അംശാവതരണപര്‍വ്വം
59. കഥാനുബന്ധം - ശൗനകന്‍ പറഞ്ഞു: ഹേ സൂത! ഭൃഗുവംശം മുതല്‍ക്കാണല്ലൊ നീ പറയുവാന്‍ തുടങ്ങിയത്, ആഖ്യാനങ്ങളൊക്കെ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നോടു വീണ്ടും ഒരു കാര്യം ഞാന്‍ പറയുന്നു. വ്യാസന്‍ ഇതിനോടു ചേര്‍ത്തു പറഞ്ഞ കഥകള്‍ ഇനി നീ പറയുക. അപാരമായ സര്‍പ്പസത്രത്തില്‍, മഹാന്മാരായ സദസ്യരുടെ സന്നിധിയില്‍ വെച്ച് ഏതെല്ലാം കഥകളൊക്കെയാണ്, ഏതെല്ലാം വിഷയത്തെക്കുറിച്ചൊക്കെയാണ് പറഞ്ഞത്? അതൊക്കെ നീ തന്നെ പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം ഞങ്ങളോടു പറയുക.
സൂതന്‍ പറഞ്ഞു: കര്‍മ്മങ്ങളുടെ ഇടയ്ക്ക് വേദോക്തമായ കഥകള്‍ ഓരോന്നു പറഞ്ഞു. വ്യാസന്‍ കല്‍പിച്ച പ്രകാരം മഹാഭാരതകഥയും പറഞ്ഞു.
ശൗനകന്‍ പറഞ്ഞു: മഹാഭാരതാഖ്യാനം പാണ്ഡവന്മാര്‍ക്ക് യശസ്കരമായിട്ടുള്ളതാണ്. ജനമേജയന്‍ ചോദിച്ചതനുസരിച്ച് കൃഷ്ണദ്വൈപായനന്‍ കര്‍മ്മങ്ങളുടെ ഇടയ്ക്കു വിധിയാം വണ്ണം കേള്‍പ്പിക്കുക ഉണ്ടായല്ലൊ. പുണ്യമായ ആ കഥ എനിക്ക് ഇവിടെ വെച്ചു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. തത്വവിത്തായ ആ മഹര്‍ഷിയുടെ ചിത്തമാകുന്ന അബ്ധിയില്‍ ഉദിച്ച രത്നമാകുന്ന ആ കഥ ഹേ ബുധരത്നമേ, ഭവാന്‍ സകൗതുകം പറഞ്ഞാലും
സൂതന്‍ പറഞ്ഞു: വളരെ ഉത്തമമായ വലിയ ഒരു കഥ. കൃഷ്ണദ്വൈപായന നിര്‍മ്മിതമായ മഹാഭാരതം തന്നെ ആദ്യമായി ഞാന്‍ പറയുന്നു. അതു പറയുവാന്‍ എനിക്ക് അതൃധികമായ ഉത്സാഹമുണ്ട്. ഞാന്‍ വിസ്തരിച്ച് സ്പഷ്ടമായി എല്ലാം പറയാം. കേട്ടാലും!
60. ഭാരതകഥാവതരണം - സൂതന്‍ പറഞ്ഞു; സര്‍പ്പസത്രത്തിന് ജനമേജയൻ ദീക്ഷയെടുത്ത വര്‍ത്തമാനം കേട്ട് പാണ്ഡവപിതാമഹനായ കൃഷ്ണദ്വൈപായന മഹര്‍ഷി ശിഷ്യരോടൊത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നള്ളി. കൃഷ്ണദ്വൈപായനന്‍ ആരാണെന്നറിയാമോ? അദ്ദേഹം ശക്തി പുത്രനായ പരാശര മഹര്‍ഷിക്ക് കാളിന്ദീദ്വീപില്‍ വെച്ച് കാളികന്യകയില്‍ ഉണ്ടായവനാണ്. പാണ്ഡവരുടെ പിതാമഹനാണ്. ജനിച്ചിട്ട് തന്റെ ഇഷ്ടംപോലെ വളര്‍ന്നു വന്നവനും, വേദവേദാംഗേതിഹാസ വിജ്ഞാനിയും, പ്രസിദ്ധനുമാണ്. തപസ്സ്, വേദാദ്ധ്യായനം, ഉപവാസവ്രതാദികള്‍, സന്താനം, യജ്ഞം എന്നിവ കൊണ്ടു കൂടി എത്താന്‍ കഴിയാത്ത ആ സത് ഭാവം അറിഞ്ഞവനുമാണ്. വേദവിത്തമനും, എല്ലാം ഒന്നായിക്കിടന്നിരുന്ന വേദം, നാലായിപ്പകുത്തവനും, പരാപരജ്ഞനും, ബ്രഹ്മര്‍ഷിയും കവിയും സത്യവ്രതനും ശുചിയും ആണ്. ധൃതരാഷ്ട്രന്‍, പാണ്ഡു, വിദുരന്‍ എന്നീ മൂന്നു സന്താനങ്ങളെ ജനിപ്പിച്ച് ശന്തനുവിന്റെ കുലം വളര്‍ത്തിയ പുണൃകീര്‍ത്തിമാനുമാണ് ആ മഹര്‍ഷി. അദ്ദേഹം വേദവേദാംഗവിജ്ഞരായ ശിഷ്യരോടു കൂടി ജനമേജയ രാജര്‍ഷിയുടെ സദസ്സില്‍ കയറിച്ചെന്നു.
അപ്പോള്‍ ജനമേജയന്‍, വാനവരോടു ചേര്‍ന്ന ഇന്ദ്രന്‍ എന്ന പോലെ, ബ്രഹ്മകല്പന്മാരും മഖജ്ഞന്മാരുമായ ഋത്വിക്കുകളോടും, നാനാജനപദങ്ങളുടെ അദ്ധ്യക്ഷന്മാരോടും ചേര്‍ന്ന് വിളങ്ങുന്നതായി കണ്ടു.
മുനി വരുന്നത് കണ്ട ഉടനെ ഭാരതോത്തമനായ ജനമേജയന്‍ സസന്തോഷം കൂട്ടുകാരോടു കൂടി, മഹര്‍ഷിയെ എതിരേറ്റ് അഭിവാദ്യം ചെയ്തു. ആ സദസ്യരുടെ സമ്മതപ്രകാരം പൊന്മയമായ ആസനം, ഇന്ദ്രന്‍ ബൃഹസ്പതിക്കെന്ന പോലെ, നല്കി. ദേവര്‍ഷി പൂജ്യനായ മഹര്‍ഷിയവിടെ എഴുന്നെള്ളിയിരിക്കുമ്പോള്‍, ശാസ്ത്രപ്രകാരം പാര്‍ത്ഥിപ്രവരനായ ജനമേജയൻ അദ്ദേഹത്തെ പൂജിച്ചു. പാദ്യം, ആചമനീയം, ഗോവ്, അര്‍ഘ്യം ഇവയെല്ലാം പിതാമഹനും, പുജ്യതമനുമായ കൃഷ്ണദ്വൈപായനന് മന്നവന്‍ നല്കി. ജനമേജയൻ ചെയ്ത പൂജയേറ്റ്, ഗോവിനെ സ്വീകരിച്ച് മുനീശ്വരന്‍ അഭിനന്ദിച്ചു. പ്രീതിപൂര്‍വ്വം പിതാമഹനെ സല്‍ക്കരിച്ചതിന് ശേഷം രാജാവ് സമീപത്തു നിന്ന് സവിനയം അനാമയം ചോദിച്ചു. ഭഗവാന്‍ രാജാവിനെ പാര്‍ത്ത് കുശലം ചൊല്ലി, സദസ്യ പൂജയും കൈക്കൊണ്ട് സദസ്യരേയും ആദരിച്ചു. പിന്നെ സദസ്യരോടു കൂടി രാജാവ് കൈകൂപ്പി നിന്ന് ദ്വിജശ്രേഷ്ഠനോടു ചോദിച്ചു..
ജനമേജയൻ പറഞ്ഞു: കുരുപാണ്ഡവന്മാരുടെ വൃത്താന്തം പ്രത്യക്ഷമായി കണ്ടവനാണല്ലോ ഭവാന്‍. അവരുടെ ചരിത്രം അങ്ങു തന്നെ പറഞ്ഞു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. അക്ലിഷ്ട കര്‍മ്മാക്കളായ അവര്‍ക്ക് ഈ ഛിദ്രം എങ്ങനെ വന്നു? സര്‍വ്വനാശനമായ ആ മഹായുദ്ധം, എങ്ങനെ സംഭവിച്ചു? പ്രപിതാമഹന്മാരായ അവരുടെയെല്ലാവരുടേയും ബുദ്ധി ദൈവം മറിക്കുകയാല്‍ ഉണ്ടായ കഥകളൊക്കെ ഭവാന്‍ പറഞ്ഞു തന്നാലും.
സൂതന്‍ പറഞ്ഞു: എന്ന് രാജാവു പറഞ്ഞപ്പോള്‍ കൃഷ്ണദ്വൈപായനന്‍ തന്റെ പാര്‍ശ്വത്തില്‍ നില്ക്കുന്ന ശിഷ്യനായ വൈശമ്പായനനോടു കല്പിച്ചു.
വ്യാസന്‍ പറഞ്ഞു: കുരുക്കളും പാണ്ഡവരും ഛിദ്രിച്ചതായ മുമ്പത്തെ കഥ ഇദ്ദേഹത്തോടു പറയുക. അങ്ങ് എല്ലാം അറിയുന്നവനാണല്ലോ.
സൂതന്‍ പറഞ്ഞു: ഗുരു ഇപ്രകാരം കല്പിച്ചപ്പോള്‍, അറിവുള്ളവനായ ആ ദ്വിജര്‍ഷഭന്‍ പുരാതനമായ ഈ ഇതിഹാസം വിസ്തരിച്ചു പറഞ്ഞു. രാജാവും, സദസ്യരും, മറ്റു രാജാക്കന്മാരും ഇരിക്കുന്ന ആ സദസ്സില്‍ കുരുപാണ്ഡവന്മാരുടെ ഛിദ്രവും, സര്‍വ്വനാശവുമായ ചരിത്രം വിസ്തരിച്ചു.
61. ഭാരതസൂത്രം - വൈശമ്പായനൻ പറഞ്ഞു: ആദ്യമായി മനോബുദ്ധി സമാധിയാല്‍ ഗുരുവിനെ കൂപ്പി, സര്‍വ്വദ്വിജന്മാരേയും, മറ്റു പൂജ്യന്മാരേയും വണങ്ങി, സര്‍വ്വപൂജിതനും, ബുദ്ധിമാനും, പുണ്യവാനും, മഹാനുമായ വ്യാസമഹര്‍ഷിയുടെ മതം എല്ലാം ഇതാ ഞാന്‍ പറയുന്നു. അതു കേള്‍ക്കുവാന്‍ ഹേ, രാജാവേ! ഭവാന്‍ എല്ലാം കൊണ്ടും മതിയായ പാത്രമാണ്. ഗുരുമുഖത്തില്‍ നിന്നു പുറപ്പെട്ട ഭാരതം പറയുവാന്‍ എനിക്ക് വളരെ ഉത്സാഹമുണ്ട്. രാജാവേ, കേള്‍ക്കുക. രാജ്യം ഹേതുവായി കുരുപാണ്ഡവന്മാര്‍ തമ്മില്‍ ചുതുണ്ടായതും, അതുമൂലം ഛിദ്രമുണ്ടായതും, വനവാസം കഴിച്ചതും, ലോകമൊക്കെ മുടിയുന്ന വിധം പോരാടുവാന്‍ ഇട വന്നതും എല്ലാം കേള്‍ക്കുവാനാഗ്രഹിക്കുന്ന ഭവാനോടു പറയാം.
അച്ഛന്‍ മരിച്ചിട്ട് ആ വീരന്മാര്‍ അരണ്യത്തില്‍ നിന്ന് സ്വഗ്യഹത്തില്‍ എത്തുകയും, വേദത്തിലും, അസ്ത്രവിദ്യയിലും, വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. ആ പാണ്ഡവന്മാരുടെ സത്വം, വീര്യം, ഓജസ്സ്, രഞ്ജനം, ശ്രീ, കീര്‍ത്തി, ഇവയൊക്കെക്കണ്ടു കുരുക്കള്‍ക്ക് വളരെ ഈര്‍ഷ്യയുണ്ടായി. പിന്നെ ക്രൂരനായ ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നിവര്‍ കൂടി അവര്‍ തുലഞ്ഞ് അകലുവാന്‍ വേണ്ട പല കൈയും നോക്കി. ഖലനായ ദുര്യോധനന്‍ കലിംഗ ഖഗത്തെപ്പോലെ രാജ്യലോഭത്താല്‍ പാണ്ഡവരെ പലമട്ടിലും ദ്രോഹിച്ചു.
************
സിംഹത്തിന്റെ ദംഷ്ട്രകള്‍ക്കിടയില്‍ തങ്ങിനില്ക്കുന്ന മാംസശകലം പെട്ടെന്നു കൊത്തിയെടുക്കത്തക്ക സാഹസികത്വം കാണിക്കുന്ന ഒരു തരം പക്ഷിയാണ് കലിംഗപ്പക്ഷി.
************
ദുര്‍ബ്ബുദ്ധിയായ ദുര്യോധനന്‍ ഭീമന് വിഷം കൊടുത്തു. വൃകോദരന് അതും അന്നത്തോടൊപ്പം ദഹിച്ചു. പ്രമാണകോടിയില്‍ ഉറങ്ങിക്കിടക്കുന്ന ആ മാരുതപുത്രനെ കെട്ടി ഗംഗാജലത്തില്‍ താഴ്ത്തി വിട്ടു. അവന്‍ പുരത്തിലെത്തി. ഉണര്‍ന്നപ്പോള്‍ ഭീമന്‍ ക്ഷണത്തില്‍ കൈയൂക്കു കൊണ്ടു കെട്ടു വേര്‍പെടുത്തി. അവിടെ നിന്ന് കേടുകൂടാതെ അവന്‍ എഴുന്നേറ്റു. ഉറങ്ങുമ്പോള്‍ കൃഷ്ണസര്‍പ്പങ്ങളാല്‍ അംഗങ്ങള്‍ തോറും കടിപ്പിച്ചിട്ടും, ആ വീരന്‍ മരിച്ചില്ല. ഇപ്രകാരം അവര്‍ക്ക് ഓരോ ദ്രോഹങ്ങള്‍ ചെയ്യുമ്പോഴും, ബുദ്ധിമാനായ വിദുരന്‍ അവര്‍ക്കു രക്ഷയ്ക്കു വേണ്ടുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കി. ദേവലോകത്തിരുന്ന് ശക്രന്‍ ജീവജാലത്തിന് എന്ന വിധം, വിദുരന്‍ പാണ്ഡവര്‍ക്കു സുഖം നല്കുവാന്‍ മുതിര്‍ന്നു. ഉപായങ്ങള്‍ പ്രത്യക്ഷമായും, പരോക്ഷമായും എടുത്തു ദൈവകല്പിതമായ ഭാവിയോടു ബന്ധപ്പെട്ടവരെ അവര്‍ക്കു കൊല്ലുവാന്‍ കഴിഞ്ഞില്ല. കര്‍ണ്ണദുശ്ശാസനാദ്യന്മാരോടു ചേര്‍ന്ന് കൗരവന്‍ മന്ത്രിച്ചു. ധൃതരാഷ്ട്രന്റെ അനുമതിയോടു കൂടി അരക്കില്ലം പണി കഴിപ്പിച്ചു. പുത്രപ്രീതിക്കു വേണ്ടി ധൃതരാഷ്ട്രന്‍ ആ പാണ്ഡവരെ, രാജ്യലാഭം കാംക്ഷിച്ച് മാറ്റിപ്പാര്‍പ്പിച്ചു.
അവര്‍ ഹസ്തിനപുരം കൈവിട്ട് ഒപ്പം ഇറങ്ങി. പുറപ്പെടുമ്പോള്‍ വിദുരന്‍ രഹസ്യമായി മന്ത്രിച്ചു. അരക്കില്ലം വിട്ട് ആരണൃത്തിലേക്കു രാത്രി പോകേണ്ട മാര്‍ഗ്ഗം ഉപദേശിച്ചു. വാരണാവതത്തില്‍ ചെന്ന് വീരന്മാരായ കൗന്തേയരെല്ലാം പാര്‍ത്തു. നന്മയോടെ അമ്മയുമൊത്ത് അവിടെ താമസിച്ചു. ധൃതരാഷ്ട്രന്റെ ആജ്ഞ അനുസരിച്ച് ആ ജതുഗേഹത്തില്‍ പുരോചനന്റെ മേല്‍ കണ്ണു വച്ച് ഒരാണ്ടു താമസിച്ചു. വിദുരന്റെ വാക്കനുസരിച്ചു തുരങ്കം പണിയിച്ചു. അരക്കില്ലം ചുട്ടു പുരോചനനേയും ചുട്ടു വെണ്ണീറാക്കി, പേടിച്ച്, അമ്മയോടു കൂടി കാട്ടിലേക്ക് ഓടിപ്പോയി. ആ കാട്ടിലെ അരുവിയില്‍ രക്ഷസ്സായ ഹിഡിംബനെ ക്കണ്ടു. അവനെ കൊന്നു. പാണ്ഡവന്മാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കൗരവര്‍ അറിയാതിരിക്കുവാന്‍ രാത്രി തന്നെ ഓടിപ്പോന്നു. ഹിഡിംബിയെ വേട്ടു, അവളില്‍ ഭീമന് ഘടോല്‍ക്കചന്‍ എന്നു പേരായ ഒരു പുത്രനുണ്ടായി.
ഏകചക്രരയില്‍ച്ചെന്ന് അവര്‍ വ്രതസ്ഥരായി. അവര്‍ വേദാദ്ധ്യയനം ചെയ്ത്, ബ്രഹ്മചാരികളായി, ഒരു ബ്രാഹ്മണാലയത്തില്‍ ജീവിച്ചു. ഏകചക്രയില്‍ ആ വീരന്മാര്‍ ഒട്ടുനാള്‍ ഒളിവില്‍പ്പാര്‍ത്തു. വൃകോദരൻ, ക്ഷുത്തു കൂടുന്ന ബകനെന്ന രാക്ഷസനെ കണ്ട് എതിര്‍ത്തു. അവിടെ വച്ച് ബലവാനായ ഭീമന്‍, അവനേയും ബാഹുബലം കൊണ്ട് കൊന്ന് നാട്ടുകാരെ രക്ഷിച്ചു സമാശ്വസിപ്പിച്ചു.
പിന്നെ പുാഞ്ചാല രാജ്യത്ത് കൃഷ്ണാ സ്വയംവരത്തെ പറ്റി കേട്ടു. ഈ വൃത്താന്തമറിഞ്ഞ് അവിടെ ചെന്ന് അവളേയും നേടി. അരിഘാതികളായ അവര്‍ ദ്രൗപതിയെ കൈക്കൊണ്ടു വാണു. എല്ലാവരും അറിഞ്ഞപ്പോള്‍ വീണ്ടും ഹസ്തിനപുരിയില്‍ വന്നു കൂടി. ധൃതരാഷ്ട്രനും, ഭീഷ്മനും അവരോടു പറഞ്ഞു; നിങ്ങള്‍ക്കു ഭ്രാതൃസ്പര്‍ദ്ധ ഇല്ലാതാക്കാന്‍ ഖാണ്ഡവപ്രസ്ഥത്തില്‍ നിങ്ങളെ പാര്‍പ്പിക്കുവാന്‍ ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് നല്ല നാട്ടുകാരും, അതിവിസ്തീര്‍ണ്ണമുള്ള മാർഗ്ഗവുമൊക്കുന്ന ഖാണ്ഡവപ്രസ്ഥത്തില്‍ ചെന്ന് വിമത്സരരായി വാഴുവിൻ. അവരുടെ ചൊല്ലു കേട്ട് പാണ്ഡവര്‍ ഇഷ്ടജനങ്ങളോടു കൂടി ഖാണ്ഡവപ്രസ്ഥ പുരിയില്‍ ധനധാനൃരത്നങ്ങളോടു കൂടി വാണു. പാര്‍ത്ഥന്മാര്‍ അവിടെ വളരെ വത്സരം പാര്‍ത്തു.
ശസ്ത്രപ്രതാപത്താല്‍ രാജാക്കന്മാരെ പാട്ടില്‍ വരുത്തുന്നവരും, സത്യധര്‍മ്മപരന്മാരും, നിത്യം നിഷ്ഠയില്‍ വാഴുന്നവരും അപ്രമാദോദ്യമം, ക്ഷാന്തി ഇവ കൊണ്ട് വൈരികളെ തപിപ്പിക്കുന്നവരുമായ പാണ്ഡവന്മാര്‍ ഖാണ്ഡവം വാണു. വൃകോദരൻ കിഴക്കു ദിക്ക് മുഴുവന്‍ കീഴടക്കി. വടക്കു ദിക്ക് പാര്‍ത്ഥന്‍ കീഴടക്കി. നകുലന്‍ പടിഞ്ഞാറെ ദിക്കു മുഴുവന്‍ കീഴടക്കി, സഹദേവന്‍ തെക്കും കീഴടക്കി. ഇപ്രകാരം ഊഴി മുഴുവന്‍ അവര്‍ കീഴിലാക്കി. അഞ്ചു പേരും അര്‍ക്കാഭന്മാരായി വിളങ്ങി. കേവലം അര്‍ക്കനും വിളങ്ങി! ഇങ്ങനെ ലോകത്തില്‍ ആറ് അര്‍ക്കന്മാരുള്ള വിധം, പാണ്ഡവന്മാരാല്‍ ലോകം വിളങ്ങി.
പിന്നെ ഒരു കാര്യത്തില്‍ സവ്യസാചിയെ, തന്റെ പ്രാണനേക്കാള്‍ പ്രിയപ്പെട്ട അര്‍ജ്ജുനനെ, സജ്ജനങ്ങളാല്‍ പുകഴ്ത്തപ്പെടുന്ന സത്യപരാക്രമനായ കിരീടിയെ, ദിവ്യമായ സ്ഥിരഗുണങ്ങള്‍ ചേര്‍ന്ന ധനഞ്ജയനെ, ധര്‍മ്മജന്‍ തീര്‍ത്ഥയാത്രയ്ക്കയച്ചു. ഒരു വര്‍ഷവും, ഒരു മാസവും പാര്‍ത്ഥന്‍ തീര്‍ത്ഥാടനം ചെയ്തു. ഒരിക്കല്‍ ദ്വാരകയില്‍ ഹരിയുടെ പാര്‍ശ്വത്തില്‍ എത്തിയ അര്‍ജ്ജുനന്‍, കൃഷ്ണന്റെ ഭഗിനിയും മംഗളാംഗിയുമായ സുഭ്രദയെ ഭാര്യയായി നേടി. ശചി ഇന്ദ്രനോടും, ലക്ഷ്മി ഉപേന്ദ്രനോടും എന്ന വിധം സുഭദ്ര അര്‍ജ്ജുനനോട് ശുഭമായ ആനന്ദത്തോടെ ഇണങ്ങി.
ഹവ്യവാഹനായ അഗ്നിഭഗവാനെ അര്‍ജ്ജുനന്‍ ഖാണ്ഡവം കൊണ്ടു തര്‍പ്പിച്ചു. അര്‍ജ്ജുനന്‍ കൃഷ്ണനോടൊത്തു തയ്യാറെടുത്തു നിന്നു. കൃഷ്ണനോടു കൂടി യ അര്‍ജ്ജുനന് അതില്‍ യാതൊരു വിഷമവും ഉണ്ടായില്ല. ശത്രുനാശത്തില്‍ ഉത്സാഹത്തോടു കൂടിയ വിഷ്ണുവിന് എന്ന വിധം, അഗ്നി അര്‍ജ്ജുനന് ഗാണ്ഡീവ ദിവ്യാചാപവും, അമ്പൊടുങ്ങാത്ത തൂണികളും, കപിധ്വജരഥവും നല്കി. ബീഭത്സു മയനെ ആ ക്ഷോഭത്തില്‍ നിന്നു രക്ഷിച്ചതു കൊണ്ട് ദിവൃരത്നാന്വിതമായ സഭ ആ ദിവ്യന്‍ നിര്‍മ്മിച്ചു നല്കി. അതില്‍ മന്ദനായ ദുര്യോധനന് വല്ലാത്ത ദുരാഗ്രഹമുണ്ടായി.
പിന്നെ ചുതില്‍ ശകുനിയുടെ തന്ത്രം കൊണ്ടു ധര്‍മ്മപുത്രനെ ജയിച്ചു. പന്ത്രണ്ടു വത്സരം കാടുവാഴിച്ചു. നാട്ടില്‍ പതിമൂന്നാമത്തെ ആണ്ട് അജ്ഞാതവാസവും ചെയ്യിച്ചു. പതിനാലാമത്തെ ആണ്ട് ധനം ചോദിച്ചപ്പോള്‍ അവര്‍ക്ക് അതു കിട്ടിയില്ല. പിന്നെ നിഷ്ഠൂരമായ പോരു നടന്നു. രാജാക്കന്മാരുടെ കുലമൊക്കെ മുടിച്ചിട്ടു ദുര്യോധനനേയും വധിച്ചു. മിക്കപേരും മരിച്ചു. പാണ്ഡുനന്ദനന്‍ രാജ്യം നേടി.
ശ്ലാഘ്യന്മാരായ അവരുടെ കഥാക്രമം, അന്തഃഛിദ്രം, രാജ്യനാശം, ജയം എന്നിവ ഇപ്രകാരമാണ്.
62. മഹാഭാരതപ്രശംസ - ജനമേജയൻ പറഞ്ഞു: ഹേ, ദ്വിജസത്തമ, ഉത്തമമായ മഹാഭാരതകഥ, കൗരവന്മാരുടെ ചരിത്രം, ഭവാന്‍ സംക്ഷിപ്തമായി പറഞ്ഞു. വിചിത്രമായ അര്‍ത്ഥം നിറഞ്ഞൊഴുകുന്ന ആ കഥ വിസ്തിരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍എനിക്കു വളരെയേറെ കൗതുകമുണ്ട്. പൂര്‍വ്വന്മാരുടെ കഥ കേട്ടിട്ട് എനിക്കു തൃപ്തി വരുന്നില്ല. പൂജ്യനായ ഭവാന്‍ സവിസ്തരം പറയണമേ! ധര്‍മ്മിഷ്ഠന്മാരായ പാണ്ഡവന്മാരുടെ കഥയുടെ മൂലം ചെറുതല്ലെന്നു വിചാരിക്കുന്നു. അവദ്ധ്യരായ പലരേയും അവര്‍ കൊന്നു. എന്നാൽ ലോകര്‍ അതിനേയും വാഴ്ത്തുന്നു. കുറ്റമറ്റ കൗന്തേയര്‍ ഏറ്റവും ശക്തരാണെങ്കിലും, ദുഷ്ടവൈരികളാല്‍ ചെയ്യപ്പെട്ട കഷ്ടാരിഷ്ടങ്ങള്‍ അവര്‍ സഹിക്കുവാന്‍ എന്താണു കാരണം? പതിനായിരം ആനയ്ക്കുള്ള ശക്തിയുള്ളവനാണ് വൃകോദരന്‍.. അവന്‍ എങ്ങനെ അരികളില്‍ നിന്നുണ്ടായ പരിക്ലേശം പൊറുത്തു? ദുഷ്ടന്മാര്‍ ദുഃഖിപ്പിച്ചിട്ടും സതിയായ പാര്‍ഷതി കടുത്ത നോട്ടത്തില്‍ എന്തേ ധാര്‍ത്തരാഷ്ട്രന്മാരെ ചുടാഞ്ഞത്? ദ്യൂതവ്യസനിയായ ധര്‍മ്മജനെ കുന്തീപുത്രരും, മാദ്രീകുമാരന്മാരും, ദുഷ്ടബാധ പൊറുത്ത് എങ്ങനെ പിന്തുടര്‍ന്നു? അനര്‍ഹമായ ഈ ക്ലേശം എങ്ങനെ ധര്‍മ്മജ്ഞന്മാരില്‍ പ്രവരനായ ധര്‍മ്മപുത്രന്‍ സഹിച്ചു? പിന്നെ കൃഷ്ണസാരഥിയായ പാണ്ഡവന്‍, ധനഞ്ജയന്‍, എങ്ങനെ മഹാസൈന്യത്തെ തനിയെ ബാണമെയ്തു കൊന്നു? ഇതൊക്കെ നടന്നപ്രകാരം തന്നെ മാമുനേ, എന്നോടു പറയണം. ആ മഹാരഥന്മാര്‍ അന്നന്ന് എന്തെല്ലാം ചെയ്തു എന്നതും പറയണം.
വൈശമ്പായനൻ പറഞ്ഞു: മഹാരാജാവേ, കൃഷ്ണദ്വൈപായനന്‍ ചൊല്ലിയ പുണ്യാഖ്യാനം ഞാന്‍ പറയാം. മനസ്സിരുത്തി കേട്ടാലും! സര്‍വ്വപൂജിതനും, മഹാത്മാവും, മുനിമുഖ്യനുമായ വ്യാസന്റെ ചിന്താഫലമെല്ലാം ഞാന്‍ വിടാതെ പറയുന്നതാണ്. അതിശക്തനായ സത്യവതീ സൂതന്‍, കൃഷ്ണദ്വൈപായനന്‍ ഒരു ലക്ഷം ശ്ലോകത്തിലാണ് അതിപുണൃമായ ഈ കഥ പറഞ്ഞിട്ടുള്ളത്. അതു കേള്‍പ്പിക്കുന്നവനും, കേള്‍ക്കുന്നവനും, ബ്രഹ്മലോകം പൂകി ദേവതുല്യരായിത്തീരും. ഇതു വേദങ്ങള്‍ പോലെ പവിത്രവും, ഉത്തമവുമാണ്. ശ്രവ്യകാവ്യങ്ങളില്‍ ഉത്തമമായ ഇത് ഋഷിമാരാല്‍ സ്തുതിക്കപ്പെട്ടതാണ്. അര്‍ത്ഥവും, കാമവും നന്നായി ഇതില്‍ വീണ്ടും വീണ്ടും പറയുന്നുണ്ട്. പുണ്യമായ ഈ ഇതിഹാസം മോക്ഷത്തിന് ഉചിതമായ ബുദ്ധി നല്കുന്ന ഗ്രന്ഥമാണ്. അക്ഷുദ്രനേയും, ദാനശീലനേയും, സത്യവാനേയും, അനാസ്തികനേയും കൃഷ്ണനിര്‍മ്മിതമായ ഈ വേദം കേള്‍പ്പിക്കുന്നതായാല്‍ അവന് വലിയ അര്‍ത്ഥാപ്തിയുണ്ടാകും. അതിക്രൂരനായ പുരുഷനും, ദ്രൂണഹത്യ കൊണ്ടുണ്ടായ പാപം പോലും, തീര്‍ച്ചായായും വിട്ടൊഴിയും. നല്ലതായ ഈ ഇതിഹാസം കേട്ടാല്‍ ക്രൂരന്മാരായ മനുഷ്യര്‍ പോലും, രാഹു വിട്ട ചന്ദ്രനെപ്പോലെ പാപം വിട്ടു തെളിയും. ജയമെന്നു പേരായ ഈ ഇതിഹാസം ജയോദ്യുതന്മാര്‍ കേള്‍ക്കേണ്ടതാണ്. രാജാവാണ് കേള്‍ക്കുന്നതെങ്കില്‍, അവന്‍ ഭൂമി പിടിച്ചടക്കും. ശത്രുരാജാക്കന്മാരെ പിന്‍തിരിപ്പിക്കും. ഇതു ശ്രേഷ്ഠമായ പുംസവനമാണ്. പുരുഷപ്രജയെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേള്‍ക്കണം. ഇതു ശ്രേഷ്ഠമായ സ്വസ്ത്യയനമാണ്. യുവരാജാക്കളുടെ മഹിഷിമാര്‍ ഇതു പല പ്രാവശ്യവും കേള്‍ക്കണം. വീരനായ പുത്രനേയും, രാജ്യം നേടുന്ന പുത്രിയേയും അവര്‍ പ്രസവിക്കും. ഇതു പുണ്യമായ ധര്‍മ്മശാസ്ത്രവും, മഹത്തായ അര്‍ത്ഥശാസ്ത്രവുമാണ്. ഇതു മോക്ഷശാസ്ത്രവുമാണെന്നാണ് വ്യാസമഹര്‍ഷി പറയുന്നത്. ഇത് ഇന്നു പലരും ചൊല്ലുന്നു; പലരും കേള്‍ക്കുന്നു. പുത്രന്മാര്‍ക്കും, ഭൃത്യന്മാര്‍ക്കും, എല്ലാവര്‍ക്കും, ഇതു ചൊല്ലിക്കേള്‍ക്കുവാന്‍ മോഹമുണ്ടെങ്കില്‍ ആകാം. അവര്‍ ശരീരം കൊണ്ടും, വാക്കു കൊണ്ടും, മനസ്സു കൊണ്ടും ചെയ്ത പാപങ്ങളെല്ലാം ഈ ഇതിഹാസം കേട്ടാല്‍ തീരും. ഭരതന്മാരുടെ ജനനകഥ അസൂയ കൂടാതെ കേട്ടാല്‍ അവന് വ്യാധിഭീതി ഉണ്ടാകുന്നതല്ല. പിന്നെ പരലോക ദുഃഖവുമില്ല. ധര്‍മ്മവും, യശസ്യവും, ആയുഷ്യവും, പുണ്യവും, സ്വര്‍ഗ്ഗവും ആയി മുനിപുംഗവനായ വ്യാസന്‍ ഇതു നിര്‍മ്മിച്ചു.
മഹാന്മാരായ പാണ്ഡവര്‍ക്കു മഹാകീര്‍ത്തി പരത്തുന്നവരും, സര്‍വ്വവിദ്യാശുദ്ധി ചേര്‍ന്നു ലോകത്തില്‍ പേരു കേട്ടവരും, ഭൂരിദക്ഷിണവീര്യാദി ചേരുന്നവരും ആയ മറ്റു രാജാക്കള്‍ക്കും, പുണ്യാര്‍ത്ഥമായി മര്‍ത്ത്യലോകത്തില്‍ കേള്‍പ്പിക്കുന്നവന്നും ഇതുമൂലം മഹാപുണ്യമായ അനശ്വരധര്‍മ്മം ഉണ്ടാകും. കീര്‍ത്തിയേറുന്ന കുരുകുലത്തെ കീര്‍ത്തിക്കുന്ന ശുചിയായ മര്‍ത്ത്യന് കുലവൃദ്ധിയുണ്ടാകും; പുണ്യവാനായി വരും. വ്രതത്തോടുകുടി വര്‍ഷത്തില്‍ നാലുമാസം ഭാരതം ചൊല്ലുന്ന വിപ്രന്റെ പാപം വേരറ്റു പോകും. ഭാരതം ചൊല്ലുന്ന വേദത്തിന്റെ മറുകരയെത്തിയവന്‍ മോക്ഷത്തിന് അര്‍ഹനാകും.
ദേവന്മാര്‍, നരദേവന്മാര്‍, ബ്രഹ്മര്‍ഷിമുഖ്യര്‍, പാപം നശിച്ചവര്‍, ശ്രീ വാസുദേവന്‍ ഇവരെയൊക്കെ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ദേവേശനായ ഭഗവാനും, ദേവിയും ഇതില്‍ വര്‍ണ്യരാണ്. കീര്‍ത്തിയോടെ നാനാജന്മമെടുത്ത കാര്‍ത്തികേയന്റെ ജന്മവും, പശുബ്രാഹ്മണ മാഹാത്മൃങ്ങളും ഇതില്‍ വിശേഷിച്ചും വാഴ്ത്തിയിരിക്കുന്നു. സര്‍വ്വശ്രുതിപ്രായമായ ഇത് ധര്‍മ്മപരര്‍ക്കു ശ്രാവ്യമാണ്. പര്‍വ്വം തോറും ബ്രാഹ്മണരെ ഇതു ചൊല്ലിക്കേള്‍പ്പിക്കുന്ന ബുധന്‍, കന്മഷം പോയി സ്വര്‍ഗ്ഗജിത്തായി ബ്രഹ്മസാമ്രാജ്യം പ്രാപിക്കും.
ശ്രാദ്ധങ്ങളില്‍ ബ്രാഹ്മണരെ ഇതൊരു പാദമെങ്കിലും കേള്‍പ്പിച്ചാല്‍ അതു പിതൃക്കള്‍ക്ക് അക്ഷയമായ ശ്രാദ്ധമായിത്തീരും. ചിത്തേന്ദ്രിയങ്ങള്‍ കൊണ്ടു പകല്‍ ചെയ്യുന്ന പാതകം അത് അറിഞ്ഞോ അറിയാതെയോ ചെയ്തതായാലും അവ ഈ ഭാരതം കേട്ടാല്‍ തീര്‍ച്ചയായും നശിച്ചു പോകും. മഹല്‍ഭാരതജന്മം തന്നെയാണ് മഹാഭാരതം! ഈ ആഖ്യാനം അറിഞ്ഞവന് സര്‍വ്വ പാപസമൂഹവും നശിക്കും. ഇതു ഭാരതന്മാര്‍ക്കുള്ള മഹാത്ഭുതമായ ഇതിഹാസമാണ്. ഇതു കീര്‍ത്തിച്ചാല്‍ മര്‍ത്ത്യരുടെ മഹാപാപമെല്ലാം നശിക്കും. ഉത്സാഹിയും, ശുദ്ധിമാനും, ശക്തനുമായ വ്യാസമഹര്‍ഷി മുന്നു സംവത്സരം കൊണ്ട് ഭാരതരചന എന്ന മഹല്‍കൃത്യം സാധിച്ചു. ആദ്യം മുതല്‍ അവസാനം വരെ അദ്ദേഹം വേണ്ട മാതിരി ഭംഗിയാക്കി തീര്‍ത്തു. വ്രതനിഷ്ഠയോടെ കൃഷ്ണദ്വൈപായന കൃതമായ ഭാരതസത്കഥ ഭൂസുരന്മാര്‍ കേള്‍ക്കണം.
ഇതു കേള്‍പ്പിക്കുന്ന വിപ്രരും, കേള്‍ക്കുന്ന മര്‍ത്ത്യരും ഏതു മട്ടിലിരുന്നാലും ഒരിക്കലും പുണ്യ പാപങ്ങളാല്‍ ക്ലേശിക്കുന്നവരാവുകയില്ല. ധര്‍മ്മം കാംക്ഷിക്കുന്ന മര്‍ത്ത്യന്‍ നല്ലമട്ടില്‍ അതു കേള്‍ക്കുമ്പോള്‍ അതു കൊണ്ടു സിദ്ധനായി തീരും.
ഈ പുണ്യേതിഹാസം കേള്‍ക്കുന്നവനുള്ള മനഃസുഖം കേവലം സ്വര്‍ഗ്ഗം നേടിയിരിക്കുന്നവനു കൂടി സിദ്ധിക്കുന്നതല്ല. ശ്രദ്ധയോടെ ഇതു കേള്‍ക്കുന്നവനും, കേള്‍പ്പിക്കുന്ന പുണ്യശീലനും രാജസൂയം, അശ്വമേധം എന്നിവ ചെയ്ത പോലെയുള്ള ഫലം സിദ്ധിക്കും. സമുദ്രഭഗവാനും, ഹിമവാന്‍ എന്ന ഗിരിരാജനും ഇങ്ങനെ രണ്ടു രത്നനിധാനങ്ങള്‍ ഭൂലോകത്തുണ്ട്. അതുപോലെ മറ്റൊരു രത്നനിധാനമാണ് മഹാഭാരതം.
ഇതു വേദങ്ങള്‍ പോലെ പവിത്രവും, ഏറ്റവും ഉത്തമവുമാണ്. ശ്രുതിക്ക് സുഖദമായ ശ്രാവ്യമാണ്. സുഖദവും പാവനവും ശീലവര്‍ദ്ധനവുമാണ്. ഈ ഇഷ്ടമായ ഭാരതത്തെ കേള്‍ക്കുവാന്‍ യാചിക്കുന്നവന് വായിച്ചു കേള്‍പ്പിക്കുന്നവന്‍ കടല്‍ ചുഴുന്ന ഭൂമിയൊക്കെ ദാനം ചെയ്യുന്ന പുണ്യം ആര്‍ജ്ജിക്കുന്നവനായിത്തീരുന്നു.
ജനമേജയന്റെ ജയമായ, പുണ്യവര്‍ദ്ധനമായ ദിവ്യകഥ ഇതാ, ഞാന്‍ പറയുവാന്‍ പോകുന്നു. നിങ്ങള്‍ ഹര്‍ഷത്തോടെ കേട്ടു കൊള്ളുവിന്‍!
മൂന്നുവര്‍ഷം കൊണ്ട് കൃഷ്ണദ്വപായന മഹര്‍ഷി ഈ മഹാഭാരതാഖ്യാനം നിര്‍മ്മിച്ചു എന്നുള്ളത് ഒരു മഹാത്ഭുതം തന്നെ. ധര്‍മ്മത്തെയും അര്‍ത്ഥത്തെയും, കാമത്തെയും, മോക്ഷത്തെയും പറ്റി നാലു പുരുഷാര്‍ത്ഥങ്ങളെപ്പറ്റി ഭാരതത്തിൽ എന്തൊക്കെ പ്രതിപാദിച്ചിട്ടുണ്ടോ, അതു മറ്റു പ്രബന്ധങ്ങളിലും കണ്ടേക്കാം. എന്നാൽ ഭാരതത്തില്‍ പറയാത്തത് ഏതു പ്രബന്ധത്തിലും കാണുകയില്ല. അത്ര സമഗ്രമായ ലോകവീക്ഷണം മഹാഭാരതത്തിലുണ്ട്.
63. വ്യാസാദ്യുല്‍പത്തി - വൈശമ്പായനൻ പറഞ്ഞു: പണ്ട് നായാട്ടില്‍ പ്രിയമുള്ളവനും, ഉപരിചരന്‍ എന്നു പ്രസിദ്ധനും, വ്രതനിഷ്ഠനും, പൗരവനന്ദനനുമായ വസു എന്ന രാജാവ് ചേദിരാജ്യം ഭരിച്ചിരുന്നു. ആ രാജാവ് ഇന്ദ്രന്റെ സുഹൃത്തായിരുന്നു. അസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ആശ്രമത്തില്‍ വാണ് രാജാവ് തപസ്സിലിരുന്നു. അപ്പോള്‍ ഇന്ദ്രാദികളായ ദേവന്മാര്‍ ആ രാജാവിന്റെ അരികെ എത്തി. ഈ രാജാവു തപസ്സു ചെയ്താല്‍ തീര്‍ച്ചയായും ഇന്ദ്രപട്ടത്തിന് അര്‍ഹനാകുമെന്നു വിചാരിച്ച് അവര്‍ സാന്ത്വനം കൊണ്ട് രാജാവിന്റെ തപസ്സു നിര്‍ത്തുവാന്‍ ഒരുങ്ങി.
ദേവകള്‍ പറഞ്ഞു: രാജാവേ, ഭൂമിയില്‍ ധര്‍മ്മസങ്കരമാകരുത്. അങ്ങെടുക്കുന്ന ധര്‍മ്മം ലോകരും തുടങ്ങിയാലോ?
ഇന്ദ്രന്‍ പറഞ്ഞു; ഹേ! രാജാവേ, ഭവാന്‍ ആകുലത്വം വിട്ട് സജ്ജനായി ലോകധര്‍മ്മത്തെ പാലിക്കുക! ആവുന്ന ധര്‍മ്മം ചെയ്തു ഭവാന്‍ ശാശ്വതമായ പുണ്യലോകം പ്രാപിക്കുക! വിണ്ണില്‍ വാഴുന്ന എനിക്ക്, ഭവാന്‍ മന്നില്‍ വാഴുന്ന സഖാവാണ്. ലോകത്തില്‍ നല്ല ഒരിടം നോക്കി ഭവാന്‍ പരിപാലിച്ചാലും!
വളരെ പുണ്യമായിട്ടുള്ളതാണ് പശുപ്രിയം. പശുക്കള്‍ നിറഞ്ഞതും, ധനധാന്യങ്ങളാല്‍ സമുജ്ജ്വലമായതും, സ്വര്‍ഗ്ഗതുല്യം വിളങ്ങുന്നതും, സൗമൃമായതും, ഭോഗ്യഗുണങ്ങള്‍ ചേര്‍ന്നതുമായ വസു ഉള്ളതാണ് വസുധാ. അങ്ങനെയുള്ള ആ ചേദിഭുമിയില്‍ നീ വസിക്കുക. നാട്ടുകാരൊക്കെ ധര്‍മ്മശീലന്മാരും, ഏറ്റവും സന്തുഷ്ടരും നല്ലവരുമാണ്. വിനോദത്തിനും അവിടെ കുറവില്ല. താതഹിതത്തെ ആദരിക്കുന്ന അവര്‍ പിതാക്കളോടു സ്വത്തു ഭാഗിച്ചു വാങ്ങുന്നവരല്ല. ഗോക്കളില്‍ ഭാരമേറ്റുകയില്ല. അവര്‍, കൃശന്മാരെ പാലിക്കും. വേദിയില്‍ സ്വധര്‍മ്മസ്ഥരാണ് എല്ലാജാതിക്കാരും. മൂന്നു ലോകത്തിലും നീ അറിയാത്തതായി ഒന്നുമില്ലല്ലോ. ദേവോപഭോഗ്യമായും, ദിവൃമായും, സ്ഫടികമായും, ഇരിക്കുന്ന ഒരു വിമാനം ഞാന്‍ ഭവാനു നല്കുന്നു, അതില്‍ക്കയറി ഭവാന്‍ യഥേഷ്ടം ആകാശത്തില്‍ സഞ്ചരിക്കാം. മത്ത്യരില്‍ ഭവാന്‍ മാത്രമേ വ്യോമ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയുള്ളു. അങ്ങ് അമരന്മാരെപ്പോലെ ഉടലോടു കൂടി വിമാനത്തില്‍ സഞ്ചരിക്കും. വൈജയന്തി എന്ന വാടാത്ത മാലയും ഞാന്‍ ഭവാന് തരുന്നു. ഇത് സംഗരത്തില്‍ അങ്ങയെ ശസ്ത്രക്ഷതം തട്ടാതെ രക്ഷിക്കും. ഇതിന് ഇന്ദ്രമാല എന്നാണു പേര്. ഹേ, മന്നവേന്ദ്ര! ഭവാന്‍ ധനൃവും, അപ്രതിമവും, പ്രസിദ്ധവുമായ ഈ ചിഹ്നം സ്വീകരിച്ചാലും!
വൈശമ്പായനൻ പറഞ്ഞു: പിന്നെ വൃത്രവൈരി അവന് ചിത്രമായ വേണുദണ്ഡവും നല്കി. ഇഷ്ടപ്രദാന നിലയില്‍ ശിഷ്ടരക്ഷയ്ക്ക് സാധകവുമാണ് ആ ദണ്ഡം.
ഇന്ദ്രപൂജയ്ക്ക്, പിന്നെ ഒരു വര്‍ഷം കഴിഞ്ഞിട്ട്, ആ രാജാവ് ആ വേണുയഷ്ടി മന്നില്‍ നട്ടു. അന്നുതൊട്ട് ഇന്നുവരെ മന്നില്‍ യഷ്ടി നടുന്ന ക്രമം, ആ രാജാവു ചെയ്തതു പോലെ, രാജാക്കന്മാര്‍ ചെയ്തു വരുന്നുണ്ട്. പിറ്റേദിവസം അത് പുഷ്പം, ചന്ദനം, വസത്രം ഇവയര്‍പ്പിച്ച് വിധിപോലെ പൂമാല ചുറ്റിച്ചാര്‍ത്തി രാജാക്കള്‍ ഉയര്‍ത്തുന്നു. അത് ഉയര്‍ത്തുമ്പോള്‍ ഹംസരൂപിയായ ഭഗവാനെ അതില്‍ പൂജിക്കുന്നു. വസുപ്രീതിക്കു വേണ്ടി വാസവന്‍ ആ സ്വരൂപം സ്വീകരിച്ചതാണ്. ഇപ്രകാരമുള്ള മഹാശുഭമായ പൂജ വസു ചെയ്തതു കണ്ടു സന്തോഷിച്ച് വാസവന്‍ പറഞ്ഞു: മനുഷ്യരും വിശേഷിച്ച് രാജാക്കളും, ചേദിരാജാവ് മഹാപൂജ ചെയ്ത പോലെ, എനിക്കു ചെയ്യുന്നതായാല്‍, അവര്‍ക്കും അവരുടെ നാട്ടിനും ശ്രീയും ജയോദയവും സിദ്ധിക്കും. അപ്രകാരംആ നാടടക്കം പ്രീതമായിത്തീരും.
വൈശമ്പായനൻ തുടര്‍ന്നു: ഇപ്രകാരം ദേവരാജാവായ ഇന്ദ്രനാല്‍ ചേദിരാജാവ് തുഷ്ടിയോടെ ആദരിക്കപ്പെട്ട ഇപ്പറഞ്ഞ വിധം ശക്രപൂജ കഴിക്കുന്നതായാല്‍ വളരെ രത്നാദികളുടെ ദാനത്താല്‍ പാരില്‍ അവര്‍ സംപൂജ്യരാകും. വരദാനങ്ങള്‍, യജ്ഞങ്ങള്‍, ഇന്ദ്രോത്സവം എന്നിവ ചെയ്തു ദേവരാജപ്രീതി നേടി, വസു ധര്‍മ്മത്തോടെ ചേദിരാജാവ് പാരിടം പരിപാലിച്ചു. അവന് അമിതവിക്രമികളായി അഞ്ചു നന്ദനന്മാര്‍ ഉണ്ടായി. അഞ്ചു രാജ്യത്തില്‍ സാമ്രാട്ടുകളായി മക്കളെ വാഴിച്ചു. ബൃഹദ്രഥന്‍, പ്രതൃഗ്രഹന്‍, കുശാംബന്‍, മണിവാഹന്‍ എന്നു കൂടി പേരുള്ള മാവേല്ലന്‍, എന്നും തോല്‍വി തട്ടാത്തവനായ യദു ഇവരാണ് ആ രാജര്‍ഷിയുടെ മക്കള്‍. അവരവരുടെ പേര്‍ക്ക് അവര്‍ ഓരോ പട്ടണം തീര്‍പ്പിച്ചു. ഇങ്ങനെ വസുവിന്റെ അഞ്ചു മക്കള്‍ അഞ്ചു വംശത്തിന്റെ കാരണവന്മാരായി.
ഇന്ദ്രന്‍ നല്കിയ സ്ഫടിക നിര്‍മ്മിതമായ ഇന്ദ്രസൗധ വിമാനത്തില്‍ അംബരത്തില്‍ വാഴുന്ന രാജാവിനെ ഗന്ധര്‍വ്വന്മാരും, അപ്സരസ്സുകളും വാഴ്ത്തി. ഉപരിചരന്‍ എന്ന പേരും പ്രസിദ്ധമായി.
അക്കാലത്ത് ചേദിരാജ്യത്തിന് അരികിലൂടെ ഒരു നദി ഒഴുകിയിരുന്നു. ശുക്തിമതി എന്നാണ് ആ നദിയുടെ പേര്. കോലാഹലന്‍ എന്നു പേരായ ഒരു പര്‍വ്വതം ആ നദിയെ കാമിച്ചു. ഒരു ദിവസം ആ പര്‍വ്വതം ആ നദിയെ കാമത്തോടെ ബലമായി തടുത്തു പിടിച്ചുനിര്‍ത്തി. ശീഘ്രഗാമിനിയായ ആ നദി, പര്‍വ്വതം ബലമായി തടഞ്ഞു നിര്‍ത്തിയതു കൊണ്ട് പോകുവാന്‍ നിവൃത്തിയില്ലാതെ നിന്നു. വെള്ളം മേല്പോട്ടു പൊങ്ങി നാടൊക്കെ മുങ്ങി. ജനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു കുഴങ്ങി. മലയുടെ ഈ അന്യായ പ്രവൃത്തിയില്‍ രാജാവു കോപിച്ച് ഓടിച്ചെന്നു കോലാഹലാദ്രിയുടെ ശിരസ്സില്‍ ബലമായി ഒരു ചവിട്ടു കൊടുത്തു. ചവിട്ടു പഴുതില്‍ കൂടി ആ നദി കുതിച്ചു ചാടി. ആ ഗിരിക്ക് ആ നദിയുമായുള്ള പ്രണയ സാഹസത്തിന്റെ ഫലമായി അന്ന് രണ്ടു സന്താനങ്ങള്‍, ഒരു ആണും ഒരു പെണ്ണും, പിറന്നു. തന്നെ മോചിപ്പിച്ചതില്‍ സന്തോഷിച്ച്, നദി ആ രണ്ടു സന്താനങ്ങളെ ഉപരിചര രാജാവിന്നു നല്കി, അതില്‍ പുരുഷനെ രാജാവ് പിന്നീടു സേനാനായകനാക്കി. സ്ത്രീയെ രാജാവ് ഭാര്യയാക്കി. ഗിരിക എന്നായിരുന്നു ആ സുന്ദരിയുടെ പേര്.
മനോമോഹിനിയായ ഗിരിക കാമകാലം ഉണര്‍ത്തി. രാജ്ഞി ഋതുസ്നാനം കഴിഞ്ഞ് പുംസവനത്തിനായി, പുരുഷസന്താനപ്രാപ്തിക്കു വേണ്ടി ശുദ്ധിമതിയായി ഭര്‍ത്താവിനെ കാമകാലമുണര്‍ത്തിയ അന്ന്, പിതൃക്കളുടെ ആജ്ഞപ്രകാരം രാജാവിന് ദൈവനിശ്ചയത്താല്‍ സ്ഥലം വിടേണ്ടി വന്നു. പിതൃക്കള്‍ മൃഗമാംസം കൊണ്ട് പിതൃകര്‍മ്മം ചെയ്യുവാന്‍ ആവശ്യപ്പെട്ടതു മൂലം രാജാവ് നായാട്ടിന് പോയി. പിതൃകല്പന ലംഘിച്ചു കൂടല്ലോ. നായാട്ടു കഴിഞ്ഞ് കാട്ടില്‍ വെച്ച് രാജാവ് തന്റെ ഭാര്യയെ ചിന്തിച്ചു. ഋതുസ്നാനം കഴിഞ്ഞ് മുടിയഴിച്ചിട്ട് സൗന്ദരൃശ്രീയാര്‍ന്ന മുഖത്തോടെ ശ്രീദേവി പോലെ നില്ക്കുന്ന ഗിരികയെ കാമത്തോടെ ഓര്‍ത്തു. ആ കാട് മനോഹരമായി പൂത്തു നില്ക്കുന്നു! അശോകം, ചെമ്പകം, തേന്മാവ്, അഴകുള്ള തിമുക്തകം, പുന്ന, കൊന്ന, കബ്ലം, പാടലം, ചന്ദനം, തെങ്ങ്, പാച്ചോറ്റി, പനിനീര്‍, മരുത് എന്നു തുടങ്ങിയ പല വൃക്ഷങ്ങളും പുഷ്പഫലാഢ്യമായി പ്രശോഭിക്കുന്നു. കുയിലുകള്‍ മധുരമായി കൂജനം ചെയ്യുന്നു! വണ്ടുകള്‍ മുരളുന്നു! ചൈത്രരഥം പോലെ, ആ വസന്തകാലത്ത് വനം പ്രശോഭിച്ചു. രാജാവ് കാമവികാരം കൊണ്ടു! തന്റെ സുന്ദരിയായ ഭാര്യയെ ഓര്‍ത്തു! കാമാന്ധനായി ഗിരികയെ കാണാതെ അവന്‍ പരവശനായി കണ്ട കാട്ടിലൊക്കെ സഞ്ചരിച്ചു. പുഷ്പസൗരഭ്യം പരന്നു. കൊമ്പുമൂടി ഓമല്‍ത്തളിരുകള്‍ ശോഭിക്കുന്ന ഒരു അശോകത്തെ നോക്കി. പൂങ്കുലകള്‍ സ്തനഭാരംപോലെ വിളങ്ങി. ആ പൂങ്കുലകളോടു കൂടിയ അശോകത്തിന്റെ നിഴലില്‍ മധുഗന്ധം കലര്‍ന്ന പൂമണമേറ്റ് രാജാവ് ഇരുന്നു. ചെറിയ ഒരു കാറ്റ് വന്ന് പ്രണയവതിയായ ഭാര്യയുടെ മൃദുകരം കൊണ്ടെന്ന പോലെ രാജാവിനെ മന്ദം മന്ദം തലോടി. രാജാവ് സുരതാനന്ദം കൊണ്ടു. അവന് അപ്പോള്‍ രേതസ്സ് സ്ഖലിച്ചു. സ്ഖലിച്ച ശുക്ലം വൃക്ഷത്തിന്റെ ഇലയില്‍ രാജാവ് എടുത്തു. നിലത്തു വീണു പാഴാകരുതല്ലോ എന്നു വിചാരിച്ചാണ് രാജാവ്‌എടുത്തത്. വെറുതെ കളയുവാന്‍ പാടില്ല. ഭാര്യയ്ക്ക് ഋതുകാലവുമാണ്. അതു കൊണ്ട് ഇത് അവളുടെ ഗര്‍ഭത്തില്‍ പ്രവേശിപ്പിക്കണം. അതിന്നുള്ള മാര്‍ഗ്ഗം ചിന്തിച്ച് മന്ത്രം ജപിച്ച് ഒരു പരുന്തിനെ വിളിച്ച് അവന്റെ കൈയില്‍ അത് ഏല്പിച്ചു, ഭാര്യയോടു വേണ്ടതൊക്കെ പറയുവാന്‍ കല്പിച്ചു കൊടുത്തയച്ചു. എന്റെ പ്രീതിക്കായി എന്റെ ശുക്ലം ഉടനേ നീ എന്റെ പുരത്തില്‍ എത്തിക്കുക. ഇത് ഗിരികയ്ക്കു കൊടുത്ത് വിവരം അറിയിക്കുക. അവള്‍ക്ക് ഋതുകാലമാണ്, വൈകരുത്.
പരുന്ത് അതു വാങ്ങിച്ച് ക്ഷണത്തില്‍ ആകാശത്തു പൊങ്ങി. എന്തോ മാംസം കൊത്തിപ്പറക്കുകയാണെന്നു വിചാരിച്ച് വേറെ പരുന്തുകള്‍ വഴിക്കു വെച്ച് എതിര്‍ത്തു. ആകാശത്തു വെച്ച് മറ്റൊരു പരുന്തുമായി ഏറ്റുമുട്ടി. ആ യുദ്ധത്തില്‍ രേതസ്സ് യമുനാ ജലത്തില്‍ വീണു. അദ്രികയെന്നു പേരായ ഒരു അപ്സരസ്സ് ബ്രഹ്മശാപം നിമിത്തം മത്സ്യമായി ആ നദിയില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. പരുന്തിന്റെ പിടിയില്‍ നിന്ന് വീണ ആ ശുക്ലം മത്സ്യരൂപിണിയായ അദ്രിക എത്തിപ്പിടിച്ചു വിഴുങ്ങി.
ഒരുദിവസം ചില മുക്കുവര്‍ കൂടി ഒരു മത്സൃത്തെപ്പിടിച്ചു. അതിന്റെ വയര്‍ കീറിയപ്പോള്‍ രണ്ടു മനുഷ്യക്കുട്ടികള്‍ അതിന്റെ വയറ്റില്‍ നിന്നു പുറത്തു വന്നു! ഈ അത്യാശ്ചര്യം അവര്‍ രാജാവിനെ അറിയിച്ചു. പെണ്‍മീനിന്റെ വയറ്റില്‍ രണ്ടു മനുഷ്യർ! അത്ഭുതം തന്നെ! അതില്‍ പുരുഷനെ ഉപരിചരന്‍ സ്വീകരിച്ചു. അവന്‍ മത്സ്യന്‍ എന്ന പ്രസിദ്ധനായ രാജാവായി. ധാര്‍മ്മികനും സത്യസംഗരനുമായി വളര്‍ന്നു. മത്സ്യസ്ത്രീയായ അപ്സരസ്സ് ശാപമോക്ഷം വന്നു പോവുകയും ചെയ്തു. ഭഗവാന്‍ മുമ്പെ തന്നെ അവള്‍ക്ക് ശാപമോക്ഷം പ്രസ്താവിച്ചിരുന്നു, മനുഷ്യരെ പ്രസവിച്ചാല്‍ തിര്യക്കായ നീ ശാപമോക്ഷം പ്രാപിക്കും എന്ന്. അവള്‍ മത്സ്യരൂപം വെടിഞ്ഞു ദിവ്യരൂപം എടുത്ത് സിദ്ധചാരണന്മാരുടെ മാര്‍ഗ്ഗത്തിലൂടെ പോയി.
മത്സ്യം പെറ്റ മകളായ, മത്സൃഗന്ധിനി എന്ന മത്സ്യയെ മുക്കുവന് കൊടുത്ത്, നീ പുത്രിയായി വളര്‍ത്തിക്കൊള്ളുക! എന്നു പറഞ്ഞു.
സൗന്ദര്യ സത്വഗുണങ്ങള്‍ തികഞ്ഞ അവള്‍ സത്യവതി എന്ന പേരില്‍ മുക്കുവരെ സമാശ്രയിച്ച് ഒട്ടുകാലം മത്സ്യഗന്ധിനിയായി തന്നെ വാണു. പിതൃപ്രിയത്തിനായി അവള്‍ കടത്തു വഞ്ചി കടത്തുന്നവളായി. അങ്ങനെ പങ്കായവുമെടുത്ത് തോണി കടത്തുന്ന തൊഴിലിൽ ഏര്‍പ്പെട്ടിരിക്കുന്ന അവളെ തീര്‍ത്ഥചാരിയായ പരാശരന്‍ കണ്ടു.
സിദ്ധയതിയെപ്പോലും കൊതിപ്പിക്കുന്ന സൗന്ദര്യമുള്ള ഈ യുവതി ഏതാണ്? അദ്ദേഹം അവളെ കണ്ട് വഞ്ചിയില്‍ വെച്ചു കാമിച്ചു. വസുവിന്റെ ദിവൃപുത്രിയായ ആ ഭവൃകന്യകയോട് പരാശരന്‍, ഹേ കല്യാണീ, നീ എന്നെ ഒന്നു പുല്കുക! എന്ന് വഞ്ചി പുഴയുടെ നടുവിലെത്തിയ സമയത്ത് അവളോടു നേരിട്ട് ആവശ്യപ്പെട്ടു. ആ ശുചിസ്മിത ലജ്ജിച്ച് മഹര്‍ഷിയോടു പറഞ്ഞു; "ഭഗവാനേ, നോക്കൂ! ആറ്റില്‍ മഹര്‍ഷിമാര്‍ രണ്ടു കരകളിലും നിന്നു കുളിക്കുന്നു. അവര്‍ കാണില്ലേ? ഈ പച്ചപ്പകലോ നാം തമ്മില്‍ ക്രീഡിക്കുന്നത്? ഈ ജനങ്ങളുടെ മുമ്പില്‍ വെച്ചോ?ഹായ് പാടില്ല!".
ലജ്ജാമധുരമായി ആ പെണ്‍മണി പരിഭ്രമിച്ചു പറഞ്ഞപ്പോള്‍ മഹര്‍ഷി ചുറ്റും ഒരു മൂടല്‍മഞ്ഞുണ്ടാക്കി. ആ മഞ്ഞു കൊണ്ട് കൂരിരുട്ടുണ്ടായി. ഇങ്ങനെ മുനിശ്രേഷ്ഠന്‍ മഞ്ഞു കൊണ്ടു മറ തീര്‍ത്തപ്പോള്‍ ആ സാധുവായ കന്യക വിസ്മയപ്പെടുകയും ലജ്ജിക്കുകയും ചെയ്തു. അവള്‍ ഇപ്രകാരം പറഞ്ഞു.
സത്യവതി പറഞ്ഞു; ഹേ മഹര്‍ഷേ, ഞാന്‍ താതന്റെ അധീനത്തില്‍ വളരുന്ന കനൃകയല്ലേ? ഭവാന്റെ സംഗമത്താല്‍ എന്റെ കന്യകാത്വം ദുഷിക്കും. അങ്ങനെ വന്നാൽ, പിന്നെ ഞാന്‍ എങ്ങനെ എന്റെ ഗൃഹത്തില്‍ പ്രവേശിക്കും; പിന്നെ ഞാന്‍ അവിടെ എങ്ങനെ പാര്‍ക്കും? അങ്ങയുടെ കല്പനയെ നിരസിക്കുവാനുള്ള കെല്പ് എനിക്കില്ല. ധീമന്‍, ചിന്തിച്ച് ഭവാന്‍ വേണ്ടതെന്തെന്നു പറയുക.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ആ സുമുഖിയോട് അതിപ്രീതിയോടെ മുനീശ്വരന്‍ പറഞ്ഞു: എന്റെ ഇഷ്ടം നീ സാധിപ്പിച്ചാല്‍ നീ കന്യകയായി തന്നെ പിന്നെയും ഇരിക്കും. ഹേ, ഭീരു! നീ വേണ്ട വരം വരിക്കുക! എന്റെ പ്രസാദം ഹേ, ശുചിസ്മിതേ, ആര്‍ക്കും മുമ്പ് പാഴിലായിട്ടില്ല.
ഇതു കേട്ട് അവള്‍ അഭൃര്‍ത്ഥിച്ചു: മത്സ്യഗന്ധം നീക്കി എന്റെ ദേഹത്തിന്ന് ഉത്തമമായ സൗരഭ്യം നല്കണം.
ഭഗവാന്‍ അവള്‍ക്ക് ഇഷ്ടമായ വരം നല്കി. വരം നേടി അവള്‍ സന്തോഷിച്ചു. കൈമെയ് മറന്ന് ആ മുനിയോടു കൂടി കാമ്രകീഡ ചെയ്തു. അന്നുമുതല്‍ അവള്‍ ഗന്ധവതി എന്നു പ്രസിദ്ധയായി. അവളുടെ ദേഹത്തില്‍ നിന്നു പുറപ്പെടുന്ന സൗരഭ്യം ഒരു യോജന ദൂരംവരെ വീശി. അക്കാരണത്താല്‍ യോജനഗന്ധാ എന്നു കൂടി അവള്‍ക്കു പേരുണ്ടായി. പിന്നെ, പരാശരന്‍ കടവു കടന്നു പോവുകയും ചെയ്തു. പരാശരനില്‍ നിന്നുണ്ടായ ഗര്‍ഭം വേഗത്തില്‍ വളര്‍ന്നു. അവള്‍ പ്രസവിച്ചു. യമുനാദ്വീപില്‍ അവള്‍ പ്രസവിച്ചു. ഇങ്ങനെ പരാശര പുത്രനുണ്ടായി. മാതാവിന്റെ സമ്മതത്തോടു കൂടി അവന്‍ തപസ്സു ചെയ്തു. അമ്മ എപ്പോള്‍ എന്നെ കാണണമെന്നു വിചാരിക്കുന്നുവോ അപ്പോള്‍ ഞാന്‍ വന്നു കണ്ടുകൊള്ളാം എന്നു പറഞ്ഞു.
ഇങ്ങനെ പരാശരപുത്രനായ ദ്വൈപായനന്‍ സത്യവതി പ്രസവിച്ചുണ്ടായവനാണ്. ദ്വീപില്‍ ജനിച്ചു വളര്‍ന്നതു കൊണ്ട് ദ്വൈപായനന്‍ എന്നു പേരുണ്ടായി.
യുഗം തോറും ധര്‍മ്മം നാലിലൊരംശം വീതം അറ്റു പോകുമെന്നും മനുഷ്യരുടെ ആയുശ്ശക്തി ക്ഷയിക്കുമെന്നും യുഗസ്ഥിതി മാറുമെന്നും ആ ബ്രാഹ്മണന്‍ മനസ്സിലാക്കി. ബ്രാഹ്മണാനുഗ്രഹത്തിനായി വേദമെല്ലാം ശാഖാഭേദങ്ങളോടു കൂടി പകുത്തു വിസ്തരിച്ചു. അതു കൊണ്ട് വ്യാസന്‍ എന്നു പേരുണ്ടായി.
അഞ്ചാമത്തെ വേദമായി ഭാരതവും നിര്‍മ്മിച്ചു. സുമന്തു, ജൈമിനി, പൈലന്‍, ശുകന്‍ എന്നിവര്‍ക്കും വരിഷ്ഠനും, വരദനും, വന്ദ്യനുമായ വൈശമ്പായനനും അതു പഠിപ്പിച്ചു. അവര്‍ വേറെ വേറെ ഭാരതസംഹിത പുകഴ്ത്തിക്കാണിച്ചിട്ടുണ്ട്.
ശന്തനുവിന്റെ പുത്രനായി ഗംഗാദേവിയില്‍ ഭീഷ്മൻ ജനിച്ചു.
പണ്ട് അണിമാണ്ഡവ്യനെന്നു പ്രസിദ്ധനായ ഒരു ഋഷിഉണ്ടായിരുന്നു. അഷ്ടവസുക്കളുടെ വീര്യത്താല്‍ മഹാവീര്യനും, ശക്തിമാനും, വേദാര്‍ത്ഥവേദിയും, ഭഗവാനും, വിപ്രര്‍ഷിയുമായി അദ്ദേഹം പ്രശോഭിച്ചു. അദ്ദേഹം ചോരനായിരുന്നില്ലെങ്കിലും ചോരനാണെന്നു ശങ്കിക്കപ്പെട്ട് ശൂലത്തില്‍ കേറ്റപ്പെട്ടു. മഹാനായ ആ പുരാണര്‍ഷി യമധര്‍മ്മ രാജാവിനെ വിളിച്ച് ഇപ്രകാരം വിഷാദത്തോടെ പറഞ്ഞു: "ഞാന്‍ എന്റെ ബാല്യത്തില്‍ അറിവില്ലാത്ത കാലത്ത് ഈഷികപ്പുല്ലു കൊണ്ട് ഒരു കൊച്ചു പക്ഷിയെ കുത്തിക്കോര്‍ത്തു. ഹേ, ധര്‍മ്മ! ഞാന്‍ മറ്റൊരു പാപവും ചെയ്തതായി ഓര്‍ക്കുന്നില്ല. ആ അറിയാത്ത കാലത്തു ചെയ്ത പാപം, ആയിരം വര്‍ഷം ഞാന്‍ തപസ്സു ചെയ്തിട്ടും നീങ്ങിയില്ലേ? നശിച്ചില്ലേ? ഇതു മഹത്തായ ദ്രോഹം തന്നെ. ഭവാന്‍ എന്റെ തപസ്സിനെ പരിഗണിക്കാതെ എന്നെ ഇത്തരത്തില്‍ ശൂലത്തിൽ ഇടുവാൻ ഇടയാക്കിയതില്‍ ഞാന്‍ ഭവാനെ ശപിക്കുന്നു. ബ്രഹ്മദ്രോഹം സര്‍വ്വവധത്തേക്കാളും മീതെയാണ്. എന്നോടു ചെയ്ത ഈ തെറ്റുമൂലം നീ ശൂദ്രയോനിയില്‍ പോയി ജനിക്കട്ടെ!
ഇപ്രകാരം ശാപം ലഭിക്കുക കാരണം ധര്‍മ്മന്‍ ശുദ്രയോനിയില്‍, വിദുരന്‍ എന്ന പേരില്‍ ജാതനായി. ഗാവല്‍ഗണന്റെ പുത്രനായി, മുനിതുല്യനായി, സൂത കുലത്തില്‍ സഞ്ജയന്‍ ഉണ്ടായി. കന്യകയായ കുന്തിയില്‍ സൂര്യനില്‍ നിന്നു മഹാബലവാനായ കര്‍ണ്ണനുണ്ടായി; ജനനാല്‍ കവചവും കുണ്ഡലവും കൊണ്ട് അവന്‍ അലംകൃതനായിരുന്നു. ലോകാനുഗ്രഹത്തിന് മുകുന്ദന്‍ വസുദേവപുത്രനായി ദേവകിയില്‍ ജനിച്ചു. അനാദി നിധനനും, ദേവനും, ഗുണാത്മകനും, അവ്യയാത്മാവും, പുരുഷനും, പ്രഭുവും, വിശ്വകര്‍മ്മാവും, പ്രണവാത്മകനും, അനന്തനും, അചലനും, ചിത്തും, ഹംസനും, നാരായണനും, ധാതാവും, നിര്‍ഗ്ഗുണനും, സര്‍വ്വഭൂത പിതാമഹനുമായ ദേവന്‍ യാദവാന്വയത്തില്‍ പിറന്നു. അതിവീര്യന്മാരും, അസ്ത്രജ്ഞരുമായ കൃതവര്‍മ്മനും സാതൃകിയും കൃഷ്ണനെ പിന്തുടര്‍ന്നു. ഹൃദികന്റെ പുത്രനാണ് കൃതവർമ്മാവ്. സത്യകന്റെ പുത്രനാണ് സാതൃകി. ഭരദ്വാജ മുനിക്കു ശുക്ലം ഗിരിദ്രോണിയില്‍ (പർവ്വതഗുഹ) പതിച്ച് വീര്യവാനായ ദ്രോണനുണ്ടായി. ശരസ്തംബത്തില്‍ നിന്നു (ശരപ്പുല്‍ക്കാട്ടില്‍) ശാരദ്വാനായ ഗൌതമന് രണ്ടു മക്കളുണ്ടായി; കൃപനും കൃപിയും. വിശ്വവീരനായ അശ്വത്ഥാമാവ് കൃപിയുടേയും ദ്രോണന്റേയും പുത്രനായി പിറന്നു. ധൃഷ്ടാഗ്നി തുല്യനായി ധൃഷ്ടദ്യുമ്നന്‍ യജ്ഞ കര്‍മ്മമദ്ധ്യത്തില്‍ വഹിയില്‍ നിന്നു ജനിച്ചു. ദ്രോണവധത്തിനായി ആ വീരന്‍ വില്ലെടുത്തു. ആ അഗ്നിയില്‍ നിന്നു തന്നെ ശോഭയോടെ വേദിയില്‍ കൃഷ്ണയും ജനിച്ചു. കവിഞ്ഞ ദേവസൗന്ദര്യവും, വഴിഞ്ഞ അഴകുമുള്ളവളാണ് അവള്‍. പ്രഫ്ലാദശിഷ്യനായ നഗ്നജിത്ത് സുബലനായിപ്പിറന്നു. ദൈവകോപത്താല്‍ ധര്‍മ്മനാശം ചെയ്യുവാന്‍ വേണ്ടി സുബലന്റെ പുത്രനായി ശകുനിയുണ്ടായി; മകളായി ഗാന്ധാരിയുണ്ടായി. കാര്യങ്ങള്‍ അറിയുവാന്‍ പോന്നവളാണ് ദുര്യോധനന്റെ അമ്മ.
