Thursday 18 August 2022

സൗപ്തികപർവ്വം

സൗപ്തികവധപര്‍വ്വം

1. ദ്രൗണി മന്ത്രണം - സഞ്ജയന്‍ പറഞ്ഞു: രാജാവേ, പിന്നെ ആ വീരന്മാരൊന്നിച്ചു തെക്കോട്ടു നോക്കി നടന്ന്‌ അന്തിയായപ്പോള്‍ കൈനിലയുടെ സമീപത്തെത്തി. ഉടനെ കുതിരകളെ അഴിച്ചു വിട്ട വലിയ ഭയത്തോടെ അവര്‍ കൊടുങ്കാട്ടില്‍ കടന്ന്‌ ഇരിപ്പായി. ചീറ്റി വന്നു കൊണ്ടിരുന്ന നിശിത ശരങ്ങളേറ്റ്‌ സര്‍വ്വാംഗം മുറിപറ്റിയ അവര്‍ കൈനില കാണത്തക്ക വിധത്തില്‍ കുറെദുരം ചെന്നു. അപ്പോള്‍ വിജയികളായ പാണ്ഡവരുടെ ജയഘോഷം ഘോരമായി കേട്ടു. പാണ്ഡവര്‍ തങ്ങളെത്തേടി പിന്തുടര്‍ന്നാലോ എന്നു ഭയപ്പെട്ട്‌ അവര്‍ കിഴക്കോട്ടോടി. കുറെ ചെന്നപ്പോള്‍ അവരെ വഹിച്ചിരുന്ന കുതിരകള്‍ തളര്‍ന്നു. അവര്‍ ദാഹിച്ചു വശം കെട്ടു. സഹിക്ക വയ്യാത്ത ക്രോധാമര്‍ഷത്തോടെ രാജവധത്തെയോര്‍ത്ത്‌ സന്തപിച്ചിരുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു; ഭീമന്‍ ചെയ്ത ആ ചെയ്ത്ത്‌ കഠിനം തന്നെ. എനിക്കു വിശ്വസിക്കുവാന്‍ കഴിയുന്നില്ല സഞ്ജയാ! പതിനായിരം ആനയുടെ ബലമുളള എന്റെ പുരതനെ അവന്‍ വീഴ്ത്തിയെന്നത്‌ എങ്ങനെ വിശ്വസിക്കും? സര്‍വ്വഭൂതാവദ്ധ്യനായ വജ്രകായനാണ്‌ ആ യുവാവ്‌. അങ്ങനെയുള്ള എന്റെ ഉണ്ണി പാര്‍ത്ഥനാല്‍ പോരില്‍ ഹതനായി. സഞ്ജയാ! ഹേ ഗാവല്‍ഗണേ, ദൈവത്തെ അതിക്രമിക്കുവാന്‍ മനുഷ്യന് കഴികയില്ല. പോരില്‍ പാണ്ഡവര്‍ എന്റെ പുത്രനെ വീഴ്ത്തിയില്ലേ? എന്റെ കരള്‍ കാരിരുമ്പു തന്നെ! സംശയമില്ല. നൂറു മക്കളേയും കൊന്നു എന്ന്‌ കേട്ടിട്ടും എന്റെ കരള്‍ തകര്‍ന്നു പോയില്ലല്ലോ. മക്കള്‍ ചത്ത ഈ വൃദ്ധദമ്പതികള്‍ എങ്ങനെ ഭുമിയില്‍ ജീവിക്കും? പാണ്ഡുപുത്രന്റെ രാജ്യത്തു പാര്‍ക്കുവാന്‍ ഇനി ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ രാജാവിന്റെ അച്ഛനായി വാണു. രാജാവായി വാണു. സഞ്ജയാ! ഞാന്‍ ഇനി എങ്ങനെ പാണ്ഡുപുത്രന്റെ ആജഞയ്ക്കു ഭൃത്യനായി വാഴും! ഭൂമിയൊട്ടുക്കും ആജ്ഞ നല്കി അഗ്രത്തില്‍ത്തന്നെ നിന്നു. ഹേ സഞ്ജയാ! ഇപ്പോള്‍ മഹാപാപിയായ ഈ ഞാന്‍ ദാസനായി എങ്ങനെ നില്ക്കും? ഇനി ഭീമന്റെ വാക്കുകള്‍ ഞാനെങ്ങനെ കേള്‍ക്കും? സഞ്ജയാ! അവനാണല്ലോ എന്റെ മികച്ച നൂറു മക്കളേയും കൊന്നത്‌. മഹാനായ വിദുരന്‍ പറഞ്ഞ വാക്ക്‌ ഇപ്പോള്‍ ഓർത്തു. അവന്റെ വാക്ക്‌ എന്റെ മകന്‍ കേള്‍ക്കാഞ്ഞത് കാരണം ഇതൊക്കെ വന്നു കൂടി. അധര്‍മ്മം കൊണ്ട്‌ എന്റെ ഉണ്ണിയായ ദുര്യോധനനെ കൊന്ന ശേഷം കൃപനും കൃതവര്‍മ്മാവും ദ്രൗണിയും എന്തു ചെയ്തു സഞ്ജയാ!

സഞ്ജയന്‍ പറഞ്ഞു: നിന്റെ ആള്‍ക്കാര്‍ മൂന്നു പേരും കുറെ ദൂരത്തു ചെന്ന്‌ ഇരിപ്പായി. അവര്‍ പല ലതാമിശ്രമായ ഘോര കാനനം കണ്ടു. അവര്‍ അല്പം വിശ്രമിച്ച്‌, നീര്‍കുടിച്ച്‌, സൂര്യാസ്തമയ സമയത്ത്‌ കുതിരകളെ ഓടിച്ച്‌ കൊടും കാടു കയറി.

പലതരം മൃഗങ്ങള്‍, പലതരം പക്ഷികള്‍, പലതരം ലതകള്‍, പലതരം വള്ളികള്‍, പലതരം വ്യാളങ്ങള്‍ എന്നിവ നിറഞ്ഞതായിരുന്നു ആ കാനനം. പല ഭാഗത്തും ജലാശയങ്ങളാലും പുഷ്പസഞ്ചയങ്ങളാലും മനോഹരമായിരുന്നു. താമരകളും നീലോലപലങ്ങളും അവയില്‍ വിലസിയിരുന്നു. ആ കൊടുംകാടു കയറി അവര്‍ ചുറ്റും നോക്കി. അവിടെ ധാരാളം കൊമ്പുകളോടെ തിങ്ങിവളര്‍ന്ന ഒരു അരയാല്‍ കണ്ടു. അവര്‍ അരയാലിന്റെ ചുവട്ടിലെത്തി. ആ ശ്രേഷ്ഠമായ അരയാലിനെ കണ്ട്‌ അവര്‍ നോക്കി. ഉടനെ അശ്വങ്ങളെ അഴിച്ചു വിട്ടു. തേര്‍ വിട്ടിറങ്ങിയ അവര്‍ യഥാന്യായം ആചമിച്ച്‌ സന്ധ്യാവന്ദനം ചെയ്തു. സൂര്യന്‍ പതുക്കെ മറഞ്ഞു. പിന്നെ ലോകര്‍ക്കെല്ലാം പോറ്റമ്മയായ രാത്രി വന്നു. ഗ്രഹനക്ഷത്രങ്ങളും താരാസമുഹങ്ങളും ആകാശത്തില്‍ തിളങ്ങി. മനോഹരമായ അംശുകം പോലെ അംബരം പ്രശോഭിച്ചു. രാത്രി സഞ്ചാരികളായ ജീവികള്‍ തുള്ളിക്കളിച്ചു. പകല്‍ സഞ്ചരിക്കുന്ന ജീവികളൊക്കെ ഉറക്കമായി.

അപ്പോള്‍ രാത്രി സഞ്ചാരികളായ സത്വഔഘങ്ങളുടെ ഘോഷം സുദാരുണമായി മൂത്തു. രാത്രി മൂത്തു തുടങ്ങിയപ്പോള്‍ ഘോരക്രവ്യാദ സമൂഹങ്ങള്‍ ആനന്ദിച്ചു.

ആ ഘോരരാത്രിക്കു മുമ്പ്‌ ദുഃഖശോകാര്‍ത്തരായി കൃപനും ദ്രൗണിയും കൃതവര്‍മ്മാവും ചേര്‍ന്നിരുന്നു. ആലിന്റെ ചുവട്ടിലിരുന്ന്‌ ദുഃഖപൂര്‍ണ്ണമായ ഹൃദയത്തോടെ ആ കഴിഞ്ഞ കുരുപാണ്ഡവ ക്ഷയത്തെത്തന്നെ ചിന്തിച്ചു. ഉറക്കം വന്നുഴന്ന്‌ അവര്‍ നിലത്തിരുന്നു. പല മട്ട്‌ അമ്പേറ്റ്‌ അവര്‍ വളരെ തളര്‍ന്നിരുന്നു. മഹാരഥരായ കൃപനും കൃതവര്‍മ്മാവും ഉറങ്ങിക്കഴിഞ്ഞു. നല്ല മെത്തയില്‍ സുഖമായി കിടന്നുറങ്ങേണ്ടവരായ അവര്‍ അനാഥരെപ്പോലെ വെറും നിലത്തു കിടന്നുറങ്ങി. ക്രോധാമര്‍ഷങ്ങള്‍ ബലമായി പീഡിപ്പിച്ച ദ്രൗണി ഉറങ്ങാതെ കിടന്ന്‌ പാമ്പിനെപ്പോലെ ചീറ്റി. ഹൃദയം ഭയങ്കരമായ മന്യുവാല്‍ വേവുന്ന അവന് ഉറക്കം വന്നില്ല. അവന്‍ ഘോരാകാരമായ ആ മഹാവനം നോക്കിക്കണ്ടു. നാനാസത്വങ്ങള്‍ ചേര്‍ന്ന ആ കാടിനെ നോക്കുമ്പോള്‍ അവന്‍ കാക്കക്കൂട്ടം കൂടുന്ന ആല്‌ കണ്ടു. വളരെ കാക്കകള്‍ രാത്രി ആ വൃക്ഷത്തില്‍ കഴിഞ്ഞു കൂടുന്നു. അതുപോലെ തന്നെ മറ്റു വൃക്ഷങ്ങളിലും കാക്കകള്‍ ഉറങ്ങുന്നു. ഹേ കൗരവ്യാ, അങ്ങനെ വിശ്വാസത്തോടു കൂടി കാക്കക്കൂട്ടം ഉറങ്ങുമ്പോള്‍ ഘോരമുര്‍ത്തിയായ ഒരു കൂമന്‍ പാഞ്ഞണയുന്നത്‌ ദ്രൗണി കണ്ടു. ആ കൂമന്‍ മഹാനാദനും മഹാകായനും ഹര്യക്ഷനും ബഭ്രു പിംഗളനും കഠോര ദീര്‍ഘ നഖരനും ശക്തിയില്‍ ഗരുഡ തുല്യനുമായി കാണപ്പെട്ടു. മെല്ലെ മൂളി അവന്‍ പറന്ന്‌ ആ ആലിന്‍ കൊമ്പത്തു ചെന്നിരുന്നു. ആലിന്‍ കൊമ്പില്‍ ചെന്നിരുന്നതിന് ശേഷം ആ കാകാന്തകന്‍ ഉറങ്ങിക്കിടക്കുന്ന അനവധി കാക്കകളെ കൊന്നു വീഴ്ത്താന്‍ തുടങ്ങി. ചിലതിന്റെ ചിറകൊടിച്ചു. ചിലതിന്റെ ചിറകു ഖണ്ഡിച്ചു. ചിലതിന്റെ കാലൊടിച്ചു. ഇങ്ങനെയൊക്കെ ആ ചരണായുധന്‍ കണ്ണില്‍ക്കണ്ടവയെ ഒക്കെ തന്റെ ശക്തി കൊണ്ടു കൊന്നു. ആ കാക്കകളുടെ മൃതദേഹം കൊണ്ടും അവയവങ്ങള്‍ കൊണ്ടും ആലിന്‍ ചുവടു മുഴുവന്‍ മൂടി.

ആ കാക്കക്കൂട്ടങ്ങളെ കൊന്ന്‌ കൗശികന്‍ സന്തോഷിച്ചു. ശത്രുഘാതിയായ മൂങ്ങ ശത്രുക്കളായ കാക്കകളില്‍ യഥേഷ്ടം പക വീട്ടി. രാവില്‍ ചതിച്ച്‌ കൗശികന്‍ ആ കര്‍മ്മം ചെയ്തതു കണ്ട്‌ അതുതന്നെ ചിന്തിച്ച്‌ ദ്രൗണി ഏകനായി ഇരുന്നു. ദ്രൗണി ഉള്ളില്‍ ചിലതു സങ്കല്പിച്ചു. ഈ കൂമന്‍ എനിക്ക്‌ ഇപ്പോള്‍ ഉപദേശം തന്നിരിക്കുന്നു. ഈ പക്ഷി ഈ യുദ്ധത്തില്‍ എനിക്കു മാര്‍ഗ്ഗം കാണിച്ചു തന്നിരിക്കുന്നു. ശത്രുനാശത്തിന് തക്കതായ കാലമാണിത്‌ എന്നാണ്‌ എന്റെ അഭിപ്രായം. ജിതകാശികളായ പാണ്ഡവന്മാരെ കൊല്ലുവാന്‍ ഞാന്‍ ശക്തനല്ല. ബലവാന്മാരും കൃതോത്സാഹന്മാരും മെച്ചമേറിയ പ്രഹാരികളുമായ അവരെ കൊല്ലുവാന്‍ ഞാന്‍ രാജാന്തികത്തില്‍ വെച്ചു സത്യവും ചെയ്തു. തീയില്‍ ഇയ്യാമ്പാറ്റ പോലെ ഞാന്‍ അവരോടേറ്റാല്‍ ഭസ്മമാകും.ന്യായമായി യുദ്ധം ചെയ്താല്‍ തടി കിട്ടുവാന്‍ സാധിക്കയില്ല. ചതിയാലാണെങ്കില്‍ കാര്യം സാധിക്കാം. വൈരികളെ കൊന്നുകളയാം. സന്ദിഗ്ദ്ധ കാര്യത്തിന് ഒരുങ്ങുന്നതിനേക്കാള്‍ നിസ്സംശയ കാര്യത്തിൽ ഏര്‍പ്പെടുന്നതാണ്‌ ശ്രേഷ്ഠം. ശാസ്ത്രപണ്ഡിതന്മാരായ ജനങ്ങള്‍ ബഹുമാനിക്കും. അതില്‍ ഒരു ലോകനിന്ദിതമായ ദുഷ്പേരുണ്ട്‌. ക്ഷത്രധര്‍മ്മസ്ഥനായ മര്‍ത്തൃന് അതും ചെയ്യേണ്ടതായി വന്നു കൂടുന്നു. നിന്ദിതങ്ങളും കുത്സിതങ്ങളും അടിക്കടി ചതിയോടെ അകൃതാത്മാക്കളായ പാണ്ഡവര്‍ ചെയ്തിട്ടുണ്ടു താനും, മുമ്പ്‌ ധര്‍മ്മചിന്തകന്മാര്‍ ന്യായത്താല്‍ തത്വം കണ്ടു പറഞ്ഞ ശ്ളോകം ഇപ്രകാരമാണ്‌.

തളര്‍ച്ച, കേറ്റം, ഊണു‍, യാത്ര,ചിന്നല്‍ ഈ സമയങ്ങളില്‍ ശത്രുസൈന്യങ്ങളെ ലാക്കില്‍ പ്രഹരിക്കുന്നു ബുദ്ധിമാന്‍ അര്‍ദ്ധരാത്രിക്കുറങ്ങുമ്പോള്‍ നായകന്‍ പോയ നേരവും സൈന്യം ഭേദിച്ച നേരത്തും പ്രഹരിക്കുന്നു ബുദ്ധിമാന്‍.

ഇതെല്ലാം ചിന്തിച്ചു രാത്രി സമയം പാണ്ഡുപാഞ്ചാലന്മാര്‍ ഉറങ്ങുന്ന തക്കംനോക്കി പ്രതാപവാനായ ദ്രൗണി ക്രൂരമായ വിചാരത്തോടു കൂടി വീണ്ടും തീര്‍ച്ചപ്പെടുത്തി. ഉറങ്ങിക്കിടക്കുന്ന അമ്മാവനേയും ഭോജനേയും വിളിച്ചുണര്‍ത്തി. ഉടനെ ഉണര്‍ന്ന കൃപനും ഭോജനും ദ്രൗണി പറഞ്ഞ വാക്കു കേട്ടു. അവര്‍ അതിന് ഉത്തരമൊന്നും പറഞ്ഞില്ല. ദ്രൗണി ലജ്ജിച്ചു. അവന്‍ മുഹൂര്‍ത്ത സമയം ചിന്തിച്ച്‌ ധ്യാനിച്ച്‌ ബാഷ്പ വിഹ്വലനായി പറഞ്ഞു.

ദ്രൗണി പറഞ്ഞു: ബലിയായ ആ വീരന്‍ നിസ്സഹായനായി കൊല്ലപ്പെട്ടു. അവന് വേണ്ടിയാണല്ലോ നാം പാണ്ഡുപുത്രരോടു വൈരം കൈക്കൊണ്ടത്‌. ആ ക്ഷുദ്രന്മാര്‍ പലരും കൂടി ശുദ്ധവിക്രമനായ അവനെ ഒറ്റയ്ക്കു കൂട്ടിക്കൊണ്ടുപോയി. ഭീമന്‍ അവനെ അടിച്ചു വീഴ്ത്തി. പതിനൊന്ന് അക്ഷൗഹിണിയുടെ നാഥനായ രാജാവിനെ ക്ഷുദ്രനായ മാരുതി എന്തൊരു നൃശംസമാണ് ചെയ്തത്‌. മുര്‍ദ്ധാഭിഷിക്തനായ ആ രാജാവിന്റെ ശിരസ്സില്‍ അവന്‍ കാല്‍ കൊണ്ടു ചവിട്ടി. പാഞ്ചാലര്‍ ആർക്കുന്നു! ചിരിക്കുന്നു! കൂവുന്നു! ശംഖു വിളിക്കുന്നു! ഭേരിയടിക്കുന്നു!

ഘോരമായി ദിക്കിലൊക്കെ കാറ്റടിക്കുന്നു. അശ്വങ്ങളുടെ ഹേഷാരവം കേള്‍ക്കുന്നു. ആനകളുടെ ചിന്നംവിളി കേള്‍ക്കുന്നു. ശൂരന്മാരുടെ സിംഹാരവങ്ങളും വളരെ കേള്‍ക്കുന്നു. കിഴക്കു ദിക്കില്‍ രഥനേമീ സ്വനങ്ങള്‍ കേള്‍ക്കുന്നു.

പാണ്ഡവന്മാര്‍ ധാര്‍ത്തരാഷ്ട്രര്‍ക്ക്‌ ഈ നാശങ്ങളൊക്കെ വരുത്തിക്കൂട്ടി. ഈ മഹാവൈശസത്തില്‍ നമ്മള്‍ മൂന്നു പേര്‍ മാത്രം ശേഷിച്ചു. ചിലര്‍ നാഗശതപ്രാണന്മാരും ചിലര്‍ സര്‍വ്വാസ്ത്ര കോവിദന്മാരുമായിരുന്നു. അവരെല്ലാം പാണ്ഡവന്മാരാല്‍ ഹതരായി. എല്ലാം കാലവിപര്യയം തന്നെ! വാസ്തവത്തില്‍ കാര്യം ഇങ്ങനെ തന്നെ വരേണ്ടതാണ്‌. ദുഷ്കരമായ ക്രിയ ചെയ്താലും ഇക്കാരൃത്തിന്റെ നില ഇതു തന്നെ. വ്യാമോഹം കൊണ്ടു നിങ്ങള്‍ക്ക്‌ എന്റെ അഭിപ്രായം സ്വീകാര്യമല്ലെങ്കില്‍ ഈ മഹാവിപത്തില്‍ ഏതാണ്‌ ശ്രേയസ്‌കരമെന്നു പറഞ്ഞാലും.

2. ദ്രൗണി കൃപ സംവാദം - ദ്രൗണിയും കൃപനും തമ്മില്‍ പറഞ്ഞുറയ്ക്കുന്നു - കൃപന്‍ പറഞ്ഞു: വിഭോ! ഭവാന്‍ പറഞ്ഞ വാക്കു ഞാന്‍ കേട്ടു. കാര്യം മനസ്സിലാക്കി. ഇനി ഞാന്‍ പറയുന്നതും കുറഞ്ഞൊന്നു കേള്‍ക്കുക. മനുഷ്യരായ മനുഷ്യരെല്ലാം കര്‍മ്മദ്വയം കൊണ്ട്‌ ബന്ധിക്കപ്പെട്ടവരാണ്‌. ദൈവം, പൗരുഷം ഈ രണ്ടു കാര്യമല്ലാതെ മറ്റൊന്നും ഇല്ല. ദൈവം മാത്രം കൊണ്ടു കാര്യം സാധിക്കുന്നില്ല. പൗരുഷം മാത്രമായാലും സാധിക്കുകയില്ല. സിദ്ധി രണ്ടും ഇണങ്ങിയാല്‍, ദൈവവും പൗരുഷവും ചേര്‍ന്നാല്‍, അധമകാര്യമായാലും ഉത്തമകാര്യമായാലും അസംഖ്യം കാര്യങ്ങള്‍ പ്രവര്‍ത്തിച്ചും നിവര്‍ത്തിച്ചും കാണുന്നുണ്ട്‌. മഴക്കാര്‍ മലയില്‍ പെയ്തതു കൊണ്ടു മാത്രം ഫലം സിദ്ധിക്കുന്നുണ്ടോ? ഉഴുതു കൃഷി ചെയ്ത കണ്ടത്തില്‍ നിന്നു ഫലം സിദ്ധിക്കുന്നില്ലേ? ദൈവം അല്ലാത്ത ഉദ്യമവും, ഉദ്യമം വിട്ട ദൈവവും എല്ലായിടത്തും വൃര്‍ത്ഥമായിത്തീരും. മുമ്പു പറഞ്ഞതു തീര്‍ച്ചയാണെന്നു ധരിച്ചോളു. ദൈവം വര്‍ഷിച്ച കണ്ടത്തില്‍ നല്ല പോലെ ഉഴുതു മറിച്ചാല്‍ വിത്തു, വളരെയായി ഇരട്ടിച്ചു വരുന്നു. അതുപോലെയാണ്‌ മര്‍ത്ത്യന്റെ സിദ്ധിയും. അതുകൊണ്ട്‌ ദൈവം സ്വയമായി പ്രവര്‍ത്തിക്കയില്ലെന്നു തീര്‍ച്ചയാക്കി, മിടുക്കന്മാരായ പ്രാജ്ഞര്‍ പൗരുഷത്താല്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ക്കു കാര്യാര്‍ത്ഥമൊക്കെ അവയാല്‍ പ്രവര്‍ത്തിച്ചും നിവര്‍ത്തിച്ചും കാണുന്നു. ചെയ്ത പൗരുഷം ദൈവം കൊണ്ടു സഫലമാകും. അപ്രകാരം കര്‍മ്മം ചെയ്താല്‍ ഫലം സിദ്ധിക്കും. സമര്‍ത്ഥരായ മനുഷ്യര്‍ക്കു ദൈവാനുഗ്രഹമില്ലാത്ത ഉദ്യമം നന്നായി ചെയ്തിട്ടും ലോകത്തില്‍ നിഷ്ഫലമായി കാണുന്നുണ്ട്‌. അതുകണ്ട്‌ അലസന്മാരായ മനുഷ്യര്‍, ധൈര്യം കുറഞ്ഞവര്‍ ഉദ്യമത്തെ ഗര്‍ഹിക്കുന്നു, അധിക്ഷേപിക്കുന്നു. പ്രാജ്ഞന്മാര്‍ക്ക്‌ അതൊട്ടും പിടിക്കയില്ല. ചെയ്ത കര്‍മ്മം മിക്കതും നിഷ്ഫലമായി കാണുന്നില്ല. ബുദ്ധിമുട്ടാത്ത കര്‍മ്മം വലിയ ഫലം തരുന്നതായും കാണാം. യദ്യച്ഛയാല്‍, യത്നിക്കാതെ ഏതാനും സാധിക്കുന്നതായാലും, പ്രയത്നിച്ചിട്ട്‌ സാധിക്കാഞ്ഞാലും, കാഴ്ചയില്‍ രണ്ടും മോശമാണ്‌. ദക്ഷന്‍, സമര്‍ത്ഥന്‍, ജീവിക്കുവാന്‍ ശക്തനാകുന്നു. മടിയനാകട്ടെ സുഖം പ്രാപിക്കുകയുമില്ല. ജീവലോകത്തില്‍ സമര്‍ത്ഥന്മാര്‍ മുറ്റും ഹിദൈഷികളായി കാണപ്പെടുന്നു. സമര്‍ത്ഥന്‍ ക്രിയ ചെയ്തിട്ടു ഫലം നേടാതിരിക്കയാണെങ്കില്‍ അവന് കുറ്റമില്ല. അവന്‍ നേടേണ്ടതു നേടി എന്നും വരാം. കര്‍മ്മം ചെയ്യാതെ ലോകത്തില്‍ നിന്ന്‌ ഫലം അനുഭവിച്ചവന്‍ കുറ്റം ആരോപിക്കപ്പെടേണ്ടവനാണ്‌. അവന്‍ മിക്കവാറും ദ്വേഷിക്കപ്പെടേണ്ടവൻ ആയിത്തീരും. ഈ കാര്യങ്ങള്‍ വകവെക്കാതെ മറിച്ച്‌ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവന്‍ തനിക്കു തന്നെ അനര്‍ത്ഥമുണ്ടാക്കുന്നവനാണ്‌. ധീമാന്മാരുടെ നയം ഇതാണ്‌. പൗരുഷത്തിന്റെ കുറവു കൊണ്ടും,ദൈവത്തിന്റെ കുറവു കൊണ്ടും, ഇങ്ങനെ രണ്ടു കാരണങ്ങളാല്‍ ഉദ്യമം ഫലിക്കാതാകും. പൗരുഷത്തിന്റെ കുറവാല്‍ കര്‍മ്മം ഫലിക്കുകയില്ല. ദൈവങ്ങളെ വണങ്ങി നന്നായി അര്‍ത്ഥത്തിന് യത്നിക്കുന്നവന്‍, ദാക്ഷിണുമുള്ള ദക്ഷന്‍, പാഴായി ക്ഷയത്തെ പ്രാപിക്കുന്നില്ല.

ഇതാണ്‌ നല്ല മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ വൃദ്ധരെ സേവിച്ച്‌, ശ്രേയസ്സ്‌ ചോദിച്ചറിഞ്ഞ്‌, ഹിതം മനസ്സിലാക്കി ചെയ്യുന്നവന്‍ ഉദ്യമിച്ച്‌ എന്നും വൃദ്ധരോടു ചോദിക്കും. അവരാണ്‌ യോഗത്തിന് മൂലമായിട്ടുളളത്‌. അവര്‍ മൂലമാണ്‌ സിദ്ധി ഉണ്ടാകുന്നത്‌.

