1. മുസലോത്പത്തി - സ്ത്രീവേഷധാരിയായ സാംബൻ മഹർഷിമാരുടെ ശാപം നിമിത്തം ഒരു ഇരുമ്പുലക്കയെ പ്രസവിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; മുപ്പത്താറാമത്തെ വര്‍ഷം വന്നു പിറന്നപ്പോള്‍.കുരുനന്ദനനായ യുധിഷ്ഠിരന്‍ വിപരീതങ്ങളായ നിമിത്തങ്ങള്‍ കണ്ടു. കാറ്റു രൂക്ഷമായി ഇരമ്പിവീശി ചരല്‍ വര്‍ഷിച്ചു. പക്ഷികള്‍ അപ്രദക്ഷിണമായി വട്ടം ചുറ്റി. പുഴ മേൽപോട്ടേക്കൊഴുകി. ദിക്കുകള്‍ മുഴുവന്‍ മഞ്ഞുകൊണ്ട് മൂടി. തീപ്പൊരി ചിതറുന്ന കൊള്ളിമീനുകള്‍ ആകാശത്തു നിന്നു ഭൂമിയില്‍ പതിച്ചു. ആദിത്യമണ്ഡലം പൊടി പറന്നു മൂടിക്കണ്ടു. കബന്ധങ്ങളുമായി രശ്മി കൂടാതെ സൂര്യന്‍ ഉദിച്ചു; ഉഗ്രങ്ങളായ പരിവേഷങ്ങള്‍ ചന്ദ്രസൂര്യന്മാരില്‍ കണ്ടു. മൂന്നു നിറത്തില്‍ സൂര്യനെക്കണ്ടു. സൂര്യബിംബത്തിന്റെ വക്ക് ശ്യാമവര്‍ണ്ണവും രൂക്ഷവര്‍ണ്ണവുമായി ഭസ്മം പൂശി അരുണാഭമായ മട്ടില്‍ കാണപ്പെട്ടു. ഇപ്രകാരവും മറ്റു പ്രകാരത്തിലും ഭയജനകമായ ഉല്‍പ്പാതങ്ങള്‍ ഉണ്ടായി. ഹൃദയത്തിന് ഉദ്വേഗമുണ്ടാക്കുന്ന വളരെയേറെ ദുശ്ശകുനങ്ങള്‍ കാണപ്പെട്ടു രാജാവേ!
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കുരുരാജാവായ യുധിഷ്ഠിരന്‍ വൃഷ്ണിസമൂഹം മൗസലത്തില്‍ നശിച്ചു എന്ന കഥ കേട്ടു. കൃഷ്ണനും രാമനും ദേഹം വിട്ടതായും പാണ്ഡവൻ കേട്ട്. ഭ്രാതാക്കളെയെല്ലാം അരികെ വിളിച്ച് "എന്താണ് ഇനി വേണ്ടത്", എന്ന് ചോദിച്ചു. തമ്മില്‍ ഏറ്റ് ആ ബ്രഹ്മ ദണ്ഡ ബലത്തിന്റെ പാട്ടിലായി എല്ലാവരും. വൃഷ്ണികളുടെ കഥ തീര്‍ന്നു എന്ന് പാണ്ഡവന്മാര്‍ കേട്ടു. വാസുദേവന്റെ അന്ത്യം കടല്‍ വറ്റി എന്ന് പറയുന്നതു പോലെയുള്ള അത്ഭുതം പോലെയാണ് പാണ്ഡവന്മാര്‍ കേട്ടത്. ആ വീരന്മാര്‍ കൃഷ്ണന്റെ നാശത്തെക്കേട്ടു വിശ്വസിച്ചില്ല. കൃഷ്ണന്‍ മരിക്കുകയോ? അതൊരിക്കലും ഉണ്ടാവുകയില്ല! മൗസലത്തെപ്പറ്റി കേട്ടു ദുഃഖശോകാര്‍ത്തരായി വിഷാദം പൂണ്ട് ആശ കെട്ട് ആ പാണ്ഡവന്മാര്‍ ഇരുന്നു പോയി!
ജനമേജയന്‍ പറഞ്ഞു: ഭഗവാനേ, എങ്ങനെയാണ് വൃഷ്ണ്യന്ധകന്മാര്‍ മരിച്ചുപോയത്? വാസുദേവന്‍ കണ്ടു നില്ക്കെ മഹാരഥരായ ഭോജന്മാരും മരിച്ചു പോയി പോലും! എങ്ങനെ അത് സംഭവിച്ചു?
വൈശമ്പായനൻ. പറഞ്ഞു: മൂപ്പത്താറാമത്തെ ആണ്ടില്‍ വൃഷ്ണികള്‍ക്ക് വലിയ ഒരു ദുര്‍ന്നയം വന്നുപെട്ടു കാലപ്രചോദിതരായ അവര്‍ ഇരിമ്പുലക്ക എടുത്ത് പരസ്പരം അടിച്ചു കൊല്ലുകയാണുണ്ടായത്!
ജനമേജയൻ പറഞ്ഞു: ആ വൃഷ്ണ്യന്ധക വീരന്മാര്‍ ആര് ശപിച്ചിട്ടാണ് നശിച്ചു പോയത്? ഭോജന്മാരും എങ്ങനെ ആരുടെ ശാപം മൂലമാണ് മരിച്ചത്? വിസ്തരിച്ച് എല്ലാം പറയണേ!
വൈശമ്പായനൻ പറഞ്ഞു; ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷിയും, കണ്വമഹര്‍ഷിയും, നാരദ മഹര്‍ഷിയും ദ്വാരകയില്‍ ചെന്നു. സാരണന്‍ മുതലായവര്‍ ( വാസുദേവന് ദേവകിയിലുണ്ടായ പുത്രന്‍ ) അവര്‍ വന്നെത്തുന്നത് കണ്ടു. ഉടനെ അവര്‍ മഹര്‍ഷിമാരെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. വലിയ ഒരു വിനോദം അവര്‍ മഹർഷിമാരുടെ മുമ്പില്‍ കാണിച്ചു.
സാംബനെ സ്ത്രീവേഷം കെട്ടിച്ചു ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വേഷത്തില്‍ സാംബനെ മുമ്പെ നടത്തി. ആ ദൈവദണ്ഡനിപീഡിതന്മാരായ മഹാശയന്മാര്‍ മഹര്‍ഷിമാരോടു പറഞ്ഞു. "ഇവള്‍ ബഭ്രുവിന്റെ ഭാര്യയാണ്. പുത്രനെ പ്രസവിക്കണം എന്നാണ് ഇവളുടെ ആഗ്രഹം. മഹര്‍ഷിമാരേ, നിങ്ങള്‍ പറയുവിന്‍! ഗര്‍ഭിണിയായ ഇവള്‍ പ്രസവിക്കുന്നത് ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ?".
മുനികള്‍ക്കു വേഗത്തില്‍ മനസ്സിലായി, തങ്ങളെ വഞ്ചിച്ചു പരിഹസിക്കുവാന്‍ സന്നദ്ധരായി നില്ക്കുകയാണ് ഈ വൃഷ്ണ്യന്ധകന്മാരെന്ന്. അവരാല്‍ അധിക്ഷേപിക്കപ്പെട്ട് ആ മഹര്‍ഷിമാര്‍ അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു രാജാവേ! അതു കേള്‍ക്കുക: "വൃഷ്ണ്യന്ധകന്മാര്‍ മുടിയുവാന്‍ ഘോരമായ ഒരു ഇരുമ്പുലക്കയാണ് വാസുദേവന്റെ ദായാദനായ ഈ സാംബന്‍ പ്രസവിക്കുക. ദൂര്‍വൃത്തരായ നിങ്ങള്‍ നൃശംസരായ നിങ്ങള്‍, തമ്മില്‍ കോപിച്ച് ഈ ഉലക്ക കൊണ്ടു കുലം മുഴുവന്‍ മുടിച്ചു കളയും. രാമകൃഷ്ണന്മാര്‍ മാത്രം അതില്‍ നിന്നൊഴിവാകും. ഹലായുധനായ ബലരാമന്‍ ദേഹം വെടിഞ്ഞു കടലില്‍ ആണ്ടുപോകും. മന്നില്‍ കിടക്കുന്ന സമയത്ത് കൃഷ്ണനെ ജര എയ്തു കൊല്ലും".
ദുര്‍ബുദ്ധികള്‍ ചതിച്ച് അവമാനിച്ച മുനികള്‍ ക്രോധരക്താക്ഷരായി പരസ്പരം നോക്കി ഇപ്രകാരം പറഞ്ഞു. ഇപ്രകാരം പറഞ്ഞ് ആ മുനികൾ കൃഷ്ണന്റെറ സമീപത്തെത്തി.
ഇതുകേട്ട് മധുസൂദനന്‍ വൃഷ്ണികളോടു പറഞ്ഞു; കാര്യങ്ങളുടെ അവസാനം എങ്ങനെയാണെന്ന് അറിയുന്നവനായ കൃഷ്ണന്‍, മതിമാനായ വാസുദേവന്‍, അപ്രകാരം വരുമെന്നു തന്നെ പറഞ്ഞു. ഹൃഷീകേശന്‍ സ്വന്തം ഗൃഹത്തില്‍ പ്രവേശിച്ചു. ജഗല്‍ ഗുരുവായ കൃഷ്ണന്‍ കൃതാന്തനെ വേറെ മട്ടിലാക്കാന്‍ ശ്രമിച്ചില്ല.
പിറ്റേദിവസം സാംബന്‍ ഇരുമ്പുലക്കയെ പ്രസവിച്ചു. വൃഷ്ണ്യന്ധക ഭടന്മാരുടെ പടയെ അതാണല്ലോ ഭസ്മമാക്കിയത്. വൃഷ്ണ്യന്ധക ക്ഷയത്തിന് യമകിങ്കര തുല്യനായി ജനിച്ചതാണ് ആ ഇരുമ്പുലക്ക.
ശാപം മൂലം ഉലക്കയെ സാംബന്‍ പ്രസവിച്ചു എന്ന് രാജാവിനെ അറിയിച്ചു. രാജാവ് ആ ഇരിമ്പുലക്ക രാവിപ്പൊടിപ്പിച്ച് ആള്‍ക്കാരെക്കൊണ്ട് ആ പൊടി കടലില്‍ കൊണ്ടുപോയി എറിയിച്ചു. പിന്നെ ദ്വാരകാപുരിയില്‍ ഉഗ്രസേനരാജാവും രാമനും കൃഷ്ണനും വമ്പനായ ബ്രഭുവും പറഞ്ഞ വിധം അപ്പോള്‍ അവര്‍ വിളംബരം ചെയ്തു. ഇതായിരുന്നു വിളംബരം: "ഇന്നേ മുതല്‍ എന്നും വൃഷ്ണ്യന്ധക കുലങ്ങളില്‍ മദ്യം ആരും ഉണ്ടാക്കരുത്. പുരവാസികളില്‍ ആരും ഉണ്ടാക്കരുത്. ഉണ്ടാക്കിയതായി അറിഞ്ഞാല്‍ അവരെ ജീവനോടെ, അവരുടെ ബന്ധുക്കളോടു കൂടെ ശൂലത്തില്‍ കയറ്റുന്നതാണ്".
രാജാവിന്റെ വിളംബരം കേട്ട് അവര്‍ മദ്യം ഉണ്ടാക്കുനന്നതില്‍ നിന്നു വിരമിച്ചു. അക്ലിഷ്ടകാരിയാണ് രാമന്‍. പറഞ്ഞ മട്ടില്‍ ചെയ്യുമെന്നറിയാം. അതുകൊണ്ട് ആ പുരുഷന്മാരാരും അതിന് ഒരുങ്ങിയില്ല.
2. ഉല്‍പ്പാതദര്‍ശനം - ദ്വാരകയിൽ ദുശ്ശകുനങ്ങൾ കാണുന്നു. കൃഷ്ണൻ എല്ലാവരോടും തീർത്ഥയാത്രയ്ക്ക് ഒരുങ്ങുവാൻ പറയുന്നു - വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പ്രയത്നങ്ങള്‍ പലതും ചെയ്തിട്ടും വൃഷ്ണ്യന്ധകന്മാരുടെ ജനങ്ങളില്‍ എല്ലാവരുടെ ഗൃഹങ്ങളിലും ദിവസേന കാലന്‍ പല രൂപത്തിലും ചെന്നു. കരാളന്‍, വികടന്‍, മുണ്ഡന്‍, കൃഷ്ണപിംഗള പുരുഷന്‍, ഇങ്ങനെ പല മട്ടില്‍ വൃഷ്ണികളുടെ ഗൃഹങ്ങളില്‍ കാണാം. നോക്കുമ്പോള്‍ കാണുകയുമില്ല. കണ്ട ഉടനെ അവന്റെ മേല്‍ മഹേഷ്വാസന്മാര്‍ ശരം വിട്ടു. അസംഖ്യം വിട്ടു. എന്തു പ്രയോജനം? ഒറ്റ ശരവും അവന്റെ ദേഹത്തില്‍ ഏറ്റില്ല. സര്‍വ്വഭൂതാന്തകന്റെ ദേഹത്തിലുണ്ടോ ശരമയച്ചിട്ടു പ്രയോജനം?