കൃഷ്ണദ്വൈപായനന് ധുതരാഷ്ട്രനും, പാണ്ഡുവും വിചിത്രവീര്യ ക്ഷേത്രത്തിലുണ്ടായി. വ്യാസനന്ദനനായി തന്നെ ധര്‍മ്മാര്‍ത്ഥ കുശലനും, ധീമാനും, മേധാവിയുമായ വിദുരന്‍ ശൂദ്രയോനിയില്‍ ജനിച്ചു. രണ്ടു ഭാര്യയിലുമായി പാണ്ഡുവിന് അഞ്ചു പുത്രന്മാരുണ്ടായി. ദേവോപമന്മാരായ ഇവരില്‍ ഗുണവാനായി, ജ്യേഷ്ഠനായി, യുധിഷ്ഠിരനുണ്ടായി. യുധിഷ്ഠിരന്‍ ധര്‍മ്മന്റെ പുത്രനായും ഭീമന്‍ മരുത്തിന്റെ പുത്രനായും ജനിച്ചു. സര്‍വ്വശാസ്ത്രാര്‍ത്ഥ വിത്തമനായ അര്‍ജ്ജുനന്‍ ഇന്ദ്രപുത്രനായി ജനിച്ചു. നകുല സഹദേവന്മാര്‍ അശ്വിനീദേവന്മാരുടെ പുത്രരായും ജനിച്ചു.
അപ്രകാരം ധൃതരാഷ്ട്രന് നൂറു മക്കളുണ്ടായി. ദുര്യോധനന്‍, യുയുത്സു, ദുശ്ശാസനന്‍, വീരനായ ദുസ്സഹന്‍, ദുര്‍മ്മഷണന്‍, വികര്‍ണ്ണന്‍, ചിത്രസേനന്‍, വിവിംശതി, ജയന്‍, സത്യവ്രതന്‍, പുരുമിത്രന്‍ (ഇവരില്‍ യുയുത്സു വൈശ്യാ തനയനാണ്) ഈ പതിനൊന്നുപേര്‍ മഹാരഥന്മാരാണ്!
അര്‍ജ്ജുനന് സുഭ്രദയില്‍ അഭിമന്യു ഉണ്ടായി. അവന്‍ കൃഷ്ണതുല്യനായ മരുമകനും, പാണ്ഡു പുത്രരില്‍ ഉത്തമനുമായിരുന്നു. പാഞ്ചാലിയില്‍ പാണ്ഡവന്മാര്‍ക്കു സുന്ദരന്മാരും, സര്‍വ്വശാസ്ത്ര ദക്ഷന്മാരുമായി അഞ്ചു പേരുണ്ടായി. ധര്‍മ്മജന് പ്രതിവിന്ധ്യനും, ഭീമന് സൂതസോമനും, പാര്‍ത്ഥന് ശ്രുതകീര്‍ത്തിയും, നകുലന് ശതാനീകനും, സഹദേവന് ശ്രുതസേനനുമുണ്ടായി. കാട്ടില്‍ വെച്ച് ഭീമന് ഹിഡിംബിയില്‍ ഘടോല്ക്കചനുണ്ടായി. ദ്രുപദന് ശിഖണ്ഡിയുണ്ടായി. കനൃക മകനായിത്തീര്‍ന്നവനാണവന്‍. സ്ഥൂണന്‍ എന്ന യക്ഷനാണ് അവനെ ആണാക്കിത്തീര്‍ത്തത്. കുരുക്കളുടെ യുദ്ധത്തില്‍ നൂറും ആയിരവും രാജാക്കന്മാര്‍ വന്നു ചേര്‍ന്നു പടവെട്ടി. അവരുടെ പേരൊക്കെ പറയുവാന്‍ പ്രയാസമുണ്ട്. പതിനായിരമാണ്ടു വിസ്തരിച്ചാലും മതിയാകയില്ല അവരുടെ കഥ.
മുഖ്യന്മാരുടെ പേരാണ് പറഞ്ഞത്. ഈ ആഖ്യാനം ഇവര്‍ മൂലമാണ്.
64. അംശാവതരണം - ജനമേജയൻ പറഞ്ഞും അങ്ങു ചിലരെപ്പറ്റി ഇവിടെ പ്രസ്താവിച്ചു. പറയപ്പെടാത്തവരായി വേറേയും പലരുണ്ടല്ലോ. അവരെയും മറ്റു മന്നവന്മാരേയും പറ്റി വിസ്തരിച്ചു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. എന്തിനാണ് ഈ ദേവകല്പന്മാര്‍ മന്നില്‍ വന്നു പിറന്നത്? അങ്ങ് ഈ യോഗ്യരെപ്പറ്റി നല്ലവണ്ണം വിസ്തരിച്ചു പറയുക!
വൈശമ്പായനൻ പറഞ്ഞു: അങ്ങയുടെ ജിജ്ഞാസയില്‍പ്പെട്ട കാര്യം ദേവരഹസ്യമായ കാര്യമാണ്. രാജാവേ, ഇതു മനസ്സിരുത്തി കേള്‍ക്കുക. സ്വയംഭൂവിനെ കൈകൂപ്പി ഞാന്‍ പറയുവാന്‍ തുടങ്ങുകയായി.
പണ്ട് ത്രേതായുഗത്തില്‍ ഇരുപത്തൊന്നു വട്ടം ക്ഷത്രിയന്മാരെ കൊന്നൊടുക്കി ജാമദഗ്ന്യന്‍ മഹേന്ദ്ര മഹാദ്രിയില്‍ പോയി തപസ്സു ചെയ്തു. ഭാര്‍ഗ്ഗവന്‍ ക്ഷത്രിയന്മാരെയൊക്കെ കൊന്നു മുടിച്ചതു മൂലം ക്ഷ്രതിയ സ്ത്രീകള്‍ സന്താനലബ്ധിക്കു വേണ്ടി ബ്രാഹ്മണരെ ആശ്രയിച്ചു. സുവ്രതരായ ബ്രാഹ്മണേന്ദ്രന്മാര്‍ അവരുമായി സംഗം ചെയ്തു. കാമം കൊണ്ടല്ല. ആര്‍ത്തവത്തിന്നടുത്ത കാലത്തല്ലാതെ അവര്‍ സംഗം ചെയ്തുമില്ല. രാജാവേ! അന്യഭൂതങ്ങളും തിര്യക്കുകളും ഋതുവില്‍ തന്നെയാണ് ഭാര്യമാരുമായിചേരുന്നത്. അപ്പോള്‍ അവരില്‍ നിന്ന് ആ ക്ഷത്രിയകള്‍ക്കു ഗര്‍ഭമുണ്ടായി. അവര്‍ക്കൊക്കെ വീര്യവാന്മാരായ സന്താനങ്ങളുണ്ടായി. ഇങ്ങനെ ആണുങ്ങളും പെണ്ണുങ്ങളുമായി വര്‍ദ്ധിച്ചവര്‍ എല്ലാം ബ്രാഹ്മണരില്‍ നിന്ന് ക്ഷ്രതിയ സ്ത്രീകള്‍ക്കുണ്ടായ ദീര്‍ഘായുസ്സുള്ള സന്തതികളാണ്. ധര്‍മ്മത്തോടെ വേഗത്തില്‍ അവര്‍ വര്‍ദ്ധിച്ചു. ധര്‍മ്മാനുവൃത്തി കൊണ്ട് അവര്‍ ആധിവ്യാധികളില്ലാതെ നിര്‍ബ്ബാധം വാണുവന്നു.
വീണ്ടും ക്ഷ്രതിയര്‍ ധര്‍മ്മം കൈക്കൊണ്ട് കടല്‍ ചൂഴുന്ന ഊഴിയെ, കാടും മലയും നാടും ഒത്ത ഊഴിയെ, ഭരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ബ്രാഹ്മണന്‍ മുതലായ ജാതിക്കാരൊക്കെ സന്തോഷിച്ചു. കാമക്രോധാദികളായ ദോഷങ്ങള്‍ കൂടാതെ ഭൂനാഥന്മാര്‍, ദന്ധ്യരെ ദണ്ഡനംചെയ്തു ഈ ഭൂമി ഭരിച്ചു. മന്നവന്മാര്‍ ധര്‍മ്മം രക്ഷിക്കുമ്പോള്‍, ഇന്ദ്രന്‍ യഥാകാലം മഴ പെയ്യിച്ച് ജനങ്ങളെ കാത്തു. അന്നു ബാലമരണമില്ല. നല്ല യൌവനമാകുമ്പോഴല്ലാതെ ആരും പെണ്ണിനെ അറിയുകയില്ല. ഇങ്ങനെ പ്രജകള്‍ ദീര്‍ഘായുസ്സുള്ളവരായി. കടല്‍ ചൂഴുന്ന പാരിടത്തിലൊക്കെ രാജാക്കള്‍ യജ്ഞം നടത്തി. ആറ് അംഗങ്ങളോടു കൂടി യ ഉപനിഷത്തുക്കളോടു കൂടിയ വേദങ്ങളെ ബ്രാഹ്മണര്‍ എല്ലാം പഠിച്ചു. വേദം കൊണ്ട് കച്ചവടം ചെയ്യുന്ന വിപ്രന്മാര്‍ അന്നുണ്ടായിരുന്നില്ല. ശൂദ്രന്റെ പാര്‍ശ്വത്തില്‍ വെച്ച് അന്ന് അവര്‍ ആരും വേദം പാരായണം ചെയ്യാറില്ല. പശുക്കളെ മേച്ചും, കൃഷി ചെയ്തും വൈശ്യര്‍ ജീവിച്ചു. പശുക്കളെ നുകം വെച്ചു ഭാരം വഹിപ്പിച്ചിരുന്നില്ല. ചടച്ച മൂരികളേയും പശുക്കളേയും എല്ലാവരും രക്ഷിച്ചിരുന്നു. പൈക്കിടാങ്ങള്‍ക്ക് പാല്‍ കൊടുക്കാതിരിക്കുകയില്ല. കിടാങ്ങള്‍ പുല്ലു തിന്നാറാകുന്നതു വരെ പശുക്കളെ കറന്നിരുന്നില്ല. കള്ളത്താപ്പുള്ള കച്ചവടം അന്നില്ല. ധര്‍മ്മത്തിനൊത്ത കര്‍മ്മം അന്നു മേന്മയോടെ ചെയ്തിരുന്നു. ധര്‍മ്മം നോക്കിയേ ധര്‍മ്മശാലികള്‍ കര്‍മ്മം ചെയ്തിരുന്നുള്ളു. അന്ന് എല്ലാവരും കര്‍മ്മനിരതരായിരുന്നു.
ഇപ്രകാരം എല്ലായിടത്തും ധര്‍മ്മം ചുരുങ്ങാതെ നടന്നു. പശുക്കളും, സ്ത്രീകളും കാലമെത്തുമ്പോള്‍ പ്രസവിച്ചിരുന്നു. മാമരങ്ങൾ ഋതുക്കളില്‍ കായ്ക്കുകയും, പൂക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കൃതയുഗത്തില്‍ ഭൂമി സമൃദ്ധമായി.
ഇപ്രകാരം സമൃദ്ധി വര്‍ദ്ധിച്ച കാലത്ത് ക്ഷത്രക്ഷേത്രങ്ങളില്‍ ദൈത്യന്മാര്‍ ജനിച്ചു. ദേവന്മാര്‍ പോരില്‍ ജയിച്ച ദൈതൃന്മാര്‍ അസംഖ്യം സ്വര്‍ഗ്ഗഐശ്വര്യരഷ്ടരായിട്ട് കുറെയൊക്കെ മന്നില്‍ പിറന്നു. മനുഷ്യദേവരായി വാഴാമെന്നു വിചാരിച്ച് നാനായോനികളില്‍ ദാനവന്മാര്‍ ജനിച്ചു. രാജാവേ! കഴുത, പശു, കുതിര, ഒട്ടകം, ഗജം, ദുഷ്ടമൃഗങ്ങള്‍ ഇവറ്റില്‍ ദൈത്യന്മാര്‍ ജനിച്ചു. അവര്‍ തമ്മില്‍ ചേര്‍ന്നും ധാരാളം അസുരരുണ്ടായി. ഈ ദൈത്യന്മാര്‍ വര്‍ദ്ധിച്ചപ്പോള്‍ ഭാരം വര്‍ദ്ധിച്ചു, ഭൂമി തന്നെ താങ്ങാന്‍ വയ്യാതെ കുഴങ്ങി. പിന്നെ ചിലര്‍ വലിയ മദമുള്ള മന്നവന്മാരായിത്തീര്‍ന്നു. ദൈത്യദാനവവീരന്മാര്‍, അത്യയനശ്വര ശക്തികള്‍, വീര്യവും, ശൗര്യവുമുള്ളവര്‍, ഓരോ രൂപമുള്ളവര്‍, ആഴി ചൂഴുന്ന ഊഴി ചുറ്റും ശത്രുക്കളെ മര്‍ദ്ദിച്ച് അവര്‍ ഉഴന്നു. (ബ്രാഹ്മണ ക്ഷത്രിയ വൈശൃ ശൂദ്രരായ ലോകരെ അവര്‍ ഉപദ്രവിച്ചു. മറ്റു ജീവികളേയും അവര്‍ ശക്തിയാല്‍ മര്‍ദ്ദിച്ചു. ജീവിഗണങ്ങളെ പേടിപ്പിക്കുകയും നിഗ്രഹിക്കുകയും ചെയ്തു. അവര്‍ നൂറും ആയിരവും ചേര്‍ന്ന് ഭൂമിയില്‍ ചുറ്റി. ആശ്രമത്തില്‍ മുനികളെ ആശ്രയിച്ച് അങ്ങുമിങ്ങും അബ്രാഹ്മണ്യന്മാര്‍ കൈയൂക്കു കൊണ്ട് ബലോന്മത്തരായി നടന്നു. ഇപ്രകാരം വീര്യബലോത്സുകയത്നമുള്ള അസുരേന്ദ്രരില്‍ നിന്നുള്ള പീഡ സഹിച്ച് ഭൂമിദേവി പത്മയോനിയെ ശരണം പ്രാപിച്ചു.
ഭൂമിയെ വഹിച്ചു നില്ക്കുന്ന കൂര്‍മ്മം, ദിഗ്ഗജങ്ങള്‍, ശേഷന്‍ എന്നിവര്‍ക്കും, ദൈത്യന്മാരുടെ ആക്രമണത്തില്‍ ഗിരികളാല്‍ ഘനം കൂടി യ ഭൂമിയെ താങ്ങുവാന്‍ പ്രയാസമായിത്തീര്‍ന്നു. അങ്ങനെ വന്നപ്പോള്‍ ഭൂമി വല്ലാതെ ഭാരാര്‍ത്തയായി വിഷമിച്ചു. അങ്ങനെ ഭൂമി വിശ്വസൃഷ്ടാവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.
ദേവന്മാരും, ഗന്ധര്‍വ്വന്മാരും, അപ്സരസ്ത്രീകളും, ദേവകളും ചൂഴ്ന്നു നിന്നു വന്ദിക്കുന്ന ബ്രഹ്മദേവനെക്കണ്ടു ഭൂമിദേവി വന്ദിച്ചു.
ശരണാഗതയായ ക്ഷമാദേവിയോട് സുരന്മാരായ ലോകപാലകന്മാര്‍ കേട്ടു നില്ക്കെ, ആത്മജ്ഞനായ ബ്രഹ്മാവ് ഭൂമിദേവിയുടെ എല്ലാ കാരൃവും പരമേഷ്ടിയായ ദേവന്‍ കണ്ടറിഞ്ഞിട്ടുണ്ടെങ്കിലും, വിശ്വകര്‍മ്മാവായ വിരിഞ്ചന്‍ അറിയാത്തതൊന്നും പ്രപഞ്ചത്തിലില്ലെങ്കിലും, ഭൂമിദേവിയോട്, ഭൂനാഥനും, പ്രഭുവും, സര്‍വ്വഭൂതോത്ഭവനും, സര്‍വ്വനാഥനും, പ്രജാപതിയുമായ ദേവന്‍ കല്‍പിച്ചു.
ബ്രഹ്മാവ് പറഞ്ഞു: അല്ലയോ വസുന്ധരേ, എന്തു കാര്യത്തിന് ഭവതി എന്റെ സമീപത്തു വന്നതെന്ന് ഞാന്‍ അറിയുന്നുണ്ട്. അതിന് വേണ്ടി ഞാന്‍ എല്ലാ സുരന്മാര്‍ക്കും കല്പന കൊടുക്കുകയായി.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ബ്രഹ്മാവ് ഭൂമിദേവിയെ അയച്ചു. അനന്തരം എല്ലാ ദേവകളോടും, സര്‍വ്വകര്‍ത്താവായ വിരിഞ്ചന്‍ പറഞ്ഞു: നിങ്ങള്‍ എല്ലാവരും ഭൂമിയുടെ ഭാരം തീര്‍ക്കുന്നതിന് വേറെ വേറെ അംശങ്ങളോടു കൂടി ഭൂമിയില്‍ തന്നെ ജനിക്കുവിന്‍.ബ്രഹ്മകല്പന ശിരസാ വഹിച്ച് ശക്രന്‍ തൊട്ടുള്ള ദേവന്മാര്‍ ഭൂമിയില്‍ പിറക്കുവാന്‍ ഉറച്ചു. അവര്‍ എല്ലാവരും ശത്രുഹന്താവായി വൈകുണ്ഠത്തില്‍ വാഴുന്ന നാരായണവനെ ചെന്നു കണ്ടു. ആ ദേവനാണല്ലോ പ്രജാപതിക്കും പതിയായ ദേവന്‍. ചക്രപാണിയും, ഘനാഭനും, പിംഗളാഭനും, ശ്രീവത്സം ധരിക്കുന്നവനും, ശ്രീയുടെ ഈശനും, ഹൃഷീകേശനും, സുരേശനും, സുരാര്‍പ്പിതനുമാണല്ലോ.
പത്മനാഭനും, ദൈത്യരിപുവും, പത്മപ്രതായതേക്ഷണനും, പ്രജാപതിക്കും പതിയായ ദേവനും, ദേവേശ്വരനും, സര്‍വ്വശക്തനും അവനാണല്ലോ. ദേവേശ്വരനും, ബലിയും അവനാണല്ലോം. ഇന്ദ്രന്‍ ഭൂമിയുടെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി വിഷ്ണുവിനോട് അങ്ങ് അംശാവതാരം എടുക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു. അപ്രകാരമാകാം എന്നു ഹരി അവനോടു പറഞ്ഞു.
സംഭവപര്‍വ്വം
65. ആദിത്യാദിവംശകഥനം - വൈശമ്പായനൻ പറഞ്ഞു; പിന്നെ നാരായണനുമായി ചേര്‍ന്ന് ഇന്ദ്രന്‍ നിശ്ചയം ചെയ്തു. മറ്റു ദേവന്മാരോടും കൂടി അംശാവതാരം എടുക്കുവാന്‍ തീരുമാനിച്ചു. ഇന്ദ്രന്‍ എല്ലാ ദേവന്മാര്‍ക്കും ആജ്ഞ കൊടുത്തതിന് ശേഷം ശ്രീനാരായണന്റെ ആവാസം വിട്ടു മടങ്ങി.
ദൈത്യക്ഷയത്തിനും, സര്‍വ്വലോകസുഖത്തിനും വേണ്ടി അവര്‍ വാനില്‍ നിന്നു ഭൂമിയില്‍ ബ്രഹ്മര്‍ഷിവംശത്തിലും രാജവംശത്തിലും വന്ന് അവതരിച്ചു. ദേവന്മാര്‍ മന്നില്‍ വന്നു പിറന്ന് ദൈതൃരേയും, രാക്ഷസന്മാരേയും, ഗന്ധര്‍വ്വ ഭുജംഗങ്ങളേയും, മര്‍ത്ത്യാശനന്മാരേയും അസംഖ്യം കൊന്നു. ഇപ്പറഞ്ഞ കൂട്ടക്കാര്‍ക്കും തന്നെ ബാല്യത്തില്‍പ്പോലും അവതാരപുരുഷന്മാരെ കൊല്ലുവാന്‍ കഴിഞ്ഞില്ല.
ജനമേജയൻ പറഞ്ഞു: ദേവദാനവസംഘങ്ങള്‍, ഗന്ധര്‍വ്വാപ്സരസ്സുകള്‍, മനുഷ്യര്‍, യക്ഷരക്ഷസ്സുകള്‍ ഇവരുടെയെല്ലാം സംഭവത്തെ കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. എല്ലാ ജീവജാലത്തിന്റേയും സംഭവം പറഞ്ഞാലും!
വൈശമ്പായനൻ പറഞ്ഞു: സ്വയംഭൂവിനെ കൈകൂപ്പിക്കൊണ്ട് ഞാന്‍ എല്ലാം ഭവാനോട് യഥാക്രമം പറയാം. സുരാദിസര്‍വ്വ ലോകത്തിന്റെ ഉത്ഭവവും, നാശവും ആദ്യം പറയാം.
ബ്രഹ്മാവിന്റെ മാനസ പുത്രന്മാരായി ആറു മഹര്‍ഷികളുണ്ടായി. മരീചി, അംഗരിസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍ ക്രതു ഇങ്ങനെ ആറു പേര്‍ ഉണ്ടായി.
ഇവരില്‍ മരീചിയില്‍ നിന്നു കശ്യപന്‍ ഉണ്ടായി. ആ കശ്യപര്‍ഷിയില്‍ നിന്ന് ഈ പ്രജകളെല്ലാമുണ്ടായി. പ്രജാപതിയായ ദക്ഷന് അതിസൗഭാഗ്യവതികളായി പതിമൂന്നു പേര്‍ ഉണ്ടായി. അവരുടെ പേര്‍ പറയാം. അദിതി, ദിതി, ദനു, കാല, ദനായുസ്സ്, സിംഹിക, മുനി, ക്രോധ, വിശ്വ, പ്രാധ, വിനത, കപില, കദ്രു. ഇവരുടെ വീരൃസമ്പന്നരായ പുത്രപൗത്രാദികള്‍ അസംഖ്യമാണ്. അദിതിക്കു പന്ത്രണ്ടു പുത്രന്മാരുണ്ടായി. അത് അഖിലേശ്വരരായ പന്ത്രണ്ട് ആദിത്യന്മാരാണ്. അവരുടെ പേരും പറയാം.
ധാതാവ്, മിത്രന്‍, അര്യമാവ്, ശക്രന്‍, വരുണന്‍, അംശന്‍, ഭഗന്‍, വിവസ്വാന്‍, പൃഷാവ്; സവിതാവ്, ത്വഷ്ടാവ്, വിഷ്ണു. ആദിതൃന്മാരില്‍ ഒടുവിലത്തവനായ വിഷ്ണു, ഗുണങ്ങളാല്‍ ഒന്നാമനാണ്.
ദിതിക്ക് ഇരട്ടകളായ ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നിവർ പുത്രന്മാരായി ഉണ്ടായി. ഹിരണ്യകശിപുവിന് പേരുകേട്ട മഹാത്മാക്കളായ അഞ്ചു പുത്രന്മാരുണ്ടായി. പ്രഹ്ളാദന്‍ അവരില്‍ ജ്യേഷ്ഠനാണ്. പിന്നെ ക്രമത്തില്‍ സംഹ്ളാദന്‍, അനുഹ്ളാദന്‍, ശിബി, വാഷ്കളന്‍ എന്നിവരുമാണ്. പ്രഹ്ളാദന് പേരു കേട്ടവരായി മുന്നു കുമാരന്മാരുണ്ടായി. വിരോചനന്‍, കുംഭന്‍, നികുംഭന്‍ എന്നിവരാണ്. ഇവരില്‍ വിരോചനന് ഒരു പുത്രനുണ്ടായി. ബലി അദ്ദേഹം ഭൂരിപ്രതാപവാനായിരുന്നു. ബലിയുടെ വിശ്രുതനായ പുത്രനാണ് ബാണനെന്നു പേരായ മഹാസുരന്‍. രുദ്രാനുചരനായ അവന് മറ്റൊരു പേരുണ്ട്, മഹാകാളന്‍. ദനുവിന് നാല്പതു മക്കളുണ്ടായി. എല്ലാവരും പേരു കേട്ടവരായി. അവരില്‍ ജ്യേഷ്ഠനാണ് വിപ്രചിത്തി. പിന്നെ ശംബരന്‍, നമുചി, പുലോമാവ്, അസിലോമാവ്, കേശി, ദുര്‍ജ്ജയന്‍, അയഃശിരസ്സ്, അയശങ്ക, ഗഗനമൂര്‍ദ്ധാവ്, വേഗവാന്‍, കേതുമാന്‍, സ്വഭാനു, അശ്വന്‍, അശ്വപതി, വൃഷ പര്‍വ്വാവ്, അജകന്‍, അശ്വഗ്രീവന്‍, സൂക്ഷ്മന്‍, അതിവീരൃവാനായ തുഹുണ്ഡന്‍, ഇക്ഷുപാത്ത്, ഏകചക്രന്‍, വിരൂപാക്ഷന്‍, ഹരന്‍, അഹരന്‍, നിചന്ദ്രന്‍, നികുംഭന്‍, കപഥന്‍, കാപഥന്‍, ശരഭന്‍, ശലഭന്‍, സൂര്യന്‍, ചന്ദ്രവസ്സ്. ഇവരാണ് പേരുകേട്ട ദനുവിന്റെ മക്കളായ ദാനവന്മാര്‍. സൂര്യനും ചന്ദ്രനും ദാനവരിലും ദേവകളിലും പെടുന്നില്ല. വേറെയാണ്. ഈ വംശക്കാര്‍ പുകഴ്ന്ന സത്വവാന്മാരും, മഹാബലരുമാണ്. ഹേ, രാജാവേ, ദനുവിന്റെ പുത്രന്മാര്‍ പത്തു ദാനവവംശജന്മാരായി. ഏകാക്ഷന്‍, മൃതപന്‍, പ്രലംബന്‍, നരകന്‍, ശത്രുതാപന്‍, വാതാപി, ശകടമഹാസുരന്‍, ഗവിഷ്ഠന്‍, ദനായുസ്സ്, ദീര്‍ഘജിഹ്വന്‍ ഇങ്ങനെ പത്തുപേരാണ്. ഇവരുടെ പുത്രന്മാരും പൗത്രന്മാരുമായി അസംഖ്യം പേരുണ്ട്.
സിംഹിക സൂര്യചന്ദ്രന്മാരെ മര്‍ദ്ദിക്കുന്ന രാഹുവിനെ പ്രസവിച്ചു. സുചന്ദ്രന്‍, ചന്ദ്രഹന്താവ്, ചന്ദ്രപ്രമര്‍ദ്ദന്‍ എന്നിവരേയും അവള്‍ പ്രസവിച്ചു.
ക്രൂരയ്ക്കും അനവധി പുത്രപൗത്രന്മാരുണ്ടായി. അവരെല്ലാം ക്രൂരശീലരാണ്. രണത്തില്‍ ക്രൂരമായി അരികളെ മര്‍ദ്ദിക്കുന്നവരാണ് അവര്‍. ആ സംഘത്തെ ക്രോധവശം എന്നു പറയുന്നു. എല്ലാവരും ക്രോധശീലരാണ്.
ദനായുസ്സിന്റെ മക്കള്‍ നാലു പേരാണ്. അവര്‍ അസുര പുംഗവരായ വിക്ഷരന്‍, ബലന്‍, വീരന്‍, വൃത്രന്‍ എന്നിവരാകുന്നു.
കാലയുടെ പുത്രന്മാര്‍ കാലതുല്യരും പ്രഹാരശീലരുമാണ്. ദാനവന്മാരില്‍ വിശ്രുതന്മാരായ ഉഗ്രവീര്യശൗര്യന്മാരാണ്. വിനാശന്‍, ക്രോധനന്‍, ക്രോധഹന്താവ്, ക്രോധശത്രു. ഈ നാലു പേര്‍ കാലകേയന്മാര്‍ എന്നു പ്രസിദ്ധി സമ്പാദിച്ച മഹാസുരന്മാരാണ്.
ശുക്രമഹര്‍ഷി അസുരയ്മാരുടെയൊക്കെ ആചാര്യനാണ്. ഉശനസ്സിന്റെ നാലു മക്കള്‍ ഈ അസുരന്മാരുടെ യാജകന്മാരായി. തേജസ്സു കൊണ്ടു സൂര്യന് തുല്യന്മാരായ ഇവര്‍ ത്വഷ്ടാധരന്‍, അത്രി, മന്ത്രന്‍, കര്‍മ്മി ഇങ്ങനെ നാലു പേരാണ്. തേജസ്സു കൊണ്ട് സൂര്യകല്പന്മാരായ ഇവര്‍ ബ്രഹ്മലോക പരായണന്മാരുമാണ്.
ഇങ്ങനെയാണ് സുരാസുരന്മാരുടെ കുലക്രമം ( ശിവപാരിഷദന്‍ ). പുരാണത്തില്‍ കേട്ടതു പോലെ ഞാന്‍ ഒരു വിധം പറഞ്ഞു. ഇവരുടെ സന്തതികളെപ്പറ്റി എല്ലാം പറയുക അത്ര എളുപ്പമല്ല.
വിനതയുടെ മക്കള്‍ താര്‍ക്ഷ്യന്‍; അരിഷ്ടനേമി, ഗരുഡന്‍, അരുണന്‍, ആരുണി, വാരുണി എന്നിവരാണ്.
ശേഷന്‍ (സാക്ഷാല്‍ അനന്തന്‍), വാസുകി, തക്ഷകന്‍, കൂര്‍മ്മന്‍, കാളിയന്‍ തുടങ്ങിയ കാദ്രവേയന്മാരെ മുമ്പെ പറഞ്ഞുവല്ലോ.
ഇനി മുനി പെറ്റ സന്താനങ്ങളാരൊക്കെയെന്നു പറയാം. ഭീമസേനന്‍, ഉഗ്രസേനന്‍, സുവര്‍ണ്ണന്‍, വരുണന്‍, ഗോപതി, ധൃതരാഷ്ട്രന്‍, സൂര്യവര്‍ച്ചസ്സ്, സത്യവാക്ക്, അര്‍ക്കവര്‍ണ്ണന്‍, പ്രസിദ്ധനായ പ്രയുതന്‍, ഭീമന്‍, സര്‍വ്വജ്ഞനും വിജിതേന്ദ്രിയനുമായ ചിത്രരഥന്‍, ശാലിശിരസ്സ്, പര്‍ജ്ജന്യന്‍ ഇങ്ങനെ പതിനാലു പേരും കലി, നാരദന്‍ എന്ന മറ്റു രണ്ടുപേരും ദേവഗന്ധര്‍വ്വരാണ്. ഇവര്‍ മുനിപെറ്റ മക്കളാണ്.
ഇതാണ് അപ്സരസ്സുകളുടെ വംശം. ഈ വംശം പ്രഥിതവും, പുണ്യലക്ഷണ പൂര്‍ണ്ണവുമാണ്. ദേവര്‍ഷികളില്‍ നിന്നാണ് പ്രാധ ഗര്‍ഭം ധരിച്ചു പ്രസവിച്ചത്.
പ്രാധ കശ്യപനില്‍ നിന്നു താഴെ പറയുന്ന മക്കളെ നേടി. അലംബുഷാ, മിശക്രേശി, വിദ്യുത്പര്‍ണ്ണ, തിലോത്തമ, അരുണാ, രക്ഷിത, രംഭ, മനോരമ, സുബാഹു, കേശിനി, സുരത, സുരജ, സുപ്രിയ, അതിബാഹു, ഹാഹാ, ഹൂഹൂ, തുംബുരു ഇവരൊക്കെയാണ് ആ അപ്സരോഗന്ധര്‍വ്വസത്തമര്‍. ഇവരില്‍ ഒടുവിലത്തെ നാലു പേര്‍ ഗന്ധര്‍വ്വന്മാരും, മറ്റുള്ളവര്‍ അപ്സരസ്സുകളുമാണ്. അമൃതം, ബ്രാഹ്മണന്‍, പശുക്കള്‍, ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകള്‍ എന്നിവരെല്ലാം കപിലയുടെ സന്താനങ്ങളാണെന്നാണ് പുരാണത്തില്‍ പറയുന്നത്. സര്‍വ്വഭൂതങ്ങളുടെയും സംഭവം ഞാന്‍ പറഞ്ഞു വെച്ചു. വിധിപോലെ ഗന്ധര്‍വ്വന്മാര്‍ അപ്സരസ്സുകള്‍, ഭുജംഗങ്ങള്‍, സുപര്‍ണ്ണന്മാര്‍, രുദ്രന്മാര്‍, മരുത്തുകള്‍, പുണ്യകര്‍മ്മികളും ശ്രീമാന്മാരുമായ സബ്രാഹ്മണര്‍; ഇങ്ങനെ എല്ലാ ഭൂതങ്ങളുടേയും സംഭവത്തെപ്പറ്റി ഞാന്‍ പറഞ്ഞു. ആയുഷ്കരവും, പുണ്യവും, ധന്യവും, ശ്രുതിമധുരവും ആണ് ഈ സംഭവപര്‍വ്വം. ഇതു കേൾക്കേണ്ടതും, കേള്‍പ്പിക്കേണ്ടതുമാണ്. ബ്രാഹ്മണ ദേവ സന്നിധിയില്‍ ഇരുന്ന് മഹത്തായ ആത്മസംഭൂതിജനകമായ ഇത് എന്നും ചൊല്ലിയാല്‍ അവന് യശസ്സും, ധനവും, മോക്ഷവും സിദ്ധിക്കുന്നതാണ്.
66. ദക്ഷന്റെ വംശപരമ്പര - വൈശമ്പായനൻ പറഞ്ഞു; ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ ആറു മഹര്‍ഷിമാര്‍ പ്രസിദ്ധന്മാരാണ്. ആ ദേവന്റെ ഏഴാമത്തെ പുത്രനായ സ്ഥാണുദേവന് പുകഴ്ന്നവരായി പതിനൊന്ന് പുത്രന്മാരുണ്ട്. മൃഗവ്യാധന്‍, ശര്‍പ്പന്‍, നിരൃതി, അജൈകപാത്ത്, അഹര്‍ബുദ്ധ്ന്യന്‍, പിനാകി, ദഹനന്‍, ഈശ്വരന്‍, കപാലി, സ്ഥാണു, ഭഗന്‍ ഇങ്ങനെ പതിനൊന്നു രുദ്രന്മാരാണ്.
മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പൂലഹന്‍, ക്രതു ഇവരാണ് ബ്രഹ്മപുത്രരായ ആറ് മഹര്‍ഷിമാര്‍. അംഗിരസ്സിന്റെ മക്കള്‍ മൂന്നു പേരും കീര്‍ത്തിമാന്മാരാണ്. ബൃഹസ്പതി, ഉതത്ഥ്യന്‍, സംവര്‍ത്തന്‍ ഇവരാണ് ആ സുവ്രതന്മാര്‍. അത്രിക്ക് അനേകം പുത്രന്മാര്‍ ഉണ്ടായി. എല്ലാം വേദവിജ്ഞന്മാരാണ്. ശാന്തരും, സിദ്ധരുമായ മഹര്‍ഷികളാണവര്‍. പുലസ്തൃന് മക്കളായി രാക്ഷസന്മാരും, വാനരന്മാരും, കിന്നരന്മാരും, യക്ഷന്മാരും അനേകം പേരുണ്ടായി.
പുലഹന്റെ മക്കളാണ് ശലഭങ്ങള്‍, സിംഹം, വ്യാഘ്രം, യക്ഷര്‍, കിംപുരുഷര്‍, ചെന്നായ എന്നിവ. ക്രതുവിന്റെ മക്കള്‍ വിഷ്ണുസമന്മാരും, സൂര്യനോടൊപ്പം സഞ്ചരിക്കുന്നവരും, സത്യവ്രത പരായണന്മാരുമായ ബാലഖില്യന്മാരാണ്.
ബ്രഹ്മാവിന്റെ ദക്ഷിണാംഗുഷ്ഠത്തില്‍ നിന്നാണ് തപശ്ശാന്തികളില്‍ ദക്ഷനും, മുനിയും, ഭഗവാനും ആയ ദക്ഷന്‍ ജനിച്ചത്. അപ്രകാരം തന്നെ വാമാംഗുഷ്ഠത്തില്‍ നിന്നാണ് ദക്ഷപത്നി ജനിച്ചത്. അവര്‍ക്ക് അമ്പതു കന്യകകള്‍ ജനിച്ചു. എല്ലാം കമലാക്ഷികളായ കമനീയാംഗികളാണ്. ആണ്‍മക്കളില്ലാത്ത, മഹാനായ ദക്ഷന്‍ തന്റെ പെണ്‍മക്കളെ ധര്‍മ്മാനുസാരം മഹാന്മാര്‍ക്കു ഭാര്യമാരായി നല്കി. അവരുടെ മക്കളെ ദക്ഷപ്രജാപതിയുടെ മക്കളായി കണക്കാക്കുന്നു. പത്തുപേരെ ധര്‍മ്മന് നല്കി. ഇരുപത്തേഴു പേരെ ചന്ദ്രന് നല്കി. പതിമുന്നു പേരെ കശൃപന് നല്കി. ധര്‍മ്മന്റെ ഭാര്യമാരായ പത്തു പേരുടേയും പേരുകള്‍ ഞാന്‍ പറയാം. ഭവാന്‍ സസന്തോഷം കേട്ടാലും! കീര്‍ത്തി മുതലായ പത്തു ഗുണങ്ങളും ധര്‍മ്മദാരങ്ങളാണല്ലോ!
കീര്‍ത്തി, ലക്ഷ്മി, ധൃതി, മേധ, പുഷ്ടി, ശ്രദ്ധ, ക്രിയ, ബുദ്ധി, ലജ്ജ, മതി ഇവര്‍ പത്തു പേരാണ് ധര്‍മ്മന്റെ പത്നിമാര്‍. ധര്‍മ്മത്തിന്റെ സര്‍വ്വശ്രേയസ്സിന്നും മാര്‍ഗ്ഗങ്ങളായിട്ടാണ് ബ്രഹ്മാവ് ഈ വിധം വിധിച്ചത്.
ചന്ദ്രന് ഇരുപത്തേഴു പേരാണ് ധര്‍മ്മപത്നികള്‍. കാലം നടത്തുന്നത് ഈ ധര്‍മ്മപത്നികളായ താരങ്ങളാണ്. അശ്വതി തുടങ്ങിയ ഇരുപത്തേഴു നക്ഷത്രങ്ങളാണ് ഇവര്‍.
ബ്രഹ്മാവിന്റെ സ്തനത്തില്‍ നിന്നു മനു ജനിച്ചു. മനുവിന്റെ പുത്രനായി പ്രജാപതിയുണ്ടായി. പ്രജാപതിയുടെ പുത്രന്മാരാണ് എട്ടു വസുക്കള്‍. അവരെ വിവരിക്കാം: ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനിലന്‍, അനലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍ ഇവരാണ് എട്ടു വസുക്കള്‍. ധൂമ്രയുടെ പുത്രരാണ് ധരനും, ധ്രുവനും. മനസ്വിനിയുടെ പുത്രനാണ് ചന്ദ്രന്‍. ശ്വസനയുടെ പുത്രനാണ് ശ്വസനന്‍. രതയുടെ പുത്രനാണ് അഹസ്സ്. ശാണ്ഡില്യയുടെ പുത്രനാണ് ഹുതാശനന്‍. പ്രഭാതയുടെ പുത്രരാണ് പ്രത്യുഷനും, പ്രഭാസനും, ധരന്റെ പുത്രന്മാരാണ് ദ്രവീണനും, ഹുതഹവ്യവഹനും. ധ്രുവന്റെ പുത്രനാണ് ലോക പ്രകാലനനായ ഭഗവാന്‍ കാലന്‍.
സോമന്റെ പുത്രന്‍ വര്‍ച്ചസ്സാണ്. അവനാണ് എങ്ങും വര്‍ച്ചസ്സ് നല്കുന്നത്. വര്‍ച്ചസ്സിന് മനോഹരയില്‍ പുത്രന്മാരായി ശിശിരന്‍, പ്രാണന്‍, രമണന്‍, എന്നിവര്‍ ഉണ്ടായി. അഹസ്സിന്റെ പുത്രരാണ് ജ്യോതിസ്സ്, ശമന്‍, ശാന്തന്‍, മുനി എന്നിവര്‍. അഗിപുത്രനാണ് മുളങ്കാട്ടില്‍ പിറന്ന കുമാരന്‍. ശ്രീമാനായ അവനെ കാര്‍ത്തികേയനെന്നും വിളിക്കുന്നു. ശംഖനും, വിശാഖനും, നൈഗമേയനും കുമാരന്റെ അനുജന്മാരാണ്. കൃതിക ലാളിച്ചു വളര്‍ത്തിയതു കൊണ്ടാണ് കുമാരന്‍ കാര്‍ത്തികേയനായത്. അനിലന്റെ ഭാര്യ ശിവയാണ്. അവളുടെ പുത്രനാണ് മനോജവന്‍. പിന്നെ. അനിലാത്മജനായി ഒരാള്‍ കൂടി യുണ്ട്. അയാളുടെ പേര്‍ അവിജ്ഞാനഗതി എന്നാണ്.
പ്രത്യൂഷന്റെ പുത്രനാണ് പ്രസിദ്ധ മുനിയായ ദേവലന്‍. ദേവലന്റെ രണ്ടു പുത്രന്മാര്‍ ക്ഷമാവാനും, മനീഷിയും. ബൃഹസ്പതിയുടെ സഹോദരിയാണ് വരസ്ത്രീ. ബ്രഹ്മവാദിനിയായ അവള്‍ യോഗസംഗം കൊണ്ട് ലോകത്തെ മുഴുവന്‍ ചുറ്റി. പ്രഭാസന്‍ എന്നു പേരായ എട്ടാമത്തെ വസുവിന്റെ ഭാര്യയാണ് അവള്‍. അവളുടെ മകനാണ് ദേവശില്പിയായ വിശ്വകര്‍മ്മാവ്.
ശില്പിപ്രജാപതിയായ അവന്‍ സുരലോകത്തിലെ "പെരുംതച്ച"നാണ്. അവനാണു സര്‍വ ശില്പ വേലകളും ഭൂഷണങ്ങളും ചമയ്ക്കുന്നത്. ദേവകള്‍ക്കു വിമാനങ്ങളും മറ്റും ഇദ്ദേഹമാണ് നിര്‍മ്മിക്കുന്നത്. ഭൂമിയില്‍ വിശ്വകര്‍മ്മാവിനെ പൂജിച്ച് മര്‍ത്തൃരും ഉപജീവിക്കുന്നു.
സര്‍വ്വലോകസുഖാവഹനായ ധര്‍മ്മന്‍ ബ്രഹ്മാവിന്റെ വലത്തേ മുല ഭേദിച്ച് മനുഷ്യ രൂപിയായി ഉണ്ടായി വന്നു. അവന് മൂന്നു സുന്ദരന്മാരായ പുത്രന്മാരുണ്ടായി: ശമന്‍, കാമന്‍, ഹര്‍ഷന്‍ എന്നിവര്‍. ഇവര്‍ തേജസ്സു കൊണ്ട് വിശ്വത്തെ ധരിക്കുന്നു. കാമന്റെ ഭാര്യയാണ് രതി. ശമന്റെ ഭാര്യ പ്രാപ്തിയാണ്. ഹര്‍ഷന്റെ ഭാര്യ നന്ദയാണ്. ഈ പത്നിമാര്‍ മൂന്നു പേരും വിശ്വപ്രതിഷ്ഠകളാണ്. മരീചിയുടെ പുത്രന്‍ കശ്യപന്‍. കശ്യപന്റെ പുത്രന്മാരാണ് സുരന്മാരും അസുരന്മാരും. കശ്യപനാണ് ലോകത്തിന്റെ ഉല്പത്തിസ്ഥാനം.
സൂര്യന്റെ ഭാര്യ ത്വാഷ്ടി ബഡവാരൂപം കൈക്കൊണ്ട് അന്തരീക്ഷത്തില്‍ വെച്ച് അശ്വികളെ പ്രസവിച്ചു. അദിതിക്ക് പന്ത്രണ്ടു മക്കളുണ്ടായി. അവര്‍ ഇന്ദ്രന്‍ മുതലായവരാണ്. അവരില്‍ ഇളയവനാണ് വിഷ്ണു. ജഗത്തിന്റെ സ്ഥിതി അവനിലാണ്. ഇങ്ങനെ ദേവന്മാര്‍ മുപ്പത്തിമൂന്നു പേരാണ്. അവരുടെ വംശം പക്ഷം തിരിച്ചും, കുലത്തോടും, ഗണത്തോടും കൂടി ഞാന്‍ പറയാം.
രുദ്രര്‍ക്കും മരുല്‍സാദ്ധ്യര്‍ക്കും വസുക്കള്‍ക്കും വിശ്വേദേവര്‍ക്കും ഭാര്‍ഗ്ഗവപക്ഷമാണ്. ഗരുഡനും അരുണനും വൈനതേയപക്ഷമാണ്. ബൃഹസ്പതി ആദിതൃപക്ഷത്തില്‍ തന്നെ പെടുന്നു. ഗുഹൃകന്മാരും, അശ്വികളും, സര്‍വ്വ ഔഷധികളും, പശുക്കളും, ദേവഗണമാണ്. ഈ കുട്ടരെപ്പറ്റി സ്തുതിക്കുന്ന മനുഷ്യരുടെ പാപം ഉടനെ തീരും.
ബ്രഹ്മാവിന്റെ ഹൃദയം ഭേദിച്ച് ഭഗവാന്‍ ഭൃഗു ഉണ്ടായിവന്നു. ഭൃഗുവിന്റെ പുത്രന്‍ കവി. കവിയുടെ പുത്രന്മാര്‍ ബുധശുക്രന്മാര്‍ എന്ന ഗ്രഹങ്ങള്‍. ത്രിലോക രക്ഷയ്ക്ക് മഴ പെയ്യിക്കുകയും, മഴയില്ലാതാക്കുകയും ചെയ്യുന്നവന്‍ ശുക്രനാണ്. ബ്രഹ്മകല്പനയാല്‍ വിശ്വം ചുറ്റിനടന്ന് യോഗാചാര്യനും, മഹാബുദ്ധിയും, ദൈത്യഗുരുവുമായ ശുക്രന്‍ അപ്രകാരം തന്നെ ദേവന്മാര്‍ക്കും ആരാദ്ധ്യനാണ്. ബ്രഹ്മാവ് ഭാര്‍ഗ്ഗവന് ഈ യോഗക്ഷേമം വിധിച്ചു. പിന്നെ ഭൃഗു ചൃവനനെ ജനിപ്പിച്ചു.. തപസ്വിയും, കീര്‍ത്തിമാനുമായി അവന്‍ ഭവിച്ചു. മാതാവിന്റെ മോക്ഷത്തിന് വേണ്ടി അവന്‍ ഗര്‍ഭത്തില്‍ നിന്നു ക്രോധിച്ച് ച്യുതനായത് മൂലം ച്യവനന്‍ എന്നു പ്രസിദ്ധി നേടി. ആ മഹര്‍ഷിയുടെ ദാരങ്ങള്‍ മനുവിന്റെ പുത്രിയായ ആരുഷിയായി. ഉരു ഭേദിച്ച് അവള്‍ ഓര്‍വ്വന്‍ എന്ന പ്രസിദ്ധനായ പുത്രനെ പ്രസവിച്ചു. ബാല്യത്തില്‍ തന്നെ തേജസ്വിയും, ഗുണവാനും വീര്യവാനുമായിരുന്നു ഇവന്‍. അവന്റെ തനയന്‍ ഋചീകന്‍, അവന്റെ മകന്‍ ജമദഗ്നി. മഹാനായ ജമദഗ്നിയുടെ പുത്രന്മാര്‍ നാലു പേര്‍. അവരില്‍ ഇളയവനായ രാമന്‍ ഗുണം കൊണ്ട് ശ്രേഷ്ഠനായി. സർവ്വശസ്ത്രാസ്ത്ര ചതുരനും, സർവ്വക്ഷത്രാന്തകനും, വാഗ്മിയുമാണ് രാമന്‍. ഓര്‍വ്വന് ജമദഗ്നി മുതല്‍ നുറു പേരാണ് മക്കള്‍. അവര്‍ക്ക് ആയിരം മക്കള്‍ ഉണ്ടായി. ഇങ്ങനെയാണ് അവരുടെ വംശ വിസ്താരം.
ബ്രഹ്മാവിന് വേറെ രണ്ടു മക്കളുണ്ട്. ധാതാവും വിധാതാവും. മനുവിനോടു കൂടിയാണ് അവരുടെ അധിവാസം. അവരുടെ പെങ്ങള്‍ ലക്ഷ്മീദേവിയാണ്. പത്മത്തിലാണ് അവളുടെ അധിവാസം. അവളുടെ മാനസ സൂതര്‍ അഭ്രചാരികളായ ഹയങ്ങളാണ്. വരുണന്റെ പത്നി ദേവി ശുക്രന്റെ പുത്രിയാണ്. അവളുടെ പുത്രന്‍ ബലനും, പുത്രി സുരന്മാര്‍ക്ക് ഇഷ്ടയായ സുരയുമാണ്. പണ്ട് പ്രജകള്‍ ഭക്ഷണത്തിലുള്ള ആശയോടെ തമ്മില്‍ തമ്മില്‍ പിടിച്ചു തിന്നിരുന്ന കാലത്ത് സുരയില്‍ നിന്ന് അധര്‍മ്മന്‍ ജന്മമെടുത്തു. ആ അധര്‍മ്മനാണ് സര്‍വ്വനാശകന്‍. അവന്റെ ഭാര്യയാണ് നിര്യതി. അവളുടെ പുത്രരാണ് നൈര്യതന്മാര്‍. അവര്‍ രാക്ഷസരാണ്. നിര്യതിക്ക് മൂന്നു മക്കള്‍ ഉണ്ടായി. മൂന്നു പേരും പാപ കര്‍മ്മികളാണ്. അവര്‍ ഭയന്‍, മഹാഭയന്‍, മൃത്യു എന്നിവരാണ്. ഇതില്‍ മൃത്യു ജനാന്തകനാണ്. അവന് ഭാരൃയും മക്കളുമില്ല. അവന്‍ തന്നെയാണ് അന്തകന്‍!
താമ്ര പെറ്റ് അഞ്ചു പെണ്‍മക്കളുണ്ടായി. കാകി, ശ്യേനി, ഭാസി, ധൃതരാഷ്ട്രി, ശുകി. ഇവര്‍ എല്ലാവരും കീര്‍ത്തിപ്പെട്ടവരാണ്..
കാകി കൂമന്മാരെ പെറ്റു; ശ്യേനി ശേനങ്ങളേയും പെറ്റു. ഭാസി ഭാസങ്ങളേയും ഗൃദ്ധ്രങ്ങളേയും പെറ്റു. ഹംസങ്ങള്‍, കളഹംസങ്ങള്‍, ചക്രവാകങ്ങള്‍ ഇവരെയൊക്കെ ഭദ്രയായ ധൃതരാഷ്ട്രിയും പ്രസവിച്ചു വളര്‍ത്തി.
കല്യാണ ഗുണ സമ്പത്തിയുള്ള നല്ല ശുകങ്ങളെ സര്‍വ്വലക്ഷണ സമ്പൂര്‍ണ്ണയായ ശുകി പെറ്റു.
ക്രോധവശ എന്നവള്‍ക്ക് ക്രോധനില്‍ നിന്ന് ഒമ്പതു പുത്രിമാരുണ്ടായി. മൃഗി, മൃഗ, മന്ദ, ഹരി, ഭദ്രമനസ്സ്, മാതംഗി, ശാര്‍ദ്ദൂലി, ശ്വേത, സുരഭി, സര്‍വ്വലക്ഷണ സമ്പൂര്‍ണ്ണയായ സുരസ എന്നിവരാണ്.
അല്ലയോ ജനമേജയ രാജാവേ, മൃഗിക്കു മക്കളായി മൃഗജാതികളൊക്കെയുണ്ടായി. കരടികളും, സൃമരങ്ങളും (ഒരു തരം മാന്‍) മൃഗമന്ദയുടെ പുത്രരാണ്. ഭ്രദമനസ്സിന്റെ സന്താനമാണ് ഐരാവതമെന്ന ആന. ദേവഗജരാജനായ ഐരാവതം ഇന്ദ്രന്റെ വാഹനമാണ്. ഹരിയുടെ പുത്രര്‍ ഹരികളും ( സിംഹങ്ങളും ) കപീന്ദ്രന്മാരുമാണ്. ഗോലാംഗുലങ്ങളും ( പശുവിന്റെ വാലുപോലെ വാലുള്ള മൃഗങ്ങള്‍ ) ഹരിയുടെ നന്ദനരാണ്. ശാര്‍ദ്ദൂലി പെറ്റ് വളരെ സിംഹവ്യാഘ്രാദി സന്തതികളുണ്ടായി. ഇപ്രകാരം ബലമേറിയ ദ്വീപികളെല്ലാം ( കടുവാ, പുലി മുതലായവയെല്ലാം ) ശാര്‍ദ്ദൂലിയുടെ സന്താനങ്ങളാണ്. മാതംഗിയുടെ സന്താനങ്ങളാണ് മാതംഗങ്ങള്‍ (ആനകള്‍). ശ്വേത പെറ്റുണ്ടായവരാണ് ശ്വേതകള്‍ എന്നു പറയുന്ന ദിഗ്ഗജങ്ങള്‍. സുരഭിക്ക് രണ്ടു പെണ്‍മക്കളുണ്ടായി: രോഹിണിയും, ഗന്ധര്‍വ്വയും. വിമലയും, അമലയും അവളുടെ വേറെ രണ്ടു പെണ്‍മക്കളാണ്. രോഹിണിയുടെ മക്കള്‍ ഗോക്കള്‍. ഗന്ധര്‍വ്വിയുടെ മക്കള്‍ അശ്വജാതികളാണ്. ഏഴു പിണ്ഡഫല ദ്രുമങ്ങള്‍ വിമലയുടെ സന്തതികളാണ്. അനലയുടെ പുത്രിയാണ് ശുകി. സുരസാ സുതനാണ് കങ്കന്‍.
അരുണ പ്രിയയായ ശ്യേനി രണ്ടു പുത്രന്മാരെ പ്രസവിച്ചു. അവര്‍ വമ്പന്മാരായ സമ്പാതിയും ജടായുസ്സുമാണ്. സുരസയുടെ പുത്രരാണ് നാഗങ്ങള്‍. കദ്രുവിന്റെ മക്കള്‍ പന്നഗങ്ങള്‍. വിനതയ്ക്കു രണ്ടു മക്കള്‍: അരുണനും, ഗരുഡനും.
ഇപ്രകാരം വളരെ വലിയതാണ് ഭൂതങ്ങളുടെ സംഭവ വൃത്താന്തം.
ഞാന്‍ ഒരുവിധം നന്നായി ഭൂതസംഭവം പറഞ്ഞു കഴിഞ്ഞു. ഇതു കേട്ടാല്‍ നരന്റെ പാപമൊക്കെ തീരും. സര്‍വ്വജഞ്ഭാവവും സിദ്ധിക്കും. ദിവ്യമായ സല്‍ഗതിയും നേടാം.
67. അംശാവതരണസമാപ്തി - ജനമേജയൻ പറഞ്ഞു: ദേവദാനവഗന്ധര്‍വ്വന്മാര്‍, നാഗരാക്ഷസജാതിക്കാര്‍, സിംഹവ്യാ(ഘാദികള്‍, പന്നഗങ്ങള്‍, പക്ഷികള്‍, മറ്റു സര്‍വ്വഭൂതങ്ങള്‍, മനുഷ്യലോകത്തില്‍ മഹാത്മാക്കളായവര്‍ ഇവരുടെയെല്ലാം ജന്മവും കര്‍മ്മഭേദങ്ങളും ഭവാന്‍ വിസ്തരിച്ചു ക്രമമായി പറയുന്നതു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്.
വൈശമ്പായനൻ പറഞ്ഞു: മനുഷ്യരായി ജനിച്ച ദേവന്മാരെക്കുറിച്ച് പറയാം. അതിന് മുമ്പ് മനുഷ്യരായി ജനിച്ച ചില ദാനവന്മാരെപ്പറ്റി പറയാം.
വിപ്രചിത്തി എന്നു പ്രസിദ്ധനായ ഒരു ദാനവന്‍ ജരാസന്ധന്‍ എന്നു പേരായ രാജാവായിപ്പിറന്നു. ദിതിയുടെ സുതനായ ഹിരണ്യകശിപു മനുഷ്യനായി പിറന്നതാണ് ശിശുപാലന്‍ എന്ന രാജാവ്. പ്രഹ്ളാദ സഹോദരനായ സംഹ്ളാദന്‍ വാല്‍ഹീക പുംഗവനായ ശല്യനായി ജനിച്ചു. മഹാവീര്യവാനായ അനുഹ്ളാദന്‍ രാജാവായ ധൃഷ്ടകേതുവായി ജനിച്ചു. മുമ്പെ പറഞ്ഞ ശിബി എന്ന ദൈത്യന്‍ ദ്രുമന്‍ എന്ന രാജാവായി ജനിച്ചു. ബാഷ്ക്കളന്‍ എന്ന അസുരന്‍ ഭഗദത്തനായി. പിന്നെ അയശ്ശിരസ്സ്, അശ്വശിരസ്സ്, അയശ്ശങ്കു, ഗഗനമൂര്‍ദ്ധാവ്, വേഗവാന്‍ ഇവര്‍ അഞ്ചുപേര്‍, മഹാവീര്യന്മാരായ അഞ്ചു കേകയ രാജാക്കളായി ജനിച്ചു. കേതുമാന്‍ എന്ന ദാനവന്‍ അമിതോജസ്സ് എന്ന ഉഗ്രപരാക്രനായ രാജാവായി പിറന്നു. സ്വഭാനു എന്ന മഹാസുരന്‍ ഉഗ്രസേനന്‍ എന്ന ഉഗ്രകര്‍മ്മാവായ രാജാവായി. അശ്വന്‍ എന്ന അസുരന്‍ അശോകന്‍ എന്ന രാജാവായി പിറന്നു. അവന്റെ അനുജനായ അശ്വപതി ഹാര്‍ദ്ദികൃ രാജാവായി പിറന്നു. വൃഷപര്‍വ്വാവ് എന്ന അസുരന്‍ ദീര്‍ഘപ്രജ്ഞന്‍ എന്ന പ്രസിദ്ധനായ രാജാവായി പിറന്നു. വ്യക്ഷപര്‍വ്വാവിന്റെ അനുജന്‍ അജകന്‍ എന്ന ദാനവന്‍, ശാല്വന്‍ എന്ന രാജാവായി ജനിച്ചു. അശ്വഗ്രീവന്‍ എന്ന ദാനവന്‍ രോചമാനന്‍ എന്ന രാജാവായി. സൂക്ഷ്മന്‍ എന്ന അതിധീമാനായ അസുരന്‍ ബൃഹദ്രഥന്‍ എന്ന രാജാവായി ജനിച്ചു. തുഹുണ്ഡന്‍ എന്ന മഹാനായ അസുരന്‍ സേനാബിന്ദു എന്ന രാജാവായി ജനിച്ചു. ഏകപാത്ത് എന്ന ബലവാനായ അസുരന്‍ നഗ്നജിത്ത് എന്നു വിഖ്യാതനായ രാജാവായിപ്പിറന്നു. ഏകചക്രന്‍ എന്ന പ്രസിദ്ധനായ അസുരന്‍ പ്രതിവിന്ധ്യന്‍ എന്ന രാജാവായി പ്രസിദ്ധിനേടി. വിരുപാക്ഷനെന്നു പോരില്‍ പ്രസിദ്ധനായ അസുരന്‍ ചിത്രവര്‍മ്മാവ് എന്ന രാജാവായി. അരിജിത്ത് എന്നു പ്രസിദ്ധനായ ഹരന്‍ എന്ന ദാനവന്‍ സുബാഹു എന്ന ശ്രീമാനായ രാജാവായി. അഹരന്‍ എന്ന അസുരന്‍ ബാല്‍ഹീകന്‍ എന്ന രാജാവായി. നിചന്ദ്രന്‍ എന്ന ചന്ദ്രമുഖനായ അസുരന്‍ മുഞ്ജകേശന്‍ എന്ന രാജാവായി. പോരില്‍ പിന്‍തിരിയാത്ത നികുംഭന്‍ എന്ന അസുരന്‍ ദേവാധിപന്‍ എന്ന രാജാവായി. ശരഭന്‍ എന്ന അസുരന്‍ പരവന്‍ എന്ന രാജര്‍ഷി സത്തമനായ രാജാവായി. വികടമായ ആടോപത്തോടു കൂടിയ കപടന്‍ എന്ന മഹാസുരന്‍ സുപാര്‍ശ്വന്‍ എന്ന രാജാവായി. ക്രഥനെന്ന അസുരന്‍ പാര്‍വ്വതേയന്‍ എന്ന രാജാവായി. വീണ്ടും ശലഭന്‍ എന്നു പേരായ അസുരന്‍ പ്രഹ്ളാദന്‍ എന്ന ബാല്‍ഹിക രാജാവായി. ചന്ദ്രനെപ്പോലെ ശോഭിക്കുന്ന ചന്ദ്രന്‍ എന്ന അസുരന്‍ ചന്ദ്രവര്‍മ്മാവ് എന്ന കാംബോജ രാജാവായി. അര്‍ക്കന്‍ എന്നു പേരായ അര്‍ക്കതുല്യനായ മഹാസുരന്‍ ഋഷികന്‍ എന്ന രാജര്‍ഷിയായി. മൃതപന്‍ എന്ന മഹാസുരന്‍ അതിവീര്യവാനായ പശ്ചിമാനൂപ രാജാവായി. ഗര്‍വ്വിഷ്ഠന്‍ എന്ന കീര്‍ത്തിപ്പെട്ട മഹാസുരന്‍ ദ്രുമസേനന്‍ എന്ന രാജാവായി.
മയൂരന്‍ എന്ന അസുരന്‍ വിശ്വനെന്ന രാജാവായി. അവന്റെ അനുജനായ സുപര്‍ണ്ണന്‍ എന്ന ദാനവന്‍ കാലകീര്‍ത്തിയെന്ന മഹാനായ ഭൂപാലനായി. ചന്ദ്രഹന്താവ് എന്ന വീരനായ അസുരന്‍ ശുനകനെന്ന രാജാവായി. ചന്ദ്രവിനാശനന്‍ എന്നു മുമ്പു പറഞ്ഞ അസുരന്‍ മന്നില്‍ ജാനകി എന്ന പ്രസിദ്ധനായ രാജാവായി. ദീര്‍ഘജിഹ്വന്‍ എന്ന അസുരന്‍ കാശിരാജാവായി. സിംഹികാ പുത്രനായ രാഹു സൂര്യചന്ദ്ര വിമര്‍ദ്ദകനായ (ഗഹം, ക്രാഥനെന്ന രാജാവായി. ദനായുസ്സിന്റെ മക്കളില്‍ അസുരന്മാരില്‍ അഗ്രജനായ വിക്ഷരന്‍ വസുമിത്രൻ എന്ന രാജാവായി. അവിക്ഷരന്‍ എന്ന മഹാസുരന്‍ പാണ്ഡ്യരാജേന്ദ്രനായി. ബലിവീരന്‍ എന്ന അസുരോത്തമന്‍ പൗണ്ഡ്രമാത്സ്യന്‍ എന്നു പേരുള്ള മന്നവനായി. വൃത്രന്‍ എന്ന വീരനായ മഹാസുരന്‍ മണിമാന്‍ എന്ന രാജര്‍ഷിയായി പിറന്നു. അവന്റെ അനുജനായ ക്രോധഹന്താവ് ദണ്ഡന്‍ എന്ന രാജാവായി. ക്രോധവര്‍ദ്ധനന്‍ എന്ന അസുരന്‍ ദണ്ഡധാരന്‍ എന്ന രാജാവായി. കാലേയരായ അവരുടെ എട്ടു പുത്രന്മാര്‍ ശാര്‍ദ്ദൂല വീര്യന്മാരായ ഭൂപശാര്‍ദ്ദൂലന്മാരായി. മാഗ്ധനായ ജയത്സേനന്‍ തുടങ്ങിയവരാണ് അവര്‍. അവരില്‍ രണ്ടാമന്‍ ഇന്ദ്രതുല്യനാണ്. അവന്‍ അപരാജിതന്‍ എന്ന രാജാവായി. മൂന്നാമന്‍ മഹാമായനും, മഹാവീരനുമായ നിഷാദ പതിയായി ഭീമനായി ജനിച്ചു. അവരില്‍ നാലാമനായ അസുരന്‍ ശ്രേണിമാന്‍ എന്ന രാജാവായി. അഞ്ചാമനായ മഹാസുരന്‍ മഹൗജസ്സായി. അവരില്‍ മഹാജ്ഞാനിയായ, ധര്‍മ്മാര്‍ത്ഥവേദിയായ, ആറാമന്‍ അഭീരു എന്ന രാജാവായി. ഏഴാമന്‍ സമുദ്രസേനനായി. എട്ടാമന്‍ ബൃഹത്ത് എന്ന ധര്‍മ്മശീലനായ രാജാവായി. കുക്ഷിയെന്നു പേരായ മഹാശക്തനായ അസുരന്‍ പാര്‍വ്വതീയ രാജാവായിത്തീര്‍ന്നു. ക്രഥന്‍ എന്ന അതിശ്രീമാനായ അസുരന്‍ സൂര്യാക്ഷന്‍ എന്ന രാജാവായി. അസുരന്മാരില്‍ സൂര്യനെന്നവന്‍ ദരദന്‍ എന്ന ബാല്‍ഫീക രാജേന്ദ്രനായി.
ഞാന്‍ മുമ്പെ ക്രോധവംശ ഗണത്തെപ്പറ്റി പറഞ്ഞുവല്ലൊ. അവരെല്ലാം ഭൂമിയില്‍ മന്നവന്മാരായി വന്നു പിറന്നു. മദ്രകന്‍, കരാവിഷ്ടന്‍, സിദ്ധാര്‍ത്ഥന്‍, കീടകന്‍, സുവീരന്‍, സുബാഹു, ബാല്‍ഹികന്‍, ക്രഥന്‍, വിചിത്രന്‍, സുരഥന്‍, നീലന്‍, ശ്രീമാന്‍, ചീരവാസസ്സ്, ദന്തവക്ത്രന്‍, ദുര്‍ജ്ജയന്‍, രുഗ്മി, ജനമേജയൻ, ആഷാഡന്‍, വായുവേഗന്‍, ഭൂരിതേജസ്സ്, ഏകലവ്യന്‍, സുമിത്രന്‍, ഗോമുഖന്‍, വാടധാനന്‍, കാരുഷകനൃപര്‍, ക്ഷേമധൂര്‍ത്തി, ശ്രുതായുസ്സ്, ഉദ്വഹന്‍, ബൃഹത്സേനന്‍, ക്ഷേമന്‍, ഉഗ്രതീര്‍ത്ഥന്‍, കുഹരന്‍, കലിംഗരാജന്‍, മതിമാൻ, ഈശ്വരന്‍ ഇവരൊക്കെ ക്രോധവംശ ഗണങ്ങളായി ഭൂമിയില്‍ വന്നു പിറന്നവരാണ്.
കാലനേമി എന്ന് മുമ്പെ പേരു കേട്ട മഹാസുരന്‍ ഉഗ്രസേനാത്മജനായ കംസനായി ജനിച്ചു. ദേവരാജസമനായ ദേവകന്‍ ഗന്ധര്‍വ്വ രാജാവിന്റെ അവതാരമാണ്.
കീര്‍ത്തിമാനായ ബൃഹസ്പതിയുടെ അംശാവതാരമായി, അയോനിജനായി, ദ്രോണാചാര്യന്‍ ജനിച്ചു. സര്‍വ്വവില്ലാളിമാരിലും ശ്രേഷ്ഠനും, സര്‍വ്വദിവ്യാസ്ത്ര വിത്തമനും, മഹാകീര്‍ത്തിമാനും, മഹാവീര്യനും, യോഗ്യനുമായി അവന്‍. വിശ്വവൈരിഭയങ്കരനായ അശ്വത്ഥാമാവ് മഫാദേവാന്തകന്മാരും കാമക്രോധങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഉണ്ടായവനാണ്. നരനായകനായ ഭീഷ്മനും, സോദരന്മാരും എട്ടു വസുക്കള്‍ ജന്മമെടുത്തതാണ്. വസിഷ്ഠ ശാപം കൊണ്ടും ഇന്ദ്രന്റെ ആജ്ഞ കൊണ്ടും ഭീഷ്മൻ കുരുക്കളുടെ രക്ഷകനായി ജനിച്ചു. അവന്‍ ബുദ്ധിമാനും, വൈദികനും, വാഗ്മിയും, ശത്രുപക്ഷ ക്ഷയകരനും, ഭാര്‍ഗ്ഗവ രാമനോടു പോലും പൊരുതിയവനുമാണ്. വീര്യവാനായ കൃപന്‍, രുദ്രന്മാരുടെ ഗണാംശജനാണ്. ശകുനി എന്ന മഹാരഥനായ രാജാവ് ദ്വാപരത്തിന്റെ അംശമാണ്. വൃഷ്ണിപുംഗവനായ സാത്യകി ദേവപക്ഷത്തിലെ മരുത്ഗ ണാംശമായി പിറന്ന അരിമര്‍ദ്ദനനാണ്. ആ ഗുണാംശജനായി പിറന്ന മറ്റൊരുത്തനാണ് ദ്രുപദ രാജാവ്.
ഇക്കാണുന്ന മനുഷ്യലോകത്തിലെ മുഖ്യവില്ലാളിയായ കൃതവർമ്മാവ് എന്ന രാജാവും മരുത് ഗണത്തില്‍ നിന്ന് ഉത്ഭവിച്ചവന്‍ തന്നെയാണ്. മരുത് ഗണോത്ഭവന്‍ തന്നെയാണ് ശത്രുവര്‍ഗ്ഗ താപനനായ വിരാടനും. അരിഷ്ട പെറ്റ മകനായ ഗന്ധര്‍വ്വനായകന്‍, ഹംസന്‍, കുരുവംശവര്‍ദ്ധനനായ ധൃതരാഷ്ട്രനായി പിറന്നു. വേദവ്യാസപുത്രനായ ആ ദീര്‍ഘബാഹു, പ്രജ്ഞാചക്ഷുസ്സായ ആ രാജാവ്, മാതൃദോഷത്താല്‍ മുനി ശപിക്കുക മൂലം അന്ധനായിത്തീര്‍ന്നു. അവന് തമ്പിയായി, സത്വബലാധികനായി അപ്രകാരം തന്നെ, പാണ്ഡുവും പിറന്നു. അത്രിയുടെ യോഗ്യനായ പുത്രന്‍ വിദുരനായി പിറന്നു. ദുര്യോധന രാജാവ് കലിയുടെ അംശമായി പിറന്നു. ദുര്‍ബുദ്ധിയും, ദുര്‍മ്മതിയും, കുരുക്കളുടെ കീര്‍ത്തി നശിപ്പിച്ചവനും ആയ അവന്‍ ജഗല്‍ദ്രോഹിയായ കലിപുരുഷനായി പിറന്നവനാണ്. അവന്‍ ഭൂമി മുഴുവന്‍ നശിപ്പിച്ചവനാണ്. ഭൂതാന്തകരമായ വൈരം അവനാണ് വളര്‍ത്തിയത്. പൗലസ്ത്യന്മാരായ രാക്ഷസന്മാര്‍ അവന്റെ അനുജന്മാരായി ജനിച്ചു. അവര്‍ ക്രൂരകര്‍മ്മാക്കളായ ദുശ്ലാസനാദ്യന്മാരാണ്. അവര്‍ നുറുപേരുണ്ട്. ദുശ്ശാസനന്‍, ദുസ്സഹന്‍ എന്നു തുടങ്ങിയവരെല്ലാം ദുര്യോധന സഹായന്മാരുമാണ്. അവര്‍ പലസ്തൃന്മാര്‍ ഭൂമിയില്‍ വന്നു പിറന്നവരാണ്. വൈശ്യാതനയനായ യുയുത്സുവും അതില്‍പ്പെടുന്ന ധാര്‍ത്തരാഷ്ട്രനാണ്. അവന്‍ നൂറ്റൊന്നാമത്തേവനാണ്.
ജനമേജയൻ പറഞ്ഞു: ഹേ വൈശമ്പായനാ, അവരുടെപേരുകള്‍ ജ്യേഷ്ഠാനുജ ക്രമമായി ശരിക്കു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ജ്യേഷ്ഠാനുജക്രമമായി ഞാന്‍ അവരുടെ പേരുകള്‍ പറ്റയാം. കേട്ടോളു!
ദുര്യോധനന്‍, യുയുത്സു, ദുശ്ശാസനന്‍, ദുസ്സഹന്‍, ദുശ്ശൂളന്‍, ദുര്‍മ്മുഖന്‍, വിവിംശതി, വികര്‍ണ്ണന്‍, ജലസന്ധന്‍, സുലോചനന്‍, വിന്ദന്‍, അനുവിന്ദന്‍, ദുര്‍ദ്ധര്‍ഷന്‍, സുബാഹു, ദുഷ്പ്രധര്‍ഷണന്‍, ദുര്‍മ്മര്‍ഷണന്‍, ദുര്‍മ്മുഖന്‍, ദുഷ്കര്‍ണ്ണന്‍, കര്‍ണ്ണന്‍, ചിസ്രന്‍, ഉപചിത്രീന്‍, ചിത്രാക്ഷന്‍, ചാരുചിത്രന്‍, ചിത്രാംഗദൻ, ദുര്‍മ്മദന്‍, ദുഷ്പ്രധര്‍ഷന്‍, വിവിത്സു, വികടന്‍, സമന്‍, ഊര്‍ണ്ണനാഭന്‍, പത്മനാഭന്‍, നന്ദന്‍, ഉപനന്ദന്‍, സേനാപതി, സുഷേണന്‍, കുണ്ഡോദരന്‍, മഹോദരന്‍, ചിധ്രബാഹു, ചിത്രവര്‍മ്മന്‍, സുവര്‍മ്മന്‍, ദുര്‍വ്വിമോചനന്‍, അയോബാഹു, മഹാബാഹു;, ചിത്രചാപന്‍, സുകുണ്ഡലന്‍, ഭീമവേഗന്‍, ഭീമബലന്‍, വലാകി, ഭീമവിക്രമന്‍, ഉഗ്രായുധന്‍, ഭീമസരന്‍, കനകായുസ്സ്, ദൃഡായുധന്‍, ദൃഡധവര്‍മ്മന്‍, ദൃഡാക്ഷത്രന്‍, സോമകീര്‍ത്തി, അനൂദരന്‍, ജരാസന്ധന്‍, സത്യസന്ധന്‍, ദൃഡസന്ധന്‍, സഹ്രസവാക്ക്, ഉഗ്രശ്രവസ്സ്, ഉഗ്രസേനന്‍, ക്ഷേമധൂര്‍ത്തി, അപരാജിത്, പണ്ഡിതകന്‍, വിശാലാക്ഷന്‍, ദുരാധനന്‍, ദൃഡഹസ്തന്‍, സുഹസ്തന്‍, വാതവേഗന്‍, സുവര്‍ച്ചന്‍, ആദിത്യകേതു, ബഹ്വാശി, നാഗദത്തന്‍, അനുയായി, നിഷംഗി, ദണ്ഡി, കവചി, ദണണ്‍ഡധാരന്‍, ധനുര്‍ഗ്രഹൻ, ഉഗ്രന്‍, ഭീമരഥന്‍, വീരന്‍, വീരബാഹു, അലോലുപന്‍, അഭയന്‍, രൗദ്രകര്‍മ്മാവ്, ദൃഢരഥന്‍, അനാധൃഷ്യന്‍, കുണ്ഡഭേദി, വിരാവി, ദീര്‍ഘലോചനന്‍, ദീര്‍ഘബാഹു, ചിത്രസേനന്‍, വ്യൂഡോരു, കനകാംഗദന്‍, കുണ്ഡജന്‍, ചിത്രകന്‍, ഈ നൂറുപേര്‍ക്കു പുറമെ ഒരു പുത്രിയുണ്ട്, ദുശ്ശള!
