Thursday, 4 August 2022

അനുശാസനപര്‍വ്വം അദ്ധ്യായം ഒന്ന് മുതൽ 24 വരെ

ദാനധര്‍മ്മപര്‍വ്വം

1. ഗൌതമീലുബ്ധകവ്യാളമൃത്യുകാലസംവാദം - ജ്ഞാതിനാശത്തിന് ഇടവരുത്തിയ തന്റെ പ്രവ്യത്തിയെപ്പറ്റി ദുഃഖിക്കുന്ന ധര്‍മ്മപുത്രനെ ഭീഷ്മൻ കാലത്തിന്റെ കഥ പറഞ്ഞു സമാശ്വസിപ്പിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! അങ്ങ്‌ സൂക്ഷ്മമായ ശമത്തെക്കുറിച്ച്‌ പലവിധം ഉദാഹരണ കഥകളോടു കൂടി എനിക്ക്‌ പറഞ്ഞു തന്നു. അവയൊക്കെ കേട്ടിട്ടും എന്റെ മനസ്സിന് ഒരു ശാന്തിയും ലഭിച്ചില്ലല്ലോ. മുത്തച്ഛാ! ഈ കാര്യത്തില്‍ അങ്ങ്‌ പല വിധത്തിലുള്ള ശാന്തി വാക്യങ്ങള്‍ പറഞ്ഞു തന്നല്ലോ. അവനവന്‍ ചെയ്ത ദുഷ്‌ക്കര്‍മ്മങ്ങള്‍ക്ക്‌ ഇതു കൊണ്ടൊക്കെ എങ്ങനെ പൊറുതി ലഭിക്കും?

അങ്ങയുടെ കിടപ്പു കാണുമ്പോള്‍ പിതാമഹാ! എങ്ങനെ ഞാന്‍ ശമം കൊള്ളും? മേലൊക്കെ ശരങ്ങള്‍ തറച്ചു മുറിപ്പെട്ട കടുത്ത വ്രണങ്ങളോട് കൂടിയ അങ്ങയെക്കാണുമ്പോള്‍, ഞാന്‍ ചെയ്യിച്ച കടുത്ത പാപം ചിന്തിക്കുമ്പോള്‍, എങ്ങനെ ഒരു ശാന്തി എന്റെ മനസ്സിന് ലഭിക്കും? ദേഹത്തിലൊക്കെ ചോരയണിഞ്ഞ്‌ മനയോലയൊലിക്കുന്ന മല പോലുള്ള അങ്ങയുടെ ശരീരം കണ്ട്‌ വര്‍ഷക്കാലത്തെ താമരയെന്ന പോലെ ഞാന്‍ ദുഃഖിക്കുകയാണ്‌ പുരുഷര്‍ഷഭാ! ഞാന്‍ കാരണമായി അല്ലയോ മുത്തച്ഛാ, അങ്ങ്‌ ശത്രുക്കളോടേറ്റ്‌ ഈ മാതിരി മുറിപ്പെട്ട്‌, അവശനായി കിടക്കുന്നതല്ലേ ഞാന്‍ ഈ കാണുന്നത്‌? ഇതിലേറെ കഷ്ടമായ ഒരു കാഴ്ച എന്തുണ്ട്‌? ഇപ്രകാരം തന്നെ മറ്റു രാജാക്കള്‍, പുത്രന്മാരും ബന്ധുക്കളും ഉളളവരായ അനവധി രാജാക്കള്‍, ഞാന്‍ ഒരാള്‍ കാരണം മരിച്ചു പോയില്ലേ? ഇതിലും വലിയ കഷ്ടമെന്തുണ്ട്‌? കാലന്റേയും മൃത്യുവിന്റേയും പിടിയില്‍പ്പെട്ട്‌ ഞങ്ങളും ധാര്‍ത്തരാഷ്ട്രന്മാരും ഈ നിന്ന്ന്ദ്യമായ കര്‍മ്മം ചെയ്തു! ഇതുകൊണ്ട്‌ എന്തു ഗതിയാണ്‌ ലഭിക്കുവാന്‍ പോകുന്നത്‌ രാജാവേ! ഒരു കാര്യം ചിന്തിക്കുമ്പോള്‍ ദുര്യോധനന്‍ ഭാഗ്യവാനാണ്‌. അവന്‍ ഈ  നിലയില്‍ കിടക്കുന്ന അങ്ങയെ കാണുന്നില്ലല്ലോ! ഈയുള്ളവന്‍ മഹാപാപിയാണ്‌. അങ്ങയ്ക്ക്‌ അന്തകനായത്‌ ഞാനല്ലേ? അങ്ങയെ അവസാനിപ്പിക്കുവാന്‍ പിറന്നവനല്ലേ ഞാന്‍? സുഹൃജ്ജനങ്ങളെ സകലത്തിനേയും ഈ പാപി മുടിച്ചു. പ്രാണന്‍ പോകാതെ മന്നില്‍ തങ്ങിക്കിടന് വേദനിച്ചു പുളയുന്ന ഭവാനെ കാണുമ്പോള്‍ എനിക്ക്‌ എങ്ങനെ ശാന്തി ലഭിക്കും?

ദുര്യോധനന്‍, ദുര്‍ബുദ്ധിയും കുലപാംസനുമായ ദുര്യോ ധനന്‍, അനുജന്മാരോടു കൂടി പോര്‍ക്കളത്തില്‍ ക്ഷത്രധര്‍മ്മം പാലിച്ചു മരിച്ചു. ആ ദുഷ്ടന്‍ അങ്ങ്‌ ഈ നിലയില്‍ വീണു കിടക്കുന്നത്‌ കാണുന്നില്ല! അതുകൊണ്ടു മരിക്കുകയാണു നല്ലതെന് ഞാന്‍ വിചാരിക്കുന്നു. ഈ മാതിരി ദുഃഖവും പേറി ജീവിക്കുന്നതല്ല നല്ലത്‌ എന്നാണ്‌ എന്റെ അഭിപ്രായം.

എന്നെ ശത്രുക്കള്‍ യുദ്ധത്തില്‍ വീരന്മാരായ സോദരന്മാരോട് കൂടി, സര്‍വ്വരേയും, ഒന്നും ബാക്കിവെക്കാതെ കൊന്നിരുന്നെങ്കില്‍, അല്ലയോ അച്യുതാ! അമ്പേറ്റു മാഴ്കുന്ന ഭവാനെ കാണുമായിരുന്നില്ല! തീര്‍ച്ചയായും വിധി ഞങ്ങളെ പാപികളാക്കിത്തീര്‍ത്തു. രാജാവേ, ഈ കില്‍ബിഷം (പാപം) തീര്‍ന്നെങ്കില്‍ അന്യജന്മത്തിലെങ്കിലും ഗുണം കിട്ടിയേനേ! എന്നില്‍ പ്രിയം അങ്ങയ്ക്കുണ്ടെങ്കില്‍ അതിന് വേണ്ടി എന്നെ ശാസിച്ചാലും. നല്ലത്‌ ഉപദേശിച്ചാലും.

ഭീഷ്മൻ പറഞ്ഞു: അല്ലയോ ധര്‍മ്മജാ! നീ എന്തു വിചാരിക്കുന്നു? പരതന്ത്രമായ ആത്മാവിനെയാണോ നീ ഹേതുവായി കരുതുന്നത്‌? നിന്റെ ആത്മാവ്‌ സ്വതന്ത്രമല്ല. അത്‌ ദൈവത്തേയും, വിധിയേയും, കാലത്തേയും ആശ്രയിച്ചിരിക്കുന്നതാണ്‌. അതിനെ നീ എങ്ങനെ കുററപ്പെടുത്തും? അതിന്റെ പ്രവൃത്തി സൂക്ഷ്മമാണ്‌. അത്‌ ഇന്ദ്രിയങ്ങളാല്‍ അറിയുവാന്‍ കഴിയുന്നതല്ല. അതീന്ദ്രിയമാണത്‌. അതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ഗൌതമിയും മൃത്യുവും തമ്മിലും, കാലനും വേടനും പാമ്പും തമ്മിലും നടന്ന ഒരു സംവാദമാണ്‌. ആ കഥ ഞാന്‍ പറയാം കൗന്തേയാ, നീ ശ്രദ്ധിച്ചു കേള്‍ക്കുക:

പണ്ട്‌ ശമശീലയായ ഗൌതമിയെന്ന ഒരു വൃദ്ധ, അവളുടെ പുത്രന്‍ പാമ്പു കടിച്ചു മരിച്ചു കിടക്കുന്നതായി കണ്ടു. കുട്ടിയെ കടിച്ചു കൊന്ന സര്‍പ്പത്തെ അര്‍ജ്ജുനകന്‍ എന്ന് പേരായ ഒരു വേടന്‍ ബലമായി പിടിച്ച്‌ ബലമുള്ള ഒരു ഞരമ്പു ചരടു കൊണ്ടു കെട്ടി അമര്‍ഷത്തോടെ ആ കുട്ടിയുടെ അമ്മയായ ഗൌതമിയുടെ അടുത്തേക്കു കൊണ്ടു വന്നു. അവന്‍ ഗൌതമിയോടു പറഞ്ഞു: "ഈ അധമനായ സര്‍പ്പമാണ്‌ നിന്റെ പുത്രനെ കടിച്ചു കൊന്നത്‌. അമ്മേ പറയു, ഇവനെ എങ്ങനെയാണ്‌ കൊല്ലേണ്ടത്‌? ഇവനെ കത്തുന്ന അഗ്നിയിലിട്ടു ദഹിപ്പിക്കണോ, അതോ കഷണം കഷണമായി വെട്ടിനുറുക്കണോ? ഭവതിയുടെ പുത്രനെ കൊന്ന പാപി ജീവിക്കുവാന്‍ പാടില്ല!".

ഗൌതമി പറഞ്ഞു: അല്ലയോ അര്‍ജ്ജുനകാ! ഇവനെ വിടൂ. നീ അജ്ഞനാണ്‌. ഈ സര്‍പ്പത്തെ നീ കൊല്ലരുത്‌. തന്നെത്തന്നെ ചിന്തിക്കുക. വരേണ്ടതു വരുന്നു! അതിനെ പറ്റി ചിന്തിക്കാതെ വിഡ്ഢിയാകാമോ? എന്തിന് പാപം ചെയ്ത്‌ ആത്മാവിനു  ഭാരം ഏല്പിക്കുന്നു? വീണ്ടും എന്തിന് പാപിയായി പാപത്തില്‍ മുഴുകുന്നു? ധര്‍മ്മം ചെയ്ത്‌ ആത്മാവിന്റെ ഭാരം ലഘൂകരിച്ച്‌, പുണ്യവാന്മാര്‍ സാഗരത്തില്‍ തോണിയെന്ന പോലെ, സംസാരസാഗരം കടക്കും. എന്നാല്‍ പാപംചെയ്ത്‌ ആത്മാവിന് ഭാരം വര്‍ദ്ധിപ്പിച്ചവരോ വെളളത്തില്‍ എറിഞ്ഞ ശരം പോലെ ആഴത്തിലേക്കു പോകും. ഈ സര്‍പ്പത്തെ കൊന്നതു കൊണ്ട്‌ എന്റെ പുത്രന്‍ ജീവിക്കുകയില്ല. ആ സര്‍പ്പത്തെ കൊല്ലാതെ വിട്ടാല്‍ നിനക്കു യാതൊരു ദ്രോഹവും എല്ക്കുകയുമില്ല. മരണത്തിന്റെ സീമവിട്ട ലോകത്തിലേക്ക്‌ ആര്‌ ഈ ജീവിയെ കൊന് വിട്ടാല്‍ ചെന്നെത്തും? മോക്ഷം ലഭിക്കുമോ?

വ്യാധന്‍ പറഞ്ഞു: അല്ലയോ ദേവീ, തെറ്റും ശരിയും ഭവതിക്കറിയാമല്ലോ? പാപം ചെയ്ത മഹാപാപികള്‍ തീര്‍ച്ചയായും അതിന്റെ ഫലം അനുഭവിച്ചേ പറ്റൂ! ഭവതിയുടെ ഉപദേശം സ്വസ്ഥന്മാരോടു പറയേണ്ടതും ചെയ്യേണ്ടതുമാണ്‌. ഈ പാപിയെ കാണിക്കേണ്ട മര്യാദ അതല്ല. ക്ഷുദ്രനും പാപിയുമായ ഈ സര്‍പ്പത്തെ ഞാന്‍ കൊല്ലാതെ വിടുകയോ? അത്‌ സാദ്ധ്യമല്ല. മനശ്ശാന്തിയെ കൊതിക്കുന്ന ജനങ്ങള്‍ എല്ലാം കാലത്തില്‍ സമര്‍പ്പിക്കുന്നു! കാലക്കേട് കൊണ്ടു വന് എന്നുപറയുന്നു. എന്നാല്‍ പ്രായോഗിക മനുഷ്യര്‍ അതല്ല ചെയ്യുക. ഇത്തരക്കാരെ കൈയില്‍ കിട്ടിയാല്‍ പിന്നെ ഒരു നിമിഷം വെച്ചേക്കില്ല. അപ്പോള്‍ കാച്ചിക്കളയും. പ്രപഞ്ചം മിഥ്യയാണെന് വിശ്വസിക്കുന്നവര്‍ ദുഃഖിക്കുകയില്ല. അവര്‍ പ്രതികാരത്തില്‍ തല്പരരല്ല. അവര്‍ സ്വര്‍ഗ്ഗനരകങ്ങളെപ്പറ്റി ചിന്തിച്ച്‌ അതില്‍ നിന്ന്ന് പിന്മാറുന്നു. അര്‍ത്ഥജ്ഞന്മാര്‍ ശോകത്തെ തൃജിക്കുന്നു. നിത്യമായ മോഹത്താല്‍ ശ്രേയസ്സ് നശിക്കുകയും ശോകം വന് കൂടുകയും ചെയ്യും. അതു കൊണ്ടു വേഗം സര്‍പ്പത്തെ കൊന് ശോകത്തെ കളയുക!

ഗൌതമി പറഞ്ഞു: അല്ലയോ ലുബ്ധകാ, എന്നെപ്പോലെയുളളവര്‍ ഇത്തരം നിര്‍ഭാഗ്യത്തില്‍ ദുഃഖിക്കുകയില്ല. സജ്ജനങ്ങള്‍ എന്നും ധര്‍മ്മാത്മാക്കളായിരിക്കും. എന്റെ മകന്റെ മരണം വിധി മൂന്ന്‍കൂട്ടിത്തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്‌. അതുകൊണ്ട്‌ ഞാന്‍ ഈ സര്‍പ്പത്തിന്റെ ഉപദേശം കേള്‍ക്കുകയില്ല. ബ്രാഹ്മണര്‍ കോപിക്കുകയില്ല. കോപം ദുഃഖത്തിലേ എത്തിക്കുകയുള്ളു. അല്ലയോ സാധോ, നീ മാര്‍ദ്ദവത്തോടെ പെരുമാറൂ. ആ സര്‍പ്പത്തോടു ക്ഷമ കാണി ക്കുക. അതിനെ വിട്ടയയ്ക്കുക.

വ്യാധന്‍ പറഞ്ഞു: ഈ മഹാപാപിയായ പാമ്പിനെ കൊന്നാല്‍ നമുക്ക്‌ നശിക്കാത്ത പുണ്യം ലഭിക്കും. ഒരു മനുഷ്യന്‍ അവന്റെ ശക്തനായ ശത്രുവിനെ സംഹരിച്ചു നേടുന്ന ശ്രേയസ്സു ലഭിക്കും. അതുകൊണ്ട്‌ ഇവനെ വിട്ടയയ്ക്കുന്നതു വിഡ്ഡിത്തമാണ്‌.

ഗൌതമി പറഞ്ഞു: ശത്രുവിനെ കൊന്നാല്‍ എന്താണു കിട്ടുന്ന ലാഭം? ശത്രുവിനെ വിടാതിരുന്നാല്‍ എന്തു ശ്രേയസ്സാണു ലഭിക്കുക? അല്ലയോ സൗമ്യാ, ഞാന്‍ എന്തിന് ഈ സര്‍പ്പത്തില്‍ ക്ഷമിക്കാതിരിക്കണം? അതിനെ വിട്ടയച്ചാല്‍ എന്താണ് വരാന്‍ പോകുന്നത്‌? എന്തിന് മോക്ഷകരമായ കര്‍മ്മം ചെയ്യാതിരിക്കണം?

വ്യാധന്‍ പറഞ്ഞു: ഈ ഒരു ദുഷ്ടജന്തുവിനെ സംഹരിച്ച്‌ പല ജീവികളേയും തന്മൂലം രക്ഷിക്കണം. ഈ ഒരു പാപിയെ രക്ഷപ്പെടുത്തി അനേകം ജീവികള്‍ക്ക്‌ അപായമുണ്ടാക്കരുത്‌. ധാര്‍മ്മികന്മാര്‍ കുറ്റം ചെയ്യുന്നവരെ വിടുന്നത്‌ നാശത്തിന്നായേ തീരൂ! അതുകൊണ്ട്‌ ഈ പാപിയെ വിടാന്‍ പാടില്ല ഗൌാതമീ! ഇവനെ കൊല്ലണം.

ഗൌതമി പറഞ്ഞു: എടോ ലുബ്ധകാ! ഈ പാമ്പിനെ കൊന്നാല്‍ എന്റെ മരിച്ച പുത്രന്‍ ജീവിക്കുമോ? തീര്‍ച്ചയായും ഇല്ല! വേറെ ആര്‍ക്കും ഗുണം അതുകൊണ്ടുണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നുമില്ല. അതുകൊണ്ട്‌ വേടാ, നീ അതിനെ ജീവനോടെ വിട്ടയയ്ക്കുക!

വ്യാധന്‍ പറഞ്ഞു: വൃത്രനെ സംഹരിച്ച്‌ ഇന്ദ്രന്‍ വലിയ കീര്‍ത്തിയും സജ്ജനപ്രശംസയും നേടി. ദക്ഷന്റെ യാഗ ത്തെ ധ്വംസിച്ചത് മുലം മഹാദേവന്‍ എന്നെന്നും പ്രശംസാര്‍ഹനായി, എന്നെന്നും യജ്ഞഭാക്കുമായി. അങ്ങനെ അതു കൊണ്ട്‌, ഭവതിയുടെ കല്പന ഈ സര്‍പ്പത്തെ സംഹരിക്കുവാനുമുണ്ടാകട്ടെ! ദേവന്മാരുടെ മാര്‍ഗ്ഗം ഭവതിയും സ്വീകരിക്കുക അവനെ വേഗം കൊല്ലുക! ശങ്കിക്കരുത്‌!

ഭീഷ്മൻ പറഞ്ഞു: വേടന്‍ പല പ്രാവശ്യയവും സര്‍പ്പത്തെ കൊല്ലുവാന്‍ പ്രേരിപ്പിച്ചിട്ടും മഹാശയയായ ഗൌതമി പാപത്തില്‍ മനസ്സു ചെലുത്തിയില്ല. നല്ല ബലമുളള ഞരമ്പു ചരടു കൊണ്ട്‌ വരിഞ്ഞു കെട്ടുക മൂലം വേദന സഹിക്കുന്ന സര്‍പ്പം നെടുവീർപ്പിട്ട്‌, കരഞ്ഞ്‌, സ്തംഭിച്ച്‌, കെട്ടില്‍പ്പെട്ടു കുഴങ്ങിയിരിക്കുകയാണെങ്കിലും, മനുഷ്യ വാക്കാല്‍ ഇപ്രകാരം മെല്ലെ പറഞ്ഞു.

സര്‍പ്പം പറഞ്ഞു: അല്ലയോ ബാലിശാ! അര്‍ജ്ജുനകാ! എന്തു തെറ്റാണ്‌ എനിക്കുള്ളത്‌? ഇക്കാര്യത്തില്‍ സ്വാതന്ത്ര്യമില്ലാത്തവനായ എന്നെ മൃത്യുവാണ്‌ പ്രേരിപ്പിച്ചത്‌. മൃത്യുവിന്റെ ആജഞ്പ്രകാരമാണ്‌ ഞാന്‍ കുട്ടിയെ കടിച്ചത്‌. ഞാന്‍ കോപംമൂലം അവനെ കടിച്ചതല്ല. മറ്റൊരു കാര്യലാഭത്തിനു വേണ്ടി ആഗ്രഹം മൂലം കടിച്ചതുമല്ല. വല്ല കുറ്റവും ഇതില്‍ നീ കാണുന്നുണ്ടെങ്കില്‍ അതു മൃത്യുവിനാണ്‌. ഞാനല്ല അതില്‍ കുറ്റക്കാരന്‍. മൃത്യുവാണ്‌!

വ്യാധന്‍ പറഞ്ഞു; എടോ സര്‍പ്പമേ! നീ അന്യന്റെ പ്രേരണയ്ക്കു വശംവദനായി അശുഭമായ കര്‍മ്മം ചെയ്തു. അതുകൊണ്ട്‌ നീ ചെയ്ത തെറ്റ്‌ ഒഴിവാകുന്നതല്ല. നീയും അതില്‍ പങ്കാളിയായല്ലോ. അതുകൊണ്ടു നീയും പാപി തന്നെയായി. മണ്‍പാത്രമുണ്ടാക്കുവാന്‍ കുശവന് വടിയും ചക്രവും വേണം. ആ മണ്‍പാത്രത്തിന് കുശവനും വടിയും ചക്രവും കാരണമായി ഭവിക്കുന്നു. അതുപോലെ ഈ പാപകര്‍മ്മത്തിന് നീയും ഒരു കാരണമായിത്തന്നെ നില്‌ക്കുന്നു. കുറ്റം ചെയ്തവന്‍ എനിക്കു വദ്ധ്യനാണ്‌. നീ കുറ്റക്കാരനാണ്‌. എടോ സര്‍പ്പമേ! ആത്മാവ്‌ ഇതില്‍ കാരണം മാത്രം എന്ന് നീ പറഞ്ഞുവല്ലോ.

സര്‍പ്പം പറഞ്ഞു: ഈ ദണ്ഡവും ചക്രാദികളുമെല്ലാം അസ്വതന്ത്രങ്ങളാണ്‌ എങ്കില്‍ പിന്നെ ഞാനും അങ്ങനെയല്ലേ? അതുകൊണ്ട്‌ എന്റെ കുറ്റത്തെ നീ കാണക്കാക്കരുത്‌. നിന്റെ അഭിപ്രായം അതല്ലെങ്കില്‍ അവയെല്ലാം തമ്മില്‍ത്തമ്മില്‍ ഹേതുക്കളാണെന് വിചാരിക്കുക. അന്യോനൃ പ്രേരണ കൊണ്ട്‌ കാര്യമേത്‌, കാരണമേത്‌ എന്ന ശങ്കയുണ്ടാകു ന്നു. ഇപ്രകാരം ചിന്തിക്കുക. ഞാന്‍ വദ്ധ്യനല്ല. ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല. ഞാന്‍ കുറ്റക്കാരനുമല്ല. അഥവാ അതെല്ലാം പലതരത്തിലുളള കാരണത്താലാകും.

വ്യാധന്‍ പറഞ്ഞു: നീ പ്രധാന കാരണമല്ല എന്ന് വന്നാലും, നീ കര്‍ത്താവല്ല എന്ന് വന്നാലും, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. നീ കടിച്ചിട്ടാണ്‌ ആ കുട്ടി മരിച്ചത്‌. അതുകൊണ്ട്‌ നിന്ന്ന്നെ തല്ലിക്കൊല്ലണം എന്നാണ്‌ എന്റെ അഭിപ്രായം. നീ ഒരു ദുഷ്കര്‍മ്മം ചെയ്തു. എന്നിട്ട്‌ നീ അതില്‍ നിന്ന്ന് ഒഴിഞ്ഞു മാറാന്‍ നോക്കുന്നു. "അത്‌ എന്റെ തെറ്റല്ല! അതിന് ഹേതു ഞാനല്ല", എന്നൊക്കെ പറഞ്ഞു നോക്കുന്നു. ഇതൊക്കെ കുറ്റം ചെയ്തവരുടെ സ്വഭാവമാണ്‌. നിന്ന്ന്നെ കൊല്ലാതെ വിടാന്‍ യാതൊരു ന്യായവും ഞാന്‍ കാണുന്നില്ല! എന്തു വിചാരിക്കുന്നു?

സര്‍പ്പം പറഞ്ഞു: ഹേതു ഉണ്ടായാലും ഇല്ലെങ്കിലും കാര്യമില്ലാതെ ഒരു ക്രിയ ഉണ്ടാവില്ല. ഈ തുല്യമായ ഹേതുവില്‍ ഞാന്‍ വിശേഷിച്ചും ഹേതുവായി നില്ക്കുന്നു. ഞാനും കാരണമാണെന് വന്നാല്‍, തത്വം നിനയ്ക്കുകയാണെങ്കില്‍, അതിന്റെ പ്രയോഗത്തില്‍ വേറെ ഒരുത്തനുണ്ട്‌. പ്രാണികളെ കൊല്ലുന്ന, പാപം ചുമക്കുന്നവനായ മറ്റൊരുത്തനുണ്ട്‌. കരിയിലയെ കത്തിക്കുവാന്‍ കാറ്റു പ്രേരിപ്പിക്കുന്ന പോലെ മറ്റൊരാളുടെ കൈ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

വ്യാധന്‍ പറഞ്ഞു: എടോ ദുഷ്ടാ! നിന്ന്ന്നെ ഇപ്പോള്‍ കൊല്ലുകയാണു വേണ്ടത്‌! നി എന്റെ കൈകൊണ്ട്‌  ഇപ്പോള്‍ ചാകും. നീ നൃശംസകനാണ്‌. ബാലഘാതകനാണ്‌! നീ അധികമൊന്നും പ്രസംഗിക്കേണ്ടാ. എന്തു പറഞ്ഞാലും എടാ പന്നഗാധമേ!, നീ വദ്ധ്യനാണ്‌.

സര്‍പ്പം പറഞ്ഞു: യാഗത്തില്‍ അഗ്നിയില്‍ ആജ്യാഹുതി ചെയ്യുന്ന ഋത്വിക്കിനാണോ യജ്ഞത്തിന്റെ ഫലം? അതോ യജ്ഞം ചെയ്യിക്കുന്ന രാജാവിന്നോ? ഞാന്‍ ചെയ്ത ഈ കര്‍മ്മത്തിന്റെ ഫലം എനിക്കാണോ? അതോ അതു ചെയ്യിച്ചവന്നോ? പറയു!

ഭീഷ്മൻ പറഞ്ഞു: മൃത്യുവിന്റെ പ്രേരണമൂലം സര്‍പ്പം കൂട്ടിയെ കടിച്ചു. കുട്ടിയെ കടിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചവനായ മൃത്യു, സര്‍പ്പം ഇപ്രകാരം പറയുന്ന സമയത്ത്‌ അവിടെ പ്രത്യക്ഷനായി. സര്‍പ്പത്തോട്‌ ഇപ്രകാരം പറഞ്ഞു.

മൃത്യു പറഞ്ഞു: അല്ലയോ പന്നഗമേ, കാലത്തിന്റെ പ്രേരണയാല്‍ ഞാന്‍ നിന്ന്ന്നെ പ്രേരിപ്പിച്ച്‌ കുട്ടിയെ കടിക്കുവാനായി വിട്ടു. ഹേ സര്‍പ്പമേ, കുട്ടിയുടെ മരണത്തിന് കാരണം നീയല്ല. കുട്ടിയുടെ മരണത്തിന് കാരണം ഞാനുമല്ല. അതാതിടങ്ങളില്‍ കാറ്റ്‌ എങ്ങനെ കാര്‍മേഘങ്ങളെ അടിച്ചു പറപ്പിക്കുന്നുവോ, അപ്രകാരം കാറ്റിന്റെ മാതിരി, അല്ലയോ സര്‍പ്പമേ, ഞാന്‍ കാലത്തിന്റെ വശവര്‍ത്തിയാണ്‌. കാലത്തിന്റെ അധീനത്തിലാണ്‌ എന്റെ നില. സാത്വികമെന്നും, രാജസമെന്നും താമസമെന്നുമുളള കാലാത്മകമായ ഭാവങ്ങള്‍ എല്ലാ ജീവികളിലുമുണ്ട്‌. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള സകല ചരങ്ങളും അചരങ്ങളുമെല്ലാം കാലാത്മകമാണ് സര്‍പ്പമേ! ലോകം കാലാത്മകമാണെന് നീ ധരിക്കുക! ലോകത്തില്‍ പ്രവൃത്തികളും നിവൃത്തികളും അവയുടെ എല്ലാ വികൃതികളും സര്‍വ്വവും കാലാത്മകമാണ്‌. ആദിത്യനും, ചന്ദ്രനും, വിഷ്ണുവും, ജലവും, വായുവും, ശത്രക്രതുവും, അഗ്നിയും, ആകാശവും, ഭൂമിയും, അദിതിയും, മിത്രനും, പര്‍ജ്ജന്യനും, ഇന്ദ്രനും, പുഴയും, ആഴികളും, ഭാവവും അഭാവവുമെല്ലാം സൃഷ്ടിക്കുന്നത് കാലമാണ്‌. വീണ്ടും അവയെല്ലാം സംഹരിക്കുന്നതും കാലമാണ്‌. ഇതൊക്കെ അറിയുന്നവനല്ലേ നീ? എന്നിട്ട്‌ നീ എന്തേ എന്നില്‍ കുറ്റമാരോപിക്കുവാന്‍? അതല്ല എന്നില്‍ ദോഷമുണ്ടെന്നാണു നീ കാണുന്നതെങ്കില്‍ നിന്ന്ന്നിലുമുണ്ട്‌ ആ ദോഷമെന് നീ ധരിക്കണം.

സര്‍പ്പം പറഞ്ഞു: അല്ലയോ മൃത്യോ, നിന്ന്ന്നെ ഞാന്‍ നിര്‍ദ്ദോഷിയാണെന്നോ ദോഷിയാണെന്നോ പറഞ്ഞില്ല. നീ എന്നെ പ്രേരിപ്പിച്ചു എന്ന് മാത്രമല്ലേ പറഞ്ഞുള്ളു. കാലത്തിലാണ്‌ ദോഷമെങ്കില്‍ അങ്ങനെയായാലും കൊളളാം. ദോഷം ആരിലാണെന് ഞാന്‍ പരീക്ഷിക്കുന്നില്ല; നമുക്ക്‌ അതിന്നധികാരമില്ല. നാം അതിന് പ്രാപ്തനുമല്ല. എന്നില്‍ നിന്ന്ന് ഈ ദോഷം നീങ്ങിക്കിട്ടുവാന്‍ വേണ്ടി ഞാന്‍ നോക്കുകയാണ്‌. മൃത്യുവിലും ദോഷമില്ലെന് വന്നതു കൊണ്ട്‌ എനിക്ക്‌ ഒരു മെച്ചവും ഇല്ല!

ഭീഷ്മൻ പറഞ്ഞു: സര്‍പ്പം അര്‍ജ്ജുനകനോട്‌ പറഞ്ഞു: എടോ ലുബ്ധകാ! മൃത്യു പറഞ്ഞത്‌ നീ കേട്ടില്ലേ? കുറ്റം ചെയ്യാത്തവനായ എന്നെ ഇങ്ങനെ കയറു കൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുന്നത്‌ നന്നോ! എന്നെ പീഡിപ്പിക്കരുതേ!

വ്യാധന്‍ പറഞ്ഞു: അല്ലയോ സര്‍പ്പമേ, ഞാന്‍ കേട്ടു! മൃത്യു പറഞ്ഞതും കേട്ടു! ഇതുകൊണ്ടു നിന്ന്ന്നില്‍ നിര്‍ദ്ദോഷമായ നില വന് ചേര്‍ന്നതായി ഞാന്‍ കാണുന്നില്ല. പന്നഗമേ! നീയും മൃത്യുവും ഒരുപോലെ ബാലനാശത്തിന് കാരണമാണ്‌. ഹേതു ഒരിക്കലും ഹേതുവല്ലാതാകയില്ല. സാധു ക്കളെ തപിപ്പിക്കുന്ന ദുഷ്ടനും ക്രൂരനുമായ മൃത്യുവിനെ ഞാന്‍ ധിക്കരിക്കുന്നു. പാപകാരണമായി പാപിയായി ഭവിച്ച നിന്ന്ന്നെ ഞാന്‍ വധിക്കും!

മൃത്യു പറഞ്ഞു: ഞങ്ങള്‍ രണ്ടുപേരും സ്വതന്ത്രരല്ല. ഞങ്ങള്‍ക്കു തോന്നിയ പോലെ ഒരാളെ കൊല്ലാനുള്ള കഴിവില്ല. ഉണ്ടെന് തോന്നുന്നത്‌ വെറും തെറ്റിദ്ധാരണയാണ്‌. ഞങ്ങള്‍ കാലത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. കാലം കല്പിച്ച പണി ഞങ്ങള്‍ ഓരോരുത്തരും ചെയ്യുകയാണ്‌. നീ ഈ വിഷയത്തെപ്പറ്റി നല്ലപോലെ ചിന്തിച്ചു മനസ്സിലാക്കിയാല്‍ ഇതില്‍ തെറ്റുകാരന്‍ ആരാണെന്നും മറ്റും നിനക്കു മനസ്സിലാകും.

വ്യാധന്‍ പറഞ്ഞു: നിങ്ങള്‍ കാലത്തിന്റെ കല്പനയ്ക്കു വഴങ്ങി നില്ക്കുന്നവരാണെന് പറഞ്ഞുവല്ലോ. അങ്ങനെ മൃത്യുവും ഈ സര്‍പ്പവും കാലവശഗരാണെങ്കില്‍ ഞാന്‍ ചോദിക്കുന്നു, നിങ്ങള്‍ക്കു ക്രോധം ഹര്‍ഷം എന്നിവ ഉണ്ടാകാന്‍ പാടുണ്ടോ? അതിന്റെ കാരണം എനിക്കറിയണം.

മൃത്യു പറഞ്ഞു: ലോകത്തില്‍ നടക്കുന്ന സകല ചേഷ്ടകള്‍ക്കും സകല ചലനങ്ങള്‍ക്കും പ്രേരകമായത്‌ കാലം ഒന്ന് മാത്രമാണ്‌. കാലമാണ്‌ എല്ലാറ്റിന്നും കാരണമെന് അല്ലയോ ലുബ്ധകാ, ഞാന്‍ മുമ്പെത്തന്നെ പറഞ്ഞുവല്ലോ! അതു കൊണ്ട്‌ കാലത്തിന്റെ കൈയിലെ പാവകളായ ഞങ്ങള്‍, ആ കാലത്തിന്റെ ഇഷ്ടത്തിനൊത്തു കല്പന നിര്‍വ്വഹിക്കു ന്നു. അതുകൊണ്ട്‌ ഹേ ലുബ്ധകാ! നീ ഞങ്ങളില്‍ ലേശവും കുറ്റം ചുമത്തരുത്‌.

ഭീഷ്മന്‍ പറഞ്ഞു: ധര്‍മ്മാര്‍ത്ഥങ്ങളെപ്പറ്റി അവര്‍ സംശയിച്ചു നില്ക്കെ, അവര്‍ വാഗ്വാദത്തില്‍ തീരുമാനം കാണാതെ നില്ക്കെ, ആ സന്ദര്‍ഭത്തില്‍ അവിടെ കാലം പ്രത്യക്ഷമായി. കാലം മൃത്യുവിനോടും സര്‍പ്പത്തോടും ലുബ്ധകനോടും പറഞ്ഞു.

കാലം പറഞ്ഞു: നിങ്ങളോട്‌ എല്ലാവരോടും ഞാന്‍ പറയുന്നു, കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ കുറ്റക്കാരന്‍ ഞാനല്ല. മൃത്യുവല്ല കുറ്റക്കാരന്‍. സര്‍പ്പമല്ല കുറ്റക്കാരന്‍. പ്രാണികളുടെ നാശത്തില്‍ നമ്മള്‍ ആരുമല്ല കുറ്റക്കാര്‍. എടോ അര്‍ജ്ജുനകാ, ഇവര്‍ എന്തു കര്‍മ്മം ചെയ്തുവോ അതു താല്‍ക്കാലികമായ ഒരു പ്രചോദക കാര്യം മാത്രമാണ്‌. അല്ലയോ അര്‍ജ്ജുനകാ! സ്വകര്‍മ്മമാണ്‌ ഈ പ്രചോദനത്തിന്‌ കാരണമായി തീര്‍ന്നത്‌. അല്ലാതെ വേറെ കാരണമൊന്നുമില്ല കുട്ടിയുടെ മരണത്തിന്‌ എന്ന് നീ ധരിക്കണം. ആ കുട്ടിയുടെ കര്‍മ്മം മൂലം അവന്‍ അല്പായുസ്സായി. അവന്‍ പൂര്‍വ്വ ജന്മത്തില്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലമായി അങ്ങനെ ഒരു ദോഷം അവന് സംഭവിച്ചു. അവന്‍ എന്തു കര്‍മ്മം ചെയ്തുവോ, അതാണ്‌ അവന്റെ നാശത്തെ ഉണ്ടാക്കിയത്‌. കര്‍മ്മം സ്വന്തം പുത്രനെപ്പോലെ ദായാദിയാണ്‌. കര്‍മ്മം കര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തമ്മില്‍ എന്ന പോലെ, കര്‍മ്മം യഥാകാലം പ്രേരിപ്പിക്കുകയാണ്‌. കളിമണ്ണു കുഴച്ച്‌ അതു കൊണ്ട്‌ ഒരുത്തന്‍ അവന് ഇഷ്ടമുളള ഓരോന്നിനെ ഇഷ്ടം പോലെ പണി ചെയ്യുന്നത് പോലെ, താന്‍ ചെയ്ത കര്‍മ്മത്തെ അവന്‍ ഏല്ക്കുകയാണ്‌. തണലും വെയിലും തമ്മില്‍ എപ്പോഴും ചേര്‍ന് നില്ക്കുന്ന മാതിരി, കര്‍ത്താവും കര്‍മ്മവും, തന്റെ പ്രവൃത്തിയും താനും, എപ്പോഴും ചേര്‍ന് നില്ക്കുന്നു.

ഇപ്രകാരം നിങ്ങള്‍ സത്യാവസ്ഥ ഗ്രഹിക്കുവിന്‍. ഞാനല്ല, മൃത്യുവല്ല, സര്‍പ്പമല്ല, ഭവാനുമല്ല. ഈ വൃദ്ധയായ ബ്രാഹ്മണിയുമല്ല, കുട്ടിയുടെ മരണത്തിന് കാരണം. കുട്ടി തന്നെയാണ്‌ അതിന് കാരണം, ശിശുവിന്റെ കര്‍മ്മം തന്നെയാണ് കാരണം!.

ഇപ്രകാരം കാലം പറയുന്ന സമയത്ത്‌ രാജാവേ, ബ്രാഹ്മണിയായ ഗൌതമി മൂന്ന്നില്‍ നില്ക്കുന്ന അര്‍ജ്ജുനകനോട്‌ ലോകം സ്വകര്‍മ്മഗമാണ്‌ എന്ന് പറഞ്ഞു.

ഗൌതമി പറഞ്ഞു: എടോ അര്‍ജ്ജുനകാ! കാലനല്ല, സര്‍പ്പമല്ല മൃത്യുവല്ല കാരണം! തന്റെ കര്‍മ്മം കൊണ്ട്‌ ഈ ബാലന്‍ കാലത്താല്‍ മരിച്ചുപോയതാണ്‌. എന്റെ മകന്‍ പോകത്തക്ക ദുഷ്കര്‍മ്മം ഞാനും ചെയ്തിരിക്കുന്നു. കാലനും മൃത്യുവും പൊയ്ക്കൊളളട്ടെ. ആ പിടിച്ചു കെട്ടിയിരിക്കുന്ന സര്‍പ്പത്തെ അഴിച്ചുവിടുക.

ഭീഷ്മൻ പറഞ്ഞു: വന്നപാടു തന്നെ ഉടനെ മൃത്യുവും, കാലനും, സര്‍പ്പവും, വിശോകനായി അര്‍ജ്ജുനകനും പോയി. ഗൌതമി ശോകം വെടിഞ്ഞവളായി. ഈ കഥ കേട്ട്‌ ഭവാന്‍ ശമധനനായാലും രാജാവേ! ഭവാന്‍ ഇനി ദുഃഖിക്കരുത്‌. ലോകം സ്വകര്‍മ്മവശമാണ്‌. അവരവരുടെ കര്‍മ്മഫലത്തെ എല്ലാവരും പ്രാപിക്കും. ഈ കര്‍മ്മം ചെയ്തതു നീയല്ല. കുരുക്ഷേത്രത്തില്‍ നടന്ന യുദ്ധത്തിന് ഉത്തരവാദി ദുര്യോധനനുമല്ല. മന്നവന്മാരൊക്കെ മരിക്കുന്നതിന്നുണ്ടായ ഈ യുദ്ധം കാലത്താല്‍ കൃതമാണ്‌ എന്ന് ധരിക്കുക.

വൈശമ്പായനൻ പറഞ്ഞു:  ഇപ്രകാരം ഭീഷ്മൻ പറഞ്ഞപ്പോള്‍ യുധിഷ്ഠിരന്റെ മനസ്സു തെളിഞ്ഞു. ദുഃഖം നീങ്ങി. ധര്‍മ്മിഷ്ഠനും തേജസ്വിയുമായ യുധിഷ്ഠിരന്‍ വീണ്ടും ഒരു ചോദ്യം ചോദിച്ചു.

2. സുദര്‍ശനോപാഖ്യാനം - സുദര്‍ശനന്റെ ഭാര്യ ചാരിത്രത്തെ തൃണവല്‍ഗണിച്ച്‌ അതിഥിപൂജ ചെയ്ത കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞനായ പിതാമഹാ, സർവ്വശാസ്ത്രവിശാരദാ! മഹത്തായ ആഖ്യാനം ഞാന്‍ അങ്ങയില്‍ നിന്ന്ന് കേട്ടു മതിസത്തമാ! ധര്‍മ്മാര്‍ത്ഥം ചേര്‍ന്ന അങ്ങയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ എനിക്ക്‌ ഇനിയും മോഹമുണ്ട്‌. അതു വിവരിച്ചു തരണേ! ധര്‍മ്മാശ്രയത്താല്‍ ഏതു ഗൃഹസ്ഥന്‍ മൃത്യുവിനെ ജയിച്ചു? അങ്ങ്‌ ഇതൊക്കെ തത്വമായി രാജാവേ, പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ നാട്ടില്‍ നടപ്പുണ്ട്‌. ധര്‍മ്മത്തെ ആശ്രയിച്ച്‌ ഒരു ഗൃഹസ്ഥന്‍ മൃത്യുവെ വെന്നതാണ്‌ വിഷയം. മനു എന്ന പ്രജാപതിക്ക്‌ ഇക്ഷ്വാകു എന്ന രാജാവുണ്ടായി. സൂര്യാഭനായ ആ രാജാവിന് നൂറു മക്കള്‍ ഉണ്ടായി. അതില്‍ പത്താമനായ പുത്രൻ ദശാശ്വനാണ്‌ ഭരതര്‍ഷഭാ! മാഹിഷ്മതി രാജ്യത്തിന്റെ അധിപനായി സത്യവിക്രമനും ധര്‍മ്മിഷ്ഠനുമായി രാജ്യം ഭരിച്ച്‌ ദശാശ്വന് പുത്രനായി മദിരാശ്വന്‍ ഉണ്ടായി. അവന്‍ പരമധാര്‍മ്മികനും സത്യം തപസ്സ്‌ ദാനം ഇവയില്‍ എന്നും ചിത്തം രമിക്കുന്നവനും പ്രസിദ്ധനും ആയിരുന്നു. അവന്‍ ധനുര്‍വ്വേദവും വേദവും അഭ്യസിച്ചു. മദിരാശ്വന്റെ പുത്രനായി ദ്യുതിമാന്‍ ഉണ്ടായി. ആ രാജാവ്‌ മഹാഭാഗനും, മഹാശക്തനും, മഹാസത്വനും മഹാബലനുമായിരുന്നു. ദ്യുതിമാനും പുത്രന്‍ ഉണ്ടായി. അവന്‍ മഹാധാര്‍മ്മികനായിരുന്നു. ലോകത്തിലെങ്ങും പ്രസിദ്ധനായ അവന്‍ സുവീരന്‍ എന്ന രാജാവായിരുന്നു. സുവീരനുണ്ടായ പുത്രന്‍ സര്‍വ്വസംഗ്രാമങ്ങളിലും ദുര്‍ജ്ജയനായിരുന്നു. അവന്‍ ദുൂര്‍ജ്ജയന്‍ എന്ന നാമത്താല്‍ പ്രസിദ്ധനായി.

ഇന്ദ്രരൂപനായ ദുര്‍ജ്ജയരാജാവിന് ദുര്യോധനന്‍ എന്ന് പേരായി അഗ്നിസമപ്രഭനായ പുത്രനുണ്ടായി. മഹാരാജാവായ ദുര്യോധനന്‍ രാജര്‍ഷി സത്തമനായിരുന്നു. പോരില്‍ പിന്‍തിരിയാത്തവനും, ഇന്ദ്രതുല്യ വീര്യവാനുമായിരുന്നു. അവന്‍ വാഴുന്ന നാട്ടില്‍ ഇന്ദ്രന്‍ നല്ലപോലെ മഴ വര്‍ഷിച്ചു. രത്നം, ധനം, പശുക്കള്‍, പലതരം സസ്യങ്ങള്‍ ഇവകൊണ്ട്‌ അവന്റെ നാടും നഗരവും സമ്പൂര്‍ണ്ണമായി. അവന്റെ നാട്ടില്‍ കൃപണനോ ദൂര്‍ഗ്ഗതനോ ഉണ്ടായിരുന്നില്ല. രോഗിയായോ മെലിഞ്ഞവനായോ ഒരു മര്‍ത്ത്യനും ഉണ്ടായിരുന്നില്ല. സുദക്ഷിണനായ ആ രാജാവ്‌ മധുരമായി സംസാരിക്കുന്നവനും, അസൂയയില്ലാത്തവനും, ജിതേന്ദ്രിയനും, ധര്‍മ്മാത്മാവും, ആനൃശംസനും, വിക്രാന്തനും, അവികത്ഥനനും, യജ്ജ്വാവും, ദാന്തനും, മേധാവിയും, ബ്രഹ്മണ്യനും, സത്യസംഗരനും, നിന്ന്ന്ദിക്കാത്തവനും, ദാനശീലനും, വേദവേദാംഗ വിത്തമനുമായി വിളങ്ങി.

ആ രാജാവിനെ പുണ്യശീതാംബുവായ നര്‍മ്മദയെന്ന ദിവ്യവാഹിനി അവന്റെ സ്വഭാവഗുണത്തില്‍ മോഹിതയായി, ആ നരവ്യാഘ്രനെ കാമിച്ചു.

അക്കാലത്ത്‌ രാജാവിന് ആ നദിയില്‍ അതിമനോഹരിയായി ഒരു പുത്രിയുണ്ടായി. കമലലോചനയായ അവള്‍ക്ക്‌ സുദര്‍ശന എന്ന് നാമകരണംചെയ്തു. അവള്‍ രൂപം കൊണ്ട്‌ സുദര്‍ശന തന്നെയായിരുന്നു. അത്രയും ചന്തം തികഞ്ഞ്‌ ഒരു സ്ത്രീയും ഭൂമിയില്‍ പിറന്നിട്ടില്ല യുധിഷ്ഠിരാ! അത്രയ്ക്ക്‌ അഴക് തികഞ്ഞവളാണ്‌ ആ ദുര്യോധന പുത്രി.

സുദര്‍ശന എന്ന ആ കന്യകയെ സാക്ഷാല്‍ അഗ്നിഭഗവാന്‍ കാമിച്ചു. ഒരു വിപ്രന്റെ രൂപമെടുത്ത്‌ അഗ്നിഭഗവാന്‍ ചെന് നൃപനോട്‌ ആ കന്യകയെ വരിച്ചു. രാജാവു പറഞ്ഞു: ദരിദ്രനായ അങ്ങ്‌ ജാതിയില്‍ തുല്യനല്ല. അവളെ ബ്രാഹ്മ ണന് കൊടുക്കുവാന്‍ ദുര്യോധന രാജാവ്‌ ഇച്ഛിച്ചില്ല. അഗ്നി രാജാവിനോടു പിണങ്ങി. പിന്നെ രാജാവിന്റെ യജ്ഞത്തില്‍ അഗ്നി തിരോധാനം ചെയ്തു. അഗ്നി യജ്ഞത്തില്‍ എത്ര പണിപ്പെട്ടിട്ടും കാണാതായപ്പോള്‍ രാജാവ്‌ വല്ലാതെ ദുഃഖിതനായി. അങ്ങനെ ഹവ്യവാഹനന്‍ തെളിയാത്തതിന്നുളള കാരണമറിയുവാന്‍ രാജാവ്‌ ബ്രാഹ്മണരോടു ചോദിച്ചു; അല്ലയോ ദ്വിജമുഖ്യന്മാരെ, എനിക്കോ നിങ്ങള്‍ക്കോ എന്തു പാപമാണ്‌ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്‌? യജ്ഞത്തില്‍ അഗ്നി നശിച്ചു പോയിരിക്കുന്നു. നീചന്മാരോട്‌ ചെയ്യുന്ന മട്ടിലല്ലേ അഗ്നി നശിച്ചിരിക്കുന്നത്‌? നമുക്ക്‌ അഗ്നി നശിക്കുവാന്‍ ദുഷ്കൃതമൊന്നും നാം ചെയ്തതായി ഓര്‍ക്കുന്നില്ല. നമ്മള്‍ക്കോ നിങ്ങള്‍ക്കോ വല്ല ദോഷവും പറ്റിയിട്ടുണ്ടോ? നിങ്ങള്‍ ഗാഢമായി ചിന്തിക്കുവിന്‍!

രാജാവു പറഞ്ഞതു കേട്ട്‌ ആ ബ്രാഹ്മണര്‍ രാജാവേ, നിയതന്മാരായി, വാഗ്യതന്മാരായി അഗ്നിയെ ശരണം പ്രാപിച്ചു. അപ്പോള്‍ അവരുടെ മുമ്പില്‍ ഹവ്യവാഹകന്‍ പ്രത്യക്ഷനായി. ശരല്‍ക്കാലത്തെ സൂര്യനെപ്പോലെ ദീപ്തമായ സ്വരൂപം ധരിച്ച്‌ അവരുടെ മുമ്പില്‍ വിളങ്ങി. മഹാത്മാവായ അനലന്‍ ആ വിപ്രര്‍ഷഭരോട്‌ ഞാന്‍ ദുര്യോധനപുത്രിയെ എനിക്കു വേണ്ടി വരിക്കുന് എന്ന് പറഞ്ഞു. അവര്‍ അന് പ്രഭാതത്തില്‍ ചെന് വിവരം രാജാവിനെ ഉണര്‍ത്തിച്ചു. അഗ്നി പറഞ്ഞ വാക്കുകേട്ട്‌ ആ ബ്രാഹ്മണരെല്ലാം അത്ഭുതപ്പെട്ടു.

പിന്നെ ആ ബുദ്ധിമാനായ രാജാവ്‌ ബ്രഹ്മവാദികളുടെ വാക്കുകേട്ട്‌ വളരെ ഹര്‍ഷത്തോടെ അങ്ങനെയാകാമെന് സമ്മതിച്ചു. ശ്രേഷ്ഠമായ ശുല്കം ഭഗവാനായ അഗ്നിയോടു രാജാവ്‌ ആവശ്യപ്പെട്ടു. അതിന് ശേഷം മാഹിഷ്മതിയില്‍ ഇന്നും അഗ്നിയുടെ സാന്നിദ്ധ്യമുണ്ട്‌. സഹദേവന്‍ ദിഗ് ജയം ചെയ്യുമ്പോള്‍ അതു കണ്ടിട്ടുണ്ട്‌.

നല്ലപോലെ ആഭരണങ്ങള്‍ അണിഞ്ഞ്‌, നല്ല പുടവയുടുത്ത്‌, കാന്തിമതിയായ ആ കന്യകയെ മഹാത്മാവായ അഗ്നിക്കു ദുര്യോധനരാജാവ്‌ നല്കി. വഹ്നി സുദര്‍ശന എന്ന ആ കന്യകയെ, വേദവിധി പ്രകാരം വസോര്‍ദ്ധാര എന്ന പോലെ സ്വീകരിച്ചു. അവളുടെ രൂപം, ശീലം, കുലശ്രീ, ദേഹഭംഗി എന്നിവയില്‍ അഗ്നിഭഗവാന്‍ പ്രസാദിച്ചു. അവള്‍ക്ക്‌ ഗര്‍ഭവുമായി. അവളില്‍ അഗ്നിയുടെ പുത്രനായി സുദര്‍ശനന്‍ ഉണ്ടായി. സുദര്‍ശനന്‍ രൂപഗുണം കൊണ്ട്‌ പൂര്‍ണ്ണചന്ദ്രാഭനായിരുന്നു. ബാലൃത്തില്‍ തന്നെ സനാതനമായ ബ്രഹ്മം പഠിച്ചു.

നൃഗന്റെ പിതാമഹനായി ഓഘവാന്‍ എന്ന രാജാവുണ്ടായിരുന്നു. അവന് ഓഘവതിയെന്ന പുത്രിയും ഓഘരഥന്‍ എന്ന പുത്രനും ഉണ്ടായി. ഓഘവാന്‍ ഈ ഓഘവതിയെന്ന പുത്രിയെ സുദര്‍ശന് ഭാര്യയായി നല്കി. ഗൃഹസ്ഥാശ്രമത്തില്‍ സംസക്തനായ സുദര്‍ശനന്‍ അവളോടു കൂടി കുരുക്ഷേത്രത്തില്‍ വാണു. തേജസ്വിയായ സുദര്‍ശന രാജാവ്‌, "ഞാന്‍ ഗൃഹസ്ഥനായി മൃത്യുവിനെ ജയിക്കും", എന്ന് ശപഥം ചെയ്തു. അങ്ങനെ അഗ്നിപുത്രനായ സുദര്‍ശനന്‍ ഓഘവതിയോട്‌ ഇപ്രകാരം പറഞ്ഞു: "അല്ലയോ ഓഘവതി, അതിഥി ഗൃഹത്തില്‍ വന്നാല്‍ അയാള്‍ക്ക്‌ യാതൊരു പ്രതികൂലവും ഒരിക്കലും ചെയ്യരുത്‌. അതിഥിയെ എന്തുചെയ്തും സന്തോഷിപ്പിക്കണം. ആത്മപ്രദാനം ചെയ്യണമെന് വന്നാല്‍ അതും ചെയ്യണം. അതില്‍ ഒട്ടും വിചാരിക്കണ്ടതില്ല. ഇതാണ്‌ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുള്ള വ്രതം. ഗൃഹസ്ഥന്മാര്‍ക്ക്‌ അതിഥിയേക്കാള്‍ വേറെ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. സുന്ദരീ! എന്റെ വാക്കാണ്‌ നിനക്കു പ്രമാണം. അതുകൊണ്ട്‌ അല്ലയോ വാമോരൂ, ശോഭനേ! നീ എന്റെ ഈ വാക്ക്‌ മനസ്സില്‍ അവ്യഗ്രമായി ഉറപ്പിച്ചു കൊള്ളണം. ഈ നിര്‍ദ്ദേശം ഞാന്‍ പോകുമ്പോഴും, ഞാന്‍ ഇവിടെയുളളപ്പോഴും ഹേ അനഘാശയായ കാല്യാണീ, നീ പാലിക്കേണ്ടതാണ്‌. നിനക്കു പ്രമാണം ഞാനാണെങ്കില്‍ നീ ഒരിക് ലും അതിഥി നിന്ന്ന്ദനം ചെയ്യരുത്‌. ഭര്‍ത്താവിന്റെ ഉപദേശം കേട്ട്‌ ഓഘവതി കൈ തലയില്‍ കുപ്പിക്കൊണ്ടു പറഞ്ഞു: അല്ലയോ ഭര്‍ത്താവേ, അങ്ങ്‌ പറഞ്ഞാല്‍ ചെയ്യരുതാത്തതായി എനിക്ക്‌ ഒരിക്കലും ഒന്നും ഇല്ലല്ലോ നാഥാ!

അങ്ങനെ സുദര്‍ശനന്‍ അതിഥി സല്‍ക്കാരത്തില്‍ ഭാര്യയെ വേണ്ട മാതിരി ഉപദേശിച്ചു. ഈ സന്ദര്‍ഭത്തില്‍ സുദര്‍ശനന്റെ ഗൃഹത്തില്‍ മൃത്യു പഴുതു നോക്കി എപ്പോഴും പിന്‍പേ കൂടി രാജാവേ!

വഹ്‌നിപുത്രനായ സുദര്‍ശനന്‍ ചമതയ്ക്കു പോയപ്പോള്‍, ശ്രീമാനായ ഒരു ബ്രാഹ്മണന്‍ അതിഥിയായി സുദര്‍ശന ഗൃഹത്തിലെത്തി. ഭൂസുരന്‍ പറഞ്ഞു: അല്ലയോ വരവര്‍ണ്ണിനീ, നീ ചെയ്യുന്ന ആതിഥ്യം സ്വീകരിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. നിനക്ക്‌ ഗാര്‍ഹസ്ഥ്യധര്‍മ്മം പ്രമാണമാണെങ്കില്‍ ആതിഥ്യം ചെയ്താലും!

ഇപ്രകാരം ആ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ യശസ്വിനിയായ രാജപുത്രി വേദോക്ത വിധിയനുസരിച്ച്‌ അതിഥിയെ സ്വീകരിച്ചു. രാജാവേ, ആ ദ്വിജന് ആസനം, പാദ്യം എന്നിവ നല്‍കി പൂജിച്ച്‌ അദ്ദേഹത്തോട്‌ അവള്‍ ആദരവോടെ പറഞ്ഞു: "അല്ലയോ മഹാശയാ, ഞാന്‍ എന്തു സല്‍ക്കാരത്താലാണ്‌ അങ്ങയെ പ്രീതിപ്പെടുത്തേണ്ടത്‌? പറഞ്ഞാലും".

ആ അതിഥിയായ ദ്വിജന്‍ രാജപുത്രിയായ സുദര്‍ശനയെ നോക്കി ഇപ്രകാരം പറഞ്ഞു: "കല്യാണീ, നിന്ന്ന്നെക്കൊണ്ട്‌ എനിക്ക്‌ ഒരു കാര്യമുണ്ട്‌. നീ അത്‌ ശങ്കവിട്ട്‌ ചെയ്യണം. ഗാര്‍ഹസ്ഥ്യധര്‍മ്മം നിനക്ക്‌ പ്രമാണമാണെങ്കില്‍ നീ അതു ചെയ്യണം. അല്ലയോ രാജ്ഞീ, നീ ആത്മപ്രദാനം ചെയ്ത്‌ എനിക്ക്‌ ഏറ്റവും വലിയ പ്രിയം ചെയ്യണം".

ബ്രാഹ്മണന്റെ അഭ്യര്‍ത്ഥനകേട്ട്‌ അവള്‍ നടുങ്ങി പ്പോയി എങ്കിലും അതിഥിയെ മുഷിപ്പിക്കാതിരിക്കുവാന്‍ വേറെ ഇഷ്ടം "അതൊഴികെ" പലതും പറഞ്ഞുനോക്കി. എന്നാല്‍ ആ ദ്വിജന്‍ അവളുടെ ആത്മ്പ്രദാനമല്ലാതെ മറ്റൊന്നും ആവശ്യമില്ലെന് പറഞ്ഞു.

ആ രാജപുത്രി ഭര്‍ത്താവിന്റെ മൊഴിയെപ്പറ്റി ഓര്‍ത്തു. അങ്ങനെയാകാം. എന്ന് അവള്‍ നാണിച്ച്‌ ആ ദ്വിജര്‍ഷഭനോടു സമ്മതിച്ചു. ആ വിപ്രന്‍ മനസ്സു കുളുര്‍ക്കുമാറ്‌ ചിരിച്ച്‌ അവളുമായി ഉടനെ രതിക്രീഡയ്ക്ക്‌ അകത്തു പ്രവേശിക്കുകയും ചെയ്തു. ഗൃഹസ്ഥാശ്രമം ഇച്ഛിക്കുന്ന അവള്‍ ഭര്‍ത്താവിന്റെ മൊഴിയോര്‍ത്തു. ബ്രാഹ്മണനെ പ്രീതിപ്പെടുത്തുമാറ്‌ അദ്ദേഹത്തിന് ആത്മദാനം ചെയ്ത്‌ അദ്ദേഹത്തെ സല്‍ക്കരിക്കുവാന്‍ ശയ്യവിരിച്ചു.

ഈ സന്ദര്‍ഭത്തില്‍ ചമതയുമെടുത്ത്‌ അഗ്നിപുത്രന്‍ ഗൃഹത്തില്‍ മടങ്ങിയെത്തി. രൗദ്രഭാവത്തോടെ മൃത്യു എപ്പോഴും ഒരു ബന്ധുവിനെപ്പോലെ അവന്റെ പിന്നിലുണ്ട്‌. ആ പാവകാത്മജന്‍ തന്റെ ഗൃഹത്തില്‍ പ്രവേശിച്ചു.

അന്നു പതിവുപോലെ ഓഘവതിയെ പുറത്തു കണ്ടില്ല. അവന്‍ വിളിച്ചു; "ഓഘവതീ, ഓഘവതീ! നീ എവിടെ?". ഭര്‍ത്താവിന്റെ വിളികേട്ട്‌ അവള്‍ ഭര്‍ത്താവിനോട്‌ ഉത്തരമൊന്നും പറഞ്ഞില്ല. ഭര്‍തൃവ്രതമുള്ളവളായ അവള്‍ ഇപ്പോള്‍ ഒരു വിപ്രന്റെ കരസ്പര്‍ശനം ഏറ്റവളായിരിക്കുന്നു. താന്‍ അന്യന്‍ ഭുജിച്ച ഉച്ഛിഷ്ടമായിരിക്കുന് എന്ന് അവള്‍ വിചാ രിച്ചു. നാണിച്ച്‌ ഒന്നും മിണ്ടിയില്ല. സുദര്‍ശനന്‍ അവളെപ്പറ്റി ഓര്‍ത്ത്‌ ഇപ്രകാരം പറഞ്ഞു; ആ സാധ്വി എവിടെപ്പോയി? ഇതില്‍പ്പരം ഒരാപത്ത്‌ എന്തു സംഭവിക്കും! എന്നെന്നും ആര്‍ജജവത്തോടെ സത്യശീലയും പതിവ്രതയുമായ അവള്‍ എന്നെ എതിരേൽക്കാറുണ്ട്‌. ഇന് എന്തുപറ്റി? അവള്‍, പുഞ്ചിരി തൂകി എന്റെ മുമ്പില്‍ എത്താറുള്ള ആ സുന്ദരി, ഇന് എവിടെ? മുമ്പെ വന് നില്ക്കാറുളള മട്ടില്‍ ഇന് കാണുന്നില്ലല്ലോ. അദ്ദേഹം ഓഘവതിയെ വിളിച്ചു.

ഉടനെ അകത്തുനിന്നു ഒരു ശബ്ദം കേട്ടു. അകത്തു കിടക്കുന്ന ബ്രാഹ്മണന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ അശഗ്നിപുത്രാ! ഞാന്‍ നിന്റെ ഗൃഹത്തില്‍ അതിഥിയായി വന്ന ബ്രാഹ്മണനാണ്‌. ഞാന്‍ അകത്തുണ്ട്‌. നിന്റെ ഭാര്യ യായ ഇവള്‍ അതിഥിക്കു വേണ്ട സല്‍ക്രിയകള്‍ എല്ലാം യഥായോഗ്യം താനേ ചെയ്തു തന്നു. എന്നാല്‍ ഞാന്‍ അവളുടെ ആത്മദാനമാണ്‌ വരിച്ചത്‌. ശുഭാനനയായ അവള്‍ ഞാന്‍ അഭ്യർത്ഥിച്ച പ്രകാരം എന്നെ സ്വന്തം ശരീരം കൊണ്ട്‌ അര്‍ച്ചന നടത്തുകയാണ്‌. ഈ പൂജയ്ക്ക്‌ തക്കതായി ഇനി ചെയ്യേണ്ടതെന്തോ, അതു ഭവാന്‍ ചെയ്താലും.

മൃത്യു തന്റെ ഇരിമ്പുലക്ക ഉയര്‍ത്തി. ഇപ്പോള്‍ ഇവന്റെ സത്യം പിഴയ്ക്കും. "ഞാന്‍ മൃത്യുവിനെ ജയിക്കും" എന്ന് ഇവന്‍ ചെയ്ത ശപഥം ഇപ്പോള്‍ പിഴയ്ക്കും. ഇവനെ ഇപ്പോള്‍ കൊല്ലാന്‍ പഴുതു കിട്ടിയിരിക്കുന് എന്ന് പറഞ്ഞ്‌ മൃത്യു സന്തോഷിച്ചുനില്ക്കെ എന്തുണ്ടായി? സുദര്‍ശനന്‍ മനസ്സുകൊണ്ടും, കര്‍മ്മംകൊണ്ടും, കണ്ണുകൊണ്ടും, വാക്കു കൊണ്ടും ഈര്‍ഷ്യ വിട്ടവനാണ്‌! കോപത്തെ ജയിച്ചവനാണ്‌! അവന്‍ ബ്രാഹ്മണന്‍ അകത്തു നിന്ന്ന് വിളിച്ചു പറഞ്ഞ വാക്കുകള്‍ കേട്ട്‌ ചിരിച്ച്‌ ഇപ്രകാരം പറഞ്ഞു.

സുദര്‍ശനന്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ! അങ്ങ്‌ എന്റെ ഭാര്യയുമായി സുഖമായി ഭോഗം ചെയ്തോളൂ! അല്ലയോ വിപ്രാഗ്ര്യ, എനിക്ക്‌ അതില്‍ അങ്ങയോട്‌ പ്രീതിയേയുള്ളു. ഗൃഹസ്ഥന്റെ മുഖ്യമായ ധര്‍മ്മം വന്നുകയറിയ അതിഥിയെ പൂജിക്കുക എന്നതാണ്‌. ഇപ്രകാരം അതിഥി പൂജ കൈക്കൊ ണ്ട്‌ അതിഥി പോകുന്നത്‌ ഏറ്റവും വലിയ ഗൃഹസ്ഥാശ്രമ ധര്‍മ്മമാണ്‌. അതിലും മേലെ ധര്‍മ്മമില്ലെന്നാണ്‌ ജ്ഞാനികള്‍ പറയുന്നത്‌. എന്റെ പ്രാണന്‍, എന്റെ ഭാര്യ, എന്റെ സകല സ്വത്തുക്കളും, എന്തു വേണമോ അതൊക്കെ ഞാന്‍ അതിഥിക്ക്‌ നല്കും. അതാണ്‌ എന്റെ വ്രതം. ഞാന്‍ ഈ പറഞ്ഞ വാക്ക്‌ നിസ്സന്ദേഹമാണ്‌. ആ സത്യം കൊണ്ട്‌ ഞാന്‍ വിപ്രാ, ആത്മജ്ഞാനം നേടുന്നു. ഭൂമി, വായു, ആകാശം, തേജസ്സ്‌, ജലം, ഇവയഞ്ചും, ബുദ്ധി, ആത്മാവ്‌, മനം, കാലം, ദിക്ക്‌ എന്നിവ കൂടി പത്തു ഗുണങ്ങളും ദേഹികളുടെ ദേഹത്തില്‍ എപ്പോഴും ഉള്ളതായി കാണുന്നു. അതോടുകൂടി, ചെയ്യുന്ന പുണ്യമോ, പാപമോ അതും നില്ക്കുന്നു. ധര്‍മ്മിഷ്ഠസത്തമാ, അവരവരുടെ കര്‍മ്മഫലം അവരവര്‍ക്കിരിക്കുന്നു. ഞാന്‍ ഈ പറഞ്ഞ വാക്ക്‌ സത്യമാണെങ്കില്‍, എന്നെ ദേവന്മാര്‍ കാക്കട്ടെ! അല്ലെങ്കില്‍ ചുട്ടുകളയട്ടെ!

ഉടനെ ഒരു മഹാനാദം ദിക്കിലെങ്ങും മുഴങ്ങി ഭാരതാ! ഇത്‌ സത്യമാണ്‌! സത്യമാണ്‌! അസത്യമല്ല! എന്ന വാക്കുകള്‍ സര്‍വ്വത്ര മുഴങ്ങി.

ഉടനെ ബ്രാഹ്മണന്‍ വീട്ടിനുളളില്‍ നിന്ന്ന് പുറത്തേക്കു വന്നു! തന്റെ ശരീരം കൊണ്ട്‌ വായുഭഗവാന്‍ ആകാശവും ഭൂമിയും നിറഞ്ഞു നില്‍ക്കുന്നത് പോലെ വിപ്രന്‍ തന്റെ വൈദിക ശബ്ദത്താല്‍ മൂന്ന്ന് ലോകവും നിറഞ്ഞു മുഴങ്ങുമാറ്‌ ധര്‍മ്മജ്ഞനായ ഗൃഹസ്ഥനെ പേരു വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: "അല്ലയോ സുദര്‍ശനാ, ഞാന്‍ ധര്‍മ്മനാണ്‌! അങ്ങയ്ക്ക്‌ സ്വസ്തി ഭവിക്കട്ടെ. സന്മതേ, ഞാന്‍ നിന്ന്ന്നെ പരീക്ഷിക്കുവാന്‍ വന്നതാണ്‌. അല്ലയോ സത്യജ്ഞാ, നിന്റെ തത്വം കണ്ട്‌ ഞാന്‍ വളരെ പ്രീതനായിരിക്കുന്നു. നിന്ന്ന്നെ പിന്‍തുടരുന്ന മൃത്യുവെ നീ ജയിച്ചിരിക്കുന്നു. നിന്റെ ഓട്ട, കുറ്റത്തിന്റെ പഴുത്‌, നോക്കുന്നവനെ നീ ധീരത കൊണ്ട്‌ ജയിച്ചിരിക്കുന്നു. അല്ലയോ പുരുഷോത്തമാ; മൂന്ന്ന് ലോകത്തിലും ഒരാള്‍ക്കും നിന്റെ പതിവ്രതയായ ഭാര്യയെ നോക്കുവാന്‍ പോലും ശക്തിയില്ല. നിന്റെ ഗുണത്താലും പാതിവ്രത്യത്താലും രക്ഷിക്കപ്പെട്ടവളാണ്‌ ഇവള്‍. അധൃഷ്യയായ ഇവള്‍ എന്തു പറയുന്നുവോ, അത്‌ അപ്രകാരം തന്നെ ഭവിക്കും. മറിച്ചു വരുന്നതല്ല. സ്വന്തമായ തപോബലമുളളവളാണ്‌ ഇവള്‍. ബ്രഹ്മവാദിനിയാണ്‌. ഇവള്‍ ലോകത്തെ വിശുദ്ധമാക്കുവാന്‍ ഒരു സരിത് പ്രവരയാകും, മഹാനദിയായി ഭവിക്കും. ഈ ദേഹത്തോടു കൂടെ നീയും പുണ്യലോകങ്ങള്‍ പ്രാപിക്കും. ഇവള്‍ ഇവളുടെ അര്‍ദ്ധഭാഗം കൊണ്ടു നദിയാകും. അര്‍ദ്ധഭാഗം കൊണ്ട്‌ അങ്ങയുടെ കൂടെ പോവുകയും ചെയ്യും. ഇവള്‍ യോഗത്തിന് അധീനയാണ്‌. ഇവള്‍ തന്റെ ദേഹത്തെ രണ്ടാക്കി ഭാഗിച്ച്‌ ഈ പറഞ്ഞ പ്രകാരം ചെയ്യും. തപസ്സാല്‍ സിദ്ധലോകത്തും ഭവാന്‍ ഇവളോടു കൂടി എത്തും. അങ്ങ്‌ ഉടലോടു കൂടി എല്ലാ ദിവ്യലോകത്തും ചെന്നെത്തുന്നതാണ്‌. തിരിച്ചു വരവ്‌ ഇല്ലാത്തതും, നിത്യവും, ശാശ്വതവുമായ ലോകങ്ങള്‍ ഈ ഉടലോടെ ഭവാന്‍ നേടും. നീ മൃത്യുവിനെ ജയിച്ചിരിക്കുന്നു. അങ്ങ്‌ ഏറ്റവും ഉന്നതമായ ഐശ്വര്യം നേടിയിരിക്കുന്നു. പഞ്ചഭൂതങ്ങള്‍ക്ക്‌ മേലെയായി സ്വവീര്യത്താല്‍ മനോവേഗത നേടിയിരിക്കുന്നു. ഗൃഹസ്ഥാശ്രമ ധര്‍മ്മത്താല്‍ കാമക്രോധങ്ങളെ ഭവാന്‍ ജയിച്ചിരിക്കുന്നു. സ്നേഹം, രാഗം, തന്ദ്രി, മോഹം, ദ്രോഹം എന്നിവയെയെല്ലാം അങ്ങയെ ശുശ്രൂഷിച്ച്‌ രാജപുത്രിയും ജയിച്ചിരി ക്കുന്നു.

ഭീഷ്മൻ പറഞ്ഞു: ആയിരം വെളളക്കുതിരകളെ പൂട്ടിയ മനോഹരമായ രഥത്തില്‍ ഇന്ദ്രന്‍ ഉടനെ അവന്റെ അടുത്തെത്തി. ഇന്ദ്രന്‍ പറഞ്ഞു: മൃത്യു, ആത്മാവ്‌, ലോകങ്ങള്‍ ഇവയെല്ലാം അല്ലയോ രാജാവേ, അങ്ങ്‌ ജയിച്ചിരിക്കുന്നു. പഞ്ചഭൂതങ്ങളേയും, ബുദ്ധി, കാലം, മനസ്സ്‌, വ്യോമം, കാമം, ക്രോധം എന്നിവയേയും ഭവാന്‍ ജയിച്ചിരിക്കുന്നു. ഗൃഹസ്ഥന് വേറെ ദൈവതമായി യാതൊരു ധര്‍മ്മവുമില്ല. അല്ലയോ നരേന്ദ്രാ, അതിഥിയെ പ്രീതനാക്കി അയച്ചിട്ട്‌ അങ്ങ്‌ ഇതു മനസ്സില്‍ ധരിക്കുക. പൂജിക്കപ്പെട്ട അതിഥി എന്തു ശുഭം ഉള്ളില്‍ ധ്യാനിക്കുന്നുവോ, അത്‌ നൂറു യാഗത്തേക്കാള്‍ മെച്ചമാണ്‌ എന്നാണ്‌ മനീഷികള്‍ പറയുന്നത്‌. ശീലവാനായ, സല്‍പാത്രമായ, അതിഥിയെ പൂജിച്ചില്ലെങ്കിലോ, അവന്‍ പാപം തന് പുണ്യവും കൊണ്ടു പൊയ്ക്കളയും.

ഭീഷ്മൻ തുടര്‍ന്നു; ഈ മുഖ്യമായ ആഖ്യാനം ഉണ്ണീ, ഞാന്‍ നിന്ന്ന്നോടു പറഞ്ഞു. ഇങ്ങനെയാണ്‌ ഗൃഹസ്ഥന്‍ പണ്ട്‌ മൃത്യുവിനെ പരാജയപ്പെടുത്തിയത്‌. ധന്യവും, യശസ്യവും, ആയുഷ്യവുമായ ഈ ആഖ്യാനം ഉത്തമമാകുന്നു. സുഖം ആഗ്രഹിക്കുന്നവന്‍ സര്‍വ്വപാപ വിനാശനമായ ഈ കഥ മനസ്സില്‍ എപ്പോഴും കരുതണം. ഏതേത്‌ വിദ്വാന്‍ നിത്യവും സുദര്‍ശനന്റെ ചരിതം പറയുന്നുവോ, അവന് പുണ്യമായ ലോകം ലഭിക്കുന്നതാണ്‌.