വൃദ്ധന്മാര്‍ പറയുന്നത് കേട്ട്‌ ഉദ്യമിക്കുന്നവന്‍ ഉദ്യമത്തിന്റെ ഫലം നന്നായി നേടും. രാഗം, ക്രോധം, ഭയം, ലോഭം ഇവ കൊണ്ട്‌ അര്‍ത്ഥത്തെ ചിന്തിക്കുന്നവന്‍ അശക്തനും മാനം കെട്ടവനുമാണ്‌. അവന്റെ ശ്രീ വേഗം വിട്ടൊഴിഞ്ഞു പോകും. അദീര്‍ഘ ദര്‍ശിയും ലുബ്ധനുമായ സുയോധനന്‍ ആലോചിക്കാതെ മൗഢ്യം ചെയ്തു. അചിന്തിതമായി പ്രവര്‍ത്തിച്ചു. ഹിതബുദ്ധികളെ തള്ളിക്കളഞ്ഞു. സജ്ജന മന്ത്രം സ്വീകരിച്ചില്ല. ഗുണവാന്മാരായ പാണ്ഡവരോടു വൈരം ചെയ്തു. തടുത്തിട്ടും കൂട്ടാക്കിയില്ല. മുമ്പെതന്നെ വലിയ ദുശ്ശീലക്കാരനും ഉറപ്പിക്കുവാന്‍ അശക്തനുമായ അവന്‍ കാര്യം കെട്ടു തപിക്കുമ്പോഴും മിത്രങ്ങളുടെ വാക്കു കേട്ടില്ല. ആ പാപ പുരുഷനെ നാം പിന്തുടര്‍ന്നതു കൊണ്ട്‌ നമ്മള്‍ക്കും ഈ ദാരുണമായ മഹാവിപത്തു പിണഞ്ഞു. ഈ മഹാവ്യസനത്തില്‍ ഹൃദയം തപിക്കുകയാണ്‌. എന്റെ ബുദ്ധിയില്‍ ഞാന്‍ ശ്രേയസ്സ്‌ ഒന്നും കാണുന്നില്ല. ഞാന്‍ ഒറ്റയ്ക്ക്‌ ചിന്തിച്ചിട്ടും മാര്‍ഗ്ഗമൊന്നും കാണുന്നില്ല. വ്യാമൂഢനായ പുരുഷന്‍ സുഹൃജ്ജനങ്ങളുമായി ആലോചിക്കണം. ചോദിച്ചു ചെയ്യണം. അതില്‍ വിനയബുദ്ധിയുള്ളവന്‍ നന്മ കണ്ടെത്തും. എന്നാല്‍ അവന്റെ കാര്യം ബുദ്ധിയില്‍ കണ്ടു പണ്ഡിതന്മാര്‍ അവന്‍ ചോദിക്കുന്നതില്‍ ഉപദേശം നല്കും. അവന്‍ അത്‌ അനുസരിക്കണം. നാം ധൃതരാഷ്ട്രനോടും, ഗാന്ധാരിയോടും, വിദുരനോടും, ചെന്നു ചോദിക്കുകയാണ്‌ ഇനി ഉത്തമം. ചോദിച്ചാല്‍ അവര്‍ പറയുന്നതു നാം ചെയ്യുക. അതാണ്‌ നമ്മള്‍ക്കു നന്മ വരുത്തുക. അതു നാം ഉടനെ ചെയ്യുക. ഇതാണ്‌ എന്റെ നിശ്ചയം. കാര്യ,ങ്ങള്‍ ചെയ്യാതെ. അതിന്റെ ഫലം ഒരിക്കലും കിട്ടുകയില്ല. പ്രയത്നം ചെയ്തിട്ടും കാര്യം ഫലിക്കുന്നില്ലെങ്കില്‍ അവര്‍ ദൈവഹതന്മാരാണ്‌. അവരുടെ കാര്യത്തില്‍ പിന്നെ ചിന്തിക്കേണ്ടതില്ല.

3. ദ്രൗണി മന്ത്രണം - സഞ്ജയന്‍ പറഞ്ഞു: ധര്‍മ്മാര്‍ത്ഥ സഹിതമായി കൃപന്‍ ശുഭം പറഞ്ഞതു കേട്ടപ്പോള്‍ അശ്ചത്ഥാമാവ്‌ നിരാശനും ദുഃഖിതനുമായി. ശോകാഗ്നിയില്‍ കിടന്നെരിയുന്ന അവന്‍ മനസ്സിനെ അതിക്രൂരമാക്കി രണ്ടു പേരോടും പറഞ്ഞു: ആള്‍ തോറും ശോഭനമായ ബുദ്ധി ജനിക്കും. ആ ഉദിക്കുന്ന സ്വന്തമായ പ്രജ്ഞ കൊണ്ടു വെവ്വേറെ ഏവരും സന്തോഷിക്കും. താന്‍ ഏറ്റവും ബുദ്ധിമാനാണെന്നു ലോകര്‍ വിചാരിക്കുന്നതായി അവര്‍ക്കു തോന്നും. ഏവര്‍ക്കും താന്‍ സമ്മതനും ബഹുമാന്യനുമാണെന്ന്‌ അവര്‍ വിചാരിക്കും. തന്നത്താന്‍ ഏവരും വാഴ്ത്തും. ഏവര്‍ക്കും സ്വന്തമായ പ്രജ്ഞ സാധുവാദത്തില്‍ നില്ക്കുന്നതാണ്‌. അവര്‍ പരബുദ്ധിയെ നിന്ദിക്കുകയും, സ്വബുദ്ധിയെ വാഴ്ത്തുകയും ചെയ്യും. കാരണാന്തര യോഗത്താല്‍ യോഗത്തില്‍ ബുദ്ധി ചേര്‍ന്നവര്‍ അന്യോന്യം തുഷ്ടരായി ഏറ്റവും ബഹുമാനിക്കും. അതാതാളുകള്‍ക്ക്‌ അപ്പോഴപ്പോള്‍ അതാതു ബുദ്ധി കാലയോഗത്തില്‍ മാറിമാറി തമ്മില്‍ നാശമുണ്ടാക്കുന്നു. മനുഷ്യര്‍ക്കു വിശേഷിച്ചും, ചിത്തവൈചിത്ര്യം ചിത്തവൈക്ലബ്യം കൊണ്ട്‌ ഉണ്ടാകുന്നു. നല്ല വൈദ്യന്‍ വ്യാധിയറിഞ്ഞ്‌ ശമനമുണ്ടാക്കുവാന്‍ ചികിത്സ കല്‍പിക്കുന്നു. അപ്രകാരം കാര്യയോഗത്തില്‍ മനുഷ്യന്‍ ബുദ്ധി വെക്കുന്നു. തന്റെ ബുദ്ധിയാല്‍ കണ്ടതിനെ മറ്റ്‌ മനുഷ്യര്‍ നിന്ദിക്കുന്നു. ചെറുപ്പത്തില്‍ മനുഷ്യന്റെ ബുദ്ധി ഒരു വിധമാണ്‌. അവന്‍ ബോധക്കുറവു കൊണ്ടു പലതിലും മോഹിക്കുന്നു. യൗവനത്തില്‍ അവന്റെ ചിന്താഗതി മറ്റൊന്നാണ്‌. മഹാഘോര വ്യസനമോ അപ്രകാരം സമൃദ്ധിയോ പ്രാപിച്ച പുരുഷന്‍ ഹേ ഭോജാ, ബുദ്ധി വൈകൃതം കാണിക്കുന്നു. ഒരാള്‍ക്ക്‌ അപ്പോള്‍ ബുദ്ധി അതാതിന് അനുസരിച്ച്‌ മാറുന്നു. പ്രജ്ഞയ്ക്കുറപ്പറ്റതു കൊണ്ട്‌ അവന് ചിലതു രുചിക്കുകയില്ല.

പ്രജ്ഞയ്ക്ക്‌ ഒത്ത വിധം നല്ലപോലെ ബുദ്ധിയോടു കൂടി ആര്യന്‍ ചെയ്യുന്നതേതോ അതാണ്‌ അവന് യോഗസാധനം.എല്ലാ മനുഷ്യരും ഇതു നന്ന്‌ എന്നുറച്ച്‌ പ്രീതിയോടെ കൊലകള്‍ കൂടി നടത്തുന്നു. എല്ലാവരും യുക്തിയോടെ ചിന്തിച്ച്‌ പല കാര്യങ്ങളും ചെയ്യും; അത്‌ ഹിതമാണെന്നു വിചാരിക്കുകയും ചെയ്യും. വൃസനത്തില്‍ എനിക്ക്‌ ഇപ്പോളുണ്ടായ ബുദ്ധിയെ ഞാന്‍ നിങ്ങളോടു പറയാം. അതാണ്‌ എന്റെ ശോകം തീര്‍ക്കുക.

പ്രജാസൃഷ്ടി കഴിച്ച്‌ പ്രജാപതി ജാതിതോറും കര്‍മ്മം നല്കി. ബ്രാഹ്മണനില്‍ വേദവും, ക്ഷത്രിയനില്‍ തേജസ്സും, വൈശ്യനില്‍ ദാക്ഷ്യവും, ശൂദ്രനില്‍ സര്‍വ്വാനുകൂല്യവും വെച്ചു. അദാന്തനായ ബ്രാഹ്മണന്‍ ദുഷ്ടനാണ്‌. തേജസ്സില്ലാത്ത രാജാവ്‌ അധമനാണ്‌. അദക്ഷനായ വൈശ്യന്‍ നിന്ദ്യനാണ്‌. അപ്രതികൂലിയായ ശൂദ്രനും നിന്ദ്യനാണ്‌. പൂജ്യമായ ബ്രാഹ്മണ മഹാകുലത്തിലാണ്‌ ഞാന്‍ പിറന്നത്‌. എന്നിട്ട് എന്റെ ഭാഗ്യക്കുറവു കൊണ്ട്‌ ക്ഷത്രധര്‍മ്മത്തില്‍ ഞാന്‍ നില്ക്കുന്നു. ക്ഷത്രധര്‍മ്മം അറിഞ്ഞ ഞാന്‍ ഇനി ബ്രാഹ്മണ്യം ആശ്രയിച്ച്‌ മഹാകര്‍മ്മം ചെയ്താലും അത്‌ സാധു സമ്മതമാവുകയില്ല. യുദ്ധത്തില്‍ വില്ലും ദിവ്യാസ്ത്രങ്ങളുമേന്തിയ ഞാന്‍ അച്ഛനെ കൊന്നതായി കണ്ട്‌ സഭയില്‍ എന്താണു പറയുക? ആ ഞാന്‍ ഇഷ്ടപ്പടിക്ക്‌ ഇപ്പോള്‍ ക്ഷത്രധര്‍മ്മമെടുത്ത്‌ ഉടനെ രാജാവിന്റെയും എന്റെ അച്ഛന്റെയും സന്നിധിയില്‍ എത്തുന്നതാണ്‌. ഇന്നു പാഞ്ചാലര്‍ വിശ്വാസത്തോടു കൂടി ചട്ടയും വാഹനങ്ങളുമൊക്കെ വിട്ട വിജയഹര്‍ഷത്തോടെ സ്വൈരമായി കിടന്നുറങ്ങും. വളരെ ദിവസത്തെ ആയാസംകൊണ്ട്‌ അവര്‍ ഈ രാവില്‍ ഉറങ്ങുമ്പോള്‍ ഞാന്‍ അതിദുഷ്കരമായ ശിബിരാവസ്‌കന്ദനം ചെയ്യുന്നുണ്ട്‌. ഞാന്‍ ശിബിരത്തില്‍ ചെന്നു കയറി ചത്തമട്ട് ഉറങ്ങിക്കിടക്കുന്നവരെ ഇന്ദ്രന്‍ ദാനവരെയെന്ന പോലെ ആക്രമിച്ചു മുടിക്കുന്നതാണ്‌. ധൃഷ്ടദ്യുമ്നാദ്യന്മാരെ ഒടുക്കി ഇപ്പോള്‍ ഉണക്കക്കാട്‌ തീ എന്ന പോലെ മൂടിക്കുന്നുണ്ട്‌. ആ പാഞ്ചാലന്മാരെ കൊന്നല്ലാതെ എന്റെ മനസ്സിന് ശാന്തി ലഭിക്കയില്ല. ഇന്നു ഞാന്‍ അടരില്‍ പാഞ്ചാലരില്‍ ഒന്ന്‌ ചരിക്കും. പിനാകി പശുക്കളെയെന്ന പോലെ എല്ലാറ്റിനേയും കൊന്നു മുടിക്കും. കഷണം കഷണമായി വെട്ടി നുറുക്കും! പാണ്ഡവരേയും ഞാന്‍ പ്രഹൃഷ്ടനായി മര്‍ദ്ദിക്കും. ഒന്നിനേയും ജീവനോടെ വിടില്ല. സര്‍വ്വ പാഞ്ചാലരേയും കൊന്ന്‌ ശവം മന്നില്‍ നിറച്ച്‌, ഓരോന്നോരോന്നായി അവറ്റിനെപ്പിടിച്ച്‌ വെട്ടി നുറുക്കി അച്ഛന്റെ കടം വീട്ടും.

ദുര്യോധനനും, കര്‍ണ്ണനും, ഭീഷ്മനും, സിന്ധുരാജാവും പെട്ട ദുര്‍ഗ്ഗമമായ മാര്‍ഗ്ഗത്തിലൂടെ പാഞ്ചാലന്മാരെയും ഞാന്‍ അയയ്ക്കും. ഈ രാത്രി പാഞ്ചാലരാജാവായ ധൃഷ്ടദ്യുമ്നന്റെ തല പശുവിന്റെ തലയെന്ന വിധം ഞാന്‍ ബലമായി പിടിച്ചു ഞെരിച്ചൊടിക്കും! തകര്‍ക്കും! മഥിക്കും! കിടന്നുറങ്ങുന്ന പാണ്ഡു പാഞ്ചാല നന്ദനന്മാരെയൊക്കെ നിശിതമായ ഖള്‍ഗം കൊണ്ട്‌ രാത്രി വെട്ടിമുറിക്കും ഗൗതമാ! ഈ രാത്രി പാഞ്ചാല ബലത്തെ ഉറക്കത്തില്‍ മുടിച്ച്‌ ഹേ മഹാമതേ, കൃതാര്‍ത്ഥനായി സുഖം. പ്രാപിക്കുന്നുണ്ട്‌!

4. ദ്രൗണി മന്ത്രണം - കൃപൻ പറഞ്ഞു: ഹേ അച്യുതാ! അശ്വത്ഥാമാവേ! ഭാഗ്യത്താല്‍ നിനക്ക്‌ പ്രതിക്രിയ ചെയ്യുവാനുളള ബുദ്ധി ഉദിച്ചു. നിന്നെ തടുക്കുവാന്‍ വജ്രപാണിക്കു പോലും സാദ്ധ്യമല്ല. ഞങ്ങള്‍ രണ്ടു പേരും പുലര്‍ച്ചയില്‍ നിന്നെ പിന്തുടരാം. ചട്ടയും, കൊടിയും വിട്ട രാത്രി നീ വിശ്രമിക്കുക! നിന്നെ കൃതവര്‍മ്മനും, ഞാനും പിന്തുടരാം. മാറ്റാരോട്‌ ഏറ്റു ചെല്ലുന്ന സമയത്ത്‌ ഞങ്ങള്‍ ചട്ടയിട്ട്‌ തേരില്‍ക്കയറി നിന്നോടു കൂടി പോരാം. ഞങ്ങളോടൊത്തു ചെന്നെതിര്‍ത്ത്‌ പാഞ്ചാലരെ കൂട്ടത്തോടെ നീ വധിക്കും. വിശ്രമിച്ചാല്‍ നീ ശക്തനാണ്‌. രാത്രി നീ വിശ്രമിക്കു. ഉണ്ണീ, നീ എത്ര ദിവസമായി ഉറങ്ങിയിട്ട്‌. ഇന്നു നീ കിടന്ന്‌ ഒന്നുറങ്ങൂ! വിശ്രമിച്ച്‌ ഒന്നുറങ്ങി സ്വസ്ഥചിത്തനായി പോരില്‍ ശത്രുക്കളെ ചെന്ന്‌ എതിര്‍ക്കുക. നീ അവരെയൊക്കെ തീര്‍ച്ചയായും മുടിക്കും. തേരാളി മുഖ്യനായ നിന്നെ വില്ലെടുത്ത്‌ ഏല്‍ക്കുമ്പോള്‍ ജയിക്കുവാന്‍ ഇന്ദ്രന്‍ വിചാരിച്ചാലും കഴിയുകയില്ല. കൃപനോടൊത്തു കൃതവര്‍മ്മാവ്‌ കാക്കുന്ന നീ ചെല്ലുമ്പോള്‍ പോരില്‍ ക്രുദ്ധനായ നിന്നോട്‌ ഏല്‍ക്കുവാന്‍ ഇന്ദ്രന്‍ പോലും ശക്തനാണോ? നമ്മള്‍ രാത്രി വിശ്രമിച്ച്‌ സൗഖ്യമായി പുലര്‍ച്ചെ ചെന്നു രിപുക്കളെ കൊല്ലുക.

നിനക്കു ദിവ്യാസ്ത്രങ്ങളുണ്ട്‌. അതില്‍ എനിക്ക്‌ ഒട്ടും ശങ്കയില്ല. മഹേഷ്വാസനായ സാത്വതനും എന്നും സമര്‍ത്ഥനാണ്‌ പോരില്‍. ആ നമ്മള്‍ ഉണ്ണീ, ഒത്തു ചേര്‍ന്ന്‌ സര്‍വ്വശത്രുക്കളേയും പോരില്‍ ഊക്കില്‍ കൊന്നൊടുക്കി മഹത്തായ പ്രീതി നേടുക. അവ്യഗ്രനായ നീ വിശ്രമിക്കുക! സുഖമായി ഉറങ്ങുക! ഞാനും കൃതവര്‍മ്മാവും, നീ പോകുമ്പോള്‍ ചട്ടയിട്ടു വില്ലെടുത്ത്‌ ഒപ്പം പിന്തുടരാം. പ്രഭാതത്തില്‍ ഇന്ദ്രന്‍ ദാനവരെയെന്ന വിധം മുടിച്ച്‌ വിഹരിക്കുക.

പാഞ്ചാലപ്പടയെ ജയിക്കുവാന്‍ നീ ശക്തനാണ്‌. പോരില്‍ എന്നോടു കൂടിയ നിന്നെ കൃതവര്‍മ്മാവ്‌ കാക്കു മ്പോള്‍ സാക്ഷാല്‍ വിഭുവായ വജ്രപാണി പോലും താങ്ങുവാന്‍ ശക്തനാകയില്ല. ഞങ്ങള്‍ ഒരിക്കലും പിന്മടങ്ങുകയില്ല. എല്ലാറ്റിനേയും മുടിക്കാം; (പഭാതമാകട്ടെ! ഞാന്‍ പറയുന്നതു സത്യമാണ്‌).

സഞ്ജയന്‍ പറഞ്ഞു: അമ്മാവന്‍ ഇപ്രകാരം ഹിതം പറഞ്ഞപ്പോള്‍ ദ്രൗണി ക്രോധരക്താക്ഷനായി അമ്മാവനോടു പറഞ്ഞു: "ഹേ അമ്മാവാ! ഉറങ്ങുകയോ? ആതുരന്ന്‌ ഉറക്കമുണ്ടോ? അമര്‍ഷിക്ക്‌ ഉറക്കമുണ്ടോ? അര്‍ത്ഥം ചിന്തിക്കുന്നവന് ഉറക്കമുണ്ടോ? കാമിക്കുന്നവന് ഉറക്കമുണ്ടോ? ഈ നാലു കൂട്ടം കാര്യവും എന്നില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. അച്ഛന്റെ വധം ഓര്‍ത്തിട്ട് ലോകത്തില്‍ ഇതില്‍പ്പരം ദുഃഖം വേറെയുണ്ടോ എന്നു ചോദിക്കട്ടെ! രാവും പകലും ആ ദുഃഖം എന്നെ ദഹിപ്പിക്കുകയാണ്‌.

ആ ദുഷ്ടന്‍ ഏതുവിധമാണ്‌ എന്റെ അച്ഛനെ കൊന്നത്‌? അത്‌ അങ്ങു കണ്ടതല്ലേ, അതോര്‍ക്കുമ്പോള്‍ എന്റെ മര്‍മ്മങ്ങള്‍ പിളരുന്നു. എന്നെപ്പോലെയുള്ള ഏതൊരുത്തന്‍ ഒരു മുഹൂര്‍ത്ത സമയം ജീവിച്ചിരിക്കും? ദ്രോണനെ കൊന്നുവെന്നു പാഞ്ചാലന്മാര്‍ പറയുന്നതു ഞാന്‍ കേള്‍ക്കുന്നു. ധൃഷ്ടദ്യുമ്നനെ കൊല്ലാതെ ഞാന്‍ അടങ്ങുകയില്ല. താതഘാതിയായ അവന്‍ വദ്ധ്യനാണ്‌. പാഞ്ചാലരും വദ്ധ്യരാണ്‌. തുടയൊടിഞ്ഞു കിടക്കുന്ന രാജാവിന്റെ വിലാപവും ഞാന്‍ കേട്ടു. ഏതു കഠിനന്റെ ഹൃദയത്തെയാണ്‌ അതു പിളരാതിരിക്കുക! ഏതു നിര്‍ദ്ദയന്റെ കണ്ണില്‍ നിന്നാണു കണ്ണുനീര്‍ ചാടാതിരിക്കുക! തുട ഖണ്ഡിച്ച രാജാവിന്റെ അപ്രകാരമുള്ള ആ വാക്കു കേട്ടു. ഞാന്‍ ജീവിച്ചിരിക്കെ എന്റെ മിത്രപക്ഷം തോറ്റു എന്നു വന്നതും എന്റെ ശോകത്തെ വര്‍ദ്ധിപ്പിക്കുന്നു. ഒഴുക്ക്‌ ആഴിയെ എന്ന പോലെ ഹൃദയത്തെ മഥിക്കു ന്നു. ഏകാഗ്രനായ എനിക്കിപ്പോള്‍ നിദ്രയെവിടെ? സുഖമെവിടെ?

വാസുദേവാര്‍ജ്ജുനന്മാര്‍ കാക്കുന്ന അവര്‍ മഹേന്ദ്രന് പോലും അസഹ്യയന്മാരാണെന്ന്‌ കാണുന്നുണ്ട്‌. അമ്മാവാ! ഈ വന്നുയര്‍ന്ന കോപം അടക്കുവാനും ഞാന്‍ അശക്തനാണ്‌. എന്നെ കോപിപ്പിച്ചു പിന്മാറ്റുവാന്‍ ഇന്ന്‌ ആരേയും ലോകത്തില്‍ കാണുന്നില്ല. ഇപ്രകാരം എന്റെ ബുദ്ധി ഉറച്ചിരിക്കുന്നു. ഇത്‌ നന്ന് എന്നാണ്‌ എന്റെ അഭിപ്രായം.

വാര്‍ത്തികന്മാര്‍ പറഞ്ഞറിഞ്ഞ എന്റെ മിത്രര്‍ക്കു പറ്റിയ തോല്‍വിയും, പാണ്ഡവര്‍ക്കുണ്ടായ ജയവും എന്റെ ഹൃദയത്തെ ചുട്ടെരിക്കുകയാണ്‌. ശത്രുക്കളെയൊക്കെ ഉറക്കത്തില്‍ കൊന്നു ഞാന്‍ വിശ്രമിക്കും. പിന്നെ ഞാന്‍ അല്ലല്‍ വിട്ട്‌ ഉറങ്ങും.

5. ദ്രൗണി മന്ത്രണം - ദ്രൗണിയുടെ പാണ്ഡവ ശിബിര ഗമനം - കൃപന്‍ പറഞ്ഞു: ഇന്ദ്രിയങ്ങളെ ജയിക്കാത്തവനും ദുര്‍ബുദ്ധിയുമായ മര്‍ത്ത്യന്‍ സേവകനായാലും അവനോട്‌ ധര്‍മ്മാര്‍ത്ഥ പ്രസംഗങ്ങള്‍ കൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല. അതെനിക്ക്‌ ബോദ്ധ്യമാണ്‌. അപ്രകാരം തന്നെ വിനയം പഠിക്കാത്ത മേധാവി ധര്‍മ്മാര്‍ത്ഥ നിശ്ചയം അല്പവും അറിയുന്നവനാകുന്നില്ല. വളരെനാള്‍ ശൂരനായ പണ്ഡിതനെ സേവിച്ചിട്ടും വിഡ്ഡിയായ മനുഷ്യന്‍, കറിയുടെ സ്വാദ്‌ കൈയില്‍ അറിയാത്തതു പോലെ, ധര്‍മ്മങ്ങളെ അറിയുന്നില്ല. കുറച്ചു സമയം കൊണ്ട്‌ പണ്ഡിതനെ സേവിക്കുന്ന പ്രാജഞന്‍ ധര്‍മ്മങ്ങള്‍ നാവു കറിയുടെ സ്വാദ്‌ അറിയുന്നതു പോലെ അറിയുന്നു. ബുദ്ധിമാനും നിയതേന്ദ്രിയനുമായ ശുശ്രൂഷകന്‍ വരും വരായ്കകളൊക്കെ അറിയുന്നു. അവന്‍ ഗ്രാഹ്യകാര്യങ്ങളില്‍ തെറ്റിനില്ക്കുകയില്ല. അനേയനും, അവമാനിക്കുന്നവനും, ദുശ്ലീലനുമായ പാപപുരുഷന്‍ ശുഭമായ ദൈവത്തെ വിട്ട്‌ പല പാതകങ്ങളും ചെയ്യുന്നു. നാഥനായവനെ സുഹൃത്തുക്കള്‍ പാപത്തില്‍ നിന്നു തടുക്കുന്നു. ലക്ഷ്മിയുളളവന്‍ പിന്‍തിരിക്കും; അലക്ഷ്മി ബാധിച്ചവന്‍ തിരിക്കുകയില്ല. ഉച്ചങ്ങളും അവചങ്ങളുമായ വാക്കുകള്‍ കൊണ്ട്‌, അടക്കമുള്ളവന്‍ അടങ്ങുന്നതിന് ശക്യനാകുന്നു.

അതിണ് കഴിയാത്തവന്‍ തളര്‍ന്നു പോകുന്നു. അപ്രകാരം പ്രജ്ഞൻ അല്ലാത്ത സുഹൃത്ത്‌ പാപം ചെയ്യുകയാണെങ്കില്‍ പ്രാജ്ഞന്മാര്‍ ശക്തി പോലെ അതിനെ വീണ്ടും വീണ്ടും തടുക്കും. അവന്‍ നന്മയ്ക്ക്‌ മനസ്സു വെച്ചു തന്നെത്താന്‍ അടക്കി ജീവിക്കും.

ഉണ്ണീ, നീ ഞാന്‍ പറഞ്ഞത്‌ ചെയ്യുക! എന്നാല്‍ പശ്ചാത്തപിക്കേണ്ടതായി വരികയില്ല. ഉറങ്ങുന്നവരെ കൊല്ലുന്നത്‌ ഒരിക്കലും ധര്‍മ്മമല്ല. അപ്രകാരം തന്നെ ശസ്ത്രമില്ലാത്തവനേയും വാഹനം വിട്ടവനേയും ശരണം പ്രാപിച്ചവനേയും മുടി അഴിഞ്ഞവനേയും കൊല്ലുന്നത്‌ ധര്‍മ്മമല്ല. പാഞ്ചാലന്മാര്‍ ചട്ടയഴിച്ചു വെച്ചു കിടന്നു സുഖമായി ഉറങ്ങുകയാണ്‌. വിശ്വസ്തരായി ചത്തപോലെ കിടന്നുറങ്ങുകയാണ്‌. അപ്രകാരമുള്ളവരെ ഉപ്ദ്രവിക്കുന്ന നീച പുരുഷന്‍ അഗാധവും അപ്ളവവുമായ ഘോര നരകത്തില്‍ തീര്‍ച്ചയായും ചെന്നു വീഴും! സര്‍വ്വാസ്ത്രജ്ഞരില്‍ മുമ്പനാണെന്ന്‌ ലോകത്തില്‍ പുകഴ്ന്നവനാണു നീ. നിനക്കു ഈ ലോകത്തില്‍ ചെറിയ പാപം പോലും തട്ടുകയില്ല. പിന്നെ ഉദയ സൂര്യനെ പോലെ ശോഭിക്കുന്നവനാണു നീ. നാളെ സൂര്യന്‍ ഉദിക്കുമ്പോള്‍ എല്ലാവരും കാണ്‍കെ പോരില്‍ ഈ രിപുക്കളെയൊക്കെ കൊന്നു കൊളളുക. ശുക്ലത്തില്‍ രക്തം വെച്ച വിധം ഈ ചെയ്യുവാന്‍ പോകുന്ന പ്രവൃത്തി നിന്ദ്യമാണ്‌, എന്നാണ്‌ എന്റെ അഭിപ്രായം.

