Sunday, 10 July 2022

ശാന്തിപര്‍വ്വം അദ്ധ്യായം 303 മുതൽ 331 വരെ

അദ്ധ്യായം 303. വസിഷ്ഠകരാളജനകസംവാദം - ക്ഷരത്തേയും അക്ഷരത്തേയും കുറിച്ചുള്ള ജ്ഞാനം, മോക്ഷമാര്‍ഗ്ഗം

304. വസിഷ്ഠ കരാളജനകസംവാദം - ജീവന്‍ നാനായോനികളില്‍ ജനിക്കുന്നതിനെ വിവരിക്കുന്നു

305. വസിഷ്ഠകരാളജനകസംവാദം - പ്രകൃതിയുടെ സംസര്‍ഗ്ഗം മൂലം ജീവന് സംഭവിക്കുന്ന പതനം

306. വസിഷ്ഠകരാളജനകസംവാദം - ക്ഷരം, അക്ഷരം, പ്രകൃതി, പുരുഷന്‍ ഇവയുടെ വിവരണം

307. വസിഷ്ഠകരാളജനകസംവാദം - യോഗസാംഖ്യരൂപവര്‍ണ്ണനം; ആത്മജ്ഞാനം കൊണ്ടു മുക്തി

308. വസിഷ്ഠകരാളജനക സംവാദം - വിദ്യയും അവിദ്യയും ക്ഷരവും അക്ഷരവും എന്താണെന്ന് വിവരിക്കുന്നു

309. വസിഷ്ഠകരാളജനകസംവാദം - ജീവന്റെ നാനാത്വവും ഏകത്വവും, ബ്രഹ്മവിദ്യോപദേശത്തിന് അര്‍ഹരും അനര്‍ഹരും

310. ജനകാനുശാസനം - വസുമാനും ഒരു ഋഷിയും തമ്മിലുള്ള സംഭാഷണം

311. യാജ്ഞവല്കൃജനക സംവാദം - ഇരുപത്തിനാല്‌  സാംഖ്യതത്വങ്ങളും ഒമ്പത്‌ സര്‍ഗ്ഗങ്ങളും

312. യാജ്ഞവല്കൃജനകസംവാദം - അവ്യക്തം, അഹങ്കാരം മുതലായവയുടെ കാലസംഖ്യയും ഇന്ദ്രിയങ്ങളും മനസ്സും തമ്മിലുള്ള ബന്ധവും

313. യാജ്ഞവല്കൃജനകസംവാദം - സംഹാരക്രമം എങ്ങനെയെന്നു വിവരിക്കുന്നു

314. യാജ്ഞവല്ക്യജനകസംവാദം - അദ്ധ്യാത്മം, അധിഭൂതം, അധിദൈവതം എന്നിവയുടെ വിവരണം

315. യാജ്ഞവല്ക്യജനകസംവാദം - സത്വരജസ്സ് തമോ ഗുണക്കാരായ ജനങ്ങളുടെ ശക്തി

316. യാജ്ഞവല്കൃജനകസംവാദം - പ്രകൃതിയും പുരുഷനും

317. യാജ്ഞവല്ക്യ ജനക സംവാദം -യോഗപരിശീലനംകൊണ്ട്‌ പരബ്രഹ്മപ്രാപ്തി

318. യാജ്ഞവല്കൃജനകസംവാദം - പ്രാണന്റെ ഉല്‍ക്രമണം, ഫലം, മൃത്യുലക്ഷണം, മൃത്യുവിനെ വെല്ലുന്നതിനുള്ള ഉപായം

319. യാജ്ഞവല്കൃജനകസംവാദം -സൂര്യനില്‍ നിന്നു തനിക്ക്‌ യജുര്‍വ്വേദം ലഭിച്ച കഥ ഋഷി പറയുന്നു

320. പഞ്ചശിഖജനകസംവാദം - ജരാമൃത്യുക്കളെ ജയിക്കാനുള്ള മാര്‍ഗ്ഗം

321. സുലഭാ ജനകസംവാദം - ജനകനില്‍ സത്വം കൊണ്ട്‌ പ്രവേശിച്ചു സുലഭയുടെ വാദത്തില്‍ ജനകന്‍ കുഴങ്ങുന്ന കഥ 

322. പാവകാദ്ധ്യയനം - വ്യാസന്‍ സ്വപുത്രനായ ശുകുന് വൈരാഗ്യം ഉപദേശിക്കുന്നു 

323. ധര്‍മ്മമൂലികം - ശുഭാശുഭകര്‍മ്മങ്ങളുടെ ഫലം കര്‍ത്താക്കള്‍ അനുഭവിച്ചേ തീരൂ 

324. ശുകോത്പ്പത്തി - വ്യാസന്‍ പുത്രലാഭത്തിന് തപസ്സു ചെയ്ത്‌ ശിവനില്‍ നിന്ന്‌ വരം നേടുന്നു 

325. ശുകോത്പത്തി - ശുകന്റെ ജനനം, വേദാദ്ധ്യയനം, സമാവര്‍ത്തനം 

326. ശുകകൃതി - ശുകന്‍ പിതാവിന്റെ കല്പനയനുസരിച്ച്‌ മിഥിലയിലെത്തുന്നു 

327. ശുകകൃതി - ജനകന്‍ ശുകനെ പൂജിക്കുന്നു. ബ്രാഹ്മണധര്‍മ്മം, മോക്ഷം നേടേണ്ടത്‌ ജ്ഞാനം കൊണ്ടോ? തപം കൊണ്ടോ?

328. ശിഷ്യശിക്ഷ - ശുകന്‍ അച്ഛന്റെ അടുത്ത്‌ മടങ്ങിയെത്തുന്നു. സ്വാദ്ധ്യായവിധികള്‍ വ്യാസന്‍ ശിഷ്യന്മാര്‍ക്ക്‌ ഉപദേശിക്കുന്നു 

329. അനദ്ധ്യായനിമിത്തകഥനം ( വായുവിശേഷകഥനം ) - നാരദന്‍ വ്യാസാശ്രമത്തിലെത്തുന്നു 

330. ശുകനാരദോപദേശം - നാരദന്‍ ശുകന്ന്‌ ജ്ഞാന വൈരാഗ്യതത്വങ്ങള്‍ ഉപദേശിക്കുന്നു -

331. ശുകാഭിപതനം - നാരദന്‍ സുഖദുഃഖരഹസ്യം ശുകന് ഉപദേശിക്കുന്നു 

അദ്ധ്യായം 303. വസിഷ്ഠകരാളജനകസംവാദം - ക്ഷരത്തേയും അക്ഷരത്തേയും കുറിച്ചുള്ള ജ്ഞാനം, മോക്ഷമാര്‍ഗ്ഗം - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ പിതാമഹാ, അക്ഷരമെന്നത്‌ (നാശമില്ലാത്തത്‌) എന്താണ്‌? അതിലെത്തിയാല്‍ തിരിച്ചു വരവില്ലെന്നു പറയുന്നുണ്ടല്ലോ! ക്ഷരമെന്നത്‌ എന്താണ്‌? അതേറ്റാല്‍ തിരിച്ചു വരുമെന്നു പറയുന്നുണ്ടല്ലോ. സംഗതി ഒന്നും മനസ്സിലാകുന്നില്ല. അതുകൊണ്ട്‌ ക്ഷരാക്ഷരങ്ങളെപ്പറ്റി ശരിയായ ഒരു വിവരം എനിക്കു ഭവാന്‍ ഉണ്ടാക്കിത്തരണം മഹാബാഹോ കുരുനന്ദനാ, തത്വമായി എനിക്ക്‌ അവ അറിയണം. വേദജ്ഞന്മാരും വിപ്രന്മാരുമെല്ലാം പറയുന്നു, ഭവാന്‍ ജ്ഞാനനിധിയാണെന്ന്‌. യോഗ്യന്മാരായ മുനിമാരും മഹാത്മാക്കളായ യതീന്ദ്രന്മാരും എല്ലാവരും പറയുന്നത്‌ ഇതു തന്നെയാണ്‌. അങ്ങയുടെ ആയുസ്സറുവാന്‍ പോവുകയാണല്ലോ. സുര്യന്‍ ഉത്തരായനത്തിലേക്കു തിരിക്കുമ്പോള്‍ അങ്ങ്‌ സല്‍ഗതി പ്രാപിക്കുന്നതാണല്ലോ! അങ്ങ്‌ പോയ്ക്കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ശ്രേയസ്സ്‌ ആരോട്‌ ചോദിക്കും. ആരില്‍ നിന്ന്‌ കേട്ടു ധരിക്കും? കുരുവംശപ്രദീപനായ ഭവാന്‍ ജ്ഞാനദീപം പ്രകാശിപ്പിക്കുന്നവന്‍ കൂടെയാണ്‌. അങ്ങ്‌ ഞാന്‍ ചോദിച്ച കാര്യം വ്യക്തമായി പറഞ്ഞു തരണേ! അല്ലയോ കുരുപുംഗവാ, അങ്ങയുടെ വാക്കാകുന്ന അമൃതം എത്ര കേട്ടിട്ടും ഞങ്ങള്‍ക്കു മതിയാകുന്നില്ല!

ഭീഷ്മൻ പറഞ്ഞു: ഈ ചോദ്യത്തിനുത്തരം ഞാന്‍ ശരിക്കും വ്യക്തമാക്കിത്തരാം. ഇതിനെക്കുറിച്ച്‌ ഒരു പഴങ്കഥ നടപ്പുണ്ട്‌. അതു വസിഷ്ഠമഹര്‍ഷിയും കരാളജനകനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌.

മാമുനി ശ്രേഷ്ഠനായ വസിഷ്ഠന്‍ അക്കാര്‍ഭനായി പ്രശോഭിക്കുമാറ്‌ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ശ്രേഷ്ഠമായ നൈശ്രേയസ്ഥാനത്തെപ്പറ്റി ജനകന്‍ ചോദിച്ചറിയുവാന്‍ വിചാരിച്ചു. അദ്ധ്യാത്മകുശലനും, അദ്ധ്യാത്മഗതി എന്തെന്നറിയുന്നവനുമായ വസിഷ്ഠന്റെ മുമ്പില്‍ ചെന്നു കുമ്പിട്ടു തൊഴുത്‌ മനോഹരമായ അക്ഷരസ്ഫുടതയോടെ, മധുരവും അനുല്‍ബണവുമായ വാക്കുകളോടെ, വിനയാന്വിതനായി കരാളജനകന്‍ പണ്ട്‌ ചോദിച്ചു.

ജനകന്‍ പറഞ്ഞു: ഭഗവാനേ, സനാതനമായ പരബ്രഹ്മത്തില്‍ എത്തിക്കഴിഞ്ഞാല്‍ ദിവ്യാത്മാക്കള്‍ പിന്നെ തിരിച്ചു വരികയില്ലെന്നു പറയുന്നുണ്ടല്ലോ! ലോകമൊക്കെ ക്ഷരത്തെ (നാശത്തെ) പ്രാപിച്ചാണല്ലോ ക്ഷരിക്കുന്നത്‌ (നശിക്കുന്നത്‌). അക്ഷരം (നാശമില്ലാത്തത്‌) എന്നു പറയുന്ന വസ്തു എന്താണ്‌? അനാമയവും സുഖവും ക്ഷേമൃവുമായ അത്‌ എന്താണെന്നു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌ ഭഗവാനേ!

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഞാന്‍ പറയാം:. അങ്ങു കേട്ടുകൊള്ളുക.

ലോകമൊക്കെ ക്ഷരിക്കുന്നതും എത്രനാള്‍ കൊണ്ടും ക്ഷയിക്കാതെ (ക്ഷരിക്കാതെ) നില്ക്കുന്നതും എല്ലാം ഞാന്‍ പറയാം. കാലത്തിന്റെ സ്വരൂപം ആദ്യമായി ഗ്രഹിക്കുക.

കൃതത്രേതദ്വാപരകലികളാണ്‌ ചതുർയുഗങ്ങള്‍. ഈ ചതുർയുഗങ്ങള്‍ പന്തീരായിരം കൂടുമ്പോള്‍ ഒരു കല്പം എന്ന കാലമായി. ആയിരം കല്പം കൂടുമ്പോള്‍ ബ്രഹ്മാവിന്‌ ഒരു പകലായി. അത്രതന്നെ കാലയളവ്‌ ബ്രഹ്മാവിന്റെ രാത്രിക്കുമുണ്ട്‌. ആ രാത്രി കഴിഞ്ഞാൽ ബ്രഹ്മാവ്‌ നിദ്രയിൽ നിന്നുണരും. ബ്രഹ്മാവ്‌ ലയിച്ച്‌ (ഇല്ലാതായി) പോകുമ്പോള്‍, അമൂര്‍ത്താത്മാവായ ശംഭു, ഭൂരികര്‍മ്മാവായ മഹാനെ, ഭൂതങ്ങളില്‍ ആദ്യത്തെ മൂര്‍ത്തിമാനായ വിശ്വഭുവിനെ (ഹിരണ്യഗര്‍ഭത്തെ) സൃഷ്ടിക്കുന്നു.

അണിമ, ലഘിമ, പ്രാപ്തി, ഈശിത്വം, അവ്യയജ്യോതിസ്സായ ആ ദേവന്‍, ശംഭു, ഈശാനന്‍, എങ്ങും കൈകളും, എങ്ങും കാലുകളും, എങ്ങും തലകളും, എങ്ങും കണ്ണുകളും, എങ്ങും മുഖങ്ങളും, ലോകത്തിലെങ്ങും ശ്രോത്രങ്ങളുമുള്ള, ലോകമെങ്ങും വ്യാപിച്ചു നില്ക്കുന്ന ഹിരണ്യഗര്‍ഭനെ സൃഷ്ടിക്കുന്നു. ഭഗവാന്‍, വിരാട്ട്‌, എന്ന്‌ പ്രസിദ്ധനായ യോഗങ്ങളില്‍ മഹാനെന്നും വിരിഞ്ചനെന്നും പറയപ്പെടുന്ന ദേവന്‍, സാംഖ്യ ശാസ്ത്രത്തില്‍ പല പേരുകളാല്‍ പുകഴ്ത്തപ്പെടുന്ന ദേവന്‍, വിചിത്രരൂപനും, വിശ്വാത്മാവും, ഏകനുമായ ആ ദേവന്‍, അവന്‍ അക്ഷരനാണ്‌, നാശമില്ലാത്തവനാണ്‌.

അനേകാത്മകമായ മൂന്നു ലോകവും, മറ്റാരുടെയും സഹായം കൂടാതെ സ്വയം,ആത്മാവാൽ ആത്മാവ് ഒത്ത്, സൃഷ്ടിക്കുന്ന അവന്‍ അപ്രകാരമുള്ള ബഹുരൂപത്വം മൂലം വിശ്വാത്മാവ്‌ എന്ന പേരില്‍ അറിയപ്പെടുന്നു. അവന്‍ വികാരം പൂണ്ട്‌ തന്നെത്തന്നെ സൃഷ്ടിക്കുന്നു. പിന്നെ അഹങ്കാരത്തെ സൃഷ്ടിക്കും. അവനാണ്‌ രുചിമാനും അഹംകൃത്തുമായ പ്രജേശന്‍.

പിന്നെ വ്യക്താവ്യക്തങ്ങളെ സൃഷ്ടിക്കുന്നു. വിദ്യയും അവിദ്യയും ആണ് അത്. ഇങ്ങനെ മഹത്വം,  അഹങ്കാരം, അവിദ്യ എന്നിവയുടെ സൃഷ്ടി നടക്കുന്നു. അഹങ്കാരത്തിൽ നിന്നുണ്ടാകുന്ന സൃഷ്ടിയാണ് ഭൂതങ്ങൾ. അഹങ്കാരത്തിൽ എല്ലാം മൂന്നാമത്തേതിന്റെ (അവിദ്യയുടെ) സംസ്കരണമാണ്.

പണ്ഡിതനും അവ്യക്തത്തില്‍ നിന്നു ജനിച്ചവനുമായ വിശ്വരുപന്‌ വ്യക്തനെന്നും (ഹിരണ്യഗര്‍ഭന്‍) വിദ്യാസൃഷ്ടിയെന്നും പറയുന്നു. മഹത്വത്തിന്റെയും അഹങ്കാരത്തിന്റെയും സൃഷ്ടിയെ അവിദ്യാ സൃഷ്ടി എന്നു പറയുന്നു. വിധിയും അവിധിയും ഒന്നില്‍ നിന്നു തന്നെ ഉണ്ടാകുന്നു; ശാസ്തശ്രുതി പണ്ഡിതന്മാര്‍ ഇതിനെ വിദ്യയെന്നും അവിദ്യയെന്നും പറയുന്നു. അഹങ്കാരത്തില്‍ നിന്ന്‌ പഞ്ചഭൂതങ്ങളുണ്ടായി. ഇത്‌ മൂന്നാമത്തെ സൃഷ്ടിയാണ്‌. സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ മൂന്നു വിധത്തിലുള്ള അഹങ്കാരത്തില്‍ നിന്ന്‌ പതിന്നാല് തരത്തിലുള്ള വികാരങ്ങളുണ്ടായി. അതിനെ നാലാമത്തെ സൃഷ്ടിയായി പറയുന്നു.

പിന്നെ വായു, തേജസ്സ്‌, ആകാശം, ജലം, പൃഥ്വി എന്നീ പഞ്ചഭൂതങ്ങള്‍ക്ക്‌ ഗുണങ്ങളായി ശബ്ദം, സ്പര്‍ശം, രുപം, രസം, ഗന്ധം ഇപ്രകാരം ദശവര്‍ഗ്ഗങ്ങള്‍ ഒപ്പം ദൃഢമായി ഉണ്ടായി. ഭൗതികമായ സർഗ്ഗത്തെ ആദ്യം ചിന്തിക്കുക. ഇത്‌ അഞ്ചാമത്തെ സൃഷ്ടിയായി. പഞ്ചമം സാര്‍ത്ഥകമാണ്‌ എന്നു പറയുന്നു, രാജാവേ! ചെവി, ത്വക്ക്‌, ദൃഷ്ടി, നാവ്‌, മൂക്ക്‌, അപ്രകാരം വാക്ക്‌, കൈ കാല്‌, ഗുദം, ലിംഗം, ഇവ പത്തും ഇന്ദ്രിയങ്ങളാണ്‌. ഇതില്‍ അഞ്ചെണ്ണം കര്‍മ്മേന്ദ്രിയങ്ങളും അഞ്ചെണ്ണം ജ്ഞാനേന്ദ്രിയങ്ങളുമാണ്‌. ഇവ മനസ്സിനോടൊപ്പമുണ്ടായി.

ഇപ്പറഞ്ഞ തത്വം ഇരുപത്തിനാലും സര്‍വ്വ ആകൃതിക്കുമുണ്ട്‌ രാജാവേ! ഇരുപത്തഞ്ചാമത്തേതാണ്‌ വിഷ്ണു. ഇതറിഞ്ഞാല്‍ തത്വദര്‍ശികളായ വിപ്രന്മാര്‍ ഒരിക്കലും അജ്ഞാനം മൂലമുള്ള ദുഃഖത്തില്‍ കിടന്ന്‌ കുഴങ്ങുകയില്ല. ഇത്‌ ദേഹികള്‍ക്കൊക്കെ ദേഹമെന്ന്‌ അറിയപ്പെടുന്നു. മൂന്നു ലോകത്തിലുമുള്ള ദേവന്മാര്‍, ദൈത്യന്മാര്‍, നരന്മാര്‍, യക്ഷന്മാര്‍, ഗന്ധര്‍വ്വന്മാര്‍, ഭൂതഗണങ്ങള്‍, കിന്നരന്മാര്‍, അഹികള്‍, പിശാചുക്കള്‍, രാക്ഷസന്മാര്‍, ദേവന്മാര്‍, ഋഷികള്‍, ചാരണന്മാര്‍, പട്ടികള്‍, ശ്വപാകന്മാര്‍, ചണ്ഡാലന്മാര്‍, പുൽക്കസന്മാര്‍, ആന, കുതിര, പശു, കഴുത, പുലി, വ്യക്ഷം എന്നിവ മാത്രമല്ല, എന്തൊക്കെ ശരീരമുള്ളതായി ഈ പ്രപഞ്ചത്തിലുണ്ടോ അവയ്ക്കെല്ലാം ഇതു തന്നെയാണ്‌ നിദര്‍ശനം.

വെള്ളത്തില്‍, മന്നില്‍, ആകാശത്ത്‌, ഇവയിലുള്ളതിന്റെയെല്ലാം ദേഹം ഈ നിലയിലാണ്‌. ദേഹികള്‍ക്കുള്ള ആവാസമാണ്‌ ഇവയെല്ലാമെന്നു നാം കേള്‍ക്കുന്നു. ഈ പറയപ്പെട്ടതെല്ലാമാണ് ക്ഷരം (നാശമുള്ളത്). പഞ്ചഭൂതാത്മകങ്ങളായതെല്ലാം നശിക്കുന്നു. അതു കൊണ്ട്‌, അവ ക്ഷരിക്കുന്നതു കൊണ്ട്‌, ക്ഷരമെന്നു പറയുന്നു. ക്ഷരത്തിന്‌ അപ്പുറത്തുള്ള നാശമില്ലാത്തതിനെ അക്ഷരമെന്നു പറയുന്നു. ആദ്യമുണ്ടായ മഹത്വം നിതൃമാണെങ്കിലും അതും നശിച്ചുപോകുന്നു. ഹേ രാജാവേ, അങ്ങു ചോദിച്ചതിനു മറുപടി ഞാന്‍ പറഞ്ഞു.

ജഗത് മോഹാത്മകമാണ്. അതിന് വ്യക്താവ്യക്തം എന്ന് കൂടി പേരുണ്ട്. മുമ്പു പറഞ്ഞ ഇരുപത്തിനാലിനപ്പുറത്തായി ഇരുപത്തിയഞ്ചാമതായി വിഷ്ണു സ്ഥിതി ചെയുന്നു. ഇരുപത്തഞ്ചാമത്തെ തത്വം ദേഹത്തില്‍ വര്‍ത്തിക്കുന്നതാണ്‌ വിഷ്ണു. തത്വ സംശ്രയണം മൂലം തത്വം എന്ന്‌ മനീഷികള്‍ അതിനെപ്പറയുന്നു. വ്യക്തമായ മൂര്‍ത്തം ചമച്ചതായ അവന്‍ തത്വമൂര്‍ത്തിയില്‍ നില്ക്കുന്നു. ഇരുപത്തിനാലില്‍ നിന്ന്‌ ഇരുപത്തഞ്ചായ അവൃക്താത്മാവായി, അമൂര്‍ത്തമായി അത്‌ സ്ഥിതി ചെയ്യുന്നു. ആത്മവാനായ അവന്‍, സര്‍വ്വമൂര്‍ത്ത സ്തുക്കളുടേയും ഹൃദയത്തില്‍ വസിക്കുന്ന അവന്‍, കേവലനായ ചേതനനായി, നിത്യനായി, സര്‍വ്വമൂര്‍ത്തിയായി അമൂര്‍ത്തിയായി നില്ക്കുന്നു. സൃഷ്ടിക്കും പ്രളയത്തിന്നും സര്‍ഗ്ഗപ്രളയമൂര്‍ത്തിയായി വഴിയേ നിത്യം നിര്‍ഗുണമായും, സഗുണമായും നില്ക്കുന്നു. ഇപ്രകാരം മഹാനായ ആത്മാവ്‌ സര്‍ഗ്ഗ പ്രളയ കോവിദനായി, പ്രകൃതിമാനായി വികരിക്കുന്നു. അതിൽ ബുദ്ധിഹീനൻ അഭിമാനം കൊള്ളുന്നു.

തമസ്സ്‌, സത്വം, രജസ്സ്‌ ഇവയോടു ചേര്‍ന്ന്‌ അവന്‍ നാനായോനികള്‍ തോറും ലയിച്ച്‌ പ്രതിബോധത്താല്‍, അബുദ്ധജനസേവയാല്‍, സഹവാസവശാല്‍ അന്യനല്ല ഞാന്‍ എന്നും ചിന്തിക്കുന്നു. "ആ ഞാന്‍ ഈ ഞാന്‍", എന്നു ഗുണങ്ങളെപ്പറ്റി പറഞ്ഞു തുടങ്ങുന്നു. തമസ്സു കൊണ്ട്‌ താമസങ്ങള്‍ നാനാരൂപത്തെ കൈക്കൊള്ളും. രജസ്സുകൊണ്ടു രാജസങ്ങളും, സത്വത്താല്‍ സാത്വികങ്ങളും പ്രാപിക്കും.

ശുക്ളം, ലോഹിതം, കൃഷ്ണം ഇങ്ങനെയാണ്‌ മൂന്നു രൂപങ്ങള്‍. ഇവയാണ്‌ പ്രാകൃതങ്ങളായ രൂപങ്ങള്‍. ഇതില്‍

തമസ്സു കൊണ്ട്‌ നരകത്തെ  (പാപിക്കും. രജസ്സു കൊണ്ട്‌ മനുഷ്യത്വം പ്രാപിക്കും. സാത്വികന്മാര്‍ ദേവലോകം പ്രാപിക്കും. ഇങ്ങനെയാണ്‌ സുഖഭാക്കുകളുടെ നില.

കൈവല്യം സിദ്ധിക്കാതെ പാപം മൂലമായി തിര്യക് യോനിയില്‍ വന്നു പിറക്കും. പുണ്യപാപസമ്മിശ്രതമൂലം മനുഷ്യത്വം പ്രാപിക്കും. പുണ്യത്താല്‍ മാത്രം ദേവത്വം പ്രാപിക്കും.

ഇപ്രകാരം അവ്യക്ത വിഷയമായതിനെ ക്ഷരമെന്ന്‌ മനീഷികള്‍ പറയുന്നു. ഇതില്‍ ഇരുപത്തിനാലും കഴിഞ്ഞ്‌ ഇരുപത്തിയഞ്ചാമതായി നില്ക്കുന്ന അക്ഷരമായ തത്വം ജ്ഞാനത്താല്‍ മാത്രം അറിയുന്നതാകുന്നു.

അദ്ധ്യായം 304. വസിഷ്ഠ കരാളജനകസംവാദം - ജീവന്‍ നാനായോനികളില്‍ ജനിക്കുന്നതിനെ വിവരിക്കുന്നു - വസിഷ്ഠന്‍ പറഞ്ഞു: ഇപ്രകാരം ജീവികള്‍ അപ്രതിബോധം കാരണം, അബുദ്ധമായത് ചെയ്യുവാന്‍ തുടങ്ങും. ഒരു ദേഹം വിട്ട്‌ വീണ്ടും മറ്റൊരു ദേഹം എടുക്കുകയും, അതുവിട്ട്‌ വേറെയൊന്ന്‌ എടുക്കുകയും ചെയുന്നതിനുള്ള കാരണം ബോധമില്ലായ്മ മൂലം ചെയ്യുന്ന കര്‍മ്മം കൊണ്ടാണ്‌. നാനാതരം തിര്യക് യോനികളില്‍, പിറക്കുന്നത്‌ ചിലപ്പോള്‍ ദേവയോനിയിലും പിറക്കും. ഗുണയോഗം കൊണ്ട്‌ ഉയര്‍ന്നതും, ഗുണകായം കൊണ്ട്‌ താഴ്ന്നതുമായ ജന്മം ലഭിക്കുന്നു.

മര്‍ത്തൃത്വം വിട്ടുയര്‍ന്ന്‌ സ്വര്‍ഗ്ഗത്തില്‍ കയറുകയും, ദേവന്‍ അധഃപതിച്ച്‌ മനുഷ്യനാവുകയും ചെയ്യും. മനുഷ്യത്വം ലഭിച്ചാല്‍ നരകസ്ഥാനത്തേയോ, അനന്തമായ മോക്ഷത്തേയോ പ്രാപിക്കും. പട്ടുനൂല്‍പ്പുഴു തന്നെത്താനെ അതിന്റെ നൂലു കൊണ്ട്‌ അതിനെ മൂടുന്ന മാതിരി നിര്‍ഗുണന്‍ ഗുണജാലം കൊണ്ട്‌ നിത്യവും മൂടപ്പെടുന്നു.

നിര്‍ദ്വന്ദന്‍ നാനായോനികള്‍ തോറും ചെന്നു ജനിച്ച്‌ ദ്വന്ദത്തെ പ്രാപിക്കും. ശിരോരോഗം, നേത്രരോഗം, പല്ലുകുത്ത്‌, പിടികടച്ചില്‍, മഹോദരം, തൃഷ്ണാരോഗം, ജ്വരം, തൊണ്ടവീക്കം, കുഷ്ഠം, തീപ്പൊള്ളല്‍, പാണ്ടുരോഗം, അപസ്മാരം ഇവ ശരീരം തോറും ബാധിക്കും. മറ്റു ദ്വന്ദങ്ങളും ബാധിക്കും ഇവ വിചിത്രമായി ബാധിച്ചു കാണുന്നു. ജീവന്‍ ഇവയൊക്കെ തനിക്കു വന്ന രോഗമാണെന്നും, തന്റേതാണെന്നും വിചാരിക്കുന്നു. നാനാതരം തിര്യക് യോനികളില്‍ ചിലപ്പോള്‍ ദേവ യോനിയില്‍ ജനിക്കും. ഇതൊക്കെ തന്റേതാണെന്നും, താനാണെന്നും അജ്ഞാനംമൂലം ജീവികള്‍ അഭിമാനിക്കുന്നു. ശുക്ലവസ്ത്രം ധരിച്ചവനായും, നാലുതരം വസ്ത്രങ്ങൾ ധരിച്ചവനായും, നിത്യവും വെറും നിലത്ത്‌ കിടക്കുന്നവനായും നാം ചിലരെ കാണുന്നു. ചിലര്‍ തവളയെപ്പോലെ കമിഴ്‌ന്നു കിടക്കുന്നു. ചിലര്‍ വീരാസനത്തിലിരിക്കുന്നു. ചിലര്‍ ചീരവസ്ത്രം ധരിക്കുന്നു. ചിലര്‍ തുറന്ന ദിക്കില്‍ കിടക്കുന്നു. ചിലര്‍ വെളിവായി നില്ക്കുന്നു. ചിലര്‍ ഇഷ്ടിക വിരിച്ചതിനു മുകളില്‍ക്കിടക്കുന്നു. ചിലര്‍ മുള്ളു ചിന്നിയതിന്റെ മുകളില്‍ക്കിടക്കുന്നു. ചിലര്‍ ചാരത്തില്‍ക്കിടക്കുന്നു, ചിലര്‍ വെറും മണ്ണില്‍ക്കിടക്കുന്നു. ചിലര്‍ വീരസ്ഥാനത്ത് കിടക്കുന്നു. ചിലര്‍ ഈര്‍പ്പമുള്ളിടത്തു കിടക്കുന്നു. ചിലര്‍ ചേറ്റില്‍ക്കിടക്കുന്നു. പലതരം ശയ്യകളില്‍ ചിലര്‍ കിടക്കുന്നു. ഇതിന്റെയൊക്കെ ഉദ്ദേശം നാനാതരത്തിലുള്ള ഫലകാംക്ഷയാണ്‌. ചിലര്‍ മുഞ്ജപ്പുല്ലു മേഖലയാക്കി നഗ്നനായി നടക്കുന്നു. ചിലര്‍ പട്ടുടുക്കുന്നു. ചിലര്‍ കൃഷ്ണാജിനം ചുറ്റി നടക്കുന്നു. ചിലര്‍ ചാക്ക്‌ ഉടുക്കുന്നു. പിലര്‍ കമ്പിളി ഉടു ക്കുന്നു. ചിലര്‍ പുലിത്തോല്‍ ഉടുക്കുന്നു. ചിലര്‍ സിംഹത്തോലുടുക്കുന്നു. ചിലര്‍ വെള്ളപ്പട്ടുടുക്കുന്നു. ചിലര്‍ പലക തലയ്ക്കു വയ്ക്കുന്നു. ചിലര്‍ മുള്ളുവസ്ത്രം ധരിക്കുന്നു. ചിലര്‍ മരവുരി ധരിക്കുന്നു. ഇങ്ങനെ ബുദ്ധിയില്ലാത്തവരായി പലരും ഈ വകയില്‍ അഭിമാനം കൊണ്ടുനടക്കുന്നു. വിചിത്രമായ ഭോജനങ്ങള്‍ കഴിക്കുന്നു. പലതരം രത്നം ചാര്‍ത്തുന്നു. ചിലര്‍ പകല്‍ ഒരു നേരം, ചിലര്‍ അതിന്നിടയില്‍ രാത്രിയില്‍ ഒരു ഊണുകൂടെ കഴിച്ച്‌ ജീവിക്കുന്നു. നാലാംദിവസം, എട്ടാം ദിവസം, ആറാംദിവസം, ആറാംരാവിലും, എട്ടാംപകലിലും. ഏഴും പത്തും രാവുചെന്നിട്ടും,പന്ത്രണ്ടാംപകലും ഓരോ ഊണു കഴിച്ചു ജീവിക്കുന്നു. ഒരു മാസം മുഴുവന്‍ ഉപവസിച്ചു ചിലര്‍ ജീവിക്കുന്നു. ചിലര്‍ കായ്കിഴങ്ങുകള്‍ മാത്രം കഴിച്ചു കഴിയുന്നു. കാറ്റുമാത്രം കഴിച്ചു ചിലര്‍ കഴിയുന്നു. ജലപാനം മാത്രമായി ചിലര്‍ കഴിയുന്നു. പിണ്ണാക്കു തിന്ന്‌ ചിലര്‍ കഴിയുന്നു. തൈരു മാത്രം ചിലര്‍ കഴിച്ചു ജീവിക്കുന്നു. ചിലര്‍ ചാണകം തിന്നു കഴിയുന്നു. ചിലര്‍ ഗോമൂത്രം കുടിച്ചു കഴിയുന്നു. ചീരയുടെ പൂവും ഇലയും പറിച്ചു തിന്ന്‌ ചിലര്‍ കഴിയുന്നു. ചിലര്‍ ചണ്ടി തിന്നുന്നു. ചിലര്‍ വേവിക്കാത്തത്‌, കണ്ടത്‌ പറിച്ചു തിന്നുന്നു. ചിലര്‍ കൊഴിഞ്ഞ ഇല പെറുക്കിയെടുത്ത്‌ തിന്നു കഴിയുന്നു. ചിലര്‍ വീണ കായ മാത്രം എടുത്ത്‌ തിന്ന്‌ കഴിയുന്നു. ഇങ്ങനെ സിദ്ധി ലഭിക്കുവാന്‍ പലതരം കഷ്ടപ്പാടുകള്‍ സഹിച്ച്‌ പലരും കൃച്ഛറമായ ജീവിതം നയിക്കുന്നു.

ശരിക്ക്‌ ചന്ദ്രായനങ്ങളും, പല ലിംഗങ്ങളും കൈക്കൊണ്ട്‌, നാലാശ്രമങ്ങള്‍ സ്വീകരിച്ച്‌, ഓരോന്നുവിട്ട്‌ ഓരോന്ന്‌ സ്വീകരിച്ചു കഴിയുന്നു. ഉപാശ്രമങ്ങളും, പലമാതിരി പാഷണ്ഡങ്ങളും സ്വീകരിക്കുന്നു. വിവിക്തമായ മണല്‍ത്തിട്ട്‌, വിജനമായ വനം, പുണ്യക്ഷേത്രങ്ങള്‍, ശൂന്യമായ സരസ്സുകള്‍, വിജനമായ ശൈലങ്ങള്‍, വിജനമായ ഗുഹകള്‍, ഗൃഹ തുല്യമായ ഗുഹകള്‍, വിവിക്തജപ്യങ്ങളായ ഇടങ്ങള്‍, ഇവയിലൊക്കെ വസിച്ച്‌ പലതരം വ്രതങ്ങളെടുത്ത്‌, നിയമങ്ങള്‍ പലതും, തപങ്ങള്‍ പലതരത്തിലും അനുഷ്ഠിച്ച്‌ പലതരം യജ്ഞങ്ങളും അതുപോലെ നാനാവിധികളും അനുഷ്ഠിച്ച്‌, കച്ചവടം, വിപ്രന്മാരുടേയും വൈശ്യരുടെയും ശുദ്രരുടേയും, ക്രമങ്ങള്‍ യഥാവിധി അനുഷ്ഠിച്ച്‌, ദാനം ചെയ്ത്‌, ദീനന്മാരിലും അന്ധന്മാരിലും ദരിദ്രരിലും കനിഞ്ഞ്‌, ദാനധര്‍മ്മാദികള്‍ ചെയ്ത്‌, താന്‍ ശ്രേയസ്സുള്ളവനാണെന്ന്‌ തന്നെത്താന്‍ അഭിമാനിച്ച്‌ മൗഢ്യത്തിനു വശഗരായി പലര്‍ കഴിയുന്നു.

സത്വം, രജസ്സ്‌, തമസ്സ്‌, ധര്‍മ്മം, കാമം, അര്‍ത്ഥം എന്നിവയും പ്രകൃത്യാ ആത്മാവെ ആത്മാവും ഇപ്രകാരം ഭജിക്കുന്നു.

സ്വധാകാരം, വഷള്‍ക്കാരം, സ്വാഹാകാരം, നമസ്‌കാരം, യജിപ്പിക്കല്‍, ദാനം ചെയ്യല്‍, പരിഗ്രഹം വാങ്ങല്‍, പഠിക്കല്‍, യാഗം ചെയ്യല്‍, ഇവയും വേറെ ചിലതും, ജന്മമൃത്യുക്കളും വിഷാദം, വിശ്വസനം, ശുഭാശുഭമയമായുള്ള കര്‍മ്മങ്ങള്‍, ഇവയൊക്കെ ആത്മാവിന്റെ ക്രിയാപഥങ്ങളായി പറയപ്പെടുന്നു. പ്രകൃതീദേവി ജന്മം, പ്രളയം എന്നിവയും ചെയ്യുന്നു. പ്രളയകാലത്ത്‌ അവന് ഗുണങ്ങളെല്ലാം ഏകനായി ഏറ്റുനില്ക്കുന്നു. രശ്മിജാലം രവി എന്ന പോലെ അതു തന്നിലേക്കു ചുരുക്കുന്നു. ഇപ്രകാരം വീണ്ടും ആത്മാവിന്റെ ക്രീഡയ്ക്കു വേണ്ടി അവന്‍ ചെയുന്നു. ആത്മരൂപഗുണം നാനാപ്രകാരം ഹൃദയപ്രിയമാണ്‌. ഇപ്രകാരം സര്‍ഗ്ഗപ്രളയമായ വൃത്തിയെ വികരിക്കുന്നവന്‍, ക്രിയാപഥത്തില്‍ ത്രിഗുണക്രിയയെ യോജിപ്പിക്കുന്നു. ഈ ജഗത്തു മുഴുവന്‍ അന്ധമാണ്‌. പ്രകൃതിയാല്‍ ഈ ജഗത്ത്‌ അന്ധകാരമയമായിരിക്കുന്നു. രജസ്സും, തമസ്സും ജഗത്തിനെ മൂടിയിരിക്കുന്നു. ഇപ്രകാരം ഈ ദ്വന്ദം ആവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്‌. ഈ കണ്ടതൊക്കെ എനിക്കുണ്ടായതാണ്‌. ഇവയൊക്കെ എനിക്കുള്ളതാണ്‌. ഞാന്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെറുതല്ല. ഞാനില്ലെങ്കില്‍ ഇതൊക്കെ അനാഥമാകും. ഇങ്ങനെ അജ്ഞാനത്താല്‍ മര്‍ത്ത്യന്‍ എന്തൊക്കെ വിചാരിക്കുന്നു. സുകൃതങ്ങളെപ്പറ്റിയും അവന്റെ ചിന്ത ഇതു തന്നെ. ഞാന്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ഭുജിക്കേണ്ട സുഖങ്ങളാണിവയൊക്കെ. അതൊക്കെ ഞാന്‍ ഇഹത്തില്‍വെച്ചു തന്നെ അനുഭവിക്കും. എല്ലാ ശുഭാശുഭഫലങ്ങളും ഇവിടെത്തന്നെ അനുഭവിക്കും! സുഖം തന്നെ ചെയ്യുണം. ഒരു പ്രാവശ്യം ചെയ്താല്‍ എനിക്കു സുഖമായി. എനിക്ക്‌ പ്രളയകാലം വരെ ജന്മം തോറും സുഖം ലഭിക്കും. ഈ കാര്യം ചെയ്താല്‍ അനന്തമായ നരകവും ലഭിക്കും. മനുഷ്യത്വം മഹാദുഃഖമാണ്‌. നരകത്തില്‍ മുങ്ങും മനുഷ്യന്‍. നരകം വിട്ട്‌ മനുഷ്യത്വം ഞാന്‍ പ്രാപിക്കും. പിന്നെ, മനുഷ്യത്വം വിട്ട്‌ ദേവഭാവത്വം പ്രാപിക്കും. ദേവത്വം നേടി പൌരുഷം പ്രാപിക്കും. മനുഷ്യത്വം മൂലം നരകവും മാറ്റത്തോടെ ഏല്ക്കും. ഇപ്രകാരം നിത്യവും സ്വഗുണത്താലാവൃതനായ മര്‍ത്ത്യന്‍ ചിന്തിക്കുന്നു.

ദേവത്വവും, മാനുഷത്വവും, നരകവും, മമത്വമുള്ളവന്‍ ഏറ്റ്‌ നിത്യവും അവിടെക്കിടന്നു തിരിയും. കോടിക്കണക്കിനു ജന്മങ്ങളെടുത്ത്‌ ചാകും. ശുഭാശുഭകര്‍മ്മങ്ങള്‍ ചെയ്യുന്ന മൂര്‍ത്തിമാന്‍ മൂന്നു ലോകത്തിലും ഫലം ഏല്ക്കുന്നു. ശുഭാശുഭഫലമായ കര്‍മ്മം പ്രകൃതി ചെയുന്നു. അത്‌ അനുഭവിക്കുന്നതും പ്രകൃതി തന്നെ. അല്ലയോ കാമഗാ! ഇതാണ്‌ മൂന്നു ലോകത്തിലെയും കഥ.

തിര്യക്ഭാവം, മനുഷ്യത്വം, ദേവത്വം ഇവ മൂന്നുമാണ്‌ പ്രാകൃതസ്ഥാനങ്ങളെന്നു ധരിക്കണം. അലിംഗത്വാല്‍ പ്രകൃതിയെ ലിംഗം കൊണ്ട്‌ നാം അനുമാനിക്കുന്നു. അപ്രകാരമാണ്‌ പൌരുഷമായ ലിംഗം അനുമാനത്താല്‍ നാം ഗ്രഹിക്കുന്നത്‌.

ആത്മാവിനെ മാറ്റം ചെയ്യുവാന്‍ കഴിയുന്നതല്ല. പ്രകൃതിയെ ആത്മാവ്‌ കര്‍മ്മബദ്ധമാക്കുകയാണ്‌. ഇന്ദ്രിയത്തോട്‌ ഇണങ്ങിയ ആത്മാവ്‌ ഇന്ദ്രിയജ്ഞാനത്തോടു ചേരുമ്പോള്‍ മര്‍ത്ത്യനും ഇവയൊക്കെ തന്റേതായി കണക്കാക്കുന്നു. ശ്രോതാദികളായ അഞ്ച്‌ ഇന്ദ്രിയങ്ങളും, വാക്ക്‌ മുതലായവ യെല്ലാം ഗുണംതോറും ഗുണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നു. ഈ ഇന്ദ്രിയങ്ങള്‍ചെയ്യുന്ന എല്ലാകാര്യവും ഈ ഇന്ദ്രിയങ്ങളും തന്റേതാണെന്നും പുരുഷന്‍ വിചാരിക്കുന്നു. ആത്മാവിന് ഇന്ദ്രിയമില്ല. പിന്നെ വ്രണമില്ല. എന്നാലും വ്രണവാനാണെന്നു വിചാരിക്കുന്നു. അലിംഗന്‍ ആത്മലിംഗത്തേയും, അകാലന്‍ ആത്മകാലത്തേയും, അസത്വാത്മാവ്‌ സത്വത്തേയും ദര്‍ശിക്കുന്നു. അതത്വത്തെ തത്വമായും കരുതുന്നു. ആത്മാവിന് മൃതിയില്ല. മൃതിയുണ്ടെന്നു തോന്നുന്ന ആത്മാവ്‌ അചരനാണെങ്കിലും ചരനെന്നു മര്‍ത്ത്യന്‍ കാണുന്നു. അക്ഷേത്രം ക്ഷേത്രമായും, അസര്‍ഗ്ഗം സര്‍ഗ്ഗമായും. അതപസ്സ്‌ തപസ്സായും, അഗതി ഗതിയായും, അഭവന്‍ ഭവനായും, അഭയന്‍ ഭയനായും, അക്ഷരന്‍ ക്ഷരനായും, അബുദ്ധി കരുതുകയാണ്‌.

അദ്ധ്യായം 305. വസിഷ്ഠകരാളജനകസംവാദം - പ്രകൃതിയുടെ സംസര്‍ഗ്ഗം മൂലം ജീവന് സംഭവിക്കുന്ന പതനം - വസിഷ്ഠന്‍ പറഞ്ഞു:  ബോധം വന്നുദിക്കാത്തത് കൊണ്ടും, ബുധന്മാരെ സേവിക്കാത്തത് കൊണ്ടും, അജ്ഞാനത്തില്‍ കുടുങ്ങിക്കിടക്കുന്ന ജീവലോകം കോടികോടി ജന്മങ്ങള്‍ എടുത്ത്‌ അനവരതം നശിച്ചു കൊണ്ടിരിക്കുന്നു. ജീവന്‍ തിര്യക്കുകളായും, മനുഷ്യരായും ദേവന്മാരായും പുനര്‍ജ്ജന്മത്തിന്‌ വിധേയരായി സംസാരദുഃഖം അനുഭവിച്ചു കൊണ്ടിരി ക്കുന്നു. അജ്ഞാനം മൂലം ജീവന്‍ ചന്ദ്രനെപ്പോലെ ആയിരമായിരം പ്രാവശ്യം ക്ഷയോന്മുഖനായിത്തീരുന്നു. ചന്ദ്രനെപ്പോലെ തന്നെയാണ്‌ ജീവന്റെ പരിണാമവും. തമസ്സിന്റെ ബാധ മൂലമാണല്ലോ ചന്ദ്രന്‍ ശോഷിച്ചു വരുന്നത്‌. ജീവനും അപ്രകാരം തന്നെ അജ്ഞാനമാകുന്ന തമസ്സിന്റെ ബാധയാലാണ്‌ സംസാരത്തില്‍ ഉഴലുന്നത്‌. ചന്ദ്രന് പതിനാറു കലകളുണ്ട്‌. അതില്‍ പതിനഞ്ചെണ്ണമാണ്‌ ക്ഷയിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നത്‌. പതിനാറാമത്തെ ഭാഗം കാണപ്പെടുന്നില്ല. അത്‌ ഉണ്ട്‌. അതിന് മാറ്റമില്ല. കറുത്ത വാവിന്‍ നാള്‍ അത്‌ മാറ്റം കൂടാതെ നില്ക്കുന്നുണ്ട്‌. ഇങ്ങനെ ചന്ദ്രന്റെ മാതിരി തന്നെ ജീവനും പതിനാറ്‌ അംഗങ്ങളുണ്ട്‌. അതില്‍ ജീവന്റെ പതിനഞ്ച്‌ അംഗമേ കാണുകയും മായുകയും ചെയ്യുന്നുള്ളു. ആ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നു പറയാം. പ്രകൃതിയും അഞ്ച്‌ ഇന്ദ്രിയങ്ങളും, അവയുടെ അഞ്ചു കര്‍മ്മങ്ങളും കൂടിയ പത്തും, നാല്‌ ആന്തരികശക്തികളുമാണ്‌. പതിനാറാമത്തേതിന്ന്‌ മാറ്റമില്ല. അജ്ഞാനം മൂലം ജീവന്‍ തമസ്സില്‍ മുഴുകി വീണ്ടും വീണ്ടും അനവരതം ജന്മമെടുത്ത് കൊണ്ടിരിക്കുന്നു. അത്‌ മുന്‍പറഞ്ഞ പതിനഞ്ച്‌ ജീവാംശങ്ങളിലാണ്‌. ജീവന്റെ നാശമില്ലാത്ത, മാറ്റമില്ലാത്ത അംശം ഇവയോടു ചേര്‍ന്നു ജന്മമെടുക്കുന്നു. ആ പതിനാറാമത്തെ അംശം സൂക്ഷ്മമായതാണ്‌. അതിനെ സോമനെന്നു വിളിക്കുന്നു. അതിനെ ഇന്ദ്രിയങ്ങളാല്‍ ഉയര്‍ത്തുവാന്‍ സാധിക്കുന്നതല്ല. നേരെമറിച്ചു ജ്ഞാനേന്ദ്രിയങ്ങള്‍ അതിനാല്‍ ഉയര്‍ത്തപ്പെടുന്നു. അതുകൊണ്ട്‌ ആ പറഞ്ഞ പതിനാറു ഭാഗങ്ങള്‍, ജീവികളുടെ ജന്മങ്ങള്‍ക്കു കാരണമായിത്തീരുന്നു. ജീവികള്‍ക്ക്‌ ഹേ. രാജാവേ! ഇതിന്റെ സഹായം കൂടാതെ ജന്മമെടുക്കുവാന്‍ കഴിയുന്നതല്ല. അവയെ പ്രകൃതിയെന്നു പറയുന്നു. പ്രകൃതിയുമായി ജീവന്നുളള ബന്ധം നശിപ്പിക്കുക, തകര്‍ത്തു കളയുക എന്നതാണ്‌ മോക്ഷമെന്നു പറയുന്നത്‌. മഹത്തെന്ന ആത്മാവ്‌ അതായത്‌ ഇരുപത്തഞ്ചാമത്തേത്‌ അതിനെ അന്വേഷിക്കയാലും, വിശുദ്ധനും, വിമലനുമായ അവനെ ശുദ്ധാശുദ്ധസേവ മൂലം ശുദ്ധാത്മാവ്‌ അശുദ്ധനായി ഭവിക്കുന്നു.  അബുദ്ധ സേവ മൂലം ബുദ്ധന്‍ അബുദ്ധത്വം പ്രാപിക്കും. അപ്രകാരം തന്നെയാണ്‌ ബുദ്ധ ന്റ നിലയുമെന്ന്‌ രാജാവേ, അറിഞ്ഞാലും. ത്രിഗുണാത്മ പ്രകൃതി വിട്ട്‌ ഇപ്രകാരം ബുദ്ധന്‍ ത്രിഗുണനായി ഭവിക്കുന്നു.

അദ്ധ്യായം 306. വസിഷ്ഠകരാളജനകസംവാദം - ക്ഷരം, അക്ഷരം, പ്രകൃതി, പുരുഷന്‍ ഇവയുടെ വിവരണം - ജനകന്‍ പറഞ്ഞു: അക്ഷരം ക്ഷരം എന്നീ രണ്ടിന്നും തമ്മിലുള്ള ചേര്‍ച്ച യുക്തം തന്നെയാണ്‌. ഭഗവാനേ, ഇതുപോലെയാണ്‌ സ്ത്രീ പുരുഷ സംബന്ധമെന്നു ഞാന്‍ വിചാരിക്കുന്നു. പുരുഷനെ കൂടാതെ ഒരു സ്ത്രീ ഗര്‍ഭം ധരിക്കുകയില്ല. പെണ്ണിനെ കൂടാതെ ഒരു ആണിനും ആകാരം ഉണ്ടാവുകയില്ല. തമ്മില്‍ച്ചേര്‍ന്ന സംബന്ധം മൂലം, തമ്മിലുളള ഗുണങ്ങളുടെ സംശ്രയം മൂലം, ആകൃതിയുണ്ടാകുന്നു. ഇത്‌ എല്ലാ യോനിയിലും ഒരു പോലെ തന്നെയാണ്‌. രതിക്കു വേണ്ടിയുള്ള സംബന്ധം മൂലം, തമ്മിലുള്ള ഗുണങ്ങളുടെ സംശ്രയം മൂലം, ആകാരം ഋതുകാലങ്ങളിലുണ്ടാകും. അതു നാം കാണാറുള്ളതാണ്‌. പുരുഷന്റെ മിക്ക ഗുണങ്ങളും മാതാവിനുള്ള ഗുണങ്ങളും ആ പ്രജയില്‍ അടങ്ങിയിരിക്കുന്നു. മജ്ജ, അസ്ഥി, സ്നായു എന്നിവ പിതാവിന്റെ ഗുണങ്ങളാണെന്ന്‌ അല്ലയോ ദ്വിജാ, ഞാന്‍ അറിയുന്നു. തൊലിയും മാംസവും രക്തവും മാതാവിന്റെ ഗുണങ്ങളാണെന്നും അറിയുന്നു. ഇങ്ങനെയാണല്ലൊ വേദശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌. തനിക്കു പറയുവാന്‍ പ്രമാണമായിട്ടുള്ളത്‌, വേദത്തിലെ വാക്യങ്ങളും ശാസ്ത്രത്തിലെ വാക്യങ്ങളും അങ്ങനെയാണല്ലോ പറയുന്നത്‌. ശാശ്വതമായ പ്രമാണം വേദവാക്യ പ്രമാണമാണല്ലൊ. അത്‌ ശാശ്വതവുമാണ്‌. അന്യോന്യമുള്ള ഗുണസംരോധം കൊണ്ടും, അന്യോന്യമുള്ള ഗുണസംശ്രയം കൊണ്ടും ഇപ്രകാരം പ്രകൃതിയും പുരുഷനും തമ്മില്‍ ഒത്തുനില്ക്കുന്നു. അതുകൊണ്ട്‌ ഭഗവാനേ, ഞാന്‍ കാണുന്നു മോക്ഷധര്‍മ്മം എന്ന ഒന്ന്‌ ഇല്ലെന്ന്‌. അതല്ല, ഇപ്പറഞ്ഞതിന് മേലെ വല്ലതുമുണ്ടെങ്കില്‍, ദൃഷ്ടാന്തമായി വല്ലതുമുണ്ടെങ്കില്‍, അത്‌ ശരിയായി, തത്വമായി, എനിക്കു പറഞ്ഞുതരണേ!. എല്ലാം പ്രത്യക്ഷമായി കണ്ടവനാണല്ലോ അങ്ങ്‌. ഞങ്ങള്‍ മോക്ഷത്തെ കാംക്ഷിക്കുന്നവരാണ്‌. അനാമയം - സൗഖ്യം - കാംക്ഷിക്കുന്നുണ്ട്‌. ദേഹമില്ലാത്തതും, ജര ബാധിക്കാത്തതും, നിത്യമായതും, അതീന്ദ്രിയമായതും, അനീശ്വരമായതുമായ ബ്രഹ്മത്തെ കാംക്ഷിക്കുന്നവരാണ്‌ ഞങ്ങള്‍.

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാജാവേ, അങ്ങ്‌ വേദശാസ്ത്രങ്ങളെ ദൃഷ്ടാന്തമാക്കിയിട്ടാണ്‌ ഈ പറഞ്ഞത്‌. മറ്റു ശാസ്ത്രങ്ങളും അങ്ങയ്ക്ക്‌ ഈ പറഞ്ഞതില്‍ ദൃഷ്ടാന്തം കാണിച്ചിട്ടുണ്ടാകാം. അതുപ്രകാരം അങ്ങു പറഞ്ഞത്‌ തെറ്റല്ല. അങ്ങു മനസ്സിലാക്കിയിടത്തോളം ശരിയാണെന്നു പറയാം. വേദശാസ്ത്രങ്ങളിലുള്ള ഗ്രന്ഥം അങ്ങു ധരിക്കുന്നുണ്ട്‌. എന്നാല്‍ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന തത്വം അങ്ങു ശരിക്കും ധരിച്ചിട്ടില്ല. വേദശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ഗ്രന്ഥം ഉരുവിട്ടു പഠിക്കുന്നതില്‍ തല്‍പരനായ ഒരാള്‍ ഗ്രന്ഥാര്‍ത്ഥ തത്വം ശരിക്കു മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ആ ധാരണം അനര്‍ത്ഥകത്തിന്നു വഴി വെക്കും. ഗ്രന്ഥാര്‍ത്ഥമറിയാത്തവന്‍ വെറുതെ ഗ്രന്ഥഭാരം പേറുകയാണ്‌. ഗ്രന്ഥാര്‍ത്ഥ തത്വജ്ഞനായാലോ, ഗ്രന്ഥധാരണം പാഴിലാണെന്നു പറയുവാന്‍ പാടില്ല. ഗ്രന്ഥാര്‍ത്ഥം ആരെങ്കിലും ചോദിച്ചാല്‍ ശരിക്കും മറുപടി പറഞ്ഞവന്‍ അതിന്റെ തത്വം ശരിക്കും ധരിച്ച്‌, അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടുള്ളവനാണെന്നു പറയാം. എന്നാല്‍ ഗ്രന്ഥാര്‍ത്ഥം സഭയില്‍ പറയാന്‍ മടിക്കുന്ന, പറയാന്‍ സാധിക്കാത്ത, സ്ഥൂലബുദ്ധിയായ മഠയന്‍ കൃത്യമായി ഗ്രന്ഥാര്‍ത്ഥം പറയുന്നതാണോ? അവന്‍ അതില്‍ പരാജയമടയുക തന്നെ ചെയ്യും. നിശ്ചയമില്ലാത്തവന്‍, ശരിയായ അര്‍ത്ഥം ഗ്രഹിക്കാത്ത മൂഢന്‍, തന്റെ അഭിപ്രായം പ്രകടിപ്പിച്ചു പരിഹാസ്യനായി സഭയില്‍ നിന്നു പോകേണ്ടി വരും. അതുകൊണ്ട്‌ ഹേ രാജാവേ, ശരിക്ക്‌ ഇതിനെപ്പറ്റി ഞാന്‍ അങ്ങയോടു പറയാം. ഭവാന്‍ മനസ്സിരുത്തി കേള്‍ക്കുക.

മോക്ഷത്തെക്കുറിച്ചു പണ്ടേ തന്നെ ഗുരുജനങ്ങള്‍ ശിഷ്യന്മാര്‍ക്ക്‌ ഉപദേശിക്കാറുള്ളതാണ്‌. സാംഖ്യത്തേയും, യോഗത്തേയും കുറിച്ചു നല്ലപോലെ പരിശീലിച്ചറിഞ്ഞ മഹാത്മാക്കളായ ഗുരുക്കന്മാര്‍ ശിഷൃന്മാര്‍ക്കു പറഞ്ഞു കൊടുക്കാറുണ്ട്‌. യോഗം ശീലിച്ചവര്‍ എന്തു കാണുന്നുവോ, അതു തന്നെയാണ്‌ സാംഖ്യരും നേടുന്നത്‌. അതുകൊണ്ടു സാംഖ്യരും യോഗവും ഒന്നാണെന്ന്‌ ആരു കാണുന്നുവോ, അവരാണ്‌ ബുദ്ധിമാന്മാര്‍. തോല്‍, മാംസം, ചോര, മേദസ്സ്‌, പിത്തം, മജ്ജ, ഞരമ്പ്‌ ഇവയാണ്‌ ഐന്ദ്രിയകം. നീ എന്നോടു ചോദിച്ചുവല്ലോ? അതാണ്‌ ഞാന്‍ പറഞ്ഞത്‌. ദ്രവ്യത്തില്‍ നിന്നു ദ്രവ്യം ഉത്ഭവിക്കും. ഇന്ദ്രിയത്താല്‍ ഇന്ദ്രിയവും ഉണ്ടാ കും. ദേഹത്തില്‍നിന്നു ദേഹവും ബീജത്തില്‍ നിന്നു ബീജവും ഉണ്ടാകുന്നു. എന്നാല്‍ ബ്രഹ്മം ഇന്ദ്രിയമില്ലാത്തവന്‍, ബീജമില്ലാത്തവന്‍, ദ്രവ്യമില്ലാത്തവന്‍, എന്നറിയപ്പെടുന്നു. ഇങ്ങനെയുള്ള ആത്മാവിന്ന്‌ കേവലം നിര്‍ഗ്ഗുണത്വം മൂലം എങ്ങനെ ഗുണം സംഭവിക്കും? അവന്‍ ഗുണങ്ങള്‍ വിട്ടവനാണല്ലോ. ആത്മാവ്‌ അങ്ങനെയായിരിക്കെ എങ്ങനെ അവന്‍ ഗുണങ്ങളാല്‍ അലംകൃതനാകും? ഗുണങ്ങളില്‍നിന്നു ഗുണങ്ങള്‍ ഉത്ഭവിക്കുകയും അതില്‍ത്തന്നെ ലയിക്കുകയും ചെയുന്നു. ഇപ്രകാരം ഗുണം പ്രകൃതിയില്‍ നിന്നുണ്ടാകുകയും അതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നു.

തോല്‍, മാംസം, ചോര, മേദസ്സ്‌, പിത്തം, സ്തായു, അസ്ഥി, മജ്ജ ഇവ എട്ടും ശുക്ളത്തില്‍ നിന്ന്‌ ഉണ്ടായതാണ്‌.

ഇവ പ്രകൃതങ്ങളാണെന്നു നീ ധരിക്കുക. ആണും ആണല്ലാത്തതും ത്രൈലിംഗവും പ്രാകൃതമാകുന്നു. അലിംഗങ്ങളേയും സ്വാത്മലിംഗത്താൽ പ്രകൃതി ചേർക്കുന്നതാകുന്നു. ജീവാത്മാവും വിശ്വവും സത്വരജസ്സ് തമോഗുണങ്ങളാല്‍ യുക്തമായ പ്രകൃതിയില്‍ നിന്നുമാണ്‌ ഉണ്ടായത്‌. പരമാത്മാവ്‌ ഇതില്‍ രണ്ടില്‍ നിന്നും വിഭിന്നമാണ്‌.

പുവ്‌, കായ്‌ എന്നിവയാല്‍ ഋതുക്കള്‍ (വസന്താദി ഋതുക്കള്‍) മൂർത്തിമത്തുകളാകുന്നു.. ആകാരശുന്യങ്ങളാണെങ്കിലും, സ്വരൂപങ്ങളായി തോന്നുന്നതു പോലെ, പ്രകൃതിയും ആകാരരഹിതമാണെങ്കിലും പുരുഷനില്‍ ചേര്‍ന്നതു കൊണ്ട്‌, അതില്‍ നിന്നു സന്താനരൂപത്തില്‍ മഹത്വാദി കാര്യങ്ങളെ ഉണ്ടാക്കുന്നു. അതുകൊണ്ട്‌ ലിംഗരഹിതനായി ഇങ്ങനെ ദേഹസ്ഥനായ പുരുഷനെ സത്വാദിഗുണരഹിതനായി നിര്‍മ്മലനായി ഇരുന്നിട്ടും അനുമാനത്താല്‍ അനുഭവഗമ്യനാക്കുന്നു.

ഉല്‍പത്തി വിനാശരഹിതനും, അനന്തനും, സര്‍വ്വദര്‍ശിയും, സര്‍വ്വദോഷ വിസര്‍ജ്ജിതനുമായ ആത്മാവ്‌ സത്വാദിഗുണങ്ങളുടെ അഭ്യാസത്താല്‍ ഗുണസ്വരൂപനായി പറയപ്പെടുന്നു. സത്വാദി ഗുണങ്ങളുള്ള ജനങ്ങള്‍, ഗുണരഹിതനായ ആത്മാവിനെ സഗുണനായി കരുതുന്നു. ഇവന്‍ ഈ ഗുണങ്ങളൊക്കെ പ്രാകൃതമായ മട്ടില്‍ കണ്ടു തൃജിച്ചാല്‍ അപ്പോള്‍ ജീവാത്മാവ്‌, ഗുണത്യാഗത്താല്‍ പരമമായ ബ്രഹ്മത്തെ ദര്‍ശിക്കും. ബുദ്ധിക്ക്‌ അപ്പുറം എന്തുണ്ടോ, സാംഖ്യയോഗങ്ങളാല്‍ അതു ശരിയായി അറിയുന്നവന്‍ അജ്ഞാനത്തില്‍ നിന്നു മുക്തനാകുന്നു. അവന്‍ അപ്രബുദ്ധവും, അഗുണവും, അവ്യക്തവുമായ ബ്രഹ്മമായി രൂപം കൊള്ളുന്നു. പ്രകൃതിക്കും ഗുണങ്ങള്‍ക്കും ഈശ്വരന്‍, നിര്‍ഗുണന്‍, നിത്യന്‍, അധിഷ്ഠിതാവ്‌ എന്നിങ്ങനെ ഇരുപത്തഞ്ചാമനായ അവനെ അറിയുന്നു. സാംഖ്യയോഗ വിദഗ്ദ്ധന്മാര്‍ ഈ പരമാര്‍ത്ഥത്തെ അറിയുന്നു. അവ്യക്തമായി ജന്മമൃത്യു ഭീതരായി ബുധന്മാര്‍ എപ്പോഴാണോ അറിയുന്നവനെ അറിയുന്നത്‌, അപ്പോള്‍ ഒപ്പം അവന്‍ ആ മഹത്വത്തെ നേടുകയും ചെയ്യും. ഇത്‌ ഉത്തമമായ നിദര്‍ശനമാണ്‌. ബുദ്ധിമാനായ പുരുഷന്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം ശരിയായി വേദത്തില്‍ നിന്ന്‌ അറിയുന്നു. ബുദ്ധിഹീനനായ പുരുഷന്‍ ജീവാത്മാവും പരമാത്മാവും ഭിന്നമാണെന്നു വിചാരിക്കുന്നു. ഇതാണ്‌ ജ്ഞാനിയും അജ്ഞാനിയും തമ്മിലുള്ള അന്തരം. ക്ഷരവും അക്ഷരവും തമ്മിലുള്ള അന്തരവും ഞാന്‍ നിന്നോടു പറഞ്ഞു. ക്ഷരം നാശമുളളതാണ്‌. അക്ഷരം നാശമില്ലാത്തതാണ്‌. നന്നായി ഇപ്രകാരം അന്വേഷിക്കുമ്പോള്‍ ഇരുപത്തഞ്ചാമതിന്റെ തത്വം അറിയുന്നു. ആത്മാവിന്റെ ഏകത്വവും അഭേദത്വവും ശാസ്ത്രജ്ഞാനം കൊണ്ടു സിദ്ധിക്കുന്നു. ഏകത്വവും അഭേദത്വവും ശാസ്ത്ര സമ്മതമാണ്‌. മറിച്ചുളള അഭിപ്രായം അശാസ്ത്രീയമാണ്‌. ജന്മമരണ രഹിതനായ പരമപുരുഷനില്‍ അനേക തത്വത്തിലുള്ള സൃഷ്ടി സംഭവിക്കുന്നു. ഈ ഇരുപത്തഞ്ചാമത്തെ സര്‍ഗ്ഗത്തെ തത്വമായി കരുതുന്നു. ഈ ഇരുപത്തഞ്ചിനും മേലെയായി സനാതനമായ തത്വം നില്ക്കുന്നു.

അദ്ധ്യായം 307. വസിഷ്ഠകരാളജനകസംവാദം - യോഗസാംഖ്യരൂപവര്‍ണ്ണനം; ആത്മജ്ഞാനം കൊണ്ടു മുക്തി - ജനകന്‍ പറഞ്ഞു: അല്ലയോ ഋഷിസത്തമാ, അക്ഷരത്തിന്റെ ഗുണം ഏകത്വം എന്നും, ക്ഷരത്തിന്റെ ഗുണം നാനാത്വം എന്നും ഭവാന്‍ പറഞ്ഞുവല്ലോ. എന്നാല്‍ എനിക്ക്‌ ആ പറഞ്ഞതിന്റെ ശരിയായ സാരം ശരിക്കു മനസ്സിലായില്ല. സംശയങ്ങള്‍ പിന്നെയും മനസ്സില്‍ പൊന്തിവരുന്നു. അജ്ഞാനികള്‍ ആത്മാവിനെ ബഹുത്വസംഭവത്തോടു ചേര്‍ന്നേ ചിന്തിക്കുന്നുള്ളു. ബുദ്ധിയും അറിവുമുള്ള മഹാശയന്മാര്‍ ആത്മാവിനെ ഭിന്നമായിക്കാണുന്നില്ല. ഏകമായി ഒരേയൊരു നിലയില്‍ മാത്രമേ ദര്‍ശിക്കുന്നുള്ളു. എനിക്കാണെങ്കില്‍ ഈ പറഞ്ഞ കാരൃത്തില്‍ ഒരു സംശയാതീതമായ ബോധം ഉദിച്ചിട്ടില്ല. ഒരു മങ്ങിയ മൂടലോടു കൂടിയ ബോധമേ വന്നിട്ടുളളു. അതുകൊണ്ട്‌ എങ്ങനെ ഇപ്രകാരം സംഭവിക്കുന്നു എന്നൊരു ബോധം എന്നില്‍ വന്നിട്ടില്ല. എനിക്ക്‌ എത്ര ശ്രമിച്ചിട്ടും അതിന് കഴിയുന്നില്ല. ഈ അക്ഷരത്തിന്റെ ഏകത്വത്തിനും, ക്ഷരത്തിന്റെ നാനാത്വത്തിന്നും അങ്ങു പറഞ്ഞ കാരണങ്ങളൊക്കെ എന്റെ മനസ്സിന്റെ അസ്വസ്ഥത മൂലം മറന്നു കഴിഞ്ഞിരിക്കുന്നു. ഞാന്‍ അതുകൊണ്ട്‌ അത്‌ അങ്ങയില്‍ നിന്നു വീണ്ടും കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. അക്ഷരത്തിന്റെ ഏകത്വവും, ക്ഷരത്തിന്റെ നാനാത്വവും, വ്യ ക്തമാക്കിത്തന്നാലും. ബുദ്ധം, പ്രതിബുദ്ധം, ബോദ്ധ്യമാനം, വിദ്യ, അവിദ്യ, ക്ഷരം, അക്ഷരം, സാംഖ്യം, യോഗം ഇവയെല്ലാം വേറെ വേറെ ശരിക്ക്‌ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാജാവേ, നീ ഈ ചോദിച്ചതിന്റെ മറുപടി ഞാന്‍ ഇപ്പോള്‍ നിന്നോട് പറയാം. യോഗത്തിന്റെ പരിശീലന കാരൃമാണു പറയുന്നത്‌. അത്‌ ഇപ്പോള്‍ വേറെ കേട്ടു മനസ്സിലാക്കിക്കൊള്ളുക. യോഗപരിശീലനം ചെയ്യുന്ന യോഗികള്‍ക്കു ധ്യാനമാണ്‌ ശ്രേഷ്ഠമായ ബലം. ആ ധ്യാനം തന്നെ രണ്ടു വിധമുണ്ട്‌ എന്നു യോഗവിദ്യ അറിഞ്ഞവര്‍ പറയുന്നു. ഒന്ന്‌ മനസ്സിന്റെ ഏകാഗ്രതയാണ്‌. മറ്റേത്‌ പ്രാണായാമമാണ്‌. പ്രാണായാമം സഗുണമാണ്‌. മനസ്സിന്റെ ഏകാഗ്രത എന്നത്‌ നിര്‍ഗുണമാണ്‌. മന്ത്രജപങ്ങളുടെ സഹായത്തോടെ പ്രാണായാമം ശീലിക്കുന്നതിനെ സഗുണം, സഗര്‍ഭം എന്നു പറയുന്നു. എന്നാല്‍ മനസ്സിനെ ഏകാഗ്രമാക്കുന്നതില്‍ ഇതിന്റെ, ഈ ജപത്തിന്റെ, സഹായമില്ലാത്തതു കൊണ്ട്‌ അതിനെ നിര്‍ഗ്ഗുണമെന്നു പറയുന്നു. ധ്യാനത്തില്‍ മുഴുകുന്ന യോഗി മൂന്നു കാര്യങ്ങള്‍ക്ക്‌ അതില്‍ നിന്നു വിരമിക്കാം. മൂത്രവിസര്‍ജ്ജനം, മലവിസര്‍ജ്ജനം, ഭക്ഷണം ഇവ മൂന്നിനും ആവശ്യമായ സമയം വിനിയോഗിച്ചതിന് ശേഷം വീണ്ടും യോഗത്തില്‍ നിരതനാകണം. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നു പിന്‍തിരിച്ചു മനസ്സിന്റെ സഹായത്തോടെ ശുദ്ധനായി പത്തോ പ്രന്തണ്ടോ, ഇരുപത്തിനാലോ സംചോദനകളാല്‍ (പ്രാണായാമകർമ്മം) ധീമാന്‍ ആത്മപ്രേരണ ചെയ്യണം. ജരകൂടാതെ നില്ക്കുന്നതാണ്‌ അത്‌ എന്നാണ്‌ മനീഷികള്‍ പറയുന്നത്‌. അവയാല്‍ ആത്മാവെ അറിയാമെന്നാണ്‌ കേട്ടിരിക്കുന്നത്‌. മനസ്സു തെറ്റാതെ നില്ക്കുന്നവനല്ലാതെ വ്രതം ഇല്ലെന്നാണ്‌ നിശ്ചയം.