നാളു തോറും ഘോരമായ മഹോത്പാതങ്ങള്‍ ഉണ്ടായി. വൃഷ്ണ്യന്ധക ക്ഷയത്തിനുണ്ടായ ആ നിമിത്തങ്ങളൊക്കെ രോമാഞ്ചജനകങ്ങളായിരുന്നു. വഴികളിലൂടെ പരസ്യമായിഎലികള്‍ ഘോഷയാത്ര ചെയ്തു. സകല കുടങ്ങളും പൊട്ടി ദ്വാരമായി രാത്രി ഉറങ്ങി കിടക്കുന്നവരുടെ നഖവും തലമുടിയുമൊക്കെ എലികള്‍ വന്നു കരണ്ടു. വൃഷ്ണിഗൃഹങ്ങളില്‍ മധുരമായി പാടിയിരുന്ന തത്തകളുടെ ശബ്ദം വികൃതമായി, "ചീ ചീ കൂചീ", എന്നൊക്കെയായി, രാവും പകലും ഈ ശബ്ദത്തിനൊരു ഒഴിവുമില്ലാതായി. അരയന്നങ്ങള്‍ കൂമന്റെ മാതിരി മൂളക്കം മൂളാന്‍ തുടങ്ങി. ആടുകള്‍ കുറുക്കന്മാരെപ്പോലെ ഓരിയിടുവാന്‍ തുടങ്ങി ഭാരതാ! വെളുത്തതും കാലു ചുവന്നതുമായ പ്രാവുകളും മറ്റു വിഹഗങ്ങളും കാല പ്രേരണ മൂലം വൃഷ്ണിഗൃഹങ്ങളില്‍ ചുറ്റിപ്പറന്നു.
******************
പശു കഴുതക്കുട്ടിയെ പ്രസവിച്ചു. കോവര്‍ കഴുതയിലും കഴുതയുണ്ടായി. പട്ടികള്‍ പൂച്ചകളെ പ്രസവിച്ചു. എലികളെ കീരികള്‍ പ്രസവിച്ചു. വൃഷ്ണികള്‍ക്കു പാപം ചെയ്യുന്നതിലൊട്ടും നാണമില്ലാതെയായി. പിതാക്കന്മാരെയും ദേവന്മാരെയും ബ്രാഹ്മണരേയും ദ്വേഷിച്ച് ആക്ഷേപം പറയുന്നതില്‍ യാതൊരു സങ്കോചവുമില്ലാതായി. രാമനും കൃഷ്ണനുമൊഴികെ മറ്റുള്ളവരെല്ലാം ഗുരുജനങ്ങളെ ധിക്കരിച്ചു. ഭാര്യ ഭര്‍ത്താവിനെ വഞ്ചിച്ചു. ഭര്‍ത്താവ് ഭാര്യയെയും വഞ്ചിച്ചു.
******************
ജ്വലിക്കുന്ന അഗ്നി അപ്രദക്ഷിണമായി ചുറ്റി. ചുവന്ന മണി നീലനിറമായി വെവ്വേറെ ജ്വാല ചിന്നി. ഉദയാസ്തമനം തോറും ആ പുരത്തില്‍ ദിവാകരന്‍ കബന്ധങ്ങളാല്‍ ചുറ്റപ്പെട്ട വിധം പുരുഷന്മാര്‍ക്കു കാണുവാന്‍ കഴിഞ്ഞു. അല്ലയോ ഭാരതാ, വേറെയും പല ദുശ്ശുകുനങ്ങളുമുണ്ടായി. ഊട്ടുപുരയില്‍ വെച്ച ചോറില്‍ വിളമ്പുന്ന സമയത്ത് അസംഖ്യം കൃമികള്‍ ഇഴയുന്നതായിക്കണ്ടു. പുണ്യാഹപദങ്ങള്‍ ഉച്ഛരിക്കുമ്പോഴും ജപിക്കുന്ന സമയത്തും യോഗ്യരായ അവര്‍ എന്തോ പാഞ്ഞോടുന്ന ഒച്ച കേള്‍ക്കുകയായി. എന്നാല്‍ ഒന്നിനേയും കാണുവാന്‍ കഴിഞ്ഞില്ല. വീണ്ടും ഗ്രഹങ്ങള്‍ തമ്മില്‍ നക്ഷത്രത്തെ അടിക്കുന്നതായി അവരൊക്കെ കണ്ടു. എന്നാല്‍, സ്വന്തം നക്ഷത്രത്തെ മാത്രം അവര്‍ ആരും കാണുകയുണ്ടായില്ല. വൃഷ്ണ്യന്ധക ഗൃഹത്തിങ്കല്‍ പാഞ്ചജന്യം മുഴങ്ങുന്ന സമയത്ത് ക്രൂരസ്വരകളായ കഴുതകള്‍ എതിര്‍ ശബ്ദമുണ്ടാക്കി. പാഞ്ചജനൃത്തെ അനുകരിച്ച് കഴുതകള്‍ ശബ്ദമുണ്ടാക്കി!
ഇപ്രകാരം കാലവ്യത്യാസം വന്നതു കണ്ട് ഹൃഷീകേശന്‍ ത്രയോദശിയിലും, ചതുര്‍ദ്ദശിയിലും വാവു വന്നതു കണ്ട് അവരോടു പറഞ്ഞു. "ചതുര്‍ദദശിയെ വീണ്ടും രാഹു വാവാക്കിത്തീര്‍ത്തു. ഭാരതന്മാരുടെ യുദ്ധം വന്ന കാലത്തേ ഇതു കണ്ടിട്ടുള്ളു. ഇന്നു നമ്മള്‍ക്കുള്ള മുടിവാണ് ഇതു കാണിക്കുന്നത്".
ജനാര്‍ദ്ദനന്‍ കാലത്തിന്റെ നിലയെപ്പറ്റി ആലോചിച്ചു. : "മുപ്പത്താറാമത്തെ ആണ്ട് വന്നെത്തി. ബന്ധുക്കള്‍ മരിച്ചതായിക്കണ്ട് ഗാന്ധാരി പുത്രശോകാഭിതപ്തയായി നിലവിളിച്ച് ആര്‍ത്ത്, അന്നു പറഞ്ഞ ആ കാലം ഇതാ വന്നെത്തി! സൈന്യം വ്യൂഹം കെട്ടി നില്ക്കുന്ന സമയത്ത് ഉഗ്രമായ ഉല്‍പ്പാതങ്ങള്‍ കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ അന്നു പറഞ്ഞതും ഇപ്പോള്‍ വന്നടുത്തു! ഇപ്രകാരം പറഞ്ഞ് അരിന്ദമനായ വാസുദേവന്‍ ആ വാക്കുകള്‍ സത്യമാക്കുവാന്‍ വേണ്ടി അപ്പോള്‍ തീര്‍ത്ഥയാത്രയ്ക്കു പോകുവാന്‍ കല്പന കൊടുത്തു. കേശവന്റെ ആജ്ഞ ആള്‍ക്കാര്‍ വിളംബരം ചെയ്തു. വീരന്മാരേ, നിങ്ങളെല്ലാവരും സമുദ്രതീരത്തേക്ക് തീര്‍ത്ഥയാത്ര പോകുവിന്‍! എന്ന് വിളംബരം ചെയ്തു.
3. ഭോജ വൃഷ്ണ്യന്ധക ധ്വംസനം, പരസ്പര ഹനനം - യാത്രയ്ക്ക് ഒരുങ്ങിയ കൂട്ടത്തിൽ തയ്യാറാക്കിയ മദ്യം കഴിച്ചു യാദവന്മാർ തമ്മിൽ വാഗ്‌വാദം ചെയ്ത് തമ്മിൽത്തല്ലി ചാകുന്നു - വൈശമ്പായനൻ പറഞ്ഞു: കറുത്ത ഒരു ഭയങ്കരി വെളുത്ത പല്ലു കാട്ടിച്ചിരിച്ച് രാത്രിയില്‍ ദ്വാരകയില്‍ കടന്ന് സ്ത്രീകളെ കട്ടു കൊണ്ട് ഓടിക്കളഞ്ഞതായി സ്ത്രീകള്‍ സ്വപ്നം കണ്ടു. ഉഗ്രമായ കഴുക്കള്‍ അഗ്നിഹോത്ര ഗൃഹത്തിലും, വാസ്തു മദ്ധൃത്തിലും ഗൃഹത്തിലുമൊക്കെ കടന്നു വന്ന് വൃഷ്ണ്യന്ധകരെ പിടിച്ച് കൊത്തി വിഴുങ്ങിയതായും അവര്‍ സ്വപ്നത്തില്‍ കണ്ടു. അലങ്കാരങ്ങള്‍, കുട, കൊടി, ചട്ട എന്നിവയെല്ലാം ഭയങ്കരാകാരരായ രാക്ഷാസന്മാര്‍ ബലമായി എടുത്തു കൊണ്ടു പോയതായും കണ്ടു.കൃഷ്ണന് അഗ്നി നല്കിയ ഇരുമ്പു മയമായ വജ്രനാഭം, ചക്രം, ആകാശത്തേക്ക് ഉയര്‍ന്നുപോയത് വൃഷ്ണികളെല്ലാം കണ്ടു.
സൂര്യാഭമായ ദിവ്യരഥത്തെ കുതിരകള്‍, ദാരുകന്‍ കണ്ടുനി ല്ക്കെത്തന്നെ കൊണ്ടോടിക്കളഞ്ഞു. മനോവേഗം കൂടിയ കുതിരകള്‍ നാലും, സമുദ്രത്തിന് മുകളില്‍ ഉഴന്ന് ചുറ്റുന്നതായിക്കണ്ടു. മാന്യങ്ങളായ രാമകൃഷ്ണധ്വജങ്ങള്‍ രണ്ടും, പനയും പക്ഷി രാജാവും എന്നീ രണ്ടു ധ്വജങ്ങളും, അപ്സരസ്ത്രീകള്‍ പറിച്ചെടുത്ത് തീര്‍ത്ഥയാത്ര ചെയ്യൂ എന്നു വിളിച്ചു പറഞ്ഞു.
പിന്നെ വൃഷ്ണ്യന്ധക മഹാരഥന്മാര്‍ അന്തഃപുരത്തോടു കൂടി യാത്രയ്ക്കൊരുങ്ങി രാജാവേ! ഭോജ്യം, ഭക്ഷ്യം, കുടിക്കുവാനുള്ള പാനീയങ്ങള്‍ എന്നിവയും ധാരാളം മദ്യവും മാംസവും വൃഷ്ണ്യന്ധക മഹാരഥന്മാര്‍ തയ്യാറാക്കി. തേര്, ആന, കുതിര എന്നിവയാല്‍ പടകൂട്ടി തിഗ്മ ഭാസ്സുകളായ അവര്‍ ഉടനെ നഗരം വിട്ടിറങ്ങി. ആദൃം അവര്‍ പ്രഭാസത്തില്‍ ഉദ്ദേശിച്ച ഗൃഹങ്ങളില്‍ വളരെ ഭക്ഷ്യപേയങ്ങളോടു കൂടി, ആ യാദവന്മാര്‍ ഭാര്യമാരോടു കൂടി പാര്‍ത്തു. പിന്നെ കടല്‍ വക്കത്ത് അവര്‍ വസിച്ച സമയത്ത് യോഗജ്ഞനും കാര്യകോവിദനുമായ ഉദ്ധവന്‍, ആ വീരന്മാരോട് യാത്ര പറഞ്ഞ് എങ്ങോട്ടോ പോയി. കുമ്പിട്ട് തൊഴുത് ആ യോഗ്യന്‍ പുറപ്പെടുന്ന സമയത്ത് വൃഷ്ണികളുടെ നാശം അടുത്തതായി കണ്ടറിഞ്ഞ കൃഷ്ണന്‍ ഉദ്ധവനെ തടുക്കുവാന്‍ ശ്രമിക്കുകയുണ്ടായില്ല.