അശ്വത്ഥാമാവ്‌ പറഞ്ഞു; ഹേ മാതുലാ! ഭവാന്‍ പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ധര്‍മ്മത്തിന്റെ സേതു നൂറുവട്ടം തകര്‍ത്തത്‌ അവരാണ്‌. രാജാക്കന്മാരൊക്കെ കണ്ടു നില്ക്കെ ഭവാന്റെ മുമ്പില്‍ വെച്ച്‌ ധൃഷ്ടദ്യുമ്നന്‍ എന്റെ അച്ഛനെ ശസ്ത്രം വെച്ച നേരം നോക്കി വീഴ്ത്തിയില്ലേ? രഥീന്ദ്രനായ കര്‍ണ്ണനെ എങ്ങനെയാണു വീഴ്ത്തിയത്‌. രഥചക്രം വീണ നേരം നോക്കിയല്ലേ. ആ മഹാവ്യസനം ബാധിച്ച നേരം നോക്കിയല്ലേ, അര്‍ജ്ജുനന്‍ അവനെ സംഹരിച്ചത്‌? ഭീഷ്മനെ എങ്ങനെയാണു വീഴ്ത്തിയത്‌? അസ്ത്രം വെച്ച സമയത്തല്ലേ? ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഗാണ്ഡീവ പാണിയല്ലേ ഈ പണിചെയ്തത്‌? പ്രായോപവേശം ചെയ്ത ഭൂരിശ്രവസ്സിനെ മന്നവന്മാര്‍ വിളിച്ചാര്‍ക്കുന്നത്‌ ഗണിക്കാതെയല്ലേ സാത്യകി കൊന്നത്‌?നമ്മുടെ രാജാവിനെ ധര്‍മ്മാനുസൃതമാണോ വീഴ്ത്തിയത്‌? മഹാരഥന്മാര്‍ പലരും ചുഴന്നു നിലക്കെ ഭീമന്‍ അധര്‍മ്മമായി ഗദ കരാറു തെറ്റിച്ച്‌ തുടയ്ക്കടിച്ചിട്ടല്ലേ വീഴ്ത്തിയത്‌? ആ രാജാവിന്റെ വിലാപം എന്റെ ഹൃദയത്തെ പിളരുന്നു. ഇപ്രകാരം ദുഷ്ടന്മാരായ പാഞ്ചാല പ്രഭൃതികളാണ്‌ ധര്‍മ്മത്തിന്റെ സേതു തകര്‍ത്തത്‌. മര്യാദ കെട്ട അവരെ ഭവാന്‍ എന്തു കൊണ്ട്‌ നിന്ദിക്കുന്നില്ല? എന്റെഅച്ഛനെ കൊന്ന പാഞ്ചാലന്മാരെ രാത്രി ഉറക്കത്തില്‍ വെട്ടിക്കൊന്ന്‌ പുഴുവായോ പാറ്റയായോ ജന്മമെടുത്താലും ഞാന്‍ അതു സ്വീകരിച്ചു കൊള്ളാം. ഈ ചെയ്യുവാന്‍പോകുന്ന കാര്യത്തില്‍ ഞാന്‍ വെമ്പല്‍ കൊളളുകയാണ്‌. ആ വെമ്പല്‍ ഉളളിലുളള എനിക്ക്‌ നിദ്രയെങ്ങനെ വരും? സുഖമെങ്ങനെ ലഭിക്കും? ഇന്നേ വരെ ജനിച്ചിട്ടില്ല. ജനിക്കയുമില്ല, എന്റെ മനസ്സില്‍ നിശ്ചയിച്ച ഈ തീരുമാനം മാറ്റുവാന്‍ കഴിവുള്ള ഒരാള്‍!

സഞ്ജയന്‍ പറഞ്ഞു: എന്നു പ്രതാപവാനായ ദ്രോണപുത്രന്‍ പറഞ്ഞ്‌ തനിയെ അശ്വങ്ങളെ പൂട്ടി ശത്രുക്കളുടെ നേരെ യാത്രയായി. അവനോട്‌ മഹാത്മാക്കളായ ഭോജഗൌതമന്മാര്‍ ചോദിച്ചു: ഭവാന്‍ എന്തിനാണ്‌ തേരു പൂട്ടിയത്‌? എന്തു ചെയ്യുവാനാണു പുറപ്പാട്‌? നാം ഒരു കൂട്ടായി ചേര്‍ന്നവരാണല്ലോ. സമാനസുഖദുഃഖരായ ഞങ്ങളെ ശങ്കിക്കയാണോ? പിതൃവധത്തെ ചിന്തിച്ച്‌ ക്രുദ്ധനായ അശ്വത്ഥാമാവ്‌ തന്റെ ചികീർഷിതം ശരിക്കങ്ങു പറഞ്ഞു. "നൂറായിരം വൈരികളെ അസ്ത്രം കൊണ്ടു ഞാന്‍ ഹനിച്ചു. ശസ്ത്രം വെച്ച എന്റെ അച്ഛനെ ആ ധൃഷ്ടദ്യുമ്നന്‍ വധിച്ചു. അപ്രകാരം ചട്ട ഊരി വെച്ച നേരം നോക്കി ആ പാപിയായ പാഞ്ചാല പുത്രനെ പശുവിനെ കൊല്ലുന്ന മാതിരി ഞാന്‍ കൊല്ലും. ക്ഷണത്തില്‍ ചട്ടയിട്ട്‌ വാളും വില്ലുമെടുത്ത്‌എന്നെ നോക്കി കാത്തു കൊള്ളുക. എന്നു പറഞ്ഞ്‌ തേരില്‍ക്കയറി ശത്രുക്കളുടെ നേരെ യാത്രയായി. കൃപനും കൃതവര്‍മ്മനും അവനെ പിന്തുടര്‍ന്നു. പരാഭിമുഖരായി പോകുന്ന അവര്‍, യജ്ഞത്തിലെ ഹോമാഗ്നി പോലെ ഉജ്ജലിച്ചു. പാഞ്ചാലന്മാര്‍ ഉറങ്ങിക്കിടക്കുന്ന ശിബിരത്തിന്റെ വാതില്‍ക്കലെത്തി മഹാരഥനായി ദ്രൗണി നിന്നു.

6. ദ്രൗണി ചിന്ത - ധൃതരാഷ്ട്രന്‍ പറഞ്ഞു; പിന്നെ ദ്രൗണി വാതില്‍ക്കല്‍ നില്ക്കുന്നതു കണ്ടിട്ട്‌ ഭോജകൃപന്മാര്‍ എന്തു ചെയ്തു? പറഞ്ഞാലും!

സഞ്ജയന്‍ പറഞ്ഞു; വാതില്‍ക്കല്‍ ദ്രൗണി കൃപനോടും കൃതവര്‍മ്മാവിനോടും കൂടി എത്തി. അവിടെ എത്തിയപ്പോള്‍ വാതില്‍ക്കലുണ്ട്‌ ഒരു മഹാഭൂതം നില്ക്കുന്നു! ചന്ദ്രാര്‍ക്കന്മാരെപ്പോലെ കാന്തി വീശുന്ന മഹാഭൂതത്തെ കണ്ട്‌ അവര്‍ രോമാഞ്ചപ്പെട്ടു. ഭയങ്കരമായി നീണ്ടു നിവര്‍ന്ന ശരീരം! ചോര ഇറ്റിറ്റു വീഴുന്ന പുലിത്തോല്‍ ധരിച്ചിരിക്കുന്നു. കൃഷ്ണാജിനം ദേഹത്തിലണിഞ്ഞിട്ടുണ്ട്‌. പാമ്പു കൊണ്ട്‌ പൂണുനുല്‍ ഇട്ടിട്ടുണ്ട്‌. നാനാ ആയുധങ്ങളേന്തിയ അനവധി കരങ്ങളില്‍ സര്‍പ്പങ്ങളാല്‍ തോല്‍വള അണിഞ്ഞിരിക്കുന്നു. വായില്‍ നിന്ന്‌ അഗ്നിജ്വാല തള്ളുന്നു. ദംഷ്ട്രകള്‍ നീണ്ട കരാളമായ മുഖം തുറന്ന്‌ അന്തകനെപ്പോലെ നിലക്കുന്നു. ആയിരം കണ്ണുകളുണ്ട്‌. അതിന്റെ വേഷവും ദേഹവും വര്‍ണ്ണിക്കുവാന്‍ വിഷമമാണ്‌. എല്ലാം കൊണ്ടും അതിനെ കണ്ടാല്‍ ഭയപ്പെട്ട്‌ കുന്നു പോലും തകര്‍ന്നു പോകും.

അതിന്റെ വായില്‍ നിന്നും, മൂക്കില്‍ നിന്നും, കാതില്‍ നിന്നും, ആയിരം കണ്ണുകളില്‍ നിന്നും, അഗി പുറപ്പെടുന്നു. തേജോരശ്മികള്‍ തോറും ശംഖച്ചക്ര ഗദാധരന്മാരായ നൂറും ആയിരവും ഹൃഷികേശന്മാര്‍ പുറപ്പെട്ടു കൊണ്ടിരുന്നു.

ലോകഭീഷണവും ആശ്ചര്യവുമായ ആ ഭൂതത്തെ കണ്ട്‌ കൂസാതെ ദ്രൗണി അതിന്റെ നേരെ ദിവ്യാസ്ത്രം വര്‍ഷിച്ചു. ദ്രൗണി വര്‍ഷിച്ച ശരനിരയെല്ലാം ആ ഭൂതം ബഡവാഗ്നി കടല്‍ വെളത്തള്ളലിനെ ഗ്രസിക്കുന്ന വിധം ഗ്രസിച്ചു. താന്‍ വിടുന്ന ശരങ്ങള്‍ പാഴിലായതു കണ്ട്‌ അശ്വത്ഥാമാവ്‌ അതിന്റെ നേരെ അഗ്നിശിഖയൊക്കുന്ന വേല്‌ ചാട്ടി. അതിന്റെ ദേഹത്തില്‍ തട്ടി ആ തേര്‍വേല്‍ തകര്‍ന്നു. പ്രളയാര്‍ക്കനില്‍ ഏറ്റ്‌ കൊള്ളിമീന്‍ തകരുന്ന പോലെ ആ വേല്‍ തകര്‍ന്നതു കണ്ടപ്പോള്‍ ദ്രൗണി ഉറയില്‍ നിന്ന്‌ ഖള്‍ഗം ഈരി ഭൂതത്തിന്റെ നേരെ പ്രയോഗിച്ചു. അത്‌ ആ ഭൂതത്തില്‍ അളയില്‍ കീരി എന്ന പോലെ കടന്നു പോയി.ഉടനെ ദ്രോണപുത്രന്‍ ചൊടിച്ച്‌ ഇന്ദ്രദ്ധ്വജം പോലെ എരിയുന്ന ഗദ ഭൂതത്തിന്റെ നേര്‍ക്കു വിട്ടു. അതും ആ ഭൂതം ഗ്രസിച്ചു. സര്‍വ്വ ആയുധങ്ങളും പോയി ചുറ്റും നോക്കുന്ന അവന്‍ ആകാശം മുഴുവന്‍ ജനാര്‍ദ്ദനന്മാരാല്‍ നിറയപ്പെട്ടതായി കണ്ടു. നിരായുധനായ ദ്രൗണി അത്യത്ഭുതത്തോടെ ഈ കാഴ്ച കണ്ട്‌ ഏറ്റം താപത്തോടെ കൃപന്റെ മൊഴി ഓര്‍ത്തു: സുഹൃത്തിന്റെ പത്ഥ്യമായ മൊഴി കേള്‍ക്കാത്തവന്‍ എന്നെപ്പോലെ ആപത്തിലെത്തും. ശാസ്ത്രദൃഷ്ടങ്ങള്‍ തെറ്റിച്ച്‌ കൊല്ലുവാനൊരുങ്ങുന്ന മൂഢന്‍ ധര്‍മ്മമാര്‍ഗ്ഗഭ്രംശം മൂലം കെട്ടുപോകും. പശു, വിപ്രന്‍, നൃപാലന്‍, സ്ത്രീ, സഖി, മാതാവ്‌, പിതാവ്‌, ഗുരു എന്നിവരിലും ജഡന്‍, അന്ധന്‍, ദുര്‍ബലന്‍ എന്നിവരിലും സുപ്തന്‍, ദീതന്‍, യാചകന്‍ എന്നിവരിലും മത്തന്‍, ഉന്മത്തന്‍, പ്രമത്തന്‍ എന്നിവരിലും ശസ്ത്രങ്ങള്‍ പ്രയോഗിക്കരുത്‌ എന്നു പണ്ടുതന്നെ ഗുരുക്കന്മാര്‍ മര്‍ത്ത്യര്‍ക്ക്‌ ഉപദേശിച്ചു. ഞാന്‍ ശാശ്വതവും ശാസ്ത്ര ദൃഷ്ടവുമായ വഴി വിട്ട്‌ ദുര്‍മ്മാര്‍ഗ്ഗത്തില്‍ പ്രവേശിച്ച്‌ ഘോരമായ ആപത്തിലെത്തി. ആ വിപത്ത്‌ ഘോരതരമാണെന്ന്‌ മനീഷികള്‍ പറയുന്നു.

വലിയ കൃത്യത്തിന് ഒരുങ്ങി പേടിച്ചൊഴിയേണ്ടതായി വന്നു കൂടി. ശക്തികൊണ്ടും ബലംകൊണ്ടും ആ കര്‍മ്മം ചെയ്യുവാന്‍ കഴികയില്ല. മാനുഷമായ കര്‍മ്മം ദൈവത്തേക്കാള്‍ മേലെയല്ല. മാനുഷമായ ക്രിയകള്‍ ചെയ്യുമ്പോള്‍ ദൈവാനുഗ്രഹമില്ലെങ്കില്‍ ധര്‍മ്മമാര്‍ഗ്ഗം വിട്ട അവന്‍ അപകടത്തില്‍ ചെന്നു ചാടും.എന്റെ ദുര്‍ന്നയം കൊണ്ട്‌ എനിക്ക്‌ ഈ ഭയം സംഭവിച്ചു. ദ്രോണപുത്രന്‍ യുദ്ധത്തില്‍ ഒരിക്കലും പിന്തിരിയുകയില്ല. ഈ ഭൂതം ദൈവദണ്ഡം പോലെ ഉയര്‍ന്നു നില്ക്കുന്നു. എല്ലാംകൂടി ചിന്തിച്ചിട്ടും ഇതെന്തെന്നു ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും അധര്‍മ്മം കൊണ്ടു വന്ന ആപത്താണ്‌. അതിന്റെ ഫലമാണ്‌ ഈ ഘോര തടസ്സത്തിനു കാരണമായി കാണുന്നത്‌. എന്നെ പോരില്‍ പിന്തിരിപ്പിക്കുകയെന്നത്‌ ദൈവകല്പിതമാണ്‌. ദൈവാനുകൂല്യമില്ലാതെ അതിന് ഒരുങ്ങിയാല്‍ സാധിക്കുവാന്‍ പോകുന്നില്ല. അതുകൊണ്ട്‌ ഞാന്‍ മഹാദേവനെ ശരണം പ്രാപിക്കുന്നു. ഘോരമായ ദൈവദണ്ഡത്തെ മഹാദേവന്‍ തീര്‍ത്തു തരട്ടെ! കപര്‍ദ്ദി, ദേവദേവന്‍, അനാമയന്‍, ഉമേശന്‍, കപാലമാലി, ഹരന്‍, രുദ്രന്‍ എന്നില്‍ പ്രസാദിക്കട്ടെ! തപസ്സുകൊണ്ടും വിക്രമംകൊണ്ടും വാനോരില്‍ മേലെയായ മഹേശ്വരനെ ഞാന്‍ ശരണം പ്രാപിക്കുന്നു.

7. ദ്രൗണിയുടെ ശിവാര്‍ച്ചന - സഞ്ജയന്‍ പറഞ്ഞു: ഹേരാജാവേ, ഇപ്രകാരം ചിന്തിച്ച്‌ ദ്രൗണി തേര്‍ത്തട്ടില്‍ നിന്നിറങ്ങി മഹേശ്വരനെ കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ഉഗ്രന്‍, സ്ഥാണു, ശിവന്‍, രുദ്രന്‍, ശര്‍വ്വന്‍, ഈശാനന്‍, ഈശന്‍, ഗിരീശന്‍, വരദന്‍, ദേവന്‍, ഭവന്‍, ശിതികണ്ഠന്‍, അജന്‍, ശക്രന്‍, ഹരന്‍, ദക്ഷമഖാരി, വിശ്വരൂപന്‍, വിരൂപാക്ഷന്‍, ബഹുരൂപന്‍, ഉമേശന്‍, ശ്മശാനനിലയന്‍, ദൃപ്തന്‍, വിഭു, ഭൂരിഗണേശ്വരന്‍, ഖട്വാംഗധാരി, ജടിലബ്രഹ്മചാരി എന്നീ നാനാരൂപങ്ങളില്‍ വിളങ്ങുന്നവനെ ദുഷ്കര തേജസ്സു കൂടുന്ന എന്റെ ശുദ്ധഹൃദയത്താല്‍ ഞാന്‍ ആത്മാവിനെ ഉപഹാരമായി സമര്‍പ്പിച്ച്‌ ഭജിക്കുന്നു, യജിക്കുന്നു! ദേവാ! ഭവാനെ ഞാന്‍ ശരണം പ്രാപിക്കുന്നു. ഈ ഘോരവും, ദുസ്തരവുമായ ആപത്ത്‌ കടക്കുവാനിടയാക്കുവാന്‍ സര്‍വ്വ ഭൂതോപഹാരം കൊണ്ട്‌ ശുചിയായി ഞാന്‍ ത്രിപുരാന്തകനെ യജിക്കുന്നു.

സ്തുതനും, സ്തുത്യനും, സ്തൂയമാനനും, അമോഘനും,ആനത്തോലുടുത്തവനും, വിലോഹിതനും, നീലകണ്ഠനും, അസഹ്യയനും, ദുര്‍ന്നിവാര്യനുമായ ദേവനെ ഞാന്‍ ഭജിക്കുന്നു. ശുഭ്രനും ബ്രഹ്മസൃക്കുമായ ബ്രഹ്മത്തെ ഞാന്‍ ഭജിക്കുന്നു. ബ്രഹ്മചാരിയും, വ്രതവാനും, താപസാലംബനും, തപോനിഷ്ഠനും, അനന്തനും, ബഹുരുപനും, ഗണാദ്ധ്യക്ഷനും, ത്രൃക്ഷനുമായ പാരിഷദേഷ്ടനെ ഞാന്‍ നമിക്കുന്നു. ധനേശദൃഷ്ടമുഖനും, ഗൗരീഹൃദയകാന്തനും, കുമാരജനകനും, പിംഗനുമായ ഗോവൃഷോത്തമ വാഹനനെ ഞാന്‍ ഭജിക്കുന്നു. തനുവാസനും, മൃത്യുവും, ഉഗ്രനുമായ ആ ഭൂഷണ സജ്ജനെ ഞാന്‍ ഭജിക്കുന്നു. പരങ്ങളേക്കാള്‍ പരനും, പരമനും പരമഹീനനുമായ ഉത്തമേഷ്വാസ്ത്ര ധരനെ ഞാന്‍ നമിക്കുന്നു. ദിഗന്തനും, ദേശരക്ഷിയും, ഹിരണ്യവര്‍മ്മനും, ചന്ദ്രനെ ശിരസ്സില്‍ ധരിച്ചവനുമായ ദേവനെ, പരമമായ സമാധിയാല്‍ ഞാന്‍ ശരണം പ്രാപിക്കുന്നു. ഈ ഘോരവും, ദുസ്തരവുമായ ആപല്‍സമുദ്രത്തെ കടത്തിത്തരേണമേ! ഞാന്‍ ശുചിയായി സര്‍വ്വഭൂതോപഹാരത്താല്‍ ശുചിയായ അങ്ങയെ യജിക്കുന്നു.

അവന്റെ നിശ്ചയത്തേയും, കര്‍മ്മോദ്യോഗത്തേയും അറിഞ്ഞ്‌ മഹാദേവന്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. മഹേശ്വരന്‍ ആ മഹാത്മാവിന്റെ മുമ്പില്‍ പൊന്‍വേദിയില്‍ നിന്നു. ആ വേദിയില്‍ അപ്പോള്‍ അഗ്നിയുണ്ടായി. ദിക്കും, വിദിക്കും, അംബരവും ജ്വാലയാല്‍ നിറഞ്ഞു. ഉടനെ ശിവന്റെ പരിവാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദീപ്തമായ മുഖം, ദീപ്തമായ മിഴി, നാനാതരം പാദങ്ങളും, ബാഹുക്കളും ശിരസ്സുകളുമുള്ളവരും, കൈപൊക്കിപ്പിടിച്ചവരും, ദ്വിപാദ്രിതുല്യാംഗരുമായ മഹാഗണങ്ങള്‍ പ്രത്യക്ഷമായി. നായ, പന്നി, ഒട്ടകം എന്നിവയുടെ മുഖമുള്ളവരും, കുതിര, കുറുക്കന്‍, കരടി, പൂച്ച, പുലി, ആന, കുരങ്ങ്‌, തത്ത, കാക്ക, പരുന്ത്‌, പാമ്പ്‌, ഹംസം, ആമ, മുതല, തിമിംഗലം, ക്രൗഞ്ചം, സിംഹം, പ്രാവ്‌ എന്നിവയുടെ മുഖമുള്ളവരും, കൈയ്‌ കാതായവരും, സഹസ്രാക്ഷരും, വയറു വലിയവരും, തലയില്ലാത്തവരും, കണ്ണും നാവും ജ്വലിക്കുന്നവരും, ചതുര്‍ഭുജന്മാരും, മുടി ചുരുണ്ടവരും, കിരീടം ധരിച്ചവരും, ശതഘ്നി, വജ്രം, ഗദ എന്നിവയെടുത്തവരും, പിമ്പ്‌ ആവനാഴിയിലാക്കിയ സമരാഡ്യന്മാരും, ധ്വജമുളളുവരും, വലിയ കയറും, വടിയും, മഴുവുമെടുത്തവരും, സര്‍പ്പങ്ങള്‍ അണിഞ്ഞവരുമായ ശിവപാര്‍ഷദന്മാരും അവിടെ വിളങ്ങി.

പാട്ടുകാരും, നര്‍ത്തകന്മാരും, ആട്ടക്കാരും അതില്‍ ഉണ്ടായിരുന്നു. അവര്‍ ചാടിത്തുള്ളി തകര്‍ത്ത്‌ ഉച്ചത്തിലാര്‍ത്തു. കൈയുയര്‍ത്തി മത്തഹസ്തികള്‍ പോലെ മദിച്ചു തുള്ളി. ചോരക്കൊഴുപ്പുമോന്തി, കുടലും മാംസവും തിന്നുന്ന മട്ടില്‍ ഭൈരവന്മാര്‍ അലറി. നാനാവാദ്യത്തോടും കൂക്കിവിളിയോടും അട്ടഹാസത്തോടും കൂടി അവര്‍ ദ്രൗണിയുടെ സമീപത്തില്‍ ചെന്നു. ജ്വാലാകേശന്മാരും, രോമം നീണ്ട ചതുര്‍ഭുജന്മാരും, ചെമ്മരിയാടിന്റെ മുഖമുള്ളവരും, മേഷമുഖന്മാരും, ശംഖാഭന്മാരും, ശംഖുമുഖന്മാരും, ശംഖുമാലയണിഞ്ഞവരും, ശംഖദ്ധ്വനിയുള്ളവരും, ജടകെട്ടിയവരും, പഞ്ചശിഖന്മാരും, മുണ്ഡന്മാരും, കൃശോദരന്മാരും, ചതുര്‍ദംഷ്ട്രന്മാരും, ചതുര്‍ജിഹ്വന്മാരും, ശങ്കുകര്‍ണ്ണന്മാരും, കിരീടികളും, മുഞ്ജപ്പുല്ലു ധരിച്ചവരും, മുടി ചുരുണ്ടവരും, തലപ്പാവ്‌ ധരിച്ചവരും, സുമുഖന്മാരും, നല്ല മോടിയില്‍ വസ്ത്രം ധരിച്ചവരും, താമരയും, നീലോല്പലവും ചാര്‍ത്തിയവരും, ആമ്പല്‍പ്പുവ് അണിഞ്ഞവരും, മാഹാത്മ്യമിയലുന്നവരുമായ നൂറുനൂറ്‌ പാരിഷദന്മാര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ശതഘ്നി ഹസ്തന്മാര്‍, വജ്രഹസ്തന്മാര്‍, മുസലം കൈയിലെടുത്തവര്‍, മുസൃണ്ഠി കൈയിലെടുത്തവര്‍, പാശം കൈയിലെടുത്തവര്‍, ഗദാധാരികള്‍, സമരോല്ക്കടന്മാര്‍, ധ്വജമുളളവര്‍, ആവനാഴിയുള്ളവര്‍, മണി കൈയിലെടുത്തവര്‍, മഴു കൈയിലെടുത്തവര്‍, കമ്പക്കയറെടുത്തവര്‍, വടിയെടുത്തവര്‍, തൂണ്‍ കൈയിലെടുത്തവര്‍, വാള്‍ കൈയിലെടുത്തവര്‍, മുടിയില്‍ പാമ്പിനെ ചൂടിയവര്‍, മഹാസര്‍പ്പങ്ങളെ തോള്‍വളയായി ഇട്ടവര്‍, ചിത്രാഭരണങ്ങള്‍ അണിഞ്ഞവര്‍, പൊടിയേറ്റവര്‍, ചേറണിഞ്ഞവര്‍, വെളുത്ത മാല ധരിച്ചവര്‍, നീലനിറമുളളവര്‍, പിംഗളന്മാര്‍, തലമൊട്ടയടിച്ചവര്‍, മുഖക്ഷൗരം ചെയ്തവര്‍, ഇങ്ങനെയുള്ള പാര്‍ഷദന്മാര്‍ ഭേരി, ശംഖം, മൃദംഗം, ഗോമുഖം, ആനകം എന്നിവ ആഹ്ളാദത്തോടെ മുഴക്കി. പൊന്‍നിറം പൂണ്ട പാര്‍ഷദന്മാരും, പാട്ടുകാരും, നര്‍ത്തകന്മാരും അതിലുണ്ടായിരുന്നു.

ചാടിത്തുളളിത്തകര്‍ത്ത്‌ ഉച്ചത്തിലാര്‍ക്കുന്ന അവര്‍ കോപത്തോടെ കാറ്റേറ്റ്‌, മുടി ചിന്നിപ്പായുന്ന അവര്‍, മദിച്ച ആനകളെപ്പോലെ വീണ്ടും വീണ്ടും അലറി. ഭീമരൂപന്മാരും ഘോരരൂപന്മാരും, ശൂലപട്ടസധാരികളും, നാനാനിറപ്പകിട്ടുളളവരും, ചിത്രമാല്യാനുലേപനന്മാരും, രത്നചിത്രാംഗദന്മാരും, കൈകള്‍ ഉയര്‍ത്തിപ്പിടിച്ചവരും, ശൂരന്മാരും ശത്രു വധം ചെയ്യുന്ന ഉഗ്രവിക്രമന്മാരും, ചോരക്കൊഴുപ്പു മോന്തുന്നവരും, കുടലും മാംസവും മാന്തിത്തിന്നുന്നവരും, കുടുമ വെച്ചവരും, കൊന്നപ്പൂവ് അണിഞ്ഞവരും, കുടം പോലുള്ള വയറുള്ളവരുമായ അവര്‍ തുള്ളിച്ചാടി. ഏറ്റവും കുറിയവരും, വളരെ നീണ്ടവരും, വയറു തൂങ്ങിയവരും,മ ഹാഭൈരവന്മാരും, വികടന്മാരും, കരിഞ്ചുണ്ടന്മാരും, കൂറ്റന്മാരും, ലിംഗം നീണ്ടവര്‍, വൃഷണം വീര്‍ത്തവര്‍, നാനാതരം വിലപിടിച്ച രത്നങ്ങള്‍ പതിച്ച കിരീടം വെച്ചവര്‍, മുണ്ഡന്മാര്‍, ചെഞ്ചിടയുളളവര്‍, സൂര്യചന്ദ്രനക്ഷത്രങ്ങള്‍ ചേര്‍ന്ന ആകാശത്തെ തകര്‍ത്ത്‌ ഭൂമിയില്‍ വീഴ്ത്തുവാന്‍ പോന്നവര്‍, നാലുതരം ഭൂത്രഗാമങ്ങളേയും കൊല്ലുവാന്‍ മുതിര്‍ന്നവര്‍, ഇങ്ങനെ മഹോഗ്രമായ ഭ്രൂകുടീ സഹന്മാരായ അവര്‍ നിര്‍ഭയരാണ്‌. നിത്യവും യഥേഷ്ടം ഓരോന്നു ചെയ്യുന്ന അവര്‍ മുപ്പാരിന്നും ഈശ്വരന്മാരാണ്.

നിത്യാനന്ദംകൊണ്ട്‌ പ്രമുദിതന്മാരും, വാഗീശന്മാരും, വിമത്സരന്മാരും, അഷ്ടൈശ്വര്യം സിദ്ധിച്ചിട്ടും അഹങ്കാരമില്ലാത്തവരുമായ അവര്‍ കര്‍മ്മത്താല്‍ ഹരനെ പ്രസാദിപ്പിക്കുന്നവരുമാണ്‌. അവര്‍ നിത്യവും ഹരനെ മനസ്സുകൊണ്ടും, വാക്കുകൊണ്ടും ഭക്തിയോടെ ഭജിക്കുന്നു. അവരെ ഹരന്‍ മക്കളെപ്പോലെ മനോവാക് കര്‍മ്മങ്ങളാല്‍ സംരക്ഷിക്കുന്നു.

അവര്‍ ബ്രഹ്മദ്വേഷികളുടെ രക്തവും കൊഴുപ്പും ക്രുദ്ധരായി കുടിക്കുന്നു. അവര്‍ എപ്പോഴും നാലുതരം സോമത്തെ പാനം ചെയ്യുന്നു. ശ്രുതം, ദമം, ബ്രഹ്മചര്യം, തപസ്സ്‌ എന്നിവ കൊണ്ട്‌ ശൂലാങ്കനായ ഹരനെ സേവിച്ച്‌ അവര്‍ ഭവസായുജ്യം പ്രാപിച്ചവരാണ്‌.

നാനാതരത്തിലുള്ള വാദ്യം, ചിരി, അട്ടഹാസം, കൂക്കിവിളി, ആര്‍പ്പ്‌ എന്നിവയാല്‍ വിശ്വം മുഴക്കി അവര്‍ അശ്വത്ഥാമാവിന്റെ മുമ്പിലേക്ക്‌ ഇരമ്പിക്കയറി.