3. വിശ്വാമിത്രോപാഖ്യാനം - ക്ഷത്രിയനായ വിശ്വാമിത്രന് എങ്ങനെ ബ്രാഹ്മണത്വം ലഭിച്ചു? - യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രാഹ്മണ്യം മറ്റാര്‍ക്കും കിട്ടുകയില്ലെങ്കില്‍, മറ്റു മൂന്ന്ന്ന് ജാതിക്കാര്‍ക്കും ലഭിക്കുകയില്ലെങ്കില്‍, പിന്നെ എങ്ങനെയാണ്‌ വമ്പനായ ക്ഷത്രിയന്‍, വിശ്വാമിത്രന്‍, അല്ലയോ ധര്‍മ്മാത്മാവേ, ബ്രാഹ്മണത്വം നേടിയത്‌? ക്ഷത്രിയനായിപ്പിറന്ന വിശ്വാമിത്രന്‍ ബ്രാഹാണനായത്‌ എങ്ങനെയാണ്‌? അതു തത്വമായി കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌. പിതാമഹാ! അതിവീര്യവാനായ അവന്‍ മഹാശയനായ വസിഷ്ഠന്റെ നൂറു പുത്രന്മാരെ തപശ്ശക്തി മൂലം വധിച്ചു കളഞ്ഞു. പിതാമഹാ! തിഗ്മതേജസ്വിയായ അവന്‍ ക്രോധത്തോടെ വളരെ യാതുധാനേന്ദ്രന്മാരെ, കാലാന്തക സമന്മാരായ രാക്ഷസന്മാരെ, സൃഷ്ടിച്ചു. വിദ്വാനായ അവന്‍ ബ്രാഹ്മണരാല്‍ സ്തുതിക്കപ്പെട്ടവനായി, തപശ്ശക്തികൊണ്ട്‌, ഭൂരിബ്രഹ്മര്‍ഷി സങ്കുലവും മഹത്തുമായ കൗശികവംശത്തെ മര്‍ത്ത്യലോകത്തു സ്ഥാപിച്ചു. ഋചീക പുത്രനായ ശുന ശുനശ്ശേഫ മഹര്‍ഷിയെ അംബരീഷന്റെ മഹാസത്രത്തില്‍ പശു രൂപമെടുത്ത്‌ നില്ക്കുമ്പോള്‍, ബലിയര്‍പ്പിക്കുവാന്‍ ബന്ധിക്കപ്പെട്ടു നില്ക്കുമ്പോള്‍, വിശ്വാമിത്രന്‍ അവനെ മോചിപ്പിച്ചു. ഹരിശ്ചന്ദ്രന്‍ യാഗത്തില്‍ ബലിയര്‍പ്പിച്ച്‌ ദേവന്മാരെ സന്തോഷിപ്പിച്ച്‌ ധീമാനായ വിശ്വാമിത്രന്റെ പുത്രനായി അവന്‍ വിളങ്ങി. ജ്യേഷ്ഠനായ ദേവരാതനെ വിശ്വാമിത്രന്‍ നമിച്ചില്ല, ബഹുമാനിച്ചില്ല. അവന്റെ അമ്പതു മക്കള്‍ വിശ്വാമിത്രന്റെ ശാപത്താല്‍ ചണ്ഡാലന്മാരായി. വസിഷ്ഠ ശാപത്താല്‍ ചണ്ഡാലനായവനും ബന്ധുക്കള്‍ ഉപേക്ഷിച്ചവനും, ഇക്ഷ്വാകുവിന്റെ പുത്രനുമായ ത്രിശങ്കുവിനെ നന്ദിയോടെ വിശ്വാമിത്രന്‍ തല കീഴായ വിധം, തെക്കന്‍ ദിക്കില്‍ നില്ക്കുന്ന വിധം, സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി. വിശ്വാമിത്രന്റേതായി പുണ്യയായ ഒരു വലിയ പുഴയുണ്ട്‌. കൌശികി എന്നാണ്‌ അതിന്റെ പേര്‌. ശിവയായ ആ നദിയെ ദേവര്‍ഷിമാരും ബ്രഹ്മര്‍ഷിമാരും സുരന്മാരും സേവിക്കുന്നു. വിശ്വാമിത്രന്റെ തപസ്സിന് വിഘ്നം വരുത്തിയ സുസമ്മതയായ പഞ്ചചൂഡ എന്ന ഒരപ്സരസ്ത്രീ വിശ്വാമിത്രന്റെ ശാപമേറ്റ്‌ ശൈലത്വം പ്രാപിച്ചു. അപ്രകാരം തന്നെ വിശ്വാമിത്രഭയം മൂലം വസിഷ്ഠന്‍ തന്നെത്താന്‍ ബന്ധിച്ച്‌ നദിയില്‍ ആത്മഹത്യ ചെയ്യുവാന്‍ ചാടി. എന്നാല്‍ അദ്ദേഹം വിപാശനായി നദിയില്‍ നിന്ന്ന്ന് കയറി. അന്നു മുതല്‍ ആ നദിക്ക്‌ വിപാശ എന്ന പേര്‌ ലഭിച്ചു. അത്‌ ഒരു പുണ്യനദിയാവുകയും ചെയ്തു. മഹാത്മാവായ വസിഷ്ഠന്റെ കര്‍മ്മത്താല്‍ ആ നദി പ്രസിദ്ധയായി. അവന്റെ വാക്കാല്‍ ഭഗവാനും ദേവസേനാഗ്ര്യഗനുമായ പ്രഭു പ്രസാദിച്ച്‌ അവന് ശാപമോക്ഷം നല്കി. ഉത്താനപാദപുത്രനായ ധ്രുവനും ബ്രഹ്മര്‍ഷീന്ദ്രന്മാര്‍ക്കും മദ്ധ്യത്തിലായി അവന്‍ ഇന്നും ഉത്തരദിക്കില്‍ പ്രശോഭിക്കുന്നു. അല്ലയോ കൌരവാ, അവന്റെ ഈ കര്‍മ്മങ്ങളും മറ്റും ഒരു ക്ഷത്രിയന്റെ നിലയില്‍ ചെയ്തതാണോ എന്നറിയുവാന്‍ എനിക്കു കൌതുകമുണ്ട്‌. അതിനെപ്പറ്റി ഹേ ഭരതര്‍ഷഭാ! അങ്ങു തത്വമായി പറഞ്ഞാലും. മതംഗന്റെ തത്വം പോലെ ഇതും എന്നോടു പറയണേ! മതംഗന്‍ ഒരു ചണ്ഡാലനായി പിറന്നവനാണ്‌. അവന്‍ ബ്രാഹ്മണ്യം നേടുവാന്‍ തപസ്സു ചെയ്തിട്ടും സാധിച്ചില്ല. എന്നാല്‍ എങ്ങനെ വിശ്വാമിത്രന്‍ ബ്രാഹ്മണ്യം നേടി?

4. വിശ്വാമിത്രോപാഖ്യാനം - വിശ്വാമിത്രന്റെ ജനനകഥ - ഭീഷ്മൻ പറഞ്ഞു; അല്ലയോ പാര്‍ത്ഥാ! പണ്ട്‌ വിശ്വാമിത്രന്‍ എങ്ങനെ ബ്രാഹ്മണത്വം നേടി എന്നതും, പിന്നെ ബ്രഹ്മര്‍ഷിയായതും ഞാന്‍ തത്വമായി പറയാം. അത്‌ ഭവാന്‍ കേള്‍ക്കുക.

ഭരതന്റെ കുലത്തില്‍ അജമീഡന്‍ എന്ന് പേരായി ഒരു രാജാവുണ്ടായിരുന്നു. അവന്‍ യജ്വാവും ധര്‍മ്മിഷ്ഠ ഉത്തമനുമായിരുന്നു ഭരതര്‍ഷഭാ! അവന്റെ പുത്രനായി ജഹ്‌നു എന് പേരായി മഹാനായ ഒരു രാജാവുണ്ടായി. മഹാത്മാവായ അവന്റെ പുത്രിയായി ത്തീര്‍ന്നു ഗംഗ. അവന്‌ യോഗ്യനായ ഒരു പുത്രനുണ്ടായി. സിന്ധുദ്ധീപന്‍ എന്ന് അവന്‍ പ്രസിദ്ധനായി. സിന്ധുദ്ധീപനന്റെ പുത്രനായി വലാകാശ്വന്‍ എന്ന രാജര്‍ഷിയുണ്ടായി. അവന്‍ മഹാബലനായിരുന്നു. അവന്‌ ശക്തനായ ഒരു പുത്രനുണ്ടായി. അവന്റെ പേര്‌ വല്ലഭന്‍ എന്നാണ്‌. അവന്‍ സാക്ഷാല്‍ ധര്‍മ്മനെപ്പോലെ ശക്തനായിരുന്നു. വല്ലഭനു പുത്രനായി കുശികന്‍ ജനിച്ചു. അവന്‍ സാക്ഷാല്‍ സഹ്രസാക്ഷനു തുല്യനായിരുന്നു. കുശികന്റെ പുത്രനായി ഗാഥി എന്ന രാജാവുണ്ടായി. അപുത്രനായ അവന്‍ സന്താനലബ്ധിക്കു വേണ്ടി കാട്ടില്‍പ്പോയി തപസ്സു ചെയ്തു. അങ്ങനെ വനത്തില്‍ വസിക്കുന്ന കാലത്ത്‌ അവന്‌ ഒരു പുത്രി ജനിച്ചു. അവള്‍ അതുല്യയായ ഒരു സുന്ദരിയായിരുന്നു. സത്യവതിയെന്നായിരുന്നു അവളുടെ പേര്‌. അവളെ ശ്രീമാനായ ഭാര്‍ഗ്ഗവന്‍, ച്യവനന്റെ പുത്രനായ ഋചീകന്‍ ആഗ്രഹിച്ചു. അവന്‍ മഹാതപസ്വിയും മഹാത്മാവുമായിരുന്നു. ശത്രുനിബര്‍ഹണനായ ഗാഥി, തന്റെ മകളെ വരിക്കുവാന്‍ ആഗ്രഹിച്ചുവന്ന ഋചീകന് അവളെ നല്കിയില്ല. അവന്‍ ദരിദ്രനായിരുന്നു എന്നതു കൊണ്ടാണ്‌ അവനെ ഒഴിവാക്കിയത്‌. അവന്‍ പോകുമ്പോള്‍ രാജാവു പറഞ്ഞു: നീ തക്കതായ ശുല്ക്കം തരിക. എന്നിട്ട്‌ എന്റെ പുത്രിയെ വേള്‍ക്കുക! രാജാവിന്റെ വാക്കുകേട്ട്‌ ഋചീകന്‍ പറഞ്ഞു.

ഋചീകന്‍ പറഞ്ഞു: അല്ലയോ രാജേന്ദ്രാ! ഞാന്‍ ശുല്ക്കമായി എന്താണ്‌ അങ്ങേയ്ക്കു തരേണ്ടത്‌? മകള്‍ക്കു വേണ്ടി ന്യായമായതു പറയൂ! ചിന്തിക്കാനൊന്നുമില്ല വേഗം പറഞ്ഞോളു.

ഗാഥി പറഞ്ഞു: ചന്ദ്രകാന്തിയുളളതും വായുവേഗമു ളളതും ഒരു കാത്‌ കറുത്തതുമായ ആയിരം കുതിരകളെ കൊണ്ടു വന്നു തരൂ ഭാര്‍ഗ്ഗവാ!

ഭീഷ്മൻ പറഞ്ഞു: ഉടനെ പ്രഭുവായ ച്യവനപുത്രന്‍ ആ ഭൃഗുശാര്‍ദ്ദൂലന്‍, അദിതിയുടെ പുത്രനായ വരുണനെ, സമുദ്രങ്ങളുടെ നാഥനെ ചെന്നുകണ്ടു. ആ ദേവനോട്‌ ഋചീകന്‍ പറഞ്ഞു: "ഒറ്റക്കാതു കറുത്തതും വായുവേഗമുളളതും ചന്ദ്രപ്രഭയുളളതുമായ ആയിരം കുതിരകളെ അല്ലയോ ദേവസത്തമാ, ഞാന്‍ അങ്ങയോടു യാചിക്കുന്നു". മഹാനായ ഋചീകന്റെ അഭ്യര്‍ത്ഥന വരുണന്‍ സ്വീകരിച്ചു. അങ്ങനെയാകാം എന്ന് ഭാര്‍ഗ്ഗവനോട്‌ അദിതിനന്ദനന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ! അങ്ങയ്ക്ക്‌ ഇഷ്ടമുളള ദിക്കില്‍ ഗംഗയില്‍ കുതിരകള്‍ പൊങ്ങിവരും.

വരുണന്‍ അനുഗ്രഹിച്ച പ്രകാരം ഋചീകന്‍ ഗംഗയില്‍ ച്ചെന്ന് ഭജിച്ചു. അവന്‍ ഇഷ്ടപ്പെട്ട ദിക്കില്‍ നില്ക്കുമ്പോള്‍ ഗംഗാംബുവില്‍ നിന്ന്ന്ന് ചന്ദ്രശ്രീയുളള കുതിരകള്‍, ഓജസ്സുള്ള ആയിരം കുതിരകള്‍ പൊങ്ങിവന്നു. കന്യാകുബ്ജത്തിന ടുത്ത്‌ ഉത്തമമായ ഗംഗാതീരം ഇന്നും അശ്വതീര്‍ത്ഥം എന്ന പേരില്‍ ഒരു തീര്‍ത്ഥസ്ഥലമായി അറിയപ്പെടുന്നു.

ഉണ്ണീ, പിന്നെ ഋചീകന്‍ ആയിരം കുതിരകളേയും ആട്ടിത്തെളിച്ച്‌ ഗാഥിയുടെ അടുത്തേക്കു ചെന്നു. തപോനിധി യായ ഋചീകന്‍ ഗാഥിക്ക്‌ പറഞ്ഞ പ്രകാരമുള്ള ആയിരം കുതിരകളെ ശുല്ക്കമായി (പെണ്ണിനെ വരിക്കുമ്പോള്‍ ചില നാട്ടില്‍ പെണ്ണിന്റെ അച്ഛന് കൊടുത്തു വരറുളള പണമാണ്‌ ശുല്ക്കം) നല്കി. ഗാഥി അത്ഭുതപ്പെട്ടുപോയി. താന്‍ ഒഴികഴിവു പറഞ്ഞു ബ്രാഹ്മണനെ തട്ടി ഒഴിച്ചു വിട്ടതായിരുന്നു. ഇനി കൊടുക്കാതിരുന്നാല്‍ അവന്‍ ശപിച്ചേക്കുമെന്ന് രാജാവു ഭയപ്പെട്ടു. ഉടനെ പെണ്‍കുട്ടിയെ സര്‍വ്വാഭരണ ഭൂഷിതയാക്കി, ചമയിച്ച്‌ ഒരുക്കി. അവളെ ഭൃഗുപുത്രനു നല്കി.

ബ്രഹ്മര്‍ഷി മുഖ്യനായ ഋചീകന്‍ അവളുടെ കൈ വിധി പ്രകാരം പിടിച്ചു. അവള്‍ യോഗുനായ പതിയുമായിച്ചേര്‍ന്ന് സന്തോഷിച്ചു. ബ്രഹ്മര്‍ഷിയായ ഋചീകന്‍ അവളുടെ ശീലഗുണത്തില്‍ പ്രീതനായി. ആ വരവര്‍ണ്ണിനിയോട്‌ വരം നല്കാം, വേണ്ടത്‌ ആവശ്യപ്പെട്ടുകൊളളുക, എന്ന് പറഞ്ഞു.

ഋഷി വരം തരാമെന് പറഞ്ഞ വൃത്താന്തം അവള്‍ അമ്മയോടു പറഞ്ഞു. മകളോട്‌ അമ്മ ഇപ്രകാരം പറഞ്ഞു; "അല്ലയോ പുത്രീ, ആ ഋഷിയുടെ പ്രസാദം എനിക്കും ലഭി ക്കണം. നിന്റെ ഭര്‍ത്താവിന്റെ അനുഗ്രഹം എനിക്കും ലഭി ക്കണം. അപത്യദാനത്തിനു ശക്തനാണ്‌ ആ മഹര്‍ഷി".

അമ്മയുടെ ആഗ്രഹം മകള്‍ അറിഞ്ഞു. ഒരു സഹോദരനുണ്ടാകാനാണ്‌ അമ്മ ആശിക്കുന്നത്‌, മകള്‍ അമ്മയുടെ ആശ മഹര്‍ഷിയെ അറിയിച്ചു. മഹര്‍ഷി ഇതു കേട്ട്‌ അവളോടു- പറഞ്ഞു: "നിന്റെ അമ്മ വൈകാതെ ഒരു ഗുണവാനായ പുത്രനെ പ്രസവിക്കും. എന്റെ പ്രസാദത്താല്‍ അതു സംഭവിക്കും. എന്റെ പ്രസാദം നിന്ന്ന്നിലും വെറുതെയാവുകയില്ല. നിനക്കും സുഗുണങ്ങളാല്‍ ശ്ലാഘ്യനായ ഒരു പുത്രന്‍ ജനിക്കും. അവന്‍ എന്റെ കുലത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്‌. അവന്‍ ശ്രീമാനായിരിക്കും. ഞാന്‍ പറഞ്ഞതു സത്യമാകും. തീണ്ടാര്‍ന്ന് കുളിച്ചുവന്ന്‌, നിന്റെ അമ്മ അരയാല്‍ മരത്തേയും, നീ അത്തി മരത്തേയും കെട്ടിപ്പിടിക്കണം. അല്ലയോ കല്യാണീ, എന്നാല്‍ ഹിതം സാധിക്കും. മന്ത്രത്താല്‍ പരിശുദ്ധമായ ഈ ചരു (ധുരാന്നം) അല്ലയോ ശുചിസ്മിതേ, നീയും അമ്മയും ഭക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഗര്‍ഭമുണ്ടാകും, രണ്ടുപേരും ആണ്‍മക്കളെ പ്രസവിക്കും.

സത്യവതി മഹര്‍ഷിയുടെ അനുഗ്രഹവും പ്രസാദവുമൊക്കെ അമ്മയെ അറിയിച്ചു. അമ്മ ഇതുകേട്ട്‌ സത്യവതിയോടു പറഞ്ഞു: മകളേ, മുമ്പ്‌ ആശ്രയിച്ച എന്റെ വാക്ക്‌ നീ കേട്ടിട്ട്‌ അതുപോലെ ചെയ്യുക. നിനക്ക്‌ ഭര്‍ത്താവു തന്ന മന്ത്രസംശുദ്ധമായ ചരു എനിക്കു തരിക. പിന്നെ എനിക്കു കരുതിയത്‌ നീയും എടുക്കുക. മരങ്ങള്‍ക്കും അപ്രകാരം തന്നെ മാറ്റംചെയ്യുക. അല്ലയോ അനിന്ന്ന്ദിതേ, ഞാന്‍ പറയുന്നതു നീ അനുസരിക്കുക. മകള്‍ക്കു പ്രമാണം അമ്മയല്ലേ! തന്റെ സന്താനം നന്നാകണമെന്ന ആഗ്രഹം ആര്‍ക്കും ഉണ്ടാകുമല്ലോ. അപ്രകാരം ഒരാഗ്രഹം എനിക്കും ഉണ്ടാകുമല്ലോ. അതു കൊണ്ടാണു മകളേ, എനിക്കു നിന്റെ ചരുവിലും വ്യക്ഷത്തിലും ആശയുണ്ടായത്‌. വിശിഷ്ടനായി നിനക്ക്‌ ഒരു സഹോദരനുണ്ടാകുമെന്ന് നീയും വിചാരിക്കുക.

അമ്മയുടെ ആഗ്രഹം മകള്‍ സമ്മതിച്ചു. അവര്‍ പറഞ്ഞുറപ്പിച്ച മാതിരി തന്നെ പ്രവര്‍ത്തിച്ചു. പിന്നെ അല്ലയോ യുധിഷ്ഠിരാ! രണ്ടാള്‍ക്കും ഗര്‍ഭമുണ്ടായി. ഭാര്യക്കു ഗര്‍ഭമുണ്ടായതു കണ്ട്‌ മുനീന്ദ്രന്‍ സത്യവതിയെ നോക്കി. മനസ്സു മങ്ങി മഹര്‍ഷി ഭാര്യയോടു പറഞ്ഞു: ചരു നീ മാറിക്ക ഴിച്ചു എന്നതു വ്യക്തമാണ്‌. നിങ്ങള്‍ ചരു മാത്രമല്ല മരവും പരസ്പരം മാറി എന്നതും വ്യക്തമാണ്‌. ശുഭേ, ഞാന്‍ ബ്രഹ്മം മുഴുവന്‍ നിനക്കുള്ള ചരുവില്‍ ജപിച്ചു കയറ്റിയിരുന്നു. ക്ഷത്രവീര്യം മുഴുവനും അവള്‍ക്കുള്ള ചരുവിലും കയറ്റിയിരുന്നു. നീ മൂന്ന്ന്ന് ലോകത്തിലും പ്രസിദ്ധിയുള്ള ഒരു വിപ്രനെ പ്രസവിക്കണമെന്നും, അവള്‍ ഏറ്റവും വിശിഷ്ടനായ ഒരു ക്ഷത്രിയനെ പ്രസവിക്കണമെന്നുമായിരുന്നു എന്റെ ഉദ്ദേശം. അതിന് വേണ്ടതൊക്കെ ഞാന്‍ ചെയ്തു. എന്നാല്‍ എന്തുചെയ്യാം! നീയും നിന്റെ അമ്മയും അതു കൈമാറ്റം ചെയ്തു. അതുകൊണ്ട്‌ ഇനി എന്താണ്‌ ഉണ്ടാകുന്നതെന്ന് അറിയാമോ? നിന്റെ അമ്മ ഒരു ബ്രാഹ്മണ ശ്രേഷ്ഠനെ പ്രസവിക്കും. നീയോ ഉഗ്രകര്‍മ്മാവായ ഒരു ക്ഷത്രിയനേയും പ്രസവിക്കും. ഭദ്രേ! മാതൃസനേഹം കൊണ്ട്‌ നീ ഈ ചെയ്തതു ശരിയായില്ല. അവിവേകമായിപ്പോയി.

ഭര്‍ത്താവിന്റെ വാക്കുകേട്ട ഉടനെ അവള്‍ ദുഃഖതപ്തയായി. ആ വരവര്‍ണ്ണിനി ബോധഹീനയായി മുറിച്ചിട്ട ലത പോലെ മന്നില്‍ വീണു. പിന്നെ സ്വബോധമുണ്ടായപ്പോള്‍ തല കുമ്പിട്ട്‌ ആ ഗാഥേയി ഭര്‍ത്താവായ ഭാര്‍ഗ്ഗവനോടു പറഞ്ഞു: അല്ലയോ ബ്രഹ്മര്‍ഷിസത്തമാ! ഭാരൃയായ ഞാന്‍ പ്രസാദിപ്പിക്കുമ്പോള്‍ അങ്ങ്‌ പ്രസാദിക്കണേ! വിപ്രർഷേ, പുത്രന്‍ ക്ഷത്രിയനാവരുതേ. എന്റെ പുത്രന്റെ പുത്രന്‍ അങ്ങനെ ആയിക്കൊളളട്ടെ!! മകന്‍ അങ്ങനെ ആകരുതേ! അതിന്നായി എനിക്കു വരംനല്കണേ!

"എന്നാല്‍ അങ്ങനെയാകട്ടെ!", എന്ന് ഭാര്യയോടു ഋഷി പറഞ്ഞു. അവള്‍ പിന്നെ നല്ലവനായ ജമദഗ്നി എന്ന കുമാരനെ പ്രസവിച്ചു. ഗാഥിയുടെ ഭാര്യയായ യശസ്വിനി വിശ്വാമിത്രനേയും പ്രസവിച്ചു. ഋഷിയുടെ പ്രസാദത്താല്‍ ബ്രഹ്മവാദിയായ ബ്രഹ്മര്‍ഷിയായി. വിശ്വാമിത്രന്‍, തപോനിധിയായ ബ്രാഹ്മണനായി. അങ്ങനെ ക്ഷത്രിയനായി ജനിച്ച വിശ്വാമിത്രന്‍ ബ്രഹ്മവംശകൃത്തായി. അവന്റെ മക്കള്‍ യോഗ്യന്മാരും, ബ്രഹ്മവംശ വിവര്‍ദ്ധനന്മാരുമായി. തപസ്വികളായ അവര്‍ ഗോത്രകര്‍ത്താക്കളായി ഭവിച്ചു.

ഭഗവാന്‍ മധുച്ഛന്ദസ്സ്‌, വീര്യവാനായ ദേവരാതന്‍, ശകുന്തന്‍, അക്ഷീണന്‍ ബഭ്രു, കാലപഥന്‍, മഹാവ്രതന്‍, സ്ഥൂണന്‍, യാജ്ഞവല്ക്യന്‍, ഉലൂകന്‍, മുല്‍ഗലന്‍, സൈന്ധവായനന്‍, മഹര്‍ഷിയായ ഗാലവന്‍, ഭഗവാനായ വല്‍ഗുജംഘന്‍, സാലങ്കായനന്‍, ഖ്യാതനായ രുചി, വജ്രന്‍, ലീലാഢ്യന്‍, നാരദന്‍, കൂര്‍ച്ചാമുഖന്‍, മുസലന്‍, ബാഹുലി, വക്ഷോഗ്രീവന്‍, ആംഘ്രീകന്‍, നൈകമദൃക്ക്‌, ശിലായൂപന്‍, ശിതന്‍, ശുചി, ചക്രകന്‍, മാരുതന്തവ്യന്‍, വാതഘ്നന്‍, അശ്വലായനന്‍, ശ്യാമായനന്‍, ഗാര്‍ഗ്ഗന്‍, ജാബാലി, സുശ്രുതന്‍, കാരീഷി, സംശ്രുത്യന്‍, പൌരവതന്തു, മഹര്‍ഷി കപിലന്‍, താണ്ഡകായനര്‍ഷി, ഉപഗഹനന്‍, ആസുരായണിമുനി, ഹിരണ്യാക്ഷന്‍, ജംഘാരി, വിഭൂതി, സൂതി, സൂതന്‍, സുരകൃത്ത്‌, ആരണി, നാചികന്‍, ചാമ്പേയന്‍, ഉജ്ജയനന്‍, നവതന്തു, ബകനഖന്‍, സയനന്‍, യതി, മത്സ്യാശി, അംഭോരുഹന്‍, ഗാര്‍ദദഭി, ശിരീഷി, ഊര്‍ജജയോനി, ഉദാപേക്ഷി, മഹാനായ ഋഷി നാരദി, ഈ പറഞ്ഞവരൊക്കെ വിശ്വാമിത്രപുത്രന്മാരായ മുനിമാരാണ്‌. എല്ലാവരും ബ്രഹ്മവാദികളാണ്‌. അപ്രകാരം അല്ലയോ രാജാവേ, തപോനിധിയായ വിശ്വാമിത്രന്‍, ഋചീകന്‍ ചരുവില്‍ ആവാഹിച്ച മുഖ്യബ്രഹ്മമാണ്‌ യുധിഷ്ഠിരാ! നിന്ന്ന്നോട്‌ അല്ലയോ രാജാവേ, ഇതൊക്കെ ഭരതര്‍ഷഭാ! തത്വമായി പറഞ്ഞു. സോമസൂര്യാഗ്നി തേജസ്വിയായ വിശ്വാമിത്രന്റെ സംഭവചരിത്രം ഞാന്‍ പറഞ്ഞു. ഏതേതിടത്ത്‌ നിനക്കു സംശയം തോന്നുന്നുണ്ടോ, അതാതിടം നീ ചോദിക്കുക. നിന്റെ സകല സംശയവും ഞാന്‍ തീര്‍ത്തുതരാം.

5. ശുക്ര ശുക സംവാദം - ഇന്ദ്രന്റേയും ശുകത്തിന്റേയും കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: ആനൃശംസ്യം (ദയ) എന്ന ധര്‍മ്മത്തിന്റെ ഗുണം എന്താണ്‌? അല്ലയോ ധര്‍മ്മജ്ഞാ! പിതാമഹാ, അതു പറഞ്ഞു തന്നാലും. ഭീഷ്മൻ പറഞ്ഞു: ഇതിന്നുദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അതു ദേവേന്ദ്രനും ഒരു ശുകവും തമ്മിലുളള സംഭാഷണമാണ്‌. കാശി രാജാവിന്റെ രാജ്യത്ത്‌ ഗ്രാമത്തില്‍ നിന്ന് പോന്ന ഒരു വേടന്‍ വിഷം പുരട്ടിയ അമ്പുമായി കാട്ടില്‍ മാനിനെ തേടി വേട്ടയാടുവാന്‍ പുറപ്പെട്ടു. മാംസം കൊതിച്ച്‌ ആ ലുബ്ധന്‍ കുറച്ചകലെയായി മാന്‍കൂട്ടത്തെക്കണ്ടു ശരം വിട്ടു. ശക്തിയേറിയ ആ ശരം ലക്ഷ്യം തെറ്റി. മൃഗഹിംസാര്‍ത്ഥിയായ അവന്റെ ശരം ഒരു വൃക്ഷത്തില്‍ ചെന്നു കൊണ്ടു. വിഷം ശക്തിയുളളതാകയാല്‍ അതു ചെന്നുകൊണ്ട ആ മഹാവൃക്ഷം, കായും ഇലയുമൊക്കെക്കൊഴിഞ്ഞ്‌ ക്ഷീണിച്ചു. ആ മരത്തിന്റെ പൊത്തില്‍ ഒരു ശുകം വളരെനാളായി പാര്‍ത്തിരുന്നു. മരം ഉണങ്ങിയിട്ടും ആ മരത്തിന്റെ പൊത്തില്‍ നിന് ശുകം പോയില്ല. ആ മരത്തോട്‌ ശുകത്തിന് വലിയ കൂറുണ്ടായിരുന്നു. മരത്തിന്റെ അകാലനാശത്തില്‍ തത്തയ്ക്കു വല്ലാത്ത ദുഃഖമുണ്ടായി. തത്ത സഞ്ചരിക്കാതായി. ഭക്ഷണം കഴിക്കാതായി. അതു വാടിത്തളര്‍ന്നു. വാക്കു പുറപ്പെടാതായി. ധാര്‍മ്മികനും കൃതജ്ഞനുമായ ശുകം മരത്തോടൊപ്പം ശോഷിച്ചു വന്നു. ഉദാരനും മഹാസത്വനും, അതിമാനുഷ ചേഷ്ടിതനും, സമദുഃഖസുഖനുമായ ശുകത്തെക്കണ്ട്‌ ഇന്ദ്രന്‍ അത്ഭുതപ്പെട്ടു. ഇന്ദ്രന്‍ ചിന്തിച്ചു: ഈ പക്ഷി ഇങ്ങനെ തിര്യക്കുകള്‍ക്കു ചേരാത്തതായ ആനൃശംസ്യത്തില്‍ നില്ക്കുവാന്‍ എന്താണു കാരണം? ഇത്രയും മഹത്തായ കരുണ എങ്ങനെ അവനില്‍ ഉണ്ടായി? അല്ലെങ്കില്‍ ഇന്ദ്രന്‍ അത്രമാത്രം ചിന്തിക്കേണ്ടതായി എന്തുണ്ട്‌? എല്ലാ പ്രാണികളുടേയും എല്ലാ ജനത്തിന്റേയും ഹൃദയത്തില്‍ കരുണയുണ്ട്‌. അവ മറ്റുളളവരില്‍ കാണിക്കുന്നുമുണ്ടല്ലോ. പിന്നെ ബ്രാഹ്മണ വേഷത്തില്‍, മനുഷ്യ രൂപിയായി, ഭൂമിയില്‍ച്ചെന്ന് ദേവേന്ദ്രന്‍ ആ പക്ഷിയോടു പറഞ്ഞു. ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ പക്ഷിശ്രേഷ്ഠാ, ശുകാ! ദക്ഷപുത്രിയായ നിന്റെ പൂര്‍വ്വമാതാവ്‌ സല്‍പുത്ര ലാഭത്താല്‍ ഇപ്പോള്‍ സുപുത്രിയായിരിക്കുന്നു. എടോ ദ്വിജമേ, നിന്നോടു ഞാന്‍ ഒന്ന് ചോദിക്കുന്നു: എന്തുകൊണ്ടാണ്‌ നീ ഈ ഉണങ്ങിയ വൃക്ഷത്തെ വിട്ടു പോകാത്തത്‌? ഇപ്രകാരം ഇന്ദ്രന്‍ ചോദിച്ചതു കേട്ട്‌ അവന്റെ മുമ്പില്‍ ശിരസ്സു കുനിച്ച്‌ ശുകം പറഞ്ഞു: അല്ലയോ ദേവേന്ദ്രാ, ഭവാനു സ്വാഗതം! നിന്നെ ഞാന്‍ തപസ്സു കൊണ്ടു മനസ്സിലാക്കിയിരിക്കുന്നു. ശുകം പറഞ്ഞതു കേട്ട്‌ സഹസ്രാക്ഷനായ ഇന്ദ്രന്‍ അത്ഭുതത്തോടെ നന്ന്  നന്ന്  എന്ന് പക്ഷിയെ വാഴ്ത്തി. അമ്പോ! പക്ഷിയുടെ വിജ്ഞാനം അത്ഭുതം തന്നെ! എന്ന് മനസ്സാല്‍ പൂജിക്കുകയും ചെയ്തു. ശുഭ കര്‍മ്മിയായ ആ ശുകത്തോട്‌ വാസ്തവം അറിയുന്നുണ്ടെങ്കിലും പ്രീതിയോടെ വലസൂദനന്‍ ചോദിച്ചു. ഇലയും കായും പോയി പക്ഷികൾക്കു ശരണം പ്രാപിക്കുവാന്‍ യോഗ്യമല്ലാത്ത ഈ മരത്തെ എന്താണു നീ വിടാതെ കൂടിയിരിക്കുന്നത്‌? ഈ കാട്‌ എത്രയോ വലുതാണ്‌. നീ അതൊ ന്നും കാണുന്നില്ലേ? ഇലകൊണ്ടു പൊത്തുമൂടുന്ന വൃക്ഷങ്ങള്‍, നന്നായി പാര്‍ക്കുവാന്‍ പറ്റിയ വൃക്ഷങ്ങള്‍, ഒന്നും ഈ മഹാരണ്യത്തിലില്ലേ? ആയുസ്സ്‌ അറ്റുപോയതും, ചാറു വറ്റിയതും, ശ്രീ പോയതും, വളരെ ജീര്‍ണ്ണിച്ചതുമായ ഈ മരം അല്ലയോ ധീരാ, നീ വിടുക. പ്രജ്ഞയോടെ നീ ചിന്തി ക്കുക

ഭീഷ്മൻ പറഞ്ഞു: ഇന്ദ്രന്‍ പറഞ്ഞ ഈ വാക്കു കേട്ടു ധര്‍മ്മിഷ്ഠനായ ശുകം നെടുതായി ഒന്ന് വീര്‍പ്പിട്‌ ദീനനായി ഇപ്രകാരം പറഞ്ഞു.

ശുകം പറഞ്ഞു: അല്ലയോ വാസവാ! ദൈവതങ്ങളെ അതിക്രമിക്കുവാന്‍ പാടില്ലല്ലോ. അങ്ങു ചോദിച്ച ചോദ്യ ത്തിന് ഞാന്‍ പറയുന്ന സമാധാനം സുരാധിപാ, കേള്‍ക്കുക. ഈ മരത്തിലാണ്‌ ഞാന്‍ പിറന്നത്‌. ഈ വൃക്ഷം സാധുവാണ്‌, സല്‍ഗുണം ചേര്‍ന്നവനാണ്‌. കുട്ടിക്കാലത്ത്‌ ഇവന്‍ എന്നെപ്പോറ്റി. ഞാന്‍ ഇവന്റെ കൊമ്പിലിരുന് എത്ര കളിച്ചിരിക്കുന്നു! ശത്രുക്കളില്‍ നിന്ന് എത്ര തവണ ഇവന്‍ ഞങ്ങളെ രക്ഷിച്ചിരിക്കുന്നു! അല്ലയോ പരിശുദ്ധാശയാ, അങ്ങയുടെ കാരുണ്യത്താല്‍ എന്റെ ജീവിതത്തിലെ സ്വഭാവാദര്‍ശത്തെ തകരാറിലാക്കാന്‍ എന്താണ് ഭവാനൊരുങ്ങുന്നത്‌? ഞാന്‍ ദയാലുവാണ്‌, ഭക്തനാണ്‌, അനന്യാലംബിയാണ്‌. ഈ വൃക്ഷത്തിന്റെ നാശത്തില്‍ എന്റെ മനസ്സുരുകുന്നു. ഞാന്‍ ഈ വൃക്ഷത്തെ ആരാധിക്കുന്നു. എനിക്ക്‌ ആശ്രയമായിരുന്നവനല്ലേ ഇവന്‍. ആ ഭക്തിക്കും സ്നേഹത്തിനും അനുകമ്പയ്ക്കും ഭവാന്‍ ഇടംകോലിട്ട്‌ വിഷമമുണ്ടാക്കരുത്‌. അലിവ്‌ നല്ലവരുടെ മഹത്തായ ധര്‍മ്മലക്ഷണമാണ്‌. അനുകമ്പ നല്ലവര്‍ക്കു നിത്യവും പ്രീതി വളര്‍ത്തുന്നു. ദേവന്മാരെല്ലാം ഭവാനോടാണല്ലോ ധര്‍മ്മസംശയത്തെപ്പറ്റി ചോദിച്ച്‌ കാര്യം ഗ്രഹിക്കുന്നത്‌! അതുകൊണ്ടാണല്ലോ ദേവാ, ഭവാന്‍ ദേവേന്ദ്രനായി ശോഭിക്കുന്നത്‌! അല്ലയോ സഹസ്രാക്ഷാ! ഭവാന്‍ എന്നെ ഇവിടെ നിന്ന് പറഞ്ഞു വിടുവാന്‍ ശ്രമിക്കരുത്‌. എന്നെക്കൊണ്ട്‌ ഈ വൃക്ഷത്തെ ഉപേക്ഷിപ്പിക്കരുത്‌. നല്ല കാലത്ത്‌ ഈ വൃക്ഷത്തില്‍ സുഖമായി വസിച്ച ഞാന്‍ ഈ നിലയിലെത്തിയ ഇവനെ എങ്ങനെ വിട്ടുപോകേണ്ടു ഇന്ദ്രാ?

ഭീഷ്മൻ പറഞ്ഞു; ആ ശുകത്തിന്റെ സൗമ്യമായ വാക്കു കേട്ട്‌ പാകശാസനന്‍ ഹൃഷ്ടനായി. ആനൃശംസ്യം (ദയ) കൊണ്ട്‌ ഇന്ദ്രന്‍ തുഷ്ടനായി. ആ ധാര്‍മ്മികന്‍ ശുകത്തോടു പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ ശുകമേ, നിന്നിലുള്ള അനുകമ്പ, സ്‌നേഹം, ആസ്യശംസ്യം എന്നീ ഗുണങ്ങളില്‍ എനിക്ക്‌ അതിരറ്റ മതിപ്പുണ്ട്‌. ഞാന്‍ നിന്നിലുള്ള ആ മഹത്തായ നന്മയെ പൂജിക്കുന്നു. വിഹംഗമേ, നിനക്കു ഞാന്‍ വരം നല്കുന്നു. ആവശ്യമുള്ളത്‌. ചോദിച്ചു കൊള്ളുക. ഇന്ദ്രന്റെ വാക്കു കേട്ട്‌ ശുകം സന്തോഷിച്ചു. ആനൃശംസ്യപരനായ ശുകം, ഈ വൃക്ഷം പഴയമട്ടില്‍ സജീവമായി നില്ക്കുമാറാകണേ! അതാണ്‌ എനിക്കു വേണ്ട വരം എന്ന് ഇന്ദ്രനോട് അഭ്യര്‍ത്ഥിച്ചു.

ആ ശുകത്തിന്റെ ദൃഢമായ ഭക്തിയും, ശീലവൃദ്ധിയും കണ്ട്‌ പ്രീതനായ ഭഗവാന്‍, ദേവേന്ദ്രന്‍ ആ ഉണങ്ങിയ വൃക്ഷത്തെ അമൃതു കൊണ്ട്‌ നനച്ചു. ഉടനെ ശുകത്തിന്റെ ദൃഢഭക്തി മൂലം അമൃത്‌ ഒഴുകിയ ആ വൃക്ഷം പുഷ്പഫലാഢ്യമായും പത്രശ്യാമളമായും യുവത്വം പ്രാപിച്ചു.

ശുകം ഇപ്രകാരമുള്ള ആനൃശംസൃത്താലും ആ കര്‍മ്മത്താലും ആയുസ്സ്‌ അവസാനിച്ച കാലത്ത്‌ അല്ലയോ രാജാവേ, ശക്ര ലോകത്തെത്തി. ഇപ്രകാരമാണ്‌ രാജാവേ, ഭക്തിയുളളവനെ ആശ്രയിച്ചാല്‍ സംഭവിക്കുക. ശുകം വസിച്ച ആ വൃക്ഷം എന്നപോലെ, അവന്‍ സര്‍വ്വാര്‍ത്ഥസിദ്ധിയേയും നേടുന്നതാണ്‌.

6. ദൈവപുരുഷകാരനിര്‍ദ്ദേശം - വിധിയോ, പൗരുഷമോ മഹത്തരം എന്നതിനെപ്പറ്റി വസിഷ്ഠനും ബ്രഹ്മാവും തമ്മില്‍ നടന്ന സംഭാഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞയായ പിതാമഹാ, സര്‍വ്വശാസ്ത്രവിശാരദാ! ദൈവം പൌരുഷം എന്നീ രണ്ടില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുളളത്‌ ഏതാണ്‌?

ഭീഷ്മൻ പറഞ്ഞു; ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ നടപ്പുണ്ട്‌. അത്‌ ബ്രഹ്മാവും വസിഷ്ഠനും തമ്മിലുളള ഒരു സംഭാഷണമാണ്‌. പണ്ട്‌ വസിഷ്ഠന്‍ ബ്രഹ്മാവിനോട്‌ ചോദിച്ചു. പിതാമഹാ, ദൈവവും പൌരുഷവുമുണ്ടല്ലോ, അതില്‍ ഏതാണ്‌ ശ്രേഷ്ഠമായിട്ടുളളത്‌? പത്മഭൂവും ദേവദേവനുമായ പിതാമഹന്‍ വസിഷ്ഠന്റെ ചോദ്യം കേട്ട്‌ അര്‍ത്ഥവും യുക്തിയും ചേര്‍ന്നവിധം ഭംഗിയായി മറുപടി പറ ഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ വസിഷ്ഠാ, വിത്തില്ലാതെ ഒന്നും  ഉണ്ടാവുകയില്ല. വിത്തില്ലാതെ ഫലവും ഉണ്ടാവുകയില്ല. വിത്തില്‍ നിന്ന് വിത്തുണ്ടാകും. വിത്തില്‍ നിന്ന് ഫലവുമുണ്ടാകും. കര്‍ഷകന്‍ വയലില്‍ എപ്രകാരം വിത്തു വിതയ്ക്കുന്നുവോ, സുകൃതത്തിലും, ദുഷ്കൃതത്തിലും അതാതിനൊത്ത ഫലം വിളയും. വിത്തില്ലാത്ത വിതയ്ക്കല്‍ കൊണ്ട്‌ ഫലം സിദ്ധിക്കയില്ലല്ലോ. അതുപോലെ പൌരുഷം കൂടാതെ ദൈവവും ഫലം നല്കുകയില്ല. പൌരുഷം എന്നത്‌ വയലാണ്‌. "ദൈവം" വിത്താണ്‌. വയലും വിത്തും ചേര്‍ന്നാല്‍ സസ്യം വര്‍ദ്ധിച്ചു വരും. കര്‍മ്മത്തിന്റെ ഫലപാകത്തെയാണ്‌ കര്‍മ്മം ചെയ്തവന്‍ ഭുജിക്കുന്നത്‌. അത്‌ നാം പ്രത്യക്ഷമായി ലോകത്തില്‍ കാണുന്നുണ്ടല്ലോ. നന്മ ചെയ്തവന്‍ നന്മയും, തിന്മ ചെയ്തവന്‍ തിന്മയും അനുഭവിക്കുന്നതാണ്‌ നാം കാണുന്നത്‌. ശുഭകര്‍മ്മം ചെയ്തവര്‍ സൗഖ്യം അനുഭവിക്കുന്നു. പാപകര്‍മ്മം ചെയ്തവര്‍ ദുഃഖമനുഭവിക്കുന്നു. ഇങ്ങനെ ചെയ്യുന്നത്‌ ഫലവത്താകുന്നുണ്ട്‌. ചെയ്യാഞ്ഞാല്‍ അതുണ്ടാകുന്നുമില്ല. സല്‍ക്കര്‍മ്മം ചെയ്യുന്നവന്‍ എല്ലായിടത്തും ഭാഗ്യങ്ങള്‍ അനുഭവിക്കുന്നു. കര്‍മ്മഭൃഷ്ടനായ അലസന്‍ തന്റെ മുറിവില്‍ ക്ഷാരം തേച്ചു വേദനപ്പെട്ട്‌ ഇരിക്കുകയാണു ചെയ്യുന്നത്‌? അവന് ദുഷ് ഫലം തന്നെ അനുഭവിക്കേണ്ടി വരുന്നു. നിരന്തരമായ പ്രയത്നത്താൽ, തപസ്സു കൊണ്ട്‌, രൂപസൌന്ദര്യം, ഭാഗ്യങ്ങള്‍, രത്നങ്ങള്‍ എന്നിവയൊക്കെ ലഭിക്കും. അദ്ധ്വാനിക്കാത്ത അകൃതാത്മാവിന് ഭാഗ്യം വന്നു ചേരുകയില്ല. ഇപ്രകാരം സ്വര്‍ഗ്ഗം, ഭോഗജാലങ്ങള്‍, താന്‍ വിചാരിക്കുന്ന നിഷ്ഠ, ഇവയെല്ലാം പൌരുഷ ക്രിയ കൊണ്ടു ലഭിക്കുന്നു. ജ്യോതിര്‍ഗ്ഗണങ്ങള്‍, ദേവന്മാര്‍, നാഗ ങ്ങള്‍, യക്ഷന്മാര്‍, ചന്ദ്രന്‍, അര്‍ക്കന്‍, മാരുതന്‍ എന്നിവ രൊക്കെ പൌരുഷംകൊണ്ടു മര്‍ത്തൃത്വംവിട്ട്‌ അമര്‍ത്ത്യരായി ത്തീര്‍ന്നവരാണ്‌. അപ്രകാരംതന്നെ അര്‍ത്ഥം, മിത്രവര്‍ഗ്ഗം, ഐശ്വര്യം, കുലം, ശ്രീ എന്നിവയും കര്‍മ്മംചെയ്യാതെ ഒരാള്‍ക്കും ലഭിക്കുകയില്ല. അതില്‍ യാതൊരു സംശയ വുമില്ല. വിപ്രന്‍ ശ്രീയെ ശുചിയായ വേദാദികര്‍മ്മങ്ങള്‍ കൊണ്ടു നേടുന്നു. ക്ഷത്രിയന്‍ ശ്രീയെ വിക്രമംകൊണ്ടു നേടുന്നു. വൈശ്യന്‍ ശ്രീയെ പനരുഷംകൊണ്ടു നേടുന്നു. ശുക്രന്‍ ശ്രീയെ ശുശ്രുഷകൊണ്ടു നേടുന്നു. ദാനം ചെയ്യാ ത്തവന് ധനം ലഭിക്കുകയില്ല. ക്ലീബന്നും, നിഷ്ക്രിയന്നും അര്‍ത്ഥം ലഭിക്കുകയില്ല. പണിയൊന്നും എടുക്കാത്ത അലസനും, ശൗര്യം കെട്ടവനും, തപം (സദ് യത്നം) ചെയ്യാത്തവനും അര്‍ത്ഥം ലഭിക്കയില്ല.

മൂന്ന് ലോകവും ദേവന്മാരേയും ദൈതൃന്മാരേയുമൊക്കെ സൃഷ്ടിച്ചവനാണല്ലോ വിഷ്ണുഭഗവാന്‍. ആ ആദിപുരുഷന്‍ പോലും സമുദ്രത്തില്‍ തപസു ചെയ്യുകയാണല്ലോ. തന്റെ കര്‍മ്മഫലം ഇല്ലെന്നു വന്നാല്‍ എല്ലാം നിഷ്ഫലമാകും. ജനങ്ങള്‍ ദൈവത്തെ (ഭാഗ്യത്തെ) പ്രതീക്ഷിച്ചിരുന്ന് ഉദാസീനരാകരുത്‌. മാനുഷക്രിയ (പൌരുഷം) ചെയ്യാതെ ദൈവത്തെ പിന്‍തുടര്‍ന്നവന്‍ വെറുതെ ദുഃഖത്തിന് തന്നെ പാത്രമാകും. നപുംസകമായ ഭര്‍ത്താവിനെ പ്രാപിച്ച അംഗനയെപ്പോലെ അത്തരക്കാര്‍ വെറുതെ ദുഃഖത്തിന് പാത്രമായിത്തീരും. മര്‍ത്ത്യലോകത്തില്‍ ശുഭാശുഭങ്ങളെപ്പറ്റിയുളള ഭയം, ദേവലോകത്ത്‌ അനൃനാല്‍ ഭൂമിയിലുണ്ടാകുന്ന ഭയത്തെപ്പോലെ അത്ര കനത്തതല്ല. (ഈ ലോകത്തിലെ കര്‍മ്മഫലമാണല്ലോ പരലോകത്തിലെ സുഖദുഃഖങ്ങള്‍ക്കാസ്സദം. അതു കൊണ്ട്‌ മനുഷ്യന് ഈ കര്‍മ്മഭൂമിയില്‍ അദ്ധ്വാനിച്ച്‌ ഇഹപരലോകങ്ങളെ നന്നാക്കാന്‍ കഴിയും).

പൌരുഷം ചെയ്താല്‍ അത്‌ ദൈവത്തെ (വിധിയെ) പിന്‍തുടരും. ഒന്നും  ചെയ്യുന്നില്ലെങ്കില്‍ വിധി, ചെയ്യാത്തവര്‍ക്ക്‌ ഒന്നും നല്കുകയുമില്ല. ദേവതകള്‍ക്കു പോലും അനിതൃമായ സ്ഥാനങ്ങളാണ്‌ കാണുന്നത്‌. കര്‍മ്മംകൂടാതെ ആ ദൈവത്വം എങ്ങനെ നില്ക്കും? എങ്ങനെ ദൈവതത്തെ കര്‍മ്മംകൂടാതെ നിര്‍ത്തും?

ഈ ലോകത്തില്‍ ആര്‍ക്കു വേണ്ടിയും ദൈവതങ്ങള്‍ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നില്ല. ദൈവങ്ങള്‍ എപ്പോഴും മറ്റുളളവരുടെ സല്‍ക്കര്‍മ്മങ്ങള്‍ അംഗീകരിക്കുന്നില്ല. ഉഗ്രമായ ശ്രദ്ധാധിക്യം പരാഭിഭവശങ്കയാല്‍ ഉണ്ടാകുന്നു. ഋഷികളും ദേവന്മാരും തമ്മില്‍ വിടാത്ത ഒരു മത്സരം നടക്കുന്നുണ്ട്‌. അവര്‍ എല്ലാവരും തങ്ങളുടെ കര്‍മ്മം അനുഷ്ഠിക്കുകയാണെങ്കില്‍ വിധി അതിന്റെ ഫലത്തെ തടുക്കുകയില്ല. ദൈവം കര്‍മ്മത്തില്‍ നിന്നുണ്ടാവുകയാണു ചെയ്യുക. ഒരുവന്‍ എങ്ങനെയാകണമെന്നാണ്‌ അവന്‍ ആഗ്രഹിക്കുന്നത്‌. ദൈവം അതിനെ അവന് നല്കുന്നു. അവന്റെ ആഗ്രഹമനുസരിച്ച്‌ പല ഗുണങ്ങളും ദേവലോകത്തിലും രൂപീകരിക്കപ്പെടുന്നു.

ആത്മാവാണ്‌ ആത്മാവിന് ബന്ധു. തനിക്കു ബന്ധു താന്‍ തന്നെ. തന്റെ ശത്രുവും താന്‍ തന്നെയാണ്‌. തന്റെ കര്‍മ്മത്തിന് സാക്ഷി താന്‍ തന്നെയാണ്‌. മറ്റാരുമല്ല. നന്മയിലും തിന്മയിലും ഇപ്രകാരം തന്നെയാണെന് ധരിക്കണം. നന്മയും തിന്മയും ഉണ്ടാക്കുന്നത്‌ അവരവരുടെ കര്‍മ്മമാണ്‌. യഥാര്‍ത്ഥമായി സുകൃതമായ കര്‍മ്മം ഒരിക്കലും ദുഷ്കൃതമായി ഭവിക്കുകയില്ല. പുണ്യകര്‍മ്മമാണ്‌ ദൈവങ്ങള്‍ക്ക്‌ ആശ്രയം. പുണ്യമായ സല്‍ക്കര്‍മ്മങ്ങളാല്‍ എല്ലാ നന്മകളും സിദ്ധിക്കുന്നതാണ്‌. പുണ്യം ചെയ്ത്‌ പുണ്യം നേടിയ നരനില്‍ ദൈവം എന്തുചെയ്യും? വിധി പുണ്യവാന്റെ പുണ്യത്തെ നശിപ്പിക്കുകയില്ല.

പണ്ട്‌ യയാതിരാജാവ്‌ പുണ്യം ക്ഷയിച്ച്‌ സ്വര്‍ഗ്ഗത്തില്‍ നിന്ന്  കീഴോട്ടു പതിച്ചപ്പോള്‍ അവനെ വീണ്ടും സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയത്‌ പുണ്യം ചെയ്ത ദൗഹിത്രന്മാര്‍ അവരുടെ പുണ്യദാനം കൊണ്ടാണ്‌. പണ്ട്‌ പുരൂരവസ്സ്‌ എന്ന രാജര്‍ഷി, ഐളന്‍ എന്ന കീര്‍ത്തിമാനായ രാജര്‍ഷി, ബ്രാഹ്മണരുടെ പ്രാര്‍ത്ഥന മൂലം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അശ്വമേധം മുതലായ യാഗം ചെയ്ത്‌ കീര്‍ത്തിമാനായിത്തീര്‍ന്ന സൌദാസരാജാവ്‌ മുനിശാപം മൂലം മനുഷ്യഭുക്കായിത്തീര്‍ന്നു. അശ്വത്ഥാമാവും, രാമനും, മുനിപുത്രന്മാരായിരുന്നെങ്കിലും, ധനുര്‍ദ്ധരന്മാരായിരുന്നെങ്കിലും തങ്ങളുടെ ക്രൂരകര്‍മ്മങ്ങള്‍ മൂലം സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കു പ്രവേശനം ലഭിച്ചില്ല. വസുരാജാവ്‌ നൂറു യാഗം ചെയ്ത്‌ രണ്ടാമത്തെ ഇന്ദ്രനായി എങ്കിലും, ഒരു കളളം പറഞ്ഞതു മൂലം പാതാള ലോകത്തിലെത്തി. വിരോചന പുത്രനായ ബലി ധര്‍മ്മപാശത്താല്‍ വാനവരാല്‍ കെട്ടപ്പെട്ടവനായി, വിഷ്ണുവിന്റെ പൗരുഷംമൂലം ഇപ്പോള്‍ പാതാളത്തില്‍ ചെന്നിരിക്കുകയാണ്‌. ശക്രരന്റെ കാല്ക്കല്‍ ചെന്നിട്ട്‌ ജനമേജയരാജാവ്‌ മടങ്ങിപ്പോവുകയാണല്ലോ ഉണ്ടായത്‌. അദ്ദേഹം ഒരു ബ്രാഹ്മണ്രസ്ത്രീയെ വധിച്ചിട്ടുണ്ട്‌. ആ പാപം മുലം അവനെ തടയുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് തളളിവിടുകയും ചെയ്തു. എന്തേ അവനെ ദൈവങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിര്‍ത്താഞ്ഞത്‌? മഹര്‍ഷിയായ വൈശമ്പായനൻ അജ്ഞാനം നിമിത്തം ഒരു ബ്രാഹ്മണനേയും, ഒരു ബാലനേയും പണ്ടു വധിച്ചു. ആ പാപംമൂലം അവനും ഗതികിട്ടാതെ പോയി. എന്തേ ദൈവങ്ങള്‍ അവനെ കേറ്റാഞ്ഞത്‌?

പണ്ട്‌ നൃഗന്‍ എന്ന രാജാവ്‌, മഹായജ്ഞത്തില്‍ ധാരാളം ബ്രാഹ്മണര്‍ക്ക്‌ ഗോക്കളെ ദാനം ചെയ്തവനായിരുന്നെങ്കിലും, തന്റെ ദുഷ്കര്‍മ്മം മൂലം ഒരു ഓന്തായിത്തീര്‍ന്നു. ധുംധുമാരന്‍ എന്ന രാജര്‍ഷി ജര ബാധിച്ച്‌, സത്രത്തില്‍ യജ്ഞങ്ങള്‍ ചെയ്തെങ്കിലും, ആ യോഗ്യതകളെല്ലാം ഉപേക്ഷിച്ച്‌ ഗിരിവ്രജത്തില്‍ കിടന്നുറങ്ങി. ശക്തരായ ധാര്‍ത്തരാഷ്ട്രജന്മാര്‍ പാണ്ഡവരുടെ നാടുനേടി. പിന്നെ പാണ്ഡവന്മാര്‍ നഷ്ടപ്പെട്ട നാട്‌ വീണ്ടും ധാര്‍ത്തരാഷ്ട്രന്മാരില്‍ നിന്ന് കൈയിലാക്കി. ഇവയൊക്കെ പൌരുഷം കൊണ്ടാണ്‌. ദൈവത്താലല്ല, കൈയ്യൂക്കുകൊണ്ടാണ്‌.

തപോനിയമങ്ങള്‍ അനുഷ്ഠിച്ച സംശിതവ്രതന്മാരായ മുനിമാര്‍ ശപിച്ചത്‌ അവരുടെ കര്‍മ്മം കൊണ്ടു നേടിയ ശക്തിയാലല്ലേ? അതോ ദൈവത്താലോ (ഭാഗൃത്താല്‍ കിട്ടിയ) ശക്തിയാലോ? ചിന്തിക്കുക!

പല നന്മകളും കഷ്ടപ്പെട്ടു നേടിയവര്‍ ദുഷ്കര്‍മ്മം മുലം അവയൊക്കെ നഷ്ടപ്പെട്ടു വിഷമിക്കുന്നു. ലോഭവും മോഹവും മൂലം തെറ്റുകള്‍ ചെയ്യുന്നവനെ ഒരിക്കലും ദൈവം (വിധി) രക്ഷിക്കുകയില്ല. ചെറിയ അഗ്നിയും കാററു തട്ടി വലുതാകുന്ന മാതിരി പൌരുഷ ക്രിയയോടു ചേര്‍ന്ന് ദൈവം നല്ലപോലെ വര്‍ദ്ധിക്കും. എണ്ണ വറ്റിയാല്‍ ദീപം മങ്ങിപ്പോകുന്നതു പോലെ കര്‍മ്മം ക്ഷയിച്ചവനില്‍ ദൈവം ഹ്രാസം പ്രാപിക്കും. ശക്തി കുറഞ്ഞ്‌ മങ്ങിപ്പോവുകയും ചെയ്യുന്നതാണ്‌.

പുരുഷന് ധനസഞ്ചയം ലഭിച്ചാലും, സ്ത്രീകള്‍ക്കു ഭോഗങ്ങള്‍ അധീനമായാലും. അവ ഭുജിക്കുവാന്‍ കര്‍മ്മം കൂടാതെ സാധിക്കുകയില്ല. കര്‍മ്മം കൂടാതെയിരിക്കുന്ന മനുഷ്യന് അവയൊന്നും ദീര്‍ഘകാലം അനുഭവിക്കുവാന്‍ സാധിക്കുകയില്ല. അദ്ധ്വാനിച്ചു ലഭിക്കുന്ന ധനത്തെ ദൈവം കാക്കുന്നു. മഹിതനായ പുരുഷന്‍ എന്നും വേലചെയ്തേ അനുഭവിക്കുകയുള്ളൂ.

നല്ലവനായ മനുഷ്യന്‍ ത്യാഗശീലനും ധര്‍മ്മശീലനുമായി സല്‍ക്കര്‍മ്മത്തിന്റെ ഫലം നേടുന്നു. മര്‍ത്ത്യലോകത്തേക്കാള്‍, ഈ നിലയില്‍ മെച്ചമാണോ ദേവലോകം? മര്‍ത്ത്യലോകം കര്‍മ്മഭൂമിയാകുന്നു. ലോഭിയുടെ ഗൃഹം ധാരാളം സ്വത്തുള്ളതായാലും അതിനെ ദേവകള്‍, ആ ഗൃഹത്തെ, മൃതലോകമായേ ദര്‍ശിക്കുന്നുളളു. പ്രയത്നം ചെയ്യാത്ത മനു ഷ്യന് കൃതാര്‍ത്ഥത എന്നത്‌ ഈ ലോകത്തുണ്ടാവുകയില്ല. തെറ്റായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്റെ ഗതിയെ വിധി ഒരി ക്കലും മറ്റൊരു വഴിക്കു മാറ്റുന്നതല്ല. അതുകൊണ്ട്‌ വിധിക്കു പ്രമാണം കര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. വലിയ സല്‍ക്കര്‍മ്മം ചെയ്താല്‍ അതില്‍ മഹത്തായി ദൈവം അനുഗ്രഹിക്കുന്നു. നിശ്ചയമായും പൌരുഷം താന്‍ ഇച്ഛിക്കുന്ന ദിക്കില്‍ പരിശ്രമിയെ എത്തിക്കുന്നു.

ഇതൊക്കെ ഞാന്‍ നിന്നോടു പറഞ്ഞു മുനിസത്തമാ! പൗരുഷത്തിനുളള ഫലം എപ്പോഴും കണ്ട്‌ ഞാന്‍ തത്വമായി അതിന്റെ സ്വഭാവമെന്തെന് പറഞ്ഞു. നിയതിയുടെ പ്രേരണയനുസരിച്ചു ചെയ്യുന്ന കര്‍മ്മത്താലും അവരവരുടെ പ്രയത്നത്താലും, അങ്ങനെ ദൈവത്താലും പൌരുഷത്താലും, മര്‍ത്ത്യന്‍ നിശ്ചയമായും സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നു. അങ്ങനെ വിധിയും കര്‍മ്മവും രണ്ടും ചേര്‍ന്നാണ്‌ വ്യക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത്‌.

7. കര്‍മ്മഫലികോപാഖ്യാനം - കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്ന് ഭീഷ്മന്‍ വിവരിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ശുഭങ്ങളായ കര്‍മ്മങ്ങള്‍ക്കെല്ലാം എന്താണ്‌ ഫലം? അല്ലയോ, ഭരതര്‍ഷഭാ! മഹാന്മാരില്‍ മഹത്തരനായ അങ്ങ്‌ അവ എനിക്കു പറഞ്ഞുതന്നാലും!

ഭീഷ്മൻ പറഞ്ഞു; അല്ലയോ യുധിഷ്ഠിരാ, നിന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. ഇത്‌ ഋഷികള്‍ക്കു പോലും അറിയാത്ത രഹസ്യമാണ്‌ യുധിഷ്ഠിരാ! മരിച്ചാല്‍ ചിരകാലമായി കാംക്ഷിച്ചിരുന്നതെന്തോ അതു നേടും. ഏതേതു ദേഹം കൊണ്ട്‌ ഏതേതു ക്രിയകള്‍ ചെയ്യുന്നുവോ അതാതു ദേഹത്താല്‍ അതാതു ഫലം നരന്മാര്‍ അനുഭവിക്കുന്നു. ഏതേതവസ്ഥയില്‍ ഏതേതു ശുഭമോ അശുഭമോ ചെയ്യുന്നു, അതാതവസ്ഥയില്‍ അത്‌ ജന്മം തോറും അനുഭവിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ വഴിക്കു ചെയ്യുന്ന കര്‍മ്മമൊന്നും നശിക്കുന്നതല്ല. ഇവന് സാക്ഷികള്‍ പഞ്ചേന്ദ്രിയങ്ങളാണ്‌. ആറാമത്തേതായി ആത്മാവുമുണ്ട്‌. ഒരതിഥി ഗൃഹത്തില്‍ വന്നാല്‍ ആദ്യമായി സസന്തോഷം അവനെ നോക്കുക (കണ്ണു നല്കുക) പിന്നെ മനസ്സു നല്കുക, പിന്നെ നല്ല വാക്കുകള്‍ പറയുക. അനുകൂലമായ സ്വാഗതാദി വച നങ്ങള്‍ പറഞ്ഞ്‌ സന്തോഷിപ്പിക്കുക. പിന്നെ എതിരേല്ക്കുക, ഉപാസിക്കുക. ഇവയഞ്ചും ചെയ്യണം. അതിനെ പഞ്ചദക്ഷിണയജ്ഞം എന്നു പറയുന്നു.

വഴി നടന്ന് തളര്‍ന്നു വരുന്നവനും മുമ്പു പരിചയമില്ലാത്തവനുമായ പാന്ഥന് സുഖമായ ഭക്ഷണം നല്കിയാല്‍ മഹത്തായ പുണ്യം ലഭിക്കും. ഈ ജന്മത്തില്‍ വെറും നിലത്തു കിടന്ന് ജീവിക്കുന്നവര്‍ക്ക്‌ അവരുടെ ആ തപസ്സിന്നും ക്ലേശത്തിന്നും തക്കഫലം അടുത്ത ജന്മത്തില്‍ ലഭിക്കും. അവര്‍ക്കു ഗൃഹവും ശയ്യാദികളും ലഭിക്കും. അതിന്നു തക്ക ഉന്നതമായ നില ലഭിക്കും. ചീരവല്ക്കലങ്ങള്‍ ധരിക്കുന്നവര്‍ക്ക്‌ നല്ല ഉടുപ്പും ആഭരണങ്ങളും ലഭിക്കും. യോഗാഭ്യാസം അനുഷ്ഠി ക്കുന്ന തപസ്വിക്ക്‌ വാഹനവും യാനവും ലഭിക്കും. അഗ്നിയുടെ പാര്‍ശ്വത്തില്‍ ശയിക്കുന്ന രാജാവിന് (ഹോമയജ്ഞ ക്രിയകള്‍ ചെയ്യുന്ന രാജാവിന്) വലിയ പൌരുഷം ലഭിക്കും. രസങ്ങള്‍ നല്കിയാല്‍ അവര്‍ക്ക്‌ സൌഭാഗ്യമുണ്ടാകും. മാംസ ഭക്ഷണം ഉപേക്ഷിച്ചാല്‍ (വര്‍ജ്ജിച്ചാല്‍) പശുക്കളും പുത്രന്മാരും വര്‍ദ്ധിക്കും; സമൃദ്ധിയുണ്ടാകും. തലകീഴായി തൂങ്ങി തപസ്സു ചെയ്യുന്നവനും, വെളത്തില്‍ മുങ്ങിക്കിടന്ന് തപസ്സു ചെയ്യുന്നവനും, ഒരുനേരം മാത്രം ഭക്ഷണം കഴിച്ചു ജീവിക്കുന്നവനും എപ്പോഴും അഭീഷ്ടമായ ഗതി ലഭിക്കും.

ഒരു പാന്ഥന്‍ വീട്ടില്‍ വന്നാല്‍ ആ അപരിചിതന് പാദ്യം, ആസനം, വിളക്ക്‌, അന്നം, കിടക്ക ഇവ നല്‍കണം. ഇതു പഞ്ചദക്ഷിണമെന്ന യജ്ഞമാണ്‌. ഒരു യോദ്ധാവ്‌ യുദ്ധത്തില്‍ വീരാസനം, വീരശയ്യ, വീരസ്ഥാനം ഇവ പ്രാപിച്ചാല്‍ (യുദ്ധത്തില്‍ വീരനായി പോരാടി മരിച്ചാല്‍) അവന് സര്‍വ്വകാമഗമായ അക്ഷയലോകങ്ങള്‍ ലഭിക്കുന്നതാണ്‌.

ഈ ജന്മത്തില്‍ സല്‍പ്പാത്രങ്ങളില്‍ ദാനം ചെയ്യുന്നവന്‍ അടുത്ത ജന്മം ധനവാനാകും. കല്പന അനുസരിക്കേണ്ടവന്‍ ചോദ്യം ചെയ്യാതെ അനുസരിച്ചാല്‍ അവന്‍ ജീവിതസുഖങ്ങള്‍ വര്‍ദ്ധിക്കും. തപസ്സു കൊണ്ട്‌ ഉപഭോഗങ്ങള്‍ ലഭിക്കും. ബ്രഹ്മചര്യം കൊണ്ട്‌ മഹത്തായ നല്ല ജീവിതം, രൂപഗുണം, ഐശ്വര്യം, ആരോഗ്യം, അഹിംസാഫലം എന്നിവ സിദ്ധിക്കും. ഫലമൂലങ്ങള്‍ തിന്ന് ജീവിക്കുന്ന തപസ്വിക്ക്‌ രാജ്യലാഭമുണ്ടാകും. ഇല തിന്ന് ജീവിക്കുന്ന ഋഷിക്ക്‌ സ്വര്‍ഗ്ഗലാഭമുണ്ടാകും. പ്രായോപവേശം ചെയ്യുന്നവന് സര്‍വ്വദിക്കിലും സുഖം സിദ്ധിക്കുന്നതാണ്‌. ചീരയില തിന്ന് ജീവിക്കുന്നവന്‌ ഗോസമൃദ്ധിയുണ്ടാകും. പുല്ലുതിന്ന് ജീവിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകും. ദിവസം മൂന്ന് നേരം മുങ്ങിക്കുളിച്ച്‌ ഭജിച്ചാല്‍ വിചാരിച്ച സ്ത്രീയെ ലഭിക്കും. കാറ്റ്‌ മാത്രം ഉണ്ട്‌ തപസ്സു ചെയ്താല്‍ യാഗം ചെയ്തവന് ലഭിക്കുന്ന ഫലം ലഭിക്കും. സതൃസന്ധന് സ്വര്‍ഗ്ഗം ലഭിക്കും. യജ്ഞദീക്ഷയാല്‍ നല്ല കുലത്തില്‍ ജനിക്കും. ജലപാനം മാത്രമായി കഴിയുന്നവന്‍ അഗ്നിഹോമാദികള്‍ ചെയ്യുന്ന ദ്വിജനാകും. മൌനവ്രതം സ്വീകരിച്ചവന് രാജ്യലാഭമുണ്ടാകും. ഭക്ഷണം ഉപേക്ഷിച്ചവന് സ്വര്‍ഗ്ഗലാഭമുണ്ടാകും. ഉപവാസം ദീക്ഷി ച്ചാല്‍, ഫലമൂലം മാത്രമായി ജീവിച്ചാല്‍, അവന്‍ രാജാവായി അഭിഷേകം ചെയ്യപ്പെടും രാജാവേ! അങ്ങനെ പന്ത്രണ്ടു വര്‍ഷം ദീക്ഷിച്ചാല്‍ അത്‌ വീരസ്ഥാനത്തേക്കാള്‍ മേലെയായി വരും. എല്ലാ വേദങ്ങളും പഠിച്ച്‌ പാരായണം ചെയ്താല്‍ എല്ലാ ദുഃഖങ്ങളില്‍ നിന്നും വിമുക്തനാകും. മാനസമായി ധ്യാനം ചെയ്താല്‍ സ്വര്‍ഗ്ഗലോകം അനുഭവിക്കും. ദൂര്‍മ്മതികള്‍ വിടാത്തതും, മനുഷ്യന് ജരാനരകള്‍ ബാധിച്ചാലും യാതൊരു നാശവും ബാധിക്കാത്തതും, പ്രാണനെ നശിപ്പിക്കുന്നതുമായ ഒരു രോഗമുണ്ട്‌. അതിനെ തൃഷ്ണ എന്ന് പറയുന്നു. ആ തൃഷ്ണയെ ഏതൊരുത്തന്‍ ഉപേക്ഷിക്കുന്നുവോ, അവന് അനന്തമായ സുഖം ലഭിക്കുന്നതാണ്‌.

ആയിരം പശുക്കളെ അഴിച്ചു വിട്ടാലും പശുവിന്റെ കിടാവ്‌ അതിന്റെ തള്ളയെ മാറാതെ പിന്തുടരുന്നതു പോലെ മുമ്പെ ചെയ്ത കര്‍മ്മം, ചെയ്തവനെ തെറ്റാതെ എപ്പോഴും പിന്തുടരും. ആരും ഉപദേശിക്കാതെ തന്നെ പൂക്കളും കായ്കളും അവയുടെ കാലം വരുമ്പോള്‍ അതാതു വൃക്ഷങ്ങളില്‍ വന്ന് വികസിക്കുന്നു. അത്‌ മരങ്ങളെ പരസ്പരം മാറുന്നില്ല (മാവിന്മേല്‍ നാരങ്ങയോ, നാരകത്തില്‍ കാഞ്ഞിരക്കായോ ഉണ്ടാകുന്നൂല്ല) അങ്ങനെ മുമ്പെ ചെയ്ത കര്‍മ്മത്തിന്റെ ഫലം അതാത്‌ മര്‍ത്ത്യനെത്തന്നെ യഥാകാലം പ്രാപിക്കുന്നു.

പ്രായമാകുമ്പോള്‍, ജീർണ്ണനാകുമ്പോൾ, അവന്റെ കേശം ജീര്‍ണ്ണിക്കും. ജീര്‍ണ്ണന് ദന്തം ജീര്‍ണ്ണിക്കും. കണ്ണും ജീര്‍ണ്ണിക്കും. കാതും ജീര്‍ണ്ണിക്കും. ജീര്‍ണ്ണിക്കാത്തതായി ഒന്നേയുളളു. അത്‌ തൃഷ്ണ (സുഖേച്ഛ, കാമം) ഒന്നു മാത്രമാണ്‌.

പിതാവിനെ നിങ്ങള്‍ സന്തോഷിപ്പിച്ചാല്‍ പ്രജാപതി നിങ്ങളില്‍ സന്തോഷിക്കും. അമ്മയെ നിങ്ങള്‍ പ്രീതയാക്കിയാല്‍ ഭൂമിദേവി നിങ്ങളില്‍ പുജിതയാകും. ആചാര്യനെ പ്രീതനാക്കിയാല്‍ ബ്രഹ്മം നിങ്ങളില്‍ പുജിതമാകും. ഇതു മൂന്നും ആദരിച്ചാല്‍ എല്ലാ ധര്‍മ്മങ്ങളും ആരരിക്കപ്പെട്ടതായി കരുതാം. ഇവയെ ആദരിക്കാതിരുന്നാലോ സകല ക്രിയയും നിഷ്ഫലമാകും.

വൈശമ്പായനന്‍ പറഞ്ഞു:  ഭീഷ്മന്റെ ഈ വാക്കു കേട്ട്‌ കൌരവര്‍ വിസ്മയപ്പെട്ടു. എല്ലാവരും പ്രീതരാവുകയും അപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. ദുരുദ്ദേശത്തോടെ മന്ത്രം ജപിക്കുന്നത് കൊണ്ടുള്ള ഫലം എന്തോ, സോമയാഗം വേണ്ട മാതിരി ചെയ്യാതിരിക്കുന്നത് കൊണ്ടുളള ഫലമെന്തോ, വേണ്ട മാതിരി ഋക് ചൊല്ലാതെ അഗ്നിയില്‍ ഹവ്യം ആഹുതി ചെയ്യുന്നത് കൊണ്ടുളള ഫലം എന്തോ, അസത്യമായ വാക്ക്‌, ഭോഷ്ക്ക്‌, പറഞ്ഞാല്‍ ആ ഫലങ്ങള്‍ എല്ലാം, സകല ദോഷഫലങ്ങളും, പറഞ്ഞവന് വന്നുചേരും. അല്ലയോ രാജാവേ, ഇപ്രകാരം ഋഷി പറഞ്ഞതെല്ലാം ഞാന്‍ പറഞ്ഞു. ശുഭാശുഭങ്ങളുടെ ഫലമാണ്‌ ഈ പറഞ്ഞത്‌. ഇനി എന്താണ്‌ ഭവാന്‌ കേള്‍ക്കേണ്ടത്‌?

8. ഭീഷ്മനിശ്ചയം - എങ്ങനെയുളളവരെയാണ്‌ തനിക്ക്‌ മതിപ്പു തോന്നുന്നതെന് ഭീഷ്മൻ പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ രാജാവേ, പുജ്യന്മാര്‍ ആരാണ്‌? വന്ദ്യമാര്‍ ആരാണ്‌? ആരെയാണ്‌ അങ്ങ്‌ ശ്രേഷ്ഠന്മാരായി കണക്കാക്കി കൂപ്പുന്നത്‌? ഇവരില്‍ ആരെയാണ്‌ അങ്ങ്‌ അധികം ഇഷ്ടപ്പെടുന്നത്‌? എല്ലാം വിശദമായി പറഞ്ഞാലും! വലിയ ഒരു ആപത്തില്‍പ്പെട്ടാലും അങ്ങയുടെ മനസ്സ്‌ അതില്‍ എങ്ങനെ നില്ക്കും? ഈ ലോകത്തിനും പരലോകത്തിനും ഗുണമായത്‌ ഏതോ, അത്‌ പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: ആര്‍ക്കാണോ "ബ്രഹ്മം" ഏറ്റവും വലിയ ധനമായിട്ടുള്ളത്‌, ആ ബ്രാഹ്മണനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ആത്മാവിനെപ്പറ്റിയുളള ജ്ഞാനത്തില്‍ ആര്‍ക്ക്‌ സ്വര്‍ഗ്ഗം അധീനമായിരിക്കുന്നുവോ, ആ ബ്രാഹ്മണനെ ഞാന്‍ ഇഷ്ടപ്പെടുന്നു. തപസ്സ്‌ സ്വാദ്ധ്യയയനമായിട്ടുള്ള ബ്രാഹ്മണനെ ഞാന്‍ ഇഷ്ടപ്പെടുന്നു. പിതൃപൈതാമഹമായ ഭാരം ബാലന്മാരും, വൃദ്ധന്മാരും വഹിക്കുന്നവരായ വര്‍ഗ്ഗം ഏതോ, തളരാത്തവരായ അവരെ ഞാന്‍ മനസാ പൂജിക്കുന്നു.

