ചിറകുകള്‍ കരിഞ്ഞു പോയി. ആ ആപത്ത് ജടായുസ്സിന് ഉണ്ടായില്ല. എന്റെ ആ പ്രിയ സഹോദരനെ അന്നു മുതല്‍ എനിക്കു കാണുവാന്‍ കഴിഞ്ഞിട്ടില്ല. ചിറക് എരിഞ്ഞു പോയ ഞാന്‍ ഈ മഹാഗിരിയില്‍ വീണു. അന്നു മുതല്‍ ഞാന്‍ ഇവിടെയാണു പാര്‍ത്തു വരുന്നത്".
ഈ പക്ഷി പറഞ്ഞതു കേട്ടപ്പോള്‍ ഞങ്ങള്‍ ജടായുസ്സിന്റെ വൃത്താന്തം പറഞ്ഞു. ജടായുസ്സ് ഹതനായതും ഭവാന്‍ ദുഃഖത്തിലായതും ഞാന്‍ അവനോടു പറഞ്ഞു. ഭയങ്കരമായ ഈ അപ്രിയ വൃത്താന്തം കേട്ടപ്പോള്‍ വിഷണ്ണ ചിത്തനായ സമ്പാതിക്ക് ആരാണ് രാമനെന്നും ആരാണു സീതയെന്നും ജടായുസ്സ് എങ്ങനെയാണ് ഹതനായതെന്നും വിസ്തരിച്ചറിയുവാന്‍ ആശയുണ്ടായി. അപ്രകാരം തന്നെ ഭവാന്‍ എങ്ങനെയാണു വ്യസനം ഉണ്ടായതെന്നും ഞങ്ങള്‍ അവിടെ പ്രായോപവേശം ചെയ്യുമാറായത് എങ്ങനെയാണെന്നും ഉള്ള വൃത്താന്തം ഒന്നും വിടാതെ പറഞ്ഞു കേള്‍പ്പിച്ചു. ഉടനെ ആ പക്ഷിരാജന്‍ ഞങ്ങളെ എഴുന്നേല്‍പിച്ച്, താന്‍ രാക്ഷസനായ രാവണനെയും, അവന്‍ അധിവസിക്കുന്ന ലങ്കാപുരിയെയും അറിയുമെന്നും, സമുദ്രതീരത്തില്‍ ത്രികൂട ഗിരിയുടെ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന ലങ്കാനഗരം താന്‍ കണ്ടിട്ടുണ്ടെന്നും, അവിടെ തീര്‍ച്ചയായും വൈദേഹിയെ കാണാമെന്നും ഞങ്ങളോടു പറഞ്ഞു. ഉടനെ ഞങ്ങള്‍ എഴുന്നേറ്റു കടല്‍ചാടി കടക്കേണ്ടത് എങ്ങനെ ആണെന്ന് ചിന്തിച്ചു തുടങ്ങി. സമുദ്രത്തെ ലംഘിക്കുന്നതിന് മറ്റാരും ഒരുങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ കടല്‍ ചാടുവാനുള്ള മന്ത്രം ഞാന്‍ ജപിച്ചു. എന്റെ പിതാവിനെ എന്നില്‍ ആവേശിപ്പിച്ച് ആ വലയ കടലിന്റെ അക്കരയിലേക്കു കുതിച്ചു ചാടി. ആകാശമാര്‍ഗ്ഗം പോകുന്ന എന്നെ തടഞ്ഞ ജലരാക്ഷസിയെ കൊന്ന് നൂറുയോജന വിസ്തീര്‍ണ്ണമുള്ള മഹാസമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന് രാവണന്റെ രാജധാനിയിലെത്തി, അന്തഃപുരത്തില്‍ കടന്നു ചെന്നു. അവിടെ ഞാന്‍ സീതയെ കണ്ടു. ഉപവാസ തപസ്സോടു കൂടി, ഭര്‍ത്തൃദര്‍ശന കാംക്ഷയോടെ, തപസ്വിനിയായി, ദീനയായി, കൃശയായി, ചിടകെട്ടിയ കേശത്തോടു കൂടി, മെയ്യില്‍ ചേറണിഞ്ഞ്, അത്യാര്‍ത്തയായ ആ മഹതിയെ പല ചിഹ്നങ്ങളെ കൊണ്ട് സീതയാണെന്നു തിരിച്ചറിഞ്ഞു. ഒറ്റയ്ക്ക് ഇരിക്കുന്ന സന്ദര്‍ഭം നോക്കി മെല്ലെ അടുത്തു ചെന്നു ദേവിയെ ഉണര്‍ത്തിച്ചു:
സീതേ, ഞാന്‍ രാമന്റെ ദൂതനാണ്. വായുപുത്രനായ വാനരനാണ്. ഭവതിയെ കാണുവാന്‍ ആഗ്രഹിച്ച് ആകാശ മാര്‍ഗ്ഗത്തിലൂടെ ഞാന്‍ ഇവിടെയെത്തി.
സഹോദരന്മാരായ രാജപുത്രന്മാര്‍, രാമലക്ഷ്മണന്മാര്‍, ക്ഷേമത്തോടു കൂടി, സര്‍വ്വ വാനരന്മാരുടെയും രാജാവായ സുഗ്രീവന്റെ രക്ഷയില്‍ പാര്‍ക്കുന്നു. ലക്ഷ്മണനോടു കൂടിയ രാമന്‍ ഭവതിയോടു കുശലം ചൊല്ലുന്നു! സഖിത്വം കൊണ്ട് സുഗ്രീവനും ഭവതിയോടു കുശലം ചോദിക്കുന്നു! എല്ലാ വാനര സൈന്യങ്ങളോടും കൂടി ഭവതിയുടെ ഭര്‍ത്താവ് ഇവിടെ വേഗത്തില്‍ എത്തുന്നതാണ്. ദേവീ, എന്നെ വിശ്വസിക്കുക! ഞാന്‍ രാക്ഷസനല്ല. എന്റെ വാക്കുകള്‍ കേട്ട് മുഹൂര്‍ത്ത സമയം ചിന്തിച്ചിരുന്നതിന് ശേഷം സീത ഉത്തരം പറഞ്ഞു.
സീത പറഞ്ഞു: ഭവാന്‍ ഹനുമാനാണെന്ന് അവിന്ധൃന്‍ പറഞ്ഞ പ്രകാരം ഞാന്‍ ഊഹിക്കുന്നു. വൃദ്ധസമ്മതനായ ഉത്തമ രാക്ഷസനാണ് അവിന്ധ്യന്‍. അവന്‍ നിന്റെ കൂട്ടുകാരോടു കൂടിയ സുഗ്രീവനെ പറ്റിയും എന്നോടു പറഞ്ഞു. പൊയ്ക്കൊള്ളുക.
എന്നു പറഞ്ഞ് സീത ഈ രത്നം എന്റെ കയ്യില്‍ തന്നു. ഈ രത്നത്തെ കൊണ്ടാണ് വൈദേഹി ഇത്രനാളും പ്രാണധാരണം ചെയ്തത്. വിശ്വാസത്തിന് അടയാളമായി ഈ കഥയും ജാനകി പറഞ്ഞു തന്നിട്ടുണ്ട്: പുരുഷവ്യാഘ്രനായ ഭവാന്‍ ചിതക്രൂട മഹാഗിരിയില്‍ വച്ച് ഒരു കാക്കയുടെ നേരെ ഇഷികാസ്ത്രം ( പുൽക്കൊടിയാകുന്ന അമ്പ് ) പ്രയോഗിച്ചത് ഓര്‍ക്കുന്നുണ്ടല്ലോ.
പിന്നെ ഞാന്‍ ആ രാക്ഷസന്മാരെ കൊണ്ട് എന്നെ പിടിപ്പിച്ചു. അതിന് പാകത്തിന് നിന്നു. പിന്നെ ഞാന്‍ ആ ലങ്കാപുരി ചുട്ടുദ ഹിപ്പിക്കുകയും ചെയ്തു. ഇത്രയും ചെയ്തിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.
ഈ പ്രിയ വൃത്താന്തം കേട്ട് രാമന്‍ പ്രിയവാദിയായ ഹനുമാനെ അഭിനന്ദിച്ചു പൂജിച്ചു.
283. സേതുബന്ധനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മാല്യവാന്‍ എന്ന പര്‍വ്വതത്തില്‍ രാമന്‍ അവരോടു കൂടി ഇരിക്കുമ്പോള്‍ സുഗ്രീവന്റെ ആജ്ഞപ്രകാരം വാനരന്മാര്‍ കൂട്ടംകൂട്ടമായി അവിടെ വന്നു ചേര്‍ന്നു കൊണ്ടിരുന്നു. ബാലിയുടെ ശ്വശുരനായ സുഷേണന്റെ നേതൃത്വത്തില്‍ തരസ്വികളായ ആയിരം കോടി മഹാവീരന്മാരും, വാനരേന്ദ്രന്മാരായ ഗജന്റെയും ഗവയന്റെയും നേതൃത്വത്തില്‍ വേറെ വേറെ നൂറു കോടിയും, ഭീമദര്‍ശനനും ഗോലാംഗുലനുമായ ഗവാക്ഷന്റെ നേതൃത്വത്തില്‍ നൂറായിരം കോടിയും, ഗന്ധമാദനത്തില്‍ വാഴുന്ന വിഖ്യാതനായ ഗന്ധമാദനന്റെ കീഴില്‍ നൂറായിരം കോടിയും, മേധാവിയും മഹാബലനുമായ പനസന്റെ ആധിപത്യത്തില്‍ അഞ്ചും പത്തും പന്ത്രണ്ടും മുപ്പതും കോടിയും വാനര യോദ്ധാക്കള്‍ കിഷ്കിന്ധയില്‍ വന്നു നിറഞ്ഞു, ഭീമ തേജസ്വികളായ മഹാ സൈനൃത്തോടു കൂടി അതിവീര്യവാനും, വാനര വൃദ്ധനും, ശ്രീമാനുമായ ദധിമുഖന്‍ സുഗ്രീവ സൈന്യത്തില്‍ സമ്മേളിച്ചു. ഭീമ കര്‍മ്മാക്കളായ നൂറായിരം കോടി കരിങ്കരടികളോടും കൂടി ജാംബവാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരും മറ്റ് അസംഖ്യം വാനര വീരന്മാരും രാമകാര്യത്തിന് ആയി സന്നദ്ധരായി. ഗിരികൂട തുല്യരായ വാനരന്മാര്‍ സിംഹത്തെ പോലെ ഗര്‍ജ്ജിക്കുകയും അങ്ങിങ്ങു പായുകയും ചെയ്യുന്നതില്‍ നിന്ന് സര്‍വ്വത്ര ഘോരശബ്ദം മുഴങ്ങി. ചിലര്‍ പര്‍വ്വതശിഖരം പോലെയുള്ളവരും, ചിലര്‍ സ്വര്‍ണ്ണനിറം ഉള്ളവരും, ചിലര്‍ ശരല്‍ കാലത്തെ മേഘംപോലെ ശുഭ്രവര്‍ണ്ണം ഉള്ളവരും, ചിലര്‍ ചായില്യത്തിന്റെ നിറമുള്ള മുഖത്തോടു കൂടിയവരുമായിരുന്നു. അവര്‍ മേൽപോട്ടു ചാടിയും കുതിച്ചും ചിലര്‍ ധൂളി പറപ്പിച്ചും ചുറ്റും വന്നണഞ്ഞു. വാനരേന്ദ്രന്മാരുടെ പെരുംപട ഒരു മഹാസമുദ്രം പോലെ വന്നുനിരന്നു. അവിടെ സുഗ്രീവന്റെ അനുമതിയോടു കൂടി അവര്‍ പാര്‍പ്പുറപ്പിച്ചു.
പിന്നെ എല്ലാ ദിക്കില്‍ നിന്നും വാനരന്മാര്‍ വന്നു ചേര്‍ന്നതിന് ശേഷം നല്ല നക്ഷത്രവും പക്കവും മുഹൂര്‍ത്തവും നോക്കി അണിനിരന്ന്, ലോകമൊക്കെ വിറപ്പിക്കുമാറ് ശ്രീമാനായ സുഗ്രീവനോടു കൂടി രാമന്‍ പുറപ്പെട്ടു.
സൈനൃത്തിന്റെ മുഖമായി വായുപുത്രനായ ഹനുമാന്‍ നിന്നു. മദ്ധ്യഭാഗം ധീരനായ ലക്ഷ്മണന്‍ കാത്തു. ഉടുമ്പിന്‍ തോല്‍ കയ്യുറയിട്ട പരിവാരങ്ങളോടു കൂടി രാഘവന്‍ പുറപ്പെട്ടു. കീശാഢ്യന്മാരോടു കൂടി ചേര്‍ന്ന രാമലക്ഷ്മണന്മാര്‍ ഗ്രഹങ്ങളോടു ചേര്‍ന്ന സൂര്യചന്ദ്രന്മാര്‍ എന്ന വിധം ശോഭിച്ചു. പയിനും, പനയും, കല്പും പറിച്ചെടുത്ത് ആയുധങ്ങളായി ധരിച്ച മര്‍ക്കടപ്പട സൂര്യോദയത്തില്‍ അരുണ കിരണമേറ്റ നെല്പാടം പോലെ പ്രശോഭിച്ചു. നളന്‍, നീലന്‍, അംഗദന്‍, ക്രാഥന്‍, മൈന്ദന്‍, ദ്വിവിദന്‍ എന്നിവരാല്‍ സംരക്ഷിതമായ ആ മഹാസൈന്യം രാമകാര്യ സിദ്ധിക്കായി പുറപ്പെട്ടു. പലമട്ടില്‍ ശ്രേഷ്ഠമായും ഫലമൂലങ്ങള്‍ സമൃദ്ധിയായും നല്ല വെള്ളവും മധുമാംസങ്ങളും വേണ്ടുവോളം കിട്ടുന്നതുമായ ശുഭസ്ഥലങ്ങളിലും, മലയുടെ താഴ്വാരങ്ങളിലും സസുഖം പാര്‍ത്തു പാര്‍ത്ത് അവര്‍ മഹാസമുദ്രത്തിന്റെ തീരത്തെത്തി. രണ്ടാമതൊരു കടല്‍പോലെ, നിരക്കെ കൊടികള്‍ ഉയര്‍ത്തിയ ആ മഹാസൈന്യം പ്രശോഭിച്ചു. അവര്‍ കടൽക്കരയ്ക്ക് അടുത്ത ഒരു കാടുപറ്റി പാര്‍പ്പുറപ്പിച്ചു.
എല്ലാവരും പാര്‍പ്പുറപ്പിച്ച ശേഷം ശ്രീമാനായ രാമന്‍ സുഗ്രീവനോടു കാലോചിതമായി ഇപ്രകാരം പറഞ്ഞു: ഈ സമുദ്രം കടക്കുന്നതിന് നിങ്ങള്‍ക്കെല്ലാം സുസമ്മതമായ ഉപായംഎന്താണ്? നമ്മുടെ സേനയാണെങ്കില്‍ വലിയതാണ്. സമുദ്രമാണെങ്കില്‍ ദുസ്തരവുമാണ്.
അപ്പോള്‍ മാനമേറിയ ചില വാനരന്മാര്‍ പറഞ്ഞു, കടല്‍ ഞങ്ങള്‍ ചാടിക്കടക്കാമെന്ന്. അത് എല്ലാവര്‍ക്കും പറ്റുകയില്ലല്ലോ. ചിലര്‍ പറഞ്ഞു, കപ്പലുകളില്‍ കയറി കടക്കാമെന്ന്. ചിലര്‍ ചങ്ങാടങ്ങളില്‍ കടക്കാമെന്ന്. അഭിപ്രായങ്ങളൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ രാമന്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞ അഭിപ്രായമൊക്കെ ഞാന്‍ കേട്ടു. അതൊന്നും പ്രായോഗികമല്ല.
രാമന്‍ തുടര്‍ന്നു: നുറുയോജന വിസ്താരമുള്ള ഈ കടല്‍ കടക്കുവാന്‍ എല്ലാ വാനരന്മാര്‍ക്കും കഴിയുകയില്ല. വീരന്മാരേ, അപ്പോള്‍ ആ അഭിപ്രായം മാറ്റിവെക്കുക! ഈ മഹാ സൈന്യങ്ങള്‍ക്ക് ഒക്കെ കടക്കുവാന്‍ ആവശ്യമുള്ളിടത്തോളം കപ്പൽ എവിടെയാണ്? അതും ഇല്ല തന്നെ! എന്നെ പോലെ ഉള്ളവര്‍ കച്ചവടക്കാര്‍ക്കു നാശം ചെയ്യുമോ? പരന്ന നമ്മുടെ പട വഞ്ചിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ശത്രു തഞ്ചം നോക്കി അവ മുക്കി നശിപ്പിക്കുവാന്‍ ശ്രമിക്കും. കപ്പലും, വഞ്ചിയും, ചങ്ങാടവും നമ്മുടെ ഉദ്ദേശ്യ സാദ്ധൃത്തിന് മതിയാകയില്ല. അതു കൊണ്ട് ഞാന്‍ സമുദ്രത്തെ നല്ല മാര്‍ഗ്ഗം കാട്ടിത്തരുവാനായി ഭജിക്കുകയാണ്. ഞാന്‍ ഉപവാസം എടുത്തു വ്രതത്തോടെ കിടക്കാം. അപ്പോള്‍ സാഗരം നമുക്കു വഴി കാട്ടിത്തരും. തന്നില്ലെങ്കില്‍ ഞാന്‍ അവനെ അഗ്നി വായുക്കളേക്കാള്‍ ഉഗ്രവും തടുക്കുവാന്‍ വയ്യാത്തതുമായ അസ്ത്രശക്തി കൊണ്ടു വറ്റിച്ചു കളയും. എന്നു പറഞ്ഞ് ലക്ഷ്മണനോടു കൂടി ദര്‍ഭപ്പുല്ലു വിരിച്ച് വിധിപ്രകാരം കടലിനെ നോക്കിക്കിടന്നു. അങ്ങനെ കിടക്കുമ്പോള്‍ രാമന് സ്വപ്നത്തില്‍ സാഗരം പ്രത്യക്ഷനായി വന്നു. നദനദീ നാഥനായആ ദേവന്‍ ജലജീവി ഗണങ്ങളാല്‍ ആവൃതനായി അനവധി രത്നാകാരങ്ങളോടു കൂടി ദാശരഥിയുടെ മുമ്പില്‍ സവിനയം വന്നുനിന്ന് ഇപ്രകാരം പറഞ്ഞു.
സാഗരം പറഞ്ഞു: അല്ലയോ പുരുഷർഷഭ! ഞാന്‍ എന്തു സഹായമാണു ഭവാനു ചെയ്യേണ്ടത്? ഐക്ഷ്വാകനാണ് ഞാനും. ( സഗരപുത്രന്മാര്‍ കുഴിച്ച് ഉണ്ടാക്കിയതാണല്ലോ സാഗരം ). ആ നിലയ്ക്കു നാം തമ്മില്‍ ബന്ധുക്കളാണ്. എന്തുപകാരമാണ് ഞാന്‍ ഭവാനു ചെയ്യേണ്ടതെന്നു പറഞ്ഞാലും!
രാമന്‍ പറഞ്ഞു: അല്ലയോ നദനദീനാഥാ! സൈന്യങ്ങള്‍ക്കു പോകുവാനുള്ള മാര്‍ഗ്ഗം ഭവാന്‍ കാണിച്ചു തരിക. അതിനാണ് ഞാന്‍ ഭവാനെ ഭജിച്ചത്. ആ വഴിക്കു പോയിട്ടു വേണം എനിക്ക് ആ പൗലസ്ത്യ ധൂര്‍ത്തനായ രാവണനെ കൊല്ലുവാന്‍. ഇപ്രകാരം അഭ്യര്‍ത്ഥിക്കുന്ന എനിക്കു ഭവാന്‍ മാര്‍ഗ്ഗം തരുന്നില്ലെങ്കില്‍ ദിവ്യാസ്ത്രം കൂട്ടി അമ്പെയ്തു ഞാന്‍ നിന്നെ വറ്റിച്ചുകളയും.
രാമന്‍ ഇപ്രകാരം പറയുന്നതു കേട്ട് വരുണാലയമായ സമുദ്രം നടുങ്ങി പോയി. കൈകള്‍ കൂപ്പി നിന്ന് ഇപ്രകാരം ഉണര്‍ത്തി.
സാഗരം പറഞ്ഞു: രാമാ! ഞാന്‍ പറയുന്നതു കേള്‍ക്കുക. ഞാന്‍ ഒരിക്കലും ഭവാനു തടസ്സമായി നിൽക്കുന്നതല്ല. ഭവാന്റെ കാരൃത്തിന് ഞാന്‍ വിഘ്നം ചെയ്യുകയില്ല! ഭവാന്റെ അനുവാദത്താല്‍ ഞാന്‍ കടക്കുവാന്‍ വഴി നല്കിയാല്‍ വില്ലിന്റെ ബലത്താല്‍ വേറെയും ചിലര്‍ എന്നോടു കല്‍പിക്കുവാന്‍ ഇടവരും.
നിങ്ങളുടെ സൈന്യത്തില്‍ ശില്പിവിജ്ഞനായി നളന്‍ എന്നൊരുത്തനുണ്ട്. ത്വഷ്ടാവാകുന്ന വിശ്വകര്‍മ്മാവിന്റെ പുത്രനാണ് അവന്‍. മഹാശക്തനുമാണ് അവന്‍. മരമോ, പുല്ലോ, കല്ലോ എന്നില്‍ എറിഞ്ഞാല്‍ അതൊക്കെ ഞാന്‍ താങ്ങി നിൽക്കാം. അവ ഭവാനു ചിറയായി ഭവിക്കും.
സമുദ്രം ഇപ്രകാരം പറഞ്ഞു മറഞ്ഞപ്പോള്‍ രാമന്‍ നളനോടു പറഞ്ഞു: ഹേ നളാ! നീ കടലില്‍ ചിറ കെട്ടിക്കൊള്ളുക; അതിനു നീ ശക്തനാണെന്നാണ് എന്റെ അഭിപ്രായം.
അങ്ങനെ കാകുല്‍സ്ഥന്‍ സേതു ബന്ധിച്ചു. ആ സേതുവിന് പത്തു യോജന വീതിയും നൂറു യോജന നീളവുമുണ്ട്. ആ സേതുവിനെ ഇന്നും നളസേതു എന്നു പറഞ്ഞു വരുന്നു. ഭൂലോകത്തില്‍ ഇന്നും അതു പ്രസിദ്ധിയാര്‍ന്ന ഒരു പുണ്യസ്ഥാനമാണ്. രാമന്റെ ആജ്ഞയാല്‍ പര്‍വ്വതം കൊണ്ടാണ് ആ ചിറകെട്ടിയത്. അങ്ങനെ ചിറകെട്ടി കഴിഞ്ഞപ്പോള്‍, രാക്ഷസേന്ദ്രനായ രാവണന്റെ സഹോദരനായ വിഭീഷണന്‍ നാലു മന്ത്രിമാരോടു കൂടി രാമന്റെ സമീപത്തു വന്നു. മഹാശയനായ രാമന്‍ അവനെ സ്വാഗതപൂര്‍വ്വം സ്വീകരിച്ചു. ഇവന്‍ ചാരനായിരിക്കുമോ എന്ന ഒരു സംശയം സുഗ്രീവന് ഉണ്ടായി. രാഘവനാകട്ടെ, വിഭീഷണന്റെ ചേഷ്ടകളും, ഇംഗിതങ്ങളും, ആചാരങ്ങളും നിഷ്കളങ്കമായിരിക്കുന്നതു കണ്ട് ഹാര്‍ദ്ദമായ സന്തുഷ്ടിയോടെ ആ രാവണാനുജനെ സ്വീകരിച്ച് സല്‍ക്കരിക്കുവാന്‍ മടിച്ചില്ല. വിഭീഷണനെ ആശരന്മാരുടെ രാജാവായി അഭിഷേകം ചെയ്യുകയും മന്ത്രാലോചനകളില്‍ കൂടി അവന്‍ ലക്ഷ്മണന്റെ ഇഷ്ടനായി തീരുകയും ചെയ്തു.
വിഭീഷണന്റെ അഭിപ്രായം പോലെ രാമന്‍ സേതു വഴിക്കു സൈന്യങ്ങളോടു കൂടി സമുദ്രം കടന്നു. ഒരു മാസം കൊണ്ട് വാനരസൈന്യം അക്കരയിലെത്തി.
രാമന്‍ ലങ്കയില്‍ കടന്ന ഉടനെ ലങ്കയിലെ ഉദ്യാനങ്ങളൊക്കെ കപികളെ അയച്ചു തകര്‍ത്തു വിട്ടു. അവയില്‍ പലതും വലിയ ഉദ്യാനങ്ങളായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ രാവണന്റെ അമാത്യന്മാരായ ശുകസാരണന്മാര്‍ ചാരന്മാരായി കപി വേഷത്തില്‍ വാനര സൈന്യങ്ങള്‍ക്കുള്ളില്‍ കടന്നുവന്നു. അവരെ വിഭീഷണന്‍ പിടി കൂടി. അവരെ പിടിച്ചുകെട്ടി രാമന്റെ മുമ്പാകെ ഹാജരാക്കി. ആ നിശാചാരന്മാര്‍ രാക്ഷസ രൂപം തന്നെ കൈക്കൊണ്ട് രാമനെ അഭയം പ്രാപിച്ചു. ഉടനെ രാഘവന്‍ അവരെ വിട്ടയച്ചു. അനന്തരം പുരോദ്യാനത്തില്‍ വാനര സൈന്യത്തെ ഉറപ്പിച്ചു നിറുത്തി. അതിന് ശേഷം പ്രാജ്ഞനായ അംഗദനെ വിളിച്ച് രാവണന്റെ അടുത്തേക്കു ദൂതനായി അയച്ചു.
284. ലങ്കാപ്രവേശം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എപ്പോഴും സമൃദ്ധിയായി വെള്ളവും കായ്കളും കിഴങ്ങുകളും കിട്ടുന്ന സ്ഥലത്ത് സൈന്യങ്ങളെ നിറുത്തി അവരെയൊക്കെ വേണ്ടപോലെ സംരക്ഷിച്ചു. രാമലക്ഷ്മണന്മാര്‍ ലങ്കയില്‍ വന്നിരിക്കുന്നത് അറിഞ്ഞ് ശാസ്ത്രാനുസൃതമായി രാവണന്‍ ലങ്കയില്‍ സൈന്യങ്ങളെ ഒരുക്കി. സ്വതവേ തന്നെ ലങ്ക ദൃഢമായ പ്രാകാരങ്ങളെ കൊണ്ടും കമാനങ്ങളെ കൊണ്ടും ദുരാധര്‍ഷമാണ്. മുതലകളും മത്സ്യങ്ങളും നിറഞ്ഞതും ആഴം കുടിയതും കരിങ്ങാലിക്കുറ്റി നാട്ടിയതുമായ ഏഴു കിടങ്ങുകള്‍ ലങ്കാപുരിക്കു ചുറ്റും ഉണ്ട്. അതിനെ അതിക്രമിച്ച് ശത്രുക്കള്‍ക്കു കടക്കുവാന്‍ സാധിക്കാത്ത വിധം യന്ത്രവാതില്‍, ഗുഡം, പാറ ഇവയൊക്കെ വേണ്ടവിധം സ്ഥാപിച്ച് അപ്രധൃഷ്യ മാക്കിയിരിക്കുന്നു നഗരം. സര്‍പ്പക്കുടങ്ങളോടു കൂടിയ യോദ്ധാക്കള്‍, നായ്ക്കരണപ്പൊടി, മുസലം, തീക്കൊള്ളിയമ്പ്, തോമരം, വാള്‍, വെണ്മഴു, ശതഘ്നി, തേന്‍ പുരട്ടിയ തോമരം ഇവയൊക്കെ കയ്യിലേന്തിയ കാവല്‍ക്കാര്‍ പുരദ്വാരങ്ങളില്‍ സ്ഥിരമായും പലയിടത്തും സഞ്ചരിച്ചും പാലിച്ചു പോരുന്നു. ധാരാളം കാലാള്‍ സൈസന്യവും ധാരാളം ഗജ സൈന്യങ്ങളും അശ്വസൈന്യങ്ങളും ഒരുക്കി നിറുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ലങ്കാപുരിയില്‍ ദ്വാരദേശത്തു ചെന്നു രാക്ഷസേന്ദ്രന്‍ അറിയെ തന്നെ രാമദൂതനായ അംഗദന്‍ അകത്തു കടന്നു. മഹാബലനായ അവന്‍ വളരെയധികം രാക്ഷസ കോടികളുടെ മദ്ധ്യത്തില്‍ മേഘമാലകളാല്‍ ചുറ്റപ്പെട്ട ആദിത്യനെന്ന പോലെ ശോഭിച്ചു. മന്ത്രിമാരാല്‍ ചുറ്റപ്പെട്ടു സ്ഥിതിചെയ്യുന്ന പൗലസ്ത്യനായ ലങ്കേശ്വരന്റെ മുമ്പില്‍ നിര്‍ഭയം കടന്നു ചെന്നു. വാഗ്മിയായ അംഗദന്‍ ആ രാക്ഷസേന്ദ്രനെ അഭിസംബോധന ചെയ്ത് രാമസന്ദേശം അറിയിച്ചു.
അംഗദന്‍ പറഞ്ഞു: രാജാവേ, കീര്‍ത്തിമാനായ കോസല രാജാവ്, രാമന്‍, ഭവാനോടു. പറയുന്നു. കാലോചിതമായ ഈ സന്ദേശംകേട്ട് അതു സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. രാജാവ് ഇന്ദ്രിയങ്ങള്‍ക്കു വശഗനായി നീതി തെറ്റി നടക്കുക ആണെങ്കില്‍, ആ ദുര്‍ന്നയനായ രാജാവു മൂലം നാടും നഗരവും നശിച്ചുപോകും. സീതയുടെ അപഹരണം മൂലം നീ നമുക്കു തെറ്റു ചെയ്തു. എന്നാൽ നീ ഒരാള്‍ ചെയ്ത തെറ്റുമൂലം കുറ്റം ചെയ്യാത്തവര്‍ മുഴുവന്‍ മുടിയുവാനാണു പോകുന്നത്. ബലദര്‍പ്പം കൊണ്ട് ഭവാന്‍ മുമ്പ് വനവാസികളായ മുനിമാരെ ഹിംസിക്കുകയും ദേവന്മാരെ അപമാനിക്കുകയും രാജര്‍ഷികളെ കൊല്ലുകയും ചെയ്തിരിക്കുന്നു. സ്ത്രീകളെ കടന്നു പിടിച്ച് അവര്‍ കരയുന്നതിന് ഇടയില്‍ തന്നെ ഭവാന്‍ കൊന്നിട്ടുണ്ട്. ആ വക ദുഷ് കര്‍മ്മങ്ങളുടെ എല്ലാം ഫലം അനുഭവിക്കുവാന്‍ അടുത്തിരിക്കുന്നു. ഭവാനെ അമാത്യന്മാർ അടക്കം ഞാന്‍ കൊല്ലാതെ വിടുകയില്ല. നീ ആണത്തത്തോടു കൂടി വന്ന് എതിര്‍ക്കുക. മാനുഷനാണെന്നു വിചാരിച്ചു നീ എന്നെ നിസ്സാരനാണെന്നു കരുതുന്നുണ്ടെങ്കില്‍ നീ യുദ്ധത്തിന് ഇറങ്ങുക. അപ്പോള്‍ ഈ മാനുഷന്റെ വില്ലിന്റെ വീര്യം കാണിച്ചു തരാം. മോചനം കിട്ടേണമെന്നു നിനക്കാഗ്രഹം ഉണ്ടെങ്കില്‍ നീ സീതയെ വിട്ടു തന്നേക്കുക! അല്ലെങ്കില്‍ ഞാന്‍ എന്റെ കുരമ്പുകളാല്‍ ഈ വിശ്വം അരാക്ഷസമാക്കും.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; രാമന്റെ സന്ദേശം അംഗദന്‍ ഉണര്‍ത്തിച്ചു. ഇപ്രകാരം ദൂതന്‍ പറഞ്ഞ പരുഷ വാക്കുകള്‍ കേട്ടപ്പോള്‍ ക്രോധം മൂത്ത രാവണ രാജാവിന് സഹിക്കാന്‍ കഴിഞ്ഞില്ല. നാലു രാക്ഷസന്മാര്‍ അപ്പോള്‍ രാജാവിന്റെ ഇംഗിതം ഗ്രഹിച്ച്, പുലിയെ പക്ഷികള്‍ എന്ന പോലെ നാലുപേര്‍ നാല് അംഗത്തില്‍ പിടി കൂടി. അംഗങ്ങളില്‍ പിടിച്ച രാക്ഷസന്മാരോടു കൂടി അംഗദന്‍ മേൽപോട്ടുയര്‍ന്ന് വെണ്മാടത്തിന്റെ തട്ടില്‍ കയറി നിന്നു. പിന്നെ അവന്‍ അവിടെ നിന്ന് ഊക്കോടെ ഒരു ചാട്ടംചാടി. ആ ചാട്ടത്തോടു കൂടി രാക്ഷസന്മാര്‍ തെറിച്ചു താഴെ വീണു. ആ പ്രഹരത്താല്‍ ഹൃദയം തകര്‍ന്ന് അവര്‍ അവശരായി. വെണ്മാടത്തില്‍ ഊന്നിക്കുതിച്ച് അംഗദന്‍ മടങ്ങിയെത്തി. ലങ്കാനഗരം വിട്ടു കുതിച്ചു സുവേലത്തിന് അടുത്തു ചെന്നു. വാനരന്‍ കോസലാധിപന്റെ സമീപത്തെത്തി എല്ലാം കേള്‍പ്പിച്ചു. രാഘവന്റെ ശ്ലാഘയ്ക്കു പാത്രമായി അവന്‍ വിശ്രമിച്ചു.
അനന്തരം വായുജവം ഉള്ളവരായ എല്ലാ വാനരന്മാരും ചേര്‍ന്ന് ലങ്കാപുരിയുടെ കോട്ട അടിച്ചു തകര്‍ത്തു. വിഭീഷണനേയും ജാംബവാനേയും പുരസ്കരിച്ച് ലക്ഷ്മണന്‍ ദുരാസദമായ തെക്കേ കോട്ടവാതില്‍ പൊളിച്ചു. പോരില്‍ സമര്‍ത്ഥന്മാരും കരഭാരുണ പാണ്ഡുക്കളുമായ നൂറുനൂറായിരം വാനരന്മാര്‍ ലങ്കയില്‍ ഓടിക്കടന്നു. കൈത്തലം തുട കവിഞ്ഞു കണങ്കാല്‍ വരെ നീണ്ടവരും, ധൂമ്രവര്‍ണ്ണം ഉള്ളവരുമായ കരടികള്‍ മൂന്നു കോടി ലങ്കാപുരിയില്‍ കടന്നു. മേൽപോട്ടു ചാടി ഉള്ളില്‍ കടന്നു വീഴുന്ന വാനരന്മാരാല്‍ പൊടി പറപ്പിക്കപ്പെട്ടു. ആ ധുളീ പടലത്താല്‍ സൂര്യന്‍ തന്നെ അദൃശ്യനായി. നെല്‍ കതിര്‍ നിറമുള്ളവരും വാകപ്പൂവിന്റെ നിറമുള്ളവരും ബാലാര്‍ക്ക കാന്തിയുള്ളവരും ചണ പിംഗളന്മാരുമായ വാനരന്മാര്‍ ചാടി വീണു. ആ കോട്ട പിംഗള വര്‍ണ്ണമാക്കി. രാക്ഷസഗണം ആബാലവൃദ്ധം അത്ഭുതപ്പെട്ടു. അവര്‍ മണിത്തൂണുകള്‍ തട്ടിമറിച്ചു. യന്ത്രങ്ങള്‍ തട്ടിപ്പൊട്ടിച്ച് ഈരിയെറിഞ്ഞു. ഗുഡോപലങ്ങള്‍, ചക്രങ്ങള്‍, ശതഘ്നി എന്നിവ വലിച്ചെറിഞ്ഞു കയ്യൂക്കോടെ ആര്‍ത്തു. കോട്ടയ്ക്കു മേലെ നില്‍ക്കുന്ന നിശാചരന്മാര്‍, കപീന്ദ്രന്മാർ ആര്‍ത്തടുത്തപ്പോള്‍ ഓടിക്കളഞ്ഞു.
ഈ സമയത്ത് രാവണ രാജാവിന്റെ കല്പനയാല്‍ കാമരൂപികളായ രാക്ഷസന്മാര്‍ വികൃതമായ ആകൃതി പൂണ്ട് നൂറും ആയിരവും അവിടെയെത്തി, മര്‍ക്കടങ്ങളെ ഓടിക്കുമാറ് അസ്ത്രവര്‍ഷം ചൊരിഞ്ഞു. അവര്‍ കോട്ടയ്ക്ക് അഴകു ചേര്‍ക്കുമാറ് ഉഗ്രമായി പോരാടി. ഉഴുന്നിന്‍ കതിരിന്റെ വര്‍ണ്ണത്തിലുള്ള ഭീഷണന്മാരായ. രാക്ഷസന്മാര്‍ സമരം ചെയ്തു. വാനരന്മാരെ ഒക്കെ കോട്ടയ്ക്കു പുറത്താക്കി. ശൂലം ദേഹത്തില്‍ തറച്ചു ചില കപീന്ദ്രന്മാര്‍ വീണു. തൂണും തോരണവും എടുത്തു പ്രഹരിച്ചു. ചില രാക്ഷസന്മാരേയും വാനരന്മാര്‍ വീഴ്ത്തി. തല ചുറ്റിപ്പിടിച്ചു കടിച്ചും മാന്തിയും പരസ്പരം തിന്നും രാക്ഷസരും വാനരന്മാരും തമ്മില്‍ സമരം നടന്നു. കിടന്നും ഉരുണ്ടും അവര്‍ പോരാടി. ചത്തു വീണിട്ടും അവര്‍ പരസ്പരം വിടാതെ കിടന്നു. രാമന്‍ ശരജാലങ്ങള്‍ കാര്‍മേഘമെന്ന പോലെ വര്‍ഷിച്ചു നിന്നു. ആ ശരങ്ങള്‍ ലങ്കയില്‍ കടന്ന് രാക്ഷസ വീരന്മാരെ കൊന്നു. ദുര്‍ഗ്ഗത്തില്‍ നില്‍ക്കുന്ന രാക്ഷസന്മാരെ എണ്ണിയെണ്ണി വീഴ്ത്തി ലങ്കാപുരിയെ ഇങ്ങനെ തകര്‍ത്തതിന് ശേഷം രാമന്റെ ആജ്ഞപ്രകാരം എല്ലാ വാനരന്മാരും ശിബിരത്തില്‍ പ്രവേശിച്ചു.
285. രാമ രാവണ ദ്വന്ദ്വ യുദ്ധം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; വിശ്രമത്തിന് ശേഷം വാനരന്മാര്‍ വീണ്ടും ആക്രമണം ആരംഭിച്ചു. രാവണ സൈന്യങ്ങള്‍ പല ക്ഷുദ്ര രാക്ഷസന്മാരും പിശാചുക്കളും പല സംഘങ്ങളുമായി കൂടി നിന്ന് എതിര്‍ത്തു. പര്‍വ്വണന്‍, പതനന്‍, ജംഭന്‍, ഖരന്‍, ക്രോധവശന്‍, ഹരി, പ്രരുജന്‍, അരുജന്‍, പ്രഘസന്‍ മുതലായ ദുരാത്മാക്കള്‍ അദൃശ്യരായി പാഞ്ഞുവന്നു വാനരന്മാരോട് എതിര്‍ത്തു. വിഭീഷണന്‍ ഉടനെ മുന്നോട്ടു വന്നു രാക്ഷസന്മാരുടെ അന്തര്‍ദ്ധാന ശക്തിയെ കെടുത്തി വിട്ടു. അങ്ങനെ രാക്ഷസന്മാരെല്ലാം ദൃശ്യരായി തീര്‍ന്നപ്പോള്‍ ബഹുദൂരം കുതിച്ചു ചാടുവാന്‍ കഴിവുള്ളവരായ കപികള്‍ ആ നിശാചരന്മാരെ കൊന്നു വീഴ്ത്തി തുടങ്ങി. ഉടനെ അമര്‍ഷണനായ രാവണന്‍ താന്‍ തന്നെ തന്റെ സൈന്യത്തോടു കൂടി പുറപ്പെട്ടു. ഘോരപിശാച രാക്ഷസ സൈന്യങ്ങളോടു കൂടി രണ്ടാം ശുക്രനെന്ന പോലെ യുദ്ധശാസ്ത്ര വിധാനജ്ഞനായ ലങ്കാധിപന്‍ പോര്‍ക്കളത്തില്‍ വന്നു ശുക്രവ്യൂഹം കൂട്ടി കപികളെ വളഞ്ഞു. സൈന്യത്തെ അണിനിരത്തി വന്നുനിന്ന രാവണനോട് ബൃഹസ്പതി വിധിപ്രകാരമുള്ള എതിര്‍ വ്യൂഹമുണ്ടാക്കി രാമന്‍ എതിര്‍ത്തു.
ഇന്ദ്രജിത്തിനോട് ലക്ഷ്മണന്‍ പോരാടി. വിരൂപാക്ഷനോട് സുഗ്രീവനും, താരനോടു നിഘര്‍വടനും, തുണ്ഡനോടു നളനും, പടുശനോടു പനസനും ഇങ്ങനെ എതിര്‍ക്കുവാന്‍ പോന്നവര്‍ തമ്മില്‍ പരസ്പരം പോരാടി. എതിരാളികള്‍ തമ്മില്‍ കയ്യൂക്കു പോലെ കിണഞ്ഞു മത്സരിച്ചു. പോരു കണ്ടു ഭീരുക്കള്‍ ഭയപ്പെട്ടു. ധീരന്മാര്‍ രോമാഞ്ച കഞ്ചുക മണിഞ്ഞു. പണ്ടു ദേവന്മാരും അസുരന്മാരും തമ്മിലുണ്ടായ യുദ്ധത്തെ അനുസ്മരിക്കുമാറ് യുദ്ധം നടന്നു.
രാവണന്‍ ശൂലം, വാള്‍, വേല്‍, കുന്തം മുതലായവ രാമന്റെ നേരെ പ്രയോഗിച്ചു. രാമന്‍ കൂര്‍ത്തു മൂര്‍ത്ത ശരങ്ങള്‍ കൊണ്ടു രാവണനേയും പീഡിപ്പിച്ചു. അപ്രകാരം തന്നെ ലക്ഷ്മണന്‍ മര്‍മ്മം കീറുമാറ് ഇന്ദ്രജിത്തിന്റെ നേരെ ശരങ്ങള്‍ പ്രയോഗിച്ചു. അപ്രകാരം തന്നെ ഇന്ദ്രജിത്ത് ലക്ഷ്മണന്റെ നേരെയും ശരങ്ങള്‍. പ്രയോഗിച്ച് ദേഹം മുറിപ്പെടുത്തി. വിഭീഷണന്‍ പ്രഹസ്തനേയും, പ്രഹസ്തന്‍ വിഭീഷണനേയും പക്ഷിച്ചിറകു വെച്ച അമ്പുകളാല്‍ മുറിവേല്‍പ്പിച്ചു. മഹാസ്ത്രങ്ങള്‍ കൈവശമുള്ളവരായ ആ വീരന്മാര്‍ തമ്മില്‍ ഉല്‍ക്കടമായ പോരാട്ടം നടന്നു. ചരാചരങ്ങളടങ്ങിയ മൂന്നു ലോകവും വിറച്ചു.
286. കുംഭകര്‍ണ്ണ നിര്‍ഗമനം - കുംഭകര്‍ണ്ണനെ നിദ്രയില്‍ നിന്നു ബലമായി ഉണര്‍ത്തുന്നു - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; കര്‍ക്കശമായ പോരാട്ടം നടന്നു കൊണ്ടിരിക്കെ പ്രഹസ്തന്‍ പാഞ്ഞുവന്ന് വിഭീഷണനു ഗദ കൊണ്ട് ആഞ്ഞ് ഒരിടി കൊടുത്തു. ശക്തിയേറിയ ആ ഗദാഘാതമേറ്റിട്ടും ബുദ്ധിമാനായ വിഭീഷണന്‍ ഇളകാതെ ഹിമവാനെ പോലെ ഉറച്ചു നിന്നു. വിഭീഷണന്‍, നൂറു മണികള്‍ കെട്ടിയ വലിയ വേല്‍ എടുത്തു മന്ത്രം ജപിച്ച് അവന്റെ തലയ്ക്കു നേരെ ചാട്ടി. ഇടിത്തീ പോലെ വന്നു പതിച്ച് ആ വേല്‍ ഏറ്റ് ആ നിശാചരന്റെ തല ദൂരെ തെറിച്ചു. കാറ്റേറ്റ വൃക്ഷം പോലെ അവന്‍ നിലം പതിച്ചു. പ്രഹസ്തന്‍ കൊല്ലപ്പെട്ടതു കണ്ട് വാനര സൈന്യത്തിലേക്ക് ഊക്കോടെ ധൂമ്രാക്ഷന്‍ പാഞ്ഞു കയറി. കാര്‍മേഘതുല്യമായ അവന്റെ ഭീഷണ സൈന്യങ്ങള്‍ പാഞ്ഞു വരുന്നതു കണ്ട് വാനരന്മാര്‍ നാലുപാടും പാഞ്ഞു. ചിന്നിച്ചിതറുന്ന വാനരപ്പടയെ കണ്ട് കാപി ശാര്‍ദ്ദൂലനായ ഹനുമാന്‍ ചെന്ന് എതിര്‍ത്തു. ആ വായുപുത്രന്‍ യുദ്ധത്തില്‍ നിൽക്കുന്നതായി കണ്ടപ്പോള്‍ ഓടിപ്പോയ വാനരന്മാരൊക്കെ തിരിച്ചുവന്നു. പിന്നെ രോമാഞ്ചമഞ്ചുമാറ് ബഹുലമായ ആരവം പൊങ്ങി. രക്തപ്രവാഹം ഉണ്ടാക്കുന്ന ആ മഹായുദ്ധത്തില്‍ ധൂമ്രാക്ഷന്‍ കപിസേനയെ ശരങ്ങള്‍ എയ്ത് ഓടിച്ചു. പാഞ്ഞണയുന്ന ആ രാക്ഷസ വീരനോട് ഹനുമാന്‍ ശക്തിയായി എതിര്‍ത്തു കേറി. വാനരന്മാരും രാക്ഷസന്മാരും തമ്മില്‍ അപ്പോള്‍ ഒരു ഭീകര സംഘട്ടനം നടന്നു. ഇന്ദ്രനും പ്രഹ്ളാദനും പോലെ ജയാശയാല്‍ അവര്‍ ശക്തിയായി പോരാടി. ഗദാപരിഘ ജാലങ്ങളാല്‍ ആ വാനരനെ രാക്ഷസന്‍ മര്‍ദ്ദിച്ചു. കീശന്‍ ആശരനെ കൊമ്പുള്ള ഒരു വൃക്ഷം പറിച്ച് അടിച്ചു. പിന്നെ കോപത്തോടെ അശ്വങ്ങള്‍, തേര്‍, സൂതന്‍ ഇവരോടു കൂടെ ക്രുദ്ധനായ ധൂമ്രാക്ഷനെ ഹനുമാന്‍ കൊന്നു. രാക്ഷസേന്ദ്രനായ ധൂമ്രാക്ഷനെ കൊന്നതു കണ്ട് ആത്മവിശ്വാസം വര്‍ദ്ധിച്ച വാനരന്മാര്‍ രാക്ഷസ സേനയെ കൊന്നു. വിജയികളായി ഊക്കു വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന മര്‍ക്കടന്മാര്‍ മുടിക്കുവാന്‍ തുടങ്ങിയതു കണ്ട് രാക്ഷസന്മാര്‍ ആശ കെട്ട്, ഭയപ്പെട്ട് ലങ്കാപുരിയിലേക്കു പാഞ്ഞു പോയി. ചത്തു ശേഷിച്ച രാക്ഷസന്മാര്‍ ഭഗ്നാശരായി രാവണന്റെ സമീപത്തു ചെന്ന് ഉണ്ടായ സംഭവങ്ങളെല്ലാം ഉണര്‍ത്തിച്ചു.
അവര്‍ പറഞ്ഞ് പ്രഹസ്തന്റെ വധ വ്യത്താന്തം അറിഞ്ഞ, രാവണന്‍ ധൂമ്രാക്ഷന്റെ കഥ ചോദിച്ചു. ധൂമ്രാക്ഷനും കൊല്ലപ്പെട്ടു എന്ന് അവര്‍ പറഞ്ഞു. ഈ വര്‍ത്തമാനം കേട്ടപ്പോള്‍ രാവണന്‍ നെടുവീർപ്പിട്ട് പീഠത്തില്‍ നിന്ന് എഴുന്നേറ്റു പറഞ്ഞു: "ഇനി കുംഭകര്‍ണ്ണന്‍, പ്രവര്‍ത്തിക്കേണ്ട കാലമായി".
ഉടനെ കല്പന പ്രകാരം ഭയങ്കരമായ വാദ്യഘോഷങ്ങൾ ഉണ്ടാക്കി ഉറങ്ങി കിടക്കുന്ന കുംഭകര്‍ണ്ണനെ ഉണര്‍ത്തി. വളരെ പണിപ്പെടേണ്ടി വന്നു അവനെ ഉണര്‍ത്തുവാന്‍.
കുംഭകര്‍ണ്ണന്‍ ഉണര്‍ന്ന് എഴുന്നേറ്റ് സ്വസ്ഥമായി ഇരിക്കുമ്പോൾ ദശാനനന്‍ അടുത്തു ചെന്നു പറഞ്ഞു: ഇത്രയും ഭയങ്കരമായ ആപത്ത് ലങ്കയില്‍ വന്നു പെട്ടിട്ടും അതൊന്നും അറിയാതെ കിടന്നു സുഖമായി ഉറങ്ങുന്ന കുംഭകര്‍ണ്ണാ! നിന്നേക്കാള്‍ ഭാഗ്യവാനായി ലോകത്തില്‍ മറ്റാരുണ്ട്? ഇതാ രാമന്‍ കടല്‍ ചിറകെട്ടി വാനര സൈന്യങ്ങളോടു കൂടി ലങ്കയില്‍ വന്നു കയറിയിരിക്കുന്നു. നമ്മെ ധിക്കരിച്ചു വലുതായ കദനങ്ങള്‍ ചെയ്യുന്നു. അവന്റെ ഭാര്യയായ വൈദേഹിയെ ഞാന്‍ കൊണ്ടു പോന്നു. അവളെ വീണ്ടെടുക്കുവാൻ ആണ് അവന്‍ ആഴിക്കു മീതെ ചിറകെട്ടി ഇങ്ങോട്ടു വന്നിരിക്കുന്നത്. അവന്‍ പ്രഹസ്തന്‍ മുതലായ സ്വജനങ്ങളെ കൊന്നു. ഹേ, അരിസൂദനനായ കുംഭകര്‍ണ്ണാ! നീയല്ലാതെ അവനെ കൊല്ലുവാന്‍ ഈ ലോകത്തില്‍ ആരുണ്ട്? ഉടനെ ചട്ടയിട്ടു മഹാബലനായ നീ പുറപ്പെടുക. രാമാദികളായ സകല ശത്രുക്കളേയും കൊല്ലുക! ദൂഷണന്റെ അനുജന്മാരായ വജ്രവേഗനും പ്രമാഥിയും വലിയ സൈന്യങ്ങളോടു കൂടി നിനക്കു തുണയായി വരുന്നതാണ്. ഇപ്രകാരം ശക്തനായ കുംഭകര്‍ണ്ണനോടു പറഞ്ഞ് ആ രാക്ഷസ രാജാവ് വജ്രവേഗനോടും പ്രമാഥിയോടും വേണ്ട കാര്യങ്ങള്‍ ഉണര്‍ത്തിച്ചു. രാവണന്‍ പറഞ്ഞ വിധം ചെയ്യുവാന്‍ വീരന്മാരായ ദൂഷണാനുജന്മാര്‍ സമ്മതിച്ചു. കുംഭകര്‍ണ്ണനെ മുമ്പില്‍ നടത്തി പുരത്തില്‍ നിന്നിറങ്ങി.
287. കുംഭകര്‍ണ്ണാദികളുടെ വധം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു: കുംഭകര്‍ണ്ണന്‍ ലങ്കാപുരം വിട്ടു കൂട്ടുകാരോടൊത്തു യുദ്ധരംഗത്തിൽ എത്തിയപ്പോള്‍ കണ്ടത് വാനര സേനകള്‍ ജയിച്ചു മുന്നിട്ടു നിൽക്കുന്നതാണ്. അവന്‍ രാമന്‍ എവിടെ നിൽക്കുന്നുവെന്ന് ഉത്സുകതയോടെ വാനര സേനയിലേക്കു നോക്കി. അപ്പോള്‍ വില്ലു കയ്യിലേന്തി നിൽക്കുന്ന ലക്ഷ്മണനെയാണ് കണ്ടത്. കുംഭകര്‍ണ്ണന്റെ നേരെ വാനരന്മാര്‍ ചുറ്റും കൂടി വലിയ വൃക്ഷങ്ങളുമായി വന്ന് എതിര്‍ത്തു തുടങ്ങി. പലമാതിരി പോരാട്ടം വശമുള്ളവരായ വാനരന്മാര്‍ പലവിധം ആയുധം കൊണ്ട് ആ രാക്ഷസേന്ദ്രനെ പ്രഹരിക്കുവാന്‍ തുടങ്ങി. യാതൊരു ഭയവും കൂടാതെ ദേഹത്തില്‍ ആക്രമിച്ചു കയറി ചിലര്‍ മാന്തുകയും അടിക്കുകയും ചെയ്തു. അടിക്കുന്ന സമയത്ത് കുംഭകര്‍ണ്ണന്‍ ചില വാനരന്മാരെ പിടിച്ചു ഭക്ഷിച്ചു. ബലനേയും, ചണ്ഡബലനേയും, വജ്രബാഹുവിനേയും അവന്‍ പിടിച്ചു വിഴുങ്ങിക്കളഞ്ഞു. വ്യഥയുണ്ടാക്കുന്ന ഈ ഭയങ്കര രാക്ഷസക്രിയ കണ്ടുപേടിച്ച് താരകൻ മുതലായവര്‍ ഉറക്കെ നിലവിളിച്ചു.