പിന്നെ കാലം പിഴച്ചവരായ ആ വൃഷ്ണ്യന്ധക മഹാരഥന്മാര്‍ തേജസ്വിയായ ഉദ്ധവന്‍ പോകുന്നത് നോക്കിക്കണ്ടു. മഹാത്മാക്കളായ വിപ്രന്മാര്‍ക്കു വെച്ച ചോറ് മദ്യം നാറുന്നതായിക്കണ്ട് അതൊക്കെ കുരങ്ങന്മാര്‍ക്ക് എറിഞ്ഞു കൊടുത്തു.
പ്രഭാസത്തില്‍ വസിക്കുന്ന അവര്‍ നൂറുനുറു പെരുമ്പറകള്‍ അടിച്ച് ഘോഷമുണ്ടാക്കി നടന നര്‍ത്തനങ്ങള്‍ തുടങ്ങി. പാട്ടും കൂത്തും കൊട്ടും മുഴുത്തപ്പോള്‍ മദ്യം വാര്‍ത്ത് കുടിക്കുവാന്‍ തുടങ്ങി. കൃഷ്ണന്റെ മുമ്പില്‍ ഇരുന്ന് രാമന്‍ കൃതവര്‍മ്മാവിനോടു കൂടി മദ്യം വാര്‍ത്തു കുടിച്ചു. സാതൃകിയും ഗദനും ബഭ്രുവും മദ്യം മുറയ്ക്കു കുടിച്ചു. അങ്ങനെ മദ്യലഹരിയില്‍ ഉന്മത്തനായ സാത്യകി കൃതവര്‍മ്മാവിനെ നോക്കി പൊട്ടിച്ചിരിച്ചു കളിയാക്കി പറഞ്ഞു. "ചത്ത മാതിരി കിടന്നുറങ്ങുന്ന മനുഷ്യരെ വെട്ടിക്കൊല്ലുന്ന വല്ല ക്ഷത്രിയരും ലോകത്തിലുണ്ടോ? നീ ആ ചെയ്ത കൊടുംകൊല ഉണ്ടല്ലോ, അത് യാദവന്മാര്‍ പൊറുക്കുകയില്ല!", എന്ന് യുയുധാനന്‍ പറഞ്ഞപ്പോള്‍ രഥിശ്രേഷ്ഠനായ പ്രദ്യൂമൃന്‍ സാത്യകിയുടെ വാക്കു ശരിവെച്ച് അഭിനന്ദിച്ചു;അങ്ങനെ ഹാര്‍ദ്ദികൃനെ അവമാനിച്ചു. ഉടനെ ഏറ്റവും ക്രുദ്ധനായി അവിടെ നിന്നെഴുന്നേറ്റ് കൃതവർമ്മാവ്, അവജ്ഞയോടെ ഇടതുകൈ കൊണ്ട് വിരല്‍ ചൂണ്ടി ഉച്ചത്തില്‍ പറഞ്ഞു: ഈ പറഞ്ഞവന്‍ മഹാവീരന്‍തന്നെ! കൈപോയി പ്രായോപവേശം ചെയ്ത് അനങ്ങാതെ ധ്യാനിച്ചിരിക്കുന്ന ഭൂരിശ്രവസ്സിനെ നൃശംസമായ വിധം പാഞ്ഞു ചെന്നു തലവെട്ടിക്കളഞ്ഞ യോഗ്യനാണ് ഈ പറയുന്നതെന്നോര്‍ക്കണം. മഹായോഗ്യന്‍ തന്നെ! അവന്‍ പറഞ്ഞ ആ വാക്കു കേട്ടപ്പോള്‍ വൈരിനാശനനായ കേശവന്‍ കോപത്തോടെ ചെരിഞ്ഞ് ഒന്നു നോക്കി.
അപ്പോള്‍ സാത്യകി, "സത്രാജിത്തിന്റെ സൃമന്തകമണിയെ സംബന്ധിച്ച കഥ" കൃഷ്ണനെ പറഞ്ഞു കേള്‍പ്പിച്ചു. ഇതു കേട്ട് സംക്രുദ്ധയായ സത്യഭാമ കേശവന്റെ അടുത്തു ചെന്നു മടിയില്‍ വീണു കിടന്ന്, കേശവനെ പ്രകോപിപ്പിക്കുവാനായി, നിലവിളിച്ചു. ഉടനെ ചൊടിച്ച് അവിടെ നിന്ന് സാതൃകി എഴുന്നേറ്റ് സത്യഭാമയോടു പറഞ്ഞു: ദ്രൗപദീ പുത്രന്മാര്‍ അഞ്ചു പേര്‍ക്കും, ധൃഷ്ടദ്യുമ്നനും, ശിഖിണ്ഡിക്കും പിന്‍തുണയ്ക്കായി ഇപ്പോള്‍ ഇവനെ ഞാന്‍ അയച്ചു കളയാം. ഞാന്‍ പറഞ്ഞത് സത്യമാണ്. അവരെയെല്ലാം സൗപ്തികത്തില്‍ കൊന്നത്‌ഏതു ദുഷ്ടനാണോ, ദ്രോണപുത്രന് തുണയായി നിന്ന ആ പാതകി കൃതവര്‍മ്മാവാണ്! ഇവന്റെ ആയുസ്സും യശസ്സുമൊക്കെ ഇതാ അവസാനിച്ചു സത്യഭാമേ, സുമദ്ധ്യമേ!എന്നു പറഞ്ഞു വാളെടുത്ത് കൃഷ്ണന്റെ അരികത്തു വെച്ചു തന്നെ ക്രോധത്തോടെ ആവന്‍ കൃതവര്‍മ്മാവിന്റെ തല വെട്ടിവീഴ്ത്തി. ചുറ്റും നില്ക്കുന്ന മറ്റുള്ളവരെയും വധിക്കുന്ന സാത്യകിയെ ഉടനെ തടയുവാനായി കൃഷ്ണന്‍ പാഞ്ഞു ചെന്നു. കാലപ്പിഴയുടെ പ്രേരണയാല്‍ അവര്‍ ഒന്നിച്ചു ചേര്‍ന്നു. ഭോജാന്ധകന്മാര്‍ ശിനിപുത്രനെ (സാതൃകിയെ) വളഞ്ഞു. അവര്‍ ക്രോധിച്ച് എത്തുന്നതു കണ്ട്,ജനാര്‍ദ്ദനന്‍ കാലമാറ്റത്തെക്കണ്ടു ക്രോധിച്ചില്ല. കുടിച്ചു ബോധം മറിഞ്ഞ അവര്‍ കാലധര്‍മ്മ പ്രചോദിതരായി എച്ചില്‍ പാത്രം എടുത്ത് സാതൃകിയെ പ്രഹരിക്കുവാന്‍ തുടങ്ങി. യുയുധാനനെ പ്രഹരിക്കുന്നത് കണ്ടപ്പോള്‍ രുക്മിണീ പുത്രന്‍ ശൈനേയനെ ഒഴിച്ചു മാറ്റുവാന്‍ ഇടയിലേക്കു കടന്നു. അവന്‍ ഭോജരോട് ഏറ്റു. അന്ധകരോട് സാത്യകിയും ഏറ്റു. പൊരുതിക്കൊണ്ടു നില്ക്കുന്ന മഹാശക്തരായ അവരെ കൃഷ്ണന്‍ കണ്ടുനില്ക്കെത്തന്നെ ശക്തരായ ശത്രുക്കള്‍ കൊന്നു കളഞ്ഞു. സാതൃകിയേയും തന്റെ പുത്രനേയും കൊന്നതു കണ്ട് ആ യദൂത്തമന്‍ ഉടനെ ക്രോധത്തോടെ ഒരു പിടി ഏരകപ്പുല്ലു പറിച്ചെടുത്തു. അത് ഘോരമായ വജ്രം പോലെ ഇരുമ്പുലക്കയായിത്തീര്‍ന്നു. അതുകൊണ്ടു മുമ്പില്‍ നില്ക്കുന്നവരെ കൃഷ്ണനും കൊന്നു. പിന്നെ ഭോജന്മാര്‍, അന്ധന്മാര്‍, ശൈനേയന്മാര്‍, വൃഷ്ണികള്‍ എന്നിവര്‍ കാലചോദിതന്മാരായി ആ മുസലങ്ങള്‍ പറിച്ചു തമ്മില്‍ പ്രഹരിച്ചു മരിച്ചു വീണു. ക്രോധത്തോടെ അവരില്‍ ആരെങ്കിലും ആ പുല്ല് എടുത്താല്‍ അതുടനെ വജ്രമായി രൂപാന്തരപ്പെടുകയായി. അങ്ങനെ രാജാവേ, സംഭവിച്ചു. അവിടെ പുല്ലു പോലും ഉലക്കയായി കണ്ടു. അതൊക്കെ ബ്രഹ്മദണ്ഡത്തിന്റെ പണിയായിരുന്നു എന്നു വിചാരിക്കണം രാജാവേ! വേണ്ടാത്തവരില്‍പ്പോലും പുല്ല് എറിഞ്ഞാല്‍ ഏല്ക്കുകയായി രാജാവേ! അതുടനെ വജ്രപ്രായമായ ഉലക്കയായി മാറുന്നത് കാണാം. ഉന്മത്തരായി എഴുന്നേറ്റു ചെന്നു പൊരുതുന്ന കുകുരാന്ധകര്‍ തീയില്‍ ഇയ്യാംപാറ്റ എന്നവിധം വീണു നശിച്ചു. കൊല്ലപ്പെടുന്ന അവരില്‍ ആര്‍ക്കും പിന്‍തിരിഞ്ഞ് ഓടുവാന്‍ തോന്നിയില്ല.
അവിടെ കാലപ്പിഴ അറിഞ്ഞ മഹാബാഹുവായ മധൂസൂദനന്‍ ഇരിമ്പുലക്ക കുത്തിയൂന്നി നിന്നു. സാംബ൯, ചാരുദേഷ്ണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി കണ്ടു. ഗദന്‍ വീഴുന്നതു കണ്ട് കടുത്ത കോപത്തോടെ ബാക്കിയുള്ളവരെയൊക്കെ ശാര്‍ങ്ഗ ചക്ര ഗദാധരന്‍ അവസാനിപ്പിച്ചു. അവര്‍ ഇപ്രകാരം അവരെ കൊല്ലുമ്പോള്‍ അതിതേജസ്വിയും അരിപുരഞ്ജയനുമായ ബഭ്രുവും ദാരുകനും പറഞ്ഞു: "ഭഗവാനേ, മറ്റുള്ള സകലരേയും ഭവാന്‍ കൊന്നുവല്ലൊ! ഇനി രാമന്‍ പോയ വഴിക്ക് ഭവാന്‍ തിരിയുക! നാം രാമന്റെ അടുത്തേക്കു പോവുക".
4. രാമകൃഷ്ണന്മാരുടെ പരമഗതി - യാദവനാശ വാർത്ത അർജ്ജുനനെ അറിയിക്കുവാൻ ദാരികനെ ഹസ്തിനപുരിയിലേയ്ക്ക് അയയ്ക്കുന്നു - വൈശമ്പായനൻപറഞ്ഞു: ഉടനെ വാസുദേവനും ബ്രഭുവും രാമനെ അന്വേഷിച്ചു പുറപ്പെട്ടു. അനന്തവീര്യനായ രാമനെ അവര്‍ കണ്ടെത്തി. ഒരു മരച്ചുവട്ടില്‍ തനിച്ചു ചിന്താമഗ്നനായി ഇരിക്കുന്ന ആ മഹാനുഭാവന്റെ സമീപത്തു ചെന്നു. അപ്പോള്‍ കൃഷ്ണന്‍ ദാരുകനോടു പറഞ്ഞു: "എടോ ദാരുകാ, നീ കുരുരാജ്യത്തു ചെന്നു യദുക്കള്‍ ബ്രഹ്മശാപം നിമിത്തം ചത്തു എന്നു പറയുക. വൃത്താന്തം കേട്ട് വിജയന്‍ എത്തട്ടെ". എന്നു കൃഷ്ണന്‍ പറഞ്ഞതു കേട്ട് ദാരുകന്‍ ബുദ്ധി കെട്ട് തേരോടിച്ച് കുരുരാജ്യത്തേക്കു പോയി. പിന്നെ ദാരുകന്‍ പോയതിന് ശേഷം കൃഷ്ണന്‍ സമീപത്തു നില്ക്കുന്ന ബഭ്രുവെ നോക്കിപ്പറഞ്ഞു: "നീ ഉടനെ ചെന്ന് സ്ത്രീകളെ കാത്തു കൊള്ളുക. ദസ്യുവര്‍ഗ്ഗം ലോഭം മൂലം അവരെ ആക്രമിച്ചു കൊല്ലാതിരിക്കട്ടെ!".