ബ്രാഹ്മണര്‍ ജ്ഞാനത്തിന്റെ പല ശാഖകളിലും നല്ല പോലെ പഠിച്ചവരാണ്‌. ആത്മസംയമനമുള്ളവരാണ്‌, മൃദു ഭാഷികളാണ്‌, വേദഗ്രന്ഥങ്ങളില്‍ ഭക്തിയുളളവരാണ്‌, സന്മാര്‍ഗ്ഗികളാണ്‌, ജ്ഞാനികളാണ്‌, ധര്‍മ്മപരന്മാരാണ്‌, പരിശുദ്ധ സ്വഭാവരാണ്‌, സഭയില്‍ നല്ലതു പ്രസംഗിക്കുന്നവരാണ്‌. ഹംസം പോലെ നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌ നല്ലതിനെ കൈക്കൊളളുന്നവരാണ്‌. (പാലും വെള്ളവും ചേര്‍ത്തുവച്ചാല്‍ ഹംസം പാല്‍ മാത്രം കുടിച്ച്‌ ജലം പുറത്തുതളളുന്നു എന്ന് പറയാറുണ്ട്‌). നല്ല ഭംഗിയായി, ശുഭമായി, ദിവ്യമായി, മേഘസ്വനം പോലെ ഗംഭീരമായി, വാക്കുകള്‍ പറയുന്നവരാണ്‌. രാജസഭയിലും ഇപ്രകാരം വാക്കുകള്‍ പറഞ്ഞ്‌ രാജാവിനെ ശുശ്രുഷിക്കുന്നവരാണ്‌. ബഹുസമ്മതന്മാരായ ജനങ്ങള്‍ സദസ്സില്‍ അവരുടെ വാക്കുകള്‍ കേള്‍ക്കുന്നു. വിജ്ഞാനാഢ്യന്മാരുമാണ്‌ അവര്‍. അവരെ, അങ്ങനെയുള്ള ബ്രാഹ്മണരെ, ഞാന്‍ ഇഷ്ടപ്പെടുന്നു. നല്ല പോലെ പാകം ചെയ്ത്‌ വിശിഷ്ടമായ ഗുണങ്ങളോടു ചേര്‍ന്ന ഭോജനം ബ്രാഹ്മണനു തൃപ്തിയാകുമാറ്‌ ദാനം ചെയ്യുന്നവര്‍ പുണ്യാത്മാക്കളായി ഭവിക്കുന്നു. അവരെപ്പറ്റി എനിക്കു വലിയ മതിപ്പുണ്ട്‌ യുധിഷ്ഠിരാ! പോരില്‍ പൊരുതാന്‍ വിഷമമില്ല എന്നാല്‍ അസൂയ കൂടാതെ ദാനം ചെയ്യുവാന്‍ വലിയ വിഷമമുണ്ട്‌ യുധിഷ്ഠിരാ! ശൂരന്മാരായ വീരന്മാര്‍ ലോകത്തില്‍ വളരെയുണ്ട്‌ യുധിഷ്ഠിരാ! എന്നാല്‍ ആ കൂട്ടരെയെല്ലാം കണക്കാക്കുമ്പോള്‍ അതില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠന്‍ ദാനവീരനാണ്‌ യുധിഷ്ഠിരാ! ഇപ്പോഴത്തേക്കാള്‍ മെച്ചപ്പെട്ട ജന്മം എനിക്കു കിട്ടുകയാണെങ്കില്‍ ഒരു ബ്രാഹ്മണനായാല്‍ മതി. എന്നാല്‍ സല്‍ക്കുലത്തില്‍ ജനിച്ചവനും, ധര്‍മ്മഗതിയും, തപോവിദ്യാ പരായണനുമായാല്‍ പിന്നെ അതില്‍പ്പരം ഒരു യോഗ്യത പറയുവാനില്ല!

അല്ലയോ പാണ്ഡവാ, എനിക്കു നിന്നെക്കാള്‍ ഇഷ്ടനായ ഒരാള്‍ ഇന്ന് ഈ ലോകത്തിലില്ല യുധിഷ്ഠിരാ! ആ നിന്നെക്കാള്‍ പ്രിയതരനാണ്‌ എനിക്കു ബ്രാഹ്മണന്‍! എന്റെ അച്ഛനെക്കാളും പ്രിയരാണ്‌ ബ്രാഹ്മണര്‍. എന്റെ വംശ പരമ്പരയിലെ പ്രപിതാമഹന്മാരെക്കാള്‍ പ്രിയതരന്മാരാണ്‌ ബ്രാഹ്മണര്‍. ആ സത്യത്താല്‍ ഞാന്‍ ഗതി പൂകും. ഞാന്‍ എന്നും ബ്രാഹ്മണരെ പൂജിക്കുന്നു; പ്രതിഫലേച്ലയോടെയല്ല. ജ്ഞാനിയായ ബ്രാഹ്മണര്‍ ഭൂദേവനാണ്‌, ദൈവതുല്യനാണ്‌. അതുകൊണ്ട്‌ ഞാന്‍ ആ ദേവന്മാരെ പൂജിക്കുന്നു. ഞാന്‍ അല്പം പോലും അപ്രീതി ബ്രാഹ്മണര്‍ക്കു ചെയ്തിട്ടില്ല. വാക്കാലോ, കര്‍മ്മത്താലോ, മനസ്സാലോ ബ്രാഹ്മണര്‍ക്കു ദ്രോഹം ചെയ്തിട്ടില്ല. അതു കൊണ്ടാണ്‌ ഈ ശരശയ്യയില്‍ കിടക്കുമ്പോഴും എനിക്കു വേദന തോന്നാത്തത്‌. എന്നെ ബ്രഹ്മണ്യനെന് പറയുന്നുണ്ട്‌. ആ വാക്കാല്‍ ഞാന്‍ സന്തുഷ്ടനാണ്‌. ഇതു എത്രയും പവിത്രമാണ്‌. എല്ലാറ്റിലും മേലെയാണ്‌. ബ്രാഹ്മണനെ പിന്‍തുടരുന്ന ബ്രാഹ്മണാനുചരന് പുണ്യവും ശുദ്ധവുമായ സ്ഥാനം ലഭിക്കുന്നതാണ്‌.

ആ പദത്തെ ഞാന്‍ ഉടനെയോ, അല്പം വൈകിയോ എത്തുന്നതായിരിക്കും. സ്ത്രീകള്‍ക്കു ഭര്‍ത്താവിനെ പരിചരിച്ച്‌ വസിക്കുക എന്നതില്‍പ്പരമായി ധര്‍മ്മമില്ല. അതുപോലെയാണ്‌ രാജാവിന്റെയും നില. രാജാവിന് ബ്രാഹ്മണനെ ബഹുമാനിച്ച്‌ അവന്റെ ഹിതം അനുഷ്ഠിച്ചു ജീവിക്കുക എന്നതാണ്‌ ധര്‍മ്മം. ഭാര്യക്കു ഭര്‍ത്താവ്‌ ഗതിയാണ്‌, ദേവനാണ്‌. അതുപോലെ തന്നെ രാജാവിനു ഗതിയും ദേവനും ബ്രാഹ്മണനാകുന്നു.

നൂറുവയസ്സായ ക്ഷത്രിയനേക്കാള്‍ പൂജനീയനാണ്‌ പത്തു വയസ്സായ നല്ല കുലത്തില്‍ ജനിച്ച ഒരു ബ്രാഹ്മണ ബാലന്‍. ആ കുട്ടിയെ അച്ഛനെപ്പോലെ ബഹുമാനിക്കണം. നൂറു വയസ്സായ ക്ഷത്രിയന്‍ ആ പത്തു വയസ്സു പ്രായമുള്ള ബ്രാഹ്മണ ബാലന്റെ പുത്രന്റെ മാതിരിയും കണക്കാക്കണം. അങ്ങനെ ബ്രാഹ്മണന്‍ എപ്പോഴും, ഏതു നിലയിലും ഗുരുവിന്റെ സ്ഥാനത്തു പ്രശോഭിക്കുന്നു.

ഭര്‍ത്താവിന്റെ അഭാവത്തില്‍ (ഇല്ലായ്മയില്‍) സ്ത്രീ ക്ഷത്രിയനെ ഭര്‍ത്താവാക്കുന്നു. വിപ്രന്റെ അഭാവത്തില്‍ ക്ഷത്രിയനെ ഭൂമിയും ഭര്‍ത്താവാക്കുന്നു. പുത്രരെപ്പോലെ ബ്രാഹ്മണര്‍ പ്രജകളെ പാലിക്കുന്നു. അവര്‍ ഗുരുവിനെപ്പോലെ ഉപാസ്യരാണ്‌. അഗ്നിയെപ്പോലെ ഉപചരിക്കേണ്ടവരാണ്‌ കുരൂദ്വഹ ബ്രാഹ്മണന്മാർ ആര്‍ജ്ജവമുളളവരും, സത്യസന്ധരും, സത്തുക്കളും, സര്‍വ്വഭുതങ്ങള്‍ക്കും ഹിതം ചെയ്യുന്നവരുമായ ബ്രാഹ്മണരെ ക്രുദ്ധരായ സര്‍പ്പങ്ങളെ പോലെ ഭയപ്പെടണം. അവരെ സൌമൃമായി ഉപചരിക്കണം. അവരുടെ തേജസ്സിനേയും തപസ്സിനേയും ഭയപ്പെടണം യുധിഷ്ഠിരാ! ഈ തേജസ്സിനോടും തപസ്സിനോടും എതിര്‍ക്കാന്‍ ആരും വിചാരിക്കരുത്‌. അതു വേഗത്തില്‍ ഫലം കാണിക്കും. ബ്രാഹ്മണന്‍ ക്രൂരനായാല്‍ തപശ്ശൂക്തി കൊണ്ട്‌ അവന്‍ എതിരാളിയെ മുടിച്ചു കളയും. കോപം ജയിച്ച ബ്രാഹ്മണന്റെ നേരെ തപസ്സും കൈയൂക്കും ഫലപ്രദമാവുകയില്ല. ബ്രാഹ്മണനോട്‌ ക്ഷത്രിയന്‍ ഇടയരുത്‌. ഇടഞ്ഞാല്‍ കേട്‌ ക്ഷത്രിയനാണ്‌ പറ്റുക.

വടിയെടുത്ത ഇടയന്മാര്‍, പശുക്കളെ പശുപാലകന്മാര്‍, പാലിക്കുന്നതു പോലെ, രാജാവ്‌, ബ്രഹ്മത്തേയും ബ്രാഹ്മണനേയും പാലിക്കണം, സംരക്ഷിക്കണം. രാജാവേ, അച്ഛന്‍ മകളെ എന്നവിധം ധര്‍മ്മിഷ്ഠന്മാരായ വിപ്രരെ സംരക്ഷിക്കുക. ബ്രാഹ്മണന്റെ ഗൃഹത്തില്‍ അവന് ഉപജീവനത്തിന് മാര്‍ഗ്ഗമുണ്ടോ എന്നും രാജാവ്‌ ചിന്തിച്ചറിയണം. അതിന് വേണ്ട വക നല്കുകയുംവേണം.

9. ശൃഗാലവാനരസംവാദം - കുറുക്കന്റെയും കുരങ്ങിന്റെയും കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രാഹ്മണനോട്‌ ഒരു കാര്യം ശരിപ്പെടുത്താമെന്നേറ്റു പറഞ്ഞിട്ട്‌ പിന്നെ മറ്റൊരു ചിന്തമുലം, മോഹംകൊണ്ട്‌, അതു ചെയ്യാ തിരുന്നാല്‍, അങ്ങനെയുള്ളവന് എന്തുസംഭവിക്കും? ഈ ധര്‍മ്മം തത്വമായി പറയണേ ധര്‍മ്മിഷ്ഠസത്തമാ! ഏതു ലോകമാണ്‌ അവര്‍ക്ക്‌ ലഭിക്കുക?

ഭീഷ്മൻ പറഞ്ഞു: ചെറിയതായാലും വലിയതായാലും ഒരു വസ്തു കൊടുക്കാമെന് ഏറ്റുപറഞ്ഞതിന്റെ ശേഷം അത്‌ കൊടുക്കാതിരുന്നാല്‍ അതു കിട്ടുമെന്നാശിച്ചവന്റെ ആശ കെട്ടുപോകുന്നു. നപുംസകത്തിന്‌ സന്താനകാംക്ഷ പോലെയാകുന്നു. ഒരുത്തനെ നിരാശപ്പെടുത്തിയാല്‍ അവന്റെ ജന്മം കൊണ്ടെന്തു ഫലം? ഒരു ദിവസം ജനിച്ച്‌ മറ്റൊരു ദിവസം മരിക്കുന്ന അവന്റെ ജീവിത കാലത്തിന്നിടയ്ക്ക്‌ അവന്‍ ചെയ്ത ഏതു സുകൃതവും നശിച്ചു പോകും ഭാരതാ! അത്ര വലിയ പാപമാണ്‌ ആശ കൊടുത്ത്‌ നിരാശനാക്കുന്നവന് ലഭിക്കുക. അവന്‍ അഗ്നിയില്‍ എന്തുമാത്രം ഹോമിച്ചാലും എത്രതന്നെ ദാനധര്‍മ്മങ്ങള്‍ ചെയ്താലും ഈ പാപം സകല പുണ്യങ്ങളേയും നശിപ്പിച്ചു കളയും.

ഇതിന് വല്ല പ്രായശ്ചിത്തവുമുണ്ടോ! പലരും ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. ചില ധര്‍മ്മശാസ്ത്ര ജ്ഞാനികള്‍ പറയുന്നു ചെവി കറുത്ത ആയിരം അശ്വങ്ങളെ സല്‍പ്പാത്രങ്ങളില്‍ ദാനം ചെയ്താല്‍ ഈ പാപത്തിൽ നിന്ന് മുക്തി കിട്ടുമെന്ന്. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. .അത്‌ ഒരു കുറുക്കനും ഒരു കുരങ്ങനും തമ്മിലുള്ള സംഭാഷണമാണ്‌. ആ കുറുക്കനും, കുരങ്ങനും തമ്മില്‍ അവര്‍ കഴിഞ്ഞ ജന്മത്തില്‍ മനുഷ്യരായിരുന്ന കാലത്ത്‌ സുഹൃത്തുക്കളായിരുന്നു. പിന്നെ ഈ ജന്മത്തില്‍ അവര്‍ക്ക്‌ ഇങ്ങനെ അധഃപതിച്ച ജന്മമാണു ലഭിച്ചത്‌.

അവര്‍ ഒരു ശ്മശാനത്തില്‍ വെച്ച്‌ കണ്ടുമുട്ടി. കഴിഞ്ഞ ജന്മത്തിലെ ഓര്‍മ്മ അവര്‍ക്കുണ്ടായിരുന്നു. അവര്‍ പരസ്സരം തിരിച്ചറിഞ്ഞു. ആ കുരങ്ങന്‍, ശവംതിന്നുന്ന കുറുക്കനോടു ചോദിച്ചു; എടോ സുഹൃത്തേ, നീ കഴിഞ്ഞ ജന്മത്തില്‍ എന്ത്‌ ദാരുണമായ പാതകമാണു ചെയ്തത്‌, ഈ മാതിരി ചുടലക്കളത്തില്‍ വന്ന് ഇങ്ങനെ ചീഞ്ഞു നാറുന്ന ശവം തിന്ന് ജീവിക്കേണ്ട വിധം ഒരു ജന്മം ലഭിക്കുവാന്‍? ഇപ്രകാരം ചോദിക്കുന്ന കുരങ്ങിനോട്‌ കുറുക്കന്‍ മറുപടി പറഞ്ഞു; എടോ സഹിതാ! ഞാന്‍ ഒരു പാപം ചെയ്തു. ബ്രാഹ്മണനോട്‌ കൊടുക്കാമെന്നേറ്റു പറഞ്ഞ ഒരു ധനം ഞാന്‍ അവനു കൊടുത്തില്ല. അവന്‍ നിരാശനായി മടങ്ങിപ്പോയി. അതു കൊണ്ടു ഞാന്‍ ഈ ജന്മത്തില്‍ ഇങ്ങനെ ശ്മശാനത്തില്‍ വന്ന് ചീഞ്ഞുനാറുന്ന ശവംതിന്ന് വിശപ്പടക്കി ജീവിക്കേണ്ടി വന്നു.

ഭീഷ്മൻ പറഞ്ഞു: പിന്നെ കുറുക്കന്‍ കുരങ്ങിനോടു ചോദിച്ചു; എടോ ചങ്ങാതീ, താന്‍ എന്തു പാതകം ചെയ്തിട്ടാണ്‌ ഇങ്ങനെ ഒരു കുരങ്ങനായി പിറന്നത്‌?'

വാനരന്‍ പറഞ്ഞു: ഞാന്‍ മനുഷ്യനായിരുന്ന കാലത്ത്‌ ദിവസേന വിപ്രര്‍ക്ക്‌ കൊണ്ടു വെക്കുന്ന ഫലങ്ങളൊക്കെ എടുത്തു തിന്നുക പതിവായിരുന്നു. അങ്ങനെ ബ്രാഹ്മണരുടെ ഫലങ്ങളൊക്കെ കട്ടുതിന്ന് അവരെ നിരാശനാക്കിയത് കൊണ്ടാണ്‌ ഞാന്‍ ഇങ്ങനെ ഒരു കുരങ്ങനായി തീര്‍ന്നത്‌. അതുകൊണ്ട്‌ ബുദ്ധിയുളളവരാരും ബ്രഹ്മസ്വം അപഹരിക്കരുത്‌. ബ്രാഹ്മണന്റെ ആക്ഷേപത്തിന് ഇടവരുത്താത്ത വിധം ഏറ്റുപറഞ്ഞത്‌ നല്കണം.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഞാന്‍ കേട്ടിട്ടുണ്ട്‌ രാജാവേ! ധര്‍മ്മജ്ഞന്മാരായ സുരന്മാരും അസുരന്മാരും ഇങ്ങനെ ധര്‍മ്മകഥ പറഞ്ഞിട്ടുണ്ട്‌. പിന്നെ കൃഷ്ണനും ബ്രാഹ്മണരെപ്പറ്റി പറഞ്ഞ കഥ ഞാന്‍ കേട്ടിട്ടുണ്ട്‌. ഒരിക്കലും വിപ്രന്റെ ധനം ഹരിക്കരുത്‌. എപ്പോഴും അവരില്‍ ക്ഷമിക്കണം. ദരിദ്രന്മാര്‍, ബാലന്മാര്‍, കൃപണര്‍ എന്നൊന്നും അവരെപ്പറ്റി അനാദരവുണ്ടാകരുത്‌. ഇപ്രകാരം നിതൃവും എന്നോട്‌ ഭൂസുരന്മാര്‍ ഉപദേശിക്കാറുണ്ട്‌. ഏറ്റു പറഞ്ഞാല്‍ അതു നല്കണം. ബ്രാഹ്മണനെ ഒരു വിധത്തിലും ഒരിക്കലും നിരാശനാക്കരുത്‌. ബ്രാഹ്മണന്‍ മുമ്പ്‌ ഏല്പിച്ച കാര്യം ഏറ്റു പറഞ്ഞിട്ട്‌ അതു നിര്‍വ്വഹിച്ചില്ലെങ്കില്‍ അവന്‍ രാജാവേ ദുഃഖിതനാകും. അതിന്നിടവന്നാല്‍ അവന്‍ അഗ്നിപോലെ എരിയും രാജാവേ! മുമ്പേ ഉണ്ടായ ആശയോടെ ബ്രാഹ്മണന്‍ ക്രോ ധിച്ച്‌ ആരെ നോക്കുന്നുവോ അവനെ ഉണക്കക്കാടിനെ അഗ്നി എന്ന പോലെ ചുട്ടുകളയും രാജാവേ! അവന്‍ ആശ സാധിച്ചവനായി സന്തുഷ്ടവാക്കുകൊണ്ട്‌ കൃതജ്ഞത പ്രകാശിപ്പിച്ചാലോ അവന്‍ അവന്റെ നാട്ടിലെ രോഗങ്ങളെ നീക്കുന്ന ഭിക്ഷയ്ക്കായി രൂപാന്തരപ്പെടുന്നു രാജാവേ! പുത്രന്മാരും പൌത്രന്മാരും പശുക്കളും ബന്ധുക്കളും അമാത്യന്മാരും പുരവും നാട്ടിന്‍ പുറവും എല്ലാം ബ്രാഹ്മണന്‍ ശാന്തി മൂലമുള്ള ക്ഷേമംകൊണ്ട്‌ പോറ്റുന്നു. ഇതാണല്ലോ ബ്രാഹ്മണനു മുഖ്യമായിക്കാണുന്ന തേജസ്സ്‌. അവന്‍ സഹസ്രരശ്മിയായ സൂര്യനെപ്പോലെ ഭൂമിയില്‍ വിളങ്ങുന്നു.

അതുകൊണ്ട്‌ ബ്രാഹ്മണനോട്‌ ഏറ്റുപറഞ്ഞത്‌ നല്കുക തന്നെ വേണം യുധിഷ്ഠിരാ! ശോഭനമായ ജന്മം ഇച്ഛിക്കുന്നുണ്ടെങ്കില്‍ അതാണു വേണ്ടത്‌.

ബ്രാഹ്മണന്‍ ദാനംചെയ്താല്‍ ശ്രേഷ്ഠമായ സ്വര്‍ഗ്ഗരാജ്യം തീര്‍ച്ചയായും ലഭിക്കും. ദാനത്തേക്കാള്‍ വലിയ ക്രിയയില്ല. ഇവിടെ നിന്ന് നാം ചെയ്യുന്ന ദാനത്താലാണല്ലോ പിതൃക്കളും ദേവകളും ജീവിക്കുന്നത്‌. ദാനത്തിന്റെ മാഹാത്മ്യമറിഞ്ഞവന്‍ അതുകൊണ്ട്‌, ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുക തന്നെ വേണം. അല്ലയോ ഭാരതശ്രേഷ്ഠാ! മഹത്തായ തീര്‍ത്ഥമാണ്‌ ബ്രാഹ്മണന്‍. ഒരിക്കലും ബ്രാഹ്മണന്‍ പൂജയേല്ക്കാതെ പോകാനിടവരരുത്‌.

10. ശൂദ്രമുനിസംവാദം - ഒരു മഹര്‍ഷിയുടെയും ശൂദ്രന്റെയും കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: ജാതിയില്‍ താഴെയായ ഒരാള്‍ക്ക്‌ അവന്‍ ഇഷ്ടനാണെങ്കില്‍, വേദം ഉപദേശിക്കുന്നതില്‍ തെറ്റുണ്ടോ? അതോ ദോഷമില്ലെന്നുണ്ടോ? ഇതു തത്വംപോലെ കേള്‍ക്കുവാന്‍ പിതാമഹാ, ഞാന്‍ ആഗ്രഹിക്കുന്നു. ധര്‍മ്മത്തിന്റെ ഗതി വളരെ ഗഹനമാണല്ലോ. ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിയുവാന്‍ വളരെ വിഷമമുണ്ട്‌. തന്മൂലം ജനങ്ങള്‍ വളരെയേറെ തെറ്റായി മോഹിച്ചു പോകുന്നുണ്ട്‌. അങ്ങ്‌ ഇതൊന് വ്യക്തമാക്കിയാലും.

ഭീഷ്മൻ പറഞ്ഞു: ഇതിലെ ധര്‍മ്മമെന്തെന് ഞാന്‍ പറയാം. നീ യഥാക്രമം കേട്ടാലും. മുമ്പേ മഹര്‍ഷിമാര്‍ പറഞ്ഞിട്ട്‌ ഞാന്‍ കേട്ടവിധം ഇപ്പോള്‍ നിന്നോടു പറയാം. ജാതിയില്‍ താഴ്‌ന്നവന് ഉപദേശം കൊടുക്കരുത്‌. അര്‍ഹതയില്ലാത്ത താഴ്ന്ന ജാതിക്കാരനു വേദം മുതലായവ ഉപദേശിക്കുകയാണെങ്കില്‍ അതുകൊണ്ട്‌ ഉപദേഷ്ടാവായ ആചാര്യനു ദോഷം ഏല്ക്കുന്നതാണ്‌. രാജാവേ, ഈ ദൃഷ്ടാന്തം ഭവാന്‍ കേട്ടാലും, ഭരതര്‍ഷഭാ! ഗുരു പറഞ്ഞതാണിത്‌, പണ്ടു നടന്നതുമാണ്‌.

ഹിമവാന്റെ താഴ്വരയില്‍ ബ്രഹ്മാശ്രമപദത്തില്‍ നാനാ ഗുണങ്ങള്‍ചേര്‍ന്ന മനോഹര വ്യക്ഷങ്ങള്‍ നിറഞ്ഞ ഒരു പുണ്യാശ്രമമുണ്ട്‌. പലതരം ചെടികള്‍ വളര്‍ന്നും മൃഗപക്ഷി ഗണങ്ങള്‍ ആശ്രയിച്ചും മനോഹരമായി പൂത്തു നില്ക്കുന്ന കാടുകളോടു കൂടിയും, സിദ്ധചാരണന്മാരാല്‍ സേവിക്കപ്പെട്ടും പലവ്രതികളായ താപസന്മാര്‍ വസിക്കുന്നതും, സൂര്യാഗ്നി സന്നിഭന്മാരായ ബ്രാഹ്മണോത്തമന്മാരും നിയത വ്രതികളായ തപസ്വികളും വസിക്കുന്നതുമായ ഇടം ഹൃദയഹാരിയായി വിളങ്ങി. അവിടെ കൃതാത്മാക്കളും ആഹാരം നിയന്ത്രിച്ചവരും ദീക്ഷിതന്മാരുമായ ബാലഖില്യന്മാരും, തപസ്വികളായ മറ്റ്‌ ഋഷിമാരും, സ്വാദ്ധ്യായത്താല്‍ ശബ്ദമുണ്ടാക്കുന്നതായ ആ പ്രദേശത്ത്‌, അവയെല്ലാം കണ്ടും കേട്ടും മനസ്സില്‍ വലിയ ഉത്സാഹത്തോടെ, ദയാന്വിതനായ ഒരു ശൂദ്രൻ ആ ആശ്രമത്തില്‍ ചെന്നു കയറി. അവിടെയുള്ള മുനിമാരുടെ പൂജയേറ്റ്‌ അവിടെ പല ദീക്ഷകളും ആചരിച്ച്‌ ഓജസ്വിക ളായ, അമരാഭന്മാരായ മുനീന്ദ്രന്മാരെ കണ്ട്‌ അവന്‍ വളരെ അത്ഭുതപ്പെട്ടു. തപോധനന്മാരുടെ ജീവിതത്തില്‍ ആ ശൂദ്രനു വലിയ താല്പര്യം ജനിച്ചു. അവന്‍ കുലപതിയായ ഋഷിയുടെ സമീപത്തു ചെന്ന് കാലുപിടിച്ചപേക്ഷിച്ചു: അല്ലയോ, ഗുരുവര്യാ, ദ്വിജര്‍ഷഭാ, ധര്‍മ്മമായ കാര്യം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭഗവാനേ, ഭവാന്‍ എന്നെ സന്യസിപ്പി ക്കണം. അല്ലയോ മഹാശയാ, ഞാന്‍ ജാതിയില്‍ താഴ്‌ന്നവനാണ്‌. ശൂദ്രനാണു ഞാന്‍. അങ്ങയെ ശുശ്രൂഷിക്കുവാന്‍ ആഗ്രഹിക്കുന്നു. ശരണാഗതനായ എന്നില്‍ പ്രസാദിക്കണേ!

കുലപതി പറഞ്ഞു: ഇവിടെ ശൂദ്രന്‍ സന്യാസ വേഷത്തില്‍ വാഴുവാന്‍ പറ്റില്ല. വേണമെങ്കില്‍ ശുദ്രന്റെ തൊഴിലായ ശുശ്രൂഷ ചെയ്ത്‌ ഇവിടെ വസിക്കാം. ശുശ്രൂഷ കൊണ്ട്‌ നിനക്കു പരലോകം നേടാം. അതില്‍ സംശയിക്കേണ്ടതില്ല.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം കുലപതിയായ മുനി പറഞ്ഞപ്പോള്‍ ശൂദ്രന്‍ ചിന്തിച്ചു രാജാവേ. ഞാന്‍ എന്തു ചെയ്യും? എനിക്ക്‌ ഈ സന്യാസവ്യത്തിയില്‍ വലിയ താല്ലര്യം തോന്നുന്നു. ശൂദ്രന് അതിന്നധികാരമില്ലെങ്കില്‍ എന്തു ചെയ്യാം? ഞാന്‍ സ്ഥലം വിട്ടുകളയാം. എന്റെ ഇഷ്ടം വല്ല വിധത്തിലും നിര്‍വ്വഹിക്കണം.

അങ്ങനെ അവന്‍ ആ ആശ്രമം വിട്ട്‌ ദൂരെപ്പോയി. ഒരിടത്ത്‌ കാട്ടില്‍ ഒരു ഉടജം അവന്‍ കെട്ടിയുണ്ടാക്കി. അതില്‍ വേദിയും ഭൂവും ദേവതായനങ്ങളും ഉണ്ടാക്കി. ഹേ ഭരതശ്രേഷ്ഠാ, മുനിയായി  നിയമസ്ഥനായി അവിടെ ഇരുന്നു. അവന്‍ യഥാസമയം കുളികഴിഞ്ഞ്‌ നിയമാനുഷ്ഠാനങ്ങള്‍ ആചരിച്ച്‌ ദേവതായനങ്ങളില്‍ ബലിയും ഹോമവും ദേവപൂജയുമൊക്കെ ചെയ്തു. സങ്കല്പനിയമങ്ങള്‍ ആചരിച്ച്‌ ജിതേന്ദ്രിയനായി ഫലങ്ങള്‍ മാത്രം ഭക്ഷിച്ച്‌, നിത്യവും അടുത്ത്‌ ഔഷധികളും ഫലങ്ങളും കൊണ്ടുവന്നുവെച്ച്‌, വന്നുചേരുന്ന അതിഥികളേയും പൂജിച്ചു. ഇപ്രകാരം ശാന്തമായ ജീവിതം വളരെക്കാലം അവന്‍ നയിച്ചു.

അവന്റെ ആശ്രമത്തില്‍ സംഗതി വശാല്‍ ഒരു മുനി കയറി വന്നു. ആ മുനിയെ ശൂദ്രന്‍ പൂജിച്ച്‌ സന്തോഷിപ്പിച്ചു. അനുകൂലമായ വാക്കുകള്‍ പറഞ്ഞ്‌ മഹര്‍ഷി പോയി. തേജസ്വിയും സംശിത വ്രരതനുമായ ആ മഹര്‍ഷി ഇങ്ങനെ പല പ്രാവശ്യം ശൂദ്രന്റെ ആശ്രമ'ത്തില്‍ വന്ന് ശൂദ്രനെ കണ്ടു പോകുന്നത്‌ പതിവായി രാജാവേ!

അങ്ങനെ ഒരുദിവസം ആ മുനിയോട്‌ ശൂദ്രന്‍ പറഞ്ഞു: അല്ലയോ മുനേ, എനിക്കു പിതൃകാര്യം ചെയ്യുവാന്‍ അനുഗ്രഹം നല്കണം. അങ്ങനെയാകട്ടെ എന്ന് ആ വിപ്രന്‍ പറഞ്ഞു. ശൂദ്രന്‍ ശുചിയായി പാദ്യം ആ മുനിക്ക്‌ അവിടെ കൊണ്ടു വന്നു വെച്ചു. പിന്നെ ദര്‍ഭപ്പുല്ലും വന ഔഷധികളും കൊണ്ടുവന്നുവെച്ചു. പിന്നെ തെക്കോട്ടു തിരിച്ച്‌ ദര്‍ഭപ്പുല്ലു കൊണ്ടുണ്ടാക്കിയ പുല്‍പ്പായ പടിഞ്ഞാറോട്ടു തിരിഞ്ഞ്‌ അന്യായമായി വെച്ചതുകണ്ട്‌ ആ മുനി ശൂദ്രനോടു പറഞ്ഞു. കിഴക്കോട്ടു തലയായി ശുചിയായി വടക്കോട്ടു തിരി ച്ചുവെയ്ക്കുക.

ഋഷി പറഞ്ഞ മാതിരി തന്നെ അവന്‍ എല്ലാം ചെയ്തു. മേധാവിയായ അവന്‍ ദര്‍ഭാദികളൊക്കെ മുനി ഉപദേശിച്ച മാതിരിയൊക്കെ ചെയ്തു. പിന്നെ ഹവ്യകവ്യവിധാനങ്ങളും അനുഷ്ഠിച്ചു. മഹര്‍ഷി കാണിച്ച മാതിരിയൊക്കെ അവന്‍ ചെയ്തു. അങ്ങനെ പിതൃകാര്യങ്ങള്‍ അനുഷ്ഠിച്ച്‌ അവന്‍ പോയി.

പിന്നെ കുറേക്കാലം ചെന്നപ്പോള്‍ തപസ്വിയായ ശൂദ്രന്‍ പ്രായാധിക്യം മൂലം മൃതനായി. അവന്‍ ചെയ്ത പുണ്യകര്‍മ്മത്തിന്റെ ഫലമായി ആ ശൂദ്രമഹര്‍ഷി അടുത്ത ജന്മ ത്തില്‍ ഒരു മഹാരാജാവിന്റെ വംശത്തില്‍ വന്ന് പിറന്നു. ഇവനെ കുഴിഞ്ഞ ജന്മത്തില്‍ ഉപദേശിച്ച മുനിയും മരിച്ചു പോയി. അവന്‍ വീണ്ടും പുരോഹിതന്റെ കുലത്തില്‍ വിപ്രനായി വന്ന് പിറന്നു. ഭരതര്‍ഷഭാ! ഇങ്ങനെ പണ്ടത്തെ ശൂദ്രന്‍ രാജാവായി, പണ്ടത്തെ മുനി പുരോഹിതനായി, വീണ്ടും ജന്മമെടുത്ത്‌ അവര്‍ വിദ്യാകുശലന്മാരായി വളര്‍ന്നു. മുനി അഥര്‍വ്വവേദം പഠിച്ചുറച്ചു. കല്പയോഗത്തിലും, ജ്യോതിഷത്തിലും മഹാജ്ഞാനിയായി. സാംഖ്യത്തിലും അവന് പ്രീതി വര്‍ദ്ധിച്ചു വന്നു. അങ്ങനെയിരിക്കെ രാജവംശത്തില്‍ പിറന്നവന്റെ അച്ഛന്‍ മരിക്കുകയാല്‍ അവന്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. അങ്ങനെ അവന്‍ രാജാവായപ്പോള്‍ കഴിഞ്ഞ ജന്മത്തിലെ മുനിയെ അവന്‍ തന്റെ പുരോഹിതനാക്കി പൌരോഹിത്യാഭിഷേചനവും ചെയ്തു. അങ്ങനെ രാജാവിന്റെ പുരോഹിതനായി അവന്‍ സുഖിച്ചു.

രാജ്യം വേണ്ട പോലെ ഭരിച്ച്‌ ധര്‍മ്മപ്രകാരം പ്രജകളെ രക്ഷിക്കുന്ന രാജാവ്‌ പുണ്യാഹങ്ങളിലും, സദാ ധര്‍മ്മകാര്യങ്ങളിലും നിരതനായിരിക്കുന്ന പുരോഹിതനെ നോക്കി പുഞ്ചിരി തൂകുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുക പതിവായി. പല പ്രാവശ്യവും തന്റെ നേരെ രാജാവ്‌ അകാരണമായി ഹസിക്കുന്നതു കണ്ട്‌ അവന് മനസ്സില്‍ ഒരു ഖേദമുണ്ടായി.

ഒരു ദിവസം ആരുമില്ലാത്ത സന്ദര്‍ഭം നോക്കി അനുകൂലമായ പല കാര്യവും സംസാരിക്കുന്നതിന്നിടയ്ക്ക്‌, സൌഹാര്‍ദത്തോടെ ഇണങ്ങി നില്ക്കുന്ന സന്ദര്‍ഭത്തില്‍, രാജാവിനോട്‌ ആ പുരോഹിതന്‍ ചോദിച്ചു. "അല്ലയോ രാജാവേ, അങ്ങയില്‍ നിന്ന് ഞാന്‍ ഒരു വരം ആഗ്രഹിക്കുന്നു മഹാശയാ!", എന്ന് ആവശ്യപ്പെട്ടു.

രാജാവ്‌ പറഞ്ഞു: അങ്ങയ്ക്ക്‌ ഒരു വരമോ? നുറു വരം വേണമെങ്കില്‍ തരാമല്ലോ. അങ്ങയിലുള്ള സ്നേഹവും ബഹുമാനവും നിമിത്തം അങ്ങയ്ക്കു തരുവാന്‍ വയ്യാത്തതായ ഒന്നും എനിക്കില്ല

പുരോഹിതന്‍ പറഞ്ഞു: അങ്ങ്‌ എന്നില്‍ പ്രീതനാണെങ്കില്‍ ഞാന്‍ ഒരു വരം മാത്രമാണ്‌ ആഗ്രഹിക്കുന്നത്‌. അങ്ങ്‌ പ്രതിജ്ഞ ചെയ്യണം, സത്യം പറയണം. പൊളി ഇക്കാര്യത്തില്‍ പറയരുത്‌.

ഭീഷ്മൻ പറഞ്ഞു: രാജാവ്‌ അവനോട്‌ സത്യം പറയാമെന് ശപഥം ചെയ്തു. അറിവുളളതാണെങ്കില്‍ പറയാം, അറിയാത്തത്‌ പറ്റില്ലല്ലോ!

പുരോഹിതന്‍ പറഞ്ഞു: എല്ലായ്പോഴും പുണ്യാഹത്തിലും, ധര്‍മ്മകര്‍മ്മങ്ങളിലും, ശാന്തിഹോമത്തിലും ഭവാന്‍ എന്നെ നോക്കി ചിരിക്കുന്നതിന്റെ കാരണമെന്താണ്‌? ഭവാന്‍ എന്റെ നേരെ ഹസിക്കുമ്പോള്‍ ഞാന്‍ ലജ്ജിച്ചു പോകുന്നു. ആശയാല്‍ ശപഥം ചെയ്യിച്ച എന്നോട്‌ ഭവാന്‍ സത്യം പറയണേ! രാജാവേ, അങ്ങയുടെ ചിരിയില്‍ വ്യക്തമായ ചില കാരണങ്ങള്‍ ഉണ്ടാകും. അങ്ങ്‌ പാഴായി ചിരിക്കുകയില്ല. അതറിയുവാനുള്ള ആഗ്രഹം ചെറുതല്ല. അങ്ങ്‌ അതു ശരിയായി പറഞ്ഞു കേള്‍പ്പിക്കണേ!

രാജാവ്‌ പറഞ്ഞു: ഇപ്രകാരം അങ്ങ്‌ ആവശ്യപ്പെട്ടാല്‍ പറയുവാന്‍ വയ്യാത്തതായാലും തീര്‍ച്ചയായും പറയണമല്ലോ. അല്ലയോ ബ്രാഹ്മണാ, ഭവാന്‍ മനസ്സു വെച്ച്‌ കേള്‍ക്കുക. കഴിഞ്ഞ ജന്മത്തില്‍ നടന്ന കാര്യമാണിത്‌. അത്‌ ഭവാന്‍ മനസ്സിലാക്കുക. എന്റെ കഴിഞ്ഞ ജന്മത്തെക്കുറിച്ച്‌ എനിക്ക്‌ ഓര്‍മ്മ വരുന്നുണ്ട്‌. കരുതലോടെ ഭവാന്‍ കേള്‍ക്കുക.

ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ഒരു ശൂദ്രനായിരുന്നു. അക്കാലത്ത്‌ ഞാന്‍ തപസ്സു ചെയ്തു. അങ്ങയാണെങ്കില്‍ ഉഗ്രതപസ്വിയായ ഒരു മുനിയുമായിരുന്നു ദ്വിജോത്തമാ! ബ്രാഹ്മണാ, അങ്ങ്‌ എന്നില്‍ പ്രീതനായി അനുഗ്രഹ ബുദ്ധിയോടെ എനിക്കു പിതൃകര്‍മ്മം നടത്തുവാനുള്ള വൈദികോപദേശം നല്കി. ബൃസി, ദര്‍ഭ, ഹവ്യകവ്യങ്ങള്‍ എന്നിവയില്‍ മുനിസത്തമാ, അര്‍ഹതയില്ലാത്ത ശൂദ്രനായ എനിക്ക്‌ ഉപദേശം നല്കി. അതുകൊണ്ട്‌ അങ്ങ്‌ മോക്ഷമാര്‍ഗ്ഗത്തിലെത്താതെ വീണ്ടും എന്റെ പുരോഹിതനായി ജന്മമെടുക്കേണ്ടതായി വന്നുകൂടി. അല്ലയോ വിപ്രേന്ദ്രാ! ഞാന്‍ രാജാവുമായി ജനിച്ചു. കാലത്തിന്റെ വൈപരീത്യം നോക്കൂ. എനി ക്ക്‌ അങ്ങ്‌ ഉപദേശിച്ചിട്ട്‌ ഇങ്ങനെ ഒരു ഫലം നേടി. ഇത്‌ ഓര്‍മ്മയുള്ളവനായ എനിക്ക്‌ അങ്ങ്‌ വൈദികകര്‍മ്മം അനുഷ്ഠിക്കുമ്പോള്‍ ചിരിവരികയാണ്‌ ദ്വിജോത്തമാ! നിന്നെ പരിഹസിക്കുകയല്ല. ഞാന്‍ അത്‌ ഒരിക്കലും ചെയ്യുകയില്ല. ഭവാന്‍ എന്റെ ഗുരുവാണല്ലോ! ഭവാന്‍ എന്റെ ചിരി കണ്ട്‌ എന്നെ തെറ്റിദ്ധരിച്ചതില്‍ എനിക്കു വൃസനം തോന്നുന്നു. ഭവാന്റെ ജന്മത്തെപ്പറ്റി ഞാന്‍ ഓര്‍ക്കുമ്പോഴാണ്‌ എനിക്കു ചിരിവരുന്നത്‌. അങ്ങ്‌ മഹാതപസ്വിയായിരുന്നു. ആ ഫലമെല്ലാം ഈ അനര്‍ഹനിലുണ്ടായ ഉപദേശം മൂലം നശിച്ചു പോയി. ഭവാന്‍ പുരോഹിതത്വം ഉപേക്ഷിച്ച്‌ ആത്മാവിന്റെ ഭാവി നന്മയ്ക്കു വേണ്ടി ശ്രമിക്കുക. ഇനി ഭവാന്‍ ഇതിനേക്കാള്‍ കീഴോട്ടിറങ്ങിയ മട്ടിലുളള ഒരു ജന്മത്തിന് ഇടവരാതിരിക്കട്ടെ ബ്രാഹ്മണാ! അങ്ങ്‌ ദ്രവ്യം വാങ്ങിക്കൊളളുക! അല്ലയോ സത്തമാ, ഭവാന്‍ പൂതാത്മാവായാലും.

ഭീഷ്മൻ പറഞ്ഞു: ഇങ്ങനെ അവിടെ നിന്ന് ആ ബ്രാഹ്മണനെ രാജാവു വിട്ടയച്ചു. ആ വിപ്രന്‍ തനിക്കു ലഭിച്ച ധനവും, ഭൂമിയും, ഗ്രാമങ്ങളും എല്ലാം ദാനം ചെയ്തു. അസംഖ്യം ദാനങ്ങള്‍ ചെയ്തു. തീര്‍ത്ഥാടനം ചെയ്ത്‌ പലവിധം ദാനങ്ങളും ചെയ്തു. വിപ്രന്മാര്‍ക്ക്‌ പശുക്കളെ ദാനം ചെയ്തു. അങ്ങനെ ആത്മവാനായ ആ ബ്രാഹ്മണന്‍ പൂതാത്മാവായി. പുണ്യാശ്രമത്തിലെത്തി തപസ്സു ചെയ്തു. പിന്നെ ആ ബ്രാഹ്മണ സത്തമന്‍ പരമമായ സിദ്ധി പ്രാപിക്കുകയും ചെയ്തു. ആശ്രമത്തില്‍ എല്ലാവര്‍ക്കും ആ മുനി സമ്മതനായി. ഇപ്രകാരം രാജാവേ, ആ മഹര്‍ഷി വളരെയേറെ കഷ്ടപ്പെട്ടു. ഒരിക്കലും ബ്രാഹ്മണന്‍ താഴ്‌ന്ന ജാതിക്കാരെ വേദം പഠിപ്പിക്കരുത്‌. പാത്രം നോക്കിയേ ഉപദേശിക്കാവു. അല്ലെങ്കില്‍ ഇത്തരത്തില്‍ കഷ്ടപ്പെടേണ്ടതായി വന്നുകൂടും. വാക്കില്‍ ബ്രാഹ്മണന് ആഗ്രഹം ഉണ്ടാകരുത്‌. താഴ്ന്ന ജാതിക്കാരെ വേദം പഠിപ്പിക്കുകയുമരുത്‌. ബ്രാഹ്മണന്നും, ക്ഷത്രിയന്നും, വൈശ്യന്നും വേദം പഠിപ്പിക്കാം. അതില്‍ തെറ്റില്ല രാജാവേ! എന്നാല്‍ ചണ്ഡാലനെ പഠിപ്പിക്കരുത്‌. സത്തുക്കളല്ലാത്തവര്‍ക്ക്‌ വേദം ഉപദേശിക്കരുത്‌. ധര്‍മ്മത്തിന്റെ മാര്‍ഗ്ഗം സൂക്ഷ്മമാണ്‌. അകൃതാത്മാക്കള്‍ക്ക്‌ അത്‌ അറിയുകയില്ല. ബുദ്ധിക്ക്‌ നല്ല പക്വത വന്നവര്‍ക്കേ അത്‌ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. അതു കൊണ്ട്‌ മുനിമാര്‍ ആദരവോടെ മൌനം ആചരിക്കുന്നു. അസംബന്ധമായി വല്ലതും പറഞ്ഞേക്കുമോ എന്ന ഭയം കൊണ്ട്‌ അധികമൊന്നും മുനിമാര്‍ സംസാരിക്കാറില്ല രാജാവേ! സതൃവും ആര്‍ജ്ജവവുമുള്ള ഗുണാഢ്യരായ ധാര്‍മ്മികന്മാര്‍ ദുരുക്തമായ വാക്കു പറഞ്ഞു പോയാല്‍ അതു കൊണ്ട്‌ ദുഷ്കൃതം അവരെ ബാധിക്കും. അര്‍ഹതയില്ലാത്തവന് ബ്രാഹ്മണന്‍ ഉപദേശം നല്കരുത്‌. അതുകൊണ്ട്‌ ആപത്ത്‌ വന്നുകൂടും. അതുകൊണ്ട്‌ ധര്‍മ്മം ഇച്ഛിക്കുന്ന ജ്ഞാനി ആലോചിച്ചുറച്ചേ പറയാവു. സത്യംകൊണ്ടുള്ള കച്ചവടം നടത്തുന്ന ധനകാംക്ഷി നശിക്കുക തന്നെ ചെയ്യും. ചോദിച്ചാല്‍ അതിന് മറുപടി ആലോചിച്ചേ പറയാവു. ധാര്‍മ്മികമായ ഉപദേശം കൊടുക്കുന്നതില്‍ തെറ്റില്ല.

ഇങ്ങനെയുള്ള ഉപദേശം ഞാന്‍ നിനക്കു നല്കുന്നു. മഹാ ക്ലേശം പറ്റുന്നതായ ഉപദേശം ആര്‍ക്കും നല്കരുത്‌.

11. ശ്രീരുക്മിണീസംവാദം - ലക്ഷ്മിയുടെ അധിവാസം എവിടെയൊക്കെയാണെന് പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: എങ്ങനെയുള്ള പുരുഷനിലും സ്ത്രീയിലുമാണ്‌ അല്ലയോ ഭാരതാ, താതാ, പത്മയായ ശ്രീദേവി അധിവസിക്കുന്നത്‌? അത്‌ അല്ലയോ പിതാമഹാ, പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: ഇതില്‍ നിന്നോട്‌ ഞാന്‍ വര്‍ണ്ണിച്ചു പറഞ്ഞുതരാം. ഞാന്‍ കേട്ടവിധം നടന്ന ആ സംഭവം പറയാം. ഒരുദിവസം ദേവകീപുത്രന്റെ സന്നിധിയില്‍ വെച്ച്‌ രുക്മിണീദേവി, മകരധ്വജന്റെ മാതാവായ രുക്മിണീദേവി, നാരായണനിലിരുന്ന് വിളങ്ങുന്ന പത്മാലയയായ ശ്രീയോട്‌, നേരെ നോക്കി കൗതൂഹലം കൊണ്ട്‌ കണ്ണു വിടര്‍ന്ന്‌, ഇപ്രകാരം ചോദിച്ചു.

രുക്മിണി പറഞ്ഞു: ദേവീ, നീ ഏതേതു ഭൂതങ്ങളെ ഭജിക്കുന്നു? ഏതേതിലാണ്‌ ചെന്നിരിക്കുന്നത്‌? നീ ഒഴിവാക്കുന്നത്‌ ഏതൊക്കെയാണ്‌? മൂന്ന് ലോകത്തിനും അധിപ നായ ദേവന്റെ കാന്തേ, നീ പറയൂ. ഭവതി മഹര്‍ഷി തുല്യമായ തപോനിയമങ്ങളോട് കൂടിയവളാണല്ലൊ. എല്ലാം തത്വമായി പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ കാംക്ഷിക്കുന്നു.

ഇപ്രകാരം ചോദിക്കപ്പെട്ട ഇന്ദുമുഖിയായ ലക്ഷ്മീദേവി ഗരുഡധ്വജനായ ദേവന്റെ മുമ്പില്‍ വെച്ച്‌ മധുരമായ സ്വനത്തോടെ മനോഹരമായ വാക്കുകള്‍ പ്രീതിയോടെ ഇപ്രകാരം പറഞ്ഞു.

ശ്രീ പറഞ്ഞു: ഞാന്‍ എന്നും ഇരിക്കുന്നത്‌ എവിടെയാണെന് പറയാം. ഞാന്‍ സുഭഗനില്‍ ഇരിക്കുന്നു. പ്രഗല്ഭനില്‍ ഇരിക്കുന്നു. സമര്‍ത്ഥനായ നരനില്‍ ഇരിക്കുന്നു. വേലയെടുക്കുന്ന നരനില്‍ ഇരിക്കുന്നു. ക്രോധമില്ലാത്തവനില്‍ ഇരിക്കുന്നു. ദേവന്മാരെ പൂജിക്കുന്നവനില്‍ ഇരിക്കുന്നു. കൃതജ്ഞനില്‍ ഇരിക്കുന്നു. ജിതേന്ദ്രിയനില്‍ ഇരിക്കുന്നു. സത്വവാനില്‍ ഇരിക്കുന്നു. ഇങ്ങനെയുളളവരിലാണ്‌ ദേവീ, ഞാന്‍ അധിവസിക്കുന്നത്‌.

ഞാന്‍ വേല ചെയ്യാത്തവനില്‍ വാഴുകയില്ല. നാസ്തികനില്‍ (ദൈവവിശ്വാസമില്ലാത്തവനില്‍) ഞാന്‍ വാഴുകയില്ല. സാങ്കരികനില്‍ വാഴുകയില്ല. കൃതഘ്നനില്‍ വാഴുകയില്ല. സ്വഭാവം തെറ്റി നടക്കുന്നവനില്‍ വാഴുകയില്ല. ക്രൂരവാക്കു പറയുന്നവനില്‍ വാഴുകയില്ല. ചതിയന്മാരില്‍ ഞാന്‍ വാഴുകയില്ല. ഗുരുദ്രോഹികളില്‍ ഞാന്‍ വാഴുകയില്ല.

തേജസ്സും ബലവും സത്വവും ഇല്ലാത്തവരിലും ക്ലേശിക്കുന്നവരിലും തൊട്ടതിലൊക്കെ കോപിക്കുന്നവരിലും ഞാന്‍ വാഴുന്നതല്ല. മനോരഥം മറച്ചു വെയ്ക്കുന്നവരിലും ഞാന്‍ വസിക്കുന്നതല്ല. തനിക്ക്‌ ശോഭനമായ ഒരു ഭാവിയുണ്ടാകണമെന് ആഗ്രഹിക്കാത്തവനില്‍ ഞാന്‍ വാഴുന്നതല്ല! സ്വഭാവത്താല്‍ തന്നെ ഉള്ളു കെട്ടവനില്‍ ഞാന്‍ വാഴുന്നതല്ല. വല്ലതും അല്പം നല്കിയാല്‍ സന്തോഷിക്കുന്ന അല്പന്മാരിലും ഞാന്‍ വസിക്കുന്നതല്ല.

തന്റെ കര്‍മ്മം തെറ്റാതെ അനുഷ്ഠിക്കുന്നവനില്‍ ഞാന്‍ വാഴും. ധര്‍മ്മജ്ഞന്മാരില്‍ ഞാന്‍ വാഴും, വൃദ്ധന്മാരെ സേവിക്കുന്നവരില്‍ ഞാന്‍ വാഴും, ദാന്തിമാനില്‍ ഞാന്‍ വാഴും, കൃതാത്മാവില്‍ ഞാന്‍ വാഴും, ക്ഷാന്തനില്‍ ഞാന്‍ വാഴും, ദാക്ഷ്യമുളളവനില്‍ ഞാന്‍ വാഴും. ദാന്തിയും ക്ഷാന്തിയുമുള്ള സ്ത്രീജനങ്ങളിലും ഞാന്‍ വാഴുന്നതാണ്‌.

സത്യസ്വഭാവവും ആര്‍ജ്ജവവും ഉള്ളവരില്‍ ഞാന്‍ വാഴും. ദേവന്മാരേയും ദ്വിജന്മാരേയും പൂജിക്കുന്ന ആര്‍ദ്രശീലകളായ സ്ത്രീകളില്‍ ഞാന്‍ വാഴും.

തന്റെ ഗൃഹത്തിലെ വസ്തുക്കള്‍ അടുക്കിയൊതുക്കി വൃത്തിയാക്കി വെക്കാതെ ചിന്നിച്ചിതറി ഇടുന്നവളില്‍ ഞാന്‍ വസിക്കുകയില്ല. ഗൃഹകര്‍മ്മങ്ങള്‍ നോക്കാത്തവളില്‍ ഞാന്‍ വസിക്കുകയില്ല. ഭര്‍ത്താവിനോട്‌ എതിര്‍ത്ത്‌ എതിരായി സംസാരിക്കുന്നവളില്‍ ഞാന്‍ വസിക്കുകയില്ല.

അന്യരുടെ വീട്ടില്‍പ്പോയി താമസിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളില്‍ ഞാന്‍ വസിക്കുകയില്ല. നാണംകെട്ട പെണ്ണുങ്ങളില്‍ ഞാന്‍ വസിക്കുകയില്ല. പതിവ്രതകളായ സ്ത്രീകളില്‍ ഞാന്‍ വസിക്കും. ശുഭാംഗികളിലും ചമഞ്ഞൊരുങ്ങി ഭംഗിയായി നടക്കുന്നവരിലും ഞാന്‍ വസിക്കുന്നതാണ്‌. സത്യവ്രതരിലും പ്രിയദര്‍ശിനിമാരിലും സൗഭാഗ്യമുളളവരും ഗുണങ്ങളുളളവരുമായ സ്ത്രീകളിലും ഞാന്‍ അധിവസിക്കും.

പാപം ചെയ്യുന്നവരും, വൃത്തികെട്ട് നടക്കുന്നവരും, അന്യരെ നിന്ദിക്കുന്നവരും, മനസ്സിന് കരുത്തില്ലാത്തവരും, ശുണ്ഠിയെടുക്കുന്നവരും, എപ്പോഴും ആലസ്യമുളളവരും, നിദ്ര ചെയ്യുവാന്‍ എപ്പോഴും ഇഷ്ടമുള്ളവരും, എപ്പോഴും കിടക്കുന്നവരുമായ, സ്ത്രീകളെ ഞാന്‍ തള്ളിക്കളയും. ഞാന്‍ അവരില്‍ വസിക്കുകയില്ല.

രഥാദികളായ യാനങ്ങള്‍, സുന്ദരികളായ കനൃകമാര്‍, ഭൂഷണജാലങ്ങള്‍, യജ്ഞങ്ങള്‍, വര്‍ഷിക്കുന്ന മേഘമാലകള്‍, വികസിച്ച താമരപ്പൂക്കള്‍, ശരല്‍ക്കാല നഭസ്സിലെ നക്ഷത്രജാലങ്ങള്‍, ഗജങ്ങള്‍, ഗോഷ്ഠങ്ങള്‍, ശുഭമായ ആസനങ്ങള്‍, വികസിച്ച താമരകള്‍ നിറഞ്ഞ സരസ്സുകള്‍, ഹംസങ്ങളും ക്രൗഞ്ചങ്ങളും, കളകളാലാപം ഉതിര്‍ക്കുന്ന നദികള്‍, കരയ്ക്കു വൃക്ഷങ്ങള്‍ നിരന്ന് തപസ്വികളും സിദ്ധന്മാരും ദ്വിജന്മാരും സേവിക്കുന്ന ആരണ്യങ്ങള്‍ ചേര്‍ന്ന ജലം നിറഞ്ഞ നദിയുടെ തീരങ്ങള്‍ - ഇവയിലെല്ലാം ഞാന്‍ അധിവസിക്കുന്നു. കളഹംസങ്ങളാല്‍ ജലത്തില്‍ ഓളമുണ്ടാക്കുന്ന നദികള്‍, മത്തദ്വീപങ്ങള്‍, വൃക്ഷഭങ്ങള്‍, രാജാക്കള്‍, സിംഹാസനം, വീരപുരുഷന്മാര്‍, നിതൃവും അഗ്നിക്ക്‌ ആഹുതി നല്കുന്ന ഗൃഹങ്ങള്‍ ഇവയിലെല്ലാം ഞാന്‍ എപ്പോഴും വസിക്കുന്നു.

സ്വാദ്ധ്യായന്മാരായ ബ്രാഹ്മണരിലും, ധര്‍മ്മിഷ്ഠനായ ക്ഷത്രിയനിലും, കൃഷിയില്‍ ഏര്‍പ്പെടുന്ന വൈശ്യനിലും, എന്നും ശുശ്രൂഷിക്കുന്ന ശൂദ്രനിലും ഞാന്‍ അധിവസിക്കുന്നു.

നാരായണനില്‍ ഞാന്‍ ഹൃദയം ഒന്നായി, ശരീരമായി, സര്‍വ്വഭാവത്തിലും അനുരൂപമായി വസിക്കുന്നു. അവനിലാണ്‌ ധര്‍മ്മം പൂര്‍ണ്ണമായി നില്ക്കുന്നത്‌. ബ്രഹ്മണ്യത്വവും പ്രിയത്വവും അവനില്‍ പൂര്‍ണ്ണമായി നില്ക്കുന്നു. ഞാന്‍ ഒരിടത്തും സാക്ഷാല്‍ രൂപത്തില്‍ ഇരിക്കുകയില്ല. ഞാന്‍ ഭാവത്തോടെ അധിവസിക്കുന്ന ആ പുരുഷന്‍ ധര്‍മ്മത്തില്‍ ഉന്നതിയെ പ്രാപിക്കും, കീര്‍ത്തിമാനാകും, സമ്പന്നനാകും, മറ്റുളളവര്‍ക്ക്‌ കാമൃനാകും.

12. ഭംഗാസ്വനോപാഖ്യാനം - സ്ത്രീപുരുഷസംയോഗത്തില്‍ സ്ത്രീയാണ്‌ കൂടുതല്‍ സുഖം അനുഭവിക്കുന്നതെന് തെളിയിക്കുന്ന ഭംഗാസ്വനന്റെ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: സ്ത്രീപുരുഷന്മാരുടെ സംസര്‍ഗ്ഗത്തില്‍ ആര്‍ക്കാണ്‌ സ്പര്‍ശജമായ രസം കൂടുതല്‍? ഈ സംശയത്തില്‍ രാജാവേ, അങ്ങ്‌ ശരിയായി വിവരിച്ചു തരണേ!

ഭീഷ്മന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. പണ്ട്‌ ഇന്ദ്രനും, ഭംഗാസ്വനനും തമ്മിലുണ്ടായ ഒരു വൈരമാണ്‌ കഥയുടെ വിഷയം.

പണ്ട്‌ ഭംഗാസ്വനന്‍ എന്ന രാജാവ്‌ വലിയ ധര്‍മ്മിഷ്ഠനായിരുന്നുവെങ്കിലും അദ്ദേഹം പുത്രനില്ലാതെ ദുഃഖിച്ചു. പുത്രലാഭത്തിന്നായി ഒരു യജ്ഞം ചെയ്തു. തപോബലനായ ആ രാജര്‍ഷി അഗ്നിഷ്ടുതം എന്ന യജ്ഞം ചെയ്തു. അത്‌ അന്യര്‍ക്ക്‌ പുത്രലാഭത്തിനുളളതാണ്‌. പുത്രന്മാരെ കാമിക്കുന്നവര്‍ പൂര്‍വ്വാര്‍ജ്ജിത പാപത്തിന് പ്രായശ്ചിത്തമായി ചെയ്തുവരുന്ന യജ്ഞമാണ്‌. അത്‌ ഇന്ദ്രന് ഇഷ്ടമില്ലാത്ത യജ്ഞമാണ്‌.

ഭംഗാസ്വനരാജാവ്‌ യജ്ഞംചെയ്യുന്നത്‌ മഹാഭാഗനും, സുരേശ്വരനുമായ ഇന്ദ്രന്‍ അറിഞ്ഞു. നിയതാശയനായ രാജര്‍ഷിയെ ദ്രോഹിക്കുവാന്‍ ഇന്ദ്രന്‍ പഴുതു നോക്കിക്കൊണ്ടിരുന്നു. അവന്‍ വളരെ ശ്രമിച്ചിട്ടും കുറ്റമൊന്നും കണ്ടെത്തിയില്ല. കുറേക്കാലം കഴിഞ്ഞ്‌ രാജാവ്‌ നായാട്ടിന് പോയി. ഇത്‌ പറ്റിയ സന്ദര്‍ഭം തന്നെ! എന്നുകണ്ട്‌ ഇന്ദ്രന്‍ രാജാവിനെ മോഹിപ്പിച്ചു. രാജാവ്‌ ഇന്ദ്രനാല്‍ മോഹിപ്പിക്കപ്പെട്ടവനായി. അവന്‍ ഒറ്റയ്ക്ക്‌ അവിടെ കുതിരയാല്‍ ചുററിക്കറക്കപ്പെട്ടു. രാജാവ്‌ വിശപ്പും ദാഹവും സഹിക്കാതെ കാട്ടില്‍ ചുറ്റിക്കറങ്ങി, ദാഹിച്ചു കുഴങ്ങി പലയിടത്തും ചെന്നു.

അങ്ങനെ അവന്‍ ചുറ്റിത്തിരിയുമ്പോള്‍ നല്ല ജലം നിറഞ്ഞ ഒരു പൊയ്ക കണ്ടു. അവന്‍ ആ പൊയ്ക കണ്ടപ്പോള്‍ സന്തോഷിച്ച്‌ കുതിരയെ ഇറക്കി വെളളം കുടിപ്പിച്ചു. വെള്ളം കുടിച്ച കുതിരയെ ഒരു മരത്തില്‍ കെട്ടി. പിന്നെ രാജാവ്‌ പൊയ്കയില്‍ ഇറങ്ങി വെള്ളം കുടിച്ച്‌, അതില്‍ മുങ്ങിക്കുളിച്ചു. അത്ഭുതംതന്നെ! കുളിച്ചു കയറിയപ്പോള്‍ രാജാവ്‌ ഒരു പെണ്ണായി മാറിയിരിക്കുന്നു!

രാജാവ്‌ ദേഹത്തിലാസകലം നോക്കി. താന്‍ പെണ്ണായി മാറിയത് കണ്ടപ്പോള്‍ ലജ്ജയായി, അവന്‍ അടിമുതല്‍ മുടിവരെ ഇളകിപ്പോയി.

ഗാഢമായി സര്‍വ്വാത്മനാ ചിന്തിച്ചു വ്യാകുലേന്ദ്രിയനായി. ഞാന്‍ എങ്ങനെ ഇനി കുതിരപ്പുറത്തു കയറും? പുരത്തില്‍ എങ്ങനെ പ്രവേശിക്കും? അഗ്നിഷ്ടുതമെന്ന യാഗം ചെയ്ത്‌ നൂറു പുത്രന്മാരും എനിക്കുണ്ടായി. മഹാബലന്മാരായ അവരോട്‌ ഞാന്‍ എന്തു പറയും? തന്റെ ഭാര്യയോടെന്തു പറയും? പൌരന്മാരോടും നാട്ടുകാരോടും എന്തു പറയും? തനുത്വവും, മാര്‍ദ്ദവവും, ക്ലീബത്വവും സ്ത്രീകള്‍ക്കു ചേര്‍ന്നതാണ്‌. പുരുഷന് ചേര്‍ന്നത്‌ വീര്യം, വ്യായാമം, കാര്‍ക്കശ്യം എന്നീ ഗുണങ്ങളാണ്‌. ഇപ്പോള്‍ എന്തായി എന്റെ നില? പുരുഷഗുണങ്ങളൊക്കെപ്പോയി! പൌരുഷം കെട്ടുപോയി. എന്താണ്‌ സ്ത്രീത്വം എന്നില്‍ വരാന്‍ കാരണം. സ്ത്രീയായ നിലയ്ക്ക്‌ ഇനി കുതിരയുടെ പുറത്തു കയറിക്കൂടുവാന്‍ ശ്രമിക്കാമോ? എന്തായാലും വരുന്നതു വരട്ടെ എന്നുവെച്ച്‌ സഹജമായ സ്ത്രീദൌര്‍ബ്ബല്യത്തോടെ ആ രാജാവ്‌ (അല്ല അവള്‍)  കുതിരപ്പുറത്തു പണിപ്പെട്ടു പൊത്തിപ്പിടിച്ചു കയറി ഒരുവിധം രാജധാനിയില്‍ കയറിച്ചെന്നു. രാജാവിന്റെ ഭാര്യയും, മക്കള്‍ നൂറുപേരും, ഭൃത്യന്മാരും, പൌരജാനപദന്മാരുമെല്ലാം അത്ഭുതത്തോടെ രാജാവിനെക്കണ്ട്‌ വളരെയേറെ വിസ്മയിച്ചു. "ഇതാര്!", എന്ന് അത്ഭുതത്തോടെ നോക്കി. പിന്നെ പെണ്ണായ ആ രാജാവ്‌ ഭംഗിയായി ഇങ്ങനെ പറഞ്ഞു: "ഞാന്‍ നായാട്ടിന് പടയോടു കൂടി പോയല്ലോ. ദൈവയോഗത്താല്‍ ഞാന്‍ ഒറ്റയ്ക്കായി ഘോരമായ കാട്ടില്‍ ഉഴന്നുകയറി. ആ വലിയ കാട്ടില്‍ ദാഹിച്ചു ചുറ്റിക്കറങ്ങുമ്പോള്‍, ചുണകെട്ട്‌ ആര്‍ത്തനായി വലഞ്ഞു നടക്കുമ്പോള്‍, ഒരു മനോഹരമായ പൊയ്ക കണ്ടു. വളരെ പക്ഷികള്‍ അതില്‍ കളിക്കുന്നതായും കണ്ടു. മുമ്പ്‌ അഹങ്കരിച്ച ഞാന്‍ ആ പൊയ്കയില്‍ ഇറങ്ങിയ ഉടനെ ദൈവയോഗത്താല്‍ ഒരു പെണ്ണായിത്തീര്‍ന്നു. നിങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്നെക്കണ്ടിട്ടു മനസ്സിലാകുന്നില്ലെന് നിങ്ങളുടെ അത്ഭുതകരമായ നില്‍പ്പും പെരുമാറ്റവും കൊണ്ട്‌ ഞാനറിയുന്നു. എന്റെ പേര്‌ ഭംഗാസ്വനന്‍ എന്നാണ്‌. ഞാന്‍ നിങ്ങളുടെ രാജാവാണ്‌. എന്റെ ഗോത്രവും മറ്റും കേള്‍ക്കണേ ഇങ്ങനെ ഭാര്യയോടും, മക്കളോടും, മന്ത്രിമാരോടും ആ രാജാവ്‌ പറഞ്ഞു. പിന്നെ പുത്രന്മാരെ വിളിച്ച്‌ ആ പെണ്ണായ രാജാവ്‌ ഇപ്രകാരം പറഞ്ഞു: എന്റെ പുത്രന്മാരെ, നിങ്ങള്‍ സസന്തോഷം രാജ്യം ഭരിച്ചു കൊള്ളുവിന്‍. ഞാന്‍ ഇതാ കാട്ടിലേക്കു പോകുന്നു. ഇപ്രകാരം നൂറു മക്കളോടും പറഞ്ഞ്‌ പെണ്ണായ അദ്ദേഹം കാട്ടിലേക്കു പോയി.

അങ്ങനെ അവള്‍ പോയി. ആശ്രമത്തില്‍ ഒരു തപസ്വിയെ ആശ്രയിച്ചു. ആ തപസ്വി അവളെ ഭാര്യയായി സ്വീകരിച്ചു. അദ്ദേഹത്തില്‍ നിന്ന് അവള്‍ക്ക്‌ നൂറു സന്താനങ്ങളുണ്ടായി. ഒരു ദിവസം അവള്‍ അവരെ നുറു പേരേയും രാജധാനിയിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. മുമ്പെ ഉണ്ടായ, ആണായിരിക്കുമ്പോള്‍ ഉണ്ടായ, നൂറു മക്കളോടും പറഞ്ഞു. മക്കളേ! ഞാന്‍ ആണായിരുന്ന കാലത്തുണ്ടായ മക്കളാണല്ലോ നിങ്ങള്‍ നൂറു പേർ. ഇപ്പോള്‍ പെണ്ണായ ഞാന്‍ പ്രസവിച്ചുണ്ടായവരാണ്‌ ഈ നൂറു പേരും. ഇവരെ നിങ്ങള്‍ സ്വീകരിക്കുവിന്‍. നിങ്ങള്‍ ഒത്തൊരുമിച്ച്‌ ഏകോദര സഹോദര ഭാവത്തില്‍ ജീവിക്കുവിന്‍. ഭ്രാതാക്കള്‍ ഒന്നിച്ച്‌ രാജ്യ സുഖങ്ങള്‍ അനുഭവിക്കുവിന്‍.

ഈ വാക്കുകേട്ട്‌ അവര്‍ ഒന്നിച്ചു ചേര്‍ന്ന് രാജധാനിയില്‍ വസിച്ച്‌ രാജകീയമായ സുഖങ്ങള്‍ അനുഭവിച്ചു. ഭ്രാതൃത്വം മൂലം അവര്‍ ഒന്നിച്ച്‌ മുഖ്യമായ ആ രാജ്യം വാണ്‌ സുഖമായി വസിക്കുന്ന കാലത്ത്‌ അവരെക്കണ്ട്‌ ഇന്ദ്രന് മനസ്സില്‍ അസൂയയും കോപവുമുണ്ടായി.

അങ്ങനെയിരിക്കെ ഒരു ദിവസം ശതക്രതു എന്ന് പ്രസിദ്ധനായ ദേവേന്ദ്രന്‍ ഒരു ബ്രാഹ്മണന്റെ രൂപത്തില്‍ രാജധാനിയില്‍ കയറിച്ചെന്ന് ആ സഹോദരന്മാരെ തമ്മില്‍ ഛിദ്രിപ്പിച്ചു. ഭ്രാതാക്കള്‍ തമ്മില്‍ സൗഭ്രാത്രം എന്നത് ലോകത്തിലില്ല. ഒരച്ഛന്റെ മക്കള്‍ തമ്മില്‍ കാണുന്നില്ല. പിന്നെ നിങ്ങളില്‍ എന്താണീക്കാണുന്നത്‌? രാജ്യത്തിന് വേണ്ടി സുരന്മാരും അസുരന്മുരും തമ്മില്‍ തര്‍ക്കിച്ചു. രണ്ടുകൂട്ടരും കാശ്യപന്റെ മക്കളാണ്‌. നിങ്ങള്‍ ഭംഗാസ്വനന്റെ മക്കളാണ്‌ നുറു പേരും. മറ്റേവരോ, ഒരു താപസന്റെ മക്കളാണ്‌. പിന്നെ എങ്ങനെയാണ്‌ ഈ താപസന്മാരുടെ മക്കള്‍ക്കു രാജ്യത്തില്‍ അവകാശമുണ്ടാവുക? ദൈത്യന്മാരും, അമര്‍ത്തൃന്മാരും കാശ്യപന്റെ മക്കളാണെന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ അച്ഛന്റെ രാജ്യമാണ്‌ ഈ താപസന്റെ മക്കള്‍ അനുഭവിക്കുന്നത്‌. ഇങ്ങനെ ഇന്ദ്രന്‍ ബ്രാഹ്മണവേഷം ധരിച്ച്‌ ഏഷണി പറഞ്ഞു കൊടുത്ത്‌ അവരെ ഭിന്നിപ്പിച്ച്‌ അതൃപ്തി മൂത്തപ്പോള്‍ വഴക്കായി. വഴക്കുമൂത്ത്‌ തമ്മില്‍ പ്രഹരമായി. അങ്ങനെ തമ്മിലടിച്ച്‌ ഇരുനൂറു സന്താനങ്ങളും മരിച്ചു പോയി.

തന്റെ എല്ലാ മക്കളും മരിച്ചുപോയി എന്നറിഞ്ഞ്‌ ആ താപസസ്ത്രീ ദുഃഖത്തില്‍ മുഴുകി കരഞ്ഞു. ഈ സമയത്ത്‌ ഒരു വിപ്രന്റെ വേഷത്തില്‍ ഇന്ദ്രന്‍ അവളുടെ അടുത്തു ചെന്നു. വാസവന്‍ ചോദിച്ചു. അല്ലയോ വരാനനേ, നീ എന്താണ്‌ കരയുന്നത്‌? ആ സ്തീ ബ്രാഹ്മണനെ നോക്കി സങ്കടപ്പെട്ടു പറഞ്ഞു. അല്ലയോ ബ്രാഹ്മണാ! എന്റെ ഇരുനൂറു മക്കളും കാലത്താല്‍ ഹനിക്കപ്പെട്ടു. ഞാന്‍ രാജാവായിരുന്ന കാലത്ത്‌ എനിക്കു നൂറു മക്കളുണ്ടായിരുന്നു. സ്വന്തരൂപത്തില്‍ ഉണ്ടായവരാണ്‌ അവര്‍ ബ്രാഹ്മണോത്തമാ! ഒരിക്കല്‍ വേട്ടയ്ക്കു പോയി ഞാന്‍ കൊടും കാട്ടില്‍ വഴി തെറ്റിയുഴന്നു. ഒരു സരസ്സിലിറങ്ങിയ ഉടനെ ഞാന്‍ പെണ്ണായി. രാജ്യത്തില്‍ പുത്രനെ വാഴിച്ച്‌ ഞാന്‍ പിന്നെ കാടു കയറി. അങ്ങനെ ഞാന്‍ കാട്ടില്‍ച്ചെന് ഒരു മുനിയോടു കൂടി ആശ്രമത്തില്‍ വസിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് എനിക്കു നൂറു മക്കളുണ്ടായി. ഞാന്‍ ആ നൂറുപേരേയും രാജധാനിയിലേക്കു കൊണ്ടുപോയി. മുമ്പെ ഉണ്ടായവരുടെ കൂടെ വസിപ്പിച്ചു. അവര്‍ക്കു തമ്മില്‍ കാലയോഗത്താല്‍ വൈരം ജനിച്ചു. അങ്ങനെ അവര്‍ വഴക്കടിച്ച്‌ എല്ലാവരും മരിച്ചു. വിധി ദുഃഖത്തിലാഴ്ത്തിയ ഞാന്‍ ഇങ്ങനെ മാഴ്കുകയാണ്‌. ഇപ്രകാരം ദുഃഖിക്കുന്ന അവളെ നോക്കി ഇന്ദ്രന്‍ പരുഷ മായി പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ഭദ്രേ, മുമ്പ്‌ നി എനിക്ക്‌ ദുസ്സഹമായ ദുഃഖമുണ്ടാക്കി. നീ എനിക്കിഷ്ടമില്ലാത്ത യജ്ഞംചെയ്തു. എന്നെ ആ യജ്ഞത്തില്‍ ആഹ്വാനം ചെയ്തില്ല. അങ്ങനെ ചെയ്തതു മൂലം ഞാന്‍ നിന്നില്‍ പകവീട്ടിയതാണ്‌. ദുര്‍ബുദ്ധേ, നിനക്ക്‌ മനസ്സിലായോ? ഞാന്‍ ഇന്ദ്രനാണ്‌.

