ദ്യൂതപര്‍വ്വം
46. യുധിഷ്ഠിരസമയം - വൈശമ്പായനൻ പറഞ്ഞു: സുദുര്‍ല്ലഭമായ രാജസൂയ ക്രതു തീര്‍ന്നതിന്റെ ശേഷം ശിഷ്യരോടൊത്ത് വേദവ്യാസ മഹര്‍ഷി യുധിഷ്ഠിരന്റെ മുമ്പില്‍ വന്നെത്തി. പീഠം വിട്ട് സോദരന്മാരോടു കൂടി യുധിഷ്ഠിരന്‍ എഴുന്നേറ്റ് പിതാമഹനെ പാദൃപിഠാര്‍പ്പണാദികള്‍ കൊണ്ട് അര്‍ച്ചിച്ചു! ഭവാന്‍ ഉടനെ സ്വര്‍ണ്ണമയമായ പീഠത്തിലിരുന്നു. ധര്‍മ്മരാജാവിനോടും ഇരിക്കുവാന്‍ പറഞ്ഞു. സോദരന്മാര്‍ ചുറ്റുമായി ഇരുന്നു. രാജാവിനോട് വാകൃ വിചക്ഷണനായ വേദവ്യാസന്‍ ഓരോന്നുപറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ഭാഗ്യം കൗന്തേയാ, നീ സാമ്രാജ്യം നേടി വര്‍ദ്ധിക്കുന്നു! കുരുക്കളൊക്കെ, കുരൂദ്വഹാ, നിന്നാല്‍ സമൃദ്ധരായി! ഞാന്‍ യാത്രപറയുന്നു. പോകട്ടെ! ഭവാനാല്‍ പൂജിതനായ ഞാന്‍ പോകുന്നു, എന്നു വേദവ്യാസന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മരാജാവ് അഭിവാദ്യം ചെയ്തു കൈകൂപ്പി പിതാമഹനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: സുദുര്‍ല്ലഭമായ സ്ഥിതിയിലെത്തിയ എനിക്ക് ഒരു സംശയം ബാധിച്ചിരിക്കുന്നു! അതു തീര്‍ക്കുവാന്‍ ഭവാനൊഴികെ എനിക്ക് ആരുമില്ല, ദ്വിജപുംഗവാ!! ഭഗവാനായ നാരദന്‍ പറഞ്ഞു, മൂന്നു മാതിരി ഉത്പാതങ്ങള്‍ ഉണ്ടെന്ന്. ദിവ്യങ്ങള്‍, ആന്തരീക്ഷങ്ങള്‍, പാര്‍ത്ഥിവങ്ങള്‍ എന്നിങ്ങനെ. പിതാമഹാ. ചൈതൃന്‍ വീണതോടെ ഉലപാതം വര്‍ദ്ധിച്ചുവല്ലോ. ഇനി എന്തു സംഭവിക്കാം?
വൈശമ്പായനൻ പറഞ്ഞു; രാജാവിന്റെ വാക്കുകേട്ട് പരാശരസുതനായ പ്രഭു, കൃഷ്ണദ്വൈപായനനായ വ്യാസന്‍, ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ഉത്പാതങ്ങള്‍ക്ക് പതിമ്മുന്നു വര്‍ഷത്തേക്ക് ഉഗ്രമായ ഫലമുണ്ട്. അത് സര്‍വ്വക്ഷത്ര വിനാശത്തിനായി ഭവിക്കും. രാജാവേ, അങ്ങ് ഒരാള്‍ മൂലമായി കാലം അത് വരുത്തിക്കൂട്ടും. സര്‍വ്വക്ഷത്രിയ ജാതികളും മുടിയുകയും ചെയ്യും! ദുര്യോധനാപരാധം മൂലം ഭീമാര്‍ജ്ജുന ബലം വഴിക്കാണ് അതു വന്നു കൂടുക. പ്രഭാതസമയത്ത് ഭവാന്‍ സ്വപ്നത്തില്‍ വൃഷവാഹനനും, നീലകണ്ഠനും, ഭവനും, സ്ഥാണുവും, കപാലിയും. ത്രിപുരാന്തകനും, രുദ്രനും, ഉഗ്രനും, പശുപതിയും, മഹാദേവനും, ഉമാപതിയും, ഹരനും, ശര്‍വ്വനും, വൃഷനും, ശൂലധരനുമായ ദേവന്‍ ശിവനെ കാണും. കൈലാസകൂട പ്രതിമമായ കാളപ്പുറത്ത്. പിതൃരാജന്‍ ഇരിക്കുന്ന ദിക്കു നോക്കി നില്ക്കുന്ന വിധത്തിലാണ് നീ സ്വപ്നം കാണുക. അതു കൊണ്ട് വൃസനിക്കേണ്ടാ. കാലം ദുര്‍ജ്ജയമാണ്. എല്ലാം നന്നായി വരും. ഞാന്‍ ഇനി കൈലാസത്തേക്കു പോയ് വരട്ടെ! പ്രമാദം കൂടാതെ നീ ദാന്തനായിഭൂമി ഭരിക്കുക.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ഭഗവാന്‍ കൈലാസത്തേക്കു പോയി. കൃഷ്ണദ്വൈപായനനായ വ്യാസന്‍ വിജ്ഞരായ ശിഷ്യന്മാരോടു കൂടി പോയതിന് ശേഷം യുധിഷ്ഠിരന്‍ ചിന്താശോകാകുലനായി ചുടു നെടുവിര്‍പ്പു വിട്ട് ആ കാര്യം തന്നെ ഓര്‍ത്തിരുന്നു. പൗരുഷം കൊണ്ട് ദൈവത്തെ ബാധിക്കുവാന്‍ സാദ്ധ്യമാകുമോ? മഹര്‍ഷി പറഞ്ഞ മാതിരി വന്നുചേരാതിരിക്കയില്ല എന്ന ചിന്തയില്‍ മുഴുകി. പിന്നെ ഭ്രാതാക്കന്മാരോട് എല്ലാവരോടുമായി യുധിഷ്ഠിരന്‍ പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു; കേട്ടില്ലേ വീരന്മാരേ, വ്യാസന്‍ എന്നോടു പറഞ്ഞത് ? അദ്ദേഹം പറഞ്ഞ വാക്കു കേട്ടയുടനെ മരിക്കണമെന്നാണ് ഞാന്‍ വിചാരിച്ചത്. സര്‍വ്വ ക്ഷത്രിയന്മാരുടെയും നാശത്തിന് ഞാന്‍ ഒരാളാണ് കാരണമാവുകയത്രേ! അത് കാലകല്പിതമാണത്രേ! എന്താണ് ഇനി ഞാന്‍ ജീവിച്ചിട്ടു ഫലം?
വൈശമ്പായനൻ പറഞ്ഞു: എന്നു പറയുന്ന രാജാവിനോട് അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു; രാജാവേ, വല്ലാതെ ദുഃഖിക്കരുത്, ബുദ്ധി കെട്ടു പോകരുത്. ആലോചിച്ച് ഭവാന്‍ വേണ്ട വിധം നടക്കുക.
വൈശമ്പായനൻ പറഞ്ഞു: വീണ്ടും അനുജന്മാരോട് യുധിഷ്ഠിരന്‍, വേദവ്യാസന്‍ പറഞ്ഞ വാക്ക് ചിന്തിച്ചു കൊണ്ടു തന്നെ, പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: നിങ്ങള്‍ക്ക് നന്നായി വരട്ടെ! കേള്‍ക്കൂ; ഇന്നു മുതല്ക്ക് പതിമ്മുന്നു വര്‍ഷം ഞാന്‍ എങ്ങനെ ജീവിച്ചാലും, എന്തിനു വേണ്ടി ജീവിച്ചാലും, ഞാന്‍ അനുജന്മാരോടും മന്നവന്മാരോടും പരുഷവാക്ക് പറയുകയില്ല. ജഞാതിമാര്‍ പറയുന്ന വിധം നല്ലതു പറഞ്ഞ് നടക്കുന്നതാണ്. ഇപ്രകാരം തന്നെ എന്റെ മക്കളിലും അനൃരിലും ഭേദബുദ്ധി കാണിക്കുകയില്ലു. ഭേദം കൊണ്ടാണല്ലോ കലഹം ഉണ്ടാവുക. കലഹം ഇല്ലാതെ, ഇഷ്ടം തന്നെ ചെയ്ത്, ലോകത്തില്‍ ആരും കുറ്റവും കുറവും ചൊല്ലാത്ത നിലയില്‍, ഞാന്‍ ജീവിക്കുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു: ജ്യേഷ്ഠ ഭ്രാതാവിന്റെ വാക്കുകേട്ട് ആ പാണ്ഡവന്മാരെല്ലാം ധര്‍മ്മപുത്ര ഹിതാര്‍ത്ഥികളായി അവനെ തന്നെ പിന്തുടര്‍ന്നു. അനുജന്മാരോടു കൂടി സഭയില്‍ ധര്‍മ്മജന്‍ ഇങ്ങനെ ഒരു ദൃഢനിശ്ചയം ചെയ്തു. പിന്നെ ന്യായമായി ദേവന്മാരേയും പിത്യക്കളേയും തര്‍പ്പിച്ചു. കല്യാണകരനായി, പരിവാരത്തോടും സോദരന്മാരോടും കൂടി, അവന്‍ രാജാക്കളൊക്കെ പോയതിന് ശേഷം അമാത്യന്മാരോടും കൂടെ സ്വപുരത്തില്‍ പ്രവേശിച്ചു. ദുര്യോധനന്‍ സൗബലനായ ശകുനിയോടു കൂടി രമ്യമായ സഭയില്‍ തന്നെ പാര്‍ത്തു.
47. ദുര്യോധനസന്താപം - വൈശമ്പായനൻ പറഞ്ഞു: അവിടെ സഭയില്‍ പാര്‍ക്കുന്ന ദുര്യോധനന്‍ മെല്ലെ ശകുനിയോടു കൂടി ആ സഭയൊക്കെ ഒന്നു നടന്നു കണ്ടു. അതില്‍ ദിവൃമായ മനോധര്‍മ്മങ്ങള്‍ പലതും കുരുനന്ദനന്‍ കണ്ടു. അവയൊന്നും മുമ്പ് ഹസ്തിനാപുരത്തില്‍ കാണാത്തവയാണ്.
ദുര്യോധനന്‍ സഭയില്‍ നടക്കുമ്പോള്‍ ഒരു ദിവസം ഒരു സംഭവമുണ്ടായി; സ്ഫടികസങ്കാശമായ കല്‍ത്തളത്തില്‍ ചെന്നപ്പോള്‍ അവിടെ വെള്ളമാണ് എന്നു തെറ്റിദ്ധരിച്ചു ദുര്യോധന രാജാവ് വസ്ത്രം ചെരിച്ചു കേറ്റി. അത്രയ്ക്കു ബുദ്ധി ഭ്രമിച്ചു പോയി; ദുര്‍മ്മനസ്സായി, വിമുഖനായി ആ സഭ ചുറ്റി നടന്നു. അങ്ങനെ ചുറ്റി നടക്കുമ്പോള്‍ സഭാന്തരത്തിലുള്ള തളത്തില്‍ വീണ് നാണിച്ചു പോയി. വ്യസനിച്ചു പിന്നെയും സ്ഫടികജലവും സ്ഫടികത്താമരകളും ഉള്ള കുളം കണ്ട്, അതു ചിത്രീകൃതമായ തളമാണെന്നു വിചാരിച്ച്, ജലാശയത്തില്‍ ചെന്ന് വസ്ത്രത്തോടു കൂടി ചാടി. ദുര്യോധനന്‍ വെള്ളത്തില്‍ വീണതു കണ്ടപ്പോള്‍ മഹാബലനായ ഭീമന്‍ പൊട്ടിച്ചിരിച്ചു. അതു കണ്ട് ഭൃതൃന്മാരും ചിരിച്ചു. ഉടനെ യുധിഷ്ഠിരാജ്ഞ അനുസരിച്ച് വസ്ത്രങ്ങള്‍ മാറ്റുവാന്‍ കൊണ്ടു കൊടുത്തു. വെള്ളത്തില്‍ വീണു നനഞ്ഞ് ലജ്ജിച്ചു നില്ക്കുന്ന അവനെ കണ്ട് ഭീമനും അര്‍ജ്ജുനനും നകുലനും സഹദേവനും ചിരി കൂട്ടി. അവര്‍ കൂട്ടുന്ന ചിരി അമര്‍ഷനായ ദുര്യോധനന് സഹിക്കുവാന്‍ കഴിഞ്ഞില്ല. ദുര്യോധനന്‍, തന്റെ ഇംഗിതം മറച്ചു വെച്ച്, ആവരെ നോക്കുക കൂടി ചെയ്തില്ല. വസ്ത്രം ചെരിച്ചു കേറ്റി നീന്താന്‍ നിൽക്കുന്ന മട്ടില്‍ തളത്തില്‍ കയറി നിൽക്കുന്ന അവനെ കണ്ട് അവര്‍ എല്ലാവരും വീണ്ടും ചിരിച്ചു. സ്ഫടികം കൊണ്ടുള്ള വാതിലടച്ചിട്ടിരിക്കുന്നതു ധരിക്കാതെ ചെന്നു കയറി തല ചെന്നടിച്ച് അങ്ങനെ നിന്നു. സ്ഫടികക്കല്ലു വാതില്‍ ചാരിയിട്ടുള്ള മറ്റു വഴിക്കു ചെന്ന് കൈ കൊണ്ടുന്തിക്കടന്ന് മൂക്കുകുത്തി മറിഞ്ഞു വീണു. തുറന്നിട്ട വാതിൽക്കല്‍ ചെന്ന് ഉടനെ, അടച്ചിട്ടുണ്ടെന്നു വിചാരിച്ച്, പിന്നോക്കം തന്നെ മാറി. ഇപ്രകാരം പല മാതിരി അമളി പറ്റിയ അവന്‍ പാണ്ഡവന്മാരുടെ അനുമതി വാങ്ങി അസന്തുഷ്ട മനസ്സുമായി ഹസ്തിനാപുരിക്ക് പുറപ്പെട്ടു. രാജസൂയ മഹാമഖത്തില്‍ ആശ്ചര്യകരമായ സമൃദ്ധി കണ്ട് ഹസ്തിനാപുരത്തില്‍ മടങ്ങിയെത്തി. പാണ്ഡവന്മാരുടെ ശ്രീ കണ്ട് താപം പൂണ്ട് ഓര്‍ത്തോര്‍ത്ത് നടക്കുമ്പോള്‍ ദുര്യോധന രാജാവിന് പാപബുദ്ധി ജനിച്ചു. പാണ്ഡവന്മാരെ സന്തുഷ്ടരായിക്കണ്ടു. രാജാക്കന്മാരൊക്കെ അവര്‍ക്ക് കീഴടങ്ങി. ആബാലവൃദ്ധം ലോകരൊക്കെ അവരെ സ്തുതിച്ചു. ഇതൊക്കെ കണ്ട്, പാണ്ഡുപുത്രരുടെ മാഹാത്മ്യം ഓര്‍ത്ത്, ധാര്‍ത്തരാഷ്ട്രനായ ദുര്യോധനന്‍ നന്നെ വിളറി പോയി. പോകുന്ന വഴിക്ക് മനസ്സുഴന്ന് സഭയെപ്പറ്റി വിചാരിച്ചും, എതിരില്ലാത്ത ധര്‍മ്മരാജാവിന്റെ ധനസമൃദ്ധി കണ്ടും വലിയ പ്രമാദത്തോടു കൂടി ഓരോന്നു വീണ്ടും വീണ്ടും ചോദിക്കുന്ന ശകുനിയോട് ഒന്നും ഉത്തരം പറയാതെ ധാര്‍ത്തരാഷ്ട്രന്‍ പരവശനായി യാത്ര ചെയ്തു. ഉള്ളുഴന്ന അവനെ കണ്ട് ശകുനി ചോദിച്ചു.
ശകുനി പറഞ്ഞു; എന്താണ് ദുര്യോധനാ, നീ നെടുവീര്‍പ്പിട്ടു കൊണ്ടിരിക്കുന്നത്?. എന്താണ് കാരണം? പറയു!
ദുര്യോധനന്‍ പറഞ്ഞു: അമ്മാമാ! ഞാന്‍ എന്താണ് പറയേണ്ടത് ? എല്ലാം മഹാത്മാവായി അര്‍ജ്ജുനന്റെ വലിയ പ്രതാപം മൂലം പാര്‍ത്തലം ധര്‍മ്മപുത്രന്റെ പാട്ടിലായതു കണ്ടും, സുരേന്ദ്രന്റെ മഖം പോലെ ആ മഖം കഴിഞ്ഞതോര്‍ത്തും, അമര്‍ഷ പൂര്‍ണ്ണനായി, രാവും പകലും വെന്തുവെന്ത്, ജ്യേഷ്ഠമാസവും ആഷാഢ മാസവും വരുമ്പോള്‍ കടുത്ത വേനലില്‍ ജലാശയത്തിലെ അല്പജലം പോലെ വരളുകയാണ് ഞാന്‍. നോക്കു! യദുപ്രവരനായ കൃഷ്ണന്‍ ശിശുപാലനെ കൊന്നു വീഴ്ത്തി. അന്ന് അവനെ തുണയ്ക്കുവാന്‍ ഒരു വീരനും മുന്നോട്ടു വന്നില്ല. പാണ്ഡവന്മാരുടെ ഉഗ്രമായ പ്രതാപാഗ്നി കൊണ്ടു മന്നവന്മാരെല്ലാം വേവുകയാണ്. അവര്‍ കുറ്റം ക്ഷമിച്ചു. അല്ലെങ്കില്‍ ആര് ആ കുറ്റം ക്ഷമിക്കും? വാസുദേവന്റെ ആ കര്‍മ്മം ചിന്തിച്ചാൽ എത്രയും അയുക്തമാണ്. പാണ്ഡുപുത്ര പ്രതാപം മൂലം അന്ന് ആതും സാധിച്ചു. അപ്രകാരം തന്നെ രാജാക്കന്മാര്‍ രത്നങ്ങളും മറ്റുമായി എത്തി; പാണ്ഡവനെ ഉപാസിച്ചു. വൈശ്യന്മാര്‍ കരം കൊടുക്കുവാന്‍ എത്തുന്ന മാതിരിയല്ലേ അവര്‍ എത്തിയിരുന്നത് ? അപ്രകാരം ജ്വലിക്കുന്ന വിധം പാണ്ഡുപുത്രനില്‍ ഐശ്വര്യം കണ്ട്, അമര്‍ഷം കണ്ട്, ഞാന്‍ ആ നില അര്‍ഹിക്കാത്തവനായി വേവുകയാണ്.
വൈശമ്പായനൻ പറഞ്ഞു: അവന്‍ ഇപ്രകാരം തീര്‍ച്ചയാക്കി, ഇങ്ങനെ വീണ്ടും അഗ്നിയില്‍ക്കിടന്ന് വേവുന്ന മട്ടില്‍ ഗാന്ധാരപതിയോടു പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: ഞാന്‍ തീയില്‍ച്ചാടി മരിക്കും; അല്ലെങ്കില്‍ വിഷം കഴിച്ചു മരിക്കും. അല്ലെങ്കില്‍ വെള്ളത്തില്‍ച്ചാടി ചാകും! ഇനി എനിക്ക് ജീവിച്ചിരിക്കുവാന്‍ വയ്യ. ലോകത്തില്‍ സത്വമുള്ള ഏതൊരുത്തനാണ് ശത്രുവിന്റെ സമൃദ്ധിയും കണ്ടു കഴിഞ്ഞ് ജീവിക്കുന്നത് ? ഈ ഞാന്‍ സ്ത്രീയല്ല! പുരുഷനല്ല! ഷണ്ഡനുമല്ല! അവരുടെ സര്‍വ്വസമൃദ്ധമായ ശ്രീ കണ്ടു കൊണ്ട് എങ്ങനെ ഞാന്‍ അടങ്ങിയിരിക്കും? സാമ്രാജ്യവും, പാണ്ഡുപുത്രന്റെ അതിനൊത്ത ഐശ്വര്യവും, ആ മഹാമഖവും കണ്ട് എന്നെ പോലെയുള്ള ഒരുത്തന്‍ എങ്ങനെ പൊറുക്കും? ഞാന്‍ തനിച്ച് ആ ശ്രീ നേടുന്നതിന് അശക്തനാണ്. സഹായിക്കുവാന്‍ ഒറ്റ ആളെയും കാണുന്നുമില്ല. ഞാന്‍ ചാകുവാന്‍ തന്നെ തീരുമാനിച്ചു. ദൈവം തന്നെ വലിയത്. പൗരുഷം നിഷ് ഫലം തന്നെ. കേടറ്റ ശുദ്ധമായ സമ്പത്ത് ധര്‍മ്മപുത്രന് വന്നു ചേർന്നതു കാണുകയാല്‍ ഞാന്‍ അങ്ങനെ തന്നെ തീരുമാനിക്കുന്നു.
ഇവന്റെ നാശത്തിന്ന് ഞാന്‍ മുമ്പെ തന്നെ യത്നിച്ചു അമ്മാമാ! എന്നാൽ അതെല്ലാം തട്ടിനീക്കി വെള്ളത്തിന്റെ മുകളില്‍ താമരയെന്ന വണ്ണും അവന്‍ കയറിപ്പോന്നു! അതു കൊണ്ട് എനിക്കു ബോദ്ധ്യമായി, ദൈവം തന്നെ വലുത്, പൗരുഷം നിഷ് ഫലം തന്നെയെന്ന്. ധാര്‍ത്തരാഷ്ട്രര്‍ ഇടിയുന്നു; പാണ്ഡവര്‍ ഉയരുന്നു! അവരുടെ ശ്രീ കണ്ടും അവരുടെ സഭ കണ്ടും അവരുടെ ഭൃതൃന്മാരുടെ പരിഹാസച്ചിരി കണ്ടും ഞാന്‍ അഗ്നിയില്‍ വീണതു പോലെ കിടന്ന് പൊരിയുകയാണ്. അമ്മാമാ! ദുഃഖിക്കുന്ന എനിക്ക് ചാകാന്‍ അനുവാദം തരണേ! അമര്‍ഷത്തില്‍ പെട്ട എന്റെ ഈ കഥ ധൃതരാഷ്ട്രനോടു പറയണേ!
48. ദുര്യോധനസന്താപം (തുടര്‍ച്ച) - ശകുനി പറഞ്ഞു; ഹേ, ദുര്യോധനാ! നീ ധര്‍മ്മപുത്രനില്‍ അമര്‍ഷനായിട്ട് കാര്യമില്ല. പാണ്ഡുപുത്രന്മാര്‍ സ്വന്തം ഭാഗധേയങ്ങളെയാണ് അനുഭവിക്കുന്നത്. വിവിധ രൂപത്തിലുള്ള വിധിയാല്‍ അവര്‍ക്ക് ഇപ്രകാരം വിധിച്ചതാണ്. അവരുടെ ആ ശ്രേയസ്സ് അനുഭവിപ്പിക്കാതിരിക്കുവാന്‍ പല ഉപായങ്ങളും പണ്ട് നീ പ്രയോഗിച്ചു നോക്കിയില്ലേ? വീണ്ടുംവീണ്ടും തുനിഞ്ഞിട്ടും അത് സാധിച്ചില്ലല്ലോ?അവര്‍ അതൊക്കെ വിട്ടു പോന്നില്ലേ? ഭാഗ്യം മുന്നിട്ടു നില്ക്കുന്നഅവര്‍ ആപത്തുകളൊക്കെ വിട്ടു കയറിപ്പോന്നു. അവര്‍ ദ്രൗപദിയെ നേടി. പുത്രരോടു കൂടി യ ദ്രുപദന്‍ അവര്‍ക്ക് ഭൂമി നേടുവാന്‍ സഹായിയായി. വീര്യവാനായ വാസുദേനും അവര്‍ക്ക് തുണയായി.
ഭംഗംകൂടാതെ അവര്‍ പിതൃസ്വത്തിന്റെ ഭാഗവും വാങ്ങിച്ചു. അത് അവരുടെ തേജസ്സാല്‍ വായ്ക്കുകയും ചെയ്തു. അതില്‍ നിനക്ക് കേഴുവാന്‍ എന്തുണ്ട്? ഗാണ്ഡീവത്തോടു കൂടി അമ്പൊടുങ്ങാത്ത ആവനാഴികളും ദിവ്യാസ്ത്രങ്ങളും വഹ്നിയെ പ്രസാദിപ്പിച്ച് അര്‍ജ്ജുനന്‍ നേടി. ആ വില്ലു കൊണ്ടും സ്വന്തമായ ബാഹുവീര്യം കൊണ്ടും രാജാക്കളെയൊക്കെ അവന്‍ പാട്ടിലാക്കി. അതില്‍ നിനക്ക് കേഴുവാനെന്തുണ്ട്? മയന്‍ എന്ന ദാനവ ശില്പിയെ കത്തുന്ന അഗ്നിയില്‍ നിന്ന് അവന്‍ രക്ഷിച്ചു. ആ മഹാസഭ അവനെക്കൊണ്ട് തീര്‍പ്പിച്ചു. ആ മയന്റെ ചൊല്പടിക്ക് കിങ്കരന്മാരെന്നു പേരായ മഹാരാക്ഷസന്മാര്‍ ആ സഭ താങ്ങുന്നുണ്ട്. അതില്‍ നിനക്ക് കേഴുവാനെന്തുണ്ട്? ഹേ, രാജാവേ! നീ നിസ്സഹായനാണെന്ന് പറഞ്ഞതും തെറ്റല്ലേ? നിനക്കു സഹായത്തിന് അനുജന്മാര്‍ നിന്റെ വശവര്‍ത്തികളായി നില്ക്കുന്നില്ലേ? പുത്രനോടു കൂടി വില്ലാളിവീരനായ ദ്രോണന്‍ നിന്റെ വശത്തില്ലേ? രാധേയനായ കര്‍ണ്ണനും, തേരാളിയായ കൃപനും, സോദരന്മാരോടു കൂടി ഞാനും, സോമദത്ത രാജാവും നിന്റെ തുണയ്ക്കില്ലേ? അവരോടു ചേർന്ന് നീ ഭൂമിയൊക്കെ ജയിക്കുക.
ദുര്യോധനന്‍ പറഞ്ഞു: അമ്മാവനും ഈ പറയപ്പെട്ട മറ്റു വീരന്മാരും തുണയുണ്ടെങ്കില്‍, അങ്ങയ്ക്കു സമ്മതമാണെങ്കില്‍, അവരെ ഞാന്‍ ജയിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ അവരെ ജയിച്ചാല്‍ ഈ ലോകം മുഴുവന്‍ നമ്മള്‍ക്കു കീഴിലാകുമല്ലോ. സര്‍വ്വരാജാക്കളും ഐശ്വര്യ സമൃദ്ധമായ സഭയും നമുക്ക് അധീനത്തിൽ ആവുകയില്ലേ?
ശകുനി പറഞ്ഞു: ധനഞ്ജയന്‍, വാസുദേവന്‍, ഭീമസേനന്‍, യുധിഷ്ഠിരന്‍, നകുലന്‍, സഹദേവന്‍; ദ്രുപദന്‍, ദ്രുപദപുത്രന്മാര്‍ ഇവരെ യുദ്ധത്തില്‍ ജയിക്കുവാന്‍ ദേവകള്‍ക്കു കൂടി കഴിയുകയില്ല. അവര്‍ മഹാരഥന്മാരാണ്, മഹാധനുര്‍ദ്ധരന്മാരാണ്, ദുര്‍മ്മദന്മാരാണ്. അവരെ യുദ്ധത്തില്‍ ജയിക്കേണ്ട കാര്യം ചിന്തിക്കേണ്ട. എന്നാൽ അവരെ ജയിക്കുവാന്‍ ഒരു എളുപ്പമായ മാര്‍ഗ്ഗമുണ്ട്; അത് എനിക്കറിയാം. ആ കൗശലം കൊണ്ട് തനിച്ച് ധര്‍മ്മപുത്രനെ ജയിക്കാം. അതു കേള്‍ക്കണോ; കേട്ടു ധരിക്കുക.
ദുര്യോധനന്‍ പറഞ്ഞു; സുഹൃത്തുക്കള്‍ക്കും മറ്റു മഹാത്മാക്കള്‍ക്കും ദോഷം കൂടാതെ അവരെ ജയിക്കാമെന്നോ? എന്നാൽ ആ മാര്‍ഗ്ഗം കേള്‍ക്കട്ടെ, അമ്മാമാ!
ശകുനി പറഞ്ഞു: യുധിഷ്ഠിരന്‍ വലിയ ദ്യൂതപ്രിയനാണ്. എന്നാൽ കളിക്കുവാന്‍ ഒട്ട് അറിയുകയുമില്ല! ചൂതിന് വിളിച്ചാല്‍ ആ രാജേന്ദ്രന്‍ ഒഴിഞ്ഞു മാറുകയില്ല. ഞാന്‍ ചൂതില്‍ മഹാസമര്‍ത്ഥനാണ്. ഈ മൂന്നു ലോകത്തിലും എന്നോടു കിടപിടിക്കുവാന്‍ യോഗ്യതയുള്ള ഒറ്റ വൃക്തിയുമില്ല. ഇതു പരമാര്‍ത്ഥമാണ്. നീ അവനെ ചൂതുകളിക്കുവാന്‍ വിളിക്കുക! ചൂതില്‍ അവന്റെ രാജ്യവും ശ്രീയും ഞാന്‍ നിനക്കായി നേടിത്തരാം. സുയോധനാ! ഇതെല്ലാം രാജാവായ നിന്റെ അച്ഛന്റെ അടുത്തു പോയി അറിയിക്കുക. നിന്റെ അച്ഛന്‍ സമ്മതിച്ചാല്‍ തീര്‍ച്ചയായും അവരെ ജയിക്കാം.
ദുര്യോധനന്‍ പറഞ്ഞു: ഹേ, സൗബലാ! കുരുശ്രേഷ്ഠനായ ധൃതരാഷ്ട്ര രാജാവിനെ ചെന്നു കണ്ട് ന്യായം പോലെ നീ തന്നെ പറയുക. എനിക്ക് അതിനു നിവൃത്തിയില്ല.
49. ദുര്യോധനസന്താപം (തുടര്‍ച്ച) - വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിര രാജാവിന്റെ രാജസൂയ മഹാമഖം എല്ലാംഅനുഭവിച്ചതിന് ശേഷം ദുര്യോധനനോടു കൂടി അവന്റെ അഭിപ്രായം അറിഞ്ഞവനും, അവന് പ്രിയം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവനുമായ ശകുനി, പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്രന്‍ ഇരിക്കുന്ന ദിക്കിലേക്കു ചെന്ന് ഇപ്രകാരം പറഞ്ഞു.
ശകുനി പറഞ്ഞു: ദുര്യോധനന്‍ നിറംമാറി വിളര്‍ത്തു മെലിഞ്ഞ് വല്ലാതായിരിക്കുന്നു. അവന്‍ വല്ലാത്ത ദൈന്യത്തോടു കൂടി ചിന്തയില്‍ പെട്ടിരിക്കുന്നു. അങ്ങ് ഇതൊന്നും അറിഞ്ഞില്ലേ? അവന്റെ അസഹ്യമായ സ്ഥിതിയെപ്പറ്റി ഭവാന്‍ ഒന്നും പരിശോധിക്കുന്നില്ല. തലമൂത്ത പുത്രന്റെ ഹൃദയപരിതാപത്തെക്കുറിച്ചു ഭവാന്‍ ഒന്നും ചിന്തിക്കാത്തതെന്താണ് ? ഇത്രയും വലിയ ഒരു ആപത്തു പിണഞ്ഞ് അവന്‍ കിടക്കുമ്പോള്‍ പിതാവ് അതിനെപ്പറ്റി ഓര്‍ക്കുന്നില്ല!
ധൃതരാഷ്ട്രന്‍ പറഞ്ഞു: മകനേ, ദുര്യോധനാ നീ ഇത്രയ്ക്കു ദുഃഖിക്കുവാനെന്താണ് കാരണം? എനിക്കു കേള്‍ക്കുവാന്‍ വിരോധമില്ലാത്തതാണെങ്കില്‍ പറയൂ മകനേ! നീ നിറംമാറി മെലിഞ്ഞു എന്ന് സൗബലന്‍ പറയുന്നുവല്ലോ. ഞാന്‍ ആലോചിച്ചിട്ട് അതിന് കാരണമൊന്നും കാണുന്നില്ലല്ലോ! മകനേ, നിന്നിലാണല്ലോ എല്ലാ ഐശ്വര്യങ്ങളും നില്ക്കുന്നത്. ഭ്രാതൃമിത്രാദികളൊന്നും നിനക്കു യാതൊരു അപ്രിയവും ചെയ്യുന്നുമില്ലല്ലോ. ഉടുക്കുവാനാണെങ്കില്‍ പട്ടുവസ്ത്രങ്ങള്‍! ഊണിനാണെങ്കില്‍ മാംസഭോജനം! നല്ല അശ്വങ്ങളെ പൂട്ടിയ വാഹനം! പിന്നെ എന്തിന്റെ പോരായ്മ കൊണ്ടാണ് നീ മെലിഞ്ഞു വിളര്‍ത്തത് ? രമൃമായ പൂമെത്തകള്‍, കരള്‍ കക്കുന്ന സൗന്ദര്യമുള്ള സ്ത്രീകള്‍, നല്ല ഗൃഹങ്ങള്‍, ഉത്തമ വസ്ത്രങ്ങള്‍ ഇവയൊക്കെ ഇഷ്ടം പോലെയുണ്ട്. ദേവന്മാര്‍ക്കെന്ന പോലെ നിന്റെ ചൊല്പടിക്ക് എല്ലാ വിഭവങ്ങളും എന്നും നില്ക്കുന്നു! പിന്നെ ഹേ, ദൂര്‍ദ്ധര്‍ഷാ ദീനനാകുവാന്‍ എന്താണ് കാരണം?
ദുര്യോധനന്‍ പറഞ്ഞു: ഉണ്ണാറുണ്ട്, ഉടുക്കാറുണ്ട്, ഒരുഏഭ്യനെ പോലെ ഉഗ്രമായ അമര്‍ഷവും കൈക്കൊള്ളുന്നുണ്ട്! കാലം ഒന്നു കടന്നു കിട്ടേണമല്ലോ. സ്വപ്രജകള്‍ക്കു വേണ്ടി അമര്‍ഷത്തോടെ ശത്രുക്കളെ അമര്‍ത്തി പരഃക്ലേശം നീക്കുന്നത് ആരോ, അവനാണ് ശരിയായ പുരുഷന്‍. അലംഭാവം പാടില്ല. അത് ശ്രീയെ കെടുത്തും. ഗര്‍വ്വം പാടില്ല; അതും ശ്രീയെ കെടുത്തും. അതു പോലെ തന്നെ ഭയാഭയങ്ങളും പാടില്ല. ഇവയൊക്കെ ഉള്ളവന്‍ വളരുകയില്ല. ധര്‍മ്മപുത്രനില്‍ ജ്വലിക്കുന്ന ലക്ഷ്മി കണ്ടതോടു കൂടി എന്റെ നിറം കെട്ടു പോയി. എന്റെ പദവി എത്ര തുച്ഛമാണ് അതുമായി തട്ടിച്ചു നോക്കുമ്പോള്‍! പാണ്ഡവന്മാരുടെ ശ്രീ കാണരുതെന്നു ഞാന്‍ വിചാരിക്കും. എന്നാൽ അതെങ്ങനെ സാധിക്കും? ആ കാഴ്ച എന്റെ മുന്നില്‍ എപ്പോഴും ശോഭിച്ചു തന്നെ നില്ക്കുന്നു. അതു കൊണ്ട് ദുഃഖിച്ചു വിളറി നിറംമാറി മെലിഞ്ഞു പോയിരിക്കയാണ് ഞാന്‍! എണ്‍പത്തെണ്ണായിരം സ്നാതക ഗൃഹസ്ഥന്മാരെ, പ്രത്യേകം പ്രത്യേകം മുപ്പതു ദാസിമാരെ, നല്കി യുധിഷ്ഠിരന്‍ കാക്കുന്നു. വേറെ പതിനായിരം പേര്‍ എന്നും മൃഷ്ടാന്നം യുധിഷ്ഠിരന്റെ ഗൃഹത്തില്‍ സ്വര്‍ണ്ണത്തളികയില്‍ ഉണ്ണുന്നു.
കൃഷ്ണശ്യാമങ്ങളും അരുണങ്ങളുമായ ചര്‍മ്മങ്ങളും കദളി മാനിന്റെ ചര്‍മ്മങ്ങളും കാംബോജന്‍ പാണ്ഡവന് അയച്ചു കൊടുത്തു. മേത്തരം കംബളങ്ങളും അനവധി അയച്ചു കൊടുത്തു. പെണ്ണുങ്ങള്‍, ആനകള്‍, പശുക്കള്‍, കുതിരകള്‍ എന്നിവ നൂറും ആയിരവും, മുപ്പതിനായിരം ഒട്ടകവും, നൂറു കണക്കിന് ചെമ്മരിയാടും കപ്പവുമായി രാജാക്കന്മാര്‍ രാജധാനിയില്‍ എത്തി കൂടി. പല തരത്തിലുള്ള രത്നജാലവും ഓരോരോ മന്നവന്മാര്‍ കാഴ്ചവെച്ചു. ഇങ്ങനെ അസംഖ്യം കാഴ്ചകള്‍ യാഗത്തിൽ എത്തി. ഇങ്ങനെ ഒരു അത്ഭുതം ഞാന്‍ മറ്റൊരിടത്തും കണ്ടിട്ടില്ല; കേട്ടിട്ടുമില്ല. അന്തമറ്റ ആ ധനസമൃദ്ധി ഖൈരിയില്‍ കണ്ട് ചിന്തയിലാണ്ട എനിക്ക് തീരെ സുഖം കിട്ടാതായി. രാജാവേ! ബ്രാഹ്മണന്മാര്‍, പച്ചക്കറി കൃഷിക്കാര്‍, പശുക്കളോടു കൂടിയവര്‍ തുടങ്ങിയവരും, മൂവ്വായിരം കോടി സ്വര്‍ണ്ണനാണ്യവുമായി രാജാക്കന്മാരും വാതില്ക്കല്‍ പ്രവേശനം തടയപ്പെട്ടു നിന്നു. സ്വര്‍ണ്ണമയമായ കമണ്ഡലുവുമെടുത്ത്, വാതില്ക്കല്‍ അവര്‍ അവസരം പാര്‍ത്തു നിന്നു. ഈ ധനമൊക്കെ കൈയിലെടുത്തിട്ടും യഥേഷ്ടം കടക്കുവാന്‍ പറ്റാതെയാണ് നിന്നത്. അമരസ്ത്രീകള്‍ ശക്രന് മധു പകര്‍ന്നു കൊടുക്കുന്നതു പോലെ യുധിഷ്ഠിരന് കടലിലുണ്ടായ പാല്‍ക്കിണ്ടി കടല്‍ നല്കി. വാസുദേവന്‍ മഹത്തായ ശംഖെടുത്ത് ആയിരം രത്നവിഭൂഷിതമായ സ്വര്‍ണ്ണപാര്രങ്ങളില്‍ കൊണ്ടു വന്ന സമുര്രജലത്താല്‍ യുധിഷ്ഠിരനെ അഭിഷേകം ചെയ്തു. ഇതൊക്കെ കണ്ടപ്പോള്‍ രാജാവേ! എനിക്ക് അസൂയ കൊണ്ട് ഒരു വിറപ്പനി തോന്നി, ജനങ്ങള്‍ ആ പാത്രങ്ങളുമെടുത്തു കിഴക്കേ കടലിലേക്കും തെക്കേ കടലിലേക്കും, പടിഞ്ഞാറേ കടലിലേക്കും പോയിരുന്നത്രേ.
പക്ഷികൾക്കു മാത്രം പോകാന്‍ പറ്റുന്ന വടക്കു ദിക്കിലേക്ക് ആള്‍ക്കാര്‍ പോകാറില്ല. അവിടേയും പോയി അര്‍ജ്ജുനന്‍ വളരെ ധനം വാങ്ങി. പിന്നെ ഒരു ആശ്ചര്യം യജ്ഞത്തിലുണ്ടായി. ഒരു ലക്ഷം ബ്രാഹ്മണരെ ഊട്ടിയാല്‍ സൂചനയായി ഒരു ശംഖുവിളി നിശ്ചയിച്ചിരുന്നു. വീണ്ടും വീണ്ടും മുഴങ്ങുന്ന ആ ശംഖിന്റെ സ്വനം എപ്പോഴും കേട്ട് ഞാന്‍ രോമാഞ്ചം കൊണ്ടു. ഈ കൗതുകകരമായ സദ്യ കാണുവാന്‍ കൊതിച്ച് വളരെ രാജാക്കന്മാര്‍ ചുറ്റുന്ന ആ സഭ, നക്ഷത്രങ്ങള്‍ ശോഭിക്കുന്ന ആകാശം പോലെ വിളങ്ങി!
സര്‍വ്വവിധ രത്നങ്ങളുമായി രാജാക്കന്മാര്‍, വിപ്രന്മാര്‍ക്ക് പരിവേഷകരായി, വൈശ്യന്മാരെ പോലെയാണ് പാണ്ഡവന്റെ അധ്വരത്തില്‍ വന്നു കൂടിയിരുന്നത്. ആ ശ്രീ യുധിഷ്ഠിരനൊഴികെ ദേവാധിരാജനും, യമനും, വരുണനും, ഗുഹൃകാധിപനും ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല. ഇങ്ങനെയുള്ള ഐശ്വര്യസമൃദ്ധി കണ്ടിട്ട് എനിക്ക് ഈര്‍ഷ്യ സഹിക്കുന്നില്ല രാജാവേ! എന്റെ ഉള്ള് ചുട്ടു നീറുന്നു. എനിക്ക് ഒരു പൊറുതിയും കിട്ടുന്നില്ല.
ശകുനി പറഞ്ഞു: പാണ്ഡവനില്‍ അതിരില്ലാതെ കണ്ട ലക്ഷ്മിയെ നമുക്ക് നേടാന്‍ ഒരു ഉപായമുണ്ട്. രാജാവേ! അത് കേള്‍ക്കുക. ഈ ലോകത്തില്‍ ചൂതുകളി എന്നെ പോലെ അറിയാവുന്നവർ ആരുമില്ല. ചൂതില്‍ ഉള്ളും പണയവും തക്കവും കണ്ടറിഞ്ഞവനാണ് ഞാന്‍. ധര്‍മ്മജനാണെങ്കില്‍ ചൂതുകളിക്കുവാന്‍ ആശയുണ്ട്. കളിക്കുവാന്‍ ഒട്ടും അറിയുകയുമില്ല. വിളിച്ചാല്‍ ചൂതിന് വരും, യുദ്ധത്തിനും വരും, അവനെ കള്ളക്കളി കളിച്ച് തീര്‍ച്ചയായും ഞാന്‍ ജയിക്കാം. അവന്റെ ദിവൃസമ്പത്തൊക്കെ ഞാന്‍ നേടിത്തരാം. വിളിക്കൂ, ഭവാന്‍ അവനെ കളിക്കുവാന്‍!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ശകുനി പറഞ്ഞപ്പോള്‍ ദുര്യോധനന്‍ ധൃതരാഷ്ട്രനോട് പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: അക്ഷജ്ഞനായ അമ്മാമന്‍ ചൂതു കൊണ്ട് പാണ്ഡുപുത്രന്റെ ലക്ഷ്മിയെ നേടുവാന്‍ അഭിലഷിക്കുന്നു. ഭവാന്‍ അനുവദിച്ചാലും.
ധൃതരാഷ്ട്രന്‍ പറഞ്ഞു: മതിമാനായ ക്ഷത്താവ് എന്റെ മന്ത്രിയാണ്. അവന്റെ ഉപദേശമനുസരിച്ചേ ഞാന്‍ പ്രവര്‍ത്തിക്കു. അവനുമായി ആലോചിച്ച് ഇതിന് ഒരു തിര്‍പ്പ് ഞാന്‍ കല്പിക്കാം. ധര്‍മ്മം തെറ്റാതെ ആ ദീര്‍ഘദര്‍ശി രണ്ടു പക്ഷത്തിനും ഹിതമായ വിധം യുക്തമായത് പറയും; അതനുസരിക്കണം.
ദുര്യോധനന്‍ പറഞ്ഞു: വിദുരന്‍ എത്തിയാല്‍ തീര്‍ച്ചയായും അങ്ങയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കും. രാജേന്ദ്രോ! ഭവാന്‍ പിന്‍തിരിഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ മരിക്കും! ഞാന്‍ മരിച്ചിട്ട് വിദുരനോടു കൂടി ഭവാന്‍ സുഖമായിരിക്കുക. ലോകം മുഴുവന്‍ അടക്കി ഭരിച്ചു കൊള്ളുക! എന്നെക്കൊണ്ട് എന്തു കാര്യം?
വൈശമ്പായനന്‍ പറഞ്ഞു: പ്രണയത്തോടെ അവന്‍ പറഞ്ഞ ആര്‍ത്തവാക്യം കേട്ട് ധൃതരാഷ്ട്രന്‍ ഭൃത്യനെ വിളിച്ച് പറഞ്ഞു.
ധൃതരാഷ്ട്രൻ പറഞ്ഞു: ആയിരം തൂണുകളും, നുറു വാതിലുമായി അതിഭംഗിയില്‍ ഒരു സഭ ശില്പികള്‍ നമുക്ക് നിര്‍മ്മിക്കട്ടെ! ഭംഗിയായിരിക്കണം, വലുതായിരിക്കണം. ശില്പികളെ വരുത്തി രത്നങ്ങള്‍ അണിഞ്ഞ് ഭംഗിയായി പ്രവേശിക്കാറായാല്‍ എന്നോട് വിവരം അറിയിക്കണം.
വൈശമ്പായനൻ പറഞ്ഞു: ദുര്യോധനന്റെ ദുഃഖശമനത്തിനായി രാജാവ് ഇപ്രകാരം ഒരു കല്പന കൊടുത്തു. പിന്നെ പ്രാജ്ഞനായ ധൃതരാഷ്ട്ര രാജാവ് വിദുരര്‍ക്ക് ആളെ വിട്ടു. അവന്‍ വിദുരനുമായി ആലോചിക്കാതെ ഒന്നും പറയുകയില്ല. ചൂതില്‍ ദോഷങ്ങള്‍ ഉണ്ടന്നു കണ്ടിട്ടും അവന്‍ പുത്രസ്നേഹത്തില്‍ മയങ്ങി പോയി. ഈ വൃത്താന്തം കേട്ട് വിദുരന്‍, കലിയുടെ മാര്‍ഗ്ഗം കണ്ട്, ( വിനാശ മാര്‍ഗ്ഗം കണ്ട് ) ഉടനെ ധൃതരാഷ്ട്രന്റെ സമീപത്തെത്തി. ആ തമ്പി മഹാനായ ജ്യേഷ്ഠനെ കണ്ടും കാല്ക്കല്‍ കുമ്പിട്ടു തൊഴുത് ഇപ്രകാരം പറഞ്ഞു.
വിദുരന്‍ പറഞ്ഞു; ഭവാന്റെ ഉദ്യമത്തെ എനിക്ക് അഭിനന്ദിക്കുവാന്‍ നിവൃത്തിയില്ല. ചൂതു മൂലം മക്കള്‍ തമ്മില്‍ ഇടയാതിരിക്കുവാന്‍ നോക്കണം.
ധൃതരാഷ്ട്രന്‍ പറഞ്ഞു: ക്ഷത്താവേ, മക്കളോട് എന്റെ മക്കള്‍ ഇടയുകയില്ല. ദൈവാനുകൂല്യം നമ്മള്‍ക്കുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കുകയില്ല. ശുഭമായാലും, അശുഭമായാലും, ഹിതമായാലും അഹിതമായാലും സുഹൃദ്യൂതം നടക്കട്ടെ! ഇത് വിധിഹിതമാണ്. അതിന് സംശയമില്ല. ഞാനും, ദ്രോണനും, ഭീഷ്മനും, ഭവാനും ഇരിക്കുമ്പോള്‍ നയവൈകല്യം ദൈവഹിതമായാലും വന്നു കൂടുകയില്ല. നീ വായുവേഗത്തില്‍ പായുന്ന കുതിരകളെ പൂട്ടിയ തേരില്‍ കയറി ഇന്ദ്രപസ്ഥത്തില്‍ ചെന്ന് ധര്‍മ്മപുത്രനെ കൊണ്ടു വരിക. ഹേ, വിദുരാ! എന്റെ ഉദ്യമത്തെ പറ്റി ഒന്നും പറയരുത്. ഞാന്‍ പറയുന്നു, ഇതൊക്കെ സംഭവിപ്പിക്കുന്ന ദൈവമാണ് വലുത്.
വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്റെ വാക്കു കേട്ടപ്പോള്‍ ഇനി താന്‍ എതിരു പറഞ്ഞിട്ട് കാര്യമില്ലെന്നും, ഇത് രാജകല്പന ആണെന്നുമുള്ള പരമാര്‍ത്ഥം ധരിച്ച് ദുഃഖത്തോടു കൂടി, വിദുരന്‍ ഭിഷ്മന്റെ സമീപത്തേക്ക് നടന്നു.
50. ദുര്യോധനസന്താപം (തുടര്‍ച്ച) - ജനമേജയൻചോദിച്ചു; ഭ്രാതാക്കള്‍ക്ക് നാശകാരണമായ ദ്യൂതം എങ്ങനെ ഉണ്ടായി? മഹാന്മാരായ പാണ്ഡവന്മാര്‍ അതില്‍ വെച്ചാണല്ലോ വ്യസനത്തിന് പാത്രമായത് ? ആ ദ്യൂതത്തില്‍ ഏതെല്ലാം രാജാക്കന്മാരാണ് സംബന്ധിച്ചിരുന്നത്? ആരൊക്കെ അതിനെ അഭിനന്ദിച്ചു: ആരൊക്കെ അതിന് തടസ്സും പറഞ്ഞു? ലോകനാശകരമായ ഈ ദ്യൂതം ഹേ, ബ്രഹ്മണാ! ഭവാന്‍ വിസ്തരിച്ച് പറഞ്ഞാലും! ഞാന്‍ കേള്‍ക്കുവാന്‍ ഉത്സുകനാണ്.
സൂതന്‍ പറഞ്ഞു: ഇപ്രകാരം ജനമേജയരാജാവ് പറഞ്ഞപ്പോള്‍ പ്രതാപവാനായ വ്യാസശിഷ്യന്‍, വേദതത്വജ്ഞന്‍, വൈശമ്പായനൻ നടന്ന വിധം ഒക്കെ വിസ്തരിച്ചു പറഞ്ഞു.
വൈശമ്പായനൻ പറഞ്ഞു: ഹേ, ഭാരതാ! ഞാന്‍ എല്ലാംവിസ്തരിച്ച്, ഒന്നും വിടാതെ, പറയാം, ഭവാന്‍ എല്ലാം സവിസ്തരം കേള്‍ക്കുവാന്‍ ഇച്ഛിക്കയാണല്ലോ. വിദുരന്റെ അഭിപ്രയമറിഞ്ഞ അംബികാസുതനായ ധൃതരാഷ്ട്രന്‍ വിജനത്തില്‍ ദുര്യോധനനെ വിളിച്ച് വീണ്ടും ഉപദേശിച്ചു.
