Tuesday, 14 June 2022

ശാന്തിപര്‍വ്വം അദ്ധ്യായം 31 മുതൽ 60 വരെ

അദ്ധ്യായം 31. സ്വര്‍ണ്ണഷ്ഠീവീസംഭവോപാഖ്യാനം

32. പ്രായശ്ചിത്തവിധി

33. പ്രായശ്ചിത്തീയോപാഖ്യാനം

34. പ്രായശ്ചിത്തീയോപാഖ്യാനം

35. പ്രായശ്ചിത്തീയോപാഖ്യാനം

36. വ്യാസവാക്യം

37.  യുധിഷ്ഠിര പ്രവേശം.

38. ചാര്‍വ്വാകവധം

39. ചാര്‍വ്വാകവരദാനാദികഥനം

40. യുധിഷ്ഠിരാഭിഷേകം

41. ഭീമാദികര്‍മ്മനിയോഗം

42. ശ്രാദ്ധ്രകിയ

43. വാസുദേവസ്തുതി

44. ഗൃഹവിഭാഗം

45. യുധിഷ്ഠിരവാക്യം

46. മഹാപുരുഷസ്തവം

47. ഭീഷ്മസ്തവരാജം

48.രാമോപാഖ്യാനം

49. രാമോപാഖ്യാനം

50. ശ്രീകൃഷ്ണവാക്യം

51. കൃഷ്ണവാക്യം

52. യുധിഷ്ഠിരാദ്യാഗമനം

53. ഭീഷ്മാഭിഗമനം

54. കൃഷ്ണവാക്യം

55. യുധിഷ്ഠിരാശ്വാസനം

56. രാജധര്‍മ്മാനുശാസനം

57. രാജധര്‍മ്മാനുശാസനം

58. യുധിഷ്ഠിരാദിസ്വസ്ഥാനഗമനം

59. സുത്രാദ്ധ്യായം

60. വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ വര്‍ണ്ണിക്കുന്നു

അദ്ധ്യായം 31. സ്വര്‍ണ്ണഷ്ഠീവീസംഭവോപാഖ്യാനം - വൈശമ്പായനന്‍ പറഞ്ഞു: യുധിഷ്ഠിര മഹാരാജാവ്‌ പിന്നെ നാരദനോടു പറഞ്ഞു:  ഭഗവാനേ, എനിക്ക്‌ സ്വര്‍ണ്ണഷ്ഠീവീസംഭവം കേള്‍ക്കണം എന്നാഗ്രഹമുണ്ട്‌. ഇതു കേട്ടപ്പോള്‍ നാരദന്‍ സ്വര്‍ണ്ണഷ്ഠീവീയുടെ കഥ നടന്ന പോലെ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. 

നാരദന്‍ പറഞ്ഞു: മഹാബാഹോ, കേശവന്‍ പറഞ്ഞതൊക്കെ നടന്ന സംഭവമാണ്‌. ഇതില്‍ ബാക്കിയുള്ള കഥ ഞാന്‍ പറഞ്ഞു തരാം. പര്‍വ്വതന്‍ എന്റെ ഭാഗിനേയനായിരുന്നു. ഞങ്ങള്‍ സൃഞ്ജയന്റെ സന്നിധിയില്‍ പാര്‍ക്കുവാന്‍ ചെന്നു. അവന്‍ ചെയ്ത പൂജയേറ്റ്‌ അവിടെ ഞങ്ങള്‍ താമസമാക്കി. വര്‍ഷം കഴിഞ്ഞു. പോകേണ്ട കാലമായി. അപ്പോള്‍ പര്‍വ്വതന്‍ എന്നോടു പറഞ്ഞു:  നമ്മള്‍ ഈ രാജാവിന്റെ ഗൃഹത്തില്‍ പൂജയേറ്റ്‌ താമസിച്ചല്ലോ. ഹേ ബ്രഹ്മന്‍! ചിന്തിക്കുക. എന്തു ഗുണമാണ്‌ നാം അദ്ദേഹത്തിനു നൽകേണ്ടത്‌? ശുഭദൃക്കായ പര്‍വ്വതനോട്‌ ഞാന്‍ പറഞ്ഞു: ഹേ ഭാഗിനേയാ। നീ പറഞ്ഞതു നല്ലതു തന്നെ. നീ അദ്ദേഹത്തിന്നു വരം നല്കുക. അദ്ദേഹം നേടട്ടെ! ചിന്തിച്ചു പറയൂ, അദ്ദേഹം നമ്മുടെ തപസ്സാല്‍ സിദ്ധി നേടട്ടെ! ജയശാലിയായ സൃഞ്ജയ രാജാവിനെ വിളിച്ച്‌ പറഞ്ഞു: ഹേ രാജാവേ, നിന്റെ സല്‍ക്കാരങ്ങള്‍ കൊണ്ടു നാം പ്രീതനായിരിക്കുന്നു. എന്തു വരമാണ്‌ ഞങ്ങള്‍ ഭവാനു തരേണ്ടത്‌? ദേവഹിംസ ഭവിക്കാതെയും മനുഷ്യക്ഷയം കൂടാതെയും ഉള്ള ഒരു വരം ഭവാൻ ചിന്തിച്ചു അതു ഞങ്ങളില്‍ നിന്ന്‌ വരിച്ചാലും. ഞങ്ങള്‍ക്കു ഭവാന്‍ പുജ്യനാണ്‌. 

സൃഞ്ജയന്‍ പറഞ്ഞു:  നിങ്ങള്‍ എന്നില്‍ പ്രീതരാണെങ്കില്‍ എനിക്ക്‌ ഇതു മതി. എനിക്ക്‌ ഇതു വലിയ ലാഭം നല്കും, മഹാഫലമായ ഇത്‌ സാധിച്ചാല്‍. 

നാരദന്‍ പറഞ്ഞു: എന്നു പറയുന്ന രാജാവിനോട്‌ വീണ്ടും പർവ്വതന്‍ പറഞ്ഞു: ഹേ രാജാവേ, ഭവാന്റെ സങ്കല്പം തുറന്നു പറയൂ! വരം വരിക്കു! 

സൃഞ്ജയന്‍ പറഞ്ഞു: വ്രതദാര്‍ഡ്യാഡ്യനും വീര്യവാനും വീരനും ആയുഷ്മാനും ദേവരാജതുലുനുമായ ഒരു പുത്രനെ ഞാന്‍ ഇച്ഛിക്കുന്നു. 

പര്‍വ്വതന്‍ പറഞ്ഞും: നിന്റെ ഈ ആഗ്രഹം സഫലമാകും. എന്നാല്‍ അവന്‍ ആയുഷ്മാനാകയില്ല. നിന്റെ ഈ ആഗ്രഹം ദേവരാജന്റെ ദുഃഖത്തിനിടയാക്കും. നിന്റെ സങ്കല്പത്തിലുള്ള ആശ അതാണ്‌, സ്വവര്‍ണ്ണഷ്ഠീവീ എന്നു പേരായിരിക്കും നിന്റെ പുത്രന്. ശക്രാഭനായ അവനെ ശക്രനില്‍ നിന്നു കാക്കണം. മഹാത്മാവായ പര്‍വ്വതന്റെ വാക്കു കേട്ട്‌ സൃഞ്ജയന്‍ അവരെ പ്രസാദിപ്പിച്ചു പറഞ്ഞു:  അപ്രകാരം അനിഷ്ടമൊന്നും ഭവിക്കരുതേ. എന്റെ പുത്രന്‍ നിങ്ങളുടെ അനുഗ്രഹത്താല്‍ ആയുഷ്മാനാകേണമേ. ഇന്ദ്രനുമായുള്ള പരസ്പരാശ്രയം മൂലം പിന്നെ പര്‍വ്വതന്‍ ഒന്നും പറഞ്ഞില്ല. ദുഃഖിതനായ രാജാവിനോട്‌ പിന്നെ ഞാന്‍ പറഞ്ഞു: ഹേ മഹാരാജാവേ, എന്നെയോര്‍ക്കൂ! നിന്റെ പുത്രനെ ഞാന്‍ നല്കാം. നിന്റെ ഇഷ്ടപുത്രന്‍ യമപുരിക്കു പോയാലും നിനക്ക്‌ പുത്രനെ നല്കാം. എന്നാല്‍ അവന്‍ മരിച്ചു പോയവനാകയില്ല. തത്തുല്യനായ മറ്റൊരുത്തനായിരിക്കും. അതില്‍ നീ ദുഃഖിക്കാതിരിക്കുക, എന്ന്‌ ആ രാജാവിനോടു പറഞ്ഞ്‌ ഞങ്ങള്‍ യഥേഷ്ടം പോവുകയും ചെയ്തു. യഥാകാമം സൃഞ്ജയന്‍ സ്വഗൃഹത്തില്‍ പ്രവേശിച്ചു. 

രാജര്‍ഷിയായ സൃഞ്ജയന്ന്‌ യഥാകാലം തേജസ്വിയും മഹാവീര്യവാനുമായ പുത്രനുണ്ടായി. അവന്‍. യഥാകാലം പൊയ്കയില്‍ പത്മം പോലെ വലുതായി വന്നു. 

കാഞ്ചനഷ്ഠിവി എന്ന പേര്‍ അവന്ന്‌ അന്വര്‍ത്ഥമായി. സ്വര്‍ണ്ണം തുപ്പുന്ന കുട്ടിയുടെ വൃത്താന്തം പാരില്‍ പുകഴ്ന്നു. മുനിമാര്‍ നല്കിയ ദാനം ഇന്ദ്രന്‍ അറിഞ്ഞു. തന്റെ പരാജയത്തില്‍ ഭീതനും, ബൃഹസ്പതിയുടെ ചൊല്ലുകേട്ട്‌ നടക്കുന്നവനുമായ ഇന്ദ്രന്‍ തക്കം നോക്കി സ്വര്‍ണ്ണഷ്ഠീവീയുടെ നേരെ ദിവ്യമായ വജ്രായുധം ജപിച്ചു വിട്ടു. ആ രാജപുത്രനെ വ്യാഘ്രരൂപത്തില്‍ ചെന്നു കൊല്ലാനാണ്‌ വജ്രായുധത്തെ ഇന്ദ്രന്‍ പറഞ്ഞുവിട്ടത്‌.  വീര്യം കൊണ്ട്‌ ഇവന്‍ വളര്‍ന്നു വന്നാല്‍ എന്നെ ഇവന്‍ സ്ഥാനത്ത് നിന്നിറക്കി വിടും. പര്‍വ്വതന്‍ പറഞ്ഞ വിധം ഇവന്‍ ചെയ്യും. ഹേ വജ്രമേ, നീ സ്വര്‍ണ്ണഷ്ഠീവീയെ സംഹരിക്കുക! വ്യാഘ്രമാ യിച്ചെന്നു കൊല്ലുക. ഇന്ദ്രന്റെ വാക്കുകേട്ട് പരപുരഞ്ജയമായ വജ്രം കുമാരനില്‍ തക്കംനോക്കി നില്പായി. 

സൃഞ്ജയന്‍ ദേവരാജാഭനായ പുത്രനെ നേടി മോദിച്ചു. അന്തഃപുരജനങ്ങളോടു കൂടി സന്തോഷത്തോടെ കഴിഞ്ഞു വന്നു. ഒരു ദിവസം ഗംഗാതീരത്ത്‌ വിജനമായ കാട്ടില്‍ വളര്‍ത്തമ്മയോടു കൂടി അവന്‍ കളിക്കുവാന്‍ പോയി. അഞ്ചു വയസ്സ്‌ പ്രായമായ ആ കുട്ടി നാഗേന്ദ്രസമവിക്രമനായിത്തീര്‍ന്നു. അവന്‍ തന്റെ നേരെ ചാടിയെത്തുന്ന വ്യാഘ്രത്തെക്കണ്ടു. വ്യാഘ്രം കുട്ടിയെ ചാടിപ്പിടിച്ച്‌ കടിച്ചുകൊന്നു. കുട്ടി മരിച്ചു വീണപ്പോള്‍ വളര്‍ത്തമ്മ നിലവിളിച്ച്‌ ആര്‍ത്തു. കുട്ടിയെ കൊന്ന പുലി അവിടെത്തന്നെ മറഞ്ഞു. അവന്‍ ഇന്ദ്രമായകൊണ്ട്‌ എത്തിമറഞ്ഞതായിരുന്നു. മുറവിളികൂട്ടുന്ന പോറ്റമ്മയുടെ ശബ്ദംകേട്ട്‌ ആ സ്ഥലത്തേക്ക്‌ രാജാവ്‌ ഓടിച്ചെന്നു. അപ്പോള്‍ രാജാവ്‌ കണ്ടതെന്താണ്‌?. മുകളില്‍ നിന്നു പതിച്ച ചന്ദ്രനെപ്പോലെ കാട്ടില്‍ മരിച്ചുകിടക്കുന്ന തേജസ്വിയായ പുത്രന്റെ മൃതദേഹമാണ്‌. അവനെ മടിയിലെടുത്തുവെച്ച്‌ രാജാവ്‌ നിലവിളിച്ചു. അവന്റെ അമ്മമാരും ദുഃഖം സഹിക്കാതെ കരഞ്ഞു. 

രാജാവ്‌ ദുഃഖിതനായി പിന്നെ എന്നെത്തന്നെ ചിന്തിച്ചിരു ന്നു. രാജാവിന്റെ ചിന്ത അറിഞ്ഞ്‌ ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ എത്തി ദുഃഖിക്കുന്ന അവനോട്‌, അൽപം മുമ്പെ കൃഷ്ണന്‍ ഭവാനോട്‌ പറഞ്ഞ വാക്കുകള്‍ ഞാന്‍ കേള്‍പ്പിച്ചു. പിന്നെ ഇന്ദ്രസമ്മതത്തോടുകൂടി അവനെ ഞാന്‍ ജീവിപ്പി ച്ചു. വരാനുള്ളത്‌ ഏതും വരും. അതു തടയുവാന്‍ സ്ഥദ്ധ്യമല്ല. 

ഞാന്‍ നല്കിയ ആ കുമാരന്‍ സ്വര്‍ണ്ണഷ്ഠീവീ എന്ന്‌ പ്രസി ദ്ധിയെ പ്രാപിച്ച്‌ അച്ഛനമ്മമാര്‍ക്ക്‌ ആനന്ദം നല്കി. രാജാവ്‌ സ്വര്‍ഗ്ഗം പ്രാപിച്ചപ്പോള്‍ മകന്‍ രാജാവായി. നൂറ്റൊന്ന്‌ ആയിരം ആണ്ട്‌ ഭീമവിക്രമനായ അവന്‍ മഹായജഞങ്ങള്‍ ചെയ്ത്‌ വളരെ ദക്ഷിണ നല്കി ദൈവതങ്ങളേയും, പിതൃക്കളേയും പ്രസാദിപ്പിച്ചു. കുലസന്താനകരന്മാരായ മക്കളോടുകുടി ഏറെക്കാലം വാണ്‌ കാലധര്‍മ്മം പ്രാപിച്ചു. 

ഭവാനും ശോകസന്തപ്തനാകാതിരിക്കുക! കേശവനും, യോഗീശ്വരനായ വ്യാസനും നിന്നോട്‌ പറഞ്ഞതിനെ കേള്‍ക്കുക! പിത്യപൈതാമഹമായ രാജ്യം ഭരിച്ച്‌ പുണ്യപ്രാജ്യ മഖങ്ങള്‍ ചെയ്തു ഭവാന്‍ ഇഷ്ടപദം നേടുക 

അദ്ധ്യായം 32. പ്രായശ്ചിത്തവിധി - വൈശമ്പായനൻ പറഞ്ഞു: ദുഃഖം പൂണ്ടിരിക്കുന്ന യുധിഷ്ഠിരനോട്‌ തപസ്വിയും ധര്‍മ്മതത്വജ്ഞനുമായ വ്യാസഭഗവാന്‍ പറഞ്ഞു. 

വ്യാസന്‍ പറഞ്ഞു: ഹേ രാജീവലോചനാ. പ്രജാരക്ഷയാണ്‌ രാജധര്‍മ്മം. ലോകത്തിന് പ്രമാണം ധര്‍മ്മാനുവൃത്തിയാകുന്നു. പിത്യപൈതാമഹപദം പ്രാപിച്ച്‌ ഭവാന്‍ ധര്‍മ്മം അനുഷ്ഠിക്കുക! ബ്രാഹ്മണരില്‍ തപസ്സാകുന്നു ധര്‍മ്മം. ശാശ്വതധര്‍മ്മത്തിന്റെ പരിരക്ഷകന്‍ രാജാവാണ്‌. വിഷയാസക്തനായി താനെ ശാസനത്തെ കെടുക്കുന്ന ലോകയാത്രാ വിഘാതകന്മാരെ രാജാവ്‌ വധിക്കണം. പ്രമാണത്തെ പ്രമാണമാക്കാത്തോന്‍ മോഹം ഏൽക്കുകയാണെങ്കില്‍ ഭൃത്യനോ പുത്രനോ മറ്റു പാവങ്ങളോ എന്തു ചെയ്താണ്‌ ആ പാപികളെ അടക്കുന്നത്‌? കൊല്ലുകയാണ്‌ വേണ്ടത്‌. അങ്ങനെ പാപികളെ ശിക്ഷിക്കാത്ത രാജാവ്‌ പാപം ഏറ്റവനായിത്തീരും. ധര്‍മ്മത്തിന് നാശം സംഭവിക്കുമ്പോള്‍ ധര്‍മ്മത്തെ സംരക്ഷിക്കാത്ത രാജാവ്‌ ധര്‍മ്മഘാതി യാണ്‌. ധര്‍മ്മഘാതികളെ നീ കൂട്ടത്തോടെ വധിച്ച്‌ സ്വധര്‍മ്മം പാലിക്കുന്നവനായിത്തീര്‍ന്നു. നീ പിന്നെയെന്തിന്നാണു ദുഃഖി ക്കുന്നത്‌? രാജാവ്‌ കൊല്ലണം, ദാനം ചെയ്യണം. പ്രജകളെ ധര്‍മ്മാനുസരണം രക്ഷിക്കണം.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ തപോധനാ, ഭവാന്‍ പറഞ്ഞ വാക്കില്‍ ശങ്കയാലല്ല ഞാന്‍ പറയുന്നത്‌. ധര്‍മ്മം എനിക്ക്‌ അപ്രതൃക്ഷമല്ലേ ധര്‍മ്മജ്ഞാ! ഞാന്‍ വളരെ അവദ്ധ്യന്മാരെ രാജ്യത്തിന്നു വേണ്ടി കൊലപ്പെടുത്തിയില്ലേ? ആ കൊടും കര്‍മ്മം എന്നെ ചുട്ട്‌ വേവിച്ചു കൊണ്ടിരിക്കുന്നു ബ്രഹ്മജ്ഞാ! 

വ്യാസന്‍ പറഞ്ഞു; ഹേ ഭരതര്‍ഷഭാ।! ഈശ്വരന്‍ തന്നെയാണ്‌ പുരുഷനും കര്‍ത്താവും. ഉലകില്‍ നില്ക്കുന്നത്‌ ഹഠമോ കര്‍മ്മഫലമോ? ഈശ്വര പ്രേരണ കൊണ്ട്‌ നന്മതിന്മകള്‍ പുരുഷന്‍ ചെയ്യുന്നു. കര്‍മ്മഫലം ഈശ്വരഗാമിയാണ്‌. ഒരുത്തന്‍ വെണ്മഴു കൊണ്ടു മരം വെട്ടുന്നതാണെങ്കില്‍ വെട്ടിയവനാണ്‌ അതില്‍ തെറ്റുകാരന്‍, മഴുവല്ല. അതല്ലാതെ കര്‍മ്മഫലം ഉപദാതാവിനേല്ക്കുകയാണെങ്കില്‍ ദണ്ഡശസ്ത്രങ്ങള്‍ തീര്‍ത്തവന്ന്‌ പാതകമില്ലല്ലോ? ഹേ കൗന്തേയാ! ചെയ്തതിന്റെ ഫലം ഏല്ക്കുവാന്‍ ഇഷ്ടമില്ലെങ്കില്‍ അത്‌ ഈശ്വരനില്‍ സമര്‍പ്പിക്കുക! അതല്ലാ കേവലം പുണ്യപാപങ്ങളുടെ കര്‍ത്താവ്‌ പുരുഷന്‍ തന്നെ ഈശ്വരനൊന്നുമില്ല എന്നു വെച്ചാലും ഭവാന്‍ ഈ ചെയ്തത്‌ ശുഭമാണ്‌. 

ഹേ രാജാവേ, ഒരാളും ദൈവത്തെ വിട്ടു നില്ക്കുന്നില്ല. വിധിയെ വിട്ടു നില്ക്കുവാന്‍ ഒരുത്തനും സാദ്ധ്യമല്ല. ദണ്ഡ ശസ്ത്രങ്ങള്‍ ഉണ്ടാക്കിയതിന്റെ പാപം പുരുഷനില്‍ പെടുന്നില്ല. ഹേ രാജാവേ! ഭവാന്‍ ഒരുത്തനെ കൊന്നു എന്നാണ്‌ വിചാരിക്കുന്നതെങ്കിലും അശുഭമായ കര്‍മ്മമൊന്നും ഭവാനില്‍ നിന്നുണ്ടായിട്ടില്ല. അതല്ല, ലോകം പുണ്യപാപങ്ങള്‍ ഏല്ക്കണമെന്നുണ്ടെങ്കില്‍ ലോകത്തില്‍ അത്‌ ഏല്ക്കുകതന്നെ വേണം. രാജാവ്‌ ദണ്ഡനോദ്യുക്തനാവുക തന്നെ വേണം. എന്നാല്‍ ലോകത്തില്‍ ഈ കര്‍മ്മം എന്നും നടക്കുന്നു. താന്താങ്ങളുടെ ശുഭാശുഭകര്‍മ്മങ്ങളുടെ ഫലം അവരവര്‍ നേടുന്നു എന്നാണ്‌ എന്റെ അഭിപ്രായം! എന്നാലും അശുഭമായ കര്‍മ്മത്തിന്റെ ഫലാത്മകത്വം നീ വിട്ടിരിക്കുന്നു. അശുഭം നിന്നെ ബാധിക്കുകയില്ല. അതു കൊണ്ട്‌ ഹേ നരശാര്‍ദ്ദുലാ, നീ ശോകത്തില്‍ കരള്‍ വെക്കരുത്‌. കുറ്റമുള്ള സ്വധര്‍മ്മത്തില്‍ വാഴുന്നവനായാലും ഇപ്രകാരമുള്ള ആത്മപരിത്യാഗം ഹേ, രാജാവേ! ഭവാന് ഭംഗിയല്ല. 

കര്‍മ്മങ്ങള്‍ക്ക്‌ പ്രായശ്ചിത്തങ്ങള്‍ വിധിച്ചിട്ടുണ്ട്‌. ദേഹമുള്ളവന്‍ അതു ചെയ്യണം. ദേഹം പോയവനാണ്‌ പരാഭവം! ഭവാന്‍ ജീവിച്ചിരിക്കുന്നു. അതുകൊണ്ട്‌ പ്രായശ്ചിത്തം കഴി ക്കുക! പ്രായശ്ചിത്തം ചെയ്യാതെ മരിച്ചാല്‍ ദുഃഖിക്കേണ്ടി വരും. 

അദ്ധ്യായം 33. പ്രായശ്ചിത്തീയോപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ പിതാമഹാ! എത്ര ജ്ഞാതികളാണ്‌ കൊല്ലപ്പെട്ട ത്‌. പുത്രന്മാരും, പൗത്രന്മാരും, ശ്വശുരന്മാരും, ഗുരുക്കന്മാരും, അമ്മാവന്മാരും, പിതാമഹന്മാരും, സുഹൃത്സംബന്ധിമാരും, ബന്ധുജനങ്ങളുമായി എത്ര ക്ഷത്രിയന്മാരും മഹാത്മാക്കളു മാണ്‌ കൊല്ലപ്പെട്ടത്‌! മരുമക്കളും, വയസ്യന്മാരും, ജ്ഞാതികളു മൊക്കെ കൊല്ലപ്പെട്ടു. നാനാ ദേശത്തില്‍ നിന്നു വന്ന അസംഖ്യം രാജേന്ദ്രന്മാരും കൊല്ലപ്പെട്ടു. ഇതിനൊക്കെ കാരണം രാജ്യലുബ്ധനായ ഈ ഞാന്‍ മാത്രമാണ്‌. ഈ വീരന്മാരെയൊക്കെ കൊന്നിട്ട്‌ എന്തു കാര്യമാണ്‌ എനിക്കു ലഭിക്കുന്നത്‌? 

വീണ്ടും വീണ്ടും നിനയ്ക്കുന്തോറും എന്റെ ഹൃദയം വെന്തുരുകുന്നു. ശ്രീമാന്മാരായ ആ രാജസിംഹന്മാരേയും അവര്‍ പോയ ഈ മന്നിടത്തേയും, ഘോരമായി കൊല്ലപ്പെട്ട ജ്ഞാതി കളേയും, മറ്റുള്ളവരേയും ചിന്തിച്ചു ദുഃഖിച്ച്‌ എന്റെ മനസ്സിന്ന്‌ ഒരു പൊറുതിയും കിട്ടുന്നില്ല പിതാമഹാ! ഇന്ന്‌ അവരുടെയൊക്കെ ഭാരൃമാരുടെ കഥയെന്താണ്‌? മക്കള്‍ മരിച്ച അമ്മമാര്‍, ഭര്‍ത്താക്കള്‍ മരിച്ച ഭാര്യമാര്‍ അവരുടെയൊക്കെ നിലയെപ്പറ്റി ഭവാന്‍ ചിന്തിക്കുന്നില്ലേ? ഈ കഠിനപാതകം ചെയ്ത പാണ്ഡുവൃഷ്ണികളായ ഞങ്ങളെപ്പറ്റി ആക്രോശിച്ച്‌ അവര്‍ ഭൂമിയില്‍ വീണുരുളുന്നുണ്ടാകും. പിതൃസഹോദരങ്ങളെക്കാണാതെ, പുത്രനെക്കാണാതെ, കുടുംബനാഥനെക്കാണാതെ നാരിമാര്‍ പ്രാണന്‍ വെടിയുന്നുണ്ടാകും! ഇതില്‍ ഒട്ടും സംശയമില്ല! ധര്‍മ്മസൂക്ഷ്മതയോര്‍ക്കു! ഞങ്ങള്‍ സ്ത്രീവധംചെയ്ത ഘാതകരാണ്‌. സുഹൃത് വധം ചെയ്ത പാപികളാണ്‌. അന്തമില്ലാത്ത പാതകം ഞങ്ങള്‍ ചെയ്തു. ഞങ്ങള്‍ തലകീഴായി നരകത്തില്‍ വീഴും. ഉഗ്രമായ തപസ്സ്  ചെയ്തു ശരീരം വിടാം. അതിന്നുള്ള ആശ്രമ വിശേഷം എന്തെന്ന്‌ ഉപദേശിച്ചാലും! 

വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്റെ വാക്കുകേട്ട്‌ വ്യാസന്‍ നല്ലവണ്ണം ബുദ്ധികൊണ്ട്‌ ചിന്തിച്ചു പാണ്ഡവനോടു പറഞ്ഞു: ഹേ രാജാവേ! വിഷാദിക്കാതിരിക്കുക! നീ ക്ഷത്രധര്‍മ്മത്തെ ചിന്തിക്കുക!.ഹേ! ക്ഷത്രിയേന്ദ്രാ, സ്വധര്‍മ്മത്താല്‍ ഹതരായവരാണ്‌ ആ ക്ഷത്രിയര്‍ഷഭരെല്ലാം. അവര്‍ ശ്രീയെ കാംക്ഷിച്ചിരുന്നവരാണ്‌. ലോകത്തില്‍ കീര്‍ത്തിയെ കൊതിച്ചവരാണ്‌. കൃതാന്തന്റെ വിധിനടത്തലില്‍പ്പെട്ട്‌ കാലത്താല്‍ മൃതരായവരാണ്‌. കൊന്നവന്‍ നീയല്ല! ഭീമനല്ല. പാര്‍ത്ഥനല്ല. മാദ്രിജരല്ല. കാലപരിണാമത്തിന്റെ ധര്‍മ്മത്താല്‍ പ്രാണന്‍ ദേഹത്തെ വെടിഞ്ഞതാണ്‌. കാലപരിണാമധര്‍മ്മത്തില്‍ അമ്മയച്ഛന്മാരില്ല. അനുഗ്രാഹ്യനുമില്ല. പ്രജകള്‍ക്കു കര്‍മ്മസാക്ഷിയായി കാലം തീര്‍ത്തവരാണ്‌ ജഞാതികള്‍. അതിന് ഇത്‌ ഒരു ഹേതു മാത്രമാണ്‌. തമ്മില്‍ ജീവികള്‍ കൊല്ലുകയെന്നത്‌ അതിന്റെ ഐശ്വര്യമായ രൂപമാകുന്നു. സൂത്രാത്മകമായ കര്‍മ്മം പുണ്യപാപങ്ങള്‍ക്ക്‌ സാക്ഷിയാണ്‌ എന്നു നീ ധരിക്കുക! സുഖ ദുഃഖങ്ങള്‍ ചേര്‍ക്കുന്ന കാലം കാലഫലപ്രദമാണ്‌. അവര്‍ക്കുള്ള കര്‍മ്മങ്ങള്‍ നീ ചിന്തിക്കുക! വിനാശഹേതുക്കളായ അവര്‍ കാലം മൂലം കാലത്തിന്നധീനരായി. നിയതവ്രതമായ ശാസനം ശരിക്കും ധരിച്ചാലും. വിധി നിന്റെമേല്‍ ആക്രമിച്ച്‌ ഈ കര്‍മ്മം ചെയ്യിച്ചതാണ്‌. അതേവിധം തന്നെ നിമിത്തം കൂടാതെ പുരുഷന്ന്‌ അഭിവൃദ്ധിയും നാശവും സംഭവിക്കുന്നു. അത്‌ ദൈവവിധിയാലാണെന്നറിയുമ്പോള്‍ ശോകഹര്‍ഷങ്ങള്‍ വെറുതെയാണ്‌. ഇവിടെ നിന്റെ ചിത്തബന്ധനം പാഴിലാണ്‌. എന്നാലും രാജാവേ, അതിന്ന്‌ പ്രായശ്ചിത്തം ചെയ്യുന്നത്‌ നല്ലതുതന്നെ! പണ്ട്‌ ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധമുണ്ടായപ്പോഴും ഇങ്ങനെ സംഭവിച്ചു. ജേഷ്ടഭ്രാതാക്കളായിരുന്നു അസുരന്മാര്‍. ദേവന്മാര്‍ കനിഷ്ഠരാണ്‌. അവര്‍ക്കും ശ്രീനിമിത്തമായി വലിയ വഴക്കുണ്ടായി. മുപ്പത്തീരായിരം വര്‍ഷം നീണ്ടുനിന്ന ആ മഹായുദ്ധം കൊണ്ട്‌ ഭൂമി രക്തത്തില്‍ മുങ്ങി ഒറ്റക്കടല്‍ പോലെയായി. അങ്ങനെ ദൈത്യരെ സംഹരിച്ച്‌ ദേവന്മാര്‍ സ്വര്‍ഗ്ഗം നേടി. വേദജ്ഞന്മാരായ ഭൂസുരന്മാര്‍ അപ്രകാരം ഭൂമിയേയും നേടി. ദര്‍പ്പാന്ധരായ അവര്‍ ദാനവന്മാര്‍ക്ക്‌ സഹായത്തിന് നിന്നു. സാലാവൃകന്മാര്‍ എന്നുപേരുള്ള പതിനെണ്ണായിരം ബ്രാഹ്മണര്‍ അങ്ങനെ എത്തി. അവരേയും ദേവന്മാര്‍ സംഹരിച്ചു. അവര്‍ ധര്‍മ്മം മുടിക്കുവാന്‍ ഇച്ഛിച്ച്‌ അധര്‍മ്മത്തിന്നു പുറപ്പെട്ടവരായിരുന്നു. ആ ദുഷ്ടന്മാര്‍ വാനവന്മാരാല്‍ ദൈത്യന്മാരെന്ന പോലെ കൊല്ലേണ്ടവര്‍ തന്നെ! ഒരുത്തനെ കൊന്നാല്‍ കുലം രക്ഷിക്കപ്പെടുമെന്നു വന്നാല്‍ അത്‌ ചെയ്യണം. ഒരു കുലത്തെ നശിപ്പിച്ചാല്‍ നാട്‌ നേടുമെങ്കില്‍ അത്‌ ചെയ്യണം. അതു തെറ്റല്ല. അധര്‍മ്മരുപത്തിലുള്ള ധര്‍മ്മമുണ്ട്‌, ധര്‍മ്മരുപത്തിലുള്ള അധര്‍മ്മവുമുണ്ട്‌. അത്‌ പണ്ഡിതന്നു കാണാന്‍ കഴിയും. അതുകൊണ്ട്‌ ഉള്ളത്‌ ഉറപ്പിക്കുക. നീ ശ്രുതവാനും പണ്ഡിതനുമാണല്ലോ! 

പണ്ടു ദേവകള്‍ പോയ വഴിക്കാണ്‌ നീ പോയത്‌. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ ഒരിക്കലും നരകത്തെ പ്രാപിക്കയില്ല. ഭവാന്‍ ഈ ഭ്രാതൃസുഹൃദ് വര്‍ഗ്ഗത്തെ സമാശ്വസിപ്പിക്കുക! അറിഞ്ഞു കൊണ്ടു പാപം ചെയ്യുന്ന പാപാസക്തന്‍ അതു ലജ്ജയില്ലാതെ തുടരുന്നതായാല്‍ അവനില്‍ ആ പാപം പൂര്‍ണ്ണമായിത്തീരുന്നു. അവന്ന്‌ ആ പാപപരിഹാരത്തിന്ന്‌ പ്രായശ്ചിത്തമില്ല. അറിഞ്ഞ്‌ പാപം ചെയ്തവന്റെ പാപം പ്രായശ്ചിത്തംകൊണ്ട്‌ നീങ്ങുകയി ല്ല. ശുക്ലാഭിജാത്യനും അന്യദോഷം കൊണ്ട്‌ ക്രിയ ചെയ്തവനുമാണല്ലോ ഭവാന്‍! ഈ കര്‍മ്മം സ്വേച്ഛ കൂടാതെ ചെയ്തിട്ടും ഭവാന്‍ ദുഃഖിക്കുകയാണല്ലോ. 

അശ്വമേധയാഗം വിധിക്കപ്പെട്ട പ്രായശ്ചിത്തമാണ്‌. അത്‌ ചെയ്താല്‍ ഭവാന്റെ പാപമൊക്കെത്തീരും. മരുല്‍ഗണാഡ്യനായ പാകശാസനന്‍ ശത്രുക്കളെ സംഹരിച്ചു. അതിന് ശേഷം ഓരോന്നായി നൂറു യാഗം ശത്രക്രതു ചെയ്തു. പാപം പോയി സ്വര്‍ഗ്ഗം വെന്ന്‌ സുഖലോകങ്ങള്‍ നേടി. മരുല്‍ഗണാഡ്യനായി ശക്രന്‍ ശോഭിച്ച്‌ ദിക്കുകള്‍ പ്രകാശിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ അപ്സരസ്ത്രീകളോടൊത്ത്‌ അര്‍ച്ചിക്കുന്ന ഇന്ദ്രനെ ഋഷീന്ദ്രന്മാരും, വാനോരും, വിബുധന്മാരും ഉപാസിക്കുന്നു. വിക്രമത്താല്‍ ഇന്ന്‌ നിന്റെ കീഴി ലായിരിക്കുന്നു ഭൂമി മുഴുവന്‍! വിക്രമത്താല്‍ നീ സകല രാജാക്കളേയും ജയിച്ചിരിക്കുന്നു! 

അവരുടെ പുരവും രാഷ്ട്രവും പ്രാപിച്ച്‌ അവരവരുടെ രാജ്യത്ത്‌ ഭ്രാതാക്കളേയോ, പുത്രന്മാരേയോ, പൌത്രന്മാരേയോ അഭിഷേചിക്കുക! ഗര്‍ഭത്തിലിരിക്കുന്ന ബാലന്മാരെപ്പോലും നീ സാന്ത്വനം ചെയ്യുക! അങ്ങനെ പ്രകൃതിപ്രീണനം ചെയ്തു പാരിനെ പരിപാലിക്കുക! പുത്രരില്ലാതെ മരിച്ച രാജാക്കന്മാരുടെ കന്യകമാരെ രാജസ്ഥാനത്ത്‌ അഭിഷേചിക്കുക. കാമാര്‍ത്ഥിനികളായ സ്ത്രീകള്‍ നീ ഇപ്രകാരം ചെയ്താല്‍ ശോകം വെടിഞ്ഞ്‌ പ്രസാദിക്കും: ഇങ്ങനെ എല്ലാ രാജ്യത്തും ചെന്ന്‌ സര്‍വ്വ രാജകു ടുംബത്തിലുമുള്ള ജനങ്ങളെ സമാശ്വസിപ്പിച്ച്‌, പണ്ട്‌ ഇന്ദ്രന്‍ ചെയ്തപോലെ, അശ്വമേധം കഴിക്കുക! ആ യോഗ്യരായ ക്ഷത്രിയര്‍ അശോച്യരാകും. സ്വകര്‍മ്മത്താല്‍ ക്ഷയിച്ചവര്‍ കൃതാന്ത ബലത്തില്‍ പെട്ടു പോയി. ക്ഷത്രധര്‍മ്മത്തോടെ ഭവാന്‍ രാജ്യം നേടി. രാജ്യം അകണ്ടകമായി. നീ നിന്റെ കര്‍മ്മം അനുഷ്ഠിക്കു ക. നന്മ സിദ്ധിക്കും. ഭവാന്‍ ഇനി രാജ്യം രക്ഷിക്കുക

അദ്ധ്യായം 34. പ്രായശ്ചിത്തീയോപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: എന്തു കര്‍മ്മം ചെയ്താലാണ്‌ നരന്‍ പ്രായശ്ചിത്താര്‍ഹനാവുക? എന്തുചെയ്താല്‍ പാപമൊഴിയും? പിതാമഹാ! അതു പറഞ്ഞുതന്നാലും! 

വ്യാസന്‍ പറഞ്ഞു: പ്രായശ്ചിത്തം ചെയ്യേണ്ട പാപങ്ങള്‍ പറയാം. വിധിച്ച കര്‍മ്മം ചെയ്യാതെ നിഷേധിക്കപ്പെട്ട കര്‍മ്മം ചെയ്യുന്നവന്‍, സുര്യോദയത്തിലും സൂര്യാസ്തമയത്തിലും കിടന്നുറങ്ങുന്നവന്‍, അങ്ങനെ ചെയ്യുന്ന ബ്രഹ്മചാരി, കുനഖി, പൂപ്പല്ലന്‍, അനുജന്‍ വിവാഹിതനായിട്ടും വേള്‍ക്കാത്ത ചേട്ടന്‍, ചേട്ടന്‍ വിവാഹിതനാകുന്നതിന്നുമുമ്പ്‌ വിവാഹം കഴിക്കുന്ന അനുജന്‍, കുത്സകന്‍, ബ്രഹ്മഘാതി, ഒരു സ്ത്രീയുടെ രണ്ടാം ഭര്‍ത്താവ്‌, പതിത്വാഢ്യന്‍, നഷ്ടപ്രജ്ഞന്‍, ദ്വിജാതികളെ കൊല്ലുന്നവന്‍, അപാത്രദാതാവ്‌, പാത്രത്യാഗവിഹീനന്‍, ഗ്രാമഘാതി, മാംസം വില്ക്കുന്നവന്‍, അഗ്നിയെ കെടുത്തുന്നവന്‍, വേദം വില്ക്കുന്നവന്‍, ഗുരുഹന്താവ്‌, സ്ത്രീഹന്താവ്‌, പശുവിനെ പാഴില്‍ കൊല്ലുന്നവന്‍, പുരയ്ക്കു തീവെക്കുന്നവന്‍, നുണ പറഞ്ഞു ജീവിക്കുന്നവന്‍, ഗുരുപ്രതിരോധകന്‍, കരാര്‍ തെറ്റിക്കു ന്നവന്‍ ഇവരൊക്കെ പാപികളാണ്‌. പ്രായശ്ചിത്തം ചെയ്യേണ്ടവരാണ്‌. 

ഇനി അകാര്യങ്ങളെപ്പറയാം. അവയും നീ കേട്ട്‌ ധരിക്കു ക. അവ ലോകവേദവിരുദ്ധങ്ങളാണ്‌. സ്വധര്‍മ്മത്തെ വിടുക, പരധര്‍മ്മം സ്വീകരിക്കുക, അയാജ്യന്മാരെക്കൊണ്ട്‌ യാഗം ചെയ്യിക്കുക, അഭക്ഷ്യങ്ങള്‍ ഭക്ഷിക്കുക, ശരണാഗതരെ തൃജിക്കുക, ഭൃത്യനെ പോറ്റാതിരിക്കുക, പാലും മോരും വില്ക്കുക, തിരൃക് യോനികളെ ഹിംസിക്കുക, ആധാനാദി ക്രിയകള്‍ ശക്തിമാന്‍ ചെയ്യാതിരിക്കുക, നിതൃവും കൊടുക്കാറുള്ളതു നല്കാതിരിക്കു ക, ബ്രാഹ്മണന്ന്‌ ദക്ഷിണ കൊടുക്കാതിരിക്കുക, (ബ്രഹ്മസ്വം അപഹരിക്കുക, ഇവയൊക്കെ ചെയ്യാന്‍ വയ്യാത്തതാണ്‌. അച്ഛനോടു വിവാദിക്കുന്ന പുത്രന്‍, ഗുരുവിന്റെ ഭാര്യയുടെ തല്പത്തില്‍ കിടക്കുന്നവന്‍, സന്താനം ജനിപ്പിക്കാത്തവന്‍, ഇവരൊക്കെ അധാര്‍മ്മികരാണു രാജാവേ. ഈ കര്‍മ്മങ്ങളെ ഞാന്‍ വിസ്ത രിച്ചും ചുരുക്കിയും പറഞ്ഞു. ഇങ്ങനെയുള്ളവരൊക്കെ പ്രായശ്ചിത്തം ചെയ്യണം. ഈ കര്‍മ്മങ്ങളെ ഏതേതവസരങ്ങളില്‍ മനുഷ്യന്‍ ചെയ്താല്‍ പാപം ഏല്ക്കുകയില്ല എന്നതും പറയാം. 

പോരില്‍ ശസ്ത്രവുമേന്തിയെത്തുന്ന വേദജ്ഞാനിയെ കൊല്ലാം, തന്നെ കൊല്ലാന്‍ വരുന്നവനെ കൊല്ലാം. എന്നാല്‍ അവന്‍ ബ്രഹ്മഹന്താവാകയില്ല. ഇങ്ങനെ ഒരു മന്ത്രം വേദത്തിലുണ്ട്‌. വേദം പ്രമാണമായിട്ടാണ്‌ ധര്‍മ്മവിധി. വൃത്തിതെറ്റുന്ന ബ്രാഹ്മണനേയും വധാര്‍ത്ഥിയേയും വധിക്കാം. അവന്‍ ബ്രഹ്മഹത്യാ പാപത്തിന്നര്‍ഹനല്ല. മദ്യപാനം അജ്ഞാനത്താലും വൈദ്യോപദേശത്താലും ചെയ്യുന്നവന്‍ പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ ആവര്‍ത്തിക്കണം. പ്രായശ്ചിത്തംകൊണ്ടു മനുഷ്യന്‍ ശുദ്ധനാകും. 