എല്ലാ സംഗങ്ങളും വിട്ട്, ലഘുവായി ആഹരിച്ച്‌, ജിതേന്ദ്രിയനായി, രാത്രിയുടെ ആദിയിലും ഒടുവിലും മനസ്സിനെ ആത്മാവില്‍ നിര്‍ത്തുക. ഇന്ദ്രിയൗഘങ്ങളെ മനസ്സാല്‍ ഉറപ്പിച്ച്‌ അല്ലയോ മിഥിലേശ്വരാ, ബുദ്ധിയാല്‍ ഉള്ളുറപ്പിച്ച്‌, പാറപോലെ ഇളകാത്തവനായി, മരമുട്ടി പോലെ കുലുങ്ങാത്തവനായി, പര്‍വ്വതം പോലെ നിശ്ചലനായി ഇരിക്കുന്നവന്‍ ആരോ, അവന്‍ യോഗിയാണെന്ന്‌ വിധിവിധാനജ്ഞാനമുള്ള ബുധന്മാര്‍ പറയുന്നു.

അങ്ങനെ യോഗനിമഗ്നനായ യോഗി ചെവി കൊണ്ടു കേള്‍ക്കുകയില്ല, മൂക്കു കൊണ്ടു ഘ്രാണിക്കുകയില്ല, ഗന്ധം അറിയുകയില്ല, നാവുകൊണ്ട്‌ രസം അറിയുകയില്ല. മനസ്സുകൊണ്ട്‌ കണ്ണുകൊണ്ടു കാണുകയില്ല, ' തൊട്ടാല്‍ അറിയുകയില്ല. ഒന്നും സങ്കല്പിക്കുകയില്ല. ഒന്നും അഭിമാനിക്കുകയില്ല. ഒന്നും അറിയാത്ത ഒരു മരമുട്ടി പോലെയാകും യോഗി. ഈ നിലയിലെത്തിയ പ്രകൃതിമാന്‍ ശരിക്കും യോഗയുക്തനായി എന്നാണ്‌ മനീഷികള്‍ പറയുന്നത്‌. കാറ്റില്ലാത്തയിടത്ത്‌ ദീപം കത്തിത്തെളിയുന്ന മാതിരി നിര്‍ലിംഗനായി നിശ്ചലനായി, അവന്‍ സൂക്ഷ്മമായ രൂപത്താല്‍ സ്ഥൂലരുപം വിട്ട്‌  ബ്രഹ്മത്തില്‍ ലയിക്കുന്നു. അപ്രകാരം ബ്രഹ്മത്തില്‍ ലയം സിദ്ധിച്ചവന് ഒരിക്കലും തിര്യക് യോനികളില്‍ പതിക്കേണ്ടി വരികയില്ല. അപ്പോള്‍ അറിയേണ്ടവനും, അറിഞ്ഞവനും, അറിവും എന്തെന്നുള്ളത്‌ വ്യക്തമാകും. അപ്പോള്‍ അവനെ കാണാം, കണ്ടാല്‍ പിന്നെ കഥിക്കുന്നതല്ല. എന്നെപ്പോലെയുള്ളവര്‍ ഹൃദയത്തില്‍ സ്ഥിതനായ അന്തരാത്മാവിനെ ജേഞയനാണെന്നും പറയുന്നു.

പുകയില്ലാത്ത വിളക്കുപോലെ, രശ്മി ചിന്നുന്ന സൂര്യനെ പോലെ, ആകാശത്തു മിന്നുന്ന അഗ്നിപോലെ, ആത്മാവിനെ ആത്മാവില്‍ കാണാം. മഹാത്മാക്കളായ അവര്‍, ധൃതിമാന്മാരായ മനീഷികള്‍, ബ്രഹ്മനിഷ്ഠരായ ബ്രാഹ്മണര്‍, അയോനിയായ അമൃതാത്മാവിനെ കാണുന്നു. അണുവേക്കാള്‍, അണുവും, മഹത്തിനേക്കാള്‍ മഹത്തരവുമായ ആ തത്വം എല്ലാ ഭൂതത്തിലും നിശ്ചയമായും നിൽക്കുന്നുണ്ട്‌. അവന്‍ അദൃശ്യനാകുന്നു. ബുദ്ധിദ്രവമായ മനോദീപത്താല്‍ ലോകകൃത്തിനെ കാണുമാറാകും. അത്‌ തമസ്സിന്റെ സ്പര്‍ശം കൂടാതെ വലിയ തമസ്സിനും അപ്പുറത്തായി നില്ക്കുന്നവനാണ്‌. അവന്‍ തമമസ്സിനെ ഹരിക്കുന്നവനാണ്‌ എന്ന്‌ വേദജ്ഞന്മാരായ സര്‍വ്വജ്ഞന്മാര്‍ പറയുന്നു. വിമലനും തമോഗുണമില്ലാത്തവനുമായ അവന്‍ നിര്‍ലിംഗനാണെങ്കിലും ലിംഗ സംജ്ഞിതനുമാണ്‌.

യോഗികള്‍ക്ക്‌ ഇതാണ്‌ യോഗം. വേറെ വല്ല യോഗ ലക്ഷണവുമുണ്ടോ? അജരനും നാശമില്ലാത്തവനുമായ പരമാത്മാവിനെ ഇപ്രകാരം കാണുന്നു. അത്‌ നീ കണ്ടു കൊള്ളുക!

ഇപ്രകാരം യോഗദര്‍ശനത്തെപ്പറ്റി ഞാന്‍ നിന്നോട്‌ ശരിയായി പറഞ്ഞു. ഇനി സാംഖ്യജ്ഞാനം, സാംഖ്യതത്വശാസ്ത്രം, ഞാന്‍ പറഞ്ഞുതരാം. പതുക്കെപ്പതുക്കെ അജ്ഞാനത്തെ നശിപ്പിച്ചാല്‍, ശരിയായ ജ്ഞാനം ലഭിച്ചാല്‍, പരമാത്മാവിനെ ദര്‍ശിക്കാം. സാംഖ്യന്മാര്‍ അവരുടെ സാംഖ്യ നിദര്‍ശനം പ്രകൃതിയോടു ചേര്‍ത്തു ബന്ധിക്കപ്പെട്ടതായി കാണിക്കുന്നു. അവ്യക്തം എന്ന്‌ പ്രകൃതിയെപ്പറ്റി പറയുന്നു. പ്രകൃതിവാദികള്‍ പ്രകൃതിക്ക്‌ അവ്യക്തം എന്ന്‌ പേര്‌ കൊടുത്തിരിക്കുന്നു. അതില്‍നിന്ന്‌ മഹത്ത്‌ രണ്ടാമതായി ഉണ്ടായി. പിന്നെ മഹത്തില്‍ നിന്നു മൂന്നാമതായി അഹങ്കാരമുണ്ടായി. പിന്നെ അഹങ്കാരത്തില്‍ നിന്നു പഞ്ചഭൂതങ്ങളുണ്ടായി. സാംഖ്യാത്മദര്‍ശികള്‍ അങ്ങനെയാണ്‌ പറയുന്നത്‌. ഇവയെട്ടും പ്രകൃതികളാണ്‌. ഈ എട്ടിന്റെയും വികാരങ്ങള്‍ പതിനാറാണ്‌. വിശേഷങ്ങള്‍ അഞ്ചും അപ്രകാരം തന്നെ അഞ്ച്‌ ഇന്ദ്രിയങ്ങളും  സാംഖ്യതത്വങ്ങള്‍ക്ക്‌ ഇതു മാത്രമാണ്‌, ഈ ഇരുപത്തിനാലുകൂട്ടം മാത്രമാണ്‌, എന്ന്‌ സാംഖൃത്തിന്റെ വിധി കണ്ടവരും നിതൃവും സാംഖ്യമാര്‍ഗ്ഗത്തില്‍ നില്ക്കുന്നവരുമായ മനീഷികള്‍ പറയുന്നു.

എന്തില്‍നിന്ന്‌ എന്ത്‌ ഉദിക്കുന്നുവോ അത്‌ അതില്‍ തന്നെ ലയിക്കുന്നു. ബ്രഹ്മത്തില്‍ നിന്ന്‌ ഓരോന്നായി ഉത്ഭവിക്കുകയും അതില്‍ത്തന്നെ പിന്‍തിരിഞ്ഞ്‌ ഓരോന്ന്‌ ഓരോന്നില്‍ പ്രതിലോമമായി ലയിച്ച്‌ അവസാനം എല്ലാം സൃഷ്ടി കര്‍ത്താവില്‍ തന്നെ ചെന്നു ലയിക്കുന്നു. എല്ലാ പുതിയ സൃഷ്ടിയിലും ഗുണങ്ങള്‍ നിലവില്‍ വരുന്നു. പിന്നെ ക്രമത്തില്‍ അനുലോമമായി വന്നതെല്ലാം പ്രതിലോമമായി പിന്നോക്കമടിച്ച്‌, ഓരോന്നില്‍ ലയിച്ച്‌, സമുദ്രത്തില്‍ ഉയര്‍ന്ന തിരമാല സമുദ്രത്തില്‍ത്തന്നെ ലയിക്കുന്നമാതിരി, ബ്രഹ്മത്തില്‍ നിന്ന്‌ ഉയര്‍ന്നത്‌ ബ്രഹ്മത്തില്‍ തന്നെ ലയിക്കുന്നു.

പ്രകൃതിയുടെ സൃഷ്ടിപ്രളയങ്ങള്‍ ഇപ്രകാരമാകുന്നു രാജാവേ. ഏകത്വം പ്രളയത്തിലും ബഹുത്വം സൃഷ്ടിയിലുമാകുന്നു. ഇപ്രകാരം ജ്ഞാനകോവിദന്മാര്‍ അറിയേണ്ടവനാണ്‌ അവന്‍. അവ്യക്തനാണ്‌ അധിഷ്ഠാതാവ്‌. അവന് ഇതാണ്‌ നിദര്‍ശനം. പ്രകൃതിക്ക്‌ അര്‍ത്ഥവാസ്തവത്താല്‍ ഏകത്വവും ബഹുത്വവും ഉണ്ടെന്നറിയുക. ഏകത്വം പ്രളയത്തിലും ബഹുത്വം സൃഷ്ടിയിലുമാണ്‌. പ്രകൃതിയെ ആത്മാവ്‌ പലമട്ടിലാക്കി സൃഷ്ടിക്കുന്നു. ആ ക്ഷേത്രത്തില്‍ മഹാനായ ആത്മാവ്‌ ഇരുപത്തഞ്ചാമനായി സ്ഥിതി ചെയ്യുന്നു. അവനെ യതിസത്തമന്മാര്‍ അധിഷ്ഠാതാവ്‌ എന്നു പറയുന്നു. ക്ഷേത്രത്തില്‍ അധിവസിക്കുന്നത് കൊണ്ടാണ്‌ അധിഷ്ഠാതാവായത്‌. ക്ഷേത്രത്തെ അവ്യക്തം എന്ന്‌ അറിയുന്നു. ക്ഷേത്രത്തെ അറിയുന്നവനാണ്‌ ക്ഷേത്രജ്ഞന്‍. അതാണ്‌ ആത്മാവ്‌. അവ്യക്തത്തെ പ്രവേശിക്കുമ്പോള്‍ അത്‌ പുരുഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ക്ഷേത്രവും ക്ഷ്രേത്രജ്ഞനും ഒന്നല്ല, വേറെവേറെയാണ്‌. ക്ഷേത്രം അവ്യക്തവും, ക്ഷേത്രജ്ഞന്‍ ഇരുപത്തഞ്ചാമനുമാണ്‌. ജ്ഞാനം വേറെയാണ്‌, ജേഞയം വേറെയാണ്‌. ജ്ഞാനം എന്നത്‌ അവ്യക്തമാണ്‌. ജേഞയമോ പഞ്ചവിംശകനാണ്‌ (ഇരുപത്തഞ്ചാമന്‍). അവ്യക്തം ക്ഷേത്രമാണ്‌. തത്വം അപ്രകാരം തന്നെ ഈശ്വരനാകുന്നു. അനീശ്വരം അതത്വമാണ്‌. ആ തത്വം ഇരുപത്തഞ്ചാമത്തേവനുമാണ്‌.

ഇത്രമാത്രമാണ്‌ രാജാവേ, സാംഖ്യശാസ്ത്രം. പരിസംഖ്യാനുദര്‍ശനമാണ്‌ സാംഖ്യശാസ്ത്രം. സാംഖ്യന്മാര്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി പറയുന്നു. അതിന്റെ ലയത്തെപ്പറ്റിയും പറയുന്നു. എല്ലാ ഭൂതങ്ങളും ഒന്നൊന്നായി, പ്രതിലോമമായ, പരമാത്മാവില്‍ ചെന്നു ലയിക്കുന്നു. ജീവന്‍ എന്നത്‌ ആത്മാവാണ്‌. അത്‌ യഥാര്‍ത്ഥമായി ഉള്ളതാണ്‌. അത്‌ പ്രകൃതിയുമായി ചേരുന്നു. അത്‌ ഇരുപത്തിനാലിനും അതീതമായി നിൽക്കുന്നവനാണ്‌. പ്രകൃതിയില്‍ നിന്ന് വ്യതൃസ്തനായി അതിനെ കാണാന്‍ കഴിയുമ്പോള്‍ അവന്‍, ആ ജ്ഞാനി, ബ്രഹ്മവുമായി താദാത്മ്യം പ്രാപിക്കുന്നു.

തത്വമായി ഇത്രമാത്രം സമൃക് ദര്‍ശനത്തെപ്പറ്റി ഞാന്‍ പറഞ്ഞു. ഇത്‌ ഇപ്രകാരമറിയുന്നവര്‍ സാമൃഭാവത്തില്‍ എത്തുന്നതാണ്‌. ആ നിലയെ പ്രാപിക്കുവാന്‍ കഴിഞ്ഞാല്‍ പിന്നെ അവന് തിരിച്ചുവരവില്ല. മരണാനന്തരം അവന്‍ ബ്രഹ്മത്തെ പ്രാപിക്കും. അക്ഷരഭാവത്തെ പ്രാപിക്കും. നാനാത്വത്തില്‍ ബുദ്ധിയില്‍ക്കാണുന്ന കാഴ്ച നല്ലതല്ല. അവര്‍ അവ്യക്തത്തില്‍ പെട്ടുപോകും. വീണ്ടും വീണ്ടും ജന്മത്തിന്ന്‌ അവര്‍ക്ക്‌ ഇടയാകും.

ഇതൊക്കെ ശരിക്കും അറിഞ്ഞവര്‍ സര്‍വ്വബോധവും ഉദിച്ച ജഞാനികളായി ഭവിക്കുകയാല്‍ വ്യക്തരായി പരിണമിച്ച്‌ വ്യക്തത്തിന് വശവര്‍ത്തികളായി ഭവിക്കുന്നതാണ്‌. പ്രപഞ്ചം മുഴുവന്‍ അവ്യക്തമാണ്‌. എല്ലാം അവ്യക്തത്തിന്റെ ഫലമാണ്‌. അതില്‍ പെടാത്തതായി ഒന്നു മാത്രമാണ്‌. അത്‌ ഇരുപത്തഞ്ചാമനായ. ആത്മാവു മാത്രമാണ്‌. ഇതു ശരിയായും അറിഞ്ഞവര്‍ക്ക്‌ അവനെ, ആത്മാവിനെ, ക്ഷേത്രജ്ഞനെ, അറിഞ്ഞവര്‍ക്ക്‌, പിന്നെ സംസാരത്തിലേക്കുള്ള തിരിച്ചുവരവില്ല. അതിനെപ്പറ്റിയുള്ള ഭയം ഉണ്ടാവുകയില്ല; തീര്‍ച്ചയാണ്‌.

അദ്ധ്യായം 308. വസിഷ്ഠകരാളജനക സംവാദം - വിദ്യയും അവിദ്യയും ക്ഷരവും അക്ഷരവും എന്താണെന്ന് വിവരിക്കുന്നു - വസിഷ്ഠന്‍ പറഞ്ഞു: സാംഖ്യദര്‍ശനത്തെപ്പറ്റി ഇത്രയൊക്കെ ഞാന്‍ പറഞ്ഞു രാജാവേ! ഇനി വിദ്യയേയും അവിദ്യയേയും പറ്റി ക്രമപ്രകാരം വിവരിച്ചു പറയാം. നീ ശ്രദ്ധിച്ചു കേട്ടു കൊള്ളുക. അവിദ്യ എന്നു പറയുന്നത്‌ അവ്യക്തതയാണ്‌. ആ അവിദ്യയാണ്‌ സൃഷ്ടിക്കും പ്രളയത്തിനും കാരണമായി തീരുന്നത്‌. സൃഷ്ടിയും പ്രളയവും (ജനനവും മരണവും) വിട്ടത് യാതൊന്നോ, അതാണ്‌ വിദ്യ അല്ലെങ്കില്‍ ഇരുപത്തഞ്ചാമന്‍. ഋഷിമാര്‍ പറഞ്ഞ മാതിരി സാംഖ്യനിദര്‍ശനം പരസ്പരം മറ്റുള്ളതുമായി ബന്ധപ്പെട്ട്‌ ഉപരിയായി നില്ക്കുന്നു. ആ വിദ്യയെപ്പറ്റി ഞാന്‍ ക്രമപ്രകാരം പറയാം. എല്ലാ കര്‍മ്മേന്ദ്രിയങ്ങളിലും ജ്ഞാനേന്ദ്രിയങ്ങളിലും വെച്ച്‌ ജ്ഞാനേന്ദ്രിയം ഏതില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നവോ അതാണ്‌ വിദ്യ. ബുദ്ധീന്ദ്രിയങ്ങളെ വിശേഷണങ്ങള്‍ എന്നു പറയുന്നു. ആ വിശേഷണങ്ങള്‍ക്ക്‌ മനസ്സാണ്‌ വിദ്യ എന്നു മനീഷികള്‍ പറയുന്നു. മനസ്സിന്ന്‌ പഞ്ചഭൂതങ്ങളാണ്‌ വിദ്യ എന്നു പറയുന്നു. പഞ്ചഭുതങ്ങള്‍ക്ക്‌ വിദ്യ അഹങ്കാരമാണ്‌. അഹങ്കാരത്തിന് ബുദ്ധിയാണ്‌ വിദ്യ രാജാവേ! ബുദ്ധിക്കും മഹത്തിനും തമ്മില്‍ ചിന്തിച്ചാല്‍ മഹത്താണ്‌ വിദ്യ. മഹത്തും പ്രകൃതിയും ചിന്തിച്ചാല്‍ പ്രകൃതിയാണ്‌ വിദ്യ. അത്‌ അവ്യക്തവും പരമവുമായിട്ടുള്ള വിദ്യയാണ്‌. പ്രകൃതിയെന്നും വിധിയെന്നും പറയുന്ന അതാണ്‌ ഏറ്റവും ഉയര്‍ന്നത്‌. വിധിയെ വിദ്യയെന്നു പറയുന്നു. പ്രകൃതിയെ കവിഞ്ഞു നില്ക്കുന്ന ഇരുപത്തഞ്ചാമനാണ്‌ പുരുഷന്‍. അവനെ വിദ്യയെന്ന്‌ അറിയുന്നു. എല്ലാ ജ്ഞാനത്തിലും വെച്ച്‌, രാജാവേ, അത്‌ ജേഞയമാകുന്നു.

വീണ്ടും പറയാം. ജ്ഞാനം എന്നു പറയുന്നത്‌ അവ്യക്തമാണ്‌. ജ്ഞാനം എന്നത്‌ ഇരുപത്തിനാലും കവിഞ്ഞു നില്ക്കുന്ന ഇരുപത്തഞ്ചാമനാകുന്നു. അതിനെ അറിയുന്നവനാണ്‌ ശരിയായ ജ്ഞാനി.

വിദ്യ, അവിദ്യ എന്നിവയുടെ അര്‍ത്ഥവും തത്വവും ഞാന്‍ നിന്നോടു പറഞ്ഞു. ഇനി അക്ഷരവും ക്ഷരവും എന്തെന്നും ഞാന്‍ നിന്നോടു പറയാം. അതും നീ കേട്ടു കൊള്ളുക.

ജീവനും പ്രകൃതിയും ഇവ രണ്ടും അക്ഷരം (നാശമില്ലാത്തത്‌) ആണെന്ന് പറയുന്നു. അതിന്റെ കാരണവും ഞാന്‍ ഗ്രഹിച്ച മാതിരി കൃത്യമായി പറഞ്ഞു തരാം. ഈ പ്രകൃതിയും ജീവനും, ഇവ രണ്ടും ആദിയും അവസാനവും (നാശവും) ഇല്ലാത്തവയാണ്‌. സൃഷ്ടി കാര്യത്തില്‍ രണ്ടും ഏറ്റവും ഉന്നതമായി പരിഗണിക്കപ്പെടുന്നു. ജ്ഞാനികള്‍ പറയുന്നു ഇവ രണ്ടും ഈശ്വരനാണെന്നും, രണ്ടും തത്വാഖ്യരാണെന്നുമാണ്‌. സര്‍ഗ്ഗ പ്രളയ ധര്‍മ്മത്താല്‍ ഇവരെ അവ്യക്തം എന്നും അക്ഷരമെന്നും പറയുന്നു. അതുതന്നെ ഗുണങ്ങളെ സൃഷ്ടിക്കുന്നതിന് വേണ്ടി വീണ്ടും വികരിക്കുന്നു. അതുകൊണ്ട്‌ മഹത്ത്‌ എന്ന തത്വം തൊട്ടുള്ള ഗുണങ്ങള്‍ക്കു പരസ്പരം ഉല്‍പത്തിയുണ്ടാകുന്നു. പുരുഷനും അവ്യക്തവും തമ്മില്‍ ചേര്‍ന്നു നില്ക്കുന്നു. അധിഷ്ഠാനത്താല്‍ ക്ഷേത്രമെന്ന്‌ പറയുന്നത്‌ ആ ഇരുപത്തഞ്ചാമനെയാണ്‌. അതു തന്നെയാണ്‌ അക്ഷരം അഥവാ നാശമില്ലാത്തത്‌. യോഗികള്‍ ഗുണജാലത്തെ അവ്യക്താത്മാവില്‍ എപ്പോള്‍ ഒതുക്കുന്നുവോ അപ്പോള്‍ ഗുണങ്ങളോട് ചേര്‍ന്ന്‌ പഞ്ചവിംശകന്‍ ലയിക്കുന്നു. അങ്ങനെ അതിനെ കാണപ്പെടുന്നില്ല. ഗുണത്തില്‍ ഗുണം ലയിക്കുമ്പോള്‍ പ്രകൃതി ഒറ്റപ്പെടുന്നു. അല്ലയോ രാജാവേ, ക്ഷേത്രജ്ഞനും ക്ഷേത്രത്തില്‍ ചെന്നു ലയിക്കുമ്പോള്‍ ഗുണാക്ഷര പ്രകൃതിയും അക്ഷരത്വത്തെ പ്രാപിക്കും. നിര്‍ഗ്ഗുണസ്ഥിതി അല്ലയോ വിദേഹരാജാവേ, ഗുണങ്ങളെ പ്രാപിക്കായ്കയാല്‍ ക്ഷേത്രക്ഷേത്രജ്ഞവിജ്ഞാനം ഇപ്രകാരം പറഞ്ഞതാണ്‌. പ്രകൃത്യാ അവന്‍ നിര്‍ഗ്ഗുണനാണെന്നാണ്‌ കേട്ടിട്ടുള്ളത്‌. എപ്പോഴും അവന്‍ ക്ഷരനാണ്‌. അപ്പോള്‍ അവനില്‍ ഗുണവും നില്ക്കുന്നു.

പ്രകൃതിക്ക്‌ ആത്മാവിന്റെ നിര്‍ഗ്ഗുണ സ്ഥിതി കേവലം അറിയാം. അപ്പോള്‍ പ്രകൃതി വര്‍ജ്ജനത്താല്‍ അവന്‍ വിശുദ്ധനായി ഭവിക്കുന്നു. "അന്യനാണ്‌ ഞാന്‍; അന്യനാണ്‌ ഇദ്ദേഹം", എന്ന്‌ എപ്പോള്‍ ബുദ്ധിമാന്‍ ബോധിക്കുന്നുവോ, അപ്പോള്‍ അവന്‍ തത്വത്തെ പ്രാപിക്കും. മിശ്രഭാവത്തെ പ്രാപിക്കുന്നതല്ല. രാജാവേ, പ്രകൃതിയാല്‍ മാത്രമായി അന്യനെ കാണുന്നു. എപ്പോള്‍ പ്രകൃതിയുടെ ഗുണജാലത്തെ വെറുക്കുന്നുവോ, അപ്പോള്‍ മാത്രം കാണേണ്ടതു കാണും. അതിനെ കണ്ടുകിട്ടിയാല്‍ പിന്നെ വിട്ടൊഴിക്കുന്നതുമല്ല. അങ്ങനെ ജീവാത്മാവിനെ മനസ്സിലാക്കുന്നവന്‍ ഇങ്ങനെ പശ്ചാത്തപിക്കുന്നു: ഞാനെന്തൊരു മണ്ടനാണ്‌! വിവരം കെട്ട മത്സ്യം വല കണ്ടറിയാതെയാണല്ലോ അങ്ങോട്ടു ചെല്ലുന്നത്‌. സമ്മോഹത്താല്‍ ഞാന്‍, ജലം വിട്ട്‌ അന്യമായ ജലത്തിലേക്കു ജലമാണെന്നു വിചാരിച്ച മത്സ്യം പോകുന്ന പോലെ, അജ്ഞാനത്താല്‍ ഇവിടെ ചെന്നു കൂടിയതാണ്‌. അജ്ഞാനത്താല്‍ മത്സ്യം ചെയ്യുന്നത് പോലെ ആത്മാവിനെ മറ്റൊന്നായി ഞാന്‍ കണ്ടില്ല.

സത്യത്തെക്കുറിച്ചുള്ള അറിവു ലഭിക്കുമ്പോള്‍ ജീവന്‍ ചിന്തിക്കുവാന്‍ തുടങ്ങും. ഞാന്‍ പ്രകൃതിയുടെ അജ്ഞാനത്തിന്റെ വലയില്‍പ്പെട്ട്‌ വിവരമില്ലാതെ എന്തൊക്കെ കാട്ടിക്കൂട്ടി? കഷ്ടംതന്നെ! മത്സ്യം ഒരു ജലാശയം വിട്ട്‌ മറ്റൊരു ജലാശയത്തിലേക്കെന്ന മാതിരി ഒരു ശരീരം വിട്ട്‌ മറ്റൊരു ശരീരം പ്രാപിച്ച്‌ എത്ര നാളായി അതില്‍ മാത്രമാണ്‌ എനിക്കുള്ള ജീവിതമെന്നു വിചാരിച്ചു ചുറ്റുന്നു! ഒരു മത്സ്യത്തിന്‌ എന്തറിയാം, അതിന്റെ പാര്‍പ്പിടം ജലമെന്നല്ലാതെ. എനിക്കും അതുപോലെ എന്തറിയാം? എന്റെ മക്കള്‍, എന്റെ ഭാര്യ, എന്റെ കുടുംബം ഇതിലപ്പുറം എന്നെപ്പറ്റി ഞാന്‍ എന്തറിയുന്നു. ഞാന്‍ വിഡ്ഡിതന്നെ. അജ്ഞന്‍ തന്നെ. ഞാന്‍ വീണ്ടും വീണ്ടും സംസാര നിമഗ്നനായി ജനനമരണങ്ങളാല്‍ ചുറ്റുകയാണ്‌! ഒരു ദേഹം സ്വീകരിച്ച്‌, അതിനെ വിട്ടു മറ്റൊന്നിനെ സ്വീകരിച്ച്‌ അങ്ങനെ ചുറ്റുന്നു! ഞാന്‍ ആ പരാശക്തിയെപ്പറ്റി ചിന്തിച്ചില്ല. അങ്ങനെ ഒന്നുണ്ടെന്നു തന്നെ അറിഞ്ഞില്ല! ആ പരമാത്മാവെന്ന പരാശക്തി മാത്രമേ എനിക്കു സുഹൃത്തായി കാണുന്നുള്ളു. അദ്ദേഹത്തെ സ്നേഹിക്കുവാനുള്ള കഴിവ്‌ എനിക്കുണ്ട്‌. എന്റെ സ്വഭാവം എന്തു തന്നെ ആയാലും ഞാന്‍ ഏതു മട്ടിലിരുന്നാലും, ഞാന്‍ അവനെ സ്നേഹിക്കുവാന്‍ ഇഷ്ടപ്പെടുകയും സാധര്‍മ്മ്യം പ്രാപിക്കുവാന്‍ ആഗ്രഹിക്കുകയും ചെയുന്നു. ഞാനും അവനുമായി. വലിയ സാദൃശ്യം കാണുന്നു. ഞാന്‍ തീര്‍ച്ചയായും അവനെപ്പോലെ തന്നെയാണ്‌. അവന്‍ ഒരു മാറ്റവുമില്ലാത്തവനാണ്‌. അവന്റെ അതേ പ്രകൃതി തന്നെയാണ്‌ എനിക്കുമുള്ളത്‌. ഞങ്ങള്‍ തമ്മില്‍ യാതൊരന്തരവും കാണുന്നില്ല. എന്റെ അജ്ഞത കൊണ്ടും വിഡ്ഡിത്തം കൊണ്ടും ഞാന്‍ ആ പ്രകൃതിയുമായി ചേര്‍ന്നു നിന്നു.

ആ ഞാന്‍ നീയുമായി കൂടിച്ചേര്‍ന്നു നിന്നിട്ടും, നീ എന്നില്‍ അധിവസിച്ചിട്ടും ഞാന്‍ നിന്നെ അറിഞ്ഞില്ല, ഞാന്‍ നിന്നെ കണ്ടില്ല. ഇത്രനാള്‍ വരെ ഞാന്‍ നിസ്സംഗനായി നിന്നെ വെടിഞ്ഞു നിന്നു! കഷ്ടമായിപ്പോയി! നിന്റെ അധീനത്തി ലിരുന്നിട്ടും ഞാന്‍ അതറിയാതെ പോയില്ലേ! ഞാന്‍ ഇനി ഉച്ചമദ്ധ്യമനീചങ്ങളായ നില എങ്ങനെ കൈക്കൊള്ളും? സാമ്യമുള്ള അവനുമായിച്ചേര്‍ന്ന്‌ ഞാന്‍ എങ്ങനെ കഴിഞ്ഞു കൂടി? ബോധമില്ലായ്മയാല്‍ ഞാന്‍ അങ്ങനെ മറ്റൊന്നില്‍ മനസ്സുവച്ചു. ഇനി ഞാന്‍ അതില്‍ ചാഞ്ചാടുകയില്ല. ഞാന്‍ ഉറച്ചുകഴിഞ്ഞു. ഞാന്‍ സ്ഥിരനായിരിക്കുന്നു.

ഞാന്‍ വഞ്ചിക്കപ്പെട്ടു. നിര്‍വ്വികാരനായ എന്നെ "വികാരം" വഞ്ചിച്ചു കളഞ്ഞു. ഇത്രനാള്‍ കഴിഞ്ഞ മാതിരി അനൃവസ്തുവുമായി ഇനി കഴിയുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍ ഇത്‌ അവന്റെ കുറ്റം കൊണ്ടല്ല. ഞാനാണതില്‍ തെറ്റുകാരന്‍. ഇതില്‍ ആസക്തനായി ഞാന്‍ പിന്തിരിഞ്ഞ്‌ ഇങ്ങു വന്നണഞ്ഞു. അതു കൊണ്ടാണ്‌ മൂര്‍ത്തിയില്ലാത്തവനായ ഞാന്‍ പല മൂര്‍ത്തികളിലും, ചെന്നു കയറിയത്‌. അമൂര്‍ത്തനായ ഞാന്‍ മൂര്‍ത്തിമാനായി (ശരീരമുള്ളവനായി) നിന്നു. മഹത്വത്താല്‍ ഞാന്‍ പ്രധര്‍ഷിതനായി. ആ പ്രാകൃതമായ മമത്വത്താല്‍ പല യോനികള്‍ തോറും, ഞാന്‍ ചെന്നു ജനിച്ചു. സ്വതവേ നിര്‍മ്മമനായ ഞാന്‍ മമത്വം മൂലം നാനായോനികളിലും വന്നു പിറന്നു പ്രവര്‍ത്തിച്ചിട്ട്‌ എന്തു ലഭിച്ചു? ബോധമില്ലാത്ത മനസ്സു കൊണ്ട്‌ ഓരോന്നു പ്രവര്‍ത്തിച്ചിട്ട്‌ എന്തു ലാഭമുണ്ടായി? അഹങ്കാരം തീര്‍ത്ത ഇതുകൊണ്ട്‌ എനിക്ക്‌ ഒരാവശ്യവുമില്ല. ആത്മാവിനെ പല രൂപത്തിലാക്കി ഇനിയും എന്നെ അതിലേക്കു ചാടിക്കും. ഇപ്പോള്‍ ഞാന്‍ ബോധവാനായി. ഞാന്‍ നിരഹങ്കാരനും നിര്‍മ്മമനുമായിരിക്കുന്നു.  മമത്വവും അഹങ്കാരവും ചെയ്യുന്നതിനെ സ്വീകരിച്ചു ഞാന്‍ ഇനി പതിക്കുകയില്ല. നിരാമയമായ പരമാത്മാവിനെ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ആ പരാശക്തിയോടു ചേരുകയാണ്‌. ചൈതന്യം കെട്ട പ്രകൃതിയോടു ഞാന്‍ ചേരുന്നില്ല. പ്രകൃതിയുമായി യാതൊരു സാമ്യവുമില്ല. "നൈകത്വം", "നാനാത്വം", എനിക്കാവശ്യമില്ല. ആ പരമാത്മാവിനെ ഞാന്‍ ഭജിക്കുന്നു. എനിക്ക്‌ അതു ക്ഷേമം നല്കും. എന്ന്‌ പരമബോധത്താല്‍ ഇരുപത്തഞ്ചാമനെ അറിഞ്ഞ്‌ ക്ഷരത്തെ വിട്ട്‌ അക്ഷരത്തെ പ്രാപിക്കണം. അത്‌ നിരാമയമാകുന്നു. അവ്യക്തനും വ്യക്തകര്‍മ്മാവും സഗുണനും നിര്‍ഗുണനും അവനില്‍ നിര്‍ഗുണത്വം മുമ്പു കാണുന്നതായാല്‍ അതാണതിന്റെ ലക്ഷണമെന്ന്‌ ഹേ മിഥിലാധിപാ, അങ്ങു ധരിക്കണം!

അല്ലയോ രാജാവേ, ഞാന്‍ ഭവാനോട്‌ അക്ഷരത്തെപ്പറ്റിയും ക്ഷരത്തെപ്പറ്റിയും എന്റെ അറിവു പ്രകാരം ശാസ്ത്രത്തില്‍ കണ്ട പ്രകാരവും പറഞ്ഞു തന്നു. സന്ദേഹമില്ലാത്തതും ഏറ്റവും സൂക്ഷ്മമായതും വിബുദ്ധമായതും ഏറ്റവും വിമലമായതുമായ ആ തത്വത്തെപ്പറ്റി ഇനിയും ഞാന്‍ പറയാം. അത്‌ നീ കേട്ട്‌ ഗ്രഹിക്കുക. ഞാന്‍ സാംഖ്യത്തെപ്പറ്റിയും യോഗത്തെപ്പറ്റിയും അതാതു ലക്ഷണപ്രകാരം ശാസ്ത്രാനുസരണമായി പറഞ്ഞു. സാംഖ്യോക്തമായ ശാസ്ത്രമേതാണോ, അതു തന്നെയാണ്‌ യോഗനിദര്‍ശനവും. ജ്ഞാനം എല്ലാവരേയും ഉണര്‍ത്തി വിടും. സാംഖ്യാജ്ഞാനം സാംഖ്യന്മാരെ ഉത്തേജിപ്പിക്കുന്നു. ശിഷ്യന്മാരുടെ ഹിതകാംക്ഷ മൂലം വെളിവായി പറയുന്നു. പണ്ഡിതന്മാര്‍ പറയുന്നു, ഈ സാംഖ്യശാസ്ത്രം വലിയ പരപ്പുളളതാണെന്ന്‌. യോഗികള്‍ക്ക്‌ ഇതിനോടു വലിയ ബഹുമാനവും വേദത്തിലെന്ന പോലെ മതിപ്പുമുണ്ട്‌. സാംഖ്യനിദര്‍ശനത്തില്‍ ഇരുപത്തഞ്ചാമത്തെ തത്വത്തെ കവിഞ്ഞതായി ഒരു തത്വവും സ്വീകരി ച്ചിട്ടില്ല.

സാംഖ്യനിദര്‍ശനം ഞാന്‍ ശരിക്കു വിവരിച്ചു തന്നു. യോഗവേദാന്ത ശാസ്ത്രത്തില്‍ ബ്രഹ്മതത്വമാണ്‌ ഏറ്റവും പ്രധാനമായത്‌. അതില്‍ പക്ഷാന്തരമില്ല. ജീവന്‍ തന്നെയാണ്‌ ബ്രഹ്മമെന്ന തത്വം യോഗശാസ്ത്രം പ്രകാശിപ്പിച്ചിരിക്കുന്നു. അതുതന്നെയാണ്‌ ലോകനിദര്‍ശനം.

അദ്ധ്യായം 309. വസിഷ്ഠകരാളജനകസംവാദം - ജീവന്റെ നാനാത്വവും ഏകത്വവും, ബ്രഹ്മവിദ്യോപദേശത്തിന് അര്‍ഹരും അനര്‍ഹരും - വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ബുദ്ധം, അബുദ്ധം എന്നിവയുടെ ഗുണവിധി ഞാന്‍ വ്യക്തമാക്കിത്തരാം. അതു നീ കേട്ടു ധരിക്കുക. ബുദ്ധം എന്നാല്‍ ബോധം, ശരിയായ ജ്ഞാനം, അതുകൊണ്ട്‌ പരമമായ ആത്മാവിനെയാണ്‌ കാണിക്കുന്നത്‌. അബുദ്ധം ജീവനാണ്‌. സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ ഗുണങ്ങള്‍ അബുദ്ധത്തോടു ചേര്‍ന്നു നില്‍ക്കുന്നു. ആത്മാവെ പല തരത്തിലായി കാണുന്നു. മായയുടെ പിടിയില്‍പ്പെട്ട മനുഷ്യന്ന്‌ പരമാത്മാവ്‌ നാനാരൂപത്തില്‍ ജീവാത്മാക്കളായി നില്ക്കുന്നതായി കാണുന്നു. ഈ എല്ലാ രൂപങ്ങളും ശരിയായി പ്രതൃക്ഷപ്പെടുന്നു. ഈ രൂപാന്തരപ്രാപ്തി മൂലം ജീവന്‍ പരമായ ആത്മാവിനെപ്പറ്റി അറിയുന്നതില്‍ അപ്രാപ്തനാകുന്നു. ജീവന്‍ പരമാത്മാവിനെപ്പറ്റി അറിയുന്നില്ല. അതിന് കാരണം ജീവന്‍ സത്വം, രജസ്സ്‌, തമസ്സ്‌, എന്നീ ഗുണങ്ങളാല്‍ മൂടിനില്ക്കുകയും, താന്‍ സൃഷ്ടിക്കുകയും, സൃഷ്ടിച്ചതിനെ തന്നിലേക്കു പിന്‍വലിക്കുകയും ചെയുന്നു. അനവരതം ഈ ലീലയ്ക്കു വേണ്ടി രാജാവേ, ജീവന്‍ മാറ്റത്തിന്നു വിധേയനാകുന്നു. അവ്യക്തത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ജീവന് മനസ്സിലാക്കാന്‍ കഴിയുന്നു. തന്മൂലം ജീവനെ ബുദ്ധിമാന്‍ എന്നു പറയുന്നു.

അവ്യക്തം അല്ലെങ്കില്‍ പ്രകൃതി എന്നതിന്ന്‌ ബ്രഹ്മത്തെ ഉള്‍ക്കൊള്ളുവാന്‍ ഒരു സമയത്തും കഴിയുന്നില്ല. ബ്രഹ്മത്തിന്ന്‌ ഗുണ സംബന്ധമൊന്നുമില്ല. ഗുണത്തില്‍ ചേര്‍ന്നിരുന്നാലും അവയുമായി ബന്ധിക്കുന്നില്ല. പ്രകൃതിയെ അബദ്ധം എന്നു വിളിക്കുന്നു. വ്യക്തമായ ബോധം പ്രകൃതിക്കു ലഭിച്ചു കഴിഞ്ഞാല്‍, ഇരുപത്തഞ്ചാമനെപ്പറ്റി മനസ്സിലായാല്‍, പ്രകൃതി അപ്പോള്‍ തന്നോടു ചേര്‍ന്നു നില്ക്കുന്ന ജീവനെപ്പറ്റി അറിയുന്നു. പ്രകൃതിക്ക്‌ ജീവനുമായുള്ള ചേര്‍ച്ചമൂലം ജീവന്‍ അല്ലെങ്കില്‍ പുരുഷന്‍, ശരിയായ രൂപത്തില്‍ വ്യക്തമല്ല.  അതിന്റെ ശരിയായ രൂപത്തില്‍ യാതൊരു മാറ്റത്തിന്നും വിധേയമല്ല.

വസിഷ്ഠന്‍ തുടര്‍ന്നു: പരമമായ, തത്വശാസ്ത്രോക്തമായവിധം ഞാന്‍ ഉദ്ധരിക്കാം:

അറിയാ സഗുണം വ്യക്തം താത നിര്‍ഗ്ഗുണമങ്ങനെ ചിലപ്പോള്‍ പറയുന്നുണ്ട്‌ പരമപ്രതിബുദ്ധമായ്‌.

വ്യക്തബോധം വന്നുചേര്‍ന്നാലിതത്രേ "പഞ്ചവിംശകം". ബോധിക്കും നേരമേ ശങ്കാത്മകമെന്നാണുപോല്‍ ശ്രുതി.

ഇതിനാല്‍ പ്രതിബുദ്ധന്‍താന്‍ പോലുമവ്യക്തനച്യുതന്‍ അവ്യക്തബോധനാല്‍ ബുദ്ധ്യമാനനെന്നുമുരയ്ക്കുമേ.

പഞ്ചവിംശന്‍ മഹാത്മാവേ ബോധിച്ചീടുന്നതില്ലവന്‍ ഷഡ് വിംശന്‍ വിമലന്‍ ബുദ്ധനപ്രമേയന്‍ സനാതനന്‍

പഞ്ചവിംശന്‍ ചതുര്‍വ്വിംശന്‍ ബോധിക്കപ്പെടുമെപ്പൊഴും ദൃശ്യാദൃശ്യങ്ങള്‍ തുടരും സ്വഭാവത്താല്‍ മഹാദ്യുതേ.

അവ്യക്തമിവിടെ ബ്രഹ്മം അറിവു താത കേവലം പഞ്ചവിംശം ചതുര്‍വ്വിംശം ഇവ രണ്ടും നശിച്ചുപോം.

ആത്മാവിനെ ബുദ്ധ്യമാനനന്യന്‍ ഞാനെന്നു കാണ്‍കവെ ഇവന്‍ പ്രകൃതിമാനാകും പരമവ്യക്തലോചനന്‍.

പരം വിശുദ്ധാമലയാം ബുദ്ധി ബോധിപ്പതെപ്പോഴോ രാജശാര്‍ദ്ദൂല, ഷഡ് വിംശനപ്പോള്‍ ബുദ്ധത്വമാര്‍ന്നിടും.

ഉടന്‍ സൃഷ്ടിപ്രളയകൃത്താകുമവ്യക്തവും വിടും സഗുണാചേതനയുമായ്‌ക്കാണും പ്രകൃതി നിര്‍ഗ്ഗുണന്‍.

പരം കേവലധര്‍മ്മാവാം ഇവനവ്യക്തദര്‍ശനാല്‍ കേവലത്തോടു ചേര്‍ന്നീടു മുക്തവാത്മാവിലെത്തിടും.

ഇതല്ലോ തത്വമായ് ചൊല്‍വൂ നിസ്തത്വമജരാമരം തത്വസംശ്രയണാല്‍ത്തത്വവത്താവില്ലിതു മാനദ!

ഇരുപത്തഞ്ചു തത്വങ്ങളെന്നുരപ്പൂ മനീഷികള്‍ തത്വവാനല്ലിവന്‍ താത, നിസ്തത്വന്‍ ബുദ്ധിമാനിവന്‍.

ഇവന്‍ തത്വം വിടുമുടനിതു ബുദ്ധന്റെ ലക്ഷണം ഷഡ് വിംശന്‍ ഞാനെന്നു ബുധന്‍ ധരിപ്പോരാജരാമരന്‍.

കേവലം ബലമാര്‍ന്നെത്തും സമഭാവമസംശയം ഉണര്‍ന്ന ഷഡ് വിംശമുണര്‍ത്തിയാലുമുണരാത്തവന്‍.

ഇതു നാനാത്വമാണത്രേ സാംഖൃശ്രുതി നിദര്‍ശനാല്‍ ചേതനത്തോടൊത്തിടുന്ന പഞ്ചവിംശതികന്നിഹ

ബുദ്ധികൊണ്ടനുമോദിക്കുമപ്പോളേ തത്വബുദ്ധിയാം ബോധിക്കുന്നോനപ്രബുദ്ധ സാമ്യം ജനക, നേടിടും.

സംഗധര്‍മ്മാവു നിസ്സുംഗാത്മാവുമാകും ജനാധിപ! അജനാം വിഭുഷഡ് വിംശന്‍ നിസ്സംഗനൊടിണങ്ങിയാല്‍.

വിഭുവവ്യക്തത്തെ വിട്ടു മങ്ങീബ്ബോധമുദിക്കവേ നിസ്സാരമേ ചതുര്‍വ്വിംശം ഷഡ് വിംശമറിവാകയാല്‍.

ഏവമപ്രതിബുദ്ധന്‍താന്‍ സന്മതേ, ബുദ്ധ്യമാനനും ബുദ്ധവും തത്വമായ്ച്ചൊന്നേന്‍ ശ്രുതിയില്‍ കണ്ടവണ്ണമേ.

നാനാത്വൈകത്വമിമ്മട്ടു കാണണം ശാസ്ത്രദര്‍ശനാല്‍ കൊതുകും കരശും വേറെയെന്നമട്ടാണിവറ്റിനും.

നാനാത്വത്തേയും ഏകത്വത്തേയും ഈ മാതിരി തത്വദര്‍ശനത്താല്‍ കാണണം. മിന്നാമിനുങ്ങും അത്തിമരവും വേറെയാണല്ലോ. അതുപോലെയുള്ള വ്യത്യസ്തഭാവം ഇവയ്ക്കുമുണ്ട്‌.

കരശും കൊതുകും ഒന്നല്ല. വെള്ളവും മത്സ്യവും ഒന്നല്ല. അതുപോലെയാണ്‌ ആത്മാവും ശരീരവും. രണ്ടും ഒന്നല്ല. കരശിന്റെ കായ പഴുത്തു പൊട്ടിവിരിയുമ്പോള്‍ അതിന്റെ ഉള്ളില്‍ വളര്‍ച്ച പ്രാപിച്ച പ്രാണിയെ കാണാം. അത്‌ അതിന്റെ ഉള്ളില്‍ വളര്‍ന്നുണ്ടാകുന്നു. അതുകൊണ്ട്‌ കരശും പ്രാണിയും തമ്മില്‍ ബന്ധപ്പെടുന്നു എന്നല്ലാതെ രണ്ടും ഒന്നല്ല. അതുപോലെ ജലത്തില്‍ മത്സ്യം അധിവസിക്കുന്നു. അവ രണ്ടും വേറെയാണല്ലോ. അങ്ങനെ ആത്മാവ്‌ ശരീരത്തില്‍ അധിവസിക്കുന്നുണ്ടെങ്കിലും ആ ആത്മാവു ശരീരമല്ല. ഈ നിലയില്‍ നാനാത്വവും ഏകത്വവും മനസ്സിലാക്കണം. അവ്യക്ത ജഞാന സംബന്ധമായ ഇതിനെ ദേഹങ്ങളില്‍ വര്‍ത്തിക്കുന്ന ഇരുപത്തഞ്ചാമനാണെന്നു പറയുന്നു. അവനാണ്‌ മോക്ഷലബ്ധി.

എല്ലാ ജീവികളുടെയും ഉള്ളില്‍ വസിക്കുന്ന "ഇരുപത്തഞ്ചാമന്‍", മോക്ഷത്തിലെത്തുവാന്‍ പരമാത്മാവിനെപ്പറ്റി അറിഞ്ഞേ പറ്റൂ. വേറെ മാര്‍ഗ്ഗമൊന്നുമില്ല. ക്ഷേത്രത്തില്‍ നിന്നു വ്യത്യസ്തനാണ്‌ അവനെങ്കിലും ക്ഷേത്രത്തില്‍ വസിക്കുക കാരണം ക്ഷേത്രത്തിന്റെ സ്വഭാവം അവന്‍ കൈക്കൊള്ളുന്നു. ശുദ്ധമായതിനോട് ചേരുമ്പോള്‍ അവനും ശുദ്ധമാകുന്നു. ബുദ്ധിയോടു ചേരുമ്പോള്‍ അവന്‍ ബുദ്ധിയാകുന്നു. മോക്ഷത്തോടു മനസ്സു വെച്ചാല്‍ അവന് മോക്ഷം സിദ്ധിക്കുന്നു. ഒരുത്തന്‍ എല്ലാവിധത്തിലുള്ള ബന്ധങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ അവന്‍ സ്വതന്ത്രനാകുന്നു. മോക്ഷത്തെക്കുറിച്ച്‌ യത്നിക്കുമ്പോള്‍ അവന്‍ അതിനോടു ചേര്‍ന്ന്‌ മോക്ഷം പ്രാപിക്കുന്നു. ഉൽക്കര്‍ഷമായ നില കാംക്ഷിച്ചു യത്നിച്ചാല്‍ അവന്റെ മനസ്സ്‌ അവനെ ആ രൂപത്തിലാക്കിത്തീര്‍ക്കും. സ്വതന്ത്രാത്മാവാകാനാണ്‌ ആശയെങ്കില്‍ അവന്‍ സ്വതന്ത്രനായിത്തീരും.

അല്ലയോ രാജാവേ, ഞാന്‍ ഈ പറഞ്ഞതെല്ലാം സത്യമായ കാര്യമാണ്‌. ശുദ്ധനോട്‌ ശുദ്ധധര്‍മ്മാവു ചേരുമ്പോള്‍ ശുദ്ധനാകുന്നു. ബുദ്ധനോട്‌ ബുദ്ധിമാന്‍ ചേരുമ്പോള്‍ ബുദ്ധനാകുന്നു. മുക്തനോടു ചേരുമ്പോള്‍ മുക്തകര്‍മ്മാവ്‌ മുക്തനാകുന്നു. ധര്‍മ്മിയോടു ചേരുന്ന വിയോഗി വിമുക്താത്മാവാകും. കേവലം തന്നോടു ചേര്‍ന്ന്‌ കേവലാത്മാവും അങ്ങനെയാകും. സ്വതന്ത്രനോടു ചേര്‍ന്ന്‌ സ്വതന്ത്രനുമാകും.

രാജാവേ, ഇപ്രകാരം ഞാന്‍ നിന്നോടു പറഞ്ഞു. ഇതു ശരിയായ വസ്തുതയാണ്‌. ശാശ്വതമായ, നാശമില്ലാത്ത, സനാതനമായ ബ്രഹ്മത്തിന്റെ ശരിയായ നിലയാണ്‌ ഞാന്‍ വ്യക്തമാക്കിയത്‌.

അങ്ങയ്ക്ക്‌ ഈ ഏറ്റവും ഉല്‍കൃഷ്ടമായ ജ്ഞാനം ഞാന്‍ ഉപദേശിച്ചു. അത്‌ ആത്മാവിനെ ഉണര്‍ത്തുവാന്‍ ഏറ്റവും പര്യാപ്തമാണ്‌. അല്ലയോ, രാജാവേ, വേദജ്ഞാനം ലഭിക്കാത്തവര്‍ക്ക്‌ വിനയമോ തീക്ഷ്ണമായ ആഗ്രഹമോ ബ്രഹ്മജഞാനത്തെ നേടുവാന്‍ ഉണ്ടാവുകയില്ല. ഈ മഹത്തായ ജഞാനം തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ഉപദേശിക്കരുത്. മഹാസൂത്രക്കാരനായി അന്യരെ ചതിച്ചു ജീവിക്കുന്നവനും ഉപദേശിക്കരുത്‌. മനസ്സിന് ബലമില്ലാത്തവനും ഉപദേശിക്കരുത്‌. തെറ്റിദ്ധാരണ പരത്തുന്ന കുബുദ്ധിക്ക്‌ ഉപദേശിക്കരുത്‌. വിദ്വാന്മാരോട്‌ അസൂയയുള്ളവര്‍ക്കും ഉപദേശിക്കരുത്‌. മറ്റുള്ളവരെ ശല്യപ്പെടുത്തി വേദനിപ്പിക്കുന്ന പാപികള്‍ക്ക്‌ ഉപദേശിക്കരുത്‌.

ഇനി ഈ മഹത്തായ തത്വജ്ഞാനം എങ്ങനെയുള്ളവ ന്നാണ്‌ ഉപദേശിക്കേണ്ടതെന്ന്‌ പറയാം.

ബ്രഹ്മത്തില്‍ വിശ്വാസമുള്ളവന്, ദൈവവിശ്വാസമുള്ളവന് ഉപദേശിക്കാം. ജ്ഞാനസമ്പാദനത്തില്‍ ഉത്സാഹമുള്ളവന് ഉപദേശിക്കാം. അന്യരെ അധിക്ഷേപിക്കാത്ത, നല്ലവരായ ജനങ്ങള്‍ക്ക്‌ ഉപദേശിക്കാം. നല്ല ഉദ്ദേശത്തോടെ തപോവൃത്തിയില്‍ കഴിയുന്ന പരിശുദ്ധാത്മാക്കള്‍ക്ക്‌ ഉപദേശിക്കാം. ജ്ഞാനം സമ്പാദിച്ച ബുദ്ധിമാന് ഉപദേശിക്കാം. വേദത്തില്‍ പറഞ്ഞ മട്ടില്‍ ത്യാഗങ്ങളും യജ്ഞങ്ങളും ചെയ്യുന്നവര്‍ക്ക്‌ ഉപദേശിക്കാം. ക്ഷമാശീലന്മാര്‍ക്കും, പ്രാണികളോടു ദയയുള്ളവര്‍ക്കും, സര്‍വ്വ പ്രാണികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും രഹസ്യമായി വിജനങ്ങളില്‍ വസിക്കുവാന്‍ താല്പരൃമുള്ളവര്‍ക്കും, വേദങ്ങളില്‍ പറഞ്ഞമാതിരി നടക്കുന്നവര്‍ക്കും, തര്‍ക്കങ്ങളും വഴക്കുകളും വാദപ്രതിവാദങ്ങളും നടത്തുന്നതില്‍ നിന്ന്‌ ഒഴിഞ്ഞു ജീവിക്കുന്നവര്‍ക്കും, വലിയ ജ്ഞാനം നേടിയവര്‍ക്കും, ശമം, ദമം എന്നീ ഗുണങ്ങളുള്ള ശക്തനും ഈ ജ്ഞാനം ഉപദേശിക്കാം. ഈ ഗുണം ചേര്‍ന്നവര്‍ക്കല്ലാതെ ഗുണം കെട്ടവര്‍ക്കാര്‍ക്കും മഹത്തായ ബ്രഹ്മജ്ഞാനം ഒരിക്കലും ഉപദേശിക്കരുത്‌.

എങ്ങനെയുള്ളവന് നല്കിയാല്‍ യാതൊരു ഗുണവും ഉണ്ടാവുകയില്ലെന്നു തോന്നുന്നുവോ, ഒരുവിധം നിഷ്ഠയും ഇല്ലാതെ കാണുന്നുവോ, അവന് ഈ തത്വം ഉപദേശിക്കരുത്‌. അങ്ങനെയുള്ള അവ്രതന്മാര്‍ ഭൂമി മുഴുവന്‍ രത്നങ്ങളോടു കൂടി ദാനം ചെയ്താല്‍ പോലും ഈ മഹാതത്വം, ബ്രഹ്മജ്ഞാനം, ഉപേദേശിക്കരുത്. എന്നാല്‍ ജിതേന്ദ്രിയനാണ്‌ ജ്ഞാനം ആഗ്രഹിക്കുന്നതെങ്കില്‍ അവന് നല്കുക തന്നെ വേണം രാജാവേ!

അല്ലയോ കരാളാ, അങ്ങ്‌ ഒട്ടും ഭയപ്പെടേണ്ടാ. എല്ലാവിധ ഭയവും ഉടനെ നീങ്ങും. എന്തുകൊണ്ടെന്നാല്‍ ഭവാന്‍ ഇതെല്ലാം മനസ്സിരുത്തി കേട്ടുവല്ലോ. ആ മഹത്തായ കാര്യം ഇന്ന്‌ ഇപ്പോള്‍ നടന്നു കഴിഞ്ഞു. ഇന്ന്‌ എന്നില്‍ നിന്നു ഭവാന്‍ ബ്രഹ്മജ്ഞാനം കേട്ടു കഴിഞ്ഞു. ഞാന്‍ അങ്ങയോടു പറഞ്ഞു ഈ ജ്ഞാനം എത്ര പവിത്രമാണ്‌, ശോകം നീക്കുന്നതാണ്‌! അനാദിമദ്ധ്യാന്തമാണ്‌ ബ്രഹ്മം. അത്‌ എല്ലാ ദുഃഖങ്ങളും നീക്കുവാന്‍ കെല്പുള്ളതുമാണ്‌. ബ്രഹ്മത്തെ അറിഞ്ഞാല്‍ പിന്നെ അവന് സംസാരമില്ല. ജനനവും മരണവുമില്ല. മുക്തിയായി. രാജാവേ, പരിപാവനമാണ്‌ അത്‌. എല്ലാ ദുഃഖങ്ങളേയും അതു നശിപ്പിക്കും. ഈ ജ്ഞാനം സമ്പാദിച്ചവന്‍ എല്ലാ പാപങ്ങളില്‍ നിന്നും, അജ്ഞാനത്തില്‍ നിന്നും ഇന്നു തന്നെ വിമുക്തനാകും.

ഞാന്‍ ഈ ജ്ഞാനം സാക്ഷാല്‍ ഹിരണൃഗര്‍ഭനില്‍ നിന്നാണ്‌ (ബ്രഹ്മാവില്‍ നിന്നാണ്) ഗ്രഹിച്ചത്‌. ഞാന്‍ യജ്ഞം ചെയ്ത്‌ ആ ദേവനെ പ്രസാദിപ്പിച്ചു ആ ദേവനെ പൂജിച്ചു ബഹുമാനിച്ചിട്ടാണ്‌ ഞാന്‍ ഇതു നേടിയത്‌. അദ്ദേഹത്തെ ഈ ജ്ഞാനത്തിന് ഗുരുവായി എനിക്കു ലഭിച്ചു.

അല്ലയോ രാജാവേ, ഭവാന്‍ ചോദിച്ചത്‌ ഇതാ, ഞാന്‍ ഉപദേശിച്ചിരിക്കുന്നു. ഈ നിലയിലാണ്‌ ഞാന്‍ ബ്രഹ്മാവില്‍ നിന്ന്‌ ഈ ജ്ഞാനം കേട്ടു ധരിച്ചത്‌. ഈ മഹത്തായ ജഞാനം മോക്ഷത്തിന് യോഗ്യമായിട്ടുള്ളതാണു രാജാവേ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ബ്രഹ്മജ്ഞാനം, എപ്രകാരമാണോ വസിഷ്ഠന്‍ കരാളജനകരാജാവിന്ന്‌ ഉപദേശിച്ചത്‌, അപ്രകാരം ഞാന്‍ നിനക്ക്‌ ഉപദേശിച്ചു തന്നു. ഈ ഇരുപത്തഞ്ചാമന്‍ (ആത്മാവ്‌) ഈ ജ്ഞാനം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ജന്മമെടുക്കുവാന്‍ ഭൂമിയിലേക്കു മടങ്ങി വരികയില്ല. ബ്രഹ്മജ്ഞാനം നേടാത്തവന്‍ മരണാനന്തരം വീണ്ടും ഭൂമിയില്‍ വന്നു പിറക്കും. എന്നാല്‍ ജ്ഞാന സമ്പാദനത്തില്‍ വിജയിച്ചാല്‍ പിന്നെ അവന്‍ മടങ്ങി വരികയില്ല.

നിശ്രേയസ്കരമായ ഈ പരമജ്ഞാനം ദേവര്‍ഷി പറഞ്ഞു കേട്ട്‌ തത്വമായി രാജാവേ, ഞാന്‍ പറഞ്ഞു. ഹിരണ്യഗര്‍ഭനില്‍ നിന്ന്‌ മഹാത്മാവായ വസിഷ്ഠനും, ശ്രേഷ്ഠനായ വസിഷ്ഠനില്‍ നിന്ന്‌ ഋഷിയായ നാരദനും അറിഞ്ഞ്‌, നാരദനില്‍ നിന്ന്‌ ഈ ബ്രഹ്മജഞാനം ഞാനും നേടി.

അല്ലയോ കൌരവേന്ദ്രാ, ഈ പരമമായ പദത്തെവപ്പറ്റി കേട്ട ഭഗവാന്‍ ഇനി വളരെ നാള്‍ ദുഃഖിക്കേണ്ടതായി വരികയില്ല. അങ്ങേക്കും സംസാരദുഃഖത്തില്‍ നിന്നു മോചനം ലഭി ക്കും.

ക്ഷരത്തെയും അക്ഷരത്തെയും ശരിക്ക്‌ അറിയുന്നവന്‍ പിന്നെ സംസാരത്തില്‍ കിടന്നു വിഷമിക്കുകയില്ല. അതിനെ ഭയപ്പെടേണ്ടി വരികയില്ല. ഇത്‌ അറിയാത്ത അജ്ഞാനി ഭയത്തിന് തന്നെ ഇരയായി വസിക്കും.

മൂഢാത്മാവായ ഒരുവന്‍ ബ്രഹ്മത്തെപ്പറ്റി അറിഞ്ഞു കഴിഞ്ഞതിന് ശേഷം വീണ്ടും വീണ്ടും മായാബദ്ധനായി ഭ്രമിച്ചാലോ, ഒടുവില്‍ അവന്‍ ജനനമരണ ശ്യംഖലയില്‍ കിടന്നു വലയും. അനവധി ജന്മമെടുക്കും. ദേവന്‍, തിരൃക്‌, മനുഷ്യന്‍ ഇങ്ങനെ പല ജന്മവും മാറി മാറി എടുത്തു കൊണ്ട്‌ സാഗരത്തില്‍ നീന്തിത്തുടിക്കും. അജ്ഞാനമാകുന്ന സാഗരം കടന്നു കയറി ശുദ്ധനാകുന്നത് വരെ ഇതു തന്നെ ഗതി. അജ്ഞാനത്തിന്റെ സമുദ്രമാകട്ടെ, ഘോരമാണ്‌, അഗാധമാണ്‌, അവ്യക്തമാണ്‌. ദിവസം തോറും അതില്‍ ജീവജാലങ്ങള്‍ മുങ്ങുന്നു ഭാരതാ! സനാതനവും അവ്യക്തവും അഗാധവുമായ ആ സമുദ്രം നീ കയറിക്കടക്കുക. വിരജസ്സായും വിതമസ്സായും രാജാവേ, ഭവാന്‍ ഭവിക്കും!

അദ്ധ്യായം 310. ജനകാനുശാസനം - വസുമാനും ഒരു ഋഷിയും തമ്മിലുള്ള സംഭാഷണം - ഭീഷ്മൻ പറഞ്ഞു: വിജനമായ കാട്ടില്‍ നായാട്ട് ചെയ്യുന്ന ജനകരാജപുത്രന്‍ കാട്ടില്‍ വച്ച്‌ ഭൃഗുവംശത്തില്‍ പിറന്ന വിപ്രേന്ദ്രിയനായ ഒരു മഹര്‍ഷിയെ കണ്ടെത്തി. അവര്‍ പരസ്പരം അഭിവാദ്യം ചെയ്തു. പിന്നെ മുനിയുടെ സല്‍ക്കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ മുനിയുടെ സമ്മതത്തോടെ രാജാവ്‌ അദ്ദേഹത്തോടു ചില സംശയങ്ങള്‍ ചോദിച്ചു.

രാജാവു പറഞ്ഞു: ഭഗവാനേ, ഇഹലോകത്തിലും പരലോകത്തിലും ശ്രേയസ്സ്‌ എന്താകുന്നു? ദേഹം നശ്വരമാണ്‌. മനുഷ്യന്‍ കാമിയുമാണ്‌. ഈ നിലയ്ക്ക്‌ മനുഷ്യന്‍ എന്തു ചെയ്യണം?

മഹാരാജാവ്‌ വിനയപൂര്‍വ്വം വണങ്ങി ഇപ്രകാരം ഋഷിയോടു ചോദിച്ചപ്പോള്‍ അതിന് മറുപടിയായി അദ്ദേഹം ഇപ്രകാരം ശ്രേയസ്കരമായ വാക്യം പറഞ്ഞു.

ഋഷി പറഞ്ഞു: അല്ലയോ രാജാവേ, നീ ഇപ്പോള്‍ മനോവിരുദ്ധമായ കര്‍മ്മങ്ങളാണ്‌ ഇച്ഛിച്ചു കൊണ്ടിരിക്കുന്നത്‌. ആ കര്‍മ്മങ്ങള്‍ ഇഹത്തിലേക്കും പരത്തിലേക്കും പറ്റിയതല്ല. ജീവികള്‍ക്കു വിരുദ്ധമായതെന്തോ, അവയൊന്നും ഇഹത്തിനും പരത്തിനും ഗുണം ചെയ്യുകയില്ല. അതുകൊണ്ട്‌ അത്തരം കര്‍മ്മങ്ങള്‍ ജിതേന്ദ്രിയനായി നീ ഒഴിവാക്കുക!

ധര്‍മ്മം സത്തുക്കള്‍ക്കു ഹിതം ചെയ്യുന്നു. സജ്ജനങ്ങള്‍ ധര്‍മ്മത്തെ മാത്രമേ ആശ്രയിക്കുകയുള്ളു. ചരാചരങ്ങളടങ്ങിയ ഈ മൂന്നു ലോകവും നിലനില്ക്കുന്നത്‌ ധര്‍മ്മത്താലാണ്‌. അല്ലയോ സ്വാദുകാമുകാ! കാമത്തില്‍ നിന്റെ തൃഷ്ണ എന്താണ്‌ നീ തീര്‍ക്കാത്തത്‌? അല്ലയോ ദുര്‍ബുദ്ധേ! നീ തേന്‍ മാത്രമേ കാണുന്നുള്ളു. അപ്പുറത്തുള്ള കുണ്ടു കാണുന്നില്ല. ഫലകാമുകന്‍ ഇങ്ങനെ ജ്ഞാനം പരിചയിക്കണം. ഫലകാമുകന്‍ ഇങ്ങനെ ധര്‍മ്മം പരിചയിക്കണം. അസത്തായ, പാപിയായ ധര്‍മ്മകാംക്ഷിയാല്‍ ശുദ്ധമായ കര്‍മ്മവും ദുഷ്കരമാകും. സത്തായ (നല്ലവനായ) ധര്‍മ്മ കാംക്ഷിയാല്‍ ദുഷ്കരമായ കര്‍മ്മവും സുകരമായി ഭവിക്കും.

കാട്ടില്‍ ഗ്രാമ്യമായ സുഖാചാരം ചെയ്യുന്ന ഗ്രാമ്യന്‍ ഗ്രാമൃനായിത്തന്നെ നില്ക്കുന്നു. ഗ്രാമത്തില്‍ വനസുഖാചാരം ചെയ്യുന്നവന്‍ വനൃനെപ്പോലെയും നില്ക്കുന്നു. കാട്ടില്‍ വെച്ച്‌ ഗ്രാമ്യവൃത്തികള്‍ ചെയ്തു ജീവിച്ചാല്‍ വനവാസിയാകുന്നത് കൊണ്ടുള്ള പുണ്യം ലഭിക്കുകയില്ല. ഗ്രാമത്തില്‍ വെച്ചായാലും വനവാസിയുടെ തപോനിഷ്ഠ അനുഷ്ഠിച്ചാല്‍ വനവാസിയുടെ പുണ്യഫലം ലഭിക്കുകയും ചെയ്യും. മനസ്സ്‌, വാക്ക്‌, കര്‍മ്മം എന്നിവയില്‍ നീ ശ്രദ്ധിക്കുക. അതില്‍ നീ മനസ്സിരുത്തുക. ഗുണാഗുണം പാര്‍ത്ത്‌ നിവൃത്തിയിലും പ്രവൃത്തിയിലും മനസ്സിരുത്തുക.

നിത്യവും ധാരാളം സാധുക്കള്‍ക്കു ദാനം ചെയ്യുക. അവരില്‍ അസൂയപ്പെടരുത്. വ്രതം, ശൗചം എന്നിവയില്‍ മനസ്സു വെക്കുന്നവര്‍ക്ക്‌ ആവശ്യമുള്ളത്‌ അറിഞ്ഞു നല്കുക. ദേശവും കാലവും അറിഞ്ഞു ദാനം ചെയ്യുക. ശുഭമായ വിധിപ്രകാരം അര്‍ഹതയുള്ള പാത്രങ്ങളില്‍ ദാനം ചെയ്യണം. ക്രോധത്തോടെ ആര്‍ക്കും ദാനം ചെയ്യരുത്‌. കൊടുത്തതിന് ശേഷം അതിനെപ്പറ്റി വൃസനിക്കരുത്. താന്‍ ചെയ്ത ദാനത്തെപ്പറ്റി മറ്റൊരാളോടു പറഞ്ഞ്‌ തന്നത്താനെ പ്രശംസിക്കുകയുമരുത്‌.

സല്‍പ്പാത്രങ്ങളിലേ ദാനം ചെയ്യാവു. നൃശംസകനും, ശുചിയും, ദമിയും, സത്യവാനും, സത്യം പറയുന്നവനും, ജന്മത്താലും കര്‍മ്മത്താലും ശുദ്ധനായവനും, വേദജ്ഞനുമായ ദ്വിജനാണ്‌ സല്‍പ്പാത്രം. സല്‍ക്കരിച്ചു സ്വജാതിയില്‍പ്പെട്ട പതിവ്രത, ഋക്‌, യജുസ്സ്‌, സാമം എന്നീ വേദങ്ങള്‍ പാരായണം ചെയ്യുന്ന ബ്രാഹ്മണന്‍, വിദ്വാനായ പുരുഷന്‍, ഷള്‍ക്കര്‍മ്മാവായ ദ്വിജന്‍ ഇവരൊക്കെ ദാനത്തിനു പറ്റിയ സല്‍പ്പാത്രങ്ങളാണ്‌. ദേശം, കാലം, പാത്രം, ധര്‍മ്മം, എന്നിവ നോക്കി ധര്‍മ്മാധര്‍മ്മങ്ങളെ അറിയണം. ധര്‍മ്മാധര്‍മ്മങ്ങള്‍ അവയെ ആശ്രയിച്ചാണിരിക്കുന്നത്‌. ധര്‍മ്മം അധർമ്മമായും, സത്യം അസത്യമായും മാറുന്ന സന്ദര്‍ഭങ്ങളുണ്ട്‌. അതിന്റെ കാലം, സ്ഥലം, പാത്രം ഇവ അറിഞ്ഞ്‌ പ്രവര്‍ത്തിക്കണം. കളിയായി അൽപമായ പൊടിയേല്ക്കുന്നത്‌ അപ്പപ്പോള്‍ മാച്ചു കളയുന്ന മാതിരി തന്നെ ബാധിക്കുന്ന പാപങ്ങളെ അപ്പപ്പോള്‍ നീക്കം ചെയ്യണം. ശോധന കഴിച്ചവന്‍ നെയ്യ്‌ കഴിക്കുന്ന മാതിരി ദോഷങ്ങള്‍ നീങ്ങിയവന് ധര്‍മ്മാചരണം നല്ല ഒരു ഔഷധമായി ഭവിക്കും. പരലോകത്ത്‌ അതുകൊണ്ട്‌ സുഖം ലഭിക്കും. സര്‍വ്വജീവികള്‍ക്കും മനസ്സ്‌ ശുഭാശുഭങ്ങളോടു ചേര്‍ന്നു നില്ക്കുന്നു. അശുഭം വിട്ടൊഴിച്ച്‌ എന്നും ശുഭത്തില്‍ മനസ്സു വെക്കണം. എല്ലായിടത്തും നല്ലവര്‍ ചെയ്യുന്നതിനെ പുകഴ്ത്തണം. സ്വധര്‍മ്മത്തില്‍ അങ്ങയ്ക്ക്‌ താല്പര്യമുള്ള വിധം ചെയ്തു കൊള്ളുക.

അല്ലയോ അധൃതാത്മാവേ, ധൃതിപ്പെട്ട്‌ അല്ലയോ ദുര്‍ബുദ്ധേ, ഭവാന്‍ ബുദ്ധി കൈക്കൊള്ളുക. അശാന്തനായ ഭവാന്‍ ശമം കൈകൊള്ളുക. അപ്രാജ്ഞനായ ഭവാന്‍ പ്രാജ്ഞനാവുക. തേജസ്സാല്‍ ഉപായം നേടുവാന്‍ സഹകാരി മൂലം സാധിക്കും. ഇഹത്തിലും പരത്തിലും നന്മയുണ്ടാകണമെങ്കില്‍ ധൃതിമാനായി പ്രവര്‍ത്തിക്കണം.