ഓങ്കാരം കൊണ്ട്‌ ഈശ്വരനെ വാഴ്ത്തുന്ന തേജസ്വികളായ അവര്‍ മഹാത്മാവായ ദ്രൗണിയുടെ മഹിമയെ വളര്‍ത്തുമാറ്‌, അവന്റെ തേജസ്സ്‌ അറിയുന്നതിനായി, സൗപ്തികം കാണുന്നതിനായി, ഭീമോഗ്രമായ പരിഘം, തീക്കൊള്ളി, ശൂലം, പട്ടസം എന്നിവ കൈയിലെടുത്ത്‌ ഘോരാകാരത്തോടെ ഭൂതസംഘങ്ങള്‍ ചുറ്റും കൂടി. കാഴ്ചയില്‍ത്തന്നെ ആരും പേടിച്ചു വിറച്ചു പോകുന്ന ഭീകരന്മാരായ അവര്‍ ദ്രൗണിയുടെ സമീപത്തെത്തി. അവരെക്കണ്ടിട്ടും ദ്രൗണി കുലുങ്ങിയില്ല.

വില്ലു ധരിച്ചു നില്ക്കുന്നവനും, കൈയുറയിട്ടവനുമായ ദ്രൗണി ആത്മാവിനെ ഉപഹാരമായി സമര്‍പ്പിച്ചു നിന്നു. ചാപശരങ്ങള്‍ ചമതയാക്കി, കൂരമ്പുകള്‍ പവിത്രമാക്കി, ആത്മവാനായ അവന്‍ ആത്മാവിനെ ഹവിസ്സാക്കി. സൗമ്യമായ മന്ത്രത്താല്‍ തന്നെ ഉപഹാരമായി സമര്‍പ്പിച്ചു. രൗദ്രമായ കര്‍മ്മം കൊണ്ട്‌ രുദ്രനെ സ്തുതിച്ചു തൊഴുത്‌ ഇപ്രകാരം പറഞ്ഞു:

അംഗിരസ്സിന്റെ കുലത്തില്‍ പിറന്ന ഞാന്‍ എന്നെ അങ്ങയ്ക്ക്‌ ബലിയായി അഗ്നിയില്‍ ഹോമിക്കുന്നു. എന്നെ അങ്ങ്‌ ബലിയായി വാങ്ങിയാലും, മഹാദേവാ! നിന്നില്‍ ഭക്തി മൂലം പരമമായ സമാധിയില്‍ ഈ ആപത്തില്‍ വിശ്വാത്മാവേ, നിന്റെ മുമ്പില്‍ ഞാന്‍ എന്നെ ഹോമിക്കുന്നു. ഭൂതങ്ങളൊക്കെയും ഭവാനില്‍ നില്ക്കുന്നു. ഭവാന്‍ ഭൂതങ്ങളിലൊക്കെ നില്ക്കുന്നു. പ്രധാന ഗുണവര്‍ഗ്ഗത്തിന്റെ ഏകത്വം നിന്നിലാണല്ലോ നില്ക്കുന്നത്‌. ഹേ സര്‍വ്വഭൂതാശ്രയാ! വിഭോ! ഹവിസ്സായി നില്ക്കുന്ന എന്നെ ഹേ ദേവാ, അങ്ങ്‌ സ്വീകരിച്ചാലും. മറ്റൊരു ഗതിയും എനിക്കില്ല. എന്നു പറഞ്ഞ്‌ ദ്രൗണി വഹ്‌നിയാളുന്ന വേദിയില്‍ നിന്ന്‌ ആത്മത്യാഗം ചെയ്ത്‌ കയറി അഗ്നിയില്‍ പ്രവേശിച്ചു. കൈപൊക്കി ചേഷ്ട കൂടാതെ നില്‍ക്കുന്ന അവനാകുന്ന ഹവിസ്സിനെ കണ്ട്‌ സാക്ഷാല്‍ മഹാദേവന്‍ ചിരിച്ചു പറഞ്ഞു: സത്യം, ശുചിത്വം, തപം, ത്യാഗം, ആര്‍ജ്ജവം, നിയമം, ക്ഷമ, ഭക്തി, ബുദ്ധി, ധൃതി, വയസ്സ്‌ എന്നിവയാല്‍ കൃഷ്ണന്‍ എന്നെ അക്ളിഷ്ട കര്‍മ്മാവായി ശരിക്ക്‌ ആരാധിച്ചു. അവനേക്കാള്‍ ഇഷ്ടനായി മറ്റൊരാളും എനിക്കില്ല. അവനെ സൽക്കരിക്കുവാനും, നിന്നെ പരീക്ഷിക്കുവാനും വേണ്ടി പാഞ്ചാലരെ ഞാന്‍ കാത്തു. പല മായകളും സൃഷ്ടിച്ചു. പാഞ്ചാലരെ കാത്ത്‌ ഞാന്‍ കൃഷ്ണനെ പൂജിച്ചു. ഇനി കാലാഭിഭൂതരായ പാഞ്ചാലര്‍ക്കു ജീവിതമില്ല; അവസാനിച്ചു, എന്നു പറഞ്ഞ്‌ ഭഗവാന്‍ ആ മഹാത്മാവില്‍ ആത്മമൂര്‍ത്തിയായി തന്നെ പ്രവേശിച്ചു. ആവേശിച്ചതിന് ശേഷം ഉത്തമമായ ഒരു ഖള്‍ഗം കൊടുത്തു.

ദ്രൗണി ഭഗവാന്റെ ആവേശത്താല്‍ തേജസ്സു കൊണ്ട്‌ ആളി ജ്വലിച്ചു. ദൈവകല്പിതമായ തേജസ്സാല്‍ പോരില്‍ ബലവാനായി. അദൃശ്യരായ രക്ഷോഭൂതങ്ങള്‍ ഒത്തു കൂടി ചുറ്റും പാഞ്ഞു. സാക്ഷാല്‍ രുദ്രനെപ്പോലെ അവന്‍ കൈനിലയിലേക്കു കടന്നു.

8. രാത്രിയുദ്ധം - പാഞ്ചാലാദിവധം -- ധൃതരാഷ്ട്രന്‍ പറഞ്ഞു : ഇപ്രകാരം ദ്രൗണി ശിബിരത്തില്‍ കടന്നപ്പോള്‍ കൃപനും, കൃതവര്‍മ്മാവും ഭയപ്പെട്ട്‌ ഓടിപ്പോയോ? ക്ഷുദ്രരായ രക്ഷികള്‍ കാണാതിരുന്നതു കൊണ്ട്‌ തടുത്തില്ലല്ലോ? അസഹൃമാണെന്നോര്‍ത്ത്‌ ആ മഹാരഥന്‍ പിന്തിരിച്ചില്ലല്ലോ? ശിബിരത്തില്‍ കടന്ന്‌ പാണ്ഡുസോമകന്മാരെ വീഴ്ത്തിയോ? എന്തൊക്കെ നടന്നു? ദുര്യോധനന്റെ കഥയെങ്ങനെ? എല്ലാം വിശദമായി പറയൂ സഞ്ജയാ!

സഞ്ജയന്‍ പറഞ്ഞു : മഹാത്മാവായ ദ്രൗണി ശിബിരത്തില്‍ കടന്നപ്പോള്‍ കൃപനും, കൃതവര്‍മ്മാവും കൈനിലയുടെ വാതില്ക്കല്‍ നിന്നു. ഇതുകണ്ട്‌ ദ്രോണപു(തന്‍ അവരോട്‌ മെല്ലെ പറഞ്ഞു: കിണഞ്ഞേറ്റാല്‍ സര്‍വ്വ ക്ഷത്രിയരേയും മുടിക്കുവാന്‍ നിങ്ങള്‍ മതി. പിന്നെ, ചത്തു ശേഷിച്ച ഇവറ്റയെ കൊല്ലുവാന്‍ എന്തു വിഷമം! വിശേഷിച്ചും ഇവര്‍ ഉറക്കത്തിലാണല്ലോ. ഞാന്‍ കടന്നു കാലനെപ്പോലെ ചുറ്റാം. ഒരാളും നിങ്ങളെ വിട്ട്‌ ജീവനോടെ പോകാത്ത വിധം നോക്കണം. അതാണെന്റെ നിശ്ചയം. ഇപ്രകാരം പറഞ്ഞ്‌ പാര്‍ത്ഥന്മാരുടെ ശിബിരത്തിലേക്ക്‌ ദ്രോണനന്ദനന്‍ പ്രവേശിച്ചു. ദ്വാരത്തില്‍ക്കൂടെയല്ല, നിര്‍ഭയം ചാടിക്കടക്കുകയാണ്‌ അവന്‍ ചെയ്തത്‌. ശിബിരത്തിനുള്ളിലെ നിലയൊക്കെ മനസ്സിലാക്കി അവന്‍ ധൃഷ്ടദ്യുമ്നന്‍ കിടക്കുന്നിടത്തേക്ക്‌ പതുക്കെ ചെന്നു. അവന്‍ മഹായുദ്ധം ചെയ്തു തളര്‍ന്നു വിശ്വാസത്തോടെ ഉറങ്ങുകയാണ്‌. ചുറ്റും പരിചാരകരും ഉറങ്ങുന്നു. പതുക്കെപ്പതുക്കെ ദ്രൗണി ധൃഷ്ടദ്യുമ്നന്റെ കിടക്കയുടെ അടുത്തെത്തി. ചിത്രമായ വിരിപ്പില്‍ സുഗന്ധ പുഷ്പങ്ങള്‍ ചിതറി സുരഭില ചൂര്‍ണ്ണങ്ങള്‍ തൂവി ആ മഹാത്മാവ്‌ പട്ടുമെത്തയില്‍ വളരെ സുഖമായി വിശ്വാസപൂര്‍വ്വം ഭയം കൂടാതെ ഉറങ്ങുകയാണ്‌. അവനെ അശ്വത്ഥാമാവ്‌ കാലുകൊണ്ട്‌ തട്ടിയുണര്‍ത്തി. ചവിട്ടേറ്റ്‌ അവന്‍ പെട്ടെന്ന്‌ ഉണര്‍ന്നെഴുന്നേറ്റു. അവന്‍ ദ്രോണപുത്രനെ അറിഞ്ഞു. മെത്തവിട്ട്‌ എഴുന്നേല്ക്കുമ്പോഴേക്കും മുടി ചുറ്റിപ്പിടിച്ച്‌ നിലത്തിട്ടു ചവിട്ടി. അവന്‍ ഊക്കില്‍ ചവിട്ടിയപ്പോള്‍ പെട്ടെന്നുണ്ടായ ഭയംകൊണ്ടും ഉറക്കം കൊണ്ടും അമ്പരപ്പു കൊണ്ടും അനങ്ങുവാന്‍ പോലും അശക്തനായി. അശ്വത്ഥാമാവ്‌ അവന്റെ കഴുത്തിലും മാറിലുമായി ചവിട്ടിക്കേറി. അലറിപ്പിടയുന്ന അവനെ പശുവിനെ കൊല്ലുന്ന വിധത്തില്‍ കൊന്നു. ചാകുമ്പോള്‍ അവന്‍ നഖം കൊണ്ട്‌ ദ്രൗണിയെ മാന്തി അവ്യക്തമായി പറഞ്ഞു; "ദ്രൗണി എന്നെ ശസ്ത്രം കൊണ്ട്‌ കൊന്നോളു। വൈകരുത്‌. നിന്റെ കൈകൊണ്ട്‌ ഞാന്‍ പുണ്യ ലോകം പൂകട്ടെ നരര്‍ഷഭാ!", എന്നു പറഞ്ഞ്‌ അവന്‍ മിണ്ടാതായി. ഉടനെ ദ്രൗണി അതിന്നു മറുപടി പറഞ്ഞു: "കുലപാംസനാ! ആചാര്യനെ കൊന്നവര്‍ക്ക്‌ ലോകങ്ങളൊന്നുമില്ല. അതു കൊണ്ട്‌ ഹേ ദുര്‍മ്മതേ! നീ ശസ്ത്രവധം അര്‍ഹിക്കുന്നില്ല", എന്നു പറഞ്ഞ്‌ ആ വീരനെ ആനയെ സിംഹമെന്ന വിധം ക്രൂരമായി പാദാഷ്ഠീലകള്‍ കൊണ്ട്‌ മര്‍മ്മത്തില്‍ കോപത്തോടെ അടിച്ചു. കൊല്ലപ്പെടുന്ന ആ വീരന്റെ ശബ്ദം കൊണ്ട്‌ ആ ശിബിരത്തില്‍ സ്ത്രീകളും കാവല്‍ക്കാരും ഉണര്‍ന്നു. ആ അതിമാനുഷ വീരന്‍ ആക്രമിക്കുന്നതു കണ്ട്‌ അത്ഭുതമാണെന്നു വിചാരിച്ചു ഭയപ്പെട്ട് ഇറുങ്ങിപ്പിടിച്ചു മിണ്ടാതെ കിടന്നു. ആ പ്രയോഗം കൊണ്ട്‌ അവനെ കാലപുരിക്കയച്ച്‌ തേരില്‍ക്കയറി. ആ വീടുവിട്ട ദിക്കു മുഴക്കി ശിബിരത്തിലേക്ക്‌ വൈരി വധത്തിനായി പോന്നു. തേരാളിയായ ദ്രോണപുത്രന്‍ ഇറങ്ങിപ്പോന്നതിന് ശേഷം മറ്റ്‌ കാവല്ക്കാരോടു കൂടി സ്ത്രീകള്‍ മുറവിളി കൂട്ടി. രാജാവിനെ കൊന്നതു കണ്ട്‌ ക്ഷത്രിയസ്ത്രീക ള്‍വ്യസനിച്ചു ഭയപ്പെട്ടു നിലവിളിച്ചു. ഉടനെ ക്ഷത്രിയന്മാര്‍ പിടഞ്ഞെഴുന്നേറ്റ്‌ ഇതെന്താണെന്ന്‌ അമ്പരപ്പോടെ ചട്ടയിട്ടു. ദ്രൗണിയെക്കണ്ടു പേടിച്ച സ്ത്രീകള്‍ പറഞ്ഞു: "ഉടനെ ചെല്ലുവിന്‍! രക്ഷസ്സോ മര്‍ത്ത്യനോ ആരാണെന്നറിഞ്ഞില്ല. പാഞ്ചാല രാജാവിനെ കൊന്ന്‌ ഇതാ, അവന്‍ തേരില്‍ക്കയറി നില്ക്കുന്നു". ഉടനെ ആയോധ മുഖ്യന്മാര്‍ ഊക്കില്‍ പാഞ്ഞ്‌ തേര്‍ വളഞ്ഞു. പാഞ്ഞെത്തുന്ന അവരെയൊക്കെ രുദ്രാസ്ത്രം കൊണ്ട്‌ ദ്രൗണി കൊന്നു വീഴ്ത്തി.

ധൃഷ്ടദ്യുമ്നനേയും അവന്റെ ഭടന്മാരേയും കൊന്നതിന് ശേഷം അടുത്തു കിടക്കുന്ന ഉത്തമൗജസ്സിനെ കണ്ടു. കഴുത്തിലും മാറിലും ഓരോ ചവിട്ടു കൊണ്ട്‌ അവന്റെ കഥയും കഴിച്ചു. ഉടനെ യുധാമന്യു ഗദയുമായി എത്തി ദ്രോണപുത്രന്റെ മാറില്‍ അടിച്ചു. ഉടനെ ദ്രൗണി അവനെ ചാടിപ്പിടിച്ചു നിലത്തടിച്ചു. കിടന്നു പിടയുന്ന അവനെ പശുവിനെ കൊല്ലുന്ന വിധം ഞെരിച്ചു കൊന്നു. അതിന് ശേഷം ദ്രൗണി മറ്റു കൂട്ടരില്‍ച്ചെന്നു. ഇതൊന്നുമറിയാതെ സുഷുപ്തിയില്‍പ്പെട്ടു കിടക്കുന്ന രഥീന്ദ്രന്മാരെ ചവിട്ടിയും, പിടലി പിടിച്ച്‌ പൊട്ടിച്ചും, ഞെരിച്ചും കൊന്നു. കിടന്നു പിടയുന്ന അവരെ നിഷ്കരുണം കൊന്നു. പിന്നെ, വാളെടുത്ത്‌ വേറെ ജനങ്ങളേയും വെട്ടിവീഴ്ത്തി. പിന്നെ, ഭാഗം തിരിഞ്ഞു ചുറ്റി വാള്‍ യുദ്ധത്തില്‍ വിശാരദന്മാരായ യോദ്ധാക്കളെ ഉറങ്ങിക്കിടക്കുന്ന കിടപ്പില്‍ തന്നെ വെട്ടിനുറുക്കി കൊന്നു. അശ്വങ്ങളേയും, ആനകളേയും ഒന്നും ബാക്കിവെച്ചില്ല. എല്ലാറ്റിനേയും വെട്ടിക്കൊന്നു.

ദേഹത്തിലൊക്കെ ചോര ചിതറി യമധര്‍മ്മന്‍ വിട്ട അന്തകനെപ്പോലെ രക്തത്തില്‍ മുഴുകി കിടന്നു പിടയുന്നവരുടെ ദേഹത്തില്‍ നിന്നു ചീറ്റിയ രക്തംകൊണ്ടും, വാളില്‍ നിന്നൊഴുകുന്ന രക്തം കൊണ്ടും അവനാകെ രക്തസിക്താംഗനായി; രക്താംബരനായി. മെയ്യില്‍ ചോരയും, കൈയില്‍ വാളുമായി അവന്‍ പൊരുതുമ്പോള്‍ അവന്‍ അമാനുഷാകാരനായി, പരമഭീഷണനായിത്തീര്‍ന്നു. ഉണര്‍ന്നവര്‍ ശബ്ദം കേട്ട്‌ മോഹാലസ്യപ്പെട്ടു. ചിലര്‍ ഉറക്കഭ്രാന്തു മൂലം ദ്രൗണിയെക്കണ്ടു ഭ്രമിച്ച്‌, ദ്രൗണിയാണെന്നു വിചാരിച്ച്‌ അന്യോന്യം പ്രഹരിച്ചു. ആ ശത്രു കര്‍ശിതന്റെ ആ വിധമുള്ള രൂപം കണ്ട്‌ അതാ രാക്ഷസന്‍! എന്നു ഭയപ്പെട്ട്‌ കണ്ണ്‌ ഇറുമ്മിയടച്ചു. ഘോരാകാരം പൂണ്ട അവന്‍ ശിബിരം ചുറ്റുമ്പോള്‍ പാഞ്ചാലീ പുത്രരേയും സോമകരേയും കണ്ടു. അവര്‍ ശബ്ദം കേട്ടു ഭയപ്പെട്ട്‌ വില്ലെടുത്തു. ധൃഷ്ടദ്യുമ്നനെ കൊന്നു എന്നറിഞ്ഞ അവര്‍ കോപിച്ച്‌ വില്ലെടുത്ത്‌ ദ്രൗണിയെ നിര്‍ദ്ദയം പ്രഹരിച്ചു. ആ ശബ്ദം കേട്ട്‌ പ്രഭദ്രകന്മാരും ഉണര്‍ന്നെഴുന്നേറ്റു. ശിഖണ്ഡിയും അവരും ദ്രോണപുത്രനെ അര്‍ദ്ദിപ്പിച്ചു.

ബാണം വര്‍ഷിക്കുന്ന അവരെ ദ്രൗണി കണ്ടു. അവന്‍ ഉച്ചത്തില്‍ ഒന്നലറി. പിന്നെ, അച്ഛനെ കൊന്നതോര്‍ത്ത്‌ അവന്‍ ക്രുദ്ധനായി തേര്‍ത്തടം വിട്ടിറങ്ങി ഓടിച്ചെന്നു. സഹസ്രചന്ദ്രം എന്ന വിമലമായ പരിചയും, ദിവ്യ മഹാ ഖള്‍ഗവുമെടുത്ത്‌ പാഞ്ചാലപുത്രരോടേറ്റു. അവരെ ആ ശക്തന്‍ വെട്ടിവീഴ്ത്തി. പിന്നെ, പ്രതിവിന്ധ്യനെ വയറ്റത്തൊരു വെട്ട്‌; രണ്ടു കഷണമായി വീണു. ഉടനെ പ്രതാപവാനായ സുതസോമന്‍ ദ്രൗണിയെ കത്തി കൊണ്ടു വെട്ടി. വീണ്ടും വാളുമായി അവനോടെതിര്‍ത്തു. സുതസോമന്റെ വാളേന്തിയ കൈ അറുത്തു. പാര്‍ശ്വത്തില്‍ വെട്ടി അവന്‍ കരള്‍ മുറിഞ്ഞു താഴെ വീണു. ശതാനീകന്‍, നകുലപുത്രന്‍ തേര്‍ചക്രമെടുത്ത്‌ രണ്ടു കൈ കൊണ്ടും ഊക്കില്‍ മാറില്‍ അടിച്ചു. ഉടനെ ശതാനീകനെ ദ്രൗണി താഡിച്ചു. വിഹ്വലപ്പെട്ട അവന്‍ തലനുറുങ്ങി വീണു. ശ്രുതകര്‍മ്മാവ്‌ പരിഘമെടുത്ത്‌ ദ്രൗണിയെ പരിചയുള്ള ഇടംകൈയില്‍ ഊക്കോടെ പ്രഹരിച്ചു. ഉടനെ അവന്‍ ശ്രുതകര്‍മ്മാവിനെ വായില്‍ വാൾ കൊണ്ടു വെട്ടി. വികൃതാസ്യനായ അവന്‍ മോഹിച്ചു ചത്തുവീണു. ആ ശബ്ദംകേട്ട്‌ മഹാരഥനായ ശ്രുതകീര്‍ത്തി അശ്വത്ഥാമാവോടേറ്റ്‌ ശരവര്‍ഷങ്ങള്‍ ചൊരിഞ്ഞു. അവന്റെ ബാണവര്‍ഷം ചര്‍മ്മം കൊണ്ടു തടുത്ത്‌ കുണ്ഡലം ചാര്‍ത്തിയ തല മെയ്യില്‍ നിന്നു വേര്‍പെടുത്തി.

പിന്നെ, ഭീഷ്മനിഹന്താവായ ശിഖണ്‍ഡി പ്രഭഞ്ജക ഗണത്തോടു കൂടി നാനാവിധത്തിലുള്ള ആയുധമെടുത്ത്‌ ആ വീരനെ പ്രഹരിച്ചു. ശിലീമുഖം കൊണ്ട്‌ ദ്രോണപുത്രനെ ഭ്രൂമദ്ധ്യത്തിലാഴ്ത്തി. ഉടനെ അവന്‍ വാള്‍കൊണ്ട്‌ ശിഖണ്ഡിയെ വെട്ടി രണ്ടു കഷണമാക്കി വീഴ്ത്തി. പിന്നെ, പ്രഭഞ്ജക ഗണത്തോട് ഏറ്റ് എതിര്‍ത്തു.

വിരാടന്റെ ശേഷിച്ച സൈന്യത്തോടേറ്റ്‌ എതിര്‍ത്തു. ദ്രുപദന്റെ പുത്രന്മാര്‍, പൗത്രന്മാര്‍, ഇഷ്ടര്‍ എന്നിവരെക്കണ്ട്‌ ഉഗ്രമായ പോരാട്ടം നടത്തി. മറ്റു ശത്രുക്കളോടുമേറ്റ്‌ എതിര്‍ത്തു. വാള്‍പ്പയറ്റില്‍ വിചക്ഷണനായ ദ്രൗണി എല്ലാറ്റിനേയും വെട്ടിവീഴ്ത്തി. രക്തത്തില്‍ മുഴുകിയ അവന്‍ വാൾകൊണ്ടു കളിച്ചു.

കറുത്ത്‌, കണ്ണും വായും തുടുത്ത്‌, രക്തമാല്യം ധരിച്ച്‌, രക്താംബരാസ്യനായി കൈയില്‍ കയറുമേന്തി, പാടി നില്ക്കുന്ന കാളരാത്രിയെ അവര്‍ കണ്ടു. ഘോരമായ പാശം കെട്ടി ആള്‍, കുതിര, ആന എന്നിവയെ കൊണ്ടു പോകുന്ന വിധത്തില്‍, മുടി ചിന്നി പാശബദ്ധരായ പ്രേതജാലത്തെ കയറില്‍ കെട്ടി വലിച്ചുകൊണ്ടു പോകുന്ന വിധത്തില്‍, പോകുന്ന കാളരാത്രിയെ വീരന്മാര്‍ സ്വപ്നത്തില്‍ കണ്ടു. വീരന്മാരെ വെട്ടിത്തളളുന്ന ദ്രൗണിയേയും കണ്ടു. പോര്‍ തുടങ്ങിയ ദിവസം മുതല്‍ അന്നേ വരെ രാത്രിയില്‍ക്കണ്ട സ്വപ്നം ഇന്ന്‌ പ്രതൃക്ഷമായി അവര്‍ കാണുന്നു. ദൈവഹതരായ അവരെയെല്ലാം അവന്‍ വീഴ്ത്തി. സര്‍വ്വഭൂതങ്ങളേയും ത്രസിപ്പിച്ച്‌ ഘോരമായ ആരവം മുഴക്കി. മുന്‍കാലങ്ങളില്‍ കണ്ട കാഴ്ച ഓര്‍ത്തിട്ട്‌ ആ വീരര്‍ ഈ കാണുന്നതും സ്വപ്നം തന്നെയാണെന്നു വിചാരിച്ചു. പിന്നെ ആ നിനദം കേട്ട്‌ വില്ലാളികള്‍ ഉണര്‍ന്നു. പാണ്ഡവന്മാരുടെ കൈനിലയില്‍ നൂറും, ആയിരവും ഉണര്‍ന്നു. കാലറ്റവര്‍, ജഘനം മുറിഞ്ഞവര്‍, പാര്‍ശ്വം പിളര്‍ന്നവര്‍, എല്ലാം കൂട്ടത്തോടെ നിലവിളിച്ചു. ഗജങ്ങളും, അശ്വങ്ങളും അറ്റവര്‍ എല്ലാം ഭൂമിയില്‍ മരിച്ചു ചിന്നിച്ചിതറി. ഇതെന്ത്‌?ഇതാര്? എന്ത്‌ ഒച്ച? എന്തു ചെയ്തു? എന്നു ചിന്തിച്ച്‌ അവര്‍ പരിഭ്രമിച്ചു. അവര്‍ക്ക്‌ ദ്രൗണി അന്തകനായിത്തീര്‍ന്നു. ശസ്ത്രസന്നാഹമേറ്റ്‌ അറ്റ പാണ്ഡുസൃഞ്ജയന്മാരെ ദ്രൗണി മൃത്യുലോകത്തിലേക്കയച്ചു. ആ ശബ്ദം കേട്ടു ഭയപ്പെട്ട്‌ എഴുന്നേറ്റ അവര്‍ നിദ്രാന്ധരായി ബോധംകെട്ട്‌ ഓടിയൊളിച്ചു. ഊരുസ്തംഭം പെട്ടുവീണു. തമ്മില്‍ ഇരുട്ടില്‍ അടികൂടി. ഉടനെ ദ്രൗണി തേരില്‍ ചാടിക്കയറി. ഊക്കുള്ള ശരങ്ങള്‍ കൊണ്ട്‌ ശത്രുക്കളെ കാലപുരി കയറ്റി. പിന്നെ ദുരത്തു നിന്ന്‌ ഏല്ക്കുന്ന നരമുഖ്യന്മാരേയും, മറ്റു ശൂരന്മാരേയും കാളരാത്രിക്കു നല്കി. തേരിന്റെ പാച്ചിലില്‍ ചക്രമുരുണ്ടും അനവധി പേര്‍ മരിച്ചു. പിന്നേയും ശത്രുക്കളില്‍ ശരവര്‍ഷം പൊഴിച്ചു. പിന്നേയും ശതചന്ദ്രാഭ ചിത്രപ്പരിച ഏന്തിയ അവന്‍ ആകാശ നിറമായ വാളുമെടുത്തു ചുറ്റി. അപ്രകാരം ദ്രൗണി അവരുടെ പടവീട്‌ രണോദ്ധതനായി, കയത്തെ ആനയെന്ന പോലെ കലക്കി. ആ ശബ്ദം കേട്ടു ബുദ്ധികെട്ട്‌ എഴുന്നേറ്റ രാജാക്കള്‍ ഭയാര്‍ത്തരും, നിദ്രാര്‍ത്തരുമായി നാനാവശത്തേക്കും ഓടി. ചിലര്‍ വിസ്വരമായി കൂകി. ചിലര്‍ അബദ്ധമായി പലതും പറഞ്ഞു. ചിലര്‍ അഴിഞ്ഞ വസ്ത്രം എടുക്കാന്‍ മറന്ന്‌ ഓടി. മറ്റു ചിലര്‍ മുടി ചിന്നിയിട്ട്‌ പരസ്പരം തിരിച്ചറിഞ്ഞില്ല. ഏറ്റും, വീണും, തളര്‍ന്നും ചിലര്‍ തിരിഞ്ഞു. ചിലര്‍ മലം വിട്ടു. ചിലര്‍ മൂത്രമൊഴിച്ചു. കെട്ടു പൊട്ടിച്ച്‌ ആനകളും കുതിരകളും പാഞ്ഞു ചിലര്‍ പേടിച്ചു കണ്ണടച്ചു കിടന്നു. അപ്രകാരം വീണു കിടക്കുന്ന അവരെ കുതിരകളും ആനകളും ചവിട്ടിയരച്ചു.