ധൃതരാഷ്ട്രന്‍ പറഞ്ഞു; എടോ, ഗാന്ധാരീപുത്രാ! ഈ ചൂത് നമുക്കു വേണ്ടാ. വിദുരന് അതു സമ്മതമല്ല. ആ മഹാബുദ്ധിമാന്‍ നമ്മോട് അഹിതം പറയുകയില്ല. വിദുരന്‍ പറയുന്നത് ഏറ്റവും ഹിതമായി ഞാന്‍ വിചാരിക്കുന്നു. മകനേ! നീ അപ്രകാരം ചെയ്യുക! അതുകൊണ്ടേ നിനക്കു നന്മ വരൂ. ദേവര്‍ഷിയും വാസവഗുരുവും മഹാമതിയുമായ ബൃഹസ്പതി ഏതൊക്കെ അറിയുന്നുവോ അതൊക്കെ സകല രഹസ്യാര്‍ത്ഥത്തോടു കൂടി അറിയുന്നവനാണ് മഹാകവിയായ ക്ഷത്താവ്. മകനേ! അവന്‍ പറയുന്നതു തെറ്റാതെ ഞാന്‍ നിത്യവും നില്ക്കുന്നു. മേധാവിയായ വിദുരന്‍ കുരുവര്‍ഗ്ഗത്തില്‍ ഉത്തമനാണ്. മഹാധീമാനായ ഉദ്ധവന്‍ വൃഷ്ണിവര്‍ഗ്ഗത്തില്‍ എങ്ങനെയാണോ അതു പോലെയാണ് വിദുരന്‍ നമുക്ക്. അതു കൊണ്ട് നമുക്ക് ചൂതു വേണ്ടാ; ചൂതു നിമിത്തം പിണക്കമുണ്ടാകും. പിണങ്ങിയാല്‍ നാടു കെടും. അതു കൊണ്ട് മകനേ, നീ അതു വര്‍ജ്ജിക്കുക! അച്ഛനും അമ്മയും മക്കള്‍ക്ക് എന്തു നേടിക്കൊടുക്കുന്നുവോ അതൊക്കെ നിനക്കു കിട്ടിയിട്ടുണ്ട്. പിത്യപൈതാമഹമായ പദം നിനക്കു ലഭിച്ചിട്ടുണ്ട്. അധീതവാനും ശസ്ത്രദക്ഷനുമായ നി ഗൃഹത്തില്‍ നിത്യലാളിതനായി വസിക്കുന്നു. ജ്യേഷ്ഠഭ്രാതാവായ നീ രാജ്യം ഭരിക്കുന്നു. ഇതു പോരേ? മറ്റുള്ളവര്‍ക്കാര്‍ക്കും ലഭിക്കാത്ത അന്നവസ്ത്രാദികള്‍ ഒക്കെയും നിനക്കുണ്ട്. ഒന്നിലും ഒരു കുറവില്ല. പിന്നെ എന്തിനാണ് മകനേ നീ കേഴുന്നത് ? പിതൃപൈതാമഹമായ രാജ്യം പരിപുഷ്ടമായി നിന്റെ അധീനത്തിലുണ്ട്. ഹേ, വീരാ! നീ വാനില്‍ ഇന്ദ്രനെ പോലെ. പ്രതാപിയായി ശോഭിക്കുന്നു. അറിവുള്ളവനായ നിനക്ക് ഇങ്ങനെ ഒരു ശോകം ബാധിക്കുവാന്‍ പ്രത്യേകമായി വല്ല കാരണവുമുണ്ടോ? ഉണ്ടെങ്കില്‍ അത് എന്നോട് പറയു!
ദുര്യോധനന്‍ പറഞ്ഞു: ഉണ്ണുന്നുണ്ട്, ഉടുക്കുന്നുണ്ട്. അതു ധാരാളം മതി എന്നു വിചാരിക്കുന്ന പാപപുരുഷന്‍ അമര്‍ഷമില്ലാതെ ജീവിക്കുന്നു! അപ്രകാരമുള്ള നരനെ പോലെ അധമനായി ആരുണ്ട്? ഈ സാധാരണമായ സമ്പത്തിലൊന്നും സംതൃപ്തി എന്നില്‍ തോന്നുന്നില്ല. ജ്വലിക്കുന്ന കൗന്തേയ സമ്പത്തിനെ കാണുമ്പോള്‍ എനിക്കുള്ള ദുഃഖം ചെറുതല്ല! സഹിക്കുന്നില്ല അച്ഛാ! ഭൂമിയൊക്കെ ആ ധര്‍മ്മപുത്രന്റെ കീഴിലായി. അസ്വസ്ഥനായി ജീവിക്കുകയായിരുന്ന ഞാന്‍ ഇപ്പോള്‍ ദുഃഖിതനായിട്ടാണ് പറയുന്നത്. ധര്‍മ്മജന്റെ ഗൃഹത്തില്‍ നീപദേശക്കാരും, ചിത്രദേശക്കാരും, കുകുരദേശക്കാരും, കാരസ്കരദേശക്കാരും, ലോഹജംഘദേശക്കാരുമെല്ലാം ഭൃത്യരെ പോലെയാണ് പെരുമാറുന്നത്! ഹിമവല്‍ സാഗരോത്പന്നമായ സര്‍വ്വരത്നാകരങ്ങളും അതിര്‍ത്തി പ്രദേശത്തുള്ളവയും ഒക്കെ ധര്‍മ്മജന്റെ ഗൃഹത്തിലുണ്ട്. ജ്യേഷ്ഠനും ശ്രേഷ്ഠനുമാണ് ഞാനെന്നു വിചാരിച്ച് യുധിഷ്ഠിരന്‍ ഉപഹാരങ്ങളായ രത്നജാലങ്ങള്‍ വന്നു ചേരുന്നതൊക്കെ ഏറ്റു വാങ്ങുവാന്‍ എന്നെ നിയോഗിച്ചു. വിലയേറിയ ശ്രേഷ്ഠരത്നജാലങ്ങള്‍ വന്നതിന് വല്ല കൈയും കണക്കുമുണ്ടോ! ആ ധന സഞ്ചയത്തിന്റെ മറുകര കാണുവാന്‍ വിഷമമാണ്. ആ ദ്രവ്യം ഏറ്റു വാങ്ങുവാന്‍ എന്റെ കൈ പോരാതെയായി. രത്നഹാരികളായ മന്നവന്മാര്‍ കാത്തു നില്ക്കുകയായിരുന്നു. അസുര ശില്പിയായ മയന്‍ ബിന്ദുസരസ്സിലെ രത്നം കൊണ്ടു നിര്‍മ്മിച്ച സ്ഫടിക സമാനമായ നിലം ജലം നിറഞ്ഞ പൊയ്ക പോലെയാണ് കണ്ടാല്‍ തോന്നുക. അവിടെ നിറയെ നില്ക്കുന്ന താമര കണ്ട് ഞാനതു ജലം നിറഞ്ഞ പൊയ്കയാണെന്നു തെറ്റിദ്ധരിച്ചു. സ്ഥലജലഭ്രമം മൂലം, ഞാന്‍ എന്റെ വസ്ത്രങ്ങള്‍ ചെരിച്ചു കേറ്റുന്നതു കണ്ട്, എനിക്കു രത്നസമ്പത്തില്ലെന്ന ഭാവത്തില്‍, ഞാനവരുടെ സമൃദ്ധിയില്‍ ഭ്രമിച്ചു പോയി എന്ന നിന്ദാഭാവത്തില്‍, വൃകോദരന്‍ പൊട്ടിച്ചിരിച്ചു. അന്ന് എനിക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഭീമസേനനെ ഒരിടിക്ക് കൊന്നു കളഞ്ഞേനെ! പക്ഷേ, ഭീമനെ കൊല്ലുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എനിക്കും ശിശുപാലന്റെ ഗതി തന്നെയായേനെ. അതില്‍ ഒട്ടും എനിക്കു സംശയമില്ല. ഹേ, ഭാരതാ! ശത്രുക്കളുടെ പരിഹാസം എന്നെ ദഹിപ്പിക്കുകയാണ്. വേറെയും അബദ്ധം എനിക്കു പറ്റി. ഇതേ വിധത്തിലുള്ള രമ്യമായ ഒരു പൊയ്ക കണ്ട് അതു സ്ഫടികനിര്‍മ്മിതമായ നിലമാണെന്നു വിചാരിച്ചു നടന്ന് അതില്‍ ഞാന്‍ ചെന്നു വീണു. അതു കണ്ട് ഭീമനോടു കൂടെ അര്‍ജ്ജുനന്‍ എന്റെ ദൈത്യാവസ്ഥ കണ്ട് പെട്ടിച്ചിരിച്ചു. സ്ത്രീകളോടു കൂടെ നിൽക്കുന്ന ദ്രൗപദിയും ചിരിച്ചു. അവരുടെ ചിരികേട്ട് എന്റെ മനസ്സു നടുങ്ങി പോയി. നനഞ്ഞ വസ്ത്രം മാറ്റാനായി രാജാവു കല്പിച്ച പ്രകാരം കിങ്കരന്മാര്‍ കൊണ്ടു വന്നു തന്നു. അതാണ് എനിക്ക് അധികം സങ്കടമായത്. വേറെയും എനിക്കു ചതി പറ്റി. വാതിലാണെന്നു വിചാരിച്ച് ഞാന്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ വാതിലല്ല, സ്ഫടികമായിരുന്നു. ആ സ്ഫടികക്കല്പില്‍ തലയടിച്ച് നെറ്റിക്കു മുറിവു പറ്റി. എന്റെ ഈ മട്ടുകള്‍ ദുരെനില്ക്കുന്ന മാദ്രീനന്ദനന്മാര്‍ കണ്ടു. അവര്‍ ഓടിവന്ന് എന്നെ താങ്ങിപ്പിടിച്ച് വ്യസനം പ്രകടിപ്പിച്ചു; പുഞ്ചിരിയോടെ സഹദേവന്‍ വീണ്ടും വീണ്ടും പറഞ്ഞു. രാജാവേ ഇതാണ് വഴി, ഇതിലേ ഇതിലേ; ഇങ്ങോട്ടു നടക്കാം എന്ന്. ഹേ, ധൃതരാഷ്ട്ര പുത്രാ ( കുരുടന്റെ മകനേ ), ഇതാണ് വാതില്‍, ഇങ്ങോട്ടു പോരിക! എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ഭീമസേനന്‍ പറഞ്ഞു. അവിടെക്കണ്ട രത്നങ്ങളുടെ പേരുകള്‍ ഞാന്‍ മുമ്പു കേട്ടിട്ടു പോലുമില്ല. അതു കൊണ്ടൊക്കെ എന്റെ മനസ്സു കിടന്നു നീറുകയാണ്.
51. ദുര്യോധനസന്താപം (തുടര്‍ച്ച) - ദുര്യോധനന്‍ പറഞ്ഞു: പാണ്ഡവന്മാര്‍ക്ക് പലയിടത്തു നിന്നും വന്നെത്തിയ രാജാക്കന്മാര്‍ കൊടുത്ത, മുഖ്യമായ ദ്രവ്യത്തെ, ഞാന്‍ കണ്ടതു പറയാം. ശത്രുവിന്റെ ധനം, പൊത്തില്‍ താമസിക്കുന്ന പെരുച്ചാഴിയുടെയും മറ്റും രോമങ്ങള്‍, പൂച്ചരോമങ്ങള്‍ എന്നിവ കൊണ്ട് കമനീയമായി ഉണ്ടാക്കിയവയും, ഫലഭൂമിസ്വഭാവങ്ങളായവയും, ആയിരുന്നു. അവയെപ്പറ്റി നല്ല പോലെ കണ്ടറിവ് എനിക്കില്ലെങ്കിലും; ഞാന്‍ പറയാം. നനുത്തു മിന്നുന്ന പലതരം കമ്പിളികളും, കസവു ചേർന്ന വസ്ത്രങ്ങളും, അജിനങ്ങളും, കാംബോജന്‍ കാഴ്ചവെച്ചു. തത്തിരിപ്പുള്ളിന്റെ നിറവും തത്തച്ചുണ്ടുമായി മുപ്പതു കുതിരകളേയും, ശമീപീല്യം ഭക്ഷിക്കുന്ന മുന്നൂറ് ഒട്ടകങ്ങളേയും കോവര്‍ കഴുതകളേയും ഇംഗുദാശികള്‍, ഗോവാസന ബ്രാഹ്മണന്മാര്‍, ദാസനീയന്മാര്‍ എന്നിവരോടും കൂടി മഹാത്മാവായ ധര്‍മ്മപുത്രന്റെ നന്ദിക്കായി മുവ്വായിരം കോടി സ്വര്‍ണ്ണനാണ്യവുമായി രാജാക്കന്മാര്‍ വാതില്ക്കല്‍ കടക്കുവാന്‍ പഴുതു നോക്കി നില്ക്കുന്ന കാഴ്ച ഞാന്‍ എന്റെ കണ്‍മുമ്പില്‍ കാണുന്നു. ഭാഗ്യം! ഭാഗ്യം! ബ്രാഹ്മണര്‍, കൃഷിക്കാര്‍, പശുപാലന്മാര്‍ ഇവര്‍ ശതസംഘങ്ങളായി മിന്നുന്ന പൊന്നിന്‍ കിണ്ടികളുമായി അണിയായി നിരന്നു നില്ക്കുന്നു. ഇങ്ങനെ വിശിഷ്ടമായ ഉപഹാരങ്ങളുമായി കയറുവാന്‍ സാധിക്കാതെ കാത്തുനില്ക്കുകയാണ്. പരുത്തിത്തുണിയുടുത്ത യൗവനയുക്തകളായ ദാസിമാര്‍ നൂറും ആയിരവും വരിയായി, പൊന്നണിഞ്ഞ് കാര്‍കൂന്തല്‍ കെട്ടി ചന്തത്തില്‍ നില്ക്കുന്നു. ശൂദ്രന്മാരും, വിപ്രന്മാര്‍ക്കു ചേർന്ന മങ്കു ചര്‍മ്മങ്ങളും മറ്റു കാഴ്ച ദ്രവ്യങ്ങളും കൊണ്ട് ഹേമകച്ഛ നിവാസികള്‍ എത്തി. ഗാന്ധാരത്തിലുണ്ടായ കുതിരകളെ അവര്‍ കപ്പമായി കാഴ്ച വെച്ചു.
കൃഷി ചെയ്യാതെ പ്രകൃതിക്കനുസരിച്ച് മഴവെള്ളം കിട്ടിയുണ്ടാകുന്ന കാട്ടുനെല്ലും പുഴവെള്ളം അണകെട്ടി നനച്ചുണ്ടാക്കുന്ന നെല്ലും ഭക്ഷിക്കുന്നവരും, കടല്‍ക്കരയില്‍ ഗൃഹോദ്യാനത്തില്‍ വാഴുന്നവരും, ബിന്ധുതടത്തില്‍ നിവസിക്കുന്നവരും, രാമന്മാരും, പാരദന്മാരും, കൈതവാഭീരന്മാരും ഒക്കെ, പലമാതിരി കാഴ്ച ദ്രവ്യവുമേന്തി പലമാതിരി രത്നവുമായി വന്നുചേർന്ന്, കോലാട്, ചെമ്മരിയാട്, പശു, പൊന്ന്, ഫലങ്ങള്‍, തേന്‍, കഴുത, ഒട്ടകം, പലതരം കംബളങ്ങള്‍ എന്നിവയുമായി പ്രവേശനദ്വാരത്തില്‍ കടക്കുവാന്‍ സാധിക്കാതെ തടഞ്ഞു നില്ക്കുന്നു. മ്ലേച്ഛന്മാരുടെ ചക്രവര്‍ത്തിയും പ്രാക് ജ്യോതിഷ രാജാവുമായ ഭഗദത്തന്‍ യവനന്മാരോടു കൂടി വന്നു നില്ക്കുന്നു. അകത്തു കടക്കുവാന്‍ കഴിയാതെ ദ്വാരത്തില്‍ തടഞ്ഞു നില്ക്കുകയാണ്. മേത്തരം വായുവേഗത്തിലുള്ള അശ്വജാലങ്ങളോടു കൂടി ഭഗദത്തന്‍ കാത്തു നില്ക്കുന്നു. വിളഞ്ഞ രത്നഭൂഷണങ്ങള്‍, നല്ല വലിയ ദന്തം കൊണ്ട് പിടിയിട്ട വാളുകള്‍, ഇവ നല്കുവാനായിട്ടാണ് പ്രാക്‌ജ്യോതിഷേശ്വരനായ ഭഗദത്തന്‍ നില്ക്കുന്നത്. ഇരട്ടക്കണ്ണന്മാരും മുക്കണ്ണന്മാരും നെറ്റിക്കണ്ണന്മാരുമായ ജനങ്ങള്‍ പലേ ദിക്കില്‍ നിന്നും അവിടെ വന്നെത്തിയിട്ടുണ്ട്. ഔഷ്ണീകന്മാരും, അന്തവാസന്മാരും, പുരുഷാദകന്മാരും, രോമകന്മാരും, ഏകപാദകന്മാരും ഉണ്ട്. വാതില്ക്കല്‍ തടഞ്ഞു നില്ക്കുന്നവരില്‍ നാനാനിറത്തിലുള്ള രാജാക്കന്മാര്‍ കപ്പവുമായി നാനാരാജ്യങ്ങളില്‍ നിന്നും അവിടെ എത്തി കൂടി രാജാവിനെ ഒരു കണ്ണു കാണുവാനും സമ്മാനങ്ങള്‍ നല്കുവാനും തരപ്പെടാതെ വാതില്ക്കല്‍ അവസരം പാര്‍ത്ത് കാത്തു നില്ക്കുന്നു. ഇവര്‍ കറുത്ത കഴുത്തുള്ള, ബഹുദൂരം പായുന്ന പ്രസിദ്ധമായ പതിനായിരം കഴുതകളെ കാഴ്ച വെച്ചു. വംക്ഷു തീരത്തുണ്ടായതും നീണ്ടുരുണ്ട് മിനുത്തവയുമാണ് ആ കഴുതകള്‍. മറ്റു പല രാജാക്കന്മാരും വേണ്ടത്ര സ്വര്‍ണ്ണവും വെള്ളിയും യുധിഷ്ഠിരന് നല്കി. പിന്നെ ധാരാളം കാഴ്ച ദ്രവ്യങ്ങള്‍ നല്കിയ ശേഷം അവര്‍ ധർമ്മരാജാവിന്റെ മന്ദിരത്തില്‍ കയറി. ഇന്ദ്രഗോപനിറവും തത്തനിറവും ചേർന്നതും, മനോജവമായതും, മഴവില്ലിന്റെ നിറമുള്ളതും, സന്ധ്യാനിറമുള്ളതും, ഇങ്ങനെ പല നിറം ചേര്‍ന്ന്, വേഗതയുള്ള, കാട്ടിലുണ്ടായ അശ്വങ്ങളെ ഏകപാദകന്മാര്‍ കാഴ്ചവെച്ചു. ചീനന്മാരും, ശാകന്മാരും, ഉന്ധ്രന്മാരും, ബര്‍ബ്ബരന്മാരും വനസ്ഥന്മാരും വാര്‍ഷ്ണേയന്മാരും ഹാരഹുണന്മാരും കൃഷ്ണനിറമുള്ളവരും ഹിമാലയ നിവാസികളും നീചന്മാരും ആനുപന്മാരും, ഇങ്ങനെ അസംഖ്യം കൂട്ടര്‍ വാതില്ക്കല്‍ തടഞ്ഞു നില്ക്കുകയാണ്. രാജാവിന് പലമട്ടില്‍ അസംഖ്യം ജനങ്ങള്‍ കാഴ്ചകള്‍ നല്കുന്നുണ്ട്. ചീനയിലുണ്ടായതും നീണ്ടുരുണ്ടു മിനുത്തവയും മാറാലരങ്കു രോമം പോലെ നേര്‍ത്തതുമായ പട്ടുനൂല്‍പ്പുഴുവിന്റെ പട്ടും മറ്റും അസംഖ്യം ബാല്‍ഹീകന്മാര്‍ കൊടുത്തു. മിനുത്ത കാര്‍പ്പാസവസ്ത്രം, കമ്പിളിപ്പുതപ്പ്, മൂര്‍ച്ചയുള്ള നീണ്ട വാള്‍, നല്ല ഋഷ്ടി, വലിയ വേല്‍, വെൺമഴു, പലതരം രസഗന്ധം, അസംഖ്യം രത്നജാലം, അനവധി വിശിഷ്ട ദ്രവ്യങ്ങള്‍ ഇവയൊക്കെ കപ്പമായി നല്കുവാന്‍ കൊണ്ടു വന്ന് ദ്വാരത്തില്‍ തടഞ്ഞതിനാല്‍ അവര്‍ നില്ക്കുകയാണ്. തുഷാരര്‍, ശകര്‍, കങ്കന്മാര്‍, ശൃംഗികള്‍, രോമശകന്മാര്‍ ഇങ്ങനെയുള്ള മനുഷ്യരെല്ലാം അവിടെ എത്തിയിട്ടുണ്ട്. മത്തഗജങ്ങള്‍, കുതിരകള്‍ ഇവയൊക്കെ പതിനായിരക്കണക്കിനാണ്. എത്തിക്കൊണ്ടിരിക്കുന്നത്, പലമട്ടില്‍ ഇങ്ങനെ കപ്പവുമായി എത്ര രാജാക്കന്മാരാണ് നിരന്നു നില്ക്കുന്നത്! വിലയേറുന്ന ഇരിപ്പിടങ്ങളും, ഹാരങ്ങളും കിടക്കകളും, മണിരത്ന വിചിത്രങ്ങളായ ആനക്കൊമ്പു കൊണ്ട് ഉണ്ടാക്കിയ ചട്ടകളും, പലതരത്തിലുള്ള ആയുധങ്ങളും, പൊന്നണിഞ്ഞ് അഴകേറുന്ന ഇണങ്ങിയ കുതിരകളെ പൂട്ടിയതും പുലിത്തോല്‍ മൂടലോടു കൂടിയ ഭംഗിചേർന്ന മേല്‍വിരിപ്പുകളും, രത്നഗണങ്ങളും, നാരാചം, അര്‍ദ്ധനാരാചം, പലമാതിരി ശസ്ത്രം ഇവയുമൊക്കെ ചേർന്നതുമായ രഥങ്ങള്‍ കിഴക്കു ദിക്കില്‍ നിന്നു വന്ന രാജാക്കന്മാര്‍ നല്കി. അതൊക്കെ കാഴ്ചവെച്ച് അവര്‍ മഹാനായ പാണ്ഡവന്റെ യാഗഗൃഹത്തില്‍ കയറി.
52. ദുര്യോധനസന്താപം (തുടര്‍ച്ച) - ദുര്യോധനന്‍പറഞ്ഞു: യജ്ഞത്തിന് വളരെയധികം രാജാക്കന്മാര്‍ വന്ന്, വളരെ ധനസഞ്ചയം യുധിഷ്ഠിരന് കപ്പമായി കൊടുത്തു. അത് ഞാന്‍ പറയാം, കേട്ടാലും.
മേരുമന്ദര പര്‍വ്വതങ്ങളുടെ മദ്ധ്യത്തില്‍ ശൈലോഭ എന്ന നദിയുടെ വക്കില്‍ നില്ക്കുന്ന മുളയുടേയും, ഓടകളുടേയും ഛായയില്‍ ഖസന്മാര്‍, ഏകാസനര്‍, പ്രദരന്മാര്‍, അര്‍ഹര്‍, ദീര്‍ഘവേണ്ടുള്‍, പാരദന്മാര്‍, കുളിരുന്മാര്‍, തംഗണര്‍, പിതംഗണര്‍ എന്നിവര്‍ ഉറുമ്പുകള്‍ കൊണ്ടു വന്നു കൂട്ടുന്ന പിപിലികമെന്ന സ്വര്‍ണ്ണം, കുടം കൊണ്ട് അളക്കുന്ന വിധം അവിടെ രാജാക്കന്മാര്‍ കൊണ്ടു വന്ന് കൂട്ടി. കറുത്തതും, മൃദുവായതും, ചന്ദ്രകിരണം പോലെ വെളുത്തതും, ഇങ്ങനെ വിവിധതരം ചാമരങ്ങള്‍, ഹിമാലയത്തിലുണ്ടായ രസമായ പൂന്തേന്‍, ഉത്തരകുരു രാജ്യത്തു നിന്ന് കൊണ്ടു വന്ന മാല്യങ്ങള്‍, ഉത്തര കൈലാസത്തിലുള്ള മഹത്തായ ഔഷധച്ചെടികള്‍ ഇങ്ങനെ പല വിശിഷ്ട വസ്തുക്കളും പര്‍വ്വത നിവാസികള്‍ കൊണ്ടു വന്ന് വിനീതരായി അജാത ശത്രുവിന്റെ വാതില്ക്കല്‍ പ്രവേശിക്കുവാന്‍ അവസരം കാത്തു നില്ക്കുകയാണ്. ഹിമവാന്റെ വടക്കുള്ള താഴ്വരകളില്‍ വസിക്കുന്നവരും. സൂര്യോദയഗിരിയിൽ ഉള്ളവരും. സമുദ്രതീരകാരൂഷത്തിൽ ഉള്ളവരും, ലൗഹിതൃത്തിലുള്ളവരും, ഫലങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്നവരും, തോല്‍ വസ്ത്രധാരികളും, ക്രൂരകര്‍മ്മാക്കളും, ഉഗ്രന്മാരും, ക്രൂരശസ്ത്രന്മാരുമായ അസംഖ്യം കിരാത രാജാക്കന്മാര്‍ അവിടെഅണിയണിയായി വന്നു കൂടുന്നു. അകില്‍, ചന്ദനം, കാളീവകം, ചര്‍മ്മം, രത്നം, സ്വര്‍ണ്ണം, സുഗന്ധ തൈലങ്ങള്‍ എന്നിവയോടു കൂടി പതിനായിരം കിരാത ദാസിമാരോടും, ഭംഗിയേറുന്നവയും, ദുരെ നിന്ന് കൊണ്ടു വന്ന കൗതുകമുള്ള മൃഗപക്ഷി ഗണത്തോടും, പര്‍വ്വതങ്ങളില്‍ നിന്നു ലഭിച്ച മേന്മയേറിയ സ്വര്‍ണ്ണക്കട്ടികളോടും കൂടി മറ്റു കാഴ്ചകളുമായി വന്ന് രാജാക്കള്‍ ദ്വാരത്തില്‍ തടഞ്ഞു നില്ക്കുന്നു. കൈരാതര്‍, ദരദര്‍, ദര്‍പ്പര്‍, ശൂരര്‍, വൈയമകര്‍, ഓദുംബരര്‍, ദുര്‍വിഭാഗര്‍, പാരുന്മാര്‍, ബാഹ്ളികര്‍, കാശ്മീരന്മാര്‍, കുമാരന്മാർ, ഘോരകര്‍, ഹംസകായനര്‍, ശിബികള്‍, ത്രിഗര്‍ത്തര്‍, യൗധേയര്‍, ഭദ്രര്‍, കേകയര്‍, അംബഷ്ഠന്മാര്‍, വസ്ത്രപന്മാര്‍, താര്‍ക്ഷ്യര്‍, കൗകുരര്‍, പല്ലവർ, വശാതലര്‍, മാലേയര്‍, ക്ഷുദ്രകര്‍, മാളവര്‍, ശൗണ്ഡികര്‍, കുക്കൂരന്മാര്‍, ശാകന്മാര്‍, അംഗന്മാര്‍, വംഗന്മാര്‍, പൗണ്ഡ്രന്മാര്‍, ശാണവതര്‍, ഗയർ, ശസ്ത്രധാരികളും സല്‍ക്കുലജാതന്മാരുമായ ഈ ക്ഷത്രിയന്മാരൊക്കെ യുധിഷ്ഠിരന് നൂറുകണക്കിനും ആയിരക്കണക്കിനും ധനം നല്കുന്നു!
കലിംഗര്‍, വംഗര്‍, മഗധര്‍, താമ്രലിപ്തര്‍, സുപുണ്ഡ്രകര്‍, ദ്വഔവാലികര്‍, സാഗരകര്‍, പത്രോര്‍ണ്ണര്‍, ശൈശഖര്‍, അസംഖ്യം കര്‍ണ്ണപ്രാവരണര്‍ ഇങ്ങനെ വളരെപ്പേര്‍ തിങ്ങിനിൽക്കെ, ദ്വാരപാലന്മാര്‍ ഇപ്രകാരം രാജശാസനം അറിയിച്ചു, നിങ്ങള്‍ക്ക് കാത്തു നില്ക്കാമെങ്കില്‍ നല്ല സമ്മാനങ്ങളുമായി വന്നവര്‍ക്ക് അകത്തേക്കു കടക്കാം എന്ന്.
അപ്പോള്‍ മനോഹരമായ വെള്ള വിരിപ്പു കൊണ്ടു മൂടുകയാല്‍ താമരപ്പൂ പോലെ ശോഭിക്കുന്നവയും, ഭംഗിയുള്ള കൊമ്പുകളോടും പൊന്നിന്‍ ചങ്ങലയോടും മദപ്പാടോടും കൂടിയവയും, കാമൃകസരസ്സിന്നരികെ വളര്‍ന്നവയും കവചാവൃതങ്ങളുമായ ആയിരം ആനകളെ വീതം അവര്‍ രാജാവിന് നല്കി. അതിന് ശേഷം കുലീനന്മാരായ ആ ക്ഷമാശീലര്‍ അകത്തേക്കു കടന്നു. ഇവരും മറ്റു പലരും പലസ്ഥലത്തു നിന്നുമായി വന്ന നാട്ടുകാരും, വേറെ പല മഹാന്മാരായ രാജാക്കന്മാരും രത്നങ്ങളും മറ്റു ധനോച്ചയവും കാഴ്ച വെച്ചു. ഇന്ദ്രന്റെ സ്നേഹിതനായ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വ രാജാവ് വായുവേഗമുള്ള നാനൂറ് അശ്വങ്ങളെ നല്കി. പൊന്മാല ചാര്‍ത്തി മാവിന്‍ തളിരു പോലെ ശോഭിക്കുന്ന നൂറു കുതിരകളെ ഗന്ധര്‍വ്വപ്രമുഖനായ തുംബുരു സന്തോഷത്തോടെ നല്കി. ഹേ, കൗരവ്യാ! ശൂകരന്മാരുടെ ശ്രേഷ്ഠനായ രാജാവ് വളരെ ഗജങ്ങളേയും, രത്നങ്ങളേയും നല്കി. വിരാടനായ മത്സ്യരാജാവ് പൊന്നണിഞ്ഞ രണ്ടായിരം ആനകളേയും, വസുദാനന്‍ പാംസുരാഷ്ട്രത്തില്‍ നിന്ന് ഇരുപത്താറ് ആനകളേയും, അലങ്കരിച്ചതും വേഗമേറിയതും യുവത്വമുള്ളതുമായ രണ്ടായിരം കുതിരകളേയും, മറ്റു വിശിഷ്ട വസ്തുക്കളേയും രാജാവേ, കൊണ്ടു വന്ന് പാണ്ഡുപുത്രന് നല്കി. യജ്ഞസേനന്‍ പതിന്നാലായിരം ദാസിമാരേയും, ഭാര്യമാരോടു കൂടിയ പതിനായിരം ദാസന്മാരേയും, ഗജത്തോടു കൂടി ഇരുപത്താറ് തേരുകളേയും, നൂറു കണക്കിന് ആനകളേയും, തന്റെ രാജ്യം തന്നേയും പാണ്ഡു പുത്രന്മാര്‍ക്കു സമര്‍പ്പിച്ചു.
വാര്‍ഷ്ണേയനായ വാസുദേവന്‍ കിരീടിക്ക് യശസ്സു വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി പതിന്നാലായിരം നല്ല ഒന്നാം തരം ആനകളെ നല്കി. പാര്‍ത്ഥന് ജീവനാണ് കൃഷ്ണന്‍. കൃഷ്ണന് ജീവനാണ് ധനഞ്ജയന്‍. അര്‍ജ്ജുനന്‍ കൃഷ്ണനോടു പറയുന്നതെന്തും ചെയ്യുന്നു. കൃഷ്ണന്‍ അര്‍ജ്ജുനന് വേണ്ടി സ്വര്‍ഗ്ഗലോകംപോലും കൈവിടും. അപ്രകാരം തന്നെ പാര്‍ത്ഥന്‍ കൃഷ്ണന്നു വേണ്ടി പ്രാണന്‍ കളയുകയും ചെയ്യും. സുഗന്ധമുള്ള ചന്ദനച്ചാറ് അസംഖ്യം സ്വര്‍ണ്ണക്കുടങ്ങളിലാക്കി, മലയും, ദര്‍ദ്ദുരം എന്നിവിടങ്ങളില്‍ വളര്‍ന്ന് ചന്ദനം, അകില്‍ എന്നിവയും, മിന്നുന്ന മണിരത്നങ്ങളും, സ്വര്‍ണ്ണവും, നനുത്ത വസ്ത്രങ്ങളും കൊണ്ട് ചോളന്മാരും, പാണ്ഡ്യന്മാരുമായ രാജാക്കന്മാര്‍ അകത്തു പ്രവേശിക്കാന്‍ മാര്‍ഗ്ഗം കിട്ടാതെ പുറത്തു നിന്നു.
സമുദ്രത്തിലുണ്ടായ വൈഡൂര്യം, മുത്തിന്‍ കൂട്ടങ്ങള്‍, അസംഖ്യം മേല്‍വിരിപ്പുകള്‍ ഇവ സിംഹള രാജാവ് കൊണ്ടു വന്നു. രത്നങ്ങളാല്‍ അലങ്കരിച്ച വസ്ത്രങ്ങള്‍ ധരിച്ച, കടക്കണ്ണ് ചുവപ്പു നിറമുള്ള, അസംഖ്യം കൃഷ്ണവര്‍ണ്ണരായ ആളുകള്‍ ആ സമ്മാനങ്ങളുമായി അകത്തു കടക്കാന്‍ പറ്റാതെ വാതില്ക്കല്‍ തന്നെ നിന്നു. പാണ്ഡവര്‍ കീഴടക്കിയ അസംഖ്യം ബ്രഹ്മണരും, ക്ഷത്രിയന്മാരും, അതു പോലെ തന്നെ വൈശ്യന്മാരും, ശൂദ്രരും യുധിഷ്ഠിരനോടുള്ള പ്രീതിയാല്‍ അനേകം കാഴ്ചകള്‍ നല്കി. എല്ലാ മ്ലേച്ഛന്മാരും യുധിഷ്ഠിരനോടുള്ള സ്നേഹത്താല്‍ വന്നുചേർന്നു. എല്ലാ ജാതിയില്‍ പെട്ടവരും, പല തലത്തിലും, സ്വഭാവത്തിലും, കുലത്തിലും പെട്ടവരും, നാനാദേശങ്ങളില്‍ നിന്നു വന്നു ചേർന്നവരുമായ നാനാജനങ്ങളാല്‍ ഈ ലോകം തന്നെ ചുരങ്ങിയ രൂപത്തില്‍ എന്ന വണ്ണം, ധര്‍മ്മജാലയം കാണപ്പെട്ടു.
രാജാക്കന്മാര്‍ നമ്മുടെ ശത്രുക്കള്‍ ക്ക് കാഴ്ചവെച്ച ഇപ്രകാരമുള്ള നാനാദ്രവ്യങ്ങള്‍ ലഭിച്ചതു കൊണ്ട് ഞാന്‍ ദുഃഖിക്കുന്നു. ഞാന്‍ ദുഃഖിച്ചു ദുഃഖിച്ചു മരിക്കാറായിരിക്കുന്നു.
ഇനി പാണ്ഡവന്മാരുടെ ഭൃത്യന്മാരെപ്പറ്റി പറയാം. അവര്‍ക്കൊക്കെ യഥേഷ്ടം പാകം ചെയ്തതും, പാകം ചെയ്യാത്തതുമായ ഭക്ഷണം യുധിഷ്ഠിരന്‍ നല്‍കുന്നു. പതിനായിരം കോടി ആനകളും, അനവധി ലക്ഷം കുതിരപ്പടയുമുണ്ട്. പത്തു കോടി രഥങ്ങള്‍, എണ്ണമറ്റ കാലാള്‍പ്പട ഇവയൊക്കെയുണ്ട്. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ എടുത്തു കൊടുക്കുന്ന ബഹളം ഒരിടത്ത്, പാകം ചെയ്തു കൊടുക്കുന്ന ഘോഷം വേറെ ഒരിടത്ത്, മറ്റൊരിടത്ത് അത് വിളമ്പുന്ന ബഹളം! ആകെപ്പാടെ ഒരു ഉത്സവത്തിന്റെ പ്രതീതി എല്ലായിടത്തും! ഉണ്ണാതെയും, പാനം ചെയ്യാതെയും, മോടിയില്‍ വസ്ത്രധാരണം ചെയ്യാതെയും, യുധിഷ്ഠിരന്റെ കോട്ടാരത്തില്‍ ഒറ്റ മനുഷ്യനേയും കാണുവാന്‍ സാധിക്കയില്ല. എണ്പത്തെണ്ണായിരം സ്നാതക്ര ബാഹ്മണന്മാരെ ഗൃഹത്തില്‍ മുപ്പതു ദാസിമാരെ വീതം നല്കി പോറ്റുന്നു. ഇവരെല്ലാം പ്രീതരായി സന്തുഷ്ടിയോടെ യുധിഷ്ഠിരന്റെ ശത്രുക്കളുടെ ക്ഷയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പതിനായിരം ഊര്‍ദ്ധ്വരേതസ്സുകളായ യതികളുമുണ്ട്. അവര്‍ പൊന്നിന്‍ കിണ്ണത്തിലാണ് യുധിഷ്ഠിര ഗൃഹത്തില്‍ ഉണ്ണുന്നത്. അംഗഭംഗം വന്നവരും, കള്ളന്മാരുമടക്കം സര്‍വ്വപേരും ഉണ്ണുന്നതു വരെ താന്‍ ഉണ്ണാതെ, ദ്രൗപദി എപ്പോഴും പരിശോധിക്കുന്നു. പാണ്ഡവന്മാര്‍ക്കു കരം നല്കാതെ രണ്ടുപേര്‍ മാത്രമേ ലോകത്തിലുള്ളു. ബന്ധുക്കളാകയാല്‍ പാഞ്ചാലന്മാരും, സ്നേഹബന്ധത്താല്‍ അന്ധകവൃഷ്ണികളും മാത്രം!
53. ദുര്യോധനസന്താപം (തുടര്‍ച്ച) -- ദുര്യോധനന്‍പറഞ്ഞു; ആര്യന്മാരും, സത്യസന്ധന്മാരും, മഹാവ്രതരും, വിദ്യാനിപുണരും, വക്താക്കളും, വേദവേദാംഗ സമുദ്രത്തിന്റെ അക്കര കണ്ടവരും, ധീമാന്മാരും, ലജ്ജാവിനയാര്‍ച്ചിതന്മാരും, ധര്‍മ്മാത്മാക്കളും. യശസ്വികളും, പട്ടാഭിഷേകം കഴിഞ്ഞവരുമായ ആ രാജാക്കന്മാര്‍ യുധിഷ്ഠിരനെ ഉപാസിക്കുന്നു! ദക്ഷിണയ്ക്ക് ആ രാജാക്കന്മാര്‍ കൊണ്ടു വന്നവയും ധാരാളം പാല്‍ കിട്ടുന്നവയും, കാട്ടില്‍ പോറ്റി വരുന്നവയുമായ അസംഖ്യം പശുക്കളെ ഞാന്‍ അവിടെ കണ്ടു. രാജാക്കന്മാര്‍ അഭിഷേകത്തിന് ശുദ്ധജലം അനേകം പാത്രങ്ങളില്‍ സ്വയം കൊണ്ടു വന്നു. ബാല്‍ഹിക രാജാവ് പൊന്നണിഞ്ഞ ഒരു തേര്‍ കൊണ്ടു വന്നു. സുദക്ഷിണന്‍ വെളുത്ത കാംബോജാശ്വങ്ങളെ അതില്‍ക്കെട്ടി! മഹാബലനായ സുനീഥന്‍ പ്രീതിയോടെ തേരുമായി ബന്ധിച്ചു. മഹാബലനായ ചേദിരാജാവ് സ്വന്തം കൈയില്‍ ധ്വജം കൊണ്ടു വന്ന് അതില്‍ നാട്ടി. ദക്ഷിണദേശത്തെ രാജാവ് കൈയില്‍ കവചവുമായി കാത്തു നിന്നു. മാഗധന്‍ മാല്യവും ശിരോവസ്ത്രവുമായി നിന്നു. മഹാവീരനായ വസുദാനന്‍ അറുപതു തികഞ്ഞ ആനയെ, അലകരിച്ചു നിര്‍ത്തി. മത്സ്യരാജാവ് സ്വര്‍ണ്ണം കൊണ്ടുള്ള രഥത്തിന്റെ പാര്‍ശ്വാലങ്കാരങ്ങളും, ഏകലവ്യന്‍ ചെരിപ്പുകളും, ആപന്ത്യന്‍ അഭിഷേകത്തിനുള്ള വിവിധങ്ങളായ ജലവും, ചേകിതാനന്‍ ആവനാഴിയും, കാശിരാജാവ് ധനുസ്സും, ശല്യ൯ പൊന്നു കൊണ്ട് അലങ്കരിച്ച പിടിയും ഉറയുമുള്ള വാളും പിടിച്ചു നിന്നു. അപ്പോള്‍ മഹാതപസ്വികളായ ധൗമ്യനും, വ്യാസനും, നാരദനേയും അസിതപു(തനായ ദേവലനേയും മുന്‍നിര്‍ത്തി അഭിഷേകക ര്‍മ്മം നടത്തി. പിന്നെ, ആ മഹര്‍ഷികള്‍ അഭിഷേകം ചെയ്ത സ്ഥലത്ത് പ്രീതിയോടെ ഇരുന്നു. ജാമദഗ്ന്യനോടു കൂടി മറ്റു വേദപാരംഗതന്മാരായ മഹാത്മാക്കള്‍ വന്നു കൂടി. അവര്‍ മന്ത്രോച്ചാരണത്തോടു കൂടി യുധിഷ്ഠിരനെ സമീപിച്ച്, സ്വര്‍ഗ്ഗത്തില്‍ സപ്തര്‍ഷികള്‍ മഹേന്ദ്രനെ എന്ന പോലെ, അനുഗ്രഹാശിസ്സുകള്‍ നല്കി. സത്യവിക്രമനായ സാത്യകി ധര്‍മ്മപുത്രന് വെണ്‍കൊറ്റക്കുട പിടിച്ചു. ധനഞ്ജയനും, ഭീമസേനനും ആലവട്ടം പിടിച്ചു. മാദ്രീകുമാരന്മാര്‍ വെണ്‍ചാമരം വീശി. മുന്‍കല്പത്തില്‍ പ്രജാപതി ഇന്ദ്രന് നല്കിയത് ഏതോ, ആ വരുണന്റെ ശംഖ് സമുദ്രം തന്നെ കൊണ്ടു വന്നു നല്കി. ആയിരം നിഷ്കം സ്വര്‍ണ്ണം കൊണ്ട് വിശ്വകര്‍മ്മാവ് പണ്ടുണ്ടാക്കിയ ആ ശംഖു കൊണ്ട് കൃഷ്ണന്‍ അഭിഷേകം ചെയ്യുന്നത് കണ്ടതോടു കൂടി ഞാന്‍ ദുഃഖസമുദ്രത്തിലാണ്ടു പോയി.
കിഴക്കും പടിഞ്ഞാറും തെക്കുമുള്ള സമുദ്രങ്ങളില്‍ ജനങ്ങള്‍ പോകാറുണ്ട്. എന്നാൽ വടക്കോ ട്ടുമാത്രം പക്ഷികളല്ലാതെ ആരും പോകാറില്ല. പക്ഷേ, പാണ്ഡവരുടെ സാമ്രാജ്യത്തില്‍ അതും ഉള്‍പ്പെടുന്നു. അവിടെ നിന്നും കൊണ്ടു വന്ന പല ശംഖുകളും അപ്പോള്‍ മംഗളകരമായി ഊതിയതു ഞാന്‍ കേട്ടു. ആ ശബ്ദം കേട്ടതോടെ ഞാന്‍ രോമാഞ്ചം കൊണ്ടു. പ്രഭാവം കുറഞ്ഞ രാജാക്കന്മാര്‍ മോഹാലസ്യപ്പെട്ടു വീണു പോയി. പ്രിയദര്‍ശനരും വീര്യസമ്പന്നരുമായ പാണ്ഡവന്മാര്‍, ധൃഷ്ടദ്യുമ്നന്‍, സാത്യകി, കൃഷ്ണന്‍ ഇവര്‍ എട്ടുപേര്‍ രാജാക്കന്മാരും ഞാനും, മോഹാലസ്യപ്പെട്ടത് നോക്കി ഉറക്കെ ചിരിച്ചു.
പിന്നെ ബീഭത്സു പൊന്നണിഞ്ഞ് അഞ്ഞൂറു കാളകളെ വിപ്രന്മാര്‍ക്ക് ന്‍സന്തോഷം ദാനം ചെയ്തു. രന്തിദേവനും, നാഭാഗനും, മനുവും, യൗവനാശ്വരനും, വൈനൃനായ പൃഥുവും, ഭഗീരഥനും, നഹുഷനും, യയാതിയും, ധര്‍മ്മപുത്രന്റെ അത്ര പരമമായ ശ്രീ നേടിയിട്ടില്ല. രാജസൂയത്താല്‍ അവന്‍ അത്രയ്ക്കു പരമമായ ശ്രീ നേടി. ഹരിശ്ചന്ദ്രന്റെ ശ്രീയെ രാജസൂയം കൊണ്ട് അവന്‍ പ്രാപിച്ചു. എനിക്കിനി ജീവിക്കാന്‍ ഒട്ടും ആശയില്ല. ജീവിതം കൊണ്ട് എന്തു കാര്യം? അന്ധനായ ഒരുത്തന്‍ നുകത്തില്‍ ബന്ധിച്ചാല്‍ അത് അഴിഞ്ഞു പോകാതിരിക്കയില്ല. അതാണ് നമ്മുടെ ഇന്നത്തെ നില. ഇളയവര്‍ ഉയരുന്നു! കാരണവര്‍ താഴുന്നു! ഹേ, കുരുപ്രവീരാ!, ഇതെല്ലാം മനസ്സിലാക്കൂ. ഈ വിചാരം മൂലം എനിക്ക് ഒരു സുഖവും ലഭിക്കുന്നില്ല. നോക്കിയിട്ട് ഒരു അന്തവും കാണുന്നില്ല. ഇതാണ് ഞാന്‍ ഇത്ര വിളര്‍ത്ത് ദുഃഖത്താല്‍ മെലിഞ്ഞു പോയത്.
54. ദുര്യോധനസന്താപം (തുടര്‍ച്ച) - ധൃതരാഷ്ട്രന്‍ പറഞ്ഞു: എന്റെ മൂത്തപുത്രനായ നീ ജ്യേഷ്ഠനായ പാണ്ഡുപുത്രനില്‍ ദ്വേഷിക്കരുത്. ദ്വേഷിക്കുന്നവന്‍ ദുഃഖിക്കും; അത് അവന് നാശം വരുത്തും. ചതി കാണാത്തവനും, നിന്നെ പോലെ ധനമുള്ളവനും, നിന്റെ മിത്രങ്ങളില്‍ മിത്രമായുള്ളവനുമാണ് യുധിഷ്ഠിരന്‍. ദ്വേഷിക്കാത്തവനുമാണ്. അവനില്‍ നിന്നെപ്പോലുള്ളവന് ദ്വേഷം കൊള്ളാമോ? നീ തുല്യമായ ആഭിജാത്യവും, അര്‍ത്ഥവും, വീര്യവും ഉള്ളവനാണ്. ഭ്രാതാവിന്റെ ലക്ഷ്മിയെ ഉണ്ണീ, നീ കാംക്ഷിക്കുകയാണോ? അരുത് ? ഛീ! തെറ്റി. മാറൂ! മാഴ്‌കരുത്! ആ യജൈഞശ്വര്യത്തെ നീ ഇച്ഛിക്കുന്നുണ്ടെങ്കില്‍ ഋത്വിക്കുകള്‍ സപ്തതന്തു മഹാധ്വരം നടത്തുമല്ലോ! അപ്പോള്‍ നിനക്കും രാജാക്കന്മാര്‍ വളരെ ധനം കാഴ്ചവെക്കും. വളരെ ബഹുമാനത്തോടും, വളരെ പ്രീതിയോടും കൂടി രത്നഔഘങ്ങളും, ധനങ്ങളും, ഭൂഷണങ്ങളും കാഴ്ചവെക്കും. ഉണ്ണീ, പരദ്രവൃത്തെ ആഗ്രഹിക്കുന്നത് ആര്യന്മാര്‍ക്കു ചേർന്നതല്ല. അത് അനാര്യസ്വഭാവമാണ്. ഉള്ളതു കൊണ്ടു തൃപ്തിപ്പെടുന്നവനും, സ്വധര്‍മ്മത്തില്‍ നിൽക്കുന്നവനും ആയവന് മാത്രമേ സുഖം ലഭിക്കുകയുള്ളു. പരദ്രവൃത്തിന്ന് നീ ഉദ്യമിക്കരുത്. സ്വകര്‍മ്മത്തില്‍ നീ ഉദ്യമിക്കുക. നേടിയതിനെ രക്ഷിക്കുന്നതാണ് വൈഭവമുള്ളവന്റെ ലക്ഷണം. ആപത്തില്‍ കൂസാതെ എന്നും ഉദ്യമിക്കുന്ന പുരുഷന്‍, അപ്രമത്തനും, വിനയവാനുമായി ഉദ്യമിക്കുന്ന പുരുഷന്‍, എപ്പോഴും ശുഭത്തെ കാണും; അനുഭവിക്കും. പാണ്ഡവന്മാര്‍ നിന്റെ കൈകളാണെന്നു വിചാരിക്കുക! സ്വന്തം കൈകളെ അറുക്കുന്നവരുണ്ടോ? ഭ്രാതൃവിത്തത്തില്‍ ആശ വച്ച് മിത്രദ്രോഹം തുടങ്ങരുത്.
ഹേ, രാജാവായ പുത്രാ! നീ പാണ്ഡവന്മാരെ ദ്വേഷിക്കരുത്. അവര്‍ക്കുള്ളത്ര സമ്പത്ത് നിനക്കുമുണ്ട്. മിത്രദ്രോഹത്തില്‍ വലിയ അധര്‍മ്മം കിടക്കുന്നു. നിന്റെ മുത്തച്ഛന്മാര്‍ തന്നെയാണ് അവരുടെയും മുത്തച്ഛന്മാര്‍. യജ്ഞത്തില്‍ ദാനം ചെയ്ത് വേണ്ട കാമങ്ങളൊക്കെ നേടി സ്ത്രീകളുമായി ചേർന്നു സുഖിച്ച് ശാന്തനായി അടക്കത്തോടെ ജീവിക്കുക!