കപിയൂഥപ സൈന്യങ്ങള്‍ ആര്‍ക്കുന്നതു കേട്ട് നിര്‍ഭയനായി സുഗ്രീവന്‍ കുംഭകര്‍ണ്ണന്റെ നേര്‍ക്കു പാഞ്ഞെത്തി. ചെന്നയുടനെ കുംഭകര്‍ണ്ണനെ ഊക്കോടു കൂടി പയിന്‍ മരമെടുത്തു തലയ്ക്ക് ആഞ്ഞ് ഒരടി കൊടുത്തു. മഹാത്മാവായ ആ കപി കുഞ്ജരന്റെ അടി കൊണ്ടു; പയിന്‍മരം ഒടിഞ്ഞു തകര്‍ന്നതല്ലാതെ കുംഭകര്‍ണ്ണനെ വേദനിപ്പിച്ചില്ല. ആ സാലസ്പര്‍ശമേറ്റ് ഉന്മേഷത്തോടു കൂടിയ കുംഭകര്‍ണ്ണന്‍ ഘോരമായി ഒന്ന് അലറി. പെട്ടെന്ന് കുംഭകര്‍ണ്ണന്‍ സുഗ്രീവനെ പിടി കൂടുകയും അവനേയും കൊണ്ടു നടക്കുകയും ചെയ്തു. ഇതു കണ്ട് ഉടനെ സഖി സൗഖ്യദനായ സൗമിത്രി പാഞ്ഞുചെന്നു ശക്തിയേറിയ കാഞ്ചനം കെട്ടിച്ച സായകം കുംഭകര്‍ണ്ണന്റെ നേര്‍ക്ക് എയ്തു. അവന്റെ ചട്ട പൊട്ടിച്ച് ആ സായകം ദേഹം പിളര്‍ന്ന് ആഴത്തില്‍ ചെന്നേറ്റു. നെഞ്ച് അസ്ത്രമേറ്റു പിളര്‍ന്നപ്പോള്‍ അവന്‍ സുഗ്രീവനെ വിട്ടു. വില്ലാളിയായ കുംഭകര്‍ണ്ണന്‍ പിന്നെ എടുത്തത് ഒരു കൂറ്റന്‍ പാറയാണ്. അവന്‍ ആ പാറയും എടുത്ത് ലക്ഷ്മണന്റെ നേര്‍ക്കു പാഞ്ഞെത്തി. പാഞ്ഞു വരുന്ന അവന്റെ രണ്ടു കയ്യൂം തീക്ഷ്ണമായ ശരങ്ങള്‍ കൊണ്ടു കണ്ടിച്ചു വീഴ്ത്തി. അപ്പോള്‍ രണ്ടു കൈകള്‍ പോയ സ്ഥാനത്തു നാലു കൈകള്‍ മുളച്ചു വന്നു. പാറകള്‍ പൊക്കിയെടുത്ത ആ കൈകൾ ഒക്കെയും ശരങ്ങള്‍ കൊണ്ട് അസ്ത്രവേഗം കാട്ടി ലക്ഷ്മണന്‍ ഖണ്ഡിച്ചു. പെരുംകൂറ്റനായ അവന് അപ്പോള്‍ പല കൈകാലുകളും പല ശിരസ്സുകളും മുളച്ചുവന്നു. അപ്പോള്‍ സൗമിത്രി ബ്രഹ്മാസ്ത്രത്താല്‍ ആ ശൈലതുല്യനെ പിളര്‍ന്നു. ആ ദിവ്യാസ്ത്രം ഏറ്റപ്പോള്‍ അവന്‍ വീണു. ഇടിത്തീയേറ്റ തളിര്‍ത്ത വൃക്ഷം എന്ന പോലെ അവന്‍ നിലംപതിച്ചു. തരസ്വിയും വൃത്രതുല്യനുമായ കുംഭകര്‍ണ്ണന്‍ വീണതു കണ്ട് രാക്ഷസന്മാരെല്ലാം ഭയപ്പെട്ട് ഓടിക്കളഞ്ഞു.
ആ യോദ്ധാക്കളെല്ലാം പേടിച്ച് പായുന്നതു കണ്ടപ്പോള്‍ ദൂഷണാനുജന്‍ അവരെ തടഞ്ഞു നിര്‍ത്തി. അവന്‍ സൗമിത്രിയുടെ നേര്‍ക്കു ക്രുദ്ധനായി പാഞ്ഞു. ക്രുദ്ധനായി കുതിച്ചു വരുന്ന ആ വജ്രവേഗനേയും പ്രമാഥിയേയും ലക്ഷ്മണന്‍ ഗര്‍ജ്ജിച്ചു കൊണ്ടു തടഞ്ഞ് ശരങ്ങളെക്കൊണ്ട് എതിര്‍ത്തു. അങ്ങനെ ധീമാനായ സൗമിത്രിയും ദൂഷണാനുജന്മാരും തമ്മില്‍ ഏറ്റവും ഭയങ്കരവും രോമാഞ്ച ജനകവുമായ യുദ്ധമുണ്ടായി. മഹാബാഹുവായ ലക്ഷ്മണന്‍ ആ രാക്ഷസന്മാരിലും അവര്‍ ലക്ഷ്മണനിലും ഭയങ്കരമായ ശരങ്ങള്‍ വര്‍ഷിച്ചു. ആ ദാരുണമായ പോരാട്ടം ഒരു മുഹൂര്‍ത്തം നീണ്ടു നിന്നു. മാരുത പുത്രനായ ഹനുമാന്‍ പര്‍വ്വതശൃംഗത്തെ ആയുധമാക്കി എടുത്ത് ഓടിവന്ന് വജ്രവേഗ രാക്ഷസനെ. ആഞ്ഞടിച്ചു ചതച്ചു കൊന്നു. അതിനെ തുടര്‍ന്ന് മഹാബലനായ നീലന്‍ പാഞ്ഞുവന്ന് ഒരു ഭയങ്കരമായ പാറയെടുത്തു ദൂഷണാനുജനായ പ്രമാഥിയെ ഇടിച്ചു തകര്‍ക്കുകയും ചെയ്തു. പിന്നീട് രാമരാവണ സൈന്യങ്ങള്‍ തമ്മില്‍ തമ്മില്‍ പാഞ്ഞിടഞ്ഞു. ഘോരമായ ഫലം ഉണ്ടാക്കുന്ന കടുത്ത പോരാട്ടം നടന്നു. വളരെ ആശരന്മാരെ വാനരന്മാരും വളരെ വാനരന്മാരെ രാക്ഷസന്മാരും അടിച്ചു തകര്‍ത്തു. മിക്കവാറും മരണം രാക്ഷസന്മാര്‍ക്കായിരുന്നു വാനരന്മാരില്‍ വളരെക്കുറച്ചു നാശമേ സംഭവിച്ചുള്ളു.
288. ഇന്ദ്രജിത്തിന്റെ യുദ്ധം - ഇന്ദ്രജിത്തിന്റെ മായായുദ്ധവും രാമ ലക്ഷ്മണന്മാരുടെ മൂര്‍ച്ഛയും - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മഹാവീരനായ ധ്രൂമാക്ഷനേയും മഹാധനുര്‍ദ്ധരനായ പ്രഹസ്തനേയും അനുചരന്മാരോടു കൂടിയ കുംഭകര്‍ണ്ണനേയും ശത്രുക്കള്‍ പോരില്‍ വധിച്ച വൃത്താന്തം രാവണന്‍ അറിഞ്ഞു. ഉടനെ തന്റെ വീരപുത്രനായ ഇന്ദ്രജിത്തിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
രാവണന്‍ പറഞ്ഞു: അല്ലയോ അരിസൂദനനായ പുത്രാ! നീ ഉടനെ ചെന്നു രാമനേയും സുഗ്രീവനേയും ലക്ഷ്മണനേയും കൊല്ലണം. നീയാണ് എന്റെ സല്‍പുത്രന്‍. എനിക്കു മഹത്തായ കീര്‍ത്തി വളര്‍ത്തുന്നതും നീയാണ്. ശചീപതിയും സഹസ്രാക്ഷനുമായ വജ്രിയെ പോരില്‍ വെന്നവന്‍ നീയാണ്! നീയാണ് ആ മഹത്തായ കീര്‍ത്തി എനിക്കു നേടിത്തന്നത്. മറഞ്ഞു നിന്നോ നേരിട്ടോ വരബലം കൂടിയ ദിവ്യമായ ശരങ്ങള്‍ കൊണ്ട് ശസ്ത്രജഞവരനായ നീ എന്റെ ശത്രുക്കളെ സംഹരിക്കുക. അല്ലയോ അനഘാ നിന്റെ ശരങ്ങളെ സഹിക്കുവാനുള്ള കരുത്ത് രാമലക്ഷ്മണന്മാര്‍ക്കും സുഗ്രീവനുമില്ല. പിന്നെയുണ്ടോ കൂടെയുള്ളവര്‍ക്കു കഴിയുന്നു? ഖരന്റെ പക വീട്ടുവാന്‍ പ്രഹസ്തനും, കുംഭകര്‍ണ്ണനും യുദ്ധത്തില്‍ സാധിച്ചില്ല. നീ അതു സാധിക്കണം. ഇന്നു സൈന്യത്തോടു കൂടി ശത്രുവൃന്ദങ്ങളെ ശരങ്ങള്‍ എയ്തു കൊന്ന് പണ്ട് ഇന്ദ്രനെ ജയിച്ചതു പോലെ എന്റെ മനസ്സിന് സന്തോഷം വളര്‍ത്തുക.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം രാവണന്‍ പറഞ്ഞ ഉടനെ പുത്രനായ ഇന്ദ്രജിത്ത് ചട്ടയിട്ടു പോരിനായി പുറപ്പെട്ടു. യുദ്ധക്കളത്തില്‍ എത്തിയ രാക്ഷസ ശ്രേഷ്ഠന്‍ ലക്ഷണ യുക്തനായ ലക്ഷ്മണനെ പേര്‍ പറഞ്ഞു പോരിന് വിളിച്ചു. ക്ഷണത്തില്‍ അമ്പും വില്ലുമായി സിംഹം ക്ഷുദ്രമൃഗങ്ങളെ എന്നപോലെ ഹസ്തതാഡനത്താല്‍ ശത്രുക്കളെ വിറപ്പിക്കുന്ന ലക്ഷ്മണന്‍ മുന്നോട്ടു ചാടി. തനിക്കു ജയമുണ്ടാകണം എന്നുള്ള ആഗ്രഹത്താല്‍ അവര്‍, പരസ്പരം തീവ്രമായി പോരാടി. ശരങ്ങള്‍ കൊണ്ടു മെച്ചം നേടുവാന്‍ കഴിയാതെ മഹാബലനായ രാവണ പുത്രന്‍ മറ്റൊരു വിധത്തില്‍ അതിനേക്കാള്‍ വലിയ യത്നം ചെയ്യുവാന്‍ ശ്രമിച്ചു. ഉടനെ ഊക്കില്‍ തോമരങ്ങള്‍ കൊണ്ടുള്ള പ്രയോഗം തുടങ്ങി. ലക്ഷ്മണന്‍ തന്റെ നേരെ വരുന്ന അവയെ അമ്പെയ്തു മുറിച്ചു. തീവ്രമായ ബാണങ്ങള്‍ ഏറ്റ് അവ ഭൂമിയില്‍ അറ്റു വീണു. അംഗദന്‍ ഉടനെ കയ്യില്‍ വൃക്ഷവുമായി പാഞ്ഞു വന്ന് ഇന്ദ്രജിത്തിന്റെ തലയ്ക്കു പ്രഹരിച്ചു. കൂസല്‍ കൂടാതെ അംഗദന്റെ മാറില്‍ പ്രാസം കൊണ്ടു വീരനായ രാവണി കുത്തുവാന്‍ ഓങ്ങുമ്പോഴേക്കും ലക്ഷ്മണന്‍ അതു പെട്ടെന്ന് എയ്തു മുറിച്ചു. അടുത്തു വന്നു വീരനായ അംഗദനെ രാവണ പുത്രന്‍ ഇടംപളളയ്ക്കു ഗദ കൊണ്ട് അടിച്ചു. ആ തല്ലിനെ വകവയ്ക്കാതെ ശക്തനായ ബാലിപുത്രന്‍ പയിന്‍മരം വലിച്ച് ഇന്ദ്രജിത്തിന്റെ ദേഹത്തില്‍ പ്രഹരിച്ചു. ഇന്ദ്രജിത്തിനെ വധിക്കുവാന്‍ അംഗദന്‍ വിട്ട ആ മരം ഇന്ദ്രജിത്തിന്റെ സൂതനേയും അശ്വങ്ങളേയും രഥത്തേയും തകര്‍ത്തു. ഉടനെ രാവണ പുത്രന്‍ ആ സൂതാശ്വ രഥങ്ങളെ വിട്ടുയര്‍ന്നു രക്ഷപ്പെട്ടു. ഉടനെ രാവണി മായയാല്‍ അവിടെ തന്നെ മറഞ്ഞു.
മായാവിയായ ആ രാക്ഷസന്‍ മറഞ്ഞത് അറിഞ്ഞപ്പോള്‍ രാമന്‍ ആ ദിക്കിലേക്കെത്തി സൈന്യത്തെ കാത്തു. അവന്‍ രാമനെ ദിവ്യാസ്ത്രങ്ങളാല്‍ മുറിവേല്പിച്ചു. അപ്രകാരം തന്നെ ലക്ഷ്മണനേയും മുറിവേല്പിച്ചു. മായ കൊണ്ട് മറഞ്ഞ് എങ്ങു നോക്കിയാലും കാണാത്ത രാവണ പുത്രനുമായി രാമലക്ഷ്മണന്മാര്‍ പോരാടി. ആ നൃസിംഹകന്മാരുടെ സര്‍വ്വ അംഗത്തിലും രോഷത്തോടെ ഇന്ദ്രജിത്ത് നൂറും ആയിരവും ബാണങ്ങള്‍ വീണ്ടും വീണ്ടും എയ്തു. മറഞ്ഞു നിന്നു മൂര്‍ച്ചയുള്ള അമ്പു തൂകുന്ന അവനെ നോക്കുന്നവരായ മര്‍ക്കടന്മാര്‍ ഭയങ്കരമായ കൂറ്റന്‍ പാറകള്‍ കയ്യിലെടുത്ത് നഭസ്സില്‍ കയറി. അപ്പോള്‍ രാവണി ആ വാനരന്മാരേയും രാമലക്ഷ്മണന്മാരേയും മറഞ്ഞു നിന്ന് അമ്പു വര്‍ഷിച്ചു. ഇങ്ങനെ മായാച്ഛന്നനായ രാവണി വളരെയധികം ശരങ്ങള്‍ നിര്‍ബ്ബാധം തൂകി നിന്നു. ഒടുവില്‍ ഇന്ദ്രജിത്തിന്റെ ശരങ്ങള്‍ തറച്ച് രാമലക്ഷ്മണന്മാര്‍, ആകാശത്തില്‍ നിന്നു സൂര്യചന്ദ്രന്മാര്‍ എന്ന പോലെ ഭൂമിയില്‍ വീണു.
289. ഇന്ദ്രജിത്ത് വധം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഭ്രാതാക്കളായ രാമ ലക്ഷ്മണന്മാര്‍ വീണതു കണ്ടപ്പോള്‍ ഉടനെ രാവണി ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് അവരെ ബന്ധിച്ചു. ഇന്ദ്രജിത്തിന്റെ ശരബന്ധത്തില്‍ പെട്ട് ആ നരര്‍ഷഭന്മാര്‍ പഞ്ജരത്തിലെ പക്ഷികള്‍ പോലെ പ്രശോഭിച്ചു.
അസംഖ്യം അസ്ത്രങ്ങള്‍ തറച്ച് അവര്‍ വീണതു കണ്ടയുടനെ സുഗ്രീവന്‍ മര്‍ക്കട വീരന്മാരുമായി അവരുടെ ചുറ്റും കാവല്‍ നിന്നു. സുഷേണന്‍, ദ്വിവിദന്‍, മൈന്ദന്‍, അംഗദന്‍, കുമുദന്‍, നളന്‍, നിലന്‍, താരന്‍, ഹനുമാന്‍ എന്നിവരോടു കൂടി കപീശ്വരന്മാര്‍ അവിടെയെത്തി. അപ്പോഴേക്കും വിഭീഷണന്‍ അവിടെയെത്തി പ്രജഞാസ്ത്രം പ്രയോഗിച്ച് ആ വീരന്മാരെ ഉണര്‍ത്തി. സുഗ്രീവന്‍ ദിവ്യമന്ത്രം ചേര്‍ന്ന ദിവ്യഔഷധശക്തി കൊണ്ടു വേഗത്തില്‍ അവരെ വിശല്യരാക്കി തീര്‍ത്തു. ശല്യങ്ങള്‍ നീങ്ങി ബോധം വന്ന് ആ വീരന്മാര്‍ എഴുന്നേറ്റു. ക്ഷണം കൊണ്ട് ആ മഹാരഥന്മാരുടെ തളര്‍ച്ചയും ക്ഷീണവും തീര്‍ന്നു.
ക്ഷീണം തീര്‍ന്നിരിക്കുന്ന ഇക്ഷ്വാകു നന്ദനനായ രാമനോട് ഹേ, പാര്‍ത്ഥാ! വിഭീഷണന്‍ കൈകൂപ്പി ഉണര്‍ത്തിച്ചു; ഈ വെള്ളവും കൊണ്ട് കൈലാസത്തില്‍ നിന്നു ഭവാന്റെ അടുത്തേക്ക് ഒരു ഗുഹ്യകന്‍ വന്നിരിക്കുന്നു. വ്രൈശവണന്‍ കൊടുത്തയച്ചതാണ്. ഈ വെള്ളം അങ്ങയ്ക്ക് ധനേശ്വരന്‍ നല്‍കുന്നു. മറഞ്ഞിരിക്കുന്ന ജീവികളെ കാട്ടിത്തരുന്ന ദിവ്യജലമാണിത്. ഇതു കൊണ്ടു കണ്ണു കഴുകിയാല്‍ മറഞ്ഞിരിക്കുന്ന ഭൂതജാലങ്ങള്‍ ഭവാനു കാണുമാറാകും. ഭവാന്‍ ഇത് ആര്‍ക്കു നല്‍കുന്നുവോ അവനും ആ അനുഭവം തന്നെയുണ്ടാകും.
ഉടനെ അങ്ങനെയാകട്ടെ എന്നു പറഞ്ഞ് രാഘവന്‍ ആ ജലം വാങ്ങിച്ചു. താനും സൗമിത്രിയും രണ്ടു കണ്ണുകളും ആ ജലം കൊണ്ടു കഴുകി. പിന്നെ സുഗ്രീവനും, ജാംബവാനും, അംഗദനും, ഹനുമാനും, നീലനും, മൈന്ദനും, ദ്വിവിദനും, മിക്ക വാനരന്മാരും രാമന്‍ നല്കിയ ആ ജലത്താല്‍ കണ്ണുകള്‍ ശുദ്ധീകരിച്ചു. വിഭീഷണന്‍ പറഞ്ഞ മാതിരി തന്നെ എല്ലാവര്‍ക്കും അനുഭവമുണ്ടായി. ഇവര്‍ക്ക് ഹേ, യുധിഷ്ഠിര! അതിന്ദ്രീയമായ കാഴ്ച ലഭിച്ചു.
മഹാകര്‍മ്മം ചെയ്ത ഇന്ദ്രജിത്ത് താന്‍ ചെയ്ത പണിഅച്ഛനെ ഉടനെ കേള്‍പ്പിച്ചു. വീണ്ടും പടത്തലയ്ക്കലെത്തി. ചുണയോടെ വീണ്ടും പോരിനായി പാഞ്ഞടുത്തു. ലക്ഷ്മണന്‍ അവനെ നേരിട്ട് വിഭീഷണന്റെ അഭിമതം പോലെ എതിര്‍ത്തു. ആഗ്നികകര്‍മ്മം അനുഷ്ഠിക്കുന്നതിന് മുമ്പെ ആ വിജയ ഗര്‍വ്വത്തോടു കൂടിയ രാക്ഷസന്മാരെ കൊന്നൊടുക്കണമെന്നു നിശ്ചയിച്ച്, വിഭീഷണന്‍ നല്കുന്ന സൂചനകളെ ഗ്രഹിച്ചു കൊണ്ട് ലക്ഷ്മണന്‍ ചുണയോടെ അമ്പുകള്‍ ചൊരിഞ്ഞു. അങ്ങനെ ലക്ഷ്മണനും ഇന്ദ്രജിത്തും തമ്മില്‍ ജയകാംക്ഷയോടെ പൊരുതി. ശക്രനും പ്രഹ്ളാദനും തമ്മിലുണ്ടായ സംഗരം പോലെ പരമാത്ഭുതമായിരുന്നു ആ പോരാട്ടം. മര്‍മ്മം പിളര്‍ക്കുന്ന ശരം ലക്ഷ്മണന്റെ നേരെ രാവണി പ്രയോഗിച്ചു. അഗ്നിതുല്യമായ അമ്പ് ലക്ഷ്മണന്‍ ഇന്ദ്രജിത്തിന്റെ നേരെ വിട്ടു. സൗമിത്രിയുടെ അമ്പു കൊണ്ടപ്പോള്‍ രാവണി ഉള്‍ക്രോധം മൂര്‍ച്ഛിച്ച പാമ്പു പോലെ ഉഗ്രവിഷമുള്ള ശരം ലക്ഷ്മണന്റെ നേരെ വിട്ടു. ഉടനെ മൂന്ന് അഗ്നിതുല്യമായ ബാണങ്ങള്‍ കൊണ്ട് വീരനായ ലക്ഷ്മണന്‍ ഇന്ദ്രജിത്തിനെ വധിച്ച വിവരം ഞാന്‍ പറയാം, കേള്‍ക്കുക. ഒരു ശരം കൊണ്ട് ലക്ഷ്മണന്‍ അവന്റെ വില്ലു പിടിച്ചു കയ്യും മെയ്യും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചു. രണ്ടാമത്തെ ശരം കൊണ്ട് അമ്പു പിടിച്ച കയ്യും അറുത്തു. മൂര്‍ച്ചയോടെ തിളങ്ങുന്ന മൂന്നാമത്തെ ശരത്താല്‍ കുണ്ഡലം മിന്നുന്നതും ഭംഗിയേറിയ മൂക്കുള്ളതുമായ ശിരസ്സും അറുത്തു. അങ്ങനെ കയ്യൂം കഴുത്തും ഖണ്ഡിച്ചു വിട്ട ഘോരമായ കബന്ധമായി അവനെ കൊന്നുവിട്ട ശരങ്ങള്‍ കൊണ്ടു തന്നെ ആ ബലവാന്‍ സൂതനേയും കൊന്നു. അശ്വങ്ങള്‍ തേരും വലിച്ച് ലങ്കാപുരിയിലേക്ക് ഓടി. പുത്രനില്ലാത്ത തേര്‍ കണ്ടു രാവണന്‍ പുത്രനെ കൊന്നതായി കണ്ടുപേടിച്ച് ഉള്ളുഴന്ന് സീതയെ സംഹരിച്ചു കളയുവാന്‍ തന്നെ തീരുമാനിച്ചു. അശോക വനിയില്‍ രാമനെ കാത്തിരിക്കുന്ന സീതയുടെ നേരെ അവളെ കൊല്ലുവാന്‍ വാളുമായി പാഞ്ഞുചെന്നു. ആ ദുഷ്ടന്റെ പുറപ്പാടു കണ്ട് അവിന്ധ്യന്‍ ആ ദുര്‍മ്മതിയെ ശാന്തനാക്കി. എങ്ങനെയാണ് ശാന്തമാക്കിയതെന്നു കേള്‍ക്കുക.
അവിന്ധ്യന്‍ പറഞ്ഞു; ദീപ്തമായ മഹാരാജ്യത്തിന്റെ നാഥനായ ഭവാന്‍ പെണ്ണിനെ കൊല്ലരുത്. ഭവാന്റെ അന്തസ്സിനു നിരക്കാത്തതാണ് ആ പ്രവൃത്തി. ഭവാന്റെ അധീനത്തില്‍ തടവിലിരിക്കുന്ന പെണ്ണ് ചത്തവളാണല്ലോ! ഇനി വേറെ ഒരു കൊല ആവശ്യമില്ല. ദേഹം വെട്ടി മുറിച്ചാലും ഇവള്‍ ചാവുകയില്ല എന്നാണ് എന്റെ അഭിപ്രായം. വേണ്ടത് ഇവളെ വെട്ടിക്കൊല്ലുകയല്ല; ഇവളുടെ പതിയെയാണു കൊല്ലേണ്ടത്. അവന്‍ ചത്താല്‍ ഇവള്‍ ചത്തതു തന്നെ. പലപ്പോഴും ഇന്ദ്രനോടു ചേര്‍ന്ന സുരന്മാരെ ത്രസിപ്പിച്ചവനായ ഭവാന്‍ വിക്രമത്തില്‍ സാക്ഷാല്‍ ദേവാധിരാജനേക്കാള്‍ മേലെയാണല്ലോ. അങ്ങനെയുള്ള ഭവാനു ചേര്‍ന്നതല്ല സ്ത്രീ വധം. ഈ മാതിരി പലതും പറഞ്ഞ് അവിന്ധ്യന്‍ രാവണനെ ശാന്തനാക്കി. അവന്‍ ആ മൊഴി സ്വീകരിക്കുകയും ചെയ്തു. ഉടനെ ദശമുഖന്‍ വാള്‍ ഉറയില്‍ തന്നെ വെച്ചു. അനന്തരം പോരിന് പുറപ്പെടുന്നതിന് തന്റെ രഥം സജ്ജമാക്കുവാന്‍ രാവണന്‍ കല്പന നല്കി.
290. രാവണവധം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: തന്റെ പ്രിയപുത്രന്റെ വധവൃത്താന്തം അറിഞ്ഞു കോപിച്ച് രാവണ ന്‍പൊന്മണി തേരില്‍ കയറി പോരിനായി പുറപ്പെട്ടു. പലവിധം ആയുധങ്ങളേന്തിയ ഘോരന്മാരായ രാക്ഷസന്മാരോടു കൂടെ കപീന്ദ്രന്മാരുമായി പൊരുതി രാമന്റെ നേരിട്ടടുത്തു. ക്രോധത്തോടെ വന്നടുക്കുന്ന അവനെ മൈന്ദന്‍, നീലന്‍, നളന്‍, അംഗദന്‍, ഹനുമാന്‍, ജാംബവാന്‍ എന്നിവര്‍ സൈന്യത്തോടു കൂടി വളഞ്ഞു. ആ വാനര ശ്രേഷ്ഠന്മാര്‍ ദശകണ്ഠന്റെ പടയെ മരങ്ങള്‍ പറിച്ച്, രാവണന്റെ മുമ്പില്‍ വെച്ചു തന്നെ, അവന്‍ കാണ്‍കെ അടിച്ചു കൊന്നു. ശത്രുവീരന്മാര്‍ തന്റെ സൈന്യത്തെ കൊന്നൊടുക്കുന്നതു കണ്ട് മായാവിയായ രാക്ഷസാധിപന്‍ മായ സൃഷ്ടിച്ചു. അവന്റെ മെയ്യില്‍ നിന്ന് നൂറും ആയിരവും രാക്ഷസന്മാര്‍ അമ്പും ശൂലവും വടിയുമായി ചാടിപ്പുറപ്പെട്ടു. ആ രാക്ഷസൗഘത്തെ ഒക്കെ രാഘവന്‍ ദിവ്യാസ്ത്രത്താല്‍ സംഹരിച്ചു. രാമലക്ഷ്മണ രൂപങ്ങള്‍ പലതും മായയാല്‍ തീര്‍ത്ത് ദശാനനന്‍ രാമലക്ഷ്മണന്മാരുടെ നേരെ പാഞ്ഞുചെന്നു. ആ രാമലക്ഷ്മണ രൂപങ്ങളോട് രാമലക്ഷ്മണന്മാര്‍ പൊരുതി. അപ്പോള്‍ നിശാചരന്‍ രാമലക്ഷ്മണന്മാരുടെ നേരെ വില്ലുമായി പാഞ്ഞുചെന്നു. രാക്ഷസേന്ദ്രന്റെ മായ കണ്ട് രാമന്‍ ലക്ഷ്മണനോടു വെമ്പലോടെ പറഞ്ഞു:
ഹേ, ലക്ഷ്മണാ! നിന്റെ രൂപം പൂണ്ടു വരുന്ന നിശാചരന്മാരെ ഒക്കെ നീ കൊല്ലുക. ശങ്കിക്കരുത്. സ്വന്തം രൂപം എടുത്തുവന്ന നിശാചരന്മാരെ ഒക്കെ രാമനും കൊന്നു. പിന്നെ, പച്ചക്കുതിരകളെ കെട്ടിയ സൂര്യശ്രീയുള്ള രഥവുമായ ഇന്ദ്രസാരഥിയായ മാതലി രാമന്റെ പാര്‍ശ്വത്തില്‍ വന്നെത്തി ഇപ്രകാരംപറഞ്ഞു.
മാതലി പറഞ്ഞു: ഹേ, രാഘവാ! ഹരൃശ്വങ്ങളെ കെട്ടിയ ജൈത്രം എന്ന ഇന്ദ്രരഥമാണ് ഇത്. ഇതില്‍ കയറിയാണ് ദൈതൃദാനവ സമൂഹത്തെ ഇന്ദ്രന്‍ വധിച്ചത്. ഞാന്‍ നടത്തുന്ന ഈ മുഖ്യമായ തേരില്‍ കയറി ഹേ, നരശാര്‍ദ്ദൂലാ! രാവണനെ വേഗത്തില്‍ വധിക്കുക. ഇനി ഒട്ടും താമസിക്കേണ്ട. മാതലി സത്യമാണ് പറയുന്നതെന്നു വിചാരിച്ചെങ്കിലും, അതിലും രാമന് ശങ്കതോന്നി. ഇതു രാക്ഷസന്റെ മായയാണ് എന്ന് അപ്പോള്‍ വിഭീഷണന്‍ അറിയിച്ചു. ഇതു ദുഷ്ടനായ രാവണന്റെ മായയല്ല. ഐന്ദ്രമായ ഈ തേരില്‍ ഉടനെ കയറിയാലും! എന്നു മാതലി പറഞ്ഞപ്പോള്‍ രാമന്‍ സസ്നേഹം വിഭീഷണനെ സമ്മതിപ്പിച്ച് അതില്‍ കയറി, രാവണന്റെ നേരെ കോപത്തോടെ, പാഞ്ഞുചെന്നു. രാവണന്റെ നേരെ രാമന്‍ ഇന്ദ്രരഥത്തില്‍ കയറി അടുത്തപ്പോള്‍ "ഹാ! ഹാ", എന്ന ശബ്ദം എല്ലായിടത്തു നിന്നും പുറപ്പെട്ടു. ദിവ്യമായ ഭേരീനാദവും സിംഹനാദങ്ങളും ഉണ്ടായി. എല്ലാ ദിക്കിലും അത്ഭുതാഹ്ലാദ പ്രകടനങ്ങൾ ഉയര്‍ന്നു. രാജപുത്രന്മാരും, ദശാസ്യനും തമ്മില്‍ ഉൽക്കടമായ യുദ്ധമുണ്ടായി. മറ്റൊരു യുദ്ധവും അതിന് ഉപമാനമായിട്ടില്ല. രാമരാവണ യുദ്ധത്തിനു സമം രാമരാവണയുദ്ധം തന്നെ! രാമന്റെ നേര്‍ക്കു രാവണന്‍ ഇടിത്തീ പ്രായമായും ബ്രഹ്മദണ്ഡം പോലെയും ഉൽക്കടമായ ശൂലം ചാട്ടി വിട്ടു. ആ ശൂലം രാമന്‍ തീക്ഷ്ണമായ ശരം കൊണ്ടു ഖണ്ഡിച്ചു. ആ ദുഷ്ക്കരമായ സംഭവം രാവണനെ ഭയപ്പെടുത്തി. ഉടനെ ദശാനനന്‍ ചൊടിച്ചു നിശിതമായ ശരം വര്‍ഷിച്ചു. രാമനില്‍ പലതരം ശസ്ത്രങ്ങള്‍ ആയിരവും പതിനായിരവും പ്രയോഗിച്ചു നോക്കി. ശൂലം, മുസൃണ്ഠി, മുസലം, പരശ്വധം, വേല്‍, പലതരം കൂര്‍ത്ത കത്തിയമ്പുകള്‍, ശതഘ്നി എന്നിവ രാവണന്‍ പ്രയോഗിച്ചു, രാവണന്റെ ഘോരവും വലിയതുമായ മായാവിദ്യകള്‍ കണ്ട് ചുറ്റും ഓരോ ദിക്കിലേക്കായി വാനര വീരന്മാര്‍ ഭയപ്പെട്ടു പാഞ്ഞു. അപ്പോള്‍ നല്ല ചിറകും മുനയും മൊട്ടുമുള്ള സായകം രാമന്‍ തൂണിയില്‍ നിന്ന് എടുത്ത് ബ്രഹ്മാസ്ത്രത്തോടു ചേര്‍ത്തു. രാമന്‍ ബ്രഹ്മാസ്ത്രത്തെ ആ ബാണത്തില്‍ മന്ത്രിക്കുമ്പോള്‍ അതു കണ്ട് ഇന്ദ്രാദികളായ ദേവന്മാരും ഗന്ധര്‍വ്വന്മാരും ആഹ്ളാദിച്ചു. "രാക്ഷസന്റെ ആയുസ്സിതാ ഒടുങ്ങുന്നു", എന്ന് അവര്‍ ഉറച്ചു. ബ്രഹ്മാസ്ത്ര ഗ്രഹണം കൊണ്ടു തങ്ങളുടെ വൈരി ഇതാ അവസാനിക്കുന്നു എന്ന് അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
രാവണാന്തകരവും ഘോരവും ബ്രഹ്മദണ്ഡ സദൃശവുമായ ആ ബാണം രാമന്‍ നന്നായി വലിച്ചു വിട്ടു. ശരംവിട്ട മാത്രയ്ക്ക് ആ രാക്ഷസേശ്വരനും സൂതനും അശ്വങ്ങളും തേരും കത്തിജ്ജ്വലിച്ച് കാളുന്ന അഗ്നികുണ്ഡത്തില്‍ പെട്ടമാതിരി ദഹിച്ചു പോയി. ഗന്ധര്‍വ്വന്മാരോടും ചാരണന്മാരോടും കൂടിയ ദേവന്മാര്‍ വളരെ വളരെ ഹര്‍ഷാഹ്ളാദം കൊണ്ടു മതിമറന്നു. ശ്ലാഘ്യകാരിയായ രാമന്‍ രാവണനെ കൊന്നതു കണ്ട് അവര്‍ അതിരറ്റ് ആഹ്ളാദിച്ചു.
മഹാഭാഗനായ രാവണനില്‍ നിന്നു ബ്രഹ്മാസ്ത്ര തേജസ്സാല്‍ പഞ്ചഭൂതങ്ങള്‍ അകന്ന്, രാക്ഷസന്‍ സര്‍വ്വലോകങ്ങളില്‍ നിന്നും അകന്നു. അവന്റെ ദേഹധാതുക്കളായ മാംസവും ചോരയുമൊക്കെ ബ്രഹ്മാസ്ത്രത്താല്‍ ദഹിച്ചു. ആ രാക്ഷസന്റെ ഭസ്മം പോലും അവശേഷിച്ചില്ല.
291. ശ്രീരാമാഭിഷേകം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: സുരദ്വേഷിയും ക്ഷുദ്ര രാക്ഷസേന്ദ്രനുമായ ദശാസ്യനെ വധിച്ച്, മിത്രങ്ങളോടും സൗമിത്രിയോടും കൂടി രാമന്‍ ഹര്‍ഷിച്ചു. ദശമുഖനെ വധിച്ചതിന് ശേഷം ദേവന്മാര്‍ മുനിമാരോടു കൂടി ആ മഹാബാഹുവിന് വിജയാശംസകൾ അര്‍പ്പിച്ചു. എല്ലാ ദേവന്മാരും രാമനാകുന്ന പങ്കജാക്ഷനെ വാഴ്ത്തി സ്തുതിച്ചു. ഗന്ധര്‍വന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. ദേവകള്‍ ആശംസാ വാക്യങ്ങള്‍ കൊണ്ടും രാമനെ പൂജിച്ചു. അവരെല്ലാവരും വന്നവഴിക്കു പോയി. അപ്പോള്‍ ആകാശമെങ്ങും ഒരു മഹോത്സവത്തിന്റെ അലയടിച്ചു.
പ്രഭുവും വൈരി പുരഞ്ജയനുമായ രാമന്‍ ദശാസ്യന്റെ വധം കഴിഞ്ഞപ്പോള്‍ വിഭീഷണനു ലങ്കയെ നല്കി. സീതയെ പുരസ്കരിച്ചു കൊണ്ട് വിഭീഷണനോടും കൂടി ബുദ്ധിമാനും വൃദ്ധാമാതൃനുമായ അവിന്ധ്യന്‍ ഇറങ്ങിവന്ന് ദൈന്യതയോടെ മാന്യനായ കാകുല്‍സ്ഥനോട് ഉണര്‍ത്തിച്ചു; "മഹാത്മാവേ, സദ് വൃത്തയായ സീതാദേവിയെ സ്വീകരിച്ചാലും!".
ഇപ്രകാരം അവിന്ധ്യന്‍ പറഞ്ഞതു കേട്ട് ശ്രേഷ്ഠരഥം വിട്ടു താഴത്തിറങ്ങി നിന്ന് ബാഷ്പാര്‍ദ്രയായ ജാനകിയെ ആ ഇക്ഷ്വാകു നന്ദനന്‍ ദര്‍ശിച്ചു. വാഹനത്തില്‍ ശോകകൃശയായി, കറുത്ത വസ്ത്രം ധരിച്ച്, ചിടകെട്ടിയ മുടിയോടെ, ചേറാണ്ട ശരീരത്തോടെ, ആ സുന്ദരാംഗിയെ കണ്ടപ്പോള്‍ രാമന്‍ പരാപഹരണത്തെ ചിന്തിച്ചു പരാമര്‍ശ വിശങ്കിതനായി ഇപ്രകാരം പറഞ്ഞു.
രാമന്‍ പറഞ്ഞു: ഭദ്രേ, മൈഥിലീ! ഭവതിക്കു മോചനം ലഭിച്ചിരിക്കുന്നു. ഇനി ഭവതി പൊയ്ക്കൊള്ളുക. ഞാന്‍ ചെയ്യേണ്ടതെന്തോ അതു ഞാന്‍ ചെയ്തു കഴിഞ്ഞു. രാക്ഷസ ഭവനത്തില്‍ ഭര്‍ത്താവായ എന്നെ ഭവതി കാത്തുകിടന്നു നരയ്ക്കരുതെന്നു വിചാരിച്ച് ഞാനീ രാക്ഷസനെ യുദ്ധത്തില്‍ വീഴ്ത്തി. അതോടെ എന്റെ ചുമതല നിര്‍വ്വഹിക്കപ്പെട്ടു. ധര്‍മ്മതത്വം ശരിയായും അറിയുന്ന എന്നെപ്പോലെ ഉള്ളവന്‍ ക്ഷണനേരമെങ്കിലും പരഹസ്ത ഗതയായ നാരിയെ കൈക്കൊള്ളുമോ? ( ** ). ഭവതി സുവൃത്തയായിരിക്കാം, ദുര്‍വൃത്തയായിരിക്കാം. അതെനിക്കു ചിന്തിക്കേണ്ടതില്ല. നായ നക്കിയ ഹവിസ്സു പോലെ ഭവതി ഉപഭോഗത്തിന് സ്വീകരിക്കുവാന്‍ യോഗ്യയല്ലാത്തവൾ ആയിരിക്കുന്നു.
*** സുവൃത്താമസുവൃത്താം വാപ്യഹം ത്വാമദ്യ മൈഥിലീ
നോത്സഹേ പരിഭോഗായ ശ്വാവലീഡം ഹവിര്‍യഥാ.
തതഃ സാ സഹസാ ബാലാ തല്‍ ശ്രുത്വാ ദാരുണം വചഃ
പപാത ദേവീ. വൃഥിതാ നികൃത്താ കദളീ യഥാ.
പെട്ടെന്ന് ഈ ദാരുണമായ ക്രൂരവാക്കു കേട്ടപ്പോള്‍ ബാലയായ മൈഥിലി മുറിച്ചിട്ട വാഴത്തടി പോലെ മറിഞ്ഞു വീണു. ഹര്‍ഷ മൂലം അവളുടെ മുഖത്തു കണ്ട ആ പ്രസന്നമായ സന്തോഷഭാവം കണ്ണാടിയില്‍ ശ്വാസമേറ്റ പോലെ മങ്ങിപ്പോയി. രാമന്റെ ഈ വാക്കു കേട്ടതോടു കൂടി വാനരന്മാരൊക്കെ സൗമിത്രിയോടൊപ്പം ചത്തപോലെ സ്തംഭിച്ചു പോയി. അപ്പോള്‍ വിമാനത്തില്‍ ശുദ്ധാത്മാവും, നാന്മുഖനും, പത്മജനും, വിശ്വകര്‍മ്മാവുമായ ബ്രഹ്മദേവന്‍ രാമന്റെ മുമ്പില്‍ എത്തി. ഇന്ദ്രന്‍, അഗ്നി, യമന്‍, വായു, യക്ഷാധിനാഥന്‍, ശുദ്ധരായ സപ്തര്‍ഷിമാര്‍, ദിവ്യഭാസ്സായ മൂര്‍ത്തിയോടെ ദശരഥന്‍ എന്നിവരെല്ലാം ഹംസമേന്തുന്ന വിമാനത്തില്‍ വിളങ്ങി. അപ്പോള്‍ ദേവഗന്ധര്‍വ്വന്മാരാല്‍ പൂരിതമായ ആകാശം ശരല്‍ കാലത്തു താരാഗണങ്ങളാല്‍ വിളങ്ങുന്ന ചിത്രഗഗനം പോലെ ശോഭിച്ചു. അവരുടെ ഇടയില്‍ യശസ്വിനിയായ സീത നിന്നു. കല്യാണിയായ ജാനകി വ്യൂഡോരസ്കനായ രാമനോടു പറഞ്ഞു.
സീത പറഞ്ഞു: ഹേ, രാജപുത്രാ! സ്ത്രീ പുരുഷന്മാരുടെ സ്ഥിതി അറിയുന്ന ഭവാനില്‍ ഞാന്‍ കുറ്റം കാണുന്നില്ല. എന്നാൽ ഭവാന്‍ എന്റെ ഭാഷിതം കേട്ടാലും! ഞാന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍, സര്‍വ്വവഭൂതങ്ങളുടേയും അന്തശ്ചരനും സദാഗതിയുമായ വായുഭഗവാന്‍ എന്റെ ജീവന്‍ മോചിപ്പിച്ചു കൊള്ളട്ടെ! അഗ്നിയും, അംഭസ്സും, ആകാശവും, പൃഥ്വിയും, വായുവും എന്റെ ജീവന്‍ എന്നില്‍ നിന്നു മോചിപ്പിച്ചു കൊള്ളട്ടെ! ഹേ, വീരാ! ഭവാനെ വിട്ട് അന്യപുരുഷനെ ഞാന്‍ കിനാവില്‍ പോലും ചിന്തിച്ചിട്ടില്ല. ദേവാജ്ഞയാലാണ് ഭവാന്‍ എന്റെ ഭര്‍ത്താവായത്. ഭവാന്‍ തന്നെ എന്നും എന്റെ ഭര്‍ത്താവായി ഇരിക്കുക.
അപ്പോള്‍ മഹാന്മാരായ വാനരന്മാര്‍ക്കു ഹര്‍ഷമുണ്ടാക്കുന്ന വിധം എല്ലായിടത്തും കേള്‍ക്കത്തക്ക വണ്ണം ആകാശത്തു നിന്നു ശബ്ദമുണ്ടായി.
വായു പറഞ്ഞു: ഹേ, രാഘവാ! ഈ പറഞ്ഞതു സത്യമാണ്. ഞാന്‍ സദാഗതിയായ വായുവാണ്. രാജാവേ, സീത നിര്‍ദ്ദോഷയാണ്! ഭാര്യയുമായി ഭവാന്‍ ചേര്‍ന്നുകൊള്ളുക!
അഗ്നി പറഞ്ഞു; ഭൂതങ്ങളുടെ ശരീരത്തില്‍ വാഴുന്നവനായ അഗ്നിയാണു ഞാന്‍. കാകുല്‍സ്ഥ രാജാവേ! മൈഥിലി അല്പം പോലും അപരാധം ചെയ്തിട്ടില്ല.
വരുണന്‍ പറഞ്ഞു: ഹേ, രാഘവാ ദേഹികള്‍ക്കു രസാംശമായ ഭൂതം ഞാനാണ്. ഭവാനോടു പറയുന്നു: മൈഥിലിയെ സ്വീകരിച്ചാലും!
ബ്രഹ്മാവു പറഞ്ഞു: പുത്രാ! നീ രാജര്‍ഷി ധര്‍മ്മത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതില്‍ എനിക്ക് ആശ്ചര്യമില്ല. സാധുവും, സദ്ധൃത്തനുമായ നീ ഞാന്‍ പറയുന്നത് കേള്‍ക്കുക. ദേവഗന്ധര്‍വ്വന്മാര്‍, ഉരഗദാനവന്മാര്‍, യക്ഷകിന്നരന്മാര്‍ എന്നിവരുടേയും മഹര്‍ഷികളുടേയും ശത്രുവായ രാവണനെ നീ കൊന്നുകഴിഞ്ഞു. എന്റെ വരംമൂലം ഈ രാക്ഷസന്‍ സര്‍വ്വഭൂതങ്ങള്‍ക്കും അവദ്ധ്യനായി തീര്‍ന്നു. ഒരു കാരണം കൊണ്ടു ഞാന്‍ ഈ പാപിയെ ഇഷ്ടത്തിന് വിട്ടു കൊടുത്തു. ഈ ദുഷ്ടന്‍ ആത്മനാശത്തിനായി സീതയെ അപഹരിച്ചു. നളുകൂബരന്റെ ശാപംമൂലം ഞാന്‍ ഇവള്‍ക്കു രക്ഷ നല്കി. അകാമയായ മറ്റൊരുത്തിയുമായി ചേര്‍ന്നാല്‍ ഇവന്റെ തല നൂറായി പൊട്ടിപ്പോകും എന്നാണ് മുമ്പേ ഉണ്ടായ ശാപം. ഇനി ഇവളില്‍ ശങ്ക വേണ്ട. ഇവളെ കൈക്കൊള്ളുക. ഹേ, അമരപ്രഭാ! മഹാദ്യുതേ! ഭവാന്‍ അമരന്മാര്‍ക്കു മഹാകാര്യമാണു സാധിച്ചത്.
ദശരഥന്‍ പറഞ്ഞു: ഞാന്‍ നിന്റെ അച്ഛനായ ദശരഥനാണ്. ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. നിനക്കു നന്മ ഭവിക്കട്ടെ! പുരുഷോത്തമാ! ഞാന്‍ സമ്മതം തന്നിരിക്കുന്നു. നീരാജ്യം രക്ഷിക്കുക!
രാമന്‍ പറഞ്ഞു: നരേശ്വര! എന്റെ അച്ഛനെ ഞാന്‍ വന്ദിക്കുന്നു. ഞാന്‍ ഭവാന്റെ ആജ്ഞയനുസരിച്ച് അയോദ്ധ്യാപുരിക്കു പൊയ്ക്കൊള്ളാം.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: വീണ്ടും പിതാവ് രക്താക്ഷനായ രാമനോട് അയോദ്ധ്യാപുരി പാലിക്കുവാന്‍ സന്തോഷത്തോടെ പറഞ്ഞു: "മഹാദ്യുതേ! പതിന്നാലു വര്‍ഷം നിനക്ക് ഇപ്പോള്‍ സമ്പൂര്‍ണ്ണ മായിരിക്കുന്നു".
പിന്നെ ദേവന്മാരെ കൂപ്പി സുഹൃത്തുക്കളുടെ പ്രീണനം ഏറ്റ്, ഇന്ദ്രന്‍ ശചിയോടെന്ന പോലെ രാമന്‍ സീതയോടു ചേര്‍ന്നു. പിന്നെ അവിന്ധ്യന് പരന്തപനായ രാമന്‍ വരം നല്കി. ത്രിജടാ രാക്ഷസിയെ അര്‍ത്ഥമാനങ്ങള്‍ കൊണ്ടു പ്രീതയാക്കി. പിന്നെ ഇന്ദ്രാദി ദേവകളുമായി ചേര്‍ന്നു നിന്ന് ബ്രഹ്മാവ് രാമനോടു പറഞ്ഞു.
കൗസല്യാ പുത്രാ! ഞാന്‍ എന്ത് ഇഷ്ടവരമാണു നിനക്കു നൽകേണ്ടത്? എന്നു ചോദിച്ചു. അതിന് രാമന്‍ പറഞ്ഞ മറുപടി, ശത്രുക്കളെ ജയിക്കുകയും ധര്‍മ്മത്തില്‍ നിഷ്ഠയും ഇവ എന്നുമുണ്ടാകണം. എന്നു തന്നെയല്ല, രാക്ഷസന്മാര്‍ കൊന്നു വിട്ട വാനരന്മാരെ ജീവിപ്പിക്കുകയും വേണം എന്നാണ്. "അപ്രകാരം ഭവിക്കട്ടെ", എന്നു ബ്രഹ്മാവ് പറഞ്ഞു. ഉടനെ മൃതരായ വാനരന്മാരെല്ലാം ചൈതന്യത്തോടെ എഴുന്നേറ്റു.
ഹേ, മഹാഭാഗാ! സീതാദേവി ഹനുമാനു വരം നല്കി. രാമന്റെ കീര്‍ത്തി നില നിൽക്കുന്നിടത്തോളം കാലം പുരാ! ഭവാന്‍ ജീവിക്കും! ദിവ്യമായ ഉപഭോഗങ്ങളും എന്റെ പ്രസാദത്താല്‍ ഹേ, ഹരിനേത്രാ! ഹനുമാനേ! നിനക്കും സിദ്ധിക്കും! ഇപ്രകാരം അക്ലിഷ്ട കര്‍മ്മാക്കളായ അവര്‍ നോക്കി നില്‍ക്കെ സീതാദേവി അനുഗ്രഹിച്ചു. അങ്ങനെ എല്ലാവരും സംപ്രീതരായി നിൽക്കവേ, ദേവന്മാരെല്ലാം മറഞ്ഞു പോയി. രാമനെ സീതയോടു കൂടി ചേര്‍ന്നു കണ്ടപ്പോള്‍ സാരഥി സുഹൃജ്ജനങ്ങളുടെ മദ്ധ്യത്തില്‍ ഒട്ടേറെ അഭിനന്ദിച്ചു ഇങ്ങനെ പറഞ്ഞു:
ഹേ, സത്യവിക്രമാ! ഭവാന്‍ ദേവഗന്ധര്‍വ്വന്മാര്‍, ഉരഗദൈത്യന്മാര്‍, യക്ഷമാനുഷന്മാര്‍ മുതലായവര്‍ക്ക് ഉണ്ടായിരുന്ന സങ്കടങ്ങളെല്ലാം ഇപ്പോള്‍ അകറ്റിയിരിക്കുന്നു. ആ ദേവ ഗന്ധര്‍വ്വാദികള്‍ ഉള്‍പ്പെട്ട സകല ലോകങ്ങളും ഭൂമി നിൽക്കുന്ന കാലത്തോളം ഭവാനെ പുകഴ്ത്തിക്കൊണ്ടിരിക്കും.
ഇപ്രകാരം പറഞ്ഞ് ശസ്ത്രഭൃത്തായ രാമന്റെ സമ്മതത്തോടു കൂടെ രാമനെ പൂജിച്ച് യാത്രപറഞ്ഞ് സുര്യഭാസ്സായ രഥത്തോടു കൂടി മാതലി സ്വര്‍ഗ്ഗത്തിലേക്കു പോയി.
ലക്ഷ്മണനോടു കൂടി രാമന്‍ സീതയെ പുരസ്കരിച്ച് വിഭീഷണനോടും സുഗ്രീവന്‍ മുതലായ വാനര വീരന്മാരോടും കൂടി, മന്ത്രിപ്രവരന്മാരാല്‍ ആവൃതനായി, സുരക്ഷിതമാ ക്കിത്തീര്‍ത്ത ലങ്കയില്‍ നിന്ന്, ആകാശത്തില്‍ യഥേഷ്ടം സഞ്ചരിക്കുവാന്‍ കഴിവുള്ള ശോഭനമായ പുഷ്പക വിമാനത്തില്‍ കയറി, സേതു വഴി മഹാസമുദ്രം കടന്ന് മറുകരയില്‍ എത്തി. അനുചരന്മാരെല്ലാം സേതു വഴിക്കു തന്നെ കടന്നു. സമുദ്രത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നിരാഹാരവ്രതം സ്വീകരിച്ചു കിടന്ന പ്രദേശത്ത് ധര്‍മ്മാത്മാവായ രാഘവന്‍ എല്ലാ വാനരന്മാരോടും കൂടി വിശ്രമിച്ചു. അവിടെവച്ച് എല്ലാ കീശരേയും പ്രത്യേകം വിളിച്ചു യഥാര്‍ഹം സല്‍ക്കരിച്ചു രത്നങ്ങള്‍ ദാനം ചെയ്തു സന്തോഷിപ്പിച്ചു.
ഋക്ഷങ്ങള്‍, വാനരങ്ങള്‍, ഗോപുച്ഛ ശ്രേഷ്ഠന്മാര്‍ എന്നിവരെല്ലാം പോയതിന് ശേഷം വിഭീഷണനോടും സുഗ്രീവനോടും കൂടി പുഷ്പക വിമാനത്തില്‍ ഇരുന്ന് സീതയെ വഴിക്കുള്ള വനങ്ങള്‍ കാണിച്ചു കൊടുത്ത് യോധാഗ്രണിയായ രാമന്‍ കിഷ്കിന്ധയിലെത്തി. അവിടെ ചെന്നതിന് ശേഷം കര്‍മ്മകുശലനായ അംഗദനെ യുവരാജാവായി അഭിഷേകം ചെയ്തു. താന്‍ മുമ്പ് നാട്ടില്‍ നിന്നു കാട്ടിലേക്കു വന്ന വഴിയേ തന്നെ അവരോടു കൂടി ലക്ഷ്മണ സംയുതനായ രാമന്‍ സ്വപുരത്തേക്കു പോയി, അയോദ്ധ്യ നഗരത്തിലെത്തി.
അവിടെ എത്തിയതിന് ശേഷം രാഷ്ട്രനായകന്‍ നഗര പ്രവേശത്തിന് മുമ്പായി ഹനുമാനെ ഭരതന്റെ അടുത്തേക്കു ദൂതനായി വിട്ടു. പ്രിയവര്‍ത്തമാനം ഉണര്‍ത്തിച്ച് ഭരതന്റെ ഇംഗിതങ്ങളെല്ലാം നോക്കി കണ്ട് വായുപുത്രന്‍ മടങ്ങി വന്നതിന് ശേഷം രാമന്‍ നന്ദിഗ്രാമത്തിലെത്തി. ചളിപുരണ്ട ദേഹവും മരവുരി വസ്ത്രവുമായി മുമ്പില്‍ രാമപാദുകങ്ങളും വെച്ചു പീഠത്തില്‍ ഇരിക്കുന്നതായിട്ടാണ് ഹനുമാന്‍ ഭരതനെ ദര്‍ശിച്ചത്. ഭരതനോടും, ശത്രുഘ്നനോടും രാമലക്ഷ്മണന്മാര്‍ വീണ്ടും ചേര്‍ന്ന് ആനന്ദിച്ചു.
പിന്നെ ജ്യേഷ്ഠനോടു ചേര്‍ന്ന ഭരത ശത്രുഘ്നന്മാര്‍ സീതയെക്കണ്ടു. രണ്ടുപേരും അത്യാഹ്ളാദിതരായി. തന്നെ ഏല്‍പിച്ചിട്ടുള്ള രാജ്യം വളരെ ആദരവോടും സന്തോഷത്തോടും കൂടി ഭരതന്‍ രാമനെ തിരിച്ചേല്‍പിച്ചു.
വസിഷ്ഠനും വാമദേവനും ചേര്‍ന്ന് ശൂരനായ രാമനെ വൈഷ്ണവമായ ശുഭദിനത്തില്‍ അഭിഷേകം ചെയ്തു. പട്ടാഭിഷേകം കഴിഞ്ഞതില്‍ പിന്നെ സുഹൃത്തുക്കളോടു കൂടിയ സുഗ്രീവനേയും, വിഭീഷണനേയും നാനാ ഭോഗങ്ങളാല്‍ മാനിച്ച്, ആനന്ദിപ്പിച്ച്, നന്ദിയോടെ സല്‍ക്കരിച്ച് തങ്ങളുടെ ഗൃഹങ്ങളിലേക്കു യാത്രയയച്ചു. അയയ്ക്കുമ്പോള്‍ വേണ്ട കാര്യങ്ങളൊക്കെ ആലോചിച്ച് തീര്‍ച്ചയാക്കുകയും ചെയ്തു. വിട്ടു പിരിയുമ്പോള്‍ എല്ലാവര്‍ക്കും ആ വേര്‍പാടില്‍ അപാരമായ ദുഃഖമുണ്ടായി.
രാഘവന്‍ ആ പുഷ്പക വിമാനത്തെ പൂജിച്ച് അതിന്റെ ഉടമസ്ഥനായ വൈശ്രവണന് തന്നെ കൊടുത്തയച്ചു. ദേവര്‍ഷിമാരോടു കൂടി പിന്നീട് താന്‍ രാജ്യഭരണം ചെയ്യവേ രാഘവന്‍ ഗോമതീ തീരത്തു വെച്ച് പത്ത് അശ്വമേധയാഗങ്ങള്‍ ദക്ഷിണാഢ്യമായി തടവു കൂടാതെ കഴിച്ചു.