ഉടനെ ഉന്മത്തനും ജ്ഞാതിവധം മൂലം ദുഃഖിക്കുന്നവനുമായ ബഭ്രു കൃഷ്ണന്റെ ആജ്ഞപ്രകാരം പോയി. ദുരന്തനായി കൃഷ്ണപാര്‍ശ്വത്തില്‍ ക്ഷീണം തീര്‍ത്ത് ഇരിക്കുകയായിരുന്നു അവന്‍. വഴിക്കു വെച്ച് ബ്രഭുവെയും വേടന്റെ കൂടത്തിലെ ഇരിമ്പുലക്ക ക്ഷണത്തില്‍ വധിച്ചു. ബ്രഭുവിനെ കൊന്നതു കണ്ടപ്പോള്‍ കൃഷ്ണന്‍ ജ്യേഷ്ഠനോടു പറഞ്ഞു: "ചേട്ടാ, ഭവാന്‍ എന്നെ കാത്തുകൊള്ളുക! ജ്ഞാതികളുടെ സമീപത്തു സ്ത്രീകളെയാക്കി നമുക്കു പോരാം". ഉടനെ ദ്വാരകയില്‍ ചെന്ന് കൃഷ്ണന്‍ അച്ഛനോടു പറഞ്ഞു: "ധനഞ്ജയന്‍ വന്നു സ്ത്രീകളെ സംരക്ഷിക്കുന്നത് വരെ അച്ഛന്‍ അവരെ കാത്തുരക്ഷിക്കണം. രാമന്‍ എന്നെ കാട്ടില്‍ കാത്തിരിക്കുന്നു. ഞാന്‍ പോയി അദ്ദേഹത്തോടു ചേരട്ടെ! യാദവര്‍ക്കു വന്നു ചേര്‍ന്ന നാശം ഞാന്‍ കണ്ടു. മുമ്പെ കുരുപ്രവരന്മാര്‍ക്കും ഇപ്രകാരം തന്നെയാണല്ലോ സംഭവിച്ചത്! യദുക്കളില്ലാതെ യാദവേന്ദ്രന്റെ പുരം കാണുവാന്‍ എനിക്കു യാതൊരു മോഹവും തോന്നുന്നില്ല. ഞാന്‍ രാമനോടൊപ്പം തപസ്സു ചെയ്യുവാന്‍ വനത്തിലേക്കു പോവുകയാണ്", എന്നു പറഞ്ഞ് കൃഷ്ണന്‍ അച്ഛന്റെ പാദത്തില്‍ നമസ്കരിച്ച് ക്ഷണത്തില്‍ പോന്നു.
കൃഷ്ണന്‍ പോയതായിക്കണ്ട് സ്ത്രീകളും കുട്ടികളും ചേര്‍ന്ന ദ്വാരകയില്‍ വലിയ ആര്‍ത്തനാദം മുഴങ്ങി. (സ്ത്രീകളുടെ നിലവിളി കേട്ടപ്പോള്‍ തിരിഞ്ഞു നിന്ന് കൃഷ്ണന്‍ വിളിച്ചു പറഞ്ഞു: "ഉടനെ അര്‍ജ്ജുനന്‍ ഈ പുരത്തില്‍ എത്തും. നരാഗ്ര്യനായ അവന്‍ നിങ്ങളുടെ അല്ലല്‍ തീര്‍ക്കുന്നതാണ്. കരയാതിരിക്കുവിന്‍!". ഉടനെ കൃഷ്ണന്‍ കാട്ടിലേക്കു ചെന്നു. രാമന്‍ തനിയെ ധ്യാനിച്ചിരിക്കുന്നതായി കണ്ടു.
യോഗിയായ രാമന്റെ വായില്‍ നിന്ന് ഒരു സര്‍പ്പം പുറപ്പെടുന്നതായി കൃഷ്ണന്‍ കണ്ടു. ആ സര്‍പ്പം കൃഷ്ണൻ നോക്കി നില്‍ക്കെ സമുദ്രത്തിലൂടെ പോയി ശ്വേതദ്വീപില്‍ ചെന്നെത്തുന്നതും കൃഷ്ണന്‍ കണ്ടു. ആയിരം ഫണമുള്ളവനും അദ്രിതുല്യനും രക്താസ്യനുമായ അവന്‍ തന്റെ ആദ്യത്തെ ദേഹം വിട്ടു ചെല്ലുമ്പോള്‍ അവനെ സാഗരം സ്വീകരിച്ചു. പുഴകളും ദിവ്യനാഗങ്ങളും അവനെ സ്വീകരിച്ചു. കാര്‍ക്കോടകനും, വാസുകിയും, തക്ഷകനും, വരുണനും, കുഞ്ജരനും, പൃഥുശ്രവസ്സും, മിത്രനും, ശംഖനും, കുമുദനും, പുണ്ഡരീകനും, മഹാത്മാവും ഉരഗേന്ദ്രനുമായ ധൃതരാഷ്ട്രനും, ഹ്രാദനും, ക്രാഥനും, ശിതികണ്ഠനും, പ്രതാപികളായ നാഗങ്ങളില്‍ ചകന്‍, മന്ദന്‍, ഷണ്ഡന്‍ എന്നിവരും, നാഗശ്രേഷ്ഠനായ ദുര്‍മ്മുഖനും, അംബരീഷനും, രാജാവായ വരുണനും നേരെ ചെന്നു സ്വാഗതം പറഞ്ഞു വാഴ്ത്തി അര്‍ഘ്യപാദ്യാദികളാല്‍ അവനെ സ്വീകരിച്ചു.
തന്റെ അഗ്രജന്‍ പോയപ്പോള്‍ ദിവ്യദൃഷ്ടി കൊണ്ട് എല്ലാ ഗതിയും അറിഞ്ഞ കൃഷ്ണന്‍ ശൂന്യമായ കാട്ടില്‍ ചിന്താമഗ്നനായി ചുറ്റി. തേജസ്വിയായ കൃഷ്ണന്‍ ഒരിടത്തു ചെന്നിരുന്നു. അപ്പോള്‍ തന്റെ ചിന്തയില്‍ എല്ലാം പൊന്തിവന്നു. അന്ന് ഗാന്ധാരി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നു.അപ്പോള്‍ അന്ധകവൃഷ്ണികളുടെ നാശവും ആദ്യമുണ്ടായ കുരുക്ഷയവും ഓര്‍ത്ത് രണ്ടും ഒന്നു താരതമ്യപ്പെടുത്തി നോക്കി. തനിക്കു പോകേണ്ട കാലം വന്നുവെന്ന കാര്യം തീര്‍ച്ചപ്പെട്ടു. ആത്മാവില്‍ ആത്മാവിനെ ഉറപ്പിച്ച് ഇന്ദ്രിയനിഗ്രഹം ചെയ്തു. മുറയ്ക്കു മുപ്പാരിന്റെ ഭരണത്തിന് വേണ്ടിയും, ആത്രേയ വാക്കു കാക്കുന്നതിന് വേണ്ടിയും നിശ്ചയം ചെയ്തു. സര്‍വ്വതത്വാര്‍ത്ഥ വേദിയായ ആ ദേവനും സംശയം തീര്‍ത്ത് ഉറയ്ക്കുവാന്‍ ഇച്ഛിച്ചു പോലും! ഇന്ദ്രിയവും വാക്കും മനസ്സും അടക്കി വെച്ചു വലിയ യോഗം ഉള്‍ക്കൊണ്ട് കൃഷ്ണന്‍ കിടന്നു.
ഈ സന്ദര്‍ഭത്തില്‍ ഉഗ്രനായ ഒരു വേടന്‍ മാനിനെ അന്വേഷിച്ച് ആ വഴിക്കു വന്നു. ജര എന്നാണ് അവന്റെ പേര്. ആ വേടന്‍ യോഗം പുണ്ടു കിടക്കുന്ന കൃഷ്ണനെ നോക്കി, ഒരു മാനാണ് കിടക്കുന്നതെന്ന് ആ വേടന്‍, ജരയെന്നു പേരായ ആ വേടന്‍, തെറ്റായി ധരിച്ച്, കാലിന്റെ അടിയിലേക്ക് ഒരു ശരം വിട്ടു. മാന്‍ എഴുന്നേറ്റ് ഓടിപ്പോകുമ്പോഴേക്കും അതിനെ പിടിക്കുവാനായി ക്ഷണത്തില്‍ ഓടി സമീപത്തെത്തി. അപ്പോള്‍ ആ വീരന്‍ കണ്ടതെന്താണ്? യോഗം പൂണ്ടു കിടക്കുന്ന ചതുര്‍ഭുജനായ പീതാംബരനെയാണ്. ജര ഉടനെ വലുതായ ദുഃഖത്തോടെ നിലവിളിച്ചു. "ഞാന്‍ തെറ്റു ചെയ്തു! തെറ്റുചെയ്തു!", എന്നു കരഞ്ഞ് തൃക്കാലുകള്‍ പിടിച്ചു. മഹാത്മാവായ ദേവന്‍ അവനെ ആശ്വസിപ്പിച്ചു; "നീ തെറ്റു ചെയ്തില്ല, ദുഃഖിക്കേണ്ടാ!", എന്ന് ആശ്വാസ വാക്കുകള്‍ പറഞ്ഞ് ലക്ഷ്മിയോടു കൂടി ആ വിശ്വപൂര്‍ണ്ണന്‍ മേൽപോട്ടുയര്‍ന്നു!
വിണ്ണിലേക്കുയരുന്ന കൃഷ്ണനെ എതിരേല്ക്കുവാന്‍ വസുക്കളും, രുദ്രന്മാരും, അശ്വികളും, വിശ്വേദേവകളും, ആദിത്യന്മാരും, ദേവേന്ദ്രനും, മുനിമാരും, സിദ്ധന്മാരും, മുഖ്യഗന്ധര്‍വ്വന്മാരും, അപ്സരസ്ത്രീകളും ഉടനെ നേരെ ചെന്നു. ഉടനെ ഉഗ്രവീര്യനായ ഭഗവാന്‍ നാരായണന്‍, പ്രഭവന്‍, പ്രക്ഷയാത്മാവ്, യോഗാചാര്യന്‍, ലക്ഷ്മിയാല്‍ വിശ്വം നിറഞ്ഞവന്‍, മഹാത്മാവ് തന്റെ തന്നെ പാദത്തില്‍ ചെന്നു ചേര്‍ന്നു. പിന്നെ ദേവകള്‍, മുനിമാര്‍, ചാരണന്മാര്‍ എന്നിവരോടെല്ലാം കൃഷ്ണന്‍ കൂടിച്ചേര്‍ന്നു രാജാവേ! ഗന്ധര്‍വ്വന്മാരും സകല അപ്സരസ്ത്രീകളും, സാദ്ധ്യന്മാരും ആ പൂജ്യനെ പൂജിച്ചു. ദേവന്മാരെല്ലാം ആ പുരുഷോത്തമനെ സ്തുതിച്ചു. മുനീന്ദ്രന്മാർ ഋക്കു കൊണ്ട് അര്‍ച്ചിച്ചു. ഗന്ധര്‍വ്വന്മാര്‍ വാഴ്ത്തി നിന്നു. ഇന്ദ്രന്‍ സന്തോഷത്തോടെ കണ്ടു വാഴ്ത്തി സ്കൂതിച്ചു നിന്നു.
5. അര്‍ജജുനാഗമനം - ദ്വാരകയിൽ അർജ്ജുനൻ എത്തുന്നു. കൃഷ്ണന്റെ ഭാര്യമാരുടെ വിലാപം കേട്ട് വിഷാദഗ്രസ്തനാകുന്നു - വൈശമ്പായനൻ പറഞ്ഞു: ദാരുകന്‍ കുരുനാട്ടിലേക്കു തേരോടിച്ചു പോയി കൗന്തേയവീരനെ കണ്ടു. "മൗസലത്തി"ല്‍ തമ്മില്‍ വൃഷ്ണികള്‍ അടിച്ചു കൊല്ലപ്പെട്ട വൃത്താന്തം പറഞ്ഞു. വൃഷ്ണിഭോജാന്ധ കുകുരര്‍ മുടിഞ്ഞതു കേട്ട് ശോകസന്തപ്തനായി പാണ്ഡവന്‍ ത്രസിച്ചു പോയി. കേശവന്റെ ഇഷ്ടസഖി അര്‍ജ്ജുനന്‍ യാത്ര പറഞ്ഞ് അമ്മാവനെ കാണുവാന്‍ പോയി, "ഇതൊന്നും ശരിയല്ല. അങ്ങനെ വരില്ല", എന്നും പറഞ്ഞു. പ്രഭോ! അര്‍ജ്ജുനന്‍ ദാരുകനോടു കൂടി ദ്വാരകയില്‍ ചെന്നെത്തി. നാഥന്‍ മരിച്ചു പോയ പെണ്ണിനെപ്പോലെ, വിധവപ്പെണ്ണിനെ പോലെ, ദ്വാരകയെ അര്‍ജ്ജുനന്‍ ദര്‍ശിച്ചു.