യുയുത്സു ധൃതരാഷ്ട്രന് വൈശ്യസ്ത്രീയില്‍ പിറന്നവനാണ്. നൂറ്റിഒന്നാമത്തേവനുമാണ്. ഇങ്ങനെ നൂറ്റൊന്നു പുത്രന്മാരുടേയും, ഒരു കന്യകയുടേയും പേര്‍ ഞാന്‍ പറഞ്ഞു. ഈ പേരുകളെല്ലാം ജേഷ്ഠാനുജ ക്രമത്തിലാണു പറഞ്ഞത്. ഇവര്‍ തേരാളി വീരന്മാരും, യുദ്ധവിദഗ്ദ്ധരുമാണ്. എല്ലാവരും വേദവിദഗ്ദ്ധരും, ശാസ്ത്ര വിചക്ഷണന്മാരുമാണ്. എല്ലാവരും യുദ്ധശാസ്ത്രജ്ഞരും, വിദ്യാഭിജന ശാലികളുമാണ്. എല്ലാവരും തങ്ങള്‍ക്ക് അനുരൂപരായ മല്ലാക്ഷീമണികളെ വിവാഹം ചെയ്തു. കൗരവന്മാര്‍ എല്ലാവരും നോക്കി കാലേ സിന്ധുരാജാവായ ജയ്രദഥന് അമ്മാവനായ ശകുനിയുടെ ഇഷ്ടത്തോടു കൂടി, ദുശ്ശളയെ വിവാഹം കഴിച്ചു കൊടുത്തു.
ധര്‍മ്മനിഷ്ഠനായ യുധിഷ്ഠിരന്‍ ധര്‍മ്മാംശ ജാതനാണ്. ഭീമന്‍ വാതാംശജനാണ്. അര്‍ജ്ജുനന്‍ ദേവരാജാംശോത്ഭവനാണ്. അശ്വിനീദേവന്മാരുടെ അംശമാണ് നകുലനും, സഹദേവനും. രൂപസൗന്ദര്യം കൊണ്ട് സര്‍വ്വലോക മനോഹരരാണ് അവര്‍. വര്‍ച്ചസ്സ് എന്നു പറയപ്പെടുന്ന ചന്ദ്രസൂതന്‍, അഭിമന്യു എന്ന അര്‍ജ്ജുന പുത്രനായി ജനിച്ചു. അവന്‍ അവതരിക്കുന്നതില്‍ ചന്ദ്രന്‍ വാനവരോടു പറഞ്ഞു.
ചന്ദ്രന്‍ പറഞ്ഞു: ഞാന്‍ എന്റെ പുത്രനെ തരികയില്ല. അവന്‍ എന്റെ പ്രാണനിലും മേലെയാണ്. കരാറു ചെയ്താല്‍ മാത്രമേ ഞാന്‍ എന്റെ പുത്രനെ തരികയുള്ളു. അസുരക്ഷയം എനിക്കും ഇഷ്ടമാണ്. അതിന് അവനെ അയയ്ക്കാം. അധികനാള്‍ അവന്‍ ഭൂമിയില്‍ പാര്‍ക്കുവാന്‍ പാടില്ല. നാരായണന്റെ തോഴനായി, ഇന്ദ്രപുത്രനായി അര്‍ജ്ജുനന്‍ ജനിക്കും. അവന്റെ പുത്രനായി ഇവന്‍ മഹാരഥനായി ജന്മമെടുക്കും. പതിനാറു വര്‍ഷം ഭൂമിയില്‍ പാര്‍ക്കും. അവന് പതിനാറു തികയുമ്പോള്‍ ഘോരമായ യുദ്ധമുണ്ടാകും. അംശജാതരായ നിങ്ങള്‍ ഘോരമായി യുദ്ധം ചെയ്യും. ഘോരമായ നാശം ചെയ്യും. നരനാരായണന്മാര്‍ ഇല്ലാത്ത സന്ദര്‍ഭം നോക്കി ഇവന്‍ ചക്രവ്യൂഹത്തില്‍ പെട്ട് മത്സരിച്ചിട്ട് ശത്രുക്കളെ പിന്തിരിപ്പിച്ച് ആര്‍ത്തു കയറും. ദുര്‍ഭേദ്യമായ വ്യൂഹക്കെട്ടില്‍ കയറി ആ കുട്ടി സഞ്ചരിക്കും. മഹാരഥ മഹാവീരന്മാരുടെ സംഘത്തെ മുടിക്കും. ശത്രു സംഘത്തില്‍ നാലിലൊരു ഭാഗം അന്ന് അവന്‍ കൊന്നു മുടിക്കും. അരദിവസം കൊണ്ടു പിന്നീട് നാനാവീരന്മാരും വളഞ്ഞ് അവനോട് എതിര്‍ക്കുമ്പോള്‍ അവരോടൊക്കെ ഒപ്പം നിന്ന് യുദ്ധം വെട്ടി അവന്‍ ഒടുക്കും. ദിവസം ക്ഷയിക്കുമ്പോള്‍ അവന്‍ എന്റെ അടുത്തു മടങ്ങിയെത്തും. അവന്‍ വംശവര്‍ദ്ധനനായ ഒരു പുത്രനെ ജനിപ്പിക്കും. നശിച്ച ഭാരതകുലത്തെ അവന്‍ ഉയര്‍ത്തും.
ബൈശമ്പായനന്‍ പറഞ്ഞു; എന്നു ചന്ദ്രന്‍ പറഞ്ഞപ്പോള്‍ അപ്രകാരമാകട്ടേ! എന്നു ദേവകള്‍ സസന്തോഷം സമ്മതിച്ചു. എല്ലാവരും ചന്ദ്രനെ അഭിനന്ദിച്ചു പ്രശംസിച്ചു. ഹേ! രാജാവേ! ഇപ്രകാരമാണ് ഭവാന്റെ പിതാമഹന്റെ ജനനം.
വൈശമ്പായനൻ തുടര്‍ന്നു; അഗ്നിയുടെ അംശമാണ് മഹാരഥനായ ധൃഷ്ടദ്യുമ്നന്‍. ശിഖണ്ഡി പെണ്ണായി ജനിച്ചതിന് ശേഷം ആണായി മാറിയ രാക്ഷസനാണ്. പാഞ്ചാലീ പുത്രരായി തീര്‍ന്ന അഞ്ചു പേരും വിശ്വേദേവഗണാംശമാണ്. പ്രതിവിന്ധ്യന്‍, സൂതസോമന്‍, ശ്രുതകീര്‍ത്തി, ശതാനീകൻ, ശ്രുതസേനന്‍ ഇവരാണ് അഞ്ചു പേര്‍.
യദുശ്രേഷ്ഠനായി വാസുദേവ പിതാമഹന്‍, ശൂരന്‍, പിറന്നു. അദ്ദേഹത്തിന് അതിസുന്ദരിയായി പൃഥ എന്ന കനൃകയുണ്ടായി. അച്ഛന്‍ പെങ്ങളുടെ മകന്റെ മകനായ കുന്തിഭോജന്‍ സന്താനമില്ലാതിരുന്ന കാലത്ത് ഒരു വാഗ്ദാനമുണ്ടായി. എന്റെ ആദ്യസന്താനമായി ഒരു കനൃകയുണ്ടായാല്‍ ബന്ധുവായ ഭവാന് അവളെ ദത്തുപുത്രിയായി നല്കാമെന്ന്. ആ ആദ്യ നിശ്ചയം പോലെ ശൂരന്‍ അവളെ കുന്തിഭോജനു നല്കി. ബ്രാഹ്മണാതിഥികളെ പൂജിക്കുവാന്‍ അച്ഛന്‍ നിശ്ചയിച്ച പ്രകാരം അവള്‍ ഉഗ്ര തപോവ്രതനായ ഒരു വിപ്രനെ ശുശ്രൂഷിച്ചു. നിഗൂഢ ധര്‍മ്മനിയമനായ ദുര്‍വ്വാസാവു മഹര്‍ഷിയായിരുന്നു അദ്ദേഹം. ഉഗ്രനും, സംശിതാത്മാവുമായ അദ്ദേഹത്തെ അവള്‍ പ്രീതനാക്കി. സന്തുഷ്ടനായ മഹര്‍ഷി ആഭിചാരക്രമം അവള്‍ക്ക് ഉപദേശിച്ചു. മഹര്‍ഷി പ്രീതനായി അവളോടു പറഞ്ഞു: "ഹേ സുഭഗേ, ഞാന്‍ പ്രീതനായി. ഈ മന്ത്രം ജപിച്ചു നീ ഏതേതു ദേവനെ ആഹ്വാനം ചെയ്യുന്നുവോ, അതാതു ദേവന്റെ പ്രീതിയാല്‍ നിനക്കു സുതന്മാര്‍ ഉണ്ടാകും!".
ബാലയായ അവള്‍ കൗതുകത്താല്‍ കന്യകയായിരിക്കുമ്പോള്‍ ഭാസ്കരദേവനെ ആഹ്വാനം ചെയ്തു. പ്രകാശകാരിയായ സൂരൃഭഗവാന്‍ അവള്‍ക്കു ഗര്‍ഭമുണ്ടാക്കി. സര്‍വ്വാസ്ത്ര ജ്ഞാനിയായ ഒരു പുത്രനെ ജനിപ്പിച്ചു. ദേവഗര്‍ഭോപമനും, ചട്ടയിട്ടവനും, കുണ്ഡലമണ്ഡിതനും, ദിവാകരാഭനും, ജനിക്കുമ്പോള്‍ തന്നെ സര്‍വ്വാംഗഭൂഷിതനും ആയിരുന്നു ആ പുത്രന്‍. ചാര്‍ച്ചക്കാരില്‍ ഭയന്ന് കുന്തി ആ കുട്ടിയുടെ ജനന വൃത്താന്തം മറയ്ക്കുവാനായി കുട്ടിയെ പെട്ടിയിലാക്കി വെള്ളത്തില്‍ ഒഴുക്കി. വെള്ളത്തില്‍ ഒഴുകുന്ന കീര്‍ത്തിമാനായ കുട്ടിയെ കണ്ടെത്തിയ രാധാ ഭര്‍ത്താവായ അതിരഥന്‍ രാധയ്ക്ക് അവനെ നല്കി. ആ ബാലന് ആ ദമ്പതിമാര്‍ ഇരുപേരും, സുഷേണന്‍ എന്നു പേര്‍ കൊടുത്തു. അവന്‍ ബലവാനും സര്‍വ്വാസ്ത്രോത്തമനുമായി വളര്‍ന്നു. സര്‍വ്വവേദാംഗങ്ങളേയും, വിജയിയായ അവന്‍ ജപിച്ചു. സതൃവിക്രമനും, ബുദ്ധിമാനും ആയ ആ മഹാന്‍ ജപാനന്തരം വിപ്രന്മാര്‍ക്കു നല്കുവാന്‍ വയ്യാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല. ഭൂതഭാവനനായ ഇന്ദ്രന്‍ സ്വപുത്രനായ അര്‍ജ്ജുനന് വേണ്ടി വിപ്രരൂപത്തില്‍ ചെന്ന് അവന്റെ സഹജമായ ചട്ടയും കുണ്ഡലങ്ങളും യാചിച്ചു. കര്‍ണ്ണന്‍ കുണ്ഡലത്തോടു കൂടി ചട്ടയും മുറിച്ചെടുത്ത് ഇന്ദ്രന്നു കൊടുത്തു. ഇന്ദ്രന്‍ അതിന് പകരമായി അവന് ഒരു വേല്‍ ദാനം ചെയ്ത് വിസ്മയത്തോടെ ഇപ്രകാരം പറഞ്ഞു; "നീ ഈ വേല്‍ ദേവന്മാരിലോ, മനുഷ്യരിലോ, ഗന്ധര്‍വ്വന്മാരിലോ, ഉരഗരാക്ഷസന്മാരിലോ, ആരില്‍ പ്രയോഗിച്ചാലും ഒരുത്തന്‍ മരിക്കുന്നതാണ്. വേല്‍ ഏല്ക്കുന്നവന്‍ ദേവനായാലും മൃതനാകും".
വൈശമ്പായനൻ പറഞ്ഞു; വസുഷേണന്‍ എന്നു പേര്‍ പുകഴ്‌ന്ന കര്‍ണ്ണന്‍ തന്റെ കര്‍മ്മത്തിന്റെ വൈകര്‍ത്തനാഖ്യാനം കാണിച്ചു. പൃഥയുടെ പ്രഥമാത്മജനായ കര്‍ണ്ണന്‍ ചട്ടയോടു കൂടി ജനിച്ച കീര്‍ത്തിമാനായി പ്രശോഭിച്ചു. എങ്കിലും അവന്‍ സുതകുലത്തില്‍ തന്നെ വളര്‍ന്നു. നരവരശ്രേഷ്ഠനായ കര്‍ണ്ണന്‍ സര്‍വ്വശസ്ത്രാസ്ത്ര വിത്തമനായി തീര്‍ന്നു. അവന്‍ ദുര്യോധനന്റെ സചിവനും ഇഷ്ടനും ശത്രുവിനാശനനുമായി വളര്‍ന്നു. സൂര്യാംശജാതനാണ് കര്‍ണ്ണന്‍ എന്ന് ഭവാന്‍ അറിഞ്ഞാലും.
കവചകുണ്ഡലങ്ങള്‍ ദേഹത്തില്‍ നിന്നു മുറിച്ചെടുത്ത് ദാനം ചെയ്തതു കൊണ്ട് കര്‍ണ്ണന് വൈകര്‍ത്തനന്‍ എന്നു പേരുണ്ടായി.
68. ശകുന്തളോപാഖ്യാനം - ആരംഭം - ജനമേജയൻപറഞ്ഞു; ദേവന്മാരുടേയും, ദൈത്യന്മാരുടേയും, രാക്ഷസരുടേയും, ഗന്ധര്‍വ്വാപ്സരോവര്‍ഗ്ഗങ്ങളുടേയും അംശാവതരണം ഭവാന്‍ പറഞ്ഞു ഞങ്ങള്‍ സസന്തോഷം കേട്ടു. ഇനി മുറയ്ക്കു കുരുവംശത്തെ, ആദ്യം മുതല്‍, ഈ നീ പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു; പൗരവന്മാരുടെ വംശകരനും വീരനുമായ ദുഷ്യന്ത രാജാവ് ആഴി ചൂഴുന്ന ഊഴിയെല്ലാം പരിപാലിച്ചു. സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപും ഭൂമിയും ആ വീര്യവാനായ നരേശ്വരന്‍ അരികളെ മര്‍ദ്ദിച്ചു ഭരണം നടത്തി. നാലുജാതി ജനങ്ങള്‍ അധിവസിക്കുന്ന ധരണി മ്ലേച്ഛന്മാര്‍ ജീവിക്കുന്ന അതിര്‍ത്തി വരെ ഭരിച്ചു. അന്ന് വര്‍ണ്ണസങ്കരമുണ്ടായിരുന്നില്ല. ധാന്യശേഖരവും, ഖനിത്തൊഴിലും ആവശ്യമില്ലായിരുന്നു. പാപം ചെയ്യുന്നവർ ഉണ്ടായിരുന്നില്ല. ദുഷ്യന്തന്റെ ഭരണം അത്രയ്ക്കു സുഖസമൃദ്ധമായിരുന്നു. ജനങ്ങള്‍ ധര്‍മ്മനിഷ്ഠയോടു കൂടി ധര്‍മ്മാര്‍ത്ഥകാമങ്ങളെ നേടി. കള്ളന്മാരില്‍ നിന്നുള്ള ഭയവും, വിശപ്പിനെ കുറിച്ചുള്ള ആവലാതിയും അന്ന് ആര്‍ക്കും ഉണ്ടായില്ല. രോഗഭയവും ഉണ്ടായിരുന്നില്ല. എല്ലാവരും സ്വധര്‍മ്മങ്ങളെ അനുഷ്ഠിച്ചു വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പാലിച്ചു ജീവിച്ചു. ദേവതകളെ ഉദ്ദേശിച്ചു ചെയ്യാറുള്ള കാമൃകര്‍മ്മങ്ങള്‍ ആവശ്യമായിരുന്നില്ല.
യഥാകാലം മേഘം വര്‍ഷിച്ചു. ഭൂമി സസ്യശ്യാമളമായി. സസ്യങ്ങള്‍ രസവസ്തുക്കളായി. സര്‍വ്വരത്നാഢ്യമായി ഭൂമി വിളങ്ങി. പശുക്കള്‍ക്കു സമൃദ്ധിയുണ്ടായി. വിപ്രന്മാര്‍ അവരുടെ ധര്‍മ്മങ്ങള്‍ നടത്തി. അനൃതം അവരിലുണ്ടായിരുന്നില്ല.
മഹാവീരനും, വജ്രകായനും, യുവാവും ആയ രാജാവ് മഹാശക്തനായിരുന്നു. അരുവികളോടും, കാടുകളോടും കൂടിയ മന്ദരപര്‍വ്വതം പൊക്കുവാന്‍ പോലും ശക്തിയുള്ളവനായിരുന്നു. നാലുതരം ഗദായുദ്ധത്തിലും, മറ്റ് ആയുധ വിദൃയിലും നിപുണനായിരുന്നു. ആനപ്പുറത്തിരുന്നും കുതിരപ്പുറത്തിരുന്നും യുദ്ധം ചെയ്യുന്നതിന് ശീലമുള്ളവനായിരുന്നു. ശക്തി കൊണ്ട് വിഷ്ണു സദൃശനും, തേജസ്സു കൊണ്ട് അര്‍ക്കസന്നിഭനുമായിരുന്നു. ആഴിപോലെ കലങ്ങാത്തവനും, ഊഴിപോലെ ക്ഷമയുള്ളവനും, സജ്ജനങ്ങള്‍ക്കു സമ്മതനും ആയ ആ രാജാവ് പ്രസന്നമായ പുരത്തോടും, രാഷ്ട്രത്തോടും കൂടി ഭരിച്ചു കൊണ്ടിരിക്കെ ജനങ്ങള്‍ രാജാവിന്റെ ധര്‍മ്മക്രിയകള്‍ കൊണ്ടു സമൃദ്ധിയോടെ സുഖിക്കുകയും രാജാവിനെ പുകഴ്ത്തുകയും ചെയ്തു.
69. ശകുന്തളോപാഖ്യാനം - ദുഷ്യന്തന്റെ നായാട്ട് - ജനമേജയൻ പറഞ്ഞു: യോഗ്യനായ ഭരതന്റെ ജന്മവും ചരിതങ്ങളും, ശകുന്തളയുടെ ഉത്പത്തിയും എല്ലാം കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. വീരനായ ദുഷ്യന്തന്റെ ശകുന്തളാ പരിണയവും ആ രാജാവിന്റെ ചരിത്രവും മഹാപ്രാജഞ്ഞനായ ഭവാനില്‍ നിന്നു വിസ്തരിച്ചറിയുവന്‍ ഞാനാഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഒരിക്കല്‍ ആ മഹാരാജാവ് ആന, കുതിര മുതലായ വലിയ ചതുരംഗപ്പടയോടു കൂടി കാട്ടില്‍ പ്രവേശിച്ചു. ധാരാളം വീരയോദ്ധാക്കള്‍ രാജാവിന്റെ കൂടെ നായാട്ടിനുണ്ടായിരുന്നു. വാള്‍, വേല്‍, ഗദ, മുസലം, പ്രാസം, തോമരം എന്നീ ആയുധങ്ങളോടു കൂടി യോദ്ധാക്കള്‍ ഉത്സാഹത്തോടെ രാജാവിനെ പിന്‍തുടര്‍ന്നു. വീരന്മാരുടെ അട്ടഹാസങ്ങളും ശംഖനാദവും ഭേരീരവവും കൊണ്ട് ആകാശം മുഖരിതമായി. തേരൊലികളും ഗജഗംഭീരനാദവും അശ്വഘോഷങ്ങളും ആയുധങ്ങളുടെ ത്ഡണല്‍ക്കാരവും ആര്‍പ്പും കൂർക്കുവിളിയും കൊണ്ടു നാടുമുഴങ്ങി. ഇപ്രകാരം കോലാഹലത്തോടെ നൃപന്‍ മൃഗയാ വിനോദത്തിന് യാത്ര പുറപ്പെട്ടപ്പോള്‍ പൊന്മാന്‍ മിഴികളായ സുന്ദരിമാര്‍ ആ എഴുന്നള്ളത്തു കാണുവാന്‍ വെണ്മാടത്തട്ടുകളില്‍ കയറി നിന്നു.
കീര്‍ത്തിമാന്മാരില്‍ പ്രമുഖനായ രാജാവിനെ കണ്ട് കാമിനിമാര്‍ ഇവന്‍ ഇന്ദ്രന്‍ തന്നെ എന്നു പറഞ്ഞ് അത്ഭുതത്തോടെ നോക്കി നിന്നു. ഇവന്‍ സമരത്തില്‍ വസുവിക്രമന്‍ തന്നെ! ഇവന്റെ കൈയൂക്കില്‍ പെട്ടാല്‍ വൈരികളുടെ കഥ അന്നു തീര്‍ന്നു! എന്നു പറഞ്ഞു. അവര്‍ രാജാവിനെ പ്രകീര്‍ത്തിച്ചു പുഷ്പവൃഷ്ടി ചെയ്തു. അതാതിടത്ത് വിപ്രേന്ദ്രന്മാരുടെ യഥാര്‍ത്ഥമായ സ്തുതി കേട്ട് രാജാവ് യാത്ര തുടര്‍ന്നു.
മത്തവാരണത്തിന്റെ പുറത്തു സ്ഥിതി ചെയ്യുന്ന രാജാവിനെ വിപ്രന്മാരും ക്ഷത്രിയന്മാരും ശൂദ്രന്മാരും പിന്‍തുടര്‍ന്ന് ആശിസ്സുകള്‍ നല്കി ജയഘോഷങ്ങളുണ്ടാക്കി. പൗരാവലിയും ജാനപാദന്മാരും ഏറെക്കുറെ പിന്തുടര്‍ന്നു. കുറെ ദൂരം പോയ ശേഷം രാജാവിന്റെ ആജ്ഞപ്രകാരം അവര്‍ മടങ്ങിപ്പോന്നു.
പിന്നെ രാജാവ് ആനപ്പുറത്തു നിന്നിറങ്ങി, ഗരുഡനെപ്പോലെ അതിദ്രുതമായ മഹാരഥത്തില്‍ കയറി പാരിലും വാനിലും കോലാഹലം കൂട്ടി പാഞ്ഞു. അങ്ങനെ രാജാവ് വനത്തിലൂടെ യാത്ര തുടര്‍ന്നു ചെല്ലുമ്പോള്‍ നന്ദനോദ്യാന തുല്യമായ ഒരു വനം കണ്ടു.
എരുക്ക്, കൂവളം, കരിങ്ങാലി, കപിത്ഥം മുതലായവ തിങ്ങിയതാണ് ആ വനം. മലയില്‍ നിന്നു വീണ കരിമ്പാറക്കൂട്ടങ്ങള്‍ ചിതറിക്കിടക്കുന്നു. നിര്‍ജ്ജലവും ശാന്തവുമായ ഒരു മൈതാനം, ആ പ്രദേശം മനുഷ്യവാസമില്ലാത്തതായിരുന്നു. പരന്നു കിടക്കുന്ന ആ പ്രദേശത്ത് ഘോരസിംഹങ്ങളും വേറെ ഹിംസ്രജന്തുക്കളും നിറഞ്ഞിരുന്നു. പരിവാരങ്ങളോടു കൂടി രാജാവ് ആ കാട് ഒന്നിളക്കി മറിച്ചു മൃഗങ്ങളെ സംഹരിക്കുവാന്‍ തുടങ്ങി. വമ്പന്മാരായ വ്യാഘ്രസമൂഹങ്ങള്‍ അമ്പുകള്‍ക്കിരയായി. അവ ദുഷ്യന്തന്റെ ശരങ്ങളേറ്റ് മെയ് പിളര്‍ന്നു ചത്തു വീണു. ദൂരെ നിന്നു കൊണ്ട് രാജാവ് മൃഗങ്ങളെ എയ്തു വീഴ്ത്തി. അടുത്തെത്തുന്നവയെ വാളെടുത്ത് അരിഞ്ഞു വിഴ്ത്തി. വേല്‍ചാട്ടി മാനുകളെ കൊന്നു. ഗദാപ്രയോഗ സാമര്‍ത്ഥൃവും ആ വിക്രമി കാണിച്ചു. തോമരം, ഗദ, വാള്‍, കുന്തം, ഉലക്ക ഇവ ഉപയോഗിച്ച് രാജാവ് ആ കാട്ടില്‍ സഞ്ചരിച്ചു മൃഗങ്ങളേയും പക്ഷികളേയും കൊന്നൊടുക്കി. സമര്‍ത്ഥനായ രാജാവും പരിവാരങ്ങളും പൊരുതുവാന്‍ തുടങ്ങിയപ്പോള്‍ മൃഗാദിരാജന്മാര്‍ കാടു വിട്ടോടി വലഞ്ഞു. കൂട്ടം പിരിഞ്ഞും കൂട്ടത്തലവന്‍ ചത്തും, മൃഗങ്ങള്‍ അങ്ങുമിങ്ങും അലഞ്ഞ് ഓടി ശബ്ദം പുറപ്പെടുവിച്ചു. വരണ്ട ചോലയിലേക്കു പാഞ്ഞ മൃഗങ്ങള്‍ ജലം കിട്ടാതെ പരവശരായി. വരണ്ടു കിടക്കുന്ന ചോലയില്‍ ചെന്ന് ആയാസം മൂലം അവ ബോധം കെട്ടു തളര്‍ന്നു നിലത്തു വീണു. വ്യാഘ്രങ്ങള്‍ ബുഭുക്ഷ കൊണ്ട് ചില മനുഷ്യരേയും പിടിച്ചു തിന്നു. വനേചരന്മാരായ ചിലര്‍ മൃഗങ്ങളെ എടുത്തു കൊണ്ടു പോയി തീ കൂട്ടി വേണ്ട വിധം വേവിച്ചു ഭക്ഷിച്ചു. കാട്ടാനത്തലവന്മാര്‍ ശരം ദേഹത്തില്‍ ഏറ്റു ചിന്നം വിളിയോടെ തുമ്പിക്കൈയും ചുരുട്ടി ഭയത്തോടും വേദനയോടും കൂടി വെമ്പിപ്പാഞ്ഞു. പോകുന്ന വഴിക്കു മലമൂത്രങ്ങള്‍ വിസര്‍ജ്ജിച്ചും രക്തം ഒഴുക്കിയും ദ്രുതഗതിയില്‍ കണ്ട ദിക്കിലേക്കു പാഞ്ഞു. വെമ്പിപ്പായുന്ന കാട്ടാന നേര്‍ക്കു കുതിച്ച് പല മര്‍ത്ത്യരേയും ചവിട്ടിയരച്ചു. ശരമാകുന്ന വര്‍ഷം പെയ്തു സൈന്യമാകുന്ന കരിങ്കാര്‍ ആ വനത്തിലേക്കു കയറി, രാജാവിന്റെ ശരമേറ്റു പായുന്ന മൃഗങ്ങളാല്‍ ആ വനം മനോഹരമായി.
70. ശകുന്തളോപാഖ്യാനം - കണ്വ തപോവന വര്‍ണ്ണന - വൈശമ്പായനൻ പറഞ്ഞു; അനേകായിരം മൃഗങ്ങളെ മുടിച്ച് ഭടന്മാരോടു കൂടി രാജാവു മറ്റൊരു കാട്ടില്‍ പ്രവേശിച്ചു. രാജാവിന് തളര്‍ച്ചയും വിശപ്പും ദാഹവും വര്‍ദ്ധിച്ചു. രാജാവ് ഒറ്റയ്ക്ക് വനാന്തരത്തില്‍ ഒരു ശൂന്യ പ്രദേശത്തെത്തി. ആ പ്രദേശം കടന്ന് ഒരു പുണ്യാശ്രമസ്ഥലത്ത് എത്തിച്ചേര്‍ന്നു. ആ സ്ഥലം മനസ്സിന് സന്തോഷം നല്കുന്നതും കണ്ണിനെ കുളുര്‍പ്പിക്കുന്നതുമായിരുന്നു. ഇളം തെന്നല്‍ രാജാവിന്റെ വിയര്‍ത്ത അംഗം കുളുര്‍മ്മയോടെ തലോടി.
ആ വനം, പൂത്ത വൃക്ഷങ്ങള്‍ നിറഞ്ഞും പച്ചപ്പുല്ലു നിരന്നു പരന്നും നയനാനന്ദകരമായിരുന്നു. മനോഹരമായ പക്ഷികള്‍ പാറിക്കളിച്ചു. ത്ഡില്ലീത്‌ഡങ്കാരം കൊണ്ടും കുയില്‍ നാദം കൊണ്ടും വണ്ടുകളുടെ ശബ്ദം കൊണ്ടും ആ വനം കര്‍ണ്ണാനന്ദകരമായി. കണ്ണും കരളും കുളുര്‍പ്പിക്കുന്ന ആ വനം രാജാവിനെ ആകര്‍ഷിച്ചു. നിഴല്‍ വിരിച്ച വൃക്ഷനിരകള്‍ പൂത്തും കായ്ച്ചും നിന്നിരുന്നു. വല്ലികള്‍ പൂക്കളണിഞ്ഞു ചാഞ്ചാടി. രാജാവ് അങ്ങോട്ടു നടന്നു. സര്‍വ്വ ഋതുവിലും പൂത്ത് കാറ്റിലുലയുന്ന വൃക്ഷങ്ങള്‍ രാജാവിന്റെ ശിരസ്സില്‍ പൂക്കള്‍ വര്‍ഷിച്ചു. പക്ഷികള്‍ കളകൂജിതം കൊണ്ട് രാജാവിനെ സ്വാഗതംചെയ്തു. വണ്ടുകള്‍ പുഷ്പരസം പാനം ചെയ്തു മുരണ്ടു. പടര്‍ന്നു കയറിയ പുഷ്പലതകളാര്‍ന്ന വള്ളിക്കുടിലുകള്‍ കണ്ടു രാജാവു പ്രീതി പൂണ്ടു. സിദ്ധചാരണ ഗന്ധര്‍വ്വന്മാരും അപ്സരസ്സുകളും വാനവ കിന്നരന്മാരും സേവിച്ചു സുഖം പൂണ്ട ആ കാനനം കണ്‍കുളിരെ രാജാവു നോക്കി നിന്നു. മന്ദമാരുതന്‍ വൃക്ഷലതകളെ തലോടി സസന്തോഷം വീശി.
പുഴവക്കത്ത് ഉയര്‍ന്ന കൊടിമരം പോലെ പൊങ്ങിനില്ക്കുന്ന വൃക്ഷങ്ങള്‍ നിറഞ്ഞ ആ മനോഹര വനം കണ്ട് രാജാവ് കൗതുകത്തോടെ നിന്നു. പിന്നെ രാജാവ് മന്ദം നടന്നു. അഴകുറ്റ ഒരു ആശ്രമം നോക്കിക്കണ്ടു. അനേകം വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ട ആ ആശ്രമത്തില്‍ അഗ്നി ജ്വലിക്കുന്നതായി കണ്ടു. ആ പുണ്യമായ ആശ്രമം കണ്ട് രാജാവു കൈകൂപ്പി. യതീന്ദ്രന്മാരായ ബാലഖില്യരും മറ്റു മുനീന്ദ്രന്മാരും പുഷ്പാര്‍ച്ചന ചെയ്യുന്ന അഗ്നിശാലകൾ കണ്ടു. പുണ്യവും ശുദ്ധവുമായ ജലം ഒഴുകുന്ന മാലിനീ നദി വളഞ്ഞു പുളഞ്ഞു പോകുന്നു. അതിന്റെ മണല്‍പ്പുറം മനോമോഹനമായി പ്രശോഭിക്കുന്നു. രാജാവു മതിമറന്നു നോക്കി നിന്നു. പലതരം പക്ഷികള്‍ പറന്നു കളിക്കുന്ന നദിയുടെ മണല്‍ക്കരയിൽ വിശ്രമിക്കുന്ന സിംഹം, പുലി മുതലായ മൃഗങ്ങളെ കണ്ട് രാജാവ് അത്ഭുതപ്പെട്ടു.
ആ ആശ്രമസ്ഥലം ദേവലോകാഭമായിരുന്നു. മഹാ വില്ലാളിവീരനായ രാജാവ് അങ്ങോട്ടു കയറി. ആ പുണ്യസ്ഥലം എല്ലാ ജീവജാലങ്ങള്‍ക്കും മാതാവെന്ന വിധം ശോഭിക്കുന്നു. ആശ്രമത്തെ ചുറ്റി ആ പുണ്യനദി ഒഴുകുന്നു. ചക്രവാകങ്ങള്‍ ചേര്‍ന്നും, നളിനത്തോടു കൂടിയും, നുരയെന്ന പോലെ പുഷ്പങ്ങള്‍ ഒഴുകിക്കൊണ്ടും, കിന്നരാവലികള്‍ സേവിച്ചു കൊണ്ടും, കുരങ്ങുകളും കരടികളും വന്നു ജലപാനം ചെയ്തു കൊണ്ടും സ്വാദ്ധ്യായ ശബ്ദം കേട്ടുകൊണ്ടിരിക്കുന്ന കരപ്പുറത്തോടു കൂടിയതും ആനയും, പുലിയും, പാമ്പും പരിസേവിക്കുന്നതുമായ ആ നദി കണ്ട് രാജാവിന്റെ ഹൃദയം കുളുര്‍ത്തു. അതിന്റെ തീരത്തു ഭഗവാനായ കാശ്യപന്റെ ആശ്രമം കാണുന്നു. ആശ്രമത്തെ ചുഴന്നൊഴുകുന്ന നദിയും ആശ്രമവും കണ്ട് രാജാവ് അതില്‍ പ്രവേശിക്കുവാന്‍ മുതിര്‍ന്നു. മാലിനീ നദിയാല്‍ ചുറ്റപ്പെട്ട ഒരു തുരുത്തു പോലെ പ്രശോഭിക്കുന്ന ആ മനോഹരസ്ഥലം ഗംഗയാല്‍ നരനാരായണാശ്രമ സ്ഥാനമെന്നപോലെ വിളങ്ങി. രാജാവ് അങ്ങോട്ടു നടന്നു. മയിലുകള്‍ മദിച്ചു നൃത്തം വെച്ചു. ച്രൈതരഥം പോലുള്ള ആ വനത്തില്‍ രാജാവു പ്രവേശിച്ചു. മഹാത്മാവും അദൃശ്യ പ്രഭാവനുമായ കാശൃപനെ ( കണ്വനെ ) ചെന്നു കാണുവാന്‍ ഉദ്ദേശിച്ച് രാജാവു പരിവാരങ്ങളെ വനദ്വാരത്തില്‍ നിര്‍ത്തി, ഇപ്രകാരം അവരോടു പറഞ്ഞു.
ദുഷ്യന്തന്‍ പറഞ്ഞു: നിര്‍ദ്ദോഷനും തപോധനനുമായ കാശ്യപ മഹര്‍ഷിയെ ഞാന്‍ കാണുവാന്‍ പോവുകയാണ്. ഞാന്‍ മടങ്ങി വരും വരെ നിങ്ങള്‍ ഇവിടെ നില്ക്കുവിന്‍!
വൈശമ്പായനൻ പറഞ്ഞു: രാജാവ് ദേവകാനനം പോലെയുള്ള ആ വനത്തില്‍ പ്രവേശിച്ചു. അതോടു കൂടി രാജാവിന്റെ വിശപ്പും ദാഹവും വിട്ടൊഴിഞ്ഞു. അധികമായ മോദം പൂണ്ട് രാജചിഹ്നങ്ങള്‍ മാറ്റി വെച്ച് മന്ത്രിമാരോടു കൂടി അദ്ദേഹം പുരോഹിതനെ മുമ്പേ നടത്തി ആശ്രമത്തില്‍ അനശ്വര തപോനിധിയായ ആ മുനിയെ കാണുവാന്‍ കയറിച്ചെന്നു. ഭൃംഗനാദവും, പക്ഷികൂജിതവും ചേര്‍ന്ന് ബ്രഹ്മലോകാഭമായ ആശ്രമത്തിനു ചുറ്റും കണ്ണോടിച്ചു. വളരെ വേദാദ്ധ്യായികള്‍ ചേര്‍ന്ന് പദ്രകമത്തോടെ ഋക്കുകള്‍ ഉച്ഛരിക്കുന്നതായി കേട്ടു. അവിടെ യാഗങ്ങള്‍ നടക്കുന്നുണ്ടെന്നു രാജാവ് അറിഞ്ഞു. യജ്ഞം കഴിക്കേണ്ട രീതികളും, വേദാംഗങ്ങളും അറിയാവുന്നവരും, യജുര്‍വ്വേദികളുമായ ഋഷിവര്യന്മാര്‍ ഭംഗിയായി സാമഗാനങ്ങള്‍ ചൊല്ലുന്നതും കേട്ടു. സാമവേദത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ ഗാനം ചെയ്യുന്നവരും, അഥര്‍വ്വശിഖ ചൊല്ലുന്നവരുമായ ഋഷികളാല്‍ ആശ്രമം പ്രശോഭിച്ചു. അഥര്‍വ്വ വേദജഞന്മാരും, സാമവേദത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ പദക്രമങ്ങളോടു കൂടി സംഹിത ചൊല്ലുന്നതായി കേട്ടു. ശബ്ദസംസ്കാ രശുചിയായി ഓതുന്ന മറ്റു വിപ്രന്മാരാല്‍ ആശ്രമം ബ്രഹ്മലോകം എന്ന പോലെ വിളങ്ങി. യജ്ഞക്രിയാ വിദഗ്ദ്ധന്മാരും, ക്രമശിക്ഷയറിഞ്ഞവരും, ന്യായതത്വാത്മ വിജ്ഞാനികളും, വേദവേദികളും, നാനാവാകൃ സമാഹാര സമവായ വിശാരദന്മാരും, വിശേഷ കാര്യജ്ഞന്മാരും, മോക്ഷധര്‍മ്മ പരായണന്മാരും, ഉപന്യാസം, പൂര്‍വ്വപക്ഷം, സിദ്ധാന്തം എന്നിവ കണ്ടവരും, ശബ്ദച്ഛന്ദോനിരുക്തങ്ങള്‍ അറിഞ്ഞവരും, കാലവേദികളും, ശ്രവ്യകര്‍മ്മ ഗുണജഞന്മാരും, കാര്യകാരണ വേദികളും, പക്ഷികീശരുതജ്ഞന്മാരും ( പക്ഷികളുടേയും കുരങ്ങന്മാരുടേയും ഭാഷ അറിയുന്നവരും ), വ്യാസഗ്രന്ഥാവലംബികളും, നാനാശാസ്ത്രജ്ഞന്മാരും ആയ ആ ഋഷിമാരുടെ ശബ്ദം രാജാവു കേട്ടു. കേവലം ലോകത്രന്ത്രജ്ഞ ശ്രേഷ്ഠര്‍ ചൊല്ലുന്ന തന്ത്രങ്ങള്‍ കേട്ടും, അതാതിടങ്ങളില്‍ യതാത്മാക്കളും, ശിതവ്രതരും, ജപഹോമ പരന്മാരുമായ വിപ്രേന്ദ്രന്മാര്‍ അനേകം ആസനഭേദങ്ങള്‍ മനംതെറ്റാതെ കൈക്കൊണ്ടിരിക്കുന്നതു കണ്ടും രാജാവ് അത്ഭുതപ്പെട്ടു.
ദേവാലയങ്ങളില്‍ ഭൂദേവന്മാരുടെ പൂജ കണ്ട് താന്‍ ബ്രഹ്മലോകത്തിലാണേോ: നില്ക്കുന്നതെന്ന് രാജാവിന് തോന്നിപ്പോയി. ഇപ്രകാരം കാശ്യപ മഹര്‍ഷിയുടെ തപസ്സിനാല്‍ സംരക്ഷിക്കപ്പെടുന്ന പുണ്യാശ്രമം കണ്ടിട്ട് രാജാവിന് മതിയായില്ല.
അദ്ദേഹം അനന്തരം തപോധനസജ്ജനങ്ങള്‍ ചേര്‍ന്ന പുണ്യവും വിവിക്തവുമായ ആ ശോഭനാശ്രമത്തില്‍ അമാത്യന്മാരോടു കൂടി കയറിച്ചെന്നു.
71. ശകുന്തളോപാഖ്യാനം - മേനകാപ്രേഷണം -വൈശമ്പായനൻ പറഞ്ഞു: പിന്നെ മന്ത്രിമാരെ വിട്ടു രാജാവ് ഒറ്റയ്ക്ക് ആശ്രമത്തില്‍ കയറിച്ചെന്നു. അപ്പോള്‍ അദ്ദേഹം കാശ്യപ മഹര്‍ഷിയെ ആശ്രമത്തില്‍ കണ്ടില്ല. ആശ്രമം ശൂന്യമായിരുന്നു. രാജാവ് ഉറക്കെ വിളിച്ചു ചോദിച്ചു; "ഇവിടെ ആരുമില്ലേ?".
രാജാവിന്റെ ഘനഗംഭീരമായ ശബ്ദം കേട്ടപ്പോള്‍ മഹാലക്ഷ്മിയെപ്പോലെ മനോഹരിയായ ഒരു കന്യക തപസ്വിനീ വേഷത്തില്‍ ആശ്രമത്തില്‍ നിന്ന് ഇറങ്ങിച്ചെന്നു. കരിമീന്‍ മിഴിയായ അവള്‍ ദുഷ്യന്തനെ കണ്ട് ഉപചാരപൂര്‍വ്വം പറഞ്ഞു: "അങ്ങയ്ക്കു സ്വാഗതം!". ഉടനെ ആസനം നല്കി അര്‍ഘ്യപാദ്യാദികള്‍ കൊണ്ടു പൂജിച്ചു. "അങ്ങയ്ക്ക് അനാമയമല്ലേ? കുശലമല്ലേ?", എന്നു ചോദിച്ചു. അവള്‍ അതിഥിയോടു കുശലം ചോദിച്ചു പൂജിച്ച ശേഷം പുഞ്ചിരിയോടെ ഇനി അങ്ങയ്ക്ക് ഈയുള്ളവള്‍ എന്തു ചെയ്യേണ്ടു? എന്നു വീണ്ടും ചോദിച്ചു. മഞ്ജുഭാഷിണിയായ ആ കന്യകയെ നോക്കി, അവളുടെ പുജാസല്‍ക്കാരങ്ങളേറ്റു രസം തുളുമ്പുന്ന ഹൃദയത്തോടെ രാജാവ് പറഞ്ഞു.
രാജാവ് പറഞ്ഞു: വന്ദ്യനായ കബണ്വ മഹര്‍ഷിയെ കണ്ടു വന്ദിക്കുവാന്‍ വന്നതാണു ഞാന്‍. ഭദ്രേ, ഭഗവാന്‍ മഹര്‍ഷി എവിടേക്കാണു പോയത്?
ശകുന്തള പറഞ്ഞു: അച്ഛന്‍ ഫലങ്ങള്‍ കൊണ്ടു വരുവാന്‍ ആശ്രമം വിട്ട് ഇറങ്ങിയിരിക്കയാണ്. മുഹൂര്‍ത്ത സമയം കാക്കുക! അച്ഛന്‍ വേഗത്തിലെത്തും. കണ്ടിട്ടു പോകാം!
വൈശമ്പായനൻ പറഞ്ഞു: ഋഷിയെ കാണാതെ, രാജാവ് അവിടെ ഇരുന്നു. ആ തേന്‍ പൊഴിയുന്ന മധുരമൊഴി കേട്ട്, മനസ്സഴിഞ്ഞു. പുഞ്ചിരി കലര്‍ന്ന മനോജ്ഞ ഭാഷണംകേട്ട്, തപസ്സും ദമവും ചേര്‍ന്ന ആ മധുരാംഗിയുടെ രൂപയൗവന മനോഹാരിതയില്‍ മുഴുകിയ രാജാവ്, ആ കന്യകയോടു മധുരമായി പറഞ്ഞു.
ദുഷ്യന്തന്‍ പറഞ്ഞു: ഹേ! കുമാരീ, നീ ആരുടെ പുത്രിയാണ്? ഈ അരണൃത്തില്‍ എന്തിനു വന്നു? മനോഹര മൃദുലാംഗിയായ നീ എങ്ങു നിന്നു വന്നു; ഹേ ശുഭേ! ഭവതിയെ കണ്ട മാത്രയില്‍ തന്നെ എന്റെ ഹൃദയം നീ കവര്‍ന്നിരിക്കുന്നു! ശോഭനേ, നീ ആരെന്നറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: രാജാവ് ഇപ്രകാരം പറഞ്ഞപ്പോള്‍ അവളുടെ മനോഹരമായ ചുണ്ടുകളില്‍ നിന്ന് മൃദുമന്ദസ്മിതത്തോടെ ഈ വാക്കുകള്‍ പുറപ്പെട്ടു.
ശകുന്തള പറഞ്ഞു; ഹേ! ധന്യ! ദുഷ്യന്ത രാജാവേ, ഞാന്‍ കണ്വ മഹര്‍ഷിയുടെ കന്യകയാണെന്നു ധരിച്ചാലും.
ദുഷ്യന്തന്‍ പറഞ്ഞു; ഭഗവാന്‍ കണ്വന്‍ ലോകപൂജിതനായ ഊര്‍ദ്ധ്വരേതസ്സാണെന്നാണ് എന്റെ അറിവ്. ധര്‍മ്മരാജാവിന് പോലും ധര്‍മ്മഭ്രംശം വരാം. എന്നാലും സംശിതവ്രതനായ കണ്വന് ചാഞ്ചല്യം ബാധിക്കയില്ല. നീ ആ മുനീശ്വരന്റെ പുത്രിയായത് എങ്ങനെയാണ്? സുന്ദരീ, എന്റെ സംശയം നീ തീര്‍ത്തു തരുമോ?
ശകുന്തള പറഞ്ഞു: രാജാവേ, എനിക്കറിയാവുന്ന വിധം ഞാന്‍ എന്റെ കഥ പറയാം. ഞാന്‍ കണ്വ പുത്രിയായിത്തീര്‍ന്ന കഥ കേട്ടാലും. ഒരു മാമുനി ഇവിടെ വന്നപ്പോള്‍ എന്നെ കണ്ട് എന്റെ ചരിത്രം അച്ഛനോടു ചോദിച്ചു. അപ്പോള്‍ അച്ഛന്‍ അദ്ദേഹത്തോടു പറയുന്നതു ഞാന്‍ കേട്ടു. അങ്ങനെ ഞാന്‍ അറിഞ്ഞ എന്റെ കഥ ഞാന്‍ ഭവാനോടു കേട്ട വിധം പറയാം.
കണ്വന്‍ ഇപ്രകാരം പറഞ്ഞു: പണ്ട് ഉഗ്രമായ തപസ്സു ചെയ്യുന്ന ദൃഢവ്രതനായ വിശ്വാമിത്രന്‍ തപശ്ശക്തി മൂലം വൃത്രജിത്തായ ഇന്ദ്രന്റെ ഹൃദയത്തെ തപിപ്പിച്ചു പോലും! ഇവന്റെ തപസ്സ് ഇപ്രകാരം പുരോഗമിച്ചാല്‍ തന്റെ സ്ഥാനം നഷ്ടപ്പെട്ടു പോകും എന്ന് ഇന്ദ്രന്‍ ഉറച്ചു മേനകയെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു; ദിവ്യമായ അപ്സരോഗുണങ്ങള്‍ കൊണ്ട് മേനകേ, നീ മുന്തിയവളാണ്. എനിക്കു നീ ഒരു നന്മ ചെയ്യണം. ഞാന്‍ പറയുന്നതു നീ കേള്‍ക്കുക. ഇതാ, സൂര്യസമ തേജസ്വിയായ വിശ്വാമിത്രന്‍ ഉഗ്രമായ തപസ്സു കൊണ്ട് എന്നെ കിടിലം കൊള്ളിക്കുന്നു. അധൃഷ്യനായ അവന്‍ ഇതാ, തപസ്സില്‍ ഏർപ്പെട്ടു തന്നെ നില്ക്കുന്നു. അവന്‍ എന്റെ സ്ഥാനം തട്ടിയെടുക്കുന്നതിന് മുമ്പ് അവനെ തപസ്സില്‍ നിന്നു വിരമിപ്പിക്കുക. നീ പോയി അവന്റെ മനസ്സ് ഉടനെ മയക്കണം. അവന് തപോവിഘ്നമുണ്ടാക്കി എനിക്കു നീ നന്മ നല്കുക. രൂപം, യൗവനം, സൗന്ദര്യം, വിലാസം, പുഞ്ചിരി, മധുരഭാഷണം ഇവ കൊണ്ട് അവനെ മയക്കി തപസ്സില്‍ നിന്ന് അകറ്റുക!
മേനക പറഞ്ഞു; മഹാതപസ്വിയായ ഭഗവാന്‍ വിശ്വാമിത്രന്‍ മഹാതേജസ്വിയാണ്. കോപനനാണ് അവനെന്ന് ഭവാന് അറിഞ്ഞു കൂടേ? ആ മഹാന്റെ തേജസ്സ്, തപസ്സ്, കോപം എന്നിവ ഭവാനു പോലും ഭയപ്രദമാണെങ്കില്‍ ഈയുള്ളവളുടെ കഥ പറയണമോ? മഹാമുനിയായ വസിഷ്ഠന്റെ മക്കളെയൊക്കെ നശിപ്പിച്ചവനല്ലേ വിശ്വാമിത്രന്‍? മുമ്പേ ക്ഷത്രിയനായിരുന്നിട്ടും പിന്നെ ബ്രാഹ്മണ്യം സമ്പാദിച്ചവനല്ലേ വിശ്വാമിത്രന്‍? സ്വപരിശുദ്ധിക്കു വേണ്ടി ആഴം കൂടിയ മഹാനദി ഉണ്ടാക്കിയവനല്ലേ ആ മഹര്‍ഷി? അങ്ങനെയല്ലേ പുണ്യമേറിയ ആ പുഴയ്ക്ക് കൗശികി എന്ന പേര്‍ സിദ്ധിച്ചത്. ഇതെല്ലാം അങ്ങയ്ക്കറിവില്ലേ? കഷ്ടകാലത്ത് അവന്റെ ഭാരൃയെ സഹായിച്ച ധര്‍മ്മവിത്തമനായ രാജര്‍ഷി മതംഗന്‍ സംഗതിവശാല്‍ വ്യാധനായിത്തീര്‍ന്നില്ലേ? ദുര്‍ഭിക്ഷകാലം തീര്‍ന്നപ്പോള്‍ ആശ്രമത്തില്‍ ചെന്നു പുഴയ്ക്ക് "പാര" എന്ന് ആ പ്രഭു നാമകരണം ചെയ്തു. അവന്‍ ചണ്ഡാലനായ മതംഗ മന്നവന് പ്രീതിയോടെ യാഗം ചെയ്യിച്ചു. അന്നു വിശ്വാമിത്രനെ പേടിച്ച് അങ്ങയും സോമപാനത്തിന് അവനെ സമീപിച്ചില്ലേ? ഹേ! സുരേശ്വരാ! അദ്ദേഹം ക്രുദ്ധനായി തിരുവോണം തുടങ്ങിയ മറ്റൊരു നക്ഷത്രപദത്തെ സൃഷ്ടിച്ചില്ല? പിതൃശാപാര്‍ത്തനായ * ത്രിശങ്കുവിന് മറ്റൊരു സ്വര്‍ഗ്ഗം സൃഷ്ടിച്ചു ശരണം നല്കിയില്ല?
സത്യവ്രതന്‍ എന്ന സുര്യവംശ രാജാവ് മൂന്നു ശങ്കുക്കളുടെ (ദുരിതങ്ങളുടെ) പാത്രമായി വസിഷ്ഠശാപം കൊണ്ടു ത്രിശങ്കുവായി. കഥ പിന്നീടു വരും.
ഇപ്രകാരം അതുല്യ പ്രഭാവനായ ആ മുനിയുടെ മഹത്ത്വമോര്‍ത്ത് ഞാന്‍ പേടിക്കുന്നു. അവന്‍ ക്രോധിച്ച് എന്നെ ദഹിപ്പിക്കാതിരിക്കത്തക്ക വിധം എന്നെ നിയോഗിച്ചാലും. ക്രോധിച്ചാല്‍ അവന്‍ ജഗത്ത് തേജസ്സു കൊണ്ടു ദഹിപ്പിക്കും. പെരുവിരല്‍ കൊണ്ടു ഭൂമി കുലുക്കും. മേരുപര്‍വ്വതത്തെ ചുരുക്കി കൈയിലൊതുക്കും. ദിക്കുകളെ മാറ്റിവെക്കും. അത്ര ഉഗ്രതപസ്സുള്ള ദീപ്താഗ്നി സമനാണ് അവന്‍. എന്നെപ്പോലെയുള്ള ഒരു സ്ത്രീക്ക് വിജിത്രേന്ദിയനായ അദ്ദേഹത്തെ സ്പര്‍ശിക്കുവാന്‍ കഴിയുമോ? അഗ്നി മുഖവും, സൂര്യചന്ദ്രന്മാര്‍ കണ്ണുകളും, യമന്‍ നാവും ആയ ആ ഉഗ്രമൂര്‍ത്തിയെ എന്നെപ്പോലെയുള്ള ഒരു നാരിക്കു തൊടുവാന്‍ സാദ്ധ്യമാണോ ദേവനായക?
യമന്‍, സോമന്‍, മുനിമാര്‍, വിശ്വേദേവന്മാര്‍, ബാലഖില്യന്മാര്‍ ഇവരൊക്കെ പേടിക്കുന്ന അവനെ എന്നെപ്പോലെയുള്ള ഒരുവള്‍ ഭയപ്പെടാതിരിക്കുമോ? ഭവാന്‍ പറഞ്ഞാല്‍ ഞാന്‍ മുനീന്ദ്രന്റെ അടുക്കലേക്കു പോകാതിരിക്കയില്ല. അങ്ങയുടെ കല്പന ഞാന്‍ സ്വീകരിക്കുന്നു. എന്നാൽ ഭവാന്‍ എന്റെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം നോക്കണം. ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നു നൃത്തം തുടങ്ങുമ്പോള്‍ മന്ദാനിലന്‍ വന്ന് എന്റെ വസത്രം പതുക്കെ അകറ്റട്ടെ! കാമദേവന്‍ പുഷ്പശരവുമായി എന്റെ കൂടെ തന്നെ നില്‍ക്കണം. ഹേ ദേവ്വേന്ദ്ര! ഭവാന്റെ പ്രസാദത്താല്‍ ഞാന്‍ മുനിയെ മയക്കുന്ന സമയത്ത് സൗരഭ്യം വഹിച്ച് മന്ദമാരുതന്‍ വന്നു വീശിക്കൊള്ളട്ടെ.
കണ്വന്‍ പറഞ്ഞു: അവള്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അങ്ങനെയാകാം എന്ന് ഇന്ദ്രന്‍ മറുപടി പറഞ്ഞു. മേനക നേരേ കൗശികാശ്രമത്തിലേക്കു നടന്നു.
72. ശകുന്തളോപാഖ്യാനം - ശകുന്തളയുടെ ജനനകഥ - കണ്വൻ പറഞ്ഞു: അവള്‍ പറഞ്ഞ പ്രകാരം സുഗന്ധവാഹിയായ വായുവിനെ അവളുടെ കൂടെ അയച്ചു. മന്ദമമാരുതനോടു കൂടെ മന്ദം മന്ദം മേനക നടന്നു. അവള്‍ വിശ്വാമിത്രന്‍ തപസ്സു ചെയ്യുന്ന തപോവനത്തില്‍ പ്രവേശിച്ചു. തപശ്ശക്തി കൊണ്ട് പാപമെല്ലാം അകന്ന വിശ്വാമിത്രനെ വേപഥുഗാത്രിയായി ദര്‍ശിച്ചു. അവള്‍ മുനിയുടെ സമീപം ചെന്ന് അദ്ദേഹത്തിന്റെ നേരെ കൈകൂപ്പി നൃത്തമാരംഭിച്ചു. ആ തവ്വില്‍ മാരുതന്‍ അവളുടെ ശുഭ്രവസ്ത്രം വീശിയകറ്റി. അരയില്‍ നിന്ന് ഊര്‍ന്നു വീണ വസത്രം വാരിയെടുക്കുവാന്‍ അവള്‍ കിഴിഞ്ഞിറങ്ങി. അസഹ്യമായ ലജ്ജയോടെ, ആ കാറ്റിന്റെ വികൃതിയുടെ ഇടയില്‍, കടക്കണ്ണിട്ട് ആ നീലലോചന മഹര്‍ഷിയെ നോക്കി. അഗ്നിതേജസാല്‍ ആ മുനീന്ദ്രന്‍ വസത്രം നീങ്ങിയ ആ സുന്ദരിയുടെ നഗ്നമായ പൊന്നുടല്‍, അവള്‍ സസംഭ്രമം വസത്രം വാരിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍, ആകെ കൂടി ഒന്നു ദര്‍ശിച്ചു. മേനകയുടെ നഗ്നമായ രൂപലാവണ്യം പൂര്‍ണ്ണമായിക്കണ്ടു. കാമബാണാര്‍ത്തനായിത്തീര്‍ന്ന വിശ്വാമിത്രന്‍ ശൃംഗാര രസത്തോടെ പുഞ്ചിരിതൂകി അവളെ കൈകൊണ്ടു മാടിവിളിച്ചു. അവളെ സംഭോഗം ചെയ്യുവാന്‍ കാമിച്ച് കാമകേളിക്ക് അവളോട് അഭ്യര്‍ത്ഥിച്ചു. മേനക സന്തോഷിച്ചു. വിശ്വാമിത്രന്റെ കാമിതം നിര്‍വ്വഹിച്ചു. അവള്‍ കുറേനാള്‍ അവിടെ കാമകേളികളാടി വിശ്വാമിത്രനുമൊന്നിച്ചു സസന്തോഷം വസിച്ചു. അവിടെ നീണ്ടകാലം, ഒരു ദിവസമെന്ന പോലെ, കേളിയാടി വസിക്കവേ മേനകയില്‍ വിശ്വാമിത്രന്‍ ശകുന്തളയെ ജനിപ്പിച്ചു.
മാലിനീനദി ചൂഴുന്ന ഹിമാലയ വീഥിയില്‍ മാലിനീ നദിയുടെ കരയില്‍ ആ ഗര്‍ഭിണി പ്രസവിച്ചു. കുട്ടിയെ ഉപേക്ഷിച്ച് അവള്‍ ഇന്ദ്രന്റെ കല്പന നിര്‍വ്വഹിച്ച് വേണ്ട കാര്യം സാധിച്ചു സമീപത്തെത്തി.
സിംഹവ്യാഘ്ര സങ്കുലമായ വിജനപ്രദേശത്തു കിടക്കുന്ന ആ ശിശുവിനെ കണ്ട് ശകുന്തങ്ങള്‍ (പക്ഷികള്‍) സസന്തോഷം ചെന്നു വളഞ്ഞിരുന്നു. മാംസം കൊതിക്കുന്ന ക്രൂരജന്തുക്കള്‍ ഹിംസിക്കരുതെന്നു വിചാരിച്ച് മേനകയുടെ ആ പെണ്‍കുഞ്ഞിനെ ശകുന്തങ്ങള്‍ കാത്തു രക്ഷിച്ചു. ഞാന്‍ ജലസ്പര്‍ശത്തിന് പോകുമ്പോള്‍ കാട്ടുവഴിയില്‍, വിജനസ്ഥലത്ത് ശകുന്തങ്ങളാല്‍ പരിരക്ഷിക്കപ്പെടുന്ന ഇവളെ കണ്ടു. പിന്നെ, ഞാന്‍ കൊണ്ടു പോന്ന് ഇവളെ എന്റെ കന്യകയാക്കി വളര്‍ത്തി. ദേഹം ഉണ്ടാക്കിയവന്‍, പ്രാണന്‍ കാത്തവന്‍, ചോറു കൊടുത്തു വളര്‍ത്തുന്നവന്‍ ഇവര്‍ മൂന്നുപേരും ക്രമത്താല്‍ അച്ഛന്മാരാണ് എന്നാണ് ധര്‍മ്മശാസത്രം പറയുന്നത്. വിജനമായ കാട്ടില്‍ ശകുന്തങ്ങള്‍ കാത്തു രക്ഷിക്കുകയാല്‍ ശകുന്തള എന്ന് അന്ന് ഇവള്‍ക്കു ഞാന്‍ പേരു നല്കി. ഇപ്രകാരമാണ് ഇവള്‍ എന്റെ മകളായത്. ശകുന്തളയ്ക്കും വിചാരം ഞാന്‍ തന്നെയാണ് അവളുടെ അച്ഛന്‍ എന്നാണ്.
ശകുന്തള പറഞ്ഞു: ആ മുനി ചോദിച്ച സമയം അച്ഛന്‍ ഇപ്രകാരമാണ് ആ മുനിയോടു പറഞ്ഞത്. ഇങ്ങനെയാണ് ഞാന്‍ കണ്വപുത്രിയായത്. താതനെ കാണുവാന്‍ കഴിയാത്ത ഞാന്‍ കണ്വനെ താതനെന്നു വിചാരിച്ചു കഴിയുകയാണ്. ഞാന്‍ കേട്ട പ്രകാരം എന്റെ കഥ ഭവാനെ ഉണര്‍ത്തിച്ചു.
73. ശകുന്തളോപാഖ്യനം - ശകുന്തളയുടെ ഗാന്ധര്‍വ്വവിവാഹം - ദുഷ്യന്തന്‍ പറഞ്ഞു; ഹേ, കല്യാണി! അപ്പോള്‍ നീ രാജപുത്രിയാണ് എന്നു തെളിഞ്ഞു കഴിഞ്ഞു. ഹേ! സുശ്രോണി, നീ എന്റെ ഭാര്യയാകണം! എന്നില്‍ ദയയുണ്ടാകണം. എന്തു വേണമെന്നു പറഞ്ഞാലും! പൊന്മാല വേണോ, നല്ല പട്ടു വസത്രങ്ങള്‍ വേണോ? പട്ടണങ്ങളില്‍ നിര്‍മ്മിച്ച പൊന്‍മണികുണ്ഡലങ്ങള്‍ വേണോ? കണ്മണീ, എന്തു വേണമെങ്കിലും ഞാന്‍ നിനക്കു തരാം. നിഷ്കാദിയായ സ്വര്‍ണ്ണനാണ്യങ്ങള്‍ വേണോ? മനോഹരങ്ങളായ പരവതാനികശ് വേണോ? പറയൂ, സുന്ദരീ! രാജ്യം തന്നെ വേണമെങ്കിലും ഞാന്‍ നിനക്കു നല്കാം! ഹേ! പൂജനീയ സൗന്ദര്യധാമമേ! നീ എന്റെ ഭാര്യയാകുക! ഹേ! ഭീരു, ഭയപ്പെടേണ്ട. ഇപ്പോള്‍ തന്നെ ഗാന്ധര്‍വ്വവിധി പ്രകാരം വിവാഹം നടക്കട്ടെ! വിവാഹങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ഗാന്ധര്‍വ്വമാണ്.
ശകുന്തള പറഞ്ഞു; ഫലങ്ങള്‍ കൊണ്ടു വരുവാന്‍ അച്ഛന്‍ ആശ്രമം വിട്ട് ഇറങ്ങിയിരിക്കയാണ്. മുഹൂര്‍ത്ത സമയം കാക്കുക! അദ്ദേഹം എന്നെ അങ്ങയ്ക്കു നല്കും, തീര്‍ച്ചയാണ്.
ദുഷ്യന്തന്‍ പറഞ്ഞു: ഹേ, ശുഭാംഗി! നീ എന്നെ സ്വീകരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. നിനക്കു വേണ്ടി ഞാന്‍ എന്തും ചെയ്യുവാന്‍ സന്നദ്ധനായി ഇതാ നില്ക്കുന്നു! എന്റെ മനസ്സ് നിന്നില്‍ ലയിച്ചിരിക്കുന്നു! ആത്മാവിന്റെ ബന്ധു ആത്മാവാണ്. ആത്മാവിന്ന് ആശ്രയം ആത്മാവാണ്. ആത്മാവിനാല്‍ ധര്‍മ്മം കൊണ്ടു നീ ആത്മദാനം ചെയ്യുക! ധര്‍മ്മശാസ്ത്രത്തില്‍ വിവാഹങ്ങള്‍ എട്ടുവിധമുണ്ടെന്നു പറയുന്നു. ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം ഇങ്ങനെ എട്ടു വിധമാണ്. ഇവ ധര്‍മ്മാനുസരണമായിട്ടുള്ളത് ആണെന്നാണ് സ്വായംഭൂവ മനു അനുശാസിക്കുന്നത്. അതില്‍ ആദ്യത്തെ നാലു വിവാഹവും വിപ്രര്‍ക്ക് മുഖ്യങ്ങളാകുന്നു. ആദ്യത്തെ ആറും, മുറയ്ക്കു ക്ഷത്രിയര്‍ക്കും ധര്‍മ്മാനുസരണമാകുന്നു. രാജാക്കന്മാര്‍ക്ക് രാക്ഷസവുമാകാം. വൈശ്യന്മാര്‍ക്കും, ശൂദ്രന്മാര്‍ക്കും ആസുരമാകാം. അഞ്ചില്‍ മൂന്ന് ധര്‍മ്മാനുസരണമാകുന്നു. രണ്ടെണ്ണം അധര്‍മ്മം തന്നെയാണ്. പൈശാചികവും ആസുരവും ചെയ്യുവാന്‍ പാടില്ലാത്തതുമാണ്. ഈ പറഞ്ഞ വിധിയനുസരിച്ചു ചെയ്യണം. അവ ധര്‍മ്മത്തിനു നിരക്കുന്നതാണ്. ഗാന്ധര്‍വ്വവും രാക്ഷസവും ധര്‍മ്മൃമാണെന്ന് ധരിക്കുക. വൃസനിക്കേണ്ടതില്ല. ഇപ്പറഞ്ഞ വിവാഹമുറകള്‍ വെവ്വേറെയും കലര്‍ത്തിയും ചെയ്യാവുന്നതാണ്. ഹേ, സുന്ദരീ! സകാമനായ എനിക്ക് നീ സകാമയായ വരാംഗനയാണല്ലോ. ആ നിലയ്ക്ക് നീ ഗാന്ധര്‍വ്വവിധി പ്രകാരം വിവാഹം ചെയ്തു, എന്റെ ഭാര്യയായാലും.
ശകുന്തള പറഞ്ഞു: ഇങ്ങനെയാണ് ധര്‍മ്മമാര്‍ഗ്ഗമെങ്കിൽ എന്റെ ആത്മസ്വാതന്ത്രത്തെയോര്‍ത്ത് ഞാന്‍ ഒരു നിശ്ചയം ചെയ്യുന്നു. ഹേ, പൗരവേന്ദ്ര, എന്നെ ഞാന്‍ അങ്ങയ്ക്കു ദാനംചെയാം. ഭവാന്‍ എന്നോട് ഒരു സത്യം ചെയ്യണമെന്നു ഞാന്‍ പറയുന്നു. ഞാന്‍ പറയുന്ന ഇക്കാര്യത്തില്‍ പ്രത്യേകമായി ഒരു ശപഥം ഭവാന്‍ ചെയ്യണം. എന്നില്‍ ഉണ്ടാകുന്ന അങ്ങയുടെ പുത്രന്‍ അങ്ങയുടെ കാലശേഷം രാജാവാകണം. അങ്ങ് അവനെ യുവരാജാവാക്കണം. ഹേ, രാജാവേ! ഞാന്‍ വാസ്തവം പറയുകയാണ്. അങ്ങനെ ചെയ്യാമെന്നു ശപഥം ചെയ്യുകയാണെങ്കില്‍ നാം തമ്മിലുള്ള സംബന്ധം ആകാം.
വൈശമ്പായനൻ പറഞ്ഞു: അപ്രകാരമാകാമെന്നു സംശയം കൂടാതെ രാജാവു സമ്മതിച്ചു. "നിന്നെ എന്റെ നഗരത്തിലേക്കു ഞാന്‍ കൊണ്ടു പൊയ്ക്കൊള്ളാം. ഹേ, ശുചിസ്മിതേ! ഞാന്‍ ഇതാ, നിന്നോടു സത്യം ചെയ്തു പറയുന്നു, നീ ആസ്ഥാനത്തിന് അർഹയാണ്", എന്ന് ആ സുചരിത്രയോടു പറഞ്ഞു. അവളുടെ കൈപിടിച്ച് അവളോടൊന്നിച്ചു ചേര്‍ന്നു. പിന്നെ, അവളെ വിശ്വസിപ്പിച്ച് രാജാവു യാത്ര പറഞ്ഞു. അവളോട് യാത്രാ സമയത്ത് രാജാവ് വീണ്ടും പറഞ്ഞു.
ദുഷ്യന്തന്‍ പറഞ്ഞു: ഹേ, സുമുഖി! ഞാന്‍ ചതുരംഗപ്പടയെ നിന്നെ കൊണ്ടു പോകുന്നതിന് വേണ്ടി ഇങ്ങോട്ട് അയയ്ക്കാം. അങ്ങനെ നിന്നെ രാജധാനിയിലേക്ക് ആനയിക്കുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു; ഹേ, ജനമേജയ! ഇപ്രകാരംഅവളോടു പറഞ്ഞ് ദുഷ്യന്തന്‍ മനസ്സില്‍ കാശ്യപനേയും വിചാരിച്ചു സ്ഥലം വിട്ടു. തപസ്വിയായ ആ മുനീന്ദ്രന്‍ വൃത്താന്തമറിഞ്ഞാല്‍ എന്തു വിചാരിക്കുമോ? എന്തു ചെയ്യുമോ ആവോ! എന്നു ചിന്തിച്ചു ചിന്തിച്ച് രാജാവ് തന്റെ പുരിയില്‍ ചെന്നെത്തി. രാജാവ് പോന്നു കഴിഞ്ഞ് ഒരു മുഹൂര്‍ത്തത്തിനിടയ്ക്ക് കണ്വന്‍ ആശ്രമത്തിലെത്തി. അച്ഛന്റെ മുമ്പില്‍ ലജ്ജിച്ചു മകള്‍ ചെന്നില്ല. തപോധനനും ദിവൃജ്ഞാനിയുമായ കണ്വന്‍ അവളോടു പറഞ്ഞു.
കണ്വന്‍ പറഞ്ഞു; ഭദ്രേ, ഭയപ്പെടേണ്ടാ. നീ എന്നെ ആദരിക്കാതെ, ഗൂഢമായി, ആ പുമാനുമായി ചെയ്ത സംസര്‍ഗ്ഗം ഒട്ടും ധര്‍മ്മം തെറ്റിയതല്ല. ക്ഷത്രിയന് ഗാന്ധര്‍വ്വ വിവാഹം വളരെ മുഖ്യമായിട്ടുള്ളതാണ്. കാമിക്കുന്നവനോട് കാമമുള്ളവള്‍ക്ക്, മന്ത്രം കൂടാതെ തന്നെ ഗൂഢമായി സംഗമമാകാം. ദുഷ്യന്തന്‍ ധര്‍മ്മശാലിയും, മഹാനുമായ പുരുഷര്‍ഷഭനാണ്. ശകുന്തളേ, നന്ദിയുള്ള ആ ഭര്‍ത്താവുമായിട്ടാണല്ലേോ നീ ചേര്‍ന്നത്. അതില്‍ തെറ്റില്ല. ഭൂമിയില്‍ അതുല്യ യോഗ്യനും ശക്തനുമായ ഒരു പൂത്രനെ നീ പ്രസവിക്കും. അവന്‍ ആഴി ചൂഴുന്ന ഈ ഊഴിയെ വാഴും. വീര്യവാനായ അവന്‍ ചക്രവര്‍ത്തി പദം അധിരോഹണം ചെയ്ത് അഭംഗുരം വര്‍ത്തിക്കും.
വൈശമ്പായനൻ പറഞ്ഞു: പിന്നെ ശകുന്തള കാല്‍കഴുകി മുനിയുടെ ചാരെ ചെന്നു. മഹര്‍ഷി ഫലഭാരം താഴെവെച്ചു വിശ്രമിച്ചിരിക്കുമ്പോള്‍ ശകുന്തള ചാരെ നിന്നു.
ശകുന്തള പറഞ്ഞു; അച്ഛാ, ദുഷ്യന്ത രാജാവിനെ വരനായി ഞാന്‍ വരിച്ചു. മന്ത്രിമാരോടു കൂടിയ അദ്ദേഹത്തെ ശപിക്കാതെ, അനുഗ്രഹിക്കേണമേ!
കണ്വന്‍ പറഞ്ഞു; ശുഭേ, നിനക്കു വേണ്ടി അവനില്‍ ഞാന്‍ എത്രയും പ്രസന്നനായിരിക്കുന്നു! എന്നോടു നീ അഭീഷ്ടമായ വരം വാങ്ങിക്കൊള്ളുക.
വൈശമ്പായനൻ പറഞ്ഞും ദുഷ്യന്തന്റെ സുഖത്തിനായി ശകുന്തള അച്ഛനോടു വരം വാങ്ങിച്ചു. പൗരവര്‍ക്ക് ധര്‍മ്മിഷ്ഠഭാവവും രാജ്യസ്വൈര്യവും ഉണ്ടാകേണമെന്ന് അവള്‍ അഭൃര്‍ത്ഥിച്ചു.
74. ശകുന്തളോപാഖ്യാനം - ശകുന്തളാ സ്വീകാരം - വൈശമ്പായനൻ പറഞ്ഞു: ദുഷ്യന്തന്‍ സത്യം ചെയ്തു പോയതിന് ശേഷം അവള്‍ ഗര്‍ഭം തികഞ്ഞു വീരനായ ഒരു കുമാരനെ പ്രസവിച്ചു. അവന്‍ മൂന്നു ലോകത്തിലും പുകഴ്ന്നവനും, ദീപ്താഗ്നിതുല്യ പ്രതാപനും, രൂപം, ഔദാര്യം എന്നീ ഗുണങ്ങളോടു കൂടിയവനുമായിത്തീര്‍ന്നു. ജാതകര്‍മ്മാദികള്‍ വിധിപ്രകാരം ചെയ്തു കണ്വമഹര്‍ഷി അവനെ വളര്‍ത്തി. വെളുത്തു കൂര്‍ത്ത പല്ലുകള്‍ ഉള്ളവനും, സിംഹതുല്യം ദൃഢമായ ശരീരമുള്ളവനും, കൈയില്‍ ചക്രരേഖയുള്ളവനും, കട്ടിയായ ശിരസ്സുളളവനും, കെല്പുള്ളവനുമായി അവന്‍ ക്രമത്തില്‍ ഇന്ദ്രപുത്രാഭനായി വളര്‍ന്നു.