292. യുധിഷ്ഠിരാശ്വാസനം - മാര്‍ക്കണ്ഡേയന്‍ യുധിഷ്ഠിരനെ ആശ്വസിപ്പിക്കുന്നു - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മഹാബാഹോ, യുധിഷ്ഠിരാ! അമിത തേജസ്വിയായ രാമന്‍ വനവാസത്താല്‍ അനുഭവിച്ച അത്യുഗ്രമായ ദുഃഖത്തെ പറ്റി ചിന്തിക്കുമ്പോള്‍ ഭവാന്റെ ഈ കഷ്ടപ്പാട് ഏറ്റവും നിസ്സാരമാണ്. പുരുഷവ്യാഘ്രനായ നീ ദുഃഖിക്കുവാന്‍ പാടില്ല. ഭവാന്‍ പരന്തപനായ ക്ഷത്രിയനാണല്ലോ. നിസ്സംശയം പ്രത്യക്ഷ ഫലം നേടാവുന്ന ബാഹുവീര്യത്തെ ഭവാന്‍ ആശ്രയിച്ചു വര്‍ത്തിക്കുന്നു. പരമാണുവോളം പോലും ദോഷം ഭവാനു പറ്റീട്ടില്ല. ഭവാന്റെ ഈ മാര്‍ഗ്ഗത്തിലൂടെയാണ് ഇന്ദ്രാദികളായ സുരാസുരന്മാരും ചരിക്കുന്നത്. വൃത്രനേയും, ദുര്‍ദ്ധര്‍ഷനായ നമുചിയേയും, രാക്ഷസിയായ ദീര്‍ഷജിഹ്വയേയും, വജ്രപാണിയായ ഇന്ദ്രന്‍ മരുല്‍ഗണത്തിന്റെ സഹായത്തോടു കൂടി വധിക്കുകയുണ്ടായി. സഹായികളുള്ളവന് എല്ലാ കാര്യവും സാധിക്കും. ഭ്രാതാവായ അര്‍ജ്ജുനന്‍ പോരില്‍ സഹായമായുള്ളവന് എന്തു കാര്യമാണ് സാധിക്കാതിരിക്കുക? ഭീമപരാക്രമനായ ഭീമന്‍ ബലികളില്‍ വെച്ച് ശ്രേഷ്ഠനാണ്. വില്ലാളികളായ യുവാക്കന്മാരാണ് വീരന്മാരായ മാദ്രീകുമാരന്മാര്‍. ഇവര്‍ പിന്തുണയുള്ളപ്പോള്‍ ഭവാന് എന്തു ദുഃഖമാണു ബാധിക്കുക? മരുത്തുക്കളോടു കൂടിയ ഇന്ദ്രനെപ്പോലും ഇവര്‍ ജയിക്കും. ദേവരൂപന്മാരായ ഈ വില്ലാളിമാരോടു ചേര്‍ന്ന് പോരില്‍ സകല ശത്രുക്കളേയും ഭരതര്‍ഷഭനായ ഭവാന്‍ വെല്ലുന്നതാണ്!
ഇപ്പോള്‍ ഇവിടെ നടന്ന കാര്യത്തെ പറ്റി തന്നെ ഭവാന്‍ചിന്തിച്ചു നോക്കുക. പാഞ്ചാലിയെ അപഹരിച്ച ദുരാത്മാവായ സൈന്ധവന്‍ മഹാബലനും വീര്യമത്തനും ആയിരുന്നിട്ടും ഈ മഹാശയന്മാര്‍ ദുഷ്കരമായ കര്‍മ്മംചെയ്തു വീണ്ടെടുത്തു കൊണ്ടു വന്നതിനും പുറമേ ആ ജയദ്രഥനെ പരാജിതനാക്കി അടിമപ്പെടുത്തുകയും ചെയ്തു. രാമന്റെ കഥ നോക്കു! രാമന്‍ അസഹായനായിട്ടാണ് ഭീമവിക്രമനായ രാവണനെ യുദ്ധത്തില്‍ കൊന്ന് വൈദേഹിയെ വീണ്ടെടുത്തത്, കരിങ്കുരങ്ങു, മൊച്ചക്കുരങ്ങ്, കരടി മുതലായ തിര്യക്കുകള്‍ മാത്രമായിരുന്നു രാമന്റെ കൂട്ടുകാര്‍. രാജാവേ! ഭവാന്‍ ബുദ്ധി കൊണ്ടു ചിന്തിച്ചു നോക്കൂ! അതു കൊണ്ട് ഹേ, കുരുശ്രേഷ്ഠാ! ഭരതര്‍ഷഭാ! ഭവാന്‍ മാഴ്കരുത്. ഭവാനെപ്പോലെയുള്ള മഹാത്മാക്കള്‍ ഹേ, പരന്തപാ! ഒരിക്കലും ദുഃഖിക്കയില്ല.
വൈശമ്പായനൻ പറഞ്ഞു: ഹേ, ജനമേജയാ! ധീമാനായ മാര്‍ക്കണ്ഡേയന്‍ ഇപ്രകാരം യുധിഷ്ഠിര രാജാവിനെ ആശ്വസിപ്പിച്ചു. ദുഃഖം കളഞ്ഞ് ഉത്സാഹത്തോടെ വീണ്ടും അദ്ദേഹംപറഞ്ഞു.
പതിവ്രതാ മാഹാത്മൃ പര്‍വ്വം
293. സാവിത്ര്യുപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ! ഞാന്‍ എന്നെ പറ്റിയോ, ഈ ഭ്രാതാക്കന്മാരെ കുറിച്ചോ, രാജ്യാപഹരണത്തെ കുറിച്ചോ അല്ല ചിന്തിച്ചു ദുഃഖിക്കുന്നത്. എന്റെ ദുഃഖം ഈ ദ്രുപദപുത്രിയെ കുറിച്ചാണ്. ആ ദുരാത്മാക്കള്‍ തങ്ങളെ ചൂതില്‍ ക്ലേശിപ്പിച്ചപ്പോള്‍ ഈ കൃഷ്ണയാണ് ഞങ്ങളെ രക്ഷിച്ചത്. ഞങ്ങള്‍ക്കു വേണ്ടി വനവാസം അനുഭവിക്കുന്നു. ഇവളെ ജയദ്രഥന്‍ കാട്ടില്‍ വെച്ച് ബലമായി അപഹരിച്ചു. ഇങ്ങനെ പതിവ്രതയും മഹാഭാഗയും ആയി പാഞ്ചാലിയെ പോലെ മറ്റൊരു പെണ്ണിനെ ഭവാന്‍ കണ്ടിട്ടോ, കേട്ടിട്ടോ ഉണ്ടോ?
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രാജാവേ, കേള്‍ക്കുക. കുലസ്ത്രീകളുടെ മാഹാത്മ്യം ഞാന്‍ പറയാം. ഈ ഗുണങ്ങളെല്ലാം തികഞ്ഞ ഒരു രാജകന്യക ആയിരുന്നു സാവിത്രി.
പണ്ട് മദ്രരാജ്യത്ത് പരമാധാര്‍മ്മികനും, ബ്രഹ്മണ്യനും, മഹാത്മാവും, സത്യസന്ധനും, ജിതേന്ദ്രിയനും, യജ്വാവും, ദാനേശ്വരനും, ദക്ഷനും, പൗരന്മാരോടും ജാനപാദന്മാരോടും പ്രിയമുള്ളവനുമായി അശ്വപതി എന്നു പേരായി ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം ശ്രീമാനും, സര്‍വ്വഭൂത ഹിതപ്രദനും ആയിരുന്നു. ഗുണസമ്പന്നനായ അദ്ദേഹത്തിന് സന്താനങ്ങള്‍ ഉണ്ടായിരുന്നില്ല. വയസ്സ് വര്‍ദ്ധിക്കുന്തോറും സന്താനമില്ലാത്ത ആ രാജാവിന് സന്താപം വര്‍ദ്ധിച്ചു. ഒടുവില്‍ അപതൃത്തെ ഉല്‍പാദിപ്പിക്കുവാനായി മദ്രാധീശ്വരന്‍ തീവ്രമായ വ്രതനിയമത്തിൽ ഏര്‍പ്പെട്ടു. അദ്ദേഹം ജിതേന്ദ്രിയനും മിതാഹാരനുമായി ബ്രഹ്മചര്യം സ്വീകരിച്ച് ഒരു പകലിനെ എട്ടു ഭാഗമാക്കി വിഭജിച്ച് അതില്‍ ആറാമത്തെ മുഹൂര്‍ത്തം തോറും സൂര്യ കന്യകയായ സാവിത്രിയെ ഭജിച്ച് നൂറായിരം പ്രാവശ്യം ഹോമിച്ചു. ഇങ്ങനെ പതിനെട്ടു സംവത്സരം മുഴുവന്‍ ഈ വ്രതത്തെ ആ രാജസത്തമന്‍ അനുഷ്ഠിച്ചു. ഒരു ദിവസം ഹര്‍ഷത്തോടെ സാവിത്രീ ദേവി മൂര്‍ത്തിമതിയായി അഗ്നിഹോമത്തില്‍ നിന്നുയര്‍ന്ന് രാജാവിന് പ്രത്യക്ഷയായി. ആ വരദ നരേന്ദ്രനോടു പറഞ്ഞു.
സാവിത്രി പറഞ്ഞു: ഹേ! പാര്‍ത്ഥിവാ! ഭവാന്റെ പരിശുദ്ധമായ ബ്രഹ്മചര്യത്താലും, ദമ നിയമങ്ങളാലും, സര്‍വ്വാത്മനാ പൂര്‍ണ്ണമായ ഭക്തിയാലും ഞാന്‍ ഭവാനില്‍ സംപ്രീത ആയിരിക്കുന്നു. ഇഷ്ടമുള്ള വരം ഭവാന്‍. വരിച്ചു കൊള്ളുക. ധര്‍മ്മത്തില്‍ ഭവാന്‍ ഒരിക്കലും തെറ്റു പറ്റരുത്.
അശ്വപതി പറഞ്ഞു: ധര്‍മ്മകാംക്ഷ കൊണ്ട് ഞാൻ സന്താനലാഭത്തെ ഇച്ഛിക്കുന്നു. കുലം വര്‍ദ്ധിപ്പിക്കുന്ന വളരെ സന്താനങ്ങള്‍ എനിക്കുണ്ടാകണം. ദേവി എന്നില്‍ സന്തുഷ്ടയാണെങ്കില്‍ ഞാന്‍ ഈ വരമാണ് വരിക്കുന്നത്. പരമമായ ധര്‍മ്മമാണ് സന്താനമെന്ന് ദ്വിജാതികള്‍ പറയുന്നു.
സാവിത്രി പറഞ്ഞു: ഭവാന്റെ ആഗ്രഹം ഞാന്‍ മുമ്പേ തന്നെ അറിഞ്ഞിരിക്കുന്നു. ഭവാന് പുത്രന്മാർ ഉണ്ടാകുവാന്‍ ഞാന്‍ പിതാമഹനോട് പറഞ്ഞിട്ടുണ്ട്. ആ സ്വയംഭൂവിന്റെ വിഹിതമായ പ്രസാദത്താല്‍ ഭവാന് തേജസ്വിനിയായ ഒരു കന്യക ഉടനെയുണ്ടാകും. അങ്ങുന്ന് ഇതിന് ഉത്തരമായി ഒന്നും പറയരുത്. പിതാമഹന്റെ നിയോഗത്താല്‍ ഇത് ഞാന്‍ ഭവാനോട് പറയുകയാണ്.
മര്‍ക്കണ്ഡേയന്‍ പറഞ്ഞു: സാവിത്രി കല്‍പിച്ചതായ മൊഴി അവന്‍ അപ്രകാരം തന്നെ സ്വീകരിച്ചു. സാവിത്രി അവനെ പ്രസാദിപ്പിച്ച് ഇത് ഉടനെ ഉണ്ടാകും എന്നു തന്നെ പറഞ്ഞു. സാവിത്രി മറഞ്ഞപ്പോള്‍ രാജാവ് സ്വഗൃഹത്തിലേക്കു പോയി, സ്വരാജ്യം ധര്‍മ്മത്തോടെ സംരക്ഷിച്ചു. കുറേക്കാലം കഴിഞ്ഞപ്പോള്‍ നിയമവ്രതനായ രാജാവ് ധര്‍മ്മിഷ്ഠയായ മൂത്ത ഭാര്യയില്‍ ഗര്‍ഭാധാനം ചെയ്തു. മനു നന്ദിനിയായ ആ രാജപുത്രിയുടെ ഗര്‍ഭം ശുക്ല പക്ഷത്തിലെ തിങ്കള്‍ പോലെ വളര്‍ന്നു വന്നു. കാലം തികഞ്ഞപ്പോള്‍ ആ പങ്കജാക്ഷി ഒരു കുമാരിയെ പ്രസവിച്ചു. അവള്‍ക്കു വേണ്ട ക്രിയകളൊക്കെ നന്ദിയോടെ നൃപോത്തമന്‍ ചെയ്തു. സാവിത്രീ പ്രസാദം കൊണ്ട് ഉണ്ടാവുകയാല്‍ അവള്‍ക്ക് സാവിത്രി എന്ന് രാജാവ് പേരു നല്കി. ആ നൃപകുമാരി ശരീരമെടുത്ത ലക്ഷ്മിയെ പോലെ വളര്‍ന്നു വന്നു. ആ കന്യക യഥാകാലം യൗവനത്തെ പ്രാപിച്ചു. തനുമദ്ധ്യയും, പൃഥുശ്രോണിയുമായ അവള്‍ സ്വര്‍ണ്ണപ്രതിമ പോലെ മനോഹരിയായി തീര്‍ന്നു. അവളെ കാണുന്നവരെല്ലാം, "ഇവള്‍ ദേവകന്യകയാണോ", എന്ന്അ ത്ഭുതപ്പെട്ടു!. തേജസ്സു കൊണ്ട് തിളങ്ങുന്ന ആ പങ്കേരുഹാക്ഷിയെ, അവളുടെ സൗന്ദര്യാധിക്യം മൂലം, ആരും വരിക്കുവാന്‍ ധീരമായി മുന്നോട്ടു വന്നില്ല. അവള്‍ കുളിച്ച് ഉപവസിച്ച് ദേവതാര്‍ച്ചന ചെയ്തു. വാവിന്‍ നാള്‍ ഹോമം ചെയ്തു വിപ്രന്മാരുടെ ആശീര്‍വ്വാദം ഏറ്റ് പ്രസാപ്പൂവ് വാങ്ങി, പൂജ്യനായ പിതാവിന്റെ അടുത്തേയ്ക്ക് ലക്ഷ്മീദേവി ശരീരമെടുത്ത പോലെ പതുക്കെ പോയി. അച്ഛന്റെ പാദത്തില്‍ കുമ്പിട്ട് ആ പ്രസാദപ്പുക്കള്‍ നല്കി. രാജാവിന്റെ സമീപത്തു തൊഴുത് നില്പായി. ലക്ഷ്മീദേവിക്ക് ഒത്ത മകളെ യൗവന യുക്തയായി കണ്ടപ്പോള്‍ വരന്മാര്‍ ആരും വന്ന് അര്‍ത്ഥിക്കാത്തത് ഓര്‍ത്ത് രാജാവ് കുണ്ഠിതപ്പെട്ടു.
രാജാവ് പറഞ്ഞു: പുത്രീ, നിന്നെ കെട്ടിച്ചു കൊടുക്കേണ്ട കാലമായി. ആരും എന്നോട് അഭ്യര്‍ത്ഥിക്കുന്നില്ല. തനിക്ക് ഒത്ത ഗുണം തികഞ്ഞ ഒരുത്തനെ നീ തന്നെ തിരഞ്ഞെടുക്കണം. നീ ആഗ്രഹിക്കുന്നവനെ നീ എന്നോട് പറയണം. ഗുണദോഷങ്ങള്‍ ഞാന്‍ ചിന്തിച്ച ശേഷം അവന് കൊടുക്കുന്നതാണ്. നീ യഥേഷ്ടം പോയി വരിക്കുക. വിപ്രന്മാര്‍ ഇപ്രകാരമാണ് ധര്‍മ്മശാസ്ത്രത്തില്‍ നിശ്ചയം ചെയ്തിട്ടുള്ളത്. അതു കൊണ്ട് ഹേ കല്യാണീ, നീ ഞാന്‍ പറയുന്നത് കേള്‍ക്കൂ.
പെണ്ണിനെക്കെട്ടിക്കാഞ്ഞാലച്ഛനാണപരാധി; പെണ്ണിനെ വേള്‍ക്കാഞ്ഞാലോ തെറ്റ് പൂരുഷന്നത്രെ!
അച്ഛന്റെ അഭാവത്തില്‍ അമ്മയെ നോക്കീടാഞ്ഞാല്‍ പുത്രനാണത്രേ കുറ്റം എന്നു കേട്ടിരിപ്പൂ ഞാന്‍!
മകളേ, സാവിത്രീ! നീ എന്റെ ഈ മൊഴികേട്ടു വേഗത്തില്‍ വരനെ തെരഞ്ഞു പിടിക്കുക. ദേവന്മാര്‍ എന്നെ പഴിക്കാതിരിക്കട്ടെ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്ന് പുത്രിയോട് പറഞ്ഞതിന് ശേഷം വൃദ്ധമന്ത്രികളോട് വിവരം ഗ്രഹിപ്പിച്ചു യാത്രയ്ക്കായി പോകുവാന്‍ ഏര്‍പ്പെടുത്തി അയച്ചു. അവള്‍ അച്ഛന്റെ പാദങ്ങള്‍ കൂപ്പി, ലജ്ജയോടു കൂടി തപോവ്രതയായി അച്ഛന്റെ വാക്കു സ്വീകരിച്ച്, ശങ്ക വിട്ടു പുറപ്പെട്ടു. പൊന്മണിത്തേരില്‍ കയറി വൃദ്ധമന്ത്രികളോടു കൂടി രാജര്‍ഷികള്‍ അധിവസിക്കുന്ന പുണ്യാരണ്യ ഭാഗങ്ങളില്‍ ചെന്നു. അവിടെ പൂജ്യരായ വൃദ്ധന്മാരുടെ പാദങ്ങളില്‍ അവള്‍ നമിച്ചു. എല്ലാ അരണ്യങ്ങളിലും രാജാവേ, അവള്‍ ചെന്നു. തീര്‍ത്ഥങ്ങള്‍ തോറും ഇപ്രകാരം സഞ്ചരിച്ച് അവള്‍ വിപ്രശ്രേഷ്ഠന്മാര്‍ക്ക് ധനം നല്കി. അങ്ങനെ അവള്‍ ദിക്കു തോറും സഞ്ചരിച്ചു.
294. സാവിത്ര്യുപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഒരു ദിവസം മദ്ര രാജാവ് നാരദ മഹര്‍ഷിയോടു കൂടി സഭാ മദ്ധ്യത്തില്‍ ഓരോ കഥയും പറഞ്ഞ് സസന്തോഷം ഇരിക്കുക ആയിരുന്നു. അപ്പോള്‍ എല്ലാ തീര്‍ത്ഥങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് മന്ത്രിമാരോടു കൂടി സാവിത്രി തിരിച്ചു വന്ന് പിതൃസന്നിധിയെ പ്രാപിച്ചു. അച്ഛന്‍ നാരദനോടു കൂടി ഇരിക്കുന്നതു കണ്ട് ആശുഭാംഗി രണ്ടു പേരുടേയും കാല്‍ക്കല്‍ ശിരസ്സു കുനിച്ച് നമസ്കരിച്ചു.
നാരദന്‍ പറഞ്ഞു: രാജാവേ, ഭവാന്റെ പുത്രി ഇപ്പോള്‍ എവിടെ പോയിട്ടാണു വന്നിരിക്കുന്നത്? എന്തു കൊണ്ടാണ് ഭവാന്‍ ഈ യുവതിയെ ഒരു ഭര്‍ത്താവിനായി നല്‍കാത്തത്?
അശ്വപതി പറഞ്ഞു: ഇക്കാരൃത്തിനായി തന്നെ ഇവള്‍ പോയി മടങ്ങി വന്നിരിക്കുകയാണ്. ദേവര്‍ഷേ! ഇവളോടു ചോദിക്കൂ, ഇവള്‍ ഏതൊരുത്തനെ ആണു ഭര്‍ത്താവായി വരിച്ചിരിക്കുന്നത് എന്ന്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: വിസ്തരിച്ചു പറയുക എന്ന്അച്ഛന്‍ പറഞ്ഞപ്പോള്‍ ആ ശുഭാംഗന ഇപ്രകാരം ഉണര്‍ത്തി.
സാവിത്രി പറഞ്ഞു: സാല്വരാജ്യം ഭരിച്ചിരുന്ന ധര്‍മ്മശീലനായ ദ്യുമത്സേനന്‍ എന്ന രാജാവ് കുരുടനായി തീര്‍ന്നു. പുത്രന്‍ ബാലനായിരുന്നു. കണ്ണില്ലാത്തവനും, ബാലനായ പുത്രൻ ഉള്ളവനുമായ അവന്റെ വൈരിയായിരുന്നു അയല്‍രാജ്യം ഭരിച്ചിരുന്നത്. അയാള്‍ ആക്രമിച്ച് രാജ്യം കയ്യിലാക്കി. ഉടനെ അവന്‍ ചെറു പൈതലുള്ള ഭാര്യയോടു കൂടി നാടുവിട്ടോടി കാട്ടില്‍ വന്നു താമസമാക്കി. മഹാരണ്യത്തില്‍ വന്നതിന് ശേഷം അവന്‍ തപസ്സു ചെയ്യുവാന്‍ തുടങ്ങി. ആ മഹാവ്രതന് കാട്ടില്‍ വെച്ച് ഉണ്ടായവനും, കാട്ടില്‍ വളര്‍ന്നവനുമായ സത്യവാനെ എനിക്കു ഭര്‍ത്താവ് ആകണമെന്നു വിചാരിച്ച് ഞാന്‍ വരിച്ചു?
നാരദന്‍ പറഞ്ഞു: അയ്യോ പാവം! മഹാകഷ്ടമായി സാവിത്രി ചെയ്തത്. രാജാവേ, അവള്‍ കാര്യം അറിയാതെയാണു ഗുണവാനായ സത്യവാനെ വരിച്ചത്. അവന്റെ അച്ഛന്‍ സത്യസന്ധനാണ്. അമ്മയും സത്യവതി തന്നെ. അതോര്‍ത്ത് വിപ്രന്മാര്‍ അവന് സത്യവാന്‍ എന്നു പേര്‍ കൊടുത്തു. ബാലനായ അവന്‍ അശ്വപ്രിയനാണ്. അവന്‍ കളിമണ്ണു കൊണ്ട് അശ്വങ്ങളെ ഉണ്ടാക്കും. ചിത്രത്തില്‍ അശ്വങ്ങളെ ഭംഗിയായി വരയ്‌ക്കും. അതു കൊണ്ട് ചിത്രാശ്വന്‍ എന്നും അവന് പേരുണ്ടായി.
രാജാവ്. പറഞ്ഞു: അവന്‍ തേജസ്വിയല്ലയോ? ധീമാനല്ലയോ? ക്ഷാന്തനല്ലയോ? പിതൃവത്സനായ സത്യവാന്‍ ശൂരനല്ലയോ?
നാരദന്‍ പറഞ്ഞു: അവന്‍ സൂര്യനെ പോലെ തേജസ്വിയാണ്. വ്യാഴത്തെ പോലെ ബുദ്ധിമാനാണ്. മഹേന്ദ്രനെ പോലെ വീരനാണ്. ക്ഷമയെ പോലെ ക്ഷമാവാനുമാണ്.
അശ്വപതി പറഞ്ഞു: സത്യവാന്‍ ബ്രഹ്മണ്യനും, ദാതാവും, ഉദാരനും, സുന്ദരാകാരനും, പ്രിയദര്‍ശനുമല്ലേ ആ ക്ഷത്രിയന്‍?
നാരദന്‍ പറഞ്ഞു: സംകൃതിയുടെ പുത്രനായ (ശ്രീ രന്തിദേവനെ പോലെ അവന്‍ ദാനശീലനാണ്. ഔശീനരനായ ശിബിക്കു തുല്യം അവന്‍ ബ്രഹ്മണ്യനും സത്യവാദിയുമാണ്. യയാതിയെ പോലെ അവന്‍ ഉദാരനാണ്. സോമനെ പോലെ അവന്‍ പ്രിയദര്‍ശനനാണ്. സൗന്ദര്യം കൊണ്ട് അവന്‍ അശ്വിനേയ തുല്യനാണ്. അത്ര യോഗ്യനാണ് ശക്തനായ ദ്യുമത്സനാത്മജന്‍. അവന്‍ ദാന്തനാണ്, മൃദു ശീലനാണ്. ശൂരനാണ്, സത്യനാണ്, ജിതേന്ദ്രിയനാണ്, അനസൂയനാണ്, മൈത്രനാണ്, ഹ്രീയുള്ളവനും ദ്യുതിമാനുമാണ്. അവന് നിതൃമായ ആര്‍ജ്ജവവും, നിത്യമായ സ്ഥിതിയും ഉണ്ട്. ഇങ്ങനെ ചുരുക്കത്തില്‍ തപശ്ശീലമുള്ള വൃദ്ധന്മാര്‍ പറയുന്നു.
അശ്വപതി പറഞ്ഞു: അവന്റെ ഗുണങ്ങളെ ഭവാന്‍ പ്രശംസിക്കുന്നു. അതുമാത്രം പറഞ്ഞാല്‍ പോരാ, അവന് വല്ല ദോഷവും ഉണ്ടെങ്കില്‍ അതും ഭവാന്‍ പറഞ്ഞാല്‍ കൊള്ളാം.
നാരദന്‍ പറഞ്ഞു: ഒരേ ഒരു ദോഷം മാത്രമേയുള്ളു. ആ ദോഷം എല്ലാ ഗുണത്തേയും കവിഞ്ഞു നിൽക്കുന്നതാണ്. ആ ദോഷം പ്രയത്നം കൊണ്ട് കടക്കുവാന്‍ കഴിവുള്ളതുമല്ല. ആ ഒരേ ഒരു ദോഷമല്ലാതെ വേറെ ദോഷമൊന്നുമില്ല. ഇന്നേക്ക് ഒരുവര്‍ഷം തികയുന്ന അന്ന് അവന്‍ മരിച്ചു പോകും. ദേഹം വെടിയും!
രാജാവ് പറഞ്ഞു: എടോ സാവിത്രീ, വരൂ! അച്ഛന്‍ ഒന്നു പറയട്ടെ! നീ മറ്റൊരാളെ അന്വേഷിച്ചു പിടിക്കുക. അവന്റെ ഈ ഒരു ദോഷം സകല ദോഷങ്ങളേക്കാള്‍ മീതെയാണല്ലോ. ദേവപൂജിതനായ നാരദ ഭഗവാനാണ് പറയുന്നത്, ഒരു വര്‍ഷം തികയുമ്പോള്‍ അവന്‍ മരിച്ചു ദേഹം വെടിയുമെന്ന്.
സാവിത്രി പറഞ്ഞു: കന്യകയ്ക്ക് പുരുഷനില്‍ അനുരാഗമുണ്ടാവുക, കന്യകയെ തരാമെന്ന് ഏറ്റുപറയുക, കന്യകയെ വേളികഴിച്ചു കൊടുക്കുക ഈ മൂന്നു കാര്യങ്ങളും ഒരിക്കലേ ചെയ്യുവാന്‍ പാടുള്ളു. ഈ മൂന്നും ഒരു പുരുഷനെ സംബന്ധിച്ച് ഒരിക്കല്‍ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ മാറ്റുക വയ്യ. അവന്‍ ദീര്‍ഘായുസ്സോ, അല്പായുസ്സോ, അഗുണനോ ഗുണശാലിയോ ആകട്ടെ! ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തെ പതിയായി വരിച്ചു. ഇനിഅന്യനെ ഞാന്‍ വരിക്കുകയില്ല. ആദ്യം മനസ്സു കൊണ്ട് ഉറപ്പിക്കുന്നു. പിന്നെ വാക്കു കൊണ്ട് പറയുന്നു. പിന്നെ കാര്യം കര്‍മ്മം കൊണ്ട് നടപ്പിലാക്കുന്നു. അതു കൊണ്ട് മനസ്സാണ് സര്‍വ്വോപരി പ്രമാണമാ യിരിക്കുന്നത്.
നാരദന്‍ പറഞ്ഞു: രാജാവേ, ഭവാന്റെ പുത്രിക്ക് ഉള്ളില്‍ ഉറപ്പുണ്ട്. അതു കൊണ്ട് ധര്‍മ്മത്തില്‍ ഉറച്ചു നില്‍ക്കുന്ന അവളെ തടയരുത്. സത്യവാനുള്ളതായ സല്‍ഗുണം മറ്റാരിലും കാണുകയില്ല. അതു കൊണ്ട് സാവിത്രിയെ സത്യവാന് നല്കാം എന്നാണ് എന്റെ അഭിപ്രായം.
രാജാവ് പറഞ്ഞു: ഭവാന്‍ പറഞ്ഞതിന് ഇളക്കമില്ല. ഭവാന്‍ പറഞ്ഞത് സത്യമാണ്. ഞാന്‍ അപ്രകാരം ചെയ്തു കൊള്ളാം. ഭഗവാനേ, അങ്ങയാണ് എന്റെ ഗുരു.
നാരദന്‍ പറഞ്ഞു: ഭവാന്റെ പുത്രിയായ സാവിത്രിയുടെ വിവാഹം തടസ്സം കൂടാതെ മംഗളമായി നടക്കട്ടെ! ഞാന്‍ പോയി വരട്ടെ! അതു കൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും ശുഭം ഭവിക്കട്ടെ.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്നു പറഞ്ഞ് ഉടനെ നാരദന്‍ പൊങ്ങി ആകാശത്തില്‍ മറഞ്ഞു. രാജാവ് പെണ്‍കുട്ടിയുടെ വിവാഹത്തിന് വേണ്ടതൊക്കെ ഒരുക്കി.
295. സാവിത്ര്യുപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: പിന്നെ രാജാവ് കന്യകാ ദാനത്തിന് വേണ്ട കാര്യം തന്നെ ചിന്തിച്ചുറച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ഋത്വിജന്മാരേയും, പുരോഹിതന്മാരേയും, വൃദ്ധ്രബ്രാഹ്മണരേയും വിളിച്ചു കൂട്ടി പുണ്യദിനത്തില്‍ കന്യകയോടു കൂടി മദ്രേശ്വരനായ അശ്വപതി വിശുദ്ധാരണ്യത്തില്‍ ദ്യുമല്‍സേനാ ശ്രമത്തിലേക്ക് പോയി. അവര്‍ കാല്‍നടയായിട്ടാണ് രാജ്യഭ്രഷ്ടനായ രാജര്‍ഷിയെ ക്കാണുവാന്‍ പോയത്.
സാലവൃക്ഷ ച്ചുവട്ടില്‍ കുശാസനത്തില്‍ ഇരിക്കുന്ന മഹാഭാഗനായ അന്ധരാജര്‍ഷിയെ മദ്രാധിപന്‍ കണ്ട് യഥാര്‍ഹം പൂജിച്ച് വിനീതനായി നിന്ന്, താന്‍ ആരെന്ന് അറിയിച്ചു. ധര്‍മ്മജ്ഞനായ ദ്യൂമല്‍സേനന്‍ തന്റെ അതിഥിയെ അര്‍ഘ്യം, ആസനം, പശു എന്നിവയൊക്കെ കൊടുത്ത് പുജിച്ചതിന് ശേഷം ആഗമന കാര്യത്തെ കുറിച്ച് അന്വേഷിച്ചു. അതിന് അശ്വപതി സത്യവാനെ കുറിച്ച് തന്റെ അഭിലാഷത്തേയും, ചെയ്യേണ്ടുന്ന കാര്യത്തേയും എല്ലാം ഒന്നും വിടാതെ അറിയിച്ചു.
അശ്വപതി പറഞ്ഞു: രാജര്‍ഷേ, എന്റെ പുത്രിയായ സാവിത്രി എന്ന ശോഭന കന്യക എന്നോടു കൂടെ ഇതാ ഇവിടെ വന്നു നിൽക്കുന്നു. ധര്‍മ്മജ്ഞനായ ഭവാന്‍ യഥാധര്‍മ്മം സ്നുഷയായി കൈക്കൊണ്ടാലും.
ദ്യൂമത്സേനന്‍ പറഞ്ഞു: രാജ്യത്തില്‍ നിന്ന് ഭ്രംശിച്ച് വനവാസത്തെ ആശ്രയിച്ചവരാണ് ഞങ്ങള്‍. ധര്‍മ്മനിത്യന്മാരായി തപസ്വികളായിട്ടാണ് ഞങ്ങള്‍ വര്‍ത്തിക്കുന്നത്. ഭവാന്റെ പുത്രി വനവാസത്തിന് അനര്‍ഹയാകയാല്‍ ഈ ആശ്രമത്തില്‍ പാര്‍ത്ത് കഷ്ടപ്പെടുന്നതിന് അവള്‍ക്ക് എങ്ങനെ സാധിക്കും?
അശ്വപതി പറഞ്ഞു; സുഖവും ദുഃഖവും ഉണ്ടാവുകയും നശിക്കുകയും ചെയ്യും. ഉല്‍പ്പത്തി ക്ഷയങ്ങളോടു കൂടിയ സുഖദുഃഖങ്ങളുടെ ഗതി എനിക്കും എന്റെ മകള്‍ക്കും നല്ലപോലെ അറിയാം. സുസ്ഥിരമല്ലാത്ത ഈ സുഖദുഃഖങ്ങളെ ഞങ്ങള്‍ വകവെച്ചിട്ടില്ല. എന്നെപ്പോലെ ഉള്ളവരോട് ഭവാന്‍ ഇങ്ങനെയൊന്നും പറയേണ്ടതില്ല. ദുഃഖമാണെങ്കില്‍ അത് സ്വീകരിക്കുവാന്‍ നിശ്ചയിച്ചു തന്നെയാണ് ഞങ്ങള്‍ ഭവാന്റെ മുമ്പില്‍ വന്നിരിക്കുന്നത്. ഭവാനെ വണങ്ങിക്കൊണ്ടു നിൽക്കുന്ന ഈ സുഹൃത്തിനെ ഭവാന്‍ നിരാശനാക്കരുത്. പ്രേമത്തോടു കൂടി മുമ്പില്‍ വന്നു നിൽക്കുന്ന എന്നെ ഭവാന്‍ നിരസിക്കരുത്. കുലം കൊണ്ടും, സൗഹാര്‍ദ്ദം കൊണ്ടും നാം അനുരൂപരാണ്. അതു കൊണ്ട് എന്റെ കന്യകയെ ഭവാന്റെ സ്നുഷയായി, സത്യവാന്റെ ഭാര്യയായി സ്വീകരിക്കുക.
ദ്യുമത്സേനന്‍ പറഞ്ഞു: ഭവാനുമായി ബന്ധുത്വം ഉണ്ടാകണമെന്ന് പണ്ടേ തന്നെ ഞാന്‍ ഇച്ഛിച്ചതാണ്. എന്നാൽ ഞാന്‍ രാജ്യഭ്രഷ്ടനാകയാല്‍ ആ ആഗ്രഹം മറച്ചു വെച്ച് ഇപ്രകാരം തടഞ്ഞു പറഞ്ഞതാണ്. എന്റെ കാംക്ഷിതം പോലെ തന്നെ ഇപ്പോള്‍ ഭവാന്‍ അര്‍ത്ഥിച്ചു വന്നിരിക്കുകയാല്‍ ഈ അഭിലാഷം നടന്നു കൊള്ളട്ടെ.
അപ്രകാരം തന്നെ തീരമാനിച്ച് ആശ്രമവാസികളായ വിപ്രന്മാരെയെല്ലാം ക്ഷണിച്ചു വരുത്തി, ആ രാജാക്കന്മാര്‍ യഥാവിധി വിവാഹം നടത്തി. തന്റെ കന്യകയെ യഥാര്‍ഹം ധന വിഭവങ്ങളോടു കൂടി വേളി കഴിച്ചു കൊടുത്തതിന് ശേഷം അശ്വപതി സസന്തോഷം സ്വരാജ്യത്തേക്ക് തിരിച്ചു പോയി. എല്ലാ ഗുണങ്ങളും തികഞ്ഞ ഭാര്യയെ നേടുകയാല്‍ സത്യവാനും, ആശിച്ച പോലെ മനസ്സില്‍ വിചാരിച്ച ഭര്‍ത്താവിനെ കിട്ടുകയാല്‍ സാവിത്രിയും ഒന്നു പോലെ സന്തോഷിച്ചു.
അച്ഛന്‍ പോയ ഉടനെ ആ രാജപുത്രി സര്‍വ്വ ആഭരണങ്ങളും വെടിഞ്ഞ് വല്‍ക്കലവും, കാഷായ വസ്ത്രവും സ്വീകരിച്ചു. പരിചര്യാ ഗുണത്താലും, വണക്കത്താലും, ദമത്താലും, എല്ലാവരിലും യഥായോഗ്യം വേണ്ട കര്‍മ്മങ്ങളാലും എല്ലാവര്‍ക്കും തുഷ്ടി നല്കി. സ്വശ്രുവിനെ ദേഹ സൽക്കാരങ്ങളാകുന്ന വസ്ത്രങ്ങളാലും, ശ്വശുരനെ ദേവപൂജ, സത്യവാക്ക്, നിയതവ്രതം മുതലായ സല്‍ക്കാരങ്ങളാലും ഭര്‍ത്താവിനെ അപ്രകാരം തന്നെ ഇഷ്ടമായ മൊഴി, നിപുണത, ശമം, ഗൂഢോപചാരം എന്നിവയാലും ആ രാജനന്ദിനി സന്തോഷിപ്പിച്ചു. ഇങ്ങനെ ആ നല്ല ജനങ്ങള്‍ ആശ്രമത്തില്‍ തപസ്സില്‍ ഏര്‍പ്പെട്ട് കഴിയവെ കാലങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു. രാവും പകലും വാട്ടം നല്കുന്നതായ ആ വാക്കുകള്‍, നാരദന്‍ പറഞ്ഞ വാക്കുകള്‍, സാവിത്രയുടെ ഉള്ളില്‍ മായാതെ കിടന്നു.
296. സാവിത്ര്യുപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ദിവസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു. മാസങ്ങള്‍ പലതും കഴിഞ്ഞു. അങ്ങനെ സത്യവാന്‍ മരിക്കേണ്ട കാലവും അടുത്തു. രാജാവേ! നാരദന്‍ പറഞ്ഞ വാക്കുകള്‍ എപ്പോഴും സ്മരിച്ചു കൊണ്ടിരുന്ന സാവിത്രി ദിവസങ്ങള്‍ ഓരോന്നായി എണ്ണിക്കൊണ്ടിരുന്നു. "ഇന്നേക്ക് നാലാം ദിവസമാണ് മരണം", എന്ന് ആ ഭാമിനി ചിന്തിച്ചു. മൂന്നു നാള്‍ കൊണ്ട് പൂര്‍ത്തിയാകുന്ന തീവ്രമായ വ്രതം കൈക്കൊണ്ട്, രാവും പകലും അതില്‍ തന്നെ മനസ്സു ചെലുത്തി നിന്നു. അവളുടെ വ്രതത്തെ കുറിച്ചുള്ള വൃത്താന്തം കേട്ട് ഏറ്റവും ദുഃഖിതനായ രാജര്‍ഷി, വ്രതനിഷ്ഠയോടെ ഏകാഗ്ര ചിത്തയായി സ്ഥിതി ചെയ്യുന്ന സാവിത്രയെ ചെന്നു കണ്ട് സമാശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു.
ദ്യുമത്സേനന്‍ പറഞ്ഞു: രാജപുത്രീ, നീ തുടങ്ങിയിരിക്കുന്ന ഈ വ്രതം ഏറ്റവും തീവ്രമാണ്. മൂന്നു നാള്‍ പട്ടിണി കിടക്കുക എന്നത് ദുര്‍ഘടം തന്നെ.
സാവിത്രി പറഞ്ഞു: താതാ, വ്യസനിക്കേണ്ട. ഈ വ്രതത്തെ ഞാന്‍ സാധിക്കാം. ഉത്സാഹത്താല്‍ ചെയ്യുന്നതാണ്. ഉത്സാഹമാണല്ലോ കാര്യസാധനം;
ദ്യൂുമത്സേനന്‍ പറഞ്ഞു: വ്രതം മുടക്കുകയെന്ന് നിന്നോട് പറയുവാന്‍ ഞാന്‍ ശക്തനല്ല. വഴിപോലെ സമാപിപ്പിക്കുക എന്ന്ആ ശംസിക്കുകയാണ് എന്നെപ്പോലുളളവര്‍ക്ക് യുക്തമായത്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്നു പറഞ്ഞ് ദ്യുമത്സേനന്‍ ഒന്നും മിണ്ടാതെ നിന്നു. വ്രതം കൈക്കൊണ്ട് ധ്യാനനിമഗ്നയായി നിൽക്കുന്ന സാവിത്രി വിറകുകൊള്ളി പോലെയായി. ഭര്‍ത്ത്യമരണം നാളെ ആണെന്നായി. ദുഃഖത്തോടു കൂടി ആ രാത്രിയും വ്രതസ്ഥയായി അവള്‍ കഴിച്ചു. ആ ഘോരമായ ദിവസവും വന്നു പുലര്‍ന്നു. അവള്‍ ചിന്തയോടെ വഹ്നിയില്‍ ഹോമിച്ചു. അര്‍ക്കന്‍ നുകപ്പാടുയര്‍ന്നപ്പോള്‍ അവള്‍ പൂര്‍വ്വാഹക്രിയ ചെയ്തു. വൃദ്ധ ദ്വിജന്മാരേയും, ശ്വശ്രു ശ്വശുരന്മാരേയും ക്രമപ്രകാരം നമസ്കരിച്ചു അടങ്ങി നിന്നു. അപ്പോള്‍ തപോവന വാസികളായ ആ തപസ്വികള്‍ എല്ലാവരും സാവിത്രിക്ക് നെടുമംഗല്യവും സകല ശുഭങ്ങളും ഉണ്ടാകട്ടെ! എന്ന് അനുഗ്രഹിച്ചു. അവരുടെ ആ ആശംസകള്‍ അങ്ങനെ തന്നെ ഭവിക്കട്ടെ എന്ന് ധ്യാനയോഗ പരയായ സാവിത്രി മുനിമാര്‍ പറഞ്ഞ വാക്കുകള്‍ മനസ്സാ സ്വീകരിച്ചു. ഈ സന്ദര്‍ഭത്തിലൊക്കെ നാരദവാകൃത്തെ സ്മരിച്ച് ഭര്‍ത്താവിന്റെ മരണ കാലത്തെ, ആ ഘോരമായ മുഹൂര്‍ത്തത്തെ, കാത്തുകൊണ്ട് ആ പതിവ്രത ഏറ്റവും ദുഃഖിതയായി ഇരുന്നു. ശ്വശ്രുവും ശ്വശുരനും ആ രാജപുത്രിയോട് അവള്‍ ഒറ്റയ്ക്ക് ഒരു ദിക്കില്‍ നിൽക്കുമ്പോള്‍ സമീപത്തു ചെന്ന് പ്രീതിയോടെ പറഞ്ഞു.
ശ്വശുരന്‍ പറഞ്ഞു: ഉപദേശിച്ച മാതിരി നീ വ്രതം വിധിപോലെ സമാപിപ്പിച്ചുവല്ലോ. ഇപ്പോള്‍ നിനക്ക് ആഹാരത്തിന് സമയമായി. ഇനി നീ ആവക കാര്യങ്ങള്‍ ചെയ്യുക.!
സാവിത്രി പറഞ്ഞു; സൂര്യന്‍ അസ്തമിക്കട്ടെ. എന്നിട്ട് ഞാന്‍ കൃതാര്‍ത്ഥ ആയതിന് ശേഷം ആഹാരം കഴിച്ചുകൊള്ളാം. എന്റെ സങ്കല്പം അങ്ങനെയാണ്. അങ്ങനെ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മര്‍ക്ക്ഡേയന്‍. പറഞ്ഞു; സാവിത്രി ആഹാരത്തെ പറ്റി ഇപ്രകാരം പറഞ്ഞു നില്‍ക്കുമ്പോള്‍ സത്യവാന്‍ പതിവു പോലെ ചുമലില്‍ മഴുവേന്തി കാട്ടിലേക്കു പുറപ്പെട്ടു. അതു കണ്ട് സാവിത്രി ഭര്‍ത്താവിന്റെ മുമ്പില്‍ ചെന്നു.
സാവിത്രി പറഞ്ഞു: ഭവാന്‍ തനിച്ച് പോകരുത്. ഞാനും അങ്ങയോടു കൂടി വരാം. ഞാന്‍ ഭവാനെ വിട്ട് ഒഴിയുകയില്ല.
സത്യവാന്‍ പറഞ്ഞു: എടോ, ഭാമിനി! നീ ഇതിന് മുമ്പ് കാട്ടിനുള്ളില്‍ നടന്നിട്ടില്ല. വനത്തിലെ മാര്‍ഗ്ഗം മഹാദുര്‍ഘടമാണ്. ഭവതി ഉപവാസം മൂലം വളരെ ക്ഷീണിച്ച് ഇരിക്കുക ആണല്ലോ. ഈ നിലയ്ക്ക് നീ എങ്ങനെയാണ് എന്നോടൊപ്പം വരുന്നത്.
സാവിത്രി പറഞ്ഞു; ഉപവാസത്താല്‍ എനിക്കു ക്ഷീണമോ തളര്‍ച്ചയോ ഇല്ല. ഭവാനോടു കൂടി പോരുവാന്‍ ആഗ്രഹിക്കുന്ന എന്നെ ഭവാന്‍ തടയരുത്.
സത്യവാന്‍ പറഞ്ഞു: പോരുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ നിന്റെ ഇഷ്ടം അനുവദിക്കുന്നുണ്ട്. എന്നാൽ ഞാന്‍ തെറ്റുകാരനാകരുത്. അച്ഛനോടും, അമ്മയോടും അനുവാദം വാങ്ങിക്കൊള്ളുക.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഉടനെ ആ മഹാവ്രത ചെന്ന് ശ്വശ്രുവിനേയും ശ്വശുരനേയും വന്ദിച്ച് അവരോട് പറഞ്ഞു. "ഇതാ ഫലങ്ങള്‍ കൊണ്ടു വരുവാനായി എന്റെ ഭര്‍ത്താവ് കാട്ടിലേക്ക് പോകുന്നു. ആര്യരായ ഭവാന്മാരുടെ അനുവാദത്തോടു കൂടി, അദ്ദേഹത്തോടൊപ്പം പോകണമെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ട്. അദ്ദേഹവുമായുള്ള വേര്‍പാട് എനിക്ക് ഇപ്പോള്‍ വയ്യ".
ഗുരുവിന്റെ അഗ്നിഹോത്രത്തിനു വേണ്ടിയുള്ള കാര്യത്തിനാണല്ലോ അദ്ദേഹം ഇപ്പോള്‍ കാട്ടിലേക്കു പോകുന്നത്. അതുകൊണ്ട് തടുത്തുകൂടാ. മറ്റു കാരൃത്തിന് ആണെങ്കില്‍ ഈ വനയാത്രയെ തടുക്കാം. ഒരാണ്ടായിട്ട് ഞാന്‍ ആശ്രമത്തെ വിട്ടു പോയിട്ടുമില്ല. പൂത്തു നിൽക്കുന്ന കാട് കാണുവാന്‍ എനിക്കു കൗതുകം തോന്നുന്നുമുണ്ട്.
ദ്യുമത്സേനന്‍ പറഞ്ഞു: സാവിത്രിയെ, അവളുടെ അച്ഛന്‍ എനിക്ക് സ്നുഷയായി തന്നതിന് ശേഷം എന്നോട് യാതൊരു കാര്യവും അവള്‍ ആവശ്യപ്പെട്ടതായി എനിക്കോര്‍മ്മയില്ല. ഇപ്പോള്‍ ആദ്യമായി ഒരു കാര്യം വധു ചോദിച്ചത് ഞാന്‍ തടയുന്നില്ല. അവള്‍ ആവശ്യപ്പെട്ടത് ഞാന്‍ അനുവദിക്കുന്നു. "പുത്രീ, സാവിത്രീ! നീ പോകുന്ന വഴിക്ക് സത്യവാനെ സൂക്ഷിക്കണേ!".
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രണ്ടുപേരും സമ്മതിച്ചു. അവള്‍ പോയി. ഭര്‍ത്താവിനോടു കൂടി കളിച്ചു ചിരിച്ച് പോകുമ്പോഴും അവളുടെ ഉള്ള് നീറുന്നുണ്ടായിരുന്നു. മയിലുകളാല്‍ ശോഭിതമായി പല വിധത്തിലും വിചിതവ്രും രമണീയവുമായ ആ വന്രപദേശം ആ വിശാലാക്ഷി നോക്കി നോക്കി നടന്നു. പുണ്യമായ പുഴകളും, പൂത്തു നിൽക്കുന്ന മരങ്ങളും സതൃവാന്‍ അവള്‍ക്ക് "നോക്കൂ! നോക്കൂ!", എന്ന് കാണിച്ചു കൊടുത്തു. മധുരമായ സ്വരത്തില്‍ പറയുന്ന വാക്കുകളും, മധുരമായ ഭാവത്തില്‍ സത്യവാന്റെ ചേഷ്ടകളും അനിന്ദിതയായ സാവിത്രി ശ്രദ്ധിച്ച് ഉറ്റുനോക്കിക്കൊണ്ട് അനുഗമിച്ചു. മുനിവാകൃത്തെ സ്മരിച്ച് ഭര്‍ത്താവ് അന്ന് മരിക്കുമെന്നറിഞ്ഞ അവള്‍ മന്ദമായി, ഭര്‍ത്താവിനെ വിട്ടു പിരിയാതെ പിന്തുടര്‍ന്നു. ആ മരണകാലം ആസന്നമായെന്നോര്‍ത്ത് അവളുടെ ഹൃദയം രണ്ടായി പിളര്‍ന്നിരിക്കുകയാണ്.
297. സാവിത്ര്യുപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു:ഭാര്യയോടൊത്തു വീര്യവാനായ സത്യവാന്‍ കായ്കള്‍ പറിച്ച് പാത്രത്തിൽ ആക്കിയതിന് ശേഷം വിറകു വെട്ടുവാന്‍ തുടങ്ങി. മുട്ടിവെട്ടിക്കീറുന്ന സമയത്ത് അവന്‍ ഒന്ന് വിയര്‍ത്തു. ആ വ്യായാമം കൊണ്ട് അവന് തലവേദന ഉണ്ടായി, തളര്‍ന്നുഴന്ന അവന്‍ ഇഷ്ടപത്നിയോട് പറഞ്ഞു.
സത്യവാന്‍ പറഞ്ഞു: സാവിത്രീ, ഈ വ്യായാമം കൊണ്ട്‌എനിക്കു തലവേദന ഉണ്ടായിരിക്കുന്നു. അംഗങ്ങളൊക്കെ തളരുന്നു. കരള്‍ വല്ലാതെ പിടയുന്നു. ആത്മാവിന് വല്ലാത്ത അസ്വാസ്ഥ്യം തോന്നുന്നു. ശൂലങ്ങള്‍ ശിരസ്സില്‍ കുത്തിക്കോര്‍ത്ത വിധം എനിക്ക് തോന്നുന്നു. ഹേ, കല്യാണീ! ഞാനൊന്ന് കിടക്കട്ടെ! എനിക്ക് നില്‍ക്കുവാന്‍ വയ്യ. ഉടനെ സാവിത്രി അടുത്തു ചെന്ന് അവനെ താങ്ങി തല അവളുടെ മടിയില്‍ വെപ്പിച്ച് ആ നിലയില്‍ നിലത്ത് ഇരുന്നു. നാരദന്‍ പറഞ്ഞ വാക്ക് ആ തപസ്വിനി ഓര്‍ത്തു. ആ മുഹൂര്‍ത്തവും, ക്ഷണവും, നാളും, നേരവുമൊക്കെ ഒത്തിരിക്കുന്നു കൂട്ടി നോക്കിയപ്പോള്‍!
ഉടനെ തുടുത്ത വസ്ത്രം ധരിച്ചവനും, തലമുടി കെട്ടി വെച്ചവനും, ആദിതൃതുല്യം ശോഭിക്കുന്നവനുമായ ഒരു പുരുഷനെ മുമ്പില്‍ കണ്ടു. കയ്യില്‍ ഒരു കയറുമുണ്ട്. ദേഹം കറുത്തിരുണ്ടിരിക്കുന്നു. കണ്ണ് രക്തനിറമാണ്. സത്യവാന്റെ അടുത്തു വന്ന് അവനെ നോക്കി നിൽക്കുന്നതായി അവള്‍ കണ്ടു. അവനെ കണ്ടപ്പോള്‍ അവള്‍ കാന്തന്റെ തല പതുക്കെ മടിയില്‍ നിന്ന് എടുത്ത് നിലത്തു വെച്ച് എഴുന്നേറ്റു നിന്ന് കൈകള്‍ കൂപ്പി ആര്‍ത്തയായി നെഞ്ചു പിടച്ചു കൊണ്ടു പറഞ്ഞു.
സാവിത്രി പറഞ്ഞു: അമാനുഷമായ ഈ ദേഹം കാണുമ്പോള്‍ ഭവാന്‍ ദേവനാണെന്ന് ഞാന്‍ വിചാരിക്കുന്നു. അല്ലയോ ദേവേശാ! ആരാണ് അങ്ങുന്ന്? എന്തു ചെയ്യുവാനാണ് ഭവാന്‍ ഒരുങ്ങുന്നത്?
യമന്‍ പറഞ്ഞു: സാവിത്രീ, നീ പതിവ്രതയാണ്. തപോവ്രതയുമാണ്. അതു കൊണ്ട് ഞാന്‍ നിന്നോടു സംസാരിക്കാം. ശുഭേ, ഞാന്‍ യമനാണ്. നിന്റെ ഭര്‍ത്താവായ ഈ രാജകുമാരന്‍ സത്യവാന്‍ ക്ഷീണായുസ്സ് ആയിരിക്കുന്നു. ഞാന്‍ അവനെ കെട്ടി കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്. അതിനാണ് എന്റെ ഉദ്യമം.
സാവിത്രി പറഞ്ഞു; ഭഗവാനേ, മര്‍ത്ത്യരെ കൊണ്ടു പോകുന്നതിന് യമദുതന്മാര്‍ എത്തുമെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാൽ ഇപ്പോള്‍ ഭവാന്‍ തന്നെയാണല്ലൊ എത്തിയിട്ടുള്ളത്? അതിനു കാരണമെന്താണ്?
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: സാവിത്രിയുടെ ഈ വാക്കു കേട്ടപ്പോള്‍ ഭഗവാനായ പിതൃപതി അവളുടെ പ്രിയത്തിനായി എല്ലാം പറയുവാന്‍ തുടങ്ങി.
യമന്‍ പറഞ്ഞു: ഈ സത്യവാന്‍ ധാര്‍മ്മികനും, ചാരുരൂപനും, സല്‍ഗുണ സാഗരനുമാണ്. അവനെ എന്റെ ദുതന്മാരെ അയച്ച് കൊണ്ടു പോകുന്നത് ശരിയല്ല. അതു കൊണ്ട് ഞാന്‍ തന്നെ എത്തിയതാണ്. സത്യവാന്റെ ശരീരത്തില്‍ നിന്നു കയറിട്ടു വരിഞ്ഞ് അംഗുഷ്ട മാത്രാംഗനായ പുരുഷനെ യമന്‍ ബലമായി ആകര്‍ഷിച്ചു. ഉടനെ ജീവന്‍ പോയി, ശ്വാസം നിന്നു. ശോഭ നശിച്ചു. ശരീരം നിശ്ചേഷ്ടമായി. അവന്റെ ശരീരം കാണുവാന്‍ സങ്കടമായി. യമന്‍ അവനെ കെട്ടിയെടുത്ത് തെക്കോട്ടു യാത്രയായി. സാവിത്രി ദുഃഖത്തോടെ അവനെ പിന്തുടര്‍ന്നു. നിയമവ്രതയും, മഹാഭാഗയും, പതിവ്രതയുമായ സാവിത്രി യമന്റെ പിന്നാലെ നടന്നു.