ലോകനാഥന്‍ നാഥനായി മുമ്പു വാണിരുന്ന നാരിമാര്‍ അനാഥമാരായി. നാഥനായി പാര്‍ത്ഥനെക്കണ്ട് അവര്‍ ദുഃഖാര്‍ത്തരായി നിലവിളിച്ച് ആര്‍ത്തു! കൃഷ്ണന്റെ ഭാര്യമാര്‍ പതിനാറായിരം പേരാണ്. അവരെല്ലാവരും കൂടി ആര്‍ത്തു നിലവിളിക്കുന്നതു കണ്ട് കയറിച്ചെന്ന അര്‍ജ്ജുനന്‍ അവരുടെ മുഖത്തു നോക്കുവാന്‍ ശക്തനായില്ല. കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ പാര്‍ത്ഥന്‍, ആ കൗരവ്യന്‍, എങ്ങനെ അവരുടെ മുഖത്തു നോക്കും. ഭര്‍ത്താവും മക്കളുമില്ലാത്ത ആ സ്ത്രീകളുടെ ദുഃഖം അവര്‍ണ്ണനീയമായിരുന്നു.
വൃഷ്ണ്യന്ധകരാകുന്ന ജലവും, കുതിരകളാകുന്ന മത്സ്യങ്ങളും, രഥങ്ങളാകുന്ന തോണികളും, വാദിത്രം രഥം എന്നിവയുടെ ശബ്ദമാകുന്ന ഇരമ്പവും, ഗേഹങ്ങളാകുന്ന തീര്‍ത്ഥക്കയങ്ങളും, രത്നമാകുന്ന ചണ്ഡിക്കൂട്ടവും, വജ്രപ്രാകാര നിരയാകുന്ന ജലാവര്‍ത്തവും, രഥ്യാശബ്ദവും ചത്വരനിലയാകുന്ന കയവും ചേര്‍ന്ന ദ്വാരകയാകുന്ന പുഴ, രാമകൃഷ്ണന്മാരാകുന്ന മുതലകള്‍ വസിക്കുന്ന പുഴ, കാലപാശത്താല്‍ ഗ്രഹിക്കപ്പെട്ട് ഘോരമായ വൈതരണി (നരകത്തിലെ പുഴ) യെപ്പോലെ ധീമാനായ ഇന്ദ്രപുത്രന്‍ ദര്‍ശിച്ചു. വൃഷ്ണിപുംഗവന്മാര്‍ കൂടാതെയുള്ള ദ്വാരക, ശ്രീ നശിച്ച് ആനന്ദം നഷ്ടപ്പെട്ട് മഞ്ഞില്‍ നിഷ്പ്രഭമായി നില്ക്കുന്ന താമരക്കുളം പോലെ പാര്‍ത്ഥന്‍ ആ ദ്വാരകയെയും, കൃഷ്ണന്റെ ഭാര്യമാരെയും ദര്‍ശിച്ചു. ഇത് കണ്ടതോടെ അര്‍ജ്ജുനന്‍ ഉച്ചത്തില്‍ നിലവിളിച്ചു. കണ്ണുനീരില്‍ മുഴുകി നിലത്തു വീണുപോയി. സത്രാജിത്തിന്റെ പുത്രിയായ സത്യഭാമ, രുക്മിണീ ദേവി എന്നിവര്‍ കരഞ്ഞ് ഓടിച്ചെന്ന് അര്‍ജ്ജുനന് ചുറ്റും നിന്നു. സ്വര്‍ണ്ണപീഠത്തില്‍ അവര്‍ അര്‍ജ്ജുനനെ താങ്ങിയിരുത്തി. ആ മഹാത്മാവിനോട് അവര്‍ ഒന്നും പറയാതെ നിശ്ശബ്ദമായി എല്ലാവരും നിന്നു. പിന്നെ ഗോവിന്ദനെ വാഴ്ത്തി. ആ പാണ്ഡുനന്ദനന്‍ സ്ത്രീകളെ ആശ്വസിപ്പിച്ച് അമ്മാവനെ കാണുവാന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു പോയി.
6. അര്‍ജജുനവസുദേവസംവാദം, വാസുദേവരുടെ നിർവ്വേദം - അർജ്ജുനൻ അത്യാസന്ന നിലയിൽ കിടക്കുന്ന വസുദേവരെ ചെന്ന് കാണുന്നു - വൈശമ്പായനന്‍ പറഞ്ഞു: കിടപ്പിലായ ആ വീരനായ വസുദേവനെ, പുത്രശോകാര്‍ത്തനായ അമ്മാവനെ, ആ കുരുപുംഗവന്‍ ചെന്നു കണ്ടു. കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ ആ ദീര്‍ഘബാഹു, ആര്‍ത്തനായി; ആര്‍ത്തനായ അമ്മാവന്റെ പാദത്തില്‍ പിടിച്ചു ഭാരതാ! ഉടനെ ആ ഭാഗിനേയനെ അടുപ്പിച്ച് അവന്റെ മൂര്‍ദ്ധാവിന്‍ ഘ്രാണിക്കുവാന്‍ ആനകദുന്ദുഭി (വസുദേവര്‍) ഇച്ഛിച്ചു. എന്നാല്‍ ആ മഹാബാഹു അതിന് ശക്തനായില്ല. ആ മഹാഭുജനായ വൃദ്ധന്‍ കൈകള്‍ കൊണ്ട് അര്‍ജ്ജുനനെ പുല്കി. മക്കളെയോര്‍ത്തു കരഞ്ഞു. വിഹ്വലനായി വിലപിച്ചു. സഖികളെയും, സോദരന്മാരെയും, ദാൌഹിത്രന്മാരെയും, പുത്രന്മാരെയും, പൗത്രന്മാരെയും ഓര്‍ത്തു വിലപിച്ചു.
വസുദേവന്‍ പറഞ്ഞു: ആരാണോ അസംഖ്യം ഭൂപന്മാരെയും ദൈത്യൃന്മാരെയും തോല്പിച്ചത് അവരെ ഇപ്പോള്‍ ഞാന്‍ കാണുന്നില്ല. അര്‍ജ്ജുനാ, അങ്ങനെ ഞാന്‍ ചാകാതെ ഇപ്പോഴും ജീവിക്കുന്നു. നിന്റെ ഇഷ്ടശിഷ്യന്മാര്‍ ആരോ നിനക്കു സമ്മതന്മാര്‍ ആരോ, അര്‍ജ്ജുനാ, അവരുടെ ( പ്രദ്യുമ്ന സാത്യകിമാരുടെ ) പ്രവൃത്തികള്‍ മൂലം വൃഷ്ണികളെല്ലാം മുടിഞ്ഞു പോയി. വൃഷ്ണിപുംഗവരില്‍ അതിരഥികളും കൃഷ്ണന്റെ പ്രിയ ഭാജനങ്ങളും നീ അഭിമാനത്തോടെ പുകഴ്ത്താറുള്ളവരുമായ അവര്‍ രണ്ടു പേരും വൃഷ്ണികുലം നശിക്കാന്‍ പ്രധാന കാരണക്കാരായി. സാതൃകിയെയും കൃതവര്‍മ്മനെയും, ഞാന്‍ ഗര്‍ഹിക്കുന്നില്ല. അക്രൂരനെയും പ്രദ്യുമ്നനെയും, ഞാന്‍ ഗര്‍ഹിക്കുന്നില്ല. ഇതിനൊക്കെ കാരണം ശാപമാണ്! കേശിയെയും കംസനെയും ശക്തനായ ചൈദ്യനെയും വിഷമിച്ച് അന്ന് ആ ജഗത്ഗുരു വധിച്ചു. ഏകലവ്യനെയും, കലിംഗേശനെയും, ഗാന്ധാര കാശീശരെയും, മരുഭൂമിയിലെ രാജാക്കന്മാരേയും, ദാക്ഷിണാത്യരേയും, പ്രാച്യരേയും, പാര്‍വ്വതീയരേയും ജയിച്ച മധുസൂദനന്‍ അനയം മൂലം അതില്‍ ഔദാസീന്യം കാണിച്ചു. നീയും നാരദനും മറ്റു മുനികളും ഗോവിന്ദനെ നിത്യനായും അനഘനായും കാണുന്നു. വിഭുവായ ആ അധോക്ഷജന്‍, ജ്ഞാതിവധം നോക്കിക്കണ്ട് ഉദാസീനനായി എന്റെ പുത്രന്‍ നിന്നു. ഗാന്ധാരിയും മുനികളും എന്താണോ പരന്തപാ, പറഞ്ഞത് അതൊന്നു മാറ്റി വെക്കാന്‍ ജഗത്പ്രഭു വിചാരിക്കുകയുണ്ടായില്ല. ജ്ഞാതി കൊന്നവനായ നിന്റെ പൌത്രനെ, തേജസ്സ് കൊണ്ട് അവന്‍ ജീവിപ്പിച്ചത് നീ പ്രതൃക്ഷമായി കണ്ടതാണല്ലോ!
നിന്റെ തോഴനായ അവന്‍ ഈ ജ്ഞാതികളെ രക്ഷിക്കുവാന്‍ ഇച്ഛിച്ചില്ല. പിന്നീട് ഇവന്‍, സഖികള്‍, ഭ്രാതാക്കള്‍, പുത്രന്മാര്‍, പൌത്രന്മാര്‍ എന്നിവര്‍ ചത്തു വീഴുന്നതു കണ്ട് എന്നോട് ഇപ്രകാരം പറഞ്ഞു; "ഈ വംശം ഇപ്രകാരം നശിച്ചു! ധനഞ്ജയന്‍ ഉടനെ ദ്വാരകയിലെത്തും.അവനോടു വൃഷ്ണിവംശം നശിച്ച വൃത്താന്തം പറയുക! ആ തേജസ്വി യദുക്കളുടെ സംഘം നശിച്ചതു കേട്ടാല്‍ഉ ടനെ വന്നെത്തും: അതില്‍ വിചാരിക്കേണ്ടതില്ല. അര്‍ജ്ജുനനെ ഞാനാണെന്നു ഭവാന്‍ വിചാരിക്കുക ഭാരതാ! അര്‍ജ്ജുനന്‍ തന്നെയാണു ഞാന്‍. ഞാന്‍ തന്നെയാണ് അര്‍ജ്ജുനന്‍. അവന്‍ എന്തു പറയുന്നുവോ അതു ഭവാന്‍ ചെയ്യണം ഭാരതാ! കാലോചിതമായി സ്ത്രീകളിലും കിടാങ്ങളിലും അര്‍ജ്ജുനന്‍ ഇവിടെ ഔര്‍ദ്ധ്വദേഹികമായ കര്‍മ്മം ചെയ്യും. ധനഞ്ജയന്‍ തിരിച്ചു പോയാല്‍ ഈ പുരി, കോട്ടക്കൊത്തളങ്ങളോട് കൂടിയ ഈ പുരി കടല്‍ വന്നു കയറി മുക്കിക്കളയും. പുണ്യമായ ഒരു പ്രദേശത്ത് നിയമം പൂണ്ടു ഞാന്‍ ധീമാനായ രാമനോടൊപ്പം ഇരുന്നു കാലം കഴിക്കുന്നതാണ്. ഇതു സത്യമാണ്!".
ഇപ്രകാരം അമിതവിക്രമനായ ഹൃഷീകേശന്‍ എന്നോട് പറഞ്ഞ് കിടാങ്ങളോടു കൂടി വസിക്കുന്ന എന്നെ ഉപേക്ഷിച്ച് എവിടേക്കോ പോയി അര്‍ജ്ജുനാ! ഞാന്‍ മഹാത്മാക്കളായ നിന്റെ ഭ്രാതാക്കന്മാരെയും ജ്ഞാതിദ്ധ്വംസത്തെയും ചിന്തിച്ചു ദുഃഖം മൂലം ഉണ്ണാറില്ല. ഭാഗ്യത്താല്‍ പാണ്ഡവാ, നീ വന്നു. ഞാന്‍ ഉണ്ണുകയില്ല, ഞാന്‍ ജീവിക്കുകയുമില്ല പാര്‍ത്ഥാ. കൃഷ്ണന്‍ പറഞ്ഞ മാതിരി എല്ലാം നീ ചെയ്തു കൊള്ളുക! ഈ രാജ്യവും സ്ത്രീകളും രത്നജാലങ്ങളും എല്ലാം പാര്‍ത്ഥാ, ഭവാനെ ഞാന്‍ ഏല്പിക്കുന്നു. അരിസുദനാ, ഞാന്‍ എന്റെ ഈ പ്രാണനെ ഇപ്പോള്‍ തൃജിക്കുകയാണ്.