ഇന്ദ്രനെ കണ്ടപ്പോള്‍ ആ രാജര്‍ഷി അവന്റെ പാദത്തില്‍ നമസ്കരിച്ച്‌ ഇപ്രകാരം പറഞ്ഞു: അല്ലയോ ഇന്ദ്രാ! അങ്ങ്‌ പ്രസാദിച്ചാലും. ആ ക്രതു പുത്രകാമത്താല്‍ ചെയ്തു പോയതാണ്‌. അതില്‍ ഭവാന്‍ ക്ഷമിക്കണം. അല്ലയോ ദേവ ശാര്‍ദ്ദൂലാ! അതില്‍ ഭവാന്‍ എന്റെ നേരേ ക്ഷമിക്കണേ!

അവന്‍ ഇപ്രകാരം പറഞ്ഞ്‌ നമിച്ചുപ്പോള്‍ സന്തുഷ്ടനായ ദേവേന്ദ്രന്‍ അവന് വരം നല്കി. രാജാവേ, നിനക്ക്‌ ഏതു മക്കളാണ്‌ ജീവിക്കേണ്ടത്‌ അതു പറഞ്ഞാലും. സ്ത്രീയായിരിക്കുമ്പോള്‍ ഉണ്ടായവര്‍ ജീവിക്കണോ പുരുഷനായിരുന്നപ്പോള്‍ ഉണ്ടായവര്‍ ജീവിക്കണോ?

ഇതുകേട്ട്‌ ആ താപസസ്ത്രീ തൊഴുതു കൊണ്ട്‌ ഇന്ദ്രനോടു പറഞ്ഞു: സ്ത്രീയായിരിക്കുമ്പോള്‍ എനിക്കുണ്ടായ മക്കള്‍ ജീവിക്കട്ടെ വാസവാ! ഇതു കേട്ടപ്പോള്‍ ഇന്ദ്രന്‍ അത്ഭുതപ്പെട്ടു. ഇന്ദ്രന്‍ അവളോട്‌ ചോദിച്ചു.

ഇന്ദ്രന്‍ പറഞ്ഞു: പുരുഷനായിരിക്കുമ്പോള്‍ ഉണ്ടായവരായ നിന്റെ പുത്രന്മാര്‍ നിനക്കു ദ്വേഷ്യരായോ? സ്ത്രീയായിരിക്കുമ്പോള്‍ ജാതരായവരോട്‌ എന്താണ്‌ ഇത്ര സ്നേഹം തോന്നുവാന്‍ കാരണം? അതിന്റെ രഹസ്യം കേള്‍ക്കുവാന്‍ എനിക്ക്‌ മോഹമുണ്ട്‌. അത്‌ എന്നോട്‌ നീ പറയുക.

സ്ത്രീ പറഞ്ഞു: പെണ്ണിനാണ്‌ അധികം സ്നേഹം. ആണിന്‌ അപ്രകാരമുള്ള സ്നേഹാധികൃമില്ല. അതുകൊണ്ട്‌ ഞാന്‍ പെണ്ണായിരുന്നപ്പോള്‍ ഉണ്ടായ മക്കള്‍ ജീവിക്കട്ടെ ഇന്ദ്രാ!

ഭീഷ്മൻ പറഞ്ഞു: അവള്‍ ഇപ്രകാരം പറഞ്ഞതു കേട്ട്‌ ദേവേന്ദ്രന്‍ പ്രീതനായി ഇങ്ങനെ പറഞ്ഞു: അല്ലയോ സത്യവാദി നീ, നിന്റെ മക്കള്‍ എല്ലാവരും ജീവിക്കട്ടെ! അല്ലയോ രാജേന്ദ്ര! നീ ഇച്ഛിക്കുന്ന വരം എന്നില്‍ നിന്ന് വരിക്കൂ സുവ്രതാ! നീ എന്നില്‍ നിന്ന് പുരുഷത്വമോ (സ്ത്രീത്വമോ ഏതാണ്‌ കാംക്ഷിക്കുന്നത്‌? ഏതാണു വേണ്ടതെന്ന് പറയു!

സ്ത്രീ പറഞ്ഞു: ശക്ര! എനിക്ക് സ്ത്രീത്വം തന്നെ മതി. പുരുഷനാകേണ്ടാ, അതിനെപ്പറ്റി ഞാന്‍ ചിന്തിക്കുന്നേയില്ല വാസവാ.

അവള്‍ ഇപ്രകാരം പറഞ്ഞതു കേട്ട്‌ ദേവേന്ദ്രന്‍ അത്ഭുതത്തോടെ ആ സ്ത്രീയോട്‌ ചോദിച്ചു: അല്ലയോ മഹാശയാ! പുരുഷത്വം ഉപേക്ഷിച്ച്‌ നീ എന്താണ്‌ സ്ത്രീത്വം മതിയെന് പറയുന്നത്‌?

ഇന്ദ്രന്‍ ചോദിച്ചതു കേട്ട്‌ പെണ്ണായിത്തീര്‍ന്ന രാജസത്തമന്‍ ഇപ്രകാരം മറുപടി പറഞ്ഞു: സ്ത്രീക്ക്‌ എപ്പോഴും പുരുഷസംഗത്തില്‍ വളരെ കൂടുതലായ പ്രീതി ഉണ്ടായിരിക്കും. ഈയൊരു കാരണം കൊണ്ട്‌ സ്ത്രീത്വം തന്നെ എനിക്ക് മതിയെന്ന് ഞാന്‍ വരിക്കുന്നു. സ്ത്രീത്വത്തില്‍ ഞാന്‍ അധികമായി രമിക്കുന്നു. ഞാന്‍ ഈ പറഞ്ഞതു സത്യമാണ്‌ ദേവസത്തമാ! ഞാന്‍ സ്ത്രീഭാവത്താല്‍ തുഷ്ടയാണ്‌. അല്ലയോ ത്രിദശാധിപാ, അങ്ങ്‌ സസന്തോഷം പോയാലും!

അങ്ങനെയാണെങ്കില്‍ അങ്ങനെയാകട്ടെ! എന്ന് അവളോടു യാത്ര പറഞ്ഞ്‌ ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി. ഇങ്ങനെ രാജേന്ദ്രാ! സ്ത്രീപുരുഷ സംയോഗത്തില്‍ സ്ത്രീക്കാണ്‌ കൂടുതല്‍ പ്രീതിയെന് വ്യക്കമായിരിക്കുന്നു.

13. ലോകയാത്രാനുകഥനം - വാക്കുകൊണ്ടും മനസ്സ്കൊണ്ടും ശരീരംകൊണ്ടും പാപം ചെയ്യരുത്‌ - യുധിഷ്ഠിരന്‍ പറഞ്ഞു: ലോകയാത്രയില്‍ ഹിതം നോക്കുന്ന മര്‍ത്ത്യന്‍ എന്താണു ചെയ്യേണ്ടത്‌? ലോകയാത്ര സുഖമാകണമെങ്കില്‍ ഏതു നിലയാണ്‌ മര്‍ത്തൃന്‍ അവലംബിക്കേണ്ടത്‌?

ഭീഷ്മൻ പറഞ്ഞു: ദേഹം കൊണ്ടു മൂന്ന് വിധം കര്‍മ്മമുണ്ട്‌, വാക്കുകൊണ്ടു നാലുവിധം കര്‍മ്മമുണ്ട്‌, മനസ്സുകൊണ്ടു മൂന്ന് വിധം കര്‍മ്മമുണ്ട്‌. ഇങ്ങനെ പത്തു കൂട്ടം കര്‍മ്മം ഉപേക്ഷിക്കണം. പ്രാണനെ നശിപ്പിക്കല്‍, കക്കല്‍, അന്യന്റെ ഭാര്യയെ പ്രാപിക്കല്‍ ഇവ മൂന്നും ശരീരംകൊണ്ടു വര്‍ജ്ജിക്കേണ്ട കര്‍മ്മങ്ങളാണ്‌. അത്‌ ഉപേക്ഷിച്ചേ തീരൂ. ദുര്‍ജ്ജനങ്ങളുമായുളള സംഭാഷണം, പാരുഷ്യം, നുണപറയല്‍, ഏഷണികൂട്ടല്‍, ഇവ നാലും വാക്കുകൊണ്ടുളള ദുഷ്കര്‍മ്മമാണ്‌. ഇവ നാലും പറയുകയോ വിചാരിക്കുകയോ ചെയ്യരുത്‌. പരധനത്തില്‍ ഇച്ഛയില്ലായ്മ, എല്ലാ ജീവികളിലും താല്പര്യം, താന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം താന്‍ അനുഭവിക്കുമെന്നുളള വിചാരം ഇവ മൂന്നും മനസ്സുകൊണ്ടു ചെയ്യേണ്ട കര്‍മ്മമാണ്‌. അതു ചെയ്യണം. അതുകൊണ്ടു ദേഹം, വാക്ക്‌, മനസ്സ്‌ ഇവ കൊണ്ട്‌ ഒരിക്കലും മര്‍ത്ത്യന്‍ അശുഭം ചെയ്യരുത്‌. ശുഭംചെയ്താല്‍ ശുഭഫലവും അശുഭം ചെയ്താല്‍ അശുഭഫലവും ചെയ്തവന് സിദ്ധിക്കും.

14. മേഘവാഹനോപാഖ്യാനം - കൃഷ്ണന്‍ യുധിഷ്ഠിരനോട്‌ ശിവന്റെ മാഹാത്മ്യം പറയുന്നു- യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഗംഗാപുത്രാ! അങ്ങ്‌ ജഗല്‍പതിയുടെ, മഹേശ്വരന്റെ, നാമങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. പിതാമഹനും ഈശനുമായ ശംഭുവിന്റെ എല്ലാ നാമങ്ങളും കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബഭ്രുവും, വിരൂപനും, ദേവാസുരഗുരുവും, ശങ്കരനും, അവ്യക്തനും, സ്വയംഭൂവും, വിശ്വകാരണനും, മഹാദേവനുമായ മഹേശ്വരന്റെ പുണ്യനാമങ്ങള്‍ പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: ധീമാനും മഹാദേവനുമായ ശംഭുവിന്റെ ഗുണങ്ങള്‍ വര്‍ണ്ണിക്കുന്നതിന്നുളള കഴിവ്‌ എനിക്കില്ല. ആ ദേവന്‍ സര്‍വ്വഗനാണ്‌. ഒരു ദിക്കില്‍ നോക്കിയാലും കാണുന്നവനുമല്ല. ബ്രഹ്മാവിനും വിഷ്ണുവിനും, സുരേശ്വരനും അവന്‍ സൃഷ്ടാവാണ്‌, പ്രഭുവാണ്‌, ബ്രഹ്മാദികള്‍ തുടങ്ങി പിശാചുക്കള്‍ വരെയുളള സകലദേവന്മാരും അവനെ പുജിക്കുന്നു. പ്രകൃതിക്കും പുരുഷനും മേലെയായി അവന്‍ നില്ക്കുന്നു. തത്വം കാണുന്നവരായ യോഗീന്ദ്രന്മാര്‍ക്കും മുനീന്ദ്രന്മാര്‍ക്കും വിചിന്ത്യനാണ്‌ അവന്‍. അവര്‍ ധ്യാനിച്ച്‌ അവനെപ്പറ്റി അറിയുന്നു.

അക്ഷരം (നാശമില്ലാത്ത), പരമം, ബ്രഹ്മം, സത്ത്‌, അസത്ത്‌, എല്ലാം അവന്‍ തന്നെ. പുരുഷ പ്രകൃതി ക്ഷോഭം തന്റെ തേജസ്സാല്‍ അവന്‍ ചെയ്യുന്നു. ബ്രഹ്മാവിനെപ്പോലും സൃഷ്ടിച്ചവനാണ്‌ ദേവദേവനായ ആ പ്രജാപതി. ധീമാനായ ആ ദേവദേവന്റെ ഗുണം ആര്‍ക്കു പറയാന്‍ കഴിയും?

ജന്മം, മൃത്യു, ജര എന്നിവയോടു കൂടിയ മര്‍ത്ത്യന്‍ മരണത്തിന് അധീനനാണ്‌. അങ്ങനെയുള്ള ഏതൊരുത്തന്നാണ്‌ ശിവനെപ്പറ്റി അറിയാന്‍ കഴിയുന്നത്‌? ശംഖചക്ര ഗദാധാരിയായ നാരായണനൊഴികെ ശംഭുവിന്റെ മാഹാത്മൃമറിയുവാന്‍ ശക്തനായി വേറെ ആരുമില്ല.

വിദ്വാനും, ഗുണശ്രേഷ്ഠനും, വിഷ്ണുവും അത്യന്തദുര്‍ജ്ജയനുമായ ഇവന്‍, ദിവ്യദൃക്കുളള തേജസ്വി, യോഗദൃഷ്ടി കൊണ്ടു ശങ്കരന്റെ ഗുണങ്ങളെ കാണുന്നു. കൃഷ്ണനായ മഹാത്മാവ്‌ രുദ്രനെ ഭജിച്ച്‌ ലോകം വ്യാപിച്ചവനായി. ആ ദേവനെ ബദരിയില്‍ തപസ്സു ചെയ്ത്‌ പ്രസാദിപ്പിച്ചു. ഭാരതാ! സര്‍വ്വലോകത്തില്‍ വെച്ച്‌ ഏറ്റവും പ്രിയതരനാവുകയും, സര്‍വ്വ ധനത്തേക്കാളും പ്രിയതരനാവുകയും ചെയ്തു. ആയിരം വര്‍ഷം കൃഷ്ണന്‍ മഹേശ്വരനെ തപസ്സുചെയ്തു വരം വാങ്ങി.

വിശ്വാചാര്യനും മഹേശ്വരനുമായ ശിവനെ കൃഷ്ണന്‍ യുഗം തോറും പ്രീതിപ്പെടുത്തി. മഹാത്മാവിന്റെ പരമമായ ഭക്തിയില്‍ പ്രീതനായി. മഹാത്മാവും ജഗത് യോനിയുമായ ഭവാന്റെ ഐശ്വര്യം പ്രത്യക്ഷമായി അവ്യയനും അച്യൂതനുമായ ഹരി ദര്‍ശിച്ചു. അവനെക്കാള്‍ മേലെയായി ഞാന്‍ ഒന്നും കാണുന്നില്ല ഭാരതാ! ദേവദേവന്റെ നാമങ്ങളെല്ലാം പറയുവാന്‍ മഹാബാഹുവായ ഇവനെ മാത്രമേ ശക്തനായി ഞാന്‍ കാണുന്നുളളു. മഹേശ്വരന്റെ സത്യമായ ഐശ്വര്യങ്ങള്‍ അപ്രകാരമാണ്‌ രാജാവേ!

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞ്‌ ഭീഷ്മൻ യശോനിധിയായ കൃഷ്ണനോട്‌ ഭവാന്റെ മാഹാത്മൃത്തെക്കുറിച്ച്‌  ഇപ്രകാരം പറഞ്ഞു."

ഭീഷ്മൻ പറഞ്ഞു: സുരാസുരഗുരോ, ദേവാ, വിഷ്ണോ! ശിവന്റെ വിശ്വരൂപന്റെ മാഹാത്മ്യം യുധിഷ്ഠിരന്‍ ചോദിച്ചതു കേട്ടില്ലേ? ദേവന്റെ സഹസ്രനാമം ഋഷിയായ തണ്ഡി ബ്രഹ്മയോനി, പണ്ട്‌ ബ്രഹ്മലോകത്തില്‍ വെച്ച്‌ (ബ്രഹ്മാവിനോട്‌ ഉണര്‍ത്തിയിട്ടുണ്ടല്ലോ. അങ്ങനെയുള്ള തപോധനന്മാരായ ദ്വൈപായന പ്രഭൃതികളായ, സുവ്രത ഋഷിമാര്‍ അങ്ങയില്‍ നിന്ന് ആ തിരുനാമം കേട്ടുകൊള്ളട്ടെ! ധ്രുവമായി നില്ക്കുന്നവനും എപ്പോഴും സന്തോഷമുളളവനും, ഹോതാവും, ഹോത്രിയും, വിശ്വഗുരുവും, വിശ്വസൃഷ്ടാവും, മുണ്ഡിയും, കപാലിയുമാണ്‌ ആ ദേവന്‍.

വാസുദേവന്‍ പറഞ്ഞു; ശരിക്ക്‌ ഈശ്വരന്റെ കര്‍മ്മഗതി കാണുവാന്‍ സാദ്ധ്യമല്ല. ഹിരണൃഗര്‍ഭാദ്യന്മാരായ ഇന്ദ്രന്‍ മുതലായ ദേവന്മാരും മുനീന്ദ്രന്മാരും അതിന് ശക്തരല്ല. ഈശ്വരന്റെ ഭവനം സൂക്ഷ്മ രൂപങ്ങള്‍ ദര്‍ശിക്കുന്ന ആദിത്യന്മാര്‍ക്ക് പോലും കാണുവാന്‍ സാദ്ധ്യമല്ല. ഇങ്ങനെയുളള മഹാത്മാവിന്റെ ഗതിയെ കേവലമര്‍ത്യന് എങ്ങനെ കാണുവാന്‍ കഴിയുന്നു? അസുരഘ്നനായ ആ ദേവ ന്റെ ചില ഗുണങ്ങള്‍ ഞാന്‍ ആ വ്രതേശന് (യജ്ഞങ്ങൾക്ക് ഈശ്വരൻ)  ചേര്‍ന്ന വിധം തന്നെ നിങ്ങള്‍ക്കു പറഞ്ഞുതരാം.

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ഈശ്വരന്‍ മഹാത്മാവിന്റെ ഗുണങ്ങള്‍, ആചമിച്ചു ശുചിയായി, ഇങ്ങനെ ആ ധീമാന്റെ ഗുണങ്ങളെ പറഞ്ഞു.

വാസുദേവന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണരേ, നിങ്ങളും, അല്ലയോ യുധിഷ്ഠിരാ! അങ്ങയും, നദീപുത്രാ! ഭവാനും കപര്‍ദ്ദിയുടെ നാമങ്ങള്‍ കേട്ടാലും. ഞാന്‍ സാംബന് വേണ്ടി ചെയ്ത ദുഷ്കരമായ തപസ്സിനെപ്പറ്റിയും, ഭഗവാനെ ശരിക്കു സമാധിയില്‍ കണ്ടതും ഞാന്‍ പറയാം, നിങ്ങള്‍ കേട്ടാലും!

ശംബരനെ ധീമാനായ രുക്മിണീപുത്രന്‍ വധിച്ചതിന് ശേഷം അവിടെ നിന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരുദിവസം എന്നോട്‌ ജാംബവതി, പ്രദ്യുമ്നന്‍, ചാരുദേഷ്ണൻ മുതലായ രുക്മിണീ സുതന്മാരെ നോക്കി പുത്രലബ്ധിയിലുളള ആഗ്രഹത്തോടെ എന്റെ സമീപത്തു വന്ന് പറഞ്ഞു യുധിഷ്ഠിരാ! ശൂരനും, ബലവാന്മാരില്‍ ശ്രേഷ്ഠനും, മനോഹരരൂപനും, അകന്മഷനും, അങ്ങയോടു തുല്യം കാന്തിമാനുമായ ഒരു പുത്രനെ അങ്ങ്‌ എനിക്കു നല്കിയാലും. അച്യുതാ, ഏറെനാളായി കൊതിക്കുന്ന അങ്ങനെയുളള ഒരു പുത്രനെ നല്കുന്നതില്‍ ഇനി വൈകരുതേ. അങ്ങയ്ക്ക്‌ അപ്രാപ്യമായി ഈ മൂന്ന് ലോകത്തിലും ഒന്നുമില്ലല്ലോ. അങ്ങു വിചാരിച്ചാല്‍ വേറെ ലോകം തന്നെ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് എനിക്കറിയാം.

പന്ത്രണ്ടു വര്‍ഷം വ്രതമെടുത്ത്‌ വിശുദ്ധനായി ഈശനെ ഭജിച്ച്‌ രുക്മിണിക്കു പുത്രന്മാരെ ജനിപ്പിച്ചു. ചാരുദേഷ്ണന്‍, സൂചാരു, ചാരുവേഷന്‍, യശോധനന്‍, ചാരുശ്രവസ്സ്‌, പ്രദ്യുമ്നന്‍, ശംഭു, ചാരുയശസ്സ്‌, ചാരുവിക്രമന്‍ എന്നിവരെല്ലാം രുക്മിണിക്കുണ്ടായ മക്കളാണ്‌. അല്ലയോ മധുസൂുദനാ, അപ്രകാരം എനിക്കും ഒരു സന്താനത്തെ നല്കിയാലും! ഇപ്രകാരം ആ ദേവി എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ ആ സുമദ്ധ്യമയോടു പറഞ്ഞു. ഞാന്‍ നിന്റെ ആഗ്രഹം നിര്‍വ്വഹിച്ചു കൊള്ളാം. ഞാന്‍ അതിന് വേണ്ടി വ്രതാനുഷ്ഠാനത്തിന് ഒരുങ്ങുന്നു. ഞാന്‍ ശിവനെ ഭജിക്കുന്നതിന് പോവുകയാണ്‌.

ഇതു കേട്ടപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു; മഹാശയാ, അങ്ങ്‌ പോവുക! ജയത്തിനും ശിവത്തിനുമായി ഗമിച്ചാലും. ബ്രഹ്മാവും, ശിവനും, കാശൃപനും, വാനവരും, സരിത്തുക്കളും, ക്ഷേത്രങ്ങളും, ഔഷധികളും, യജ്ഞവാഹനും, ഛന്ദസ്സും, ഋഷികളും, ഊഴിയും, ആഴികളും, ദക്ഷിണസ്തോമവ്യക്ഷഗ്രഹപിതാക്കളും, ദേവപത്നീ  ദേവകന്യാ ദേവമാതാക്കളും, മന്വന്തരങ്ങളും, ഗോക്കളും, ഹരിയും, ചന്ദ്രസൂര്യന്മാരും, സാവിത്രിയും, ബ്രഹ്മവിദ്യയും, ഋതുക്കളും, മന്ധരവും, ക്ഷണം, ലവം, മുഹൂര്‍ത്തം, നിമേഷം, യുഗപര്യയം എന്നിവയും, എല്ലാവരും ഭവാനെ രക്ഷിക്കട്ടെ! സുഖമായ കാര്യലാഭത്തിനായി അല്ലയോ യാദവാ, ഭവാന്‍ പോയാലും. പ്രമാദം കൂടാതെ, ക്ലേശം കൂടാതെ, സന്മതേ, ഭവാന്‍ യാത്ര പോയാലും.

ഇപ്രകാരം സ്വസ്ത്യയനം ചെയ്ത്‌ കപീന്ദ്രകന്യകയുടെ അനുമതിയോടു കൂടി നരാഗ്ര്യനായ കൃഷ്ണന്‍ അച്ഛന്റേയും അമ്മയുടേയും, രാജാവായ ആഹുകന്റേയും സമീപത്തെത്തി. വിദ്യാധരരാജാവിന്റെ പുത്രി ദുഃഖാര്‍ത്തയായി പറഞ്ഞ വൃത്താന്തം ഉണര്‍ത്തിച്ചു. അവരുടെയെല്ലാം സമ്മതം മൂറയ്ക്കു വാങ്ങി. എന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന ഗദനോടും, ബലഭ്രദ്രനോടും യാത്രപറഞ്ഞു. അവരെല്ലാം ഉടനെ പറഞ്ഞു: "ഭവാന്‌ അവിഘ്നമായി തപസ്സു വര്‍ദ്ധിക്കട്ടെ!".

ഗുരുജനങ്ങളുടെ സമ്മതം വാങ്ങി ഗരുഡനെ മനസ്സില്‍ ധ്യാനിച്ചു. ഉടനെ ഗരുഡന്‍ വന്നു. അവന്റെ ചുമലില്‍ ഞാന്‍ കയറി. അവന്‍ ക്ഷണം കൊണ്ട്‌ എന്നെ ഹിമാദ്രിയിലെത്തിച്ചു. പിന്നെ ഞാന്‍ ഗരുഡനെ പറഞ്ഞയച്ചു.

ഞാന്‍ ആ പര്‍വ്വതത്തില്‍ അത്ഭുതകരമായ പല വസ്തുക്കളും ദര്‍ശിച്ചു. തപസ്സു ചെയ്യുവാന്‍ വിചാരിക്കുന്നവര്‍ക്കു പറ്റിയ അതിശ്രേഷ്ഠമായ, അത്ഭുതകരമായ ഒരു ക്ഷേത്രം കണ്ടു. അതു ദിവ്യനും, വൈയാഘ്രപാദ്യനുമായ ഉപമന്യു എന്ന മഹര്‍ഷിയുടെ ആശ്രമമാണ്‌. ആ സ്ഥലം ദേവഗന്ധര്‍വ്വാര്‍ച്ചിതവും, ബ്രഹ്മലക്ഷ്മിയുളള ഇടവുമായിരുന്നു. അവിടം ധവം, ക്കുഭം, കദംബം, കേരവൃക്ഷം, കുരവകം, കേതകം, ജംബു, പാടലം, വടം, വരുണകം, വത്സനാഭം, വില്വം, സരളം, കപീത്ഥം, പ്രിയാളം, സാലം, താലം, ബദരി, ഇംഗുദം, ഹിംഗു, പുന്ന, അശോകം, ആമ്രം, അതിമുക്തകം, ഇരിപ്പ, കൊന്ന, ചമ്പകം, പിലാശു ഇങ്ങനെ പല കാട്ടുവ്യക്ഷങ്ങളും, മനോഹരമായി പൂവും കായുമായി നില്ക്കുന്നു. പല തരം ലതകളും ചുറ്റിപ്പടര്‍ന്ന് പൂത്തുനില്ക്കുന്നു. ധാരാളം വാഴകള്‍ തിങ്ങി അഴകാര്‍ന്ന് നില്ക്കുന്നു. പലതരം പക്ഷികളും ചിന്നുന്ന ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. സ്ഥാനം തോറും പലയിടത്തും വെച്ചിരിക്കുന്ന ഭസ്മകൂടങ്ങള്‍ കാണാം. രുരു, മാന്‍, കുരങ്ങ്‌, സിംഹം, പുലി എന്നിവ ധാരാളം ചുറ്റി സഞ്ചരിക്കുന്നു. പുളളിമാനും, മയിലും. പൂച്ചയും, പാമ്പ്‌, മറ്റു പല മൃഗങ്ങള്‍, പോത്ത്‌, കരടി എന്നിവയും ചേര്‍ന് ഓടി നടക്കുന്നു. മദം ചേര്‍ന്ന ആനകളും, സന്തോഷത്തോടെ പറക്കുന്ന ഖഗജാലങ്ങളും ആ കാട്ടില്‍ ധാരാളം കാണുമാറായി. പുതിയ പുഷ്‌പങ്ങളണിഞ്ഞ്‌ മഴക്കാറു പോലെ നീലനിറത്തില്‍ പ്രകാശിക്കുന്ന വിചിത്രമായ ദ്രുമജാലങ്ങളും അവിടെ ധാരാളമായി കണ്ടു. പൂമ്പൊടി ചിന്നി, മദഗന്ധം കലര്‍ന്ന്‌, ദിവ്യസ്ത്രീകളുടെ പാട്ടും ചേര്‍ന്ന ഇളംകാറ്റ്‌ സുഖമായി അവിടെയെങ്ങും ചുറ്റിവീശി. ധാരാനിനാദവും, മയിലിന്റെ നാദ വും, ശുകങ്ങളുടെ ശബ്ദവും ഇടകലര്‍ന്ന് ഉദാരന്മരായ കിന്നരന്മാരുടെ ഗീതനാദവും ചേര്‍ന്ന് എന്ന് മാത്രമല്ല, സാമവേദം ചൊല്ലുന്ന ഗീതവും ആ സ്വനങ്ങളോടെ കലര്‍ന്ന് ആ കാട്‌ ഹൃദയഹാരിയായി ശോഭിച്ചു.

എന്നുമാത്രമല്ല, അവിടെ അന്യര്‍ക്ക്‌ ചിന്തിക്കുവാന്‍ പോലും കഴിയാത്ത മാഹാത്മ്യത്തോടു കൂടിയ സരസ്സുകള്‍ കാണപ്പെട്ടു. പൂക്കള്‍ മിന്നുന്ന വിശാലമായ അഗ്നിശാലയാല്‍ ആ ആശ്രമം അലംകൃതമായിരുന്നു. മനോജ്ഞവും, പുണ്യവും, പരിശുദ്ധവുമായ ഗംഗാനദിയാല്‍ അവിടം ശോഭായമാനമായിരുന്നു. ധര്‍മ്മിഷ്ഠന്മാരില്‍ ശ്രേഷ്ഠന്മാരും, ഹുതമായ അഗ്നിയോടു തുല്യത വഹിക്കുന്നവരുമായ മഹര്‍ഷിമാര്‍ ചേര്‍ന്ന അഴകാര്‍ന്ന ഇടമാണത്‌. അങ്ങനെയുള്ള മഹര്‍ഷിമാരാല്‍ പരിപാവനവും മനോഹരവുമാണ്‌ ആ സ്ഥലം.

ചിലര്‍ ധൂമം മാത്രം കഴിക്കുന്നു. ചിലര്‍ വെയില്‍ മാത്രം കൊണ്ടു ജീവിക്കുന്നു. ചിലര്‍ പാല്‍ മാത്രം കുടിക്കുന്നു. അങ്ങനെയുള്ള ബ്രാഹ്മണര്‍ അവിടെ അധിവസിക്കുന്നു. ഗോവിനെപ്പോലെ ചരിക്കുന്നവരും, അശ്മകുട്ടന്മാരും, ദന്തോലൂഖലിമാരും, മൃഗങ്ങളെപ്പോലെ സഞ്ചരിച്ച്‌ പുല്ലുതിന്ന് ജീവിക്കുന്നവരും, പശുക്കുട്ടികളുടെ വായില്‍ നിന്നൊഴുകുന്ന പത മാത്രം നക്കിക്കുടിച്ച്‌ ജീവിക്കുന്നവരും (ഉപദ്രവം ആര്‍ക്കും ചെയ്യാതെ അഹിംസാപരന്മാരായി ജീവിക്കുന്നവര്‍), സൂര്യരശ്മി മാത്രം പാനംചെയ്ത്‌ ജീവിക്കുന്നവരും, അരയാലിന്റെ കായ്കള്‍ മാത്രം തിന്ന് ജീവിക്കുന്നവരും, ജലം മാത്രം പാനം ചെയ്തു ജീവിക്കുന്നവരും, ക്ലേശത്തോടെ അതാതു നിയമം ആചരിക്കുന്നവരുമായ താപസന്മാര്‍ അവിടെ വസിക്കുന്നു, ഇങ്ങനെ അവിടെ പലവിധം താപസികന്മാരേയും കണ്ട്‌ ഞാന്‍ അങ്ങോട്ടു കയറിച്ചെല്ലുവാന്‍ തുടങ്ങി.

മാന്യരായ സുരവ്രജങ്ങളാല്‍ നല്ലപോലെ പൂജിക്കപ്പെട്ടവനായി, പുണ്യമായ വാക്കുകള്‍ കൊണ്ട്‌ പുണ്യവാന്മാരാല്‍ പൂജിതനായി, മഹാശയന്മാരാല്‍ അവിടെ ആദരവോടെ സ്വാഗതം ചെയ്യപ്പെട്ടവനായി, ഞാന്‍ നഭസ്സില്‍ ചന്ദ്രമണ്ഡലം പോലെ വിളങ്ങി. കീരിയും പാമ്പും, മാനും പുലിയും, പരസ്പരമുളള വിരോധം വിട്ട്‌ മിത്രങ്ങളെപ്പോലെ അവിടെ സഞ്ചരിക്കുന്നതായി കണ്ടു. മഹാത്മാക്കളുടെ പ്രഭാവത്താല്‍, തപോദീപ്തരായ യോഗ്യന്മാര്‍ സന്നിധി ചെയ്തതു മൂലം നൈസര്‍ ഗ്ഗികമായ വൈരം പോലും അവിടെ കാണപ്പെട്ടില്ല. സര്‍വ്വഭൂത മനോഹാരിയായ ആ ശ്രേഷ്ഠാശ്രമ ഭൂമിയില്‍ വേദവേദാംഗരായ വിപ്രശാര്‍ദ്ദൂലന്മാര്‍ വാഴുകയാല്‍ അവിടെ പ്രകൃതി വിരോധം പോലും കാണപ്പെട്ടില്ല. നാനാ നിയമങ്ങളില്‍ വിഖ്യാതരും യോഗ്യരുമായ ഋഷിമാര്‍ വസിക്കുന്ന ആ ആശ്രമ ത്തില്‍ കയറുമ്പോള്‍ ഞാന്‍ ജടാചീരധാരിയായ പ്രഭുവിനെ ദര്‍ശിച്ചു. തേജസ്സുകൊണ്ടും തപസ്സുകൊണ്ടും തീപോലെ ഉജ്ജ്വലിക്കുന്ന ശരീരത്തോടുകൂടിയ ബ്രാഹ്മണേന്ദ്രന്‍ ശിഷ്യരോടു കൂടി അവിടെ വിളങ്ങുന്നു.

ഞാന്‍ സമീപത്തുചെന് ആ ഋഷിവര്യന്റെ മുമ്പില്‍ തല കുമ്പിട്ടു നമസ്കരിച്ചു ഉടനെ ആ ഋഷിവര്യനായ ഉപമന്യു എന്നോടു പറഞ്ഞു: അല്ലയോ പുണ്ഡരീകാക്ഷാ. അങ്ങയ്ക്കു സ്വാഗതം! എന്റെ തപസ്സ്‌ സഫലമായിരിക്കുന്നു. ഇന്നിതാ ഞാന്‍ കാണേണ്ടവനെ കാണുന്നു. അങ്ങ്‌ എന്നെ വന്ന് കാണുകയാല്‍ ഞാന്‍ കൃതാര്‍ത്ഥനായിരിക്കുന്നു.

ഞാന്‍ അവനെ കൈകൂപ്പി മൃഗങ്ങളിലും പക്ഷികളിലും അഗ്നിയിലും ധര്‍മ്മത്തിലും ശിഷ്യരിലും എന്റെ അന്വേഷണം, അവയ്ക്കെല്ലാം കുശലമല്ലെ എന്ന് ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. ഭഗവാനായ ഋഷി എന്റെ കുശലപ്രശ്നം കേട്ട് വളരെ ഭംഗിയായി സൌമ്യമായി ഇപ്രകാരം പറഞ്ഞു; അല്ലയോ കൃഷ്ണാ, ഭവാന് അനുരൂപനായ പുത്രനെ ലഭിക്കും, തീര്‍ച്ചയാണ്‌. ഭവാന്‍ ഈശാനനായ പരമേശ്വരനെ തപസ്സു കൊണ്ടു സന്തോഷിപ്പിക്കുക. ഇവിടെ മഹാദേവന്‍ പത്നിയോടൊപ്പം അല്ലയോ അധോക്ഷജാ! ക്രീഡിക്കാറുണ്ട്‌.

ഇവിടെ ഈ ദേവപ്രവരനെ പണ്ട്‌ ദേവന്മാരും മുനീന്ദ്രന്മാരും സത്യം, ദമം, തപസ്സ്‌, ബ്രഹ്മചര്യം എന്നിവ കൊണ്ട്‌ സന്തോഷിപ്പിച്ച്‌ ശുഭമായ ഇഷ്ടങ്ങള്‍ നേടിയിട്ടുണ്ട്‌ ജനാര്‍ദ്ദനാ! തേജസ്സിന്നും തപസ്സിന്നും നിധിയായ ഭഗവാന്‍ ശുഭാശുഭാഢ്യമായ ഭാവങ്ങള്‍ വിസര്‍ജ്ജിച്ചും ഗ്രസിച്ചും ഇവിടെ അചിന്ത്യനായ ആ ദേവന്‍ ദേവിയോടൊപ്പം വര്‍ത്തിക്കുന്നുണ്ട്‌. അല്ലയോ ശത്രുഘ്നാ, നീ നിനയ്ക്കുന്നവന്റെ സാന്നിദ്ധ്യം ഇവിടെയുണ്ട്‌.

പണ്ട്‌ ഹിരണ്യകശിപു എന്ന ദൈത്യന്‍ മേരുപര്‍വ്വതം കുലുക്കിയവനാണ്‌. അവന്‍ പത്തുകോടി സംവത്സരം സുരന്മാരുടെ ഐശ്വര്യം ശര്‍വ്വനെ പ്രസാദിപ്പിച്ച്‌ ഏറ്റുവാങ്ങി. അവന്റെ മഹാനായ പുത്രന്‍ മന്ദരന്‍ എന്ന് പ്രസിദ്ധനായവന്‍ മഹാദേവനില്‍ നിന്ന് വരം വാങ്ങി, ഒരു പത്തുകോടി സംവത്സരം ശക്രനുമായി പോരാടി. ആ ഘോരമായ വിഷ്ണു ചക്രവും, ദേവേന്ദ്രന്റെ വജ്രവും ആ "ഗ്രഹ"ത്തിന്റെ അംഗത്തില്‍ തട്ടി തകര്‍ന്നു പോയി കേശവാ! ഭഗവാന്‍ അങ്ങയ്ക്കു തന്ന ആ ചക്രം അല്ലയോ അനഘാശയാ! വെള്ളത്തില്‍ വാഴുന്ന ബലഗര്‍വ്വിയായ ദൈതൃനെ കൊന്നു കളഞ്ഞു. വൃഷാങ്കന്‍, മഹാദേവന്‍ തീര്‍ത്തതാണ്‌ അനഘ പ്രഭമായി ജ്വലിക്കുന്ന, തേജോദുര്‍ദ്ധര്‍ഷമായതും പിനാകിയൊഴികെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതും അത്ഭുതകരമായതുമായ സുദര്‍ശനമാണ്‌ ഇതെന് അന്നു തന്നെ ഭഗവാന്‍ പറഞ്ഞു. അതും ധീമാനും ഗ്രഹാത്മാവുമായ അവന്റെ ദേഹത്തില്‍ തട്ടി തകര്‍ന്നു പോയി കേശവാ! അവന്റെ ദേഹത്തില്‍ ഒരു ശസ്ത്രവും കയറുകയില്ല. നുറു ചക്രങ്ങളും നൂറു വജ്രങ്ങളും കയറുകയില്ലെന്നു വന്നു.

അങ്ങനെ ബലവാനായ ആ ഗ്രഹന്‍ വന്ന് പീഡിപ്പി ക്കുവാന്‍ തുടങ്ങിയപ്പോള്‍ ദേവകള്‍ ശിവന്റെ പ്രസാദമുള്ള അസുരന്മാരാല്‍ പീഡിതരായി. ഭവാന്‍ സന്തോഷിച്ച്‌ മറ്റൊരസുരനില്‍, വിദ്യുല്‍പ്രഭന്‍ എന്നവനില്‍ പ്രസാദിച്ചു ത്രൈലോക്യ ഐശ്വര്യം ദാനംചെയ്തു. അവന്‍ നൂറായിരം സംവത്സരം ത്രൈലോക്യ ഐശ്വര്യം അനുഭവിച്ചു എന്നു തന്നെയല്ല അദ്ദേഹം അവനെ തന്റെ അനുചരനുമാക്കി. അപ്രകാരംതന്നെ അവന് ആയിരം സന്താനങ്ങളുണ്ടാകുവാന്‍ അനുഗ്രഹിക്കയും ചെയ്തു. രാജ്യത്തിന് ഭഗവാനായ ആ അജന്‍ കുശദീപം നല്കുകയും ചെയ്തു. അപ്രകാരം മഹാസുരനും ബ്രഹ്മസൃഷ്ടനുമായ ശതമുഖന്‍ എന്ന മഹാസുരന്‍ തന്റെ മാംസം മുറിച്ചെടുത്ത്‌ അഗ്നിയില്‍ ഹോമിച്ചു. അങ്ങനെ ഒരു നൂറ്റാണ്ടു നിന്ന് തപസ്സു ചെയ്തു. ഒടുവില്‍ ശിവന്‍ പ്രസാദിച്ചു. ഭഗവാന്‍ അവനോട്‌ എന്തു വരമാണ്‌ വേണ്ടതെന്ന് ചോദിച്ചു. അല്ലയോ ദേവാ, ലോകം മുഴുവന്‍ എനിക്കാകണം. ശാശ്വതമായ ബലവും, പുതിയ ലോകം സൃഷ്ടിക്കുവാനുള്ള കഴിവും, അല്ലയോ മഹേശ്വരാ, അങ്ങ്‌ എനിക്കു നല്കണം!

ഭഗവാന്‍ ശങ്കരന്‍ പറഞ്ഞു: "അപ്രകാരം തന്നെ ഭവി ക്കട്ടെ!" എന്ന്.

പണ്ട്‌ സ്വായംഭുവനായ ക്രതു (ബ്രഹ്മാവ്‌) പുത്രാര്‍ത്ഥമായി തപസ്സു ചെയ്തു. യോഗം കൊണ്ട്‌ ആത്മാവില്‍ മൂന്നൂറു വര്‍ഷം നിന്നു. അവനും ക്രതുവിന് തുല്യരായ ആയിരം മക്കളെ നല്കി. അല്ലയോ കൃഷ്ണാ! നീ തീര്‍ച്ചയായും യോഗേശ്വരനും യോഗഗീതനുമായ ശങ്കരനെ അറിയും.

മഹാധാര്‍മ്മികനായ യാജ്ഞവൽക്യ മഹര്‍ഷി മഹാദേവനെ ആരാധിച്ച്‌ വലിയ യശസ്സ്‌ സമ്പാദിച്ചു. യോഗാത്മാവായ, പരാശരനായ വേദവ്യാസന്‍ ശങ്കരനെ ആരാധിച്ച്‌ വലിയ യശസ്സു നേടി. പണ്ട്‌ ഇന്ദ്രന്‍ ബാലഖില്യരെ നിന്ദിച്ചു. ക്രുദ്ധരായ അവര്‍ രുദ്രഭഗവാനെ തപസ്സു കൊണ്ടു സന്തോഷിപ്പിച്ചു. അവരോടും പ്രീതനായ ജഗത്പതി പറഞ്ഞു: തപസ്സു കൊണ്ടു നിങ്ങള്‍ സോമഹാരിയായ സുപര്‍ണ്ണനെ ഉണ്ടാക്കുന്നതാണ്‌. അങ്ങനെ പണ്ട്‌ ഗരുഡന്‍ ഉണ്ടായി. അമൃതഹരണം ചെയ്തു.

പണ്ട്‌ മഹാദേവന്റെ രോഷം മുലം ജലം നശിച്ചു പോയി. പിന്നെ ദേവകള്‍ വേറെ ജലം സപ്തകപാലത്താല്‍ ഉണ്ടാക്കി. പിന്നെ രുദ്രന്‍ പ്രസാദിച്ചതിന് ശേഷമാണ്‌ ഭൂമിയില്‍ ജലം ഉണ്ടായത്‌. ബ്രഹ്മപുത്രനായ അത്രിയുടെ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു. ഇനി ഞാന്‍ ആ മുനിയുടെ പാട്ടില്‍ ഒരിക്കലും നില്ക്കുകയില്ല എന്ന് പറഞ്ഞ്‌ മുനിയെ ഉപേക്ഷിച്ച്‌ അവള്‍ മഹേശനെ ശരണം പ്രാപിച്ചു. അത്രിയെ ഭയന്ന് അവള്‍  നിരാഹാര വ്രതമെടുത്ത്‌ ശിവനെ മുന്നൂറു വര്‍ഷം ഭജിച്ചു. ദേവന്റെ പ്രസാദം ലഭിക്കുവാന്‍ അവള്‍ ഉലക്കമേല്‍ കിടന്നു. മഹേശ്വരന്‍ പ്രത്യക്ഷനായി, അവളോട്‌ ചിരിച്ചു പറഞ്ഞു: അല്ലയോ തപസ്വിനീ, നിനക്ക്‌ ഭര്‍ത്തൃ സംയോഗം കൂടാതെ തന്നെ ഒരു പുത്രന്‍ ജനിക്കും. രുദ്ര പ്രസാദത്താല്‍ ഉണ്ടാകും! യാതൊരു സംശയവുമില്ല. നിന്റെ വംശനാമത്താല്‍ അവന്‍ ഇഷ്ടംപോലെ സിദ്ധനാകും. അപ്രകാരം തന്നെ സംഭവിച്ചു.

ഭക്തസൗഖ്യകരനായ ദേവദേവനെ വികര്‍ണ്ണനും പ്രസാദിപ്പിച്ച്‌ അനുഗ്രഹം വാങ്ങി. അവന്‍ സിദ്ധനായി മധുസൂദനാ! സംശിതാത്മാവായ ശാകല്യന്‍ ഒമ്പതു നൂറ്റാണ്ടു കാലം മനോയജ്ഞത്താല്‍ ഭവാനെ ആരാധിച്ചു കേശവാ! ഭഗവാന്‍ അവനില്‍ സന്തോഷിച്ച്‌ നീ ഗ്രന്ഥകാരനാകും എന്ന് പറഞ്ഞു. ഉണ്ണീ, നിനക്ക്‌ അക്ഷയമായ കീര്‍ത്തി മൂന്ന് ലോകത്തിലും ഉണ്ടാകും. മഹര്‍ഷിമാര്‍ ഉണ്ടാകുന്ന നിന്റെ വംശം ക്ഷയിക്കുന്നതല്ല. നിന്റെ പുത്രനായ ദ്വിജശ്രേഷ്ഠന്‍ "സൂത്രകാരനു"മാകും.

സാവര്‍ണ്ണിയായി ഒരു ഋഷി കൃതയുഗത്തില്‍ പ്രസിദ്ധനായി ഉണ്ടായി. അവന്‍ ഇരുപതു നൂറ്റാണ്ടു കാലം ഇവിടെ തപസ്സു ചെയ്ത്‌ ഭഗവാനെ പ്രതൃക്ഷനാക്കി. ഭഗവാന്‍ അവന് വരം നല്കി. ഞാന്‍ നിന്നില്‍ സന്തുഷ്ടനാകുന്നു. നീ പ്രസിദ്ധനായ ഒരു ഗ്രന്ഥകാരനാകും. നിന്റെ കീര്‍ത്തിക്ക്‌ യാതൊരു ജരയും നാശവും പറ്റുന്നതല്ല.

ശക്രനും പണ്ട്‌ കാശിയില്‍ വെച്ച്‌ അല്ലയോ ജനാര്‍ദ്ദനാ, ഭക്തിയോടെ ദിഗംബരനായ ഭസ്മധാരിയെ ആരാധിച്ച്‌ അനുഗ്രഹം വാങ്ങി. മഹാദേവനെ ആരാധിച്ചു അവന്‍ ദേവേന്ദ്രനായി. പണ്ട്‌ ഭക്തിയോടെ നാരദമഹര്‍ഷിയും ഭവാനെ ആരാധിച്ചു. ഗുരുവും ദേവഗുരുവുമായ ദേവന്‍ നാരദനോടു പറഞ്ഞു: തേജസ്സുകൊണ്ടും തപസ്സുകൊണ്ടും കീര്‍ത്തികൊണ്ടും ഭവാന്‌ കിടയായി ആരും ലോകത്തിലില്ല. ഭവാന്‍ ഗീതവാദ്യങ്ങള്‍ കൊണ്ട്‌ എന്നെ നിശ്ചയമായും പിന്‍തുടരും എന്ന് വരം നല്കി.

സാക്ഷാല്‍ പശുപതിയായ ദേവനെ പണ്ടു ഞാനും കണ്ടവിധം ഭവാന്‍ കേട്ടാലും മാധവാ! ഞാന്‍ ആ ദേവനെ എന്തിനായിട്ടാണ്‌ പ്രയതാശയനായി പ്രഭുവായ ആ ദേവനെ ഉണര്‍ത്തിയത്‌, അതു ഞാന്‍ വിസ്മരിച്ചു പറയാം. ഭവാന്‍ കേട്ടാലും.

ദേവദേവനായ മഹാദേവനില്‍നിന്ന് ഞാന്‍ എന്താണ്‌ നേടിയതെന്നുമെല്ലാം ഒന്നും വിടാതെ പറയാം, അനഘാശയാ! അതും ഭവാന്‍ കേള്‍ക്കുക. മുമ്പെ കൃതയുഗത്തില്‍ പ്രസിദ്ധനായ ഒരു മുനിയുണ്ടായിരുന്നു. വ്യാഘ്രപാദന്‍ എന്നാണ്‌ അവന്റെ പേര്‌. വേദവേദാംഗപാരഗനായിരുന്നു അവന്‍. അവന് പുത്രനായി ഞാന്‍ ജനിച്ചു. എന്റെ അനുജനായി ധൗമ്യനും ഉണ്ടായി. ഒട്ടുകാലം ചെന്നതിന് ശേഷം ധൗമ്യനോടു കൂടി അല്ലയോ മാധവാ! കുളിച്ച്‌ ആത്മജ്ഞന്മാരായ മുനിമാരുടെ ആശ്രമത്തില്‍ ചെന്നു. അവിടെ വെച്ച്‌ ഞാന്‍ ഒരു കറവപ്പശുവിനെ കണ്ടു. സ്വാദു കൊണ്ട്‌ അമൃതിന് തുല്യമായിരുന്നു അതിന്റെ പാല്‌ എന്നതും ഞാന്‍ അനുഭവിച്ചറിഞ്ഞു.

അങ്ങനെ ഒരു ദിവസം ഞാന്‍, എന്റെ ചെറുപ്പം കൊണ്ട്‌, എന്റെ അമ്മയോടു പറഞ്ഞു: "അമ്മേ, എനിക്ക്‌ ഉണ്ണാന്‍ കുറച്ചു പാല്‍പ്പായസം വെച്ചുതരണം". പാലില്ലാതെ അമ്മ ദുഃഖിച്ചു. എന്തുചെയ്യാം! എന്റെ അമ്മ അപ്പോള്‍ അരിപ്പൊടി വെള്ളത്തില്‍ കലക്കി ഞങ്ങള്‍ക്ക്‌ ഇതാ പാല്‌ എന്ന് പറഞ്ഞു കൊണ്ടു വന്ന് തന്നു. ഞാന്‍ മുമ്പൊരിക്കല്‍ പശുവിന്‍ പാല്‌ കുടിച്ചിട്ടുണ്ട്‌. അച്ഛന്‍ എന്നെ ജ്ഞാതികളുടെ ഗൃഹത്തില്‍ മുമ്പ്‌ യജ്ഞത്തിന് കൊണ്ടുപോയ അന്ന് പശുവിന്‍പാല്‍ കുടിച്ചിട്ടുണ്ട്‌. അവിടെ ദിവ്യയായ, സുരനന്ദിനിയായ പശു പാല്‍ ചുരത്തുന്നുണ്ടായിരുന്നു. അവളുടെ പാല്‍ അന്ന് ഒരു ദിവസം ഞാന്‍ കുടിച്ചിട്ടുണ്ട്‌. അത്‌ അമൃതിന് തുല്യമാണ്‌. അന്നാണ്‌ പശുവിന്‍ പാലിന്റെ ഗുണം ഞാന്‍ അറിഞ്ഞത്‌.

എനിക്ക്‌ അമ്മ കലക്കിത്തന്ന പിഷ്ടരസമാകട്ടെ തീരെ രസമുണ്ടാക്കിയില്ല. എന്റെ വിവരമില്ലായ്മ കൊണ്ട്‌ ഞാന്‍ അമ്മയോട്‌ പറഞ്ഞു: "ഇത്‌ പാല്‍പ്പായസമല്ല! അമ്മേ, അമ്മ തന്നത്‌ തീര്‍ച്ചയായും പാല്‍പ്പായസമല്ല!". എന്റെ വാക്കു കേട്ട്‌ അമ്മയ്ക്കു സങ്കടമായി. അമ്മ ദുഃഖശോകാര്‍ത്തയായി എന്നെ അരികില്‍ പിടിച്ചു നിര്‍ത്തി സസ്നേഹം പുല്‍കി: മൌലിയില്‍ ഘ്രാണിച്ചു മാധവാ എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: ഉണ്ണീ, ഭാവിതാത്മാക്കളായ മുനികള്‍ക്ക്‌ പാല്‍ച്ചോറ്‌ എവിടെ നിന്ന് കിട്ടാനാണ്‌. കാട്ടില്‍ താമസിക്കുന്ന അവര്‍ വല്ല കായോ, കിഴങ്ങോ മറ്റോ അല്ലേ തിന്നു ജീവിക്കുന്നത്‌? ബാലഖില്യര്‍ വസിക്കുന്ന നദീതീരത്തിരിക്കുമ്പോള്‍ എവിടെ നിന്ന് പാലു കിട്ടാനാണ്‌? മലയില്‍, കാട്ടില്‍ വസിക്കുന്നവര്‍ക്ക്‌ എവിടെ നിന്ന് പാല്‍ കിട്ടും? ഉണ്ണീ, ഈ വലിയ കാട്ടില്‍ പാല്‌ കിട്ടുകയില്ല. ഈ കാട്ടിലൊന്നും പശുക്കള്‍ പാര്‍ക്കുന്നില്ല. ഉണ്ണീ, നദിയിലും, ഗുഹയിലും, കുന്നിലും, പല തീര്‍ത്ഥങ്ങളിലും തപസ്സു ചെയ്തു ജീവിക്കുന്ന നമ്മള്‍ക്ക്‌ ശിവന്‍ മാത്രമാണ്‌ ഒരാശ്രയം. ഉണ്ണീ, ശിവനെ പ്രസാദിപ്പിക്കാതെ നമുക്ക്‌ എവിടെ നിന്ന് പാല്‍ച്ചോറു ലഭിക്കും? എവിടെ നിന്ന് വസ്ത്രങ്ങള്‍ ലഭിക്കും? ആ ദേവന്‍ വരദനാണ്‌. അവ്യയനും, വിരൂപാക്ഷനുമായ ആ ദേവനെ നാം പ്രസാദിപ്പിക്കണം. എല്ലാ ഭാവം കൊണ്ടും സദാ ശങ്കരനെ ചെന്ന് നീ ആശ്രയിക്കുക. അവന്റെ പ്രസാദത്താല്‍ കാമം വഴി പോലെ, വേണ്ടതൊക്കെ പുത്രാ, നീ നേടുക.

അല്ലയോ ശത്രുനാശനാ! അമ്മ പറഞ്ഞു കേട്ടപ്പോള്‍ അന്നു മുതല്‍ കൈകുപ്പി, തല കുമ്പിട്ട്‌ ഞാന്‍ അമ്മയോട്‌ ചോദിക്കുകയായി; "അമ്മേ, ആരാണ്‌ ഈ മഹാദേവന്‍! അവന്‍ എങ്ങനെയാണ്‌ അമ്മെ പ്രസാദിക്കുക! എവിടെയാണ്‌ ആ മഹാദേവന്‍ താമസിക്കുന്നത്‌? അവനെ എങ്ങനെയാണ്‌ കാണാന്‍ കഴിയുക? എങ്ങനെ ശര്‍വ്വന്‍ സന്തോഷിക്കും? അവന്റെ രൂപം എങ്ങനെയാണ്‌? എങ്ങനെയാണ്‌ അവനെ അറിയുക? അവനെ തെളിഞ്ഞ്‌ എങ്ങനെ കാണും? ഞാന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അമ്മ ശിരസ്സില്‍ ഘ്രാണിച്ച്‌, ഹേ കൃഷ്ണാ, ഗോവിന്ദാ! എന്റെ അമ്മ, പുത്ര വത്സലയായ അമ്മ, കണ്ണുനീര്‍ പ്രവഹിക്കുന്ന നേത്രങ്ങളോടെ എന്റെ ദേഹം തഴുകി, ദുഃഖത്തോടെ സുരോത്തമാ, മധുസുദനാ, ഇപ്രകാരം പറഞ്ഞു.

അമ്മ പറഞ്ഞു: അകൃതാത്മാക്കള്‍ക്ക്‌ മഹാദേവനെ അറിയുവാന്‍ വളരെ വിഷമമാണ്‌. ഈ അകൃതാത്മാക്കള്‍ക്ക്‌ അവന്റെ മഹത്വമെന്തെന്ന് ഗ്രഹിക്കുവാനുള്ള കഴിവു കാണുന്നില്ല. അവനെ മനസ്സിലാക്കുവാനോ, ഒരു നോട്ടം നോക്കിക്കാണുവാനോ കഴികയില്ല. ദുര്‍ഗ്രാഹ്യനാണ്‌, ദുര്‍വ്വിദനാണ്‌. അവന് പല രൂപങ്ങളും ഉണ്ടെന് ജ്ഞാനികള്‍ പറയുന്നു. അവന്റെ സ്ഥാനങ്ങളും വിചിത്രങ്ങളാണ്‌. പ്രസാദങ്ങള്‍ പല വിധത്തിലാണ്‌. തത്വത്തോടെ ഈശ്വരന്റെ ശുഭമായ ചരിതത്തെ ആരറിയുന്നു? പണ്ട്‌ ഏതെല്ലാം രൂപങ്ങള്‍ ദേവദേവന്‍ എടുത്തുവോ, അതാതു രൂപങ്ങളില്‍ ക്രീഡിക്കുകയും പ്രസാദിക്കുകയും ചെയ്തു. എല്ലാ ഭൂതങ്ങളുടേയും ഹൃദയത്തില്‍ വസിക്കുന്ന മഹേശ്വരന്‍ വിശ്വരൂപനാണ്‌. ഭക്തരില്‍ കനിവോടെ പ്രത്യക്ഷമാകും. അങ്ങനെയാണ്‌ പ്രസിദ്ധി. മുനിമാര്‍ ദിവ്യവും ശുഭവുമായ ഈശാന ചരിതം സ്തുതിക്കുന്നു. വിപ്രന്മാരുടെ അനുഗ്രഹത്തിനുളള അവ ഞാന്‍ പറയാം. ഉണ്ണീ, നീ കേള്‍ക്കുക. നീ ചോദിച്ചത്‌ ഞാന്‍ ചുരുക്കിപ്പറയാം.

ബ്രഹ്മാവ്‌, വിഷ്ണു, സുരേന്ദ്രന്മാര്‍, രുദ്രന്‍, ആദിത്യന്‍, അശ്വികള്‍, വിശ്വദേവന്മാര്‍ ഇവര്‍ക്കെല്ലാമുളള വപുസ്സ്‌ ഈ ഭവനാണ്‌ ഏന്തുന്നത്‌. നരന്മാര്‍ക്കും, നാരികള്‍ക്കും, പിശാചുകള്‍ക്കും, പ്രേതര്‍കള്‍ക്കും, കിരാതശബരന്മാര്‍ക്കും, പല ജലചരന്മാര്‍ക്കും, തക്ക ശരീരം ദേവന്‍ സ്വീകരിക്കും. കാടന്മാരുടേയും, വേടന്മാരുടേയും രൂപവും ദേവന്‍ എടുക്കും. ആമ, മത്സ്യം, ശംഖ്‌, പ്രവാളാങ്കുരമായ ഭൂഷണം, യക്ഷന്‍, അപ്സരസ്സ്‌, രക്ഷസ്സ്‌, ദനുജന്‍, ദൈതേയന്മാര്‍ ഇവരുടെ രൂപവും ഭവന്‍ കൈക്കൊള്ളും. ബിലത്തില്‍ കിടക്കുന്ന ജീവികളുടെ ശരീരവും ഭവന്‍ എടുക്കും. പുലി, സിംഹം, മാന്‍, കരടി, നരി, പക്ഷികള്‍, കുറുക്കന്‍, നായ, കൂമന്‍ ഇവയുടെ രൂപവും എടുക്കും. അരയന്നം, കാക്ക, മയില്‍, കൃകുലാസം, വലാക, കഴുകന്‍, ചക്രവാകം എന്നിവയുടെ രൂപവുമെടുക്കും. തുല്യമല്ലാത്ത പര്‍വ്വതരുപവും എടുക്കും. ഗോരൂപനായ മഹാദേവന്‍ ആന, കുതിര, കഴുത, ആട്‌, നരി മുതലായ പല രൂപവും എടുക്കും. ദിവൃമായ അണ്ഡജങ്ങളുടേയും ദേഹം കൈക്കൊള്ളും. കുട, ദണ്ഡം, കിണ്ടി എന്നിവയെടുത്ത്‌ ബ്രാഹ്മണരൂപവും കൈക്കൊള്ളും. ആറു മുഖത്തോടു കൂടിയും, ബഹുമുഖനായും, മൂന്ന്ക ണ്ണുള്ളവനായും, അനേകം ശിരസ്സുളളവനായും, അനേകം അരക്കെട്ട്‌, അനേകം പാദ ങ്ങള്‍, അനേകം വയറുകള്‍, അനേകം മുഖങ്ങള്‍ ഇവയുള്ളവനായും കാണും. അനേകം പാണികളും, അനേകം പാര്‍ശ്വങ്ങളും, അനേകം ഗണങ്ങളുമുളളവനായും കാണും. ഋഷിയുടെ ആകൃതിയിലും, ഗന്ധര്‍വ്വന്റെ ആകൃതിയിലും, സിദ്ധചാരണന്മാരുടെ ആകൃതിയിലും കാണാം. ദേഹത്തില്‍ ശുഭ്രമായ ഭസ്മം പുശിയവനായും, ചന്ദ്രക്കലയണിഞ്ഞവനായും, അനേകം ഘോഷങ്ങളോടെ ആര്‍ക്കപ്പെട്ടവനായും, അനേകം സ്തുതി കേള്‍ക്കുന്നവനായും, സര്‍വ്വഭൂതങ്ങളുടേയും അന്തകനായും, ശര്‍വ്വനായും, സര്‍വ്വലോക പ്രതിഷ്ഠിതനായും, സര്‍വ്വ ലോകാന്തരാത്മാവായും, സര്‍വ്വഗനായും, സര്‍വ്വവാദിയായും ഭവാന്‍ പ്രശോഭിക്കുന്നു.

എല്ലായിടത്തും, എല്ലാവരുടേയും ഹൃദയത്തില്‍ സ്ഥിതനായ ഭഗവാന്‍ വിലസുന്നു. ദേവനെ ആഗ്രഹിച്ച്‌ ആശ്രയിച്ചാല്‍ ഇതൊക്കെ അറിയുവാന്‍ കഴിയും.

നിന്ദിക്കുകയും, കോപിക്കുകയും, ഹുങ്കാരം ചെയ്യുകയും ഭവാന്‍ ചെയ്യും. ചക്രി, ശൂലി, ഗദാപാണി, മുസലി, ഖൾഗി, പട്ടസി, ഭൂധരന്‍, നാഗമൗഞ്ജി, നാഗകുണ്ഡലകുണ്ഡലി, നാഗംകൊണ്ട്‌ പൂണുനൂലിട്ടവന്‍, നാഗചര്‍മ്മം കൊണ്ട്‌ ഉത്തരീയമിട്ടവര്‍ ഇങ്ങനെ പല വേഷത്തിലും ശിവനെക്കാണാം.

അവന്‍ ചിരിക്കും, പാടും, മനോഹരമായി നൃത്തം വെ ക്കും, വിചിത്രമായ വാദൃങ്ങള്‍ കൊട്ടും. തന്റെ ഭൂതഗണങ്ങളോടു ചേര്‍ന്ന് പല വിനോദങ്ങളും കാണിക്കും. ചാടും, ജൃംഭിക്കും, പിന്നെ കരയും, മറ്റുളളവരെ കരയിക്കും, ഉന്മത്തനെപ്പോലെ മത്താകൃതിയെടുത്തു പലതും ഭാസ്വരമായ സ്വരത്തില്‍ പറയും. ഉറക്കെ ചിരിക്കും. രൗദ്രരൂപത്തില്‍ കണ്ണുരുട്ടി പേടിപ്പെടുത്തും. ഉണരും, ഉറങ്ങും, സുഖമായ വിധം ജൃംഭിക്കും. ജപിക്കും, ജപിപ്പിക്കും, തപിക്കും, തപി പ്പിക്കും, കൊടുക്കും, വീണ്ടും യോഗംപൂണ്ടിരിക്കും, ധ്യാനത്തില്‍ ലയിക്കും. യൂപത്തിലും, വേദിമദ്ധ്യത്തിലും, ഗോഷ്ഠ മദ്ധ്യത്തിലും, അഗ്നിയിലും മഹാദേവനെ കാണാം. ബാലനായും, വ്യദ്ധനായും, യുവാവായും ശര്‍വ്വനെ കാണാം. ഋഷി കന്യകമാരോടു കൂടി ക്രീഡിക്കും. ഋഷിപത്നികളോടു കൂടിയും ക്രീഡിക്കും. ഉര്‍ദ്ധ്വകേശനും, മഹാവീര്യനും, നഗ്നനും, വികൃതലോചനനും, ഗൗരനും, ശ്യാമനും, കൃഷ്ണനും, പാണ്ഡുരനും, ധൂമ്രനും, ലോഹിതനും, വികൃതാക്ഷനും, വിശാലാക്ഷനും, ദിഗ്വാസനും (ദിഗംബരന്‍), സര്‍വ്വവിധ വസ്ത്രങ്ങളാലും അലങ്കരിക്കപ്പെട്ടവന്‍, അരൂപന്‍, ആദ്യരൂപന്‍, അതി രൂപാദികളായ രൂപമുളളവന്‍, അജന്‍, അനാദ്യന്തന്‍, ഈ വിധമുള്ള ദേവന്റെ അന്തവും തത്വവും ആരറിയുന്നു.

ഹൃദയത്തില്‍ പ്രാണന്‍, മനസ്സ്‌, ജീവന്‍, യോഗാത്മാവ്‌, യോഗസംജ്ഞിതന്‍, ധ്യാനം, തന്റെ പരമാത്മാവ്‌ ഇവയെല്ലാം അറിയുന്നവനാണ്‌ മഹേശ്വരന്‍.

കൊട്ടുകാരനും, പാട്ടുകാരനും, ആയിരം നൂറു കണ്ണുള്ളവനും, ഏകവക്ത്രനും ദ്വിമുഖനും ത്രിവക്ത്രനും ബഹുമുഖനുമായി ഭവന്‍ കാണപ്പെടും. തന്റെ ഭക്തന് വേണ്ടി അവനില്‍ പ്രവേശിച്ച്‌ അവന്റെ ഇഷ്ടം എപ്പോഴും ചെയ്യും. "ഉണ്ണീ, നീ മഹേശ്വരനെ ഭജിക്കുക. നിന്റെ സകല ആഗ്രഹവും നീ നേടും ഉറപ്പാണ്‌ ആ കാര്യം".

ഇപ്രകാരം അമ്മ പറഞ്ഞ വാക്കുകേട്ട്‌ അന്നുമുതല്‍ ഹേ ശത്രുനാശനാ! എനിക്കു മഹേശ്വരനില്‍ ഉറച്ച ഭക്തിയുണ്ടായി. പിന്നെ, ശങ്കരനെ ജപിച്ചു സന്തോഷിപ്പിച്ച്‌ ഒരായിരം വര്‍ഷം തളളവിരല്‍ മാത്രം ഊന്നി നിന്ന് തപസ്സു ചെയ്തു. പിന്നെ ഒരു നൂറ്റാണ്ടു കാലം കായ്ക്കള്‍ മാത്രം തിന്ന് ജീവിച്ചു. പിന്നെ, ജീര്‍ണ്ണിച്ചു വീഴുന്ന ഇല പെറുക്കിത്തിന്ന് രണ്ടു നൂറ്റാണ്ടു കഴിച്ചുകൂട്ടി. പിന്നെ, മൂന്ന് നൂറ്റാണ്ട്‌ ജലംമാത്രം കഴിച്ചു ജീവിച്ചു. ഏഴു നൂറ്റാണ്ടു കാറ്റുമാത്രം ഉണ്ടു ഞാന്‍ ജീവിച്ചു. ഇങ്ങനെ ദിവ്യമായ ആയിരം വര്‍ഷം ഞാന്‍ ശിവനെ ആരാധിച്ചവനാണ്‌. സര്‍വ്വലോകേശ്വരനായ പ്രഭു സന്തോഷിച്ചു. മുഖ്യനായ ഭക്തനാണെനറിഞ്ഞു പരീക്ഷിക്കുകയും ചെയ്തു. ശക്രന്റെ രൂപം സ്വീകരിച്ച്‌ സര്‍വ്വ ലോകഗണങ്ങളോടും കൂടി സഹസ്രാക്ഷനായി, വജ്രപാണിയായി, കീര്‍ത്തിമാനായി അവന്‍ സുധാസിതനായി, തുടും കണ്ണനായി, ചെവി വട്ടംപിടിച്ചവനും, മത്തനും തുമ്പി ചുരുട്ടിയവനും ഘോരാകാരനുമായ നാല്‍ക്കൊമ്പനാനയുടെ പുറത്തു കയറി സ്വന്തം തേജസ്സുകൊണ്ട്‌ ശോഭ വീശുന്നവനായി ഹാരകേയൂരങ്ങള്‍ കൊണ്ട്‌ ദേഹത്തിന് കാന്തി കൂട്ടിക്കൊണ്ട്‌ തലയ്ക്കു മുകളില്‍ വെണ്‍കൊറ്റക്കുട പ്രകാശിപ്പിച്ചു കൊണ്ട്‌ അപ്‌സരസ്സുകളാല്‍ സേവിതനായി ദിവ്യഗന്ധര്‍വ്വന്മാരുടെ ഘോഷത്തോടെ ഭഗവാന്‍ ഇന്ദ്രന്‍ എന്റെ അരികിലെത്തി. ഞാന്‍ അദ്ദേഹത്തെ നോക്കി. അപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു: അല്ലയോ ദ്വിജോത്തമാ! ഞാന്‍ അങ്ങയുടെ തപസ്സില്‍ സന്തോഷിക്കുന്നു. ഭവാന്‍ മനസ്സില്‍ വിചാരിക്കുന്ന വരം എന്തെന് പറഞ്ഞാലും! എന്നില്‍ നിന്ന് വരം വരിച്ചാലും.

ശക്രന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഞാന്‍ അതില്‍ പ്രീതിപ്പെട്ടില്ല. ഞാന്‍ ധൃഷ്ടനായി ദേവരാജാവിനോട്‌ ഇപ്ര കാരം പറഞ്ഞു: അല്ലയോ ഇന്ദ്രാ ഞാന്‍ നിന്നില്‍നിന്ന് വരമൊന്നും കാംക്ഷിക്കുന്നില്ല. മറ്റു ദേവന്മാരില്‍ നിന്നും കാംക്ഷിക്കുന്നില്ല. മഹാദേവനില്‍ നിന്നല്ലാതെ മറ്റൊരു ദേവനില്‍ നിന്നും ഞാന്‍ യാതൊരു വരവും കാംക്ഷിക്കുന്നില്ല ശക്രാ! ഞാന്‍ സത്യമാണീ പറഞ്ഞത്‌. സത്യം! സതും! ശക്രാ, ഈ വാക്ക്‌ എനിക്കേറ്റവും ഉറച്ചതാണ്‌. മഹേശ്വരനെ വിട്ട്‌ അന്യദേവന്റെ കഥ എനിക്കു ബാധിക്കുകയില്ല ഇന്ദ്രാ! പശുപതിയുടെ കൃപയാല്‍ ഞാന്‍ ഒരു കൃമിയായാലും കൊളളാം, വളരെ ശാഖയുള്ള ഒരു വ്യക്ഷമായാലും കൊളളാം, ശിവന്റെ വരമല്ലാതെ മറ്റൊരു ദേവനും തരുന്ന ത്രിഭുവനവിഭൂതിയായാലും അത്‌ എനിക്കാവശ്യമില്ല. ഹരനെ സേവിച്ചിട്ട്‌ എനിക്കൊരു പറയന്റെ ജന്മമാണ്‌ കിട്ടുന്നതെങ്കിലും അതെനിക്ക് തൃപ്തിയാണ്‌. ഗൗരീശനിലുള്ള ഭക്തി വിട്ട്‌ എനിക്ക്‌ ശക്രഗൃഹവാസവും ആവശ്യമില്ല.

വായു ഭക്ഷിച്ചു ജീവിച്ചാലും, ജലം മാത്രം കുടിച്ചു ജീവിച്ചാലും, അവന് അഴലിന് അന്തം വരണമെങ്കില്‍ സുരാസുരഗുരുവായ ഹരന്റെ, വിശ്വേശ്വരന്റെ ഭക്തി തന്നെ വേണം. മറ്റു ധര്‍മ്മമൊക്കുന്ന മറ്റുളളവരുടെ കഥാപ്രസംഗം, ഹരചരണസുരണം ഇല്ലാത്തതില്‍ രസിക്കുന്നവരുടെ കഥാപ്രസംഗം, എനിക്കു കേള്‍ക്കേണ്ടാ. ഹരന്റെ പാദത്തില്‍ ഭക്തിയോടു കൂടിയവനായി ഭവിക്കണം. വിപരീത കാലഘട്ടം വന്നു ചേരുമ്പോള്‍ സംസാരഭയം എന്ന രോഗം, ഹരഭക്തിയായ രസായനം അകത്തു ചെന്നാല്‍ പിന്നെ ഉണ്ടാവുകയില്ല.

ദിവസം മുഴുവന്‍, പകുതിദിവസം, മുഹൂര്‍ത്തസമയം, ക്ഷണനേരം, അല്പസമയം (ലവം) പ്രസാദം ലഭിക്കാത്തവന് (ഭവപ്രസാദം) ശിവനില്‍ ഭക്തിയുണ്ടാവുകയില്ല. ശങ്കരന്റെ ആജ്ഞ എന്തും എനിക്കിഷ്ടമാണ്‌. പുഴുവോ, പാറ്റയോ എന്തു പ്രാണിയും ആയിക്കൊളളട്ടെ. എടോ ശക്രാ, ഭവാന്‍ മൂന്ന് ലോകവും എനിക്കു തന്നാലും! ഞാന്‍ അതിനെ കാമി ക്കുകയില്ല.

ഈശ്വരന്റെ ഇഷ്ടം ഞാനൊരു ശ്വാവാകട്ടെ എന്നാണെങ്കില്‍ എനിക്ക്‌ അതും ഇഷ്ടമാണ്‌. ദേവരാജ്യം തന്നെ മഹേശ്വരന്‍ സമ്മതിച്ചു നല്കാതെ ഞാന്‍ ഇഷ്ടപ്പെടുകയില്ല.

എനിക്കു സുരാലയം ആവശ്യമില്ല. ദേവേന്ദ്രപട്ടവും വേണ്ടാ. ബ്രഹ്മാലയവും വേണ്ടാ. നിഷ്കളങ്കത്വവും വേണ്ടാ. എല്ലാവിധ കാമങ്ങളേയും എനിക്കു വേണ്ടെന്നു വെയ്ക്കാം. എനിക്കേറ്റവും ഇഷ്ടമായത്‌ ഹരന്റെ ദാസനായി ജീവിക്കുക എന്നതാണ്‌. ശുഭ്രമായ ശശാങ്കന്റെ കലചാര്‍ത്തിയ ശിരസ്സുളള ദേവന്‍ എന്നാണോ എനിക്ക്‌ അനുഗ്രഹം നല്കുന്നത്‌, അന്നേവരെ ഞാന്‍ ജര, മൃതി, ജന്മപാതം എന്നീ ദേഹവിഹിത ദുഃഖങ്ങള്‍ വഹിക്കുന്നതാണ്‌. അര്‍ക്കനെപ്പോലെയും അഗ്നിയെപ്പോലെയും, തേജസ്സോടെ പ്രശോഭിക്കുന്നവനും, ത്രിഭുവനസാരനും, അസാരനും, ആദ്യനും, ഏകനുമായ ദേവന്‍ അജ (ജനിക്കാത്തവന്‍)നും, അമരന്മാര്‍ക്ക്‌ ശുഭം നല്കുന്നവനുമായ മഹേശ്വരന്‍ പ്രസാദിക്കാതെ ഈ ജഗത്തില്‍ ഏതൊരുത്തനാണ്‌ ശാശ്വതമായ ശാന്തി ലഭിക്കുക? എന്റെ ദോഷം കൊണ്ടു വീണ്ടും ജന്മം ലഭിച്ചാലും ആ ജന്മങ്ങളിലെല്ലാം ഭവനില്‍ അക്ഷയമായ ഭക്തി എന്നില്‍ ഉണ്ടാകണം.

ശക്രന്‍ പറഞ്ഞു: മൂലങ്ങള്‍ക്കും മൂലമായി ഈശന്‍ ഉണ്ടെന്ന് പറയുന്നത്‌ എന്തു യുക്തിയാലാണ്‌? ശര്‍വ്വന്റെ പ്രസാദമല്ലാതെ മറ്റൊന്നും ഭവാന്‍ ഇച്ഛിക്കാതിരിക്കുവാനെന്താണ്‌ കാരണം?