യമന്‍ പറഞ്ഞു: ഹേ സാവിത്രീ, നീ തിരിച്ചുപോവുക. ഗൃഹത്തില്‍ ചെന്ന് അവന് വേണ്ട ശേഷക്രിയകള്‍ ചെയ്യുക. നീ ഭര്‍ത്താവിന്റെ കടംവീട്ടി. നിന്റെ കര്‍ത്തവ്യം നീ നിര്‍വ്വഹിച്ചു കഴിഞ്ഞു. നിനക്ക് ചെല്ലാവുന്നിടത്തോളം നീ പിന്തുടരുകയും ചെയ്തു.
സാവിത്രി പറഞ്ഞു: ഭവാന്‍ എന്റെ പതിയെ എങ്ങോട്ടു കൊണ്ടു പോകുന്നുവോ, ഭവാന്‍ എവിടേക്ക് പോകുന്നുവോ അവിടേക്ക് ഞാനും പോരും. ഇത് ശാശ്വതമായ ധര്‍മ്മമാണ്. തപസ്സ്, ഗുരുഭക്തി, ഭര്‍ത്തൃസ്നേഹം, വ്രതങ്ങള്‍ ഇവ കൊണ്ടും, ഭവാന്റെ പ്രസാദം കൊണ്ടും എന്റെ മാര്‍ഗ്ഗത്തിന് യാതൊരു തടസ്സവുമില്ല. തത്വജ്ഞന്മാരായ ബുധന്മാര്‍ പറയുന്നു സഖ്യം സാപ്തദീനമാണെന്ന് (ഏഴ് പദങ്ങള്‍ പരസ്പരം സംസാരിച്ചാല്‍ സഖ്യമായി എന്ന് പൂര്‍വ്വസമ്മതം). ആ സഖ്യത്തെ മുന്‍നിര്‍ത്തി ഞാന്‍ ഒന്നു പറയുന്നു, അത് ഭവാന്‍ കേട്ടാലും. ആത്മജ്ഞാനം ഇല്ലാത്തവര്‍ കാട്ടില്‍ വന്ന് പാര്‍ത്താലും ഇന്ദ്രിയാധീനന്മാരായി ധര്‍മ്മത്തില്‍ നിന്ന് തെറ്റിപ്പോകയേ ചെയ്യുന്നുള്ളു. ആത്മജ്ഞാനികള്‍ വനത്തിലായാലും ധര്‍മ്മം ആചരിച്ചു കൊണ്ടിരിക്കും. ഇന്ദ്രിയാധീനന്മാര്‍ ബ്രഹ്മത്തിനോ സന്യാസത്തിനോ അര്‍ഹരല്ല. ആത്മജ്ഞാനം സംഭവിക്കുന്നത് ധര്‍മ്മത്തില്‍ നിന്നാണ്. അതു കൊണ്ട്‌എല്ലാറ്റിലും ഉപരിയായി നിൽക്കുന്നത് ധര്‍മ്മമാണെന്ന് സജ്ജനങ്ങള്‍ പറയുന്നു. സജ്ജനസമ്മതം പോലെ ഗൃഹസ്ഥധര്‍മ്മം ആചരിച്ചാല്‍ നമുക്കെല്ലാം ജഞാന മാര്‍ഗ്ഗത്തെ പ്രാപിക്കാം. ബ്രഹ്മചര്യമോ സംന്യാസമോ സ്വീകരിച്ചാല്‍ മാത്രമേ ജ്ഞാനം പ്രകാശിക്കയുള്ളു എന്നില്ല. ധര്‍മ്മം, ബ്രഹ്മചര്യം, സംന്യാസം എന്നീ മൂന്നില്‍ ഞാന്‍ രണ്ടാമത്തേതിനേയോ, മൂന്നാമത്തേതിനേയോ ഇച്ഛിക്കുന്നില്ല. ഒന്നാമത്തേതും സര്‍വ്വപ്രധാനവുമായ ധര്‍മ്മത്തിലാണ് ഞാന്‍ ഉറച്ചു നിൽക്കുന്നത്. ധര്‍മ്മത്തിനായിഎന്റെ ഭര്‍ത്താവിനെ ഏത് അവസ്ഥയിലും ഏതിടത്തിലും എനിക്കു പിന്തുടരുക തന്നെ ചെയ്യേണ്ടിയിരിക്കുന്നു.
യമന്‍ പറഞ്ഞു: എടോ അനിന്ദിതേ, സ്വരങ്ങളും, അക്ഷരങ്ങളും വ്യഞ്ജനങ്ങളും വേണ്ട പോലെ ചേര്‍ത്ത് യുക്തി യുക്തമായി നീ ചെയ്ത സംഭാഷണം കേട്ട് ഞാന്‍ ഏറ്റവും സന്തുഷ്ടനായി. ഇനി നീ തിരികെ പോകണം. നീ വരം വാങ്ങിച്ചുകൊള്ളുക; ഞാന്‍ തരാം. വരന്റെ ജീവന്‍ ഒഴികെ എന്ത് ചോദിച്ചാലും തരുവാന്‍ ഞാന്‍ ഒരുക്കമാണ്.
സാവിത്രി പറഞ്ഞു: എന്റെ ശ്വശുരന്‍ അന്ധനായി തന്റെ രാജ്യത്തില്‍ നിന്ന് ഭ്രഷ്ടനായി വനവാസം സ്വീകരിച്ച് ആശ്രമത്തില്‍ പാര്‍ത്ത് കാലം കഴിക്കുന്നു. ആ രാജാവിന് വീണ്ടും കാഴ്ച ലഭിക്കുകയും, ബലം വളര്‍ന്ന് ഉജ്ജ്വല സൂര്യനെ പോലെ ശോഭ വളരുവാനുമായി ഭവാന്‍ പ്രസാദിക്കണം.
യമന്‍ പറഞ്ഞു: നീ ഇപ്പോള്‍ പ്രാര്‍ത്ഥിച്ചത് എങ്ങനെയോ അപ്രകാരം ഭവിക്കുന്നതിന് ഞാന്‍ വരം നല്കുന്നു. നീ നടന്നു നടന്ന് തളര്‍ന്ന് ഇരിക്കുന്നതായി എനിക്ക് തോന്നുന്നു. നീ. മടങ്ങി പോയ്ക്കൊള്ളുക. ഇനിയും നടന്നാല്‍ നീ വല്ലാതെ തളര്‍ന്നു പോകും!
സാവിത്രി പറഞ്ഞു: എന്റെ ദയി തന്റെ സമീപത്തില്‍ നിൽക്കുമ്പോള്‍ എനിക്ക് തളര്‍ച്ചയെന്ന ഒന്നില്ല. ഭര്‍ത്താവിന്റെ ഗതിയേതോ അതു തന്നെയാണ് എന്റേയും ഗതി. ഹേ സുരാധീശ്വരാ! ഭവാന്‍ എന്റെ ഭര്‍ത്താവിനെ എങ്ങോട്ടു കൊണ്ടു പോകുന്നുവോ അവിടേക്ക് ഞാനും പോരും. ഞാന്‍ പറയുന്നത് ഭവാന്‍ വീണ്ടും കേള്‍ക്കുക. സത്തുക്കളുമായുള്ള സംഗമം ആര്‍ക്കും പ്രിയങ്കമാണ്. സജ്ജനങ്ങളും ആയുണ്ടാകുന്ന ആദ്യ സംഗമത്തില്‍ നിന്നു തന്നെ ശ്രേഷ്ഠമായ മിത്രത്വം ഉണ്ടാകും. സല്‍പുരുഷന്മാരും ആയുള്ള സംസര്‍ഗ്ഗം ഒരിക്കലും നിഷ്ഫലമാവുക ഇല്ല. സജ്ജനങ്ങളോടു ചേര്‍ന്നു വേണം ഏതൊരുത്തനും എപ്പോഴും വാഴുവാന്‍. അതാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്.
യമന്‍ പറഞ്ഞു: എടോ ഭാമിനീ, യുക്തിയുക്തമായും, മനസ്സിന് അനുകൂലമായും, ബുധന്മാര്‍ക്കു പോലും ബുദ്ധിയെ വര്‍ദ്ധിപ്പിക്കു ന്നതായുമുള്ള വാക്കുകള്‍ നീ പറയുന്നതു കേട്ട് എനിക്ക് സന്തോഷമുണ്ടാകുന്നു. സത്യവാന്റെ ജീവിതത്തെ ഒഴിച്ച് രണ്ടാമത് ഒരു വരം നീ വരിച്ചു കൊള്ളുക.
സാവിത്രി പറഞ്ഞു: എന്റെ ശ്വശുരന്റെ രാജ്യം ശത്രുക്കള്‍ അപഹരിച്ചിരിക്കുകയാണ്. ആ രാജാവിന് സ്വന്തം രാജ്യം വീണ്ടു കിട്ടു മാറാകണം. എന്റെ ഗുരുവായ ആ ധീമാന്‍ സ്വധര്‍മ്മത്തില്‍ നിന്ന് ഒരിക്കലും തെറ്റിപ്പോകരുത്. അതാണ് എനിക്ക് വേണ്ടുന്ന രണ്ടാമത്തെ വരം.
യമന്‍ പറഞ്ഞു; നിന്റെ ശ്വശുരന്‍ സ്വന്തം രാജ്യം നേടും. രാജാവ് സ്വധര്‍മ്മം കൈവിടുകയില്ല. ഞാന്‍ തന്ന വരത്തെ നീ സ്വീകരിച്ച് ഹേ, രാജപുത്രീ, നീ തിരികെ പോയാലും. ഇനിയും നടന്ന് തളർന്ന് പോകരുത്.
സാവിത്രി പറഞ്ഞു: പ്രജകളെ നിയമാനുസരണം നിഗ്രഹിച്ച് യഥാക്രമം നിയന്ത്രിച്ച്, കാമിതാര്‍ത്ഥങ്ങളോട് സംയോജിപ്പിക്കുന്നതു കൊണ്ട് ഭവാന്‍ യമനെന്ന പേരില്‍ ദേവവിശ്രുതനായി തീര്‍ന്നു. നിയമത്തില്‍ ദൃഢമായ നിഷ്ഠയോടു കൂടിയ ഭവാന്‍ ഇനിയും ഞാന്‍ പറയുന്നത് കേള്‍ക്കുക. മനസ്സു കൊണ്ടോ, വാക്കു കൊണ്ടോ, കര്‍മ്മം കൊണ്ടോ ഏതൊരു ജീവിയേയും ഉപദ്രവിക്കാ തിരിക്കുകയും ദാനത്താലും, അനുഗ്രഹത്താലും ജീവികളെ ഉദ്ധരിക്കുകയുമാണ് സനാതനമായ സജ്ജനധര്‍മ്മം. ശരണം പ്രാപിക്കുന്ന ശത്രുക്കളെ കൂടിയും കനിഞ്ഞ് കൈക്കൊള്ളുന്നവരാണ് സത്തുക്കള്‍. ഈ മനുഷ്യരാകട്ടെ ശക്തിയോ കുശലതയോ ലേശമില്ലാത്തവരാണ്. ഇതാണ് ലോകത്തിന്റെ ഗതി.
യമന്‍ പറഞ്ഞു: ഹേ, ശുഭേ, ദാഹിച്ചു വലഞ്ഞവന് വെള്ളം കിട്ടുന്നതു പോലെ അത്രയും സുഖം നിന്റെ ചാരുഭാഷണം കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്നു. സതൃവാന്റെ ജീവനൊഴികെ നീ എന്തു വരം ഇഷ്ടപ്പെടുന്നുവോ, അത് ഞാന്‍ തന്നുകൊള്ളാം.
സാവിത്രി പറഞ്ഞു: എന്റെ പിതാവ് പുത്രഹീനനാണ്. ആരാജാവിന് ഔരസ പുത്രന്മാരായി നൂറു പേര്‍ ജനിക്കണം. അവരെല്ലാവരും കുലവര്‍ദ്ധനന്മാരായി വക്കുകയും വേണം. ഇതാണ് എനിക്കു വേണ്ടുന്ന മൂന്നാമത്തെ വരം.
യമന്‍ പറഞ്ഞു: നീ ആവശ്യപ്പെട്ട വരം ഞാന്‍ തരുന്നു. തേജസ്വികളും കുലവര്‍ദ്ധനന്മാരും ആയ നൂറ് പുത്രന്മാര്‍ നിന്റെ അച്ഛന് ഉണ്ടാകട്ടെ. ഈ വര സിദ്ധിയോടെ നീ ഇനി തിരിച്ചു പോവുക. രാജപുത്രിയായ നീ ഇപ്പോള്‍ തന്നെ ബഹുദൂരം പോന്നു കഴിഞ്ഞു.
സാവിത്രി പറഞ്ഞു: ഭര്‍ത്താവിന്റെ സന്നിധിയില്‍ എനിക്കു ദൂരം ഒരു പ്രശ്നമല്ല. എന്റെ മനസ്സ് വളരെ ദൂരെ ഓടിക്കൊണ്ടിരിക്കയാണ്. നടന്നു കൊണ്ടു തന്നെ ഞാന്‍ എന്റെ സംഭാഷണം തുടരട്ടെ! പ്രതാപവാനായ ഭവാന്‍ വിവസ്വാനായ ( ആവരണഹീനനായ ) സൂര്യന്റെ പുത്രൻ ആവുകയാലാണല്ലോ വൈവസ്വതന്‍ എന്ന് പ്രസിദ്ധനായത്. ഭവാന്റെ ആജ്ഞയാല്‍ ഇഷ്ടമെന്നോ അനിഷ്ടമെന്നോ താരതമ്യ വിചാരം കൂടാതെ ജനങ്ങള്‍ സമഭാവനയില്‍ ധര്‍മ്മത്തെ ആചരിക്കുന്നവരായി തീരുകയാല്‍ ഭവാന്‍ ധര്‍മ്മരാജാവായും പ്രശോഭിക്കുന്നു. ഇപ്രകാരം ഭവാന്‍ ഏതു നിലയിലും സജ്ജന ശ്രേഷ്ഠനാണ്. സല്‍പുരുഷനിൽ എന്നപോലെ അത്രയും സ്നേഹം സ്വന്തം ആത്മാവില്‍ പോലും ആര്‍ക്കും ഉണ്ടാകാറില്ല. അതു കൊണ്ട് സജ്ജനങ്ങളെ സവിശേഷം സ്നേഹിക്കുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. സൗഹൃദം കൊണ്ടാണ് എല്ലാ ജീവികള്‍ക്കും വിശ്വാസമുണ്ടാകുന്നത്. അതിനാല്‍ സൗഹൃദം തികഞ്ഞ സജ്ജനത്തെ എല്ലാ ജനങ്ങളും സവിശേഷം വിശ്വസിക്കും. എങ്ങും മറവില്ലാത്ത സൂര്യദേവന്റെ പ്രിയപുത്രനായി, സര്‍വ്വഭൂതങ്ങളേയും ധര്‍മ്മത്തില്‍ നിലനിര്‍ത്തുന്ന ധര്‍മ്മരാജാവായി, വിഖ്യാതനായ ഭവാനെ ഞാന്‍ സ്നേഹത്തോടും, വിശ്വാസത്തോടും പിന്തുടരുമ്പോള്‍ എനിക്ക് ക്ഷീണം എങ്ങനെയുണ്ടാകും?
യമന്‍ പറഞ്ഞു: എടോ ശുഭാംഗനേ, ഇത്രയും ഹൃദയം കവരുന്ന സംഭാഷണം ഞാന്‍ നിന്നില്‍ നിന്നല്ലാതെ അതുപോലെ മറ്റൊരാളില്‍ നിന്നും കേട്ടിട്ടില്ല. എനിക്ക് നിന്നില്‍ സന്തോഷം വര്‍ദ്ധിച്ചു വരുന്നു. സത്യവാന്റെ ജീവനെയൊഴിച്ച് നാലാമത് ഒരുവരം കൂടി വരിച്ച് നീ പോയാലും.
സാവിത്രി പറഞ്ഞു: കുലവര്‍ദ്ധനന്മാരും, ബലവീര്യശാലികളും സത്യവാന്റെ ഔരസന്മാരുമായി എനിക്ക് ഒരുനൂറ് പുത്രന്മാര്‍ ഉണ്ടാവണം. അതാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്ന നാലാമത്തെ വരം.
യമന്‍ പറഞ്ഞു: ഹേ! അബലേ, പ്രീതികരന്മാരും, ബലശാലികളുമായി ഒരുനൂറ് പുത്രന്മാര്‍ നിനക്ക് ഉണ്ടാകും! വളരെ ദൂരം നടന്നു വന്നിരിക്കുന്ന രാജപുത്രീ, നീ ഇനിയും നടന്ന് തളരാതെ പിന്തിരിയുക. ഇപ്പോള്‍ തന്നെ ബഹുദൂരം നീ സഞ്ചരിച്ചിരിക്കുന്നു.
സാവിത്രി പറഞ്ഞു: നിത്യമായ ധര്‍മ്മനിഷ്ഠയില്‍ എന്നും ഉറച്ചുനിൽക്കുന്നവരാണ് സത്തുക്കള്‍. അവര്‍ക്ക് അതില്‍ ദുഃഖമോ ക്ഷീണമോ ഉണ്ടാവാറില്ല. സത്തുക്കളുമായുള്ള സംഗമം പാഴിലാവുകയില്ല. സല്‍പുരുഷന്മാരെ സജ്ജനങ്ങള്‍ക്ക് ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. പരന്മാര്‍ക്കു വേണ്ടി നന്മ ചെയ്തു കൊണ്ടിരിക്കുക എന്നത് ആര്യന്മാര്‍ക്കു ചേര്‍ന്നതും ശാശ്വതവുമായ നടപ്പാകയാല്‍ അത് അറിഞ്ഞിട്ടുള്ള സത്തുക്കള്‍ പരോപകാരം ചെയ്യുമ്പോള്‍ അത് അന്യനില്‍ എങ്ങനെ ഏൽക്കുന്നുവെന്നോ, അതില്‍ നിന്ന് എന്തു പ്രതിഫലം സിദ്ധിക്കുമെന്നോ ചിന്തിക്കാറില്ല. സല്‍പുരുഷന്മാരില്‍ പ്രസാദം പാഴിലാവുകയോ, അര്‍ത്ഥം നശിക്കുകയോ, മാനം പോവുകയോ ഇല്ല, അവര്‍ അന്യരില്‍ പ്രസാദിക്കും. പ്രസാദത്താല്‍ മറ്റുള്ളവര്‍ കൃതാര്‍ത്ഥരാകും; മാനികളുമാകും. പ്രസാദം, മാനം, അര്‍ത്ഥം എന്നീ മുന്നും സജ്ജനങ്ങളില്‍ എന്നും തികഞ്ഞു നിൽക്കുന്നതു കൊണ്ട് അവര്‍ തന്നെയാണ് രക്ഷിതാക്കള്‍.
യമന്‍ പറഞ്ഞു: എടോ, പതിവ്രതേ, പദഭംഗിയോടെ അര്‍ത്ഥ ഗാംഭീര്യം തികഞ്ഞ് അനുകൂലമായി ധര്‍മ്മത്തെ കുറിച്ച് നീപറയും തോറും നിന്നില്‍ വലുതായ ഇഷ്ടം എന്റെ മനസ്സില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ വരം നീ എന്നില്‍ നിന്ന് ഇനിയും വാങ്ങിക്കൊള്ളുക.
സാവിത്രി പറഞ്ഞു: ഭവാന്‍ തന്ന വരം അനുസരിച്ച് ഞാന്‍ പുത്രഫലത്തെ പ്രാപിക്കണമെങ്കില്‍ അടുത്തു തന്നെ എനിക്ക് ദാമ്പത്യ യോഗമുണ്ടാകണം. അന്യഭര്‍ത്താവിനെ വരിക്കുക എന്നത് എന്റെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. സത്യവാന്റെ ഔരസന്മാരായി എനിക്ക് നൂറ് പുത്രന്മാർ ഉണ്ടാകും എന്നാണല്ലോ ഭവാന്‍ വരം നല്‍കിയിട്ടുളളത്. ഈ സത്യവാന്‍ ജീവിക്കണമെന്നാണ് ഞാന്‍ വരിക്കുന്ന നാലാമത്തെ വരം. മാനപ്രദനായ ഭവാന്‍ മാനത്തിനും സദാചാരത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ എന്നെ നിശ്ചയമായും നിയോഗിക്കുകയില്ല. പതിവ്രതയായ എനിക്ക് പുത്രന്മാർ ഉണ്ടാകണമെങ്കില്‍ അത് സത്യവാനുമായുള്ള ദാമ്പതൃ യോഗത്തില്‍ നിന്നു തന്നെ വേണം. അതിന് സത്യവാന്‍ ജീവിക്കേണ്ടതല്ലേ? ഭര്‍ത്താവ് വിട്ടു പോയാല്‍ ഞാന്‍ വെറും നിര്‍ജ്ജീവയാകും. ഭര്‍ത്താവിനെ കൂടാതെ എനിക്ക് യാതൊരു സുഖവും ആവശ്യമില്ല! ഭര്‍ത്താവില്ലെങ്കില്‍ സ്വര്‍ഗ്ഗം കൊണ്ടും എനിക്ക് കാര്യമില്ല. ഭർത്താവ് വിട്ടു പോയാല്‍ എനിക്ക് എന്തിനാണ് ശ്രീ! ഭര്‍ത്തൃഹീനയായാല്‍ ജീവിക്കുവാന്‍ തന്നെ എനിക്ക് വയ്യ! എനിക്ക് നൂറു പുത്രന്മാർ ഉണ്ടാകുമെന്ന് വരം തന്നിട്ട് ഭവാന്‍ എന്റെ ഭര്‍ത്താവിനെ ഹരിച്ചു കൊണ്ടു പോകുന്നത് എന്താണ്? സത്യവാന്‍ ജീവിക്കുന്നതിന് ഭവാന്‍ എനിക്ക് വരം തന്നാലും. ഭവാന്റെ വാക്ക് സത്യമായി വരട്ടെ!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അങ്ങനെയാകട്ടെ എന്നു പറഞ്ഞ് ധര്‍മ്മരാജാവും വൈവസ്വതനുമായ യമന്‍ സാവിത്രിയില്‍ പ്രസാദിച്ച് കയര്‍ അഴിച്ച് സത്യാവന്റെ ജീവനെ വിട്ട്, ഇപ്രകാരം സാവിത്രിയോടു പറഞ്ഞു.
ഭദ്രേ, നിന്റെ ഭര്‍ത്താവിനെ ഞാന്‍ ഇതാ കാലപാശത്തില്‍ നിന്നു മോചിപ്പിച്ചിരിക്കുന്നു. ഹേ കുലനന്ദിനീ, അരോഗനായി തീര്‍ന്ന ഇവനെ നീ കൂട്ടിക്കൊണ്ടു പോവുക, ഇവന്‍ സര്‍വ്വാര്‍ത്ഥ സിദ്ധികരനായി ഭവിക്കും. നാനൂറു വര്‍ഷം നിന്നോടു കൂടി ആയുഷ്മാനായി വസിക്കും. യജ്ഞങ്ങള്‍ ചെയ്ത് യഥാധര്‍മ്മം ഇവന്‍ വിശ്വവിഖ്യാതനാകും. നിന്നില്‍ ഇവന്‍ നൂറ് പുത്രന്മാരെ ജനിപ്പിക്കും. അവരൊക്കെ പുത്രപൗത്രന്മാരോടു കൂടി ക്ഷത്രിയവൃത്തി തെറ്റാതെ നിന്റെ പേരില്‍ ഭൂമിയില്‍ പ്രസിദ്ധന്മാരായി ഭവിക്കും. നിന്റെ പിതാവിനും നൂറ് പുത്രന്മാര്‍ നിന്റെ അമ്മയായ മാളവിയില്‍, മാളവന്മാര്‍ എന്ന പേരില്‍ ഉണ്ടാകും. നിന്റെ ഭ്രാതാക്കന്മാരായ ആ ക്ഷത്രിയന്മാര്‍ ദേവതുല്യന്മാരായി പുത്രപൗത്രന്മാരോടു കൂടി എന്നെന്നും വിഖ്യാതരാകും.
ഇപ്രകാരം പ്രതാപവാനായ ധര്‍മ്മരാജാവ് അവള്‍ക്കു വരം നല്കി, സാവിത്രിയെ മടക്കി അയച്ച്, തന്റെ ഗേഹത്തില്‍ എത്തിച്ചേര്‍ന്നു. സാവിത്രി യമന്‍ പോയതിന് ശേഷം പതിയെ തേടി, ഭര്‍ത്താവിന്റെ ശവം വീണു കിടക്കുന്ന ദിക്കിലേക്കെത്തി. അവള്‍ ഭൂമിയില്‍ കിടക്കുന്ന തന്റെ ഭര്‍ത്താവിനെ കണ്ട് മടിയില്‍ തലതാങ്ങി മണ്ണില്‍ ഇരുന്നു. അവന് ഉടനെ ബോധം ഉണ്ടായി. സാവിത്രിയെ, അവന്‍ ദീര്‍ഘയാത്ര കഴിഞ്ഞ് എത്തുമ്പോഴുണ്ടാകുന്ന ഇഷ്ടത്തോടെ നോക്കി, പറഞ്ഞു.
ഏറെ നേരം ഞാന്‍ ഉറങ്ങി പോയി. എന്തേ നീ ഉണര്‍ത്താഞ്ഞത്? എന്നെയിട്ട് വലിച്ചിഴച്ച ആ കരിംപുരുഷന്‍ എവിടെ പോയി?
സാവിത്രി പറഞ്ഞു: അങ്ങുന്ന് എന്റെ മടിയില്‍ കിടന്ന് സുഖമായി ഒരു ദീര്‍ഘനിദ്ര ചെയ്തു. അങ്ങ് കണ്ട പ്രജാസംയമനായ ദേവന്‍, ഭഗവാന്‍ യമന്‍, അല്പം മുമ്പ് ഇവിടെ നിന്നു പോയി. മഹാഭാഗാ, വിശ്രാന്തനായ ഭവാന്‍ ഇപ്പോള്‍ നിദ്ര വിട്ട് ഉണര്‍ന്നുവല്ലോ. രാത്രിയായി ഇരുട്ട് വ്യാപിച്ചു. ഭവാന്‍ എഴുന്നേൽക്കുവാന്‍ ശക്തിയുണ്ടെങ്കില്‍ എഴുന്നേൽക്കുക.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: സുഖമായി ഉറങ്ങിയുണര്‍ന്നവനെ പോലെ ബോധവാനായ സത്യാവന്‍ നാലുപാടുമുള്ള വനപ്രദേശങ്ങളിലേക്ക് നോക്കിയതിന് ശേഷം ഇപ്രകാരംപറഞ്ഞു.
സത്യവാന്‍ പറഞ്ഞു: എടോ, സുമദ്ധ്യമേ! ഫലങ്ങള്‍ പറിക്കുവാനായി ഭവതിയോടു കൂടി ഇവിടെ വന്ന ഞാന്‍ വിറകു വെട്ടിക്കൊണ്ടിരിക്കെ, എനിക്ക് തലവേദനയുണ്ടായതും എനിക്ക് നിൽക്കുവാന്‍ പോലും വയ്യാതായതും ഉടനെ നിന്റെ മടിയില്‍ തലവെച്ചു കിടന്നതും, ഉടനെ ഉറങ്ങി പോയതും, എല്ലാം ഞാന്‍ ഓര്‍ക്കുന്നു. ഭവതിയുടെ ആശ്ലേഷമേറ്റ് കിടക്കുമ്പോള്‍ എന്റെ മനസ്സ് പെട്ടെന്ന് നിദ്രയില്‍ പെട്ടു. അതിഘോരമായ അന്ധകാരത്തില്‍ ഞാന്‍ മുങ്ങി. അപ്പോള്‍ മഹാതേജസ്വിയായ ഒരു പുരുഷന്‍ എന്റെ മുമ്പില്‍ വന്നതായി ഞാന്‍ കണ്ടു. ആ പുരുഷന്‍ ആരായിരുന്നു? ഭവതിക്ക് അറിയാമെങ്കില്‍ പറയുക. ഞാന്‍ കണ്ടത് സ്വപ്നമോ സത്യമോ എന്ന് എനിക്കറിയണം.
സാവിത്രി പറഞ്ഞു: ഇരുട്ട് വല്ലാതെ പരക്കുന്നു. ഇവിടെ നടന്ന കാര്യങ്ങളെല്ലാം നാളെ ഞാന്‍ ഭവാനോടു പറയാം. ഭവാന് ശുഭം ഭവിക്കട്ടെ! സുവ്രതനായ ഭവാന്‍ മാതാപിതാക്കളെ കാണുവാന്‍ വേഗത്തില്‍ പോവുക. സുര്യന്‍ അസ്തമിച്ച് ഇരുട്ട് നല്ലപോലെ വര്‍ദ്ധിച്ചു പരന്നു. ക്രൂരവാക്കുകള്‍ മുഴക്കി സന്തോഷിച്ചാര്‍ത്ത് ഈ രാത്രിഞ്ചരന്മാര്‍ സഞ്ചരിച്ചു തുടങ്ങി. മാനുകള്‍ ഓടുന്ന വിധം ശബ്ദം കാട്ടില്‍ നിന്ന് കേള്‍ക്കുന്നു. ഘോരമൃഗങ്ങള്‍ പുറത്തിറങ്ങി തുടങ്ങിയെന്ന് ഈഹിക്കാം. തെക്കുപടിഞ്ഞാറു ദിക്കില്‍ നിന്ന് ക്രൂരന്മാരായ കുറുനരികള്‍ ഉഗ്രമായി ഓരിയിടുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഭയം തോന്നുന്നു.
സത്യവാന്‍ പറഞ്ഞു: കനത്ത കൂരിരുട്ടു കാരണം കാട് ഭീഷണമായിരിക്കുന്നു. വഴി നീ അറിയുകയില്ല. അതു കൊണ്ട് നീ ഈ കാട്ടില്‍ ഈ കൂരിരുട്ടത്ത് എങ്ങനെയാണ് നടക്കുക?
സാവിത്രി പറഞ്ഞു: ഈ കാട് കത്തി തീര്‍ന്നിട്ടും മരങ്ങള്‍ ജ്വലിക്കുന്നുണ്ട്. കാറ്റുതട്ടി തെളിഞ്ഞ് തീയും ഇടയ്ക്കിടെ ജ്വലിക്കുന്നുണ്ട്. ഞാന്‍ അവിടെ പോയി തീ കൊണ്ടു വന്ന് ഇവിടെയിട്ട് തീ ജ്വലിപ്പിക്കാം. ഇവിടെ ഈ വിറകുമുണ്ടല്ലോ. അതു കൊണ്ട് വിഷമിക്കേണ്ടതില്ല. നടക്കുവാന്‍ വയ്യെന്നുണ്ടോ? ഭവാന് ക്ഷീണമുണ്ടെന്ന് തോന്നുന്നുവല്ലോ. ഇരുട്ടടച്ച വഴി അറിയുവാന്‍ വിഷമമാണെങ്കില്‍ ഭവാന്റെ അഭിപ്രായം പോലെ നാളെ പുലര്‍ച്ചയ്ക്കു പോകാം. ഭവാന് ഇഷ്ടമാണെങ്കില്‍ ഒരു രാവ് ഇവിടെ കഴിച്ചുകൂട്ടാം.
സത്യവാന്‍ പറഞ്ഞു: എന്റെ തലവേദനയൊക്കെ മാറി. ദേഹത്തിന്റെ അസ്വാസ്ഥ്യവും നീങ്ങി. നിന്റെ പ്രസാദം കൊണ്ട് അച്ഛന്റെ അടുത്തു ചെല്ലുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ആശ്രമത്തില്‍ ഒറ്റദിവസവും വൈകി ചെന്നിട്ടില്ല. സന്ധ്യയാകും മുമ്പെ എത്തിയില്ലെങ്കില്‍ അമ്മ സമ്മതിക്കയില്ല. പകല്‍ ഞാന്‍ വിട്ടു പോയാല്‍ പോലും എന്റെ അച്ഛനമ്മമാര്‍ക്ക് സങ്കടമാണ്. ഞാന്‍ ചെല്ലുവാന്‍ വൈകിയാല്‍ ആശ്രമത്തിൽ ഉള്ളവരുമായി അച്ഛന്‍ തെരഞ്ഞു പുറപ്പെടും. മനസ്സു വിഷമിച്ച് പിന്നെ എന്റെ അച്ഛനും അമ്മയും വരുവാന്‍ വൈകിയാല്‍ മുള്ളു വാക്കു പറയാറുണ്ട്. ഇപ്പോള്‍ ഞാന്‍ അവരുടെ അവസ്ഥയെ പറ്റി ഓര്‍ത്തു ദു8ഖിക്കുന്നു. എന്നെ കാണാഞ്ഞാല്‍ അവര്‍ക്കുള്ള സങ്കടം ചെറുതല്ല.
മുമ്പേ എന്നോടു കണ്ണുനീര്‍ വാര്‍ത്തു കൊണ്ട് വൃദ്ധരായ മാതാപിതാക്കള്‍ പ്രീതിമൂലം പലപ്പോഴും പറഞ്ഞിട്ടുണ്ട്: നീ പിരിഞ്ഞാല്‍ ഉണ്ണീ, ഞങ്ങള്‍ ക്ഷണനേരമെങ്കിലും ജീവിച്ചിരിക്കയില്ല. മകനേ നീയുള്ള കാലത്തോളം ഞങ്ങളുടെ ജീവിതം സുരക്ഷിതം തന്നെ. വൃദ്ധരും അന്ധരുമായ ഞങ്ങള്‍ക്ക് ഊന്നുവടി ആയിട്ടുള്ളതും നീയാണ്. ഞങ്ങളുടെ വംശവും നിന്നിലാണ് നിൽക്കുന്നത്. ഞങ്ങളുടെ പിണ്ഡം, കീര്‍ത്തി, സന്താനപരമ്പര ഇവയൊക്കെ നിന്നിലാണു സ്ഥിതി ചെയ്യുന്നത്. അമ്മയാണെകില്‍ വൃദ്ധയാണ്. അച്ഛന്‍ വൃദ്ധനും അന്ധനുമാണ്. അവര്‍ക്ക് കണ്ണു ഞാനാണ്. അവര്‍ എന്നെ കണ്ടില്ലെങ്കില്‍ ഏതു മട്ടിലായിരിക്കും രാത്രിയില്‍ അവരുടെ സ്ഥിതി! എനിക്ക് വന്നു കൂടിയ നിദ്രയെ പറ്റി ഞാന്‍ വൃസനിക്കുന്നു! ഞാനും സംശയത്തില്‍ പെട്ടിരിക്കുന്നു; ഭയങ്കരമായ ആപത്തിലാണല്ലോ നാം ഇപ്പോള്‍ പെട്ടിരിക്കുന്നത്? എന്റെ അച്ഛനേയും വിട്ട് ജീവിക്കുവാന്‍ എനിക്കു സാദ്ധ്യമല്ല. ബുദ്ധി കണ്ണായിട്ടുള്ള എന്റെ അച്ഛന്‍ തീര്‍ച്ചയായും ബുദ്ധിയുഴന്ന് ആശ്രമസ്ഥന്മാരായ ഓരോരുത്തരോടും ഇപ്പോള്‍ ചോദിക്കുന്നുണ്ടാകും. ഞാന്‍ എന്നെ ഓര്‍ത്തല്ല ദുഃഖിക്കുന്നത്. ശുഭേ, എന്റെ അച്ഛനേയും ബലം പോയ നാഥനോടു ചേര്‍ന്ന അമ്മയേയും ഓര്‍ത്താണ് ഞാന്‍ ദുഃഖിക്കുന്നത്. ഞാന്‍ ചെയ്ത തെറ്റാല്‍ അവര്‍ ഇപ്പോള്‍ വല്ലാത്ത വിഷമത്തിലായിരിക്കും. അവരെ ചിന്തിച്ച് ഞാന്‍ ജീവിക്കുന്നു. ഞാന്‍ അവരെ നോക്കേണ്ടവനാണ്. അവര്‍ക്ക് ഞാന്‍ ഇഷ്ടം ചെയ്യണം. ഇതു മാത്രമേ എനിക്ക് അറിയാവു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്നു പറഞ്ഞ് ധര്‍മ്മിഷ്ഠനും, ഗുരുപ്രിയനും, ഗുരുഭക്തനുമായ അവന്‍ കൈകള്‍ പൊക്കി ദുഃഖാര്‍ത്തനായി ഉറക്കെ നിലവിളിച്ചു. തന്റെ ഭര്‍ത്താവ് ഇപ്രകാരം ദുഃഖാര്‍ത്തനായി വിലപിക്കുന്നതു കണ്ട് സാവിത്രി, ധര്‍മ്മചാരിണിയായ സാവിത്രി, ഭര്‍ത്താവിന്റെ കണ്ണുനീര്‍ തുടച്ചു കൊണ്ട് സാന്ത്വനം ചെയ്തു.
സാവിത്രി പറഞ്ഞു; ഞാന്‍ ദാനം, ഹോമം, തപസ്സ് എന്നിവ അനുഷ്ഠിച്ചിട്ടുണ്ടെങ്കില്‍ എന്റെ ശ്വശുവിന്നും ശ്വശുരനും ഭര്‍ത്താവിനും ഈ രാവ് മംഗളമായി കലാശിക്കട്ടെ. ഞാന്‍ നേരമ്പോക്കായിട്ടു പോലും ഇതുവരെ ഒരിക്കലും അസത്യം പറഞ്ഞിട്ടില്ല. ആ സത്യത്താല്‍ എന്റെ ശ്വശ്രു ശ്വശുരന്മാര്‍ നിര്‍ബ്ബാധം ജീവിക്കട്ടെ!
സത്യവാന്‍ പറഞ്ഞു: എടോ, സാവിത്രി, വൈകിക്കൂടാ. എനിക്ക് എന്റെ അച്ഛനേയും അമ്മയേയും ഉടനെ കാണണം. അച്ഛനോ അമ്മയ്ക്കോ വല്ല അനിഷ്ടവും വന്നു കണ്ടാല്‍ എന്റെ ആത്മാവാണ് സത്യം പിന്നെ ഞാന്‍ ജീവിച്ചിരിക്കയില്ല. സാവിത്രി! നിന്റെ ബുദ്ധി ധര്‍മ്മത്തിൽ ആണെങ്കില്‍, എന്റെ ജീവനില്‍ നിനക്ക് ആശയുണ്ടെങ്കില്‍, എന്റെ ഇഷ്ടം കാര്യമായി നിനക്ക് തോന്നുന്നുണ്ടെങ്കില്‍, നാം ആശ്രമത്തിലേക്കു പോവുക!
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അപ്പോള്‍ സാവിത്രി എഴുന്നേറ്റ് തലമുടി കെട്ടിവച്ച് ഇരുകൈ കൊണ്ടും താങ്ങിപ്പിടിച്ച് തന്റെ ഭര്‍ത്താവിനെ എഴുന്നേല്പിച്ചു. അങ്ങനെ എഴുന്നേറ്റ് സത്യവാന്‍ തന്റെ കൈകള്‍ കൊണ്ട് ദേഹത്തില്‍ പറ്റിയ പൊടിയെല്ലാം തുടച്ചു. ചുറ്റും നോക്കുന്നതിന് ഇടയ്ക്ക് ദൃഷ്ടികള്‍ ഫലങ്ങള്‍ നിറച്ച പാത്രത്തില്‍ പതിഞ്ഞു. അപ്പോള്‍ സാവിത്രി പറഞ്ഞു: "നാളെ വന്ന് ഫലങ്ങളൊക്കെ കൊണ്ടു പോകാം. ഭവാന്റെ യോഗക്ഷേമത്തിനായി ഞാന്‍ ഈ കോടാലി എടുത്തു കൊള്ളാം". അവള്‍ കായ് നിറച്ച കൊട്ട മരക്കൊമ്പത്തു തൂക്കി, മഴു കയ്യിലെടുത്ത് തന്റെ പതിയുടെ സമീപത്തെത്തി. ഇടം ചുമലില്‍ ആ സുന്ദരി ഭര്‍ത്താവിന്റെ കൈ അണച്ചു. വലംകൈ കൊണ്ടു തഴുകി ആ ഗജഗാമിനി മന്ദംമന്ദം ഗമിച്ചു.
സത്യവാന്‍ പറഞ്ഞു: ഹേ ഭീരു, ഭയപ്പെടേണ്ട, നിത്യം പോയി വരുന്ന വഴിയാകയാല്‍ എനിക്ക് വഴി നല്ലപോലെ അറിയാം. മരങ്ങള്‍ക്കിടയിലൂടെ കാണുന്ന നിലാവിനാല്‍ കാഴ്ചയും ഉണ്ട്. നാം ഏതു വഴിക്കു വന്നാണ് കായ്കള്‍ അറുത്തത് ആ വന്ന വഴിക്കു തന്നെ പോവുക ശുഭേ, അതില്‍ ഒട്ടും ശങ്കിക്കേണ്ട. ഈ പിലാശിന്‍ കാട്ടില്‍ വെച്ചു വഴി രണ്ടായി പിരിയും. അതില്‍ വടക്കേ വഴിയില്‍ കൂടി വേഗം നടക്കുക. ഞാന്‍ സ്വസ്ഥനായി ശക്തനായി. പിതാക്കളെ കാണുവാന്‍ വൈകിയിരിക്കുന്നു, എന്നു പറഞ്ഞ് ആശ്രമത്തിലേക്കു നടന്നു.
298. സാവിത്ര്യുപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മഹാബലനായ ദ്യുമല്‍സേനന് പെട്ടെന്ന് കണ്ണിന് കാഴ്ചയുണ്ടായി. അദ്ദേഹത്തിന് എല്ലാം കാണുവാന്‍ സാധിച്ചു.. തന്റെ ഭാര്യയായ ശൈബ്യയോടു കൂടി പുത്രനെ പറ്റി ചിന്താകുലനായി ആശ്രമങ്ങള്‍ തോറും കയറിയിറങ്ങി. ആ ദമ്പതികള്‍ ആ രാവില്‍ നദികള്‍, വനങ്ങള്‍, സരസ്സുകള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിൽ ഒക്കെ തെരഞ്ഞു നോക്കി. വല്ല ശബ്ദവുമെങ്ങാനും കേട്ടാല്‍ മകന്‍ വരികയാണെന്നു വിചാരിച്ച് അവിടേക്കു നോക്കി നിന്ന് "സാവിത്രിയും സത്യവാനും ഇതാ വരുന്നു", എന്നു പറയും. കര്‍ക്കശമായി പാദം കുത്തിക്കീറി മുറിഞ്ഞു ചോരയൊഴുകി, പുല്‍ക്കൂട്ടങ്ങളാലും മുള്‍ച്ചെടികളാലും ദേഹത്തിലെല്ലാം മുറിവു പറ്റി, അവര്‍ ഉന്മത്തരെ പോലെ അവിടെയൊക്കെ ഓടിനടന്നു. അപ്പോള്‍ ആശ്രമത്തില്‍ വസിക്കുന്ന വിപ്രന്മാര്‍ ആ രാജദമ്പതികളുടെ അടുക്കല്‍ വന്നു ചുറ്റിനിന്ന് സാന്ത്വന വാക്കുകളാല്‍ സമാശ്വസിപ്പിച്ചു. അവരെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.
അവിടെ ദ്യുമത്സേനന്‍ ഭാര്യാസമേതനായി വൃദ്ധന്മാരായ തപോധനന്മാരാല്‍ ആവൃതനായി വിചിത്രാര്‍ത്ഥങ്ങള്‍ തികഞ്ഞ പൂര്‍വ്വരാജകഥകള്‍ കേട്ടു കൊണ്ട് ഒട്ടുസമയം ആശ്വാസത്തോടെ നിന്നു. ആ മാതാപിതാക്കളുടെ ആശ്വാസം അധികനേരം നിലനിന്നില്ല. മകനെ കാണാഞ്ഞതു കൊണ്ടുള്ള സംഭ്രമം അവരില്‍ വീണ്ടും വര്‍ദ്ധിച്ചു വന്നു. അവര്‍ തന്റെ ബാല്യകാലത്തെ സംഭവങ്ങള്‍ ഓരോന്നായി ഓര്‍ത്തോര്‍ത്തു കണ്ണുനീരില്‍ മുങ്ങി. ദുസ്സഹമായ ദുഃഖത്താല്‍ മനസ്സുടഞ്ഞ്, "അയ്യോ! മകനേ! അയ്യോ! മകളേ! നിങ്ങള്‍ എവിടെയാണ്? അയ്യോ! നിങ്ങള്‍ എവിടെയാണ്?", എന്ന് കരുണമായി നിലവിളിച്ചു. അവരെ ആശ്വസിപ്പിക്കുവാന്‍ സത്യവാന്മാരായ ബ്രാഹ്മണര്‍ പരിശ്രമിച്ചു.
സുവര്‍ച്ചസ്സ് പറഞ്ഞു; സത്യവാന്റെ പത്നിയായ സാവിത്രിയില്‍ ദമം, തപം, ആചാരം എന്നീ ഗുണങ്ങള്‍ തികച്ചും ഉണ്ട്. ആ സാധ്വിയെ യാതൊരു ആപത്തും നേരിടുകയില്ല. ആ സതീരത്നം അനുഗമിക്കു ന്നിടത്തോളം സത്യവാന്‍ സുരക്ഷിതനാണ്. അതു കൊണ്ട് യാതൊരാപത്തും പറ്റാതെ അവര്‍ രണ്ടുപേരും ജീവിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു കൊള്ളുന്നു.
ഗൗതമന്‍ പറഞ്ഞു: അംഗോപാംഗങ്ങളോടു കൂടി യ വേദം മുഴുവന്‍ അദ്ധ്യയനം ചെയ്തിട്ടുള്ളവനാണ് ഞാന്‍. മഹത്തായ തപോയോഗം നേടിയിട്ടുണ്ട്. ഗുരുവിനേയും അഗ്നിയേയും എപ്പോഴും പ്രസാദിപ്പിച്ച് വാഴുന്ന യുവ ബ്രഹ്മചാരിയുമാണ് ഞാന്‍. എല്ലാ വ്രതങ്ങളും ഞാന്‍ ഏകാഗ്ര ചിത്തനായി വിധിപോലെ ആചരിച്ചിട്ടുണ്ട്. വായുമാത്രം ഭക്ഷിച്ച് ഞാന്‍ എന്നും ഉപവസിച്ചു വരുന്നു. ഇപ്രകാരമുള്ള തപഃശ്ശക്തിയാല്‍ പരഹൃദയം ഗ്രഹിക്കുവാനുള്ള ശക്തി എനിക്കു കിട്ടിയിട്ടുണ്ട്. സത്യവാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നുള്ളതു സത്യമാണ്. ഭവാനെ ഞാന്‍ നിസ്സംശയം അറിയിച്ചു കൊള്ളുന്നു.
ശിഷ്യന്‍ പറഞ്ഞു: എന്റെ ഗുരു അരുളിച്ചെയുന്ന വാക്കുകളൊന്നും പിഴയ്ക്കാറില്ല. അതു കൊണ്ട് സത്യവാന്‍ നിശ്ചയമായും ജീവിച്ചിരിക്കുന്നു.
ഋഷികള്‍ പറഞ്ഞു: സത്യവാന്റെ ഭാര്യയായ സാവിത്രിയില്‍ നെടുമംഗല്യം ഉണ്ടാക്കുന്ന എല്ലാ ശുഭലക്ഷണങ്ങളും തികഞ്ഞു കാണുന്നുണ്ട്. അതു കൊണ്ട് സത്യവാന്റെ ജീവിതത്തെ പറ്റി ഒട്ടും ശങ്കിക്കേണ്ടതില്ല.
ഭരദ്വാജന്‍ പറഞ്ഞു: സത്യവാന്റെ ഭാര്യയായ സാവിത്രിയില്‍ തപം, ദമം, ആചാരം. എന്നീ ഗുണങ്ങള്‍ സമ്പൂര്‍ണ്ണമായിട്ടുണ്ട്. അങ്ങനെയുള്ള ആ സാധ്വിയെ യാതൊരു ദോഷവും ഒരു വിധത്തിലും ബാധിക്കുകയില്ല. ആ സതീരത്നം അനുഗമിക്കുന്നിടത്ത് സത്യവാന്‍ സുരക്ഷിതനാണ്. സത്യവാന്‍ എന്ന പോലെ സാവിത്രിയും ഇപ്പോള്‍ നിര്‍ബ്ബാധം ജീവിച്ചിരുപ്പുണ്ടെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു കൊള്ളുന്നു.
ദാല്‍ഭ്യന്‍ പറഞ്ഞു: സാവിത്രി ഉഗ്രമായ വ്രതം അനുഷ്ഠിച്ചു നിരാഹാരയായിട്ടാണു കാട്ടിലേക്കു പോയിരിക്കുന്നത്. അതില്‍ പിന്നെയാണ് ഭവാന് കണ്ണിന് കാഴ്ച കിട്ടിയതെന്ന് പ്രത്യേകം പ്രത്യേകം ഓര്‍ക്കണം. ആ സുവ്രത സമീപത്തുള്ളപ്പോള്‍ സത്യവാന്റെ ജീവന് യാതൊരു ദോഷവും ബാധിക്കുകയില്ല.
അപസ്തംബന്‍ പറഞ്ഞു: ശാന്തമായ ദിക്കില്‍ ഇരുന്ന് മൃഗങ്ങളും പക്ഷികളും ശബ്ദിക്കുന്നു. രാജത്വ യോഗ്യമായ ധര്‍മ്മം ഭവാനെ സമീപിക്കുന്നു. അതു കൊണ്ട് സത്യവാന്‍ ജീവിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്.
ധാമ്യന്‍ പറഞ്ഞു; ഗുണങ്ങള്‍ എല്ലാം തികഞ്ഞവനും ജനപ്രിയനുമാണ് നിന്റെ പുത്രന്‍. ദീര്‍ഘായുസ്സിന്റെ ചിഹ്നമുള്ളവനുമാണ് അവന്‍. അതു കൊണ്ട് സത്യവാന്‍ ജീവിച്ചിരുപ്പുണ്ട്.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു; ഋഷീന്ദ്രന്മാര്‍ സത്യം പറഞ്ഞു. ഇപ്രകാരം ആശ്വാസം നല്കിക്കൊണ്ടിരിക്കെ, അതൊക്കെയും കണക്കാക്കി അവര്‍ മനസ്സിനെ ഉറപ്പിച്ച് ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ സാവിത്രി സത്യവാനോടു കൂടി രാത്രി ആശ്രമത്തില്‍ സന്തോഷത്തോടെ വന്നു കയറി.
ബ്രാഹ്മണര്‍ പറഞ്ഞു: ഹേ, രാജാവേ! ഭവാന്റെ പുത്രന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു. പുത്രനോടു ചേരുന്നതിനും, കണ്ണു കാണുന്നതിനും ഭവാന് ഇപ്പോള്‍ ഭാഗ്യമുണ്ടായി. ഭവാന് അഭിവൃദ്ധി ഉണ്ടാകട്ടെ എന്നു ഞങ്ങള്‍ ആശംസിക്കുന്നു. പുത്രന്റെ ചേര്‍ച്ച, സാവിത്രിയുടെ ദര്‍ശനം, കണ്ണിന് കാഴ്ച ഈ മൂന്നു കാര്യങ്ങള്‍ നേടുകയാല്‍ ഭവാന്‍ ഭാഗ്യവാനായി വര്‍ത്തിക്കുന്നു. ഞങ്ങള്‍ പറയുന്നതൊന്നും മറിച്ച് വരികയില്ല. ഭവാന് വീണ്ടും വീണ്ടും അഭിവൃദ്ധിയുണ്ടാകും.
പിന്നെ അവിടെ അവര്‍ തീയിട്ട് എരിച്ച്, അവര്‍ ദ്യുമല്‍സേന നരേന്ദ്രന് ചുറ്റും കൂടി. രാജാവിന്റെ പുത്രനായ സത്യവാനോട് അവര്‍ കൗതുകത്തോടെ ചോദിച്ചു.
ഋഷികള്‍ പറഞ്ഞു; ഹേ രാജകുമാരാ! ഭവാന്‍ കാട്ടില്‍ നിന്ന് മടങ്ങിയെത്തുവാന്‍ എന്താണ് ഇത്ര താമസിച്ചത്. രാത്രി ഇത്ര മൂത്തനേരം വരെ എന്തെടുത്തിരുന്നു! ഭവാന് എന്തു വിഘ്നമാണു പറ്റിയത്? നിന്റെ അച്ഛന്‍ വലുതായ ഇണ്ടലില്‍ പെട്ടു പോയി. ഞങ്ങളും അച്ഛനോടൊപ്പം വ്യസനിക്കുക ആയിരുന്നു. കാരണം എന്താണെന്ന് ഞങ്ങള്‍ അറിയുന്നില്ല. എല്ലാം ഭവാന്‍ വിസ്തരിച്ചു പറയണം.
സത്യവാന്‍ പറഞ്ഞു: ഞാന്‍ സാവിത്രിയോടു കൂടി അച്ഛന്റെ സമ്മതം വാങ്ങി കാട്ടിലേക്കു പോയി. പിന്നെ വിറകുകള്‍ വെട്ടുമ്പോള്‍ തലവേദന ഉണ്ടായി. ആ തലവേദനയോടു കൂടി ഞാന്‍ കിടന്നുറങ്ങി. ആ ഉറക്കം കുറെ ദീര്‍ഘിച്ചു പോയി എന്ന് ഞാന്‍ ഓര്‍ക്കുന്നു. ഇത്ര നീണ്ട ഒരു ഉറക്കം ഇന്നേവരെ ഉണ്ടാകാത്തതാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉല്‍ക്കണ്ഠ ഉണ്ടാകരുതെന്ന് വിചാരിച്ച് ഞാന്‍ രാവ് വളരെ ചെന്നെങ്കിലും ഇങ്ങോട്ടു പോന്നു. വേറെ കാരണമൊന്നുമില്ല.
ഗൗതമന്‍ പറഞ്ഞു: നിന്റെ അച്ഛനായ ദ്യുമല്‍സേനന് പെട്ടെന്നാണ് കണ്ണു തെളിഞ്ഞത്. ഇതിന്റെ കാരണം നീ അറിയുകയില്ല. അത് സാവിത്രി പറയും. ഹേ, സാവിത്രീ! ഈ അത്ഭുത സംഭവത്തിന്റെ കാരണം കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നീ പരാപര വേദിനിയാണ്, നീ സുര്യപുത്രിയായ സാവിത്രിയെ പോലെ കാന്തിമതിയാണ്. ഹേ, സാവിത്രീ! ദ്യുമല്‍സേനന് അന്ധത്വം നീങ്ങുവാനുള്ള കാരണം നീ അറിയും. ആ സത്യാവസ്ഥ നീ പറയുക. നിനക്ക് മറച്ചു വെക്കേണ്ടത് ഇല്ലെങ്കില്‍ ഇക്കാര്യം ഞങ്ങളോടു പറയുക.