55. ദുര്യോധനസന്താപം (തുടര്‍ച്ച) - ദുര്യോധനന്‍പറഞ്ഞു: സ്വന്തമായി പ്രജ്ഞയില്ലാത്തവന്‍ എത്രയധികം പഠിച്ചിട്ടും എന്താണ് കാര്യം? അവന്‍ ശാസ്ത്രാര്‍ത്ഥം അറിയുകയില്ല. കറിയുടെ സ്വാദ് കയ്യില്‍ അറിയുന്നില്ലല്ലോ! അങ്ങയ്ക്കെല്ലാംഅറിയാം; എന്നിട്ടും എന്നെ മോഹിപ്പിക്കുന്നു. തോണിയിന്മേല്‍ കെട്ടിയ തോണി പോലെ നാം പരസ്പരം ബന്ധിതരാണ്. അങ്ങ് എല്ലാം അറിഞ്ഞിട്ടും സ്വാര്‍ത്ഥം നോക്കാതിരിക്കയാണോ? കഷ്ടം! ഭവാന്‍ എന്നെ ദ്വേഷിക്കയാണോ? അങ്ങയുടെ കല്പനയിൽ നില്ക്കുന്ന ഈ ധാര്‍ത്തരാഷ്ട്രന്മാരും സഹായികളും നിശ്ചയമായും നശിക്കും. എന്തെന്നാല്‍ ഇപ്പോള്‍ നേടേണ്ട കാര്യം ഭാവിയില്‍ നേടാവുന്നതാണെന്ന് ഭവാന്‍ കരുതിയിരിക്കുന്നു. അന്യന്റെ കല്പന നടത്തുന്ന മേലാളുള്ള മനുഷ്യന്‍ വഴിയുഴന്നു പോകും. അവന്റെ അനുയായികള്‍ പിന്നെ നേര്‍വഴിക്ക് എങ്ങനെ പോകും? ഏറ്റവും പരിണതപ്രജ്ഞനും, വൃദ്ധസേവകനും ജിതേന്ദ്രിയനുമായ ഭവാന്‍, സ്വന്തം കാര്യം. നോക്കുന്ന ഞങ്ങളെ ഹേ, രാജാവേ! അങ്ങ് മോഹിപ്പിക്കരുത്. ബൃഹസ്പതി പറയുന്നു, രാജാക്കന്മാരുടെ ജീവിതധര്‍മ്മം സാമാന്യജ നങ്ങളുടേതില്‍ നിന്നു ഭിന്നമാണെന്ന്. രണ്ടും ഒരു പോലെയല്ല. രാജാവ് എപ്പോഴും അപ്രമത്തനായി സ്വാര്‍ത്ഥം നോക്കുക തന്നെ വേണം. ക്ഷത്രിയന് വിജയത്തിലാണ് വൃത്തി നില്ക്കുന്നത്. അധര്‍മ്മമോ ധര്‍മ്മമോ എന്ന ചിന്ത സ്വന്തം കടമ നിര്‍വ്വഹിക്കുന്നതില്‍ സ്വീകാര്യമല്ല. സൂതന്‍ ചമ്മട്ടി കൊണ്ടു വിചാരിച്ചേടത്ത് എത്തിക്കുന്ന വിധം, രാജാവ് ജ്വലിക്കുന്ന ശത്രുസമ്പത്തു ഹരിക്കുവാന്‍, ഒളിവായോ വെളിവായോ ശത്രുവിനെ ബന്ധിക്കണം. ശസ്ത്രവിജ്ഞന്മാര്‍ പറയുന്നു ശസ്ത്രച്ഛേദനമല്ല ശസ്ത്രമെന്ന്. ശത്രുമിത്രങ്ങള്‍ ഇന്നവരാണെന്നൊന്നും എഴുതി ആരും വെച്ചിട്ടില്ല. സന്താപം ആര് നല്കുന്നു അവന്‍ ശത്രുവാണ്. അസംതുപ്തി കൊണ്ടേ ശ്രീ ലഭിക്കയുള്ളു. അതിനാല്‍ ഞാന്‍ അസംതൃപ്തനായിരിക്കാന്‍ ആഗ്രഹിക്കുന്നു. വളരാനുദ്യമിക്കുന്നവനാണ്, രാജാവേ, നയശാലി. ഐശ്വര്യത്തിലും ധനത്തിലും മമത്വം ( എന്റേത് എന്ന ചിന്ത ) കരുതിപ്പോകരുത്. എന്തെന്നാല്‍, ഒരാള്‍ നേടിയ സമ്പത്ത് മറ്റൊരാള്‍ അപഹരിച്ചെന്നു വരും. രാജധര്‍മ്മം അങ്ങനെയാണ്. പരസ്പരം ദ്രോഹിക്കയില്ല എന്ന നിശ്ചയം ചെയ്ത ശേഷമാണ് ശക്രന്‍ നമുചിയുടെ ശിരസ്സറുത്തത്. അതാണ് നമുക്ക് ഉദാഹരണം. ശത്രുവില്‍ എന്നും പ്രയോഗിക്കുവാന്‍ പറ്റിയ സനാതനമായ മാര്‍ഗ്ഗമാണ് അതെന്ന് അറിയാവുന്നതു കൊണ്ടാണ് ഇന്ദ്രനങ്ങനെ ചെയ്തത്. ചുണ്ടെലി മുതലായ അളകളില്‍ ജീവിക്കുന്ന ജീവികളെ സര്‍പ്പംവിഴുങ്ങുന്നതു പോലെ ഭൂമി രണ്ടുപേരെ ഗ്രസിച്ചു കളയുന്നു; എതിര്‍ക്കാത്ത രാജാവിനേയും വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത ബ്രാഹ്മണനേയും! ആരും ജന്മനാ ആരുടെയും ശ്രത്രുവല്ല. ഒരേ കാര്യത്തില്‍ താല്പര്യമുള്ളവരാണ് പരസ്പരം ശത്രുക്കള്‍; മറ്റാരുമല്ല. ശത്രുപക്ഷം വര്‍ദ്ധിക്കുന്നതു കണ്ടു മിണ്ടാതിരുന്നാല്‍ അവന് അതു സമൂലം നശിപ്പിക്കുന്ന രോഗമായിത്തീരും. വൈരി ചെറിയവനായാലും വിക്രമം കൊണ്ട് വലുതായാല്‍, വേരില്‍പ്പറ്റുന്ന ചിതല്‍ മരത്തെയെന്ന പോലെ; വിഴുങ്ങിക്കളയും. ഹേ, ആജമീഡാ! ശത്രു സമ്പത്തു കണ്ട് ഭവാന്‍ രസിക്കരുത്. ബുദ്ധിമാന്മാര്‍ തലയ്ക്ക് ഏറ്റുന്ന ഭാരമായ നയമായേ അതിനെ കാണൂ. അര്‍ത്ഥവ്യദ്ധി കാംക്ഷിക്കുന്നവന്‍ ബന്ധുക്കളുടെയിടയില്‍, ജന്മശേഷം ശരീരം എന്ന പോലെ, വളര്‍ന്നു വലുതാകും. വിക്രമത്താല്‍ മാത്രമേ അഭിവൃദ്ധിയുണ്ടാകൂ. പാണ്ഡവന്മാരുടെ ശ്രീ ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയും എനിക്കത് നേടാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ എന്റെ കഴിവില്‍ സംശയാലുവാണ്. ആ ശ്രീ നേടുകയോ അല്ലെങ്കില്‍ പോരില്‍ ചത്തു വീഴുകയോ രണ്ടാലൊന്ന് ആയിക്കൊള്ളട്ടെ! ഇപ്പോള്‍ ഈ നിലയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നതു കൊണ്ട് എന്തു പ്രയോജനമാണുള്ളത്? പാണ്ഡവന്മാര്‍ അങ്ങനെ വളരുന്നു! നമ്മളുടെ വൃദ്ധിയോ, വളര്‍ച്ച അറിയാതെയുമിരിക്കുന്നു.
56. യുധിഷ്ഠിരാനയനം - ശകുനി പറഞ്ഞു; പാണ്ഡുപുത്രനായ ധര്‍മ്മപുത്രനില്‍ ഏതു സമ്പത്തു കണ്ടാണോ ദുര്യോധനാ നീ ദുഃഖിക്കുന്നത്, അതൊക്കെ ഞാന്‍ ചൂതില്‍ ജയിച്ചു നിനക്കു വേണ്ടി നേടാം. അതു കൊണ്ടു വേഗം ധര്‍മ്മപുത്രനെ നീ ചുതിന്നു വിളിച്ചു വരുത്തുക. ഞാന്‍ അക്ഷത്താല്‍ അക്ഷതനായി, വിദ്വാന്‍ വിദ്വാനല്ലാത്തവനെ ജയിക്കുന്നത് ഇപ്പോള്‍ കാണിച്ചു തരാം. ഗ്ലഹങ്ങളാണ് ( പന്തയവസ്തുക്കള്‍ ) എന്റെ വില്ല്, അക്ഷങ്ങളാണ് ശരങ്ങള്‍, അക്ഷഹൃദയമാണ് ( അക്ഷത്തിന്മേലുള്ള അടയാളങ്ങള്‍ ) എന്റെ ഞാണ്‍, തേര്‍ ചൂതുകളിസ്ഥലമാണ്.
ദുര്യോധനന്‍ പറഞ്ഞു: അക്ഷജ്ഞനായ അമ്മാവന്‍ ചൂതാട്ടത്തില്‍ പാണ്ഡുപുത്രന്റെ സമ്പത്തിനെ നേടുവാന്‍ മുതിരുന്നു. അങ്ങ് അതിന് അനുവാദം നല്കിയാലും!
ധൃതരാഷ്ട്രന്‍ പറഞ്ഞു: മഹാനും ഭ്രാതാവുമായ വിദുരന്‍ പറയുന്ന മട്ടിലാണ് ഞാന്‍ കാര്യങ്ങള്‍ നടത്തുന്നത്. അവനുമായി ഒന്നു ചിന്തിച്ച് ഇക്കാര്യത്തില്‍ ഞാന്‍ ഒരു തീരുമാനത്തിൽ എത്തിയതിന് ശേഷം പറയാം.
ദുര്യോധനന്‍ പറഞ്ഞു: അങ്ങനെയാണെങ്കില്‍ യാതൊരു സംശയവുമില്ല, വിദുരന്‍ തീര്‍ച്ചയായും ഭവാന്റെ മനസ്സിനെ മാറ്റും. അവന്‍ പാണ്ഡവന്മാര്‍ക്ക് ഹിതം ചെയ്യുന്നവനാണ്. നമുക്ക് ഹിതം ചെയ്യാത്തവനുമാണ്. അന്യന്റെ ഉപദേശം ഉപയോഗപ്പെടുത്തി സ്വന്തം കാര്യം ധീരപുരുഷന്മാര്‍ ചെയ്യുവാന്‍ തുടങ്ങുകയില്ല. ഒരു കാര്യത്തില്‍ രണ്ടു പേരുടെ അഭിപ്രായം യോജിച്ചു വരികയില്ല. പേടിച്ച് ഒഴിഞ്ഞ് ആത്മരക്ഷ നോക്കുന്ന ജളന്‍, മഴ നനഞ്ഞ പ്രാണിയെ പോലെ അവിടെ നിന്ന് നശിക്കും. ശ്രേയസ്സു വന്നെത്തുന്നതു വരെ വ്യാധിയും, യമനും കാക്കുന്നതല്ല, കെല്പുള്ളപ്പോള്‍ തന്നെ വേണം ശ്രേയസ്സ് നേടുവാന്‍.
ധൃതരാഷ്ട്രന്‍ പറഞ്ഞു: മകനേ! ബലവാന്മാരുമായുള്ള വൈരം നന്നെന്നെനിക്കു തോന്നുന്നില്ല. വൈരമനോഭാവം മാറ്റുക. അനായസമായ ( ഇരുമ്പു കൊണ്ടുണ്ടാക്കാത്ത ) ശസ്ത്രമാണ് അത്. നീ ചിന്തിക്കുന്നത് അനര്‍ത്ഥമായ അര്‍ത്ഥത്തെയാണ്. അത് ഘോരമായ കലഹത്തിന്റെ മാര്‍ഗ്ഗമാണ്. അത് വന്നു കൂടുന്നതായാല്‍ പിന്നെ അത് തീക്ഷ്ണമായ ഖഡ് ഗവും ശരങ്ങളുമാണ് വര്‍ഷിക്കുക.
ദുര്യോധനന്‍ പറഞ്ഞു; ചൂതില്‍ പണ്ടുള്ളവരും ഏര്‍പ്പെട്ടതായി കേട്ടിട്ടുണ്ട്. അതു കൊണ്ട് ക്ഷയവും യുദ്ധവുമൊന്നും സംഭവിച്ചിട്ടുമില്ല. അങ്ങ് അമ്മാവന്‍ പറഞ്ഞ കാര്യം കൈക്കൊള്ളുക. നമുക്ക് ദോഷം പറ്റുന്നതൊന്നും അമ്മാവന്‍ പറഞ്ഞു തരികയില്ല. സഭ തീര്‍ക്കുവാന്‍ ഉടനെ അങ്ങ് കല്പിക്കുക. കളിക്കുന്നതായാല്‍ നമുക്ക് മെച്ചമാണ്. ഇതില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം അത് സുഖദ്വാരവുമാണ്. രണ്ടു കക്ഷിക്കും ഇപ്പറഞ്ഞതെല്ലാം ഒപ്പമാണ്. അതു കൊണ്ട് ഇനി കുന്തീപുത്രരുമായി ഉടനെ ചൂതിന് ഒരുങ്ങട്ടെ!
ധൃതരാഷ്ട്രന്‍ പറഞ്ഞു: നിന്റെ വാക്ക് എനിക്ക് പിടിക്കുന്നില്ല. നീ നിന്റെ ഇഷ്ടം പോലെ നടന്നു കൊള്ളുക! നിന്റെ ഇപ്പോഴത്തെ അഭിപ്രായം പോലെ ചെയ്യുകയാണെങ്കില്‍ പശ്ചാത്താപത്തിന് ഇടവരും. ഇത് ധര്‍മ്മ്യമാവുകയുമില്ല. വിദ്വാനും, സത്യത്തിന്റെയും ബുദ്ധിയുടെയും മാര്‍ഗ്ഗത്തില്‍ നടക്കുന്നവനുമായ വിദുരന്‍ ഇതൊക്കെ മുമ്പെ കണ്ടുകഴിഞ്ഞു. നമുക്ക് ക്ഷത്രിയ ജീവഘാതിയായ മഹാഭയം, ആപത്ത്, വന്നു കൂടുകയാണ്!
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം മനീഷിയായ ധൃതരാഷ്ട്രന്‍ വിധി ദുസ്തരമാണെന്നു കണ്ട്, വരുന്നതു വരട്ടെ എന്നു വിചാരിച്ച്, പുത്രന്‍ പറഞ്ഞ വാക്കു കേട്ട്, ദൈവേച്ഛയാല്‍ പ്രമൂഢനായി ഭൃത്യന്മാരോട് ഇപ്രകാരം ഉറക്കെ ആജ്ഞാപിച്ചു. ആയിരം തൂണുകളോടു കൂടി സ്വര്‍ണ്ണം, രത്നം ഇവയാല്‍ വിചിത്രമായ നൂറു വാതിലുകളോടും, സ്ഫടിക തോരണത്തോടും കൂടി ഒരു ക്രോശം നീളവും വീതിയുമുള്ള ഒരു മഹാസഭ വേഗം ശില്പികള്‍ ഉണ്ടാക്കട്ടെ എന്ന്. കല്പന പ്രകാരം വേഗത്തില്‍ സഭപ്രാജ്ഞരായ ശില്പികള്‍ ഉത്സാഹത്തോടെ നിര്‍മ്മിച്ചു. ശില്പജ്ഞരായ പണിക്കാര്‍ അനവധി ദ്രവ്യങ്ങള്‍ വേണ്ടുവോളം ഉപയോഗപ്പെടുത്തി കുറച്ചുദിവസം കൊണ്ട് രത്നഖചിതമായി, പണി ഭംഗിയായി കഴിച്ച ശേഷം വേണ്ടുവോളം സ്വര്‍ണ്ണാസനങ്ങളും നിരത്തി ധൃതരാഷ്ട്രനെ വിവരം അറിയിച്ചു. ഉടനെ വിദ്വാനും, തന്റെ മന്ത്രിയുമായ വിദുരനെ വിളിച്ച് ധൃതരാഷ്ട്ര രാജാവ്, രാജപുത്രനായ യുധിഷ്ഠിരനെ എന്റെ കല്പന പ്രകാരം ഇവിടേക്കു കൂട്ടിക്കൊണ്ടു വരിക എന്ന് കല്‍പിച്ചു. ശയ്യാസനോപബര്‍ഹങ്ങളോടു കൂടിയതും, രത്നങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട് പ്രശോഭിക്കുന്നതുമായ സഭ ധര്‍മ്മപുത്രന്‍ ഭ്രാതാക്കളോടൂ കൂടെ വന്നു കാണട്ടെ! പിന്നെ സുഹൃദ്യൂതവും ചെയ്തു കൊള്ളട്ടെ! എന്നു പറഞ്ഞു.
57. യുധിഷ്ഠിരാനയനം (തുടര്‍ച്ച) - വൈശമ്പായനൻ പറഞ്ഞു പുത്രന്റെ ഹിതത്തിന് വേണ്ടി ധൃതരാഷ്ട്ര രാജാവ് ദൈവം ദുസ്തരമാണെന്ന് ചിന്തിച്ച് അങ്ങനെ ആജ്ഞാപിച്ചു. രാജാവിന്റെ ആജ്ഞ ലംഘിക്കരുതല്ലോ. വിദുരന്‍ പോകാനൊരുങ്ങി. എങ്കിലും അന്യായമായ വാക്കു കേട്ട് പണ്ഡിതോത്തമന്‍ ഭ്രാതാവിന്റെ വാക്കിനെ അഭിനന്ദിച്ചില്ല. അദ്ദേഹം ഉടനെ ഇപ്രകാരം പറഞ്ഞു.
വിദുരന്‍ പറഞ്ഞു: ഭവാന്റെ ആജ്ഞ ഞാന്‍ അഭിനന്ദിക്കുന്നില്ല. ഞാന്‍ ഭയപ്പെടുന്നു. കുലനാശകരമായ ഈ ദ്യൂതം ലോകം മുടിക്കും. തമ്മില്‍ത്തെറ്റി പുത്രന്മാര്‍ കലഹിക്കും! ദ്യൂതത്തില്‍ അത് തീര്‍ച്ചയായും സംഭവിക്കും! രാജാവേ! അക്രമത്തിന് ഒരുങ്ങരുത്.
ധൃതരാഷ്ട്രന്‍ പറഞ്ഞു: യാതൊരാപത്തും സംഭവിക്കുകയില്ല. ക്ഷത്താവേ, ദൈവം തെറ്റി നില്ക്കാതിരുന്നാല്‍ മതി! വിധിയുടെ കല്പന മൂലം ദൈവത്തിന്റെ വശത്തിലാണ് വിശ്വം നടക്കുന്നത്. ഒന്നും സ്വതന്ത്രമല്ല. എല്ലാം ആ മഹാശക്തിയുടെ ഇഷ്ടം!
അതു കൊണ്ട് വിദുരാ! നീ ചെന്ന് എന്റെ കല്പനപ്രകാരം ഉടനെ ദുര്‍ദ്ധര്‍ഷനായ യുധിഷ്ഠിരനെ കൂട്ടിക്കൊണ്ടു വരു!
58. യുധിഷ്ഠിരസഭാഗമനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ വിദുരന്‍ നല്ല അശ്വങ്ങളെ കെട്ടിയ തേരില്‍ക്കയറി, ധൃതരാഷ്ട്രന്റെ നിരാകരിക്കാന്‍ വയ്യാത്ത കല്പന കൈക്കൊണ്ട്, മനീഷികളായ പാണ്ഡവന്മാരുടെ സമീപത്തില്‍ ചെന്നെത്തി. വിദുരന്‍ രാജധാനിയില്‍ ചെന്നു വിപ്രപൂജ കൈക്കൊണ്ട് അകത്തു പ്രവേശിച്ചു. കുബേരന്റെ ആലയം പോലെയുള്ള രാജഗൃഹത്തില്‍ പ്രവേശിച്ച് യുധിഷ്ഠിരനെ ചെന്നു കണ്ടു. സത്യവ്രതനായ യുധിഷ്ഠിരന്‍ വിദുരനെ പൂജിച്ച് സ്വീകരിച്ച്, പുത്രന്മാരോടു കൂടി ധൃതരാഷ്ട്രന്‍ സുഖമായിരിക്കുന്നില്ലേ എന്ന് കുശലം ചോദിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: ക്ഷത്താവേ, ഭവാന്‍ എന്താണ് വൃസന ഭാവത്തില്‍ ഇരിക്കുന്നത് ? അത്യാപത്തൊന്നും ഹസ്തിനപുരത്തില്‍ നടന്നിട്ടില്ലല്ലോ! എല്ലാവര്‍ക്കും ക്ഷേമം തന്നെയല്ലേ? മക്കളൊക്കെ വൃദ്ധന്റെ പാട്ടില്‍ നില്ക്കുന്നില്ലേ? കീഴ് രാജാക്കളെല്ലാം അധീനത്തിലല്ലേ? അത്തരം കുഴപ്പങ്ങളൊന്നുമില്ലല്ലോ?
വിദുരന്‍ പറഞ്ഞു: രാജാവ് ഇന്ദ്രതുല്യനായി പുത്രന്മാരോടു കൂടി സുഖമായി വാഴുന്നു! ആത്മനിഷ്ഠനും വരിഷ്ഠനുമായി പുത്രഗുണങ്ങളൊക്കെ അനുകൂലിച്ച് സുഖമായി വര്‍ത്തിക്കുന്നു. കുരുരാജാവ് ഭവാനോട് ഉണര്‍ത്തിക്കുവാന്‍ ഒരു സന്ദേശം ഞാന്‍ മുഖേന പറഞ്ഞറിയിച്ചിരിക്കുന്നു. കുശലപ്രശ്നാനന്തരം ഇപ്രകാരം പറയണമെന്ന്.
ധൃതരാഷ്ട്രന്‍ പറഞ്ഞു: നിന്റെ ഭ്രാതാക്കള്‍ക്ക് ഒരു സഭ ഞാന്‍ പണിയിച്ചിരിക്കുന്നു. അതു നിന്റെ സഭയ്ക്ക് ഒത്തു തന്നെയാണ്. അത് ഒന്നു വന്നു കാണുക. ഉണ്ണി! അതില്‍ വന്ന് ഭ്രാതാക്കളോടു ചേർന്ന് സാഹൃത്ദ്യുതം ചെയ്ത് രമിക്കുക. നിങ്ങളുമായി ചേരുന്നത് ഞങ്ങള്‍ക്ക് വളരെ സന്തോഷമാണ്. കൗരവന്മാര്‍ എല്ലാവരും ചേർന്ന് സന്തോഷിക്കട്ടെ.
വിദുരന്‍ പറഞ്ഞു: മഹാത്മാവായ ധൃതരാഷ്ട്ര രാജാവ് ചൂതില്‍ക്കൂട്ടുന്ന *** കിതവന്മാരെ അപ്പോള്‍ അങ്ങയ്ക്കു കാണാം. അവര്‍ എല്ലാം അവിടെ അങ്ങയുടെ വരവ് കാത്തിരിക്കുകയാണ്. അതാണ് ഞാന്‍ വന്നത്. രാജാവേ, ക്ഷണം സ്വീകരിക്കുക.
*** കിതവന്‍ - നുണ പറയുന്നവന്‍; കള്ളക്കളിക്കാരന്‍.
യുധിഷ്ഠിരന്‍ പറഞ്ഞു: ചൂതില്‍ കലഹം ഉണ്ടാവാതിരിക്കയില്ല. ഏതു ബുദ്ധിമാൽ ഈ ദ്യൂതം സമ്മതിക്കും; ഭവാന് ഈ ദ്യൂതം യുക്തമാണെന്നു തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കാം. ഞങ്ങളെല്ലാം ഭവാന്റെ ചൊല്പടിയില്‍ നില്ക്കുന്നവരാണ്.
വിദുരന്‍ പറഞ്ഞു: ചൂത് അനര്‍ത്ഥത്തിന്റെ വിത്താണെന്നു തന്നെ ഞാന്‍ കാണുന്നു. അത് ഇല്ലാതാക്കാന്‍ ഞാന്‍ വളരെ പരിശ്രമിച്ചു! ഫലമുണ്ടായില്ല. രാജാവ് എന്നെ ഭവാന്റെ അടുത്തേക്ക് അയയ്ക്കുകയാണ് ചെയ്തത്. ഹേ മഹാശയാ എന്നെ ഏല്പിച്ച കല്പന ഞാന്‍ ഇതാ നിര്‍വഹിക്കുന്നു. ഭവാന്‍ ചിന്തിച്ച് നന്മയ്ക്ക് വേണ്ടവിധം ചെയ്യുക.
യുധിഷ്ഠിരന്‍ പറഞ്ഞു: ധാര്‍ത്തരാഷ്ട്രന്മാരൊഴികെ മറ്റു വല്ലവരുമുണ്ടോ നമ്മോടു ചൂതുകളിക്കുവാ൯? ഭവാന്‍ അറിവുള്ളതു പറയു. ഞാന്‍ ആരോടാണ് നൂറുകണക്കിന് പന്തയംവച്ചു കളിക്കേണ്ടത് ?
വിദുരന്‍ പറഞ്ഞു: ഗാന്ധാരരാജാവായ ശകുനി. അവന്‍ രാജാക്കന്മാരില്‍ ഏറ്റവും യോഗ്യനായ അക്ഷജ്ഞനാണ് ; കൃതഹസ്തനായ കളിക്കാരനാണ്. പിന്നെ വിവിംശതി, ചിത്രസേനന്‍, സത്യവ്രതന്‍, പുരുമിത്രന്‍, ജയന്‍ ഈ രാജാക്കന്മാരൊക്കെയുണ്ട്.
യുധിഷ്ഠിരന്‍ പറഞ്ഞു: മഹാഭയങ്കരന്മാരായ കിതവന്മാര്‍ നിരന്ന് കള്ളച്ചൂതു കളിക്കാന്‍ തയ്യാറായി അവിടെ ഇരിക്കുകയാണ്! ധാതാവിന്റെ ഹിതത്താല്‍ ദൈവത്തിന് അധീനമായി വിശ്വം നടക്കുന്നു. ഒന്നും സ്വതന്ത്രമല്ല! രാജേന്ദ്രനായ ധൃതരാഷ്ട്രന്റെ ആജ്ഞപ്രകാരം ഞാന്‍ ചുതിന് പോകാതിരിക്കയില്ല! ഹേ കവേ! മകന് അച്ഛന്‍ എന്നുംപ്രിയപ്പെട്ടവനാണ്! വിദുരാ! ഭവാന്‍ പറഞ്ഞ വിധം ഞാന്‍ ചെയ്യാം. ഞാന്‍ ശകുനിയുമായി കളിക്കുകയില്ല. എന്നാൽ അവന്‍ എന്നെ വെല്ലുവിളിച്ചാല്‍ ഞാന്‍ പിന്മാറുകയുമില്ല! അത് എന്റെ ജീവിതവ്രതമാണ്.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ധര്‍മ്മരാജാവ് ക്ഷത്താവോടു പറഞ്ഞ്, യാത്രയ്ക്കുള്ള ഒരുക്കംകൂട്ടി. പിറ്റേന്നാള്‍ എല്ലാ അനുയായികളോടും, ഗണങ്ങളോടും, ദ്രൗപദി തുടങ്ങിയ സ്ത്രീജനങ്ങളോടും കൂടെ പുറപ്പെട്ടു.
അത്യുഗ്ര തേജസ്സോടു കൂടെ വീഴുന്ന വസ്തു കണ്ണിനെ എന്ന പോലെ, ദൈവം നമ്മെ പ്രജ്ഞാശൂന്യരാക്കി തീര്‍ക്കുന്നു; മനുഷ്യന്‍ കയറു കൊണ്ടു ബന്ധിക്കപ്പെട്ട പോലെ ധാതാവിന്റെ അധീനത്തില്‍ എന്നും സ്ഥിതി ചെയ്യുന്നു, എന്നു പറഞ്ഞ് ക്ഷത്താവിനോടു കൂടി ധൃതരാഷ്ട്രന്റെ ക്ഷണത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാതെ യാത്രയായി.
ബാല്‍ഹീക രാജാവ് കൊടുത്ത രഥത്തില്‍ അരിന്ദമമനായ ചക്രവര്‍ത്തി പരിച്ഛദങ്ങളോടും ശഭ്രാതാക്കളോടും കൂടെ പുറപ്പെട്ടു. രാജശ്രീയാല്‍ ജലിക്കുന്ന അവന്‍ ബ്രഹ്മപുരസ്സരനായി ധൃതരാഷ്ട്ര നൃപന്റെ ആഹ്വാനം കേട്ട്, കാലത്തിന്റെ നിശ്ചയം അനുസരിച്ച്, ഹസ്തിനാപുരിയില്‍ ധൃതരാഷ്ട്ര മന്ദിരിത്തില്‍ ചെന്നെത്തി. ധാര്‍മ്മികനായ പാണ്ഡുപുത്രന്‍ ധൃതരാഷ്ട്രനെ ചെന്നു കണ്ടു. ഭീഷ്മൻ, ദ്രോണൻ, കൃപന്‍, കര്‍ണ്ണന്‍, ദ്രൗണി എന്നിവരോട് യഥായോഗ്യം രാജാവ് ചേർന്ന് സന്തോഷിച്ചു. സോമദത്തനോടും, ദുര്യോധനനോടും, ശല്യനോടും, ശകുനിയോടും, വീരനായ ദുശ്ലാസനനോടും, സര്‍വ്വ ഭ്രാതാക്കളോടും, ജയ്രദഥനോടും, പിന്നെ സര്‍വ്വ കൗരവന്മാരോടും ചേർന്ന് സസന്തോഷം ധീമാനായ ധൃതരാഷ്ട്രന്റെ ഗൃഹത്തില്‍ ചെന്നുകയറി. അവിടെ പതിവ്രതയായ ഗാന്ധാരീദേവിയെ കണ്ടു സ്നുഷകളുടെ മദ്ധൃത്തില്‍, താരകാ മദ്ധ്യത്തില്‍ രോഹിണിയെന്ന വിധം, അവര്‍ ശോഭിക്കുന്നു. ഗാന്ധാരിയെ കൈകൂപ്പി പ്രതിവന്ദനം ഏറ്റ് പ്രജഞാചക്ഷുസ്സായ രാജാവിനെ കണ്ടു. നൃപന്‍ ആ കൗരവ കുമാരന്മാരെ മൂര്‍ദ്ധാവില്‍ ചുംബിച്ചു ഭീമസേനാദ്യന്മാരായ നാല് പാണ്ഡവന്മാരേയും ധൃതരാഷ്ട്രർ സസ്‌നേഹം മൂര്‍ദ്ധാവില്‍ ഘ്രാണിച്ചു. എല്ലാവര്‍ക്കും സന്തോഷമായി. പ്രിയദര്‍ശനരായ പാണ്ഡുപുത്രന്മാരെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും ആഹ്ലാദമായി. അവര്‍ സാനുവാദം രത്നഗൃഹങ്ങളില്‍ പ്രവേശിച്ചു. അവിടെ ദുശ്ശളയുടെ കൂടെ കൗരവനാരിമാര്‍ അവരെ ചെന്നു കണ്ടു.
പാഞ്ചാലിയുടെ ജ്വലിക്കുന്ന ഐശ്വര്യ പുഷ്ടി കാണുകയാല്‍ ധൃതരാഷ്ട്ര സ്നുഷകളുടെ സന്തോഷം തെല്ലൊന്ന് ഇടിഞ്ഞു. പിന്നെ ആ പുരുഷേന്ദ്രന്മാര്‍ മഞ്ജുഭാഷിണികളായ സ്ത്രീകളോട് സംസാരിച്ചിരുന്നു. അതിന് ശേഷം വ്യായാമാദികളായ കൃത്യങ്ങളും പ്രതികര്‍മ്മങ്ങളും ചെയ്തു. അനന്തരം അലങ്കരിച്ച് അഗ്നികര്‍മ്മങ്ങള്‍ ചെയ്ത ശേഷം അവര്‍ ദിവ്യമായ ചന്ദനം ചാര്‍ത്തി, കല്യാണാശംസയോടു കൂടി, വിപ്രരുടെ ആശീര്‍വ്വാദമേറ്റ്, ഹൃദ്യമായ ഭക്ഷണം കഴിച്ച്, ശയ്യാഗാരത്തില്‍ കയറി; സ്ത്രീകള്‍ പാടുന്ന മനോജ്ഞഗാനങ്ങള്‍ കേട്ടു കിടന്നു. അവരുമായി സംഗം ചെയ്ത് ആ പരപുരഞ്ജയര്‍ പ്രീതരായി. അങ്ങനെ അന്നത്തെ രാത്രി രതിക്രീഡയോടു കൂടി അവര്‍ സുഖമായി കഴിച്ചു. സ്തുതി കേട്ടും, വിശ്രമിച്ചും പ്രഭാതത്തില്‍ അവര്‍ ഉണര്‍ന്നു. രാവില്‍ സൗഖ്യമായി കഴിഞ്ഞ്, അവര്‍ പ്രഭാതത്തില്‍ അഗ്നിയെ അര്‍ച്ചിച്ച് രമൃമായ സഭയില്‍ പ്രവേശിച്ചു. *** കിതവന്മാര്‍ അവരെ അഭിനന്ദിച്ചു.
*** ചുതാട്ടക്കാര്‍ എന്നും വഞ്ചകന്മാര്‍ ആയതിനാൽ അവരുടെ പ്രശംസ ഹൃദയപൂര്‍വ്വകമായിരുന്നില്ല എന്നു സൂചന
59. യുധിഷ്ഠിര ശകുനി സംവാദം - വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ മുമ്പായ പാര്‍ത്ഥന്മാര്‍ സഭയില്‍ പ്രവേശിച്ച് രാജാക്കന്മാരെ സമീപിച്ചു. പൂജ്യന്മാരെ പുജിച്ച് വയഃക്രമാചാരപൂര്‍വ്വം അവര്‍ യഥാര്‍ഹം വിലയേറിയ വിചിത്ര വിരിപ്പുകളാല്‍ അലംകൃതമായ രമ്യാസനങ്ങളില്‍ ഇരുന്നു. അവർ ഇരുന്നപ്പോള്‍ എല്ലാ രാജകുമാരന്മാരും ഇരുന്നു. അപ്പോള്‍ സൗബലനായ ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
ശകുനി പറഞ്ഞു: സഭയില്‍ ഇതാ എല്ലാവരും അങ്ങയെ കാക്കുന്നു! ചൂതു കളിക്കുവാന്‍ ഹേ,! യുധിഷ്ഠിരാ! ഭവാന്‍ ഒരുങ്ങുക.
യുധിഷ്ഠിരന്‍ പറഞ്ഞു: ചതിയിലുള്ള ചൂതുകളി പാപമാണ്. അതില്‍ ക്ഷാത്രമായ പരാക്രമം ഇല്ല. ശാശ്വതമായ നീതിയും അതിലില്ല. എന്താണ് ഇപ്രകാരമുള്ള ചൂതനെ ഭവാന്‍ വാഴ്ത്തുന്നത് ? കള്ളച്ചുതു കൊണ്ടുള്ള മാനത്തെ കിതവന്മാരൊഴികെ മറ്റാരും പ്രശംസിക്കാറുമില്ല. എടോ ശകുനി! ക്രൂരമായ വിധം താങ്കള്‍ എന്നെ ദുര്‍മ്മാര്‍ഗ്ഗത്തില്‍, നൃശംസനെ പോലെ, ജയിക്കരുത്.
ശകുനി പറഞ്ഞു: വിവേകമുള്ളവനും, ചതി കാണുന്നവനും, അക്ഷ പ്രയോഗാശയം അറിയുന്നവനും, ദക്ഷനും, മഹാശയനും, കിതവാനും ( ചൂതാളി ) ആയ ദ്യൂതവിജ്ഞന്‍ എല്ലാ ക്രിയയ്ക്കും സമർത്ഥനാകും. അക്ഷഗ്ലഹം നമ്മള്‍ക്ക് തോല്‍വിയും ജയവും തരുന്നു. അതു കൊണ്ടാണ് ദ്യൂതം അധര്‍മ്മമായി കണക്കാക്കുന്നത്. അതില്‍ ഒട്ടും തെറ്റില്ല പാര്‍ത്ഥാ! ശങ്കിക്കയേ വേണ്ട. നമ്മള്‍ക്കു കളിക്കാം. വൈകേണ്ട. പന്തയം വെക്കൂ രാജാവേ.
യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ശകുനീ, ലോകോദ്ധാരണത്തിനായി സര്‍വ്വദാ ഉപദേശിക്കുന്ന മുനിസത്തമനും, അസിത പുത്രനുമായ ദേവലന്‍ പറഞ്ഞിട്ടുണ്ട്, ചൂതുകളിയില്‍ കള്ളക്കളി കളിക്കുന്നതു പാപമാണെന്ന്. യുദ്ധത്തില്‍ ജയിക്കുന്നത് ധര്‍മ്മത്താലാണ്. അങ്ങനെയല്ല ചൂതുകളിയില്‍ ആര്യന്മാര്‍ ഒരിക്കലും മ്ലേച്ഛന്മാരെ പോലെ നീചഭാഷയില്‍ സംസാരിക്കുകയില്ല. അവരെ പോലെ ചതിയായി പെരുമാറുകയുമില്ല. ശഠമല്ലാതേയും, ചതിയില്ലാതേയുമുള്ള യുദ്ധം സല്‍പുരുഷന്മാരുടെ വ്രതമാണ്. ബ്രാഹ്മണർക്കു വേണ്ടി ശക്തി പോലെ ഭരിക്കുവാന്‍ ഞങ്ങള്‍ ഉദ്യമിക്കുകയാണ്. ആ ദ്രവ്യം ഭവാന്‍ എന്നോടെതിര്‍ത്ത് കുള്ളച്ചൂതില്‍ തട്ടിയെടുക്കരുത്. അന്യന്റെ ധനം, ശത്രുവാണെങ്കില്‍ പോലും, കളവായി തട്ടിയെടുക്കരുത്. ചതി കൊണ്ടു ലഭിക്കുന്ന സുഖവും ധനവും ഞാന്‍ ആഗ്രഹിക്കുന്നില്ല. കിതവന്മാരുടെ തൊഴില്‍ സജ്ജനങ്ങള്‍ ആദരിക്കുകയില്ല.
ശകുനി പറഞ്ഞു: ശ്രോത്രിയന്‍ ജയിക്കാന്‍ വേണ്ടി അശ്രോത്രിയനോട് എതിര്‍ക്കുന്നു. വിദ്വാന്‍ അവിദ്വാനോട് ഏൽക്കുന്നു. വാഗ്വാദം കൊണ്ടുള്ള അവരുടെ ആ പോരാട്ടത്തെ അധര്‍മ്മമോ, അന്യായമോ ആയി ആരും പറയുകയില്ല. അക്ഷശിക്ഷിതര്‍ തമ്മില്‍ ജയിക്കുവാന്‍ തന്നെയാണ് ധര്‍മ്മജാ, ഇടയുന്നത്. അസ്ത്രജ്ഞാനം ഇല്ലാത്തവനോട് അസ്ത്രജ്ഞന്‍, ബലമില്ലാത്തവനോട് ബലവാന്‍, ഇങ്ങനെ എല്ലാ തൊഴിലിലുമുണ്ട് വ്യാജവും വഞ്ചനയും. വിദ്വാന്‍ അവിദ്വാനോട് ഏല്‍ക്കുന്നത് ജനങ്ങള്‍ വ്യാജകര്‍മ്മമാണെന്നു പറയുകയില്ല. ഇപ്രകാരം ഭവാന്‍ എന്നോട് ചൂതില്‍ ഇടയുന്നത് തെറ്റാണെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍, ഞാന്‍ ചിതിക്കണമെന്ന് ഉദ്ദേശിക്കുകയാണെന്ന് തോന്നുന്നുങ്കില്‍ ചൂതില്‍ നിന്നു പിന്മാറിക്കൊള്ളുക. ഭയമുണ്ടെങ്കില്‍ പിന്നെ അതാണ് നല്ലത്. ചൂതില്‍ നിന്നു പിന്മാറിക്കൊള്ളുക.
യുധിഷ്ഠിരന്‍ പറഞ്ഞു: വിളിച്ചാല്‍ പിന്‍തിരിയുകയില്ലെന്ന് എനിക്ക് ദൃഢമായ ഒരു വ്രതമുണ്ട്. വിധി ബലവാനാണ് രാജാവേ! ഞാന്‍ ദൈവത്തിന്റെ പാട്ടില്‍ നില്ക്കുകയാണ്! ഈ യോഗത്തില്‍ ഞാന്‍ ആരോടാണ് മത്സരിച്ചു കളിക്കേണ്ടത്? ആരാണ് പണയം വെക്കുവാന്‍ സന്നദ്ധന്‍? അതറിഞ്ഞാല്‍ കളി തുടരാം.
ദുര്യോധനന്‍ പറഞ്ഞു: രാജാവേ, ധനരത്നങ്ങള്‍ പണയത്തിനു നല്കുവാന്‍ ഞാനുണ്ട്. എന്റെ പേര്‍ക്ക് എന്റെ അമ്മാവനായ ശകുനി കളിച്ചു കൊള്ളും.
യുധിഷ്ഠിരന്‍ പറഞ്ഞു: അന്യന്റെ പേര്‍ക്കു മറ്റൊരാള്‍ നടത്തുന്ന ചൂത് നിയമവിരുദ്ധമായി ഞാന്‍ കരുതുന്നു. ഹേ, പ്രാജ്ഞാ, അത് ഭവാന്‍ ഓര്‍ക്കണം!. അതും ഞാന്‍ സമ്മതിച്ചു! എന്നാൽ തുടങ്ങുക തന്നെ!
60. ദ്യൂതാരംഭം - വൈശമ്പായനൻ പറഞ്ഞു: ചൂതിന് ഒരുക്കമായ സമയത്ത്, ആ രാജാക്കന്മാരൊക്കെ ധൃതരാഷ്ട്രനെ മുമ്പില്‍ നടത്തി, ആ സഭാസ്ഥലത്തിലെത്തി. ഭീഷ്മൻ, ദ്രോണൻ, കൃപന്‍, മഹാമതിയായ വിദുരന്‍ ഇവര്‍ ദുഃഖത്തോടെ പിന്നില്‍ ഇരിപ്പുറപ്പിച്ചു. സിംഹത്തിനൊത്ത കഴുത്തുള്ളവരും ഓജസ്വികളുമായ രാജാക്കന്മാര്‍ രമ്യവും വിചിത്രവുമായ സിംഹാസനങ്ങളില്‍ കൂട്ടായും ഒറ്റയ്ക്കും ഇരുന്നു. രാജാക്കന്മാര്‍ ഒത്തു ചേർന്നപ്പോള്‍ ആ സഭ മഹാഭാഗരായ ദേവന്മാര്‍ നിറഞ്ഞ സ്വര്‍ഗ്ഗം പോലെ ശോഭിച്ചു. അവരെല്ലാം വേദജ്ഞരും ശൂരന്മാരും ഭാസ്വര മൂര്‍ത്തികളുമായിരുന്നു. അതിന് ശേഷം ദ്യൂതം ആരംഭിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഇതാ, കടല്‍ കടഞ്ഞെടുത്ത ഏറ്റവും വിലപിടിച്ച രത്നം! ഹാരത്തില്‍ കോര്‍ത്തതും കനകം കൊണ്ടു കെട്ടിയതുമായ അനര്‍ഘമായ ഭൂഷണം! അങ്ങയ്ക്ക് അതിന്ന്. എതിരായ പന്തയമെന്താണെന്നു പറയുക, ധനം വെച്ചു കളിക്കുവാന്‍.
ദുര്യോധനന്‍ പറഞ്ഞു: എനിക്കു രത്നങ്ങള്‍ ധാരാളമുണ്ട്. ധനങ്ങളും ധാരാളമുണ്ട്. അതു ഞാന്‍ വെക്കുന്നു. എങ്കിലും അതോര്‍ത്തു ഞാനഹങ്കരിക്കുന്നില്ല. ഭവാന്‍ ഇതു കളിച്ചു നേടു!
വൈശമ്പായനൻ പറഞ്ഞു: ഉടനെ അക്ഷദക്ഷനായ ശകുനി അക്ഷങ്ങളെ എടുത്തു കളിച്ച് ഞാന്‍ ജയിച്ചു! ജയിച്ചു! എന്നു യുധിഷ്ഠിരനോടു പറഞ്ഞു!
61. ദേവനം - യുധിഷ്ഠിരപരാജയം - യുധിഷ്ഠിരന്‍പറഞ്ഞു: ഹേ, ഉന്മത്താ! നിന്റെ ചതിപ്രയോഗത്താല്‍ ഞാന്‍ ഈ കളിയില്‍ തോറ്റു. ശകുനേ! കളിക്കാം. ഇനിയും പരസ്പരം പന്തയം വെച്ച് നമുക്കു കളിക്കാം. ആയിരം സ്വര്‍ണ്ണനിഷ്കങ്ങള്‍ വെച്ചിട്ടുള്ള ഭണ്ഡാരങ്ങളുണ്ട്. ഒടുങ്ങാത്ത പൊന്നും വെള്ളിയും നിറച്ച അസംഖ്യം ഭണ്ഡാരങ്ങളുണ്ട്. ഇതാണ് രാജാവേ! നിന്നോടുള്ള എന്റെ പണയം.
വൈശമ്പായനൻ പറഞ്ഞു; കുരവംശകരനായ ജ്യേഷ്ഠപാണ്ഡവനോടു ശകുനി പറഞ്ഞു.
ശകുനി പറഞ്ഞു: ജയിച്ചു! ജയിച്ചു! ഈ കളിയിലും ഞങ്ങള്‍ തന്നെ ജയിച്ചു!
യുധിഷ്ഠിരന്‍ പറഞ്ഞു; ആയിരം രഥത്തിന് തുല്യമായതും, പുലിത്തോലിട്ട ഉറപ്പോടു കൂടിയതും, നല്ല ചക്രവും രമ്യമായ ഉപസ്കരം എന്നിവയോടു കൂടിയതും, മനോഹരമായി കിങ്ങിണി ജാലങ്ങള്‍ മുഴുങ്ങുന്നതുമായ രാജരഥം, ഇങ്ങോട്ടു ഞങ്ങള്‍ പോന്ന വാഹനം, രഥങ്ങളില്‍ ശ്രേഷ്ഠമായ ജൈത്രരഥം, പുണ്യമായ രഥം, മേഘത്തിന്റേയും സാഗരത്തിന്റേയും ഇരമ്പം കൂട്ടുന്നതും, കുരരിപ്പക്ഷിയുടെ നിറത്തിന് തുല്യമായ നിറമുള്ളതും, ലോകപ്രസിദ്ധമായ നല്ല കുതിരകള്‍ വലിക്കുന്നതും, ഭൂതലത്തില്‍ ഒരിക്കലും അടി തൊടാതെ നില്‍ക്കുന്നതുമായ രാജരഥം, രാജാവേ, ഞാന്‍ പണയം വെക്കുന്നു! നീ കളിക്കൂ!
വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ പറഞ്ഞ ഉടനെ ശകുനി ഒരുങ്ങി. കള്ളക്കളി കളിച്ച് ജയിച്ചു! ജയിച്ചു, ഞങ്ങള്‍ ജയിച്ചു എന്ന് യുധിഷ്ഠിരനോട് പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഇതാ പൊന്നണിഞ്ഞ ചമഞ്ഞ ഒരു ലക്ഷം ദാസികള്‍. ശംഖു കൈവളയിട്ടവരും പതക്കം കെട്ടിയവരും, പുഷ്പഭൂഷണങ്ങള്‍ അണിഞ്ഞ് നല്ല വസ്ത്രവും ചന്ദനവും ചാര്‍ത്തിയവരും, രത്നങ്ങളും സ്വര്‍ണ്ണാഭരണങ്ങളും അണിയുന്നവരും, അറുപത്തിനാലു കലകളിലും സാമര്‍ത്ഥ്യമുള്ളവരും, സ്നാതകന്മാരിലും അമാത്യരിലും നൃപതിമാരിലും എന്റെ ആജ്ഞപ്രകാരം ആടിപ്പാടി ഭംഗി പറഞ്ഞ് ശുശ്രൂഷിക്കുന്നതില്‍ കുശലകളുമായ അവരെ ഞാന്‍ പണയംവെച്ച് ഇപ്പോള്‍ ഇതാനിന്നോടു കളിക്കുന്നു
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് ഒരുമ്പെട്ട് കള്ളക്കളി കളിച്ച്, ജയിച്ചു! ഞാന്‍ ജയിച്ചു എന്നു ശകുനി യുധിഷ്ഠിരനോടു പറഞ്ഞു
യുധിഷ്ഠിരന്‍ പറഞ്ഞു: ഇത്ര തന്നെ ആയിരക്കണക്കിന് ദാസന്മാരും എനിക്കുണ്ട്. അവര്‍ സമര്‍ത്ഥന്മാരും അനുസരണയുള്ളവരും പട്ടുവസത്രം ധരിച്ചവരും ചെറുപ്പക്കാരും ബുദ്ധിമാന്മാരും ദാന്തരും കുണ്ഡല മണ്ഡിതന്മാരും പാത്രവുമേന്തി ദിവാരാത്രം പാന്ഥന്മാരെ ഊട്ടുന്നവരുമാണ്. അവരെ ഞാന്‍ പണയം വെയ്ക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട് മനഃപൂര്‍വ്വം കള്ളച്ചൂതു കളിച്ച് ജയിച്ചു! ജയിച്ചു! എന്ന് ശകുനി യുധിഷ്ഠിരനോട് പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്റെ ആയിരം മത്തഗജങ്ങള്‍ നിൽക്കുന്നുണ്ട്. ഹേമമാലികളും പത്മികളുമായ ഇണങ്ങിയ രാജവാഹങ്ങള്‍ പൊന്‍ചങ്ങലയും കോപ്പുകളും അണിഞ്ഞവയും പോരിന്റെ ബഹളത്തില്‍ കുലുങ്ങാത്തവയും നുകം പോലുള്ള നീണ്ട കൊമ്പുള്ളവയും എട്ടെട്ടു കരേണുക്ക ( പിടിയാന ) കളോടൂ കൂടിയവയും കാര്‍കൊണ്ടല്‍ പോലെ നിറമുള്ളവയും പുരം പിളര്‍ക്കുന്ന സ്വരമുള്ളവയുമായ ഉത്തമഗജങ്ങള്‍! അവയെ ഞാന്‍ ഇപ്പോള്‍ പണയം വെക്കുന്നു!
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ ശകുനി ചിരിച്ചു കൊണ്ട് ഒരുമ്പെട്ട് കള്ളക്കളി കളിച്ച് ഞാന്‍ വീണ്ടും ജയിച്ചു! ജയിച്ചു, എന്നു യുധിഷ്ഠിരനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: അത്ര തന്നെ തേരുകള്‍, പൊന്‍തണ്ടില്‍ കൊടികെട്ടി, ഇണങ്ങുന്ന അശ്വങ്ങളെപ്പൂട്ടി, അതിൽ ഓരോന്നിനായി ആയിരം ശമ്പളക്കാര്‍ - യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും ശമ്പളം കൊടുത്തു വരുന്നവരായ ശമ്പളക്കാര്‍ - ചേർന്നതുമായ തേരുകള്‍, ഞാന്‍ നിന്നോടു കളിക്കുവാന്‍ പണയം വെക്കുന്നു.
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞപ്പോള്‍ കൃതവൈരിയായ ആ ദുരാത്മാവ് കള്ളക്കളി കളിച്ച് ജയിച്ചു! ജയിച്ചു! എന്ന് യുധിഷ്ഠിരനോട് പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: തിത്തിരിപ്പുള്ളിന്റെ നിറമുള്ള പൊന്നണിഞ്ഞ കുതിരകള്‍! ഇവ പ്രീതിയോടെ ചിത്രരഥന്‍ ഗാണ്ഡീവ ധനുസ്സുള്ള അര്‍ജ്ജുനന് നല്കിയതാണ്. യുദ്ധത്തില്‍ തോറ്റ് അടങ്ങിയ അവന്‍ സന്തോഷത്തോടെ നല്കിയവയാണ്. അവയെ ഞാന്‍ അങ്ങയോട് കളിക്കുവാന്‍ പന്തയം വെക്കുന്നു.