ഗുരുവിന്റെ ആജ്ഞയാല്‍ ചെയ്യുന്ന ഗുരുതല്പ പ്രവേശം മനുഷ്യനെ ദുഷിപ്പിക്കയില്ല. ഉദ്ദാലകന്‍ തന്റെ ശിഷ്യനെക്കൊണ്ട്‌ സ്വഭാര്യയില്‍ ശ്വേതകേതുവിനെ ജനിപ്പിച്ചു. ഗുരുവിന്റെ അര്‍ത്ഥം സ്വീകരിക്കുന്നതും, ആപത്തില്‍ കക്കുന്നതും ആകാം. കാമം കൊണ്ട്‌ പലവട്ടവും അതു ചെയ്യാതിരിക്കണം. ബ്രഹ്മസ്വമല്ലാത്തതെടുത്താല്‍ ദോഷമില്ല. താന്‍ അനുഭവിക്കാതിരുന്നാല്‍ മതി. പ്രാണരക്ഷയ്ക്കുവേണ്ടി നുണ പറയാം. അവനവനും അന്യനും വേണ്ടി പറയാം. ഗുരുവിന്റെ അര്‍ത്ഥത്തിന്നു വേണ്ടിയും സ്ത്രീയെ രക്ഷിക്കാനും വിവാഹത്തിന്നു വേണ്ടിയും നുണ പറഞ്ഞാല്‍ പാപമില്ല. വ്രതമെടുക്കുന്നവന് സ്വപ്നത്തില്‍ ശുക്ലം (സ്രവിച്ചതുകൊണ്ട്‌ വ്രതഭംഗം ഉണ്ടാകുന്നില്ല. എരിതീയില്‍ ആജ്യാഹുതി ചെയ്യുക എന്നതാണനതിനുള്ള പ്രായശ്ചിത്തം. ഭ്രഷ്ടനും സന്ന്യസിച്ചവനും വേളി നിഷിദ്ധമാണ്‌. ഭര്‍ത്താവ്‌ പറഞ്ഞു ചെയ്യുന്ന പരദാരസ്വീകാരം ധര്‍മ്മദൂഷണമാവില്ല. പശുഹിംസ വെറുതെ ചെയ്യുകയോ ചെയ്യിക്കുകയോ അരുത്‌. വിധി കല്പിതമായ സംസ്കാരം പശുക്കള്‍ക്ക്‌ അനുഗ്രഹമാണ്‌. അനര്‍ഹനായ വിപ്രന്ന്‌ അറിയാതെ ചെയ്യുന്ന ദാനം ദോഷമാകയില്ല. വ്യഭിചാരപ്പെണ്ണിനെ ഉപേക്ഷിച്ചാല്‍ ദോഷമാവില്ല. അവള്‍ക്ക്‌ അതില്‍ ശുദ്ധികിട്ടും. ഭര്‍ത്താവിന്ന്‌ അതില്‍ ദൂഷണം പറ്റില്ല. തത്ത്വം കണ്ടു ചെയ്യുന്ന സോമവിക്രയം ദോഷമാകുന്നതല്ല. സാമര്‍ത്ഥ്യമില്ലാത്ത ഭൃത്യനെ വിടുന്നത്‌ ദോഷമല്ല. പശുക്കള്‍ക്കുവേണ്ടി കാടു ചുടുന്നതും ദോഷമല്ല. ഇപ്പറഞ്ഞ കര്‍മ്മങ്ങള്‍ ചെയ്താല്‍ ദോഷമാവുകയില്ല. 

അദ്ധ്യായം 35. പ്രായശ്ചിത്തീയോപാഖ്യാനം - വ്യാസന്‍ പറഞ്ഞു: തപം, കര്‍മ്മം, ദാനം എന്നിവകൊണ്ട്‌ പുരുഷന്‍ പാപത്തെ നീക്കംചെയ്യുന്നു. വീണ്ടും ആ പാപം ചെയ്യാതിരുന്നാല്‍മതി. 

സ്വകര്‍മ്മം ചെയ്തു ഒറ്റനേരം ഭിക്ഷവാങ്ങി കപാലിയും യോഗ ദണ്ഡേന്തിയവനുമായ ബ്രഹ്മചാരി ഭുജിക്കണം. എല്ലായ്പോഴും ഉത്സാഹമുള്ളവനായിരിക്കണം. അനസൂയനും ഭൂമിയില്‍ കിടക്കുന്നവനുമാകണം. അവന്റെ കര്‍മ്മം പാരില്‍ പുകഴ്ത്തപ്പെടുകയും വേണം. ഇങ്ങനെ പന്തീരാണ്ട്‌ ചെന്നാല്‍ ബ്രഹ്മഹത്യാപാപം വിട്ടുപോകും. വിദ്വാന്മാരുടെ അഭിപ്രായപ്രകാരം ശസ്ത്രഭൃത്തിന്റെ ലക്ഷ്യമാവുക, കത്തുന്ന തീയില്‍ മുന്നൂറ്‌ യോജന ചാടുക, ഒരു വേദത്തെ ചൊല്ലി തലതാഴ്ത്തി നമിക്കുക, സര്‍വസ്വവും വേദവേദിയായ ബ്രാഹ്മണന് ദാനംചെയ്യുക, അല്ലെങ്കില്‍ ജീവിക്കുവാന്‍തക്ക ധനം ദാനംചെയ്യുക, എല്ലാ ഉപകരണങ്ങളോടും കൂടിയ ഗേഹം നല്കുക, ഗോബ്രാഹ്മണരെ രക്ഷിക്കുക. ഇവ കൊണ്ട്‌ ബ്രഹ്മഹത്യാ പാപം നീങ്ങും. ആറുകൊല്ലം ഭിക്ഷ തെണ്ടി ഉണ്ടാലും ബ്രഹ്മഘാതി വിശുദ്ധനാകും. മാസം തോറും ഒരു പ്രാവശ്യം അശിച്ചാല്‍ മുന്നു കൊല്ലം കൊണ്ട്‌ പാപം വിട്ടൊഴിയും. മാസത്തില്‍ ഒരു ഭക്ഷണം അശിച്ച്‌ ഒരാണ്ടു കൊണ്ട്‌ ശുദ്ധനാകും. ഇപ്രകാരം ഉപവസിച്ചാല്‍ അല്പം കൊണ്ട്‌ ശുദ്ധനാകും. ഇങ്ങനെ ചെയ്താല്‍ എല്ലാവരും പാപം അറ്റവരാകുമെന്നാണ്‌ ശ്രുതി പറയുന്നത്‌. വിപ്രന്നുവേണ്ടി യുദ്ധം ചെയ്തു മരിച്ചാല്‍ ബ്രഹ്മഹത്യയൊഴിയും. ആറായിരം പശുക്കളെ സല്‍പാത്രത്തില്‍ ദാനംചെയ്താല്‍ ബ്രഹ്മഹത്യാദി എല്ലാ പാപവും ഒഴിയും. കപിലയായ ആയിരം കറവയുള്ള പശുക്കളെ ദാനം ചെയ്താലും ബ്രഹ്മഹത്യയൊഴിയും. ആയിരം പശുക്കളെ ദരിദ്രര്‍ക്കു ദാനം ചെയ്താലും ബ്രഹ്മഹത്യ നീങ്ങും. നിയത(ബാഹ്മണര്‍ക്ക്‌ കാംബോജാശ്വങ്ങള്‍ നൂറെണ്ണം ദാനംചെയ്താലും ബ്രഹ്മഹത്യ നീങ്ങും. മനോരഥ വേഗമുള്ള രഥം ഒരു സല്‍പാത്രത്തില്‍ നല്കുകയും കൊടുത്തതിനെപ്പറ്റി (പ്രശസിക്കാതിരിക്കുകയും ചെയ്താല്‍ ബ്രഹ്മഹത്യ നീങ്ങും. കള്ളു കുടിച്ചവന്‍ അതിന്ന്‌ പ്രതിവിധിയായി അഗ്നിസദൃശമായി പൊള്ളുന്ന മദ്യം കഴിച്ചാല്‍മതി. അവന്റെ ആത്മാവ്‌ ഇഹത്തിലും പരത്തിലും ശുദ്ധമാകും. മരുക്കുണ്ടില്‍ ചാടുന്നവനും ചെന്തീയില്‍ ചാടുന്നവനും മഹാപ്രസ്ഥാനം ചെയ്യുന്നവനും പാപമൊക്കെയൊഴിയും. കള്ളു കുടിച്ചവന്‍ പാപം തീരാന്‍ ഭൂമി ദാനംചെയ്യണം. ഗുരുതല്പഗന്‍ അഗ്നിയില്‍ പഴുത്ത ഇരിമ്പുനാരീ പ്രതിമയെ പുല്കണം, അല്ലെങ്കില്‍ സ്വലിംഗം മുറിച്ച്‌ ഊർദ്ധ്വ ദൃഷ്ടിയായി സന്യസിക്കണം. ദേഹത്യാഗം ചെയ്യണം. ഇതൊക്കെയാണ്‌ പ്രായശ്ചിത്തം. നുണ പറഞ്ഞു ജീവിക്കുന്നവനും ഗുരുപ്രതിരോധിയും അവന്ന്‌ ഇഷ്ടമുള്ള വസ്തു ദാനം ചെയ്താല്‍ മതി. പരഭാര്യാപഹാരിയും പരദ്രവ്യഹാരിയും ഒരു സംവത്സരം വ്രതമെടുക്കണം. മുതല്‍ അപഹരിച്ചവന്‍ ഉടമസ്ഥന്ന്‌ മാപ്പുപറഞ്ഞ്‌ ധനം മടക്കിക്കൊടുത്താല്‍ പാപം തീരും. പരിവേത്താവും (അനുജന്‍ വേട്ടിട്ടും വേള്‍ക്കാത്ത ചേട്ടനും) പരിവിത്തിയും (ചേട്ടനു മുമ്പെ വേള്‍ക്കുന്ന അനുജനും) പ്രന്ത്രണ്ട്‌ രാത്രി കൃച്ഛറത്താല്‍ സംയതാത്മാവായി വ്രതമെടുക്കണം. അവന്‍ വീണ്ടും വേള്‍ക്കണം, പിതൃക്കളെ ഉയര്‍ത്തുവാന്‍. ഇതില്‍ പെണ്ണിന്ന്‌ ദോഷമില്ല; അവള്‍ക്ക്‌ ആ ദോഷം ബാധിക്കയില്ല. ഹൃദയശുദ്ധിയോടെ ചാതുര്‍മ്മാസ്യത്തില്‍ അന്നം ദാനംചെയ്താല്‍ സ്ത്രീ ശുദ്ധയാകും. ദോഷശങ്കയുള്ള സ്ത്രീകളോടു ചേരരുത്‌. ഭസ്മംകൊണ്ടു പാത്രം എന്ന പോലെ രജസ്സിനാല്‍ അവന്‍ അശുദ്ധനാകും. ശൂദ്രന്റെ എച്ചില്‍പ്പാത്രം പശു നാറ്റിയാലോ ഗണ്ഡൂകോച്ഛിഷ്ടമായാലോ പത്തുദിവസം കൊണ്ട്‌ ശുദ്ധമാകും.

ബ്രാഹ്മണന്‍ നാലിലൊന്നു പ്രായശ്ചിത്തം ചെയ്താല്‍ മതി. രാജാവിന്ന്‌ നാലിലൊന്നു കുറവു മതി. വൈശ്യനും ശൂദ്രനും കാല്‍ഭാഗം കുറവുമതി. തിരൃക്കുയോനിവധവും, ഫലവൃക്ഷം മുറിക്കലും പാപമാണ്‌. മൂന്നുദിവസം അന്നം കഴിക്കാതിരിക്കയാണ്‌ അതിന്നു പ്രായശ്ചിത്തം. ചെയ്ത കര്‍മ്മം പുകഴ്ത്തുന്നവര്‍ക്കും ഇതുതന്നെ പ്രതിവിധി. അഗമ്യകളെ ഗമിക്കുന്നതിന്ന്‌ ഈറന്‍ ചുറ്റി ആറുമാസം ഭസ്മത്തില്‍ കിടക്കണം. അകാര്യ ങ്ങള്‍ക്കൊക്കെ അതുതന്നെയാണ്‌ വിധി. ബ്രഹ്മോക്തമായ വിധിയാലും ദൃഷ്ടാന്താഗമയുക്തിയാലും സാവിത്രൃദ്ധ്യയനം രുചിയുള്ള ദേശത്തിരുന്ന്‌ മിതാശനനായി ചെയ്യണം. അഹിംസകന്‍, മന്ദകന്‍, മൌനി എന്നീ നിലയില്‍ ഇരിക്കണം. എന്നാല്‍ പാപമൊക്കെ നീങ്ങും. പകല്‍ മുഴുവന്‍ ആകാശത്തു നോക്കി നിൽക്കുക, രാത്രി കിടക്കുക, മൂന്നഗ്നിയായി മൂന്നു രാവു നില്ക്കുക, നീരില്‍ സവസ്ത്രനായി നില്ക്കുക, സ്ത്രീകളോടും ശുദ്രന്മാരോടും, പതിതന്മാരോടും സംസാരിക്കാതിരിക്കുക ഇങ്ങനെയൊക്കെ വ്രതം എടുക്കണം. വിപ്രന്‍ അജ്ഞാനംകൊണ്ട്‌ ചെയ്ത പാപങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീങ്ങും. ശുഭാശുഭങ്ങളായ ഫലങ്ങള്‍ ഭൂതസാക്ഷികമാണ്‌. അത്‌ ചത്താലും വിടില്ല. ആര്‍ക്ക്‌ ഏത്‌ ഏറുന്നുവോ, അതു ചെയ്യുന്നവന്ന്‌ ആ ഫലം ഏല്ക്കുന്നതാണ്‌. 

അതുകൊണ്ട്‌ തപസ്സ്‌, ദാനം, കര്‍മ്മം ഇവകൊണ്ട്‌ ശുഭം ലഭി ക്കും. അശുഭം ചെയ്തവന് ഈ പ്രായശ്ചിത്തം കൂടുതല്‍ ചെയ്യണം. എന്നും ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ പാപം തീരും. പ്രായശ്ചിത്തം പാപത്തിന്നനുസരിച്ചാണു വിധിച്ചിട്ടുള്ളത്‌. ഭക്ഷ്യാഭക്ഷൃത്തിലും വാച്യാവാചൃത്തിലും ജഞാനാജ്ഞാനങ്ങളിലും സമ്മതിക്കുന്ന കാരൃമാണു മുമ്പു പറയപ്പെട്ടത്‌. അറിഞ്ഞു ചെയ്ത പാപം ശക്തികൂടിയതാണ്‌. അറിയാതെ ചെയ്യുന്നതിനേ പ്രായശ്ചിത്തമുള്ളു. വിധിപ്രകാരം ചെയ്താല്‍ ഈ പാപങ്ങള്‍ നീങ്ങും. ശ്രദ്ധയുള്ള ആസ്തികന്നുള്ളതാണ്‌ പ്രായശ്ചിത്തം. അശ്രദ്ധരായ നാസ്തികരില്‍ ഈ വിധാനം കാണുന്നതല്ല. അവര്‍ ദംഭദ്വേഷപ്രധാനന്മാരാണ്‌. ശിഷ്ടന്മാരുടെ ആചാരവും ശിഷ്ടമായ ധര്‍മ്മവും ഇഹത്തിലും പരത്തിലും സഖ്യം കാംക്ഷിക്കുന്നവന്‍ ചെയ്യേണ്ടതാണ്‌. ഈ പൂര്‍ണ്ണമായ ഹേതുകൊണ്ട്‌ ഭവാന്‍ സകല പാപങ്ങളും നീങ്ങി തെളിയും. പ്രാണാര്‍ത്ഥമായ ധനത്താലും കര്‍മ്മത്താലും ഭവാന്‍ അതു സാധിക്കും. 

അങ്ങയ്ക്കു ഘൃണയുണ്ടെങ്കില്‍ പ്രായശ്ചിത്തം ചെയ്യുക. അനാര്യന്മാര്‍ക്കു ചേര്‍ന്നവിധം മന്യുകൊണ്ട്‌ നാശത്തില്‍ ചെന്നു ചാടരുത്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭഗവാന്‍ പറഞ്ഞ ധര്‍മ്മം കേട്ടു രാജാവായ യുധിഷ്ഠിരന്‍ മുഹൂര്‍ത്ത നേരം ചിന്തിച്ചിരുന്ന്‌ ആ തപോധനനോടു പറഞ്ഞു. 

അദ്ധ്യായം 36. വ്യാസവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ പിതാമഹാ! ഭക്ഷ്യം എന്താണ്‌? അഭക്ഷ്യം എന്താണ്‌? പ്രശസ്തമായ ദേയം എന്താണ്‌? പാത്രം എന്താണ്‌? അപാത്രമെന്താണ്‌? അവ വിസ്തരിച്ചു പറഞ്ഞാലും. 

വ്യാസന്‍ പറഞ്ഞു:  അതിന്നുദാഹരണമായി ഈ പഴങ്കഥ പറയാറുണ്ട്‌. സുവ്രതന്മാരായ ഋഷികള്‍ ബ്രഹ്മാവിനെ കണ്ട്‌ മുമ്പു പ്രജേശനോടു ധര്‍മ്മത്തെപ്പറ്റി ചോദിച്ചു.  അന്നമേതുവിധമാണ്‌? പാത്രം, ദാനം, അദ്ധ്യയനം, തപം, കാര്യം, അകാര്യം ഇതൊക്കെ ഏതുവിധമാണ്‌? പ്രജാപതേ, ഭവാന്‍ പറഞ്ഞു തന്നാലും. 

അവര്‍ ചോദിച്ചതു കേട്ട സ്വായംഭുവനായ മനു പറഞ്ഞു: ഋഷിമാരേ, കേള്‍ക്കുവിന്‍. ശരിക്കുള്ള ധര്‍മ്മം വിസ്തരിച്ചും ചുരുക്കിയും ഞാന്‍ പറയാം. ജപം, ഹോമം, ഉപവാസം, ആത്മജ്ഞാനം, പുണ്യനദി, തല്പരന്മാര്‍ ഇരിക്കുന്ന സ്ഥലം, പുണ്യങ്ങളായ അചലങ്ങള്‍ ഇവയെല്ലാം പ്രാ യശ്ചിത്തമാകുന്നു. സുവര്‍ണ്ണപ്രാശനം, രത്നാതിസ്നാനം, ദേവസ്ഥാനാഭിഗമനം, ആജ്യപ്രാശനം ഇവയെല്ലാം പുമാനെ ഉടനെ ശുദ്ധനാക്കുന്നു. ഗര്‍വ്വുകൊണ്ട്‌ ഒരുകാലത്തും നരന്‍ പ്രാജ്ഞനാകയില്ല. ദീര്‍ഘായുസ്സാഗ്രഹിക്കുന്നവന്‍ എന്നും തിളച്ചാറിയ വെള്ളം കുടിക്കണം. കൊടുക്കാത്തത്‌ വാങ്ങാതിരിക്കുക, ദാനം, അദ്ധ്യയനം; തപം, അഹിംസ, സത്യം, അക്രോധം, ഇജ്യ ഇവ ധര്‍മ്മത്തിന്റെ ലക്ഷണമാകുന്നു. ദേശകാലമനുസരിച്ച്‌ അധര്‍മ്മവും ധര്‍മ്മമാകും. അവസ്ഥാഭേദത്താല്‍ മോഷണവും, നുണയും, ഹിംസയും ധര്‍മ്മമാകും. രണ്ടു വിധത്തിലാണ്‌ വിജ്ഞരായവര്‍ക്ക്‌ ധര്‍മ്മങ്ങളും അധര്‍മ്മങ്ങളും. അപ്രവൃത്തി, പ്രവൃത്തി എന്നിവയും രണ്ടു വിധമുണ്ട്‌. അപ്രവൃത്തിക്ക്‌ അമര്‍ത്തൃത്വവും മര്‍ത്തൃത്വത്തിന്ന്‌ കര്‍മ്മജമായ ഫലവും ഉണ്ട്‌. അശുഭത്തിന്ന്‌ ഫലം അശുഭം തന്നെ. ശുഭത്തിന്ന്‌ ഫലം ശുഭംതന്നെ; ഇവ രണ്ടിലും ഉണ്ടാകും ശുഭാശുഭങ്ങള്‍. "ദൈവം, ദൈവോപസംയുക്തം പ്രാണന്‍ പ്രാണദവും പരം" ഇവര്‍ക്ക്‌ അശുഭം ചെയ്യുന്നവര്‍ക്ക്‌ ഒരിക്കലും ശുഭം വന്നു കുടുകയില്ല. സംശയിച്ച്‌ ചെയ്തതിന്നും അറിയാതെ ചെയ്തതിന്നുമാണ്‌ പ്രായശ്ചിത്തം വിധിച്ചിട്ടുള്ളത്‌. ശരീരങ്ങള്‍ക്ക്‌ ഉപക്ലേശവും മനസ്സിന്നുള്ള പ്രിയാപ്രിയങ്ങളും മന്ത്രം, ഔഷധം, പ്രായശ്ചിത്തം ഇവകൊണ്ട്‌ ശമിക്കുന്നതാണ്‌. 

ഒറ്റ രാത്രിയിലെ ഉപവാസ ശിക്ഷ കൊണ്ട്‌ നരാധിപന്‍ ശുദ്ധനാകും. പുരോഹിതന്‍ ശുദ്ധനാകാന്‍ മൂന്നു ദിവസം ഉപവസിക്ക ണം. ദുഃഖത്താല്‍ ആത്മഹത്യയ്ക്കു ശ്രമിച്ച്‌ ചത്തില്ലെങ്കില്‍ അവന്‍ മൂന്നു ദിവസം ഉപവസിച്ചാല്‍ ശുദ്ധനാകും. 

ധര്‍മ്മം വര്‍ജ്ജിക്കുന്നവര്‍ക്ക്‌ ധര്‍മ്മം ലഭിക്കയില്ല. ധര്‍മ്മത്തെപ്പറ്റി സംശയം വരുമ്പോള്‍ പത്തു വേദശാസ്ത്രജ്ഞരോ മൂന്നു ധര്‍മ്മശോധകരോ ചിന്തിച്ചു പറയുന്നതാണ്‌ ധര്‍മ്മം. 

കാള, മൃത്തിക; ചിതല്‍, അഴുക്കിലുണ്ടാകുന്ന പുഴു ഇവ വിപ്രര്‍ക്ക്‌ അഭക്ഷ്യമായ ആഹാരമാണ്‌. ചിതമ്പലില്ലാത്ത മത്സ്യം ബ്രാഹ്മണര്‍ക്ക്‌ അഭക്ഷ്യമാണ്‌. ആമയല്ലാത്ത നാല്ക്കാലി, വെള്ളത്തവള, പൂവന്‍കോഴി, അന്നം, പരുന്ത്‌, ചക്രവാകം, ബകം, പ്ലവം, കാക്ക, മല്‍ഗു, കഴുകന്‍, പരുന്ത്‌, ഉലൂകം, മാംസം തിന്നുന്ന ദംഷ്ട്രി, നാല്ക്കാലികള്‍, പക്ഷികള്‍ ഇവ ബ്രാഹ്മണര്‍ക്ക്‌ അഭക്ഷ്യമാണ്‌. രണ്ടു വരിയിലും പല്ലുള്ള മൃഗങ്ങള്‍, നാല് ദംഷ്ട്രകളുള്ളവ, ഏഡകം, അശ്വം, കഴുത, ഒട്ടകം, പ്രസവിച്ചു കിടക്കുന്ന ഗോക്കള്‍ ഇവയുടെയും മനുഷ്യ സ്ത്രീകളുടെയും മാനിന്റെയും പാല്‍ ബ്രാഹ്മണന്‍ കുടിക്കരുത്‌. പ്രേതാന്നവും സൂതികാന്നവും കാലമാകാത്ത അന്നവും അഭോജ്യമാണ്‌. കാലമാകാത്ത പാലും കുടിക്കരുത്‌. 

രാജാന്നം തേജസ്സു നശിപ്പിക്കും. ശൂദ്രാന്നം ബ്രഹ്മതേജസ്സുകളേയും, പുത്രനില്ലാത്ത സ്വര്‍ണ്ണകാരന്റെ വിധവ തരുന്ന, അന്നവും ആയുസ്സ്‌ നശിപ്പിക്കും. ഇത്തരം ഭക്ഷണം വിപ്രന്‍ കഴിക്കരുത്‌.

അതിപലിശ വാങ്ങുന്നവന്റെ അന്നം അമേദ്ധ്യത്തിന്നു തുല്യമാണ്‌. വേശ്യ തരുന്ന അന്നം പുരുഷന്റെ ശുക്ലത്തിന് തുല്യമാണ്‌. ഇവ രണ്ടും വര്‍ജ്ജിക്കണം. ജാരസംസര്‍ഗികാന്നം, സ്ത്രീജിതാന്നം, ഇവയും വര്‍ജ്ജിക്കണം. ദീക്ഷിതന്റേയും പിശുക്കന്റേയും യജ്ഞവിക്രമിയുടേയും തച്ചന്റേയും തോല്ക്കാരന്റേയും ധൂര്‍ത്തയുടേയും രജകന്റേയും, വൈദ്യന്റേയും, ചോറ്‌ ഉണ്ണരുത്‌. കാവല്‍ക്കാരന്റെ ഗണത്തില്‍നിന്നും, ഗ്രാമത്തില്‍ നിന്ന്‌ തൃജിക്കപ്പെട്ടവരുടേയും, നര്‍ത്തകികളുടേയും വന്ദികളുടേയും ദ്യുതജ്ഞരുടേയും പരിവിത്തികളുടേയും അന്നം ഉണ്ണരുത്‌. ഇടത്തുകൈയാല്‍ തരുന്ന ചോറും ഉണ്ണരുത്‌. പഴഞ്ചോറും ഉണ്ണരുത്‌. കള്ളുചേര്‍ന്നതും എച്ചില്‍ ചേര്‍ന്നതും ഉച്ഛിഷ്ടവും ഉണ്ണരു ത്‌. പിണ്ണാക്ക്‌, കരിമ്പ്‌, ശാകം, പാല്‍ ഇവറ്റിന്റെ വികാരഭേദങ്ങളായ പാനീയങ്ങള്‍, വറുത്ത യവം, വറുത്ത ധാന്യം. തൈരു ചേര്‍ത്ത്‌ കുഴച്ച മാവു പലഹാരം, പഴകിയ പലഹാരം, പായസം, മാംസം, എള്‍ച്ചോര്‍ എന്നിവ; കേടുവന്ന അപ്പം ഇവയൊക്കെ ഗൃഹസ്ഥരായ ദ്വിജന്മാര്‍ക്ക്‌ അഭക്ഷ്യങ്ങളാണ്‌.

ദേവര്‍ഷിമാരേയും ഋഷിമാരേയും ഗൃഹദേവപുജികളേയും പൂജിച്ചതില്‍പ്പിന്നെ വേണം ഗൃഹസ്ഥന്‍ ഭക്ഷിക്കുവാന്‍. പ്രവര്‍ജജിച്ച ഭിക്ഷുവെപ്പോലെ തന്റെ ഗൃഹത്തിലിരിക്കണം. ഇപ്രകാരമുള്ളവന്‍ ഇഷ്ടദാരസഹിതനായി ധര്‍മ്മത്തെ പ്രാപിക്കും. 

യശസ്സിന്നുവേണ്ടി ദാനംചെയ്യരുത്‌. പേടിച്ച്‌ ദാനം ചെയ്യുരുത്‌. സാഹൃകൃത്തിന്നും ദാനം ചെയ്യരുത്‌. അട്ടക്കാരനിലും, പാട്ടുകാരനിലും, ഹാസ്യകാരനിലും മാത്രമല്ല, ഉന്മത്തനിലും, ചോരനിലും, കുത്സിതനിലും, ഊമയിലും, വിവര്‍ണ്ണനിലും, അംഗഹീനനിലും, മുണ്ടനിലും ദുര്‍ജ്ജനത്തിലും, ദുഷ്ക്കുലനിലും, വ്രതസംസ്‌കാരഹീനനിലും, ശ്രോത്രിയന്‍ കുടാതെ ദാനം പാടില്ല. ഓത്തില്ലാത്ത വിപ്രനിലും അങ്ങനെ തന്നെ. 

വൃത്തികെട്ട. ദാനവും, ശരിയല്ലാത്ത പ്രതിഗ്രഹം കൊടുത്തവനും വാങ്ങിയവനും, അനര്‍ത്ഥത്തില്‍പ്പെടുന്നതാണ്‌. കരിങ്ങാലിയോ, പാറയോ താങ്ങി, കടല്‍ നീന്തിക്കടക്കുന്നവന്‍, മുങ്ങിപ്പോകുന്ന വിധം കൊടുക്കുന്നവനും, വാങ്ങുന്നവനും പാപത്തില്‍ മുങ്ങിപ്പോകും. 

തപസ്സ്‌, സ്വാധ്യായം, ചാരിത്രം ഇലയില്ലാത്തവൻ  ദാനം വാങ്ങുന്നതു ശരിയല്ല. തലയോട്ടില്‍ ജലവും പട്ടിത്തോലില്‍ പാലും എടുക്കുന്നതു പോലെയാണ്‌ അത്‌. 

അസൂയയില്ലാത്ത അശാസ്ത്രനിലും, നിര്‍വൃതനിലും, നിര്‍മന്ത്രനിലും; ദയയോടെ ദാനം ചെയ്യണം. ദീനാര്‍ത്താതുരന്മാര്‍ക്ക്‌ ദയയാലും കൊടുത്തുപോകരുത്. ആപ്താചാരമാണെന്നു വിചാരിച്ച്‌, ധര്‍മ്മമാണെന്നു ചിന്തിച്ച്‌ കൊടുക്കുന്ന ദാനം ഓത്തില്ലാത്ത ബ്രാഹ്മണന്നു ചെയ്താല്‍ അതു നിഷ്ഫലമായിത്തീരും. മരം കൊണ്ടുള്ള ആന പോലെയും തോലു കൊണ്ടുള്ള മാന്‍ പോലെയുമാണ്‌ ഓത്തില്ലാത്ത ബ്രാഹ്മണന്‍. മൂന്നു പേര്‍ക്കും പേരു മാത്രം. ആന, മാന്‍,ബ്രാഹ്മണന്‍ എന്നു പറയാമെന്നുമാത്രം. ഷണ്ഡന്‍ സ്ത്രീകളില്‍ നിഷ്ഫലനാണ്‌. പശുക്കളില്‍ പശുക്കള്‍ പാഴിലാണ്‌. അതു പോലെ തന്നെ ചിറകില്ലാത്ത പക്ഷികളുമുണ്ട്‌. ഓത്തില്ലാത്ത ബ്രാഹ്മണനും അതുപോലെയാണ്‌. ധാന്യത്തില്‍ പതിരുപോലെ, വെള്ളമില്ലാത്ത കിണറുപോലെ, തീയ്യില്ലാത്ത ആഹുതിപോലെയാണ്‌ മൂര്‍ഖനായ ബ്രഹ്മണന്‍. ദേവകള്‍ക്കും പിതൃക്കള്‍ക്കുമുള്ള ഹവ്യകവ്യങ്ങളെ നശിപ്പിക്കുന്നവനാണ്‌ ഓത്തില്ലാത്ത മൂര്‍ഖന്‍. അര്‍ത്ഥം ഹരിക്കുന്ന ശത്രുവാണ്‌ മുര്‍ഖനായ അവന്‍. മൂര്‍ഖന്‍ ഒരിക്കലും ലോകങ്ങള്‍ നേടുകയില്ല. അതു ഞാന്‍ ഉള്ളവണ്ണം നിന്നോടു പറഞ്ഞു. ചുരുക്കിയിട്ടാണു പറഞ്ഞത്‌. അതു വിസ്തരിച്ച്‌ ഹേയുധിഷ്ഠിരാ, ഭവാന്‍ കേള്‍ക്കണം! 

അദ്ധ്യായം 37.  യുധിഷ്ഠിര പ്രവേശം. - യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനെ, രാജധര്‍മ്മങ്ങളും നാലു ജാതിക്കുള്ള ധര്‍മ്മങ്ങളും വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആപത്തില്‍ വേണ്ട നീതിനയക്രമങ്ങള്‍, ധര്‍മ്മ്യമായ വഴി, ഭൂമി വെല്ലുവാന്‍ വേണ്ട പ്രകാരങ്ങള്‍ ഇവ പറഞ്ഞാലും. രാജ്യവും ധര്‍മ്മചര്യയും എന്നും വിരോധിച്ചു നില്ക്കുന്നു. ചിന്തിക്കുമ്പോഴൊക്കെ എന്റെ ഹൃദയം പകച്ചുപോകുന്നു. 

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ടപ്പോള്‍ വേദവിത്തമനായ വ്യാസന്‍, ഹേ രാജാവേ, ധര്‍മ്മജനോട്‌, നാരദനെ നോക്കിയും കൊണ്ടു പറഞ്ഞു. 

വ്യാസന്‍ പറഞ്ഞു: ഹേ വീരാ! ധര്‍മ്മം മുഴുവന്‍ കേള്‍ക്കുവാന്‍ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുരു മുത്തച്ഛനായ ഭീഷ്മന്റെ അരികില്‍ ചെല്ലുക. അവന്‍ നിന്റെ ഉള്ളിലുള്ള ധര്‍മ്മസാര സംശയങ്ങളൊക്കെ തീര്‍ത്തു തരും. ഗംഗാദേവിയില്‍ നിന്നു ജനിച്ച അവന്‍ ഇന്ദ്രാദികളായ ദേവന്മാരെ പ്രത്യക്ഷത്തില്‍ കണ്ടവനാണ്‌. പല പ്രാവശ്യം ബൃഹസ്പതി മുതലായ ദേവര്‍ഷിമാരെ സേവിച്ചു സന്തോഷിപ്പിച്ച്‌ അവരില്‍ നിന്നു രാജനീതി പഠിച്ചവനാണ്‌. ശുക്രനും ദേവഗുരുവിന്നും അറിഞ്ഞത്‌ വ്യാഖ്യാനത്തോടു കൂടി ശ്രഹിച്ചവനാണ്‌. ഭാര്‍ഗ്ഗവ ച്യവനനില്‍ നിന്നും വസിഷ്ഠനില്‍ നിന്നും സാംഗവേദങ്ങളൊക്കെ നേടിയവനാണ്‌. പിതാമഹസുതനും ജ്യേഷ്ഠനുമായ കുമാരനില്‍ നിന്നും പണ്ട്‌ അവന്‍ പഠി ച്ചിട്ടുണ്ട്‌. മാര്‍ക്കണ്ഡേയ മഹര്‍ഷിയില്‍ നിന്ന്‌ യതി ധര്‍മ്മങ്ങളൊക്കെയും പഠിച്ചു. രാമനില്‍ നിന്നു ശസ്ത്രവിദ്യ പഠിച്ചു. മര്‍ത്ത്യനായാലും അവനു മരണം തന്റെ ഇച്ഛയ്ക്കനുസരിച്ചാണ്‌. പുത്രനില്ലെങ്കിലും അവനു വാനില്‍ ശുഭമായ പദം ലഭിക്കും. പുണ്യ ബ്രഹ്മര്‍ഷികള്‍ അവന് എല്ലായ്പോഴും സദസ്യരാണ്‌. ജ്ഞാനയജ്ഞങ്ങളില്‍ അവന് അറിയാത്തതൊന്നുമില്ല. ആ ധര്‍മ്മജ്ഞന്‍, സുക്ഷ്മധര്‍മ്മാര്‍ത്ഥ വിക്രമനായ നിന്റെ മുത്തച്ഛന്‍, നിന്നോടു പറയും. ആ ധര്‍മ്മജ്ഞന്‍ പ്രാണമോക്ഷം ചെയ്യും. അതുകൊണ്ട്  നീ ആദ്യമായി അങ്ങോട്ടു ചെല്ലുക? 

ഇതു കേട്ട്‌ ദീര്‍ഘപ്രജ്ഞനും മഹാമതിയുമായ കൗന്തേയന്‍ വാഗ്മിയായ വ്യാസനോടു പറഞ്ഞു. -: യുധിഷ്ഠിരന്‍ പറഞ്ഞു: രോമാഞ്ചമഞ്ചുമാറുള്ള മഹായുദ്ധം നടത്തി ജ്ഞാതികളെയൊക്കെ കൊന്നു നശിപ്പിച്ച്‌ സര്‍വ്വ ലോകത്തിന്നും കുറ്റക്കാരനായി ഭൂമി കൂട്ടിച്ചോറാക്കി, നേരേ പൊരുതുന്ന ആ മഹാനെ ചതിച്ച്‌ പോരില്‍ വീഴ്ത്തിയതിന് ശഷം അദ്ദേഹത്തെ ചെന്നു കണ്ടു ചോദിക്കുവാന്‍ ഈ മഹാപാപി എങ്ങനെ അര്‍ഹനാകും ഭഗവാനേ!

വൈശമ്പായനൻ പറഞ്ഞു: ആ നൃപശ്രേഷ്ഠനോട്‌ അപ്പോള്‍ ചാതുര്‍വർണ്യ ഹിതത്തിനായി വീണ്ടും മഹാബാഹുവായ കൃഷ്ണന്‍ പറഞ്ഞു - ശോകത്തില്‍ വലിയ നിര്‍ബ്ബന്ധം ഭവാന്‍ കാണിക്കരുത്‌. ഭഗവാന്‍ വ്യാസന്‍ കല്പിക്കും പോലെ ചെയ്യുക. മഹാബാഹോ, (ബാഹ്മണരും ഓജസ്സേറുന്ന സഗര്‍ഭ്യരും നിന്നോട്‌ മഴക്കാറിനോടു ജലമെന്ന പോലെ അര്‍ത്ഥിച്ചു നില്‍ക്കുകയാണ്‌. ചത്ത്‌ ശേഷിച്ച രാജാക്കളും എല്ലാ ചാതുര്‍വ്വര്‍ണ്യങ്ങളും ഇവിടെ, കുരുജാംഗലമായ നിന്റെ നാട്ടില്‍, എത്തിയിരിക്കുന്നു. മഹാബ്രാഹ്മണര്‍ക്കും ഇവര്‍ക്കും ഹിതം ചെയ്യുക. വ്യാസഭഗവാന്റെ ആജ്ഞപ്രകാരം എന്നെപ്പോലെയുള്ള സുഹൃത്തുക്കള്‍ക്കും ദ്രൗപദിക്കും ഹിതം ചെയ്യുക! രാജാവേ, അജാതശത്രോ! ലോകത്തിന്നും ഹിതം ചെയ്യുക. 

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ രാജീവലോചനനായ രാജാവ്‌ സര്‍വ്വലോകഹിതത്തിന്നായി എഴുന്നേറ്റു. കൃഷ്ണനാലും വ്യാസനാലും ജിഷ്ണുവാലും ദേവസ്ഥാനനാലും അനുനീതനായ ആ നരവ്യാഘ്രന്‍ ഇവരും മറ്റു പലരും സമ്മതിപ്പിച്ചതനുസരിച്ചു കരളില്‍ നിന്നു ദുഃഖം കളഞ്ഞു. ശ്രുതവാക്യനും ശ്രുതസിദ്ധിയും ശ്രുത്രശാവ്യ വിശാരദനുമായ പാണ്ഡുനന്ദനന്‍ മനസ്സിനെ ഉറപ്പിച്ചു. ആ രാജാവ്‌ അവരോടു കൂടി നക്ഷത്രത്താല്‍ ചുറ്റപ്പെട്ട ഇന്ദുവിനെപ്പോലെ ധൃതരാഷ്ട്രനെ മുമ്പില്‍ നടത്തി ആ പുരത്തിലേക്കു പുറപ്പെട്ടു. ആ സമയത്തു രാജാവ്‌ ദേവകളേയും അസംഖ്യം വിപ്രരേയും പൂജിച്ചു. പിന്നെ പുതിയ വെള്ള നിറമുള്ള തേര്‍ കമ്പിളിത്തോലണിഞ്ഞ്‌ പതിനാറു വെള്ളക്കുതിരകളെ പൂട്ടി കൊണ്ടുവന്നു നിര്‍ത്തപ്പെട്ടു. പുണ്യ മന്ത്രാര്‍ച്ചിതമായ അതില്‍ വന്ദികള്‍ വാഴ്ത്തുന്ന ശബ്ദം കേട്ടു കൊണ്ട്‌ യുധിഷ്ഠിര മഹാരാജാവ്‌, പണ്ട്‌ ദേവനായ സോമന്‍ അമൃതത്തേരില്‍ കേറിയ വിധം, ആ മഹാരഥത്തില്‍ കയറി. ഭീമപരാക്രമനായ ഭീമൻ ചാട്ടവാര്‍ പിടിച്ചു; അര്‍ജ്ജുനന്‍ ശോഭയേറിയ വെണ്‍കൊറ്റക്കുട പിടിച്ചു; തേരിന്റെ മേലേപിടിച്ച വെണ്‍കൊറ്റക്കുട വെള്ളക്കാര്‍ താരകളണിഞ്ഞ പോലെ ശോഭിച്ചു. മാദ്രീപുത്രര്‍ രണ്ടു വശത്തും നിന്ന്‌ തിങ്കള്‍ക്കാന്തി കലര്‍ന്ന വെണ്‍ചാമരങ്ങള്‍.എടുത്തു. 

തേരില്‍ കയറി മെയ്ക്കോപ്പണിഞ്ഞ ഭ്രാതാക്കള്‍ അഞ്ചു പേരെ പഞ്ചഭുതങ്ങളെപ്പോലെ കാണികള്‍ കണ്ടു. മനോജവാശ്വങ്ങളെക്കെട്ടിയ വെള്ളത്തേരില്‍ കയറിയ പാണ്ഡവശ്രേഷ്ഠ നെ, ആ കുരുക്കളെ, ശൈബ്യസുഗ്രീവങ്ങളെക്കെട്ടിയ പൊന്നണിത്തേരിലിരുന്ന്‌ കൃഷ്ണന്‍ സാത്യകിയോടൊത്തു പിന്‍തുടര്‍ന്നു. 

മേനാവില്‍ക്കയറി രാജാവിന്റെ വലിയച്ഛന്‍ ഗാന്ധാരിയോടു കൂടി മുമ്പിലായി യാത്ര പുറപ്പെട്ടു. 

ആ കുരുസ്ത്രീകളൊക്കെയും, കുന്തിയും കൃഷ്ണയും, വിദുരനെ മുമ്പിലാക്കി പല പല വാഹനങ്ങളിലായി പോയി. പലേ തേരുകളും ആനകളും കുതിരകളും അവരെ അകമ്പടി സേവിച്ചു. 

അപ്പോള്‍ വൈതാളികന്മാരും മാഗധരും സൂതരും പുകഴ്ത്തി ഗാനങ്ങള്‍ ആലപിച്ചു. ആ മഹാബാഹുവിന്റെ യാത്ര നിസ്തുലമായി. 