7. ദസ്യുകൃത വൃഷ്ണികളത്രാപഹരണം - അർജ്ജുനൻ ശേഷിച്ച സ്ത്രീപുരുഷന്മാരെ കൊണ്ടു പോരുമ്പോൾ ദ്വാരക സമുദ്രത്തിൽ ആണ്ടു പോകുന്നു. ദസ്യുക്കൾ യാദവ സ്ത്രീകളെ അപഹരിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം അമ്മാവന്‍ പറഞ്ഞ വാക്കുകേട്ട് പരന്തപനായ ജിഷ്ണു മനസ്സു മങ്ങി മുഖം വാടി വസുദേവനോടു പറഞ്ഞു: "അല്ലയോ വൃഷ്ണിപ്രവീരാ, ബന്ധുക്കള്‍ ഇല്ലാതെ ഈ ശൂന്യമായ ഭൂമിയെക്കാണുവാന്‍ ഞാന്‍ ഒരിക്കലും ആളാവുകയില്ല അമ്മാവാ! രാജാവും ഭീമനും നകുലനും സഹദേവനും പാഞ്ചാലിയും ഈ ഞങ്ങള്‍ ആറു പേരും സമബുദ്ധികളാണ്. രാജാവിനും ഈ ലോകം വിടുവാനുള്ള കാലം ഇതാണ്, തീര്‍ച്ചയാണ്. കാലജ്ഞന്മാരില്‍ ഉത്തമനായ ഭവാന്‍, ആ കാലം സമാഗതമായിരിക്കുന്നു എന്ന് ധരിച്ചാലും. എല്ലാം കൊണ്ടും വൃഷ്ണിജനങ്ങളെയെല്ലാം, നാരികളെയും വൃദ്ധരേയുമെല്ലാം, ഞാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു കൊണ്ടു പോവുകയാണ് അരിന്ദമാ!". എന്നു പറഞ്ഞു ദാരുകനെ വിളിച്ച് ഇപ്രകാരം കല്പിച്ചു; വൃഷ്ണിവീരന്മാരായ അമാത്യന്മാരെ ഞാന്‍ കാണുവാന്‍ ഇച്ഛിക്കുന്നു. വൈകാതെ അവരെ വിളിച്ചു കൊണ്ടു വരു! എന്നു പറഞ്ഞ് യദുസഭയായ സുധര്‍മ്മയിലേക്ക് അര്‍ജജുനന്‍ കടന്നു. ആ ശൂരന്‍ വീരന്മാരെപ്പറ്റി ദുഃഖിക്കുകയായിരുന്നു.
സിംഹാസനത്തില്‍ ഇരിക്കുന്ന അര്‍ജ്ജുനനെ മിക്കവാറും സകല ജനങ്ങളും വിപ്രന്മാരും വാര്‍ത്തകള്‍ അറിയിക്കുന്ന ദൂതന്മാരും വന്നു സേവിച്ചു. മനസ്സു മങ്ങി, ചൈതന്യം കെട്ട് അവരോട് ഏറ്റവും ദീനനായി പാര്‍ത്ഥന്‍ കാലം ചിന്തിച്ച് ഇപ്രകാരം പറഞ്ഞു: "മാന്യരെ, ഞാന്‍ വൃഷ്ണയന്ധക ജനത്തെയെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്കു കൊണ്ടു പോവുകയാണ്. ഈ പട്ടണം മുഴുവന്‍ താമസിയാതെ കടല്‍ വന്നു കയറി മുക്കിക്കളയും. എല്ലാ വാഹനങ്ങളും ഒരുക്കുവിന്‍! രത്നങ്ങള്‍ സകലതും എടുക്കുവിന്‍! ഇന്ദ്രപപസ്ഥത്തില്‍ ഈ വജ്രന്‍ നിങ്ങളുടെ രാജാവായി ഭരിക്കും ( വജ്രന്‍ അനിരുദ്ധന്റെ പുത്രനാണ് ). ഏഴാമത്തെ ദിവസം ആദിത്യന്‍ ഉദിച്ചുയരുമ്പോള്‍ കടല്‍ കയറി ദ്വാരക മുക്കും. അതുകൊണ്ട് അതിന് മുമ്പായി നാം സ്ഥലം വിടണം. എല്ലാം ഒരുക്കിക്കൊള്ളുക. വൈകരുത്. അക്ലിഷ്ടകാരിയായ അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അവരെല്ലാം ഒരുക്കങ്ങള്‍ ചെയ്തു. തങ്ങളുടെ കാര്യസിദ്ധിക്കു വേണ്ടതെല്ലാം ഉത്സാഹത്തോടെ ഒരുക്കി. കൃഷ്ണന്റെ ഗൃഹത്തില്‍ അന്നത്തെ രാത്രി അര്‍ജ്ജുനന്‍ പാര്‍ത്തു. ഒരു യുഗം കഴിയുന്നതു പോലെ അത്ര ദീര്‍ഘമായിരുന്നു അന്നത്തെ രാത്രി. അത്ര കനത്ത ദുഃഖത്തോടെ അര്‍ജ്ജുനന്‍ ആ രാത്രി കഴിച്ചു കൂട്ടി. പിറ്റേദിവസം പ്രഭാതത്തില്‍ ശാരി, പ്രതാപവാനും തേജസ്വിയുമായ വസുദേവന്‍ ആത്മയോഗം പൂണ്ട് അഗ്രമായ ഗതിയെ പൂകി. ഉടനെ വസുദേവന്റെ ഗൃഹത്തില്‍ ഘോരമായി ആര്‍ത്തു നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം മുഴങ്ങി. മുടി ചിന്നി, ഭൂഷണജാലങ്ങള്‍ ഉപേക്ഷിച്ച്, മാറത്തടിച്ച് സ്ത്രീകള്‍ അവിടെ സകരുണം വിലപിച്ചു. ദേവകീ ദേവി, മദിര ( വസുദേവന്റെ ഒരു ഭാര്യ ), ഭദ്ര, രോഹിണി എന്നീ മുഖ്യസ്ത്രീകള്‍ ഭര്‍ത്താവിന്റെ കൂടെ ചുടലയില്‍ കയറുവാന്‍ തീരുമാനിച്ചു.
ആ വസുദേവനെ, മര്‍ത്ത്യര്‍ വഹിക്കുന്നതും പൂക്കള്‍ ചിന്നിയതുമായ വാഹനത്തില്‍ കിടത്തി പുറത്തേക്ക് എടുത്തു. വാഹനത്തിന് മുമ്പെ അര്‍ജ്ജുനന്‍ നടന്നു. അവനെ ദുഃഖാര്‍ത്തന്മാരായ ജനങ്ങള്‍ പിന്തുടര്‍ന്നു. അതാതിടത്തു നിന്നു ദ്വാരകാവാസികളായ പൌരന്മാരും നാട്ടുകാരും ഒപ്പം വിലാപയാത്രയില്‍ സംബന്ധിച്ചു. അശ്വമേധച്ഛത്രവും ജ്വലിക്കുന്ന പന്തങ്ങളും ഒപ്പം ആ വാഹനത്തിന്റെ മുമ്പില്‍ വഹിച്ചു കൊണ്ടു യാജകന്മാര്‍ നടന്നു. ആ വീരനെ ചമഞ്ഞ് ഒരുങ്ങിയ ദേവിമാരും പിന്തുടര്‍ന്നു. ആ ദേവിമാരുടെ പിന്നിലായി സ്ത്രീസഹസവ്രും വളരെ വധുക്കളും കൂടെ നടന്നു. ജീവിച്ചിരിക്കുമ്പോള്‍ ആ മഹാന് ഏതു പ്രദേശം ഇഷ്ടമായിരുന്നുവോ, അവിടെത്തന്നെ പിതൃമേധം നടത്തി. പിതൃക്രിയ നടത്തി. ചിതാഗ്നിയില്‍ വെച്ച ആ വീരനായ ശൂരപുത്രനെ ആ നാലു പത്നിമാരും ഭര്‍ത്തൃ സാലോക്യം ഇച്ഛിച്ച് ഉടന്തടി ചാടി. നാലു പന്തിമാരോടു കൂടിഅവനെ അങ്ങനെ പാണ്ഡുനന്ദനന്‍ പലതരം സുഗന്ധതൈലങ്ങളും ചന്ദനമുട്ടികളും ഒക്കെയിട്ട് ദഹിപ്പിച്ചു. അപ്പോള്‍ കത്തിക്കാളുന്ന അഗ്നിയുടെ ശബ്ദം ഉയര്‍ന്നു. സാമഗന്മാര്‍ വേദസൂക്തങ്ങള്‍ ഘോഷിച്ചു. അതോടൊപ്പം നിലവിളിക്കുന്ന ജനങ്ങളുടെ വിലാപ ശബ്ദവും ചേര്‍ന്ന് അന്തരീക്ഷം മുഖരിതമായി.
പിന്നെ വജ്രന്‍ മുതലായ വൃഷ്ണയന്ധക കുമാരന്മാര്‍എല്ലാവരും സ്ത്രീകളും ആ മഹാശയന് ഉദകക്രിയ ചെയ്തു. വേണ്ടതെല്ലാം ശ്രദ്ധയോടെ ധര്‍മ്മപുരസ്സരം ചെയ്ത് ഫല്‍ഗുനന്‍ വൃഷ്ണിക്കൂട്ടം മുടിഞ്ഞതായ ആ സ്ഥലത്തേക്കു പോയി ഭാരതാ! കദനത്തില്‍ മൃതരായവരെ കണ്ട് അവന്‍ ഏറ്റവും ദുഃഖിച്ചു. കൗാരവ്യന്‍ അവിടെ കാലോചിതമായ കര്‍മ്മം നടത്തി. പ്രധാനമായ മുറപ്രകാരം ഏരകപ്പുല്ലു കൊണ്ട് ബ്രഹ്മശാപം നിമിത്തം മരിച്ചവര്‍ക്കെല്ലാം വേണ്ട ശേഷക്രിയകള്‍ ചെയ്തു. രാമകൃഷ്ണന്മാരുടെ മൃതശരീരം രണ്ടും ആപ്തകാരികളായ പുരുഷന്മാരെ വിട്ട് അന്വേഷിപ്പിച്ചു കണ്ടെത്തി. അവര്‍ക്കു വിധിപ്രകാരം പ്രേതകാര്യം ചെയ്തു. പാണ്ഡവന്‍ ഏഴാം ദിവസം തേരില്‍ക്കയറി പുറപ്പെട്ടു. കഴുതകള്‍, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയെപ്പൂട്ടിയ തേരുകളില്‍ വൃഷ്ണിവീരന്മാരുടെ സ്ത്രീകള്‍, ദുഃഖിച്ചു മെലിഞ്ഞ സ്ത്രീകള്‍, മഹാത്മാവായ ജിഷ്ണുവെ പിന്തുടര്‍ന്നു പുറപ്പെട്ടു. വൃഷ്ണ്യന്ധകന്മാരുടെ ഭൃത്യന്മാര്‍ തേരിലും അശ്വങ്ങളിലുമിരുന്ന് വീരന്മാരില്ലാത്ത ആബാലവൃദ്ധം സ്ത്രീജനത്തെ ചുറ്റുമായി, പൌരന്മാരും നാട്ടുകാരും, പാര്‍ത്ഥന്റെ ശാസനപ്രകാരം നടന്നു. ആനക്കാര്‍ മലപോലെയുള്ള ആനപ്പുറത്തു കയറി യാത്രയായി. പാദരക്ഷകരും ഇടയ്ക്കിടയ്ക്ക് ആയുധമേന്തിയവരും ഉണ്ടായിരുന്നു. വൃഷ്ണ്യന്ധ കുമാരന്മാരൊക്കെ പാര്‍ത്ഥന്റെ കൂടെ നടന്നു. വലിയ ധനങ്ങള്‍ ഭണ്ഡങ്ങളിലാക്കി കയറ്റിയ വാഹനങ്ങളും അവയെ കാക്കുന്ന വിപ്രക്ഷത്രിയ വൈശ്യന്മാരും ശൂദ്രരും കൃഷ്ണന്റെ പതിനാറായിരം ഭാര്യമാരും കൃഷ്ണപൗത്രനായ വജ്രനെ മുമ്പില്‍ നടത്തി യാത്രയായി. ആയിരം പതിനായിരം പ്രയുതം അര്‍ബ്ബുദം വൃഷ്ണ്യന്ധക സ്ത്രീകള്‍, ഹതനാഥകളായ സ്ത്രീകള്‍ ഇറങ്ങി. വളരെയധികം ധനസമൃദ്ധിയോടെ, വലിയ കടല്‍പോലെ, വിപുലമായ വൃഷ്ണി സംഘത്തെ രഥിശ്രേഷ്ഠനായ പാര്‍ത്ഥന്‍, പുരഞ്ജയനായ ജിഷ്ണു, വഹിച്ചു.