ഈ ഘോരനാശം നടക്കുമ്പോള്‍ രാക്ഷസന്മാര്‍ ഹര്‍ഷിച്ച്‌ ഉച്ചത്തില്‍ അലറി. ഭൂതസംഘങ്ങള്‍ രാക്ഷസശബ്ദത്തെ പൂരിപ്പിച്ച്‌ അലറി. ദിക്കിലൊക്കെയും, വാനിലും ഭയങ്കരമായ ശബ്ദം മുഴങ്ങി. ആര്‍ത്തനാദം കേട്ടു പരിഭ്രമിച്ച ആനകളും, കുതിരകളും പടവീട്ടില്‍ കടന്ന്‌ ജനങ്ങളെ മര്‍ദ്ദിച്ചു. പാഞ്ഞോടുന്ന അവ കാല്‍കൊണ്ടു പടര്‍ത്തുന്ന പെരും പൊടി രാത്രിയുടെ ഇരുട്ടിനെ വര്‍ദ്ധിപ്പിച്ചു. അപ്രകാരം ഇരുട്ടില്‍പ്പെട്ട ജനങ്ങള്‍ താത പുത്രന്മാരെയും, ഭ്രാതാക്കളെയും പരസ്പരം അറിയാതായി. ആന പാഞ്ഞ്‌ ആനയേയും കുതിര പാഞ്ഞ്‌ കുതിരയേയും മര്‍ദ്ദിച്ചു. അവര്‍ തമ്മിലേറ്റ്‌ ഭഗ്നരായി വീണു മരിച്ചു. മഹാബഹളത്തില്‍ പലരും തമ്മില്‍ത്തമ്മില്‍ കൊന്നു. ചിലര്‍ ശക്തി പോലെ ഓടിക്കളഞ്ഞു. അച്ഛാ,മോനേ എന്നും, ഗോത്രനാമങ്ങളും, ഗൃഹനാമങ്ങളും വിളിച്ചും, നിലവിളിച്ചും പ്രാണനും കൊണ്ട്‌ ഓടി. ചിലര്‍ ഹാ! ഹാ! എന്നു വിളിച്ചും നിലവിളിച്ചും ഭൂമിയില്‍ വീണു. അവരെ അറിഞ്ഞ്‌ ദ്രൗണി വെട്ടി നുറുക്കി. ഭയാര്‍ത്തരായ ക്ഷത്രിയന്മാര്‍ ശിബിരം വിട്ട്‌ പുറത്തേക്കു ചാടി. ജീവിക്കുവാന്‍ ശിബിരം വിട്ടു ചാടുന്ന അവരെ കൃപനും, കൃതവര്‍മ്മാവും വാതില്ക്കല്‍ നിന്ന്‌ അരിഞ്ഞു വീഴ്‌ത്തി. ശസ്ത്രം, യന്ത്രം, ചട്ട ഇവയൊക്കെപ്പോയി, മുടിചിന്നി, കൈകൂപ്പി, പേടിച്ചുവിറച്ച അവരെ ആരേയും അവര്‍ വിട്ടില്ല. കൃപനും, ദുഷ്ടനായ കൃതവര്‍മ്മനും, വരുന്നവരെ വരുന്നവരെ കാച്ചി. പിന്നെ അവര്‍ ശിബിരത്തിന്ന്‌ മൂന്നു പുറത്തും തീ കൊടുത്തു. ശിബിരത്തില്‍ വെളിച്ചം വീശിയപ്പോള്‍ ദ്രൗണി വാള്‍ വീശി ചുറ്റി. ചില വീരന്മാരെ എത്തുമ്പോഴും, ചിലരെ ഓടുമ്പോഴും വെട്ടി കഷണമാക്കി തളളി. ചിലരെ രണ്ടായും, ചിലരെ എള്ളിന്‍തുണ്ടു പോലെയും വെട്ടിനുറുക്കി. കുഴങ്ങിയാര്‍ക്കുന്ന ആനകളും, കുതിരകളും ചത്തു വീണു ഭൂമി ചിന്നി നിറഞ്ഞു. തലയറ്റു വീണ മനുഷ്യരുടെ കബന്ധങ്ങള്‍ എഴുന്നേറ്റ്‌ ഓടി വീണു. ശസ്ത്രവും, തോള്‍വളയും ചാര്‍ത്തിയ കൈകള്‍ അറ്റുവീണു. തലകള്‍ അറ്റുവീണു. തുമ്പിക്കൈ പോലുള്ള തുടകളും, കൈത്തലങ്ങളും, കാലുകളും, പൃഷ്ഠവും അറ്റു ചിതറി.

ഇങ്ങനെ ഘോരമായ കൊലപാതകം നടക്കുമ്പോള്‍ ഘോരമായ രാത്രി ഇരുട്ടു കൊണ്ടു ദാരുണമായി. അല്പ പ്രാണന്മാര്‍ അസംഖ്യം, ചത്തവര്‍ അനേകശതം, ഗജാശ്വങ്ങള്‍ ചത്തത്‌ ഒട്ടേറെ, എല്ലാം ഭൂമിയില്‍ പരന്നു.

ഇവിടെ പാണ്ഡവര്‍ ഇല്ലാതിരുന്നത് കൊണ്ട്‌ ഈ കദനം ചെയ്തതാണ്‌. അതിന് യാതൊരു സംശയവുമില്ല. ദേവന്മാര്‍ക്കും, ഗന്ധര്‍വ്വന്മാര്‍ക്കും, അസുരന്മാര്‍ക്കും, യക്ഷരാക്ഷസന്മാര്‍ക്കും അര്‍ജ്ജുനനെ വെല്ലുവാന്‍ സാദ്ധ്യമല്ല. വിശേഷിച്ചും കൃഷ്ണന്‍ കാക്കുമ്പോള്‍ ചിന്തിക്കുകയേ വേണ്ട. ബ്രഹ്മണ്യനും, സത്യവാനും, ദാന്തനും, സര്‍വ്വഭൂത ദയാപരനുമാണ്‌ ധനഞ്ജയന്‍. പ്രമത്തനേയോ, സുപ്തനേയോ, അസ്ത്രമില്ലാത്തവനേയോ, തൊഴുന്നവനേയോ, മുക്തകേശനേയോ, ഓടുന്നവനേയോ, ധനഞ്ജയന്‍ കൊല്ലുകയില്ല.

നമ്മളെ രാക്ഷസന്മാര്‍ ഇങ്ങനെ കദനം ചെയ്തല്ലോ! എന്നു നിലവിളിച്ചു കൊണ്ട്‌ ജനങ്ങള്‍ വീണു കിടന്നു. ഇരമ്പുന്ന ആളുകളുടെ കൂകുന്നതും, നിലവിളിക്കുന്നതുമായ ശബ്ദങ്ങള്‍ ഒട്ടു നേരം കൊണ്ടു നിന്നു. ആരവമൊക്കെ നിന്നു. ചോരകൊണ്ടു നനഞ്ഞ ഭൂമിയില്‍ ഘോരമായി ഉണ്ടായ ബഹളവും, പൊടിപാറലും നിലച്ചു. പിടയുന്നവരേയും, ഭയപ്പെട്ട്‌ ഉത്സാഹം കെട്ടവരേയും തിരഞ്ഞു പിടിച്ച്‌ ദ്രൗണി പിടലി പൊട്ടിച്ചു. തമ്മില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നവരേയും, എണീറ്റ്‌ ഓടുന്നവരേയും, ഒളിച്ചവരേയും, പൊരുതുന്നവരേയുമൊക്കെ ദ്രൗണി അടിച്ചു ചതച്ച്‌ നിലംപരിശാക്കി. തീയാല്‍ വേവുന്നവരേയും വിട്ടില്ല. എല്ലാവരേയും യമപുരിയിലെത്തിച്ചു.

ആ ഒരു രാത്രിയുടെ പകുതി കൊണ്ടു പാണ്ഡവന്മാരുടെവലിയ സൈന്യത്തെ ദ്രോണപുത്രന്‍ യമാലയത്തിലെത്തിച്ചു. രാത്രി ചുറ്റുന്ന ജീവികള്‍ക്ക്‌ ആ രാത്രി ഹര്‍ഷം വര്‍ദ്ധിക്കുന്ന വിധം പരിണമിച്ചു.

രാക്ഷസരും പിശാചുക്കളും രക്തം കുടിച്ചും നരമാംസം തിന്നും പുളച്ചു. ധൂസരന്മാര്‍, ശൈലയന്തര്‍, കരാളര്‍, ക്രൂരപിംഗളര്‍, കനത്ത തുടയുള്ളവര്‍, ജടിലര്‍, അഞ്ചു കാലുളളവര്‍, മഹോദരന്മാര്‍, രൂക്ഷര്‍, പിന്നോട്ടു വിരലുള്ളവര്‍, വിരൂപര്‍, വികടസ്വനർ, മണികെട്ടിയവര്‍, നീലകണ്ഠര്‍ ഇങ്ങനെ പലമാതിരി രാക്ഷസന്മാര്‍ ഭാര്യാപുത്രരോടു കൂടി ആ ശവക്കൂട്ടത്തില്‍ വന്നു മാംസം തിന്ന്‌, ചോര കുടിച്ച്‌ ആര്‍ത്തു പുളച്ചു. അവര്‍ തുള്ളിച്ചാടി.

ഇതുവേണോ, മറ്റേതു വേണോ?, ഇതു രുചിക്കുന്നുണ്ടോ? അതിലും നല്ല മാംസം ഇതാണ്‌. ഇതിന് നല്ല സ്വാദുണ്ട്‌. ഇങ്ങനെ മാംസവും, രക്തവും, വസയും കഴിക്കുമ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന അനേകായിരം ക്രവ്യാദന്മാര്‍ ചുറ്റും പാഞ്ഞു നടന്നു. അനേകായിരം ഭൂതങ്ങളും ഒത്തുകൂടി. പ്രഭാതമാകുന്നത് വരെ തിന്നും കുടിച്ചും തിമിര്‍ക്കാമെന്നു നിനച്ച്‌ അവിടെ കുടി.

നരമാംസം പറ്റിയ ദ്രൗണിയുടെ വാള്‍പ്പിടി കൈത്തലത്തോടു ചേര്‍ന്ന്‌ ഒട്ടിപ്പിടിച്ചു. ആ ജനക്ഷയത്തില്‍ ദുര്‍ഗ്ഗയെപ്പോലെയുള്ള പദവി പ്രാപിച്ചു. പ്രളയത്തില്‍ ഭൂതജാലം ചുട്ടെരിച്ച അഗ്നി പോലെ, ശപഥം പോലെ, ആ കര്‍മ്മം ദ്രോണപുത്രന്‍ നിര്‍വഹിച്ചു.

അച്ഛന്റെ ദുര്‍ഗ്ഗപദവി പൂകി വിജ്ജ്വരനായി. ജനങ്ങള്‍ ശിബിരം കയറി ഉറങ്ങുന്ന വിധം സര്‍വ്വം നിശ്ശബ്ദമായി. ശിബിരം വിട്ടിറങ്ങി ദ്രൗണി സുഹൃത്തുക്കളോടു കൂടി ചേര്‍ന്നു. ചെയ്തതൊക്കെ പറഞ്ഞു ഹര്‍ഷിച്ചു. അവനോട്‌ അവരും പ്രിയം പറഞ്ഞു. പാഞ്ചാലസൃഞ്ജയന്മാരെ അറുത്തിട്ടതോര്‍ത്ത്‌ ഉച്ചത്തില്‍ പ്രീതിയോടെ കൈകൊട്ടി ആര്‍ത്തു.

ഇപ്രകാരം ആ രാത്രി ഉറങ്ങുന്ന സോമകര്‍ക്ക്‌ ജനക്ഷയത്തില്‍ കലാശിച്ചു സംശയിക്കാനില്ല; കാലത്തിന്റെ മാറ്റം ആര്‍ക്കു തടുക്കുവാന്‍ കഴിയും? ജനക്ഷയം നമ്മള്‍ക്കു വരുത്തിയ അവരും അങ്ങനെ തീര്‍ന്നു. ദാരുണം തന്നെ!

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇപ്രകാരമുള്ള ഒരു മഹാകര്‍മ്മം മഹാരഥനായ ദ്രോണപുത്രന്‍ എന്തേ ആദ്യം ചെയ്യാതിരുന്നത്‌? എന്റെ പുത്രന്റെ വിജയത്തില്‍ അവന്‍ ഉദ്യുക്തനായിരുന്നില്ലേ? പിന്നെ ക്ഷത്രം മുടിഞ്ഞതിന് ശേഷം ചെയ്യുവാനെന്താണ്‌, ഹേ സഞ്ജയാ! അത്‌ എന്നോടു പറയുക.

സഞ്ജയന്‍ പറഞ്ഞു: ഹേ കുരുനന്ദനാ! കൃഷ്ണാര്‍ജ്ജുനന്മാരെ ഭയപ്പെട്ടാണ്‌ ദ്രൗണി അപ്രകാരം ചെയ്യാഞ്ഞത്‌. കൃഷ്ണനും, അര്‍ജ്ജുനനും, സാതൃകിയും അടുത്തില്ലാഞ്ഞത് കൊണ്ടാണ്‌ ദ്രൗണിക്ക്‌ അതു സാധിച്ചത്‌. അവര്‍ കാണ്‍കെ ഇന്ദ്രന് പോലും ഇവരെ കൊല്ലുവാന്‍ സാധിക്കയില്ല. ഉറങ്ങുന്ന സമയമായത് കൊണ്ട്‌ കാര്യം സാധിച്ചതാണ്‌. പാണ്ഡവര്‍ക്ക്‌ ഇപ്രകാരം നാശം ചെയ്ത്‌, "ഭാഗ്യം! ഭാഗ്യം!", എന്ന്‌ അവര്‍ ചേര്‍ന്നു സസന്തോഷം തമ്മില്‍ പറഞ്ഞു: അവര്‍ പ്രശംസിക്കുമ്പോള്‍ ദ്രൗണി അവരെ തഴുകി ഇപ്രകാരം പറഞ്ഞു: പാഞ്ചാലരെല്ലാവരും ചത്തു. ദ്രൗപദേയന്മാരെല്ലാവരും ചത്തു. മത്സ്യന്മാരും സോമകന്മാരും ചത്തു. എന്റെ കൈകൊണ്ട്‌ എല്ലാം തീര്‍ന്നു. നമ്മള്‍ ഇപ്പോള്‍ കൃതാര്‍ത്ഥരായി. നാം വേഗം അങ്ങോട്ടു പോവുക. നമ്മുടെ രാജാവ്‌ ജീവിക്കുന്നുണ്ടെങ്കില്‍ മരിക്കുന്നതിന് മുമ്പ്‌ ഈ പ്രിയവര്‍ത്തമാനം എത്തിക്കുക?

9. ദുര്യോധനന്റെ മരണം - സഞ്ജയന്‍ പറഞ്ഞു: രാജാവേ, പാഞ്ചാലരേയും, പാഞ്ചാലീ പുത്രരേയും മുടിച്ചതിന് ശേഷം അവര്‍ ദുര്യോധനന്‍ വീണു കിടക്കുന്ന ദിക്കിലേക്കു പോന്നു. ദുര്യോധനന്‍ അപ്പോള്‍ മരണത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌. അല്പപ്രാണനായി, അവസാനിക്കുകയാണ്‌. അവര്‍ തേര്‍വിട്ടിറങ്ങി നിന്റെ പുത്രന്റെ ചുറ്റും ചെന്നിരുന്നു. തുട ഖണ്ഡിക്കപ്പെട്ട കൃച്ഛ്റപ്രാണനായ അവന്‍ ബോധമറ്റ്‌ നിലത്തു ചോരകക്കി കിടക്കുകയാണ്‌. അവന്റെ ചുറ്റും ഭീഷണാകാരമായ ചെന്നായ്ക്കള്‍ വന്നു കൂടിയിരിക്കുന്നു. കുറുക്കന്മാരും ചുറ്റുന്നുണ്ടായിരുന്നു. തിന്നുവാന്‍ സമയമായോ എന്നു നോക്കുകയായിരുന്നു. തിന്നുവാന്‍ അടുക്കുന്ന ചെന്നായ്ക്കളെ പണിപ്പെട്ട്‌ അകറ്റിയും, ഏറ്റവും വേദനപ്പെട്ട്‌ ഭൂമിയില്‍ പിടിച്ചും, മന്നില്‍ ചോരയില്‍ മുങ്ങിക്കുഴഞ്ഞു കിടക്കുന്ന അവന്റെ ആ കിടപ്പു കണ്ട്‌ ചത്തു ശേഷിച്ച ആ മൂന്നു പേരും അടുത്തു ചെന്നിരുന്നു കരഞ്ഞു. അശ്വത്ഥാമാവും, കൃപനും, കൃതവര്‍മ്മനും, ചോര ദേഹത്തില്‍പ്പറ്റി കിതച്ചു വീര്‍പ്പിട്ട ദുര്യോധനനോട്‌ ഏറ്റവും ചേര്‍ന്നിരുന്നു. മൂന്ന്‌ അഗ്നികള്‍ ചേര്‍ന്ന വേദി പോലെ അപ്പോള്‍ ദുര്യോധനന്‍ പ്രകാശിച്ചു. ആ മഹാരാജാവിന്റെ ഈ നിലയിലുള്ള കിടപ്പു കണ്ട്‌ അവര്‍ താങ്ങുവാന്‍ വയ്യാത്ത ദുഃഖത്താല്‍ തേങ്ങി തേങ്ങി കരഞ്ഞു. കൈകള്‍ കൊണ്ടു വായില്‍ നിന്നു കട്ടയായി തള്ളുന്ന ചോര തുടച്ചു നീക്കി സങ്കടത്തോടെ പറഞ്ഞു.

കൃപന്‍ പറഞ്ഞും: പതിനൊന്ന്‌ അക്ഷൗഹിണിയുടെ നാഥനായ രാജാധിരാജനായ സുയോധനനാണ്‌ ചോരയില്‍ കുളിച്ച്‌ ഈ കിടക്കുന്നത്‌. ദൈവത്തിന് യാതൊരു വിഷമവുമുണ്ടായില്ല ഈ നിലയിലാക്കാന്‍, നോക്കു! സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ തിളങ്ങുന്ന രാജാവിന്റെ സ്വര്‍ണ്ണക്കെട്ടുകളോടു കൂടിയ ഗദ, ഗദാപ്രിയനായ അവന്റെ അരികില്‍ ഭൂമിയില്‍ കിടക്കുന്നു. ഈ ശൂരനെ ഏതു രണത്തിലും ഈ ഗദ വിട്ടു പോവുകയില്ല. സ്വര്‍ഗ്ഗത്തിലേക്ക്‌ ഈ കീര്‍ത്തിശാലി പോകുമ്പോഴും വിട്ടു പോവുകയില്ല. ഈ വീരനോടു കൂടി പൊന്നണിഞ്ഞ ഈ ഗദ കിടക്കുന്നതു നോക്കു! മണിമേടയില്‍, മെത്തയില്‍, പ്രീതയായ പ്രിയതമയെപ്പോലെ അരികെ കിടക്കുന്നു!

ഈ സുയോധനന്‍ എല്ലാവരിലും മുമ്പനായ പരന്തപനായിരുന്നു. അവന്‍ ഇതാ അടിയേറ്റു വീണു മണ്ണുകപ്പുന്നു! കാലവിപര്യയം നോക്കൂ! ഇവന്‍ പോരില്‍ക്കൊന്ന്‌, വൈരികള്‍ മന്നില്‍ വീണു. ആ ഇവന്‍ കുരുനായകന്‍, ശത്രുക്കളുടെ പ്രഹരമേറ്റ്‌ വെറും മണ്ണില്‍ വീണു കിടക്കുന്നു! ഇവനെ പേടിച്ച്‌ അസംഖ്യം രാജാക്കന്മാര്‍ മുമ്പു കുമ്പിട്ടിരുന്നു. മാംസഭോജികളാല്‍ ചുറ്റപ്പെട്ട്‌ അവന്‍ ഇതാ വീരശയ്യയില്‍ കിടക്കുന്നു! മുമ്പ്‌ ധനത്തിന് വേണ്ടി ഈ പ്രഭുവിനെ ദ്വിജാദികള്‍ ഉപാസിച്ചു. ഇന്ന്‌ മാംസത്തിന് വേണ്ടിയാണ്‌ മാംസഭോജികളായ ദ്വിജങ്ങള്‍ ഉപാസിക്കുന്നത്‌.

സഞ്ജയന്‍ പറഞ്ഞു: ആ കിടക്കുന്ന കുരുശ്രേഷ്ഠനെ കണ്ടിട്ട്‌ രാജാവേ! അശ്വത്ഥാമാവ്‌ അഴലോടെ വിലപിക്കുവാന്‍ തുടങ്ങി. നരശാര്‍ദ്ദുലാ, നിന്നെ വില്ലാളി മുഖ്യനായി എല്ലാവരും പുകഴ്ത്തുന്നു. നീ വൈശ്രവണ തുല്യനാണല്ലോ. ബലഭദ്ര ശിഷ്യരില്‍ അഗ്രഗണ്യനാണല്ലോ അങ്ങനെയുള്ള നിന്നെ വീഴ്ത്തുവാന്‍ എങ്ങനെ ഭീമന്‍ പഴുതു കണ്ടു? ശക്തനും വിരുതനുമായ നിന്നില്‍ എങ്ങനെ പഴുതു കണ്ടു? രാജാവേ, കാലം തന്നെ ലോകത്തില്‍ ബലമേറിയത്‌, ഭവാനെ ഭീമന്‍ വീഴ്ത്തിയല്ലോ! ആ ക്ഷുദ്രനും പാപിയുമായ വൃകോദരൻ സര്‍വ്വധര്‍മ്മജ്ഞനായ അങ്ങയെ ചതിച്ചു കൊന്നല്ലോ! ഹാ! കാലം ദുരത്യയം തന്നെ! ധര്‍മ്മയുദ്ധത്തിന് വിളിച്ച്‌ അധര്‍മ്മമായി ഭവാന്റെ തുട ഗദയാല്‍ അടിച്ചു തകര്‍ത്തു വൃകോദരൻ! അധര്‍മ്മത്താല്‍ പോരില്‍ ജയിച്ച ഭവാന്റെ ശിരസ്സില്‍ അവന്‍ അവന്റെ കാലടി വെച്ചു. കഷ്ടം! നിന്റെ ശിരസ്സില്‍ ചവിട്ടുന്നത് കണ്ട്‌ യുധിഷ്ഠിരന്‍ പൊറുത്തല്ലോ.മോശം! യുധിഷ്ഠിരന്‍ ക്ഷുദ്രന്‍ തന്നെ! യോധര്‍ യുദ്ധങ്ങളില്‍ ഭീമനെക്കുറിച്ചു തീര്‍ച്ചയായും അധിക്ഷേപിക്കും. ഭൂതങ്ങള്‍ നില്ക്കുന്ന കാലത്തോളം ഭീമന്‍ അധിക്ഷേപിക്കപ്പെടും. ഭവാനെ ചതിച്ചല്ലേ വീഴ്ത്തിയത്‌! ആ ചതിയുടെ അപകീര്‍ത്തി ലോകമുളള കാലത്തോളം നിലനില്ക്കും!

നിന്നെപ്പറ്റി രാമന്‍ പറയാറുണ്ട്‌: "ഗദായുദ്ധത്തില്‍ എന്റെശിഷ്യന്‍ ദുര്യോധനന്‍ മിടുക്കനാണ്‌. അവനെ ജയിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല". സദസ്സില്‍ നിന്നെക്കുറിച്ച്‌ ആ വാര്‍ഷ്ണേയന്‍ വാഴ്ത്തുന്നു. ക്ഷത്രിയന് മുഖ്യഗതി ഏതോ അതു ഭവാന്‍ നേടി. ഹേ പുരുഷര്‍ഷഭാ! ഞാന്‍ നിന്നെക്കുറിച്ചു കേഴുന്നില്ല സുയോധനാ മക്കള്‍ മരിച്ചു ജീവിക്കുന്ന ഗാന്ധാരിയെക്കുറിച്ചും ധൃതരാഷ്ട്രനെക്കുറിച്ചുമാണ്‌ ഞാന്‍ വ്യസനിക്കുന്നത്‌. നിന്റെ മാതാപിതാക്കള്‍ ഭിക്ഷുക്കളായി ദുഃഖിച്ചു ദുഃഖിച്ച്‌ ഭൂമിയില്‍ ചുറ്റുന്നതു കാണാറായത് ഓര്‍ക്കുമ്പോള്‍ എന്റെ ഇടനെഞ്ചു പൊട്ടുന്നു. ഞാന്‍ കൃഷ്ണനേയും ദുഷ്ടനായ അര്‍ജ്ജുനനേയും ധിക്കരിക്കുന്നു! ധര്‍മ്മജഞരാണെന്നു മാനിക്കുന്ന അവര്‍ നിന്റെ ഈ കൊലയെ കണ്ടു നിന്നില്ലേ? ദുര്യോധനനെ എങ്ങനെയാണ്‌ വധിച്ചതെന്ന്‌ നിന്റെ ഇഷ്ടന്മാര്‍ ചോദിച്ചാല്‍ പാണ്ഡവന്മാര്‍ എന്ത്‌ ഉത്തരം പറയും? യുദ്ധത്തില്‍ മരിച്ച ഗാന്ധാരീ പുത്രാ! നീ ധന്യനാണ്‌. നീ ധര്‍മ്മയുദ്ധം ചെയ്ത്‌ ശ്രത്രുക്കളോട്‌ ഏറ്റ്‌ മാന്യനായി മരിച്ചു!

മക്കള്‍ മരിച്ചവളും ബന്ധുജ്ഞാതികള്‍ ഒടുങ്ങിയവളുമായ ഗാന്ധാരിക്ക്‌ ഇനി എന്തു ഗതി? പ്രജ്ഞാചക്ഷുസ്സായ അരചനും ഇനി എന്തു ഗതിയാണുളളത്‌? ഞാന്‍ എന്നേയും, കൃപനേയും, കൃതവര്‍മ്മാവിനേയും ധിക്കരിക്കുന്നു. ഞങ്ങള്‍ നിന്നെ മുമ്പാക്കി വിണ്ണില്‍ എത്തിയില്ലല്ലോ! സര്‍വ്വകാമങ്ങളും സാധിപ്പിച്ചു തന്ന്‌ ഞങ്ങളെ കാക്കുന്നവനും നാട്ടുകാര്‍ക്ക്‌ ഇഷ്ടനുമായ നിന്നെ പിന്തുടരാത്ത ഞങ്ങള്‍ നിന്ദ്യരായ നരാധമന്മാരാണ്‌. നിന്റെ വീര്യത്താല്‍ ഈ കൃപന്റേയും എന്റെ അച്ഛന്റേയും എന്റേയും ഭൃത്യന്മാരോടു കൂടിയ മന്ദിരങ്ങള്‍ ഹേ നരര്‍ഷഭാ।! രത്നാഢ്യങ്ങളായി. നിന്റെ പ്രസാദത്താല്‍ ഞങ്ങള്‍ ബന്ധുമിത്രങ്ങളോടു കൂടി മുഖ്യയജ്ഞങ്ങള്‍ പലതും നിര്‍വ്വഹിച്ചു. ധാരാളം ദക്ഷിണയും വാങ്ങി. ഞങ്ങള്‍ പാപികള്‍! ഭവാന്‍ എല്ലാ രാജാക്കളേയും ആദ്യം അയച്ച്‌ സല്‍ഗതി പ്രാപിക്കുന്നു! പരസല്‍ഗതി പ്രാപിക്കുന്ന ഭവാനെ ഈ ഞങ്ങള്‍ മൂന്നുപേര്‍, ഹേ രാജാവേ, പിന്തുടരുന്നില്ല. അതുകൊണ്ട്‌ ഞങ്ങള്‍ പറയുകയാണ്‌. എല്ലാം നശിച്ച്‌, എല്ലാ ശ്രീയും പോയ നിന്റെ സല്‍ഗതിയോര്‍ത്ത്‌ നിന്നെ പിന്തുടരാത്ത ഞങ്ങളുടെ ഗതിയെന്താണിനി? ഞങ്ങള്‍ ദുഃഖിച്ചു ദുഃഖിച്ച്‌ ഈ ധരിത്രിയില്‍ ചരിക്കാം. ഹേ രാജാവേ ഞങ്ങള്‍ക്കു ഭവാനില്ലാതെ എവിടെ ശാന്തി ലഭിക്കും? എവിടെ സുഖം കിട്ടും? ഭവാന്‍ ചെന്ന്‌ ആ രഥീന്ദ്രരോട്‌ വമ്പും, മുമ്പും കണ്ടു മുറയ്ക്ക്‌ എന്റെ വാക്കാല്‍ പൂജിക്കണം.

