Sunday, 11 September 2022

പ്രസാധകക്കുറിപ്പ്‌

മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പദാനുപദ വിവര്‍ത്തനമാണ്‌ ഈ രംഗത്തെ പ്രഥമ കാല്‍വെപ്പ്‌. എന്നാല്‍ വ്യാസമഹാഭാരതം സാധാരണക്കാര്‍ക്കു കൂടി സുഗ്രാഹ്യമായ വിധത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഗദ്യ വിവര്‍ത്തനം ഉണ്ടാകുന്നത്‌ പരേതാത്മാവായ വിദ്വാന്‍ കെ. പ്രകാശം സമര്‍പ്പിത മനോവൃത്തിയോടു കൂടി ഉദ്യമിച്ചപ്പോഴാണ്‌. 

നാല്പതു വാള്യങ്ങളായി വ്യാസമഹാഭാരതം മുഴുവന്‍ സമ്പൂര്‍ണ്ണ ഗദ്യത്തില്‍ അദ്ദേഹം തയ്യാറാക്കി. സമുന്നത വിമര്‍ശകനും പണ്ഡിതാഗ്രണിയുമായ കുട്ടികൃഷ്ണമാരാരുടെ അവതാരികയോടെ 1968-ല്‍ പ്രഥമപതിപ്പ്‌ ഗ്രന്ഥകാരന്‍ സ്വന്തം നിലയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സമാദരണീയമായ ഒരു മഹത്‌ സംരംഭം എന്ന നിലയിലാണ്‌ പണ്ഡിതന്മാര്‍ ഇതിനെ വീക്ഷിച്ചത്‌. 1986-ല്‍ എസ്‌.പി.സി.എസ്‌. ഡമ്മി 1/8 സൈസില്‍ 10 വാള്യങ്ങളായി ഇതു പുനഃപ്രകാശനം ചെയ്തു.

1986 -നു ശേഷം വ്യാസമഹാഭാരതത്തിന്റെ കോപ്പികള്‍ ലഭ്യമല്ല. നാനാഭാഗത്തു നിന്നും അന്വേഷണങ്ങള്‍. ഈ സാഹചര്യത്തിലാണ്‌ ഉത്തമമായ ഈ ഗ്രന്ഥം കാലോചിതമായി പരിഷ്കരിച്ച്‌ കുറ്റമറ്റ ഒരു പുതിയ പതിപ്പ്‌ പ്രസിദ്ധപ്പെടുത്താന്‍ "സാഹിത്യ പ്രവർത്തക സഹകരണ സംഘം" നിശ്ചയിച്ചത്‌. ഇക്കാരൃത്തില്‍ പ്രകാശത്തിന്റെ പുത്രനും പ്രശസ്ത അഭിഭാഷകനും സഹൃദയനുമായ ശ്രീ കെ.പി. വിജയന്‍ കലവറയില്ലാത്ത സഹകരണം  നല്‍കിപ്പോന്നിട്ടുണ്ട്‌. നാഷണൽ ബുക്ക് സ്റ്റാൾ, വിദ്യാര്‍ത്ഥിമിത്രം, DC Books  കോട്ടയം എന്നീ പ്രസാധകർ വഴി അത് ജനങ്ങളിൽ എത്തിച്ചു.




No comments:

Post a Comment