ധൃതി വിട്ടവനായ മഹാഭിഷ രാജര്‍ഷി സ്വര്‍ഗ്ഗത്തില്‍ നിന്നു ഭ്രംശിച്ചു. പുണ്യം ക്ഷയിച്ച യയാതി രാജാവ്‌ ധൃതിമാനായി സ്വര്‍ഗ്ഗലോകം വീണ്ടും നേടി. ധൃതി (ധീരത) യാണിതിന്നു കാരണം. തപസ്വികളെയും ധര്‍മ്മിഷ്ഠന്മാരെയും വിദ്വാന്മാരെയും സേവിച്ചാല്‍ വലിയ ബുദ്ധി ലഭിക്കും. തന്മൂലം ഭവാന്‍ ശ്രേയസ്സു നേടുകയും. ചെയ്യും.

ഭീഷ്മൻ പറഞ്ഞു: സ്വഭാവസമ്പന്നനായ ആ രാജാവ്‌ മുനിയുടെ ഉപദേശം കേട്ട്‌ കാമത്തില്‍ നിന്നു മനസ്സു പിന്‍തിരിച്ച്‌ ധര്‍മ്മത്തില്‍ തന്നെ ബുദ്ധിവെച്ചു.

അദ്ധ്യായം 311. യാജ്ഞവല്കൃജനക സംവാദം - ഇരുപത്തിനാല്‌  സാംഖ്യതത്വങ്ങളും ഒമ്പത്‌ സര്‍ഗ്ഗങ്ങളും - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ധര്‍മ്മങ്ങളെയും അധര്‍മ്മങ്ങളെയും വിട്ടൊഴിഞ്ഞു വര്‍ത്തിക്കുന്നത്‌ എതോ, എല്ലാവിധ, സംശയങ്ങളില്‍നിന്നും വിമുക്തമായത്‌ ഏതോ, ജനന മരണങ്ങളില്‍ നിന്നു വിമുക്തമായത്‌ ഏതോ, പുണ്യപാപങ്ങള്‍ കൂടാത്തത്‌ ഏതോ, ശുഭമായത്‌ ഏതോ, അനന്തമായ അഭയം ഏതോ, അക്ഷരവും അവ്യയവും ശുചിയും അനായാസവുമായി നിൽക്കുന്നത്‌ ഏതോ, അത്‌ എന്തെന്ന്‌ അങ്ങ് പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു: അല്ലയോ ഭരതര്‍ഷഭാ, ഈ കാര്യത്തില്‍ നിന്നോട്‌ ഒരു പഴങ്കഥ ഞാന്‍ വര്‍ണ്ണിച്ചു പറയാം. അതു കേട്ടാല്‍ നിന്റെ സംശയങ്ങള്‍ തീരും. ശ്രീ യാജ്ഞവല്കൃ മഹര്‍ഷിയോട്‌ വിശ്രുതനായ ദേവരാതജനെന്ന ജനകന്‍ ചോദിച്ച ചോദ്യവും അതിന് പറഞ്ഞ ഉത്തരവുമാണ്‌ വിഷയം. ചോദ്യങ്ങള്‍ ചോദിച്ചു കാര്യം ഗ്രഹിക്കുന്നവരില്‍ നിപുണനായിരുന്നു ജനകരാജാവ്‌.

ജനകന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ! ഇന്ദ്രിയങ്ങള്‍ എത്രയാണ്‌? എത്രതരം പ്രകൃതിയുണ്ട്‌? എന്താണ്‌ അവ്യക്തം? എന്താണ്‌ പരമമായ ബ്രഹ്മം? ബ്രഹ്മത്തേക്കാള്‍ മീതെ എന്തുണ്ട്‌? എന്താണ്‌ പ്രഭവക്ഷയങ്ങള്‍? ജനനമരണങ്ങള്‍? എന്താണ്‌ കാലത്തിന്റെ കണക്ക്‌? അങ്ങയുടെ അനുഗ്രഹത്തെ ഇച്ഛിക്കുന്ന എന്നോട്‌ ഇവയെപ്പറ്റി എനിക്കു ശരിയായ ബോധം ഉദിക്കുമാറ്‌ ഉപദേശിച്ചു തരണേ! ഞാന്‍ അജ്ഞനാണ്‌. അങ്ങ്‌ അറിവിന്റെ സമുദ്രമാണല്ലേോ. അതുകൊണ്ട്‌ അങ്ങയില്‍ നിന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിസ്സംശയം പറഞ്ഞു തന്നാലും!

യാജ്ഞവല്ക്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഞാന്‍ പറയാം, ഭവാന്‍ കേട്ടു കൊള്ളുക! യോഗികളുടെയും സാംഖ്യന്മാരുടെയും ജ്ഞാനം എല്ലാം ഭവാന്‌ അറിയാമല്ലോ. എന്നെ പരീക്ഷിക്കുവാന്‍ ചോദിക്കുകയാണോ? എന്നാലും ചോദി ച്ചാല്‍ അറിവുള്ളവന്‍  പറഞ്ഞു കൊടുക്കണമല്ലോ. അതാണല്ലോ സനാതനമായ ധര്‍മ്മം. അതുകൊണ്ട്‌ ഞാന്‍ ഇതാ പറയുന്നു.

പ്രകൃതികള്‍ എട്ടുണ്ട്‌. വികാരം പതിനാറാണ്‌. പിന്നെ വ്യക്തങ്ങള്‍ ഏഴെണ്ണമാണ്‌. ഇങ്ങനെയാണ്‌ ആദ്ധ്യാത്മചിന്തകന്മാര്‍ പറയുന്നത്‌. അവ്യക്തവും മഹാനും അഹങ്കാരവും, പൃഥ്വി, വായു, ആകാശം, ജലം, തേജസ്സ്‌ (പഞ്ചഭൂതങ്ങള്‍) ഈ പറഞ്ഞവ എട്ടുമാണ്‌ പ്രകൃതികള്‍. ഇനി വികാരങ്ങള്‍ ഏതൊക്കെയാണെന്നു പറയാം.ചെവി, ത്വക്ക്‌, ദൃക്ക്‌, നാക്ക്‌, മൂക്ക്‌ ഇവയഞ്ചും; ശബ്ദം, സ്പര്‍ശം,രൂപം, രസം, ഗന്ധം എന്നിവയും; വാക്ക്‌, രണ്ടു കൈ, രണ്ടു കാല്‌, ഗുദം, ലിംഗം ഇവയുമാകുന്നു. ഇവയില്‍ ശബ്ദം മുതല്‍ തുടങ്ങുന്ന പത്തും, പഞ്ചഭൂതോത്ഭവമായവ, വിശേഷങ്ങള്‍ എന്നറിയപ്പെടുന്നു. ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ചും സവിശേഷങ്ങള്‍ എന്നറിയപ്പെടുന്നു. മിഥിലാധിപാ! അദ്ധ്യാത്മതത്വജ്ഞന്മാര്‍ പറയുന്നു, മനസ്സ്‌ പതിനാറാമത്തേതാണെന്ന്‌. അങ്ങയും മറ്റു വിദ്വാന്മാരും തത്വബുദ്ധിവിശാരദന്മാരാണല്ലോ. ഈ അഭിപ്രായം അങ്ങയും സമ്മതിക്കും. അവ്യക്തത്തില്‍ നിന്നാണ്‌ മഹത്തത്വം ഉണ്ടാകുന്നത്‌. അഭിജ്ഞന്മാര്‍ പറയുന്നു, ഇതാണ്‌ പ്രധാനം അല്ലെങ്കില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട ആദ്യസൃഷ്ടിയെന്ന്‌. മഹത്തത്വത്തില്‍ നിന്നാണു രാജാവേ, അഹങ്കാരം ഉണ്ടായത്‌. ഇതാണ്‌ ബുദ്ധ്യാത്മികമായ രണ്ടാമത്തെ സൃഷ്ടി എന്നു പറയുന്നു. അഹങ്കാരത്തില്‍ നിന്നു മനസ്സ്‌ ഉത്ഭവിച്ചു. അത്‌ ഭൂതഗുണാത്മികമാണ്‌. (പഞ്ച ഭൂതഗുണാത്മികം) മൂന്നാമത്തെ സൃഷ്ടിയാണിത്‌. ഇത്‌ അഹങ്കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്നു. മനസ്സില്‍ നിന്നാണ്‌ അഞ്ച്‌ മഹാഭൂതങ്ങളും ഉത്ഭവിച്ചത്‌. ഇതു നാലാമത്തെ സൃഷ്ടിയാണ്‌ രാജാവേ! ഇതിനെ മാനസികമെന്നു പറയുന്നു. പിന്നെ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, ഇവ പഞ്ച മഹാഭൂതങ്ങളില്‍ നിന്നുമുണ്ടായി. ഭൂതവിചിന്തകന്മാര്‍ പറയുന്നു, അഞ്ചാമത്തെ സൃഷ്ടി ഇവയാണെന്ന്‌. ചെവി, ത്വക്ക്‌, ദൃക്ക്‌, നാക്ക്‌, മൂക്ക്‌ ഇവയാണ്‌ ആറാമത്തെ സൃഷ്ടി. ഇവ ബഹുചിന്താത്മകമാകുന്നു. ശ്രോത്രം തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്കും താഴെയായി നില്ക്കുന്ന കര്‍മ്മേന്ദ്രിയങ്ങളെ ഏഴാമത്തെ സൃഷ്ടിയായി പറയുന്നു. ഇവ ജ്ഞാനേന്ദ്രിയങ്ങളോടു ബന്ധപ്പെട്ടു നില്ക്കുന്നു. പിന്നെ രാജാവേ, പ്രാണാദികളായ വായുക്കള്‍ പ്രാണന്‍, സമാനന്‍ ഉദാനന്‍, വ്യാനന്‍ എന്നിവയാണ്‌. എട്ടാമത്തെ ഈ സൃഷ്ടിയെ ആര്‍ജ്ജവകം എന്നു പറയുന്നു. കാറ്റിന്റെ ഗതി കൊണ്ടാണിങ്ങനെ ഇവര്‍ക്ക്‌ ആ പേരു സിദ്ധിച്ചത്‌.

തിര്യക് സ്രോതസ്സിന്നു താഴെയുണ്ട്‌ സ്രോതസ്സ്‌. സമാനോദാനാപാനവായുക്കളാണവ. അവ താഴോട്ടു സഞ്ചരിക്കുന്നു. ഇവ ഒമ്പതാമത്തെ സൃഷ്ടിയാണ്‌. ഇതും ആര്‍ജ്ജവകം തന്നെയാണ്‌. അല്ലയോ നരനായകാ, ഇവയാണ്‌ ഒമ്പതു സര്‍ഗ്ഗങ്ങള്‍ (സൃഷ്ടികള്‍). ഇവയെ ശ്രുതിക്കനുസരിച്ച നിദര്‍ശനപ്രകാരം ഇരുപത്തിനാലെണ്ണമായി പറയുന്നു. ഇവയ്ക്കെല്ലാം, ഈ ഗുണങ്ങള്‍ക്കെല്ലാം, തത്വത്തോടുകൂടി മഹാത്മാക്കള്‍ പറയുന്ന കാലസംഖ്യ ഞാന്‍ നിന്നോടു പറയാം.

അദ്ധ്യായം 312. യാജ്ഞവല്കൃജനകസംവാദം - അവ്യക്തം, അഹങ്കാരം മുതലായവയുടെ കാലസംഖ്യയും ഇന്ദ്രിയങ്ങളും മനസ്സും തമ്മിലുള്ള ബന്ധവും -യാജ്ഞവല്ക്യന്‍ പറഞ്ഞു: ഇനി അവ്യക്തത്തിന്റെ കാലസംഖ്യ ഞാന്‍ പറയാം. അത്‌ രാജാവേ, ഭവാന്‍ കേട്ടു ധരിക്കുക! അവ്യക്തമെന്നത്‌ പരമമായ ആത്മാവാണ്‌. പതിനായിരം കല്പം കൂടിയതാണ്‌ അവന്റെ ഒരു ഒറ്റപകല്‍. അത്രതന്നെ സമയം കൂടിയതാണ്‌ അവന്റെ രാത്രിയും. രാത്രി കഴിഞ്ഞാല്‍ അവന്‍ ഉണര്‍ന്നെഴുന്നേല്ക്കുന്നു. അല്ലയോ രാജാവേ, ആദ്യമായി അവന്‍ ഓഷധികളെ സൃഷ്ടിച്ചു. എല്ലാ ജീവികള്‍ക്കും ജീവിതത്തിന് വേണ്ടിയാണ്‌ ആദ്യമായി അവയെ സൃഷ്ടിക്കുന്നത്‌. പിന്നെ സ്വര്‍ണ്ണമയമായ മുട്ടയില്‍ നിന്ന്‌ ഹിരണ്യാണ്ഡം ഹിരണ്യാണ്ഡനെ (ബ്രഹ്മാവിനെ) സൃഷ്ടിച്ചു. എല്ലാ സൃഷ്ടിജീവികളുടെയും മൂര്‍ത്തിരൂപം (ദേഹം) അവനാകുന്നു.

ഒരു വര്‍ഷം (ബ്രഹ്മാവിന്റെ ദിവ്യവര്‍ഷം) ആ അണ്ഡ ത്തില്‍ ഇരുന്നതിന് ശേഷം പുറത്തു വന്നിട്ടാണ്‌ ആ മഹാമുനിയായ ബ്രഹ്മാവ്‌, പ്രജാപതി എന്ന പേരില്‍ അറിയപ്പെടുന്ന സ്രഷ്ടാവ്‌, ഭൂമി താഴേയും, സ്വര്‍ഗ്ഗം മീതേയുമായി സൃഷ്ടിച്ചത്‌. ഏഴായിരത്തി അഞ്ഞൂറു കല്പം കൂടിയതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. അദ്ധ്യാത്മജ്ഞാനികള്‍ പറയുന്നു, ബ്രഹ്മാവിന്റെ പകലിനോളം തന്നെ കാലദൈര്‍ഘ്യം രാത്രിക്കുമുണ്ടെന്ന്‌.

പിന്നെ തപസ്വിയായ ബ്രഹ്മാവ്‌, മഹാന്‍ എന്നറിയ പ്പെടുന്ന മുനി, അഹങ്കാരം എന്ന ദിവ്യാത്മകമായ ഭൂതത്തെ സൃഷ്ടിക്കുന്നു.

ദേഹമുളള മറ്റു വസ്മുക്കളെ സൃഷ്ടിക്കുന്നതിനു മുമ്പായി ബ്രഹ്മാവ്‌ തപസ്സില്‍ പ്രവേശിക്കുകയും അതിന്റെ ഫലമായി നാലു മക്കളെ തപഃശക്തി മൂലം സൃഷ്ടിക്കുകയും ചെയ്യുന്നു. അവരാണ്‌ പിതൃക്കള്‍ക്കു പിതൃക്കളായി നില്ക്കുന്നത്‌. മനസ്സ്‌, ബുദ്ധി, വൃഷ്ടി, സമഷ്ടി ഇവയാണ്‌ അവ നാലും. പിതൃക്കളുടെ മക്കളായ ദേവന്മാര്‍ പിന്നെ വര്‍ദ്ധിച്ചു വാനില്‍ നിറഞ്ഞു. ഇപ്രകാരം ചരാചരങ്ങളെപ്പറ്റിയും നാം കേള്‍ക്കുന്നു.

പരമേഷ്ടിയായ അഹങ്കാരം മഹാഭൂതങ്ങള്‍ അഞ്ചിനേയും സൃഷ്ടിച്ചു. പൃഥ്വി, അപ്പ്‌, അഗ്നി, വായു, ആകാശം എന്നിവയാണ്‌ മഹാഭൂതങ്ങള്‍.

ഈ അഹങ്കാരമെന്നവന്‍ സാമാന്യനല്ല. അവനാണ്‌ പിന്നെ മൂന്നാമത്തെ സൃഷ്ടി നടത്തുന്നവന്‍. അവന്റെ രാവും പകലും അത്ര ചെറുതൊന്നുമല്ല. അയ്യായിരം കല്ലമാണ്‌ അവന്റെ ഒരു പകല്‍. അത്രത്തോളം തന്നെയുണ്ട്‌ അവന്റെ രാത്രിയും. ശബ്ദം, സ്പര്‍ശം, രൂപം, രസം; ഗന്ധം ഇവയെ വിശേഷങ്ങള്‍ എന്നു പറയുന്നു. ഇവ അഞ്ചും അഞ്ചു ഭൂതങ്ങളോടു ചേര്‍ന്നു നില്ക്കുന്നു. ഇവ ആവേശിച്ച ജീവജാലങ്ങള്‍ ദിവസം തോറും തമ്മില്‍ കൊതിക്കുകയും, തമ്മില്‍ സുഹൃത്തുക്കളാകാന്‍ ആഗ്രഹിക്കുകയും, പരസ്തരം വെല്ലുവിളിക്കുകയും, തമ്മില്‍ സ്പര്‍ദ്ധിക്കുകയും, തമ്മില്‍ കൊല്ലുകയും ചെയുന്നു. ഇത്‌ അവര്‍ ഉള്‍ക്കൊള്ളുന്ന ജീവന്റെ ഇഷ്ടാനിഷ്ടങ്ങളായ പഞ്ചഭൂതാത്മക ഗുണങ്ങ ളുടെ പ്രതികരണം മൂലമാണ്‌ ഉണ്ടാകുന്നത്‌. ആ മഹാഭൂതങ്ങള്‍ ഇങ്ങനെ ജീവികളില്‍ക്കടന്നു തകരാറുകള്‍ ചെയ്തു ഭൂമിയില്‍ ചുറ്റുന്നു.

ഇവയുടെ കാലയളവും ചെറുതല്ല. മൂവ്വായിരം കല്പമാണ്‌ അവരുടെ ഒരു പകല്‍. അത്ര തന്നെയുണ്ട്‌ അവയുടെ രാത്രിയും. മനസ്സിന്റെ കാലയളവും ഇതു തന്നെയാണു രാജാവേ!

മനസ്സ്‌ ഇന്ദ്രിയങ്ങളെ ചുറ്റിച്ച്‌ സഞ്ചരിക്കുന്നു. എന്നാല്‍ ഇന്ദ്രിയങ്ങള്‍ മനസ്സിനെ കാണുന്നില്ല. കാണുന്നവന്‍ മനസ്സാണു താനും. കണ്ണു രൂപങ്ങളെ കാണുന്നു. എന്നാല്‍ കണ്ണു കൊണ്ടല്ല മനസ്സു കൊണ്ടാണ്‌ കാണുന്നത്‌. മനസ്സ്‌ പതറി യാലോ, കണ്ണു കൊണ്ടു കണ്ടാലും കാഴ്ച അനുഭവപ്പെടുകയില്ല. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ഇതുപോലെ തന്നെയാണ്‌. ഇന്ദ്രിയങ്ങള്‍ ഒന്നും കാണുന്നില്ല. കാണുന്നതു മനസ്സാണ്‌. മനസ്സിനെ അടക്കിയാല്‍ ഇന്ദ്രിയങ്ങളുടെ ഉപരമം ഉണ്ടാകുന്നു. ഇന്ദ്രിയങ്ങളുടെ ഉപരമം എന്നു പറയുന്നത്‌ മനസ്സിന്റെ അടക്കമാണ്‌. ഇങ്ങനെ ഇന്ദ്രിയങ്ങളെല്ലാം മനസ്സിന്റെ ഭരണത്തില്‍ വര്‍ത്തിക്കുന്നതായി അറിയണം. തീര്‍ച്ചയായും എല്ലാ ഇന്ദ്രിയങ്ങളുടെയും നാഥന്‍ മനസ്സാകുന്നു. ഇങ്ങനെയാണ്‌ പ്രപഞ്ചത്തിലെ ഇരുപതു ഭൂതങ്ങളുടെയും അവ സ്ഥാവിശേഷങ്ങള്‍.

അദ്ധ്യായം 313. യാജ്ഞവല്കൃജനകസംവാദം - സംഹാരക്രമം എങ്ങനെയെന്നു വിവരിക്കുന്നു - യാജ്ഞവല്ക്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഓരോന്നോരോന്നായി സൃഷ്ടി യുടെ ക്രമവും, അവയുടെ ആകെ സംഖ്യയും, പലതരം തത്വങ്ങളും, ഓരോന്നിന്റെ കാലദൈര്‍ഘ്യവും എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞു. സൃഷ്ടിയുടെ കാര്യം മനസ്സിലായല്ലോ. ഇനി സംഹാരത്തിന്റെ കാര്യവും പറയാം. അനാദിനിധനനും, നിത്യനും, അക്ഷരനുമായ ബ്രഹ്മാവ്‌ ജന്തുക്കളൊയൊക്കെ സംഹരിച്ചു വീണ്ടും വീണ്ടും സൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നു.

ബ്രഹ്മാവിന്റെ പകല്‍ അവസാനിക്കുന്നതു കാണുമ്പോള്‍ ആ ദേവന്‍ സുഖമായി ഒന്ന്‌ ഉറങ്ങുവാന്‍ വിചാരിക്കുന്നു. ആ സമയത്ത്‌ അവ്യക്തനായ ആ മഹാത്മാവ്‌ അഹംകൃതമൂര്‍ത്തിയെ (മഹാരുദ്രനെ) പ്രേരിപ്പിക്കുന്നു. ആ ദേവനാണ്‌ പ്രപഞ്ചത്തെ സംഹരിക്കുന്നവന്‍. ബ്രഹ്മപ്രേരണയാല്‍ രുദ്രന്‍ സഹസ്രാംശുവായ പന്ത്രണ്ട്‌ ആദിത്യന്മാരായി കത്തിജ്ജ്വലിക്കുന്ന അഗ്നി പോലെ തേജോമയമായ അഗ്നി ചൊരിഞ്ഞ്‌ ആകാശത്തില്‍ ചുറ്റുന്നു. നാലു വിധത്തിലുള്ള ജീവികളും (ജരായുജം, അണ്ഡജം, സ്വേദജം, ഉല്‍ഭിജ്ജം എന്നിവയെല്ലാം) അടങ്ങിയ സകല ചരാചരങ്ങളും ഒറ്റ നിമി ഷം കൊണ്ടു വെന്തു കത്തി ദഹിച്ചു പോകുന്നു. അപ്പോള്‍ ഭൂമി ആമപ്പുറം പോലെ അര്‍ദ്ധഗോളമായിക്കാണാം. അതിബലനായ അവന്‍ ലോകം മുഴുവന്‍ ചുട്ടു വെണ്ണീറാക്കിയതിനു ശേഷം ഭൂമിയെ ജലത്താല്‍ മുക്കുന്നു. ജലം അലറിക്കുതിച്ചു ഭൂമിയില്‍ നിറഞ്ഞ്‌ ഭൂമി മുങ്ങുന്നു. പിന്നെ ആ കാലാഗ്നിയില്‍ ജലമൊക്കെ വറ്റിപ്പോകുന്നു. ജലം കാണാതാകുന്നു. അപ്പോള്‍ അഗ്നി മാത്രമായി പ്രപഞ്ചം ജ്വലിക്കും. അങ്ങനെ ജ്വലിക്കുന്ന ബലവാനായ അഗ്നിയെ, സര്‍വ്വഭൂതങ്ങളെയും ദഹിപ്പിക്കുന്ന സപ്താര്‍ച്ചിസ്സിനെ, അതിരറ്റ അഷ്ടാത്മകനും ബലവാനുമായ വായുഭഗവാന്‍ ഭക്ഷിക്കുന്നു. വായു മേലും കീഴും അടിച്ച്‌ ഈക്കില്‍ സഞ്ചരിക്കുന്നു. അങ്ങനെ ചീറി സര്‍വ്വത്ര അടിച്ചു കൊണ്ടിരിക്കുന്നവായുവിനെ ആകാശം ഗ്രസിക്കുന്നു. ഏറ്റവും ശക്തിയായി അപ്പോള്‍ മുഴക്കം മാത്രമുള്ള. ആകാശത്തെ മനസ്സ്‌ സുഖമായി ഗ്രസിക്കുന്നു. സര്‍വ്വഭൂതങ്ങള്‍ക്കും നാഥനായ അഹങ്കാരം, എല്ലാറ്റിനും ആത്മാവായ അവന്‍ മനസ്സിനെ തന്നിലേക്കു ഗ്രസിക്കുന്നു. മനസ്സിനെ വിഴുങ്ങുന്നു. അങ്ങനെ സര്‍വ്വത്തേയും വിഴുങ്ങിയ അഹങ്കാരത്തെ ഭൂതഭവ്യഭവനായ മഹത്ത്‌ (ആത്മാവ്‌) വിഴുങ്ങുന്നു. അതുല്യമായ മഹത്തിനെ, അഖില ബ്രഹ്മാണ്ഡത്തെ, എല്ലാറ്റിന്റെയും നാഥനായ, ശംഭു ഗ്രസിക്കുന്നു. അണിമാ, ലഘിമാ, പ്രാപ്തി, ഈശാനന്‍, ജ്യോതിസ്സ്‌, അവ്യയന്‍ എന്നീ നിലയില്‍ അറിയപ്പെടുന്ന ശംഭു, എല്ലാറ്റിനും ഉപരിയായി നില്ക്കുന്ന ദേവന്‍, എല്ലായിടത്തും കൈകാലുകള്‍ നീണ്ട ദേവന്‍, എല്ലായിടത്തും കണ്ണും തലയും ചെവിയും മുഖവുമുള്ള ദേവന്‍ മാത്രം എല്ലാം തന്നിലാക്കി ശേഷിക്കുന്നു. അവന്‍ സകല ജീവികളുടേയും ഹൃദയത്തില്‍ വസിക്കുന്നവനാണ്‌. അവന്റെ അളവോ ഒരു തള്ളവിരലോളം മാത്രം. ആ മഹേശ്വരന്‍, അനന്തനായ ആത്മാവ്‌, ഈ പ്രപഞ്ചത്തെ മുഴുവന്‍ തന്നിലേക്കൊതുക്കുന്നു. എല്ലാം വിഴുങ്ങിക്കളയുന്നു. പിന്നെ എന്ത്‌ അവശേഷിക്കുന്നു? യാതൊരു മാറ്റവും വരാത്തതായി, നാശമില്ലാത്തതായി എന്തുണ്ട്‌? ഒരു തരത്തിലും നാശം സംഭവിക്കാതെയുള്ളത്‌ എന്തോ, ഭൂതത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും സൃഷ്ടിക്കുന്നത്‌ ആരോ, ഒട്ടും ദോഷസ്പര്‍ശമില്ലാത്തവന്‍ ആരോ, അവനെയും തന്നിലാക്കി സര്‍വ്വഭൂതേശ്വരന്‍ വിളങ്ങുന്നു. അല്ലയോ രാജാവേ, ഞാന്‍ പ്രപഞ്ചത്തിന്റെ സംഹാരത്തെക്കുറിച്ചു നിന്നോടു പറഞ്ഞു. ഇനി അദ്ധ്യാത്മം, അധിഭൂതം, അധിദൈവം ഇവയെപ്പറ്റി പറയാം.

അദ്ധ്യായം 314. യാജ്ഞവല്ക്യജനകസംവാദം - അദ്ധ്യാത്മം, അധിഭൂതം, അധിദൈവതം എന്നിവയുടെ വിവരണം - യാജ്ഞവല്കൃയന്‍ പറഞ്ഞു: കാലുകള്‍ അദ്ധ്യാത്മമാണെന്നും, എത്തേണ്ടത്‌ അധിഭൂതമാണെന്നും, വിഷ്ണു അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ഗുദം അദ്ധ്യാത്മമാണെന്നും, തത്വാര്‍ത്ഥം കണ്ടിരിക്കുന്നവര്‍ പറയുന്നു; വിസര്‍ഗ്ഗം അധിഭൂതമാണെന്നും, മിത്രന്‍ അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ഉപസ്ഥം അദ്ധ്യാതമമാണെന്ന്‌ യോഗപ്രദര്‍ശികള്‍ പറയുന്നു; ആനന്ദം അധിഭൂതമാണെന്നും, പ്രജാപതി അതിന്റെ അധിദൈവതമാണെന്നും പറയുന്നു. കൈകള്‍ അദ്ധ്യാത്മമാണെന്ന്‌  സാംഖ്യദര്‍ശികള്‍ പറയുന്നു; ചെയ്യേണ്ടത്‌ അധിഭൂതമാണെന്നും, ഇന്ദ്രന്‍ അതിന്റെ അധിദൈവതമാണെന്നും പറയുന്നു. വാക്ക്‌ അദ്ധ്യാത്മമാണെന്ന്‌ യോഗദര്‍ശികള്‍ പറയുന്നു. ചൊല്ലേണ്ടത്‌ അധിഭൂതമാണെന്നും, അഗ്നി അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ചക്ഷുസ്‌ അദ്ധ്യാത്മണെന്ന്‌ ശ്രുതിദര്‍ശികള്‍ പറയുന്നു; രൂപം അധിഭൂതമാണെന്നും, സൂര്യന്‍ അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ചെവി അദ്ധ്യാത്മമാണെന്നും ശബ്ദം അധിഭൂതമാണെന്നും, ദിക്കുകളെല്ലാം അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ജിഹ്വ അദ്ധ്യാത്മമാണെന്ന്‌ ശ്രുതിദര്‍ശികള്‍ പറയുന്നു; രസം അധിഭൂതമാണെന്നും, ജലം അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ഘ്രാണം അദ്ധ്യാത്മമാണെന്ന്‌ ശ്രുതി ദര്‍ശികള്‍ പറയുന്നു; ഗന്ധം അധിഭൂതമാണെന്നും, ഭൂമി അതിന്റെ അധിദൈവതമാണെന്നും പറയുന്നു. ത്വക്ക്‌ അദ്ധ്യാത്മമാണെന്ന്‌ തത്വബുദ്ധി വിശാരദന്മാര്‍ പറയുന്നു; സ്പര്‍ശം അധിഭൂതമാണെന്നും, വയു അതിന്റെ അധിദൈവതമാണെന്നും പറയുന്നു. മനസ്സ്‌ അദ്ധ്യാത്മമാണെന്ന്‌ ശാസ്ത്ര വിശാരദന്മാര്‍ പറയുന്നു; ഓര്‍ക്കേണ്ടത്‌ അധിഭൂതമാണ്‌. ചന്ദ്രന്‍ അതിന്റെ അധിദൈവതവുമാകുന്നു. അഹങ്കാരികം അദ്ധ്യാത്മമാണെന്ന്‌ തത്വദര്‍ശികള്‍ പറയുന്നു. അഭിമാനം അധിഭൂതമാണെന്നും, ബുദ്ധി അതിന്റെ അധിദൈവതമാണെന്നും പറയുന്നു; ബുദ്ധി അദ്ധ്യാത്മമാണെന്ന്‌ ശരിയായി കാണുന്നവര്‍ പറയുന്നു; ബോധവ്യം അധിഭൂതമാണെന്നും, ക്ഷേത്രജ്ഞന്‍ അതിന്റെ അധിദൈവതമാണെന്നും പറയുന്നു.

അല്ലയോ രാജാവേ, വൃക്തമായി ഞാന്‍ ഭവാന് വിഭൂതിയെ കാണിച്ചു തന്ന; തത്വവിത്ത്‌ ആദിമദ്ധ്യാന്തങ്ങളില്‍ തത്വപ്രകാരം കാട്ടിത്തരുന്നു. പ്രകൃതിസ്വേച്ഛയാല്‍ ഗുണങ്ങളെ വികരിക്കുന്നു. നൂറും ആയിരവുമായി കാട്ടിത്തന്നത്‌ രാജാവേ, ക്രീഡയ്ക്കു വേണ്ടിയാണ്‌.

ഒരു തിരിയില്‍നിന്നു നൂറായിരം തിരികള്‍ മര്‍ത്ത്യര്‍ കുത്തിക്കുന്ന മാതിരി പ്രകൃതി, പുരുഷന്നു പല ഗുണങ്ങളും ഉണ്ടാക്കും. സത്വം, ആനന്ദം, ഉദ്രേകം, പ്രീതി, പ്രാകാശ്യം, സുഖം, വിശുദ്ധി, ആരോഗ്യം, സന്തോഷം, ശ്രദ്ധ, അകാര്‍പ്പണ്യം,  അസംരംഭം, ധൃതി, ക്ഷമ. അഹിംസ, സമത്വം, സത്യം, ആനൃണ്യം, മൃദുത്വം, ഹ്രീ, അചാപലം, ശൗചം, ആര്‍ജ്ജവം, ആചാരം, അചാഞ്ചല്യം, അസംഭ്രമം, ഇഷ്ടാനിഷ്ട വിയോഗങ്ങള്‍ ചെയ്താലും അതില്‍ വികാരമില്ലായ്മ, ആത്മസംഗ്രഹണം, ദാനാല്‍ നിസ്പൃഹത്വം, പരാര്‍ത്ഥത, എങ്ങും ജീവകാരുണ്യം ഇവയൊക്കെ സത്വത്തിന്റെ ഗുണങ്ങളാകുന്നു.

രജോഗുണങ്ങളെപ്പറ്റി പറയാം. രുപൈശ്വര്യങ്ങള്‍, വിഗ്രഹം, കനിയായ്ക, കൊടുക്കായ്ക, പരാപവാദത്തില്‍ രതി, വിവാദങ്ങളുടെ സേവ, അഹങ്കാരം, അസല്‍ക്കാരം, ചിന്ത, വൈരോപസേവനം, പരിതാപം, ഹരണം, നാണക്കേട്‌, നിരാര്‍ജ്ജവം, ഭേദം, പാരുഷ്യം, കാമം, ക്രോധം, മദം, ദര്‍പ്പം, ദ്വേഷം, അതിവാദം ഇവയൊക്കെയാണ്‌ രജോഗുണം.

ഇനി തമോഗുണങ്ങളുടെ കൂട്ടത്തെ പറയാം, അതും ഭവാന്‍ കേട്ടു ധരിക്കുക. മോഹം, അപ്രകാശം, താമിസ്രം, അന്ധതാമിസ്രം (മൃതിയാണ്‌ അന്ധതാമിസ്രം, താമിസ്രം ക്രോധമാണ്‌). ഇനിയും തമോലക്ഷണങ്ങളുണ്ട്‌. ഭക്ഷണാദിയില്‍ ആഗ്രഹം, ഭക്ഷണം മതിയാകാത്ത അവസ്ഥ, കുടിച്ചിട്ടും കുടിച്ചിട്ടും പിന്നേയും കുടിക്കാനുള്ള തീരാത്ത ആഗ്രഹം, ഗന്ധം, വസ്ത്രം, വിഹാരം, ശയ്യ, ആസനം എന്നിവയില്‍ ആഗ്രഹം, പകലുറക്കം, അധികസംസാരം, പ്രമാദം ഇവയില്‍ വലിയ താല്‍പര്യം, പാട്ട്‌, ആട്ടം, കൊട്ട്‌ ഇവയിലൊക്കെ ജ്ഞാനമില്ലെങ്കിലും ശ്രദ്ധ, ധര്‍മ്മകാര്യങ്ങളില്‍ ദ്വേഷം ഇവയൊക്കെ തമസ്സിന്റെ ഗുണങ്ങളാണ്‌.

അദ്ധ്യായം 315. യാജ്ഞവല്ക്യജനകസംവാദം - സത്വരജസ്സ് തമോ ഗുണക്കാരായ ജനങ്ങളുടെ ശക്തി - യാജ്ഞവല്കൃന്‍ പറഞ്ഞു: ഈ മൂന്നും (സത്വം, രജസ്സ്‌, തമസ്സ്‌) പ്രകൃതിയുടെ ഗുണങ്ങളാണ്‌ രാജാവേ! ലോകത്തിലെവിടെയും ഇതു നശിക്കാതെ നില്ക്കുന്നുണ്ട്‌ രാജാവേ! അവൃക്തരൂപനായ മഹാദേവന്‍ പ്രത്യഗാത്മാവിനെ നുറായിരമായും പതിനായിരമായും ലക്ഷമായും കോടിയായും ആക്കിത്തീര്‍ക്കുന്നു. അതില്‍ സ്വാത്വികന് ഉത്തമമായ സ്ഥാനവും, രാജസന് മദ്ധ്യമസ്ഥാനവും, താമസന് അധമസ്ഥാനവും ലഭിക്കുന്നതായി അദ്ധ്യാത്മ ചിന്തകന്മാര്‍ പറയുന്നു. കേവലമായ പുണ്യം കൊണ്ടു മാത്രം മേൽപോട്ടു ഗതി ലഭിക്കും. പുണ്യപാപങ്ങളുടെ മിശ്രഫലമായി ലഭിക്കുന്നതാണ്‌ മര്‍ത്തൃജന്മം. അധര്‍മ്മം കൊണ്ട്‌ അധോഗതി മാത്രമേ ലഭിക്കു ! ഈ മൂന്നിന്നും ദ്വന്ദമുണ്ട്‌. തത്വമായി സന്നിപാതവും (തമ്മില്‍ കലര്‍പ്പ്‌) ഉണ്ട്‌.

സത്വത്തിന്നും രജസ്സിന്നും തമസ്സിന്നും ഉള്ളതു പറയാം. കേള്‍ക്കുക. സത്വത്തിന്ന്‌ രജസ്സും രജസ്സിന്ന്‌ തമസ്സുമുണ്ട്‌.

സത്വം തമസ്സിന് അവ്യക്തമാണ്‌. തമസ്സ്‌ സത്വത്തിനും അപ്രകാരം അവ്യക്തം തന്നെ. സത്വഗുണത്തോടു ചേര്‍ന്ന അവ്യക്തന്‍ ദേവലോകത്ത്‌ എത്തും. രജസ്സും സത്വവും ചേര്‍ന്നവന്‍ മര്‍ത്ത്യലോകത്ത്‌ മര്‍ത്ത്യനായി ജന്മമെടുക്കും. രജസ്സും തമസ്സും ചേര്‍ന്നവന്‍ തിര്യക്കുകളായി ജനിക്കും. രജസ്സും തമസ്സും സത്വവും ചേര്‍ന്നവനായാലും മര്‍ത്ത്യനായി പിറക്കും. പുണ്യവും പാപവും വിട്ടവരായ യോഗ്യന്മാര്‍ക്ക്‌ അവ്യയവും ശാശ്വതവും അമൃതവും അക്ഷയവുമായ മോക്ഷപദമാണ്‌ ലഭിക്കുക. ആ പദം അതീന്ദ്രിയവും, അബീജവും ജന്മമൃത്യുക്കളില്ലാത്തതും, തമോഹരവും അവ്യക്തവുമാണ്‌. അങ്ങ്‌ ഇതാണല്ലോ രാജാവേ, ചോദിച്ചത്‌? പ്രകൃതിസ്ഥനായ അവന്‍ അവിടെത്തന്നെ സ്ഥിതി ചെയ്യുന്നു എന്നാണു പറയുന്നത്‌. പ്രകൃതി എന്നു പറയുന്നത്‌ ചൈതന്യമില്ലാത്ത, ബുദ്ധിയില്ലാത്ത ഒന്നാകുന്നു രാജാവേ! പ്രകൃതിയോടു കൂടി പുരുഷന്‍ ചേരുമ്പോള്‍ മാത്രമേ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുവാന്‍ പ്രകൃതിക്കു കഴിയൂ. ജനകന്‍ പറഞ്ഞു: അല്ലയോ മഹാമതേ, ഈ പറഞ്ഞ പ്രകൃതിയും പുരുഷനും അനാദൃന്തങ്ങളാണല്ലോ. അവയ്ക്കും ആദിയും അവസാനവും ഞാന്‍ കാണുന്നില്ല. അവയ്ക്ക്‌ ആകൃതി കാണുന്നില്ല. രണ്ടിനും നാശം കാണുന്നില്ല. രണ്ടും അഗ്രാഹ്യമാണ് താനും. ഇതില്‍ ഒന്ന്‌ അചേതനമാണെന്ന്‌ അങ്ങു പറഞ്ഞു. അത്‌ എന്തു കൊണ്ടാണ്‌? മറ്റേവന്‍ ചേതനയുള്ളവനും ബുദ്ധിയുള്ളവനുമാണെന്നും പറഞ്ഞു? അതും എങ്ങനെ? അവന്‍ ക്ഷേത്രജ്ഞനാണെന്ന്‌ എങ്ങനെ പറയുന്നു? അല്ലയോ വിപ്രേന്ദ്രാ! അങ്ങു പരിപൂര്‍ണ്ണമായി മോക്ഷധര്‍മ്മം ഗ്രഹിച്ചവനാണല്ലോ! തത്വമായി മോക്ഷധര്‍മ്മം മുഴുവന്‍ കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌. അസ്തിത്വം, പുരുഷന്റെ ഏകത്വം, പ്രകൃതിയില്‍ നിന്നുള്ള വേര്‍പാട്‌, രൂപം പ്രാപിക്കുന്ന ദൈവതങ്ങളുടെ സ്ഥിതിയേയും, മരിച്ചതിന്നു ശേഷം ഉയര്‍ന്നു പോകുന്ന ദേഹികളുടെ സ്ഥാനങ്ങളേയും, കാലത്തിന്നനുസരിച്ച്‌ എത്തുന്ന സ്ഥാനങ്ങളേയും അങ്ങു വ്യക്തമായി പറഞ്ഞുതരണേ! സാംഖൃജ്ഞാനം, പിന്നെ വേറെ യോഗത്തെപ്പറ്റിയുള്ള ജ്ഞാനം, അരിഷ്ടതത്വങ്ങള്‍ ഇവയും അല്ലയോ മുനിസത്തമാ, അങ്ങു പറഞ്ഞാലും. എല്ലാം അങ്ങ്‌ കൈയിലിരിക്കുന്ന നെല്ലിക്ക പോലെ കാണുന്നുണ്ടല്ലോ.

അദ്ധ്യായം 316. യാജ്ഞവല്കൃജനകസംവാദം - പ്രകൃതിയും പുരുഷനും - യാജ്ഞവല്കൃന്‍ പറഞ്ഞു: അല്ലയോ രാജാവേ, നിര്‍ഗ്ഗുണനെ ഗുണിയാക്കാനും, ഗുണിയെ നിര്‍ഗ്ഗുണനാക്കാനും സാധിക്കുകയില്ല. ഈ കാര്യം നീ ശരിയായി ധരിക്കുക. ഗുണങ്ങള്‍ ചേര്‍ന്നവനാണ്‌ ഗുണവാന്‍, ഗുണമൊന്നും ഇല്ലാത്തവനാണ്‌ നിര്‍ഗ്ഗുണന്‍ എന്നാണ്‌ തത്വജ്ഞന്മാരായ ഋഷികള്‍ പറയുന്നത്‌. ഗുണസ്വഭാവന്‍ അവ്യക്തനാണ്‌. അവന്‍ ഗുണങ്ങളെ തെറ്റി നില്ക്കുകയില്ല. അവയെ ഉപയോഗിക്കുന്നവന്‍ സ്വഭാവാല്‍ അതില്‍ അജ്ഞനാണ്‌. ഗുണങ്ങളെ സ്വീകരിക്കുമ്പോള്‍, സ്ഫടികത്തില്‍ ചുവന്ന പുഷ്പത്തിന്റെ പ്രതിഫലനമുണ്ടാക്കുമ്പോള്‍, സ്ഫടികം ചുവക്കുന്നതു പോലെ പുരുഷന്‍ ഗുണങ്ങളോടു കൂടിയവനാകുന്നു. എന്നാല്‍ പ്രതിഫലനം നീങ്ങുമ്പോള്‍ സ്ഫടികം തനിരൂപം കാണിക്കുന്നു. അപ്പോള്‍ അതു ഗുണങ്ങള്‍ക്ക്‌ അതീതനായി നില്ക്കുന്നു. അവ്യക്തമായ പ്രകൃതിക്ക്‌ ഒന്നും അറിഞ്ഞു കൂടാ. എന്നാല്‍ പുരുഷന്‍ പ്രകൃത്യാതന്നെ അറിവുള്ളവനാണ്‌. സ്വഭാവാല്‍ പുരുഷന്‍ തന്നേക്കാള്‍ മീതെ മറ്റൊന്നുമില്ല എന്ന്‌ എപ്പോഴും അഭിമാനിക്കും. തന്മൂലം പുരുഷന്‍ ബോധവാനാണ്‌. ആ കാരണംകൊണ്ട്‌ ഇത്‌ അവ്യക്തമായ അചേതനമാകുന്നു. പ്രകൃതി സ്വഭാവേന ചൈതന്യ രഹി തവും ബുദ്ധിഹീനവുമാണെങ്കിലും ശാശ്വതനായ പുരുഷനുമായി ചേരുമ്പോള്‍ അവള്‍ ചൈതന്യത്തോടും ബുദ്ധിയോടും കൂടിയവളായി തീരുന്നു. പുരുഷന്‍ അറിയാതെ തന്നെ ഗുണങ്ങളോടു ചേര്‍ന്നവനാകുന്നു. തന്മൂലം സ്വന്തമായ ഭാവമെന്തെന്നു പുരുഷന്‍ അറിയാതിരിക്കുന്നു. അറിയാതിരിക്കുന്നിടത്തോളം കാലം പുരുഷന്‍ മോക്ഷത്തെ പ്രാപിക്കുന്നില്ല. അജ്ഞാനം മൂലം ഗുണസര്‍ഗ്ഗത്തെ വീണ്ടും ചെയ്യുന്നതായാലും, ആത്മാവിനെ അറിയുന്നില്ലെങ്കിലും, ആത്മാവ്‌ വേര്‍പെട്ടു നില്‍ക്കുന്നില്ല. തത്വങ്ങളുടെ കര്‍ത്തൃത്വം മൂലം തത്വധര്‍മ്മാവായിവരുന്നു. സര്‍ഗ്ഗങ്ങളുടെ കര്‍ത്തൃത്വം മൂലം സര്‍ഗ്ഗധര്‍മ്മാവായും വരുന്നു. യോഗങ്ങളുടെ കര്‍ത്തൃത്വം മൂലം യോഗധര്‍മ്മാവുമാകുന്നു. പിന്നെ പ്രകൃതി കര്‍ത്തൃത്വം മൂലം പ്രകൃതി ധര്‍മ്മിയുമാകുന്നു. ബീജങ്ങളുടെ കര്‍ത്തൃത്വം മൂലം ബീജധര്‍മ്മാവുമാകുന്നു. ഗുണങ്ങള്‍ ഉണ്ടാക്കുകയാലും, ലയിപ്പിക്കുകയാലും, ത്യാജ്യത്വത്താലും, അനനൃത്വത്താലും, അഭിമാനത്താലും, ഗതജ്വരന്മാരായ, അദ്ധ്യാത്മജ്ഞരായ, സിദ്ധയതികള്‍ അതിനെ അറിയുന്നു. അനിത്യം, നിത്യം, അവ്യക്തം, വ്യക്തം, എന്നൊക്കെ ആത്മാവിനെ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. അവൃക്തം ഏകത്വം, നാനാത്വം, പുരുഷാല്‍പ്പരം എന്നൊക്കെ അതിനെപ്പറ്റി പറയുന്നു. സര്‍വ്വ ഭൂതദയാവാന്മാരും, കേവലം ജ്ഞാനമുള്ളവരും, അന്യന്‍, പുരുഷന്‍, അവ്യക്തന്‍, അധ്രുവന്‍, ധ്രുവന്‍ എന്നുമൊക്കെ പറയുന്നു.

ഇഷീകകള്‍ക്കിടയില്‍ മുഞ്ജപോലെ അതിനെ അറിയാന്‍ കഴിയുന്നു. പ്രാണിയും കരശും വേറെയാണെന്ന്‌ അറിയുന്ന മാതിരി അതിനെപ്പറ്റിയുള്ള ബോധമുണ്ടാകുന്നു. മത്സ്യവും വെള്ളവും വേറെയാണല്ലോ? വെള്ളത്തില്‍ ഇട ചേര്‍ന്നാലും മത്സ്യം വെള്ളത്തില്‍ ചേരുന്നില്ല. കലം തീയില്‍ വച്ചാലും കലവും തീയും ഒന്നാകുന്നില്ല. കലം വേറെ, തീയ്‌ വേറെ, താമരയിലയില്‍ ജലം നിന്നാലും താമരയില വെള്ളമല്ല. താമരയില വേറെ, വെള്ളം വേറെ. വെള്ളം തട്ടുന്നതായാലും വെള്ളത്തില്‍ താമരയില പറ്റുന്നില്ല. ഈ പറഞ്ഞവയ്ക്ക്‌ സഹവാസവും നിവാസവും എപ്പോഴും ഉണ്ട്‌. ഈ കാര്യം ശരിയായ മട്ടില്‍ പ്രാകൃതരായ മനുഷ്യര്‍ കണ്ടറിയുന്നില്ല. പ്രകൃതിയേയും പുരുഷനേയും മറ്റുവിധത്തില്‍ കാണുന്നവര്‍ക്ക്‌ നന്നായി കാര്യത്തില്‍ നോട്ടം ഇല്ലെന്നു തന്നെ പറയാം. അങ്ങനെയുള്ളവര്‍ നിശ്ചയമായും ഘോരമായ നരകത്തിനു പാത്രമാകും. ഇങ്ങനെയാണ്‌  സാംഖ്യദര്‍ശനം. പരിസംഖ്യാനം ഉത്തമമാകുന്നു. ഇങ്ങനെ കാര്യബോധവാന്മാരായി പ്രകൃതി പുരുഷന്മാരെ ഗ്രഹിച്ച്‌ സാംഖ്യര്‍ കൈവല്യം നേടി. ഇനി വേറെ തത്വദര്‍ശികളുണ്ട്‌. അവരാണ്‌ യോഗികള്‍. അതിനെപ്പറ്റിയും പറയാം.

അദ്ധ്യായം 317. യാജ്ഞവല്ക്യ ജനക സംവാദം -യോഗപരിശീലനംകൊണ്ട്‌ പരബ്രഹ്മപ്രാപ്തി -യാജ്ഞവല്ക്യന്‍ പറഞ്ഞു: നൃപസത്തമാ! സാംഖ്യജ്ഞാനത്തെക്കുറിച്ച്‌ ഞാന്‍ പറഞ്ഞുകഴിഞ്ഞു: ഇനി യോഗജ്ഞാനമെന്തെന്നും പറയാം. കേട്ടവിധത്തില്‍, കണ്ടമാതിരി തത്വമായി ഞാന്‍ പറയാം. അതും നീ ധരിക്കുക. സാംഖൃത്തിന് തുല്യമായ ജ്ഞാനമില്ല. യോഗത്തിനു തുല്യമായ ബലവുമില്ല. ഇവ രണ്ടും ചേര്‍ന്നാണ്‌ നില്ക്കുന്നത്‌. രണ്ടും നശിക്കാത്തവയാണ്‌. ബുദ്ധിയില്ലാത്ത കൂട്ടരാണ്‌ ഇവയെ വേറെവേറെയായികാണുന്നത്‌. രാജാവേ, നാം ഇവ രണ്ടിനേയും ഒന്നായിത്തന്നെയാണ്‌ കാണുന്നത്‌. വേറെയല്ലെന്ന്‌ നിശ്ചയമായും ഞാന്‍ പറയുന്നു. യോഗവാന്മാര്‍ എന്തു കാണുന്നുവോ അതു തന്നെയാണ്‌ സാംഖ്യരും കാണുന്നത്‌. യോഗവും സാംഖ്യവും ഒന്നാണെന്ന്‌ ആരു കാണുന്നുവോ, അവര്‍ തത്വവിത്തമരാണെന്നു ധരിക്കുക.

അല്ലയോ അരിന്ദമാ, രുദ്രവ്രതധനരായ യോഗികള്‍ ഉണ്ട്‌. യോഗാഭ്യാസത്തിന് ശ്വാസവും ഇന്ദ്രിയങ്ങളും ക്രമപ്രകാരം അഭ്യസിക്കുകയാണ്‌ പ്രധാനമായിട്ടുളളത്‌. ഈ ഇന്ദ്രിയവായുക്കളെ ക്രമപ്രകാരം നിയന്ത്രിച്ച്‌, യോഗികള്‍ അവരുടെ ഇഷ്ടം പോലെ, ആ ദേഹം കൊണ്ട്‌ പത്തു ദിക്കിലും സഞ്ചരിക്കുന്നു. അവര്‍ക്കു ഇഷ്ടമുള്ളേടത്തെത്തുവാന്‍ കഴിയുന്നു. ദേഹം നശിച്ചുകഴിഞ്ഞാല്‍ യോഗികള്‍ സൂക്ഷ്മശരീരം പ്രാപിക്കുന്നു. അത്‌ അഷ്ടഐശ്വര്യങ്ങള്‍ ചേര്‍ന്നതാണ്‌. അണിത, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം ഇവയാണ്‌ അഷ്ടൈശ്വര്യങ്ങള്‍. ഇവയോടു കൂടിയ സൂക്ഷ്മ ശരീരത്തെ പ്രാപിച്ച്‌ പ്രപഞ്ചത്തിലെങ്ങും പ്രളയകാലത്തോളം സഞ്ചരിക്കുന്നു. അങ്ങനെ അവര്‍ എല്ലാവിധ ആനന്ദവും അനുഭവിക്കുന്നു.

ജ്ഞാനികളും ശാസ്ത്രങ്ങളും. പറയുന്നു, എട്ട്‌ അംഗങ്ങളോട് കൂടിയതാണ്‌ യോഗം എന്ന്‌. അത്‌ യമം, നിയമം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, തര്‍ക്കം, സമാധി എന്നിവയാണ്‌. മറ്റു വിധത്തില്‍ യോഗമില്ല. യോഗാഭ്യസനം ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളതാണ്‌. അത്‌ രണ്ടു ഗുണത്തോടു കൂടിയതായിട്ടുണ്ട്‌. സഗുണമെന്നും നിര്‍ഗ്ഗുണമെന്നുമാണ്‌ അവ. ഒന്നു മനസ്സില്‍ ധാരണയും പ്രാണായാമവുമാണ്‌. മറ്റേത്‌ മനസ്സില്‍ ഏകാഗ്രതയും പ്രാണായാമവുമാണ്‌. പ്രാണായാമം സഗുണമാണ്‌. ചിത്തധാരണം നിര്‍ഗ്ഗുണമാണ്‌. നോക്കാതെ അധികമായി . പ്രാണനെ വിട്ടാല്‍, രാജാവേ, വാതാധിക്യം വന്നുകൂടും. അതുകൊണ്ട്‌ അതു ചെയ്യരുത്‌.

രാവിന്റെ ഒന്നാം യാമത്തില്‍ പന്ത്രണ്ടു ചോദനകളുണ്ട്‌. പന്ത്രണ്ടു തരത്തില്‍ ശ്വാസത്തെ പിടിക്കാം എന്നു പറയുന്നു. പിന്നെ നിദ്രകഴിഞ്ഞ്‌ രാവിന്റെ ഒടുവിലത്തെ യാമത്തിലും വേറെ പന്ത്രണ്ടു തരം ചോദനകളുണ്ട്‌. അതും ശാസ്ത്രത്തില്‍, വിവരിക്കുന്നുണ്ട്‌. അത്‌ ഉപശാന്തനായി, ദാന്തനായി, ഏകാന്തശീലവാനായി, ആത്മാരാമനായി, ബുദ്ധനായി ആത്മയോഗം സംശയം കൂടാതെ ചെയ്യണം. അഞ്ച്‌ ഇന്ദ്രിയങ്ങള്‍ക്കും അഞ്ച്‌ മാര്‍ഗ്ഗത്തിലൂടെ ദോഷങ്ങള്‍ നീക്കിക്കളഞ്ഞ്‌ ശബ്ദം, രൂപം, സ്പര്‍ശം,രസം, ഗന്ധം, അപവര്‍ഗ്ഗം, പ്രതിഭ ഇവ സംഹരിച്ച്‌ ഇന്ദ്രിയഗ്രാമമെല്ലാം മനസ്സിലടക്കി, മനസ്സിനെ അഹങ്കാരത്തില്‍ നിര്‍ത്തി, അഹങ്കാരത്തെ ബുദ്ധിയിലും നിര്‍ത്തി, ബുദ്ധിയെ പ്രകൃതിയിലും നിര്‍ത്തി ഇപ്രകാരം കണക്കാക്കി പിന്നെ ധ്യാനിക്കുക. രജോമലം തീര്‍ന്ന്‌ അനന്തനും വിശുദ്ധനും നിത്യനും അവ്രണനുമായി നില്ക്കുന്ന പുരുഷനെ എപ്പോഴും അഭേദൃനായി, അജരാമരനായി, അവ്യയനായി, ശാശ്വതനായിരിക്കുന്ന ബ്രഹ്മത്തെ ധ്യാനിക്കുക.

രാജാവേ, യോഗത്തില്‍ മുഴുകിയിരിക്കുന്ന യോഗിയുടെ ലക്ഷണം ഞാന്‍ പറയാം; അതു നീ ധരിക്കുക. സമാധിയില്‍ യോഗി സുഖമായി, സംതൃപ്തനായി, നിദ്ര ചെയ്യുന്നവന്റെ മട്ടില്‍ കാണാം. അവന്റെ മുഖം എണ്ണയൊഴിച്ചു തെളിഞ്ഞ്‌ കാറ്റില്ലാത്തിടത്തു കത്തുന്ന വിളക്കു പോലെ ശോഭിക്കും. (നിവാതനിഷ്കമ്പഃ ഇവ പ്രദിപഃ) ദീപശിഖ നിശ്ചലമായി നില്ക്കുന്നതു പോലെ യോഗിയെ തേജോരുപനായി നിഷ്കമ്പനായി കാണാം എന്ന്‌ മനീഷികള്‍ പറയുന്നു. കാറ്റടിച്ച്‌ മഴ ശക്തിയായി പാറപ്പുറത്തു ചൊരിഞ്ഞാലും, ആ പാറയെ ചലിപ്പിക്കുവാന്‍ കഴിയുകയില്ലല്ലോ. ആ നിലയിലാണ്‌ യോഗത്തില്‍ ലയിച്ച യോഗിയുടെ നില.

ശംഖദുന്ദുഭി നാദങ്ങളോ, പലമട്ടിലുള്ള കൊട്ടുകളോ, പാട്ടുകളോ എത്രതന്നെ ചുറ്റും നിന്നു തകര്‍ത്താലും യോഗിയുടെ മനസ്സിന്ന്‌ യാതൊരു ചലനവും ഉണ്ടാകാതെ, കുലുങ്ങാതെ, ഉറച്ച്‌ സ്ഥിതിചെയ്യും. ഇതാണ്‌ യോഗിയുടെ ലക്ഷണം. എണ്ണ ഒഴിച്ച്‌ നിറഞ്ഞ പാത്രം എടുത്തു കോണിപ്പടിയിലെത്തുമ്പോള്‍ വാള്‍ പിടിച്ചു നില്ക്കുന്നവര്‍ വെട്ടുവാന്‍ വാള്‍ വീശി ഭയപ്പെടുത്തിയാലും അവരെ ഭയപ്പെട്ട്‌ കോണി കയറുമ്പോള്‍ ഒരു തുള്ളി എണ്ണയും തുളുമ്പി കുലുങ്ങിപ്പോകാതിരിക്കത്തവണ്ണം സൂക്ഷിച്ച്‌ ഓരോ അടിയും കോണിപ്പടിയില്‍ വെച്ച്‌ പതറാതെ മേലോട്ടു കയറിക്കയറിപ്പോകുന്ന ഏകാഗ്രചിത്തനെപ്പോലെ ഇന്ദ്രിയങ്ങളുടെ ദൃഢതയും നിശ്ചലത്വവും കൊണ്ട്‌ ഏകാഗ്രനായി മുനിയെക്കാണാം. അതാണ്‌ യോഗയുക്തനായ മുനിയുടെ ലക്ഷണം. ആത്മാവില്‍ ലയിച്ച യോഗി പരമവും ഏറ്റവും അവൃയവുമായ ബ്രഹ്മത്തെ മഹാ തമസ്സിന്റെ നടുവില്‍ അഗ്നി എന്ന പോലെ നില്ക്കുന്നതായി കാണും. ഉടല്‍ വിടുന്ന യോഗി ഈ ബ്രഹ്മദര്‍ശനം മൂലം വളരെക്കാലത്തിനു ശേഷം മോക്ഷത്തെ പ്രാപിക്കും. ശ്രുതിയില്‍ ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു. ഇതാണ്‌ യോഗികള്‍ അഭ്യസിക്കുന്ന യോഗം. വേറെ വല്ലതുമുണ്ടോ യോഗലക്ഷണം? അതറിഞ്ഞ്‌ അതിനെപ്പറ്റി ചിന്തിച്ച്‌ കൃതകൃത്യരായി മനീഷികള്‍ വസിക്കുന്നു.

അദ്ധ്യായം 318. യാജ്ഞവല്കൃജനകസംവാദം - പ്രാണന്റെ ഉല്‍ക്രമണം, ഫലം, മൃത്യുലക്ഷണം, മൃത്യുവിനെ വെല്ലുന്നതിനുള്ള ഉപായം - യാജ്ഞവല്കൃയന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഞാന്‍ പറയുന്നതിനെ മനസ്സിരുത്തി കേള്‍ക്കുക! മരണാനന്തരം യോഗികള്‍ ചെന്നെത്തുന്ന ലോകമേതാണെന്നു ഞാന്‍ പറയാം. പാദങ്ങളിലൂടെയാണ്‌ ജീവന്‍ വിടുന്നതെങ്കില്‍ അവന്‍ വിഷ്ണുവിന്റെ ലോകത്തിലാണ്‌ ചെന്നു ചേരുക. ജംഘയിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ ആ യോഗി വസുക്കളുടെയും ദേവന്മാരുടെയും ലോകത്തില്‍ ചെന്നെത്തുമെന്നു പറഞ്ഞു കേള്‍ക്കുന്നു. മുട്ടു കൊണ്ടാണ്‌ ഉല്‍ക്രമമെങ്കില്‍ അവന്‍ മഹാഭാഗരായ സാദ്ധ്യന്മാരുടെ ലോകത്തിലെത്തുകയും ദേവന്മാരും സാദ്ധ്യന്മാരുമായി സസ്നേഹം കൂടിക്കലരുകയും ചെയ്യും. ഗുദത്തിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ അവന്‍ മിത്രന്മാരുടെ സ്ഥാനങ്ങളില്‍ ചെന്നെത്തും. ജഘനത്തിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ അവന്‍ ഭൂമിയില്‍ത്തന്നെ വന്നെത്തും. തുടയിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ പ്രജാപതിയുടെ ലോകത്തില്‍ ചെന്നു ചേരും. പാര്‍ശ്വത്തിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ ആ യോഗി മരുത്തുക്കളായ ദേവന്മാരില്‍ ചെന്നെത്തും. നാഭിയിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ ചന്ദ്രലോകത്തു ചെന്നെത്തും. ബാഹുക്കളിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ അവന്‍ ഇന്ദ്രലോകത്തു ചെന്നെത്തും. മാറിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ രുദ്രന്റെ ലോകത്തു ചെന്നെത്തും. കഴുത്തിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ മുഖ്യമുനിശ്രേഷ്ഠനായ നരനെ പ്രാപിക്കും. മുഖത്തിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ വിശ്വേദേവകളില്‍ ചെന്നെത്തും. ശ്രോത്രത്തിലൂടെയാണ്‌ യോഗി ഉല്‍ക്രമിക്കുന്നതെങ്കില്‍ എല്ലാ ദിക്കുകളിലുമുള്ള ദേവന്മാരില്‍ (അഷ്ടദിക്‌ പാലന്മാരില്‍) ചെന്നെത്തും. മൂക്കിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ ഗന്ധവാഹനില്‍ ചെടുന്നത്തും. കണ്ണിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ അഗ്നിദേവന്റെ ലോകത്തില്‍ ചെന്നെത്തും. പുരികങ്ങളിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ അശ്വിനീദേവന്മാരുടെ ലോകത്തു ചെന്നെത്തും. നെറ്റിയിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ ആ യോഗി പിതൃക്കളുടെ ലോകത്തു ചെന്നെത്തും. മൂര്‍ദ്ധാവിലൂടെയാണ്‌ ഉല്‍ക്രമിക്കുന്നതെങ്കില്‍ ആ യോഗി ദേവമുഖ്യവിഭുവായ ബ്രഹ്മാവിന്റെ ലോകത്തു ചെന്നുചേരും. അല്ലയോ മിഥിലേശ്വരാ, ജീവന്‍ ഉല്‍ക്രമിക്കുന്ന സ്ഥാനങ്ങളും ഓരോ സ്ഥാനങ്ങളനുസരിച്ച്‌ ദേഹം വെടിയുന്ന ജീവന് പിന്നെ ലഭിക്കുന്ന ലോകങ്ങളും ഞാന്‍ യഥാക്രമം പറഞ്ഞു തന്നു.

ഇനി മനീഷികളായ ഋഷിമാര്‍ വിധിച്ചിട്ടുള്ള അരിഷ്ടങ്ങള്‍ (മരണലക്ഷണങ്ങള്‍) ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. താന്‍ മുമ്പേ കാണാറുള്ള അരുന്ധതീ നക്ഷത്രത്തെയും, അതുപോലെ ധ്രുവനക്ഷത്രത്തേയും കാണുവാന്‍ ഒരുത്തനു കഴിയുന്നില്ലെങ്കില്‍ അവന്‍ ഒരു കൊല്ലത്തിനുള്ളില്‍ മരിക്കും. പൂര്‍ണ്ണചന്ദ്രനും ജ്വലിക്കുന്ന ദീപവും തെക്കുഭാഗത്തായി മുറിഞ്ഞു പിളര്‍ന്ന്‌ ഇരട്ടിച്ചമട്ടില്‍ കാണുന്നവന്‍ ആരോ, അവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കും. തന്റെ ഛായയെ മറ്റൊരുത്തന്റെ ദൃഷ്ടിയില്‍ കാണുവാന്‍ സാധിക്കാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഒരു വര്‍ഷത്തിലധികം ജീവിച്ചിരിക്കയില്ല. അത്യധികമായ തേജസ്സ്‌ ഒരുത്തനില്‍ കാണുക, അത്യധികമായ ബുദ്ധി ഒരുത്തനില്‍ കാണുക, അതുപോലെ പ്രജ്ഞാനാശം കാണുക, തേജസ്സു നശിച്ചു കാണുക, പ്രകൃതിക്കു വികൃതി കാണുക ഇവ ഏവ നില്‍ക്കാണുന്നുവോ, അവന്‍ തീര്‍ച്ചയായും ആറു മാസത്തിനുള്ളില്‍ മരിക്കും. ദൈവതങ്ങളെ പുച്ഛിച്ചു സംസാരിക്കുക, ശുദ്ധബ്രാഹ്മണന്മാരോട്‌ ഇടഞ്ഞ്‌ അധിക്ഷേപിച്ച്‌ ശകാരിക്കുക, കറുത്ത ശരീരം വിളര്‍ത്തുപോകുക ഇങ്ങനെയുള്ളവന്‍ ആറു മാസത്തിലേറെ ജീവിച്ചിരിക്കയില്ല. മാറാലവല പോലെ ചന്ദ്രബിംബവും സൂര്യബിംബവും ദ്വാരങ്ങള്‍ ചേര്‍ന്ന മട്ടില്‍ ആരുടെ കണ്ണിന് തോന്നുന്നുവോ, അവന്‍ ഏഴു ദിവസത്തിനുള്ളില്‍ മരിച്ചു പോകും. ദേവാലയങ്ങളില്‍ നിന്നു ലഭിക്കുന്ന പുണ്യഗന്ധമുള്ള പുഷ്പങ്ങള്‍ ശവഗന്ധമായി ആര്‍ക്കു തോന്നുന്നുവോ, അവന്‍ ഏഴു ദിവസത്തിനുള്ളില്‍ മരിക്കുന്നതാണ്‌. ചെവി താഴുക, കണ്ണുതാഴുക, ദേഹത്തിലെ ചൂട്‌ വളരെ താണു പോവുക, പല്ലിന്റെ നിറം മാറുക, ബോധം വിടുക ഇവയൊക്കെ ഉടനെ മരിക്കുന്നവന്റെ ലക്ഷണങ്ങളാണ്‌. പെട്ടെന്ന്‌ ഇടക്കണ്ണില്‍ നിന്നു കണ്ണുനീരു ചാടുക, തലയില്‍ നിന്ന്‌ ആവിയോ പുകയോ പുറപ്പെടുക ഇവയും ഉടനെ ചാകുന്നവന്റെ ലക്ഷണമാണ്‌. ഈ വക ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നരന്‍ പരമാത്മാവില്‍ ആത്മാവിനെ രാവും പകലും ചേര്‍ക്കുക. എപ്പോഴും ഈശ്വരനെ ധ്യാനിക്കുക.

തനിക്ക്‌ പ്രേത ഭാവം ഏല്ക്കുവാന്‍ പോവുകയാണ്‌ എന്നറിയുന്നവന്‍, മരിക്കേണ്ടെന്നു വിചാരിക്കുന്നവന്‍, ലോകത്തില്‍ കുറേക്കാലം കൂടി ജീവിക്കണമെന്നാശിക്കുന്നവന്‍, എല്ലാവിധം സുഖഭോഗങ്ങളേയും ഉപേക്ഷിക്കണം. എല്ലാ സുരഭില വസ്തുക്കളെയും രുചിയുള്ള ഭക്ഷണത്തെയും ഉപേക്ഷിച്ച്‌ ഈശ്വര ഭജനത്തോടെ ജീവിക്കുക. എന്നാല്‍ മൃത്യുവിനെ വിജയിക്കാം. സാംഖ്യധാരണയോടു കൂടിയ ആത്മജ്ഞാനിക്കും യോഗത്തില്‍ താല്‍പര്യമുള്ളവനും ഈ   ക്രമം ശീലിച്ചാല്‍ മൃത്യുവിനെ ജയിക്കാം. .

അക്ഷയമായും, ജന്മമറ്റതും, ശിവവും, അകൃതാത്മാക്കള്‍ക്ക്‌ എത്തുവാന്‍ കഴിയാത്തതും അചലവും ശാശ്വതവുമായ പദത്തെ പിന്നെ പ്രാപിക്കുവാന്‍ കഴിയുന്നതാണ്‌.

അദ്ധ്യായം 319. യാജ്ഞവല്കൃജനകസംവാദം -സൂര്യനില്‍ നിന്നു തനിക്ക്‌ യജുര്‍വ്വേദം ലഭിച്ച കഥ ഋഷി പറയുന്നു - യാജ്ഞവല്ക്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, അവ്യക്തസ്ഥമായ പരമാത്മാവിനെക്കുറിച്ച്‌ ഭഗവാന്‍ ചോദിച്ചുവല്ലോ. ഈ പ്രശ്‌നം ഏറ്റവും ഗോപ്യമായിട്ടുള്ളതാണ്‌. ഞാന്‍ അതു പറഞ്ഞുതരാം. നീ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം രാജാവേ!

ഞാന്‍ ഋഷികളുടെ വിധിയനുസരിച്ച്‌ ഏറ്റവും വിനീതനായി സൂര്യനില്‍ നിന്ന്‌ യജുസ്സു സമ്പാദിച്ചത്‌ എങ്ങനെയാണെന്നാണ്‌ മിഥിലാധിപാ! ഇപ്പോള്‍ ഞാന്‍ പറയുന്നത്‌.

ഞാന്‍ വലിയ തപസ്സില്‍ ഏര്‍പ്പെട്ടു ലോകം മുഴുവന്‍ തന്റെ രശ്മിസമൂഹങ്ങളാല്‍ തപിപ്പിക്കുന്ന സുരൃനെ ഞാന്‍ ഭജിച്ചു. തപസ്സില്‍ മുഴുകി നില്ക്കുന്ന എന്റെ മുമ്പില്‍ പ്രീതനായ ഭഗവാന്‍ സൂര്യന്‍ പ്രത്യക്ഷനായി. അല്ലയോ അനഘാ, ആ ദേവന്‍ എന്നോട്‌ പറഞ്ഞു: അല്ലയോ വിപ്രര്‍ഷേ എന്നില്‍ നിന്നു ഭവാന്‍ വരം വരിക്കുക. ദുര്‍ല്ലഭമായ വരം നിന്റെ ഇഷ്ടപ്രകാരം ഞാന്‍ നല്‍കാം. ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. എന്റെ പ്രസാദം വളരെ വളരെ ദുര്‍ ല്ലഭമായിട്ടുളളതാണ്‌.