കുട്ടിക്ക് ആറു വയസ്സായപ്പോള്‍ തന്നെ അവന്‍ സിംഹം, വ്യാഘ്രം, പന്നി, പോത്ത്, ആന എന്നീ മൃഗങ്ങളെ ഒറ്റയ്ക്കു പിടിച്ച് ആശ്രമ വ്യക്ഷങ്ങളില്‍ ബന്ധിച്ചു. അത്രയ്ക്കു ബലവും ധീരതയും അവനില്‍ കണ്ടു. അവന്‍ അവയുടെ പുറത്തു കയറിയും, അവയെ ഇണക്കിയും, അവയോടു കൂടി കളിച്ചും ഓടിനടന്നു.
ആശ്രമനിവാസികള്‍ അവന്റെ പരാക്രമം കണ്ടു. ദമകൃത്തായ അവന്‍ ഏവരേയും നിയന്ത്രിക്കുന്നവനാകട്ടെ എന്നുള്ള ശുഭകാംക്ഷ കൊണ്ട്, സര്‍വ്വദമനന്‍ എന്ന് അവനെ വിളിച്ചു. ഇപ്രകാരം കുമാരന്‍ സർവ്വദമനന്‍ എന്ന പേര്‍ സ്വവിക്രമം കൊണ്ട് സമ്പാദിച്ചു.
വിക്രമം, ബലം, ഓജസ്സ് എന്നീ ഗുണങ്ങള്‍ അവനെ കണ്ടും അവന്റെ വീരപ്രവൃത്തികള്‍ കണ്ടും അവന്‍ യുവരാജാവായിത്തീരുവാനുള്ള കാലമായെന്ന് കണ്വന്‍ ശകുന്തളയോടു പറഞ്ഞു.
അവന്റെ ബലവീര്യങ്ങള്‍ കണ്ട കണ്വന്‍ ശിഷ്യരെ വിളിച്ചുപറഞ്ഞു.
കബ്ബന്‍ പറഞ്ഞു: സുകൃതത്തിന്റെ ചിഹ്നമുള്ളവളായ ശകുന്തളയെ ഇന്നു തന്നെ പുത്രനോടു കൂടെ അവളുടെ ഭര്‍ത്തൃഗൃഹത്തിലേക്കു നിങ്ങള്‍ കൂട്ടിക്കൊണ്ടു പോകണം. സ്ത്രീകള്‍ക്കു ബന്ധുഗൃഹത്തില്‍ പാര്‍പ്പ് അധികകാലം പാടില്ല. കീര്‍ത്തിക്കും ചാരിത്രത്തിനും അതു വിഘ്‌നമാണ്. അതു കൊണ്ട് ഇനി താമസിച്ചു കൂടാ.
വൈശമ്പായനൻ പറഞ്ഞു; ഉടനെ ശിഷ്യന്മാര്‍ പുത്രനോടു കൂടെ ശകുന്തളയെ ഹസ്തിനപുരിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ദേവപുത്രാഭനും പത്മനേത്രനുമായ പുത്രനോടു കൂടെ ആ സുന്ദരി ആശ്രമം വിട്ടു പോയി, ദുഷ്യന്തന്റെ രാജധാനിയില്‍ കടന്നു ചെന്നു. ബാലസൂരൃതുലൃനായ പുത്രനോടു കൂടി ശകുന്തള എത്തിയ വൃത്താന്തം രാജാവിനെ അറിയിച്ചു. മുനിശിഷ്യന്മാര്‍ ആശ്രമത്തിലേക്കു യാത്ര പറഞ്ഞു മടങ്ങിപ്പോവുകയും ചെയ്തു. ശകുന്തള രാജാവിനെ മുറ പ്രകാരം പൂജിച്ചു കൊണ്ടു പറഞ്ഞു.
ശകുന്തള പറഞ്ഞു; രാജാവേ, അങ്ങ് അങ്ങയുടെ പുത്രനെ യുവരാജാവായി അഭിഷേകം ചെയ്താലും! ദേവതുല്യാഭനായ ഈ ബാലന്‍ ഭവാന്‍ എന്നില്‍ ഉണ്ടായവനാണ്. എന്നോടു മുമ്പേ ചെയ്ത കരാറു പ്രകാരം ഇവനില്‍ അത് നിര്‍വ്വഹിച്ചാലും. കണ്വാശ്രമത്തില്‍ വെച്ച് അന്ന് എന്നോടുള്ള സംഗമത്തില്‍ എന്നോടു ചെയ്ത കരാറ് ഭവാന്‍ ഓര്‍ക്കുന്നുണ്ടല്ലോ. ഹേ, മഹാശയ! അതു നിര്‍വ്വഹിച്ചാലും.
വൈശമ്പായനൻ പറഞ്ഞു: ദുഷ്യന്ത മഹാരാജാവ് അവള്‍ പറയുന്ന വാക്കു കേട്ട് അവളെ ഓര്‍ത്തു. എന്നാലും രാജാവ് ഇപ്രകാരം പറഞ്ഞു.
ദുഷ്യന്തന്‍ പറഞ്ഞു: നീ എന്താണു പറയുന്നത്? നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്ക് ഓര്‍മ്മയില്ലല്ലോ. നീ ഏതോ ദുഷ്ടതാപസിയാണ്. നീയുമായി യാതൊരു ധര്‍മ്മകാമാര്‍ത്ഥ സംബന്ധവും എനിക്ക് ഓര്‍മ്മയില്ല. പോവുകയോ എന്തു വേണമെങ്കിലും ആകാം.
വൈശമ്പായനൻ പറഞ്ഞു: രാജാവിന്റെ ഈ വാക്കു കേട്ട് തപസ്വിനിയായ ആ പാവം ലജ്ജിച്ചു പോയി. ദുഃഖത്താല്‍ കേണ് മോഹിച്ച് തൂണു പോലെ അവള്‍ തരിച്ചു നിന്നു പോയി. പിന്നെ ചൊടിച്ചു. കണ്ണുകള്‍ ചുവന്നു. ചുണ്ടുകള്‍ വിറച്ചു. അവള്‍ കടക്കണ്ണു ചായിച്ച് രാജാവിനെ ദഹിപ്പിക്കുമാറ് നോക്കി. ആകാരത്തെ മറച്ച് ആകുലമായ ദുഃഖഭാവത്തോടെ അവള്‍ തപസ്സു കൊണ്ട് നേടിയ തേജസ്സിനെ അടക്കി. മുഹൂര്‍ത്ത സമയം ധ്യാനത്തോടെ നിന്നു. പിന്നെ ദഃഖക്രോധാവേശത്തോടെ ഭര്‍ത്താവിനെ നോക്കി ഇപ്രകാരം പറഞ്ഞു.
ശകുന്തള പറഞ്ഞു: ഹേ! രാജാവേ, ഭവാന്‍ അറിഞ്ഞു കൊണ്ടു തന്നെ എന്താണ് ഇങ്ങനെ പറയുന്നത്? വെറും നടന്റെ മാതിരി നടിക്കുന്നത് ഭവാനു ചേര്‍ന്നതല്ല. സത്യാസത്യങ്ങള്‍ ഭവാന്റെ ഹൃദയം അറിയുന്നു. ധര്‍മ്മത്തെ സാക്ഷിയായി നിര്‍ത്തി ഭവാന്‍ ശുഭം പറയുക. ആത്മാവമാനനം ചെയ്യരുത്. ആത്മാവിനെ വഞ്ചിക്കുന്നവന്‍ കള്ളനെപ്പോലെ ആത്മഹാരിയാണ്.
അവന്‍ എന്തു പാപമാണ് ചെയ്യുവാന്‍ മടിക്കുക? ഞാന്‍ ഏകയാണെന്നാണോ നീ കരുതുന്നത്? എന്റെ ഹൃദയത്തില്‍ പുരാണനായ മുനി അധിവസിക്കുന്നുണ്ട്. ആ പരന്‍ നിന്റെ പാപം കാണുന്നുണ്ട്. അവന്‍ കാണ്‌കെയാണ് നീ ഈ പിഴ ചെയ്യുന്നത്. ദുരിതം ചെയ്യുന്ന നീ എന്തു വിചാരിക്കുന്നു? ഞാന്‍ ചെയ്യുന്നത് ആരും കാണുകയില്ല എന്നാണോ? സത്യം ദേവകള്‍ കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും കാണുന്നുണ്ട്. ആദിത്യനും ചന്ദ്രനും അഗ്നിയും വായുവും ആകാശവും രാവും പകലും രണ്ടു സന്ധ്യകളും ധര്‍മ്മവും നരന്റെ വൃത്തം കാണുന്നുണ്ട്.
ഉള്ളില്‍ വാഴുന്ന കര്‍മ്മസാക്ഷി, ക്ഷേത്രജ്ഞന്‍, തുഷ്ടനായാല്‍ വൈവസ്വതനായ യമന്‍ അവനുള്ള പാപം നല്കും. അന്തരാത്മാവിന്റെ തുഷ്ടി നേടാത്ത ഇഷ്ടന്‍ ആരോ ആ പാപിക്കുള്ള പാപത്തിന് അന്തകന്‍ നരകം നല്കാതിരിക്കയില്ല. ആത്മാവിനെ ചതിച്ച് ആരാണ് അനൃഥാത്വം നടിക്കുന്നത്? ആത്മദ്രോഹിയായ അവന് ദേവകള്‍ നന്മ നല്കുകയില്ല. സ്വയം വന്നു കേറിയവളാണ് ഞാന്‍ എന്നു നീ എന്നെ നിന്ദിക്കരുത്. ഞാന്‍ പതിവ്രതയാണ്. ഞാന്‍ ആരരിക്കത്തക്കവളും സ്വയമേ വന്നവളുമായ ഭാര്യയാണ്. വെറും ഒരു നടനെപ്പോലെ എന്താണ് എന്നെ സദസ്സില്‍ വെച്ചു നിന്ദിക്കുന്നത്? ഞാന്‍ ശൂന്യരോദനം ചെയ്യുകയാണോ, നീ കേള്‍ക്കുന്നില്ലേ?
യാചിച്ചു പറയുന്ന എന്റെ വാക്കു നീ അനുസരിക്കുന്നില്ലെങ്കില്‍ ദുഷ്യന്ത! നിന്റെ ശിരസ്സ് നൂറ് ഖണ്ഡമായി പൊട്ടിത്തെറിക്കും. ഭര്‍ത്താവു ഭാര്യയില്‍ ചേര്‍ന്നാല്‍ താന്‍ തന്നെ പുത്രനായി വീണ്ടും ഭാര്യയില്‍ ജന്മമെടുക്കുന്നു. അതുകൊണ്ടാണ് ഭാര്യക്ക് ജായാ എന്നു പേരു വരുവാന്‍ കാരണമെന്ന് വേദജ്ഞാനികൾ പറയുന്നു. പതിയുടെ ആത്മാവാണ് ഭാര്യയില്‍ പുത്ര രൂപേണ ജനിക്കുന്നത്. വേദജ്ഞനാകുന്ന പുരുഷന് ജനിക്കുന്ന സന്താനപരമ്പര, മുമ്പെ മരിച്ച പിതൃക്കളെ കയറ്റുന്നു. സുതന്‍ "പും" നാമനരകത്തില്‍ നിന്നു പിതാവിനെ ത്രാണനം ചെയ്യുന്നു.
ബ്രഹ്മാവ് അതു കൊണ്ട്, സുതനെ പുത്രന്‍ എന്നു വിളിക്കുന്നു. പുത്രനാല്‍ ശാശ്വതമായ ലോകം നേടും. പുത്രനാല്‍ ശാശ്വതമായ ഫലം നേടും. പുത്രന്റെ പുത്രനെക്കൊണ്ടും പ്രചിതാമഹന്മാര്‍ മോദിക്കുന്നു. ഗൃഹത്തില്‍ സമര്‍ത്ഥയായവളാണ് ഭാര്യ! സൂതാന്വിയായവളാണ് ഭാര്യ! പതിപ്രാണയായവളാണ് ഭാര്യ! പതിവ്രതയായവളാണ് ഭാര്യ! പുരുഷന് പകുതിയും ഭാര്യയാണ്, ഭാര്യ ഉത്തമയായ സഖിയാണ്. ധര്‍മ്മാര്‍ത്ഥകാമമോക്ഷമൂലമായതും ഭാര്യയാണ്. സല്‍ഗതിക്കു കാമിക്കുന്നവന് ബന്ധുവാണ് ഭാര്യ!
ഭാര്യയുള്ളവരാണ് ക്രിയാവാന്മാര്‍, ഭാര്യയുള്ളവര്‍ മാത്രമാണ് ഗൃഹസ്ഥര്‍. ഭാര്യയുള്ളവര്‍ക്കേ സൗഖ്യമുള്ളു. ഭാര്യയുള്ളവര്‍ക്കേ ലക്ഷ്മിയുമുള്ളു. വിജനത്തില്‍ പ്രിയം ചൊല്ലുന്ന ഭാര്യമാര്‍ സഖികളാണ്. ധര്‍മ്മങ്ങളെ ഉപദേശിക്കുന്ന വിഷയത്തില്‍ പിതാക്കളാണ്. ദുഃഖിതന് അമ്മമാരാകുന്നു. യാത്ര ചെയ്യുന്നവന് ഘോരകാന്താരത്തില്‍ പോലും ഭാര്യ ആശ്വാസം നല്കുന്നു! ഭാര്യയുള്ളവന്‍ വിശ്വാസ്യനാകുന്നു. അതു കൊണ്ട് പുരുഷന് ഗതി ഭാരൃയാണ്. മരിച്ചു നരകത്തില്‍ പതിക്കുന്ന പതിയെ സതീവ്രതമെഴുന്ന ഭാര്യ പിന്തുടര്‍ന്നു നരകത്തില്‍ നിന്നു കയറ്റുന്നു. മുമ്പെ മരിച്ച ഭര്‍ത്താവിന്റെ പിന്നാലെ സാദ്ധ്വി എത്തുന്നു. അതു കൊണ്ടാണ് പാണിഗ്രഹണം ഇച്ഛിക്കപ്പെടുന്നത്. ലോകദ്വയത്തിലും ഭാര്യ കൂടെ നില്ക്കുന്നത് അതു കൊണ്ടാണ്.
തന്നെ താന്‍ തന്നെ ജനിപ്പിക്കുന്നതാണ് പുത്രന്‍. അവനവനെ അവനവന്‍ തന്നെ ജനിപ്പിക്കുന്നതാണ് പുത്രനെന്നു ബുധന്മാര്‍ പറയുന്നു. അതു കൊണ്ട് പുത്രന്റെ ആമ്മയെ തന്റെ മാതാവിനെപ്പോലെ തന്നെ ബുധന്മാര്‍ കാണുന്നു. കണ്ണാടിയില്‍ തന്റെ മുഖം എന്ന പോലെ ഭാര്യയില്‍ തന്റെ പുത്രനെ പുണൃവാനായ, അച്ഛന്‍ കണ്ട് സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നു. മനോദുഃഖത്തിലും വ്യാധിപീഡയിലും മനുഷ്യന്‍ തന്റെ ഭാര്യയില്‍ സമാശ്വാസം കൊള്ളുന്നു. ദാഹിക്കുന്നവന് വെള്ളം ലഭിക്കുന്നതു പോലെ സമാശ്വാസം കൊള്ളുന്നു. ഭാര്യ ഏറ്റം ചൊടിച്ചാലും നരന്‍ ഭാര്യക്ക് അപ്രിയം ചെയ്യരുത്. എന്തു കൊണ്ടെന്നാല്‍ സന്തോഷ രതി ഹര്‍ഷങ്ങള്‍ക്ക് അവളാണല്ലോ കാരണമാകുന്നത്. ആത്മോത്ഭവത്തിന് സനാതനമായ പുണ്യക്ഷ്രേതം സ്ത്രീകളാകുന്നു. പെണ്ണില്ലാതെ ഋഷികള്‍ക്കു കൂടി പ്രജാ സൃഷ്ടി നടക്കുകയില്ലല്ലോ. നിലത്തു കളിച്ചു പൊടി ദേഹത്തില്‍പ്പറ്റി അലഞ്ഞ് ഓടി വന്നു കുമാരന്‍ അച്ഛനെ പുല്‍കുമ്പോഴുണ്ടാകുന്ന സുഖത്തേക്കാള്‍ ശ്രേഷ്ഠമായി അവന് മറ്റെന്തു സുഖമുണ്ട്? തന്നത്താനെ വന്നു താല്പര്യപ്പെടുന്ന ഈ പുത്രന്‍ കടക്കണ്ണിട്ടു ഭവാനെ നോക്കുമ്പോള്‍ ഭവാന്‍ അവനെ വെടിയുകയാണോ? ഉറുമ്പുകള്‍ പോലും അവയുടെ മുട്ടകള്‍ ഉടയ്ക്കാതെ സൂക്ഷിക്കുന്നു. ധര്‍മ്മജ്ഞനായ ഭവാന്‍ എന്തു കൊണ്ട് പുത്രനെ ഭരിക്കുന്നില്ല? സ്പര്‍ശന സുഖത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് പുത്രസ്പര്‍ശ സുഖമാണ്. വസ്ത്രങ്ങള്‍, നാരിമാര്‍, ജലം ഇവയുടെ സ്പര്‍ശന സുഖത്തേക്കാള്‍ ശിശുവായ പുത്രന്‍ പുണരുന്ന സ്പര്‍ശന സുഖമാണ് ശ്രേഷ്ഠതമം. അതിന്നൊക്കുന്ന സുഖമെന്തുണ്ട്? ദ്വിപദന്മാരില്‍ ശ്രേഷ്ഠന്‍ ദ്വിജനാണ്! നാല്ക്കാലി ജാതിയില്‍ ശ്രേഷ്ഠത പശുവിനാണ്. മഹാന്മാരില്‍ ശ്രേഷ്ഠത്വം ഗുരുവിനാണ്. സ്പര്‍ശിക്കുന്നവരില്‍ ശ്രേഷ്ഠന്‍ പുത്രനാണ്. എല്ലാ സ്പര്‍ശ സുഖത്തേക്കാള്‍ ശ്രേഷ്ഠം പുത്രസ്പര്‍ശ സുഖമാണ്.
രാജാവേ, അങ്ങയുമായുള്ള സംഭോഗത്തിന് ശേഷം മൂന്നു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഞാന്‍ ഭവാന്റെ ആര്‍ത്തി തീര്‍ക്കാന്‍ ഈ രാജകുമാരനെ പ്രസവിച്ചു. ഇവനെ പ്രസവിച്ച സമയത്ത് ആകാശത്തു നിന്ന് അശരീരി വാക്കു കേട്ടു. ഇവന്‍ നൂറ് അശ്വമേധം കഴിക്കും എന്ന്. ഗ്രാമാന്തരങ്ങളില്‍ പോയി മടങ്ങി വരുന്ന പിതാക്കള്‍ കുട്ടികളെ മടിയില്‍ കേറ്റി ശിരസ്സില്‍ ഘ്രാണിച്ചു ലാളിക്കുന്നു. പുത്രന്റെ ജാതകര്‍മ്മത്തില്‍ വിപ്രന്മാര്‍ ഈ വേദമന്ത്രം ചൊല്ലുന്നു. അത് ഭവാനറിവുള്ളതാണല്ലോ. മകനേ, നീ എന്റെ അംഗത്തില്‍ നിന്നും ഹൃദയത്തില്‍ നിന്നും ജനിച്ചവനാണ്. പുത്രനെന്ന പേരില്‍ ജനിച്ച നീ എന്റെ ആത്മാവ് തന്നെയാണ്. എന്റെ ജീവന്‍ നിനക്കധീനമാണ്. ദീര്‍ഘസന്താനപരമ്പരയും നിനക്കധീനമാണ്. അതു കൊണ്ട് എന്റെ പുത്രാ! നീ സുഖമായി ജീവിച്ചു നൂറ്റാണ്ടു കാലം വാഴുക! ഹേ, രാജാവേ, നിന്റെ അംഗത്തില്‍ നിന്ന് ഇവന്‍ ജനിച്ചു. പുരുഷന്മാരില്‍ ശ്രേഷ്ഠപുരുഷനാണിവന്‍. സരസ്സിങ്കല്‍ ഛായ പോലെ ഭവാന്‍ ഇവനെ നോക്കിക്കാണുക. ഗാര്‍ഹപതൃത്തില്‍ നിന്ന് ആഹവനീയാഗ്നി ഉണ്ടായതു പോലെ നിന്നില്‍ നിന്ന് ഇവന്‍ ജനിച്ചു. നീ തന്നെ രണ്ടായി നില്ക്കുന്ന പോലെ ഇവനെ കാണുന്നു!
നായാട്ടില്‍ മൃഗത്തിന്റെ പിന്നാലെ പാഞ്ഞ് ഭവാന്‍ എന്റെ അച്ഛന്റെ ആശ്രമത്തില്‍ വന്നുകയറി. അന്ന് അവിടെ വെച്ചു നീ എന്നെ വേട്ടു. ഹേ, രാജാവേ, കേള്‍ക്കൂ! ഉര്‍വ്വശി, പൂര്‍വ്വചിത്തി, സഹജന്യ, മേനക, ഘൃതാചി, വിശ്വചി എന്നിവരാണ് മുഖ്യമാരായ അപ്സരസ്ത്രീകള്‍. ബ്രഹ്മയോനിയില്‍ പെട്ടവളാണ് അപ്സരോമണിയായ മേനക. അവള്‍ വിണ്ണില്‍ നിന്നു വന്ന് വിശ്വാമിത്രനില്‍ നിന്ന് എന്നെ ജനിപ്പിച്ചു. ആ എന്നെ ഹിമവല്‍ പ്രസ്ഥത്തില്‍ പ്രസവിച്ചിട്ട് അമ്മ കൈ വിട്ടു പോയി. അന്യന്റെ പുത്രിയെ ധൂര്‍ത്ത എന്ന പോലെ അവള്‍ എന്നെ ഉപേക്ഷിച്ചു. എന്റെ പൂര്‍വ്വജന്മത്തില്‍ ഞാന്‍ വല്ല ദുഷ്കൃതവും ചെയ്തിരിക്കും. ബാല്യത്തില്‍ ബന്ധുക്കള്‍ എന്നെ ഉപേക്ഷിച്ചു. അങ്ങനെ താങ്ങും തണലുമില്ലാത്ത എന്നെ, ഭവാനും ഇപ്പോള്‍ ഉപേക്ഷിക്കുകയാണോ? ഭവാന്‍ ഈ വിധമാണെങ്കില്‍ ഞാന്‍ ആശ്രമത്തിലേക്കു പൊയ്ക്കൊള്ളാം. എന്നാൽ ഭവാന്‍ സ്വന്തം പുത്രനെ, ഈ ബാലനെ കൈവിടരുതേ!
ദുഷ്യന്തന്‍ പറഞ്ഞു: ഹേ! ശകുന്തളേ! ഞാന്‍ നിന്നില്‍ പുത്രോത്പത്തി ചെയ്തതായി ഓര്‍ക്കുന്നില്ല. സ്ത്രീകള്‍ അസത്യം പറയും. ആരാണ് അതില്‍ ശ്രദ്ധിക്കുവാന്‍ പോകുന്നത്? നിന്റെ അമ്മ വൃഭിചാരിണിയാണ്. യാതൊരു കൃപയുമില്ലാതെ ഹിമാലയത്തില്‍ കൊണ്ടു പോയി നിര്‍മ്മാല്യം പോലെ കുട്ടിയെ വലിച്ചെറിഞ്ഞവളാണ്. നിന്റെ അച്ഛനും നിര്‍ദ്ദയനാണ്. ക്ഷത്രിയനായ അവന്‍ ബ്രാഹ്മണത്വം കിട്ടുവാന്‍ ആഗ്രഹിക്കുന്നവനും കാമമോഹിതനുമാണ്. നിന്റെ അമ്മ മേനകാദേവി! അച്ഛന്‍ മുനിസത്തമന്‍! അവരുടെ സന്താനമായ നീ എന്താണ് ഇങ്ങനെ പുംശ്ചലിയെപ്പോലെ സംസാരിക്കുന്നത്? കര്‍ണ്ണകഠോരമായ ഈ വാക്യം പറയുവാന്‍ നിനക്കു നാണമില്ലേ? വിശേഷിച്ച് എന്റെ മുമ്പില്‍ നിന്ന്! ഹേ, ദുഷ്ട താപസീ, നീ പോവുക! ആ മഹര്‍ഷി ശ്രേഷ്ഠനെവിടെ? അപ്സരസ്സായ മേനകയെവിടെ! കൃപണയും താപസീ വേഷധാരിണിയുമായ നീയെവിടെ? നീ അവരുടെ പുത്രിയാണെന്ന് ആര് വിശ്വസിക്കും? സാലസ്തംഭം പോലെ ബലവാനായി വളര്‍ന്ന ഒരു പുത്രനേയും കൊണ്ടു വന്നിരിക്കുന്നു. ഇത്ര കുറച്ചു കാലം കൊണ്ട് ഇത്രയേറെ വളരുകയോ? നുണയ്ക്കും വേണ്ടേ ഒരതിര്? നിന്റെ ഉത്ഭവം തന്നെ നികൃഷ്ടമായ മട്ടിലാണ്. നിന്റെ വാക്കും പ്രവൃത്തിയും അതിന് ചേര്‍ന്നതു തന്നെ! എടീ, പുംശ്ചലീ! കാമത്താല്‍ മേനകയ്ക്ക് യദ്യച്ഛയാ നീപിറന്നിരിക്കാം. അതൊന്നും എനിക്ക് അറിവില്ല. എന്റെ അറിവില്‍ പെടുന്നതല്ല അതൊന്നും. നിന്നെ ഞാന്‍ അറിയുകയില്ല! നീ ആരോ! നിനക്കു തോന്നുന്ന വിധം നീ നടന്നുകൊള്ളുക!
ശകുന്തള പറഞ്ഞു: കടുകു പോലെ നിസ്സാരമായ അന്യന്റെ ദോഷങ്ങളെ നീ കാണുന്നു. കൂവളക്കായ പോലെ വലുതായ ദോഷം കൈയിലിരുന്നിട്ടും നീ കാണുന്നുമില്ല! മേനക അപ്സരസ്ത്രീയാണ്. ദേവമാര്‍ഗ്ഗത്തില്‍ പെട്ടവളും. ദേവന്മാരോടൊപ്പം ഇരിക്കുന്നവളുമാണ് എന്റെ അമ്മ. എന്റെ ജന്മം ഹേ, ദുഷ്യന്ത! നിന്റെ ജന്മത്തേക്കാള്‍ ശ്രേഷ്ഠമാണ്. നീ ഭൂമിയില്‍ ചുറ്റി നടക്കും. ഞാന്‍ ആകാശത്തും സഞ്ചരിക്കും. അത്ര വൃത്യാസമുണ്ട് നാംതമ്മില്‍. മഹാമേരുവും കടുകിന്‍ മണിയും തമ്മിലുള്ള അന്തരമുണ്ട്. ഇന്ദ്രന്‍, കുബേരന്‍, വരുണന്‍, യക്ഷന്‍ മുതലായവരുടെ ഗൃഹങ്ങളില്‍ എനിക്കു സഞ്ചരിക്കാം. എന്റെ പ്രഭാവം നീ അറിയുക.
ഹേ രാജാവേ! ഞാന്‍ ചില മഹത് വാക്യങ്ങള്‍ പറയാം. സതൃഭാഷിതങ്ങളാണ് അവ. ഭവാനോടു വൈരം കൊണ്ട് പറയുന്നതല്ല. ദൃഷ്ടാന്തം കാണിക്കുവാന്‍ മാത്രമാണ്. അതില്‍ വല്ല നീരസവും തോന്നുന്നുണ്ടെങ്കില്‍ പൊറുക്കേണമെന്നപേക്ഷിക്കുന്നു. എത്ര വിരൂപനായാലും സ്വന്തം രൂപം കണ്ണാടിയില്‍ കാണുന്നതുവരെ താന്‍ മറ്റുള്ളവരേക്കാള്‍ സുന്ദരനാണെന്നു വിചാരിക്കും. കണ്ണാടിയില്‍ തന്റെ മുഖത്തിന്റെ വികൃതാകൃതി കാണുമ്പോള്‍ മാത്രമേ താനും അന്യനും തമ്മിലുള്ള അന്തരം തിരിച്ചറിയുകയുള്ളു. അതിസുന്ദരന്മാര്‍ അതില്‍ ആരേയും നിന്ദിക്കുകയില്ല. വലിയ വായാടി മറ്റുള്ളവരുടെ കുറവു വിളിച്ചു പറയും. മൂര്‍ഖന്മാര്‍ അന്യന്‍ പറയുന്ന ശുഭാശുഭ വാക്കുകളിലെ അശുഭത്തെ മാത്രം സ്വീകരിക്കും. പന്നിക്ക് അമേദ്ധമാണല്ലോ ഇഷ്ടം! വിദ്വാന്‍ അന്യന്‍ പറയുന്ന ശുഭാശുഭവാക്കുകളിലെ ശുഭം മാത്രം സ്വീകരിക്കും. ഹംസം നീരില്‍ നിന്നു പാല്‍ വേര്‍തിരിച്ചു എടുക്കുന്നതു പോലെ. സജ്ജനങ്ങള്‍ പരാപവാദത്തില്‍ വ്യസനിക്കുന്നു. എന്നാൽ ദുര്‍ജ്ജനങ്ങള്‍ പരാപവാദത്തില്‍ സന്തോഷിക്കുന്നു. സത്തുക്കള്‍ വൃദ്ധരെ കൈകൂപ്പി മനസ്സന്തുഷ്ടി തേടും പോലെ സജ്ജനനിന്ദ കൊണ്ടു ദുര്‍ജ്ജനങ്ങള്‍ സംതൃപ്തരാകുന്നു. അദോഷജഞന്മാര്‍ സുഖമായി ജീവിക്കുന്നു. മൂര്‍ഖന്മാര്‍ ദോഷദര്‍ശികളായും ജീവിക്കുന്നു. സജ്ജനവിരുദ്ധമായ വൃത്തിയുള്ളവരാണ് ദുര്‍ജ്ജനങ്ങള്‍. സജ്ജനങ്ങളെ ദുര്‍ജ്ജനങ്ങള്‍ അതാ ഒരു ദുര്‍ജ്ജനം! എന്നു വിളിച്ചു പറയും. ഇതിലും വിചിത്രമായി ലോകത്തില്‍ മറ്റെന്തുണ്ട്? സത്യധര്‍മ്മവിരുദ്ധനെ, നാസ്തികനും കൂടെ ക്രുദ്ധസര്‍പ്പത്തെപ്പോലെ പേടിക്കും. ആസ്തികന്മാരുടെ കഥ പറയേണ്ടതില്ലല്ലോ. തന്നോടു തുല്യനായ പുത്രനെ ജനിപ്പിച്ചിട്ട് നിരസിക്കുകയാണെങ്കില്‍ ദേവകള്‍ അവന്റെ ശ്രീ നശിപ്പിക്കും. അവനു പിന്നെ സല്‍ഗതിയും ഇല്ലാതാകും. പിതൃക്കള്‍ കുലവംശത്തിന്റെ സ്ഥിതി പുത്രനിലാണെന്നു പറയുന്നു. അതുകൊണ്ട് ഹേ രാജാവേ, ഭവാന്‍ ധര്‍മ്മവിത്താകുന്ന പുത്രനെ ഉപേക്ഷിക്കരുത്. മനു പറഞ്ഞിട്ടുള്ളത് അഞ്ചു വിധം പുത്രന്മാരുണ്ടെന്നാണ്. സ്വപത്നീജന്‍, ലബ്ധന്‍, ക്രീതന്‍, വളര്‍ത്തവന്‍, ഉപനീതന്‍, പരോത്പന്നന്‍ ഇങ്ങനെ അഞ്ചു വിധമാണ് പുത്രന്മാര്‍. ഇവര്‍ മനസ്സിന് സന്തോഷവും, ധര്‍മ്മവും, കീര്‍ത്തിയും ഉണ്ടാക്കുന്നവരുമാണ്. സ്വധര്‍മ്മപ്ലവരായ പിതൃക്കളെ പുത്രന്മാര്‍ നരകത്തില്‍ നിന്നു കരേറ്റുന്നു. ഹേ, നൃപശാര്‍ദ്ദൂല! ഭവാന്‍ പുത്രനെ സംതൃജിക്കരുതേ!
തന്നേയും സത്യ ധര്‍മ്മങ്ങളേയും ചിന്തിച്ചു രാജാവേ, ഭവാന്‍ ക്ഷിതീന്ദ്ര സിംഹനാണെന്നു വിചാരിച്ചു ചതി തുടങ്ങരുതേ. നൂറു കിണറുണ്ടാക്കുന്നതിനേക്കാള്‍ മെച്ചം ഒരു കുളം കുഴിപ്പിക്കുന്നതാണ്. നൂറു കുളത്തേക്കാള്‍ ശ്രേഷ്ഠം ഒരു യാഗമാണ്. നൂറു യാഗത്തേക്കാള്‍ ശ്രേഷ്ഠം ഒരു പുത്രനാണ്. നൂറു പുത്രനേക്കാള്‍ മെച്ചം ഒരു സത്യമാണ്. പണ്ട് വേദജ്ഞാനികള്‍ ആയിരം അശ്വമേധത്തെ സത്യത്തോടൊപ്പം തൂക്കി നോക്കി. ആയിരം അശ്വമേധത്തേക്കാള്‍ തൂക്കം സതൃത്തിനാണു കണ്ടത്, എല്ലാ വേദങ്ങളും, ചൊല്ലുക, എല്ലാ തീര്‍ത്ഥങ്ങളുമാടുക, സത്യം പറയുക ഇവ മൂന്നും തുല്യമാണ്. സത്യത്തിന് തുല്യമായി ധര്‍മ്മമില്ല. സത്യത്തിന് തുല്യമായി മറ്റൊന്നുമില്ല. അസതൃം പോലെ ഉഗ്രമായി മറ്റൊന്നും ജഗത്തിലില്ല. സത്യമാണ് പരമമായ ബ്രഹ്മം! സത്യമത്രേ വാഗ്ദാനം! അതു കൊണ്ട് ശപഥം, വാഗ്ദാനം ഭവാന്‍ കൈവിടരുതേ!! സഖ്യം ഭവാനു സത്യമായി ഭവിക്കട്ടെ! ഭവാന്‍ അസത്യം പറഞ്ഞു ശ്രദ്ധ ഉപേക്ഷിച്ചിരിക്കുകയാണെങ്കില്‍ ഞാന്‍ ഇതാ പോകുന്നു. അങ്ങനെയുള്ള ഭവാനുമായുള്ള സഹവാസം എനിക്ക് ആവശ്യമില്ല. ഹേ ദുഷ്യന്ത! നീ ഒഴിഞ്ഞാലും ഉച്ചമായ അദ്രി ചൂടി, ആഴി ചൂഴുന്ന ഈ ഊഴിഎന്റെ മകന്‍ പരിപാലിക്കും എന്നു ധരിച്ചുകൊള്ളുക!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം രാജാവിനോടു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പുറപ്പെടുവാന്‍ ശകുന്തള ഭാവിച്ചു. അപ്പോള്‍ ഒരു അശരീരിവാക്യം ആകാശത്തു നിന്നുണ്ടായി. ഋത്വിക്കുകളും പുരോഹിതന്മാരും ആചാര്യന്മാരും മന്ത്രിമാരും ഇരിക്കുന്ന ആ സദസ്സ് അശരീരിവാക്യം കേട്ട് അത്ഭുതപ്പെട്ടു! ഒല (തോല്‍വട്ടി) യില്‍ നിക്ഷിപ്തമായ വിത്ത് ഒലയുടെയാകയില്ല. സ്ത്രീയില്‍ നിക്ഷേപിക്കപ്പെട്ട ബീജം പുരുഷന്റേതു തന്നെ! ആ പുരുഷന്‍ തന്നെയാണത്. ഇവന്‍ ദുഷ്യന്തപുത്രന്‍ തന്നെ യാണ്. ഹേ, ദുഷ്യന്ത! ഭവാന്‍ പുത്രനെ ഭരിക്കുക! ഭാര്യയെ മാനിക്കുക! നിന്റെ ബീജോത്ഭവനായ ഇവന്‍ നരകത്തില്‍ നിന്നു നിന്നെ രക്ഷിക്കും! ഈ ഗര്‍ഭദാനകൃത്ത് നീ തന്നെയാണ്. ശകുന്തള പറഞ്ഞതു സത്യമാണ്. ജായ പ്രസവിക്കുന്ന പുത്രന്‍ നിന്റെ രണ്ടാമത്തെ സ്വാംഗമാണ്. അതു കൊണ്ട് ദുഷ്യന്ത! നീ ശകുന്തളയുടെ പുത്രനെ ഭരിക്കുക. ജീവിക്കുന്ന പുത്രനെ വിട്ടു ജീവിക്കുക എന്നതില്‍പ്പരം കഷ്ടമെന്തുണ്ട്? അതു കൊണ്ട് ശാകുന്തളനായ ദൗഷന്തിയെ നരാധിപ! ഭരിച്ചാലും. ഞങ്ങള്‍ പറയുകയാല്‍ നീ അവനെ ഭരിക്കുക. കാരണം രാജാവേ, നിന്റെ പുത്രന്‍ ഭരതന്‍ എന്ന പേരില്‍ അറിയപ്പെടും.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദേവോക്തി കേട്ട് ആ നരനായകനായ പൗരവന്‍ പുരോഫിതനോടും അമാതൃന്മാരോടും സസന്തോഷം പറഞ്ഞു.
ദുഷ്യന്തന്‍ പറഞ്ഞു: ഹേ ധീമാന്മാരേ! നിങ്ങള്‍ എല്ലാവരും ഈ ദേവദൂതന്റെ ഭാഷിതം കേട്ടുവല്ലോ. എനിക്കും അറിയാം ഇവന്‍ എന്റെ പുത്രനാണെന്ന്. അവള്‍ വന്നു പറഞ്ഞ ഉടനെ ഞാന്‍ ഇവനെ സ്വീകരിക്കുന്നുവെങ്കില്‍ ലോകര്‍ ശങ്കിക്കും. ഇവന് ശുദ്ധിയും സിദ്ധിക്കുകയില്ല.
വൈശമ്പായനൻ പറഞ്ഞു: ദേവദുതന്റെ വാക്കു കൊണ്ട് ഇപ്രകാരം ശുദ്ധി വെളിപ്പെടുത്തിയതിന് ശേഷം പ്രഹൃഷ്ടനായ രാജാവ് പുത്രനെ സ്വീകരിച്ചു. പിന്നെ രാജാവു പുത്രന് പിതൃജനോ ചിതകര്‍മ്മങ്ങളൊക്കെ ചെയ്തു. രാജാവ് മുദിതനായി പുത്രവാത്സല്യത്തോടു കൂടിയവനായി, പുത്രനെ സ്നേഹത്തോടെ ആശ്ലേഷിച്ചു നെറുകയില്‍ ഘ്രാണിച്ചു. വിപ്രന്മാരുടെ പൂജ കൈക്കൊണ്ടു, വന്ദികളുടെ സ്തുതി കേട്ട്, പുത്രസ്പര്‍ശസുഖം അനുഭവിച്ച്, രാജാവ് അവിടെ ശോഭിച്ചു. ധര്‍മ്മമനുസരിച്ച് ഭാര്യയേയും അവന്‍ മാനിച്ചു. അവളോട് സാന്ത്വന പൂര്‍വ്വം പറഞ്ഞു.
ദുഷ്യന്തന്‍ പറഞ്ഞു: ഈ. നാട്ടുകാരാരും അറിയാതെയാണല്ലോ ഞാന്‍ ഭവതിയുമായി സംബന്ധം നടത്തിയത്. അതുകൊണ്ട് ഹേ ദേവി, നിന്റെ ശുദ്ധിക്കു വേണ്ടിയാണ് ഞാന്‍ ഇപ്രകാരം ചെയ്തത്. അല്ലെങ്കില്‍ നാട്ടുകാര്‍ നിന്നെ ശങ്കിക്കും. ശങ്ക നീക്കി പുത്രന് രാജ്യം നല്കണമെന്നാണ് എന്റെ ആഗ്രഹം. അതിനാണ് ഈ പരീക്ഷണം. പ്രിയം മൂലം നീ എന്നില്‍ ചൊടിച്ച് അപ്രിയം പറഞ്ഞതെല്ലാം ഹേ, പ്രിയേ! ഞാന്‍ ക്ഷമിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ദുഷ്യന്ത രാജര്‍ഷി തന്റെ മഹിഷിയോടു പറഞ്ഞു. രാജാവ് വസ്ത്രാന്നപാനാദികളാല്‍ അവളെ സൽക്കരിച്ചു. പിന്നീട് ദുഷ്യന്ത രാജാവ് ശകുന്തളാ പുത്രനെ ഭരതന്‍ എന്നു നാമകരണം ചെയ്യുകയും, യുവരാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു. ആ മഹാത്മാവിന്റെ കീര്‍ത്തിപ്പെട്ട ആജ്ഞാചക്രവും ദിവ്യഭാസ്വരമായി ലോകംമുഴക്കി വിജയിച്ചു. അവന്‍ രാജാക്കന്മാരെ വിജയിച്ചു കീഴിലാക്കി. സാധുധര്‍മ്മമാചരിച്ച് യശസ്സു നേടി. പ്രതാപവാനായ ഭരതന്‍ ചക്രവര്‍ത്തിയായി, സാര്‍വ്വഭൗമത്വം നേടി. ദേവേന്ദ്രനൊപ്പം നാനായജ്ഞങ്ങള്‍ ചെയ്തു. കണ്വന്‍ യജിപ്പിച്ചു. വേണ്ടും വണ്ണം ദക്ഷിണകള്‍ നല്കി. ശ്രീമാനായ ഭരതന്‍ "ഗോവിതതം" എന്നു കൂടി പേരുള്ള അശ്വമേധം നടത്തി. അതില്‍വെച്ചു ഭരതന്‍ കണ്വന് ആയിരം പത്മം ( വൈശ്രവണന്റെ നിധി ) നൽകി. ഭരതന്‍ മൂലം ഈ വംശത്തിന് ഭാരതവംശം എന്ന പേര്‍ കിട്ടി. അതു കൊണ്ട് ഭാരതവംശത്തില്‍ ഭരതനു മുമ്പും ഭരതനു പിമ്പും ഉണ്ടായ രാജാക്കളെല്ലാം ഭാരതന്മാരായി. ഭരതന്റെ കുലത്തില്‍ ദേവസമാനന്മാരും ബ്രഹ്മകല്പന്മാരുമായ മഹാന്മാരായ രാജാക്കന്മാര്‍ ഉണ്ടായി. അവര്‍ക്ക് വളരെ നാമധേയങ്ങളുണ്ടെങ്കിലും അതില്‍ വെച്ച് യഥായോഗ്യം ഭാരതനാമധേയം പ്രശസ്തമായി പറയപ്പെടുന്നു. സത്യവും ആര്‍ജ്ജവവും തികഞ്ഞ് വാനോര്‍ക്കു തുല്യരായ രാജാക്കന്മാരെ ഭാരതന്മാര്‍ എന്നു പുകഴ്ത്തുന്നു.
75. യയാത്യുപാഖ്യാനം - ആരംഭം - വൈശമ്പായനൻപറഞ്ഞു: ദക്ഷപ്രജാപതി, വൈവസ്വതമനു, ഭരതന്‍, പുരു, കുരു, അജമീഢന്‍, യാദവര്‍, കൗരവര്‍, ഭരതര്‍ ഇവരുടെയൊക്കെ വംശചരിത്രം കേള്‍ക്കുന്നത് മഹാപുണ്യവും, സ്വസ്ത്യയനവും, ധന്യവും, യശസ്യവും, ആയുഷ്യവുമാണ്. അതു ഞാന്‍ പറയുന്നു. പ്രചീനബര്‍ഹിസ്സിന് വീര്യം കൊണ്ടു മഹര്‍ഷി സമന്മാരായി പത്തു പ്രാചേതസ്സുകള്‍ ഉണ്ടായി. അവര്‍ മുഖാഗ്നി കൊണ്ടു പണ്ട് പുണ്യജനാടവി ദഹിപ്പിച്ചവരാണ്. പ്രാചേതസ്സില്‍ നിന്നു ദക്ഷന്‍ ജനിച്ചു. ദക്ഷനില്‍ നിന്നാണ് പ്രജയെല്ലാം ഉത്ഭവിച്ചത്. അവന്‍ ലോകത്തിന്റെ പിതാമഹനാണ്.
പ്രാചേതസനായ ദക്ഷന്‍ ഋഷി വീരപുത്രിയായ വീരണി എന്ന പത്നിയില്‍ തനിക്കൊത്ത ആയിരം സന്താനങ്ങള്‍ ജനിച്ചു. അവരെ നാരദന്‍ മോക്ഷമാര്‍ഗ്ഗം, അത്യുത്തമമായ സാംഖ്യജ്ഞാനം പഠിപ്പിച്ചു. പിന്നെ ദക്ഷപ്രജാപതി പ്രജാസൃഷ്ടിക്കായിആഗ്രഹിച്ചു. ഹേ, ജനമേജയ! പിന്നെ ദക്ഷപ്രജാപതി അമ്പതു കന്യകമാരെ ജനിപ്പിച്ചു. അതില്‍ പത്തുപേരെ ധര്‍മ്മന് നല്കി. പതിമുന്നുപേരെ കശ്യപന് നല്കി. കാലം നടത്തുന്നവരായ ഇരുപത്തേഴുപേരെ ചന്ദ്രനു നല്കി. പതിമൂന്നു പത്നിമാരില്‍ ആദ്യയായ അദിതിയില്‍ മാരീചനായ കശ്യപമുനി ആദിത്യന്മാരെ ജനിപ്പിച്ചു. പിന്നെ ഇന്ദ്രാദിവീരന്മാരെയും വീവസ്വാനെയും ജനിപ്പിച്ചു. വിവസ്വാന്റെ പുത്രനാണ് പ്രഭുവായ യമന്‍. മാര്‍ത്താണ്ഡപുത്രനായി പ്രഭുവായ മനു ഉണ്ടായി. മനുവിന്റെ അനുജനായി പിന്നീട് പ്രഭുവായ യമനും ഉണ്ടായി.
ധീമാനായ മനു ധര്‍മ്മിഷ്ഠനായിരുന്നു. അവന് വംശവര്‍ദ്ധനയുണ്ടായി. മാനവന്മാര്‍ മനുവിന്റെ കുലത്തില്‍ ജനിച്ചവരാണെന്നു പ്രസിദ്ധമാണ്. ബ്രാഹ്മണക്ഷത്രിയാദ്യന്മാര്‍ മനുവില്‍ നിന്നുണ്ടായ മാനവരാണ്. പിന്നെ ബ്രാഹ്മണ ക്ഷത്രിയന്മാര്‍ക്ക് തമ്മില്‍ ചാര്‍ച്ചയുണ്ടായി മാനവന്മാരായ ബ്രാഹ്മണര്‍ സാംഗവേദം ധരിച്ചു. വേനന്‍, ധൃഷ്ണ, നരിഷ്യന്തന്‍, നാഭാഗന്‍, ഇക്ഷ്വാകു, കാരൂഷന്‍, ശര്യാതി, എട്ടാമത് ഇള എന്ന മകള്‍, പൃഷഷ്നന്‍, അരിഷന്‍ ഇങ്ങനെ മനുവിന്റെ മക്കള്‍ പത്തുപേരാണ്. ഇങ്ങനെ മനുവിനുണ്ടായ പത്തു മക്കള്‍ക്കു പുറമെ വേറെ അമ്പതു മക്കള്‍ കൂടി ജനിച്ചു. അവര്‍ തമ്മില്‍ഛിദ്രിച്ചു മരിച്ചു എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്.
ഇള എന്ന പുത്രിയില്‍ വിദ്വാനായ പുരുരവന്‍ എന്ന ഒരു പുത്രന്‍ ജനിച്ചു. അവള്‍ തന്നെയായിരുന്നു അവന് അച്ഛനും അമ്മയും. രണ്ടു രൂപവും ഇളയില്‍ ഉണ്ടായി ( പെണ്ണ് ആണായവന്‍ ).
സമുദ്രത്തില്‍ പതിമൂന്നു ദ്വീപുകള്‍ പുരൂരവന്‍ ഭരിച്ചു. അമാനുഷങ്ങളായ സത്വജാലത്തോടു കൂടി കീര്‍ത്തിമാനായി അവന്‍ ആ ദ്വീപു ഭരിച്ചു. വീര്യോന്മത്തനായ പുരൂരവന്‍ അന്നു ബ്രാഹ്മണരോടു വഴക്കടിച്ചു. ഭയപ്പെട്ടു നിലവിളിക്കുന്ന ബ്രാഹ്മണരുടെ ദ്രവ്യം അവന്‍ ഹരിച്ചു. ബ്രഹ്മലോകത്തു നിന്നു വന്ന സനല്‍ക്കുമാരന്‍ അവനെക്കണ്ടു ശ്രുതികള്‍ക്കു യോജിച്ച വിധം ധര്‍മ്മം ഉപദേശിച്ചു. അവന്‍ ഉപദേശം അനുസരിച്ചില്ല. മുനി കോപിച്ച് അവനെ ശപിച്ചു. ലോഭവും മദവും വിട്ട് ആ രാജാവ് മുനി ശാപത്താല്‍ ബോധഹീനനായി. ഉര്‍വ്വശീസഖനായ ആ രാജാവ് ഗന്ധര്‍വ്വലോകത്തു നിന്നു മൂന്ന് അഗ്നികളെ ക്രിയയ്ക്കു വേണ്ടി യഥാവിധി ആനയിച്ചു.
ഇളാപുത്രനായ അവന് ആറു പുത്രന്മാരുണ്ടായി. ആയു, ധീമാന്‍, അമാവസ്, ദൃഢായുസ്സ്, ആയുസ്സ്, ശതായുസ്സ്. ഇവര്‍ ഉര്‍വ്വശിയില്‍ പുരൂരവസ്സിന്ന് ഉണ്ടായവരാണ്. ആയുസ്സിന് നഹുഷന്‍, വൃദ്ധശര്‍മ്മാവ്, അനേനസ്സ്, ഗയന്‍, രജി, സ്വര്‍ഭാനു എന്നീ പുത്രീപുത്രന്മാര്‍ ഉണ്ടായി.
ആയുസ്സിന്റെ പുത്രന്മാരില്‍ അഗ്ര്യനായ നഹുഷന്‍ ധീമാനും സത്യവിക്രമനുമായിരുന്നു. അദ്ദേഹം നന്നായി ധര്‍മ്മത്തോടെ മഹാരാജ്യം ഭരിച്ചു. പിതൃക്കള്‍, ദേവര്‍ഷികള്‍, വിപ്രന്മാര്‍, ഗന്ധര്‍വന്മാര്‍, ഉരഗങ്ങള്‍, രാക്ഷസര്‍ ഇവരടങ്ങിയ ലോകം നഹുഷന്‍ പരിപാലിച്ചു. ബ്രഹ്മക്ഷത്രാദികളേയും സംരക്ഷിച്ചു. ദസ്യജിത്തായ അവന്‍ മുനിമാരില്‍ നിന്നു കൂടി കരം വാങ്ങി ഇന്ദ്രപട്ടം എടുത്ത് ദേവന്മാരെ കീഴില്‍ വാഴിച്ചു. അവരെക്കൊണ്ടു തന്നെ മൃഗങ്ങളെ കൊണ്ടെന്ന പോലെ പുറത്ത് ഏറ്റിച്ചു. തേജസ്സ്, തപസ്സ്, വിക്രമം, ഓജസ്സ് ഇവയാല്‍ നഹുഷരാജാവ് പ്രസിദ്ധനായി.
യതി, യയാതി, സംയാതി, അയാതി, അയതി. ധ്രുവന്‍ എന്നിങ്ങനെ ആറു മക്കള്‍ നഹുഷനുണ്ടായി. അവരെല്ലാം അച്ഛന്റെ ഇഷ്ടത്തിനൊത്തവരായിരുന്നു.
മുനിയായ യതി യോഗാഭ്യാസം കൊണ്ട് ബ്രഹ്മത്വം നേടി. സത്യപരാക്രമനായ യയാതി ചക്രവര്‍ത്തിയായി. അവന്‍ ഭൂമണ്ഡലം കാത്ത് പല മഖങ്ങള്‍ നടത്തി. അതിഭക്തിയോടെ പിതൃക്കളേയും ദേവകളേയും അര്‍പ്പിച്ച് നാട്ടുകാര്‍ക്ക് നന്മചെയ്ത് അപരാജിതനായി അവന്‍ വിളങ്ങി. രണ്ടു ഭാര്യമാര്‍ യയാതിക്കുണ്ടായി. ദേവയാനിയും, ശര്‍മ്മിഷ്ഠയും. അവരില്‍ വീരന്മാരും സർവ്വഗുണസമ്പന്നരുമായ പുത്രന്മാരുണ്ടായി. ദേവയാനിയില്‍ യദു, തൂര്‍വ്വസു എന്നീ രണ്ടു പേര്‍ ഉണ്ടായി. ശര്‍മ്മിഷ്ഠയില്‍ ദ്രുഹ്യു, അനു, പൂരു എന്നിവരുമുണ്ടായി. അവന്‍ വളരെ നൂറ്റാണ്ട് ധര്‍മ്മത്താല്‍ ലോകരെ കാത്തു. സൗന്ദര്യം കളയുന്ന ഘോരമായ ജരയില്‍ യയാതി പെട്ടു. ജരാതുരനായ യയാതി പുത്രന്മാരെ വിളിച്ചു പറഞ്ഞു.
യയാതി പറഞ്ഞു; ഹേ, പുത്രന്മാരെ, ഞാന്‍ വീണ്ടും യൗവനയുക്തനായി യുവതി ജനങ്ങളോടു കൂടി ക്രീഡിക്കുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്നെ സഹായിക്കണം.
വൈശമ്പായനൻ പറഞ്ഞു: ദേവയാനീപുത്രരില്‍ അഗ്രജന്‍ അച്ഛനോടു ചോദിച്ചു. യദു പറഞ്ഞു: ഞങ്ങളുടെ യൗവനം കൊണ്ട് ഞങ്ങള്‍ ഭവാന് എന്തു സഹായമാണ് ചെയ്യേണ്ടത്?
യയാതി പറഞ്ഞു; എന്റെ ജര ഒരാള്‍ ഏറ്റുവാങ്ങണം. യൌവനം ഞാന്‍ പകരം വാങ്ങി വിഷയങ്ങള്‍ അനുഭവിക്കട്ടെ. ദീര്‍ഘസത്രം ചെയ്ത എനിക്ക് ശുക്രന്റെ ശാപം മൂലം കാമസൗഖ്യം കുറഞ്ഞു. ഞാന്‍ അതു കൊണ്ട് കഠിനമായി കേഴുകയാണ്. മക്കളേ, നിങ്ങളില്‍ ഒരാള്‍ എന്റെ വാര്‍ദ്ധക്യം ഏറ്റു വാങ്ങുക. നിങ്ങളില്‍ ഒരാള്‍ ഭൂമി ഭരിക്കുക. യുവദേഹം സ്വീകരിച്ചു ഞാന്‍ കാമസൗഖ്യം അനുഭവിക്കാം.
വൈശമ്പായനൻ പറഞ്ഞു: അച്ഛന്റെ ജര ഏറ്റെടുക്കുവാന്‍ യദു തുടങ്ങിയവരാരും തയ്യാറായില്ല. എന്നാൽ ഉളയ പുത്രനായ പൂരു പറഞ്ഞു: "രാജാവേ, പുതിയ ശരീരം പ്രാപിച്ച് യൗവനയുക്തനായി വാഴുക. ജര വാങ്ങിച്ച് രാജ്യത്തെ ഭവാന്റെ കല്പനപ്രകാരം ഞാന്‍ സംരക്ഷിച്ചു കൊള്ളാം".
വൈശമ്പായനൻ പറഞ്ഞു; എന്നു പുത്രന്‍ പറഞ്ഞപ്പോള്‍ രാജര്‍ഷി തന്റെ തപോവീരൃ ശക്തി കൊണ്ട് മഹാത്മാവായ പുരുവില്‍ തന്റെ ജരയെ കയറ്റി, പൂരുവിന്റെ ഇളം പ്രായം ഏറ്റെടുത്ത് രാജാവ് യൗവനയുക്തനായി. യയാതിയുടെ വാര്‍ദ്ധക്യം ഏറ്റെടുത്ത് പുരു രാജ്യം ഭരിച്ചു.
പിന്നെ ആയിരം വര്‍ഷം പാര്‍ത്ഥിവപ്രഭുവും ശാര്‍ദ്ദൂലസമ വിക്രമനുമായ യയാതി തന്റെ പത്നിമാരോടു കൂടി ക്രീഡിച്ചു സൗഖ്യമായി വാണു. വിശ്വാചിയോടു കൂടിയും യയാതി ചൈത്രരഥം എന്ന ദേവവനത്തില്‍ ക്രീഡിച്ചു. എന്നിട്ടും ആ കീര്‍ത്തിമാനായ യയാതിക്ക് കാമസംതൃപ്തി വന്നില്ല.
പിന്നെ ആ നരേന്ദ്രന്‍ ചിന്തിച്ച് ഇങ്ങനെ പറഞ്ഞു: കാമസുഖങ്ങള്‍ അനുഭവിച്ചു മതിയാക്കാമെന്ന് ആരും മോഹിക്കേണ്ടാ. അനുഭവിക്കും തോറും കാമസുഖത്തില്‍ ആസക്തി വര്‍ദ്ധിച്ചു വരികയേയുള്ളു. അഗ്നിയില്‍ സ്നേഹമയമായ ഹവിസ്സ് ഹോമിച്ചാല്‍ അഗ്നി ശമിക്കുകയല്ല വര്‍ദ്ധിക്കുകയാണല്ലോ ചെയ്യുന്നത്.
രത്നാദികളായ അനര്‍ഘ വസ്തുക്കള്‍ നിറഞ്ഞ ഈ ഭൂമി മുഴുവന്‍ സ്വര്‍ണ്ണം, പശുക്കള്‍, സുന്ദരിമാര്‍ ഇങ്ങനെ ലോകത്തിലുള്ള എല്ലാ ധനവും ഒന്നിച്ചു കൂടിയാലും, ഒരേ ഒരാളുടെ തൃഷ്ണ ശമിപ്പിക്കുവാന്‍ മതിയാവുകയില്ല. ഈ പരമാര്‍ത്ഥം മനസ്സിലാക്കിയാലേ മനുഷുന്ന് ശമം ഉദിക്കുകയുള്ളു.
ഒരു ജീവിക്കും അല്പമെങ്കിലും ദോഷം ചെയ്യരുത്. മനസ്സു കൊണ്ട് ദ്രോഹം വിചാരിക്കുകയോ; വാക്കു കൊണ്ടു ദ്രോഹം പറയുകയോ പ്രവൃത്തി കൊണ്ട് ദ്രോഹം ചെയ്യുകയോ അരുത്. അങ്ങനെ ജീവിക്കുന്നവന് ബ്രഹ്മലോകം തീര്‍ച്ചയായും ലഭിക്കും,
ഒന്നിനെയും ഭയപ്പെടാതിരിക്കുകയും, ഒന്നിനേയും ഭയപ്പെടുത്താതിരിക്കുകയും, ഒന്നിനേയും ഇച്ഛിക്കാതിരിക്കുകയും, ഒന്നിനേയും ദ്വേഷിക്കാതിരിക്കുകയും എപ്പോള്‍ ചെയ്യുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മത്തെ നേടിയവനാകുന്നു.
ഇപ്രകാരം യാഥാര്‍ത്ഥ്യം ഗ്രഹിച്ച് ആ മഹാപ്രാജഞന്‍ കാമം നിസ്സാരമെന്നു കണ്ടു ജ്ഞാനത്തില്‍ മനസ്സ് ഉറപ്പിച്ചു. തന്റെ ജര പുത്രനില്‍ നിന്നു മടക്കിവാങ്ങി യൗവനം പുരുവിന് നല്കി. രാജ്യാഭിഷേചനം ചെയ്ത് യയാതി രാജാവ് അവനോടു പറഞ്ഞു.
യയാതി പറഞ്ഞു; ഹേ പൂരു, നീയാണ് എന്റെ ദായാദന്‍. നീയാണ് എന്റെ കുലവര്‍ദ്ധനന്‍. പാരില്‍ നീ മൂലം പൗരവവംശം എന്ന് നിന്റെ വംശത്തിന് പ്രസിദ്ധി സിദ്ധിക്കും.
വൈശമ്പായനൻ പറഞ്ഞു; പിന്നെ പുരുവിനായി യയാതി രാജ്യം നല്കി വാര്‍ദ്ധക്യം വാങ്ങി യൗവനം മടക്കിക്കൊടുത്തു. അനന്തരം അദ്ദേഹം ഭൃഗുതുംഗം പ്രാപിച്ചു തപസ്സു ചെയ്തു കാലംവ ളരെ ചെന്നതിന് ശേഷം കാലധര്‍മ്മം പ്രാപിച്ചു. ഉപവാസവ്രതം അനുഷ്ഠിച്ച് ഭാര്യമാരോടു കൂടി സ്വര്‍ഗ്ഗത്തിലെത്തി.
76. യയാത്യുപാഖ്യാനം - കചന്റെ മൃതസഞ്ജീവനീ മന്ത്രലാഭം - ജനമേജയന്‍ പറഞ്ഞു; പ്രജാപതി മുതല്‍ പത്താമനായ എന്റെ പൂര്‍വ്വജന്‍, യയാതി, അലഭ്യയായ ശുക്രപുത്രിയെ എങ്ങനെ വേട്ടു? മഹാമുനേ, അതു വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുലദീപങ്ങളായ നൃപന്മാരെ ക്രമത്തില്‍ പറഞ്ഞാലും.
വൈശമ്പായനൻ പറഞ്ഞു: യയാതി ദേവരാജാഭനായി രാജ്യം ഭരിച്ചിരുന്ന കാലത്ത് ശുക്രനും വൃഷപര്‍വ്വാവും അവരുടെ പുത്രിമാരെ അദ്ദേഹത്തിനു നല്കി. ആ ചരിത്രം ഞാന്‍ വിസ്തരിച്ചു പറയാം. ഹേ ജനമേജയ, ഭവാന്‍ കേട്ടാലും. ആദ്യമായി ദേവയാനീ സമാഗമം പറയാം.
പണ്ട് സുരന്മാരും അസുരന്മാരും തമ്മില്‍ ഈ മൂന്നു ലോകത്തിലുള്ള ഐശ്വര്യത്തില്‍ മത്സരം തുടങ്ങി. രാജ്യാര്‍ത്ഥങ്ങളില്‍ ജയം കിട്ടുവാന്‍ വേണ്ടി ദേവന്മാര്‍ ബൃഹസ്പതിയെ ആചാര്യനാക്കി. അപ്രകാരം തന്നെ ദൈതൃ വീരന്മാര്‍ ശുക്രനെയും ആചാര്യനാക്കി. ബ്രാഹ്മണരായ ആ ആചാര്യന്മാര്‍ എപ്പോഴും പരസ്പരം മത്സരിക്കുന്നവരുമായിരുന്നു. ദേവന്മാര്‍ പോരില്‍ കൊന്നു വിട്ട ദാനവന്മാരെയൊക്കെ ശുക്രന്‍ മന്ത്രബലം കൊണ്ടു ജീവിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ എഴുന്നേറ്റു വീണ്ടും ദേവന്മാരോടു പൊരുതി. എന്നാൽ അസുരന്മാര്‍ യുദ്ധത്തില്‍ കൊന്നു വിടുന്ന സുരന്മാരെ ഉദാരാത്മാവായ ബൃഹസ്പതി ജീവിപ്പിച്ചില്ല.. ശുക്രന് അറിവുള്ള സംജീവനമന്ത്രം ബൃഹസ്പതിക്ക് അറിവില്ലാത്തതു കൊണ്ട് സുരന്മാര്‍ക്കു കുണ്ഠിതമായി. ആ ദേവന്മാര്‍ കാവ്യന്‍ എന്നു പറയപ്പെടുന്നു ശുക്രനോടുള്ള ഭയത്താല്‍ തങ്ങളുടെ ആചാര്യന്റെ മൂത്ത മകനായ കചനോടു പറഞ്ഞു.
ദേവന്മാര്‍ പറഞ്ഞു: ഹേ, കച! ഭജിക്കുന്ന ഞങ്ങളെ അനുഗ്രഹിച്ചു നീ സഹായിച്ചാലും! മഹാതപസ്വിയായ ശുക്രന്റെ കൈവശമുള്ള ആ മന്ത്രം ഭവാന്‍ കൈക്കലാക്കണം. ഭവാനും ഒരു ഭാഗം ഞങ്ങള്‍ നല്കാം. വൃഷപര്‍വ്വാവിന്റെ സമീപത്തില്‍ക്കാണുന്ന ആ ദ്വിജനെ ഭവാന്‍ ഭജിക്കുക. അദ്ദേഹം ദാനവരെ മാത്രമേ രക്ഷിക്കുന്നുള്ളു. അവന്‍ ഞങ്ങളെ രക്ഷിക്കുന്നില്ല. കവിയായ അവനെ നന്നായി സേവ ചെയ്യുവാന്‍ കെല്‍പുള്ള യുവാവാണ് ഭവാന്‍. അവന്റെ ഇഷ്ടപുത്രിയായ ദേവയാനിയേയും ആരാധിക്കുവുന്‍ ഭവാന്‍ പോന്നവനാണ്. മറ്റാര്‍ക്കും അതിന് കഴിവില്ല. ശീലം, സൗമ്യത, ദാക്ഷിണ്യം, ആചാരം, ദമം മുതലായ ഭവാന്റെ ഗുണങ്ങളാല്‍ ദേവയാനി തെളിഞ്ഞാല്‍ ഭവാന് ആ വിദ്യ ലഭിക്കും.
വൈശമ്പായനൻ പറഞ്ഞു; അപ്രകാരമാകാമെന്നു പറഞ്ഞ് ദേവന്മാരുടെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ച് ബൃഹസ്പതി പുത്രന്‍ കചൻ പുറപ്പെട്ടു, വൃഷപര്‍വ്വാവിന്റെ സമീപത്തെത്തി. അങ്ങനെ ദേവന്മാരാല്‍ പ്രേഷിതനായ കചന്‍ ദൈത്യാലയത്തില്‍ പ്രവേശിച്ചു. സസന്തോഷം കചന്‍ ശുക്രനെ ചെന്നു കണ്ടു, വന്ദിച്ച്, ഇപ്രകാരം ഉണര്‍ത്തിച്ചു.
കചന്‍ പറഞ്ഞു: ഹേ ഗുരോ, ഞാന്‍ അംഗിരസ്സിന്റെ പുത്രനും ബൃഹസ്പതിയുടെ സൂതനുമായ കചനാണ്. ഭവാന്‍ എന്നെ ശിഷ്യനായി സ്വീകരിക്കേണമേ! ഹേ ബ്രഹ്മന്‍, ഭവാന്റെ. അരികില്‍ ബ്രഹ്മചര്യം ആയിരം വര്‍ഷം അനുഷ്ഠിക്കുവാന്‍ എന്നെ അനുവദിക്കേണമേ!
ശുക്രന്‍ പറഞ്ഞു: ഹേ കച! കൊള്ളാം നിന്റെ ആഗ്രഹം! നിനക്കു സ്വാഗതം! നിന്റെ അപേക്ഷ ഞാന്‍ കൈക്കൊണ്ടിരിക്കുന്നു! പൂജ്യനായ നിന്നെ ആദരിക്കുന്നത് ബൃഹസ്പതിക്കും മാന്യതയാണ്.
വൈശമ്പായനൻ പറഞ്ഞു: കചൻ അങ്ങനെ മഹാവ്രതംആചരിച്ചു. ശുക്രന്‍ പറഞ്ഞ പ്രകാരം അവിടെ കൂടി. വ്രതത്തിന് ഉചിതമായ വിധം അവന്‍ ഗുരുവിന്റെ കല്പനകളെല്ലാം നിര്‍വ്വഹിച്ചു. ഗുരുവിനും ഗുരുപുത്രിയായ ദേവയാനിക്കും അര്‍ച്ചന ചെയ്യുമ്പോള്‍ അവരുടെ ആരാധനയ്ക്കായി ആ യുവാവ് യുവസഹജമായ ഉല്ലാസത്തോടെ പാട്ടും തുള്ളലും ഭാഷണവുമായി ദേവയാനിയെ ഇണക്കി. യൗവനത്തിന്റെ ആദിയില്‍ കന്യ പാടാതിരുന്നപ്പോള്‍ കചൻ ഫലങ്ങളും പുഷ്പങ്ങളും കൊണ്ടു വന്നു കൊടുത്ത് അവളെ സന്തോഷിപ്പിച്ചു. നിയമവ്രതം എടുത്ത ആ വിപ്രനെ ദേവയാനിയും ആടിയും പാടിയും ഗൂഢമായും ഗാഢമായും പരിചരിച്ചു. അഞ്ഞൂറു വര്‍ഷം ഇപ്രകാരം കചൻ ആ വ്രതനിഷ്ഠയില്‍ കഴിഞ്ഞു. അങ്ങനെ കഴിയവേ, ദാനവന്മാര്‍ കചന്‍ ആരെന്നു മനസ്സിലാക്കി. കാട്ടില്‍ ഒറ്റയ്ക്കു പശുക്കളെ മേയ്ക്കുമ്പോള്‍ കോപത്താല്‍ ദാനവന്മാര്‍ കചനെ ഗൂഢമായി പിടി കൂടി കൊന്നു. ബൃഹസ്പതിയോടുള്ള ദ്വേഷം കൊണ്ടും മന്ത്രസംരക്ഷണത്തിന് വേണ്ടിയുമാണ് അവര്‍ ആ കടുംകൈ ചെയ്തത്. അവനെ കൊല്ലുക മാത്രമല്ല ചെയ്തുള്ളു. ദേഹം കഷണങ്ങളായി വെട്ടിനുറുക്കി ചെന്നായ്ക്കള്‍ക്കു തിന്നുവാന്‍ എറിഞ്ഞു കൊടുത്തു. പശുപാലനോടു കൂടാതെ അന്നു പശുക്കള്‍ തൊഴുത്തിലെത്തി. കചനെ കാണാതെ ദേവയാനി സംഭ്രമിച്ചു. അച്ഛന്റെ അടുത്തു ചെന്ന് സസംഭ്രമം പറഞ്ഞു.
ദേവയാനി പറഞ്ഞു; അച്ഛാ; അങ്ങ് അഗ്നിയെ ഹോമിച്ചു കഴിഞ്ഞു. സൂര്യന്‍ പോയി അസ്തമിച്ചു. പശുപാലനെക്കൂടാതെ പശുക്കളെല്ലാം ഇതാ മടങ്ങിയെത്തിയിരിക്കുന്നു. കചനെ കാണുന്നില്ല. അവന്‍ മരിച്ചുവോ? അവനെ ആരെങ്കിലും കൊന്നു കളഞ്ഞുവോ? നിശ്ചയമായും കചന് ആപത്തു പറ്റിയിരിക്കുന്നു! അവന് അപത്തു പറ്റിയാല്‍ ഞാന്‍ പിന്നെ ജീവിച്ചിരിക്കയില്ല.
ശുക്രന്‍ പറഞ്ഞു: അവന്‍ മരിച്ചാല്‍ ഞാന്‍ ജീവിപ്പിക്കും. എടോ കച, വരൂ എന്നു പറഞ്ഞ് ഉടനെ ഞാന്‍ ജീവിപ്പിക്കാം. കചനെ കാണാത്തതു കൊണ്ട് ഓമനേ, നീ സന്തപിക്കരുത്.
വൈശമ്പായനൻ പറഞ്ഞു: പിന്നെ സംജീവനിമന്ത്രം ചൊല്ലി മുനി അവനെ വിളിച്ചു. പല ചെന്നായ്ക്കളുടേയും ദേഹം പിളര്‍ന്ന് കചന്റെ ദേഹാംശം പുറമെ വീണ്, അവ ഒന്നായിച്ചേര്‍ന്നു. മന്ത്രശക്തി കൊണ്ട് ജീവിച്ച് സന്തോഷത്തോടെ കചന്‍ ഓടി വന്നു! എന്തേ ഇത്ര താമസിച്ചത് എന്നു ചോദിച്ച ഭാര്‍ഗ്ഗവിയോട് കചൻ മറുപടി പറഞ്ഞു.
കചന്‍ പറഞ്ഞു: ചമത, പുല്ല്, വിറക് എന്നിവ ചുമടാക്കിക്കെട്ടി ഞാന്‍ തലയിലേറ്റി ആശ്രമപാര്‍ശ്വത്തില്‍ വടവൃക്ഷച്ചുവട്ടില്‍ എത്തി നില്ക്കുകയായിരുന്നു. പശുക്കളും വന്നു കൂടി നിഴല്‍പ്പാട്ടില്‍ നിന്നു. അവിടെവച്ച് അസുരന്മാര്‍ എന്നോടു ചോദിച്ചു; നീ ആരാണ്?
ഞാന്‍ പറഞ്ഞു, ഞാന്‍ കചനാണ്. ബൃഹസ്പതിയുടെ പുത്രനാണ്. ഇതു കേട്ടയുടനെ അവര്‍ എന്നെ പിടി കൂടി വെട്ടിക്കൊന്ന് എന്റെ ദേഹം അരച്ചു കലക്കി, ആ ദാനവന്മാര്‍ ചെന്നായ്ക്കൂട്ടത്തിനു കൊടുത്ത്, താന്താങ്ങളുടെ ഗൃഹങ്ങളിലേക്കു സസുഖം തിരിച്ചു പോയി. മഹാത്മാവായ ഭാര്‍ഗ്ഗവന്‍ മന്ത്രം ചൊല്ലി വിളിച്ചതു മൂലം ഞാന്‍ ഇതാ ജീവിച്ച്, ഒരു വിധം നിന്റെ മുമ്പില്‍ എത്തി! ഞാന്‍ നിര്‍ഭാഗ്യവാന്‍ തന്നെ!
വൈശമ്പായനൻ പറഞ്ഞു: പിന്നെ ഒരു ദിവസം ദേവയാനി പറഞ്ഞതനുസരിച്ച് കചൻ കാട്ടിലേക്കു പൂവറുക്കുവാന്‍ പോയി. അവിടെ വച്ച് ദാനവന്മാര്‍ വീണ്ടും കചനെ കണ്ടു മുട്ടി. ഉടനെ അവര്‍ കചനെ പിടി കൂടി കൊന്ന് അരച്ച് കടലിലെ വെള്ളത്തില്‍ കലക്കി. അവന്‍ മടങ്ങി വന്നില്ല. അവനെ കാണാതെ ദേവയാനി ദുഃഖാര്‍ത്തയായി. അച്ഛന്റെ അരികില്‍ച്ചെന്നു വിവരം അറിയിച്ചു. ശുക്രന്‍ ഉടനെ സംജീവനി മന്ത്രം ജപിച്ച്, കചനെ വിളിച്ചു. മൃതനായ ഗുരുനന്ദനന്‍ ഉടനെ ജീവിച്ച് ഓടിവന്നു. നടന്ന സംഭവങ്ങളെല്ലാം കചന്‍ അവരോടു പറഞ്ഞു.
അസുരന്മാര്‍ കചനെ മൂന്നാമതും കൊന്നു. അവനെ ചുട്ടു പൊടിച്ച് മദ്യത്തില്‍ ചേര്‍ത്ത് ശുക്രമഹര്‍ഷിക്കു തന്നെ കൊടുത്തു. ദേവയാനി കചനെക്കാണാതെ ദുഃഖിച്ച് അച്ഛനോട് ആവലാതിയായി.