വൈശമ്പായനൻ പറഞ്ഞു ഇതു കേട്ടപ്പോള്‍ കള്ളക്കളി കളിച്ച് ശകുനി ജയിച്ചു എന്ന് അവകാശപ്പെട്ട് അതും കൈയിലാക്കി.
യുധിഷ്ഠിരന്‍ പറഞ്ഞു: നല്ല തേരും വണ്ടികളും എന്റെ കൈയില്‍ പതിനായിരമുണ്ട്. അവ പലമാതിരി വാഹനങ്ങള്‍ സജ്ജമായി, പൂട്ടി നിൽക്കുന്നു. എല്ലാ ദിക്കില്‍ നിന്നും വിളിച്ചു കൂട്ടിയ അറുപതിനായിരം. വിക്രമശാലികളും ഉണ്ട്. അവര്‍ പാല്‍കുടിക്കുന്നവരും, നല്ല ചോറ് കഴിക്കുന്നവരും, മാറ് വിരിഞ്ഞവരുമായ വീരയോദ്ധാക്കളാണ്. ഇതെല്ലാം തന്നെ ഞാന്‍ പണയം വെയ്ക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: അതു കേട്ടു മനഃപൂര്‍വ്വം കള്ളക്കളി കളിച്ച് ശകുനി ജയിച്ചു എന്ന് യുധിഷ്ഠിരനോടു പറഞ്ഞു!
യുധിഷ്ഠിരന്‍ പറഞ്ഞു: താമ്രലോഹം കൊണ്ടു മൂടി വെച്ചിട്ടുള്ള നാനൂറു നിധികളുണ്ട്. ഓരോന്നിലും അയ്യഞ്ചു കുടം സ്വര്‍ണ്ണമുണ്ട്. അനര്‍ഘമായി ശോഭിക്കുന്ന കാഞ്ചനമാണ് അവ. അത് എന്റെ പണയമാണ്! രാജാവേ, കളിക്കുക!
വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ അതും പണയം വെച്ചു. ശകുനി കള്ളക്കളി കളിച്ച് ആ നിധികളും തട്ടിയെടുത്ത് ജയിച്ചു ജയിച്ചു എന്ന് യുധിഷ്ഠിരനോട് പറഞ്ഞു.
62. വിദുരഹിതവാകൃം - വൈശമ്പായനൻ പറഞ്ഞു: സര്‍വ്വാപഹാരിയായി ഘോരമായ ദ്യൂതം ഇപ്രകാരം നടക്കുമ്പോള്‍ എല്ലാ സംശയങ്ങളും ഇല്ലാതാക്കുവാന്‍ കഴിവുള്ള വിദുരന്‍ ധൃതരാഷ്ട്രനോട് ഇപ്രകാരം പറഞ്ഞു.
വിദുരന്‍ പറഞ്ഞു: മഹാരാജാവേ, ഞാന്‍ പറയുന്നത് ഭവാന്‍ ധരിച്ചാലും! ചാകുവാന്‍ പോകുന്നവന് കഷായം മാതിരി ഭവാന് ഇതു രുചിക്കുകയില്ലെന്ന് എനിക്കറിയാം. പ്രസവിച്ചു വീണ ഉടനെ ദുര്യോധനന്‍ അശുഭ സൂചകമായി കുറുക്കനെ പോലെ ഉഗ്രമായി ഓരിയിട്ടു. പാപബുദ്ധിയായ അവന്‍ ഭാരതന്മാരുടെ കുലത്തെ നശിപ്പിക്കുവാന്‍ തീര്‍ന്നവനാണ്. ഇപ്പോള്‍ ഇവന്‍ ഇതാ നാശഹേതുവായി തീര്‍ന്നിരിക്കുന്നു! അങ്ങ് വ്യാമോഹങ്ങള്‍ കൊണ്ടു ഗൃഹത്തില്‍ വാഴുന്ന കുറുക്കനെ കാണുന്നില്ല. ദുര്യോധനന്റെ ആകൃതിയിലാണ് ആ കുറുക്കന്‍ ഇവിടെ ജീവിക്കുന്നത്. കവിയുടെ ( ശുക്രന്റെ ) വാക്കുകള്‍ എന്നില്‍ നിന്ന് അങ്ങു കേള്‍ക്കുക. തേന്‍ എടുക്കുന്നവന്‍ തേന്‍ കണ്ടെത്തിയാല്‍ കുണ്ടിലേക്കു വീഴുന്ന കഥ പിന്നെ ചിന്തിക്കുകയില്ല. കേറിച്ചെന്ന് അതില്‍ മുഴുകും, എന്നിട്ടു ഗര്‍ത്തത്തില്‍ വീഴും! അക്ഷദ്യുതമത്തനായ ഇവന്‍ തേന്‍ കണ്ടവനെ പോലെ അന്ധാളിച്ചിരിക്കയാണ്. മഹാരഥന്മാരെ ദ്രോഹിക്കുന്ന ഇവന്‍ തന്റെ വീഴ്ച കാണുന്നില്ല.
ഹേ, മഹാപ്രാജ്ഞാ! ഞാന്‍ ഭോജരാജ്യത്തുണ്ടായ ഒരു കഥ പറയാം. തെറ്റു കണ്ട ഒരു പുത്രനെ അച്ഛന്‍ പ്രജകളുടെ ഹിതത്തിനായി ഉപേക്ഷിച്ച കഥ നിങ്ങള്‍ കേള്‍ക്കുവിന്‍! യാദവാന്ധക ഭോജന്മാര്‍ ഒന്നിച്ചു ചേർന്ന് ആലോചിച്ച് കംസനെ ഉപേക്ഷിച്ചു. അവരുടെ ഹിതപ്രകാരം കൃഷ്ണന്‍ അവനെ വധിച്ചു. അതില്‍ എല്ലാ ബന്ധുജനങ്ങളും മോദിക്കുകയാണുണ്ടായത്. നൂറുവത്സരം അവര്‍ സന്തോഷിച്ചു. അങ്ങയുടെ കല്പന പ്രകാരം രാജാവേ, സുയോധനനെ അര്‍ജ്ജുനന്‍ നിഗ്രഹിക്കട്ടെ! ഈ പാപിയെക്കൊന്ന് കൗരവന്മാരൊക്കെ സന്തോഷിക്കട്ടെ! കാക്കയെ കൊടുത്തു മയിലിനെ വാങ്ങു. കുറക്കനെ കൊടുത്ത് പുലികളെ വാങ്ങുക! ദുര്യോധനന് പകരം പാണ്ഡവന്മാരെ വാങ്ങൂ! അങ്ങ് ദുഃഖക്കടലില്‍ മുങ്ങരുത്! സന്തോഷത്തോടെ ചെയ്യുക. കുലത്തിനു വേണ്ടി ഒരുത്തനെ ഉപേക്ഷിക്കാം; ഗ്രാമത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു കുലത്തെ ഉപേക്ഷിക്കാം; നാടിന് വേണ്ടി ഗ്രാമവും ഉപേക്ഷിക്കണം; തനിക്കു വേണ്ടി ഭൂമിയും ഉപേക്ഷിക്കണം. സര്‍വ്വജ്ഞനും സര്‍വ്വശത്രു ഭയങ്കരനുമായ ശുക്രന്‍ ജംഭനെ ഉപേക്ഷിക്കുന്ന കാര്യത്തില്‍ ദൈത്യരോട് ഇപ്രകാരം പറഞ്ഞു. സ്വര്‍ണ്ണം ഛര്‍ദ്ദിക്കുന്ന കാട്ടുപക്ഷികളെ ഒരു രാജാവ് സ്വഗൃഹത്തില്‍ വന്നു പാര്‍ക്കുന്ന സമയത്ത് ലോഭം മൂലം കൊന്നു കളഞ്ഞു. സുഖലോഭാന്തനായ അവന്‍ സ്വര്‍ണ്ണം ഇച്ഛിച്ചാണ് ആ പാപം ചെയ്തത്. കിട്ടിക്കൊണ്ടിരുന്നതും, കിട്ടുവാന്‍ പോകുന്നതും എല്ലാം അതോടു കൂടി നശിച്ചു. പക്ഷിയുടെ ഉള്ള് കീറിനോക്കിയപ്പോള്‍ ഒരിടത്തും സ്വര്‍ണ്ണം കണ്ടില്ല. അതു കൊണ്ട് അര്‍ത്ഥകാമനായ നീ അപ്രകാരം പാര്‍ത്ഥന്മാരെ ദ്രോഹിക്കാതിരിക്കുക. വ്യാമോഹത്താല്‍ നീ ആ രാജാവിനെ പോലെ പശ്ചാത്തപിക്കേണ്ടി വരും. പാണ്ഡവന്മാരില്‍ നിന്നുണ്ടാകുന്ന പുഷ്പത്തെ നീ നേടുക! പൂങ്കാവില്‍ മാലാകാരന്മാരെ പോലെ വളരെ നല്ലവണ്ണം സ്‌നേഹിച്ചു ജീവിക്കുക. നേരെ മറിച്ച് കരിക്കച്ചവടക്കാരന്‍ മരണത്തെ വേരോടെ ചുടുന്നതു പോലെ ഇവരെ ചുട്ട് പൊടിയാക്കരുത്. സൂതന്മാരോടും, അമാത്യന്മാരോടും, സൈന്യങ്ങളോടും കൂടി കാലന്റെ ഗൃഹത്തിലേക്കു പോകുവാന്‍ ഇടയാക്കരുത്. ഒന്നായിച്ചേർന്നു നിന്ന് ആ പാണ്ഡവന്മാര്‍ എതിര്‍ത്താല്‍ അവരോട് എതിര്‍ക്കുവാന്‍ ഇന്നു ദേവന്മാരോടൊത്ത സാക്ഷാല്‍ ദേവേന്ദ്രന് പോലും സാധിക്കുമോ?
63. വിദുരവാക്യം - വിദുരന്‍ തുടര്‍ന്നു: ദ്യൂതം കലഹത്തിന് മൂലമാകും. തമ്മില്‍ ഛിദ്രിക്കുന്നതു കൊണ്ട് ഭയങ്കരമായ ആപത്ത് വന്നു ചേരും. അതില്‍പ്പെട്ട് ധൃതരാഷ്ട്രന്റെ പുത്രനായ ദുര്യോധനന്‍ വൈരമുണ്ടാക്കുന്നു. ഈ ദുഷ്ടന് ജന്മം കൊടുത്ത പിതാവും അപരാധിയായി. പ്രതീപ വംശജര്‍, ശാന്തനവന്മാര്‍, ഭൈമസേനന്മാര്‍, ബാല്‍ഹീകന്മാര്‍, ഒക്കെ ദുര്യോധനാപരാധം മൂലം കഷ്ടപ്പെടും. സര്‍വ്വരും കഷ്ടപ്പെടും. ദുര്യോധനന്‍ മദം കൊണ്ട് നാടിന്റെ നന്മയെ നശിപ്പിക്കുന്നു. മദം മൂലം കാള തന്റെ കൊമ്പിനെ തന്നെ ഒടിക്കുന്നതു പോലെയാണ് ഈ പ്രവൃത്തി.
വിരനും വിദ്വാനുമായവന്‍ തന്റെ ശ്രദ്ധ വിട്ട് അന്യന്റെ പിന്നാലെ പോവുകയാണെങ്കില്‍ അവന്റെ ഗതിയെന്തായിരിക്കും? വിവരമില്ലാത്ത ബാലന്‍ അമരം പിടിക്കുന്ന വഞ്ചിയില്‍ ഇരിക്കുന്നവന്റെ ഗതി തന്നെ! ആപത്തിന്റെ നടുവില്‍ച്ചെന്ന് മുങ്ങിപ്പോവുക തന്നെ ചെയ്യും! ദുര്യോധനന്‍ പാണ്ഡവന്മാരുമായി കളിച്ച് ജയിക്കുന്നു! മിടുക്കന്‍! എന്ന് നീ അഭിനന്ദിക്കുന്നുണ്ടെങ്കില്‍ ഈ കളിയുടെ അപ്പുറത്ത് ഇനിയും വലിയ ഒരു കളി നടക്കും. അതു യുദ്ധമാണെന്നു ധരിച്ചു കൊള്ളുക. അതില്‍ ഈ പുരുഷന്മാരൊക്കെ ചത്തു മണ്ണടിയും.
ഭവാന്‍ എന്തിന് വേണ്ടി അവരെ ഇങ്ങോട്ട് വിളിച്ചുവരുത്തി? ചീത്തയായ ഫലം അത് ഭവാന്‍ നല്കാതിരിക്കയില്ല. ഭവാന്റെ മനസ്സില്‍ ഉണ്ടായ ദുര്‍മ്മന്ത്രത്തിന്റെ ഫലമല്ലേ ഇത്? സ്വബന്ധുവായ ധര്‍മ്മപുത്രനോടാണ് യുദ്ധത്തിന് വട്ടം കൂട്ടുന്നതെന്ന് ഭവാന്‍ അറിയുന്നില്ല. ഈ സദസ്സില്‍ ഇരിക്കുന്ന പ്രതീപ വംശജരും, ശാന്തനു വംശജരുമായ രാജാക്കളേ, നിങ്ങള്‍ കേട്ടു കൊള്ളുവിന്‍! ഞാന്‍ ചിന്തിച്ചു പറയുന്ന ഈ നല്ല വാക്ക് നിങ്ങള്‍ കേള്‍ക്കുവിന്‍! ഈ മന്ദനെ പിന്തുടര്‍ന്ന് നിങ്ങള്‍ കത്തിക്കാളുന്ന തീയില്‍ച്ചെന്ന് ചാടുവാനാണ് പോകുന്നത്. രാജാക്കളേ, നിങ്ങള്‍ ചിന്തിച്ച് ആപത്തില്‍ച്ചെന്നു ചാടാതിരിക്കുവിന്‍!
ചൂതില്‍ത്തോറ്റ് ഈ പാണ്ഡുപുത്രന് കോപം അടക്കുവാന്‍ കഴിയാതെ ആകുമ്പോള്‍, വ്യകോദരനും, അര്‍ജ്ജുനനും, മാദ്രേയന്മാരും പ്രക്ഷുബ്ധരാകുമ്പാള്‍, അതിനെ തടക്കുവാനുള്ള കഴിവ് ഇതില്‍ ഏതൊരുത്തനുണ്ട്? രാജാവേ, ദ്യൂതത്തിന് ഒരുങ്ങാതെ തന്നെ ഭവാന്‍ ഇച്ഛിക്കുന്നിടത്തോളം ധനം ഭവാന് ഉണ്ടാകുവാന്‍ യാതൊരു വിഷമവുമില്ല. കല്പിക്കയേ വേണ്ടൂ! പിന്നെ ധനത്തിന് വേണ്ടി എന്തിന് പാര്‍ത്ഥന്മാരെ വെല്ലുന്നു? ഈ പാണ്ഡവന്മാര്‍ ഭവാന്റെ ധനമല്ലേ? ദ്യൂതക്കളിയില്‍ സൗബലന്റെ ചതി നാം കണ്ടുകഴിഞ്ഞു. ശകുനി വന്ന വഴക്ക് മടങ്ങിപ്പൊയിക്കൊള്ളട്ടെ! ഹേ! ഭാരതാ! ഭവാന്‍ പാണ്ഡവരുമായി പോരാടരുതേ!
64. വിദുരഹിതവാക്യം - ദുര്യോധനന്‍ പറഞ്ഞു: നീ ധാര്‍ത്തരാഷ്ട്രന്മാരായ ഞങ്ങളെ നിന്ദിച്ച് വിരോധികളുടെ കീര്‍ത്തിയെ എന്നും വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ആരുടെ ഇഷ്ടത്തിന് വേണ്ടിയാണ് ഞങ്ങളെ ബാലന്മാരെ പോലെ ഇങ്ങനെ നിന്ദിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഇത്തരക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല. സ്വന്തക്കാരെ വിട്ട് അന്യന്മാരെ സേവിക്കുന്നവരാണ് ഇത്തരക്കാര്‍; ചോറിങ്ങും കൂറങ്ങുമായ കൂട്ടര്‍. നിന്ദാസ്തുതി കൊണ്ടും ക്രമഭേദങ്ങള്‍ കൊണ്ടും നിന്റെ മനോഗതമൊക്കെ വൃക്തമാകുന്നുണ്ട്. ഭവാന്റെ ജ്യേഷ്ഠനോടുള്ള പ്രാതികൂല്യമാണ് ഈ കാണിക്കുന്നതൊക്കെ. പാമ്പിനെ പിടിച്ച് മടിയില്‍ വെയ്ക്കുന്ന വിധം നിന്നെ അച്ഛന്‍ ലാളിക്കുന്നു. നീ പൂച്ചയെ പോലെയിരുന്ന് സംരക്ഷിക്കുന്നവനെ ചതിക്കുന്നു. സ്വാമി ദ്രോഹത്തിലും വലിയ പാപമെന്താണ് ? വിദുരാ! നിനക്ക് ആ പാപത്തെപ്പോലും പേടിയില്ലേ? ശത്രുക്കളെ ജയിച്ച് മഹത്തായ അര്‍ത്ഥം ഞാന്‍ നേടി. ക്ഷത്താവേ, ഇനി നീ ഞങ്ങളെ നിന്ദിക്കരുത്. ശത്രുക്കളുടെ നീതിയെ പ്രശംസിക്കന്ന നീ അവരുടെ പ്രയോഗം മൂലം ഞങ്ങളെ ദ്വേഷിക്കുകയാണ്. പൊറുക്കാത്ത വാക്ക് പറയുന്നവന്‍ വൈരിയാണ്. ശത്രുമദ്ധ്യത്തില്‍ ഗോപ്യമായി വെക്കേണ്ടത് വെക്കണം. ഞങ്ങളെ സേവിക്കുന്ന നീ ഞങ്ങളെ ഉപദ്രവിക്കുന്നു! തോന്നുന്നതൊക്കെ നാണമില്ലാതെ പുലമ്പുന്നു! എന്നെ നിന്ദിച്ചുപ റഞ്ഞതു മതി! നിന്റെ ഉള്ള് ഞങ്ങള്‍ അറിഞ്ഞു. വൃദ്ധന്മാരുടെ അടുത്തു ചെന്ന് നീ നല്ല ബുദ്ധി നന്നായി പഠിക്കൂ! വിദുരാ! യശസ്സ് വേണ്ട വണ്ണം കാക്കുക! നീ വെറുതെ ചീത്തയാകേണ്ട! വിരോധികളുടെ കാരൃത്തിന് കിടന്നു ചാടിയിട്ട് ഒരു കാര്യവുമില്ല. ഞാന്‍ ചെയ്തു! എന്നു വിദുരാ! നീ ചിന്തിക്കേണ്ട. നിത്യവും എന്നോട് പരുഷം പറയുകയും വേണ്ട! ഞാന്‍ നിന്നോട് ഹിതോപദേശം ആവശ്യപ്പെട്ടിട്ടുമില്ല. ക്ഷമയുള്ളവരെ കൂടുതല്‍ കോപിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്! ശാസ്താവ് ഒറ്റ ഒരുത്തന്‍ മാത്രമേയുള്ളു; രണ്ടാമതൊരാള്‍ ഇല്ല. ഗര്‍ഭസ്ഥ ശിശുവിനെ പോലും ആ ശാസ്താവാണ് രക്ഷിക്കുന്നത്. എല്ലാം ചെയ്യുന്നവനാണ് ആ ശാസ്താവ്. അവന്റെ ശാസ്യത്താല്‍, ജലം എപ്പോഴും താഴ്‌ന്ന സ്ഥലത്തേക്കൊഴുകുന്ന പോലെ, അവന്‍ നിയോഗിക്കുന്ന വിധം ഞാനും പ്രവര്‍ത്തിക്കുന്നു. തലയാല്‍ മല തകര്‍ക്കുന്നവന്നും, പാമ്പിനെ പോറ്റുന്നവന്നും, അവന്റെ പ്രവൃത്തി തന്നെ അവന് വേണ്ടുന്ന അറിവ് ഉണ്ടാക്കിക്കൊടുക്കും. ബലമായി ഒരുത്തനെ അനുശാസിച്ചാല്‍ ശത്രുതയാണ് അവന് അതിന് പ്രതിഫലം ലഭിക്കുക. പക്ഷേ, സ്നേഹപൂര്‍വ്വം തരുന്ന ഉപദേശം പണ്ഡിതന്മാര്‍ സ്വീകരിക്കും. കര്‍പ്പൂരത്തില്‍ തീ കൊളുത്തി കെടുത്തുവാന്‍ ശ്രമിക്കുന്നവന് അതിന്റെ ഭസ്മം പോലും ബാക്കി കിട്ടുകയില്ല. ശത്രുവിന്റെ പക്ഷത്തില്‍ നിൽക്കുന്നവനും ശത്രുവാണ്! അവനെ കൂടെ പാര്‍പ്പിച്ചു കൂടാ. വിശേഷിച്ചും അഹിതം പറയുന്നവനെ കൂടെ പാര്‍പ്പിക്കുവാന്‍ പാടില്ല. നീ യഥേഷ്ടം വേണ്ട ദിക്കിലേക്കു പോയാലും! എത്ര നന്നായി പെരുമാറിയാലും വ്യഭിചാരിണിയായ ഭാര്യ ഭര്‍ത്താവിനെ കൈ വിട്ടു പോകും.
വിദുരന്‍ ധൃതരാഷ്ട്രനോടു പറഞ്ഞു; രാജാവേ! നല്ല ഉപദേശം കൊടുക്കുന്ന ആശ്രതിരെ തൃജിക്കുന്ന ഇത്തരക്കാരെ പറ്റി ഭവാന്‍ സാക്ഷിയായിരിക്കുക; നീ അതേപ്പറ്റി ഞങ്ങളോടു പറയുക. രാജാക്കന്മാര്‍ പൊതുവേ ചഞ്ചലരാണ്. ആദ്യം സഹായിക്കും; പിന്നീട് ഉള്ളില്‍ ഇളക്കം ഉണ്ടാകുമ്പോള്‍ മുസലം കൊണ്ട് അടിച്ചു കൊല്ലും. രാജപുത്രാ, ദുര്യോധനാ! ബാലനായ നീ നിന്റെ ബുദ്ധിയില്ലായ്മ കൊണ്ട് എന്നെ ബാലനായി വിചാരിക്കുന്നു. ഒരുത്തനെ സുഹൃത് സ്ഥാനത്തു വെച്ച് പിന്നീട് അവനെ ധിക്കരിക്കുന്നവനാണ് ബുദ്ധിഹീനന്‍. മന്ദബുദ്ധി ശ്രേയസ്കരമല്ല. ചീത്ത മനസ്സുള്ള ഒരാളെ ഒരിക്കലും നന്നാക്കാന്‍ കഴിയുകയില്ല; നല്ല കുടുംബത്തില്‍ പെട്ട ആളുടെ വേശ്യയായ ഭാര്യ മാതിരി. അറുപതു തികഞ്ഞ വൃദ്ധ കാന്തനെ ബാലികയായ ഭാര്യയ്ക്ക് എന്ന പോലെ നിനക്ക് എന്നെ ബോധിക്കുന്നില്ല. ഇനി നിനക്കു നന്മയും തിന്മയും നോക്കാതെ പ്രിയം പറയുന്നവരെയാണ് ആവശ്യമെങ്കില്‍ പറ്റിയവരെ ഞാന്‍ പറഞ്ഞു തരാം. നീ പോയി പെണ്ണുങ്ങളോടും, വിഡ്ഡികളോടും മുടന്തരോടും, വങ്കന്മാരോടും ചോദിക്കു. നിനക്കു സേവ പറയുവാന്‍ അത്തരക്കാരെ വേണ്ടുവോളം കിട്ടും. അനിഷ്ടമായ ഹിതം ചെയ്യുന്നവരും കേള്‍ക്കുന്നവരും വളരെ വിരളമാണ്. ധര്‍മ്മനിഷ്ഠനായ യജമാനന്റെ പ്രിയാപ്രിയങ്ങള്‍ കണക്കാക്കാതെ അനിഷ്ടമായ പത്ഥ്യങ്ങള്‍ പറയുന്നവന്‍ മാത്രമേ രാജാവിന് തുണയായി ഭവിക്കുകയുള്ളു. വ്യാധി ജനിപ്പിക്കാത്തതും, എരിവുണ്ടാക്കുന്നതും,. തീക്ഷ്ണവും, ഉഷ്ണവും, യശോഹരവും, പരുഷവും, ദുഷ്ടഗന്ധിയും, സത്തുക്കള്‍ക്ക് ഇഷ്ടമുള്ളതും അസത്തുക്കള്‍ക്ക് പ്രിയമല്ലാത്തതുമായ സത്യം രാജാവേ, നീ കുടിക്കൂ. നിന്റെ രോഗം ശമിക്കണമെങ്കില്‍ അതു പാനംചെയ്യാതെ പറ്റുകയില്ല. ഞാന്‍ സപുത്രനായ വിചിത്രവീര്യപുത്രന്, ധൃതരാഷ്ട്രന്, യശസ്സും ധനവും ഉണ്ടാകുവാനാണ് ആഗ്രഹിക്കുന്നത്. വരുന്നത് അങ്ങയ്ക്ക് വരട്ടെ! ഞാന്‍ കൈകൂപ്പുന്നു. എനിക്ക് വിപ്രര്‍ സുഖം നല്കട്ടെ. നോട്ടത്തില്‍ തന്നെ വിഷം വിടുന്ന നാഗങ്ങളെ ബോധമുള്ളവര്‍ കോപിപ്പിക്കുകയില്ല. കുരനന്ദനാ! ഇതാണ് എനിക്ക് നിന്നോടു വീണ്ടും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞു തരാനുള്ളത്.
65. ദ്രൗപദീപരാജയം - ശകുനി പറഞ്ഞു: ഹേ യുധിഷ്ഠിര! പാണ്ഡവരുടെ ദ്രവ്യങ്ങളൊട്ടേറെ നീ നശിപ്പിച്ചു കളഞ്ഞു. ഇനി എന്താണു പണയം വെയ്ക്കുവാനുള്ളത്? പോകാതെ വല്ലതും ബാക്കിയുണ്ടെങ്കില്‍ വെയ്ക്കുക.
യുധിഷ്ഠിരന്‍ പറഞ്ഞു: ഇനിയും എനിക്കു ധാരാളം ധനമുണ്ടെന്ന് എനിക്കറിയാം. എടോ ശകുനീ! നീ എന്താണ് പിന്നേയും ദ്രവ്യമുണ്ടോ എന്നു ചോദിക്കുന്നത് ? അയുതം, പ്രയുതം, പത്മം, ഖര്‍വ്വം, അര്‍ബ്ബുദം. ശംഖം, മഹാപത്മം, നിഖര്‍വ്വം, കോടി, മദ്ധ്യം, പരാര്‍ദ്ധം, ഇതിലുമധികം ഞാന്‍ പണയം തരാം. രാജാവേ, നിന്നോടു ഞാന്‍ കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ടു കരുതിക്കൂട്ടി കള്ളച്ചൂതു കളിച്ചു ജയിച്ചു എന്ന് ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു; പശുക്കൂട്ടം, കാള, കുതിര, എണ്ണമറ്റ ചെമ്മരിയാട്, കോലാട്, പര്‍ണ്ണാശതൊട്ട് സിന്ധുവിന്റെ കിഴക്കേതീരം വരെയുള്ള രാജ്യങ്ങള്‍, ഇതൊക്കെ ഞാന്‍ പണയം വെച്ചു നിന്നോടു കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് ഒരുമ്പെട്ട് കള്ളച്ചൂതു കളിച്ച് ഉടനെ ഞാന്‍ ജയിച്ചു എന്നു ശകുനി യുധിഷ്ഠിരനോടുപറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: നാട്ടിന്‍പുറം, ഭൂമി, ബ്രഹ്മസ്വം ഒഴികെയുള്ള ധനം, ബ്രാഹ്മണരൊഴികെയുള്ള നാട്ടിലെ പുരുഷന്മാര്‍ ഇവയൊക്കെ എനിക്കുള്ള ധനമാണ്. ഇനി ഇവയെല്ലാം ഞാന്‍ ഇതാ ഒന്നായി പണയം വെയ്ക്കുന്നു. രാജാവേ, ഞാന്‍ ഇതാ നിന്നോടു കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് ഒരുമ്പെട്ടു കള്ളക്കളി കളിച്ച് ഞാന്‍ ജയിച്ചു എന്ന് ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു; രാജപുത്രന്മാര്‍ മെയ്യിലണിയുന്ന, നല്ല പോലെ ശോഭിക്കുന്ന ഭൂഷണങ്ങള്‍, കുണ്ഡലങ്ങള്‍, പതക്കങ്ങള്‍ എന്നീ എല്ലാ ഭൂഷണങ്ങളും, രാജാവേ, പണയം വെച്ചു ഞാന്‍ ഇതാ നിന്നോടു കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് ഒരുമ്പെട്ടു കള്ളക്കളി കളിച്ച് ഞാന്‍ ജയിച്ചു എന്ന് ശകുനി യുധിഷ്ഠിരനോടുപറഞ്ഞു:
യുധിഷ്ഠിരന്‍ പറഞ്ഞു: ശ്യാമവര്‍ണ്ണനും, യുവാവും, രക്താക്ഷനും, സിംഹസ്കന്ധനും, മഹാഭുജനുമായ നകുലനെ ഞാന്‍ പണയം വെയ്ക്കുന്നു. ഇതാണ് എന്റെ ധനം.
ശകുനി പറഞ്ഞു: അങ്ങയ്ക്കു പ്രിയനായ നകുലന്‍ യുധിഷ്ഠിരാ! രാജപുത്രനായ അവനും ഞങ്ങള്‍ക്കടിമയായി! ഇനി എന്തു പണയം വെച്ചാണ് നീ കളിക്കുക?
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് അക്ഷം കൈയിലെടുത്ത് സൗബലന്‍ കളിച്ച്, ജയിച്ചു എന്ന് യുധിഷ്ഠിരനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മം നടത്തുന്ന സഹദേവന്‍, ലോകത്തില്‍ പണ്ഡിതന്‍ എന്നു പേരെടുത്തവന്‍; അനര്‍ഘനായ സഹദേവനെ തന്നെ ഞാന്‍ പണയം വെച്ച് നിന്നോടു കളിക്കുന്നു! പണയ വസ്തുവാക്കാന്‍ പാടില്ലാത്ത ഇവനെ, ഏറ്റവും പ്രിയപ്പെട്ട ഇവനെ, ഒട്ടുംപ്രിയമില്ലാത്ത വസ്തുവിനെ എന്ന പോലെയാണ് ഞാന്‍ പണയം വെക്കുന്നത്
വൈശമ്പായനന്‍ പറഞ്ഞു: ഇതുകേട്ട് ഒരുമ്പെട്ട് കള്ളച്ചൂതു കളിച്ചു ജയിച്ചു എന്നു ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
ശകുനി പറഞ്ഞു ഹേ, രാജാവേ, നിന്റെ പ്രിയപ്പെട്ടവരായ മാദ്രീപുത്രന്മാരെ ഞാന്‍ നേടിക്കഴിഞ്ഞു. ഭീമാര്‍ജ്ജുനന്മാര്‍ അങ്ങയ്ക്കു കൂടുതല്‍ പ്രിയമുള്ളവരായിരിക്കും. അതാണ് ഞാന്‍ വിചാരിക്കുന്നത്!
യുധിഷ്ഠിരന്‍ പറഞ്ഞു; ഹേ ശകുനി, നീ ഇപ്പറഞ്ഞത് അധര്‍മ്മമാണ്. നയം നോക്കാതെ പറയുന്നു എന്നതു തന്നെ അധര്‍മ്മം. പരസ്പരം ഐകൃത്തോടെ വര്‍ത്തിക്കുന്ന ഞങ്ങളെ, ഹേ. മൂഢാ, നീ ഛിദ്രിപ്പിക്കുവാന്‍ നോക്കുകയാണോ?
ശകുനി പറഞ്ഞു: ഉന്മത്തരായവര്‍ കുണ്ടില്‍ച്ചാടുന്നു; പിന്നെ ഇളകാന്‍ ശക്തിയില്ലാതെ അവിടെ തന്നെ നിന്നു പോകുന്നു. ജ്യേഷ്ഠനായ രാജാവേ, നീ വരിഷ്ഠന്‍ തന്നെ! ഞാന്‍. കൂപ്പുന്നു! ചൂതാട്ടക്കാര്‍ കളിക്കുമ്പോള്‍ പലതും ഉത്കടമായി പറയും. അതൊന്നും ജാഗ്രത് സ്വപ്നങ്ങളില്‍ കാണുന്നതല്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: പോരില്‍ തോണി പോലെ ഞങ്ങളെ കരപറ്റിക്കുന്നവനും, ശത്രുക്കളെ എപ്പോഴും ജയിക്കുന്നവനും, രാജപുത്രനും, തരസ്വിയുമായ അര്‍ജ്ജുനന്‍ പണയത്തിനു പറ്റിയ വസ്തുവല്ല. എന്നാലും അവനേയും ഞാന്‍ പണയം ചെച്ച് നിന്നോടു കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് കരുതിക്കൂട്ടി കള്ളച്ചുതു കളിച്ച്, ജയിച്ചു എന്നു ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
ശകുനി പറഞ്ഞു: പാണ്ഡവന്മാരില്‍ ധനുര്‍ദ്ധരനായ സവ്യസാചിയേയും ഞാന്‍ ജയിച്ചു. ഇനി നിന്റെ മുതലായി ഭീമന്‍ മാത്രമല്ലേ ബാക്കിയുള്ളൂ? അവനേയും പണയം വെച്ചോളു!
യുധിഷ്ഠിരന്‍ പറഞ്ഞു: ഞങ്ങള്‍ക്കു നേതാവും, പടയില്‍ പ്രണേതാവുമായി, ദൈത്യാരിയായ വജ്രിയെ പോലെ വ്യക്തമായി കാണുന്നവനും, പുരികം താണ യോഗ്യനും, സിംഹസ്കന്ധനും, മഹാകോപിയും, ബലം കൊണ്ട് എതിരില്ലാത്തവനും, വീരനും, ശത്രുഞ്ജയനും, ഗദാധരന്മാരില്‍ പ്രമുഖനും, അതുല്യനും, രാജപുത്രനുമായ ഭീമനെ തന്നെ പണയം വെച്ച് ഞാന്‍ നിന്നോടു കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് കരുതിക്കൂട്ടി കള്ളച്ചൂതു കളിച്ച്, ഞാന്‍ ജയിച്ചു എന്നു ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
ശകുനി പറഞ്ഞു: അനവധി ദ്രവ്യവും, അനുജന്മാരും, ആന, കുതിര, എന്നിവയുടെ കൂട്ടവും, ഒക്കെ പണയം വെച്ചു പരാജയപ്പെട്ടു. ഇനി പോകാതെ വല്ലതും ശേഷിപ്പുണ്ടെങ്കില്‍ പണയംപറയുക.
യുധിഷ്ഠിരന്‍ പറഞ്ഞു: ഈ ഞാന്‍ മാത്രം, ഭ്രാതാക്കള്‍ക്കൊക്കെ പ്രിയനായ ഈ ഞാന്‍, ഇനി ബാക്കിയുണ്ട്! എന്നെ തന്നെ പണയം വെക്കുന്നു. തോറ്റാല്‍ ഞാനും മറ്റുള്ളവരെ പോലെ ദാസ്യവൃത്തി നടത്തി കൊള്ളാം.
വൈശമ്പായനൻ പറഞ്ഞു; ഇതുകേട്ട് കരുതിക്കൂട്ടി കള്ളക്കളി കളിച്ച് ഉടനെ ഞാന്‍ വീണ്ടും ജയിച്ചു എന്നു ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
ശകുനി പറഞ്ഞു; ഈ ചെയ്തത് പാപിഷ്ഠന്മാര്‍ക്കു പറ്റിയ തൊഴിലാണ്. വേറെ ധനമുള്ളപ്പോള്‍ അതു പണയം വെക്കാതെ ആത്മാവിനെ പണയം വെച്ചതു ശരിയായില്ല. ആത്മപരാജയം പാപം തന്നെ.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് അക്ഷദക്ഷനായ ശകുനി ചൂതാടുന്ന സഭയില്‍ വീരന്മാരായ രാജാക്കന്മാരോടൊക്കെ താന്‍ പാണ്ഡവരെ ഓരോരുത്തരെയായി നേടിയ കാര്യം പറഞ്ഞു.
ശകുനി പറഞ്ഞു: രാജാവേ, അങ്ങയ്ക്കു ഭാര്യയുണ്ട്. അവള്‍ പണയപ്പെട്ടിട്ടില്ല. ആ പാഞ്ചാലിയെ പണയം വെച്ചു കളിച്ച് കളിയില്‍ ജയിക്കുക.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്റെ പാഞ്ചാലി! അവള്‍ ഉയരം കുറഞ്ഞവളല്ല; തടിച്ചവളല്ല; മെലിഞ്ഞവളല്ല; രക്തനിറമല്ല; ഒത്തദേഹം, നല്ലനിറം, കറുത്ത കൂന്തലുള്ള അവള്‍ സുന്ദരിയാണ്! ശരത്കാലത്തെ താമരയുടെ ഇതള്‍ പോലെ മനോഹരമായ കണ്ണുള്ളവള്‍! ശരത്കാലത്തെ താമരപ്പൂവിന്റെ സൗരഭ്യമുള്ളവള്‍. ശരത്കാലത്ത് താമരയില്‍ വസിക്കുന്ന ശ്രീദേവിയെ പോലെയുള്ളവള്‍. എപ്രകാരം നിര്‍ദ്ദോഷമായ രൂപവും, നിര്‍ദ്ദോഷമായ ശോഭയും, നിര്‍ദ്ദോഷമായ ശീലവും ഒരു സ്ത്രീയില്‍ പുരുഷന്‍ ഇച്ഛിക്കുന്നുവോ അപ്രകാരമുള്ള ഗുണങ്ങളൊക്കെ തികഞ്ഞവളും, അനുകൂലയും പ്രിയംവദയുമാണ് അവള്‍. ധര്‍മ്മാര്‍ത്ഥകാമ സിദ്ധിക്ക് പുരുഷന്‍ ഏതെല്ലാം ഗുണങ്ങള്‍ ഇച്ഛിക്കുന്നുവോ, അതൊക്കെ തികഞ്ഞവളാണ് അവള്‍. അവള്‍ ഒടുവില്‍ കിടക്കുന്നവളും ആദ്യം ഉണര്‍ന്ന് എഴുന്നേല്ക്കുന്നവളുമാണ്. ഗോപാലന്മാര്‍ മുതല്‍ ആട്ടിടയന്മാര്‍ വരെയുള്ള സകലരുടേയും കൃതാകൃതങ്ങളെ അറിയുന്നവളാണ്. അവള്‍ വിയര്‍ക്കുമ്പോള്‍ പൂവിന്റെ സൗരഭ്യം പുറപ്പെടുന്നു! താമര പോലെ ശോഭിക്കുന്ന മുഖമുള്ളവള്‍! മനോഹരമായ കാര്‍കൂന്തലുള്ളവള്‍! ഇടുങ്ങിയ അരക്കെട്ടുള്ളവള്‍! ചുവന്ന ചുണ്ടുള്ളവള്‍! നനുത്ത രോമമുള്ളവള്‍! ഇപ്രകാരമുള്ള പാഞ്ചാലി സുമദ്ധ്യയാണ്. ആ അനര്‍ഘയായ ദ്രൗപദിയെ പണയം വെച്ചു സൗബലാ! ഞാന്‍ നിന്നോടു കളിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ധീമാനായ ധര്‍മ്മരാജാവ് ഇപ്രകാരം പറഞ്ഞപ്പോള്‍ ഹായ്! ഹായ്! എന്ന ശബ്ദം സഭയിലെ വൃദ്ധജനങ്ങളുടെ മദ്ധ്യത്തില്‍ നിന്ന് ഹേ, ജനമേജയാ, ഉയര്‍ന്നു! ആ സഭയില്‍ രാജാക്കന്മാരുടെ വിഷാദം അലയടിച്ചു. വിഷമം കൊണ്ട് അസ്വസ്ഥമായി കോളിളക്കമുണ്ടായി. ഭിഷ്മദ്രോണക്യപന്മാര്‍ ഇരുന്നു വിയര്‍ത്തു കുളിച്ചു. വിദുരന്‍ ബുദ്ധി നശിച്ചവനെ പോലെ നിശ്ചേഷ്ടനായി, താഴ്ത്തിയ തല കൈ കൊണ്ടു താങ്ങി, ധ്യാനമാണ്ട് പാമ്പിനെ പോലെ നിശ്വസിച്ചിരുന്നു. ധൃതരാഷ്ട്രന്‍ മാത്രം ആര് ജയിച്ചു? എന്തു നേടി? എന്ന് ഹര്‍ഷത്തോടെ ചോദിച്ചു കൊണ്ട് തന്റെ വികാരത്തെ മറയ്ക്കാതെ അന്വേഷിച്ചു കൊണ്ടിരുന്നു. കര്‍ണ്ണന്‍ ദുശ്ശാസനാദികളുമായി വളരെ ആഹ്ളാദിച്ചു. എന്നാൽ മറ്റു സദസ്യര്‍ക്കൊക്കെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ്, ധാരധാരയായി ഇറ്റിറ്റു വീണു. മദോത്കടനും വിജയത്താല്‍ മതിമറന്നവനുമായ സൗബലന്‍ അക്ഷങ്ങള്‍ വീണ്ടും എടുത്തു കളിച്ച് "ജയിച്ചു! ജയിച്ചു!" എന്നു പറഞ്ഞു.
66. വിദുരവാകൃം - ദുര്യോധനന്‍ പറഞ്ഞു: വരൂ, ക്ഷത്താവേ പാണ്ഡവന്മാരുടെ പ്രിയപ്പെട്ട ഭാര്യയായ ദ്രൗപദിയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരൂ! അവള്‍ എന്റെ ഗൃഹം അടിച്ചു വാരട്ടെ! അവള്‍ എന്റെ ദാസിയായിത്തീര്‍ന്നു. നിര്‍ഭാഗ്യയായ അവള്‍ എന്റെ ദാസിമാരുടെ കൂടെ താമസിക്കട്ടെ.
വിദുരന്‍ പറഞ്ഞു. ഹേ, മൂഢാ! നിന്റെ തരക്കാര്‍ ദുര്‍വ്വാക്കേ പറയു. നല്ലവരില്‍ നിന്നേ നല്ല വാക്കു പുറപെടൂ. നീ കാലന്റെ കയറാല്‍ കെട്ടപ്പെട്ടിരിക്കുന്നു. അതു നീ കാണുന്നില്ല. നീ കടുംതൂക്കില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നു. അതു നീ അറിയുന്നില്ല. മാന്‍ ചെന്ന് വ്യാഘ്രങ്ങളോട് എതിര്‍ക്കുകയാണ്. ഏറ്റവും വിഷോല്‍ബ്ബണരായ സര്‍പ്പങ്ങള്‍ കോപിച്ച് നിന്റെ തലയ്ക്കു മുകളില്‍ പത്തി വിരിച്ചു നില്ക്കുന്നു! എടോ മന്ദാ! വെറുതെ നീ അവരെ കോപിപ്പിച്ച് കാലപുരിക്കു ഗമിക്കേണ്ട. ഹേ! രാജാവേ, കൃഷ്ണ ഒരിക്കലും ദാസിയാകുവാന്‍ ന്യായമില്ല. യുധിഷ്ഠിരന്‍ പണയപ്പെട്ടപ്പോള്‍ അടിമയായിക്കഴിഞ്ഞു, അസ്വതന്ത്രനായി! പിന്നെ അസ്വതന്ത്രന് സ്വതന്ത്രരെ പണയംവെക്കുവാന്‍ അവകാശമില്ല. നിയമമില്ല. പണയംവെച്ചാല്‍ അതു സാധുവാകയില്ല. അതുകൊണ്ട് പാഞ്ചാലി ദാസിയായിട്ടില്ല, എന്നാണ് എന്റെ അഭിപ്രായം, ആത്മഘാതിയായ ഇവന്‍ മുള പോലെ പൂത്തു നില്ക്കുകയാണ്! ഈ ഫലാഗമത്തോടു കൂടി അവന്റ കഥ അവസാനിക്കും! പട്ടിൽ അതിന്റെ നാശകാലത്തേ പൂക്കുകയുള്ളു. അതു പോലെ ധൃതരാഷ്ട്രപുത്രനായ ദുര്യോധനനാണ് കര്‍മ്മഫലം അനുഭവിക്കുവാന്‍ പോകുന്നത്! ചുത് മഹാഭയമായ വൈരത്തിന് ഉള്ളതാണ്. മൂഢന്‍ അവന്റെ അന്തകാലം കാണുന്നില്ല. അവനവന്റെ മര്‍മ്മം അവനവന്‍ തന്നെ ഛേദിക്കരുത്. ഹീനമായ മാര്‍ഗ്ഗം സ്വീകരിച്ചല്ല ശത്രുവിനെ ജയിക്കേണ്ടത്. അന്യന് ഉദ്വേഗമുണ്ടാക്കുന്ന തീക്ഷ്ണമായ വാക്കു പറയരുത്. ഉഗ്രമായ വാക്ക് വായില്‍ നിന്നു ചാടുമ്പോള്‍ അതേൽക്കുന്നവന്‍ രാപ്പകല്‍ ദുഃഖിക്കുന്നു. പരന്റെ മര്‍മ്മത്തിലേ അതു ചെന്നു കൊള്ളുകയുള്ളു. പ്രാജ്ഞന്മാര്‍ അതു പരന്മാരില്‍ വിടരുത്. പണ്ട് ഒരു ആട് ശസ്ത്രം തിന്നുവാന്‍ ശ്രമിച്ചു. ശസ്ത്രം മണ്ണില്‍ നിന്നു തലയാല്‍ നീക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഘോരമായ അത് കണ്ഠത്തില്‍ കൊണ്ട് കഴുത്തറ്റു പോയി എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അതു കൊണ്ട് ദുര്യോധനാ, നീ പാണ്ഡവന്മാരുമായി വൈരമൊന്നും ചെയ്യരുത്. നീ പറഞ്ഞ മാതിരി ദുഷ്ടമായ വാക്കുകളൊന്നും പാണ്ഡവന്മാരുടെ വായില്‍ നിന്നു പുറപ്പെടുകയില്ല. കാട്ടാളന്മാരോടും, ഗൃഹമേധാവികളോടും, തപസ്വികളോടും, പണ്ഡിതന്മാരോടും ഇപ്രകാരം നായ്ക്കളെപ്പോലുള്ള മനുഷ്യരേ കുരയ്ക്കുകയുള്ളു. ഘോരവും വക്രവുമായ നരകത്തിന്റെ മാര്‍ഗ്ഗമൊന്നും ധൃതരാഷ്ട്രപുത്രന്‍ കാണുന്നില്ല. അവന്റെ പിന്നാലെ പല കൗരവന്മാരുമുണ്ട്. ദുശ്ശാസനന്‍ മുതലായവര്‍ ദ്യൂതത്തില്‍ അവനെ അനുകൂലിക്കുന്നു! ചുരയ്ക്ക വെള്ളത്തില്‍ താഴാറില്ല. അത് ഒരു പക്ഷേ, താഴ്ന്നു എന്നു വരാം. പാറ വെള്ളത്തില്‍ പൊങ്ങി എന്നു വരാം. തോണി വെള്ളത്തിൽ എപ്പോഴും മുങ്ങി എന്നു വരാം. പക്ഷേ, മൂഢനായ ധൃതരാഷ്രടപുത്രന്‍ എന്റെ വാക്ക് ഒട്ടും കേള്‍ക്കില്ല. അതു ചിന്തിക്കുമ്പോള്‍ കൗരവന്മാര്‍ക്ക് ഭയങ്കരമായും സര്‍വ്വഹരമായുമുള്ള വിനാശം അടുത്തിരിക്കുന്നു എന്നു പറയാം. അവന്‍ പത്ഥ്യമായ വാക്കു കേള്‍ക്കുന്നില്ല. ലോഭം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
67. ദ്രൗപദീ പ്രശ്നം - വൈശമ്പായനൻ പറഞ്ഞു; ഈ ക്ഷത്താവ് അല്പനാണ്, എന്നു പറഞ്ഞ് ദര്‍പ്പോന്മത്തനായ ദുര്യോധനന്‍ പ്രാതികാമിയെ വിളിച്ച് ആ സഭാ മദ്ധ്യത്തില്‍ വെച്ചു പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: എടോ പ്രാതികാമീ, നീ പോയി ദ്രൗപദിയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരു! നീ പാണ്ഡുപുത്രന്മാരെ ആരെയും ഭയപ്പെടേണ്ടതില്ല. പേടിത്തൊണ്ടനായ ക്ഷത്താവ് തര്‍ക്കം പറയുന്നു! ഞങ്ങളുടെ അഭിവൃദ്ധിയില്‍ ഇവന് ഒരെള്ളോളം താല്‍പര്യമില്ല.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദുര്യോധനന്‍ പറഞ്ഞു വിട്ട പ്രാതികാമി രാജകല്പന കേട്ടു വേഗം പോയി, സിംഹക്കൂട്ടില്‍ നായ് ചെന്നു കയറുന്ന മാതിരി പാണ്ഡവന്മാരുടെ രാജ്ഞിയായ ദ്രൗപദിയിരിക്കുന്ന മുറിയിലേക്കു കടന്നു ചെന്നു.
പ്രാതികാമി പറഞ്ഞു; യുധിഷ്ഠിരന്‍ ചൂതുകളി ഭ്രാന്തില്‍ പെട്ട് ദ്രൗപദീ, ഭവതിയെ പണയം വെച്ചു കളിച്ചു; ദുര്യോധനന്‍ നിന്നെ നേടി. വേഗം ധാര്‍ത്തരാഷ്ട്രന്റെ ഗൃഹത്തിലേക്കു പോരു! ഹേ! യാജ്ഞസേനീ, നിന്നെ അവന്‍ ദാസിയാക്കിയിരിക്കുന്നു! ഞാന്‍ നിന്നെ വേലയ്ക്കു കൊണ്ടാക്കിത്തരാം!
ദ്രൗപദി പറഞ്ഞു: ഹേ! പ്രാതികാമീ, നീ എന്താണു പറഞ്ഞത്? രാജപുത്രന്‍ ഭാര്യയെ പണയം വെച്ചു കളിക്കുകയോ! രാജാവ് ചൂതില്‍ പ്രമത്തനായിട്ടുണ്ടാകും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും മൂഢനായ അദ്ദേഹത്തിന് പണയം വെക്കാന്‍ കാണുമായിരുന്നില്ല?
പ്രാതികാമി പറഞ്ഞു; ഇല്ല. മറ്റൊന്നും പണയം വെക്കാൻ ഇല്ലാതായപ്പോഴാണ് ധര്‍മ്മപുത്രന്‍ ഭവതിയെ പണയം വെച്ചത്. ആദ്യം ഭ്രാതാക്കളെ പണയം വെച്ചു. പിന്നെ രാജാവ് തന്നെ തന്നെ പണയം വെച്ചു. പിന്നെ രാജപുത്രീ, ഭവതിയേയും പണയം വെച്ചു.