സാവിത്രി പറഞ്ഞു; നിങ്ങള്‍ ഊഹിച്ചത് ശരി തന്നെയാണ്. തപോധനന്മാരായ നിങ്ങള്‍ സങ്കല്‍പിക്കുന്നത് മറിച്ചായി വരികയില്ലല്ലോ. എനിക്ക് രഹസ്യമായി യാതൊന്നുമില്ല. നിങ്ങളെ ഞാന്‍ സത്യം ഗ്രഹിപ്പിക്കാം. എന്റെ ഭര്‍ത്താവിന്റെ മരണകാലം മഹാത്മാവായ നാരദ മഹര്‍ഷി മുമ്പേ തന്നെ എന്നെ അറിയിച്ചിട്ടുണ്ട്. ആ മരണ ദിവസം ഇന്നായിരുന്നു. അതു കൊണ്ടാണ് ഞാന്‍ ഭര്‍ത്താവിനെ വിട്ടു പിരിയാഞ്ഞത്. അദ്ദേഹം ഉറങ്ങി കിടക്കുമ്പോള്‍ സാക്ഷാല്‍ യമധര്‍മ്മ രാജാവ് കിങ്കരന്മാരോടു കൂടി അരികെ വന്ന് ഇദ്ദേഹത്തെ ബന്ധിച്ച് പിതൃ രാജ്യത്തിലേക്കായി എടുത്തു കൊണ്ടു പോയി. അപ്പോള്‍ ഞാന്‍ യമനെ സത്യവാക്കുകള്‍ കൊണ്ടു പ്രീതിപ്പെടുത്തി. എനിക്ക് അഞ്ചു വരങ്ങള്‍ ആ ദേവന്‍ തന്നു. എന്റെ ശ്വശുരന് കണ്ണുണ്ടാകണം, നഷ്ടപ്പെട്ട സ്വരാജ്യം തിരിച്ചു കിട്ടണം, എന്റെ അച്ഛനും എനിക്കും നൂറു മക്കള്‍ വീതം ഉണ്ടാകണം, എന്റെ ഭര്‍ത്താവായ സത്യവാന്‍ നാനൂറു വത്സരം ജീവിച്ചിരിക്കണം ഇവയാണ് വരങ്ങള്‍. ഞാന്‍ മൂന്നു നാളത്തെ വ്രതം അനുഷ്ഠിച്ചത് ഭര്‍ത്താവിന്റെ ജീവന്‍ കിട്ടുവാന്‍ വേണ്ടിയാണ്. സുഖമെല്ലാം നശിച്ച് ഘോരമായ ദുഃഖത്തില്‍ പതിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ കരകയറി. ഇതാണ് ഇന്ന് ഉണ്ടായ സംഭവങ്ങളുടെ സത്യാവസ്ഥ.
ഋഷികള്‍ പറഞ്ഞു: ഹേ പതിവ്രതേ, ഈ രാജാവിന്റെ കുലം അന്ധകാരമയമായ ഗര്‍ത്തത്തില്‍ വീണ് തീവ്രമായ ദുഃഖത്തില്‍ മുങ്ങി കിടക്കുമ്പോള്‍ അതിനെ സാധ്വിയും, കുലീനയും, സുശീലയും സുവ്രതയുമായ ഭവതി ഇതാ ഉദ്ധരിച്ചിരിക്കുന്നു.
മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ആ വരാംഗനയെ, താപസന്മാര്‍ പ്രശംസിച്ച് സല്‍ക്കരിച്ചു. അതിന് ശേഷം രാജാവിനോടും രാജപുത്രനോടും യാത്രപറഞ്ഞ് സന്തുഷ്ടരായി അവര്‍ തങ്ങളുടെ ആശ്രമത്തിലേക്കു പോയി.
299. സാവിത്ര്യുപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ആ രാത്രി കഴിഞ്ഞ്, സൂര്യന്‍ ഉദിച്ചു, പൂര്‍വ്വാഹ്ന ക്രിയകളെല്ലാം ആചരിച്ചതിന്റെ ശേഷം, ആശ്രമത്തില്‍ വീണ്ടും തപോധനന്മാര്‍ സമ്മേളിച്ചു. സാവിത്രിയുടെ മഹാഭാഗത്വത്തെ കുറിച്ച് ദ്യുമത്സേനനോട് വീണ്ടും പലകുറി പറഞ്ഞിട്ടും മഹര്‍ഷികള്‍ക്ക് തൃപ്തിയുണ്ടായില്ല.
ഈ സന്ദര്‍ഭത്തില്‍ ശാല്വരാജ്യത്തു നിന്ന് മന്ത്രിമാരുടെ സംഘം അവിടെ വന്ന്, "അങ്ങയുടെ പ്രധാനമന്ത്രി ശത്രുവിനെ കൊന്നിരിക്കുന്നു", എന്ന് ദ്യൂുമത്സേനനെ അറിയിച്ചു. ശത്രുവിനെ മാത്രമല്ല, ആ ശത്രുവിന്റെ സഹായികളെയും, ബന്ധുക്കളെയും യുദ്ധത്തില്‍ കൊന്നൊടുക്കിയെന്നും, ശത്രുസൈന്യം നിശ്ശേഷം പരാജിതരായി ഓടിക്കളഞ്ഞു എന്നും, ശാല്വ രാജ്യത്തിലെ പ്രജകള്‍ക്ക് എല്ലാവര്‍ക്കും ദ്യുമത്സേന രാജാവില്‍ ഏകാഭിപ്രായം ആണുള്ളതെന്നും അവര്‍ പറഞ്ഞു. രാജാവേ, ഭവാന് കണ്ണുണ്ടായാലും ഇല്ലെങ്കിലും ഭവാന്‍ തന്നെ രാജാവാകണം എന്നാണ് പ്രജകള്‍ എല്ലാവരും ചേര്‍ന്ന് നിശ്ചയിച്ചിരിക്കുന്നത്. ആ നിശ്ചയം അനുസരിച്ച് ഭവാന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ടവരാണ് ഞങ്ങള്‍. ഇവിടെ വന്നിരിക്കുന്ന ഭവാന്റെ ചതുരംഗ സൈന്യങ്ങളേയും, വാഹനങ്ങളേയും ഭവാന്‍ കണ്ടാലും. രാജ്യത്തേക്ക് ഭവാനെ കൊണ്ടു പോകുവാനായി അകമ്പടി സേവിക്കുവാന്‍ അവര്‍ ഇവിടെ എത്തി കാത്തു നിൽക്കുന്നു. ഭവാന് മംഗളം ഭവിക്കട്ടെ! എഴുന്നള്ളിയാലും. ഭവാന്റെ വിജയം ആഘോഷിക്കുവാന്‍ നഗരവാസികള്‍ കാത്തു നില്‍ക്കുന്നു. പൂര്‍വ്വികമായുള്ള പദത്തില്‍ ഭവാന്‍ അധിരോഹണം ചെയ്ത് ചിരകാലം ശോഭിക്കട്ടെ.
അന്ധരാജാവിനെ കൊണ്ടു പോകുവാന്‍ വന്ന സചിവന്മാര്‍ രാജാവ് നേത്രവാനും, രൂപവാനുമായി വാഴുന്നതു കണ്ടപ്പോള്‍ അത്ഭുതോല്‍ ഫുല്ല നേത്രന്മാരായി രാജാവിന്റെ മുമ്പില്‍ കുമ്പിട്ടു. ആശ്രമ വാസികളായ വൃദ്ധ വിപ്രന്മാരെ കണ്ട് യാത്രപറഞ്ഞ് അവരുടെ സല്‍ക്കാര പൂര്‍വ്വമുള്ള യാത്ര അയപ്പ് സ്വീകരിച്ച് നഗരത്തിലേക്ക് യാത്രയായി. ശൈബ്യയും, സാവിത്രിയും മനോഹരമായി അലങ്കരിച്ച പല്ലക്കില്‍ കയറി അകമ്പടിയോടു കൂടി യാത്രയായി.
ശാല്വപുരിയില്‍ തിരിച്ചു വന്ന ദ്യുമത്സേന രാജാവിനെ പുരോഹിതന്മാര്‍ ശുഭ മുഹൂര്‍ത്തത്തില്‍ അഭിഷേകം ചെയ്തു. ദ്യൂമത്സേന പുത്രനായ സത്യവാനെ യുവരാജാവ് ആക്കുകയും ചെയ്തു.
പിന്നെ കാലം കുറെ കഴിഞ്ഞതിന് ശേഷം സാവിത്രിക്ക് നൂറു മക്കള്‍ ഉണ്ടായി. അവര്‍ പോരില്‍ പിന്മാറാത്തവരും ശൂരന്മാരുമായി വളര്‍ന്നു. അവളുടെ സഹോദരന്മാരായി. നൂറുപേരും ഉണ്ടായി. മദ്രേശന് മാളവിയിലുണ്ടായ അവര്‍ ശക്തന്മാരായി തീര്‍ന്നു. ഇങ്ങനെ തന്റെ അച്ഛന്‍, അമ്മ, ശ്വശുരന്‍, ശ്വശ്രു, ഭര്‍ത്താവ് എന്നിവരെയെല്ലാം ആപത്തില്‍ നിന്ന് സാവിത്രി കരകേറ്റി. അപ്രകാരം കുലസ്ത്രീയും, കല്യാണിയും, ശീലവതിയുമായ പാര്‍ഷതി, സാവിത്രിയെ പോലെ, നിങ്ങള്‍ക്കെല്ലാം ഉല്‍ക്കര്‍ഷം ഉണ്ടാക്കും.
വൈശമ്പായനൻ പറഞ്ഞു: ആ മഹാത്മാവായ മാര്‍ക്കണ്ഡേയന്‍ ഇപ്രകാരം അനുനയിച്ച പാണ്ഡവന്‍ ദുഃഖവും പീഡയും വിട്ട് കാമ്യകത്തില്‍ വാണു. ഭക്തിയോടു കൂടി മുഖ്യമായ ഈ സാവിത്ര്യുപാഖ്യാനം ശ്രവിക്കുന്നവര്‍ സുഖികളായും സര്‍വ്വാര്‍ത്ഥ സംസിദ്ധരായും ദുഃഖം ഒഴിഞ്ഞവരായും ഭവിക്കും.
കുണ്ഡലാഹരണ പര്‍വ്വം
300. സുരൃനും കര്‍ണ്ണനും തമ്മിലുള്ള സംവാദം - ജനമേജയൻ പറഞ്ഞു: ഹേ, ബ്രാഹ്മണാ! ദേവേന്ദ്രന്റെ വാക്കായി ലോമശന്‍ ധര്‍മ്മരാജാവായ പാണ്ഡവനോട് ഒരു കാര്യം പറയുക ഉണ്ടായല്ലോ. "നിനക്ക്, മറ്റാരോടും നീ പറയാത്തതായ ഒരുതീവ്രഭയം നിന്റെ മനസ്സില്‍ കിടപ്പുണ്ടല്ലോ. ഇവിടെ നിന്ന് അര്‍ജ്ജുനന്‍ പോയിക്കഴിഞ്ഞാല്‍ അതും ഞാന്‍ തീര്‍ത്തു തന്നു കൊള്ളാം". ഇന്ദ്രന്‍ ഈ തീര്‍ത്തു തന്നു കൊള്ളാമെന്നു പറഞ്ഞ ആ വലിയ ഭയം കര്‍ണ്ണനെ പറ്റിയാകുമോ?
വൈശമ്പായനൻ പറഞ്ഞു: ഹേ, രാജശാര്‍ദ്ദൂലാ, ഭവാന്‍ ചോദിക്കുന്ന ആ കഥ ഇതാ ഞാന്‍ പറയാം. ഭരത ശ്രേഷ്ഠനായ ഭവാന്‍ എന്റെ വചനം കേള്‍ക്കുക.
പന്ത്രണ്ടാമത്തെ വര്‍ഷം അവസാനിച്ചു. പതിമ്മൂന്നാമത്തെ ആണ്ട് വന്നപ്പോള്‍ പാര്‍ത്ഥപ്രിയനായ ശക്രന്‍ കര്‍ണ്ണനോട് ഇരക്കുവാന്‍ തന്നെ തീര്‍ച്ചയാക്കി. കുണ്ഡലങ്ങള്‍ക്കു വേണ്ടി ദേവരാജാവായ ഇന്ദ്രന്‍ കര്‍ണ്ണന്റെ മുമ്പില്‍ യാചിക്കുവാന്‍ പോകുന്നുണ്ടെന്നുള്ള ഇന്ദ്രന്റെ ഹൃദയം അറിഞ്ഞ് വിഭാവസുവായ സൂര്യദേവന്‍ കര്‍ണ്ണന്റെ സന്നിധിയിലെത്തി.
വിലയേറുന്നതും, നല്ല ഭംഗിയുള്ള മേല്‍വിരിപ്പ് വിരിച്ചതുമായ മെത്തയില്‍ ബ്രഹ്മണ്യനായ ആ സത്യവാദി ശങ്കവിട്ട് ഉറങ്ങുമ്പോള്‍, രാത്രിയില്‍ ഉറക്കത്തിന്റെ അവസാനത്തില്‍ പ്രത്യക്ഷമായി ആ രശ്മിമാന്‍ എത്തി. വളരെ കൃപയോടും, പുത്രസ്നേഹത്തോടും കൂടി യോഗത്തിന്റെയും, സമൃദ്ധിയുടെയും മൂര്‍ത്തിയായ സൂര്യന്‍ വേദജ്ഞനായ ദ്വിജന്റെ രൂപം എടുത്ത് കര്‍ണ്ണനോട് ഹിതത്തിനായി ഇപ്രകാരം സാന്ത്വന വചനങ്ങള്‍ പറഞ്ഞു.
സൂര്യദേവന്‍ പറഞ്ഞു: കര്‍ണ്ണാ! എന്റെ ഉണ്ണീ, സത്യവാന്മാരില്‍ ശ്രേഷ്ഠാ! മഹാബാഹോ! ഞാന്‍ പറയുന്ന മൊഴി നീ കേട്ടാലും. ഞാന്‍ നിന്നോടുള്ള സ്നേഹവാത്സല്യം മൂലം ഹിതം ചിന്തിച്ച് പറയുന്നതാണ്. നിന്റെ സമീപത്ത് ഇന്ദ്രന്‍ പാണ്ഡവന്മാരുടെ ഹിതത്തിനായി ബ്രാഹ്മണ വേഷത്തില്‍ കര്‍ണ്ണകുണ്ഡലം കൈക്കലാക്കുവാന്‍ എത്തും. നിന്റെ ശീലം അവന്‍ അറിയും. ലോകത്തിലുള്ള മറ്റ് എല്ലാവരും നിന്നെ പറ്റി അറിയുന്നതാണല്ലോ, സത്തുക്കള്‍ യാചിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്നതെല്ലാം നീ നല്കുമെന്ന്. നീ ഇരക്കുകയില്ലെന്നും പ്രസിദ്ധമാണ്. ഉണ്ണി, നീ വിപ്രന്‍ അര്‍ത്ഥിക്കുന്നതെന്തും കൊടുക്കുമല്ലോ. ധനം മാത്രമല്ല വേറെ എന്തു ചോദിച്ചാലും നീ നല്‍കും. ഒരാളോടും ഇല്ലെന്ന് നീ പറയുകയില്ല. നിന്റെ ഈ ഹൃദയം മനസ്സിലാക്കി, പാകശാസനന്‍ നിന്റെ കുണ്ഡലങ്ങളും ചട്ടയും ഇരക്കുവാന്‍ തനിയെ വന്നെത്തും. ഇരക്കുന്ന അവന് നീ കുണ്ഡലങ്ങള്‍ കൊടുക്കരുത്. നീ അവനോട് ശക്തിയായി അനുനയം ചെയ്യണം. ഈ കുണ്ഡലങ്ങള്‍ നിനക്ക് വളരെ ഗുണം ചെയ്യുന്നതാണ്. ഉണ്ണീ, കുണ്ഡലം യാചിക്കുന്ന അവനെ പല യുക്തികള്‍ പറഞ്ഞ്, മറ്റ് ധനങ്ങള്‍ വേണ്ടുവോളം നല്‍കാമെന്നു പറഞ്ഞ്, ഈ യാചനയെ തടുക്കണം. കുണ്ഡലത്തിന് പകരം രത്നങ്ങളും, സ്ത്രീകളും, വളരെയധികം വിത്തവും നല്‍കാമെന്നു പറയണം, വളരെയധികം ദൃഷ്ടാന്തങ്ങള്‍ കാട്ടിക്കൊടുക്കണം. ഇങ്ങനെയൊക്കെ ആ കുണ്ഡലാര്‍ത്ഥിയായ സുരേന്ദ്രനെ തടയണം. ഹേ കര്‍ണ്ണാ! നീ സഹജവും ശ്രേഷ്ഠവുമായ കുണ്ഡലങ്ങള്‍ ദാനം ചെയ്താല്‍ നിന്റെ ആയുസ്സ് അറ്റുപോകും. നീ മൃത്യുവിന്റെ അധീനത്തിലാകും. കവചവും, കുണ്ഡലവുമുള്ള നീ പോരില്‍ ശത്രുക്കള്‍ക്ക് അവദ്ധ്യനാണ് എന്നുള്ള പരമാര്‍ത്ഥം നീ അറിഞ്ഞിരിക്കണം. ഇതു രണ്ടും അമൃതോത്ഥിതമായ രത്നങ്ങളാല്‍ നിര്‍മ്മിതങ്ങളാണ്. അതു കൊണ്ട് ജീവനില്‍ നീ പ്രിയമുള്ളവനാണെങ്കില്‍ ഇവ രണ്ടും നീ സൂക്ഷിക്കണം.
കര്‍ണ്ണന്‍ പറഞ്ഞു: സൗഹൃദം കാട്ടി എന്നോട് ഇക്കാര്യം ഉപദേശിക്കുന്ന മഹാനുഭാവനായ ഭവാന്‍ ആരാണ്? ബ്രാഹ്മണരൂപ ധാരിയായ ഭഗവാനേ, ഭവാന്‍ ആരാണെന്ന് ഈയുള്ളവനെ അറിയിച്ചാലും!
ബ്രാഹ്മണന്‍ പറഞ്ഞു: ഉണ്ണീ, ഞാന്‍ സൂര്യനാണ്. നിന്നോടുള്ള ഇഷ്ടം കൊണ്ട് ഞാന്‍ നിന്റെ കണ്ണിനു മുമ്പില്‍ വന്നതാണ്. ഞാന്‍ പറയുന്ന ഈ കാര്യം നീ ചെയ്യുക. നിനക്ക് അതു കൊണ്ട് വളരെ നന്മയുണ്ടാകും.
കര്‍ണ്ണന്‍ പറഞ്ഞു: അങ്ങു പറഞ്ഞത് എനിക്കു നന്മ തന്നെയാണ്. അതില്‍ ഞാന്‍ ഭവാനോടു നന്ദിപറയുന്നു. പ്രഭുവായ ഗോപതി ഇപ്രകാരം എന്റെ ഹിതത്തിന് വേണ്ടി ഉപദേശിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നാൽ വരദനും, മഹാത്മാവുമായ ഭഗവാന്‍ എന്നില്‍ പ്രസാദിച്ചാലും. ഞാന്‍ അങ്ങയോടുള്ള പ്രണയത്താല്‍ ഉണര്‍ത്തുന്ന എന്റെ മൊഴി ഭഗവാനേ, കേട്ടാലും. ഭവാന് എന്നില്‍ ഇഷ്ടമുണ്ടെങ്കില്‍ എന്നെ ഈ വ്രതത്തില്‍ നിന്നു തടയാതിരിക്കണേ! എന്റെ വ്രതം ഈ ലോകത്തിൽ ഉള്ളവര്‍ക്ക് ഒക്കെ അറിയാം. ബ്രാഹ്മണര്‍ക്കു വേണ്ടി ഞാന്‍ പ്രാണന്‍ പോലും നല്കുന്നവൻ ആണെന്ന്; ഇക്കാര്യം തീര്‍ച്ചയാണെന്ന്. ഹേ, ഖേചരോത്തമാ! ദേവേന്ദ്രന്‍ എന്റെ മുമ്പില്‍ ദ്വിജന്റെ രൂപത്തില്‍ പാണ്ഡവന്മാര്‍ക്കു വേണ്ടി പിച്ചപ്പാളയുമായി വന്നാല്‍ ഞാന്‍ എന്റെ കുണ്ഡലങ്ങളും കവചവും അവന് ദാനം ചെയ്യുക തന്നെ ചെയ്യും! മൂന്നു ലോകത്തിലും കേള്‍വി കേട്ടിട്ടുള്ള എന്റെ കീര്‍ത്തി നശിക്കുവാന്‍ ഇടയാകരുത്. യശസ്സ് നഷ്ടപ്പെടുത്തി പ്രാണനെ രക്ഷിക്കുക എന്നത് എന്റെ മാതിരി ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല. യശസ്വിയായി മരിക്കുക എന്നതാണ് ലോകസമ്മതം ആയിട്ടുള്ളത്. അങ്ങനെ ചിന്തിക്കുന്നവനാണ് ഞാന്‍. വലവൃത്രാരിയായ ഇന്ദ്രന്‍ എന്റെ മുമ്പില്‍ ഭിക്ഷാപാതവ്രുമായി എത്തിയാല്‍ ഈ ഞാന്‍ എന്റെ ചട്ടയോടു കൂടി കുണ്ഡലങ്ങളും ഊരിക്കൊടുക്കും. പാണ്ഡവന്മാര്‍ക്ക് ഹിതത്തിന്നായി എന്റെ കുണഡലം ഇരന്നു വാങ്ങിയാല്‍ എനിക്ക് അതു ലോകത്തില്‍ കീര്‍ത്തിയും അദ്ദേഹത്തിന് അകീര്‍ത്തിയും വര്‍ദ്ധിപ്പിക്കും. ഭാനുമാനേ, ഞാന്‍ ജീവന്‍ നല്കിയും കീര്‍ത്തി വരിക്കുന്നതാണ്. കീര്‍ത്തി ഉള്ളവന്‍ വാനില്‍ വാഴും; കീര്‍ത്തി കെട്ടവന്‍ നശിക്കും. അപ്രകാരം കീര്‍ത്തി, പുരുഷനെ ജീവിപ്പിക്കുന്നു. അകീര്‍ത്തി, ജീവിക്കുന്നവന്റെ ജീവനെ നശിപ്പിക്കുകയും ചെയ്യുന്നു. ഹേ! വിഭാവസോ, ഈ പുരാണപദ്യം വിധി പാടിയതാണ്;
കീര്‍ത്തിമാനെന്നും വിളങ്ങും വാനില്‍ കീര്‍ത്തി കെട്ടുള്ളോന്‍ നശിക്കും; മര്‍ത്ത്യന് ജീവന്‍ കൊടുക്കും കീര്‍ത്തി; മർത്ത്യനെ ദുഷ്കീര്‍ത്തി കൊല്ലും;
അല്ലയോ ലോകേശ്വരാ! നരന് ആയുസ്സാകുന്നതു കീര്‍ത്തിയാണ്. പരലോകത്തില്‍ പരുഷന് അവലംബം കീര്‍ത്തി തന്നെയാണ്. ഇഹലോകത്തില്‍ ശുദ്ധമായ കീര്‍ത്തി ആയുസ്സിനെ വര്‍ദ്ധിപ്പിക്കും! അതില്‍ വിശ്വസിക്കുന്നവനായ ഞാന്‍, ശരീരജമായ കവച കുണ്ഡലങ്ങള്‍ നല്കി നിത്യമായ സല്‍ക്കീര്‍ത്തി നേടുവാന്‍ ആഗ്രഹിക്കുന്നു. വിധി പ്രകാരമുള്ള ദാനം വിപ്രന്മാര്‍ക്കു നല്കിയും പോരില്‍ ശരീരം ഹോമിച്ചും, ദുഷ്കരക്രിയ ചെയ്തും, ഏറ്റുമുട്ടുന്ന ശത്രുക്കളെ ജയിച്ചും കേവലമായ കീർത്തി ഞാന്‍ നേടും. പോരില്‍ ജീവന്‍ കൊതിക്കുന്ന ഭീതന്മാര്‍ക്ക് അഭയം നല്കിയും വൃദ്ധരും ബാലരുമായ ദ്വിജന്മാരെ വലിയ ഭയത്തില്‍ നിന്നു സംരക്ഷിച്ചും, ഞാന്‍ സ്വര്‍ഗ്യമായ മുഖ്യയശസ്സിനെ ആര്‍ജ്ജിക്കുന്നതാണ്. ജീവന്‍ കളഞ്ഞും കീര്‍ത്തിയെ കാക്കണം, സംരക്ഷിക്കണം, എന്നതാണ് എന്റെ വ്രതം. ഈ വ്രതത്തോടു കൂടിയ ഞാന്‍ ബ്രാഹ്മണനായി എന്റെ മുമ്പില്‍ ഭിക്ഷാപാതവ്രുമായി എത്തുന്ന ശക്രന് ആ നല്ല ഭിക്ഷയെ ദാനം ചെയ്തു ദേവലോകത്തില്‍ ശ്രേഷ്ഠമായ സല്‍ഗതി നേടുന്നതാണ്.
301. സൂര്യനും കര്‍ണ്ണനും തമ്മിലുള്ള സംവാദം - സൂര്യന്‍ പറഞ്ഞു: ഹേ, കര്‍ണ്ണാ! നീ അഹിതം ചെയ്യരുത്. തനിക്കും, സ്നേഹിതന്മാര്‍ക്കും, മക്കള്‍ക്കും, ഭാര്യമാര്‍ക്കും, അമ്മയ്ക്കും, അച്ഛനും നീ അഹിതം ചെയ്യരുത്. ജീവികള്‍ക്ക് ശരീരത്തിന് കേടുതട്ടാതെ തന്നെ യശസ്സ് സമ്പാദിക്കണം. സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായ കീര്‍ത്തിയും നേടണം. ശരിക്കും അതാണ് ഇഷ്ടമായ കാര്യം. നീയാകട്ടെ പ്രാണന് വിരോധമായിട്ടാണു ശാശ്വതമായ കീര്‍ത്തിയെ ആഗ്രഹിക്കുന്നത്. അതു നിശ്ചയമായും നിന്റെ പ്രാണനേയും കൊണ്ടു പോവുകയും ചെയ്യും. ഈ ഉലകില്‍ മക്കളും ബന്ധുക്കളും മാതാപിതാക്കന്മാരും എല്ലാം പൗരുഷത്തോടു കൂടി ജീവിക്കുന്നരോടു മാത്രമേ ബന്ധപ്പെടുന്നുള്ളു. രാജാക്കളും അപ്രകാരം തന്നെയാണ്. പൗരുഷത്തോടു കൂടി ജീവിക്കുന്നവരെ എല്ലാവരും ബഹുമാനിക്കുന്നു. ജീവിക്കുന്ന പുരുഷനാണ് നല്ല കീര്‍ത്തി ആവശ്യം. ചത്തു ചാമ്പലാകുന്ന ദേഹിക്ക് കീര്‍ത്തി കൊണ്ടെന്തു കാര്യം? ചത്തവന്‍ കീര്‍ത്തി അറിയുന്നില്ല. ജീവിക്കുന്നവന്‍ കീര്‍ത്തി അനുഭവിക്കുന്നു! മരിച്ച മര്‍ത്ത്യനുള്ള കീര്‍ത്തി ശവത്തിനെ മാല അണിയിക്കുന്ന പോലെയാണ്! നീ എന്നില്‍ ഭക്തി ഉള്ളവൻ ആണെന്നു വിചാരിച്ചാണ് ഞാന്‍ നിന്നോടും ഹിതകാംക്ഷകള്‍ പറയുന്നത്. ഭക്തിയുള്ളവരെ കാക്കേണ്ടതാണല്ലോ എന്നു വെച്ചു പറയുന്നതാണ്. ഭക്തനായ നിനക്ക് എന്നില്‍ ഉണ്ടായ പരമഭക്തി കണ്ട് എനിക്കു നിന്നില്‍ ഭക്തിയുണ്ടായി. നീ എന്റെ വാക്കുകള്‍ കേള്‍ക്കുക. അദ്ധ്യാത്മമായി ദേവകൃതമായ ഒരു കാര്യം ഇതില്‍ നിഗൂഢമായിട്ടുണ്ട്. അതു കൊണ്ടും കൂടിയാണ് ഞാന്‍ ഇതു പറയുന്നത്. നീ നിശ്ശങ്കമായി എന്റെ ഭാഷണം കേള്‍ക്കുക. ദേവഗുഹൃമായ ആ കാരണം നിനക്ക് അറിയുവാന്‍ കഴികയില്ല. അതു കൊണ്ട് ആ രഹസ്യം ഞാന്‍ നിന്നോടു പറയാം. നീ അത് യഥാകാലം പ്രത്യക്ഷമായി അറിയും. ഞാന്‍ വീണ്ടും എടുത്തു പറയുന്നു. ഹേ രാധേയാ, നീ ധരിക്കൂ! ഇന്ദ്രന്‍ വന്ന് ഇരന്നാലും നീ ഈ കുണ്ഡലങ്ങള്‍ കൊടുക്കരുത്. മഹാദ്യുതേ, ഭംഗിയുള്ള കുണ്ഡലങ്ങളാല്‍ നീ ശോഭിക്കുന്നു. തെളിഞ്ഞ ആകാശത്തില്‍ വിശാഖ നക്ഷത്രങ്ങളുടെ മദ്ധ്യത്തില്‍ തിങ്കള്‍ പോലെയാണ് കുണ്ഡലങ്ങളാല്‍ നിന്റെ മുഖചന്ദ്രന്‍ ശോഭിക്കുന്നത്. ജീവിക്കുന്ന പുരുഷനാണല്ലോ നല്ല കീര്‍ത്തി ആവശ്യം. കുണ്ഡലവും യാചിച്ചു വരുന്ന സുരേന്ദ്രനെ നീ തള്ളിക്കളയണം. യുക്തിയുക്തമായ പല വാക്കുകളും പറഞ്ഞ് അവന്റെ കുണ്ഡലാകാംക്ഷയെ നീ കെടുത്തി വിടണം! കാരണം കാണിച്ചു നല്ല വാക്കുകള്‍ പറഞ്ഞ് അര്‍ത്ഥ ഗാംഭീര്യമുള്ള ഉപമകള്‍ കൊണ്ടും നീതിവാകൃങ്ങള്‍ കൊണ്ടും ദേവരാജന്റെ ആ ദുര്‍മ്മോഹത്തെ കര്‍ണ്ണാ! നീ കെടുത്തി വിടുക. കര്‍ണ്ണാ! നരവ്യാഘ്രാ! നീ എപ്പോഴും സവ്യസാചിയുമായി ഇടഞ്ഞു കൊണ്ടാണല്ലോ നിൽക്കുന്നത്. ശൂരനായ സവ്യസാചി പോരില്‍ നിന്നോടു എതിര്‍ക്കുന്നതാണ്. ദേവരാജാവായ ദേവേന്ദ്രന്‍ നേരിട്ടു വന്ന് അര്‍ജ്ജുനനെ സഹായിച്ചാലും പോരില്‍ ഭവാനെ വെല്ലുവാന്‍ സവ്യസാചിക്ക് കഴികയില്ല. ഈ കവച കുണ്ഡലങ്ങള്‍ നിന്റെ ദേഹത്തിലുള്ള കാലത്തോളം അര്‍ജ്ജുനന് നിന്നെ ജയിക്കുവാന്‍ സാദ്ധ്യമല്ല. അതു കൊണ്ട് ഈ കുണ്ഡലങ്ങള്‍ നീ ഇന്ദ്രന് നല്കരുത്. നീ പോരില്‍ അര്‍ജ്ജുനനെ ജയിക്കണമെന്ന് ആഗ്രഹിക്കു ന്നുണ്ടെങ്കില്‍ അവന്‍ അവ നല്കരുത്.
302. സുര്യനും കര്‍ണ്ണനും തമ്മിലുള്ള സംവാദം - കര്‍ണ്ണന്‍ പറഞ്ഞു: അല്ലയോ ഗോപതേ, ഞാന്‍ ഭവാനില്‍ ഭക്തനാണെന്ന് അങ്ങുന്ന് അറിയുന്നുണ്ടല്ലോ. അപ്രകാരം തന്നെ എനിക്ക് ദാനം ചെയ്യുവാന്‍ വയ്യാത്തത് ഒന്നുമില്ലെന്നും ഭവാന്‍ അറിയുന്നുണ്ട്. എനിക്ക് ഭക്തി കൊണ്ട് ഭവാനോട് ഉള്ളതിനേക്കാള്‍ ഇഷ്ടം എന്റെ ഭാര്യമാരോടും, മക്കളോടും, ആത്മാവിനോടും, ഇഷ്ടജനങ്ങളോടും ഇല്ല. ഇഷ്ടഭക്തന്മാര്‍ക്ക് മഹാത്മാക്കള്‍ എപ്പോഴും ഇഷ്ടത്തേയും ഭക്തിയേയും വളര്‍ത്തിക്കൊണ്ടിരിക്കും. ഇഷ്ടനും, ഭക്തനുമാണ് ഈ കര്‍ണ്ണന്‍ എന്ന് കേട്ടിട്ടാണല്ലോ സ്വര്‍ഗ്ഗത്തിലെ മറ്റൊരു ദേവനും ചെയ്യാത്ത വിധം ഭവാന്‍ എന്നോട് ഹിതം പറയുന്നത്. തീക്ഷ്ണാംശുവാണ് ഭവാന്‍. ഭവാന്റെ വാക്കു ലംഘിക്കുക യാണെന്നു വിചാരിച്ച് കോപിക്കരുത്. ഞാന്‍ ഭവാന്റെ പാദത്തില്‍ വീണ്ടും നമസ്കരിച്ചു ഭവാന്റെ പ്രസാദത്തിനായി അഭ്യര്‍ത്ഥിക്കുന്നു. എന്നോടു ക്ഷമിക്കണം. എനിക്ക് അസത്യത്തിലുള്ള ഭയം പോലെ മൃത്യുവില്‍ ഭയമില്ല. വിശേഷിച്ച് ഏതു കാലത്തും സജ്ജനങ്ങളായ ദ്വിജ മുഖ്യന്മാര്‍ക്ക് ജീവന്‍ പോലും നല്കുവാന്‍ എനിക്ക് യാതൊരു ശങ്കയുമില്ല.
പാണ്ഡവനായ അര്‍ജ്ജുനനെ പറ്റി ഭവാന്‍ പറഞ്ഞുവല്ലോ. അര്‍ജ്ജുനന്റെ മുമ്പില്‍ എന്റെ കഥ എന്താകുമെന്നുള്ള സന്താപം ഭവാന്‍ വെടിയുക. എന്നേയും അര്‍ജ്ജുനനേയും പറ്റി ഭവാന്‍ താരതമ്യം ചെയ്തു നോക്കി വൃസനിക്കേണ്ടാ. എന്റെ അസ്ത്രബലത്തെ കുറിച്ച് അങ്ങയ്ക്ക് അറിവുള്ളതാണല്ലോ. അര്‍ജ്ജുനനെ. യുദ്ധത്തില്‍ ജയിക്കുവാന്‍ എനിക്ക് എപ്പോഴും കഴിവുണ്ട്. ദ്രോണനില്‍ നിന്നും പരശുരാമനില്‍ നിന്നും ഞാന്‍ നേടിയിട്ടുള്ള മഹത്തായ അസ്ത്രബലം ഭവാന്‍ അറിയാത്തതല്ല. അതു കൊണ്ട് അക്കാര്യത്തെ പറ്റി ഇവിടെ എന്തിന് ചിന്തിക്കുന്നു! എന്റെ വ്രതത്തെ രക്ഷിക്കുവാന്‍ ഭവാന്‍ എന്നില്‍ പ്രസാദിച്ചാലും. ഇന്ദ്രന്‍ വന്നു യാചിച്ചാല്‍ എന്റെ ജീവനെ പോലും ഞാന്‍ നല്കും.
സൂര്യന്‍ പറഞ്ഞു: അങ്ങനെ നീ ഇന്ദ്രനായി കവച കുണ്ഡലങ്ങള്‍ നല്കുകയാണെങ്കില്‍ നീയും ഇന്ദ്രനോട് ഒരു കാര്യം വിജയത്തിനായി ആവശ്യപ്പെടണം. കരാറു പ്രകാരം ഞാന്‍ കുണ്ഡലങ്ങള്‍ നല്കാമെന്നു പറയുക. ഈ കുണ്ഡലങ്ങള്‍ അണിഞ്ഞവനായ നിന്നെ കൊല്ലുവാന്‍ ഒരു ഭൂതത്തിനും സാദ്ധ്യമല്ല. സുരേന്ദ്രനായ ഇന്ദ്രന്‍ അര്‍ജ്ജുനന്റെ കൈ കൊണ്ട് നിന്റെ നാശത്തെ പോരില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഉണ്ണീ, കുണ്ഡലങ്ങള്‍ നേടുവാന്‍ വരുന്നത്. നീയും അവനെ ഭംഗിയേറിയ വാക്കുകള്‍ കൊണ്ട് സല്‍ക്കരിച്ച് അമോഘ ശക്തിയുള്ള ശക്തിക്കായി അഭ്യര്‍ത്ഥിക്കണം. എനിക്ക് ശത്രുഹരമായ അമോഘം എന്ന വേലിനെ ഭവാന്‍ നല്കുക! എന്നാൽ അങ്ങയ്ക്ക് ഹേ ഇന്ദ്ര, എന്റെ ചട്ടയും കുണ്ഡലങ്ങളും നല്കാം. ഇങ്ങനെ ഒരു കരാറു പ്രകാരം നീ കവച കുണ്ഡലങ്ങള്‍ നല്കുക. ആ വേലു കൊണ്ട് ഹേ കര്‍ണ്ണാ! നീ ശത്രുക്കളെ പോരില്‍ വധിക്കും. ദേവേന്ദ്രന്റെ ആ വേല് നൂറും ആയിരവും ശത്രുക്കളെ മുടിക്കാതെ അത് ദേവേന്ദ്രന്റെ കയ്യില്‍ തിരിച്ചു വരികയില്ല.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് സഹസ്രംശു ഉടനെ മറഞ്ഞു. പിന്നെ കര്‍ണ്ണന്‍ ജപാന്തത്തില്‍ തലേന്നാള്‍ താന്‍ കണ്ട സ്വപ്നത്തെ പറ്റി സൂര്യനെ അറിയിച്ചു. രാവില്‍ രണ്ടുപേരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും, തമ്മില്‍ സംസാരിച്ച വിഷയങ്ങളും അപ്പോള്‍ നടന്നതും മുഴുവന്‍ കര്‍ണ്ണന്‍ ധ്യാനത്തില്‍ ക്രമത്തില്‍ കേള്‍പ്പിച്ചു. അതു കേട്ട് തമോഹരനും, ദേവനുമായ ഭാനുഭഗവാന്‍ എല്ലാം ശരി തന്നെയെന്നു സസ്മിതം കര്‍ണ്ണനോടു പറഞ്ഞു. താന്‍ കണ്ട സ്വപ്നം സത്യമാണെന്ന് അറിഞ്ഞതിന് ശേഷം വൈരിനാശനനായ രാധേയന്‍ ശക്തിയെ (വേല്‍) തന്നെ ആശ്രയമായി കരുതി ശക്രന്റെ വരവിനെ പ്രതീക്ഷിച്ച് ഇരുന്നു.
303. പൃഥോപദേശം - ജനമേജയൻ പറഞ്ഞു: ആ രഹസ്യം അര്‍ക്കന്‍ എന്തു കൊണ്ടാണ് കര്‍ണ്ണനോടു പറയാഞ്ഞത്. ആ കുണ്ഡലങ്ങളുടെ യോഗ്യതയെന്താണ്? ആ ചട്ടയും കുണ്ഡലങ്ങളും എവിടെ നിന്നുണ്ടായതാണ്? ഇതു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. തപോനിധേ, ഭവാന്‍ പറഞ്ഞാലും!
വൈശമ്പായനൻ പറഞ്ഞു: രാജാവേ, ജനമേജയാ! ഞാന്‍ ഭാനുവിന്റെ രഹസ്യവും, ഏതു വിധമാണ് ആ കുണ്ഡലങ്ങള്‍ എന്നതും ആ ചട്ട എങ്ങനെ ഉള്ളതാണെന്നും ഉള്ള വിവരങ്ങള്‍ എല്ലാം പറയാം.
മുമ്പ് കുന്തി ഭോജന്റെ സമീപത്ത് ഒരു ബ്രാഹ്മണന്‍ ചെന്നു. അദ്ദേഹം സാധാരണ ബ്രാഹ്മണനായിരുന്നില്ല. ഉയര്‍ന്നവനും തിഗ്മതേജസ്സുള്ളവനും, ശ്മശ്രു ദണ്ഡ ജടാധരനും, അനവഗനും വലിയ തേജസ്സാല്‍ എരിയുന്നവനും, ദര്‍ശനീയനും, മധുവര്‍ണ്ണനും, മധുരമായി പറയുന്നവനും, തപസ്വിയും സ്വാദ്ധ്യായ ഭൂഷണനും ആയിരുന്നു. ആ മഹാതപസ്വി രാജാവായ കുന്തിഭോജനോടു പറഞ്ഞു: "ഹേ, വിമത്സരാ, ഞാന്‍ നിന്റെ ഗൃഹത്തില്‍ ഭിക്ഷയുണ്ണുവാന്‍ ഇച്ഛിക്കുന്നു. അങ്ങയും അങ്ങയുടെ ഭൃത്യന്മാരും എനിക്ക് അപ്രിയമായി ഒന്നും ചെയ്യരുത്. എന്നാൽ അങ്ങനെ നിനക്ക് സമ്മതമാണെങ്കില്‍ ഞാന്‍ നിന്റെ ഗൃഹത്തില്‍ പാര്‍ക്കാം. എന്റെ ഇഷ്ടം പോലെ ഞാന്‍ പോവുകയും വരികയും ചെയ്യും. എന്റെ ശയ്യാസനങ്ങള്‍ക്ക് യാതൊരു ദ്രോഹവും ആരും ചെയ്യരുത്".
ഈ വാക്കുകള്‍ കേട്ടപ്പോള്‍ കുന്തിഭോജന്‍ പ്രീതിയോടു കൂടി ആ തപോധനനോടു പറഞ്ഞു: "അപ്രകാരമാകാം". ഇപ്രകാരം ഏറ്റതിന് ശേഷം വീണ്ടും പറഞ്ഞു: മഹാ പ്രാജ്ഞാ! എന്റെ കന്യക പൃഥ ശീലഗുണം ചേര്‍ന്ന സാധ്വിയാണ്. അടക്കമുള്ള ഭാമിനിയാണ്. അവള്‍ അങ്ങയെ ശുശ്രൂഷിക്കും. യാതൊരു നിന്ദയും കൂടാതെ അവള്‍ ഭവാനെ പൂജിച്ച് ശുശ്രൂഷിക്കും. അവളുടെ ശീലവൃത്തത്താല്‍ ഭവാന്‍ സന്തോഷിക്കും, എന്നു പറഞ്ഞ് ആ ബ്രാഹ്മണനെ വിധിപകാരം പൂജിച്ചു.
പിന്നെ കുന്തിഭോജന്‍ വിശാലാക്ഷിയായ മകളെ വിളിച്ച് ഇപ്രകാരം പറഞ്ഞു:
ഈ ബ്രാഹ്മണന്‍ മഹാഭാഗനാണ്. വത്സേ, അദ്ദേഹം നമ്മുടെ ഗൃഹത്തില്‍ പാര്‍ക്കുവാന്‍ ഇച്ഛിക്കുകയാണ്. അപ്രകാരമാകാമെന്ന് ഞാന്‍ അദ്ദേഹത്തോട് ഏൽക്കുകയും ചെയ്തിരിക്കുന്നു. വത്സേ, നിന്നില്‍ ഞാന്‍ ബ്രാഹ്മണന്റെ ശുശ്രൂഷയും ആശ്വാസവും കാണുന്നു. എന്റെ ആ വാക്ക് നീ അല്പവും മിഥ്യയാക്കരുത്. ഈ തപസ്വിയായ ഭഗവാന്‍ സ്വാദ്ധ്യായപരനായ ദ്വിജനാണ്; ആ തേജസ്വി എന്തു പറഞ്ഞാലും നീ യാതൊരു മത്സരബുദ്ധിയും കുടാതെ അനുസരിക്കണം. ബ്രാഹ്മണന്‍ പരമമായ തേജസ്സാണ്. ബ്രാഹ്മണന്‍ പരമമായ തപമാണ്. അംബരത്തില്‍ സൂര്യന്‍ പോലും ശോഭിക്കുന്നത് ബ്രാഹ്മണാര്‍ച്ചന കൊണ്ടാണ്. മാന്യന്മാരെ മാനിക്കാത്തത് മൂലം വാതാപി എന്ന മഹാസുരന്‍ ബ്രഹ്മദണ്ഡത്താല്‍ ചത്തു പോയി. അതുപോലെ തന്നെ താലജംഘനും മരിച്ചു.
വത്സേ, ഞാന്‍ ഈ മഹാഭാരം നിന്നില്‍ ഏല്പിക്കുന്നു. നീ എപ്പോഴും കൃത്യമായി വിപ്രാരാധന ചെയ്യുക. ബാല്യം മുതൽ എല്ലാ വിപ്രരിലും ഗുരുബന്ധു ജനത്തിലും നീ കരുതുന്ന നില എങ്ങനെ ഉള്ളതാണെന്ന് ഞാന്‍ അറിയുന്നുണ്ട്. എല്ലാ ഭൃത്യരിലും മിത്രസംബന്ധികളായ അംബാ ജനങ്ങളിലും എന്നിലും നീ വേണ്ടവിധം എല്ലായിടത്തും വ്യാപിച്ചു നില്‍ക്കുന്നവളാണ്. നിന്നില്‍ പ്രീതി തോന്നാത്ത ഒരാളും ഈ പുരത്തിലും അന്തഃപുരത്തിലും ഇല്ല. ഹേ, അനവദ്യാംഗി, നിന്റെ നല്ല പെരുമാറ്റത്താല്‍ ഭൃത്യജനങ്ങള്‍ക്ക് നിന്നോട് വളരെ ഇഷ്ടമാണ്. കോപശീലനായ ആ ബ്രാഹ്മണനെ സേവിക്കുവാന്‍ നിനക്കേ സാധിക്കു. അതു കൊണ്ടാണ്. ഞാന്‍ നിന്നെ അയയ്ക്കുന്നത്. പൃഥേ, നീ ബാലയാണ്. എനിക്ക് ബോധ്യപ്പെട്ട മകളാണ്. വൃഷ്ണിവംശത്തില്‍ ജനിച്ചവളും ശൂരന്റെ പ്രിയപുത്രിയുമാണ് നീ. നിന്റെ അച്ഛന്‍ എന്നില്‍ പ്രീതിയോടെ പണ്ട് എനിക്കു തന്ന ബാലികയാണു നീ. വസുദേവന്റെ സഹോദരിയാണ്. എന്റെ പുത്രിമാരില്‍ മുഖ്യയാണ് നീ. എനിക്കുണ്ടാകുന്ന ആദ്യത്തെ മകളെ ഞാന്‍ നിങ്ങള്‍ക്കു തരാം, എന്ന് നിന്റെ അച്ഛന്‍ എന്നോട് ആദ്യമേ വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയാണ് നീ എന്റെ മകളായി തീര്‍ന്നത്. അങ്ങനെയുള്ള ഒരു കുലത്തില്‍ ജനിച്ച് എന്റെ കുലത്തില്‍ വളര്‍ന്ന നീ ഹ്രദത്തില്‍നിന്ന് മറ്റൊരു ഹ്രദത്തില്‍ എന്ന പോലെ സുഖത്തില്‍ നിന്ന് സുഖത്തെ പ്രാപിച്ചിരിക്കുന്നു.
ദുഷ്കുലത്തില്‍ ജനിച്ചവര്‍ വിശേഷിച്ചും നിയന്ത്രണാധീനർ ആയാല്‍ പോലും ബാല്യത്തിന്റെ തള്ളിച്ചയാല്‍ മിക്ക വധുക്കളും വികൃതി കാട്ടും. പൃഥേ, നിന്റെ ജന്മമാണെങ്കില്‍ രാജകുലത്തില്‍! രൂപമാണെങ്കില്‍ അത്ഭുത ജനകം! ഏതേത് ഗുണമൊക്കെ ഒരു പെണ്‍കിടാവിന് വേണമോ അതൊക്കെ വേണ്ടമാതിരി തികഞ്ഞവളാണ് നീ. അങ്ങനെയുളള നീ ഗര്‍വ്വം, ദംഭം, മാനം ഇവയൊക്കെ കൈവിട്ട്, ഹേ, ഭാമിനീ, പൃഥേ, നീ ശ്രേഷ്ഠനായ ദ്വിജനെ സേവിച്ച് ശ്രേയസ്സിനെ പ്രാപിക്കും. അതു തീര്‍ച്ചയാണ്. ഇപ്രകാരമായാല്‍ ഹേ, കല്യാണീ!, നിനക്ക് മംഗളം ഭവിക്കും. ദ്വിജേന്ദ്രനെ കോപിപ്പിച്ചാലോ, എന്റെ കുലം വെന്തു പോവുകയും ചെയ്യും.
304. കുന്തി ദ്വിജനെ ശുശ്രൂഷിക്കുന്നു - കുന്തി പറഞ്ഞു: രാജേന്ദ്രാ! പ്രഭോ, ഞാന്‍ അടങ്ങി നിന്ന് പൂജയാല്‍ വിപ്രനെ സേവിച്ചു കൊള്ളാം. ഭവാന്റെ പ്രതിജ്ഞ പോലെയാകാം. ഞാന്‍ പാഴില്‍ പറയുന്നതല്ല. വിപ്രന്മാരെ പൂജിക്കുക എന്നത് എന്റെ സ്വഭാവമാണ്. അങ്ങയ്ക്ക് ഇഷ്ടം ചെയ്യുകയും വേണം. അത് എനിക്ക് ശ്രേയസ്സാണ്. സന്ധ്യയ്ക്കായാലും, പുലര്‍ കാലത്തായാലും, രാത്രിയായാലും, അര്‍ദ്ധരാത്രി ആയാലും, എപ്പോള്‍ വന്നാലും ഭവാന് എന്റെ നേരെ കോപം ഉണ്ടാവുകയില്ല. അപ്രകാരം ഞാന്‍ പരിചരിക്കാം. ഹേ, രാജേന്ദ്രാ! വിപ്രരെ അര്‍ച്ചിച്ചും കൊണ്ട് ഭവാന്റെ കല്പന നടത്തി ഹിതം ചെയ്ത് ജീവിക്കുന്നതില്‍ പരം ലാഭം വേറെ എനിക്കില്ല. നരോത്തമാ! ഭവാന്‍ വിശ്വസിച്ചാലും. ഈ ഗൃഹത്തില്‍ വാഴുന്ന ദ്വിജോത്തമന്‍ വിപ്രിയത്തെ ഏൽക്കുകയില്ല. ഞാന്‍ സത്യമാണു പറയുന്നത്. ഈ ബ്രാഹ്മണന് ഇഷ്ടമെന്താണ്, ഹിതമെന്താണ്? അതേവിധം ഞാന്‍ ചെയ്തുകൊള്ളാം. ഭവാന്‍ ഹൃദയവ്യഥ വിടുക. മഹാന്മാരായ ബ്രാഹ്മണര്‍ പൂജ ചെയ്യുന്നവരെ കരകേറ്റുവാന്‍ പോരുന്നവരാണ്. മറിച്ചായാല്‍ അവര്‍ നശിപ്പിക്കുകയും ചെയ്യും. ഈ പരമാര്‍ത്ഥം അറിഞ്ഞു കൊണ്ടു തന്നെ ഞാന്‍ ദ്വിജേന്ദ്രനെ ആരാധിക്കാം. ഞാന്‍ മൂലം ദ്വിജമുഖുനില്‍ നിന്ന് യാതൊരു ദുഃഖവും ഭവാന് ഉണ്ടാവുകയില്ല. പണ്ട് സുകന്യ ചെയ്ത തെറ്റിനാല്‍ ച്യവനനില്‍ നിന്ന് സുകന്യയുടെ പിതാവായ ആ രാജാവിന് ആപത്തുണ്ടായത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഏറ്റവും നിയമത്തോടു കൂടി തന്നെ ഭവാന്‍ ഏറ്റു പറഞ്ഞ പോലെ ആ ദ്വിജേന്ദ്രനെ ഉപാസിക്കാം.
ഇപ്രകാരം പറയുന്ന അവളെ വീണ്ടും വീണ്ടും തഴുകി, പ്രശംസിച്ച്, ചെയ്യേണ്ടതൊക്കെ ഉപദേശിച്ച് ഏല്പിച്ചു.
രാജാവു പറഞ്ഞു: പറഞ്ഞ വിധമൊക്കെ നീ ചെയ്യണം. അതില്‍ യാതൊരു വ്യത്യാസവും ഉണ്ടാകരുത്. അതു കൊണ്ട് എന്റെ നന്മയ്ക്കും, ഗതിക്കും, കുലത്തിന്റെ ഗുണത്തിനും അത് ആവശ്യമാണ്.
എന്ന് കന്യകയോടു പറഞ്ഞേല്പിച്ച് കീര്‍ത്തിമാനായ കുന്തിഭോജന്‍ വിപ്രശ്രേഷ്ഠന് ശുശ്രൂഷയ്ക്കായി പൃഥയെ നല്കി ഇപ്രകാരം പറഞ്ഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ, ഇവള്‍എന്റെ മകളാണ്. സുഖത്തോടെ പോറ്റി വളര്‍ത്തിയവളാണ്. അവള്‍ വല്ലതും തെറ്റു ചെയ്തു പോയാല്‍ പൊറുക്കണം. മഹാഭാഗാ, തപസ്വികളും ശിശുക്കളും വൃദ്ധരും തെറ്റു ചെയ്താല്‍ പോലും അവരില്‍ ദിജന്മാര്‍ ഒരിക്കലും കോപിക്കാറില്ല. വലിയ തെറ്റു ചെയ്താലും ബ്രാഹ്മണര്‍ ക്ഷമിക്കും. യഥാശക്തി യഥോത്സാഹം ഇവള്‍ ചെയ്യുന്ന പൂജയെ ദ്വിജോത്തമാ! ഭവാന്‍ കൈക്കൊണ്ടാലും!
അങ്ങനെയാകട്ടെ എന്ന് ആ ദ്വിജന്‍ പറഞ്ഞപ്പോള്‍ രാജാവ് സമാശ്വസിച്ച് തെളിഞ്ഞു. ഹംസത്തിന്റെ തൂവല്‍ പോലെയും, വെണ്‍നിലാവു പോലെയും ശുഭ്രമായ ഒരു ഗൃഹം അവനായി നല്കി. അതില്‍ അഗ്നി ഗൃഹത്തിലായി അവന് വരാസനവും നല്കി. അങ്ങനെ എല്ലാവിധം ആഹാരാദികളും നല്കി. മടിയും അഭിമാനവുമൊക്കെ ആ രാജപുത്രി ഉപേക്ഷിച്ച് ബ്രാഹ്മണ ആരാധനത്തിന് ആയി നല്ലപോലെ യത്നിച്ചു പോന്നു. ബ്രാഹ്മണന്റെ സമീപത്തെത്തി, ശുചിയായി സതിയായ പൃഥ, വിധിപോലെ ആ പൂജ്യനെ ദേവനെ എന്ന പോലെ സന്തോഷിപ്പിച്ചു.
305. കുന്തി മന്ത്രം ഗ്രഹിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; മഹാരാജാവേ, ആ കന്യക സംശിത വ്രതയായി, സംശിത വ്രതനായ ആ വിപ്രനെ ശുദ്ധമായ മനസ്സിനാല്‍ സന്തോഷിപ്പിച്ചു. പുലര്‍ച്ചയ്ക്കു വരാം എന്നു പറഞ്ഞ് ഒരിക്കല്‍ പോയ ദ്വിജസത്തമന്‍ പിന്നെ എത്തുന്നത് സന്ധ്യയ്ക്കോ, രാത്രിയിലോ ആയിരിക്കും. അവനെ എല്ലാ സമയത്തും ഭക്ഷ്യഭോജ്യങ്ങള്‍ കൊണ്ടും, ആലയ ശുദ്ധീകരണം കൊണ്ടും മറ്റും നിത്യവും പ്രീതി വര്‍ദ്ധിക്കുന്ന വിധം ആ കുമാരി പൂജിച്ചു. അന്നാദികളായ ഉപചാരങ്ങള്‍, ശയ്യാസനാദികള്‍ എന്നിവയെല്ലാം ഒരുക്കി കൊടുത്തു. ഒന്നിലും കുറവില്ലാതെ ശുശ്രൂഷിച്ചു. ശകാരിക്കുകയും, കുറ്റം പറയുകയും, അപ്രിയം പറയുകയും ചെയ്യും. എന്നാലും ആ ബ്രാഹ്മണന് കുന്തി യാതൊരു അപ്രിയവും ചെയ്തില്ല. പലപ്പോഴും കാലംതെറ്റി എത്തും. ചിലപ്പോള്‍ എത്തുക തന്നെയില്ല. കിട്ടാനും തയ്യാറാക്കാനും വിഷമമുള്ള ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെടും. എല്ലാം തയ്യാറാക്കി ചെന്ന്, എല്ലാം തയ്യാറായി എന്ന് ഉണര്‍ത്തിക്കും. ശിഷ്യയെ പോലെയും, പുത്രിയെ പോലേയും, സഹോദരിയെ പോലെയും നിയമത്തോടു കൂടി ഇഷ്ടപ്രകാരം തന്നെ ആ ദ്വിജ പ്രവരനില്‍ അവള്‍ പ്രീതി വളര്‍ത്തി. യാതൊരു നിന്ദ്യത്വവും ആ കന്യകാ മണിയില്‍ കണ്ടില്ല. അവളുടെ സ്വഭാവ ഗുണത്തില്‍ ആ ബ്രാഹ്മണ ശ്രേഷ്ഠന്‍ സന്തോഷിച്ചു. അവളുടെ അവധാനത്തില്‍ പിന്നെയും യത്നിച്ചു കൊണ്ടിരുന്നു.