ദേവയാനി പറഞ്ഞു; അച്ഛാ! പൂവിന് പോയ അങ്ങയുടെ ശിഷ്യനെ കാണുന്നില്ല ഇത്തവണയും അസുരന്മാര്‍ അവനെ കൊന്നിട്ടുണ്ടാവും. തീര്‍ച്ചയായും അവന് ആപത്തു പറ്റി. ഞാന്‍ അവനില്ലാതെ ജീവിക്കയില്ല. ഉള്ള കാര്യം ഞാന്‍ പറയാം. ഞാന്‍ ഇപ്പോള്‍ ചാകും!
ശുക്രന്‍ പറഞ്ഞു: ഹേ, പുത്രീ! ബൃഹസ്പതി സൂതനായ കചൻ മരിച്ചതു തന്നെ. മന്ത്രം കൊണ്ടു ജീവന്‍ കൊടുത്താലും അവര്‍ പിന്നെയും അവനെ കൊല്ലുന്നു. ഞാന്‍ എന്തു ചെയ്യും? ഹേ, ദേവയാനീ! നീ ദുഃഖിക്കരുത്. നിന്നെപ്പോലുള്ളവര്‍ ഒരിക്കലും മൃതിയെപ്പറ്റി ദുഃഖിക്കയില്ല. ഇന്ദ്രാദികളായ ദേവന്മാരും, അശ്വിനീദേവകളും, വസുക്കളും, ദൈത്യന്മാരും മാത്രമല്ല, മൂന്നു ലോകവും സമീപസ്ഥിതമായ മൃതിക്കു വഴങ്ങുന്നുവല്ലോ. ഈ വിപ്രനെ ജീവിപ്പിക്കുവാന്‍ വിഷമമാണ്. ജീവിപ്പിച്ചാല്‍ പിന്നേയും കൊല്ലുന്നു!.
ദേവയാനി പറഞ്ഞു; അച്ഛാ, അവന്റെ പിതാമഹന്‍ വൃദ്ധനായ അംഗിരസ്സാണ്! അച്ഛന്‍ മഹായോഗിയായ വ്യാഴമാണ്. അവന്‍ മഹര്‍ഷിപുത്രനാണ്. ഇങ്ങനെ ഋഷിമാരുടെ പുത്രനും പൗത്രനുമായ അവനെക്കുറിച്ച് ഞാന്‍ എങ്ങനെ വൃസനിക്കാതിരിക്കും? ബ്രഹ്മചര്യം, തപസ്സ്, ഉത്സാഹം, ക്രിയാദാക്ഷ്യം എന്നിവ ചേര്‍ന്ന കചന്റെ പിമ്പേ ഞാനും പോവുകയാണ്. എനിക്ക് ഇനി ചോറു വേണ്ട. ജീവിതത്തില്‍ ആഗ്രഹമില്ല. അച്ഛാ! എന്റെ പ്രിയരൂപനായ കചന്‍ എനിക്കു പ്രിയനാണ്.
വൈശമ്പായനൻ പറഞ്ഞു; പുത്രിയുടെ ദുസ്സഹമായ ദുഃഖം മഹര്‍ഷിയെ കലുഷനാക്കി. ഋഷി ക്രോധത്തോടെ പറഞ്ഞു. ശുക്രന്‍ പറഞ്ഞു: "എനിക്കു കോപം വന്നു കയറുന്നു. ദൈത്യന്മാര്‍ എന്റെ ശിഷ്യനെ കൊല്ലുകയോ? ആ ദൈത്യര്‍ അബ്രാഹ്മണത്വം ലോകത്തില്‍ വന്നു ചേരുമാറ് രൗദ്രമായ വിധം, ബ്രാഹ്മണനായ എനിക്ക് അപ്രിയം ചെയ്യുന്നു! ഈ ബ്രാഹ്മണ ദ്രോഹത്തിന് തക്ക പ്രതിഫലം ഇന്ദ്രനായാലും അനുഭവിക്കാതിരിക്കയില്ല.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് മഹര്‍ഷി മന്ത്രം ജപിച്ചു. ഉടനെ കചന്‍ ജീവിച്ചു. എന്നാൽ, മഹര്‍ഷിയുടെ കുക്ഷിയിലായിരുന്നു അവന്‍. അവിടെക്കിടന്നു ഭീതിയോടെ തന്റെ സ്ഥിതിയെപ്പറ്റി മെല്ലെ പറഞ്ഞു.
ശുക്രന്‍ പറഞ്ഞു: ഹേ, കച! നീ എങ്ങനെ എന്റെ കുക്ഷിയില്‍ പെട്ടു?
കചന്‍ പറഞ്ഞു: അങ്ങയുടെ പ്രസാദത്താല്‍ എന്റെ ഓര്‍മ്മ നഷ്ടപ്പെട്ടില്ല. ഓര്‍മ്മ തിരികെ കിട്ടി. കഴിഞ്ഞ വൃത്താന്തമെല്ലാം ഞാനോര്‍ക്കുന്നു. തപോനാശം വരാതിരിക്കുവാന്‍ ഞാന്‍ ഘോരമായ ഈ ക്ലേശമൊക്കെ സഹിക്കുകയാണ്. ഉണ്ടായ സംഭവം പറയാം. എന്നെ ദൈത്യന്മാര്‍ പിടിച്ചു കൊന്നു ചുട്ടു പൊടിച്ച് മദ്യത്തില്‍ കലക്കി ഭവാനു തന്നു. ബ്രാഹ്മവും ആസുരവുമായ മായാവിധി അറിയുന്ന ഭവാനെ ലംഘിക്കുവാന്‍ ആര്‍ക്കു കഴിയും ?
ശുക്രന്‍ ദേവയാനിയോടു പറഞ്ഞു: ഹേ, ദേവയാനി! വത്സേ! ഞാന്‍ ഇപ്പോള്‍ നിനക്ക് എന്തു പ്രിയമാണ് ചെയ്യേണ്ടത്? ഞാന്‍ മരിച്ചാല്‍ മാത്രമേ കചനെ ജീവിപ്പിക്കുവാന്‍ സാധിക്കുകയുള്ളു. എന്റെ വയറു കീറാതെ അതിനുള്ളില്‍ കിടക്കുന്ന കചന്‍ പുറത്തു വരികയില്ല. ഞാനെന്തു വേണം?
ദേവയാനി പറഞ്ഞു: അച്ഛാ, തീ പോലെ എന്റെ ദുഃഖം എന്നെ ദഹിപ്പിക്കുന്നു. കചന്റെ നാശവും അച്ഛന്റെ നാശവും രണ്ടും എനിക്കു ദുസ്സഹമാണ്. കചന്‍ നശിച്ചാല്‍ എന്റെ സുഖം നശിച്ചു! ഭവാന്‍ മരിച്ചാല്‍ ഞാന്‍ പിന്നെ ജീവിച്ചിരിക്കുകയുമില്ല.
ശുക്രന്‍ പറഞ്ഞു: ഹേ, ബൃഹസ്പതി സൂത! ഭക്തനായ നീ വിജയിച്ചു! നീ മിടുക്കന്‍ തന്നെ! എന്റെ മകള്‍ ദേവയാനി നിന്നെ അത്ര തീവ്രമായി സ്നേഹിക്കുന്നു. നീ സഞ്ജീവിനി വിദ്യ വാങ്ങിക്കൊള്ളുക! കചാകൃതി എടുത്ത നീ ഇന്ദ്രനാണോ? ഇന്ദ്രനല്ലെങ്കില്‍ നീ വിദ്യ പഠിച്ചു കൊള്ളുക. എന്റെ വയറ്റില്‍പ്പെട്ട ഒരുവന്‍ തീര്‍ച്ചയായും പിന്നെ ജീവിക്കുന്നതല്ല. ഇന്ദ്രനു പോലും രക്ഷയില്ല! ഒരേ ഒരു വിപ്രനു മാത്രമേ ഈ വിദ്യ ഉപദേശിക്കൂ! വേഗത്തില്‍ വിദ്യ നേടിയാലും. നീ എന്റെ പുത്രനായിരിക്കുന്നു. എന്നെ അച്ഛനാണെന്നു വിചാരിച്ചു കൊള്ളുക. എന്റെ ദേഹത്തില്‍ നിന്നു നീ വെളിയില്‍, പോരുന്നതു മൂലം നീ എന്റെ പുത്രനായിരിക്കുന്നു. നീ ധര്‍മ്മബുദ്ധി കൊണ്ടു കാര്യം കാണണം. നീ ഗുരുവിനോടു വിദ്യാലാഭം ഏറ്റ വിദ്വാനാണല്ലോ.
വൈശമ്പായനൻ പറഞ്ഞു: ഗുരു ഉപദേശിച്ച വിദ്യ കചന്‍ ഗുരുവിന്റെ ഉദരത്തില്‍ കിടന്നു പഠിച്ചു. അതിന് ശേഷം ശുക്രന്‍ വയര്‍ കീറി കചനെ പുറത്താക്കി. ബ്രഹ്മോദരത്തില്‍ നിന്നു പുറത്തു വന്ന സുന്ദരനായ കചന്‍ പൗര്‍ണ്ണമിയില്‍ പൂര്‍ണ്ണചന്ദ്രനെന്ന പോലെ ശോഭിച്ചു. ബ്രഹ്മജ്ഞനായ ശുക്രന്‍ ഉടനെ മരിച്ചു വീണു. ഇതു കണ്ട ഉടനെ കചന്‍ സംജിവിനി മന്ത്രം ജപിച്ച് ഗുരുവിനെ ജീവിപ്പിച്ചു. മന്ത്രം സിദ്ധിച്ചതില്‍ സന്തുഷ്ടനായി ഗുരുവിനെ അഭിവാദ്യം ചെയ്ത് കചന്‍ ഇപ്രകാരം പറഞ്ഞു.
കചൻ പറഞ്ഞു: അവിദ്യനായ ഇവന്‍ അങ്ങയുടെ ചെവിയില്‍ പീയുഷമൊഴിക്കുന്നു. ചിന്തിക്കുമ്പോള്‍ ഭവാന്‍ അച്ഛനാണ്, അമ്മയാണ്. കൃതജ്ഞനായ ഇവനില്‍ ദ്രോഹം കരുതരുതേ! അദ്ധ്യയനം, വസ്തു ജ്ഞാനം, അനുഷ്ഠാനം, ശിഷ്യപ്രതിപാദനം എന്നിങ്ങനെ നാലു കര്‍മ്മങ്ങളെ സംബന്ധിക്കുന്ന വിദ്യാസമ്പത്തുകളുടെ ആശ്രയമായി ആരാദ്ധ്യനായിരിക്കുന്ന ഗുരുവിനെ ആദരിക്കാത്തവര്‍ നിത്യമായ നരകത്തില്‍ തന്നെ കിടക്കും!
വൈശമ്പായനൻ പറഞ്ഞു: സുരാപാനം മൂലം ചതിയില്‍ പെട്ടു പോയ ശുക്രന്‍ ഘോരമായ സംജ്ഞാനാശം അറിഞ്ഞു. വിദ്വാനായ കചനെ കൂടി താന്‍ മദ്യത്തോടു കൂടി ഭുജിച്ചതായും ഓര്‍ത്ത് താന്‍ ചെയ്ത തെറ്റിനെക്കുറിച്ചു സ്വയമേവ ക്രുദ്ധനായി, വിപ്രഹിതത്തിനായി, സുരാപാനത്തിന്റെ നേരെ വെറുത്ത് ഇപ്രകാരം ശപിച്ചു.
ശുക്രന്‍ പറഞ്ഞു; ഇന്നേ മുതല്‍ ഏതൊരുബ്രഹ്മജ്ഞനാണ് മദ്യം പാനം ചെയ്യുന്നത്, മന്ദബുദ്ധിയായ അവന്‍ ധര്‍മ്മം വിട്ടു ബ്രഹ്മഹത്യാ പാപമേറ്റ് നിന്ദ്യനാകട്ടെ. ഞാന്‍ നിശ്ചയിച്ച ഈ വിപ്രധര്‍മ്മം നാട്ടിലെല്ലാം ഗുരുശുശ്രൂഷാ തത്പരന്മാരായ സദ് വിപ്രന്മാരും ദേവന്മാരും ലോകരും കേട്ടു കൊള്ളുവിന്‍!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്, മഹാനുഭാവനും തപോനിധിയുമായ ശുക്രന്‍, ദൈവഗത്യാ ബുദ്ധിമോഹം ജനിച്ച അസുരന്മാരെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
ശുക്രന്‍ പറഞ്ഞു: ഹേ, ദൈതൃരേ! നിങ്ങള്‍ മൂഢാത്മാക്കളാണ്. വിദ്യാഭ്യാസം കൊണ്ട് സിദ്ധനായ കചന്‍ എന്റെ അടുക്കല്‍ വാഴും. അവന്‍ സഞ്ജീവനി വിദ്യ ലഭിച്ച യോഗ്യനാണ്. അജ്ഞാനം നീങ്ങിയ അവന്‍ എന്നെപ്പോലെ ബ്രഹ്മകല്പനായ ബ്രാഹ്മണനാണ്.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പ്രസ്താവിച്ച് ഭാര്‍ഗ്ഗവന്‍ വിരമിച്ചു. ദാനവന്മാര്‍ ആശ്ചരൃത്തോടു കൂടി സ്വഗ്യഹങ്ങളിലേക്കു തിരിച്ചു. ആയിരം വര്‍ഷം ഗുരുവിനോടു കൂടി പാര്‍ത്തതിന് ശേഷം കചൻ ഗുരുവിന്റെ സമ്മതം വാങ്ങി സ്വര്‍ഗ്ഗത്തിലേക്കു പോകുവാനൊരുങ്ങി.
77. യയാത്യുപാഖ്യാനം - ദേവയാനീശാപം - വൈശമ്പായനന്‍ പറഞ്ഞു: ശുക്രനോട്, ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ച കചന്‍, യാത്ര പറഞ്ഞു. ശുക്രന്‍ കചനെ വിട്ടയച്ചു. പോകുവാൻ ഭാവിച്ച കചനോട് ദേവയാനി പറഞ്ഞു.
ദേവയാനി പറഞ്ഞു: ഹേ, മഹാശയ!! ഭവാന്‍ ഋഷിയായ അംഗിരസ്സിന്റെ പുത്രനാണ്. സദ് വൃത്തി കൊണ്ടും, വിദ്യകൊണ്ടും, ആഭിജാത്യം കൊണ്ടും, തപസ്സുകൊണ്ടും, ദാന്തികൊണ്ടും ഭവാന്‍ ശോഭിക്കുന്നു. കീര്‍ത്തിമാനായ അംഗിരസ്സ് എന്റെ അച്ഛനു മാന്യനാണ്. ബൃഹസ്പതി അപ്രകാരം തന്നെ എനിക്കു പൂജനീയനാണ്! ഇതെല്ലാം അറിഞ്ഞു കൊണ്ട് ഞാന്‍ പറയുന്ന വാക്ക് ഭവാന്‍ കേട്ടാലും. ഹേ, തപോധന! നിയതവ്രതിയായ നിന്നെ കാത്തു കൊണ്ട് ഞാന്‍ നിന്ന നില്പ് ഭവാനോര്‍ക്കുന്നുണ്ടോ? ഹേ, തപോധന! വിദ്യാസമ്പന്ന! ഭവാനില്‍ ഭക്തയായ എന്നെ ഭവാന്‍ ഭജിച്ചാലും. മന്ത്രപൂര്‍വ്വം, വിധിപ്രകാരം ഭവാന്‍ എന്നെ പാണിഗ്രഹണം ചെയ്യുക!
കചന്‍ പറഞ്ഞു: ഹേ! ദേവയാനീ, നിന്റെ പിതാവ് എപ്രകാരം എനിക്കു പുജ്യനും മാന്യനും ആയിരിക്കുന്നുവോ, അപ്രകാരം തന്നെ എനിക്കു നീ പുജ്യതമയാണ് അനവദ്യാംഗീ! നീ ഭാര്‍ഗ്ഗവന് പ്രാണനേക്കാള്‍ പ്രിയപ്പെട്ട പുത്രിയാണ്. എനിക്ക് എന്റെ ഗുരുവിന്റെ പുത്രിയായ നീ അപ്രകാരം തന്നെ മാന്യയും പുജ്യയുമാണ്. നിന്റെ അച്ഛന്‍ എന്റെ ഗുരുവാണ്. ഗുരു ശിഷുന് എപ്രകാരം മാന്യനാണോ അപ്രകാരം തന്നെ മാന്യയാണ് ഗുരുപുത്രിയായ നീയും. അങ്ങനെയുള്ള നീ ഇപ്രകാരം പറയരുത്!
ദേവയാനി പറഞ്ഞു: നീ ഗുരുപുത്രന്റെ പുത്രനാണ്. എന്റെ അച്ഛനു നീ അതു മൂലം പുത്രനല്ല. അച്ഛന് ഭവാന്‍ മാന്യനും പൂജ്യനുമായ ബന്ധുവാണ്. അപ്രകാരം തന്നെയാണ് വിശേഷാൽ എനിക്കും. ഹേ, ദ്വിജോത്തമ! കച! നിന്നെ ദാനവന്മാര്‍ വീണ്ടും വീണ്ടും വധിക്കെ, അന്നൊക്കെ അച്ഛന്‍ എന്റെ പ്രീതിക്കു വേണ്ടിയാണ് നിന്നെ ജീവിപ്പിച്ചതെന്ന കാര്യം നീ വിസ്മരിക്കുകയാണോ? സ്‌നേഹത്താലും അനുരാഗത്താലും നിന്നോട് എനിക്കുള്ള ഭക്തി നിനക്കറിയാം, തീര്‍ച്ചായാണ് ഹേ, ധര്‍മ്മജ്ഞ! നിന്നോടു യാതൊരു തെറ്റും ചെയ്യാത്ത, ഭക്തയായ എന്നെ നീ ഉപേക്ഷിക്കരുതേ!
കചന്‍ പറഞ്ഞു: ഹേ, ശുഭവ്രതേ!! നീ എന്നോടു ചെയ്യരുതാത്ത ക്രിയയ്ക്കാണ് അപേക്ഷിക്കുന്നത്. ഹേ, ചന്ദ്രാനനേ, നീ എന്നില്‍ പ്രസാദിച്ചാലും. ശുഭേ, നീ എനിക്ക് ഗുരുവിന്റേയും ഗുരുവാണ്. ഹേ! വിശാലാക്ഷി, ചന്ദ്രമുഖി, നീ വാണിരുന്ന ശുക്രമഹര്‍ഷിയുടെ ആ കുക്ഷിയില്‍ ജീവിച്ചു പുറത്തു വന്നവനാണ് ഞാന്‍. നീ ആദ്യം എവിടെ നിന്ന് ഉത്ഭവിച്ചുവോ, അവിടെയല്ലേ ഞാനും വാണത്? ഹേ! ഭാമിനീ, ധര്‍മ്മസോദരീ, സുന്ദരീ, നീ ഇപ്രകാരം എന്നോടു പറയരുത്. ഞാന്‍ യാതൊരു അലട്ടും കൂടാതെ സുഖമായി ഇവിടെ ജീവച്ചു. ഞാന്‍ ഇന്ന് ഭവതിയോടു കൃതജ്ഞതയോടെ യാത്രപറയുന്നു. ഞാന്‍ പോകട്ടെ! യാത്രാകുശലം നീ നേരുക! ധര്‍മ്മം തെറ്റാത്ത വിധം നീ ഇടയ്ക്കിടയിക്കൊക്കെ നന്മയോടെ എന്നെ ചിന്തിക്കുക! തെറ്റു കൂടാത്ത ധര്‍മ്മചിന്തയോടെ എന്റെ ഗുരുവിന് ശുശ്രൂഷ ചെയ്തു കഴിയുക.
ദേവയാനി പറഞ്ഞു: ഹേ, കച! ധര്‍മ്മകാമത്തിന് അര്‍ത്ഥിക്കുന്ന എന്നെ നീ കൈ വിടുകയാണെങ്കില്‍ പിന്നെ നിനക്ക് ഈ വിദ്യ നിശ്ചയമായും ഫലിക്കുകയില്ല.
കചന്‍ പറഞ്ഞു: ഗുരുപുത്രിയാണെന്നു വിചാരിച്ചും, നിന്നെ വിവാഹം ചെയ്യണമെന്ന് എന്റെ ഗുരു പറയാതിരുന്നതു കൊണ്ടുമാണ് ഞാന്‍ ഭവതിയെ വിട്ടത്. കുറ്റം കൊണ്ടു വിട്ടതല്ല. നീ നിന്റെ ഇഷ്ടം പോലെ ശപിച്ചു കൊള്ളുക. ഋഷിധര്‍മ്മമാണ് ഞാന്‍ നിന്നോടു പറഞ്ഞത്. എന്നെ വെറുതെ ശപിക്കുകയാണ്. നിശ്ചയമായും നിന്റെ ശാപം ധര്‍മ്മത്താലല്ല, കാമത്താലാണ്. അതു കൊണ്ട് നിന്റെ കാമം പോലെ ശാപവും ഫലിക്കുന്നതല്ല. ഋഷി പുത്രന്മാരില്‍ ആരും നിന്നെ പാണിഗ്രഹണം ചെയ്യുകയില്ല! തീര്‍ച്ചയാണ്! വിദ്യ ഫലിക്കുകയില്ലെന്നു പറഞ്ഞതും ശരിയാകയില്ല! ഞാന്‍ പഠിപ്പിക്കുന്നവന് ഈ വിദ്യ പിന്നെ ഫലിക്കും.
വൈശമ്പായനൻ പറഞ്ഞു: ദേവയാനിയോട് ഇപ്രകാരം പറഞ്ഞ് ദ്വിജശ്രേഷ്ഠനായ കചന്‍ അവിടം വിട്ടു. ദേവരാജപുരത്ത് വേഗത്തില്‍ ചെന്നെത്തി. കചന്‍ വരുന്നതു കണ്ട് ഇന്ദ്രാദികളായ സുരന്മാരെല്ലാം ബൃഹസ്പതിയെ മാനിച്ചു. കചനോട് ഇപ്രകാരംപറഞ്ഞു.
ദേവകള്‍ പറഞ്ഞു; ഹേ, കച! ഞങ്ങള്‍ക്കു വേണ്ടി അത്ഭുതാവഹമായ കര്‍മ്മം ഭവാന്‍ ചെയ്തതു കൊണ്ട് ഭവാനു നശിക്കാത്ത യശസ്സുണ്ടാകട്ടെ! കര്‍മ്മത്തിന്റെ ഭാഗഭാക്കായും ഭവിക്കട്ടെ!
78. യയാത്യുപാഖ്യാനം - ദേവയാനീ ശര്‍മ്മിഷ്ഠാ കലഹം - വൈശമ്പായനൻ പറഞ്ഞു: വിദ്യ നേടി കചൻ സ്വര്‍ഗ്ഗത്തിലെത്തിയ ശേഷം ദേവകള്‍ കചനെ വന്ദിച്ചു. കചനില്‍ നിന്ന് ആ വിദ്യ പഠിച്ച് അവര്‍ കൃതാര്‍ത്ഥരായി. എല്ലാവരും വന്നു കൂടി ദേവരാജനോടു പറഞ്ഞു.
ദേവന്മാര്‍ പറഞ്ഞു: വിക്രമത്തിന്റെ കാലം സമാഗതമായിരിക്കുന്നു. ഹേ, ശക്ര! അരിവീരന്മാരെ ഭവാന്‍ സംഹരിച്ചാലും.
വൈശമ്പായനൻ പറഞ്ഞു: ദേവന്മാരുടെ വാക്കു കേട്ട് ദേവേന്ദ്രന്‍ അതിനു സമ്മതിച്ചു. അങ്ങനെ ഒരു ദിവസം ഇന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ കാട്ടില്‍ സുന്ദരിമാരായ കുറെ യുവതികളെ കണ്ടു. കന്യകമാര്‍ ചൈത്രരഥമൊക്കുന്ന പൂവനത്തില്‍ കളിക്കുകയായിരുന്നു. ഇന്ദ്രന്‍ വിനോദത്തിനു വേണ്ടി ആ കന്യകമാരുടെ വസ്ത്രങ്ങളെല്ലാം കാറ്റിന്റെ രൂപത്തില്‍ വന്ന് അടിച്ചു കൂട്ടിക്കലര്‍ത്തി. വെള്ളത്തില്‍ നഗ്നകളായി നീന്തിക്കളിച്ചിരുന്ന കന്യകമാര്‍ പെട്ടെന്നു വെള്ളത്തില്‍ നിന്നു കയറി ഓടിച്ചെന്ന് അടുത്തു കണ്ട ഓരോ വസത്രം പിടി കൂടി പരിഭ്രമത്തില്‍ ഉടുത്തു. ചിന്നിച്ചിതറിയ വസ്ത്രങ്ങളില്‍ ഓടിച്ചെന്നു പിടികിട്ടിയത് ഉടുത്തു. ശര്‍മ്മിഷ്ഠ ദേവയാനിയുടെ വസ്ത്രമെടുത്ത് ഉടുത്തു. മാറിപ്പോയ ത് വൃഷപര്‍വ്വാത്മജയായ ശര്‍മ്മിഷ്ഠ അറിഞ്ഞില്ല. അതുകൊണ്ട് അവര്‍ തമ്മില്‍ വഴക്കുണ്ടായി.
ദേവയാനി പറഞ്ഞു; ഹേ, ശര്‍മ്മിഷ്‌ഠേ! എന്താ നീ എന്റെ വസത്രം എടുക്കാന്‍? നീ ശിഷ്യയല്ലേ? ഗുരുപുത്രിയുടെ വസത്രം എടുക്കാമോ? അല്ലെങ്കില്‍ നീ അസുരയല്ലേ നിനക്ക് അങ്ങനെ തോന്നും! മര്യാദ കെട്ട നിനക്ക് ഇത് നല്ലതിനല്ല.
ശര്‍മ്മിഷ്ഠ പറഞ്ഞു: ഇരിക്കുമ്പോഴും കിടക്കുമ്പോഴും നിന്റെ അച്ഛന്‍ എന്റെ അച്ഛനെ വന്ദിക്കുന്നു! സ്തുതിക്കുന്നു! വണങ്ങി കീഴെ നില്ക്കുന്നു! യാചിക്കുന്നവനും, സ്തുതിക്കുന്നവനും, വാങ്ങുന്നവനും ആയ ഒരാളുടെ പുത്രിയാണ് നീ. സ്തുതിക്കപ്പെടുന്നവനും, കൊടുക്കുന്നവനും, വാങ്ങാത്തവനുമായ ഒരാളുടെ പുത്രിയാണ് ഞാന്‍. നീ മാറത്തടിച്ചു ഉരുണ്ടു തെറി പറയെടീ! ഫു! തെണ്ടിപ്പെറുക്കി! എരപ്പാളിച്ചി! കൈയിലൊന്നുമില്ലാത്തവള്‍ കൈയില്‍ വിഭവമുള്ളവരോട് എതിര്‍ക്കുകയോ? നീ നിന്റെ കിടക്കാരുമായി എതിര്‍ക്കു! ഞാന്‍ നിന്നെ കൂട്ടാക്കുകയില്ല, തെണ്ടിപ്പെണ്ണേ!
വൈശമ്പായനൻ പറഞ്ഞു: ദേവയാനിക്ക് ഈ വാക്കുകള്‍ സഹിച്ചില്ല! എടീ, എന്റെ വസത്രം തരാനാണു പറഞ്ഞത്". "ഞാന്‍ തരില്ല, വിടില്ല" എന്നു പറഞ്ഞ് അവള്‍ ആ വസ്ത്രത്തില്‍ കടന്നു പിടിച്ചു. അവര്‍ പിടിയും വലിയുമായി. ശക്തയായ ശര്‍മ്മിഷ്ഠ അവളെ അടുത്തുള്ള ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ട് സ്വന്തം പുരത്തിലേക്കു നടന്നു. ക്രൂരനിശ്ചയയായ ശര്‍മ്മിഷ്ഠ വിചാരിച്ചു ദേവയാനി കിണറ്റില്‍ കിടന്നു ചത്തു പോയെന്ന്. അവള്‍ കോപിച്ചു വിറച്ച് തിരിഞ്ഞു നോക്കാതെ ഗൃഹത്തിലെത്തി.
ആ വഴിയിലൂടെ നഹുഷപുത്രനായ യയാതി രാജാവ് സഞ്ചരിക്കുമ്പോള്‍, നായാട്ടു ചെയ്തു ക്ഷീണിച്ച കുതിരയ്ക്കു വെള്ളം കൊടുക്കുവാന്‍ ജലാശയം അന്വേഷിച്ച് ഈ പൊട്ടക്കിണറ്റിന് അരികിലെത്തി. രാജാവ് കിണറ്റിലേക്കു നോക്കിയപ്പോള്‍ അതില്‍ അഗ്നി പോലെ ജ്വലിക്കുന്ന തേജസ്സേറിയ ഒരു കന്യകയെ കണ്ടു. ഒരു ദേവകനൃകയോടു തുല്യയായ ആ സുന്ദരിയോട് അദ്ദേഹം മൃദുവായ വാക്കില്‍ സാന്ത്വനപൂര്‍വ്വം ചോദിച്ചു:
യയാതി പറഞ്ഞു: ഹേ പങ്കജാക്ഷീ, നീ ആരാണ്? മണികുണ്ഡലാലംകൃതയായ നീ എന്താണ് ദീര്‍ഘധ്യാനം ചെയ്തു കേണു കൊണ്ടു നില്‍ക്കുന്നത്? വള്ളിപ്പടര്‍പ്പുള്ള ഈ പൊട്ടക്കിറ്റില്‍ എങ്ങനെ പെട്ടു? നീ ആരുടെ മകളാണ്? ആരാണു നിന്റെ രക്ഷാകര്‍ത്താവ്?
ദേവയാനി പറഞ്ഞു: ദേവന്മാര്‍ കൊല്ലുന്ന അസുരന്മാരെയൊക്കെ വിദ്യ കൊണ്ടു ജീവിപ്പിക്കുന്ന സാക്ഷാല്‍ ശുക്രമഹര്‍ഷിയുടെ മകളാണു ഞാന്‍. എന്റെ അച്ഛന്‍ എന്റെ ഈ ദുഃസ്ഥിതി അറിയുന്നില്ല. ചുവന്ന നഖമുള്ള എന്റെ വലംകൈ ഇതാ ഞാന്‍ നീട്ടുന്നു. ഭവാന്‍ എന്നെ പിടിച്ചുകയറ്റുക. കുലീനനാണു ഭവാന്‍. ഞാന്‍ സമ്മതിക്കുന്നു! ഭവാന്‍ ശാന്തനും; വീര്യവാനും, കീര്‍ത്തിമാനുമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതു കൊണ്ട് ഈ ആപല്‍ ഗര്‍ത്തത്തില്‍ പെട്ട എന്നെ ഭവാന്‍ കേറ്റണേ!
വൈശമ്പായനൻ പറഞ്ഞു: അവള്‍ ബ്രാഹ്മണിയാണെന്ന് അറിഞ്ഞ് യയാതി വലംകൈ പിടിച്ച് അവളെ കുണ്ടില്‍ നിന്നു കയറ്റി. അവളെ കിണറ്റില്‍ നിന്നു കയറ്റിയ ശേഷം നഹുഷാത്മജനായ രാജാവ് അവളോടു യാത്ര പറഞ്ഞു രാജധാനിയിലേക്കു പോയി. യയാതി പോയതിന് ശേഷം മാന്യയായ ദേവയാനി, തന്നെത്തിരഞ്ഞ് ആ വഴിയേ വരുന്ന സഖിയായ ഘുര്‍ണ്ണികയോട് തീവ്രമായ ദുഃഖത്തോടെ പറഞ്ഞു.
ദേവയാനി പറഞ്ഞു; ഘൂര്‍ണ്ണികേ, നീ പൊയ്ക്കൊള്ളുക! എന്റെ അച്ഛനോടു പറയുക: ഞാന്‍ ഇനി വൃഷപര്‍വ്വാസുരന്റെ രാജധാനിയിലേക്കില്ല.
വൈശമ്പായനൻ പറഞ്ഞു: ക്ഷണത്തില്‍ ഘൂര്‍ണ്ണിക ദൈതൃപുരത്തില്‍ ചെന്നെത്തി. ശുക്രനെച്ചെന്നു കണ്ടു സംഭ്രമത്തോടെ, "വൃഷപര്‍വ്വരാജാവിന്റെ മകളായ ശര്‍മ്മിഷ്ഠ ദേവയാനിയെ കോപത്താല്‍ പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. അവള്‍ അവശയായി ഇപ്പോള്‍ മരിച്ചിട്ടുണ്ടാകും", എന്നു പറഞ്ഞു. ഈ വര്‍ത്തമാനം കേട്ട ഉടനെ സംഭ്രമത്തോടെ ശുക്രന്‍ മകളെത്തേടി വനത്തിലേക്കോടി. കാട്ടില്‍ വെച്ച് ദേവയാനിയെ ശുക്രന്‍ കണ്ടു. അച്ഛന്‍ മകളെ വ്യസനപൂര്‍വ്വം കെട്ടിപ്പുണര്‍ന്നു കരഞ്ഞു കൊണ്ട് പറഞ്ഞു.
ശുക്രന്‍ പറഞ്ഞു: മകളേ, ഏതൊരാള്‍ക്കും താന്താങ്ങളുടെ കര്‍മ്മഫലം കൊണ്ടാണ് സുഖദുഃഖങ്ങള്‍ ഉണ്ടാകുന്നത്. നീ എന്തെങ്കിലും പാപം ചെയ്തിരിക്കണം. അതിന്റെ ഫലമാണ് ഇങ്ങനെ സംഭവിച്ചത്.
ദേവയാനി പറഞ്ഞു; കര്‍മ്മഫലം കൊണ്ടാണോ അല്ലാതെയാണോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. അതൊന്നുമല്ല എനിക്കു പറയുവാനുള്ളത്. അച്ഛാ! ഞാന്‍ പറയുന്നതു കേള്‍ക്കൂ! വൃഷപര്‍വ്വപുത്രി എന്നോടു പറഞ്ഞു, ഭവാന്‍ ദാനവന്മാരുടെ സ്തുതി പാഠകനാണെന്ന്! അവള്‍ സത്യമായും എന്നോട് അങ്ങനെ പറഞ്ഞു! അവള്‍ പിന്നെ ക്രോധം കൊണ്ട് കണ്ണു ചുവപ്പിച്ചു തുറിച്ചു നോക്കി. തീക്ഷ്ണമായ പരുഷവാക്കുകള്‍ പിന്നേയും എന്നോടു പറഞ്ഞു. ശര്‍മ്മിഷ്ഠ പറഞ്ഞു: "നീ സ്തുതിപാഠകന്റെ, ഇരക്കുന്നവന്റെ, മകളാണ്. ഞാനോ സ്തുതിക്കപ്പെടുന്നവന്റെ, ദാനം ചെയ്യുന്നവന്റെ, വാങ്ങാത്തവന്റെ, പുത്രിയാണ്".
ദേവയാനി പറഞ്ഞു: അവള്‍ ഇപ്രകാരം കണ്ണു ചുവത്തി വീണ്ടും അന്തസ്സു കാട്ടി പറഞ്ഞപ്പോള്‍ ഞാനും വിട്ടില്ല. എടീ അസുരവിത്തേ, ഞാന്‍ സ്തുതിക്കുന്നവന്റെ, ഇരക്കുന്നവന്റെ, വാങ്ങുന്നവന്റെ, പുത്രിയാണെന്നു തെളിയിച്ചാല്‍ ഞാന്‍ നിന്റെ ദാസിയായി ഇരുന്നുകൊള്ളാം എന്നു പറഞ്ഞു.
ശുക്രന്‍ പറഞ്ഞു: സ്തുതിക്കുന്നവനും, ഇരക്കുന്നവനും, വാങ്ങുന്നവനും ആയ ഒരാളുടെ മകളല്ല നീ. സ്തുതിക്കാതെ, എല്ലാവരാലും സ്തുതിക്കപ്പെടുന്നവന്റെ മകളായ ദേവയാനിയാണ് നീ. വൃഷപര്‍വ്വാവിനും, ഇന്ദ്രനും, യയാതിക്കും അറിയാം ശുക്രന്റെ യോഗ്യത! അചിന്ത്യവും, ബ്രാഹ്മവും, എതിരറ്റതും, ഈശ്വര സംബന്ധവുമായ ബലം എനിക്കുണ്ട്. ഭൂമിയിലും ആകാശത്തുമായി ഏതെല്ലാം ഏതേതിടത്തുണ്ടോ, അതിനൊക്കെ ഈശ്വരനാണു ഞാനെന്ന് ബ്രഹ്മാവും പറഞ്ഞിട്ടുണ്ട്. പ്രജകളുടെ ഹിതത്തിനായി ജലം മോചിപ്പിക്കുന്നത് ഈ ഞാനാണ്. സര്‍വ്വ ഔഷധികളും പോഷിപ്പിക്കുന്നതും ഈ ഞാനാണ്. ഈ പറഞ്ഞതു സത്യം മാത്രമാണ്.
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞ് അച്ഛന്‍ ദുഃഖ പരവശയായ പുത്രിയെ മധുരവും ശ്ലക്ഷ്ണവുമായ വാക്കുകള്‍ കൊണ്ടു സാന്ത്വനപ്പെടുത്തി.
79. യയാത്യുപാഖ്യാനം - ശുക്രസാന്ത്വനം - ശുക്രന്‍പറഞ്ഞു; അല്ലയോ മകളേ, ദേവയാനീ, മറ്റുള്ളവര്‍ പറയുന്ന അസത്യാക്ഷേപങ്ങള്‍ കേട്ടിട്ടും ഒന്നും മിണ്ടാതെ ജീവിക്കുന്നവന്‍ പ്രപഞ്ചം മുഴുവന്‍ ജയിക്കുമെന്നുള്ള പരമാര്‍ത്ഥം നീ ഗ്രഹിക്കുക. ശരിയായ ഒരു യോദ്ധാവ് കുതിരയെ കടിഞ്ഞാണ്‍ പിടിച്ചു നിര്‍ത്തും. അതില്‍ തൂങ്ങിക്കിടക്കുകയില്ല. കോപത്തെ അടക്കാന്‍ കഴിയുന്നവന്‍ ആപത്തില്‍ പതിക്കുകയില്ല. തള്ളിപ്പൊങ്ങുന്ന ക്രോധം ശാന്തത കൊണ്ട് അകറ്റുന്നവന്‍ ലോകം മുഴുവന്‍ ജയിക്കുന്നവനായി പ്രശോഭിക്കും. തന്നെ പൊതിയുന്ന ഉല്‍ക്കടമായ കോപത്തെ, പാമ്പ് തന്റെ ഉറയെ എന്ന പോലെ, ക്ഷമ കൊണ്ടു നീക്കുന്നവനാണ് ശരിയായ പുരുഷന്‍. കോപത്തെ അടക്കുക, പരാപവാദങ്ങളെ ചെവിക്കൊള്ളാതിരിക്കുക, വ്യസനിക്കാതിരിക്കുക. അങ്ങനെയുള്ളവനേ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥം നേടുവാന്‍ കഴിയു. മാസം തോറും യാഗം ചെയ്തു ഒരു നൂറ്റാണ്ടു ജീവിക്കാന്‍ കഴിഞ്ഞവനേക്കാള്‍ യഥാസമയം ക്ഷമിക്കുവാന്‍ കഴിയുന്ന, കോപം നീങ്ങിയവനാണ് മഹാന്‍ ( യാഗം ചെയ്യുന്നവന് മനഃശാന്തി കൂടിയേ കഴിയൂ ). ചിന്തിക്കാന്‍ കഴിയാത്ത ബാലന്മാരാണ് വഴക്കടിക്കുക. ബുദ്ധിയുറച്ച വിവേകികള്‍ വഴക്കടിക്കുമോ? ബലാബലം അറിയുന്നവര്‍ കലഹിക്കുകയില്ല.
ദേവയാനി പറഞ്ഞു: അച്ഛാ, അങ്ങു പറഞ്ഞതൊക്കെ എനിക്കു മനസ്സിലായി. ഞാന്‍ ബാലയാണെങ്കിലും ധര്‍മ്മഭേദമൊക്കെ മനസ്സിലാക്കിയിട്ടുള്ളവളാണ്. കോപിക്കാതിരിക്കലിലും,. തര്‍ക്കവാദങ്ങളിലും ഞാന്‍ ബലാബലം ഓര്‍ക്കുന്നുണ്ട്. ശിഷ്യന്റെ വൃത്തികെട്ട ശിഷ്യനില്‍ ക്ഷമിക്കാമോ? സ്വഭാവ ദോഷമുള്ളവരോടു കൂടി പാര്‍ക്കുവാന്‍ എനിക്കു തൃപ്തിയില്ല അച്ഛാ! ചാരിത്രം, ആഭിജാത്യം മുതലായവ പറഞ്ഞ് വീണ്ടും വീണ്ടും നിന്ദിക്കുന്ന പാപികളോടു കൂടി ജീവിക്കുവാന്‍ എനിക്കു കഴിയുകയില്ല. ശ്രേയസ്സ് ആഗ്രഹിക്കുന്ന പണ്ഡിതന്മാര്‍ ദുർജ്ജനങ്ങളുടെ കൂടെ പാര്‍ക്കരുത്. ചാരിത്രം, കുലീനത എന്നിവയാല്‍ സജ്ജനത്തെ അറിഞ്ഞവന്‍ യോഗ്യരായ സജ്ജനങ്ങളോടു കൂടെ പാര്‍ക്കണം. അതാണ് ഉത്തമം. അച്ഛാ, ശര്‍മ്മിഷ്ഠ പറഞ്ഞ ക്രൂരമായ വാക്കുകള്‍ അഗ്നിക്കായി കടയുന്ന അരണി പോലെ എന്റെ മനസ്സിനെയിട്ടു കടയുന്നു. ശര്‍മ്മിഷ്ഠ പറഞ്ഞതിനേക്കാള്‍ കഠിനമായ വാക്ക് മൂന്നു ലോകത്തിലും ഒരാളും പറയുകയില്ല. അത്ര ദുഷ്ടമായ വാക്കു പറഞ്ഞവളോടു കൂടെ ഇനി ഞാന്‍ പൊറുക്കുകയില്ല. അച്ഛാ, ശത്രുവിന്റെ ശ്രീ കൊണ്ടു ജീവിക്കുന്നതില്‍ പരം കഷ്ടം വേറെയെന്തുണ്ട്? ശത്രുവിന്റെ ഐശ്വര്യം കൊണ്ടു ജീവിക്കുന്ന ശ്രീകെട്ടവന്റെ ജീവിതം മരണത്തേക്കാള്‍ ഭയാനകമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
80. യയാത്യുപാഖ്യാനം -- ദേവയാനീപ്രീണനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ ഭൃഗുശ്രേഷ്ഠനായ ശുക്രന്‍ കോപതാപങ്ങളോടെ ചെന്ന് , ഒന്നും നോക്കാതെ വൃഷപര്‍വ്വാവിനോടു പറഞ്ഞു.
ശുക്രന്‍ പറഞ്ഞു: ഹേ! രാജാവേ, അധര്‍മ്മം ഉടനെ ഫലിക്കയില്ല. അതു ഭൂമി പോലെയാണ്. അധര്‍മ്മം വിതച്ചവന് അതു പെട്ടെന്നു ഫലം ചെയ്കില്ലെങ്കിലും, മെല്ലെ അതു ചെയ്ത ആള്‍ക്ക് ഉന്മൂല നാശം വരുത്തും. പെട്ടെന്നു തന്നിലോ പുത്രദാരാദികളിലോ അതു കണ്ടില്ലെന്നു വരാം. കനപ്പെട്ട ഭോജനം വയറ്റില്‍ ദുരിത ഫലം കാണിക്കാതിരിക്കയില്ല! അപാപശീലനും ധര്‍മ്മനിഷ്ഠനും എന്റെ കൂടെ പാര്‍ക്കുന്ന ശിഷ്യനുമായ കചനെ, അംഗിരസ്സിന്റെ പുത്രനായ ആ ബ്രാഹ്മണകുമാരനെ, നിങ്ങള്‍ കൊല്ലിച്ചില്ലേ? ആ യോഗ്യനെ ഹിംസിക്കുകയാലും, എന്റെ പുത്രിയെ ഹിംസിക്കുകയാലും, ഹേ, വൃഷപര്‍വ്വാവേ, ഞാന്‍ നിന്നെ കൂട്ടത്തോടു കൂടെ ഉപേക്ഷിച്ചു പോവുകയാണ്. ഹേ രാജാവേ, ഞാന്‍ നിന്റെ രാജ്യത്ത് നിന്റെ കൂടെ പാര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ വെറുതെ ജല്പിക്കുന്നവനാണെന്ന് എടോ അസുര! നീ വിചാരിക്കുന്നുണ്ടാകാം. നിന്റെ ദോഷം നീ എന്തു കൊണ്ട് ഉപേക്ഷിക്കുന്നില്ല?
വൃഷപര്‍വ്വാവു പറഞ്ഞു; ഹേ ഭാര്‍ഗ്ഗവ! അധര്‍മ്മവും മിഥ്യയുമായ വാദങ്ങള്‍ ഒന്നും ഞാന്‍ ഭവാനില്‍ കാണുന്നില്ല. അങ്ങു ധര്‍മ്മിഷ്ഠനും സത്യവാനും ആണ്. ഞങ്ങളില്‍ പ്രസാദിച്ചാലും! അങ്ങ് ഞങ്ങളെ വിട്ടു പോവുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സമുദ്രത്തില്‍ ചാടിച്ചാവുകയേ ഗതിയുള്ളു. വേറെ ആശ്രയമൊന്നുമില്ല.
ശുക്രന്‍ പറഞ്ഞു; നിങ്ങള്‍ കടലില്‍പ്പോയാലും കൊള്ളാം എവിടേക്ക് ഓടിപ്പോയാലും കൊള്ളാം. ഞാന്‍ എന്റെ മകള്‍ക്ക് അപ്രിയം ചെയ്യുകയില്ല! എനിക്ക് അവള്‍ പ്രിയപ്പെട്ടവളാണ്. നീ ദേവയാനിയെ പ്രസാദിപ്പിക്കുക! അവള്‍ എന്റെ പ്രാണനാണ്. ബൃഹസ്പതി ഇന്ദ്രന് എന്ന പോലെ ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടി ഇവിടെ വാഴാം.
വൃഷപര്‍വ്വാവ് പറഞ്ഞു; അസുരേന്ദ്രന്മാര്‍ക്ക് എത്ര മാത്രം ധനം ഉണ്ടോ, എത്ര മാത്രം പശുക്കളും, ആനകളും, കുതിരകളുമുണ്ടോ, ആ സര്‍വ്വധനത്തിനും നാഥനായി, എന്റെ പ്രഭുവായി ഭവാന്‍ വാണാലും.
ശുക്രന്‍ പറഞ്ഞു; അസുരന്മാരുടെ ധനത്തിന്റെ അധിപന്‍ ഞാനാണെങ്കില്‍ ഹേ, ദേവാരിയായ രാജാവേ! ഭവാന്‍ ദേവയാനിയെ പ്രസാദിപ്പിച്ചാലും.
വൈശമ്പായനൻ പറഞ്ഞു: അതു കേട്ട് അങ്ങനെയാകാം എന്നു പണ്ഡിതനായ വൃഷപര്‍വ്വാവ് പറഞ്ഞു. ഈ വര്‍ത്തമാനം കേട്ട് ശുക്രന്‍ ദേവയാനിയുടെ അരികില്‍ പോയി വൃത്താന്തം അറിയിച്ചു.
ദേവയാനി പറഞ്ഞു; ഹേ താത! ഭാര്‍ഗ്ഗവ! ഭവാന്‍ ഈ രാജദ്രവ്യത്തിന്റെയൊക്കെ പാത്രമാണെങ്കില്‍ ഞാന്‍ അത് അറിയുന്നില്ലല്ലോ! രാജാവു തന്നെ അത് എന്നോട് പറയട്ടെ!
വൃഷപര്‍വ്വാവ് പറഞ്ഞു: ഹേ, ശുചിസ്മിതേ! ദേവയാനീ, നീ വിചാരിക്കുന്ന വിധം എന്താവശ്യപ്പെടുന്നുവോ, അതൊക്കെ ഞാന്‍ തരാം. ദുര്‍ല്ലഭമായാലും ഞാന്‍ അതു നല്കാം.
ദേവയാനി പറഞ്ഞു; ശര്‍മ്മിഷ്ഠയെ. എന്റെ ദാസിയാക്കണം. ആയിരം കന്യകമാരോടു കൂടി അച്ഛന്‍ അവളെ എന്റെ കൂടെ അയയ്ക്കണം.
വൃഷപര്‍വ്വാവ് പറഞ്ഞു ധാത്രീ, നീ ഉടനെ ശര്‍മ്മിഷ്ഠയെ ഇങ്ങോട്ടയയ്ക്കു! അവള്‍ ദേവയാനിയുടെ അഭീഷ്ടം പെയ്തു കൊള്ളട്ടെ!
വൈശമ്പായനൻ പറഞ്ഞു; ഉടനെ ധാത്രി പാഞ്ഞു ചെന്ന് ശര്‍മ്മിഷ്ഠയോടു പറഞ്ഞു.
ധാത്രി പറഞ്ഞു: ഭദ്രേ! ശര്‍മ്മിഷ്ഠേ! പോരൂ! ജ്ഞാതിവര്‍ഗ്ഗത്തിന് നീ സൗഖ്യം നല്കിയാലും! ദേവയാനിയുടെ വാക്കുകേട്ട് അസുരന്മാരായ ശിഷ്യവര്‍ഗ്ഗത്തെ അദ്ദേഹം വിട്ടു പോവുകയാണ്. അനഘേ! നീ അവള്‍ക്ക് ആകും പോലെ ഇഷ്ടം ചെയ്യണം. അല്ലെങ്കില്‍ അസുരന്മാരായ നമ്മളെല്ലാം കഷ്ടത്തിലാകും.
ശര്‍മ്മിഷ്ഠ പറഞ്ഞു: അവള്‍ കാമിക്കുന്നതെന്തോ അതു ഞാന്‍ ചെയ്തുകൊള്ളാം. ദേവയാനി കാരണം എന്നെ ശുക്രന്‍ വിളിക്കുകയാണെങ്കില്‍ ഞാന്‍ എന്തിനും തയ്യാറാണ്. ഞാന്‍ കാരണം ശുക്രനും ദേവയാനിയും നമ്മളെ വിട്ടു പോകേണ്ടാ.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് അവള്‍ ആയിരം കനൃകമാരോടു കൂടി പല്ലക്കില്‍ കയറി, അച്ഛന്റെ കല്പന അനുസരിച്ച്, പുരം വിട്ട് ഇറങ്ങി.
ശര്‍മ്മിഷ്ഠ പറഞ്ഞു: ഹേ, ദേവയാനി, ആയിരം. ദാസിമാരോടു കൂടി നിന്റെ ദാസിയായി ഞാന്‍ നിന്റെ കൂടെ പോരുന്നു. പിന്നെ നിന്റെ അച്ഛന്‍ നിന്നെ വിവാഹം കഴിച്ചു കൊടുക്കുന്ന ദിക്കിലേക്കും ഞാന്‍ പോരുവാന്‍ തയ്യാറാണ്.
ദേവയാനി പറഞ്ഞു: ഞാന്‍ സ്തുതിക്കുന്നവന്റേയും, ഇരക്കുന്നവന്റേയും, വാങ്ങുന്നവന്റേയും മകളാണെങ്കില്‍ ആ സ്തുതിപാഠകന്റെ പുത്രിയുടെ ദാസിയാകുന്നത് എങ്ങനെയാണ് നീ?
ശര്‍മ്മിഷ്ഠ പറഞ്ഞു: എന്തു ചെയ്തിട്ടും ആര്‍ത്തരായഎന്റെ ബന്ധുജനങ്ങള്‍ക്കു സൗഖ്യമുണ്ടാക്കുകയാണ് എന്റെ കര്‍ത്തവ്യം. ഞാന്‍ സ്വാര്‍ത്ഥം നോക്കുന്നവളല്ല. ബന്ധുജനങ്ങളുടെ സുഖമാണ് എന്റെ സുഖം. അവര്‍ ദുഃഖിക്കുന്നു! അതുകൊണ്ട് ഞാന്‍ നിന്റെ കൂടെ വരാം. നിന്റെ അച്ഛന്‍ തരുന്ന ഇടം ഞാന്‍ സ്വീകരിക്കാം.
വൈശമ്പായനൻ പറഞ്ഞു; ഇങ്ങനെ വൃഷപര്‍വ്വാവിന്റെ പുത്രിയായ ശര്‍മ്മിഷ്ഠ ദേവയാനിയുടെ ദാസ്യം സ്വീകരിച്ചു. അപ്പോള്‍ ദേവയാനി അച്ഛനോടു പറഞ്ഞു.
ദേവയാനി പറഞ്ഞു: ഇനി ഞാന്‍ പുരത്തിലേക്കു പോരാം. എനിക്കു സന്തോഷമായി. വൃര്‍ത്ഥമാകാത്ത അറിവും വിദ്യാബലവും അങ്ങയ്ക്കുണ്ട്.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മകള്‍ പറഞ്ഞപ്പോള്‍ കീര്‍ത്തിമാനായ ആ ദ്വിജശ്രേഷ്ഠന്‍ ദാനവപൂജിതനായി സന്തോഷത്തോടെ പുരത്തില്‍ പ്രവേശിച്ചു.
81. യയാത്യുപാഖ്യാനം - ദേവയാനീപരിണയം - വൈശമ്പായനൻ പറഞ്ഞു: അങ്ങനെ വളരെ നാള്‍ കഴിഞ്ഞു. ഒരു ദിവസം ആയിരം ദാസിമാരോടും ശര്‍മ്മിഷ്ഠയോടും കൂടി ദേവയാനി മുമ്പെ കലഹിച്ച കാട്ടിലേക്കു ക്രീഡിക്കുവാന്‍ പോയി. അവള്‍ മുമ്പു പറയപ്പെട്ട സ്ഥലത്തു ചെന്ന് അത്യന്തം രസത്തോടു കൂടി മധുപാനം ചെയ്തും, മധുരഫലങ്ങള്‍ തിന്നും, മറ്റു ഫലഭോജ്യങ്ങള്‍ ഭക്ഷിച്ചും തോഴിമാരോടു കൂടി കളിയാടി നടന്നു.
പിന്നേയും യയാതിരാജാവ് നായാട്ടു ചെയ്തു തളര്‍ന്നു ദാഹിച്ച് ജലം അന്വേഷിച്ചു ദൈവഗത്യാ ആ സ്ഥലത്തെത്തി. അപ്പോള്‍ ദേവയാനി ശര്‍മ്മിഷ്ഠയോടും ദാസിമാരോടും കൂടി, പലതരം വിചിത്രമായ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചു മധുപാനം ചെയ്തുല്ലസിക്കുന്നതും, ദേവയാനി അവയെല്ലാം കണ്ടു പുഞ്ചിരി തൂകി ഇരിക്കുന്നതും, അദ്ദേഹം കണ്ടു. ആ സ്ത്രീകളുടെ നടുവിലായി അത്യന്തരമണീയയായ ദേവയാനിയുടെ പാദം തലോടിക്കൊണ്ടു ശര്‍മ്മിഷ്ഠ ഇരിക്കുന്നു. യയാതി മന്ദം മന്ദം അവരെ സമീപിച്ചു. രാജാവു സമീപിച്ചപ്പോള്‍ അവര്‍ ആദരവോടെ എഴുന്നേറ്റു പൂജിച്ചു. യയാതി അടുത്തു ചെന്ന് സസന്തോഷം ചോദിച്ചു.
യയാതി പറഞ്ഞു: രണ്ടായിരം കനൃകമാരോടു കൂടി ഉല്ലസിക്കുന്ന കന്യകമാരേ, നിങ്ങളുടെ രണ്ടു പേരുടേയും ഗോത്രനാമം അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ദേവയാനി- പറഞ്ഞു: രാജാവേ, ഞാന്‍ പറയാം. ഞാന്‍ അസുരാചാര്യനായ ശുക്രന്റെ പുത്രിയാണ്. ഇവള്‍ എന്റെ തോഴിയും ദാസിയുമായ ശര്‍മ്മിഷ്ഠയാണ്. ഞാന്‍ പോകുന്നിടത്തും, വാഴുന്നിടത്തും പോരുന്ന സഖിയാണ് ഇവള്‍. ദൈതൃരാജാവായ വൃഷപര്‍വ്വാവിന്റെ പുത്രിയാണിവള്‍.
യയാതി പറഞ്ഞു; ഇത്ര നല്ല ഒരു കന്യക, സൗന്ദര്യവതിയായ രാജപുത്രി, എങ്ങനെ നിന്റെ സഖിയും ദാസിയുമായി?
ദേവയാനി പറഞ്ഞു: ഹേ നരശ്രേഷ്ഠ! എല്ലാവരും വിധിയെ പിന്തുടരുകയാണ്. വിധിയോഗമാണ് അത് എന്നു വിചാരിക്കുക. അതിനെക്കുറിച്ച് ഇപ്പോള്‍ വിസ്തരിക്കുന്നില്ല. രാജാവിന് തുല്യമായ രൂപവേഷങ്ങളും ബ്രാഹ്മിയായ വാക്കും ഭവാനുണ്ട്. അങ്ങ് ഒരു രാജാവാണെന്നു ഞങ്ങള്‍ വിചാരിക്കുന്നു. ഏതു രാജ്യത്തു നിന്നായിരിക്കും അങ്ങു വരുന്നത്? ആരുടെ പുത്രനാണ് ഭവാന്‍ എന്നറിയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
യയാതി പറഞ്ഞു: ബ്രഹ്മചര്യത്തില്‍ വേദങ്ങളൊക്കെ പഠിച്ചറിഞ്ഞ രാജാവാണ് ഞാന്‍. രാജപുത്രനാണ്. യയാതി എന്നാണ് എന്റെ പേര്.
ദേവയാനി പറഞ്ഞു: ഹേ രാജാവേ! ഭവാന്‍ എന്തു കാര്യം നിര്‍വ്വഹിപ്പാനാണാവോ ഇത്രത്തോളം എഴുന്നള്ളിയത്? താമരപ്പൂ പറിക്കാനാകുമോ? അതോ മൃഗയാവിനോദത്തിനോ?
യയാതി പറഞ്ഞു: വേട്ടയാടി ദാഹിച്ചതു മൂലം ജലം അന്വേഷിച്ചു വന്നതാണ്. ഞാന്‍ അല്പമൊന്നു വിശ്രമിക്കട്ടെ! അതിന് അനുവാദം തന്നാലും!
ദേവയാനി പറഞ്ഞു: ഈ കാണുന്ന രണ്ടായിരം ദാസിമാരായ കന്യകമാരോടു കൂടി, പ്രധാന ദാസിയായ ശര്‍മ്മിഷ്ഠയോടു കൂടി, ഞാന്‍ ഭവാന്റെ അധീനത്തിലായിരിക്കുന്നു! അങ്ങ് എന്റെ സഖാവും, ഇഷ്ടനായ ഭര്‍ത്താവും ആകണമെന്ന് അപേക്ഷിക്കുന്നു.
യയാതി പറഞ്ഞു: ഹേ, ശുക്രപുത്രീ, ഞാന്‍ ഭവതിയോടു ചേരുവാന്‍ തക്കവനല്ലല്ലോ! രാജാക്കന്മാര്‍ നിന്റെ അച്ഛനോടു ചാര്‍ച്ചയ്ക്ക് ഒത്തവരല്ലല്ലോ?
ദേവയാനി പറഞ്ഞു: ബ്രാഹ്മം ക്ഷാത്രത്തോടു ചേരും. ക്ഷാത്രം ബ്രാഹ്മത്തോടും ചേരും. ഭഖാന്‍ ഋഷിയും ഋഷിപുത്രനുമാണ്. ഹേ നഹുഷപുത്ര! നീ എന്നെ വേട്ടാലും! ക്ഷത്രിയരുടെ പുനരുദ്ധാരണം ബ്രാഹ്മണരെക്കൊണ്ടാണ്. ലോപാമുദ്ര തുടങ്ങിയ ക്ഷത്രിയ കന്യകമാരില്‍ ബ്രാഹ്മണോല്‍പത്തി ഉണ്ടായിട്ടുണ്ട്. നാ പൂര്‍വ്വന്മാരുടെ കഥ നോക്കുക.
യയാതി പറഞ്ഞു: ഒരേ ഒരു ദേഹത്തില്‍ നിന്നാണ് നാലു ജാതിയും ഉണ്ടായത്. ഹേ, വരാംഗനേ! എന്നാലും ഓരോന്നിനും ധര്‍മ്മം വേറെയാണ്. ശുദ്ധി വേറെയാണ്. ഇവരില്‍ ശ്രേഷ്ഠന്‍ ബ്രാഹ്മണനാണ്.
ദേവയാനി പറഞ്ഞു: എന്നെ മറ്റൊരു പുരുഷനും പാണിഗ്രഹണം ചെയ്തിട്ടില്ല. മുമ്പേ നീ എന്റെ പാണി ഗ്രഹിച്ചു. അതുകൊണ്ട് ഞാന്‍ ഭാവാനെ വരിച്ചിരിക്കുന്നു. ഋഷിനന്ദനനോ സാക്ഷാല്‍ ഋഷിയോ ആയ ഭവാന്‍ കൈപിടിച്ചിരിക്കെ ധീരയായ എന്റെ കരം മറ്റൊരു പുരുഷന്‍ തൊടുന്നതാണോ?
യയാതി പറഞ്ഞും; ക്രോധിക്കുന്ന പാമ്പിനേക്കാളും, ചുറ്റും കത്തി ജ്വലിക്കുന്ന തീയിനേക്കാളും ദുരാധര്‍ഷനാണ് ബ്രാഹ്മണനെന്ന്, വിപ്രനെന്ന് അറിവുള്ളവനാണു ഞാന്‍.
ദേവയാനി പറഞ്ഞു: ക്രോധിച്ച പാമ്പിനേക്കാള്‍, കത്തിക്കാളുന്ന തീയിനേക്കാള്‍ ദുരാധര്‍ഷനാണു ബ്രാഹ്മണനെന്നു ഭവാന്‍ പറഞ്ഞത് എന്തു കൊണ്ടാണ്?
യയാതി പറഞ്ഞു; പാമ്പു കടിച്ചാല്‍ കടിയേറ്റവന്‍ മാത്രംകൊല്ലപ്പെടുന്നു. അതേല്ക്കുന്നവനെ മാത്രം കൊല്ലുന്നു. എന്നാൽ കോപിച്ച ബ്രാഹ്മണന്‍ നാടടച്ചു മുടിക്കും. അതു കൊണ്ട് വിപ്രന്‍ ദുരാധര്‍ഷനാണെന്നാണ് എന്റെ മതം. അച്ഛന്‍ സമ്മതിച്ചു നല്കാതെ ഞാന്‍ നിന്നെ വേള്‍ക്കുന്നതല്ല.
ദേവയാനി പറഞ്ഞു: അച്ഛന്‍ നല്കുന്ന എന്നെ ഭവാന്‍ വേള്‍ക്കുക! ഞാന്‍ വരിച്ച വരനാണ് ഭവാന്‍. തരുവാന്‍ തയ്യാറുള്ള കാര്യത്തില്‍ ചോദിക്കുവാന്‍ എന്തിന് ഭയപ്പെടുന്നു?
വൈശമ്പായനൻ പറഞ്ഞു; ഉടനെ തന്നെ ദേവയാനി പിതാവിന്റെ അടുത്തേക്ക് ആളെ വിട്ടു. ധാത്രി ചെന്നു വൃത്താന്തമെല്ലാം ശുക്രനെ ഉണര്‍ത്തിച്ചു. കേട്ട ഉടനെ രാജാവിന്റെ മുമ്പില്‍ ശുക്രന്‍ പ്രത്യക്ഷനായി. ശുക്രന്‍ വരുന്നതു കണ്ടപ്പോള്‍ യയാതി രാജാവ് മഹര്‍ഷിയെ കൈകൂപ്പി.
ദേവയാനി പറഞ്ഞു: അച്ഛാ! ഈ നില്ക്കുന്ന നഹുഷ പുത്രനായ യയാതി രാജാവ് എന്നെ കിണറ്റില്‍ നിന്നു കൈപിടിച്ചു കയറ്റിയവനാണ്. ഞാന്‍ അങ്ങയെ തൊഴുന്നു. എന്നെ അദ്ദേഹത്തിന് നല്കിയാലും. അന്യനെ ഞാന്‍ വരിക്കുന്നതല്ല.
ശുക്രന്‍ പറഞ്ഞു: ഹേ രാജാവേ, എന്റെ പ്രിയപുത്രി ഭര്‍ത്താവായി ഭവാനെ വരിച്ചു. ഞാന്‍ തരുന്ന ഇവളെ പത്നിയായി ഹേ നഹുഷപുത്ര! ഭവാന്‍ സ്വീകരിച്ചാലും!
യയാതി പറഞ്ഞു; എന്നാൽ ഈ ഒരു അധര്‍മ്മം മഹര്‍ഷേ! എന്നില്‍ വന്നുചേരും. വര്‍ണ്ണസങ്കരം വലിയ അധര്‍മ്മമല്ലേ? വര്‍ണ്ണസങ്കരം പാപമാണ്. ആ പാപം എന്നെ ബാധിക്കരുതെന്നും ഞാന്‍ അപേക്ഷിക്കുന്നു.
ശുക്രന്‍ പറഞ്ഞു; ആ അധര്‍മ്മം ഞാന്‍ ഒഴിവാക്കാം. ഇനിയും ഭവാന്‍ ആവശ്യമുള്ള വരം സ്വീകരിക്കുക. ഈ വിവാഹത്തില്‍ ഭവാന്‍ വിഷാദിക്കേണ്ടതില്ല. ഭവാന്റെ പാപം ഞാന്‍ കളയാം. ഭവാന്‍ ധര്‍മ്മപ്രകാരം രമൃയായ ദേവയാനിയെ വേട്ടാലും. ഇവളോടു കൂടി വലിയ സന്തോഷത്തോടെ ജീവിക്കുക. വൃഷപര്‍വ്വ രാജാവിന്റെ പുത്രിയായ ശര്‍മ്മിഷ്ഠയെ ആദരിക്കുക. എന്നാൽ ഭവാന്‍ അവളെ കൂടെ കിടക്കുവാന്‍ വിളിക്കരുത്.
വൈശമ്പായനൻ പറഞ്ഞു: യയാതി ശുക്രമഹര്‍ഷിയുടെ വാക്കു കേട്ട് മഹര്‍ഷിയെ വലം വെച്ച് ശാസ്ത്രോക്ത വിധിപ്രകാരം മംഗളമായി വിവാഹം ചെയ്തു. ശുക്രന്‍ നല്കിയ ധനത്തോടു കൂടി ദേവയാനിയെ സ്വീകരിച്ചു. രണ്ടായിരം കനൃകമാരോടും ശര്‍മ്മിഷ്ഠയോടും കൂടി ശുക്രന്റേയും ദൈത്യ രാജാവിന്റേയും സല്‍ക്കാരം സ്വീകരിച്ച് യയാതി അനുജ്ഞ വാങ്ങി, സസന്തോഷം സ്വന്തം രാജധാനിയില്‍ എത്തി.
82. യയാത്യുപാഖ്യാനം - ശര്‍മ്മിഷ്ഠാസ്വീകാരം - വൈശമ്പായനൻ പറഞ്ഞു: യയാതി ഇന്ദ്രനഗരിക്കു തുല്യമായ തന്റെ പുരിയില്‍ പ്രവേശിച്ചു. ദേവയാനിയെ അന്തഃപുരത്തില്‍ പ്രവേശിപ്പിച്ചു. ദേവയാനിയുടെ സമ്മതത്തോടു കൂടി വൃഷപര്‍വ്വ കുമാരിയായ ശര്‍മ്മിഷ്ഠയെ അശോകവനത്തില്‍ ഒരു ആലയം നിര്‍മ്മിച്ച് അതില്‍ ഇരുത്തി. ആയിരം ദാസികളോടു കൂടിയ ശര്‍മ്മിഷ്ഠയ്ക്ക് സുഖമായി വസ്ത്രങ്ങളും അന്നപാനാദീകളും യഥായോഗ്യം നല്കി സല്‍ക്കരിച്ചു.
ദേവയാനിയോടു കൂടി ഉര്‍വ്വീദേവേന്ദ്രനായ യയാതി വളരെ സുഖമായി ദേവതുല്യം വിഹരിച്ചു. ഋതുകാലം വന്നതിന് ശേഷം വരാംഗനയായ ദേവയാനി ഗര്‍ഭം ധരിച്ചു. അവള്‍ ഒരു കുമാരനെ പ്രസവിച്ചു. ആയിരം വര്‍ഷം ചെന്നതിന് ശേഷം ദാനവിയായ ശര്‍മ്മിഷ്ഠ യൗവനയുക്തയായി. അവള്‍ ചിന്തിച്ചു: "ഞാന്‍ ഋതുമതിയായി. എന്നെ വരിച്ച ഒരു ഭര്‍ത്താവ് എനിക്കില്ല. എന്റെ ഗതിയെന്താവും? ഞാന്‍ എന്തു ചെയ്യും ? എന്തു ചെയ്താല്‍ ശുഭം വരും. ദേവയാനിക്ക് പുത്രന്‍ പിറന്നു. എന്റെ ഈ യൌവനം കൊണ്ട് എന്തു കാര്യം? അവള്‍ അന്നു വരിച്ച വിധം ഞാനും അദ്ദേഹത്തെ വരിച്ചാലോ? രാജാവില്‍ നിന്ന് എനിക്ക് പുത്രന്‍ ജനിക്കണമെന്നാണ് എന്റെ ആഗ്രഹം. ആ ധര്‍മ്മജ്ഞനെ ഗൂഢമായി എനിക്കു കണ്ടു കിട്ടുവാന്‍ കഴിഞ്ഞെങ്കില്‍!". ഇങ്ങനെ ഓരോന്നു വിചാരിച്ച് അവള്‍, ദിവസങ്ങള്‍ കഴിച്ചു. ഒരുദിവസം യദൃച്ഛയാ രാജാവു പുറത്തേക്കു പോയി. അദ്ദേഹം അശോകവാടിയില്‍ ശര്‍മ്മിഷ്ഠയെ കണ്ടു നോക്കി നിന്നു പോയി. ഋതുസ്നാനം കഴിഞ്ഞ് അവള്‍ മെയ്യാഭരണങ്ങള്‍ അണിഞ്ഞ്, കണ്ണെഴുതി, പൊട്ടു തൊട്ട്, ചുണ്ടു ചുവപ്പിച്ച്, നല്ല വസത്രാലങ്കാരങ്ങളണിഞ്ഞ്, അംഗജന്റെ തഴപോലെ മനോഹരമായ നീണ്ട പൂമുടി അഴിച്ചു പിന്നില്‍ ചിന്നി, പൂത്തു നില്‍ക്കുന്ന ഒരു അശോകവൃക്ഷത്തിന്റെ ശാഖ കൈ പൊക്കിപ്പിടിച്ച്, തന്റെ സ്തനത്തിനൊത്ത പൂങ്കുലകളുടെ നടുവില്‍, കണ്ണാടിയില്‍ മുഖത്തിന്റെ മനോജ്ഞത നോക്കി നോക്കി രസിച്ച് മനസ്സില്‍ എന്തോ ചിന്തിച്ചു നില്ക്കുകയായിരുന്നു. പെട്ടെന്നു ശര്‍മ്മിഷ്ഠ ഒറ്റയ്ക്കു രാജാവിനെ കണ്ടു. ലജ്ജയോടെ പുഞ്ചിരി തൂകി അടുത്തു ചെന്ന് എതിരേറ്റു. അവള്‍ കൈകൂപ്പി രാജാവിനോടു പറഞ്ഞു.
ശര്‍മ്മിഷ്ഠ പറഞ്ഞു: ചന്ദ്രന്‍, ഇന്ദ്രന്‍, മാധവന്‍, യമന്‍, വരുണന്‍ എന്നിവരുടേയും ഭവാന്റേയും ഗൃഹത്തില്‍ സ്ത്രീകളെ ആര് കാണും? രൂപം, ആഭിജാത്യം, ശീലം ഇവ കൊണ്ടൊക്കെ ഭവാന്‍ എന്നെ അറിയുന്നുണ്ടല്ലോ. അങ്ങനെയുള്ള ഞാന്‍ ഭവാനെ പ്രസാദിപ്പിക്കുന്നു. ഭവാനോടു കനിഞ്ഞ് ഇരക്കുന്നു. ഞാന്‍ ഇന്ന് ഋതുസ്നാനം കഴിഞ്ഞു നില്ക്കുകയാണ്. അതിന്റെ ഫലം എനിക്ക് അങ്ങു നല്കണം.
യയാതി പറഞ്ഞു: സുശീലയാണ് ഭവതി, ദൈത്യരാജപുത്രീ, നീ എനിക്കു നന്ദിക്കത്തക്കവളാണ്. കുലീനയാണ്, സുന്ദരിയാണ്, ശുഭ്രയാണ്. സൂചിപ്പാടിനുള്ള കുറ്റം പോലും ഞാന്‍ നിന്റെ രൂപത്തില്‍ കാണുന്നില്ല. ദേവയാനിയെ വേട്ടപ്പോള്‍ ദേവാരി ഗുരുവായ ഭാര്‍ഗ്ഗവന്‍ പറഞ്ഞതു കേട്ടിട്ടില്ലേ? വൃഷപര്‍വ്വജയെ കൂടെ കിടത്തരുതെന്ന്?
ശര്‍മ്മിഷ്ഠ പറഞ്ഞു: നേരമ്പോക്കിലും, സ്ത്രീജനങ്ങളിലും, വിവാഹത്തിലും, പ്രാണനാശത്തിലും, സര്‍വ്വസ്വവും പോകുന്ന സമയത്തിലും ഇങ്ങനെ അഞ്ചു ദിക്കില്‍ മിഥ്യാവാക്കു പറയുന്നതു പാപമാവുകയില്ല. ഇക്കാര്യങ്ങള്‍ക്കായി കളവു പറയേണ്ടിവ രുന്നവന്‍ അധഃപതിച്ചവനെന്നു പറയുന്നതു ശരിയല്ല. ഞാനും ദേവയാനിയും ഭവാനെ ഒരു പോലെ സ്നേഹിക്കുന്ന സ്ഥിതിക്ക് ദേവയാനി മാത്രമാണ് എന്റെ ഭാര്യ എന്ന് അങ്ങു പറയുകയാണെങ്കില്‍ അതു മിഥ്യാ വചനമായിരിക്കും. അങ്ങനെ പറയുന്ന അസത്യം അങ്ങയുടെ അധഃപതനത്തിന് കാരണമായിരിക്കും.
യയാതി പറഞ്ഞു; ഭൂതപ്രമാണമായ രാജാവ് ഭോഷ്ക്കു പറയുന്നതായാല്‍ നശിക്കും. അര്‍ത്ഥ കൃച്ഛ്റം ഭവിക്കുന്ന സമയത്തും ഞാന്‍ അനൃതം സ്വീകരിക്കയില്ല.