ധനുര്‍ദ്ധരന്മാര്‍ക്കൊക്കെ പതാകയായ ഗുരുവിനെ പൂജിച്ചു പറയണം, അശ്വത്ഥാമാവ്‌ ധൃഷ്ടദ്യുമ്നനെ കൊന്നു എന്ന്‌. പിന്നെ ബാല്‍ഹീക നരേന്ദ്രനെ നീ പുല്‍കണം. ജയദ്രഥനേയും സോമദത്തനേയും, യൂപകേതുവിനേയും, സ്വര്‍ഗ്ഗത്തില്‍ മുമ്പെ ചെന്ന രാജാക്കളേയും കണ്ട്‌ എന്റെ വാക്കാല്‍ കുശലം ചോദിച്ചു തഴുകണം.

സഞ്ജയന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ തുട ഖണ്ഡിക്കപ്പെട്ടു മയങ്ങുന്ന രാജാവിനെ സൂക്ഷിച്ചു നോക്കി അശ്വത്ഥാമാവ്‌ വീണ്ടും പറഞ്ഞു: ഹേ ദുര്യോധനാ! ഭവാന്‍ ജീവിക്കുന്നില്ല! സുഖമായ വാക്കു കേള്‍ക്കു! പാണ്ഡവരില്‍ ഏഴു പേരും, കുരുക്കളില്‍ ഞങ്ങള്‍ മുന്നു പേരും മാത്രമേ ശേഷിപ്പുള്ളു.

ഭ്രാതാക്കള്‍ അഞ്ചുപേരും, കൃഷ്ണനും, സാത്യകിയും. ഞാനും, കൃപനും,കൃതവര്‍മ്മാവും മാത്രം ജീവിക്കുന്നു. ദ്രൗപദിയുടെ മക്കളൊക്കെ ചത്തു. ധൃഷ്ടദ്യുമ്നന്റെ മക്കളൊക്കെ ചത്തു. മത്സ്യരില്‍ ശേഷിപ്പുള്ളവരൊക്കെ ചത്തു. ചെയ്തതിന്നെതിര്‍ കണ്ടാലും! പാര്‍ത്ഥന്മാര്‍ ഹതപുത്രന്മാരായി. ഉറക്കത്തില്‍ നരവാഹനങ്ങളോടു കൂടി എല്ലാറ്റിനേയും കൊന്നു. കൈനില മുടിഞ്ഞു. ഞാന്‍ മഹാപാപിയായ ധൃഷ്ടദ്യുമ്നനെ, രാത്രി കൈനിലയില്‍ കയറിച്ചെന്ന്‌ ഉറങ്ങുന്ന അവനെ, പശുവിനെ കൊല്ലുന്ന വിധത്തില്‍ കൊന്നു കളഞ്ഞു.

മനസ്സിന് ഇഷ്ടമായ വാക്കുകേട്ട്‌ സുയോധനന്‍, മൃതിയില്‍ മുങ്ങിയ സുയോധനന്‍, വീണ്ടും ബോധം കലര്‍ന്ന്‌ ഇപ്രകാരം പറഞ്ഞു: ഭീഷ്മനും, കര്‍ണ്ണനും, നിന്റെ അച്ഛനും ചെയ്യാന്‍ സാധിക്കാത്ത മഹാകര്‍മ്മമാണ്‌ എനിക്കു ഭവാന്‍ കൃപകൃതവര്‍മ്മാക്കളോടൊത്ത്‌ ചെയ്തു തന്നത്‌. ക്ഷുദ്രനായ ശിഖണ്ഡിയോടു കൂടി പടനായകനായ ധൃഷ്ടദ്യുമ്നന്‍ ചത്തു. അതുകൊണ്ട്‌ ഞാന്‍ എന്നെ ഇന്ദ്രതുല്യനായി വിചാരിക്കുന്നു! സ്വസ്തി നേടുവിന്‍! ഭദ്രം! ഇനി നമുക്കു വിണ്ണില്‍ വെച്ചു ചേരാം, എന്നു പറഞ്ഞ്‌ ആമഹാശയന്‍ കണ്ണടച്ചു. ആ ശബ്ദം നിലച്ചു. ആ വീരന്റെ ജീവിതം അവസാനിച്ചു. സുഹൃത്തുക്കളായ അവര്‍ വിലപിച്ചു. അവന്റെ ആത്മാവ്‌ പുണ്യലോകത്തേക്കു പോയി. ജഡം ഭൂമിയില്‍ വീണു കിടന്നു.

ഇപ്രകാരം നിന്റെ പുത്രന്‍ മൃതനായി രാജാവേ! പോരില്‍ മുമ്പിട്ടേറ്റ വീരന്‍, ശത്രുക്കളാല്‍ ഒടുവില്‍ ഹതനായി. അവര്‍ രാജാവിനെ വീണ്ടും വീണ്ടും പുണര്‍ന്ന്‌, വീണ്ടും വീണ്ടും നോക്കി നോക്കി, സ്വന്തം തേരുകളില്‍ കയറി. ദ്രോണപുത്രന്റെ സങ്കടപ്പെട്ട വിലാപം കേട്ട്‌ സഹിക്ക വയ്യാത്ത ദുഃഖത്തോടെ പുലര്‍ച്ചയ്ക്കു ഞാന്‍ നഗരിയിലേക്ക്‌ ഓടിപ്പോന്നു. കുരുപാണ്ഡവ സൈസന്യങ്ങള്‍ക്ക്‌ ഇപ്രകാരം വലിയ ക്ഷയം സംഭവിച്ചു. ഘോരവും, വിശസനവും, രൗദ്രവുമായ ഈ ക്ഷയം രാജാവേ, നിന്റെ ദുര്‍ന്നയം കൊണ്ടുണ്ടായതാണ്‌. നിന്റെ മകന്‍ സ്വര്‍ഗ്ഗസ്ഥനായപ്പോള്‍ ദുഃഖം പൂണ്ട എനിക്ക്‌ മഹര്‍ഷി തന്ന ആ ദിവ്യദൃഷ്ടിയും കെട്ടു പോയിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പുത്രന്റെ മരണവൃത്താന്തം കേട്ട്‌ രാജാവ്‌ ചുടുന്ന നെടുവീര്‍പ്പു വിട്ട്‌ ചിന്തയിലാണ്ട്‌ ഇരിപ്പായി.

ഐഷീകപര്‍വ്വം

10. യുധിഷ്ഠിരശിബിരപ്രവേശം - വൈശമ്പായനൻ പറഞ്ഞു: ആ രാത്രി കഴിഞ്ഞ്‌ പ്രഭാതമായി. ഉടനെ ധൃഷ്ടദ്യുമ്നന്റെ സാരഥി ഓടിച്ചെന്നു. ധര്‍മ്മപുത്രനോട്‌ രാത്രി ഉറക്കത്തില്‍ ദ്രൗണി നടത്തിയ കൂട്ടക്കൊലയെ ഉണര്‍ത്തിച്ചു.

സൂതന്‍ പറഞ്ഞു: ഹേ രാജാവേ, ദ്രൗപദിയുടെ എല്ലാ പുത്രന്മാരേയും കൊന്നു. ദ്രുപദാത്മജരെയൊക്കെ കൊന്നു. പ്രമത്തരായി, ആപത്ശങ്ക കൂടാതെ, വിശ്വാസത്തോടെ, രാത്രി ശിബിരത്തില്‍ കിടന്നുറങ്ങുമ്പോള്‍ നൃശംസനായ കൃതവര്‍മ്മാവും, കൃപനും, മഹാപാപിയായ ദ്രോണപുത്രനും കൂടി കൈനില മുടിച്ചു!ഗജാശ്വമര്‍ത്തൃ സമൂഹത്തെ കുത്തി, വെണ്‍മഴു, വേല്‍ എന്നിവ കൊണ്ട്‌ എല്ലാറ്റിനേയും അറുത്തു വീഴ്ത്തി. നിന്റെ സൈന്യത്തെയൊക്കെ മുടിച്ചു. മഴു കൊണ്ടു വെട്ടി വീഴത്തുമ്പോളുണ്ടാകുന്ന വന്‍കാടിന്റെ ഇരമ്പല്‍ പോലെ നിന്റെ സൈന്യത്തിന്റെ വമ്പിച്ച ഒച്ച കേട്ടു. ആ സൈന്യത്തില്‍ ഞാന്‍ ഒരുത്തന്‍ മാത്രമേ ശേഷിച്ചുളളു. വ്യഗ്രനായ കൃതവര്‍മ്മാവില്‍ നിന്ന്‌ അത്ഭുതകരമായി ഞാന്‍ രക്ഷപ്പെട്ടു.

യുധിഷ്ഠിരന്‍ ഈ അമംഗളോക്തി കേട്ടിട്ട്‌ ബോധം കെട്ടു നിലത്തു വീണു! ഉടനെ സാത്യകി താങ്ങി. ഭീമസേനനും അര്‍ജ്ജുനനും നകുലനും സഹദേവനുമൊക്കെ മോഹാലസ്യപ്പെട്ടു. ബോധം വീണപ്പോള്‍ ധര്‍മ്മപുത്രന്‍ ഇരുന്നു വിലപിക്കുവാന്‍ തുടങ്ങി: ദിവ്യചക്ഷുസ്സിനും കാര്യമറിവാന്‍ കഴികയില്ല.ശത്രുക്കളെ ജയിച്ച ഞാന്‍ ഇപ്പോള്‍ വിലപിക്കുകയാണ്‌. തോല്‍വി പറ്റിയവര്‍ ജയിക്കുന്നു. ജയിച്ച ഞങ്ങള്‍ തോറ്റുപോയിരിക്കുന്നു. ഭ്രാതാക്കളേയും സഖികളേയും സുഹൃത്തുക്കളേയും പിതൃക്കളേയും പുത്രന്മാരേയും ബന്ധുക്കളേയും അമാത്യന്മാരേയുമൊക്കെ വെന്ന്‌, ഇന്നു നാം തോറ്റുപോയിരിക്കുന്നു! അനര്‍ത്ഥം അര്‍ത്ഥത്തിന്റെ രൂപത്തിലും, അര്‍ത്ഥം അനര്‍ത്ഥത്തിന്റെ രൂപത്തിലും വരും. ഈ ജയം തോല്‍വിയുടെ മട്ടു തന്നെ! ജയം തന്നെ പരാജയം! ജയിച്ച്‌ ആപത്തിലായവനും പശ്ചാത്തപിച്ചു സന്തോഷിക്കുന്നവനും തുലും തന്നെ. ശത്രുക്കള്‍ തോൽപ്പിച്ചവന്‍ പിന്നെ എങ്ങനെ വിജയം കാണും? ജയത്തിന് വേണ്ടി സുഹൃത് വധം കൊണ്ട്‌ നാം പാപം ചെയ്തു. പരാജിതരായ ആ അപ്രമത്തര്‍ ജയദ്യപ്തന്മാരായ നമ്മെ തോല്പിച്ചു. കര്‍ണ്ണനെക്കുറിച്ചായിരുന്നു എന്റെ ഭയമൊക്കെ. കര്‍ണ്ണിനാളീക ദംഷ്ട്രാഢ്യനും ഖഡ്ഗജിഹ്വയുള്ളവനും വില്‍ വായ തുറന്നവനും ജ്യാതലാരാവ ഗര്‍ജ്ജിതനും നൃസിംഹനും ചൊടിച്ചവനും പിന്‍തിരിയാത്തവനും രൗദ്രനുമായ കര്‍ണ്ണന്‍ വിട്ടൊഴിഞ്ഞ ശേഷം കഷ്ടം! സേനകള്‍ പ്രമാദം മൂലം ചത്തു പോയി!

ദ്രോണമഹാര്‍ണ്ണവും കടന്ന രാജപുത്രര്‍ പ്രമാദത്താല്‍ ചത്തുപോയി! പ്രമാദത്തിലും അപ്പുറമായി എന്തുണ്ട്‌? പ്രമാദമാണ്‌ വധം. പ്രമത്തനായ മർത്ത്യനെ അര്‍ത്ഥം തൃജിക്കുന്നു. അനര്‍ത്ഥജാലങ്ങള്‍ അവനെ ഏല്‍ക്കുകയും ചെയ്യും. ആ മഹാരഥാഗ്രണിയായ ഭീഷ്മനെ ജയിച്ച്‌, പെരുംപടയാകുന്ന കാട്ടിലെ അഗ്നിയായ ഭീഷ്മനെ ആഹവത്തില്‍ ജയിച്ചു കയറിയ രാജപുത്രന്മാര്‍ പ്രമാദത്താല്‍ ചത്തുപോയി!

പ്രമത്തനായ മര്‍ത്ത്യനാല്‍ തപസ്സും വിദ്യയും ശ്രീയും യശസ്സും നേടുവാന്‍ കഴിയുകയില്ല. പ്രമാദം കൂടാതെ അദ്രിസംഘത്തെ വെട്ടിവീഴ്ത്തി സുഖമായി വാഴുന്ന ഇന്ദ്രനെ കാണുക! ഇന്ദ്രാഭന്മാരായ പുത്രപൗത്രന്മാര്‍ ശത്രുക്കള്‍ മുടിഞ്ഞതിന് ശേഷമല്ലേ പ്രമാദം മൂലം നഷ്ടപ്പെട്ടത്‌! സമൃദ്ധരായ വര്‍ത്തകന്മാര്‍ സമുദ്രം കടന്നതിന് ശേഷം പൊട്ടത്തോട്ടില്‍ കളിയില്‍ മുങ്ങിച്ചത്ത പോലെയായി നമ്മുടെ കഥ! യുദ്ധത്തില്‍ മരിച്ചു പോയവര്‍ സ്വര്‍ഗ്ഗത്തിലെത്തി. ഞാന്‍ സാദ്ധ്‌വിയായ കൃഷ്ണയെ ഓര്‍ത്തു ദുഃഖിക്കുന്നു. അവള്‍ എങ്ങനെ സങ്കട സമുദ്രം കയറും! ഭ്രാതാക്കളും മക്കളും വൃദ്ധപിതാവായ പാഞ്ചാലനും ചത്തു പോയെന്നു കേട്ടാല്‍ ബോധം കെട്ട്‌ അവള്‍ ഈ ഭൂമിയില്‍ വിീണു കിടക്കും.ആ ശോകത്തിന്റെ ഫലം എന്താകും? ഇപ്പോള്‍ സുഖമേല്ക്കേണ്ടതായ അവളുടെ അനുഭവം നോക്കു! എന്ന്‌ ആര്‍ത്തനായി കരഞ്ഞ്‌ യുധിഷ്ഠിരന്‍ നകുലനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: ഹേ നകുലാ, നിര്‍ഭാഗ്യവതിയായ ദ്രൌപദിയെ നീ ചെന്നു കണ്ടു പോരിക! മാതാക്കളോടു കൂടിച്ചെന്നു വേണം അവളെ വിവരം അറിയിച്ച്‌ കൊണ്ടു പോരുവാന്‍.

ധര്‍മ്മം കൊണ്ടു ധര്‍മ്മതുല്യനായ ധര്‍മ്മരാജാവിന്റെ വാക്കു കേട്ട്‌ നകുലന്‍ പാഞ്ചാലദാരങ്ങളോടു കൂടി ദേവി വാഴുന്ന ഗൃഹത്തിലേക്കു രഥത്തില്‍ പോയി. ധര്‍മ്മപുത്രന്‍ സുഹൃത്തുക്കളോടു കൂടി ശോകാര്‍ത്തനായി, മക്കള്‍ ചത്ത്‌ ഭൂതങ്ങള്‍ ചിന്നുന്ന രണഭൂമിയിലേക്കു പോയി. അവന്‍ അവിടെ ചെന്നപ്പോള്‍ സുഹൃത്തുക്കളും സ്നേഹിതരും പുത്രന്മാരും രക്താര്‍ദ്രമായി മെയ്യറ്റ്‌, തലയറ്റ്‌, ചത്തു ചിതറിക്കിടക്കുന്നതായി കണ്ടു. ഈ മഹാദാരുണമായ കിടപ്പു കണ്ട്‌ ധാര്‍മ്മികാഗ്രേസരനായ യുധിഷ്ഠിരന്‍ പൊട്ടിക്കരഞ്ഞു. ഉച്ചത്തില്‍ നിലവിളിച്ചലറി! ആ കൗരവവ്യാഘ്രന്‍ വിസംജ്ഞനായി നിലത്തു വീണു. കൂടെയുളളവരും വീണു.

11. ദ്രൗണിവധത്തിന് ഭീമസേനഗമനം - വൈശമ്പായനന്‍ പറഞ്ഞു: ഹേ ജനമേജയാ! പുത്രന്മാരേയും പൌത്രന്മാരേയും സ്നേഹിതന്മാരേയും ബന്ധുക്കളേയുമൊക്കെ ഉറക്കത്തില്‍ വെട്ടിക്കൊന്നു കിടക്കുന്ന കിടപ്പുകണ്ട്‌ ആ മഹാത്മാവിനുണ്ടായ ശോകം എങ്ങനെ വര്‍ണ്ണിക്കും? കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ്‌, വിറച്ച്‌, ഉള്ളുകെട്ടു കേഴുന്ന രാജാവിനെ ഉദ്ധിഗ്നരായ സുഹൃത്തുക്കള്‍ ആശ്വസിപ്പിച്ചു.

പുത്രപൗത്രഭ്രാതൃജനസ്വജനങ്ങളെ ഓര്‍ക്കുകയാല്‍ രാജാവിന് ഒരു സമാധാനവും ശാന്തിയും കിട്ടിയില്ല. പുലര്‍ച്ചയ്ക്ക്‌ നകുലന്‍ ദ്രൗപദിയേയും കൊണ്ടു വന്നണഞ്ഞു. ഉപപ്ളാവ്യം പൂകിയ അവള്‍ ഏറ്റവും അപ്രിയമായ വര്‍ത്തമാനം, തന്റെ സകല മക്കളും നിദ്രയില്‍ കൊല്ലപ്പെട്ടു എന്നുളള ഘോരമായ വൃത്താന്തം, കേട്ട നടുങ്ങി. കാറ്റേറ്റ കദളിവാഴത്തണ്ടു പോലെ വിറച്ചുവിറച്ച്‌ കൃഷ്ണ രാജാവിന്റെ അരികിലെത്തി ആര്‍ത്തയായി ഭൂമിയില്‍ വീണു. ഫുല്ലാബ്ജാക്ഷിയായ അവളുടെ ശോകകര്‍ശിതമായ മുഖം ഗ്രഹണം ബാധിച്ച സൂര്യനെപ്പോലെ നിഷ്പ്രഭമായിത്തീര്‍ന്നു. അവള്‍ വീഴുന്നതു കണ്ട്‌ ഭീമന്‍ രണ്ടുകൈകൊണ്ടും ഉടനെ താങ്ങി. ഭീമന്‍ ആശ്വസിപ്പിക്കവേ അവള്‍ രാജാവിനോട്‌ കേണുകൊണ്ടു പറഞ്ഞു: രാജാവേ, ഭാഗ്യം തന്നെ! നീ ഭൂമിയെല്ലാം നേടി ഭുജിക്കും. ക്ഷധ്രധര്‍മ്മത്താല്‍ ശൂരന്മാരായ മക്കള്‍ ചത്തുവീണതു കേള്‍ക്കുന്നതായാലും. ഹേ പാര്‍ത്ഥാ! നീ കുശലി തന്നെ! നാടു മുഴുവന്‍ നേടിയല്ലോ! മത്തേഭഗതിയായ അഭിമന്യുവിനെ നീ സ്മരിക്കുന്നില്ല. ക്ഷത്രധര്‍മ്മത്താല്‍ മക്കള്‍ ചത്തുവിണതു കേട്ടിട്ടും നീ അവരെപ്പറ്റി സ്മരിക്കുന്നില്ല. ഉപപ്ളാവ്യത്തില്‍ എന്നോടൊപ്പം ഇനി നിങ്ങള്‍ ഇരിക്കുകയില്ല. പാപിയായ ദ്രോണപുത്രന്‍ ഉറങ്ങിക്കിടക്കുന്ന എന്റെ ഉണ്ണികളെ കൊന്നതു കേട്ടിട്ട്‌ ഇനി ഞാന്‍ ജീവിച്ചിരിക്കയില്ല. തീയ്‌ കൊളളിയെ എന്നപോലെ ഈ ദുഃഖം എന്നെ കത്തിയെരിക്കുന്നു. ഇന്ന്‌ പോരാടി ദ്രൗണിയുടെ ജീവന്‍ നിങ്ങള്‍ ഹരിച്ചില്ലെങ്കില്‍ ഞാന്‍ പ്രായോപവേശം ചെയ്യും. ഹേ പാണ്ഡുപുത്രന്മാരേ, ധരിച്ചു കൊളളുവിന്‍. പാപകര്‍മ്മത്തിന്റെ ഫലം ദ്രൗണിക്ക്‌ ഇന്നു നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ ഞാന്‍ ഇന്നു ചാകും! ഇപ്രകാരം ധര്‍മ്മരാജാവിനോടു പറഞ്ഞ്‌ ദ്രൗപദി ഇരുന്നു. പ്രിയപത്നി ഇരുന്നു എന്നു കണ്ട്‌ രാജര്‍ഷിയായ പാണ്ഡവന്‍ അഴല്‍ സഹിക്കാത്ത പാര്‍ഷതിയോടു മറുപടി പറഞ്ഞു: ധര്‍മ്മത്താല്‍ ധര്‍മ്മമായ നിധനം നിന്റെ മക്കളും സോദരന്മാരും നേടി. അവര്‍ക്കു ശുഭം! ഹേ ധര്‍മ്മജേഞ! അവരെപ്പറ്റി മാഴ്കരുത്‌. ഹേ കല്യാണി! ആ ദ്രൗണി ദുര്‍ഗ്ഗവനത്തില്‍ പ്രവേശിച്ച്‌ ബഹുദൂരം കടന്നു പോയിരിക്കുന്നു.അവനെ പോയി വെന്നാല്‍ നീ എങ്ങനെ അറിയും?

ദ്രൗപദി പറഞ്ഞു: ദ്രോണപുത്രന്റെ ശിരസ്സില്‍ സഹജമായ ഒരു രത്നമുണ്ട്‌. ആ പാപിയെ പോരില്‍ വീഴ്ത്തി, ആ മണി രാജാവേ, ഭവാന്റെ ശിരസ്സില്‍ ചൂടിക്കാണണം. എന്നാല്‍ ഞാന്‍ ജീവിക്കാം; തീര്‍ച്ചയാണ്‌. എന്ന്‌ പാണ്ഡവ രാജാവിനോട്‌ സുന്ദരിയായ പാര്‍ഷതി പറഞ്ഞു. പിന്നെ ഭീമസേനനെ നോക്കി ഇപ്രകാരം പറഞ്ഞു: എന്നെ ഭീമാ! നീ ക്ഷത്രധര്‍മ്മത്തോടൊത്ത് കാണണം. ശക്രന്‍ ശംബരനെ എന്ന പോലെ നീ ആ പാപിയെ കൊല്ലുക! വിക്രമത്തില്‍ നിനക്കു കിടയായി ഒരു മര്‍ത്ത്യനുമില്ല. ലോകത്തിലെങ്ങും പ്രസിദ്ധിയുളളതാണത്‌. സങ്കടത്തില്‍ നീ പാര്‍ത്ഥര്‍ക്കു ദ്വീപായി വാരണാവതത്തില്‍ നിന്നു.ഹിഡുംബനെ കണ്ടപ്പോഴും നീയേ ഒരു ഗതി ഞങ്ങള്‍ക്കുണ്ടായുളളു. വിരാടപുരിയില്‍ കീചക പീഡനം ഏറ്റപ്പോഴും നീ എന്നെ ആപത്തില്‍ നിന്ന്‌, ശചിയെ ശക്രനെന്ന വിധം രക്ഷിച്ചു. വലിയക ര്‍മ്മങ്ങള്‍ പലതും ഹേ പാര്‍ത്ഥാ! നീ മുമ്പു ചെയ്തു. അപ്രകാരം ദ്രോണപുത്രനെ വധിച്ച്‌ നീ സുഖമേല്ക്കുക!

അവളുടെ പലപാടുളള അല്ലലും ആവലാതിയും കേട്ട്‌ കൗന്തേയന്‍ പൊറുത്തില്ല. ഉടനെ മഹാബലനായ ഭീമന്‍ പൊന്നണിഞ്ഞ തേരില്‍ക്കയറി. അമ്പിന്‍ കൂട്ടത്തോടു കൂടെ ഭംഗിയേറിയ വലിയ വില്ലെടുത്ത്‌ നകുലനെ സൂതനാക്കി ദ്രൗണിയെ കൊല്ലുവാന്‍ പുറപ്പെട്ടു. അമ്പു ചേര്‍ന്ന വില്ലുലച്ചു കൊണ്ട്‌ അവന്‍ ഹയങ്ങളെ ഓടിച്ചു. വായുവേഗത്തില്‍ വിട്ട അശ്വങ്ങള്‍ ത്വരയോടെ പാഞ്ഞു. സ്വന്തം കൂടാരത്തില്‍ നിന്നു ദ്രോണപുത്രന്‍ പോയ തേരിന്റെ ചക്രത്തിന്റെ പാടു നോക്കി ക്ഷണത്തില്‍ പോയി.