ദ്രൗപദി പറഞ്ഞു: ഹേ! സൂതപുത്രാ! നീ ആ കിതവനോടു ചെന്നു ചോദിക്കൂ; ആദ്യം ആരെ പണയം വെച്ചു കളിച്ചാണ് തോറ്റതെന്ന്. രാജാവ് ആദ്യം ആത്മാവിനെയാണോ ( തന്നെ തന്നെ ) പണയം വെച്ചത് ? തന്നെ പണയപ്പെടുത്തിയതിന് ശേഷമാണോ എന്നെ പണയം വെച്ചത്, അതോ എന്നെ പണയപ്പെടുത്തിയതിന് ശേഷമാണോ താന്‍ തന്നെ പണയത്തിലായത് ? ആദ്യം ഏതാണുണ്ടായതെന്ന് അറിഞ്ഞു വരിക. എന്നിട്ട് എന്നെ കൊണ്ടു പോകാം. രാജാവിന്റെ വാക്കു കേട്ടതിന് ശേഷം ദുഃഖിതയായ ഈ ഞാന്‍ വന്നു കൊള്ളാം.
വൈശമ്പായനൻ പറഞ്ഞു: സഭയില്‍ച്ചെന്ന് അവന്‍ രാജമദ്ധൃത്തിലിരിക്കുന്ന യുധിഷ്ഠിരനോട് പാഞ്ചാലിയുടെ മൊഴി അറിയിച്ചു.
ദ്രൗപദി പറഞ്ഞു; അങ്ങ് ആര്‍ക്ക് ഈശനായിരിക്കുമ്പോഴാണ് എന്നെ പണയം വെച്ചു തോറ്റത്? ആദ്യം പണയപ്പെട്ടത് ഭവാനാണോ? പിന്നെയാണോ എന്നെ പണയപ്പെടുത്തിയത് ?ഏതാണ് ആദ്യം നടന്നത്?
വൈശമ്പായനൻ പറഞ്ഞു: ഈ വാക്കു കേട്ടപ്പോള്‍ യുധിഷ്ഠിരന്‍ മനം കെട്ട് ചത്ത വിധത്തിലായി. അവന്‍ നല്ലതോ ചീത്തയോ ഒന്നും തന്നെ സൂതനോട് ഉത്തരം പറഞ്ഞില്ല.
ദുര്യോധനന്‍ പറഞ്ഞു: പാഞ്ചാലി തന്നെ സഭയില്‍ വന്ന് ഈ ചോദ്യം ചോദിച്ചു കൊള്ളട്ടെ! അവളും അവനും തമ്മില്‍ പറയുന്നത് ഇവിടെയുള്ളവരെല്ലാം കേള്‍ക്കട്ടെ!
വൈശമ്പായനൻ പറഞ്ഞു: ഉടനെ ആ സൂതനായ പ്രാതികാമി ദുര്യോധനന്റെ കല്പന കൈക്കൊണ്ട് രാജഗൃഹത്തില്‍ ചെന്ന് കൃഷ്ണയോട് ഇപ്രകാരം പറഞ്ഞു.
പ്രാതികാമി പറഞ്ഞു; ഹേ, രാജപുത്രീ, സദസ്യര്‍ ഭവതിയെ വിളിക്കുന്നു. കൗരവര്‍ക്ക് ഇക്കാര്യത്തില്‍ എന്തോ സന്ദേഹമായിരിക്കുന്നു എന്ന് എനിക്കു തോന്നുന്നു. ഭവതിയെ സഭയില്‍ കേറ്റുന്ന അല്പബുദ്ധികള്‍ അവരുടെ ശ്രേയസ്സിനെ രക്ഷിക്കുന്നതായി എനിക്കു തോന്നുന്നില്ല.
ദ്രൗപദി പറഞ്ഞു: ബ്രഹ്മാവ് ഇപ്രകാരമായിരിക്കാം നിശ്ചയിച്ചത്. വിദ്വാന്മാര്‍ക്കും അവിദ്വാന്മാര്‍ക്കും ഒരു പോലെ സുഖവുമുണ്ടാകും, ദുഃഖവുമുണ്ടാകും! ധര്‍മ്മം മാത്രമാണ് എല്ലാറ്റിനും മീതെ എന്നു ലോകര്‍ പറയുന്നു. ധര്‍മ്മത്തെ സംരക്ഷിച്ചാല്‍ ധര്‍മ്മം സംരക്ഷിക്കും. ഈ ധര്‍മ്മം തെറ്റിക്കുന്നത് കൗരവര്‍ക്കു ചേർന്നതല്ല. ആ സഭാവാസികളായ മഹാന്മാരോട് എന്റെ ധര്‍മ്മത്തെ സംബന്ധിച്ച ഈ വാക്കുകള്‍ അറിയിക്കുക. നീതിമാന്മാരും ധര്‍മ്മാത്മാക്കളുമായ ആ വരിഷ്ഠന്മാര്‍ കല്പിക്കുന്നതു ഞാന്‍ അനുസരിച്ചു കൊള്ളാം.
വൈശമ്പായനൻ പറഞ്ഞു: സൂതന്‍ ഉടനെ ചെന്ന് സദസ്സില്‍ യാജ്ഞസേനി പറഞ്ഞ വാക്കുകള്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ദുര്യോധനന്റെ വാശിയോര്‍ത്ത് അവര്‍ ഒന്നും മിണ്ടിയില്ല. ആ മഹാശയന്മാര്‍ തല കുനിച്ചിരുന്നു. യുധിഷ്ഠിരന്‍ അതുകേട്ട് ദുര്യോധനന്റെ ആഗ്രഹം ചിന്തിച്ചറിഞ്ഞ് തനിക്ക് ഇഷ്ടനായ ഒരു ദൂതനെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: മടിക്കുത്ത് ഇറക്കിക്കുത്തി ഒറ്റ വസത്രം ചുറ്റി തീണ്ടാരിയായിരിക്കുന്ന നീ ദുഃഖത്തോടെ സഭയില്‍ വന്നു കയറിയതിന് ശേഷം, പാഞ്ചാലീ, നീ ശ്വശുരന്റെ മുമ്പില്‍ വന്നു നില്ക്കുക! നീ സഭയില്‍ വന്നു കയറുന്നതു കാണുമ്പോള്‍ രാജപുത്രീ, സദസ്യരെല്ലാവരും ധാര്‍ത്തരാഷ്ട്രനെ ഉള്ളുകൊണ്ടു നിന്ദിക്കും.
വൈശമ്പായനൻ പറഞ്ഞു: ആ ദൂതന്‍ ഉടനെ കൃഷ്ണയുടെ സമീപം ചെന്ന് ബുദ്ധിശാലിയായ ധര്‍മ്മപുത്രന്റെ നിശ്ചയത്തെ അറിയിച്ചു. മഹാത്മാക്കളായ പാണ്ഡവന്മാര്‍, ദീനരായി ദുഃഖത്തില്‍ മുഴുകി, സത്യത്താല്‍ ബദ്ധരായി ഒന്നും മിണ്ടാതെ നിന്നു. അവരുടെ മുഖം നോക്കി രാജാവായ ദുര്യോധനന്‍ സസന്തോഷം സൂതനോടു പറഞ്ഞു.
ദുര്യോധനന്‍ പഠഞ്ഞു; ഹേ, പ്രാതികാമീ! അവളെ ഇങ്ങോട്ടു കൊണ്ടു വരിക. അവളോട് നേരിട്ടു കുരുക്കള്‍ പറയട്ടെ!
വൈശമ്പായനൻ പറഞ്ഞു; ഇതുകേട്ട് കല്പന അനുസരിക്കേണ്ടവനായ സൂതന്‍, ദ്രൗപദിയുടെ കോപത്തില്‍ ഭയത്തോടു കൂടി മാനം വിട്ട് സദസ്യരെ നോക്കി വിവശനായി പറഞ്ഞു: ഞാന്‍ കൃഷ്ണയോട് എന്തു പറയേണ്ടു. എന്ന്.
ദുര്യോധനന്‍ പറഞ്ഞു; ദുശ്ശാസനാ! നമ്മുടെ സൂതപുത്രന്‍ അലപബുദ്ധിയാണ്. അവന്‍ ഇപ്പോഴും വൃകോദരനെ ഭയപ്പെടുകയാണ്! നീ തന്നെ പോയി കൃഷ്ണയെ ഇങ്ങോട്ടു കൊണ്ടു വരൂ. ഈ അടിമകളായ ശത്രുക്കള്‍ നിന്നോടെന്തു ചെയ്യുവാന്‍? ഒന്നും അവര്‍ക്കു ചെയ്യുവാന്‍ കഴികയില്ല.
വൈശമ്പായനൻ പറഞ്ഞു: രാജാവായ ദുര്യോധനന്‍ പറഞ്ഞതു കേട്ടയുടനെ കണ്ണു ചുവന്ന ആ രാജപുത്രന്‍ എഴുന്നേറ്റു. അവന്‍ ക്ഷണത്തില്‍ പാഞ്ചാലി ഇരിക്കുന്ന ഗൃഹത്തില്‍ പ്രവേശിച്ച് ഇപ്രകാരം പറഞ്ഞു.
ദുശ്ശാസനന്‍ പറഞ്ഞു: വരൂ, വരൂ. ദ്രൗപദീ, കൃഷ്ണേ, നിന്നെ ചൂതില്‍ ഞങ്ങള്‍ നേടിക്കഴിഞ്ഞു. നീ ഞങ്ങളുടെ അടിമയായിരിക്കുന്നു. നീ ലജ്ജ കളഞ്ഞ് സഭയിലേക്കു വരൂ. ദുര്യോധനനെ പോയി കാണുക! ഹേ, ആയതപത്ര നേത്രേ! കാരവനെ പോയി സേവിക്കുക. അവര്‍ക്കു വേണ്ടതെല്ലാം ചെയ്തു കൊടുത്തും, ദാസ്യവൃത്തികള്‍ ചെയ്തും ജീവിക്കുക. വേഗം നടക്കൂ! ധര്‍മ്മപ്രകാരം നീ ഞങ്ങളുടേതായിരിക്കുന്നു. നടക്കൂ
വൈശമ്പായനൻ പറഞ്ഞു: ക്രൂരനായ ദുശ്ശാസനന്റെ വിളി കേട്ട് അവള്‍ സസംഭ്രമം പിടഞ്ഞെഴുന്നേറ്റു. മനസ്സു കെട്ടു വാടുന്ന മുഖം രണ്ടു കൈ കൊണ്ടും പൊത്തി. അയ്യോ! എന്നു നിലവിളിച്ച് വൃദ്ധകളായ കുരുസ്ത്രീകള്‍ നില്ക്കുന്നിടത്തേക്ക് ഓടി. ദുശ്ശാസനന്‍ അവളുടെ പിന്നാലെ പാഞ്ഞു. അവന്‍ ഉച്ചത്തില്‍ അലറി. നിൽക്കെടീ, അവിടെ നിൽക്കെടീ ദാസീ. എങ്ങോട്ടു പോകുന്നു എന്നു പറഞ്ഞ് അവളുടെ നീണ്ടു ചുരുണ്ടു ഭംഗിയേറിയ തലമുടിയില്‍ അവന്‍ പിടി കൂടി. രാജസൂയം കഴിഞ്ഞ് അവഭൃതത്തില്‍ മന്ത്രം ജപിച്ചു തീര്‍ത്ഥോദകം കൊണ്ടു സിക്തമായ തലമുടി, വിശുദ്ധമായ ആ. തലമുടി, പട്ടമഹിഷിയുടെ മനോഹരമായ വാര്‍കൂന്തല്‍, പാണ്ഡവ പ്രതാപത്തെ ധിക്കരിച്ച് ആ ധൃതരാഷ്ട്രപുത്രന്‍ പിടിച്ചു വലിച്ചു. സനാഥയെങ്കിലും അനാഥയെന്ന പോലെ കൃഷ്ണയെ തലമുടി ചുറ്റിപ്പിടിച്ച്, വാഴയെ കൊടുങ്കാറ്റെന്ന പോലെ അവന്‍ വലിച്ചു. ആര്‍ത്തയായ ദ്രൗപദിയെ സഭയിലേക്കു വലിച്ചിഴച്ചു. അവന്‍ വലിക്കുമ്പോള്‍ തല കുമ്പിട്ടു തന്റെ സ്ഥിതി അവള്‍ പതുക്കെ പറഞ്ഞു.
പാഞ്ചാലി പറഞ്ഞു: മൂഢാ! ഞാന്‍ തീണ്ടാര്‍ന്നവളാണ്. ഒറ്റച്ചേല മാത്രമേ ചുറ്റിയിട്ടുള്ളു. ദുഷ്ടാ! ഈ നിലയില്‍ എന്നെ സഭയിലേക്കു കൊണ്ടു പോകരുത്.
വൈശമ്പായനൻ പറഞ്ഞു; ഇതു കേട്ടപ്പോള്‍ അവന്‍ തലമുടി ഒന്നു കൂടി മുറുകെപ്പിടിച്ചു. രക്ഷയില്ലാതായപ്പോള്‍ ഹരേ, ജിഷ്ണോ, കൃഷ്ണാ! നാരായണാ! രക്ഷിക്കണേ! എന്നു വിളിച്ച് അവള്‍ വിലപിച്ചു. അവന്‍ മുടിയില്‍ പിടിച്ചു നിന്നു തന്നെ പറഞ്ഞു.
ദുശ്ശാസനന്‍ പറഞ്ഞു: തീണ്ടാരിയാണെങ്കില്‍ എനിക്കെന്താണ് ? നീ ഒറ്റ വസത്രം ധരിച്ചാലും, വസ്ത്രമൊന്നും ധരിച്ചില്ലെങ്കിലും എനിക്കെന്താണ് ? നീ ഞങ്ങളുടെ ചൂതില്‍ കിട്ടിയ ദാസിയാണ്! നീ ഞങ്ങള്‍ക്ക് അടിമപ്പെട്ടവളാണ്! ദാസികള്‍ക്ക് ഉടുപ്പു വേണമോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഞങ്ങളാണ്.
വൈശമ്പായനൻ പറഞ്ഞു. ദുശ്ശാസനന്‍ അവളെ വീണ്ടും വീണ്ടും വലിക്കുമ്പോള്‍ അവളുടെ തലമുടി ചിന്നി. ഉടുത്ത വസത്രം അഴിഞ്ഞു ലജ്ജിച്ച്, അമര്‍ഷത്തോടെ അഴിഞ്ഞു കിഴിയുന്ന വസ്ത്രം കൈ കൊണ്ടു മുറുക്കി പിടിച്ചു വശം കെട്ട് കുത്തി പുകഞ്ഞു നിന്ന് അവള്‍ പറഞ്ഞു.
ദ്രൗപദി പറഞ്ഞു: ഗുരുജനങ്ങള്‍ നിറഞ്ഞ സദസ്സിലേക്കു രജസ്വലയും ഏകവസ്ത്രയുമായ എന്നെ ഇപ്രകാരം വലിച്ചു കൊണ്ടു പോയി നിറുത്തരുത്. അവരുടെ മുമ്പില്‍ ഈ വേഷത്തില്‍ നിൽക്കാന്‍ പാടില്ല. ശാസ്ത്രവിജഞാനമുള്ളവരും, ക്രിയാവാന്മാരും, ശക്രതുല്യന്മാരുമാണ് സഭയിലുള്ളവരെല്ലാം. എടാ, നൃശംസ! ക്രൂരാ! നീചാ! ദുഷ്ടാ! നീ എന്റെ വസത്രം അഴിക്കരുത്. ഛേ! ഛേ! വസത്രം കിഴിക്കരുത്! എടാ ദുര്‍വൃത്താ! എന്നെ നീ ഇങ്ങനെ വലിച്ചിഴയ്ക്കരുത്. ഇന്ദ്രാദിദേവന്മാര്‍ പോലും നിനക്കു തുണ നിന്നാലും എന്റെ ഭര്‍ത്താക്കന്മാര്‍ ഇതു പൊറുക്കുകയില്ല. ധര്‍മ്മത്തിന്റെ ഗതി കാണുവാന്‍ ധര്‍മ്മബുദ്ധികള്‍ക്കേ കഴിയൂ. ധര്‍മ്മപുത്രരാജാവ് എപ്പോഴും ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കുന്നു. എന്റെ ഭര്‍ത്താവില്‍ ഞാന്‍ എപ്പോഴും ഗുണമേ കാണുന്നുള്ളു. ഞാന്‍ വാക്കു കൊണ്ടു പോലും ഒരു ലേശം ദോഷം അദ്ദേഹത്തില്‍ ആരോപിക്കുകയില്ല. കുരുവീരന്മാരുടെ മദ്ധൃത്തിലേക്ക്, തീണ്ടാര്‍ന്നിരിക്കുന്ന എന്നെ വലിച്ചിഴയ്ക്കുന്നതു കണ്ടു കൊണ്ട് ആരും തടുക്കുന്നില്ലല്ലോ! ഒരക്ഷരം പോലും അവരാരും പറയുന്നില്ലല്ലോ. നിന്റെ ഉദ്ദേശ്യത്തിന് അവര്‍ സമ്മതിക്കുകയാണോ? കഷ്ടം! കഷ്ടം! ഭാരതന്മാരില്‍ നിന്നു ധര്‍മ്മം വിട്ടു പോയിരിക്കുന്നു! ക്ഷത്രിയധര്‍മ്മം അവരില്‍ നശിച്ചിരിക്കുന്നു. കുരുക്കളുടെ ധര്‍മ്മമര്യാദകളെല്ലാം പോയിരിക്കുന്നു!
ദ്രോണരുടേയും, ഭീഷ്മരുടേയും മഹാത്മാവായ വിദുരന്റെയും പൗരുഷം എവിടെ പോയി? രാജാവിന്റെ പൗരുഷവും അപ്രകാരം പൊയ്പോയോ? ധര്‍മ്മം ഉഗ്രം തന്നെ! കുരുവൃദ്ധോത്തമന്മാരുടെ ധര്‍മ്മം ഉഗ്രം തന്നെ! ഭയങ്കരമായ ഈ അധര്‍മ്മത്തെ കുരുവൃദ്ധന്മാരാരും കാണുന്നില്ല. രജസ്വലയായ എന്നെ ഒറ്റ വസ്ത്രത്താലേ സഭയിലേക്കു ബലമായി വലിച്ചിഴയ്ക്കുന്ന ഈ ദുഷ്ടനെ തടുക്കുവാൻ ആരുമില്ലാതായല്ലോ.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കരുണമായി വിലപിച്ച് കൃഷ്ണ, കോപിച്ചു നില്ക്കുന്ന കാന്തന്മാരുടെ നേരെ നോക്കി. കോപം പൂണ്ടു നില്ക്കുന്ന പാണ്ഡവന്മാരുടെ ആ കോപം ഒന്നു കൂടി അവളുടെ കടാക്ഷത്താല്‍ ജ്വലിച്ചു. രാജ്യഭ്രംശം, ധനരത്നാദികളുടെ നാശം ഇവ കൊണ്ടൊന്നും ഇത്രമാത്രം കോപം അവരില്‍ ഉണ്ടായിട്ടില്ല. കൃഷ്ണയുടെ തീക്ഷ്ണവും ദാരുണവുമായ ആ നോട്ടത്തില്‍ പാണ്ഡവന്മാരുടെ കോപവും ദുഃഖവും വര്‍ദ്ധിച്ചു. ദയനീയമായി കാന്തന്മാരെ നോക്കുന്ന കൃഷ്ണയെ കണ്ട് അവളെ ആലസ്യപ്പെടുത്തുമാറ് പിടിച്ചു കുലുക്കി സഭയിലേക്കു ബലമായും കഠിനമായും വലിച്ച്, എടീ! ദാസീ! ദാസീ! എന്നു വിളിച്ച് ദുശ്ശാസനന്‍ പൊട്ടിച്ചിരിച്ചു. ആ വിളിയെ അഭിനന്ദിച്ചു ഭേഷ്! ഭേഷ്! എന്ന് കര്‍ണ്ണന്‍ ഉച്ചത്തില്‍ പറഞ്ഞു ചിരിച്ചു. ഗാന്ധാര രാജാവായ സുബലന്റെ പുത്രനായ ശകുനിയും ഭേഷ്! ഭേഷ്! എന്ന് അഭിനന്ദിച്ചു പൊട്ടിച്ചിരിച്ചു. ഈ മൂന്നു പേരും ദുര്യോധനനും ഒഴികെ സഭയില്‍ കൂടിയിട്ടുള്ള കൗരവന്മാരില്‍ ആരും തന്നെ ഈ നീച പ്രവൃത്തിയെ അഭിനന്ദിച്ചില്ല. മറ്റുള്ളവരുടെയെല്ലാം മുഖം വാടുകയും ശോകമൂകമായി തീരുകയും ചെയ്തു. കണ്ണുകളില്‍ നിന്നു ബാഷ്പം ഉയരുകയും ചെയ്തു. കൃഷ്ണയെ സഭയില്‍ ഇട്ടുലയ്ക്കുന്നതു കണ്ടു കൊണ്ട് അവര്‍ ദുഃഖത്തിലാണ്ടു പോയി!
ഭീഷ്മൻ പറഞ്ഞു: സുഭഗേ, ധര്‍മ്മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്. അതു കൊണ്ട് നിന്റെ ചോദൃത്തിന് ധര്‍മ്മോചിതമായ മറുപടി പറയുവാന്‍ ഞാന്‍ അശക്തനാണ്. അടിമയായവന് മറ്റൊരാളെ പണയം വെക്കുവാന്‍ അധികാരമില്ല. ആ നിലയ്ക്ക് യുധിഷ്ഠിരന്‍ നിന്നെ പണയം വെച്ചതു സാധുവല്ല. സ്ത്രീ ഭര്‍ത്താവിന് വശഗയാണ്. ആ നിലയ്ക്ക് യുധിഷ്ഠിരന്‍ അടിമപ്പെട്ടതോടു കൂടി നീയും അടിമപ്പെട്ടു. ആ നിലയ്ക്കു നീ പരാധീനയായി! ചതി പ്രയോഗത്താലാണ് ഈ സമര്‍ത്ഥന്മാര്‍ യുധിഷ്ഠിരനെ തോല്പിച്ചത്. സമര്‍ത്ഥന്‍ അസമര്‍ത്ഥനെ ചതിയില്‍ തോല്‍പിച്ചാല്‍ ആ തോല്‍വി ധര്‍മ്മജ്ഞന്മാര്‍ ഗണിക്കുന്നതല്ല. ആ നിലയ്ക്ക് ഈ ദ്യൂതം ധര്‍മ്മാനുസൃതമല്ല. എന്നാൽ യുധിഷ്ഠിരന്‍ അറിഞ്ഞും കൊണ്ട് ദ്യൂതത്തില്‍ സ്വേച്ഛയാ സംബന്ധിക്കുകയാണു ചെയ്തത്. അപ്പോള്‍ ആ തോല്മ തോല്മ തന്നെ. ധര്‍മ്മത്തിന് വേണ്ടി ധനസമൃദ്ധമായ ഭൂമി മുഴുവന്‍ ഉപേക്ഷിക്കുന്നവനാണ് ധര്‍മ്മപുത്രന്‍. ഞാന്‍ തോറ്റു പോയി എന്ന്അ ദ്ദേഹം സമ്മതിച്ചിരിക്കെ ഈ തോല്‍വി അസാധുവാണെന്ന് എങ്ങനെ ഞാന്‍ തീര്‍ത്തു പറയും ? യുധിഷ്ഠിരന്‍ ഇതില്‍ ചതി കാണുന്നില്ല എന്നിരിക്കെ ഇക്കാര്യത്തില്‍ വിധി കല്‍പിക്കുവാന്‍ ഞാന്‍ അശക്തനായിരിക്കുന്നു.
ദ്രൗപദി പറഞ്ഞു; ദ്യൂത കുശലന്മാരായ ഈ വഞ്ചകന്മാര്‍, നീചന്മാര്‍, ചുതുകളിയറിയാത്ത രാജാവിനെ അതിലേക്കു ബലമായി വലിച്ചിറക്കുകയാണുണ്ടായത്. രാജാവു സ്വേച്ഛയാ ചുതു കളിക്കുവാന്‍ വന്നതല്ല. അറിവില്ലാത്ത ഒരുത്തനെ അറിവുള്ളവര്‍ പലരും കൂടി വിളിച്ചിരുത്തി ചതിച്ചു തോല്‍പിച്ചത് എങ്ങനെ ശരിയായ പരാജയമാകും? കുരുപാണ്ഡവ ശ്രേഷ്ഠനായ രാജാവ് ചതിപ്പണിയില്‍ തോറ്റു കഴിഞ്ഞതില്‍ പിന്നെ അദ്ദേഹം വീണ്ടും പണയം വെച്ചു കളിച്ചത് ഏതു ധര്‍മ്മശാസ്ത്രപ്രകാരമാണ് നീതിയാവുക? അദ്ദേഹം തോറ്റ് അടങ്ങിയതോടെ ഞാനും അടിമയായെങ്കില്‍ പരാജിതനായ അദ്ദേഹത്തെക്കൊണ്ട് വീണ്ടും എന്നെ പണയം വെപ്പിച്ചതെന്തിന്? അതിനുള്ള ന്യായമെനന്തെന്നു പറയുവിന്‍!
അദ്ദേഹത്തിന്റെ തോല്മ എന്റെയും തോല്മയാണെങ്കില്‍, അവര്‍ അങ്ങനെ നിശ്ചയിച്ചിരുന്നെങ്കില്‍, എന്നെ പ്രത്യേകം നേടുവാന്‍ വേണ്ടി, അടിമയായിത്തീര്‍ന്ന അദ്ദേഹത്തെക്കൊണ്ട് വീണ്ടും കളിപ്പിക്കുമോ? അതു കൊണ്ടു തന്നെ ഒരു കാര്യം തീര്‍ച്ചയല്ലേ, അദ്ദേഹത്തിന്റെ തോല്മ എന്റെ തോല്മയായി ശത്രുക്കള്‍ കരുതിയിരുന്നില്ലെന്ന്?. എതിരാളികള്‍ സമ്മതിച്ചു തന്ന സ്വാതന്ത്ര്യം ഞാന്‍ കൈവിടണമെന്നുണ്ടോ? സ്വതന്ത്രയായ എന്നെ അസ്വതന്ത്രന്‍ പണയം വെച്ചിരിക്കുന്നു! ഈ പണയം എങ്ങനെ സാധുവാകും?
മക്കളും സ്നുഷകളുമുള്ള കുരുക്കള്‍ പലരും ഈ സഭയിലുണ്ടല്ലോ. അവര്‍ ഞാന്‍ പറഞ്ഞതെല്ലാം കേട്ടുവല്ലോ. ഇവിടെ നടന്നതെല്ലാം കണ്ടുവല്ലോ. എന്റെ ചോദ്യത്തിന് ചിന്തിച്ച് അവര്‍ ശരിയായ മറുപടി തരേണമെന്ന് ഞാന്‍ അവരോട് അപേക്ഷിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ടിട്ടൊന്നും ദുശ്ലാസനന്‍ അവളെ വിട്ടില്ല. സഭയിലേക്കു വലിച്ചിഴയ്ക്കപ്പെടുന്ന അവള്‍ കരുണമായി നിലവിളിച്ചു ഭര്‍ത്താക്കന്മാരെ നോക്കി. ദുശ്ശാസനന്‍ അതികഠോരവും രൂക്ഷവുമായ അപ്രിയ വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. തീണ്ടാരിയായി, ഒറ്റവസ്ത്രം ധരിച്ച, ആ സാധ്വിയെ സഭയിലിട്ട് വലിച്ചിഴയ്ക്കുമ്പോള്‍ അതൊക്കെ കണ്ട് സഹിക്ക വയ്യാതെ, ഭീമന്‍ അതിദുഃഖിതന്റെ മട്ടില്‍ യുധിഷ്ഠിരന്റെ നേരെ ക്രോധത്തോടെ നോക്കി.
68. ദ്രൗപദികര്‍ഷണം - ഭീമന്‍ പറഞ്ഞു; ചൂതുകളിക്കാരാരും ഭാര്യമാരെ പണയം വെച്ചതായി ഞാന്‍ കേട്ടിട്ടില്ല. ചൂതുകളിക്കാരുടെ വീട്ടില്‍ ധൂളിപ്പെണ്ണുങ്ങള്‍ പോലും ഉണ്ടായെന്നു വരാം. എന്നാൽ അവരെപ്പോലും അവര്‍ പണയം വെക്കാറില്ല. സ്ത്രീകള്‍ എന്ന നിലയ്ക്ക് ഒരു കനിവും മര്യാദയും ധൂര്‍ത്തകളുടെ നേര്‍ക്കു പോലും ജനങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. കാശിരാജാവ് ഉത്തമമായ പല ദ്രവ്യങ്ങളും കാഴ്ചവെച്ചു. മറ്റു രാജാക്കന്മാരും ധാരാളം ദ്രവ്യങ്ങള്‍ കാഴ്ചവെച്ചു. അവയും, വാഹനവും, ധനവും, ചട്ടയും, നാനാവിധം ആയുധങ്ങളും താന്‍ തന്നെയും, ഞങ്ങളും ഒക്കെ പണയത്തിലായി, ശത്രുക്കളുടേതായി. അതിലൊന്നും ഞങ്ങള്‍ക്കു പരിഭവമില്ല. അങ്ങ് എല്ലാറ്റിനും പ്രഭുവാണല്ലോ! പാര്‍ഷതിയെ പണയം വെച്ചത് അക്രമമായി! ഇവള്‍ ഈദുഃഖത്തിന് അര്‍ഹയല്ല. ബാലയായ ഇവള്‍ പാണ്ഡവന്മാര്‍ക്കു ചേർന്നവളാണെങ്കിലും അങ്ങു കാരണമായി ഇപ്പോള്‍ ദുഷ്ടരും, ക്രൂരരുമായ കുരുക്കളില്‍ നിന്ന് ഇവള്‍ ക്ലേശം അനുഭവിക്കുന്നു. ഇവളുടെ ഈ പരിതാപം കണ്ടു കൊണ്ട് ഭവാനോടു ക്ഷമിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. എടോ, സഹദേവാ! വേഗം ഒരു പന്തം കൊളുത്തി ക്കൊണ്ടു വാ! ഞാന്‍ ഈ ചൂതുകളിക്കാരന്റെ കൈ രണ്ടും ചുട്ടു വെണ്ണീറാക്കട്ടെ.
അര്‍ജ്ജുനന്‍ പറഞ്ഞു: ജ്യേഷ്ഠാ! എന്താണീ ഭാവമാറ്റം! മുമ്പൊന്നും ഭവാന്‍ ഇത്തരം വാക്കു പറയാറില്ലല്ലോ. ക്രൂരന്മാരായ വൈരികള്‍ ഭവാന്റെ ധര്‍മ്മഗൗരവത്തെ നശിപ്പിച്ചുവോ? ശത്രുക്കള്‍ ക്ക് ഇത് ആവശ്യമാണ്. നാം ധര്‍മ്മം തെറ്റി നടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതു ചെയ്തു പോകരുതേ! മുഖ്യമായ ധര്‍മ്മത്തെ നീ പാലിക്കുക. ഏതു പുമാനുണ്ട് ധര്‍മ്മനിഷ്ഠയില്‍ യുധിഷ്ഠിരനെ ലംഘിക്കുവാന്‍ പോന്നവന്‍ ? എതിരാളി വിളിച്ചതു കൊണ്ട് ക്ഷാത്രവ്രതം ചിന്തിച്ച് ഈ രാജാവ് പരേച്ഛ മുന്‍നിര്‍ത്തി കളിച്ചതാണ്. നമുക്ക് യശസ്കരമാണത്. ജ്യേഷ്ഠന്‍ ധര്‍മ്മനിഷ്ഠയില്‍ ധീരനാണെന്നു നീ അറിയുന്നില്ലേ?
ഭീമന്‍ പറഞ്ഞു; അര്‍ജ്ജുനാ! നീ പറഞ്ഞതു ശരിയാണ്. താല്ക്കാലിക വികാരത്തില്‍ പ്രക്ഷുബ്ധനായി ഞാന്‍ അറിയാതെ അദ്ദേഹത്തിന്റെ കൈ രണ്ടും പിടിച്ചു ചുട്ടുകളഞ്ഞേനേ.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കോപതാപങ്ങളാല്‍ കുഴങ്ങി നില്ക്കെ, പാഞ്ചാലി ദുശ്ശാസന പീഡയേറ്റു വിലപിച്ചു കൊണ്ടു വലയവേ, ധൃതരാഷ്ട്ര പുത്രന്മാരില്‍ ഒരുത്തനായ വികര്‍ണ്ണന്‍ ഇപ്രകാരം ഉച്ചത്തില്‍ പറഞ്ഞു.
വികര്‍ണ്ണന്‍ പറഞ്ഞു: ഹേ! രാജാക്കന്മാരേ! പാഞ്ചാലി ചോദിച്ച ചോദ്യത്തിന് നിങ്ങള്‍ എന്താണ് ഒന്നും ഉത്തരം പറയാതെ മിണ്ടാതിരിക്കുന്നത്? നിങ്ങള്‍ക്ക് ഒന്നും പറയുവാനില്ലേ? നിങ്ങള്‍ കേട്ടില്ലേ? നിങ്ങള്‍ ഈ ചോദ്യത്തിന് മറുപടി കൊടുക്കണം! അങ്ങനെ ചെയ്യാതിരുന്നാല്‍ നമ്മള്‍ക്കു നരകമാണു ഫലം! തീര്‍ച്ചയാണ്! ഭീഷ്മരും ധൃതരാഷ്ട്രരും കുരുവൃദ്ധന്മാരാണ്. അച്ഛനും, മുത്തച്ഛനും ഇതൊക്കെ കേള്‍ക്കുന്നില്ലേ? എന്താണ് ഒന്നും മിണ്ടാത്തത്? മഹാബുദ്ധിമാനായ വിദുരനും, ഇവര്‍ക്കൊക്കെ ഗുരുവായ ദ്രോണനും, കൃപാചാര്യനും എന്താണ് ഉത്തരം പറയാത്തത്? മഹാ ബ്രാഹ്മണരായ ഈ ആചാര്യന്മാരും മറ്റു രാജാക്കന്മാരും ഇവിടെ ഇരിക്കുന്നുണ്ടല്ലോ. കാമക്രോധാദികള്‍ വിട്ട് കാര്യഗൗരവമറിഞ്ഞ് ബുദ്ധിപൂര്‍വ്വം മറുപടി പറയണം! ശുഭയായ പാഞ്ചാലി ചോദിച്ചതിന് മറുപടി നാനാരാജ്യങ്ങളില്‍ നിന്നു വന്നു ചേർന്ന രാജാക്കളേ, നിങ്ങള്‍ ഓരോരുത്തരും അവരവരുടെ മനസ്സില്‍ സന്യായാന്യായങ്ങളെ ചിന്തിച്ച് പറയുവിന്‍.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അവന്‍ സര്‍വ്വസഭാവാസികളോടും പല പ്രാവശ്യവും അഭ്യര്‍ത്ഥിച്ചു; നല്ലതോ ചീത്തയോ ഒന്നും തന്നെ അവര്‍ അതിന് മറുപടി പറഞ്ഞില്ല. പല പ്രാവശ്യവും വികര്‍ണ്ണന്‍ പറഞ്ഞിട്ടും രാജാക്കള്‍ നല്ലതോ ചീത്തയോ ആയി ഒന്നും പറയാതിരുന്നപ്പോള്‍ അവന്‍ കൈ കൊണ്ടു കൈകൂട്ടി ശക്തിയായി ഞെരിച്ച്, സഹിക്ക വയ്യാതെ നെടുവീര്‍പ്പിട്ട് ഇപ്രകാരം പറഞ്ഞു.
വികര്‍ണ്ണന്‍ പറഞ്ഞു; ചോദ്യത്തിന് മറുപടി പറയുവാന്‍ നിങ്ങള്‍ക്കു വയ്യെങ്കില്‍ വേണ്ട. ഹേ! രാജാക്കന്മാരേ, ഞാന്‍ കണ്ട ന്യായം പറയാം. ഹേ, കുരുരാജാക്കന്മാരേ! നൃപന്മാര്‍ക്കു നാലു തരം വ്യസനങ്ങളുണ്ട് ( ചീത്ത സ്വഭാവം ). നായാട്ട്, മദൃപാനം, ചൂതാട്ടം, സ്ത്രീകളിലുള്ള അത്യാസക്തി ഇവയാണ് ആ നാലു വ്യസനങ്ങള്‍. ഇവയില്‍ സക്തനായ മര്‍ത്തൃന്‍ ധര്‍മ്മത്തെ കൈ വിട്ടു നില്ക്കും. അപ്രകാരമുള്ള മനുഷ്യന്‍ ചെയ്യുന്ന കൃത്യം ചെയ്തതായി ജനങ്ങള്‍ കണക്കാക്കുകയില്ല. എന്നാൽ ഈ പാണ്ഡവന്‍ വൃസനത്തില്‍പ്പെട്ടവനാണ്. ചൂതാട്ടക്കാര്‍ വിളിച്ചു കളിച്ച് അവന്‍ കൃഷ്ണയെ പണയം വെച്ചു. മാന്യയായ ഇവള്‍ എല്ലാ പാണ്ഡവര്‍ക്കും തുല്യയായി അവകാശപ്പെട്ടവളാണ്. താന്‍ മുമ്പെ അടിമയായതിന് ശേഷമാണ് യുധിഷ്ഠിരന്‍ അവളെ പണയം വെച്ചത്. ശകുനി നിര്‍ബ്ബന്ധിച്ചു പറഞ്ഞിട്ടാണ് കൃഷ്ണയെ പണയം വെച്ചത്. ഈ നിലയ്ക്കു ചിന്തിക്കുമ്പോള്‍ ഈ പണയം സാധുവല്ല. ദ്രൗപദിയെ നേടിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
പാണ്ഡവന്മാര്‍ക്ക് എല്ലാവര്‍ക്കും തുല്യമായ അവകാശമുള്ള ഒരു വസ്തുവാണ് പാഞ്ചാലി. അവളെ യുധിഷ്ഠിരന്‍ തന്റെ പ്രത്യേക ധനമെന്നു കരുതി പണയം വെച്ചതു തെറ്റാണ്. പിന്നെ ഒരു ന്യായം കൂടിയുണ്ട്. അടിമയായി കഴിഞ്ഞ യുധിഷ്ഠിരന്‍ പിന്നീടു പണയം വെച്ചതാണ് ദ്രൗപദിയെ. അത് തെറ്റായ നടപടിയാണ്. ജ്യേഷ്ഠന്‍ അനുജന്മാരെ പണയം വെച്ചതു സാധുവാകാമെങ്കിലും എല്ലാവര്‍ക്കും അവകാശപ്പെട്ട വസ്തു ജ്യേഷ്ഠനു മാത്രം പണയം വെക്കുവാന്‍ അവകാശമില്ല. പിന്നെ പാഞ്ചാലിയെ യുധിഷിഠിരന്‍ ഇഷ്ടപ്രകാരം പണയം വെച്ചതല്ല. ശകുനി നിര്‍ബ്ബന്ധിച്ചു പറഞ്ഞ് കുടുക്കിയതാണ്. ഇതും തക്കതായ ചിന്താവിഷയമാണ്. ഇങ്ങനെ ഏതു വശം കൊണ്ടു ചിന്തിച്ചാലും ദ്രൗപദി അടിമപ്പെട്ടിട്ടില്ല.
വൈശമ്പായനൻ പറഞ്ഞു; വികര്‍ണ്ണന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ സഭാവാസികള്‍ കൈകൊട്ടി ഭേഷ്! ഭേഷ്! വികര്‍ണ്ണന്‍ പറഞ്ഞതു ശരിയാണ്! ന്യായമാണ്! എന്ന് ഉച്ചത്തില്‍ സഭയില്‍ നിന്ന് അഭിനന്ദന കോലാഹലം ഉയര്‍ന്നു! ശകുനിയെ നിന്ദിച്ചും സംസാരിച്ചു.
ആ കരഘോഷവും അഭിനന്ദന വാകൃഘോഷവും ഒന്നടങ്ങിയപ്പോള്‍, ക്രോധത്തോടെ കര്‍ണ്ണന്‍ എഴുന്നേറ്റു നിന്ന്, കൈ ഉയര്‍ത്തി ഗംഭീര സ്വരത്തില്‍ ഇപ്രകാരം പറഞ്ഞു.
കര്‍ണ്ണന്‍ പറഞ്ഞു: വികര്‍ണ്ണാ! പല വൈപരീത്യങ്ങളും ഞാന്‍ ഇവിടെ കാണുന്നു! അരണിക്ക് അഗ്നി എന്ന പോലെ ജനിച്ചേടം തന്നെ മുടിക്കുന്ന പലതും ഞാന്‍ ഇവിടെ കാണുന്നു! ഈ ഇരിക്കുന്ന മഹാശയന്മാരാരും അവളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. അവര്‍ വിചാരിക്കുന്നു കൃഷ്ണയെ ധര്‍മ്മപ്രകാരം നേടിക്കഴിഞ്ഞു എന്ന്. ദുര്യോധനന്റെ സഹോദരൻ ആയിരുന്നിട്ടും നിനക്കു ധര്‍മ്മം അറിയുവാന്‍ സാധിച്ചില്ലല്ലോ! ഹേ, വികര്‍ണ്ണാ! മൂഢാ! ഏതു ന്യായപ്രകാരമാണ് ദ്രൗപദി അടിമയായിട്ടില്ലെന്നു നീ വിധിച്ചത്? യുധിഷ്ഠിരന്‍ പറഞ്ഞില്ലേ, ഞാന്‍ എന്റെ സര്‍വ്വസ്വവും ചൂതില്‍ പണയം വെച്ചിരിക്കുന്നു എന്ന് അപ്പോള്‍ പാഞ്ചാലി ആ സര്‍വ്വസ്വത്തില്‍ പെട്ടില്ലേ? സഭയില്‍ ബാലനായ നീ വൃദ്ധന്റെ മട്ടിലാണല്ലോ സംസാരിക്കുന്നത്. അഗ്രജന്‍ എന്ന നിലയ്ക്ക് യുധിഷ്ഠിരന്‍ ചെയ്യുന്നതെല്ലാം മറ്റു പാണ്ഡവന്മാര്‍ക്കു ബാധകമല്ലേ? അങ്ങനെ അടിമയായ പാഞ്ചാലി ഭവാനു മാത്രം അടിമയല്ലെന്നു തോന്നുവാന്‍ കാരണമെന്താണ്? യുധിഷ്ഠിരന്‍ വാക്കാല്‍ കൃഷ്ണയെ പറഞ്ഞു പണയവസ്തു ആക്കിയതാണ്. അതു മറ്റു പാണ്ഡവരും സമ്മതിച്ചതാണ്. നിനക്കു മാത്രം അവള്‍ ജിതയല്ലെന്നു തോന്നുവാന്‍ എന്താണു കാരണം? ഒറ്റവസ്ത്രത്തോടെ ഇവളെ സഭയില്‍ കൊണ്ടു വന്നതും അധര്‍മ്മമാണെന്നു നീ വിചാരിക്കുന്നുണ്ടായിരിക്കാം. ആ വിചാരവും തെറ്റാണെന്നു ഞാന്‍ തെളിയിച്ചു തരാം. ഇവള്‍ പതിവ്രതയല്ല. പതിവ്രതമാര്‍ക്ക് ഒരേ ഒരു ഭര്‍ത്താവേ ഉണ്ടാകൂ. പലപേര്‍ക്കു വശ്യയായ ഇവള്‍ എങ്ങനെ പതിവ്രതയാകും? അതു കൊണ്ട് ഇവള്‍ കുലട തന്നെ! അതില്‍ സംശയിക്കുവാനില്ല. ഇവളെ സഭയില്‍ കൊണ്ടു വന്നാല്‍ അതില്‍ പറയുവാനെന്തുണ്ട്? കുലട ഒറ്റ വസ്ത്രം ധരിച്ചാലും വസ്ത്രം ഒന്നും ധരിച്ചില്ലെങ്കിലും അതിനെപ്പറ്റി ഗണിക്കേണ്ടതില്ല! പാണ്ഡവന്മാര്‍ക്കുള്ള മുതലും ഇവളും പാണ്ഡവന്മാരും എല്ലാം ശകുനി ധര്‍മ്മപ്രകാരം നേടിയ ധനമാണ്. ഹേ, ദുശ്ശാസനാ! വികര്‍ണ്ണന്‍ മഹാവിഡ്ഡിയാണ്. അവന്‍ പ്രജ്ഞനെ പോലെ നിന്നു വാദിക്കുന്നു. നീ പാര്‍ത്ഥന്മാരുടേയും പാഞ്ചാലിയുടേയും വസ്ത്രം അഴിച്ചു വാങ്ങു. പാണ്ഡവന്മാരും പാഞ്ചാലിയും ധര്‍മ്മപ്രകാരം നമ്മുടെ അടിമകളാണെന്ന് ഈ മൂഢന് തെളിയിച്ചു കൊടുക്കുക, കുലീനന്മാരെ പോലെ നമ്മുടെ മുമ്പില്‍ വസ്ത്രം ധരിച്ചു ഞെളിഞ്ഞു നില്ക്കേണ്ടവരല്ല ഇവര്‍, ഇവരുടേയും, പാഞ്ചാലിയുടെയും വസ്ത്രങ്ങളെല്ലാം വേഗം അഴിച്ചു വാങ്ങുക.
വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്‍ ഇപ്രകാരം പറഞ്ഞയുടനെ പാണ്ഡവന്മാരെല്ലാവരും അവരുടെ ഉത്തരീയവസ്ത്രം താഴെവെച്ചു സഭാസ്ഥലത്തിരുന്നു. പാഞ്ചാലി അപ്രകാരം ചെയ്യാതിരുന്നതു കണ്ട് ദുശ്ശാസനന്‍ ആ മഹാസദസ്സില്‍ വെച്ച് അവള്‍ ധരിച്ചിട്ടുള്ള ഏകവസ്ത്രം ബലമായി പിടിച്ച് അഴിച്ചെടുക്കുവാന്‍ അതില്‍ പിടി കൂടി വലിച്ചുതുടങ്ങി. ഇങ്ങനെ അവളുടെ വസ്ത്രം ആ ദുഷ്ടന്‍ ബലമായി അഴിക്കുവാന്‍ തുടങ്ങിയപ്പോള്‍ ദ്രൗപദി ഹരിയെ സ്മരിച്ചു.
പാഞ്ചാലി പറഞ്ഞു: ഗോവിന്ദാ! ദ്വാരകയില്‍ ഇരുന്നരുളുന്ന കൃഷ്ണാ! ഗോപീജനപ്രിയാ! കുരുക്കള്‍ എന്നില്‍ ഇത്തരത്തില്‍ പ്രയോഗം നടത്തുന്നത് ഭവാന്‍ അറിയുന്നില്ലേ? കേശവാ! നാഥാ! രാമനാഥാ, ഗോലോകനാഥാ, സന്താപനാശനാ! കൗരവ സമുദ്രത്തില്‍ മുങ്ങിപ്പോകുന്ന എന്നെ കരകയറ്റണേ! ജനാര്‍ദ്ദനാ! കൃഷ്ണാ! കൃഷ്ണാ! യോഗിവര്യാ, വിശ്വാത്മാവേ!, വിശ്വഭാവന! അങ്ങ് സര്‍വ്വാന്തര്യാമിയല്ലേ! കുരുമദ്ധ്യത്തില്‍ ഞാന്‍ അവമാനിതയായി വലയുന്നേ! അയ്യോ! എന്നെ ഓര്‍ക്കണേ! എന്നെ കാക്കണേ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ത്രിഭുവനേശ്വരനായ ഹരിയെ, ആ ഭാമിനി ഹൃദയം നൊന്ത് ഓര്‍ത്ത്, മുറയിട്ടു! അവള്‍ മുഖം പൊത്തി അസഹ്യമായ ദുഃഖത്തോടെ വിലപിച്ചു. യാജ്ഞസേനിയുടെ വാക്കു കേട്ട് കൃഷ്ണന്‍ ഗദ്ഗദ കണ്ഠനായി ശയ്യാസനം വിട്ട് ആ കൃപാലു അവളോടുള്ള കൃപയാല്‍ കാല്‍നടയായി അവിടെയെത്തി. കൃഷ്ണാ! വിഷ്ണോ! ഹരേ! നരാ എന്ന് യജ്ഞസേനി രക്ഷ കിട്ടുവാന്‍ മുറവിളി കൂട്ടി. അപ്പോള്‍ മഹാത്മാവായ ധര്‍മ്മഭഗവാന്‍ മറഞ്ഞു നിന്ന് വിവിധ തരത്തിലുള്ള നല്ല വസ്ത്രങ്ങള്‍ അപ്പപ്പോള്‍ അവള്‍ക്കു നല്കിക്കൊണ്ടിരുന്നു.
പാഞ്ചാലിയുടെ പുടവ അഴിക്കുമ്പോള്‍ ഹേ ജനമേജയാ, അവളുടെ അരയില്‍ പിന്നേയും വസ്ത്രം അണിഞ്ഞതായി കണ്ടു. ആ വസ്ത്രവും അഴിച്ചപ്പോള്‍ അപ്പോഴും അവള്‍ വസ്ത്രം ധരിച്ചിരിക്കുന്നതായി കണ്ടു. ദുശ്ലാസനന് വാശി മുറുകി. അവന്‍ വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും അഴിക്കുവാന്‍ തുടങ്ങി! എത്രയെത്ര അഴിച്ചാലും അവളുടെ ദേഹത്തില്‍ വസ്ത്രം പിന്നെയും പിന്നെയും കാണപ്പെട്ടു! പല തരത്തിലുള്ളവ, വിചിത്രമായവ, പല ചായത്തിലുള്ളവ, അസംഖ്യം അവിടെ വ്യക്തമായി കാണപ്പെട്ടു. അങ്ങനെ ധര്‍മ്മം അവളെ രക്ഷിച്ചു. ഈ അത്ഭുതം കണ്ടപ്പോള്‍ ആര്‍പ്പും വിളിയും കൊണ്ട് അവിടെ മുഴങ്ങി. സഭ ഭയങ്കരമായ വിധം, ശബ്ദകോലാഹലത്താല്‍ മുഴങ്ങി. ലോകത്തില്‍ ഇങ്ങനെ ഒരു ആശ്ചര്യം ആരും കണ്ടിട്ടില്ല! സര്‍വ്വരാജാക്കളും അത്ഭുത പരതന്ത്രരായി ഇക്കാഴ്ച നോക്കി നിന്നു. പാഞ്ചാലിയെ വാഴ്ത്തുകയും ധാര്‍ത്തരാഷ്ട്രനെ നിന്ദിക്കുകയും ചെയ്തു. പാഞ്ചാലി നിലവിളിച്ചു കൊണ്ടിരിക്കെ, ദുശ്ശാസനന്‍ വസ്ത്രത്തില്‍ പിടിച്ച് വിണ്ടും വീണ്ടും അഴിച്ചു കൊണ്ടിരിക്കെ, ജനങ്ങള്‍ ഈ അത്ഭുതം കണ്ടു കൊണ്ടിരിക്കെ, അഴിച്ചു കൂട്ടിയ വസ്ത്രങ്ങളുടെ കൂമ്പാരം സഭയില്‍ ഉയര്‍ന്നു! സദസ്യരുടെ അത്ഭുത പ്രകടനവും കൈകൊട്ടലും ആര്‍പ്പുവിളിയും കൊണ്ട് സഭാതലം അങ്ങനെ കുലുങ്ങി. ഇതെല്ലാം കണ്ടു നില്ക്കുന്ന ഭീമന്‍ സഹിക്ക വയ്യാത്ത കോപത്താല്‍ ചുണ്ടുകള്‍ വിറച്ചു കൈകള്‍ തിരുമ്മി ഉഗ്രമായ സ്വരത്തില്‍ ശപഥം ചെയ്തു. മേഘനിര്‍ഘോഷം പോലെ ആ ശപഥവാക്യം അവിടെ മുഴങ്ങി.