ശര്‍മ്മിഷ്ഠ പറഞ്ഞു: പതിയും തോഴിയുടെ പതിയും സമമാണല്ലോ രാജാവേ! വിവാഹവും അതുപോലെ സമമാണ്. ആകയാല്‍ നം തോഴിയുടെ പതിയായ അങ്ങയോട് ഒരു വരം വരിക്കുന്നു.
യയാതി പറഞ്ഞു: ചോദിച്ചതു കൊടുക്കുക എന്ന ഒരു വ്രതം എനിക്കുണ്ട്. നീ എന്നോടു ചോദിക്കുന്നു. ശരി! ഞാന്‍ എന്തിഷ്ടമാണ് നിനക്ക് ചെയ്യേണ്ടത്?.
ശര്‍മ്മിഷ്ഠ പറഞ്ഞു: ഹേ, രാജാവേ, മൂന്നു കൂട്ടര്‍ അധനരാണ്. ഭാര്യ, ദാസന്‍, സുതന്‍ ഇവര്‍ മൂന്നു പേരും അധനരാണ്. ധനം സമ്പാദിക്കുവാന്‍ പാടില്ലാത്തവരാണ്. അവര്‍ക്കുണ്ടായ മുതലും അവരും ഉടമസ്ഥന്റെ യാണ്. ആ നിലയ്ക്കു ചിന്തിക്കുക. ദേവയാനിക്കു ഞാന്‍ ദാസിയാണ്. ആ ഭാര്‍ഗ്ഗവി ഭവാന്റെയാണ്. അവളും ഞാനും ആ നിലയ്ക്ക് അങ്ങയ്ക്കു ഗ്രാഹ്യരാണ്. അതു കൊണ്ട് ഭവാന്‍ എന്നെ ഗ്രഹിച്ചാലും. അങ്ങയെയല്ലാതെ മറ്റാരേയും ഞാന്‍ സ്വീകരിക്കയില്ല. അന്യനെ പ്രാപിക്കുക എന്ന അധര്‍മ്മത്തില്‍ നിന്ന് എന്നെ രക്ഷിച്ച് ഹേ രാജാവേ, ഭവാന്‍ എന്നില്‍ ധര്‍മ്മം പുലര്‍ത്തിയാലും. അങ്ങയാല്‍ സന്താനം നല്കപ്പെട്ട് ഞാന്‍ നന്നായി ധര്‍മ്മം നടത്താം.
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ശര്‍മ്മിഷ്ഠ പറഞ്ഞപ്പോള്‍ അതു ശരിയാണ് എന്നു ചിന്തിച്ച് രാജാവു പ്രസന്നനായി. ശര്‍മ്മിഷ്ഠയെ മാനിച്ചു ധര്‍മ്മസംസിദ്ധി നല്കി. രാജാവ് ശര്‍മ്മിഷ്ഠയോടു ചേര്‍ന്ന്, സ്നേഹത്തോടെ പരസ്പരം കാമസിദ്ധി കൈവരുത്തി സല്‍ക്കരിച്ചു. അങ്ങനെ ഇരുപേരും കാമനിര്‍വൃത്തി വരുത്തി പിരിഞ്ഞു. അപ്രകാരം നടന്ന ആ ഒന്നാമത്തെ സമാഗമത്തില്‍ രാജാവില്‍ നിന്നു ശര്‍മ്മിഷ്ഠ ഗര്‍ഭിണിയായിത്തീര്‍ന്നു യഥാകാലം കമലനേത്രയായ ശര്‍മ്മിഷ്ഠ ദേവതുല്യം തേജസ്വിയായ ഒരു കുമാരനെ പ്രസവിച്ചു.
83. യയാത്യുപാഖ്യാനം - ശുക്രശാപം - വൈശമ്പായനന്‍ പറഞ്ഞു; ശര്‍മ്മിഷ്ഠ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചതായി കേട്ട് ദേവയാനി ശര്‍മ്മിഷ്ഠയെപ്പറ്റി ചിന്തിച്ച് ആധി പൂണ്ടു. അവള്‍ക്ക് എങ്ങനെ ഗര്‍ഭമുണ്ടായി? ആരില്‍ നിന്ന്? അവള്‍ ആകുലയായി, ശര്‍മ്മിഷ്ഠയുടെ അടുത്തേക്കു ചെന്നു.
ദേവയാനി ചോദിച്ചു; എടോ ശര്‍മ്മിഷ്‌ഠേ! സുന്ദരീ, കാമലോഭങ്ങള്‍ കൊണ്ട് നീ പാപകര്‍മ്മം ചെയ്തു പോയോ? എന്താണിത്?
ശര്‍മ്മിഷ്ഠ പറഞ്ഞു; സഖീ, ഇവിടെ ധര്‍മ്മാത്മാവും ബഹുശ്രുതനുമായ ഒരു മഹര്‍ഷി എഴുന്നള്ളി. അദ്ദേഹത്തോടു. ധര്‍മ്മസിദ്ധി വരുത്തുവാന്‍ ഞാന്‍ അപേക്ഷിച്ചു. ഹേ! സുസ്മിതേ, ഞാന്‍ അന്യായമായി കാമസംതൃപ്തി വരുത്തിയതല്ല. ഈ പുത്രനെ ആ മഹര്‍ഷി തന്നതാണ്. ഞാന്‍ ഈ പറഞ്ഞതു സത്യമാണ്.
ദേവയാനി പറഞ്ഞു: അങ്ങനെയാണെങ്കില്‍ നന്നായി. നീ എന്താണ് ഭയപ്പെട്ട മട്ടില്‍ നെടുവീര്‍പ്പിടുന്നത്? എവിടെയുള്ളവനാണ് ആ വിപ്രന്‍? എന്താണദ്ദേഹത്തിന്റെ ഗോത്ര നാമം? എനിക്ക് അദ്ദേഹത്തെ അറിയണം!
ശര്‍മ്മിഷ്ഠ പറഞ്ഞു: തപസ് തേജസ്സിനാല്‍ അര്‍ക്കാഭനായ ആ മുനീന്ദ്രനെ കണ്ട മാത്രയില്‍ ചോദിക്കുവാന്‍ എനിക്കു കെല്‍പ്പുണ്ടായില്ല. ഞാന്‍ ആകെ തളര്‍ന്നു പോയി!
ദേവയാനി പറഞ്ഞു: ഇപ്രകാരമാണു സംഭവമെങ്കില്‍ എനിക്കു വൃസനിക്കേണ്ടതില്ല. സന്തോഷമേയുള്ളു. നല്ല ഒരു വിപ്രനില്‍ നിന്നാണല്ലോ നിനക്കു പുത്രനുണ്ടായത്!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം തമ്മില്‍ പറഞ്ഞു കുലുങ്ങിച്ചിരിച്ചു. പറഞ്ഞതൊക്കെ സത്യമാണെന്നു വിചാരിച്ച് ഭാര്‍ഗ്ഗവി സ്വന്തം ഗൃഹത്തില്‍ പ്രവേശിച്ചു. ദേവയാനിയില്‍ രണ്ടു സന്താനങ്ങള്‍ രാജാവു ജനിപ്പിച്ചു. യദുവും തുര്‍വ്വസുവും; ഇവര്‍ ഇന്ദ്രനും വിഷ്ണുവും എന്ന പോലെ ശോഭിച്ചു. വൃഷപര്‍വവജയായ ശര്‍മ്മിഷ്ഠയ്ക്ക് രാജാവില്‍ നിന്നു ദ്രുഹ്യു, അനു, പൂരു എന്നീ മൂന്നു സന്താനങ്ങളും ജനിച്ചു.
ഇങ്ങനെ കുറച്ചു കാലം ചെന്നപ്പോള്‍ സുമുഖിയായ ദേവയാനി യയാതിയുമൊത്തു വിനോദിക്കുവാന്‍ ആ പൂങ്കാവില്‍ച്ചെന്നു. അവിടെ ദേവാഭന്മാരായ കുട്ടികള്‍ നന്ദിച്ചു നിര്‍ഭയം കളിയാടുന്നതു കണ്ട്, ദേവയാനി ചോദിച്ചു.
ദേവയാനി പറഞ്ഞു: ദേവസുതോപമന്മാരായ ഈ കുമാരന്മാര്‍ ആരുടെയാണ്? ഭവാനോടു തുല്യമായ രൂപവും തേജസ്സും അവരില്‍ കാണുന്നതായി എനിക്കു തോന്നുന്നു.
വൈശമ്പായനൻ പഠഞ്ഞു: ഇപ്രകാരം ദേവയാനി രാജാവിനോടു ചോദിച്ചു ബാലകന്മാരെ സമീപിച്ചു.
ദേവയാനി പറഞ്ഞു: മക്കളെ, നിങ്ങളുടെ അച്ഛന്റെ പേരെന്താണ്? നിങ്ങള്‍ ഏതു വംശത്തില്‍ പിറന്നവരാണ്? അച്ഛനാരാണ്? നേരു പറയൂ! കേള്‍ക്കുവാന്‍ എനിക്കു വളരെ ഇഷ്ടമുണ്ട്.
വൈശമ്പായനൻ പറഞ്ഞു: ദേവയാനിയുടെ വാക്കു കേട്ട് അവര്‍ രാജാവിനെ ചൂണ്ടിക്കാണിച്ചു. ശര്‍മ്മിഷ്ഠ ഞങ്ങളുടെ അമ്മയാണ് എന്നും പറഞ്ഞു.
ഇപ്രകാരം പറഞ്ഞ് അവരെല്ലാവരും. രാജാവിനെ കെട്ടിപ്പുണരുവാന്‍ അരികിലേക്കു ചെന്നു. അരികില്‍ നിൽക്കുന്ന ദേവയാനിക്ക് അതു സഹിച്ചില്ല. അവളുടെ മുഖഭാവം മാറി! ദേവയാനിയുടെ സമീപത്തു വെച്ച് മക്കളെ രാജാവ് അത്ര കൊണ്ടാടിയതുമില്ല. കുട്ടികള്‍ കരഞ്ഞു കൊണ്ട് ശര്‍മ്മിഷ്ഠയുടെ അരികില്‍ ചെന്നു കുട്ടികളുടെ നില്പു കണ്ട് രാജാവു നാണിച്ചു. കുട്ടികള്‍ക്ക് അച്ഛനിലുള്ള ഇഷ്ടം മനസ്സിലാക്കി ദേവയാനി യാഥാര്‍ത്ഥ്യം ഗ്രഹിച്ച് ശര്‍മ്മിഷ്ഠയോടു പറഞ്ഞു.
ദേവയാനി പറഞ്ഞു: എന്റെ പാട്ടില്‍ നിന്നു കൊണ്ട് നീ എന്നോട് എന്താണ് അപ്രിയം കാണിക്കുവാന്‍?. ആ ദൈത്യധര്‍മ്മം തന്നെ നീ കൈക്കൊണ്ടു, അല്ലേ? എന്നെ ഭയമില്ലാതായോ?
ശര്‍മ്മിഷ്ഠ പറഞ്ഞു: അല്ലയോ ചാരുഹാസിനീ, ഞാന്‍ നിന്നോടു മുമ്പു പറഞ്ഞതു പരമാര്‍ത്ഥമാണ്. ഋഷിയാണ് കുട്ടികളുടെ അച്ഛന്‍ എന്നു മുമ്പു പറഞ്ഞതല്ലേ? ഞാന്‍ ശരിയായ ധര്‍മ്മത്തിലാണു നില്ക്കുന്നത്. അതില്‍ എനിക്ക് ഒട്ടും ഭയമില്ല. നീ വരനെ വരിച്ചപ്പോള്‍ ആ നിമിഷത്തില്‍ ഞാനും ഒപ്പം അദ്ദേഹത്തെ വരിച്ചു. സഖിയുടെ ഭര്‍ത്താവ് തനിക്കും ഭര്‍ത്താവാണ് എന്നാണു ധര്‍മ്മം! ഈ ചൊല്ലു പ്രസിദ്ധമാണല്ലോ! ഹേ ദ്വിജ നന്ദിനി, നീ എനിക്കു പൂജ്യയും, മാന്യയുമായ ജ്യേഷ്ഠത്തിയാണ്. നിന്നേക്കാള്‍ പൂജ്യതമനാണ് രാജര്‍ഷിയെന്ന് നിനക്കറിഞ്ഞു കൂടേ?
ബ്രാഹ്മണിയാകയാലും, ആദ്യ ഭാര്യയാകയാലും പുജ്യയാണ്. എന്നാൽ രാജപുത്രിയാകയാല്‍ തനിക്കാണു രാജാവിനെ സല്ക്കരിക്കുവാന്‍ കൂടുതല്‍ അര്‍ഹത എന്നു സാരം.
വൈശമ്പായനൻ പറഞ്ഞു: അവള്‍ പറഞ്ഞതു കേട്ട് ദേവയാനിയും ഇപ്രകാരം പറഞ്ഞു.
ദേവയാനി പറഞ്ഞു: ഇന്നു മുതല്‍ ഞാന്‍ ഇവിടെ വസിക്കുന്നതല്ല. ഹേ രാജാവേ, നീ എന്നോട് അപ്രിയം ചെയ്തിരിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു; ആ തന്വഅംഗീമണിയായ ദേവയാനി പിടഞ്ഞെഴുന്നേറ്റു കണ്ണുനീര്‍ പൊഴിച്ചു. അച്ഛന്റെ അടുത്തേക്കു ബദ്ധപ്പെട്ടു നടന്നു. ഇതു കണ്ട് രാജാവു നടുങ്ങി. രാജാവു പരിഭ്രമിച്ച് സാന്ത്വന വാക്കുകള്‍ പറഞ്ഞ് അവളെ പിന്തുടര്‍ന്നു. ക്രോധിച്ചു കണ്ണും ചുവപ്പിച്ച് അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു. രാജാവ് പറയുന്നതിനൊന്നും അവള്‍ മറുപടി പറഞ്ഞില്ല. അവള്‍ കണ്ണുനീരുമായി അച്ഛന്റെ അരികില്‍ ചെന്നു. അച്ഛനെ കണ്ടു വന്ദിച്ച് അഗ്രഭാഗത്തു നിന്നു. ഉടനെ രാജാവും ശുക്രമുനിയുടെ മുമ്പിലെത്തി വന്ദിച്ചു നിന്നു.
ദേവയാനി പറഞ്ഞു: അധര്‍മ്മം ധര്‍മ്മത്തെ ജയിച്ചു! എല്ലാം മേൽകീഴു മറിഞ്ഞു! വൃഷപര്‍വ്വജ എന്നേക്കാള്‍ മേലെയായി. ഈ യയാതിരാജാവ് അവളില്‍ മൂന്നു സന്താനങ്ങളെ ജനിപ്പിച്ചു. എനിക്കു രണ്ടും! അച്ഛാ! ഞാന്‍ പറഞ്ഞതു സത്യമാണ്. ഞാന്‍ ദുര്‍ഭഗയായി, ധര്‍മ്മജ്ഞനെന്നു പേരു കേട്ടവനായ ഈ രാജാവ് മര്യാദ തെറ്റി നില്ക്കുന്നു! ഹേ പിതാവേ! ഞാന്‍ ഉള്ളതാണു പറഞ്ഞത്..
ശുക്രന്‍ പറഞ്ഞു: എന്റെ മകള്‍ പറഞ്ഞതു സത്യമാണെകില്‍, നീ ധര്‍മ്മജ്ഞനായിട്ടും, നീ കാമാസക്തനായി, അധര്‍മ്മം ചെയ്തതു കൊണ്ട് നിനക്കു ജയിക്കാന്‍ വയ്യാത്ത ജര ബാധിക്കട്ടെ!
യയാതി പറഞ്ഞു: മഹര്‍ഷേ, ഭഗവാനേ, അങ്ങയ്ക്ക് എല്ലാം അറിയാമല്ലോ. ഋതുയാചന ചെയ്ത ദൈത്യേന്ദ്ര പുത്രിക്ക് ധാര്‍മ്മികമായി പുത്രദാനം ഞാന്‍ നടത്തി. മറിച്ചല്ല ചെയ്തത്.
മഹര്‍ഷേ! ഋതുകാലത്തെ യാചന നാരിക്കു സാധിപ്പിക്കാത്ത പുരുഷന്‍ ഭ്രൂണഹന്താവാണെന്ന് ബ്രഹ്മജ്ഞന്മാര്‍ പറയുന്നുണ്ടല്ലോ. ഗമൃയായ കാമിനി കാമിച്ച്, രഹസ്സില്‍ കാമപ്രാര്‍ത്ഥന ചെയ്യുമ്പോള്‍ ഗമിക്കാത്തവന്‍ ഭ്രൂണഹന്താവാണെന്ന് ആണല്ലോ പണ്ഡിതന്മാര്‍ പറയുന്നത്. ഇങ്ങനെ ഓരോ കാരണങ്ങള്‍ വേണ്ടവണ്ണം ചിന്തിച്ച് അധര്‍മ്മഭീതി മൂലം ഞാന്‍ ശര്‍മ്മിഷ്ഠയോടു ചേര്‍ന്നതാണ്.
ശുക്രന്‍ പറഞ്ഞു: ഹേ രാജാവേ, ഭവാന്‍ എന്തു കൊണ്ട് എന്നെ ചിന്തിച്ചില്ല? നീ എനിക്ക് അധീനനല്ലേ? എന്നെ അറിയിക്കേണ്ടതല്ലേ? എന്റെ അനുവാദം വാങ്ങേണ്ടതല്ലേ? നീ ചതിയാണു ചെയ്തത്.. നാഹുഷ! നീ ധര്‍മ്മചൗര്യമാണു ചെയ്തത്.
വൈശമ്പായനൻ പറഞ്ഞു: കോപിച്ചു ശുക്രന്‍ രാജാവിനെ ശപിച്ചു. ഉടനെ യയാതി തന്റെ യൗവനം വിട്ടു ജരാപീഡിതനായി.
യയാതി പറഞ്ഞു; ഹേ മഹര്‍ഷേ! എനിക്കു ദേവയാനിയുമായി യൗവന വിഷയ സുഖാനുഭവത്തില്‍ തൃപ്തി കൈവന്നിട്ടില്ല. എന്നില്‍ പ്രസാദിക്കണേ! ജര ബാധിക്കാത്തവിധം അനുഗ്രഹിക്കണേ!
ശുക്രന്‍ പറഞ്ഞു; അനൃതം പറയുകയില്ല. ഞാന്‍ പറയുന്നതു വ്യര്‍ത്ഥമാവുകയില്ല; നീ ജരയില്‍പ്പെടുക തന്നെ ചെയ്തിരിക്കുന്നു. എന്നാൽ, ഭവാന്റെ അപേക്ഷപ്രകാരം ഞാന്‍ ഈ ജര അങ്ങ് ആഗ്രഹിക്കുന്ന വിധം അന്യനിലേക്കാക്കുവാന്‍ അനുഗ്രഹിക്കുന്നു.
യയാതി പറഞ്ഞു: എന്റെ പുത്രന്മാരില്‍ ആരാണോ എനിക്കു യൗവനത്തെ നല്കുന്നത്, അവന്‍ എന്റെ കാലശേഷം രാജ്യത്തിന് അവകാശിയാകണം. മഹാ സുകൃതശാലിയും അനശ്വര കീര്‍ത്തിമാനുമാകണം. അവിടുന്നു അതിനും കൂടി അനുഗ്രഹിക്കണം..
ശുക്രന്‍ പറഞ്ഞു; ഹേ, രാജാവേ! നീ എന്നെ വിചാരിച്ച് യഥേഷ്ടം ജര മാറ്റിവെച്ചു കൊള്ളുക. അതിന് നിനക്കു സാധിക്കും. ഞാന്‍ അനുഗ്രഹിക്കുന്നു. പിന്നെ, നിനക്കു പാപം വരില്ല. നിനക്കു യൗവനം തരുന്ന പുത്രന്‍ രാജാവാകും. അവന്‍ ആയുഷ്മാനും, കീര്‍ത്തിമാനും, ബഹുസന്താനകാരിയുമായി പ്രശോഭിക്കും.
84. യയാത്യുപാഖ്യാനം - പുരുവിന്റെ ജരാസ്വികാരം - വൈശമ്പായനൻ പറഞ്ഞു: യയാതി ജര ബാധിച്ചു നരച്ചു കുരുച്ച് രാജധാനിയില്‍ ചെന്നു ചേര്‍ന്നു. അവന്‍ ശ്രേഷ്ഠനും മൂത്തപുത്രനുമായ യദുവിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
യയാതി പറഞ്ഞു: ഹേ, യദു! കുഞ്ഞേ! അച്ഛന് ശുക്രശാപം നിമിത്തം ജരയും നരയും വന്നു കൂടി. യൗവനസ്സുഖാനുഭവങ്ങളില്‍ എനിക്കു തൃപ്തി വന്നിട്ടുമില്ല മകനേ, നീ എന്റെ പാപം ജരയോടു കൂടി ഏറ്റുവാങ്ങുക. നിന്റെ യൗവനം കൊണ്ട് അച്ഛന്‍ വിഷയസുഖം അനുഭവിക്കട്ടെ. ആയിരം വര്‍ഷം ഞാന്‍ വിഷയസുഖം അനുഭവിച്ചതിന് ശേഷം യൌവനം നിനക്കു മടക്കിത്തന്ന് ജരയും, പാപവും തിരിയെ വാങ്ങിക്കൊള്ളാം.
യദു പറഞ്ഞു: ജരയ്ക്കു വളരെ ദോഷമുണ്ട്. പാനഭോജന രൂപമാണ് ആ ദോഷം. എനിക്ക് യഥേഷ്ടം തിന്നുവാനോ, കുടിക്കുവാനോ ജര ബാധിച്ചാല്‍ കഴിയാതെയാകും. അതു കൊണ്ട് അച്ഛാ, അങ്ങയടെ ജര ഞാന്‍ വാങ്ങുവാന്‍ വിചാരിക്കുന്നില്ല. താടിയും തലയും നരയ്ക്കും; ശരീരം ജര കൊണ്ട് ഉലയം; ചുളിവീഴും; സുഖമൊക്കെ പോകും: കാഴ്ച മങ്ങും; ശക്തി ക്ഷയിക്കും; ദേഹം ചടയ്ക്കും. പ്രവൃത്തിക്കു കഴിയാതാകും. സ്ത്രീകള്‍ക്കൊക്കെ ഞാന്‍ പരിഹാസ്യനാകും. കൂടെയുള്ളവര്‍ക്കും ഞാന്‍ ഹാസ്യനാകും. അതു കൊണ്ട് ജര എനിക്കു വേണ്ട. എന്നേക്കാള്‍ പ്രിയപ്പെട്ടവരായി അങ്ങയ്ക്കു പല മക്കളുമുണ്ടല്ലോ. ഹേ, ധര്‍മ്മജ്ഞ! ജര വാങ്ങിക്കുവാന്‍ അവരില്‍ ആരോടെങ്കിലും പറയുക.
യയാതി പറഞ്ഞു. എന്റെ ഔരസപുത്രനാണ് നീ. മൂത്തമകനാണ്. നീ നിന്റെ യൗവനം തരാന്‍ തയ്യാറില്ലെങ്കില്‍ നിനക്കു രാജ്യം ലഭിക്കുന്നതല്ല. നിന്റെ മക്കള്‍ക്കും കിട്ടുകയില്ല! എടോ, തുര്‍വ്വസു!! നീ എന്റെ ജരയോടു കൂടി എന്റെ പാപം ഏറ്റുവാങ്ങുക. നിന്റെ യൗവനം കൊണ്ട് ഉണ്ണീ, അച്ഛന്‍ വിഷയസുഖം അനുഭവിക്കട്ടെ! ആയിരം വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ യൗവനം തിരികെ തരാം. എന്റെ പാപത്തെ ജരയോടൊപ്പം തിരിച്ചു വാങ്ങുകയും ചെയ്യാം.
തുര്‍വ്വസു പറഞ്ഞു; അച്ഛാ! എനിക്കു വേണ്ടാ ജര. അതു കാമസൗഖ്യത്തെ കളയും. ബാലരൂപം കളയും. ബുദ്ധിശക്തി നശിപ്പിക്കും.
യയാതി പറഞ്ഞു; നീ എന്റെ ഔരസപുത്രനാണ്. നീ നിന്റെ യൗവനം തരുന്നില്ലെങ്കില്‍ തുര്‍വ്വസു! നിന്റെ സന്താനം ഉടനെ കുറ്റിയറ്റു പോകും. ആചാരത്തിലും, ധര്‍മ്മത്തിലും സങ്കരത്വമുള്ളവരായി, ശാസ്ത്രത്തിന് വിപരീതമായി നടക്കുന്നവരും, മാംസം തിന്നുന്നവരും, നീചന്മാരുമായ ജനങ്ങള്‍ വസിക്കുന്ന നാട് നീ ഭരിക്കട്ടെ. ഗുരുതല്പഗതരും ( ഗുരുപത്നിയെ പ്രാപിക്കുന്ന മഹാപാപികള്‍ ), തിര്യക് യോനിയില്‍ പുണരുന്നവരും, പശുപ്രായന്മാരുമാഥയ ജനങ്ങളുടെ നേതാവായി, മ്ലേച്ഛന്മാരുള്ള നാടു നീ ഭരിക്കും!
വൈശമ്പായനൻ പറഞ്ഞു: യയാതി തൂര്‍വ്വസുവിനു ശാപം നല്കി, ശര്‍മ്മിഷ്ഠാ സൂതനായ ദ്രുഹ്യുവിനെ അരികില്‍ വിളിച്ചു പറഞ്ഞു.
യയാതി പറഞ്ഞു; ദ്രുഹ്യു, നീ എന്റെ വര്‍ണ്ണരൂപം നശിപ്പിച്ച ഈ ജരയെ ഏറ്റെടുക്കുക. ഒരായിരം വര്‍ഷം കഴിഞ്ഞ് അതു ഞാന്‍ മടക്കി വാങ്ങിക്കൊള്ളാം. അപ്പോള്‍ നിന്റെ യൗവനം ഞാന്‍ തിരികെ തരികയും ചെയ്യാം. പാപം ഏറ്റുവാങ്ങുകയും ചെയ്യാം.
ദ്രുഹ്യു പറഞ്ഞു: ജര ബാധിച്ചാല്‍ എനിക്ക് ആനപ്പുറത്തു കയറുവാനോ, കുതിര സവാരി ചെയ്യുവാനോ കഴിയുകയില്ല. സ്ത്രീസുഖവും ലഭിക്കയില്ല. വാക്കുകള്‍ ഇടറാതെ സംസാരിക്കുവാന്‍ കഴിയുകയില്ല. അതു കൊണ്ട് ഈ ജര എനിക്കു വേണ്ടാ അച്ഛാ!
യയാതി പറഞ്ഞു; എന്റെ ഔരസപുത്രനായ നീ നിന്റെ യൗവനം എനിക്കു തരുവാന്‍ തയ്യാറില്ലാത്തതു കൊണ്ട് ഹേ, ദ്രുഹ്യു! നിന്റെ ഇഷ്ടമായ കാമം സാധിക്കുന്നതല്ല. കുതിര വലിക്കുന്ന തേരും, ആനയും, കുതിരയും, പീഠകങ്ങളും, ഗര്‍ദ്ദഭങ്ങളും, ആടും, മാടും, പല്ലക്കും ഒന്നും ലഭിക്കാതെ, വെള്ളത്തില്‍ പൊങ്ങുതടി കൊണ്ടു മാത്രം സഞ്ചരിച്ചു ജീവിക്കുന്നവരുടെ നാട്ടില്‍ ഭൂപനല്ലാത്ത ഭോജനായി കുലത്തോടു കൂടി വാഴുമാറാകും!
വൈശമ്പായനന്‍ പറഞ്ഞു; യയാതി അനുവിനെ വിളിച്ചു പറഞ്ഞു: കനു, നീ എന്റെ പാപം ജരയോടൊത്ത് ഏറ്റ് വങ്ങുക! ആയിരം വര്‍ഷം ഞാന്‍ നിന്റെ യൗവനം കൊണ്ട് സുഖിക്കട്ടെ.
അനു പറഞ്ഞു: ജരബാധിച്ചാല്‍ ബലന്മാരെപ്പോലെ വൃത്തികേടായി ഭക്ഷണം കഴിക്കും. അപ്പോള്‍ അന്നം അശുദ്ധമാകും. യഥാകാലം അഗ്നിഹോമാദികള്‍ നടത്തുവാന്‍ കഴിയാതാകും. എനിക്കു ജര വേണ്ടാ.
യയാതി പറഞ്ഞു: എന്റെ ഔരസപുത്രനാണ് നീ. നീ നിന്റെ യൗവനം തരാതിരിക്കുന്നതു കാരണം എടോ, അനൂ! ജരാദോഷത്തെക്കുറിച്ചു പറഞ്ഞൊഴിയുന്ന നിനക്ക്, ഉണ്ടാകുന്ന സന്തതി യൗവന യുക്തനായി തീരുന്ന കാലത്ത് അകാല ചരമം പ്രാപിക്കും. നീ വൈദിക കര്‍മ്മങ്ങള്‍ കൈവിട്ട് അഗ്നിപൂജകള്‍ മുടക്കുന്ന പാപിയായി സഞ്ചരിക്കും.
വൈശമ്പായനൻ പറഞ്ഞു: അതിന് ശേഷം പൂരുവിനെ അരികില്‍ വിളിച്ച് യയാതി പറഞ്ഞു.
യയാതി പറഞ്ഞു: എടോ, പുരൂ! നീ എന്റെ ഇഷ്ട പുത്രനാണ്. നീ മഹായോഗ്യനായി വരും. എനിക്ക്. ഇപ്പോള്‍ ജരയും ചുളിയും നരയും വന്നു കൂടിയിരിക്കുന്നു, ശുക്രന്റെ ശാപം കാരണം യൗവനത്തില്‍ തൃപ്തി വന്നതുമില്ല. നീ എന്റെ പാപത്തെ ജരയോടു കൂടി ഏറ്റു വാങ്ങുക. ഒട്ടുനാള്‍ നിന്റെ കൂവനം വാങ്ങി ഞാന്‍ വിഷയസുഖം അനുഭവിക്കട്ടെ. ആയിരം വര്‍ഷം ചെന്നാല്‍ ഞാന്‍ യൗവനം തിരികെ തരാം. എന്റെ പാപത്തോടു കൂടി ജരയെ തിരിച്ചു വാങ്ങുകയും ചെയ്യാം.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യയാതി പറഞ്ഞപ്പോള്‍ പുരു അച്ഛനോട് പറഞ്ഞു.
പൂരു പറഞ്ഞു: ഹേ മഹാരാജാവേ, ഭവാന്‍ പറയുന്ന വിധം ഞാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ ഭവാന്റെ പാപത്തോടു കൂടി ജരയെ ഏറ്റെടുക്കുന്നു. എന്റെ യൗവനത്തെ ഭവാന്‍ വാങ്ങുക. വേണ്ടുവോളം കാമസൗഖ്യങ്ങള്‍ അനുഭവിക്കുക. ജരപൂണ്ട ഭവാന്റെ വൃദ്ധരുപം സ്വീകരിച്ച്, ഭവാന് യൗവനം തന്ന്, കല്പന പ്രകാരം ഞാന്‍ നടന്നു കൊള്ളാം.
യയാതി പറഞ്ഞു: പൂരു! ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. പ്രീതിയോടു കൂടി ഞാന്‍ അനുഗ്രഹം നല്കുന്നു. ഞാന്‍ എന്റെ പ്രായവും രൂപവും നിനക്കു തരുന്നു. നിന്റെ നാട്ടില്‍ ലോകരൊക്കെ സര്‍വ്വകാമ സമ്പൂര്‍ണ്ണരായിത്തീരട്ടെ.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് യയാതി ശുക്രനെ സ്മരിച്ചു. മഹാത്മാവായ പൂരുവില്‍ തന്റെ ജരയെ കയറ്റി.
85. യയാത്യുപാഖ്യാനം സമാപ്തി - പൂരു രാജ്യാഭിഷേകം - വൈശമ്പായന്‍ പറഞ്ഞു: നഹുഷ പുത്രനായ യയാതി പൂരുവിന്റെ യൗവനം വാങ്ങി വിഷയസുഖം നേടി. മോഹംപോലെ, ഉത്സാഹംപോലെ, കാലംപോലെ, സുഖംപോലെ, ധര്‍മ്മം തെറ്റാത്ത വിധം, രാജോചിതമായ വിധം, സുരരെ യജ്ഞം കൊണ്ട് തര്‍പ്പിച്ച്, പിതൃക്കളെ ശ്രാദ്ധത്താല്‍ തര്‍പ്പിച്ച്, അനുഗ്രഹത്താല്‍ ദീനരെ സന്തോഷിപ്പിച്ച്, ഇഷ്ടദാനത്താല്‍ ദ്വിജ്രേന്ദരെ മോദിപ്പിച്ച് അന്നപാന ദാനത്താല്‍ പാന്ഥരെ കുളുര്‍പ്പിച്ച്, അന്നത്താല്‍ വൈശ്യരെ പ്രീതിപ്പെടുത്തിയ യാതി രാജാവ് നന്നായി രാജ്യം ഭരിച്ചു.
കരുണകൊണ്ടു പാദജരെയും, വധംകൊണ്ടു കൊള്ളക്കാരെയും, ധര്‍മ്മംകൊണ്ടു പ്രജകളെയും യഥാവിധം രഞ്ജിപ്പിച്ചു. അങ്ങനെ യയാതി ഇന്ദ്രനെപ്പോലെ രാജ്യം പാലിച്ചു. സിംഹവിക്രമനായ ആ രാജസിംഹന്‍ യൗവന വൃത്തിയില്‍ ധര്‍മ്മം തെറ്റാതെ ഉത്തമമായ വിഷയസുഖം അനുഭവിച്ചു. ശുഭമായ കാമങ്ങളെ അനുഭവിച്ചു. പിന്നെ ഖിന്നനായി. ആയിരം വര്‍ഷം വേഗത്തില്‍ കഴിഞ്ഞു പോയോ എന്നു വിചാരിച്ച് രാജാവ് കലാകാഷ്ഠാദി ഭേദങ്ങള്‍ കണക്കാക്കി. യൗവനത്തോടെ ആയിരം വര്‍ഷം ഊഴി വാണ രാജാവ് നന്ദനപ്പൂവനത്തില്‍ വിശ്വാചിയെന്ന പ്രസിദ്ധ അപ്സരസ്ത്രീയുമായി ആനന്ദപൂര്‍വ്വം ക്രീഡിച്ചു. അളകയിലും, മേരുപർവ്വതത്തിലും ആ ധര്‍മ്മശീലനായ മന്നവേന്ദ്രന്‍ അവളുമൊത്തു ക്രീഡിച്ചു. അങ്ങനെ ആയിരം വര്‍ഷം പോയതറിഞ്ഞില്ല. കാലം പൂര്‍ണ്ണമായപ്പോള്‍ യയായി പൂരുവിനെ അതികില്‍ വിളിച്ചു പറഞ്ഞു.
യയാതി പറഞ്ഞു: പുത്ര, ഞാന്‍ ഇഷ്ടംപോലെ, ഉത്സാഹംപോലെ, കാലാനുസരണമായി, നിന്റെ യൗവനത്തിന്റെ പ്രഭാവത്താല്‍ സുഖം അനുഭവിച്ചു. കാമാനുഭവത്താല്‍ കാമത്തെ ശമിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ കഴികയില്ലെന്നു ഞാന്‍ അനുഭവത്തില്‍ നിന്നു മനസ്സിലാക്കി. ഹവിസ്സ് കൊണ്ട് അഗ്നി വര്‍ദ്ധിക്കുകയല്ലാതെ അത് അടങ്ങാത്തതു പോലെ സുഖാനുഭവം കൊണ്ട് സുഖം മതിയാകുന്നതല്ലെന്നും. അറിഞ്ഞു. ലോകത്തിലുള്ള സകല സ്വര്‍ണ്ണവും, സകലസുന്ദരികളും, സകല ഗോധനവും ഒരാളുടെ സുഖാസക്തി ശമിപ്പിക്കുവാന്‍ പോരാ എന്നുള്ള പരമാര്‍ത്ഥം ഞാന്‍ ധരിച്ചു. അതു കൊണ്ട് തൃഷ്ണയെ നശിപ്പിക്കുകയാണു വേണ്ടത്. തൃഷ്ണയെ കൈവിടുവാന്‍ മൂഢന്മാര്‍ക്ക് കഴിയുകയില്ല. അഗ്നിയിലിട്ടാലും ദഹിക്കാത്തതാണത്. പ്രാണന്‍ പോകുന്നതു വരെ വിട്ടു പിരിയാത്ത രോഗമാണ് തൃഷ്ണ. അതു വെടിഞ്ഞവനേ സുഖം ലഭിക്കുകയുള്ളു! വിഷയത്തില്‍ ക്രമിച്ച് ആയിരം വര്‍ഷം കഴിഞ്ഞത് ഞാന്‍ അറിഞ്ഞില്ല. എന്നിട്ടും തൃഷ്ണ വര്‍ദ്ധിക്കുന്നേയുള്ളു; ലേശംപോലും കുറയുന്നില്ല. ഈ പരമാര്‍ത്ഥം അറിഞ്ഞ ഞാന്‍ തൃഷ്ണയെ വിട്ട് ബ്രഹ്മത്തില്‍ കരള്‍ വെയ്ക്കുകയാണ്! നിര്‍ദ്വന്ദ്വവും, നിര്‍മ്മമവും, സ്വാന്തവുമായി ഞാന്‍ മൃഗങ്ങളോടു കൂടി വനത്തില്‍ വസിക്കുവാന്‍ പോകുന്നു.
എടോ, പൂരൂ! ഞാന്‍ നിന്റെ ത്യാഗത്തില്‍ സന്തോഷിക്കുന്നു. നിനക്കു നല്ലതു വരട്ടെ! യൗവനം എന്റെ കൈയില്‍ നിന്നു തിരിച്ചു വാങ്ങുക. ഈ രാജ്യവും നീ എന്നില്‍ നിന്നു സ്വീകരിക്കുക. നീ എന്റെ പ്രിയപ്പെട്ട പുത്രനാണ്.
വൈശമ്പായനൻ പറഞ്ഞു: യയാതി പുത്രന്റെ കൈയില്‍ നിന്നു ജര ഏറ്റു വാങ്ങി കാട്ടില്‍ തപസ്സിനായി പ്രവേശിച്ചു. പൂരു വീണ്ടും യൗവനം വാങ്ങി പ്രശോഭിച്ചു. കനിഷ്ഠസുതനായ പൂരുവിന് രാജ്യം നല്കി. ഈ സന്ദര്‍ഭത്തില്‍ യയാതി രാജാവിനോട്, നാട്ടുകാരും വിപ്രന്മാര്‍ മുതലായവരും ചോദിച്ചു.
നാട്ടുകാര്‍ പറഞ്ഞു: ശുക്രപൗത്രനും, ദേവയാനീസുതനുമായ യദു ജ്യേഷ്ഠനായിരിക്കെ കനിഷ്ഠപുത്രനായ പൂരുവിന് രാജ്യം നല്കുവാന്‍ എന്താണു കാരണം? യദു, തുര്‍വ്വസു, പിന്നെ ശര്‍മ്മിഷ്ഠയുടെ പുത്രരായ ദ്രുഹ്യു, അനു ഇവരൊക്കെ കഴിഞ്ഞിട്ടല്ലേ പൂരു? അവന്‍ ഇളയവനുമല്ലേ? ജ്യേഷ്ഠരെ വിട്ട് അനുജന്‍ എങ്ങനെ രാജാവാകുവാന്‍ അര്‍ഹനായി? അങ്ങു ധര്‍മ്മം പാലിക്കുന്ന രാജാവല്ലേ? കാര്യം അറിയുവാന്‍ ചോദിക്കുകയാണ്.
യയാതി പറഞ്ഞു: ഹേ മാന്യരേ, വിപ്രാദ്യന്മാരേ! നിങ്ങള്‍ എല്ലാവരും കേള്‍ക്കുവിന്‍. ജ്യേഷ്ഠന്മാര്‍ക്കു രാജ്യം നല്കാതിരിക്കുവാനുള്ള കാരണം ഞാന്‍ പറയാം. ജ്യേഷ്ഠനായ യദു എന്റെ ആജ്ഞ തീരെ കൂട്ടാക്കിയില്ല. അച്ഛനുമായി പ്രതികൂലിക്കുന്ന പുത്രന്‍ പുത്രനല്ല. പുത്രസ്ഥാനത്തിന് അര്‍ഹനല്ല. അതു നിശ്ചയമാണ്. സത്തുക്കളുടെ മതം അതാണ്. മാതാപിതാക്കള്‍ക്ക് എപ്പോഴും ഹിതവും പത്ഥ്യവും ചെയ്തു ജീവിക്കുന്ന പുത്രനാണ് പുത്രന്‍. മാതാപിതാക്കള്‍ക്കു താങ്ങും തണലുമായിനിലക്കുന്നവനാണ് സുതന്‍! യദു ആദ്യം എന്നെ നിന്ദിച്ചു; തുര്‍വ്വസുവും എന്നെ നിന്ദിച്ചു; ദ്രുഹ്യുവും അനുവും എന്നില്‍, നിന്ദ തന്നെ കാണിച്ചു. പൂരുവാണെങ്കിലോ ഉത്തമ മിത്രത്തെപ്പോലെ ആദരിക്കുകയും, ഞാന്‍ പറഞ്ഞ വിധം ചെയ്യുകയും, എന്നെ സല്‍ക്കരിക്കുകയും ചെയ്തു. അതു കൊണ്ട് എന്റെ പിന്‍തുടര്‍ച്ചയ്ക്ക് അര്‍ഹന്‍ അവനാണ്. ഇളയവനാണെങ്കിലും എന്നില്‍ കനിഞ്ഞ് എന്റെ ജര ഏറ്റു വാങ്ങിയവന്‍ അവനാണല്ലോ. എന്റെ കാമം സാധിപ്പിച്ചത് അവനാണല്ലൊ. ശുക്രമുനി എനിക്ക് ഇതില്‍ ഒരു വരം തന്നിട്ടുണ്ട്. നിന്റെ ഇഷ്ടം നോക്കുന്ന പുത്രന്‍ രാജ്യത്തിന്റെ നായകനാകും എന്ന്. അതു കൊണ്ട് നിങ്ങള്‍ എല്ലാവരും പൂരുവിനെ രാജാവാക്കുന്നതില്‍ സമ്മതിച്ചാലും!
നാട്ടുകാര്‍ പറഞ്ഞു: മാതാപിതാക്കള്‍ക്കു ഹിതം ഏതു പുത്രന്‍ ചെയ്തുവോ, അവന്‍ ഇളയവനായാലും എല്ലാ മംഗളങ്ങള്‍ക്കും പത്രമാകും. ഹേ രാജാവേ, ഭവാന്റെ ഇഷ്ടം ചെയ്യുന്ന ഈ പൂരു തന്നെയാണ് രാജ്യത്തിന് അര്‍ഹനായ പുത്രന്‍. പിന്നെ ശുക്രന്റെ വരമുണ്ടെങ്കില്‍ പറയേണ്ടതില്ലല്ലോ!
വൈശമ്പായനൻ പറഞ്ഞു: പൗരന്മാരും, ജാനപദന്മാരുംഇപ്രകാരം പറഞ്ഞപ്പോള്‍ പൂരുവിനെ രാജാവായി അഭിഷേകം ചെയ്തു. യയാതി രാജ്യം പൂരുവിന് നല്കി, വാനപ്രസ്ഥം സ്വീകരിച്ചു കാട്ടില്‍ പോകുവാന്‍ തീരുമാനിച്ചു. അനവധി വിപ്രര്‍ഷിമാരോടു കൂടി യയാതി പുരം വിട്ടു പറപ്പെട്ടു. യദുവില്‍ നിന്നു യാദവവംശവും, തുര്‍വ്വസുവില്‍ നിന്നു യവനന്മാരും, ദ്രുഹ്യുവില്‍ നിന്നു ഭോജവംശവും അനുവില്‍ നിന്നു മ്ലേച്ഛന്മാരും ഉണ്ടായി. പൂരുവിന്റെ വംശമാണ് പൗരവവംശം. ഹേ, ജനമേജയ! ഭവാന്‍ പൂരുവിന്റെ വംശത്തില്‍ പിറന്നവനാണ്. ആയിരം വര്‍ഷം ഭൂമി ഭരിക്കുവാന്‍ തക്ക കെല്പുള്ള ജിതേന്ദ്രിയനാണ് ഭവാന്‍.
86. ഉത്തരയയാതം - യയാതിയുടെ തപസ്സ് - വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം യയാതി തന്റെ ഇഷ്ട പുത്രനായ പൂരുവിനെ രാജാവാക്കി വാഴിച്ച് വാനപ്രസ്ഥനായി മുനിയായിത്തിര്‍ന്നു. ഫലമൂലങ്ങള്‍ ഭക്ഷിച്ച്, പല മുനിമാരോടു കൂടി കാട്ടില്‍ തപസ്സു ചെയ്ത്, ആ രാജാവ് സ്വര്‍ഗ്ഗം പ്രാപിച്ചു. സ്വര്‍ഗ്ഗലോകത്തില്‍ എത്തി. മുഖ്യമായ സൗഖ്യങ്ങള്‍ അനുഭവിച്ചു വളരെനാള്‍ സ്വര്‍ഗ്ഗം വാണു കൊണ്ടിരിക്കെ ഇന്ദ്രന്‍ യയാതിയെ സ്വര്‍ഗ്ഗത്തില്‍ നിന്നു കീഴ്പോട്ടു വീഴ്ത്തി. സ്വര്‍ഗ്ഗത്തില്‍ നിന്നു ഭ്രംശിച്ചു പതിക്കുമ്പോള്‍ ഭുമിയിൽ എത്തുന്നതിന് മുമ്പു തന്നെ വീഴാതെ ആകാശത്തു സ്ഥിതി ചെയ്തു എന്നാണു കേട്ടിട്ടുള്ളത്. ഉടനെ പിന്നേയും സ്വര്‍ഗ്ഗത്തിലേക്കു തന്നെ ഉയര്‍ന്നു എന്നുമാണ് കേള്‍വി. യയാതി പിന്നെ വസുമനസ്സ്, അഷ്ടകന്‍, പ്രദര്‍ദ്ദനന്‍, ശിബി എന്നിവരോടു കൂടി ചേര്‍ന്നു എന്നാണു കേട്ടിട്ടുള്ളത്.
ജനമേജയൻ പറഞ്ഞു: എന്തു കര്‍മ്മം കൊണ്ടാണ് യയാതി രാജാവ് വിണ്ടും സ്വര്‍ഗ്ഗം പ്രാപിച്ചത്? അതൊക്കെ ഒന്നു വിസ്തിരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിപ്രരുടേയും ഋഷിമാരുടേയും മദ്ധ്യത്തില്‍ എല്ലാ കഥകളും വിസ്തിരിച്ചു പറഞ്ഞാലും! ദേവേന്ദ്രനോടു തുല്യനായ യയാതിയുടെ, അഗ്നിസമ പ്രഭനായ ആ, കുരുവംശ പ്രദീപത്തിന്റെ, ഭൗമവും ദിവ്യവുമായ ചരിത്രങ്ങളെല്ലാം പറഞ്ഞാലും!
വൈശമ്പായനൻ പറഞ്ഞു: ഞാന്‍ യയാതിയുടെ സല്‍ക്കഥ പറയാം. ആ കഥ കേള്‍ക്കുന്നവന് വിണ്ണിലും മന്നിലും പുണ്യം സിദ്ധിക്കും, പാപം നശിക്കുകയും ചെയ്യും.
നഹുഷപുത്രനായ. യയാതി രാജാവ് തന്റെ ഒടുവിലത്തെ പുത്രനായ പൂരുവിനെ രാജ്യാഭിഷേകം ചെയ്യിച്ചു, രാജ്യാതിര്‍ത്തികളില്‍ യദു മുതലായവരെ നിയമിച്ചു. അതിനു ശേഷം വനവാസം സ്വീകരിച്ചു, ഫലമൂലങ്ങള്‍ ഭക്ഷിച്ച് കാട്ടില്‍ വളരെ നാള്‍ ജീവിച്ചു. ജിതാത്മാവും ജിതക്രോധനും പിതൃദൈവത പൂജകനുമായി യയാതി വാന്പ്രസ്ഥന്റെ നിലയില്‍ വന്യഹവിസ്സു കൊണ്ട് അഗ്ന്യാഹുതി കഴിച്ചു അതിഥികളെ പൂജിച്ചു. പാറമേല്‍ നിന്നു നെന്മണി പെറുക്കി ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്തു. ശേഷം ഭക്ഷിച്ചു. ഇങ്ങനെ കാട്ടില്‍ ആയിരം വര്‍ഷം പിന്നേയും ജീവിച്ചു. മൗനവ്രതം പൂണ്ടു ജലം മാത്രം കഴിച്ച് മുപ്പതു വര്‍ഷം ജീവിച്ചു. പിന്നെ ഒരു വര്‍ഷം വായു മാത്രം ഭക്ഷിച്ചു ജീവിച്ചു. ആ സ്ഥിതിയില്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ നിന്ന് ഒരു വര്‍ഷം തപസ്സു ചെയ്തു. ഒറ്റക്കാലില്‍ നിന്ന് ആറു മാസം വായു മാത്രം ഭക്ഷിച്ചു തപസ്സു ചെയ്തു. അതിന് ശേഷം പുണ്യകീര്‍ത്തിമാനായ്, യയാതി സ്വര്‍ഗ്ഗം പ്രാപിച്ചു.
87. ഉത്തരയയാതം - യയാതിവാക്യം - വൈശമ്പായനന്‍ പറഞ്ഞു: ആ രാജാവ് സ്വര്‍ഗ്ഗത്തില്‍ എത്തി സുരഗേഹത്തില്‍ വാണു. ദേവസാദ്ധ്യ മരുത്തുക്കളും വസുവര്‍ഗ്ഗങ്ങളും യയാതിയെ അര്‍പ്പിച്ചു. ദേവലോകം, ബ്രഹ്മലോകം ഇവയില്‍ ആ പുണ്യവാന്‍ പ്രവേശിച്ച് മഹാസൗഖ്യത്തോടെ ദീര്‍ഘകാലം വാണു എന്നാണ് കേള്‍വി. ഒരു ദിവസം പുണ്യവാനായ യയാതി പുരന്ദരന്റെ സമീപത്തിരുന്ന് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കെ, ആ ദേവരാജാവ് ഇപ്രകാരം ചോദിച്ചു.
ഇന്ദ്രന്‍ പറഞ്ഞു: ഭവാന്റെ രൂപത്തെ ഏറ്റുവാങ്ങി പണ്ട് പൂരു ജരാനരകള്‍ ബാധിച്ച് ഭൂമിയില്‍ വാണതിന് ശേഷം അവന് ഭവാന്‍ രാജ്യപദം കൊടുത്തിട്ട് എന്താണു പറഞ്ഞത്? സത്യമായ ആ വാക്കുകള്‍ കേള്‍ക്കുവാന്‍ ഞന്‍ ആഗ്രഹിക്കുന്നു.
യയാതി പറഞ്ഞു: പൂരു! നിന്റെ നാട് ഗംഗാ യമുനകള്‍ക്ക് ഇടയില്‍ കിടക്കുന്നു. നീ മന്നിന്റെ നടുക്ക് മന്നവനായി വാഴുക. അതിര്‍ത്തി നിന്റെ അഗ്രജന്‍ കാത്തു കൊള്ളും.
പൂരു, കോപം നിന്നില്‍ ഇല്ലാതിരിക്കണം. കോപിക്കുന്നവനേക്കാള്‍ ശ്രേഷ്ഠന്‍ കോപം ഇല്ലാതിരിക്കുന്നവനാണ്. ക്ഷമയുള്ളവന്‍ ക്ഷമയില്ലാത്തവനേക്കാള്‍ ശ്രേഷ്ഠനാണ്. മനുഷ്യരല്ലാത്തവരേക്കാള്‍ ശ്രേഷ്ഠനാണ് മനുഷ്യന്‍. അതുപോലെ തന്നെ അറിവില്ലാത്തവനേക്കാള്‍ അറിവുള്ളവന്‍ ശ്രേഷ്ഠനാണെന്ന് നീ ധരിക്കണം.
തന്നെ ശകാരിക്കുന്നവരെ അങ്ങോട്ടു ശകാരിക്കരുത്. ക്ഷമയുള്ളവന്റെ താപം തന്നെ ശകാരിക്കുന്നവനെ ദഹിപ്പിക്കും. നിന്ദിക്കുന്നവന്റെ സുകൃതത്തെ ക്ഷമാവാന്‍ നേടുകയും ചെയ്യും. മര്‍മ്മത്തില്‍ കുത്തുന്ന മാതിരിയുള്ള ക്രൂരമായ വാക്ക് ആരിലും പ്രയോഗിക്കരുത്. ആഭിചാരാദികളായ ദുഷ്കര്‍മ്മങ്ങളോ, മറ്റു നീച പ്രവൃത്തികളോ ചെയ്തു അന്യരേയോ, ശത്രുക്കളേയോ വശത്താക്കുവാന്‍ ശ്രമിക്കരുത്. അന്യന് മനോവേദന ഉണ്ടാക്കുന്ന വാക്ക് ഹിംസയാണ്, പാപമാണ്. അത് ആരിലും പാടില്ല. അങ്ങനെ മുള്ളു വാക്കു പറയുന്നവന്റെ മുഖത്ത് അധിവസിക്കുന്നത് ശ്രീയല്ല; രാക്ഷസിയാണ്. അവന്‍ അശ്രീകരനാണ് എന്നു മനസ്സിലാക്കണം.
മുന്നിലും പിന്നിലും സജ്ജനങ്ങളാല്‍ പൂജിതനായി, സജ്ജനങ്ങളാല്‍ രക്ഷിക്കപ്പെട്ടു ജീവിക്കണം. അസത്തുക്കളുടെ നിന്ദാവാക്കുകള്‍ എല്ലായ്പോഴും ക്ഷമിക്കണം. സജ്ജനങ്ങളുടെ ആചാരത്തെ സ്വീകരിച്ച് സത് ചരിതനാവുകയും വേണം. വാക്കാകുന്ന കൂര്‍ത്ത ശരങ്ങള്‍ വായില്‍ നിന്നു പുറപ്പെട്ടാല്‍ അതേല്ക്കുന്നവന്റെ നില വളരെ കഷ്ടമാണ്. അത് രാവും പകലും മര്‍മ്മം തുളച്ചു കൊണ്ടിരിക്കും. അത്തരം വാക് ശരങ്ങളെ ആരും ആരിലും പ്രയോഗിക്കരുത്.
ജീവികളില്‍ കാരുണ്യവും സൗഹാര്‍ദ്ദവും ദാനവും മധുരഭാഷണവും ഈ നാലു സേവനങ്ങളേക്കാള്‍ മഹത്തായ ഈശ്വരപൂജ മൂന്നു ലോകത്തിലും വേറെയില്ല. അതു കൊണ്ട് നല്ലവാക്കു പറയുക. പരുഷവാക്കു പറയാതിരിക്കുക, പുജ്യരെ ബഹുമാനിക്കുക, ശക്തിപോലെ ദാനം ചെയ്യുക, ആരോടും ഒന്നും ഇരക്കാതെ ജീവിക്കുക ഇതൊക്കെയാണ് ഞാന്‍ പൂരുവിന് രാജ്യം നല്കിക്കൊണ്ട് ഉപദേശിച്ചത്.
88. ഉത്തരയയാതം - യയാതിയുടെ പതനം - ഇന്ദ്രന്‍പറഞ്ഞു: ഹേ രാജാവേ, ഭവാന്‍ കര്‍മ്മങ്ങളൊക്കെ വിട്ട്, ഗൃഹം വെടിഞ്ഞ്, വനത്തില്‍ പോയല്ലോ. ഭവാനോട് ഞാന്‍ ഒരു കാര്യംചോദിക്കട്ടെ! അങ്ങു തപസ്സു കൊണ്ട് ഇപ്പോള്‍ ആരോടു തുലനായിട്ടുണ്ടെന്നു പറഞ്ഞാലും.
യയാതി പറഞ്ഞു: ദേവമാനുഷഗന്ധര്‍വ്വമഹര്‍ഷിഗണങ്ങളില്‍ തപസ്സു കൊണ്ട് എന്നോടു തുല്യനായി, എന്നോടു കിടനിൽക്കുന്നവനായി, ആരും തന്നെയില്ല. ആരേയും കാണുന്നില്ല വാസവ!
ഇന്ദ്രന്‍ പറഞ്ഞു: തുല്യന്മാരേയും, മേലെയുള്ളവരേയും, താഴെയുള്ളവരേയും, അവരുടെ യോഗ്യത ചിന്തിക്കാതെ നിന്ദിക്കുകയാല്‍ നിന്റെ ഗതിക്ക് അന്തം വന്നിരിക്കുന്നു. മൃഗങ്ങളെപ്പോലും നിസ്സാരങ്ങളെന്നു പറഞ്ഞ് അപമാനിച്ചു കൂടാ. നിന്റെ പുണ്യം അവസാനിച്ചിരിക്കുന്നു. അതു കൊണ്ട് നീ സ്വര്‍ഗ്ഗത്തില്‍ നിന്നു താഴെ വീഴണം!
യയാതി പറഞ്ഞു: അങ്ങനെയാണെങ്കില്‍, സുരന്മാരേയും, ഗന്ധര്‍വ്വന്മാരേയും, നരന്മാരേയും ഞാന്‍ അപമാനിച്ചതു കൊണ്ട് എന്റെ പുണ്യം തീര്‍ന്നു പോയെങ്കില്‍, സ്വര്‍ഗ്ഗത്തില്‍ നിന്നു ഭ്രംശിച്ചു താഴെ വീഴുകയാണെങ്കില്‍ ഞാന്‍ സജ്ജനങ്ങളുടെ മദ്ധ്യത്തില്‍ പോയി വീഴണമെന്ന് എനിക്ക് ആശയുണ്ട്. അതിന് ഭവാന്‍ അനുഗ്രഹിക്കണേ!
ഇന്ദ്രന്‍ പറഞ്ഞു; ഭവാന്റെ നില അങ്ങനെയാണെങ്കില്‍ സത്തുക്കളുടെ മദ്ധ്യത്തില്‍ ഭവാന്‍ ചെന്നു വീഴും. പിന്നേയും ഭവാന്‍ ഉന്നതമായ ഒരു നില സിദ്ധിക്കുകയും ചെയ്യും. സംഭവങ്ങളുടെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കി നീ മേലാല്‍ സമന്മാരേയും, ഉത്തമന്മാരേയും നിന്ദിക്കരുത്.
വൈശമ്പായനൻ പറഞ്ഞു: പിന്നെ ദേവേന്ദ്രന്‍ ഇരിക്കുന്ന പുണ്യസ്ഥലം വിട്ട് ഉടനെ തന്നെ യയാതി കീഴോട്ടു വീഴുകയായിരുന്നു. വീഴുമ്പോള്‍ ധര്‍മ്മരക്ഷയ്ക്കിരിക്കുന്ന രാജര്‍ഷിയായ അഷ്ടകന്‍ കണ്ടിട്ടു പറഞ്ഞു.
അഷ്ടകന്‍ പറഞ്ഞു: ഹേ! ഭവാനാരാണ്? യൗവനയുക്തനായി തേജസ്സിനാല്‍ അഗ്നിപോലെ ഉജ്ജ്വലിക്കുന്നവനും, കാറടഞ്ഞ് അന്ധകാരാവ്യതമായ ആകാശത്തു നിന്നു വീഴുന്ന സൂര്യദേവനെ പോലെ ദിവ്യനും അര്‍ക്കാഗ്നി തുല്യ പ്രഭനുമായ ഭവാന്‍ ആരാണ്? കാന്തിമാനായ ഭവാന്‍ വീഴുന്നതു കാണുമ്പോള്‍ എന്താണ് ഇതിനുള്ള കാരണമെന്ന് ഞങ്ങള്‍ അത്ഭുതത്തോടെ ചിന്തിക്കുന്നു!
ദേവേന്ദ്രൻ, വിഷ്ണു, അര്‍ക്കന്‍ എന്നിവരെപ്പോലെ ശോഭിക്കുന്ന ഭവാന്‍ ദേവലോകം വിട്ടു കീഴോട്ടു വീഴുന്നു! ഭവാന്റെ പതനത്തിനുള്ള കാരണമറിവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ചോദിക്കുവാന്‍ ഞങ്ങള്‍ ശക്തരല്ല. എങ്കിലും ദിവ്യരൂപ, ഞങ്ങള്‍ ചോദിക്കുന്നു. ഭവാനാരാണ്? എന്താണ് വീഴുവാന്‍? ഹേ, ശക്രത്രുല്യ! ഭവാന്‍ ഭയപ്പെടേണ്ടാ; വിഷാദിക്കുകയും വേണ്ടാ. സത്തുക്കളുടെ മദ്ധ്യത്തില്‍ വാഴുന്ന ഭവാനെ എതിര്‍ക്കുവാന്‍ വലാരിക്കു പോലുംകഴിയുകയില്ല. ക്ഷയിച്ചു പോകുന്ന സജ്ജനത്തിന് ആശ്രയം സജ്ജനം തന്നെയാണ്. സത്തുക്കള്‍ എല്ലാറ്റിനും പോന്നവരാണ്. ഭവാന്‍ സജ്ജനാലംബനനാണ്. ദഹിപ്പിക്കുവാന്‍ ശക്തനാണ് അഗ്നി. ഭാരം ചുമക്കുവാന്‍ ശക്തയാണ് ഭൂമി. പ്രകാശിക്കുവാന്‍ ശക്തനാണ് രവി. അതുപോലെ സത്തുക്കളുടെ മദ്ധ്യത്തില്‍ അതിഥിയായ ഏതു പാന്ഥനും ശക്തിമാനാണ്.
89. ഉത്തരയയാതം - യയാതൃഷ്ടക സംവാദം - യയാതി പറഞ്ഞു: ഞാന്‍ നഹുഷപുത്രനായ യയാതിയാണ്. പൂരുവിന്റെ പിതാവാണ്. സര്‍വ്വഭൂതങ്ങളേയും അപമാനിച്ചു എന്ന പാപം മൂലം ദേവസുരര്‍ഷി ലോകം വിട്ട് അല്പ പുണ്യനായി ഇതാ, നിലതെറ്റി കീഴോട്ടു വീഴുകയാണ്. നിങ്ങളേക്കാളൊക്കെ വയസ്സ് എനിക്ക് ഏറുന്നതു കൊണ്ട് ഞാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നില്ല. വിദ്യകൊണ്ടോ, തപസ്സുകൊണ്ടോ, ജന്മംകൊണ്ടോ വൃദ്ധനായവന്‍ ദ്വിജന്മാര്‍ക്കു കൂടി പൂജ്യനാണെന്നു കേള്‍ക്കുന്നു. വിദ്യാദികളെപ്പറ്റി ചിന്തിക്കുന്നില്ല. മൂപ്പിളമയെപ്പറ്റി മാത്രം ചിന്തിച്ചാണ് ഞാന്‍ വഴങ്ങാതിരിക്കുന്നത്. തെറ്റിദ്ധരിക്കരുതേ!
അഷ്ടകന്‍ പറഞ്ഞു: വയോവൃദ്ധനായതു കൊണ്ട് ഇളയവരെ വന്ദിക്കുന്നില്ല എന്നു ഭവാന്‍ പറഞ്ഞുവല്ലൊ. അത് ഒരിക്കലും ന്യായമല്ല. വിദ്യയ്ക്കും തപസ്സിനുമാണ് യോഗ്യത. കേവലം ജന്മം കൊണ്ടുള്ള ശ്രേഷ്ഠത നിസ്സാരമാണ്. വിദ്യാവൃദ്ധനേയും, തപോവൃദ്ധനേയും ബ്രാഹ്മണന്‍ പൂജിക്കുന്നു! വയോവൃദ്ധനല്ല പൂജ്യൻ.
യയാതി പറഞ്ഞു: സത്കര്‍മ്മങ്ങള്‍ക്കൊക്കെ എതിരാണ് പാപം. നരകഫലം ദാനം ചെയ്യുന്ന ആ പാപം അഹങ്കാരിയില്‍ ഒഴിയാതെ നില്ക്കുന്നു. അസാന്മാര്‍ഗ്ഗികമായ ആ ജീവിതമാര്‍ഗ്ഗം സജ്ജനങ്ങള്‍ അനുവര്‍ത്തിക്കാറില്ല. അവര്‍ എപ്പോഴും സത്കര്‍മ്മങ്ങളെ പോഷിപ്പിക്കുവാന്‍ തന്നെ ഒരുങ്ങി വാഴുന്നു. ഞാന്‍ അല്പം അഹങ്കാരിയായി തീരുകയാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അധഃപതിച്ചു. എനിക്കു വളരെ ധനം ഉണ്ടായിരുന്നു. അതൊക്കെ നശിച്ചു. അതിനുള്ള കാരണം എന്റെ പ്രവൃത്തിയുടെ ദോഷമാണ്. ഇനി പോയതൊന്നും എനിക്കു കിട്ടുകയുമില്ല എന്നു മനസ്സില്‍ നിശ്ചയിച്ച് സ്വന്തം നന്മയെ ദൃഢമായി ചിന്തിച്ചു ജീവിക്കുന്നവനാണ് ജീവിത തത്വത്തെ സൂക്ഷ്മമായി അറിയുന്ന മഹാന്‍.
വളരെ ധനം ചെലവിട്ട് ഉത്കൃഷ്ടമായ പല യാഗങ്ങള്‍ നടത്തുന്നവനും, എല്ലാ വിദ്യകളിലും ശരിയായ വിദ്യാഭ്യാസം സിദ്ധിച്ചവനും, വേദം അഭ്യസിച്ച് തപോവൃത്തിയില്‍ വാഴുന്നവനും, മോഹാദികള്‍ നീങ്ങി സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നു! ഐശ്വര്യം വര്‍ദ്ധിക്കുന്നതു കണ്ട് ആരും സന്തേഷിക്കരുത്. ഐശ്വര്യമില്ലല്ലോ എന്നുവെച്ചു ദുഃഖിക്കയുമരുത്. ജീവിത രഹസ്യങ്ങള്‍ അറിയുവാന്‍ വേദങ്ങള്‍ പഠിക്കണം. അഹങ്കാരിയാകാതെ ജീവിക്കണം. ഈ പ്രപഞ്ചം പലതരം ജീവജാലങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. അവയുടെയെല്ലാം സ്വഭാവങ്ങള്‍ ഒന്നിനോടൊന്നു പൊരുത്തപ്പെടാത്തതാണ്. ചിലര്‍ ധര്‍മ്മത്തില്‍ ആസക്തരാകും. മറ്റു ചിലര്‍ അതിന് വിപരീതമാകും. അതു കൊണ്ട് ചിന്തിക്കേണ്ടതുണ്ട്. ഉത്സാഹങ്ങളും, യോഗ്യതകളുമെല്ലാം വ്യര്‍ത്ഥമാണ്. മൂഢന്മാര്‍ ചിലപ്പോള്‍ സുകൃതികളും, പണ്ഡിതന്മാര്‍ പാപികളും ആയെന്നു വന്നേക്കാം. ഈ വക ജീവിത പ്രപഞ്ച രഹസ്യങ്ങളെല്ലാം നല്ലപോലെ അറിയുന്ന പണ്ഡിതന്‍ സുഖവും ദുഃഖവുംഅനുഭവിക്കുമ്പോള്‍ സന്തോഷം കൊണ്ടും സന്താപം കൊണ്ടുംആത്മഹിംസ ചെയ്യാറില്ല.
ദൈവകല്പന കൊണ്ടാണ് ഓരോ ജീവിയും സുഖവും ദുഃഖവും അനുഭവിക്കുന്നത്. ആരും അവരുടെ സാമര്‍ത്ഥ്യം കൊണ്ട് ഒന്നും നേടുന്നില്ല. ഈ തത്വം നല്ല പോലെ അറിഞ്ഞ് ഏതിനും ദൈവമാണ് പ്രമാണമെന്നു ധരിക്കുക. ദുഃഖത്തില്‍ വൃസനിക്കുകയും, സുഖത്തില്‍ സന്തോഷിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അജ്ഞത കൊണ്ടാണ്. സുഖദുഃഖങ്ങളില്‍ ഒരേ ഭാവമേ തോന്നാവൂ! എല്ലാം ദൈവശക്തിയുടെ വിലാസമാണെന്നു മനസ്സില്‍ ധരിക്കുന്നവര്‍ ഒരിക്കലും വൃസനിക്കുകയോ സന്തോഷിക്കുകയോ ചെയ്യുകയില്ല. ലോകത്തില്‍ ദൈവം എന്നെ എന്തൊക്കെ അനുഭവിക്കുവാൻ ആയിട്ടാണോ സൃഷ്ടിച്ചിരിക്കുന്നത്, അതൊക്കെ എങ്ങനെയാലും അനുഭവിക്കാതിരിക്കയില്ല. അതു കൊണ്ട് എടോ അഷ്ടക, ഭയം എന്ന വികാരത്തിൽ എന്റെ മനസ്സു മങ്ങിപ്പോവുകയില്ല. മനസ്സു കൊണ്ട് ഒരു സന്താപവും എന്നിലില്ല. ലോകത്തിൽ ഉണ്ടായിട്ടുള്ള സ്വേദജങ്ങളും, അണ്ഡജങ്ങളും, തരുലതാദികളും, ഇഴജന്തുക്കളും, കൃമികളും, മത്സ്യങ്ങളും, അപ്രകാരം തന്നെ കല്ലും, മണ്ണും, പുല്ലും. മരവും എന്നു വേണ്ട പ്രപഞ്ചത്തിലെ സകല വസ്തുവും ഭാഗ്യം ക്ഷയിക്കുമ്പോള്‍ താന്താങ്ങളുടെ പ്രകൃതിയെ പ്രാപിക്കുന്നു, ബ്രഹ്മത്തില്‍ ലയിക്കുന്നു!
എടോ അഷ്ടക. സുഖവും ദുഃഖവും നിത്യങ്ങളല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. പിന്നെ ഞാൻ വൃസനിക്കുന്നതു കൊണ്ട് എന്തു കാരൃം? ഞാന്‍ എന്തു ചെയ്യണം? എന്തു ചെയ്താല്‍ സന്താപം വരുന്നതല്ല; ഇതൊന്നും നിശ്ചയിക്കുവാന്‍ വയ്യാത്തതാകയാല്‍ ഞാന്‍ ദുഃഖത്തെ അകറ്റി ശ്രദ്ധയോടെ ഇരിക്കുകയാണ്.
വൈശമ്പായനൻ പറഞ്ഞു: മാതാമഹനായ യയാതി ഇപ്രകാരം പറഞ്ഞപ്പോള്‍ അഷ്ടകൻ പിന്നെയും ചോദ്യം തുടങ്ങി.
അഷ്ടകന്‍ പറഞ്ഞു: അല്ലയോ രാജശ്രേഷ്ഠ, അങ്ങു പ്രധാനപ്പെട്ട ഏതേതു ലോകങ്ങളില്‍ എത്രയ്യെത്ര കാലം ഏതേതു വിധം സുഖങ്ങള്‍ എങ്ങനെയൊക്കെ അനുഭവിച്ചു? അതൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങ് ആത്മതത്വങ്ങള്‍ സൂക്ഷ്മമായി അറിയുന്ന നാരദാദി മഹര്‍ഷിമാരെപ്പോലെ ധര്‍മ്മശാസത്രം പറയുന്നുവല്ലോ.
യയാതി പറഞ്ഞു; ഞാന്‍ സാര്‍വ്വഭാമനായി വളരെക്കാലം രാജ്യം ഭരിച്ചു. മഹാലോകങ്ങളെ ജയിച്ചു. ആയിരം വര്‍ഷം അവിടെ പാര്‍ത്തു. പിന്നെ ഞാന്‍ പരലോകത്തിലെത്തി. ആയിരം പ്രവേശനദ്വാരവും നൂറു യോജന വീതിയും ഉള്ള ഇന്ദ്രലോകത്തു ഞാന്‍ ചെന്നു. ഒരു ആയിരം വര്‍ഷം അവിടെ പാര്‍ത്തു. പിന്നീട് ഞാന്‍ ദവ്യവും, നിത്യവും, ദുര്‍ഗവും ആയ പ്രജാപതിയുടെ പുരത്തില്‍ ചെന്നു, ആയിരംവര്‍ഷം അവിടെ പാര്‍ത്തു. പിന്നെ ഞാന്‍ ദേവദേവനായ മഹേശ്വരന്റെ ലോകത്തില്‍ ചെന്നു. അവിടേയും മഹാസുഖം അനുഭവിച്ച് യഥേഷ്ടം പാര്‍ത്തു. സുരന്മാരുടെ സല്‍ക്കാരവും ഏറ്റു. തുലാപ്രഭാവനായ ഈശ്വരനെപ്പോലെ നന്ദനത്തില്‍ കാമരൂപനായി പതിനായിരം നൂറ്റാണ്ടു പാര്‍ത്തു. അവിടെ സ്വര്‍ഗ്ഗത്തിലെ വേശ്യമാരോടുകുടി രമിച്ചും, പുഷ്പഫലാഢ്യമായ സുഗന്ധ കല്പദ്രുമ രാജികള്‍ കണ്ടു രസിച്ചും ആ ദിക്കില്‍ ദേവസുഖത്തോടു കൂടെ വാണു കൊണ്ടിരിക്കെ എന്റെ ഭാഗ്യം തീര്‍ന്നു പോയി. കാലം കഴിഞ്ഞു. ആ സമയത്ത് ഉഗ്രരൂപനായ ഒരു ദേവന്‍ വന്ന് ഉറക്കെ മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞു. "പോയ്ക്കൊള്ളുക! പൊയ്ക്കൊള്ളുക!", എന്ന്. ഇത്രയ്ക്കേ എനിക്കറിഞ്ഞുകൂടൂ. രാജസിംഹ! പുണ്യം ക്ഷയിച്ച ഞാന്‍ നന്ദനത്തില്‍ നിന്നു കീഴോട്ടു വീണു. വീഴുന്ന സമയത്ത് എന്റെ നേരെ കനിവോടു കൂടിയ വാക്കുകള്‍ ആ ദേവന്മാരുടെ സദസ്സില്‍ മുഴങ്ങിക്കേട്ടു: "അയ്യോ കഷ്ടം! പുണൃകീര്‍ത്തിമാനായ യയാതി ഇതാ പുണ്യമറ്റു. കീഴോട്ടു വീഴുന്നു!".
വീഴുമ്പോള്‍ ഞാന്‍ സങ്കടത്തോടെ അവരോടു വിളിച്ചു പറഞ്ഞു; സജ്ജനങ്ങളുടെ മദ്ധ്യത്തില്‍പ്പോയി വീഴുവാന്‍ എന്തു വേണ്ടൂ ? അപ്പോള്‍ ദേവന്മാര്‍ എനിക്കു നിങ്ങളുടെ യജ്ഞസ്ഥലം ചൂണ്ടിക്കാണിച്ചു തന്നു. ഞാന്‍ അതു കണ്ട് ഇങ്ങോട്ടു പോന്നു! ഹവിസ്സിന്റെ ഗന്ധവും പുകയും എനിക്കു നിങ്ങളുടെ ഈ സ്ഥലം കാണിച്ചു തന്നു. അങ്ങനെ ഞാന്‍ ഇങ്ങോട്ടു പോന്നു.