സൂരൃദേവന്‍ ഇപ്രകാരം എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ ആ ദേവന്റെ മുമ്പില്‍ നമസ്കരിച്ച്‌ ആ ദേവനോടു പറഞ്ഞു: മുമ്പ്‌ ആരും ഉപയോഗിക്കാത്ത യജുസ്സ്‌, (യജുര്‍ വേദം) എനിക്കറിയണമെന്ന്‌ ഒരാഗ്രഹമുണ്ട്‌. ദേവാ, എന്നെ അനുഗ്രഹിക്കണേ! അതാണ്‌ എനിക്കു വേണ്ട വരം. എന്റെ അഭ്യര്‍ത്ഥനകേട്ട്‌ ഭഗവാന്‍ സൂര്യന്‍ പറഞ്ഞു: അല്ലയോ ദ്വിജാ, നീ ആവശ്യപ്പെട്ട വരം ഇതാ ഞാന്‍ നല്കുന്നു. വാക്കാകുന്ന സരസ്വതി ഉടനെ നിന്റെ ദേഹത്തില്‍ പ്രവേശി ക്കും. എന്നു പറഞ്ഞ്‌ ഭഗവാന്‍ എന്നോട്‌ വായ്‌ തുറക്കുവാന്‍ കല്‍പിച്ചു. ഭഗവാന്റെ കല്പനയനുസരിച്ച്‌ ഞാന്‍ ഉടനെ വായ്‌ തുറന്നു. സരസ്വതി ക്ഷണത്തില്‍ എന്റെ വായില്‍ കടന്നു. ഉടനെ ഞാന്‍ വല്ലാതെ വേവുന്ന മട്ടിലായി; ദേഹം മുഴുവന്‍ തീപ്പിടിച്ചതു പോലെയായി. ഞാന്‍ ഒന്നും ചിന്തിക്കാതെ പെട്ടെന്ന്‌ വെള്ളത്തില്‍ ചാടി. സന്മതേ, ഞാന്‍ ആ വിഡ്ഡിത്തം മഹാത്മാവായ സൂര്യഭഗവാനെ അറിയാതെ, സഹിക്ക വയ്യാഞ്ഞിട്ട്‌ ചെയ്തു പോയതാണ്‌. ദേവിയുടെ ആവേശം മൂലം ദേഹമൊക്കെ ചുട്ടുകത്തുന്ന ഏന്നോട്‌ ഭഗവാന്‍ രവി പറഞ്ഞു: എടോ ബ്രാഹ്മണാ, ഒരു മുഹൂർത്തം നീ സഹിക്കുക! ഈ ചൂട്‌ കുറച്ചു സമയമേ നില്‍ക്കൂ പിന്നെ തണുക്കും.

ദേവന്‍ പറഞ്ഞതു പോലെ അല്പ സമയം കഴിഞ്ഞപ്പോള്‍ എന്റെ ദേഹം തണുത്തു. അപ്പോള്‍ ഭഗവാന്‍ ഭാസ്‌കരന്‍ പറഞ്ഞു: അല്ലയോ വിപ്രാ, നിന്നില്‍ വേദമെല്ലാം ഉറയ്ക്കും. എല്ലാ ശാഖോപശാഖകളോടും കൂടി നിന്നില്‍ ഉ യ്ക്കും. എല്ലാ ഉപനിഷത്തുകളോടും കൂടി ഉറയ്ക്കും. നിന്റെ ആന്തരിക ദൃഷ്ടി തെളിയും. പിന്നെ ഭവാന്‍ പരിപൂര്‍ണ്ണമായി ശതപഥം നിര്‍മ്മിക്കും. അതിന്റെ അവസാനത്തില്‍ നിനക്ക്‌ മോക്ഷജ്ഞാനം ലഭിക്കുകയും ചെയ്യും. ദ്വിജോത്തമാ! സാംഖ്യയോഗങ്ങളില്‍ പറഞ്ഞിട്ടുള്ള നേട്ടമേതോ, അതും ഭവാന്‍ നേടുന്നതാണ്‌. അങ്ങയ്ക്ക്‌ എന്താണോ ഇഷ്ടം, അതൊക്കെ നേടും. ശ്രേഷ്ഠമായ പദത്തെ പ്രാപിക്കുകയും ചെയ്യും.

ഇപ്രകാരം എന്നെ അനുഗ്രഹിച്ച്‌ ഭഗവാന്‍ ഭാസ്കരന്‍ മറഞ്ഞു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേട്ട ശേഷം, സൂര്യദേവന്‍ മറഞ്ഞതിന് ശേഷം, ഞാന്‍ സസന്തോഷം ഗൃഹത്തില്‍ച്ചെന്ന്‌ സരസ്വതിയെ ഓര്‍ത്തു. ഉടനെ ദേവി എന്റെ മുമ്പില്‍ പ്രത്യക്ഷയായി. ശുഭ സ്വര വ്യഞ്ജന മണ്ഡിതയായ അവള്‍ "ഓങ്കാരം" ആദ്യമായി ഉച്ഛരിച്ച്‌ മുന്നില്‍ വിളങ്ങുമ്പോള്‍ സരസ്വതിയെ വിധി പോലെ അര്‍ഘ്യങ്ങളാല്‍ പൂജിച്ച്‌ ഞാന്‍ സൂര്യദേവനിലും സരസ്വതിയിലും മനസ്സു വച്ച്‌ ഇരുന്നു.

അവിടെയിരുന്ന്‌ ശതപഥ ബ്രഹ്മാസനങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ വിളങ്ങി. എല്ലാം ഞാന്‍ എഴുതിത്തീര്‍ത്തു. രഹസ്യമായ അതു സംഗ്രഹിച്ചു. പിന്നെ പരിശേഷവും തീര്‍ത്തു. എല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക്‌ എന്തെന്നില്ലാത്ത ഹര്‍ഷമുണ്ടായി.

പിന്നെ ഞാന്‍ തീര്‍ത്ത ആ ശതപഥം നൂറു ശിഷ്യന്മാരെ പഠിപ്പിച്ചു. ശിഷ്യരോടു കൂടിയ മഹാത്മാവായ എന്റെ അമ്മാവന് (വൈശമ്പായനന്) എന്നില്‍ അപ്രിയമുണ്ടായി. രശ്മിചിന്നുന്ന സൂര്യനെപ്പോലെ ശിഷ്യരോടു കൂടി ശോഭിക്കുന്നവനായ ഞാന്‍ അല്ലയോ രാജാവേ, അങ്ങയുടെ മഹാത്മാവായ അച്ഛന്റെ യാഗം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടു. ആ യാഗശാലയില്‍ വച്ച്‌ ഒരു തര്‍ക്കം ഉത്ഭവിച്ചു. അത്‌ ഞാനും എന്റെ അമ്മാവനും തമ്മിലുള്ള ഒരു കിട മത്സരത്തില്‍ നിന്നു പൊങ്ങിയതായിരുന്നു. വേദപാരായണത്തില്‍ ദക്ഷിണ നല്കേണ്ടത്‌ ആര്‍ക്കാണ്‌ എന്നതായിരുന്നു വിഷയം. അമ്മാവനോ എനിക്കോ എന്നതാണ്‌ തര്‍ക്കവിഷ യം. മഹാത്മാവായ ദേവലന്റെ മുമ്പില്‍ വെച്ചു തന്നെ ദക്ഷിണയില്‍ പകുതിഭാഗം ഞാന്‍ സ്വീകരിച്ചു. മറ്റേപ്പകുതി എന്റെ അമ്മാവനായ വൈശമ്പായനനും നല്കപ്പെട്ടു.

(ഈ വൃത്താന്തം കാണിക്കുന്നത്‌ വേദജ്ഞാനത്തില്‍ യാജ്ഞവല്ക്യന്‍ വൈശമ്പായനോടു തുല്യനായിരുന്നു എന്നാണ്‌. സുമന്തു, വൈലന്‍, ജൈമിനി, വൈശമ്പായനൻ എന്നിവര്‍ ഋഷികളായിരുന്നു. വേദം പകുത്ത്‌ നാലാക്കുന്ന മഹാകര്‍മ്മത്തില്‍ വ്യാസനെ സഹായിച്ച ശിഷ്യന്മാരാണ്‌ ഈ നാലുപേരും. വിഷ്ണുപുരാണത്തില്‍ യാജ്ഞവല്ക്യനും വൈലനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായി പറയുന്നുണ്ട്‌. വൈലന്റെ ഗുരുവാണ്‌ വ്യാസന്‍. വ്യാസന്‍ വൈലന്റെ ഭാഗത്തു നിന്നു. വ്യാസന്‍ യാജ്ഞവല്ക്യനോട്‌ താന്‍ ഗ്രഹി പ്പിച്ച വേദം മടക്കിത്തരുവാന്‍ ആവശ്യപ്പെട്ടു. ഉടനെ യാജ്ഞവല്ക്യന്‍ വേദങ്ങളെ വ്യാസന്റെ മുമ്പില്‍ ഛര്‍ദ്ദിച്ചു തള്ളി. എന്നാല്‍ ഉടനെ രണ്ട്‌ ഋഷിമാര്‍ തിത്തിരിപ്പക്ഷികളുടെ രൂപത്തില്‍ അവിടെ പറന്നു വീണ്‌ യാജ്ഞവല്ക്യന്‍ ഛര്‍ദ്ദിച്ച വേദങ്ങളെ കൊത്തി വിഴുങ്ങി. അതാണ്‌ പിന്നീട്‌ തിത്തിരീയോപനിഷത് എന്ന പേരില്‍ പ്രഖ്യാതി നേടിയത്‌)

പിന്നെ സുമന്തുവും, വൈലനും, ജൈമിനിയും അങ്ങയുടെ പിതാവും, മുനിമാരും എന്നെ അപ്പോള്‍ ബഹുമാനിച്ചു.

എനിക്ക്‌ ഇപ്രകാരം സൂര്യനില്‍ നിന്ന്‌ അമ്പത്‌ യജുസ്സുകളും ലഭിച്ചു രാജാവേ! പിന്നെ ലോമഹര്‍ഷണന്‍റ പക്കല്‍ നിന്ന്‌ പുരാണങ്ങളും പഠിച്ചു. ഈ ബീജത്തെ (മന്ത്രത്തെ) മുന്‍നിര്‍ത്തി, സരസ്വതീ ദേവിയേയും മുന്നില്‍ നിര്‍ത്തി സൂര്യന്റെ പ്രചോദനത്താല്‍ ഞാന്‍ സത്പഥബ്രഹ്മാസനങ്ങള്‍ വിരചിച്ചു. ആ കര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ വിജയിച്ചു. അതു മുമ്പ്‌ ആരും സ്പര്‍ശിക്കാത്ത ഒരു കാര്യമാണ്‌. അതു ഞാന്‍ നേടി. എന്റെ ശിഷ്യന്മാര്‍ക്കും പഠിപ്പിച്ചു. വേദങ്ങള്‍ മുഴുവനും തന്നെ എന്റെ ശിഷ്യന്മാര്‍ക്കു ഭാഗിച്ചു പഠിപ്പിച്ചു. അകവും പുറവും പരിശുദ്ധരായ എന്റെ ശിഷ്യന്മാര്‍ എന്റെ അദ്ധ്യാപനം മൂലം ആനന്ദചിത്തരായി തീര്‍ന്നു.

പിന്നെ മറ്റുളളവരുടെ ആവശ്യത്തിനും ഉപയോഗത്തിനും വേണ്ടി സൂര്യനില്‍ നിന്നു ലഭിച്ച ആ ജ്ഞാനം അമ്പത്‌ ശാഖകളായി തിരിച്ച്‌, വേണ്ട പോലെ ചിന്തിച്ച്‌ അതിനെ നിലനിര്‍ത്തി. ഞാന്‍ ഈ ജ്ഞാനസംഹിതകളെപ്പറ്റി ചിന്തിച്ചു. എന്താണ്‌ ഇതിന്റെ മഹത്തായ ഉദ്ദേശം. ബ്രഹ്മജ്ഞാനം തന്നെ!

അങ്ങനെയിരിക്കെ ഒരു ദിവസം വേദാന്തത്തിന്റെ മറുകര കണ്ടവനായ വിശ്വാവസു എന്ന ഗന്ധര്‍വ്വന്‍ എന്നോട്‌ ഈ കൃതി കൊണ്ട്‌ ബ്രാഹ്മണര്‍ക്ക്‌ വല്ല പ്രയോജനവുമുണ്ടോ? സത്യമാണോ ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്‌? ഈ ജ്ഞാനത്തിന്റെ പ്രയോജനമെന്താണ്‌? എന്നൊക്കെ ചോദിച്ചു. എന്നു മാത്രമല്ല, അവന്‍ ഇരുപത്തിനാലു പ്രശ്‌നങ്ങള്‍ വേദത്തെ സംബന്ധിച്ച്‌ എന്റെ മുമ്പില്‍ വെച്ചു. അവസാനമായി അവന്‍ ഒരു ചോദ്യം ചോദിച്ചു. അത്‌ ഇരുപത്തഞ്ചാമത്തേതാണ്‌. അത്‌ ആ ജ്ഞാനത്തിന്റെ ഒരു ശാഖയാണ്‌. "അന്വിക്ഷികി"യെക്കുറിച്ചാണ്‌.

ചോദ്യങ്ങളുടെ പരമ്പര ഇതാണ്‌: എന്താണ്‌ പ്രപഞ്ചം? എന്താണ്‌ പ്രപഞ്ചത്തില്‍ പെടാത്തത്‌? അശ്വാശ്വം എന്താണ്‌? എന്താണ്‌ മിത്രന്‍? എന്താണ്‌ വരുണന്‍? എന്താണ്‌ ജ്ഞാനം? എന്താണ്‌ ജേഞയം? അറിയേണ്ടത്‌? ബുദ്ധി എന്താണ്‌?

അബുദ്ധി എന്താണ്‌? ഖം ആരാണ്‌? മാറ്റത്തെ വരുത്തുന്നത്‌ ആര്‌? മാറ്റംവരുത്താന്‍ ആകാത്തവന്‍ ആര്‌? സൂര്യനെ വിഴുങ്ങുന്നവന്‍ ആര്‌? എന്താണ്‌ സൂര്യന്‍? എന്താണ്‌ വിദ്യ? എന്താണ്‌ അവിദ്യ? ചരം എന്താണ്‌? അചരം എന്താണ്‌? ആദിയില്ലാത്തതും നാശമില്ലാത്തതും എന്താണ്‌? നാശമുള്ളതെന്താണ്‌?* ആ ഗന്ധര്‍വ്വശ്രേഷ്ഠന്‍ മുന്നില്‍ നിരത്തിയ ചോദ്യങ്ങളാണ്‌ ഇവ. ഇങ്ങനെ വിശ്വാവസു ഒന്നിന്നു പിന്നാലെ ഒന്നായി ഒരു ചോദ്യപരമ്പര തൊടുത്തു വിട്ടു. ഞാന്‍ അതിന് ഓരോന്നിനും അപ്പപ്പോള്‍ മറുപടി പറയുവാന്‍ തുടങ്ങി. ഞാന്‍ ആദ്യമായി അവനോടു പറഞ്ഞു: ശരി, അല്പസമയം ക്ഷമിക്കൂ! ചെറിയ ഒരു സമയം എനിക്കു തരൂ! ഞാന്‍ എല്ലാറ്റിനും മറുപടി പറയാം.

അങ്ങനെയാകട്ടെ എന്ന്‌ ഗന്ധര്‍വ്വന്‍ സമ്മതിച്ചു. അവന്‍ അവിടെ നിശ്ശബ്ദനായി ഇരുന്നു.

ഞാന്‍ ഒന്നുകൂടി സരസ്വതീദേവിയെ ധ്യാനിച്ചു. ഗന്ധര്‍വ്വ൯ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ ഉത്തരം സ്വാഭാവികമായി പൊങ്ങി വന്നു. തൈരില്‍ നിന്ന്‌ വെണ്ണ പൊങ്ങി വരുന്ന മാതിരി എന്റെ മനസ്സില്‍ നിന്ന്‌ തക്കതായ മറുപടി പൊങ്ങി വന്നു.

പാർത്ഥിവോപനിഷത്തും പരിശേഷവും ഞാന്‍ എന്റെ കരളിലിട്ടു മഥിച്ചു. അങ്ങനെ മുഖ്യമായ "അന്വിക്ഷികി" കണ്ടെത്തി. രാജാവേ, ഇതു നാലാമത്തെ വിദ്യയാണ്‌. പഞ്ചവിംശാധിഷ്ഠിതമായ(ഇരുപത്തഞ്ചില്‍ അധിഷ്ഠിതമായ) താണ്‌ ഇതും. ഞാന്‍ നിന്നോടു പറഞ്ഞതാണ്‌.

ഞാന്‍ വിശ്വാവസു എന്ന ആ ഗന്ധര്‍വ്വ രാജാവിനോടു പറഞ്ഞു: അല്ലയോ ഗന്ധര്‍വ്വ രാജാവേ, അങ്ങ്‌ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഞാന്‍ ഇതാ പറയുന്നു, കേട്ടു കൊള്ളുക:

എന്താണ്‌ വിശ്വം, എന്താണ്‌ വിശ്വമല്ലാത്തത്‌ എന്നാണല്ലോ ആദ്യം ചോദിച്ചത്‌. വിശ്വമെന്നത്‌ അവ്യക്തമാണ്‌. പ്രകൃതി അതില്‍ ചേര്‍ന്നു നില്ക്കുന്നു. മോക്ഷം ഇച്ഛിക്കുന്നവർക്ക്, അത്‌ ഭൂതഭവ്യഭയങ്കരമാണ്‌. അതിന് പുറമേ അത്‌ സത്വം, രജസ്സ്‌, തമസ്സ്‌, എന്ന മൂന്നു ഗുണങ്ങളോട് കൂടിയതാണ്‌. അതിന്റെ ഉല്‍പാദന തത്വത്തില്‍ എല്ലാ വസ്തുക്കളും ഇവയുമായി ബന്ധപ്പെട്ടു നില്ക്കുന്നു. വിശ്വമല്ലാത്തതു പുരുഷനാണ്‌. പുരുഷന്‍ ഗുണങ്ങളില്‍ നിന്നു വേറിട്ട്‌ അവയുമായി ബന്ധിക്കാതെ നില്ക്കുന്നു. അവൃക്തം പ്രകൃതിയാണ്‌. നിര്‍ഗ്ഗുണന്‍ എന്നത്‌ പുരുഷനാണ്‌. മിത്രന്‍ അപ്രകാരം തന്നെ പുരുഷനാണ്‌. വാരുണം എന്നത്‌ പ്രകൃതിയാണ്‌. ജ്ഞാനം എന്നത്‌ പ്രകൃതിയാണ്‌. ജേഞയം നിഷ്കളമാണ്‌ (പുരുഷനാണ്‌). അജ്ഞന്‍ (ജീവന്‍), ജ്ഞാനം (ബുദ്ധി) ഇവ രണ്ടും ഗുണബന്ധമില്ലാത്ത പുരുഷനാണ്‌. പുരുഷന്‍ പ്രകൃതിയോടു ചേരുമ്പോള്‍ ജീവനുണ്ടാകുന്നു. ഖം എന്നത്‌ ആനന്ദമാകുന്നു. അത്‌ പുരുഷനാകുന്നു. മാറ്റത്തോടു കൂടിയതാണ്‌ പ്രകൃതി. മാറ്റത്തിന്‌ അധീനമാകാത്തതാണ്‌ പുരുഷന്‍.

അതുപോലെ അവിദ്യ എന്നതാണ്‌ പ്രകൃതി. വിദ്യ എന്നതാണ്‌ പുരുഷന്‍. ചരമേതെന്നും അചരമേതെന്നും ചോദിച്ചുവല്ലോ. എന്റെ ഉത്തരം ശ്രദ്ധിക്കുക. ചരമെന്നതാണ്‌ പ്രകൃതി. അത്‌ മാറ്റത്തിന് അധീനമാന്ന്‌. സൃഷ്ടിക്കും നാശത്തിനും കാരണമായി അത് നിൽക്കുന്നു. അചരം എന്നതാണ് പുരുഷൻ. അതിന് മാറ്റമില്ല. അത്‌ സൃഷ്ടിസംഹാരങ്ങളെ സഹായിക്കുക മാത്രം ചെയ്യുന്നു.

വേദ്യം എന്നതാണ്‌ പ്രകൃതി എന്ന്‌ തത്വജ്ഞന്മാര്‍ തത്വത്തെ കാണിച്ചു പറയുന്നു. അവേദ്യം പുരുഷനാണ്‌. അദ്ധ്യാത്മത്തില്‍ അജ്ഞധ്രുവന്മാര്‍ രണ്ടു പേരും അക്ഷയരാണ്‌, നാശമില്ലാത്തവരാണ്‌. അജര്‍, നിത്യര്‍ ഇവര്‍ രണ്ടു പേരാണ്‌. രണ്ടു പേരും അജരാണ്‌; ക്ഷയിക്കാത്തവരാണ്‌. പുരുഷനും പ്രകൃതിയും അജരാണ്‌, അവര്‍ക്കു നാശമില്ല. പ്രകൃതിയുടെ ഗുണങ്ങള്‍ക്ക് നാശമുണ്ട്‌. എന്നാല്‍ പ്രകൃതിക്കു നാശമില്ല. തന്മൂലം ജ്ഞാനികള്‍ പറയുന്നു, പ്രകൃതി അവ്യയമാണെന്ന്‌, "അന്വിക്ഷികി"യാണ്‌ ഈ വിദ്യ; ഇതു നാലാമത്തേതാണ്‌. മോക്ഷമാണ്‌ ഇതിന്റെ ഫലം.

ഇന്‍ ശാസ്ത്രം, ഗുരുമുഖത്തില്‍ നിന്നു ഗ്രഹിച്ച്‌ ഋക് , യജുസ്സ്‌, സാമം ഇവയെല്ലാം അധീനമാക്കി. അല്ലയോ ഗന്ധര്‍വ്വരാജാവായ വിശ്വാവസു, ഈ വേദങ്ങളെല്ലാം ശാഖകളോടു കൂടി പഠിച്ച്‌ ജഞാനം സമ്പാദിച്ചു മോക്ഷത്തിന് അര്‍ഹനാവുക. അതില്ലാതെ പരാശക്തി എന്തെന്ന് അറിയാത്തവന്‍ ജനനമരണങ്ങള്‍ക്ക്‌ വിധേയനായി തീരുന്നു. വേദങ്ങളൊക്കെ പഠിച്ചിട്ടും അറിയേണ്ടവനായ പരമാത്മാവിനെ അറിയാത്തവന്‍, വേദവാക്യങ്ങള്‍ ഗ്രഹിക്കാത്തവന്‍, വെറുതെ വേദം പേറി നടക്കുന്നവന്‍ മാത്രമാണ്‌. നെയ്യിന് വേണ്ടി കഴുതയുടെ പാല്‍ കറന്നെടുത്തു കുറുക്കിയാല്‍ അത്‌ വെറും ചളിയായി മാത്രമേ തീരൂ. അതില്‍ മോരുമുണ്ടാവില്ല, നെയ്യും കിട്ടുന്നതല്ല. അപ്രകാരം അറിയേണ്ടതും അറിയേണ്ടാത്തതും തിരിച്ചറിയുന്നില്ലെങ്കില്‍ ആ വേദജ്ഞന്‍ വെറും മൂഢനാണ്‌. മാത്രമല്ല, ജ്ഞാനം ഭേസുന്ന ഒരു കഴുതയാണ്‌ അവന്‍. ഇതു രണ്ടും മനസ്സു വെച്ചു കാണുക. അങ്ങനെയുള്ളവന് ജന്മമൃത്യുക്കള്‍ ഇല്ലാത്ത മട്ടിലുള്ള ജ്ഞാനം നേടാം.

ജന്മമൃത്യുക്കളെ എപ്പോഴും ചിന്തിച്ച്‌ ഈ ത്രയീവിദ്യയെ, ധാര്‍മ്മികന്‍ ക്ഷയം വെടിഞ്ഞ്‌ അക്ഷയം ദര്‍ശിക്കുന്നതായാല്‍ അല്ലയോ കാശ്യപാ, അവന്‍ അപ്രകാരം കേവലനായി ഇരുപത്താറാമനെ ദര്‍ശിക്കും. ശാശ്വതനായ അവ്യക്തന്‍ വേറെയാണ്‌. വേറെയാണ്‌ ഇരുപത്തഞ്ചാമന്‍ (ജീവ൯), സജ്ജനം ഇവരെ രണ്ടും ഒന്നായിക്കാണുന്നു. അതു കൊണ്ട്‌ അവര്‍ നാശമില്ലാത്തവനായ ഇരുപത്തഞ്ചാമനെ പുകഴ്ത്തുന്നില്ല. ജനനമരണങ്ങളെ ഭയപ്പെടുന്നവരായ, പരമാര്‍ത്ഥം അറിയുന്ന സാംഖ്യന്മാരും യോഗികളും, ജീവാത്മാവും പരമാത്മാവും (ഇരുപത്തഞ്ചും ഇരുപത്താറും) ഒന്നു തന്നെയാണെന്ന് പറയുന്നു.

വിശ്വാവസു പറഞ്ഞു: അല്ലയോ ബ്രാഹ്മണോത്തമാ, അങ്ങ്‌ ഇരുപത്തഞ്ചാമനെപ്പറ്റി പറഞ്ഞുവല്ലോ. അത്‌ അപ്ര കാരം തന്നെയാണോ അല്ലയോ എന്ന്‌ അങ്ങുന്നു പറഞ്ഞു തരണേ! ജൈഗീഷവ്യന്റേയും, അസിതദേവലന്റേയും വാക്കുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്‌. വ്യാസന്റേയും, പ്രാജ്ഞനായ അഗസ്യത്യന്റേയും, ഭൃഗുവിന്റേയും, പഞ്ചശിഖന്റേയും വാക്കുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്‌.  കപിലന്റേയും, ശുകന്റേയും, ആര്‍ഷ്ടിഷേണന്റേയും, ഗൌാതമന്റേയും, യോഗ്യനായ. ഗര്‍ഗ്ഗന്റേയും, വാക്കുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്‌. നാരദന്റേയും, ആസുരിയുടേയും, പുലസ്ത്യന്റേയും സനല്‍ക്കുമാരന്റേയും, യോഗ്യനായ ശുക്രന്റേയും, കാശ്യപന്റേയും, പിതാവിന്റേയും വാക്കുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്‌. പിന്നെ രുദ്രന്റേയും, ധീമാനായ വിശ്വരൂപന്റേയും, പിതൃക്കളുടേയും, ദേവതമാരുടേയും, ദൈതേയന്മാരുടേയും, പലരുടേയും വാക്കുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്‌. നിത്യമായിട്ടുള്ളതും അറിയേണ്ടതായിട്ടുള്ള പലതും ഞാന്‍ നേടിയിരിക്കുന്നു. അതുകൊണ്ട്‌ ഹേ ബ്രാഹ്മണാ, ഭവാന്റെ ബുദ്ധിയില്‍ നിന്നു ജനിച്ച അഭിപ്രായങ്ങളും ഭവാന്റെ കാഴ്ചപ്പാടുകളും എന്തൊക്കെ ആണെന്നറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭവാന്‍ ശാസ്ത്രജ്ഞരില്‍ ശ്രേഷ്ഠനും, പ്രഗല്ഭനും, അതി ബുദ്ധിമാനും ആണല്ലോ. അങ്ങ്‌ അറിയാത്തതായി ഒന്നും ഇല്ല. ഭവാന്‍ ശ്രുതിനിധിയും വിശ്രുതനുമാണ്‌. അങ്ങയെപ്പറ്റി ദേവലോകത്തിലും പിതൃലോകത്തിലും പ്രശംസിക്കുന്നു. ബ്രഹ്മലോകത്തിലുള്ള മഹര്‍ഷിമാരും അങ്ങയെപ്പറ്റി പുകഴ്ത്തിപ്പറയുന്നു. തപിക്കുന്നവരില്‍ (തപം അനുഷ്ഠിക്കുന്നവരില്‍) ശ്രേഷ്ഠനായ അര്‍ക്കന്‍ അങ്ങയുടെ ആചാര്യനാണല്ലോ ദ്വിജാ! അല്ലയോ ബ്രാഹ്മണാ, ഭവാന്‍  സാംഖ്യജ്ഞാനം മുഴുവന്‍ നേടിയിരിക്കുന്നുവല്ലോ. അല്ലയോ യാജ്ഞവല്ക്യാ, ഭവാന്‍ വിശേഷിച്ചും യോഗശാസ്ത്രവും നേടിയിരിക്കുന്നു. അങ്ങ്‌ പ്രബുദ്ധനാണ്‌. അതില്‍ യാതൊരു സംശയവുമില്ല. ഈ ചരാചരങ്ങളെല്ലാം അങ്ങയെ സ്നേഹിക്കുന്നു. വെണ്ണയും മോരും പോലെ ഈ ജ്ഞാനം വ്യക്തമായി കേള്‍ക്കുവാന്‍ ഞാന്‍ കൊതിക്കുന്നു. പറഞ്ഞാ ലും.

യാജ്ഞവല്കൃന്‍ പറഞ്ഞു: അല്ലയോ ഗന്ധര്‍വ്വസത്തമാ, എല്ലാം അറിഞ്ഞവനാണ്‌ ഭവാന്‍ എന്ന്‌ ഞാന്‍ കാണുന്നു. നീ എന്നെ പരീക്ഷിക്കുകയാണോ? എങ്കിലും ഞാന്‍ പറയാം. കേട്ടുകൊള്ളുക. ശ്രുതിയില്‍ പറഞ്ഞ മാതിരി എല്ലാം പറയാം.

അറിയാത്ത പ്രകൃതിയെ പഞ്ചവിംശകന്‍ (ഇരുപത്തഞ്ചാമന്‍) അറിയുന്നു. എന്നാല്‍ ഗന്ധര്‍വ്വ രാജാവേ, പ്രകൃതി പഞ്ചവിംശനെ (ഇരുപത്തഞ്ചാമനെ) അറിയുന്നില്ല. ഈ പ്രബോധത്താല്‍ അവനെ തത്വജ്ഞരായ സാംഖ്യയോഗക്കാര്‍, ശ്രുതിക്കു ചേര്‍ന്ന നിദര്‍ശനം കൊണ്ടു പ്രധാന വിധി പറയുകയാണ്‌. കാണുന്നവന്‍ പുരുഷന്‍, കാണാത്തവന്‍ പ്രകൃതി (അന്യന്‍). ആ പുരുഷന്‍ പ്രകൃതിയെ കാണുന്നു. ഇരുപത്താറ്‌, ഇരുപത്തഞ്ച്‌, ഇരുപത്തിനാല്‌ ഈ പേരുകളാല്‍ അറിയപ്പെടുന്നവരെ കാണുന്നവന്‍ അവനെ കാണുന്നില്ല. കാണുവാന്‍ നോക്കുന്നവനും കാണുന്നില്ല. എന്നെക്കാള്‍ മീതെ ആരുമില്ല എന്നാണ്‌ ഇരുപത്തഞ്ചാമന്റെ ഭാവം. ഇരുപത്തിനാലാമന്‍ ഗ്രാഹ്യനാണ്‌. അവനെ ജ്ഞാനികളായ മനുഷ്യര്‍ കാണുന്നുണ്ട്‌. മത്സ്യം വെള്ളത്തില്‍ എത്തുന്നു. അത്‌ നീന്തിക്കളിക്കാുന്നു. മത്സ്യത്തിനെ വെള്ളത്തില്‍ നിന്നു വേറെയായി അറിയുന്ന മട്ടില്‍ അവനേയും അറിയാം. സ്നേഹത്തോടു കൂടിയ അവന്‍ സഹവാസത്താലും അഭിമാനത്താലും അവന്‍ മുങ്ങുന്ന കാലത്തില്‍ ഏകത്വം അറിയാത്തതു മൂലം കാലത്തിന്റെ മമത്വം മൂലം പൊങ്ങുന്നു. ഹേ ദ്വിജാ! എപ്പോള്‍ ഇവന്‍ അന്യനാണെന്ന്‌ അറിയുന്നുവോ, അപ്പോള്‍ അവന്‍ കേവലനായി ഷഡ് വിംശനെ, ഇരുപത്താറാമനെ, നോക്കുന്നു. വേറെയാണ്‌ ആ ഇരുപത്തഞ്ചാമന്‍. ഇങ്ങനെ അതാതു സ്ഥാനത്താല്‍ അറിയപ്പെടുന്ന ഇവന്‍ ഒരാള്‍ തന്നെയാണെന്നാണ്‌ സജ്ജനങ്ങളുടെ അഭിപ്രായം.

ആ ജ്ഞാനം ലഭിച്ചവര്‍ അതുകൊണ്ട്‌ നാശമില്ലാത്തവനായ ഇരുപത്തഞ്ചാമനെ പുകഴ്ത്തുന്നില്ല. ഇത്‌ മൃത്യുഭയത്താല്‍ ത്രസിക്കുന്നതായ സാംഖ്യരും യോഗികളും ഹേ കാശ്യപാ, ഷഡ് വിംശനെ കാണുന്നവരാണ്‌. (ഇരുപത്താറാമനെ കാണുന്നവരാണ്‌) അവര്‍ ശുദ്ധാത്മാക്കളാണ്‌, അവനില്‍ ഭക്തിയുള്ളവരുമാണ്‌.

അവന്‍ എപ്പോള്‍ കേവലനായി ഷഡ് വിംശനെ ദര്‍ശിക്കുന്നുവോ, അപ്പോള്‍ ആ വിദ്വാന്‍ സര്‍വ്വജ്ഞനായി. അവന്‍ വീണ്ടും വീണ്ടും ജനിക്കുകയില്ല. സംസാരത്തില്‍ നിന്ന്‌ അവന് മോചനമായി.

ഇപ്രകാരം ഞാന്‍ ശ്രുതിയില്‍ കണ്ടപ്രകാരം സത്യമായി ആ പ്രകൃതിയേയും ജീവനേയും പരമാത്മാവിനേയും പറ്റി പറഞ്ഞു. പശ്യവും അപശ്യവും കാണാത്തവന്‍, തത്വവും ക്ഷേമവും കാണാത്തവന്‍, കേവലനേയും അകേവലനേയും കാണാത്തവന്‍, മുഖ്യമായ ഇരുപത്തഞ്ചാമനേയും അറിയാത്തവന്‍ ആരോ, അവന്‍ ജീവാത്മാവിനേയും പരമാത്മാവിനേയും അറിയാത്തവനാണ്‌.

വിശ്വാവസു പറഞ്ഞു: അല്ലയോ മഹാശയാ, അങ്ങ്‌ ശുഭവും, ക്ഷേമവും, യഥാര്‍ത്ഥവുമായ കാര്യങ്ങള്‍ പറഞ്ഞു, ദേവതകള്‍ക്കുള്ള ഉത്ഭവാദികളും പറഞ്ഞു. അങ്ങ്‌ പറഞ്ഞതെല്ലാം പരമാര്‍ത്ഥമാണ്‌. അക്ഷയമായ സ്വസ്‌തി അങ്ങയ്ക്ക്‌ ലഭിക്കുമാറാകട്ടെ! അങ്ങയുടെ മനസ്സ്‌ എപ്പോഴും ബുദ്ധിയോട് ചേര്‍ന്ന്‌ വിളങ്ങുമാറാകട്ടെ!

യാജ്ഞവല്ക്യന്‍ പറഞ്ഞു : "ഇപ്രകാരം പറഞ്ഞ്‌ ആ ഗന്ധര്‍വ്വരാജാവ്‌, ശ്രീമാനായി വിളങ്ങുന്നവനും എല്ലാവരാലും സസന്തോഷം നോക്കപ്പെടുന്നവനുമായ ആ മഹാതമാവ്‌, എന്നെ വലംവച്ച്‌ ആകാശത്തിലേക്കുയര്‍ന്നു. ഞങ്ങള്‍ അവന്റെ ഉല്‍ക്രമണത്തെ നോക്കിനിന്നു. ബ്രഹ്മാദ്യന്മാരായ വാനവര്‍ക്കുള്ള ഭൂമിയില്‍ നിഷ്പാപന്‍ന്മാരായി ക്ഷേമ്യമായ മാര്‍ഗ്ഗത്തെ, ആത്മാവിന്റെ കാഴ്ചയെ കാണിച്ചു തരുന്നവര്‍ വാഴുന്നതാണ്‌. രാജാവേ! സാംഖ്യന്മാരും സാംഖ്യധര്‍മ്മത്തെ ആചരിക്കുന്നവരും യോഗത്തെ ആദരിക്കുന്നവരും യോഗത്തെ ശീലിക്കുന്നവരും മോക്ഷത്തെ കാംക്ഷിക്കുന്നവരും മറ്റു പരിശുദ്ധനമാരും ഉണ്ടല്ലോ. അവര്‍ക്കാണ്‌ ജ്ഞാനത്താല്‍ ദര്‍ശിക്കപ്പെടുന്ന കാഴ്ച ലഭിക്കുക.

അല്ലയോ രാജസിംഹാ! ജ്ഞാനത്താല്‍ മോക്ഷസിദ്ധിയുണ്ടാകും. ജ്ഞാനം കൂടാതെ ഒരിക്കലും മോക്ഷം ലഭിക്കുകയില്ല. വിജ്ഞാനികള്‍ പറയുന്നതാണിത്‌. രാജാവേ, അതു കൊണ്ട്‌ ഓരോരുത്തനും അവന്റെ സകല കഴിവും പ്രയോഗിച്ച്‌ ശരിയായ ജ്ഞാനം അതിന്റെ എല്ലാ ശാഖകളോടും കൂടെ സമാര്‍ജ്ജിക്കണം. എന്നാല്‍ തീര്‍ച്ചയായും അവന്‍ ജനനമരണങ്ങളോടു കൂടിയ സംസാരത്തെ കടക്കുന്നതാണ്‌. ജ്ഞാനം ആരുടെ കൈയില്‍ നിന്നായാലും സമ്പാദിക്കാം. ബ്രാഹ്മണന്റെ കൈയില്‍ നിന്നും ക്ഷത്രിയന്റെ കൈയില്‍ നിന്നും വൈശ്യന്റെ കൈയില്‍ നിന്നും ഏറ്റവും താണവനായ ശുദ്രന്റെ കൈയില്‍ നിന്നും വാങ്ങാം. അതില്‍ തെറ്റില്ല. ജ്ഞാനത്തില്‍ വിശ്വസിക്കണം. ആ ജ്ഞാനത്തോടു ബഹുമാനവും വേണം. വിശ്വസിക്കുന്നവനെ ജനനമരണങ്ങള്‍ പിന്നെ ബാധിക്കുന്നതല്ല. ശ്രദ്ധയില്ലാത്തവനെ ബാധിക്കുകയുംചെയ്യും. എല്ലാ വര്‍ണ്ണങ്ങളുടേയും ഉത്ഭവസ്ഥാനം ബ്രഹ്മമാണ്‌. എല്ലാം ബ്രഹ്മന്‍ തന്നെ. ബ്രഹ്മത്തെ അറിയുന്നവരൊക്കെ ബ്രാഹ്മണര്‍ തന്നെ. ബ്രഹ്മബോധത്താല്‍ തത്വമായ ശാസ്ത്രം ഞാന്‍ കഥിക്കുന്നു. പ്രകൃതിപുരുഷ വിജ്ഞാനം ബ്രഹ്മജ്ഞാനമാകുന്നു. വിശ്വം മുഴുവന്‍ ബ്രഹ്മമയമാകുന്നു.

ബ്രഹ്മാവിന്റെ മുഖത്തു നിന്ന്‌ ബ്രാഹ്മണന്‍ ഉണ്ടായി. ബ്രഹ്മാവിന്റെ കൈകളില്‍ നിന്ന്‌ ക്ഷത്രിയന്‍ പുറപ്പെട്ടു. ബ്രഹ്മാവിന്റെ നാഭിയില്‍ നിന്ന്‌ വൈശ്യന്‍ പുറപ്പെട്ടു. ബ്രഹ്മാവിന്റെ പാദങ്ങളില്‍ നിന്ന്‌ ശൂദ്രന്‍ ജനിച്ചു. എല്ലാ വര്‍ണ്ണവും ഇപ്രകാരം ബ്രഹ്മാവില്‍ നിന്നു പുറപ്പെട്ടതാണ്‌. അല്ലാതെ വേറെ വിധത്തില്‍ ഉണ്ടായതല്ല എന്നു ചിന്തിക്കണം. മനുഷ്യന്‍ അജ്ഞാനം മൂലം ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലമായി ഓരോ പാപയോനിയെ പ്രാപിക്കുന്നു. അങ്ങനെ പാപജന്മങ്ങൾ എടുത്തു നശിക്കുന്നു. ജ്ഞാനത്തിന്റെ അഭാവം മൂലം മനുഷ്യാത്മാക്കള്‍ അജ്ഞാനത്തിന്റെ ഭയാനകതയിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. പ്രകൃതിക്കധീനമായ വിവിധ രൂപങ്ങള്‍ കൈക്കൊള്ളുന്നു. അതുകൊണ്ട്‌ ഏതു വിധത്തിലും ജ്ഞാനത്തില്‍ ശ്രദ്ധപതിപ്പിക്കണം.

അല്ലയോ ജനകരാജാവേ, ഞാന്‍ ഭവാനോട്‌ ജ്ഞാനത്തിന്റെ മഹത്വം പറഞ്ഞു തന്നു. ജ്ഞാനത്തെ നേടി ആരു നില്ക്കുന്നുവോ, അവനാണ്‌ ബ്രാഹ്മണന്‍. മറ്റു ക്ഷത്രിയന്മാരും വൈശ്യന്മാരും ശൂദ്രന്മാരും ബ്രഹ്മത്തെ അറിഞ്ഞാല്‍ അവരിലും ബ്രാഹ്മണത്വം ദര്‍ശിക്കും. (ബ്രഹ്മജ്ഞാനി ആരായാലും ബ്രാഹ്മണനാണ്‌.

ഈ നിലയ്ക്ക്‌ മോക്ഷത്തിന്റെ ശാസ്ത്രം എല്ലാവര്‍ക്കും ഇതാ തുറന്നു വെച്ചിരിക്കുന്നു. ഇതു ബുദ്ധിമാന്മാരായ മഹാത്മാക്കള്‍ പറഞ്ഞിട്ടുള്ളതാണ്‌. നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമെല്ലാം പറഞ്ഞു കഴിഞ്ഞു. ഞാന്‍ ഈ പറഞ്ഞതെല്ലാം സത്യവുമായി ബന്ധപ്പെട്ടതാണ്‌, സത്യം തന്നെയാണ്‌. അതു കൊണ്ട്‌ രാജാവേ, ഭവാന്‍ ശോകം പരിതൃജിക്കുക. ഈ അന്വേഷണത്തിന്റെ മറുകരയ്ക്കെത്തുക. അങ്ങയുടെ ചോദ്യങ്ങള്‍ വിശേഷമായിരിക്കുന്നു, നന്നായിരിക്കുന്നു. അങ്ങയുടെ ശിരസ്സില്‍ അനുഗ്രഹാശിസ്സുകള്‍ എന്നും ചൊരിയുമാറാകട്ടെ.

ഭീഷ്മൻ പറഞ്ഞു: ധീമാനായ യാജ്ഞവല്ക്യന്‍ ഇപ്രകാരം ബോധം ഉപദേശിച്ചപ്പോള്‍ അതു കേട്ടു ധരിച്ച്‌ മിഥിലാധിപനായ രാജാവ്‌ പ്രീതനായി. രാജാവിനെ പ്രദക്ഷിണം വെച്ചതിന് ശേഷം ആ മുനീന്ദ്രന്‍ പോയപ്പോള്‍ ദേവരാത പുത്രനായ രാജാവ്‌ മോക്ഷജ്ഞാനത്തോടെ അവിടെ ഇരു ന്നു.

പിന്നെ ആ രാജാവ്‌ ഒരു കോടി പശുക്കളെ അര്‍ഹരായ ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. പിന്നെ അതു പോലെതന്നെ യഥായോഗ്യം സ്വര്‍ണ്ണദാനവും ചെയ്തു. പിന്നെ കൈനിറയെ രത്നങ്ങള്‍ വാരി അതും ബ്രാഹ്മണര്‍ക്കു ദാനംചെയ്തു.

പിന്നെ ആ രാജാവ്‌ തന്റെ പുത്രനില്‍ വിദേഹരാജ്യം ഏല്പിച്ചു. അവനെ രാജാവായി വാഴിച്ചു. സന്ന്യാസാശ്രമം സ്വീകരിച്ച്‌ ജനകരാജാവ്‌ വസിച്ചു.  സാംഖ്യജ്ഞാനം പഠിച്ചു. പിന്നെ യോഗജ്ഞാനവും നേടി. ധര്‍മ്മാധര്‍മ്മങ്ങളെ മനസ്സിലാക്കി പ്രാകൃതമായതിനെ ഗര്‍ഹിച്ചു. താന്‍ കേവലം അനന്തമായിത്തീര്‍ന്നു എന്ന ധാരണയോടെ കേവലം കൈവല്യത്തിന്നുള്ളതില്‍ മാത്രമേ അദ്ദേഹം മനസ്സുവച്ചുള്ളു. സാധാരണമായ കര്‍മ്മങ്ങള്‍ എല്ലാം ഉപേക്ഷിച്ചു. ധര്‍മ്മാധര്‍മ്മം, പുണ്യപാപം, സത്യാസത്യം, പ്രാകൃതമായ ജന്മമൃത്യുക്കള്‍ ഇവയെക്കുറിച്ചൊന്നും ചിന്തിക്കാതെയായി രാജാവേ. സാംഖ്യന്മാരും യോഗികളും ഒരുപോലെ അവരുടെ ശാസ്ത്രപഠനത്തില്‍ ഒരു പോലെയാണ് ദര്‍ശിക്കുന്നത്‌. ഈ വിശ്വം വൃക്താവ്യക്തങ്ങളുടെ കര്‍മ്മഫലത്തിന് വിധേയമാണെന്നു രണ്ടുകൂട്ടരും കാണുന്നു. ജ്ഞാനികള്‍ പറയുന്നു, ബ്രഹ്മം നന്മയ്ക്കും തിന്മയ്ക്കും അതീതമായി, അവയില്‍ നിന്ന്‌ ഒഴിഞ്ഞു സ്വതന്ത്രമായി നില്ക്കുന്നു എന്ന്‌. അത്‌ തന്നില്‍ത്തന്നെ ആശ്രയിച്ച്‌ എല്ലാറ്റില്‍ നിന്നും ഉയര്‍ന്ന്‌ അനന്തമായി സ്ഥിതി ചെയുന്നു. അതുകൊണ്ട്‌ ഭവാന്‍ ശുദ്ധാത്മാവായി ഭവിക്കുക. കൊടുക്കുന്നതും വാങ്ങുന്നതും കൊടു ക്കുന്നവനും വാങ്ങുന്നവനും കൊടുക്കപ്പെട്ടതും വാങ്ങിക്കപ്പെട്ടതും എല്ലാം ഒന്നു തന്നെയാണ്‌. അവ്യക്തനില്‍ കൊടു ക്കുന്നവനാര്‌, വാങ്ങുന്നവനാര്‌, ആത്മാവിന് ആത്മാവ്‌ ആര്‌? ആര്‌ ആര്‍ക്കു നല്കുന്നു? വേറെയായി ആരും ഇല്ല. എല്ലാം ഞാന്‍ തന്നെ എന്നു ധരിക്കുക! മറിച്ച്‌ നീ ഓര്‍ക്കാതിരിക്കണം! സഗുണാഗുണമായ അവ്യക്തത്തെ അറിയാത്ത വിദ്വാന്‍ വീണ്ടും തീര്‍ത്ഥങ്ങളേയും യജ്ഞങ്ങളേയും സേവിക്കട്ടെ!

സ്വാദ്ധ്യായങ്ങള്‍, തപസ്സ്‌, യജ്ഞം, ഇവ കൊണ്ട്‌ അല്ലയോ കുരുനന്ദനാ! വ്യക്തികസ്ഥാനം കിട്ടുന്നതല്ല. വൃക്തിജ്ഞാനം കൊണ്ട്‌ മഹത്വം പ്രാപിക്കുന്നതാണ്‌. മഹത്തിന്റെ നില അപ്രകാരം തന്നെയാണ്‌. അഹത്തിനും അതു തന്നെ നില. അഹങ്കാരത്തിനും മേലെയായ സ്ഥാനങ്ങളും അണിയാം.

ശാസ്ത്രവേദികള്‍ അവ്യക്തത്തില്‍ നിന്ന്‌ അപ്പുറമായി തത്വത്തെ അറിയുന്നു. ആ തത്വം സദസമയവും, ജന്മമൃത്യുക്കൾ ഇല്ലാത്തതുമായ തത്വമാകുന്നു.

ഈ തത്വം ജനകനില്‍നിന്നു ഞാന്‍ ഗ്രഹിച്ചു. അദ്ദേഹം അത്‌ യാജ്ഞവല്ക്യനില്‍ നിന്നു ഗ്രഹിച്ചു. ശ്രേഷ്ഠമായ ഈ ജ്ഞാനം രാജാവേ, യജ്ഞമല്ല. ജ്ഞാനത്താല്‍ ദുര്‍ഗ്ഗമായ സംസാരസാഗരം കടക്കാം. എന്നാല്‍ യജ്ഞത്താല്‍ അതു സാധിക്കയില്ല.

മര്‍ത്ത്യര്‍, യജ്ഞം, തപസ്സ്‌, നിയമം, വ്രതം മുതലായ പുണ്യകര്‍മ്മങ്ങളാല്‍ സ്വര്‍ഗ്ഗം പ്രാപിക്കും. എന്നാല്‍ കര്‍മ്മഫലം ക്ഷയിക്കുമ്പോള്‍ അവര്‍ വീണ്ടും ഭൂമിയില്‍ വന്നു പിറക്കും എന്നാണ്‌ ജ്ഞാനികള്‍ പറയുന്നത്‌. അതുകൊണ്ട്‌ പരമവും, വിശുദ്ധവും, ശിവവും, മോക്ഷവും, വിമലവും, പവിത്രവുമായ ബ്രഹ്മത്തെ ഭജിച്ച്‌ ക്ഷേത്രജ്ഞനാവുക. നീ ക്ഷേത്രജ്ഞനായി തീര്‍ന്നാല്‍, ജ്ഞാനമാകുന്ന യജ്ഞത്താല്‍ നീ ഋഷിയായി ഭവിക്കും.

പരമമായ ഉപനിഷത്തിനെ ജനകന് യാജ്ഞവല്ക്യന്‍ ഉപദേശിച്ചു. അത്‌ ശാശ്വതവും അവ്യയവുമാണ്‌. അത്‌ അറിഞ്ഞവന്‍ ശുഭവും, അമൃതത്വവും പ്രാപിച്ച്‌, ശോകം വെടിഞ്ഞ്‌, ശുഭമായ നിലയെ പ്രാപിക്കും.

അദ്ധ്യായം 320. പഞ്ചശിഖജനകസംവാദം - ജരാമൃത്യുക്കളെ ജയിക്കാനുള്ള മാര്‍ഗ്ഗം - യുധിഷ്ഠിരന്‍ പറഞ്ഞു: വലിയ ഐശ്വര്യവും വലിയ ധനവും വലിയ ഒരു ദീര്‍ഘായുസ്സും നേടിയവന് മരണത്തില്‍ നിന്ന്‌ രക്ഷകിട്ടുവാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? തപസ്സു ചെയ്താലോ വേറെ എന്തെങ്കിലും പുണ്യകര്‍മ്മം ചെയ്താലോ! (വേദത്തില്‍പ്പറഞ്ഞിട്ടുള്ള നല്ല കര്‍മ്മങ്ങള്‍).

വൈദ്യശാസ്ത്രത്തിലെ വല്ല രസായനസേവ കൊ ണ്ടോ, എന്തു കൊണ്ടാണെങ്കിലും വല്ല രക്ഷയും കിട്ടുമോ മരിക്കാതിരിക്കുവാന്‍, ജരാമൃതികളെ നീക്കംചെയ്യുവാന്‍, വല്ല മാര്‍ഗ്ഗവുമുണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞു തന്നാലും."

ഭീഷ്മന്‍ പറഞ്ഞു: നീ ഈ ചോദിച്ച കാര്യത്തിന്ന്‌ ഉദാഹരണമായി ഒരു പഴങ്കഥയുണ്ട്‌. അത്‌ ഭിക്ഷുവായ പഞ്ചശിഖനും ജനകരാജാവും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌.

വിദേഹരാജാവായ ജനകന്‍ പണ്ട്‌ വേദജ്ഞനായ, ധര്‍മ്മാര്‍ത്ഥജ്ഞാനിയായ, പഞ്ചശിഖനോടു ചോദിച്ചു; ഭഗവാനേ, ജരാമൃത്യുക്കളെ ജയിക്കുവാനുള്ള മാര്‍ഗ്ഗമെന്താണ്‌? തപസ്സു കൊണ്ട്‌ കഴിയുമോ? ബുദ്ധി കൊണ്ട്‌ വല്ലതും നടക്കുമോ? വല്ല സല്‍ക്കര്‍മ്മവും ശ്രുതിയില്‍ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞു തരിക!"

ഈ ചോദ്യം കേട്ടപ്പോള്‍ പരോക്ഷജ്ഞനായ പഞ്ചശിഖന്‍ ജനകനോടു പറഞ്ഞു: ഈ പറഞ്ഞ രണ്ടു ബാധയ്ക്കും യാതൊരു ചികിത്സയുമില്ല. അവയെ തടുക്കുവാന്‍ (ജരയേയും മൃതിയേയും) ആര്‍ക്കും കഴിയുകയില്ല. ഒരു വിധത്തിലും ജീവികള്‍ക്ക്‌, ഇതില്‍ നിന്ന്‌ രഷയില്ല. ദിവസങ്ങള്‍ ഓരോന്നും വരുന്നു, പോകുന്നു. അവയൊന്നും പിന്നെ തിരി ച്ചു വരികയില്ല. അതു പോലെ തന്നെ കഴിഞ്ഞ രാത്രികളും മടങ്ങി വരികയില്ല. മാസങ്ങളും വര്‍ഷങ്ങളും മടങ്ങി വരികയില്ല. നിശ്ചിതമായ സ്ഥാനത്തേക്ക്‌ അവ യാത്ര ചെയ്യുന്നു. പോകു ന്ന കാലത്തെ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍ക്കും കഴിയുകയില്ല, ജീവിതം വളരെനാള്‍ നിലനില്ക്കുകയില്ല. സര്‍വ്വജീവികളും ഒരു ഒഴുക്കിലെന്ന പോലെ കാലത്തിന്റെ ഒഴുക്കില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്‌. അവസാനമില്ലാത്ത, അറ്റമി ല്ലാത്ത, നിലക്കാത്ത ഒരു ഒഴുക്കാണത്‌. ആ ഒഴുക്കില്‍ നിന്ന്‌ പിടിച്ചു കയറ്റാന്‍ ആരുമില്ല. ഒരു തോണിയുമില്ല. ജരയും മൃതിയും ശക്തരായ രണ്ട്‌ മുതലകളാണ്‌. അവ ആ കാല നദിയുടെ ഒഴുക്കില്‍ അധിവസിക്കുന്നു. ജീവികളെ പിടിച്ചു വിഴുങ്ങുന്നു. ഒരാളേയും വിട്ടുകളയില്ല. ഒരെതിര്‍പ്പും അവയോട്‌ നടക്കുകയുമില്ല. ആ മുതലകള്‍ വിഴുങ്ങിക്കഴിഞ്ഞാല്‍ അവന്‍ പിന്നെ ഒന്നും അറിയുകയില്ല. ഇവന് ആരും പിന്നെയില്ല. ഒരാളും അവനെ കയറ്റാന്‍ എത്തുന്നില്ല. ഇവന്‍ ആരുടേയും അല്ല. അവന്റെ നാശത്തില്‍ ആര്‍ക്കും വലിയ ഗണനയൊന്നുമില്ല. അങ്ങനെയായിത്തീരുന്നു അവന്റെ നില.

അവന്റെ ജീവിത യാത്രയ്ക്ക്‌ ഇടയ്ക്കു വന്നു കൂടിയവരാണ്‌ ഭാര്യയും ബന്ധുജനങ്ങളുമെല്ലാം. അവരോടു കൂടി ഒന്നിച്ച്‌ എന്നും ജീവകാലം മുഴുവന്‍ വാഴുക എന്നത്‌ ആര്‍ക്കും ഒക്കാത്ത കാര്യമാണ്‌. മുമ്പുണ്ടായവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ലാത്ത കാര്യമാണത്‌. പിന്നെ, പിന്നെയുണ്ടായവര്‍ക്ക്‌ എങ്ങനെ സാധിക്കാനാണ്‌?

ഈ ജീവികള്‍ കാലത്തിന്റെ ഒഴുക്കിലാണ്‌ പൊട്ടി വിടര്‍ന്നത്‌. ആ ഒഴുക്കിലൊഴുകുമ്പോഴാണ്‌ മറ്റൊന്നിനെ കണ്ടുമുട്ടിയത്‌. അവര്‍ തമ്മില്‍ ഒഴുക്കില്‍ക്കിടന്ന്‌ പരസ്പരം ആകര്‍ഷിക്കപ്പെട്ടു. കാറ്റില്‍ പറക്കുന്ന മേഘങ്ങള്‍ പോലെ അവ കാലത്തിന്റെ കാറ്റില്‍ പറന്നു. ഇടയ്ക്ക്‌ മേഘങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി ആകര്‍ഷിക്കപ്പെട്ടു. വലിയ ഒച്ചപ്പാടുണ്ടാ ക്കി.

ഈ ജരയും മൃതിയും സകല ജീവികളേയും വിഴുങ്ങുന്നു. ചെന്നായ്ക്കളുടെ മാതിരിയാണവ. ഈ ഭയങ്കരന്മാര്‍ക്ക്‌ ഏതു വലിയ കൂറ്റനേയും പിടിച്ചു വിഴുങ്ങാനുള്ള കെല്പുണ്ട്‌. ഏതു ശക്തനേയും അവ പിടിച്ചു അമര്‍ത്തു വിഴുങ്ങും. ഏത്‌ ദുർബലനേയും വിഴുങ്ങും. ഏത്‌ ഉന്നതനേയും അതിന്റെ വായിലൊതുക്കും. ഏതു കൃശനേയും വിഴുങ്ങും. ഈ ജീവികളില്‍ സകലത്തിന്റേയും കഥ ഇതാണ്‌. സകല പ്രാണികളുടേയും കഥ ഇതാണ്‌. എന്നാല്‍ ഈ ചെന്നായ്ക്കളുടെ പിടിയില്‍ ഒതുങ്ങാതെ, വിഴുങ്ങാന്‍ കഴിയാതെ, നില്ക്കുന്നത്‌ ഒന്നു മാത്രമേയുള്ളു. അത്‌ ആത്മാവാണ്‌. ആത്മാവ്‌ നാശമില്ലാത്തതാണ്‌.

പ്രപഞ്ചത്തില്‍ എല്ലാ ജീവികളുടേയും കഥ ഇതായിരിക്കേ ഒരുത്തന്‍ ജനിക്കുമ്പോള്‍ നാം ആഹ്ളാദിക്കുന്നത്‌ വിഡ്ഡിത്തമല്ലേ? അതുപോലെ മരിക്കുമ്പോള്‍ ആവലാതിപ്പെട്ട്‌ മുറവിളി കൂട്ടുന്നതും വിഡ്ഡിത്തമല്ലേ?

ഞാന്‍ ഒന്നു കൂടെ ചോദിച്ചോട്ടെ! ഞാന്‍ എവിടെ നിന്നാണ്‌ വന്നത്‌? ഞാനാരാണ്‌? ഞാന്‍ എങ്ങോട്ടാണ്‌ പോ കുന്നത്‌? ഞാന്‍ ആരുടെ ആളാണ്‌? ഞാന്‍ എവിടെയാണ്‌ നില്ക്കുന്നത്‌? എന്താകും ഞാന്‍? എന്തിനു വേണ്ടി മരിച്ചാല്‍ കേഴുന്നു? സ്വര്‍ഗ്ഗത്തിനെ നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ? നരകത്തെ കണ്ടിട്ടുണ്ടോ? പിന്നെ എന്തിന്‌ കരയുന്നു? ഒന്നും അറിഞ്ഞുകൂടാ.

അതുകൊണ്ട്‌ നീ ആഗമത്തില്‍ കണ്ട മാതിരി പുണ്യമായ കര്‍മ്മങ്ങള്‍ ചെയ്യുക. നന്മ ചെയ്യുക.

അദ്ധ്യായം 321. സുലഭാ ജനകസംവാദം - ജനകനില്‍ സത്വം കൊണ്ട്‌ പ്രവേശിച്ചു സുലഭയുടെ വാദത്തില്‍ ജനകന്‍ കുഴങ്ങുന്ന കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ കുരുരാജര്‍ഷിസത്തമാ, എനിക്ക്‌ ഒരു സംശയം ബാധിച്ചിരിക്കുന്നു. ഗാര്‍ഹസ്ഥൃത്തെ ഉപേക്ഷിക്കാതെ തന്നെ ബുദ്ധിയാല്‍ വിലയമായ മോക്ഷതത്വത്തെ പ്രാപിക്കുവാന്‍ കഴിയുമോ? അങ്ങനെ മോക്ഷം പ്രാപിച്ചവര്‍ വല്ലവരുമുണ്ടോ? സന്നൃസിക്കുന്നവന് എങ്ങനെയാണ്‌, വ്യക്തന്ന്‌ ആത്മാവ്‌ എങ്ങനെയാണ്‌? പിന്നെ മോക്ഷത്തിന്ന്‌ എങ്ങനെ സാധിക്കുന്നു? ഇവയെല്ലാം വിസ്മരിച്ചു പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു: ഇതിന്ന്‌ ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ജനകമഹാരാജാവും സുലഭയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ ഭരതര്‍ഷദഭാ!

പണ്ട്‌ ജനകന്റെ വംശത്തില്‍പ്പെട്ട ഒരു രാജാവ്‌, മിഥിലയില്‍ ഉണ്ടായിരുന്നു. "ധര്‍മ്മധ്വജന്‍" എന്ന്‌ പ്രസിദ്ധനായ ആ രാജാവ്‌ സന്ന്യാസം സ്വീകരിച്ചു. എന്നാലും അദ്ദേഹം രാജാവായിത്തന്നെ രാജ്യം ഭരിച്ചു. വേദങ്ങളും, പിന്നെ മോക്ഷശാസ്ത്രങ്ങളും, രാജാവിന് ആവശ്യമായ ഭരണശാസ്ത്രങ്ങളും എല്ലാം പഠിച്ചറിഞ്ഞ ആ മന്നവന്‍ ഇന്ദ്രിയങ്ങളടക്കി മന്നിനെ ഭരിച്ചു.

ആ രാജാവിന്റെ മഹത്തായ ചരിത്രം കേട്ട്‌ വേദജ്ഞാനികളായ പണ്ഡിതന്‍മാര്‍ അല്ലയോ പുരുഷശ്രേഷ്ഠാ! അദ്ദേഹത്തെ കാണുവാനും അദ്ദേഹത്തിന്റെ സ്നേഹം സമ്പാദി ക്കുവാനും ആഗ്രഹിച്ചു.

ആ സത്യയുഗകാലത്ത്‌ യോഗധര്‍മ്മം സ്വീകരിച്ച സുലഭ എന്നു പേരായ ഒരു ഭിക്ഷുകി ഒറ്റയ്ക്ക്‌ മന്നില്‍ ചുറ്റി സഞ്ചരിച്ചു. ലോകത്തിലൊക്കെ ചുറ്റി സഞ്ചരിക്കുന്ന കാലത്ത്‌ യതികള്‍ മോക്ഷകാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക്‌ ധര്‍മ്മധ്വജനെപ്പറ്റി പ്രശംസിക്കുന്നത്‌ അവള്‍ കേട്ടു. ഒരിടത്തല്ല പലയിടത്തും, യതികള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം, മോക്ഷ പ്രസംഗത്തില്‍ യതികള്‍ അദ്ദേഹത്തെക്കുറിച്ചു പറയുന്നതു കേള്‍ക്കാനിടയായി.

ഈ വൃത്താന്തം നേരായിരിക്കുമോ അതോ വെറും പ്രശംസ മാത്രമായിരിക്കുമോ എന്ന്‌ ഒരു ശങ്കയുണ്ടായി. അത്‌ ശരിയായി അറിയണമെന്ന്‌ അവള്‍ക്ക്‌ ആഗ്രഹം ജനി ച്ചു. അങ്ങനെ സുലഭ ജനകനെ കാണുവാന്‍ തീര്‍ച്ചയാക്കി.

തന്റെ മുമ്പത്തെ ആകൃതി യോഗശക്തിയാല്‍ അവള്‍ കൈവിട്ട്‌ അതിശ്രേഷ്ഠമായ മറ്റൊരു നല്ല രൂപം ആ അനവദ്യാംഗി സ്വീകരിച്ചു. യോഗവിദ്യയുടെ പ്രഭാവത്താല്‍ കണ്ണടച്ചു തുറക്കുന്നതിനു മുമ്പ്‌ ശരത്തിന്റെ വേഗത്തില്‍ വിചാരിച്ച ദിക്കില്‍ എത്താന്‍ കഴിയുന്ന അവള്‍ ക്ഷണത്തില്‍ വിദേഹ രാജ്യത്ത്‌ എത്തി.

സുഭ്രുവായ ആ കമലാക്ഷി ജനങ്ങള്‍ ധാരാളം അധി സിക്കുന്ന ആ മനോഹരമായ മിഥിലാപുരിയില്‍ ചെന്നെ ത്തി. ഭിക്ഷയ്ക്കു വേണ്ടി എന്ന വ്യാജത്താല്‍ മിഥിലാധിപനെ ചെന്നു കണ്ടു.

രാജാവ്‌ ആ യുവതിയുടെ സൗകുമാര്യവും അവളുടെ ഉടലും കണ്ടു വിസ്മയിച്ചു. ഇവള്‍ ആരുടെയാണ്‌! എവിടെ നിന്നു വരുന്നു! എന്ന്‌ അത്ഭുതപ്പെട്ടു. അവളെ രാജാവ്‌ സ്വാഗതം ചെയ്തു. നല്ല ഒരു ഇരിപ്പിടം നല്കി. അവളെ പൂജിച്ചു. കാല്‍കഴുകിച്ചു. അര്‍ഘ്യപാദ്യാദികള്‍ കൊണ്ട്‌ ബഹുമാനിച്ചതിന് ശേഷം സുഖമായ ആഹാരം നല്കി തൃപ്തിപ്പെടുത്തി. രാജാവും, ഭക്ഷണം കഴിച്ചതിന് ശേഷം സന്തുഷ്ടനായി. മന്ത്രിമാരോടു കൂടി ഇരിക്കുന്ന ആ നരനാഥനെ, വിജ്ഞാനികളായ മന്ത്രിമാരുടെ മദ്ധൃത്തില്‍ ഇരിക്കുന്ന രാജാവിനെ, ആ ഭിക്ഷുകി പ്രചോദനം ചെയ്തു. ജനകന്‍ തന്റെ ധര്‍മ്മത്തില്‍ മുക്തനാണോ അല്ലയോ എന്ന്‌ അവളില്‍ ശങ്ക തോന്നുകയാല്‍ അത്‌ ഒന്നു പരീക്ഷിക്കണമെന്നു തീര്‍ച്ചയാക്കി അവള്‍, നൃപന്റെ സത്വത്തില്‍ തന്റെ സത്വം കൊണ്ട്‌ ആ യോഗിനി പ്രവേശിച്ചു.

രാജാവിന്റെ കണ്ണുകളില്‍ തന്റെ കണ്ണുകള്‍ കൊണ്ട്‌, രശ്മി നിര്‍ത്തി രശ്മിയാല്‍ അവള്‍ ചോദനം ചെയ്ത്‌ യോഗബന്ധത്താല്‍ ബന്ധനം ചെയ്തു. അങ്ങനെ യോഗബന്ധത്താല്‍ അവള്‍ രാജാവിനെ ബന്ധിച്ചു. അല്ലയോ രാജാവേ, ജനകന്‍ അപ്പോള്‍ സുസ്‌മേരവദനനായി അവളുടെ ഭാവത്തില്‍ മെച്ചപ്പെട്ട ഭാവം ദര്‍ശിച്ച്‌, അവളുടെ ഭാവത്തെ സസന്തോഷം സ്വീകരിച്ചു. സുലഭ രാജാവിന്റെ ആശയത്തെ അവളുടെ ആശയത്തിന് അധീനമാക്കി. രാജാവിന്റെ സൂക്ഷ്മ രൂപത്തില്‍ രാജകീയമായ വെണ്‍കൊറ്റക്കുടയോ ചെങ്കോലോ ഇല്ല. സുലഭയിലോ ത്രിദണ്ഡമാകട്ടെ ഇല്ല. രണ്ടുപേരും കേവല രൂപത്തില്‍ നിന്ന്‌, തമ്മില്‍ സംസാരിച്ചു. അവര്‍ രണ്ടു പേരും തമ്മില്‍ നടന്ന സംഭാഷണം കേട്ടുകൊള്ളുക:

ജനകന്‍ പറഞ്ഞു: അല്ലയോ, ദേവീ, ഭവതി എന്തു ചര്യയില്‍ നില്ക്കുന്നു? ഭവതി ആരുടെയാണ്‌? ഭവതി എവിടെ നിന്നു വരുന്നു? ഇവിടെ വന്നകാര്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ഭവതി എങ്ങോട്ടു പോകും? ചേതസ്സ്‌, വയസ്സ്‌, ജാതി ഇവയിലൊന്നും സത്ഭാവം ഞാന്‍ ഇവിടെ കാണുന്നില്ല. ഇവയ്ക്കു ശരിയായ ഒരു മറുപടി എന്റെ ഈ സമാഗമത്തില്‍ പറഞ്ഞാലും. വെണ്‍കൊറ്റക്കുട മുതലായ വിശേഷങ്ങള്‍ വിട്ടവനാണ്‌ ഞാന്‍ എന്ന തത്വം ഭവതി ചിന്തിക്കണം. അങ്ങനെയുള്ള ഞാന്‍ നിന്നെ മാനിക്കുന്നു. നീ മാന്യയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ മുന്പെ നേടിവച്ച ശ്രേഷ്ഠമായ വൈശേഷികമെന്ന ജ്ഞാനം മറ്റാരും വിവരിക്കുന്നതല്ല. മോക്ഷത്തെപ്പറ്റിയും നീ എന്നില്‍ നിന്നു കേട്ടു കൊള്ളുക. വൃദ്ധനും മഹാത്മാവും പരാശര ഗോത്രത്തില്‍ പിറന്നവനും യതിയുമായ പഞ്ചശിഖന്‍ എന്നെ ശിഷ്യനായി സ്വീകരിച്ചു. തന്മൂലം ഞാന്‍ ലോകസമ്മതനായിരിക്കുന്നു. സാംഖ്യാജ്ഞാനത്തിലും യാഗത്തിലും രാജധര്‍മ്മശാസ്ത്രത്തിലും ഇങ്ങനെയുള്ള ഈ മൂന്ന്‌ മോക്ഷധര്‍മ്മത്തിലും വഴിപോലെ അഭ്യസിച്ചു സംശയം തീര്‍ന്നവനാണ്‌ ഞാന്‍. ശാസ്ത്രത്തില്‍ കണ്ട മാര്‍ഗ്ഗത്തില്‍ ചെന്നു ചുറ്റി വരുന്നവനായ അദ്ദേഹം (പഞ്ചശിഖന്‍) എന്റെ അടുത്ത്‌ വര്‍ഷക്കാലം നാലുമാസവും പാര്‍ത്തു സുഖിച്ചു.

അക്കാലത്ത്‌ സാംഖ്യമുഖ്യനായ അദ്ദേഹം ശരിക്ക്‌ പൊരുള്‍ കണ്ട്‌ എനിക്ക്‌ അവയൊക്കെ വേണ്ടവിധം പഠിപ്പിച്ചു തന്നു. ത്രിവിധമായ മോക്ഷ മാര്‍ഗ്ഗവും ഉപദേശിച്ചു. ഞാന്‍ അങ്ങനെ രാജ്യം വിട്ട്‌ മറ്റുവിധ മാര്‍ഗ്ഗം സ്വീകരിച്ചില്ല. കാട്ടില്‍ പോകാതെ തന്നെ നിയമാനുഷ്ഠാനത്തില്‍ ഉറച്ചിരിക്കുന്നു.

അങ്ങനെയുള്ള ഞാന്‍ മൂന്നു മാര്‍ഗ്ഗമായുള്ള മോക്ഷ വൃത്തികളെല്ലാം, വിരക്തനായി, തനിയെ അനുഷ്ഠിക്കുന്നു. അങ്ങനെ പരമമായ പദത്തില്‍ ഞാന്‍ എത്തിയിരിക്കുന്നു.

മോക്ഷത്തിന്‌ മുഖ്യമായ വിധി വൈരാഗ്യമാണെന്നാണല്ലൊ പ്രസിദ്ധി. ജ്ഞാനം കൊണ്ടേ വൈരാഗ്യം (സുഖ ദുഃഖ വിരക്തി) ഉണ്ടാവു. വൈരാഗ്യത്താലേ മുക്തിയും ലഭിക്കൂ! ജ്ഞാനത്താല്‍ ചെയ്യുന്നതാണ്‌ യത്നം. യത്നത്താല്‍ മഹത്തിനെ പ്രാപിക്കാം. മഹത്ത്‌ ദ്വന്ദ മുക്തിയ്ക്ക് ആകുന്നു. ആ വിയോഗിതയാണ്‌ സിദ്ധി. ആ ഉന്നതപദത്തെ പ്രാപിച്ച ഞാന്‍ നിര്‍ദ്വന്ദ്വവൃത്തി ആയിരിക്കുന്നു. അങ്ങനെ ഞാന്‍ ഇവിടെ മോഹമറ്റ്‌, സംഗം വിട്ട്‌ ചരിക്കുകയാണ്‌. വെള്ളം കൊണ്ട്‌ നനച്ചാല്‍ വയലു മൃദുവാക്കി വിത്തു വിളവുണ്ടാകുന്ന മാതിരിയാണ്‌ മനുഷ്യരുടെ പുനര്‍ജന്മം. വല്ല പാത്രത്തിലുമിട്ട്‌ വിത്തു വറുത്താല്‍ ആ വിത്ത്‌ അതിന്റെ ബീജം നശിക്കയാല്‍ പിന്നെ മുളയ്ക്കുകയില്ല. അപ്രകാരം പഞ്ചശിഖന്‍ എന്ന ആ യതിവര്യന്, ബീജത്തെ നശിപ്പിച്ച ജ്ഞാനം, ഇനി വിഷയത്തില്‍ മുളയ്ക്കുവാന്‍ പോകുന്നില്ല. ഒരുവിധം അനര്‍ത്ഥത്തിലും രഞ്ജിക്കുവാന്‍ പോകുന്നില്ല. രാഗദ്വേഷ ങ്ങള്‍ പാഴായിപ്പോവുകയാല്‍ ഇനി ഒരു പരിശ്രമത്തിലും ഞാന്‍ രഞ്ജിക്കുകയില്ല.