അവളോട് അച്ഛന്‍ സന്ധ്യയ്ക്കും പുലര്‍ കാലത്തും വന്ന് ചോദിക്കും. നിന്റെ ശുശ്രൂഷയില്‍ ബ്രാഹ്മണന്‍ പ്രീതനാണോ?അദ്ദേഹം സന്തോഷിക്കുന്നുണ്ടോ? "ഉവ്വ്", എന്ന് അച്ഛനോട് അവള്‍ മറുപടി പറയും. യശസ്വിനിയായ മകളുടെ ശുശ്രൂഷാ നൈപുണ്യത്തില്‍ മഹാശയനായ കുന്തിഭോജന്‍ പ്രീതനായി.
അങ്ങനെ ഒരു സംവത്സരം തികഞ്ഞു. അതിന് ഇടയ്ക്ക് യാതൊരു തെറ്റും കുന്തിയില്‍ ആ ബ്രാഹ്മണ ശ്രേഷ്ഠന്‍ കണ്ടില്ല. ആ ഭൂസുരന്‍ പ്രീതനായി അവളോട് പറഞ്ഞു.
ബ്രാഹ്മണന്‍ പറഞ്ഞു: ഭദ്രേ, കുന്തീ, ഞാന്‍ നിന്റെ ശുശ്രൂഷയില്‍ പ്രസാദിച്ചിരിക്കുന്നു. ഹേ! കല്യാണീ! മനുഷ്യര്‍ക്ക് സാധിക്കാത്ത മഹത്തായ വരം നീ എന്നില്‍ നിന്ന് നേടിക്കൊള്ളുക. ആ വരത്താല്‍ നീ എല്ലാ നാരികളേയും കീര്‍ത്തി കൊണ്ട് ജയിക്കും.
കുന്തി പറഞ്ഞു: ഹേ, ദ്വിജസത്തമാ!, ഭവാനും, പിതാവും എന്നില്‍ പ്രീതരായി തീത്തീര്‍ന്നതു തന്നെ എനിക്ക് വലിയ ഒരു വരമാണ്. അതു കൊണ്ടു തന്നെ എല്ലാം സിദ്ധിച്ചിരിക്കുന്നു! വേറെവരങ്ങളൊന്നും എനിക്ക് വേണ്ടതായി തോന്നുന്നില്ല.
ബ്രാഹ്മണന്‍ പറഞ്ഞു; എന്നില്‍ നിന്ന് നിനക്ക് വരമൊന്നും വേണ്ടെങ്കില്‍ ഹേ, ശുചിസ്മിതേ, ഭദ്രേ, ദേവന്മാരെ നിന്റെ മുമ്പില്‍ വരുത്താനുള്ള ഒരു മന്ത്രം ഞാന്‍ ഉപദേശിച്ചു തരാം. നീ ഈ മന്ത്രം ചൊല്ലി ഏതേത് ദേവനെ വിളിക്കുന്നുവോ അതാത് ദേവന്‍ നിന്റെ പാട്ടിലായി വരും. അവന്‍ കാമമില്ലാത്തവൻ ആയാലും കാമമുള്ളവൻ ആയാലും ശരി അവന്‍ നിന്റെ ചൊല്പടിയില്‍ വരുന്നതാണ്. ഗൃഹത്തിലെ അഗ്നി പോലെ എത്ര ഉജ്ജ്വലനായാലും അവന്‍ നിന്റെ അധീനത്തില്‍ മന്ത്രശക്തി മൂലം ശാന്തനായി ഭവിക്കും.
വൈശമ്പായനൻ പറഞ്ഞു: രണ്ടാമതായി പറഞ്ഞ ഈ മന്ത്രകാര്യം വേണ്ടെന്ന് പറയുവാനുള്ള ധൈര്യം കുന്തിക്കുണ്ടായില്ല. അദ്ദേഹം ശപിച്ചാലോ എന്നു കുന്തി ഭയപ്പെട്ടു. ആ മന്ത്രം അനവദ്യാംഗിയായ കുന്തിയെ ദ്വിജന്‍ ഗ്രഹിപ്പിച്ചു. അഥര്‍വ്വോ പനിഷത്തിലുള്ള ആ മന്ത്രം ഗ്രഹിപ്പിച്ചതിന് ശേഷം ആ ദ്വിജന്‍ കുന്തിഭോജനോട് പറഞ്ഞു. "ഹേ, മഹീപാലാ! എനിക്ക് സുഖമായി. ഭവാന്റെ കന്യക ശുശ്രൂഷ കൊണ്ട് എന്നെ സന്തോഷിപ്പിച്ചു. ഭവാന്റെ ഗൃഹത്തില്‍ വിധിപോലെ ഞാന്‍ നിത്യവും പൂജ കൈക്കൊണ്ടു. ഇപ്പോള്‍ ഞാന്‍ പോകട്ടെ!".
ഇപ്രകാരം പറഞ്ഞ് ആ ബ്രാഹ്മണന്‍ അവിടെ തന്നെ മറഞ്ഞു. ആ രാജാവ്, ആ ദ്വിജപ്രവരന്‍ അവിടെ തന്നെ മറയുന്നതായി കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി. തന്റെ മകളായ കുന്തിയെ ബഹുമാനിക്കുകയും ചെയ്തു.
306. സൂര്യാഹ്വാനം - വൈശമ്പായനൻ പറഞ്ഞു; ആ ദ്വിജേന്ദ്രൻ പോയതിന് ശേഷം ഒരു സംഭവഗതി കാരണം ആ കനൃക മന്ത്രത്തിന്റെ ബലാബലം ഒന്ന് ചിന്തിച്ചു നോക്കി.
ആ മഹാത്മാവ് എനിക്കു തന്ന മന്ത്രത്തിന്റെ ശക്തി ഏതു വിധത്തിൽ ആയിരിക്കും? അതൊന്ന് ഉടനെ കണ്ട് അറിയേണമേ! എന്നു ചിന്തിച്ച സമയത്ത് അവള്‍ യദൃച്ഛയാ ആര്‍ത്തവത്തെ കണ്ടു. കന്യ തീണ്ടാരി ആയപ്പോള്‍ ലജ്ജിച്ചു. പിന്നെ വെണ്മാടത്തില്‍ നല്ല മെത്തയില്‍ കിടക്കുമ്പോള്‍, കിഴക്കുദിച്ചു പൊങ്ങുന്ന സൂര്യമണ്ഡലത്തില്‍ ആ സുമദ്ധ്യമ കണ്ണും കരളും വെച്ചു. ആ സന്ധ്യാസൂരൃ രൂപത്തിനാല്‍ അവള്‍ക്ക് സന്താപമുണ്ടായില്ല. അവള്‍ക്ക് അപ്പോള്‍ ഒരു ദിവ്യദൃഷ്ടി ഉണ്ടായി. ചട്ടയിട്ടും, കുണ്ഡലങ്ങൾ അണിഞ്ഞും ശോഭിക്കുന്ന ദിവ്യസ്വരൂപനായ സൂര്യദേവനെ അവള്‍ ദിവൃദൃഷ്ടി കൊണ്ട് ദര്‍ശിച്ചു. അവള്‍ക്ക് അപ്പോള്‍ മന്ത്രത്തെ കുറിച്ച് ഒരു കാതൂഹലമുണ്ടായി. ആ ദേവനെ ആ ഭാമിനി ഉടനെ ആഹ്വാനം ചെയ്തു. പ്രാണായാമം ചെയ്തു സൂര്യനെ ആഹ്വാനം ചെയ്ത ഉടനെ മന്ത്ര പ്രഭാവത്താല്‍ ആ ദേവന്‍, ദിവാകരന്‍, ക്ഷണത്തില്‍ അവളുടെ മുമ്പില്‍ അണഞ്ഞു. മധുവര്‍ണ്ണന്നും, മഹാബാഹുവും, കംബുകണ്ഠനുമായ ദിവാകരന്‍, കിരീടവും തോള്‍വളയും ധരിച്ച് മന്ദസ്മിതത്തോടു കൂടി ചുറ്റും ശോഭ പരത്തിക്കൊണ്ട്, യോഗശക്തി കൊണ്ട് തന്റെ ശരീരം രണ്ടാക്കി, ഒന്നു കൊണ്ട് കുന്തിയുടെ സമീപത്ത് എത്തുകയും, മറ്റേ ഉടല്‍ കൊണ്ട് ലോകത്തെ തപിപ്പിക്കുകയും ചെയ്തു നിന്നു.
കുന്തിയുടെ സമീപത്തെത്തി സൂര്യദേവന്‍ ഇപ്രകാരം സാമത്തോടു കൂടി ഭംഗിയായി പറഞ്ഞു.
സൂര്യന്‍ പറഞ്ഞു: ഭദ്രേ, ഞാന്‍ മന്ത്രശക്തി കൊണ്ട് നിന്റെ അധീനത്തില്‍ വന്നിരിക്കുന്നു. ഭവതിക്ക് അധീനനായ ഞാന്‍ ഇനി എന്താണു വേണ്ടത്? രാജ്ഞീ, പറഞ്ഞാലും. ഞാന്‍ അനുസരിക്കുവാന്‍ സന്നദ്ധനാണ്.
കുന്തി പറഞ്ഞു: ഭഗവാനേ, അങ്ങ് വന്ന വഴിക്കു തന്നെ പോയാലും! മന്ത്ര കൗതുകം മൂലം ഞാന്‍ വിളിച്ചതാണ്. ഞാന്‍ ചെയ്ത തെറ്റില്‍ ഭവാന്‍ ക്ഷമിക്കണേ! പ്രസാദിക്കണേ!
സൂര്യന്‍ പറഞ്ഞു: ഹേ, സുമദ്ധ്യമേ, നീ പറഞ്ഞ വിധം ഞാന്‍ പൊയ്ക്കൊള്ളാം. എന്നാൽ ഒരു കാര്യം പറയാം. ആഹ്വാനം ചെയ്തു വരുത്തിയതിന് ശേഷം ദേവനെ വെറുതെ വിട്ടയയ്ക്കുന്നത് ശരിയല്ല. സുഭഗേ, സൂര്യനില്‍ നിന്ന് പുത്രന്‍ ജനിക്കുവാനുള്ള യോഗം നിനക്കു വന്നു ചേര്‍ന്നിരിക്കുന്നു. വീര്യം കൊണ്ട് എതിരില്ലാത്തവനും, പോര്‍ച്ചട്ടയും, കുണ്ഡലവും കൊണ്ട് അലംകൃതനും ആയിരിക്കും ആ പുത്രന്‍. അല്ലയോ ഗജഗാമിനീ, നീ എനിക്ക് ആത്മദാനം ചെയ്യുക. നീ സങ്കല്പിക്കുന്ന വിധത്തിലുള്ള പുത്രന്‍ നിനക്കുണ്ടാകും. ഹേ, സുസ്മിതേ! നീയുമായി ചേര്‍ന്നതിന് ശേഷം ഞാന്‍ പൊയ്ക്കൊള്ളാം. ഈ പറഞ്ഞതാണ് എനിക്കിഷ്ടം. അതു നീ അനുസരിക്കുന്നില്ലെങ്കില്‍ ഞാന്‍ ക്രോധിച്ച് ശപിക്കും. നിന്നെ മാത്രമല്ല നിന്റെ അച്ഛനേയും, വിപ്രനേയും ശപിക്കും. നീ കാരണം അവരെയൊക്കെ ദഹിപ്പിക്കും; സംശയമില്ല. നിന്റെ ദുര്‍ന്നയം ധരിക്കാത്തവനായ മൂഢനായ നിന്റെ അച്ഛനേയും, നിനക്കു മന്ത്രം ഉപദേശിച്ചു തന്ന ആ വിപ്രനേയും ശീല വൃത്തങ്ങള്‍ മനസ്സിലാക്കാഞ്ഞ തെറ്റിന് തക്കതായി ശിക്ഷിക്കുന്നതാണ്. അവരെ പഠിപ്പിക്കാതെ വിടുകയില്ല. വാനില്‍ ഇന്ദ്രന്‍ മുതലായ സര്‍വ്വ ദേവന്മാരും നീ എന്നെ പറ്റിച്ച പണി നോക്കി ഹേ, ഭാമിനീ ചിരിക്കുന്നുണ്ട്! ഞാന്‍ ദിവ്യചക്ഷുസ്സ് മുമ്പെ തന്നെ നിനക്കു തന്നില്ലേ? അതു കൊണ്ടാണല്ലോ നീ എന്നെ കണ്ടത്. നീ ആ ദേവകളേയും ഒന്നു നോക്കു! എങ്ങനെ?കണ്ടില്ലേ?
വൈശമ്പായനൻ പറഞ്ഞു: സൂര്യദേവന്റെ വാക്കു കേട്ട് രാജപുത്രി വാനിലേക്കു നോക്കി. അപ്പോള്‍ അവിടെ സര്‍വ ദേവന്മാരും അവരവരുടെ സ്ഥാനത്ത് പ്രകാശമാനനായ സൂര്യദേവനെ പോലെ തന്നെ മഹാതേജസ്സോടും, മഹാപ്രഭാവത്തോടും സ്ഥിതി ചെയ്യുന്നതായി ആ കന്യക ദര്‍ശിച്ചു. ആ ബാലിക അവരെ കണ്ട് നാണിച്ചും, പേടിച്ചും ആദിത്യ ദേവനോട് പറഞ്ഞു.
കുന്തി പറഞ്ഞു: അല്ലയോ ഗോപതേ, ഭവാന്‍ സ്വന്തം വിമാനത്തില്‍ കയറി ഉടനെ പോയാലും, ഞാന്‍ കന്യകയാണ്. ഭവാന്റെ മുമ്പില്‍ ഏകാന്തതയില്‍ ഇങ്ങനെ നിൽക്കുന്നതു തെറ്റാണ്! അതില്‍ നിന്ന് എനിക്കു ദുഃഖമാണ് ഫലം! കന്യകയുടെ ദേഹം ദാനം ചെയ്യുവാനുള്ള അധികാരം മാതാപിതാക്കന്മാര്‍ക്കും, ഗുരു ജനങ്ങള്‍ക്കുമാണ്. ലോകാചാരത്തെ ഞാന്‍ തെറ്റിക്കുകയില്ല! സ്ത്രീകളുടെ ദേഹരക്ഷ മുഴുവന്‍ അവരുടെ വൃത്തഗുണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബാല്യത്വം കൊണ്ട്, മന്ത്രബലം കാണുവാനുള്ള കൗതുകം കൊണ്ട്, ഞാന്‍ ഭവാനെ ആഹ്വാനം ചെയ്തു പോയി! ബാലയാണെന്നു ചിന്തിച്ച് മഹാഭാഗനായ ഭവാന്‍ പൊറുക്കണേ!
സുര്യന്‍ പറഞ്ഞു: എടോ, കുന്തീ, നീ ബാലയാണെന്നു കരുതി തന്നെയാണ് ഞാന്‍ ഇത്രയൊക്കെ അനുനയം ചെയ്യുന്നത്. മറ്റാര്‍ക്കും എന്നില്‍ നിന്ന് ഇത്രയും നീതി ലഭിക്കയില്ല. ഹേ, ഭീരു, നീ കന്യക ആണെങ്കിലും എനിക്ക് ആത്മദാനം ചെയ്യുവാന്‍ നീ ഭയപ്പെടേണ്ട. ഭവതിക്കു ശാന്തി ഭവിക്കും. ഭവതി എന്നെ മന്ത്രത്താല്‍ വിളിച്ചു വരുത്തിയ നിലയ്ക്ക് എനിക്കു വെറുതെ മടങ്ങി പോകുവാനും വയ്യ. അങ്ങനെ തിരിച്ചു പോയാല്‍ ഞാന്‍ ലോകത്തില്‍ പരിഹാസ്യനായി ഭവിക്കും. ദേവന്മാര്‍ക്കൊക്കെ കുറ്റം പറയുവാന്‍ ഒരു വസ്തുവായി തീരും. അതു കൊണ്ട് എന്നെ വിളിച്ചു വരുത്തിയ അനവദ്യാംഗിയായ ഭവതി എന്നോടു ചേരുക. അതില്‍ നിന്നും നിനക്ക് എന്നോടു തുല്യനായ പുത്രനെ ലഭിക്കുകയും ചെയ്യും. ഭവതി ലോകത്തില്‍ വിശിഷ്ടയായി തീരും. അതില്‍ യാതൊരു സംശയവുമില്ല.
307. സൂര്യ കുന്തീ സമാഗമം - വൈശമ്പായനൻ പറഞ്ഞു; ആ കന്യക പലതും ഭംഗിയില്‍ പറഞ്ഞെങ്കിലും, സൂര്യന് അനുനയം ചെയ്യുവാന്‍ ആ മനസ്വിനി ശക്തയായില്ല. സൂര്യദേവനെ മടക്കി അയയ്ക്കുവാന്‍ ആകാഞ്ഞതു കൊണ്ട് ആ ബാലിക ശാപം പേടിച്ച് ദീര്‍ഘസമയം ധ്യാനിച്ചു. നിരപരാധിയായ അച്ഛന് ശാപം! അങ്ങനെ തന്നെ വിപ്രനും പറ്റും. ക്രുദ്ധനായ ഭാനുവില്‍ നിന്ന് ഇത് എങ്ങനെ ഏൽക്കാതാകും? ബാലനായാലും തേജസ്സും തപസ്സുമുള്ളവര്‍ പാപം ഹരിക്കുന്നവരായാലും സൂക്ഷിച്ചു വേണം അവരോടടുത്തു പെരുമാറുവാന്‍. ഒഴിഞ്ഞു മാറേണ്ടവരാണ്. ആ ഞാന്‍ ഇപ്പോള്‍ ഭയപ്പെട്ടിരിക്കുന്നു. അദ്ദേഹം കയ്യിന്മേല്‍ പിടി കൂടി നിൽക്കുമ്പോള്‍ എങ്ങനെ ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത ആത്മദാനം ചെയ്യും ?
ഇപ്രകാരം ശാപത്തെ ഭയന്ന് അവള്‍ പലതും ചിന്തിച്ചു. എന്നാൽ ആ തേജോരൂപത്തെ പ്രാപിക്കുന്നതിനുള്ള മോഹം ഉള്ളില്‍ കടന്ന് വീണ്ടും അവള്‍ പുഞ്ചിരി തൂകി. ആ ദേവനോട് ഹേ, നൃപോത്തമാ! അവള്‍ നാണിച്ചുഴന്നും, ശാപത്തെ ഭയപ്പെട്ടും ഇപ്രകാരം പറഞ്ഞു.
കുന്തി പറഞ്ഞു: എന്റെ അച്ഛനും, അമ്മയും, ബന്ധുജനങ്ങളും ജീവിച്ചിരിക്കുന്നു. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ കര്‍മ്മം വിധിലോപമാണ്. ഭവാനുമായി സംഗം ചെയ്യുന്നത് വിധി വര്‍ജ്ജിത മാണെങ്കില്‍, ഞാന്‍ കാരണമായി ഈ കുലത്തിന്റെ കീര്‍ത്തി നശിക്കും. അതല്ല, ഇതും ധര്‍മ്മമാണെന്നു ഭവാന്‍ കാണുന്നുണ്ടെങ്കില്‍ ബന്ധുക്കള്‍ ദാനം ചെയ്യാതെ തന്നെ ഭവാന്റെ ആഗ്രഹം ഞാന്‍ സാധിപ്പിക്കാം. ഹേ, ദുര്‍ദ്ധര്‍ഷാ! ഞാന്‍ ആത്മദാനം ചെയ്താലും ഞാന്‍ സതിയാകണം. നിന്നിലാണല്ലോ ദേഹികള്‍ക്ക് ധര്‍മ്മവും, ആയുസ്സും, കീര്‍ത്തിയും, കേള്‍വികളുമെല്ലാം സ്ഥിതിചെയ്യുന്നത്.
സൂര്യന്‍ പറഞ്ഞു: എടോ, ശുചിസ്മിതേ, നിന്റെ അച്ഛനും, അമ്മയും, ഗുരുജനങ്ങളും സ്വതന്ത്രമല്ല. സുഭഗേ, ഭദ്രമായ എന്റെ വാക്ക് നീ കേള്‍ക്കുക. അല്ലയോ സുശ്രോണീ, എല്ലാം കാമിക്കുക എന്ന കാമി ധാതുവില്‍ നിന്നാണു കന്യകയ്ക്ക് സ്വാതന്ത്യം ഉണ്ടായത്. (എല്ലാവരേയും കാമിക്കുക എന്നര്‍ത്ഥമുള്ള കാമി ധാതുവില്‍ നിന്നാണ് കന്യാ ശബ്ദത്തിന്റെ ഉല്പത്തിയെന്നും, അതു കൊണ്ട് കന്യകയ്ക്ക് ഈ വക കാര്യങ്ങളില്‍ സ്വാതന്ത്ര്യ മുണ്ടെന്നുമാണ് ഇതിന്റെ സാരം ). നീ പറയുന്നത് ലോക സ്വഭാവമാണ്. എന്നാൽ യുവ ഹൃദയങ്ങളുടെ വികാരം അതല്ല, മറ്റേതാണുതാനും (വിവാഹാദി ബന്ധങ്ങളാണ് കൃത്രിമ മായിട്ടുള്ള തെന്നും സ്ത്രീ പുരുഷന്മാരുടെ സ്വാതന്ത്ര്യമാണ് പ്രകൃതി സിദ്ധവും, സ്വാഭാവികവും, അകൃത്രിമവും എന്ന് സ്ഥാപിക്കുന്നു ).
അങ്ങനെയുള്ള നീ എന്നോട് ചേര്‍ന്നതിന് ശേഷം വീണ്ടും കന്യകയായി തന്നെ ഭവിക്കും! നിനക്ക് മഹാബാഹുവും, കീര്‍ത്തിമാനുമായ പുത്രനുണ്ടാകും.
കുന്തി പറഞ്ഞു: എനിക്കു ഭവാനില്‍ നിന്ന് കുണ്ഡലവും, ചട്ടയും ധരിച്ച ശൂരനും, മഹാബലനുമായ പുത്രന്‍ ഉണ്ടാകുമെങ്കില്‍ . . . !
സൂര്യന്‍ പറഞ്ഞു: പിന്നെ! ഉണ്ടാകും! മഹാഭുജനും, ദിവ്യ വര്‍മ്മ കുണ്ഡല മണ്ഡിതനു മായിരിക്കും. അവന് അതു രണ്ടും പീയുഷമയ മായിരിക്കും.
കുന്തി പറഞ്ഞു: ഭവാന്‍ എന്നില്‍ ഉളവാക്കുന്ന എന്റെ പുത്രന് കേവലം അമൃതോത്ഭവമായ വര്‍മ്മ കുണ്ഡലങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഭഗവാന്‍ പറഞ്ഞ വിധം ഞാനുമായുള്ള സംഗമം ദേവസമ്മതം തന്നെ. ഭവാന്റെ രൂപവും, വീര്യവും സത്വവും, ഓജസ്സും ചേര്‍ന്ന അവന്‍ ധാര്‍മ്മികനാകണം.
സൂര്യന്‍ പറഞ്ഞു: കുണ്ഡലം മത്തകാശിനിയായ അഭിതി എനിക്കു തന്നതാണ്. ഹേ, ഭീരു! രാജ്ഞി, അത് ഞാന്‍ അവനു നല്കാം. മുഖ്യമായ ഈ ചട്ടയും നല്കാം.
കുന്തി പറഞ്ഞു; ഭഗവാനേ, ഭവാന്‍ പറഞ്ഞ വിധം പുത്രന്‍ എനിക്ക് ഉണ്ടാകുമെങ്കില്‍! ഭവാനുമായുള്ള സംഗമം എനിക്ക് സമ്മതമാണ്.
വൈശമ്പായനൻ പറഞ്ഞു: കുന്തി സമ്മതിച്ച ഉടനെ യോഗാത്മാവും ആകാശ ചാരിയുമായ സൂര്യദേവന്‍ ആ കന്യകയുടെ നാഭിയില്‍ സ്പര്‍ശിച്ചു. സൂര്യ തേജസ്സാല്‍ ആ കന്യക വിഹ്വലയായി. സ്വബോധം വിട്ടതു പോലെ അവള്‍ മെത്തയില്‍ വീണു.
സൂര്യന്‍ പറഞ്ഞു: എടോ സുശ്രോണീ, ഇനി ഞാന്‍ പോകട്ട! എല്ലാ ശസ്ത്ര ധാരികളിലും വെച്ച് ശ്രേഷ്ഠനായ പുത്രന്‍ ഭവതിക്കുണ്ടാകും. ഭവതി പിന്നെ കനൃകയായി ഭവിക്കുകയും ചെയ്യും.
വൈശമ്പായനൻ പറഞ്ഞു: അല്ലയോ രാജേന്ദ്രാ, ആ ബാല അപ്പോള്‍ നാണിച്ചു നിന്ന് തേജോ നാഥനായ സൂര്യദേവന്റെ യാത്രയില്‍ "ആവട്ടെ"യെന്നു വന്ദനം പറഞ്ഞു.
ഇപ്രകാരം പറഞ്ഞ് ആ രാജപുത്രി ലജ്ജയോടു കൂടി സൂര്യഭഗവാനോട് അഭ്യര്‍ത്ഥിച്ചു കൊണ്ട്, സൂര്യ സ്പര്‍ശത്താല്‍ പുണ്യമായ ആ മെത്തയില്‍ ചെന്നു വീണു, മോഹംപുണ്ട് ആടുന്ന ലതപോലെ, വാടിത്തളര്‍ന്ന് അവിടെ കിടന്നു. സൂര്യദേവന്‍ സ്വന്തം തേജസ്സു കൊണ്ട് മോഹിപ്പിച്ച് യോഗ ബലത്താലാണ് കുന്തിയില്‍ പ്രവേശിച്ചത്. തനിക്ക് അധീനയായ ആ കന്യകയെ ഭാനുമാന്‍ ദുഷിപ്പിച്ചില്ല. വീണ്ടും കൃശാംഗിയായ കുന്തി മോഹം തീര്‍ന്ന് ഉണര്‍ന്നെഴുന്നേറ്റു.
308. കര്‍ണ്ണപരിത്യാഗം - വൈശമ്പായനൻ പറഞ്ഞു: ഉടനെ പൃഥയ്ക്ക് വെളുത്ത പക്ഷത്തിലെ ഏകാദശിയില്‍ ആകാശത്ത് ചന്ദ്രനെന്ന പോലെ, ഗര്‍ഭമുണ്ടായി. ആ ബാല ബന്ധു ജനങ്ങളെ ഭയപ്പെട്ട് ഗര്‍ഭത്തെ മൂടിവെച്ചു. ആരെയും അറിയിക്കാതെ അവള്‍ ദിവസങ്ങള്‍ കഴിച്ചു. അവളുടെ വിശ്വസ്തയായ ഒരു ധാത്രിയല്ലാതെ അന്യസ്ത്രീകളാരും അറിഞ്ഞില്ല. രക്ഷാസാമര്‍ത്ഥ്യത്തോടെ അന്തഃപുരത്തില്‍ അവള്‍ വാണു. കാലം വന്നപ്പോള്‍ അവള്‍ ദേവാഭനായ പുത്രനെ പ്രസവിച്ചു. ആ ദേവന്റെ പ്രസാദത്താല്‍ അവള്‍ വീണ്ടും കന്യക തന്നെയായി. പറഞ്ഞ പോലെ തന്നെ ആ കുട്ടി ചട്ടയിട്ട്, കുണ്ഡലങ്ങളണിഞ്ഞ്, സിംഹാക്ഷനായി, വൃഷസ്കന്ധനായി അച്ഛന്റെ രൂപത്തോടു തുല്യനായി തന്നെ ശോഭിച്ചു.
പിറന്ന ഉടനെ ആ ഗര്‍ഭത്തെ ആ ഭാമിനി തന്റെ ധാത്രിയോടു കൂടി നല്ല വിരിപ്പു വിരിച്ച് കിടക്കാന്‍ സുഖമുള്ള വിധം പറ്റിയതും നല്ല അടപ്പുള്ളതുമായ ഒരു പെട്ടിയിലാക്കി, അരക്കിട്ടു മിനുപ്പിച്ച്, അശ്വ നദീതീരത്തു പോയി, മറ്റാരും അറിയാതെ, കരഞ്ഞു കൊണ്ട് ഒഴുക്കി വിട്ടു. കന്യക ഗര്‍ഭം ധരിച്ചത് അറിയരുതെന്നു വിചാരിച്ച് അവള്‍ അങ്ങനെ ചെയ്തു. എന്നാൽ പുത്രസ്നേഹാര്‍ത്തയായി രാജാവേ, കരുണമായി കരഞ്ഞു.
ആ പെട്ടി അശ്വനദിയില്‍ ഒഴുക്കി വിട്ടപ്പോള്‍ കരഞ്ഞു കൊണ്ട് കുന്തി എന്തൊക്കെയാണു പറഞ്ഞതെന്ന് രാജാവേ, ഭവാന്‍ കേള്‍ക്കുക.
കുന്തി പറഞ്ഞു: ആകാശത്തും ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ജലത്തിലും ഉള്ള എല്ലാ ഭൂതങ്ങളും പുത്രാ! നിനക്കു സ്വസ്തി നല്കട്ടെ! നിനക്ക് വഴിയിലെങ്ങും ശുഭം ഭവിക്കട്ടെ! വൈരികള്‍ നേരിടാതിരിക്കട്ടെ! അഥവാ വല്ലവരും വന്നാലും അവര്‍ നിന്നില്‍ ദ്രോഹം ഏല്പിക്കാത്തവർ ആകട്ടെ! നിന്നെ ജലത്തില്‍ ജലേശ്വരനായ വരുണരാജാവ് രക്ഷിക്കട്ടെ! അന്തരീക്ഷത്തില്‍ അന്തരീക്ഷ ചരനായി സര്‍വ്വത്ര വ്യാപിച്ചിരിക്കുന്ന വായുവും രക്ഷിക്കട്ടെ! നിന്റെ അച്ഛനും താപസോത്തമനുമായ തപനന്‍, നിന്നെ ദിവ്യവിധിയാല്‍ എനിക്കു നല്കിയ ദേവന്‍, എല്ലായിടത്തും കാക്കട്ടെ! ആദിത്യ വസു രുദ്രന്മാരും വിശ്വദേവകളും സാദ്ധൃരും ഇന്ദ്രനോടു ചേര്‍ന്ന മരുത്തുക്കളും ദിക് പാലകന്മാരോടു കൂടിയ ദിക്കുകളും എല്ലാ ദേവന്മാരും നിന്നെ സമത്തിലും വിഷമത്തിലും രക്ഷിക്കുമാറാകട്ടെ! ദേശം വിട്ടു പോയാലും ഞാന്‍ നിന്നെ നിന്റെ കവചത്താല്‍ അറിഞ്ഞേക്കാം. അല്ലയോ പുത്രാ! നിന്റെ അച്ഛനും ദേവനും ഭാനുവുമായ വിഭാവസു ധന്യന്‍ തന്നെയാണ്. അദ്ദേഹം നിന്നെ എപ്പോഴും എവിടേയും കാണും. നിന്നെ വാഹിനിയില്‍ അവന്‍ ദിവ്യചക്ഷുസ്സാല്‍ കാണുന്നുണ്ടാകും. നിന്നെ സ്വന്തം പുത്രനായി നേടുന്ന ആ സ്ത്രീയും ധന്യ തന്നെയാണ്. ദേവപുത്രനായ നീ ദാഹിക്കുമ്പോള്‍ അവളുടെ മുല കുടിക്കില്ലേ! നീ വളരുക! വിരിഞ്ഞു നീണ്ട താമരക്കണ്ണുകള്‍, ശോഭിക്കുന്ന ചെന്താമരപ്പൂമേനി, മനോഹരമായ നെറ്റി, അഴകേറിയ മുടി, ഇങ്ങനെ സൗന്ദര്യം വളര്‍ന്ന് ദിവ്യകവച ധാരിയും ദിവ്യകുണ്ഡല അലംകൃതനും സൂരൃതുല്യ തേജസ്വിയുമായ നിന്നെ പുത്രനായി വളര്‍ത്തുന്ന ആ സ്ത്രീക്ക് എന്തൊരു ദിവ്യസ്വപ്നമാണ് ഇപ്പോള്‍ കാണുവാന്‍ പോകുന്നത്! പൊടിയണിഞ്ഞ് നിലത്തു കിടന്നു നീന്തുകയും അവൃക്ത മധുരമായ വാക്കുകള്‍ പറയുകയും ചെയ്യുന്ന നിന്നെ ആ നിലയില്‍ കാണുന്നവര്‍ എത്ര ധന്യരാണ്! അനന്തരം ഹിമവല്‍ കാന്താരത്തില്‍ വളരുന്ന സിംഹത്തെ പോലെ നീ യൗവനത്തില്‍ പ്രവേശിക്കുമ്പോള്‍ നിന്റെ ആ നില കാണുന്നവര്‍ ധന്യരാണ്.
വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ കരുണമായി ഓരോന്നു പറഞ്ഞു പറഞ്ഞ്, കരഞ്ഞു കരഞ്ഞ് കണ്ണുനീരൊഴുക്കി.
പൃഥ ആ പെട്ടി അശ്വനദിയില്‍ ഒഴുക്കി വിട്ടു. ആ പുത്ര ശോകാര്‍ത്തയും പങ്കജാക്ഷിയുമായ കുന്തി രാത്രി സമയത്ത് ധാത്രിയോടു കൂടി പുത്രേക്ഷണോത്സുക യാണെങ്കിലും അച്ഛന്‍ അറിയുമെന്നുള്ള ഭയത്താല്‍ മനസ്സില്ലാ മനസ്സോടെ ആ പെട്ടി വെള്ളത്തിലൊഴുക്കി. മടങ്ങി പോരുമ്പോഴും അവള്‍ ശോകാര്‍ത്തയായി തേങ്ങിത്തേങ്ങി കരഞ്ഞു കൊണ്ട് നടന്നു രാജഗൃഹത്തിലെത്തി.
ആ പെട്ടി അശ്വനദിയില്‍ ഒഴുകി, അശ്വനദി വിട്ട് അതിന്റെ ശാഖയായ ചര്‍മ്മണ്വതിയിലെത്തി; പിന്നെ യമുനയിലെത്തി. അവിടെ നിന്നും ഒഴുകി ഗംഗയില്‍ ചെന്നുചേര്‍ന്നു. ഗംഗയില്‍ കൂടി ഒഴുകി സൂതരാജ്യത്തെത്തി. തിരതല്ലിയും ഒഴുക്കേറ്റും പെട്ടിയിലുള്ള കുട്ടി, അമൃതോത്ഭവമായ ദിവ്യകുണ്ഡലങ്ങളും ചട്ടയും മെയ്യിലുള്ള ആ കുട്ടി, അങ്ങനെ സഞ്ചരിച്ചു സഞ്ചരിച്ച് അവിടെ നിന്നു ചമ്പാപുരിയിലും ചെന്നെത്തി. ആ കുട്ടിയെ വിധി കല്പിത യോഗം കാത്തു പോന്നു എന്നു പറയാം.
309. രാധയ്ക്ക് കര്‍ണ്ണനെ ലഭിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഈ സമയത്ത് ധൃതരാഷ്ട്രന്റെ സഖിയായ അതിരഥന്‍ എന്ന സൂതന്‍ ഭാര്യയോടു കൂടി ഗംഗയിലെത്തി. അവന്റെ ഭാര്യയായ രാധ അതിസുന്ദരി ആയിരുന്നു. അവള്‍ക്ക് പുത്രന്മാര്‍ ഉണ്ടായിട്ടില്ലായിരുന്നു. സന്തതി ഉണ്ടാകുവാന്‍ വേണ്ടി പുണ്യകര്‍മ്മങ്ങള്‍ ചെയ്ത് യത്നിക്കുന്ന കാലമായിരുന്നു.
നദിയില്‍ ഒഴുകിവരുന്ന ഒരു പെട്ടി രാധ ഭാഗ്യത്താല്‍ കണ്ടു. അവള്‍ അടുത്തേക്കു ചെന്നു. രക്ഷാബന്ധനവും (ദേഹരക്ഷയ്ക്കായി കറുകപ്പുല്ലു കൊണ്ടും മറ്റും കെട്ടുന്ന ചരട്) മംഗളാലംഭനവും (മംഗള സൂചകമായി കുങ്കുമം കൊണ്ട് തൊടുവിക്കുന്ന തിലകം) ഉള്ളതായ ആ പെട്ടി ഗംഗാ തരംഗങ്ങള്‍ നദീതീരത്ത്, അവളുടെ അരികെ, അണച്ചതായി അവള്‍ കണ്ടു. ആ ഭാമിനി കൗതുകത്തോടെ ആ പെട്ടി പിടിച്ച്, അതിരഥനെ അറിയിച്ചു. അവന്‍ വന്ന് ആ പെട്ടി വെള്ളത്തിന്റെ വക്കത്തു നിന്നെടുത്തു. യന്ത്ര പ്രയോഗത്താല്‍ അത് തുറന്നു. അപ്പോള്‍ അതില്‍ ഒരു ബാലനെ കണ്ടു. ഉല്‍ഫുല്ലബാല രവി പോലെ കാന്തിമാനായും, പൊന്‍ച്ചട്ടയണിഞ്ഞും, കുണ്ഡലം കൊണ്ടു വിളങ്ങുന്ന മുഖത്തോടും ആ കുട്ടിയെ കണ്ടപ്പോള്‍ അതിരഥന്‍ ഭാര്യയോടൊപ്പം അത്ഭുതോല്‍ഫുല്ല നേത്രനായി. അവന്‍ ആ കുട്ടിയെ മടിയിൽ വെച്ച് ഭാര്യയോട് പറഞ്ഞു. ഞാന്‍ ജനിച്ചതിന് ശേഷം ഇത്രയും ആശ്ചര്യമായ ഒരു സംഭവം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഭാമിനീ, ദേവകുമാരനെ പോലെ ശോഭിക്കുന്ന ഇവന്‍ നമ്മള്‍ക്കായി വന്നതായിരിക്കണം. തീര്‍ച്ചായും അപുത്രനായ എനിക്ക് ദേവന്മാര്‍ തന്നതാണ് ഈ പുത്രനെ; തീര്‍ച്ചയാണ്! എന്നു പറഞ്ഞ് അവന്‍ ആു ട്ടിയെ രാധയ്ക്കു നല്കി. ദിവ്യരൂപനും, ശ്രീമാനും, പത്മത്തിന്റെ അന്തര്‍ഭാഗത്തിന്റെ നിറത്തോടു കൂടിയവനും, ദിവ്യഗര്‍ഭ ജാതനുമായ ആ ബാലനെ രാധ തന്റെ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് സസന്തോഷം ഏറ്റുവാങ്ങി. അവര്‍ക്ക് പിന്നെ വേറെ ഔരസ പുത്രന്മാരും പിറന്നു.
സ്വര്‍ണ്ണ വര്‍ണ്ണമായും, സ്വര്‍ണ്ണ കുണ്ഡലാഢ്യമായും കണ്ട ആ ബാധന് വിപ്രന്മാര്‍ വസുഷേണന്‍ എന്ന് പേര്‍ നല്കി. ഇങ്ങനെ അമിത വിക്രമനായ അവന്‍ സൂതപുത്രനായി. വസുഷേണന്‍ എന്നും വൃഷന്‍ എന്നും അവന്‍ പ്രസിദ്ധനായി. സൂതപുത്രനായി അവന്‍ അംഗരാജ്യത്ത് വളര്‍ന്നു. ദിവ്യ കവചാഢ്യനായ അവനെ ചാരന്മാര്‍ മുഖേന കുന്തി അറിഞ്ഞു. അവന്‍ വളര്‍ന്നു വന്നപ്പോള്‍ അതിരഥന്‍ അവനെ ഹസ്തിനപുരത്തേക്ക് അയച്ചു. ദ്രോണന്റെ സന്നിധിയില്‍ അസ്തവ്രിദ്യകൾ എല്ലാം പഠിച്ചു. വീര്യവാനായ അവന്‍ ദുര്യോധനനുമായി സഖ്യവുമായി. ദ്രോണൻ, കൃപന്‍, രാമന്‍ എന്നീ ഗുരുജനങ്ങളില്‍ നിന്ന് ചതുര്‍വ്വിധമായ അസ്ത്രഗ്രാമം (പലവിധം ആയുധങ്ങള്‍) നേടി. അങ്ങനെ അവന്‍ ലോക്രപ്രസിദ്ധനായ വില്ലാളിയായി. പാര്‍ത്ഥന്മാരുമായി കിടമത്സരം മൂലം അവന്‍ ധാര്‍ത്തരാഷ്ട്രന്മാരുമായി ചേരുകയും മഹാത്മാവായ ജിഷ്ണുവുമായി പൊരുതുവാന്‍ മോഹിക്കുകയും ചെയ്തു.
അര്‍ജ്ജുനനുമായി അവന് നിത്യമായ സ്പര്‍ദ്ധ ജനിക്കുകയും ചെയ്തു. കണ്ട നാള്‍ മുതല്‍ അര്‍ജ്ജുനന് കര്‍ണ്ണനോട് സ്പര്‍ദ്ധ അങ്കുരിച്ചു. ഇതാണ് സൂര്യന്റെ ആ ഗൂഢമായ കൂടിക്കാഴ്ചയുടെ കാരണം. സൂര്യന് കുന്തിയിൽ ഉണ്ടായവൻ ആണല്ലോ കര്‍ണ്ണന്‍.
കവച കുണ്ഡല ധാരിയായ കര്‍ണ്ണനെ കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ തീര്‍ച്ചയാക്കി ഇവന്‍ പോരില്‍ അവദ്ധ്യനാണെന്ന്. കര്‍ണ്ണന്‍ നട്ടുച്ച സമയത്ത് ഭാനുമാനായ ദിനേശ്വരനെ വെള്ളത്തില്‍ നിന്ന് കൈകൂപ്പി സ്തുതിക്കുമ്പോള്‍ അവന്റെ ചുറ്റും ബ്രാഹ്മണര്‍ ധ്യാനത്തിനായി വന്നെത്തുക പതിവാണ്. ബ്രാഹ്മണര്‍ക്ക് നല്കുവാന്‍ വയ്യാത്തതായി അവന് അപ്പോള്‍ ഒന്നും തന്നെ ഇല്ല: അവന്റെ മുമ്പില്‍ "ഭിക്ഷ തരികയെന്ന്", ഇന്ദ്രന്‍ ബ്രാഹ്മണ രൂപത്തില്‍ ചെന്ന് യാചിച്ചു. "സ്വാഗതം ഭവാന്" എന്ന് രാധേയന്‍ അവനോട് മറുപടി പറഞ്ഞു.
310. കവചകുണ്ഡല ദാനം - വൈശമ്പായനൻ പറഞ്ഞു: ബ്രാഹ്മണ വേഷത്തില്‍ വ്യാജരൂപനായി വന്ന ഇന്ദ്രനെ കണ്ട ഉടനെ സ്വാഗതം പറഞ്ഞു. ആഗതന്റെ ഹൃദയം ഒട്ടും മനസ്സിലാക്കാതെ ചോദിച്ചു. സ്വര്‍ണ്ണ ഭൂഷണങ്ങൾ അണിഞ്ഞ യുവതികളേയോ, പശുക്കള്‍ ധാരാളമുള്ള ഗ്രാമങ്ങളോ എന്താണ് ഞാന്‍ ഭവാന് നല്കേണ്ടത്? ഹേ വിപ്രാ. പറഞ്ഞാലും!
ബ്രാഹ്മണന്‍ പറഞ്ഞു; പൊന്നണിഞ്ഞ പെണ്ണുങ്ങളും മറ്റ് പ്രീതി തരുന്ന വസ്തുക്കളും കിട്ടുവാന്‍ എനിക്ക് ആഗ്രഹമില്ല. അത് അര്‍ത്ഥിക്കുന്നവര്‍ക്ക് അതു നല്കുക. ഹേ, അനഘാ! നീ സത്യവ്രതൻ ആണെങ്കില്‍ നിന്റെ സഹജമായ ചട്ടയും കുണ്ഡലങ്ങളും അടര്‍ത്തി എടുത്ത് എനിക്ക് നല്കിയാലും! വേഗത്തില്‍ തന്നാലും. അതിനാണ് എനിക്ക് ആഗ്രഹം. എല്ലാ ലാഭത്തേക്കാളും വലിയത് ഈ പറഞ്ഞ വസ്തുക്കളുടെ ലാഭമാണെന്നാണ് എന്റെ അഭിപ്രായം.
കര്‍ണ്ണന്‍ പറഞ്ഞു: ജീവിക്കാന്‍ പറ്റിയ പുരയിടം, മങ്കമാര്‍, പശുക്കള്‍, കൃഷി നിലങ്ങള്‍ ഇവയൊക്കെ ഞാന്‍ അങ്ങയ്ക്ക് തരാം. കവച കുണ്ഡലങ്ങള്‍ ഒഴികെ എന്തു വേണമെങ്കിലും തരാം.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പലതും തരാമെന്ന് കര്‍ണ്ണന്‍ പറഞ്ഞെങ്കിലും ആ യാചിക്കുന്ന ദ്വിജന്‍ മറ്റൊന്നും തന്നെ വരമായി പ്രാര്‍ത്ഥിച്ചില്ല. ശക്തിക്കൊക്കുന്ന സാന്ത്വനവും വിധിക്കൊക്കുന്ന പൂജയും ഏറ്റ് ആ ബ്രാഹ്മണന്‍ സന്തുഷ്ടനായെങ്കിലും വേറെ ഒന്നും തന്നെ അവന്‍ കാമമിച്ചില്ല. വേറെ വരമൊന്നും ആ ബ്രാഹ്മണശ്രേഷ്ഠന്‍ വരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ രാധേയന്‍ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഹേ, ദ്വിജാ, അമൃതോത്ഭവമായ എന്റെ വര്‍മ്മ കുണ്ഡലങ്ങള്‍ സഹജങ്ങളാണ്. അത് മെയ്യിലുള്ള കാലത്തോളം മൂന്നു ലോകത്തിലും ഞാന്‍ അവദ്ധ്യനാണ്. അതു കൊണ്ട് ഞാന്‍ അതു കൈവിടുകയില്ല. നിഷ്കണ്ടകമായി ക്ഷേമമായി വിപുലമായ രാജ്യം ഹേ, ബ്രാഹ്മണാ!! ഭവാന്‍ എന്നില്‍ നിന്ന് വാങ്ങിക്കൊള്ളുക. സഹജമായ കുണ്ഡലങ്ങളും ചിട്ടയും വിട്ടു പോയാല്‍ ഞാന്‍ വൈരികള്‍ക്ക് വദ്ധ്യനായി ഭവിക്കും.
പാകാരിയായ ഭഗവാന്‍ വേറെ വരമൊന്നും ചോദിക്കാതായപ്പോള്‍ കര്‍ണ്ണന്‍ വീണ്ടും ചിരിച്ചു കൊണ്ട് പിന്നേയും അവനോടു പറഞ്ഞു.
കര്‍ണ്ണന്‍ പറഞ്ഞു: പ്രഭോ, ദേവദേവേശാ, ഭവാന്റെ വരവ് മുമ്പേ തന്നെ ഞാന്‍ അറിഞ്ഞിട്ടുണ്ട്. അങ്ങയ്ക്ക് വെറുതെ തന്നെ വരം നല്കുവാന്‍ പാടുള്ളതല്ല. അങ്ങ് സാക്ഷാല്‍ ദേവരാജനാണ്. ഭവാന്‍ എനിക്ക് വരം നല്കണം. മറ്റുള്ള ജീവികള്‍ക്കും ഭൂതഭാവനനായ ഭവാന്‍ ഈശ്വരനാണല്ലോ. അങ്ങയ്ക്ക് ഞാന്‍ കുണ്ഡലവും ചട്ടയും നല്കിയാല്‍ ഞാന്‍ ശത്രുക്കളാല്‍ വദ്ധ്യനായി ത്തീരും. അപ്പോള്‍ ഭവാനും പരിഹാസ പാത്രമാകും. അതുകൊണ്ട് ഒരു കൈമാറ്റമായി എന്റെ കയ്യില്‍ നിന്ന് ഭവാന്‍ യഥേഷ്ടം കവച കുണ്ഡലങ്ങളെ വാങ്ങുക. അല്ലാതെ മറ്റു വിധത്തിൽ ആണെങ്കില്‍ ഞാന്‍ തരുന്നതല്ല.
ശക്രന്‍ പറഞ്ഞു: ശരി! ആദിത്യന്‍ ആദ്യമേ തന്നെ അറിഞ്ഞിരിക്കുന്നു ഞാന്‍ നിന്റെ മുമ്പില്‍ എത്തുമെന്ന്. അവന്‍ എല്ലാം നിന്നോട് പറഞ്ഞു. അതില്‍ യാതൊരു സംശയവുമില്ല. എന്നാൽ അപ്രകാരം തന്നെയാകട്ടെ. ശ്രേഷ്ഠനായ കര്‍ണ്ണാ! യഥേഷ്ടമായി എന്റെ വജ്രമൊഴികെ എന്തു വേണമെങ്കിലും നീ ചോദിച്ചു കൊള്ളുക.
വൈശമ്പായനൻ പറഞ്ഞു: പിന്നെ കര്‍ണ്ണന്‍ ഹൃഷ്ടനായി ഇന്ദ്രനെ വണങ്ങി നേരിട്ട് അമോഘമായ ശക്തി സംതൃപ്തനായി വരിച്ചു.
കര്‍ണ്ണന്‍ പറഞ്ഞു: ഹേ, വാസവാ, ചട്ടയും കുണ്ഡലവുമായി കൈമാറ്റം ചെയ്തു പടയില്‍ ശത്രുഹരവും ഒരിക്കലും പാഴിലാകാത്തതുമായ ശക്തി (വേല്‍) തന്നാലും.
കര്‍ണ്ണന്റെ വാക്കുകേട്ട് വാസവന്‍ അല്പ സമയം വേലിനെ പറ്റി ചിന്തിച്ചു. അനന്തരം കര്‍ണ്ണനോടു പറഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു: എനിക്ക് നിന്റെ ദേഹസഹജമായ ചട്ടയും കുണ്ഡലങ്ങളും നല്കുക. ശക്തിയെ നീ ഈ കരാറു പ്രകാരം വാങ്ങിക്കൊള്ളുക. അമോഘമായ ഈ വേല്‍ ഞാന്‍ വിട്ടാല്‍, അനവധി ശത്രുവീരന്മാരെ സംഹരിച്ച് വീണ്ടും എന്റെ കയ്യില്‍ തന്നെ വന്നെത്തും ദൈത്യരെ സംഹരിച്ചു കൊണ്ടിരുന്ന വേലിന്റെ യോഗൃത ഇതാണ്. ഈ വേല്‍ നിന്റെ കയ്യില്‍ തന്നാല്‍ അത് ശക്തനായ ഒരേ ഒരു വൈരിയെ, ഗത്യന്തരമില്ലാത്ത നിലയില്‍ കഷ്ടപ്പെടുത്തുന്ന സമയത്തു മാത്രം, പ്രയോഗിക്കാം. ആറ്റ ഒറ്റ വൈരിയെ മാത്രം കൊന്ന് അതു വീണ്ടും എന്റെ കയ്യിൽ എത്തും. ഈ കരാറിന്മേല്‍ ഞാന്‍ എന്റെ വേല്‍ മാറ്റമായി തരാം.
കര്‍ണ്ണന്‍ പറഞ്ഞു; എനിക്ക് ഭയം വര്‍ദ്ധിക്കു മാറു ഗര്‍ജ്ജിച്ച് ആക്രമിച്ചു വന്ന് ദുഃഖമുണ്ടാക്കുന്ന ഒരേ ഒരു വൈരിയെ മാത്രമേ കൊല്ലേണ്ടതായുള്ളു. അതിന് മാത്രമേ ഞാന്‍ സംഗരത്തില്‍ ഇച്ഛിക്കുന്നുള്ളു.
ഇന്ദ്രന്‍ പറഞ്ഞു: ഗര്‍ജ്ജിച്ചു പോരാടുന്ന ബലവാനായ ഒരേ ഒരു ശത്രുവിനെ നീ യുദ്ധത്തില്‍ കൊല്ലും. എന്നാൽ. നീ കരുതുന്ന ആ ശത്രുവിനെ രക്ഷിക്കുവാന്‍ മഹാത്മാവായ ഒരാളുണ്ട്. വരാഹനെന്നും, അപരാജിതനെന്നും, നാരായണനെന്നും വേദജഞഞന്മാര്‍ വാഴ്ത്തുന്ന അചിന്ത്യാത്മാവായ കൃഷ്ണന്‍, നീ ചിന്തിക്കുന്ന ആ പുരുഷനെ രക്ഷിക്കുന്നതാണ് എന്ന് നീ ഓര്‍ക്കണം.
കര്‍ണ്ണന്‍ പറഞ്ഞു: എന്നാലും, ഭഗവാനേ മുഖ്യനായ ഒരു വീരനെ കൊല്ലുവാന്‍ അത് ഉപകരിക്കുമല്ലോ. അതു കൊണ്ട് അമോഘമായ വേല്‍ എനിക്ക് തരിക. ഞാന്‍ ഒരു പ്രതാപിയെ അതു കൊണ്ട് കൊല്ലും. ഞാന്‍ ഇതാ അടര്‍ത്തെടുത്ത് ചട്ടയും കുണ്ഡലങ്ങളും നല്കുന്നു. എന്നാൽ മുറിച്ചടുത്ത ദേഹത്തില്‍ വൈരൂപ്യം ഉണ്ടാകാതിരി ക്കേണമേ! ഇന്ദ്രന്‍ പറഞ്ഞു: ഹേ, കര്‍ണ്ണാ! നിനക്ക് അതുമൂലം ലേശവും ബീഭത്സത ബാധിക്കുകയില്ല. നീ സത്യം പാലിക്കുക കാരണത്താല്‍ വ്രണവും ദേഹത്തില്‍ ഉണ്ടാവുകയില്ല. നിന്റെ അച്ഛന് ഏത് നിറവും തേജസ്സും ഉണ്ടോ, ഹേ, വാഗ്മിസത്തമാ! അപ്രകാരമുള്ള നിറം നിനക്കും ഉണ്ടാകും. ശസ്ത്രങ്ങള്‍ കൈവശം ഉള്ളപ്പോള്‍ അത്യാപത്തിൽ അല്ലാതെ അനര്‍ഹ സമയത്ത് തെറ്റി പ്രയോഗിച്ചാല്‍ അത് തിരിച്ചു വന്ന് നിന്നില്‍ ഏൽക്കുന്നത് ആയിരിക്കും.
കര്‍ണ്ണന്‍ പറഞ്ഞു: അത്യാപത്തില്‍ പെടുമ്പോള്‍ മാത്രമേ ശക്രശക്തി ഞാന്‍ അയയ്ക്കുകയുള്ളു. ഭവാന്‍ പറഞ്ഞ വിധമേ ചെയ്യുകയുള്ളു! ഞാന്‍ സത്യമാണ് പറഞ്ഞത്!
