വിദ്വാൻ കെ. പ്രകാശം [1909 - 1976]
വിശ്വമഹാകാവ്യമായ വ്യാസമഹാഭാരതത്തിന്റെ ഇന്‍ഡ്യന്‍ ഭാഷകളിലുണ്ടായ ഗദ്യ പരിഭാഷകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് പ്രകാശത്തിന്റെ കൃതി.
1965 മുതല്‍ 1968 വരെ നീണ്ടു നിന്ന അക്ഷീണ പരിശ്രമത്തിലൂടെയാണ് നാല്പതു വോള്യങ്ങളുള്ള ഈ ബൃഹദ് വിവര്‍ത്തന പരമ്പര അദ്ദേഹം പൂര്‍ത്തിയാക്കിയത്. മകള്‍ സത്യഭാമയുടെ മരണമേല്പിച്ച മാനസികാഘാതം മറികടക്കാനാണ് പ്രകാശം ഈ ഉദ്യമത്തിലേര്‍പ്പെട്ടത്. ഇത്രയും വലുപ്പമുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ അക്കാലത്തെ പ്രസാധകരാരും തയ്യാറാകാതിരുന്നതിനാല്‍ പ്രകാശം തന്നെ ഉദാരമതികളായ സുഹൃത്തുക്കളുടെയും ചില സ്ഥാപനങ്ങളുടെയും സഹായത്തോടെ തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ആദ്യ രണ്ടു വോള്യങ്ങള്‍ അച്ചടിച്ചതിനു ശേഷം അദ്ദേഹം സ്വന്തമായി ഒരു പ്രസ് വാങ്ങി. മൂന്നു മുതല്‍ നാല്പതു വരെയുള്ള വോള്യങ്ങള്‍ ആ പ്രസ്സില്‍ അച്ചടിച്ചു. ആദ്യ വോള്യം 1968 സെപ്തംബറില്‍ കോഴിക്കോട്ടു വച്ചും നാല്പതാം വോള്യം 1973 ഏപ്രിലില്‍ ഡല്‍ഹിയില്‍ വച്ചും പ്രകാശനം ചെയ്തു.
തൃശ്ശൂര്‍ സ്വദേശിയായ പ്രകാശം മുപ്പതു വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. കവിയായി സാഹിത്യജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയ കാലത്ത് വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഗ്രാമീണകുസുമങ്ങള്‍, പ്രേമാഞ്ജലി, ബാഷ്പവര്‍ഷം, മിന്നല്‍പ്പിണരുകള്‍, സ്മൃതിമണ്ഡലം, ചിതറിയ ചിത്രങ്ങള്‍, പ്രണയപ്രകര്‍ഷം തുടങ്ങിയവയാണ് പ്രകാശത്തിന്റെ കാവ്യസമാഹാരങ്ങള്‍. ജീന്‍ വാല്‍ ജീന്‍ (പാവങ്ങളുടെ സംഗ്രഹം), റിപ്‌വാന്‍ വിങ്കിള്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ഷേയ്ക്‌സ്പിയര്‍ കഥകള്‍ എന്നീ വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചു.
ആയുര്‍വ്വേദത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന പ്രകാശം ജ്യോതിഷ സംബന്ധിയായ ഒരു ആധികാരിക ഗ്രന്ഥം രചിക്കാന്‍ പദ്ധതിയിട്ടിരുന്നു. ആ പുസ്തകത്തിന്റെ രചനയാരംഭിച്ച് അധികം വൈകാതെ അദ്ദേഹം രോഗബാധിതനായി. 1976 ഓഗസ്റ്റ് 30 ന് നിര്യാതനായി. ഈയിടെ അന്തരിച്ച പ്രശസ്ത വിവര്‍ത്തകന്‍ കെ പി ബാലചന്ദ്രന്‍ വിദ്വാന്‍ കെ പ്രകാശത്തിന്റെ പുത്രനാണ്.