ഹൃഷ്ടപുഷ്ടരായ നാട്ടുകാര്‍ തിക്കിത്തിരക്കി ആര്‍പ്പു വിളിച്ചു. കുന്തീപുര്ര പ്രവേശത്തില്‍ ജനങ്ങള്‍ സര്‍വ്വ ദിക്കും അലങ്കരിച്ചു. വെള്ളപ്പൂമാലയാലും കൊടികളാലും നാടെങ്ങും പ്രശോഭിച്ചു. സുഗന്ധ്രദവ്യം അഷ്ടഗന്ധം മുതലായവ കൊണ്ട്‌ എല്ലായിടവും സുരഭിലമായി. സുഗന്ധ ചൂര്‍ണ്ണങ്ങളും പ്രിയംഗുകുസുമങ്ങളും തൂകുന്ന പുമാലകളും കൊണ്ട്‌ രാജമന്ദിരം ശോഭിച്ചു. പടിക്കല്‍ പുത്തനായി വാരിപൂര്‍ണ്ണകുംഭങ്ങളും വെള്ള മഞ്ഞപ്പൂക്കളും അലങ്കരിക്കപ്പെട്ടു. ഇപ്രകാരം അലങ്കരിക്കപ്പെട്ട പ്രവേശന ദ്വാരത്തിലൂടെ സുഹൃജ്ജനങ്ങളോടു കൂടി പാണ്ഡുനന്ദനന്‍ ശുഭോക്തി സ്തുതികള്‍ കേട്ടു കൊണ്ട്‌ പുരത്തില്‍ പ്രവേശിച്ചു.

അദ്ധ്യായം 38. ചാര്‍വ്വാകവധം - വൈശമ്പായനൻ പറഞ്ഞു: കൗന്തേയന്മാര്‍ കടക്കുമ്പോള്‍ പുരവാസി ജനങ്ങള്‍ അസംഖ്യം   കൂട്ടമായി കാണുവാന്‍ വന്നുചേര്‍ന്നു. ആ രാജമാര്‍ഗ്ഗം അലങ്കരിക്കപ്പെട്ട്‌ ശോഭിച്ചു. ചന്ദ്രോദയത്തില്‍ വേലിയേറ്റം കൊള്ളുന്ന സമുദ്രം പോലെ ആര്‍ത്തിരമ്പി. മഹാരത്നാഢ്യമായ ഗൃഹങ്ങള്‍, രാജമാര്‍ഗ്ഗങ്ങള്‍, സ്ത്രീകള്‍ തിങ്ങുകയാല്‍ ഇളകുന്നുണ്ടെന്നു തോന്നിപ്പോയി. അവര്‍ മെല്ലെ നാണിച്ച്‌ ധര്‍മ്മപുത്രനെ പുകഴ്ത്തി; ഭീമാര്‍ജ്ജുനന്മാരേയും, മാദ്രീകുമാരന്മാരേയും പുകഴ്ത്തി.

പാഞ്ചാലീ, നീ ധന്യയാണ്‌! നീ ഈ പുരുഷ മുഖ്യരേ, ഋഷീന്ദ്രന്മാരെ ഗൗതമിയെന്ന പോലെയാണല്ലോ ശോഭനേ സേവിച്ച ത്‌. നിന്റെ കര്‍മ്മങ്ങള്‍ അമോഘങ്ങളാണ്‌. ഭാമിനീ! നിന്റെ വ്രതചര്യയും അമോഘം തന്നെ! എന്ന്‌ കൃഷ്ണയെ അപ്പോള്‍ സ്ത്രീകള്‍ പുകഴ്ത്തി. അവര്‍ വാഴ്ത്തുന്ന ശബ്ദങ്ങളാലും കോലാഹലങ്ങളാലും പ്രീതി ഘോഷത്താലും പുരം ആകുല മായി.

യുക്തം പോലെ രാജമാര്‍ഗ്ഗം കടന്ന്‌ അലങ്കരിച്ച്‌ ശോഭിക്കുന്ന ആ പുരാതന രാജധാനിയില്‍ എത്തി. പിന്നെ പൗരരും നാട്ടുകാരും അതാതു ദിക്കില്‍ ചെന്നെത്തി. കര്‍ണ്ണാനന്ദകരമായ സുഭോക്തികള്‍ ചൊല്ലി.  ഭാഗ്യത്താല്‍ രാജേന്ദ്രാ, ഭവാന്‍ ശത്രുക്കളെ ജയിച്ചു! ഭാഗ്യം! രാജ്യം വീണ്ടും ഭവാന്‍ നേടി. ധര്‍മ്മത്താലും ശക്തിയാലും ഭവാന്‍ ജയിച്ചു! നീ ഞങ്ങള്‍ക്കു മഹാരാജാവാണ്‌! നൂറ്റാണ്ട്‌ രാജാവായി വാഴുക! ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തെയെന്ന പോലെ ഭവാന്‍ ധര്‍മ്മത്താല്‍ പ്രജകളെ കാക്കുക എന്ന്‌.

രാജഗൃഹദ്വാരത്തില്‍ അഭിവാദ്യ മംഗളാര്‍ച്ചനകളേറ്റ്‌ ചുറ്റും വിപ്ര ന്മാര്‍ ചൊല്ലുന്ന ആശീര്‍വ്വാദങ്ങള്‍ വാങ്ങി, ദേവേന്ദ്രഗേഹം പോ ലുള്ള ഭവനത്തില്‍ കടന്ന്‌ ശ്രദ്ധയോടും വിനയത്തോടും തേര്‍ വിട്ട്‌ ഇറങ്ങി. രാജാവ്‌ നടന്ന്‌ കുലദൈവ സന്നിധി പ്രാപിച്ചു. രത്ന ഗന്ധ മാല്യാദികള്‍ കൊണ്ട്‌ പൂജിച്ചു. അതിന് ശേഷം വന്നു നില്ക്കുന്ന ബ്രാഹ്മണരെ കണ്ടു. ആശീര്‍വ്വാദത്തിനായി വിപ്രന്മാര്‍ ചുഴന്നിരുന്നു. രാജാവ്‌ താരകളാല്‍ ചുറ്റപ്പെട്ട ചന്ദ്രനെപ്പോലെ ശോഭിച്ചു. ധൌമ്യഗുരുവിനേയും വലിയച്ഛനേയും മുന്നില്‍ നിര്‍ത്തി. പുഷ്പമോദകരത്നങ്ങളും വളരെ സ്വര്‍ണ്ണവും പശുക്കളും വസ്ത്രങ്ങളും മുന്നില്‍ അലങ്കരിക്കപ്പെട്ടു. 

പിന്നെ ആകാശം മുട്ടുമാറു പുണ്യാഹദ്ധ്വനി മുഴങ്ങി. സുഹൃല്‍ പ്രീതിയുണ്ടായി. പുണ്യവും ശ്രുതി സുഖദവുമായ സ്തുതികള്‍ മുഴങ്ങി. രാജാവ്‌ വിദ്വാന്മാരുടേയും ദ്വിജന്മാരുടേയും വചസ്സുകള്‍ ഹംസം പോലെ കേട്ടു. പുഷ്കലാര്‍ത്ഥ പദാക്ഷരമായ വേദജ്ഞന്മാരുടെ വചസ്സുകള്‍ ചെവിക്കൊണ്ടു. 

പിന്നെ ദുന്ദുഭി നിര്‍ഘോഷവും ശംഖനാദവും ജയവാദധ്വനിയും മുഴങ്ങി. പിന്നെ വിപ്രജനം നിശ്ശബ്ദമായപ്പോള്‍ രാജാവിന്റെ സമീപത്തു ചെന്ന്‌ വിപ്രവേഷത്തില്‍ ചാര്‍വ്വാക രാക്ഷസന്‍ നിന്നു. 

അവന്‍ ദുര്യോധനന്റെ ഇഷ്ടനാണ്‌. ഭിക്ഷുവേഷം ധരിച്ച്‌ ത്രിദണ്ഡം, അക്ഷം, ശിഖ ഇവ ധരിച്ച്‌ ധൃഷ്ടനും കൂസലില്ലാത്തവനുമായി ആ സദസ്സില്‍ വന്നു നിന്നു. 

ആശീര്‍വ്വാദത്തിന്ന്‌ ആയിരക്കണക്കിന്ന്‌ ബ്രാഹ്മണര്‍ വന്നു ചേര്‍ന്ന സദസ്സില്‍ യോഗ്യരായ പാണ്ഡു പുത്രന്മാര്‍ക്ക്‌ മംഗളം ആശംസിക്കുന്ന ആ മംഗള മുഹൂര്‍ത്തത്തില്‍ നിശ്ശബ്ദമായ സന്ദര്‍ഭം നോക്കി അവന്‍ ആ വിപ്രരുമായി ആലോചിക്കാതെ ഇപ്രകാരം പറഞ്ഞു. 

ചാര്‍വ്വാകന്‍ പറഞ്ഞു:  ഈ വിപ്രരൊക്കെ ഞാന്‍ മുഖാന്തരം അങ്ങയെ അറിയിക്കുന്നു നീ ജ്ഞാതിഘ്‌നനായ രാജാവാണ്‌. നീ ലോക നിന്ദ്യനായി ഭവിക്കുന്നതാണ്‌. ഹേ, കൌന്തേയാ, നീ എന്തിനു വേണ്ടി ജഞാതി വധം നടത്തി? എന്തിനു വേണ്ടി ഗുരുക്കളെ കൊല്ലിച്ചു? ഇനി എന്തിന്‌ നീ ജീവിക്കുന്നു? നീ ചാവുകയാണ്‌ ഉത്തമം! ജീവിചിട്ട് എന്തു കാര്യം? ഇപ്രകാരം ആ ദുഷ്ട രാക്ഷസന്റെ വാക്കു കേട്ട്‌ ഇടിവെട്ടേറ്റതുപോലെ ദ്വിജന്മാര്‍ നടുങ്ങിപ്പോയി! അവന്റെ വാക്കു കേട്ട്‌ പ്രധര്‍ഷിതന്മാരായ ചിലര്‍  ഭേഷ്‌, ഭേഷ്‌ എന്നു വിളിച്ചാര്‍ത്തു. ഇതു കേട്ട്‌ ബ്രാഹ്മണരും യുധിഷ്ഠിര രാജാവും നാണിച്ച്‌ ഉദ്വേ ഗത്തോടെ ഒന്നും മിണ്ടാതെ നിന്നു. 

യുധിഷ്ഠിരന്‍ പറഞ്ഞു: കൈകുപ്പി യാചിക്കുന്ന ഈയുള്ളവനില്‍ ഭവാന്മാര്‍ പ്രസാദിക്കണം! അടുത്തു നില്ക്കുന്ന വ്യസനിയായ ഈ എന്നെ ധിക്കരിക്കരുതേ! 

വൈശമ്പായനൻ പറഞ്ഞു: പിന്നെ രാജാവേ, ആ ബ്രാഹ്മ ണരെല്ലാം കൂട്ടം കൂടി ഇത്‌ തങ്ങളുടെ വാക്കല്ലെന്ന്‌ രാജാവിനെ ഉണര്‍ത്തിച്ചു:  അങ്ങയ്ക്കു ശ്രീ വരട്ടെ! എന്ന്‌ ആശംസിച്ചു. ബ്രാഹ്മണര്‍ പറഞ്ഞു:  ഇവന്‍ ദുര്യോധന പ്രിയനായ ചാര്‍വ്വാകനെന്ന രാക്ഷസനാണ്‌! സന്ന്യാസി രൂപം എടുത്തു വന്ന്‌ അവന് ഹിതം ചെയ്യുവാന്‍ ശ്രമിക്കുകയാണ്‌. ഞങ്ങളാരും പറഞ്ഞതല്ല. നിരുത്തരവാദമായി കടന്നു കയറി പറഞ്ഞ അഭിപ്രായം, ഹേ ധര്‍മ്മശീലാ, ഭവാന്‍ കേട്ട്‌ ഭയപ്പെടരുത്‌! ഭ്രാതാക്കളോടു കൂടിയ ഭവാന് ഞങ്ങള്‍ മംഗളം നേരുന്നു! അങ്ങയ്ക്ക്‌ മംഗളം വന്നു ചേരട്ടെ! 

വൈശമ്പായനൻ പറഞ്ഞു: ഉടനെ ആ വിപ്രരെല്ലാം ഹുങ്കാരത്തോടെ ക്രോധ ബോധമില്ലാത്ത വിധം ഭര്‍ത്സിച്ചുകൊണ്ട്‌, ആ ദുഷ്ടനിശാടനെ പിടി കൂടി. അവനെ ക്ഷണത്തില്‍ കൊന്നു കളഞ്ഞു. ആ ബ്രഹ്മവാദികളുടെ തേജസ്സാല്‍ അവന്‍ വെന്തു വീണു! ഇടിത്തീയേറ്റ്‌ വെന്ത മൊട്ടിട്ട മരം പോലെ അവന്‍ വീണു! ആ രാജാവിന്റെ പൂജയേറ്റ്‌ പ്രശംസിച്ച്‌ ആ വിപ്രന്മാര്‍ മടങ്ങി. 

സുഹൃജ്ജനാന്വിതനായി പാണ്ഡവരാജാവ്‌ സഹര്‍ഷം ഇരുന്നു! 

അദ്ധ്യായം 39. ചാര്‍വ്വാകവരദാനാദികഥനം - വൈശമ്പായനൻ പറഞ്ഞു: അവിടെ സോദരന്മാരോടുകൂടി സ്ഥിതിചെയ്യുന്ന ധര്‍മ്മജനോട്‌ എല്ലാം കാണുന്ന ജനാര്‍ദ്ദനന്‍ പറഞ്ഞു. 

വാസുദേവന്‍ പറഞ്ഞു: ഹേ താതാ! എനിക്ക്‌ ഈ ലോകത്തില്‍ ബ്രാഹ്മണര്‍ അര്‍ച്ച്യരാണ്‌. അവര്‍ ഭൂമിയിലെ ദേവന്മാരാണ്‌. വാഗ്വിഷന്മാരും സുപ്രസാദന്മാരുമാണ്‌. 

പണ്ട്‌ കൃതയുഗത്തില്‍ ചാര്‍വ്വാകന്‍ എന്ന രാക്ഷസന്‍ ബദരിയില്‍ വളരെ വര്‍ഷം തപസ്സു ചെയ്തു. ബ്രഹ്മാവ്‌ പ്രത്യക്ഷമായി എന്തു വരം വേണമെന്നു ചോദിച്ചു. അവന്‍ ബ്രഹ്മാവിനോട്‌ ആവശ്യപ്പെട്ടത്‌ സര്‍വ്വ ഭൂതത്തില്‍ നിന്നും അഭയം നല്കണമെന്നാണ്‌. ബ്രഹ്മാവ്‌ വരം നല്കി. ദ്വിജന്മാരുടെ അവമാനം ഒഴികെ മറ്റെന്നിലും നീ നശിക്കയില്ല. ഞാന്‍ നിനക്ക്‌ സര്‍വ്വ ഭൂുതത്തില്‍ നിന്നും അഭയം നല്‍കുന്നു. വരം നേടിയതിന്നു ശേഷം ആ പാപി ദേവന്മാരെ തപിപ്പിച്ചു. തീവ്ര കര്‍മ്മാവും, ശക്തിമാനുമായ ആ രാക്ഷസന്‍ ദേവന്മാരെ ദുഃഖിപ്പിച്ചു. ദേവകള്‍ ബ്രഹ്മാവിനെ കണ്ട്‌ ഉണര്‍ത്തിച്ചു. ചാര്‍വ്വാകനെ ഉടനെ സംഹരിക്കണമെന്ന്‌. 

അവരോട്‌ ബ്രഹ്മദേവന്‍ മറുപടി പറഞ്ഞു: ഞാന്‍ അതി ന്നുള്ള ഉപായം വിധിച്ചിട്ടുണ്ട്‌. ഇവന് വൈകാതെ മൃത്യു സംഭ വിക്കും. ഇവന്റെ സഖിയാണ്‌ മനുഷ്യരില്‍ ദുര്യോധന രാജാവ്‌. അവനോടുള്ള സ്നേഹം മൂലം ചാര്‍വ്വാകന്‍ വിപ്രന്മാരെ അവമാനിക്കും. അതു കേട്ട്‌ വിപ്രന്മാര്‍ ക്രോധത്തോടെ വിപ്രകാര പ്രധര്‍ഷിതന്മാരായി വാക്ബലംകൊണ്ട്‌ അവനെ ചുടും. അന്നു തീരും അവന്റെ കഥ. ഈ രാക്ഷസന്‍ ബ്രഹ്മമണ്ഡം കൊണ്ട്‌ ഇപ്പോള്‍ ഹതനായി. ചാര്‍വ്വാകന്റെ കഥ കഴിഞ്ഞു. ഭവാന്‍ എന്തിന്ന്‌ വിഷാദിക്കുന്നു? നിന്റെ ജ്ഞാതികളെല്ലാം ക്ഷത്രധര്‍മ്മ ഹതന്മാരാണ്‌. അവര്‍ വീരസ്വര്‍ഗ്ഗം പ്രാപിച്ചു. അവര്‍ മഹാത്മാക്കളായ വീര ക്ഷത്രിയ പുംഗവന്മാരായി. അങ്ങ്‌ കര്‍മ്മങ്ങള്‍ ചെയ്യുക! ഒട്ടും വ്യസനിക്കേണ്ടതില്ല. വിപ്രരെ പൂജിച്ച്‌, ശ്രതുക്കളെ കൊന്ന്‌ ലോകത്തെ സംരക്ഷിക്കുക. 

അദ്ധ്യായം 40. യുധിഷ്ഠിരാഭിഷേകം - വൈശമ്പായനൻ പറഞ്ഞു: പിന്നെ കുന്തീ സുതനായ രാജാവ്‌ ദുഃഖങ്ങള്‍ പോയിത്തെളിഞ്ഞ്‌ കിഴക്കോട്ടു തിരിഞ്ഞ്‌ പ്രഹൃഷ്ടനായി പൊന്‍പീഠത്തിലിരുന്നു. അവന്റെ നേരിട്ട്‌ മിന്നുന്ന പൊന്‍പീഠത്തില്‍ അരിന്ദമന്മാരായ കൃഷ്ണനും സാത്യകിയും ഇരുന്നു. ഭീമാര്‍ജ്ജുനന്മാര്‍ ഇടത്തും വലത്തും രാജാവിനെ നടുവിലാക്കി രത്നഖചിതമായ ശ്ലക്ഷ്ണാസനങ്ങളില്‍ ഇരുന്നു. നല്ല സ്വര്‍ണ്ണം പതിച്ച ആനക്കൊമ്പു പീഠ ത്തില്‍ സഹദേവനും നകുലനുമൊത്ത്‌ കുന്തിയും ഇരുന്നു. സുധര്‍മ്മാവും വിദുരനും ധൌമൃനും ധൃതരാഷ്ട്രനും സൂര്യാന ലാഭമായ പീഠങ്ങളില്‍ വെവ്വേറെ ഇരുന്നു. യുയുത്സുവും സഞ്ജയനും കീര്‍ത്തിമ തിയായ ഗാന്ധാരീ ദേവിയും ധൃതരാഷ്ട്രരാജാവ്‌ ഇരിക്കുന്നതിന്നു സമീപമായി ഇരുന്നു. അവിടെ ഇരുന്ന്‌ ആ ധര്‍മ്മമൂര്‍ത്തി വെളുത്ത പുഷ്പവും സ്വസ്തികാക്ഷതവും മണ്ണും പൊന്നും രത്നവും വെള്ളിയും തൊട്ടു. പുരോഹിതനെ മുമ്പാക്കി രാജ്യാഗം എല്ലാം ചേര്‍ന്നു. പല മംഗളവും ചേര്‍ന്ന്‌ ധര്‍മ്മരാജാവ്‌ വിളങ്ങി. 

അഭിഷേകത്തിന്റെ വട്ടമായി മണ്ണും പൊന്നും പലവിധ രത്നങ്ങളും സംഭരിച്ചു. ചെമ്പു കൊണ്ടു വേണ്ടതൊക്കെ സ്വര്‍ണ്ണം കൊണ്ടും, മണ്ണു കൊണ്ടുള്ളതൊക്കെ വെള്ളി കൊണ്ടുള്ളതുമാക്കി. പൂര്‍ണ്ണകുംഭം, പുക്കള്‍, മലര്‍, ദര്‍ഭ, ഗോരസം, ശമി, പ്ലാശ്‌, ആല്‍, ചമത, തേന്‍, നെയ്യ്‌, അത്തി, പേരാല്‍, പൊന്നു കെട്ടിച്ച ശംഖ്‌ ഇവയെല്ലാം കൃഷ്ണന്റെ സമ്മതത്തോടെ പുരോഹിത നായ ധൗമ്യന്‍ വെച്ചു. കിഴക്കു വടക്കു ഭാഗത്തായി നല്ല തിണ്ണ മെഴുകി സര്‍വ്വതോ ഭദ്രമായ പീഠംവെച്ച്‌, പുലിത്തോലു വിരിച്ച്‌ ഉറച്ച കാല്‍പീഠമുള്ള അഗ്ന്യാഭമായ ആ ഭദ്രപീഠത്തില്‍ മഹാത്മാവായ യുധിഷ്ഠിരനേയും രാജ്ഞിയായ പാഞ്ചാലിയേയും വാഴി ച്ചു. വിധിമന്ത്രക്രമത്തോടെ പുരോഹിതന്‍ ഹോമം ആരംഭിച്ചു. കൃഷ്ണന്‍ എഴുന്നേറ്റ്‌ പൂജിച്ച്‌ തന്റെ ശംഖുമെടുത്ത്‌ രാജാവായി കൌന്തേയനായ ധര്‍മ്മപുത്രനെ അഭിഷേചിച്ചു. രാജര്‍ഷിയായ ധൃതരാഷ്ട്രനും, മറ്റെല്ലാ പ്രകൃതിവര്‍ഗ്ഗവും കൃഷ്ണന്റെ സമ്മതത്തോടു കൂടി സഹോദരന്മാരോടു ചേര്‍ന്നു വിളങ്ങി. പാഞ്ചജന്യാഭിഷേകാര്‍ദ്രനായ രാജാവ്‌ അത്യന്തം ദൃശ്യനായി പ്രശോഭിച്ചു. 

ഉടനെ പണവം, ആനകം, ഭേരി എന്നീ വാദ്യങ്ങളുടെ ഘോഷങ്ങള്‍ മുഴങ്ങി. ധര്‍മ്മരാജാവ്‌ ഇതൊക്കെ ധര്‍മ്മത്താല്‍ സ്വീകരിച്ചു. രാജാവ്‌ അവരെ, ദക്ഷിണ നല്കി, പൂജിച്ചു. വേദാദ്ധ്യയനമുള്ള ധൃതിശീലാഡ്യരായ ബ്രാഹ്മണർക്ക്  നിഷ്ക സഹസ്രം  സ്വസ്തി വചനത്തോടെ നല്കി. സ്വസ്തിയും ജയവും ആശംസിച്ച്‌ ബ്രാഹ്മണര്‍ ഹൃഷ്ടരായി. അവര്‍ ഹംസങ്ങള്‍പോലെ ആനന്ദ ബ്ദത്തോടെ ധര്‍മ്മപുത്രനെ പുകഴ്ത്തി.  "യുധിഷ്ഠിരാ! ഭവാന്‍ ഭാഗ്യത്താല്‍ വിജയിച്ചരുളുന്നു! ഹേ വീരാ! ഭാഗ്യത്താല്‍ സ്വധര്‍മ്മം ഭവാന്‍ നേടി. വിക്രമത്താല്‍ മഹാദ്യുതേ, ഭവാന്‍ ജയിച്ചു! ഭാഗ്യത്താല്‍ ഗാണ്ഡീവധന്വാവും ഭീമസേനനും, മാദ്രീപുത്രരും, ഭവാനും കുശലികളായി രാജാവേ! ആ വീരക്ഷയയുദ്ധത്തില്‍ നിങ്ങളുടെ അരികള്‍ ഇല്ലാതായി. ഇനി വേഗത്തില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ഹേ, ഭാരതാ, ചെയ്താലും".

പിന്നെ സജ്ജനങ്ങളുടെ പൂജയേറ്റ യുധിഷ്ഠിരന്‍ സുഹൃത്തുക്കളോടൊന്നിച്ച്‌ രാജ്യം കൈയേറ്റു. 

അദ്ധ്യായം 41. ഭീമാദികര്‍മ്മനിയോഗം - വൈശമ്പായനൻ പറഞ്ഞു: ദേശകാലോചിതമായി രാജ്യാംഗങ്ങള്‍ പറഞ്ഞ വാക്കിനെ യുധിഷ്ഠിര രാജാവു കേട്ടതിന് ശേഷം ഉത്തരം പറഞ്ഞു: പാണ്ഡവന്മാര്‍ തീര്‍ച്ചയായും ധന്യരായി. അവര്‍ക്കാണല്ലോ ദ്വിജോത്തമന്മാര്‍-അതത്ഥ്യമോ തത്ഥ്യമോ ആകട്ടെ-ഗുണം ഒന്നിച്ചു പറയുന്നത്‌. നിങ്ങള്‍ക്ക്‌ അനുഗ്രാഹൃരാണ്‌ ഞങ്ങള്‍ എന്നു ഞാന്‍ ഉറച്ചു. ഞങ്ങളെ വിമത്സരരായ നിങ്ങള്‍ ഗുണവാന്മാരായി പുകഴ്ത്തുന്നു. ധൃതരാഷ്ട്ര മഹാരാജാവ്‌ എന്റെ അച്ഛനാണ്‌. എന്റെ പരദൈവതമാണ്‌. എന്റെ ഇഷ്ടം ഇച്ഛിക്കുന്നവര്‍ അദ്ദേഹം പറയുന്ന ഇഷ്ടത്തില്‍ നില്ക്കണം. ജഞാതി സംഹാര ദുഃഖിതനായിട്ടും ഞാന്‍ അതിന്  വേണ്ടിയാണ്‌ ജീവിക്കുന്നത്‌. ഞാന്‍ എന്നും മടി വിട്ട്‌ ഇദ്ദേഹത്തിന്റെ ശുശ്രുഷ ചെയ്യണമെന്നു വിചാരിക്കുന്നു. സുഹൃത്വമുള്ള നിങ്ങള്‍ക്കും ഞാന്‍ അനുഗ്രാഹൃനാണെങ്കില്‍ അങ്ങനെ ചെയ്യണം! നിങ്ങള്‍ ധൃതരാഷ്ട്രനില്‍ മുമ്പത്തെ മാതിരി തന്നെ വര്‍ത്തിക്കണം. ഇദ്ദേഹം ഞാന്‍ പറഞ്ഞ നിങ്ങള്‍ക്കും ഈ ജഗത്തിനും നാഥനാണ്‌. ഇദ്ദേഹത്തിന്റെയാണ്‌ ഈ ഭൂമിയൊക്കെ. ഈ പാണ്ഡവന്മാരും നിങ്ങളും എല്ലാവരും ഇദ്ദേഹത്തിന്റെയാണ്‌. എന്റെ ഈ വാക്ക്‌ നിങ്ങളെല്ലാവരും മനസ്സില്‍ വെച്ചു കൊള്ളണം. ഇനി നിങ്ങള്‍ക്ക്‌ യഥേഷ്ടം പോകാം. എന്നു സമ്മതിപ്പിച്ച്‌ രാജാവ്‌ അവരെ, ആ പൌരജാനപദന്മാരെ, അയച്ചു. ഭീമസേനനെ യുവരാജാവാക്കി നിശ്ചയിച്ചു. 

മന്ത്രത്തിലും, തീര്‍പ്പിലും നിയമത്തിലും ഷാള്‍ഗുണ്യാലോചനയിലും സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധം, ആശ്രയം എന്നിവയില്‍ ബുദ്ധിമാനായ വിദുരനെ നിയമിച്ചു. കൃതാകൃതങ്ങളും, നികുതിയും, വരവു ചെലവുകളും കാണുവാന്‍ സര്‍വ്വഗുണവും ചേര്‍ന്ന വൃദ്ധനായ സഞ്ജയനെ നിയമി ച്ചു. പ്രതിരോധത്തിലും, സൈനൃത്തിന്റെ പരിമാണത്തിലും ഭക്ഷണ കാര്യത്തിലും ശമ്പള കാര്യത്തിലും നകുലനെ നിയോഗിച്ചു. ജയില്‍ കാര്യങ്ങളിലും ആഭ്യന്തര കാര്യത്തിലും ദുഷ്ട വ്യാമര്‍ദ്ദത്തിലും യുധിഷ്ഠിരന്‍ അര്‍ജ്ജുനനെ നിശ്ചയിച്ചു. വിപ്രകാര്യം, ദേവകാര്യം, ദേവസ്വം, മറ്റുകാര്യങ്ങള്‍ ഇവയില്‍ പുരോഹിത ശ്രേഷ്ഠനായ ധൌമ്യനെ നിശ്ചയിച്ചു. എപ്പോഴും കൂടെ നില്ക്കുവാന്‍, തന്റെ കാര്യാന്വേഷിയായി സഹദേവനെ നിശ്ചയിച്ചു. ഏതവസ്ഥയിലും രാജാവായ അവന്‍ കാക്കേണ്ടതെല്ലാം ചെയ്തു. ഏതേ താളുകള്‍ ഏതേതു കാര്യത്തില്‍ യോഗ്യരായിട്ടു കണ്ടുവോ അതാതു കാര്യങ്ങളില്‍ ഉദ്യോഗസ്ഥരായി അവരെ വെച്ചു. 

വിദുരന്‍, സഞ്ജയന്‍, യുയുത്സു ഇവരോട്‌ ആ ധര്‍മ്മാത്മാവ്‌ പറഞ്ഞു: ഉണര്‍ന്നേറ്റ്‌ എന്റെ അച്ഛനായ ധൃതരാഷ്ട്ര രാജാവിന്റെ കാര്യങ്ങളെല്ലാം തെറ്റു കൂടാതെ ശരിയായ വിധം നിങ്ങള്‍ ചെയ്യണം. പൌരന്മാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ട കാര്യങ്ങളൊക്കെയും നിങ്ങള്‍ രാജാവിനെ സമ്മതിപ്പിച്ചു ഭാഗിച്ചു ചെയ്തു കൊള്ളണം. 

അദ്ധ്യായം 42. ശ്രാദ്ധ്രകിയ - വൈശമ്പായനൻ പറഞ്ഞു: പോരില്‍ മരിച്ച ജഞാതികള്‍ക്ക്‌ യുധിഷ്ഠിര രാജാവ്‌ ഓദാര്യപൂര്‍വ്വം വെവ്വേറെ ശ്രാദ്ധങ്ങള്‍ നടത്തി. ധൃതരാഷ്ട്ര രാജാവ്‌ പുത്രന്മാര്‍ക്ക്‌ ഔര്‍ദ്ധദേഹികം നല്കി. സര്‍വ്വകാമഗുണം ചേര്‍ന്ന അന്നം, ഗോക്കള്‍, ധനങ്ങള്‍, വിചിത്ര ശ്ലാഘ്യ രത്നങ്ങള്‍ എന്നിവ യുധിഷ്ഠിരന്‍ ദ്രോണനും കര്‍ണ്ണനും ധൃഷ്ടദ്യുമ്നനും അഭിമന്യു വിനും ഘടോല്‍ക്കചനും വിരാടാദി സുഹൃത്തുക്കള്‍ക്കും ദ്രുപദനും ദ്രൗപദേയര്‍ക്കും വേണ്ടി ഉദ്ദേശിച്ച്‌, ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ഓരോരുത്തരേയും ഉദ്ദേശിച്ച്‌ അസംഖ്യം ധനങ്ങള്‍ ബ്രാഹ്മണര്‍ക്കു നല്കി. രത്നം, പശുക്കള്‍, ധനം, വസ്ത്രം ഇവ കൊണ്ടു തൃപ്തിപ്പെടുത്തി. മറ്റു രാജാക്കന്മാര്‍ക്കു വേണ്ടിയും, ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്കു വേണ്ടിയും വിധി പോലെ മന്ത്രോച്ചാരണ പൂര്‍വ്വം ക്രിയകളും ദാനങ്ങളും നടത്തി. അവര്‍ക്കും ഊർദ്ധ്വ ദേഹികം നല്കി. സഭ, തണ്ണീര്‍പ്പന്തല്‍, പല മട്ടില്‍ കുളം മുതലായവ ഓരോ മാന്യന്മാര്‍ക്കു സ്മാരകമായി ഉണ്ടാക്കിച്ചു. അങ്ങനെ അവര്‍ക്ക്‌ ലോകര്‍ തെറ്റു പറയാത്ത വിധം കടംവീട്ടി. നാട്ടുകാരെ ധര്‍മ്മമായി കാക്കുന്ന രാജാവ്‌ കൃതകൃത്യനായി. ധൃതരാഷ്ട്രന്‍ മുമ്പെന്ന വിധം ഗാന്ധാരി, വിദുരന്‍ മുതലായവരോടു കൂടെ യുധിഷ്ഠിരന്റെ പൂജ കൈയേറ്റ്‌ ഭൃത്യരേയും പൂജിച്ചു. ഭര്‍ത്താക്കളും മക്കളും മരിച്ച നാരികളെ സ്നേഹത്തോടെ മാനിച്ചു. ദീനന്മാര്‍ക്കും അന്ധന്മാര്‍ക്കും കൃപണന്മാര്‍ക്കും ഗൃഹം, വസ്ത്രം, അശനം എന്നിവ നല്കി ആനൃശംസ്യാപരനായ യുധിഷ്ഠിര രാജാവ്‌ അനുഗ്രഹിച്ചു. അവന്‍ ലോകം മുഴുവന്‍ ജയിച്ച്‌, ശത്രുക്കള്‍ക്കു കടം വീട്ടി, അജാതശത്രുവായി സുഖിയായി വിഹരിച്ചു.

അദ്ധ്യായം 43. വാസുദേവസ്തുതി - വൈശമ്പായനൻ പറഞ്ഞു: അഭിഷിക്തനായ യുധിഷ്ഠിരന്‍ രാജ്യം നേടി. പങ്കജാക്ഷനായ കൃഷ്ണനോടു കൈകൂപ്പി പറഞ്ഞു: ഹേ കൃഷ്ണാ, നിന്റെ പ്രസാദത്താലും, നയത്താലും, ശക്തിയാലും, ബുദ്ധിയാലും, വിക്രമത്താലും പിതൃപൈതാമഹമായ രാജ്യം വീണ്ടും നേടി. ഹേ പങ്കജാക്ഷാ, അങ്ങയ്ക്കു നമസ്കാരം! വീണ്ടും വീണ്ടും നമസ്കാരം! നീ ഏകനായ പുരുഷനാണ്‌. നീയാണല്ലോ സാത്വതന്മാര്‍ക്കു പതി. പല നാമങ്ങളാലും നിന്നെ പ്രയതദ്വിജന്മാര്‍ സ്തുതിക്കുന്നു. 

ഹേ വിശ്വകര്‍മ്മന്‍! ഭവാനു നമസ്‌കാരം. വിശ്വാത്മന്‍! വിശ്വഭാവനാ! വിഷ്ണോ! ജിഷ്ണോ! ഹരേ! കൃഷ്ണാ! പുരുഷോത്തമാ। അദിതിയേക്കാള്‍ പുരാണനാണല്ലോ നീ. സപ്തഗര്‍ഭത്വമായവന്‍ നീയാണല്ലോ! നീ ഒരുത്തന്‍ പൃശ്നിഗര്‍ഭന്‍! നീ ത്രിയുഗനാണല്ലോ. ശുചിശ്രവാവ്‌, ഹൃഷീകേശന്‍, ഘൃതാര്‍ച്ചി, ഹംസന്‍, മുക്കണ്ണന്‍, ശംഭു, വിഭു, ദാമോദരന്‍ ഇവരെല്ലാം നീ തന്നെയാണല്ലോ! വരാഹാഗ്നി, ബൃഹത്ഭാനു, വൃഷഭന്‍, താര്‍ക്ഷ്യന്‍; ലക്ഷണന്‍, അനീകസാഹന്‍, പുരുഷന്‍, ശിപിവിഷ്ടന്‍, ഉരുക്രമന്‍, വരിഷ്ഠന്‍, ഉഗ്രസേനാനി, സത്യന്‍, വാജസനി, ഗുഹന്‍, അച്യുതന്‍, സംസ്കൃതന്‍, വൈരിച്യവനന്‍, വികൃ തി, വൃഷന്‍; ഹേ കൃഷ്ണാ, ധര്‍മ്മം, വൃഷദര്‍ഭന്‍, വൃഷാകപി, സിന്ധു, വിധര്‍മ്മന്‍, ത്രികകുപ്‌, ത്രിധാമാ, ത്രിദിവാച്യുതന്‍, സമ്രാള്‍, വിരാള്‍, സുരാട്‌, സുരരാജന്‍, ഭവോത്ഭന്‍, വിഭൂഭു, അതി ഭു, കൃഷ്ണന്‍, കൃഷ്ണവര്‍ത്മാവ്‌ എല്ലാം നീ തന്നെയാണല്ലോ. സ്വിഷ്ടകൃത്‌, ഭിഷജാവര്‍ത്തന്‍, കപിലന്‍, വാമനന്‍, യജഞന്‍, ധ്രുവന്‍, പതംഗന്‍, യജ്ഞസേനന്‍ എല്ലാം ഭവാന്‍ തന്നെ. 

ശിഖണ്ഡി, നഹുഷന്‍, ബഭു, ദിവസ്പൃക്‌, പുനര്‍വ്വസു, സുബഭു, രുക്മയജ്ഞന്‍, സുഷേണന്‍, ദുന്ദുഭി, ഗഭസ്തി, നേമി, ശ്രീപത്മന്‍, പുഷ്കരന്‍, പുഷ്കധാരണന്‍,ഋഭു, വിഭു, സര്‍വ്വസൂക്ഷ്മന്‍, ചാരിത്രം ഈ പറഞ്ഞതെല്ലാം ഹേ കൃഷ്ണാ, ഭവാനാണല്ലോ! അംഭോനിധിയും, ബ്രഹ്മനും നീയാണ്‌. പവിത്രം, ധാമധാമവിത്‌, ഹിരണ്യഗര്‍ഭന്‍, സ്വധാ, സ്വാഹാ, കേശവന്‍ എല്ലാം അങ്ങുതന്നെ! 

സൃഷ്ടിപ്രളയങ്ങളെല്ലാം ഭവാന്‍തന്നെ. ഈ വിശ്വം ആദ്യം സൃഷ്ടിച്ചതും നീതന്നെ! വിശ്വം നിന്റെ പാട്ടില്‍ത്തന്നെ നില്ക്കുന്നു! ശാര്‍ങ്ഗചക്രാസിപാണേ, ഭവാനു നമസ്കാരം! 

ഇപ്രകാരം ധര്‍മ്മരാജന്‍ സ്തുതിക്കെ പുഷ്കരാക്ഷനായ കൃഷ്ണന്‍ സഭാമമദ്ധ്യത്തില്‍ പ്രീതനായി. ആ യാദവാഗ്ര്യന്‍ പാണ്ഡവ ജ്യേഷ്ഠനായ ധര്‍മ്മപുത്രനെ അഭിനന്ദിച്ചു. 

അദ്ധ്യായം 44. ഗൃഹവിഭാഗം - വൈശമ്പായനൻ പറഞ്ഞു; പിന്നെ രാജ്യംഗങ്ങളെ രാജാവു വിട്ടയച്ചു. രാജാവിന്റെ സമ്മതത്തോടെ അവര്‍ താന്താങ്ങളുടെ ഗൃഹത്തിലേക്കു തിരിച്ചു. ഭീമവിക്രമനായ ഭീമനോടും അര്‍ജ്ജുനനോടും മാദ്രേയന്മാരോടും സാന്ത്വനം ചെ യ്യുന്ന വിധം യുധിഷ്ഠിര രാജാവ്‌. പറഞ്ഞു.  ശത്രുക്കളുടെ പല ശസ്ത്രങ്ങളേറ്റു ദേഹം മുറിഞ്ഞു ശോക ക്രോധ താപിതരായി നിങ്ങള്‍ തളര്‍ന്നു! കാട്ടില്‍ ദുഃഖിച്ചു വാണ്‌ ഇതൊക്കെ ഞാന്‍ കാരണം നീച പുരുഷന്മാരെപ്പോലെ നിങ്ങള്‍ കൈയേറ്റു. സുഖമായി, സ്വസ്ഥരായി ഈ ജയത്തെ നിങ്ങള്‍ അനുഭവിക്കുവിന്‍. തളര്‍ച്ച തീര്‍ന്ന്‌ ഉള്ളു തെളിഞ്ഞ്‌ ഞാന്‍ നിങ്ങളെ നാളെ കാണുമാറാകട്ടെ!  

പിന്നെ വന്മേടകളുള്ള ദുര്യോധനന്റെ സൌധം-അതു നാനാ രത്നങ്ങള്‍ പതിച്ചതും വലിയ മേടകളുള്ളതും ദാസീദാസന്മാര്‍ ചേര്‍ന്നതുമാണ്‌ - അത്‌ ധൃതരാഷ്ട്രന്റെ അഭിമതത്തോടെ ജ്യേഷ്ഠന്‍ ഭിീമന്നു നല്കി. ശക്രൻ എന്നവിധം ആ മഹാഗൃഹം ഭീമന്‍ സ്വീകരിച്ചു. പിന്നെ ദുശ്ലാസന ഗൃഹം, അതും ദുര്യോധന ഗൃഹം പോലെ മനോഹരമാണ്‌. പൊന്നിന്‍ തോരണമണിഞ്ഞതും വന്‍മേടകളുള്ളതും ദാസീദാസൌഘ സമ്പൂര്‍ണ്ണവു ധനധാന്യ സമമ്പിതവുമാണ്‌ ആ ഗൃഹം. അര്‍ജ്ജുനന്‍ രാജകല്‍പനപ്രകാരം അതു സ്വീകരിച്ചു. 

ദുശ്ലാസന ഗൃഹത്തേക്കാള്‍ മെച്ചമേറിയതാണ്‌ ദുര്‍മ്മര്‍ഷണാലയം. വിത്തേശന്റെ ഭവനത്തിനൊക്കുന്ന ആ മന്ദിരം മണി രത്നാദി മണ്ഡിതമാണ്‌. വന്‍കാട്ടില്‍ കൃശനായി വാണവനും വരാര്‍ഹനുമായ നകുലന്ന്‌ അതു പ്രീതിയോടെ ധര്‍മ്മരാജാവു നല്കി.

ശ്രീയാര്‍ന്നതും പൊന്നണിഞ്ഞതും പ്രസിദ്ധവും മുഖ്യവുമായ ദൂര്‍മ്മുഖന്റെ ഗൃഹം, പൊല്‍ത്താര്‍ മിഴികളായ സ്ത്രീകള്‍ നിറഞ്ഞതും വളരെ ശയനോപകരണങ്ങളോടു കൂടിയതുമാണ്‌. അത്‌ എപ്പോഴും പ്രീതി ചെയ്യുന്നവനായ സഹദേവന്ന്‌ ധര്‍മ്മപു ത്രന്‍ നല്കി. മോദത്തോടെ കൈലാസമേറ്റ ധനദനെപ്പോലെ അവന്‍ അതു സ്വീകരിച്ചു. 

പിന്നെ യുയുത്സുവും, വിദുരനും, സുധര്‍മ്മാവും, ധൗമ്യനും, സഞ്ജയനും താന്താങ്ങളുടെ ഭവനങ്ങളിലേക്കു തന്നെ പോയി. 