ആ ജനം പോന്ന സമയത്ത് മകരാലയമായ സമുദ്രം രത്നപൂര്‍ണ്ണമായ ദ്വാരകാപുരിയെ വെള്ളം കൊണ്ടു മുക്കിക്കളഞ്ഞു. പുരുഷശ്രേഷ്ഠനായ അര്‍ജ്ജുനന്‍ ഏതേതുഭാഗം വിട്ടു പോന്നുവോ, അതാതു ഭാഗം പിന്നാലെ വന്ന് കടല്‍ ആക്രമിച്ചു. ഈ മഹാത്ഭുതം ദര്‍ശിച്ച് ദ്വാരകാവാസികള്‍ ക്ഷണത്തില്‍ പോന്നു. "അമ്പോ അത്ഭുതം! ദൈവവിധി അത്ഭുതം!"എന്ന് അവര്‍ പോരുമ്പോള്‍ പറഞ്ഞു. ഭംഗിയേറിയ കാട്ടിലും കുന്നിലും പുഴവക്കിലും പാര്‍ത്ത് അങ്ങനെ വൃഷ്ണികളുടെ പ്രിയവധുക്കളെ ധനഞ്ജയന്‍ കൊണ്ടു പോന്നു. മതിമാനായ അര്‍ജ്ജുനന്‍ പഞ്ചനദത്തിലെത്തി. പശുക്കളും ധാരാളം ധാന്യങ്ങളുമുള്ള സ്ഥലം നോക്കി അവിടെ വിശ്രമിച്ചു. ഫല്‍ഗുനന്‍ ഒരുത്തന്‍ മാത്രമാണ് അനാഥകളായ ആ സ്ത്രീകളെ കൊണ്ടു പോകുന്നത്. അതുകൊണ്ട് ദസ്യുക്കള്‍ക്കു മനസ്സില്‍ കോപം മുഴുത്തു, കൊതി തുള്ളി. ഉടനെ ഉള്ളില്‍ ദുരമുഴുത്ത ആ പാപികള്‍ അവിടെ കന്നുകാലികളെ മേയ്ക്കുന്ന ഇടയന്മാരോടു കൂടിച്ചേര്‍ന്ന്, ആ അശുഭദൃഷ്ടികള്‍ ആലോചന നടത്തി: "ഈ ഒരൊറ്റ വില്ലാളി,അര്‍ജ്ജുനന്‍ മാത്രം വിധവമാരെയും വൃദ്ധരെയും ബാലന്മാരെയും കൊണ്ടു പോകുന്നു. നമ്മെ അവരൊന്നും അത്ര കണക്കാക്കുന്നില്ല. ഭടന്മാരൊക്കെ ശക്തികെട്ട കൂട്ടരാണ്". ഇതു കേട്ട് വടിയുമായി അസംഖ്യം കൊള്ളക്കാര്‍ കൂട്ടമായി പാഞ്ഞു വന്ന് വൃഷ്ണികുലത്തിലെ പെണ്ണുങ്ങളെ കവര്‍ച്ച ചെയ്യുവാന്‍, ബലമായി പിടിച്ചു കൊണ്ടു പോകുവാന്‍, ഒരുങ്ങി. മറ്റുളളവര്‍ക്ക് ഘോരമായ സിംഹനാദം കൊണ്ടു ഭയം ജനിപ്പിച്ചു. കാലചോദിതരായ അവര്‍ കൊല്ലാനായി ഒരുങ്ങിക്കൂടി അടുത്തു. ഉടനെ പിന്തുണക്കാരോടു കൂടി കൗന്തേയന്‍ തിരിഞ്ഞു അവരോട് ആ മഹാബാഹു ചിരിച്ചു കൊണ്ടു പറഞ്ഞു: "അധര്‍മ്മികളെ, നിങ്ങള്‍ ജീവിച്ചിരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തിരിച്ചു പൊയ്ക്കൊള്ളുവിന്‍! ഞാന്‍ നിങ്ങളെ ഇപ്പോള്‍ നിഗ്രഹിച്ചുകളയും. വേഗം തടി നോക്കിക്കൊള്ളുവിന്‍!". ആ വീരന്‍ അപ്രകാരം പറയുന്ന വാക്കിനെ ധിക്കരിച്ച് ആള്‍ക്കൂട്ടത്തില്‍ ആ മൂഢന്മാര്‍ വീണ്ടും വീണ്ടും തടുത്തിട്ടും പിന്മാറാതെ പാഞ്ഞുകയറി. അജരവും ദിവ്യവുമായ ഗാണ്ഡീവം എന്ന വലിയ വില്ല് അര്‍ജ്ജുനന്‍ എടുത്തു. ആ വില്ലു കുലയേറ്റാന്‍ നോക്കി പണിപ്പെട്ട് ഒരു മാതിരി വലിച്ച് ഞാണുകെട്ടി. ഞരുങ്ങി ആ ബഹളത്തില്‍ ബദ്ധപ്പെട്ടു കെട്ടി. അസ്ത്രങ്ങളെ അവന്‍ ഓര്‍ത്തു. എന്നാല്‍ ഒന്നും ഓര്‍മ്മയില്‍ വരുന്നില്ല. അര്‍ജ്ജുനന്‍ തനിക്കു ബാധിച്ച മഹാവൈകൃതം കണ്ട്, പോരില്‍ തന്റെ ബാഹുവീര്യം നഷ്ടപ്പെട്ടതായി അറിഞ്ഞ്, ദിവ്യാസ്ത്രം നശിച്ചതായി അറിഞ്ഞു. അര്‍ജ്ജുനന്‍ ലജ്ജിച്ചു പോയി. തേര്, ആന, കുതിര എന്നീ ചതുരംഗ സൈന്യങ്ങളോടു വൃഷ്ണിഭടന്മാര്‍ ആരും സ്ത്രീകളെ അപഹരിക്കുന്ന ദസ്യുക്കളെ തടുക്കുവാന്‍ ശക്തരായില്ല. വളരെ സ്ത്രീകള്‍ അങ്ങും മിങ്ങും പാഞ്ഞു. ആ സ്ത്രീജനങ്ങളെ രക്ഷിക്കുവാന്‍ അര്‍ജജുനന്‍ വല്ലാതെ പ്രയത്നിച്ചു നോക്കി. ഭടന്മാര്‍ കണ്ടു നില്ക്കെത്തന്നെ ആ സുന്ദരിമണികളായ സ്ത്രീകളെ കൊള്ളക്കാര്‍ വലിച്ചിഴച്ചു. ചില സ്ത്രീകള്‍ സമ്മതത്തോടെ ദസ്യുക്കളോടു കൂടി പോയി. ഗാണ്ഡീവത്തില്‍ നിന്നു പുറപ്പെട്ട ശരങ്ങള്‍ കൊണ്ട് അര്‍ജ്ജുനന്‍ ദസ്യുക്കളെ വധിച്ചു. വൃഷ്ണിഭടന്മാരോടു കൂടി നല്ല യത്നം ചെയ്തു. ക്ഷണം കൊണ്ട് അര്‍ജജുനന്റെ അമ്പും ഒടുങ്ങിപ്പോയി ഭാരതാ! പണ്ട് രക്തം കുടിച്ചിരുന്ന ആ ശരങ്ങള്‍ അക്ഷയങ്ങളായിരുന്നു. വിധിവൈഭവം നോക്കൂ! ഗാണ്ഡീവത്തില്‍ നിന്ന് ശരങ്ങള്‍ ചൊരിയുന്ന ശരങ്ങളുടെ ആവനാഴി ക്ഷയിച്ചു പോയി ഭാരതാ!
അമ്പ് ഒടുങ്ങുകയാല്‍ ദുഃഖശോകങ്ങളോടെ വില്ലിന്റെ കോലു കൊണ്ട് ദസ്യുവര്‍ഗ്ഗത്തെ ശക്രനന്ദനന്‍ അടിച്ചു കൊന്നു ഭാരതാ! പാര്‍ത്ഥന്‍ നോക്കിനില്ക്കെ തന്നെ ചുറ്റും വളഞ്ഞ് വൃഷ്ണൃന്ധക വധുക്കളെ ആ മ്ലേച്ഛന്മാര്‍ ബലമായി പിടിച്ചു കൊണ്ടു പോയി ജനമേജയാ! ഇതു ദൈവവിധി തന്നെ എന്നു ധനഞ്ജയന്‍ മനസ്സു കൊണ്ടു ചിന്തിച്ച് ശോകാവേശം പൂണ്ട് വീണ്ടും നെടുവീര്‍പ്പിട്ടു നിന്നു. അസ്ത്രങ്ങള്‍ നശിക്കുകയാലും ബാഹുവീര്യം ക്ഷയിക്കുകയാലും വില്ല് അധീനമാകാതെ അമ്പ് ഒടുങ്ങുകയാലും ബുദ്ധിക്ഷയം ബാധിച്ച്‌പാര്‍ത്ഥന്‍ ദൈവഹിതം തന്നെ ഇതെന്നു വിചാരിച്ച് അടങ്ങി. പിന്നെ പാര്‍ത്ഥന്‍ ഇനി വിക്രമിക്കുന്നില്ലെന്നും തീരുമാനിച്ചു. മിക്ക രത്നങ്ങളും കൊള്ളക്കാര്‍ ബലമായി അര്‍ജജുനന്‍ നോക്കി നില്‍ക്കെ കൊണ്ടു പോയി. നല്ല പെണ്ണുങ്ങളെയൊക്കെ ദസ്യുക്കള്‍ പിടിച്ചുകൊണ്ടു പോയി. കൊണ്ടു പോയതില്‍ അവശേഷിച്ച സ്ത്രീജനങ്ങളെയും കൊണ്ട് ആ മഹാമതി പോന്നു. അങ്ങനെ കുരുക്ഷേത്രത്തിൽ എത്തിച്ചേര്‍ന്നു. അപഹരിച്ചതില്‍ ബാക്കിയുള്ള വൃഷ്ണിനാരികളെ കൊണ്ടു പോന്ന് ധനഞ്ജയന്‍ ഓരോരോ ഇടത്തില്‍ പാര്‍പ്പിച്ചു.
കൃതവര്‍മ്മാവിന്റെ പുത്രനെ പാര്‍ത്ഥന്‍ മാര്‍ത്തികാവതത്തില്‍ രാജാവായി വാഴിച്ചു. അപഹരിച്ചതില്‍ ബാക്കി വന്ന ഭോജസ്ത്രീകളെയും അവിടെ വാഴിച്ചു. ബാലകളും വൃദ്ധകളുമായ സ്ത്രീകളെ, വീരന്മാര്‍ വിട്ടു പോയ സ്ത്രീകളെ, ഇന്ദ്രപസ്ഥത്തില്‍ ഇരുത്തി. സരസ്വതീ തീരത്ത് സാതൃകീ പുത്രനെ വാഴിച്ചു. വൃദ്ധകളും ബാലകളുമായ സ്ത്രീകളെ അവന്റെ സംരക്ഷണയിലാക്കി. ഇന്ദ്രപ്രസ്ഥം വജ്രന് ആ അരിസൂദനന്‍ നല്കി. വജ്രന്‍ തടുത്തിട്ടും അക്രൂരന്റെ ഭാര്യമാര്‍ പ്രവര്‍ജ്ജാവ്രതം കൈക്കൊണ്ടു. ശൈബ്യയും, രുക്മിണിയും, ഗാന്ധാര പുത്രിയും ഹൈമവതിയും ജാംബവതിയും ( കൃഷ്ണന്റെ ഭാര്യമാര്‍ ) അഗ്നിയില്‍ പ്രവേശിച്ച് ദേഹം വെടിഞ്ഞു. കേശവന്റെ മറ്റു ഭാര്യമാരായ സത്യഭാമ മുതലായവര്‍ തപനസ്സു ചെയ്യുവാനുറച്ച് കാടുകയറി രാജാവേ !അവര്‍ ഫലമൂലങ്ങളെ ഭക്ഷിച്ച്, ഹരിയില്‍ ധ്യാനമുറച്ച് ഹിമാലയ പര്‍വ്വതത്തില്‍ കയറി കലാപഗ്രാമത്തിലെത്തി. പാര്‍ത്ഥന്റെ കൂടെ പോന്നവരായ. ദ്വാരകാ നിവാസികളെ യഥാര്‍ഹം ധനം നല്കി അര്‍ജ്ജുനന്‍ വജ്രനെ ഏല്പിച്ചു. ഇപ്രകാരം വ്യഥിതനായ അര്‍ജ്ജുനന്‍ കാലോചിതമായ കാര്യങ്ങള്‍ ചെയ്തു. അങ്ങനെ സഹിക്ക വയ്യാത്ത സങ്കടത്തോടെ ബാഷ്പവ്യാകുലനായി അര്‍ജ്ജുനന്‍ ആശ്രമത്തില്‍ച്ചെന്ന് വേദവ്യാസ മഹര്‍ഷിയെ കണ്ടു.