ഒരുത്തന്‍ വന്ന്‌ എന്റെ വലംകൈയില്‍ ചന്ദനം പൂശി യാലും മറ്റൊരുത്തന്‍ വന്ന്‌ എന്റെ ഇടത് കൈ വെട്ടിയാലും ഞാന്‍ ആ രണ്ടു പേരിലും തുല്യ ഭാവനയോടെ മാത്രമേ നില്‍ക്കൂ! അങ്ങനെയുള്ള ഈയുള്ളവന്‍ സുഖിയാണ്‌, അര്‍ത്ഥങ്ങളൊക്കെ സിദ്ധിച്ചവനാണ്‌. എനിക്ക്‌ പൊന്‍കട്ടയും മണ്‍കട്ടയും തുല്യമാണ്‌. രണ്ടിലും ഒന്നുപോലെ മാത്രമേ ഞാന്‍ ദര്‍ശിക്കുന്നുള്ളു. ഞാന്‍ മറ്റു സന്യാസികളേക്കാളെല്ലാം ഉയര്‍ന്ന്‌ രാജ്യത്തില്‍ നിസ്സംഗനായി വര്‍ത്തിക്കുന്നു. മോക്ഷ വിത്തമന്മാരായ ജ്ഞാനികള്‍ മോക്ഷത്തില്‍ മൂന്നു തരം നിഷ്ഠ കാണുന്നുണ്ട്‌. ലോകോത്തരപരമായ പരത്തേയും ജ്ഞാനത്തേയും സര്‍വ്വകര്‍മ്മ വിമുക്തിയേയും - ഇവ മുന്നി നേയുമാണ്‌ കാണുന്നത്‌.

മോക്ഷശാസ്ത്രജ്ഞരായ ചിലര്‍ ജ്ഞാനനിഷ്ഠയെ പ്രശംസിക്കുന്നു. സൂക്ഷ്മദര്‍ശികളായ മറ്റ്‌ യതിമാര്‍ കര്‍മ്മനിഷ്ഠയെ പ്രശംസിക്കുന്നു. ഈ പറഞ്ഞ രണ്ടുവിധമായ ജ്ഞാനവും കേവലധര്‍മ്മവും വെടിഞ്ഞ്‌ മൂന്നാമതായ നിഷ്ഠ മഹാത്മാവായ അദ്ദേഹം ഉപദേശിച്ചു. യമം, നിയമം, കാമം, ദ്വേഷം, പരിഗ്രഹം, മാനം, ദംഭം, സ്നേഹം, ഇതിലെല്ലാം തുല്യരാണ്‌ കുടുംബികള്‍. ത്രിദണ്ഡാദിയില്‍ ഒരുത്തന്‌ ജ്ഞാനത്താല്‍ മോക്ഷം ലഭിക്കുമെങ്കില്‍ എന്തുകൊണ്ടു മോക്ഷം ഛത്രാദിയില്‍ പരിഗ്രഹം തുല്യമായി നില്ക്കുമ്പോള്‍ പറ്റുകയില്ല?

സന്ന്യാസവൃത്തിക്കു ത്രിദണ്ഡമാണെങ്കില്‍ രാജവൃത്തിക്ക്‌ കുടയും ചെങ്കോലുമാണ്‌ അടയാളം. മോക്ഷം സന്ന്യാസിക്കെന്ന പോലെ രാജധര്‍മ്മം പാലിക്കുന്ന രാജാവിനും ലഭിച്ചു കൂടായ്കയില്ലല്ലോ. അതുകൊണ്ട്‌ ഞാന്‍ ഛത്രം ധരിക്കുന്നത്‌ ഒട്ടും മോക്ഷവിരുദ്ധമല്ല. ഏതേതു കാരണത്താല്‍ കര്‍മ്മത്തില്‍ കാര്യം ഏവനോ, അതാത്‌ വസ്തു സ്വാര്‍ത്ഥ പരിഗ്രഹത്തില്‍ കൈക്കൊള്ളുന്നു. ഓരോ പരിതഃസ്ഥിതിയിലും ജീവിക്കുന്നവര്‍ അവരവരുടെ വൃത്തി സ്വീകരിക്കുന്നു. സന്ന്യാസിയും രാജാവും മറ്റു വലുതോ ചെറുതോ ആയ ജീവിതവൃത്തി സ്വീകരിച്ചവരാരും ജ്ഞാനത്താല്‍ മുക്തിയെ പ്രാപിക്കും. സ്ഥാനമാനാദികളൊന്നും അതിനെ ബാധിക്ക യില്ല. ഗൃഹസ്ഥാശ്രമത്തില്‍ ദോഷം കണ്ട്‌ മറ്റൊരാശ്രമത്തെ സ്വീകരിച്ചവനും വിട്ടവനും എടുത്തവനും സംഗം മൂലം മുക്തനാകുവാന്‍ പോകുന്നില്ല. സന്ന്യാസിയുടെ ജീവിതവും രാജാവിന്റെ ജീവിതവും ആധിപത്യം, നിഗ്രഹാനുഗ്രഹം മുതലായതില്‍ തുല്യമാണ്‌. രാജാക്കന്മാര്‍ക്കു തുല്യരാണ്‌ ഭിക്ഷുക്കളും. അതുകൊണ്ടു ഭിക്ഷുക്കള്‍ മാത്രമെങ്ങനെ വിമുക്തരാകും? രാജാക്കന്മാര്‍ക്ക്‌ എന്തുകൊണ്ടു വിമുക്തരാകാന്‍ പറ്റുകയില്ല? രാജാധികാരം കൈവശമുണ്ടെങ്കിലും അവന്‍ ജ്ഞാനം കൊണ്ടു പാപം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണെങ്കില്‍ അവന്‍ ബ്രഹ്മത്തെ പ്രാപിക്കും.

കാവിവസ്ത്രം ഉടുക്കുക, തല മൊട്ടയടിക്കുക, ത്രിദണ്ഡം ധരിക്കുക, കിണ്ടി കൈയില്‍ പിടിക്കുക, ഇവകൊണ്ടൊക്കെ മോക്ഷമായി എന്നു വിചാരിക്കുന്നതു വിഡ്ഡിത്തമാണ്‌. ഇവയൊക്കെ ജനങ്ങളെ വഴിതെറ്റിക്കാന്‍ കൊള്ളാം. ഈ ചിഹ്‌നമൊക്കെയുണ്ടെങ്കിലും അവശ്യംവേണ്ടത്‌. ജ്ഞാനമാണ്‌. ദുഃഖത്തിന്റെ വിമുക്തിക്കു ചിഹ്‌നം കൊണ്ടു മാത്രം യാതൊരു കാര്യവുമില്ല. നിരര്‍ത്ഥകമാണ്‌ ഈ ചിഹ്‌നം. ഇവ കൊണ്ടൊന്നും മോക്ഷം നേടുവാന്‍ ആര്‍ക്കും കഴിയുകയില്ല. ഈ പ്രത്യേക ആശ്രമത്തിന്റെ ചിഹ്നമായി ഇത്തരം ചിഹ്നങ്ങള്‍ എടുക്കുന്നതായാലും ജ്ഞാനമാണ്‌ മോക്ഷത്തിന് സഹായമായി നില്ക്കുന്നത്‌. ആ ജ്ഞാനമാണ്‌ മര്‍ത്ത്യനെ ദുഃഖത്തില്‍ നിന്നു കരകയറ്റുന്നത്‌. അല്ലാതെ ത്രിദണ്ഡാദി ചിഹ്നങ്ങളൊന്നുമല്ല. അല്ലെങ്കില്‍ ഒന്നു ചോദിച്ചു കൊള്ളട്ടെ, സന്ന്യാസിമാരുടെ ഈ ചിഹ്നങ്ങളില്‍ ദുഃഖശമനം കാണുന്നുണ്ടെങ്കില്‍ എന്തുകൊണ്ട്‌ ഞാന്‍ സ്വീകരിച്ചിരിക്കുന്ന ഈ ശ്വേതാതപത്രത്തിലും ചെങ്കോലിലും ദുഃഖശമനം കാണുന്നില്ല? മോക്ഷമെന്നു പറയുന്നത്‌ ചില സാധനങ്ങളില്‍ ആശ്രയിച്ചു നില്ക്കുന്നതല്ല. ഒരുത്തന്‍ ദരിദ്രനാണ്‌. മറ്റൊരുത്തന്‍ ധനികനാണ്‌. ഇവയൊന്നും മോക്ഷകാര്യത്തില്‍ ഒരു പ്രശ്നമല്ല. ജ്ഞാനം ആര്‍ക്കു ലഭിക്കുന്നുവോ, അവന്‍ മോക്ഷത്തിന്‌ അര്‍ഹനാകുന്നു. ഈ കാരണങ്ങളാല്‍ ഞാന്‍ സ്വതന്ത്രനായ നിലയില്‍ വര്‍ത്തിക്കുന്നു. ഞാന്‍ കാഴ്ചയ്ക്കു ധര്‍മ്മാര്‍ത്ഥകാമ നിരതനാണെങ്കിലും, രാജ്യവും അധികാരവും ഭാര്യയും മാനുഷികമായ സകല ശ്രേയസ്സുകളും പ്രത്യക്ഷത്തില്‍ അനുഭവിക്കുന്നവനാണെന്നു കാണുന്നുണ്ടെങ്കിലും ഞാന്‍ ആ ബന്ധളിലൊന്നും കുടുങ്ങിക്കിടക്കുന്നവനല്ല, എല്ലാറ്റില്‍നിന്നും വിട്ടുനില്ക്കുന്നവനാണ്‌.

സ്നേഹം, ഐശ്വ രും, എന്നീ ബന്ധത്തോടു കൂടിയ, രാജൈശ്വര്യ രൂപത്തിലുള്ള, ഈ കയറ്‌, മോക്ഷമാകുന്ന ചാണയില്‍ വച്ചു മൂര്‍ച്ച കൂട്ടി ത്യാഗമാകുന്ന വാൾ കൊണ്ടു ഞാന്‍ അറുത്തു കളഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ഞാന്‍, സംസാരബന്ധത്തില്‍ നിന്നു വിമുക്തനായ ഞാന്‍, അല്ലയോ ഭിക്ഷുണീ, ഞാന്‍ നിന്നില്‍ ആദിത്യനാണ്‌. ഞാന്‍ നിന്നെ ആദരിക്കുന്നു. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നാല്‍ നിന്റെ വര്‍ണ്ണം ശരിയാണെന്ന ബോധ്യം എനിക്കില്ല. നിന്റെ രൂപം വളരെ വൃത്യസ്തമായതായി ഞാന്‍ കാണുന്നു. നല്ല സൌകുമാര്യം, നല്ല യൗവനം, നല്ല അഴക്‌, നല്ല ദേഹം ഇവയെല്ലാമുള്ള നിന്നില്‍ നല്ല നിയമവും (ഇന്ദ്രിയങ്ങളെ അടക്കാനുള്ള കഴിവ്‌) ഞാന്‍ കാണുന്നു. അതില്‍ യാതൊരു സംശയവുമില്ല. നീ എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു. യോഗശക്തിയാല്‍ നീ എന്നില്‍ പ്രവേശിച്ച്‌ ഏന്നെ അധീനനാക്കിക്കളഞ്ഞു. ഇതു നിന്റെ ചിഹ്നത്തിന്, രൂപത്തിന് ഒക്കാത്തതായ ഒരു പണിയാണ്‌. നീ സാംശയിക്കുകയാണ്‌, ഞാന്‍ മുക്തനാണോ അല്ലയോ എന്ന്‌. നി പരിശോധിക്കുകയാണ്‌! കാമത്തോടു കൂടിയ യോഗിക്ക്‌ ത്രിദണ്ഡം ചേര്‍ന്നതല്ല. നിന്നെ സംബന്ധിച്ചു ചിന്തിക്കുമ്പോള്‍ ആ ത്രിദണ്ഡമൊന്നും നിന്നില്‍ ഞാന്‍ കാണുന്നില്ല. ഒരിക്കല്‍ യോഗം കൊണ്ട്‌ നിര്‍വ്വാണ പദത്തിലെത്തിയ ഒരുത്തന്‍ വീണ്ടും അതില്‍ നിന്നു തെറ്റി അധഃപതിക്കുക ആണെങ്കില്‍ പിന്നെ അവന് യാതൊരു ഗതിയും ഇല്ലെന്നുള്ളതും നീ ധരിക്കുക.

ഇനി എന്റെ പക്ഷത്തില്‍നിന്നു പ്രവൃത്തിയുടെ സാധുത്വവും പരിശോധിക്കേണ്ടതാണ്‌. നീ നിന്റെ ബുദ്ധികൊണ്ട്‌ എന്റെ സ്ഥൂല ശരീരത്തില്‍ കയറിയതു ശരിയായോ എന്നു ചിന്തിക്കുകയാണ്‌! നീ എന്തിനു വേണ്ടി എന്റെ നാട്ടില്‍ കടന്നു വന്നു? എന്തിനു വേണ്ടി എന്റെ രാജധാനിയില്‍ പ്രവേശിച്ചു? ആരുടെ ചിഹ്നത്തെയാണ്‌ അല്ലയോ യുവതീ, നീ എന്റെ ഹൃദയത്തില്‍ രേഖപ്പെടുത്തുന്നത്‌? ഞാന്‍ വിചാരിക്കുന്നു. നീ ജാതിയില്‍ ഏറ്റവും ഉയര്‍ന്ന ബ്രാഹ്മണ കുലത്തില്‍ പിറന്നവളാണെന്ന്‌. എന്നെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍ ഞാന്‍ ക്ഷത്രിയനാണ്‌. ഒരു വിധത്തിലും നാം രണ്ടു പേരും തമ്മില്‍ ചേര്‍ച്ചയ്ക്കു വഴി കാണുന്നില്ല. ഒരിക്കലും വര്‍ണ്ണസങ്കരമുണ്ടാക്കുവാന്‍ പാടില്ല. നീയാണെങ്കില്‍ മോക്ഷധര്‍മ്മത്തില്‍ നില്ക്കുന്നവളാണ്‌. ഞാനോ ഒരു ഗൃഹസ്ഥാശ്രമിയും. നിന്റെ ഈ പ്രവൃത്തി നിനക്കു മറ്റൊരു ദോഷവും കൂടെ വരുത്തിവയ്ക്കും. എങ്ങനെയെന്നാല്‍, രണ്ടുതരം ആശ്രമങ്ങളെ സ്വീകരിച്ചവര്‍ തമ്മിലുള്ള ചേര്‍ച്ച നിഷിദ്ധമാണ്‌. നീ എന്റെ ഗോത്രത്തില്‍പ്പെട്ടവളാണോ അല്ലയോ എന്നും ഞാന്‍ അറിയുന്നില്ല. അതു പോലെ തന്നെ നിന്നെപ്പറ്റി ചിന്തിച്ചാല്‍ നീ എന്നെക്കുറിച്ചും, ഞാന്‍ ഏതു ഗോത്രത്തില്‍ പെട്ടവനാണ് എന്നതിനെക്കുറിച്ചും നിനക്കും അറിഞ്ഞുകൂടാ, അങ്ങനെയുള്ള എന്നില്‍ നീ ചേര്‍ന്നാല്‍ അതു മുന്നാമത്തെ ഒരു തെറ്റായി വന്നുകൂടും. എന്തെന്നാല്‍ അത്‌ ഒരു പ്രകൃതി വിരുദ്ധമായ നടപടിയാകും. പിന്നെ മറ്റൊന്ന്‌, ഭര്‍ത്താവു ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍, അവന്‍ ദൂരെ ഒരിടത്തു വസിക്കുന്നുണ്ടെങ്കില്‍, ആ നിലയ്ക്കു നീ എന്നോടു ചേരുകയാണെങ്കില്‍, നിയമപ്രകാരം തെറ്റായ ഒരു കര്‍മ്മം ചെയ്തു എന്ന അപരാധം വന്നു കൂടും. അതു നാലാമത്തെ തെറ്റാകും. അഗമൃയായ അന്യസ്ത്രീയെ ഒരിക്കലും സ്വീകരിക്കുവാന്‍ പാടില്ല. ഈ കാര്യങ്ങളൊക്കെ നല്ല പോലെ അറിഞ്ഞാണോ നീ എന്നോടു ചേരുവാന്‍ തുനിഞ്ഞിരിക്കുന്നത്‌? നിന്റെ അജ്ഞത കൊണ്ടാണോ ഇതിന്നൊരുങ്ങിയത്‌? അതോ മിഥ്യാജ്ഞാനം നിമിത്തമാണോ? അതല്ല, നീ സ്വതന്ത്രയാണെങ്കില്‍ നീ നിന്റെ ദോഷംകൊണ്ടു തന്നെയാണിതിന് മുതിര്‍ന്നത്‌. വല്ല ജ്ഞാനവും നിനക്കുണ്ടെങ്കില്‍ ഈ ചെയ്തതൊക്കെ അനർത്ഥമാണ്‌ നിനക്കു ചെയ്യുക.

മൂന്നാമതായ ഒരു തെറ്റ്‌ നിന്നെ ബന്ധിച്ചിരിക്കുന്നു. അത്‌ മറ്റൊന്നുമല്ല. അതിന്റെ ഫലമായി ഉണ്ടായ ദോഷം മനഃശാന്തിയെ തകര്‍ത്തു കളഞ്ഞു എന്നുള്ളതാണ്‌. നീ ഒരു ദുഷ്ടസ്ത്രീയുടെ സ്വഭാവമാണ്‌ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഈ നിലയ്ക്കു ചിന്തിക്കുമ്പോള്‍ നിന്റെ പുറപ്പാട്‌ എന്നെ മാത്രം ജയിക്കണമെന്നുള്ളതല്ല. എന്റെ ഈ സകല പരിവാരങ്ങളെയും, ഈ ജ്ഞാനികളായ ബ്രാഹ്മണരേയും മന്ത്രികളേയും ഉള്‍ക്കൊള്ളുന്ന പരിഷത്തിനെ ഒന്നടക്കം, വിജയിക്കുവാനാണ്‌ നീ മോഹിക്കുന്നതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. നിന്റെ ദൃഷ്ടി അങ്ങോട്ടാണ്‌ നീ തിരിച്ചിരിക്കുന്നത്‌. ഈ പ്രശസ്തരും ബുദ്ധിമാന്മാരുമായ സകല ബ്രാഹ്മണരേയും, അവമാനത്തിലാഴ്ത്തി സകലരുടേയും മേലെയായി വിജയം നേടുവാനുമാണ്‌ നിന്റെ പുറപ്പാട്‌. നീ അമര്‍ഷം മൂലം ബുദ്ധിമോഹത്താല്‍ മയങ്ങിയവളാണ്‌. യോഗത്തില്‍ നീ അഭിമാനിക്കുന്നു. എന്റെ ഐശ്വര്യത്തില്‍ നീ അസൂയപ്പെടുന്നു. വിഷവും അമൃതും ചേര്‍ന്ന പോലെയുള്ള ഒരു കൂട്ട്‌ നീയും ഞാനും ചേര്‍ന്ന്‌ ഉത്ഭവിപ്പിക്കുവാനാണ്‌ നിന്റെ മോഹം. പരസ്പരം ഇച്ഛിക്കുന്ന സ്ത്രീപുരുഷ ന്മാരുടെ മേളനം അമൃതിന് തുല്യമാണ്‌.

സ്ത്രീപുരുഷന്മാരില്‍, സ്ത്രീക്കു മാത്രം പുരുഷനോടു പ്രേമം,  എന്നാണെങ്കിൽ ആ ചേര്‍ച്ച ശുഭമാവുകയില്ല; നേട്ടമാവുകയില്ല. അത്‌ വിഷതുല്യം ദോഷം ചെയ്യുന്നതുമാണ്‌. നീ എന്നെ തൊടുവാന്‍ തുനിയരുത്‌. ഞാന്‍ ഒരു സന്മാര്‍ഗ്ഗിയാണെന്ന്‌ ധരിക്കയും, നീ നിന്റെ ശാസ്ത്രത്തിനു ചേര്‍ന്ന വിധം ചെയ്യുക. മുക്തനാണോ, അല്ലയോ എന്ന്‌ നീ എന്നെ പരീക്ഷിച്ചുവല്ലൊ. ആ പരീക്ഷണം കഴിഞ്ഞു. അതൊക്കെ, നിന്റെ രഹസ്യമായ പ്രവര്‍ത്തനമൊക്കെ, എന്നില്‍ നിന്ന്‌ മറയ്ക്കാതിരിക്കുക. നീ ഈ ചെയ്തത്‌ നിനക്കു വേണ്ടിയാണോ അതോ മറ്റുവല്ല രാജാക്കന്മാര്‍ക്കും വേണ്ടിയാണോ? വേഷം മാറി എന്റെ തത്വമൊക്കെ ഗ്രഹിച്ച്‌ പോകാന്‍ വന്നതാണോ? എല്ലാം എന്നോടു തുറന്നു പറയുക. വഞ്ചനയും കൊണ്ടു രാജാവിന്റെ അടുത്ത്‌ ചെല്ലരുത്‌. വഞ്ചനയും കൊണ്ട്‌  ബ്രാഹ്മണന്റെ അടുത്തും ചെല്ലരുത്‌. ഭാര്യയുടെ ഗുണം ചേര്‍ന്ന സ്ത്രീയുടെ അടുത്തും വഞ്ചനയും കൊണ്ടു ചെല്ലരുത്‌. വേഷം മാറി വഞ്ചനയും കൊണ്ട്‌ ഈ പറഞ്ഞ മുന്നു കൂട്ടരുടെയും മുമ്പില്‍ച്ചെന്നാല്‍ വളരെ വേഗത്തില്‍ അവരുടെ കഥ അവസാനിക്കും. രാജാക്കന്മാര്‍ക്കു ബലം ഐശ്വര്യമാണ്‌. ബ്രഹ്മജ്ഞര്‍ക്കു ബലം ബ്രഹ്മമാണ്‌. രൂപം, യൗവനം, സൌഭാഗ്യം ഇവയാണ്‌ സ്ത്രീകള്‍ക്ക്‌ ഉത്തമമായ ബലം. അതുകൊണ്ട്‌ ഈ ബലം ഉള്ളവരില്‍ സ്വാര്‍ത്ഥം ഇച്ഛിക്കുനവന്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുക. അനാര്‍ജ്ജവം എപ്പോഴും നാശത്തിന് വഴിവെക്കും. അതുകൊണ്ട്‌ നിന്റെ ജാതി, ശ്രുതം, വൃത്തി, ഭാവം, ആത്മപ്രകൃതി ഇവയും ഇവിടെ വരാനുള്ള കാരണവും ശരിയായ വിധം നീ പറയുവാന്‍ അര്‍ഹിക്കുന്നുണ്ട്‌.

ഭീഷ്മൻ പറഞ്ഞു: ഭംഗിയല്ലാത്തതും മുമ്പേ ആരോടും ഇത്ര രൂക്ഷമായി ആരും പറയാത്തതുമായ അശുഭമായ വാക്കു കേട്ട്‌, രാജാവിനാല്‍ അധിക്ഷേപിക്കപ്പെട്ട സുലഭ ലേശം പോലും കുലുങ്ങിയിട്ടില്ല. രാജാവ്‌ പറഞ്ഞു വച്ചതിന് ശേഷം സുന്ദരിയായ സുലഭ ഇപ്രകാരം ഭംഗിയേറിയ വാക്കുകള്‍ പറയുവാന്‍ തുടങ്ങി.

സുലഭ പറഞ്ഞു: അല്ലയോ രാജാവേ, വാക്യം എപ്പോഴും ഒമ്പതു വാഗ്ദോഷങ്ങളില്‍ നിന്നും, ഒമ്പതു ബുദ്ധിദോഷങ്ങളില്‍ നിന്നും ഒഴിഞ്ഞതും അര്‍ത്ഥമുള്ളതും ആയിരിക്കണം. പതിനെട്ടു ഗുണങ്ങളോട് കൂടിയതും ആയിരിക്കണം വാക്യം.

സൌക്ഷ്മ്യം, സാംഖ്യക്രമം, നിര്‍ണ്ണയം, സുപ്രയോജനം ഈ അഞ്ചു ഗുണങ്ങളോട് കൂടിയതാകണം വാക്യങ്ങള്‍. അതിനെ മാത്രമേ രാജാവേ വാക്യമെന്നു പറയാവൂ.

( ഈ അഞ്ചു ഗുണങ്ങളും എഴുത്തുകാരും പ്രാസംഗികന്മാരും ദീക്ഷിക്കേണ്ടതുണ്ട്‌. എന്നാല്‍ മാത്രമേ അവരുടെ വാക്യങ്ങള്‍ പൂര്‍ണ്ണമായെന്നോ ബുദ്ധിപൂര്‍വ്വമായെന്നോ പറയുവാന്‍ പറ്റു. ന്യായശാസ്ത്രത്തില്‍ ഈ അഞ്ചു ഗുണങ്ങളെ വേറെ വിധത്തില്‍ പറഞ്ഞിട്ടുണ്ട്‌. അവ പ്രതിജ്ഞാനം, ഹേതു, ഉദാഹരണം, ഉപനയനം, നിഗമനം എന്നിവയാണ്‌. മീമാംസാ തത്വശാസ്ത്രത്തില്‍ മറ്റൊരു വിധത്തിലും അഞ്ചു വിധം വാകൃഗുണങ്ങളെ വിവരിച്ചിട്ടുണ്ട്‌. വിഷയം, സംശയം, പൂര്‍വ്വപക്ഷം, ഉത്തരം, നിര്‍ണ്ണയം എന്നിങ്ങനെയാണ്‌.  )

സൌക്ഷ്മ്യങ്ങള്‍ തുടങ്ങിയ അര്‍ത്ഥങ്ങളുടെ ഓരോന്നിന്റെയും ലക്ഷണം പദം, വാക്യം എന്നിവയുടെ പൊരുളിന്റെ വഴിക്ക്‌ ഞാന്‍ പറയുന്നതിനെ ശ്രദ്ധിച്ചു കേള്‍ക്കുക. അറിയപ്പെടേണ്ടതായ ഭിന്നമായ ജേഞയങ്ങളില്‍ ജ്ഞാനം ഭിന്നമായിയിരിക്കുമ്പോള്‍ അതില്‍ ഉറപ്പിക്കുന്ന ബുദ്ധിയേയാണ്‌ സൌക്ഷ്മ്യം കൊണ്ടു വിവക്ഷിക്കുന്നത്‌. ദോഷങ്ങളുടെയും ഗുണങ്ങളുടെയും പ്രമാ ണം വേര്‍തിരിച്ച്‌ അര്‍ത്ഥത്തെപ്പറ്റി ഓര്‍ക്കുന്നതിനെ സാംഖ്യ എന്ന പേരില്‍ വാക്യജ്ഞന്മാര്‍ പറയുന്നു.

ധര്‍മ്മം, കാമം, അര്‍ത്ഥം, മോക്ഷം എന്നിവയെ വിശേഷിപ്പിച്ച്‌ വിസ്തരിച്ചു പറഞ്ഞതിന് ശേഷം വാകൃത്തിന്റെ അവസാനത്തില്‍ ഈ പറഞ്ഞത്‌ ഇതാകുന്നു എന്ന്‌ വാക്യാവസാനത്തില്‍ സമര്‍ത്ഥിക്കുന്നതിനെ, അതു പോലെയുള്ള സമര്‍ത്ഥനത്തെ, നിശ്ചയം എന്നു പറയുന്നു. ഇച്ഛ, ദ്വേഷം ഇവയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ദുഃഖം ഏതില്‍ പ്രഹര്‍ഷിക്കുന്നുവോ അതിനെ നീക്കം ചെയ്യുന്നതിനെ പ്രയോജനം എന്നു പറയുന്നു. ഈ പറഞ്ഞ സൂക്ഷ്മ്യാദികളായവയെല്ലാം ഹേ, രാജാവേ, ഏകാര്‍ത്ഥത്തില്‍ പറയപ്പെടുന്ന വാക്ക്‌ ഞാന്‍ പറയാം. അതു ഭവാന്‍ കേട്ടുകൊള്ളുക.

അര്‍ത്ഥമൊത്തതും ഭിന്നാര്‍ത്ഥമില്ലാത്തതും ന്യായമായിരിക്കുന്നതും കവിയാത്തതും ശ്ലഷ്ണമായിട്ടുള്ളതും സന്ദേഹമറ്റതുമായ വാക്യം ഞാന്‍ പറയാം. ഗുരുവായ അക്ഷരങ്ങള്‍ നോക്കാതേയും, മുഖം പിന്‍തിരിക്കാതേയും വ്യാജം കൂടാതേയും, ത്രിവര്‍ഗ്ഗത്തെ തെറ്റിക്കാതേയും (ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ക്ക്‌ എതിരില്ലാതേയും) സംസ്കരിച്ചതും ന്യൂനമല്ലാതേയും ക്ലിഷ്ടോക്തി കൂടാതേയും ക്രമത്തെറ്റു കൂടാതേയും അകാരണം, അഹേതുകം, അനുകല്പശേഷം എന്നിവ പെടാതേയും കാമം, ക്രോധം, ഭയം, ലോഭം, ദൈന്യം, അനാര്യത, ലജ്ജ, മാനം, കരുണയില്ലായ്മ ഇവയൊന്നും കൂടാതേയും ഉള്ള വാക്യം ഞാന്‍ പറയുന്നുണ്ട്‌. പറയുന്നവനും കേള്‍ക്കുന്നവനും ചൊല്ലുന്നതും വൈകല്യം കൂടാതെ പറയുന്നതില്‍ ഒത്തു വന്നാല്‍ അപ്പോള്‍ അതിലെ ആശയം വ്യക്തമാകും. പറയേണ്ടതില്‍ പറയുന്നവന്‍ കേള്‍ക്കുന്നവനെ നിരസിച്ചു കൊണ്ടു പരാര്‍ത്ഥത്തില്‍ സ്വാര്‍ത്ഥം ജല്പിക്കുവാന്‍ തുടങ്ങിയാല്‍ (തനിക്ക്‌ അറിവുള്ളതായാല്‍പ്പോരാ, കേള്‍ക്കു ന്നവന് മനസ്സിലാകണം), ആ വാക്യം പ്രയോജനമില്ലാത്തതായി തീരും. ഗ്രഹിക്കാതെ പോകും. സ്വാര്‍ത്ഥം വെടിഞ്ഞ പുരുഷന്‍ പരാര്‍ത്ഥം പറഞ്ഞാലും അതിലും ശങ്കിച്ചേക്കും. അങ്ങനെയുള്ള വാക്കും ദോഷം കലര്‍ന്നതാകും. കേള്‍ക്കുന്നവനും തനിക്കും രണ്ടുപേര്‍ക്കും വിരുദ്ധമാകാതെ പറയുന്നവനാരോ അവനാണ്‌ ശരിക്കും പറയുന്നവന്‍. മറിച്ചുളളവന്‍ പറയുന്നവന്‍ എന്ന പദത്തിനര്‍ഹനല്ല രാജാവേ! അതു കൊണ്ട്‌ അര്‍ത്ഥവത്തായ ഈ വാക്യസമ്പത്തോടു കൂടിയ എന്റെ മൊഴി മനസ്സു പതറാതെ രാജാവേ, ഉറച്ചിരുന്നു ശ്രദ്ധാപൂര്‍വ്വം കേട്ടുകൊള്‍ക.

അങ്ങ്‌ എന്നോടു ചോദിച്ചു, നീ ആരുടെയാണ്‌? എന്ന്‌. ആദ്യമായി ഞാന്‍ അതിന്റെ മറുപടി പറയാം. കേള്‍ക്കു!

അരക്കും കോലും ചേരുന്നപോലെയും പൊടിയും ജലബിന്ദുവും ചേരുന്ന പോലെയുമാണ്‌ രാജാവേ പ്രാണികളുടെ ജന്മവും. ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം ഇവയും അഞ്ചിന്ദ്രിയങ്ങളും ഭിന്നങ്ങളാണ്‌. അവ ആത്മാവില്‍ അരക്കില്‍ കോല്‌ എന്ന മാതിരി ചേരുന്നു. എന്നാല്‍ ഇവയില്‍ ഏതിനോടെങ്കിലും ആരെങ്കിലും ചോദിക്കാറുണ്ടോ നീ ആരാണ്‌ എന്ന്‌? ഇവയ്ക്കോരോന്നിനും അവനവനെപ്പറ്റിയോ മറ്റവനെപ്പറ്റിയോ അറിഞ്ഞുകൂടാ. കണ്ണിന്‌ അതിനെപ്പറ്റിയുള്ള കാഴ്ചയില്ല. ചെവിക്ക്‌ ആത്മാവിറെപ്പറ്റിയുള്ള കേള്‍വിയുമില്ല. കണ്ണിനു മറ്റൊരിന്ദ്രിയത്തിന്റെ പ്രവൃത്തി ചെയ്യുവാന്‍ അറിഞ്ഞുകൂടാ. അതു പോലെ തന്നെ ഏത്‌ ഇന്ദ്രിയത്തിനും മറ്റൊരു ഇന്ദ്രിയത്തിന്റെ പ്രവൃത്തി ചെയ്യുവാന്‍ സാദ്ധ്യമല്ല. അവ തമ്മില്‍ കലരുമ്പോള്‍ അവ തങ്ങളുടെ നിലതന്നെ അറിയുന്നില്ല. പൊടിയും ജലവും കൂടിക്കലരുമ്പോള്‍ അവ പരസ്പരം അറിയുന്നില്ല. അവ ആ കലര്‍പ്പിലുണ്ടെങ്കിലും തമ്മില്‍ അറിയുന്നില്ല. അവയുടെ കാര്യം നിര്‍വഹിക്കുന്ന അവയ്ക്ക്‌ ആന്തരമായ മറ്റൊന്നിന്റെ സഹായം എല്ലാറ്റിനും ആവശ്യമാണ്‌. അത്‌ എങ്ങനെയാണെന്നു ഞാന്‍ വൃക്തമാക്കാം.

കാഴ്ചയ്ക്കു കാരണമായി മൂന്നു കൂട്ടം വസ്കുക്കളുണ്ട്‌. രൂപം, കണ്ണ്‌, വെളിച്ചം ഇവയാണ്‌ അവ മൂന്നും. ഇപ്രകാരം തന്നെ മറ്റ്‌ ഇന്ദ്രിയങ്ങള്‍ക്ക്‌ എല്ലാറ്റിനും ജഞാനജേഞയങ്ങളുടെ ഇടയില്‍ മനസ്സ്‌ എന്ന മറ്റൊരു ഗുണം നില്ക്കുന്നുണ്ട്‌. അതിനാലാണ്‌ വിചാരിക്കുന്നത്‌. നന്മതിന്മകളെ അറിയുന്നത്‌ അതുകൊണ്ടാണ്‌. മുമ്പു പറഞ്ഞ അഞ്ച്‌ ഇന്ദ്രിയങ്ങളും അവയുടെ അഞ്ചു കര്‍മ്മങ്ങളും കൂടുമ്പോള്‍ പത്തെണ്ണമായി. മനസ്സ്‌ പതിനൊന്നാമത്തേതുമായി. ഇതിനും പുറമേ പന്ത്രണ്ടാമത്തേതായി ബുദ്ധി എന്നു പേരുള്ള ഒരു വിദ്വാന്‍ കുടെയുണ്ട്‌. അതുവലിയ ഒരു ഗുണമാണ്‌. അതു കൊണ്ടാണ്‌ സന്ദിഗ്ദ്ധമായ ജേഞയം ഇന്നതാണ്‌ എന്നു നിശ്ചയിക്കുന്നത്‌. അവനാണ്‌ തീര്‍പ്പു കല്പിക്കുന്നവന്‍. ഈ പന്ത്രണ്ടിനും മേലെയാണ്‌ സത്വം എന്ന ഗുണം. ജന്തുക്കളില്‍ മഹാസത്വന്മാരും അല്പ സത്വന്മാരുമുണ്ടല്ലോ. മുന്‍പറഞ്ഞ ഗുണങ്ങളൊക്കെയുണ്ടെങ്കിലും ഇവയെ കൈവശം വെച്ചിരിക്കുന്ന ജീവിയുടെ കഴിവിനേയാണ്‌ സത്വം കൊണ്ട്‌ കുറിക്കുന്നത്‌. പിന്നെ വേറെ ഒരു ഗുണം കൂടെയുള്ളത്‌ അഹങ്കാരം എന്നതാണ്‌. "ഇത്‌ എന്റേയാണ്‌. അത്‌ എന്റെയല്ല" എന്നും ചിന്തിക്കുന്നത്‌ അതിന്റെ ഗുണമാണ്‌. പിന്നെ പതിനഞ്ചാമത്തേതായി വേറെ ഒരു ഗുണമുണ്ട്‌. വേറിട്ടു നില്ക്കുന്ന കലകളെ ചേര്‍ക്കുന്നത്‌ അതാണ്‌.

അല്ലയോ രാജാവേ, ഞാനും നീയും മറ്റു സകല ദേഹികളും ശുക്ളശോണിത യോഗത്തില്‍ ബിന്ദുന്യാസാദികളായ അവസ്ഥകളില്‍ ഉത്ഭവിച്ചതാണ്‌. അവയുടെ നിപാതം മൂലം കലലം ജനിക്കുന്നു. പിന്നെ കലലത്തില്‍ നിന്ന്‌ ബുല്‍ബുദം വളരുന്നു. ബുല്‍ബുദത്തില്‍ നിന്നു പേശിയുണ്ടാകുന്നു. പേശിയില്‍നിന്ന്‌ അംഗങ്ങളുണ്ടാകുന്നു. അംഗങ്ങളില്‍ നിന്ന്‌ രോമവും നഖവും ഉണ്ടാകുന്നു. അല്ലയോ മൈഥിലാ, ഒമ്പതു മാസം തികഞ്ഞാല്‍ ആണും പെണ്ണുമെന്ന അംഗരൂപത്വവും പ്രത്യക്ഷമാകുന്നു. ജനിച്ച മാത്രയില്‍ ചുവന്ന നഖാംഗുലികളോട് കൂടിയ രൂപത്തെ കൌമാര രൂപത്തില്‍ കണ്ടറിയുന്നു.

പിന്നെ കുറച്ചുകഴിഞ്ഞാല്‍ കൌമാരം പോയി യൗവനം വരുന്നു. യൗവനം വിട്ടാല്‍ സ്ഥവിരത്വവും വന്നുചേരുന്നു. ഇങ്ങനെ കൌമാരം നശിക്കുന്നു. യൗവനം നശിച്ചു. ഇങ്ങനെ മുമ്പുളളതൊക്കെ ഓരോന്നോരോന്നായി ഇല്ലാതെയായി വരുന്നു. കാര്യം കലകളായി മാറിക്കൊണ്ടിരിക്കയാണ്‌. ക്ഷണം തോറും മാറിമാറിക്കൊണ്ടിരിക്കയാണ്‌. എത്രയും വേഗത്തിലാണ്‌ പരിണാമം. ലഘുവായി നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മാറ്റത്തിന്റെ സൂക്ഷ്മത മൂലം നാം അറിയുന്നില്ല. എങ്കിലും മാറുന്നുണ്ട്‌ എന്നത്‌ നിശ്ചയമാണല്ലോ രാജാവേ! ദീപനാളത്തിന്റെ മാറ്റം പോലെയാണ്‌ ഓരോ അവസ്ഥയുടെ മാറ്റവും. കഴിഞ്ഞ നിമിഷത്തിലെ നാളമല്ല ഈ നിമിഷത്തിലെ അഗ്നിനാളം.

ഇങ്ങനെ ശക്തനായ ഒരു കുതിരയുടെ ഓട്ടം പോലെ പ്രകൃതിയുടെ വളര്‍ച്ച കുതിച്ചോടുമ്പോള്‍ അല്പം മുമ്പത്തെ ഞാന്‍ ഇപ്പോഴത്തെ ഞാനല്ലാതിരിക്കെ, ആരു വന്നു? എപ്പോള്‍ വന്നു? എപ്പോള്‍ വന്നില്ല? അത്‌ ആരുടെയാണ്‌? ആരുടെയല്ല? എപ്പോള്‍ വരില്ലാ? എന്തു ബന്ധമാണ്‌ ജീവികള്‍ക്ക്‌ അവരുടെ ദേഹവുമായിട്ടുള്ളത്‌? (ഇവിടെ ജനകന്‍ ചോദിച്ച ചോദ്യം നീ ആരുടെ? എവിടെ നിന്നു വരുന്നു എന്ന ചോദ്യത്തിന്റെ അര്‍ത്ഥശൂന്യതയെ സൂചിപ്പിക്കുന്നു).

സൂര്യകാന്തത്തില്‍ നിന്ന്‌ അഗ്നി ഉണ്ടാകുന്ന മാതിരി, രണ്ടു മരങ്ങള്‍ കൂട്ടിയുരസിയാല്‍ അഗ്നി ഉണ്ടാകുന്ന മാതിരി, ജീവികള്‍ മുന്‍പറഞ്ഞ മുപ്പതു കലകളുടെ ചേര്‍ച്ചയാല്‍ ഉണ്ടാക്കപ്പെട്ടതാണ്‌. ആത്മവാനായി നീ ആത്മാവിനെ ആത്മാവില്‍ കാണുന്നില്ലേ? ഇപ്രകാരം ആത്മാവില്‍ ആത്മാവാല്‍ ആത്മാവിനെ കാണുന്ന മാതിരി എന്തു കൊണ്ട്‌ നീ അന്യന്റെ ആത്മാവില്‍ ആത്മാവിനെ കാണാത്തത്‌? നീ ആത്മാവിലും അന്യനിലും സമത്വം കണ്ടവനാണ് എന്നുണ്ടെങ്കില്‍ നീ ആരുടെയാണ്‌? എന്ന്‌ എന്നോടു ചോദിച്ചത്‌ ശരിയാണോ? "ഇത്‌ എന്റെയാണ്‌, ഇത്‌ എന്റെയല്ല" എന്നുള്ള ദ്വന്ദ്വഭാവം വിട്ടവന്ന്‌ അല്ലയോ മൈഥിലാ, "നീ ആരുടെയാണ്‌? എങ്ങുന്നു വരുന്നു?", എന്നീ ചോദ്യം കൊണ്ട്‌ എന്തു കാര്യമുണ്ട്‌? മോക്ഷപ്രാപ്തിക്ക്‌ അര്‍ഹനാണെന്ന്‌ വിചാരിക്കുന്ന ഒരുത്തനില്‍ (മുക്തനായി തീര്‍ന്നവനില്‍) മറ്റുള്ളവര്‍ ശത്രുക്കളോടും, മിത്രങ്ങളോടും, മദ്ധ്യസ്ഥരോടും വിജയത്തിലും, സന്ധിയിലും, യുദ്ധത്തിലും കാണിക്കുന്ന മാതിരി തുനിയുകയാണെങ്കില്‍ അത്‌ മുക്തന്റെ ലക്ഷണമായി എങ്ങനെ കരുതും?

ഏതൊരുത്തന്‍ ത്രിവര്‍ഗ്ഗാവ്യക്തങ്ങള്‍ കര്‍മ്മങ്ങള്‍ തോറും ഏഴായി കാണാതിരിക്കുന്നുവോ, ഏതൊരാള്‍ ത്രിവര്‍ഗ്ഗസംഗിയായി കാണപ്പെടുന്നുവോ, അവനില്‍ എങ്ങനെ മുക്തലക്ഷണം കാണും? പ്രിയത്തിലും, അപ്രിയത്തിലും, ബലവാനിലും, അശക്തനിലും, തുല്യദൃക്കല്ലാതിരിക്കുന്നവന്‍ ആരോ, അവനില്‍ എങ്ങനെ മുക്തലക്ഷണം ഉണ്ടാകും? അല്ലയോ രാജാവേ, ഇപ്പറഞ്ഞതിലൊന്നും സത്യസന്ധത ദര്‍ശിക്കാത്ത നിന്റെ മോക്ഷമാനിത, "കപടമുമുക്ഷുഭാവം" ഉടനെ ഭവാന്റെ മന്ത്രിമാര്‍ ഉപദേശിച്ച്‌ നീക്കം ചെയ്യേണ്ടതാണ്‌. വിലക്കപ്പെട്ട ഭക്ഷണവും, അപത്ഥ്യമായ ജീവിതക്രമവും ശീലിക്കുന്ന രോഗിക്ക്‌ ഓഷധസേവ കൊണ്ട്‌ യാതൊരു ഫലവും സിദ്ധിക്കുന്നതല്ല. ഇപ്രകാരം വളരെയേറെ ദോഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന നീ മോക്ഷലബ്ധിക്കു കൊതിയ്ക്കുകയാണെങ്കില്‍, അതിനെ അങ്ങനെയുള്ള രോഗിയുടെ സുഹൃത്തുക്കള്‍ കാണുക എന്നതില്‍പ്പരമായി എന്തുണ്ട്‌ മുക്തലക്ഷണം?

അല്ലയോ രാജാവേ, ഇനിയും വേറെയും മോക്ഷത്തെ കുറിച്ച്‌ ചില സൂക്തങ്ങള്‍ ഞാന്‍ വിസ്തരിച്ചു പറയാം. നാലു തരം ബന്ധങ്ങള്‍ സംഗസ്ഥാനങ്ങളായി അങ്ങയില്‍ കാണപ്പെടുന്നു. നിദ്ര, സുഖാനുഭൂതി, ഭക്ഷണം, വസ്ത്രധാരണം ഇവയിലെല്ലാം അങ്ങ്‌ ഒരു മുക്തന് പറ്റിയ നിലയല്ല സ്വീകരിച്ചു കാണുന്നത്‌. ഏകഛത്രാധിപതിയായി ലോകമൊട്ടുക്കും സംരക്ഷിക്കുന്നവനാണ്‌ ഭവാന്‍. അങ്ങയുടെ ജീവിതവും നടപടിയും മറ്റും അതിന് അനുസരിച്ചിരിക്കുന്നുമുണ്ട്‌. അങ്ങ്‌ ഏകനാണ്‌. മറ്റൊരാള്‍ ഈ നാട്ടില്‍ രാജാവായി ഇവിടെ ഭരിക്കുന്നില്ല. അതുകൊണ്ട്‌ ഏകനായി അനനൃ സാധാരണനായി ഒറ്റയ്ക്ക്‌ ഒരിടത്ത്‌ വസിക്കണം. വസിക്കുന്നുമുണ്ട്‌. ആ മന്ദിരത്തില്‍ രാജാവിന് കിടക്കുവാന്‍ ഒറ്റ കിടപ്പുമുറി ആണുളളത്‌. ആ മുറിക്കുള്ളില്‍ ഒറ്റ ശയ്യയാണുള്ളത്‌. ആ ശയ്യയില്‍ കിടന്നാണ്‌ രാത്രി ഉറങ്ങുക. ആ ശയ്യയില്‍ പകുതി പട്ടമഹിഷിക്കുള്ളതാണ്‌. അവള്‍ അങ്ങയുടെ കൂടെ കിടക്കുന്നു. ഇതാണ്‌ ഒരു രാജാവിന്റെ ജീവിതലോകം. ഇതാണ്‌ രാജാവിന്റെ ജീവിതരീതി. ഇതാണ്‌ രാജാവിന്റെ വിശാലതയ്ക്കുള്ള ഒരു ഉദാഹരണം. രാജാവിന് സ്വന്തമായിട്ടുള്ളത്‌ വാസ്തവത്തില്‍ ഈ കണ്ടതാണ്‌. രാജാവിന് സുഖിക്കുവാനുള്ള വസ്തുക്കളാണീ പറഞ്ഞത്‌. ഭക്ഷണസുഖവും വിശേഷ വസ്ത്ര ധാരണവും! വേറെ എന്തുണ്ട്‌? ഇതുകൊണ്ട്‌ അറിയാം രാജാവിന് ബാഹൃവസ്മുക്കളുമായി എത്രത്തോളം ബന്ധമുണ്ടെന്ന്‌. ഇതിനും പുറമെ രാജാവിന്ന്‌ ശിക്ഷിക്കുവാനും രക്ഷിക്കുവാനുമുള്ള കര്‍മ്മവുമായി ബന്ധമുണ്ട്‌. രാജാവ്‌ സ്വതന്ത്രനല്ല. ഈ കാര്യങ്ങളില്‍ മറ്റ്‌ ഉപദേഷ്ടാക്കളുടെ വാക്കിന്ന്‌ വിധേയനായി രാജാവ്‌ കഴിഞ്ഞു കൂടുന്നു. ഇങ്ങനെ രാജാവ്‌ സ്വന്തമായി കണക്കാക്കുന്ന സുഖാനുഭവം എത്ര തുച്ഛമായിട്ടാണ്‌ അനുഭവിക്കുന്നത്‌. ആ ലഘുവായ ഭാഗം തന്നെ മറ്റുളളവരുടെ ഹിതത്തിന് അനുസരിച്ചുമാണ്‌. യുദ്ധകാലത്തും സമാധാനകാലത്തും രാജാവ്‌ സ്വതന്ത്രനല്ല. സ്ത്രീകളുമായി ഉല്ലസിക്കുവാനും ഇഷ്ടം പോലെ കളിക്കുവാനും മറ്റ്‌ വിനോദങ്ങള്‍ക്കും രാജാവിന് സ്വാതന്ത്ര്യമില്ല. കാര്യാലോചനയിലും മന്ത്രിസഭയിലും രാജാവിന് സ്വാതന്ത്ര്യമുണ്ടോ? അന്യര്‍ക്ക്‌ ആജ്ഞ കൊടുക്കുമ്പോള്‍ ഇവന്‍ പരിപൂര്‍ണ്ണ സ്വാതന്ത്രനാണ്‌. എന്നാല്‍ ഒരു വൈഷമ്യം. കല്പന നടപ്പില്‍ വന്നു കൊണ്ടിരിക്കുമ്പോള്‍, അതിന്റെ നടത്തിപ്പിനെപ്പറ്റി കാര്യാലോചന ചെയ്യുമ്പോള്‍, രാജാവിന്റെ സ്വാതന്ത്ര്യം മന്ത്രിമാരാല്‍ നിയന്ത്രിക്കപ്പെടുന്നതായും കാണുന്നു. രാജാവിന് ഉറങ്ങാന്‍ കഴിയുകയില്ല. ഉറങ്ങിക്കിടക്കുമ്പോള്‍ അതിപ്രധാന കാര്യങ്ങള്‍ ചിന്തിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍, ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വരുന്നു.

കുളിക്കുക, ചാര്‍ത്തുക, കുടിക്കുക, ഊണുകഴിക്കുക, ഹോമിക്കുക, യജിക്കുക, പറയുക, കേള്‍ക്കുക ഇപ്രകാരമുള്ള വാക്കുകള്‍ ആശ്രിതരില്‍ നിന്നും പരിജനങ്ങളില്‍ നിന്നും നി ശ്ചിത സമയങ്ങളില്‍ കേട്ടു കൊണ്ടിരിക്കുക എന്നതാണ്‌ രാജാവിന്റെ ജീവിതചര്യ. തന്നോട്‌ യഥാസമയം ഉല്‍ബോധിപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ വാക്കു കേള്‍ക്കുകയും അവര്‍ക്കു വിധേയനായി കാര്യങ്ങള്‍ നടത്തി കൊണ്ടിരിക്കുകയുമാണ്‌ രാജാവു ചെയ്യുന്നത്‌. ഇതില്‍പരം അസ്വതന്ത്രമായ ഒരു ജീവിതം ആര്‍ക്കാണുള്ളത്‌. ജനങ്ങള്‍ ആയിരക്കണക്കിന് കൂട്ടമായി വന്ന്‌ രാജാവിനോട്‌ ഓരോന്നു യാപിച്ചു കൊണ്ടിരിക്കും. ഭണ്ഡാരം സംരക്ഷിക്കുവാന്‍ ചുമതലപ്പെട്ട രാജാവ്‌ അവര്‍ക്കൊത്ത ധനം വാരിക്കോരിക്കൊടുക്കുകയില്ല. ഏറ്റവും അര്‍ഹന്മാര്‍ക്കു പോലും അര്‍ഹിക്കുന്ന വിധം ദാനം ചെയ്യുവാന്‍ രാജാവിന് കഴിയുകയില്ല. കൊടുക്കുന്നതായാല്‍ ഭണ്ഡാരം കാലിയാകും. കൊടുത്തില്ലെങ്കില്‍ അഭ്യര്‍ത്ഥിച്ചു നിരാശരായ അര്‍ഹനന്മാര്‍ വൈരത്തോടെയാണ്‌ രാജാവിനെ കാണുക. എപ്പോഴും ഇപ്രകാരമായാല്‍ രാജാവിന്റെ ഹൃദയം ഭയം നിറഞ്ഞതാകും. സ്ഥാനത്തും അസ്ഥാനത്തും രാജാവ്‌ ഭയപ്പെടും.

രാജാവ്‌ പ്രാജ്ഞന്മാരേയും ശൂരന്മാരേയും ധനാഢ്യന്മാരേയും ഇങ്ങനെ ശങ്കിച്ചു കൊണ്ടിരിക്കും. എന്നും രാജാവിന് സേവകരിലും ഭയമുണ്ടാകും. ഇപ്രകാരം ഞാന്‍ ഈ പറഞ്ഞ കൂട്ടത്തില്‍ നല്ലപോലെ ദുഷിച്ചു പറയുകയില്ല രാജാവേ! അവരെ രാജാവ്‌ എത്രത്തോളം ഭയപ്പെടുന്നുണ്ടെന്ന്‌ അങ്ങയ്ക്കറിയാമല്ലൊ രാജാവേ! അവനവന്റെ ഗൃഹത്തില്‍ ഏതൊരുത്തനും രാജാവു തന്നെയാണ്‌. സ്വന്തം ഗൃഹത്തില്‍ ഏവനും ഗൃഹി തന്നെയാണ്‌. അല്ലയോ ജനകാ, അവന്‍ അവന്റെ ഗൃഹമാകുന്ന രാജധാനിയില്‍ നിഗ്രഹാനുഗ്രഹ ശക്തനായി വര്‍ത്തിക്കുന്നു. മക്കള്‍, ഭാര്യ, താന്‍, ഭണ്ഡാരം, മിത്രങ്ങള്‍, നേട്ടം എന്നീ അതാതു ഹേതുക്കള്‍ മൂലം രാജാവും അന്യനും തമ്മില്‍ ഒരന്തരവും ഇല്ല. ഒപ്പം തന്നെയാണ്‌. ഇപ്പറഞ്ഞതൊക്കെ അവന്നുമുണ്ടല്ലോ.

രാജ്യം നഷ്ടപ്പെട്ടു, പുരം കത്തി ദഹിച്ചു, ആനത്തലവന്‍ ചത്തു. ഇങ്ങനെയുള്ള കാര്യങ്ങളാല്‍ രാജാവും ദുഃഖിക്കുന്നു. ഓരോ കാരണങ്ങളാല്‍ മറ്റുള്ളവരും ദുഃഖിക്കുന്നു. ദുഃഖത്തിനു കുറവ്‌ ആര്‍ക്കുമില്ല. ഇങ്ങനെ ഓരോ മിഥ്യാജ്ഞാനം മൂലം അവരവര്‍ക്കൊത്ത വിധം എല്ലാവരും ദുഃഖിക്കുന്നു. രാജാവ്‌ ഒരിക്കലും മനോവ്യാകുലതയില്‍ നിന്ന്‌ വിട്ടു നില്ക്കുന്നില്ല. ഇച്ഛ, ദ്വേഷം, ഭയം ഇവയാല്‍ ദഃഖം വിടുകയില്ല. മന്ത്രാലോചന മൂലം തലവേദനയും പലവിധം ശിരോരോഗങ്ങളും ഉണ്ടാകും. സുഖം, ദുഃഖം എന്നീ ദ്വന്ദങ്ങൾ രാജാവിനേയും ബാധിക്കുന്നുണ്ട്‌. രാജാവ്‌ എപ്പോഴും ഭയാക്രാന്തനാണ്‌, ദുശ്ശങ്കിതനാണ്‌. പല വൈരികളേയും നാട്ടില്‍ വെച്ചു കൊണ്ട്‌ നിദ്രയില്ലാതെ രാജാവ്‌ ദിവസങ്ങള്‍ എണ്ണിയെണ്ണിക്കഴിയുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ രാജാവിന് സുഖത്തേക്കാള്‍ കുടുതല്‍ ദുഃഖമാണ്‌. ഉണക്കപ്പുല്ലില്‍ തീ വീണപോലെ അല്പസമയം ആളിക്കത്തുന്ന സുഖം, അല്ലെങ്കില്‍ വെള്ളത്തിലെ പോള പോലെ ഒന്ന്‌ എത്തി നോക്കി മറയുന്ന സുഖം, മാത്രമല്ലേ രാജാവിനുള്ളു? അത്ര ചഞ്ചലമല്ലേ രാജ്യശ്രീ? ഇങ്ങനെയുള്ള രാജ്യഭാരം ആര്‌ ഏല്ക്കും. ഏല്ക്കുന്നവന്‍ ശമം നേടുമോ?

ഈ പരവും രാഷ്ട്രവും എന്റെയാണ്‌ എന്ന്‌ രാജാവേ, ഭവാന്‍ കരുതുന്നു. ഈ, സൈന്യവും ഈ ഖജനാവും ഈ മന്ത്രിമാരും എന്റെയാണ്‌. ഇപ്രകാരം നീ ചിന്തിക്കുന്നു. ഞാന്‍ ചോദിക്കട്ടെ! ഭവാന്റെ ചിന്ത ശരിയാണോ? വാസ്തവത്തില്‍ അങ്ങനെയാണോ? അവര്‍ ആരുടെയാണ്‌? ആരുടെയല്ലാ? ബന്ധുക്കള്‍, മന്ത്രിമാര്‍, തലസ്ഥാനപുരം, രാജ്യവിഭാഗം, നീതിന്യായം, ഖജനാവ്‌, രാജാവ്‌. ഇവ ഏഴും ചേര്‍ന്നതാണ്‌ ഒരു രാഷ്ട്രം. ഈ ഏഴും പരസ്പരം ആശ്രയിച്ചു നില്ക്കുന്നു. മൂന്നു വടികള്‍ പരസ്പരം താങ്ങായി നില്ക്കുന്നത് പോലെയാണത്‌. ഓരോന്നിന്റെയും യോഗ്യത പരസ്പരാപേക്ഷമായിട്ടാണ്‌ നില്ക്കുന്നത്‌. ഈ മൂന്നു വടികളില്‍ ഏതാണ് മേലെയെന്നു പറയുവാന്‍ കഴിയുകയില്ല. അതാതു കാലങ്ങളില്‍ അതാതംഗം വിശിഷ്ടമാണ്‌. ഏതു കൊണ്ടാണ്‌ കാര്യസിദ്ധി എന്നു വെച്ചാല്‍ അപ്പോള്‍ ആ അംഗം അപ്രധാനമായി കണക്കാക്കുന്നു.

ഏഴംഗമുള്ള ഈ സംഘാതവും മറ്റ്‌ മൂന്നും ( വൃദ്ധി, ക്ഷയം, സ്ഥാനം ഇവ നയത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്‌) ചേര്‍ന്ന്‌, പത്തു ചേര്‍ന്ന്‌, ഓരോന്നും പരസ്പരം താങ്ങി നില്‍ക്കുന്നു. അതുകൊണ്ട്‌ രാജ്യവും രാജാവും ക്ഷേമത്തെ പ്രാപിക്കുന്നു. ഉത്സാഹിയായ രാജാവ്‌ രാജധര്‍മ്മത്തില്‍ നില്ക്കുന്നവനാണ്‌. അതില്‍ താഴെയുള്ളവന്‍ പത്തു കൂട്ടങ്ങളാല്‍ തൃപ്തനാകുന്നു. എല്ലാ രാജ്യത്തിനും ഒരു രാജാവുണ്ട്‌. രാജാവില്ലാത്ത രാജ്യമില്ല. രാജാവു ഭരിക്കാത്ത രാജ്യത്തു ധര്‍മ്മമുണ്ടാവുകയില്ല. ധര്‍മ്മമില്ലെങ്കില്‍ പിന്നെ മോക്ഷമെവിടെ? എല്ലാവിധം യോഗക്ഷേമവും പരിശുദ്ധവും ഉന്നതവുമായ ജീവിതലക്ഷ്യവും, രാജാവിനേയും രാജ്യത്തേയും ആശ്രയിച്ചു നില്ക്കുന്നു. (ജനകന് രാജാവിന് ചേര്‍ന്ന ഗുണങ്ങള്‍ ഒന്നുമില്ലെന്ന്‌ അവള്‍ കുറ്റപ്പെടുത്തുന്നു.) രാജാവിനും രാജ്യത്തിനും ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മം ഭൂമി മുഴുവന്‍ ദക്ഷിണയായി നല്‍കുന്ന അശ്വമേധയാഗം ചെയ്യലാണ്‌. ഇങ്ങനെ ധര്‍മ്മത്തോടെ രാജ്യം ഭരിക്കുന്ന രാജാക്കന്മാർ വളരെ വിരളമാണ്‌.

അല്ലയോ മിഥിലേശ്വരാ, ഇത്തരത്തിലുള്ള തെറ്റുകള്‍ (രാജ ദുഃഖങ്ങള്‍) നൂറും ആയിരവും എണ്ണിയെണ്ണി ഞാന്‍ പറയാം. ഇങ്ങനെ രാജാവിന്നും രാജ്യത്തിനും ബാധിക്കുന്ന ദുഃഖങ്ങള്‍ ചെറുതല്ല.

എന്റെ കാര്യം പറയുകയാണെങ്കില്‍ എന്റെ ശരീരവുമായിത്തന്നെ എനിക്കു ശരിയായ ഒരു ബന്ധമുള്ളതായി ഞാന്‍ കാണുന്നില്ല. അങ്ങനെയിരിക്കെ പിന്നെ എനിക്ക്‌ മറ്റൊരാളുടെ ദേഹവുമായി എങ്ങനെ ബന്ധമുണ്ടാകുന്നു? ഇപ്രകാരം യോഗമുള്ളവളായ എന്നോട്‌ അപ്രകാരമുള്ള ഒരു ചോദ്യം ചോദിച്ചത്‌ ശരിയായോ? ചോദിക്കരുതാത്തതായിരുന്നു! നിനക്ക്‌ എന്നെ യത്നം കൊണ്ടു വര്‍ണ്ണസങ്കരത്തിലെത്തിക്കുവാന്‍ സാധിക്കുകയില്ല.

അല്ലയോ രാജാവേ, പഞ്ചശിഖന്‍ മോക്ഷത്തെപ്പറ്റിയുള്ള സ്ഥാനം അങ്ങയ്ക്ക്‌ അദ്ദേഹത്തിന്റെ നാവു കൊണ്ട്‌ ഉപദേശിച്ചിട്ടുണ്ടല്ലോ. അദ്ദേഹം മോക്ഷം, അതിന്റെ ഉപായം (യോഗം), ഉപനിഷത്, ഉപാസംഗം, ധ്യാനം, നിശ്ചയം, ഇവയോടു കൂടി ഉപദേശിച്ചിട്ടില്ലേ? സംഗങ്ങള്‍ വിട്ട്‌ പാശങ്ങളൊക്കെ വിട്ട്‌, നില്ക്കുന്നവനാണല്ലേോ ഭവാന്‍? അങ്ങനെയാണെങ്കില്‍ ഈ വെണ്‍കൊറ്റക്കുടയും വെണ്‍ചാമരവും മറ്റും നിനക്കെന്തിന്‌? ഇവയിലുള്ള സംഗം നീ വെടിഞ്ഞു കാണുന്നില്ല! രാജചിഹ്‌നങ്ങള്‍ ധരിക്കുന്നതിലുള്ള താല്പര്യവും പ്രൗഢിയും നീ ഉപേക്ഷിച്ചിട്ടില്ല. ഞാന്‍ വിചാരിക്കുന്നു ഭവാന്‍ അദ്ദേഹത്തിന്റെ അനുശാസനങ്ങളെ ശ്രദ്ധാപൂര്‍വ്വം കേട്ടിട്ടില്ലേ എന്ന്‌. അല്ലെങ്കില്‍ കേട്ടതു കൊണ്ട്‌ യാതൊരു മെച്ചവും നിന്നില്‍ ഉണ്ടായിട്ടില്ല എന്ന്‌. അല്ലെങ്കില്‍ കേട്ടതല്ല ഭവാന്‍ ധരിച്ചിരിക്കുന്നത്‌. ഇതൊക്കെ കേട്ടിട്ടും നിന്റെ ബുദ്ധി ലൌകികമായ ആഡംബരങ്ങളിലേക്കും മിഥ്യാ സുഖങ്ങളിലേക്കുമാണല്ലോ ചെല്ലുന്നത്‌. നീ വെറും പ്രാകൃതനെപ്പോലെ കാണപ്പെടുന്നു. ലാകികജ്ഞാനം മാത്രമേ നിനക്കുള്ളൂ. സാധാരണ മനുഷ്യനെപ്പോലെ അഭിഷംഗാപരാധാദി ബദ്ധനായിക്കാണുന്നു. സ്പര്‍ശനസുഖം, ഭാര്യാസുഖം, രാജകീയ സൗധസുഖം ഇവയിലാണ്‌ നിന്റെ മനസ്സ്‌, ഇതു സത്യമാണെങ്കില്‍, നീ സകല ബന്ധത്തില്‍ നിന്നും മുക്തനാണെങ്കില്‍, ഞാന്‍ എന്റെ സത്വം കൊണ്ട്‌ നിന്നില്‍ പ്രവേശിച്ചെങ്കില്‍ നിനക്ക്‌ എന്ത് ഉപദ്രവമാണു പറ്റിയത്‌? എല്ലാ വര്‍ണ്ണങ്ങളിലും ശൂന്യമായ ഇടത്ത്‌ താമസിക്കുക എന്നതാണ്‌ യോഗികളുടെ നിശ്ചയം. നിന്റെ ശൂനൃമായ ഹൃദയത്തില്‍ കേറിപ്പറ്റിയ എനിക്ക്‌ എന്ത്‌ അപരാധമാണുള്ളത്‌? നീ ശരിയായ ജ്ഞാനം സിദ്ധിച്ചവനല്ലെ? ഞാന്‍ ആര്‍ക്ക്‌ എന്തു പിഴച്ചു. പറയൂ രാജാവേ!

അല്ലയോ അനഘാശയാ, ഞാന്‍ നിന്നെ കൈത്തലം കൊണ്ടു സ്പര്‍ശിച്ചിട്ടില്ല. ബാഹുക്കളാല്‍ കെട്ടിയിട്ടില്ല. കാലു കൊണ്ടോ തുട കൊണ്ടോ മറ്റ്‌ അവയവം കൊണ്ടോ, ഞാന്‍ നിന്നെ സ്പര്‍ശിച്ചിട്ടില്ല. രാജാവേ, ഭവാന്‍ വലിയ കുലത്തില്‍ പിറന്നവനാണ്‌. ഹ്രീമാനാണ്‌ (അധര്‍മ്മാചാരത്തില്‍ ലജ്ജയുളളവന്‍), ദീര്‍ഘദര്‍ശനനാണ്‌. എന്റെ ഈ പ്രവൃത്തി നല്ലതോ ചീത്തയോ ആകട്ടെ, അങ്ങയുടെ ദേഹത്തില്‍ ഞാന്‍ പ്രവേശിച്ചു എന്ന കാര്യം നമ്മെ രണ്ടു പേരെയും മാത്രം സംബന്ധിക്കുന്ന ഒരു രഹസ്യ വേഴ്ചയാണ്‌. അത്‌ അങ്ങയ്ക്ക്‌ അഹിതമാണെങ്കില്‍ പരസ്യമായി അത്‌ മറ്റുള്ളവരുടെ മുമ്പില്‍ പ്രസ്മാവിക്കാമോ? ഈ ബ്രാഹ്മണരും ഗുരുജനങ്ങളും ഉത്തമ ഗുരുക്കന്മാരാണ്‌. അവര്‍ ബഹുമാന്യരാണ്‌. അവരുടെ ബഹുമാനത്തിന് പാത്രമാണ്‌ അങ്ങും. അവരുടെയൊക്കെ രാജാവുമാണല്ലോ. അവരെ ബഹുമാനിക്കുന്ന അങ്ങയെ അവരും ബഹുമാനിക്കുന്നു. ഇങ്ങനെയുള്ള ഗുരുജന സന്നിധിയില്‍ ഇങ്ങനെയുള്ള ഒരു (സ്ത്രീപുരുഷ സംസര്‍ഗ്ഗത്തെപ്പറ്റി പരസ്യമായി പറഞ്ഞത്‌ മര്യാദയ്ക്ക്‌ ചേര്‍ന്നതായോ? പറയേണ്ടതും പറയേണ്ടാത്തതുമായ കാര്യങ്ങളില്‍ ഇങ്ങനെയാണോ വിവേചനം?

താമരയിലയിലെ വെള്ളം താമരയിലയില്‍ പുരളാതെ അതില്‍ നില്ക്കുന്ന മാതിരി രാജാവേ, ഞാന്‍ നിന്നെത്തൊടാതെ നിന്നില്‍ വസിക്കുന്നുണ്ട്‌. അല്ലയോ മൈഥിലാ, അതല്ലാ അങ്ങയെ തൊടാത്തവളായ എന്നെ തൊട്ടവളായി നീ വിചാരിക്കുകയാണെങ്കില്‍ എന്തു ജ്ഞാനമാണ്‌ ആ ഭിക്ഷു നിനക്ക്‌ ഉപദേശിച്ചു തന്നത്‌? വെറും ലൗകികന്മാരുടെ ഇന്ദ്രയ സുഖാനുഭൂതി അല്ലാതെ മറ്റെന്താണ്‌ അദ്ദേഹം ഉപദേശിച്ചു തന്നത്‌? നീ ഗൃഹസ്ഥധര്‍മ്മം വിട്ട്‌ ദുര്‍ജേഞയമായ മോക്ഷത്തില്‍ എത്തിയതുമില്ല. രണ്ടിനുമിടയ്ക്ക്‌ നില്ക്കുന്ന നീ മോക്ഷത്തിന്റെ പടിവാതില്ക്കലാണ്‌ നില്ക്കുന്നതെന്ന്‌ വെറുതെ നടിക്കുകയാണ്‌. മുക്തന്‍ അമുക്തനോടു ചേരുകയെന്നത്‌ വ്യത്യസ്ത ഭാവത്വം അറിയാത്തതാണ്‌. മുക്തനും അമുക്തനുമായുള്ള ചേര്‍ച്ച പുരുഷനും പ്രകൃതിയുമായുള്ള ചേര്‍ച്ച പോലെയാണ്‌. അത്‌ ഒരു വര്‍ണ്ണസങ്കരമല്ല. നീ വെറുതെ നിന്റെ അജ്ഞത കൊണ്ട്‌ അതില്‍ ഭയപ്പെടുകയാണ്‌! ശരീരവും ആത്മാവും ഒന്നാണെന്നു വിശ്വസിക്കുന്നവരും, എല്ലാ ആശ്രമങ്ങളും വര്‍ണ്ണങ്ങളും ഒന്നിനൊന്നു വിഭിന്നമാണെന്നു വിചാരിക്കുന്നവരുമാണ്‌ വര്‍ണ്ണസങ്കരം അതില്‍ ഉണ്ടെന്നുള്ള മിഥ്യാബോധം ഉണ്ടാക്കുന്നത്‌.

വര്‍ണ്ണാശ്രമങ്ങള്‍ വേറെയാണെങ്കിലും ദൃഷ്ടാര്‍ത്ഥം വേറെയായി സങ്കല്പിച്ചു കൂടാ. എന്റെ ദേഹം അങ്ങയുടെ ദേഹത്തില്‍ നിന്നു ഭിന്നമാണ്‌. എന്നാല്‍ എന്റെ ആത്മാവ്‌ അങ്ങയുടെ ആത്മാവില്‍ നിന്നു ഭിന്നമല്ല. ഇതു ശരിക്ക്‌ അറിയുന്ന എനിക്ക്‌ ഒരു ചെറിയ സംശയം പോലുമില്ല, ഞാന്‍ നിന്നില്‍ ബുദ്ധികൊണ്ടു ചേര്‍ന്ന്‌ അധിവസിക്കുന്നുണ്ടെന്ന്‌.