90. ഉത്തരയയാതം - അഷ്ടക യയാതി സംവാദം -അഷ്ടകന്‍ പറഞ്ഞു: കൃതയുഗത്തില്‍ പിറന്ന മര്‍ത്തൃരില്‍ ശ്രേഷ്ഠതമനാണ് ഭവാന്‍. കാമരൂപനായ ഭവാന്‍ പതിനായിരംനൂറ്റാണ്ടു വാണല്ലോ! പിന്നെ എന്താണ് അതൊക്കെ കൈവിട്ട് ഈ മന്നിലേക്കു വീഴുവാന്‍ കാരണം?
യയാതി പറഞ്ഞു; കൂട്ടത്തില്‍ ഒരുത്തന്‍ നിര്‍ദ്ധനനാകുമ്പോള്‍ അയാളെ രക്തബന്ധികളും, ഇഷ്ടന്മാരും, ബന്ധുക്കളും ഉപേക്ഷിക്കുന്നതു നാം കാണുന്നുണ്ടല്ലോ? അതുപോലെ തന്നെ പുണ്യം തീര്‍ന്നവനെ സ്വര്‍ഗ്ഗത്തില്‍ ദേവാധിരാജനും ദേവന്മാരും ഒക്കെ ഉപേക്ഷിക്കും.
അഷ്ടകന്‍ പറഞ്ഞു; കര്‍മ്മങ്ങളുടെ ഫലം നിത്യമാണെന്ന് ശ്രുതികളൊക്കെ പറയുന്നു. അനേകം സത്കര്‍മ്മങ്ങള്‍ ചെയ്തു സമ്പാദിച്ച മഹാപുണൃത്തിന്റെ ഫലമായിട്ടാണ് ഭവാന്‍ സ്വര്‍ഗ്ഗാദി ലോകങ്ങള്‍ ലഭിച്ചത്. ആ നിലയ്ക്ക് പിന്നെ അങ്ങയുടെ പുണ്യം ക്ഷയിക്കുന്നത് എങ്ങനെയാണ്; അതെനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. അതാണ് എനിക്കു മനസ്സിലാകാത്തത്. പ്രജാപതിയുടെ ലോകത്തില്‍ ചെന്നവന്‍ അവിടെ നിന്നു പിന്നെ തിരിച്ചു പോരലില്ല എന്നും ശ്രുതി ഘോഷിക്കുന്നുണ്ട്. അങ്ങ് അവിടെ ആയിരം വര്‍ഷം വാണു എന്നു പറഞ്ഞുവല്ലോ. പിന്നെ അവിടെ നിന്നു പോന്നു എന്നും പറയുന്നു. ആകെ കൂടി എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ബ്രഹ്മലോകത്തിലും സുരലോകത്തിലും ചെന്നാല്‍ പിന്നെ അവിടെ സ്ഥിരമായി നില്ക്കുവാന്‍ എന്തു യോഗ്യതകള്‍ വേണമെന്ന് അറിയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആത്മജ്ഞാനിയും, അനുഭവസമ്പന്നനുമായ അങ്ങയില്‍ നിന്ന് അതു കേള്‍ക്കുവാന്‍ ഞങ്ങള്‍ക്കു മോഹമുണ്ട്.
യയാതി പറഞ്ഞു: രാജാവേ, ഞാന്‍ പറയാം. കഴുകന്മാര്‍ക്കും, കുറുനരികള്‍ക്കും ഭക്ഷണത്തിന് ഉതകുന്ന വിഭവമായ ശരീരത്തെ കാത്തു സൂക്ഷിച്ചു കൊണ്ട്. പുത്രന്മാര്‍, പൗത്രന്മാര്‍ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ആ വസ്തക്കളെ വര്‍ദ്ധിപ്പിച്ചു കൊണ്ട്, ജീവിച്ചു വരുന്ന സകലരും ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നീ മൂന്ന് വിധം ദുഖങ്ങളാൽ നരകപ്രായമായ ഈ ഭൂമിയിൽ പതിക്കുകയാണ്. ശരീര സംരക്ഷണത്തിനായി ചെയ്യുന്ന യത്നങ്ങളെല്ലാം നിഷ്ഫലങ്ങളാണെന്നും അതു കൊണ്ടു ള്ള ഫലം ഭൂനരകക്ലേശമാണെന്നും മനസ്സിലാക്കുക! കാമൃകര്‍മ്മങ്ങളുടെയെല്ലാം ഫലം ദുരിതാനുഭവം മാത്രമാണെന്നു വൃക്തമാവുകയാല്‍ രാജാവേ, നിന്ദ്യവും, നിഷിദ്ധവുമായ അതിനെ തീരെ വര്‍ജ്ജിക്കേണ്ടാതാണ്. ഞാന്‍ എല്ലാം പറഞ്ഞു കഴിഞ്ഞു. ഇനിയും വല്ല സംശയവുമുണ്ടെങ്കില്‍ ചോദിക്കാം.
അഷ്ടകന്‍ പറഞ്ഞു: ദേഹം കഴുകനും കുറുക്കനും തിന്നുന്നുവെങ്കില്‍ പിന്നെ മനുഷ്യന് ശരീരമില്ലാതാകുന്നു. അവന്റെ രൂപവും അതോടൊപ്പം ഇല്ലാതാകുന്നു. പിന്നെ മറ്റൊരു ദേഹത്തോടു കൂടി എങ്ങനെയാണ് വീണ്ടും ആവിര്‍ഭവിക്കുന്നത്? ഭൂമിയിലുള്ള നരകം ഏതാണ്?
യയാതി പറഞ്ഞു: കഴുകൻ, കുറുനരി മുതലായവ ദേഹം തിന്ന് ഒടുക്കിയാലും ആത്മാവിന് നാശം സംഭവിക്കുകയില്ല. ആത്മാവിനെ തിന്നുവാനും, നശിപ്പിക്കുവാനും ആര്‍ക്കും കഴിയുകയില്ല. ഒരു ദേഹം നശിച്ചാല്‍ ദേഹി വീണ്ടും മറ്റൊരു ശരീരം എടുക്കുവാന്‍ മറ്റൊരു യോനിയെ പ്രാപിക്കുമെന്നാണ് ശ്രുതിവാക്യം. ആത്മാവ് മാതാവിന്റെ ഉദരത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ദേഹത്തെ പ്രാപിച്ചു പ്രസവിക്കുന്നതു വരെ ലോകര്‍ക്കു പ്രതൃക്ഷനാകാതെ ലോകത്തില്‍ അങ്ങുമിങ്ങും സഞ്ചരിക്കുന്നു.
ഭൗമമെന്നു പറയുന്ന നരകം ആ സഞ്ചാരകാലമാണ്. എത്ര കാലം അങ്ങനെ സഞ്ചരിക്കേണ്ടി വരുമെന്നോ, കര്‍മ്മഭൂമിയെ പ്രാപിച്ച് നന്മയ്ക്കു വേണ്ടി എന്തു ചെയ്യണമെന്നോ ആത്മാവിന് അപ്പോള്‍ ബോധം ഉണ്ടായിരിക്കയില്ല. അതു കൊണ്ട് അജ്ഞതാ ഹേതുവായ ഈ ലോകം തന്നെയാണ് നരകം എന്നു ധരിച്ചാലും. അറുപതിനായിരമോ, എണ്‍പതിനായിരമോ വര്‍ഷം സ്വര്‍ഗ്ഗത്തില്‍ വാണാലും അധഃപതനം കൂടാതെ കഴിയുകയില്ല. അങ്ങനെ ഭൂമിയില്‍ പതിക്കുന്ന ആത്മാക്കളെ ഭൂമിയിലുള്ള ഭയങ്കരന്മാരായ രാക്ഷസന്മാര്‍ കൂര്‍ത്തുമൂര്‍ത്ത ദംഷ്ട്രകള്‍ കൊണ്ട് കടിച്ചു ചീന്തിയിഴയ്ക്കുന്നു.
അഷ്ടകന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ നിന്നു വീഴുന്ന അവരെ ഭൌമരാക്ഷസന്മാര്‍ എന്തു പാപം കൊണ്ടാണു വലിച്ചിഴയിക്കുന്നത്?; അവര്‍ എന്തു കൊണ്ട് ചിന്നിച്ചിതറിപ്പോകുന്നില്ല?; അവര്‍ക്ക് ഇന്ദ്രിയങ്ങളോടു കൂടി യ അവസ്ഥ എങ്ങനെയാണ് പിന്നെ ഉണ്ടാകുന്നത്? അവര്‍ പിന്നെയെങ്ങനെ ഗര്‍ഭസ്ഥരാകും?
യയാതി പറഞ്ഞു; സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ച് പുനര്‍ഭവിക്കുന്നതിന്റെ വിധം ശ്രുതികളില്‍ പറഞ്ഞിട്ടുണ്ട്. അതു ഞാന്‍ പറയാം. അസ്‌ത്രം എന്നാൽ സന്താപാശ്രു എന്നാണ് അര്‍ത്ഥം. ദേഹകാരണമായ ഭൂതസൂക്ഷ്മങ്ങളില്‍ എപ്പോഴും സ്ഥിതി ചെയ്യുന്നു.. സ്വര്‍ഗ്ഗത്തില്‍ നിന്നു കീഴ്പോട്ടു വീഴുന്ന ആത്മാവിന് ദുഃഖം നിമിത്തം ശരീരം ജലമയമാകും. അങ്ങനെ ജലമയമായ, ദേഹബീജമായ രേതസ്സ് പുഷ്പഫല ന്യായമനുസരിച്ച് ജീവനായി മാറുന്നു. ഭൂതസൂക്ഷ്മങ്ങളാല്‍ മൂടപ്പെട്ട ആ ജീവന്‍ സ്ത്രീയുടെ ഗര്‍ഭപേശിയില്‍ ചെന്നു ഗര്‍ഭമായിത്തീരുന്നു. അസ്ത്രം, ഭൂമി മുതലായ പഞ്ചഭൂതങ്ങളോടു കൂടി യഥാക്രമം സമ്മേളിച്ച് വൃക്ഷലതാദികളെ പ്രാപിച്ച് പിന്നെ പശു മുതലായ ജീവികളിലും, മനുഷ്യരിലും, പക്ഷികളിലും ചേര്‍ന്ന് ഗര്‍ഭത്തിലെത്തുന്നു.
അഷ്ടകന്‍ പറഞ്ഞു; രാജാവേ, ഞാന്‍ സംശയം കൊണ്ടു ചോദിക്കുകയാണ്. വീണ്ടും ജന്മമെടുക്കുവാന്‍ മാതാവിന്റെ ഗര്‍ഭത്തെ പ്രാപിക്കുന്ന ജീവന്‍ കേവലം ജീവരൂപമായിട്ടാണോ അതോ മറ്റേതെങ്കിലും രൂപത്തെ പ്രാപിച്ചിട്ടാണോ എന്നറിഞ്ഞാല്‍ കൊള്ളാം. പിന്നേയും ചോദിക്കുന്നു ദേഹമാറ്റവും, വളര്‍ച്ചയും, കണ്ണ്, കാത്. ബുദ്ധി മുതലായവയുമൊക്കെ എങ്ങനെയുണ്ടാകുന്നു; ആത്മജ്ഞാനിയായ ഭവാനില്‍ നിന്ന് എല്ലാം ഗ്രഹിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
യയാതി പറഞ്ഞു: പറയാം, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. പഞ്ചപ്രാണ മനോബുദ്ധ്യാദികളുടെ സുക്ഷ്മാംശങ്ങളോടു കൂടിയ ജീവവായു, വാസനാ മൂലകമായ കര്‍മ്മ സമവായത്തോടു കൂടിയ പുതിയ ഒരു ദേഹം അങ്കുരിക്കുവാന്‍ സമര്‍ത്ഥമായ തേജോരുപമായ ജലം സംഗ്രഹിച്ച്, ആര്‍ത്തവ കാലത്തില്‍ സ്ത്രീയുടെ ഗര്‍ഭാശയത്തെ പ്രാപിക്കുന്നു. സൂക്ഷ്മ ഭൂതങ്ങളാല്‍ തനിക്കു സിദ്ധിച്ച ചുമതലയോടു കൂടി ആ വായു അവിടെയിരുന്നു ക്രമത്തില്‍ ഗര്‍ഭം വളര്‍ത്തുന്നു. ഗര്‍ഭം ക്രമത്തില്‍ വളര്‍ന്ന് അവയവങ്ങള്‍ തികഞ്ഞു ബോധം ഉദിക്കുമ്പോള്‍ മനുഷ്യനായിത്തീരുന്നു. പ്രസവാനന്തരം ആ ഗര്‍ഭം മനുഷ്യാഭിമാനത്തോടു കൂടിയതാകുന്നു. ആ പ്രജയ്ക്കു പഞ്ചേന്ദ്രിയങ്ങളുടേയും, ബുദ്ധിയുടേയും അനുഭവമുണ്ടാകുന്നു. അവന്‍ ചെവികള്‍ കൊണ്ടു ശബ്ദം കേട്ടറിയുന്നു. കണ്ണു കൊണ്ടു കാണുന്നു. മൂക്കു കൊണ്ടു ഗന്ധം അറിയുന്നു. നാവു കൊണ്ട് രസം അറിയുന്നു. തൊലി കൊണ്ട് സ്പര്‍ശം അറിയുന്നു മനസ്സു കൊണ്ട് വസ്തുസ്ഥിതിയും അറിയുന്നു. അല്ലയോ അഷ്ടക, ഇങ്ങനെയാണ് ദേഹികളുടെ ശരീരത്തിലുള്ള സ്ഥിതിയെന്നു ഭവാന്‍ ഗ്രഹിച്ചാലും!
അഷ്ടകന്‍ പറഞ്ഞു; മരിച്ചു പോയ ജീവിയുടെ ശരീരം തീയില്‍ വെച്ചു ചാമ്പലാക്കുന്നു. അല്ലെങ്കില്‍ കുഴി കുത്തി അതില്‍ വെച്ചു മൂടുന്നു, അല്ലെങ്കില്‍ ദുഷ്ടജീവികള്‍ കടിച്ചു ചീന്തി തിന്നു കളയുന്നു. ഇങ്ങനെ നിശ്ശേഷം നശിച്ചു പോയ ഒന്നിന് വീണ്ടും ചൈതന്യമുണ്ടാകുന്നത് എങ്ങനെയാണ്? സ്ഥൂലശരീരം നശിക്കുമ്പോള്‍ ലിംഗത്വവും നശിക്കാത്തത് എന്തുകൊണ്ടാണ്?
യയാതി പറഞ്ഞു: ഉറങ്ങിക്കിടക്കുന്ന മനുഷ്യന്‍ പ്രാണന്‍ ധരിച്ചു പലമാതിരി ശബ്ദങ്ങളുണ്ടാക്കുകയും സ്വപ്നത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. അതുപോലെ മരിച്ചവൻ പുണ്യപാപങ്ങളെ അടിസ്ഥാനമാക്കി സ്ഥൂലശരീരത്തെ വിട്ട് വായുവിന്റെ പ്രേരണയ്ക്കു വിധേയനായി മറ്റൊരു യോനിയില്‍ ചെന്നു പിറക്കുന്നു. അന്യദേഹ പ്രാപ്തി സ്വപ്നത്തിന് തുല്യമാകുന്നു.
ലിംഗദേഹത്തിന് നാശം സംഭവിക്കുകയില്ല. പുണ്യം ചെയ്തവന്‍, പാവനമായ നിലയില്‍ ജന്മമെടുക്കുന്നു. അവര്‍ സദാചാരതത് പരരും, സുഖികളും ഉത്കൃഷ്ടരുമായിത്തീരുന്നു. പാപം ചെയ്തവര്‍ നികൃഷ്ട ജീവികളായും ഹീനജനങ്ങളായും ജനിക്കുന്നു. പല പ്രാവശ്യവും അങ്ങനെ ജന്മമെടുക്കും. ജനനം ഉത്കൃഷ്ടമായാലും അത് ക്ലേശഭൂയിഷ്ഠമാകയാല്‍ ജന്മത്തെപ്പറ്റി എനിക്ക് ആഗ്രഹമില്ല. ഭൂമിയില്‍ ചെന്നു കര്‍മ്മരഹിതമായ മാര്‍ഗ്ഗം അവലംബിക്കണമെന്നാണ് എന്റെ വിചാരം. പാപം ചെയ്തവര്‍ നാല്ക്കാലികളായും, ഇരുകാലികളായും, ആറു കാലികളായും എല്ലാം പാപികളായി തന്നെ പിറക്കുന്നു. രാജാവേ, ഇപ്പോള്‍ അങ്ങയുടെ ശങ്കയെല്ലാം തീര്‍ന്നിരിക്കുമല്ലോ. ഞാന്‍ എല്ലാം പറഞ്ഞു. ഇനിയും വല്ലതും അറിയേണ്ടതുണ്ടോ?
അഷ്ടകന്‍ പറഞ്ഞു: അല്ലയോ താത! മനുഷ്യന്‍ എന്തു ചെയ്താലാണ് ആവൃത്തിയുണ്ടാകാത്ത, സര്‍വ്വോത്തമമായ ആ ലോകം ലഭിക്കുക? അതിനുള്ള ഉപായമെന്താണ്? തപസ്സുകൊണ്ടോ, വിദ്യകൊണ്ടോ, ഏതുകൊണ്ടാണ്? അതൊന്നു വിശദമാക്കിത്തരാമോ?
യയാതി പറഞ്ഞു: ഉത്കൃഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യുക, പാത്രം അറിഞ്ഞ് നല്ല പാത്രങ്ങളില്‍ ദാനം ചെയ്യുക, അന്തരിന്ദ്രിയത്തെ അടക്കുക, ബാഹ്യേന്ദ്രിയത്തെയും അടക്കുക, അധര്‍മ്മ കാര്യങ്ങളില്‍ ലജ്ജയുള്ളവനാവുക, ആര്‍ജ്ജവമുള്ളവനാകുക. എല്ലാ ജീവികളോടും ദയയുള്ളവനാവുക ഈ ഏഴു ഗുണങ്ങളാണ് വിശിഷ്ട ലോക പ്രാപ്തിക്കുള്ള മാര്‍ഗ്ഗങ്ങള്‍. ഞാനെന്ന ഭാവത്താല്‍ അന്ധനായി ജീവിക്കുന്നവന്‍ നിത്യവും നശിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പഠിച്ച് വലിയ. പണ്ഡിതൻ ആയിരിക്കുന്നുവെന്ന് അഹങ്കാരം ഭാവിച്ച് അന്യരുടെ സത്കീര്‍ത്തിക്കു ഹാനിയുണ്ടാക്കുന്നവന്‍ ഏതു ദിവ്യലോകത്തിൽ എത്തിയാലും, അവിടെ നിന്നെല്ലാം ഭ്രഷ്ടനാവുന്നു. അവന് ജ്ഞാനം കൊണ്ടു ലഭിക്കുന്ന ബ്രഫ്മപ്രാപ്തി സിദ്ധിക്കുകയില്ല. വേദാദ്ധ്യയനം ചെയ്യുക, അഗ്നിപൂജ നടത്തുക, യാഗം ചെയ്യുക, മൗന്രവതമെടുക്കുക ഈ നാലു കര്‍മ്മങ്ങളും അഭയം നല്കുന്നവയാണ്. അവ തെറ്റായി അനുഷ്ഠിച്ചാല്‍ ആപത്കരങ്ങളുമാണ്. ദുരഭിമാനം നിമിത്തം ബഹുമതി കാംക്ഷിച്ച് ആ വക കര്‍മ്മങ്ങള്‍ ചെയ്താല്‍ അതു കൊണ്ട് അഭയമല്ല, ഭയമാണ് ലഭിക്കുക. ആശ്രമധര്‍മ്മങ്ങളെ യഥാവിധം അനുഷ്ഠിക്കേണ്ടതാണ്.
മാനം കൊണ്ട് താന്‍ ശ്ലാഘ്യനായി എന്നു ബോധമുള്ളവരാരും കരുതുകയില്ല. അതില്‍ സന്തോഷിക്കുകയുമില്ല. അപ്രകാരം തന്നെ അവമാനം വന്നുകൂടി എന്നുവെച്ച് അവന്‍ ദുഃഖിക്കുകയുമില്ല. ഈ ലോകത്തില്‍ വിദ്വാന്മാര്‍ വിദ്വാന്മാരെ പൂജിക്കുന്നു. ദുര്‍ജ്ജനങ്ങള്‍ക്ക് ഒരിക്കലും സത്ബുദ്ധി ഉണ്ടാവുകയില്ല. അതു കൊണ്ട് മാനാവമാനങ്ങളെ സഹിക്കുവാനുള്ള സന്നദ്ധതയാണ് മനുഷ്യനുണ്ടാകേണ്ട്. ദാനം. യജ്ഞം, അദ്ധ്യയനം, വ്രതം ഇവയെല്ലാം ശരിക്കു ചെയ്യുക എന്നല്ലാതെ അവ കൊണ്ടു യോഗ്യതയും, കീര്‍ത്തിയും നേടിക്കളയാമെന്നു വിചാരിച്ച് അവ ചെയ്യുന്നതു ശരിയായ മാര്‍ഗ്ഗമല്ല. അവയെ ദംഭദാനം; ദംഭയജ്ഞം. ദംഭാദ്ധ്യയനം, ദംഭ്രവതം എന്നു പറയാം. ഇവയെല്ലാം വര്‍ജ്ജിക്കേണ്ടവയാണ്.
സനാതനമായ തത്വം മനസ്സിനെ അടക്കുക എന്ന സ്വഭാവം കൊണ്ട് അജേഞയമായിരിക്കുന്നു. മനസ്സിനെ അടക്കി ചിന്ത ചെയ്യുന്നവര്‍ക്ക് അത്രയും വിശിഷ്ടമായ ഒരു അധിഷ്ഠാനം വേറെയില്ല. ഈ തത്വം ഗ്രഹിച്ചവരാണ് ജ്ഞാനികള്‍. അങ്ങനെയുള്ള ജ്ഞാന മാര്‍ഗ്ഗമാണ് നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്. ആ ബ്രഹ്മജ്ഞാനത്തില്‍ ലയിച്ചിരിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും ഒന്നു പോലെ നിര്‍വൃതി ലഭിക്കുന്നു. ബഹ്മലയം ജ്ഞാനം കൊണ്ടേ സിദ്ധിക്കുകയുള്ളു.
91. ഉത്തരയയാതം - ആശ്രമധര്‍മ്മ വിഷയസംവാദം - അഷ്ടകന്‍ പറഞ്ഞു; രാജാവേ, ഞാന്‍ ചോദിക്കട്ടെ! ഗൃഹസ്ഥന്‍, സന്യാസി, ബ്രഹ്മചാരി, വാനപ്രസ്ഥന്‍ ഇവരുടെ ധര്‍മ്മങ്ങള്‍ എന്തൊക്കെയാണ്; ഈ വിഷയത്തില്‍ വൈദികര്‍ പല പ്രാപ്തി മാര്‍ഗ്ഗങ്ങളുമുള്ളതായി പറയുന്നുണ്ടല്ലൊ..
യയാതി പറഞ്ഞു; ഗുരുനാഥന്‍ വിളിച്ചു വരുത്തി പറഞ്ഞു കൊടുക്കുന്നതു പഠിക്കുക, പ്രേരണ കൂടാതെ ഗുരുവിനെ ശുശ്രൂഷിക്കുക, കാലെ ഉണര്‍ന്നെഴുന്നേല്ക്കുക, ഗുരു കിടന്നതിന് ശേഷം കിടക്കുക, ശാന്തനും മനസ്സിന് അടക്കമുള്ളവനും. ധീരനും, ജാഗ്രതയുള്ളവനും, വേദാദ്ധ്യയനം പരിശീലിക്കുന്നവനുമാവുക. ഇങ്ങനെയാണ് വിശിഷ്ടനായ ബ്രഹ്മചാരി സ്വധര്‍മ്മത്തെ നേടുക.
ഇനി ഗൃഹസ്ഥന്റെ ധര്‍മ്മം എന്താണെന്നു പറയാം: ധര്‍മ്മത്തിന് വിരുദ്ധമാകാത്ത നിലയില്‍ വന്നു ചേരുന്ന ധനം സമ്പാദിക്കണം. ആ ധനം കൊണ്ടു യാഗാദി പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. സത്പാത്രങ്ങളില്‍ ദാനം ചെയ്യണം. അതിഥികളെ ഭക്ഷണാദികള്‍ കൊണ്ടു സല്‍ക്കരിക്കണം. അന്യന്റെ ധനത്തെ ബലമായി കൈയിലാക്കരുത്. സസന്തോഷം തരുന്നതേ സ്വീകരിക്കാവൂ! ഇവയാണ് സനാതനവും ഉല്‍കൃഷ്ടവുമായ ഗൃഹസ്ഥധര്‍മ്മം.
ഇനി സിദ്ധനാരാണെന്നു പറയാം: താന്‍ തന്നെ നേടിയ വിഭവം കൊണ്ടു ജീവിക്കുകയും, പാപകര്‍മ്മം ചെയ്യാതെ അനൃര്‍ക്കു വേണ്ടുന്നത് യഥാശക്തി ദാനം ചെയ്യുകയും, അന്യരെ ദുഃഖിപ്പിക്കാതിരിക്കുകയും, ആഹാരത്തിലും കര്‍മ്മങ്ങളിലും നിയമം വയ്ക്കുകയും ചെയ്യുന്ന അരണ്യവാസിയായ മുനിയാണ്‌സിദ്ധന്‍.
ഇനി ഭിക്ഷുവിന്റെ ധര്‍മ്മം എന്താണെന്നു പറയാം: തൊഴിലൊന്നും ചെയ്യാന്‍ ശ്രമിക്കാതെ ജീവിക്കുക, തന്റേതായി ഭവനമൊന്നും ഇല്ലാതിരിക്കുക, അങ്ങനെ നിസ്പൃഹനായി ഇന്ദ്രിയങ്ങളെ ജയിക്കുക, ലൗകികമായ സകല ബന്ധങ്ങളും വിട്ടൊഴിയുക, വല്ല അമ്പലങ്ങളിലോ വഴിയമ്പലങ്ങളിലോ താമസിക്കുക, പരിഗ്രഹം ഇല്ലാതിരിക്കുക. കൂട്ടുകൂടാതെ ഒറ്റയ്ക്കു സഞ്ചരിക്കുക, ആവശ്യമനുസരിച്ച് ചില ദേശങ്ങില്‍ മാത്രം സഞ്ചരിക്കുക ഇവയൊക്കെയാണ് ഭിക്ഷുവിന്റെ ധര്‍മ്മം.
ലോകങ്ങളെല്ലാം ജയിച്ച് കാമസുഖങ്ങള്‍ നേടുന്ന വേളയില്‍ തന്നെ മനസ്സിനെ നിയന്ത്രിച്ച് അരണ്യ വാസിയാകുവാന്‍ പ്രയത്നിക്കുകയാണ് ശരിയായ പണ്ഡിതന്റെ ധര്‍മ്മം. മരണം വരെ പണ്ഡിത ധര്‍മ്മങ്ങളില്‍ കിടന്നുഴലാതെ ആശ്രമധര്‍മ്മം അനുസരിച്ചുള്ള ജീവിതമാകുന്നു ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്.
വനത്തില്‍ വാഴുന്ന യോഗി തന്റെ വംശത്തില്‍ പെട്ട പത്തു മുന്‍തലമുറക്കാരേയും, പത്തു പിന്‍ഗാമികളേയും, തന്നേയും ഇങ്ങനെ ഇരുപത്തൊന്നു പേരെ സുകൃതത്താല്‍ ഉയര്‍ത്തി തന്റെ ശരീരത്തെ ഉപേക്ഷിക്കുന്നു.
അഷ്ടകന്‍ പറഞ്ഞു; അല്ലയോ മഹാശയ, ഇനിയും അങ്ങയില്‍ നിന്നു ഗ്രഹിക്കേണ്ട തത്വങ്ങളുണ്ട്. മുനിയും മാനവും എത്ര വിധമുണ്ടെന്ന് അങ്ങു പറയണം. എല്ലാം വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
യയാതി പറഞ്ഞു: രാജാവേ, വനത്തില്‍ വസിക്കുന്നവന് ഗ്രാമവും, ഗ്രാമത്തില്‍ വസിക്കുന്നവന് വനവും പിന്നിലാക്കുവാന്‍ സാധിക്കുന്നവനാണ് മുനി.
അഷ്ടകന്‍ പറഞ്ഞു: വനത്തില്‍ വാഴുന്നവന്‍ ഗ്രാമം എങ്ങനെ പിന്നിലാക്കും; അതുപോലെ ഗ്രാമത്തിലിരിക്കുന്നവന്‍ വനം എങ്ങനെ പിന്നിലാക്കും? ഇത് എന്നില്‍ ആശ്ചര്യം ജനിപ്പിക്കുന്നു! യയാതി പറഞ്ഞു: ഹേ രാജാവേ, ലൗകികങ്ങളായ എല്ലാറ്റിനേയും ഉപേക്ഷിച്ച് തീവ്രമായ വൈരാഗ്യത്തോടെ യോഗം അഭ്യസിക്കുന്നവന് എല്ലാം സുലഭമാണ് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം.
അഗ്നി, ഗൃഹം, ഗോത്രം, വിദ്യാവംശം എന്നിവ ഒന്നുമില്ലാതെ നഗ്നത മറയ്ക്കുവാന്‍ മാത്രം മരവുരി ധരിച്ച്, പ്രാണസംരക്ഷണത്തിന് മാത്രം ആഹാരം കഴിച്ച്, ഗ്രാമത്തില്‍ വാഴുന്ന വിവേകിയായ യോഗിക്ക് അസുലഭമായി എന്തുണ്ട്! കാമകര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് ഇന്ദ്രിയ നിഗ്രഹം ചെയ്ത് മൗനവ്രതം ആചരിക്കുന്ന മുനി എല്ലാ സിദ്ധികളേയും പ്രാപിക്കും.
"ആഹാരശുദ്ധൗ സത്വശുദ്ധിഃ", എന്ന ശ്രുതി വാകൃത്തെ അറിഞ്ഞ് ശുദ്ധവും മിതവുമായ ആഹാരം കഴിച്ച് ആത്മശുദ്ധി നേടിയിരിക്കുക, ഹിംസയ്ക്കു ഉപകരണമായ നഖങ്ങള്‍ പോലും മുറിച്ചു കളഞ്ഞിരിക്കുക, ശരീരവും മനസ്സും ശുദ്ധമായിരിക്കുക, യോഗം നിമിത്തമായ ഐശ്വര്യത്താലും, ശമാദികളായ ഗുണങ്ങളാലും അലംകൃതനായിരിക്കുക., വാസനാബന്ധങ്ങളെ മുഴുവന്‍ വിട്ടവനായിരിക്കുക, ഹിംസയുടെ സ്പര്‍ശമുള്ളതെന്നു തോന്നുന്ന ധര്‍മ്മങ്ങള്‍ പോലും ഉപേക്ഷിച്ചിരിക്കുക, ഇങ്ങനെയുള്ള മഹാനെ ആരാണ് വന്ദിക്കാതിരിക്കുക; ആരാണ് പൂജിക്കാതിരിക്കുക നിസ്സാരനായാല്‍ പോലും കാമാദികളെ ജയിക്കാനായി വേണ്ടി വന്നാല്‍ തപസ്സൂ തന്നെ ചെയ്യണം. അവന്‍ ശരീരം തപോവുൃത്തി കൊണ്ടു ശോഷിപ്പിച്ച് ഐഹികത്തെ ജയിച്ച്, പരലോകം സ്വാധീനമാക്കുന്നു. മദ്ധ്യമവൃത്തിയിലുള്ളവരും, സുഖദുഃഖാദികളായ ദ്വന്ദ്വഭാവങ്ങളെ തീരെ വിട്ട് മനസ്സടക്കി മൗനവ്രതം അവലംബിച്ചാല്‍ ഇഹത്തെ ജയിച്ചു സ്വര്‍ഗ്ഗത്തെ നേടാം. കേവലം പശുക്കള്‍ എന്ന പോലെ രസാസക്തി കൂടാതെ ആഹാരം കഴിക്കുന്ന മുനിക്ക് ഈ ലോകം മുഴുവന്‍ അധീനമാകുന്നു. അവന് സകല സിദ്ധികളും ഉണ്ടാകുന്നു. അങ്ങനെയുള്ള ഉത്തമന്മാര്‍ക്ക് എന്തും സുലഭമാകുന്നു.
92. ഉത്തരയയാതം - അഷ്ടകയയാതിസംവാദം -അഷ്ടകന്‍ പറഞ്ഞു: രാജാവേ, ഞാന്‍ ഒന്നു കൂടി ചോദിച്ചു കൊള്ളട്ടെ! സൂര്യനും ചന്ദ്രനുമെന്ന പോലെ, യോഗിയും ജ്ഞാനിയും ഒന്നുപോലെ ബ്രഹ്മപ്രാപ്തിക്കു ശ്രമിക്കുകയാണല്ലോ. അവരില്‍ ആരാണ് ആ പദത്തില്‍ ആദ്യം എത്തുക?
യയാതി പറഞ്ഞു: ഭവനരഹിതനായ ഭിക്ഷുവും ഗൃഹസ്ഥനായ ഭിക്ഷുവും മുക്തന്മാരാകും. എന്നാൽ ഗൃഹസ്ഥനായ ജ്ഞാനിക്കാണ് എളുപ്പത്തില്‍ സിദ്ധിയുണ്ടാവുക. ശുദ്ധി, യുക്തി, അനുഭവങ്ങള്‍ എന്നിവയാല്‍ ലോകത്തിന്റെ മിഥ്യാഭാവം ജ്ഞാനിക്കു സുനിശ്ചിതമാണ്. തന്മൂലം കുറച്ചു സമയത്തെ നിര്‍വ്വികല്പ സാക്ഷാത്കാരത്താല്‍ ജ്ഞാനി ബ്രഹ്മത്തില്‍ ലയിക്കുന്നു. യോഗിയുടെ സ്ഥിതി വൃത്യസ്തമാണ്. യോഗിക്ക് നിര്‍വ്വികല്പ സമാധി അഭ്യസിച്ചു വേണം ദ്വൈതവിസ്മരണം സാധിക്കുവാന്‍. ശ്രമം കൊണ്ടും കാലതാമസം കൊണ്ടും മാത്രമേ അയാള്‍ക്കു മുക്തി ലഭിക്കുകയുള്ളു. ഗ്രാമത്തില്‍ പാര്‍ക്കുന്ന ഭിക്ഷു തന്നെ ആദ്യം ബ്രഹ്മത്തെ പ്രാപിക്കുന്നു എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.
അനുഷ്ഠാനം പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ ആയുസ്സോ, സന്ദര്‍ഭമോ ലഭിക്കാതെ ഇടയ്ക്കു വെച്ചു നിഷ്ഠയില്‍ നിന്നു വിട്ട്, പിന്നീട് അതിനെക്കുറിച്ച് വ്യസനമുണ്ടാകുമെങ്കില്‍ അവന്‍ വീണ്ടും തപസ്സിനെ അനുഷ്ഠിക്കുന്നതാണ്. യോഗത്തില്‍ നിന്നു ഭ്രംശിച്ച മുനി പശ്ചാത്തപിക്കുന്നുവെങ്കില്‍ സ്മൃതി പ്രഭാവം കൊണ്ട് ഈ ജന്മത്തിലോ മറ്റു ജന്മത്തിലോ പിന്നേയും യോഗം അനുഷ്ഠിക്കുന്നതാണ്.
ധര്‍മ്മം അനുഷ്ഠിക്കേണ്ടത് മോക്ഷത്തിന് ആയിരിക്കണം. അല്ലാതെ സ്വര്‍ഗ്ഗ പ്രാപ്തി മുതലായവയ്ക്ക് ആയിരിക്കരുത്. അവയ്ക്കാണെങ്കില്‍ അവന്‍ നാനാദുഃഖമയമായ സംസാരത്തില്‍ പെട്ടു നശിക്കും. ഇന്ദ്രിയ നിഗ്രഹം ചെയ്യാത്തവന്റെ സമ്പത്ത് ക്രൂരവും നിന്ദ്യവുമാണ്. മോക്ഷത്തിന് വേണ്ടി ചെയ്യുന്ന ധര്‍മ്മമാണ് സമുചിതമായ ഫലം അര്‍ഹിക്കുന്നത്. അതിന് വേണ്ടി അവലംബിക്കുന്ന സമാധിയാണ് സമാധി. അത് ഒന്നു മാത്രമാണ് യഥാര്‍ത്ഥമായ ജഞാനസാധന. യോഗത്തിനും ജ്ഞാനത്തിനും മൂലമായത് നിഷ്കാമകര്‍മ്മം മാത്രമാണ്.
അഷ്ടകന്‍ പറഞ്ഞു: രാജാവേ, ആരു പറഞ്ഞയച്ച, എവിടേക്കു പറഞ്ഞയച്ച ദൂതനാണ് ഭവാന്‍? യുവാവും, മാലയണിഞ്ഞവനും സുന്ദരനും, മഹാതേജസ്വിയുമായ ഭവാന്‍ എവിടെ നിന്നു വരുന്നു? ഭൂമിയില്‍ അങ്ങയുടെ രാജ്യമേതാണ്?
യയാതി പറഞ്ഞു; ഞാന്‍ ആകാശത്തില്‍ വാഴുകയായിരുന്നു. സുകൃതം ക്ഷയിച്ചതില്‍ എനിക്ക് അവിടെയുള്ള സഥാനം നഷ്ടപ്പെട്ടു. ഞാന്‍ അവിടെ നിന്ന് അധഃപതിച്ചു. ക്ലേശഭൂയിഷ്ഠമായ നരകമാകുന്ന ഭൂമിയില്‍ ചെല്ലാനാണ് ഇപ്പോള്‍ ഞാന്‍ ഒരുങ്ങുന്നത്. നിങ്ങളോടു സംസാരിക്കുവാനായി കുറച്ചു സമയം ഇവിടെ നിന്നു പോയെന്നു മാത്രം. മഹാന്മാരായ ദേവന്മാര്‍ എന്നെ വീഴ്ത്തുവാന്‍ ബദ്ധപ്പെടുത്തുന്നു. എനിക്കു വീഴ്ചയുണ്ടാകുന്നത് സജ്ജനമദ്ധ്യത്തിൽ ആകണമെന്നു ഞാന്‍ അവരോടു പ്രാര്‍ത്ഥിച്ചു. അതു കൊണ്ട് ഗുണസമ്പന്നരായ ഭവാന്മാരുടെ സംഗമം എനിക്കുണ്ടായി. ഞാന്‍ ഭൂമിയിലേക്കു പതിക്കുവാന്‍ പോകുമ്പോണ് ഈ അനുഗ്രഹം ഞാന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത്.
അഷ്ടകന്‍ പറഞ്ഞു: രാജാവേ. അങ്ങു വീഴരുതേ! അവിടെ നില്‍ക്കു! ഞാനൊന്നു ചോദിച്ചോട്ടെ! ആകാശത്തിലോ, സ്വര്‍ഗ്ഗത്തിലോ എനിക്ക് അര്‍ഹതപ്പെട്ട വല്ല ലോകങ്ങളുമുണ്ടോ? നക്ഷത്രമണ്ഡലങ്ങളിലോ, മഹാമേരുവിന്റെ സാനുക്കളിലോ മറ്റു വല്ലേടമോ ഉണ്ടോ? ഭവാന്‍ സിദ്ധസ്ഥാനങ്ങളെല്ലാം അറിയുന്നവനാകയാല്‍ എനിക്കു പറഞ്ഞു തന്നാലും!
യയാതി പറഞ്ഞു: ഭൂമിയില്‍ എത്രമാത്രം പശുക്കളും കുതിരകളുമുണ്ടോ, കാടുകളിലും മലകളിലും എത്ര മാത്രമുണ്ടോ അത്രയ്ക്കു ലോകങ്ങള്‍ ആകാശത്തില്‍ അങ്ങയ്ക്കുണ്ട്. ഹേ. നരേന്ദ്രസിംഹ! ഭവാന്‍ ധരിക്കുക!
അഷ്ടകന്‍ പറഞ്ഞു: ആകാശത്തിലോ, സ്വര്‍ഗ്ഗത്തിലോ, എനിക്കവകാശപ്പെട്ട സകല ലോകങ്ങളേയും ഞാന്‍ ഭവാനായി തരുന്നു. ഭവാന്‍ ഒരിക്കലും അധഃപതിക്കുവാന്‍ പാടില്ല. അവിടെ എവിടെയെങ്കിലും ഭവാന്‍ മടി കൂടാതെ അധിവസിക്കുക!
യയാതി പറഞ്ഞു: നമ്മളെപ്പോലെയുള്ള അബ്രാഹ്മണനായ ഞാന്‍, വേദജ്ഞാനമില്ലാത്തവനായ ഞാന്‍, പ്രതിഗ്രഹം വാങ്ങാന്‍ പാടില്ലാത്തതാണ്. ഹേ! രാജാവേ. ഞാന്‍ അര്‍ഹരായ ബ്രാഹ്മണര്‍ക്കു വിധിപോലെ മുമ്പ് ദാനം ചെയ്തിട്ടുണ്ട്. ബ്രഹ്മജ്ഞാനികളായ ബ്രാഹ്മണര്‍ക്കു മാത്രമേ പ്രതിഗ്രഹം സ്വീകരിക്കുവാന്‍ പാടുള്ളു എന്ന് ഭവാനറിഞ്ഞുകൂടേ? ബ്രാഹ്മണനല്ലാത്തവന്‍ യാചിക്കുവാന്‍ പാടില്ലാത്തതാണ്. ദ്വിഗ് വിജയം ചെയ്തു വാഴുന്ന വീരന്റെ പത്നി പ്രതിഗ്രഹം സ്വീകരിച്ചു വാഴുന്ന ബ്രാഹ്മണന്റെ ഭാര്യയുടെ നിലയിലും വാഴുവാന്‍ പാടില്ല. പൂര്‍വ്വാചാര വിരുദ്ധമായി ഒന്നും ഞാന്‍ ചെയ്യുന്നതല്ല. വിശേഷിച്ചും ജ്ഞാനപദം കാംക്ഷിക്കുന്ന സജ്ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
പ്രതര്‍ദ്ദനന്‍ പറഞ്ഞു: സുന്ദരനായ മഹാശയ! ഞാന്‍ പ്രതര്‍ദ്ദനാണ്. ആകാശത്തോ. സ്വര്‍ഗ്ഗത്തിലോ, എനിക്ക് അര്‍ഹതയുള്ള വല്ല സ്ഥാനങ്ങളുമുണ്ടോ? പറയൂ! ഉണ്ടെങ്കില്‍ അതു പറയുവാന്‍ ഭവാന്‍ ശക്തനാണെന്നു ഞാന്‍ വിചാരിക്കുന്നു.
യയാതി പറഞ്ഞു: ഭവാനു വളരെ ലോകങ്ങളുണ്ട്. ഓരോ ലോകത്തിലും ഏഴു ദിവസം വീതം താമസിച്ചാലും അവ തീരുകയില്ല. സുഖപ്രദവും, പ്രകാശമാനവും, ദുഃഖരഹിതവുമായ ആ ലോകങ്ങള്‍ ഭവാനെ കാത്തു കൊണ്ടു നില്ക്കുന്നു
പ്രതര്‍ദ്ദനന്‍ പറഞ്ഞു: എനിക്കുള്ള എല്ലാ ലോകങ്ങളും ഞാന്‍ അങ്ങയ്ക്കു ദാനംചെയ്യുന്നു. അങ്ങ് അധഃപതിക്കരുത്. ഭവാന്‍ മടിക്കാതെ എനിക്കുള്ള ആ പുണ്യലോകങ്ങള്‍ സ്വീകരിച്ചാലും
യയാതി പറഞ്ഞു: ഹേ രാജാവേ, തേജസ്വിയായ ഒരു പുരുഷന്‍ തനിക്കൊത്തവന്റെ കൈയില്‍ നിന്നു സുഖകരമായ സുകൃതം കാമിക്കുകയില്ല. വിധിവശാല്‍ വന്നു ചേര്‍ന്ന വിപത്തിന്റെ പരിഹാരത്തിന് പണ്ഡിതന്മാര്‍ ആരും നിന്ദ്യകര്‍മ്മം ചെയ്തു കൂടാ! ധര്‍മ്മം തെറ്റാതെ നോക്കുന്നവനും, കീര്‍ത്തിമാനും, ധര്‍മ്മാനുസരണമായ മാര്‍ഗ്ഗം ആരായുന്നവനുമായ രാജാവ് അതിന് അനുസരിച്ചു പ്രവര്‍ത്തിക്കണം. അറിവും ധര്‍മ്മബോധവുമുള്ള എന്നെപ്പോലെയുള്ള ഒരാള്‍, ഭവാന്‍ എന്നോടു പറഞ്ഞ മാതിരി ചെയ്യുന്നതല്ല. മുമ്പേ മറ്റൊരു രാജാവും, ചെയ്യാത്ത ഒരുപ്രവൃത്തി അതിനെപ്പറ്റി നല്ല അറിവുള്ളവനായ ഞാന്‍ ഒരിക്കലും ചെയ്യുകയില്ല.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന രാജേന്ദ്രനായ യയാതിയോട് വസുമാന്‍ എന്ന രാജാവ് പറഞ്ഞു.
93. ഉത്തരയയാതസമാപ്തി - യയാതിയുടെ പുനര്‍സ്വര്‍ഗ്ഗലോകഗമനം - വസുമാന്‍ പറഞ്ഞു: മഹാത്മാവേ. ഞാന്‍ ഓഷദശ്വന്റെ മകനായ വസുമനസ്സാണ്. ആകാശത്തോ. സ്വര്‍ഗ്ഗത്തിലോ എനിക്കായി വല്ല ലോകവും ഉണ്ടോ? അങ്ങ് അത് അറിയുവാന്‍ ശക്തനാകയാല്‍ ഞാന്‍ ചോദിക്കുകയാണ്.
യയാതി പറഞ്ഞു: ആദിത്യന്‍ തന്റെ രശ്മികള്‍ കൊണ്ടു ശോഭിപ്പിക്കുന്ന ആകാശം, ഭൂമി, ദിക്കുകള്‍ എന്നിവയെല്ലാം എത്ര മാത്രമുണ്ടോ അത്രയ്ക്കു ലോകങ്ങള്‍ വിണ്ണില്‍ അങ്ങയെ പ്രതീക്ഷിക്കുന്നുണ്ട്.
വസുമാന്‍ പറഞ്ഞു; രാജാവേ, എനിക്കുള്ള ആ സകല ലോകങ്ങളും ഞാന്‍ അങ്ങയ്ക്കായി തരുന്നു. അങ്ങു കീഴോട്ടു വീഴരുതേ! എന്റെ ലോകാനുഭവങ്ങള്‍ സകലതും അങ്ങയ്ക്കു തന്നെ ഇരിക്കട്ടെ! പ്രതിഗ്രഹം സ്വീകരിക്കുന്നത് നിന്ദ്യമായി ഭവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ നിസ്സാരമായ എന്തെങ്കിലും വല്ല പുല്‍ക്കൊടിയോ മറ്റോ തന്ന് അവയെ വില കൊടുക്കുന്ന ന്യായത്തില്‍ തന്നെ എടുത്തു കൊള്ളുക.
യയാതി പറഞ്ഞു: കപടകര്‍മ്മത്തെപ്പറ്റി ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. വെറുതെ വാങ്ങുകയും പിന്നെ അതു വിലക്കാണെന്നു ഭാവിക്കുകയും ചെയ്യുന്ന കള്ളക്കച്ചവടത്തെ ഞാന്‍ കൂടുതല്‍ ഭയപ്പെടുന്നു. അത് എനിക്കു ചിന്തിക്കുവാന്‍ പോലും വയ്യാ! മുമ്പ് ഒരു രാജാവും ചെയ്യാത്ത കര്‍മ്മം ഞാന്‍ ചെയ്യുന്നതല്ല. ആ വിഷയത്തെ കുറിച്ച് നല്ല അറിവുള്ളവനായ ഞാന്‍ അതു ചെയ്യുകയില്ല.
വസുമാന്‍ പറഞ്ഞു; നരേന്ദ്ര! കള്ളക്കച്ചവടം അങ്ങയ്ക്കിഷ്ടമല്ലെങ്കില്‍ വേണ്ട. ഞാന്‍ ഭവാന് എന്റെ സകല പുണ്യലോകങ്ങളും തരുന്നു. ഭവാന്‍ സ്വീകരിച്ചാലും! ആ ലോകത്തിലൊന്നിലും ഞാന്‍ വരുന്നേയില്ല. അവയെല്ലാം അങ്ങയ്ക്കുള്ളതാകട്ടെ!
ശിബി പറഞ്ഞു; താത! ഉശീനരന്റെ പുത്രനായ ശിബിയാണ് ഈയുള്ളവന്‍. ആകാശത്തിലോ, സ്വര്‍ഗ്ഗത്തിലോ എനിക്കും വല്ല ലോകങ്ങളുമുണ്ടോ? അറിയുവാന്‍ ചോദിക്കയാണ്. മഹാത്മാവായ അങ്ങയ്ക്ക് അതിന്റെയെല്ലാം ശരിയായ വിവരം അറിയാമെന്നാണ് എന്റെ വിശ്വാസം.
യയാതി പറഞ്ഞു: അല്ലയോ, പണ്ഡിതനായ രാജാവേ! അങ്ങു മനസ്സുകൊണ്ടോ, വാക്കുകൊണ്ടോ തന്നെ ആശ്രയിക്കുന്ന അര്‍ത്ഥികളെ നിരാശപ്പെടുത്തി വിട്ടിട്ടില്ല. അങ്ങനെയുള്ള മഹത്തായ ദാനശീലത്താല്‍ ഭവാനു പ്രകാശമാനമായ, പ്രസിദ്ധിയും പെരുമയുള്ള അനേകമനേകം ലോകങ്ങള്‍ വിണ്ണില്‍ ഭവാനെ കാത്തു നില്ക്കുന്നുണ്ട്!
ശിബി പറഞ്ഞു; രാജാവേ! അങ്ങയ്ക്കു കൈമാറ്റക്കച്ചവടം ഇഷ്ടമല്ലെങ്കില്‍ ഞാന്‍ തരുന്ന എന്റെ ലോകങ്ങളെ ഭവാന്‍ കൈക്കൊള്ളണം. ഞാന്‍ അതു തന്നു കഴിഞ്ഞാല്‍ പിന്നെ, ഞാന്‍ അങ്ങോട്ടു വരുന്നേയില്ല. അവിടെച്ചെന്നാല്‍ പിന്നെ ധീരന്മാര്‍ക്കു വ്യസനമൊന്നും അനുഭവിക്കേണ്ടി വരികയില്ലല്ലോ.
യയാതി പറഞ്ഞു: ഇന്ദ്രതുല്യ പ്രഭാവനായ അങ്ങയും, അങ്ങയെപ്പോലെ മഹാന്മാരായ രാജസമൂഹങ്ങളും എന്നതു പോലെ തന്നെ ഞാനും മറ്റൊരാള്‍ ദാനംചെയ്യുന്ന ഒരു ലോകത്തില്‍ വാഴുവാന്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് അങ്ങയുടെ ഈ ദാനം ഞാന്‍ അഭിനന്ദിക്കുന്നില്ല!
അഷ്ടകന്‍ പറഞ്ഞു: രാജാവേ. ഞങ്ങള്‍ ഓരോരുത്തരും സസന്തോഷം നല്കുന്ന ലോകങ്ങളെ ഭവാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞങ്ങളെല്ലാവരും ഞങ്ങളുടെ പുണ്യലോകങ്ങളെ. ഭവാനു നല്കി ഞങ്ങളെല്ലാവരും നരകം അനുഭവിച്ചുകൊള്ളാം; ഭവാന് പതനമുണ്ടാകരുത്! ഞങ്ങള്‍ മരിച്ചു വീണ്ടും നരകപ്രായമായ, ഈ ഭൂലോകമാകുന്ന നരകത്തിലെ യാതനകള്‍ അനുഭവിച്ചു കൊള്ളാം.
യയാതി പറഞ്ഞു: മഹാശയന്മാരേ, ഞാന്‍ അര്‍ഹിക്കുന്നത്‌എന്തോ, അതു നിങ്ങളുടെ സത്യവും അഹിംസയും കാരണമായി ഞാന്‍ സ്വീകരിച്ചു കൊള്ളാം. എന്നാൽ, പണ്ട് ആരും, ഒരു രാജാവും. ചെയ്യാത്തതൊന്നും ഞാന്‍ ചെയ്യുകയില്ലെന്ന് നിങ്ങള്‍ ധരിക്കണം.
അഷ്ടകന്‍ പറഞ്ഞു: അത്ഭുതം! അതാ, പൊന്മയമായ അഞ്ചു തേരുകള്‍ ആകാശത്തു നിന്നു വരുന്നു! അവ ആരുടെയാണ്? അഗ്നി പോലെ പ്രകാശിക്കുന്നുവല്ലോ!
യയാതി പറഞ്ഞു: മഹാശയന്മാരേ, മഹാത്മാക്കളേ, ആ വരുന്ന അഞ്ചു തേരുകളും പുണ്യവാന്മാരായ നിങ്ങളെ അഞ്ചു പേരെ കയറ്റിക്കൊണ്ടു പോകുവാന്‍ വന്നിരിക്കുകയാണ്. അവ അഗ്നിജ്വാലപോലെ പ്രകാശിക്കുന്നു.
അഷ്ടകന്‍ പറഞ്ഞു: രാജാവേ, മഹാത്മാവേ, അങ്ങ് തേരിലേറി വിഹായസ്സിലൂടെ പോയാലും! സമയമാകുമ്പോള്‍ ഞങ്ങളും അങ്ങയുടെ പിന്നാലെ എത്തിക്കൊള്ളാം.
യയാതി പറഞ്ഞു; ഇപ്പോള്‍ നമ്മളെല്ലാവരും ഒന്നിച്ചു തന്നെ പോകണം. നാം സ്വര്‍ഗ്ഗത്തെ ജയിച്ചവരാണ്. ദേവലോകത്തിലേക്കുള്ള നിര്‍മ്മലമായ മാര്‍ഗ്ഗം ഇതാ തെളിഞ്ഞുകാണുന്നു.
വൈശമ്പായനൻ പറഞ്ഞു: ആ രാജശ്രേഷ്ഠന്മാരെല്ലാവരും തങ്ങളുടെ തേരിലേറി. ധര്‍മ്മം കൊണ്ടുള്ള അവരുടെ പ്രഭാരശ്മികള്‍ അപ്പോള്‍ ആകാശത്തിലും ദിക്കുകളിലും പരന്നു. ആകാശവും ഭൂമിയും ധര്‍മ്മരശ്മി കൊണ്ട് ശോഭിപ്പിച്ചു കൊണ്ട് അവര്‍ യാത്ര ചെയ്തു.
അഷ്ടകന്‍ പറഞ്ഞു: ഇന്ദ്രന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. അതു കൊണ്ട് ഞാനായിരിക്കും ആദ്യം പോവുകയെന്നായിരുന്നു എന്റെ വിചാരം. എന്നാൽ, ഇപ്പോള്‍ ശിബിയാണല്ലോ നമ്മളേക്കാള്‍ എല്ലാവരേക്കാളും മുമ്പേ വേഗത്തില്‍ പോയ ത്. ഇതെങ്ങനെ സംഭവിച്ചു?
യയാതി പറഞ്ഞു: ശിബി തനിക്ക് എത്രമാത്രം ധനം ഉണ്ടായിരുന്നുവോ, അതെല്ലാം ദാനം ചെയ്തവനാണ്. ശിബി നമ്മളെല്ലാവരേക്കാളും ശ്രേഷ്ഠനാണ്. അതു കൊണ്ട് ശിബിക്കു ദേവയാനം തന്നെ. കിട്ടി. നമ്മള്‍ക്കു കിട്ടിയത് പിതൃയാനമാണ്. ദാനം, തപശ്ശക്തി, സത്യം, ധര്‍മ്മം, നിഷിദ്ധ കര്‍മ്മങ്ങളില്‍ ലജ്ജ, ഐശ്വര്യം, ക്ഷമ, സഹനശക്തി ഇപ്രകാരമുള്ള പല ഗുണങ്ങളും അദ്ദേഹത്തിലുണ്ട്. ക്രൂരതയുടെ കണിക പോലും. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ കാണുകയില്ല. അധര്‍മ്മത്തില്‍ കഠിനമായ ലജ്ജയുണ്ട്. അതു കൊണ്ടെല്ലാം അത്യുത്കൃഷ്ടനായ ശിബി നമ്മളേക്കാളൊക്കെ വേഗത്തില്‍ കടന്നു പോയി.
വൈശമ്പായനൻ പറഞ്ഞു: അഷ്ടകന്‍ ഇന്ദ്രതുല്യം യോഗ്യനായ മാതാമഹനോട് ( അമ്മയുടെ അച്ഛനോട് ) വീണ്ടും കൗതുകത്താല്‍ ചോദിച്ചു.
അഷ്ടകന്‍ പറഞ്ഞു: രാജാവേ, ഞാനൊരു കാര്യം അങ്ങയോടു ചോദിക്കുന്നു. ഉള്ളത് ഭവാന്‍ എന്നോടു പറയണം. അങ്ങ് എവിടെ നിന്നു വരുന്നു? അങ്ങ് ആരാണ്? അങ്ങ് ആരുടെ പുത്രനാണ് അങ്ങയെക്കണ്ടിട്ട് ഒരു കാര്യം എനിക്കു തോന്നുന്നുണ്ട്. ഭവാന്‍ ചെയ്തിട്ടുള്ള ഉത്കൃഷ്ടമായ കര്‍മ്മം ഭവാനല്ലാതെ മറ്റൊരു ക്ഷത്രിയനോ ബ്രാഹ്മണനോ ചെയ്യുവാന്‍ സാദ്ധ്യമല്ല.
യയാതി പറഞ്ഞു: നഹുഷ രാജാവിന്റെ പുത്രനും പൂരുവിന്റെ അച്ഛനുമായ യയാതിയാണ് ഞാന്‍. ഞാന്‍ ഈ മന്നിന്റെയെല്ലാം സാര്‍വ്വഭൗമനായിരുന്നു. എന്റെ സ്വന്തം ആള്‍ക്കാരായ നിങ്ങളോട് രഹസ്യമായ ഒരു കാര്യം പറയാം: ഞാന്‍ നിങ്ങളുടെ മാതാമഹനാണ്. ഇപ്പോള്‍ കാര്യം തെളിഞ്ഞില്ലേ? ഞാന്‍ ഈ ലോകമെല്ലാം ജയിച്ചു; എല്ലാം കീഴടക്കി ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. വാനപ്രസ്ഥം സ്വീകരിച്ച് നൂറു യാഗം ചെയ്തു; നൂറു യാഗക്കുതിരകളെ ദേവന്മാര്‍ക്കു നല്കുന്ന സമയം അവര്‍ സുകൃതം കൈക്കൊള്ളുന്നവരാകുന്നു. അങ്ങനെയുള്ളവരെ ദേവന്മാര്‍ ഭജിക്കും. ഞാന്‍ പശുക്കള്‍, സ്വര്‍ണ്ണം, ധനം, വാഹനം എന്നിവയോടു കൂടി ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. അവിടെ അന്ന് അനേകായിരം പശുക്കളുണ്ടായിരുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞതെല്ലാം സത്യമാണ്. സജ്ജനങ്ങള്‍ എപ്പോഴും സത്യത്തെ പൂജിക്കുന്നു. ദേവന്മാരേയും, മഹര്‍ഷിമാരേയും, ലോകത്തേയും സത്യത്താല്‍ പൂജിക്കാമെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ഈ സ്വര്‍ഗ്ഗവിജയ ചരിത്രം സംഭവിച്ച വിധം സജ്ജനമദ്ധൃത്തില്‍ പ്രസ്താവിക്കുന്ന ഏതു പുരുഷനും നമ്മളോട് കൂടി വാഴുവാന്‍ അര്‍ഹനാണ്.
വൈശമ്പായനൻ പറഞ്ഞു; ഇങ്ങനെ മഹാത്മാവും മഹാബലിഷ്ഠനുമായ യയാതി മഹാരാജാവ് തന്റെ ദൌഹിത്രരാല്‍ ( പുത്രിയുടെ പുത്രന്മാരാല്‍ ) ഇപ്രകാരം നരകത്തില്‍ നിന്നു കയറ്റപ്പെട്ടു. സച്ചരിതം കൊണ്ട് മന്നിലെങ്ങും പരന്ന സത്കീര്‍ത്തിയോടെ സ്വര്‍ഗ്ഗം പ്രാപിച്ചു.
94. പൂരുവംശാനുകീര്‍ത്തനം - ജനമേജയൻ പറഞ്ഞു: പൂരുവിന്റെ വംശകരന്മാരായി പേരു കേട്ടവരായ നരേന്ദ്രന്മാരെ അവരുടെ സത്വവീരൃ സ്വരൂപങ്ങളോടു കൂടി വര്‍ണ്ണിച്ചു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. ഈ കുലത്തില്‍ ശീലഗുണം നശിച്ച് വീര്യം കെട്ട ഒറ്റ രാജാവും, സന്താനഹീനനായി ഒരു കാലത്തും ഉണ്ടായിട്ടില്ല. പ്രസിദ്ധി കേട്ടവരും വിജ്ഞാന നിധികളും ആയിട്ടേ തീര്‍ന്നിട്ടുള്ളു. എന്നു ഞാന്‍ അറിയുന്നു. അവരുടെ ചരിത്രം വിസ്തരിച്ചു മഹര്‍ഷേ, ഭവാന്‍ പറഞ്ഞാലും!
വൈശമ്പായനൻ പറഞ്ഞു: എന്നോടു ഭവാന്‍ അഭ്യര്‍ത്ഥിച്ച പ്രകാരം ഞാന്‍ അവരുടെ വിസ്തൃതമായ ചരിത്രം പറയാം, കേട്ടാലും. പൂരുവിന്റെ വംശകരന്മാരായി | ഇന്ദ്രപ്രഭാവന്മാരും, ദ്രവ്യവിര്യാഢ്യന്മാരും, സര്‍വ്വലക്ഷണ പൂണ്ണരുമായി പ്രവീരന്‍; ഈശ്വരന്‍. രൗദ്രാശ്വന്‍ എന്നു പേരായി മൂന്നു മക്കള്‍ പൂരുവിന് പൗഷ്ടി എന്ന പത്നിയില്‍ ഉണ്ടായി. അതില്‍ പ്രവീരനെകൊണ്ടാണ് വംശത്തുടര്‍ച്ച ഉണ്ടായത്. പ്രവീരന് ശൂരസേനി എന്ന ഭാര്യയില്‍ മനസ്യു എന്ന പുത്രനുണ്ടായി. അവന്‍ നാലാഴി ചൂഴുന്ന ഭൂമിക്കൊക്കെ അധിപനായി. മനസ്വിക്ക് സൗവീരി എന്ന ഭാര്യയില്‍ മഹാശൂരന്മാരും മഹാരഥന്മാരുമായി ശക്തന്‍, സംഹനന്‍, വാഗ്മി എന്നീ മുന്നു പുത്രന്മാര്‍ ഉണ്ടായി. രൗദ്രാശ്വന് അപ്സരസ്സായ മിശക്രേശിയില്‍ വീരന്മാരായി അന്വഗ്ഭാനുപ്രഭൃതികളായ പത്തു പുത്രന്മാരുണ്ടായി. അവര്‍ എല്ലാവരും യജ്വാക്കളും, പുത്രവാന്മാരും, ബഹുശ്രുതന്മാരും, സർവ്വശാസ്ത്രാസ്ത്ര ദക്ഷന്മാരും, ധര്‍മ്മശാലികളുമായിരുന്നു. ഋചേയു, കക്ഷേയു, കൃപണേയു, സ്ഥണ്ഡിലേയു, വനേയു, സ്ഥലേയു, തേജേയു, ബലവാനും ധീമാനുമായ സത്യേയു, ഹരിവിക്രമനായ ധര്‍മ്മേയു, സുരോപമനായ സന്നതേയു; ഇവര്‍ ആയിരുന്നു അവര്‍. വിദ്വാനും ഏക രാജനുമായ ഋചേയു വാനവര്‍ക്ക് ഇന്ദ്രന്‍ എന്ന പോലെ വിക്രമിയായി, അനാധൃഷ്ടി എന്നു പ്രസിദ്ധനായി.
അനാധൃഷ്ടിയുടെ പുത്രനാണ് രാജസൂയം, അശ്വമേധം മുതലായ യാഗങ്ങള്‍ കഴിച്ച കീര്‍ത്തിമാനും, ധാര്‍മ്മികനുമായ മതിനാരന്‍. മതിനാരന്ന് തംസു, മഹാന്‍, അതിരഥന്‍. ദ്രുഹ്യു എന്നീ നാലു മക്കള്‍ ഉണ്ടായി.
മതിനാര രാജാവിന്റെ ഈ നാലു പുത്രന്മാരില്‍ പൗരവാന്വയ വര്‍ദ്ധനനായി തീര്‍ന്നത് വീരനായ തംസുവാണ്. ഭൂമി ജയിച്ച് അവന്‍ വളരെ പ്രസിദ്ധി നേടി. വീര്യവാനായ തംസുവിന്റെ പുത്രനാണ് ഈളിനന്‍.. ആ രാജാവും ഭൂമിയൊക്കെ ജയിച്ചു. ഈളിനന്ന് പഞ്ചഭൂതങ്ങള്‍ പോലെ അഞ്ചു പുത്രന്മാരുണ്ടായി. രഥന്തരി എന്നായിരുന്നു രാജ്ഞിയുടെ പേര്. ദുഷ്യന്തന്‍, ശൂരന്‍, ഭീമന്‍, പ്രവസു, വസു എന്നിവരാണ് ആ അഞ്ചു പുത്രന്മാര്‍.
ഇവരില്‍ മൂത്തവന്‍ ദുഷ്യന്തനായിരുന്നു: ദുഷ്യന്തന് ശകുന്തളയില്‍ ഭരതന്‍ ഉണ്ടായി. ആ ഭരതന്‍ മൂലമാണ്. ഭാരതവംശം പ്രസിദ്ധമായത്. ഭരതനു മൂന്നു ഭാര്യമാരുണ്ടായിരുന്നു. മൂന്നു പേരിലും കൂടി ഒമ്പതു പുത്രന്മാരുണ്ടായി. രാജാവ് തനിക്കു ചേര്‍ന്ന പുത്രന്മാരല്ല അവര്‍ എന്നു കണ്ട് ആ പുത്രന്മാരെ ഇഷ്ടപ്പെട്ടില്ല, ലാളിച്ചുമില്ല. അതില്‍ ക്രോധിച്ച് അമ്മമാര്‍ ആ പുത്രന്മാരെയെല്ലാം കൊന്നു കളഞ്ഞു. അതു കൊണ്ട് ആ രാജാവിന് പുത്രന്മാര്‍ ആരും ഇല്ലാതായി.
പിന്നെ ഭരതരാജാവ് മഹായാഗങ്ങള്‍ ചെയ്തു. ഭരദ്വാജ മഹര്‍ഷിയുടെ കരുണ കൊണ്ട് ഭൂമന്യു എന്ന പുത്രനെ നേടി. താന്‍ പുത്രവാനായി എന്നു കണ്ടു സന്തോഷിച്ച് പൗരവരാജാവ് ഭൂമന്യുവിനെ യുവരാജാവാക്കി, ഭൂമന്യുവിന് ദിവിരഥന്‍ എന്ന പുത്രനുണ്ടായി. പിന്നെ സുഹോത്രൻ, സുഹോതാവ്, സുഹവിസ്സ്, യജുസ്സ്, ഋചീകന്‍ എന്നിവരും, പുഷ്കരിണി എന്ന പത്നിയില്‍ ഭൂമന്യുവിന് ഉണ്ടായി. അവരില്‍ മൂത്തവന്‍ സുഹോത്രനായിരുന്നു. ആ രാജാവ് കരബലം കൊണ്ടു രാജ്യം നേടി; രാജസൂയം, അശ്വമേധം മുതലായ പല യജ്ഞങ്ങളും ചെയ്തു ആഴിചൂഴുന്ന ഊഴി പാലിച്ച് ഗജങ്ങള്‍, അശ്വങ്ങള്‍, രഥങ്ങള്‍, രത്നങ്ങള്‍ എന്നിവ ധാരാളം നേടി. സമ്പല്‍ സമ്യദ്ധിയുടെ ഭാരം കൊണ്ട് ഭൂമി ആഴിയില്‍ താഴുന്ന വിധത്തിലായിത്തീര്‍ന്നു.
ആന, തേര്, കുതിരകള്‍, നാനാതരത്തിലുള്ള ആളുകള്‍ ഇവയോടു കൂടി ഭൂചക്രം ധര്‍മ്മത്തോടു കൂടി സുഹോത്രൻ പരിപാലിക്കുന്ന കാലത്ത് ചൈത്യയൂപാദികളായ ചിഹ്നങ്ങളോടു കൂടി ഭൂമി പ്രശോഭിച്ചു. സുഹോത്രന് ഐക്ഷ്വാകി എന്ന ഭാര്യയില്‍ മുന്നു പുത്രന്മാരുണ്ടായി; അജമീഢന്‍, സുമീഢന്‍, പുരുമീഢന്‍ എന്നിവരായിരുന്നു അവര്‍. അവരില്‍ മൂത്തവന്‍ അജമീഢനായിരുന്നു.
വംശവര്‍ദ്ധനനായ അജമീഢന് മൂന്നു ഭാര്യമാരില്‍ ആറു പൂത്രന്മാരുണ്ടായി. ധൂമിനിയില്‍ ഋക്ഷ്വന്‍ ഉണ്ടായി. ദുഷ്യന്തന്‍, പരമേഷ്ടി എന്നിവര്‍ നീലിയില്‍ ഉണ്ടായി. ജഹ്നുവും, പ്രജനനും, രൂപിണനും കേശിനിയില്‍ ഉണ്ടായി. രാജാവേ, ഇപ്രകാരം സര്‍വ്വപാഞ്ചാലന്മാരും, ദുഷ്യന്തന്റേയും പരമേഷ്ടിയുടേയും വംശത്തിലുണ്ടായവരാണ്. അതിതേജസ്വികളായ കൗശികന്മാര്‍ ജഹ്നുവിന്റെ കുലജന്മാരാണ്. വ്രജനരൂപിണന്മാരുടെ അഗ്രജന്‍ ഋക്ഷന്‍ രാജാവായി. ഋക്ഷന് സംവരണന്‍ എന്ന പുത്രനുണ്ടായി. പ്രസിദ്ധനായ വംശവര്‍ദ്ധനനാണ് സംവരണന്‍. ആ രാജാവ് ഈ രാജ്യം ഭരിച്ച കാലത്ത് പ്രജകള്‍ക്കു വളരെ നാശമുണ്ടായി എന്നു കേട്ടിട്ടുണ്ട്. പലതരം നാശങ്ങള്‍ കാരണം രാജ്യം തകര്‍ന്നുപോയി. ദാരിദ്ര്യവും, അനാവൃഷ്ടിയും, വ്യാധിയും കാരണം നാശത്തില്‍പ്പെട്ടു. അപ്പോള്‍ ശത്രുസൈന്യം ഭാരതരോട് പടയ്ക്ക് ഒരുങ്ങി. പാഞ്ചാല്യന്‍ പത്ത് അക്ഷൗഹിണി സൈന്യത്തോടു കൂടി എതിര്‍ത്തു രാജാവിനെ തോല്‍പിച്ച് ഭൂമി കൈയിലാക്കി. ഭാര്യ, മക്കള്‍, മന്ത്രിമാര്‍, ഇഷ്ടജനങ്ങള്‍ എന്നിവരോടെല്ലാവരോടും കൂടി രാജാവു ഭയപ്പെട്ട് ഓടിപ്പോയി. സിന്ധുനദിയുടെ കുഞ്ജപ്രദേശത്തെത്തി പര്‍വ്വതത്തിന്റെ അടിപ്പാട്ടില്‍ പുഴവക്കത്തു താമസമാക്കി. അവിടെ ദുര്‍ഗ്ഗപ്രദേശത്ത് ആ ഭാരത വംശരാജാക്കന്മാര്‍ വളരെനാള്‍ പാര്‍ത്തു. ആയിരം വര്‍ഷമാണ് അവിടെ പാര്‍ത്തത്. അക്കാലത്ത് വസിഷ്ഠ മഹര്‍ഷി ആ ഭാരതന്മാരുടെ അടുത്തു ചെന്നു. മുനിയുടെ വരവറിഞ്ഞ് എതിരേറ്റ് അഭിവാദ്യം ചെയ്ത് അര്‍ഘ്യം നല്കി മഹര്‍ഷിയെ ഭാരതന്മാര്‍ സ്വീകരിച്ചു. മുഖശ്രീയുള്ളവനായ മുനിക്ക് സല്‍ക്കാരങ്ങള്‍ ചെയ്ത് പീഠത്തില്‍ ഇരുത്തി ആ മഹര്‍ഷിയോട് രാജാവ് പറഞ്ഞു.
സംവരണന്‍ പറഞ്ഞു; മഹര്‍ഷേ! ഭവാന്‍ ഞങ്ങളുടെ ഗുരുവായാലും. ഭവാന്‍ ഞങ്ങള്‍ക്കു ഗുരുവായി ഭവിച്ചാല്‍ നഷ്ടപ്പെട്ട നാട് ഉടനെ വീണ്ടെടുക്കാം.
വൈശമ്പായനൻ പറഞ്ഞു: വസിഷ്ഠമഹര്‍ഷി അതു സമ്മതിച്ച് അങ്ങനെയാകാം എന്നു മറുപടി പറഞ്ഞു. അങ്ങനെ വസിഷ്ഠ മഹര്‍ഷി ഭാരതാചാര്യനായി തീര്‍ന്നു. പിന്നെ മഹര്‍ഷി സംവരണനെ സാമ്രാട്ടായി അഭിഷേചനം ചെയ്തു. ഗോവാകുന്ന ഭൂമിക്ക് ശൃംഗം പോലെ ശോഭിക്കുന്ന പ്രസിദ്ധമായ പുരം, മുമ്പ് ഭാരതന്മാര്‍ വാണ പുരം വീണ്ടെടുത്തു. പിന്നെ പല രാജാക്കന്മാരേയും കീഴടക്കി കപ്പം വാങ്ങി. ഇപ്രകാരം ഭൂമി വീണ്ടെടുത്ത് വളരെ യാഗങ്ങള്‍ ദക്ഷിണയോട് ആ രാജാവു നടത്തി പ്രബലനും പ്രസിദ്ധനുമായി. സത്കര്‍മ്മം കൊണ്ട് ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചു.
സൂര്യപുത്രിയായ തപതിയില്‍, സംവരണന് കുരു എന്ന പുത്രന്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ ധര്‍മ്മജ്ഞനായ കുരു രാജാവാകുവാന്‍ നാട്ടുകാര്‍ പ്രാര്‍ത്ഥിച്ചു. കുരുജാംഗലരാജ്യം അവന്റെ പേരു മൂലം പ്രസിദ്ധമായി. കുരുവിന്റെ പേരോടു കൂടി ആ രാജ്യം പ്രസിദ്ധി സമ്പാദിച്ചു. കുരുവിന്റെ തപസ്സു കൊണ്ട് കുരുക്ഷേത്രം പുണ്യമാവുകയും ചെയ്തു. അശ്വവാന്‍, അഭിഷ്യന്‍, ചൈത്രരഥന്‍, മുനി, ജനമേജയൻ എന്നിവരാണ് കുരുവിന്റെ അഞ്ചു പുത്രന്മാര്‍. സുശീലയായ വാഹിനിയാണ് ഇവരുടെ അമ്മ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്. അശ്വവാന്റെ മകന്‍ അവിക്ഷിത്തായിരുന്നു.