8. വ്യാസാര്‍ജ്ജുനസംവാദം - വ്യാസനെ കണ്ട് യാദവന്മാരുടെ അന്ത്യത്തെ അർജ്ജുനൻ അറിയിക്കുന്നു. വരേണ്ടത് വന്നു എന്ന് വ്യാസൻ അർജ്ജുനനെ ആശ്വസിപ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: രാജാവേ, ആ സത്യവാദിയുടെ ആശ്രമത്തില്‍ കയറുന്ന അര്‍ജ്ജുനന്‍ ഒറ്റയ്ക്കിരിക്കുന്ന സതൃവതീ പുത്രനായ വ്യാസമഹര്‍ഷിയെ കണ്ടു. മഹര്‍ഷിയെ: നമസ്കരിച്ചു. ഇതാ അര്‍ജ്ജുനന്‍ വന്നിരിക്കുന്നു എന്നു പേര് പറഞ്ഞു തൊഴുതു. "അര്‍ജ്ജുനാ, സ്വാഗതം! നിനക്ക് സ്വാഗതം!", എന്ന് ഋഷി പറഞ്ഞു. "ഇരിക്കുക", എന്നു പ്രസന്നാത്മാവായ ആ മുനി കല്പിച്ചു. യാതൊരു തെളിവുമില്ലാത്തവനായി വീണ്ടും വീണ്ടും നെടുവീർപ്പിട്ട് നിര്‍വ്വിണ്ണനായി ഇരിക്കുന്ന പാര്‍ത്ഥനെ നോക്കി വ്യാസന്‍ ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: വല്ലവരുടെയും നഖസ്പര്‍ശമേറ്റതോ, വല്ലവരുടെയും മുടി കൊഴിഞ്ഞതോ, വല്ലവരുടെയും ഉടുത്ത വസ്ത്രത്തുമ്പു കൊണ്ടതോ ആയ ജലത്തിലെങ്ങാനും നീ കുളിച്ചു പോയോ? അശുദ്ധകളായ തീണ്ടാരിപ്പെണ്ണുങ്ങളുമായി നീ സംഭോഗം ചെയ്തോ? അതോ നീ കോപിച്ച്‌വല്ല ബ്രാഹ്മണരെയും കൊല ചെയ്തോ? അതോ വല്ല യുദ്ധത്തിലും നീ തോറ്റുപോയോ? എന്താ നീ ഇങ്ങനെ അശ്രീകരനായി ഇരിക്കുന്നത്? നിന്നെ എന്നും ശ്രീമാനായിട്ടേ ഞാന്‍ കാണാറുള്ളു. ഇന്ന് എന്താണിങ്ങനെ? എനിക്കു കേള്‍ക്കുവാന്‍ വിരോധമില്ലെങ്കില്‍ പറയു വേഗം.
അര്‍ജ്ജുനന്‍ പറഞ്ഞു: ശ്രീമാനായ കൃഷ്ണന്‍, താമരദളനയനന്‍, ആ കൃഷ്ണന്‍, രാമനോടു കൂടെ സ്വര്‍ഗ്ഗാരോഹണം ചെയ്തു. ബ്രാഹ്മണശാപം മൂലം മൗസലത്തില്‍ വൃഷ്ണിവീരന്മാര്‍ക്കെല്ലാം നാശം സംഭവിച്ചു. പ്രഭാസത്തില്‍ വെച്ചു വീരന്മാരെല്ലാം മരിച്ച കഥ രോമഹര്‍ഷജനകമാണ്. ആ ശൂരന്മാര്‍ മഹാത്മാക്കളാണ്. സിംഹദര്‍പ്പന്മാരാണ്. മഹാബലരാണ്. അങ്ങനെയുള്ള ഭോജന്മാരും, വൃഷ്ണികളും അന്ധകരും തമ്മില്‍ എതിര്‍ത്ത് തമ്മിലടിച്ച് സകലരും പരസ്പരം കൊന്നു കളഞ്ഞു. ഗദ, വേല്‍, പരിഘം എന്നിവ താങ്ങുന്ന ഇരിമ്പുലക്ക പോലുള്ള കൈകളോടു കൂടിയ അവര്‍ ഏരകപ്പുല്ലു കൊണ്ടുള്ള അടിയേറ്റ് മരിച്ചു പോലും ( വൈക്കോലിഴ് കൊണ്ട് അടിച്ചു തമ്മില്‍ മരിച്ചു പോലും ). നോക്കൂ! കാലത്തിന്റെ വൈപരീത്യം നോക്കൂ! അഞ്ഞൂറായിരം ബാഹുശാലികളാണ് ചത്തുപോയത്. ഒന്നും രണ്ടുമല്ല! പരസ്പരം എതിര്‍ത്ത് ഏറ്റ് സകലതും ഒടുങ്ങി. അപ്രമേയ ശ്രീമാനായ പുരുഷന്‍, ശംഖ ചക്ര ഗദാധരനായ പുരുഷന്‍, പീതാംബരന്‍, ചതുര്‍ബ്ബാഹു, ശ്യാമന്‍, പത്മദളേക്ഷണനായ കൃഷ്ണന്‍ ഇപ്പോള്‍ കാണപ്പെടുന്നില്ല. ഞാന്‍ ദുഃഖിച്ചു ജീവിക്കുന്നത് എന്തിന്? ശത്രുപ്പടയെ ചുടുന്ന വിധം എന്റെതേരിന്റെ മുമ്പില്‍ നടന്ന ആ അച്യുതനെ, ആ ദ്യുതിമാനെ, ഞാന്‍ കാണുന്നില്ല. അവന്‍ ആദ്യമേ തന്നെ ചുട്ടുകളഞ്ഞ ആ ശത്രുസൈന്യത്തെയായിരുന്നു പിന്നീട് ഞാന്‍ ഗാണ്ഡീവത്താല്‍ കൊന്നിരുന്നത്. ഞാന്‍ നിര്‍വിണ്ണ ചിത്തനായിരിക്കുന്നു. എനിക്ക് ഒന്നു കൊണ്ടും മനശ്ശാന്തി ലഭിക്കുന്നില്ല മുനിസത്തമാ! വീരനായ കൃഷ്ണനില്ലാതെ ജീവിപ്പാൻ എനിക്കു കഴികയില്ല ഭഗവാനേ! വിഷ്ണു പൊയ്പ്പോയതായി കേട്ട് എനിക്കു ദിക്കുകള്‍ പോലും തിരിച്ചറിയാതായിരിക്കുന്നു. ജ്ഞാതിവീര്യങ്ങളും കെട്ട് ശൂന്യനായി ഞാന്‍ ഉഴലുകയാണ്. എനിക്ക് ശ്രേയസ്സിന്നുള്ള മാര്‍ഗ്ഗം അങ്ങ് പറഞ്ഞുതരണേ മുനിസത്തമാ!
വ്യാസന്‍ പറഞ്ഞു: ബ്രഹ്മശാപം നിമിത്തം വൃഷ്ണ്യന്ധക മഹാരഥന്മാര്‍ വെന്തു നശിച്ചു. അല്ലയോ കുരുശാര്‍ദ്ദൂലാ, നീ അവരെപ്പറ്റി ഒരിക്കലും ദുഃഖിക്കരുത്. അത് അങ്ങനെ വന്നു ചേരുമെന്ന് ആ മഹാത്മാക്കള്‍ കണ്ടതാണ്. മാറ്റുവാന്‍ കൃഷ്ണന് കഴിയും. എന്നാലും, അത് അദ്ദേഹം വിട്ടൊഴിച്ചതാണ്. ചരാചരം മുഴുവനും ഈ മൂന്നു ലോകവും ഗോവിന്ദനാണ്. സര്‍വ്വ ചരാചരങ്ങളെയും മാറ്റുവാന്‍ പോന്നവനാണ് കൃഷ്ണന്‍. പിന്നെ ഈ മഹാത്മാക്കളുടെ ശാപം ഒഴിവാക്കാന്‍ അദ്ദേഹത്തിന് വല്ല പ്രയാസവുമുണ്ടോ? ചക്രഗദാധരനായ ഗോവിന്ദന്‍ നിന്റെ തേരിന് മുമ്പില്‍ നടന്നു. നിന്നില്‍ സ്‌നേഹം മൂലം പുരാണര്‍ഷിയായ വാസുദേവന്‍, ചതുര്‍ഭുജനായ വിഷ്ണു നടന്നു. ആ പൃഥുലോചനന്‍ ഭൂമിയുടെ ഭാരം തീര്‍ത്തു കൊടുത്തു. അവതാര കാര്യങ്ങള്‍ നിര്‍വ്വഹിച്ച് കൃഷ്ണന്‍ ദേഹം തൃജിച്ച് മുഖ്യമായ സ്വസ്ഥാനത്ത് ചെന്നെത്തുകയും ചെയ്തു. ദേവകള്‍ക്കായി മഹാകര്‍മ്മം നീയും നിര്‍വ്വഹിച്ചു ഭരതര്‍ഷഭാ। ഭീമസേനനും യമന്മാരും നിന്നെ സഹായിക്കുകയും ചെയ്തു മഹാഭുജാ!നിങ്ങള്‍ തീര്‍ച്ചയായും കൃതാര്‍ത്ഥരാണ്, കാര്യങ്ങള്‍, സാധിച്ചവരാണ്, കുരുപുംഗമാ! പോകേണ്ടതായ കാലമാണ് ഇത്. ഇപ്പോള്‍ പോകുന്നത് വിഭോ, ശ്രേയസ്‌കരവുമായിരിക്കും. ബുദ്ധിയും തേജസ്സും പ്രതിപത്തിയും ബുദ്ധിയുടെ കാലത്ത് ഭരതര്‍ഷഭാ, അപ്രകാരമുണ്ടാകും. കാലം മറിച്ചു വന്നു ചേരുമ്പോള്‍ എല്ലാം നശിച്ചു പോവുകയും ചെയ്യും. കാലം മൂലമായി സര്‍വ്വതും ഉണ്ടാകുന്നു. ജഗത്തിന്റെ ബീജം കാലമാകുന്നു ധനഞ്ജയാ! കാലം തന്നതെല്ലാം കാലം തന്നെ എടുക്കും.അത് യദ്യച്ഛയാലാകും. കാലം തന്നെ ബലവാനാകുന്നു. പിന്നെ അവന്‍ തന്നെ ദുര്‍ബ്ബലനാകുന്നു. അവന്‍ തന്നെ ഈശ്വരനായി പരക്കെ ആജ്ഞാപിക്കുന്നവനാകുന്നു.
അസ്ത്രങ്ങള്‍ കൃതകൃത്യങ്ങളായി ( നിശ്ചയിച്ച കാര്യങ്ങള്‍ നിര്‍വ്വഹിച്ചു ) വന്ന വഴിക്കു തന്നെ പോയി. കാലം വന്നു ചേരുമ്പോള്‍ അവ ഇനിയും നിന്റെ കൈയില്‍ വന്നു ചേരും, ഭാരതാ! നിങ്ങള്‍ക്കു പോകുവാനുള്ള കാലം വന്നു ചേര്‍ന്നു. എന്റെ കാഴ്ച നിങ്ങള്‍ക്ക് ശ്രേയസ്സു നൽകട്ടെ ഭരതര്‍ഷഭാ!
വൈശമ്പായനൻ പറഞ്ഞു: എന്ന് തേജസ്വിയായ വ്യാസന്‍ പറഞ്ഞ വാക്കിനെ ധരിച്ച് അനുജ്ഞ വാങ്ങിച്ചു. പാര്‍ത്ഥന്‍ ഹസ്തിനാപുരിയില്‍ ചെന്നെത്തി. പുരത്തില്‍ ചെന്നു. ആ വീരന്‍ ധര്‍മ്മപുത്രനെ ചെന്നു കണ്ട് വൃഷ്ണ്യന്ധകന്മാരുടെ വംശം നശിച്ച കഥ, നടന്ന പ്രകാരം സകലതും പറഞ്ഞു കേള്‍പ്പിച്ചു.
No comments:
Post a Comment