ഉപമന്യു പറഞ്ഞു: ബ്രഹ്മവാദികളായ ജ്ഞാനികള്‍ സത്ത്‌ എന്നും അസത്ത്‌ എന്നും, വ്യക്തന്‍ എന്നും അവ്യക്തന്‍ എന്നും ആരെപ്പറ്റി പറയുന്നുവോ, നിത്യനെന്നും ഏകനെന്നും അനേകനെന്നും ആരെപ്പറ്റി പറയുന്നുവോ ആ മഹാദേവനായ ശിവനോടു ഞാന്‍ വരം അഭ്യര്‍ത്ഥിക്കുന്നു. ആദി, മദ്ധ്യം, അന്തം എന്നിവയില്ലാത്തവനും, അചിന്ത്യമായ ജ്ഞാനം, ഐശ്വര്യം എന്നിവയോടു കൂടിയവനും പരമാത്മാവായി വിളങ്ങുന്നവനുമായ ദേവന്‍ ഏതോ, ആ മഹാദേവനോടു ഞാന്‍ വരം അഭ്യര്‍ത്ഥിച്ചു കൊളളുന്നു. ഏതു ബീജത്തില്‍ നിന്ന് അഖില ഐശ്വര്യവും ഉണ്ടാക്കപ്പെട്ടിരിക്കുന്നുവോ ആ ബീജങ്ങള്‍ക്കൊക്കെ ബീജമായി നില്ക്കുന്നവനും മറ്റൊന്നില്‍ നിന്നല്ലാതെ തന്നില്‍ നിന്ന് തന്നെ ഉണ്ടായവനുമായ ദേവനില്‍ നിന്ന് ഞാന്‍ വരം വരിക്കുന്നു. തമസ്സിന്റെ മേലെയാണ്‌ ജ്യോതിസ്സ്‌, അതിലും മേലെയാണ്‌ തപസ്സ്‌. അതിനേക്കാളൊക്കെ മേലെയായി നില്ക്കുന്നതെന്തോ അതിനെ അറിഞ്ഞാല്‍ അല്ലലെല്ലാം അകലുന്നു. അങ്ങനെയുള്ള ആ ദേവനില്‍ നിന്ന്ഞാ ന്‍ വരം അഭ്യര്‍ത്ഥിക്കുന്നു. ഭൂതഭാവനനും, ഭൂതഭാവജ്ഞനും, സര്‍വ്വ ഭൂതാഭി ഭാവനനും, സര്‍വ്വഗനും, സര്‍വ്വദനുമായ ദേവനെ അല്ലയോ പുരന്ദരാ, ഞാന്‍ പൂജിക്കുന്നു, വണങ്ങുന്നു! യുക്തിവാദങ്ങളാല്‍ സമര്‍ത്ഥിക്കുവാന്‍ കഴിയാത്തവനും അവയ്ക്കൊക്കെ അതീതനായി നില്ക്കുന്നവനും, സാംഖ്യ യോഗാര്‍ത്ഥദനും, പരനുമായിരിക്കുന്ന ആരെ തത്വജ്ഞന്മാര്‍ സേവിക്കുന്നുവോ, ആ ദേവനില്‍ നിന്ന് ഞാന്‍ വരങ്ങള്‍ വരിക്കുന്നു.

അല്ലയോ ഇന്ദ്രാ! സുരേശ്വരാ, ഞാന്‍ ആരെ മഹാത്മാവായി പറയുന്നുവോ, സര്‍വ്വഗുരുവായ ആ ദേവനില്‍ നിന്ന് ഞാന്‍ വരം വരിക്കുന്നു. ലോകഭാവനനായ ബ്രഹ്മാവിനെ പണ്ടു തീര്‍ത്തതും, ആകാശാണ്ഡം നിറച്ച്‌ ആരോ വസിച്ചതും, ആ ദേവനില്‍ നിന്ന് ഞാന്‍ വരം കാംക്ഷിക്കുന്നു. അഗ്നി,. ജലം, വായു, ഭൂമി, ആകാശം, ബുദ്ധി, മനസ്സ്‌, മഹാന്‍, ഇവയെല്ലാം ഈശ്വരനല്ലാതെ മറ്റാരാണ്‌ സൃഷ്ടിച്ചത്? മനസ്സ്‌, ബുദ്ധി, അഹങ്കാരം തന്മാത്രമായ ഇന്ദ്രിയജാലം ഇവയ്ക്കെല്ലാറ്റിന്നും മീതെയായി ശിവനല്ലാതെ മറ്റാരുണ്ട്‌ ഇന്ദ്രാ, പറഞ്ഞാലും. പിതാമഹന്‍, ലോകത്തെ സൃഷ്ടിച്ചവന്‍ എന്ന് പറയുന്ന ദേവന്‍, മഹിതമായ ശ്രീയെ ദേവദേവന്റെ പ്രസാദത്താല്‍ ഏല്ക്കുന്നു.

ഭഗവാനില്‍ മഹത്തായ ഐശ്വര്യം, ബ്രഹ്മാവിനേയും വിഷ്ണുവിനേയും മുൻനിര്‍ത്തിയുള്ള മഹത്തായ ഐശ്വര്യം ഉണ്ട്‌. മഹാദേവനെ വിട്ട്‌ വേറെ ഏതൊരു ദേവനാണ്‌ ആ മാഹാത്മൃമുള്ളത്‌? ദൈത്യദാനമുഖ്യന്മാര്‍ക്ക്‌ അധിപതിയും അരിമര്‍ദ്ദനനുമായി ദേവേശനല്ലാതെ  അദിതിപുത്രരെ (ദേവന്മാരെ) പുഷ്ടിപ്പെടുത്തുവാന്‍ വേറെ ആരുമില്ല. ദിക്കുകള്‍, സൂര്യന്‍; തേജസ്സ്‌, വായു, അഗ്നി, താരങ്ങള്‍ ഇവ ദേവനില്‍ നിന്ന് ഉത്ഭവിച്ചതാണ്‌. ഇതിലും അപ്പുറമായി വേറെ ഏതു ദൈവമുണ്ട്‌? യജ്ഞത്തിന്നും ത്രിപുരന്മാരുടെ മൂന്ന് പുരങ്ങള്‍ക്കും ആരാണ്‌ ഉത്പത്തിയും നാശവും വരുത്തിയത്‌, അരിമര്‍ദ്ദനനായ അവന്‍ തന്നെയാണ്‌ ദൈത്യദാനവ മുഖ്യന്മാര്‍ക്കും അധിപതി. അല്ലയോ വാസവാ, എന്തിനധികം യുക്തിവാദങ്ങള്‍ പറയുന്നു? സഹസ്രനേത്രനായ നിന്നെത്തന്നെ ഞാന്‍ കണ്ടു സുരോത്തമാ! സിദ്ധന്മാര്‍, ഗന്ധര്‍വ്വന്മാര്‍, ദേവര്‍ഷി ഗണങ്ങള്‍ എന്നിവരാല്‍ പുജിതമായ വിധം ഞാന്‍ കാണുന്നു. എല്ലാം ദേവദേവന്റെ പ്രസാദം കൊണ്ടുണ്ടായതാണെന് നീ അറിയുക. അവ്യക്ത മുക്തകേശനും തനത്‌ സര്‍വ്വഗനുമായ ദേവനില്‍ നിന്നാണ്‌ ചേതനയുടേയും അചേതനയുടേയും ഉത്ഭവമെന് ശക്രാ, നീ അറിയുക.

സര്‍വ്വലോകങ്ങളിലും, ഭൂഭുവസ്വാമഹാദികളിലും, ലോകാലോകത്തിലെ പര്‍വ്വതമദ്ധ്യത്തിലും, ദ്വീപാന്തരങ്ങളിലും, മേരുവിഭവാദ്യന്തരത്തിലും അല്ലയോ മഘവാനേ, മഹാദേ വന്‍ അധിവസിക്കുന്നു എന്ന്‌ തത്വദര്‍ശികള്‍ പറയുന്നു. ദേവന്മാരും അസുരന്മാരും ഭവാനേക്കാള്‍ ശക്തമായി ഒന്നും കാണുന്നില്ല. അസുരന്മാരാല്‍ ആക്രമിക്കപ്പെടുന്ന ദേവന്മാര്‍ മഹാദേവനെയല്ലാതെ വേറെ ഒരു രക്ഷാകര്‍ത്താവിനേയും ദര്‍ശിക്കുന്നില്ല. രാക്ഷസന്മാരുടേയും, യക്ഷന്മാരുടേയും, അഹികളുടേയും യുദ്ധങ്ങളില്‍, തമ്മില്‍ നാശങ്ങളില്‍, സ്വസ്ഥാനൈശ്വര്യം നല്കുന്നത്‌ അവനാണല്ലോ. അന്ധകന്നും, ശുക്രന്നും, ദുന്ദുഭിക്കും, മഹിഷന്നും, ശക്തരായ യക്ഷേന്ദ്രന്മാര്‍ക്കും, നിവാതകവചന്മാര്‍ക്കും, വരദാനക്ഷയത്തിന്നും ആരാണ്‌ ഈശ്വരനായിട്ടുളളതെന്ന് ഹേ ശ്രക്രാ, ഭവാന്‍ പറയു. സുരാസുരാചാര്യന്മാരുടെ മഖത്തില്‍ ആരാണ്‌ രേതസ്സിനെ ആഹൂതി ചെയ്തത്‌? ആ രേതസ്സ്‌ ആഹൂതി ചെയ്തപ്പോഴാണല്ലോ അതില്‍ നിന്ന് സ്വര്‍ണ്ണമലയുണ്ടായത്‌? ദിക്കുകള്‍ തന്റെ വസ്ത്രമാക്കിയിട്ടുളള ഊര്‍ദ്ധ്വരേതസ്സായ ദേവനേതാണ്‌? അര്‍ദ്ധനാരീശ്വരനായ ദേവനേതാണ്‌? കാമദേവനെ ജയിച്ചവനായ ദേവനരാണ്‌? പരമമായ സ്ഥാനം ദേവകള്‍ പുകഴ്ത്തുന്ന ദേവനാരാണ്‌? പറയൂ ഇന്ദ്രാ! മറ്റാരുണ്ട്‌? ചുടലക്കളത്തില്‍ കളിക്കുന്ന ഭൂതങ്ങളെ നൃത്തം ചെയ്യിക്കുന്നവനും ചെയ്യുന്നവനുമായ ദേവനേതാണ്‌? ആര്‍ക്കുണ്ട്‌ ആ ദേവന് തുല്യമായ ഐശ്വര്യം? ഏതു ദേവന്നുണ്ട്‌ മഹേശന് തുല്യമായ ബലം? ദേവഗണങ്ങള്‍ ഐശ്വര്യദര്‍പ്പിതമായത്‌ ഏതൊരുവന്റെ ഐശ്വര്യത്താലാണ്‌? അചലമായ സ്ഥാനം ആര്‍ക്കുണ്ടെന്നാണ്‌ ഘോഷിക്കപ്പെടുന്നത്‌? ത്രൈലോക്യപൂജിതമായ ആ സ്ഥാനം ആര്‍ക്കു ലഭിച്ചിരിക്കുന്നു? ആരാല്‍ സജ്ജനങ്ങള്‍ ഹര്‍ഷിക്കുന്നു? ദുര്‍ജ്ജനങ്ങള്‍, അസുരാദികളെല്ലാം ആരാല്‍ തപിക്കുന്നു? അതുല്യമായ തേജസ്സാല്‍ ആര്‌ ജ്വലിക്കുന്നു, ആരില്‍ നിന്നാണ്‌ ഔഷധികള്‍ ജനിക്കുന്നത്‌? ആരാണ്‌ ഈ വിശ്വത്തെ താങ്ങുന്നത്‌? ചരാചരങ്ങളുടങ്ങുന്ന ഈ മൂന്ന് ലോകത്തിലും ആരാണ്‌ ക്രീഢാനൃത്തം ചെയ്യുന്നത്‌? ജ്ഞാനസിദ്ധി കൊണ്ടും ക്രിയായോഗം കൊണ്ടും യോഗിമാര്‍ ആരെ സേവിക്കുന്നു? ഋഷിമാര്‍, ഗന്ധര്‍വ്വന്മാര്‍, സിദ്ധന്മാര്‍ എന്നിവര്‍ക്കെല്ലാം അവ്യക്ത കാരണനായിരിക്കുന്നവന്‍ ഏവനാണ്‌? കര്‍മ്മയജ്ഞക്രിയാ യോഗത്താല്‍ സുരാസുരനിഷേവിതനായി, നിത്യവും കര്‍മ്മഫലം വിട്ടവനായി വര്‍ത്തിക്കുന്നത്‌ ഏവനോ, അവന്‍ തന്നെയാണ്‌ എല്ലാറ്റിന്നും കാരണമെന്നാണ്‌ എന്റെ അഭിപ്രായം. സ്ഥൂലത്തില്‍ സ്ഥൂലവും സൂക്ഷ്മത്തില്‍ സൂക്ഷ്മവും, സാമ്യമില്ലാത്തതും, അഗ്രാഹ്യവും, ഗുണഗോചരമായതും, ഗുണഹീനമായതും, ഗുണാദ്ധ്യക്ഷമായതും, പരമായതും ഏതാണ്‌? അതു മഹേശ്വരപദം മാത്രമാകുന്നു. സൃഷ്ടിക്കും രക്ഷയ്ക്കും കാരണമായും, ലോകത്തിനും ലോകക്ഷയത്തിനും കാരണമായും, ഭുതത്തിനും, ഭവ്യത്തിനും ഭവിഷൃത്തിനും ജനനകാരണമായും, സര്‍വ്വകാരണമായുമിരിക്കുന്നത് ആ മഹേശ്വരമായ പദമാകുന്നു. ക്ഷരമായും, അക്ഷരമായും, അവ്യക്തമായും, വിദൃയായും, അവിദ്യയായും, കൃതമായും, അകൃതമായും, ധര്‍മ്മാധര്‍മ്മമൂലമായും, എല്ലാ വിധത്തിലും എല്ലാറ്റിനും കാരണമായുമിരിക്കുന്നത്‌, എടോ ശക്രാ, ആ മഹേശ്വരന്‍ തന്നെയാണ്‌. ഭഗാങ്കിതമായ പ്രത്യക്ഷചിഹ്‌നം ഹേ ദേവേന്ദ്ര, കാണുക! സൃഷ്ടിസംഹാരകൃത്തായ ദേവനാല്‍, രുദ്രനാല്‍, ദേവദേവനാല്‍ അങ്കിതമായ ചിഹ്‌നം നീ കാണുക.

എന്റെ അമ്മ മുമ്പെ എന്നോടു പറഞ്ഞു, ലോകകാരണത്തിന് കാരണമായ ദേവദേവനെപ്പറ്റി, ഈശ്വരന് മേലെയായി വേറെ ഒരു ഈശ്വരനുമില്ല. ഉണ്ടെങ്കില്‍ എടോ ശക്രാ, പറയൂ! അല്ലയോ സുരേശ്വരാ, നിനക്ക്‌ ഇഷ്ടമാണെങ്കില്‍ നീ നിന്നെ അദ്ദേഹത്തില്‍ സമര്‍പ്പിച്ച്‌ ആ ദേവന്റെ അനുഗ്രഹത്തിനും സംരക്ഷണത്തിനും കൊതിക്കുക. നീ പ്രത്യക്ഷമായി കണ്ടതല്ലേ, തെളിവല്ലേ, ഈ ത്രൈലോക്യം ശിവന്റെ സംയോഗത്തില്‍ നിന്നാണ്‌ ഉണ്ടായതെന്ന്‌? ബ്രഹ്മാദിരേതോഭവമായ സവികാരനിര്‍ഗ്ഗുണഗണങ്ങളും എല്ലാം ഭവോല്‍ഭുതം തന്നെ. ബ്രഹ്മനും, ഇന്ദ്രനും, ഹുതാശനനും, വിഷ്ണുവും മാത്രമല്ല, എല്ലാ ദൈവങ്ങളും, സര്‍വ്വദൈത്യാസുരന്മാരും, ദേവന്മാരും, അവരുടെ ആയിരമായിരം കാമങ്ങള്‍ ശിവനെ ആശ്രയിച്ച്‌ സാഫല്യം നേടുകയാല്‍ ശിവനില്‍ അപ്പുറമായി യാതൊരു ഈശ്വരനുമില്ലെന് പറയുന്നു. മൂന്ന് ലോകത്തിലും പുകഴ്‌ന്നവനായ ആ ദേവനോട്‌, ആശയോടെ, സംയത മനസ്സായി, ഞാന്‍ മോക്ഷത്തെ അർത്ഥിക്കുന്നു.

മറ്റു ഹേതുക്കളൊന്നും ആവശ്യമില്ല. എല്ലാറ്റിനും കാരണവും, കാരണത്തിന് കാരണവുമായി വിളങ്ങുന്നത്‌ മഹേശനാണ്‌. സുരന്മാര്‍ ശിവലിംഗമല്ലാതെ മറ്റു ലിംഗങ്ങളൊന്നും പൂജിക്കുന്നതായി കേട്ടിട്ടില്ല. ശിവലിംഗമല്ലാതെ മറ്റു ദൈവലിംഗങ്ങളെ പൂജിച്ചിരുന്നതായി അറിവുണ്ടെങ്കില്‍ ഹേ ശക്രാ! പറയു, ഏതൊരുത്തന്റെ ലിംഗം ബ്രഹ്മാവും, വിഷ്‌ ണുവും, അങ്ങയും സുരന്മാരോടു കൂടി പുജിച്ചുപോരുന്നുവോ അവന്‍ അതു കൊണ്ടു തന്നെ ശ്ലാഘ്യനല്ലേ? ബ്രഹ്മാവിന്റെ പത്മമോ, വിഷ്ണുവിന്റെ ചക്രമോ, ഭവാന്റെ വജ്രമോ പ്രജകള്‍ അങ്കമായി പുജിക്കുന്നില്ല. എന്നാല്‍ ശിവലിംഗത്തെ എല്ലാവരും പുജിക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ ഭവാന്‌ അറിഞ്ഞുകൂടേ ലോകത്തിലുള്ളവരൊക്കെ മഹേശ്വരപൂജ ചെയ്യുന്നവരാണ്‌, ഈശ്വരീയരാണ്‌ എന്ന്‌?

സ്ത്രീവര്‍ഗ്ഗമായി സകല സൃഷ്ടിയിലുമുള്ളതെല്ലാം ശിവസംസര്‍ഗ്ഗം മൂലം ഉമയില്‍നിന്ന് ഉത്ഭവിച്ചതാണ്‌. അതുപോലെ പുരുഷ രൂപമായിട്ടുളളതെല്ലാം ശിവനില്‍ നിന്നും ഉണ്ടായതാണ്‌. അങ്ങനെ സ്ത്രീരൂപവും, പുരുഷരൂപവും ലോകത്തില്‍ നിലനില്ക്കുന്നു. ശിവനും പാര്‍വ്വതിയുമല്ലാതെ വേറെ ദേവനും ദേവിയുമാണ്‌ മൂന്ന് ലോകത്തിനും ഹേതുവായി നില നില്‍ക്കുന്നതെന്ന്‌, സകല ചരാചരത്തിനും ആസ്പദം വേറെ ദേവനാണെന്ന്‌, ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവന്‍ ദുര്‍മ്മതിയാണെന്നുളളതിന് യാതൊരു സംശയവുമില്ല.

എല്ലാ പുല്ലിംഗവും ഈശാനനാണ്‌. എല്ലാ സ്ത്രീലിംഗവും ഉമയാണ്‌. ആ രണ്ടു ശരീരങ്ങളാല്‍ ഈ ചരാചരങ്ങള്‍ വ്യാപിക്കപ്പെട്ടിരിക്കുന്നു. അല്ലയോ കൗശികാ, ഞാന്‍ അവനില്‍ നിന്ന് വരമോ, നാശമോ കാംക്ഷിക്കുന്നു. അവന്റെ ഇഷ്ടം പോലെ മരിക്കാനോ, ജീവിക്കാനോ എനിക്കു യാതൊരു വിരോധവുമില്ല വലസൂദനാ! മഹേശ്വരന്‍ എന്നെ അനുഗ്രഹിക്കട്ടെ! അല്ലെങ്കില്‍ ശപിക്കട്ടെ! എല്ലാ കാമങ്ങളും ദാനം ചെയ്യുന്നവനായാലും മറ്റു ദേവന്മാരോടൊന്നും ഞാന്‍ വരം ചോദിക്കുകയില്ല. മഹേശ്വരനൊഴികെ മറ്റു ദൈവങ്ങളില്‍ നിന്ന് ഒന്നും എനിക്ക്‌ ആവശ്യമില്ല.

ഇപ്രകാരം ദുഃഖത്താല്‍ ആകുലേന്ദ്രിയനായി, "ദേവന്‍ പ്രസാദിക്കുന്നില്ലല്ലോ, എന്താണ്‌ എന്നില്‍ പ്രസാദിക്കാത്തത്‌?", എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഉടനെ എന്റെ മുന്നില്‍ നില്ക്കുന്ന ഐരാവതം ഒരു മഹാവൃഷമായി രൂപാന്തരപ്പെട്ടു. ഹംസം, മുല്ലപ്പൂവ്‌, ചന്ദ്രന്‍ എന്നിവ പോലെ ശുഭ്രമായ വര്‍ണ്ണത്തില്‍ താമരവളയം, വെളളി എന്നിവ പോലെ പ്രശോഭിക്കുന്ന മട്ടില്‍ ധവളവര്‍ണ്ണമായി സാക്ഷാല്‍ വൃഷാകൃതിയില്‍, നല്ല ഒരു കാളയുടെ ആകൃതിയില്‍, പാലാഴി പോലെ ശോഭിക്കുന്ന മട്ടില്‍, കറുത്ത വാലോടു കൂടിയും വലിയ ശരീരത്തോടു കൂടിയും തേന്‍ പോലെ മഞ്ഞനിറമായ കണ്ണോടു കൂടിയും ഉരുക്കിന്റേയും സ്വര്‍ണ്ണത്തിന്റേയും കാന്തിയോടും വജ്രത്തിന്റെ ബലത്തോടു കൂടിയ കൊമ്പു കൊണ്ട്‌, മെല്ലെ തീക്ഷ്ണമായും അരുണമായും വിളങ്ങുന്ന കൊമ്പു കൊണ്ട്‌ മണ്ണു കുത്തി മറിക്കുന്ന വിധം നില്ക്കുന്നവനും സ്വര്‍ണ്ണച്ചങ്ങല കൊണ്ട്‌ ശരീര കാന്തിയുളളവനും, ഭംഗിയുള്ള മുഖം, നല്ല മൂക്ക്‌, നല്ല കുളമ്പ്‌, നല്ല ചെവി, നല്ല അരക്കെട്ട്‌, നല്ല പിളള, നല്ല ചുമല്‌ എന്നിവയോടെ കാഴ്ചയില്‍ ഗംഭീരനായി അവന്‍ മുമ്പില്‍ നില്ക്കുന്നതായി കണ്ടു: അവന് ഹിമാദ്രി ശ്യംഗം പോലെയുള്ള പുഞ്ഞക്കെട്ട്‌ ചുമലില്‍ വളര്‍ന്നു നില്ക്കുന്നു! വെളളമേഘം പോലെയുളള രോമങ്ങളാല്‍ പ്രശോഭിക്കുന്നു.

ആ കാളയുടെ പുറത്ത്‌ ദേവദേവനായ ശിവന്‍ ഉമയോടു കൂടി, വാവിന്‍നാള്‍ ചന്ദ്രമണ്ഡലം എന്ന പോലെ വിളങ്ങി. അവന്റെ തേജസ്സേന്തിയ അഗ്നികാര്‍ മിന്നല്‍ ഇടിയോടു കൂടിയ പോലെ ആയിരം സൂര്യനുദിച്ച പോലെ വിളങ്ങി. മഹാതേജസ്വിയായ ഈശ്വരന്‍ പ്രളയാഗ്നി പോലെ ഉജ്ജ്വലിച്ചു. പ്രളയത്തില്‍ സര്‍വ്വ ശരീരങ്ങളേയും ദഹിപ്പിക്കുവാന്‍ ഉയര്‍ന്ന അഗ്നി പോലെ അപ്പോള്‍ കണ്ണിന് നോക്കിക്കാണാന്‍ വയ്യാത്ത വിധമുളള ഉഗ്രതേജസ്സു പ്രശോഭിച്ചു. വീണ്ടും ഞാന്‍ പരിഭ്രമിച്ചു. ഇതെന്താണ്‌ ഇങ്ങനെ ജ്വലിക്കുന്നത്‌ എന്നോര്‍ത്തു. ഒരു മുഹൂര്‍ത്തം കൊണ്ടു തേജസ്സ്‌ എല്ലായിടത്തും നിറഞ്ഞു. പിന്നെ ദേവദേവന്റെ മായ കൊണ്ട്‌ അതു ശമിച്ചു. പിന്നെ മഹേശ്വരനായ ഭഗവാനെ ഞാന്‍ കണ്ടു. ആ മഹേശ്വരന്‍ കാളപ്പുറത്തു പുകയില്ലാത്ത അഗ്നി പോലെ മനോഹരാംഗിയായ ഗൌരിയോടു കൂടിയിരുന്ന് വിളങ്ങുന്നു. അസക്തതേജോനിധിയായി മഹാശയനായ നീലകണ്ഠനെ ഞാന്‍ ദര്‍ശിച്ചു.

പതിനെട്ടു കരങ്ങളോടു കൂടിയാണ്‌ ഞാന്‍ ദേവനെ കണ്ടത്‌. ഭൂഷണങ്ങള്‍ അണിഞ്ഞവനായി ഞാന്‍ സ്ഥാണുവെ കണ്ടു. ശുക്ലവസ്ത്രാഢ്യനായി, ശുക്ലമാല്യാനുലേപനം ചെയ്ത്‌, ശുക്ലധ്വജനായി, ശുക്ലമായ പൂണുനൂൽ ധരിച്ച്‌ ആ അനാധ്യഷ്യനെ ഞാന്‍ ദര്‍ശിച്ചു. ആ സന്ദര്‍ഭത്തില്‍ ദിവ്യന്മാരായ അനുചരന്മാര്‍ പാട്ടുപാടുകയും നൃത്തം വെക്കുകയും ചെയ്തു. വാദൃഘോഷങ്ങള്‍ കൊട്ടി ആർപ്പു വിളിച്ചു. എല്ലാവരും സ്വതുല്യ വിക്രമന്മാരായി ഹരന്നു ചുറ്റും കാണപ്പെട്ടു. ശുഭ്രവര്‍ണ്ണനും ശരല്‍ക്കാലത്തിലെ ചന്ദ്രനെപ്പോലെ കാന്തി വീശുന്നവനുമായ ബാലേന്ദുമൗലിയെ, മൂന്ന് സൂര്യന്‍ ഉദിച്ച പോലെ ശോഭിക്കുന്ന മൂന്ന് ദൃഷ്ടിയുളള മഹാദേവനെ, ഞാന്‍ കണ്ടു. ആ ദേവന്റെ വെളുത്ത ദേഹത്തില്‍ മാലകള്‍ ശോഭിച്ചു. ആ മാലകള്‍ സ്വര്‍ണ്ണത്താമരകള്‍ കോര്‍ത്തുണ്ടാക്കിയതാണ്‌. രത്നം ഇടയില്‍ ചേര്‍ത്തു വിളങ്ങുന്നുണ്ട്‌.  ദിവ്യങ്ങളായ പല അസ്ത്രങ്ങളും ശരീരമെടുത്ത്‌ എല്ലാം തേജോമയങ്ങളായി അവന്റെ കൂടെ ഹേ ഗോവിന്ദാ, ഞാന്‍ ദര്‍ശിച്ചു. ആ മഹാത്മാവിന്റെ വില്ല്‌ മഴവില്ലു പോലെ ശോഭിച്ചു. പിനാകം എന്ന് പ്രസിദ്ധിയുള്ള അവന്റെ വില്ല്‌ ഞാന്‍ കണ്ടു. അതിന്റെ ഞാണ്‌ പുരുഷരൂപിയായ ഒരു പന്നഗമാണ്‌. ഏഴു തലയുണ്ട്‌ ആ സര്‍പ്പത്തിന്. മഹാകായനാണ്‌ അവന്‍. തീക്ഷ്ണദംഷ്ട്രനും, വിഷോല്‍ബണനുമാണ്‌ അവന്‍, ഞാണു കഴുത്തിലിട്ടു ചുറ്റി ഒരു പുരുഷരൂപമായി ആ തേജസ്സ് വിളങ്ങി. ശരവും സൂര്യന് തുല്യമാണ്‌. കാലാനല തുല്യമായി ജ്വലിക്കുന്നു. ഈ അസ്ത്രമാണെങ്കില്‍ മഹാഘോരമാണ്‌. ദിവ്യമായ പാശുപതം എന്ന് ആ അസ്ത്രത്തിന് പ്രസിദ്ധിയുണ്ട്‌. അതിരറ്റതും, നിര്‍ദ്ദേശിക്കുവാന്‍ വയ്യാത്തതും, സര്‍വ്വഭൂതങ്ങള്‍ക്കും ഭയം ഉണ്ടാക്കുന്നതുമാണ്‌ അത്‌. വലിയ തീപ്പൊരി ചിന്നി അഗ്നി വിതറുന്നതാണ്‌. ഒറ്റക്കാലുളളതും, മഹാദംഷ്ട്രയോട് കൂടിയതും, ആയിരം വായും ആയിരം ഉദരവുമുള്ളതും, ആയിരം നാവുളളതും, ആയിരം കണ്ണുള്ളതുമായ അത്‌, അഗ്നി വര്‍ഷിക്കുന്ന പോലെയുള്ള ആ അസ്ത്രം, ബ്രഹ്മാസ്ത്രം, നാരായണാസ്ത്രം, വരുണാസ്ത്രം എന്നിവയേക്കാളും മെച്ചപ്പെട്ടതാണ്‌. മഹാബാഹോ, അതു സര്‍വ്വശസ്ത്രങ്ങളേയും നശിപ്പിക്കുവാന്‍ പോന്നതാണ്‌.

പണ്ടു ത്രിപുരന്മാരുടെ മൂന്ന് പുരവും ചുട്ടു ഭസ്മമാക്കിയത്‌ ഈ ശരം കൊണ്ടാണ്‌. മഹാദേവന്‍ ഒരു കളിയായിട്ടാണ്‌ ആ പ്രവൃത്തി ചെയ്തത്‌. ഗോവിന്ദാ! മഹേശ്വരന്‍ ഈ ശരമെങ്ങാനും വിട്ടാല്‍ പ്രപഞ്ചത്തിന്റെ കഥ അതോടെ അവസാനിക്കും. ചരാചരങ്ങളോടു കൂടിയ മൂന്ന് ലോകവും ഒന്നിച്ചു ചുട്ടെരിക്കുവാന്‍ പോന്നതാണ്‌ ഈ ശരം. അതിന് അര നിമിഷമേ ആവശ്യമുള്ളു. ഈ ശരത്തിന്‌ അവദ്ധ്യനായി ആരുമില്ല. സര്‍വ്വത്തേയും ഇതു വധിച്ചു കളയും. ബ്രഹ്മാവിഷ്ണുസുരാദികളില്‍ ഒന്നും അവശേഷിക്കുകയില്ല. ഉത്തമമായ ആ അത്ഭുതശരത്തെ ഞാന്‍ അവിടെ ദര്‍ശിച്ചു. ഇതിന് കിടയായി ഒറ്റ ശരവും ഇല്ല. അതിന് കിടയായി അതു മാത്രം. വേറെയില്ല.

പിന്നെ ശൂലിയുടെ ശൂലമാണെങ്കില്‍ വിശ്രുതമാണ്‌. ഭൂമിയൊക്കെ പിളരുവാനുള്ള കെല്പ് അതിന്നുണ്ട്‌. കടലൊക്കെ വറ്റിക്കുവാനുളള കെല്പ് ആ ശൂലത്തിന്നുണ്ട്‌. ജഗത്തിനെ മുഴുവന്‍ ശൂലപാണി അയയ്ക്കുന്ന ശൂലം സംഹരിക്കും.

ബലവാനായ യൗവനാശ്വനെ, മാന്ധാതാവിനെ, പണ്ടു മൂന്ന് ലോകവും ജയിച്ച ആ ച്രക്രവര്‍ത്തിയെ, സകല സന്നാഹങ്ങളോടും കൂടി മഹേദേവന്റെ ഈ ശൂലത്താലാണ്‌ സംഹരിച്ചത്‌. ബലവീര്യം വര്‍ദ്ധിച്ചവനും ശക്രവിക്രമശാലിയുമായ ലവണരാക്ഷസന്‍ ഈ ശൂലം കൈയില്‍ വെച്ച കാലത്താണ്‌ ഗോവിന്ദാ, ഈ ശൂലത്താല്‍ ആ രാജാവ്‌ സംഹരിക്കപ്പെട്ടത്‌.

ആ ശൂലത്തിന്റെ മുനയുടെ മൂര്‍ച്ച പറയുവാന്‍ വിഷമമുണ്ട്‌. ലോകമര്‍ഷണ ഭീഷണമാണ്‌ അത്‌. ത്രിശിഖഭ്രുകുടിയോടെ തര്‍ജ്ജിക്കുന്ന വിധം അതു നില്ക്കുന്നു. പുകയില്ലാത്ത ജ്വാല പോലെ അല്ലയോ കൃഷ്ണാ, കാലാര്‍ക്കതുല്യമായി, കൈയില്‍ പാമ്പായി, അന്തകതുല്യം കയറായി അത്‌ ഇന്നമാതിരി എന്നറിയുവാന്‍ വയ്യാത്ത വിധം കാണപ്പെടുന്നു. രുദ്രന്റെ പാര്‍ശ്വത്തില്‍ അല്ലയോ ഗോവിന്ദാ, ഞാന്‍ ഈ അസ്ത്രത്തെ കണ്ടു. അന്ന് മഹാദേവന്‍ രാമന് വെണ്‍മഴു നല്കി. മഹാദേവന്‍ സന്തുഷ്ടനായത് കൊണ്ടാണ്‌ ആ വെണ്‍മഴുവാല്‍ രാമന്‍ ക്ഷത്രിയന്മാരെയെല്ലാം കൊന്നൊടുക്കിയത്‌. ആ വെണ്‍മഴു കൊണ്ടാണ്‌ ക്ഷത്രിയ ചക്രവര്‍ത്തിയായ കാര്‍ത്തവീര്യനെ കൊന്നത്‌. ഇരുപത്തൊന്നു വട്ടമാണ്‌ രാമന്‍ ക്ഷത്രിയന്മാരെ കൊന്ന് ഊഴിയെ നിക്ഷത്രമാക്കിത്തീര്‍ത്തത്‌. ജമദഗ്നിപുത്രനായ രാമന്‍ അക്ലിഷ്ടകാരിയായത്‌ ശിവപ്രസാദം കൊണ്ടാണ്‌.

പിന്നെ ദീപ്തമായ അഗ്നിശിഖ പോലെ ദീപ്തധാരവും,  രൗദ്രമുഖവും, കണ്ഠാഗ്രബന്ധനവും ശൂലിയുടെ സമീപത്തുണ്ട്‌. സാംഖ്യയില്ലാത്ത വിധം അനേകം ദിവ്യാസ്ത്രദിവ്യമായ അസ്ത്രങ്ങള്‍ ശൂലിയുടെ സമീപത്തിലുണ്ട്‌. കണ്ടതില്‍ പ്രധാനമായതിനേയാണ്‌ അനഘാശയാ, ഞാന്‍ പറഞ്ഞത്‌.

ലോകപിതാമഹനായ ബ്രഹ്മാവ്‌ മഹേശ്വരന്റെ വലത്തുഭാഗത്തുണ്ട്‌. അവന്‍ മനോവേഗമായ ഹംസവിമാനത്തിൽ ഇരിക്കുന്ന വിധം കാണാം. ഇടത്തുഭാഗത്തായി ശംഖ് ചക്രഗദാധരനായ നാരായണന്‍ ഗരുഡന്റെ പുറത്തിരിക്കുന്ന വിധത്തില്‍ കാണാം. ദേവിയുടെ സമീപത്തായി മയിലിന്റെ പുറത്തു കയറി ഷൺ മുഖന്‍ ഇരിക്കുന്നു. അവന്‍ മണിയും വേലും കൈയിലെടുത്ത്‌ രണ്ടാമത്തെ അഗ്നിപോലെ പ്രശോഭിക്കുന്നു. ദേവന്റെ മുന്നിലായി നന്ദി നില്ക്കുന്നു. അവനെക്കണ്ടാല്‍ രണ്ടാമത്തെ ശങ്കരനാണെന് തോന്നും. ശൂലവും കൈയിലെടുത്തു നില്ക്കുന്നു.

സ്വായംഭു തുടങ്ങിയ മനുക്കളും, ഭൃഗു തുടങ്ങിയ മഹര്‍ഷിമാരും ഇന്ദ്രന്‍ തുടങ്ങിയ ദേവകളും വന്നു കൂടിയിരിക്കുന്നു. എല്ലാ ഭൂതവര്‍ഗ്ഗങ്ങളും പല മാതൃഗണങ്ങളും മഹാത്മാവിനെ വന്ദിച്ച്‌ ചുറ്റും ചുഴന്ന് നില്ക്കുന്നതായും കണ്ടു.

ഈ സന്ദര്‍ഭത്തില്‍ പല സ്തോത്രങ്ങള്‍ കൊണ്ടും വാനവര്‍ മഹാദേവനെ സ്തുതിച്ചു. ബ്രഹ്മാവ്‌ ഹരനെ രഥന്തരം (വേദത്തിലെ ഒരു സൂക്തം) പാടി പുകഴ്ത്തി. നാരായണന്‍ ജ്യേഷ്ഠസാമം കൊണ്ടു  മഹേശനെ വാഴ്ത്തി. ശതരുദ്രീയമെന്ന മുഖ്യ വേദം സുര്രേന്ദ്രനും പാടിപ്പുകഴ്ത്തി. ബ്രഹ്മാവും വിഷ്ണുവും പിന്നെ കൗശികനായ ദേവരാജാവും ഇങ്ങനെ മൂന്ന് മഹാത്മാക്കളും മൂന്ന് അഗ്നികള്‍ പോലെയും ശോഭിച്ചു. അവര്‍ക്ക്‌ നടുവിലായി ദേവനായ ഭഗവാന്‍ ശിവന്‍ ശരല്‍ക്കാര്‍ വിട്ട പരിവേഷത്തോടു കൂടിയ അര്‍ക്കനെപ്പോലെ ശോഭിച്ചു.

അപ്പോള്‍ അനേകായിരം സൂര്യചന്ദ്രമമാരെ ഞാന്‍ ആകാശത്തു കണ്ടു കേശവാ! ഞാന്‍ അവിടെനിന്ന് വിശ്വലോകേശനായ ദേവനെ സ്തുതിച്ചു.

ഉപമന്യു പറഞ്ഞു: അല്ലയോ ദേവാധിദേവാ, ഞാന്‍ അങ്ങയെ കൈകൂപ്പുന്നു. മഹാദേവാ, ഞാന്‍ അങ്ങയെ വണങ്ങുന്നു. ശക്രരൂപനായ ശക്രനെ, ശക്രവേഷധരനെ ഞാന്‍ കൈതൊഴാം. അല്ലയോ വജ്ര ഹസ്താ, പിംഗളാരുണാ, പിനാകം കൈയിലെടുത്തവനേ, ശംഖശൂലഗദാധരാ, അങ്ങയെ ഞാന്‍ കൈകൂപ്പുന്നു. ഞാന്‍ കൃഷ്ണവാസനായ ദേവനെ കൈകൂപ്പുന്നു. കൃഷ്ണകുഞ്ജിതകേശനും കൃഷ്ണാജിനോത്തരീയനും കൃഷ്ണാഷ്ടമിരതനുമായ ദേവനെ നമസ്‌കരിക്കുന്നു. കൃഷ്ണവര്‍ണ്ണനും, ശുക്ലനും, ശുക്ലാംബരധരനും, ശുക്ലഭസ്മാവലിപ്തനും, ശുക്ലകര്‍മ്മരതനും, രക്തവര്‍ണ്ണനും, രക്താംബരധരനും, രക്തദ്ധ്വജപതാകനും, രക്തസ്രഗാനുലേപനും, പീതവര്‍ണ്ണനും, പീതാംബരധരനും, പീതദ്ധ്വജപതാകനും, പീതസ്രഗാനുലേപനുമായ ദേവനെ ഞാന്‍ കൈകുപ്പുന്നു.

ഇച്ഛിതച്ഛത്രനും, കിരീടവരഭൃത്തും, അര്‍ദ്ധഹാരനും, അര്‍ദ്ധകേയൂരനും, അര്‍ദ്ധകുണ്ഡലകര്‍ണ്ണനുമായ ദേവനെ ഞാന്‍ നമസ്‌കരിക്കുന്നു.

പവനവേഗനും ദേവനുമായ സുരേന്ദ്രനും, മുനീന്ദ്രനും, മഹേന്ദ്രനും, പത്മാര്‍ദ്ധമാലനും, ഉല്‍പലോത്മിശ്രിതനും, അര്‍ദ്ധചന്ദനലിപ്തനും, അര്‍ദ്ധസ്രഗാനുലേപനുമായ ദേവനെ ഞാന്‍ നമിക്കുന്നു. .

ആദിത്യവര്‍ണ്ണനും ആദിതൃപ്രതിമനും, സോമനും, സൌമ്യനും, ചക്രധരനും,  സൗമൃരൂപനും, മുഖ്യരൂപനും, സൌമ്യദംഷ്ട്രാ വിഭൂഷനും, ശ്യാമനും, ഗൌരനും, അര്‍ദ്ധപീതനും, അര്‍ദ്ധശുഭ്രനും, അര്‍ദ്ധനാരീശ്വരനുമായ ദേവനെ ഞാന്‍ നമസ്‌കരിക്കുന്നു.

ഞാന്‍ വൃഷഭവാഹനെ നമസ്കരിക്കുന്നു. ഗജേന്ദ്രഗമനനും, ദുര്‍ഗ്ഗമനും, അഗമ്യാഗമനുമായ ദേവനെ ഞാന്‍ തൊഴുന്നു. ഗണഗീതനും, ഗണവുൃന്ദാരകനും, ഗണാനുയാ തമാര്‍ഗ്ഗനും, ഗണനിത്യവ്രതനും, ശ്വേതാഭ്രവര്‍ണ്ണനും, സന്ധ്യാരാഗപ്രഭനും, അനുദ്ദിഷ്ടാഭിധാനനും, സ്വരുപനുമായ ദേവനെ ഞാന്‍ നമസ്കരിക്കുന്നു. രക്താഗ്രവാസനും, രക്തസൂത്രധരനും; മണിഭൂഷിതമൂര്‍ദ്ധനും, ചന്ദ്രാര്‍ദ്ധഭൂഷനും, വിചിത്ര മണി മൂര്‍ദ്ധനും, കുസുമാഷ്ടധരനും, അഗ്നിമുഖനേത്രനും, സഹസ്രശശിനേത്രനും, അഗ്നിരൂപനും, കാന്തനും, (ഗഹണനും, ഖചരനും, ഗോചരാഭിരതനുമായ മഹേശ്വരനെ ഞാന്‍ കൈകൂപ്പുന്നു.

ഭൂചരനും, ഭൂവനനും, അനന്തനും, ശിവനും, ദിഗ്വാസനും, അധിവാസനും, സുവാസനും, ജഗന്നിവാസനും, പ്രതിപത്തിസുഖനും, ഉല്‍ബദ്ധമകുടനും, മഹാകേയൂരഭ്ൃത്തിനും, സര്‍പ്പകണ്ഠോപഹാരനും, വിചിത്രാഭരണനും, ത്രിനേത്രന്റേതനും, സഹ്രസശതനേത്രനും, സ്ത്രീപുംസനും, സപുംസനും, സാംഖ്യനും, യോഗനും, ഗാംഗേയാഭിസ്രവന്തനും, അഥര്‍വ്വനുമായ മഹാദേവനെ ഞാന്‍ നമസ്കരിക്കുന്നു.

സര്‍വ്വ ആര്‍ത്തികളേയും നശിപ്പിക്കുന്നവനും, ശോകഹരനും, മേഘനിനാദനും, ബഹുമായാധരനും, ബീജക്ഷേത്രാഭിപാലനും, സൃഷ്ടാരനും, സുരാസുരേശനും, വിശ്വേശനുമായ ദേവനെ ഞാന്‍ വീണ്ടും വീണ്ടും നമസ്‌കരിക്കുന്നു.

പവനവേഗനും, പവനരൂപനും, കാഞ്ചനമാലനും, ഗിരിമാലനും, സുരാരിമാലനും, ചണ്ഡവേഗനും,  ബ്രഹ്മശിരോപഹര്‍ത്തനും, മഹിഷഘ്നനുമായ ദേവനെ ഞാന്‍ കൈകൂ പ്പുന്നു.

സ്ത്രീരൂപധരനും, യജ്ഞവിധ്വംസനും, ത്രിപുരഹര്‍ത്തനും, കാമാംഗനാശനും, കാലദണ്ഡധരനും, സ്‌കന്ദവിശാഖനും, ബ്രഹ്മദണ്ഡനും, ഭവനും, ശര്‍വ്വനും, വിശ്വരൂപനും, ഈശാനനും, ഭവഘ്നനും, അന്തകഘാതകനും, വിശ്വനും, മായനും, ചിന്ത്യാചിന്ത്യനുമായ ദേവനെ ഞാന്‍ തൊഴുന്നു. !

നീ മാത്രമാണ്‌ ഞങ്ങള്‍ക്കു ഗതിയായിട്ടുളളത്‌. നീ ശ്രേഷ്ഠനാണ്‌. നീ ഹൃദയമാണ്‌. നീ എല്ലാ ലോകര്‍ക്കും ബ്രഹ്മാവാണ്‌. എല്ലാ രുദ്രന്മാര്‍ക്കും നീലലോഹിതനാണ്‌. എല്ലാ ഭൂതങ്ങള്‍ക്കും നീ ആത്മാവാണ്‌. സാംഖ്യത്താല്‍ നീ പുരുഷന്‍ എന്നറിയപ്പെടുന്നു.

പവിത്രങ്ങള്‍ക്കെല്ലാം അങ്ങ്‌ ഋഷഭനാണ്‌. നിഷ്കളങ്കനായ യോഗിയും ശിവനും നീ തന്നെയാണ്‌. ആശ്രമികള്‍ക്ക്‌ നീ ഗൃഹസ്ഥനാണ്‌. ഈശ്വരന്മാര്‍ക്ക്‌ നീ മഹേശ്വരനാണ്‌.

യക്ഷന്മാര്‍ക്ക്‌ നീ കുബേരനാണ്‌. ക്രതുക്കള്‍ക്ക്‌ നീ വിഷ്ണുവാണ്‌. പര്‍വ്വതങ്ങള്‍ക്ക്‌ നീ മേരുവാണ്‌. നക്ഷത്രങ്ങള്‍ക്ക്‌ നീ ചന്ദ്രനാണ്‌. ഋഷികള്‍ക്ക്‌ നീ വസിഷ്ഠനാണ്‌. ഗ്രഹങ്ങള്‍ക്ക്‌ നീ സൂര്യനാണ്‌. ആരണൃജീവികളില്‍ പരമേശ്വരനായ നീ സിംഹമാണ്‌. ഗ്രാമ്യങ്ങള്‍ക്ക്‌ നീ ഗോവൃഷനാണ്‌. നീ ലോകപൂജിതനാണ്‌. അങ്ങ്‌ ആദിത്യന്മാരില്‍ വിഷ്ണുവാണ്‌. വസുക്കള്‍ക്ക്‌ ഭവാന്‍ അഗ്നിയാണ്‌. പക്ഷി ളില്‍ നീ വൈനതേയനാണ്‌. വേദങ്ങളില്‍ നീ സാമവേദമാണ്‌. സര്‍പ്പങ്ങളില്‍ നീ അനന്തനാണ്‌. യജുസ്സില്‍ നീ ശതരുദ്രീയമാണ്‌. യോഗികള്‍ക്ക്‌ നീ സനല്‍ക്കുമാരനാണ്‌. സാംഖ്യന്മാര്‍ക്ക്‌ ഭവാന്‍ കപിലനാണ്‌. മരുത്തുക്കള്‍ക്ക്‌ നീ ശക്രനാണ്‌. പിതൃക്കള്‍ക്ക്‌ നീ അഗ്നിയാണ്‌. ലോകങ്ങള്‍ക്ക്‌ നീ ബ്രഹ്മലോകമാണ്‌. രതികള്‍ക്ക്‌ അങ്ങ്‌ മോക്ഷമാണ്‌. ആഴികള്‍ക്ക്‌ നീ പാലാഴിയാണ്‌. ശൈലങ്ങളില്‍ നീ ഹിമാലയമാണ്‌. വിപ്രന്മാരില്‍ നീ ദീക്ഷിത വ്രതനായ വിപ്രനാണ്‌. നീ വര്‍ണ്ണങ്ങളില്‍ ബ്രാഹ്മണനാണ്‌. ലോകങ്ങള്‍ക്ക്‌ നീ ആദിപുരുഷനാണ്‌. നീ സംഹര്‍ത്താവായ കാലനാണ്‌. ഇനി ഇതിനേക്കാള്‍ തേജസ്സേറിയതായി എന്തുണ്ട്‌? എന്തുണ്ടെങ്കിലും അതൊക്കെ ഭഗവാനായ ഈശാനന്‍ മാത്രമാണെന്ന ബുദ്ധി എന്നില്‍ ഉറച്ചിരിക്കുന്നു.

ഭഗവാനേ, ദേവാ! ഞാന്‍ നിന്നെ കൈകൂപ്പുന്നു. നമസ്‌കരിക്കുന്നു. ഭക്തവത്സലാ! ഞാന്‍ കൈകുൂപ്പുന്നു. യോഗേശ്വരാ, ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു. വിശ്വസംഭവാ, ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു. ഭക്തനായ എന്നില്‍ നീ പ്രസാദിച്ചാലും! ഞാന്‍ സാധുവാണ്‌. ദീനനാണ്‌. ഐശ്വര്യമില്ലാത്തവനാണ്‌. അങ്ങ്‌ എനിക്കു ഗതിയാകണമേ മഹേശ്വരാ! സനാതനാ!

ഞാന്‍ അറിയാതെ അപരാധം ചെയ്തിട്ടുണ്ടെങ്കിലും പരമേശ്വരാ! അവയെല്ലാം ഈ ഭക്തനില്‍ ക്ഷമിച്ചാലും! ഞാനങ്ങയുടെ ഭക്തനല്ലേ? അല്ലയോ ദേവേശാ, അങ്ങ്‌ വേഷം മാറ്റി മോഹിപ്പിക്കപ്പെട്ടവനാണ്‌ ഞാന്‍. അതുകൊണ്ട്‌ അര്‍ഘ്യ പാദ്യാദികള്‍ ഞാന്‍ നല്കിയില്ല. മഹേശ്വരാ! എന്ന് ഞാന്‍ ഈശ്വരനെ സ്തുതിച്ച്‌ പാദ്യവും അര്‍ഘ്യവും സര്‍വ്വവും ഞാന്‍ കൈകൂപ്പി നിന്ന് ദേവന്റെ മുമ്പില്‍ നിവേദിച്ചു.

ഉടനെ പനിനീരിനൊപ്പം ദിവ്യഗന്ധമുള്ള മഹാശുഭമായ പുഷ്‌പങ്ങള്‍ എന്റെ ശിരസ്സില്‍ വീണു ദേവാ! ദിവ്യമായ ദുന്ദുഭിയുടെ ശബ്ദവും മുഴങ്ങി. ഉടനെ ദേവകിങ്കരന്മാര്‍ ശുചിയായ ഗന്ധത്തോടെ പുണ്യമാരുതനെ മന്ദംമന്ദം വീശി.

പിന്നെ വൃഷധ്വജദേവന്‍ പ്രീതനായി പത്നിയോടു കൂടി എനിക്കു ഹര്‍ഷം ജനിപ്പിക്കുന്ന വിധം ദേവന്മാരോടു പറഞ്ഞു: "ഹേ ദേവന്മാരേ! നിങ്ങളെല്ലാവരും കാണുവിന്‍! ഉപമന്യുമുനി എന്നില്‍ ഏറ്റവും ഭക്തിയുള്ളവനായി, എന്നില്‍ ഏകഭാവത്തില്‍ നില്ക്കുന്നതു നോക്കുവിന്‍!". ഇപ്രകാരം അല്ലയോ കേശവാ, ശൂലപാണി  വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാവരും ശിവനെ കൈകൂപ്പി ഇപ്രകാരം പറഞ്ഞു: ഭഗവാനേ, ദേവദേവാ, ലോകനാഥാ; ജഗത്പതേ എല്ലാ കാമങ്ങളുടേയും ഫലം ഭവാനില്‍ നിന്ന് ദ്വിജോത്തമന്‍ ഏല്ക്കുമാറാകട്ടെ. ഇപ്രകാരം ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാര്‍ പറഞ്ഞപ്പോള്‍ ഭഗവാനായ ശങ്കരന്‍ ചിരിച്ചു കൊണ്ട്‌ എന്നോടു പറഞ്ഞു.

ശങ്കരന്‍ പറഞ്ഞു: വത്സാ, ഉപമന്യു! ഞാന്‍ .നിന്നില്‍ തുഷ്ടനായിരിക്കുന്നു. അല്ലയോ : മുനിപുംഗവാ, ഭവാന്‍ എന്നെ കണ്ടാലും! അല്ലയോ വിപ്രർഷേ, നീ ദൃഢഭക്തനാണ്‌. ഞാന്‍ നിന്നെ പരീക്ഷിച്ചതാണ്‌. നിന്റെ ഭക്തിയില്‍ ഞാന്‍ ഒട്ടധികം പ്രീതനായിരിക്കുന്നു. അതുകൊണ്ട്‌ നിന്റെ സകല ആഗ്രഹങ്ങളും ഞാന്‍ സാധിപ്പിച്ചുതരാം. ഇഷ്ടം പോലെ പറഞ്ഞു കൊളളുക.

ഇപ്രകാരം ധീമാനായ മഹാദേവന്‍ എന്നോടു പറഞ്ഞപ്പോള്‍ എന്നില്‍ അത്യധികമായ ഹര്‍ഷമുണ്ടായി. എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ദേവനോട്‌ ഹര്‍ഷം കൊണ്ടു തൊണ്ട ഇടറുമാറ്‌ ഞാന്‍ പിന്നെയും പിന്നെയും മുട്ടുകുത്തി തലകുനിച്ചു പറഞ്ഞു: "ദേവാ, ഇന് ഞാന്‍ ജാതനായി! ജന്മസാഫല്യം എനിക്കു ലഭിച്ചു. ദേവനായ സുരാസുരഗുരു ഇതാ എന്റെ കണ്‍മുമ്പില്‍ നില്ക്കുന്നു!".

ദേവന്മാര്‍ക്കു പോലും എത്ര സേവ ചെയ്തിട്ടും കാണാന്‍ സാധിക്കാത്ത ദേവനാണല്ലോ എനിക്കു പ്രത്യക്ഷനായിക്കാണുന്നത്‌. ആ ദേവനെ ഞാന്‍ കാണുന്നു! അത്ഭുതം! എന്നെക്കാള്‍ ധന്യന്‍ ആരുണ്ട്‌? വിദ്വാന്മാര്‍ പരം, തത്വം, സനാതനം, വിശേഷം, അജം, ജ്ഞാനം, അക്ഷരം എന്നൊക്കെ പറയുന്നതെന്തോ അതാണല്ലോ ഈ നില്ക്കുന്ന ഭഗവാന്‍! ദേവനും സര്‍വ്വസത്വങ്ങള്‍ക്കും ആദിയും അവ്യയനും സര്‍വ്വവസത്വവിധാനജ്ഞനും പ്രധാന പുരുഷനും ഈ നില്ക്കുന്ന ദേവനാണല്ലോ! ദക്ഷിണാംഗം കൊണ്ട്‌ വിശ്വകൃത്തായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. വാമഭാഗം കൊണ്ട്‌ ഭുവനത്തെ പാലിക്കുവാന്‍ വിഷ്ണുവിനെ തീര്‍ത്തു. പ്രളയം വന്നപ്പോള്‍ പ്രഭു, രുദ്രനേയും തീര്‍ത്തു. അപ്പോള്‍ ചരാചരങ്ങളായ ലോകമെല്ലാം മുടിക്കുന്ന രുദ്രനായി, കാലനായി, തേജസ്വിയായ ദേവന്‍ പ്രളയാഗ്നി പോലെ ജ്വലിച്ചു. യുഗാന്തത്തില്‍ ഭൂതജാലത്തെ ഗ്രസിച്ചു കൊണ്ടു നില്ക്കുന്നു.. ഈ മഹാദേവനായ ദേവന്‍ ചരാചരങ്ങളടങ്ങിയ വിശ്വത്തെ സൃഷ്ടിച്ചു. കല്പാന്തത്തില്‍ ഏവര്‍ക്കും ഓര്‍മ്മയേയും പോക്കി നില്ക്കുകയാണ്‌. സര്‍വ്വവഗനും സര്‍വ്വഭൂതാത്മാവും സവ്വഭൂതഭവോത്ഭവനും നിതൃനും സര്‍വ്വമാനവന്മാര്‍ക്കും അദൃശ്യനുമായി മഹേശ്വരന്‍ വാഴുന്നു. എനിക്കു വരം നല്കിയാല്‍ അങ്ങ്‌ സന്തോഷിക്കുമെങ്കില്‍ എനിക്കു വേണ്ട വരമെന്തെന്ന് ഞാന്‍ പറയാം : ദേവാ, ഭവാനില്‍ എന്നെന്നേക്കും എനിക്ക്‌ ഭക്തിയുണ്ടാകണം. സുരേശ്വരാ! കഴിഞ്ഞതും വരാനുളളതും ഇപ്പോഴുള്ളതും എല്ലാം അറിയുവാന്‍, ( ത്രികാലജ്ഞാനമുണ്ടാകുവാന്‍ ), അങ്ങയുടെ പ്രസാദത്താല്‍ എനിക്കു കഴിയണേ ദേവാ! ബന്ധുക്കളോടു കൂടി ഞാന്‍ അക്ഷയമായി പാല്‍പ്പായസം എന്നും അശിക്കുമാറാകണം. അങ്ങയുടെ സാന്നിദ്ധ്യം എന്നും എന്റെ ആശ്രമത്തില്‍ ഉണ്ടാകണം സുരോത്തമാ!

ഇപ്രകാരം ഞാന്‍ പറഞ്ഞതു കേട്ടപ്പോള്‍ വിശ്വപൂജി തനായ ഭഗവാന്‍, ശിവന്‍, ചരാചരങ്ങളുടെ ഗുരുവും തേജസ്വിയുമായ മഹേശ്വരന്‍ പറഞ്ഞു.

ശങ്കരന്‍ പറഞ്ഞു; അല്ലയോ ദ്വിജോത്തമാ! നിനക്ക്‌ ജരയും മൃതിയുമില്ലാതെ അജരാമരനായി, എല്ലാ ദുഃഖങ്ങളും നീങ്ങി, യശസ്വിയായി, വ്യഞ്ജനാഡ്യനായി വര്‍ത്തിക്കുമാറാകട്ടെ! എന്റെ പ്രസാദത്താല്‍ ഭവാന്‍ ഋഷികള്‍ക്ക്‌ അഭിഗമ്യനാകട്ടെ! ശീലവാനായി, എല്ലാവര്‍ക്കും പ്രിയരൂപനായി, സര്‍വ്വജ്ഞനായി, സുശീലനായി ഭവിക്കട്ടെ! അങ്ങയ്ക്ക്‌ അഗ്നിയുടെ തേജസ്സോടെ യൗവ്വനം ക്ഷയിക്കാതെ എന്നും നില്ക്ക ട്ടെ! എപ്പോഴൊക്കെ ഭവാന്‍ ക്ഷീരസാഗരം ആഗ്രഹിക്കുന്നുവോ അപ്പോള്‍, അവിടെയെല്ലാം പാല്‍ക്കടലിന്റെ സാന്നിദ്ധ്യം അങ്ങയ്ക്കുമുണ്ടാകട്ടെ! ഇനി അമൃതതുല്യമായ പാല്‍പ്പായസം അങ്ങ്‌ ഭുജിച്ചു കൊളളും. ബന്ധുക്കളോടു കൂടി ഒരു കല്പം മുഴുവന്‍ അനുഭവിച്ചതിന് ശേഷം നീ എന്റെ സമീപത്തിലെത്തുന്നതാണ്‌. ക്ഷയിക്കാത്ത നിന്റെ കുലവും ബന്ധുക്കളും എന്റെ സമീപത്തെത്തും. ഉണ്ണീ, നീ യഥേഷ്ടം വാണാലും. നിന്നില്‍ ഉല്‍ക്കണ്ഠ വേണ്ട. അല്ലയോ വിപ്രാ, നീ ഓര്‍ക്കുമ്പോള്‍ ഞാന്‍ പ്രത്യക്ഷനായിക്കൊളളാം.

എന്നു പറഞ്ഞ്‌ സൂരൃകോടി സമപ്രഭനായ ദേവന്‍ ഈശാനന്‍ അവിടെത്തന്നെ മറഞ്ഞു. ഞാന്‍ ദേവദേവനെ ഇപ്രകാരം സമാധിയില്‍ കണ്ടു. ധീമാനായ ആ ദേവന്‍ പറഞ്ഞതെല്ലാം എനിക്കു സാധിച്ചു. കൃഷ്ണാ, നിന്റെ മുമ്പില്‍ സിദ്ധന്മാര്‍ നില്ക്കുന്നതും വിദ്യാധരന്മാരും, അപ്സരസ്സുകളും, യക്ഷന്മാരും, ഗന്ധര്‍വ്വന്മാരും; മുനിമാരും, വൃക്ഷലതാഗുന്മങ്ങളും, എല്ലാ ഫലപ്രദവ്യക്ഷങ്ങളും എല്ലാ ഋതുക്കളിലെ കുസുമങ്ങളും സുഖമായ പത്രങ്ങളും, സുഗന്ധ കുസുമങ്ങളും എല്ലാം കാണുന്നില്ലേ? അവയെല്ലാം നീ നോക്കൂ! ഇവയെല്ലാം ദിവ്യഭാവമുളളവയാണ്‌. മഹാത്മാവായ ഇരശ്വരന്റെ, ദേവദേവനായ ശങ്കരന്റെ, പ്രസാദത്തില്‍ നിന്നുണ്ടായതാണിതെല്ലാം.

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം അവര്‍ പറഞ്ഞതു കേട്ട്‌ നേരെ ഞാന്‍ നോക്കി. എല്ലാം കണ്ട്‌ ഞാന്‍ അത്ഭുതത്തോടെ ആ മുനിയോടു പറഞ്ഞു: അല്ലയോ വിപ്രർഷേ! അങ്ങു ധന്യനാണ്‌. നിന്നെക്കാള്‍ പുണ്യകൃത്ത്‌ ആരുണ്ട്‌? ദേവാധിദേവന്റെ സാന്നിദ്ധ്യം ഭവാന്റെ ആശ്രമത്തിലുണ്ട്‌. എനിക്കും ഇപ്രകാരം തന്നെ ഭഗവാനായ മഹാദേവന്‍ പ്രസാദവും ദര്‍ശനവും തരികയില്ലേ?

ഉപമന്യു പറഞ്ഞു: അല്ലയോ പുണ്ഡരീകാക്ഷാ! നീ നിശ്ചയമായും മഹാദേവനെ കാണും. ഞാന്‍ കണ്ട മാതിരി തന്നെ കാണും. നിനക്ക്‌ ഒട്ടും കാലതാമസം വരികയില്ല. ഞാന്‍ എന്റെ ദിവ്യചക്ഷുസ്സു കൊണ്ട്‌ ഭവാന്റെ വിക്രമം കാണുന്നുണ്ട്‌. അല്ലയോ പുരുഷോത്തമാ, ആറാം മാസത്തില്‍ നിനക്കു ദേവദേവനെ കാണുവാന്‍ കഴിയും പുരുഷോത്തമാ! ഭാര്യയോടു കൂടി പ്രതൃക്ഷനാകുന്ന ഈശനില്‍ നിന്ന് എട്ടും പതിനാറും വരങ്ങള്‍ നീ വാങ്ങുന്നതാണ്‌ യദുശ്രേഷ്ഠാ! ഞാനീ പറഞ്ഞതു സത്യമാണ്‌. കഴിഞ്ഞതും, വരാനുള്ളതും, ഇപ്പോഴുള്ളതും എല്ലാം ധീമാനായ ശങ്കരന്‍ പ്രസാദിച്ചാല്‍ നീ അറിയുന്നതാണ്‌ മഹാഭുജാ! ഹരന്‍ ഇത്തരത്തില്‍ അനേകം ഭക്തന്മാരെ അനുഗ്രഹിച്ചിട്ടുണ്ട്‌. പിന്നെ എന്തു കൊണ്ട്‌ അങ്ങയില്‍ പ്രസാദിക്കാതിരിക്കും?  യാതൊരു വിധത്തിലും അതിന് തടസ്സുമുണ്ടാവുകയില്ല മാധവാ! ഭവാനെപ്പോലെയുളളവര്‍ക്കും ദേവന്മാര്‍ക്കും സമാഗമം ശ്ലാഘ്യമാണല്ലോ! അങ്ങു ബ്രഹ്മണ്യനാണ്‌. ആനൃശംസാഢ്യനാണ്‌. ശ്രദ്ധയുളളവനാണ്‌. ശങ്കരനെക്കാണുവാന്‍ ജപിക്കേണ്ടതെന്താണെന്ന് ഞാന്‍ അങ്ങയ്ക്ക്‌ ഉപദേശിക്കാം.

കൃഷ്ണന്‍ പറഞ്ഞു: ഞാന്‍ അവനോടു പറഞ്ഞു: "അല്ലയോ ബ്രാഹ്മണാ, മഹാമുനേ, ഭവാന്റെ പ്രസാദത്താല്‍ ദിതിജസംഘാതിയായ ദേവാധിദേവനെ ഞാന്‍ കാണുന്നു". ഇപ്രകാരം അവന്‍ മഹാദേവന്റെ കഥ പറഞ്ഞിരിക്കുമ്പോള്‍ എട്ടുദിവസം കഴിഞ്ഞതറിഞ്ഞില്ല. ഒരു മുഹൂര്‍ത്തം കഴിഞ്ഞ മാതിരിയേ തോന്നിയുള്ളു ഭാരതാ! എട്ടാം ദിവസം ഞാന്‍ ആ ബ്രാഹ്മണനില്‍ നിന്ന് വിധിപ്രകാരം ദീക്ഷ കൈക്കൊണ്ടു. കുശിയും, ചീരിയും, ദണ്ഡിയും, മുണ്ഡിയുമായി നെയ്യാടി, മേഖലധരിച്ച്‌ ഒന്നാം മാസത്തില്‍ ഫലം മാത്രം ഭക്ഷിച്ച്‌ തപസ്സു ചെയ്തു. രണ്ടാമത്തെ മാസം ജലം മാത്രം ആഹാരമായി തപസ്സു ചെയ്തു. മൂന്നും നാലും അഞ്ചും മാസങ്ങളില്‍ വായു മാത്രം ഭക്ഷിച്ച്‌ ഒറ്റക്കാല്‍ കൊണ്ട്‌ ഊന്നി നിന്ന് കൈപൊക്കി നിന്ന് തപസ്സു ചെയ്തു. അങ്ങനെ ധ്യാനിച്ചു നില്ക്കുമ്പോള്‍ ആയിരം സുര്യന്റെ തേജസ്സ്‌ ഒന്നിച്ചു ഞാന്‍ നഭസ്സില്‍ കണ്ടു ഭാരതാ! പാണ്ഡുനന്ദനാ, പിന്നെ ഞാന്‍ തേജസ്സിന്റെ നടുവിലായി ഇന്ദ്രായുധക്കെട്ട്‌ അണിഞ്ഞ്‌, വിദ്യുന്മാലാഗവാക്ഷമായി നീല ശൈലചയം പോലെ വലാകകളണിഞ്ഞ ഒരു മേഘം കണ്ടു. അതില്‍ മഹാദ്യുതിയായ ഭഗവാന്‍ ദേവിയുമൊത്തു നില്ക്കുന്നതായി കണ്ടു. തപസ്സും തേജസ്സും ചേര്‍ന് ഭഗവാന്‍ ദേവിയോടു കൂടി ശോഭിച്ചു. സോമനോടു കൂടി സുരൃന്‍ മേഘത്തില്‍ നില്ക്കുന്നവിധം ശോഭിച്ചു.

ഞാന്‍ രോമാഞ്ചം കൊണ്ടു കൌന്തേയാ! വിസ്മയം കൊണ്ട്‌ എന്റെ കണ്ണു വിടര്‍ന്നു. ഞാന്‍ ദേവന്മാരുടെ ദുഃഖം തീര്‍ക്കുന്ന ഗതിയായ ഹരനെ ദര്‍ശിച്ചു.

കിരീടം ശിരസ്സിലണിഞ്ഞ്‌ ശൂലവും ഗദയും കൈയിലേന്തി പുലിത്തോലുടുത്ത്‌ ജടയണിഞ്ഞ്‌ ദണ്ഡം, പിനാകം, വജ്രം എന്നിവയും കൈകളില്‍ ധരിച്ച്‌ തീക്ഷ്ണദംഷ്ട്രനായി, ശുഭാംഗദം അണിഞ്ഞ്‌, നാഗത്തെ പൂണുനുലാക്കി, കാലടിപ്പാടില്‍ മുട്ടുമാറുള്ള ദിവ്യവും നാനാവര്‍ണ്ണോജജ്വലവുമായ മാല മാറില്‍ ധരിച്ച്‌, സന്ധ്യയോടു കൂടി പരിവേഷത്തോടു കൂടിയ ചന്ദ്രന്‍ വര്‍ഷം കഴിഞ്ഞ സമയത്ത്‌ വിളങ്ങുന്ന മാതിരി ഞാന്‍ ആ ദേവനെ ദര്‍ശിച്ചു.

പ്രഥമജാലങ്ങളായ പരിവാരങ്ങളോടെ, ശരല്‍ക്കാലത്ത്‌ ദുഷ് പ്രേഷ്യനും പരിവേഷത്തോടു കൂടിയവനുമായ സൂര്യനെപ്പോലെ കാണപ്പെട്ട മഹാദേവനെ, പതിനൊന് ശതം രുദ്രന്മാര്‍ ഇപ്രകാരം വിളങ്ങിയ വൃഷവാഹനനായ ശിവനെ, കര്‍മ്മം കൊണ്ടു ശുഭകര്‍മ്മിയായ നിയതാത്മാവിനെ, സ്തുതിച്ചു. ആദിതൃന്മാരും, വസുക്കളും, സാദ്ധ്യന്മാരും, വിശ്വദേവകളും, അശ്വിനീദേവകളും വിശ്വസ്തുതികളാല്‍ വിശ്വദേവന്മാര്‍ ദേവനായ ശംഭുവിനെ വാഴ്ത്തി. ഇന്ദ്രന്‍, ഭഗവാനായ വിഷ്ണു എന്നീ അദിതി പുത്രന്മാരും ബ്രഹ്മാവും രഥന്തരം സാമം ഇവ ഭവന്റെ സന്നിധിയില്‍ ചെല്ലുന്നതായിക്കണ്ടു.

പല യോഗീശ്വരന്മാരും യോഗദനും ഗുരുവുമായ താതനെ, സസുതന്മാരായ ബ്രഹ്മര്‍ഷികളും ദേവര്‍ഷികളും ഭൂമിയും ആകാശവും നക്ഷത്രങ്ങളും ഗ്രഹങ്ങളും മാസങ്ങളും പക്ഷങ്ങളും ഋതുക്കളും രാത്രിയും സംവത്സരവും ക്ഷണവും മുഹൂര്‍ത്തവും നിമിഷവും യുഗമാറ്റങ്ങളും എല്ലാം ഒരുപോലെ, എല്ലാ ദിവ്യരും രാജാവേ, മഹേശ്വരനെ നമിക്കുന്നു. സത്യജ്ഞാനികളായവര്‍, വിദ്യകള്‍, സനല്‍ക്കുമാരന്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍, മരീചി, അത്രി, അംഗിരസ്സ്‌, പുലഹന്‍, പുലസ്ത്യന്‍, ക്രതു; ഏഴു മനുക്കള്‍, സോമന്‍, അധര്‍വ്വാവ്‌, ബൃഹസ്പതി, ഭൃഗു, ദക്ഷന്‍, കശ്യപന്‍, വസിഷ്ഠന്‍, ഛന്ദസ്സ്‌, ദീക്ഷായജ്ഞങ്ങള്‍, ദക്ഷിണാഗ്നി, ഹവിസ്സ്‌, യജ്ഞ ദ്രവ്യങ്ങള്‍ ഇവയൊക്കെ ശരീരമെടുത്തു യുധിഷ്ഠിരാ, അവിടെ എത്തി. പ്രജാപാലര്‍, സരിത്തുക്കള്‍, നാഗങ്ങളെല്ലാം, എല്ലാ ദേവമാതാക്കളും, ദേവപത്നികള്‍, കന്യകമാര്‍, ആയിരം മുനിമാര്‍, പതിനായിരം ലക്ഷം പേര്‍ ശാന്തനായ വിഭുവിനെ, ശൈലങ്ങളും അംബുധികളും ദിക്കുകളും നമിക്കുന്നു. ഗീതാവാദ്യ വിശാരദരായ ഗന്ധര്‍വ്വന്മാരും അപ്സരസ്ത്രീകളും ദിവ്യതാളത്തില്‍ ഭവനെ പാടിസ്തുതിക്കുന്നു. വിദ്യാധരന്മാരും, അസുരന്മാരും ഗുഹ്യകന്മാരും, ആശരന്മാരും, ചരാചരങ്ങളായ സര്‍വ്വഭൂതങ്ങളും മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും വിഭുവിനെ നമിക്കുന്നു. ത്രിദശേശ്വരനായ ശര്‍വ്വന്‍ എന്റെ മുമ്പിലായി വന്നു നിന്നു.

ഈശാനന്‍ എന്റെ മുമ്പില്‍ വന്നു നില്ക്കുന്നതായി കണ്ടപ്പോള്‍ ഹേ ഭാരതാ, പ്രജാപതി മുതല്‍ ശക്രന്‍ വരെയുള്ളവരെല്ലാം എന്നെ നോക്കി. അപ്പോള്‍ മഹാദേവനെ നോക്കുവാന്‍ ഞാന്‍ അശക്തനായി. ഉടനെ മഹാദേവന്‍ എന്നോടു പറഞ്ഞു: എടോ കൃഷ്ണാ! നോക്കൂ! പറയൂ, നീ നൂറായിരം വട്ടം എന്നെ ആരാധിച്ചുവല്ലോ. നിന്നെപ്പോലെ പ്രിയനായി, ഈ മൂന്ന് ലോകത്തിലും പ്രിയപ്പെട്ടവനായി, ആരുമില്ല. ദേവനെ ഞാന്‍ തലകുമ്പിട്ടു നമസ്കരിച്ചു. അപ്പോള്‍ ഉമാദേവി പ്രസാദിച്ചു. ബ്രഹ്മാദികളായ ദേവന്മാര്‍ വാഴ്ത്തുന്ന സ്ഥാണുവോട്‌ ഞാന്‍ പിന്നെ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: അല്ലയോ ശാശ്വതനായ സര്‍വ്വയോനേ, ബ്രഹ്മത്തിന്‌ അധിപന്‍ ഭവാനാണെന് ഋഷിമാര്‍ പറയുന്നു. തപസ്സ്‌, സത്വം, രജസ്സ്‌, തമസ്സ്‌ എന്നിവയും നീ തന്നെയാണല്ലോ. സത്തുക്കള്‍ സത്യം പറയുന്നു. അല്ലയോ മഹേശ്വരാ, നീയാണല്ലോ ബ്രഹ്മാവ്‌. രുദ്രനും നീ തന്നെയാണല്ലോ. നീ പാശി (വരുണൻ ) ആണ്‌. നീ അഗ്നിഭഗവാനാണ്‌. നീ മനുവാണ്‌. നീ ധാതാവാണ്‌. നീ ത്വഷ്ടാവാണ്‌. നീ പ്രഭുവാണ്‌. നീ സര്‍വ്വതോമുഖനാണ്‌. ചരങ്ങളും അച രങ്ങളുമായ ഭൂതങ്ങള്‍ നിന്നില്‍ നിന്ന് ഉണ്ടായവയാണല്ലോ. സചരാചരമായ ത്രിഭുവനത്തേയും നീ സൃഷ്ടിച്ചതാണല്ലോ. ഇന്ദ്രിയൗഘങ്ങളും മനസ്സും ഏഴു വായുക്കളും അപ്രകാരം അഗ്നികളും ആ ദേവതൌഘവും, അങ്ങയുടെ ദേവതൗഘ ങ്ങളും എല്ലാം അങ്ങയുടെ സൃഷ്ടിയാണല്ലോ. എല്ലാറ്റിനും മുകളിലായി ഭവാന്‍ സ്ഥിതിചെയ്യുന്നു.