കൊല്ലവര്‍ഷം 1084 മിഥുനം 9-ന് തൃശൂര്‍ താലൂക്കിലെ കാരമുക്കു വില്ലേജ്, പാലാഴിദേശത്ത് കുനത്ത് കുട്ടാപ്പുവിന്റെയും കുഞ്ഞിപ്പാറുവിന്റെയും പ്രഥമപുത്രനായി പ്രകാശം ഭൂജാതനായി. മണലൂര്‍ ലോവര്‍ സെക്കണ്ടറി സ്‌കൂളിലും കണ്ടശ്ശാംകടവ് ഗവണ്മെന്റ് ഹൈസ്കൂളിലും പഠിച്ചു. തൃശൂര്‍ ആര്‍ട്ട്സ് സ്‌കൂളില്‍ ചിത്രരചന അഭ്യസിച്ച്, മദ്രാസ് ഗവണെന്റിന്റെ അതു സംബന്ധിച്ച പരീക്ഷകള്‍ പാസ്സായി. 1935-ല്‍ മ്രദാസ് സര്‍വ്വകലാശാലയുടെ മലയാളം വിദ്വാന്‍ പരീക്ഷയില്‍ പ്രശസ്തമായ വിജയം കരസ്ഥമാക്കി.
1935-ല്‍ തന്നെ നെന്മാറ ഹൈസ്ക്കൂളിലെ മലയാള പണ്ഡിതനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിതനായി. ഞാറയ്ക്കല്‍, കുന്ദംകുളം, എറണാകുളം, പെരിങ്ങോട്ടുകര, കണ്ടശ്ശാംകടവ്, മണലൂര്‍ എന്നീ ഹൈസ്‌ക്കൂളുകളിലും; രാമവര്‍മ്മപുരം ട്രെയിനിങ് സ്‌കൂളിലും സേവനമനുഷ്ഠിച്ചു. 1965-ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു.
ഒരു കവി എന്ന നിലയിലാണ് പ്രകാശം പ്രസിദ്ധനായത്. അദ്ദേഹത്തിന്റെ തക്ലിഗാഥ്, ചക്രഗാഥ, ബാഷ്പവര്‍ഷം, പ്രകൃതി, യുദ്ധക്കളം, നേതാജി എന്നീ കവിതകള്‍ വിഖ്യാതങ്ങളാണ്. പ്രകൃതി, ഗ്രാമീണ കുസുമങ്ങള്‍, മിന്നല്‍പ്പിണരുകള്‍, പ്രണയ പ്രകര്‍ഷം, പ്രേമാഞ്ജലി എന്നീ കവിതാ സമാഹാരങ്ങളും, പുസ്തകരൂപത്തില്‍ വരാത്ത നിരവധി കവിതകളും പ്രകാശം രചിച്ചിട്ടുണ്ട്. ഗദ്യപുസ്തകങ്ങള്‍ ലോകാവലോകം, വിജയകുമാരി, ജീന്‍വാല്‍ജീന്‍ ( പാവങ്ങളുടെ സംഗ്രഹം ), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (സംഗ്രഹിച്ചു പരിഭാഷപ്പെടുത്തിയത്), റിപ്വാന്‍വിങ്കിള്‍ എന്നിവയാണ്. കുട്ടികള്‍ക്കായി ഷേക്സ്പിയര്‍ കഥകള്‍ എന്ന പേരില്‍ ഷേക്സ്പിയറുടെ പ്രധാനപ്പെട്ട മുപ്പതു നാടകങ്ങളുടെ കഥ സംഗ്രഹിച്ചു തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇനിയും അതു പ്രസിദ്ധീകരിച്ചിട്ടില്ല.