അവിക്ഷിത്തിന് പരീക്ഷിത്ത്, ശബളാശ്വന്‍, ആദിരാജന്‍, വിരാജന്‍, ശാല്മലി, ഉച്ചൈശ്രവസ്സ്, ഭദ്രകാരന്‍, ജിതാരി ഇങ്ങനെ എട്ടു പുത്രന്മാരുണ്ടായി. ഇവര്‍ കുലത്തില്‍ ഗുണങ്ങള്‍ കൊണ്ടു കീര്‍ത്തിമാന്മാരായി ശോഭിച്ചു.
പരീക്ഷിത്തിന് ജനമേജയന്‍ മുതല്‍ ഏഴു പുത്രന്മാരുണ്ടായി എല്ലാവരും ധര്‍മ്മവേദികളാണ്. ജനമേജയന്‍, കക്ഷസേനന്‍, ഉഗ്രസേനന്‍, വീരനായ ചിത്രസേനന്‍, ഇന്ദ്രസേനന്‍, സുഷേണന്‍, ഭീമസേനന്‍ എന്നിവരാണ് പരീക്ഷിത്തിന്റെ പുത്രന്മാര്‍. ഇവരെല്ലാം കീര്‍ത്തിമാന്മാരായ ജയശാലികളാണ്. ജനമേജയന് എട്ടു പുത്രന്മാരുണ്ടായി. ധ്യതരാഷ്ട്രന്‍, പാണ്ഡു, ബാല്‍ഹീകന്‍, നിഷധന്‍, ജാംബൂനദന്‍, കുണ്ഡോദരന്‍, പദാതി, വസാതി ഇവര്‍ എട്ടു പേരും ധര്‍മ്മവിത്തുക്കളും, സര്‍വ്വജനങ്ങള്‍ക്കും ഹിതകാരികളുമായിരുന്നു. ഇവരില്‍ മൂത്തവനായ ധൃതരാഷ്ട്രന്‍ നാടു ഭരിച്ചു. ധൃതരാഷ്ട്രന് കുണ്ഡികന്‍, ഹസ്തി, വിതര്‍ക്കന്‍, ക്രാഥന്‍, കുണ്ഡിനന്‍, ഹവിശ്രവസ്സ്, ഇന്ദ്രാഭന്‍, സുമന്യു, പ്രതീപന്‍, ധര്‍മ്മനേത്രന്‍, സുനേത്രന്‍ എന്നിങ്ങനെ അനേകം പുത്രന്മാരുണ്ടായി. ധൃതരാഷ്രടപുത്രന്മാരില്‍ പേര്‍ പുകഴ്‌ന്നവര്‍ മൂന്നു പേരാണ്. പ്രതീപന്‍, ധര്‍മ്മനേത്രന്‍, സുനേത്രന്‍. ഇവരില്‍ എതിരില്ലാതെ പുകഴ്‌ന്ന ശ്രേഷ്ഠന്‍ പ്രതീപനാണ്.
പ്രതീപന് മൂന്നു പുത്രന്മാരുണ്ടായി. ദേവാപി, ശാന്തനു, ബാല്‍ഫീകന്‍, എന്നിവരാണ്. ശാന്തനുവും മഹാരഥനായ ബാല്‍ഹീകനും രാജാക്കന്മാരായി. ഭരതന്റെ കുലത്തില്‍ പിറന്ന വീരന്മാരായ രാജാക്കന്മാരില്‍ മിക്കവരും പുകഴ്ന്നവരും ദേവര്‍ഷി തുല്യന്മാരുമാണ്. ഭൂമിയില്‍ മഹാരഥന്മാരും ദേവതുല്യന്മാരുമായി, ഇങ്ങനെ മനുവിന്റ കുലത്തില്‍ ഐളാന്വയത്തില്‍ മഹാന്മാരായ അനവധി വംശവര്‍ദ്ധനന്മാരായ മഹാന്മാര്‍ ഉണ്ടായിട്ടുണ്ട്.
95. പുരുവംശാനുകീര്‍ത്തനം (തുടര്‍ച്ച) - ജനമേജയൻ പറഞ്ഞു: അല്ലയോ മഹാശയാ, അങ്ങു പറഞ്ഞ പൂര്‍വ്വന്മാരുടെ സംഭവ ചരിത്രം ഞാന്‍ കേട്ടു. ഈ വംശത്തിലെ രാജാക്കന്മാരെല്ലാം പ്രസിദ്ധന്മാരായ ഉദാരന്മാരാണ്. ഭവാന്‍ ചുരുക്കിപ്പറഞ്ഞ എന്റെ വംശചരിത കീര്‍ത്തനം കേട്ടിട്ട് ഏനിക്കു തൃപ്തി വരുന്നില്ല. അതൊക്കെ ഭവാന്‍ വിസ്തരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദക്ഷന്‍, മനു മുതല്‍ക്കുള്ളവരുടെ മഹാദിവ്യമായ കഥ, അവരുടെ ജന്മവൃത്താന്തം, എന്നിവയൊക്കെ ആര്‍ക്കാണ് സന്തോഷം നല്‍കാതിരിക്കുക? സദ് ധര്‍മ്മങ്ങളാലും, ഗുണമാഹാത്മ്യങ്ങളാലും പൂര്‍ണ്ണമായ ഏറ്റവും ഉത്തമമായ ചരിത്രം, ഈ മഹാന്മാരുടെ കീര്‍ത്തി നിറഞ്ഞ ചരിത്രം, ഈ ത്രിലോകങ്ങള്‍ നിറയെ മുറ്റി നില്ക്കുന്നു. ഗുണം, പ്രഭാവം, ഓജസ്സ്, സത്വം, വീര്യം എന്നിവയൊത്തു ചേര്‍ന്ന ഇവരുടെ കഥ പീയുഷത്തിന് തുല്യമാണ്. അമൃതമയമായ ആ കഥ കേട്ടിട്ട് എനിക്കു തൃപ്തിയാകുന്നില്ല.
വൈശമ്പായനൻ പറഞ്ഞു: അല്ലയോ രാജാവേ, വ്യാസന്‍ പറഞ്ഞ വിധം തന്നെ ഞാന്‍ അങ്ങയുടെ വംശത്തിന്റെ മഹത്തായ ചരിത്രം പറയാം. അങ്ങു സസന്തോഷം കേട്ടാലും!
ദക്ഷന്റെ പുത്രിയാണ് അദിതി. അദിതിക്കു പുത്രനായി വിവസ്വാന്‍ ഉണ്ടായി. വിവസ്വാനു മനുവും, മനുവിന് ഇളയും ഇളയ്ക്കു പുരൂരവസ്സും, പുരൂരവസ്സിന് ആയുസ്സും, ആയുസ്സിനു നഹൂഷനും, നഹുഷന് യയാതിയും സന്താനങ്ങളായി ഉണ്ടായി. യയാതിക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു.
യയാതിയുടെ ഭാര്യമാര്‍, ഒന്ന് ശുക്രമഹര്‍ഷിയുടെ പുത്രിയായ ദേവയാനിയും, രണ്ടാമത്തേവള്‍ വൃഷപര്‍വ്വാവിന്റെ മകള്‍ ശര്‍മ്മിഷ്ഠയും ആയിരുന്നു. അവര്‍ക്ക് അഞ്ചു സന്താനങ്ങളുണ്ടായി.
ദേവയാനിയുടെ മക്കള്‍ യദു, തുര്‍വ്വസു എന്നീ രണ്ടു പേരാണ്. ശര്‍മ്മിഷ്ഠയുടെ പുത്രന്മാര്‍ ദ്രുഹ്യു, അനു, പൂരു എന്നീ മൂന്നു പേരാണ്. ഇതില്‍ യദുവിന്റെ സന്താനപരമ്പരയാണ് യാദവന്മാര്‍. പൂരുവിന്റെ സന്താനപരമ്പരയാണ് പൗരവന്മാര്‍.
പൂരുവിന്റെ ഭാര്യ കൗസല്യ എന്ന സ്ത്രീയായിരുന്നു. അവളില്‍ ജനമേജയൻ എന്ന പുത്രന്‍ ഉണ്ടായി. അദ്ദേഹം മൂന്നു അശ്വമേധവും, വിശ്ചജിത്തെന്ന യാഗവും കഴിച്ച് അതിന് ശേഷം വാനപ്രസ്ഥം സ്വീകരിച്ചു.
ജനമേജയൻ അനന്ത എന്നു പേരുള്ള മാധവിയെ പാണിഗ്രഹണം ചെയ്തു. അവളില്‍ പ്രാചിന്വാന്‍ എന്നു പേരായ പുത്രന്‍ ജനിച്ചു. അവന്‍ സുര്യോദയം വരെയുള്ള കിഴക്കേ ദിക്കൊക്കെ ജയിച്ചു കീഴടക്കി. അതു കൊണ്ടു പ്രാചിന്വാന്‍ എന്നു പേരുണ്ടായി.
പ്രാചിന്വാന്‍ അശ്മകിയെന്ന യാദവിയെ പാണിഗ്രഹണംചെയ്തു. അവളില്‍ സംയാതിയെന്ന പുത്രനുണ്ടായി. സംയാതി ദൃഷദ്വാന്റെ പുത്രിയായ വരാംഗിനിയെ വരിച്ചു. അവളില്‍ അഹംയാതി ഉണ്ടായി. അഹംയാതി കൃതവീര്യ പുത്രിയായ ഭാനുമതിയെ വിവാഹം ചെയ്തു. അവളില്‍ സാര്‍വ്വഭൗമനുണ്ടായി. സാര്‍വ്വഭൗമന്‍ കേകയ രാജാവിനെ യുദ്ധത്തില്‍ ജയിച്ച് അദ്ദേഹത്തിന്റെ മകളായ സുനന്ദയെ കൊണ്ടു പോയി. അവളില്‍ ജയല്‍സേനന്‍ എന്ന ഒരു പുത്രന്‍ പിറന്നു. ജയല്‍സേനന്‍ സുശ്രുവ എന്ന വൈദര്‍ഭിയെ വിവാഹം ചെയ്തു. അവളില്‍ അവാചീനന്‍ എന്ന പുത്രന്‍ ജനിച്ചു. അവാചീനന്‍ വിദര്‍ഭത്തിലെ മറ്റൊരു രാജാവിന്റെ പുത്രിയായ മര്യാദയെ വിവാഹം ചെയ്തു. അവളില്‍ അരിഹനെന്ന പുത്രനുണ്ടായി. അരിഹന്‍ ഖല്‍വാംഗിയെ വിവാഹം ചെയ്തു. അവളില്‍ മഹാഭൗമനുണ്ടായി. മഹാഭൗമന്‍ പ്രസേനജിത്തിന്റെ പുത്രിയായ സുയഞ്ജയെ വിവാഹം ചെയ്തു.
അവള്‍ അയുതനായി എന്ന പുത്രനെ പ്രസവിച്ചു. അവന്‍ പതിനായിരം പുരുഷമേധം ചെയ്തതു മൂലമാണ് അയുതനായി എന്നു പ്രസിദ്ധനായത്. അയുതനായി പൃഥുശ്രവസ്സിന്റെ മകളായ കാമ എന്ന സ്ത്രീയെ പാണിഗ്രഹണം ചെയ്തു. അവള്‍ അക്രോധനനെന്ന പുത്രനെ പ്രസവിച്ചു. അവന്‍ കലിംഗ പുത്രിയായ കരംഭയെ വിവാഹം ചെയ്തു. അവള്‍ ദേവാതിഥി എന്ന ഒരു പുത്രനെ പ്രസവിച്ചു. ദേവാതിഥി വിദേഹ പുത്രിയായ മര്യാദയെ വിവാഹം ചെയ്തു. മര്യാദയില്‍ അരിഹനെന്ന പുത്രനുണ്ടായി. അരിഹന്‍ ആംഗേയിയായ സുദേവയെ വിവാഹം ചെയ്തു. അവള്‍ ഋക്ഷന്‍ എന്ന ഒരു പുത്രനെ പ്രസവിച്ചു,
ഋക്ഷന്‍ തക്ഷകന്റെ പുത്രിയായ, ലാലയെ വിവാഹംചെയ്തു. അവള്‍ മതിനാരന്‍ എന്ന പുത്രനെ പ്രസവിച്ചു.
മതിനാരന്‍ സരസ്വതീ തീരത്തില്‍ ഗുണസമ്പൂര്‍ണ്ണമായ വിധത്തില്‍ പന്തീരാണ്ടു കൊണ്ടു കഴിയുന്ന സത്രം കഴിച്ചു. സത്രം കഴിഞ്ഞപ്പോള്‍ സരസ്വതി മൂര്‍ത്തിമതിയായി ചെന്ന് അവനെ ഭര്‍ത്താവായി സ്വീകരിച്ചു. അവള്‍ തംസു എന്ന പുത്രനെ പ്രസവിച്ചു. തംസുവിന് കലിംഗരാജ പുത്രിയില്‍ ഈളിനന്‍ എന്ന പുത്രന്‍ ജനിച്ചു.
ഈളിനന് രഥന്തരിയില്‍ ദുഷ്യന്തന്‍ മുതലായ അഞ്ചു പുത്രന്മാരുണ്ടായി. വിശ്വാമിത്ര പുത്രിയായ ശകുന്തളയെ ദുഷ്യന്തന്‍ പാണിഗ്രഹണം ചെയ്തു. അവളില്‍ ഭരതനുണ്ടായി. ഭരതന്‍ കാശിരാജാവായ സര്‍വ്വസേനന്റെ പുത്രിയായ സുനന്ദയെ വിവാഹം ചെയ്തു. അവളില്‍ ഭുമന്യു എന്ന പുത്രനുണ്ടായി. ഭൂമന്യു ദശാര്‍ഹ രാജാവിന്റെ പുത്രിയായ വിജയെ വിവാഹംചെയ്തു. അവളില്‍ സുഹോത്രനുണ്ടായി. സുഹോത്രന്‍ ഇക്ഷ്വാകു കന്യകയായ സുവര്‍ണ്ണയെ പാണിഗ്രഹണം ചെയ്തു. അവളില്‍ ഹസ്തി എന്ന പുത്രനുണ്ടായി. അവന്‍ ഹസ്തിനപുരം പണിയിച്ചു. ഹസ്തി നിര്‍മ്മിച്ചതു കൊണ്ടാണ് ഹസ്തിനപുരമെന്നു പേരുണ്ടായത്.
ഹസ്തി ത്രിഗര്‍ത്ത രാജപുത്രിയായ യശോധരയെ വിവാഹം ചെയ്തു. അവള്‍ വികുണ്ഠനന്‍ എന്ന പുത്രനെ പ്രസവിച്ചു. വികുണ്ഠനന്‍ ദാശാര്‍ഹിയായ സുദേവയെ വിവാഹം ചെയ്തു. അവളില്‍ അജമീഢന്‍ ഉണ്ടായി.
അജമീഢന് കൈകേയി, ഗാന്ധാരി, വിശാല, ഋക്ഷ എന്ന നാലു ഭാര്യമാരില്‍ രണ്ടായിരത്തി നാനൂറു മക്കളുണ്ടായി. അവര്‍ അമ്മ വഴി അനുസരിച്ച് ഓരോ വംശം സ്ഥാപിച്ചു. അവരില്‍ വംശവര്‍ദ്ധനന്‍ സംവരണനാണ്.
സംവരണന്‍ വിവസ്വാന്റെ പുത്രിയായ തപതിയെ വിവാഹം ചെയ്തു. അവളില്‍ കുരു എന്ന പുത്രനുണ്ടായി. കുരു ദാശാര്‍ഹ പുത്രിയായ ശുഭാംഗിയെ വിവാഹം ചെയ്തു. അവളില്‍ വിദൂരഥനുണ്ടായി. വിദൂരഥന്‍ മധുദേശ രാജാവിന്റെ പുതിയൊരു സുയശയെ വിവാഹം ചെയ്തു. അവള്‍ ഭീമസേനെരു പുത്രിയായ സുപ്രിയയെ വിവാഹം ചെയ്തു. അവളില്‍ അനശ്വാവ് എന്ന പുത്രന്‍ ഉണ്ടായി. അനശ്വാവ് മാഗധ രാജപുത്രിയായ അമൃതയെ വിവാഹം ചെയ്തു. അവളില്‍ പരീക്ഷിത്ത് എന്ന പുത്രന്‍ ഉണ്ടായി.. പരീക്ഷിത്ത് ബാഹുദ രാജാവിന്റെ പുത്രിയായ സുയശയെ വിവാഹം ചെയ്തു. അവള്‍ ഭീമസേനനെന്ന പുത്രനെ പ്രസവിച്ചു. ഭീമസേനന്‍ കേകയ രാജാവിന്റെ പുത്രിയായ കുമാരിയെ വിവാഹംചെയ്തു. അവളില്‍ അദ്ദേഹത്തിന് പ്രതിസ്രവസ്സ് എന്ന പുത്രനുണ്ടായി.
പ്രതിസ്രവസ്സിനു പ്രതീപനുണ്ടായി. അവന്‍ ശൈബ്യ രാജാവിന്റെ പുത്രിയായ സുനന്ദയെ വിവാഹം ചെയ്തു. അവളില്‍ അദ്ദേഹത്തിനു ദേവാപി, ശാന്തനു, ബാല്‍ഹീകന്‍ എന്ന മൂന്നു മക്കളുണ്ടായി. ദേവാപി ബാല്യത്തില്‍ തന്നെ വനവാസം ചെയ്തു. അതു കൊണ്ട് ശാന്തനു രാജാവായി.
ശാന്തനു കൈ കൊണ്ടു തൊട്ടാല്‍ വൃദ്ധനു പോലും സൗഖ്യമുണ്ടാകും, അവന്‍ വീണ്ടും യുവാവാവും. അതു കൊണ്ടാണ് ശാന്തനു എന്ന് അവന് പേരുണ്ടായതത്രേ. ശാന്തനു ഭാഗീരഥിയായ ഗംഗാദേവിയെ വിവാഹം ചെയ്തു. അവളില്‍ അദ്ദേഹത്തിന് ദേവ്രവതനെന്ന പുത്രനുണ്ടായി. അവനാണു ഭീഷ്മൻ. അവന്‍ അച്ഛന്റെ ഇഷ്ടം അറിഞ്ഞു സത്യവതിയെ അച്ഛനെക്കൊണ്ടു വിവാഹം ചെയ്യിച്ചു. അവള്‍ ഗന്ധകാളി എന്നു പ്രസിദ്ധപ്പെട്ടവളാണ്. അവളുടെ കന്യാപുത്രനാണ്‌ദ്വൈപായനനായ വേദവ്യാസന്‍. അവന്‍ പരാശര പുത്രനാണ്. സത്യവതിയില്‍ ശാന്തനുവിന് വിചിത്രവീര്യനും, ചിത്രാംഗദനുമുണ്ടായി. ചിത്രാംഗദനെ യൗവനം തികയുന്നതിനു മുമ്പു തന്നെ ഒരു ഗന്ധര്‍വ്വന്‍ കൊന്നു. വിചിത്രവീര്യൻ രാജാവായി. കൗസല്യയുടെ മക്കളായ അംബിക, അംബാലിക എന്നു പേരായി രണ്ടു കാശി രാജപുത്രിമാരെ വിചിത്രവീര്യൻ വിവാഹം ചെയ്തു. വിചിത്രവീര്യന്‍ സന്താനമുണ്ടാകാതെ തന്നെ മരിച്ചു. സത്യവതി ദുഷ്യന്തവംശം നശിച്ചു പോകരുതെന്നു വിചാരിച്ച് മനസ്സു കൊണ്ട് ദ്വൈപായന മഹര്‍ഷിയെ ധ്യാനിച്ചു. അദ്ദേഹം അമ്മയുടെ അടുത്തു ചെന്നു നിന്ന് എന്താണു വേണ്ടതെന്നു ചോദിച്ചു. നിന്റെ ഭ്രാതാവായ വിചിത്രവീര്യൻ സന്തതി ഉണ്ടാകാതെയാണ് സ്വര്‍ഗ്ഗം പ്രാപിച്ചത്. അവന് പുത്രോല്പാദനം ചെയ്തു കൊടുക്കണമെന്ന് അമ്മ അവനോടു പറഞ്ഞു. അമ്മയുടെ ആജഞ്ഞ അനുസരിച്ച് വിചിത്രവീര്യന്റെ ഭാര്യമാരില്‍ സന്താനോലല്‍പാദനം നിര്‍വ്വഹിച്ചു. ധൃതരാഷ്ട്രന്‍, പാണ്ഡു, വിദുരന്‍ ഇവര്‍ വ്യാസപുത്രന്മാരായി ജനിച്ചു. ധൃതരാഷ്ട്രന് വ്യാസന്റെ വരം കൊണ്ട് നൂറു പുത്രന്മാരുണ്ടായി. അതില്‍ പ്രധാനികള്‍, ദുര്യോധനന്‍, ദുശ്ശാസനന്‍, വികര്‍ണ്ണന്‍, ചിത്രസേനന്‍ എന്ന നാലു പേരാണ്.
പാണ്ഡുവിന് കുന്തിഭോജന്റെ പുത്രിയായ പൃഥയും, മാദ്രിയും ഇങ്ങനെ രണ്ടു പേര്‍ ഭാര്യമാരായി. പാണ്ഡു നായാട്ടിന്നിടയില്‍ ഒരു മഹര്‍ഷി മാനിന്റെ രൂപത്തില്‍ മാന്‍പേടയുമായി മൈഥുനം ചെയ്യുന്ന സമയത്ത്, കാമസുഖം പ്രാപിക്കുന്നതിന് മുമ്പ്, അറിയാതെ അമ്പെയ്തു. അമ്പു കൊണ്ടു മരിക്കുന്ന മഹര്‍ഷിയുടെ ശാപമുണ്ടായി. ധര്‍മ്മം അനുഷ്ഠിക്കുന്ന എന്നെ കാമസുഖം അനുഭവിക്കുന്നതിന് മുമ്പായി കാമരസാഭിജ്ഞനായ നീ ഹനിച്ചതു കൊണ്ട് നീയും ഈ നിലയില്‍ വന്നാല്‍ കാമരസം അനുദവിക്കുന്നതിന് മുമ്പ് ഉടനെ മരിക്കും എന്നു ശപിച്ചു. ഇതു കേട്ട് വിളറി പാണ്ഡു ദുഃഖിച്ചു; ഭാര്യമാരോടു വിവരം പറഞ്ഞു: എന്റെ ചാപല്യം കൊണ്ട് എനിക്ക് ഇങ്ങനെ ഒരു ശാപം ലഭിച്ചു. സന്തതിയില്ലാത്തവന് ലോകങ്ങള്‍ ഇല്ലെന്നു കേള്‍ക്കുന്നു. അതു കൊണ്ട് നീ എനിക്കു വേണ്ടി പുത്രോല്പാദനം ചെയ്യേണമെന്ന് കുന്തിയോടു പറഞ്ഞു. അവള്‍ അത് അനുസരിച്ചു.
പുത്രോല്പാദനമുണ്ടാകാത്ത ഭാര്യമാര്‍ക്കു ദേവന്മാരില്‍ നിന്നു ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടി സന്താനങ്ങള്‍ ഉണ്ടായി. കുന്തിക്ക് ധര്‍മ്മനില്‍നിന്ന് യുധിഷ്ഠിരനും, വായുവില്‍ നിന്ന് ഭീമനും ഇന്ദ്രനില്‍ നിന്ന് അര്‍ജ്ജുനനും ഉണ്ടായി. സന്തുഷ്ടനായ പാണ്ഡു നിന്റെ ഈ സപത്നിക്കും സന്തതിയില്ലല്ലോ അവള്‍ക്കും സന്തതിയുണ്ടാക്കി കൊടുക്കുക എന്ന്കു ന്തിയോടു പറഞ്ഞു. അപ്രകാരം തന്നെയാകാം എന്നു പറഞ്ഞു കുന്തി മാദ്രിക്കു മന്ത്രം ഉപദേശിച്ചു. മാദ്രിക്ക് അശ്വനീ ദേവന്മാരില്‍ നിന്ന് നകുലനും, സഹദേവനും ഉണ്ടായി.
ഒരു ദിവസം പാണ്ഡു അലംകൃതയായ മാദ്രിയെ കണ്ട് കാമമോഹിതനായി അവളെ തൊട്ട മാത്രയില്‍ മരിച്ചു. മാദ്രി ഭര്‍ത്താവിന്റെ ചിതാഗ്നിയില്‍ ചാടി. ഭര്‍ത്താവിനെ പിന്തുടരുന്ന അവള്‍ യാത്ര പറയുമ്പോള്‍ മക്കളെ കുന്തിയുടെ പക്കല്‍ ഏൽപിച്ചു. മഹര്‍ഷിമാര്‍ കുന്തിയെ മക്കളോടു കൂടി കൂട്ടിക്കൊണ്ടു പോയി ഹസ്തിനപുരിയില്‍ ഭീഷ്മനേയും വിദുരനേയും ഏല്പിച്ചു.
മറ്റുള്ള സകല ജാതിക്കാരോടും വിവരം അറിയിച്ചു. അവര്‍ നോക്കി നില്ക്കുമ്പോള്‍ തന്നെ മഹര്‍ഷിമാര്‍ മറഞ്ഞു. ഭഗവാന്മാരായ ആ മഹാശയന്മാരുടെ വാക്കു കേട്ടതോടു കൂടി ആകാശത്തു നിന്നും പുഷ്പവൃഷ്ടിയുണ്ടായി. ദേവദുന്ദുഭി ശബ്ദിച്ചു.
ഏറ്റുവാങ്ങിയതിന്റെ ശേഷം പാണ്ഡവന്മാര്‍ അച്ഛന്‍ മരിച്ച വിവരം പറയുകയും, അദ്ദേഹത്തിന്റെ ഊർദ്ധ്വഗതിക്കുള്ള കര്‍മ്മങ്ങള്‍ ക്രമപ്രകാരം ചെയ്യുകയും ചെയ്തു. അവിടെ പാര്‍ത്തു വരുന്ന പാണ്ഡവന്മാരില്‍ ബാല്യം മുതല്‍ ദുര്യോധനന് അമര്‍ഷമുണ്ടായി. ദുര്യോധനന്‍ പാപാചാരന്റെ നിലയില്‍ രാക്ഷസബുദ്ധിയാല്‍ അവരെ കൊല്ലുവാന്‍ ശ്രമിച്ചു. ഭാവിഫലത്തിന്റെ ശക്തി കൊണ്ടും ദൈവേച്ഛ നിമിത്തവും അവരെ നശിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
ധൃതരാഷ്ട്രൻ വ്യാജത്താല്‍ അവരെ വാരണാവതത്തിലേക്ക് അയയ്ക്കുമ്പോള്‍ അവര്‍ അതു സമ്മതിച്ചു. അവരെ അരക്കില്ലത്തിലിട്ടു ചുടുവാന്‍ ശ്രമിച്ചു. വിദുരന്റെ സഹായത്താല്‍ അരക്കില്ലത്തില്‍ നിന്നു മരിക്കാതെ രക്ഷപ്പെട്ടു. വഴിക്കു വെച്ച് ഹിഡിംബനെ കൊന്ന് ഏകചക്രയിലെത്തി. ഏകചക്രയില്‍ വെച്ചു ബകനെന്ന രാക്ഷസനെ കൊന്ന്, പാഞ്ചാല നഗരിയിലെത്തി, പാഞ്ചാലിയെ വിവാഹം ചെയ്തു സ്വനഗരിയിലേക്കു തിരിച്ചു പോന്നു.
അവിടെ സുഖമായിരിക്കുമ്പോള്‍ യുധിഷ്ഠിരന് പ്രതിവിന്ധ്യന്‍, ഭീമന് സൂതസോമന്‍, അര്‍ജ്ജുനന് ശ്രുതകീര്‍ത്തി, നകുലന് ശതാനീകൻ, സഹദേവന്‍ ശ്രുതകര്‍മ്മാവ് ഇങ്ങനെ അഞ്ചു പുത്രന്മാര്‍ ദ്രൗപദിയില്‍ ഉണ്ടായി. ഗോവാസന്‍ എന്ന ശൈബ്യന്റെ കന്യകയായ ദേവികയെ യുധിഷ്ഠിരന്‍ സ്വയംവരത്തില്‍ സമ്പാദിച്ചു. അവളില്‍ അദ്ദേഹത്തിന് യധേയന്‍ എന്ന പുത്രനുണ്ടായി. ഭീമസേനന്‍ വീരൃശുല്‍ക്കയായ കാശിരാജപുത്രി ബലന്ധരയെ വിവാഹം ചെയ്തു. അവളില്‍ സര്‍വ്വഗന്‍ എന്ന ഒരു പുത്രന്‍ ജനിച്ചു.
അര്‍ജ്ജുനന്‍ ദ്വാരകയില്‍ച്ചെന്നു കൃഷ്ണന്റെ സഹോദരിയും മധുരഭാഷിണിയുമായ സുഭദ്രയെ ഹ രിച്ച് സസുഖം സ്വഗൃഹത്തിലെത്തി. അവളില്‍ അര്‍ജ്ജുനന് അതിഗുണവാനായി വാസുദേവന്റെ വാത്സല്യഭാജനമായി അഭിമന്യു എന്ന പുത്രന്‍ ജനിച്ചു. നകുലന്‍ ചേദിരാജ പുത്രിയായ കരേണുമതിയെ വേട്ടു. അവളില്‍ നിരമിത്രന്‍ എന്ന പുത്രന്‍ ജനിച്ചു. സഹദേവന്‍ സ്വയംവരത്തില്‍ മദ്രരാജാവായ ദ്യുതിമാന്റെ പുത്രിയായ വിജയയെ വിവാഹം ചെയ്തു. അവളില്‍ സുഹോത്രനെന്ന പുത്രന്‍ ജനിച്ചു. ഭീമസേനന്‍ ഹിഡിംബിയില്‍ രാക്ഷസനായ ഘടോല്‍ക്കചനെന്ന പുത്രനെ ജനിപ്പിച്ചു.
ഇങ്ങനെ പാണ്ഡവന്മാര്‍ക്ക് പതിനൊന്നു മക്കളുണ്ടായി. അവരില്‍ വംശകരനായ പുത്രന്‍ അഭിമന്യുവാണ്. അവന്‍ വിരാടപുത്രിയായ ഉത്തരയെ വിവാഹംചെയ്തു. അവള്‍ക്ക് ഉണ്ടായ ഗര്‍ഭം നിര്‍ജ്ജീവമായി പ്രസവിച്ചു. ആറാം മാസത്തില്‍ പിറന്ന ആണ്‍കുട്ടിയെ ഞാന്‍ ജീവിപ്പിക്കും എന്ന കൃഷ്ണന്റെ കല്പന പ്രകാരം കുട്ടിയെ കുന്തി മടിയില്‍ എടുത്തു. കാലം തികയും മുമ്പെ പിറന്നവനും, അസ്ത്രാഗ്നി കൊണ്ടു ദഹിച്ചവനുമാണെങ്കിലും ആ കുട്ടിയെ ഭഗവാന്‍ വാസുദേവന്‍ സ്വന്തം തേജസ്സു കൊണ്ട്, ബലവീര്യ വിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന വിധം ജീവിപ്പിച്ചു. ജീവിച്ചതിന് ശേഷം കുരുവംശം പരിക്ഷീണമായിരിക്കുന്ന സന്ദര്‍ഭത്തില്‍ ജനിക്കയാല്‍ അവന് പരീക്ഷിത്ത് എന്നു പേര് നല്കി. പരീക്ഷിത്ത് ഭവാന്റെ ( ജനമേജയന്റെ ) അമ്മയായ മാദ്രവതിയെ വേട്ടു. അവള്‍ അങ്ങയെ പ്രസവിച്ചു. ഭവാന്‍ വപുഷ്ടമയില്‍ ശതാനീകനും, ശങ്കുകര്‍ണ്ണനും ഉണ്ടായിരിക്കുന്നു. ശതാനീകനു വൈദേഹിയില്‍ അശ്വമേധ ദത്തനെന്ന പുത്രനുണ്ടായിട്ടുമുണ്ട്.
ഇങ്ങനെ പൂരുവിന്റെ മാത്രമല്ല പാണ്ഡവന്മാരുടേയും വംശം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഈ ചരിത്രം ധന്യവും, പുണ്യവും, പവിത്രവുമാണ്. നിയമത്തോടു കൂടിയ ബ്രാഹ്മണരും, സ്വധര്‍മ്മ നിരതന്മാരും, പ്രജാപാലന തത്പരന്മാരുമായ ക്ഷത്രിയരും, വൈശൃരും, അതുപോലെ തന്നെ ത്രിവര്‍ണ്ണ ശുശ്രൂഷുക്കളായ ശൂദ്രരും ശ്രദ്ധയോടു കൂടി കേൾക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടുതുമാകുന്നു. നാലുവര്‍ണ്ണങ്ങളും ശ്രദ്ധാപൂര്‍വ്വം അറിയേണ്ടതാണ്. പുണ്യമായ ഈ ഇതിഹാസം മുഴുവന്‍ കേള്‍പ്പിക്കുകയോ, കേള്‍ക്കുകയോ ചെയ്യുന്ന വിമതാത്മാക്കളും, വിമത്സരന്മാരും, ദയാലുക്കളും, വേദപരന്മാരുമായ ജനങ്ങള്‍ സ്വര്‍ഗ്ഗം ജയിച്ചു പുണ്യലോക വാസികളാകുമെന്നു മാത്രമല്ല, എപ്പോഴുംദേവന്മാര്‍ക്കും, ബ്രാഹ്മണര്‍ക്കും, മാന്യന്മാരും പൂജൃരുമായി തീരുന്നതുമാണ്.
അപ്രകാരം വ്യാസപ്രോക്തമായ ഭാരതം ശ്രദ്ധയോടെ വിമത്സരന്മാരായി ദയാലുക്കളും വേദസമ്പന്നന്മാരുമായ ബ്രാഹ്മണാദി ജാതിക്കാര്‍ കേള്‍ക്കുന്നതായാല്‍ സ്വര്‍ഗ്ഗം നേടിയ സുകൃതികളാകും. അവര്‍ കൃതാകൃതങ്ങളെപ്പറ്റി വ്യസനിപ്പാനൊന്നുമില്ലാത്ത നിലയിലെത്തും.
ഇതു വേദോപമം, പാരം പവിത്രം പുണ്യമുത്തമം ധന്യം യശസ്യമായുഷ്യം നിത്യവും കേട്ടിടേണ്ടതാം.
96. മഹാഭിഷോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു; മുമ്പ് ഈ ക്ഷോണിയുടെ നാഥനായി ഇക്ഷ്വാകു വംശത്തില്‍ സത്യപരാക്രമനായ മഹാഭിഷന്‍ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ആയിരം അശ്വമേധവും, നൂറു രാജസൂയവും നടത്തി, ഇന്ദ്രന്റെ സഖാവായി സ്വര്‍ഗ്ഗം പ്രാപിച്ചു.
ഒരിക്കല്‍ എല്ലാ ദേവന്മാരും, രാജര്‍ഷിയും, മഹാഭിഷ രാജാവും കൂടി ചെന്ന് ബ്രഹ്മാവിനെ ഉപാസിച്ചു. അങ്ങനെ നില്ക്കുമ്പോള്‍ ആ മനോമോഹിനിയായ ഗംഗാദേവി ബ്രഹ്മാവിന്റെ സമീപത്തിലേക്കു ചെന്നു. അപ്പോള്‍ അവളുടെ ചന്ദ്രപ്രഭമായ വെളുത്തു നേര്‍ത്ത വസത്രം കാറ്റടിച്ചു പറപ്പിച്ചു കളഞ്ഞു. അവളുടെ നഗ്നദേഹം കണ്ടു ദേവകള്‍ ലജ്ജിച്ചു തലതാഴ്ത്തി നിന്നു. എന്നാൽ മഹാഭിഷന്‍ അവിടെ നിശ്ശങ്കം അവളുടെ ആ നഗ്നമായ സുന്ദരാംഗം സസന്തോഷം നോക്കിക്കണ്ടു നിന്നു. ഇതു കണ്ട് ഉടനെ ബ്രഹ്മാവ് അവനെ ശപിച്ചു.
ബ്രഹ്മാവു പറഞ്ഞു: നീ മര്‍ത്ത്യനായി ഒന്നു കൂടി ജനിച്ചു സുഖം അനുഭവിച്ച് ഇങ്ങോട്ടു വന്നാല്‍ മതി. ഹേ, ദുര്‍മ്മതേ, ആരു നിമിത്തമാണോ കാമം കൊണ്ട് നിന്റെ മനസ്സു ദുഷ്ടമായത്, അവള്‍ മര്‍ത്ത്യലോകത്തില്‍ നീ അനിഷ്ടനായി പെരുമാറാതിരിക്കുന്നതു വരെ പത്നിയായിരിക്കും. നിനക്കു കോപമുണ്ടാകുമ്പോള്‍ നിന്റെ ശാപത്തിനു മോചനം ലഭിക്കും.
വൈശമ്പായനൻ തുടര്‍ന്നു: രാജാവ് നൃപജനമുനിവര്‍ഗ്ഗത്തെ ഓര്‍ത്ത് അച്ഛനാക്കുവാന്‍ ശ്രീമാനായി പ്രതീപനെ മനസ്സില്‍ ഉറച്ചു. രാജാവ് മറ്റു രാജാക്കളേയും ജനങ്ങളേയും ചിന്തിച്ച് ശ്രീമാനായ പ്രതീപനെ തന്നെ അച്ഛനാക്കുവാന്‍ ഉറച്ചു.
മഹാഭിഷന്റെ മനസ്സ് ഇളകിയതു കണ്ട് ഗംഗാദേവിയാകട്ടെ ആ രാജാവിനെ തന്നെ മനസ്സില്‍ വിചാരിച്ച് അവിടെ നിന്ന് പോവുകയും ചെയ്തു. അവള്‍ ശരീരം തളര്‍ന്ന് കുഴഞ്ഞ് വാടി പ്രേമാകുലയായി. ഈ സ്ഥിതിയില്‍ പോകുമ്പോള്‍ അവള്‍ വഴിയില്‍ വെച്ചു ദേവന്മാരായ വസുക്കളെ, കണ്ടെത്തി. എന്തോ ശാപമാലിന്യം ബാധിച്ച മട്ടുള്ള. അവരെ കണ്ട് ആ യുവതി ചോദിച്ചു.
ഗംഗ പറഞ്ഞു: എന്താണ് നിങ്ങള്‍ വിഷമാവസ്ഥയില്‍ പെട്ടതു പോലെ കാണുന്നത്? സുരന്മാര്‍ക്കു ക്ഷേമമല്ലേ?
വസുക്കള്‍ അവളോടു പറഞ്ഞു: ഹേ, ഗംഗേ, ഞങ്ങള്‍ വസിഷ്ഠമുനിയാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടല്ല അദ്ദേഹം ഞങ്ങളെ ശപിച്ചത്. ആ മഹര്‍ഷി സന്ധ്യാവന്ദനം ചെയ്യുകയായിരുന്നു. മൂഢരായ ഞങ്ങള്‍ എല്ലാവരും ഗൂഢമായി അത് അവഗണിച്ചു വഴി കടന്നു. പോന്നു. അതു കണ്ട് അദ്ദേഹത്തിന് കോപമുണ്ടായി. അദ്ദേഹം ഇങ്ങനെ ശപിച്ചു. ഈ ചെയ്ത അക്രമത്തിന് മൂഢന്മാരായ നിങ്ങള്‍ യോനി നൂഴുവിന്‍! മനുഷ്യജന്മ ക്ലേശമനുഭവിക്കുവിന്‍! എന്ന്. ഹേ; ശുഭേ, ബ്രഹ്മജ്ഞനായ അവന്‍ പറഞ്ഞതു പിഴയ്ക്കുകയില്ല. ദേവീ! നീ മാനുഷയായി വന്ന് ഞങ്ങളെ പ്രസവിക്കുക! മനുഷ്യ നാരീ ഗര്‍ഭത്തില്‍ പെടാതിരിക്കണേ! ഇപ്രകാരം വസുക്കള്‍ പറഞ്ഞപ്പോള്‍ അങ്ങനെയാകാം എന്ന് ഗംഗ സമ്മതിച്ചു.
ഗംഗ പറഞ്ഞു: മര്‍ത്തൃരില്‍ ഏതു പുരുഷ ശ്രേഷ്ഠനാണ് നിങ്ങള്‍ക്കു പിതാവാകേണ്ടത്?
വസുക്കള്‍ പറഞ്ഞു: പ്രതീപ നന്ദനനായ രാജാധിരാജന്‍ ശാന്തനു വിശ്രുതനാണ്. അദ്ദേഹം മനുഷ്യ ലോകത്തില്‍ ഞങ്ങള്‍ക്ക് പിതൃസ്ഥാനീയൻ ആകുന്നതാണ് ഇഷ്ടം.
ഗംഗ പറഞ്ഞു: ഹേ! ദേവന്മാരേ, നിങ്ങള്‍ ഈ പറഞ്ഞത് എനിക്കും നല്ല സമ്മതമാണ്. അദ്ദേഹത്തിന്റെ ഇഷ്ടം നിങ്ങള്‍ക്ക് അഭീഷ്ടം ചെയ്യും!
വസുക്കള്‍ പറഞ്ഞു: അല്ലയോ ത്രിലോകഗേ! ഭവതി പെറ്റാല്‍ ഉടനെ കുമാരന്മാരെ വെള്ളത്തിലെറിയുക! അങ്ങനെ ഞങ്ങള്‍ക്ക് ഒത്ത വിധം ചെയ്യുക. ശാപമോചനം വേഗത്തില്‍ കിട്ടുവാന്‍ അതാണ് ഉപായം.
ഗംഗ പറഞ്ഞു: അങ്ങനെയാകാം. എന്നാൽ ഒരു കാര്യം ചെയ്യണം. ഒരു പുത്രന്‍ അവനു വേണ്ടി നില്ക്കണം. പുത്രാര്‍ത്ഥമായി അവന്‍ എന്നോടു കൂടി ചെയ്യുന്ന സംഗം മുഴുവന്‍ വ്യര്‍ത്ഥമാക്കി കളയരുത്.
വസുക്കള്‍ പറഞ്ഞു: ശരി. എന്നാൽ ഞങ്ങള്‍ എല്ലാവരും എട്ടില്‍ ഒരു ഭാഗം വീര്യം കൈവിടാം. അതു കൊണ്ട് നിന്റെ പുത്രനാകുന്ന അവന്‍ പിതാവിന്റെ ഇഷ്ടം ചെയ്യട്ടെ! മനുഷ്യലോകത്തില്‍ അദ്ദേഹത്തിന് സന്തതി ജനിക്കയില്ല. ഭവതിയുടെ ആ വീര്യവാനായ പുത്രന്‍, പുത്രനുണ്ടാകാത്തവനായി നില്ക്കട്ടെ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഗംഗയോടു കൂടി കാര്യം ചിന്തിച്ചു തീരുമാനിച്ച് സസന്തോഷം വസുക്കള്‍ പിരിഞ്ഞു പോവുകയും ചെയ്തു.
97. ശാന്തനുപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു; പിന്നെ സര്‍വ്വസമ്മതനായ പ്രതീപന്‍ ഉണ്ടായി. ആ രാജാവ് ഗംഗാ ദ്വാരത്തില്‍ ജപവും ധ്യാനവുമായി ഏറെ നാള്‍ നിവസിച്ചു.
ഒരു ദിവസം ഗംഗ മനോമോഹനമായ ദേഹകാന്തിയോടെ ജലത്തില്‍ നിന്നുയര്‍ന്നു വന്നു. ആ രാജാവ് ഇരുന്നു ജപിക്കുമ്പോള്‍ ദിവ്യരൂപിണിയായ ഗംഗ സസന്തോഷം രാജാവിന്റെ വലത്തെ തുടയിന്മേല്‍ കയറിയിരുന്നു. പ്രതീപ രാജാവ് ആ യശസ്വിനിയായ സുന്ദരിയോടു ചോദിച്ചു.
പ്രതീപന്‍ പറഞ്ഞു: ഹേ, കല്യാണീ! നിന്റെ ഇഷ്ടമെന്താണ്? ഞാന്‍ ഭവതിക്ക് എന്തു ചെയ്യണം?
ഗംഗ പറഞ്ഞു: ഹേ, രാജാവേ! ഞാന്‍ ഭവാനെ കാമിക്കുന്നു. കാമിക്കുന്ന എന്നെ ഭവാന്‍ സ്വീകരിക്കുക. കാമിക്കുന്ന സ്ത്രീയെ പരിത്യജിക്കുന്നത് സജ്ജനഗര്‍ഹിതമാണ്; അധര്‍മ്മമാണ്.
പ്രതീപന്‍ പറഞ്ഞു: കാമംമൂലം അന്യസ്ത്രീകളെ ഞാന്‍ സ്വീകരിക്കുകയില്ല. അന്യജാതിയില്‍ പിറന്നവളോടു കൂടിയും ഞാന്‍ ചേരുകയില്ല. ഇത് എന്റെ ധര്‍മ്മവ്രതമാണ് ശുഭേ!
ഗംഗ പറഞ്ഞു: ഹേ രാജാവേ, ഞാന്‍ അഗമ്യയല്ല, അശ്രേയസിയുമല്ല. ഒന്നിലും എനിക്കു കുറവുമില്ല. ഭവാനെ ഭജിക്കുന്ന ദിവ്യയായ എന്നെ ഭവാന്‍ ഭജിച്ചാലും.
പ്രതീപന്‍ പറഞ്ഞു: സുന്ദരീ, നീ ചോദിക്കുന്ന കാര്യം നീ തന്നെ നിരസിച്ചുവല്ലോ. നടപ്പു തെറ്റിച്ചു നടന്നാല്‍ ധര്‍മ്മവിപ്ലവം എന്നെ മുടിച്ചു കളയും. നീ എന്റെ വലത്തെ തുടയിലല്ലേ കയറിയിരുന്നത്? ഈ ഇരിപ്പിടം മക്കള്‍ക്കും സ്നുഷകള്‍ക്കുമുള്ളതാണ്. ഇടത്തേത്തുടയാണ് അനുരക്തയായ ഭാര്യയ്ക്കുള്ളത്. അതു നീ ഉപേക്ഷിക്കുകയാണല്ലോ ചെയ്തത്. ആ കാരണത്താല്‍ തന്നെ ഞാന്‍ നിന്നില്‍ കാമം ആചരിക്കുന്നതല്ല. നീ എന്റെ സ്നുഷയാവുക. എന്റെ പുത്രനു വേണ്ടി ഞാന്‍ നിന്നെ സ്വീകരിക്കാം. ഹേ, വാമോരൂ നീ സ്നുഷാ സ്ഥനത്തല്ലേ വന്നു കയറിയത്?
ഗംഗ പറഞ്ഞു: ഹേ, ധര്‍മ്മജ്ഞ! അങ്ങനെയാണ് ധര്‍മ്മമെങ്കില്‍ അങ്ങനെയാകട്ടെ. ഞാന്‍ ഭവാന്റെ പുത്രനെ ഭജിക്കുന്നു. നിന്റെ ഭക്തി കൊണ്ട് ഖ്യാതമാണല്ലോ ഭരതവംശം. ഭൂമിയിലുള്ള മറ്റു രാജാക്കന്മാര്‍ക്കും നിങ്ങളാണല്ലോ ഒരാശ്രയം. തീര്‍ച്ചയായും നൂറ്റാണ്ടു ചെന്നാലും ആ സത്ഗുണം ഒടുങ്ങുന്നതല്ല. ഭവാന്റെ കുലത്തില്‍ വിശേഷിച്ചു ഭവാനില്‍, ഉത്തമമായ സാധുത്വം ഉണ്ട്. ഹേ, ധര്‍മ്മജ്ഞാ! ഭവാന്‍ നിശ്ചയിച്ച പ്രകാരം ഞാന്‍ ചെയ്തു കൊള്ളാം. ഭവാന്റെ പുത്രന്‍ എന്നെ സംശയം കൂടാതെ സ്വീകരിക്കണം. അങ്ങനെ ചെയ്താല്‍ ഞാന്‍ ഭവാന്റെ പുത്രന് സുഖാനുഭൂതി വര്‍ദ്ധിപ്പിക്കാം. പുണ്യവാന്മാരായ പുത്രന്മാരെ നേടി ഭവാന്റെ പുത്രന്‍ സ്വര്‍ഗ്ഗം പ്രാപിക്കുകയും ചെയ്യും.
വൈശമ്പായനൻ പറഞ്ഞു: അപ്രകാരമാകാം എന്ന് രാജാവു പറഞ്ഞപ്പോള്‍ ആ സുന്ദരി അവിടെ നിന്ന് അന്തര്‍ദ്ധാനംചെയ്തു. പുത്രജന്മം ഓര്‍ത്ത് രാജാവ് ഇരുന്നു. പിന്നെ ആ രാജാവ് പുത്രലാഭത്തിനു ഭാര്യയോടു കൂടി തപസ്സു ചെയ്തു. വൃദ്ധരായ അവര്‍ക്കു പുത്രന്‍ ഉണ്ടായി. ആ ശാന്തനുണ്ടായ സന്താനം ശാന്തനു എന്ന പേരില്‍ അന്വര്‍ത്ഥമാക്കി. സ്വകര്‍മ്മത്താല്‍ അക്ഷയങ്ങളായ ലോകങ്ങള്‍ നേടുവാന്‍ ആഗ്രഹിച്ചു. ധന്യനായ ശാന്തനു പുണ്യകര്‍മ്മങ്ങള്‍ ചെയ്തു. പുത്രന് യൗവനമായപ്പോള്‍ പിതാവായ പ്രതീപന്‍ അവനെ വിളിച്ച് ഇപ്രകാരം പറഞ്ഞു.
പ്രതീപന്‍ പറഞ്ഞു: ഹേ, ശാന്തനു! നിന്റെ ഐശ്വര്യത്തിനായി ഒരു ദിവൃ യുവതി മുമ്പെ എന്റെ അരികില്‍ വന്നു. അവള്‍ പുത്രാര്‍ത്ഥമായി ഗൂഢമായി നിന്റെ അരികെ വന്നെങ്കില്‍ അവളോട് നീ ഒന്നും ചോദിക്കരുത്. നീ ഏതാണ്? ആരുടെ മകളാണ്? എന്നൊന്നും ചോദിക്കരുത്. അവള്‍ എന്തെന്തു ചെയ്താലും നീ ചോദ്യം ചെയ്യരുത്. എന്റെ ആജ്ഞപ്രകാരം നിന്നെ ഭജിക്കുന്ന അവളെ നീ സ്വീകരിക്കണം.
വൈശമ്പായനൻ പറഞ്ഞു: പ്രതീപന്‍ ഇപ്രകാരം തന്റെ പുത്രനായ ശാന്തനുവിനോടു പറഞ്ഞ് തന്റെ രാജ്യം പുത്രനു നല്കി വാനപ്രസ്ഥം സ്വീകരിച്ച് കാട്ടിലേക്കു പോയി. ദേവേന്ദ്ര വിക്രമനായ ശാന്തനു രാജാവ് നായാട്ടിന് വേണ്ടി കാട്ടില്‍ ചുറ്റുക പതിവായി. കാട്ടുപോത്ത്, മാന്‍കൂട്ടം മുതലായവയെ കൊന്ന് രാജാവ് ഒറ്റയ്ക്ക് സിദ്ധന്മാര്‍ വസിക്കുന്ന ഗംഗാതീരത്തിലേക്കു ചെന്നു. അങ്ങനെ ഒരു ദിവസം ഗംഗാതീരത്തു വെച്ചു തണ്ടാര്‍മാതിനെ പോലെ അഴകുള്ള ഒരു തന്വിയെ കണ്ടെത്തി. അവളുടെ മുഖത്ത് ദിവ്യതേജസ്സ് ഉജ്ജ്വലിച്ചു. അവളുടെ രൂപം സര്‍വ്വാനവദ്യമായിരുന്നു. ദിവ്യാഭരണങ്ങള്‍ അണിഞ്ഞു വിളങ്ങി മൃദുവായ വസ്ത്രത്തോടും പൊന്‍താര്‍ പോലെ മൃദുവായ ശരീരത്തോടും കൂടിയ അവളുടെ അഴകു കണ്ട് രാജാവ് കോള്‍മയിര്‍ കൊണ്ടു. കണ്ണു കൊണ്ട് അവന്‍ ആ സരന്ദരാമൃതം ഊറ്റിക്കുടിച്ചു കൊണ്ട്, അവളെ മതിവരാതെ നോക്കി നിന്നു. ചന്തം കലര്‍ന്ന രാജാവിനെ ആ വനത്തില്‍ ഒറ്റയ്ക്കു കണ്ട്, നന്ദിയോടെ സൗഹൃദം കൈക്കൊണ്ട്, തൃപ്തിവരാതെ അവളും നിന്നു. രാജാവ് സാന്ത്വനപൂര്‍വ്വം മധുരമായി ചോദിച്ചു.
ശാന്തനു പറഞ്ഞു: ഹേ, മോഹനാംഗി, നീ ദേവിയാണോ? ദാനവിയാണോ?? ഗന്ധര്‍വ്വിയാണോ? സുരവേശ്യയാണോ? യക്ഷിയാണോ? നാഗിയാണോ? അല്ലെങ്കില്‍ നീ മാനുഷനാരിയാണോ? ആരാണ്? സുരസ്ത്രീസന്നിഭേ! നീ എന്റെ ഭാര്യയാകേണമെന്നു ഞാന്‍ യാചിക്കുന്നു.
98. ഭീഷ്മോത്പത്തി - വൈശമ്പായനൻ പറഞ്ഞു: രാജാവിന്റെ വാക്കു കേട്ട അവള്‍ ഭംഗിയായി പുഞ്ചിരി തൂകി, വസുക്കളുടെ നിശ്ചയം ചിന്തിച്ച് രാജാവിന്റെ അപേക്ഷ സ്വീകരിച്ചു. രാജാവിന്റെ ഉള്ള് ഇണങ്ങുന്ന വിധം അവള്‍ മധുരമായി, സൗമ്യമായിപറഞ്ഞു. :
ഗംഗ പറഞ്ഞു: ഹേ രാജാവേ, ഞാന്‍ ഭവാന്റെ വംശത്തില്‍ മഹിഷിയാകാം. ഞാന്‍ ഒരു കാര്യം പറയുന്നു. ഭവാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. ഞാന്‍ എന്തു ചെയ്താലും, ശുഭമായാലും അശുഭമായാലും ഞാന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ ഭവാന്‍ എന്നെ തടയരുത്. കടുത്ത വാക്കും പറയരുത്. അങ്ങനെയാകാമെങ്കില്‍ ഞാന്‍ ഭവാനോടൂ കൂടി വസിക്കാം. എന്നെ തടുക്കുകയോ, അപ്രിയം പറയുകയോ, അപ്രിയം ഭാവിക്കുകയോ ചെയ്താല്‍ ഞാന്‍ ഉടനെ ഭവാനെ ഉപേക്ഷിച്ചു പൊയ്ക്കളയും.
വൈശമ്പായനൻ പറഞ്ഞു: രാജാവ് അപ്രകാരം ആ കരാറു സമ്മതിച്ചു. അങ്ങനെ അവള്‍ ആ രാജാവിനോടു കൂടി രാജധാനിയില്‍ സസന്തോഷം പാര്‍ത്തു. തനിക്കു ലഭിച്ച സുന്ദരിയോടു കൂടി ശാന്തനു രമിച്ചു. ഒന്നും അപ്രിയം ചെയ്യരുതെന്നു വിലക്കിയിട്ടുള്ളതു കൊണ്ട് ഒന്നും ചോദിക്കാതെ രാജാവ് അടങ്ങി ജീവിച്ചു.
രാജാവ് അവളുടെ ശീലഗുണവും, രൂപഗുണവും, ഔദാര്യവും, ഗൂഢോപചാരവും മൂലം അതിരറ്റു സന്തോഷിച്ചു. അവള്‍ സാക്ഷാല്‍ ത്രിപഥഗയും ദിവ്യസ്വരൂപിണിയുമായ ഗംഗയായിരുന്നു. അവള്‍ മാനുഷീ രൂപം ധരിച്ച് മാനിനീ മണിയായി വിലസി; പട്ടമഹിഷിയായി വസിച്ചു.
ഭാഗ്യത്താല്‍ കാമങ്ങള്‍ സാധിച്ച യോഗ്യനായ ശാന്തനു രാജേന്ദ്രന് ഹിതമായ വിധം സഹധര്‍മ്മിണിയായി അവള്‍ വസിച്ചു. സംഭോഗം, സ്നേഹം, ചാതുര്യം, ശൃംഗാരഭാവം, ലാസ്യ വിധങ്ങള്‍ ഇവ കൊണ്ട് രാജാവു രമിക്കുന്ന വിധം അവള്‍ പെരുമാറി. ആ രാജാവ് ഉത്തമ വധുവില്‍ രതിസംസക്തനായി വര്‍ഷം, ഋതു, മാസം എന്നിവ കഴിഞ്ഞതറിഞ്ഞില്ല. മാസങ്ങളും ഋതുക്കളും, ദിവസങ്ങളുമൊക്കെ ഓടി കടന്നു പോയി.
യഥാകാമം അവളോടു ചേര്‍ന്നു രമിച്ച രാജാവ് അവളിൽ എട്ടു കുമാരന്മാരെ ജനിപ്പിച്ചു. പെറ്റാലുടനെ അവള്‍ കുട്ടിയെ കൊണ്ടു പോയി നിന്നെ പ്രീതിപ്പെടുത്താം എന്നു പറഞ്ഞ് ഗംഗയില്‍ എറിയും, ശാന്തനുവിന് ഈ കര്‍മ്മം ഒട്ടും സന്തോഷമായില്ല. എന്നാൽ രാജാവ്, അവള്‍ തന്നെ പരിതൃജിച്ചാലോ എന്നു ഭയപ്പെട്ട് അവളോട് ഒന്നും പറഞ്ഞില്ല. അങ്ങനെ അവള്‍ ഏഴു പുത്രന്മാരെ വെള്ളത്തില്‍ മുക്കിക്കൊന്നു. പിന്നെ എട്ടാമത്തെ പുത്രനെ പ്രസവിച്ചു. അവള്‍ പ്രസന്നയായി ഇരിക്കുന്ന സന്ദര്‍ഭം നോക്കി രാജാവ് പുത്രനെ ആശിച്ച് ഖിന്നനായി, അടുത്തു ചെന്ന് അവളോടു പറഞ്ഞു.
ശാന്തനു പറഞ്ഞു: കൊല്ലരുത്! നീ ആര്‍ക്കു പിറന്നവളാണ്! മക്കളെ കൊല്ലുകയോ? പുത്രഘ്നീ! നിന്റെ പ്രവൃത്തി കൊണ്ട് നീ മഹാപാപം നേടി. നിന്ദ്യം തന്നെ!
ഗംഗ പറഞ്ഞു: ഹേ, പുത്രനെ ഇച്ഛിക്കുന്ന രാജാവേ, ഞാന്‍ അങ്ങയുടെ ഈ പുത്രനെ കൊല്ലുന്നില്ല! ഭവാനു വിധിച്ച പുത്രരല്ല മരിച്ചവര്‍. മുന്‍ കരാര്‍ പ്രകാരം എന്റെ ഇവിടത്തെ വാസം കഴിഞ്ഞു. മുനി സേവിതയായ ജാഹ്നവിയാണ്, ഗംഗയാണ് ഞാന്‍! ദേവകാര്യം നിര്‍വ്വഹിക്കുന്നതിന് വേണ്ടി ഞാന്‍ ഹേ, ദേവാ! ഭവാനോടു കൂടി പാര്‍ത്തതാണ്. മഹാരാജാവേ, ഈ മക്കള്‍ മഹാഭാഗരും, മഹാശക്തരുമായ അഷ്ടവസുക്കളാണ്. വസിഷ്ഠ മഹര്‍ഷിയുടെ ശാപം മൂലം മനുഷ്യരായി ജനിച്ചതാണ്. ഭവാനൊഴിച്ച് മനുഷ്യരില്‍ ആരും തന്നെ അവര്‍ക്ക് അച്ഛനാകുവാന്‍ യോഗ്യരാവുകുയില്ല. എന്നെ ഒഴിച്ച് മറ്റൊരമ്മയേയും അവര്‍ക്കു കിട്ടുകയില്ല. അതു കൊണ്ടാണ് അവര്‍ക്ക് അമ്മയാകുവാന്‍ വേണ്ടി ഞാന്‍ മാനുഷിയായി തീര്‍ന്നത്. വസുക്കളെ ജനിപ്പിക്കുകയാല്‍ നീ ശാശ്വതമായ പദം നേടിയിരിക്കുന്നു. ദേവന്മാരായ വസുക്കളോട് അപ്രകാരം ഒരു കരാറു ഞാന്‍ ചെയ്തു! ജനിച്ച ഉടനെ മനുഷ്യജന്മം അവസാനിപ്പിക്കാമെന്ന് "ആപവന്‍" നല്കിയ ശാപത്തിന് മോക്ഷവും ഇവര്‍ക്കു സിദ്ധിച്ചു. അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ! ഞാന്‍ ഇതാ പോകുന്നു. യോഗ്യനായ ഈ പുത്രനെ സംരക്ഷിച്ചാലും. വസുക്കളോടു ഞാന്‍ പറഞ്ഞ് അവരില്‍ നിന്നു രക്ഷപ്പെടുത്തിയ പുത്രനാണ് ഇവന്‍. എന്നില്‍ ജാതനായ ഈ കുമാരന്‍ ഗംഗാദത്തന്‍ എന്ന് അറിയപ്പെടും.
99. ആപവോപാഖ്യാനം - ശാന്തനു പറഞ്ഞു; ആരാണ് ആപവന്‍? വസുക്കള്‍ എന്തു പാപമാണ്, മനുഷ്യരായി ഭൂമിയില്‍ പിറക്കുവാന്‍ തക്കവണ്ണം ചെയ്തത്? നീ എനിക്കു നല്കിയ ഈ പുത്രന്‍ എന്തു പാതകമാണ് ചെയ്തത്! ഇപ്രകാരം മനുഷ്യരൂപം എടുത്തിരിക്കുവാന്‍ തക്കവിധം? സര്‍വ്വലോകേശ്വരന്മാരായ വസുക്കള്‍ എങ്ങനെ മനുഷ്യരായി വന്നുപിറന്നു? ഹേ ജാഹ്നവി, ഇതൊക്കെ അറിവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: എന്നു രാജാവു ചോദിച്ചപ്പോള്‍ ജാഹ്നവിയായ ഗംഗ ഭര്‍ത്താവായ ശാന്തനുവോടു മറുപടി പറഞ്ഞു.
ഗംഗ പറഞ്ഞു. പണ്ട് വരുണന്റെ പുത്രനായി വസിഷ്ഠന്‍ എന്നു പ്രസിദ്ധനായ ആപവന്‍ ഉണ്ടായി. നാനാമൃഗഖഗാകുലമായും, സര്‍വ്വത്ര രമണീയമായും, കുസുമോജ്ജ്വലമായും വിലസുന്ന മേരുശൈലത്തിന്റെ താഴ്വരയില്‍ ഒരു പുണ്യാശ്രമം ആ മുനിക്കുണ്ട്. സര്‍വ്വ ഋതുവിലും രമണീയമായ പുഷ്പങ്ങള്‍ വിടര്‍ന്നു വിലസുന്ന ആ മനോഹര സ്ഥലത്ത് ആ വരുണ പുത്രന്‍ തപസ്സു ചെയ്തു. ആസ്വാദ്യമായ ഫലമൂലങ്ങളും ജലവും ചേര്‍ന്ന ആ പുണ്യാശ്രമസ്ഥലത്ത് നന്ദിനി എന്നു പേരായി ദക്ഷപുത്രിയായ സുരഭിയുടെ പുത്രിയായ ഒരു ദിവ്യധേനു ഉണ്ടായിരുന്നു. കശ്യപനില്‍ നിന്നു പശുക്കളെ പ്രസവിച്ച വിശ്വവിശ്രുതയാണ് സുരഭി. ലോകരക്ഷയ്ക്കു വേണ്ടി പിറന്ന നന്ദിനി കാമിക്കുന്നതൊക്കെ കറന്നെടുക്കുവാന്‍ കഴിവുറ്റവളാണ്. ആ പശുവിനെ വസിഷ്ഠന്‍ ഹോമധേനുവാക്കി. അവള്‍ മുനിസേവ്യമായ ആതപോവനത്തില്‍ നിര്‍ഭയം പുണ്യരമൃസ്ഥലം തോറും മേഞ്ഞു നടന്നു.
രാജേന്ദ്ര! ഒരു ദിവസം ദേവര്‍ഷിസേവ്യമായ ആ വനത്തില്‍ പൃഥു മുതലായ വസുശ്രേഷ്ഠന്മാര്‍ വരികയുണ്ടായി. അവര്‍ തങ്ങളുടെ ഭാര്യമാരോടു കൂടി രമണീയാരണ്യത്തില്‍ കളിയാടി സഞ്ചരിക്കുമ്പോള്‍ വസുക്കളില്‍ ഒരുവന്റെ ഭാരൃയായ ഒരു സുന്ദരി ആ വനത്തില്‍ സഞ്ചരിക്കുന്ന ഗുണസമ്പന്നയായ പശുവിനെ കണ്ടു. നന്ദിനി എന്നു പേരായ ആ കാമധേനുവിനെ കണ്ട് കൊതിതുളളി, ശീലസമ്പന്നയായ അവള്‍ ആശ്ചര്യപ്പെട്ട് ദ്യോവ് എന്ന വസുവിനെ വിളിച്ചു കാണിച്ചു കൊടുത്തു. ശീലഗുണശാലിനിയും നല്ല വാലും കുളമ്പുമുള്ളവളും നല്ല അകിടും കറവുമുള്ളവളും ലക്ഷണങ്ങള്‍ തികഞ്ഞവളുമായ ആ നന്ദിനിപ്പശുവിനെ ആ വസു നന്ദിനി വസുവിനു ചൂണ്ടിക്കാണിച്ചു പറഞ്ഞു; "നോക്കൂ! എന്തൊരു ചന്തമുള്ള പശുവാണവള്‍ എന്ന്. രാജാവേ, ദ്യോവ് പശുവിനെ കണ്ടമാത്രയില്‍ ഭാര്യയോട് പറഞ്ഞു.
ദ്യോവു പറഞ്ഞു: എടോ ഉഡുരാജമുഖീ, നീലലോചനയായ ആ പശു വരുണ നന്ദനനായ വസിഷ്ഠന്റേതാണ്. ഈ വനവും അദ്ദേഹത്തിന്റേതാണ്. പ്രിയേ, സുന്ദരീ, ഈ പശുവിന്റെ മധുരമായ പാല്‍ കുടിക്കുന്ന മര്‍ത്ത്യര്‍ യൗവനത്തോടു കൂടി പതിനായിരം വര്‍ഷം ജീവിക്കും!
ഗംഗ പറഞ്ഞു: ഇതുകേട്ട് ആ മധുരാപാംഗിയായ ദേവി ദിവൃ തേജസ്വിയായ ഭര്‍ത്താവിനോടു പറഞ്ഞു.
ദ്യോവിന്റെ പത്നി പറഞ്ഞു: മര്‍ത്തൃലോകത്ത് എനിക്കു രാജപുത്രിയായ ഒരു സഖിയുണ്ട്. ജിതവതി എന്നാണ് അവളുടെ പേര്. അവള്‍ രൂപയൌാവന ശാലിനിയാണ്. സതൃവാനായ ഉശിനര രാജാവിന്റെ പുത്രിയാണവള്‍. മര്‍ത്ത്യസ്ത്രീയായ അവള്‍ ത്രിലോക സുന്ദരിയാണ്. അവള്‍ക്കു വേണ്ടി ഭവാന്‍ ഈ പശുവിനെ കുട്ടിയോടു കൂടി പിടിച്ചു തരണം. വേഗം പിടിച്ചു തരൂ! ഇവളുടെ പാല്‍ കുടിച്ച് എന്റെ സഖി മനുഷ്യരില്‍ ജരാഹീനയായി വാഴട്ടെ! ഇങ്ങനെ ഒരു ഉപകാരം ഭവാന്‍ എനിക്കു ചെയ്തു തരണം. ഇതിലപ്പുറം ഒരു ഇഷ്ടവും ചെയ്തു തരേണ്ടതില്ല.
ഗംഗ പറഞ്ഞു; അവളുടെ വാക്കു കേട്ട് പൃഥു മുതലായ സോദരന്മാരോടു കൂടി ദ്യോവ് ആ പങ്കേരുജാക്ഷിയുടെ ഇഷ്ടത്തിനായി പശുവിനെ അപഹരിച്ചു. ഋഷിയുടെ തപശ്ശക്തിയെപ്പറ്റി അവര്‍ ചിന്തിച്ചതേയില്ല. അവര്‍ പശുവിനേയും കൊണ്ടു നടന്നു. യാതൊരു ആപത് ശങ്കയും കൂടാതെ അവര്‍ കാമധേനുവിനെ കൊണ്ടു പോയി.
ഫലങ്ങളുമായി ആശ്രമത്തിലെത്തിയ മുനി ആശ്രമത്തില്‍ നോക്കിയപ്പോള്‍ പശുവിനെയോ കുട്ടിയേയോ കണ്ടില്ല. പരിഭ്രമത്തോടെ ആ തപോധനന്‍ പശുവിനെ വിളിച്ചു. "നന്ദിനീ, നന്ദിനീ, നീ എവിടെപ്പോയി? വരൂ!".
അദ്ദേഹം ആ കാനനത്തില്‍ചുറ്റി. പശുവിനെ കാണാതെ മുനി കര്‍ത്തവൃതാ മൂഢനായിത്തീര്‍ന്നു. എന്തു ചെയും ? വസുക്കള്‍ കൊണ്ടു പോയെന്നു ദിവ്യചക്ഷുസ്സു കൊണ്ട് മുനി അറിഞ്ഞു. മഹര്‍ഷി കോപിച്ച് വസുക്കളെ ശപിച്ചു.
വസിഷ്ഠന്‍ പറഞ്ഞു: നല്ല പാല്‍ തരുന്ന എന്റെ പശുവിനെ അപഹരിക്കുകയാല്‍ നിങ്ങള്‍ ഭൂമിയില്‍ മനുഷ്യരായി പിറക്കും, യാതൊരു സംശയവുമില്ല.
ഗംഗ പറഞ്ഞു: ശാപം കൊടുത്തതിന് ശേഷം മഹര്‍ഷി തപസ്സിന് പോയി. ഇപ്രകാരമാണ് മഹാപ്രഭാവനായ മഹര്‍ഷി ദേവന്മാരെ ശപിച്ചത്. ശാപവൃത്താന്തം കേട്ട് വസുക്കള്‍ മുനിയുടെ ആശ്രമത്തിലെത്തി. അവര്‍ മുനിയെ പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചു. ഫലിച്ചില്ല. ധര്‍മ്മാത്മാവായ മഹര്‍ഷിയുടെ പ്രസാദം അവര്‍ക്കു ലഭിച്ചില്ല.
മഹര്‍ഷി പറഞ്ഞു; ധരാദികളായ നിങ്ങള്‍ ശപ്തരായിരിക്കുന്നു! ഒരാണ്ടു കൊണ്ട് നിങ്ങള്‍ക്കു ശാപമോക്ഷം ലഭിക്കും. ആരു കാരണമാണ് നിങ്ങള്‍ എന്റെ ശാപത്തിന് പാത്രമായത്, ആ ദ്യോവു മാത്രം മര്‍ത്തൃലോകത്തില്‍ വളരെ വര്‍ഷം പാര്‍ക്കും. ഞാന്‍ കോപിച്ചു പറഞ്ഞ വാക്ക് ഒരിക്കലും നിഷ്ഫലമാവുകയില്ല. മര്‍ത്തൃലോകത്തില്‍ നിങ്ങള്‍ക്കാര്‍ക്കും പ്രജോത്പത്തിയുണ്ടാവുകയില്ലു. ആ ദ്യോവ് സര്‍വ്വധര്‍മ്മജ്ഞനായി ഭവിക്കും. സര്‍വ്വശാസ്ത്ര വിശാരദനാവുകയും ചെയ്യും. സ്വപിതാവിന് ഹിതം ചെയ്യുവാന്‍ വേണ്ടി അവന്‍ സ്ത്രീഭോഗം ഉപേക്ഷിക്കും. സ്ത്രീയുടെ പ്രേരണയ്ക്കു വിധേയനായി അധര്‍മ്മം ചെയ്യുകയാല്‍ സ്ത്രീസുഖ വര്‍ജ്ജിതനായി ഭവിക്കട്ടെ!
ഗംഗ പറഞ്ഞു: ഇപ്രകാരം വസുക്കളോടു പറഞ്ഞ് വസിഷ്ഠന്‍ പോയി. എന്റെ അരികെ എല്ലാ വസുക്കളും വന്ന്, എന്നോടു വരം അഭ്യര്‍ത്ഥിച്ചു.
വസുക്കള്‍ പറഞ്ഞു; ഗംഗേ, ഭവതി ഞങ്ങളുടെ അമ്മയാകണം. ജനിച്ചാല്‍ ഉടനെ ഞങ്ങളെ ഗംഗാജലത്തില്‍ കൊണ്ടു പോയി ഇടുകയും വേണം.
ഗംഗ പറഞ്ഞു: ഞാന്‍ ആ അഭ്യര്‍ത്ഥന സ്വീകരിച്ചു. അഭിശപ്തരായ വസുക്കള്‍ക്കു മോക്ഷം കൊടുക്കുവാന്‍ വേണ്ടി ഞാന്‍ ഇപ്രകാരം ചെയ്തതാണ്. ഈ കുട്ടി മാത്രം മുനീന്ദ്രന്റെ ശാപം മൂലം മാനുഷ ലോകത്തില്‍ ഒട്ടേറെ നാള്‍ വാഴും.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ദേവി അവിടെ തന്നെ മറഞ്ഞു. ആ കുട്ടിയേയും കൊണ്ടാണ് അവള്‍ അന്തര്‍ദ്ധാനം ചെയ്തത്. അവന്‍ ദേവ്രവതന്‍ ഗാംഗേയന്‍ എന്നീ പേരുകളാല്‍ പ്രസിദ്ധനായി. ശാന്തനുവിന്റെ പുത്രനായി ജനിച്ച ദ്യോവ് ഗുണം കൊണ്ട് പിതാവിനേക്കാള്‍ യോഗ്യനായിത്തീര്‍ന്നു.
ഗംഗാദേവി വിട്ടു പിരിഞ്ഞപ്പോള്‍ ശോകാര്‍ത്തനായി ശാന്തനു രാജാവ് രാജധാനിയില്‍ പ്രവേശിച്ച് ഇരിപ്പായി. ആ ശാന്തനുവിന്റെ മഹത്തായ ഗുണഗണങ്ങളേയും മഹാഭാഗ്യങ്ങളേയും വിവരിക്കാം. ഈ മഹാന്റെ സമുജ്ജ്വലമായ ചരിത്രമാണ് മഹഠഭാരതകഥ എന്നു തന്നെ പറയാം.
നന്ദി മഹാത്മൻ
ReplyDelete