വൈശമ്പായനൻ പറഞ്ഞു: കരാറു പ്രകാരം കര്‍ണ്ണന്‍ ഇന്ദ്രന്റെ കയ്യില്‍ നിന്ന് ജ്വലിക്കുന്ന ശക്തി വാങ്ങി. മൂര്‍ച്ചയേറിയ ശസ്ത്രമെടുത്ത് ദേഹത്തില്‍ മുറിച്ചു മുറിച്ചു കവചം അടര്‍ത്തുവാന്‍ തുടങ്ങി. കര്‍ണ്ണന്‍ തന്നെത്താന്‍ തന്റെ ശരീരം അറുക്കുന്നത് കണ്ടപ്പോള്‍ ദേവന്മാരും, മര്‍ത്തൃരും. ദൈത്യന്മാരും സിംഹനാദം മുഴക്കി. ഈ സമയത്തും, വേദന അനുഭവിക്കുമ്പോഴും, കര്‍ണ്ണന്റെ മുഖത്തിന് യാതൊരു ഭാവഭേദവും ഉണ്ടായില്ല. പുഞ്ചിരി തൂകിക്കൊണ്ട് കത്തിയാല്‍ ദേഹം അറുക്കുന്ന വീരനായ കര്‍ണ്ണനെ നോക്കി ദേവലോകത്തു നിന്ന് ദുന്ദുഭി ഘോഷവും പുഷ്പവര്‍ഷവും ഉണ്ടായി. ദേഹത്തില്‍ നിന്ന് മുറിച്ചെടുത്ത ദിവൃകവചം ആ നനഞ്ഞ മട്ടില്‍ തന്നെ ഇന്ദ്രന് ദാനംചെയ്തു. അപ്രകാരം തന്നെ കര്‍ണ്ണന്‍ തന്റെ കര്‍ണ്ണങ്ങളില്‍ നിന്ന് കുണ്ഡലങ്ങളേയും അടര്‍ത്തിയെടുത്ത് ഇന്ദ്രന് ദാനം ചെയ്തു. ആ കര്‍മ്മത്താലാണ് വാസുഷേണൻ കർണ്ണനെന്ന പേര്‍ നേടിയത്.
തന്റെ ചതി ഫലിച്ചതില്‍ ഇന്ദ്രന്‍ സസന്തോഷം ചിരിച്ചു. എന്നാൽ ആ ചിരി കര്‍ണ്ണന്റെ കീര്‍ത്തി ലോകത്തിലെങ്ങും പരത്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
പാണ്ഡവര്‍ക്കായി ഞാന്‍ നല്ല ഒരു കാര്യം ചെയ്തു എന്ന കൃതാര്‍ത്ഥതയോടെ ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു. കര്‍ണ്ണന്‍ വഞ്ചിതനായ വര്‍ത്തമാനം അറിഞ്ഞപ്പോള്‍ ധാര്‍ത്തരാഷ്ട്രന്മാരെല്ലാം ഗര്‍വ്വം കെട്ട് ഏറ്റവും ദീനരായി തീര്‍ന്നു. പാണ്ഡവന്മാരെ ഈ വൃത്താന്തം സന്തോഷിപ്പിക്കുകയും ചെയ്തു.
ജനമേജയൻ പറഞ്ഞു: ഇന്ദ്രന്‍ വന്ന് കര്‍ണ്ണന്റെ കയ്യില്‍ നിന്ന് കവച കുണ്ഡലങ്ങള്‍ യാചിച്ചു വാങ്ങുന്ന കാലത്ത് വീരന്മാരായ പാണ്ഡവന്മാര്‍ എവിടെയാണ് വസിച്ചിരുന്നത്? ആര് പറഞ്ഞിട്ടാണ് ഈ ഇഷ്ടവൃത്താന്തം അവര്‍ ഗ്രഹിച്ചത്? പന്ത്രണ്ടു സംവത്സരം കാട്ടില്‍ വാണതിന് ശേഷം പിന്നെ അവര്‍ എന്ത് ചെയ്തു? ഈ വൃത്താന്തങ്ങളൊക്കെ ഭഗവാന്‍ വിസ്തരിച്ചു പറഞ്ഞ് കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ജയദ്രഥന്‍ അപഹരിച്ചു കൊണ്ടു പോയ കൃഷ്ണയെ വീണ്ടെടുക്കുകയും ജയദ്രഥനെ വേണ്ട വിധം കശത്തു വിടുകയും ചെയ്തതിന് ശേഷം ആ വിപ്രന്മാരോടു കൂടി കാമൃകത്തില്‍ ഓരോ കഥ പറഞ്ഞുകൊണ്ട് ഇരിക്കുമ്പോഴാണ് പൂര്‍വ്വദേവര്‍ഷിമാര്‍ വന്ന് കര്‍ണ്ണന്റെ കവച കുണ്ഡലങ്ങള്‍ ഇന്ദ്രന്‍ യാചിച്ചു വാങ്ങിയെന്ന വൃത്താന്തം വിസ്തരിച്ച് പാണ്ഡവന്മാരോടു പറഞ്ഞറിയിച്ചത്.
പിന്നെ ഉഗ്രമായ വനവാസം നിര്‍വ്വഹിച്ചവരായ അവര്‍ തേരുമായി സൂത പൗരോഗ വാദ്യരായ. ഭൃത്യരോടു കൂടി പുണ്യമായ ദ്വൈതവനത്തില്‍ തിരിച്ചെത്തി.
ആരണേയപര്‍വ്വം
311. മൃഗാന്വേഷണം - ജനമേജയൻ പറഞ്ഞു: കൃഷ്ണാപഹാരം മൂലം വളരെ ക്ലേശം സഹിച്ചവരായ പാണ്ഡവന്മാര്‍ കൃഷ്ണയെ വിണ്ടെടുത്തതിന് ശേഷം എന്തു ചെയ്തു?
വൈശമ്പായനൻ പറഞ്ഞു: കൃഷ്ണാപഹാരത്തില്‍ വലുതായ ക്ലേശം സഹിച്ച പാണ്ഡവന്മാര്‍ വീണ്ടും ദ്വൈതവനസ്ഥലത്ത് എത്തി. സ്വാദു കൂടിയ ഫലമൂലങ്ങളാലും ചിതവ്രൃക്ഷങ്ങളാലും ഹൃദയം കവരുന്നതായിരുന്നു ആ സ്ഥലം. മിതഭോജികളായ പാര്‍ത്ഥന്മാര്‍. ഫലമൂലങ്ങള്‍ ഭക്ഷിച്ച് ഭാര്യയായ കൃഷ്ണയോടു കൂടി അവിടെ പാര്‍ത്തു.
അങ്ങനെ ദ്വൈതവനത്തില്‍ പാര്‍ക്കുമ്പോള്‍. യുധിഷ്ഠിരനും, സഹോദരന്മാരായ ഭീമനും, അര്‍ജ്ജുനനും, മാദ്രീപുത്രന്മാരും ബ്രാഹ്മണര്‍ക്കു വേണ്ടി പ്രയത്നിച്ച് സുഖോദര്‍ക്കമായ ഒരു കൊടും ക്ലേശത്തില്‍ അകപ്പെട്ടു. ആ ക്ലേശം എന്താണെന്നു പറയാം.
തപസ്വിയായ ഒരു ബ്രാഹ്മണന്റെ അരണി കടക്കോലുകൾ ( തീയുണ്ടാക്കാന്‍ കടയുന്ന അരണി മരത്തിന്റെ മുട്ടികള്‍ ) ഉരസിക്കൊണ്ടിരുന്ന മാനിന്റെ കൊമ്പിന്മേല്‍ കുടുങ്ങി. അരണിയോടു കൂടിയ മൃഗം ( കടകോല്‍ കുടുങ്ങിയ മാൻ ) അതും കൊണ്ട് ഓടിക്കളഞ്ഞു. ആ മൃഗം പരിഭ്രമിച്ച് അതിശീഘ്രം ഓടി മറയുന്നത് ബ്രാഹ്മണന്‍ കണ്ടു. തന്റെ അരണി കിട്ടാതായാല്‍ വഹ്നഹോത്രത്തിനു കഴിയാതെ വരുമെന്നുള്ളതു കൊണ്ട് ആ വിപ്രന്‍ യുധിഷ്ഠിരന്റെ അടുത്തേക്ക് ഓടിവന്നു. അപ്പോള്‍ സഹജന്മാരോടു കൂടി ആ അജാതശത്രു ഇരിക്കുകയായിരുന്നു. രാജാവിന്റെ സന്നിധിയിലെത്തി ആ ബ്രാഹ്മണന്‍ ഇപ്രകാരം സങ്കടം ഉണര്‍ത്തിച്ചു: "മരക്കൊമ്പത്തു വെച്ചിരുന്ന അരണിയും കടകോലും ഉരസി കൊണ്ടിരുന്നപ്പോൾ, മാനിന്റെ കൊമ്പില്‍ തങ്ങി നിന്നു. അതിനേയും കൊണ്ട് ആ മൃഗം പരിഭ്രമിച്ച് അവിടെനിന്ന് ചാടി ഓടിക്കളഞ്ഞു. അതിന്റെ മാര്‍ഗ്ഗം നോക്കിച്ചെന്ന് മാനിനെ കണ്ടുപിടിച്ച് അഗ്നിഹോത്രം മുടങ്ങാതി രിക്കത്തക്ക വണ്ണം, അത് കൊണ്ട് വന്ന് തന്നാലും. വിപ്രന്റെ വാക്കുകേട്ട് വ്യസനത്തോടെ യുധിഷ്ഠിരന്‍ വില്ലും ശരവുമെടുത്ത് ഭ്രാതാക്കന്മാരോടു കൂടി ബ്രാഹ്മണന് വേണ്ടി മൃഗത്തിന്റെ മാര്‍ഗ്ഗത്തിൽ കൂടെ പാഞ്ഞ് മാനിനെ പിന്തുടര്‍ന്നു. മാന്‍ അവരുടെ ദൃഷ്ടിയില്‍ പെട്ടു. എന്നാലും കര്‍ണ്ണിനാളീക നാരാച ശരം തൂകുന്നവരായ ആ മഹാരഥന്മാര്‍ മാനിന്റെ നേരെ ശരം പ്രയോഗിച്ചില്ല. അതിനെ പിടിക്കുവാനാണ് അവര്‍ യത്നിച്ചത്. എന്നാൽ ആ മൃഗം അവരുടെ പിടിയില്‍ പെടാതെ വീണ്ടും ഓടി എവിടെയോ മറഞ്ഞു. മാനിനെ അന്വേഷിച്ച് കാണാതെ ചുറ്റിനടന്നു വലഞ്ഞ് ഉഴന്ന് ദുഃഖിച്ച് ആ മനസ്വികള്‍ കൊടും കാട്ടില്‍ കുളുര്‍ നിഴല്‍ വിരിച്ച ഒരു ആലിന്റെ ചുവട്ടില്‍, വിശപ്പും ദാഹവും സഹിച്ച്, ചെന്ന് ഇരിപ്പായി. അവര്‍ ഇങ്ങനെ ദുഃഖിച്ചു ഇരിക്കുമ്പോള്‍ പരവശനായ നകുലന്‍ ജ്യേഷ്ഠനോട് ഇപ്രകാരം പറഞ്ഞു; നമ്മുടെ വംശത്തില്‍ ആലസ്യം മൂലം അര്‍ത്ഥത്തിനോ ധര്‍മ്മത്തിനോ ലോപം പറ്റാറില്ല. രാജാവേ, ആരോടും ഉത്തരം പറയുവാൻ ഇല്ലാത്തവരാണ് നാം. സര്‍വ്വഭൂതങ്ങള്‍ക്കു വേണ്ടിയും പ്രവർത്തിക്കുന്നവരായ നമ്മള്‍ ഇപ്പോള്‍ കഷ്ടപ്പാടില്‍ പെട്ടു പോയോ?
312. നകുലാദികളുടെ പതനം - യുധിഷ്ഠിരന്‍ പറഞ്ഞു: ആപത്തിന് മര്യാദ എന്നൊന്ന് ഇല്ല. ഇന്ന കാരണം കൊണ്ടാണ് ആപത്ത് വന്നതെന്നോ ഇന്ന ഫലമാണ് ആപത്തിന് ഉള്ളതെന്നോ നിശ്ചയിക്കുവാന്‍ വയ്യ. ഒരു കാര്യമേ നാം അറിയേണ്ടത് ആയിട്ടുള്ളു. പ്രാരാബ്ധ രൂപമായ ധര്‍മ്മമാണ് പുണ്യപാപ ഫലങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നത്.
ഭീമന്‍ പറഞ്ഞു: പറഞ്ഞിട്ടെന്തു ഫലം? ആ പ്രാതികാമി പാഞ്ചാലിയെ സഭയിലേക്ക് ഒരു ദാസിയെയെന്ന പോലെ കൊണ്ടു വന്ന സമയത്ത് നല്ല സന്ദര്‍ഭമായിരുന്നു അവറ്റയെ ഒക്കെ കൊന്നൊടുക്കുവാന്‍. അന്ന് അത് ഞാന്‍ ചെയ്യാഞ്ഞതു കൊണ്ട് ഇന്ന് നാം ഈ സങ്കടത്തില്‍ പെട്ടു.
അര്‍ജ്ജുനന്‍ പറഞ്ഞു: അസ്ഥി പോലും പിളരുന്ന വിധത്തില്‍ അതിക്രൂരമായ തീക്ഷ്ണ വാക്കുകള്‍ ആ സൂതപുത്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അന്നു ക്ഷമിക്കുക ആണല്ലോ ചെയ്തത്. അതിന്റെ ഫലമാണ് ഇപ്പോള്‍ നമുക്ക് ഉണ്ടായിട്ടുള്ള ദുഃഖം.
സഹദേവന്‍ പറഞ്ഞു: കള്ളച്ചൂതിൽ ഭവാനെ ശകുനി തോല്പിച്ചപ്പോള്‍ ആ ശകുനിയെ അന്നു ഞാന്‍ കൊല്ലാതിരുന്നതു കൊണ്ടാണ് നമ്മള്‍ക്ക് ഇന്ന് ഈ അല്ലലുകളൊക്കെ ഉണ്ടായത്.
വൈശമ്പായനൻ പറഞ്ഞു: തന്റെ സഹോദരന്മാരുടെ വാക്കുകള്‍ കേട്ട് യുധിഷ്ഠിരന്‍ നകുലനോട് പറഞ്ഞു: എടോ നകുലാ, നീ ഒരു വൃക്ഷത്തിന്റെ മുകളില്‍ കയറി എല്ലാ ദിക്കിലേക്കും ഒന്നു നോക്കു! വെള്ളമോ വെള്ളത്തിന്റെ അടുത്തു നിൽക്കുന്ന മരങ്ങളോ കാണാനുണ്ടോ എന്നു നോക്കു. നിന്റെ ഭ്രാതാക്കള്‍ വല്ലാതെ ദാഹിച്ച് തളര്‍ന്ന് ഇരിക്കുന്നുവല്ലോ!
ഞാന്‍ ചെന്ന് നോക്കി വരാം എന്നു പറഞ്ഞ് നകുലന്‍ പൊക്കമേറിയ ഒരു മരത്തില്‍ പൊത്തിപ്പിടിച്ച് കയറി. ചുറ്റും നോക്കിയതിന് ശേഷം ജേഷ്ഠന്റെ അടുത്തെത്തി ഇപ്രകാരംപറഞ്ഞു.
രാജാവേ, ഞാന്‍ വളരെ ജലമുള്ള ഒരിടത്തെ മാതിരി മരക്കൂട്ടത്തെ കണ്ടു. സാരസങ്ങളുടെ ശബ്ദവും കേള്‍ക്കുന്നു. അവിടെ തീര്‍ച്ചയായും ജലമുണ്ടാകും.
അപ്പോള്‍ യുധിഷ്ഠിരന്‍ പറഞ്ഞു; എടോ നകുലാ, നീ പോയി ആവനാഴിയില്‍ വെള്ളം നിറച്ച് കൊണ്ടു വരിക.
"ഞാന്‍ ഉടനെ പോയി വരാം", എന്നു പറഞ്ഞ് എഴുന്നേറ്റ് നകുലന്‍ വെള്ളം ഉള്ളേടത്തേക്ക് ക്ഷണത്തില്‍ പോയി. അവിടെ ചെന്നെത്തി. അവിടെ സാരസങ്ങള്‍ കളിക്കുന്ന നിര്‍മ്മലമായ പൊയ്ക കണ്ടു. അവന്‍ അതില്‍ ഇറങ്ങി വെള്ളം കുടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒരു ആകാശഭാഷിതം കേട്ടു: "ഹേ, ശ്രേഷ്ഠാ! സാഹസം ചെയ്യരുത്. ഇത് എന്റെ പൂര്‍വ്വ സ്വത്താണ്. ഞാന്‍ ചോദിക്കുന്ന ചോദൃത്തിന് ഉത്തരം പറഞ്ഞാല്‍ നിനക്ക് കുടിക്കുകയും കൊണ്ടു പോകുകയും ചെയ്യാം". നകുലന് ദാഹം വല്ലാതെ ഉണ്ടായിരുന്നു. അവന്‍ ആ വാക്കു വിലവെക്കാതെ കുളുര്‍ ജലം കുടിച്ചു. കുടിച്ചയുടനെ വീഴുകയും ചെയ്തു. നകുലന്‍ പോയി മടങ്ങിവരാതെ വൈകിയപ്പോള്‍ യുധിഷ്ഠിരന്‍ ശത്രുജിത്തായ സഹദേവനോട് പറഞ്ഞു: "സഹദേവാ, നകുലനെ കാണാനില്ലല്ലോ! എന്താണ് താമസിക്കുന്നത് എന്നറിയുന്നില്ല. നീ ഉടനെ അവനെയും കൊണ്ട് വെള്ളവുമായി എത്തണം. പോവുക". ജ്യേഷ്ഠന്‍ പറഞ്ഞ ഉടനെ സഹദേവന്‍, നകുലന്‍ പോയ ദിക്കുനോക്കി ചെന്നു. സരസ്സിന്റെ തീരത്ത് എത്തിയപ്പോള്‍ ജേഷ്ഠനായ നകുലന്‍ ഭൂമിയില്‍ ഹതനായി വീണു കിടക്കുന്നത് കണ്ടു. ഭ്രാതൃ ശോകാര്‍ദ്ദിതനും ദാഹം കൊണ്ട് ആര്‍ത്തനുമായ അവന്‍ വെള്ളത്തിലേക്ക് പാഞ്ഞുചെന്നു. അപ്പോള്‍ ഇപ്രകാരം ഒരു വാക്കുകേട്ടു: "ഹേ, കുട്ടീ, സാഹസം ചെയ്യരുത്. ഇത് എന്റെ പൂര്‍വ്വ സ്വത്താണ്. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ ഇച്ഛ പോലെ ജലം കുടിക്കുകയും കൊണ്ട കൊണ്ടു പോവുകയും ചെയ്യാം.
ആ വാക്ക് വിലവെക്കാതെ, ദാഹത്തിന്റെ ശക്തി മൂലം. സഹദേവനും ആ കുളുര്‍ വെള്ളം കുടിച്ചു. കുടിച്ച നിമിഷം മറിഞ്ഞു വീണു. പിന്നെ കുറെ കഴിഞ്ഞിട്ടും രണ്ടു പേരെയും കാണാതായപ്പോള്‍ ധര്‍മ്മപുത്രന്‍ അര്‍ജ്ജുനനോട് പറഞ്ഞു. "എടോ ശത്രുകര്‍ശനനായ അര്‍ജ്ജുനാ! നിന്റെ തമ്പിമാരെ രണ്ടു പേരെയും കാണ്മാനില്ല. എന്തു കൊണ്ടാണ് അവര്‍ വരാത്തത് എന്നറിയുന്നില്ല. നീ ഉടനെ പോയി അവരെ രണ്ടു പേരേയും, വെള്ളവും കൊണ്ട് ഉടനെ വരൂ! ദുഖിക്കുന്ന ഞങ്ങള്‍ക്കൊക്കെ ഗുഢാകേശാ, നീയാണല്ലോ ഒരാശ്രയം".
ഇപ്രകാരം ജ്യേഷ്ഠന്‍ പറഞ്ഞതു കേട്ട് അര്‍ജ്ജുനന്‍ അമ്പുംവില്ലും വാളുമായി പുറപ്പെട്ടു. ആ മേധാവി സരസ്സിനടുത്ത് ചെന്നു. വെള്ളം കൊണ്ടു വരുവാന്‍ പോയ പുരുഷവ്യാഘ്രന്മാര്‍ രണ്ടുപേരും അവിടെ ഹതരായി കിടക്കുന്നു. ആ പുരുഷ സിംഹന്മാര്‍ സുപ്തരെന്ന പോലെ സരസ്സിന്റെ തീരത്ത് വീണു കിടക്കുന്നു. ദുഃഖത്തോടെ അര്‍ജ്ജുനന്‍ തന്റെ വില്ല് ഉയര്‍ത്തി ചുറ്റുപാടും ഒന്നു നോക്കി. ആ ഭയങ്കരമായ കാട്ടില്‍ ഒരു ജീവിയെ പോലും കാണുകയുണ്ടായില്ല. പിന്നെ വെള്ളം കണ്ടപ്പോള്‍ ആ സവ്യസാചി അടുത്തു ചെന്നു. തളര്‍ന്നവനായ അര്‍ജ്ജുനന്‍ വെള്ളത്തിന്റെ അടുത്തേക്കു പാഞ്ഞടുത്തപ്പോള്‍ ആകാശത്തു നിന്ന് ഒരു ഭാഷിതം കേട്ടു. "എടോ കൗന്തേയാ, നീ വെള്ളത്തിലേക്കു പോകേണ്ട. ബലം കൊണ്ട് അതു സാദ്ധ്യമല്ല. ഞാന്‍ തരുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി പറഞ്ഞാല്‍ നിനക്ക് വെള്ളം കുടിക്കാം. വെള്ളം കൊണ്ടു പോവുകയും ചെയ്യാം". ഇപ്രകാരംതടുത്ത ആ അദൃശ്യ ജീവിയോട് അര്‍ജ്ജുനന്‍ പറഞ്ഞു; "നീ നേരെ ചൊവ്വെ എന്റെ കണ്ണിന് മുമ്പില്‍ വന്ന് വീരനാണെങ്കില്‍ തടുക്കുക. അപ്പോള്‍ കാണാം! അമ്പേറ്റ നീ പിന്നെ ഒന്നും പറയുകയില്ല". എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ശരങ്ങള്‍ എടുത്തു ശബ്ദവേധം കാട്ടുന്ന വിധം ദിക്കിലൊക്കെ വര്‍ഷിച്ചു! കര്‍ണ്ണിനാളീക നാരാചങ്ങള്‍ വര്‍ഷിക്കുന്ന ആ പുരുഷര്‍ഷഭന്‍ അനേകം ശരങ്ങളെ തൃഷ്ണാര്‍ത്തിയോടു കൂടി വിട്ടു. അസംഖ്യം ശരവര്‍ഷങ്ങള്‍ ആകാശത്തും ചൊരിഞ്ഞു".
യക്ഷന്‍ പറഞ്ഞു: ഈ പ്രയത്നം കൊണ്ടൊന്നും എടോ, പാര്‍ത്ഥാ! യാതൊരു കാര്യവുമില്ല. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞതിന് ശേഷം വെള്ളം കുടിക്കുക. അല്ലാതെ നീ വെള്ളം കുടിച്ചാല്‍ ഉടനെ നിന്റെ കഥ കഴിയും.
ഇപ്രകാരം യക്ഷന്‍ പറഞ്ഞതു കേട്ട് സവ്യസാചിയായ ധനഞ്ജയന്‍ ആ വാക്ക് വകവെക്കാതെ വെള്ളം കോരിക്കുടിച്ചു. ഉടനെ അവനും നിലത്തു വീണു.
അര്‍ജ്ജുനനേയും കാണാതായപ്പോള്‍ പരിഭ്രാന്തനായ ധര്‍മ്മപുത്രന്‍ ഭീമനോട് പറഞ്ഞു: നകുലനും, സഹദേവനും, അര്‍ജ്ജുനനും വെള്ളത്തിനു പോയിട്ട് നേരം വളരെയായല്ലോ. അവരെ ആരെയും കാണമാനില്ലല്ലോ. ഭീമാ, നിനക്കു നന്മ വരട്ടെ! നീ ഉടനെ പോയി അവരെയും കൊണ്ട്, വെള്ളവുമായി ഉടനെ വരൂ.
ഭീമസേനന്‍ അതുകേട്ട് ഉടനെ ആ പ്രദേശത്തേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ അത്ഭുതം! തമ്പിമാർ എല്ലാവരും വീണു കിടക്കുന്നു. അവരെ കണ്ട് ദുഃഖിച്ചും ദാഹം കൊണ്ടു പൊരിഞ്ഞും അവന്‍ ഉഴന്നു. ഈ പണി ചെയ്തത് യക്ഷ രക്ഷസ്സുകളാണ്. ഇവരുമായി ഒരു പോരാട്ടം നടത്തുക തന്നെ വേണം എന്തായാലും വെള്ളം കുടിച്ചു ദാഹം ശമിപ്പിക്കട്ടെ. ഇപ്രകാരം പറഞ്ഞ് വൃകോദരന്‍ ജലാശയത്തിന്റെ സമീപത്തേക്കു കുതിച്ചു.
യക്ഷന്‍ പറഞ്ഞു: ഹേ! ധീമന്‍, ഭവാന്‍ സാഹസം ചെയ്യരുത്. ഇത് എന്റെ പൂര്‍വ്വസ്വത്താണ്. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞതിന് ശേഷം വെള്ളം കുടിക്കാം. കൊണ്ടു പോകുകയും ചെയ്യാം.
ഇപ്രകാരം തേജസ്വിയായ യക്ഷന്‍ പറഞ്ഞപ്പോള്‍ വൃകോദരന്‍ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ പോയി വെള്ളം കുടിക്കുകയും ഉടനെ വീഴുകയും ചെയ്തു.
ഭീമനേയും കാണാതായപ്പോള്‍ വളരെ നേരം കാത്തിരുന്ന് ഇപ്രകാരം വീണ്ടും വീണ്ടും പറഞ്ഞു: എന്താണ് മാദ്രേയന്മാര്‍ ഇങ്ങനെ അമാന്തിക്കുന്നത്? എന്താണ് അര്‍ജ്ജുനനെ കാണാത്തത്! ശക്തനായ ഭീമനേയും കാണുന്നില്ലല്ലോ? ഇനി ഞാന്‍ എന്തു ചെയ്യും ? ഞാന്‍ തന്നെ അവരെ അന്വേഷിക്കുവാന്‍ പൊയ്ക്കളയാം.
എന്നുറച്ച് യുധിഷ്ഠിരന്‍ വെന്തുനീറന്ന ഹൃദയത്തോടു കൂടി പുറപ്പെട്ടു. പിന്നെയും ധര്‍മ്മരാജാവ് ചിന്തിച്ചു തന്നെത്താന്‍ പറഞ്ഞു: ഈ കാട് ദുഷ്ടമാണോ? ആ മൃഗം ദുഷ്ടനാണെന്ന് വരുമോ? വല്ല മഹാനേയും അവര്‍ നിന്ദിച്ച് ശാപഗ്രസ്തരായി വീണു പോയോ? അവര്‍ ചെന്ന ദിക്കില്‍ വെളളം കണ്ടില്ലെന്നു വരുമോ? കാട്ടിലെങ്ങും വെള്ളം കാണാതെ വെള്ളവും തേടി നടക്കുകയാണോ? ആ പുരുഷര്‍ഷഭന്മാര്‍ മടങ്ങിയെത്താത്തതിന്റെ കാരണമെന്താണ്?
ഇപ്രകാരം പലവിധം ചിന്തകളോടെ ധര്‍മ്മരാജാവ് വിജനമായ ആ ഭയങ്കര വനത്തില്‍ ചെന്നു. രുരു; മാന്‍, പന്നികള്‍ പലതരം പക്ഷിക്കൂട്ടം ഇവകള്‍ പേര്‍ന്നതും നീലിമയോടെ ശോഭിക്കുന്ന വൃക്ഷങ്ങള്‍ നിറഞ്ഞതുമായ ഒരിടത്തു ചെന്നു. വണ്ടും പക്ഷികളും ശബ്ദിച്ചു കൊണ്ടിരിക്കുന്ന ആ പ്രദേശം കണ്ടു. സ്വര്‍ണ്ണം കൊണ്ടു പടവു കെട്ടിയതും ഭംഗിയേറിയതും വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതു പോലെ ഹൃദയം കവരുന്നതുമായ പൊയ്ക കണ്ടു. താമരകള്‍ നിരന്ന് വികസിച്ചും, കരുനൊച്ചി, ആറ്റുവഞ്ഞി, കൈനാറി, കരവീരം എന്നീ മരങ്ങള്‍ തീരങ്ങളില്‍ ചുറ്റം വളര്‍ന്നു നിരന്നും നില്‍ക്കുന്നതായ ആ പൊയ്ക ശ്രമാര്‍ത്തനായ യുധിഷ്ഠിരന്‍ അതൃത്ഭുതത്തോടെ നോക്കി നിന്നു.
313. യക്ഷപ്രശ്നം - വൈശമ്പായനൻ പറഞ്ഞു; യുധിഷ്ഠിരന്‍ കൗതുഹലത്തോടെ സരസ്സിന്റെ സമീപത്തേക്ക് എത്തി ഇറങ്ങുവാന്‍ ഭാവിക്കുമ്പോള്‍ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. ഇന്ദ്രതുല്യന്മാരായ തന്റെ ഭ്രാതാക്കന്മാര്‍ യുഗാവസാന കാലത്ത് സ്ഥാനത്തു നിന്നു വീണു പോയ ലോകപാലകന്മാരെ പോലെ ഹതന്മാരായി ഭൂമിയില്‍ കിടക്കുന്നു. വില്ലും അമ്പും ചിതറി വീണു കിടക്കുന്ന നിലയില്‍ അര്‍ജ്ജുനന്‍ കിടക്കുന്നു! ഭീമസേനനും മാദ്രേയന്മാരും മരിച്ചു നിശ്ചേഷ്ടരായി കിടക്കുന്നു! ഹതന്മാരായി നിശ്ചേഷ്ടത പൂണ്ട് വീണു കിടക്കുന്ന ഭ്രാതാക്കളെ നോക്കി ശോകത്താല്‍ ചുട്ട നെടുവീര്‍പ്പു വിട്ട്, കണ്ണുനീരൊഴുക്കി, ചിന്തകൊണ്ട് പരവശനായി നില്‍ക്കുന്ന യുധിഷ്ഠിരന്‍ എണ്ണിപ്പെറുക്കി ഓരോന്നു പറഞ്ഞ് വിലപിക്കുവാന്‍ തുടങ്ങി.
എടോ വൃകോദര, ദുര്യോധനന്റെ തുടകള്‍ യുദ്ധത്തില്‍ ഗദ കൊണ്ട് അടിച്ചൊടിക്കാമെന്ന് നീ ശപഥം ചെയ്തിട്ടില്ലേ മഹാബാഹോ നിന്റെ ശപഥമൊക്കെ നീ വീണു പോയതു മൂലം പാഴിലായി പോയില്ലേ? സാധാരണ മനുഷ്യര്‍ വല്ലതുമൊക്കെ പറയുകയും അതു സാധിക്കാതിരിക്കുകയും ചെയ്യുക സാധാരണമാണ്. എന്നാൽ മഹാത്മാക്കളും മഹാബാഹുക്കളും കുരുകുലത്തിന് കീര്‍ത്തി വളര്‍ത്തുന്നവരും ആണല്ലോ നിങ്ങള്‍. അപ്രകാരമുള്ള നിങ്ങളുടെ ദിവ്യമായ വാക്കുകള്‍ മിഥ്യയായി പോകുമോ? എടോ, അര്‍ജ്ജുനാ! നിന്നെ പ്രസവിച്ചപ്പോള്‍ ദേവന്മാര്‍ പറയുകയുണ്ടായി. "കുന്തീ, നിന്റെ ഈ പുത്രന്‍ ശക്രനേക്കാള്‍ ഒട്ടും താഴാത്തവനാകും". ഉത്തര ദിക്കിലേക്ക് പോകുമ്പോള്‍ ഭൂതങ്ങള്‍ പറഞ്ഞില്ലേ, "ഇവര്‍ക്ക് നഷ്ടമായ സകലശ്രീയും ഇവന്‍ നേടും! ഇവനെ പോരില്‍ ആര്‍ക്കും വെല്ലുവാന്‍ കഴിയുകയില്ല. ഇവന്‍ വെല്ലാതെ ഒരുത്തനും ഉണ്ടാവുകയില്ല". ആ മഹാഭാഗനായ ജിഷ്ണു എങ്ങനെ മൃത്യുവശഗനായി? അയ്യോ, എന്റെ സകല ആശകളും തകര്‍ത്ത് നിരത്തിയിട്ടാണല്ലോ ധനഞ്ജയന്‍ വെറും നിലത്തു ഹതനായി കിടക്കുന്നത്! ഇവന്‍ ഞങ്ങള്‍ക്കു നാഥനാണെന്നു വിചാരിച്ചല്ലേ ഈ ദുഃഖങ്ങളൊക്കെ ഞാന്‍ സഹിച്ചത്? പോരില്‍ തെറ്റിപ്പോകാത്തവരും വൈരികളുടെ വേരറുക്കുന്നവരുമായ ഈ ബലശാലികള്‍ എങ്ങനെ ശത്രുക്കളുടെ പിടിയില്‍ പെട്ടു പോയി! ഏത് അസ്ത്രങ്ങളും ഏൽക്കാത്തവരല്ലേ ഈ ഭീമസേനനും ധനഞ്ജയനും. ദുഷ്ടഹൃദയനായ എന്റെ മനസ്സ് കാരിരുമ്പാണ്; തീര്‍ച്ച! ഈ മാദ്രേയന്മാര്‍ വിണു കിടക്കുന്നതു കണ്ടിട്ടും എന്റെ ആ മനസ്സ് തകരുന്നില്ലല്ലോ.
ശസ്ത്രജ്ഞരും, ദേശകാലജ്ഞരും, തപസ്വികളും, കര്‍മ്മകുശലന്മാരുമായ നിങ്ങള്‍ തക്ക നടപടികള്‍ ശത്രുക്കളോട് എടുക്കാതെ എന്താണ് ഇങ്ങനെ പതിച്ചു പോകുവാന്‍? ദേഹത്തില്‍ യാതൊരു മുറിവും പറ്റിയതായി കാണുന്നില്ല. വില്ല് ഉടച്ചതായും കാണുന്നില്ല. നിങ്ങളെല്ലാവരും ഇങ്ങനെ മോഹിച്ചു വീഴുവാനെന്താണ് കാരണം? സുപ്തമായ പര്‍വ്വത സാനുക്കള്‍ പോലെ മയങ്ങിക്കിടക്കുന്ന ഭ്രാതാക്കളെ കണ്ട് വിയര്‍ത്തു ദുഃഖിച്ചു. ഇങ്ങനെയൊക്കെ എങ്ങനെ സംഭവിച്ചു? ബുദ്ധിമാനായ ധര്‍മ്മാത്മജന്‍ ശോക സമുദ്രത്തില്‍ നീന്തിത്തുടിച്ച് ഇതിന്റെ കാരണം എന്താണെന്നു ചിന്തിച്ചു. ഇനി എന്തു ചെയ്യണമെന്ന് ആ ദേശകാഥജ്ഞന്‍ കണ്ടെത്തുക യുണ്ടായില്ല. ആ മഹാമതി നല്ലപോലെ ചിന്തിച്ചു നോക്കി. ഒരു പിടിയും കിട്ടിയില്ല. ഇങ്ങനെ പലതും പറഞ്ഞ് വിലപിച്ചതില്‍ പിന്നെ, മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തി ധര്‍മ്മാത്മാവായ യമധര്‍മ്മന്റെ പുത്രന്‍, തന്റെ ബുദ്ധി കൊണ്ട് ആരാണ് ഈ വീരന്മാരെ വീഴ്ത്തിയതെന്ന് വീണ്ടും ഗാഢമായി ചിന്തിച്ചു.
ഇവരുടെ ദേഹത്തിലൊന്നും ശസ്ത്രാഘാത മേറ്റിട്ടില്ല. അടി കിട്ടിയതിന്റെ പാടുമില്ല. അതു കൊണ്ട് മനുഷ്യരാരുമല്ല എന്റെ സഹോദരന്മാരെ വീഴ്ത്തിയത്. അക്കാര്യം തീര്‍ച്ചയാണ്. പിന്നെ ആരായിരിക്കും? ഭൂതമാണ്. അതില്‍ യാതൊരു സംശയവുമില്ല. ഒന്നു മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും വെള്ളം കുടിച്ചതിന് ശേഷം ചിന്തിച്ചു കണ്ടുപിടിക്കാം. ഇതു ദുര്യാധനന്റെ ഗൂഢമായ പണിയാകാനാണ് ന്യായം. വക്രബുദ്ധിയായ ശകുനിയുടെ കുസൃതി വിദ്യയാണ് ഇത്. കാര്യവും അകാര്യവും ആ ദുഷ്ടന് ഒരു പോലെയാണ്. ഏതു വീരന്‍ ആ ദുരാഗ്രഹിയും ദുഷ്ടനുമായ അവനെ വിശ്വസിക്കും? ആ ദുഷ്ടന്റെ ഗൂഢപുരുഷന്മാര്‍ പറ്റിച്ച പണിയാണിത്. അല്ലാതെ വേറെയൊന്നു മാകാന്‍ തരമില്ല. ആ മഹാശയന്‍ ഇങ്ങനെ പല വിധത്തിലും ചിന്തിച്ചു. ഈ വെള്ളം വിഷദൂഷിതമാണോ? അതും ആകുവാന്‍ വഴികാണുന്നില്ല. കാരണം, മരിച്ചു കിടക്കുക ആണെങ്കിലും വൈകൃതമൊന്നും കാണപ്പെടുന്നില്ല. എന്റെ ഭ്രാതാക്കളുടെ മുഖവര്‍ണ്ണം തെളിഞ്ഞു തന്നെ കാണുന്നു. പ്രതേകിച്ചും മഹാപ്രവാഹ വേഗന്മാരായ ഈ പുരാഗ്ര്യന്മാരെ കാലാന്തക യമനൊഴികെ എതിര്‍ക്കുവാന്‍ ശക്തിയുള്ളവരായി മറ്റാരുണ്ട്! ഇപ്രകാരം വിചാരിച്ചുറച്ചു കൊണ്ട് വെള്ളം കുടിക്കുവാനായി യുധിഷ്ഠിരന്‍ പൊയ്കയിലേക്ക് ഇറങ്ങി. ആ വെള്ളത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ധര്‍മ്മപുത്രന്‍ ആകാശ ഭാഷിതം കേട്ടു
യക്ഷന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ഞാന്‍ ചണ്ടിയും മത്സ്യങ്ങളും തിന്നുന്ന കൊക്കാണ്. നിന്റെ തമ്പിമാരെയൊക്കെ ഈ ഞാനാണ് കൊന്നത്. ഞാന്‍ ചോദിക്കുന്നതിന് ശരിയായ ഉത്തരം പറയാതിരുന്നാല്‍ അഞ്ചാമനായ നിന്നെയും. ഞാന്‍ കൊല്ലും. എടോ, യുധിഷ്ഠിരാ! നീ സാഹസം ചെയ്യരുത്. ഇത് എന്റെ പൂര്‍വ്വസ്വത്താണ്. ചോദ്യത്തിന് ത്തരം പറഞ്ഞിട്ട് നിനക്കു വെള്ളം കുടിക്കാം. കൊണ്ടു പോവുകയും ചെയ്യാം. അല്ലെങ്കില്‍ നിന്റെയും കഥ നിന്റെ അനുജന്മാരുടേത് പോലെ തന്നെ ആക്കും!
യുധിഷ്ഠിരന്‍ പറഞ്ഞു; ഭവാന്‍ ആരാണ്? വസുക്കള്‍, രുദ്രന്മാര്‍, മരുത്തുക്കള്‍ എന്നിവരുടെ കൂട്ടത്തില്‍ ഭവാന്‍ ആരുടെ നായകനാണ്? ഭവാന്‍ ഏതു ദേവനാണെന്ന് അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. ഭവാന്‍ പക്ഷിയല്ല, തീര്‍ച്ചയാണ്. പക്ഷിക്ക് ഇത്രയും ഗൗരവമേറിയ കാര്യം ചെയ്യുവാന്‍ കഴികയില്ലെന്ന് എനിക്കറിയാം. ഹിമാലയം, പാരിയാത്രം, വിന്ധ്യന്‍, മലയം എന്നീ നാലു തേജസ്സേറിയ പര്‍വ്വതങ്ങളെയാണ് അടിച്ചു താഴെ വീഴ്ത്തിയിരിക്കുന്നത്. അവര്‍ കിടക്കുന്ന കിടപ്പ് നോക്കൂ! മഹാബലനായ ഭവാന്‍ ചെയ്ത കര്‍മ്മം ഏറ്റവും വലിയതാണ്. ദേവന്മാര്‍ക്കും ദാനവന്മാര്‍ക്കും, ഗന്ധര്‍വ്വന്മാര്‍ക്കും, യക്ഷന്മാര്‍ക്കും, അപ്സരസ്സുകള്‍ക്കും പോരില്‍ താങ്ങുവാന്‍ കഴിയാത്ത ഈ മഹാരഥന്മാരെ അടിച്ചു വീഴ്ത്തിയ ഭവാന്‍ സാധാരണ ദേവനൊന്നുമല്ല. ഇത് മഹാത്ഭുതം തന്നെ! ഭവാന്‍ എന്തു കാര്യത്തിനാണ് ഈ മഹാസാഹസം ചെയ്തത് ഭവാന്റെ അഭീഷ്ടം എന്താണെന്ന് ഈയുള്ളവന്‍ അറിയുന്നില്ല. എനിക്ക് ഇതില്‍ വളരെ കൗതുകവും ഭയവും ഉളവായിരിക്കുന്നു. എന്റെ ഹൃദയം ഉഴലുകയും തല പുകയുകയും ചെയ്യുന്നു. അതു കൊണ്ട് ഞാന്‍ പോന്നു, ഭവാന്‍ ആരാണ്? പറഞ്ഞാലും!
യക്ഷന്‍ പറഞ്ഞു: നിനക്ക് മംഗളം ഭവിക്കട്ടെ! ഞാന്‍ ജലചരനായ പക്ഷിയല്ല. നിന്റെ ശക്തന്മാരായ ഭ്രാതാക്കന്മാരെ ഒക്കെ കൊന്നതു ഞാനാണ്.
വൈശമ്പായനൻ. പറഞ്ഞു: രൂക്ഷമായ അക്ഷരത്തോടു ചേര്‍ന്ന അമംഗളമായ ഈ വാക്കു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ അല്പം മാറി നിന്നു. രാജാവേ, അപ്പോള്‍ ഭരതര്‍ഷഭനായ ധര്‍മ്മപുത്രന്‍ ആ യക്ഷന്റെ രൂപം ദര്‍ശിച്ചു. അധൃഷ്യനും, മഹാകായനും, വിരൂപാക്ഷനും, പര്‍വ്വതതുല്യനും ഉജ്ജ്വലിക്കുന്ന സുര്യനെ പോലെ പ്രകാശിക്കുന്നവനും പനയോളം നീണ്ട്, വൃക്ഷക്കൂട്ടത്തെ കവിഞ്ഞു നിൽക്കുന്ന നിലയില്‍ അവനെക്കണ്ടു. ആ മഹാസ്വനന്‍ മേഘ നിര്‍ഘോഷം പോലെ സംഭാഷണം തുടര്‍ന്നു;
യക്ഷന്‍ പറഞ്ഞു; നിന്റെ ഈ അനുജന്മാര്‍ ഞാന്‍ വീണ്ടും വീണ്ടും തടുത്തിട്ടും ബലമായി ജലം അപഹരിക്കുവാന്‍ ശ്രമിച്ചതു കൊണ്ടാണ് ഞാന്‍ അവരെ മര്‍ദ്ദിച്ചു വിട്ടത്. ഭവാനു ജീവനില്‍ കൊതിയുണ്ടോ? ഉണ്ടെങ്കില്‍ ഈ ജലം കുടിക്കരുത്! നീ സാഹസം ചെയ്യരുത്. ഇത് എന്റെ പൂര്‍വ്വ സ്വത്താണ്. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ നിനക്കു കുടിക്കുകയും കൊണ്ടു പോവുകയും ചെയ്യാം.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, യക്ഷാ! നിന്റെ പൂര്‍വ്വസ്വത്തൊന്നും എനിക്കു വേണ്ട. എനിക്കൊട്ട് ആഗ്രഹവുമില്ല. സല്‍പുരുഷന്മാരാരും തന്നത്താന്‍ പുകഴ്ത്തുക എന്നുള്ളത് ചെയ്കയില്ല. ബുദ്ധിക്ക് അടുത്ത വിധം നിന്റെ ചോദ്യത്തിന് മറുപടി പറയുവാന്‍ ശ്രമിച്ചുനോക്കാം. ഭവാന്‍. ചോദിച്ചു കൊള്ളുക.
യക്ഷന്‍ പറഞ്ഞു: ആദിത്യനെ ഏന്തുന്നതാരാണ്? അവന്റെ അനുചരന്മാര്‍ ആരാണ്? ആരാണ് അസ്തമിപ്പിക്കുന്നത്? എന്തിന്മേലാണ് സൂര്യന്റെ നിലനില്പ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ആദിതൃനെ ഏന്തുന്നത് ബ്രഹ്മമാണ്. ദേവന്മാരാണ് അനുചരന്മാര്‍. ആദിതൃനെ അസ്തമിപ്പിക്കുന്നതു ധര്‍മ്മമാണ്. സത്യത്തിന്മേലാണ് സൂര്യന്റെ നിലനില്പ്.
യക്ഷന്‍ പറഞ്ഞു: എങ്ങനെയാണ് ശ്രോത്രിയന്‍ ഉണ്ടാകുന്നത്? മഹത്തിനെ എങ്ങനെ അറിയുന്നു? സഹായവാനാകുന്നത് എങ്ങനെയാണ് എന്തിനാലാണ് ബുദ്ധിമാനാകുന്നത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ആചാര്യന്റെ മുഖത്തു നിന്ന് വേദാര്‍ത്ഥങ്ങളെ അവധാരണം ചെയ്യുന്നതില്‍ നിന്ന് വേദാദ്ധ്യായിയായ ശ്രോത്രിയന്‍ ഉണ്ടാകുന്നു. തപസ്സു കൊണ്ട് ശ്രുതാര്‍ത്ഥങ്ങളെ അവലോകനം ചെയ്യുമ്പോള്‍ മഹത്തിനെ,ബ്രഹ്മത്തെ അറിയുന്നു. ഇന്ദ്രിയ വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന അവ്യഭിചാ രിണിയായ ബുദ്ധിയുള്ളവന്‍ സഹായവാനാകുന്നു. വൃദ്ധജന സേവ കൊണ്ട് ബുദ്ധിമാനാകുന്നു.
യക്ഷന്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക് ദിവ്യത്വം എന്താണ്? സദാചാരമെന്താണ്? മനുഷ്യത്വം എന്താണ്? സത്തായ ധര്‍മ്മം എന്താണ്? ദുഷ്ടമായ ധര്‍മ്മം എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക് സ്വാദ്ധ്യായം ( വേദാദ്ധ്യയനം ) ആണ് ദേവത്വം. സദാചാരം തപസ്സാണ്; ജനന മരണങ്ങളാണ് മാനുഷത്വം. അപവാദങ്ങള്‍ പറയുക എന്നതാണ് ദുഷ്ടമായ ധര്‍മ്മം.
യക്ഷന്‍ പറഞ്ഞു: ക്ഷത്രിയര്‍ക്കു ദേവത്വം എന്നത് എന്താണ്? സദാചാരം എന്താണ്? അവരുടെ മര്‍ത്ത്യഭാവം എന്താണ്; ദുഷ്ടന്റെ മട്ട് എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു; ക്ഷത്രിയന്മാര്‍ക്ക് വരാസ്ത്രങ്ങളാണ് ദേവത്വം. യജ്ഞമാണ് സദാചാരം. ഭയമാണ് മര്‍ത്ത്യഭാവം. ശരണാഗതന്മാരെ തൃജിക്കലാണ് ദുഷ്ടമായ ആചാരം.
യക്ഷന്‍ പറഞ്ഞു: യജ്ഞീയമായ സാമമെന്താണ്? യജ്ഞീയമായ യജുസ്സെന്താണ്? യജ്ഞീയം എന്താണ്? യജ്ഞം എന്തിനെ വരിക്കുന്നു യജ്ഞം എന്തിനെ അതിലംഘിക്കാതിരിക്കുന്നു?
യുധിഷ്ഠിരന്‍ പറഞ്ഞു: പ്രാണനാണ് യജ്ഞ വിഷയമായ സാമം. മനസ്സാണ് യജ്ഞീയമായ യജുസ്സ്. ഋക്കിനെ യജ്ഞം സ്വീകരിക്കുന്നു. ഇവ മൂന്നിനേയുമാണ് യജ്ഞം അതിലംഘിക്കാത്തത്.
യക്ഷന്‍ പറഞ്ഞു: ആവപത്തില്‍ ശ്രേഷ്ഠമായത്. എന്താണ്? നിവപത്തില്‍ ശ്രേഷ്ഠമെന്താണ്? പ്രതിഷ്ഠമാനത്തില്‍ ശ്രേഷ്ഠമെന്താണ്? പ്രസവത്തില്‍ ശ്രേഷ്ഠമെന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ആവപത്തില്‍ (കൃഷി) ശ്രേഷ്ഠം വര്‍ഷവും, നിവപത്തില്‍ (വിളവില്‍) ശ്രേഷ്ഠം വിത്തും, പ്രതിഷ്ഠമാനത്തില്‍ (സുഖജീവിതം കാമിക്കുന്നവര്‍ക്ക്) ശ്രേഷ്ഠം പശുക്കളും, പ്രസവത്തില്‍ ( പാരമ്പര്യം ഇച്ഛിക്കുന്നതില്‍ ) ശ്രേഷ്ഠന്‍ പുത്രനുമാണ്.
യക്ഷന്‍ പറഞ്ഞു: ഇന്ദ്രിയ സുഖങ്ങള്‍ അനുഭവിക്കുന്നവനും, ബുദ്ധിമാനും ലോകരാല്‍ മാനിതനും, ഏവര്‍ക്കും സമ്മതനുമായ ഒരുവന്‍ ശ്വസിച്ച് ജീവിക്കുന്നുണ്ടെങ്കിലും അവന്‍ ജീവിക്കുന്നവൻ അല്ലെന്നു പറയുന്നത് എന്തു കൊണ്ടാണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ദേവതകള്‍ക്കും അതിഥികള്‍ക്കും, ഭൃതുന്മാര്‍ക്കും, പിതൃക്കള്‍ക്കും തനിക്കും ഈ അഞ്ചു പേര്‍ക്കും ആര് ബലി നല്കുന്നില്ലയോ, അവന്‍ ഉച്ഛ്വസിക്കുന്നുണ്ടെങ്കിലും ജീവിക്കുന്നവനല്ല.
യക്ഷന്‍ പറഞ്ഞു; ഭൂമിയേക്കാള്‍ ഗുരതരമായത് എന്താണ്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്താണ്? കാറ്റിനേക്കാള്‍ വേഗം കൂടിയതെന്താണ്? തൃണത്തേക്കാള്‍ ബഹുതരം ആയത് എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ഭൂമിയേക്കാള്‍ ഗുരുതരമായത് അമ്മയാണ്. ആകാശത്തേക്കാള്‍ ഉയര്‍ന്നത് അച്ഛനാണ്. കാറ്റിനേക്കാള്‍ വേഗം കൂടിയത് മനസ്സാണ്. തൃണത്തേക്കാള്‍ ബഹുതരമായത് ചിന്തയാണ്.
യക്ഷന്‍ പറഞ്ഞു: ഉറക്കത്തില്‍ കണ്ണടയ്ക്കാത്തത് ഏതാണ്? ഉണ്ടായിട്ടും വളരാത്തത് ഏതാണ്? ഏതിന് ഹൃദയമില്ല; വേഗത്താല്‍ വര്‍ദ്ധിക്കുന്നത് ഏത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ഉറക്കത്തില്‍ കണ്ണടയ്ക്കാത്തത് മത്സ്യമാണ്. ജാതമായതില്‍ പിന്നെ വളരാത്തത് അണ്ഡമാണ്. ഹൃദയമില്ലാത്തത് കല്ലാണ്. വേഗത്തില്‍ വര്‍ദ്ധിക്കുന്നത് നദിയാണ്.
യക്ഷന്‍ പറഞ്ഞു; യക്ഷന്‍ പറഞ്ഞു: നിനക്ക് മംഗളം ഭവിക്കട്ടെ! ഞാന്‍ ജലചരനായ പക്ഷിയല്ല. നിന്റെ ശക്തന്മാരായ ഭ്രാതാക്കന്മാരെ ഒക്കെ കൊന്നതു ഞാനാണ്.
വൈശമ്പായനൻ. പറഞ്ഞു: രൂക്ഷമായ അക്ഷരത്തോടു ചേര്‍ന്ന അമംഗളമായ ഈ വാക്കു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ അല്പം മാറി നിന്നു. രാജാവേ, അപ്പോള്‍ ഭരതര്‍ഷഭനായ ധര്‍മ്മപുത്രന്‍ ആ യക്ഷന്റെ രൂപം ദര്‍ശിച്ചു. അധൃഷ്യനും, മഹാകായനും, വിരൂപാക്ഷനും, പര്‍വ്വതതുല്യനും ഉജ്ജ്വലിക്കുന്ന സുര്യനെ പോലെ പ്രകാശിക്കുന്നവനും പനയോളം നീണ്ട്, വൃക്ഷക്കൂട്ടത്തെ കവിഞ്ഞു നിൽക്കുന്ന നിലയില്‍ അവനെക്കണ്ടു. ആ മഹാസ്വനന്‍ മേഘ നിര്‍ഘോഷം പോലെ സംഭാഷണം തുടര്‍ന്നു;
യക്ഷന്‍ പറഞ്ഞു; നിന്റെ ഈ അനുജന്മാര്‍ ഞാന്‍ വീണ്ടും വീണ്ടും തടുത്തിട്ടും ബലമായി ജലം അപഹരിക്കുവാന്‍ ശ്രമിച്ചതു കൊണ്ടാണ് ഞാന്‍ അവരെ മര്‍ദ്ദിച്ചു വിട്ടത്. ഭവാനു ജീവനില്‍ കൊതിയുണ്ടോ? ഉണ്ടെങ്കില്‍ ഈ ജലം കുടിക്കരുത്! നീ സാഹസം ചെയ്യരുത്. ഇത് എന്റെ പൂര്‍വ്വ സ്വത്താണ്. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ നിനക്കു കുടിക്കുകയും കൊണ്ടു പോവുകയും ചെയ്യാം.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, യക്ഷാ! നിന്റെ പൂര്‍വ്വസ്വത്തൊന്നും എനിക്കു വേണ്ട. എനിക്കൊട്ട് ആഗ്രഹവുമില്ല. സല്‍പുരുഷന്മാരാരും തന്നത്താന്‍ പുകഴ്ത്തുക എന്നുള്ളത് ചെയ്കയില്ല. ബുദ്ധിക്ക് അടുത്ത വിധം നിന്റെ ചോദ്യത്തിന് മറുപടി പറയുവാന്‍ ശ്രമിച്ചുനോക്കാം. ഭവാന്‍. ചോദിച്ചു കൊള്ളുക.
യക്ഷന്‍ പറഞ്ഞു: ആദിത്യനെ ഏന്തുന്നതാരാണ്? അവന്റെ അനുചരന്മാര്‍ ആരാണ്? ആരാണ് അസ്തമിപ്പിക്കുന്നത്? എന്തിന്മേലാണ് സൂര്യന്റെ നിലനില്പ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ആദിതൃനെ ഏന്തുന്നത് ബ്രഹ്മമാണ്. ദേവന്മാരാണ് അനുചരന്മാര്‍. ആദിതൃനെ അസ്തമിപ്പിക്കുന്നതു ധര്‍മ്മമാണ്. സത്യത്തിന്മേലാണ് സൂര്യന്റെ നിലനില്പ്.