12. കൃഷ്ണയുധിഷ്ഠിരസംവാദം - വൈശമ്പായനൻപറഞ്ഞു: ആ ദുര്‍ദ്ധര്‍ഷനായ ഭീമന്‍ പോയ ഉടനെ കൃഷ്ണന്‍ ധര്‍മ്മജനോടു പറഞ്ഞു: ഹേ പാണ്ഡവാ! നിന്റെ അനുജന്‍ പുത്രശോകം സഹിക്കാതെ മുറവിളി കൂട്ടി ദ്രോണപുത്രനെ കൊല്ലുവാന്‍ ഒറ്റയ്ക്കു പാഞ്ഞു പോയി. ഭീമന്‍ നിന്റെ എല്ലാ അനുജന്മാരിലും പ്രിയതരനാണ്‌. കുഴക്കില്‍പ്പെട്ട അവനെ അങ്ങ്‌ എന്താണ്‌ കാക്കാഞ്ഞത്‌? ദ്രോണൻ മകന് ബ്രഹ്മശിരോസ്ത്രം നല്‍കിയിട്ടുള്ള ര്‍ജ്ജുനനും നല്‍കിയിട്ടുണ്ട്‌. ആ അസ്ത്രം ദ്രൗണി ഒറ്റയ്ക്കാണു ചെന്ന്‌ ഇരന്നത്‌. അപ്പോള്‍ ദ്രോണൻ പുത്രനോടു വളരെ സന്തോഷിക്കാതെ പറഞ്ഞു: "ഉണ്ണീ, മഹാവിപത്തില്‍ പെട്ടാലും നീ സംഗരത്തില്‍ ഈ അസ്ത്രം പ്രയോഗിക്കരുത്‌. വിശേഷിച്ചും മനുഷ്യരില്‍ പ്രയോഗിക്കരുത്‌". ദ്രോണാചാര്യന്‍ വീണ്ടും തുടര്‍ന്നു: "സന്മാര്‍ഗ്ഗത്തില്‍ നീ എന്നും നില്ക്കുന്നവനല്ല!". അന്നും മഹാത്മാവിന് തന്റെ പുത്രനെക്കുറിച്ചു നല്ല അഭിപ്രായമുണ്ടായിരുന്നില്ല. സര്‍വ്വധര്‍മ്മജഞനായ ആചാര്യന്‍ പുത്രനെ അന്നു തന്നെ ശാസിച്ചു. അച്ഛന്‍ പറഞ്ഞ അപ്രിയം ആ ദുഷ്ടാത്മാവ്‌ കേട്ടു വെറുത്ത്‌ ഊഴി ചുറ്റി. ആ സംഭവം കാട്ടില്‍ വാഴുമ്പോഴാണുണ്ടായത്‌. ഒരു ദിവസം ആ യാത്രയ്ക്കിടയില്‍ ദ്വാരകയില്‍ വന്നു. വൃഷ്ണികളുടെ സല്‍ക്കാരം സ്വീകരിച്ചു. ദ്വാരകയില്‍ ഞാന്‍ കടല്‍ത്തീരത്തിരിക്കുമ്പോള്‍ ഏകനായി അവന്‍ എന്റെ അരികെ എത്തി. എന്നെ കണ്ട്‌ പുഞ്ചിരി തൂകി പറഞ്ഞു: "കൃഷ്ണാ! സത്യപരാക്രമനായ എന്റെ പിതാവ്‌ ഘോരമായ തപസ്സു ചെയ്ത്‌ അഗസ്തൃനില്‍ നിന്നു ബ്രഹ്മശിരസ്സ്‌ എന്ന അസ്ത്രം സമ്പാദിച്ചു. ദേവഗന്ധര്‍വ്വ പൂജിതമായ ആ അസ്ത്രം എന്റെ കൈവശമുണ്ട്‌. ഹേ, യദുസത്തമാ! ഭവാന്‍ എന്റെ കൈയില്‍ നിന്ന്‌ ആ അസ്ത്രം വാങ്ങിച്ചിട്ട്‌ ശത്രുഹരമായ ചക്രായുധം എനിക്കു തരിക. കൈകൂപ്പി നില്ക്കുന്ന അവനോട്‌, പ്രയത്നപ്പെട്ട്‌ എന്നോട്‌ അസ്ത്രം യാചിക്കുന്ന അവനോട്‌, ഞാന്‍ പറഞ്ഞു: "ഹേ ഭരതര്‍ഷഭാ! ദേവദാനവഗന്ധര്‍വ്വ മനുഷ്യപതഗോരകര്‍ ഒന്നിച്ചാലും എന്റെ ശതാംശം വീര്യത്തിന് കിടനില്ക്കുകയില്ല. ഹേ ദ്രൗണീ, ഇതാ വില്ല്‌, ഇതാ വേല്‌, ഇതാ ചക്രം, ഇതാ ഗദ! ഏതേത്‌ അസ്ത്രമാണ്‌ നിനക്കാവശ്യമെങ്കില്‍ ഞാന്‍ തരാം. ഏത്‌ എടുക്കുവാനും ഏതു വിടുവാനും നീ ശക്തനാകുന്നുവോ, അതു നിനക്കെടുക്കാം. പകരം തരാമെന്നു പറഞ്ഞ അസ്ത്രം എനിക്കു തരികയും വേണ്ട. ഉടനെ അവന്‍ ചക്രായുധം വരിച്ച്‌ എടുക്കാമെന്നു പറഞ്ഞു കേട്ട ഉടനെ എന്നേക്കാള്‍ മേലെയാകുവാനുള്ള തിരക്കു കൊണ്ട്‌ അവന്‍ വരിച്ച ചക്രം ഉടനെ ഇടതു കൈകൊണ്ട്‌ ഊക്കോടെ എത്തിപ്പിടിച്ചു. ഇരിപ്പില്‍ നിന്ന്‌ അത്‌ ഇളക്കുവാന്‍ അവന്‍ ശക്തനായില്ല. ഉടനെ വലംകൈ കൊണ്ടും പിടിച്ചു. നല്ലബലം പ്രയോഗിച്ചു പ്രയത്നിച്ചിട്ടും അത്‌ ഒന്ന്‌ ഇളക്കുവാന്‍ കൂടി അവന് കഴിഞ്ഞില്ല. അവന്‍ പൊക്കാന്‍ ശ്രമിച്ചിട്ട്‌ ഇളക്കുവാന്‍ പോലും കഴിയാതെ ബുദ്ധികെട്ട്‌, പിന്‍വലിച്ച്‌ ഉഴലുമ്പോള്‍ അശ്വത്ഥാമാവോട്‌ ഞാന്‍ വിളിച്ചുപറഞ്ഞു: ഹേ ദ്രൗണീ! ദേവാസുര നരന്മാരില്‍ പ്രമാണപ്പെട്ടിരിക്കുന്ന ഗാണ്ഡീവപാണിയായ അര്‍ജ്ജുനന്‍ പോലും എന്നോട്‌ ഇങ്ങനെ ഒരു വാക്കു പറഞ്ഞിട്ടില്ല. അവന്‍ സാക്ഷാല്‍ ദേവേശനായ ശിനികണ്ഠനെ, ഉമാപതിയെ, ശങ്കരനെ, ദ്വന്ദ്വയുദ്ധത്തില്‍ തോല്‍പിച്ചു പ്രീതനാക്കിയവനാണ്‌. അവനേക്കാള്‍ ഇഷ്ടനായി ഈ ലോകത്ത്‌ മറ്റൊരു പുരുഷനുമില്ല. അവന് നല്കുവാന്‍ വയ്യാത്തതായി ഭാര്യാമക്കള്‍ പോലും ഇല്ല; ഒന്നും തന്നെയില്ല. അക്ളിഷ്ടകാരിയും സുഹൃത്തമനുമായ ആ പാര്‍ത്ഥന്‍ പോലും ഹേ, ബ്രഹ്മന്‍, എന്നോട്‌.അങ്ങു പറഞ്ഞ മാതിരി ഈ വാക്കു മുമ്പെ പറഞ്ഞിട്ടില്ല. ഹിമവല്‍ പാര്‍ശ്വത്തില്‍ ചെന്നു മഹാഘോരമായ ബ്രഹ്മചര്യ വ്രതം പന്ത്രണ്ടു വര്‍ഷം എടുത്ത്‌ എന്നോടൊപ്പം ഭൈമിയും വലിയ തപസ്സു ചെയ്തു. അങ്ങനെ ഞങ്ങള്‍ നേടിയവനാണ്‌ തേജസ്വിയും സനല്‍കുമാരനുമായ എന്റെ പുത്രന്‍ പ്രദ്യുമ്നന്‍. അവന്‍ പോലും ഇങ്ങനെ ഒരു അഭ്യര്‍ത്ഥന ചെയ്യുകയുണ്ടായിട്ടില്ല. നിസ്തുല്യവും, ദിവ്യവും, ഉത്തമവുമായ ഈ ചക്രം ഊക്കേറുന്ന ബലനും ആവശ്യപ്പെടുകയുണ്ടായിട്ടില്ല. മൂഢാ! നീ പറഞ്ഞ പോലെ ഗദനാകട്ടെ, സാംബനാകട്ടെ, മറ്റു വൃഷ്ണ്യന്തക രഥീന്ദ്രരാകട്ടെ, പ്രാര്‍ത്ഥിക്കാത്തതാണ്‌ നീ ഈ പ്രാര്‍ത്ഥിച്ചത്‌. ഹേ ദ്രൗണീ, നീ ഭാരതാചാര്യന്റെ പുത്രനാണ്‌. സര്‍വ്വയാദവ പൂജിതനാണ്‌ നീ. ഹേ രഥിപ്രവരാ! ഈ ചക്രം കൊണ്ട്‌ നീ ആരായി പോരാടാനാണ്‌ ഇതാവശ്യപ്പെടുന്നത്‌, എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ദ്രൗണി പറഞ്ഞു: ഹേ കൃഷ്ണാ! ഞാന്‍ നിന്നെ സേവിച്ചു നിന്നോടു പൊരുതുവാൻ ആണ് ആഗ്രഹിക്കുന്നത്‌. നിന്റെ ദേവദാനവ പൂജിതമായ ചക്രം വാങ്ങി അജേയനാകണമെന്നാണ്‌ എന്റെ മോഹം. ഞാന്‍ സത്യം പറഞ്ഞതാണ്‌. നിന്റെ കൈയില്‍ നിന്ന്‌ ഈ ആഗ്രഹം സാധിക്കാതെ കേശവാ! ഗോവിന്ദാ! ഞാന്‍ പോവുകയാണ്‌. നീ എനിക്കു നന്മ ആശംസിക്കുക! ഈ ചക്രം ഭീമമാണ്‌. ഇതിനെതിരായി വേറെ ചക്രമില്ല. നീ എടുക്കുന്ന ഈ ചക്രം എടുക്കുവാന്‍ ലോകത്തില്‍ മറ്റാര്‍ക്കും സാദ്ധ്യമല്ല.

രണ്ട്‌ അശ്വങ്ങളേയും, ധനങ്ങളും, പല രത്നങ്ങളും വാങ്ങി അവന്‍ പോയി. സംരംഭിയും, ദുഷ്ടനും, ചപലനുമായ അവന്‍ ബ്രഹ്മശിരസ്സ്‌ അറിയുന്നവനാണ്‌. ക്രൂരനായ അവനില്‍ നിന്ന്‌ ഭീമനെ രക്ഷിക്കുക.

13. ബ്രഹ്മശിരോസ്ത്ര ത്യാഗം - വൈശമ്പായനൻ പറഞ്ഞു: ഹേ ജനമേജയാ! ഇപ്രകാരം പറഞ്ഞു യോധപ്രവരനായ കൃഷ്ണന്‍ സര്‍വ്വ ആയുധങ്ങളുമായി തന്റെ ശ്രേഷ്ഠമായ തേരില്‍ക്കയറി. പൊന്മാല കെട്ടിയ കാംബോജാശ്വങ്ങളുളള, സൂര്യാഭയുളള മുഖ്യമായ രഥത്തിന്റെ നുകത്തെ ശൈബ്യമെന്ന കുതിര വലത്തും, സുഗ്രീവന്‍ ഇടത്തും, വലാഹകം, മേഘപുഷ്പം ഇവ രണ്ടു ഭാഗത്തുമായി വഹിച്ചു. വിശ്വകര്‍മ്മാവ്‌ തീര്‍ത്തതും ദിവ്യരത്നങ്ങള്‍ പതിച്ചതും ചായം കൊണ്ട്‌ വിചിത്രമാക്കിയതുമായ തേരില്‍ മായ പോലെ ശോഭിക്കുന്ന കൊടി ഉയര്‍ന്നും പറന്നു. പ്രഭാമണ്ഡലഭാസ്സോടെ അതില്‍ ഗരുഡന്‍ വാണു. ആ സത്യവാന്റെ കേതു ഭുജഗാന്തകന്‍ കണ്ടു. കൃഷ്ണന്റെ കൂടെ വില്ലാളി കേതനനായ അര്‍ജ്ജുനന്‍ കയറി. സത്യകര്‍മ്മാവും, കുരുരാജാവുമായ ധര്‍മ്മപുത്രനും കയറി. ആ മഹാത്മാക്കള്‍ രണ്ടുപേരും കേശവന്റെ ഇരുഭാഗത്തും ശോഭിച്ചു. ഇന്ദ്രന്റെ പാര്‍ശ്വങ്ങളില്‍ അശ്വിനീദേവകളെന്ന പോലെ അവര്‍ ശോഭിച്ചു. ലോകാര്‍ച്ച്യമായ ആ തേരില്‍ അവരെ കയറ്റിയിരുത്തി മാധവന്‍ ആ ഹയങ്ങളെ ചമ്മട്ടി കൊണ്ടടിച്ച്‌ ആട്ടി. യദുപ്രവരനും, പാണ്ഡുപുത്രനും കയറിയ ആ രഥം വഹിച്ച്‌ അശ്വങ്ങള്‍ കുതിച്ചു പാഞ്ഞു. ശാര്‍ങ്ഗ ധന്വാവിനേയും കൊണ്ട്‌ പായുന്ന ആ കുതിരകളുടെ ശബ്ദം പറക്കുന്ന പക്ഷികളുടെ എന്ന പോലെ പൊങ്ങി. ആ നരവ്യാഘ്രര്‍ ഉടനെ ഹേ ഭരതര്‍ഷഭാ! വേഗത്തില്‍ പിന്തുടര്‍ന്ന്‌ ധനുര്‍ദ്ധരനായ ഭീമന്റെ സമീപത്തെത്തി. ശത്രു ധ്വംസനത്തിന് എത്തുന്ന ക്രോധം കത്തിക്കാളുന്ന ആ പാര്‍ത്ഥനെ തടുക്കുവാന്‍, ചെന്നെത്തുന്ന മഹാരഥന്മാര്‍ക്കു കഴിയാതായി.

ശ്രീമാന്മാരും, ദൃഢ ധന്വാക്കളുമായ അവര്‍ കാണ്‍കെ അവന്‍ കുതിരകളെ ഓടിച്ചു ഭാഗീരഥീ തീരത്തെത്തി. മഹാരഥന്മാരായ തന്റെ പുത്രന്മാരെക്കൊന്ന ദ്രൗണി അവിടേക്കു പോയതറിഞ്ഞ്‌ ഭീമന്‍ അങ്ങോട്ടു പാഞ്ഞു. അപ്പോള്‍ അവന്‍ യശസ്വിയും മഹാത്മാവുമായ കൃഷ്ണദ്വൈപായനന്‍, വ്യാസമഹര്‍ഷി, ജലത്തിന്റെ സമീപത്തു മുനിമാരോടു കൂടി ഇരിക്കുന്നതും അദ്ദേഹത്തിന്റെ അടുത്ത്‌ ക്രൂരകര്‍മ്മാവായ ദ്രൗണി പുഴക്കരയില്‍ കുശചീരിയായി, നെയ് പുരട്ടി, പൊടിയേറ്റിരിക്കുന്നതും കണ്ടു.

അവനെ കണ്ട മാത്രയില്‍ ഭീമന്‍ അമ്പും വില്ലുമെടുത്തു. അവന്റെ നേരെ ലക്ഷ്യം വെച്ച്‌, മഹാബാഹുവായ ഭീമസേനന്‍, "നില്‍ക്കൂ! നില്‍ക്കൂ", എന്നു പറഞ്ഞു. വില്ലെടുത്തെത്തുന്ന ഭീമധന്വാവിനെക്കണ്ട്‌, പിന്നാലെ ജനാര്‍ദ്ദനന്റെ രഥത്തിലെത്തുന്ന സഹജന്മാരേയും കണ്ട്‌, ദ്രൗണി നടുങ്ങിപ്പോയി. എങ്കിലുമിതു യുക്തം തന്നെയെന്ന്‌ അവനോര്‍ത്തു.

ഉടനെ അവന്‍ ആ ദിവ്യാസ്ത്രത്തെ നിനച്ചു ദ്രൗണി ഇടംകൈ കൊണ്ട്‌ ഇഷീകയെ എടുത്തു. അപ്രകാരം ആപത്തിലെത്തിയ അവന്‍ ആ ദിവ്യാസ്ത്രത്തെ അയച്ചു. ദിവ്യായുധമെടുത്ത ആ ശുരന്മാരില്‍ പൊറുക്കാതെ അപാണ്ഡവാര്‍ത്ഥമെന്നു കോപത്താല്‍ ക്രൂരവാക്കു പറഞ്ഞ്‌ ഹേ നൃപവ്യാഘ്രാ, പ്രതാപവാനായ ദ്രോണപുത്രന്‍ ആ ദിവ്യാസ്ത്രം വിട്ടു. ലോകമൊക്കെ ദഹിപ്പിക്കുന്ന അസ്ത്രം വിട്ടയുടനെ ഇഷീകയില്‍ ഭയങ്കരമായി അഗ്നിയുണ്ടായി. കാലാന്തക യമപ്രായനായ ആ മഹാഗ്നി മൂന്നു ലോകവും ദഹിപ്പിക്കുമാറ്‌ ആളിക്കത്തി.

14. അര്‍ജ്ജുനാസ്ത്രത്യാഗം - വൈശമ്പായനൻ പറഞ്ഞു: മഹാഭുജനായ കൃഷ്ണന്‍ ദ്രൗണിയുടെ അഭിപ്രായം മുൻകൂട്ടിയറിഞ്ഞ്‌ അര്‍ജ്ജുനനോടു പറഞ്ഞു: ഹേ അര്‍ജ്ജുനാ! ദ്രോണാചാര്യന്‍ ഉപദേശിച്ചു തന്നിട്ടുളള ദിവ്യാസ്ത്രം ഇപ്പോള്‍ നിന്റെയുളളില്‍ തോന്നുന്നില്ലേ? ഹേ പാണ്ഡവാ! ഇപ്പോള്‍ അതിന്റെ കാലമായിരിക്കുന്നു. ഭ്രാതാക്കളേയും തന്നെത്തന്നേയും രക്ഷിക്കുന്നതിന് ഇപ്പോള്‍ അതു പ്രയോഗിക്കേണ്ടി വന്നിരിക്കുന്നു. അസ്ത്രം തടുക്കുവാന്‍ ഈ അസ്ത്രം നീയും അയയ്ക്കുക. കൃഷ്ണന്റെ ഉപദേശം കേട്ട്‌ ശത്രുനാശനനായ ജിഷ്ണു വില്ലും അമ്പുമെടുത്ത്‌ തേര്‍വിട്ട്‌ ഇറങ്ങി നിന്നു.ആദ്യമായി ആചാര്യ പുത്രനും, പിന്നെ തനിക്കും, പിന്നെ, എല്ലാ സഹോദരന്മാര്‍ക്കും സ്വസ്തി എന്നു പറഞ്ഞു. ദേവകളേയും ഗുരുജനങ്ങളേയും മനസ്സില്‍ ചിന്തിച്ച്‌ വണങ്ങി. "അസ്ത്രം അസ്ത്രം കൊണ്ടു ശമിക്കട്ടെ!", എന്നു ശുഭം ചിന്തിച്ചു ഊക്കില്‍ ശരം വിട്ടു. ഗാണ്ഡീവധന്വാവ്‌ ഊക്കില്‍ വിട്ട അസ്ത്രം അര്‍ച്ചിസ്സേന്തി ജലിച്ച്‌ യുഗാന്താഗ്നി കണക്കേ ആളി ജ്വലിച്ചു. തിഗ്മ തേജസ്സോടു കൂടിയ ദ്രാണിയുടെ അസ്ത്രവുമങ്ങനെ തേജോമണ്ഡല മമദ്ധ്യത്തില്‍ ജ്വാല ചിന്നി ജ്വലിച്ചു. ഉടനെആകാശത്തില്‍ കൊളളിമീനുകള്‍ പാഞ്ഞു. അസംഖ്യം നിര്‍ഘോഷങ്ങളുണ്ടായി. ആകാശത്ത്‌ ഭയങ്കരമായ ഇരമ്പവും ഇടിവെട്ടുമുണ്ടായി. കാടും, മേടും, കടലും, കരയും ചേര്‍ന്ന ഭൂമി പ്രകമ്പിച്ചു. രണ്ട്‌ അസ്ത്രതേജസ്സുകളും ലോകം തപിപ്പിച്ചു നിന്നു. ഉടനെ ഒപ്പം രണ്ടു മഹര്‍ഷികള്‍ പ്രത്യക്ഷരായി. സര്‍വ്വഭൂതാത്മാവായ നാരദനും ഭാരതര്‍ക്കു പിതാമഹനായ വ്യാസനും ഉടനെ അവിടെയെത്തി, വീരന്മാരായ ഭാരദ്വാജ ധനഞ്ജയന്മാരെ ശാന്തരാക്കുവാന്‍. സര്‍വ്വഭൂത ഹിതൈഷികളും ധര്‍മ്മജ്ഞരുമായ ആ മഹര്‍ഷിമാര്‍ ആ രണ്ട്‌ ശസ്ത്രങ്ങള്‍ക്കുമിടയില്‍ വന്നു നിന്നു. തേജസ്വികളും യശസ്വികളുമായ രണ്ടു മുനികള്‍ കത്തുന്ന അഗ്നിനാളം പോലെ രണ്ടിനും ഇടയിലായി ശോഭിച്ചു. അവര്‍ ലോകഹിതത്തിനായി അസ്ത്രതേജസ്സടക്കുവാന്‍ അവിടെ പ്രത്യക്ഷരായി. ദേവദാനവസമ്മതരും മഹാത്മാക്കളുമായ ആ ഋഷികള്‍ പറഞ്ഞു: പണ്ടും വളരെ മഹാത്മാക്കള്‍, നാനാ അസ്ത്രജ്ഞാനമുളളവര്‍, ഉണ്ടായിട്ടുണ്ട്‌. അവരാരും തന്നെ ഈ അസ്ത്രം മനുഷ്യരില്‍ പ്രയോഗിച്ചിട്ടില്ല. ഈ മഹാ ആപല്‍ക്കരമായ സാഹസത്തിന് നിങ്ങള്‍ എന്തിനൊരുങ്ങി? വീരന്മാരേ! ഈ സാഹസം എന്തു കൊണ്ടു നിങ്ങള്‍ ചെയ്തു?

15. ബ്രഹ്മശിരോസ്ത്രത്തിന്റെ പാണ്ഡവഗര്‍ഭപ്രവേശനം - വൈശമ്പായനൻ പറഞ്ഞു: അഗ്നിതേജസ്സാര്‍ന്ന ഋഷിമാരെ കണ്ടപ്പോള്‍ ധനഞ്ജയന്‍ വെമ്പലോടെ ദിവ്യാസ്ത്രം സംഹരിക്കുവാന്‍ ഒരുങ്ങി. അര്‍ജ്ജുനന്‍ കൈകൂപ്പി മുനികളോടു പറഞ്ഞു: "അസ്ത്രം അസ്ത്രത്താല്‍ ശമിക്കട്ടെ", എന്നു വെച്ചാണ്‌ ഞാന്‍ അയച്ചത്‌. ഞാന്‍ ഈ അസ്ത്രം സംഹരിച്ചാല്‍ ദ്രൌണി അസ്ത്രതേജസ്സു കൊണ്ട്‌ ഞങ്ങളെയൊക്കെ നിശ്ചയമായും ചുടും. ഞങ്ങള്‍ക്ക്‌ ഹിതത്തിനും ലോകത്തിന് നന്മയ്ക്കും ഉതകുന്ന വിധം ദേവസങ്കാശരായ നിങ്ങള്‍ ചെയ്യണമെന്ന്‌ അപേക്ഷിക്കുന്നു, എന്നു പറഞ്ഞ്‌ അര്‍ജ്ജുനന്‍ അസ്ത്രം സംഹരിച്ചു. ഒരിക്കല്‍ വിട്ട ആ അസ്ത്രം സംഹരിക്കുവാന്‍ ദേവകള്‍ക്കു പോലുംഅസാദ്ധ്യമാണ്‌. യുദ്ധത്തില്‍ വിട്ട ആ ശരം സംഹരിക്കുവാന്‍ ധനഞ്ജയന്നല്ലാതെ ഇന്ദ്രന് പോലും സാദ്ധ്യമല്ല. ബ്രഹ്മതേജോഭവമായ അത്‌ അകൃതാത്മാവ്‌ അയച്ചാല്‍ പിന്‍വലിക്കുവാന്‍ ബ്രഹ്മചാര്യത്വം കൂടാതെ സാദ്ധ്യമല്ല. ബ്രഹ്മചര്യം പാലിക്കാത്തവന്‍ അതു പിന്‍വലിച്ചാല്‍ ആ മഹാസ്ത്രം അവന്റെ ശിരസ്സറുക്കും. ബ്രഹ്മചാരി വ്രതിയായ അര്‍ജ്ജുനന്‍ അസ്ത്രം വിടുവാനും, സംഹരിക്കുവാനും ശക്തനായിരുന്നിട്ടും എത്രയോ ഭയങ്കര ദുരാചാരികളോട്‌ ഏറ്റിട്ടും ഈ അസ്ത്രം പ്രയോഗിച്ചില്ല. സത്യവ്രതധരനും, ശൂരനുമായ പാണ്ഡവന്‍ ബ്രഹ്മചാരിയും ഗുരുസേവിയുമാണ്‌. അതുകൊണ്ട്‌ അര്‍ജ്ജുനന്‍ ശരത്തെ സംഹരിച്ചു.

തന്റെ മുമ്പില്‍ നില്ക്കുന്ന മുനി മുഖ്യരെ കണ്ട്‌ തന്റെ ഓജസ്സു കൊണ്ട്‌ അസ്ത്രം സംഹരിക്കുവാന്‍ അശ്വത്ഥാമാവ്‌ ശക്തനല്ലാതായി. അവന്‍ ദീനമാനസനായി മുന്നില്‍ നില്ക്കുന്ന വ്യാസ മഹര്‍ഷിയോടു പറഞ്ഞു: ഉത്തമ വൃസനാര്‍ത്തനായ ഞാന്‍ എന്റെ പ്രാണനെ ഭീമനില്‍ നിന്നു രക്ഷിക്കുവാന്‍ വേണ്ടി,ഹേ, മുനേ! ഞാന്‍ പ്രയോഗിച്ചതാണ്‌. ഭഗവാനേ, പോരില്‍ മിഥ്യാചാരനായി മാരുതി ധാര്‍ത്തരാഷ്ട്രനെ കൊല്ലുവാന്‍ പല അധർമ്മവും ചെയ്തു. അതുകൊണ്ട്‌ അകൃതാത്മാവായ ഞാന്‍ ഈ ശരത്തെ പ്രയോഗിച്ചതാണ്‌ ദ്വിജാ! അതുകൊണ്ട്‌ വീണ്ടുംസംഹരിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ദുരാസദമായ ശരം അഗ്നീതേജോ മന്ത്രം ജപിച്ച്‌ പാണ്ഡവന്മാരൊക്കെ നശിക്കട്ടെ എന്നു പറഞ്ഞാണ്‌ വിട്ടത്‌. പാണ്ഡവരുടെ അന്തഃകരണത്തിലേക്കാണ്‌ അയച്ചത്‌. ഇപ്പോള്‍ സകല പാണ്ഡവന്മാരും നശിച്ച്‌ ലോകം അപാണ്ഡവമാകും, മുനേ, രോഷാവിഷ്ടമായ മനസ്സോടെ ഞാന്‍ ഇപ്പോള്‍ ഈ പാപം ചെയ്തു പോയി.

വ്യാസന്‍ പറഞ്ഞു: ഉണ്ണീ, ബ്രഹ്മശിരോസ്ത്രം അര്‍ജ്ജുനന്‍ എയ്തത്‌ രോഷം കൊണ്ടല്ല. നിന്റെ നാശത്തിനുമല്ല പ്രയോഗിച്ചത്. "അസ്ത്രം അസ്ത്രത്താല്‍ ശമിക്കട്ടെ!", എന്നു ജപിച്ചാണ്‌ വിട്ടത്‌. അര്‍ജ്ജുനന്‍ വിട്ട അസ്ത്രം അവന്‍ സംഹരിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ അച്ഛന്‍ ഉപദേശിച്ച ആ ബ്രഹ്മാസ്ത്രം നേടിയിട്ടും അവന്‍ ക്ഷത്രധര്‍മ്മത്തില്‍ നിന്ന്‌ ഇളകിയില്ല. ഇപ്രകാരം ധൃതിമാനും, നല്ലവനും, സര്‍വ്വാസ്ത്രജ്ഞനും, ഭ്രാതൃബന്ധുക്കളോടു കൂടിയവനുമായ അവനെ സംഹരിക്കുവാന്‍ ഈ സാഹസം ചെയ്യുവാന്‍ നിനക്കു തോന്നിയല്ലോ? കഷ്ടം! നിന്റെഹൃദയം എങ്ങനെയുള്ളതാണ്‌! ബ്രഹ്മശിരസ്സു ബ്രഹ്മശിരസ്സു കൊണ്ടു തന്നെ അടക്കുന്ന ദിക്കില്‍ പന്തീരാണ്ടു മഴ ഉണ്ടാവുകയില്ല. അതുകൊണ്ട്‌ മഹാബാഹുവായ അര്‍ജ്ജുനന്‍ ശക്തനാണെങ്കിലും പ്രജാഹിതചി കീര്‍ഷ കൊണ്ട്‌ ആ മഹാസ്ത്രം പ്രയോഗിച്ചില്ല. ഭവാന്‍ പാണ്ഡവന്മാരുടെ നാടും രക്ഷിക്കേണ്ടതാണ്‌. അതുകൊണ്ട്‌ ഭവാന്‍ ദിവ്യാസ്ത്രത്തെ സംഹരിക്കുക. ഹേ, മഹാഭുജാ! നിന്റെ രോഷം അടങ്ങട്ടെ! പാര്‍ത്ഥന്മാര്‍ക്ക്‌ അനാമയാ ഭവിക്കട്ടെ! രാജര്‍ഷിയായ പാണ്ഡവന്‍ അധര്‍മ്മം കൊണ്ടു ജയിക്കണമെന്ന കാംക്ഷയില്ലാത്തവനാണ്‌. നീ നിന്റെ ശിരസ്സില്‍ അണിഞ്ഞിട്ടുള്ള മണി ഇവര്‍ക്കു നല്‍കിയാലും, ഇത്‌ നല്കിയാല്‍ നിന്റെ പ്രാണന്‍ അവര്‍ നിനക്കു വിട്ടു തരും.