ഭീമന്‍ പറഞ്ഞു; ലോകത്തിലെങ്ങുമുള്ള ക്ഷത്രിയന്മാരേ! നിങ്ങള്‍ എന്റെ ശപഥം കേട്ടു കൊള്ളുവിന്‍! ഇങ്ങനെയൊരു ശപഥം ഇന്നേവരെ ആരും ചെയ്തിട്ടില്ല. മേലില്‍ ആരും ഇങ്ങനെയൊരു ശപഥം ചെയ്യുകയുമില്ല. പാപിയും, ദുര്‍ബുദ്ധിയും, ഭാരത കുലത്തിലെ അധമനുമായ ഈ പാപിയായ ദുശ്ശാസനന്റെ മാര്‍ത്തട്ട്, പോരില്‍ ഞാന്‍ പിളര്‍ന്നു രക്തം കുടിക്കും! ഈ ശപഥം ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചു ചെയ്തിട്ട് അതു നിറവേറ്റിയില്ലെങ്കില്‍ ഹേ, രാജാക്കന്മാരേ! എന്റെ പൂര്‍വ്വികരായ പിതാക്കന്മാര്‍ നേടിവെച്ച ഗതി എനിക്കു ലഭിക്കാതെ പോകട്ടെ!
വൈശമ്പായനൻ പറഞ്ഞു: രൗദ്രവും, രോമാഞ്ചമുണ്ടാക്കുന്നതുമായ ഭീമന്റെ ഈ ശപഥ വാക്കു കേട്ട് ജനങ്ങള്‍ ബഹുമാനിച്ചു. ധൃതരാഷ്ട്ര പുത്രനെ നിന്ദിച്ചു കൊണ്ട് ഭീമന്റെ വാക്കിനെ ആദരിച്ചു. സഭാമദ്ധ്യത്തില്‍ വസ്ത്രജാലം കുന്നായി കൂടിക്കിടന്നു. ദുശ്ശാസനന്‍ കൈ തളര്‍ന്ന്, അവശനായി, നാണം കെട്ടു പിന്മാറി. കഷ്ടം! കഷ്ടം! എന്ന ഘോഷവും ആര്‍പ്പുവിളിയും ഉണ്ടായി. കാണികള്‍ രോമാഞ്ചമണിഞ്ഞു!
ഇതു കൊണ്ടും കാര്യം തീരുമാനത്തിലായില്ല. ജനങ്ങള്‍ പ്രക്ഷുബ്ധരായി. ധൃതരാഷ്ട്രനെ വിളിച്ചു ജനങ്ങള്‍ ഉറക്കെ നിന്ദിച്ചു സംസാരിച്ചു ബഹളമായി. കൗരവന്മാരേ! നിങ്ങള്‍ ദ്രൗപദിയുടെ ചോദ്യത്തിന് മറുപടി കൊടുക്കുവിന്‍ എന്ന ശബ്ദം മുഴങ്ങി.
ഉടനെ കൈ ഉയര്‍ത്തി സഭാവാസികളായ മഹാജനങ്ങളുടെ ശബ്ദബഹളം തടഞ്ഞ് സര്‍വ്വധര്‍മ്മജ്ഞനായ വിദുരന്‍ ഇപ്രകാരം പറഞ്ഞു.
വിദുരന്‍ പറഞ്ഞു: അനാഥയെ പോലെ ദ്രൗപദി കരഞ്ഞു കൊണ്ടു ചോദിക്കുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഹേ, സദസ്യരേ, നിങ്ങള്‍ ഉത്തരം പറഞ്ഞില്ലല്ലോ? അതിനു നിങ്ങള്‍ ഉത്തരം പറയാതിരിക്കുന്നത് അധര്‍മ്മമാണ്. കത്തുന്ന തീയിലെന്ന പോലെ എരിഞ്ഞു കൊണ്ട് ശോകാര്‍ത്തര്‍ സഭയെ ആശ്രയിക്കുമ്പോള്‍ അവരെ ആശ്വസിപ്പിക്കേണ്ടത് സതൃധര്‍മ്മജ്ഞന്മാരുടെ കടമയാണ്. സതൃത്തെ അറിഞ്ഞ് ആര്യന്മാര്‍ ധര്‍മ്മപ്രശ്നം ചെയ്യണം. കാമക്രോധങ്ങള്‍ വെടിഞ്ഞു സദസ്യര്‍ പറയണം. ഹേ, രാജാക്കന്മാരേ, വികര്‍ണ്ണന്‍ അവന്റെ പ്രജ്ഞയ്ക്കു ചേർന്ന പ്രകാരമുള്ള ഉത്തരം പറഞ്ഞു. നിങ്ങളും നിങ്ങളുടെ ബുദ്ധിക്ക് ഒത്തവിധം ചോദ്യത്തിന് ഉത്തരം പറയുവിന്‍! ധര്‍മ്മം കാണുന്നവന്‍ സഭയില്‍ സമാധാനം പറയുന്നില്ലെങ്കില്‍ പാപഫലത്തിന്റെ പകുതി അയാള്‍ക്കു കിട്ടും. ധര്‍മ്മം കാണുന്നവന്‍ അവന്റെ മനസ്സാക്ഷിക്കു വിരോധമായി പറഞ്ഞാലോ പാപത്തിന്റെ ഫലം മുഴുവന്‍ അയാള്‍ക്കു പറ്റും; തീര്‍ച്ചയാണത്. അതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു വരാറുള്ള ഒരു കഥ ഞാന്‍ പറയാം. പ്രഹ്ളാദനും അംഗിരസ്സു മഹര്‍ഷിയുടെ പുത്രനും തമ്മില്‍ ഉണ്ടായ സംവാദമാണത്.
പ്രഹ്ളാദന്‍ എന്ന ദൈത്യേന്ദ്രന്റെ പുത്രനാണ് വിരോചനന്‍. ഒരിക്കല്‍ അവന്‍ ആംഗിരസനായ സുധന്വാവിനോട് കന്യാര്‍ത്ഥമായി വഴക്കായി. അവര്‍ കന്യകയെ കിട്ടുവാനുള്ള ആഗ്രഹത്താല്‍, "ഞാന്‍ മേലെ, ഞാന്‍ മേലെ", എന്ന് എതിര്‍ത്തു. തമ്മില്‍ പ്രാണനെ പന്തയം വെച്ചു വാദിച്ചു. ഈ കാര്യത്തില്‍ പ്രഹ്ളാദനെ വിധികര്‍ത്താവാക്കാന്‍ രണ്ടുപേരും സമ്മതിച്ചു. അവര്‍ പ്രഹ്ളാദനോടു ചോദിച്ചു. ഈ ഞങ്ങളില്‍ ആരാണു ശ്രേഷ്ഠന്‍? വ്യാജം പറയരുത്.
അപ്പോള്‍ പ്രഹ്ളാദന്‍ ഭയപ്പെട്ട് താന്‍ എന്തു പറയേണ്ടൂ എന്നറിയാതെ സുധനന്വാവിനെ നോക്കി. വാസ്തവം. പറഞ്ഞാല്‍ തന്റെ പുത്രനായ വിരോചനന്റെ പ്രാണന്‍ നഷ്ടപ്പെടും.
ഈ സമയത്ത് സുധന്വാവ് യമദണ്ഡം പോലെ കത്തിജ്ജ്വലിക്കുന്ന രോഷത്തോടെ പ്രഹ്ളാദനോടു പറഞ്ഞു:
സുധനന്വാവു പറഞ്ഞു: ഹേ, പ്രഹ്ലാദ! നീ നുണ പറഞ്ഞാലും ഒന്നും മിണ്ടാതിരിക്കുകയാണെങ്കിലും ഇന്ദ്രന്‍ നിന്റെ തല വജ്രം കൊണ്ടു നുറുനൂറായി ഖണ്ഡിക്കും.
വിദുരന്‍ പറഞ്ഞു: സുധന്വാവിന്റെ വാക്കു കേട്ട് പ്രഹ്ളാദന്‍ ആലില പോലെ വിറച്ചു. സംശയ നിവാരണത്തിന്നായി കശ്യപ മഹര്‍ഷിയുടെ സമീപത്തെത്തി അദ്ദേഹത്തോടു ചോദിച്ചു.
പ്രഹ്ളാദന്‍ പറഞ്ഞു; ഭഗവാനേ, അങ്ങുന്ന് ദൈവവും ആസുരവും ബ്രാഹ്മണവുമായ ധര്‍മ്മങ്ങളെല്ലാം അറിയുന്നവനാണല്ലോ. ഹേ, മഹാഭാഗാ, എന്റെ ധര്‍മ്മസംശയം അങ്ങുകേട്ടാലും. ചോദിച്ചാല്‍ മിണ്ടാതിരിക്കുന്നതായാലും, അസത്യം പറഞ്ഞാലും അവന്‍ ഏതെല്ലാം പരലോകമാണ് സിദ്ധിക്കുക എന്നു കേട്ടാല്‍ കൊള്ളാം.
കാശ്യപന്‍ പറഞ്ഞു; കാമക്രോധഭയങ്ങളെ പിന്‍തുടര്‍ന്ന് അറിഞ്ഞു കൊണ്ടു മിണ്ടാതിരിക്കുന്നവന്‍ പാപിയാകുന്നു. അവന്റെ മെയ്യില്‍ ആയിരം വരുണപാശം വന്നു വീഴും. ഗോവിന്റെ കര്‍ണ്ണം പോലെ അങ്ങുമിങ്ങും തട്ടുന്ന വിധം മറുപടി പറയുന്നവന്റെ മെയ്യിലും ആയിരം വരുണപാശം വന്നുവീഴും. അവന്ന് ഒരാണ്ടുചെല്ലുമ്പോള്‍ ഒരു കയര്‍ അറ്റുപോകും. അതു കൊണ്ട് സത്യംഅറിയുന്നവന്‍ അതു മറച്ചുവെക്കാതെ പറയണം.
സഭയില്‍ അധര്‍മ്മത്താല്‍ പീഡിതരായവര്‍ ധര്‍മ്മം ആഗ്രഹിച്ച് അപേക്ഷിക്കുമ്പോള്‍ അവരുടെ ശല്യം തീര്‍ക്കാത്ത സദസ്യര്‍ അധര്‍മ്മത്തിന്റെ ദോഷഫലം അനുഭവിക്കും. പാപത്തില്‍ പകുതി സഭാനാഥനും, കാല്‍ഭാഗം ക്രിയ ചെയ്യുന്നവനും, ബാക്കി കാലംശം തെറ്റിനെ അറിഞ്ഞ് തെറ്റാണെന്നു പറയാത്ത സദസ്യര്‍ക്കും ലഭിക്കും. സഭാനാഥന്‍ നിര്‍ദ്ദോഷനായാല്‍ സദസ്യരും നിര്‍ദ്ദോഷവാന്മാരാകും. നിന്ദ്യനെ നിന്ദ ചെയ്താല്‍ പാപം കുറ്റക്കാരനില്‍ മാത്രമായിരിക്കും. ചോദിക്കുന്നവനോടു തെറ്റായി ധര്‍മ്മംവിട്ട് നുണപറയുകയാണെങ്കില്‍ അവന്‍ കീഴെയും മേലേയും ഏഴു തലമുറകളുടെ പുണൃഫലം നശിപ്പിക്കും. ധനം അപഹരിക്കപ്പെട്ടവന്റെ ദുഃഖം, പുത്രന്‍ ഹതനായവന്റെ ദുഃഖം, കടക്കാരന്റെ ദുഃഖം, സ്വാര്‍ത്ഥം കൈവിട്ടവന്റെ ദുഃഖം, രാജാവിനാല്‍ പിടക്കപ്പെട്ടവന്റെ ദുഃഖം, വേള്‍ക്കാത്ത സ്ത്രീയുടെ ദുഃഖം, മകനില്ലാത്ത സ്ത്രീകളുടെ ദുഃഖം, പുലിയുടെ വായില്‍പ്പെട്ടവന്റെ ദുഃഖം, സാക്ഷിയാല്‍ തോല്പിക്കപ്പെട്ടവന്റെ ദുഃഖം; ഈ ദുഃഖങ്ങളൊക്കെ തുല്യമായ തൂക്കമുള്ളവയാണെന്ന് ദേവന്മാര്‍ പറയുന്നു. അസത്യം പറയുന്നവന്‍, ഈ ദുഃഖങ്ങളൊക്കെ ഏൽക്കും. പ്രത്യക്ഷം കണ്ടവനും, കേട്ടവനും, അറിയുന്നവനും സാക്ഷിയാണ്. എന്നാൽ സത്യം പറഞ്ഞ സാക്ഷി ധര്‍മ്മാര്‍ത്ഥങ്ങളില്‍ നിന്നു ഭ്രഷ്ടനായി വരികയില്ല.
വിദുരന്‍ പറഞ്ഞു: കാശ്യപന്‍ പറഞ്ഞതു കേട്ട് പ്രഹ്ളാദന്‍ മകനോടു പറഞ്ഞു.
പ്രഹ്ളാദന്‍ പറഞ്ഞു; സുധന്വാവു നിന്നേക്കാള്‍ ശ്രേഷ്ഠനാണ്. എന്നേക്കാള്‍ ശ്രേഷ്ഠനാണ് അംഗിരസ്സ്. അപ്പോള്‍ അംഗിരസ പുത്രനായ സുധനന്വാവ് എന്റെ പുത്രനായ വിരോചനനേക്കാള്‍ മീതെയാണ്. നിന്റെ അമ്മയേക്കാള്‍ ശ്രേഷ്ഠയാണ് സുധന്വാവിന്റെ അമ്മയും. ഹേ, വിരോചനാ, സുധന്വാവ് ഈ വാദത്തില്‍ നിന്റെ പ്രാണന് ഉടമസ്ഥനായി തീര്‍ന്നിരിക്കുന്നു.
സുധന്വാവു പറഞ്ഞു: പുത്രസ്നേഹം വിട്ട് ഭവാന്‍ ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കുന്നതു കൊണ്ട് ഞാന്‍ പ്രീതനായിരിക്കുന്നു. അതു കൊണ്ട് ഞാന്‍ അനുവദിക്കുന്നു. നിന്റെ പുത്രന്‍ നൂറുവര്‍ഷം ജീവിച്ചിരിക്കട്ടെ.
വിദുരന്‍ പറഞ്ഞു: ഇപ്രകാരം, സദസ്യരേ, ഞാന്‍ പറഞ്ഞ ധര്‍മ്മം എന്തെന്നു കേട്ടുവല്ലോ? നിങ്ങള്‍ എന്തു ചിന്തിക്കുന്നു? എന്തുത്തരം കൃഷ്ണയുടെ ചോദ്യത്തിന് പറയുന്നു?
വൈശമ്പായനന്‍ പാഞ്ഞു: വിദുരന്റെ ഈ വാക്കുകള്‍ കേട്ടിട്ടും രാജാക്കാമാര്‍ ഒന്നും ഉത്തരം മിണ്ടിയില്ല. ദുശ്ശാസനനോടു കര്‍ണ്ണന്‍ വിളിച്ചു പറഞ്ഞു: എടോ. ആ ദാസിയെ കൊട്ടാരത്തിലേക്കു; കൊണ്ടു പോകു എന്ന്.
കര്‍ണ്ണന്റെ കല്പന കേട്ട് പേടിച്ചു വിറച്ച്, നാണിച്ചൊതുങ്ങി ഭര്‍ത്താക്കന്മാരെ നോക്കി മരണ യാതനയോടെ. അതിനേക്കാള്‍ കവിഞ്ഞ അപമാനത്തിന്റെ നീറലോടെ കരഞ്ഞ് അവരുടെ പേരു വിളിച്ചു വിലപിച്ചു നില്ക്കുന്ന ആ സാധ്വീ രത്നത്തെ, ദുശ്ശാസനന്‍ സഭാമദ്ധ്യത്തിലിട്ടു വലിച്ചു കൊണ്ടു പോകാന്‍ തുടങ്ങി.
69. ഭീഷ്മവാക്യം - ദ്രൗപദി പറഞ്ഞു: എടാ ദുഷ്ടാ! നരാധമനായ ദുശ്ശാസനാ! അല്പം ക്ഷമിക്കുക. എന്റെ ചോദൃത്തിന് മറുപടി കിട്ടിയിട്ടു വേണം ഞാന്‍ ഇനി എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കുവാന്‍. ഈ സദസ്സില്‍ സ്ഥിതി ചെയ്യുന്ന സകല കൗരവന്മാരേയും ഞാന്‍ വന്ദിക്കുന്നു! ഈ പെരും കൂറ്റന്‍ എന്നെ സഭയിലിട്ടു ശക്തിയായി വലിച്ചിഴയ്ക്കുകയാല്‍ ഞാന്‍ നിങ്ങളെ വന്ദിക്കുവാന്‍ മറന്നു പോയതില്‍ ക്ഷമിക്കണം!
വൈശമ്പായനൻ പറഞ്ഞു: ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ദുശ്ശാസനന്‍ പിടിച്ചു വലിക്കുകയാല്‍ ദ്രൗപദി നിലത്തു കമിഴ്‌ന്നടിച്ചു വീണു. അവിടെ വീണു കിടക്കുന്ന അവള്‍ ആ കിടപ്പില്‍ കിടന്ന് പലതും പറഞ്ഞു കരഞ്ഞു.
ദ്രൗപദി പറഞ്ഞു: സ്വയംവരക്കാലത്ത് വിവാഹവേദിയില്‍ വെച്ച് ആ ഒറ്റദിവസം മാത്രമേ എന്നെ മറ്റുള്ളവര്‍ക്കു കാണുവാന്‍ സാധിച്ചിട്ടുള്ളൂ. മറ്റൊരിടത്തു വെച്ചും എന്നെ അന്യരാരും കണ്ടിട്ടില്ല. ആ ഞാന്‍ ഇപ്പോള്‍ ഈ രാജസദസ്സില്‍ ഈ വിധം വീണു കിടക്കുമാറായി. എന്നെ എന്റെ ഗൃഹത്തില്‍ സൂര്യദേവനും വായുദേവനും കൂടി കാണുവാന്‍ കഴിഞ്ഞിട്ടില്ല. ആ ഞാന്‍ ഇന്ന് ഈ മഹാജനങ്ങളുടെ മദ്ധ്യത്തില്‍ ഈ നിലയില്‍ കാണുമാറായി. മുമ്പ് കാറ്റു വന്ന് ഈ എന്നെ സ്പര്‍ശിച്ചാല്‍ പോലും പൊറുക്കാത്ത പാണ്ഡവന്മാര്‍, ഈ ദുഷ്ടന്‍ എന്നെ പിടിച്ചു വലിക്കുന്നതു പൊറുക്കുന്ന നിലയിലെത്തി. പുത്രന്റെ പത്നി പുത്രി തന്നെയാണ്. അവളെ അനര്‍ഹമായി സ്പര്‍ശിക്കുന്നത് കൗരവശ്രേഷ്ഠന്മാരും പൊറുക്കുന്ന നിലയിലായി! ഈ കൗരവന്മാര്‍ മുഴുവന്‍ അവരുടെ ഈ സ്നുഷയെ, അവരുടെ ഈ പുത്രിയെ, അനര്‍ഹമായി ദ്രോഹിക്കുന്നതു കണ്‍മുമ്പില്‍ കണ്ടു കൊണ്ട് അടങ്ങി നില്ക്കുന്നു! കാലത്തിന്റെ മാറ്റം. നോക്കു! ഇതിലും കഷ്ടമെന്തുണ്ട്? ശുഭയും സുമംഗലിയും സതിയുമായ ഈ നാരിയെ സഭാമദ്ധ്യത്തില്‍ കയറ്റിയിരിക്കുന്നു! ഇതിലും അധികം നീചമായി എന്തുണ്ട്? പതിവ്രതകളെ സഭയില്‍ കയറ്റരുതെന്നത് പണ്ടുപണ്ടുള്ള ധര്‍മ്മാചാരമാണ്. സനാതനമായ ആ ധര്‍മ്മം ഇന്ന് കുരുക്കളില്‍ നശിച്ചു പോയിരിക്കുന്നു! പാണ്ഡവന്മാരുടെ ധര്‍മ്മപത്നി, പതിവ്രത, ദ്രുപദന്റെ കുമാരി, കൃഷ്ണന്റെ സഖി ഇങ്ങനെയുള്ള ഒരുവളെ ഈ രാജാക്കന്മാരുടെ സഭയിലേക്കു ബലമായി പിടിച്ചു കൊണ്ടു വന്നിരിക്കുന്നു! ഇങ്ങനെയുള്ളവള്‍, ധര്‍മ്മരാജാവിന്റെ സവര്‍ണ്ണോത്ഭവ പത്നിയായ ഞാന്‍, ദദസിയോ അദാസിയോ എന്ന് കൗരവന്മാര്‍ പറയട്ടെ! ഈ ക്ഷുദ്രന്‍ എന്നെ ദ്രോഹിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ മറുപടി തരാത്തതു മൂലമാണ് വളരെ നേരമായി ഈ ദുഷ്ടന്റെ ദ്രോഹം ഞാന്‍ ഏറ്റു കൊണ്ടിരിക്കുന്നത്. കുരുക്കളേ, എനിക്കു സഹിക്കുന്നില്ലല്ലോ! നിങ്ങള്‍ ഒന്നു പറയുവിന്‍! ഞാന്‍ ദാസിയോ അദാസിയോ? ജിതയോ അജിതയോ? ഒന്നു പറയുവിന്‍! ഞാന്‍ നിങ്ങളുടെ വിധി മാനിച്ചു കൊള്ളാം. അയ്യോ! പറയുവിന്‍!
ഭീഷ്മൻ പറഞ്ഞു: ഹേ, ശുഭേ, എനിക്കു പറയുവാനുള്ളത് ഞാന്‍ നിന്നെ അറിയിച്ചുവല്ലോ. ധര്‍മ്മത്തിന്റെ പരമമായ ഗതി അറിയുവാന്‍ ലോകത്തില്‍ വിജ്ഞന്മാര്‍ക്കു പോലും കഴിയുകയില്ല. ഇവിടെ ബലവാന്‍ ചെയ്യുന്നതൊക്കെ ധര്‍മ്മവും ദുര്‍ബ്ബലന്‍ ചെയ്യുന്നതൊക്കെ അധര്‍മ്മവുമായാണ് കണ്ടു വരുന്നത്. നിന്റെ ചോദ്യത്തിന് സമാധാനം പറയുവാന്‍ ഞാന്‍ അശക്തനാണ്. ഇക്കാര്യം സൂക്ഷ്മം മാത്രമല്ല, ഗഹനവുമാണ് ; ഗുരുവുമാണ്. ഒരു കാര്യം എനിക്കു പറയുവാന്‍ കഴിയും. അധികം വൈകാതെ ഈ വംശം നശിച്ചു വെണ്ണീറാകും. ഈ കാണുന്ന കൗരവന്മാരെല്ലാം ലോഭമോഹങ്ങള്‍ കൊണ്ട് അന്ധരാണ്. കുലീനരായ നിന്റെ ഭര്‍ത്താക്കന്മാര്‍ ഏറ്റവും വ്യസനികളായിട്ടും ധര്‍മ്മമാര്‍ഗ്ഗം വിടുന്നില്ല; ധര്‍മ്മത്തില്‍ നിന്നു വൃതിചലിക്കുന്നില്ല. നീയും ഇളകുന്നില്ല. പാഞ്ചാലപുത്രീ, നിനക്ക് ഈ നില ചേർന്നതു തന്നെ! കഷ്ടത്തില്‍പ്പെട്ടുഴന്നിട്ടും നീ ധര്‍മ്മം തെറ്റിക്കുന്നില്ലല്ലോ! ധര്‍മ്മചാരികളായ ദ്രോണര്‍ തുടങ്ങിയ വൃദ്ധജനങ്ങള്‍ ജീവന്‍ പോയ മാതിരി ചത്ത പോലെയുള്ള ദേഹത്തോടെയാണ് തലകീഴാക്കി ഇരിക്കുന്നത്. ഈ ചോദ്യത്തിന്റെ സമാധാനം പറയുവാന്‍ കഴിവുള്ള ഏകവ്യക്തി ധര്‍മ്മപുത്രനാണ് എന്നാണ് എന്റെ അഭിപ്രായം. നീ ദാസിയോ, അദാസിയോ, ജിതയോ, അജിതയോ എന്ന് ധര്‍മ്മപുത്രന്‍ പറയട്ടെ.
70. ഭീമവാക്യം - വൈശമ്പായനൻ പറഞ്ഞു: ദുഃഖിച്ചു വലഞ്ഞ്, അവമാനിതയായി, ആര്‍ത്തയായി കുരരി പോലെ, കൗരവരോടെല്ലാം ചോദ്യം ചെയ്തു കരയുന്ന ദ്രൗപദിയോട് ഭീഷ്മനൊഴികെ മറ്റാരും ദുര്യോധനനെ ഭയപ്പെട്ട് മറുപടി പറഞ്ഞില്ല. രാജാക്കന്മാരും അവരുടെ പുത്രന്മാരും പൗത്രന്മാരും മാനമവലംബിച്ചിരിക്കുന്നതു കണ്ട് ദുര്യോധനന്‍ പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: എടോ പാഞ്ചാലീ, ഭവതിയുടെചോദ്യത്തിന് നിന്റെ ഭര്‍ത്താക്കന്മാരായ ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍. സഹദേവന്‍ ഇവര്‍ മറുപടി പറയട്ടെ! യുധിഷ്ഠിരന്‍ അവരുടെ നാഥനല്ലെന്ന് അവര്‍ ഈ സഭാ മദ്ധ്യത്തില്‍ വെച്ച് നിനക്കു വേണ്ടി പറഞ്ഞാല്‍ ഭവതിയെ വിട്ടയയ്ക്കാം. അങ്ങനെ ധര്‍മ്മിഷ്ഠനും ഇന്ദ്രതുലൃനുമായ ധര്‍മ്മരാജാവ് സതൃവാനല്ലെന്ന് എല്ലാവരും അറിയട്ടെ! ഭവതിയുടെ ഭാഗ്യമില്ലാത്ത ഭര്‍ത്താക്കന്മാരെ ഓര്‍ത്ത് കുരുക്കള്‍ ഒന്നും ഉത്തരം പറയുന്നില്ല. മഹാത്മാക്കളായ കുരുക്കളൊക്കെ ഈ സദസ്സില്‍ നിന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നുണ്ടെങ്കിലും അവര്‍ നിര്‍ഭാഗൃരായ നിന്റെ ഭര്‍ത്താക്കന്മാരെ ഓര്‍ത്ത് ഒന്നും മിണ്ടുന്നില്ല. ധര്‍മ്മപുത്രന്‍ പറഞ്ഞാല്‍ രണ്ടിലൊന്ന് ഇപ്പോള്‍ തീര്‍ച്ചയാക്കാം.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് സദസ്യര്‍ ഉച്ചത്തില്‍ ദുര്യോധനനെ പ്രശംസിച്ചു. ശരി, നല്ല അഭിപ്രായം! ധര്‍മ്മോചിതം! എന്ന് ഒരിടത്ത് പ്രശംസാ വാക്യങ്ങള്‍ മുഴങ്ങുമ്പോള്‍ മറ്റൊരിടത്ത് ദയനീയമായ ആര്‍ത്തസ്വരം മുഴങ്ങി. ഒരിടത്ത് വസ്ത്രം വീശി ഭേഷ്, ഭേഷ് എന്ന പ്രശംസ; മറുവശത്ത് ഹാ! ഹാ! എന്ന ദീനരോദനം! ഭംഗിയേറിയ ദുര്യോധനോക്തി കേട്ട് കൗരവസദസ്സ് ഹര്‍ഷം കൊണ്ട് ഇളകി ഇരമ്പിമറിഞ്ഞു. എല്ലാവരും പ്രീതരായി. കുരുശ്രേഷ്ഠനായ ദുര്യോധനന്‍ ധര്‍മ്മജ്ഞന്‍ തന്നെ എന്നു വാഴ്ത്തപ്പെട്ടു.
ആ സദസ്സ് മുഴുവന്‍ പാണ്ഡവന്മാരുടെ നേരെ തിരിഞ്ഞു: ധര്‍മ്മരാജാവ് എന്തു പറയുന്നു? പോരില്‍ തോല്ക്കാത്ത അര്‍ജ്ജുനന്‍ എന്തു പറയുന്നു? ഭീമസേനന്‍ എന്തു പറയുന്നു? യമന്മാര്‍ എന്തു പറയുന്നു? എന്നുള്ള കൗതുകത്തോടെ അവര്‍ നോക്കിയിരിപ്പായി. സദസ്സില്‍ ആകെ ഒരു ഇരമ്പലുണ്ടായി. ആ ശബ്ദം ഒന്നു നിന്നപ്പോള്‍ ദിവ്യമായ ചന്ദനം ചാര്‍ത്തിയ കൈ പൊക്കി ഭീമന്‍ ഇപ്രകാരം പറഞ്ഞു.
ഭീമന്‍ പറഞ്ഞു മഹാനായ ധര്‍മ്മരാജാവ് ഞങ്ങളുടെ കുലത്തിന് ഗുരുവാണ്. അദ്ദേഹം ഞങ്ങളുടെ സ്വാമിയല്ലെങ്കില്‍ ഇവിടെ നടന്നതൊന്നും ഞങ്ങള്‍ പൊറുക്കുകയില്ലായിരുന്നു. ഞങ്ങളുടെയെല്ലാം സ്വാമിയാണ് ധര്‍മ്മരാജാവ്. ഞങ്ങളുടെ പുണ്യ തപോഫലങ്ങള്‍ക്കും ഞങ്ങളുടെ പ്രാണനും ഇദ്ദേഹം സ്വാമിയാണ്. ഇദ്ദേഹം തോറ്റതായി കരുതിയാല്‍ ഞങ്ങളും തോറ്റതു തന്നെ. ദ്രൗപദിയുടെ തലമുടി ചുറ്റിപ്പിടിച്ചവന്‍ ജീവനോടെ എന്റെ മുമ്പില്‍ ഇപ്പോഴും ഭൂമിയില്‍ കാലുകുത്തി നില്ക്കുന്നത് ഈ ഞാന്‍ എന്റെ ജേഷ്ഠന്റെ വശാനുവര്‍ത്തിയാകയാലാണ്. ഇരുമ്പുലക്ക പോലെ നീണ്ടതും ഉരുണ്ടതുമായ എന്റെ ബാഹുക്കളെ നോക്കുവിന്‍! ഈ കൈകള്‍ക്കിടയില്‍ കുടുങ്ങിയാല്‍ ദേവേന്ദ്രന്‍ പോലും വിട്ടു പോവുകയില്ല. ധര്‍മ്മപാശത്താല്‍ ബദ്ധനാകയാലും കുലഗൗരവം തടഞ്ഞതു കൊണ്ടും അര്‍ജ്ജുനന്‍ തടുത്തതു കൊണ്ടും ഈ സങ്കടമൊക്കെ ഞാന്‍ കടിച്ചിറക്കേണ്ടി വന്നു. ധര്‍മ്മരാജാവ് കല്പിക്കുകയാണെങ്കില്‍ ഈ പാപികളായ ധാര്‍ത്തരാഷ്ട്രന്മാരെ മുഴുവന്‍ സിംഹം ക്ഷുദ്രജന്തുക്കളെയെന്ന വിധം ഈ ഞാന്‍ എന്റെ കൈകള്‍ കൊണ്ട് ചതച്ചരച്ചുകളയും.
വൈശമ്പായനൻ പറഞ്ഞു: ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഭീമനോട് ഭീഷ്മനും ദ്രോണനും വിദുരനും ഒപ്പം പറഞ്ഞു, ക്ഷമിക്കു, ഭീമാ! ക്ഷമിക്കൂ! ആ പറഞ്ഞ കാര്യമൊക്കെയും ചെയ്യുവാന്‍ നിനക്കു കഴിയും എന്ന്.
71. ദ്രൗപദീവരലാഭം - കര്‍ണ്ണന്‍ പറഞ്ഞു: ഈ സദസ്സില്‍ സ്വതന്ത്രര്‍ മൂന്നു പേരാണ്. ഭീഷ്മൻ, വിദുരന്‍, ദ്രോണൻ ഇവരാണ് ആ മൂന്നു പേര്‍. ധര്‍മ്മോല്ലംഘനം എന്നതാണ് ഇവരുടെ ധര്‍മ്മം! ഇവര്‍ സ്വന്തമായ സ്വാമിയെ ദുഷ്ടാഗ്ര്യന്‍ എന്നു വിളിക്കുന്നു. തങ്ങളുടെ ശ്രേയസ്സിന് ചേരാത്ത പാപത്തെ കുസാത്തവരുമാണ് ഇവര്‍. മൂന്നു പേരാണ് നിര്‍ദ്ധനന്മാര്‍: ദാസന്‍, പുത്രന്‍, സ്വാതന്ത്ര്യമില്ലാത്ത പെണ്ണ്. ഇവര്‍ മൂന്നു പേരുമാണ് നിര്‍ദ്ധനന്മാര്‍. ദാസന്‍ വേട്ട സ്ത്രീയും അവന്റെ സ്വത്തും നാഥന്‍ ക്ഷയിച്ച് രാജാവിന് അടങ്ങുന്നു. എടോ പാഞ്ചാലീ, നീ ദാസിയായ നിലയ്ക്ക് ഇനി നിന്റെ സ്വാമി ദുര്യോധനനാണ് ; പാര്‍ത്ഥന്മാരല്ല. നീ പോയി ദുര്യോധന മഹാരാജാവിന്റെ പരിവാരങ്ങളോടു കൂടി ചേരുക. അതാണ് ഇനി നിനക്ക് ഉത്തമമായ മാർഗ്ഗം. ചൂതു കൊണ്ട് ദാസ്യം ഏല്‍ക്കാത്ത വിധം നീ മറ്റൊരു ധാര്‍ത്തരാഷ്ട്രനെ വരിക്കുക. ദാസീനിലയ്ക്ക് അതു തെറ്റായി ഭവിക്കയില്ല. ഭര്‍ത്താക്കന്മാരില്‍ സ്വേച്ഛ പോലെ ക്രമമായി പെരുമാറുന്നവളാണല്ലോ നീ. ഇനി നിനക്ക് അഞ്ചു പേരല്ല, നൂറു പേരാണ് ഭര്‍ത്താക്കന്മാര്‍. അവരില്‍ ക്രമമായി നീ കാമ്രകീഡ അനുഭവിച്ചു സുഖിക്കുക. ദാസിമാര്‍ക്ക് അതു ചേരും. നകുലന്‍, ഭീമന്‍, അര്‍ജ്ജുനന്‍, സഹദേവന്‍, യുധിഷ്ഠിരന്‍ ഇവരൊക്കെ തോറ്റു പോയി. നീ തീര്‍ച്ചയായും ഈ നിലയ്ക്കു ദാസി തന്നെയാണ്. നീ ഭര്‍ത്താക്കന്മാര്‍ക്ക് അധീനയായ നിലയ്ക്കു ദാസിയായി. ജനനം കൊണ്ടുള്ള യോഗ്യതയെപ്പറ്റി ഇനി ചിന്തിച്ചിട്ട് കാര്യമില്ല. പരാക്രമവും, വീര്യവുമൊക്കെ വെറുതെ എന്നു കരുതിയാണല്ലോ പൃഥയുടെ മകന്‍ സഭയില്‍ ചുതില്‍ പാഞ്ചാലിയേയും പണയം വെച്ചു കളിച്ചത്.
വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്റെ പുലഭ്യ വാക്കുകള്‍ കേട്ട്. അത്യമര്‍ഷനായ ഭീമന്‍ അസഹ്യമായ നിലയില്‍ നിന്നു നിശ്വസിച്ചു. ധര്‍മ്മത്തിന്റെ പാശത്താല്‍ ബദ്ധനായ ആ ധര്‍മ്മാനുഗന്‍ കോപത്താല്‍ രക്താക്ഷനായി ജ്യേഷ്ഠനെ ചുട്ടു ദഹിപ്പിക്കുന്ന വിധം ഒരു നോട്ടം നോക്കി.
ഭീമന്‍ പറഞ്ഞു: ഞാന്‍ സൂതപുത്രനോട് എന്തിന് കോപിക്കുന്നു? ഹേ, രാജാവേ, ഞാന്‍ ദാസന്റെ ധര്‍മ്മത്തില്‍ നിന്നു കൊള്ളാം. അങ്ങുന്ന് ഇവളെ പണയം വെച്ചിരുന്നില്ലെങ്കില്‍ എന്നെ നോക്കി ഇങ്ങനെ ഈ ശത്രുക്കള്‍ ചൊല്ലുവാന്‍ ധൈര്യപ്പെടുമോ? ഞാന്‍ അതൊക്കെ ഭവാന്റെ പ്രവൃത്തി മൂലം കേള്‍ക്കേണ്ടി വന്നു.
വൈശമ്പായനൻ പറഞ്ഞു; ഭീമസേനന്‍ പറഞ്ഞതു കേട്ട് യുധിഷ്ഠിരന്‍ തൂണു പോലെ നിന്നു! അപ്പോള്‍ ദുര്യോധനന്‍ യുധിഷ്ഠിരനെ നോക്കി പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: ഹേ! യുധിഷ്ഠിരാ, നിന്റെ സഹോദരന്മാരെല്ലാം നിന്റെ വശവര്‍ത്തികളാകയാല്‍ അവരുടെ അഭിപ്രായം പരിഗണിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ഭീമനും, അര്‍ജ്ജുനനും, യമന്മാരും നിന്റെ ചൊല്പടിയില്‍ നില്ക്കുന്ന നിലയക്ക് ഇനി നിന്റെ അഭിപ്രായം മാത്രമേ അറിയേണ്ട കാര്യമുള്ളൂ. നീ പറയൂ, പാഞ്ചാലി ജിതയായില്ലെങ്കില്‍ പറയു, അവള്‍ ദാസിയോ അദാസിയോ എന്ന്.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മജനോടു പറഞ്ഞ് ഐശ്വര്യ മദത്താല്‍ മോഹിതനായ ആ ധാര്‍ത്തരാഷ്ട്രന്‍, ഭീമസേനന്‍ പറഞ്ഞതിന് തക്ക ധിക്കാരമെന്ന നിലയ്ക്ക് പാഞ്ചാലിയെ പുഞ്ചിരിയോടെ നോക്കിക്കൊണ്ട് താന്‍ ഉടുത്തിരിക്കുന്ന വസ്ത്രം നീക്കി, തുമ്പിക്കരം പോലെ നീണ്ടുരുണ്ട്, കദളി വാഴത്തണ്ടു പോലെ മനോഹരമായി, വജ്രം പോലെ കഠിനമായി, ലക്ഷണമൊത്തു ശോഭിക്കുന്ന ഇടത്തേത്തുട പാഞ്ചാലി നോക്കി നില്ക്കേ നഗ്നമായി കാണിച്ച്, തുടയില്‍ തട്ടിക്കൊണ്ട്, ഭീമസേനന്റെ മുഖത്തു നോക്കി, വിജയ ഭാവത്തില്‍ ചിരിച്ചു. ഇതു കണ്ടപ്പോള്‍ കത്തിജ്ജ്വലിക്കുന്ന കോപത്തോടെ താമ്രാക്ഷനായി കണ്ണുരുട്ടി ആ സഭ മുഴുവന്‍ മാറ്റൊലിക്കൊള്ളുമാറു ഗര്‍ജ്ജിച്ചു കൊണ്ട് ഭീമന്‍ പറഞ്ഞു.
ഭീമന്‍ പറഞ്ഞു: എടാ ദുര്യോധനാ! യുദ്ധത്തില്‍ നിന്റെ ഈ തുട ഞാന്‍ എന്റെ ഗദ കൊണ്ട് അടിച്ചുടയ്ക്കാതിരുന്നാൽ എനിക്കു പിത്യലോകം ലഭിക്കാതെ പോകട്ടെ!
വൈശമ്പായനൻ പറഞ്ഞു: ക്രോധംനിറഞ്ഞ ഭീമന്‍ ഇപ്രകാരം ശപഥം ചെയ്യുമ്പോള്‍ അവന്റെ സര്‍വ്വസ്രോതസ്സുകളില്‍ നിന്നും, തീപിടിച്ച മരത്തിന്റെ പൊത്തുകളില്‍ നിന്നെന്ന പോലെ അഗ്നിജ്വാല പുറപ്പെട്ടു.
വിദുരന്‍ പറഞ്ഞു; ഹേ! പ്രതീപാന്വയ ജാതന്മാരായ രാജാക്കന്മാരേ! നിങ്ങളെല്ലാം ഭീമനില്‍ നിന്നു രക്ഷ കിട്ടുവാനുള്ള മാര്‍ ആരാഞ്ഞു കൊള്ളുവിന്‍! ദൈവം മുമ്പേ തീരുമാനിച്ചതാണ് ഇതെല്ലാം. എന്നിട്ടാണ് ഭാരതന്മാര്‍ ഈ ദുര്‍ന്നയത്തിന് ഒരുങ്ങിയത് എന്നുള്ളതില്‍ സംശയമില്ല! ധാര്‍ത്തരാഷ്ട്രന്മാര്‍ മര്യാദ ലംഘിച്ച് ചൂതാടി. ഒരു സ്ത്രീയെപ്പറ്റി മഹാസദസ്സിലിരുന്നു വാദിക്കുന്നു! ധര്‍മ്മത്തെ അതിലംഘിച്ച് സഭായോഗക്ഷേമം ദുഷിപ്പിച്ചു മുടിച്ചു കളഞ്ഞു. ദുര്‍മന്ത്രമാണ് കുരുക്കള്‍ ചെയ്യുന്നത്. ധര്‍മ്മം ദുഷിച്ചാല്‍ സഭയും ദുഷിച്ചതു തന്നെ! യുധിഷ്ഠിരന്‍ തോല്ക്കുന്നതിന് മുമ്പാണ് ഇവളെ പണയം വെച്ചിരുന്നതെങ്കില്‍ പണയം സാധുവാകുമായിരുന്നു. അടിമയായവനില്‍ നിന്ന് കിട്ടുന്ന പണയ വസ്തു സ്വപ്നത്തില്‍ കിട്ടുന്ന ധനം പോലെ അനുഭവയോഗ്യമാകയില്ല. ഗാന്ധാര രാജാവായ ശകുനിയുടെ വാക്കു കേട്ട് കുരുക്കളേ, നിങ്ങള്‍, ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നു തെറ്റരുത്.
ദുര്യോധനന്‍ പറഞ്ഞു; ഭീമാര്‍ജ്ജുനന്മാരും നകുല സഹദേവന്മാരും പറയട്ടെ, യുധിഷ്ഠിരന്‍ തങ്ങളുടെ സ്വാമിയല്ല എന്ന്. എന്നാൽ പാഞ്ചാലിയുടെ ദാസ്യത്തെ ഒഴിവാക്കാം.
അര്‍ജ്ജുനന്‍ പറഞ്ഞു: മഹാത്മാവായ യുധിഷ്ഠിരന്‍ചൂതിന് മുമ്പ് പാണ്ഡവന്മാരുടെയെല്ലാം സ്വാമി തന്നെയാണ്. എന്നാൽ അദ്ദേഹം പരാജിതനായതില്‍ പിന്നെ ആരുടെയെങ്കിലും സ്വാമിയാണോ എന്നു കൗരവന്മാര്‍ തന്നെ പറയട്ടെ!
കാര്യങ്ങള്‍ ഒരു തീരുമാനത്തിലുമെത്താതെ ധര്‍മ്മത്തിന്റെ സുക്ഷ്മാവസ്ഥയെക്കുറിച്ച് ഇത്തരം വാദപ്രതിവാദം നടന്നു കൊണ്ടിരിക്കെ, ധൃതരാഷ്ട്രന്റെ കൊട്ടാരത്തില്‍ ഭയങ്കരമായ ദുശ്ശകുനങ്ങളുണ്ടായി.
വൈശമ്പായനൻ പറഞ്ഞു: ആ സമയത്ത് പവിത്രമായ അഗ്നിഹോത്ര സ്ഥാനത്തു കുറുക്കന്മാര്‍ കയറി ഓരിയിട്ടു. അതോടൊപ്പം അസംഖ്യം കഴുതകള്‍ കരഞ്ഞു. ശവം തീനികളായ കഴുകന്മാര്‍ ചുറ്റിപ്പറന്നു. ആ ഘോരശബ്ദങ്ങള്‍ വിദുരനും ഗാന്ധാരിയും കേട്ടു നടുങ്ങി പോയി. ഭീഷ്മനും ദ്രോണനും കൃപനും ഉച്ചത്തില്‍ "സ്വസ്തി! സ്വസ്തി!" എന്നു പറഞ്ഞു. വിദുരനും ഗാന്ധാരിയും ശോകാര്‍ത്തരായി ധൃതരാഷ്ട്രനെ സംഭവമറിയിച്ചു. ഘോരമായ ഉത്പാതങ്ങള്‍ ഉണ്ടായിരിക്കുന്നു എന്ന വര്‍ത്തമാനം കേട്ട് ധൃതരാഷ്ട്രന്‍ ഭയചകിതനായി.
ധൃതരാഷ്ട്രന്‍ പറഞ്ഞു; എടാ ദുര്യോധനാ! നീ നിന്റെ ദുര്‍ബുദ്ധി കൊണ്ടു നശിച്ചു. എടാ, ദുര്‍വ്വിനീതാ! കുരുശ്രേഷ്ഠന്മാര്‍ നിറഞ്ഞിരിക്കുന്ന സദസ്സില്‍ വെച്ചോ നീ സ്ത്രീയെക്കുറിച്ചു തര്‍ക്കിക്കുന്നത്? വിശേഷിച്ചും ദ്രൗപദീ ദേവിയെക്കുറിച്ച് തര്‍ക്കിക്കുന്നത്?
വൈശമ്പായനൻ പറഞ്ഞു: എന്നു ദുര്യോധനനെ ശാസിച്ച ശേഷം ബുദ്ധിമാനായ ധൃതരാഷ്ട്രന്‍ ബുദ്ധിക്ഷയം വെടിഞ്ഞ് ഹിതത്തെ അഭിലഷിച്ച് പാഞ്ചാലിയെ സാന്ത്വനം ചെയ്ത് ആലോചനയ്ക്കൊത്ത വിധം ഇപ്രകാരം പറഞ്ഞു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: പാഞ്ചാലീ, നീ എന്റെ വധുക്കളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠയും ഏറ്റവും ധര്‍മ്മിഷ്ഠയും സാധ്വിയുമാണ്. നീ എന്നോട് ഇഷ്ടമായ വരം വാങ്ങുക.
ദ്രൗപദി പറഞ്ഞു; ഭരതര്‍ഷഭാ! അങ്ങ് എനിക്കു വരം തരികയാണെങ്കില്‍ ഞാന്‍ സ്വീകരിക്കാം. ശ്രീമാനും ധര്‍മ്മിഷ്ഠനുമായ യുധിഷ്ഠിരന്‍ അദാസനാകണമെന്നു ഞാന്‍ അഭൃര്‍ത്ഥിക്കുന്നു. എന്റെ മകനായ പ്രതിവിന്ധ്യനെ നോക്കി അറിവില്ലാത്ത കിടാങ്ങള്‍ ഇവന്‍ ദാസപുത്രനാണ് എന്നു പറയാതിരിക്കണമെന്നാണ് എന്റെ ആഗ്രഹം. മുമ്പെ മറ്റൊരുത്തര്‍ക്കും ഒക്കാത്ത വിധം രാജപുത്രനായി രാജലാളിതനായി ജീവിച്ച അവന് ദാസപുത്രത്വം ചേരുന്നതല്ല.
ധൃതരാഷ്ട്രന്‍ പറഞ്ഞു: കല്യാണീ! നീ പ്രാര്‍ത്ഥിച്ച പോലെ ഞാന്‍ വരം നല്കിയിരിക്കുന്നു. രണ്ടാമതും ഒരു വരം ഞാന്‍ നിനക്ക് നല്കാം ഭദ്രേ! അതും നീ വരിക്കുക. ഒരു വരം കൊണ്ടു മാത്രം ഞാന്‍ തൃപ്തനാകുന്നില്ല. വരിക്കുക.
ദ്രൗപദി പറഞ്ഞു: രഥങ്ങളോടും ആയുധങ്ങളോടും കൂടി ഭീമാര്‍ജ്ജുനന്മാരും നകുലസഹദേവന്മാരും ദാസ്യത്തില്‍ നിഒന്നൊഴിഞ്ഞ് സ്വതന്ത്രരാകുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: അങ്ങനെ ഭവിക്കട്ടെ, മഹാഭാഗേ! മകളേ, നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ! മൂന്നാമതും വരം വാങ്ങുക! രണ്ടു വരം കൊണ്ടും ഞാന്‍ തൃപ്തനാകുന്നില്ല. നീ എന്റെ സ്നുഷകളില്‍ സര്‍വ്വശ്രേഷ്ഠയായ ധര്‍മ്മചാരിണിയാണ്.
ദ്രൗപദി പറഞ്ഞു; ലോഭം ധര്‍മ്മത്തെ നശിപ്പിക്കും. അതിന് ഞാന്‍ ഒരുങ്ങുന്നില്ല. മൂന്നാമതും വരം വാങ്ങുന്നതിന് ഞാന്‍ അയോഗ്യയാണ്. വൈശ്യന് ഒരു വരം ക്ഷത്രിയസ്ത്രീകള്‍ക്ക് രണ്ടുവരം, മൂന്നു രാജാക്കള്‍ക്ക്. ബ്രാഹ്മണന് നൂറു വരം. ഇങ്ങനെയാണല്ലോ ശാസ്ത്രോക്തം. രാജാവേ, നിയമം അതിലംഘിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഷ്ടത്തില്‍ പെട്ട എന്റെ ഭര്‍ത്താക്കന്മാര്‍, സല്‍ക്കര്‍മ്മങ്ങള്‍ മൂലം ശ്രേയസ്സു നേടാന്‍ സ്വയം പ്രാപ്തരാകും.
72. ഭീമക്രോധം - കര്‍ണ്ണന്‍ പറഞ്ഞു: ഈ ലോകത്തില്‍ നാം കേട്ട സുന്ദരികളില്‍ ഒരുത്തി പോലും ഇപ്രകാരം ഒരു മഹല്‍കൃത്യം ചെയ്തതായി ഞാന്‍ കേട്ടിട്ടില്ല. ക്രോധാവേശം പാണ്ഡവന്മാര്‍ക്കും ധാര്‍ത്തരാഷ്ട്രന്മാര്‍ക്കും ഏറ്റപ്പോള്‍ പാണ്ഡവന്മാര്‍ക്ക് ഈ ദ്രുപദ രാജപുത്രിയായ കൃഷ്ണയാണ് ശാന്തി നൽകിയത്. തോണിയില്ലാതെ അതൃഗാധമായ സമുദ്രത്തില്‍ താണു മുങ്ങുമ്പോള്‍ പാഞ്ചാലി കരകയറ്റുന്ന തോണിയായി തീര്‍ന്നു പാണ്ഡവന്മാര്‍ക്ക്.
വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട് ഭീമന്‍ അമര്‍ഷത്തോടും മനോവേദനയോടും കൂടി പറഞ്ഞു.