പുരുഷവ്യാഘ്രനായ കൃഷ്ണന്‍ സാത്യകിയോടു കൂടി അര്‍ജ്ജുനന്റെ ഭവനത്തില്‍ കടന്നു - വ്യാഘ്രം ഗുഹയില്‍ കടക്കുന്ന പോലെ! ഭക്ഷ്യാന്നപാനങ്ങാളാല്‍ മോദിച്ച്‌ അവര്‍ അവിടെ സുഖിച്ചു വസിച്ചു. പ്രഭാതത്തില്‍ നന്നായി ഉണര്‍ന്ന്‌ യുധിഷ്ഠിര നര്രേദ്രനെ ഉപാസിച്ചു. 

അദ്ധ്യായം 45. യുധിഷ്ഠിരവാക്യം - ജനമേജയൻ പറഞ്ഞു: മഹാബാഹുവായ ധര്‍മ്മപുത്രന്‍ രാജ്യം നേടി. പിന്നെ എന്താണു വേറെ അവന്‍ ചെയ്തത്‌? ഹേ! വിപ്രാ, പറഞ്ഞാലും! ഭഗവാനായ ഋഷീകേശന്‍ മൂന്നു ലോകത്തിന് ഗുരുവാണ്‌. അദ്ദേഹവും എന്തു ചെയ്തു? അതും പറയൂ! 

വൈശമ്പായനന്‍ പറഞ്ഞു: ഹേ രാജ്രേന്ദാ! ഞാന്‍ പറയുന്നതു തത്ത്വമായി കേള്‍ക്കുക. വാസുദേവനെ മുന്‍ നിര്‍ത്തി മഹാരാജാവേ! കുന്തീപു (തനായ യുധിഷ്ഠിരന്‍ രാജ്യം നേടി. ചാതുര്‍വ്വര്‍ണ്യങ്ങളെ യഥാസ്ഥാനത്തിരുത്തി. യോഗ്യരായ ആയിരം സ്നാതക ബ്രാഹ്മണന്മാര്‍ക്ക്‌ ആയിരം നിഷ്കംവീതം നല്‍കി. സ്നേഹിച്ചു സേവിക്കുന്ന ഭൃത്യരേയും ആശ്രയിച്ച അതിഥികളേയും ധനദാനത്താല്‍ തൃപ്തിപ്പെടുത്തി. ദരിദ്രന്മാരെയും പ്രാശ്നികന്മാരെയും കാമദാനത്താല്‍ തൃപ്തിപ്പെടുത്തി. പുരോഹിതനായ ധൗമൃന്ന്‌ പതിനായിരം പശുക്കളെ ദാനംചെയ്തു. ധനവും, വെള്ളിയും, സ്വര്‍ണ്ണവും പലമാതിരി വസ്ത്രവും ദാനം ചെയ്തു. കൃപനെ ഗുരുവാക്കി വാഴിച്ചു. വിദുരനെ പൂജിച്ചു ഭക്ഷ്യാന്നപാനം വിവിധ വസ്‌ത്രങ്ങള്‍ ശയ്യാസനങ്ങള്‍ ഇവയൊക്കെ നല്കി ദാതാവ്‌ ആശ്രിത ജനങ്ങളെ സന്തോഷിപ്പിച്ചു. ധാര്‍ത്തരാഷ്ട്രനായ യുയുത്സുവിനെ സല്‍ക്കരിച്ചു. ആ രാജ്യം ധൃതരാഷ്ട്രന്നും, ഗാന്ധാരിക്കും, വിദുരര്‍ക്കും നിവേദിച്ചു. ഇങ്ങനെ സ്വസ്ഥനായി രാജാവ്‌ സസുഖം വരത്തിച്ചു, 

ഇപ്രകാരം അവന്‍ പുരത്തെ സന്തോഷിപ്പിച്ചിട്ട്‌ മഹാനായ കൃഷ്ണന്റെ മുമ്പില്‍ ചെന്ന്‌ കൈ തൊഴുതു. കൃഷ്ണന്‍ അപ്പോള്‍ പൊന്മണിച്ചാരുകട്ടിലില്‍. ഇരിക്കുകയായിരുന്നു. ആ നീലാഭ പ്രഭാമൂര്‍ത്തിയുടെ മുമ്പില്‍ യുധിഷ്ഠിരന്‍ കൂപ്പു കൈയോടെ നിന്നു. ദിവ്യഭൂഷണങ്ങളണിഞ്ഞ്‌, ഉടലാല്‍ മിന്നുന്ന വിധം പീതാംബരപ്പട്ടു ചാര്‍ത്തി, പൊന്മയമായ മണികാഞ്ചിയോടും തിരുമാറില്‍ മിന്നുന്ന കൌസ്തുഭ മണിയോടും കൂടി ഉദയസൂര്യന്‍ വിളങ്ങുന്ന ഉദയാദ്രി പോലെ മേവുന്ന കൃഷ്ണനെ കണ്ടു. അവനോട്‌ ഉപമിക്കുവാന്‍ ഈ മൂന്നു ലോകത്തിലും എന്തുണ്ട്‌! പുരുഷാകൃതിയായ വിഷ്ണു യുധിഷ്ഠിരന്റെ മുമ്പില്‍ വിളങ്ങി. യുധിഷ്ഠിര രാജാവ്‌ പുഞ്ചിരി ക്കൊണ്ടു പറഞ്ഞും, അങ്ങയ്ക്കു രാത്രി സുഖമായിരുന്നില്ലേ? ജ്ഞാനങ്ങളൊക്കെ തെളിയുന്നില്ലേ, അച്യുതാ! അപ്രകാരം ബുദ്ധീദേവിയും ഭവാനില്‍ വിലസുന്നില്ലേ, ബുദ്ധിസത്തമാ! ശ്രേഷ്ഠമായ രാജ്യം. ഞങ്ങള്‍ നേടി! ഭൂമി ഞങ്ങള്‍ക്കു പാട്ടിലായി വന്നു. ഹേ, ത്രൈലോകൃഗതിവിക്രമാ!  എല്ലാം ഭഗവാന്റെ പ്രസാദത്താല്‍ ഞങ്ങള്‍ക്കു ലഭിച്ചു. ജയവും കീര്‍ത്തിയും ഞങ്ങള്‍ക്കു ലഭിച്ചു. ഞങ്ങള്‍ക്ക്‌ ധര്‍മ്മച്യുതി ഇനിയില്ല.

എന്നു പറയുന്ന ശ്രതുജിത്തായ ധര്‍മ്മരാജാവിനോട്‌ ഭഗവാന്‍ ഒന്നും മറുപടി പറഞ്ഞില്ല. ധ്യാനത്തില്‍ത്തന്നെ ആണ്ടു. 

അദ്ധ്യായം 46. മഹാപുരുഷസ്തവം - യുധിഷ്ഠിരന്‍ പറഞ്ഞു; ഹേ! ഭൂരിവിക്രമാ! ഇതെന്ത്‌ അത്യാശ്ചര്യം! സ്വസ്തിയല്ലേ മുന്നു ലോകത്തിനും? നാലാം നിലയിലായ ധ്യാനം പൂണ്ട്‌ ഭവാന്‍ പോയതു ചിന്തിച്ച്‌ ഞാൽ വിസ്മയപ്പെടുന്നു. ക്രിയയഞ്ചുള്ള വായുവും ഉടലില്‍ അടങ്ങിയിരിക്കുന്നു. തെളിഞ്ഞ ഇന്ദ്രിയങ്ങളെ ഭവാന്‍ മനസ്സില്‍ അടക്കിയിരിക്കുന്നു. ഹേ! ഗോവിന്ദാ! ഭവാന്‍ വാക്കും സത്വവും ബുദ്ധിയില്‍ കയറ്റിയിരിക്കുന്നു! രോമങ്ങള്‍ പോലും അനങ്ങുന്നില്ല! മനസ്സും ബുദ്ധിയും സ്ഥിരമായിരിക്കുന്നു. കാറ്റ്‌ ഇല്ലാത്ത ദിക്കില്‍ നിശ്ചലമായി കത്തുന്ന ദീപം പോലെ ഭവാന്‍ വിളങ്ങുന്നു. കല്ല്‌, മരമുട്ടി, ചുമര്‍ എന്ന പോലെ അങ്ങ്‌ നിരീഹനായിരിക്കുന്നു. ഭഗവാനേ, ഭവാന്‍ ശില പോലെ നിലക്കുകയാണല്ലോ. ഞാന്‍ അങ്ങയെ ആശ്രയിക്കുന്നു. എന്റെ സംശയം ദേവാ, ഭവാന്‍ നീക്കണേ! കേള്‍ക്കുവാന്‍ ഞാന്‍ അര്‍ഹനാണെങ്കില്‍, പറയുവാന്‍ വിരോധമില്ലെങ്കില്‍, ഞാന്‍ ഭവാനോടിരക്കുന്നു. എന്റെ സംശയം തീര്‍ത്തു തരണമേയെന്ന്‌. 

കര്‍ത്താവും, വികര്‍ത്താവും, ക്ഷരവും, അക്ഷരവും ഭവാനാണ്‌. ഹേ പുരുഷോത്തമാ! അനാദ്യന്തം ഭവാനാണല്ലോ. ശരണം പ്രാപിച്ച്‌ കുമ്പിട്ടു തൊഴുന്ന എന്നോട്‌ ഈ ധ്യാനത്തിന്റെ പൊരുള്‍ പറഞ്ഞു തന്നാലും. 

പിന്നീട്‌ മനോബുദ്ധീന്ദ്രിയങ്ങളെ വിഷയത്തില്‍ ചേര്‍ത്ത്‌ ആ വാസവാനുജന്‍ പുഞ്ചിരിക്കൊണ്ടു പറഞ്ഞു. 

ഭഗവാന്‍ പറഞ്ഞു: ശരതാല്പത്തില്‍ കിടക്കുന്ന ഭീഷ്മൻ കെടാറായ അഗ്നി പോലെ ആയിരിക്കുന്നു. എന്നെ ആ നൃപ വ്യാഘ്രന്‍ ധ്യാനിച്ചു. അപ്പോള്‍ എന്റെ മനസ്സ്‌ അങ്ങോട്ടു പോയി. ആരുടെ ചെറുഞാണൊലി ഇടി വെട്ടുമ്പോലെ കേട്ട്‌ ഇന്ദ്രന്‍ കൂടി സഹിക്കാതിരുന്നുവോ അവന്റെ അരികെ ഞാന്‍ മനസ്സാല്‍ ചെന്നു. രാജമണ്ഡലമൊക്കെ ആര് ഊക്കോടെ ജ്വലിച്ച്‌ കന്യകാത്രയത്തെ നേടിയോ അവനില്‍ ഞാന്‍ മനസ്സാല്‍ ചെന്നു. രാമനോട്‌ ആര്‍ ഇരുപത്തിമൂന്ന്‌ അഹോരാത്രം പൊരുതിയോ, എന്നിട്ടും രാമന്‍ ആരെ തോല്‍പിച്ചില്ല, ഞാന്‍ മനസ്സാല്‍ അവങ്കല്‍ ചെന്നു. ഇന്ദ്രിയങ്ങളെ ഒന്നാക്കി ചിത്തം ബുദ്ധിയില്‍ നിര്‍ത്തി എന്നെ അവന്‍ ശരണം പ്രാപിച്ചു. അതു കൊണ്ട്‌ എന്റെ മനസ്സ്‌ അവനില്‍ ചെന്നു. ഹേ രാജാവേ, ആരെ ഗംഗ ഗര്‍ഭത്തില്‍ വഹിച്ചുവോ ആ വസിഷ്ഠ ശിഷ്യനില്‍ ഞാന്‍ മനസ്സാല്‍ ചെന്നു. ബുദ്ധിമാനായ ആരോ ദിവ്യാസ്ത്രങ്ങളാല്‍ തേജോരാശിയേന്തുന്നു, നാലു വേദവും ധരിച്ചിരിക്കുന്നു, ഞാന്‍ മനസ്സാല്‍ അവനില്‍ ചെന്നു. ഭൃഗുരാമന്റെ ഇഷ്ട ശിഷ്യനില്‍, വിദ്യഔഘാധാരനില്‍ എന്റെ മനസ്സുകൊണ്ട്‌ ഞാന്‍ ചെന്നു. കഴിഞ്ഞതും വരാനുള്ളതും ഇപ്പോഴുള്ളുതും ആ ധാര്‍മ്മികന്‍ അറിയുന്നു. അവനില്‍ ഞാന്‍ മനസ്സാല്‍ ചെന്നു. നരവ്യാഘ്രനായ അവന്‍ സ്വന്തം കര്‍മ്മത്താല്‍ വാനുപുകുകയാണെങ്കില്‍ ഹേ പാര്‍ത്ഥാ! ഈ ലോകം ചന്ദ്രന്‍ വേര്‍പെട്ട രാവെന്ന വിധം നിഷ്പ്രഭമാകും. 

ഹേ യുധിഷ്ഠിരാ! ആ ഭീമപ്രഭാവനായ സരില്‍സൂനുവെ ചെന്നു കണ്ടു കുമ്പിട്ട്‌, ധര്‍മ്മം നിന്റെ ഇച്ഛ പോലെ ചോദിക്കുക! ചതുര്‍വിദ്യ, ചതുര്‍ഹോത്രം, ചതുരാശ്രമം ഇവ ചേര്‍ന്ന രാജധര്‍മ്മങ്ങളെ ഒക്കെയും ചോദിച്ചു ഗ്രഹിക്കുക രാജാവേ! 

കുരുഭാരവഹനായ ഭീഷ്മൻ അസ്തമിക്കുകയാണെങ്കില്‍ ഇതാ നിങ്ങളൊക്കെ അസ്തമിച്ചേക്കും. അതുകൊണ്ടാണ്‌ ഞാന്‍ ഭവാനോട്‌ അദ്ദേഹത്തിന്റെ സമീപത്തിലെത്തുവാന്‍ പറയുന്നത്. ഇപ്രകാരം കൃഷ്ണന്റെ തഥ്യമായ വാക്കു കേട്ട്‌ ധര്‍മ്മജ്ഞന്‍ തൊണ്ടയിടറി ജനാര്‍ദ്ദനനോടു പറഞ്ഞു: ഭവാന്‍ ഭീഷ്മ പ്രഭാവത്തെപ്പറ്റി പറഞ്ഞതു ശരിയാണ്‌. മറിച്ചല്ല, എനിക്ക്‌ അതില്‍ ശങ്കയില്ല മാധവാ! ഭീഷ്മന്നുള്ള മഹാഭാഗ്യം, ആ പ്രഭാവം, യോഗ്യരായ ബ്രാഹ്മണര്‍ പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ലോക കര്‍ത്താവായ നീ പറഞ്ഞ വാക്കു ശരിയാണ്‌. അതിനെപ്പറ്റി സംശയിക്കേണ്ടതില്ല. എന്നില്‍ ഭവാന്‍ അനു(ഗ്രാഹ്യമായ ബുദ്ധിയുണ്ടെങ്കില്‍ ഹേ മാധവാ! ഞങ്ങള്‍ അങ്ങയെ മുമ്പിലാക്കിച്ചെന്നു ഭീഷ്മരെ കണ്ടു കൊള്ളാം. സൂര്യന്റെ അയനം മാറിയാല്‍ അവന്‍ ലോകങ്ങള്‍ പൂകും. അതുകൊണ്ട്‌ കൗരവന്‍ നിന്നെ കാണ്മാന്‍ അര്‍ഹനാണ്‌, മഹാഭുജാ! ക്ഷരനായി അക്ഷരാത്മാവായി ആദി ദേവനായിരിക്കുന്ന ഭവാന്റെ കാഴ്ച ലാഭവുമാണ്‌. അങ്ങ്‌ ഓര്‍ക്കു ക, അങ്ങ്‌ ബ്രഹ്മമയനായ നിധിയാണല്ലോ. 

വൈശമ്പായനൻ പറഞ്ഞു:  ഇപ്രകാരം ധര്‍മ്മരാജാവ്‌ പറഞ്ഞതു കേട്ട്‌ മധുസൂദനന്‍ അരികെ നില്ക്കുന്ന സാതൃകിയോട്‌ തേര്‍ കൂട്ടുവാന്‍ പറഞ്ഞു. ഉടനെ സാതൃകി കൃഷ്ണന്റെ പാര്‍ശ്വം വിട്ടു പോന്ന്‌ ദാരുകനെ വിളിച്ച്‌ വേഗത്തില്‍ കൃഷ്ണന്റെ തേര്‍ പൂട്ടുവാന്‍ പറഞ്ഞു. 

സാത്യകിയുടെ വാക്കു കേട്ട അവന്‍ പ്രധാനമായ പൊന്നണിത്തേര്, രത്നഖചിതമായ സ്വര്‍ണ്ണചക്രമുള്ളതും സൂര്യപ്രകാശം പോലെ ഓടുന്നതും ചിത്രകലകളോടു കൂടിയതും രത്നഖചിതമായി വിചിത്രമായതുമായ തേരു പൂട്ടി ഉദയസൂര്യന്റെ പ്രകാശമുള്ളതും വിചിത്ര താര്‍ക്ഷ്യ ധ്വജ പതാകാങ്കിതമായതും സുഗ്രീവ ശൈബ്യാദിഹയങ്ങളെ കെട്ടിയതും, മനോജവമായതുമായ തേര്‍ സജ്ജമാക്കിയിരിക്കുന്നു എന്ന്‌ അച്യുതനോടുണര്‍ത്തി ദാരുകന്‍ കൈകൂപ്പി. 

അദ്ധ്യായം 47. ഭീഷ്മസ്തവരാജം - ജനമേജയൻ പറഞ്ഞു; ശരശയ്യ യില്‍ വീണുകിടക്കുന്ന ഭാരത പിതാമഹന്‍ എങ്ങനെ ദേഹം വിട്ടു? എന്തൊരു യോഗത്തെയാണ്‌ അദ്ദേഹം ഏന്തിയത്‌? 

വൈശമ്പായനൻ പറഞ്ഞു: ഹേ രാജാവേ, ശുചിയായി ശ്രദ്ധവെച്ച്‌ നീ കേള്‍ക്കുക. മഹാത്മാവായ ഭിീഷ്മന്റെ ദേഹത്യാഗം പറയാം. സൂര്യന്‍ ഉത്തരായനമായി തിരിഞ്ഞപ്പോള്‍ സമാഹിതന്‍ ആത്മാവിനെ ആത്മാവില്‍ അണുപ്പിച്ചു. അംശു ചിന്നുന്ന അര്‍ക്കനെപ്പോലെ ശരശതാചിതനായ ഭീഷ്മൻ ബ്രാഹ്മണ പ്രവരന്മാരാല്‍ ആവ്യതനായി ലക്ഷ്മിയാല്‍ ചുറ്റും ശോഭിച്ചു. വേദവിത്തായ വ്യാസന്‍, സുരമാമുനിയായ നാരദന്‍, ദേവസ്ഥാനന്‍, വാത്സ്യന്‍, അശ്മകന്‍, സുമന്തു, ജൈമിനി, പൈലന്‍, രാണ്ഡിലന്‍, ദേവലന്‍, മൈത്രേയന്‍, വസിഷ്ഠന്‍, അസിരാന്‍, കൌശികന്‍, ഹാരിതന്‍, ലോമശന്‍, ആത്രേയന്‍, വ്യാഴം, ശുക്രന്‍, ച്യവനന്‍, സനല്‍കുമാരന്‍, കപിലന്‍, വാല്മീകി, കുരു, തുംബുരു, മൗല്‍ഗല്യന്‍, ഭാര്‍ഗ്ഗവരാമന്‍, തൃണബിന്ദു, പിപ്പലാദന്‍, വായു, സംവര്‍ത്തന്‍, പുലഹന്‍, കചന്‍, കാശ്യപന്‍, പുലസ്ത്യന്‍,ക്രതു, ദക്ഷന്‍, പരാശരന്‍, മരീചി, ഗൗതമന്‍, കാശ്യന്‍, അംഗിരസ്സ്‌, ഗാലവന്‍, ധൗമ്യന്‍, വിഭാണ്ഡന്‍, മാണ്ഡവ്യന്‍, ധൗമ്രന്‍, കൃഷ്ണാനുഭൗതികന്‍, ഉലൂകന്‍, പരമന്‍, വിപ്രന്‍, മാര്‍ക്കണ്ഡേയന്‍, ഭാസ്കരിപൂരണന്‍, കൃഷ്ണന്‍, സുതന്‍ ഇങ്ങനെ മഹാത്മാക്ക ളും, മഹാഭാഗന്മാരുമായ മഹര്‍ഷികള്‍, ശ്രദ്ധാശമധനാഡ്യന്മാരായ മുനികളാല്‍ ചുറ്റപ്പെട്ട്‌ താരകങ്ങളാല്‍ ചുറ്റപ്പെട്ട ചന്ദ്രനെപ്പോലെ ശയിക്കുന്നു. ആ കിടപ്പില്‍ കിടന്ന്‌ മനോവാക്കായ കര്‍മ്മങ്ങളാല്‍ ഭീഷ്മൻ കൈകുപ്പി കൃഷ്ണനെ ധ്യാനിച്ചു. ഹൃഷ്ടപുഷ്ട സ്വരത്താല്‍ മധുവൈരിയെ സ്തുതിച്ചു. യോഗേശ്വരനും പത്മനാഭനും ലോകേശനും വിഷ്ണുവും ജിഷ്ണുവുമായ ദേവനെ കൈകൂപ്പി വാക്ക്‌ കണ്ടവരില്‍ പ്രവരനും പ്രഭുവും പരമ ധര്‍മ്മിഷ്ഠനുമായ ഭീഷ്മൻ വാസുദേവനെ സ്തുതിച്ചു. 

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സ്തുതിച്ച്‌ ഭീഷ്മൻ കൃഷ്ണനില്‍ കരള്‍ വെച്ചു. കൃഷ്ണനെ നമസ്കരിച്ചു. മാധവന്‍ യോഗത്താല്‍ ഭീഷ്മന്റെ ഭക്തി കണ്ടിട്ട്‌ മുന്നു ലോകവും കാണുന്നതിനുള്ള ദിവ്യമായ ബോധം അവന് നല്കി. 

ദ്വിജശ്രേഷ്ഠന്മാര്‍ പുരുഷോത്തമനായ കൃഷ്ണനെ പുകഴ്ത്തി. ഭീഷ്മനേയും മെല്ലെ അവര്‍ പ്രശംസിച്ചു. ഭീഷ്മന്റെ ഭക്തിയോഗത്തെ അറിഞ്ഞ്‌ കൃഷ്ണന്‍ വാഹനത്തില്‍ കയറി. 

കൃഷ്ണനും സാതൃകിയും കൂടി ഒറ്റത്തേരില്‍ പോയി. മറ്റൊരു തേരില്‍ യുധിഷ്ഠിരനും അര്‍ജ്ജുനനും കൂടിയും വേറെ ഒന്നില്‍ ഭീമനും മാദ്രീസുതന്മാരും കയറി. കൃപനും യുയുത്സുവും സഞ്ജയനും നഗരാകാരമായ തേരില്‍ക്കയറി പുറപ്പെട്ടു. നേമീഘോഷം കൊണ്ട്‌ ഭുമി കുലുങ്ങി. 

പോകുന്ന വഴിക്ക്‌ മഹാവിഷ്ണു സ്ത വത്തോടു കൂടി ബ്രാഹ്മണര്‍ പറയുന്ന മൊഴികള്‍ കേട്ടു. തന്നെ കൈകൂപ്പുന്ന മഹാജനങ്ങളെ ഹരി ആദരിച്ചു യാത്ര തുടര്‍ന്നു.

അദ്ധ്യായം 48.രാമോപാഖ്യാനം - വൈശമ്പായനന്‍ പറഞ്ഞു: ഉടനെ തന്നെ കൃഷ്ണനും, യുധിഷ്ഠിരനും, കൃപര്‍ മുതലായവരും, ഭീമനും, അര്‍ജ്ജുനനും, നകുലസഹദേവന്മാരും പതാക ധ്വജങ്ങളോടു കൂടിയ നഗരാഭമായ രഥങ്ങളില്‍ കയറി കുരുക്ഷേത്രത്തില്‍ ചെന്നു. കേശങ്ങളും അസ്ഥികളും മജജകളും ചിന്നിച്ചിതറിക്കിടക്കുന്ന കുരുക്ഷേത്രം ദര്‍ശിച്ചു. ക്ഷത്രിയന്മാര്‍ ദേഹത്യാഗം ചെയ്ത ആ സ്ഥലത്ത്‌ ഗജങ്ങളുടേയും അശ്വങ്ങളുടേയും അസ്ഥികൂടങ്ങള്‍ കുന്നുകുന്നായി കിടന്നിരുന്നു. നരന്മാരുടെ തലയോടുകള്‍ ശംഖു പോലെ എങ്ങും കിടന്നിരുന്നു. വര്‍മ്മശസ്ത്ര സമാകുലമായ ചിതകള്‍ അവിടെ അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. കാലന്‍ ഭക്ഷിച്ചു വിട്ട പാനശാല കണക്കേ ആ പ്രദേശം ഭീകരമായിരുന്നു. ഭൂത സംഘങ്ങളുടേയും രാക്ഷസ ഗണങ്ങളുടേയും നൃത്തരംഗമായിരുന്നു കുരുക്ഷേത്രം. 

ആ മഹാരഥന്മാര്‍ കുരുക്ഷ്രേതം സന്ദര്‍ശിച്ച്‌ യാത്ര തുടര്‍ന്നു. പോകുന്ന സമയത്ത്‌ കൃഷ്ണന്‍ യുധിഷ്ഠിരനോട്‌ ജാമദഗ്ന്യന്റെ വിക്രമം പറഞ്ഞു കേള്‍പ്പിച്ചു: "ഹേ യുധിഷ്ഠിരാ, അങ്ങ്‌ ദൂരത്തേക്കു നോക്കൂ. ആ കാണുന്ന അഞ്ചു ഹ്രദങ്ങള്‍ രാമഹ്രദങ്ങളാണ്‌. ആ ഹ്രദങ്ങളിലാണ്‌ ജാമദഗ്ന്യന്‍ രക്തം കൊണ്ടു പിതൃക്കളെ തര്‍പ്പിച്ചത്‌. ഇരുപത്തൊന്നു വട്ടം ക്ഷത്രിയന്മാരെ മുഴുവന്‍ സംഹരിച്ച്‌ ഊഴിയെ അക്ഷത്രമാക്കിത്തീര്‍ത്തു. ഇവിടെ വച്ച്‌ രാമന്‍ കര്‍മ്മത്തില്‍ നിന്നു വിരമിച്ചു. 

യുധിഷ്ഠിരന്‍ പറഞ്ഞു: രാമന്‍ ഇരുപത്തൊന്നുവട്ടം നിക്ഷത്രമാക്കി പാരിടമെന്നു പറഞ്ഞുവല്ലോ. അതില്‍ എനിക്കു സംശയമുണ്ട്‌. രാമന്‍ ക്ഷത്രിയ ബീജത്തെ ചുട്ടെരിച്ചെങ്കില്‍ പിന്നെ എങ്ങനെ ക്ഷത്രിയോല്‍പത്തിയുണ്ടായി? മഹത്തായ രഥയൂഥത്താല്‍ ക്ഷത്രിയ കോടിയെ ഒടുക്കിയെങ്കില്‍ പിന്നെ എങ്ങനെ വീണ്ടും ക്ഷത്രിയരാല്‍ മന്നിടം വിളങ്ങി? 

എന്തിനാണ്‌ ഭഗവാന്‍ രാമന്‍ കുരുക്ഷേത്രത്തില്‍ ഇങ്ങനെ ക്ഷത്രിയ വിനാശം വരുത്തിയത്‌? എന്റെ ഈ സംശയം ഭവാന്‍ തീര്‍ത്തു തന്നാലും. 

വൈശമ്പായനൻ പറഞ്ഞു; ഈ വാക്കുകേട്ട്‌ വാസുദേവന്‍ എല്ലാ വൃത്താന്തവും ശരിക്ക്‌ യുധിഷ്ഠിരനോട്‌ പറഞ്ഞു. 

അദ്ധ്യായം 49. രാമോപാഖ്യാനം - വാസുദേവന്‍ പറഞ്ഞു: ഹേ കുന്തീ പുത്രാ! രാമപ്രഭാവം ഞാന്‍ കേട്ട വിധം നിന്നോടു പറയാം. ഋഷീന്ദ്രർ പറഞ്ഞ്‌ അവന്റെ ജന്മവും വിക്രമവും ഞാന്‍ കേട്ടിട്ടുണ്ട്‌. കോടി ക്ഷത്രിയന്മാരെ രാമന്‍ കൊന്നുമുടിച്ചതും രാജവംശോത്ഭുതന്മാര്‍ വീണ്ടും ഹതരായതും എല്ലാം ഞാന്‍ ഗ്രഹിച്ച പോലെ ഭവാനോടു പറയാം. 

ജഹ്നു പുത്രനായി അജനുണ്ടായി. അവന്റെ പുത്രനായി ബലാകാശ്വനുണ്ടായി. ധര്‍മ്മജ്ജനായ കുശികന്‍ അവന്റെ പുത്രനായി ജനിച്ചു. കുശികന്‍ ദേവേന്ദ്ര തുല്യ പ്രതാപിയായിരുന്നു. മഹത്തായ തപസ്സ്‌ അവന്‍ അനുഷ്ഠിച്ചു. ലോകേശനും അജിതനുമായ ഒരു പുത്രനുണ്ടാകുവാനാണ്‌ അവന്‍ തപസ്സു ചെയ്തത്‌. ഉഗ്രമായി തപസ്സുചെയ്യുന്ന അവനെ ഇന്ദ്രന്‍ കണ്ട്‌ അവനോട് എതിരിടുവാന്‍ ശ്രമിച്ചു. അവന്റെ പുത്രനായിപ്പിറന്നവനാണ്‌ ഗാഥി. ലോകേശ്വരേശ്വരനായിത്തീര്‍ന്നു ഗാഥി. അങ്ങനെ ഗാഥിയെന്ന കൗശികന്ന്‌ സത്യവതിയെന്ന ഒരു പുത്രിയുണ്ടായി. അവളെ ഗാഥി ഭൃഗുജനായ ഋചീകന്നു നല്കി ഭാര്‍ഗ്ഗവന്‍ അവളുടെ ശുദ്ധി കണ്ട്‌ പ്രസാദിച്ചു. അവള്‍ക്കും ഗാഥിക്കും പുത്രരുണ്ടാകാന്‍ പായസം നല്കി. ഭൃഗുനന്ദനനായ ഋചീകന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു:

ഞാന്‍ ഈ തരുന്ന പായസം നീ ഭുജിക്കണം. ഇതു നിന്റെ അമ്മയും ഭൂജിക്കണം. അവള്‍ക്കുണ്ടാകുന്ന പുത്രന്‍ ദീപ്തിമാനായി ക്ഷത്രിയര്‍ഷഭനായിത്തീരും. ലോകത്തില്‍ മറ്റു ക്ഷത്രിയന്മാര്‍ക്ക്‌ അവനെ ജയിക്കുവാന്‍ സാധിക്കുകയില്ല. ഹേ കല്യാണീ, നിനക്കൊരു ശമാഡ്യനും ധൃതിമാനുമായ പുത്രനുണ്ടാകും. തപസ്വിയായ ദ്വിജശ്രേഷ്ഠനായിത്തീരും അവന്‍, എന്നു ഭാരൃ യോടു പറഞ്ഞ്‌ ഈ ഭൃഗുനന്ദനനായ ഋചീകന്‍ തപസ്സില്‍ സജ്ജനായി കാട്ടിലേക്കു പോയി. അക്കാലത്ത്‌ തീര്‍ത്ഥയാത്ര ചെയ്യുന്ന രാജാവ്‌ ഗാഥി സഭാര്യനായി ഋചീകാശ്രമത്തില്‍ ചെന്നു. പായസം രണ്ടും സത്യവതിയെടുത്ത്‌ ഭര്‍ത്തൃവാക്യത്തെ ഹര്‍ഷ ത്തോടെ അവ്യഗ്രം അമ്മയെ ധരിപ്പിച്ചു. അമ്മ അതെടുത്ത്‌, അമ്മയ്ക്കു വെച്ച പായസം മകള്‍ക്കു നല്കി. തെറ്റായി അറിയാതെ മകള്‍ക്കു വെച്ചത്‌ അമ്മയുമെടുത്ത്‌ രണ്ടുപേരും അതു ഭക്ഷിച്ചു. 

യഥാകാലം സത്യവതി ഗര്‍ഭിണിയായി. ആ ഗര്‍ഭം ക്ഷത്രിയാന്തകരമായിരുന്നു. ഘോരദര്‍ശനവും ദീപ്തവുമായിരുന്നു ആ ഗര്‍ഭം. ഋചീകന്‍ അവളെക്കണ്ടു ഗര്‍ഭസ്ഥമായ ദ്വിജനേയും കണ്ടു. ദേവരൂപിണിയായ ഭാര്യയോട്‌ ഭൃഗു പുംഗവന്‍ പറഞ്ഞു: ഭദ്രേ, നിന്റെ അമ്മ പായസം മാറ്റുകയാല്‍ നിന്നെ ചതിച്ചിരിക്കുന്നു. നിന്റെ പുത്രന്‍ അത്യമര്‍ഷിയും ക്രൂരകാരിയുമായിത്തീരും. നിന്റെ സഹജനായി പിറക്കുവാന്‍ പോകുന്നവന്‍ ബ്രഹ്മരൂപനും തപോ നിരതനുമായിത്തീരും. നിന്റെ പായസത്തില്‍ ഞാന്‍ മഹാബ്രഹ്മം കയറ്റിയിരുന്നു. ക്ഷത്രവീര്യം ഞാന്‍ നിന്റെ അമ്മയ്ക്കും വെച്ചിരുന്നു. വിചാരിച്ചതിന്  വിപരീതമായി സംഭവഗതി. 

ഭര്‍ത്താവിന്റെ വാക്കുകേട്ട്‌ സത്യവതി വിറച്ചുപോയി. അവന്റെ കാല്ക്കല്‍ വീണപേക്ഷിച്ചു: ഭഗവാനേ, ഭവാന്‍ ഇപ്രകാരം പറയരുതേ! ബ്രാഹ്മണനിന്ദകനായ പുത്രനുണ്ടാകരുതേ! 

ഋചീകന്‍ പറഞ്ഞു; ഭദ്രേ! ഞാന്‍ നിന്നില്‍ അതു സങ്കല്പിച്ചതല്ല. ഉഗ്രകര്‍മ്മാവ്‌ ഉണ്ടാകുവാന്‍ ആഗ്രഹിച്ചതല്ല! 

സത്യവതി പറഞ്ഞു: ഹേ മുനേ! ഭവാന്‍ ഇച്ഛിച്ചാല്‍ ലോകം തന്നെ സൃഷ്ടിക്കുവാന്‍ കഴിയുമല്ലോ. പിന്നെ ഒരു പുത്രന്റെ കഥ പറയുവാനുണ്ടോ? പ്രഭോ, ഋജുവും ശാന്തനുമായ പുത്രനെ എനിക്കു നല്കേണമേ! 

ഋചീകന്‍ പറഞ്ഞു: ഭദ്രേ! ഞാന്‍ നേരമ്പോക്കായിട്ടു പോലും ഭോഷ്ക്കു പറയാറില്ല. പിന്നെ അഗ്നിയില്‍ പായസം മന്ത്രിച്ചു സാധിക്കുന്നതില്‍ പറയുവാനുണ്ടോ? ഇതു ഞാന്‍ മുമ്പെ തന്നെ തുപസ്സാല്‍ കണ്ടിരിക്കുന്നു. നിന്റെ അച്ഛന്റെ കുലമൊക്കെ ബ്രഹ്മഭൂതമായിത്തീരും. 

സത്യവതി പറഞ്ഞു: പൌത്രന്‍ അപ്രകാരമാകുമെങ്കിലാകട്ടെ! എനിക്കും അങ്ങയ്ക്കും വേണ്ടി ശമാത്മാവായ പുത്രനെ നല്കേണമേ! 

ഋചീകന്‍ പറഞ്ഞു: എന്റെ പുത്രനിലും പൌത്രനിലും എനിക്കു ഭേദബുദ്ധിയില്ല. ഭദ്രേ! നീ പറഞ്ഞ വിധം തന്നെ ഭവിക്കട്ടെ. 

വാസുദേവന്‍ പറഞ്ഞു: പിന്നെ സത്യവതി ഭൃഗുമുഖ്യനെ പ്രസവിച്ചു. അദ്ദേഹം ശാന്തയതനും തപോനിഷ്ഠനുമായ ജമദഗ്ന്യനാണ്‌. കുശികാത്മജനായ ഗാഥിക്ക്‌ വിശ്വാമിത്രനെന്ന പുത്രനും ജനിച്ചു. അവന്‍ സര്‍വ്വബ്രഹ്മ ഗുണം ചേരുന്ന ബ്രാഹ്മണ്യം സമ്പാദിച്ചു. ഋചീകന്‍ ജമദഗ്നി മഹര്‍ഷിയേയും ജനി പ്പിച്ചു. ജമദഗ്നിക്ക്‌ രാമനുണ്ടായി. അവന്‍ ഭയങ്കരനായി വളര്‍ന്നു. അവന്‍ സര്‍വ്വവിദ്യാന്വിതനും ശ്രേഷ്ഠനും ധനുര്‍വ്വേദാന്തവേദിയും ആയിത്തീര്‍ന്നു. കത്തുന്ന അഗ്നി പോലെ ജലിക്കുന്ന ക്ഷത്ര സംഹാരിയായ രാമന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ മഹാദേവനെ സന്തുഷ്ടനാക്കി. അങ്ങനെ അസ്ത്രങ്ങള്‍, തേജസ്സേറുന്ന വെൺമഴു  എന്നിവയെല്ലാം ശിവനില്‍ നിന്ന്‌ അവന്‍ വാങ്ങി. ജ്വലിക്കുന്ന അഗ്നി പോലെ മൂര്‍ച്ചയുള്ള വെൺമഴു കൊണ്ട്‌ അവന്‍ മൂന്നു ലോകത്തിലും എതിരില്ലാത്തവനായിത്തീര്‍ന്നു. 

ഇക്കാലത്ത്‌ ഹേഹയാധിപനായ കൃതവീര്യന്റെ മകനായ അര്‍ജ്ജുനന്‍, മഹാബലവാനും തേജസ്വിയുമായ ക്ഷത്രിയന്‍, ദത്താത്രേയന്റെ പ്രസാദംകൊണ്ട്‌, ആയിരം കൈകള്‍ നേടി. അവന്‍ സപ്ത ദ്വീപാദ്രികളടക്കമുള്ള ഭൂമി മുഴുവന്‍ നേടി. അശ്വമേധം കഴിച്ച്‌ അവയൊക്കെ ബ്രാഹ്മണര്‍ക്കു നല്കി. തന്റെ കൈ കൊണ്ട്‌, അസ്ത്രബലം കൊണ്ട്‌ ലോകം ജയിച്ചതിന് ശേഷം അഗ്നി യാചിക്കുകയാല്‍ അഗ്നിക്ക്‌ ആവശ്യമുള്ള ഭിക്ഷ നല്കി. ഗ്രാമങ്ങളും, പുരങ്ങളും, രാഷ്ട്രങ്ങളും, ഘോഷങ്ങളുമൊക്കെ ആ വീര്യവാൻ തൃഷ്ണയോടെ യാചിച്ച അഗ്നിക്ക്‌ ഭിക്ഷയായി നല്കുകയാല്‍ അഗ്നി ആ നരേന്ദ്രന്റെ വൈഭവത്താല്‍ മലകളും മാമരങ്ങളുമൊക്കെ ചുട്ടെരിക്കുവാന്‍ തുടങ്ങി. 

മഹാത്മാവായ ആപവന്റെ ആശ്രമം അഗ്നി ചുട്ടു. ഹേഹയ രാജാവിന്റെ സഹായമാകുന്ന കാറ്റില്‍ ആശ്രമം ചാമ്പലായി. സംഭവം ഗ്രഹിച്ച്‌ ആപവന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ ശപിച്ചു: നീ എന്റെ വലിയ കാടിനെപ്പറ്റി ചിന്തിക്കാതെ ചുട്ടെരിക്കുക കൊണ്ട്‌ എടോ അര്‍ജ്ജുനാ! നിന്റെ കൈകളെല്ലാം രാമന്‍ പോരില്‍ അറുത്തു വീഴ്ത്തട്ടെ! 

അര്‍ജ്ജുനനാണെങ്കില്‍ തേജസ്സേറുന്ന ശക്തനും, ശമാത്മകനും, ബ്രഹ്മണ്യനും, ശൂരനും, ദാതാവുമാണ്‌. അവന്‍ ആ മഹാത്മാവിന്റെ ശാപം അത്ര കണക്കാക്കിയില്ല. ശാപം മൂലം പിതൃവധത്തിന് കാരണക്കാരായിത്തീര്‍ന്നു അവന്റെ മക്കള്‍. ശാപം മൂലം ആനൃശംസന്മാര്‍ ഗര്‍വ്വികളായി. 

കാര്‍ത്തവീര്യന്റെ അറിവു കൂടാതെ അദ്ദേഹത്തിന്റെ മക്കള്‍ ജമദഗ്നിയുടെ പശുക്കുട്ടിയെ അപഹരിച്ചു. ഭരതര്‍ഷഭാ! അതു മൂലം വമ്പനായ ജാമദഗ്ന്യനുമായി കാര്‍ത്തവീര്യന്‍ യുദ്ധം ചെയ്തു, രാമന്‍ കോപിച്ച്‌ അര്‍ജ്ജുനന്റെ ആയിരം ബാഹുക്കള്‍ അറുത്തു. ഉഴലുന്ന പൈക്കിടാവിനെ ജാമദഗ്ന്യന്‍ സ്വന്തം ആശ്രമത്തിലേക്കു കൊണ്ടു പോന്നു. പ്രഭുവായ അര്‍ജ്ജുനന്റെ അന്തഃപുരത്തില്‍ നിന്ന്‌ പശുക്കിടാവിനെ കൊണ്ടു പോയപ്പോള്‍ അര്‍ജ്ജുനന്‍ തന്റെ മക്കളോടൊത്ത്‌ ബുദ്ധി കെട്ടവനായി ഇരുന്നു. ഉടനെ എഴുന്നേറ്റ്‌ അവര്‍ ആശ്രമത്തില്‍ ചെന്ന്‌ കത്തിയമ്പുകള്‍ കൊണ്ട്‌ ജമദഗ്നി മഹര്‍ഷിയുടെ ശിരസ്സ്‌ അറുത്തു വീഴ്ത്തി. 

രാമന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ചമതയും ദര്‍ഭയും കൊണ്ടുവരുവാന്‍ പോയിരിക്കയായിരുന്നു. അച്ഛനെ കൊന്നു എന്ന വര്‍ത്തമാനമറിഞ്ഞു കോപിച്ച്‌ ഈ ഭൂമി ഞാന്‍ നിക്ഷത്രമാക്കും എന്ന്‌ രാമന്‍ സത്യംചെയ്തു. അവന്‍ ആയുധമേന്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ പുത്രപൗത്രന്മാരെയൊക്കെ വിക്രമിച്ചു വധിച്ചു. അവന്‍ ഹേഹയന്മാരെ ആയിരക്കണക്കിന്നു സംഹരിച്ച്‌ ഈ ഭുമി ചോരച്ചേറായ മട്ടിലാക്കിത്തീര്‍ത്തു. അപ്രകാരം ഭൂമി നിക്ഷത്രമാക്കിത്തീര്‍ത്തു. പിന്നീട്‌ കനിവുവരികയാല്‍ യുദ്ധം മതിയാക്കി കാടുകയറി. 