വേദങ്ങളും, യജ്ഞങ്ങളും, സോമനും, ദക്ഷിണാഗ്നിയും, ഹവിസ്സും, യജ്ഞത്തിനുളള സകല വിഭവങ്ങളും എല്ലാം ഭഗവാന്‍ തന്നെയാണ്‌. അതില്‍ ഒട്ടും സംശയമില്ല. യജ്ഞം, അദ്ധ്യയനം, ദാനം, വ്രതങ്ങള്‍, നിയമങ്ങള്‍, ഹ്രീ, കീര്‍ത്തി, ശ്രീ, ദ്യുതി, തുഷ്ടി, സിദ്ധി ഇവയും അങ്ങയില്‍ത്തന്നെ. കാമം, ക്രോധം, ഭയം, ലോഭം, മദം, സ്തബ്ധത, മത്സരം, ആധി, വ്യാധി ഇവയെല്ലാം ദേവാ, അങ്ങയുടെ സന്തതികളാണല്ലോ. കൃതി, വികാരം, പ്രളയം, പ്രധാനം, അവ്യയമായ ബീജം, മനസ്സിന്റെ പരയായ യോനി, ശാശ്വതമായ പ്രഭാവം, അവ്യക്തം, പാവനന്‍, അചിന്ത്യന്‍, സഹസ്രാംശു, ഹിരണ്യയന്‍, ഗണങ്ങള്‍ക്കെല്ലാം ആദി, ഇങ്ങനെയിരിക്കുന്ന ഭവാന്‍ തന്നെയാണല്ലോ ജീവിതത്തിന്‌ ആശ്രയം.

മഹാനായ ആത്മാവ്‌ ബ്രഹ്മം, വിശ്വം, ശംഭു, സ്വയം ഭൂവ്‌, പ്രജേഞാപലബ്ധി, ബുദ്ധി, സംവിത്ഖ്യാതി, ധൃതി, സ്മൃതി പര്യായമായ വാക്കുകള്‍കൊണ്ടു പറയപ്പെടുന്ന നാമങ്ങളാണ്‌. മഹാനായ ആത്മാവ്‌ ബോധിക്കേണ്ടവനാകുന്നു. നിന്നില്‍ ബോധവാനായ ബ്രാഹ്മണന്‍ വിദ്വാനാകുന്നു. അവന്‍ പ്രമോഹത്തെ അടക്കുന്നു.

ദേവാ! ഭവാന്‍ സര്‍വ്വഭൂത ഹൃദയമാകുന്നു. ക്ഷേത്രജ്ഞനെന് പറയുന്നവന്‍ ഭവാനാകുന്നു. ഋഷികളാല്‍ നീ സ്തുതിക്കപ്പെടുന്നു. എല്ലായിടത്തും കൈകാലുകളുളളവനാണ്‌ നീ. എല്ലായിടത്തും കണ്ണും ശിരസ്സും മുഖവുമുളളവനാണ്‌ ഭവാന്‍. ലോകത്തില്‍ സര്‍വ്വത്ര കാതുളളവനാണ്‌ ഭവാന്‍. നീ എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്നു. തിഗ് മാശുവിന്റെ നിമേഷാദികളായ കര്‍മ്മങ്ങള്‍ക്കും ഭവാന്‍ തന്നെയാണല്ലോ ഫലമായി വിളങ്ങുന്നത്‌. .

അങ്ങ്‌ പ്രഭാര്‍ച്ചിസ്സാണ്‌. പുരുഷനാണ്‌. എന്നും ഹൃദയത്തില്‍ വര്‍ത്തിക്കുന്നവനാണ്‌. അണിമ, ലഘിമ, പ്രാപ്തി, ജ്യോതിസ്സ്, ഈശാനന്‍, അവ്യയന്‍ എല്ലാം നീ തന്നെ. നിന്നിലാണല്ലോ ബുദ്ധിയോടെ മതിയെ ആശ്രയിച്ചു ലോകര്‍ നില്ക്കുന്നത്‌. നിത്യയോഗക്കാരായ ഋഷിമാര്‍ സത്യസന്ധരായി, ജിതേന്ദ്രിയരായി, നിന്നില്‍ ധ്യാനിക്കുന്നവരായി, നില്ക്കുന്നു.

ഗുഹയുടെ ഉള്ളില്‍ (ഹൃദയത്തില്‍) സ്ഥിരമായി പുരാണ പുരുഷനും ശക്തനും ഹിരഞ്ചയനും ബുദ്ധജനാവലംബനുമായ നിന്നെ കാണുന്നവനാരോ, അവന്‍ ധീമാനാണ്‌. അവന്‍ മഹാബുദ്ധിമാനാണെന് പറയാം.

സൂക്ഷ്മങ്ങളെ ഏഴിനേയും (തന്മാത്രകള്‍) കണ്ട്‌ ആറംഗങ്ങളാകുന്ന ആകാരത്തോടു കൂടിയ ഭവാനെ ഗ്രഹിച്ച്‌ പ്രധാന വിധിയോഗസ്ഥിതനായ ബുധന്‍ നിന്നില്‍ ചേരുന്നതാണ്‌. ഇപ്രകാരം പാര്‍ത്ഥന്റെ ആര്‍ത്തി ഹരിച്ചവനായ മഹേശ്വരനോടു പറഞ്ഞപ്പോള്‍ ചരാചരങ്ങളുടങ്ങിയ വിശ്വം മുഴുവന്‍ സിംഹനാദം മുഴക്കി.

വീപ്രജനങ്ങള്‍ക്കു മാത്രമല്ല, സുരന്മാരും അസുരന്മാരും അഹികളും പിശാച വര്‍ഗ്ഗങ്ങളും പിതൃക്കളും ഖഗങ്ങളും രക്ഷോഗണങ്ങളും ഭൂതനികായങ്ങളും എല്ലാ മുനീന്ദ്രന്മാരും ചേര്‍ന് മഹാദേവനെ വണങ്ങി.

എന്റെ ശിരസ്സില്‍ ദിവ്യഗന്ധമുള്ള പുഷ്പസമൂഹം വര്‍ഷിക്കപ്പെട്ടു. സുഖമായ കാറ്റ്‌ എങ്ങും വീശി. ഭഗവാന്‍ എന്നേയും ഗൌരീദേവിയേയും നോക്കി. ജഗത്തിന് ഹിതം ചെയ്യുന്ന ദേവന്‍ ശക്രനെയും നോക്കി. മഹാദേവന്‍ എന്നോടു പറഞ്ഞു: കൃഷ്ണാ, ശത്രുഘ്ന! എന്നില്‍ നിനക്കുള്ള ശ്രേഷ്ഠമായ ഭക്തി ഞാനറിയുന്നു. ആത്മാവിന് ശ്രേയസ്സ്‌ ഭവാന്‍ ചെയ്യുക. നിന്നില്‍ എനിക്ക്‌ അത്യധികമായ പ്രീതിയുണ്ട്‌. അല്ലയോ കൃഷ്ണാ, നീ ആവശ്യമുളള വരം ചോദിച്ചുകൊളളുക. അങ്ങയ്ക്ക്‌ സത്തമാ, ഞാന്‍ എന്തു വരം വേണമെങ്കിലും തരുന്നതാണ്‌. സുദുര്‍ല്ലഭമായ എന്തു വരമാണ്‌ നീ ഇച്ഛിക്കുന്നത്‌? യദുസത്തമാ, പറയു.

15. മേഘവാഹനോപാഖ്യാനം - ശിവനും പാര്‍വ്വതിയും ശ്രീകൃഷ്ണന് വരം കൊടുക്കുന്നു - ശ്രീകൃഷ്ണന്‍ പറഞ്ഞു: ആ തേജോരാശിയുടെ മുമ്പില്‍ ഞാന്‍ ശീര്‍ഷം കുനിച്ചു നമസ്കരിച്ചു. വലിയ ഹര്‍ഷത്തോടെ ഭഗവാനോടു പറഞ്ഞു. "ധര്‍മ്മത്തില്‍ ദൃഢത്വം, യുദ്ധത്തില്‍ ശത്രുവധം, പ്രശസ്തമായ കീര്‍ത്തി, വലിയ ശക്തി, യോഗം, പ്രിയത്വം, അങ്ങയുടെ സന്നിധാനം, നൂറു സന്താനങ്ങള്‍ ഇവയെ ഞാന്‍ അങ്ങയില്‍ നിന്ന് വരം വരിക്കുന്നു", എന്ന് പറഞ്ഞപ്പോള്‍, എന്നാല്‍ അങ്ങനെ ഭവിക്കട്ടെ എന്ന് ശങ്കരന്‍ അരുള്‍ ചെയ്തു. അപ്പോള്‍ സര്‍വ്വപാവനിയും വിശ്വമാതാവുമായ പാര്‍വ്വതി എന്നെ നോക്കി, "അല്ലയോ സന്മതേ, ഭഗവാന്‍ അങ്ങയ്ക്ക്‌ സാംബന്‍ എന്ന പുത്രനെ നല്കിയിരിക്കുന്നു. ഇനി എട്ടു വരം ഭവാന്‍ എന്നില്‍ നിന്നും വരിച്ചു കൊളളുക. ഞാന്‍ നല്കുന്നു", എന്ന് പറഞ്ഞു. ഉടനെ ഞാന്‍ കുമ്പിട്ട്‌ അവളോടു പറഞ്ഞു, "പാണ്ഡുപുത്രാ, ദ്വിജന്മാരുടെ കോപത്തിന്‌ ഞാന്‍ പാത്രമാകരുത്‌. പിതുക്കളുടെ പ്രസാദമുണ്ടാകണം. നൂറു പുത്രന്മാരുണ്ടാകണം. പരമമായ സൗഖ്യം, കുലത്തില്‍ പ്രിയത്വം, മാതാവിന്റെ മഹത്തായ പ്രസാദം ഇവ ഞാന്‍ വരിക്കുന്നു".

ഉമ പറഞ്ഞു: അല്ലയോ അമരപ്രഭാവാ, നീ ചോദിച്ച വരം ഞാന്‍ തരുന്നു. അപ്രകാരം ഭവിക്കട്ടെ! ഞാന്‍ ഒരിക്കലും ഭോഷ്കു പറയുകയില്ല. പതിനാറായിരം ഭാര്യമാരിലും നീ അക്ഷയമായ സ്നേഹം അനുഭവിച്ചു കൊള്ളുക. ബന്ധുക്കളില്‍ വലിയ പ്രീതിയും ദേഹത്തിന്റെ കാമ്യമായ രൂപവും ഞാന്‍ ഭവാനു നല്കുന്നു. നിത്യവും ഭവാന്റെ മന്ദിരത്തില്‍ എഴുപത് നൂറ്‌ പാന്ഥന്മാര്‍ വന് നിന്റെ സല്‍ക്കാരമേൽക്കുന്നതാണ്‌.

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം എനിക്ക്‌ ദേവനും ദേവിയും മഹത്തരമായ വരങ്ങള്‍ നല്കി. ഉടനെ അല്ലയോ ഭീമപൂര്‍വ്വജാ! ആ ദേവനും ദേവിയും ആ ക്ഷണത്തില്‍ ഗണങ്ങളോടു കൂടി മറഞ്ഞു. ഈ ഒരു അതൃത്ഭുതം ഞാന്‍ ആദ്യമേ തന്നെ തേജസ്വിയായ ദ്വിജനോട്‌, ഉപമന്യുവിനോട്‌, ചെന്നുണര്‍ത്തിച്ചു. ഉപമന്യു ഞാന്‍ പറഞ്ഞത്‌ ശ്രദ്ധാപൂര്‍വ്വം കേട്ട്‌ ദേവദേവനെ നമസ്കരിച്ച്‌ ഇപ്രകാരം പറഞ്ഞു സുവ്രതാ!

ഉപമന്യു പറഞ്ഞു: ശര്‍വ്വന് തുല്യനായി ദേവനില്ല. ശര്‍വ്വന് തുല്യനായ ഗതിയുമില്ല ശര്‍വ്വന് തുല്യനായ ദാതാവില്ല. രണത്തില്‍ ശര്‍വ്വന് തുല്യമായി ആരുമില്ല.

16. മേഘവാഹനോപാഖ്യാനം - ഉപമന്യുവും ശ്രീകൃഷ്ണനും തമ്മിലുള്ള സംവാദം, തണ്ഡിയുടെ ശിവസ്തുതി - ഉപമന്യു പറഞ്ഞു: പണ്ട്‌ കൃതയുഗത്തില്‍ തണ്ഡി എന്ന് പ്രസിദ്ധനായ ഒരു ഋഷിയുണ്ടായിരുന്നു. പതിനായിരം വര്‍ഷം അവന്‍ സമാധിയിലിരുന്ന് മഹാദേവനെ ആരാധിച്ചു. അവന് എന്തുസംഭവിച്ചു എന്ന് കേള്‍ക്കുക. ഭക്തനായ അവന് മഹാദേവന്‍ പ്രത്യക്ഷനായി. അവന്‍ വിഭുവിനെ സ്തുതിച്ചു. തണ്ഡി ഇങ്ങനെ തപസ്സു കൊണ്ട്‌ പരമാത്മാവും അവ്യയരൂപനുമായ മഹാത്മാവിനെ ഉളളില്‍ കണ്ട്‌ വിസ്മിതനായി ഇപ്രകാരം പറഞ്ഞു:

സാംഖ്യന്മാര്‍ പരമപുരുഷനെ പഠിക്കുന്നു. യോഗിമാര്‍ ചിന്ത ചെയ്യുന്നു. പ്രധാനനാണ്‌ പരമപുരുഷന്‍. അവന്‍ അധിഷ്ഠാതാവും അധീശ്വരനുമാണ്‌. ജന്മനാശങ്ങള്‍ക്കെല്ലാം കാരണം അവനാണെന് ബുധന്മാര്‍ പറയുന്നു. ദേവന്മാര്‍ക്കും, അസുരന്മാര്‍ക്കും, മുനീന്ദ്രന്മാര്‍ക്കും മേലെയായി അവനല്ലാതെ വേറെ ആരുമില്ല. അജനും, ഈശാനനും, ആദ്യന്തമില്ലാത്തവനും, പ്രഭുവും, അതൃന്തസുഖിയുമാണ്‌ അവന്‍. അനഘനായ ആ ദേവനെ ഞാന്‍ ശരണംപ്രാപിക്കുന്നു.

ഇപ്രകാരം പറയുമ്പോള്‍ തണ്ഡി തന്റെ മുമ്പില്‍ ആ തപോനിധിയെ ദര്‍ശിച്ചു. ധ്രുവനും, അവ്യയനും, അചിന്ത്യനും, അതുല്യനും, നിത്യനും, ശാശ്വത തത്വനുമായ ദേവനെ ദര്‍ശിച്ചു. നിഷ്കളം, സകളം, ബ്രഹ്മം, നിര്‍ഗ്ഗുണം, സഗുണം, യോഗികള്‍ക്ക്‌ പരന്‍, ആനന്ദം, അക്ഷരം, മോക്ഷസംജ്ഞകം, വായുവിനും, ഇന്ദ്രനും, അഗ്നിക്കും, മരുത്തിനും, വിശ്വനും, ബ്രഹ്മനും ഗതി, അഗ്രാഹ്യന്‍, അചലന്‍, ശുദ്ധന്‍, ബുദ്ധിഗ്രാഹ്യന്‍, മനോമയന്‍, ദുര്‍വ്വിജേഞയന്‍, അസംഖ്യേയന്‍, അകൃതാത്മാവ്‌, സുദുര്‍ഗ്ഗമന്‍, വിശ്വലോകങ്ങള്‍ക്ക്‌ യോനി, തപസ്സിന്നും അപ്പുറത്തു നില്ക്കുന്നവന്‍, പുരാണന്‍, പുരുഷന്‍, ദേവന്‍, പരങ്ങള്‍ക്കും പരാല്‍പരന്‍, പ്രാണനോടു ചേര്‍ന്ന ആത്മാവ്‌, ജ്യോതിസ്സ്‌, ജീവഗമായ മനം ഇങ്ങനെ നാനാരൂപത്തില്‍ വിളങ്ങുന്ന ആ ദേവനെ കാണുവാനായി വളരെക്കാലം മുനി അത്യുഗ്രമായ തപസ്സു ചെയ്തു. അവസാനം മഹാദേവനെ കണ്ടു. മഹര്‍ഷി മഹേശ്വരനെ വാഴ്ത്തി സ്തുതിച്ചു.

തണ്ഡിയുടെ മഹാദേവസ്തുതി 

-------------------------------------------------

പവിത്രര്‍ക്കും പവിത്രം നീ ഗതിമാന്മാര്‍ക്കു നീ ഗതി തേജസ്സുകള്‍ക്കുഗ്രതേജസ്സാത്തപങ്ങള്‍ക്കുമേല്‍ തപം. 

വിശ്വാവസു ഹിരണ്യാക്ഷ പുരൂഹൂതര്‍ തൊഴുന്നവന്‍ കല്യാണദന്‍, വിഭോ, നിന്നെ കൂപ്പുന്നേന്‍ പരസത്യമേ! 

ജന്മമൃത്യു ഭയംപൂണ്ട യതികള്‍ക്കൊക്കയും വിഭോ മുക്തി നല്കും സഹസ്രാംശോ, കൈകുപ്പുന്നേന്‍ സുഖാശ്രയ! 

ബ്രഹ്മാവിന്ദ്രന്‍ വിഷ്ണു വിശ്വേദേവന്മാരും മുനീന്ദ്രരും അറിയാത്തവനേ, ഞങ്ങള്‍ അറിയുന്നെങ്ങനെ വിഭോ? 

ഭവാനിലുളവാമെല്ലാം, എല്ലാം നിന്നിലിരിപ്പതാം കാലം പുരുഷനെന്നുളളതെല്ലാം ബ്രഹ്മാഖ്യനും ഭവാന്‍! 

മൂന്നുണ്ടു മെയ്‌ നിനക്കെന്നു പുരാണജ്ഞര്‍ സുരര്‍ഷികള്‍ അധിപൂരുഷമദ്ധ്യാത്മം അധിഭൂതാധിദൈവതം 

അധിലോകാധിവിജ്ഞാനമധിയജ്ഞനുമാണു നീ ദേവന്മാര്‍ക്കും ദുര്‍വ്വിദനാം നിന്നെക്കണ്ടാത്മസംസ്ഥനായ്‌ 

വിജ്ഞരെത്തുന് നിര്‍മ്മുക്തര്‍ പരം ഭാവമനാമയം വിഭോ നീയിച്ഛിച്ചീടായ്കില്‍ ജന്മമൃത്യുക്കളേറെയാം. 

സ്വര്‍ഗ്ഗമോക്ഷങ്ങള്‍ക്കു വഴിയാക്ഷേപ്താവേകിടുന്നു നീ സ്വര്‍ഗ്ഗവും മോക്ഷവും നീയേ കാമവും ക്രോധവും ഭവാന്‍ സത്വം രജസ്സാത്തമസ്സും മേലും കീഴും പ്രഭോ ഭവാന്‍! 

ബ്രഹ്മാവു നീ വിഷ്ണു ഭവന്‍ സ്‌കന്ദേന്ദ്രന്മാര്‍ യമാക്കളും മൻവിന്ദു ധാത്യവരുണ വിധാതാക്കള്‍ ധനേശനും. 

 ഭൂ വായു വെള്ളം തീ വ്യോമം വാക്ക്‌ ബുദ്ധി മതിസ്ഥിതി കര്‍മ്മം സത്യാനൃതദ്വന്ദ്വം ഭവാന്‍ ഇല്ലാത്തതുളളതും. 

 നീയിന്ദ്രിയേന്ദ്രിയാര്‍ത്ഥങ്ങള്‍ പ്രകൃതിക്കും പരം ധ്രുവം വിശ്വാവിശ്വപരം ഭാവം ചിന്ത്യാചിന്ത്യനുമാണു നീ. 

ഏതൊന്നുപരമം ബ്രഹ്മം ഏതൊന്നുപരമം പദം ഏതൊന്നു സാംഖ്യര്‍ക്കു ഗതി അതും നീ,യില്ലസംശയം!കൃതാര്‍ത്ഥരാം ഞങ്ങളിപ്പോള്‍ എത്തിയാ ദൃഢമാം പദം. 

പ്രാര്‍ത്ഥിപ്പതേതു പദമോ ജ്ഞാനനിര്‍മ്മലബുദ്ധികള്‍ ബുദ്ധികെട്ടിത്രയും നാളായ്‌ കഷ്ടമേ, ഞങ്ങള്‍ മൂഢരായ്‌. 

ബുധര്‍ ശാശ്വതനായ്ച്ചൊല്ലും ദേവനെത്തിരയായ്കയാല്‍ ജന്മങ്ങള്‍കൊണ്ടു നിൻ ഭക്തി നേരെ സാധിച്ചിതിന്നു ഞാന്‍.

ഭക്താനുഗ്രഹദന്‍ ദേവന്‍ തന്‍ ജ്ഞാനമമൃതാപ്തിയാം ദേവാസുരമുനീന്ദ്രര്‍ക്കും  ഗുഹ്യമേറ്റം സനാതനം. 

ഗുഹയ്ക്കകത്തെഴും ബ്രഹ്മം ദൂര്‍വ്വിജേഞയം മുനിക്കുമേ അതാണീ ഭഗവാന്‍ ദേവന്‍ സര്‍വ്വകൃത്‌ സര്‍വ്വതോമുഖന്‍. 

സര്‍വ്വാത്മാവാം സര്‍വ്വദര്‍ശി സര്‍വ്വവഗന്‍ സര്‍വ്വവിത്തമന്‍. ദേഹകൃത്‌ ദേഹഭൃത്‌ ദേഹി ദേഹഭുക്‌ ദേഹിമാര്‍ . ഗതി. 

പ്രാണകൃത്‌ പ്രാണഭൃത്‌ പ്രാണി പ്രാണദന്‍ പ്രാണിമാര്‍ ഗതി ഇഷ്ടര്‍ അദ്ധ്യാത്മവിത്തുക്കള്‍ അദ്ധ്യാത്മഗതിയായവന്‍.

ജന്മാഭാവം നിനപ്പോര്‍ക്കു ഗതിയായവനീശ്വരന്‍ സര്‍വ്വവഭൂതങ്ങള്‍ക്കുമിവന്‍ ശുഭാശുഭഗതിപ്രദന്‍. 

സര്‍വ്വജന്തുക്കള്‍ക്കുമിവന്‍ ജന്മമൃത്യുവിധായകന്‍ സിദ്ധി കാംക്ഷിക്കുമൃഷികള്‍ക്കവന്‍താന്‍ സിദ്ധിതന്‍ പ്രഭു. 

ഭൂമ്യാദിഭുവനം മുറ്റും വിണ്ണോരൊത്തു  ചമച്ചുടന്‍ മൂര്‍ത്തിയെട്ടാലേല്പൂ ദേവന്‍ ഭരിച്ചീടുന്നിതങ്ങനെ.

ഇവങ്കല്‍നിന്നൊക്കെയുണ്ടാം നിലനില്പതിവകലാം ലയിപ്പതുമിവങ്കല്‍ത്താന്‍ ഇവന്‍ ഏകന്‍ സനാതനന്‍. 

സത്വകാമികള്‍ സത്തുക്കള്‍ക്കിവന്മേല്‍ സത്യലോകമാം അപവര്‍ഗ്ഗവിമുക്തര്‍ക്കു കൈവല്യം ജ്ഞാനികള്‍ക്കിവന്‍. 

ബ്രഹ്മാദിസത്വര്‍ ഗുഹയില്‍ ഗോപനം ചെയ്തവന്‍ പ്രഭു ദേവാസുരമനുഷ്യര്‍ക്കു വെളിവാകരുതെന്നുതാന്‍. 

ആ നിന്നെക്കാണുവോരല്ല ദേവാസുരമനുഷ്യര്‍കള്‍ ഹൃദിസ്ഥന്‍ വെളിവാകാതുള്ളിവന്‍ മോഹരണയ്ക്കയാല്‍.

ഭക്തിയോഗംകൊണ്ടു ഭജിച്ചിവനെ സംശ്രയിക്കുകില്‍ അവര്‍ക്കാത്മാവെയാത്മാവില്‍ കാട്ടും കരളിലുള്ളിവന്‍. 

ആ ദേവനെയറിഞ്ഞീടില്‍ ജന്മമൃത്യുക്കള്‍ പറ്റിടാ ആ വേദ്യനെയറിഞ്ഞെന്നാല്‍ വേദ്യം മറ്റൊന്നുമില്ലതാന്‍. 

ആ വന്‍ലാഭം ലഭിച്ചീടിലോര്‍ക്കില്ലതിനുമേല്‍ ബുധന്‍ സൂക്ഷ്മം പരപ്രാപ്തിയിതില്‍ച്ചെന്നാലവ്യയമക്ഷയം. 

സാംഖ്യന്മാര്‍ ഗണതത്വജ്ഞര്‍ സാംഖ്യശാസ്ത്രവിശാരദര്‍ സൂക്ഷ്മജ്ഞരീ സൂക്ഷ്മതത്വം കണ്ടു ബന്ധമൊഴിച്ചിടും. 

വേദജ്ഞാനികളീ വേദ്യനാകും വേദാന്തസംസ്ഥനില്‍ നിത്യം പ്രാണായാമപരര്‍ ആവേശിക്കും ജപിച്ചിടും. 

ഓങ്കാരമാം തേരിലേറിയവര്‍ എത്തും മഹേശനില്‍ ഇവനാ ദേവയാനക്കാര്‍ക്കാദിത്യന്‍ ദ്വാരമാണുപോല്‍. 

ഇവനാ പിത്യയാനക്കാര്‍ക്കിന്ദുവും ദ്വാരമാണുപോല്‍ ഇവന്‍ കാഷ്ഠാദിക്കുകളും സംവത്സരയുഗാദിയും. . 

ദിവ്യാദിവ്യം പരം ലാഭമയനം ദക്ഷിണോത്തരം മൂന്നം സ്തവംകൊണ്ടിവനെയാരാധിച്ചു പ്രജാപതി. 

പ്രജാര്‍ത്ഥം പരമര്‍ത്ഥിച്ചു നീലലോഹിതനോടവന്‍ ബഹ്വ്യചന്മാര്‍ സല്‍ക്രിയയില്‍ ഇവനേ വാഴ്ത്തുമൃക്കിനാല്‍.

യജ്ജുസ്സിനാലെ ഹോമിപ്പു മൂന്നായ്‌ വേദ്യനെയദ്ധ്വരെ സാമങ്ങളാല്‍ പാടീടുന്നു സാമഗര്‍ ശുദ്ധബുദ്ധികള്‍. 

ഋതം സതൃം പരം ബ്രഹ്മം വാഴ്ത്തുമാഥര്‍വ്വണദ്വിജര്‍ യജ്ഞത്തിന്‍ പരയാം യോനി പരന്‍ പതിയുമാണവന്‍. 

രാപ്പകല്‍ കാതു കണ്ണായോന്‍ പക്ഷമാസശിരോഭുജന്‍ ഋതുവീര്യന്‍ തമോധൈര്യ നബ്ദഗുഹ്യോരുപാദവാന്‍. 

യമന്‍ മൃത്യു ഹുതാശന്‍താന്‍ കാലന്‍ സംഹാരവേഗവാന്‍ കാലന്നും പരയാം യോനി കാലമത്രേ സനാതനന്‍. 

ചന്ദ്രാര്‍ക്കര്‍ നക്ഷത്രഗണം ഗ്രഹങ്ങള്‍ വായുവും പരം ധ്രുവന്‍ സപ്തര്‍ഷിമാ, രേഴു ഭുവനങ്ങളുമങ്ങനെ 

പ്രധാനം മഹദവ്യക്തം വിശേഷാന്തം സവൈകൃതം ആ ബ്രഹ്മസ്തം ബ്രഹ്മഭൂതാദികം സത്തുമസത്തുമേ.

എട്ടാകുന്നൂ പ്രകൃതികള്‍ പരന്‍ പ്രകൃതികള്‍ക്കുമേ ഈ ദേവനുള്ളോരു ഭാഗം പരിവര്‍ത്തിപ്പിതാകവേ. 

ഇതുതാന്‍ പരമാനന്ദം പരം ശാശ്വതമായതും വിരക്തര്‍ക്കോ ഗതിയിതു സത്തുക്കള്‍ക്കഗ്ര്യഭാവമാം. 

ഇതാണനുദ്വിഗ്നപദം ഇതാ ബ്രഹ്മം സനാതനം ശാസ്ത്രവേദാംഗവിജ്ഞന്മാക്കിതേദ്ധ്യാനം പരം പദം. 

ഇതുതാന്‍ പരയാം കാഷ്ഠ ഇതുതാന്‍ പരയാം കല ഇതുതാന്‍ പരയാം സിദ്ധി ഇതുതാന്‍ പരയാം ഗതി. 

ഇതുതാന്‍ പരയാം ശാന്തി ഇതുതാന്‍ പരനിര്‍വൃതി ഇതിലെത്തീടു സിദ്ധാര്‍ത്ഥര്‍ ഞങ്ങളെന്നോര്‍പ്പൂ യോഗികള്‍. 

ഇതേ തുഷ്ടി ഇതേ സിദ്ധി ഇതേ ശ്രുതി ഇതേ സ്മൃതി അദ്ധ്യാത്മഗതിയിഷ്ടര്‍ക്കു ബുധര്‍ക്കോ പ്രാപ്തിയവ്യയം. 

ഭൂരിദക്ഷിണയജ്ഞങ്ങള്‍ യജിക്കും കാമികള്‍ക്കഹോ യജ്ഞശീലര്‍ക്കുളള, ഗതിയായതും നീയസംശയം. 

നല്ലയോഗം, ജപം ശാന്തി നിയമം ദേഹപാതനം ഇവകൊണ്ടു തപിപ്പോര്‍ക്കു ദേവ, വന്‍ഗതിയാണു നീ. 

കര്‍മ്മന്യാസം കഴിച്ചുള്ള വിരക്തന്മാര്‍ക്കതാതിടം ബ്രഹ്മലോകത്തുളള ഗതിയായതും നീ സനാതന! 

ജന്മാഭാവത്തെയോര്‍ക്കുന്ന വിരക്തന്മാര്‍ക്കുമങ്ങനെ പ്രകൃതിപ്രളയങ്ങള്‍ക്കും ഗതി നീതാന്‍ സനാതന! 

ജ്ഞാനവിജ്ഞാനമുള്ളോര്‍ക്കു നിരുപാഖ്യ, നിരഞ്ജന! കൈവല്യമായുളള പരഗതിയും ഹന്ത! ദേവ നീ. 

വേദശാസ്ത്രപുരാണോക്തങ്ങളിഗ്ഗതികളഞ്ചുമേ നിൻ പ്രസാദത്തിനാല്‍ ലഭ്യമല്ലായ്കില്‍ കിട്ടിടാ വിഭോ!

ഇപ്രകാരം തപോനിധിയായ തണ്ഡി മഹേശ്വരനെ വാഴ്ത്തി ലോകകര്‍ത്താവ്‌ മുമ്പെ പറഞ്ഞ മുഖ്യബ്രഹ്മത്തേയും പറഞ്ഞു.

ഉപമന്യു പറഞ്ഞു: ഇപ്രകാരം ബ്രഹ്മവാദിയായ തണ്ഡി മഹേശ്വരനെ വാഴ്ത്തിയപ്പോള്‍ ഉമയോടു കൂടെ ഇരിക്കുന്ന ദേവദേവന്‍ പറഞ്ഞു. ബ്രഹ്മാവും ഇന്ദ്രനും വിഷ്ണുവും വിശ്വേദേവന്മാരും മുനീന്ദ്രന്മാരും എന്നെ അറിയാതിരിക്കുന്നില്ല എന്ന് എന്നില്‍ സന്തോഷത്തോടെ ശങ്കരന്‍ പറഞ്ഞു.

ശങ്കരന്‍ പറഞ്ഞു: അല്ലയോ ദ്വിജശ്രേഷ്ഠാ, ഭവാന്‍ അക്ഷയനും അവ്യയനുമായി ഭവിക്കും. ഭവാന്റെ സകല ദുഃഖവും നീങ്ങും. നീ യശസ്വിയും തേജസ്വിയും ദിവ്യജ്ഞാനിയുമായി ഭവിക്കും. നിന്റെ പുത്രന്‍ ഋഷികള്‍ക്ക്‌ അഭിഗമ്യനും സൂത്രകൃത്തുമായി ഭവിക്കും. അതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ എന്തു കാമമാണ്‌ തരേണ്ടത്‌? ഭവാന്‍ എന്താണ്‌ കാംക്ഷിക്കുന്നത്‌? പറഞ്ഞാലും!

ശങ്കരന്റെ വാക്കുകേട്ടപ്പോള്‍ കൈകൂപ്പി അവന്‍ പറ ഞ്ഞു: ഭവാനില്‍ എനിക്ക്‌ ഉറച്ച ഭക്തിയുണ്ടാകണം.

ഉപമന്യു പറഞ്ഞു: സുരര്‍ഷികള്‍ നമിക്കുന്ന ഈശ്വരന്‍ ഈ വരങ്ങള്‍ നല്കി വിബുധന്മാരുടെ സ്മുതി കേട്ട് അവിടെ അന്തര്‍ദ്ധാനം ചെയ്തു. ഭഗവാന്‍ കൂട്ടുകാരോടു; കൂടി മറഞ്ഞപ്പോള്‍ അല്ലയോ യദൂത്തമാ, ഋഷി ആശ്രമത്തില്‍ വന്ന് എന്നോടു പറഞ്ഞു. പ്രസിദ്ധമായ നാമങ്ങള്‍ എന്തൊക്കെ തണ്ഡി എന്നോടു പറഞ്ഞുവോ, അല്ലയോ മാനവശ്രേഷ്ഠാ, അവയെല്ലാം സിദ്ധിക്കായി ഭവാന്‍ കേട്ടാലും. പത്ത്‌ സഹസ്രനാമങ്ങള്‍ പിതാമഹന്‍ വേദത്തില്‍ ചൊല്ലിയിട്ടുണ്ട്‌. ശര്‍വ്വനെപ്പറ്റി ശാസ്ത്രത്തില്‍ ഒരു സഹസ്രനാമമുണ്ട്‌. അത്‌ എല്ലാവര്‍ക്കും അറിവുള്ളതല്ല. തണ്ഡി ഭഗവാന്റെ ഗുഹൃനാമങ്ങളെ അല്ലയോ അച്യുതാ, ദേവപ്രസാദത്താല്‍ എനിക്കു ചൊല്ലിത്തന്നു.

17. മേഘവാഹനോപാഖ്യാനം - ശിവസഹ്രസനാമം, ഉപമന്യു ശിവന്റെ ആയിരം പര്യായങ്ങള്‍ ശ്രീകൃഷ്ണനെ കേള്‍പ്പിക്കുന്നു - ശ്രീകൃഷ്ണന്‍ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, പിന്നെ പരിശുദ്ധനായ ഉപമന്യു എന്ന വിപ്രര്‍ഷി കൈകൂപ്പി നിന്ന് നാമസംഗ്രഹം ആദ്യമായി ചൊല്ലി.

ഉപമന്യു പറഞ്ഞു: ബ്രഹ്മപ്രോക്തവും ഋഷിപ്രോക്തവും വേദവേദാംഗ സംഭവവുമായ നാമം ചൊല്ലി ജഗല്‍ഖ്യാത സ്തുത്യനെ ഞാന്‍ സ്തുതിക്കുന്നു. മഹത്തായും വിഹിതമായും സത്യമായും സര്‍വ്വാര്‍ത്ഥ സാധകമായും വേദദത്താത്മാവായ തണ്ഡി എന്ന മുനി ഭക്തിയോടെ ചമച്ചതാണിത്‌. സാധുക്കളും തത്വജ്ഞരുമായ മുനികള്‍ പറഞ്ഞ വിധം വിശ്രുതവും പ്രവരവും പ്രഥമവും സ്വര്‍ഗ്ഗവും എല്ലാവര്‍ക്കും ഹിതവും ശുഭവുമാണ്‌ അത്‌. ജഗത്തിലൊക്കെ ശ്രുതവും ബ്രഹ്മലോകത്തില്‍ നിന്നെത്തിയതുമാണ്‌ അത്‌. അത്‌ സത്യവും പരമവും ബ്രഹ്മവും ബ്രഹ്മപ്രോക്തവും സനാതനവുമാണ്‌. വിസ്തരിച്ച്‌ ശര്‍വ്വനെപ്പറ്റി പറയുവാന്‍ ആര്‍ക്കു സാധിക്കും? ഒരു നൂറ്റാണ്ടു നിന്ന് പറഞ്ഞാലും വിഭൂതികള്‍ ഇണങ്ങിയാലും അവന്റെ ആദിയോ മദ്ധ്യമോ അന്തമോ ആയ കാര്യംപറയുവാന്‍ സാധിക്കുകയില്ല മാധവാ! അവന്റെ ഗുണം മുഴുവന്‍ പറയുവാന്‍ കെല്പുളളവര്‍ ആരുമില്ല. എങ്കിലും മഹാദേവന്റെ പൊരുള്‍ നന്നായി ചുരുക്കി അവന്റെ ചരിതം ശക്തിപോലെ പറയാം. ആ ധീമാന്റെ പ്രസാദം എന്നിലുണ്ടെങ്കില്‍, അവന്റെ സമ്മതം കിട്ടാതെ മഹേശനെ വാഴ്ത്താന്‍ പറ്റുകയില്ല. ഞാന്‍ സ്തുതിക്കുന്ന മഹേശ്വരന്‍ സമ്മതിച്ചാലുടനെ ഞാന്‍ ജഗത് യോനിയും മഹാത്മാവുമായ അനാദിനിധനന്റെ അവ്യക്തയോനിയുടെ പേരുകള്‍ മുഴുവന്‍ പറയാം. വരേണ്യനും, വരദനും, ധീമാനും, വിശ്വരൂപനുമായ അവന്റെ നാമങ്ങള്‍ ഹേ കൃഷ്ണാ, ഭവാന്‍ കേള്‍ക്കുക. ഇതു പത്മയോനിയായ ബ്രഹ്മാവ്‌ ചൊല്ലിയതാണ്‌. പത്തു സഹസ്രനാമങ്ങള്‍ പ്രപിതാമഹന്‍ ചൊല്ലിയിട്ടുണ്ടല്ലോ. അതു പതിനായിരവും കടഞ്ഞെടുത്തു തൈരില്‍ നിന്ന് വെണ്ണയും, വെണ്ണയില്‍ നിന്ന് നെയ്യും എടുക്കുന്നത് പോലെ ഗിരിസാരങ്ങളില്‍ നിന്ന് സ്വര്‍ണ്ണമെന്ന പോലെ, പൂക്കളുടെ സാരമായ തേന്‍ പൂക്കളില്‍ നിന്നെന്ന പോലെ ഘൃതസാരം "മണ്ഡം" എന്ന പോലെയുമാണ്‌ ഈ സാരമായ സഹസ്രനാമം എടുത്തത്‌. എല്ലാ പാപങ്ങളേയും നീക്കുന്ന ഇത്‌ നാല് വേദത്തിന്റേയും കാതല്‍ പോലെ ഉളളതാണ്‌. അതു പ്രയത്നത്തോടെ പഠിക്കണം. യതാത്മാവായി അതു ധരിക്കണം. പൌഷ്ടികമായ ഈ മംഗള നാമങ്ങള്‍ ജപിച്ചാല്‍ രക്ഷസ്സുകള്‍ ഓടിപ്പോകും. ഏറ്റവും പാവനവുമാണ്‌. ഈ നാമം ഭക്തനും ശ്രദ്ധയുളളവനുമായ ആസ്തി കന് നല്കണം. അജിതാത്മാവും അശ്രദ്ധനുമായ നാസ്തികനോട്‌ ഇതു പറയരുത്‌.

കാരണാത്മാവും ഈശനുമായ ദേവനില്‍ ആര്‍ക്ക്‌ അസൂയ തോന്നുന്നുവോ, അല്ലയോ കൃഷ്ണാ, അവന്‍ അവന്റെ പൂര്‍വ്വന്മാരോടും പിന്നെ ജനിക്കുവാന്‍ പോകുന്നവരോടും കൂടി നരകത്തില്‍ കിടക്കേണ്ടിവരും.

ഇതാണ്‌ ധ്യാനിക്കേണ്ടത്‌. ഇതാണ്‌ ധ്യാനം, ഇതാണ്‌ യോഗം, ഇത്‌ ഉത്തമമാണ്‌, ഇതു ജപ്യമാണ്‌, ഇത്‌ ജ്ഞാനമാണ്‌, ഇത്‌ ഉത്തമമായ രഹസ്യമാണ്‌. ഇതറിഞ്ഞാല്‍ അവന്‍ യമന്റെ ആലയത്തില്‍ സല്‍ഗതി നേടും. പവിത്രവും, മംഗലവും, മേദ്ധ്യവും, കല്യാണവും, ഉത്തമവുമാണിത്‌.

സര്‍വ്വലോകപിതാമഹനായ ബ്രഹ്മാവ്‌ ഇത്‌ അന്ന് നിര്‍മ്മിച്ച്‌ എല്ലാ ദിവ്യസ്തവങ്ങളേക്കാള്‍ രാജത്വം ഇതിന് നല്കി. അന്നു തൊട്ട്‌ മഹാത്മാവായ ഈശ്വരന് ഇത്‌ കേവലം "സ്തവരാജ"നാമത്താല്‍ ഖ്യാതമായി. അന്നുതൊട്ട്‌ മഹാത്മാവായ ഈശ്വരന്റെ ഈ രാജസ്തവം ജഗത്തില്‍ സുരനമാരാല്‍ പൂജിതമായി. ബ്രഹ്മലോകത്തില്‍ നിന്ന് ഈ "സ്തുവരാജ"' കീര്‍ത്തനത്തെ സ്വര്‍ഗ്ഗ ലോകത്തിലേക്ക് എത്തിച്ചു. പിന്നെ തണ്ഡി അതിനെ നേടി. അതിന് തണ്ഡികല്പിതമെന്നു കൂടി ഖ്യാതി ലഭിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്ന് മന്നില്‍ കൊണ്ടു വന്നത്‌ തണ്ഡിയാണ്‌. സര്‍വ്വമംഗളമംഗല്യവും, സര്‍വ്വപാപപ്രാണാശനവും, സ്തവങ്ങളില്‍ വച്ച്‌ ഏറ്റവും ഉത്തമവുമായ സ്തവത്തെ മഹാബാഹോ, ഞാന്‍ പറയാം. ബ്രഹ്മങ്ങളില്‍ ഏറ്റവും പരമായ ബ്രഹ്മവും, പരമങ്ങളില്‍ പരമവും, തേജസ്സൂുകളില്‍ ശ്രേഷ്ഠമായ തേജസ്സും, തപങ്ങളില്‍ പരമമായ തപസ്സും അവനാകുന്നു.

ശാന്തന്മാര്‍ക്കിടയില്‍ ശാന്തനും, ദ്യുതികളില്‍ ഏറ്റവും ശ്രേഷ്ഠനുമായ ദ്യുതിയും, ദാന്തന്മാരില്‍ വെച്ച്‌ ഏറ്റവും ശ്രേഷ്ഠനായ ദാന്തനും, ധീമാന്മാരില്‍ ധീയും, ദേവകള്‍ക്കും ദേവനും ഋഷികള്‍ക്കും മഹാനായ  ഋഷിയും അവനാകുന്നു. യജ്ഞങ്ങള്‍ക്കും യജ്ഞം ഏവനോ, ശിവന്മാരില്‍ ശിവന്‍ ഏവനോ, രുദ്രന്മാര്‍ക്കും രുദ്രന്‍ ഏവനോ, പ്രഭവത്തുക്കളില്‍ പ്രഭ ഏവനോ, യോഗികള്‍ക്കും യോഗി ഏവനോ, കാരണങ്ങള്‍ക്കും കാരണം ഏവനോ, അവന്‍ ആ ഹരന്‍ തന്നെയാണ്‌. ലോകങ്ങള്‍ ആരില്‍ നിന്ന് ഉത്ഭവിക്കുന്നുവോ, പ്രളയത്തില്‍ ലോകങ്ങള്‍ ആരില്‍ ചേരും എന്ന് പറയുന്നുവോ, സര്‍വ്വവഭൂതാത്മഭൂതസ്ഥന്‍ ആരോ, ആ തേജസ്വിയായ ഹരന്റെ, ശര്‍വ്വന്റെ, ആയിരത്തെട്ടു നാമങ്ങള്‍ ഇതാ ഞാന്‍ പറയുന്നു. അവ ഭവാന്‍ കേട്ടുകൊള്ളുക. ആ പുണ്യനാമങ്ങള്‍ കേട്ടാല്‍ അല്ലയോ നരവ്യാഘ്രാ, ഭവാന്‍ എല്ലാ കാമങ്ങളും നേടുന്നതാണ്‌.

ശിവസഹസ്രനാമം 

സ്ഥിരന്‍ സ്ഥാണു പ്രഭു ഭീമന്‍ പ്രവരന്‍ വരദന്‍ വരന്‍ സര്‍വ്വാത്മാ സര്‍വ്വവിഖ്യാതന്‍ സര്‍വ്വന്‍ സര്‍വ്വകരന്‍ ഭവന്‍. 

ജടി ചര്‍മ്മി ശിഖണ്ഡീ നീ സര്‍വ്വാംഗന്‍ സര്‍വ്വഭാവനന്‍ ഹരന്‍ നീ ഹരിണാക്ഷന്‍ നീ സര്‍വ്വഭൂതഹരന്‍ പ്രഭു.

പ്രവൃത്തി നീ നിവൃത്തി നീ നിയതന്‍ ശാശ്വതന്‍ ധ്രുവന്‍ ശ്മശാനവാസി ഭഗവാന്‍ ഖചരന്‍ ഗോചരാ, ര്‍ദ്ദനന്‍.

അഭിവാദ്യന്‍ മഹാകര്‍മ്മാ തപസ്വീ ഭൂതഭാവനന്‍ ഉന്മത്തവേഷ പ്രച്ഛന്നന്‍ സര്‍വ്വലോകപ്രജാപതി.

മഹാരുപന്‍ മഹാകായന്‍ വൃഷരുപന്‍ മഹായശന്‍ മഹാത്മാ  സര്‍വ്വവഭൂതാത്മാ വിശ്വരൂപന്‍ മഹാമനു. 

ലോകപാലാന്തര്‍ഹിതാത്മാ പ്രസാദന്‍ ഹയഗര്‍ദ്ദഭി പവിത്രം നീ മഹാന്‍ പിന്നെ നിയമം നിയമാശ്രിതന്‍.

സര്‍വ്വകര്‍മ്മസ്വയംഭൂതന്‍ ആദിയാദികരന്‍ നിധി സഹസ്രാക്ഷന്‍ വിശാലാക്ഷന്‍ സോമന്‍ നക്ഷത്രസാധകന്‍.

ചന്ദന്‍ സൂര്യന്‍ ശനീ കേതു ഗ്രഹം ഗ്രഹപതീ വരന്‍ അത്രിയ്രത്രീ നമസ്കര്‍ത്താ മൃഗബാണാര്‍പ്പണാനഘന്‍.

മഹാതപന്‍  ഘോരതപന്‍ അദീനന്‍ ദീനസാധകന്‍ സംവത്സരകരന്‍ മന്ത്രം പ്രമാണം പരമം തപം.

യോഗിയോജ്യന്‍ മഹാബീജന്‍ മഹാരേതന്‍ മഹാബലന്‍ സുവര്‍ണ്ണരേതന്‍ സര്‍വ്വജ്ഞന്‍ സുബീജന്‍  ബീജവാഹനന്‍.

ദശബാഹുവനിമിഷന്‍ നീലകണ്ഠനുമാപതി വിശ്വരൂപന്‍ സ്വയം ശ്രേഷ്ഠന്‍ ബലവീരന്‍ ബലോല്‍ബണന്‍. 

ഗണകര്‍ത്താ ഗണപതി ദിഗ്വാസന്‍ കാമൻ ആവിധം മന്ത്രവിത്‌ പരമം മന്ത്രം സര്‍വ്വവഭാവകരന്‍ ഹരന്‍.

കമണ്ഡലുധരന്‍ ധന്വി ബാണഹസ്തന്‍ കപാലവാന്‍ അശനീി ശതഘ്നി ഖള്‍ഗി പട്ടസീയായുധീ മഹാന്‍.

സ്രുവഹസ്തന്‍ സുരൂപന്‍ നീ തേജസ് തേജസ്കരന്‍ നിധി ഉഷ്ണീഷി നീ സുവക്ത്രന്‍ നീ ഉദഗ്രന്‍ വിതതന്‍ ഭവാന്‍.

ദീര്‍ഘന്‍ നീ ഹരികേശന്‍ നീ സുതീര്‍ത്ഥന്‍ കൃഷ്ണനാവിധം സൃഗാലരൂപന്‍ സിദ്ധാര്‍ത്ഥന്‍ മുണ്ഡന്‍ സര്‍വ്വശുഭംകരന്‍.

അജന്‍ നീ ബഹുരുപന്‍ നീ ഗന്ധധാരി കപര്‍ദ്ദി നീ ഊര്‍ദ്ധ്വരേതസ്സൂര്‍ദ്ധ്വലിംഗ നൂര്‍ദ്ധ്വശായി നഭസ്തലന്‍.

ത്രിജടന്‍, ചീരവാസസ്സു രുദ്രന്‍ സേനാപതീ വിഭു അഹശ്ചരന്‍ നക്തചരന്‍ തിഗ്മാമന്യു സുവര്‍ച്ചസന്‍.

ഗജഹാ ദൈത്യയഹാ കാലന്‍ ലോകധാതാ ഗുണാകരന്‍ സിംഹശാര്‍ദ്ദൂലരൂപന്‍ നീ: ആര്‍ദ്രചര്‍മ്മാംബരാവ്യതന്‍. 

കാലയോഗി മഹാനാദന്‍ സര്‍വ്വകാമന്‍ ചതുഷ്പഥന്‍ നിശാചരന്‍ പ്രേതചാരി ഭൂതചാരി മഹേശ്വരന്‍.

ബഹുഭൂതന്‍ ബഹുധരന്‍ സ്വര്‍ഭാനുവമിതന്‍ ഗതി നിത്യപ്രിയന്‍ നിത്യനര്‍ത്തന്‍ നര്‍ത്തകന്‍ സര്‍വ്വലാലസന്‍ .

ഘോരന്‍ മഹാതപന്‍ പാശം നിത്യന്‍ ഗുരുരുഹന്‍ നഭം സഹസ്രഹസ്തന്‍ വിജയന്‍ വൃവസായമതന്ദ്രിതന്‍ .

അധര്‍ഷണന്‍ ധര്‍ഷണാത്മാ യജ്ഞഹാ കാമനാശകന്‍ ദക്ഷയാഗാപഹാരീ നീ സുസഹന്‍ പിന്നെ മദ്ധ്യമന്‍.

തേജോപഹാരി ബലഹാ മുദിതാര്‍ത്ഥാ, ജിതാവരന്‍ ഗംഭീരഘോഷന്‍ ഗംഭീരന്‍ ഗംഭീരബലവാഹനന്‍.

നൃഗ്രോധരൂപന്‍ നൃഗ്രോധന്‍ വൃക്ഷപര്‍ണ്ണസ്ഥിതീ വിഭു സുതീക്ഷ്ണദര്‍ശനന്‍ പിന്നെ മഹാകായന്‍ മഹാനനന്‍.

വിഷ്വക് സേനന്‍ ഹരീയജ്ഞന്‍ സംയുഗാപീഡവാഹനന്‍ നീ തീക്ഷ്ണതാപന്‍ ഹര്യശ്വന്‍ സഹായന്‍ കര്‍മ്മകാലവിത്‌.

വിഷ്ണുപ്രസാദിതന്‍ യജ്ഞം സമുദ്രം ബഢവാമുഖം ഹുതാശനസഹായന്‍ നീ പ്രശാന്താത്മാ ഹുതാശനന്‍.

ഉഗ്രതേജാ മഹാതേജാ ജന്യന്‍ വിജയകാലവിത്‌ ജ്യോതിഷാമയനം സിദ്ധി  സര്‍വ്വവിഗ്രഹനാവിധം.

ശിഖി മുണ്ഡി ജടിീ ജ്വാലി മൂര്‍ത്തിജന്‍ മൂര്‍ദ്ധഗന്‍ ബലി വൈണവീ പണവീ താളി ഖലി കാലകടങ്കുടന്‍.

നക്ഷത്ര വിഗ്രഹമതി ഗുണബുദ്ധി ലയാഗമന്‍ പ്രജാപതീ വിശ്വബാഹു വിഭാഗന്‍ സര്‍വ്വഗാ, മുഖന്‍.

വിമോചനന്‍ സുസരണന്‍ ഹിരണ്യകവചോത്ഭവന്‍ മേഢജന്‍ ബലചാരീ നീ മഹീചാരി തഥാ സ്രുതന്‍.

സര്‍വ്വവശൂരി നിനാദീ നീ സര്‍വ്വതോദ്യപരിഗ്രഹന്‍ വ്യാളരൂപന്‍ ഗുഹാവാസി ഗുഹന്‍ മാലിതരംഗവിത്‌.

ത്രിദശന്‍ നീ ത്രികാലധൃക്‌ കര്‍മ്മം സര്‍വ്വബന്ധവിമോചനന്‍ ബന്ധനന്‍ അസുനരേന്ദ്രര്‍ക്കു യുധി ശത്രുവിനാശനന്‍.

സാംഖ്യപ്രസാദന്‍ ദുര്‍വ്വാസാ സര്‍വ്വസാധുനിഷേവിതന്‍ പ്രസ്കന്ദനന്‍ വിഭാഗജ്ഞ നതുല്യന്‍ യജ്ഞഭാഗവിത്‌.

സര്‍വ്വവാസന്‍ സര്‍വ്വചാരി ദൂര്‍വ്വാസാ വാസവാമരന്‍ ഹൈമന്‍ ഹേമകരന്‍ യജ്ഞന്‍ സര്‍വ്വധാരിധരോത്തമന്‍.

ലോഹിതാക്ഷന്‍ മഹാക്ഷന്‍ നീ വിജയാക്ഷന്‍ വിശാരദന്‍ സംഗ്രഹം നിഗ്രഹം കര്‍ത്താ സര്‍പ്പചീരനിവാസനന്‍.

മുഖ്യന്‍ അമുഖ്യന്‍ ദേഹന്‍ നീ കാഹളീ  സര്‍വ്വകാമദന്‍ സര്‍വ്വകാലപ്രസാദന്‍ നീ സുബലന്‍ ബലരുപധ്യക്‌.

സ്വര്‍വ്വകാമപരന്‍ പിന്നെ സർവ്വഗന്‍ സര്‍വ്വതോമുഖന്‍ ആകാശനിര്‍വ്വിരൂപന്‍ നീ നിവാതിയവശന്‍ ഖഗന്‍.

രൗദ്രരൂപാംശുവാദിത്യന്‍ ബഹുരശ്മി സുവര്‍ച്ചസി വസുവേഗന്‍ മഹാവേഗന്‍ മനോവേഗന്‍ നിശാചരന്‍.

സര്‍വ്വവാസി  ശ്രീയാവസിയുപദേശകരാ, കരന്‍ മുനിയാത്മ നിരാലോകന്‍ സംഭഗ്നന്‍ നീ സഹസ്രദന്‍.

പക്ഷി നീ പക്ഷരുപന്‍ നീ അതിദീപ്തന്‍ വിശാംപതി ഉന്മാദന്‍ മദനന്‍ കാമ നശ്വത്ഥാര്‍ത്ഥകരന്‍ യശഃ

കാമദേവന്‍ വാമനും പ്രാക്‌ ദക്ഷിണന്‍ പിന്നെ വാമനന്‍ സിദ്ധയോഗീ നീ മഹര്‍ഷി സിദ്ധാര്‍ത്ഥന്‍ സിദ്ധസാധകന്‍.

ഭിക്ഷു നീ, ഭിക്ഷുരൂപന്‍ നീ വിപണന്‍ മൃദുവവ്യയന്‍ മഹാസേനന്‍ വിശാഖന്‍ നീ ഷഷ്ടിഭാഗന്‍ ഗവാംപതി.

നീ വജ്രഹസ്തന്‍ വിഷ്കംഭി ചമൂസ്തംഭനനാവിധം വൃത്താവൃത്തകരന്‍ താലന്‍ മധൂമധുക ലോചനന്‍.

വാചസ്പത്യന്‍ വിജസനന്‍ നിത്യമാശ്രമപൂജിതന്‍ ബ്രഹ്മചാരി ലോകചാരി സര്‍വ്വചാരി വിചാരവിത്‌.

ഈശാനനീശ്വരന്‍ കാലന്‍ നിശാചാരി പിനാകധൃക് നിമിത്തസ്ഥന്‍ നിമിത്തം നീ നന്ദി നന്ദികരന്‍ ഹരി.

നന്ദീശ്വരന്‍ പിന്നെ നന്ദി നന്ദനന്‍ നന്ദിവര്‍ദ്ധനന്‍ ഭഗഹാരി നിഹന്താവു കാലന്‍ ബ്രഹ്മാ പിതാമഹന്‍.

ചതുര്‍മ്മുഖന്‍ മഹാലിംഗന്‍ ചാരുലിംഗനതേവിധം ലിംഗദ്ധ്യക്ഷന്‍  സുരാദ്ധ്യക്ഷന്‍ യോഗാദ്ധ്യക്ഷന്‍.യുഗാവഹന്‍.

ബീജാദ്ധ്യക്ഷന്‍ ബീജകര്‍ത്താ അദ്ധ്യാത്മാനുഗതന്‍ ബലന്‍ സങ്കല്പമിതിഹാസം നീ ഗൌതമന്‍ നീ നിശാകരന്‍.

ദംഭന്‍ അദംഭന്‍ വൈദംഭന്‍ വശ്യന്‍ വശകരന്‍ കലി ലോകകര്‍ത്താ പശുപതി മഹാകര്‍ത്താവനൌഷധന്‍.

അക്ഷരം പരമം ബ്രഹ്മം ബലവത്‌ ശക്രനാവിധം നീതി അനീതി ശുദ്ധാത്മാ ശുദ്ധന്‍ മാന്യന്‍ ഗതാഗതന്‍.

ബഹുപ്രസാദന്‍ സുസ്വപ്നന്‍ ദര്‍പ്പണന്‍ താതമിത്രജിത്‌ വേദകാരന്‍ മന്ത്രകാരന്‍ വിദ്വാന്‍ സമരമര്‍ദ്ദനന്‍.

മഹാമേഘനിവാസന്‍ നീ മഹാഘോരന്‍ വശീകരന്‍ അഗ്നിജ്വാലന്‍ മഹാജ്വാലന്‍ അതിധ്രൂമ്രന്‍ ഹുതന്‍ ഹവി.

വൃഷണന്‍ ശലന്‍ നിത്യ വര്‍ച്ചസ്വീ ധൂമകേതനന്‍ നീലനമ്മട്ടംഗലുബ്ധന്‍ ശോഭനന്‍ നിരവഗ്രഹന്‍.

സ്വസ്തിദന്‍ സ്വസ്തിഭാവന്‍ നീ ഭാഗി ഭാഗകരന്‍ ലഘു ഉത്സംഗന്‍ നീ മഹാംഗന്‍ നീ മഹാഗര്‍ഭപരായണന്‍.

കൃഷ്ണവര്‍ണ്ണന്‍ സുവര്‍ണ്ണന്‍ നീ ദേഹികള്‍ക്കൊക്കെയിന്ദ്രിയം മഹാപാദന്‍ മഹാഹസ്തന്‍ മഹാകായന്‍ മഹാശയന്‍.

മഹാമൂര്‍ദ്ധാ മഹാമാത്രന്‍ മഹാനേത്രന്‍ നിശാലയന്‍ മഹാന്തകന്‍ മഹാകര്‍ണ്ണന്‍ മഹോഷ്ഠന്‍ നീ മഹാഹനു.

മഹാനാസന്‍ മഹാകുംബു മഹാഗ്രീവന്‍ ശ്മശാനദഭാക്‌ മഹാവക്ഷന്‍ മഹോരസ്‌കന്‍ അന്തരാത്മാ മൃഗാലയന്‍.

ലംബനന്‍ ലംബിതോഷ്ഠന്‍ നീ മഹാമായന്‍ പയോനിധി മഹാദന്തന്‍ മഹാദംഷ്ടന്‍ മഹാജിഹ്വന്‍ മഹാമുഖന്‍.

മഹാനഖന്‍ മഹാരോമന്‍ മഹാകേശന്‍ മഹാജടന്‍ പ്രസന്നന്‍ നീ പ്രസാദം നീ പ്രത്യയം ഗിരിസാധനന്‍.

സേഹനസ്നേഹനന്‍ പിന്നെ യജിതന്‍ നീ മഹാമുനി വ്യക്ഷാകാരന്‍ വ്യക്ഷകേതു അനലന്‍ വായു വാഹനന്‍.

ഗണ്ഡലീ മേരുധാമാവു ദേവാധിപതിയാവിധം അഥര്‍വ്വശീര്‍ഷന്‍ സാമാസ്യ നൃക്‌ സഹ്രസാമിതേക്ഷണന്‍. 

യജുഃ പാദഭുജന്‍ ഗുഹ്യന്‍ പ്രകാശനഥ ജംഗമന്‍ അമോഘാര്‍ത്ഥന്‍ പ്രസാദം നീ അഭിഗമൃന്‍ സുദര്‍ശനന്‍.

ഉപകാരന്‍ പ്രിയന്‍ സര്‍വ്വന്‍ കനകന്‍ കാഞ്ചനച്ഛവി നാഭിനന്ദികരന്‍ ഭാവന്‍ പുഷ്കരന്‍ സ്ഥപതിസ്ഥിരന്‍ 

ദ്വാദശന്‍ ത്രാസനന്‍ ആദ്യന്‍ യജ്ഞന്‍ യജ്ഞസമാഹിതന്‍ നക്തം കലീ കാലനേവം മകരന്‍ കാലപൂജിതന്‍.

സഗണന്‍ ഗണകാരന്‍ നീ ഭൂതവാഹനസാരഥി ഭസ്മേശയന്‍ ഭസ്മഗോപ്താ ഭസ്മഭൂതന്‍ തരൂഗണന്‍.

ലോകപാലനലോകന്‍ നീ മഹാത്മാ സര്‍വ്വപൂജിതന്‍ ശുക്ലന്‍ ത്രിശുക്രന്‍ സമ്പന്നന്‍ ശുചി ഭൂതനിഷേവിതന്‍.

ആശ്രമസ്ഥന്‍ ക്രിയാവസ്ഥന്‍ വിശ്വകര്‍മ്മമതീ വരന്‍ വിശാലശാഖന്‍ താമ്രോഷ്ഠ നംബുജാലന്‍ സുനിശ്ചലന്‍.

കപിലന്‍ കപിശന്‍ ശുക്ര നായുസ്സേവം പരാപരന്‍ ഗന്ധര്‍വ്വനദിതീ താര്‍ക്ഷ്യന്‍ സുവിജേഞയന്‍ സുശാരദന്‍.

പരശ്വധായുധന്‍ ദേവ നനുകാരി സുബാന്ധവന്‍ തുംബവീണന്‍ മഹാക്രോധ നൂര്‍ദ്ധ്വരേതന്‍ ജലേശയന്‍.

ഉഗ്രന്‍ വംശകരന്‍ വംശം വംശനാദനനിന്ദിതന്‍ സര്‍വ്വാംഗരൂപന്‍ മായാവി സുഹൃദന്‍ അനിലാനലന്‍.

ബന്ധനം ബന്ധകര്‍ത്താവു സുബന്ധനവിമോചനന്‍ സയജ്ഞാരീ സകാമാരീ മഹാദംഷ്ട്രന്‍ മഹായുധന്‍.

ബഹുധാ നിന്ദിതന്‍ ശര്‍വ്വന്‍ ശങ്കരന്‍ ശങ്കരാ, ധനന്‍ അമരേശന്‍ മഹാദേവന്‍ വിശ്വദേവന്‍ സുരാരിഹാ. 

അഹിര്‍ബുദ്ധിനൃനിലാഭന്‍ നീ ചേകിതാനന്‍ ഹവിസ്സു നീ അജൈകപാത്തു കാപാലി ത്രിശങ്കുവജിതന്‍ ശിവന്‍.

ധന്വന്തരീ ധൂമകേതു സ്‌കന്ദന്‍ വൈശ്രവണന്‍ തഥാ ധാതാവു ശക്രന്‍ നീ വിഷ്ണു മിത്രന്‍ ത്വഷ്ടാ ധ്രുവന്‍ ധരന്‍.

പ്രഭാവന്‍ സര്‍വ്വഗന്‍ വായു അര്യമാ സവിതാ രവി ഉഷംഗു നീ വിധാതാവു മാന്ധാതാ ഭുതഭാവനന്‍.

വിഭു വര്‍ണ്ണവിഭാവീ നീ സര്‍വ്വകാമഗുണാവഹന്‍ പത്മനാഭന്‍ മഹാഗര്‍ഭന്‍ ചന്ദ്രവക്ത്ര , നിലാ, നലന്‍.

ബലവാനുപശാന്തന്‍ നീ പുരാണന്‍ പുണ്യചഞ്ചുരി കുരുകര്‍ത്താ കുരുവാസീ കുരുഭൂതന്‍ ഗുണൌഷധന്‍.

സര്‍വ്വാശയന്‍ ദര്‍ഭചാരി സര്‍വ്വപ്രാണികള്‍ തന്‍ പതി ദേവദേവന്‍ സുഖാസക്തന്‍ സത്തസത്സര്‍വ്വരത്നവിത്‌.

കൈലാസഗിരിവാസീ നീ ഹിമവത്ഗിരി സംശ്രയന്‍ കലഹാരീ കലഹര്‍ത്താ ബഹുവിദ്യന്‍ ബഹുപ്രദന്‍.

വണിജന്‍, വര്‍ദ്ധകീവ്യക്ഷം ബകുളം ചന്ദനം ഛദം സാരഗ്രീവന്‍ മഹാശച്ച അലോലന്‍ നീ മഹാഔഷധം.

സിദ്ധാര്‍ത്ഥകാരി സിദ്ധാര്‍ത്ഥന്‍ ഛന്ദോവ്യാകരണോത്തരന്‍ സിംഹനാദന്‍ സിംഹദംഷ്ടന്‍ സിംഹഗന്‍ സിംഹവാഹനന്‍.

പ്രഭവാത്മാ ജഗത്കാല സ്ഥാലന്‍ ലോകഹിതന്‍ തരു സാരംഗന്‍ നവച്ചക്രാംഗന്‍ കേതുമാലി സഭാവനന്‍.

ഭൂതാലയന്‍ ഭൂതപതി അഹോരാത്രമനിന്ദിതന്‍  വാഹിതാ സര്‍വ്വഭുതങ്ങള്‍ നിലയം നീ വിഭൂഭുവന്‍.

അമോഘന്‍ സംയതന്‍ അശ്വന്‍ ഭാജനം പ്രാണധാരണം ധൃതിമാന്‍ മതിമാൻ ദക്ഷന്‍ സല്‍കൃതന്‍ നീ യുഗാധിപന്‍.

ഗോപാലി ഗോപതി ഗ്രാമന്‍ ഗോചര്‍മ്മവസനന്‍ ഹരി ഹിരണ്യബാഹു പ്രവേശി ഗുഹാപാലൻ, മാവിധം.

പ്രഹൃഷ്ടാരി മഹാഹര്‍ഷന്‍ ജിതകാമന്‍ ജിതേന്ദ്രിയന്‍ ഗാന്ധാരന്‍ നീ സുവാസന്‍ നീ തപസ്സക്തന്‍ രതീനരന്‍.

മഹാഗീതന്‍ മഹാനൃത്യ നപ്സരോഗണസേവിതന്‍ മഹാകേതു മഹാധാതു നൈകസാനുചരന്‍ ചലന്‍.

ആവേദനീയനാവേശന്‍ സര്‍വ്വഗന്ധ സുഖാവഹന്‍ തോരണം താരണം വാതം പരിഘി പതി ഖേചരന്‍.

സംയോഗം വര്‍ദ്ധനന്‍ വൃദ്ധന്‍ അതിവൃദ്ധന്‍ ഗുണാധികന്‍ നിത്യനാത്മാ സഹായന്‍ നീ ദേവാസുരപതീ പതി.

യുക്തന്‍ നീ യുക്തബാഹു, ദ്യോ സുപര്‍വ്വാവിന് ദേവനും ആഷാഢന്‍ നീ സുഷാഢന്‍ നീ ധ്രുവന്‍ നീ ഹരിണന്‍ ഹരന്‍.

ശിരോഹാരി വിമര്‍ഷന്‍ നീ സര്‍വ്വലക്ഷണലക്ഷിതന്‍ അക്ഷം നീ രഥയോഗീ നീ സര്‍വ്വയോഗി മഹാബലന്‍.

സാമാമ്നായ സാമാമ്നായൻ തീർത്ഥദേവൻ മഹാരഥൻ നിര്‍ജ്ജീവന്‍ ജീവനന്‍ മന്ത്രം ശുഭാക്ഷന്‍ ബഹുകര്‍ക്കശന്‍.

രത്നപ്രഭുതന്‍ രത്നാംഗന്‍ മഹാര്‍ണ്ണവ നിപാതവിത്‌ മൂലം വിശാലനമൃതന്‍ വ്യക്താവ്യക്തന്‍ തപോനിധി.

ആരോഹണനധിരോഹന്‍ ശീലധാരി മഹായശാഃ സേനാകല്പന്‍ മഹാകല്പന്‍ യോഗന്‍ യുഗകരന്‍ ഹരി യുഗരൂപന്‍ മഹാരൂപന്‍ മഹാനാഗഹനന്‍ പഥം.

ന്യായനിര്‍വ്വപണന്‍ പാദന്‍ പണ്ഡിതന്‍ അചലോപമന്‍ ബഹുമാലന്‍ മഹാമാലന്‍ ശശീ ഹരസുലോചനന്‍.

വിസ്താരന്‍ ലവണന്‍ കൂപന്‍ ത്രിയുഗന്‍ സഫലോദയന്‍ ത്രിനേത്രന്‍ നീ വിഷണ്ഡാംഗന്‍ മണിവിദ്ധന്‍ ജടാധരന്‍.

വിന്ദു വിസര്‍ഗ്ഗന്‍ സുമുഖന്‍ ശരം സര്‍ശായുധന്‍ സഹന്‍ നിവേദനന്‍ സുഖാജാതന്‍ സുഗന്ധാരന്‍ മഹാധനു. 

നീ ഗന്ധമാലീ ഭഗവാനുത്ഥാനം കര്‍മ്മമേതിനും മസ്ഥാനന്‍ ബഹുളന്‍ വായു സകലന്‍ സര്‍വ്വവലോചനന്‍.

തലന്‍ താലന്‍ കരസ്ഥാലി -. യൂര്‍ദ്ധ്വസംവഹനന്‍. മഹാന്‍ ഛത്രസുച്ചത്രവിഖ്യാതന്‍ ലോകം സര്‍വ്വാശ്രയന്‍ ക്രമന്‍ . 

മുണ്ഡന്‍ വിരൂപന്‍ വികൃതന്‍ ദണ്ഡി കുണ്ഡി വികര്‍വ്വണന്‍ ഹര്യക്ഷന്‍ കകുഭന്‍ വജ്രി ശതജിഹ്വന്‍ സഹസ്രപാത്‌. 

സഹ്രസ്രമൂര്‍ദ്ധാ ദേവേന്ദ്രന്‍ സര്‍വ്വദേവമയന്‍ ഗുരു സഹ്രസ്രബാഹു സര്‍വ്വാംഗന്‍ ശരണ്യന്‍ സര്‍വ്വലോക കൃത്‌.

പവിത്രം ത്രികകുന്മന്ത്രം കനിഷ്ഠന്‍ കൃഷ്ണപിംഗളന്‍ ബ്രഹ്മദണ്ഡവിനിര്‍മ്മാതാ ശതഘ്നി പാശശക്തിമാന്‍. 

പത്മഗര്‍ഭന്‍ മഹാഗര്‍ഭന്‍ ബ്രഹ്മഗര്‍ഭന്‍ ജലോത്ഭവന്‍ ഗർഭസ്തി ബ്രഹ്മകൃത്‌ ബ്രഹ്മാ ബ്രഹ്മവിത്‌ ബ്രാഹ്മണന്‍ ഗതി. 

അനന്തരൂപന്‍ നൈകാത്മാ തിഗ് മതേജന്‍ സ്വയംഭവന്‍ ഊര്‍ദ്ധ്വഗാത്മാ പശുപതി വാതരംഹാ മനോജവന്‍.

ചന്ദനീ പത്മനാളാഗ്രന്‍ സുരഭ്യുത്തരുണന്‍ നരന്‍ കര്‍ണ്ണികാരമഹാസ്രഗ്വി നിലമൌലി പിനാകധ്യക്‌.

ഉമാപതിയുമാകാന്തന്‍ ജാഹ്‌നവീ ധ്യക്കുമാധവന്‍ വരന്‍ വരാഹന്‍ വരദന്‍ വരേണ്യന്‍ സുമഹാസ്വനന്‍.

മഹാപ്രസാദന്‍ ഭവനന്‍ ശത്രുഹാ ശ്വേതപിംഗളന്‍ പ്രീതാത്മാ പരമാത്മാവു പ്രയതാത്മാ പ്രധാനധൃക്‌.

സര്‍വ്വപാര്‍ശ്വമുഖന്‍ ത്ര്യക്ഷന്‍ ധര്‍മ്മസാധാരണന്‍ വരന്‍ ചരാചരാത്മാ സൂക്ഷ്മാത്മാ വമൃതന്‍ ഗോവ്യഷേശ്വരന്‍.

സാദ്ധ്യര്‍ഷി, വസു, വാദിത്യന്‍ വിവസ്വാന്‍ സവിതാമൃതന്‍ വ്യാസന്‍ സര്‍ഗ്ഗം സുസംക്ഷേപം വിസ്താരം പര്യയം നരന്‍.

ഋതു സംവത്സരം മാസം പക്ഷം സംഖ്യാസമാപനന്‍ കല കാഷ്ഠ ലവം മാത്ര മുഹൂര്‍ത്താഹം ക്ഷപാക്ഷണം.

വിശ്വക്ഷേത്രം പ്രജാബീജം ലിംഗമങ്ങാദ്യനിര്‍ഗ്ഗമന്‍ സത്ത സദ് വ്യക്തമവ്യക്തം പിതാ മാതാ പിതാമഹന്‍. 

സ്വര്‍ഗ്ഗദ്വാരം പ്രജാദ്വാരം മോക്ഷദ്വാരം ത്രിവിഷ്ടപം ദേവാസുരവിനിര്‍മ്മാതാ ദേവാസുരപരായണന്‍.

ദേവാസുര ഗുരുദേവന്‍ ദേവാസുര നമസ്തുതന്‍ ദേവാസുര മഹാമാത്രന്‍ ദേവാസുര ഗണാശ്രയന്‍.

ദേവാസുര ഗണാദ്ധ്യക്ഷന്‍ ദേവാസുര ഗണാഗ്രണി ദേവാധിദേവന്‍ ദേവര്‍ഷി ദേവാസുര വരപ്രദന്‍.

ദേവാസുരേശ്വരന്‍ വിശ്വന്‍ ദേവാസുര മഹേശ്വരന്‍ സര്‍വ്വവദേവമയാചിന്ത്യന്‍ ദേവതാത്മാത്മസംഭവന്‍.

ഉത്ഭിത്‌ ത്രിവിക്രമന്‍ വൈദ്യന്‍ വിരജന്‍ നീരജോമരന്‍ ഈഢ്യന്‍ ഹസ്‌നീശ്വരന്‍ വ്യാഘ്രന്‍ ദേവസിംഹന്‍ നരര്‍ഷഭന്‍.

വിബുധാഗ്രവരന്‍ സൂക്ഷ്മന്‍ സര്‍വ്വദേവന്‍ തപോമയന്‍ സയുക്തന്‍ ശോഭനന്‍ വജ്രി പ്രാസപ്രഭവനവ്യയന്‍.

ഗുഹന്‍ കാന്തന്‍ നിജന്‍ സര്‍ഗ്ഗം പവിത്രന്‍ സര്‍വ്വപാവനന്‍ ശൃംഗി ശൃംഗപ്രിയന്‍ ബഭ്രു രാജരാജന്‍ നിരാമയന്‍.

അഭിരാമന്‍ സുരഗണന്‍ വിരാമന്‍ സര്‍വ്വസാധനന്‍ ലലാടാക്ഷന്‍ വിശ്വദേവന്‍ ഹരിണന്‍ ബ്രഹ്മവര്‍ച്ചസന്‍.

സ്ഥാവരങ്ങള്‍ക്കുള്ള പതി നിയമേന്ദ്രിയവര്‍ദ്ധനന്‍ സിദ്ധാര്‍ത്ഥന്‍ സിദ്ധഭൂതാര്‍ത്ഥാ ചിന്ത്യന്‍ സത്യവ്രതന്‍ ശുചി.

വ്രതാധിപന്‍ പരം ബ്രഹ്മം ഭക്തര്‍ക്കു പരയാം ഗതി വിമുക്തന്‍ മുക്തതേജസ്സു ശ്രീമാന്‍ ശ്രീവര്‍ദ്ധനന്‍ ജഗത്‌.

ഇപ്രകാരം ഞാന്‍ പ്രധാനമായ പദങ്ങളില്‍ മഹേശ്വരനെ വാഴ്ത്തി. ഇതിന്റെ ശരിയായ തത്വം ബ്രഹ്മാദികളായ ദേവന്മാരും ഋഷികളും അറിയുകയില്ല. വന്ദ്യനും അര്‍ച്ചിതനുമായ ജഗദീശപരനെ വാഴ്ത്തുവാന്‍ പിന്നെ ആരു ണ്ട്‌? വിഭുവായ യജ്ഞപതിയെ ഭക്തിയാല്‍ മുമ്പിലാക്കി ഞാന്‍ മതിമാന്മാരില്‍ അഗ്രഗണ്യനായ അവനെ പിന്നെ സമ്മതത്തോടുകൂടി സ്തുതിച്ചു.