യോഗശക്തി കൊണ്ടു ഞാന്‍ നിന്നില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും ബുദ്ധികൊണ്ട്‌ ഞാന്‍ നിന്നോട്‌ ഒട്ടിനില്ക്കുന്നില്ല. ഒരു പാത്രം എന്റെ കൈയിലുണ്ടെന്ന്‌ സങ്കല്പിക്കുക. ആ പാത്രത്തില്‍ പാലും ഉണ്ട്‌. ആ പാലില്‍ ഒരു ഈച്ച വീണിരിക്കുന്നു. എന്നാല്‍ കൈയും പാത്രവും, പാത്രവും പാലും, പാലും ഈച്ചയും പരസ്പരം  ചേര്‍ന്നു നില്ക്കുന്നു. എന്നാലും അവ പരസ്പരം ഭിന്നങ്ങളാണ്‌. പാത്രം ഒരിക്കലും പാലല്ല. പാല്‌ ഒരിക്കലും ഈച്ചയല്ല. ഓരോന്നിന്റെയും പ്രകൃതി ഓരോന്നിനുമുണ്ട്‌. അവ പരസ്പരം മാറിപ്പോകുന്നില്ല. താല്‍ക്കാലികമായി ബന്ധപ്പെട്ടു നില്ക്കുന്നു എന്നു മാത്രം. ഈ മാതിരി തന്നെ ആശ്രമങ്ങളും വര്‍ണ്ണങ്ങളും തമ്മില്‍ ചേര്‍ന്നു നില്ക്കുന്നുണ്ടെങ്കിലും അവ  ഓരോന്നും വേറെവേറെ തന്നെയാണ്‌. മുക്തനായ ഒരുവനും അതുമായി ബന്ധപ്പെടുന്നില്ല. പിന്നെ എങ്ങനെയാണ്‌ അങ്ങയും ഞാനും തമ്മില്‍ ചേര്‍ന്നത് കൊണ്ട്‌ വര്‍ണ്ണസങ്കരമുണ്ടാവുക?

ഇനിയും ഞാന്‍ ഒന്നുകൂടെ പറയട്ടെ! ജാതിയില്‍ ഞാന്‍ അങ്ങയേക്കാള്‍ ഉപരിയല്ല. എന്നാല്‍ വൈശ്യ ജാതിയില്‍ പെട്ടവളുമല്ല, ശൂദ്രയുമല്ല. രാജാവേ, ഞാനും അങ്ങയും ഒരേ വര്‍ണ്ണത്തില്‍ പെട്ടവര്‍ തന്നെയാണ്‌. ഒരു നല്ല കുലത്തില്‍ പിറന്നവളാണ്‌. പ്രധാനന്‍ എന്നു പേരായ ഒരു രാജര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തെപ്പറ്റി അങ്ങ്‌ കേട്ടിരിക്കും. അദ്ദേഹത്തിന്റെ വംശത്തില്‍ പിറന്നവളാണ്‌ ഞാന്‍. എന്റെ പേര്‍ സുലഭ എന്നാണ്‌. എന്റെ പൂര്‍വ്വികന്മാര്‍ ചെയ്ത യജ്ഞത്തില്‍ ഇന്ദ്രന്‍ ദ്രോണശതശൃംഗാദികളായ പര്‍വ്വത ദേവതാത്മാക്കളോടു കൂടി വന്നുചേരുക പതിവായിരുന്നു. അത്ര ഉന്നതമായ കുലത്തില്‍ ജനിച്ച എനിക്ക്‌ യോഗ്യത കൊണ്ടു തുല്യനായ ഒരു ഭര്‍ത്താവിനെ ലഭിക്കുകയുണ്ടായില്ല. അങ്ങനെ കന്യകയായ ഞാന്‍ മോക്ഷത്തെക്കുറിച്ചുള്ള പഠനം നടത്തി. അങ്ങനെ ജ്ഞാനം ലഭിച്ചതിന് ശേഷം ഞാന്‍ ഒറ്റയ്ക്കു ലോകം മുഴുവന്‍ ചുറ്റിനടക്കുകയാണ്‌. സന്ന്യാസവൃത്തി  സ്വീകരിച്ചവളാണ്‌ ഞാന്‍. ഞാന്‍ വേഷം മാറി നടക്കുന്ന കൂട്ടത്തില്‍ പെട്ടവളല്ല. അന്യന്റെ ദ്രവ്യം അപഹരിക്കുവാന്‍ നടക്കുന്നവളുമല്ല. ഞാന്‍ ഭിന്നവര്‍ണ്ണങ്ങളുമായി കൂടിച്ചേര്‍ന്ന്‌ വര്‍ണ്ണസങ്കരമുണ്ടാക്കാന്‍ പുറപ്പെട്ടവളുമല്ല. ദൃഢവ്രതയായ ഞാന്‍ എന്റെ ജീവിതം സ്വധര്‍മ്മത്തില്‍ നിര്‍ത്തിയിരിക്കുന്നു. ഞാന്‍ എന്റെ വ്രതത്തില്‍ ഉറച്ചു നില്ക്കുന്നവളാണ്‌. ഞാന്‍ ഒറ്റ വാക്കും അനാവശ്യമായി, അര്‍ത്ഥം ധരിക്കാതെ പറയുകയില്ല. രാജാവേ, ഞാന്‍ നിന്നെ ശരിക്കു ധരിച്ചിട്ടു തന്നെയാണ്‌ നിന്റെ സമീപത്തിലെത്തിയത്‌. മോക്ഷത്തില്‍ ഭവാന്റെ ബുദ്ധി എത്തിയിട്ടുണ്ടെന്ന്‌ ഞാന്‍ കേട്ടു. ഞാന്‍ നിന്റെ കുശലം അറിയുന്നവളാണ്‌. എന്റെ ഗുണത്തിനും വേണ്ടിയാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌. ഭവാന്റെ മോക്ഷത്തിന്റെ നില മനസ്സിലാക്കുവാന്‍ വേണ്ടി നിന്നെ പരീക്ഷിക്കുവാന്‍ ഞാന്‍ ഇവിടെ എത്തിയതാണ്‌. ഞാന്‍ ഈ പറയുന്നത്‌ എന്നെ പുകഴ്ത്തുന്നതിനോ എതിരാളിയെ താഴ്ത്തുന്നതിനോ അല്ല. ഞാന്‍ എന്റെ ആത്മാര്‍ത്ഥതയുടെ പ്രേരണ കൊണ്ടു മാത്രം പറയുന്നതാണ്‌. മുക്തിക്കു വേണ്ടി ശ്രമിക്കുന്നവനും ശാന്തിയില്‍ ശമം ലഭിക്കാത്തവനുമായ ഭിക്ഷു ശൂന്യമായ ഗൃഹത്തില്‍ ഒരു രാവ്‌ വസിക്കുകയും പിറ്റേദിവസം കാലത്ത്‌ സ്ഥലംവിടുകയും ചെയ്യുന്ന മാതിരി ഞാന്‍ ഭവാന്റെ ശരീരത്തില്‍ ഇന്നത്തെ ഒരു രാത്രി കഴിച്ചു കൂട്ടട്ടെ. (അങ്ങയുടെ ഉള്ള്‌ ശൂന്യമാണെന്ന്‌, ജ്ഞാനത്തില്‍ നിന്നു വിട്ടുനില്ക്കുന്നതാണെന്ന്‌, മുമ്പു പറഞ്ഞിട്ടുണ്ടല്ലോ) .

ആതിഥൃ മര്യാദയനുസരിച്ച്‌ നല്ല വാക്കു കൊണ്ടും മറ്റു സല്‍ക്കാരങ്ങള്‍ കൊണ്ടും അങ്ങ്‌ പൂജിച്ചവളാണല്ലോ ഞാന്‍. അല്ലയോ മൈഥിലാ, അങ്ങയുടെ ഉള്ളില്‍ക്കിടന്നുറങ്ങി പ്രീതയായി ഞാന്‍ നാളെ പുലര്‍ച്ചയ്ക്കു സ്വന്തം സ്ഥാനത്തേക്കു പൊയ്ക്കൊള്ളാം.

ഭീഷ്മന്‍പറഞ്ഞു: ഇപ്രകാരം അര്‍ത്ഥവും യുക്തിയും ചേര്‍ന്ന മധുരമായ വാക്കുകള്‍ അവള്‍ പറഞ്ഞപ്പോള്‍ രാജാവ്‌ അതിന് വിരോധമായി അപ്പുറമൊന്നും പറഞ്ഞില്ല.

അദ്ധ്യായം 322. പാവകാദ്ധ്യയനം - വ്യാസന്‍ സ്വപുത്രനായ ശുകുന് വൈരാഗ്യം ഉപദേശിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു; വ്യാസപുത്രനായ ശുകന്‍ പണ്ട്‌ എങ്ങനെയാണ്‌ നിര്‍വ്വേദം പൂണ്ടത്‌? അത് കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലെനിക്ക്‌ വലിയ കൗതുകം തോന്നുന്നു. അവ്യക്തം, വ്യക്തം, നിശ്ചയം, ബുദ്ധിനിശ്ചയം, ബ്രഹ്മം, എന്നിവയെപ്പറ്റിയൊക്കെ ഹേ കൗരവശ്രേഷ്ഠാ, പറഞ്ഞുതന്നാലും.

ഭീഷ്മൻ പറഞ്ഞു: പ്രാകൃതാചാരപരനായി, ഭയമറ്റവനായ പുത്രനെ എല്ലാ വേദങ്ങളും പഠിപ്പിച്ച്‌ അച്ഛന്‍ ഇപ്രകാരം ഉപദേശിച്ചു.

വ്യാസന്‍ പറഞ്ഞു; അല്ലയോ പുത്രാ! നീ ധര്‍മ്മം ശീലിക്കുക! കടുത്ത ചൂടും കടുത്ത തണുപ്പും നീ സഹിക്കുക. അതുപോലെ തന്നെ വിശപ്പും, ദാഹവും, കാറ്റും നീ ജയിച്ചു ജിതേന്ദ്രിയനാവുക! സത്യം, ആര്‍ജ്ജവം, അക്രോധം, അനസൂയ, ദമം, തപസ്സ്‌, അഹിംസ, ആനൃശംസ്യം ഇവയെല്ലാം നീ നന്മയോടെ രക്ഷിക്കുക. അനാര്‍ജ്ജവം കൂടാതെ നീ സത്യത്തില്‍ അടിയുറച്ച്‌ ധര്‍മ്മിഷ്ഠനായിരിക്കുക. ദേവതകളേയും അതിഥികളേയും സല്‍ക്കരിച്ചതിന് ശേഷം അവര്‍ക്ക്‌ നല്കിയതില്‍ ബാക്കിയുള്ള അന്നം കൊണ്ട്‌ പ്രാണയാത്ര നിര്‍വ്വഹിക്കുക. നുര പോലെയുള്ള ദേഹത്തില്‍ ഖഗത്തെപ്പോലെ പറന്നു പോകാന്‍ തയ്യാറായി ജീവന്‍ നില്ക്കുമ്പോള്‍ ഇഷ്ടയോഗം നശ്വരമാണ്‌. അത്‌ അറിയാതെ ഉണ്ണീ, നീ എന്താണ്‌, കിടന്നുറങ്ങുന്നത്‌? ഉണരുക! പ്രമാദം വിട്ട്‌ ശത്രുക്കള്‍ നിത്യവും ഉണര്‍ന്നു നിന്നെ വധിക്കുവാന്‍ തക്കം നോക്കിയിരിക്കുന്ന ഈ സമയത്ത്‌ ബാലനായ നീ എന്തേ അതിനെപ്പറ്റി ചിന്തിച്ചറിയാത്തത്‌? പകല്‍ ഓരോന്നും എണ്ണിയെണ്ണി ആയുസ്സു കുറയുന്നു. അങ്ങനെ ജീവന്‍ ഉരസി ഇല്ലാതാകും. ഇത്‌ മനസ്സിലാക്കി എന്തേ നീ എഴുന്നേറ്റ്‌ ഓടാതെ കിടക്കുന്നു? നാസ്മികന്മാര്‍ പരലോക കാര്യത്തെപ്പറ്റി ചിന്തിക്കാതെ ഉറങ്ങുന്നു. അവര്‍ക്കു മാംസം, രക്തം ഇവ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമേ ആഗ്രഹമുള്ളു. ധര്‍മ്മത്തില്‍ കുറ്റം പറയുന്നവരും, ബുദ്ധിമോഹമുള്ളവരുമായ കൂട്ടരെ പിന്തുടരുന്നവന്‌ എന്നും ദുഃഖമാണു ഫലം. ശ്രുതിയില്‍ തല്പരന്മാരായ തുഷ്ടരെ സേവിക്കുക. ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന മഹാബലരായ മഹാത്മാക്കളെ സേവിക്കുക. ഈ തത്വം മകനേ, നീ കേള്‍ക്കുക. ആ ധര്‍മ്മം കണ്ട വിദ്വാന്മാരുടെ മതം നീ കേട്ടു ധരിച്ച്‌ അന്യമാര്‍ഗ്ഗത്തില്‍ ബുദ്ധി തെറ്റിപ്പോകുന്ന ചിത്തത്തെ നീ അടക്കുക. ഇന്നത്തെ ബുദ്ധികൊണ്ട്‌, നാളെ ദൂരെയാണെന്നു കാണുന്ന നിര്‍ഭയന്മാര്‍ കര്‍മ്മഭൂമി കാണുന്നില്ല. ഭക്ഷണ കാര്യത്തില്‍ ഒരു നിയന്ത്രണവും അവര്‍ക്കില്ല. അവര്‍ ബുദ്ധിയില്ലാത്ത കൂട്ടരാണ്‌. അവര്‍ ഈ ഭൂമി പ്രവര്‍ത്തിക്കുവാൻ ഉള്ളതാണെന്നറിയുന്നില്ല. കര്‍മ്മത്തിന്റെ സോപാനത്തിലെത്തി നീ ഓരോ അടിയും എടുത്തുവെച്ച്‌ മേൽപോട്ടു മേൽപോട്ട് കയറുക. ഈറാമ്പുലി തന്റെ ദേഹജമായ നൂലു കൊണ്ട്‌ വലകെട്ടി തന്റെ കഴിവുകളെയെല്ലാം നശിപ്പിച്ചു കളയുന്നതു പോലെ നീ ചുറ്റിക്കറങ്ങി ജീവിതത്തിന്റെ കഴിവുകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്‌ നീ അറിയുന്നില്ല. മര്യാദ വിട്ട്‌ വക്കിടിയുന്ന പുഴവക്കു പോലെയുള്ള മര്‍ത്യരെ ഇടത്താക്കി ഒഴിഞ്ഞു മാറണം. പട്ടിലിന്‍ കൂട്ടത്തിന്റെ നേരെ ചെല്ലുന്നത്‌ ആപല്‍ക്കരമാണല്ലോ. കാമം, ക്രോധം, മൃത്യു, പഞ്ചേന്ദ്രിയമാകുന്ന ജലം എന്നിവ നിറഞ്ഞ പുഴയെ ധൈര്യം എന്ന തോണിയില്‍ക്കയറി തുഴഞ്ഞ്‌ സംസാരമാകുന്ന ദുര്‍ഘടങ്ങളെ തരണംചെയ്യുക. ലോകം മൃത്യുഹതമാണ്‌. ജര എന്ന ദുഷ്ടജന്തു പിടിച്ചു വിഴുങ്ങാന്‍ നില്ക്കുന്നു. രാവും പകലുമായ ഇടിവാള്‍ പതിക്കുന്നു. അതുകൊണ്ട്‌ വൈകാതെ ധര്‍മ്മവഞ്ചിയില്‍ കയറി മറുകര പറ്റുക. മൃത്യു എല്ലാവരേയും തേടി നടക്കുകയാണ്‌. നില്ക്കുന്നവനേയും, കിടക്കുന്നവനേയും മൃത്യു പിടികൂടും. പെട്ടെന്ന്‌ മൃത്യു വന്നു പിടികൂടുന്നവന്‌ നിര്‍വ്വാണം എങ്ങനെ ലഭിക്കും? കാമത്തില്‍ സംതൃപ്തനാകാതെ ഓരോന്ന്‌ നേടിക്കൊണ്ട് ഇരിക്കുന്നതിനിടയ്ക്ക്‌ ചെന്നായ മാനിനെ കൊണ്ടു പോകുന്ന മാതിരി മൃത്യു അവനെ പിടികൂടി കൊണ്ടുപോകുന്നു.

ശിഖയെ (ദീപനാളം) വര്‍ദ്ധിപ്പിച്ച്‌ ധര്‍മ്മവൃദ്ധിയാകുന്ന വിളക്ക്‌ പണിപ്പെട്ടു കൈയിലെടുത്ത്‌, കൂരിരുട്ടിനെ തരണം ചെയ്യണം. പലവിധം ജന്മങ്ങളെടുത്ത്‌ മര്‍ത്ത്യജന്മം സ്വീകരിച്ച്‌ വളരെ പണിപ്പെട്ട്‌ ബ്രാഹ്മണനായി പിറക്കുന്നു. അങ്ങനെ കൈവന്ന ബ്രാഹ്മണ ജന്മം നീ പാഴാക്കരുത്‌. ബ്രാഹ്മണന്റെ ദേഹം തീര്‍ത്തത്‌ കാമങ്ങളും അര്‍ത്ഥങ്ങളും അനുഭവിക്കാനല്ല. തപസ്സിനും ക്ളേശം സഹിക്കുന്നതിനുമാണ്‌. അതു സഹിച്ച്‌ ജീവിച്ചവനേ പരലോകത്തില്‍ പരമമായ സുഖം ലഭിക്കുകയുള്ളു. .

മഹത്തായ ബ്രാഹ്മണ്യം തപസ്സു കൊണ്ടു സിദ്ധിക്കും. കിട്ടിയാല്‍ രതിയില്‍ പ്രിയത്തോടെ കളിച്ച്‌ ജീവിതം കളയരുത്‌. സ്വാദ്ധ്യായം (വേദപഠനം), ദമം, അഹര്‍ന്നിശം, തപസ്സ്‌ എന്നിവയോടെ അവന്‍ കുശലത്തിന് വേണ്ടി നിത്യവും ശ്രമിക്കണം. മനുഷ്യ ജീവിതം ഒരു പടക്കുതിരയാണ്‌. അതി ന്റെ സ്വഭാവം അവ്യക്തമാണ്‌. മുപ്പതു കലകള്‍ ചേര്‍ന്നതാണ്‌ (മുമ്പെ പറയപ്പെട്ടവയാണ്‌) അതിന്റെ ശരീരം. അതിന്റെ പ്രകൃതിയാണെങ്കില്‍ ആര്‍ക്കും അതിനെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതാണ്‌. ക്ഷണം, ത്രുടി, നിമിഷം എന്നിവ അതിന്റെ രോമങ്ങളാണ്‌. മങ്ങിയ നാട്ടുവെളിച്ചമാണ്‌ അതിന്റെ പിരടി. കൃഷ്ണപക്ഷവും ശുക്ളപക്ഷവും തുല്യബലമുള്ള രണ്ടു കണ്ണുകളാണ്‌. മാസങ്ങള്‍ അതിന്റെ മറ്റവയവങ്ങളാണ്‌. പടക്കുതിര എപ്പോഴും ഓടുക തന്നെയാണ്‌, അത് ഒരിടത്തും നില്ക്കാതെ വേഗത്തില്‍ കുതിച്ചുപായുന്നു. നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കാഴ്പയുണ്ടെങ്കില്‍, നിങ്ങള്‍ കുരുടന്മാരല്ലെങ്കില്‍, നോക്കുക! ആ കുതിര എത്ര വേഗത്തിലാണ്‌ ഇടതടവില്ലാതെ പായുന്നത്‌! അതിന്റെ വേഗത മൂലം അതിനെ കാണുവാന്‍ തന്നെ പ്രയാസം. നിങ്ങള്‍ നിങ്ങളുടെ മനസ്സ്‌ ഗുരുവാക്യം കേട്ട്‌ ധര്‍മ്മത്തില്‍ത്തന്നെ ഉറപ്പിക്കുക. മേലോട്ടു നോക്കി മനസ്സിനെ അതില്‍ ഉറപ്പിക്കുക. ധര്‍മ്മത്തെ വിട്ടു നടക്കുന്നവര്‍, തോന്നിയ മട്ടില്‍ മര്യാദ കെട്ട്‌ ജീവിക്കുന്നവര്‍, അന്യര്‍ക്ക്‌ ഉപദ്രവങ്ങള്‍ ചെയ്യുന്നവര്‍, വഴിതെറ്റി ദുര്‍മ്മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നവര്‍, എന്നിവര്‍ യമന്റെ ലോകത്തിലെത്തുമ്പോള്‍ അവര്‍ യാതനാ ശരീരം എടുക്കുകയും പല തരത്തിലുള്ള ശിക്ഷകള്‍ യഥാന്യായം അനുഭവിക്കുകയും ചെയ്യും. അവര്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ശക്തിയനുസരിച്ചായിരിക്കും ശിക്ഷയും ലഭിക്കുക.

ധര്‍മ്മപരനായ രാജാവ്‌ ശുഭാശുഭത്തെ നോക്കി യഥായോഗം ധര്‍മ്മം നടത്തുന്നതായാല്‍ സുകൃതികള്‍ക്കുള്ള ലോകത്തെ പ്രാപിക്കും. പലപടിയായി നടപടി പ്രകാരം കയറുകയും നിരവദ്യവും അനുപമവുമായ സുഖത്തെ പ്രാപിക്കുകയും ചെയ്യും. ഗുരുജനങ്ങളെ ധിക്കരിച്ചു നടക്കുന്നവന്‌ നരകമാണു ഫലം. മരണാനന്തരം അവന്‍ നരകത്തിൽ എത്തിയാല്‍ അവനെ ക്രൂരന്മാരും ക്രുദ്ധരുമായ ഭയങ്കര നായ്ക്കള്‍, ഇരുമ്പു കൊക്കുള്ള പക്ഷികള്‍, കഴുകന്മാര്‍, മറ്റു പല ഘോരപക്ഷികള്‍, ചോര കുടിയന്മാരായ ഇഴജന്തുക്കള്‍ എന്നിവ, മാതാപിതാക്കന്മാരുടേയും, ഗുരുജനങ്ങളുടേയും ശാസന അനുസരിക്കാത്തവനെ ഭയങ്കരമായി പിടിച്ച്‌ ഹിംസിക്കും. ലോകത്തില്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ടതായി നിശ്ചയിച്ച മര്യാദകള്‍ ദശഗുണങ്ങളാണ്‌. അവ തെറ്റിച്ച മനുഷ്യന്‍ പിത്യലോകത്തിലെത്തുകയും അവിടെ ഭയങ്കരമായ, പലവിധത്തിലുള്ള, പരിക്ളേശങ്ങള്‍ ഏല്ക്കുകയും ചെയ്യും.

ലുബ്ധനും വളരെ നുണ പറയുന്നവനുമായ മനുഷ്യന്‍, പല ചതിയും ചെയ്യുന്ന പുരുഷന്‍, നരകത്തിലെത്തി വലിയ പീഡനങ്ങള്‍ക്കു പാത്രമാകും. അത്തരം മനുഷ്യരെ നരകത്തില്‍ ചുട്ടു തിളയ്ക്കുന്ന ജലമുള്ള വൈതരണിയില്‍ ഇറക്കി തള്ളിവിട്ട്‌ കുളിപ്പിക്കും. മൂര്‍ച്ചയുള്ള ഇലയുള്ള കാട്ടില്‍ വലിച്ചിഴച്ച്‌ മുറിവേല്പിക്കും. മൂര്‍ച്ചയുള്ള മഴുക്കൂട്ടത്തില്‍ തള്ളി വിട്ട്‌ ദേഹം ശിഥിലമാക്കും. കടുത്ത നരകത്തില്‍ക്കിടന്ന്‌ ഉഴലുവാന്‍ ഇടവരുത്തും. മഹാ ആപത്തുകളാണ്‌ പറയുന്നത്‌. നീ ചിന്തിക്കുന്നില്ല. നിന്റെ മൃതി പതുക്കെ അടുത്തു വരുന്നു എന്നതും നീ അറിയുന്നില്ല. നീ ഇറങ്ങുക. മോക്ഷത്തിന്റെ മാര്‍ഗ്ഗത്തിലേക്കു നടക്കുക. നീ എന്താലോചിച്ചാണ്‌ വൈകുന്നത്‌? വലിയ ഭയം അടുത്തിരിക്കുന്നു. നിന്റെ സുഖത്തിന് വേണ്ടി യത്നിക്കുക. സ്ഥിരമായി കാലടികള്‍ വെച്ച്‌ മോക്ഷത്തെ സമീപിക്കുക. മരിച്ച ഉടനെ യമന്റെ മുമ്പിലേക്ക്‌ നിന്നെ കൊണ്ടുപോകും. അവന്റെ കല്‍പനയനുസരിച്ച്‌ അവന്റെ മുമ്പില്‍ നീ എത്തും. ഇനി ലഭിക്കുന്ന ലോകത്തില്‍ നന്മയ്ക്കു വേണ്ടി നീ ഇപ്പോള്‍ത്തന്നെ യത്നിക്കുക. ധര്‍മ്മത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുക. കഠിനമായ വ്രതവും തപസ്സും ആത്മസംയമനവും പരിശീലിക്കുക. യമന് മറ്റുള്ളവരുടെ കാര്യത്തില്‍ അനുകമ്പയില്ല. വളരെ വേഗത്തില്‍ മനുഷ്യരുടെ ജീവനെ അപഹരിക്കും. നിനക്കും നിന്റെ സുഹൃത്തുക്കള്‍ക്കും ഇതുതന്നെയാണ് ഗതി. അവനെ തടുക്കുവാന്‍ ശക്തിയുള്ള കരങ്ങളില്ല.

വളരെവേഗത്തില്‍ യമന്റെ കാറ്റടിക്കും. ആ കാറ്റില്‍ നീ അവന്റെ സമീപത്തെത്തും. നീ ഒറ്റയ്ക്ക്‌ ആ ഭീകരന്റെ സന്നിധിയിലാകും. അവിടെ കാഴ്ച വെക്കുവാന്‍ നീ വല്ല നന്മയും നേടിയിട്ടുണ്ടോ? ആ മരണത്തിന്റെ കാറ്റ്‌ ആഞ്ഞടിക്കുമ്പോള്‍ നീ എവിടെയായിരിക്കും? നീ അതിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ? വളരെ വേഗത്തില്‍ നിന്റെ ഗതിയുടെ മാര്‍ഗ്ഗം തെറ്റും. ദിക് ഭ്രമമുണ്ടാകും, ചെവി കേള്‍ക്കാതാകും. അതിനെപ്പറ്റി നീ കരുതിയിരിക്കുന്നുണ്ടോ?

അല്ലയോ പുത്രാ, ആ. സമയം വരുമ്പോള്‍ നിന്റെ വേദങ്ങള്‍ നിന്റെ കാഴ്ചയില്‍നിന്നു മറയും. നീ നിസ്സഹായനായി ആ ഭീകരന്റെ സന്നിധിയിലെത്തും. അതുകൊണ്ട്‌ നീ യോഗസിദ്ധിക്കു വേണ്ടി മനസ്സു വെക്കുക. അതാണ്‌ നിനക്ക്‌ മഹത്തായ നന്മ ചെയ്യുക. ആ നിധി മാത്രം നീ നേടുക. തന്മൂലം നിന്റെ ദുഃഖത്തിന്‌ നിവൃത്തി ലഭിക്കും. ചെയ്ത പാപങ്ങള്‍ക്കെല്ലാം പരിഹാരം ലഭിക്കും. നിന്റെ ശരീരം ജര ബാധിച്ചു ജീര്‍ണ്ണമാകും. ബലവും അംഗഭംഗിയും നില നിര്‍ത്തുന്നത്‌ കേവലമായ ആ നിധിയാണ്‌. തുണയ്ക്ക്‌ അന്തകനായി രോഗവും കടന്നു കൂടും. അവന്‍ ശരീരത്തെ ഉടയ്ക്കും. അതിനു മുമ്പ്‌ നീ തപസ്സു ചെയ്തു പുണ്യം സമ്പാദിക്കുക. മനുഷ്യന്റെ ശരീരം കടിച്ചു ചീന്തിത്തിന്നുന്ന ഉൽക്കടമായ ചെന്നായ്കളോ ചുഴന്നു പാഞ്ഞു വരും. അതിന് മുമ്പ്‌ പുണ്യം സമ്പാദിക്കുവാന്‍ ശ്രമിക്കുക. വേഗത്തില്‍ ശ്രമി ക്കുക, ഒരിടത്ത്‌ ഇരുളടഞ്ഞു കാണും. മറ്റൊരിടത്ത്‌ മലയുടെ മുകളില്‍ സ്വര്‍ണ്ണം പോലെ വിളങ്ങുന്ന പൊന്മരങ്ങള്‍ കാണും. അതു മരണം അടുത്തവന്റെ ലക്ഷണമാണെന്നു ധരിച്ച്‌ നീ വേഗത്തില്‍ ധര്‍മ്മപരനാകുവാന്‍ ശ്രമിക്കുക.

വളരെ വേഗത്തില്‍ നിന്റെ ദുരാഗ്രഹങ്ങളും ശത്രുക്കളും സുഹൃത്തിന്റെ ഉടുപ്പു ധരിച്ച്‌ സ്നേഹഭാവത്തില്‍ നിന്റെ സമീപത്തെത്തും. അവരെ നീ ശരിയായ നിലയില്‍ നോക്കി മനസ്സിലാക്കുക. അവരുടെ വലയില്‍ കുടുങ്ങിപ്പോകരുത്‌. അല്ലയോ പുത്രാ! അതുകൊണ്ട്‌ നീ വേഗത്തില്‍ അവരില്‍ നിന്നു വിട്ട്‌ മഹത്തായ നന്മയെ ലക്ഷ്യമാക്കി യത്നിക്കുക. നീ ആ മഹത്തായ ധനത്തെ നേടുക: ആ ധനം കൈവശമുള്ളവന് ഭയം എന്നതുണ്ടാവുകയില്ല. രാജാക്കന്മാരോ കുള്ളന്മാരോ അതു നേടുന്നതിന്നു നിന്നെ സമീപിക്കുകയില്ല. മരിക്കുമ്പോള്‍ ആ ധനം ഉപേക്ഷിക്കേണ്ടതായും വരില്ല. പോകുമ്പോള്‍ കൊണ്ടു പോകാന്‍ കഴിയും. സ്വന്തം പ്രയത്നം കൊണ്ട്‌ നേടുന്ന ആ ധനത്തിന്ന്‌ അവകാശികളായി ആരും വരികയുമില്ല. ഭാഗിച്ച്‌ ആര്‍ക്കും കൊടുക്കേണ്ടി വരില്ല. ഉടമസ്ഥതാവകാശം പറഞ്ഞും ആരും വരില്ല. ഓരോരുത്തനും അത്‌ സ്വപ്രയത്നം കൊണ്ടു നേടുവാനും പരലോകത്ത്‌ അനുഭവിക്കുവാനും കഴിയും. അല്ലയോ പുത്രാ! അതിനെ നീ മറ്റുള്ളവര്‍ക്കും നല്കുക. അതുകൊണ്ട്‌ അവര്‍ പരലോകത്തു പുലരട്ടെ! നശിപ്പിച്ചാലും നശിക്കാത്ത ആ മഹത്തായ ധനം നീയും നേടി വയ്ക്കുക. എല്ലാവിധം സുഖങ്ങളും ആദ്യമായി അനുഭവിക്കുവാന്‍ നീ വിചാരിക്കരുത്‌. നിന്റെ മനസ്സ്‌ പിന്നെ മോക്ഷത്തിലേക്കു തിരിയട്ടെ! എന്തു കൊണ്ടെന്നാല്‍ നീ സുഖാനുഭൂതികളില്‍ മനസ്സുവച്ചുകൊണ്ടിരിക്കെ മരണം വന്നു നിന്നെ പിടികൂടിയാലോ! ഈ ഒരു ചിന്ത എപ്പോഴും നിന്നിലുണ്ടാകണം. അതുകൊണ്ട്‌ നീ നന്മകള്‍ ചെയ്യുന്നതില്‍ ഉടനെ മനസ്സു ചെലുത്തുക. വൈകരുത്‌! പ്രഭുക്കന്മാർ വിലപിടിച്ച യാവകം പാകം ചെയ്യുവാന്‍ അടുപ്പത്ത്‌ വെച്ചിരിക്കെ വേവുന്നതിന്‌ മുമ്പു തന്നെ യമന്‍ അവനെ കൊണ്ടു പോകുന്നു. അതുകൊണ്ട്‌ വേഗം നീ പചിക്കുക. അമ്മയാകട്ടെ മകനാകട്ടെ, ബന്ധുക്കളാകട്ടെ, പ്രിയ സുഹൃത്തുക്കളാകട്ടെ, മരണം വന്ന്‌ ആഞ്ഞു കയറി ആക്രമിച്ച്‌ കൊണ്ടുപോകുമ്പോള്‍ നിന്നെ തുണയ്ക്കുവാന്‍ ശക്തരാവുകയില്ല. കൂടെപ്പോരുവാനും അവര്‍ക്കു കഴിയുകയില്ല. യമന്റെ ലോകത്തിലേക്ക്‌ ഒറ്റയ്ക്കൊറ്റയ്ക്കായേ പോകു. ഒറ്റയാളും സംഘടിച്ച്‌ പോവുകയില്ല. താന്‍ ചെയ്ത നല്ലതും ചീത്തയുമായ കര്‍മ്മങ്ങള്‍, താന്‍ മരിക്കുന്നതിന് മുന്‍പ്‌ ചെയ്തവ ഇവന്റെ കൂടെ യമലോകത്തേക്കു പോകും. താന്‍ ജീവിച്ചിരിക്കുന്ന കാലത്ത്‌ സല്‍ക്കര്‍മ്മം കൊണ്ടോ ദുഷ്‌കര്‍മ്മം കൊണ്ടോ നേടിയ സ്വര്‍ണ്ണവും പണവും രത്ങ്ങളുമൊന്നും മരണാനന്തരമുള്ള ലോകത്തില്‍ പ്രയോജനപ്പെടുകയില്ല. ആ ലോകത്തില്‍ ചെലവാകാത്തവയാണ്‌ അവയെല്ലാം. നിഷ്ഫലമാണ്‌ അവയെല്ലാം. മറ്റു ലോകങ്ങളിലേക്കു പോകുന്ന മനുഷ്യന് സാക്ഷിയായി ആത്മാവല്ലാതെ ആരുമില്ല. ജീവിതത്തില്‍ ചെയ്തതും ചെയ്യാത്തതുമായ കര്‍മ്മമല്ലാതെ മറ്റാരും കാണുവാന്‍ ഇല്ല. ആത്മാവാണ്‌ ചെയ്ത കര്‍മ്മത്തിനും ചെയ്യാതെ വിട്ട കര്‍മ്മത്തിന്നും മരണാനന്തര ലോകത്തില്‍ സാക്ഷി. ശരീരം നശിച്ചു, പരത്തിലേക്കു യാത്രയായവന്‍, പോകുമ്പോള്‍ ബുദ്ധിയാകുന്ന ദൃഷ്ടികൊണ്ട്‌ ലേശവും ഒന്നും കാണുകയില്ല. ഉടലിന്റെ ഉള്ളില്‍ മുന്നു പേരുണ്ട്‌. അത്‌ അഗ്നിയും സൂര്യനും മാരുതനുമാണ്‌. അവര്‍ ധര്‍മ്മദര്‍ശിമാരാണ്‌. അവന് അവരാണ്‌ സാക്ഷികള്‍.

പ്രകാശ ഗൂഢവൃത്തിമാരായ സമസ്ത ചാരന്മാര്‍ (ദിവസം രാത്രി) എന്നീ രണ്ടു പേരില്‍ ഒരാള്‍ എല്ലാം വെളിക്ക്‌ കാണിക്കുകയും മറ്റേയാള്‍ എല്ലാം മറയ്ക്കുകയും ചെയ്യുന്നു. എന്നു തന്നെയല്ല അവരുടെ സ്പര്‍ശനം മൂലം ആയുസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ജീവിതം അസ്തമിക്കുന്നതിന് മുമ്പ്‌ സ്വധര്‍മ്മം വേഗത്തില്‍ ചെയ്യുക. യമലോകത്തേക്കുള്ള മാര്‍ഗ്ഗം വളരെ ശത്രുക്കള്‍ നിറഞ്ഞതാണ്‌. കൂര്‍ത്ത ഇരുമ്പു കൊക്കുള്ള പക്ഷികളും ഭയങ്കരന്മാരായ ചെന്നായ്ക്കളും നിറഞ്ഞതാണ്‌. വളരെ അറപ്പും വെറുപ്പും തോന്നിക്കുന്ന ഭയങ്കര ജിവികളും പുഴുക്കളുമുണ്ട്‌ ആ വഴിയില്‍. നീ നിന്റെ കര്‍മ്മത്തില്‍ ശ്രദ്ധിക്കുക. നിന്റെ കര്‍മ്മം മാത്രമേ നിനക്ക്‌ തുണയായി ആ യാത്രയില്‍ ഉണ്ടാകയുള്ളു. അവിടെ ഒരുത്തന്ന്‌ അവന്റെ നേട്ടം മറ്റൊരാള്‍ക്കു പങ്കുവെച്ചു കൊടുക്കേണ്ടി വരികയില്ല. എല്ലാവരും അവരവരുടെ സല്‍ക്കര്‍മ്മഫലം അനുഭവിച്ച്‌ ആനന്ദിക്കുകയോ ദുഷ്കര്‍മ്മഫലം കഴിച്ച്‌ കുഴങ്ങുകയോ ചെയ്യുകയാണ്‌. നീ തന്നത്താന്‍ ചെയ്തതിന്റെ പ്രതിഫലമാണത്‌. പുണ്യകര്‍മ്മങ്ങള്‍ ചെയ്തവരുടെ കര്‍മ്മഫലം മൂലം അപ്‌സര സ്ത്രീകള്‍ അവരെ മോദിപ്പിക്കുവാന്‍ എത്തുന്നു. ചിലരെ അഭിവാദ്യം ചെയ്യുവാന്‍ ഋഷിമാര്‍ എത്തുന്നു. അവരവരുടെ കര്‍മ്മഫലം എങ്ങനെയോ ഫലവും അതിന് അനുസരിച്ചതായിരിക്കും. വിമാനങ്ങളില്‍ കയറ്റി ഇഷ്ടം പോലെ ഇഷ്ടമുള്ള ദിക്കില്‍ അവരെ ദേവകള്‍ കൊണ്ടു പോകുന്നു. പാപം വിട്ടവരായ വിശുദ്ധാത്മാകൾക്ക് അവരുടെ കര്‍മ്മഫലം പോലെയുള്ള പുനര്‍ജന്മം ലഭിക്കും. ഗൃഹസ്ഥാശ്രമികള്‍ നയിച്ച നല്ല ജീവിതത്തിന്റെ ഫലമായി ലഭിച്ച പുണ്യത്താല്‍ അവര്‍ മരണാനന്തരം പ്രജാപതിയുടേയോ ബൃഹസ്പതിയുടേയോ സമീപത്തെത്തും. അല്ലെങ്കില്‍ നുറു യാഗം ചെയ്തവര്‍ക്കു ലഭിക്കുന്ന പുണ്യലോകം സിദ്ധിക്കും. നിനക്കു ഞാന്‍ അനേകായിരം ഉപദേശങ്ങള്‍ നല്കാം. അല്ലയോ പവിത്രാശയാ, നീ സകല മൂഢന്മാരേയും അകറ്റി ഇരുട്ടിലാക്കുക. ധര്‍മ്മമേ മനുഷ്യനെ ശാശ്വതമായ സുഖത്തിന്റെ മാര്‍ഗ്ഗത്തിലെത്തിക്കുവാന്‍ പര്യാപ്തമാകു! പഠനം പോരാ, പ്രവര്‍ത്തനം വേണം. ഏടോ പുത്ര, നിനക്ക്‌ ഇരുപത്തിനാലു വയസ്സ്‌ കഴിഞ്ഞു. ഇരുപത്തഞ്ചാം വയസ്സില്‍ പ്രവേശിച്ചു. നിന്റെ ആയുസ്സ്‌ എത്ര വേഗത്തിലാണ്‌ ഓടുന്നത്‌. നീ നിന്റെ കര്‍മ്മങ്ങളൊക്കെ വേണ്ട മാതിരി വേഗം ചെയ്യുക. വയസ്സ്‌ മൂക്കുന്നു. നശിപ്പിക്കുന്ന അന്തകന്‍ അശ്രദ്ധയിലും കര്‍മ്മവൈകല്യത്തിലും കുടികിടപ്പായിരിക്കയാണ്‌. ഇന്ദ്രിയങ്ങളുടെ കഴിവുകളെ അവന്‍ നശിപ്പിച്ചുകളയും. ശരീരത്തെ ആസ്പദമാക്കി ചെയ്യേണ്ടതൊക്കെ വേഗം ചെയ്തു കൊള്ളുക. ധരിച്ച മാതിരി ധര്‍മ്മരക്ഷയ്ക്കു ശ്രമിക്കുക. തുടര്‍ന്ന്‌ പിന്നില്‍ നിന്ന്‌ നീ മുന്നിലേക്കു കടന്നു ഗമിക്കുമ്പോള്‍ ആരുണ്ട്‌ തുണയ്ക്ക്‌? ഭാര്യയുണ്ടോ? മക്കളുണ്ടോ? മര്‍ത്ത്യന്‍ ഒറ്റയ്ക്കു യാതൊരു തുണയും കൂടാതെ യമന്റെ ലോകത്തിലേക്കു പോകണം. ആ ഒരു സന്ദര്‍ഭവും ചുറ്റുപാടും ചിന്തിക്കുമ്പോള്‍ ഭയം തോന്നാതിരിക്കയില്ല. അതുകൊണ്ട്‌ നീ ആ ധനം സമ്പാദിക്കുക. എന്താണ്‌ ആ ധനം? ധര്‍മ്മയോഗസമാധികളാണ്‌. മഹാത്മാവായ യമന്‍ മറ്റുള്ളവര്‍ക്കു വേദന പറ്റുന്ന കാര്യത്തില്‍ അത്ര കണക്കാക്കുന്നവനല്ല. സനേഹിതന്മാരേയും ബന്ധുക്കളേയുമൊക്കെ അവന്‍ വേരോടെ പിഴുതെറിയും. അവനെ തടയുവാന്‍ കെൽപ് ആര്‍ക്കുമില്ല. അതുകൊണ്ട്‌ നീ നീതിധര്‍മ്മങ്ങളുടെ നിധി സമ്പാദിക്കുക. അല്ലയോ പുത്രാ, ഈ പറഞ്ഞതെല്ലാം വേദത്തില്‍ അനുശാസിക്കുന്നതും ഞാന്‍ അനുസരിക്കുന്നതുമാണ്‌. അതാണ്‌ ഞാന്‍ നിനക്കുപദേശിക്കുന്നത്‌. നീ അതനുസരിച്ചു പ്രവര്‍ത്തിക്കുക. സ്വകര്‍മ്മത്താല്‍ ആര് ദേഹം ധരിക്കുന്നു, ആര്‌ ഒരാള്‍ക്കു ദാനം ചെയ്തു ഫലം നേടുന്നു, അബുദ്ധി, മോഹം ഇവയില്‍ നിന്നുണ്ടായ ഫലത്തെ അവന്‍ വിട്ടുപോകുന്നു. സല്‍ക്കര്‍മ്മം ചെയ്യുന്ന പുരുഷന്‍ വേദത്തില്‍ നിന്നു നേടുന്ന ജ്ഞാനം അവനെ മോക്ഷത്തിലെത്തിക്കുന്നു. എല്ലാ ശ്രുതവും ശുഭ ക്രിയാപ്രവര്‍ത്തകന്‍ ഏല്ക്കും. ഇത്‌ അര്‍ത്ഥദര്‍ശനമാണ്‌. ഏറ്റവും കൃതജ്ഞമായ അര്‍ത്ഥസാധനവുമാകുന്നു.

ഗ്രാമത്തിലോ പട്ടണത്തിലോ പാര്‍ക്കുവാനുള്ള ആഗ്രഹം മനുഷ്യനെ ബന്ധിക്കുന്നതിനുള്ള കയറാണ്‌. ആ കയറിനെ അറുത്ത്‌ സജ്ജനങ്ങള്‍ നടക്കുന്നു. എന്നാല്‍, പാപി കള്‍ക്ക്‌ അതിന് കഴിയുകയില്ല.

അല്ലയോ പുത്രാ, എന്തിനാണ്‌ വിത്തം! എന്തിനു നിന ക്ക്‌ ബന്ധുക്കള്‍? എന്തിനു വേണ്ടി മക്കള്‍? മകനേ, നീ മരിക്കുന്നവനാണ്‌. അവരെക്കൊണ്ടൊന്നും നിന്റെ മൃതിയെ തടുക്കുവാന്‍ കഴികയില്ല. നീ നിന്റെ ആത്മാവിനെ അന്വേഷിക്കുക. അതൊരു ഗുഹയ്ക്കുള്ളില്‍ ഇരിക്കുന്നുണ്ട്‌. നിന്റെ മുത്തച്ഛന്‍ ഇപ്പോള്‍ എവിടെയാണ്‌?

അല്ലയോ പുത്രാ! നാളെ ചെയ്യേണ്ടത്‌ ഇന്നുതന്നെ ചെയ്യുക. ഉച്ചയ്ക്കു ചെയ്യേണ്ടത്‌ കാലത്തുതന്നെ ചെയ്യുക. ഇവന്‍ ചെയ്യേണ്ടത്‌ ചെയ്തുവോ ഇല്ലയോ എന്ന്‌ മൃത്യു നോക്കുകയില്ല. കാക്കുകയുമില്ല. ഒരാള്‍ മരിച്ചാല്‍ ചുടു കാടു വരെ അവനെ ഇഷ്ടന്മാരും ബന്ധുക്കളും പിന്‍തുടരുന്നു. അവനെ അഗ്നിയില്‍ വെച്ചതിനു ശേഷം അവരെല്ലാം തിരിച്ചു പോകുന്നു. പാപികളായ, നിര്‍ദ്ദയരായ, നാസ്തികന്മാരെ ഇടത്താക്കുക. പരമമായ ശാന്തി ആശിക്കുന്നവന്‍ ഉത്സാഹശീലനായ പുരുഷന്‍ വിസ്രബ്ധം ചെയ്യേണ്ടതാണ്‌. ഇപ്രകാരം ലോകം മരണത്തിന് വിധേയമായി നാശമായിക്കൊണ്ടിരിക്കെ, കാലത്താല്‍ തകര്‍ത്തു കൊണ്ടിരിക്കെ, നല്ല ധൈര്യം കൈക്കൊണ്ട്‌ എല്ലാ വിധത്തിലും ധര്‍മ്മം അനുഷ്ഠിക്കുക. ഈ ദര്‍ശനോപായത്താല്‍ എല്ലാം അറിയുന്ന പുരുഷന്‍, തന്റെ ധര്‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുന്നവന്‍ തീര്‍ച്ചയായും പരമാത്മാവിനെ പ്രാപിക്കും.

ശരീരനാശം പോലെ നാശം ഉണ്ടാക്കാത്തതായ നല്ല മാര്‍ഗ്ഗത്തെ കാത്തു കൊണ്ടിരിക്കെ ധര്‍മ്മം  വളര്‍ത്തുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍. ധര്‍മ്മത്തില്‍ നിന്നു വൃതി ചലിക്കുന്നവന്‍ മോഹത്തിന് അധീനനായി ദുഃഖിക്കുന്നു. വിജ്ഞാനികള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്‌ ദേഹനാശം. അതുകൊണ്ട്‌ എല്ലാവരും നാശം വിട്ട്‌ മാര്‍ഗ്ഗം അവലംബിക്കുക മാത്രമാണ്‌ ശ്രേഷ്ഠമായത്‌. സ്വകര്‍മ്മം, കര്‍മ്മത്തിന്റെ മാര്‍ഗ്ഗം തെറ്റാതെ നിന്നാല്‍ അതിന്റെ ഫലം അതിന്റെ പ്രയോക്താവ്‌ തീര്‍ച്ചയായും നേടും. വൃത്തികെട്ട ജീവിതമാര്‍ഗ്ഗം സ്വീകരിക്കുന്ന പാപി നരകത്തിലുമെത്തും. ധര്‍മ്മവാനായ പുരുഷന്‍ സ്വര്‍ഗ്ഗത്തേയും പ്രാപിക്കും.

സ്വര്‍ഗ്ഗസോപാനമായ മര്‍ത്തൃജന്മം അതിദുര്‍ല്ലഭമാകുന്നു. വീണ്ടും പതിക്കാത്ത മാര്‍ഗ്ഗത്തില്‍ ആത്മാവിനെ പ്രവേശിപ്പിക്കണം. സ്വര്‍ഗ്ഗമാര്‍ഗ്ഗത്തിലേക്കുള്ള ബുദ്ധി തെറ്റാത്തവനാരോ, അവന്‍ തീര്‍ച്ചയായും പുണ്യവാനാണ്‌ പുത്രാ! അവന്റെ ബന്ധുക്കള്‍ ഉഴലുകയില്ല. ബുദ്ധിക്ക്‌ യാതൊരു ഉടവും തട്ടാത്ത പുരുഷന്‍ നിശ്ചയം പൂണ്ട്‌ ദൃഢപ്രജ്ഞയോടെ നില്ക്കുമ്പോള്‍ അവന് സ്വര്‍ഗ്ഗത്തില്‍ ഫലം ലഭിക്കും. അവന് സംസാരജന്യമായ മഹാഭയം ഉണ്ടാവുകയില്ല. തപോവനത്തില്‍ ജനിച്ച്‌ അതില്‍ ജീവിച്ച്‌, തപോവൃത്തി സ്വീകരിച്ചു മരിച്ചു പോകുന്നവരുണ്ടല്ലോ. അവര്‍ക്ക്‌ അല്പമായ ഫലമേ ലഭിക്കൂ. എന്നാല്‍, നേരെ വിപരീതമായി സകലവിധ സുഖങ്ങളും നിറഞ്ഞ നഗരങ്ങളില്‍ പിറക്കുകയും, തന്റെ അധീനത്തിലുള്ള എല്ലാവിധ സുഖഭോഗങ്ങളും, ആത്മധൈര്യം കൊണ്ട് ഉപേക്ഷിച്ച്‌, തപോവൃത്തി സ്വീകരിച്ച്‌, സര്‍വ്വസംഗ പരിത്യാഗിയായി തപം ചെയ്ത്‌ ദേഹം വിട്ടാല്‍ അവന് ലഭിക്കുന്ന ലോകം എത്രയോ വിശിഷ്ടമായതായിരിക്കും. മഹാഫലമാണ്‌ അവന്‍ അനുഭവിക്കുക.

ആയിരമായിരം അമ്മമാരും, ആയിരമായിരം അച്ഛന്മാരും, ആയിരമായിരം ഭാര്യമാരും, ആയിരമായിരം പുത്രന്മാരും വരാനിരിക്കുന്നു. വന്നു പോയിട്ടുണ്ട്‌; (മരിച്ചു പോയിട്ടുണ്ട്‌) അവര്‍ ആര്‍ക്ക്‌? നമ്മള്‍ ആർക്ക്‌?

ഞാന്‍ ഒറ്റയ്ക്കേയുള്ളു. എന്റേതെന്നു പറയുവാന്‍ എനിക്കാരുമില്ല. എന്നാല്‍ ഞാന്‍ ആരുടെയുമല്ല താനും. എന്റേതാണെന്നു പറയുന്നവനെ ഞാന്‍ കാണുന്നില്ല. അപ്രകാരം തന്നെ ഞാന്‍ മറ്റൊരുത്തന്റെയാണെന്ന്‌ അവകാശപ്പെടുന്നവനേയും ഞാന്‍ കാണുന്നില്ല. അവര്‍ക്ക്‌ എന്നെക്കൊണ്ടെന്തു വേണം? എനിക്ക്‌ അവരെക്കൊണ്ടെന്തു വേണം. അവര്‍ക്ക്‌ നീ ആവശ്യമില്ല. നിനക്ക്‌ അവരേയും ആവശ്യമില്ല. ഓരോ ജീവിയും അവരവരുടെ അതീത ജന്മത്തിലെ കര്‍മ്മത്തിന്റെ ഫലമനുസരിച്ചു ജന്മമെടുത്തവയാണ്‌. നീയും നിന്റെ കര്‍മ്മമനുസരിച്ച്‌ ഒരു ജന്മമെടുക്കും. ഇവിടം വിടും. നീ നിന്റെ സ്വന്തം കര്‍മ്മത്തില്‍ മാത്രം ശ്രദ്ധാലുവാകുക. ഈ ലോകത്തില്‍ പണമുള്ളവര്‍ക്ക്‌ ബന്ധുക്കളുണ്ട്‌, മിത്രങ്ങളുണ്ട്‌, സഹായികളുണ്ട്‌. അവര്‍ അവരില്‍ ഭക്തി സ്നേഹം കൈക്കൊള്ളുന്നതായിക്കാണുന്നു. എന്നാല്‍, ദരിദ്രന്റെ കഥയോ? അവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവനെ ബന്ധുക്കള്‍ ഉപേക്ഷിക്കുന്നു. സ്നേഹിതന്മാര്‍ ഉപേക്ഷിക്കുന്നു. സഹായികള്‍ ഉപേക്ഷിക്കുന്നു. പണമില്ലാത്തവനില്‍ ഭക്തിയില്ല, സ്നേഹവുമില്ല. ഈ ലോകത്തില്‍ ധനികന് മാത്രമേ സ്വജനമുള്ളു.

മനുഷ്യന്‍ അവന്റെ ഭാര്യക്കും മക്കള്‍ക്കുംവേണ്ടി എന്തെല്ലാം പാപകര്‍മ്മങ്ങളാണ്‌ ചെയ്യുന്നത്‌? അതുകൊണ്ട്‌ അവന്‍ ഇഹത്തിലും പരത്തിലും ക്ളേശത്തിന്നു പാത്രമാകുന്നു. ബുദ്ധിമാന്‍ ലോകത്തെ നോക്കിക്കണ്ട്‌ എന്തറിയുന്നു? തങ്ങളുടെ ദുഷ്കര്‍മ്മഫലമായി തകര്‍ന്നു പോകുന്നതാണ്‌ കാണുന്നത്‌, അതുകൊണ്ട്‌ ഉണ്ണീ, ഞാന്‍ പറയുന്നതു കേട്ട്‌ അതൊക്കെ നീ അനുഷ്ഠിക്കുക. ശരിയായ വീക്ഷണമുള്ള മനുഷ്യന്‍ ഈ ലോകത്തെ കര്‍മ്മം ചെയ്യുവാനുള്ള ഭൂമിയായേ കാണുന്നുള്ളു. അത്‌ പരലോകത്തേക്ക്‌ വേണ്ടുന്ന പുണ്യം കൃഷി ചെയ്യുവാനുള്ള നിലമായേ കാണുന്നുള്ളു. അതു കൊ ണ്ട്‌ പുണ്യത്തിന്റെ വിത്ത്‌ നീ ഈ കര്‍മ്മഭൂമിയില്‍ വിത യ്ക്കുക. നന്മചെയ്യുക.

കാലം അതിന്റെ മഹാശക്തമായ കരം കൊണ്ട്‌ എല്ലാ ജീവികളേയും ഇട്ടു കശക്കി വേവിക്കുന്നു. മാസങ്ങളും, ഋതുക്കളും കയിലുകളാണ്‌. സൂര്യന്‍ അതിനുള്ള അഗ്നിയാണ്‌. ദിനരാത്രങ്ങള്‍ വിറകാണ്‌. തന്മൂലം ആ ദിനരാത്രങ്ങള്‍ എല്ലാ ജീവികളുടേയും കര്‍മ്മഫലത്തിന്റെ സാക്ഷികളുമാണ്‌.

ദാനം ചെയ്യുവാനും അനുഭവിക്കുവാനും തയ്യാറില്ലെങ്കില്‍ പിന്നെ ആ ധനം കൊണ്ട്‌ എന്താണാവശ്യം? ശത്രുക്കളെ നശിപ്പിക്കുവാനും തടുക്കുവാനും തയ്യാറില്ലെങ്കില്‍ പിന്നെ ശക്തികൊണ്ടും ബലംകൊണ്ടും എന്തു പ്രയ ജനം? വേദജ്ഞാനം ഗ്രഹിച്ചിട്ടും, ധര്‍മ്മമനുഷ്ഠിക്കുവാന്‍ തയ്യാറില്ലെങ്കില്‍ പിന്നെ ആ ജ്ഞാനം കൊണ്ടെന്തു കാര്യം?

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ദ്വൈപായനന്‍ പറഞ്ഞ ഹിതമായ വാക്കുകള്‍ കേട്ട്‌ ശുകന്‍ അച്ഛനെ വിട്ട്‌ മോക്ഷമാര്‍ഗ്ഗം ഉപദേശിക്കുവാന്‍ ശക്തനായ ഒരു ഗുരുവിനെ അന്വേഷിച്ചു പുറപ്പെട്ടു.

അദ്ധ്യായം 323. ധര്‍മ്മമൂലികം - ശുഭാശുഭകര്‍മ്മങ്ങളുടെ ഫലം കര്‍ത്താക്കള്‍ അനുഭവിച്ചേ തീരൂ - യുധിഷ്ഠിരന്‍ പറഞ്ഞു:  ദാനം, യജ്ഞം, തപസ്സ്‌, ഗുരുശുശ്രൂഷ എന്നിവയ്ക്കെന്താണ്‌ ഫലം? വല്ല ഫലവുമുണ്ടെങ്കില്‍ അതിനെപ്പറ്റി പറഞ്ഞു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. പിതാമഹാ! പറഞ്ഞാലും!"

ഭീഷ്മൻ പറഞ്ഞു: ദുഷ്ടമായ കര്‍മ്മങ്ങളില്‍ ബുദ്ധി ചെലുത്തിയാല്‍ അവന്റെ മനസ്സ്‌ പാപത്തില്‍ പതിക്കും. തന്റെ കര്‍മ്മം ദുഷിച്ചാല്‍ വലിയ ദുഃഖത്തിന് അവന്‍ പാത്രമാകും. പാപത്തിന്റെ ഫലമായി അവന്‍ ജനിക്കുന്നത്‌ വലിയ ദരിദ്രനായിട്ടായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന്‌ ദാരിദ്ര്യത്തിലേക്ക്‌, ക്ളേശത്തില്‍ നിന്ന്‌ ക്ളേശത്തിലേക്ക്‌, ഭയത്തില്‍ നിന്ന്‌ ഭയത്തിലേക്ക്‌. ഇതാണ്‌ പിന്നത്തെ സ്ഥിതി. അങ്ങനെ പാപികളായ ദരിദ്രര്‍ മരണത്തേക്കാള്‍ കഷ്ടമായ മരണത്തെ പ്രാപിക്കും. മരണം കഷ്ടമാണെങ്കില്‍ അവരുടെ ജീവിതം മരണത്തേക്കാള്‍ കഷ്ടമായിത്തീരും. ധര്‍മ്മത്തില്‍ ശ്രദ്ധയും വിശ്വാസമുള്ളവരും ദാന്തന്മാരും ശുഭകാരികളുമായ മാന്യന്മാര്‍ ജനസമ്മതന്മാരായി സുഖത്തില്‍ നിന്ന്‌ അതിലും മേന്മയേറിയ സുഖത്തിലേക്കും, സ്വര്‍ഗ്ഗത്തില്‍നിന്ന്‌ അതിലും ഉപരിയായ സ്വര്‍ഗ്ഗത്തിലേക്കും ഉയര്‍ന്നു കൊണ്ടിരിക്കും. നാസ്മികന്മാരുടെ കഥ പരിതാപകരമാണ്‌. അവിശ്വാസികളായ അവരുടെ മാര്‍ഗ്ഗം ക്ളേശകരം തന്നെ. അവര്‍ കൈയുറ ധരിച്ച്‌ പുലികളും ആനകളും സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തില്‍, സര്‍പ്പങ്ങളും കള്ളന്മാരും ഒളിച്ചിരിക്കുന്ന മാര്‍ഗ്ഗത്തില്‍, സഞ്ചരിക്കേണ്ടി വരും. ഇതില്‍പ്പരം ഭാഗ്യഹീനതയെന്തുണ്ട്‌.? നേരെ മറിച്ച്‌ ദേവന്മാരെയും അതിഥികളെയും പൂജിച്ച്‌ ആദരിക്കുകയും സല്‍ക്കരിക്കുകയും പ്രിയപ്പെട്ട ബന്ധുക്കള്‍ക്കും നല്ലവര്‍ക്കും വേണ്ടുന്നതൊക്കെ നല്കുകയും ആചരിക്കുകയും ചെയ്യുന്ന ഉദാരശീലന്മാരായ ആത്മവാന്മാര്‍ (ശുദ്ധാത്മാക്കള്‍) ക്ഷേമൃമായ മാര്‍ഗ്ഗത്തില്‍ ചെന്നു ചേരും. ധര്‍മ്മം അനുസരിക്കാത്തവരെ മനുഷ്യനായി കണക്കാക്കുവാന്‍ വയ്യാ. പതിരിനെ നെല്ലായി കണക്കാക്കാമോ? പത്തായപ്പാറ്റയെ പക്ഷിയെന്നു വിളിക്കാമോ? അതു പോലെയാണ്‌. സത്യധര്‍മ്മാദികള്‍ വിട്ട മനുഷ്യനെ മനുഷ്യനായി കണക്കാക്കാന്‍ വയ്യാ. താന്‍ ചെയ്ത കര്‍മ്മഫലം തന്റെ കൂടെ നില്ക്കും. ദുഷ്കര്‍മ്മമായാലും സൽ കര്‍മ്മമായാലും അതിനെ വിട്ടു കിട്ടുവാന്‍ പെട്ടെന്നു കുതിച്ച്‌ ഒരു പാച്ചില്‍ പാഞ്ഞതു കൊണ്ട്‌ അതിനെ പിന്നിട്ട്‌ കടന്നു കളയുവാന്‍ കഴിയുകയില്ല. താന്‍ ചെയ്ത പാപം വിട്ടു പിരിയുകയില്ല. കര്‍മ്മം ചെയ്തവന്‍ ഒരിടത്തിരുന്നാല്‍ അവന്റെ പാപവും കൂടെയിരിക്കും. നടന്നാല്‍ നടക്കും. ഓടുമ്പോള്‍ കൂടെ ഓടും. നിഴലു പോലെ അവനെ പിന്തുടരും. ചെയ്യുന്നതു ചെയ്യും. ഒരുത്തന്‍ എന്ത്‌ കര്‍മ്മം ചെയ്തുവോ, എന്തു കാര്യത്തിനു ചെയ്തുവോ, എന്തു പരിതസ്ഥിതിയില്‍ ചെയ്തുവോ, അതാതിന്റെ ഫലം നന്മയും ചീത്തയും വലുപ്പവും ചെറുപ്പവും അനുസരിച്ചു സുഖവും ദുഃഖവും യഥാക്രമം അനുഭവിക്കുക തന്നെ ചെയ്യും അതില്‍ നിന്ന്‌ ഒരിക്കലും വിടുതല്‍ ഉണ്ടാവുകയില്ല. അത്‌ പിന്നത്തെ ജന്മത്തില്‍ അനുഭവിക്കുന്നു.

കാലം എല്ലായ്പോഴും ജീവികളെ പിടിച്ചു വലിക്കുന്നു. വലിച്ചു ദുരേക്കെറിയുന്നു. ആ ഏറിന്റെ ഈക്ക്‌ അവന്‍ ചെയ്ത കര്‍മ്മത്തിന്റെ കനം പോലെയിരിക്കും. ചിലരെ മൃഗജന്മങ്ങളിലേക്കായിരിക്കും പിടിച്ചെറിയുക. ചിലരെ മനുഷ്യ ജന്മത്തിലേക്കുമായിരിക്കും. സമയത്തിന്റെ കൈയില്‍ ഒരു കയറുണ്ട്‌. അതിന്‍മേല്‍ കെട്ടിയിട്ടിരിക്കയാണ്‌ പ്രാണികളെ. സര്‍വ്വശക്തനായ അവന്റെ പിടിയില്‍ ഒരു ജീവിക്കും രക്ഷയില്ല.  സമയം സമാഗതമാകുമ്പോള്‍, ഒരു പ്രേരണയും കൂടാതെ, ചെടി പൂക്കുന്നു. സമയമാകുമ്പോള്‍ കായ്‌ പഴുക്കുന്നു. അതുപോലെ താന്‍ ചെയ്ത കര്‍മ്മവും സമയം തെറ്റാതെ പൂക്കുകയും കായ്ക്കുകയും ചെയ്യും. ബഹുമതിയും, അവമാനവും, ലാഭവും, നഷ്ടവും. നാശവും, വളര്‍ച്ചയും ഉണ്ടായി വരുന്നു. ഓരോ ഭാവവും അടിക്കടി നശിപ്പിച്ചു കൊണ്ട്‌ മറ്റൊന്നിലേക്ക്‌ പ്രവേശിച്ച്‌ അതിനേയും നശിപ്പിച്ചു കടന്നു പോകുന്നു. അവയോരോന്നും വരുമ്പോള്‍ അതിനെ തടയുവാന്‍ ആര്‍ക്കു കഴിയുന്നു?

താന്‍ ഉണ്ടാക്കുന്നതാണ്‌ ദുഃഖം. താന്‍ ഉണ്ടാക്കുന്നതു തന്നെയാണ്‌ സുഖം. കഴിഞ്ഞ ജന്മത്തില്‍ നാം ചെയ്ത കര്‍മ്മമാണ്‌ ഈ സുഖദുഃഖങ്ങള്‍ക്കാസ്പദം. നോക്കുക.

അമ്മയുടെ ഗര്‍ഭമാകുന്ന ശയ്യയില്‍ കയറിക്കഴിഞ്ഞാല്‍ അന്നു മുതല്‍ ദുഃഖവും സുഖവും തുടങ്ങുകയായി. ആരാണിതിന് ഉത്തരവാദി? അവനവന്‍ തന്നെ! താന്‍ ചെയ്ത കര്‍മ്മം കൊണ്ട്‌ (പൂര്‍വ്വാര്‍ജ്ജിത കര്‍മ്മം കൊണ്ടും) അനുഭവിക്കുന്നതാണിതെല്ലാം. എന്തു തരത്തിലുള്ള, നല്ലതും ചീത്ത യുമായ, കര്‍മ്മമാണ്‌ ബാലനായിരിക്കുമ്പോഴും, യുവാവായിരിക്കുമ്പോഴും, വൃദ്ധനായിരിക്കുമ്പോഴും ഒരുത്തന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്തത്‌. ഈ ജന്മത്തിലും അതാത്‌ പ്രായത്തില്‍ ചെയ്ത കര്‍മ്മത്തിനനുസരിച്ച ശുഭാശുഭഫലങ്ങള്‍ മര്‍ത്ത്യന്‍ അനുഭവിക്കുന്നു. ആയിരം പശുക്കള്‍ക്ക്‌ ആയിരം കിടാങ്ങളുണ്ടാകും. അവയെ ഒന്നിച്ചു വിട്ടാലും ഓരോ പശുക്കിടാവും അതിന്റെ തള്ളയെ മാറാതെ ചെന്നുപറ്റി അതിന്റെ പാല്‍ കുടിക്കുന്നത് പോലെ കഴിഞ്ഞ ജന്മത്തില്‍ താന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം തെറ്റിപ്പോകാതെ അടുത്ത ജന്മത്തില്‍ തിരിച്ചറിഞ്ഞ്‌ അവനെത്തന്നെ പിടി കൂടുന്നു. ഒരു മുഷിഞ്ഞ വസ്ത്രം വെള്ളത്തിലിട്ടു കഴുകി വൃത്തിയാക്കുന്ന മാതിരി ഉപവാസം, തപം എന്നിവ കൊണ്ട്‌ ജീവിതം സുഖമായിത്തീരും. വളരെക്കാലം തപസ്സ്‌ വേണ്ട വിധം ചെയ്യുകയാണെങ്കില്‍ അല്ലയോ മഹാമതേ, അവരുടെ പാപം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും അവരുടെ മനോരഥം സഫലമാവുകയും ചെയുന്നു. സുകൃതികളുടെ മാര്‍ഗ്ഗം കാണാന്‍ വിഷമമാണ്‌. ( അവര്‍ സഞ്ചരിക്കുന്നത്‌ വിളംബരം ചെയ്തു കൊണ്ടല്ല).  ആകാശത്തില്‍ പറക്കുന്ന പക്ഷികളുടെ വഴി ആകാശത്ത്‌ പിന്നെ നോക്കുമ്പോള്‍ കാണാന്‍ കഴിയുകയില്ല. വെള്ളത്തില്‍ സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ വഴി യും അത്തരത്തില്‍ തന്നെയാണ്‌.

അന്യരെപ്പറ്റി ചീത്തയായ വാക്കുകള്‍ പറഞ്ഞതു കൊണ്ട്‌ യാതൊരു കാര്യവുമില്ല. മറ്റൊരാള്‍ നടന്ന മാര്‍ഗ്ഗം ആവര്‍ത്തിച്ചു പറഞ്ഞിട്ട്‌ കാര്യവുമില്ല. നേരെമറിച്ച്‌ താന്‍ എപ്പോഴും ശോഭനവും ഹിതവുമായ കാര്യങ്ങള്‍ ചെയ്യുക. ആത്മഹിതമായ കാര്യം ചെയ്യുക.

അദ്ധ്യായം 324. ശുകോത്പ്പത്തി - വ്യാസന്‍ പുത്രലാഭത്തിന് തപസ്സു ചെയ്ത്‌ ശിവനില്‍ നിന്ന്‌ വരം നേടുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: വ്യാസന് എങ്ങനെയാണ്‌ ധര്‍മ്മിഷ്ഠനും, തപോനിധിയുമായ പുത്രനുണ്ടായത്‌? അവന്‍ എങ്ങ നെ പരമമായ സിദ്ധി നേടി? ഏതൊരു സ്ത്രീയിലാണ്‌ താപസനായ വ്യാസന്‍ അവനെ ജനിപ്പിച്ചത്‌? ഈ മഹാത്മാവിന്റെ അമ്മയെപ്പറ്റി ഒന്നും ഞാന്‍ അറിയുന്നില്ല. അവന്റെ ശ്ലാഘ്യമായ ജന്മത്തെക്കുറിച്ചും അറിയുന്നില്ല. ആ ബാലന് സൂക്ഷ്മമായ ജ്ഞാനത്തില്‍ എങ്ങനെ ബുദ്ധി ചെന്നു? ഈ ലോകത്തില്‍ ശുകന് തുല്യം ജ്ഞാനിയായി വേറെ രണ്ടാമതായി ഒരാള്‍ ഇല്ലെന്നു പറയുന്നു. അത്തരത്തിലുള്ള ജ്ഞാനം എങ്ങനെ അവര്‍ നേടി? അല്ലയോ പിതാമഹാ! ഈ വക സംഗതികള്‍ അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. അങ്ങു വിസ്തരിച്ച്‌ എല്ലാം പറഞ്ഞു തരണേ! ഈ അമൃതം കേള്‍ക്കുന്നതിലുള്ള തൃപ്തി അടങ്ങാത്തതാണ്‌. ശുകന്റെ മാഹാത്മ്യവും, ആത്മയോഗവും, വിജ്ഞാനവും ക്രമത്തില്‍ ഉള്ള വിധം ഒന്നും വിടാതെ പറഞ്ഞു തരണേ!പിതാമഹാ!"

ഭീഷ്മൻ പറഞ്ഞു: ഋഷിമാര്‍ ഒരാളുടെ ധര്‍മ്മം കൽപിച്ചിരിക്കുന്നത്‌ വയസ്സിനെ അടിസ്ഥാനമാക്കിയല്ല, നരയെ അടിസ്ഥാനമാക്കിയല്ല, സമ്പത്തിനെ അടിസ്ഥാനമാക്കിയല്ല, ബന്ധുക്കളുടെ യോഗ്യതയെ അടിസ്ഥാനമാക്കിയുമല്ല. പിന്നെ എന്തിനെ അടിസ്ഥാനമാക്കിയാണ്‌ ഒരുത്തനെ മഹാനെന്ന് വിളിക്കേണ്ടത്‌? "ആരാണോ ജ്ഞാനി, അവനാണ്‌ മഹാന്‍", എന്നാണ്‌ ഋഷികള്‍ പറഞ്ഞിട്ടുള്ളത്‌. ഇതിനൊക്കെ മൂലമായി നില്ക്കുന്നത് തപസ്സാണ്‌. അല്ലയോ പാണ്ഡവാ, നീ ചോദിച്ചത്‌ ആ തപസ്സിന്റെ മാഹാത്മ്യമാണല്ലോ. ആ തപസ്സ്‌ ഇന്ദ്രിയങ്ങളെ ജയിക്കുന്നവനേ ലഭിക്കു. മറ്റൊന്നു കൊണ്ടും ലഭിക്കയില്ല. ഇന്ദ്രിയങ്ങള്‍ മയക്കിയാല്‍, ഇന്ദ്രിയങ്ങള്‍ക്കധീനനായാല്‍ അവന് തീര്‍ച്ചയായും ദോഷം പറ്റും. യാതൊരു സംശയവുമില്ല. അതുകൊണ്ട്‌ ഇന്ദ്രിയങ്ങളെ അടക്കുക. എന്നാല്‍ മനുഷ്യന്‍ സിദ്ധിനേടും. ആയിരം അശ്വമേധം, നൂറു വാജപേയം ഇവകൊണ്ടു ലഭിക്കുന്ന ഫലം ഉണ്ണീ, യോഗഫലത്തിന്റെ പതിനാറിലൊരു ഭാഗത്തിനൊക്കുകയില്ല. ഇവിടെ ശുകന്റെ യോഗഫലത്തിന്റെ മട്ട്‌ എന്തെന്ന് ഞാന്‍ പറയാം. അവന്റെ ജന്മത്തേയും ഗതിയേയും ഞാന്‍ വിവരിക്കാം. അത്‌ അപക്വബുദ്ധികള്‍ക്കു ഗ്രഹിക്കുവാന്‍ പ്രയാസമുള്ളതാണ്‌.