ദ്രൗണി പറഞ്ഞു: പാണ്ഡവര്‍ക്കുള്ള രതന്ങ്ങളൊക്കെയും, കൗരവര്‍ക്കുള്ള ധനങ്ങള്‍ മുഴുവനും അവര്‍ നേടിക്കഴിഞ്ഞു. അവര്‍ നേടിയ എല്ലാ രത്നധനത്തേക്കാളും മെച്ചമേറിയതാണ്‌ എന്റെ ഈ രത്നം. അത്‌ അണിഞ്ഞാല്‍ ശസ്ത്രവ്യാധി ക്ഷുധാദികളില്‍ നിന്നു ഭയപ്പെടേണ്ടതില്ല. വാനോര്‍, ദാനവര്‍, നാഗങ്ങൾ ഇവര്‍ മൂലവും ഭയപ്പെടേണ്ടതില്ല. യക്ഷന്മാരേയും, കള്ളന്മാരേയും ഭയപ്പെടേണ്ടതില്ല. ഈ മാഹാത്മ്യമുള്ള മണി ഞാന്‍ ഒരിക്കലും കൈവിടുകയില്ല. എന്നാല്‍ ഭഗവാന്‍ പറഞ്ഞാല്‍ ഞാന്‍ എങ്ങനെ അനുസരിക്കാതിരിക്കും? അത്‌ ഉടനെ ചെയ്യാഞ്ഞാലോ? ഇതാ, എന്റെ ആത്മാവോടൊപ്പം മണിയും അങ്ങയുടെ കൈയില്‍ ഞാന്‍ ഏല്‍പിക്കുന്നു. പാണ്ഡവ ഗര്‍ഭത്തില്‍ പതിക്കുന്ന എന്റെ ഇഷീക നിഷ്ഫലമാകയില്ല. ഭഗവാനെ, ഞാന്‍ വിട്ട ഇഷീക സംഹരിക്കുവാന്‍ ഞാന്‍ അശക്തനാണ്‌. ഭഗവാന്‍ പറയുന്നത്‌ ചെയ്യാതിരിക്കുവാന്‍ എനിക്കു നിവൃത്തിയില്ല.

വ്യാസന്‍ പറഞ്ഞു: എന്നാല്‍ അങ്ങനെയാകട്ടെ. നീ ഇനി ബുദ്ധി മാറ്റരുത്‌. പാണ്ഡവഗര്‍ഭത്തില്‍ അത്‌ പതിച്ചു കൊള്ളട്ടെ.

വൈശമ്പായനൻ ജനമേജയനോടു പറഞ്ഞു: തൊടുത്ത ആ മഹാസ്ത്രം ദ്വൈപായനോക്തി കേട്ട്‌ ദ്രൗണി പാണ്ഡവ ഗര്‍ഭത്തിലേക്കു പ്രവേശിപ്പിച്ചു.

16. ദ്രൗപദീസാന്ത്വനം - വൈശമ്പായനൻ പറഞ്ഞു: ആ പാപിയുടെ ചേഷ്ടിതം അറിഞ്ഞ്‌ ഹര്‍ഷത്തോടു കൂടി ഇപ്രകാരം ദ്രൗണിയോടു പറഞ്ഞു: പണ്ട്‌ ഉപപ്ലാവ്യത്തില്‍ വെച്ച്‌ വ്രതിയായ ഒരു ബ്രാഹ്മണന്‍ വിരാട സുതയായ അര്‍ജ്ജുന സ്നുഷയെ കണ്ടു പറഞ്ഞു: കുരുക്കള്‍ പരിക്ഷീണരാകുന്ന കാലത്ത്‌ ഭവതിയുടെ ഗര്‍ഭത്തില്‍ ഒരു പുത്രന്‍ ഉണ്ടാകും. അവന് ഇവിടെ വെച്ചുള്ള ഈ പരീക്ഷിത്വം ഗര്‍ഭത്തില്‍ വെച്ച്‌ അവസാനിക്കും. ആ സാധു പറഞ്ഞ വാക്ക്‌ സതൃമായിത്തീരും. ഈ വംശകരനായ പുത്രന്‍ അവര്‍ക്ക്‌ പരീക്ഷിത്തായി ഭവിക്കും. എന്നു പറയുന്ന ഗോവിന്ദനോട്‌ ബഹുസംരബ്ധനായി ദ്രൗണി ഉത്തരം പറഞ്ഞു;

പക്ഷപാതം മൂലം നീ പറയുന്ന മൊഴി ഒക്കുകയില്ല കേശവാ! ഞാന്‍ പറഞ്ഞ വചനം തെറ്റിപ്പോവുകയില്ല. ഞാന്‍ തൊടുത്ത അസ്ത്രം ഗര്‍ഭത്തില്‍ ചെന്നു വീഴും! നീ കാക്കുവാന്‍ നോക്കുന്ന വിരാടപുത്രിയുടെ ഗര്‍ഭത്തില്‍ അത്‌ പതിക്കും.

ഭഗവാന്‍ പറഞ്ഞു: ആ മഹാസ്ത്രത്തിന്റെ പാതം അമോഘമായിത്തന്നെ വരും, ചത്ത കുട്ടിയെ പ്രസവിച്ചാലും ആ കുട്ടി ദീര്‍ഘായുസ്സായി ഭവിക്കും. നിന്നെ മനീഷികള്‍ പാപിയായും, നീചനായും, പല പാപങ്ങള്‍ ചെയ്തവനായും, ഭ്രൂണഹന്താവായും, ബാലജീവിത ഘാതിയായും, അറിയും. അതുകൊണ്ട്‌ ഈ പാപകര്‍മ്മത്തിന്റെ ഫലം നീ ഏല്ക്കും. മുവ്വായിരം വര്‍ഷം നീ ഈ ലോകത്തില്‍ എങ്ങും, എന്നും, ഒരാളോടും സംസര്‍ഗ്ഗം ലഭിക്കാതെ നിസ്സഹായനായി നിര്‍ജ്ജനമായ പ്രദേശത്ത്‌ ചുറ്റിക്കറങ്ങും. ഹേ ക്ഷുദ്രാ! നിനക്ക്‌ ആള്‍ക്കൂട്ടത്തിലെങ്ങും ഒരു ഇരിപ്പിടവും കിട്ടുകയില്ല. ചലവും ചോരയും, ചാടി, പുഴുത്തു നാറി, ദുര്‍ഗ്ഗന്ധം വിട്ട്‌, ജനവാസമില്ലാത്ത കാടുനോക്കി, സര്‍വ്വവ്യാധികളോടു കൂടി, നിസ്സഹായനായി, വൃത്തികെട്ട്‌, അറച്ച്‌, സര്‍വ്വരാലും വെറുക്കപ്പെട്ട, വിരൂപനായി, ഹേ പാപബുദ്ധേ, നീ സഞ്ചരിക്കും. പരീക്ഷിത്തു വളര്‍ന്നു വന്ന, വേദങ്ങള്‍ പഠിച്ച്‌, വ്രതങ്ങള്‍ അനുഷ്ഠിച്ച്‌ ശൂരനായ ശാരദ്വതന്റെ കൃപ കൊണ്ടു സര്‍വ്വ അസ്ത്രങ്ങളേയും നേടും. പരമമായ അസ്ത്രങ്ങള്‍ അറിഞ്ഞ്‌ ധര്‍മ്മവ്രതത്തോടെ ധര്‍മ്മാത്മാവായ അവന്‍ അറുപതു വർഷം ഭൂമി ഭരിക്കും. നീ കാണ്‍കെ തന്നെ പാണ്ഡവന്മാരുടെ കാലശേഷം അവന്‍ രാജാവായിത്തീരും. ശസ്ത്രാഗ്നിയാല്‍ വെന്ത അവനെ ഞാന്‍ ജീവിപ്പിക്കും. ഹേ ശ്രണീ! നീ കാണുക, എന്റെതപസ്സിന്റേയും തഃ വീര്യവും പരാക്രമവും.

വ്യാസന്‍ പറഞ്ഞു: ഹേ ദ്രൗണി, നീ ഞങ്ങളെ ധിക്കരിച്ച്‌ ഈ ദാരുണമായ ക്രിയ ചെയ്തതു മൂലം, നീ ബ്രാഹ്മണനാണെങ്കിലും നിന്റെ വൃത്തം ഇപ്രകാരമായതു കൊണ്ട്‌ ദേവകീ പുത്രന്‍ പറഞ്ഞ മുഖ്യമായ ഈ വാക്ക്‌ നിനക്കു പറ്റുക തന്നെ ചെയ്യും. നീ നിയതമായി ക്ഷ്ത്രധര്‍മ്മം ആശ്രയിച്ചവനല്ലേ? അശ്വത്ഥാമാവ്‌ പറഞ്ഞു: ഹേ മഹര്‍ഷേ, ഭവാനുമൊന്നിച്ച്‌ ഞാന്‍ പുരുഷായുസ്സില്‍ കവിഞ്ഞ്‌ ജീവിക്കും. പുരുഷോത്തമനായ ഭഗവാന്റെ വാക്ക്‌ സത്യമായി ഭവിക്കട്ടെ.

വൈശമ്പായനൻ പറഞ്ഞു: യോഗ്യരായ പാണ്ഡവന്മാര്‍ക്ക്‌ ആ മണി കൊടുത്ത്‌ ദ്രൗണി അവരെല്ലാവരും കാണ്‍കെ മനസ്സുകെട്ട് കാടുകേറി.

ശത്രുക്കളെ മുഴുവന്‍ അടക്കിയ പാണ്ഡവര്‍ കൃഷ്ണനോടും, ദ്വൈപായനനോടും, നാരദദേവര്‍ഷിയോടും കൂടി ദ്രോണപുത്രന്റെ സഹജമായ രത്നം കൈയിലാക്കി, വേഗത്തില്‍ പ്രായോപവേശസ്ഥയായ ദ്രൗപദിയുടെ സന്നിധിയിലേക്കു തിരിച്ചു. പിന്നെ ആ പുരുഷവ്യാഘ്രന്‍ കാറ്റിനൊക്കുന്ന വേഗമുള്ള ഹയങ്ങളെ പറപ്പിച്ച്‌ കൃഷ്ണനോടു കൂടെ ശിബിരത്തിലേക്കു വീണ്ടും ചെന്നു. രഥങ്ങളെ വിട്ട്‌ ത്വരയോടെ മഹാരഥര്‍ ഇറങ്ങി. അത്യാര്‍ത്തരായ അവര്‍ ആര്‍ത്തയായ ദ്രൗപദിയെ കണ്ടു ആനന്ദമൊക്കെ പോയി ദുഃഖശോകാകുലയായ അവള്‍ ഇരിക്കുന്നിടത്തു ചെന്ന്‌ കേശവനോടു കൂടി പാണ്ഡുപുത്രന്മാര്‍ ചുറ്റും നിന്നു.

പിന്നെ രാജാവിന്റെ ആജ്ഞയനുസരിച്ച്‌ മഹാബലനായ ഭീമന്‍ ആ ദിവ്യമണി കൊടുത്ത്‌ ഇപ്രകാരം പറഞ്ഞു: ഭദ്രേ, ഇതാ രത്നം! നിന്റെ പുത്രന്മാരെ കൊന്നവന്‍ പരാജിതനായി. ശോകം വിട്ട്‌, എഴുന്നേല്ക്കുക! നീ ക്ഷത്രധര്‍മ്മത്തെ ചിന്തിക്കുക! ഹേ സുന്ദരീ, ശമത്തിന് വേണ്ടി വാസുദേവന്‍ പോകുമ്പോള്‍ ഭീരുവായ നീ ജനാര്‍ദ്ദനനോട്‌ ചില വാക്കുകള്‍ പറഞ്ഞില്ലേ? "എനിക്കു ഭര്‍ത്താക്കന്മാരില്ല! മക്കളില്ല! സഹോദരന്മാരില്ല!ഗോവിന്ദാ, ഭവാനുമില്ല!", രാജാവ്‌ ശമത്തിന്നൊരുങ്ങിയപ്പോള്‍ നീ ഇപ്രകാരം തീവ്രമായ വാക്ക്‌ കേശവനോടു പറഞ്ഞില്ലേ?

ക്ഷത്രധര്‍മ്മത്തിനൊത്ത വാക്ക്‌ നീ ഇന്ന്‌ ഒന്ന്‌ ഓര്‍ക്കുക. രാജ്യം കവര്‍ന്ന പാപിയായ ദുര്യോധനനെ ഞാന്‍ വീഴ്ത്തി. ദുശ്ലാസനന്റെ രുധിരം അവന്‍ പിടഞ്ഞു കൊണ്ടിരിക്കെ ഞാന്‍ കുടിച്ചു. വൈരത്തിന്റെ കടം ഞാന്‍ വീട്ടി. ഇനി ആര്‍ക്കും ഒന്നും പറയുവാനില്ല. ബ്രാഹ്മണ്യവും, കൗരവവും ചിന്തിച്ച്‌,ദ്രൗണിയെ ജയിച്ചതിന് ശേഷം, വിട്ടു. അവന്റെ കീര്‍ത്തി പോയി ഉടല്‍ മാത്രം ശേഷിച്ചിരിക്കുന്നു. മണി ഇല്ലാതാക്കുകയും, ആയുധം കളയിപ്പിക്കുകയും ചെയ്തു.

ദ്രൗപദി പറഞ്ഞു: "എന്റെ കടം തീര്‍ന്നു! ഗുരുവായ ഗുരുനന്ദനന്റെ രത്നം ഇനി രാജാവ്‌ ശിരസ്സിലണിയട്ടെ!".

അത്‌ ധര്‍മ്മരാജാവ്‌ ദ്രൗപദിയുടെ കൈയില്‍ നിന്നു വാങ്ങിച്ചു. ദ്രൗപദി പറഞ്ഞതു മൂലം ധര്‍മ്മരാജാവ്‌ ആ ദിവ്യമായ രത്നം ശിരസ്സില്‍ അലങ്കരിച്ചു. രാജാവ്‌ ഈ രത്നം ധരിച്ച്‌ തിങ്കള്‍ ഏന്തി നില്ക്കുന്ന കു ന്ന്പോലെ പ്രശോഭിച്ചു. തപസ്വിനിയും, പുത്രശോകാര്‍ത്തയുമായ ദ്രൗപദി എഴുന്നേറ്റു.

17. കൃഷ്ണയുധിഷ്ഠിരസംവാദം - വൈശമ്പായനൻപറഞ്ഞു: ഉറങ്ങിക്കിടക്കുന്ന സൈന്യങ്ങളെ മൂന്നു മഹാരഥന്മാര്‍കൂടി മുടിച്ചതിന് ശേഷം വിലപിക്കുന്ന യുധിഷ്ഠിരരാജാവ്‌ കൃഷ്ണനോടു പറഞ്ഞു: അകൃത്രക്രിയനും, ക്ഷുദ്രനും,പാപിയുമായ ദ്രോണപുത്രനാല്‍ എന്റെ മക്കളൊക്കെ കൊല്ലപ്പെടുവാന്‍ എന്താണ്‌ കാരണം? മഹാവിക്രമികളും കൃതാസ്ത്രരുമായ നൂറായിരം യോദ്ധാക്കളും ദ്രുപദാത്മജന്മാരും വില്ലാളിയായ ദ്രോണനാല്‍ പോലും സംഹരിക്കപ്പെടാത്തവരല്ലേ? രഥീന്ദ്രനായ ധൃഷ്ടദ്യുമ്നനെ കൊല്ലുവാന്‍ എങ്ങനെ അവന്‍ ശക്തനായി? ദ്രോണൻ പോരില്‍ നേരിട്ടേല്ക്കാത്ത വീരനെ കൊല്ലുവാന്‍ തക്ക എന്തു മഹാകര്‍മ്മമാണ്‌ അവന്‍ ചെയ്തത്‌? ഗുരുപുത്രന്‍ തനിച്ച്‌ എന്റെ സൈന്യമൊക്കെ മുടിക്കുവാന്‍ എങ്ങനെ അവന്‍ ശക്തിയാർജിച്ചു?

ഭഗവാന്‍ പറഞ്ഞു: ദ്രൗണി ദേവദേവര്‍ക്കും ഈശനായ അവ്യയനെ, ശിവനെ, ദൃഢമായി ശരണം പ്രാപിച്ചു. ശിവന്‍ പ്രസാദിച്ചാല്‍ അവന്‍ അമരത്വവും ദാനം ചെയ്യും. ഇന്ദ്രനെപ്പോലും വീഴ്ത്തുവാനുള്ള വീര്യം മഹേശ്വരന്‍ ദാനം ചെയ്യും. മഹാദേവനെ ഞാന്‍ നന്നായി അറിയും. അവന്റെ പുരാണങ്ങളും നാനാകര്‍മ്മങ്ങളും ഞാന്‍ നന്നായി അറിയുന്നുണ്ട്‌ ഭരതര്‍ഷഭാ! ഭൂതങ്ങള്‍ക്കെല്ലാം ആദിയും, മദ്ധ്യവും, അന്തവും അവനാണ്‌. ഈ ജഗത്തൊക്കെ ചരിക്കുന്നത്‌ അവന്റെ കര്‍മ്മം കൊണ്ടാണ്‌. ഭൂതങ്ങളെ സൃഷ്ടിക്കുന്ന വിഭുവായ പിതാമഹന്‍, ശിവനോട്‌ ഭൂതങ്ങളെ സൃഷ്ടിക്കുവാന്‍ ആവശ്യപ്പെട്ടു. ഹരികേശനായ ശിവന്‍ അതേറ്റു സമ്മതിച്ച്‌ ഭൂതദോഷങ്ങള്‍ കാക്കുവാനായി ശിവന്‍ ദീര്‍ഘകാലം നീറ്റിലിറങ്ങി തപസ്സാരംഭിച്ചു. വളരെ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും പിതാമഹന്‍ ശിവനെ കാണാതായപ്പോള്‍ ഒരു സര്‍വ്വസഷ്ടാവിനെ ബ്രഹ്മാവ്‌ മനസ്സു കൊണ്ടു വേറെ സൃഷ്ടിച്ചു. ആ സ്രഷ്ടാവ്‌ നീറ്റില്‍ നില്ക്കുന്ന ശിവനെക്കണ്ട്‌ അച്ഛനായ ബ്രഹ്മാവിനോടു ചോദിച്ചു; "എനിക്ക്‌ അഗ്രജനുണ്ടോ? അഗ്രജനില്ലെങ്കില്‍ ഞാന്‍ പ്രജാസൃഷ്ടി നടത്താം". പിതാമഹന്‍ അതിന് പറഞ്ഞ മറുപടി, "നീയല്ലാതെ വേറെ പുരുഷനായി ഒരു അഗ്രജനില്ല" എന്നായിരുന്നു.

അവന്‍ ഏഴു ഭൂതങ്ങളേയും ദക്ഷന്‍ മുതലായ പ്രജാപതികളേയും സൃഷ്ടിച്ചു. നാലുതരം ഭൂതഗ്രാമങ്ങളും അവന്റെ പ്രജാപതികള്‍ സൃഷ്ടിച്ചു. സൃഷ്ടിച്ച മാത്രയില്‍ വിശന്ന പ്രജൗഘം പ്രജാപതിയെ ഭക്ഷിക്കുവാന്‍ പാഞ്ഞടുത്തു. ഉടനെ അവന്‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചു: "ഭഗവാനെ, ഇവര്‍ക്ക്‌ കൊറ്റ്‌ നിശ്ചയിച്ചാലും". അപ്പോള്‍ അവര്‍ക്ക്‌ അന്നമായി ഓഷധി സ്ഥാവരങ്ങളേയും, ബലികള്‍ക്ക്‌ ദുര്‍ബ്ബല ജംഗമ ഭൂതങ്ങളേയും നല്കി. നല്കിയ ജീവികള്‍ വന്ന പാടെ പോയി.

ഭൂതഗ്രാമം വര്‍ദ്ധിച്ച്‌ ലോകഗുരുവായ ബ്രഹ്മാവ്‌ സസത്തോഷം ഇരിക്കുമ്പോള്‍ ജ്യേഷ്ഠനായ രുദ്രന്‍ വെള്ളത്തില്‍ നിന്നു പ്രജകളെ കണ്ടു. ഇതു കണ്ട്‌ രുദ്ര ഭഗവാന്‍ കോപിച്ചു സ്വലിംഗത്തെ എറിഞ്ഞു. നിലത്തെറിഞ്ഞ ലിംഗം അപ്രകാരം നില്ക്കുന്നതു കണ്ട്‌ ബ്രഹ്മാവ്‌ ശാന്തനായി അവനോടു പറഞ്ഞു: "ഹേ ശര്‍വ്വാ! നീ വെളളത്തില്‍ ദീര്‍ഘകാലം നിന്നിട്ട്‌ എന്താണ്‌ ചെയ്തത്‌? ഉണ്ടാക്കിത്തീര്‍ത്ത ലിംഗം എന്തിന്‌ നീ നിലത്തു നട്ടു?".

ഇതു കേട്ട്‌ കോപത്തോടെ അവന്‍ ബ്രഹ്മാവിനോട് പറഞ്ഞു: അന്യന്‍ പ്രജാസൃഷ്ടി ചെയ്തിരിക്കുന്നു. അതു കണ്ടു കൊണ്ട്‌ ഞാന്‍ എന്തു ചെയ്യാനാണ്‌? എന്റെ തപസ്സു കൊണ്ട്‌ പ്രജകള്‍ക്ക്‌ അന്നം സിദ്ധിക്കും, പിതാമഹാ! ഔഷധികളും പ്രജകളും വര്‍ദ്ധിക്കുകയും ചെയ്യും എന്നു പറഞ്ഞ്‌ ക്രോധത്തോടെ ഭഗവാന്‍ വിമനസ്സായി അവിടെ നിന്ന്‌ ഇറങ്ങി. അവന്‍പുണ്യമായ ഹിമാലയ പാര്‍ശ്വത്തില്‍ തപസ്സിനായി പുറപ്പെട്ടു.

18. കൃഷ്ണയുധിഷ്ഠിരസംവാദം - ഭഗവാന്‍ തുടര്‍ന്നു: ദേവയുഗത്തിന് ശേഷം ദേവകള്‍ വേദപ്രമാണമനുസരിച്ച്‌ യജിക്കുവാന്‍ യജ്ഞത്തെ സൃഷ്ടിച്ചു. പിന്നീട്‌ യജ്ഞത്തിന് വേണ്ട ഹവിസ്സുകളും സൃഷ്ടിച്ചു. യജ്ഞ ഭാഗാര്‍ഹരായ ദേവകള്‍ യജ്ഞീയമായ ദ്രവ്യജാലങ്ങളും സൃഷ്ടിച്ചു. യഥാര്‍ത്ഥമായി രുദ്രനെ അറിയാത്ത ദേവകള്‍ യജ്ഞഭാഗം രുദ്രന് കല്‍പിച്ചില്ല.

കൃത്തിവാസസ്സായ രുദ്രന്‍ ഉടനെ; തനിക്കു യജഞഭാഗം കല്‍പിക്കായ്കയാല്‍, കാര്യസാദ്ധ്യത്തിന് വേണ്ടി ആദ്യമായി ഒരു ധനുസ്സ്‌ ഉണ്ടാക്കി ലോകയജ്ഞം, ക്രിയായജ്ഞം, ഗൃഹയജ്ഞം, പഞ്ചഭൂതയജ്ഞം, നൃയജ്ഞം ഇങ്ങനെ സനാതനമായ അഞ്ചു യജ്ഞങ്ങളെ സൃഷ്ടിച്ചു. ലോകയജ്ഞത്താലും, നൃയജ്ഞത്താലും കപര്‍ദ്ദി വില്ല്‌ തീര്‍ത്തു. അവന്‍ തീര്‍ത്ത വില്ല്‌ അഞ്ചു മുഴം നീളമുള്ളതാണ്‌. ആ വില്ലിന് വഷള്‍ക്കാരം (ഹോമം) ഞാണായി. നാല് യജ്ഞങ്ങള്‍ അതിന്റെ സന്നഹനങ്ങളായി. ക്രുദ്ധനായ മഹാദേവന്‍ ആ വില്ലെടുത്ത്‌ ദേവകള്‍ മഖം നടത്തുന്ന ദിക്കിലേക്കെഴുന്നളളി. ആ അവ്യയ ബ്രഹ്മചാരി വില്ലെടുത്തു സന്നദ്ധനായി വരുന്നതു കണ്ട്‌ ഭൂമിദേവി നടുങ്ങിപ്പോയി. പര്‍വ്വതങ്ങള്‍ കുലുങ്ങി. കാറ്റ്‌ വീശാതെ സ്തംഭിച്ചു നിന്നു. അഗ്നി കത്തിച്ചിട്ടും കത്താതായി. നക്ഷത്രമണ്ഡലം ആകാശത്തില്‍ സംവിഗ്നമായി ഉഴന്നു. സുര്യന്‍ തെളിഞ്ഞില്ല. ചന്ദ്രന്‍ മണ്ഡലശ്രീവിഹീനനായി. ആകാശം അശേഷവും ഇരുളടഞ്ഞു. പേടിച്ചുഴന്ന ദേവകള്‍ വിഷയങ്ങളറിയാത്തവരായി. യജ്ഞം തെളിയാതായപ്പോള്‍ ദേവകള്‍ ഭയപ്പെട്ടു വിറച്ചു. ആ സമയത്ത്‌ രുദ്രന്‍ രൗദ്രമായ തന്റെ ബാണംകൊണ്ട്‌ യജ്ഞത്തിന്റെ ഹൃദയത്തെ ലക്ഷ്യമാക്കി എയ്തു. ഉടനെ അഗ്നിയോടൊത്ത്‌ യജ്ഞം മാനിന്റെ രൂപമെടുത്തു പാഞ്ഞു. അപ്പോള്‍ അവന്‍ ആകാശത്തു കയറി യജ്ഞത്തെ പിന്തുടരുന്ന വിധം ശോഭിച്ചു യുധിഷ്ഠിരാ!

യജ്ഞം പോയപ്പോള്‍ ദേവകള്‍ യജ്ഞങ്ങളെ ഓര്‍ക്കാതായി. വാനോര്‍ക്ക്‌ യജ്ഞം പോയപ്പോള്‍ ഒന്നും തിരിയാതായി. മുക്കണ്ണന്‍ ക്രുദ്ധനായി സവിതാവിന്റെ കൈ ഒടിച്ചു. ഭഗന്റെ കണ്ണുകളും, പുഷാവിന്റെ പല്ലുകളും വില്ലിന്റെ തുമ്പുകൊണ്ടു കുത്തിത്തെറിപ്പിച്ചു. ഇതു കണ്ടു ഭയപ്പെട്ടു ദേവന്മാരും യജ്ഞാംഗങ്ങളും ഓടിക്കളഞ്ഞു. അവിടെത്തന്നെ ചിലര്‍ പേടിച്ച്‌ ബോധംകെട്ടു ചത്തവിധം വീണു. അങ്ങനെ അവരെയെക്കെ ആട്ടിയോടിച്ച്‌ ശിതികണ്ഠന്‍ ചിരിച്ചു വില്‍ത്തുമ്പു കുത്തി നിന്ന്‌ ഇരമ്പിക്കയറുന്ന ദേവന്മാരെ തടുത്തു.

ദേവന്മാര്‍ ചൊല്ലുന്ന വാക്ക്‌ അവന്റെ വില്ലിന്റെ ഞാണ്‌ മുറിച്ചു. ഉടനെ ഞാണില്ലാത്ത വില്ല്‌ പെട്ടെന്നു വിട്ടു. വില്ലില്ലാതെ നില്ക്കുന്ന ആ ദേവശ്രേഷ്ഠനെ ദേവകള്‍ മടങ്ങി വന്ന യജ്ഞത്തോടു കൂടി ശരണം പ്രാപിച്ചു. തന്നെ ദേവകള്‍ പൂജിച്ചപ്പോള്‍ മഹേശ്വരന്‍ പ്രസാദിച്ചു. യജ്ഞത്തോടൊപ്പം പ്രഭു സന്തോഷിച്ചു. പ്രസന്നനായ ഭഗവാന്‍ രുദ്രന്‍ തന്റെ കോപം സമുദ്രത്തില്‍ താഴ്ത്തി, അത്‌ അഗ്നിയായി എന്നും ജലത്തെ വറ്റിക്കുന്നു. ഭഗന്റെ കണ്ണുകളും, സവിതാവിന്റെ കൈകളും, പുഷാവിന്റെ പല്ലുകളും, യജ്ഞങ്ങളും വീണ്ടും മഹേശ്വരന്‍ നല്കി. അതിന്റെ ശേഷം എല്ലാം അതാതിന്റെ നിലയിലായി.

ദേവകള്‍ ഹവിസ്സൊക്കെ മഹാദേവന്റെ ഭാഗമായി വെച്ചു.വിഭോ, അവന്‍ കോപിച്ചാല്‍ ഈ വിശ്വമൊക്കെയും അസ്വസ്ഥമാകും. പ്രസാദിച്ചാല്‍ എല്ലാം സ്വസ്ഥമാകും. വീരൃവാനായ ഈ ദ്രൗണി രുദ്രനെ പ്രസാദിപ്പിച്ചു. അതുകൊണ്ടാണ്‌ നിന്റെ മഹാരഥന്മാരായ മക്കളും, പാഞ്ചാലന്മാരും, ശൂരന്മാരായ മറ്റു യോദ്ധാക്കളും കൊല്ലപ്പെട്ടത്‌. അത്‌ ഉള്ളില്‍ വിചാരിക്കാതിരിക്കുക. അത്‌ ദ്രോണപുത്രന്‍ ചെയ്തതല്ല, മഹാദേവ പ്രസാദം ചെയ്തതാണ്‌ എന്നു വിചാരിക്കുക. മേലില്‍ വേണ്ടത്‌ നീ ചെയ്താലും.


No comments:

Post a Comment