പിന്നെ ആയിരം വര്‍ഷം കഴിഞ്ഞതിന് ശേഷം വിശ്വാമിത്ര പൌത്രനായ രൈഭ്യപുത്രന്‍, പരാവസു സദസ്സില്‍വെച്ച്‌ രാമനെ നിന്ദിച്ചു പറഞ്ഞു. പ്രകൃത്യാ കോപനനായ ഭൃഗു അവിടെ വെച്ച്‌ നിന്ദിക്കപ്പെട്ടു. യയാതി പതിച്ച കാലത്ത്‌ യജ്ഞംചെയ്ത മഹാന്മാരായ പ്രതര്‍ദ്ദനന്‍ മുതലായവര്‍ ക്ഷത്രിയരല്ലേ? അവരുടെ പാരമ്പര്യം ഇന്നുമുണ്ടല്ലോ ഹേ രാമാ! നീ മിത്ഥ്യാപ്രതിജ്ഞനാണ്‌. നീ ക്ഷത്രിയ വീരന്മാരെ ഭയപ്പെട്ട്‌ മലക യറിയിരിക്കയാണ്‌. ഈ ഭൂമിയൊക്കെ ക്ഷത്രിയന്മാരാല്‍ നിറഞ്ഞത്‌ നീ കണ്ടില്ലേ? 

പരാവസുവിന്റെ വാക്കു കേട്ട്‌ ഭാര്‍ഗ്ഗവന്‍ ശസ്ത്രം കൈക്കൊണ്ടു. അന്നുവരെ അവന്‍ വിട്ടൊഴിച്ച പല ക്ഷത്രിയരും വളര്‍ന്ന്‌ വീര്യം വച്ച്‌ മന്നിന്റെ നായകന്മാരായിത്തീര്‍ന്നിരുന്നു. അവന്‍ ബാലന്മാരടക്കം അവരെ വീണ്ടും കൊന്നു കളഞ്ഞു. അപ്പോള്‍ ഗര്‍ഭസ്ഥരായിരുന്നവര്‍ മൂലം വീണ്ടും പാരിടം ക്ഷത്രിയന്മാരാല്‍ വ്യാപ്തമായി. ഉണ്ടാകുന്ന ക്ഷത്രിയരെയൊക്കെ അവന്‍ കൊന്നു മുടിച്ചു. അതില്‍ ചില ക്ഷത്രിയനാരികള്‍ മക്കളെ രക്ഷിച്ചു. 

ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ ആ പ്രഭു നശിപ്പിച്ച്‌ പാരിടം നിക്ഷത്രമാക്കി. അതിന്നുശേഷം ആ പ്രഭു അശ്വമേധം കഴിച്ച്‌ ഈ ഭൂമി കാശ്യപന്ന്‌ ദക്ഷിണയായി നല്കി. ക്ഷത്ര ശേഷാര്‍ത്ഥത്തെ കശ്യപന്‍ സ്രുക് സ്രവം കൊണ്ട കൈയാല്‍ സ്വീകരിച്ച്‌ എന്തോ മനസ്സില്‍ കരുതി ഇങ്ങനെ പറഞ്ഞു: ഹേ മഹാ മുനേ! ഭവാന്‍ തെക്കേ കടല്‍ക്കരയ്ക്കു പൊയ്ക്കൊള്ളുക! എന്റെ നാട്ടില്‍ ഭവാന്‍ ഒരിടത്തും പാര്‍ക്കരുത്‌. 

അതിന്നുശേഷം സമുദ്രം ശൂര്‍പ്പാരകമെന്ന മറ്റൊരു ദേശം തീര്‍ത്ത്‌ രാമന് നല്കി. ആ ഭൂമി രാമന്‍ കാശ്യപന് നല്കി. 

കാശ്യപന്‍ രാജ്യം വാങ്ങിയതിന്നുശേഷം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു കാടു കയറി. ശൂദ്രരും, വൈശ്യരും പിന്നെ സ്വൈരചാരികളായി ദിജന്മാരുടെ ഭാര്യമാരില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങി. രാജാവില്ലാത്ത ലോകത്തില്‍ ശക്തന്മാര്‍ അശക്തരെ പീഡിപ്പിച്ചു. വിപ്രരില്‍ ആര്‍ക്കും പ്രഭുത്വമില്ലാതായി. പിന്നെ കാലം കൊണ്ട്‌ ഭൂമി ദുഷ്ടപീഡകള്‍ ഏല്ക്കുകയാല്‍, ആ മാറ്റം കൊണ്ട്‌ പെട്ടെന്ന്‌ പാതാളത്തില്‍ ആണ്ടു പോയി. ധര്‍മ്മങ്ങളെ രക്ഷിക്കേണ്ടവരായ ക്ഷ്ത്രിയന്മാര്‍ വിധി പോലെ സംരക്ഷിക്കാഞ്ഞതു മൂലം ഭൂമി താഴന്നു പോകുന്നതു കണ്ട്‌ മഹാശയനായ കശ്യപന്‍ വിഷമിച്ചു. അദ്ദേഹം തന്റെ തുട കൊണ്ട്‌ ഭുമിയെ താങ്ങി. ഊരു കൊണ്ട്‌ അവന്‍ താങ്ങുകയാല്‍ അന്നു മുതല്‍ ഭൂമി ഉര്‍വ്വി എന്ന പേരില്‍ അറിയപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ ഭൂമി കാശ്യപനെ പ്രസാദിപ്പിച്ച്‌ സംരക്ഷണത്തിന്നായി കാശ്യപനോട്‌ ഭൂപാലനെ നല്കേണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. 

പൃഥിവി പറഞ്ഞു; ഹേ ബ്രഹ്മന്‍! ഞാന്‍ സ്ത്രീകളില്‍ ക്ഷത്രിയരെ കാത്തു രക്ഷിക്കുന്നുണ്ട്‌. അവര്‍ ഹേഹയാന്വവയരാ ണ്‌. എന്നെ അവര്‍ കാക്കട്ടെ മഹര്‍ഷേ! കരടികള്‍ ഋഷവാന്‍ പര്‍വ്വത പ്രദേശത്ത്‌ പൗരവ വംശത്തില്‍പ്പെട്ട വിദൂരഥനെന്ന വസു പ്രഭുവിനെ പോറ്റുന്നുണ്ട്‌. യജ്വാവും, ഓജസ്വിയുമായ പരാശര മുനി സൗദാസന്റെ പുത്രനെ വളര്‍ത്തുന്നുണ്ട്‌. ശുദ്രനെപ്പോലെയാണ്‌ അവന് വേണ്ട കര്‍മ്മങ്ങള്‍ ചെയ്തു ഗൂഢമായി തിരി ച്ചറിയാത്ത വിധം വളര്‍ത്തുന്നത്‌. സര്‍വ്വകര്‍മ്മാഢ്യനായ ആ മന്നവന്‍ എന്നെ കാക്കട്ടെ! തേജസ്വിയായ ശിബിയുടെ പുത്രന്‍ ഗോപതിയെന്നു പേരുള്ള രാജാവ്‌, പശുക്കളാല്‍ കാട്ടില്‍ പരിപാലിക്കപ്പെട്ടവന്‍ എന്നെ കാക്കട്ടെ! പ്രതര്‍ദ്ദനന്റെ പുര്രന്‍, വത്സന്‍ എന്നു പേരായ മഹാബലന്‍, തൊഴുത്തില്‍ വത്സരാല്‍ പാലിക്കപ്പെട്ട ആ രാജാവ്‌, എന്നെ കാക്കട്ടെ! ദധിവാഹനന്റെ പൌത്രന്‍, രഥാത്മജനായ ദിവിയാണ്‌. ഗംഗാതീരത്തു വസിക്കുന്ന ഗൗതമനാണ്‌ അവനെ പോറ്റി വളര്‍ത്തിയത്‌. മഹാതേജസ്വിയായ ബൃഹ്രദ്രഥന്‍, വളരെ ധനസമൃദ്ധിയുള്ള രാജാവ്‌ ഗൃദ്ധകൂടത്ത്‌ ഉണ്ട്‌. യോഗ്യനായ അവനെ ഗോലാംഗുലങ്ങളാണ്‌ പോറ്റിയത്‌. മരുത്തന്റെ കുലത്തിലെ ക്ഷത്രിയാത്മജന്മാരായ ചിലര്‍ കടലിനാല്‍ സംരക്ഷിക്കപ്പെട്ടു ജീവിക്കുന്നു. അവര്‍ ഇന്ദ്രതുല്യരാണത്രെ! ഈ ക്ഷത്രിയകുമാരന്മാര്‍ എല്ലായിടത്തും പുകഴ്ന്നവരാണ്‌. ജ്യാകാരന്മാരും സ്വര്‍ണ്ണപ്പണിക്കാരുമാണെന്നേ കണ്ടാല്‍ തോന്നൂ. അത്ത രത്തിലാണ്‌ അവര്‍ പ്രച്ഛന്നവേഷരായി ജീവിക്കുന്നത്‌. ഇവര്‍ എന്നെ കാക്കുകയാണെങ്കില്‍ ഞാന്‍ ഉളക്കംവിട്ടു നില്ക്കുന്നതാണ്‌. ഇവരുടെ പിതാക്കന്മാരും പ്രപിതാക്കന്മാരും ഞാന്‍ കാരണം പോരില്‍ അക്ലിഷ്ടകാരിയായ രാമനാല്‍ വധിക്കപ്പെട്ടു. അവര്‍ക്കുള്ള കടം ഞാന്‍ വീട്ടേണ്ടതല്ലേ മഹര്‍ഷേ? അതിക്രമിയായവന്‍ ഭരിക്കുന്നത്‌ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിലയ്ക്കു നില്ക്കുന്നവന്‍ ഭരിക്കണം. അതിന്‌ ഭവാന്‍ ഏര്‍പ്പാടുചെയ്യണം. 

വാസുദേവന്‍ പറഞ്ഞു: കാശ്യപന്‍ ഉടനെ, ഭൂമി പറഞ്ഞു കൊടുത്ത, ആ രാജാക്കന്മാരെയെല്ലാം വരുത്തി. ആ വീര്യവാന്മാരെ മന്നവരായി അഭിഷേചിച്ചു. അവരുടെ പുത്രപൌത്രന്മാരില്‍ ഇപ്പോള്‍ വംശവും നിലനില്ക്കുന്നു. ഇപ്രകാരമാണ്‌ നീ ചോദിച്ച പ്രാചീനമായ കഥ. ധര്‍മ്മിഷ്ഠനായ ധര്‍മ്മജനോട്‌ ഇപ്രകാരം പറഞ്ഞിട്ട്‌ യദുവീരന്‍ ദിക്കു പ്രശോഭിപ്പിക്കുന്ന ആദിതൃനെപ്പോലെ യാത്ര തുടര്‍ന്നു. 

അദ്ധ്യായം 50. ശ്രീകൃഷ്ണവാക്യം - വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ വളരെ ആശ്ചര്യത്തോടുകൂടി ജനാര്‍ദ്ദനനോടു പറഞ്ഞു. 

യുധിഷ്ഠിരന്‍ പറഞ്ഞു: അഹോ വാര്‍ഷ്ണേയാ! ശക്രനെപ്പോലെയുള്ള രാമന്റെ വിക്രമം അത്ഭുതം തന്നെ. അവന്‍ ചൊടിച്ച്‌ ഭൂമിയൊക്കെയും നിക്ഷത്രമാക്കിത്തീര്‍ത്തുവല്ലോ! സമുദ്രം, ഗോക്കള്‍, ഗോലാംഗുലം, ഋക്ഷം, വാനരജാതികള്‍ ഇവരൊക്കെ രാമനെ ഭയന്ന ക്ഷത്രവംശത്തെ കാത്തുവല്ലേോ. അമ്പോ, മര്‍ത്ത്യലോകം ധന്യം തന്നെ! മാനവന്മാര്‍ ഭാഗ്യവാന്മാര്‍ തന്നെ! ഇവിടെയാണല്ലോ ധര്‍മ്മ്യമായ ആ കര്‍മ്മം ദ്വിജര്‍ ഇങ്ങനെ ചെയ്തതും. 

ഇപ്രകാരം ഓരോ കഥ പറഞ്ഞ്‌ അച്യുതനും യുധിഷ്ഠിരനും, ഭീഷ്മൻ ശരശയ്യയില്‍ വീണുകിടക്കുന്ന സ്ഥലത്തെത്തി. 

ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മനെ അവര്‍ കണ്ടു. രശ്മിജാലത്തോടു കൂടിയ അസ്തമയ സുര്യനെപ്പോലെ ആ മഹാത്മാവു ശോഭിച്ചിരുന്നു. വാനവന്മാര്‍ ഇന്ദ്രനെ എന്ന പോലെ അദ്ദേഹത്തിന്നു ചുറ്റും മുനിമാര്‍ കുടിയിരുന്നു. ദൂരെ നിന്നു ഭീഷ്മനെക്കണ്ട്‌ അവര്‍ തേര്‍ വിട്ടിറങ്ങി. കൃഷ്ണനും ധര്‍മ്മജനും മറ്റു പാണ്ഡവന്മാര്‍ നാലു പേരും കൃപന്‍ മുതലായവരും തേരില്‍ നിന്നിറങ്ങി ഇളകുന്ന മനസ്സ്‌ അടക്കി, ഇന്ദ്രിയഗ്രാമം ഒന്നാക്കി മുനീന്ദ്രരെ ഉപാസിച്ചു. കൃഷ്ണനും സാത്യകിയും വ്യാസനും ഭീഷ്മനെ ഉപാസിച്ചു. വൃദ്ധനായ ഭീഷ്മനെ കണ്ട്‌ യദു കൗരവന്മാര്‍ ചുറ്റുംഇരുന്നു. 

കെടാന്‍ പോകുന്ന അഗ്നി പോലെ അവര്‍ ഗാംഗേയനെ കണ്ടു. അല്പം ദീനമനസ്സായി കേശവന്‍ ഭീഷ്മനോടു പറഞ്ഞു: മുന്‍പ്രകാരം ജഞാനമൊക്കെ തെളിഞ്ഞിട്ടില്ലെന്നുണ്ടോ? ഭവാന്റെ ബുദ്ധി ആകുലപ്പെട്ടിട്ടില്ലല്ലോ! അമ്പേറ്റ ദുഃഖത്താല്‍ ഭവാന്റെ ദേഹം നോവുന്നില്ലല്ലേോ. മാനസദുഃഖത്തേക്കാള്‍ ശരീരപീഡ ശക്തിയേറിയതാണ്‌. ധര്‍മ്മനിത്യമായ വരം അച്ഛന്‍ തന്നതു മൂലം ഭവാന്‍ സ്വച്ഛന്ദമൃത്യുവാണല്ലോ. എനിക്കു മാത്രമല്ല, എല്ലാവര്‍ക്കും ഏറ്റവും ചെറിയ മുള്ളു പോലും വേദനയുണ്ടാക്കും. അപ്പോള്‍ ശരനിര തറച്ച്‌ അതില്‍ കിടക്കുന്ന ഭവാന്റെ വേദന പറയുവാനുണ്ടോ! അല്ലെങ്കില്‍ അതൊക്കെ എന്തിന്നു പറയുന്നു? അങ്ങയോട്‌ പ്രാണികളുടെ ഉത്ഭവക്ഷയത്തെപ്പറ്റി ഉപദേശിക്കേണ്ട കാര്യമില്ല! ദേവന്മാര്‍ക്കു പോലും ഉപദേശിക്കുവാന്‍ ശക്തനാണല്ലോ ഭവാന്‍. കഴിഞ്ഞതും ഉള്ളതും വരാനുള്ളതും ഭവാനറിയാം. ഹേ ഭീഷ്മാ! എല്ലാം ജഞാന വൃദ്ധനായ നിന്നില്‍ ഉറച്ചതാണ്‌. സംഹാരവും ജീവികളുടെ ധര്‍മ്മത്തിന്റെ ഫലവും ലാഭവും മഹാപ്രാജ്ഞാ! ഭവാന്‍ അറിയുന്നു. നീ ധര്‍മ്മമയനായ വിധിയാണല്ലോ. പൂര്‍ണ്ണാംഗനായി, രോഗംകൂടാതെ, പുഷ്ടമായ രാജ്യത്തില്‍ വാണ്‌ സ്ത്രീകളാല്‍ ചുറ്റപ്പെട്ട്‌ ഭവാന്‍ ഊര്‍ദ്ധ്വരേതസ്സായി കാണപ്പെട്ടു. സത്യധര്‍മ്മിഷ്ഠന്‍, ഉഗ്രവീര്യന്‍, ശൂരന്‍, ധര്‍മ്മൈക തല്‍പരന്‍ ഈ ഗുണങ്ങളിണങ്ങി ശന്തനുപുത്രനായ, ഭീഷ്മനല്ലാതെ മറ്റാരുണ്ട്‌! തപസ്സാല്‍ മൃത്യുവിനെ നിര്‍ത്തി ശരശയ്യയില്‍ വീണ നിസര്‍ഗ്ഗ ശക്തിയുള്ളവനായി മറ്റാരേയും കേട്ടിട്ടില്ല. 

യജ്ഞാധികരണം, ദാനം, തപം, സത്യം ഇവയിലും വേദത്തിലും ധനുര്‍വ്വേദത്തിലും നീതിക്ഷയത്തിലും ആനൃശംസ്യമെഴുന്ന ദാന്തനും ശുചിയും സര്‍വ്വഹിതോദ്യുതനും മഹാരഥനുമായി നിന്നോടു കിടയായി ആരുണ്ട്‌? ഭവാന്‍ ദേവഗന്ധര്‍വ രാക്ഷസ യക്ഷന്മാരെ ഒറ്റത്തേരാല്‍ ജയിക്കുവാനും പോന്നവനാണ്‌; അതില്‍ ഒട്ടും സംശയമില്ല. ആ നീ, ഹേ ഭിഷ്മാ, മഹാബാഹോ! ഭവാന്‍ വസുക്കളില്‍ വാസവനാണ്‌. ഗുണമേറിയവരില്‍ ഒമ്പതാമനാണെന്നു മനീഷികള്‍ പറയുന്നു. 

ഹേ പുരുഷോത്തമാ! നീ ആരാണെന്നു ഞാനറിയുന്നുണ്ട്‌. വാനോരിലും നീ പ്രസിദ്ധനാണ്‌. ശക്തിയില്‍ പുരുഷോത്തമനാണ്‌. മനുഷ്യരില്‍ മനുഷ്യേന്ദ്രനാണ്‌. ഇങ്ങനെ ഒരാളെ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഭവാന്റെ ഗുണമൊക്കെച്ചേര്‍ന്ന്‌ ഒരാളും ലോക ത്തിലുണ്ടായിട്ടില്ല. 

എല്ലാ ഗുണങ്ങളുംചേര്‍ന്ന ഭവാന്‍ ദേവന്മാരേക്കാള്‍ മേലെയാണ്‌. തപസ്സിനാല്‍ ഭവാന്‍ ചരാചര പ്രപഞ്ചം പോലും സൃഷ്ടിക്കുവാനുള്ള കെല്പുണ്ട്‌. പിന്നെ ശ്ലാഘൃ ഗുണങ്ങള്‍ കൊണ്ടു നേടിയ ശ്ലാഘ്യ ലോകത്തെക്കുറിച്ച്‌ എന്തു പറയണം! 

എന്നാല്‍ ജ്ഞാതി ക്ഷയം മൂലം സന്തപിക്കുന്ന ഇവന്റെ, പാണ്ഡവ ജ്യേഷ്ഠനായ ധര്‍മ്മപുത്രന്റെ ശോകം ഭവാന്‍ കെടുത്തുക! നാലു വര്‍ണ്ണങ്ങള്‍ക്കും പറഞ്ഞിട്ടുള്ള ധര്‍മ്മങ്ങള്‍, നാല്  ആശ്രമങ്ങള്‍ ഇവയൊക്കെ പറഞ്ഞു കൊടുക്കുക. ചതുര്‍ഹോത്രം, ചതുര്‍വിദ്യ, പ്രോക്തങ്ങള്‍, യോഗം, സാംഖ്യം ഇവയുടെ നിതൃ ധര്‍മ്മങ്ങള്‍, നാലു ജാതിക്കുള്ള ധര്‍മ്മങ്ങള്‍ ഗംഗാപുത്രനോട്‌, ഹേ യുധിഷ്ഠിരാ, നീ സവിസ്തരം മനസ്സിലാക്കൂ! പ്രതിലോമജരായ വര്‍ണ്ണങ്ങള്‍ക്കുള്ള ധര്‍മ്മദേശ ജാതി ഗുണങ്ങള്‍ക്കുള്ള ധര്‍മ്മലക്ഷണം, വേദോക്തമായത്‌, ശിഷ്ടര്‍ പറയുന്നത്‌ ഇവയൊക്കെ അങ്ങ്‌ അറിയുന്നതാണല്ലോ. ഇതിഹാസ പുരാണങ്ങള്‍ എല്ലാം ഭവാനറിയാം. ധര്‍മ്മശാസ്ത്രം സകലതും നിന്റെ ഉള്ളില്‍ നില്ക്കുന്നതാണല്ലോ! ഈ ലോകത്തില്‍ സംശയമുണ്ടാക്കുന്ന കാരൃത്തിനൊക്കെ നിന്റെ മട്ടില്‍ സംശയം തീര്‍ക്കുന്നവന്‍ വേറെ ആരുമേയില്ല. ഹേ പുരുഷര്‍ഷഭാ! ഭവാന്‍ ഈ പാണ്ഡവേന്ദ്രന്റെ മനസ്സിലുള്ള ശോകം ബുദ്ധിയാല്‍ നീക്കിയാലും! നിന്റെ മട്ടില്‍ ഉത്തമമായ ഭക്തിയില്‍ മുഴുകിയ ഹൃദയമുള്ളവര്‍, ഹൃദയം കലങ്ങി വ്യഥിതന്മാരായി വാഴുന്നവര്‍ക്ക്‌ ജഞാനോപദേശത്താല്‍ ശാന്തി നല്കുന്നതാണല്ലോ. 

അദ്ധ്യായം 51. കൃഷ്ണവാക്യം - വൈശമ്പായനൻ പറഞ്ഞു: ധീമാനായ ഭീഷ്മൻ ,കൃഷ്ണന്‍ പറഞ്ഞ മൊഴി കേട്ട്‌, മുഖം അല്പമൊന്നു പൊക്കി തൊഴുതുകൊണ്ടു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: സൃഷ്ടി ക്ഷയങ്ങള്‍ ചെയ്തീടും ഭഗവാനേ, തൊഴുന്നു ഞാന്‍ കര്‍ത്താവു നീ ഹൃഷീകേശാ! സംഹര്‍ത്താവപരാജിത! വിശ്വാത്മന്‍ വിശ്വകര്‍മ്മാവേ വിശ്വസംഭവ! ഞാന്‍ തൊഴാം മുക്തിസ്ഥ, ഭൂതമഞ്ചിന്നും അപ്പുറം നിന്നിടും പ്രഭോ! നമിപ്പു മൂന്നുലകിലും നമിപ്പൂ മേലെ മൂന്നിലും! യോഗീശ്വര തൊഴാം നിന്നെ ഭവാന്‍ സര്‍വ്വപരായണന്‍! പുരുഷോത്തമ, നീയെന്നെപ്പറ്റിച്ചൊല്ലിയ വേളയില്‍ ത്രിമാര്‍ഗ്ഗങ്ങളിലെല്ലാം നിന്‍ ദിവ്യഭാവങ്ങള്‍ കാണ്മു ഞാന്‍. സനാതനം ഭവത്‌ രൂപം നിത്യം ഗോവിന്ദ കാണ്മു ഞാന്‍! തേജസ്വിയാം വായുവിന്റെ സപ്തമാര്‍ഗ്ഗമടഞ്ഞു ഞാന്‍. വ്യാപ്തം നിന്‍ മൌലിയാല്‍ സ്വര്‍ഗ്ഗം വ്യാപ്തം പാദങ്ങളാല്‍ ധരാ ബാഹുക്കള്‍ ദിക്കു, കണ്ണര്‍ക്കന്‍, വീര്യം വീര്യത്തില്‍ നില്പതാം. കായാമ്പൂനിറമായ്‌ മഞ്ഞപ്പട്ടു ചാര്‍ത്തീടുമച്യുത! 

വാസുദേവന്‍ പറഞ്ഞു: ഹേ മഹാശയാ! എന്നില്‍ ഭക്തിയുണ്ടാവുക കാരണം ഹേ രാജാവേ, ഞാന്‍ ഭവാന്‍ ദിവ്യരൂപം കാണിച്ചതാണ്‌. അഭക്തനും, സത്യമില്ലാത്ത ഭക്തനും, അശാന് നുമായവന് ഞാന്‍ എന്റെ ദിവ്യരൂപം കാണിച്ചിട്ടില്ല. ഭവാന്‍ ഭക്തന്‍ മാത്രമല്ല, നിത്യമായ ആര്‍ജ്ജവം ചേര്‍ന്നവനുമാണ്‌. ദമം, ദാനം, തപം, സത്യം ഇവയുള്ളവനും ഏറ്റവും ശുചിയുമാണ്‌. സ്വന്തം തപസ്സു കൊണ്ടു തന്നെ കാണുവാന്‍ അര്‍ഹനുമാണ്‌. പോയാല്‍ ഒരിക്കലും തിരിച്ചു വരാത്ത ദിവ്യമായ മാര്‍ഗ്ഗം ഉടനെ നിനക്കു ലഭിക്കും. 

അഞ്ചാറു ദിവസം കൂടിയുണ്ട്‌ ഭവാന് ജീവിത കാലം! നൂറു നാളിനേക്കാള്‍ വില മതിക്കുന്നതാണ്‌ ആ ആറു ദിവസങ്ങള്‍. അതിന് ശേഷം പുണ്യഫലോദയത്തോടു കൂടിയ ഈ ഉടല്‍ വിടും. വാനവരും വസുക്കളുമെല്ലാം വിമാനത്തില്‍ കത്തുന്ന അഗ്നിക്കു തുല്യരായി ശോഭിക്കുന്നു. സുര്യന്റെ ഉപരി മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന നിന്നെ കാണുവാന്‍ അവര്‍ മറഞ്ഞു നില്ക്കുകയാണ്‌. 

ലോകത്തെ കാലന്റെ വശത്തിലാക്കുന്ന അര്‍ക്കന്‍ ഉത്തരായനത്തിലേക്കു തിരിയുമ്പോള്‍ ഹേ വില്വന്‍! ഭവാന്‍ ഗമിച്ചാല്‍ ഇങ്ങിനി തിരിയേ വരാത്ത ലോകങ്ങളില്‍ ഭവാന്‍ എത്തുന്നതാണ്‌. 

ഹേ ഭീഷ്മാ, ഭവാന്‍ പരലോകം ഗമിച്ചാല്‍ സകല ജ്ഞാനവും നശിച്ചുപോകും. അതു കൊണ്ടാണ്‌ നിന്റെ മുമ്പില്‍ എല്ലാവരും ധര്‍മ്മ വിവേചനത്തിന്നായി എത്തിയത്‌. ജഞാതി ക്ഷയം മൂലം അഴലില്‍ ആണ്ടു പോയവനും ബോധം നശിച്ചു പോയവനും സത്യസ്ഥനുമായ യുധിഷ്ഠിരന്ന്‌ ധര്‍മ്മാര്‍ത്ഥ നിഷ്ഠാന്വിതമായ വാക്കുകള്‍ പറഞ്ഞുകൊടുത്ത്‌ അവന്റെ അല്ലല്‍ ശമിപ്പിച്ചാലും! 

അദ്ധ്യായം 52. യുധിഷ്ഠിരാദ്യാഗമനം - വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മാര്‍ത്ഥങ്ങള്‍ ചേര്‍ന്നു ഹിതമായ കൃഷ്ണന്റെ വാക്കു കേട്ട്‌ ശാന്തനവനായ ഭീഷ്മൻ കൈകള്‍ കൂപ്പി ഉത്തരം പറഞ്ഞു. 

ഭീഷ്മൻ പറഞ്ഞു: ഹേ ലോകനാഥാ, മഹാബാഹോ! ശിവാ! നാരായണാ! അച്യൂതാ! ഭവാന്റെ വാക്കു കേട്ടു ഞാന്‍ ഹര്‍ഷം കൊണ്ടു പുളകിതനാകുന്നു! എന്നു തന്നെയല്ല, ഭവാന്റെ വാകൃമാണല്ലേോ ഞാന്‍ ഭവാന്റെ സന്നിധിയില്‍ വെച്ചു പറയുന്നത്‌. ഭവാന്റെ വാക്കിലാണല്ലൊ വാക്കുള്ളതൊക്കെ ഒത്തിരിക്കുന്നതും. എന്നു തന്നെയല്ല, ഈ പ്രപഞ്ചത്തില്‍ ഏവനും ചെയ്യേണ്ടുന്ന ക്രിയകളെല്ലാം ചെയ്യുന്നതും ലോകത്തില്‍ ബുദ്ധിമാനായ ഭവാനില്‍ നിന്ന്‌ ഉളവായതാണല്ലോ. ദേവരാജന്റെ അരികില്‍, ദേവലോകത്തിലെ ആചാര്യന്‍ ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങള്‍ക്കുള്ള അര്‍ത്ഥം ദേവകള്‍ക്ക്‌ ഭവാന്റെ മുമ്പില്‍ വെച്ചാണല്ലോ ഉപദേശിക്കുന്നുത്‌. 

അമ്പേറ്റ്‌ തുളഞ്ഞവനായ എന്റെ ഉള്ളം ഹേ മധുസൂദനാ, നടുങ്ങുന്നുണ്ട്‌. ഗാത്രം തളരുന്നു, ബുദ്ധി തെളിയുന്നില്ല. ഏതാനും പറയുവാനുള്ള ഓര്‍മ്മയും എനിക്ക്‌ ഇല്ലാതാകുന്നു, ഞാന്‍ വിഷാനിലന്റെ ഉഗ്രമായ പീഡയേല്ക്കുകയാണ്‌. എന്റെ ബലം ക്ഷയിക്കുന്നു. ജീവന്‍ പോകുവാന്‍ തിടുക്കമായിരിക്കുന്നു. മര്‍മ്മങ്ങള്‍ നോവുന്നു. മനസ്സ്‌ ഉഴന്ന നിലയിലായിരിക്കുന്നു. ദൌര്‍ബ്ബല്യം കൊണ്ടു തങ്ങുന്ന ഞാന്‍ എങ്ങനെ വാക്കുകള്‍ പുറപ്പെടുവിക്കും? ഹേ കുലനന്ദനാ! ദാശാര്‍ഹാ! എന്നില്‍ നല്ല പോലെ പ്രസാദിച്ചാലും! വാക്ക്‌ പുറപ്പെടുന്നില്ലെങ്കില്‍ ഭവാന്‍ എന്നില്‍ ക്ഷമിച്ചാലും. ഭവാന്റെ മുമ്പില്‍ പറയുന്നവന്‍ ബൃഹസ്പതിക്കായാല്‍പ്പോലും ഒന്ന്‌ ഉഴലാതിരിക്കുമോ? ഞാന്‍ ദിക്കൊന്നും അറിയുന്നില്ല. ആകാശവും ഊഴിയും അറിയുന്നില്ല. കേവലം ഞാന്‍ ഭവാന്റെ വീര്യം കൊണ്ടു മാത്രമാണ്‌ നില്ക്കുന്നത്‌. അതു കൊണ്ടു ഭവാന്‍ ധര്‍മ്മരാജാവിന്റെ ഹിതം ഉടനെ ചൊല്ലുക. അങ്ങ്‌ ആഗമങ്ങള്‍ക്കൊക്കെ ആഗമമാണല്ലോ. ശാശ്വതനും ലോകകര്‍ത്താവുമായ ഹേ കൃഷ്ണാ! ഭവാന്‍ ഇവിടെ ഇരിക്കുമ്പോള്‍, ഗുരു നില്ക്കെ ശിഷ്യന്‍ പറയുകയോ? എങ്ങനെ ഞാന്‍ പറയും? 

വാസുദേവന്‍ പറഞ്ഞു: മഹാവീര്യനും, മഹാസത്വനും, സ്ഥിരനും സര്‍വ്വാര്‍ത്ഥ ദര്‍ശിയുമായ ഒരു ഗുരുധുരന്ധരന്ന്‌ ഈ വിനയ പൂര്‍ണ്ണമായ വാക്ക് ചേര്‍ന്നത് തന്നെ. ഹേ ഗാംഗേയാ! ബാണാഘാതാര്‍ത്തി നീ എന്നോടു പറഞ്ഞുവല്ലോ. അതിനാല്‍ എന്റെ പ്രസാദംകൊണ്ട്‌, ഭവാന്‍ എന്നില്‍ നിന്നു വരം വാങ്ങിയാ ലും. നിനക്ക്‌ വാട്ടം വരികയില്ല. മൂര്‍ച്ഛ വരികയില്ല. നോവില്ല. നീറ്റമുണ്ടാവുകയില്ല. പൈദാഹവും നിനക്കുണ്ടാവുകയില്ല. എല്ലാ ജ്ഞാനങ്ങളും ഹേ അനഘാശയാ! നിനക്ക്‌ മനസ്സില്‍ ഉദിക്കും. നിനക്കു ബുദ്ധിക്കുറവോ ഇടിച്ചലോ ഉണ്ടാവുകയില്ല. ഹേ ഭീഷ്മാ! നിന്റെ മനസ്സു സത്വത്തില്‍ നില്ക്കും. രജസ്തമസ്സുകള്‍ വിട്ട്‌ കാറൊഴിഞ്ഞ്‌ ചന്ദ്രനെപ്പോലെ തെളിയും. ഏതേതോ കര്‍മ്മ സംബന്ധമായും അര്‍ത്ഥസംബന്ധമായും നീ ചിന്തിക്കുന്നത്‌, അതാതില്‍ നിന്റെ ബുദ്ധി അവൃഗ്രമായി ഭവിക്കും! ഹേ രാജേന്ദ്ര, നാലുതരം ഈ ഭൂതഗ്രാമമൊക്കെ നീ ദിവ്യചക്ഷുസ്സു കൊണ്ടു കണ്ടു കൊളളും. സംസാരിക്കുന്ന പ്രജൗഘത്തെ ജ്ഞാനചക്ഷുസ്സുള്ളവനായ നീ തെളി വെളളത്തില്‍ മത്സ്യമെന്ന പോലെ തത്ത്വത്തില്‍ കാണും. 

വൈശമ്പായനൻ പറഞ്ഞു: അപ്പൊഴേ വ്യാസനോടു കൂടി ഇരിക്കുന്ന മഹര്‍ഷിമാരെല്ലാം ഋക്ക്‌, യജുസ്സ്‌, സാമം എന്നീ വേദ ങ്ങളാല്‍ ഉത്തമമായ വാക്കുകള്‍ കൊണ്ട്‌ കൃഷ്ണനെ പൂജിച്ചു. അപ്പോള്‍ എല്ലാത്തരം കുസുമങ്ങളുടെ ഒരു വൃഷ്ടി ആകാശത്തു നിന്നുണ്ടായി. ആ കുസുമങ്ങള്‍ കൃഷ്ണന്റേയും ഭീഷ്മന്റേയും മറ്റു സദസ്യരുടേയും ശീര്‍ഷങ്ങളില്‍ പതിച്ചു. എല്ലാവിധ വാദ്യ ഘോഷങ്ങളും ദേവന്മാര്‍ മുഴക്കി. അപ്സര സ്ത്രീ ഗണങ്ങള്‍ പാട്ടു പാടി. അനിഷ്ടവും അഹിതവുമായി ഒന്നുംതന്നെ കണ്ടില്ല. പുഷ്പ സൗരഭ്യമേന്തിയ മന്ദമാരുതന്‍ സഞ്ചരിച്ചു. ശാന്തമായ ദിക്കിലിരുന്ന്‌ ശാന്തമായ മൃഗ പക്ഷി ജാലങ്ങള്‍ മംഗള ശബ്ദമുണ്ടാക്കി. അപ്പോള്‍ മുഹൂര്‍ത്തം കൊണ്ട്‌ ഭഗവാന്‍ സഹ്രസാംശു വനം  ചുടുന്ന വിധത്തില്‍ കാന്തിമാനായി തെളിഞ്ഞുനിന്നു. ആ സമയത്ത്‌ മഹര്‍ഷിമാരെല്ലാവരും കൃഷ്ണനോടു കൂടി എഴുന്നേറ്റ്‌ പാണ്ഡവന്മാരോടു കൂടി സുര്യപ്രണാമം ചെയ്തു. ശൈനേയനും സഞ്ജയനും കൃപാചാര്യനും മറ്റുളളവരും അവരോടൊപ്പം സൂര്യപ്രണാമം ചെയ്തു. പിന്നീട്‌ ആ ധര്‍മ്മ നിരതന്മാരുടെ പൂജ കൈക്കൊണ്ട്‌ നാളെ വീണ്ടും കാണാം എന്നു പറഞ്ഞ്‌ അവര്‍ യഥേഷ്ടം പോയി. അപ്രകാരം തന്നെ കൃഷ്ണനും പാണ്ഡു പുത്രന്മാരും ഭീഷ്മനെ വലം വെച്ച്‌ ശുഭമായ തേരുകളില്‍ കയറി. 

പൊന്‍കൂബരം ചേര്‍ന്ന രഥങ്ങളോടും, കുന്നുകള്‍ പോലു ഉള മത്തഗജങ്ങളോടും, ഖഗ്രേന്ദ്ര വേഗാഡ്യമായ രഥങ്ങളോടും, ചാപാദി ഭൃത്തുക്കളായ പത്തി ഗണങ്ങളോടും കൂടി ആ തേരുകളുടെ മുമ്പിലും പിമ്പിലും ബലം പരന്നു ഗമിച്ചു. ആ സൈന്യങ്ങള്‍ വന്മലയില്‍ നിന്നൊഴുകുന്ന ആറുപോലെ വിളങ്ങി. 

ഉടനെ സഹര്‍ഷം ഭഗവാന്‍ നിശാകരന്‍ ആകാശത്തുയര്‍ന്നു. ദിനേശ്വരന്‍ ചാറു വലിച്ചെടുത്ത ഔഷധികള്‍ക്ക്‌ നിശാകരന്‍ അമൃത്‌ പകര്‍ന്നു കൊടുത്തു. പാണ്ഡവാദികള്‍ സുരവരപത്തനം പോലെ മനോഹരമായ ഭവനങ്ങളിലേക്ക്‌ യദുപതിയോടു കൂടി, തളര്‍ന്ന ഹരികള്‍ ഗുഹകളിലേക്ക്‌ എന്ന വിധം പ്രവേശി ച്ചു. 

അദ്ധ്യായം 53. ഭീഷ്മാഭിഗമനം - വൈശമ്പായനൻ പറഞ്ഞു: അതിന് ശേഷം മധുസൂദനന്‍ മെത്തകയറി കിടന്ന്‌ ഉറങ്ങി. അര്‍ദ്ധയാമം രാത്രിയുള്ളപ്പോള്‍ ഉണര്‍ന്നു. ധ്യാനത്താല്‍ ജ്ഞാനത്തെ പ്രാപിച്ചു. സനാതനമായ ബ്രഹ്മത്തെ ധ്യാനത്തില്‍ കണ്ടു. പിന്നെ സ്തുതിപുരാണജ്ഞര്‍ കണ്ഠം തെളിഞ്ഞ്‌ വിശ്വകര്‍മ്മാവായ വാസുദേവനെ സ്തുതിച്ചു. പഠിക്കുകയും കൈകൊട്ടിപ്പാടുകയും ശംഖും പെരുമ്പറയും മുഴക്കുകയും ചെയ്തു. വേണു വീണാ പടഹങ്ങളുടെ മനോഹരമായ സ്വനം പുറപ്പെട്ടു. ആ ഗൃഹത്തിന്റെ ഉച്ചത്തിലുള്ള ഹാസം പോലെ ആ സ്വനങ്ങള്‍ ദൂരെ കേള്‍ക്കുവാന്‍ തുടങ്ങി. 

യുധിഷ്ഠിര രാജാവിന്ന്‌ മംഗളം ആശംസിക്കുന്നത് പോലെ ആ മംഗളധ്വനി മുഴങ്ങി. കൃഷ്ണന്‍ മംഗള ശബ്ദങ്ങള്‍ കേട്ട്‌ എഴുന്നേറ്റ്‌ കുളിച്ചു തൊഴുതു.  മന്ത്രം ചൊല്ലി അഗ്നിയുടെ സന്നിധിയില്‍ നിന്നു. 

നാലു വേദങ്ങള്‍ അറിയുന്ന ബ്രാഹ്മണരാല്‍ വെവ്വേറെ ആയിരം പശുക്കളാല്‍ മാധവന്‍ സ്വസ്തി ചൊല്ലിച്ചു. മംഗളാലംഭനം ചെയ്തു. തന്നെ കണ്ണാടിയില്‍ നോക്കിക്കണ്ട്‌ കൃഷ്ണന്‍ ശൈനേയനോട്‌ പറഞ്ഞു: ഹേ ശൈനേയാ! പോവുക! രാജാവിന്റെ ഗൃഹത്തിലെത്തുക. തേജസ്വിയായ ഭീഷ്മനെക്കാണുവാന്‍ യുധിഷ്ഠിരന്‍ തയ്യാറായോ എന്നറിയുക. 

കൃഷ്ണന്റെ വാക്കുകേട്ട്‌ സാതൃകി സത്വരം നടന്നു. യുധിഷ്ഠിരനെ ചെന്നു കണ്ടു പറഞ്ഞു; വാസുദേവന്റെ തേരു പൂട്ടിക്കഴിഞ്ഞു. ഭീഷ്മാന്തികത്തിലേക്കു യാത്രയായി അങ്ങയെ കാത്തു നില്ക്കുന്നു..ഉടനെ വേണ്ടതു ചെയ്താലും. 

യുധിഷ്ഠിരന്‍ ഉടനെ ഫല്‍ഗുനനെ വിളിച്ചു പറഞ്ഞു:  അര്‍ജ്ജുനാ! എന്റെ തേരു പൂട്ടിക്കൊളളട്ടെ. സൈന്യങ്ങള്‍ പോകേണ്ടതില്ല. നമ്മള്‍ മാത്രം പോയാല്‍ മതി. ധര്‍മ്മിഷ്ഠനാകുന്ന പിതാമഹനെ പീഡിപ്പിക്കേണ്ട. അകമ്പടിക്കാരും . വേണ്ട. ഇന്നു മുതല്‍ ഗാംഗേയന്‍ ഏറ്റവും രഹസ്യമായ കാരൃങ്ങളാകും പറയുക. 

ഇതുകേട്ട്‌ കുന്തീ പുര്രതന്‍ തേര്‍പൂട്ടി രാജാവിനെ ഉണര്‍ത്തിച്ചു. 