ഭീമന്‍ പറഞ്ഞു: എന്ത്! പാണ്ഡവന്മാര്‍ക്ക് സ്ത്രീയോ ഗതി? പുരുഷന് മൂന്നു തേജസ്സുണ്ടെന്നാണ് ദേവലന്‍ പറഞ്ഞിട്ടുള്ളത്. അപത്യം, കര്‍മ്മം, വിദ്യ ഈ മൂന്നിലുമാണ് പ്രജാസ്യഷ്ടി. മൃതദേഹം അശുദ്ധമായി ഉപേക്ഷിക്കപ്പെടുമ്പോള്‍ മുന്‍പറയപ്പെട്ട തേജസ്സ് പുരുഷന് പരലോകയാത്രയില്‍ ഉപകരിക്കുന്നു. ആ തേജസ്സ് നമ്മുടെ ദാരങ്ങളെ അന്യന്‍ ബലാല്‍ സ്പര്‍ശിക്കയാല്‍ കെട്ടു പോയിരിക്കുന്നു. അന്യന്‍ നമ്മുടെ ഭാര്യയെ ബലാല്‍ സ്പര്‍ശിക്കുകയാല്‍ നമ്മിലുള്ള തേജസ്സുകള്‍ ദുഷിച്ചു പോയിരിക്കുന്നു! എടോ ധനഞ്ജയാ! നീ പറയു, പരപുരുഷനില്‍ നിന്നുണ്ടായ സന്താനം എങ്ങനെ സഹായിയാകുമെന്ന്.
അര്‍ജ്ജുനന്‍ പറഞ്ഞു: ജ്യേഷ്ഠാ! നീചന്മാര്‍ പറയുന്ന പരുഷവാക്കുകള്‍ക്ക് പുരുഷ ശ്രേഷ്ഠന്മാർ മറുപടി കൊടുക്കുവാന്‍ പാടില്ല. ആ വാക്കുകള്‍ കേട്ടില്ലെന്നു വെയ്ക്കുന്നതാണ് ഉത്തമം. വൈരം ചെയ്താലും അവര്‍ സുകൃതത്തെ ഓര്‍ത്ത് അടങ്ങുന്നു.
ഭീമന്‍ പറഞ്ഞു: ഈ സഭയില്‍ വെച്ചു തന്നെ ഞാന്‍ ഈ ശത്രുക്കളെ മുഴുവന്‍ മുടിച്ചേക്കാം. അല്ലെങ്കില്‍ പുറത്തു കടന്നു സമൂലം നശിപ്പിക്കാം. വെറുതെ തര്‍ക്കിച്ചു നില്ക്കുന്നതെന്തിന്? വല്ലതും പറഞ്ഞു നില്ക്കേണ്ടവരല്ല നാം. ഞാന്‍ ഈ ദുഷ്ടന്മാരെ കൂട്ടത്തോടെ നശിപ്പിക്കട്ടെ ചേട്ടാ, അങ്ങ് എനിക്ക് അതിന് അനുവാദം തരിക.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് ഭീമസേനന്‍ യുധിഷ്ഠിരന്റെ അനുജ്ഞയ്ക്കു കാത്തു നിന്നു. ആ വീരന്‍ നകുല സഹദേവന്മാരോടു കൂടി സിംഹം മാന്‍കൂട്ടത്തിലേക്ക് എന്നവിധം വീണ്ടും വീണ്ടും ചുറ്റുപാടും ദൃഷ്ടി അയച്ചു ചാടി വീഴുവാന്‍ ഭാവിക്കുന്ന വിധം നിന്നു. എത്ര ദുഷ്കരമായ കര്‍മ്മവും അനായാസേന ചെയ്യുവാന്‍ കഴിവുള്ളവനായ അര്‍ജ്ജുനന്‍ സമാശ്വസിപ്പിക്കുമ്പോള്‍ ഭീമന്‍ ഉള്ളു ചുട്ടു വിയര്‍ത്ത് അടങ്ങി നിന്നു. കോപം കൊണ്ട് അവന്റെ കര്‍ണ്ണാദി സ്രോതസ്സുകളില്‍ നിന്നു പുകയും തീപ്പൊരിയുമായി അഗ്നി ജ്വലിച്ചു. കോപം കൊണ്ടു ഭയാനകമായി. ഭ്രുകുടീകടുദുഷ്പ്രേക്ഷ്യമായ അവന്റെ മുഖം പ്രളയകാലാന്തകന്റെ മുഖം പോലെ തീവ്രമായി ജ്വലിച്ചു മഹാബാഹുവും ശക്തനുമായ ഭീമനെ യുധിഷ്ടിരന്‍ "അരുത്! അടങ്ങുക!", എന്നു കൈ കൊണ്ടു തടഞ്ഞു! ക്രോധരക്താക്ഷനായ ഭീമനെ തടഞ്ഞതിന്നു ശേഷം ധൃതരാഷ്ട്രന്റെ അരികെ ചെന്നു യുധിഷ്ടിരന്‍ കൈകൂപ്പി.
73. യുധിഷ്ഠിരഗമനം - യുധിഷ്ഠിരന്‍ പറഞ്ഞു: മഹാരാജാവേ, അവിടുത്തെ പുത്രന്‍ യുധിഷ്ഠിരന്‍ ഇതാ നില്ക്കുന്നു. അങ്ങയാണ് ഞങ്ങളുടെ സ്വാമി. ഞങ്ങള്‍ ചെയ്യേണ്ടതെന്തെന്ന് അങ്ങ് ആജ്ഞാപിച്ചാലും.
ധൃതരാഷ്ട്രന്‍ പറഞ്ഞു: മകനേ! നീ അജാതശത്രുവാണ്! നിനക്കു മംഗളമുണ്ടാകട്ടെ. നീ കുണ്ഠിതം കളഞ്ഞു പൊയ്ക്കൊള്ളുക! ഞാന്‍ ആജ്ഞാപിക്കുന്നു. നിങ്ങള്‍ സര്‍വ്വധനങ്ങളോടും കൂടെ സ്വന്തം രാജ്യം ഭരിച്ച് സസുഖം വാഴുക! വൃദ്ധനായ എന്റെ ശാസനം നിന്റെ ഉള്ളില്‍ ഇരിക്കണം. ഞാന്‍ പറയുന്നതൊക്കെ പത്ഥ്യവും ഏറ്റവും ശ്രേയസ്കരവുമാണ്. യുധിഷ്ഠിരാ, ഉണ്ണീ, നീ ധര്‍മ്മത്തിന്റെ സൂക്ഷ്മമായ ഗതി കണ്ടവനാണ്. ബുദ്ധി എവിടെയുണ്ടോ അവിടെ ശാന്തിയുണ്ടാകും. കല്ലില്‍ ശസത്രം ഏല്ക്കില്ല; മരത്തില്‍ ഏല്ക്കും. അന്യന്റെ ദ്വേഷം കാണരുത്. ആരിലും ദോഷം കരുതരുത്. ഗുണങ്ങള്‍ കാണണം. ഇതൊക്കെ ഉത്തമനായ പുരുഷന്റെ ലക്ഷണമാണ്. വൈരം ചെയ്താലും അവന്‍ സുകൃതത്തെ മാത്രമേ ചിന്തിക്കയുള്ളു. സജ്ജനങ്ങള്‍ നിസ്വാര്‍ത്ഥന്മാരാണ്. അവര്‍ പകവീട്ടുവാന്‍ ഒരുങ്ങുകയില്ല. പരുഷവാക്കു പറയുന്നവര്‍ നരാധമന്മാരാണ്. ഇങ്ങോട്ടും പരുഷ വാക്കു പറയുന്നവര്‍ മദ്ധ്യമന്മാരാണ്. പരുഷവാക്ക് അഹിതമായി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അതിന് പ്രത്യുത്തരം ഉത്തമന്മാര്‍ പറയാറില്ല. വൈരം ഇങ്ങോട്ടു ചെയ്താലും അങ്ങോട്ടു വൈരം ചെയ്യാതെ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന കാര്യബോധമുള്ളവരാണ് സജ്ജനങ്ങള്‍. പ്രിയദര്‍ശനന്മാരായ സാധുക്കള്‍ ലോക മര്യാദ അതിലംഘിക്കുകയില്ല. ശ്രേഷ്ഠനായ നീ സഭയില്‍ വെച്ച് മര്യാദ ലംഘിക്കാതെ വര്‍ത്തിച്ചു. ദുര്യോധനന്‍ ചെയ്ത പാരുഷ്യങ്ങള്‍ നീ മനസ്സില്‍ വെക്കരുത്. ഗാന്ധാരിയായ അമ്മയേയും അപ്രകാരം തന്നെ ഗുണകാംക്ഷയോടു കൂടിയ ഈ വൃദ്ധനായ കുരുടനേയും നീ ചിന്തിക്കണം. വെറും കാഴ്ചയ്ക്കു വേണ്ടി മാത്രമാണ് ചൂതു നടത്തിയത്. അതു കൊണ്ട് ഞാന്‍ അതില്‍ ഉദാസീനനായി ഇരുന്നു. മിത്രങ്ങളെ കാണുവാനും പുത്രന്മാരുടെ ബലം അറിയുവാനും മാത്രം ഒരു വിനോദമെന്ന നിലയ്ക്കു മാത്രമാണ് ചൂതു നടത്തിയത്. ഹേ, യുധിഷ്ഠിരാ, നീ രാജ്യം ഭരിക്കുമ്പോള്‍ കൗരവര്‍ക്കു യാതൊരു ദുഃഖവും സംഭവിക്കുകയില്ല. മന്ത്രിയായ വിദുരന്‍ ധീമാനും സര്‍വ്വശാസ്ത്ര വിശാരദനുമാണ്. നിന്നില്‍ ധര്‍മ്മവും, പാര്‍ത്ഥനില്‍ ധൈര്യവും, ഭീമനില്‍ പരാക്രമവും, പുരുഷവ്യാഘ്രരായ യമന്മാരില്‍ ശ്രദ്ധയും ഗുരു ശുശ്രൂഷയും വിളങ്ങുന്നു. അജാത ശത്രുവായ മകനേ, നീ ശുഭമായ ഇന്ദ്രപ്രസ്ഥത്തിലേക്കു പൊയ്ക്കൊള്ളുക! ഭ്രാതാക്കളോട് ( കൗരവരോട് ) സ്നേഹത്തോടു കൂടി ധര്‍മ്മം ചിന്തിച്ചു ജീവിക്കുക!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭാരത ശ്രേഷ്ഠനും ധര്‍മ്മരാജാവുമായ യുധിഷ്ഠിരന്‍ ധൃതരാഷ്ട്രന്റെ ഉപദേശം കേട്ട് ആശീര്‍വ്വാദം സ്വീകരിച്ച്, സഹോദരന്മാരോടും പാഞ്ചാലിയോടും കൂടി കാര്‍മേഘം പോലുള്ള രഥങ്ങളില്‍ കയറി, സന്തുഷ്ടരായി ഇന്ദ്രപ്രസ്ഥത്തിലേക്കു പോയി.
അനുദ്യൂതപര്‍വ്വം
74. യുധിഷ്ഠിരപ്രത്യാനയനം - ജനമേജയൻ പറഞ്ഞു: രത്നങ്ങളോടു കൂടി പാണ്ഡവന്മാരെ സ്വതന്ത്രരാക്കി, പോകുവാന്‍ അനുവദിച്ചതു കണ്ടപ്പോള്‍ ധൃതരാഷ്ട പുത്രന്മാരുടേയും കൂട്ടുകാരുടേയും മനോഗതം എന്തായിരുന്നു?
വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്രടന്‍ അവര്‍ക്കു പോകുവാന്‍ അനുവാദം കൊടുത്ത ഉടനെ ദുശ്ശാസനന്‍ ദുര്യോധനന്റെ സമീപത്തേക്കു ചെന്നു. അപ്പോള്‍ ദുര്യോധനന്‍ മന്ത്രിമാരോടു കൂടി ഇരിക്കുകയായിരുന്നു. അവന്‍ ദുഃഖത്തോടെ തന്റെ ജ്യേഷ്ഠനോടു പറഞ്ഞു.
ദുശ്ശാസനന്‍ പറഞ്ഞു: നാം കഷ്ടപ്പെട്ടു നേടിയ ധനമൊക്കെ ആ കിഴവന്‍ കളഞ്ഞു കുളിച്ചു. ശത്രുക്കള്‍ക്കു മടക്കിക്കൊടുത്ത ആ ദ്രവ്യം വീണ്ടെടുക്കണം. അല്ലാതെ വെറുതെ വിട്ടു കൊടുത്തുകൂടാ, മഹാരഥന്മാരേ!
വൈശമ്പായനൻ പറഞ്ഞു ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നീ പാണ്ഡവ വിരോധികള്‍ എല്ലാം ഒന്നിച്ച് വൈചിത്രൃവീര്യനായ ധൃതരാഷ്ട്ര രാജാവിനെ ചെന്നു കണ്ട് ഇപ്രകാരം ഭംഗിയായി പറഞ്ഞു.
ദുര്യോധനന്‍ പറഞ്ഞു: ശത്രുസൂദനനായ രാജാവേ, ഭവാന്‍ ഈ ചെയ്തതു ശരിയായില്ല. പണ്ട് ദേവാചാര്യനായ ബൃഹസ്പതി ശക്രനോടു പറഞ്ഞ നീതി ഭാഷിതം ഭവാന്‍ കേട്ടിട്ടില്ലേ? ശത്രുക്കള്‍ വധിക്കപ്പെടേണ്ടവരാണ്. എല്ലാവിധ ഉപായവും അവരോടു പ്രയോഗിക്കാം. മുമ്പേ പോരില്‍ അങ്ങയ്ക്കു കടുത്ത അഹിതം ചെയ്തവരാണല്ലോ അവര്‍. ഞങ്ങള്‍ ചൂതില്‍ നേടിയെടുത്ത പാണ്ഡവന്മാരുടെ ധനം കൊണ്ടു രാജാക്കളെ സൽക്കരിച്ച്, ആ രാജാക്കളുടെ സഹായത്തോടു കൂടി പാണ്ഡവന്മാരോടു പൊരുതുകയാണെങ്കില്‍ അതില്‍ എന്തായിരുന്നു വൈഷമ്യം? ക്രോധത്തോടെ കൊല്ലുവാന്‍ പത്തി വിരിച്ചു വരുന്ന സര്‍പ്പത്തെ ആരെങ്കിലും കഴുത്തില്‍ അണിയുമോ? ശസ്ത്രമെടുത്തു ക്രോധത്തോടെ തേരില്‍ക്കയറി പാണ്ഡവന്മാര്‍ ചീറുന്ന സര്‍പ്പങ്ങളെ പോലെ സകലരേയും കൊന്നു കളയും. ആവനാഴിയും ഗാണ്ഡീവവും എടുത്ത് പാര്‍ത്ഥന്‍ സന്നദ്ധനായി, വിജ്യംഭിതനായി, നമ്മളെ വീണ്ടും വീണ്ടും നോക്കുന്നു. തടിച്ച ഗദയും കൈയിലെടുത്തു തന്റെ രഥത്തില്‍ക്കയറി കോപത്തോടെയാണ് വൃകോദരന്‍ പോയതെന്ന് ഞങ്ങള്‍ കേള്‍ ക്കുന്നു. നകുലന്‍ വാളും പരിചയുമെടുത്തു. തന്റെ ഭാവം മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തിയാണ് രാജാവും സഹദേവനും പോയത്. നാനാശസ്ത്രങ്ങളോടു കൂടി തേരില്‍ക്കയറി അവര്‍ അഞ്ചുപേരും തേര്‍ക്കൂട്ടത്തെ കൂട്ടിച്ചേര്‍ത്തു പടയ്ക്കു നിരത്തുന്നുണ്ടാകും. നമ്മളുടെ മുമ്പില്‍ പരാജിതരായ അവര്‍ ഒരിക്കലും ഇനി നമ്മളോടു പൊറുക്കുകയില്ല. നാം പാഞ്ചാലിയോടു ചെയ്ത അപരാധം അതില്‍ ആരെങ്കിലും ക്ഷമിക്കുമെന്നു ഭവാന്‍ വിചാരിക്കുന്നുണ്ടോ?
ഇനിയും വൈകിയിട്ടില്ല. വനവാസത്തിന് വേണ്ടിയുള്ള ഒരു ചുതാട്ടത്തിന് വിളിക്കാം. വിളിച്ചാല്‍ യുധിഷ്ഠിരന്‍ വരും! അപ്പോള്‍ കളിയറിയാത്ത അവനെ നമുക്ക് എളുപ്പത്തില്‍ ചുതില്‍ തോല്പിക്കാം. ഇത്തവണ ഒരു കരാറു വേണം. അവരോ നമ്മളോ ആരു ചൂതില്‍ തോറ്റാലും, തോറ്റവർ പന്ത്രണ്ടു സംവത്സരം തോലുടുത്തു വനവാസം ചെയ്യണം. പതിമൂന്നാമത്തെ വര്‍ഷം ജനമദ്ധ്യത്തില്‍ അജ്ഞാതവാസം ചെയ്യണം. ആളെ അറിഞ്ഞാല്‍ വീണ്ടും പന്തീരാണ്ടു വനവാസം ചെയ്യണം. അവരോ നമ്മളോ അങ്ങനെ ചെയ്യണമെന്നുള്ള കരാറിന്മേല്‍ വേണം കളിക്കുവാന്‍. നമുക്ക് ഇതാണു നല്ല മാര്‍ഗ്ഗം. അമ്മാവനായ ശകുനിക്ക് ചൂതാട്ടത്തില്‍ അവരെ തോല്‍പിക്കുവാന്‍ യാതൊരു വിഷമവുമില്ല. അക്ഷജ്ഞനാണ് ഗാന്ധാര രാജാവ്. ഇങ്ങനെ അടിസ്ഥാനം ബലപ്പെടുത്തി ഉറപ്പിച്ച് ഒരുക്കി നിര്‍ത്തുക. അവര്‍ പതിമ്മൂന്നു വര്‍ഷത്തെ വ്രതം കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ നമുക്കവരെ നിഷ്പ്രയാസം പരാജയപ്പെടുത്തുവാന്‍ കഴിയും. അതിനുള്ള കരുത്ത് അതിനി ടയില്‍ നമുക്കു സമ്പാദിക്കുവാന്‍ കഴിയും.
ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇപ്പോള്‍ അവര്‍ വളരെ ദൂരത്ത് എത്തിയിട്ടുണ്ടാകും. എന്നാലും അവരെ ഇങ്ങോട്ടു വിളിച്ചു കൊണ്ടു വരിക! ഇനിയും പാണ്ഡവര്‍ ചൂതു പൊരുതട്ടെ! കളി ഒരിക്കല്‍ കൂടി നടക്കട്ടെ.
വൈശമ്പായനൻ പറഞ്ഞു:ധൃതരാഷ്ട്രന്റെ ഈ നിലപാടു കേട്ടപ്പോള്‍ അന്ധനായ അദ്ദേഹത്തെ എല്ലാവരും ഉപദേശിച്ചു. പുത്രസ്നേഹം മൂലം ആപത്തിലേക്ക് ഇറങ്ങരുതെന്നു ദ്രോണൻ, സോമദത്തൻ, ബാല്‍ഹീകന്‍, ഗൗതമന്‍, വിദുരന്‍, അശ്വത്ഥാമാവ്, വീരവൈശ്യാപുത്രനായ യുയുത്സു, ഭൂരിശ്രവസ്സ്, ഭീഷ്മൻ, മഹാരഥനായ വികര്‍ണ്ണന്‍ എന്നിവര്‍ ഉപദേശിച്ചു. ചൂതു വേണ്ടെന്നും ശമം സ്വീകരിക്കണമെന്നും എല്ലാവരും പറഞ്ഞു. അര്‍ത്ഥജ്ഞന്മാരായ ആ സുഹൃത്തുക്കള്‍ പറഞ്ഞതൊക്കെ അവഗണിച്ചു. സൂതപ്രിയനായ ധൃതരാഷ്ട്രന്‍ പാണ്ഡവന്മാരെ വീണ്ടുംചൂതിന് വിളിച്ചു.
75. ഗാന്ധാരീവാക്യം - വൈശമ്പായനൻ പറഞ്ഞു: അനുഗ്രഹാശിസ്സുകള്‍ നല്കി, ചൂതില്‍ കിട്ടിയ രാജ്യാ ഐശ്വര്യങ്ങളെല്ലാം മടക്കിക്കൊടുത്ത്, അയച്ച പാണ്ഡവന്മാരെ വീണ്ടും ധൃതരാഷ്ട്രന്‍ ചുതിനായി വിളിച്ചതറിഞ്ഞ് പുത്രസ്നേഹം മൂലം ഗാന്ധാരി ശോകാകുലയായി ഭര്‍ത്താവിന്റെ സമീപത്തെത്തി.
ഗാന്ധാരി പറഞ്ഞു; ദുര്യോധനന്‍ ജനിച്ച സമയത്തുണ്ടായ ദുശ്ശകുനം കണ്ടു വിദുരന്‍ പറഞ്ഞത് ഭവാന്‍ ഓര്‍ക്കുന്നുണ്ടോ? അവന്‍ കുറുക്കനേ പോലെ ഓരിയിട്ടപ്പോള്‍, ഇവനെ ഇപ്പോള്‍ കൊന്നു കളയണം. ഇവന്‍ കൗരവകുലം മുടിക്കും. കൗരവന്മാരേ, നിങ്ങള്‍ കേള്‍ക്കുവിന്‍! തീര്‍ച്ചയായും ഇവന്‍ കുലഘാതകനാകും! എന്നു പറഞ്ഞതു ചിന്തിക്കുന്നുണ്ടോ? സ്വദോഷം മൂലം മഹാസമുദ്രത്തില്‍ ഭവാന്‍ മുങ്ങരുത്. ദുഷ്ടന്മാരായ ഭവാന്റെ പുത്രന്മാരില്‍ ഭവാന്‍ ഒരിക്കലും സന്തോഷം കാണിക്കരുത്. അവരുടെ താന്തോന്നിത്തത്തിന് ഭവാന്‍ അനുകൂലിച്ചാല്‍, ആപത്തു വന്നു കൂടും. ഘോരമായ കുലനാശം ഭവാന്‍ വരുത്തിക്കൂട്ടും. ചിറകെട്ടി നിറുത്തിയത് പൊട്ടിക്കാമോ? കെട്ടടങ്ങിയ അഗ്നി ഉജ്ജ്വലിപ്പിക്കുകയാണോ? ശാന്തരായ പാര്‍ത്ഥന്മാരെ കോപിപ്പിക്കുന്നത് നന്നോ രാജാവേ? നന്മതിന്മകള്‍ മനസ്സിലാക്കി കൊടുക്കുന്നതിനാണ് ശാസത്രം ഗ്രഹിക്കുന്നത്. അതിന് തയ്യാറില്ലെങ്കില്‍ അവന്‍ ദുഷ്ടനാണെന്നു തീര്‍ച്ച തന്നെ. രാജാവേ, അങ്ങ് അറിവുള്ള ആജമീഡനാണെന്നു ഞാന്‍ അങ്ങയെ ഓര്‍മ്മപ്പെടുത്തുന്നു. വൃദ്ധനും വിജ്ഞനുമായ ഭവാന്‍ ഒരിക്കലും ബാലനെ പോലെയാകരുത്. ഭവാന്റെ മക്കള്‍ ഭവാന്റെ കീഴില്‍ തന്നെ നില്ക്കട്ടെ! അങ്ങയെ അതിക്രമിക്കുവാന്‍ ഒരിക്കലും അനുവദിച്ചു പോകരുത്! അതു കൊണ്ട് ഞാന്‍ ഭവാനോട് ഉപദേശിക്കുന്നു: സന്മാര്‍ഗ്ഗം തെറ്റി നടക്കുന്ന ഈ കുലവൈരിയെ ഭവാന്‍ ഉപേക്ഷിക്കുക! അവന്‍ നമുക്കു വേണ്ടാ എന്നു ഞാന്‍ മുമ്പേ പറഞ്ഞതാണ്. അതു ഭവാന്‍ ചെയ്തില്ല. അതിന്റ ഫലമായി കുലം നശിക്കുവാന്‍ പോവുകയാണ്. ശമവും ധര്‍മ്മവും നയവും ചേർന്ന് ഭവാന്റെ ബുദ്ധി തെറ്റാതെ നില്ക്കട്ടെ! ദുഷ്പ്രവൃത്തി കൊണ്ടു നേടിയ ലക്ഷ്മി വേഗം മുടിഞ്ഞുപോകും. മറിച്ച് നല്ല മാര്‍ഗ്ഗത്തിലൂടെനേടിയ ശ്രേയസ്സ് പുത്രപൗത്രന്മാര്‍ക്ക് അനുഭവയോഗ്യമാകും.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മോപദേശം ചെയ്യുന്ന ഗാന്ധാരിയോട് രാജാവു പറഞ്ഞു.
ധൃതരാഷ്ട്രന്‍ പറഞ്ഞു; കുലത്തിനു വരുന്നതു വരും. മുടിയാനാണു വിധിയെങ്കില്‍ മുടിയും! നന്നായി വര്‍ദ്ധിക്കുവാനാണു വിധിയെങ്കില്‍ കുലം വര്‍ദ്ധിക്കും! എനിക്കു പിന്‍തിരിയാന്‍ സാദ്ധ്യമല്ല. ഇപ്പോള്‍ എന്റെ പുത്രന്മാരുടെ ഇച്ഛ പോലെ നടക്കട്ടെ! പാണ്ഡവന്മാര്‍ തിരിച്ചു വരട്ടെ! എന്റെ മക്കളും പാണ്ഡവരും തമ്മില്‍ വീണ്ടും ചുതാട്ടം നടക്കട്ടെ.
76. യുധിഷ്ഠിരന്റെ പുനര്‍ദ്യൂതപരാജയം - വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്‍ പ്രാതികാമിയെ വിളിച്ചു വേഗത്തില്‍ അയച്ചു. മടങ്ങി പോയ ധര്‍മ്മപുത്രനെ കണ്ട് അവന്‍ ധൃതരാഷ്ട്രന്‍ പറഞ്ഞയച്ച വര്‍ത്തമാനം പറഞ്ഞു. സഭയില്‍ വിരിപ്പു വിരിച്ചു ചൂതു നട്ട് കളിക്കുവാന്‍ തയ്യാറായി ഇരിക്കുകയാണ്. യുധിഷ്ഠിരാ! കളിക്കുവാന്‍ വരൂ! അച്ഛനു തുല്യനായ ധൃതരാഷ്രടന്‍ യുധിഷ്ഠിരനെ അറിയിക്കുവാന്‍ കല്പിച്ചിരിക്കുന്നു എന്ന്.
യുധിഷ്ഠിരന്‍ പറഞ്ഞു: വിധിയുടെ കല്പിതം പോലെ എല്ലാം സംഭവിക്കുന്നു. എല്ലാ ജീവജാലങ്ങളും വിധി നിശ്ചയപ്രകാരം ശുഭാശുഭങ്ങളെ അനുഭവിക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ആര്‍ക്കും കഴിയുകയില്ല.
വൃദ്ധനായ ധൃതരാഷ്ട്രന്‍ എന്നെ ചുതിനാണു വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഈ കല്പന നാശമുണ്ടാക്കും എന്നുള്ളത് തീര്‍ച്ചയാണ്. എന്നാൽ എനിക്ക് അതിനെ ഒഴിവാക്കുവാന്‍ നിവൃത്തിയില്ല. കളിച്ചാലും ഇല്ലെങ്കിലും വിധിച്ചതു സംഭവിക്കാതിരിക്കുകയില്ല. സ്വര്‍ണ്ണമായി ഒരു മാന്‍ ജനിക്കുകയില്ല. എന്നാലും ശ്രീരാമന്‍ അതില്‍ ഭ്രമിച്ചു. ഒരു കാര്യം തീര്‍ച്ചയാണ്. പരാജയത്തിനുള്ള കാലം വന്നാല്‍ മനുഷ്യന്റെ ബുദ്ധിയൊക്കെ മാറിപ്പോകും.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് അനുജന്മാരോടു കൂടി യുധിഷ്ഠിരന്‍ മടങ്ങി. ശകുനി പണിതു വെച്ച ചതി കണ്ടിട്ടും അവനുമായി കളിച്ചാല്‍ തന്നെ ജയം കിട്ടുകയില്ലെന്ന് യുധിഷ്ഠിരന് അറിയാമായിരുന്നിട്ടും ചുതിന് ചെല്ലുക തന്നെ ചെയ്തു. ആ ഭരതര്‍ഷഭരെ കണ്ടതോടു കൂടി സുഹൃത്തുക്കളുടെയെല്ലാം ഹൃദയം വൃഥിതമായി. അവര്‍ വേണ്ടവിധം ചേർന്നിരുന്ന് വീണ്ടും ചൂതു തുടങ്ങി. സര്‍വ്വലോകക്ഷയത്തിനായി ദൈവനിയോഗത്താല്‍ അവര്‍ ചൂതാട്ടമാരംഭിച്ചു.
ശകുനി പറഞ്ഞു: ഈ വൃദ്ധനായ രാജാവ് നിങ്ങള്‍ക്കു സകല സമ്പത്തും വിട്ടു തന്നു. അതു നന്നായി. ഇനി മറ്റൊരു വിലപിടിച്ച കരാറിന്മേലാകട്ടെ കളി. ചൂതാട്ടത്തില്‍ നിങ്ങള്‍ ഞങ്ങളെ തോല്‍പിച്ചാല്‍ പന്തീരാണ്ടു കാലം മാന്‍തോലുടുത്ത് ഞങ്ങള്‍ കാട്ടില്‍ താമസിക്കാം. പതിമൂന്നാമത്തെ വര്‍ഷം അജ്ഞാതരായി ജനമദ്ധ്യത്തില്‍ താമസിക്കാം. അജ്ഞാത വാസകാലത്ത് ആരെകിലും ഞങ്ങളെ കണ്ടറിഞ്ഞാല്‍ വീണ്ടും പന്തീരാണ്ടു കാലം വനവാസം ചെയ്യാം. ഞങ്ങളോട് നിങ്ങള്‍ തോറ്റാല്‍ പന്ത്രണ്ടു കൊല്ലം തോലുടുത്ത് കൃഷ്ണയോടു കൂടി കാട്ടില്‍ താമസിക്കണം. കഴിഞ്ഞു വന്നാല്‍ ആള്‍ക്കൂട്ടത്തില്‍ പതിമൂന്നാമത്തെ കൊല്ലം ആരും അറിയാതെ പാര്‍ക്കണം. പതിമൂന്നാമത്തെ വര്‍ഷം കഴിഞ്ഞാല്‍ സ്വന്തം രാജ്യത്തു വന്ന് തങ്ങളുടെ പങ്കു കൈവശം വെക്കാം. ഈ നിശ്ചയം രണ്ടുകൂട്ടര്‍ക്കും തുല്യമാണ്. ഈ നിശ്ചയത്തോടു കൂടി നമ്മളോട് ഹേ! യുധിഷ്ഠിരാ, ചൂതാട്ടം തുടങ്ങുക. വന്നു കളി തുടങ്ങുക
വൈശമ്പായനൻ പറഞ്ഞു: ഈ പ്രസ്താവന കേട്ടതോടു കൂടി സഭാവാസികള്‍ ഞെട്ടി പോയി. ഉദ്വിഗ്നരായ സഭാവാസികള്‍ എല്ലാവരും മദ്ധ്യത്തില്‍ കൈ ഉയര്‍ത്തിപ്പിടിച്ച് പെട്ടെന്നു പറഞ്ഞു.
സദസ്യര്‍ പറഞ്ഞു; അയ്യോ കഷ്ടം! ദുര്യോധനന്റെ സ്നേഹിതന്മാര്‍ അവനെ വരാന്‍ പോകുന്ന ആപത്തിനെ മനസ്സിലാക്കി കൊടുക്കാത്തതു കഷ്ടം തന്നെ. അവന് വിവരമില്ലെങ്കിലും, അല്ലയോ ധൃതരാഷ്ട്ര, ആപത്ത് നീ മനസ്സിലാക്കി കൊടുക്കൂ! അതു നിന്റെ കടമയാണ്.
വൈശമ്പായനൻ പറഞ്ഞു: ജനങ്ങള്‍ ഉച്ചത്തില്‍ പലതും പറഞ്ഞു തടഞ്ഞിട്ടും ധര്‍മ്മജന്‍ നിന്നില്ല. അദ്ദേഹം ലജ്ജയോടു കൂടി വീണ്ടും ചുതാട്ടത്തിന് ഒരുങ്ങി. ധര്‍മ്മയോഗത്താല്‍ പാര്‍ത്ഥന്‍ ചൂതിന്നിറങ്ങി. പരാജയം തീര്‍ച്ചയാണെന്ന് അറിഞ്ഞിട്ടും ആ ധീമാന്‍ ചൂതു കളിച്ചു. കുരുക്കള്‍ക്കു നാശം അടുത്തിരിക്കും എന്നറിഞ്ഞ പോലെ ചിന്തിച്ച് യുധിഷ്ഠിരന്‍ പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്നെ പോലെയുള്ള സ്വധര്‍മ്മപരനായ ഒരു രാജാവ് ചുതിന് വിളിച്ചാല്‍ ഞാന്‍ എങ്ങനെ പിന്മാറും? ഹേ ശകുനീ, ഞാന്‍ ഇതാ നിന്നോടേല്‍ക്കുന്നു, കളിക്കൂ.
ശകുനി പറഞ്ഞു കാള, അശ്വം, പശുക്കള്‍, ആടുകള്‍, ആനകള്‍, സ്വര്‍ണ്ണം, ഭണ്ഡാരം, ദാസന്മാര്‍, ദാസിമാര്‍ എന്നിവ ഒന്നിച്ചു പണയം വെക്കുക. പിന്നെ തോല്ക്കുന്നവര്‍ ഞങ്ങളായാലും, നിങ്ങളായാലും പന്തീരാണ്ടു കാട്ടില്‍ വസിക്കുക. പതിമൂന്നാമത്തെ ആണ്ടില്‍ ജനമദ്ധ്യത്തില്‍ ആരും അറിയാതെ വസിക്കുക. ഈ നിശ്ചയത്തോടെ ഇനി കളിക്കാം. പുരുഷേന്ദ്രരേ! ചുതിന്റെ ഒറ്റ ഏറു കൊണ്ട്. വനവാസം തീരുമാനിക്കപ്പെടുന്ന വിധം കളിക്കാം. യുധിഷ്ഠിരന്‍ കരാറു സമ്മതിച്ചു. ശകുനി ചൂതു കൈയിലെടുത്തു കളിച്ചു. "ഞാന്‍ ജയിച്ചു! ഞാന്‍ ജയിച്ചു!" എന്നു ശകുനി യുധിഷ്ഠിരനോടു പറഞ്ഞു.
77. പാണ്ഡവ പ്രതിജ്ഞ - വൈശമ്പായനന്‍ പറഞ്ഞു: ചൂതില്‍ തോറ്റ പാണ്ഡവന്മാര്‍ കാട്ടില്‍ പോകുവാന്‍ രാജകീയ വസ്ത്രം മാറ്റി, മാന്‍തോല്‍ ധരിച്ച്, ദീക്ഷ കൈക്കൊണ്ടു നിന്നു. രാജ്യം നഷ്ടപ്പെട്ടു തോലുടുത്ത് കാട്ടിലേക്കു പോകുവാന്‍ നിൽക്കുന്ന പാണ്ഡവന്മാരെ കണ്ട് ദുശ്ശാസനന്‍ പറഞ്ഞു.
ദുശ്ശാസനന്‍ പറഞ്ഞു; മഹാനായ ദുര്യോധനന്‍ എതിരില്ലാത്ത ചക്രവര്‍ത്തിയായി! പാണ്ഡവന്മാര്‍ തോറ്റ് ഇതാ വലിയ ആപത്തിലായിരിക്കുന്നു. ഗുണവും യോഗ്യതയും ഉത്കര്‍ഷവും നമുക്ക് ശത്രുക്കളേക്കാള്‍ വര്‍ദ്ധിച്ചു. കുറെ കാലത്തേക്ക് പാണ്ഡവന്മാര്‍ അന്തമറ്റ നരകത്തിലാവുകയും ചെയ്തു. സുഖവും രാജ്യവുമൊക്കെ നഷ്ടപ്പെട്ട് അവര്‍ എന്നെന്നേക്കും നശിച്ചു! സര്‍വ്വസ്വവും നശിച്ച് പാവങ്ങള്‍, പാണ്ഡവര്‍ കാടു കേറുന്നു. ധനോന്മാദത്തോടെ ധാര്‍ത്തരാഷ്ട്രന്മാരെ ഹസിച്ച പാണ്ഡവരുടെ കഥയെന്തായി? അവരുടെ വിചിത്ര സന്നാഹങ്ങൾ ഒക്കെ അഴിച്ചു വെക്കട്ടെ! മാന്‍തോലുടുക്കട്ടെ! സൗബലന്റെ ചൂതില്‍ തോറ്റവര്‍ക്ക് ഇനി ഈ അന്തസ്സുകളൊന്നും കാണിക്കുവാന്‍ അര്‍ഹതയില്ല. ലോകത്തില്‍ ജനിച്ച പുരുഷന്മാരില്‍ തങ്ങളേക്കാള്‍ യോഗ്യരില്ലെന്നു മനസ്സില്‍ തള്ളിച്ചയുള്ള പാണ്ഡവന്മാര്‍ ഇപ്പോള്‍ എങ്ങനെ? അവരേയും ഞങ്ങളേയും കണ്ടു നില്ക്കുന്നവര്‍ പറയട്ടെ! അവര്‍ ഇപ്പോള്‍ വെറും പതിരായ എള്ളു തന്നെ! വെറും പതിര്! പതിര്!
ഇപ്രകാരമുള്ള ഇവരുടെ വസ്ത്രം കണ്ടാല്‍ ഇവരെ മഹായാഗത്തിന് രുരുവെന്ന മാനിന്റെ തോല്‍ ധരിച്ച മനസ്വികളാണെന്നു തോന്നും. അദീക്ഷിതന്മാരുടെ അജിനം പോലെയാണ് മഹാബലന്മാരായ പാണ്ഡവന്മാരുടെ ഈ വേഷം! പാണ്ഡവന്മാര്‍ക്ക് പാഞ്ചാലിയെ നല്കിയ മഹാപ്രാജ്ഞനും സോമക വംശജനുമായ യജ്ഞസേനന്‍ മഹാവിഡ്ഡിത്തമാണു കാണിച്ചത്. അവന്‍ സുകൃതമൊന്നും തന്നെ ചെയ്തിട്ടില്ല. അല്ലെങ്കില്‍ ഈ ഷണ്ഡന്മാരെ ഭര്‍ത്താക്കന്മാരായി യാജ്ഞസേനിക്കു ലഭിക്കുമോ? കഷ്ടം! ഒറ്റക്കാശു പോലും കൈയിലില്ലാതെ തോലും ധരിച്ച് പ്രാകൃത വേഷത്തില്‍ കാടുചുറ്റുന്ന ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ എന്തു സന്തോഷം നിനക്കുണ്ടാകും യാജ്ഞസേനീ? നീ യോഗ്യനായ മറ്റൊരുത്തനെ ഭര്‍ത്താവായി യഥേഷ്ടം സ്വീകരിച്ചു കൊള്ളുക! ഇവിടെ സന്തോഷിച്ചിട്ടുള്ള കുരുക്കന്മാരായ ഇവര്‍ എല്ലാവരും ദമവും ക്ഷമയും സ്‌നേഹവുമുള്ളവരും ശ്ലാഘ്യരുമാണ്. ഇവരില്‍ ഒരുത്തനെ നീ ഭര്‍ത്താവായി വരിച്ചു കൊള്ളുക. നിനക്ക് ഈ കാലദോഷം ബാധിക്കുന്നതല്ല. പാണ്ഡവന്മാര്‍ വെറും ഷണ്ഡതിലങ്ങള്‍ - പതിരെള്ളുകള്‍! വെറും ചര്‍മ്മച്ഛായാ മൃഗങ്ങള്‍! വെറും പേടുകള്‍! ഇങ്ങനെ അധഃപതിച്ചു പോയ പാണ്ഡവന്മാരോടു കൂടി ദ്രൗപദീ, നി എന്തിന് പാര്‍ക്കുന്നു? പതിരെള്ളു കൊണ്ട് എന്തു ഫലമുണ്ട്?
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ക്രൂരനായ ആ ധാര്‍ത്തരാഷ്ട്രന്‍ പാര്‍ത്ഥരെ ക്രൂരമായ വാക്കുകള്‍ കൊണ്ടു മുറിവേല്‍പിച്ചു. അത്യമര്‍ഷത്തോടെ ഭീമന്‍ കുറുക്കന്റെ മുമ്പില്‍ ഹിമാലയത്തിലെ സിംഹം എന്ന പോലെ, ഉഗ്രമായി ഗര്‍ജ്ജിച്ചു നിന്ദിച്ചു പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു; ക്രൂരന്മാരായ പാപികളോടു കൂടി നീ അസഭ്യം പുലമ്പുന്നു! എടോ, ശകുനിയുടെ ചതിയുടെ നേട്ടം കൊണ്ടാണല്ലോ നീ ഈ രാജാക്കന്മാരുടെ മുമ്പില്‍ നിന്നു യോഗൃത ചിലയ്ക്കുന്നത്? വാക് ശല്യം കൊണ്ടു ഞങ്ങളുടെ മര്‍മ്മത്തില്‍ കുത്തുന്ന നിന്റെ മര്‍മ്മം ഞാന്‍ യുദ്ധത്തില്‍ പിളര്‍ന്ന്, ഇതിന്റെ ഉചിതം പോരില്‍ ചോദിച്ചു കൊള്ളാം! ക്രോധലോഭങ്ങള്‍ മൂലം നിന്നെ പിന്തുടരുന്ന അനുയായികളേയും ഞാന്‍ നിശ്ശേഷം മുടിച്ചേ അടങ്ങു!
വൈശമ്പായനൻ പറഞ്ഞു: തോലുടുത്തു നിന്ന് ഇപ്രകാരം ഗര്‍ജ്ജിക്കുന്ന ഭീമന്റെ മുമ്പില്‍ ദുശ്ശാസനന്‍ പരിഹാസ ഭാവത്തില്‍ ഗോഷ്ടി കാണിച്ച് നൃത്തം വെച്ചു. ധര്‍മ്മക്ഷയത്താല്‍ കുരുമദ്ധ്യത്തില്‍ നില്ക്കുന്ന അവന്റെ മുമ്പില്‍നിന്ന് ഗൗ ഗൗ, - പശു പശു എന്നു വിളിച്ച് പരിഹസിച്ചു ചിരിച്ച് തുള്ളിച്ചാടി. അവരുടെ മുമ്പില്‍ ഗോഷ്ടി കാണിച്ചു ലജ്ജയില്ലാതെ ദുശ്ശാസനന്‍ പരിഹസിച്ചു ചിരിക്കുകയും ചെയ്തു. ഇതു കണ്ട് അമര്‍ഷിയായ ഭീമന്‍ ഗര്‍ജ്ജിച്ചു.
ഭീമസേനന്‍ പറഞ്ഞു; എടോ നൃശംസാ! ദുശ്ലാസനാ! നീ പരുഷം പറഞ്ഞു കൊള്ളുക! ചതിച്ചുജ യിച്ചു ധാടി പറയുന്നതില്‍ ലേശം പോലും പൗരുഷമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എടോ, ദുശ്ശാസനാ! പോരില്‍ നിന്റെ മാറിടം കുത്തിപ്പിളര്‍ന്നു രക്തം ഞാന്‍ മോന്താതിരുന്നാല്‍ ഈ വൃകോദരന് പുണ്യലോകം ലഭിക്കാതെ പോകട്ടെ! എല്ലാ ധനുര്‍ദ്ധരന്മാരായ വീരന്മാരും കാണ്കെ ഈ ധാര്‍ത്തരാഷ്ട്രന്മാരെ ഒക്കെ ഒന്നിനേയും ബാക്കിവെക്കാതെ, ഒട്ടുനാള്‍ക്കുള്ളില്‍ സംഹരിച്ചേ ഞാന്‍ അടങ്ങു. ഇതു സത്യമാണ്!
വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്‍ ഈ ശപഥം ചെയ്ത ശേഷം സഹോദരന്മാരോടു കൂടി പുറത്തേക്കിറങ്ങി. അപ്പോള്‍ മതിമറന്നു സന്തോഷത്തോടെ ദുര്യോധനന്‍ ഭീമസേനന്റെ സിംഹതുല്യമായ ഗതിയെ വികൃതമായി ഗോഷ്ടിയോടെ അനുകരിച്ചു നടന്നു.. ഭീമന്‍ ഇതു കണ്ട് തിരിഞ്ഞു നിന്നു പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു: ഇതു കൊണ്ടായില്ല. ഇന്നു നീ എന്നെ ഈ പരിഹസിച്ചതിനുള്ള മറുപടി നിന്റെ കൂട്ടുകാരോടൊപ്പം നിന്നെ വധിക്കുന്ന സമയത്തു ഞാന്‍ കേള്‍പ്പിച്ചു കൊള്ളാം.
വൈശമ്പായനൻ പറഞ്ഞു: തന്നെ സഹോദരന്മാരോടു കൂടി ഇത്തരത്തില്‍ അപമാനിച്ച അവനെ നോക്കി കോപം കടിച്ചിറക്കി മാനിയായ ഭീമസേനന്‍ കൗരവസഭ വിട്ടു പുറത്തു പോരുമ്പോള്‍ ഇപ്രകാരം വീണ്ടും ഒരു ഘോരശപഥം ചെയ്തു.
ഭീമന്‍ പറഞ്ഞു: ദുര്യോധനനെ ഞാന്‍ കൊല്ലും. കര്‍ണ്ണനെ അര്‍ജ്ജുനന്‍ കൊല്ലും. ചൂതില്‍ കള്ളനായ ശകുനിയെ സഹദേവന്‍ കൊല്ലും. ഇതും കൂടി ഈ മഹാസദസ്സില്‍ ഞാന്‍ പറയുന്നു! നിങ്ങളെല്ലാവരും കേട്ടു കൊള്ളുവിന്‍; മഹായുദ്ധം അടുത്തു കഴിഞ്ഞു. എന്റെ വാക്കു ദേവകള്‍ സത്യമാക്കി തീര്‍ക്കും. മഹാപാപിയായ ദുര്യോധനനെ ഞാന്‍ ഗദ കൊണ്ട് അടിച്ചു വീഴ്ത്തി അവന്റെ തല നിലത്തിട്ടു ചവിട്ടും! വാക്കില്‍ ശൗര്യമുള്ള ദുശ്ശാസനന്റെ രക്തം പോരില്‍ മൃഗരാജനെ പോലെ ഞാന്‍ കുടിക്കും!
അര്‍ജ്ജുനന്‍ പറഞ്ഞു: ചേട്ടാ] ഈ വാക്കു കൊണ്ട് നമ്മുടെ നിശ്ചയം സജ്ജനങ്ങള്‍ അറികയില്ല. ക്ഷമിക്കൂ! പതിന്നാലാമാണ്ടു പിറക്കട്ടെ! വരാന്‍ പോകുന്നതൊക്കെ അന്നു ശരിക്ക് എല്ലാവരും കണ്ടുകൊള്ളും.
ഭീമന്‍ പറഞ്ഞു: ഒരു കാര്യം തീര്‍ച്ചയാണ്. ദുര്യോധനന്റേയും കര്‍ണ്ണന്റേയും ദൃശ്ശാസനന്റേയും ശകുനിയുടേയും രക്തം ഈ ഭൂമി കുടിക്കുക തന്നെ ചെയ്യും
അര്‍ജ്ജുനന്‍ പറഞ്ഞു: അസൂയയോടെ കണ്ടവരെ അധിക്ഷേപ വാക്കു പറയുന്ന കര്‍ണ്ണനെ, ജ്യേഷ്ഠാ, ഭവാന്റെ വാക്കു പ്രകാരം ഞാന്‍ പോരില്‍ സംഹരിക്കുന്നതാണ്. ഭീമസേനന്റെ പ്രിയത്തിനായി ഇതാ, അര്‍ജ്ജുനന്‍ ശപഥം ചെയ്യുന്നു: കര്‍ണ്ണനേയും കൂട്ടുകാരെയും ഈ ഞാന്‍ പോരില്‍ അമ്പെയ്തു കൊല്ലുന്നതാണ്. ബുദ്ധിമോശത്താല്‍ അവനെ സഹായിക്കുന്ന രാജാക്കന്മാരേയും ഞാന്‍ ശരങ്ങളാല്‍ സംഹരിച്ചു കാലപുരിക്ക് അയയ്ക്കുന്നതാണ്. എന്റെ ഈ വാക്കു പിഴച്ചു പോയെങ്കില്‍ ഹിമാലയം ചലിച്ചേക്കാം, സൂര്യന്‍ കെട്ടു പോയേക്കാം, ചന്ദ്രന് ശൈത്യം ഇല്ലാതായേക്കാം. ദുര്യോധനന്‍ പതിന്നാലാമാണ്ടു രാജ്യം സല്‍ക്കാരപൂര്‍വ്വം മടക്കിത്തന്നില്ലെങ്കില്‍ അന്ന് ഈ ശപഥം നടക്കും.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീമാനായ സഹദേവന്‍ കൈപൊക്കി, ക്രുദ്ധനായ സര്‍പ്പത്തെ പോലെ നെടുവീര്‍പ്പിട്ട് ശകുനിയോടു പറഞ്ഞു.
സഹദേവന്‍ പറഞ്ഞു: എടോ മൂഢാ! ഗാന്ധാരന്മാരുടെ യശസ്സു നശിപ്പിച്ചവനേ, തോറ്റെന്നു നീ വിശ്വസിക്കുന്നവര്‍ തോറ്റില്ല. നീ കാണുക ചൂതുകളല്ല, യുദ്ധത്തിലെ ബാണങ്ങളാണെന്നു മനസ്സിലാക്കിക്കൊള്ളൂ! ഭീമജ്യേഷ്ഠന്‍ പറഞ്ഞവിധം ബന്ധുക്കളോടു കൂടിയ നിന്നെ യുദ്ധത്തില്‍ ഞാന്‍ വധിക്കും.
വൈശമ്പായനൻ പറഞ്ഞു: സഹദേവന്‍ പറഞ്ഞതു കേട്ട് മനുഷ്യരില്‍ വെച്ച് ഏറ്റവും സുന്ദരനായ നകുലന്‍ പറഞ്ഞു.
നകുലന്‍ പറഞ്ഞു: ഈ യജ്ഞസേനപുത്രിയെ ദുര്യോധനന്റെ പ്രിയത്തിന് വേണ്ടി ക്രൂരവാക്കുകള്‍ കേള്‍പ്പിച്ചവരെ ഒക്കെ, കാലന്റെ മേല്‍നോട്ടത്തില്‍ മരണം അടുത്ത ആ ദുഷ്ടന്മാരെ, എന്റെ മുമ്പില്‍ വന്നു പെടുന്നവരെ, ഞാന്‍ യമാലയത്തിലേക്ക് അയയ്ക്കും. ധര്‍മ്മരാജാവിന്റെ കല്പന കൈക്കൊണ്ട് പാഞ്ചാലിയോടു ചെയ്ത അനീതി ഓര്‍ത്ത്, ഞാന്‍ ഈ ഭൂമണ്ഡലം നിര്‍ധാര്‍ത്തരാഷ്ട്രമാക്കും. അതിന് ഇനി താമസം അല്പമേയുള്ളൂ.
വൈശമ്പായനൻ പറഞ്ഞു: ദീര്‍ഘമായ ബാഹുക്കള്‍ നീട്ടി ആ പുരുഷവ്യാഘ്രന്മാര്‍ എല്ലാവരും ഇപ്രകാരം നാനാസത്യങ്ങള്‍ ചെയ്തു. പിന്നെ യാത്രപറയുവാന്‍ ധൃതരാഷ്ട്രന്റെ പാര്‍ശ്വത്തിലെത്തി.