ഈ പുഷ്ടിയേറിയ പദങ്ങളാല്‍ ഈശ്വരനെ വാഴ്ത്തുന്ന ശുചിയും, ഭക്തനും, നിതൃയുക്തനും, ആത്മഹരനുമായവന്‍ ആത്മസിദ്ധനായി ഭവിക്കും. ഇതാണ്‌ പരമമായ ബ്രഹ്മം. ഋഷിമാരും ദേവകളും മഹേശനെ സ്തുതിച്ചു പരബ്രഹ്മത്തെ പ്രാപിക്കുന്നു. നിയതാത്മാക്കള്‍ വാഴ്ത്തുമ്പോള്‍ മഹാദേവന്‍ പ്രസാദിക്കും. ഭക്താനുകമ്പിയായ ഭഗവാന്‍ ആത്മസംസ്ഥാകരനും വിഭുവുമാണ്‌. അപ്രകാരം, മനുഷ്യരില്‍ പ്രധാനപ്പെട്ടവര്‍, ആസ്തികന്മാര്‍, ശ്രദ്ധയുള്ളവര്‍, ബഹുജന്മസ്തവങ്ങള്‍ കൊണ്ട്‌ ഭക്തിയോടെ സനാതനനായ മഹേശ്വരനെ മനസ്സുകൊണ്ടും, വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ഭജിച്ച്‌ തേജസ്സിനെ ആര്‍ജജിക്കുന്നു. അവന്‍ ഉറങ്ങുമ്പോഴും, ഉണര്‍ന്നിരിക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും, കണ്ണടയ്ക്കുമ്പോഴും, . തുറക്കുമ്പോഴും വീണ്ടും വീണ്ടും ചിന്തിക്കുന്നു. അങ്ങനെയുള്ളവരും, ഈ സ്തോത്രം കേള്‍ക്കുന്നവരും, മറ്റുളളവരെ കേള്‍പ്പിക്കുന്നവരും, ഭവാനെപ്പറ്റി തന്നെ ഭക്തിയോടെ പറയുന്നവരും, ശിവനെ സ്തുതിക്കുന്നവരുമായ ജനങ്ങള്‍ പുണ്യവാന്മാരാണ്‌. അവര്‍ ദുഃഖങ്ങള്‍ നീങ്ങി സന്തോഷിച്ചു രമിക്കുന്നതാണ്‌.

കോടികോടി ജന്മങ്ങളില്‍ പലവിധം സംസാര യോനികളില്‍ പാപം വേര്‍പെട്ടു ജീവിക്കുകയും മഹാദേവനില്‍ ഭക്തി വര്‍ദ്ധിക്കുകയും ചെയ്യും. അനന്യമായ ഭക്തി ശിവനില്‍ ഉണ്ടാകും. അവന് സര്‍വ്വവഭാഗ്യങ്ങളും വന്നുചേരും. ദേവന്മാരില്‍ ഇതു ദുഷ്പ്രാപ്യമാണ്‌. മനുഷ്യരില്‍ ഇതു ലഭിക്കുന്നതല്ല. നിര്‍വിഘ്‌നമായി, നിര്‍മ്മലമായി, യാതൊരു തെറ്റും കൂടാതെ രുദ്രനില്‍ ഭക്തിയുണ്ടായാല്‍, മഹേശ്വരന്‍ പ്രസാദിച്ചാല്‍, മര്‍ത്ത്യര്‍ക്ക്‌ ഭക്തി ലഭിക്കും. അതുകൊണ്ട്‌ അവനില്‍ ഭാവചിത്തന്മാരായവര്‍ക്ക്‌ സിദ്ധിയും ലഭിക്കും. സര്‍വ്വഭാവത്തോടുമൊപ്പം ഈശ്വരനെ ആശ്രയിച്ചാല്‍ സംസാരത്തില്‍ നിന്ന് അവനെ ആശ്രിതവത്സലനായ ദേവന്‍ കയറ്റുന്നതാണ്‌. മറ്റു ദേവന്മാര്‍ ഇപ്രകാരം മനുഷ്യര്‍ക്കു തപോബലം വികരിപ്പിക്കുന്നതായി നാം വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ ഈ ദേവനല്ലാതെ മറ്റാരുമല്ല.

ഇപ്രകാരം ശുദ്ധമായ ബുദ്ധിയോടെ ദേവേന്ദ്ര സന്നിഭനായ തണ്ഡി കൃത്തിവാസസ്സും സദസല്‍പതിയുമായ ദേവനെ സ്തുതിച്ചു. ബ്രാഹ്മാവ്‌ ഈ ഭഗവദ് സ്തവം താനേ മനസ്സില്‍ ധരിച്ചു. ബ്രഹ്മാവ്‌ ശങ്കരന്റെ സന്നിധിയില്‍ ശരിയായ അര്‍ഥം ഗ്രഹിച്ചു തന്നെ ഇതു പാടുന്നു.

ഇതു പുണ്യമാണ്‌, പവിത്രമാണ്‌, പാപനാശനമാണ്‌ എന്നെന്നും ശങ്കരനില്‍ ഭക്തിയോടെ ഇത്‌ ഇപ്രകാരം പഠിച്ചവന്‍ സാംഖ്യയോഗര്‍ക്കുള്ള ഗതി ഏതോ, ആ ഗതി നേടുന്നതാണ്‌. പ്രയത്നം കൊണ്ട്‌ എപ്പോഴും രുദ്രന്റെ സന്നിധിയില്‍ ഈ സ്തവം ഒരാണ്ടു മുഴുവന്‍ ദിവസേന ചൊല്ലുന്ന ഭക്തന്‍ അവന്‍ ആഗ്രഹിക്കുന്ന ഫലം നേടും. ഇതു പരമമായ രഹസ്യമാണ്‌. ബ്രഹ്മാവിന്റെ ഉള്ളിലുള്ളതാണ്‌. ബ്രഹ്മാവ്‌ ഇന്ദ്രന് ഇത്‌ ഉപദേശിച്ചു. ശക്രന്‍ അതു മൃത്യുവിന് ഉപദേശിച്ചു. രുദ്രന്മാര്‍ക്ക്‌ മൃത്യു ഉപദേശിച്ചു. തണ്ഡി രുദ്രന്മാരില്‍ നിന്നും പഠിച്ചു. മഹാതപപസ്സിനാല്‍ ബ്രഹ്മമന്ദിരത്തില്‍ തണ്ഡി ഇതു നേടി. തണ്ഡി ഈ സ്തുതി ശുക്രന് ഉപദേശിച്ചു. ശുക്രന്‍ ഗൗതമന് ഉപദേശിച്ചു. ഗൗതമന്‍ വൈവസ്വതനായ മനുവിന് ഉപദേശിച്ചു. മനു അത്‌ സമാധിസ്ഥനായ സാദ്ധ്യനാരായണന് ഉപദേശിച്ചു. സാദ്ധ്യനാരായണന്‍ അതു നാചികേതന് ഉപദേശിച്ചു. അദ്ദേഹം അത്‌ വിവസ്വാന്റെ പുത്രനായ യമന് ഉപദേശിച്ചു. യമന്‍ അത്‌ മാര്‍ക്കണ്ഡേയന് ഉപദേശിച്ചു. മാര്‍ക്കണ്ഡേയനില്‍ നിന്ന് ഞാനും അതു ഗ്രഹിച്ചു. തപോനിയമത്തോടെയാണ്‌ അതു വാങ്ങിയത്‌ രാജാവേ! അല്ലയോ ശത്രുഘ്ന, ഞാനിതാ, അങ്ങയ്ക്ക്‌ ആ. സ്മവം നല്കുന്നു. സ്വര്‍ഗ്ഗവും, ആരോഗ്യപ്രദവും, ആയുഷ്യവും, ധന്യവും, വേദതുല്യവുമായ ഇതിന്‌ യക്ഷന്മാരോ രാക്ഷസന്മാരോ യാതൊരു വിഘ്നവും ചെയ്യുന്നതല്ല.. പിശാചുക്കളാകട്ടെ, യാതുധാനന്മാരാകട്ടെ, ഗുഹ്യകന്മാരാകട്ടെ, അഹികളാകട്ടെ, ഇതിന് യാതൊരു വിഘ്നവും ചെയ്യുന്നതല്ല. അല്ലയോ പാര്‍ത്ഥാ, ഇതു പഠിക്കുന്നവനായ ബ്രഹ്മചാരിയായ ജിതേന്ദ്രിയന്‍, ഭംഗം കൂടാതെ യോഗം ഒരു വര്‍ഷം അനുഷ്ഠിച്ചാല്‍, അവന്‍ അശ്വമേധയാഗം ചെയ്തതിന്റെ ഫലം നേടുന്നതാണ്‌.

18. മേഘവാഹനോപാഖ്യാനം - ശിവമഹിമാതിശയ പ്രശംസ - വൈശമ്പായനൻ പറഞ്ഞു: വാസുദേവന്‍ പറഞ്ഞു കഴിഞ്ഞ ശേഷം മഹായോഗിയായ കൃഷ്ണദ്വൈപായനന്‍ യുധിഷ്ഠിരനോടു പറഞ്ഞു: ഉണ്ണീ, രാജാവേ, പഠിക്കുക! ശുഭമായി വരും. മഹേശ്വരന്‍ പ്രസാദിക്കുന്നതാണ്‌. ഉണ്ണീ, പണ്ട്‌ ഞാന്‍ പുത്രലബ്ധിക്കു വേണ്ടി മേരുവില്‍ വലിയ തപസ്സില്‍ പ്രവേശിച്ച കാലത്ത്‌ ഈ സാമം ചൊല്ലുകയുണ്ടായി. അതുകൊണ്ട്‌ ഇഷ്ടമായ കാമങ്ങള്‍ നേടുകയും ചെയ്തു.

ദേവസമ്മതനും സാംഖ്യര്‍ഷിയുമായ കപിലന്‍ അപ്പോള്‍ യുധിഷ്ഠിരനോടു പറഞ്ഞു: ഞാന്‍ വളരെ ജന്മം ഭക്തിയോടെ മഹേശ്വരനെ ആരാധിച്ചു. ഭഗവാന്‍ എന്നില്‍ പ്രീതനായി. സംസാരദുഃഖം നീക്കുവാനുള്ള ജ്ഞാനം എനിക്കു മഹേശ്വരന്‍ നല്കി. അപ്പോള്‍ ചാരുശീര്‍ഷന്‍ എന്ന മുനി പറഞ്ഞു: "ശക്രന് ഇഷ്ടനായ സഖി ആലംബായനന്‍ എന്ന് പ്രസിദ്ധനായ ഒരു കരുണാമയനായിരുന്നു ഞാന്‍. അന് ഞാന്‍ ഗോകര്‍ണ്ണത്തില്‍ ചെന്ന് നൂറു വര്‍ഷം തപസ്സു ചെയ്തു. അങ്ങനെ അയോനിജന്മാരും ദാന്തന്മാരും തേജസ്വികളും ധാര്‍മ്മികന്മാരും ജരാമരണമാലറ്റവരും ആയിരം വര്‍ഷം ആയുസ്സുള്ളവരുമായ ആയിരം മക്കളെ ശര്‍വ്വന്റെ അനുഗ്രഹത്താല്‍ അന്ന് ഞാന്‍ നേടി പാണ്ഡവാ!" പിന്നെ വാല്മീകി മഹര്‍ഷി യുധിഷ്ഠിരനോടു പറഞ്ഞു: "പണ്ട്‌ ഞാന്‍ ബ്രഹ്മഘ്നനാണ്‌ എന്ന് സാഗ്നിമുനിമാര്‍ എന്നെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ അധര്‍മ്മ പീഡിതനായി അനഘനും അമോഘനുമായ ഈശാനനെ ശരണം പ്രാപിച്ചു. എന്റെ പാപം പെട്ടെന്ന് നീങ്ങി. പിന്നെ ദുഃഖവിനാശനായ ദേവന്‍ ത്രിപുരാന്തകന്‍ എന്നോടു പറഞ്ഞു, അല്ലയോ വാല്മീകീ, നിനക്ക്‌ വലിയ കീര്‍ത്തിയുണ്ടാവുന്നതാണ്‌. അങ്ങനെ എന്നെ അനുഗ്രഹി ച്ചു".

സൂര്യസന്നിഭനും ധര്‍മ്മഭൃത്പ്ര വരനുമായ ജാമദഗ്ന്യന്‍ കൌന്തേയനോട്‌ ഋഷി മദ്ധൃത്തില്‍ വച്ചു പറഞ്ഞു: "പിത്യ വിപ്ര വധം മൂലം ഞാന്‍ ആര്‍ത്തനായി പാണ്ഡവാഗ്രജാ!- അന്ന് ഞാന്‍ ശുചിയായി മഹാദേവനെ ശരണം പ്രാപിച്ചു. പവിത്രമായ നാമങ്ങളാല്‍ ഞാന്‍ ആ ദേവനെ സ്തുതിച്ചു. ശിവന്‍ എന്നില്‍ പ്രസാദിച്ച്‌ ഒരു വെണ്‍മഴു എനിക്കു നല്കി. പിന്നെ ദിവ്യാസ്ത്രങ്ങളും തന്നു. എന്നിട്ടു പറഞ്ഞു: "എടോ രാമാ! നിനക്കു യാതൊരു പാപവും ബാധിക്കുകയില്ല. നീ അജേയനായി ഭവിക്കും. മൃത്യു നിന്നെ സ്പര്‍ശിക്കുകയില്ല. നീ അജരനായി ഭവിക്കും". ഭഗവാനും ശിഖണ്ഡിയും ശിവവിഗ്രഹനുമായ ദേവന്‍ അന്ന് അങ്ങനെ എന്നെ അനുഗ്രഹിച്ചു. അപ്രകാരമെല്ലാം ആ ധീമാന്റെ പ്രസാദം മൂലം ഞാൻ നേടുകയും ചെയ്തു.

പിന്നെ വിശ്വാമിത്രമഹര്‍ഷി യുധിഷ്ഠിരനോടു പറഞ്ഞു: "ഈ ഞാന്‍ ബ്രാഹ്മണനാകണമെന് ആഗ്രഹിച്ച്‌ ശംഭുവെ ശരണംപ്രാപിച്ചു. അദ്ദേഹത്തിന്റെ പ്രസാദത്താല്‍ അതിദുര്‍ല്ലഭമായ ബ്രാഹ്മണ്യം നേടുകയും ചെയ്തു".

അസിതനായ ദേവലന്‍ പാണ്ഡുപുത്രനോടു പറഞ്ഞു: "ഇന്ദ്രന്റെ ശാപം മൂലം എന്റെ ധര്‍മ്മം നശിച്ചു പാര്‍ത്ഥാ! ആ ധര്‍മ്മവും നല്ല കീര്‍ത്തിയും ആയുസ്സും എനിക്കു മഹേശ്വരന്‍ നല്കി".

ഗൃത്സമദന്‍ എന്ന് പേരായ ഋഷി ഇന്ദ്രന്റെ ഇഷ്ടപ്പെട്ട സഖിയായിരുന്നു. ബൃഹസ്പതിയെപ്പോലെ ശോഭിക്കുന്ന ആ ഋഷി ആജമീഡനോടു (യുധിഷ്ഠിരനോടു) പറഞ്ഞു: "എടോ പാര്‍ത്ഥാ, ബ്രാഹ്മാവിന്റെ നേത്രത്തില്‍ നിന്നുണ്ടായവനായ വസിഷ്ഠന്‍ എന്ന ഋഷി, അചിന്ത്യനായ ശക്രന്റെ ആയിരം വര്‍ഷത്തെ സത്രം നടന്ന കാലത്ത്‌, അന്ന് ഞാന്‍ സാമം ചൊല്ലിയ കാലത്ത്‌, മഹാദേവന്‍ പറഞ്ഞു, "രഥന്തരം ചൊല്ലിയതു നല്ല മാതിരിയിലായില്ല ദ്വിജോത്തമാ! യാഗത്തിന് പറ്റാത്ത പണിയാണ്‌ നീ ചെയ്തത്‌ ദൂര്‍മ്മതേ! അതിന്റെ ഫലമായി നീ പ്രജ്ഞ കെട്ടവനായി ക്ലേശങ്ങളേറ്റ്‌ നിത്യഭീതനായി വനേചരനായി പത്തു സഹസ്രവും നൂറു വര്‍ഷം നിത്യവും മറ്റുള്ളവരെ ഭയപ്പെട്ടു കാട്ടില്‍ സഞ്ചരിച്ച്‌, വെള്ളവും കാറ്റും കിട്ടാത്തതും, മറ്റു മൃഗങ്ങളില്ലാത്തതും, യജ്ഞത്തിന് പറ്റാത്ത വൃക്ഷങ്ങളുള്ളതും, സിംഹങ്ങള്‍ വസിക്കുന്നതുമായ സ്ഥലത്ത്‌, ഒരു ക്രൂരമൃഗമായി വലിയ ദുഃഖത്തിന് പാത്രമാകും". ക്രോധത്തോടെ പറഞ്ഞ അവന്റെ വാക്ക്‌, പറഞ്ഞവസാനിച്ചയുടനെ ഞാന്‍ ഒരു ഘോരമൃഗമായി. ഞാന്‍ ശിവന്റെ പാദത്തില്‍ നമസ്കരിച്ച്‌ കേണു പറഞ്ഞു. മഹേശ്വരന്‍ പ്രസാദിച്ചു: "നീ അജരാമരനായി ദുഃഖം നീങ്ങിയവനാകും. എന്നോടു സാദൃശ്യം നിനക്കു ലഭിക്കും. നിങ്ങള്‍ക്കു ക്രതുവായ്ക്കുകയും ചെയ്യും (ഇന്ദ്രനും വസിഷ്ഠനും)".

ഇങ്ങനെ മഹേശ്വരന്‍ അനുഗ്രഹിക്കുന്ന അവന്‍ സുഖ ദുഃഖങ്ങള്‍ക്കു ധാതാവും വിധാതാവുമാണ്‌. ഈ ഭഗവാന്‍ അചിന്ത്യനാണ്‌. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും അവന്റെ മഹത്വം നാം അറിയുന്നില്ല. അല്ലയോ വത്സാ, രണത്തില്‍ ശ്രേഷ്ഠാ! നിന്നോടു കിടയുള്ളവനായി ആരുമില്ല.

അപ്പോള്‍ മതിസത്തമനായ വാസുദേവന്‍ പിന്നെയും പറഞ്ഞു. സുവര്‍ണ്ണാക്ഷനായ ദേവനെ ഞാന്‍ തപസ്സു കൊണ്ടു സന്തോഷിപ്പിച്ചു. പിന്നെ ഭഗവാന്‍ പ്രീതനായി എന്നോട്‌ ഇപ്രകാരം പറഞ്ഞു യുധിഷ്ഠിരാ! "എന്റെ പ്രസാദം കൊണ്ട്‌ ഭവാന്‍ എനിക്ക്‌ അര്‍ത്ഥത്തെക്കാള്‍ ഇഷ്ടനാണ്‌. നീ ഒരിക്കലും ഒരു പോരിലും പരാജയപ്പെടുകയില്ല. നിന്റെ തേജസ്സ്‌ അഗ്നിതുല്യമാകും".

ഇപ്രകാരം ദേവന്‍ എനിക്കു വരംനല്കി. പിന്നെ വേറെയും അസംഖ്യം വരം മഹാദേവന്‍ എനിക്ക്‌ നല്കി അനു ഗ്രഹിച്ചു.

പണ്ടു ഞാന്‍ വീണ്ടും മണിമണ്ഡാചലത്തില്‍ വച്ച്‌ മഹേശ്വരനെ പൂജിച്ച്‌ അനവധി ലക്ഷം സംവത്സരം ഭജിച്ചു. ദേവന്‍ എന്നില്‍ പ്രസാദിച്ച്‌ ഇപ്രകാരം പറഞ്ഞു: "അല്ലയോ കൃഷ്ണാ! നീ വിചാരിച്ച വരം എന്നില്‍ നിന്ന് വരിക്കുക. നിനക്കു നന്മവരും". ഞാന്‍ ദേവന്റെ മുമ്പില്‍ തലകുനിച്ച്‌ നമസ്കരിച്ച്‌ ഇപ്രകാരം പറഞ്ഞു: "മഹാദേവനായ പ്രഭു പരമഭക്തനായ എന്നില്‍ പ്രസാദിക്കുന്നുണ്ടെങ്കില്‍ എനിക്ക്‌ അങ്ങയില്‍ എന്നും ഉറച്ച ഭക്തി നിലനില്ക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും!"

"അപ്രകാരമാകട്ടെ" എന്നു പറഞ്ഞ്‌ ഭഗവാന്‍ അവിടെത്തന്നെ മറഞ്ഞു.

ജൈഗീഷവ്യയന്‍ പറഞ്ഞു: "എനിക്ക്‌ അഷ്ടഗുണങ്ങളായ ഐശ്വര്യം മുമ്പ്‌ ഭഗവാന്‍ നല്കി. കാശിയില്‍ വച്ച്‌ മറ്റു യജ്ഞങ്ങള്‍ ആ ബലിയാല്‍ ചെയ്യപ്പെട്ടു യുധിഷ്ഠിരാ!".

ഗര്‍ഗ്ഗന്‍ പറഞ്ഞു: അറുപത്തിനാലു കലകളിലും എനിക്കു മഹാദേവന്‍ ജ്ഞാനം നല്കി. അത്ഭുതം തന്നെ! സരസ്വതീ തീര്‍ത്ഥത്തില്‍ വെച്ചു ഞാന്‍ ചെയ്ത മനോയജ്ഞത്തില്‍ ദേവന്‍ പ്രസാദിച്ച്‌ ബ്രഹ്മവാദികളായ, ആത്മതുല്യന്മാരായ ആയിരം മക്കളേയും നല്കി. പുത്രരോടു കൂടിയ എനിക്ക്‌ ആയിരം വര്‍ഷത്തിലേറെ ആയുസ്സും നല്കി.

പരാശരന്‍ പറഞ്ഞു: ഞാന്‍ മനസ്സുകൊണ്ടു ധ്യാനിച്ച്‌ ഈശ്വരനെ പ്രസാദിപ്പിച്ചു. മഹാതേജസ്വിയും, കീര്‍ത്തിമാനും, തപോരാശിയും, മഹായോഗിയുമായ വേദവ്യാസന്‍ എനിക്ക്‌ ശിവപ്രസാദത്താല്‍ ഉണ്ടായവനാണ്‌. ശ്രീമാനും, ബ്രാഹ്മണനും, കരുണാനിധിയുമായ പുത്രനുണ്ടായത്‌ മഹേശ്വര പ്രസാദത്താലാണെന്ന് നീ അറിയുക. എന്റെ മനസ്സിലെ ഈപ്സിതമറിഞ്ഞ്‌ മഹാദേവന്‍ പറഞ്ഞു: "നീ എന്നെ ഭജിക്കുകയാല്‍ കൃഷ്ണന്‍ എന്ന് പേരായ പുത്രന്‍ നിനക്കു പിറക്കും. പിന്നീട്‌ സാവര്‍ണ്ണി മനു എന്ന പേരില്‍ പ്രസിദ്ധനാകും. അവന്‍ സപ്തര്‍ഷികളില്‍ ഒരുവനായി പ്രസിദ്ധിയാര്‍ജ്ജിക്കും. അവന്‍ വേദങ്ങളെ നിര്‍മ്മിക്കുന്നവനും കുരുവംശത്തെ പുലര്‍ത്തുന്നവനുമാകും. ഇതിഹാസങ്ങള്‍ നിര്‍മ്മിക്കുന്നവനായി അവന്‍ വിശ്വത്തിന് ഹിതകാരിയായി ഭവിക്കും. ആ മഹാമുനി ദേവേന്ദ്രനും ഇഷ്ടനായി ഭവിക്കും. അല്ലയോ പരാശരാ! ഭവാന്റെ പുത്രന്‍ അജരനും അമരനുമായി ഭവിക്കും".

ഇപ്രകാരം പറഞ്ഞ്‌ ഭഗവാന്‍ അവിടെത്തന്നെ മറഞ്ഞു. അല്ലയോ യുധിഷ്ഠിരാ! മഹായോഗിയും, വീര്യവാനും, അക്ഷയനും, അവ്യയനുമായ മഹേശ്വരന്‍ ഇപ്രകാരം പരാശരനെ അനുഗ്രഹിച്ച്‌ അന്തര്‍ദ്ധാനം ചെയ്തു.

മാണ്ഡവ്യന്‍ പറഞ്ഞു: ഒരു കളവുംചെയ്യാതെ ഞാന്‍ കള്ളനായി. ഞാന്‍ കുറ്റം ചെയ്യാതെ ശൂലത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ആ ശൂലത്തില്‍ കുത്തിക്കോര്‍ക്കപ്പെട്ടു കിടക്കുമ്പോള്‍ ഞാന്‍ മഹേശ്വരനെ സ്തുതിച്ചു. മഹേശ്വരന്‍ എന്നോടു പറഞ്ഞു: "ഹേ മഹര്‍ഷേ! ഭവാന്‍ ശൂലത്തില്‍ നിന്നിറങ്ങും. അര്‍ബുദം (അനേകായിരം) വര്‍ഷം ഭവാന്‍ ജീവിക്കും. ശൂലത്തില്‍ അതിന്റെ മുനയേല്ക്കുമ്പോഴുള്ള വേദന നിനക്ക്‌ ഇനി പറ്റാതിരിക്കട്ടെ. നിനക്ക്‌ ആധിയും വ്യാധിയുമൊക്കെ നീങ്ങും. നാലാംപാദത്തില്‍ നിന്റെ ആത്മാവുണ്ടാവുകയാല്‍ നീ നിസ്തുല്യനായി ഭവിക്കും. അതു കൊണ്ട്‌ നീ നിന്റെ ജന്മം സഫലമാക്കിയാലും. എല്ലാ തീര്‍ത്ഥാഭിഷേകങ്ങളും നീ വിഘ്നം കൂടാതെ ചെയ്യും. നിനക്ക്‌ ഊര്‍ജ്ജിതമായ സ്വര്‍ഗ്ഗം, അക്ഷയമായ സ്വര്‍ഗ്ഗം, ഹേ വിപ്രാ! ഞാന്‍ നല്കുന്നു!".

എന്ന് പറഞ്ഞ്‌ ഭഗവാനും വരേണ്യനുമായ വൃഷവാഹനന്‍, മഹേശനും, കൃത്തിവാസസ്സും, മഹാദ്യുതിയും, സഗണനും, ദേവതാഃ ശ്രേഷ്ഠനായ പിനാകപാണി അവിടെത്തന്നെ മറഞ്ഞു.

ഗാലവന്‍ പറഞ്ഞു; വിശ്വാമിത്രന്റെ അനുവാദത്തോടെ ഞാന്‍ എന്റെ അച്ഛന്റെ അരികില്‍ച്ചെന്നു. അപ്പോള്‍ ദുഃഖിച്ചു കരയുന്ന അമ്മ എന്നോടു പറഞ്ഞു: "കൗശിക ൯െറ അനുമതിയോടു കൂടെ ഇവിടെ എത്തിയ വേദഭൂഷിതനായ പുത്രാ, നിന്നെ യുവാവായും ദാന്തനായും നിന്റെ അച്ഛന്‍ കാണുന്നില്ലല്ലോ വത്സലാ". അമ്മ ഇപ്രകാരം പറഞ്ഞപ്പോള്‍ ഞാന്‍ ഗുരുവിനെ ചെന്ന് കാണുന്നതില്‍ നിരാശനായി, നിയതാത്മാവും ഈശ്വരനുമായ ശംഭുവെ ധ്യാനത്തില്‍ കണ്ടു. ദേവന്‍ എന്നോടു പറഞ്ഞു: "അല്ലയോ വത്സാ, നീയും, നിന്റെ അച്ചനും അമ്മയും, മൃത്യുവില്‍ നിന്ന് വിമുക്തരാകും. ഉടനെ പോയി അച്ഛനെക്കാണൂ!". ഭഗവാന്റെ സമ്മതത്തോടെ ഞാന്‍ ഗൃഹത്തില്‍ പ്രവേശിച്ചു യുധിഷ്ഠിരാ! അപ്പോള്‍ യജ്ഞം കഴിച്ച്‌ എത്തുന്ന പിതാവിനെ ഞാന്‍ ദര്‍ശിച്ചു. ആചമിച്ച്‌, ചമത, പക്വമായ അന്നം, പുല്ല്‌, ഇവയെല്ലാമേന്തി അച്ഛന്‍ വരുന്നതാണ്‌ ഞാന്‍ കണ്ടത്‌. അതൊക്കെ ഒരിടത്തുവച്ച്‌ അച്ഛന്‍ എന്നെ പുണരുവാന്‍ നില്ക്കെ ഞാന്‍ അച്ഛന്റെ പാദത്തില്‍ കുമ്പിട്ടു. ഉടനെ അച്ഛന്‍ എന്നെ പിടിച്ചു പുല്കി, ശിരസ്സില്‍ ഘ്രാണിച്ച്‌ കണ്ണുനീരോടെ എന്നോടു പറഞ്ഞു: "ഭാഗ്യം! ഉണ്ണീ, നിന്നെ ഞാന്‍ കണ്ടു! നീ വിദ്യയെല്ലാം പഠിച്ച്‌ മടങ്ങിയെത്തിയിരിക്കുന്നു!".

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം മഹാത്മാവായ മഹേശ്വരന്റെ ആശ്ചര്യപ്രവൃത്തികള്‍ മുനിമാര്‍ പറഞ്ഞു കേട്ടു പാണ്ഡവന്‍ അത്ഭുതപ്പെട്ടു. വീണ്ടും മതിമത്തമനായ കൃഷ്ണന്‍ ധര്‍മ്മിഷ്ഠനായ ധര്‍മ്മരാജാവിനോട്‌, ഇന്ദ്രനോട്‌, ഈശന്‍ എന്നവിധം പറഞ്ഞു:

ശ്രീകൃഷ്ണൻ പറഞ്ഞു: തപനാര്‍ക്കാഭനായ ഉപമന്യു എന്നോടു പറഞ്ഞു, പാപംചെയ്യുന്നവര്‍ അശുഭം മൂലം കലുഷിതന്മാരായിക്കാണാം. ആ തമോരാജസ വൃത്തികളായ മര്‍ത്തൃര്‍ ഈശ്വരനെ ആശ്രയിക്കുകയില്ല. ഓര്‍ക്കേണ്ടത്‌ ഓര്‍ക്കുന്നവരായ രാജദ്വിജന്മാര്‍ ഈശനെ ആശ്രയിക്കും. ഏതു വിധമിരിക്കുന്നവരായാലും ഈശ്വരനില്‍ ഭക്തിയുള്ളവർ ജ്ഞാനസ്ഥരാകും. ആരണ്യത്തില്‍ വസിക്കുന്ന മുനികള്‍ക്ക്‌ തുല്യനായി ഭവിക്കും. ബ്രഹ്മഭാവവും, വിഷ്ണുഭാവവും, സുരന്മാരോടുകൂടി ഇന്ദ്രഭാവവും ത്രൈലോക്യേശത്വവും രുദ്രന്‍ തുഷ്ടനായാല്‍ തരുന്നതാണ്‌. അത്‌ ഉറച്ച കാര്യമാണ്‌, സംശയമില്ല! മനസ്സുകൊണ്ട്‌ ഈശനെത്തന്നെ ആശ്രയിക്കുന്ന താപസന്മാര്‍ എല്ലാ പാപങ്ങളുംവിട്ട്‌ ദേവന്മാരോടുകൂടി ഇരിക്കുന്നതാണ്‌. കുലങ്ങൾ എല്ലാം ഭേദിച്ച്‌ ഈ വിശ്വമൊക്കെ ഹോമിച്ച്‌ വിരൂപാക്ഷനെ യജിക്കുന്നവന്‍ പാപത്തില്‍പ്പെട്ടു പോവുകയില്ല. എല്ലാ ലക്ഷണവും ഇല്ലാത്തവനും, സര്‍വ്വ പാതകിയായവനും മനസ്സുകൊണ്ട്‌ ശിവനെ ഭജിച്ചാല്‍ സകല പാപവും ശിവന്‍ നീക്കുന്നതാണ്‌. പുഴു, പക്ഷി, പതംഗം, തിര്യക്ക്‌ ഇവയ്ക്കും അല്ലയോ കേശവാ, മഹാദേവന്‍ പ്രസാദിച്ചാല്‍ ഒരിടത്തും ഭയം ബാധിക്കുന്നതല്ല. ഇപ്രകാരം ഭൂമിയില്‍ മഹാദേവഭക്തനാകുന്ന പുരുഷന്‍ സംസാരത്തിന് വശംവദനാവുകയില്ല. അതില്‍ എനിക്കു നല്ല ഉറപ്പുണ്ട്‌.

വീണ്ടും വിഷ്ണു ധര്‍മ്മപുത്രനോടു പറഞ്ഞു: ചന്ദ്രാര്‍ക്കന്മാര്‍ എന്നല്ല അനലനും, അനിലനും, ദ്യോവും, ഭൂമിയും, വെള്ളവും, വസുമാരും, വിശ്വരും, ധാതാവും, ആര്യന്മാരും, ശുക്രനും, ഗുരുവും, രുദ്രനും, സാദ്ധ്യന്മാരും, വരുണനും, ഗോപനും, അപ്രകാരം ബ്രഹ്മാവ്‌, ഇന്ദ്രന്‍, മാരുതന്‍, ബ്രഹ്മം, സത്യം, വേദങ്ങള്‍, യജ്ഞം, ദക്ഷിണ, വേദവാഹര്‍, സോമന്‍, യഷ്ടി, ഹവ്യം, ഹവിസ്സ്‌, രക്ഷ, ദീക്ഷ, സംയമം ഇവയൊക്കെയും സ്വാഹാ, വഷട്‌, ബ്രാഹ്മണര്‍, സൌരഭേയി, മുഖ്യം, ധര്‍മ്മം, കാലചക്രം, ബലം, യശസ്സ്‌, ദമം, ബുദ്ധിമാന്മാരുടെ ഇരിപ്പ്‌, ശുഭാശുഭം, ഏഴു മുനിമാര്‍, മുഖ്യമായ നല്ലബുദ്ധി, മനസ്സിന്റെ ദര്‍ശനം, മുഖ്യമായ സ്പര്‍ശം, കര്‍മ്മസിദ്ധി, സുരൌഘം, ഊഷ്മപന്മാര്‍, സോമപന്മാര്‍, സുയാമര്‍, ലേഖര്‍, തുഷ്ടിതര്‍, ബ്രഹ്മകായര്‍, ആഭാസുരന്മാര്‍, ഗന്ധപന്മാര്‍, ദൃഷ്ടിപന്മാര്‍, വാക്കുകൊണ്ടു വിരുദ്ധാഢ്യന്മാര്‍, മനോവിരുദ്ധന്മാര്‍, വിശുദ്ധന്മാര്‍, നിര്‍മ്മാണമുള്ള ദേവന്മാര്‍, സ്പര്‍ശാശനന്മാര്‍, ദര്‍ശപരാജ്യപന്മാര്‍, ചിന്ത്യാദ്യോതന്മാര്‍ സുരരില്‍ ശ്രേഷ്ഠരായവര്‍, മറ്റു ദേവന്മാരെല്ലാം അല്ലയോ ആജമീഡാ, സുവര്‍ണ്ണന്മാരും, ഗന്ധര്‍വ്വന്മാരും, പിശാചുക്കളും, ദൈത്യന്മാരും, യക്ഷന്മാരോടുകൂടി ചാരണന്മാരും, പന്നഗങ്ങളും, സ്ഥൂലം, സൂക്ഷ്മം, മൃദു എന്നുമാത്രമല്ല അസൂക്ഷ്മം, ദുഃഖം, സുഖം, അതിന്നുപരിയായും, സാംഖ്യം, യോഗം എന്നിവ യില്‍ തല്‍പരന്മാരായവര്‍, ഈ പറഞ്ഞവര്‍ക്കെല്ലാം ഉത്ഭവമായിട്ടുള്ളത്‌ ശര്‍വ്വനാണ്‌. എല്ലാം ശര്‍വ്വനില്‍ നിന്ന് ഉത്ഭവിച്ചതാണ്‌ എന്ന് ധരിക്കുക.

അവനില്‍ നിന്നുണ്ടായ ഭൂതകൃത്തുക്കള്‍ മുഖ്യരാണ്‌. ആ വാനോരൊക്കെ ഭുവനത്തിന് ഗോപരാണ്‌. പുരാണ പുരുഷനായ ആ ദേവന്റെ സൃഷ്ടിജാലം, ഭൂമിയില്‍ പ്രവേശിച്ചു ഭരിക്കുന്നവരുമെല്ലാം നേടുന്നത്‌ തപസ്സിനാല്‍ തേടുന്ന സ്ഥൂലമായ ആ ഒരേ തത്വത്തെയാണ്‌. അത്‌ ബ്രഹ്മം മാത്രമാകുന്നു. ആ മഹാശക്തിയായ മഹേശ്വരന്‍ ഇഷ്ടമുള്ള വരങ്ങളൊക്കെ നല്കട്ടെ! അവന്‍ നമ്മള്‍ക്ക്‌ അഭീഷ്ടത്തെ ദാനം ചെയ്യുന്ന പ്രഭുവും അനന്തരൂപനുമാകുന്നു.

ഈ സ്തവം നല്ലപോലെ നിയതേന്ദ്രിയനായി വിശുദ്ധനായി പഠിക്കുകയും ജപിക്കുകയും, ചെയ്താല്‍, അഭഗ്നനായി നിയതനായി ഒരു മാസം ജപിച്ചാല്‍ അവന്‍ അശ്വമേധയാഗം ചെയ്ത ഫലം നേടുന്നതാണ്‌.

ഇങ്ങനെ മഹാദേവനെ ഭജിച്ചാല്‍ ബ്രാഹ്മണര്‍ വേദജ്ഞാനം നിഷ്പ്രയാസം നേടും. രാജാവ്‌ ജപിച്ചാല്‍ അവന്‍ ഭൂമിയൊക്കെ നേടും. വൈശ്യന്‍ ജപിച്ചാല്‍ അവന്‍ മിടുക്കനായി ധാരാളം ധനം നേടും. ശൂദ്രന്‍ ജപിച്ചാല്‍ അവന് മരണാനന്തരം മോക്ഷം ലഭിക്കും.

ഈ രാജസ്തവം രുദ്രനില്‍ മനസ്സു ചേര്‍ത്ത്‌ സര്‍വ്വദോഷങ്ങളും നീക്കുന്നതിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടു. പുണ്യവും പവിത്രവുമായി ഇതു പുകഴ്ത്തപ്പെടുന്നു. നമ്മുടെ ദേഹത്തില്‍ എത്ര രോമകൂപങ്ങളുണ്ടോ അത്രയ്ക്ക്‌ നാലായിരം വര്‍ഷം ഈ രാജസ്തവം ജപിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്നതാണ്.

19. അഷ്ടാവക്രദിക്‌സംവാദം - ഭാര്യയെ സഹധര്‍മ്മിണി എന്ന് പറയുന്നതിനെ സംബന്ധിച്ച കഥ - യുധിഷ്ഠിരന്‍ പറഞ്ഞു; പാണിഗ്രഹണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ സ്തീയെ സഹധര്‍മ്മിണിയെന് പറയുന്നുണ്ടല്ലോ. അത്‌ എന്തുകൊണ്ടാണ്‌? ഈ ധര്‍മ്മം ആര്‍ഷധര്‍മ്മമാണോ? അതോ പ്രജാപത്യമോ, ആസുരമോ? ഈ സഹധര്‍മ്മിണീ പദം മുമ്പ്‌ ഋഷിമാര്‍ പറഞ്ഞതാണോ? ഇതില്‍ എനിക്കു വലിയ സംശയം തോന്നുന്നുണ്ട്‌. വിരുദ്ധമായി തോന്നുന്നു. ഇവിടെയുള്ള ഈ സഹധര്‍മ്മിണിത്വം പരലോകത്തിൽ എവിടെയെങ്കിലുമുണ്ടോ? മരിച്ചുപോയവര്‍ക്ക്‌ ഈ സഹധര്‍മ്മത്വം മൂലം സ്വര്‍ഗ്ഗം ലഭിക്കുന്നുണ്ട്‌ എന്ന് പറയുന്നുണ്ടല്ലോ. ഒരാള്‍ ആദ്യം മരിച്ചാല്‍ അയാള്‍ എവിടെ നില്ക്കും? മനുഷ്യര്‍ പല മാതിരിയല്ലേ? അവര്‍ക്കു നാനാവിധമുള്ള ധര്‍മ്മഫലമല്ലേ? നാനാകര്‍മ്മത്തില്‍ നില്ക്കുന്നവരല്ലേ? നാനാനിരയ നിഷ്ഠാന്തരുമല്ലേ? മനുഷ്യര്‍ ഇത്തരത്തിലാണെങ്കില്‍ സ്ത്രീകളുടെ കഥ അതിലപ്പുറമാണ്‌. സ്ത്രീകള്‍ എന്നുവെച്ചാല്‍ എല്ലാം അസത്യരൂപിണികളാണ്‌. നേര്‌ എന്ന് പറയുന്നത്‌ അവരില്‍ കാണുകയില്ല. എന്നാണ്‌ ധര്‍മ്മപ്രവക്താവായ സൂത്രകാരന്റെ അഭിപ്രായം. സ്ത്രീധര്‍മ്മത്തെക്കുറിച്ച്‌ സൂത്രകാരന്‍ പറഞ്ഞിട്ടുള്ളത്‌, "അനൃതം, സാഹസം, മായാ, മൂര്‍ഖത്വ മതിലോഭിതാ", എന്നിങ്ങനെയാണ്‌. ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ്‌ സഹധര്‍മ്മിണികളാവുക? ഈ ധര്‍മ്മം മുമ്പേയുള്ള ഒരു ചൊല്ലാണ്‌. ഉപചാരം, ക്രിയാവിധി എന്നൊക്കെ പറയാം. ചിന്തിക്കുമ്പോള്‍ അവരുടെ വൃത്തം ഗൂഢമാണ്‌. പിതാമഹാ! ഇതൊക്കെ നിസ്സന്ദേഹമായി ശ്രുതിയില്‍ പറഞ്ഞിട്ടുണ്ടല്ലോ. അത്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌? അവരവര്‍ അവരവര്‍ക്കു തോന്നുംപോലെ നടക്കുമ്പോള്‍ പിന്നെ സഹധര്‍മ്മിത്വം എവിടെയാണ്‌? ഇതിനെപ്പറ്റിയുള്ള സംശയം തീര്‍ത്തു തരണേ! ഓരോരുത്തനും അവനവന്റെ കര്‍മ്മംമൂലം അവരവര്‍ക്കു ലഭിക്കുന്ന ലോകങ്ങളിലേക്ക്‌ ഒറ്റ തിരിഞ്ഞു പോകുമ്പോള്‍ ഈ സഹധര്‍മ്മിണി പദംകൊണ്ട്‌ മരണാനന്തരം എന്തുണ്ടാകുമെന്ന് നിര്‍ദ്ദേശിക്കുന്നു.

ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ അഷ്ടാവക്രനും ദിക്ദേവിയും തമ്മി ലുള്ള സംവാദമാണ്‌.

പണ്ടു മഹാതപസ്വിയായ അഷ്ടാവക്രന്‍ വേളികഴിക്കുവാന്‍ ആഗ്രഹിച്ചു. അദ്ദേഹം വദാന്യന്‍ എന്ന ഋഷീന്ദ്രന്റെ കനൃകയെ വേള്‍ക്കാന്‍ തീരുമാനിച്ചു. സുപ്രഭ! എന്നാണ്‌ അവളുടെ പേര്‌. പേരു പോലെ തന്നെ അവള്‍ അതുല്യയായി വിളങ്ങി. ഗുണപ്രഭാവയും സുശീലയും ചാരിത്രശീലയുമായ ആ ശോഭനയെ അഷ്ടാവക്രന്‍ കാമിച്ചു. ആ നീലലോചന അവനെ ഒരു നോട്ടത്താല്‍ വശീകരിച്ചു കളഞ്ഞു. അവന്റെ ഹൃദയം ഹരിച്ചു. വസന്തകാലത്ത്‌ പൂവണിഞ്ഞു നില്ക്കുന്ന വനരാജി പോലെ അവന്റെ മനസ്സ്‌ അവള്‍ അപഹരിച്ചു.

അഷ്ടാവക്രന്‍ വദാന്യന്റെ സമീപത്തെത്തി സുപ്രഭയെ തനിക്കു ഭാര്യയായി തരുവാന്‍ ആവശ്യപ്പെട്ടു. ഋഷി അവനോട്‌ പറഞ്ഞു: എടോ അഷ്ടാവക്രാ! ഞാന്‍ പറയുന്നതു നീ കേള്‍ക്കൂ. മകളെ ഞാന്‍ തരാം. അങ്ങു വടക്കന്‍ ദിക്കിലൊന്നു പോയി മടങ്ങി വരിക! ആ ദിക്കു കണ്ട്‌ വന്നതിന് ശേഷം വേള്‍ക്കാം.

അഷ്ടാവക്രന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ, അവിടെ കാണേണ്ടത്‌ എന്താണ്‌? അതു പറഞ്ഞാലും. അങ്ങ്‌ എന്നോട്‌ എന്തു പറയുന്നുവോ, അതു ഞാന്‍ ചെയ്യേണ്ടവനാണല്ലോ?

വദാന്യന്‍ പറഞ്ഞു: എടോ അഷ്ടാവ്രക്രാ! നീ വടക്കു വടക്ക്‌ കുബേരന്റെ രാജ്യത്തു പോകണം. അവിടെനിന്നും നേരെ വടക്കോട്ട്‌ ഹിമാലയവും കടന്ന് പോകണം. അപ്പോള്‍ സിദ്ധചാരണസേവിതമായ രുദ്രന്റെ നാട്ടില്‍ നീ ചെന്നെത്തും. പലതരം മുഖമുള്ള ഹൃഷ്ടരായ പാര്‍ഷദന്മാര്‍ നൃത്തം വയ്ക്കുന്ന ഇടം നിനക്കു കാണാം. ദിവ്യമായ അംഗരാഗം പുരട്ടിയ പൈശാചരും പലവിധം താളം പിടിക്കുന്ന സുതാളന്മാരും ശമ്പാതാളന്മാരും ഒപ്പം സംഹൃഷ്ടരായി നൃത്തം ചെയ്ത്‌ ശര്‍വ്വനെ സേവിക്കുന്ന ഇടമാണത്‌. ആ ഗിരിസ്ഥാനം ശ്രേഷ്ഠമാണ്‌. ദിവ്യമാണ്‌ അവിടം എന്ന് കേള്‍ക്കുന്നു. അവിടെ എപ്പോഴും മഹാദേവന്‍ പാര്‍ഷദരോട് കൂടി ക്രീഡിക്കുന്നു. )

അവിടെയാണ്‌ പാര്‍വ്വതി ശങ്കരനെ ലഭിക്കുവാന്‍ സുദുശ്ചരമായ തപസ്സു ചെയ്തത്‌. അതുകൊണ്ട്‌ ആ സ്ഥലം ദേവിക്കും ശങ്കരനും ഇഷ്ടപ്പെട്ടതാണ്‌. അതില്‍ കിഴക്കേ ചെരിവില്‍ ആ ദേവസ്ഥാനത്തിന്റെ വടക്കായി ഋതുക്കളും കാളരാത്രികളും ദിവ്യരും മനുഷ്യരും ഒപ്പം സേവിക്കുന്നു. അവരെല്ലാം സ്വരൂപം എടുത്താണ്‌ മഹേശ്വരനെ പൂജിക്കുന്നത്‌. അല്ലയോ അഷ്ടാവക്രാ, നീ ആ ഭവനവും വിട്ട്‌ വീണ്ടും വടക്കോട്ടു പോകണം. അപ്പോള്‍ നീലനിറത്തിലുള്ള മേഘം കാര്‍മേഘം പോലെ കാണാം. രമ്യമായ അതില്‍ ഒരു സ്ത്രീയെ ഭവാന്‍ കാണും. അവള്‍ തപസ്വിനിയും മഹാഭാഗയുമായ ഒരു വൃദ്ധയാണ്‌. നീ അവളെ ചെന്ന് കാണണം. പ്രയത്നത്തോടെ അവളെ പൂജിക്കണം. അവളെ കണ്ട്‌ മടങ്ങി വന്നതിന് ശേഷം നിനക്ക്‌ എന്റെ മകളെ പാണിഗ്രഹണം ചെയ്യാം.

അഷ്ടാവക്രന്‍ പറഞ്ഞു: ആകട്ടെ! അങ്ങനെയാകാം. കാര്യം സാധിക്കാം. പോയിവരാം. യാതൊരു സംശയവും അതിലില്ല: ഭവാന്‍ പറയുന്ന ഇടത്തില്‍ പോയിവരാം. അല്ലയോ സാധോ, ഭവാന്‍ സത്യവാക്കായിത്തന്നെ ഇരിക്കണം. പോയി വന്നതിന് ശേഷം മറ്റൊന് പറയരുത്‌, ആവില്ലെന്നും പറയരുത്‌!

ഭീഷ്മൻ പറഞ്ഞു: പിന്നീട്‌ ഭഗവാനായ അഷ്ടാവക്രന്‍ വടക്കന്‍ ദിക്കു നോക്കി നടന്നു. സിദ്ധചാരണന്മാര്‍ വസിക്കുന്ന ഹിമാലയത്തിലെത്തി. അവിടെ നിന്നും നടന്നുനടന്ന് പുണ്യയായ ബാഹുദാ നദിയിലെത്തി. വിമലമായ അശോക തീര്‍ത്ഥത്തില്‍ കുളിച്ച്‌ ദേവന്മാരെ തര്‍പ്പിച്ചു. അവിടെ കൗശ്യശയനത്തില്‍ (കുശപ്പുൽ പായയില്‍) സുഖമായി കിടന്നു. പിന്നെ ആ രാത്രി കഴിഞ്ഞ്‌ പ്രഭാതത്തില്‍ എഴുന്നേറ്റ്‌ ആ ദ്വിജോത്തമന്‍ കുളിച്ച്‌ അഗ്നിയുണ്ടാക്കി പ്രാധാന്യത്താല്‍ സ്തുതിച്ചു. രുദ്രാണിയേയും രുദ്രനേയും ആ ഹ്രദത്തില്‍ കണ്ട്‌ ആശ്വസിച്ചു.

അവിടെ വിശ്രമിച്ച്‌ എഴുന്നേറ്റ്‌ കൈലാസശിഖരം നോക്കി നടന്നു. ഹേമദ്വാരം കണ്ടു. അവിടം ശ്രീകൊണ്ട്‌ ഉജ്ജ്വലിക്കുന്നതായി കണ്ടു. പിന്നെ മന്ദാകിനീ നദിയില്‍ ചെന്നു. പിന്നെ കുബേരന്റെ താമരപ്പൊയ്ക കണ്ടു. അപ്പോള്‍ പൊയ്ക കാത്തു സംരക്ഷിക്കുന്ന മാണിഭദ്രന്‍ തുടങ്ങിയ രാക്ഷസന്മാര്‍ ഭഗവാനെ എതിര്‍ത്ത് ഏറ്റു. അപ്പോള്‍ അവന്‍ അങ്ങോട്ടു വീര്യവാന്മാരായ നിശാചരന്മാരെ വിട്ട്‌ കുബേരനോട്‌ അഷ്ടാവക്രന്‍ വന്നിരിക്കുന്ന വൃത്താന്തം അറിയിക്കുവാന്‍ ഏല്ലിച്ചു വിട്ടു. ആ രാക്ഷസന്മാര്‍ മടങ്ങിവന്ന് മഹര്‍ഷിയോടു പറഞ്ഞു: "ഇതാ നിന്റെ അരികിലേക്ക്‌ രാജാവായ കുബേരന്‍ വരുന്നു. അദ്ദേഹം ഭഗവാനെ അറിഞ്ഞിരിക്കുന്നു. ഭഗവാന്‍ വന്ന കാര്യവും ഗ്രഹിച്ചിരിക്കുന്നു. തേജസ്സു കൊണ്ട്‌ ഉജ്ജ്വലിക്കുന്ന ആ ദേവനെ ഭവാന്‍ കണ്ടാലും".

വിത്തേശന്‍ മാന്യനായ അഷ്ടാവക്രരനെ ചെന്ന് കണ്ട്‌ ഉടനെ വിധിപോലെ കുശലം ചോദിച്ചതിന് ശേഷം ഋഷിയോടു പറഞ്ഞു: അങ്ങ്‌ സുഖമായി ഇങ്ങോട്ടു നടന്ന് എത്തിയല്ലോ? അങ്ങയുടെ യാത്ര സുഖമായില്ലേ? ഭവാന്‍ എന്നില്‍ നിന്ന് എന്താണ്‌ ഇച്ഛിക്കുന്നത്‌? പറയുക, ആവശ്യമുള്ളതു പറയുക! നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിച്ചു തരാം ബ്രാഹ്മണാ ദ്വിജോത്തമാ! ഭവാന്‍ എന്റെ ഗൃഹത്തിലേക്ക്‌ യഥാകാമം കയറിയാലും. നീ എന്നാല്‍ സല്‍കൃതനായി കാര്യം നിര്‍വ്വഹിച്ചു നിര്‍വിഘ്‌നം യാത്രചെയ്യും.

ആ ദ്വിജശ്രേഷ്ഠനേയുംകൊണ്ട്‌ ധനദന്‍ തന്റെ രാജധാനിയിലേക്കു കയറി. കുബേരന്‍ തന്റെ സിംഹാസനം അദ്ദേഹത്തിന് നല്കി. പാദ്യവും അര്‍ഘ്യവും നല്കി പൂജിച്ചു. അവന്‍ അങ്ങനെയിരിക്കുമ്പോള്‍ മാണിഭദ്രന്‍ തുടങ്ങിയ കുബേരാശ്രിതന്മാര്‍, യക്ഷ ഗന്ധര്‍വ്വ കിന്നരന്മാര്‍ അവിടെ ഇരുന്നു. അവരെല്ലാവരും ഇരുന്നപ്പോള്‍ ധനദന്‍ ഇപ്രകാരം പറഞ്ഞു: അല്ലയോ മഹര്‍ഷേ, നിന്റെ ഇഷ്ട ത്തിന് വേണ്ടി അപ്സരസ്ത്രീകള്‍ നൃത്തം തുടങ്ങും. ഭവാന്‌ ആതിഥ്യവും ശുശ്രൂഷയും ചെയ്യേണ്ടത്‌ ഞങ്ങളുടെ ഉത്തമമായ ധര്‍മ്മമാണ്‌.

എന്നാല്‍ നൃത്തം തുടങ്ങട്ടെ എന്ന് മുനി സൌമ്യനായി പറഞ്ഞു: ഉടനെ സുരസുന്ദരികളായ മിശ്രകേശി, രംഭ, ഉര്‍വ്വശി, അലംബുഷ, ഘൃതാചി, മിത്ര, ചിത്രാംഗദ, രുചി, മനോഹര, സുകേശി, സുമുഖി, ഹാസിനി, പ്രഭ, വിദ്യുത, പ്രശമി, ദാന്ത, വിദ്യോത, രതി എന്നിവരും മറ്റു പലരുമായ അപ്സരസ്സുകള്‍ ഭംഗിയായി നൃത്തമാടി. ആ ദിവ്യമായ ഗാന്ധര്‍വ്വ കര്‍മ്മങ്ങള്‍ കണ്ടു മുനിയിരുന്നു. അവിടെ അവരുടെ ആട്ടവും പാട്ടും നൃത്തവും കണ്ട്‌ ആയിരം ദിവ്യവര്‍ഷം മുനി സുഖമായി ഇരുന്നു.

പിന്നെ രാജാവായ വൈശ്രവണന്‍ മുനിയോട്‌ ഉണര്‍ത്തിച്ചു. വിപ്രാ, നീ ഇവരുടെ നൃത്തവും കൂത്തും കണ്ട്‌ ഒരുവര്‍ഷം കഴിഞ്ഞതറിഞ്ഞില്ല. അല്ലയോ മഹര്‍ഷേ, ഗാന്ധര്‍വ്വം എന്ന വിഷയം മനസ്സിനെ ഏറ്റവും ഹരിക്കുന്നതാണ്‌. നീ പറഞ്ഞ മാതിരി ആ ദിവ്യ കലാ പ്രകടനം യഥേഷ്ടം നടക്കട്ടെ! ഞങ്ങള്‍ക്ക്‌ നീ അതിഥിയാണ്‌! പൂജ്യനാണ്‌! ഭവാന്റെ ഗൃഹമാണ്‌ ഇതെന്ന് കരുതിക്കൊള്ളുക! എല്ലാം ഭവാന്‍ ആജ്ഞാപിച്ചു കൊള്ളുക. ഈ ഞങ്ങള്‍ അങ്ങയുടെ ദാസരാണ്‌. എന്തും ചെയ്യാന്‍ സന്നദ്ധരാണ്‌.

ഭഗവാനായ വൈശ്രവണനോട്‌ ഋഷി പ്രീതിയോടെ പറഞ്ഞു: അല്ലയോ ധനദാ, ഞാന്‍ യഥാന്യായം പുജിതനായിരിക്കുന്നു. അല്ലയോ ധനേശ്വരാ, ഞാന്‍ പോയിവരട്ടെ! ഞാന്‍ പ്രീതനായിരിക്കുന്നു. നിനക്ക്‌ ഇതു ചേര്‍ന്നതു തന്നെയാണ്‌ ധനാധിപാ! ഭഗവാനേ നിന്റെ പ്രസാദത്താലും, ആ യോഗ്യനായ ഋഷീന്ദ്രന്റെ നിയോഗത്താലും ഞാന്‍ ഇതാ പോകുന്നു. നീ അഭിവൃദ്ധിയോടെ സമൃദ്ധനാവട്ടെ!

ആ ഋഷി പുറത്തിറങ്ങി അവിടെ നിന്നും വടക്കോട്ടു നടന്നു. കൈലാസം, മന്ദരം, ഹൈമം ഈ ശൃംഗങ്ങളൊക്കെ ചുറ്റിക്കടന്ന് അവിടെ നിന്നും വടക്കോട്ടു പോയി. ആ വലിയ ഗിരിവിട്ട്‌ ഉത്തമമായ കൈലാസം പ്രദക്ഷിണം വെക്കുമ്പോള്‍ ആ ഗിരിയെ നല്ലപോലെ തലകുമ്പിട്ടു നമസ്‌ക്കരിച്ചു. അങ്ങനെ വടക്കോട്ടിറങ്ങി അവന്‍ പൂതാത്മാവായി, ആ ശ്യംഗത്തെ മൂന്ന് വട്ടം വലംവെച്ച്‌, ഉടനെ ഉത്തരാഭിമുഖനായി പരന്ന ഭൂമിയിലെത്തി അവിടെനിന്നും വടക്കോട്ടു നടന്നു.

അങ്ങനെ പോകുമ്പോള്‍ വേറെ അഴകുള്ള ഒരു വനം കുണ്ടു. എല്ലാ ഋതുവിലും ഉണ്ടാകുന്ന എല്ലാ പഴങ്ങളും കായ്കളും, കിഴങ്ങുകളും, ചേര്‍ന്നതും പക്ഷിക്കൂട്ടങ്ങള്‍ നിറഞ്ഞതുമാണ്‌ ആ വനം. അവിടെ പലയിടത്തും കാടുകള്‍ വേറെയും കാണപ്പെട്ടു. ആ കാട്ടില്‍ ദിവ്യമായ ഒരു ആശ്രമം അഷ്ടാവക്രന്‍ ദര്‍ശിച്ചു. സ്വര്‍ണ്ണവും രത്നങ്ങളും മിന്നുന്ന മനോഹരമായ പല ശൈലവിശേഷങ്ങളും കണ്ടു. രത്നഭൂമിയില്‍ നില്ക്കുന്ന പല പൊയ്കകളും കണ്ടു. പിന്നെയും പല വിശേഷങ്ങളും കണ്ടപ്പോള്‍ ഭാവിതാത്മാവായ ആ മുനിക്ക്‌ അതില്‍ മനസ്സു വല്ലാതെ രമിച്ചു.

ആ ഋഷി അവിടെ സ്വര്‍ണ്ണരത്നാഢ്യമായ ഒരു ദിവ്യഗൃഹം വിത്തേശ്വരന്റെ ഗൃഹത്തേക്കാള്‍ മനോഹരമായി രത്നസങ്കാശമായി ദര്‍ശിച്ചു. രത്നങ്ങളും സ്വര്‍ണ്ണവും ചേര്‍ന്ന് ശോഭിക്കുന്ന പല ശൈലവും അവിടെയുണ്ട്‌. അനേകം രത്നങ്ങളും രമ്യമായ വിമാനങ്ങളും അവിടെ കണ്ടു. മന്ദാരപുഷ്പങ്ങള്‍ പ്രശോഭിക്കുന്ന മന്ദാകിനീ നദിയും സമീപത്തു കൂടെ ഒഴുകുന്നു. താനെ ശോഭിക്കുന്ന രത്നങ്ങളാല്‍ വജ്രമണ്ഡിതമായി ഭൂമി പ്രശോഭിക്കുന്നു. ചിത്രരത്ന കമാനങ്ങളോട് കൂടിയ അനേകം ഗൃഹങ്ങളും കണ്ടു. മുത്തുക്കുലത്തൊണ്ടലോടെ മണിരത്നങ്ങള്‍ അണിഞ്ഞ, രമ്യങ്ങളായ, കണ്ണും കരളും കവരുന്ന അനവധി മാളികകള്‍ കണ്ടു.

മഹര്‍ഷിമാര്‍ വസിക്കുന്ന മനോഹരമായ ആശ്രമം കണ്ടു. അപ്പോള്‍ അഷ്ടാവക്രന് ചിന്തയായി. താന്‍ ഏതിലാണ്‌ പാര്‍ക്കേണ്ടതെന് ഉറയ്ക്കാതായി. പിന്നെ ഒരു ഗൃഹദ്വാരത്തില്‍ ചെന്നു നിന്ന് ഇപ്രകാരം പറഞ്ഞു: ഇതാ ഒരു അതിഥി വന്ന് നില്ക്കുന്നു.! ഉടനെ വാതില്‍ തുറന്ന് നാനാ രൂപത്തില്‍ അഴകുള്ള ഏഴു കന്യകമാര്‍ വന്നു നിന്നു. അദ്ദേഹം ഏതവളെ നോക്കിയോ അവര്‍ ഓരോരുത്തരും ആ മഹര്‍ഷിയുടെ മനസ്സു കട്ടു. അദ്ദേഹം മനസ്സുടക്കാന്‍ കഴിയാതെ ഒന്ന് ഉഴന്നുപോയി. ധീമാനായ ആ ബ്രാഹ്മണന്‍ ഉടനെ ധൈര്യം അവലംബിച്ചു. അവനോട്‌ ആ സ്ത്രീകള്‍ പറഞ്ഞു: "ഭഗവാന് ഈ ഗൃഹത്തിലേക്കു കടക്കാം".

അവന്‍ ആ സുന്ദരികളെ അത്ഭുതത്തോടെ നോക്കി. ആ ഗൃഹത്തിന്റെ അന്തര്‍ഭാഗവും കണ്ട്‌ അത്യാശ്ചര്യത്തോടെ നടന്നു. അകത്തു ചെന്നപ്പോള്‍ ജര ബാധിച്ചവളും നല്ല വെള്ളവസ്ത്രം ധരിച്ചവളുമായ ഒരു വൃദ്ധസ്ത്രീ സര്‍വ്വാഭരണ ഭൂഷിതയായി കട്ടിലില്‍ ഇരിക്കുന്നു. സ്വസ്തി എന്ന് പറയുന്ന വിപ്രനെ നോക്കി അവള്‍ എഴുന്നേറ്റ്‌ ആ ബ്രാഹ്മണനോട്‌ ഇരിക്കുവാന്‍ പറഞ്ഞു.

അഷ്ടാവക്രന്‍ പറഞ്ഞു: എല്ലാവരും അവരവരുടെ ഗൃഹത്തിലേക്കു പൊയ്ക്കൊള്ളുവിന്‍! ഒരുവള്‍ മാത്രം, പ്രജ്ഞാതയും ശാന്തിയുള്ളവളുമായ ഒരുത്തി മാത്രം, എന്റെ അടുത്തുനില്ക്കുക. മറ്റുള്ളവര്‍ക്ക്‌ യഥേഷ്ടം പോകാം.

ഉടനെ ആ കനൃകമാര്‍ ആ മഹര്‍ഷിയെ പ്രദക്ഷിണം വച്ച്‌ ആ ഗൃഹംവിട്ടു പോയി. ആ വൃദ്ധമാത്രം അവിടെ നിന്നു. പിന്നെ ശോഭനമായ മെത്തയില്‍ കയറിയതിന് ശേഷം അവന്‍ അവളോടു പറഞ്ഞു: "ഭദ്രേ, നീയും ഉറങ്ങാന്‍ പൊയ്ക്കൊളളുക! രാത്രി വളരെച്ചെന്നിരിക്കുന്നു!".

സല്ലാപത്തിനിടയ്ക്ക്‌ ഇപ്രകാരം ആ വിപ്രന്‍ പറഞ്ഞപ്പോള്‍ രണ്ടാമത്തെ ഒരു മനോഹരമായ മെത്തമേല്‍ അവള്‍ കയറിക്കിടന്നു. പിന്നെ രാത്രി കുറേച്ചെന്നപ്പോള്‍ തണുത്തു വിറച്ചമട്ടില്‍, "തണുത്തിട്ടു പാടില്ല. ഞാന്‍ ഇവിടെയൊന് കിടക്കട്ടെ", എന്ന് വ്യാജം പറഞ്ഞു ആ മുനിയുടെ കട്ടിലില്‍ ചെന്നുകയറി. അവള്‍ തന്റെ ദേഹത്തില്‍ മുട്ടിച്ചേര്‍ന്ന് കിടന്നപ്പോള്‍ മുനി അഹിതമൊന്നും പറഞ്ഞില്ല. ഭഗവാന്‍ സ്വാഗതം പറഞ്ഞു. അവള്‍ ആ മുനിയെ നല്ലപോലെ കെട്ടിപ്പിടിച്ചു വളരെ പ്രീതി കാണിച്ചു. എന്നാല്‍ മുനി അവളുടെ ആലിംഗനത്തിലും തഴുകലിലുമൊന്നും വികാരം കൊണ്ടില്ല. അയാള്‍ ഒരു ചുമരു പോലെ, മരമുട്ടി പോലെ കിടന്നു. ഇതുകണ്ടപ്പോൾ അവള്‍ക്കു ദുഃഖമായി. അവള്‍ ദീനഭാവത്തില്‍ മുനിയോടു പറഞ്ഞു.

സ്ത്രീ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, കാമമില്ലാത്ത പുരുഷന്മാരില്‍ സ്ത്രീകള്‍ക്ക്‌ ഒട്ടും രസമുണ്ടാവുകയില്ല. അല്ലയോ വിപ്രർഷേ! അങ്ങ്‌ ഹര്‍ഷം കൊളളുക. എന്നോടു കൂടി ഭവാന്‍ സംഗം ചെയ്യുക. നിന്നില്‍ കാമാര്‍ത്തയായി നിന്റെ ഒപ്പം കട്ടിലില്‍ മെത്തയില്‍ കിടക്കുന്ന എന്നെ അല്ലയോ വിപ്രാ, ഒന്ന് പുല്കുക! അല്ലയോ ധര്‍മ്മിഷ്ഠാ, നിന്റെ തപസ്സിന്റെ ഫലം പൂജാര്‍ഹമാണ്‌. നിന്നെ കണ്ടമാത്രയ്ക്ക്‌ ഞാന്‍ നിന്നില്‍ അനുരക്തയായി. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, നിന്നെ ഭജിക്കുന്നവളായ എന്നെ അങ്ങു ഭജിച്ചാലും! ഈ കാണുന്ന സകല വിത്തവും എന്റെയാകുന്നു. ഈ കാണുന്ന സര്‍വ്വധനത്തിനും നീ പ്രഭുവായിക്കൊളളുക! അങ്ങ്‌ എന്റേയും പ്രഭുവായിക്കൊളളൂ, സംശയിക്കേണ്ടാ. ഞാന്‍ നിന്റെ സകല കാമങ്ങളും നിര്‍വ്വഹിക്കാം. നീ എന്നോടു കൂടി സുഖമായി രമിക്കുക. എല്ലാ കാമഫലങ്ങളും നല്കുന്ന ഈ നല്ല പൂങ്കാവില്‍ അല്ലയോ ദ്വിജര്‍ഷഭാ, ഞാന്‍ നിന്റെ പാട്ടില്‍ നിന്ന് കൊള്ളാം. നീ എന്നോടു ചേര്‍ന്ന് യഥേഷ്ടം രമിക്കുക. ദിവ്യമായ മാനുഷ കാമങ്ങളൊക്കെ ഇവിടെ നാം രണ്ടു പേരും ചേര്‍ന്ന് അനുഭവിക്കുക. നാരികള്‍ക്ക്‌ ഇതിലുമപ്പുറമായി ഒരു സുഖവുമില്ല. ഇഷ്ടപ്പെട്ട പുരുഷനുമായി യഥേഷ്ടം കാമകേളി ചെയ്യുക എന്നതൊഴിച്ച്‌, ഞങ്ങള്‍ക്കും അതില്‍പ്പരം ഒരു ഫലം വേറെയില്ല. സ്ത്രീകള്‍ കാമചോദനയാല്‍ സ്വച്ഛന്ദരായി ഇഷ്ടംപോലെ തയ്യാറായി നില്ക്കുന്നു. കാമന്‍ ദഹിപ്പിക്കുന്ന അവര്‍ക്കു ചുട്ട മണലില്‍ക്കൂടി നടന്നാലും പൊളളുകയില്ല.

അഷ്ടാവക്രന്‍ പറഞ്ഞു: അല്ലയോ ഭദ്രേ! ഞാന്‍ പര്രസ്ത്രീകളോടു കൂടി സംഗം ചെയ്യുകയില്ല. ധര്‍മ്മശാസ്ത്രജ്ഞര്‍ പരദാരാഭിമര്‍ശനത്തെ നിന്ദിക്കുന്നു. അല്ലയോ ഭദ്രേ, ഞാന്‍ വേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരുത്തനാണ്‌. സത്യമാണ്‌ ഞാന്‍ പറഞ്ഞത്‌. ഞാന്‍ വിഷയാഭിജ്ഞനല്ല. ധര്‍മ്മത്തിനു വേണ്ടിയാണ്‌ സന്തതി. അതുകൊണ്ട്‌ ധര്‍മ്മമാര്‍ഗ്ഗത്തില്‍ മക്കളെ സമ്പാദിച്ച്‌ പുണ്യലോകങ്ങള്‍ പ്രാപിക്കുന്നതിനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ഭദ്രേ, നീ ധര്‍മ്മം എന്തെന്നറിയുക. അതു ചിന്തിച്ചറിഞ്ഞ്‌ ഈ ദുരാചാരത്തില്‍ നിന്ന് പിന്മാറുക.

സ്ത്രീ പറഞ്ഞു: വായുവും അഗ്നിയും വരുണനും മറ്റു ദേവന്മാരും ഹേ ദ്വിജാ, സ്ത്രീകള്‍ക്ക്‌ ഇഷ്ടപാത്രങ്ങളാവുകയില്ല. കാമദേവനെപ്പോലെ അവര്‍ ഇഷ്ടമുളളവരില്‍ പ്രവേശിക്കാനാണ്‌ ആഗ്രഹിക്കുക. ആയിരം പെണ്ണുങ്ങളില്‍ ഒരുത്തി പതിവ്രതയാകാം, നൂറായിരത്തിലൊന് പതിവ്രതയാകാം. മറ്റുളളവരുടെ കഥയൊക്കെ ഇതുതന്നെ. ആ പെണ്ണുങ്ങള്‍ യഥേഷ്ടം ജീവിക്കും. അവരുടെ അച്ഛനാരാണെന് അവര്‍ അറിയുകയില്ല. കുലമറിയുകയില്ല. അമ്മയേയും അറിയുകയില്ല. സഹോദരനെ അറിയുകയില്ല. ഭര്‍ത്താവിനെ അറിയുകയില്ല. ദേവരപുത്രന്മാരെ അറിയുകയില്ല. ആ നല്ലാര്‍ മണികള്‍ ഇഷ്ടംപോലെ പുരുഷന്മാരുമായി ലീലയാടി കുലത്തെ തകര്‍ത്ത്‌, തീരത്തെ നദിയെന്നപോലെ, വീഴ്ത്തുന്നു. ദോഷങ്ങളെയെല്ലാം കണ്ട്‌ പ്രജാപതി ഇങ്ങനെയാണ്‌ പറഞ്ഞത്‌. .

ഭീഷ്മൻ പറഞ്ഞു; പിന്നെ ഏകാഗ്രനായ ആ മുനി ആ പെണ്ണിനോടു പറഞ്ഞു, ഇരിക്കൂ! താല്‍പര്യത്തോടെ ഇരിക്കൂ! നിനക്ക്‌ എന്താണാഗ്രഹമെന് പറയു!

ആ സ്തീ ഉടനെ ഇപ്രകാരം പറഞ്ഞു: അല്ലയോ ഭഗ വാനേ! ദേശം, കാലം എന്നിവ കൊണ്ട്‌ ഇപ്പോള്‍ എന്താണു വേണ്ടതെന്ന് ഭവാന്‌ ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. അതുകൊണ്ട്‌ അല്ലയോ മഹാഭാഗാ! ഭവാന്‍ ഇവിടെ വസി ക്കുക. എന്നാല്‍ ഭവാന്‍ കൃതകൃത്യനാകും.

ആ ബ്രഹ്മര്‍ഷി അവളുടെ വാക്കു കേട്ടു പറഞ്ഞു: ആകട്ടെ! ഞാന്‍ വസിക്കാം. നിന്റെ ഉത്സാഹം നില്ക്കുന്നേടത്തോളം ഞാനിവിടെ കൂടാം. സംശയിക്കേണ്ടതില്ല.

പിന്നെ കാമജ്ജ്വരപരവശയായ ആ സ്ത്രീയെ നോക്കി മുനീശ്വരന്‍ വലിയ ചിന്തയില്‍പ്പെട്ട്‌ സന്തപിക്കുന്ന വിധത്തിലായിത്തീര്‍ന്നു. അദ്ദേഹം അവളില്‍ അനുകമ്പയോടെ എന്തു ചെയ്യണമെന് ചിന്തിച്ചു. ആ മുനി അവളുടെ ഓരോ അംഗത്തിലേക്കും ദൃഷ്ടി പതിച്ചു. വിരക്തനായ അവന്റെ ദൃഷ്ടി ഒരു അംഗത്തിലും രമിച്ചില്ല. ഇവള്‍ എന്താണിങ്ങനെ? ശാപംകൊണ്ട്‌ വൈരൂപ്യം പ്രാപിച്ച ഗൃഹദേവത പോലെ ഇരിക്കുന്നുവല്ലോ! ഇവളുടെ ഈ അനികര്‍ഷ ഭാവത്തെപ്പറ്റി അറിയുവാന്‍ ഞാനശക്തനാണ്‌ എന്ന് മനസ്സില്‍ ചിന്തിച്ച്‌ കാര്യമറിയുവാന്‍ ആഗ്രഹിച്ച്‌ ആകുല ചിത്തനായി പകലില്‍ ബാക്കിയുള്ള സമയവും കഴിച്ചു. അങ്ങനെയിരിക്കെ ആ സ്ത്രീ പറഞ്ഞു: ഭഗവാനേ, നോക്കൂ! സൂര്യന്റെ രുപം സന്ധ്യാഭ്രാരൂണമായിരിക്കുന്നു. അങ്ങയ്ക്ക്‌ എന്താണിപ്പോള്‍ വരുത്തേണ്ടത്‌? ഇതുകേട്ടപ്പോള്‍ അവന്‍ ആ സ്ത്രീയോടു പറഞ്ഞു; കുളിക്കുവാന്‍ വേണ്ട ജലം വരുത്തുക. ഞാന്‍ സന്ധ്യയെ ഉപാസിക്കട്ടെ. മാനത്തോടെ നിയതേന്ദ്രനായി ഉപാസി ക്കട്ടെ!