യുധിഷ്ഠിരരാജാവും നകുലസഹദേവന്മാരും ഭീമാര്‍ജ്ജു നന്മാരും പഞ്ചഭൂതങ്ങളെപ്പോലെ കൃഷ്ണന്റെ അടുത്തേക്കു ചെന്നു. ആ വീരന്മാരായ പാണ്ഡുപുത്രന്മാര്‍ വരുന്ന സമയത്ത്‌ കൃഷ്ണന്‍ ശൈനേയനോടു കൂടി തേരില്‍ക്കയറി. അവര്‍ അന്യോന്യം നിദ്രാസൗഖ്യം ചോദിച്ച്‌ മേഘനിര്‍ഘോഷം പോലുളള ശബ്ദം കൂട്ടുന്ന രഥങ്ങളില്‍ പുറപ്പെട്ടു. 

വലാഹകന്‍, മേഘപുഷ്പന്‍, ശൈബ്യന്‍, സുഗ്രീവന്‍ എന്നീ കുതിരകളെപ്പൂട്ടിയ രഥം ദാരുകന്‍ ഓടിച്ചു. ദാരുകന്‍ വിടുന്ന ഹയങ്ങള്‍ മന്നില്‍ കുളമ്പു കൊണ്ടു തൊട്ട ഉടനെ കുതിച്ചു പാഞ്ഞു. ആകാശത്തെ ഗ്രസിക്കുന്ന വിധം അവര്‍ ഈക്കില്‍ പാഞ്ഞു. ധര്‍മ്മത്തിന്നൊക്കെയും ക്ഷേത്രമായ കുരുക്ഷേത്രത്തിലെത്തി. ഭീഷ്മൻ ശരതല്‍പത്തില്‍ എവിടെ കിടന്നുവോ, (ബഹ്മന്‍ ദേവകളോട്‌ ഒത്ത വിധം അവിടെ ഋഷിമാര്‍ ചേര്‍ന്നിരുന്നു. അവിടെ ഗോവിന്ദനും, യുധിഷ്ഠിര മന്നവനും, ഭീമനും, അര്‍ജ്ജുനനും, നകുല സഹദേവന്മാരും, ശൈനേയനും ഇറങ്ങി. വലം കൈകള്‍ ഉയര്‍ത്തി അവര്‍ മുനിമാരെ പൂജിച്ചു. അവരോടൊത്ത്‌ രാജാവ്‌ നക്ഷത്രാഡ്യനായ ചന്ദ്രനെപ്പോലെ ഭീഷ്മാന്തികത്തിലെത്തി. വിധിയുടെ പാര്‍ശ്വത്തിലേക്ക്‌ ശക്രന്‍ ചെല്ലുന്ന ഒരു സ്മരണ അപ്പോള്‍ ഉണ്ടാക്കി. ആദിത്യന്‍ പതിച്ചതു പോലെ ശരതല്പത്തില്‍ കിടക്കുന്ന ഭീഷ്മനെക്കണ്ട്‌ അവര്‍ക്കു ഭയത്താല്‍ ധൈര്യം ഇല്ലാതായി. 

അദ്ധ്യായം 54. കൃഷ്ണവാക്യം - ജനമേജയന്‍ പറഞ്ഞു; ഭീഷ്മന്റെ സമീപത്ത്‌ അവര്‍ എത്തിയശേഷം എന്തെല്ലാം സംഭവങ്ങള്‍ ഉണ്ടായി? 

വൈശമ്പായനൻ പറഞ്ഞു: ഭീഷ്മൻ ശരതാല്പത്തില്‍ കിടക്കുന്ന സമയത്ത്‌ നാരദാദികളായ മഹര്‍ഷിമാരും, യുധിഷ്ഠിരന്‍ മുതലായ മന്നവന്മാരും, ധൃതരാഷ്ട്രനും, കൃഷ്ണനും, അര്‍ജ്ജുനനും, നകുലസഹദേവന്മാരും എല്ലാം ആ മഹാത്മാവിനെ കണ്ട്‌ അനുശോചിച്ചു. നാരദന്‍ അല്സമയം ധ്യാനിച്ചതിന് ശേഷം രാജാക്കളോടും പാണ്ഡവന്മാരോടും പറഞ്ഞു: ഹേ മന്നവന്മാരേ! കാലോചിതമായ കാര്യം ഞാന്‍ പറയുന്നു. നിങ്ങള്‍ ഇദ്ദഹത്തോട്‌ അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചു ഗ്രഹിക്കുവിന്‍! ഭാനുമാന്‍ അസ്തമിക്കുന്ന പോലെ ഗാംഗേയന്‍ ഇതാ അസ്തമിക്കു ന്നു. നാലു വര്‍ണ്ണങ്ങളുടേയും ധര്‍മ്മം ഇദ്ദേഹത്തിന്നറിയാം. നിങ്ങളുടെ സകല സംശയങ്ങളും ഈ മഹാശയന്‍ തീര്‍ത്തു തരും. 

മന്നവന്മാര്‍ ഭിഷ്മന്റെ സമീപത്തെത്തി. അവര്‍ ഒന്നും ചോദിക്കുവാന്‍ ശക്തരാകാതെ പരസ്പരം നോക്കി. യുധിഷ്ഠിരന്‍ കൃഷ്ണനോടു പറഞ്ഞു: മുത്തച്ഛനോടു വല്ലതും ചോദി ക്കുവാന്‍ ഇവിടെ ആരും ശക്തരല്ല. ഭവാനല്ലാതെ ആരുണ്ട്‌? ഹേ മധുസുദനാ! നീ ആദ്യം സംസാരിക്കുക. ഹേ താതാ! അങ്ങ്‌ എല്ലാവരേക്കാളും സര്‍വ്വജ്ഞനും ഉത്തമനുമാണ്‌, എന്നു പാണ്ഡവന്‍ പറഞ്ഞപ്പോള്‍ ഭഗവാന്‍ കേശവന്‍ ആ ദുരാധര്‍ഷന്റെ മുമ്പിലേക്കു ചെന്നു. 

വാസുദേവന്‍ പറഞ്ഞു: ഹേ നൃപോത്തമാ! രാത്രി നിദ്ര സുഖമായിരുന്നില്ലേ? ജ്ഞാനങ്ങളൊക്കെ തെളിയുന്നില്ലേ? ബുദ്ധി സ്ഥിരമായി നില്ക്കുന്നില്ലേ? ഓര്‍മ്മയ്ക്കു പിശകൊന്നുമില്ലല്ലോ? ഹൃദയഗ്ലാനിയും ചിത്തവിഭ്രമവുമില്ലല്ലോ? 

ഭീഷ്മൻ പറഞ്ഞു: ഹേ വാര്‍ഷ്ണേയാ നിന്റെ പ്രസാദം കൊണ്ട്‌ ദാഹം, മോഹം, ശ്രമം, ഗ്ലാനി, ക്ലൂമം, രുജ ഇതെല്ലാം ഇല്ലാതായിരിക്കുന്നു. കഴിഞ്ഞതും, ഉള്ളതും, വരാനുള്ളതും എല്ലാം കരതലാമലകം പോലെ ഞാന്‍ കാണുന്നു. വേദോക്ത ധര്‍മ്മങ്ങ ളും, വേദത്തില്‍ കണ്ടതൊക്കെയും ഞാന്‍ നിന്റെ വരത്താല്‍ കാണുന്നുണ്ട്‌. ശിഷ്ടന്മാര്‍ ചൊല്ലിത്തന്ന ധര്‍മ്മവും എന്റെ ഉള്ളിലിരിക്കുന്നു. ദേശ ജാതി കുലങ്ങളുടെയെല്ലാം ധര്‍മ്മം ഞാന്‍ അറിയുന്നു. ജനാര്‍ദ്ദനാ, നാലാശ്രമധര്‍മ്മങ്ങളും എന്റെ മനസ്സിലുണ്ട്‌. രാജധര്‍മ്മങ്ങളെല്ലാം ഞാന്‍ അറിയുന്നുണ്ട്‌. അത്‌ ഏതേത്‌ എവിടം പറയണമോ അതൊക്കെ ഞാന്‍ പറയാം. നിന്റെ അനുശ്രഹ സിദ്ധി കൊണ്ട്‌ ഞാന്‍ യുവാവിന്റെ മട്ടിലായിരിക്കുന്നു. നിന്റെ പ്രസാദത്താല്‍ യുധിഷ്ഠിരനോടു ശ്രേയസ്സുകള്‍ ഉപദേശിക്കുവാന്‍ ഞാന്‍ ശക്തനായിരിക്കുന്നു. അങ്ങു തനിച്ച്‌ എന്തു കൊണ്ട്‌ പാണ്ഡവനോട്‌ ശ്രേയസ്സോതുന്നില്ല? മാധവാ! അങ്ങ്‌ എന്താണ്‌ എന്നോടു പറയുന്നത്‌? 

വാസുദേവന്‍ പറഞ്ഞു: ഹേ കൗന്തേയാ! ശ്രേയസ്സിന്നും യശസ്സിന്നും മൂലം ഞാന്‍ തന്നെയാണ്‌. സല്‍ഭാവവും, അസല്‍ഭാവവുമൊക്കെ എന്നില്‍ നിന്ന്‌ ഉണ്ടായതാണ്‌. ചന്ദ്രന് കുളുര്‍ കാന്തിയുണ്ട്‌. അതില്‍ ആര്‍ അത്ഭുതപ്പെടും? അങ്ങനെ ഞാന്‍ യശസ്വിയായിത്തീര്‍ന്നാല്‍ അതില്‍ എന്ത് അത്ഭുതമുണ്ട്‌? എന്നെക്കുറിച്ചുള്ള അത്ഭുതമല്ല ഇവിടെ ആവശ്യം. ഭവാനില്‍ ഇനിയും യശസ്സു ചേര്‍ക്കണമെന്നാണ്‌ എന്റെ അഗ്രഹം. അതു കൊണ്ട്‌ എന്റെ വര്‍ദ്ധിച്ച ബുദ്ധിപ്രഭാവം ഞാന്‍ നിന്നില്‍ അണച്ചതാണ്‌. ലോകം എന്നേ വരെ നിലനില്ക്കുമോ, അന്നേ വരെ നിന്റെ കീര്‍ത്തിയും നിലനില്ക്കും. പാണ്ഡവന്മാര്‍ നിന്നോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ നീ മറുപടി പറയുക. വേദ്രപവാദംപോലെ എന്നും അത്‌  ഊഴിയില്‍ നിലനില്ക്കും. ഈ പ്രമാണം വഴിക്കു തന്നെത്താനെ ഏര്‍പ്പെടുത്തുന്നവന്‍ സര്‍വ്വ പുണ്യ ഫലങ്ങളും സുരലോകത്തും അനുഭവിക്കും. ഇക്കാരണത്താലാണ്‌ ഹേ ഭീഷ്മാ! ഞാന്‍ ഭവാനു ദിവ്യജ്ഞാനം തന്നത്‌. എന്നും അങ്ങയ്ക്ക്‌ യശസ്സ്‌ നിലനിലക്കുവാന്‍ വേണ്ടിയാണ്‌. ലോകര്‍ അങ്ങയെ പുകഴ്ത്തുവാന്‍ വേണ്ടിയാണ്‌. 

ഒരാള്‍ക്ക്‌ എത്ര കാലത്തോളം യശസ്സ്‌ നിലനില്ക്കുന്നുവോ, അന്നേ വരെ കീര്‍ത്തിക്കു ക്ഷയമില്ലെന്നാണ്‌ നിശ്ചയം. ഹേ രാജാവേ, ചത്തു ശേഷിച്ച രാജാക്കള്‍ നിന്റെ ചുറ്റും ഇതാ കൂടിയിരിക്കുന്നു. ധര്‍മ്മം കേള്‍ക്കുവാന്‍ അവര്‍ നില്ക്കുകയാണ്‌. അവരോട്‌ ഭവാന്‍ വേണ്ടതു പറഞ്ഞാലും. 

ഭവാനാണല്ലോ വയോവൃദ്ധന്‍, ധര്‍മ്മാചാരങ്ങള്‍ ഒത്തവനും ഭവാനാണല്ലോ.. രാജധര്‍മ്മങ്ങള്‍ക്കും, മറ്റ്‌ എല്ലാറ്റിന്നും വിചക്ഷണന്‍ ഭവാനാണല്ലോ. ജന്മം മുതല്ക്കേ ഭവാന്‍ ഒരു പാപവും കണ്ടിട്ടില്ല. രാജാക്കന്മാരെല്ലാം ഭവാനെ സര്‍വ്വ ധര്‍മ്മജ്ഞനാണെന്ന്‌ അറിയുന്നു. 

ഹേ രാജാവേ, അച്ഛന്‍ മക്കളോടെന്ന വിധം അവരോടു നയങ്ങള്‍ പറയുക. ഭവാന്‍ ഋഷിമാരേയും, ദേവന്മാരേയും സേവിക്കുന്നവനാണല്ലോ. അതുകൊണ്ട്‌ എല്ലാ ധര്‍മ്മങ്ങളും ഭവാന്‍ തീര്‍ച്ചയായും ഉപദേശിക്കണം. ധര്‍മ്മം കേള്‍ക്കേണ്ടവരോട്‌ അവരുടെ സംശയം തീരത്തക്കവണ്ണം വീണ്ടും ചോദിക്കുന്നതനുസരിച്ചു പറഞ്ഞു കൊടുക്കണം. 

ധര്‍മ്മം വിദ്വാനാണു ചൊല്ലേണ്ടത്‌ എന്നാണ്‌ മനീഷികള്‍ പറയുന്നത്‌. ധര്‍മ്മം എന്തെന്ന്‌ ചോദിച്ചിട്ട്‌ അതിന്നു മറുപടി പറഞ്ഞുകൊടുക്കാത്തവന്ന്‌ പാപം ഉണ്ടാവുകയും ചെയ്യും. അതു കൊണ്ട്‌ അറിയുന്നതിന്നു വേണ്ടി പുത്രപൌത്രന്മാര്‍ ഹേ ബുധോത്തമാ! ശാശ്വതമായ ധര്‍മ്മം ചോദിച്ച്‌ ഗ്രഹിക്കുവാന്‍ വേണ്ടി ഇതാ തയ്യാറായി നില്ക്കുന്നു. ഹേ ഭരതര്‍ഷഭാ! അവരോടു പറഞ്ഞാലും! 

അദ്ധ്യായം 55. യുധിഷ്ഠിരാശ്വാസനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ മഹാതേജസ്വിയായ ഭീഷ്മൻ പറഞ്ഞു. ധര്‍മ്മങ്ങളെല്ലാം ഞാന്‍ പറയാം. ഭവാന്റെ അനുഗ്രഹത്താല്‍ വാക്കും ഉള്ളും ഉറച്ചു പറയാം. അങ്ങു ശാശ്വതനായ ഭൂതാത്മാവാണല്ലേോ. ധര്‍മ്മബുദ്ധിയായ യുധിഷ്ഠിരന്‍ ധര്‍മ്മം ആവശ്യപ്പെടുമെങ്കില്‍ ഞാന്‍ പ്രീതിയോടു കൂടി എല്ലാം പറയാം. മഹാത്മാവും ധര്‍മ്മാത്മാവുമായ ഏതു രാജാവ്‌ ജനിച്ച സമയം ഋഷിമാര്‍ ഹര്‍ഷിച്ചുവോ ആ ധീമാനായ പാണ്ഡവന്‍ എന്നോടു ചോദിക്കട്ടെ. കൗരവന്മാരില്‍ യശസ്വിയുമായ ധര്‍മ്മചാരി, അതുല്യനായ മാന്യന്‍ ചോദിച്ചു കൊളുളട്ടെ! ദമം, ധൃതി, (ബ്രഹ്മചര്യം, ക്ഷമ, ധര്‍മ്മം, തേജസ്സ്‌, ഓജസ്സ്‌ ഇവ ചേര്‍ന്ന ആ പാണ്ഡവന്‍ ചോദിച്ചുകൊളളട്ടെ! ബന്ധുക്കള്‍, അതിഥികള്‍, ഭൃത്യന്മാര്‍ ഇവരെ വേണ്ടുവോളം മാനിച്ചു സല്‍ക്കരിച്ച മാന്യനായ പാണ്ഡവന്‍ ചോദിച്ചു കൊളളട്ടെ! സത്യം, ദാനം, തപം, ശൗര്യം, ശാന്തി, ദാക്ഷ്യം, അസം, ഭ്രമം ഇതൊക്കെ ആരിലുണ്ടോ ആ പാണ്ഡവന്‍ ചോദിച്ചു കൊള്ളട്ടെ! കാമം, ക്രോധം, ഭയം, ലോഭം ഇവ കൊണ്ട്‌ ധര്‍മ്മവിപ്ലവം ചെയ്യാത്ത ധര്‍മ്മജ്ഞനാരുണ്ട്‌, ആ പാണ്ഡവന്‍ ചോദിച്ചു കൊള്ളട്ടെ! നിത്യം സത്യക്ഷമാജ്ഞാനനിഷ്ഠനായി അതിഥി പ്രിയനായി സത്തുക്കള്‍ക്ക്‌ ഏകുന്നവനാരുണ്ട്‌, ആ പാണ്ഡവന്‍ ചോദിച്ചുകൊളളട്ടെ! ഇജ്യാദ്ധ്യയനനിഷ്ഠനും, ധര്‍മ്മതല്‍പരനും, രഹസ്യജ്ഞനും, ശാന്തനുമായി ആരുണ്ട്‌, ആ  പാണ്ഡവന്‍ ചോദിച്ചു കൊള്ളട്ടെ! 

വാസുദേവന്‍ പറഞ്ഞു: ഏറ്റവും ലജ്ജയോടു കൂടി ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ലോക നിന്ദാ ഭയം മൂലം ഭവാന്റെ മുമ്പിലേക്കു വരാത്തതാണ്‌. ലോകനാഥനായ അവന്‍ ലോകപീഡ ചെയ്തതു മൂലം ഹേ രാജാവേ, നിന്റെ മുമ്പിലേക്കു വരാത്തതാണ്‌. സംബന്ധികളേയും, ബാന്ധവന്മാരേയും, ഗുരുക്കന്മാരേയും, മാന്യരായ മറ്റു സംപുജ്യന്മാരേയും, ഭക്തരേയും അമ്പുകൊണ്ട്‌ കൊല്ലിച്ചിട്ട്‌, നിന്റെ മുമ്പില്‍ വരാത്തതാണ്‌. 

ഭീഷ്മൻ പറഞ്ഞു:  വിപ്രന്മാര്‍ക്ക്‌ അദ്ധ്യയനം, ദാനം, തപസ്സ്‌ എന്നിവയാണ്‌ ധര്‍മ്മം. ക്ഷ്രതിയര്‍ക്ക്‌ അപ്രകാരംതന്നെ യുദ്ധത്തില്‍ ദേഹപതനമാണ്‌ ധര്‍മ്മം. പിതാമഹന്‍, ഗുരു, ഭ്രാതാവ്‌, സംബന്ധി വര്‍ഗ്ലം, മിത്രം ഇവര്‍ തെറ്റുചെയ്താല്‍ പോരില്‍ കൊല്ലുക എന്നതും നല്ല ധര്‍മ്മമാണ്‌. ലോഭത്താല്‍ കരാറു തെറ്റിക്കുന്ന പാപികളെ, ഗുരുക്കന്മാരായാലും, ധര്‍മ്മവിത്തമരായ ക്ഷത്രിയന്മാര്‍ കൊല്ലും. ലോഭത്താല്‍ ശാശ്വതമായ ധര്‍മ്മസേതു നോക്കാതെ ഒരുത്തനെ യുദ്ധത്തില്‍ സംഹരിക്കുന്ന ക്ഷത്രിയന്‍ ധര്‍മ്മവിത്തമനാണ്‌. ചോരയാകുന്ന വെളളവും, മുടിയാകുന്ന പുല്ലും, ആനക്കുന്നും, ധ്വജ്രദ്രുമവും പോരില്‍ മന്നില്‍ ചിന്നിക്കുന്നവന്‍ ഏതു ക്ഷ്രതിയനോ അവന്‍ ധര്‍മ്മജ്ഞനാകുന്നു. നിത്യവും പോരിന്നു വിളിച്ചാല്‍ ക്ഷത്രിയന്‍ പൊരുതുക തന്നെ വേണം. ധര്‍മ്മവും സ്വര്‍ഗ്ഗവും ലോകൃവുമാണ്‌ ക്ഷത്രിയന്ന്‌ യുദ്ധം എന്നാണ്‌ മനു പറഞ്ഞിട്ടുള്ളത്‌. 

വൈശമ്പായനൻ പറഞ്ഞു: എന്നു ഭീഷ്മൻ പറഞ്ഞപ്പോള്‍ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്‍ വിനയത്തോടെ അടുത്തു ചെന്നു മുമ്പില്‍ നേരിട്ടു നിന്ന്‌ ഭീഷ്മന്റെ കാല്‍ പിടിച്ചു. ഭീഷ്മൻ അവനെ വേണ്ട വിധം കൊണ്ടാടി, മൂര്‍ദ്ധാവില്‍ ഘ്രാണനം ചെയ്ത്‌ ഇരിക്കുവാന്‍ പറഞ്ഞു. അവനോട്‌ സര്‍വ്വ വില്ലാളി പുംഗവനായ ഗാംഗേയന്‍ പേടിക്കേണ്ട, ഹേ കുരുപുംഗവാ! ശങ്ക വിടൂ. ചോദിക്കാം! എന്നു പറഞ്ഞു. 

അദ്ധ്യായം 56. രാജധര്‍മ്മാനുശാസനം - വൈശമ്പായനൻ പറഞ്ഞു: കൃഷ്ണനെ കുമ്പിട്ട്‌ ഭീഷ്മനെ അഭിവാദ്യം ചെയ്ത്‌ ഗുരുസമ്മതം വാങ്ങി യുധിഷ്ഠിരന്‍ ചോദിച്ചു; രാജാക്കള്‍ക്ക്‌ ഉത്തമമായത്‌ ധര്‍മ്മമാണെന്നു ധാര്‍മ്മികർ  പറയുന്നു. ഇതു മഹാഭാരമായി എനിക്കു തോന്നുന്നു. രാജ ധര്‍മ്മമെന്തെന്ന്‌ ഹേ! പിതാമഹാ! അങ്ങു പറഞ്ഞാലും. ലോകത്തിന്നൊക്കെയും രാജധര്‍മ്മമാണല്ലോ പരായണം. രാജധര്‍മ്മത്തിലാണല്ലലോ ത്രിവര്‍ഗ്ഗം നിൽക്കുന്നത്‌. ഇതില്‍ തന്നെയുണ്ട്‌ വിസ്പഷ്ടമായി സകലതും. മോക്ഷ ധര്‍മ്മവും ഇതിലുണ്ട്‌. അശ്വത്തിന്നു കടിഞ്ഞാണു പോലേയും, ആനയ്ക്കു തോട്ടി പോലേയും ലോകത്തിന്ന്‌ ഈ രാജധര്‍മ്മം അമര്‍ച്ചയ്ക്കുള്ളതാണ്‌. രാജര്‍ഷി സേവ്യമായ ഈ ധര്‍മ്മത്തില്‍ തെറ്റുപ റ്റുകയാണെങ്കില്‍ ലോകത്തിന്ന്‌ നിലകിട്ടുകയില്ല. എല്ലാം കൂടിക്കലര്‍ന്നു പോകും. ഉദിക്കുന്ന സൂര്യന്‍ അശുഭമായ ഇരുട്ടു പോക്കുന്നതു പോലെ അലൗകികമായ അശുഭ ഗതിയെ രാജധര്‍മ്മം കെടുത്തുന്നതാണ്‌. അതുകൊണ്ട്‌ രാജധര്‍മ്മങ്ങള്‍ ആദ്യം എനിക്കു പറഞ്ഞു തന്നാലും. ഞങ്ങള്‍ക്കുള്ള ആഗമമൊക്കെ ഭവാനില്‍നിന്നാണ്‌. ഭവാനെ ബുദ്ധിയില്‍ ശ്രേഷ്ഠനാണെന്ന്‌ കൃഷ്ണനും ഓര്‍ക്കുന്നു. 

ഭീഷ്മൻ പറഞ്ഞു: മഹത്തായ ധര്‍മ്മത്തെ ഞാന്‍ തൊഴുന്നു. വേധസ്സായ കൃഷ്ണനെ തൊഴുന്നു. ശാശ്വതമായ ധര്‍മ്മങ്ങള്‍ വിപ്രന്മാരെ വണങ്ങി ഞാന്‍ ചൊല്ലുന്നു. രാജധര്‍മ്മങ്ങളൊക്കെയും എന്റെ ചൊല്ലാല്‍ നീ കേട്ടാലും. ഞാന്‍ വിവരിച്ചു പറയാം. നീ മനസ്സു വെച്ചു കേള്‍ക്കുക. 

ആദ്യമേ തന്നെ ദേവന്മാരുടേയും ബ്രാഹ്മണരുടേയും രഞ്ജനയ്ക്കു വേണ്ടി വിധിയാം വിധം രാജാവ്‌ നില്ക്കണം. ദേവകള്‍ക്ക്‌ അര്‍ച്ചനം ചെയ്യുമ്പോള്‍ ബ്രാഹ്മണര്‍ക്കും അര്‍ച്ചനം ചെയ്യുണം. അതു ധര്‍മ്മത്തിന്റെ കടം തീര്‍ക്കുന്നു. ലോകത്തിന്നു പുജനീയനാക്കിത്തീര്‍ക്കുന്നു. 

യുധിഷ്ഠിരാ! വത്സാ! പൌരുഷംകൊണ്ട്‌ എന്നും യത്നിക്കണം. പൌരുഷമില്ലെങ്കില്‍ ദൈവം രാജാവിന്ന്‌ അര്‍ത്ഥം ദാനം ചെ യ്യൂുകയില്ല. ദൈവം എന്നതും പൌരുഷമെന്നതും രണ്ടും സാധാരണം തന്നെയാണ്‌. എന്നാല്‍ പൌരുഷമാണ്‌ മേലെ എന്നാണ്‌ എന്റെ പക്ഷം. ദൈവം ഊഹ്യമാണ്‌. ആരംഭം പാഴിലായിപ്പോയെന്നു കണ്ടാല്‍ നീ സന്താപപ്പെടേണ്ട. എല്ലായ്പ്പോഴും പ്രയത്നിക്കുക. രാജാക്കള്‍ക്ക്‌ ഇതാണ്‌ നയം. 

സത്യമല്ലാതെ രാജാക്കള്‍ക്ക്‌ മറ്റൊന്നുമില്ല സാധനമായിട്ട്‌. സത്യനിഷ്ഠനായ രാജാവ്‌ ഭൂമിയിലും, സ്വര്‍ഗ്ഗത്തിലും സുഖിക്കും. ഋഷിമാര്‍ക്കും രാജവര്യാ! സത്യം തന്നെയാണ്‌ പരമായ ധനം. രാജാക്കള്‍ക്കും സത്യമല്ലാതെ വിശ്വാസ കാരണം വേറെയില്ല. ഗുണവാന്‍, ശീലവാന്‍, ദാന്തന്‍, ധര്‍മ്മന്‍, മൃദു, ജിതേന്ദ്രിയന്‍, സുമുഖന്‍, ഭൂരിദന്‍ ഇങ്ങനെയുള്ളവര്‍ ഒരിക്കലും ശ്രീയില്‍ നിന്നൊഴിഞ്ഞു നില്ക്കുകയില്ല. കുരുനന്ദനാ! എല്ലാ കാര്യത്തിലും ആര്‍ജ്ജവം കൈക്കൊള്ളുക. 

എപ്പോഴും മൃദുവായ രാജാവ്‌ ഏവര്‍ക്കും കടന്നാക്രമിക്കാന്‍ പറ്റിയവനായിത്തീരും. നേരെമറിച്ച്‌, തീക്ഷ്ണനില്‍ ലോകം വെറുക്കുന്നു. നീ ഈ രണ്ടിനേയും സ്വീകരിക്കുക വത്സാ! ബ്രാഹ്മണര്‍ നിനക്ക്‌ ഒരിക്കലും ദണ്ഡ്യന്മാരല്ല. ലോകത്തില്‍ ബ്രാഹ്മണന്‍ എന്ന ഭൂതം വലിയതു തന്നെയാണ്‌ പാണ്ഡവാ! രാജേന്ദ്രാ! മഹാനായ മനു ചൊല്ലിയ പദ്യങ്ങള്‍ രണ്ടും സ്വധര്‍മ്മങ്ങളില്‍ നീ ഉളളില്‍ വെക്കുക. ജലത്തില്‍നിന്ന്‌ അഗ്നിയുണ്ടായി. ബ്രാഹ്മണനില്‍നിന്നു ക്ഷര്രവും ഉണ്ടായി, ലോഹം ശിലയില്‍ നിന്നും കല്ലില്‍ നിന്നും ഉണ്ടായി. അവ ഉണ്ടായത്‌ ഏതില്‍ നിന്നോ, അവ നശിക്കുന്നതും അവയില്‍ച്ചെന്നാണ്‌. 

ആയസം പാറയില്‍ തച്ചാല്‍, തിയ്യ്‌ വെളളത്തിലാഴ്ത്തുകില്‍, ക്ഷത്രം ബ്രഹ്മദ്വേഷമാര്‍ന്നാല്‍, ഒപ്പം മൂന്നും ക്ഷയിച്ചിടും. 

എന്നു വിചാരിച്ച്‌ ആ ദ്വിജാതികള്‍ വന്ദ്യരാണ്‌. പൂജിതനായ ദ്വിജശ്രേഷ്ഠന്‍ ഭൗമമായ ബ്രഹ്മത്തെ ധരിക്കുന്നു. അപ്രകാരം തന്നെ നരവ്യാഘ്രാ! ലോകത്രയത്തിന്ന്‌ ദോഷംചെയ്യുന്നവര്‍ എപ്പോഴും നിഗ്രഹിക്കേണ്ടവരാണ്‌. പുരാണമുനിയായ ശുക്രന്‍ ചൊല്ലിയ രണ്ടു പദ്യം ഞാന്‍ ഉദ്ധരിക്കാം: 

പോരിലായുധമേന്തീടും , വേദാന്തജ്ഞാനിയേയുമേ, സ്വധര്‍മ്മത്താല്‍ ഹനിക്കേണം ധര്‍മ്മം പാലിച്ചിടുന്നവന്‍. ധര്‍മ്മം നശിക്കും നേരത്തു രക്ഷിക്കും ധര്‍മ്മവിത്തമന്‍, ധര്‍മ്മഗ്ലാനിയെഴാ, ക്രോധം ക്രോധത്തെത്താന്‍ ഗ്രസിച്ചിടും. 

ഈ നിലയിലും രക്ഷ്യരാണ്‌ ബ്രാഹ്മണര്‍. അവര്‍ കുറ്റം ചെ യ്താൽ അവരെ നാടു കടത്തുകയാണ്‌ വേണ്ടത്‌. കുറ്റം ചെ യ്താലും അവരില്‍ കനിയണം. (ബഹ്മഹത്യ, ഭ്രൂണഹത്യ, ഗുരുതാല്പഗമനം, രാജദ്വേഷം ഈ മഹാ പാപങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണനെ നാടുകടത്തണം. വധിക്കരുത്‌. ശരീരപീഡ ചെയ്യരുത്‌. അതിന്നു ശാസ്ത്രം വിധിക്കുന്നില്ല. മര്‍ത്ത്യര്‍ ദ്വിജരില്‍ ഭക്തിയുളളവരായി വരണം. മന്നവന്മാര്‍ക്ക്‌ ജനസഞ്ചയമല്ലാതെ മറ്റു കോശമില്ല. ശാസ്ത്ര നിശ്ചിതമായി ആറു ദുര്‍ഗ്ഗമുണ്ട്‌. എല്ലാ ദുര്‍ഗ്ഗത്തേക്കാളും സുദുസ്തരമായിട്ടുളളതു മനുഷ്യ ദുര്‍ഗ്ഗമാണ്‌. അതു കൊണ്ട്‌ വിദ്വാന്മാര്‍ നാലു ജാതികളോടും ദയ കാണിക്ക ണം. ധര്‍മ്മാത്മാവായി സത്യവാക്കായിരിക്കുന്ന രാജാവിനേ ജനരഞ്ജനം സാധിക്കുകയുള്ളൂ വത്സാ! നീ എപ്പോഴും ക്ഷാന്തനായിരിക്കരുത്‌. നൃപന്‍ മൃദുവായിരിക്കരുത്‌. അത്‌ അധര്‍മ്മമാണ്‌. അവന്‍ ക്ഷമയുള്ള ആന പോലെയാണ്‌. ബൃഹസ്പതിയുടെ ആഗമത്തില്‍ ഈ ശ്ലോകം മുമ്പേ പ്രസിദ്ധമാണ്‌. ഇക്കാരൃത്തില്‍ രാജാവേ ഞാന്‍ പറയുന്നതു കേള്‍ക്കുക: 

നിതൃം ക്ഷമിക്കും രാജാവെ, നിന്ദിച്ചീടുന്നു ദുര്‍ജ്ജനം; ആനതന്‍ തലയില്‍ കേറുമാനക്കാരന്‍ കണക്കിനെ

രാജാവിന് എപ്പോഴും മാര്‍ദ്ദവം പാടില്ല. എപ്പോഴും തീക്ഷ്ണ ഭാവവും പാടില്ല. വസന്ത കാലത്തെ അര്‍ക്കനെപ്പോലെ ശീതവും ചൂടും വിടണം. പ്രത്യക്ഷത്താലും അനുമാനത്താലും ഉപമയാലും നിത്യവും രാജാവ്‌ സ്വജനങ്ങളേയും പരന്മാരെയും പരീക്ഷിച്ചറിയണം. വ്യസനങ്ങളൊക്കെ രാജാവ്‌ വിട്ടുനില്ക്കണം. പ്രയോഗിക്കരുത്‌ എന്നുമില്ല. സങ്കീര്‍ണ്ണത ഉപേക്ഷിക്കണം. വൃസനി എന്നും ലോകത്തിന്നു പരിഭൂതനാകും. നൃപന്‍ എപ്പോഴും ദ്വേഷിച്ചിരുന്നാലും ജനത്തെ വെറുപ്പിക്കും. രാജാവ്‌ എപ്പോഴും ഗര്‍ഭിണിയുടെ മട്ടില്‍ നില്ക്കണം. ഇപ്പറഞ്ഞതിന്റെ കാരണവും ഞാന്‍ പറയാം. തന്റെ ഉള്ളില്‍ തന്റെ ഇഷ്ടം വിട്ടും ഗര്‍ഭിണി എങ്ങനെ ഗര്‍ഭം കാക്കുന്നുവോ രാജാവും അപ്രകാരം തന്നെ സംശയംകൂടാതെ നിത്യം ധര്‍മ്മാനുവര്‍ത്തിയായി വര്‍ത്തിക്കണം. 

തന്റെ ഇഷ്ടത്തെ കൈവെടിഞ്ഞും ലോകഹിതത്തിന്നായി രാജാവ്‌ നില്ക്കണം. ഹേ പാണ്ഡവാ! ഒരിക്കലും നീ ധൈര്യത്തെ വിടരുത്‌. ധീരനായ സ്പഷ്ട ദണ്ഡന് ഒരിടത്തും ഭയം പറ്റുന്നതല്ല. 

ഹേ വാഗ്മിസത്തമാ! ഭൃത്യരോട്‌ അധികമായ നേരമ്പോക്കു പാടില്ല. ഹേ രാജസത്തമാ! അതൊരിക്കലും ചെയ്യരുത്‌. അതു കൊണ്ട്‌ വളരെ ദോഷമുണ്ട്‌. ഭൃത്യര്‍ ഏറെ ഇണങ്ങിയാല്‍ അവര്‍ സ്വാമിയെ നിരസിക്കും. തന്റെ നിലയ്ക്ക്‌ അവന്‍ നിൽക്കുകയി ല്ല. പറഞ്ഞാല്‍ കൂട്ടാക്കാതെയാകും. കല്‍പിക്കുമ്പോള്‍ തര്‍ക്കിക്കുവാന്‍ നില്ക്കും. രഹസ്യങ്ങള്‍ വെളിവാക്കും. യാചിക്കുവാന്‍ പാടില്ലാത്തതു യാചിക്കും. രാജഭോജ്യങ്ങള്‍ ഭുജിക്കും. എല്ലാവരോടും ചൊടിക്കും. മേലാളായി ഭൂപന്റെ നേരേയും നില്ക്കും. കൈക്കൂലി, ചതി മുതലായതു കൊണ്ട്‌ കാര്യം കെടുത്തും. കള്ള സാക്ഷി പറഞ്ഞ്‌ നാട്‌ കുട്ടിച്ചോറാക്കും. സ്ത്രീപാലന്മാരുമായി ഒത്തിണങ്ങും. തുല്യമായ വേഷം കെട്ടി നടക്കും. രാജാവിന്റെ മുമ്പിലും വായ തുറക്കും; തുപ്പും. ലജ്ജ കൂടാതെ യജമാനന്‍ പറയുന്നതൊക്കെ അനുകരിച്ചു പറയും. അശ്വം, ഗജം, തേര്‍ ഇവയില്‍ ആദരവു കൂടാതെ കയറും. 

ഹേ രാജാവേ! നൃപന്‍ ഹാസ്യവാനായി മൃദുവായി തീര്‍ന്നാല്‍ ഭൃത്യന്‍ പറയും. ഇത്‌ എന്നെക്കൊണ്ടാവില്ല. ഇതാണ്‌ ഭവാന്റെ ദുഷ്ട്ര പ്രവൃത്തി എന്നൊക്കെ സദസ്സിലാരും കേള്‍ക്കെ ഭയം കൂടാതെ പറയും. അവന്റെ നേരെ കോപിച്ചാല്‍ അവന്‍ ചിരിക്കും. സൽക്കരിച്ചാലും സന്തോഷിക്കയില്ല. ഭൃത്യന്മാര്‍ തമ്മില്‍ വഴക്കു കൂടും. മന്ത്രങ്ങള്‍ പാട്ടാക്കും. ദുഷ്കൃതങ്ങള്‍ വെളിച്ചത്താക്കും. അവന്റെ കല്പന പുച്ഛത്തോടെ കളിയായി ചെയ്യും. കുളി, കുറി, അലങ്കാരം, ഭോജനം ഇതിനെയൊക്കെ കളിയാക്കി കേള്‍ക്കെത്തന്നെ സംസാരിക്കും. അധികാരങ്ങളെ നിന്ദിക്കും, വിടും. ശമ്പളത്തില്‍ സന്തോഷിക്കയില്ല. രാജഭോഗങ്ങള്‍ അപഹരിക്കും. ചരടില്‍ ക്കെട്ടിയ പക്ഷിയെ പോലെ അവനാല്‍ രാജാവ്‌ കളിപ്പിക്കപ്പെടും. ലോകരോടൊക്കെ പറയും, രാജാവ്‌ എന്റെ കൈയിലാണെന്ന്. ഇങ്ങനേയും വേറേയും പല ദോഷങ്ങളുമുണ്ടാകും രാജാവേ, അതുകൊണ്ട്‌ രാജാക്കന്മാര്‍ ഒരിക്കലും നേരമ്പോക്കു കാണിച്ച്‌ മൃദുവായി ഭവിക്കരുത്‌. 

അദ്ധ്യായം 57. രാജധര്‍മ്മാനുശാസനം - ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ! രാജാവ്‌ നിത്യവും ഉദ്യുക്തനായിരിക്കണം. അനുദ്യുക്തനായ രാജാവ്‌ അനുദ്യുക്തയായ നാരിയെപ്പോലെ പ്രശംസിക്കപ്പെടുന്നതല്ല. ഇതിനെപ്പറ്റി ഭഗവാന്‍ ശുക്രമുനി രചിച്ച ശ്ലോകം ഞാന്‍ ചൊല്ലാം രാജാവേ! ഭവാന്‍ അതു മനസ്സുവെച്ച്‌ കേട്ടു ധരിക്കുക: 

എലിയെപ്പാമ്പു പോല്‍ ഭൂമി വിഴുങ്ങും രണ്ടു കൂട്ടരെ എതിര്‍ക്കാതുള്ള രാജാവെ, ത്യാംഗം ചെയ്യാത്ത വിപ്രരെ.

ഹേ രാജാവേ! ഇതു നല്ലപോലെ മനസ്സില്‍ കരുതണം. സന്ധേയരുമായി സന്ധിചെയ്യുക. വിരോദ്ധ്യരെ വിരോധിക്കുക. 

ഏഴംഗമുളള രാജ്യത്തില്‍ വിപരീതം നടക്കുന്നതായാല്‍ ഗുരുവായാലും, മിത്രമായാലും, ആരായാലും അവന്‍ ഹന്തവ്യനാണ്‌. മരുത്തന്‍ എന്ന രാജാവ്‌ പണ്ട്‌ രാജ്യം ഭരിച്ചിരുന്ന കാലത്ത്‌ ഒരു ശ്ലോകം ചൊല്ലിയതു സ്മരണീയമാണ്‌. ബൃഹസ്പതിയുടെ മതമാണ്‌ അത്‌. 

 കാര്യാകാര്യങ്ങള്‍ നോക്കാതെ ഗര്‍വ്വിക്കും ഗുരുവാകിലും ദുര്‍മ്മാര്‍ഗ്ഗചാരിയായീടില്‍ ദണ്ഡിപ്പിക്കാന്‍ മടിയ്ക്കൊലാ. 

ബാഹുവിന്റെ പുത്രനായ സഗരരാജാവ്‌ ജൃേഷ്ഠപുത്രനായ അസമഞ്ജനെ തള്ളിക്കളഞ്ഞു. അത്‌ പൌരഹിതത്തിന്നു വേണ്ടി യായിരുന്നു. അസമഞ്ജന്‍ സരയൂ നദിയില്‍ പൌരന്മാരുടെ കുട്ടികളെ മുക്കിക്കൊല്ലാറുണ്ടായിരുന്നു. ഈ കാരണത്താല്‍ അച്ഛന്‍ ആ പുത്രനെ നിര്‍ഭര്‍ത്സിച്ചു തള്ളിക്കളഞ്ഞു. വിപ്രാചാരം പാഴാക്കുന്നവനായതു കൊണ്ട്‌ ഉദ്ദാലക മഹര്‍ഷി തന്റെ ഇഷ്ടപു(തനായ ശ്വേതകേതു മുനിയെ തള്ളിക്കളഞ്ഞു. 

രാജാക്കളുടെ സനാതനമായ ധര്‍മ്മം ലോകരഞ്ജനമാകുന്നു. സത്യരക്ഷണം, വ്യവഹാരത്തില്‍ ആര്‍ജ്ജവം ഇവ രാജാക്കള്‍ക്കുണ്ടാകണം. പരദ്രവ്യം നശിപ്പിക്കരുത്‌. കൊടുക്കേണ്ടത്‌ കാലേ കൊടുക്കണം, വിക്രാന്തനും, സത്യവാനും, ക്ഷാന്തനും, സന്മാര്‍ഗ്ഗചാരിയും, ആത്മവാനും, വിജിതക്രോധനും, ശാസ്ത്രങ്ങള്‍ ഉറച്ചവനും, എപ്പോഴും ധര്‍മ്മാര്‍ത്ഥ കാമമോക്ഷതല്‍പരനുമായ രാജാവ്‌ ത്രയീ മന്ത്രം മറയ്ക്കുന്നവനാകണം. 