കണിക്കൊന്നമരങ്ങള്‍ പൂത്തു നില്ക്കുന്ന കാടുകള്‍ ചുഴുന്ന മഹാമേരുവിന്റെ ശൃംഗത്തില്‍ പണ്ട്‌ മഹാദേവന്‍ ഭീമഭൂതഗണങ്ങളോട് കൂടി വിഹരിച്ചു. അന്ന്‌ അവിടെ ശിവന്റെ കൂടെ ദേവിയായ പാര്‍വ്വതിയുമുണ്ടായിരുന്നു. ആ കാട്ടില്‍ ദിവ്യമായ തപസ്സു ചെയ്ത്‌ കൃഷ്ണദ്വൈപായന മഹര്‍ഷി വാണു. യോഗത്താല്‍ യോഗധര്‍മ്മപരായണനായ ഋഷി ആത്മാവില്‍ ലയിച്ച്‌ ധാരണയോടു കൂടി പുത്രലാഭം കാംക്ഷിച്ച്‌ തപസ്സു ചെയ്തു. കുരുസത്തമാ! തീയ്‌, വെള്ളം, ഭൂമി, ആകാശം, കാറ്റ്‌ എന്നിവയോട്‌ ധീരതയില്‍ തുല്യനായ പുത്രന്‍ എനിക്കുണ്ടാകണം എന്നാണ്‌ അദ്ദേഹം ആഗ്രഹി ച്ചത്‌. സങ്കല്ലത്താല്‍ യോഗത്തെ പ്രാപിച്ച്‌ അജ്ഞന്മാര്‍ക്ക്‌ പ്രാപിക്കുവാന്‍ കഴിയാത്ത ശിവനെ, ദേവദേവേശനെ, അഗ്ര്യമായ തപസ്സില്‍ ആമഗ്നമായി പ്രത്യക്ഷമാക്കി. വളരെ ക്ളേശങ്ങള്‍ സഹിച്ചാണ്‌ വ്യാസന്‍ തപസ്സു ചെയ്തത്‌. കാറ്റു മാത്രം ഉണ്ട്‌, നൂറ്റാണ്ടുകാലം ബഹുരൂപനായ മഹാദേവനെ ആരാധിച്ചു. ആ പര്‍വ്വത പ്രദേശത്ത്‌ മഹേശ്വരന്റെ സന്നിധിയില്‍ ബ്രഹ്മര്‍ഷികളും മറ്റു രാജര്‍ഷിമാരും, ലോകപാലകന്മാരും, പല സാദ്ധ്യരും, ആദിത്യന്മാരും, ഭുദ്രന്മാരും, സൂര്യനും, ചന്ദ്രനും, വസുക്കളും, മരുത്തുക്കളും, പുഴകളും, സമുദ്രങ്ങളും, അശ്വിനീദേവന്മാരും, ഗന്ധര്‍വ്വനമാരും, നാരദനും, പര്‍വ്വതനും, ഗന്ധര്‍വ്വനായ വിശ്വാവസുവും, സിദ്ധന്മാരും, അപ്സരസ്സുകളും ലോകനാഥനെ പൂജിച്ചുവണങ്ങി.

അവിടെ മഹാദേവനായ രുദ്രൻ കൊന്നപ്പൂു മലര്‍മാല ധരിച്ച്‌ നിലാവാല്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭിക്കുന്നു. ദേവര്‍ഷിമാര്‍ തിങ്ങുന്ന ആ ദിവ്യമായ രമൃകാനനത്തില്‍ മഹര്‍ഷിയായ വ്യാസന്‍ പുത്രാര്‍ത്ഥമായി തപസ്സു ചെയ്ത്‌ പരമമായ യോഗത്തില്‍ ലയിച്ചു.

ഈ ഘോരമായ തപം കൊണ്ട്‌ വ്യാസന് യാതൊരു ബലക്ഷയവുമുണ്ടായില്ല. യാതൊരു വാട്ടവും പറ്റിയില്ല. ഈ നിലയില്‍ നില്ക്കുന്ന വ്യാസനെക്കുറിച്ച്‌ മൂന്നു ലോകത്തിലും അത്ഭുതം വ്യാപിച്ചു. അവന്റെ തീജ്ജ്വാല പോലെ ശോഭിക്കുന്ന ജടകള്‍ ആ തേജോരാശി യോഗത്തില്‍ നില്ക്കെ ജ്വലിക്കുന്ന വിധം കാണപ്പെട്ടു. ഭഗവാനായ മാര്‍ക്കണ്ഡേയനാണ്‌ അന്നത്തെ ദേവചരിതം എനിക്കു പറഞ്ഞു തന്നത്‌. ഇന്നും കൃഷ്ണദ്വൈപായനന്റെ ജട അന്നത്തെ തപസ്സാല്‍ ദീപ്തമായത്‌ അത്തരത്തില്‍ത്തന്നെ കാണപ്പെടുന്നു. അവന്റെ അമ്മാതിരിയുള്ള തപസ്സാലും ഭക്തിയാലും ഭാരതാ, ശിവന്‍ പ്രസാദിച്ച്‌ മനസ്സു കൊണ്ടു നിശ്ചയിച്ചു. ഭഗവാന്‍ ത്രിനേത്രന്‍ പുഞ്ചിരിയോടെ വ്യാസനോടു പറഞ്ഞു. എടോ ദ്വൈപായനാ! നിനക്ക്‌ നീ ആശിച്ചമട്ടില്‍ തേജസ്വിയായ ഒരു പുത്രന്‍ ഉണ്ടാകും. അഗ്നിപോലെയും വായുപോലെയും ഭൂമിപോലെയും ജലംപോലെയും ആകാശംപോലെയും അവന്‍ പരിശുദ്ധനായിരിക്കും. അവന്‍ തല്‍ഭാവത്തെ ( ബ്രഹ്മത്തെപ്പറ്റി ) ചിന്തിക്കുന്നവനായിരിക്കും. അതില്‍ (ബ്രഹ്മത്തില്‍) ബുദ്ധിയും ആത്മാവും അവനില്‍ ഉറച്ചി രിക്കും. തദ്വാരാ തദുപാശ്രയനായിരിക്കും. മുന്നു ലോകവും നിറയെ തേജസ്സിനാല്‍ പുകഴുന്നവനായിരിക്കും നിന്റെ പുത്രന്‍.

അദ്ധ്യായം 325. ശുകോത്പത്തി - ശുകന്റെ ജനനം, വേദാദ്ധ്യയനം, സമാവര്‍ത്തനം - ഭീഷ്മൻ പറഞ്ഞു: മഹാദേവനില്‍ നിന്ന്‌ ആ വരം വാങ്ങി സത്യവതീസുതനായ വ്യാസന്‍ അരണിക്കൂട്ടെടുത്ത്‌ അഗ്നിയുണ്ടാക്കാനായി കടഞ്ഞു. ആ സമയത്ത്‌ തന്റെ തേജസ്സു കൊണ്ടു ശോഭിക്കുന്ന രൂപലാവണ്യവതിയായ ഘൃതാചി എന്ന സുരസുന്ദരി തന്റെ കണ്‍മുമ്പില്‍ വന്നു നില്ക്കുന്നതായി അദ്ദേഹം കണ്ടു. എന്തൊരു അലൗകിക സൌന്ദര്യം! വിഗതരാഗനായ മുനിയുടെ ഹൃദയത്തെ വശീകരിക്കത്തക്ക, ആ ആകര്‍ഷണീയമായ സൌന്ദര്യത്തില്‍, മുനി പെട്ടു പോയി.

വ്യാസന്‍ ആ അപ്സരസ്സിന്റെ ദിവ്യസൗന്ദര്യത്തില്‍ കാമമോഹിതനായി. ആ വനത്തില്‍ വ്യാസന്റെ നില അത്തരത്തിലായി യുധിഷ്ഠിരാ! വ്യാസന്‍ കാമത്താല്‍ ഇളക്കപ്പെട്ട ബുദ്ധിയോടു കൂടിയവനായി എന്നുകണ്ട ഘൃതാചി ഒരു ശുകി(പെണ്‍തത്ത) യുടെ രൂപമെടുത്ത്‌ വ്യാസന്റെ സമീപത്തു ചെന്നു. ഘൃതാചി മറ്റൊരു രൂപമെടുത്ത്‌ തന്റെ അടുത്തെത്തിയപ്പോള്‍, അതിനെ നോക്കി, അവളെ ഓര്‍ത്തു, ദേഹം തളരുമാറ്‌ അംഗജന്‍ തന്നില്‍ വന്നുചേര്‍ന്നു.

കാമദേവന്‍ വന്നു ചേര്‍ന്നപ്പോള്‍ മുനിയുടെ മനസ്സ്‌ ക്ഷോഭിച്ചു. മഹര്‍ഷി ധൈര്യം അവലംബിച്ചു, കാമബാണ പീഡിതനായ മുനി മന്മഥനെ അടക്കുവാന്‍ ശ്രമിച്ചു. എങ്കിലും മുനിയുടെ കാമവിജൃംഭിതമായ വികാരം അടക്കാന്‍ കഴിയാതായി. ഇളകുന്ന മനസ്സിനെ അടക്കാനായി അദ്ദേഹം പ്രാപ്തനായില്ല. "ഭവിതവ്യാനാം ദ്വാരാണിഭവന്തി",  സര്‍വ്വത്ര വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ. ഘൃതാചിയുടെ രൂപത്തില്‍ മോഹിതനായ വ്യാസന്‍ മനസ്സിനെ ഞെരുക്കിയടക്കിയിരുന്നു. അരണി കടയുമ്പോള്‍ പെട്ടെന്ന്‌ ശക്തിയില്‍ സ്ഖലിച്ച ശുക്ലം അരണിയില്‍ തെറിച്ചു വീണു. ശങ്കയറ്റ മനസ്സോടെ അപ്പോള്‍ ആ ദ്വിജസത്തമന്‍ ആ അരണിക്കൂട്ടം കടഞ്ഞു കൊണ്ടിരിക്കെ അതില്‍നിന്ന്‌ ഒരു ദിവ്യസന്താനം പൊങ്ങി വന്നു. അരണിയാല്‍ ശുക്ലം മഥിക്കപ്പെട്ടപ്പോള്‍ ഉണ്ടായവനാണ്‌ ശുകമഹര്‍ഷി. പരമര്‍ഷിയും മഹായോഗിയും, അരണി ഗര്‍ഭത്തില്‍ നിന്നുണ്ടായവനുമായ അവന്‍ അദ്ധ്വരത്തില്‍ ഹവിസ്സറുമേന്തി കത്തുന്ന അഗ്നി പോലെ ശോഭിച്ചു. തേജസ്സേന്തിയ രൂപത്തോടെ അങ്ങനെ ശുകന്‍ ജനിച്ചു. അല്ലയോ കൗരവ്യാ, അവന്‍ താതന് തുല്യമായ രൂപവര്‍ണ്ണങ്ങളുള്ളവനാണ്‌. ഭാവിതാത്മാവായ അവന്‍ പുകയ്റ്റ അഗ്നി പോലെ ശോഭിച്ചു.

മേരുവിന്റെ മുകളിലൂടെ പ്രവഹിക്കുന്ന ഗംഗാനദി സ്ത്രീരുപമെടുത്തു വന്ന്‌ കുട്ടിയെ എടുത്ത്‌ ഗംഗാനദിയില്‍ കുളിപ്പിച്ചു. ആകാശത്തു നിന്ന്‌ കൃഷ്ണാജിനത്തോടു കൂടിയ ദണ്ഡം (മുനിക്കുള്ള യോഗദണ്ഡും ഉടുക്കാനുള്ള തോലും) മഹാത്മാവായ ശുകന് വേണ്ടി മന്നില്‍ വീണു രാജാവേ! ഗന്ധര്‍വ്വന്മാര്‍ പാട്ടുപാടി. അപ്‌സര സ്ത്രീകള്‍ നൃത്തമാടി. അപ്പോള്‍ ഉച്ചത്തില്‍ ദേവദുന്ദുഭി മുഴങ്ങി. ഗന്ധര്‍വ്വനായ വിശ്വാവസുവും, തുംബുരുവും, നാരദനും, ഹാഹാ ഹുഹു ക്കളും, ഗന്ധര്‍വ്വന്മാരും ശുക്രന്റെ ഉത്ഭവകഥ പുകഴ്ത്തി പാടി.

അപ്പോള്‍ അവിടെ ഇന്ദ്രന്‍ മുതലായ ലോകപാലകന്മാര്‍ വന്നു ചേര്‍ന്നു. ദേവന്മാരും, ദേവര്‍ഷികളും, ബ്രഹ്മര്‍ഷികളും അവിടെ വന്നെത്തി. മാരുതന്‍ ഉടനെ ദിവ്യങ്ങളായ പുഷ്പങ്ങള്‍ അവിടെ വര്‍ഷിച്ചു. ചരാചരങ്ങളടങ്ങിയ ജഗത്തെല്ലാം ഹര്‍ഷം പൂണ്ടു ദേവിയോടെത്ത്‌ നന്ദിയോടെ മഹാദ്യുതിയായ മഹാത്മാവ്‌ ശിവന്‍ വിധിപ്രകാരം ആ മുനി പുത്രനെ ഉപനയിച്ചു (പൂണുനൂൽ ധരിപ്പിച്ചു). ഉടനെ ശക്രന്‍ അവിടെയെത്തി അത്ഭുതദര്‍ശനമായ കമണ്ഡലു നല്‍കി. പ്രീതിയോടെ ദിവ്യവസ്ത്രങ്ങളും നല്‍കി. അസംഖ്യം ഹംസങ്ങളും, ശതപത്രങ്ങളും, സാരസങ്ങളും ശുകനെ വലംവെച്ചു. ശുകങ്ങളും, ചാഷങ്ങളും വലംവെച്ചു ഭരതര്‍ഷഭാ! മഹാദ്യുതിയായ ശുകന്‍ ദിവ്യജന്മമെടുത്ത്‌ അവിടെ പാര്‍ത്തു. മേധാവിയും, വ്രതചാരിയും സമാഹിതനുമായ അവന്‍ സസുഖം പാര്‍ത്തു.

ജനിച്ച ഉടനെ തന്നെ വേദങ്ങള്‍ രഹസ്യമായ വ്യാഖ്യാനങ്ങളോടൊപ്പം വന്ന്‌ ശുകനെ, പിതാവായ വ്യാസനെ എന്ന വിധം സേവിച്ചു. വേദവേദാംഗ ഭാഷ്യജ്ഞനായ അവന്‍ ബൃഹസ്പതിയെ ആചാര്യനായി വരിച്ചു. ധര്‍മ്മത്തെത്തന്നെ സര്‍വ്വ പ്രധാനമായി നിനയ്ക്കുന്നവനാണ്‌ ആ ഗുരുവര്യന്‍.

ബൃഹസ്പതിയുടെ അടുത്തു കൂടി, ഗുരുവില്‍ നിന്ന്‌ രഹസ്യ സംഗ്രഹത്തോടു കൂടി വേദമെല്ലാം പഠിച്ചു. ഇതിഹാസങ്ങള്‍ മുഴുവനും പഠിച്ചു. രാജശാസ്ത്രങ്ങള്‍ പഠിച്ചു. അങ്ങനെ പഠനമൊക്കെ കഴിഞ്ഞ്‌ ഗുരുദക്ഷിണ ചെയ്തു ശുകന്‍ സമാവര്‍ത്തിച്ചു. പിന്നെ ബ്രഹ്മചാരിയും സമാഹിതനുമായ ശുകന്‍ ഉഗ്രമായി തപസ്സു ചെയ്തു. ദേവകള്‍ക്കും ഋഷീന്ദ്രന്മാര്‍ക്കും ബാല്യത്തില്‍ തന്നെ ആ തപോനിധി ജ്ഞാനത്താലും, തപസ്സാലും ക്ഷണിക്കത്തക്ക ഉന്നതമായ ഒരു നിലയിലെത്തി. അവര്‍ പല സംശയങ്ങളും ശുകനുമായി ആലോചിച്ചു പരിഹരിച്ചു.

അല്ലയോ രാജാവേ, ശുകന് ആശ്രമങ്ങളില്‍ (ഗാര്‍ഹസ്ഥ്യം ഉള്‍പ്പെട്ട) മൂന്നിലും താല്പര്യം തോന്നിയില്ല. മോക്ഷത്തിന് വേണ്ടിയുള്ള മാര്‍ഗ്ഗം മാത്രം അവന്‍ സ്വീകരിച്ചു.

അദ്ധ്യായം 326. ശുകകൃതി - ശുകന്‍ പിതാവിന്റെ കല്പനയനുസരിച്ച്‌ മിഥിലയിലെത്തുന്നു - ഭീഷ്മൻ പറഞ്ഞു: മോക്ഷത്തെത്തന്നെ ചിന്തിച്ച്‌ ശുകന്‍ അച്ഛന്റെ അരികില്‍ ചെന്നു. ശ്രേയസ്സിനെ കാംക്ഷിക്കുന്ന പുത്രന്‍ നമസ്കാരത്തോടെ അഭിവാദ്യം ചെയ്ത്‌ അച്ഛനോടു പറഞ്ഞു.

ശുകന്‍ പറഞ്ഞു: മോക്ഷധര്‍മ്മങ്ങളില്‍ പ്രാജ്ഞനായ ഭഗവാന്‍ മനസ്സിന് ഏറ്റവും ശാന്തിയുണ്ടാക്കുന്ന വിധം എനിക്ക്‌ അതിന് ആവശ്യമായ ഉപദേശം പ്രഭോ, നല്കണേ!

പുത്രന്‍ പറഞ്ഞതു കേട്ട്‌ അവനോട്‌ മഹാശയനായ മുനി പറഞ്ഞു: ഉണ്ണീ നീ പഠിക്കുക, മോക്ഷജ്ഞാനം സമ്പാദിക്കുക. പലതരം ധര്‍മ്മവും നീ ഗ്രഹിക്കുക.

അച്ഛന്‍ പറഞ്ഞു കൊടുത്തു. അപ്രകാരം മകന്‍ ഗ്രഹിച്ചു. ധാര്‍മ്മിക പുംഗവനായ ശുകന്‍ യോഗശാസ്ത്രവും കാപിലവും നിശ്ശേഷം ഗ്രഹിച്ചു ഭാരതാ! ബ്രഹ്മ്രശീയുള്ള ആ മഹാന്‍. ബ്രഹ്മതുല്യ പ്രഭാവനായ ശുകന്‍, മോക്ഷധര്‍മ്മജ്ഞനായി എന്ന്‌ എപ്പോള്‍ തോന്നിയോ അപ്പോള്‍ അദ്ദേഹം പറഞ്ഞു: "പുത്രാ, ഇനി നീ മിഥിലാധിപനായ ജനകന്റെ അടുത്തേക്ക്‌ പോവുക. അദ്ദേഹം നിനക്കു മോക്ഷാര്‍ത്ഥമെല്ലാം പറഞ്ഞു തരും".

അങ്ങനെ അച്ഛന്റെ ആജ്ഞ കേട്ട്‌ രാജാവേ, ശുകന്‍ മിഥിലയിലേക്കു പോകാന്‍ തീരുമാനിച്ചു. ജനക രാജാവില്‍ നിന്നു ധര്‍മ്മനിഷ്ഠയും, മോക്ഷാലംബവും കേള്‍ക്കുവാന്‍ ആഗ്രഹത്തോടെ മിഥിലയിലേക്കു ശുകന്‍ പുറപ്പെട്ടു. പോകാനൊരുങ്ങി നില്ക്കുന്ന പുത്രനോട്‌ അച്ഛന്‍ ഇപ്രകാരം പറഞ്ഞു, "അല്ലയോ പുത്രാ, നീ സാധാരണ മര്‍ത്ത്യനെപ്പോലെ പോകണം. വിസ്മിതനല്ല നീയെങ്കിലും, നിനക്ക്‌ നിന്റെ പ്രഭാവം കൊണ്ട്‌ ആകാശ മാര്‍ഗേണ പോകുവാന്‍ കഴിയുമെന്ന് എനിക്കറിയാം. എങ്കിലും നീ അങ്ങനെ പോകരുത്‌. ആര്‍ജ്ജവത്തോടെ പോകണം. സുഖം നേടുവാന്‍ നീ വിചാരിക്കരുത്‌. വിശേഷങ്ങളെ നീ അന്വേഷിക്കരുത്‌. വിശേഷകാര്യങ്ങളില്‍ ആഗ്രഹിച്ചാല്‍ അത്‌ സംഗത്തിന്നു ഹേതുവായിത്തീരും. യാഗങ്ങള്‍ ചെയ്തു പുണ്യവാനായി വിരാജിക്കുന്ന ജനക മഹാരാജാവിനോട്‌ വിനയപൂര്‍വ്വം പെരുമാറണം. നിന്റെ ജ്ഞാനത്തില്‍ അഹങ്കാരത്തോടെ അദ്ദേഹത്തോട്‌ പെരുമാറരുത്‌. അദ്ദേഹത്തിന്റെ പാട്ടില്‍ അനുസരണത്തോടെ നീ നില്ക്കണം. അദ്ദേഹം നിന്റെ എല്ലാ ശങ്കയും തീര്‍ത്തു തരും. ധര്‍മ്മകുശലനായ ആ രാജാവു മോക്ഷശാസ്ത്രത്തില്‍ വിചക്ഷണനാണ്‌. അദ്ദേഹത്തിന്റെ യാഗത്തില്‍ ഞാന്‍ കര്‍മ്മിയാകാറുണ്ട്‌. അദ്ദേഹം പറയുന്നതിനെ നീ ശങ്കവിട്ട്‌ ചെയ്യുക".

ഇപ്രകാരം അച്ഛന്റെ ഉപദേശം ശിരസാവഹിച്ച്‌ ധര്‍മ്മിഷ്ഠനായ ശുകമുനി സമുദ്രത്തിന്റെ മുകളിലൂടെയും, ഭൂമിക്കു മുകളിലൂടെയും, ആകാശ ഗമനംചെയ്യുവാന്‍ കഴിവുള്ളവനായ മുനി, കാല്‍നടയായി യാത്ര ചെയ്തു. അങ്ങനെ നടന്നു നടന്ന്‌ മലകളും, നദീതീര്‍ത്ഥങ്ങളും, സരസ്സുകളും കടന്നു നടന്ന്‌ പലതരം വ്യാളങ്ങളും, മറ്റ്‌ ഹിംസ്രജന്തുക്കളും അധിവസിക്കുന്ന കാടുകളും, മലഞ്ചെരിവുകളും കടന്നു. ഹരിവര്‍ഷം, മേരുവര്‍ഷം, ഹൈമവതവര്‍ഷം എന്നീ പ്രദേശങ്ങളും പിന്നിട്ടു. ചീനക്കാരും ഹൂണന്മാരും അധിവസിക്കുന്ന പ്രദേശങ്ങളും കടന്നു. അങ്ങനെ നടന്നു നടന്ന്‌ ആര്യവനത്തിലെത്തി. അച്ഛന്റെ വാക്കു കേട്ട്‌ ആ കാര്യം തന്നെ നിനച്ച്‌ അവന്‍ ആ വഴിയൊക്കെ കയറിപ്പോന്നു. ആകാശത്തിലേക്ക്‌ ദേവന്മാര്‍ കയറുന്ന മാതിരിയാണ്‌ ശുകന്‍ നിഷ്പ്രയാസം കയറിയത്‌. അഴകേറുന്ന പട്ടണങ്ങള്‍ കണ്ടു, സമൃദ്ധമായ നഗരങ്ങള്‍ കണ്ടു. വിചിത്രമായ രത്നങ്ങള്‍ നിറഞ്ഞ ആഭരണ വില്പന സ്ഥാനങ്ങള്‍ കണ്ടു. എന്നാലും അവന്‍ ഒന്നും കാണാത്ത മട്ടില്‍ നിര്‍വ്വികാരനായി, ഒന്നിലും കൌതുകമില്ലാത്തവനായി നടന്നു. ഭംഗിയേറിയ പൂന്തോട്ടങ്ങള്‍, വിശേഷപ്പെട്ട ആയതനങ്ങള്‍, പുണൃതീര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം ഒരു പാന്ഥനെപ്പോലെ വിട്ടു പോന്നു. അങ്ങനെ നടന്നു നടന്ന്‌ ശുകന്‍ വളരെ നാള്‍കൊണ്ട്‌ വിദേഹത്തില്‍ ചെന്നുചേര്‍ന്നു.

ഈ സമയത്ത്‌ മഹാത്മാവായ ധര്‍മ്മരാജാവ്‌ എന്നു പ്രസിദ്ധനായ ജനകന്‍ ശുകന്റെ വരവ്‌ പ്രതീക്ഷിച്ചിരിക്ക യായിരുന്നു.

നാനാവിധത്തിലുള്ള അന്നഭോജനങ്ങളോടു കൂടിയ ഗ്രാമങ്ങള്‍ അവന്‍ കണ്ടു. വണ്ടികളുടെ ചക്രം ഉരുളുന്ന ശബ്ദങ്ങള്‍ മുഴങ്ങുന്ന, ധാരാളം ഗോക്കളുള്ള ഗ്രാമങ്ങള്‍ കണ്ടു. നെല്ലും പുല്ലും മറ്റ്‌ ധാന്യങ്ങളും ധാരാളമുള്ള പ്രദേശങ്ങള്‍ കുണ്ടു. ഹംസങ്ങളും സാരസങ്ങളും നീന്തിക്കളിക്കുന്ന ധാരാളം പൊയ്കകള്‍ പലയിടത്തും ശോഭിക്കുന്ന നാടുകള്‍ കണ്ടു. സമൃദ്ധി ചേര്‍ന്ന ജനങ്ങള്‍ ചേര്‍ന്ന ജനപദങ്ങള്‍ കണ്ടു. ഇങ്ങനെ കൗതുകമേറിയതും സമൃദ്ധവുമായ വിദേഹ രാജ്യത്ത്‌ ശുകന്‍ ചെന്നെത്തി. തേരുകളും ആനകളും കുതിരകളും ധാരാളമുള്ള രാജവീഥികള്‍, ചമഞ്ഞൊരുങ്ങിയ പെണ്ണുങ്ങളും ആണുങ്ങളും കയറി സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇവയൊക്കെ ശുകന്‍ കണ്ടു. എന്നാലും അവന്‍ അതില്‍ മനസ്സു വെക്കാതെ കാണാത്ത മട്ടില്‍ നടന്നു. താന്‍ മനസ്സില്‍ വിചാരിച്ച ആ കാര്യമല്ലാതെ മറ്റൊന്നും അവന്‍ ഹൃദയത്തില്‍ കടന്നു കൂടുവാന്‍ അനുവദിച്ചില്ല. അങ്ങനെ നിസ്സംഗ മാനസനായ ശുകന്‍, ആത്മാരാമനായി, പ്രസന്നാത്മാവായി മിഥിലയില്‍ പ്രവേശിച്ചു.

രാജധാനിയുടെ, പുരിയുടെ വാതില്‍ക്കല്‍ എത്തി മുനി ധ്യാനം പുണ്ടു നിന്നു. ദ്വാരപാലകന്‍ അകത്ത്‌ കടക്കുവാന്‍ അനുവാദം വാങ്ങി അറിയിച്ചു. ശുകന്‍ അകത്തേക്കു നടന്നു. സമൃദ്ധ ലോകര്‍ വസിക്കുന്ന രാജമാര്‍ഗ്ഗത്തിലൂടെ അവന്‍ നടന്നു. രാജധാനിയുടെ വാതില്‍ക്കല്‍ എത്തി ശങ്ക കൂടാതെ അകത്തേക്കു കടന്നു.

അവിടെയെത്തിയ മുനിയെ ദ്വാരപാലകന്മാര്‍ ഉഗ്രമായ വാക്കുകള്‍ കൊണ്ട്‌ തടഞ്ഞു. കടുത്ത വാക്കു കേട്ടിട്ടും യാതൊരു നടുക്കവും ദുഃഖവും കൂടാതെ ശുകന്‍ അവിടെ നിന്നു. വളരെയേറെ വഴി നടക്കുകയാലും വെയില്‍ കൊള്ളുകയാലും വിശപ്പും ദാഹവും ഉണ്ടാകയാലും ശുകന്‍ തളരുമായിരുന്നു, എങ്കിലും യാതൊരു തളര്‍ച്ചയും ക്ഷീണവും അവനില്‍ ഉണ്ടായില്ല.

ഉടനെ ആ ദ്വാരപാലകന്മാരില്‍ ഒരുത്തന്‍ മദ്ധ്യാഹ്നസൂര്യനെപ്പോലെ തേജസ്സോടെ ശുകന്‍ നില്‍ക്കുന്നത് കണ്ട്‌ ദുഃഖിച്ചു. ഉടനെ അടുത്തു ചെന്ന്‌ മുനിയുടെ പാദത്തില്‍ നമസ്കരിച്ചു. അങ്ങനെ അവന്‍ രാജധാനിയിലേക്കുള്ള ഒന്നാമത്തെ പടി കടത്തി വിട്ടു. അങ്ങനെ ഒന്നാംപടി കടന്ന അവന്‍ നടന്നു രണ്ടാം പടിവാതില്ക്കല്‍ എത്തി. മോക്ഷമാര്‍ഗ്ഗം മാത്രം മനസ്സില്‍ നിനച്ചു നില്ക്കുന്ന ശുകന്‍ വെയിലിലും തണലിലും വൃത്യസ്ത ഭാവം കൂടാതെ നില്‍ക്കുന്ന സമദര്‍ശിയായ, സമദ്യുതിയായ ശുകന്‍ രാജമന്ത്രിയെ ഒരു മുഹൂര്‍ത്തത്തിനുള്ളില്‍ കണ്ടു. അവന്‍ മുനിയെ വന്ദിച്ചു രണ്ടാമത്തെ കാവല്‍പ്പടിയും കടത്തിവിട്ടു.

രണ്ടാമത്തെ പടി കടന്നെത്തുന്ന ശുകനെ അന്തഃപുരത്തിന്നടുത്തുള്ള പ്രമദവനം എന്ന ആരാമത്തില്‍ എത്തിച്ചു. ആ ആരാമമാണെങ്കില്‍ ഇന്ദ്രന്റെ ചൈത്രരഥമെന്ന ആരാമത്തിന് തുല്യമാണ്‌. വെള്ളത്തിന്റെ ചാട്ടമുള്ള ജലക്രീഡാ തന്ത്രങ്ങള്‍ ഉള്ളതും പൂത്തമരങ്ങളാല്‍ പ്രശോഭിക്കുന്നതുമായ പ്രമദവനത്തില്‍ വസിക്കുവാന്‍ രാജമന്ത്രി അനുവദിച്ചു. ആ മനോഹരമായ ആരാമത്തില്‍ ശുകമുനിയെ സൽക്കരിച്ച്‌ പീഠം നല്കിയിരുത്തി മന്ത്രി പോയി.

മന്ത്രി പോയതിന് ശേഷം ശുകനെ ആദരിച്ച്‌ സൽക്കരിക്കുവാന്‍ സുന്ദരിമാരായ യുവതികളെ ഏര്‍പ്പാടു ചെയ്തു. സുശ്രോണികളായ സുന്ദരാംഗിമാര്‍, മോടിയില്‍ ചമഞ്ഞൊരുങ്ങി നില്ക്കുന്ന സുന്ദരിമാര്‍, മൃദുവായ രക്താംബരം ചാര്‍ത്തിയവരും, നല്ല പൊന്‍കോപ്പണിഞ്ഞവരുമായ മൃദുലാംഗിമാര്‍, ആരേയും ആടിപ്പാടി രസിപ്പിച്ചു മയക്കുവാന്‍ കഴിവുള്ള മനോഹരികള്‍ ശുകനെ ശുശ്രൂഷിച്ചു. അവര്‍ ആടിയും നൃത്തം ചെയ്തും, മധുരമായി പാടിയും, കൊഞ്ചിപ്പറഞ്ഞും, ലജ്ജനടിച്ചും, അപ്സരസ്ത്രീകളെ പോലെ കണ്ണഞ്ചിക്കുന്ന മട്ടില്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വിളങ്ങി. കാമോപചാരങ്ങള്‍ അറിയുന്ന ആ മോഹനാംഗിമാര്‍ ഭാവം കണ്ടറിഞ്ഞു ചെയ്യു ന്ന വിദഗ്ദ്ധമാരായ അമ്പതു വേശ്യാരമണികള്‍ ശുകന്റെ ചുറ്റുംകൂടി പാദ്യാദികള്‍ വാങ്ങിച്ച്‌ മുനിയുടെ പാദം കഴുകിക്കുകയും പൂജിക്കുകയും അര്‍ച്ചിക്കുകയും ചെയ്തു. കാലത്തിന് ചേര്‍ന്ന സ്വാദുള്ള അന്നവും, മറ്റു ഭോജ്യങ്ങളും നല്കി ഋഷികുമാരനെ തൃപ്തിപ്പെടുത്തി.

സുഖമായി ഈണു കൊടുത്തതിന് ശേഷം ആ സുന്ദരികള്‍ ഒറ്റയ്ക്കൊറ്റയ്ക്കു വന്ന്‌ പ്രമദവനം ചൂണ്ടിക്കാണിച്ചു നാം അങ്ങോട്ടു പോവുക എന്നു വിജനമായ സ്ഥലം കാണിച്ച്‌, കുണുങ്ങിച്ചിരിച്ച്‌, കുഴഞ്ഞു നാണിച്ച്‌, മധുരമായി പാടി അങ്ങോട്ടാകര്‍ഷിച്ചു. ഉദാര സത്വജ്ഞനെ ആ കാമോപപാര കുശലകളായ നാരിമാര്‍ സേവിച്ചു. ആ പെണ്ണുങ്ങളുടെ സ്പര്‍ശനം കൊണ്ടോ, മധുരമായ ഗാനംകൊണ്ടോ, ശുകന്‍ അവരുടെ പാട്ടില്‍ വീണുപോയില്ല. യാതൊരു വികാരവും അവരുടെ പ്രയത്നം കൊണ്ട്‌ ശുകനില്‍ ഉണ്ടായില്ല. സ്വകര്‍മ്മകാരിയും, ശങ്കയില്ലാത്തവനും, ശുദ്ധാത്മാവും, ജിതേന്ദ്രി യനും, ജിതക്രോധനുമായ അരണീസുതന്‍ ഹര്‍ഷിക്കുകയാകട്ടെ, കോപിക്കുകയാകട്ടെ ചെയ്തില്ല. അവന് ദിവ്യവും, ദേവന്മാര്‍ക്ക്‌ അര്‍ഹവും, രത്നാഢ്യവുമായ ശയനാസനങ്ങള്‍ നല്ല പോലെ മനോഹരമായ വിരിപ്പുകളാല്‍ അലങ്കരിച്ച്‌, ആ സുന്ദരികള്‍ അതില്‍ അവനെ ഇരുത്തുകയും, കിടത്തുകയും, ചെയ്തു. ശുകന്‍ തന്റെ കാല്‍കഴുകി സന്ധ്യാവന്ദനം ചെയ്ത്‌ മോക്ഷമാര്‍ഗ്ഗം മാത്രം ചിന്തിച്ച്‌ പീഠത്തില്‍ ഇരുന്നു. രാത്രിയുടെ ആദൃത്തില്‍ അവന്‍ ധ്യാനതല്പരനായി. രാത്രിയുടെ മദ്ധ്യത്തില്‍ ശരിക്കു ഗാഢമായി ഉറങ്ങി. ഒരു മുഹൂര്‍ത്തം കൂടി വെളുപ്പാനുള്ളപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റ്‌ ദിനകൃത്യങ്ങള്‍ കഴിഞ്ഞ്‌ ശുചിയായി, ആ പെണ്ണുങ്ങളുടെ മദ്ധ്യത്തില്‍ വസിക്കുന്ന അവന്‍ കേവലം ധ്യാനത്തില്‍ ഇരുന്നു. ധ്യാനനിമഗ്നനായി. പിന്നെ ശേഷമുള്ള പകലും അങ്ങനെ കഴിച്ചു. പിന്നെ രാത്രിയിലും അപ്രകാരം തന്നെ രാജഗൃഹത്തില്‍ ശുകന്‍ കഴിഞ്ഞു കൂടി.

അദ്ധ്യായം 327. ശുകകൃതി - ജനകന്‍ ശുകനെ പൂജിക്കുന്നു. ബ്രാഹ്മണധര്‍മ്മം, മോക്ഷം നേടേണ്ടത്‌ ജ്ഞാനം കൊണ്ടോ? തപം കൊണ്ടോ?

ഭീഷ്മൻ പറഞ്ഞു: അല്ലയോ ഭാരതാ, പിന്നെ ജനക മഹാരാജാവ്‌ മന്ത്രിമാരോടു കൂടി പുരോഹിതനെ മുമ്പില്‍ നടത്തി, പലമാതിരി രത്നങ്ങളും എടുപ്പിച്ച്‌, പീഠവും മുന്‍പിലാക്കി, അന്തപ്പുരത്തോടൊപ്പം ശിരസ്സില്‍ അര്‍ഘ്യവുമേന്തി, ഗുരുപുത്രന്റെ സമീപത്തേക്കു ചെന്നു. സര്‍വ്വതോഭദ്രമായ ആ പീഠത്തില്‍ പുരോഹിതന്‍ എടുക്കുന്നതും തന്റെ കൈയിനാല്‍ സ്പര്‍ശിക്കുന്നതുമായ രത്നഖചിതമായ, മനോഹരമായ, മേല്‍വിരിപ്പു വിരിച്ച്‌ സര്‍വ്വതോഭദ്രമായ പീഠത്തില്‍ ശുകനെ ഇരുത്തി. പാദ്യം കൊടുത്ത്‌ പിന്നെ അര്‍ഘ്യം നല്കി ഗോക്കളെയും കൊടുത്തു. മന്ത്രത്തോടു കൂടിയ പൂജ അവന്‍ യഥാവിധി സ്വീകരിച്ചു. ജനകന്‍ നൽകിയ പൂജ ഋഷികുമാരന്‍ കൈക്കൊണ്ടു. ഗോക്കളേയും സമ്മതിച്ചു വാങ്ങി നരേന്ദ്രനെ മാനിച്ചു. രാജാവിന് അവ്യയമായ കുശലം ആശംസിക്കുകയും ചോദിക്കുകയും ചെയ്തു. രാജാവിന് അനാമയം ആശംസിച്ചതിന് ശേഷം ശുകന്‍ അവന്റെ സമ്മതത്തോടെ ഇരുന്നു. ഉദാരസത്വാഭിജാത്യനായ നൃപന്‍ ഭൂമിയെ നമസ്‌കരിച്ച്‌ വ്യാസപുത്രനോട്‌ കുശലം ചോദിച്ചു: "എന്താണ്‌ ഭവാന്‍ ഇത്രത്തോളം എഴുന്നള്ളുവാന്‍ കാരണം? അറിയാന്‍ ആഗ്രഹിക്കുന്നു!", എന്ന്‌ രാജാവ്‌ ശുക നോട്‌ പറഞ്ഞു.

ശുകന്‍ പറഞ്ഞു: അച്ഛന്‍ പറഞ്ഞ്‌ ഞാന്‍ അങ്ങയെപ്പറ്റി അറിഞ്ഞു. അങ്ങയുടെ ശുഭമായ വൃത്താന്തം എന്നോടു പറഞ്ഞു. മോക്ഷധര്‍മ്മാര്‍ത്ഥ കോവിദനാണ്‌ കീര്‍ത്തിമാനായ ജനകമഹാരാജാവ്‌ എന്ന്‌ അച്ഛന്‍ എന്നോടു പറഞ്ഞു. അച്ഛന്റെ യാജ്യനാണെന്നും അങ്ങയുടെ അടുത്തു വന്നാല്‍ അങ്ങ്‌ എന്റെ സകല സംശയവും തീര്‍ത്തു തരുമെന്നും അച്ഛന്‍ എന്നോടു പറഞ്ഞു. പ്രവൃത്തിക്കും നിവൃത്തിക്കുമുളള സംശയങ്ങളും അങ്ങു തീര്‍ത്തു തരുമെന്നു പറഞ്ഞു. അങ്ങനെ അച്ഛന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഞാന്‍ അങ്ങയുടെ അരികിലേക്കു പോന്നത്‌. അതുകൊണ്ട്‌ ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനായ അങ്ങ്‌ എനിക്കു വേണ്ട ധര്‍മ്മമാര്‍ഗ്ഗം ഉപദേശിച്ചു തരണം. എന്റെ സംശയം ഇതാണ്‌. ബ്രാഹ്മണന്‍ ചെയ്യേണ്ട കര്‍ത്തവ്യമെന്താണ്‌? മോക്ഷാര്‍ത്ഥം എന്താണ്‌? ആ മോക്ഷം നേടേണ്ടത്‌ ജ്ഞാനംകൊണ്ടോ, തപസ്സുകൊണ്ടോ? എങ്ങനെയാണെന്നു പറഞ്ഞുതരണേ!

 ജനകന്‍ പറഞ്ഞു: "ജന്മംതൊട്ട്‌ ബ്രാഹ്മണന് എന്തു വേണമെന്നുള്ളത്‌ ഞാന്‍ ആദ്യമായി പറയാം. ഉപനയനം കഴിഞ്ഞതിന് ശേഷം വത്സാ, അവന്‍ ദേവകാര്യത്തില്‍ തല്പരനാകണം. നല്ലപോലെ തപസ്സു ചെയ്യുക, ഗുരുവിനെ ശുശ്രൂഷിക്കുക, ബ്രഹ്മചര്യാ വ്രതം ശരിക്ക്‌ അനുഷ്ഠിക്കുക, അങ്ങനെ ദേവകള്‍ക്കും, പിതൃക്കള്‍ക്കുമുള്ള കടം വീട്ടണം. അസൂയ പാടില്ല. വേദം പഠിച്ചു ദൃഢമാക്കി, ഗുരുവിന് ദക്ഷിണ നല്കി, പിന്നെ ഗുരുവിന്റെ സമ്മതത്തോടെ സമാവര്‍ത്തനം ചെയ്യണം. ഇതാണ്‌ ദ്വിജന്റെ കര്‍മ്മം. സമാവര്‍ത്തിച്ചതിന് ശേഷം ഗൃഹസ്ഥാശ്രമിയാകണം. ഭാര്യയെ നേടി, അവളില്‍ തല്പരയായി, അനസൂയനായി ജീവിക്കണം. അങ്ങനെ ഗൃഹസ്ഥനായി ജീവിക്കുമ്പോള്‍ അഗ്നിഹോമാദികള്‍ ചെയ്യണം. പുത്രന്മാരെ നേടി അവസാനം കാട്ടില്‍ പോയി വന്യാശ്രമം സ്വീകരിക്കണം. ശാസ്ത്രം അനുശാസിക്കുന്ന വിധം അഗ്നിയെ അര്‍ച്ചിച്ച്‌ അതിഥികളില്‍ ആദരവോടും, പ്രിയത്തോടും കൂടി വാഴുക. കാട്ടില്‍ അഗ്നികളെ തന്നിലാക്കി ധര്‍മ്മജ്ഞനായ പുരുഷന്‍ ശീതാതപാദികളായ ദ്വന്ദങ്ങളെ വിട്ട്‌ വീതരാഗനായി ബ്രഹ്മാശ്രമിയായി വാഴുക".

ശുകന്‍ പറഞ്ഞു: നിര്‍ദ്വന്ദനായി, ജ്ഞാനങ്ങളൊക്കെ വേണ്ട മാതിരി ഉറച്ച ഒരുവന്‍ പിന്നെ മൂന്നാശ്രമങ്ങളെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവ മൂന്നിനെയും സ്വീകരിച്ചു കൊള്ളണമെന്നു വല്ല നിര്‍ബ്ബന്ധവുമുണ്ടോ? എന്റെ ഉള്ളിലുള്ള വലിയ സംശയമാണിത്‌, അത്‌ അങ്ങ്‌ എനിക്കു പറഞ്ഞു തരണം. വേദാര്‍ത്ഥ തത്വപ്രകാരം ഉദാഹരണ സഹിതം എനിക്കു പറഞ്ഞു തരണേ, രാജാവേ!

ജനകന്‍ പറഞ്ഞു: ജ്ഞാനവിജ്ഞാനങ്ങള്‍ നേടാതെ ഒരുത്തന്നും മോക്ഷം ലഭിക്കുകയില്ല. ഗുരുവിന്റെ അടുത്തു നിന്ന്‌ അഭ്യസിക്കാതെ ജ്ഞാനവിജ്ഞാനങ്ങള്‍ നേടുവാന്‍ കഴിയുകയില്ല. പ്ലവം (തോണി) കൊണ്ട് സംസാരത്തിന്റെ അഗാധത്തെ തരണം ചെയ്യുവാന്‍ സഹായിക്കുന്നവന്‍ ഗുരുവാണ്‌. ജ്ഞാനം എന്നതാണ്‌ പ്ലവം. അമരം പിടിക്കുന്നവനാണ്‌ ഗുരു. ആ തോണി കൈയിലായാല്‍ പിന്നെ അവനു സംസാരം കടക്കുവാന്‍ വിഷമമെന്തുണ്ട്‌? സംസാര സമുദ്രത്തിന്റെ മറുകരയ്ക്കെത്തിക്കഴിഞ്ഞാല്‍ പിന്നെ വഞ്ചിയേയും അമരക്കാരനേയും വിടാം. പിന്നെ ആവശ്യമില്ലല്ലോ. ലോകം നശിക്കാതിരിക്കുന്നതിന്നും കര്‍മ്മത്തിന്റെ നാശം വന്നു കൂടാതിരിക്കുന്നതിനും വേണ്ടി പണ്ടുള്ളവര്‍ ചെയ്ത ധര്‍മ്മമാണ്‌ ചതുരാശ്രമ ധര്‍മ്മങ്ങള്‍. പല ജാതികളില്‍ പലതാണ്‌ കര്‍മ്മം. ശുഭാശുഭമായ കര്‍മ്മങ്ങളെ തൃജിക്കുക നല്ലതും ചീത്തയുമായ എല്ലാ  കര്‍മ്മങ്ങളേയും വിടുക, എന്നാല്‍ മോക്ഷം ലഭിക്കും. പല ജന്മങ്ങളിലും ചെയ്ത തപോനിയമങ്ങളുടെ ഫലമായി മനസ്സും ബുദ്ധിയും ശുദ്ധമായി അവന്‍ മോക്ഷത്തെ പ്രാപിക്കുവാന്‍ ബ്രഹ്മചര്യത്തില്‍ തന്നെ പാത്രമാകു ന്നു. അതില്‍ എത്തിയതിന് ശേഷം കാര്യം കണ്ടവനായ, വിമുക്തനായ ബുധന്ന്‌ പരമാര്‍ത്ഥിയായവന് മൂന്നാശ്രമത്തിലും എന്തു കാര്യം ഉണ്ടെന്നു പറയാം.

രാജസം, താമസം എന്നീ രണ്ടു ഗുണങ്ങളും ദോഷമാണ്‌. അതിനെ ഒഴിവാക്കണം. സാത്വിക മാര്‍ഗ്ഗത്തില്‍ പ്രവേശിച്ച്‌ ആത്മാവ്‌ ആത്മാവിനെ ദര്‍ശിക്കണം. ജീവജാലങ്ങളില്‍ ആത്മാവിനേയും ആത്മാവില്‍ ജീവജാലങ്ങളേയും സത്വഗുണവാന്‍ ദര്‍ശിക്കുന്നു. അലിപ്തനായ വാരിചരന്‍ വാരിയില്‍ എന്ന പോലെ ആ കണം. ഒന്നിലും അനുരാഗം പാടില്ല.

ജലത്തില്‍ താമരയില പോലെ നിന്നാലും വെള്ളം ഒട്ടിപ്പിടിക്കാതിരിക്കണം. പക്ഷി ഭൂമി വിട്ട്‌ ഉയര്‍ന്നു പറക്കുന്നതു പോലെ പറന്നു മറ്റൊരിടത്ത്‌ ആകാശത്തിലെത്തുന്ന മാതി രി, ദേഹം വെടിഞ്ഞ നിര്‍മ്മുക്തനായ നിര്‍ദ്വന്ദൻ ശമത്തെ പ്രാപിക്കും.

ഇതിനെപ്പറ്റി പണ്ട്‌ യയാതി രാജാവു പാടിയ ഗാഥകള്‍ സ്മരണീയമാണ്‌. മോക്ഷശാസ്ത്ര വിശാരദന്മാരായ വിപ്രന്മാര്‍ ഇവയെ ഏല്ക്കുന്നുണ്ട്‌. ജ്യോതിസ്സ്‌ ആത്മാവില്‍ വേറെയില്ല. എല്ലാ ജീവിയിലും ഒപ്പമാണ്‌. മനസ്സില്‍ സമാധിയോഗം കൊള്ളുന്നവന് താനേ കാണുവാന്‍ സാധിക്കും. അന്യനെ ഭയപ്പെടാത്തവനും, അനൃന്‍ ഭയപ്പെടാത്തവനും, ഒന്നിലും ഇച്ഛയില്ലാത്തവനുമായി ഒരുത്തന്‍ എപ്പോള്‍ ഭവിക്കുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മമായി എന്നു ധരിക്കണം. ഒരു ജീവിക്കും ഉപദ്രവം മനസ്സുകൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും ചെയ്യാത്തവന്‍ അപ്പോള്‍ ബ്രഹ്മമായി ഭവിക്കും. മനസ്സ്‌ ആത്മാവിലാക്കി മോഹിപ്പിക്കുന്ന ഈര്‍ഷ്യ വിട്ട്‌, കാമവും മോഹവും ആര് വിടുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മത്വം പ്രാപിക്കും. കേള്‍ക്കുന്നതിലും, കാണുന്നതിലും, സര്‍വ്വഭൂതത്തിലും ഒപ്പം നിര്‍ദ്വന്ദനായവന്‍ അപ്പോള്‍ ബ്രഹ്മമായി ഭവിക്കും. സ്തുതിയും, നിന്ദയും, തുല്യമായി ആരു കാണുന്നുവോ, അവന്‍ അപ്പോള്‍ ബ്രഹ്മമായി ഭവി ക്കും. ഇരുമ്പും, സ്വര്‍ണ്ണവും, സുഖവും, ദുഃഖവും, തണുപ്പും, ചൂടും, അര്‍ത്ഥവും, അനര്‍ത്ഥവും, പ്രിയവും, അപ്രിയവും, ജീവിതവും, മരണവും ഇവയാണ്‌ ദ്വന്ദങ്ങള്‍. ഇവ തുല്യമായി ആരു കാണുന്നുവോ, അവന്‍ ബ്രഹ്മമായി ഭവിക്കുന്നു.

ആമ അംഗങ്ങളെ നീട്ടുകയും, അതു തന്നിലേക്കു ചുരുക്കുകയും, ചെയ്യുന്നത് പോലെ ഭിക്ഷു തന്റെ മനസ്സു കൊണ്ട്‌ ഇന്ദ്രിയങ്ങളെ അടക്കണം. ഇരുട്ടുള്ള വീട്‌ ദീപം കൊണ്ടു കാണുന്ന മാതിരി ബുദ്ധിയാകുന്ന ദീപം കൊണ്ട്‌ ആത്മാവിനെ കാണുവാന്‍ കഴിയുന്നതാണ്‌.

ഈ പറഞ്ഞ ഗുണങ്ങളൊക്കെ അല്ലയോ ബുദ്ധി സത്തമാ, നിന്നില്‍ ഞാന്‍ കാണുന്നുണ്ട്‌. അറിയേണ്ടതായ മറ്റു കാര്യങ്ങളും ഭവാന്‍ അറിയുന്നുണ്ടെന്ന്‌ ഞാന്‍ കാണുന്നു. അല്ലയോ ബ്രഹ്മര്‍ഷേ, എന്റെ നാട്ടിലേക്ക്‌ അങ്ങയുടെ ഗുരുവിന്റെ പ്രസാദത്താല്‍ വന്നവനാണ്‌ ഭവാന്‍. ഭവാനൊക്കുന്ന പഠിപ്പു കൊണ്ടും അദ്ദേഹത്തിന്റെ പ്രസാദത്താലും ഇവിടെ എനിക്കും ദിവ്യജ്ഞാനം വെളിവായി സിദ്ധിച്ചു. അതു കൊണ്ട്‌ അങ്ങയെപ്പറ്റി ഞാനറിയുന്നു. അങ്ങയ്ക്ക്‌ എന്നെക്കാള്‍ വിജ്ഞാനം കൂടുതലുണ്ട്‌. ഗതിയും മെച്ചപ്പെട്ടതാണ്‌. ഐശ്വര്യവും എന്നെക്കാള്‍ കൂടുതലാണ്‌. അത്‌ അങ്ങ്‌ ഓര്‍ക്കുന്നില്ല. അറിയുന്നില്ല. കാരണം, ബാലൃത്താലാകാം. സംശയത്താലാകാം. മോക്ഷഭയത്താലാകാം. എല്ലാ വിജ്ഞാനവും ലഭിച്ചിട്ടും ഭവാന്‍ ആ ഗതി നേടാതെ ഇവിടെ തങ്ങുകയാണ്‌. ശുദ്ധമായ വൃവസായത്താല്‍ എന്നെപ്പോലെ സംശയം നീങ്ങിയതിന് ശേഷം ഹൃദയത്തിന്റെ കെട്ടഴിച്ച്‌ പരഗതിയെ ഭവാന്‍ പ്രാപിക്കും. അങ്ങ്‌ വിജ്ഞാനസമ്പന്നനാണ്‌. സ്ഥിരബുദ്ധിയാണ്‌, അലോലുപനാണ്‌. അല്ലയോ ബ്രാഹ്മണാ! വ്യവസായം വിട്ട്‌ ആ പരത്തില്‍ ഭവാന്‍ എത്തും.

അങ്ങയ്ക്ക്‌ സുഖദുഃഖങ്ങളില്‍ ഭേദബുദ്ധിയില്ല. ലോഭവും ഭവാനില്ല. നൃത്തഗീതങ്ങളില്‍ താല്‍പര്യമില്ല. രാഗവും അങ്ങയില്‍ കാണുന്നില്ല. ബന്ധുക്കളില്‍ ബന്ധം ഭവാനില്ല. ഭയങ്ങളില്‍ ഭയവുമില്ല. അല്ലയോ മഹാഭാഗാ, ഭവാന്‍ പൊന്നിലും കല്ലിലും തുല്യനാണ്‌. അതു ഞാന്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ അങ്ങയെ അറിയുന്നു. മറ്റു മനീഷി കളും ഭവാന്റെ മഹത്വമറിയുന്നുണ്ട്‌. അക്ഷയവും അനാമയവുമായ പരമമായ മാര്‍ഗ്ഗത്തില്‍ ഭവാന്‍ എത്തിയിരിക്കുന്നു എന്നതറിയാത്ത മനീഷികള്‍ എങ്ങുണ്ട്‌? ബ്രാഹ്മണന്ന്‌ എന്താണു സിദ്ധി? എന്താണു ഫലം? മോക്ഷാര്‍ത്ഥം എന്താണ്‌? അതില്‍ ഭവാന്‍ ശരിക്കും എത്തി നില്ക്കുന്നു! അല്ലയോ ബ്രാഹ്മണാ, പിന്നെ ഭവാന്‍ എന്താണു ചോദിക്കുന്നത്‌? സംശയാതീതനായി ഭവാന്‍ ബ്രഹ്മജ്ഞാനിയാണ്‌. ബ്രഹ്മപദത്തെ പ്രാപിച്ചിരിക്കുന്നവനായി വിരാജിക്കുന്നു.

അദ്ധ്യായം 328. ശിഷ്യശിക്ഷ - ശുകന്‍ അച്ഛന്റെ അടുത്ത്‌ മടങ്ങിയെത്തുന്നു. സ്വാദ്ധ്യായവിധികള്‍ വ്യാസന്‍ ശിഷ്യന്മാര്‍ക്ക്‌ ഉപദേശിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ഈ വാക്കു കേട്ടതിന് ശേഷം കൃതാത്മാവായ ശുകന്‍ കൃതനിശ്ചയനായി തന്നത്താന്‍ തന്നിലാക്കി തന്നത്താന്‍ തന്നെ അവന്‍ കണ്ടു. ആത്മാവെ ആത്മാവില്‍ ദര്‍ശിച്ചു. അവന്റെ ഉദ്ദേശം നിറവേറി. അവന് മനസ്സില്‍ ശാന്തിയും സമാധാനവും ലഭിച്ചു. പിന്നെ ജനകനോടു ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അവന്‍ നേരെ വടക്കോട്ടു യാത്രയായി. കാറ്റിന്റെ വേഗത്തില്‍ കാറ്റു പോലെയായി അവന്‍ ഹിമാലയത്തെ ലക്ഷ്യമാക്കി കുതിച്ചു. പിന്നെയങ്ങോട്ടുള്ള യാത്രയില്‍ ശുകന്‍ കാല്‍നടയായിട്ടല്ല പോയത്‌. ഭൂമിയില്‍ സ്പര്‍ശിക്കാതെ യോഗസിദ്ധി കൊണ്ട്‌ ആകാശമാര്‍ഗേണ സഞ്ചരിച്ചു.

ഈ സന്ദര്‍ഭത്തില്‍ നാരദമഹര്‍ഷി സിദ്ധചാരണന്മാര്‍ സേവിക്കുന്ന ഹിമാലയം സന്ദര്‍ശിക്കുന്നതിന് ചെന്നെത്തിയിരുന്നു. ആ പ്രദേശം അപ്‌സരസ്ത്രീകള്‍ വിഹരിക്കുന്നതും, ശാന്തനാഗങ്ങള്‍ വസിക്കുന്നതുമാണ്‌. അസംഖ്യം കിന്നരന്മാരും ഭൃംഗരാജഗണങ്ങളും നീര്‍ക്കാക്കകളും കരിംകുരികില്‍പ്പക്ഷികളും ജീവജ്ജീവകപ്പക്ഷികളും കേകാരവം പുറപ്പെടുവിക്കുന്ന മയില്‍പ്പക്ഷികളും രാജഹംസങ്ങളും ഹൃഷ്ടങ്ങളായ കുയിലുകളും പക്ഷിരാജാവായ ഗരുഡനും നിവസിക്കുന്ന ഇടമാണ്‌ ആ പര്‍വ്വതപ്രദേശം.

ലോകേശന്മാര്‍ നാലുപേരും ദേവന്മാരും മുനിമാരും അവിടെ എന്നും ലോകഹിതത്തിന് വേണ്ടി ചെല്ലാറുണ്ട്‌. പുത്രലാഭത്തിന് വേണ്ടി മഹാവിഷ്ണു ഇവിടെ തപസ്സു ചെയ്തിട്ടുണ്ട്‌. അവിടെ വെച്ചാണ്‌ ദേവസേനാ നായകനായ സ്‌കന്ദന്‍ ചെറുപ്പത്തില്‍ ദേവന്മാരെ ആക്ഷേപിച്ചത്‌. മൂന്നു ലോകത്തേയും ധിക്കരിച്ച്‌ തന്റെ വേല്‍ വെച്ചത്‌ ഇവിടെയാണ്‌. ലോകത്തെ ധിക്കരിച്ച്‌ തന്റെ വേല്‍ ഭൂമിയില്‍ താഴ്ത്തി സ്‌കന്ദന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ ലോകരേ, എന്നെക്കാള്‍ വിപ്രരില്‍ പ്രിയമുള്ളവരായി ആരുണ്ട്‌? എന്നേക്കാള്‍ ബാഹുബലമുള്ളവര്‍ ആരുണ്ട്‌? ആരെങ്കിലുമുണ്ടെങ്കില്‍ എന്നെപ്പോലെ വേദജ്ഞാനവും ബ്രാഹ്മണ ഭക്തിയും ബാഹുബലവും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വരട്ടെ. ഉണ്ടെങ്കില്‍ ഈ വേല്‍ ഒന്നു പറിച്ചു പൊക്കട്ടെ, അല്ലെങ്കില്‍ ഒന്ന്‌ ഇളക്കുകയെങ്കിലും ചെയ്യട്ടെ! ഈ പ്രഖ്യാപനം കേട്ടതോടെ ലോകം നടുങ്ങിപ്പോയി. ഈ വേല്‍ പൊക്കുവാന്‍ ആരു മുന്നോട്ടു വരും? എന്തു സംഭവിക്കുമെന്ന സംഭ്രമം പരന്നു! ദേവന്മാരുടെ ഹൃദയവും ഇന്ദ്രിയങ്ങളും കിടിലം കൊണ്ടു. ഉടനെ ഭഗവാന്‍ വിഷ്ണു ദൈത്യന്മാരോടും രക്ഷോഗണങ്ങളോടും കൂടി ഇപ്പോള്‍ ഈ സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ ആലോചിച്ചു. യുക്തമായതു ചെയ്തേ പറ്റൂ എന്നുറപ്പിച്ചു. ഈ ആക്ഷേപം പൊറുക്കാതെ വിഷ്ണു അഗ്നിപുത്രനെ നോക്കി. വിശുദ്ധാത്മാവായ വിഷ്ണു വേൽ ചെന്നു പിടിച്ചു. ഇടംകൈ കൊണ്ട്‌ പുരുഷോത്തമനായ വിഷ്ണു വേല്‍ ഒന്നിളക്കി. ബലവാനായ വിഷ്ണു വേല്‍ ഉളക്കുന്ന സമയത്ത്‌ മാടും കാടും മലയും കടലും ചേര്‍ന്ന ഭൂമി ആകെയൊന്നിളകി. വലുതായ ഒരു ഭൂകമ്പമുണ്ടായി. ആ വേല്‍ പറിച്ചെടുക്കാന്‍ വിഷ്ണുവിന്ന്‌ വിഷമമില്ലെങ്കിലും ഇടത് കൈകൊണ്ട്‌ ഒന്ന്‌ ഇളക്കുക മാത്രമേ ചെയ്തുള്ളൂ. സ്‌കന്ദരാജന്റെ ധര്‍ഷണത്തെ കാക്കുവാന്‍ മാത്രമാണ്‌ അങ്ങനെ ചെയ്തത്‌. ആ വേലിട്ടിളക്കി ഭഗവാന്‍ വിഷ്ണു പ്രഹ്ളാദനോടു പറഞ്ഞു: ഈ കുമാരന്റെ ശൗര്യം നോക്കൂ! ഇതു മറ്റാരും ചെയ്യുകയില്ല. ഇതുപൊക്കുവാന്‍ കെല്പുള്ളവര്‍ ഉണ്ടോ?

ഈ വാക്കുകേട്ടപ്പോള്‍ പ്രഫ്ലാദനു സഹിച്ചില്ല. തനിക്ക്‌ അതു പൊക്കുവാന്‍ കഴിയുമെന്ന്‌ അവന് തോന്നി. അവന്‍ ആ വേല്‍ പിടിച്ചു കുലുക്കി നോക്കി. എന്നാല്‍ അതൊന്നു ചലിപ്പിക്കുവാന്‍ അവന് കഴിഞ്ഞില്ല. പ്രഹ്ലാദന്‍, തന്റെ സര്‍വ്വകരുത്തും പ്രയോഗിച്ച്‌ വിയര്‍ത്തു തളര്‍ന്ന്‌ ഉച്ചത്തിലലറി കുന്നിന്‍ മുകളില്‍ ഹിരണുകശിപുവിന്റെ പുത്രന്‍ വിഹ്വലനായി മൂര്‍ച്ചിച്ചു വീണു പോലും!

വടക്കു ഭാഗത്ത്‌ ആ ശൈലത്തിന്റെ ചരിവില്‍ച്ചെന്നു വൃഷധ്വജന്‍ വസിക്കുന്നിടത്ത്‌ ആ ദുര്‍ദ്ധര്‍ഷന്‍ വലിയ തപസ്സു ചെയ്തു. ദീപ്തമായ അഗ്നി ചുഴലുന്ന ഇടമാണത്‌. അകൃതാത്മാക്കള്‍ക്ക്‌ അവിടേക്ക്‌ അടുക്കുവാന്‍ കഴിയുന്നതല്ല. ആ പര്‍വ്വതത്തിന്റെ പേര് ആദിത്യ പര്‍വ്വതമെന്നാണ്‌. യക്ഷന്മാര്‍ക്കും, രക്ഷസ്സുകള്‍ക്കും, ദാനവന്മാര്‍ക്കും അവിടെ ചെല്ലുവാന്‍ സാധിക്കുകയില്ല. പത്തു യോജന വിസ്കാരത്തില്‍ അഗ്നിജ്വാല ചുഴന്ന ദിക്കാണത്‌. ഭഗവാനായ പാവകന്‍ അതില്‍ താനേ വീര്യവാനായി നില്ക്കുന്നു. ധീമാനായ മഹാദേവനുള്ള വിഘ്നങ്ങളൊക്കെ കെടുക്കുന്നവനാണവന്‍,

ആയിരം ദിവ്യസംവത്സരം ഒറ്റക്കാലില്‍ നിന്ന്‌ അവിടെ വെച്ച്‌ മഹാവ്രതനായ മഹാദേവന്‍ തപസ്സു ചെയ്തു. ധീമാനായ ശൈലരാജാവിന്റെ കിഴക്കു ഭാഗത്ത്‌ വിവിക്തമായ സ്ഥലത്തു തപോനിധിയായ വ്യാസന്‍ ശിഷ്യന്മാര്‍ക്ക്‌ വേദം പഠിപ്പിച്ചു. യോഗ്യനായ സുമന്തുവിനേയും, വൈശമ്പായനനേയും, ബ്രഹ്മജ്ഞനായ ജൈമിനിയേയും, താപസനായ പൈലനേയും പഠിപ്പിച്ചു കൊണ്ട്‌ അവിടെ ശിഷ്യരോടു കൂടി തപോനിധിയായ വ്യാസന്‍ വാഴുന്നു.

വിശുദ്ധാത്മാവായ ശുകന്‍ അച്ഛന്റെ മുഖ്യമായ രമ്യാശ്രമത്തെ വാനില്‍ അര്‍ക്കന്‍ ജ്വലിക്കുന്ന വിധം കണ്ടു. വ്യാസന്‍ അവിടെയിരുന്ന്‌ അഗ്നിചുഴന്ന്‌ ആളുന്ന മട്ടില്‍ സൂര്യാഭമായ തേജസ്സോടു കൂടിയ മകന്‍ വന്നണയുന്നതു കണ്ടു. വൃക്ഷം, ശൈലം, വിഷയം എന്നിവയില്‍ തട്ടാതെ, അവയോടു ചേരാതെ, ഞാണില്‍ ഏന്തിവിട്ട ശരം പോലെ എത്തുന്ന യോഗ്യനായ യോഗിയെ, പുത്രനെ, അച്ഛന്‍ കണ്ടു.

അവന്‍, അരണീസുതന്‍, ചെന്ന്‌ അച്ഛന്റെ പാദംപിടിച്ച്‌ നമസ്കരിച്ചു. അങ്ങനെ മുറയ്ക്ക്‌ അവരുമായി മഹാമുനി ചേര്‍ന്നു. പിന്നെ അച്ഛനോട്‌ അവന്‍ എല്ലാം നടന്ന പോലെ ഉണര്‍ത്തിച്ചു. ജനകനോട്‌ ശുകന്‍ ചെയ്ത സംവാദം പ്രീത മാനസനായി പറഞ്ഞു. ഇപ്രകാരം വീര്യവാനായ വ്യാസന്‍ പുത്രനേയും ശിഷ്യന്മാരേയും പഠിപ്പിച്ചു. ഹിമവാന്റെ പൃഷ്ഠത്തില്‍ മഹാമുനിയായ വ്യാസന്‍ ഇരുന്നു.

പിന്നെ ഒരിക്കല്‍ അവനെ ശിഷ്യന്മാര്‍ ചൂഴം സേവിച്ച്‌ ഇരിക്കെ വേദാദ്ധ്യയനംചെയ്ത ശാന്താത്മാക്കളായ ജിതേന്ദ്രിയര്‍, സാംഗവേദങ്ങളില്‍ നിലകൊണ്ടു നില്ക്കുന്ന തപസ്വികള്‍, കൈകൂപ്പി നിന്ന ശിഷ്യന്മാര്‍, ഗുരുവായ വ്യാസനോട്‌ പറഞ്ഞു.

ശിഷ്യര്‍ പറഞ്ഞു: മഹാതേജസ്സോട് കൂടി യശസ്സാല്‍ വായ്ക്കുന്ന മഹാനുഭാവാ, ശിഷ്യന്മാരായ ഞങ്ങള്‍ ഒരു അനുഗ്രഹം അങ്ങയില്‍ നിന്ന്‌ ഇച്ഛിക്കുന്നു.

അവര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ മഹര്‍ഷി പറഞ്ഞു. ഉണ്ണികളേ, പറയുവിന്‍! ഞാന്‍ നിങ്ങള്‍ക്ക്‌ എന്താണ്‌ ചെയ്യേണ്ടത്‌. ആചാര്യന്‍ പറഞ്ഞത് കേട്ട്‌ ശിഷ്യരായ അവര്‍ ഹൃഷ്ട രായി വീണ്ടും കുമ്പിട്ടു തൊഴുത് നിന്ന്‌ ഗുരുവിനോട്‌ അപ്പോള്‍ ഒന്നിച്ച്‌ ഇപ്രകാരം പറഞ്ഞു.

ശിഷ്യന്മാര്‍ പറഞ്ഞു: ഗുരുനാഥന്‍ ഞങ്ങളോട്‌ പ്രീതനാണെങ്കില്‍ ഞങ്ങള്‍ ധന്യരായി മുനിസത്തമാ! ഞങ്ങള്‍ എല്ലാവരും മഹര്‍ഷിയരുളുന്ന വരം ഇച്ഛിക്കുന്നു. അങ്ങയ്ക്കു നാലു ശിഷ്യന്മാരും ഗുരുപുത്രനും കൂടി അഞ്ച്‌ ശിഷ്യന്മാര്‍ ഇപ്പോള്‍ ഉണ്ടല്ലോ. ഇനി ആറാമത്തേതായി ഒരു ശിഷ്യനും പ്രസിദ്ധി  പ്രാപിച്ചതായി ഉണ്ടാകരുത്‌. ഈ അഞ്ചു പേരില്‍ വേദം നില്ക്കണം. ഇതാണ്‌ ഞങ്ങള്‍ ആവശ്യപ്പെടുന്ന വരം.

വേദാര്‍ത്ഥതത്വജ്ഞനായ വ്യാസന്‍ ശിഷ്യന്മാര്‍ പറഞ്ഞതു കേട്ട്‌, ധീമാനായ പരാശരപുത്രന്‍, പരലോകാര്‍ത്ഥ ചിന്തകനായ വ്യാസന്‍, ശിഷ്യരോട്‌ ധന്യവും, നിശ്രേയസവുമായ വാക്യം ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: ബ്രാഹ്മണന് എപ്പോഴും നല്കാം. ബ്രഹ്മശുശ്രുഷുവായവന് എപ്പോഴും ജ്ഞാനം ഉപദേശിക്കാം. ബ്രഹ്മലോകത്തില്‍ എപ്പോഴും വാസം കാംക്ഷിക്കു ന്നവന് വേദജ്ഞാനം ഉപദേശിക്കാം. ശിഷ്യന്മാരേ, നിങ്ങള്‍ വളരെയായി വര്‍ദ്ധിക്കുവിന്‍. ഈ വേദത്തെ ലോകമൊട്ടുക്കും പരത്തുവിന്‍! അതാണ്‌ ഇനി നിങ്ങള്‍ ചെയ്യേണ്ടത്‌. അര്‍ഹതയുള്ളവര്‍ക്ക്‌ വിദ്യ നല്കണം. അര്‍ഹതയില്ലാത്തവര്‍ക്ക്‌ കൊടുക്കരുത്‌. ഈ ശിഷ്യന്മാരുടെ ഗുണമെല്ലാം യഥാര്‍ത്ഥമായി അറിയണം. അവരുടെ ചാരിത്രം (ശീലഗുണം) പരീക്ഷിക്കാതെ വിദ്യയൊട്ടും കൊടുക്കരുത്‌. സ്വര്‍ണ്ണം ഉരുക്കി അതിനെ വെട്ടി രണ്ടാക്കി കഷണിച്ച്‌ അത്‌ ഉരകല്ലില്‍ ഉരച്ച്‌ അതിന്റെ മാറ്റ്‌ നിര്‍ണ്ണയിക്കും പോലെ, നല്ലപോലെ പരീക്ഷിച്ചറിഞ്ഞേ, ശിഷ്യന്മാരുടെ കുലം, ഗുണം, ശീലം, സ്വഭാവം, ബുദ്ധി ഇവയൊക്കെ പരീക്ഷിച്ചറിഞ്ഞേ, അവര്‍ക്ക്‌ വിദ്യ നല്കാവൂ. മഹാഭയനിയോഗത്തില്‍ നിങ്ങള്‍ ശിഷ്യരെ ആക്കരുത്‌, ബുദ്ധിപോലെ പാഠം ഉപദേശിക്കാം. എന്നാല്‍ വിദ്യ ഫലിക്കും. എല്ലാവരും ദുര്‍ഗ്ഗങ്ങള്‍, വിഷമങ്ങള്‍ തരണം ചെയ്യുക. എല്ലാവരും നന്മ കാണട്ടെ! എല്ലാവര്‍ക്കും ശുഭം ഭവിക്കട്ടെ! ഒരു ബ്രാഹ്മണനെ മുന്‍നിര്‍ത്തി നാല് ജാതിക്കാര്‍ക്കും ഉപദേശിക്കാം. അവരുടെ മുമ്പില്‍ പ്രസംഗിക്കാം. ഈ വേദാദ്ധ്യയനം വലിയ ഒരു മഹാകാര്യമാണ്‌. ദേവന്മാരെ സ്തുതിക്കുന്നതിന് വേണ്ടിയാണ്‌ വേദം ബ്രഹ്മാവ്‌ സൃഷ്ടിച്ചത്‌. സമ്മോഹത്താലോ, വല്ല വിദ്വേഷവും തോന്നിയിട്ടോ, വേദജ്ഞാനിയായ ശുദ്ധബ്രാഹ്മണനെ ദുഷിച്ചു സംസാരിക്കുകയും, ആക്ഷേപിക്കുകയും ചെയ്താല്‍ ആ പാപി ബ്രാഹ്മണശാപം മൂലം നിശ്ചയമായും പരാജിതനാകും; നേരായ നിയമങ്ങളെ അവഗണിച്ചു കൊണ്ട്‌ അറിവിനെ തേടുന്നവനും, നേരായ നിയമങ്ങളെ അവഗണിച്ചു കൊണ്ട്‌ അറിവിനെ പകര്‍ന്നു കൊടുക്കുന്നവനും - അവരില്‍ ഓരോരുത്തനും അധഃപതിക്കുന്നു. ഗുരുവിനും ശിഷ്യനുമിടയ്ക്ക്‌ ഉണ്ടാകേണ്ടതായ സ്‌നേഹത്തിന് പകരം ഇപ്രകാരം തെറ്റായ ചോദ്യവും തെറ്റായ മറുപടിയും, നിശ്ചയമായും, അവിശ്വാസത്തേയും, സംശയത്തേയുമാണ്‌ ജനിപ്പിക്കുക.