യക്ഷന്‍ പറഞ്ഞു: എങ്ങനെയാണ് ശ്രോത്രിയന്‍ ഉണ്ടാകുന്നത്? മഹത്തിനെ എങ്ങനെ അറിയുന്നു? സഹായവാനാകുന്നത് എങ്ങനെയാണ് എന്തിനാലാണ് ബുദ്ധിമാനാകുന്നത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ആചാര്യന്റെ മുഖത്തു നിന്ന് വേദാര്‍ത്ഥങ്ങളെ അവധാരണം ചെയ്യുന്നതില്‍ നിന്ന് വേദാദ്ധ്യായിയായ ശ്രോത്രിയന്‍ ഉണ്ടാകുന്നു. തപസ്സു കൊണ്ട് ശ്രുതാര്‍ത്ഥങ്ങളെ അവലോകനം ചെയ്യുമ്പോള്‍ മഹത്തിനെ,ബ്രഹ്മത്തെ അറിയുന്നു. ഇന്ദ്രിയ വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന അവ്യഭിചാ രിണിയായ ബുദ്ധിയുള്ളവന്‍ സഹായവാനാകുന്നു. വൃദ്ധജന സേവ കൊണ്ട് ബുദ്ധിമാനാകുന്നു.
യക്ഷന്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക് ദിവ്യത്വം എന്താണ്? സദാചാരമെന്താണ്? മനുഷ്യത്വം എന്താണ്? സത്തായ ധര്‍മ്മം എന്താണ്? ദുഷ്ടമായ ധര്‍മ്മം എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക് സ്വാദ്ധ്യായം ( വേദാദ്ധ്യയനം ) ആണ് ദേവത്വം. സദാചാരം തപസ്സാണ്; ജനന മരണങ്ങളാണ് മാനുഷത്വം. അപവാദങ്ങള്‍ പറയുക എന്നതാണ് ദുഷ്ടമായ ധര്‍മ്മം.
യക്ഷന്‍ പറഞ്ഞു: ക്ഷത്രിയര്‍ക്കു ദേവത്വം എന്നത് എന്താണ്? സദാചാരം എന്താണ്? അവരുടെ മര്‍ത്ത്യഭാവം എന്താണ്; ദുഷ്ടന്റെ മട്ട് എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു; ക്ഷത്രിയന്മാര്‍ക്ക് വരാസ്ത്രങ്ങളാണ് ദേവത്വം. യജ്ഞമാണ് സദാചാരം. ഭയമാണ് മര്‍ത്ത്യഭാവം. ശരണാഗതന്മാരെ തൃജിക്കലാണ് ദുഷ്ടമായ ആചാരം.
യക്ഷന്‍ പറഞ്ഞു: യജ്ഞീയമായ സാമമെന്താണ്? യജ്ഞീയമായ യജുസ്സെന്താണ്? യജ്ഞീയം എന്താണ്? യജ്ഞം എന്തിനെ വരിക്കുന്നു യജ്ഞം എന്തിനെ അതിലംഘിക്കാതിരിക്കുന്നു?
യുധിഷ്ഠിരന്‍ പറഞ്ഞു: പ്രാണനാണ് യജ്ഞ വിഷയമായ സാമം. മനസ്സാണ് യജ്ഞീയമായ യജുസ്സ്. ഋക്കിനെ യജ്ഞം സ്വീകരിക്കുന്നു. ഇവ മൂന്നിനേയുമാണ് യജ്ഞം അതിലംഘിക്കാത്തത്.
യക്ഷന്‍ പറഞ്ഞു: ആവപത്തില്‍ ശ്രേഷ്ഠമായത്. എന്താണ്? നിവപത്തില്‍ ശ്രേഷ്ഠമെന്താണ്? പ്രതിഷ്ഠമാനത്തില്‍ ശ്രേഷ്ഠമെന്താണ്? പ്രസവത്തില്‍ ശ്രേഷ്ഠമെന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ആവപത്തില്‍ (കൃഷി) ശ്രേഷ്ഠം വര്‍ഷവും, നിവപത്തില്‍ (വിളവില്‍) ശ്രേഷ്ഠം വിത്തും, പ്രതിഷ്ഠമാനത്തില്‍ (സുഖജീവിതം കാമിക്കുന്നവര്‍ക്ക്) ശ്രേഷ്ഠം പശുക്കളും, പ്രസവത്തില്‍ ( പാരമ്പര്യം ഇഷ്ണിക്കുന്നതില്‍ ) ശ്രേഷ്ഠന്‍ പുത്രനുമാണ്.
യക്ഷന്‍ പറഞ്ഞു: ഇന്ദ്രിയ സുഖങ്ങള്‍ അനുഭവിക്കുന്നവനും, ബുദ്ധിമാനും ലോകരാല്‍ മാനിതനും, ഏവര്‍ക്കും സമ്മതനുമായ ഒരുവന്‍ ശ്വസിച്ച് ജീവിക്കുന്നുണ്ടെങ്കിലും അവന്‍ ജീവിക്കുന്നവൻ അല്ലെന്നു പറയുന്നത് എന്തു കൊണ്ടാണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ദേവതകള്‍ക്കും അതിഥികള്‍ക്കും, ഭൃത്യന്മാര്‍ക്കും, പിതൃക്കള്‍ക്കും തനിക്കും ഈ അഞ്ചു പേര്‍ക്കും ആര് ബലി നല്കുന്നില്ലയോ, അവന്‍ ഉച്ഛ്വസിക്കു ന്നുണ്ടെങ്കിലും ജീവിക്കുന്നവനല്ല.
യക്ഷന്‍ പറഞ്ഞു; ഭൂമിയേക്കാള്‍ ഗുരതരമായത് എന്താണ്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്താണ്? കാറ്റിനേക്കാള്‍ വേഗം കൂടിയതെന്താണ്? തൃണത്തേക്കാള്‍ ബഹുതരമായത് എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ഭൂമിയേക്കാള്‍ ഗുരുതരമായത് അമ്മയാണ്. ആകാശത്തേക്കാള്‍ ഉയര്‍ന്നത് അച്ഛനാണ്. കാറ്റിനേക്കാള്‍ വേഗം കൂടിയത് മനസ്സാണ്. തൃണത്തേക്കാള്‍ ബഹുതരമായത് ചിന്തയാണ്.
യക്ഷന്‍ പറഞ്ഞു: ഉറക്കത്തില്‍ കണ്ണടയ്ക്കാത്തത് ഏതാണ്? ഉണ്ടായിട്ടും വളരാത്തത് ഏതാണ്? ഏതിന് ഹൃദയമില്ല; വേഗത്താല്‍ വര്‍ദ്ധിക്കുന്നത് ഏത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ഉറക്കത്തില്‍ കണ്ണുടയ്ക്കാത്തത് മത്സ്യമാണ്. ജാതമായതില്‍ പിന്നെ വളരാത്തത് അണ്ഡമാണ്. ഹൃദയമില്ലാത്തത് കല്ലാണ്. വേഗത്തില്‍ വര്‍ദ്ധിക്കുന്നത് നദിയാണ്.
യക്ഷന്‍ പറഞ്ഞു; പ്രവസിക്കുന്നവന് മിത്രം എന്ത്? ഗൃഹസ്ഥന് മിത്രം ആര്?
യുധിഷ്ഠിരന്‍ പറഞ്ഞു: പ്രവസിക്കു മിത്രം കൂട്ടുകാരനാണ്. ഗൃഹസ്ഥന് മിത്രം ഭാര്യയാണ്! രോഗാര്‍ത്തന്ന് മിത്രം വൈദൃനാണ്. ചാകാന്‍ അടുത്തവന്ന് മിത്രം ദാനമാണ്.
യക്ഷന്‍ പറഞ്ഞു: സര്‍വ്വഭുതങ്ങള്‍ക്കും അതിഥി. ആരാണ്?സനാതനമായ ധര്‍മ്മം എന്താണ്? അമൃതം എന്താണ്? ജഗത്തിലൊട്ടുക്ക് എന്തുണ്ട്
യുധിഷ്ഠിരന്‍ പറഞ്ഞു: സര്‍വ്വ ഭൂതങ്ങള്‍ക്കും അതിഥി അഗ്നിയാണ്. സനാതനമായ ധര്‍മ്മം മോക്ഷഹേതുവാണ്. സോമം തന്നെയാണ് പശുവിൻ പാലാകുന്ന അമൃതം: ജഗത്തിൽ ഒട്ടുക്കും ഉള്ളത് വായുവാണ്.
യക്ഷന്‍ പറഞ്ഞു: ഏകനായി, തനിച്ച് ചുറ്റുന്നവന്‍ ആരാണ്? ജാതനായിട്ടു വീണ്ടും ജനിക്കുന്നവന്‍ ആരാണ്? ഹിമത്തിന് വലിയ ഔഷധം എന്താണ്? വിളവ് ഉണ്ടാകുന്നതിൽ ഏറ്റവും മഹത്തായതെന്ത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ഏകനായി സഞ്ചരിക്കുന്നവന്‍ സൂര്യനാണ്. ചന്ദ്രന്‍ ജനിച്ചിട്ട് വീണ്ടും ജനിക്കുന്നു. ഹിമത്തിന് വലിയ ഔഷധം തീയാണ്. വിളവ് ഉണ്ടാകുന്നതില്‍ മഹത്വം ഭൂമിക്കാണ്.
യക്ഷന്‍ പറഞ്ഞു: ധര്‍മ്മത്തിനും, യശസ്സിനും, സ്വർഗ്ഗത്തിനും, സുഖത്തിനും ഒരേ പര്യായ സ്ഥാനമായി നിൽക്കുന്നത് ഏതേതാണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മത്തിന് ദാക്ഷ്യവും യശസ്സിന് ദാനവും, സ്വര്‍ഗ്ഗത്തിന് സത്യവും, സുഖത്തിന് ശീലവുമാണ് ഒരേ ഒരു ആശ്രയസ്ഥാനം.
യക്ഷന്‍ പറഞ്ഞു: മനുഷ്യന്റെ ആത്മാവ് എന്താണ്? അവന് ദൈവം തരുന്ന സഖാവാരാണ്? അവന്റെ ഉപജീവനം എന്താണ്? അവന് പരായണമായത് എന്ത്?
യുധിഷ്ഠിരന്‍ പറഞ്ഞു: പുത്രനാണ് മനുഷ്യന്റെ ആത്മാവ്, അവന് ദൈവകൃതമായ സഖി ഭാര്യയാണ്. മഴ പെയ്യുന്ന മേഘമാണ് ഉപജീവനം. ദാനമാണ് അവന് പരായണമായിട്ടുള്ളത്.
യക്ഷന്‍ പറഞ്ഞു; ധന്യങ്ങളില്‍ ശ്രേഷ്ഠമെന്താണ്? ധനത്തില്‍ ശ്രേഷ്ഠമായിട്ടുള്ളത് എന്താണ്? ലാഭത്തില്‍ ശ്രേഷ്ഠമായിട്ടുള്ളത് എന്താണ്? സുഖത്തില്‍ ശ്രേഷ്ഠമായത് എന്ത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ധന്യങ്ങളില്‍ ശ്രേഷ്ഠമായത് ദാക്ഷ്യമാണ്. ധനങ്ങളില്‍ ശ്രേഷ്ഠമായത് വേദാദ്ധ്യയനമാണ്. ലാഭങ്ങളില്‍ ശ്രേഷ്ഠമായത് ആരോഗ്യമാണ്. സുഖങ്ങളില്‍ ശ്രേഷ്ഠമായത് സന്തുഷ്ടിയുമാണ്.
യക്ഷന്‍ പറഞ്ഞു; ലോകത്തില്‍ പരമമായ ധര്‍മ്മം ഏതാണ്? സദാ ഫലവത്തായത് ഏതു ധര്‍മ്മമാണ്? ഏതിനെ കീഴടക്കിയാല്‍ ദുഃഖിക്കേണ്ടി വരികയില്ലാ? എങ്ങനെയുള്ള സന്ധി എന്നും നശിക്കുകയില്ലാ?
യുധിഷ്ഠിരന്‍ പറഞ്ഞു; പരദ്രോഹം ചെയ്യാതിരിക്കല്‍ (അഹിംസ) ആണ് പരമമായ ധര്‍മ്മം. ത്രയീ ധര്‍മ്മമാണ് (അഃ ഉഃ മ് - ഓം) പ്രണവം. പ്രണവത്തെ ആശ്രയിച്ച് നിൽക്കുന്ന ധര്‍മ്മമാണ് സദാ ഫലമായിട്ടുള്ളത്. മനസ്സിനെ അടക്കിയാല്‍ ദുഃഖിക്കേണ്ടി വരികയില്ല]. സജ്ജനത്തോടുള്ള സന്ധി എന്നും കെടുകയില്ല.
യക്ഷന്‍ പറഞ്ഞു; എന്ത് ഉപേക്ഷിച്ചാല്‍ ഇഷ്ടനായി വരും? എന്ത് ഉപേക്ഷിച്ചാല്‍ ദുഃഖിക്കയില്ല? എന്ത് ഉപേക്ഷിച്ചാല്‍ അര്‍ത്ഥവാനാകും? എന്ത് ഉപേക്ഷിച്ചാല്‍ സുഖം സിദ്ധിക്കും?
യുധിഷ്ഠിരന്‍ പറഞ്ഞു: ദേഹാഭിമാനം ഉപേക്ഷിച്ചാല്‍ ഇഷ്ടനാകും. ക്രോധം ഉപേക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരികയില്ല. കാമം ഉപേക്ഷിച്ചാല്‍ അർത്ഥവാനാകും. ലോഭം ഉപേക്ഷിച്ചാല്‍ സുഖം സിദ്ധിക്കും.
യക്ഷന്‍ പറഞ്ഞു; ബ്രാഹ്മണര്‍ക്കു ദാനം എന്തിന് ആയിട്ടാണ്? കൂത്താട്ടക്കാര്‍ക്ക് ദാനം എന്തിനായിട്ടാണ്? ഭൃത്യന്മാര്‍ക്ക് ദാനം എന്തിനായിട്ടാണ്? രാജാക്കന്മാര്‍ക്ക് ദാനം എന്തിനായിട്ടാണ്?
യുധിഷ്ഠിരന്‍ പറഞ്ഞു; ബ്രാഹ്മണര്‍ക്ക് ദാനം ധര്‍മ്മത്തിനായിട്ടാണ്. കൂത്താട്ടക്കാര്‍ക്ക് (നടന്മാര്‍ക്ക്) ദാനം യശസ്സിനായിട്ടാണ്. ഭൃത്യന്മാര്‍ക്ക് ദാനം ഭരണത്തിനായിട്ടാണ്. രാജാവിന് ദാനം ഭയത്തിനായിട്ടുമാണ്.
യക്ഷന്‍ പറഞ്ഞു; എന്തിനാല്‍ ലോകം മൂടിയിരിക്കുന്നു? ഏതിനാല്‍ പ്രകാശം ഉണ്ടാകുന്നു? എന്തിനാല്‍ ഇഷ്ടരെ വിടുന്നു? എന്തിനാല്‍ സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ കഴിയുകയില്ല?
യുധിഷ്ഠിരന്‍ പറഞ്ഞു: അജ്ഞാനത്താല്‍ ലോകം മൂടുന്നു. ബുദ്ധിയാല്‍ ലോകം തെളിയുന്നു. ലോഭത്താല്‍ ഇഷ്ടരെ വിടുന്നു. സംഗത്താല്‍ സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ കഴിയുന്നില്ല.
യക്ഷന്‍ പറഞ്ഞു: പുരുഷന്‍ എങ്ങനെ മൃതനായി ഭവിക്കുന്നു?; രാഷ്ട്രം എങ്ങനെ മൃതമാകുന്നു? ശ്രാദ്ധം എങ്ങനെ മൃതമാകുന്നു? യജ്ഞം എങ്ങനെ മൃതമാകുന്നു?
യുധിഷ്ഠിരന്‍ പറഞ്ഞു: ദരിദ്രനായ പുരുഷന്‍ മൃതനാണ്. അരാജകമായ രാഷ്ട്രം മൃതമാണ്. ശ്രോത്രിയനില്ലാത്ത ശ്രാദ്ധവും മൃതം തന്നെ! ദക്ഷിണയില്ലാത്ത യജ്ഞവും മൃതം തന്നെ!
യക്ഷന്‍ പറഞ്ഞു: ദിക്ക് എന്താണ്? ഉദകമെന്താണ്? അന്നം എന്താണ്? വിഷം എന്താണ്? ശ്രാദ്ധകാലം ഏത്? ഇതു കൂടി പറയുക. പിന്നെ വെള്ളം കുടിക്കാം. കൊണ്ടു പോവുകയും ചെയ്യാം.
യുധിഷ്ഠിരന്‍ പറഞ്ഞു: സജ്ജനങ്ങളാണ് ദിക്ക് (മാര്‍ഗ്ഗദര്‍ശികള്‍). ആകാശമാണ് ഉദകം. പശുവാണ് അന്നം. യാചനമാണ് വിഷം. ശ്രാദ്ധകാലം ബ്രാഹ്മണനാണ് (വേദജ്ഞനായ നല്ല ബ്രാഹ്മണനെ കിട്ടുന്നതു തന്നെയാണ് ശ്രാദ്ധത്തിനുള്ള സമയം). ഹേ യക്ഷാ! ഭവാന്റെ അഭിപ്രായമെന്താണ്?
യക്ഷന്‍ പറഞ്ഞു: തപസ്സിന് ചിഹ്നം എന്താണ്? ദമത്തിന്ന്‌എന്താണ് ചിഹ്നം? പരയായ ക്ഷമയെന്താണ്? ഹ്രീ എന്നാൽ എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: സ്വധര്‍മ്മ വര്‍ത്തിത്വമാണ് തപസ്സിന്റെ ലക്ഷണം. മനസ്സിന്റെ അടക്കമാണ് ദമത്തിന്റെ ലക്ഷണം.
സുഖദുഃഖാദി ദ്വന്ദ്വങ്ങളുടെ സഹിഷ്‌ണുത്വം ക്ഷമയുടെ ചിഹ്നമാണ്. അകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതാണ് ഫ്രീയുടെ ലക്ഷണം.
യക്ഷന്‍ പറഞ്ഞു; ജ്ഞാനം എന്താണ്? ശമം എന്താണ്?; പരയായ ദയ എന്താണ്? ആര്‍ജ്ജവം എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: തത്വാര്‍ത്ഥ ബോധമാണ് ജ്ഞാനം. ചിത്തപ്രശാന്തയാണ് ശമം. സര്‍വ്വഭൂത സുഖേച്ഛയാണ് ദയ. സമചിത്തതയാണ് ആര്‍ജ്ജവം.
യക്ഷന്‍ പറഞ്ഞു: ആരാണ് ദുര്‍ജ്ജയനായ ശത്രു? അനന്തമായ വ്യാധി എന്താണ്? സാധു ഏതു വിധക്കാരൻ ആണ്? അസാധു ഏതു വിധക്കാരനാണ്? -
യുധിഷ്ഠിരന്‍ പറഞ്ഞു: ദുര്‍ജ്ജയനായ ശത്രു ക്രോധമാണ്. അക്ഷയമായ വ്യാധി ലോഭമാണ്. ഏവര്‍ക്കും ഹിതനായവനാണ് സാധു. ദയവിട്ടവനാരോ അവനാണ് അസാധു.
യക്ഷന്‍ പറഞ്ഞു: മോഹം എന്താണ്? രാജാവേ, മാനംഎന്താണ്? ആലസ്യമെന്നാല്‍ എന്താണ്? ശോകം എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മം പിഴയ്ക്കുന്നതാണ് മോഹം. ആത്മാഭിമാനമാണ് മാനം. ധര്‍മ്മം (കര്‍ത്തവ്യം) ചെയ്യാതിരിക്കുകയാണ് ആലസ്യം. അജ്ഞാനമാണ് ശോകം.
യക്ഷന്‍ പറഞ്ഞു: ഋഷി പ്രോക്തമായ സ്ഥൈര്യം എന്താണ്? ധൈര്യം എന്നാൽ എന്താണ്? മുഖ്യമായ സ്നാനം എന്താണ്? ദാനം എന്നാൽ എന്ത്?
യുധിഷ്ഠിരന്‍ പറഞ്ഞു; സ്വധര്‍മ്മ നിഷ്ഠയാണ് സ്ഥൈര്യം. ഇന്ദ്രിയ നിഗ്രഹമാണ് ധൈര്യം. മനസ്സിലെ മലിനത നീക്കലാണ് സ്നാനം. ജീവികളെ രക്ഷിക്കുക എന്നതാണ് ദാനം.
യക്ഷന്‍ പറഞ്ഞു: ആരാണ് പണ്ഡിതന്‍? ആരാണ് നാസ്തികന്‍? മൂര്‍ഖന്‍ ആരാണ്? കാമമെന്ത്? മത്സരമെന്ത്?
യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മജ്ഞനാണ് പണ്ഡിതന്‍. നാസ്തികനാണ് മൂര്‍ഖന്‍. സംസാരത്തിനു കാരണമായി ഭവിക്കുന്നത് കാമം. ഉള്ളിലെ താപമാണ് മത്സരം.
യക്ഷന്‍ പറഞ്ഞു: എന്താണ് അഹങ്കാരം? എന്താണ് ദംഭം? പരമമായ ദൈവം എന്തൊന്നാണ്? പിശുനത്വം എന്താണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: മൂര്‍ത്തത്തെ പറ്റിയുള്ള അജ്ഞാനമാണ് അഹങ്കാരം. ധര്‍മ്മിഷ്ഠ വേഷമാണ് ദംഭം. ദാനത്തിന്റെ ഫലമാണ് ദൈവം. പരദൂഷണം എന്നതാണ് പൈശുന്യം.
യക്ഷന്‍ പറഞ്ഞു; ധര്‍മ്മം, അര്‍ത്ഥം, കാമം ഇവ പരസ്പരം വിരോധികളാണ്. നിത്യവും വിരുദ്ധമായ ഇവ ഒരിടത്ത് എങ്ങനെ ചേര്‍ന്നിരിക്കുന്നു?
യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മവും, ഭാര്യയും തമ്മില്‍ ചേര്‍ന്ന് നിന്നാല്‍ മതി. എന്നാൽ ധര്‍മ്മവും, അര്‍ത്ഥവും, കാമവും ഒരിടത്തു ചേര്‍ന്നു നിന്നു കൊള്ളും.
യക്ഷന്‍ പറഞ്ഞു: ആര്‍ക്കാണ് അക്ഷയമായ നരകം ലഭിക്കുക? ചോദിക്കുന്ന എന്നോട് ഇതിന്റെ ഉത്തരം ഉടനെ പറയുക.
യുധിഷ്ഠിരന്‍ പറഞ്ഞു: ദരിദ്രനായ വിപ്രനെ ദാനത്തിനായി വിളിച്ചു വരുത്തിയതിന് ശേഷം ഒന്നുമില്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുന്നവന് നിത്യമായ നരകം ലഭിക്കുന്നതാണ്. വേദങ്ങളിലും, ധര്‍മ്മ ശാസ്ത്രങ്ങളിലും, ബ്രാഹ്മണരിലും, ദേവന്മാരിലും, പിതൃക്കളിലും ധര്‍മ്മങ്ങളിലും യാതൊരു കാര്യവുമില്ലെന്ന് കരുതുന്നവനും അക്ഷയമായ നരകം തന്നെയാണ് ഫലം. ധനം നേടിയിട്ടും. ദാനഭോഗങ്ങള്‍ കൂടാതെ ആരോടും ഇല്ലെന്നു പറയുന്നവനും എത്തുന്നത് നിത്യമായ നരകത്തിലേക്ക് ആയിരിക്കും.
യക്ഷന്‍ പറഞ്ഞു: രാജാവേ, കുലം, വൃത്തം, സ്വാദ്ധ്യായം, ശ്രുതം എന്നിവയില്‍ ഏതുകൊണ്ടാണ് ബ്രാഹ്മണ്യം നിലനിൽക്കുന്നത്? ഭവാന്‍ നിശ്ചയിച്ച് പറഞ്ഞാലും.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, യക്ഷാ! ഞാന്‍ പറയാം, കേട്ടാലും. ദ്വിജത്വത്തിന് കാരണം കുലമല്ല, ശ്രുതമല്ല, സ്വാദ്ധ്യായമല്ല, വൃത്തം മാത്രമാണെന്നു ഞാന്‍ സംശയാതീതമായി പറയുന്നു. ബ്രാഹ്മണന്‍ വിശേഷേണ പ്രയത്നം ചെയ്ത് വൃത്തത്തെ സംരക്ഷിക്കേണ്ടതാണ്. അക്ഷീണ വൃത്തന്‍ ഒരിക്കലും ക്ഷീണനല്ല. എന്നാൽ ഹതവൃത്തന്‍ ഹതന്‍ തന്നെയാണ്. പഠിക്കുന്നവർ ആയാലും പഠിപ്പിക്കുന്നവർ ആയാലും ശാസ്ത്രചിന്തകന്മാരാർ ആയാലും സ്വഭാവ ശുദ്ധിയി ഇല്ലെങ്കില്‍ അവര്‍ മൂര്‍ഖന്മാരാണ്. ക്രിയാവാന്‍ ആരോ അവനാണ് പണ്ഡിതന്‍. നാലുവേദം അറിഞ്ഞവൻ ആയാലും അവന്‍ ദുര്‍വൃത്തൻ ആണെങ്കില്‍ ശൂദ്ര തുല്യനാണ്. അഗ്നിഹോത്ര പരനായി ദാന്തനായി വര്‍ത്തിക്കുന്നവൻ ആണ് ബ്രാഹ്മണന്‍.
യക്ഷന്‍ പറഞ്ഞു: പ്രിയവചനം പറയുന്നവന് എന്ത് ലഭിക്കും? കരുതലോടെ പ്രവര്‍ത്തിക്കുന്നവന് എന്തു ലഭിക്കും? ബഹുമിതകരന് എന്തു കിട്ടും? ധര്‍മ്മരതന് എന്തു കിട്ടും? രാജാവേ പറയുക.
യുധിഷ്ഠിരന്‍ പറഞ്ഞു: പ്രിയമൊഴി പറയുന്നവന്‍ പ്രിയം നേടുന്നു. കരുതലോടെ പ്രവര്‍ത്തിക്കുന്നവന്‍ ജയം നേടുന്നു. ബഹുമിത്രങ്ങളെ നേടുന്നവന്‍ സുഖമായി വാഴുന്നു. ധര്‍മ്മരതന്‍ സല്‍ഗ്ഗതി നേടുന്നു.
യക്ഷന്‍ പറഞ്ഞു: മോദിക്കുന്നവന്‍ ആരാണ്? എന്താണ് മാര്‍ഗ്ഗം? എങ്ങനെ ഉള്ളതാണ് വാര്‍ത്ത. ഈ നാലിനും ഉത്തരം പറഞ്ഞാല്‍ നിന്റെ ചത്ത സഹോദരന്മാര്‍ ജീവിക്കും.
യുധിഷ്ഠിരന്‍ പറഞ്ഞു: അഞ്ചാറു ദിവസം കൂടുമ്പോള്‍ തന്റെ ഗൃഹത്തില്‍ ചീരക്കറി വെച്ച് ഉണ്ണുന്നവനും, കടം ഇല്ലാത്തവനും, തെണ്ടി നടക്കാത്തവനും, മോദിക്കന്നവനാണ്! ദിവസം തോറും ജീവജാലങ്ങള്‍ യമപുരിയിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു. ശേഷം പേര്‍ തങ്ങള്‍ക്ക് നാശമില്ലെന്നും ഇവിടെ സ്ഥിരമാണെന്നും വിചാരിക്കുന്നു. ഇതില്പരം ആശ്ചര്യം എന്താണ്! ഇതാണ് വാര്‍ത്ത.
ഇനി മാര്‍ഗ്ഗം ഏതാണെന്ന ചോദ്യത്തിനും ഉത്തരം പറയാം. തര്‍ക്കത്തില്‍ കൂടി നോക്കുമ്പോള്‍ അതിന്റെ ഗതി നിര്‍ണ്ണയിക്കുവാന്‍ പ്രയാസമാണ്. ശ്രുതികളില്‍ വിരുദ്ധാര്‍ത്ഥവാദങ്ങള്‍ കാണുന്നു. മഹര്‍ഷിമാരുടെ മതങ്ങള്‍ വിഭിന്നങ്ങളാണ്. അതു കൊണ്ട് മറ്റുള്ളവര്‍ക്ക് നില കാണുന്നില്ല. മഹാന്മാര്‍ ഏതു മാര്‍ഗ്ഗത്തിലൂടെ പോകുന്നുവോ ആ മാര്‍ഗ്ഗം പിന്‍തുടരുക എന്നതാണ് യുക്തം. ശരിയായ മാര്‍ഗ്ഗം മഹാജനം സഞ്ചരിച്ച മാര്‍ഗ്ഗം തന്നെയാണ്. ഇന്ന് ഈ മഹാമോഹമാകുന്ന വറവു ചരക്കില്‍ (പൊരിക്കുവാനുള്ള വലിയ പാത്രത്തില്‍ --കടാഹത്തില്‍) കയറ്റിയിട്ട് അര്‍ക്കനാകുന്ന അഗ്നി കൊണ്ട് രാത്രിയും പകലുമാകുന്ന വിറക് വെച്ചെരിച്ച് മാസമെന്നും ഋതുവെന്നും പേരുള്ള കടകോലിട്ട് കുടഞ്ഞ് കാലന്‍ ഭൂതങ്ങളെയെല്ലാം വേവിക്കുന്നത് ഏതോ അതാണ് വാര്‍ത്ത.
യക്ഷന്‍ പറഞ്ഞു: ഹേ പരന്തപാ!! എന്റെ ചോദ്യത്തിനൊക്കെ നീ ശരിയായ ഉത്തരം പറഞ്ഞു. ഇനി നീ, ആരാണ് പുരുഷനെന്നും ആരാണ് സര്‍വ്വസ്വധനിയെന്നും പറയുക.
യുധിഷ്ഠിരന്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളാല്‍ ഇഹത്തിലും പരത്തിലും പേരു കേട്ടവനാണ് പുരുഷന്‍. അവന്റെ പേര്‍ എതക്രാലം നിലനിൽക്കുന്നുവോ അതക്രാലം അവനില്‍ പുരുഷത്വമുണ്ട്. പ്രിയത്തിലും അപ്രിയത്തിലും സുഖത്തിലും ദുഃഖത്തിലും ഭൂതത്തിലും ഭവിഷ്യത്തിലും തുല്യഭാവത്തോടെ വര്‍ത്തിക്കുന്നവനാണ് സര്‍വ്വധനിയായ നരന്‍.
യക്ഷന്‍ പറഞ്ഞു: എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത് കൊണ്ട് നിന്റെ അനുജന്മാരിൽ ഒരാളെ ഞാൻ ജീവിപ്പിക്കാം. നീ ഇച്ഛിക്കുന്നവൻ ആരാണ്?
യുധിഷ്ഠിരന്‍ പറഞ്ഞു: ശ്യാമനും, രക്താക്ഷനുമായി മാറിടം വിരിഞ്ഞ് മഹാസാലതുല്യം ഉയര്‍ന്ന മഹാബാഹുവായ നകുലന്‍ ജീവിക്കട്ടെ!
യക്ഷന്‍ പറഞ്ഞു; ഭീമസേനനാണ് നിനക്ക് പ്രിയപ്പെട്ടവന്‍. അര്‍ജ്ജുനനാണ് നിങ്ങള്‍ക്ക് ആശ്രയം. പിന്നെ നിന്റെ അച്ഛന്റെ മറ്റൊരു ഭാര്യയില്‍ പിറന്ന ഒരു സഹോദരന്‍ ജീവിക്കട്ടെ എന്ന് പറയുവാന്‍ എന്ത് അനുഭവമാണ് ഭവാനുണ്ടായത്? പാണ്ഡവന്മാര്‍ക്കൊക്കെ കയ്യൂക്കിനാല്‍ ആലംബമായി കണ്ട പാര്‍ത്ഥനെ വിട്ട് എന്തു കൊണ്ട് നകുലനെ ജീവിപ്പിക്കുവാന്‍ നീ വിചാരിക്കുന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മത്തെ ആര് നശിപ്പിക്കുന്നുവോ അത് അവനെ നശിപ്പിക്കും. ധര്‍മ്മത്തെ ആര് കാക്കുന്നുവോ അത് അവനെ കാക്കുകയും ചെയ്യും. അതു കൊണ്ട് ഒരിക്കലും ഞാന്‍ ധര്‍മ്മത്തെ തൃജിക്കുകയില്ല. ധര്‍മ്മത്തെ കെടുത്തി അതു വഴി എന്നെയും കെടുത്തുന്നതിന് ഞാന്‍ വിചാരിക്കുന്നില്ല. അത് ഞാന്‍ ചെയ്യുകയില്ല. പരമമായ ധര്‍മ്മം ആനൃശംസ്യം ( ക്രൂരതയില്ലായ്മ ) ആണെന്നാണ് എന്റെ സത്യമായ മതം. അതുകൊണ്ട് നകുലൻ ജീവിക്കട്ടെ എന്ന് ഞാൻ കാംക്ഷിക്കുന്നു. ജനങ്ങൾ എന്നെ അറിയുന്നത് ധര്‍മ്മശീലനായ രാജാവാണെന്നാണ്. യക്ഷാ! സ്വധര്‍മ്മം ഞാന്‍ ഒരിക്കലും വിടുകയില്ല. യക്ഷാ! നകുലന്‍ ജീവിക്കുമാറാകട്ടെ! എന്റെ അച്ഛന് രണ്ടു ഭാര്യമാരാണ്. കുന്തിയും മാദ്രിയും. രണ്ടു പേരുടേയും മക്കള്‍എനിക്കു തുല്യമാണ്. അതാണ് എന്റെ നിശ്ചയം. കുന്തിയെപ്പോലെ തന്നെയാണ് എനിക്ക് മാദ്രിയും. അവരിലും ഭേദചിന്ത എനിക്കില്ല. ഞാന്‍ രണ്ടമ്മമാരേയും ഒരുപോലെ വിചാരിക്കുന്നവനാണ്. യക്ഷാ, നകുലന്‍ ജീവിച്ച് എഴുന്നേല്‍ക്കട്ടെ!
യക്ഷന്‍ പറഞ്ഞു; ഹേ ഭരതര്‍ഷഭാ, അര്‍ത്ഥകാമങ്ങളേക്കാള്‍ ആനുശംസ്യമാണ് ഭവാന്‍ ഉപരിയായി കാണുന്നത്. അതാണ് ഭവാന്റെ മതം. അതു കൊണ്ട് ഭവാന്റെ എല്ലാ സഹോദരന്മാരും ജീവിക്കും!
314. നകുലാദികള്‍ക്ക് ജീവനാദികളായ വരം ലഭിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; അപ്പോൾ യക്ഷൻ പറഞ്ഞ പ്രകാരം പാണ്ഡവന്മാരെല്ലാം എഴുന്നേറ്റു.. വിശപ്പും ദാഹവും ഉടനെ ഇല്ലാതാവുകയും ചെയ്തു.
യുധിഷ്ഠിരന്‍ പറഞ്ഞു: സരസ്സില്‍ ഒറ്റക്കാൽ ഊന്നിക്കൊണ്ടു നിൽക്കുന്ന അപരാജിതനായ ഭവാന്‍ ആരാണെന്നു പറഞ്ഞാലും. യക്ഷനല്ല ഭവാന്‍ എന്നാണ് എന്റെ അഭിപ്രായം. വസുക്കളില്‍ ഒരാളാണോ ഭവാന്‍? അഥവാ രുദ്രന്മാരില്‍ ഒരുത്തനാണോ? അതോ ദേവന്മാരില്‍ ശ്രേഷ്ഠനായ ഇന്ദ്രനാണോ? നൂറായിരം പേരോട് ഒരേ സമയത്ത് എതിര്‍ത്ത് യുദ്ധം ചെയ്യുവാന്‍ പോന്നവരായ എന്റെ തമ്പിമാരാണ് ഇവര്‍. ഇവരെയെല്ലാം വീഴത്തുവാന്‍ കെല്പുള്ളവനായ ഒരു യോദ്ധാവിനേയും ഞാന്‍ കാണുന്നില്ല. ഉണര്‍ന്നതായ ഇവരുടെ ഇന്ദ്രിയങ്ങളൊക്കെ തെളിഞ്ഞുവെന്ന് ഞാന്‍ അറിയുന്നു. ഞങ്ങള്‍ക്ക് ഭവാന്‍ സുഹൃത്തു മാത്രമല്ല, അച്ഛനാണെന്നു തന്നെ ഞങ്ങള്‍ കരുതുന്നു.
യക്ഷന്‍ പറഞ്ഞു: ഞാന്‍ നിന്റെ അച്ഛന്‍ തന്നെയാണ്. ഉണ്ണീ! മൃദുപരാക്രമാ, ഞാന്‍ ധര്‍മ്മനാണ്. നിന്നെ കാണുവാനാണ് വന്നതെന്ന് ധരിക്കുക. കീര്‍ത്തി, സത്യം, ദമം, ശൗചം, ആര്‍ജ്ജവം, ഹ്രീ, അചാപലം, ദാനം, തപം, ബ്രഹ്മചര്യം എന്നിവ എന്റെ ശരീരങ്ങളാണ്. അഹിംസ, ശാന്തി, മമത, തപം, ശൗചം, അമത്സരം ഇവ എന്റെ ദാരങ്ങളാണ്. നീ എനിക്ക് എന്നും ഇഷ്ടപ്പേട്ടവനാണ്. ഭാഗ്യം നീ അഞ്ചിലും തല്പരനാണ്. ശമം, ദമം, വിരക്തി, തിതിക്ഷ, ധ്യാനം എന്നീ അഞ്ചിലും തല്പരനാണ്. ഭാഗ്യം! ആറ് ധര്‍മ്മങ്ങളേയും ( വിശപ്പ്, ദാഹം, ശോകം, മോഹം, ജര, മൃത്യു ) ജയിച്ചവനാണ്! ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം ചെറുപ്പത്തിലും, പിന്നത്തെ രണ്ടെണ്ണം യൗവനത്തിലും, ഒടുവിലത്തെ രണ്ടെണ്ണം വാര്‍ദ്ധകൃത്തിലും ബാധിക്കുന്നതാണ്, പാരത്രികമായി നീ എല്ലാം കീഴടക്കിയിരിക്കുന്നു. ഞാന്‍ ധര്‍മ്മനാണ്. നിനക്ക് മംഗളം ഭവിക്കട്ടെ! നിന്നെ പരീക്ഷിച്ചറിയുവന്‍ വന്നതാണു ഞാന്‍. ഭവാന്റെ ആനൃശംസ്യത്താല്‍ (അനിഷ്ഠൂരത, അഹിംസ) ഹേ, അനഘാ! ഞാന്‍ അഭിനന്ദിക്കുന്നു. വരം എന്നില്‍ നിന്ന് വരിച്ചു കൊള്ളുക. എന്റെ ഭക്തന്മാരായ പുരുഷന്മാര്‍ക്കാര്‍ക്കും ദുര്‍ഗ്ഗതി ഉണ്ടായിട്ടില്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: ആരുടെ അരണിക്കൂട്ടമാണോ മാന്‍ എടുത്ത് ഓടിയത്, അവന് അഗ്നിലോപം ഏൽക്കരുത്. അതാണ് എനിക്ക് ആദ്യമായി തരേണ്ടതായ വരം.
യക്ഷന്‍ പറഞ്ഞു; ഈ ബ്രാഹ്മണന്റെ അരണിക്കൂട്ടം എടുത്തവന്‍ ഞാനാണ്. നിന്റെ തത്വം അറിയുന്നതിന് വേണ്ടി ഹേ! കൗന്തേയാ, മാനായി വന്നത് ഞാനാണ്.
വൈശമ്പായനൻ പറഞ്ഞു: തരുന്നു എന്ന് ഭഗവാന്‍ മറുപടി പറഞ്ഞു. ശുഭമായ മറ്റൊരു വരം ഭവാന്‍ വരിക്കുക എന്ന് യുധിഷ്ഠിരനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: കാട്ടില്‍ പന്തീരാണ്ട് ഞങ്ങള്‍ വാണു. പതിമൂന്നാമത്തെ വത്സരവും അടത്തു. അക്കാലംഅജ്ഞാത വാസത്തില്‍ പ്രവേശിക്കുന്ന ഞങ്ങളെ ആരും എങ്ങും അറിയാതിരിക്കേണമേ.
വൈശമ്പായനൻ പറഞ്ഞു; അപ്രകാരം തന്നെ! ഞാന്‍ വരം തരുന്നു എന്ന് ഉത്തരം പറഞ്ഞു വെച്ചതിന് ശേഷം സതൃവീരൃനായ പാണ്ഡവനെ പിന്നെയും ആശ്വസിപ്പിച്ചു. സ്വന്തം രൂപം തന്നെ എടുത്ത് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചാലും ഈ ലോകത്തില്‍ നിങ്ങളെ ആരും അറിയുന്നതല്ല. പതിമ്മൂന്നാമത്തെ ആണ്ടു മുഴുവന്‍ അപ്രകാരമായിരിക്കും നിങ്ങളുടെ നില. കുരുവീരന്മാരേ! ഞാന്‍ അതിനാ യി നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ ഗൂഢമായി വിരാട രാജ്യത്ത് അജ്ഞാത വാസത്തിന് പൊയ്ക്കൊള്ളുവിന്‍. നിങ്ങള്‍ ഏതു രൂപത്തിൽ ആകണമെന്ന് സങ്കല്പിക്കുന്നുവോ, ആ രൂപത്തില്‍ നിങ്ങള്‍ ഇഷ്ടം പോലെ നടന്നു കൊള്ളുവിന്‍. ഈ അരണിക്കൂട്ടം ബ്രാഹ്മണന് കൊടുത്തു കൊള്ളുവിന്‍. ഭവാനെ പരീക്ഷിക്കുവാന്‍ മാനിന്റെ വേഷത്തില്‍ ഞാന്‍ കൊണ്ടു പോന്നതാണിത്. ഹേ, സൗമ്യാ, വേറെ ഇഷ്ടവരം ഭവാന്‍വ രിക്കുക. രാജാവേ! ഞാന്‍ തന്നുകൊള്ളാം. നിനക്ക് വരം തന്നിട്ട് എനിക്ക് മതിയാകുന്നില്ല നന്ദനാ! മൂന്നാമതും മഹിതമായ വരം വരിച്ചു കൊള്ളുക രാജാവേ, നി എന്റെ പുത്രനാണ്. എന്റെ അംശമാണ് വിദുരന്‍.
യുധിഷ്ഠിരന്‍ പറഞ്ഞു: ശാശ്വതനും ദേവദേവനുമായ ഭവാനെ ഞാന്‍ പ്രതൃക്ഷമായി കണ്ടു. താതാ! ഭവാന്‍ സസന്തോഷം തരുന്ന വരം ഞാന്‍ വാങ്ങിച്ചു കൊള്ളാം. ലോഭമോഹങ്ങളേയും ക്രോധത്തേയും ജയിക്കുവാന്‍ എനിക്കു കഴിയണം. ദാനം, തപസ്സ്, സത്യം ഇവയില്‍ എന്നും എന്റെ മനസ്സ് ചെല്ലു മാറാകണം.
ധര്‍മ്മന്‍ പറഞ്ഞു: സ്വഭാവത്താല്‍ തന്നെ ഭവാന്‍ ഈ ഗുണങ്ങള്‍ ഉള്ളവനാണ്. ഹേ ഭാരതാ! അങ്ങ് ധര്‍മ്മങ്ങള്‍ തന്നെയാണ്. ഭവാന്‍ പറഞ്ഞ പോലെ തന്നെ എല്ലാം ഭവിക്കുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു: ലോകപാവനനായ ധര്‍മ്മഭഗവാന്‍ ഇപ്രകാരം പറഞ്ഞ് മറഞ്ഞു. മനസ്വികളായ പാണ്ഡവന്മാര്‍ നന്നായി ഉറങ്ങി ഉണര്‍ന്ന പോലെ എഴുന്നേറ്റു. വീരന്മാരായ അവര്‍ എല്ലാവരും ക്ലാന്തി തീര്‍ന്ന് ആശ്രമത്തിലേക്കു പോയി. ആ സാധു ബ്രാഹ്മണന് അരണിക്കൂട്ടം മടക്കി ഏല്പിച്ചു.
സമുത്ഥാന സമാഗമമായ പിതാസുതന്മാരുടെ ഈ കഥ മഹാത്ഭുതമാണ്. ഇത് പഠിക്കുന്നവന്‍ വശിയും ഇന്ദ്രിയങ്ങളെ ജയിച്ചവനുമായി പുത്രപൗത്രന്മാരോടു കൂടി നൂറുവര്‍ഷം ജീവിച്ചിരിക്കും. അവന് അധര്‍മ്മമോ സുഹൃത് വിഭേദമോ ഏൽക്കുകയില്ല. നിതൃവും സത്യമായ ഈ ചരിത്രം വായിക്കുന്നവര്‍ക്ക് പരന്മാരില്‍ നിന്ന് ധനാപഹരണം, പരദാരസംഗം, പിശുക്കു കൊണ്ട് തന്നേയും തന്നെ സംബന്ധിച്ചവരേയും പീഡിക്കുന്ന സ്വഭാവം ഇവയൊന്നും മനസ്സില്‍ ഏൽക്കുന്നതല്ല.
315. അജ്ഞാതവാസമന്ത്രണം - വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മന്റെ സമ്മതത്തോടു കൂടി ആ സതൃവിക്രമന്മാരായ പാണ്ഡവന്മാര്‍, പതിമ്മൂന്നാമത്തെ ആണ്ടായപ്പോള്‍, അജ്ഞാത വാസത്തിന്നായി ഒരുങ്ങി. വനവാസത്തില്‍ അവരോടു കൂടി അധിവസിക്കുന്നവരും, അവരില്‍ കൂറുള്ളവരും മഹാത്മാക്കളുമായ താപസന്‍മാരോട് ഒരു ദിവസം കൈകൂപ്പി നിന്നു കൊണ്ട് മഹാശയനായ യുധിഷ്ഠിരന്‍ പറഞ്ഞു: "അജ്ഞാത വാസത്തിനായി ഒരുങ്ങുന്ന ഞങ്ങള്‍ക്ക് ധൃതവ്രതന്മാരായ നിങ്ങള്‍ ആജ്ഞ തന്നാലും. ധാര്‍ത്തരാഷ്ട്രന്മാര്‍ ചതിയാല്‍ രാജ്യത്തെ തട്ടിയെടുത്തതും, ഞങ്ങളെ പല മട്ടിലും ഉപദ്രവിച്ചതും എല്ലാം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. പന്തീരാണ്ടുകാലം ഞങ്ങള്‍ വനത്തില്‍ കഷ്ടപ്പെട്ടു കഴിച്ചു കൂട്ടി. കരാറു പ്രകാരം പതിമൂന്നാമത്തെ വര്‍ഷം അജ്ഞാത വാസത്തിനുള്ള കാലമാണ്. ഈ ഒരു വര്‍ഷം മുഴുവന്‍ ഞങ്ങള്‍ ഒളിച്ചു പാര്‍ക്കണമല്ലോ? അതിന്ന് ഭവാന്മാര്‍ ഞങ്ങളെ അനുവദിക്കുവിന്‍. ഞങ്ങളില്‍ ദൃഢമായ വൈരമുള്ള ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നീ ദുഷ്ടബുദ്ധികള്‍ അറിഞ്ഞ് ഞങ്ങള്‍ക്കും വൈഷമ്യങ്ങൾ ഉണ്ടാക്കും. ചാരന്മാരെ അയച്ച് കണ്ടുപിടിച്ച് ഞങ്ങള്‍ക്കും, പൗരന്മാര്‍ക്കും, ബന്ധുജനങ്ങള്‍ക്കും അവര്‍ വൈഷമ്യങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കും. അതു കൊണ്ട് പൂര്‍ണ്ണ സ്വരാഷ്ട്രന്മാരുടെ മാതിരി സ്വരാജ്യത്ത് ബ്രാഹ്മണരോടു കൂടി താമസിക്കുവാന്‍ പറ്റാതെ വന്നതില്‍ വൃസനിക്കുന്നു. ഇപ്രകാരം പറഞ്ഞ് ദുഃഖശോകാന്ധനായ യുധിഷ്ഠിരന്‍ തൊണ്ടയിടറി സങ്കടം കൊണ്ട് സംസാരിക്കുവാന്‍ വയ്യാത്ത മട്ടില്‍ മൂര്‍ച്ഛിച്ചു പോയി. ദ്വിജന്മാര്‍ സഹോദരന്മാരോടു കൂടി യുധിഷ്ഠിരനെ സമാശ്വസിപ്പിച്ചു.
അനന്തരം ധൗമ്യന്‍ അര്‍ത്ഥ ഗാംഭീര്യത്തോടെ രാജാവിനോട് ഇപ്രകാരം പറഞ്ഞു: മഹാരാജാവേ, ഭവാന്‍ വിദ്വാനും, ദാന്തനും സത്യസന്ധനും ജിതേന്ദ്രിയനുമാണ്. ഭവാദൃശന്മാര്‍ എന്താപത്തു വന്നാലും ഉഴലാറില്ലല്ലോ. ആപത്തില്‍ പെട്ട് ദേവന്മാര്‍ പോലും അജ്ഞാത വാസം അനുഷ്ഠിച്ചിട്ടുണ്ട്. അതാതിടത്ത് അതാതു കാലത്ത് വൈരികളെ വധിക്കുവാനുള്ള ദൃഢ നിശ്ചയത്തോടെ ആണ് അവര്‍ ഒളിവില്‍ പാര്‍ത്തിട്ടുള്ളത്.
ഇന്ദ്രന്‍ നിഷധ രാജ്യത്തു ചെന്ന് ഗിരിപ്രസ്ഥ ആശ്രമത്തില്‍ ശത്രുവധം ഉള്ളില്‍ കരുതി ഒളിവില്‍ പാര്‍ത്തിട്ടുണ്ട്. അങ്ങനെ ശത്രുക്കളെ വധിക്കുകയും ചെയ്തു. വിഷ്ണു അശ്വശിരസ്സില്‍ അദിതിയുടെ വയറ്റിലും ഒളിവില്‍ പാര്‍ത്തു. ദൈതൃന്മാരെ വധിക്കുവാനാണ് ആ കഷ്ടപ്പാട് സഹിച്ചത്. വാമനാകൃതിയായി ഗൂഢം ബ്രാഹ്മണ വ്യാജനായി മഹാബലിയുടെ രാജ്യം കാലടിയാല്‍ അളന്നു വാങ്ങിയ കഥ ഭവാന്‍ കേട്ടിട്ടുണ്ടാവുമല്ലോ. അഗ്നി ഭഗവാന്‍ വെള്ളത്തിന്റെ ഉള്ളില്‍ ഒളിച്ചു വസിച്ച് സുരകാര്യം നിര്‍വ്വഹിച്ചതും ഭവാന്‍ കേട്ടിട്ടുണ്ടല്ലോ. അല്ലയോ ധര്‍മ്മജ്ഞാ! വിഷ്ണു ഗൂഢമായി വൈരികളെ വധിക്കുന്നതിന് വേണ്ടി ഇന്ദ്രന്റെ വജ്രത്തില്‍ കടന്നിരുന്ന് ദേവകള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങളും ഭവാന്‍ കേട്ടിട്ടില്ലേ? ഇപ്രകാരം തന്നെ ഔര്‍വ്വന്‍ എന്ന ബ്രഹ്മര്‍ഷി ഊരുവില്‍ ഒളിച്ചിരുന്നിട്ടാണ് ദേവകാര്യം നടത്തിയത്. മഹാതേജസ്വിയായ വിവസ്വാന്‍ പ്രച്ഛന്നനായി ഭൂമിയില്‍ പലയിടത്തും പാര്‍ത്ത് ശത്രുക്കളെ മുഴുവനും നശിപ്പിച്ചു. ഭീമകര്‍മ്മാവായ വിഷ്ണു ദശരഥന്റെ ഗൃഹത്തില്‍ പ്രച്ഛന്നനായി വസിച്ചിട്ടാണല്ലോ രാവണനെ വധിച്ചത്. ഇങ്ങനെ ഈ മഹാത്മാക്കള്‍ അതാതിടങ്ങളില്‍ ഒളിച്ചു വസിച്ചിട്ടാണ് പോരില്‍ ശത്രുക്കളെ വധിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞത്. അപ്രകാരം തന്നെ ഭവാനും വിജയം ഉണ്ടാകുന്നതാണ്.
ഇപ്രകാരം ധൗമ്യന്‍ പറഞ്ഞപ്പോള്‍ ധാര്‍മ്മികനായ യുധിഷ്ഠിരന്‍ സമാശ്വസിക്കുകയും ശാസ്ത്രബുദ്ധി വിചാരത്താല്‍ ദൃഢചിത്തൻ ആവുകയും ചെയ്തു.
പിന്നെ മഹാബാഹുവും ശക്തരില്‍ പ്രവരനും മഹാബലനുമായ ഭീമസേനന്‍ രാജാവിനോട് ഹര്‍ഷജനകമായ വിധം ഇപ്രകാരം പറഞ്ഞു; മഹാരാജാവേ, ഈ ഗാണ്ഡീവി ഭവാന്റെ ധര്‍മ്മപാലന തല്‍പരത മൂലം ഭവാനെ നോക്കിയാണ് ധര്‍മ്മനിഷ്ഠയോടു കൂടി സാഹസം ചെയ്യാതെ അടങ്ങി നിൽക്കുന്നത്. ഞാന്‍ എല്ലായ്പോഴും നകുലനേയും സഹദേവനേയും തടുത്തു നിര്‍ത്തിയിരിക്കുകയാണ്. അവര്‍ ശത്രുക്കളെ നശിപ്പിക്കാന്‍ കരുത്തുള്ള ഭീമവീരന്മാരാണല്ലോ. ഭവാന്‍ എന്തിന്നു വേണ്ടി ആജ്ഞാപിക്കുന്നുവോ അത് ഞങ്ങള്‍ വിടുകയില്ല, തീര്‍ച്ചയാണ്! ഭവാന്‍ എന്ന് കല്പിക്കുന്നുവോ അന്നു ഞങ്ങള്‍ രിപുക്കളെ ജയിക്കും.
എന്ന് ഭീമന്‍ പറഞ്ഞപ്പോള്‍ വിപ്രന്മാരെല്ലാം ആശീര്‍വ്വദിച്ചു. ബ്രാഹ്മണരെല്ലാം പാണ്ഡവന്മാരെ ആശീര്‍വ്വദിച്ചതിനു ശേഷം അവരോടു യാത്രപറഞ്ഞ് അവരവരുടെ ഗൃഹങ്ങളിലേക്കു യാത്രയായി.
വേദജ്ഞന്മാര്‍ എല്ലാവരും മുഖ്യരായ സംന്യാസിമാരും മുനീന്ദ്രന്മാരും യഥാന്യായം ചേര്‍ന്ന് വീണ്ടും കാണാമെന്നുള്ള ആശയാല്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
പാണ്ഡവന്മാര്‍ അഞ്ചുപേരും പാഞ്ചാലിയോടു കൂടി ആയുധങ്ങളുമായി പുറപ്പെട്ടു. വിളിപ്പാട് ചെന്നതിന് ശേഷം നിമിത്തം കണ്ട പ്രകാരം, അജ്ഞാത വാസത്തിനുള്ള കാര്യാലോചന പിറ്റേ ദിവസത്തേക്കു മാറ്റിവച്ചു. ഗൂഢവാസത്തിന് എത്തിയ ആ മനുജവ്യാഘ്രര്‍, പ്രത്യേകിച്ച് എല്ലാവരും, ശാസ്ത്രവിജ്ഞന്മാരും മന്ത്രശാലികളും സന്ധിവിഗ്രഹ കാര്യജ്ഞാനം ഉള്ളവരുമാണ്. അവര്‍ കൂടി ആലോചിക്കുന്നതിനു വേണ്ടി അവിടെ താമസിച്ചു.
No comments:
Post a Comment