ജനങ്ങളെ രക്ഷിക്കായ്ക എന്നുള്ളതിലും മേലെ രാജാക്കന്മാര്‍ക്ക്‌ അപകര്‍ഷമായി മറ്റൊന്നില്ല. ചാതുര്‍വ്വര്‍ണ്ണത്തിന്റെ ധര്‍മ്മം രാജാവ്‌ രക്ഷിക്കണം. ധര്‍മ്മസല്‍ക്കാരസംരക്ഷ എന്ന ധര്‍മ്മം രാജാക്കന്മാര്‍ക്ക്‌ ശാശ്വതമാണ്‌. രാജാവ്‌ ആരേയും വിശ്വസിക്കരുത്‌. അതിവിശ്വാസവും പാടില്ല. ഷാള്‍ഗുണ്യ ഗുണദോഷങ്ങള്‍ എപ്പോഴും ബുദ്ധിയില്‍ കാണണം. 

ശത്രുച്ഛിദ്ര ദര്‍ശിയായ നൃപന്‍ എല്ലാ സമയത്തും പ്രശസ്തനാകുന്നു. ത്രിവര്‍ഗ്ഗത്തില്‍ കാര്യവേദിയും, ഗൂഡചാരപ്രയോഗവാനും, ഭണ്ഡാരം പോഷിപ്പിക്കുന്നവനും, യമ വൈശ്രവണോപമനും, സ്ഥാനവൃദ്ധിക്ഷയാകാരമായ ദശവര്‍ഗ്ഗം അറിഞ്ഞവനുമായിരിക്കണം രാജാവ്‌. ഇല്ലാത്തവരെ പോറ്റുകയും, പോറ്റിയവരെക്കുറിച്ച്‌ അന്വേഷിക്കുകയും വേണം. 

രാജാവ്‌ സുമുഖനാകണം. ചിരിച്ചേ സംസാരിക്കാവു. വൃദ്ധന്മാരോട്‌ ആദരവു കാണിക്കണം. മടി വിട്ടവനും, അലോലുപനുമാകണം. സദ് വൃത്തിയില്‍ മനസ്സു വെച്ചവനും സന്തോഷാചാരങ്ങളെ ദര്‍ശിക്കുന്നതില്‍ തല്‍പരനുമാകണം. 

സജ്ജനങ്ങളുടെ കൈയില്‍ നിന്ന്‌ വിത്തം ഒരിക്കലും വാങ്ങരുത്‌. അസജ്ജനങ്ങളുടെ കൈയില്‍ നിന്ന്‌ വാങ്ങണം. സത്തുക്കള്‍ക്ക്‌ നല്കണം. സ്വയംപ്രഹാരി, ദാതാവ്‌, വശ്യാത്മാവ്‌, രമ്യസാധനന്‍, കാലേ കൊടുക്കുന്നവന്‍, താനേല്ക്കുന്നവന്‍, ശുദ്ധാചാരന്‍ ഈ നിലയിലാകണം. രാജാവ്‌. . 

ശൂരന്മാരും കുറുളളവരുമായ സഹായികള്‍, അരോഗികളായ കുലജന്മാര്‍, ശിഷ്ടച്ചാര്‍ച്ചയുള്ള ശിഷ്ടന്മാര്‍, നിന്ദിക്കാത്ത മാനികള്‍, ലോകം അറിയുന്ന വിദ്വാന്മാര്‍, പരലോകത്തെ കാംക്ഷിക്കുന്നവര്‍, ധര്‍മ്മത്തില്‍ നിഷ്ഠയുള്ള സാധുക്കള്‍, കുന്നു പോലെ ഇളക്കമില്ലാത്ത സജ്ജനങ്ങള്‍ ഇവര്‍ സഹായികളാകുന്ന വിധം ഭൂരിപരിഷ്‌കൃതനായ രാജാവ്‌ ഭരിക്കണം. മുന്‍പറയപ്പെട്ടവരോട്‌ തുല്യമായ നിലയില്‍, ഛത്രാജ്ഞാധികനായാലും രാജാവ്‌ സുഖം അനുഭവിക്കണം. ഇപ്രകാരം പ്രത്യക്ഷത്തിലും,അപ്രത്യക്ഷത്തിലും പ്രവര്‍ത്തിക്കുന്ന രാജാവ്‌ ഒരി ക്കലും ദുഃഖിതനാവുകയില്ല. 

എല്ലാവരേയും ശങ്കിക്കുന്നവനും, സര്‍വ്വഹാരിയും, ലുബ്ധ നും, അമിതമായ കരം പിരിക്കുന്നവനുമായ രാജാവ്‌ പെട്ടെന്ന്‌ സ്വജനങ്ങളാല്‍ വധിക്കപ്പെടും. ശുചിയും, ലോക ചിത്തജ്ഞനുമായ രാജാവ്‌ പതിക്കുകയി ല്ല. ശത്രു ഗ്രസിച്ചാലും വീണാലും.അവന്‍ നിലനില്ക്കും. 

ക്രോധം വിട്ടവനും, അവ്യസനിയും, മൃദുദണ്ഡനും, ജിതേന്ദ്രിയനുമായ രാജാവ്‌ ഭൂതവിശ്വാസ്യനായി ഹിമവാനെപ്പോലെ നില്ക്കും. പ്രാജ്ഞനും, ഔദാര്യ ഗുണവാനും ശത്രുക്കളുടെ ദോഷങ്ങളെ നോക്കി നില്ക്കുന്നവനും, സുദര്‍ശനും, എല്ലാ ജാതികള്‍ക്കും നയാപനയവിത്തമനും, ക്ഷണത്തില്‍ കാര്യം നിര്‍വ്വഹിക്കുന്നവനും, ക്രോധം ജയിച്ചവനും, സുപ്രസാദനും, മഹാശയനും, അരോഷശീലനും. ഉദ്യുക്തനും, ക്രിയാവാനും, അഹങ്കാരം വിട്ടവനും, തുടര്‍ന്ന കാര്യങ്ങള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നവനും, ഏതു രാജാവാണോ ആ രാജാവാണ്‌ രാജസത്തമന്‍. 

അഗൂഢ വിഭവന്മാരും, നയവേത്താക്കളുമായ പൌരന്മാരുടെ നാട്ടില്‍ ആ മന്നവന്‍ മന്നവോത്തമനാകുന്നു. സ്വകര്‍മ്മപരന്മാരായ ജനങ്ങള്‍ ആരുടെ നാട്ടിലുണ്ടോ, കൂട്ടം കൂടാത്തവരായ ദാന്തന്മാരും, നന്നായി പാലിക്കപ്പെടുന്നവരും, വശ്യരും നേയരും, വിധേയന്മാരും തമ്മില്‍ സംഘര്‍ഷമില്ലാത്തവരുമായ ജനങ്ങള്‍ ആരുടെ നാട്ടിലുണ്ടോ ദാനപരനായ ആ രാജാവാണ്‌ രാജസത്തമന്‍. തന്റെ വീട്ടില്‍ തന്റെ മക്കളെന്നപോലെ, ആരുടെ നാട്ടില്‍ നിര്‍ഭയരായി ജനങ്ങള്‍ ജീവിക്കുന്നുവോ ആ നൃപന്‍ രാജസത്തമനാകുന്നു. 

കൂടം, കപടം, മായം, മത്സരം എന്നിവ ഏത്‌ ഭൂപന്റെ നാട്ടില്‍ ഇല്ലയോ അവന്‍ ശാശ്വതധര്‍മ്മവാനാകുന്നു. ജ്ഞാനങ്ങളെ സല്‍ക്കരിക്കുന്നവനും, ജേഞയത്തില്‍ പരിഹിതോദ്യുതനും, സന്മാര്‍ഗ്ഗനും, ത്യാഗിയുമായ രാജാവാണ്‌ രാജ്യാര്‍ഹന്‍. 

ചാരന്മാര്‍, മന്ത്രം, കൃതാകൃതം എന്നിവ ശത്രുക്കള്‍ അറിയാതെ നടത്തുവാന്‍ ഏതു രാജാവിന്‌ കഴിയുമോ അവനാണ്‌ രാജ്യാര്‍ഹനായ രാജാവ്‌. രാജ്യാര്‍ത്ഥിയുടെ രാജ്യത്ത്‌ രക്ഷയില്‍പരമായി മറ്റൊരു വസ്തുവുമില്ല. അതാണ്‌ സനാതനമായ ധര്‍മ്മം. ലോകധാരണമാണ്‌ ഏറ്റവും കേള്‍വി കേട്ട കാര്യം. പ്രാചേതസനായ മനു രണ്ടു ശ്ലോകം രാജധര്‍മ്മത്തെപ്പറ്റി ചൊല്ലിയിട്ടുണ്ട്‌, മനസ്സുവെച്ചു കേട്ടാലും: 

തകര്‍ന്ന നൌക കടലില്‍പ്പോലാറു വിടണം പുമാന്‍; ഓതാത്ത ഗുരുവെ, പിന്നെയോത്തറ്റ ഋത്വിക്കിനേയുമേ, രക്ഷിക്കാത്തോരു രാജാവെ, പ്രിയം ചൊല്ലാത്ത ഭാര്യയെ, ഗ്രാമാര്‍ത്ഥി ഗോപനെ, വനകാംക്ഷി ക്ഷുരകനേയുമേ. 

അദ്ധ്യായം 58. യുധിഷ്ഠിരാദിസ്വസ്ഥാനഗമനം - ഭീഷ്മൻ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ഇതാണ്‌ രാജധര്‍മ്മങ്ങളുടെ സാരം. മറ്റു ധര്‍മ്മങ്ങളൊന്നും ഭഗവാനായ ബൃഹസ്പതി വാഴ്ത്തുന്നില്ല. തപോധനനും, ഭഗവാനുമായ ശുക്രനും, പ്രാചേതസനായ മനുവും, സഹസ്രാക്ഷനായ ഇന്ദ്രനും, ഭഗവാനായ ഭരദ്വാജനും, മുനിയായ ഗൌരശിരസ്സും, രാജശാസ്ത്രപ്രണേതാക്കളായ ബ്രഹ്മണ്യവാദികളും വാഴ്ത്തുന്നത്‌ രക്ഷയെത്തന്നെയാണ്‌. രക്ഷയാണ്‌ രാജാവിന്റെ പരമമായ ധര്‍മ്മം. 

ഹേ രാജീവ നേത്രാ, രാജാക്കള്‍ക്ക്‌ സാധിക്കേണ്ട സാധനം കേള്‍ക്കുക: ചാരന്‍, പ്രണിധി, ദാനം, അമത്സരം, യുക്ത്യാ ദാനം, സാധുസംഗ്രഹണം, ശൗര്യം, ദാക്ഷ്യം, സത്യം, പ്രജാഹിതം, ശ്രതുപക്ഷ വിഭേദനം, ജീര്‍ണ്ണഗൃഹം നന്നാക്കല്‍, കാലചോദിതമായി രണ്ടു വിധം ദണ്ഡപ്രയോഗം, സാധുക്കളെ കൈവിടാതിരിക്കുക, കുലീനരെ സ്വീകരിക്കുക, സംഗ്രാഹൃസംഗ്രഹണം, ബുദ്ധിമാന്മാരെ സേവിക്കുക, ബലഹര്‍ഷണം, നാട്ടുകാരെ പാലിക്കുക, കാര്യങ്ങളില്‍ ഖേദിക്കാതിരിക്കുക, ഭണ്ഡാരം വളര്‍ത്തുക, പുരഗുപ്തി, അവിശ്വാസം, പൗരസംഘാതഭേദം, ശത്രുമദ്ധ്യസ്ഥമിത്രന്മാരില്‍ നല്ലമട്ടിലുള്ള നോട്ടം, ഭൃത്യഭേദനം, തന്റെ പുരത്തിന്റെ കാഴ്ച, അവിശ്വാസം, ആശ്വാസം നല്കല്‍, നീതിധര്‍മ്മാനുസരണം, നിത്യം ഉദ്യമം, ശത്രുക്കള്‍ക്ക്‌ അനവജ്ഞാനം, അനാരൃപരിവര്‍ജ്ജനം ഇവയെല്ലാം രാജാക്കന്മാര്‍ക്കു പുരോഗതിക്കു വേണ്ട കടമകളായി ബൃഹസ്പതി പറഞ്ഞിട്ടുണ്ട്‌. രാജധര്‍മ്മത്തിന്റെ മുലം അടങ്ങിയ ബൃഹസ്പതിയുടെ ശ്ലോകങ്ങള്‍ നീ കേള്‍ക്കുക: 

ഉത്സാഹാലമൃതം നേടി, പൌരുഷാല്‍ കൊന്നു ദൈത്യരെ, ഉത്ഥാനത്താലഹോ വിണ്ണിലിന്ദ്രന്‍ ശ്രേഷ്ഠത്വമാര്‍ന്നിതേ. ഉത്ഥാന വീരനാം ധീമാന്‍ വാഗ്വീരന്മാരില്‍ മേലെയാം നന്ദ്യാ സേവിപ്പു വാഗ്വീരന്‍ ശ്രീമാനുത്ഥാനവീരനെ. ബുദ്ധിമാനാകിലും രാജാവുത്സാഹം വിട്ടിരിക്കുകില്‍ വിഷമില്ലാത്ത സര്‍പ്പംപോല്‍ ശത്രുക്കള്‍ക്കും പ്രധൃഷ്യനാം. നിന്ദചെയ്യൊല്ല ബലവാന്‍ ശത്രു നിസ്സാരനാകിലും, അല്പാഗ്നിയും ചുട്ടെരിക്കും കൊന്നീടും വിഷബിന്ദുവും. 

ശ്രതുവിന്റെ ഒരംഗം മാത്രം ഒന്നിച്ച്‌ ദുര്‍ഗ്ഗത്തില്‍ നിന്നാല്‍ മതി, സമൃദ്ധനായ ക്ഷിതിപനായാലും അവന്റെ ദേശമൊക്കെ ചുട്ടെരിക്കുവാന്‍. രാജാവ്‌ അവന്റെ ഉള്ളിലെ കുടിലതയും, അവന്‍ ചെയ്യുന്ന പാപവും ആര്‍ജ്ജവം കൊണ്ട്‌ മറയ്ക്കണം. ലോകത്തെ സംയോജിപ്പിക്കുവാന്‍ ധര്‍മ്മിഷ്ഠമായ ക്രിയകള്‍ ചെയ്യണം. വലിയ രാജ്യം അകൃതാത്മാക്കള്‍ക്കു കൊണ്ടു നടക്കാനാവില്ല. മൃദുവായ രാജാവിന്‌ ഉത്തമമായ സ്ഥാനം ഏല്ക്കുവാന്‍ ആവുകയില്ല. സര്‍വ്വ ഭോജ്യ വസ്തുക്കളോടു കൂടിയ രാജ്യം എന്നും കൗടില്ല്യം കൊണ്ടു മാത്രം ഭരിക്കാനാവില്ല. അതു കൊണ്ട്‌ നീ മദ്ധ്യ വര്‍ത്തിയാവുക. ഹേ യുധിഷ്ഠിരാ! നാട്ടുകാരെ കാക്കുന്ന രാജാവിന് വിപത്തുണ്ടായാലും അവന് അതു മഹാ ധര്‍മ്മമാണെന്നു കരുതണം. ഈ നിലയിലാണ്‌ രാജാക്കന്മാര്‍ വര്‍ത്തിക്കേണ്ടത്‌. നിന്നോട്‌ ഈ രാജധര്‍മ്മങ്ങള്‍ ഞാന്‍ അല്പമൊന്നു പറഞ്ഞു. ഇനി നിനക്ക്‌ സംശയമുളളതു ചോദിക്കാം. 

വൈശമ്പായനൻ പറഞ്ഞു: അപ്പോള്‍ ഭഗവാന്‍ വ്യാസനും, ദേവസ്ഥാനനും, അശ്മനും, വാസുദേവനും, കൃപനും, സഞ്ജയനും, സാതൃകിയും സന്തോഷപൂര്‍ണ്ണമായ മുഖത്തോടെ നന്ന്‌! നന്ന്‌! എന്നു ഹര്‍ഷിച്ച്‌ പുരുഷവ്യാഘ്രനും, ധര്‍മ്മവിത്തമനുമായ ഭീഷ്മനെ പ്രശംസിച്ചു. 

ഈ സമയത്ത്‌ ദൈന്യത്തോടെ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ യുധിഷ്ഠിരന്‍ ഭീഷ്മന്റെ കാലുപിടിച്ചു പറഞ്ഞു: പിതാമഹാ। മഹാബാഹോ, നാളെ ഞാന്‍ എന്റെ സന്ദേഹം അങ്ങയെ ഉണര്‍ത്തിക്കാം. ഭൂമിയിലെ ചാറു വലിച്ചെടുത്ത്‌ ഭാസ്കരന്‍ ഇതാ അസ്തമിക്കുന്നു.

കേശവന്‍ ദ്വിജന്മാരെ വന്ദിച്ചു. കൃപനും, യുധിഷ്ഠിരനും, മറ്റുള്ളവരും ഭീഷ്മനെ പ്രദക്ഷിണം വെച്ചു. അവര്‍ എല്ലാവരും സസന്തോഷം തേരില്‍ക്കയറി. ഹസ്തിനാപുരത്തിന്നടുത്തു കൂടി ഒഴുകുന്ന ദൃഷദ്വതീ നദിയില്‍ ഇറങ്ങി അവരെല്ലാം സ്നാനം ചെയ്തു. ദൃഷദ്വതീ സ്നാനം കൊണ്ട്‌ ശുഭ വതാഡ്യരായി കൃതോദകന്മാരായി ജപിച്ച്‌ കൃതമംഗളന്മാരായി മുറയ്ക്ക്‌ അവര്‍ സന്ധ്യാവിധി അനുഷ്ഠിച്ചു. അനന്തരം പരന്തപന്മാരായ അവര്‍ ഹസ്തിനാപുരത്തേക്കു പോയി. 

അദ്ധ്യായം 59. സുത്രാദ്ധ്യായം - വൈശമ്പായനൻ പറഞ്ഞു: പിന്നെ നേരം പ്രഭാതമായപ്പോള്‍ യാദവന്മാരും, പാണ്ഡവന്മാരും പൂര്‍വ്വാഹ്നക്രിയകളെല്ലാം ചെയ്തതിന് ശേഷം പുരാകാരമായ രഥങ്ങളില്‍ കയറി കുരുക്ഷേത്രത്തിലേക്കു പുറപ്പെട്ടു. അവിടെ ഭീഷ്മന്റെ സന്നിധിയില്‍ച്ചെന്ന്‌, പിതാമഹന്റെ രാത്രിയിലെ നിദ്രാസുഖത്തെക്കുറിച്ച്‌ അന്വേഷിച്ചു. വ്യാസന്‍ മുതലായ ഋഷീന്ദ്രന്മാരെ കൈകൂപ്പി അവര്‍ ആദരിച്ചു. അതിന് ശേഷം അവരെല്ലാവരും ദീഷ്മന്റെ ചുറ്റും ഇരുന്നു. പിന്നെ തേജസ്വിയായ യുധിഷ്ഠിര മഹാരാജാവ്‌ ഭീഷ്മനെ പുജിച്ച്‌, കൈതൊഴുത്‌, സവിനയം ഇപ്രകാരം ചോദിച്ചു. 

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പരന്തപനായ രാജാവേ, രാജാവ്‌ എന്ന്‌ പ്രചാരത്തിലിരിക്കുന്ന വാക്കിന്റെ ഉത്ഭവം എങ്ങനെയാണ്‌? അതു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നരന്മാര്‍ക്കൊക്കെ കൈകളും, കഴുത്തും, ബുദ്ധീന്ദ്രിയങ്ങളും തുല്യമാണ്‌. ഉള്ളിലെ സുഖവും, ദുഃഖവും തുല്യമാണ്‌. വയറും, പുറവും, മുഖവും തുല്യമാണ്‌. ചോരയും, മാംസവും തുല്യമാണ്‌. ശ്വാസോച്ഛാസവും, പ്രാണനും, ശരീരവും തുല്യമാണ്‌. ജനനവും, മരണവും തുല്യമാണ്‌. എല്ലാ ഗുണങ്ങളും തുല്യമാണ്‌. പിന്നെ ബുദ്ധിയേറിയ ശുരന്മാര്‍ക്ക്‌ എന്താണ്‌ ഇത്ര മേന്മയ്ക്കവകാശം? ശൂരന്മാരും, വീരന്മാരുമുള്ള ഈ ഭൂമിയൊട്ടുക്ക്‌ ഭരിക്കുവാനും, രക്ഷിക്കുവാനും ഈ ലോകത്തിന്റെ പ്രസാദത്തെപ്പറ്റി ചിന്തിക്കുവാനും എന്തവകാശം? ആ ഒരുത്തന്റെ പ്രസാദം കൊണ്ട്‌ ലോകം മുഴുവന്‍ സന്തോഷിപ്പിക്കുകയും ആ ഒരുത്തന്‍ ഉഴന്നു പോയാല്‍ എല്ലാവരും ഉഴലുകയും ചെയ്യുന്നു. ഇത്‌ എന്തു കൊണ്ടാണെന്നറിയുവാന്‍ എനിക്കു വലിയ ആഗ്രഹം തോന്നുന്നു. അല്ലയോ വാഗ്മി പുംഗവാ, ഇക്കാര്യം അങ്ങ്‌ ശരിക്കു പറഞ്ഞു തന്നാലും! ഇത്‌ ചെറിയ കാര്യമാണെന്ന്‌ എനിക്കു തോന്നുന്നില്ല. ലോകം മുഴുവന്‍ ദേവനെപ്പോലെയുള്ള ഒരു മനുഷ്യന്റെ കീഴില്‍ നില്ക്കുന്നു! 

ഭീഷ്മൻ പറഞ്ഞു: അല്ലയോ നരവ്യാഘ്രാ, നീ മനസ്സു വെച്ച്‌ കേള്‍ക്കുക; എല്ലാം ഞാന്‍ പറഞ്ഞുതരാം. 

പണ്ട്‌ കൃത യുഗത്തിലാണ്‌ രാജ്യം എന്ന ഒരു ക്രമം ആദ്യമായി ഉണ്ടായത്‌. ആദിയില്‍ രാജ്യമില്ല, രാജാവുമില്ല; ദണ്ഡമില്ല, ദണ്ഡ്യനുമില്ല. ധര്‍മ്മത്താല്‍ പ്രജകളെല്ലാം പരസ്പരം സംരക്ഷിച്ചിരുന്നു. ധര്‍മ്മത്താല്‍ തമ്മില്‍ത്തമ്മില്‍ പരിപാലിക്കപ്പെട്ടിരുന്ന നരര്‍ പിന്നെ ഖേദിക്കുവാനിടയായി. അവര്‍ക്ക്‌ ഉള്ളില്‍ മോഹം ജനിച്ചു. മാനുഷര്‍ മോഹത്തിന്ന്‌ വശഗരായപ്പോള്‍ ഓരോ മോഹവും പ്രതിവിമോഹവും കൊണ്ട്‌ അവരുടെ ധര്‍മ്മം കെട്ടു പോയി. മനുഷ്യന്റെ പ്രതിപത്തി ഇടിഞ്ഞ സമയത്ത്‌ അവന്‍ മോഹത്തിന്റെ അധീനത്തിലായി. അപ്പോള്‍ എല്ലാവരും ലോഭത്തിന്ന്‌ കീഴിലായി. കിട്ടാഞ്ഞതില്‍ മനുഷ്യന്ന്‌ ആശ ജനിച്ചു. അങ്ങനെ കാമമെന്ന ഒരു മനോഭാവം അവരില്‍ ബലമായി ഉണ്ടായി വന്നു. അങ്ങനെ കാമമുണ്ടായപ്പോള്‍, അവരെ രാഗം ബാധിച്ചു അല്ലയോ യുധിഷ്ഠിരാ! അങ്ങനെ രാഗത്തില്‍ മുഴുകിയ നരന്‍ കാര്യവും അകാര്യവും തിരിച്ചറിയാത്തവനായി! അപ്പോള്‍ മനുഷ്യര്‍ അഗമ്യാഗമനം, വാച്യാവാച്യം, ഭക്ഷ്യാഭക്ഷ്യം, ദോഷാദോഷം ഇവയൊന്നും വിട്ടില്ല. അങ്ങനെ നരലോകം കലമ്പലായ കാലത്ത്‌ വേദം നശിച്ചു. വേദം നശിച്ചപ്പോള്‍ യജ്ഞവും നശിച്ചു. വേദവും യജ്ഞവും ക്ഷയിച്ചപ്പോള്‍ ദേവകള്‍ ഭയപ്പെട്ടു. അങ്ങനെ വന്നപ്പോള്‍ അവര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. എല്ലാ ദേവന്മാരും കൈകൂപ്പി, ദുഃഖത്തോടെ പ്രഹ്മാവിനെ ഇപ്രകാരം ഉണര്‍ത്തിച്ചു: ഭഗവാനെ, മര്‍ത്ത്യഭൂമിയില്‍ ലോഭമോഹാദികളായ ഭാവങ്ങള്‍ വേദത്തെ ഗ്രസിച്ചുകളഞ്ഞു. ഞങ്ങള്‍ അതില്‍ ഭയപ്പെട്ടു പോയിരിക്കുന്നു. വേദത്തിന്റെ നാശംകൊണ്ട്‌ യജ്ഞവും കെട്ടുപോയിരിക്കുന്നു. അതു കൊണ്ട്‌ ത്രിലോകനാഥാ, ദേവന്മാരായ ഞങ്ങള്‍ മര്‍ത്തൃതുല്യന്മാരായിത്തീര്‍ന്നിരിക്കുന്നു. ദേവന്മാരായ ഞങ്ങള്‍ കീഴ്പ്പോട്ടു വര്‍ഷിക്കുന്നവരാണല്ലോ. നരന്മാര്‍ മേല്പോട്ടും വര്‍ഷിക്കുന്നവരാണ്‌. അവര്‍ ആ ക്രിയ ചെയ്യാതായപ്പോള്‍ യാഗം മൂലം ദേവന്മാരെ പ്രസാദിപ്പിക്കാതായപ്പോള്‍ ഞങ്ങളുടെ കഥ സംശയത്തിലായിരിക്കുന്നു. പിതാമഹാ! അങ്ങ്‌ ഞങ്ങളുടെ നിഃശ്രേയസത്തെപ്പറ്റി, അങ്ങയുടെ പ്രഭാവത്തില്‍ നിന്നുത്ഭവിച്ച നിഃശ്രേയസത്തെപ്പറ്റി ചിന്തിച്ചാലും. ഞങ്ങളുടെ ദേവത്വം നശിക്കാതിരിക്കുവാന്‍ അങ്ങ്‌ ഉടനടി വേണ്ടതു ചെയ്താലും! 

ദേവന്മാര്‍ പറഞ്ഞതു കേട്ട്‌ ഉടനെ സ്വയംഭൂവായ ഭഗവാന്‍ പറഞ്ഞു അല്ലയോ അമര്‍ത്ത്യരേ, നിങ്ങള്‍ ഭയപ്പെടേണ്ട. ഞാന്‍ നിങ്ങളുടെ ശ്രേയസ്സിന്നുവേണ്ട മാര്‍ഗ്ഗം ചിന്തിക്കാം. 

അങ്ങനെ ദേവന്മാരെ സമാശ്വസിപ്പിച്ച്‌ സ്വയംഭൂ, താന്‍ തന്നെ സ്വന്തം ബുദ്ധികൊണ്ട്‌, നൂറായിരം അദ്ധ്യായത്തില്‍ ധര്‍മ്മസംഹിത നിര്‍മ്മിച്ചു. അതില്‍ വേണ്ട വിധത്തില്‍ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ വര്‍ണ്ണിച്ചിട്ടുണ്ട്‌. അതിനെ ത്രിവര്‍ഗ്ഗം എന്നു പറയുന്നു. നാലാമതായി അതില്‍ മോക്ഷ മാര്‍ഗ്ഗത്തെയും പറഞ്ഞിരിക്കുന്നു. അതു വെവ്വേറെ അര്‍ത്ഥമുള്ളതും, വെവ്വേറെ ഗുണമുളളതുമാണ്‌. മോക്ഷത്രിവര്‍ഗ്ഗം എന്നത്‌ സത്വം, രജസ്സ്‌, തമസ്സ്‌ ഇവയാണ്‌. സ്ഥാനം, വൃദ്ധി, ക്ഷയം ഇവ ദണ്‍ഡജമായ ത്രിവര്‍ഗ്ഗമാണ്‌. നീതിഭവമായ ഷഡ്വര്‍ഗ്ഗം, ആത്മാവ്‌, ദേശം, കാലം, സാധനം, സാദ്ധ്യം, സഹായം, കാരണം ഇവയാണ്‌. പിന്നെ തര്‍ക്കശാസ്ത്രം, വാര്‍ത്ത, ദണ്ഡനീതി ഇവ ഇതില്‍ വിസ്തരിച്ചിട്ടുണ്ട്‌. അമാത്യരക്ഷ, പ്രണിധി, രാജപുത്ര ലക്ഷണം, പലേ ഉപായത്തോടുകൂടിയ പലമാതിരി ചാരപ്രയോഗം, സാമം, ദാനം, ഭേദം, ദണ്ഡം, ത്യാഗം ഇവയെല്ലാം രാജാവേ, അതില്‍ പറഞ്ഞിട്ടുണ്ട്‌. അപ്രകാരം തന്നെ എല്ലാ മന്ത്രങ്ങളും ഭേദസാധനം, വിഭ്രമം, മന്ത്രത്തിന്റെ സിദ്ധി, അസിദ്ധി, അവയുടെ ഫലം ഇവ അതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്‌. മുന്നു വിധം സന്ധികള്‍, ഹീനം, മദ്ധ്യമം, ഉത്തമം, ഭയം, സല്‍ക്കാരം, വിത്തം ഇവയെപ്പറ്റിയെല്ലാം അതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. അപ്രകാരം നാലു യാത്രാകാലങ്ങള്‍, ത്രിവര്‍ഗ്ഗത്തിന്റെ വിസ്തരം, ധര്‍മ്മവിജയം, അര്‍ത്ഥ വിജയം ഇവ മുറയ്ക്കു പറഞ്ഞിട്ടുണ്ട്‌. പിന്നെ ആസുരമായ വിജയവും അതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. പഞ്ചവര്‍ഗ്ഗത്തിന്റെ മുന്നു മാതിരി ലക്ഷണവും വര്‍ണ്ണിച്ചിട്ടുണ്ട്‌. പിന്നെ സൈന്യത്തെപ്പറ്റി ഒളിവായും വെളിവായും പ്രതിപാദിച്ചിട്ടുണ്ട്‌. വെളിവായി എട്ടു വിധവും, ഒളിവായി പലമാതിരിയും പറയപ്പെട്ടിരിക്കുന്നു. തേര, ആന, കുതിര, കാലാള്‍, അടിമകള്‍, കപ്പല്‍, ചാരന്മാര്‍, ആചാര്യന്മാര്‍ ഇവയാണ്‌ സൈന്യത്തിന്റെ പ്രത്യക്ഷമായ ആംഗങ്ങള്‍. ജംഗമം, അജംഗമം, വിഷം, ചൂര്‍ണ്ണം ഇവയുടെ യോഗം, ഇവയെ തൊടുന്നതിലും കഴിക്കുന്നതിലും രഹസ്യമായ മൂന്നു തരം വിധങ്ങള്‍, ഇവയും, ശത്രുക്കള്‍, മിത്രങ്ങള്‍, ഉദാസീനന്മാര്‍ ഇവയും വര്‍ണ്ണിച്ചിരിക്കുന്നു. പിന്നെ മാര്‍ഗ്ഗഗുണം, ഭൂമിക്കുള്ള ഗുണങ്ങള്‍, അത്മസംരക്ഷണം, ആശ്വാസം, നിര്‍മ്മാണങ്ങളുടെ നോട്ടം എന്നിങ്ങനെ പല കല്പനാഭേദങ്ങളും, ആന, ആള്‍, തേര്‍, കുതിരകള്‍ ഇവ കൊണ്ടുള്ള പലതരം വ്യൂഹങ്ങള്‍, പിന്നെ പലതരം യുദ്ധ കൗശലങ്ങള്‍, ഉല്‍പ്പാതങ്ങള്‍, നിപാതങ്ങള്‍, പ്രശസ്തി, നല്ല തിരിഞ്ഞോട്ടം, ശസ്ത്രം നന്നാക്കുന്നതിലുള്ള ജ്ഞാനം ഇവയൊക്കെ ഹേ ഭരതര്‍ഷഭാ! ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. 

ഇപ്രകാരം ബലവ്യസനയോഗം, ബലഹര്‍ഷണം, പീഡ, ആപത്തിന്റെ കാലം, കാലാള്‍ജ്ഞാനം, അടയാളപ്പരസ്യം, രണ്ടു യോഗങ്ങളുടേയും നടത്തല്‍, ചാരന്മാരാലും, കാടന്മാരാലും, ശത്രുരാജ്യത്തിന്റെ പീഡനം, വിഷം, അഗ്നി ഇവ പ്രയോഗിക്കുന്നവര്‍, പ്രതിമാകാരന്മാര്‍, യജമാനന്മാരുടെ ഭേദവിധി, ധാന്യാദികളുടെ നാശം, നാഗഭൂഷണം, യോഗം കൂടല്‍, ഭക്താരാധനം, വിശ്വസിപ്പിക്കല്‍ ഇവയാല്‍ ഏഴംഗമുള്ള രാജ്യത്തിന്റെ നാശം, അഭിവൃദ്ധി, സമത്വം, കൃതമായ സാമര്‍ത്ഥ്യയോഗം, രാഷ്ട്രത്തിന്റെ വിവര്‍ദ്ധനം ഇവയെല്ലാം അതില്‍ നന്നായി പറഞ്ഞിട്ടുണ്ട്‌. ശത്രുമിത്രോദീനങ്ങളായ സംഗതികളില്‍ ശത്രുമിത്രോദീനന്മാരെപ്പറ്റി വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്‌. ബലവാന്മാരുടെ അവമര്‍ദ്ദം, പതീഘാതം എന്നി വയും, മഹാസൂക്ഷ്മമായ വ്യവഹാരം, കണ്ടകങ്ങളുടെ ശോധനം, ശ്രമം, വ്യായാമയോഗം, ദാനം, ദ്രവ്യാര്‍ജ്ജനം, അഭൃതന്മാര്‍, ഭരണം, ഭൃതന്മാരുടെ നേട്ടം, കാലം നോക്കി ദ്രവ്യദാനം, വ്യസനത്തില്‍ പെടാതിരിക്കല്‍, രാജാവിന്റേയും സേനാപതിയുടെയും ഗുണങ്ങള്‍, ത്രിവര്‍ഗ്ഗത്തിന്റെ കരണം, ഗുണദോഷങ്ങള്‍, പല തരം ദുശ്ചേഷ്ടിതം, സേവാവൃത്തി, എല്ലാറ്റിലും ശങ്ക, പ്രമാദത്തില്‍ പെടാതിരിക്കല്‍, കിട്ടാത്തതു സമ്പാദിക്കല്‍, കിട്ടിയത്‌ അഭിവൃദ്ധിപ്പെടുത്തല്‍, വര്‍ദ്ധിച്ചത്‌ വിധിപ്രകാരം പാത്രം നോക്കി ദാനം ചെയ്യല്‍, ധര്‍മ്മത്തിന് വേണ്ടിയുള്ള അര്‍ത്ഥദാനം, കാമത്തിന്നുളള അര്‍ത്ഥദാനം, വ്യസനത്തിലുള്ള അര്‍ത്ഥദാനം ഇങ്ങനെ നാലു തരം ദാനങ്ങളും ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്‌. പിന്നെ ക്രോധജങ്ങള്‍. മഹോഗ്രങ്ങള്‍, കാമജങ്ങള്‍ ഇങ്ങനെ ഹേ കുരുശ്രേഷ്ഠാ, പത്തുമാതിരി വ്യസനങ്ങള്‍ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു.  വേട്ട, ചൂതാട്ടം മദ്യപാനം, സ്ത്രീസേവ, ഇവ കാമജങ്ങളാണെന്നു ബ്രഹ്മാവ്‌ വിധിച്ചിരിക്കുന്നതായി ആചാര്യന്മാര്‍ ഉപദേ ശിച്ചിരിക്കുന്നു. വാക്കില്‍ പരുഷത, ഉഗ്രത, ദണ്ഡപാരുഷ്യം, ദേഹം നിഗ്രഹിക്കല്‍, ത്യാഗം, അര്‍ത്ഥദൂഷണം, പലതരം യന്ത്രങ്ങള്‍, അവയുടെ ഉപയോഗം, അവമര്‍ദ്ദം, പ്രതീഘാതം, ഗൃഹഭഞ്ജനം, ചൈത്യവൃക്ഷം തകര്‍ക്കല്‍, കൃഷി മുതലായവയുടെ ഫലം രോധിക്കല്‍, കോപ്പുകള്‍, മെയ്ക്കോപ്പുകള്‍ ഇവയെ നിര്‍മ്മിക്കുന്നത്‌, ഇവയെപ്പറ്റിയൊക്കെ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്‌. 

ആനകം,പണവം, ഭേരി, ശംഖ്‌, ദ്രവ്യാര്‍ജ്ജനം, മര്‍ദ്ദനം ഇവ ആറുവിധത്തിലാണ്‌. ലബ്ധപ്രശമനം, ശത്രുക്കളുടെ പൂജനം, വിദ്വാന്മാരെ സ്നേഹിക്കല്‍, ദാനം, ഹോമവിധിയെക്കുറിച്ചുള്ള ജ്ഞാനം, മംഗളാലംഭനം, ദേഹാലങ്കാരം, ആഹാരയോജനം, ആസ്തിക്യബോധം, ഒറ്റയ്ക്ക്‌ ഉത്ഥാനവിധി, സത്യത്വം, നല്ല വാക്കുകള്‍, സഭോത്സവാദിക്രിയകള്‍, കേതന ക്രിയ, പരസൃമായും രഹസ്യമായും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ മുന്‍പറഞ്ഞ ക്രിയകള്‍, വൃത്തത്തില്‍ച്ചേര്‍ന്ന നോട്ടം, വിപ്രന്മാര്‍ക്കുളള അദണ്ഡ്യത്വം, യുക്തി കൊണ്ടു ശിക്ഷ ചെയ്യല്‍, അനുഭവി, സ്വജാതിയില്‍പ്പെട്ട ഗുണവാന്മാര്‍ക്കുള്ള പൂജ്യത, പൌരരക്ഷണം, രാഷ്ട്രവര്‍ദ്ധനം, പ്രന്തണ്ടു മണ്ഡലങ്ങളുടെ ചിന്ത, എഴുപത്തിരണ്ടു വിധം ദേഹസംസ്കാര ഭേദം, ദേശം, ജാതി, കുലം ഇവയുടെ വൃത്യസ്ത ധര്‍മ്മങ്ങള്‍ ഇവയെല്ലാം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവയെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. ഉപായങ്ങള്‍, ധനകാംക്ഷ, ഭൂരിദക്ഷിണ, മുലകര്‍മ്മക്രിയ, മായാപ്രയോഗം ഇവയും ജലം കേടുവരുത്തല്‍ ഇങ്ങനെ പല പ്രകാരത്തില്‍ ജനങ്ങളെ ദുര്‍മ്മാര്‍ഗങ്ങളില്‍ നിന്നു പിന്തിരിപ്പിച്ച്‌ നല്ല വഴിക്കു കൊണ്ടു പോകുവാന്‍ ഉപകരിക്കുന്ന എല്ലാ നീതി ശാസ്ത്രവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ രാജശ്രേഷ്ഠാ! 

ശുഭമായ ഈ ശാസ്ത്രം നിര്‍മ്മിച്ചതിന് ശേഷം ഭഗവാനായ പ്രഭു ഇന്ദ്രാദികളായ സുരന്മാരോട്‌ സസന്തോഷം അരുളി ച്ചെയ്തു: ഹേ സുരന്മാരേ, ലോകോപകാരത്തിന് വേണ്ടി ത്രിവര്‍ഗ്ഗം സ്ഥാപിക്കുവാന്‍ വാക്കിന്റെ നവനീതമായി ഈ ബുദ്ധി എന്നില്‍ ഉദിച്ചു. ഇത്‌ ദണ്ഡത്തോടൊപ്പം ലോകത്തെ സംരക്ഷിച്ച്‌ നിഗ്രഹാനുഗ്രഹങ്ങള്‍ ചെയ്ത്‌ ലോകം തോറും ചരിക്കുന്നതാണ്‌. ദണ്ഡം നയിക്കുന്ന ഇത്‌ ദണ്ഡത്തെ നയിക്കുന്നതായി ദണണ്‍ഡ നീതി എന്ന പേരില്‍ മൂന്നു ലോകത്തിലും വ്യാപി ക്കുന്നതാണ്‌. ഷാഡ്ഗുണ്യഗുണം കലര്‍ന്ന ഇത്‌ മഹാത്മാക്കളില്‍ നില്ക്കുന്നതാണ്‌. ഇതില്‍ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്‌. പിന്നെ ആ നീതിയെ ഭഗവാന്‍ ശങ്കരന്‍ കൈക്കൊണ്ടു. ബഹുരൂപനും വിശാലാക്ഷനും സ്ഥാണുവും ഗൌരീശ്വരനുമായ ശിവന്‍ ജനങ്ങളുടെ ആയുസ്സിന്റെ ഹ്രസ്വത കണ്ട്‌ അവര്‍ക്കു പാകത്തിന് ബ്രഹ്മകൃതമായ ആ മഹാശാസ്ത്രം, അര്‍ത്ഥഗംഭീരമായ ആ ശാസ്ത്രം ചുരുക്കിയെഴുതി, "വൈശാലാക്ഷം" എന്ന ആ സംഗ്രഹം. ദേവേശ്വരനായ സുബ്രഹ്മണ്യന്‍ കൈക്കൊണ്ടു. അതിന്ന്‌ പതിനായിരം അദ്ധ്യായമുണ്ട്‌. ആ ശാസ്ത്രം ഒന്നു കൂടി ചുരുക്കി അയ്യായിരത്തില്‍ ഒതുക്കി ദേവേന്ദ്രൻ നിര്‍മ്മിച്ചു. അത്‌ വളരെ പണിപ്പെട്ട്‌ ബൃഹസ്പതി മുവായിരമാക്കി ചുരുക്കി. അതിന് ബാര്‍ഹസ്പത്യം എന്നാണ്‌ പേര്. അതുതന്നെ ഒന്നുകൂടി ചുരുക്കി ശുക്രമഹര്‍ഷി ആയിരം അദ്ധ്യായത്തില്‍ ഒതുക്കി. അമിതപ്രജ്ഞനും യോഗാചാര്യനുമായ ശുക്രന്‍ ആ ശാസ്ത്രം ഇങ്ങനെ സംഗ്രഹിച്ചു. ഇപ്രകാരം മനുഷ്യായുസ്സിന്റെ ഹ്രസ്വത കണ്ട മഹര്‍ഷിമാര്‍ ലോകാനുഗ്രഹത്തിന്നു വേണ്ടി സംക്ഷേപിച്ചു. 