78. യുധിഷ്ഠിരവനപ്രസ്ഥാനം - യുധിഷ്ഠിരന്‍ പറഞ്ഞു:ഹേ, ഭാരതന്മാരേ, ഞാന്‍ യാത്ര പറയുന്നു. വൃദ്ധനായ മുത്തച്ഛനോടും, സോമദത്ത പ്രഭുവിനോടും, ബാല്‍ഹീക രാജാവിനോടും, ദ്രോണരോടും, കൃപനോടും, അശ്വത്ഥാമാവിനോടും, വിദുരനോടും. ധൃതരാഷ്ട്ര പുത്രന്മാരോടും ഞാന്‍ യാത്ര പറയുന്നു. യുയുത്സു, സഞ്ജയന്‍ മുതലായ സഭാവാസികളോടും ഞാന്‍ യാത്ര പറയുന്നു. എല്ലാവരോടും ഞാന്‍ യാത്ര പറയുന്നു. പോയി വരട്ടെ! വന്നിട്ടു കാണാം.
വൈശമ്പായനൻ പറഞ്ഞു; അവര്‍ ലജ്ജിച്ച് ഇരിപ്പായി. ഒന്നും മറുപടി പറഞ്ഞില്ല. എല്ലാവരും ആ ധീമാന് മനസ്സു കൊണ്ട് നന്മ നേര്‍ന്നു.
വിദുരന്‍ പറഞ്ഞു: ആര്യയായ രാജപുത്രി കുന്തി കാട്ടില്‍ പോകേണ്ടാ. സുകുമാരിയും വൃദ്ധയുമായ അവള്‍ നിതൃവും സുഖത്തോടെ ജീവിച്ചവളാണ്. എന്റെ ഗൃഹത്തില്‍ പൂജയേറ്റ് അവള്‍ വാഴട്ടെ! നിങ്ങള്‍ക്ക് പാര്‍ത്ഥന്മാരേ, ആരോഗ്യമുണ്ടാകട്ടെ!
പാണ്ഡവന്മാര്‍ പറഞ്ഞു: എന്നാൽ അങ്ങനെ തന്നെയാകട്ടെ! ശുഭവ്രതയായ അമ്മ വിദുരന്‍ പറഞ്ഞ പ്രകാരം വിദുര ഗൃഹത്തില്‍ പാര്‍ക്കട്ടെ! ഞങ്ങള്‍ക്ക് അച്ഛനെ പോലെ ആശ്രയമായിട്ടുള്ളത് ഭവാനാണ്. ഞങ്ങള്‍ക്ക് ഗുരുവാണ് ഭവാന്‍. അങ്ങു കൽപിക്കും പോലെ ചെയ്യാം. ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്നു പറഞ്ഞാലും!
വിദുരന്‍ പറഞ്ഞു: ഹേ, ഭരതര്‍ഷഭാ, യുധിഷ്ഠിരാ! ഞാന്‍ പറയുന്നതു ഭവാന്‍ ധരിക്കുക. അധര്‍മ്മത്താല്‍ തോല്പിക്കപ്പെട്ടവന്‍ തോല്‍വി കൊണ്ടു വ്യസനിക്കുകയില്ല. അങ്ങു ധര്‍മ്മജ്ഞനാണ്. പോരില്‍ വിജയിയാണ് ധനഞ്ജയന്‍. ഭീമന്‍ ശത്രുനാശകരനാണ്. നകുലന്‍ ധനസാധകനാണ്. സഹദേവന്‍ ഭരണനിപുണനാണ്. ധൗമ്യന്‍ ബ്രഹ്മജ്ഞരില്‍ ഉത്തമനാണ്. ധര്‍മ്മചാരിണിയായ പാര്‍ഷതി ധര്‍മ്മാര്‍ത്ഥ ദക്ഷയാണ്. എല്ലാവരും അന്യോന്യം സ്നേഹമുള്ളവരും പ്രിയദര്‍ശനരുമാണ്. പരന്മാരാല്‍ അഭേദൃരായി ഏറ്റവും സന്തുഷ്ടരായി നിൽക്കുന്ന നിങ്ങളുടെ നില ആരാണു കൊതിക്കാത്തത്? ഈ നിലയാണ് ഏറ്റവും മംഗളമയമായിട്ടുള്ളത്. ഇന്ദ്രനോടു തുല്യനായ ശത്രുവിന് കൂടി നിങ്ങളുടെ ഈ നിലയെ പരാജയപ്പെടുത്തുവാന്‍ സാധിക്കയില്ല. പണ്ടു ഹിമാലയത്തില്‍ വെച്ചു മേരുസാവര്‍ണ്ണിയും, വാരണാവതത്തില്‍ വെച്ചു കൃഷ്ണദ്വൈപായനനും, ഭൃഗുതുംഗത്തില്‍ വെച്ചു പരശുരാമനും, ദൃഷദ്വതിയില്‍ വെച്ച് ഈശനും, അഞ്ജനയില്‍ വെച്ചു ദേവലനും അരുളിച്ചെയ്തത് ഭവാന്‍ കേട്ടിട്ടുണ്ടല്ലോ. കന്മാഷീ തീരത്തരുളുന്ന ഭൃഗുവിന്റെ ശിഷ്യവൃത്തിയില്‍ നില്ക്കുന്ന ധൗമ്യപുരോഹിതന്‍ നിന്നെ സംരക്ഷിക്കും. ഋഷിപൂജിതമായ ബുദ്ധി ആപത്കാലത്തു നീ വിടരുത്. നീ ബുദ്ധികൊണ്ട് പുരൂരവസ്സിനെ ജയിക്കുക. ശക്തി കൊണ്ടു രാജാക്കന്മാരെ ജയിക്കുക. ധര്‍മ്മസേവയാല്‍. മുനി ശിഷ്യരെ സേവിക്കുക. ഇന്ദ്രന്റെ ജയത്തേയും, യമന്റെ കോപനിഗ്രഹത്തേയും, കുബേരന്റെ ധനദാനത്തേയും, വരുണന്റെ സംയമത്തേയും, സോമന്റെ ആത്മദാതൃത്വത്തേയും, ജലത്തിന്റെ ഉപജീവ്യതയേയും, ഭൂമിയുടെ ക്ഷമയേയും, രവിയുടെ തേജഃപ്രഭാവത്തേയും, വായുവിന്റെ ബലത്തേയും, സര്‍വ്വഭൂതങ്ങളുടെ ഗുണത്തേയും ഭവാന്‍ കൈക്കൊള്ളുക. നിങ്ങള്‍ക്ക് ആരോഗ്യം ഭവിക്കട്ടെ! ഭദ്രം. ഭവിക്കട്ടെ! വന്നിട്ടു കാണാം. ആപത് ധര്‍മ്മാര്‍ത്ഥകൃച്ഛ്റങ്ങളില്‍ സര്‍വ്വകാര്യത്തിലും വേണ്ടതോര്‍ത്ത് കാലം നോക്കി നടക്കണം. ഹേ, കൗന്തേയാ! നിനക്കു പോകുവാന്‍ ഞാന്‍ സമ്മതം തരുന്നു. നിനക്കു സ്വസ്തി ഭവിക്കട്ടെ!
കൃതാര്‍ത്ഥനായി സ്വസ്തിയാര്‍ന്ന നിന്നെ മടങ്ങി വന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ മുമ്പേ ഇതിന് തക്കതായ ഒരു പാപവും ചെയ്തതായി ആരും ചിന്തിച്ചിട്ടു കാണുന്നില്ല.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വിദുരന്‍ പറഞ്ഞതു കേട്ട് അപ്രകാരം ആകട്ടെ എന്നു പറഞ്ഞ് സത്യവിക്രമനായ പാണ്ഡവന്‍ ഭീഷ്മനേയും, ദ്രോണനേയും വന്ദിച്ച് ഇറങ്ങി.
79. ദ്രൗപദീ കുന്തീ സംവാദം - വൈശമ്പായനൻ പറഞ്ഞു: അവര്‍ വനത്തിലേക്കു പുറപ്പെട്ടപ്പോള്‍ കൃഷ്ണ കുന്തിയെച്ചെന്നു കണ്ടു യാത്ര പറഞ്ഞു. മറ്റു സ്ത്രീകളോടും യാത്ര പറഞ്ഞു. ദ്രൗപദി കുന്തിയുടെ കാല്ക്കല്‍ കുമ്പിട്ടു യാത്ര പറയുമ്പോള്‍ അവളെ ആലിംഗനം ചെയ്ത് കുന്തി പൊട്ടിക്കരഞ്ഞു. ദ്രൗപദിയും കരഞ്ഞു. ഇതു കണ്ടതോടു കൂടി പാണ്ഡവാന്തഃപുരത്തില്‍ നിലവിളി മുഴങ്ങി. കുന്തി തന്റെ സ്നുഷയോടു ഗദ്ഗദസ്വരത്തില്‍ ദുഃഖം കൊണ്ട് ഇടറുന്ന വാക്കുകള്‍. പണിപ്പെട്ടു പറഞ്ഞു.
കുന്തി പറഞ്ഞു: വൽസേ, ദുഃഖിക്കരുത്! വ്യസനം പറ്റിയാലും നീ ദുഃഖിക്കാതിരിക്കുക. സ്ത്രീധര്‍മ്മങ്ങള്‍ വേണ്ട പോലെ അറിയുന്ന നീ ശീലാചാരമുള്ളവളാണല്ലോ. ഭര്‍ത്താക്കന്മാരെപ്പറ്റി എന്റെ ഉപദേശമൊന്നും നിനക്ക് ആവശ്യമില്ലെന്ന്‌എനിക്കറിയാം. സാധ്വിയും സല്‍ഗുണ സമ്പന്നയുമായ നീ കുലദ്വയത്തിനും വിഭൂഷണമാണ്. കൗരവന്മാര്‍ ഭാഗ്യവാന്മാരാണ്. എന്തുകൊണ്ടെന്നാല്‍, സാധ്വിയായ നീ അവരെ കോപാഗ്നിയില്‍ ദഹിപ്പിച്ചില്ലല്ലോ. എന്റെ ആശംസയോടെ നീ ക്ലേശം കൂടാതെ യാത്ര ചെയ്യുക. നല്ല സ്ത്രീകള്‍ക്ക് ഭാവികാര്യത്തില്‍ വൈകൃതം സംഭവിക്കുകയില്ല. ഗുരുകര്‍മ്മങ്ങള്‍ നോക്കുന്ന നീ ഉടനെ നന്മ നേടും. കാട്ടില്‍ വാഴുന്ന എന്റെ ഉണ്ണിയായ സഹദേവനെ നീ നോക്കണം. ആ ധീമാന്‍ ഈ സങ്കടത്തില്‍ തളരാത്ത വിധം നീ സംരക്ഷിക്കണം.
വൈശമ്പായനൻ പറഞ്ഞു: കുന്തിയുടെ വാക്കു കേട്ട് അപ്രകാരമാകാം എന്നു പറഞ്ഞ് അവള്‍ കണ്ണുനീര്‍ തുടച്ചു. ചോരയേറ്റ ഒറ്റ വസ്ത്രത്തോടെ, ദുശ്ശാസനന്‍ അഴിച്ചു ചിന്നിയ മുടിയോടെ അവള്‍ ഇറങ്ങി. കുന്തി കരഞ്ഞു കൊണ്ട് അവളെ പിന്‍തുടര്‍ന്നു. അപ്പോള്‍ വസ്ത്രഭൂഷകളെല്ലാം വെടിഞ്ഞ് മാന്തോലുടുത്തു ലജ്ജിച്ചു തലകുമ്പിട്ടു നില്ക്കുന്ന മക്കളെ കുന്തി കണ്ടു.. ശത്രുക്കള്‍ ചുറ്റും നിന്നു ചിരിക്കുന്നതും, മിത്രങ്ങള്‍ ദുഃഖിച്ചു നെടുവീര്‍പ്പിടുന്നതും അവള്‍ കണ്ടു. അപ്രകാരം നിൽക്കുന്ന മക്കളെക്കണ്ടു കുന്തി ഓടിച്ചെന്ന് അവരെ തഴുകി, പലതും പറഞ്ഞു വിലപിച്ചു.
കുന്തി പറഞ്ഞു; മക്കളേ, നിങ്ങള്‍ ഇത്രയും കഷ്ടമായ അഴലില്‍പ്പെട്ടു പോകാന്‍ എന്തു മഹാപാപം ചെയ്തു? സദ് ധര്‍മ്മചാരികളും, ചാരിത്രവാന്മാരും, വൃത്തിസ്ഥിതി അറിഞ്ഞവരും, അക്ഷുദ്രന്മാരും ദൈവപൂജാ പരായണന്മാരുമായ നിങ്ങള്‍ എന്തുകൊണ്ട് ഈ ഭയങ്കരമായ ദുഃഖത്തിന് പാത്രങ്ങളായി? ആരു കൊടുത്ത ശാപം കൊണ്ടാണ് നിങ്ങള്‍ ഈ നിലയിലെത്തിയത്? നിങ്ങളുടെ മാതാവായ എന്റെ ഭാഗ്യദോഷം കൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ് ഈ ദുരിതം വന്നുചേർന്നത്? സല്‍ഗ്ഗുണവാന്മാരായ നിങ്ങള്‍ക്ക് ഇതിന് അവകാശമില്ലല്ലോ. വീര്യം, സത്വഗുണം, ഉത്സാഹം, തേജസ്സ് ഇവയിലൊന്നിലും കുറവില്ലാത്ത നിങ്ങള്‍ക്കു കാട്ടില്‍ പാര്‍ക്കേണ്ടി വരുമെന്ന്, സകല സമൃദ്ധിയും നശിച്ചു കാട്ടില്‍ പോകേണ്ടി വരുമെന്ന്, അറിഞ്ഞിരുന്നുവെങ്കില്‍ ശതശ്യംഗം വിട്ടു ഹസ്തിനാപുരത്തിലേക്ക്, നിങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം, ഞാന്‍ വരികയില്ലായിരുന്നു. മക്കളേ, നിങ്ങള്‍ രാജോചിത സുഖങ്ങളൊക്കെ വിട്ട് എങ്ങനെ കാട്ടില്‍ പാര്‍ക്കും? തപോമേധാശാലിയായ അച്ഛന്‍ ധന്യനാണ്. പുത്രപീഡകള്‍ കാണാതെ സുഖമായി അദ്ദേഹം സ്വര്‍ഗ്ഗം പ്രാപിച്ചില്ലേ? അതീന്ദ്രിയ ജ്ഞാനം നേടി സ്വര്‍ഗ്ഗം പ്രാപിച്ച ശുഭയായ മാദ്രിയും ധന്യയാണ്. രതിയും മതിയും ഇല്ലാതായിട്ടും ജീവിച്ചിരിക്കണമെന്ന് ആശിച്ച ഞാന്‍ നിന്ദ്യ തന്നെ! ഞാനും അദ്ദേഹത്തോടൊപ്പം മാദ്രിയോടു കൂടെ മരിച്ചിരുന്നെങ്കില്‍ ഈ കഷ്ടം കാണാതിരിക്കാമായിരുന്നു. കഷ്ടം! ജീവനില്‍ ആശ വെച്ച എന്നെ ഞാന്‍ നിന്ദിക്കുന്നു. ക്ലേശപ്പെട്ടു ഞാന്‍ വളര്‍ത്തിക്കൊണ്ടു വന്ന കുട്ടികളേ! ഞാന്‍ നിങ്ങളെ വിടുകയില്ല. ഞാനും പോരികയാണ് കാട്ടിലേക്ക്. കൃഷ്ണേ! നീ എന്നെ വിടുകയാണോ? ആയുസ്സിന്റെ ദൈര്‍ഘ്യം വിധി നിശ്ചയിച്ചത് അവസാനിച്ചിട്ടില്ലായിരിക്കാം. അല്ലെങ്കില്‍ ഞാന്‍ എന്തുകൊണ്ട് ഈ കാഴ്ച കണ്ടയുടനെ മരിച്ചില്ല? ഹാ! ദ്വാരകാ വാസിയായ കൃഷ്ണാ! സങ്കര്‍ഷണാനുജാ! നീ എവിടെ? എന്താണ് നീ ഈ ദുഃഖം കളഞ്ഞ് ഞങ്ങളെ രക്ഷിക്കാത്തത്? എന്നെയും ഈ വീരന്മാരേയും എന്താണ് ദുഃഖത്തില്‍ നിന്നു കയറ്റാത്തത്? ആദൃന്ത ഹീനനായ നിന്നെ വിചാരിക്കുന്ന ജനങ്ങളെ നീ കാക്കുമെന്നുള്ള ചൊല്ല് ഇപ്പോള്‍ വിഫലമായല്ലോ! സദ് ധര്‍മ്മ മാഹാത്മൃ യശോ വീര്യാനുവര്‍ത്തികൾ ആയിരുന്നിട്ടും അവര്‍ വൃസനിക്കുന്നതെന്താണ്? അര്‍ഹരല്ലാത്തവരെ വൃസനിക്കുവാന്‍ വിടാതെ എന്റെ മക്കളെ കാക്കണേ കൃഷ്ണാ! നീതിയിലും അര്‍ത്ഥത്തിലും നിപുണന്മാരായ ഭീഷ്മനും ദ്രോണനും കൃപനും കുലപാലകന്മാരായി ഉണ്ടായിരുന്നിട്ടും എന്താണ് ഈ ആപത്തു സംഭവിക്കുവാന്‍? പാണ്ഡുരാജാവേ! ഭവാന്‍ എവിടെയാണ്? ആപത്തില്‍പ്പെട്ട മക്കളെ കാണുന്നില്ലേ! നീ അവരെ ഉപേക്ഷിക്കയാണോ? ശത്രുക്കള്‍ കള്ളച്ചൂതിൽ തോല്‍പിച്ചു കാടുകേറ്റുന്നത് നീ കാണുന്നില്ലേ? സഹദേവാ! മടങ്ങു. എനിക്ക് എന്റെ ദേഹത്തേക്കാള്‍ പ്രിയതരനാണ് നീ. മാദ്രീപുത്രാ! ചീത്തക്കുട്ടിയെ പോലെ നീ എന്നെ തള്ളരുത്. നിന്റെ ചേട്ടന്മാരൊക്കെ കാട്ടിലേക്കു പൊയ്ക്കൊള്ളട്ടെ. സത്യവത്സലന്മാരാണ് അവരെങ്കില്‍ അവര്‍ പോകട്ടെ. നീ എന്നെ കാത്തു രക്ഷിക്കുവാന്‍ ഇവിടെ തന്നെ നിന്നു ധര്‍മ്മം നേടുക.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കേഴുന്ന കുന്തിയുടെ പാദത്തില്‍ കുമ്പിട്ടു സമാശ്വസിപ്പിച്ച് പാണ്ഡവന്മാര്‍ ദുഃഖത്തോടെ കാട്ടിലേക്കു നടന്നു. ദുഃഖിച്ചു മുറയിടുന്ന കുന്തിയെ യുക്തികള്‍ കൊണ്ട് ദുഃഖിതനായ വിദുരന്‍ ആശ്വസിപ്പിച്ചിട്ട് തന്റെ ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ധാര്‍ത്തരാഷ്ട്ര സ്ത്രീകള്‍ എല്ലാവരും ആ വിവരം കേട്ടു. ചൂതാടിയതും, കൃഷ്ണയെ ചൂതരങ്ങിലിട്ടു വലിച്ചിഴച്ച് അവമാനിച്ചതും കേട്ട് കുരുസ്ത്രീകള്‍ പൊട്ടിക്കരഞ്ഞു! കൗരവന്മാരെ നിന്ദിച്ചു. കേട്ടവര്‍ കേട്ടവര്‍ മുഖം കൈ കൊണ്ടു താങ്ങി ഇരുന്ന ഇരുപ്പില്‍ ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ച് അമ്പരന്ന് ഇരുന്നു പോയി. ധൃതരാഷ്ട്ര രാജാവും പുത്രന്റെ ദുര്‍ന്നീതി ചിന്തിച്ചു ഉദ്ധ്വിഗ്നനായി ഉത്കണ്ഠയ്ക്ക് അടിമയായി ശമം കിട്ടാത്ത മട്ടില്‍ കുഴങ്ങി. ഏകാഗ്രമായി ചിന്തിച്ച് ശോകവ്യാകുലനായി ധൃതരാഷ്ട്രന്‍ വിദുരനെ വരുത്തുവാന്‍ വേഗത്തില്‍ ആളെ വിട്ടു.
വിദുരന്‍ ഉടനെ ധൃതരാഷ്ട്രന്റെ കൊട്ടാരത്തിലെത്തി. ഉത്കണ്ഠയോടെ രാജാവ് വിദുരനോടു ചോദിക്കുവാന്‍ തുടങ്ങി.
80. വിദുര ധ്യതരാഷ്ട്രദ്രോണവാക്യം - വൈശമ്പായനന്‍ പറഞ്ഞു; ആ ദീര്‍ഘദര്‍ശിയായ വിദുരന്‍ വന്നപ്പോള്‍ ധൃതരാഷ്ട്രന്‍ ആശങ്കയോടെ ചോദിച്ചു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: വിദുരാ! ആ ധര്‍മ്മപുത്രന്‍ എങ്ങനെ കാട്ടിലേക്കു പോയി? എന്തു മാതിരിയാണ് പോയത്? ഭീമനും അര്‍ജ്ജുനനും, മാദ്രീ പുത്രന്മാരും എന്തു മാതിരിയാണ് പോയതെന്നു പറയണം. എനിക്ക് അവരുടെ വിചേഷ്ടിതം കേള്‍ക്കണം.
വിദുരന്‍ പറഞ്ഞു: ഉത്തരീയത്താല്‍ മുഖം മറച്ചിട്ടാണ് യുധിഷ്ഠിരന്‍ പോയത്. കൈകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഭീമന്‍ പോയത്. രാജാവിന്റെ പിന്നില്‍ അര്‍ജ്ജുനന്‍ മണല്‍ വാരിയെറിഞ്ഞാണ് പോയത്. മുഖം ചായം തേച്ചു നിറം മാറ്റി ആകാരം മറച്ചിട്ടാണ് സഹദേവന്‍ പോയത്. ദേഹത്തിലൊക്കെയും പൊടിയണിഞ്ഞ് ലോകത്തില്‍ വെച്ചേറ്റവും സുന്ദരനായ നകുലന്‍ നടന്നു. ആയതലോചനയായ കൃഷ്ണ, രാജാവിന്റെ പിന്നില്‍ കരഞ്ഞു കണ്ണുനീരൊഴുക്കിക്കൊണ്ടു നടന്നു. രൗദ്രങ്ങളും യമസംബന്ധികളുമായ സാമവേദങ്ങള്‍ ഉച്ഛരിച്ചു കൊണ്ട് ധൗമൃനും കാട്ടിലേക്കു പോകുന്നതു ഞാന്‍ കണ്ടു. ധൗമൃന്‍ കൈയില്‍ ദര്‍ഭയുമായാണ് വഴിക്ക് യാമ്യങ്ങളായ സാമവേദങ്ങള്‍ ഉച്ഛരിക്കുന്നത്.
ധൃതരാഷ്ട്രന്‍ പറഞ്ഞു പല മാതിരിയിലാണല്ലേോ ഓരോരുത്തരും പോകുന്നത്. ഇതിന്റെ അര്‍ത്ഥമെന്താണ്? എനിക്കു പറഞ്ഞു തരൂ!
വിദുരന്‍ പറഞ്ഞു: ചതിച്ച് നിന്റെ മക്കള്‍ നാടും ധനവും നേടിയെങ്കിലും ധീമാനായ ധര്‍മ്മപുത്രന്റെ മനസ്സില്‍ ധര്‍മ്മത്തിന് മാറ്റം അശേഷമില്ല. ധാര്‍ത്തരാഷ്ട്രന്മാരില്‍ അവന് അനുകമ്പയാണുള്ളത്. ചതിയാല്‍ രാജ്യഭ്രംശം വന്നതു കൊണ്ടുള്ള കോപത്താല്‍ ജനങ്ങളെ ഘോരദൃഷ്ടി കൊണ്ട് ഞാന്‍ ചുട്ടെരിക്കുകയില്ല എന്നാണ് ഉത്തരീയം കൊണ്ടു തന്റെ മുഖം മറച്ചു പോകുന്നതിന്റെ അര്‍ത്ഥം. ഭീമന്‍ പോകുമ്പോള്‍ കണ്ടതിന്റെ അര്‍ത്ഥവും ഞാന്‍ പറയാം. കൈയൂക്കിന്നു തന്നോട് എതിരായി ആരുമില്ല. കൈ രണ്ടും ഉയര്‍ത്തി വിരിച്ചു നടന്നതിന്റെ സാരം അതാണ്. കൈയൂക്കിന്റെ തള്ളല്‍ കൊണ്ടാണ് അവന്‍ കൈകള്‍ ഉയര്‍ത്തിക്കാണിച്ചത്. ശത്രുക്കളില്‍ ബാഹുവീര്യത്തിന് പറ്റിയവിധം ക്രിയ ചെയ്യുന്നവനാണല്ലോ ഭീമന്‍. പൂഴിത്തരി തെറിപ്പിച്ചു കൊണ്ടുള്ള അര്‍ജ്ജുനന്റെ പോക്കിന്റെ സാരം തടവില്ലാതെ ശത്രുക്കളില്‍ ശരവര്‍ഷം ചൊരിയുമെന്നാണ്. സഹദേവന്‍ ചായം തേച്ചു മറച്ചത് തന്റെ മുഖം ആരും കാണരുതെന്നു വിചാരിച്ചാണ്. സ്വയം പൊടിയണിഞ്ഞ് സ്വയം വൃത്തി കേടായി നകുലന്‍ പോയതിന്റെ സാരം നാരിമാര്‍ അവനെ വഴിക്കു വെച്ചു കണ്ട് ചിത്തം കവരരുത് എന്നു ചിന്തിച്ചാണ്. പൊടിയൊക്കെ ദേഹത്തിലണിഞ്ഞതിന്റെ അര്‍ത്ഥം അതാണ്. ചോരപുരണ്ട ഒറ്റവസ്ത്രം ധരിച്ച് മുടിചിന്നി, കരഞ്ഞ്, കണ്ണുനീരില്‍ കുളിച്ചു പോകുന്ന രജസ്വലയായ പാഞ്ചാലി പോകുന്നതിന്റെ അര്‍ത്ഥമിതാണ്. ആരു മൂലം, ഏതു ശത്രുക്കള്‍ മൂലം, എനിക്ക് ഈ സ്ഥിതി വന്നു ചേർന്നുവോ, ആ പാപികള്‍ പതിന്നാലാമത്തെ വര്‍ഷത്തില്‍ ചത്തൊടുങ്ങി, ഭര്‍ത്താക്കന്മാരും, മക്കളും, ബന്ധുക്കളും പോയി, ചോരയില്‍ മുഴുകി, വാര്‍കൂന്തല്‍ ചിന്നി, പൊടിപുരണ്ട്, അവരുടെ സ്ത്രീകള്‍ ഉദകക്രിയ ചെയ്തു കഴിഞ്ഞ ശേഷമേ ഞാന്‍ ഈ ഹസ്തിനാപുരിയില്‍ കാല്‍കുത്തുകയുള്ളൂ എന്ന്.
പുരോഹിതനായ ധൗമ്യന്‍ തെക്കുപടിഞ്ഞാട്ടു ചാച്ച് ദര്‍ഭപിടിച്ചു. യമനെപ്പറ്റിയുള്ള ധര്‍മ്മവേദമാണ് പാടിയിരുന്നത്. ഭാരതന്മാര്‍ മുടിഞ്ഞതിന് ശേഷം കുരുക്കളുടെ ഗുരുക്കള്‍ ഇപ്രകാരം സാമങ്ങള്‍ പാടും എന്നാണ് ധൗമ്യന്റെ പോക്കിലുള്ള സാരം. വഴിക്കു ജനങ്ങള്‍ ഇപ്രകാരം പറയുന്നതും കേട്ടു.
ജനങ്ങള്‍ പറഞ്ഞു: കഷ്ടം! നമ്മുടെ നാഥന്മാര്‍ പോകുന്നത് ഇപ്രകാരമാണല്ലേ കാണപ്പെടുന്നത്. ഹാ! കുരുവൃദ്ധന്മാര്‍ ചേഷ്ടിതം കൊണ്ട് ബാലപ്രായര്‍ തന്നെ! അവര്‍ ലോഭത്താല്‍ പാണ്ഡുപുത്രന്മാരെ നാട്ടില്‍ നിന്ന് ഇതാ ആട്ടിയോടിക്കുന്നു. പാണ്ഡുപുത്രന്മാര്‍ പോയപ്പോള്‍ നമ്മളൊക്കെ അനാഥരായി. ഈ ദുഷ്ടരും ലുബ്ധരുമായ കുരുക്കളില്‍ നാം എങ്ങനെ നന്ദി കാണിക്കും?
വിദുരര്‍ പറഞ്ഞു: എന്നൊക്കെ പൗരന്മാര്‍ ദുഃഖിച്ചു വിലപിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ആകാരങ്ങള്‍ കൊണ്ടും, അടയാളങ്ങള്‍ കൊണ്ടും തങ്ങളുടെ മനസ്സിലെ തീരുമാനം പ്രകാശിപ്പിച്ച് മനസ്വികളായ കൗന്തേയര്‍ കാടുകയറി.
ഇപ്രകാരം ആ മനസ്വികള്‍ ഹസ്തിനാപുരി വിട്ട ഉടനെ പല ദുര്‍ന്നിമിത്തങ്ങളും ഹസ്തിനാപുരിയിലുണ്ടായി. മേഘം കൂടാതെ ഇടിവെട്ടി. ഭൂകമ്പമുണ്ടായി. രാഹു, വാവു ദിവസമല്ലെങ്കിലുംആ സമയത്തു സൂര്യനെ ഗ്രസിച്ചു. ഇടത്തു വശത്തായി കൊള്ളിമിന്‍ ചാടി. ആകാശത്തു വെച്ചു തന്നെ പൊരിഞ്ഞു വീണു. മാംസവും അസ്ഥിയും എടുത്ത് കഴുക്കളും കുറുക്കനും രാജാകണങ്ങളിലും, വീഥികളിലും, ക്ഷ്രേതങ്ങളിലും, ചൈത്യങ്ങളിലും, കോട്ട, കൊത്തളം മുതലായ ദിക്കിലും കൊണ്ടു വന്ന് ഇട്ടു. ഇപ്രകാരം ഭയങ്കരമായ ഓരോ ദുര്‍ന്നിമിത്തം കാണുവാന്‍ ഇടയായി. രാജാവേ! ഇതൊക്കെ നിന്റെ ദുര്‍മന്ത്രം മൂലം വന്നുചേർന്ന ആപത്താണ്. രാജാവേ, ഭവാന്‍ മൂലം ഭാരതത്തിന്റെ നാശമാണ് സംഭവിക്കുവാന്‍ പോകുന്നത്.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധീമാനായ വിദുരനും ധൃതരാഷ്ട്ര രാജാവും പറഞ്ഞിരിക്കുന്ന സമയത്ത് നാരദന്‍ സഭാമദ്ധ്യത്തില്‍ കുരുക്കളുടെ മുമ്പില്‍ മഹര്‍ഷിമാരോടു കൂടി വന്നുചേർന്നു. രൗദ്രഭാവം കലര്‍ന്ന മുഖത്തോടെ മഹര്‍ഷി ഇപ്രകാരം പറഞ്ഞു.
നാരദന്‍ പറഞ്ഞു; ഇനി പതിന്നാലാമത്തെ ആണ്ടില്‍ കൗരവന്മാര്‍ നശിക്കും. ദുര്യോധനന്റെ തെറ്റുമൂലം ഭീമാര്‍ജ്ജുനന്മാരുടെ ബലത്താലാണ് അതു സംഭവിക്കുക.
വൈശമ്പായനൻ പറഞ്ഞു; ഈ വാക്കുപറഞ്ഞ് ബ്രഹ്മതേജസ്സ് ഏറ്റവും വിളങ്ങുന്ന ആ മഹര്‍ഷി ആകാശത്തിലേക്കുയര്‍ന്നു മറഞ്ഞു.
ഭീതരായ ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നിവര്‍ ദ്രോണര്‍ മാത്രമേ തങ്ങള്‍ക്കു ശരണമായുള്ളൂു എന്നു ധരിച്ച് രാജ്യം തന്നെ അദ്ദേഹത്തിനു നിവേദിച്ച്, ബഹുമാനിച്ചു. ദ്രോണൻ ദുര്യോധനനോടും, ദുശ്ശാസനനോടും, കര്‍ണ്ണനോടും, മറ്റ് ഭാരതരോടും പറഞ്ഞു.
ദ്രോണൻ പറഞ്ഞു: പാണ്ഡവന്മാര്‍ ദേവപുത്രന്മാരാണ്. അവര്‍ അവദ്ധ്യരാണെന്നാണ് ദ്വിജാദികള്‍ പറയുന്നത്. എന്നാൽ ഞാന്‍ എന്നെ ശരണം പ്രാപിച്ചവര്‍ക്കാണ് യഥാബലം സഹായിക്കേണ്ടത്. എല്ലാം കൊണ്ടും കൂറുപാര്‍ത്ത് കൂട്ടു ചേർന്ന ധാര്‍ത്തരാഷ്ട്രന്മാരെ കൈവിടുവാന്‍ ഞാന്‍ ശക്തനല്ല. ദൈവഹിതമാണ് എല്ലാറ്റിനും മേലെയെങ്കിലും പാണ്ഡവന്മാരാണെങ്കില്‍ ചൂതില്‍ തോറ്റു ധര്‍മ്മം പാലിക്കുന്നതിനായി കാടു കയറിയവരാണ്. പന്ത്രണ്ടു വര്‍ഷം അവര്‍ കാട്ടില്‍ താമസിക്കും. ബ്രഹ്മചര്യം ആചരിച്ച് ക്രോധാമര്‍ഷശാലികളായി അവര്‍ ശത്രുക്കളെ മഹാദുഃഖത്തിലാഴ്ത്തി പകവീട്ടും.
സഖിപ്പക മൂലം ഞാന്‍ ദ്രുപദ രാജാവിന്റെ നാടു കൈവശമാക്കി. അവന്‍ എന്നെ സംഹരിക്കുവാന്‍ ഒരു പുത്രനുണ്ടാകുവാന്‍ അധ്വരം ചെയ്തവനുമാണ്. യാജോപയാജന്മാരുടെ തപസ്സുകള്‍ കൊണ്ട് തീയില്‍ ഒരു പുത്രന്‍ ജനിക്കുകയും ചെയ്തിട്ടുണ്ട്. അത് ധൃഷ്ടദ്യുമ്നനാണ്. അപ്രകാരം തന്നെ തീയില്‍ നിന്നു ജനിച്ച പുരരിയാണ് കൃഷ്ണ. ചാര്‍ച്ച കൊണ്ട് ധൃഷ്ടദ്യുമ്നന്‍ പാണ്ഡവര്‍ക്കു സ്യാലനായും തീര്‍ന്നു. പാണ്ഡവ പ്രിയത്തില്‍ സന്നദ്ധനായ അവനെ ഞാന്‍ ഭയപ്പെടുന്നുമുണ്ട്. അഗ്നിജ്‌ജ്വാല പോലെയുള്ള വര്‍ണ്ണത്തോടു കൂടിയവനും, ദേവദത്തനും, ചട്ടയും വില്ലും അമ്പും ഏന്തിയവനുമായിട്ടാണ് അവന്‍ അഗ്നികുണ്ഡത്തില്‍ നിന്നുയര്‍ന്നു വന്നത്. മര്‍ത്ത്യധര്‍മ്മത്തെ സ്വീകരിച്ചിരിക്കുന്ന അവനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നുണ്ട്, പരതാപനനായ ആ പാര്‍ഷതന്‍ അവരുടെ പക്ഷത്തിലുണ്ട്. മഹാതിരഥന്മാരില്‍ ശ്രേഷ്ഠനും യുവാവുമായ അവനുമായി ഞാന്‍ എതിര്‍ത്താല്‍ അവന്‍ എന്റെ പ്രാണനെ നശിപ്പിക്കും. കൗരവന്മാരേ, എന്നെക്കൊല്ലാന്‍ വേണ്ടി ജനിച്ച അവനുമായി എതിര്‍ക്കേണ്ടി വരിക എന്നതില്‍ അപ്പുറമായി എന്തുണ്ട് ലോകത്തില്‍ ദുഃഖം? ദ്രോണന്റെ അന്തകനാണ് ധൃഷ്ടദ്യുമ്നന്‍ എന്നുള്ളത് ലോകവിദിതമാണ്. എന്നെ കൊല്ലുവാന്‍ പിറന്ന അവന്‍ ലോകത്തിലൊക്കെ കേള്‍വിപ്പെട്ടവനുമാണ്. നീ കാരണം കാലത്തിന്റെ യോഗം അനുത്തമമായി ഇതാ വന്നു കൂടിയിരിക്കുന്നു. ഉടനെ നിങ്ങള്‍ നന്മ ചെയ്യുവിന്‍. പാണ്ഡവന്മാരെ നാടുകടത്തി എന്നുള്ളതു കൊണ്ട് ഒന്നുമായില്ല. ഈ സുഖം ക്ഷണികമാണ്. ഹേമന്തത്തില്‍ പനനിഴല്‍ പോലെ അല്പം സുഖം നിങ്ങള്‍ക്കു കിട്ടിയേക്കാം. അതു കൊണ്ട് യജിക്കുവാന്‍ മുഖ്യമായ യജ്ഞങ്ങള്‍ ചെയ്യുവിന്‍. ധനമേകുവിന്‍. ഇനി പതിനാലാമാണ്ടു വലിയ ദുഃഖം വന്നു ചേരും. ( ധൃഷ്ടദ്യുമ്നന്റെ ഉത്ഭവ ചരിത്രം ആദിപര്‍വ്വം 167-ാം അദ്ധ്യായത്തില്‍ വിസ്തിരിച്ചു പറഞ്ഞിട്ടുണ്ട് ).
വൈശമ്പായനൻ പറഞ്ഞു: ദ്രോണൻ പറഞ്ഞതു കേട്ടപ്പോള്‍ ധൃതരാഷ്ട്രനും പറഞ്ഞു. ക്ഷത്താവേ, ഗുരു പരമാര്‍ത്ഥമാണ് പറഞ്ഞത്. ഉടനെ പാണ്ഡുപുത്രന്മാരെ വരുത്തുക. അവര്‍ വരുന്നില്ലെങ്കില്‍ എന്റെ ഉണ്ണികള്‍ തേര്‍, ആന, അശ്വം, ആള്‍, ആയുധ സംഭോഗ വിഭവങ്ങള്‍ ഇവയോടു കൂടി മാനമായി പോകട്ടെ. അവര്‍ക്ക് വേണ്ടതൊക്കെ എത്തിച്ചു കൊടുക്കട്ടെ.
81. ധൃതരാഷ്ട്ര സഞ്ജയ സംവാദം - വൈശമ്പായനൻ പറഞ്ഞു: ചൂതില്‍ തോറ്റു പാണ്ഡവന്മാര്‍ കാട്ടില്‍ പോയതിന് ശേഷം ധൃതരാഷ്ട്രന്‍ വലിയ ചിന്തയില്‍ പെട്ടു. ചിന്തിച്ചു നെടുവീര്‍പ്പിട്ട് ഏകാഗ്ര സ്ഥിതിയിലിരിക്കുന്ന ധൃതരാഷ്ട്ര രാജാവിന്റെ സമീപത്തു ചെന്ന് സഞ്ജയന്‍ പറഞ്ഞു.
സഞ്ജയന്‍ പറഞ്ഞു: അല്ലയോ രാജാവേ, സമ്പത്തുകളാല്‍ സമ്പൂര്‍ണ്ണമായ ഭൂമി ഭവാനു ലഭിച്ചു. നാടു കൈയടക്കി പാണ്ഡവരെ കാടു കയറ്റുകയും ചെയ്തു. ഇനി എന്തിനാണ് ഭവാന്‍ ദുഃഖിക്കുന്നത്?
ധൃതരാഷ്ട്രന്‍ പറഞ്ഞു: യുദ്ധവീരന്മാരും മഹാപരാക്രമികളും ബലവാന്മാരുമായ പാണ്ഡവരില്‍ വൈരമുണ്ടായവര്‍ക്ക് എപ്പോഴാണ് ദുഃഖമില്ലാതിരിക്കുവാന്‍ സാധിക്കുക.
സഞ്ജയന്‍ പറഞ്ഞു: രാജാവേ! കരുതിക്കൂട്ടിയുണ്ടാക്കിയ മഹാവൈരമല്ലേ ഇത്? ഈ വൈരം കൊണ്ട് കൂട്ടത്തോടെ ലോകംനശിക്കും! സര്‍വ്വവും നശിപ്പിച്ചേ ഈ അഗ്നി അടങ്ങുകയുള്ളൂ. ഭീഷ്മനും ദ്രോണനും, വിദുരനും തടുത്തില്ലേ പാണ്ഡവന്മാരുടെ ഇഷ്ടപത്നിയെ, ധര്‍മ്മചാരിണിയായ ദ്രൗപദിയെ, സഭയിലേക്കു കൊണ്ടു വരുവാന്‍ ഭവാന്റെ പുത്രനായ ദുര്യോധനന്‍ പ്രാതികാമിയെ നിര്‍ലജ്ജം വിട്ടപ്പോള്‍? ആര്‍ക്കു പരാജയം ഉണ്ടാക്കാന്‍ ദേവന്മാര്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ബുദ്ധി നശിക്കുന്നു. അവന്‍ കാണുന്നതെല്ലാം വിപരീതമായിരിക്കും. ബുദ്ധി കലുഷിതമായി, വിനാശകാലം അടുത്താല്‍ അനീതി നീതിയായിത്തോന്നും. അതില്‍ ഉറച്ചു നിൽക്കുകയും ചെയ്യും. അര്‍ത്ഥത്തെ അനര്‍ത്ഥമായും തോന്നും, വിനാശത്തിലെത്തിയവന്‍ അതു രുചിക്കുകയും ചെയ്യും,
കാലം ഇരുമ്പുലക്ക കൈയിലെടുത്ത് ആരുടെയും തലയ്ക്കും വീശി അടിക്കുകയില്ല. കാലം വിപരീതമായി അര്‍ത്ഥത്തെ കാണിച്ച് ആപത്തിലിറക്കി നശിപ്പിക്കുകയാണ് ചെയ്യുക. ഘോരവും തുമുലവും ലോമഹര്‍ഷണവുമായ മഹാനാശത്തെ അടുപ്പിക്കുന്നു. അതാണ് കാലത്തിന്റെ കഴിവ്. ധീരയായ ദ്രൗപദിയെ സഭയിലിട്ടിഴച്ച കൂട്ടര്‍ ആ മഹാഘോരമായ നാശത്തെ അടുപ്പിച്ചു. അയോനിജയും, രമ്യയുമായ ദ്രൗപദി അഗ്നിയില്‍ നിന്ന് ഉത്ഭവിച്ചവളാണ്. കീര്‍ത്തിപ്പെട്ട ആ സര്‍വ്വധര്‍മ്മജ്ഞയെ ഏതൊരുത്തന്‍ ധിക്കരിച്ച് സഭയില്‍ കൊണ്ടു വരും? ആ ദുര്‍ദ്യൂതക്കാരനല്ലാതെ മറ്റ് ആര് അതിനൊരുങ്ങും? തീണ്ടാരിയായ ആ വരാംഗന, വീണ്ടും ചോരയില്‍ മുഴുകി, ഒറ്റവസ്ത്രത്താലേ നില്ക്കുന്ന കൃഷ്ണ, ആ സമയത്ത് പാര്‍ത്ഥന്മാരെ നോക്കി, അവരുടെ നില്പു കണ്ടു. ധനവും രാജ്യവും ശ്രീയും വസ്ത്രവും പോയി അങ്ങനെ സര്‍വ്വസ്വവും നശിച്ചു ദാസരായി നില്ക്കുന്ന വിധം അവര്‍ കാണപ്പെട്ടു. ധര്‍മ്മപാശക്കെട്ടില്‍ പെട്ട് വിക്രമിക്കുവാന്‍ അശക്തരായി നില്ക്കുന്ന അവര്‍, കൃഷ്ണയെ ക്ലേശിപ്പിക്കുന്നതു കണ്ട് കുരുസംസത്തില്‍ നിന്നു ക്രോധിച്ചു. അപ്പോള്‍ ദുര്യോധനനും കര്‍ണ്ണനും പരുഷ വാക്കുകള്‍ പറഞ്ഞു. ഇതൊക്കെ കഷ്ടമായ ഫലം ഉണ്ടാക്കുമെന്ന് എനിക്കു തോന്നുന്നു രാജാവേ!
ധൃതരാഷ്ട്രന്‍ പറഞ്ഞു: അവള്‍ ദുഃഖിച്ച് ഒന്നു നോക്കിയാല്‍ ഊഴി പോലും ദഹിച്ചു പോകും. പിന്നെ എന്റെ മക്കളില്‍ ആരെങ്കിലും അവശേഷിക്കുമോ സഞ്ജയാ! ഭാരത സ്ത്രീകള്‍ എല്ലാവരും ഗാന്ധാരിയോടു കൂടി ആര്‍ത്തു നിലവിളിച്ചു, സഭയില്‍ ആ സാധ്വിയെ കണ്ടപ്പോള്‍. ധര്‍മ്മജ്ഞയും രൂപയൗവനാഢ്യയുമായ ആ ധര്‍മ്മപത്നിയെ ചിന്തിച്ച് പ്രജകളോടു കൂടി അവര്‍ അനുശോചിക്കുകയാണ് എല്ലായ്പോഴും.
അഗ്നിഹോത്രത്തില്‍ അന്തിക്കു ബ്രാഹ്മണര്‍ ആരും ഹോമിച്ചില്ല. ദ്രൗപദിയെ കര്‍ഷണം ചെയ്തതില്‍ ബ്രാഹ്മണരൊക്കെ വെറുത്തു പോയി.
കൊടുങ്കാറ്റടിച്ചു. ഭയങ്കരമായി ഇടിവെട്ടി. കൊള്ളിമീന്‍ ചാടി. വാവു ദിവസമല്ലാത്ത അന്ന് രാഹു സൂര്യനെ ഗ്രസിച്ചു. ഈ ഘോരനിമിത്തങ്ങള്‍ കണ്ട് പ്രജകള്‍ ഭയപ്പെട്ടു നടുങ്ങി. രഥശാലകളില്‍ അഗ്നി ജ്വലിച്ചു. ധ്വജങ്ങള്‍ വീണു. ഇതൊക്കെ ഭരതവംശനാശനമായ ദുര്‍ന്നിമിത്തമായിരുന്നു എന്നുള്ളതില്‍ സംശയമില്ല. ദുര്യോധനന്റെ അഗ്ന്യാഗാരത്തില്‍ കുറുക്കന്‍ വന്നുകയറി ഉഗ്രമായി ഓരിയിട്ടു. അങ്ങുമിങ്ങും കഴുതകള്‍ കുറുക്കന്മാരുടെ ശബ്ദത്തെ ഏറ്റ് അതിന് എതിര്‍ കരച്ചിലുണ്ടാക്കി. അങ്ങനെ കുറുക്കന്മാരും കഴുതകളും ഉച്ചത്തില്‍ ശബ്ദം മുഴക്കി.
ഈ ശബ്ദഘോഷങ്ങളും ദുര്‍ന്നിമിത്തങ്ങളും കണ്ടപ്പോള്‍ ഭീഷ്മൻ ദ്രോണനോടൊത്ത് എഴുന്നേറ്റു സഞ്ജയാ! സോമദത്ത രാജാവും, ബാല്‍ഹീക രാജാവും പോയി. വിദുരന്റെ പ്രേരണയോടു കൂടി ഞാന്‍ സഭയില്‍ച്ചെന്നു. ഞാന്‍ കൃഷ്ണയോടുപറഞ്ഞു; കൃഷ്ണേ! നീ ഇച്ഛിക്കുന്നതെന്തോ അത് ഞാന്‍ സാധിപ്പിച്ചു തരാം. എന്നില്‍ നിന്നു നീ വരം വരിക്കുക. കൃഷ്ണ എന്നോട് പാണ്ഡവന്മാരുടെ അടിമത്തം നീക്കിക്കൊടുക്കുവാനും രഥായുധരായി പോകുവാനും അനുവാദം വാങ്ങി. അപ്പോള്‍ സര്‍വ്വധര്‍മ്മജ്ഞനായ വിദുരന്‍ പറഞ്ഞു:
വിദുരന്‍ പറഞ്ഞു: ഭാരതന്മാരുടെ അവസാനം ഈ സംഭവത്തിലാണ്. കൃഷ്ണയെ സഭ കയറ്റിയില്ലേ? പാഞ്ചാല നന്ദിനിയായ ഇവള്‍ സാക്ഷാല്‍ ശ്രീദേവിയോടു തുല്യയാണ്. ദൈവം അങ്ങനെ അവളെ സൃഷ്ടിച്ചു. അവള്‍ പാണ്ഡവരെ അടുപ്പിക്കുന്നു. കോപികളായ പാണ്ഡവന്മാര്‍ അവളുടെ പരിക്ലേശം പൊറുക്കുമോ? വൃഷ്ണിവീരന്മാരും അപ്രകാരം തന്നെ. പാഞ്ചാലവീരന്മാരും അത്യാഭിസന്ധിയുള്ളവനായ വാസുദേവന്റെ രക്ഷയില്‍ പാഞ്ചാലന്മാരുമൊന്നിച്ച് ധനഞ്ജയന്‍ വന്ന് എതിര്‍ക്കും. ആ കൂട്ടത്തിന്റെ നടുക്ക് മഹാബലനായ ഭീമസേനന്‍ ദണ്ഡേന്തിയ കാലനെ പോലെ ഉത്കടനായി ഗദയും തുള്ളിച്ച് അടുക്കും. പിന്നെ ധീമാനായ അര്‍ജ്ജുനന്റെ ഗാണ്ഡീവത്തിന്റെ ശബ്ദവും ഭീമന്റെ ഗദയുടെ കാറ്റും ഏല്ക്കുവാന്‍ നൃപന്മാര്‍ ശക്തരാവുകയില്ല. എന്റെ പക്ഷം പാര്‍ത്ഥരുമായി സന്ധിയാവുകയാണ് നല്ലതെന്നാണ്. വിഗ്രഹം ഒരിക്കലും ശോഭനമാവുകയില്ല. കുരുക്കളേക്കാള്‍ പാര്‍ത്ഥന്മാര്‍ ശക്തരാണ് എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ടെന്നാല്‍, ശ്രീമാനായ ജരാസന്ധ രാജാവിനെ ബാഹുയുദ്ധം കൊണ്ടു തന്നെ ഭീമന്‍ കൊന്നു വീഴ്ത്തി. അങ്ങയ്ക്ക് പാര്‍ത്ഥരുമായി ശമമാണ് നല്ലത് ഭരതര്‍ഷഭാ! ഇരുകൂട്ടര്‍ക്കും അതാണ് ഹിതം. അത് ഭവാന്‍ സംശയം കൂടാതെ ചെയ്യണം. അപ്രകാരം ചെയ്താല്‍ മഹാരാജാവേ, അങ്ങയ്ക്കു ശ്രേയസ്സുണ്ടാകും.
ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇപ്രകാരം ധര്‍മ്മാര്‍ത്ഥങ്ങളെ ഉദാഹരിച്ച് വിദുരന്‍ എന്നെ ഉപദേശിച്ചു സഞ്ജയാ! എന്നാൽ ഭോഷനായ ഞാന്‍ മക്കളുടെ ഹിതം കാംക്ഷിച്ച് വിദുരന്റെ വാക്കുകള്‍ സ്വീകരിച്ചില്ല. അവന്റെ വാക്കുകളെ അവഗണിക്കുകയാണ് ചെയ്തത്.
No comments:
Post a Comment