1962-ല്‍ തന്റെ പുത്രി സത്യഭാമയുടെ അപകടമരണത്തെ തുടര്‍ന്ന് ഭാരതപാരായണത്തില്‍ കൂടുതല്‍ തല്പരനായി. മനസ്സില്‍ ഉറഞ്ഞുകൂടിയ ഏകാന്തദുഃഖം, വ്യാസമഹാഭാരതം ലളിത മലയാള ഗദ്യത്തില്‍ തര്‍ജ്ജമചെയ്യാനുള്ള പ്രേരണ നല്കി. വ്യാസമഹാഭാരതം ഒന്നാം പതിപ്പ് ക്രൗണ്‍ 1/8 സൈസില്‍ 40 വാള്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം വാള്യം 1968-ലും, നാല്പതാം വാള്യം 1972-ലും പ്രസിദ്ധീകരിച്ചു. 1986-ല്‍ എസ്.പി.സി.എസ്. ഇത് ഡമ്മി 1/8 സൈസില്‍ പത്തു വാള്യമായി പുനഃപ്രകാശനം ചെയ്തു.
ആയുര്‍വ്വേദത്തില്‍ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു പ്രകാശം. ഏറ്റവും പ്രിയപ്പെട്ട ഹോബി സാഹിത്യരചന കഴിഞ്ഞാല്‍, ജ്യോതിഷമായിരുന്നു. ജ്യോതിഷത്തില്‍ അസാമാന്യ പാണ്ഡിത്യം സ്വപ്രയത്നം കൊണ്ടു. നേടി. മലയാളത്തില്‍ ബൃഹത്തായൊരു ജ്യോതിഷഗ്രന്ഥം എഴുതണമെന്നാണ് മഹാഭാരത പരിഭാഷയ്ക്കു ശേഷം ആഗ്രഹിച്ചിരുന്നത്. രണ്ടായിരത്തില്‍പ്പരം പേജുകള്‍ വരുന്ന ജ്യോതിഷ സംബന്ധിയായ ഒരു ആധികാരിക ഗ്രന്ഥം രചിക്കുവാന്‍ ഉദ്ദേശിച്ചു . തുടങ്ങിയ ആ സംരംഭം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. നൂറോളം പേജുകള്‍ എഴുതിത്തീര്‍ന്നപ്പോഴേക്കും രോഗബാധിതനായി. 1976 ആഗസ്റ്റ് 30-ഠം തീയതി അദ്ദേഹം ദിവംഗതനായി.
ഗുരുവായുരിനടുത്തുള്ള പേരകത്ത് അയിനിപ്പുള്ളി രാവുണ്ണിയുടെ മകള്‍ ദേവകിയായിരുന്നു പ്രകാശത്തിന്റെ സഹധര്‍മ്മിണി. അവര്‍ 1982-ല്‍ അന്തരിച്ചു. ഈ ദമ്പതിമാരുടെ മക്കളായി ഒമ്പതു പേര്‍ - നാല്‍ ആണ്‍മക്കളും, അഞ്ച് പെണ്‍മക്കളും ഉണ്ട്.
1140 ചിങ്ങ മാസത്തില്‍ പുരാടം നാളില്‍, എന്റെ പ്രിയപുത്രി സത്യഭാമ ഐഹികജീവിതം വെടിഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം അതോടെ അന്ധകാരത്തിലാണ്ടു പോയി.
തിരിച്ചെടുക്കപ്പെട്ട ആ സുകുമാര ചേതനയുടെ സ്മാരകമായി, ക്ഷണികമായ മനുഷ്യ ജീവിതത്തിന്റെ പ്രതിബിംബത്തിലൂടെ അനശ്വരതയെ കാണിച്ചു തരുന്ന വിശ്വോത്തര കൃതി അശക്തനായ ഈ അച്ഛന്‍ അശക്തമായ തൂലികയാല്‍, ജീവിത വേദനയ്ക്കു ഒരു സമാശ്വാസം ലഭിക്കുന്നതിന് വേണ്ടി, വിവര്‍ത്തനം ചെയ്യുകയാണ്. മകളേ, ദുര്‍ബ്ബലനായ ഈ അച്ഛന്‍ നിനക്കുവേണ്ടി ഇതിനേക്കാള്‍ മേന്മയേറിയ ഒരു സ്മാരകം നിര്‍മ്മിക്കുവാനുള്ള കെല്പില്ല.
15.01.1969 കെ. പ്രകാശം
No comments:
Post a Comment