പിന്നെ ദേവന്മാര്‍ ചെന്ന്‌ പ്രജേശ്വരനായ മഹാവിഷ്ണുവിനോട് ഉണര്‍ത്തിച്ചു; മനുഷ്യരില്‍ ശ്രേഷ്ഠനായ ഒരുവന് ഇത്‌ ഉപദേശിക്കണം. അതിന് പറ്റിയ ഒരാളെ ഭഗവാന്‍ കാണിച്ചു തരണം. ശ്രീ നാരായണന്‍ ചിന്തിച്ചു; ഇപ്പോള്‍ ആരേയും അതിന്നു പറ്റിയതായി കാണുന്നില്ല. ശരി ഒരുത്തനെ സൃഷ്ടിച്ചേക്കാം എന്നു വെച്ച്‌ ഭഗവാന്‍ തേജസ്സേറിയ വിരജസ്സിനെ മനസ്സു കൊണ്ട്‌ സൃഷ്ടിച്ചു. മഹാഭാഗനായ വിരജസ്സ്‌ രാജ്യഭാരം കൈയേറ്റില്ല. അവന്റെ ബുദ്ധി സന്യാസത്തിലേക്കു തിരിഞ്ഞു. പിന്നെ അവന്റെ കീര്‍ത്തിമാനായ പുത്രനും സന്യാസത്തിലേക്കു തന്നെ തിരിഞ്ഞു. അവന്റെ പുത്രനായ കര്‍ദ്ദമനും വലിയ തപസ്വി തന്നെയായി. കര്‍ദ്ദമ രാജാവിന്റെ മകന്‍ സന്ന്യസിച്ചപ്പോള്‍ അനംഗന്‍ എന്ന പുത്രന്‍ സാധുജന സംരക്ഷണത്തിന്നു വേണ്ടി രാജ്യഭാരം കൈയേറ്റു. ദണ്ഡനീതിയില്‍ വിശാരദനായി. അനംഗന്റെ പുത്രന്‍ ബുദ്ധിമാനും ബലവാനുമായിരുന്നു. നീതിമാന്‍ എന്നു പ്രസിദ്ധനായ അവന്‍ മഹാരാജ്യം അച്ഛനില്‍നിന്ന്‌ ഏറ്റുവാങ്ങി  അർത്ഥ ഇന്ദ്രിയവശസ്ഥനായി. അവന്റെ ഭാര്യ മൃത്യുവിന്റെ മാനസീ പുത്രിയായ സുനീഥയായിരുന്നു കൗരവ ശ്രേഷ്ഠാ! അവള്‍ മുന്നു ലോകത്തിലും പേര്‍ പുകഴ്ന്നവളായിരുന്നു.വേനനെ അവള്‍ പ്രസവിച്ചു. 

വേനന്‍ രാഗദ്വേഷങ്ങള്‍ പൂണ്ട്‌ നാട്ടുകാര്‍ക്ക്‌ അന്യായവും അധര്‍മ്മവും ചെയ്തു. അവന്റെ ദുര്‍ന്നയം സഹിക്കാതെ മഹര്‍ഷികള്‍ മന്ത്രം ജപിച്ചു വിട്ട കുശപ്പുല്ലു കൊണ്ട്‌ അവനെ സംഹരിച്ചു. എന്നു തന്നെയല്ല, മന്ത്രശക്തി കൊണ്ട്‌ അവന്റെ വലംതുട കടഞ്ഞു. അതില്‍നിന്ന്‌ കുള്ളനും വികൃതാംഗനുമായ പുത്രന്‍ ജനിച്ചു. കരിമുട്ടി പോലെയുള്ള ദേഹം, ചോരക്കണ്ണ്‌. കറുത്ത തലമുടി ഇങ്ങനെ ഒരു സത്വം പിറന്നു. അവനോട്‌ ബ്രഹ്മര്‍ഷികള്‍ നിഷാദിക്കുക എന്നു പറഞ്ഞു. ക്രൂരന്മാരും ശൈലവനങ്ങളെ ആശ്രയിക്കുന്നവരുമായ നിഷാദര്‍ അവന്നുണ്ടായ സന്താനങ്ങളാണ്‌. വിന്ധ്യാടവിയിൽ കാണുന്ന അസംഖ്യം മ്ലേച്ഛന്മാരും അവന്റെ സന്താനപരമ്പരകളാണ്‌. 

പിന്നെ വേനന്റെ വലം കൈ മഹര്‍ഷികള്‍ കടഞ്ഞു. അതില്‍ നിന്ന്‌ ഇന്ദ്രതുല്യമായ ഒരു പുരുഷ രൂപം ഉയര്‍ന്നു. വാള്‍ അരയില്‍ തൂക്കി, ചട്ടയിട്ട്‌, വില്ലും അമ്പും ധരിച്ച്‌, വേദവേദാംഗങ്ങളൊക്കെ പഠിച്ച്‌ അവന്‍ ധനുര്‍വ്വേദ വിചക്ഷണനായി വിളങ്ങി. ആ നരോത്തമനില്‍ എല്ലാ ദണ്ഡനീതിയും ചെന്നു ചേര്‍ന്നു. ആ വൈന്യന്‍ തൊഴുത്‌ മഹര്‍ഷികളോടു പറഞ്ഞു: ഹേ മഹാശയന്മാരേ, ധര്‍മ്മാര്‍ത്ഥം കാണുന്ന സൂക്ഷ്മമായ ബുദ്ധി എനിക്കു ലഭിച്ചിരിക്കുന്നു. അതു കൊണ്ട്‌ ഞാന്‍ എന്തു ചെയ്യേണമെന്ന്‌ തത്വത്തോടെ പറഞ്ഞു തന്നാലും. അര്‍ത്ഥപൂര്‍ണ്ണമായ കാര്യങ്ങള്‍ എന്നോട്‌ നിങ്ങള്‍ ഉപദേശിക്കുക. അത്‌ ഞാന്‍ വേണ്ട പോലെ ചെയ്തു കൊളളാം. അതിനെക്കുറിച്ച്‌ ആവലാതിപ്പെടേണ്ടതില്ല. വൈന്യന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അവനോട്‌ ദേവന്മാരും മുനി മുഖ്യന്മാരും പറഞ്ഞു: യാതൊരു മാറ്റവും സംഭവിക്കാത്ത ശരിയായ ധര്‍മ്മം നീ ശങ്കിക്കാതെ ചെയ്തു കൊള്ളുക. പ്രിയവും അപ്രിയവും ഗണിക്കാതെ, എല്ലാ ജീവികളിലും സമഭാവനയോടെ നീതി നടത്തുക. കാമം, ക്രോധം, ലോഭം, മാനം ഇവയൊക്കെ മനസ്സില്‍ ഏല്ക്കാതെ ദുരെയകറ്റുക. നിതൃധര്‍മ്മത്തെ നില നിര്‍ത്തുവാന്‍ ധര്‍മ്മംവിട്ടു (പവര്‍ത്തിക്കുന്ന ഏതു മനുഷ്യനായാലും അവനെ നീ നിന്റെ കൈകൊണ്ടു കൊന്നു കളയണം. വീണ്ടും നീ ഒരു പ്രതിജ്ഞ ചെയ്യണം. മനസ്സു കൊണ്ടും വാക്കു കൊണ്ടും കര്‍മ്മം കൊണ്ടും ഞാന്‍ ഈ ഭൗമബ്രഹ്മം സംരക്ഷിക്കുന്നതാണ്‌ എന്ന്‌. ദണ്ഡനീതിയില്‍ ഉള്‍പ്പെട്ട ശാശ്വതമായ ധര്‍മ്മം ഇന്നു ഞാന്‍ ശങ്കകൂടാതെ കാക്കുന്നതാ ണ്‌. സ്വാര്‍ത്ഥത്തിന്നു വേണ്ടി ഒന്നും ചെയ്യുന്നതല്ല എന്നും വിപ്ര ന്മാര്‍ ദണ്ഡ്യരല്ലെന്നും നീ ശപഥം ചെയ്യണം. വര്‍ണ്ണസങ്കരത്തില്‍ നിന്ന്‌ ലോകത്തെ രക്ഷിക്കുന്നതാണെന്നും ശപഥം ചെയ്യുണം. അവര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ വൈന്യന്‍ ആ ദേവര്‍ഷിമാരോടും ദേവന്മാരോടുമായി ഇപ്രകാരം പറഞ്ഞു: എനിക്ക്‌ വിപ്രന്മാര്‍ യോഗ്യന്മാരും വന്ദ്യന്മാരുമാണ്‌. അവര്‍ പുരുഷര്‍ഷഭന്മാരുമാണ്‌. എന്നാല്‍ അങ്ങനെ ഭവിക്കട്ടെ എന്ന്‌ അവര്‍ മറുപടി പറഞ്ഞു. ബ്രഹ്മമയനും വിദ്യാനിധിയുമായ ശുക്രന്‍ അവന് പുരോഹിതനായി. ബാലഖില്യരും സാരസ്വതഗണങ്ങളും മന്ത്രിമാരായി. മഹര്‍ഷിയായ ഗര്‍ഗ്ഗന്‍ അവന്റെ ജ്യോത്സ്യനായി. മനുഷ്യരില്‍ വൈന്യന്‍ എട്ടാമനാണ്‌ എന്നാണു ശ്രുതി. അവന് ആദ്യമായി ജനിച്ചവരാണ്‌ സൂതമാഗധരായ വന്ദികള്‍. പ്രതാപവാനായ വൈന്യന്‍ തന്റെ പുത്രന്മാര്‍ക്കു രാജ്യം നല്കി. ആനൂപദേശം സൂതനും മാഗധം മാഗധന്നും നല്കി. അങ്ങനെ വേണ്ട മാതിരി സമത്വം അവന്‍ ധരയിൽ നടപ്പാക്കി. 

പണ്ട്‌ ഭൂമിക്കു നിരപ്പുണ്ടായിരുന്നില്ല. ധാരാളം കുന്നും കുഴികളുമുണ്ടായിരുന്നു. അനേകം മന്വന്തരങ്ങളായി കുന്നും കുഴിയുമായിക്കിടന്നിരുന്ന ഭൂമി പാറകളും കല്ലുകളുമൊക്കെ വില്ലിന്റെ അഗ്രംകൊണ്ട്‌ തട്ടിനീക്കി സമനിരപ്പാക്കി. ആ പ്രവൃത്തിമുലം, പാറകള്‍ കുന്നുകൂട്ടിയിട്ടതു മൂലം, മലകളുണ്ടായി. 

ഹേ പാണ്ഡവാ, വിഷ്ണുഭഗവാനും ദേവന്മാരും ദേവേന്ദ്രനും പ്രജാപതികളും മുനിമാരും വിപ്രന്മാരും വന്ന്‌ അവനെ അഭിഷേകം ചെയ്തു. രത്നങ്ങള്‍ ഉപഹാരങ്ങളായി നല്കി ഭജിച്ചു. സരിത്തുക്കളുടെ നാഥനായ സാഗരവും ഗിരിരാജാവായ ഹിമവാനും ഇന്ദ്രനും അവന് ക്ഷയിക്കാത്ത ധനം നല്കി. ധര്‍മ്മത്തിന്നും ദാമത്തിന്നും വേണ്ടതായ ധനം, സ്വര്‍ണ്ണം എന്നിവ മഹാമേരുവും കാഞ്ചന പര്‍വ്വതത്തെ വൈശ്രവണനും നല്കി. ആന, കുതിര, ഹേ പാണ്ഡവാ! ആളുകള്‍ ഇവയൊക്കെ വൈന്യന്‍ മനസ്സില്‍ വിചാരിച്ചപ്പോള്‍ തന്നെ ഉണ്ടായി. 

ജര, ദുര്‍ഭിക്ഷം, ആധി, വ്യാധി, സര്‍പ്പഭയം, ചോരഭയം, തമ്മില്‍ ഭയം ഇവയൊന്നും വൈന്യരാജാവിന്റെ ഭരണത്തില്‍ ഭൂമിയിലൊരിടത്തും ഉണ്ടായില്ല. അങ്ങനെ ഭൂസംരക്ഷണം ഭംഗി യായി നടന്നു. ആ മഹാരാജാവ്‌ കടല്‍ത്തീരത്തു ചെല്ലുമ്പോള്‍ ജലം സ്തംഭിച്ചു നിന്നു. തേരു സഞ്ചരിക്കുന്ന ഒരിടത്തും ധ്വജത്തിന്നു തടസ്സമില്ലാത്തവിധം മലകള്‍ വഴി നല്കി. അവന്‍ ഭൂമിയില്‍നിന്നു പതിനേഴു സസൃ മൂലികകള്‍ കന്നെടുത്തു. യക്ഷന്മാരും, രാക്ഷസന്മാരും, നാഗങ്ങളും ഇച്ഛിച്ചു കിട്ടാത്തവയെല്ലാം വൈന്യന്നു ലഭിച്ചു. മഹാത്മാവായ അവന്‍ ജഗത്തിനെ ധര്‍മ്മ ശ്രേഷ്ഠമാക്കി. അങ്ങനെ വേണ്ടവിധം പ്രജകളെ രഞ്ജിപ്പിച്ച്‌ അവന്‍ രാജാവ്‌ (ശോഭിക്കുന്നവന്‍) എന്ന കീര്‍ത്തി നേടി. ക്ഷത ത്രാണം മൂലം, ബ്രാഹ്മണരേയും ആപത്തില്‍ നിന്നു രക്ഷിക്കയാല്‍, ക്ഷത്രിയന്‍ എന്ന്‌ പേര്‍ സമ്പാദിച്ചു. ധര്‍മ്മത്താല്‍ ഈ പൃഥിവിയെ പലരും പുകഴ്ചയില്‍ സ്മരിച്ചു. സനാതനനായ വിഷ്ണു താനെതന്നെ ഒരു നില നിശ്ചയിച്ചു. അല്ലയോ രാജാവേ, അങ്ങയെ ഗുണം കൊണ്ടു കവിയുന്ന ഒരു രാജാവും ഉണ്ടാവുകയില്ല. തപസ്സു കൊണ്ട്‌ വിഷ്ണു അവനില്‍ ആവേശിച്ച്‌ വിളങ്ങി. രാജര്‍ഷികളില്‍ ദേവനായി അദ്ദേഹത്തെ ജനങ്ങള്‍ നമിച്ച്‌ ഉണര്‍ത്തിച്ചു; ദണ്ഡനീതിയാല്‍ രാജാവേ രക്ഷിക്കണേ, ഗൂഢമായ ചാരദര്‍ശനത്താല്‍ ആരും ധര്‍ഷിക്കാതിരിക്കണേ! ശുഭ കര്‍മ്മം ശുഭത്വത്തിന്നായി ഭവിക്കും. മനസ്സു കൊണ്ടും, കര്‍മ്മം കൊണ്ടും രാജാവിന് പ്രജകളെല്ലാം തുല്യരാണ്‌ പ്രഭോ! ലോകര്‍, ഇങ്ങനെ പാട്ടിലാകുവാന്‍ ദൈവാനുഗ്രഹമല്ലാതെ വേറെയൊന്നുമല്ല കാരണം. 

ഹേ പാണ്ഡവാ, വിഷ്ണുവിന്റെ നെറ്റിയില്‍നിന്ന്‌ ഒരു സ്വര്‍ണ്ണത്താമരയുണ്ടായി. അതില്‍ നിന്ന്‌ ധര്‍മ്മപത്നിയായി ലക്ഷ്മീദേവിയുണ്ടായി. ധര്‍മ്മത്തോടു കൂടി അര്‍ത്ഥവും ശ്രീയില്‍ നിന്നുണ്ടായി. അങ്ങനെ ധര്‍മ്മവും അര്‍ത്ഥവും ശ്രീയും രാജ്യത്തില്‍ പ്രതിഷ്ഠയായി. പുണ്യം ക്ഷയിച്ച്‌ വിണ്ണില്‍ നിന്ന്‌ മന്നിലണഞ്ഞവന്‍ ദണ്‍ഡനീതി വിശാരദനായ മന്നവനായിത്തീരുന്നതാണ്‌. വിഷ്ണുവിന്റെ മഹത്വത്തോടു ചേര്‍ന്നവനാണ്‌ മാനവന്‍. അവന്‍ മന്നില്‍ ബുദ്ധിയുളളവനും മാഹാത്മൃമുള്ളവനുമായി ഭവിക്കും. ദേവന്മാര്‍ നിശ്ചയിച്ച അവനെ തെറ്റി ഒരുത്തനും നില്‍ക്കുന്നതല്ല. ലോകം അവന്റെ കീഴില്‍ ഇനിമേല്‍ നില്ക്കും. ശുഭകര്‍മ്മം ചെയ്യുന്ന അവന്ന്‌ ശുഭം വന്നു ഭവിക്കും. അതിനാല്‍ സമഭാവനയോടു കൂടിയ ഈ ഒരുത്തന്റെ ചൊല്പടിക്ക്‌ എല്ലാവരും നില്ക്കുന്നു. അവന്റെ സൌമ്യമായ മുഖം കണ്ടവരെല്ലാം അവന്റെ പാട്ടിലായിത്തീരും. അവനെ കണ്ടവരെല്ലാം അവനെ രൂപസൗഭാഗ്യാര്‍ത്ഥാഡ്യനായി കരുതും. 

അദ്ദേഹത്തിന്റെ ദണ്ഡത്തിന്റെ മഹത്വം കൊണ്ട്‌ നല്ല പോലെ നീതിയും നയവും സ്പഷ്ടമായി വിലസും; വിപുലമായി ധര്‍മ്മം പരക്കുകയും ചെയ്യും. പുരാണാഗമം, മഹര്‍ഷികളുടെ ഉത്ഭവം, നക്ഷത്ര സമൂഹോത്ഭവം, തീര്‍ത്ഥങ്ങളുടെ ഉത്ഭവം, നാല് ആശ്രമങ്ങള്‍, ചതുര്‍ഹോത്രം, ചാതുര്‍വ്വര്‍ണ്യം ചതുര്‍വിദൃകള്‍, ഇതിഹാസങ്ങള്‍, വേദങ്ങള്‍, ന്യായങ്ങള്‍ ഇവയൊക്കെ പിതാമഹ നിര്‍മ്മിതമായ ധര്‍മ്മ സംഹിതയില്‍ വര്‍ണ്ണിക്കുന്നുണ്ട്‌. അഹിംസ, തപസ്സ്‌, ജ്ഞാനം, സത്യം, അസത്യം, നയം, വൃദ്ധ സേവനം, ദാനം, ശൌചം, ഉത്ഥാനം, ജീവകാരുണ്യം എല്ലാം അതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുളളവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. പിതാമഹ നിര്‍മ്മിതമായ ആ ശാസ്ത്രത്തില്‍ യാതൊരു സംശയത്തിന്നും അവകാശമില്ല. ഹേ നരേശ്വരാ! അതു കൊണ്ടു വിദ്വാന്മാര്‍ പാരില്‍ നിതൃവും പറ യുന്നു: ദേവന്മാരും നരേശ്വരന്മാരും തുല്യരാണെന്ന്‌. രാജാക്കളിലുള്ള മഹത്വം ഹേ രാജാവേ, ഇതൊക്കെയാണ്‌. അതു ഞാന്‍ നിന്നോടു പറഞ്ഞു തന്നു. ഇനി എന്താണ്‌ ഞാന്‍ പറഞ്ഞു തരേണ്ടത്‌? 

അദ്ധ്യായം 60. വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ വര്‍ണ്ണിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: പിന്നെ പിതാമഹന്റെ മുമ്പില്‍ കുമ്പിട്ടു കൈകൂപ്പി യുധിഷ്ഠിരന്‍ ശ്രദ്ധയോടെ സവിനയം ചോദിച്ചു. 

യുധിഷ്ഠിരന്‍ പറഞ്ഞു: ജാതികള്‍ക്ക്‌ ഒട്ടുക്ക്‌ എന്താണ്‌ ധര്‍മ്മം? ചാതുര്‍വ്വണ്യത്തിന്ന്‌ വേറെ വേറെ എന്താണ്‌ ധര്‍മ്മം? ചാതൂര്‍ വർണ്യാശ്രമങ്ങൾക്കും  രാജാക്കള്‍ക്കുമുള്ള ധര്‍മ്മം എന്താണെന്നു പറഞ്ഞാലും. ഏതു കൊണ്ടാണ്‌ നാടിന്ന്‌ അഭിവൃദ്ധി? ഏതു കൊണ്ടാണ്‌ നൃപന്നു ശ്രേയസ്സുണ്ടാവുക? ഏതു കൊണ്ടാണ്‌ പൗരന്മാരും രാഷ്ട്രങ്ങളും വര്‍ദ്ധിക്കുക? ഹേ ഭരതര്‍ഷഭാ, അങ്ങ്‌ പറഞ്ഞാലും. ഖജനാവ്‌, ദണ്ഡം, ദുര്‍ഗ്ഗം, സഹായികള്‍, മന്ത്രിമാര്‍, ഋത്വിക്ക്‌, പുരോഹിതന്‍, ആചാര്യന്‍, വര്‍ജ്ജ്യന്മാര്‍, നൃപന്‍ ഇങ്ങനെയുളളവരെപ്പറ്റിയൊക്കെ വിവരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വല്ല ആപത്തും വന്നു ചേരുമ്പോള്‍ രാജാവ്‌ ആരെയാണ്‌ വിശ്വസിക്കേണ്ടത്‌ ? എന്തില്‍ നിന്നാണ്‌ ആത്മരക്ഷ ലഭിക്കുക? പിതാമഹാ! ഇവയൊക്കെ പറഞ്ഞാലും. 

ഭീഷ്മൻ പറഞ്ഞു: ഞാന്‍ മഹത്തായ ധര്‍മ്മത്തെ നമസ്‌കരിക്കുന്നു. വേധസ്സായ കൃഷ്ണനേയും വന്ദിക്കുന്നു. (ബാഹ്മണരേയും തൊഴുന്നു. എന്നിട്ട്‌ ഇതാ, നിത്യമായ ധര്‍മ്മങ്ങളെ ഞാന്‍ പറയുന്നു. അക്രോധം, സത്യമായ വാക്ക്‌, സംവിഭാഗം, ക്ഷമ, സ്വന്തം ഭാരൃയില്‍ സുതോല്‍പത്തി, ശൗചം, അദ്രോഹം, ആര്‍ജ്ജവം ഇവ ഒമ്പതും ഭൃത്യര്‍ക്കും ഭരിക്കുന്നവര്‍ക്കും വേണ്ട ധര്‍മ്മമാണ്‌. പിന്നെ ബ്രാഹ്മണന്നുള്ള കേവലമായ ധര്‍മ്മവും പറയാം. ധര്‍മ്മം തന്നെയാണ്‌ രാജാവേ ശാശ്വതമായത്‌. സ്വാദ്ധ്യായാഭ്യാസങ്ങളില്‍ എല്ലാ കര്‍മ്മവും അടങ്ങുന്നു. വികര്‍മ്മം വിട്ടവനും ശാന്തനും ജ്ഞാനതൃപ്തനും സ്വകര്‍മ്മപരനുമായ ബ്രാഹ്മണന്നു ധനം ലഭിച്ചാല്‍ അവന്‍ വിവാഹിതനാകണം; സ്വഭാര്യയില്‍ സന്താനങ്ങളെ ഉല്പാദിപ്പിക്കണം, ധനം ദാനം ചെ യ്യൂണം, ധനം കൊണ്ട്‌ യജിക്കണം. സജ്ജനങ്ങള്‍ക്കു പങ്കിട്ടു കൊ ടുത്ത്‌ താനും അനുഭവിക്കണം. സ്വാദ്ധ്യായത്തില്‍ തന്നെ ബ്രാഹ്മണന്‍ നിഷ്ഠയുളളവനാകണം. അവന്‍ ഒന്നും നേടി യാലും ഇല്ലെങ്കിലും അവന്‍ തന്റെ കര്‍മ്മത്തില്‍ ഉറച്ചവനാണെങ്കില്‍ ബ്രാഹ്മണന്‍ തന്നെ. അവന്‍ എല്ലാ ജീവികളുടേയും സുഹൃത്താണ്‌. 

ഇനി ക്ഷത്രിയന്റെ ധര്‍മ്മമെന്താണെന്ന്‌ ഞാന്‍ നിന്നോടു പറയാം. ക്ഷത്രിയന്‍ ദാനശീലനാകണം. അവന്‍ കൊടുക്കുന്നവനാകണം. ഇരിക്കുന്നവനായിക്കൂടാ. യാഗം ചെയ്യാം, യജിക്കാം, യാജനം പാടില്ല. കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിതനാകാന്‍ പാടില്ല. വേദം പഠിപ്പിക്കുന്നവനാകരുത്‌; പഠിക്കാം. ലോകരെ രക്ഷിക്കുന്നവനാകണം. നിത്യോദ്യുക്തനാകണം; ദസ്യുവധ ത്തില്‍ പോരില്‍ വിക്രമിക്കണം. 

വേദങ്ങളും ശ്രുതികളും അഭ്യസിച്ച നാനായജ്ഞംചെയ്യുന്ന നരേന്ദ്രന്മാര്‍ പോരില്‍ ജയിക്കുന്നവരായാല്‍ അവര്‍ ലോക വിജയികളില്‍ അഗ്രിമന്മാരാകും. മുറിവ്‌ ദേഹത്തിലേൽക്കാതെ യുദ്ധത്തില്‍നിന്നു സൂത്രത്തില്‍ പിന്മാറുന്ന ക്ഷത്രിയനെ വൃദ്ധന്മാരാരും പുകഴ്ത്തുകയില്ല. ക്ഷത്രിയന്റെ പ്രധാനമായ ജീവിത മാര്‍ഗ്ഗം ഇതാണെന്നു പറയപ്പെടുന്നു. അവന് ദസ്യുക്കളെ വധിക്കുക എന്നതില്‍പ്പരം ഉത്തമമായ കൃത്യമില്ല. ദാനം, അദ്ധ്യയനം, യജ്ഞം, ക്ഷേമം, ഇവയാണ്‌ രാജാക്കന്മാര്‍ക്കു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്‌. അതു കൊണ്ട്‌ ധര്‍മ്മാര്‍ത്ഥിയായ ക്ഷത്രിയന്‍ വിശേഷിച്ചും യുദ്ധം ചെയ്യേണ്ടവനാണ്‌. പ്രജകളെയൊക്കെ സ്വധര്‍മ്മത്തില്‍ നിര്‍ത്തിയതിന്നു ശേഷം ധര്‍മ്മത്താല്‍ ശമനിഷ്ഠയോടെ കൃത്യങ്ങളെല്ലാം ചെയ്യിക്കുന്നു. രാജാവ്‌ പാലനത്തില്‍ ഉറച്ചവനാകണം. അങ്ങനെ ആയാല്‍ മതി, ചെയ്യുന്നതിന്ന്‌ അവസരം ലഭിച്ചില്ലെങ്കിലും സന്നദ്ധനാണെങ്കില്‍ അവന്‍ ഇന്ദ്രതുല്യ നായി ആരാധിക്കപ്പെടും. 

ഇനി വൈശ്യന്മാരുടെ ശാശ്വതമായ ധര്‍മ്മവും ഞാന്‍ പറ യാം. ദാനം, അദ്ധ്യയനം, യജ്ഞം, ശുചിയായ ധനാര്‍ജ്ജനം, പശുക്കളെ അച്ഛന്‍ മക്കളെ എന്നപോലെ രക്ഷിക്കുക ഇവയാണ്‌. വൈശ്യന്‍ വേറെ കര്‍മ്മത്തിന്നൊരുങ്ങിയാല്‍ അത്‌ വികര്‍മ്മമാകും. മുന്‍ പറഞ്ഞ സ്വന്തം ധര്‍മ്മം സംരക്ഷിക്കുകയാണെങ്കില്‍ അവന്‍ മഹത്തായ സുഖം നേടും. ബ്രഹ്മാവു സൃഷ്ടിച്ച്‌ പശുക്കളെ വൈശ്യനെ ഏല്‍പിച്ചു. (ബ്രാഹ്മണന്നും രാജാവിന്നും എല്ലാ പ്രജകളേയും നല്കി. അങ്ങനെയാണ്‌ വൈശ്യന്റേയും കഥ. അവന്‍ എങ്ങനെ ജീവിക്കണമെന്നതും ഞാന്‍ പറയാം. വൈശ്യന്‍ അന്യരുടെ പശുക്കളെ സംരക്ഷിക്കുമ്പോള്‍ ആറില്‍ ഒന്നിന്റെ പാല്‍ പ്രതിഫലമായി സ്വീകരിക്കാം. നൂറ്‌ പശുക്കളെ പാലിക്കുമ്പോള്‍ രണ്ടു പശുക്കളെ സ്വന്തമാക്കാം. കൊമ്പ്‌, കുളമ്പ്‌ മുതലായ വ്യാപാരത്തില്‍ ഏഴില്‍ ഒരു ഭാഗം പ്രതിഫലം പറ്റാം. കൃഷിക്കും ഇതു തന്നെയാണ്‌ പ്രതിഫലം. പതമ്പില്‍ ഏഴില്‍ ഒരു ഭാഗം വൈശ്യനുള്ളതാണ്‌. ഞാന്‍ പശുക്കളെ പാലിക്കുകയില്ല എന്ന്‌ പറയുവാന്‍ പാടില്ല. അവന്റെ കുല ധര്‍മ്മമാണ്‌ ഗോ സംരക്ഷണം. വൈശ്യനുണ്ടെങ്കില്‍ മറ്റാരുമല്ല അതിന്നു ചേര്‍ന്നവന്‍. 

ഇനി ശൂദ്രന്റെ കര്‍മ്മമെന്തെന്നും പറയാം. ശൂദ്രനെ എല്ലാ ജാതികള്‍ക്കും പ്രജാപതി ദാസനാക്കി. അതു കൊണ്ടു ജാതി ശുശ്രൂഷ വിധിച്ചതാണ്‌. അങ്ങനെ അവരെ ശുശ്രുഷിക്കുകയാണെങ്കില്‍ ശൂദ്രന്ന്‌ വളരെ സുഖം സിദ്ധിക്കും. ശുദ്രന്‍ മൂന്നു ജാതിയേയും ക്രമത്തില്‍ ശുശ്രൂഷിക്കണം. ശുദ്രന്‍ ഒരിക്കലും ധന സമ്പാദനത്തില്‍ ഏര്‍പ്പെടരുത്‌. പാപിയായ ശൂദ്രന്‍ ധനം സമ്പാദിച്ചാല്‍ അവന്‍ മേല്‍ ജാതിക്കാരെ കീഴിലാക്കും. രാജ സമ്മതമുണ്ടെങ്കില്‍ ശൂദ്രന്‌ ധര്‍മ്മ കാര്യങ്ങള്‍ക്കായി ധനം സമ്പാദിക്കാം. 

ശൂദ്രന്റെ തൊഴില്‍ എന്തൊക്കെയാണെന്നും ഉപജീവനം എങ്ങനെയാണെന്നും പറയാം: മറ്റു ജാതികള്‍ക്കും പോറ്റേണ്ടവനാണ്‌ ശൂദ്രന്‍. ചെരിപ്പ്‌, വിശറി, കുട, രാമച്ചം കൊണ്ടു പൊതിച്ചല്‍ ഇവ പഴകിയാല്‍ ശുശ്രൂഷിക്കുന്ന ശൂദ്രന് നല്കണം. പഴകിയ വസ്ത്രങ്ങള്‍, ബ്രാഹ്മണര്‍ മുതലായവര്‍ ഉടുക്കരുത്. പഴകിയാല്‍ അവ ശൂദ്രന് നല്കണം. ധര്‍മ്മമായി ധനവും നല്കണം. ശൂദ്രന്‍ ഏതെങ്കിലും ഒരു ദ്വിജനെ ശുശ്രൂഷിച്ചു പാര്‍ക്കണം. അവന്ന്‌ ആ ദ്വിജന്‍ ചെലവിന്നുള്ള വക നല്കും എന്നാണ്‌ ധര്‍മ്മജ്ഞന്മാര്‍ പറയുന്നത്‌. സന്താനങ്ങളില്ലാത്തവന്ന്‌ ചോറു കൊടുക്കണം. ദുര്‍ബ്ബലന്മാരായ വൃദ്ധന്മാരെ സംരക്ഷിക്കണം. എന്ത്‌ ആപത്തു വന്നാലും ശുദ്രന്‍ തന്റെ സ്വാമിയെ ഉപേ ക്ഷിക്കരുത്‌. ശുദ്രന്ന്‌ വല്ല ധനവും മെച്ചമായി കൈവശമുണ്ടെങ്കില്‍ സ്വാമിയുടെ സ്വത്ത്‌ നശിച്ച്‌ ആപത്തിലാകുന്ന സന്ദര്‍ഭത്തില്‍ അവന്‍ സ്വാമിയെ സംരക്ഷിക്കണം. ശൂദ്രന്ന്‌ മുതല്‍ ഇല്ല, വല്ലതുമുണ്ടെങ്കില്‍ അത്‌ സ്വാമിയില്‍ നിന്ന്‌ ലഭിച്ചതാണ്‌. 

ബ്രാഹ്മണന്‍, ക്ഷ്രതിയന്‍, വൈശ്യന്‍ എന്നിവര്‍ക്ക്‌ യജ്ഞം ചെയ്യുന്നതിനുള്ള അധികാരമുണ്ട്‌. പക്ഷേ, ശൂദ്രന്ന്‌ സ്വാഹാകാ രം, വഷ്ടകാരം എന്നിപ്രകാരമുള്ള വേദത്തിന്റെ യാതൊരു മന്ത്രോച്ചാരണം ചെയ്യുന്നതിനും അധികാരമില്ല. അതു കൊണ്ടു തന്നെ ശൂദ്രന്‍, വേദങ്ങളില്‍ പ്രസ്താവിക്കപ്പെട്ട വ്രതങ്ങളെ അനുഷ്ഠിക്കാതെ പാകയജ്ഞം എന്നു പേരുളള ചെറിയ യജ്ഞങ്ങളില്‍ ദൈവങ്ങളെ ആരാധിക്കണം. ശൂദ്രന്‍ പാകയജ്ഞത്തില്‍ പൂര്‍ണ്ണ പാത്രത്തില്‍ ദക്ഷിണ കൊടുക്കണം; പൗരാണിക മന്ത്രം ഉച്ചരിക്കണം. (പൂര്‍ണ്ണപാത്രം എന്നു പേരായ ദാനം ഇത്തരത്തി ലുള്ള യജ്ഞങ്ങളുടെ ദക്ഷിണയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പണ്ടു കാലത്ത്‌ പൈജവനന്‍ എന്നു പേരായ ഒരു ശൂദ്രന്‍ ഒരു നൂറായിരം പൂര്‍ണ്ണ പാത്രങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ദക്ഷിണ ഐന്ദ്രാഗ്നി എന്ന കല്പന പ്രകാരം കൊടുത്തു എന്ന്‌ കേട്ടിട്ടുണ്ട്‌.) ഇതു ധര്‍മ്മശാസ്ത്രങ്ങളുടെ മതമാണ്‌. (യജ്ഞ ത്തില്‍ ഒരുലക്ഷം അശ്വങ്ങള്‍ ദാനം ചെയ്യണമെന്നു വിധിയുണ്ട്‌. എന്നാല്‍ ശൂദ്രന്‍ യജ്ഞം ചെയ്യുമ്പോഴാകട്ടെ അശ്വത്തിനു പകരം പൂര്‍ണ്ണപാത്രങ്ങള്‍ ദാനം ചെയ്യണം).

മൂന്നു വര്‍ണ്ണങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഏതൊരു യജ്ഞം ചെയ്യുന്നുവോ, അതിന്റെ കുറച്ചു ഫലം അവരുടെ സേവകനായ ശുദ്രന്നും ലഭിക്കുന്നു. എല്ലാ യജ്ഞങ്ങളിലും ശ്രദ്ധായജ്ഞം സര്‍വ്വശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. യജ്ഞാനുഷ്ഠാനം ചെയ്യുന്നവര്‍ക്ക്‌ ഏറ്റവും പവിത്രമായതും പരമമായതുമായ ദേവത ശ്രദ്ധയാണ്‌. സേവകനായ ശുദ്രന്ന്‌ അവന്റെ യജമാനനായ ബ്രാഹ്മണന്‍ ദേവതയാണ്‌. ബ്രാഹ്മണര്‍ പല ആഗ്രഹങ്ങള്‍ സഫലീകരിച്ചു കിട്ടുന്നതിന്ന്‌ യജ്ഞങ്ങളില്‍ ദൈവങ്ങളെ ആരാധിക്കുന്നു. മറ്റു മുന്നു വര്‍ണ്ണങ്ങളുടെ (ക്ഷത്രിയന്‍, വൈശ്യന്‍ ശൂദ്രന്‍) ഉല്‍പത്തി ബ്രാഹ്മണരില്‍ നിന്നാണ്‌. ബ്രാഹ്മണരാകട്ടെ ദേവതകളുടേയും ദേവതകളാണ്‌. അവര്‍ എന്തു പറയുന്നുവോ അത്‌ അങ്ങയുടെ പരമഹിതമാണ്‌. ദേവതകളുടേയും ദേവതകള്‍ ആയതു മൂലം ഭൂദേവനായ ബ്രാഹ്മണന്ന്‌ യജ്ഞം ചെയ്യിക്കുന്നതിന്നുളള അധികാരമുണ്ട്‌. ഋഗ്വേദം, സാമവേദം, യജുര്‍വേദം ഇവയെ ഉച്ചരിക്കുന്ന ബ്രാഹ്മണന്‍ ദേവനെപ്പോലെ പൂജ്യനാണ്‌. എന്നാല്‍ ശുദ്രന്ന്‌ വേദത്രയങ്ങള്‍ പഠിക്കുന്നതിന്നുള്ള അധികാരമില്ല. ശൂദ്രന്റെ ഇഷ്ടദേവത പ്രജാപതിയാകുന്നു. ഹേ രാജാവേ! മാനസികയജ്ഞം ചെയ്യുന്നതിന്ന്‌ എല്ലാ വര്‍ണ്ണങ്ങള്‍ക്കും അധികാരമുണ്ട്‌. ദേവതയും, മറ്റു ജനങ്ങളും ശൂദ്രന്റെ യജ്ഞത്തിലെ ബലിയെ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ എല്ലാ വര്‍ണ്ണങ്ങളിലും ശ്രദ്ധായജ്ഞം വിധിക്കപ്പെട്ടിരിക്കുന്നു. 

മൂന്നു വര്‍ണ്ണങ്ങളുടേയും ദേവത ബ്രാഹ്മണനായി കണക്കാക്കപ്പെടുന്നു. ബ്രാഹ്മണന്‍ സ്വന്തമായി യജ്ഞം ചെയ്യുന്നു. മറ്റുളളവര്‍ക്കു വേണ്ടിയും യജ്ഞം ചെയ്യുന്നുണ്ട്‌. ധനികനായ വൈശ്യന്റെ വീട്ടില്‍ നിന്നും കൊണ്ടു വരപ്പെട്ട വിതാന എന്നു പേരുളള അഗ്നി മന്ത്രോച്ചാരണം ചെയ്യപ്പെട്ടതാണെങ്കിലും ഉത്തമമായി ഗണിക്കപ്പെടുന്നില്ല. ഇതുകൊണ്ടു തന്നെ ബ്രാഹ്മണവര്‍ണ്ണം മറ്റു മുന്നു വര്‍ണ്ണങ്ങളുടേയും യജ്ഞകര്‍ത്താവായി കരുതപ്പെടുന്നു.ബ്രാഹ്മണനില്‍ നിന്ന്‌ ഉല്‍പന്നമായതു കൊണ്ട്‌ മൂന്നു വര്‍ണ്ണങ്ങളും പവിത്രമാണ്‌, പരസ്പര സംബന്ധം യോജി ച്ചതുമാണ്‌. സൃഷ്ടിയുടെ ആരംഭത്തില്‍ എപ്രകാരം ഒരു സാമം, ഒരു യജുസ്സ്‌, ഒരു ഋക് ഇവ ഉണ്ടായിരുന്നുവോ, അപ്രകാരം തന്നെ എല്ലാ വര്‍ണ്ണങ്ങളിലും ഒരു ബ്രാഹ്മണവര്‍ണ്ണം മാത്രം ഉണ്ടായിരുന്നു. അല്ലയോ രാജാവേ! യജ്ഞത്തിന്ന്‌ ഉദ്യമിക്കുന്ന പുരാതനന്മാരായ വൈഖാനസന്മാര്‍ ഈ വിഷയത്തില്‍ ഒരു ഗാഥ പാടാറുണ്ട്‌... സൂര്യോദയത്തിന്നു മുമ്പോ, പിമ്പോ ശ്രദ്ധയോടുകൂടി ജിതേന്ദ്രിയന്മാര്‍ വഹ്നിയെ ഹോമിക്കുന്നു. അതില്‍ മുഖ്യമായ പ്രേരകം വഹ്നിയാകുന്നു. ഇതില്‍ സ്കന്നമെന്നും സ്‌കന്നമല്ലാത്തതെന്നും രണ്ടു വിഭാഗമുണ്ട്‌. സ്‌കന്നത്തേക്കാള്‍ ശ്രേഷ്ഠം സ്‌കന്നമല്ലാത്ത രണ്ടാമത്തെ വിഭാഗമാണെന്ന്‌ പറയപ്പെടുന്നു. യജ്ഞങ്ങള്‍ പലവിധത്തിലുണ്ട്‌. ആ യജ്ഞകര്‍മ്മങ്ങളുടെ ഫലങ്ങളും പല വിധത്തിലാകുന്നു. 

ഈ യജ്ഞങ്ങളെക്കുറിച്ച്‌ ശരിയായ ജ്ഞാനവും അവയുടെ വക ഭേദങ്ങളെക്കുറിച്ച്‌ പ്രയോഗ നിശ്ചയവും ശ്രദ്ധയുമുള്ള ബ്രാഹ്മണന്‍ യജിക്കുന്നതിനര്‍ഹനാകുന്നു. യജിക്കുന്നതിന്ന്‌ ഏതൊരുത്തനില്‍ താല്‍പര്യം ഉദിച്ച്‌ അതിന് നിശ്ചയം ചെയ്തു യത്നിക്കുന്നുവോ, അവന്‍ കളളനായാലും, പാപിയായാലും, ഘോരപാപം ചെയ്ത മഹാപാപിയായാലും അവന്റെ ഹൃദയത്തില്‍ യജിക്കുവാനുള്ള സദ് വിചാരം കടന്നു കൂടുകയാല്‍ അവന്‍ സാധു (സജ്ജനം) ആയി പരിണമിക്കുന്നു. അവനെ ഋഷികള്‍ വാഴ്ത്തുന്നതാണ്‌. അതില്‍ യാതൊരു സംശയവുമില്ല. എല്ലാ വിധത്തിലും എല്ലാ വര്‍ണ്ണങ്ങളും കഴിവിന്നൊത്ത്‌ യജിക്കേണ്ടത്‌ ആവശ്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ ഈ മൂന്നു ലോകത്തിലും യജ്ഞത്തിന്നു തുല്യമായി വേറെയൊരു ധര്‍മ്മാനുഷ്ഠാ നവുമില്ല. അതുകൊണ്ട്‌ ഈര്‍ഷ്യ വിട്ട്‌ പുരുഷന്‍ ശ്രദ്ധയോടും ഹൃദയ ശുദ്ധിയോടും കൂടി യഥാശക്തി യഥേഷ്ടം യജിക്കേണ്ടതാകുന്നു. 


No comments:

Post a Comment