ഞാന്‍ ഇപ്പോള്‍ സ്വാദ്ധ്യായത്തിന്റെ വിധി ഇപ്രകാരം ഉപദേശിച്ചിരിക്കുന്നു. ഇത്‌ നിങ്ങള്‍ ശിഷ്യര്‍ക്ക്‌ ഉപദേശിക്കണം. അതിന്റെ നിശ്ചയങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ എപ്പോഴും ഉണ്ടായിരിക്കണം.

അദ്ധ്യായം 329. അനദ്ധ്യായനിമിത്തകഥനം ( വായുവിശേഷകഥനം ) - നാരദന്‍ വ്യാസാശ്രമത്തിലെത്തുന്നു - ഭീഷ്മൻ പറഞ്ഞു: ഗുരുവിന്റെ വാക്കു കേട്ട്‌ മഹാഓജസ്വികളായ ശിഷ്യന്മാര്‍ പ്രഹൃഷ്ട ചിത്തരായി തമ്മില്‍ത്തമ്മില്‍ തഴുകി. അവര്‍ പരസ്പരം പറഞ്ഞു: ഇഹലോകത്തിലേക്കും പരലോകത്തിലേക്കും ഹിതമായതാണ്‌ ഭഗവാന്‍ പറഞ്ഞതെല്ലാം. എല്ലാം നമ്മുടെ ഹൃദയത്തില്‍ ഉറച്ചു കഴിഞ്ഞല്ലോ. നാം ഗുരുവിന്റെ നിർദ്ദേശങ്ങളെല്ലാം വേണ്ടവണ്ണം അനുഷ്ഠിക്കുക. ഇപ്രകാരം തമ്മില്‍ പറഞ്ഞൊത്ത്‌ സംപ്രീതചിത്തരായി ഗുരുവിനോട്‌ വീണ്ടും വാക്യവിശാരദരായ ശിഷ്യന്മാര്‍ ഉണര്‍ത്തിച്ചു.

ശിഷ്യന്മാര്‍ പറഞ്ഞു: "ഗുരോ, ഞങ്ങള്‍ക്ക്‌ ഈ പര്‍വത പ്രദേശം വിട്ട്‌ ഭുമിയില്‍ ചെല്ലുവാന്‍ മോഹമുണ്ട്‌. വേദം പരത്തുവാന്‍ അങ്ങ്‌ സമ്മതിക്കുകയാണെങ്കില്‍ ഞങ്ങള്‍ അപ്രകാരം ചെയ്യാം മഹര്‍ഷേ".

ശിഷ്യന്മാർ പറഞ്ഞ വാക്കുകേട്ട്‌ പരാശര സുതനായ വ്യാസഭഗവാന്‍ ഉടനെ ധര്‍മ്മാര്‍ത്ഥ സഹിതമായ ഉത്തരം ഹിതമായി പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: "അല്ലയോ ശിഷ്യന്മാരെ, നിങ്ങള്‍ ആഗ്രഹിക്കുന്ന പ്രകാരം ചെയ്തു കൊള്ളുവിന്‍! ഭൂമിയില്‍ സഞ്ചരിച്ച്‌ വേദം പരത്തുകയോ, വിണ്ണിലേക്കുള്ള മാര്‍ഗ്ഗം സ്വീകരിക്കുകയോ ചെയ്യാം. നിങ്ങള്‍ എപ്പോഴും വേദത്തില്‍ ശ്രദ്ധാലുക്കളാകണം. വേദം അതിന്റെ വാക്യാര്‍ത്ഥത്തോടെ സ്മരിക്കണം. എപ്പോഴും തെറ്റായ ധാരണ ഉളവാക്കുന്നതാണ്‌ അവയെല്ലാം. തുടര്‍ച്ചയായി പാരായണം ചെയ്യാതിരുന്നാല്‍ അത്‌ മറന്നു പോകുവാന്‍ ഇടയുണ്ട്‌".

സത്യമായ കാര്യം പറയുന്ന ഗുരു അങ്ങനെ അവരെ അനുവദിച്ചു. അവരെല്ലാം ആ വ്യാസനെ വലം വെച്ച്‌ തല കുമ്പിട്ടു നമസ്‌കരിച്ച്‌ അനുവാദം വാങ്ങി അവിടെ നിന്നു പോയി. അവര്‍ മലയിറങ്ങി മന്നിലെത്തി ചാതുര്‍ഹോത്രം നടത്തി. അഗ്നിഷ്ടോമങ്ങളും മറ്റു യജ്ഞങ്ങളും നടത്തി. വിപ്രന്മാര്‍ക്കും ക്ഷത്രിയന്മാര്‍ക്കും വൈശൃന്മാര്‍ക്കും യജ്ഞം ചെയ്യിച്ചു. അവര്‍ ദ്വിജന്മാരാല്‍ അര്‍ച്ചിതന്മാരായി, പിന്നെ അവര്‍ ഗൃഹസ്ഥാശ്രമികളായി, ശ്രീമാന്മാരായി വിശ്വ വിശ്രുതന്മാരായിത്തീര്‍ന്നു.

ശിഷ്യന്മാര്‍ വിട്ടു പിരിഞ്ഞതിന് ശേഷം മകനോടൊത്തു ധീമാനായ വ്യാസന്‍ മൌനം പൂണ്ട്‌ ഒരിടത്ത്‌ ധ്യാനത്തില്‍ മുഴുകിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ മഹാതപസ്വിയായ നാരദന്‍ ആശ്രമത്തില്‍ ചെന്ന്‌ വ്യാസനെ കണ്ടു. നാരദന്‍ മധുരമായ വാക്കു കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: അല്ലയോ ബ്രഹ്മര്‍ഷി സത്തമാ! വസിഷ്ഠ വംശജാ! എന്താണ്‌ ആശ്രമത്തില്‍ ബ്രഹ്മഘോഷമൊന്നും കേള്‍ക്കാത്തത്‌? തനിയേ മൌനം പൂണ്ട്‌ ഭവാന്‍ എന്തു ചിന്തിച്ചു വസിക്കുന്നു? ബ്രഹ്മഘോഷം ഇല്ലാതെ പര്‍വ്വതത്തിന്ന്‌ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു. രജസ്തമോഗ്രസ്തമായ സോമനെപ്പോലെ നിഷ്പ്രഭനായിരിക്കുന്നു. ആദ്യത്തെ മാതിരി പര്‍വ്വതം ശോഭിക്കുന്നില്ല. വെറും ശബരാലയം പോലെ ആയിരിക്കുന്നു. ദേവര്‍ഷിമാര്‍ വാഴുന്നുണ്ടെങ്കിലും വേദത്തിന്റെ ധ്വനിയില്ലാത്ത ഇടം വെറും നിഷാദന്മാരുടെ പാര്‍പ്പിടം പോലെ മാത്രമേ തോന്നുകയുള്ളു. ഋഷിമാരും, ദേവന്‍മാരും, ഗന്ധര്‍വ്വന്മാരും ഓജസ്വികളാണ്‌. ബ്രഹ്മഘോഷം ഇല്ലാതെ മുമ്പത്തെ മാതിരി അവര്‍ ആരും ശോഭിക്കുന്നില്ല.

നാരദന്‍ പറഞ്ഞതുകേട്ട്‌ കൃഷ്ണദ്വൈപായനന്‍ ഇപ്രകാരം മറുപടിപറഞ്ഞു: അല്ലയോ മഹര്‍ഷേ! വേദവാദ വിചക്ഷണാ! ഭവാന്‍ പറഞ്ഞത്‌ എന്റെ ഹൃദയത്തിന് പ്രിയം നലകുന്നു. എനിക്ക്‌ പ്രിയമായ കാര്യം ഭവാന്‍ ഉപദേശിക്കണേ!  അങ്ങ്‌ സര്‍വ്വജ്ഞനാണ്‌. സര്‍വ്വദര്‍ശിയാണ്‌. എല്ലാറ്റിലും കുതൂഹലിയാണ്‌. ഭവാന്റെ മതത്തില്‍ മൂന്നു ലോകത്തിലും എല്ലാ വൃത്തവും നില്ക്കുന്നു. അതു കൊണ്ട്‌ വിപ്രര്‍ഷേ! അങ്ങ്‌ എന്നോടു പറയു. ഞാന്‍ എന്തു ചെയ്യണമെന്ന്‌ എന്നെ ഉപദേശിച്ചാലും. ശിഷ്യന്മാര്‍ പിരിഞ്ഞു പോയപ്പോള്‍ എന്റെ ചിത്തം ഹര്‍ഷിക്കുന്നില്ല മഹര്‍ഷേ!

നാരദന്‍ പറഞ്ഞു: "വേദത്തിന്റെ  മലമെന്ന്‌ (ദോഷം) പറയുന്നത്‌ അനാമ്നായമാണ്‌. (വേദം ഉച്ഛരിക്കാതെ, ചൊ ല്ലാതെ, ഇരിക്കുക എന്നതാണ്‌). ബ്രാഹ്മണന്‌ മലമായിട്ടുള്ളത്‌ (ദോഷം) അവ്രതമാണ്‌ (വ്രതമില്ലാതിരിക്കുക).  ഭൂമിക്ക്‌ വാഹികരാണ്‌ മലം (വാഹികന്മാര്‍ എന്ന വര്‍ഗ്ഗം). സ്ത്രീകള്‍ക്ക്‌ മലം കൌതുകമാണ്‌. ധീമാനായ പുത്രനോടു കൂടി ഭവാന്‍ വേദോച്ചാരണം ചെയ്ത്‌ വസിക്കുക. വേദധ്വനി കൊണ്ട്‌ രാക്ഷസന്മാരില്‍ നിന്നുള്ള ഭയം ഒഴിഞ്ഞുപോകട്ടെ!"

ഭീഷ്മന്‍ പറഞ്ഞു: നാരദന്‍ പറഞ്ഞതു കേട്ട്‌ പരമധാര്‍മ്മികനും വേദാഭ്യാസത്തില്‍ ദൃഢവ്രതനുമായ വ്യാസന്‍ സന്തോഷിച്ചു. "അങ്ങനെയാകാം" എന്നു പറഞ്ഞു. പിന്നെ പുത്രനായ ശുകനോടു കൂടി ഇരുന്ന്‌ വേദോച്ചാരണം തുടങ്ങി. ശിക്ഷാഢ്യമായ ഉച്ചസ്വരം ലോകം നിറയുന്ന വിധം മുഴങ്ങി. അവര്‍ ഇപ്രകാരം അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍, ശരിയായ ഉച്ചാരണ ധ്വനിയോടെ വേദവിധി പ്രകാരം ചൊല്ലുവാന്‍ തുടങ്ങിയപ്പോള്‍ മൂന്നു ലോകവും ആ ധ്വനി കൊണ്ടു നിറഞ്ഞു.

അങ്ങനെ ഒരു ദിവസം അച്ഛനും മകനും വേദോച്ചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കടല്‍ക്കാറ്റ്‌ ഇളകുകയും അതു വര്‍ദ്ധിച്ചു വര്‍ദ്ധിച്ച്‌ കൊടുങ്കാറ്റായി രൂപാന്തരപ്പെടുകയും ചെയ്തു. അങ്ങനെ കൊടുങ്കാറ്റ്‌ വീശിയടിക്കുവാന്‍ തുടങ്ങിയപ്പോള്‍ വ്യാസന്‍ മകനോട്‌, "പഠനം നിര്‍ത്തിവെയ്ക്കുക. ഇന്ന്‌ അനദ്ധ്യായദിനമാകട്ടെ!", എന്നു പറഞ്ഞു.

അച്ഛന്‍ പറഞ്ഞതു കേട്ട്‌ ശുകന്‍ വേദോച്ചാരണം നിര്‍ത്തി. അത്ഭുതത്തോടെ പിതാവിനോടു ചോദിച്ചു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ! എന്താണ്‌ ഇപ്പോള്‍ ഇങ്ങനെ ഒരു കാറ്റുണ്ടാകുവാന്‍ കാരണം? ഭവാന്‍ ഈ കാറ്റുണ്ടാകുവാനുള്ള കാരണമെന്തെന്നു പറഞ്ഞു തരണേ! ശുകന്റെ വാക്കു കേട്ട്‌ പരമവിസ്മിതനായ വ്യാസന്‍ അനദ്ധ്യായത്തിന്നുള്ള കാരണം ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: മകനെ നിനക്കു ദിവ്യചക്ഷുസ്സുണ്ട്‌. നിന്റെ ഹൃദയമാണെങ്കില്‍ നിര്‍മ്മലമാണ്‌. രജസ്സും തമസ്സും വിട്ട്‌ നീ സത്വത്തില്‍ നില്ക്കുന്നു. കണ്ണാടിയില്‍ തന്റെ ഛായ താന്‍ കാണുന്ന മാതിരി നിന്റെ ആത്മാവില്‍ നീ ആത്മാവിനെ കാണുന്നു. നീ ആത്മാവില്‍ ആത്മാവിനെ നിറുത്തി. നീ വേദത്തിലും ആത്മാവിനെ പ്രതിബിംബിപ്പി ക്കുക. വിഷ്ണുവിലേക്കുള്ള, ബ്രഹ്മത്തിലേക്കുള്ള, യാനത്തെ ദേവയാനം എന്നു പറയുന്നു. താമസം എന്നത്‌ തമോഗുണം ചേര്‍ന്നതാണ്‌. പിതൃയാനമാണ്‌ അത്‌. മരിച്ചാല്‍ ഈ പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങളിലൂടെ പോയി വിണ്ണിലും താഴെയും യഥാര്‍ഹം ചെല്ലുന്നു. ചിലര്‍ സ്വര്‍ഗ്ഗത്തിലും മറ്റു ചിലര്‍ നരകത്തിലും എത്തുന്നു. ഇവിടെ ഭൂമിയിലും ആകാശത്തും കാറ്റു വീശുന്നുണ്ടല്ലേോ. ഈ വായുവിന്ന്‌ ഏഴു മാര്‍ഗ്ഗങ്ങളുണ്ട്‌. അവ ഏതെന്നു ഞാന്‍ പറയാം. നീ കേള്‍ക്കുക. ദേഹം ഇന്ദ്രിയങ്ങളോട് കൂടിയതാണ്‌. ആ ഇന്ദ്രിയങ്ങള്‍ ഭരിക്കുന്നത്‌ സാദ്ധ്യന്മാരും വലിയ സത്വപ്രധാനികളും ശക്തരുമായ മഹാഭൂതങ്ങളാണ്‌. ഈ സിദ്ധമഹാഭൂതങ്ങളാണ്‌ കാണാന്‍ കഴിയാത്തവനായ സമാനന്‍ എന്ന പുത്രനെ ജനിപ്പിച്ചത്‌. സമാനനില്‍ നിന്ന്‌ ഉദാനന്‍ എന്ന പുത്രന്‍ ജനിച്ചു. ഉദാനനില്‍ നിന്ന്‌ വ്യാനന്‍ ഉണ്ടായി. വ്യാനനില്‍ നിന്ന്‌ അപാനന്‍ ജനിച്ചു. അവസാനമായി അപാനനില്‍ നിന്ന്‌ പ്രാണന്‍ എന്ന വായുവും ഉണ്ടായി. കാണുവാന്‍ കഴിയാത്തവനും സകല ശത്രുക്കളേയും ദഹിപ്പിക്കുന്നവനും ദുര്‍ദ്ധര്‍ഷനുമായ ആ പ്രാണന്‍ സന്താനമില്ലാത്തവനാണ്‌.

ഇനി ഞാന്‍ ആ വായുക്കളുടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളെപ്പറ്റി പറയാം. നീ അതു നന്നായി കേട്ട്‌ ധരിക്കുക. പ്രാണികള്‍ക്കെല്ലാം വെവ്വേറെ ചേഷ്ട വായു ചെയ്യുന്നു. ആ വായുവിനെ പ്രാണവായു എന്നു പറയുന്നു. സകല ജീവികളിലും പ്രാണനായി അവൻ സ്ഥിതിചെയ്യുന്നു.

എല്ലാ വായുക്കളിലും വെച്ച്‌ ഒന്നാമനായി നില്ക്കുന്നത്‌ സമാനന്‍ എന്ന വായുവാണ്‌. അവനെ പ്രവഹന്‍ എന്നും പറയുന്നു. പ്രഥമ സ്ഥാനത്ത് നില്ക്കുന്ന അവന്‍ പ്രവഹന്‍ ആകുന്നു. അവന്‍ മേഘജാലത്തെയും ധുമജോഷ്മജങ്ങളെയുമെല്ലാം പ്രേരിപ്പിക്കുന്നവനാണ്‌. ആകാശത്തില്‍ സഞ്ചരിച്ച്‌ മേഘത്തിലെ ജലവുമായി ചേര്‍ന്ന്‌ മിന്നല്‍ വീശുകയും ഇടിമുഴക്കുകയും ചെയ്യുന്ന ഉന്നത ദ്യുതിയായ വായുവിനെ ആവഹന്‍ എന്നു പറയുന്നു. അവന്‍ രണ്ടാമനാണ്‌.

സോമന്‍ മുതലായ ജ്യോതിസ്സുകള്‍ക്ക്‌ ഉദയം നല്കുന്നവനും സൂക്ഷ്മ പ്രപഞ്ചത്തിന്റെ ദേഹത്തില്‍ വസിക്കുന്നവനുമായ ആ വായുവിനെ ഉദാനന്‍ എന്നു ജ്ഞാനികള്‍ വിളിക്കുന്നു.

ഇനി മൂന്നാമനെ, വായുവിനെപ്പറ്റി പറയാം. അവന്‍ നാലു സമുദ്രത്തില്‍ നിന്നും ജലം വലിച്ചെടുക്കുന്നവനാണ്‌. അവനാണ്‌ ആകാശത്തു മഴക്കാറിന്ന്‌ ജലം നല്കുന്നത്‌. ജലം കൂടിയ കാറുകളെ അവന്‍ തന്നെയാണ്‌ പര്‍ജ്ജന്യന്നു നല്കി മഴ പെയ്യിക്കുന്നത്‌. അവന്‍ മഹാശക്തനാണ്‌. അവനെ ഉദ്വഹന്‍ എന്നു പറയുന്നു. അവന്‍ മൂന്നാമനായ വായുവാണ്.

ഇനി നാലാമത്തെ വായുവിനെപ്പറ്റി പറയാം. പലമട്ടില്‍ ചേര്‍ത്തു കൂട്ടി ഏതൊരുത്തന്‍ കാറുകളെ താങ്ങി നില്ക്കുന്നുവോ, പിന്നെ ആര്‌ പലതരമായി ഭാഗിക്കുന്നുവോ, മഴ പൊഴിക്കുന്നതിന്ന്‌ അവയെ ആര്‌ രസമാക്കി തീര്‍ക്കുന്നുവോ, വീണ്ടും ജലത്തെ ആര്‌ കട്ടിയാക്കുന്നുവോ, ഏതു വീണ്ടും മേഘങ്ങളില്‍ നിന്നു ഗര്‍ജ്ജിക്കുന്നുവോ, ലോക സംരക്ഷണത്തിന്നായി ആര് മേഘരൂപം കൈക്കൊള്ളുന്നുവോ, ആര് ആകാശത്തില്‍ ദേവന്മാരുടെ വിമാനം താങ്ങി നില്ക്കുന്നുവോ, അവനെ സംവഹന്‍ എന്നു പറയുന്നു. ആ വായു മഹാശക്തനാണ്‌. മലപോലും തകര്‍ത്തു പൊടിക്കുവാന്‍ കരുത്തുള്ളവനാണ്‌ സംവഹന്‍.

അഞ്ചാമത്തെ വായു വലിയ ശക്തിയും വേഗതയുമുള്ളതാണ്‌. അവന്‍ രൂക്ഷനാണ്‌. ഉണങ്ങിയിരിക്കും. വൃക്ഷങ്ങളെ വേരോടെ പറിച്ചു വീഴ്ത്തും. അവനോടു കൂടി എത്തുന്ന മേഘത്തെ വലാഹകം എന്നു പറയുന്നു. അവന്‍ പല കലാപങ്ങളും സൃഷ്ടിക്കുന്നവനാണ്‌. ദാരുണമായ ഉല്‍പ്പാതങ്ങള്‍ ഉണ്ടാക്കും. ഭയങ്കരമായി അലറുന്ന മാതിരി അവന്‍ ഇടിനാദമുണ്ടാക്കും. ഇവനെ വിവഹന്‍ എന്ന പേരില്‍ അറിയുന്നു. ഈ വായു അഞ്ചാമനാണ്‌.

ആകാശത്തില്‍ ദിവ്യമായ ജലം ഏതൊരുത്തനാല്‍ ഇളക്കപ്പെടുന്നുവോ, പുണ്യയായ ആകാശഗംഗ കീഴോട്ടൊഴുകാതെ ആരില്‍ സ്തംഭിച്ചു നില്ക്കുന്നുവോ, ദൂരത്തു നിന്ന്‌ സഹസ്രാംശുവായ അര്‍ക്കന്‍ ഏകരശ്മിയായി, ഒറ്റബിംബമായി ആരില്‍ നിരുദ്ധനാകുന്നുവോ, ക്ഷീണനായ ചന്ദ്രന്‍ ആരാല്‍ പൂര്‍ണ്ണനാക്കപ്പെടുന്നുവോ, അവനാണ്‌ ആറാമത്തേവനായ പരിവഹന്‍ എന്ന വായു. ഹേ, ജാപകസത്തമാ, നീ ഗ്രഹിക്കുക.

ശരിയായ കാലം സമാഗതമാകുമ്പോള്‍ പ്രാണികളുടെ പ്രാണനെ ആര്‌ എടുക്കുന്നുവോ, ആരുടെ മാര്‍ഗ്ഗത്തെ സൂര്യപുത്രനായ യമന്‍ പിന്‍തുടരുന്നുവോ, ശാന്തബുദ്ധിയാല്‍ അദ്ധ്യാത്മ ചിന്തകന്മാര്‍ ആരെ കാണുന്നുവോ ധ്യാനം ശീലിക്കുന്ന അവര്‍ക്ക്‌ ആര് അമൃതത്വം നല്കുന്നുവോ, ആരെ ആശ്രയിച്ച്‌ വേഗം കൊണ്ടു ദിഗന്തത്തില്‍ ദക്ഷപ്രജാപതിയുടെ പതിനായിരം പുത്രന്മാര്‍ അണഞ്ഞുവോ, ആര് വിട്ടാല്‍ പിന്നെ മടങ്ങി വരാത്തവണ്ണം ജീവി പോകുന്നുവോ, ആ വായു മഹാശക്തനാണ്‌. അവന്റെ പേര്‌ പരാവഹന്‍ എന്നാണ്‌. അവന്‍ എല്ലാ കാറ്റിലും വെച്ച്‌ ദുരതിക്രമനുമാണ്‌.

അത്ഭുതപ്രഭാവന്മാരാണ്‌ ഈ വായുക്കള്‍. എല്ലാവരും ദിതിയുടെ പുത്രന്മാരാണ്‌. ആദിതേയന്മാരായ ഇവര്‍ സര്‍വ്വധാരികളായി അനാരതം വീശുന്നു. സര്‍വൃഗന്മാരുമാണ്‌ ഇവര്‍. എല്ലായിടത്തും ഇവര്‍ എത്തും. ആര്‍ക്കും തടയുവാന്‍ സാദ്ധ്യമല്ല. ഇതാണ്‌ ഏറ്റവും അത്ഭുതകരമായത്‌, പര്‍വ്വത ശ്രേഷ്ഠനായ ഹിമവാന്‍, ഈ മഹാശക്തനായ വായു അടിച്ചപ്പോള്‍ പെട്ടെന്ന്‌ ഇളകിപ്പോയി എന്നതാണ്‌.

മഹാവിഷ്ണുവിന്റെ മുക്കില്‍ നിന്നു പുറപ്പെടുന്ന ശ്വാസമാണ്‌ ഈ കാറ്റ്‌. ആ വായു എപ്പോള്‍ ശക്തിയായി അടിക്കുമോ, അപ്പോള്‍ ജഗത്ത് നടുങ്ങിപ്പോകും. എപ്പോഴാണ്‌ ഈ വായു ശക്തിയില്‍ അടിക്കുവാന്‍ തുടങ്ങുന്നത്‌, അപ്പോള്‍ വേദാദ്ധ്യയനം നിറുത്തിവെക്കണം. അല്ലെങ്കില്‍ വായുമയമായ ബ്രഹ്മം വായുവാല്‍ പീഡയേല്ക്കുന്നതാണ്‌.

ഇപ്രകാരം പരാശരപുത്രനും പ്രഭുവുമായ വ്യാസ ഭഗവാന്‍ പറഞ്ഞു: "കാറ്റു ശമിച്ചതിന് ശേഷം വേദോച്ചാരണം തുടരാം", എന്നു പറഞ്ഞ്‌ വ്യാസന്‍ പര്‍വ്വതത്തിന്റെ മുകളിലൂടെ പ്രവഹിക്കുന്ന സ്വര്‍ഗ്ഗംഗയിലേക്കു സ്‌നാനത്തിന്നു പോയി.

അദ്ധ്യായം 330. ശുകനാരദോപദേശം - നാരദന്‍ ശുകന്ന്‌ ജ്ഞാന വൈരാഗ്യതത്വങ്ങള്‍ ഉപദേശിക്കുന്നു - ഭീഷ്മന്‍ പറഞ്ഞു; ഇതിന്നിടയില്‍ ആരും അടുത്തില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ വേദം ഉച്ഛരിച്ചു കൊണ്ടിരിക്കുന്ന ശുകനില്‍ നിന്ന്‌ വേദത്തിന്റെ പൊരുള്‍ കേള്‍ക്കുവാനായി നാരദന്‍ എത്തി. നാരദന്‍ എത്തിയ ഉടനെ ശുകന്‍ വേദോക്തവിധി പ്രകാരം അര്‍ഘ്യപാദ്യങ്ങളാല്‍ പൂജിച്ചു. പ്രസന്നചിത്തനായ നാരദന്‍ ശുകനോടു പറഞ്ഞു: "ഉണ്ണീ ധര്‍മ്മിഷ്ഠസത്തമാ, പറയൂ. ഞാന്‍ നിനക്ക്‌ എന്തു ശ്രേയസ്സാണു നല്കേണ്ടത്‌?".  നാരദന്‍ പറഞ്ഞ മൊഴി കേട്ട്‌ ശുകന്‍ ഇപ്രകാരം പറഞ്ഞു. "ഭാരതാ! ഈ ലോകത്തില്‍ ഹിതമായി എന്തുണ്ടോ, അത്‌ എനിക്ക്‌ ഉപദേശിക്കണേ!"

നാരദന്‍ പറഞ്ഞു: പണ്ട്‌ ഭാവിതാത്മാക്കളായ ഋഷിമാര്‍ തത്വജ്ഞാനം ലഭിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍ ഭഗവാന്‍ സനല്‍ക്കുമാരന് ഇപ്രകാരം ഉപദേശിച്ചു: വിദ്യപോലെ കാഴ്ച തരുന്നതായ കണ്ണ്‌ വേറെയില്ല. സത്യംപോലെ ഫലം നല്കുന്ന തപസ്സില്ല. രാഗംപോലെ ദുഃഖമില്ല. ത്യാഗംപോലെ സൗഖ്യമില്ല. പാപകര്‍മ്മം വിട്ടൊഴിഞ്ഞു ജീവിക്കുക. എപ്പോഴും പുണ്യശീലനാവുക! സദ് വൃത്തനായി, സമുദായാചാരനായി വര്‍ത്തിക്കുക. ഇതാണ്‌ ഏറ്റവും ശ്രേയസ്‌കരമായിട്ടുള്ളത്‌.

മര്‍ത്ത്യരുമായി കൂട്ടു ചേരുന്നത്‌ സുഖത്തെ നശിപ്പിക്കും. സംഗം മോഹത്തെയുണ്ടാക്കും. മോഹം തമസ്സാണ്‌. അങ്ങനെ മോഹസംഗങ്ങളുടെ അധീനത്തില്‍പ്പെട്ട പുരുഷന്ന്‌ പിന്നെ ശോകം തന്നെ. ശോകത്തിന്റെ പിടിയില്‍ നിന്ന്‌ അവന് രക്ഷയില്ല. സംയോഗം ദുഃഖത്തിന്റെ ലക്ഷണമാണ്‌? സുഖാസക്തനായാല്‍ അവന്റെ ബുദ്ധി എപ്പോഴും ചഞ്ചലമാകും. മോഹജാലത്തില്‍ മുഴകും. മോഹജാലത്താല്‍ ആവൃതനായാല്‍ ഈ ലോകത്തിലും പരലോകത്തിലും അവന്‍ ദുഃഖിക്കേണ്ടതായി വന്നുകൂടും. അതുകൊണ്ട്‌ എല്ലാം കൊണ്ടും കാമത്തേയും ക്രോധത്തേയും വര്‍ജ്ജിക്കണം. മനസ്സില്‍ അവയെ നശിപ്പിക്കണം. ശ്രേയസ്സ്‌ ഇച്ഛിക്കുന്നവന്റെ ശ്രേയസ്സിനെ ഭംഗപ്പെടുത്തുന്നവയാണ്‌ കാമക്രോധങ്ങള്‍. ക്രോധത്തില്‍ നിന്ന്‌ തപസ്സിനെ കാത്തു രക്ഷിക്കണം. ക്രോധം തപോഭംഗം വരുത്തുന്നതാണ്‌. ലക്ഷ്മിയെ മത്സരത്തില്‍ നിന്ന്‌ സംരക്ഷിക്കണം. മത്സരം ലക്ഷ്മിയെ നശിപ്പിക്കും. മാനാവ മാനത്തില്‍ നിന്ന്‌ വിദ്യയെ രക്ഷിക്കണം. തെറ്റില്‍ നിന്ന്‌ ആത്മാവിനെ രക്ഷിക്കണം.

ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മം ആനൃശംസ്യമാണ്‌. ഏറ്റവും ശക്തമായ ബലം ക്ഷമയാണ്‌. ആത്മജ്ഞാനമാണ്‌ ഏറ്റവും ശ്രേഷ്ഠമായ ജ്ഞാനം. സത്യത്തേക്കാള്‍ അപ്പുറമായി മറ്റൊന്നുമില്ല. എല്ലാറ്റിലും വെച്ച്‌ ശ്രേഷ്ഠമായത് സത്യമാണ്‌. സത്യം പറയുക നല്ലതാണ്‌. സത്യത്തേക്കാള്‍ ഹിതമായി മറ്റെന്താണുള്ളത്‌? ഏതു ജീവിക്കും ഹിതം ചെയ്യുന്നത്‌ സത്യമാണെന്നാണ്‌ എന്റെ അഭിപ്രായം. സര്‍വ്വ ആരംഭവും വിട്ടൊഴിഞ്ഞവനും, നിരീഹനും, നിഷ് പരിഗ്രഹനും, സര്‍വ്വ വും വെടിഞ്ഞവനുമായി ആരുണ്ടോ, അവന്‍ വിദ്വാനായ പണ്ഡിതനാണ്‌. തനിക്കധീനമായ ഇന്ദ്രിയങ്ങളാല്‍ വിഷയങ്ങളെ പ്രാപിക്കുന്നവന്‍ അസക്തനാണ്‌. അവന്‍ ശാന്താത്മാവും, വികാരമില്ലാത്തവനും, സമാഹിതനുമാകുന്നു.

ആത്മഭൂതങ്ങളുമായി, ചേര്‍ന്നാലും പിരിഞ്ഞാലും പെടാത്തവനാണ്‌ വിമുക്തന്‍. അവന്‍ ഉടനെ പരമമായ ശ്രേയസ്സു നേടും. ഭൂതങ്ങളായി കണ്ട്‌ അവരെ സ്പര്‍ശിക്കാതെ, ചേരാതെ, എപ്പോഴും അവയുമായി സല്ലപിക്കാതെ, നിസ്സംഗനായി വര്‍ത്തിക്കുന്നവന്‍ ആരോ, അവന്‍ പരമമായ ശ്രേയസ്സു നേടുന്നു മഹര്‍ഷേ!

ജീവികളെ ഒന്നിനേയും ഹിംസിക്കരുത്‌. അവയുമായി മൈത്രിയില്‍ വര്‍ത്തിക്കണം. ഈ ജന്മത്തില്‍ ജനിച്ചതിന് ശേഷം ആരോടും വൈരമേല്ക്കാതിരിക്കണം. അകിഞ്ചനത്വം സന്തോഷമാണ്‌. നിരീഹത്വം അചാപലമാണ്‌. ജീവാത്മാവാകുന്ന ആത്മജഞന്ന്‌ അത്‌ ഏറ്റവും ഉപരിയായ ശ്രേയസ്സിനായി ഭവിക്കും. ഉണ്ണീ, നീ പരിഗ്രഹം (കൈക്കൊള്ളല്‍) വിട്ട്‌ ജിതേന്ദ്രിയനാവുക. ഇന്ദ്രിയങ്ങളെ കീഴടക്കുക. അവയ്ക്ക്‌ വശംവദനാകരുത്‌. അങ്ങനെ നിസ്സംഗനായാല്‍ നീ ശോകം വിട്ടവനായും, ഭയം വിട്ടവനായും ഇഹലോകത്തിലും പരലോകത്തിലും സുഖിക്കും. മാംസത്തിലുള്ള താല്‍പര്യം (വിഷയേച്ഛു) നീ വിടുക. നിരാമിഷന്മാര്‍ക്ക്‌, വിഷയേച്ചു വെടിഞ്ഞവര്‍ക്ക്‌, ദുഃഖമുണ്ടാവുകയില്ല. ആത്മാവിന്റെ ഗുണ ത്തിന്നുവേണ്ടി ആമിഷം (വിഷയസുഖം) വിടുക. ആമിഷം വിട്ടാല്‍ അവന്‍ ദുഃഖതാപങ്ങളില്‍ നിന്ന്‌ വിമുക്തനാകും. തപോനിത്യനും, സംയതാത്മാവും, ദാന്തനുമായ മുനി സംഗാസക്തനാകരുത്. അവന്‍ ജയിക്കാത്ത ഇന്ദ്രിയത്തെ ജയിക്കുവാന്‍ യത്നിക്കണം. ഗുണങ്ങളില്‍ താല്‍പര്യമില്ലാത്തവനായി, ഏകനായി ചരിക്കുന്ന ബ്രാഹ്മണന്‍, കൂട്ടുകൂടാതെ നിരീഹനായി ചരിക്കുന്നവന്‍, മുഖ്യമായ സുഖത്തെ പ്രാപി ക്കും. ലോകം ദ്വന്ദത്തില്‍ ആണും പെണ്ണുമായി രമിക്കേ, താന്‍ ഏകനായി ഒറ്റയ്ക്ക്‌ രമിക്കുന്ന പ്രജ്ഞാതൃപ്തന്‍ (യോഗി) ഒരിക്കലും കുഴങ്ങുന്നതല്ല.

ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ ദേവനായിത്തീരും. ശുഭാശുഭമിശ്രമായ കര്‍മ്മങ്ങളാല്‍ മര്‍ത്ത്യനായിപ്പിറക്കും. പാപകര്‍മ്മങ്ങളാല്‍ ഏറ്റവും അധഃപതിച്ച ജീവിയായും പിറക്കും. കര്‍മ്മത്തിന്റെ ഗുരുലഘുത്വം അനുസരിച്ചാണ്‌ ഒരുത്തന്റെ ഭാവി. അങ്ങനെ കര്‍മ്മഫലമനുസരിച്ച്‌ മൃത്യു ജരാദുഃഖ പീഡിതന്മാരായി സംസാരത്തില്‍ കിടന്ന്‌ ജീവി വേവുന്നത്‌ അങ്ങയ്ക്കറിവുണ്ടല്ലോ. തന്നില്‍ ഉണ്ടാകുന്ന മോഹമായ ചരട്‌ തന്നെ ചുറ്റിവരിഞ്ഞ്‌ ആത്മാവിനെ ചുറ്റിപ്പിടിച്ചു മൂടുന്നു. പട്ടുനൂല്‍ പുഴുവിനെ പോലെ തന്നെ താന്‍ തന്നെ കെട്ടുന്നു. ഇതു കാണുന്നുണ്ടല്ലോ. "എന്റെ പുത്രന്‍, എന്റെ ഭാര്യ, എന്റെ കുടുംബം", എന്ന സക്തിയോടെ ജീവികള്‍ കിടന്നുഴലുന്നു. പൊയ്കയിലെ ഇളകിയ ചേറ്റില്‍ താണ വലിയ കാട്ടാനകളെപ്പോലെ ഇങ്ങനെ സംസാരത്തിന്റെ ചളിക്കുണ്ടില്‍ വീണ്‌ കയറുവാന്‍ വയ്യാതെ ജീവികള്‍ കുഴങ്ങുകയാണ്‌. കുടുംബം, മക്കള്‍, ഭാര്യ, തന്റെ ദേഹം, തന്റെ ധനം, വീട്‌, പറമ്പ്‌, നിലം എന്നിങ്ങനെയുള്ള മോഹം മനുഷ്യനെ വലയ്ക്കുന്നു. സ്നേഹമാകുന്ന വലയില്‍ കുടുങ്ങിയ മത്സ്യങ്ങള്‍ പോലെ, വലയില്‍ കുടുങ്ങിയ മത്സ്യങ്ങളെ കരയ്ക്ക്‌ എടുത്തിട്ടത് പോലെയാണ്‌ ജീവികള്‍ കേഴുന്നത്‌.

പരലോകം മാത്രം യാതൊരു നാശവും കൂടാതെ ധ്രുവമായി നില്ക്കുന്നു. അതിലേക്കു സാധാരണ സ്വത്തു കൊണ്ടൊന്നും പ്രയോജനമില്ല. മനുഷ്യന്‍ നേടുന്ന സ്വത്ത്‌ പുണ്യവും പാപവുമാണ്‌. അതുമാത്രമേ ലോകത്തേക്ക്‌ കൂടെപ്പോകൂ! എല്ലാം വെടിഞ്ഞ്‌ അവശനായി മര്‍ത്ത്യന്‍ ഈ ലോകം വെടിഞ്ഞു പോകേണ്ടവനാണ്‌. എന്നിരിക്കേ എന്തുകൊണ്ടാണ്‌ നീ അനര്‍ത്ഥത്തെ കൈക്കൊള്ളുന്നത്‌? നീ നിന്റെ സ്വന്തമായ കാര്യം കളയുകയാണ്‌. നീ ആത്മാവിനെ രക്ഷിക്കുവാന്‍ നോക്കൂ!

നിന്റെ ഭാര്യയെക്കൊണ്ടും മക്കളെക്കൊണ്ടും ധനംകൊണ്ടുമൊന്നും പരലോകത്തേക്ക്‌ ഒരു കാര്യവുമില്ല. നിന്റെ കര്‍മ്മഫലം മാത്രമേ നിന്റെകൂടെ പോവുകയുള്ളൂ. നീ ഭാര്യയോടും മക്കളോടും കൂടിയല്ല പരലോകത്തേക്കു പോകുന്നത്‌; ഒറ്റയ്ക്കാണ്‌. തുണയൊന്നും ഉണ്ടാവുകയില്ല. ഇപ്പോള്‍ നീ നിന്റേതായി താലോലിക്കുന്നതൊക്കെ ഇവിടെ ഇട്ടെറിഞ്ഞു പോകേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ അവയൊന്നും വിലപ്പെട്ടതല്ല, നിലനില്ക്കുന്നതുമല്ല, പ്രയോജനമുള്ളതുമല്ല. നീ ശരിയായി നിലനില്ക്കുന്ന ധനത്തെ നോക്കാതെ രത്നത്തെ കൈവിട്ട്‌ കുപ്പിച്ചില്ലു നോക്കി രസിക്കയാണ്‌. നിനക്ക്‌ പോകേണ്ട വഴിയില്‍ വിശ്രമസ്ഥാനങ്ങളൊന്നുമില്ല. നിന്നെ പൊക്കുവാനും, താങ്ങാനും വഴിക്കൊന്നുമില്ല. നീ പോകുന്ന ആ നാട്ടിലെ പെരുവഴി നീ മുമ്പു കാണാത്തതാണ്‌. അജ്ഞാതമാണ്‌. അത്‌ ഇരുട്ടടഞ്ഞതാണ്‌. എങ്ങനെ നീ ഒറ്റയ്ക്ക്‌ ആ ദീര്‍ഘമായ വഴി പിന്നിടും? വഴിച്ചെലവിന് എന്തുണ്ട്‌? ആ പെരുവഴിയില്‍ കൂടെ സഞ്ചരി ക്കുമ്പോള്‍ നിന്നെ തുണയ്ക്കുവാന്‍ ആരും പിന്നിലുണ്ടാവുകയില്ല. നിന്റെ കര്‍മ്മം മാത്രമുണ്ടാകും. അത്‌ ചീത്ത കര്‍മ്മമോ നല്ല കര്‍മ്മമോ എന്തു നീ മുമ്പു ചെയ്തുവോ, അതുണ്ടാകും. വിദ്യ. കര്‍മ്മം, ശരം, വലിയ ജ്ഞാനം ഇവ യൊക്കെ കാര്യത്തിന് വേണ്ടി പിന്‍തുടരുന്നു. കാര്യം ലഭിച്ചു കഴിഞ്ഞാല്‍ വിട്ടുപോവുകയും ചെയ്യും.

നഗരത്തില്‍ ജനനിബിഡ പ്രദേശത്ത്‌ പാര്‍ക്കുവാനുള്ള ആഗ്രഹം കെട്ടുന്ന കയറാണ്‌. ജ്ഞാനികള്‍, നല്ലവര്‍, ഈ കയറിനെ അറുക്കും. പാപികള്‍ ആ കയറ്‌ അറുക്കുകയില്ല.

ഈ ജീവിതം ഒരു പുഴകടക്കലാണ്‌. ഭയങ്കരമാണ്‌ ഈ ജീവിത നദി. രൂപസൌന്ദര്യം അതിന്റെ തീരങ്ങളാണ്‌. മനസ്സ്‌ ആ പുഴയുടെ ഒഴുക്കിന്റെ ശക്തിയാണ്‌. സ്പര്‍ശനം അതി ന്റെ ദ്വീപുകളാണ്‌. രസം അതിന്റെ ഒഴുക്കാണ്‌. വാസന (ഗന്ധം) അതിന്റെ ചേറാണ്‌. ശബ്ദം അതിലെ ജലമാണ്‌. മറുകര, എത്തേണ്ടതായ ലക്ഷ്യം, വളരെ കഷ്ടപ്പാടുള്ളതാണ്‌, അടുക്കുവാന്‍.

ശരീരമാണ്‌ കടക്കുന്നവന്റെ തോണി. ക്ഷമയാണ്‌ പങ്കായം. സത്യമാണ്‌ തോണിയെ നിയന്ത്രിക്കുന്ന ചുക്കാന്‍. സത്യമയമായ ധൈര്യസ്ഥൈര്യങ്ങളാണ്‌ ചുക്കാന്‍ കെട്ടിയ കയറ്‌. ത്യാഗത്തിന്റെ കാറ്റില്‍ തോണി പായണം. പാഞ്ഞു പോകുന്ന, ഒഴുക്കേറിയ ആ പുഴ (ജീവിതപ്പുഴ) കടക്കണം.

ദ്വന്ദ്വങ്ങളെ നീ ഉപേക്ഷിക്കുക. നീ ധര്‍മ്മത്തേയും അധര്‍മ്മത്തേയും ഉപേക്ഷിക്കുക. രണ്ടിലും നീ തല്പരനാകരുത്‌. അതുപോലെ സത്യാസത്യങ്ങളേയും വിടുക. അവ രണ്ടിനേയും വിട്ടാല്‍ എന്ത്‌ പിന്നെ അവയോട്‌ ഒട്ടി നില്ക്കുന്നുണ്ടൊ, അവയേയും നീ ബുദ്ധിയുടെ സഹായത്തോടെ ഉപേക്ഷിക്കുക. അവസാനം നീ ആ സത്വത്തേയും ഉപേക്ഷിക്കുക. എന്നാല്‍ നീ ശരിയായ ജ്ഞാനിയാകും. അപ്പോള്‍ ബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്യും. ധര്‍മ്മത്തെ സങ്കൽപ്പമില്ലായ്മയാല്‍ വിടുക, അധര്‍മ്മത്തെ അലിപ്സയാല്‍ (ആഗ്ര ഹമില്ലായ്മയാല്‍) വിടുക. സത്യാനൃതങ്ങളെ ബുദ്ധിയാല്‍ വിടുക. ആ ബുദ്ധിയെ ബ്രഹ്മത്തിലുള്ള ദൃഢനിശ്ചയത്താല്‍ വിടുക.

നീ വസിക്കുന്ന വീട്‌ എത്ര വൃത്തികെട്ടതാണെന്ന്‌ നീ ധരിച്ചിട്ടുണ്ടോ? ആ വീടിന്റെ തൂണ്‌ അസ്ഥികള്‍ കൊണ്ടാണ്‌. അത്‌ കൂട്ടിക്കെട്ടി കഴുക്കോലും വാരവും ഉറപ്പിച്ചിട്ടുള്ളത്‌ ഞരമ്പു കയറുകൊണ്ടാണ്‌. അവയുടെ ചുമര്‌ പണിതിട്ടുള്ളത്‌ മാംസം കൊണ്ടാണ്‌. തേപ്പു നടത്തിയതു രക്തം കൊണ്ടാ ണ്‌. ആ വീട്‌ മേഞ്ഞിട്ടുള്ളത്‌ തൊലി കൊണ്ടാണ്‌. അതിന്റെ ഉള്ളില്‍ മലമൂത്രങ്ങളുടെ ദുര്‍ഗ്ഗന്ധം നിറഞ്ഞിരിക്കുന്നു. വീടിന്റെ മുറികളില്‍ കിടക്കുന്നത്‌ ജരയും രോഗങ്ങളുമാണ്‌. രജസ്സില്‍ മുഴുകിയതും, അനിത്യവും, ഭൂതാവാസവുമായ ഈ വൃത്തികെട്ട അശുഭമായ വീട്‌ നീ വിടുക. ഈ പ്രപഞ്ചം മുഴുവന്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌, മഹത്ത്‌ അല്ലെ ങ്കില്‍ ബുദ്ധി എന്നതെല്ലാം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്‌, അഞ്ചു മഹാഭൂതങ്ങളാലാണ്‌. ആ മഹത്ത്‌ ബ്രഹ്മത്തിന്റെ പ്രവര്‍ത്തനത്തിന്നധീനമാണ്‌. അഞ്ചിന്ദ്രിയങ്ങളും, സത്വരജസ്സ് തമോഗുണങ്ങളും മറ്റും ചേര്‍ന്ന്‌ പതിനേഴെണ്ണത്തെ (മുമ്പു സൂചിപ്പിച്ചിട്ടുണ്ട്‌). ഈ പതിനേഴെണ്ണം ചേര്‍ന്നതാണ്‌ അവ്യക്തം. പിന്നെ വ്യക്തമെന്നത്‌ അഞ്ച്‌ ഇന്ദ്രിയങ്ങളും, അവ യുടെ അഞ്ചു പ്രവര്‍ത്തനങ്ങളും ചേര്‍ന്നതാണ്‌. ഇങ്ങനെ ഇരുപത്തിനാലെണ്ണമാണ്‌ വ്യക്താവ്യക്തമയമായ ഗുണം. ഇതൊക്കെയും ചേര്‍ന്നു നില്ക്കുന്ന വ്യക്തിയാണ്‌ പുരുഷന്‍ എന്ന ഒരാള്‍. ത്രിവര്‍ഗ്ഗം (ധര്‍മ്മം, അര്‍ത്ഥം, കാമം) എന്നിവയും സുഖവും, ദുഃഖവും, ജീവിതവും മരണവും ഇവയെ തത്വം പോലെ അറിയുന്നവനാരോ, അവന്‍ പ്രഭവക്ഷയങ്ങളെ അറിയുന്നവനാണ്‌. പാരമ്പര്യം കൊണ്ട്‌ ജ്ഞാനത്തെ മുഴുവന്‍ അറിയുക.

ഇന്ദ്രിയത്താല്‍ ഗ്രഹിക്കുവാന്‍ കഴിയുന്നത്‌ ഏതോ, അതാണ്‌ വ്യക്തം. അതീന്ദ്രിയമായത്‌, ലിംഗഗ്രാഹ്യമായത്‌, ബുദ്ധി കൊണ്ടു സൂചന കണ്ട്‌ അറിയുന്നതാണ്‌ അവ്യക്തം.

ഇന്ദ്രിയങ്ങളെ അടക്കുന്നവന്‍ വലിയ സംതൃപ്തിയെ നേടും. ദാഹിച്ചു തളര്‍ന്ന പാന്ഥന്‌ നല്ല ഒരു വര്‍ഷം ലഭിച്ചാല്‍ എപ്രകാരം അവന്റെ ദാഹം ശമിക്കുമോ, അപ്രകാരം ഒരു സംതൃപ്തി അവന്നുണ്ടാകും. ഇന്ദ്രിയങ്ങളെ അടക്കി ആത്മാവില്‍ ആത്മാവിനെ കാണണം. എല്ലാറ്റിലും തന്നെ കാണുകയും, എല്ലാ വസ്തുക്കളും തന്നില്‍ കാണുകയും ചെയ്യണം. അവനാണ്‌ യോഗി. അതിന്റെ വേര്‌ കിടക്കുന്നത്‌ ജ്ഞാനത്തിലാണ്‌. അതിന്റെ ശക്തി കാണുവാന്‍ വിഷമമാണ്‌. സര്‍വ്വ അവസ്ഥയിലും സര്‍വ്വഭൂതങ്ങളേയും തന്നില്‍ കാണുന്നവന്റെ ശക്തി ആര്‍ക്കും അറിയുവാന്‍ സാധിക്കുകയില്ല. സര്‍വ്വഭൂതാത്മാവായ പുരുഷനില്‍ ഒരിക്കലും അശുഭം ബാധിക്കുകയില്ല. അവനില്‍ നിന്ന്‌ മോഹജമായ സകല ക്ലേശങ്ങളും ജ്ഞാനം മൂലം വിട്ടൊഴിഞ്ഞു പോകും. ലോകത്തില്‍ ബുദ്ധിയുടെ പ്രകാശം മൂലം ലോകമാര്‍ഗ്ഗം പിഴയ്ക്കുന്നതല്ല. അനാദിനിധനനായി ജീവികളുടെ ആത്മാവില്‍ വസിക്കുന്ന അവ്യയന്‍ രൂപക്രിയാഹീനനാകുന്നു. അതുകൊണ്ട്‌ ശുദ്ധാത്മാക്കളുടെ ഹൃദയം തീര്‍ത്ഥമാകുന്നു.

മോക്ഷത്തിന് അര്‍ഹനായ ശുദ്ധാത്മാവ്‌ പറയുന്നു, ബ്രഹ്മത്തിന് ആദിയും അന്തവുമില്ലെന്ന്‌. എല്ലാ ജീവികളിലും അത്‌ ജന്മമെടുക്കുന്നു. അത്‌ ജീവനില്‍ വസിക്കു ന്നു. അതിന് പ്രവര്‍ത്തനമില്ല, രൂപമില്ല. നിത്യവും അവരവര്‍ ചെയ്യുന്ന ദുഷ്കര്‍മ്മം കൊണ്ട്‌ ജീവികള്‍ ദുഃഖിക്കുന്നു. അവര്‍ ആ ദുഃഖം തീര്‍ക്കുവാന്‍ പിന്നേയും അസംഖ്യം ജീവികളെ സംഹരിക്കുന്നു. അത്തരത്തില്‍ ജീവികളെ ബലിയര്‍പ്പിക്കുന്നത് കൊണ്ട്‌ ആ കര്‍മ്മം ചെയ്യുന്നവര്‍ വീണ്ടും ജന്മമെടുക്കുന്നു. അവരവരുടെ കര്‍മ്മഫലത്തിന്നനുസരിച്ച്‌ കര്‍മ്മങ്ങള്‍ക്ക്‌ ഇടവരുന്നു. അത്തരം മനുഷ്യര്‍ അജ്ഞാനവുമായി ബന്ധിക്കപ്പെട്ട്‌, അപത്ഥ്യാഹാരം കഴിച്ച രോഗിയെപ്പോലെ കിടന്നു കുഴങ്ങുന്നു. എപ്പോഴും മോഹത്തില്‍പ്പെട്ടവന്‍ സുഖമാണെന്ന് തെറ്റിദ്ധരിച്ച്‌ ദുഃഖത്തില്‍ ഉഴലുന്നു. അങ്ങനെയുള്ള മനുഷ്യന്‍ ബദ്ധനായി ചക്കിലിട്ടു ചതച്ച മട്ടില്‍ ആയിത്തീരുന്നു. പിന്നെ ബന്ധത്തില്‍ പെട്ട നരന്‍ കര്‍മ്മത്തിന്റെ ഫലത്താല്‍ തനിക്കു ചേര്‍ന്ന യോനിയില്‍ ജനിച്ച്‌ സംസാര ചക്രത്തില്‍ ചുറ്റിത്തിരിഞ്ഞ്‌ വേദന അനുഭവിക്കുന്നു.

അല്ലയോ ശുകാ, നീയാണെങ്കില്‍ സകലബന്ധങ്ങളേയും അറുത്തവനാണ്‌. സകല കര്‍മ്മങ്ങളും മുന്‍ പറഞ്ഞ മട്ടില്‍ കൈവിട്ട് ഒഴിഞ്ഞവനാണ്‌. സംയമം മൂലം പുതിയ ബ ന്ധം തപോബലത്താല്‍ നീക്കം ചെയ്തിരിക്കുന്നു. ഇങ്ങനെ പല മഹാശയന്മാരും ബാധകളൊക്കെ വിട്ട്‌ മോക്ഷത്തെ, സുഖമായ സിദ്ധിയെ, പ്രാപിച്ചിട്ടുണ്ട്‌.

അദ്ധ്യായം 331. ശുകാഭിപതനം - നാരദന്‍ സുഖദുഃഖരഹസ്യം ശുകന് ഉപദേശിക്കുന്നു - നാരദന്‍ പറഞ്ഞു: ദുഃഖങ്ങള്‍ അറ്റുപോകണമെങ്കില്‍ അശോകവും ശാന്തികരവും ശിവവുമായ ശാസ്ത്രങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യണം. അതു മനസ്സില്‍ വേണ്ടപോലെ ചെന്നു കൊണ്ടാല്‍ ദുഃഖം നീങ്ങുന്നതാണ്‌. ആയിരമായിരം ശോകസ്ഥാനങ്ങളും നൂറുനൂറു ഭയസ്ഥാനങ്ങളും ദിവസം തോറും മൂഢനെ ബാധിച്ചു കൊണ്ടിരിക്കും. എന്നാല്‍ പണ്ഡിതനില്‍ (ജ്ഞാനിയായവനില്‍) അത്‌ ഒരിക്കലും ബാധിക്കുന്നില്ല.

അതുകൊണ്ട്‌ അനിഷ്ടങ്ങള്‍, ഭയങ്ങള്‍, ദുഃഖങ്ങള്‍ ഇവ നീങ്ങുവാന്‍ നീ ഇതിഹാസങ്ങള്‍ കേള്‍ക്കണം. ബുദ്ധി തനിക്കധീനത്തില്‍ നിന്നാല്‍ ശോകം നശിക്കുന്നതാണ്‌. അനിഷ്ടം വന്നു ചേരുകയാലും ഇഷ്ടം വിട്ടു പോവുകയാലും മനുഷ്യരുടെ മനസ്സില്‍ ദുഃഖം വന്നേല്ക്കുന്നു. അങ്ങനെയുള്ളവര്‍ സ്വല്പ ബുദ്ധികളാണെന്നു മനസ്സിലാക്കണം. ശ്രവ്യങ്ങള്‍ തീര്‍ന്നു പോയാല്‍, ധനം നശിച്ചു പോയാല്‍ ആ കഴിഞ്ഞ ഗുണങ്ങളെപ്പറ്റി ചിന്തിക്കരുത്‌. കഴിഞ്ഞ ശ്രേയസ്സില്‍ മനസ്സു വെച്ച്‌ അതിനെപ്പറ്റി ചിന്തിക്കുന്നവന് അതിലുള്ള സ്നേഹബന്ധം വിട്ടുപോവുകയില്ല. എവിടെയെവിടെയൊക്കെ രാഗം ഉണ്ടോ (സ്നേഹം ഉണ്ടോ) അവിടെയവിടെയൊക്കെ ദോഷവും നാം കാണണം. അതു നല്ലപോലെ ധരിക്കേണ്ടതാണ്‌. അനിഷ്ടം പോലെ തന്നെ ഇഷ്ടത്തേയും ചിന്തിക്കുക! എന്നാല്‍ വിരക്തിയായി. അതാണു വേണ്ടത്‌. കഴിഞ്ഞതു ചിന്തിച്ചു കേഴുന്നവന്ന്‌ അര്‍ത്ഥമെവിടെ? ധര്‍മ്മമെവിടെ? യശസ്സെവിടെ? നശിച്ചാല്‍ നശിച്ചതിനെപ്പറ്റി ചിന്തിക്കരുത്‌. ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതു മനസ്സില്‍നിന്നു വിട്ടുപോവുകയില്ല. ജീവികള്‍ക്ക്‌ ഓരോ ഗുണങ്ങള്‍ വന്നുചേരും. അതു പോലെ തന്നെ വിട്ടുപോവുകയും ചെയ്യാം. അതു ലോക സാധാരണമായ കാര്യമാണ്‌. അതില്‍ അത്ഭുതത്തിന്ന്‌ അവകാശമില്ല. അതില്‍ എന്തുണ്ട്‌ ചിന്തിക്കുവാന്‍? അതില്‍ എന്തുണ്ട്‌ ദുഃഖിക്കുവാന്‍? ചത്തു പോയതോ നഷ്ടപ്പെട്ടതോ, അനുഭവിച്ചു തീര്‍ന്നു പോയതോ ചിന്തിച്ചു ഒരുത്തന്‍ ഇരുന്നു ദുഃഖിച്ചു കരയുകയാണെങ്കില്‍ അവന് എന്താണു മെച്ചം? നഷ്ടപ്പെട്ടതു കിട്ടുമോ? പിന്നെ എന്തുകിട്ടും? ദുഃഖം കൊണ്ടു കുറേക്കൂടി ദുഃഖം ലഭിക്കും! അപ്പോള്‍ എന്തായി? രണ്ടനര്‍ത്ഥം കിട്ടും. അതാണു ദുഃഖിച്ചാല്‍ വന്നു ചേരുന്നത്‌. ബുദ്ധി കൊണ്ട്‌ ദുഃഖത്തിന്റെ സത്യം ഗ്രഹിച്ച്‌ ലോകത്തിലെ ദുഃഖം കണ്ട്‌ കണ്ണുനീര്‍ പൊഴിക്കാത്തവന്‍ ലോകത്തെ നന്നായി ദര്‍ശിക്കുന്നു. അതുകൊണ്ട്‌ പിന്നെ ദുഃഖത്തിന് ഇടവരികയില്ല. അവന്‍ കരയുകയില്ല. ശാരീരികമായോ മാനസികമായോ ഉള്ള ദുഃഖങ്ങള്‍ വന്നു ചേരുമ്പോള്‍ പ്രയത്നിച്ച്‌ അതിനെ അടക്കണം. അടക്കാന്‍ കഴിയാത്തതിനെപ്പറ്റി ചിന്തിക്കാതിരിക്കണം. ദുഃഖത്തിന്ന്‌ ഒരേയൊരു മരുന്നേയുള്ളു. വളരെ ഫലപ്രദമായ ഒരു സിദ്ധൗഷധമാണ്‌ അത്‌. എന്താണെന്നറിയാമോ? ചിന്തിക്കാതിരിക്കുക എന്നതാണത്‌. ചിന്തിച്ചാല്‍ അതു നശിക്കുകയില്ല. ആ ദുഃഖം വീണ്ടും വീണ്ടും ജ്വലിച്ചു വളരുകയാണ്‌ ചെയ്യുക!

പ്രജ്ഞകൊണ്ട്‌ മാനസികമായ ദുഃഖത്തെ ജയിക്കണം. മരുന്നു കൊണ്ട്‌ ദേഹജമായ ദുഃഖത്തെയും ജയിക്കണം. ഇതാണ്‌ വിജ്ഞാനത്തിന്റെ സാമര്‍ത്ഥ്യം. അതിന്നു ശ്രമിക്കാതെ കുട്ടികളെപ്പോലെ എന്റെ കൈയൊടിഞ്ഞേ! കാലൊടിഞ്ഞേ! എന്നു പറഞ്ഞു വിലപിക്കുന്നതു ഭൂഷണമല്ല.

യൌവനം, സൌന്ദര്യം, ജീവിതം, ദ്രവ്യനേട്ടം, ആരോഗ്യം, ഇഷ്ടജനസംവാസം ഇവ നിതൃമല്ല. നശിച്ചു കൊണ്ടിരിക്കും. അതില്‍ ബുധന്മാര്‍ കാംക്ഷിക്കരുത്‌. നാടടച്ച്‌ ഒരു ദുഃഖം വന്നാല്‍ എന്തു ചെയ്യും? അതില്‍ ഒരുത്തന്‍ മാത്രം കിടന്നു മുറവിളി കൂട്ടിയാല്‍ അവന്‍ പരിഹസ്യനാകും. (യൌവനം, രൂപം, ജീവിതം, ധനം ഇവയ്ക്കെല്ലാം നാശം എല്ലാവര്‍ക്കും വന്നുചേരും. ആരും അതില്‍നിന്ന്‌ ഒഴിവല്ല എന്നിരിക്കേ എന്റെ ആരോഗ്യം നശിച്ചുപോയേ! എന്റെ ധനം നശിച്ചു പോയേ! എന്റെ സന്ദര്യം നശിച്ചേ! എന്ന്‌ ആരും നില വിളിക്കാറില്ല. നിലവിളിക്കുന്നുണ്ടെങ്കില്‍ അത്‌ ഭോഷത്തമാണ്‌.) ദുഃഖകാരണങ്ങള്‍ വന്നു കൂടിയാല്‍ ബോധം വിട്ട്‌ അമ്പരക്കാതെ അത്‌ ഇല്ലായ്മ ചെയ്യുവാന്‍ പരിശ്രമിക്കുകയാണു വേണ്ടത്‌. വഴിയുണ്ടെങ്കില്‍ അതാണു ചെയ്യേണ്ടത്‌.

നീ ഒരു കാര്യം ധരിക്കണം. സുഖത്തേക്കാള്‍ അധികം ദുഃഖമാണ്‌ ജീവിതകാലത്ത്‌. അതില്‍ യാതൊരു സംശയവുമില്ല. വിഷയങ്ങളില്‍ സ്‌നേഹം മോഹത്താല്‍ വര്‍ദ്ധിക്കുന്നു. മരണം ആരും ഇഷ്ടപ്പെടുന്നില്ല.

സുഖത്തേയും ദുഃഖത്തേയും രണ്ടിനേയും ഉപേക്ഷിക്കുന്ന നരന്‍ ബ്രഹ്മത്തില്‍ ചെന്നെത്തും. അവനെപ്പറ്റി പണ്ഡിതന്മാര്‍ ദുഃഖിക്കുകയില്ല. ദ്രവ്യം ചെലവു ചെയ്യുന്നതു ദുഃഖമാണ്‌. ദ്രവ്യം സംരക്ഷിക്കുവാനും ദുഃഖം തന്നെ. അങ്ങനെ ദുഃഖിച്ചു നേടുന്ന അവ നശിച്ചാല്‍ അതിനെപ്പറ്റി ദുഃഖിക്കാമോ? വേറെവേറെ ധനം വിശേഷിച്ചും നേടിയ മാനവന്മാര്‍ ധനം മതിയാകാതെ അതിനെപ്പറ്റി ആര്‍ത്തിയോടെ ചിന്തിച്ചു ചിന്തിച്ചു ജീവിതം കളയുന്നു. എന്നാല്‍ പണ്ഡിതന്മാര്‍ സന്തോഷിച്ചു കഴിയുന്നു. അവര്‍ ധനതൃഷ്ണയില്‍ ജീവിതം നശിപ്പിക്കുന്നില്ല. നേട്ടങ്ങളൊക്കെ ക്ഷയാന്തങ്ങളാണ്‌. അവസാനം നാശത്തിലാണ്‌. എല്ലാ ഉയര്‍ച്ചയും പത നാന്തമാണ്‌. പൊങ്ങിയത്‌ നിലത്തു മുട്ടിയേ അവസാനിക്കു! സംയോഗങ്ങളൊക്കെ വിയോഗാന്തങ്ങളാണ്‌. ചേര്‍ന്നത്‌ വേര്‍പെട്ടേ കഴിയു. ജീവിതം മരണാന്തമാണ്‌. ജീവനുള്ളതിനൊക്കെ മരണമുണ്ട്‌!

തൃഷ്ണയ്ക്കു യാതൊരു അതിരുമില്ല. തുഷ്ടിയെന്നത്‌ പരമമായ സുഖമാണ്‌. അതുകൊണ്ട്‌ ധനം എന്നു പറയുന്നത്‌ തുഷ്ടിയാണ്‌. സന്തോഷമാണ്‌. ധനതൃഷ്ണയല്ല. അത്‌ തു ഷ്ടിക്ക്‌ എതിരായതാണ്‌ എന്നു പണ്ഡിതന്മാര്‍ പറയുന്നു.

വയസ്സ്‌ ഒരു ലേശവും നില്‍ക്കാതെ ഓടിപ്പൊയ്ക്കൊണ്ടിരിക്കുന്നു. ദേഹമോ? അത്‌ അനിത്യവുമാണ്‌. ചിന്തിച്ചു നോക്കു! പിന്നെ നിത്യമായി എന്തുണ്ട്‌ മനുഷ്യന്? സകല ഭൂതങ്ങളും തന്നെപ്പോലെ കണക്കാക്കുകയും ശരിയായ ഭാവം അറിയുവാന്‍ മനസ്സിന് കഴിവില്ലെന്ന്‌ മനസ്സിലാക്കുകയും ചെയ്യുന്ന ജ്ഞാനികള്‍, ബ്രഹ്മത്തിലേക്ക്‌ എത്തുവാന്‍ യത്നിച്ച്‌ പരസല്‍ഗതി കണ്ടവരായ ജ്ഞാനികള്‍, ഒരിക്കലും ദുഃഖിക്കുന്നതല്ല. കാമത്തില്‍ മതിയാകാതെ പിന്നേയും പിന്നേയും ധനം നേടിവെക്കുന്ന ഒരുത്തനെ, വ്യാഘ്രം പെട്ടെന്നു ചാടിവീണ്‌ പശുവിനെ കൊണ്ടുപോകുന്ന പോലെ, മൃത്യു അവനെയും കൊണ്ടുപോകുന്നു. അതുകൊണ്ട്‌ ദുഃഖത്തിന്ന്‌ ഒരു മോചനം കാണണം. അതിനുള്ള ഉപായം സ്വീകരിക്കണം. ശോചിക്കാതെ തുടങ്ങണം, മുക്തനാകണം, വ്യസനിക്കരുത്‌.

ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, ഇവയില്‍ ഉപഭോഗം എന്നതു വിട്ട്‌, ധനമുള്ളവനും ഇല്ലാത്തവനും വേറെ വേറെ ഉപഭോഗമൊന്നുമില്ല. പഞ്ചേന്ദ്രിയങ്ങള്‍ ഉള്ളവര്‍ക്കോ, അവകൊണ്ടു ലഭിക്കുന്ന ഭോഗസുഖം ലഭിക്കുന്നു. ധനികനിലും നിസ്വനിലും ഇതില്‍ വ്യത്യാസം കാണുന്നില്ല. ഭൂതങ്ങള്‍ക്കൊന്നിനും സംസര്‍ഗ്ഗത്തിന് മുമ്പേ ദുഃഖവുമായി യാതൊരു ബന്ധവുമില്ല. ബന്ധിക്കുന്നില്ല. ഒരു വസ്തുവുമായി സംസര്‍ഗ്ഗത്തിന് ശേഷമാണ്‌ അതിനെ സംബന്ധിക്കുന്ന ദുഃഖം സംജാതമാകുന്നത്‌. അപ്പോള്‍ ദുഃഖത്തിന് കാരണം സംസര്‍ഗ്ഗമാണെന്നു വരുന്നു. ഈ നിലയ്ക്ക്‌ ആ ദുഃഖഹേതുകമായ വസ്തു കൈവിടുമ്പോൾ പിന്നെയെന്തിന്നു ദുഃഖിക്കുന്നു? പ്രകൃത്യാ മനുഷ്യന്‍ സ്ഥിരനായി നില്ക്കുക. പതറാതിരിക്കുക.

മനുഷ്യന്റെ ഉല്‍പാദനേന്ദ്രിയം മാര്‍ഗ്ഗഭ്രംശം വരാതെ ധീരതയോടെ സംരക്ഷിക്കുക. ധൈര്യം എന്നു പറയുന്നത്‌ വികാരങ്ങളെ ജയിക്കലാണ്‌. ക്ഷമയാണ്‌. അതുപോലെ വയറിനെയും ഭക്ഷണക്കൊതിയില്‍ നിന്നു കാത്തുരക്ഷിക്കുക! കണ്ണുകൊണ്ട്‌ (കണ്ണിന്റെ സഹായത്തോടെ) കാലിനേയും കൈയേയും കാക്കുക. കണ്ണും കാതും മനസ്സും കൊണ്ടു കാത്തുരക്ഷിക്കുക. മനസ്സിനേയും വാക്കിനേയും വിദ്യകൊണ്ടു കാത്തുരക്ഷിക്കുക.

പ്രണയത്തെ മനസ്സില്‍നിന്നു വലിച്ചുനീക്കുക. പരിചിതങ്ങളും, അപരിചിതങ്ങളുമായ എല്ലാറ്റില്‍ നിന്നും പ്രേമവും താല്‍പര്യവും വിടുക. വിനയപൂര്‍വ്വം തന്നെത്താന്‍ കാണുക. അങ്ങനെയുള്ളവന്‍ സുഖിയാണ്‌, വിദ്വാനാണ്‌ എന്നറിയുക!

അദ്ധ്യാത്മരതിയായി വാഴുന്നവന്‍ (ഭാര്യാസന്താനപ്രതിപത്തി കൂടാതെ) യോഗത്തില്‍ ലയിച്ചു വാഴുന്നവന്‍, തന്നെയൊഴിച്ച്‌ ഒന്നിനേയും ആശ്രയിക്കാതെ വാഴുന്നവന്‍, നിരാമിഷനായി (മാംസക്കൊതി, ഭോഗസുഖം വിട്ടവനായി) വാഴുന്നവന്‍, സ്വാശ്രയശീലനായി (നിസ്സഹായനായി) ചുറ്റുന്നവന്‍ ആരോ, അവന്‍ തീര്‍ച്ചയായും സുഖിയാകും. അവന് സാക്ഷാല്‍ മോക്ഷപ്രാപ്തിയുണ്ടാകും.


No comments:

Post a Comment