20. അഷ്ടാവക്രദിക്‌സംവാദം - ആ സ്ത്രീ അഷ്ടാവക്രനെ പ്രലോഭിപ്പിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ആ പെണ്ണ്‌ അവനോട്‌ ഞാന്‍. ഇതാ വെളളം കുളിപ്പുരയില്‍ കൊണ്ടു വെച്ചിരിക്കുന്നു' എന്ന് പറഞ്ഞു. ദിവ്യ സുഗന്ധ തൈലവും സ്നാനവസ്ത്രവും വരുത്തിച്ചു. മഹാത്മാവായ മുനിയും അവളും കുളിമുറിയില്‍ പ്രവേശിച്ചു. ആ മുനിയുടെ സമ്മതത്തോടെ അദ്ദേഹത്തെ പുതിയ ഒരു വിചിത്രമായ പീഠത്തില്‍ നഗ്നനാക്കിയിരുത്തി. സകല അംഗത്തിലും ആ സുഗന്ധ തൈലം പുരട്ടി അവള്‍ തലോടി. അങ്ങനെ നല്ല പോലെ തലോടിയിളക്കപ്പെട്ട അവന്‍ കുളിമുറിയില്‍ പീഠത്തിലിരിക്കെ അവള്‍ നല്ലപോലെ ദേഹത്തിലൊക്കെ സുഖമായ സ്പര്‍ശത്തോടെ താളി തിരുമ്പിത്തേച്ച്‌ മെഴുക്കിളക്കി കുളിപ്പിച്ചു. വിധിപ്രകാരം അവള്‍ തോര്‍ത്തിത്തുടച്ചു വസ്ത്രം മാറ്റി. അവനെ കൊണ്ടുപോയി മെത്തയില്‍ കിടത്തി. നല്ല മൃദുവായതും ഇളം, ചുടുളളതുമായ അവളുടെ സുഖമായ കരതലസ്പര്‍ശം കൊണ്ട്‌ രാത്രിയൊക്കെ കഴിഞ്ഞതു മഹാവ്രതനായ അവന്‍ അറിഞ്ഞില്ല. പിന്നെ മുനി കിടക്കയിൽ നിന്ന് വിസ്മയത്തോടെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോള്‍, കിഴക്കു ദിക്കില്‍ സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടു. അവന്‍ ചിന്തിച്ചു; ഇതെന്താണ്‌? ഉത്‌ ഒരു മോഹമാണോ? വെറും സ്വപ്നമാണോ? ഇത്‌ യഥാര്‍ത്ഥം തന്നെയാണോ? "സൂര്യോപാസന ചെയ്തു, ഇനി ഞാന്‍ എന്തു ചെയ്യണം?", എന്ന് അവന്‍ ചോദിച്ചു. ഉടനെ ആ സ്ത്രീ അമൃതതുല്യമായ അന്നം മുനിക്കായി കൊണ്ടുവന്നു. ആ ചോറും കറിയും വളരെ സ്വാദുളളതാകയാല്‍ വിളമ്പുന്നതൊക്കെ മുനി ഭക്ഷി ച്ചു. മതിയെന് പറഞ്ഞില്ല. അന്നത്തെ പകലും കഴിഞ്ഞു. പിന്നെ സന്ധ്യയായി. ആ പെണ്ണ്‌ അരികെ വന്ന് മഹര്‍ഷിയോട്‌ ഭഗവാനേ, കിടക്ക വിരിച്ചിരിക്കുന്നു! വന്ന് കിടക്കാം എന്ന് ഉണര്‍ത്തിച്ചു. അവന്നും അവള്‍ക്കും ദിവ്യമായ കിടക്ക വിരിച്ചിരിക്കുന്നു. വെവ്വേറെ ആ പെണ്ണും മുനിയും തൊടാതെ കിടന്നു. അങ്ങനെ അര്‍ദ്ധരാത്രിയായപ്പോള്‍ ആ പെണ്ണ്‌ എഴുന്നേറ്റ്‌ പതുക്കെ മഹര്‍ഷിയുടെ അരികത്തേക്കു ചെന്നു. മഹര്‍ഷിയുടെ മെത്തയില്‍ ചെന്നുകിടന്നു.

അഷ്ടാവക്രന്‍ പറഞ്ഞു: എടോ ഭദ്രേ, അന്യസ്ത്രീയില്‍ എന്റെ മനസ്സു ചേരുകയില്ല. ഭദ്രേ, എഴുന്നേല്‍ക്കൂ! നീ എന്താണീ ചെയ്യുന്നത്‌? നീ പിന്മാറൂ. നിനക്കു ശുഭം വരും.

ഭീഷ്മൻ പറഞ്ഞു: അങ്ങനെ ധൈര്യമവലംബിച്ച്‌ ആ സ്ത്രീയെ മാറ്റുന്ന സമയത്ത്‌ അവള്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ, ഞാന്‍ സ്വതന്ത്രയാണ്‌. ഞാന്‍ അങ്ങയോട്‌ ഒരു ധര്‍മ്മത്തെറ്റും ചെയ്യുകയില്ല. നിനക്ക്‌ ഇതില്‍ യാതൊരു കര്‍മ്മദോഷവും പറ്റുകയില്ല.

അഷ്ടാവക്രകന്‍ പറഞ്ഞു: സ്വാതന്ത്ര്യം സ്ത്രീകള്‍ക്കു വിധിച്ചിട്ടില്ല. നാരികള്‍ അസ്വതന്ത്രരാണ്‌. ഇതു പ്രജാപതിയുടെ നിശ്ചയമാണ്‌. സ്വാതന്ത്ര്യം നാരികള്‍ക്കു പാടില്ല.

സ്ത്രീപറഞ്ഞു:; എടോ ബ്രാഹ്മണാ! ഞാന്‍ അങ്ങയെ മൈഥുനത്തിനു വേണ്ടിയാണു പിടിച്ചിരിക്കുന്നത്‌. അതു നീ ചെയ്തില്ലെങ്കില്‍ നീ എന്റെ ഭക്തിയെ കാണുന്നില്ലെങ്കില്‍, എന്നെ നീ വേണ്ടപോലെ കൊണ്ടാടുന്നില്ലെങ്കില്‍; നിനക്ക്‌ അധര്‍മ്മം പറ്റും! തീര്‍ച്ചയാണ്‌.

അഷ്ടാവക്രന്‍ പറഞ്ഞു: തോന്നിവാസികളായ കൂട്ടരെ എന്നും ദോഷജാലം പിടികൂടും. അവരെ വേണ്ടാത്തതിലേക്കു നയിക്കും. ഞാന്‍ എന്നും ധൈരൃശാലിയാണ്‌. ഭദ്രേ, നീ പോയി നിന്റെ മെത്തയില്‍ കിടക്കൂ. ഇതെന്തു കൂത്താണ്‌! എന്റെ മെത്തയില്‍ നിന്നെണീക്കു.

സ്ത്രീപറഞ്ഞു; അല്ലയോ വിപ്രാ, ഞാന്‍ അങ്ങയുടെ മുമ്പില്‍ തലകുമ്പിട്ടു നമസ്കരിക്കുന്നു. പ്രസാദിക്കണേ! മന്നില്‍ അങ്ങയുടെ പാദത്തില്‍ വീണു കിടക്കുന്ന എന്നെ അനുഗ്രഹിക്കൂ! അങ്ങയല്ലാതെ എനിക്കു ശരണം വേറെയില്ല. അനഘാശയാ! പരദാരങ്ങളില്‍ ഭവാന്‍ ദോഷം കാണുന്നുണ്ടെങ്കില്‍ ഞാന്‍ എന്റെ ദേഹവും ആത്മാവും സര്‍വ്വസ്വവും ഭവാനു സമര്‍പ്പിക്കുന്നു. ഹേ ദ്വിജാ, ഭവാന്‍ എന്റെ കൈപിടിക്കു! അതില്‍ യാതൊരു ദോഷവും സംഭവിക്കുകയില്ല. സത്യം ഞാന്‍ പറയാം. ഞാന്‍ സ്വതന്ത്രയാണ്‌. ഇക്കാരൃത്തില്‍ വല്ല അധര്‍മ്മവുമുണ്ടെങ്കില്‍ ആ പാപം ഞാന്‍ ഏറ്റുകൊള്ളാം. അങ്ങയ്ക്കു ബാധിക്കുകയില്ല. നിന്നില്‍ ചിത്തം കലര്‍ന്ന ഞാന്‍ സ്വതന്ത്രയാണ്‌. എന്നെ ഭജിച്ചാലും.

അഷ്ടാവക്രന്‍ പറഞ്ഞു: ഭദ്രേ, നീ സ്വതന്ത്രയാണെന് പറഞ്ഞുവല്ലോ. അതിന്റെ കാരണം എനിക്കു മനസ്സിലാ യില്ല. അതു പറയൂ! നീ എങ്ങനെ സ്വതന്ത്രയാകും? ഈ മൂന്ന് ലോകത്തിലും, ഒരു പെണ്ണും സ്വതന്ത്രയല്ല:

സ്ത്രീ പറഞ്ഞു: എനിക്കു കൌമാരമാണ്‌. ഞാന്‍ ബ്രഹ്മചര്യാശ്രമത്തിലാണ്‌. ഞാന്‍ കനൃകയാണ്‌. അതില്‍ നീ സംശയിക്കേണ്ടാ. ഭവാന്‍ എന്നെ പത്നിയാക്കു വിപ്രാ! അങ്ങ്‌ എന്റെ ശ്രദ്ധയെ കെടുത്തിക്കളയരുത്‌.

അഷ്ടാവക്രന്‍ പറഞ്ഞു: നിനക്ക്‌ എന്നിലുള്ള പോലെ തന്നെ എനിക്കു നിന്നോടും തോന്നുന്നു. പക്ഷേ, ഈ പരീക്ഷ സതൃമായും മുനിയുടെ ആഗ്രഹത്തിനു വിഘ്നം ചെയ്യുകയാണ്‌! ഇതു വലിയ ആശ്ചര്യം തന്നെ! ഇത്‌ എന്റെ ശ്രേയസ്സിനു പറ്റിയതാണോ? ദിവ്യാഭരണവസ്ത്രാഢ്യയും കന്യയുമായ ഇവള്‍ എന്നെ ആശ്രയിച്ചവളാണ്‌. എന്നാല്‍ ഇവളുടെ ദിവ്യരൂപം ഇത്രനാളും ജീര്‍ണ്ണിച്ചിരുന്നത്‌ എന്തു കാരണം കൊണ്ടാണ്‌? ജര ബാധിച്ചിരുന്ന ഇവള്‍ ഇപ്പോള്‍ മനോഹരമായ കന്യാരൂപം എടുത്തിരിക്കുന്നു! ഇനി അടുത്ത നിമിഷത്തില്‍ ഇവള്‍ ഏതു രൂപമെടുക്കും? അറിയുവാന്‍ വയ്യ, മനസ്സിനെ അടക്കുക! കൈയില്‍ കിട്ടിയതു കളയാതിരിക്കുവാനുള്ള ധൈര്യത്തിനൊക്കുന്ന വിധം തൃതീയ പുരുഷാര്‍ത്ഥത്തെ നിയന്ത്രിക്കുവാനുള്ള കഴിവ്‌ നമ്മളെ സ്വീകരിച്ച്‌ ഞാന്‍ പാഴാക്കുകയില്ല, പ്രലോഭനങ്ങളില്‍ ഞാന്‍ പെട്ട് പോവുകയില്ല. അധര്‍മ്മം ചെയ്യുകയില്ല.

21. അഷ്ടാവക്രദിക്‌സംവാദം - തപോനിഷ്ഠ പരീക്ഷിച്ചു നോക്കിയതാണെന് ഉത്തരദിശ അഷ്ടാവക്രനോടു പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ആ സ്ത്രീ എന്തുകൊണ്ടാണ്‌ ആ തേജസ്വിയുടെ ശാപത്തെ ഭയപ്പെടാത്തത്‌? അദ്ദേഹം അതൊക്കെ വിട്ടൊഴിച്ച്‌ എങ്ങനെ പോന്നു? പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: അഷ്ടാവക്രന്‍ അവളോടു ചോദി ച്ചു: എടോ അംഗനേ, നീ എന്താണ്‌ ഇപ്പോള്‍ ഇങ്ങനെ രൂപം മാററിയത്‌? നീ എന്നോടു നുണപറയരുത്‌. ഒരു ബ്രാഹ്മണനാണ്‌ ചോദിക്കുന്നത്‌ എന്നു ധരിക്കുക.

സ്ത്രീ പറഞ്ഞു; അല്ലയോ ബ്രാഹ്മണോത്തമാ, ഈ കാമ്യ, ദ്യോവിനും പൃഥ്വിക്കും ഉള്ളവളാണ്‌! ഭവാന്‍ മനസ്സു വെച്ച്‌ അല്ലയോ അനഘാശയാ, ഇതൊക്കെ കേള്‍ക്കണേ! ഞാന്‍ നിന്നെ പരീക്ഷിക്കുകയാണു ചെയ്തത്‌. അതില്‍ നീ തെറ്റിപ്പോയില്ല. അല്ലയോ സത്യവിക്രമാ, പരീക്ഷയില്‍ വിജയിക്കുകയാല്‍ നീ ലോകങ്ങളെ മുഴുവന്‍ നേടിയിരി ക്കുന്നു. ഉത്തര എന്ന ദിക്ക്‌ ഞാന്‍ തന്നെയാണ്‌. ഭവാന്‍ സ്ത്രീ ചാപല്യം ശരിക്കും കണ്ടില്ലേ? വ്യദ്ധകളായ സ്ത്രീകള്‍ക്കു കൂടി ഇപ്രകാരം കാമജ്ജ്വരം ബാധിക്കും. ഇതുസ്ത്രീസ്വഭാവമാണ്‌. പ്രായം കൂടിയ. സ്ത്രീകള്‍ക്ക്‌ അങ്ങനെ കാമവികാരം ഉണ്ടാവുകയില്ലെന് വിചാരിക്കരുത്‌. മുത്തിപ്പെണ്ണുങ്ങള്‍ക്ക് പോലും മന്മഥജ്ജ്വരം ഉണ്ടാകും.

നീ ഈ പരീക്ഷയില്‍ ജയിക്കുകയാല്‍ പിതാമഹന്‍ നിന്നില്‍ തുഷ്ടനായി. ഇന്ദ്രാദികളായ ദേവന്മാരും തുഷ്ടരായിരിക്കുന്നു. അങ്ങ്‌ എന്തു കാര്യത്തിന്നായി ഇവിടേക്കു വന്നുവോ, ആ ഭവാന്‍, കന്യാപിതാവായ ഋഷി പറഞ്ഞ്‌ അയച്ചവനാണല്ലോ ദ്വിജര്‍ഷഭാ! നിന്നെ വേണ്ടമാതിരി ഉപദേശിക്കുവാന്‍ വേണ്ടിയാണ്‌ നിന്റെ മുമ്പില്‍  ഈമാതിരിയൊക്കെ ഞാന്‍ അഭിനയിച്ചത്‌. നീ ക്ഷേമത്തോടെ സ്വഗൃഹത്തിലേക്ക് പൊയ്ക്കൊളളുക! ഇതില്‍ ഭവാനു തളര്‍ച്ച തോന്നരുത്‌. ആശിച്ച ആ കന്യകയെ ഭവാന്‍ നേടും. അവളില്‍ പുത്രനുണ്ടാകും. നീ അറിയുവാന്‍ വേണ്ടി ചോദിച്ചതാണല്ലോ? അതിനുത്തരം ഞാന്‍ പറയുകയാണ്‌. അങ്ങയെ ത്രിലോകത്തില്‍ ആര്‍ക്കും തെറ്റിക്കുവാന്‍ സാദ്ധ്യമല്ല. ഭവാന്‍ പൊയ്ക്കൊളളുക! സുകൃതം ഭവാന്‍ ചെയ്തു. ഇനി എന്താണ്‌ ഭവാന്‌ അറിയേണ്ടത്‌? അല്ലയോ അഷ്ടാവക്രര്‍ഷേ! ഞാന്‍ ശരിയായ വിധം എല്ലാം പറഞ്ഞു തരാം. ആ മഹര്‍ഷി നിനക്കായി എന്നെ കനിയിച്ചു. അവനെ സല്‍ക്കരിക്കുവാനായി ഇതു ഞാന്‍ നിന്നോടു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: അവള്‍ പറഞ്ഞ വാക്കുകേട്ട്‌ ആ വിപ്രന്‍ അവളുടെ മുമ്പില്‍ കൈകൂപ്പി നിന്നു. അവള്‍ സമ്മതം കൊടുത്തു. ഋഷി വീട്ടിലേക്കു മടങ്ങി.  ഗൃഹത്തിലെത്തി വിശ്രമിച്ച്‌ സ്വജനത്തോട്‌ കണ്ട കഥയെല്ലാം പറഞ്ഞു. അപ്പോള്‍ ആ വിപ്രന്റെ മുമ്പില്‍ ന്യായപ്രകാരം ആ വിപ്രര്‍ഷിയും വന്നെത്തി കണ്ടതൊക്കെ ചോദിച്ചു കുരുനന്ദനാ! ഉടനെ അവനോട്‌ ആഷ്ടാവക്രന്‍ പ്രീതചിത്തനായി കണ്ടതൊക്കെ ഉണര്‍ത്തിച്ചു; ഭഗവാന്റെ സമ്മതത്തോടെ ഞാന്‍ ഗന്ധമാദനത്തിലെത്തി. അതിന്റെ വടക്കു ഭാഗത്തായി വലിയ ഒരു ദൈവസ്ഥാനം കണ്ടു. അവിടെയുളള ദേവത എന്നെ പരീക്ഷിച്ചു സമ്മതിച്ചു. അവള്‍ ഭവാനേയും പ്രകീര്‍ത്തിച്ചു. അവള്‍ ആ വാക്കും പറഞ്ഞു കേള്‍ പ്പിച്ചു. അങ്ങനെ മടങ്ങിപ്പോന്ന് ഞാന്‍ ഇതാ ഭവാന്റെ ഗൃഹത്തില്‍ എത്തിയിരിക്കുന്നു, പ്രഭോ!

അപ്പോള്‍ അവനോട്‌ ആ വിപ്രന്‍ പറഞ്ഞു: ഭവാന്‍ എന്റെ പുത്രിയെ വേട്ടാലും! നക്ഷത്രവിധിയോഗമനുസരിച്ച്‌ അവളെ ഭാര്യയായി സ്വീകരിച്ചാലും. ഭവാന്‍ അവള്‍ക്കു ചേര്‍ന്ന ഉത്തമനായ ഭര്‍ത്താവാണ്‌.

ഭീഷ്മൻ പറഞ്ഞു: പറഞ്ഞ പ്രകാരം അഷ്ടാവക്രന്‍ ആ കന്യകയെ പാണിഗ്രഹണം ചെയ്തു. ആ മഹര്‍ഷി പരമസന്തുഷ്ടനായി പ്രീതനായിത്തീര്‍ന്നു. ആ ശോഭനയായ ഋഷികന്യകയെ, ഭാര്യയായി സ്വീകരിച്ച്‌ അവന്‍ തന്റെ ആശ്രമത്തില്‍ മോദത്തോടെ,  അല്ലലൊന്നും കൂടാതെ വസിച്ചു.

22. ബഹുപ്രാശ്‌നികം - ധര്‍മ്മപുത്രന്റെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ ഭാരതശ്രേഷ്ഠാ, സനാതനരായ വിപ്രര്‍, ആരാണെന്നാണു .പറയപ്പെടുന്നത്‌? ദാനത്തിനു പാത്രം ആരാണ്‌? ലിംഗിയായ (ബ്രാഹ്മണന്റെ ചിഹ്നമുളളവന്‍?)  ബ്രാഹ്മണനോ അതോ ബ്രാഹ്മണചിഹ്നം ഉപേക്ഷിച്ച ബ്രാഹ്മണനോ?

ഭീഷ്മൻ പറഞ്ഞു; തന്റെ വൃത്തി സ്വീകരിച്ച ലിംഗിക്കും ലിംഗിയല്ലാത്തവനും രാജാവേ, ദാനം കൊടുക്കാം. അതില്‍ തെറ്റില്ല. രണ്ടുകൂട്ടരും തപസ്വികളാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ഏറ്റവും ശ്രേഷ്ഠമായ ശ്രദ്ധ കൊണ്ടു പൂതനായ ബ്രാഹ്മണന് ഹവ്യകവ്യങ്ങള്‍ ദാനം ചെയ്താല്‍ അതില്‍ ദോഷം ബാധിക്കുമോ, പിതാമഹാ?

ഭീഷ്മന്‍ പറഞ്ഞു; ശ്രദ്ധാപൂതനായ മര്‍ത്ത്യന്‍ എല്ലാറ്റിന്നും അര്‍ഹനാണ്‌. അവന്‍ ആത്മശുദ്ധിയുളളവനാണ്‌. അവന്‍ ദാനത്തിന് മാത്രമല്ല അര്‍ഹന്‍. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും അര്‍ഹനാണ്‌ ഉണ്ണീ!

യുധിഷ്ഠിരന്‍ പറഞ്ഞു: നരന്‍ എന്നും ദൈവ കാരൃങ്ങളില്‍ വിപ്രനെ പരീക്ഷിക്കരുത്‌. ബുധന്മാര്‍ പറയുന്നു, ഹവ്യം ദാനം ചെയ്യുന്നതില്‍ വിപ്രനെ, അവന്‍ സമര്‍ത്ഥനാണോ സല്‍സ്വഭാവിയാണോ എന്ന് പരീക്ഷിക്കണമെന്ന്‌.

ഭീഷ്മൻ പറഞ്ഞു: ഹവ്യം വിപ്രര്‍ ഒപ്പിക്കുന്നതല്ല. അതും ദൈവത്താല്‍ സിദ്ധമാണ്‌. ദൈവപ്രസാദത്താലാണ്‌ യജമാനര്‍ യജിക്കുന്നത്‌ എന്നതില്‍ യാതൊരു സംശയവുമില്ല. ബ്രഹ്മവാദികളായ ബ്രാഹ്മണര്‍ എപ്പോഴും പൂജ്യരാണെന്നാണ്‌ ലോകതത്വജ്ഞനായ മാര്‍ക്കണ്ഡേയന്‍ മുമ്പു പറഞ്ഞിട്ടുളളത്‌ ഭരതര്‍ഷഭാ!.

യുധിഷ്ഠിരന്‍ പറഞ്ഞു: അപൂർവ്വനായവന്‍ (മുമ്പു കാണാത്തവന്‍) കര്‍മ്മജ്ഞാനിയായാല്‍, വിവാഹിതനായാല്‍, തപസ്വിയായാല്‍, യജ്ഞവാനുമായാല്‍, ഇത്തരക്കാര്‍ അര്‍ഹരാണോ യജ്ഞകര്‍മ്മാദികള്‍ക്ക്‌?

ഭീഷ്മൻ പറഞ്ഞു: കുലീനനായിരിക്കുക, കര്‍മ്മവാനായിരിക്കുക, വിദ്ധാനായിരിക്കുക, അഹിംസകനാവുക, ഫ്രീമാ നാവുക, സത്യവാനാവുക, ആര്‍ജ്ജവമുളളവനാവുക ഇങ്ങനെയുളള ആദ്യത്തെ മൂന്ന് പേരും അര്‍ഹരാണ്‌. അതില്‍ നാലു തേജസ്വികള്‍ക്കുള്ള മന്ത്രം എന്തെന്ന് പറയാം. അതു ഭൂമിദേവിക്കും കാശ്യപനും അഗ്നിക്കും മാര്‍ക്കണ്ഡേയനും ഉള്ള അഭിപ്രായമാണ്‌. ഓരോന്നും പറയാം, കേള്‍ക്കൂ.

ഭൂമി പറഞ്ഞു: ഒരു കളിമണ്‍കട്ടയെടുത്ത്‌ സമുദ്രത്തിലേക്കെറിഞ്ഞാല്‍ അത്‌ അലിഞ്ഞ്‌ ഇല്ലാതാകുന്നതു പോലെ, ചെയ്ത പാപങ്ങളെല്ലാം ഈ മൂന്ന് ഗുണങ്ങളില്‍ അലിഞ്ഞ്‌ ഇല്ലാതാകും. യജ്ഞം, അദ്ധ്യയനം, ഉപഗ്രഹം ഇവയാണ്‌ ആ മൂന്നു ഗുണങ്ങള്‍.

കാശ്യപന്‍ .പറഞ്ഞു: ആറു ശാഖകളോടു കൂടിയ വേദങ്ങളും, സാംഖ്യതത്വശാസ്ത്രവും പുരാണങ്ങളും ഉന്നത കുലീനത്വവും ഇവയൊന്നും യാതൊരു നന്മയും ശീലഗുണവും നേടാത്തവന്, ചെയ്യുകയില്ല. രാജാവിന്നായാലും ദ്വിജന്നായാലും ശീലസ്വഭാവം നന്നല്ലെങ്കില്‍ അവര്‍ക്ക്‌ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നഷ്ടപ്പെടും.

അഗ്നി പറഞ്ഞു: വേദം പഠിച്ചവനും പണ്ഡിതനാണെന്ന് അഭിമാനിക്കുന്നവനും, അന്യരുടെ കീര്‍ത്തിയെ വിദ്യ കൊണ്ടു ദുഷിക്കുന്നവനുമായ പുരുഷന്‍ ധര്‍മ്മത്തില്‍ നിന്ന് പതിച്ചു പോകുന്നു. അവന്‍ സതൃത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ഭ്രംശിക്കുന്നു. ഇങ്ങനെ നാശകരമായ ബുദ്ധിശക്തി പ്രയോഗിക്കുന്നവര്‍ക്ക്‌ മോക്ഷപ്രാപ്തി ഉണ്ടാവുകയില്ല.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ആയിരം അശ്വമേധത്തേയും സത്യത്തേയും തുലാസില്‍ തൂക്കി നോക്കി. അവയില്‍ ആദ്യത്തേതിന് രണ്ടാമത്തേതായ സത്യത്തിന്റെ പകുതി തൂക്കംപോലുമുളളതായി കാണപ്പെട്ടില്ല.

ഭീഷ്മൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞ്‌. ആ നാലു പേരും പോയി. ഭൂമിദേവി, കാശ്യപന്‍, അഗ്നി, ആയുഷ്മാനായ ഭൃഗുപുത്രന്‍ ഇവര്‍ അന്തര്‍ദ്ധാനംചെയ്തു.

യുധിഷ്ഠിരന്‍ പറഞ്ഞു:  ബ്രഹ്മചര്യവ്രതസ്ഥനായ ബ്രാഹ്മണന്‍ ശ്രാദ്ധം ഉണ്ണുന്നതായാല്‍ ആ വിപ്രന് കൊടുത്ത അന്നം കൊണ്ട്‌ ശ്രാദ്ധം വഴിപോലെ ഉള്ളതാകുമോ?

ഭീഷ്മന്‍ പറഞ്ഞു: ബ്രാഹ്മണന്‍ ഒരു നിശ്ചയിച്ച കാലത്തോളം ബ്രഹ്മചര്യം ദീക്ഷിക്കണം (പ്രന്തണ്ടുകൊല്ലം). അതിന്നിടയ്ക്കു വേദജ്ഞാനം നല്ല പോലെ നേടണം. ശാഖകളോടു കൂടി സമ്പാദിക്കണം. അതിന്നിടയ്ക്കു ശ്രാദ്ധാന്നം ഭുജിക്കുന്നതായാല്‍ അവന്‍ ബ്രഹ്മചര്യത്തില്‍ നിന്ന് പതിച്ചവനാകും. എന്നാല്‍, ചെയ്ത ശ്രാദ്ധത്തിന് ദോഷം ബാധിക്കുകയുമില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മത്തിന് വളരെ വാതിലുകളുണ്ട്‌. നാനാ മാര്‍ഗ്ഗങ്ങളിലേക്കു പോകുന്നതുമാണ്‌ അത്‌ എന്ന് വിദ്വാന്മാര്‍ പറയുന്നു. ഈ നിലയിലാകയാല്‍ ഏതാണ്‌ ഉറച്ച മാര്‍ഗ്ഗമെന്നറിയുവാന്‍ വിഷമം. അങ്ങ്‌ മാര്‍ഗ്ഗം കാണിച്ചുതരണേ!

ഭീഷ്മൻ പറഞ്ഞു: അഹിംസ, സത്യം, അക്രോധം, ആനൃശംസ്യം (കരുണ), ദമം, ആര്‍ജ്ജവം (നേര്) ഇവയാണ്‌ രാജാവേ, ധര്‍മ്മത്തിന്റെ ലക്ഷണമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌. ധര്‍മ്മത്തെ പുകഴ്ത്തി പ്രസംഗിച്ചു കൊണ്ട്‌ ഭൂമിയില്‍ സഞ്ചരിക്കുകയും, ആ ധര്‍മ്മം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍, സങ്കരക്കാരായി കണക്കാക്കണം രാജാവേ! അവര്‍ക്ക്‌ സ്വര്‍ണ്ണം, രത്നം, പശു എന്നിവ ദാനം ചെയ്യുന്നവന്‍ നരകത്തില്‍ പത്തു വര്‍ഷം അമേദ്ധ്യം തിന്ന് കിടക്കും. ചത്ത പശു, എരുമ എന്നിവയെ തിന്നുന്ന മേദന്മാരുടേയും, ചണ്ഡാളന്മാരുടേയും, മറ്റ്‌ അന്യജാതിക്കാരുടേയും, ചെയ്തതും ചെയ്യാത്തതും രാഗമോഹങ്ങളോടെ പറയുന്ന കൂട്ടരുടേയും അമേദ്യയമാണ്‌ മുൻ പറഞ്ഞ കൂട്ടര്‍ ഭക്ഷിക്കേണ്ടി വരിക. ബ്രഹ്മചാരിയായ ബ്രാഹ്മണന് വൈശ്വവേദത്തെ നല്കാത്തവന്‍ പാപലോകങ്ങള്‍ ഭുജിക്കേണ്ടിവരും രാജാവേ!

യുധിഷ്ഠിരന്‍ പറഞ്ഞു: ബ്രഹ്മചര്യത്തേക്കാള്‍ മേന്മയേറിയതെന്താണ്‌? ധര്‍മ്മത്തിന്റെ മുഖ്യലക്ഷണമെന്താണ്‌? ഏറ്റവും ശ്രേഷ്ഠമായ ശുദ്ധതയെന്താണ്‌? അല്ലയോ പിതാമഹാ! പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ഉണ്ണീ, മുഖ്യമായ ബ്രഹ്മചര്യം മദ്യവും മാംസവും ഉപേക്ഷിച്ചുളള ജീവിതമാണ്‌. തന്റെ മര്യാദ വിടാതെ നില്ക്കുക എന്നതാണ്‌ ധര്‍മ്മത്തിന്റെ ലക്ഷണം. തന്റെ കര്‍ത്തവ്യം ചെയ്യുക എന്നതാണ്‌ മര്യാദ.

യുധിഷ്ഠിരന്‍ പറഞ്ഞു: ഏതു കാലത്താണ്‌ ധര്‍മ്മമനുഷ്ഠിക്കുക? ഏതു കാലത്താണു ധനം സമ്പാദിക്കുക? ഏതു കാലത്താണ്‌ സുഖാനുഭവം? അവയ്ക്കു വേണ്ട കാലമേതെന്ന് അല്ലയോ പിതാമഹാ! പറഞ്ഞാലും!

ഭീഷ്മന്‍ പറഞ്ഞു; ഒരുത്തന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അര്‍ത്ഥം സമ്പാദിക്കണം. പിന്നെ ധര്‍മ്മവും, പിന്നെ കാമവും നേടുക. ഇതില്‍ അതിപ്രസംഗം ഒന്നിലും വരാന്‍ പാടില്ല. വിപ്രരെ ബഹുമാനിക്കുക. ഗുരുജനങ്ങളെ പൂജിക്കുക. സര്‍വ്വവഭൂതാനുരൂപനും, മൃദുശീലനും, പ്രിയംവദനുമാവുക. അധികാരത്തില്‍ ചതിചെയ്യുകയും രാജാവില്‍ ഏഷണി കൂട്ടുകയും ഗുരുവിന്റെ അപ്രിയം നേടുകയും ചെയ്യുന്നത്‌ ബ്രഹ്മഹത്യക്കു തുല്യമായ പാപമാണ്‌. രാജാക്കന്മാരെ പ്രഹരിക്കരുത്‌. പശുവിനെ കൊല്ലരുത്‌. ഇവ രണ്ടും ചെയ്യുന്നതായാല്‍ ഭ്രൂണഹത്യക്കു തുല്യമായ പാപമാകുന്നതാണ്‌. അഗ്നിയെ തൃജിക്കരുത്. വേദത്തെ ഉപേക്ഷിക്കരുത്‌. ബ്രാഹ്മണനെ ശകാരിക്കരുത്‌. ഇവ ബ്രഹ്മഹത്യക്കു തുല്യമാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു:  ഏതുമാതിരിയുളളവരാണ്‌ നല്ലവരായ വിപ്രന്മാര്‍? ആര്‍ക്കു നല്കിയാലാണ്‌ നല്ല ഫലം ലഭിക്കുക? ഏതുതരം ബ്രാഹ്മണനെയാണ്‌ ഊട്ടേണ്ടത്‌? പിതാമഹാ! എല്ലാം പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ക്രോധമില്ലാത്തവര്‍, ധര്‍മ്മത്തില്‍ നിഷ്ഠയുള്ളവര്‍, സത്യശീലര്‍, ദാമോദൃതന്മാര്‍ ഇങ്ങനെയുളളവരാണ്‌ നല്ലവരായ ബ്രാഹ്മണര്‍. ഇവര്‍ക്കു ദാനം ചെയ്താല്‍ വലിയ ഫലം സിദ്ധിക്കുന്നതാണ്‌. അഭിമാനം വിട്ടവര്‍, എല്ലാം സഹിക്കുന്നവര്‍, കാര്യത്തില്‍ ദൃഢതയുളളവര്‍, ജിതേന്ദ്രിയന്മാര്‍, എല്ലാവര്‍ക്കും ഹിതം ചെയ്യുന്നവര്‍, ചൈത്രന്മാര്‍ ഇത്തരക്കാര്‍ക്കു നല്കിയാല്‍ മഹത്തായ ഫലം സിദ്ധിക്കുന്നതാണ്‌. അലുബ്ധരായവര്‍, ശുദ്ധര്‍, വിദ്വാന്മാര്‍, ശ്രീമാന്മാര്‍, സതൃവാദികള്‍, സ്വകര്‍മ്മതല്‍പരന്മാര്‍ ഇത്തരക്കാര്‍ക്കു നല്കിയാല്‍ മഹത്തായ ഫലം സിദ്ധിക്കുന്നതാണ്‌. സാംഗങ്ങളായ നാലു വേദങ്ങള്‍ പഠിക്കുന്ന ദ്വിജന്‍ ഏവനാണോ അവന്‍ ഷള്‍ക്കര്‍മ്മനിഷ്ഠനാണ്‌. അവന്‍ ദാനത്തിന്‌ ഉത്തമപാത്രമാണെന് മഹര്‍ഷിമാര്‍ പറയുന്നു. ഇത്തരക്കാര്‍ക്കു നല്കിയാല്‍ നല്ല ഫലമുണ്ടാകുന്നു. ശരിക്കും അര്‍ഹിക്കുന്നവനു നല്കുന്നത്‌ മഹാര്‍ഹമായ ഫലം നേടുന്നതാണ്‌. പ്രജ്ഞ, ശ്രുതം, വൃത്തി, അപ്രകാരം ശീലവും ചേര്‍ന്നവന്‍ എല്ലാ ദുര്‍ഘടകാലഘട്ടവും, ഏകനായാലും ആ ബ്രാഹ്മണര്‍ഷഭന്‍ കയറ്റിവിടും. പശു, കുതിര, ധനം, ചോറ്‌ ഇവ ഇത്തരം ബ്രാഹ്മണന് നല്കിയാല്‍, മറ്റു വസ്തുക്കളും നല്കിയാല്‍, അവന്‍ മരിച്ചാല്‍ ദുഃഖകരമായ ലോകത്തിലേക്കു പോകേണ്ടതായി വരുന്നതല്ല. ഒറ്റ ബ്രാഹ്മണനായാലും ആ ബ്രഹ്മണര്‍ഷഭന്‍ കുലത്തെയെല്ലാം മോചിപ്പിച്ചു മോക്ഷത്തിലെത്തിക്കും. പിന്നെ, അനവധി സദ്ബ്രാഹ്മണരെ സല്‍ക്കരിച്ചാലുളള ഫലം പറയേണ്ടതില്ലല്ലോ. അതുകൊണ്ട്‌ പാത്രംനോക്കി ദാനംചെയ്യണം. ഗുണവാനായ ബ്രാഹ്മണനെ ചോദിച്ചറിഞ്ഞ്‌, ദൂരെനിന്ന് വീട്ടില്‍ വരുത്തി മാനിച്ച്‌, സല്‍ക്കരിച്ചു പൂജിക്കണം.

23. ദാനധർമ്മം സ്വര്‍ഗ്ഗനരകഗാമിവര്‍ണ്ണനം - സ്വര്‍ഗ്ഗത്തിനും നര കത്തിനും അര്‍ഹരായവര്‍ ആരൊക്കെയെന്ന് - യുധി ഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ശ്രാദ്ധകാലത്തു സുരര്‍ഷിമാര്‍ ദൈവവും പിത്ര്യവുമായ കര്‍മ്മം എങ്ങനെയാണ്‌ വിധിച്ചിട്ടുളളത്‌* അവയെല്ലാം ഭവാന്‍ പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!

ഭീഷ്മൻ പറഞ്ഞു: മംഗളാചാരത്തോടെ കുളിച്ചു ശുദ്ധനായി പ്രസന്നനായി ശ്രദ്ധാപൂര്‍വ്വം ദൈവകാര്യങ്ങള്‍ പൂര്‍ വ്വാഹ്‌നത്തിലും പിത്യകാര്യങ്ങള്‍ അപരാഹ്‌നത്തിലും ചെയ്യണം. മര്‍ത്ത്യര്‍ക്കു നല്കുന്ന ദാനമെല്ലാം മദ്ധ്യാഹ്‌നത്തിലാകണം അതു വലിയ താല്‍പര്യത്തോടെ ചെയ്യണം. കാലം തെറ്റിച്ചു ചെയ്യുന്ന സകല ദാനങ്ങളും രാക്ഷസന്മാര്‍ക്കുളള ഭാഗമായി കരുതണം. (സമയം തെറ്റിക്കഴിക്കുന്ന ഭക്ഷണം പോലും അവരവുടെ ആരോഗ്യത്തിനു നന്മയല്ല; അതു രാക്ഷസീയമായേ പരിഗണിക്കുകയുള്ളു).

മനുഷ്യര്‍ കവച്ചുവെച്ചതും (മുകളില്‍ക്കൂടെ ചാടിക്കടന്നതോ കാല്‍ കുവച്ചു വെച്ചതോ), നക്കിയതും (മനുഷ്യനോ നായയോ പൂച്ചയോ) ആയ അന്നം, കലഹിച്ചും വഴക്കടിച്ചും തള്ളിയ അന്നം, തീണ്ടാര്‍ന്ന പെണ്ണുങ്ങള്‍ തൊട്ടതായ അന്നം, ഇവയൊക്കെ രാക്ഷസന്മാര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. മുൻകൂട്ടി വിളംബരം ചെയ്തു നല്കുന്ന അന്നം, വ്രതമില്ലാത്തവന്‍ ഉണ്ട ഭക്ഷണം, നായ തൊട്ടതും നായ നോക്കിയതുമായ അന്നം ഇവ രാക്ഷസന്മാര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. രാക്ഷസന്മാര്‍ക്ക്‌ നൽകാം. അത്‌ ദേവന്മാര്‍ക്കോ പിതൃക്കള്‍ക്കോ നിവേദിക്കരുത്‌. അത്‌ അവര്‍ കൈക്കൊളളുകയില്ല. പുഴു വീണതോ, രോമം വീണതോ, നായ ആര്‍ത്തിയോടെ നോക്കിയതോ, തുമ്മലേറ്റതോ, കരഞ്ഞു കണ്ണുനീര്‍ വീണതോ, കാല്‍തട്ടിയതോ ആയ അന്നം ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും പറ്റിയതല്ല. അത്‌ രാക്ഷസര്‍ക്കു നിവേദിക്കാവുന്നതാണ്‌.

ഓങ്കാരം ഉച്ചരിക്കാത്ത ബ്രാഹ്മണര്‍ ഉണ്ടതും, ശസ്ത്രമെടുത്തവര്‍ ഉണ്ടതും, ദുഷ്ടാത്മാവുണ്ടതും രാക്ഷസന്മാര്‍ക്കു നല്കാം. മറ്റൊരാള്‍ ഉണ്ടു എച്ചിലായത്‌, ഒരാള്‍ ഉണ്ടതില്‍ വിളമ്പാതെ ശേഷിച്ചത്‌, ഇവയൊന്നും ദൈവപിത്ര്യങ്ങള്‍ക്ക്‌ പറ്റിയ അന്നമല്ല, രാക്ഷസന്മാര്‍ക്കാകാം. മന്ത്രവും ചടങ്ങും കൂടാതെ ഈട്ടുന്ന ശ്രാദ്ധം മൂന്ന് ജാതിക്കാര്‍ക്കും ചേര്‍ന്നതല്ല. രാക്ഷസന്മാര്‍ക്ക്‌ അതു കൈക്കൊളളാം. നെയ്യൊഴിക്കാത്തതും വിളമ്പിയതില്‍ ബാക്കിയുള്ളതും ദുശ്ശീലരുണ്ടതും രാക്ഷസാന്നമാണ്‌. രാക്ഷസന്മാര്‍ക്കു നല്കാനുള്ള അന്നവിഭാഗത്തെപ്പറ്റി ഞാന്‍ പറഞ്ഞു ഭാരതാ!

ഇനി  വിപ്രന്മാരെ പരീക്ഷിച്ചു നല്കേണ്ടതായ അന്നത്തെപ്പറ്റി പറയാം. പതിതന്മാരും ജഡന്മാരും ഉന്മത്തന്മാരുമായ ബ്രാഹ്മണരെ ദേവന്മാര്‍ക്കും പിത്യക്കള്‍ക്കും വേണ്ടി ചെയ്യുന്ന ശ്രാദ്ധത്തിന് ക്ഷണിക്കരുത്‌ രാജാവേ! പാണ്ഡുരോഗം, കുഷ്ഠരോഗം, ക്ഷയരോഗം ഇവ ബാധിച്ച ബ്രാഹ്മണരേയും അന്ധന്മാരായ ബ്രാഹ്മണരേയും, അപസ്മാര രോഗികളായ ബ്രാഹ്മണരേയും ശ്രാദ്ധത്തിന് ക്ഷണിക്കരുത്‌ രാജാവേ! വൈദ്യന്മാര്‍, ശാന്തിക്കാര്‍, പാഴ്‌നിയമങ്ങളായി ചരിക്കുന്നവര്‍, പ്രതിമാ നിര്‍മ്മാതാക്കള്‍, സോമം വില്ക്കുന്ന കച്ചവടക്കാര്‍ ഉത്തരം ബ്രാഹ്മണരെ ശ്രാദ്ധത്തിന് ക്ഷണിക്കരുത്‌. ആട്ടം, പാട്ട്‌, ചാട്ടം, കൊട്ട്‌, കഥാപ്രസംഗം, ഗുസ്തി ഈ തൊഴിലുള്ള ബ്രാഹ്മണരെ ശ്രാദ്ധത്തിന് ക്ഷണിക്കാന്‍ പാടില്ല രാജാവേ. ശൂദ്രന്മാര്‍ക്ക്‌ ഹോമം ചെയ്യുന്നവര്‍, ശൂദ്രനെ വേദം പഠിപ്പിക്കുന്നവര്‍, ശൂദ്രശിഷ്യന്മാര്‍ ഇങ്ങനെയുളള ബ്രാഹ്മണരെ ശ്രാദ്ധത്തിന് ക്ഷണിക്കാന്‍ പാടില്ല രാജാവേ! പ്രതിഫലം വാങ്ങി പഠിപ്പിക്കുന്ന അദ്ധ്യാപകനായബ്രാഹ്മണന്‍, പ്രതിഫലം കൊടുത്ത്‌ വിദ്യയഭ്യസിക്കുന്നവര്‍, ഇത്തരക്കാര്‍ ഒരിക്കലും ശ്രാദ്ധത്തിന്‌ അര്‍ഹരല്ല. വേദം വിലയ്ക്കു വില്ക്കുന്നവരും ശ്രാദ്ധത്തിന് അര്‍ഹരല്ല.

മുമ്പേ അഗ്രഭോജിയായി വെച്ചവനായ ബ്രാഹ്മണന്‍ പിന്നെ താഴ്‌ന്ന ജാതിക്കാരിയായ പെണ്ണിനെ വേട്ടുവെങ്കില്‍ അവന്‍ സര്‍വ്വജ്ഞനായാല്‍പ്പോലും ശ്രാദ്ധത്തിന് ക്ഷണിക്കുവാന്‍ അര്‍ഹനല്ല. പണം പലിശയ്ക്കു കൊടുക്കുന്ന ഹുണ്ടികക്കാരനായ ബ്രാഹ്മണനെ ശ്രാദ്ധത്തിന് വിളിക്കരുത്‌. മൃഗങ്ങളെ വില്ക്കുന്നവനേയും, സ്ത്രീജിതനേയും, തേവിടിശ്ശിമാരില്‍ പ്രിയമുളളവനേയും, ജപിക്കാത്തവനേയും ശ്രാദ്ധത്തിന് ക്ഷണിക്കരുത്‌.

ക്ഷണിക്കാവുന്ന ചില ബ്രാഹ്മണരെപ്പറ്റി പറയാം. ശ്രാദ്ധദൈവങ്ങളില്‍ നിഷ്ഠയോടെ ഭക്തിയുളളവരും, ദാനം ചെയ്യുന്നവരും പ്രതിഗ്രഹം വാങ്ങുന്നവരും,വ്രതമെടുത്തവരും, ഗുണവാനും, കൃഷിവൃത്തിയുണ്ടെങ്കിലും സാവിത്രീയജ്ഞം ചെയ്യുന്നവരും, ക്രിയാഡ്യന്മാരുമായ ബ്രാഹ്മണര്‍ ക്ഷണിക്കുവാന്‍ അര്‍ഹരാണ്‌ രാജാവേ!

പോരില്‍ ക്ഷാത്രമെടുത്താലും കുലവിപ്രരെ ശ്രാദ്ധത്തിന് ക്ഷണിക്കാം.

ഉണ്ണീ, കച്ചവടക്കാരനായ ബ്രാഹ്മണനെ ശ്രാദ്ധത്തിന് ക്ഷണിക്കരുത്‌. അഗ്നിഹോത്രം ചെയ്യുന്ന വിപ്രന്‍ വൃഷളാചാര്യനായാലും, കളളനല്ലെങ്കില്‍ അവന്‍ അതിഥികളെ പൂജിക്കുന്ന നല്ലവനാണെങ്കില്‍ ക്ഷണിക്കുവാന്‍ അര്‍ഹനാണ്‌ രാജാവേ! സാവിത്രീമന്ത്രം മൂന്ന് നേരവും ജപിക്കുന്നവനും, ക്രിയാവാനും, ഭിക്ഷയേല്ക്കുന്നവനുമായ ബ്രാഹ്മണന്‍ ശ്രാദ്ധത്തിന് ക്ഷണിക്കപ്പെടുവാന്‍ അര്‍ഹനാണ്‌. ഒരിക്കല്‍ ഉന്നത നിലയിലിരുന്ന് പിന്നെ താണവനും, ഒരിക്കല്‍ താഴ്‌ന്ന സ്ഥിതിയിലിരുന്ന് പിന്നെ ഉയര്‍ന്നവനും, അഹിംസ്രനും, അല്പദോഷനുമായ ബ്രാഹ്മണന്‍ ക്ഷണിക്കുവാന്‍ അര്‍ഹനാണ്‌ രാജാവേ! ദംഭമുള്ളവനും, വഴക്കില്ലാത്തവനും സംസര്‍ഗ്ഗത്തില്‍ ഭിക്ഷയേല്‍ക്കുന്നവനുമായ ബ്രാഹ്മണനെ ക്ഷണിക്കാം.

വ്രതമില്ലാത്തവനും, ചൂതുകളിക്കാരനും, പരലുകളിക്കാരനും, കള്ളനും, ആടുമാടുകളെ കച്ചവടം ചെയ്യുന്നവനും, ദൂതനായി അന്യന്റെ വൃത്താന്തമെത്തിക്കുന്ന തൊഴിലെടുത്തവനുമായ ബ്രാഹ്മണനെ ക്ഷണിക്കാന്‍ പാടില്ല. എന്നാല്‍ അവന്‍ പിന്നീട്‌ സോമപാനം ചെയ്യുന്ന നല്ലവനായിത്തീര്‍ന്നാല്‍ ക്ഷണിക്കാന്‍ അര്‍ഹനാണ്‌. ദാരുണമായ ക്രിയകള്‍ ചെയ്തു ധനം. സമ്പാദിച്ചവനാണെങ്കിലും, പിന്നെ സര്‍ വ്വരേയും അതിഥികളായി പൂജിക്കുന്നവനായാല്‍ ക്ഷണിക്കപ്പെടുവാന്‍ അര്‍ഹനാകും.

വേദം വിറ്റ്‌ നേടിയതും, പെണ്ണിന്റെ്‌ ആള്‍ക്കാരില്‍ നിന്ന് നേടിയതുമായ ധനം, കള്ളസാക്ഷി മുതലായ ദുര്‍മ്മാര്‍ഗ്ഗങ്ങളില്‍ നിന്ന് നേടിയതായ ധനം, ഇവയൊന്നും പിതൃക്കള്‍ക്കും ബ്രാഹ്മണര്‍ക്കും നല്കരുത്‌.

ശ്രാദ്ധത്തിന്റെ അവസാനത്തില്‍ വൈശ്യന് വേണ്ടിയായാലും, "അസ്തു സ്വധാ" എന്ന് പറയുക പതിവുണ്ട്‌. അതു വേണ്ടതാണ്‌. അതു പറയാതെ പ്രതിഗ്രഹം വാങ്ങി പോകുന്ന ബ്രാഹ്മണന് ഗോവിഷയകമായി കളവു പറഞ്ഞവന് ലഭിക്കുന്ന പാപം വന്നുകൂടും.

ബ്രാഹ്മണന്‍ പുണ്യാഹവചനം പറയണമെന് വിധിയുണ്ട്‌. ഓങ്കാരത്തോടു കൂടിയാണ്‌ ബ്രാഹ്മണന്‍ ഉച്ചരിക്കേണ്ടത്‌, ക്ഷത്രിയന്‍ ആ വചനം ഓങ്കാരം കൂടാതെയും ഉച്ചരിക്കണം. വൈശ്യന്‍ ചെയ്യുന്ന കര്‍മ്മത്തില്‍ ദൈവങ്ങള്‍ പ്രസാദിക്കട്ടെ എന്നാണ്‌ ഓങ്കാരത്തിന്റെ ഉച്ചാരണത്തിന് പകരം പുണ്യാഹത്തില്‍ പറയേണ്ടത്‌. (പുണ്യാഹം എന്നാല്‍ പാവനമായ ദിനമെന്നാണ്‌ അര്‍ത്ഥം).

ഇനി കര്‍മ്മങ്ങളുടെ അനുപൂര്‍വ്വമായ വിധിയെന്തെന് പറയാം. മൂന്ന് ജാതികള്‍ക്ക്‌ ജാതകര്‍മ്മാദിയായ ക്രിയയുണ്ട്‌ ഭാരതാ! അത്‌ ബ്രാഹ്മണര്‍ക്കും, ക്ഷത്രിയന്മാര്‍ക്കും, വൈശ്യന്മാര്‍ക്കും മന്ത്രത്തോടൊപ്പം പറയേണ്ടതാണ്‌. വിപ്രന്‍ മൗഞ്ജയാണ്‌ അരയില്‍ക്കകെട്ടുക. ക്ഷത്രിയന്‍ അരയില്‍ക്കെട്ടുന്നത്‌ മാര്‍വിയാണ്‌. വൈശ്യന്‍ ബല്ലജമെന്ന പുല്ലാണ്‌ അരയില്‍ക്കെട്ടേണ്ടത്‌. ഇങ്ങനെയാണ്‌ ജാതകര്‍മ്മത്തിലെ ധര്‍മ്മം യുധിഷ്ഠിരാ!

കൊടുക്കുന്നവനും വാങ്ങുന്നവനുമുളള ധര്‍മ്മാധര്‍മ്മങ്ങളേയും ഞാന്‍ പറയാം. അതും നീ കേള്‍ക്കുക. വിപ്രന്‍ കളിയില്‍പ്പോലും അധര്‍മ്മം പറയുന്നത്‌ പാതകമാണ്‌. അത്‌ ക്ഷത്രിയനായാല്‍ നാലിരട്ടി പാതകമുണ്ട്‌. വൈശ്യനാണെങ്കില്‍ ആ പാതകം എട്ടിരട്ടിയായി ഏല്ക്കുന്നതാണ്‌. ശ്രാദ്ധത്തിന് ക്ഷണിച്ച വിപ്രന്‍ ക്ഷണിക്കപ്പെട്ട സ്ഥലത്തെത്തുന്നതിന് മുമ്പായി മറ്റൊരിടത്തു നിന്ന് ഊണുകഴിക്കരുത്‌. അവന്‍ അധഃപതിച്ചവന് തുലൃനാകും. പശുഹിംസ ചെയ്തവന്റെ പാപം അവന്‍ ഏല്ക്കും. അപ്രകാരം വൈശ്യനാണ്‌ ചെയ്തതെങ്കില്‍ അവന്‍ താഴ്ന്നവനാകും. പശു ഹിംസയുടെ പകുതി പാപം അവന്‍ ഏല്ക്കും.

ദൈവം, പിത്ര്യം എന്നീ ശ്രാദ്ധങ്ങളില്‍ ക്ഷണിക്കപ്പെട്ട ബ്രാഹ്മണന്‍ കുളിക്കാതെ ഇരുന്ന് ഭക്ഷിച്ചാല്‍ ഗവാനൃതമായ (പശുവിന് വേണ്ടി നുണപറഞ്ഞവന്‍ അനുഭവിക്കുന്ന) പാപം വന്നുകൂടും. പുലയുളളവനായ ബ്രാഹ്മണന്‍ അത്‌ അറിയിക്കാതെ ബ്രാഹ്മണരുടെ കൂടെയിരുന്ന് ശ്രാദ്ധം ഉണ്ണുന്നതായാല്‍, അറിഞ്ഞുകൊണ്ട്‌ ലോഭം മൂലം അങ്ങനെ അധര്‍മ്മം ചെയ്താല്‍, അവന് ഗോവിനു വേണ്ടി നുണ പറഞ്ഞവന്റെ പാപം ലഭിക്കും. കാമാര്‍ത്ഥമായി മറ്റുവഴിക്കു ധനം ഇച്ഛിച്ചു വിളിച്ചു വരുത്തിയാല്‍ അയാള്‍ക്കും പാപം ബാധിക്കും. ത്രിവര്‍ണ്ണക്കാരും, വേദജ്ഞാനമില്ലാത്തവരും, വ്രതമില്ലാത്തവരുമായ ബ്രാഹ്മണരെ വരുത്തി മന്ത്രോച്ചാരണപൂര്‍വ്വം വിധിപ്രകാരം  ഊട്ടുകഴിച്ചാല്‍, ആ കഴിച്ചവന് ഗവാനൃതമെന്ന പാപം തന്നെ വന്നു കൂടും.

യുധിഷ്ഠിരന്‍ പറഞ്ഞു: പിത്ര്യവും ദൈവവുമായ ശ്രാദ്ധത്തിന്റെ ഫലമെന്താണ്‌? ആര്‍ക്കു നല്കിയാലാണ്‌ മഹത്തായ ഫലം ലഭിക്കുക? പിതാമഹാ, പറഞ്ഞാലും!

ഭീഷ്മൻ ഹഞ്ഞു: കര്‍ഷകര്‍ വൃഷ്ടി കാക്കുന്നതു പോലെ. ആരുടെ ഭാര്യമാര്‍ പ്രതീക്ഷിക്കുന്നുവോ, അവര്‍ക്ക്‌ ഉച്ഛേഷം ഉണ്ണുന്നതിന് നല്കാം യുധിഷ്ഠിരാ! അല്ലയോ രാജാവേ, ചാരിത്രനിഷ്ഠന്മാരായവര്‍ (സത്വഭാവികള്‍), കൃശന്മാര്‍, കൃശവ്യത്തികളായവര്‍, യാചകന്മാര്‍ ഇവര്‍ വന്നാല്‍ അവര്‍ക്കു ഭക്ഷണം ദാനം ചെയ്താല്‍ വലിയ ഫലം ഉണ്ടാകും. ചോറ്‌ ആഗ്രഹിക്കുന്നവര്‍ക്കു ചോറു നല്കുക; വീട്‌, ബലം, ആശ്രയം. അര്‍ത്ഥം ഇവ ആഗ്രഹിക്കുന്നവര്‍ക്ക്‌ നല്കിയാല്‍ വലിയ ഫലം സിദ്ധിക്കും. ശത്രുക്കളേയും കളളന്മാരേയും ഭയപ്പെട്ട്‌ അവര്‍ നാടുവിട്ടോടി സര്‍വ്വസ്വവും നശിപ്പിച്ച്‌ ഭക്ഷണം ആഗ്രഹിച്ചു വന്നാല്‍ അവര്‍ക്കു നല്കുക. എന്നാല്‍ മഹാഫലം സിദ്ധിക്കുന്നതാണ്‌. അദംഭിയായ വിപ്രന്‍ യാചിച്ചാല്‍ അവന് നല്കുക; അത്‌ സല്‍ഫലം ചെയ്യും. നാട്ടില്‍ ആപത്തു വന്ന് സ്വത്തു നഷ്ടപ്പെട്ട്‌ ഭാര്യ നഷ്ടപ്പെട്ട്‌ അര്‍ത്ഥത്തിന് വേണ്ടി വന്നെത്തുന്ന ബ്രാഹ്മണന് ദാനം ചെയ്താല്‍ മഹത്തായ ഫലം സിദ്ധിക്കുന്നതാണ്‌.

വ്രതശീലന്മാരും നിയമസ്ഥന്മാരും ശ്രുതസമ്മതന്മാരുമായ ബ്രാഹ്മണര്‍ അവരുടെ കൃത്യനിര്‍വ്യവഹണത്തിന് ധനം അഭ്യര്‍ത്ഥിച്ചാല്‍ നല്കണം; എന്നാല്‍ മഹാഫലം സിദ്ധിക്കും. പാഷണ്ഡന്മാരുടെ പ്രവൃത്തികളെ വിട്ടൊഴിഞ്ഞ്‌ ദൂരെ മാറിനില്ക്കുന്നവര്‍, അല്പപ്രാണന്മാരും അല്പവ്യത്തന്മാരുമായവര്‍, യാചിച്ചാല്‍ അവര്‍ക്ക്‌ നല്കണം. അതു കൊണ്ട്‌ മഹത്തായ ഫലം സിദ്ധിക്കുന്നതാണ്‌. സര്‍വ്വസ്വവും ഹരിച്ച പ്രഭുക്കന്മാര്‍, കുറ്റമറ്റ കൂട്ടര്‍ ഉണ്ടതിന് ശേഷം വീണ്ടും ചോറിന്നാഗ്രഹിച്ചാല്‍ നല്കണം. അവര്‍ക്കു നല്കിയാല്‍ വലിയ ഫലം സിദ്ധിക്കും. തപോനിഷ്ഠരായ തപസ്വികള്‍ ഭിക്ഷയ്ക്കു വേണ്ടി അടുത്തു വന്നാല്‍ അവര്‍ക്കു വേണ്ടുന്ന അൽപാഹാരം നല്കിയാല്‍ ഫലം വലുതാണ്‌.

ദാനത്തിലുളള മഹത്തായ ഫലവിധി ഭവാന്‍ കേട്ടുവല്ലോ ഭരതര്‍ഷഭാ। ഇനി നരകം, സ്വര്‍ഗ്ഗം ഇവയെപ്പറ്റിയും ഞാന്‍ പറയാം. അതും ഭവാന്‍ കേള്‍ക്കുക.

ഗുരുവിന് വേണ്ടിയും ആത്മരക്ഷയ്ക്കുവേണ്ടിയുമല്ലാതെ ആരാണ്‌ നുണ പറയുന്നത്‌, അവന്‍ തീര്‍ച്ചയായും നരകം പൂകുന്നതാണ്‌ യുധിഷ്ഠിരാ! പരന്മാരുടെ ഭാര്യമാരെ കട്ടുകൊണ്ട് പോകുന്നവരും, പരന്മാരുടെ ഭാര്യമാരെ പ്രാപിക്കുന്നവരും, പരദാരങ്ങളെ ഭോഗത്തിന് പ്രേരിപ്പിക്കുന്നവരും നരകത്തിലെത്തും. പരദ്രവ്യം അപഹരിക്കുന്നവരും പര്രദവ്യത്തെ നശിപ്പിക്കുന്നവരും പരന്മാരെ ഏഷണികൂട്ടി വഴക്കുണ്ടാക്കുന്നവരും നരകത്തിലെത്തും. സഭ, തണ്ണീര്‍പ്പന്തല്‍, പാലം, വീട്‌ ഇവ തകര്‍ക്കുന്ന മര്‍ത്ത്യര്‍ തീര്‍ച്ചയായും നരകത്തിലെത്തും. അനാഥയായ സ്ത്രീ, ബാല, വൃദ്ധ, ഭീത, പാവങ്ങള്‍ ഇവരെയൊക്കെ ആര്‌ വഞ്ചിക്കുന്നുവോ, അവര്‍ തീര്‍ച്ചയായും നരകത്തിലെത്തും. മറ്റുളളവരുടെ ഉപജീവന മാര്‍ഗ്ഗം മുടക്കുക, ഗൃഹം തകര്‍ക്കുക, ഭാര്യാനാശം വരുത്തുക, മിത്രങ്ങളെ നശിപ്പിക്കുക, മോഹഭംഗമുണ്ടാക്കുക, ഇവരെല്ലാം നരകത്തില്‍ തീര്‍ച്ചയായും എത്തുന്നതാണ്‌. മറ്റുളളവരുടെ കുറ്റവും കുറവും വിളിച്ചു പറയുന്നവര്‍, പാലം, ചിറ, മുതലായവ തകര്‍ക്കുന്നവര്‍, പരന്മാരുടെ വൃത്തി കൊണ്ട്‌ ഉപജീവിക്കുന്നവര്‍, മിത്രങ്ങളില്‍ കൃതഘ്നത കാണിക്കുന്നവര്‍, ഇവര്‍ നരകം പ്രാപിക്കുന്നതാണ്‌. അക്രമമായ വ്യവഹാരങ്ങള്‍ നടത്തുന്നവര്‍, അക്രമമായ പ്രവ്യത്തി കൊണ്ടു ജീവിക്കുന്നവര്‍, അക്രമലാഭമെടുക്കുന്ന വ്യാപാരികള്‍ ഇവര്‍ തീര്‍ച്ചയായും നരകത്തിലെത്തും. ദൂതവ്യത്തികൊണ്ടു ജീവിക്കുന്നവരും പരീക്ഷിക്കാത്തവരുമായ കൂട്ടരും പ്രാണിഹിംസയ്ക്ക്‌ ഒരുങ്ങുന്നവരും നരകം പൂകുന്നതാണ്‌.. ആശ കൊടുത്ത്‌ ഒരു തൊഴിലില്‍ വെച്ചതിന് ശേഷം, അവര്‍ വേലയെടുക്കുന്നതായാലും, അവരെ കാരണം കൂടാതെ പിരിച്ചു വിടുന്നവന്‍, തീര്‍ച്ചയായും നരകം പ്രാപിക്കും. ഭാര്യക്കും, അഗ്നിക്കും, ഭൃത്യന്മാര്‍ക്കും കൊടുക്കാതെ എല്ലാം താന്‍ തന്നെ ഭക്ഷിക്കുന്നവനു നരകം തന്നെയാണ്‌ ഫലം. പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും കൊടുക്കാതിരിക്കുന്നവര്‍ക്കും നരകം തന്നെയാണ്‌ ഫലം. വേദം വില്ക്കുന്നവരും വേദം ദുഷിക്കുന്നവരും, വേദം ലേഖനം ചെയ്യുന്നവരും അപ്രകാരം തന്നെ നരകം പ്രാപിക്കും. നാലാശ്രമത്തിനും അപ്പുറമായി ശ്രുതിബാഹൃരായവര്‍, വികര്‍മ്മം കൊണ്ട്‌ ജീവിക്കുന്നവര്‍ തീര്‍ച്ചയായും നരകം പ്രാപിക്കുന്നതാണ്‌. രോമം വില്ക്കുന്നവരും, വിഷം വില്ക്കുന്നവരും, പാല്‍ വില്ക്കുന്നവരും, നരകം പൂകുന്നതാണ്‌. ബ്രാഹ്മണരേയും, പശുക്കളേയും, കന്യകമാരേയും ദ്രോഹിക്കുന്നവര്‍ക്ക്‌, നരകം തന്നെയാണു ലാഭം യുധിഷ്‌ഠിരാ! മാരകായുധങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും വിൽക്കുന്നവര്‍ക്കും, ശൂലം, വില്ല്‌ എന്നിവ ഉണ്ടാക്കുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും നരകം തന്നെയാണ്‌ ലഭിക്കുക. വഴിയില്‍ കല്ലും, കുറ്റികളും, കുണ്ടുകളുമുണ്ടാക്കി മനുഷ്യരെ ദ്രോഹിക്കുന്ന കൂട്ടര്‍ക്ക്‌, വഴിക്കു തടസ്സമുണ്ടാക്കുന്ന കൂട്ടര്‍ക്ക്‌, നരകം തന്നെ ലഭിക്കും യുധിഷ്ഠിരാ! വേദം പഠിപ്പിക്കുന്നവരേയും, ഭൃത്യയന്മാരേയും, ഭക്തന്മാരേയും ഇങ്ങനെ മൂന്ന്കൂട്ടരെ വെറുതെ മാറ്റുകയാണെങ്കില്‍ അവര്‍ക്കു ഫലം നരകം തന്നെയാണ്‌ കുരുദ്വഹാ! പ്രായമെത്താത്ത കാളക്കുട്ടികളെ കരിക്കും വണ്ടിക്കും കെട്ടി പണിയെടുപ്പിക്കുന്നവര്‍ക്കും, കാളകളേയും പശുക്കളേയും ബലമായി പിടിച്ചു മുക്കു കുത്തുന്നവര്‍ക്കും, പശുക്കളെ കരിക്കും വണ്ടിക്കും കെട്ടുന്നവര്‍ക്കും നരകം തന്നെ സിദ്ധിക്കും.

ആറിലൊന് ധനം കരമായി നേടി പ്രജകളെ പാലിക്കാത്ത . ശക്തനായ രാജാവും, ദാനം നൽകാത്ത രാജാവും നരകം പ്രാപിക്കുന്നതാണ്‌. ക്ഷാന്തരും. ദാന്തരും, പ്രാജ്ഞരുമായവരെ, വളരെക്കാലം കൂട്ടായി. ജീവിച്ച കൂട്ടരെ, കാര്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നവര്‍ക്കു നരകം തന്നെയാണ്‌ ഫലം. ബാലന്മാര്‍ക്കും, കിഴവന്മാര്‍ക്കും, ദാസന്മാര്‍ക്കും കൊടുക്കാതെ ഭക്ഷണം ആദ്യമായി കഴിക്കുന്നവന്‍ നരകം പ്രാപിക്കുന്നതാണ്‌. ഇപ്പറഞ്ഞവരൊക്കെ നകം പ്രാപിക്കുമെന്ന് പണ്ടേതന്നെ നിശ്ചയിക്കപ്പെട്ടവരാണ്‌.

ഇനി സ്വര്‍ഗ്ഗലോകം നേടുന്നത്‌ ആരൊക്കെ, എങ്ങനെ ജീവിക്കുന്നവരൊക്കെയാണെന്നും പറയാം യുധിഷ്ഠിരാ! ബ്രാഹ്മണനെ അതിക്രമിക്കരുത്‌. അങ്ങനെ ചെയ്താല്‍ അവന്റെ മക്കളും പശുക്കളും നശിച്ചു പോകും. ദാനത്താലും, തപസ്സാലും, സത്യത്താലും അല്ലയോ യുധിഷ്ഠിരാ! ധര്‍മ്മത്തെ അനുവര്‍ത്തിക്കുന്നവന്‍ സ്വര്‍ഗ്ഗം പ്രാപിക്കും. ശുശ്രൂഷ കൊണ്ടും തപസ്സു കൊണ്ടും വിദ്യ നേടിയതിന് ശേഷം പ്രതിഗ്രഹ പ്രിയം വിടുന്നവന്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗം നേടും. ഭയവും പാപവും സങ്കടവും പിന്നെ ദാരിദ്ര്യവും അക്രമവും ഇവയൊക്കെ ആര് ഇല്ലാതാക്കുന്നുവോ, അവര്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌. ക്ഷമയുള്ള ധീരന്മാരും ധര്‍മ്മകാര്യത്തിന് ഉദ്യമിക്കുന്നവരും മംഗളകര്‍മ്മം നടത്തുന്നവരും മംഗളസ്വഭാവികളുമായവര്‍ സ്വര്‍ഗ്ഗം പ്രാപിക്കും.

മദ്യം, മാംസം, പരസ്ത്രീ ഇവയില്‍ ആസക്തിയില്ലാത്തവര്‍, മദ്യം ഉപേക്ഷിക്കുന്നവര്‍, തീര്‍ച്ചയായും സ്വര്‍ഗ്ഗം നേടും. ആശ്രമം തീര്‍ക്കുന്നവരും പിന്നെ കുലവും, ദേശവും, പുരവും, നഗരവും തീര്‍ക്കുന്നവരും തീര്‍ച്ചയായും സ്വര്‍ഗ്ഗം പ്രാപിക്കും. വസ്ത്രാഭരണദാതാക്കളും അന്നപാനങ്ങള്‍ നല്കുന്നവരും കുടുംബങ്ങളെ നല്കുന്നവരും സ്വര്‍ഗ്ഗം പ്രാപിക്കും. എല്ലാവിധ ക്ലേശങ്ങളേയും സഹിക്കുന്നവരും എല്ലാവര്‍ക്കും ആശ്രയമായി നില്ക്കുന്നവരുമായവര്‍ സ്വര്‍ഗ്ഗം നേടും.

അച്ഛനമ്മമാരെ ശുശ്രൂഷിക്കുന്നവരും, ജിതേന്ദ്രിയന്മാരും ഭ്രാതാക്കളില്‍ സനേഹമുളളവരും സ്വര്‍ഗ്ഗം പ്രാപിക്കും. ആഢ്യന്മാരും നല്ലബലമുള്ളവരുമായ യുവാക്കള്‍ ജിതേന്ദ്രിയന്മാരും ധീരന്മാരുമായാല്‍ അവര്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌.

ശിക്ഷിക്കപ്പെട്ടവരില്‍ സേഹമുളളവര്‍, മൃദുക്കളും മൃദുവത്സലരുമായവര്‍, ആരാധിച്ചാല്‍ പ്രസാദിക്കുന്നവര്‍ ഇവര്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗം നേടും. ആയിരം പേര്‍ക്ക്‌ ഭക്ഷണം നല്കുകയും ആയിരം പേരെ രക്ഷിക്കുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗം നേടും. സ്വര്‍ണ്ണം, പശുക്കള്‍, വാഹനങ്ങള്‍, യാനങ്ങള്‍, ആര്‍ഭാടമായി സല്‍പ്പാത്രങ്ങള്‍ക്ക്‌ ആരു നല്കുന്നുവോ അവന് സ്വര്‍ഗ്ഗം ലഭിക്കുന്നതാണ്‌.

കന്യകാ വിവാഹത്തിന് വേണ്ടതായ ദ്രവ്യം, വസ്ത്രങ്ങള്‍ ഇവ നല്കുന്നവന്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗം നേടുന്നതാണ്‌. സത്രം, വിഹാരം, കിണറ്‌, പൂങ്കാവ്‌, ഉദ്യാനം, സഭ, പ്രപ എന്നിവ വിപ്രന്മാര്‍ക്കു വേണ്ടി പണിയിച്ചു കൊടുക്കുന്നവന്‍ സ്വര്‍ഗ്ഗം നേടും. അപ്രകാരം ഇരിപ്പിടം, വയല്‍, ഭവനം എന്നിവ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു നല്കുന്നവന്‍ സ്വര്‍ഗ്ഗം നേടും. രസങ്ങള്‍, വിത്ത്‌, ധാന്യം ഇവ അല്ലയോ യുധിഷ്ഠിരാ, ഉണ്ടാക്കിച്ചു നല്കുന്നവര്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗം നേടും. നൂറ്റാണ്ടായുസ്സുളള മക്കള്‍ ധാരാളം ഏതു കൂലത്തിലുണ്ടോ, ദയയുളളവരും ക്രോധിക്കാത്തവരും ആരുടെ കുലത്തിലുണ്ടോ, ആ കുലത്തിന്റെ ഉത്ഭവം ആരില്‍ നിന്നോ അവന്‍ സ്വര്‍ഗ്ഗംനേടും.

ഇത്‌ ഋഷിമാര്‍ പ്രവചിച്ചതാണ്‌. ദൈവവും പിത്ര്യവുമായ കര്‍മ്മങ്ങള്‍ ശരിയായ വിധത്തില്‍ അനുഷ്ഠിച്ചാല്‍ ആ ദാനധര്‍മ്മങ്ങള്‍ മൂലം പരലോകത്തില്‍ ശുഭമായ ഫലം അനുഭവിക്കുന്നതാണ്‌.

24. ബ്രഹ്മഘ്നകഥനം - ഹിംസിക്കാതെ തന്നെ ബ്രഹ്മഹത്യാപാപം എങ്ങനെ വരുമെന് വിവരിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഭാരതാ! ഈ കാര്യം ഒന്ന് ശരിയായി പറയണേ! ഹിംസിക്കാതെ തന്നെ എങ്ങനെയാണ്‌ ബ്രഹ്മഹത്യയുണ്ടാകുന്നത്‌? അതു വ്യക്തമാക്കിയാലും!

ഭീഷ്മൻ പറഞ്ഞു: പണ്ട്‌ ഇതിനെപ്പറ്റി ഞാന്‍ വ്യാസനോടു ചോദിച്ചു: അന് അദ്ദേഹം എന്നോടു പറഞ്ഞത് ഞാന്‍ നിനക്കു പറഞ്ഞുതരാം. കേള്‍ക്കുക!

ഞാന്‍ ചോദിച്ചു: അങ്ങു വസിഷ്ഠൻ നാലാം തലമുറയായി ഉത്ഭവിച്ചവനാണല്ലോ! ഞാന്‍ അങ്ങയോടു ചോദിക്കുന്നു. ഹിംസ കൂടാതെ എങ്ങനെയാണ്‌ ബ്രഹ്മഹത്യയുണ്ടാകുന്നത്‌? ഇപ്രകാരം ഞാന്‍ ചോദിച്ചപ്പോള്‍ ആ പരാശരപുത്രനായ വ്യാസന്‍, ധര്‍മ്മനിപുണനായ ഋഷി, ഇങ്ങനെ എന്നോടു നിസ്സംശയം പറഞ്ഞു.

ഒരു ഗുണവാനായ ബ്രാഹ്മണനെ ഭിക്ഷയ്ക്കായി ക്ഷണിച്ചതിന് ശേഷം അവന്‍ വന്നപ്പോള്‍, ഇല്ലെന്ന് പറഞ്ഞ്‌ മടക്കിവിട്ടാല്‍ അവന്‍ ബ്രഹ്മഹന്താവാണെന്നു പറയണം. ഗുരുമുഖത്തു നിന്ന് സാംഗോപാംഗമായ വേദം പഠിച്ച ബ്രാഹ്മണന് ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെടുത്തുന്ന ദുര്‍ബുദ്ധി ബ്രഹ്മഹന്താവാണെന് പറയണം. ദാഹിച്ചു വരുന്ന പശുക്കള്‍ക്കു ജലപാനത്തിനു വിഘ്ം വരുത്തുന്ന പാപി ബ്രഹ്മഹന്താവാണെന് പറയണം. നല്ലപോലെ നടപ്പുള്ള ശ്രുതിയും, മുനി കല്പിച്ച ശാസ്ത്രവും അറിയാതെ എല്ലാം കളളമാണെന് ദുഷിക്കുന്നവന്‍ ബ്രഹ്മഹന്താവാണെന്ന് ധരിക്കണം. അഴകേറിയവരും പ്രായംതികഞ്ഞവരുമായ തന്റെ കന്യകമാരെ തക്ക ഭര്‍ത്താക്കന്മാര്‍ക്കു പിടിച്ചു കൊടുക്കാത്ത പിതാവ്‌ ബ്രഹ്മഹന്താവാണെന് വിചാരിക്കണം. അധര്‍മ്മതല്‍പരനും, മൂഢനുമായവന്‍ ബ്രാഹ്മണര്‍ക്ക്‌ മര്‍മ്മം തട്ടുന്ന ദ്രോഹം ചെയ്താല്‍ അവന്‍ ബ്രഹ്മഹന്താവാണെന് പറയണം. കണ്ണില്ലാത്തവന്റേയും, മുടന്തന്റേയും, ജളന്റേയും സര്‍വ്വസ്വവും അപഹരിക്കുന്നവന്‍ ആരോ, അവന്‍ ബ്രഹ്മഹന്താവാണെന് പറയണം. ആശ്രമത്തി ലും, വനത്തിലും, പുരത്തിലും മോഹത്താല്‍ തീ കൊടുക്കുന്നവന്‍ ആരോ, അവന്‍ ബ്രഹ്മഹന്താവാണെന് പറയണം. 

No comments:

Post a Comment