Sunday 16 October 2022

വനപർവ്വം അദ്ധ്യായം 157 മുതൽ 204 വരെ

ജടാസുരവധ പർവ്വം

157. ജടാസുരവധം - വൈശമ്പായനൻ പറഞ്ഞു: പിന്നെ വിശ്വസ്തന്മാരായ ബ്രാഹ്മണരോടു കൂടി പാണ്ഡുപുത്രന്മാര്‍ ആ പര്‍വ്വതേന്ദ്രനില്‍ പാര്‍ത്ഥന്റെ വരവും കാത്തു പാര്‍ക്കുന്ന സമയത്ത്‌ ഒരു ദിവസം ഒരു വിഷമ സംഭവമുണ്ടായി. രക്ഷസ്സുകളും ഭീമസേന പുത്രനായ ഘടോല്‍ക്കചനും യദ്യച്ഛയാ അവിടം വിട്ടഘട്ടത്തില്‍, ഭീമസേനന്‍ അടുത്തില്ലാത്ത തക്കം നോക്കി, ധര്‍മ്മരാജാവിനെ യമന്മാരോടും, കൃഷ്ണയോടും കൂടി ഒരു അസുരന്‍ അപഹരിച്ചു.

ബ്രാഹ്മണനാണ്‌, മന്ത്രകുശലനാണ്‌, സര്‍വ്വശാസ്ത്രജ്ഞനാണ്‌, ഉത്തമനാണ്‌ താനെന്നു പറഞ്ഞ്‌ പാണ്ഡവന്മാരെ സേവിക്കുകയായിരുന്നു അവന്‍. വേഷം മാറി പാര്‍ത്തിരുന്ന അവന്‍ ജടാസുരന്‍ എന്ന ഒരു അസുരനായിരുന്നു. പാര്‍ത്ഥന്മാരുടെ ചാപകലാപങ്ങളില്‍ കണ്ണുവെച്ചു കൊണ്ടും ദ്രൗപദീഹരണത്തിന് സന്ദര്‍ഭം നോക്കിക്കൊണ്ടും, അവന്‍ പാണ്ഡവന്മാരുടെ കൂടെ തന്നെ താമസിക്കുകയായിരുന്നു. അവനെ ധര്‍മ്മപുത്രര്‍ സംരക്ഷിച്ചു പോന്നു. ചാരം കൊണ്ടു മൂടിയ അഗ്നി പോലിരിക്കുന്ന ആ ദുഷ്ടരാക്ഷസനെ അവര്‍ അറിഞ്ഞില്ല.

നായാട്ടിനായി ഭീമന്‍ പോയ തക്കം നോക്കി, ഘടോല്‍ക്കചന്‍ കൂട്ടുകാരോടു കൂടി എങ്ങോ പോയ സമയം നോക്കി, ലോമശന്‍ മുതലായ സമാഹിത മുനീന്ദ്രന്മാര്‍ കുളിക്കുവാനും പുഷ്പങ്ങള്‍ കൊണ്ടു വരാനും പോയ നേരം നോക്കി, വലിയതും ഭയങ്കരവും വികൃതവുമായ മറ്റൊരു രൂപം മാറിയെടുത്ത്‌, ശസ്ത്രങ്ങളൊക്കെ കയ്യിലാക്കി ദ്രൗപദിയേയും മൂന്നു പാണ്ഡവന്മാരേയും എടുത്ത്‌ ആ ജടാസുരന്‍ നടന്നു. സഹദേവന്‍ പണിപ്പെട്ടു കുതറി അവന്റെ പിടിയിൽ നിന്നു വിട്ടു ചാടി ശത്രുവിന്റെ പിടിവിട്ട അവന്‍ വാള്‍ ഉറയില്‍ നിന്നൂരി ഭീമന്‍ പോയ മാര്‍ഗ്ഗം നോക്കി ഭീമനെ ഉറക്കെ വിളിച്ചു. ആ ജടാസുരനോട്‌ യുധിഷ്ഠിരന്‍ ധര്‍മ്മോപദേശം ചെയ്യുകയാണുണ്ടായത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ, മൂഢാ!! നീ ധര്‍മ്മത്തെ കെടുത്തുന്ന പ്രവൃത്തിയാണു ചെയ്യുന്നത്‌. തത്വം നീ നോക്കുന്നില്ലല്ലോ. മനുഷ്യരും പക്ഷിമൃഗാദികളും, വിശേഷിച്ച്‌ രാക്ഷസന്മാരും ധര്‍മ്മം നോക്കി നടക്കേണ്ടവരാണ്‌. രാക്ഷസന്മാരുടെ ജീവിതത്തിന് മുഖ്യമായും ധര്‍മ്മമാണ്‌ ആധാരം. ഉത്തമമായ ധര്‍മ്മം അവര്‍ക്കറിയാം. നിനക്ക്‌ അത്‌ അറിഞ്ഞു കൂടെങ്കില്‍ നീ ഞങ്ങളുടെ കൂടെ പാര്‍ത്തു കൊള്ളുക. ഞാന്‍ പഠിപ്പിച്ചു തരാം. ദേവന്മാര്‍, ഋഷികള്‍, സിദ്ധന്മാര്‍, പിതൃക്കള്‍, ഗന്ധര്‍വ്വന്മാര്‍, ഉരഗ രാക്ഷസന്മാര്‍ മുതലായവരും പശുക്കള്‍, പക്ഷികള്‍, പുഴുക്കള്‍, ഉറുമ്പുകള്‍ മുതലായവയും മനുഷ്യരെ കൊണ്ടാണ് കഴിഞ്ഞു കൂടുന്നത്. നീയും അപ്രകാരം തന്നെയാണ് ജീവിച്ചു വരുന്നത്. മനുഷ്യ ലോകത്തിന്റെ അഭിവൃദ്ധിയില്‍ നിന്നാണ്‌ നിങ്ങളുടെ ദേവാസുര ലോകവും സമൃദ്ധമാവുക. ഈ ലോകം ദുഃഖത്തില്‍ പെട്ടാല്‍ ദേവലോകം അനുശോചിക്കേണ്ടി വരും. ഈ ലോകത്തില്‍ നിന്നു വിധിപ്രകാരമുള്ള ഹവൃഗവ്യാദി പൂജകളാലാണ്‌ പരലോകം വര്‍ദ്ധിക്കുന്നത്‌. രാഷ്ട്രത്തെ നിര്‍ബ്ബാധം രക്ഷിക്കുന്നവരാണ്‌ ഞങ്ങള്‍. രാഷ്ട്രം അരക്ഷിതമായാല്‍ പിന്നെ സുഖസമൃദ്ധികള്‍ എങ്ങനെയുണ്ടാകും? കുറ്റം ചെയ്യാത്ത രാജാവിനെ രാക്ഷസനായ നീ എന്താണ്‌ അപമാനിക്കുന്നത്‌? അതുപാടില്ല. ലേശം പോലും അപരാധം ഞങ്ങളിലില്ലല്ലോ. ദേവാസുരന്മാര്‍, ബ്രാഹ്മണര്‍ മുതലായവരുടെ ഉച്ഛിഷ്ടാന്നം ഭുജിക്കുന്നവരാണു ഞങ്ങള്‍. ആചാര്യന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും വിധേയരായേ ഞങ്ങള്‍ നടക്കുകയുള്ളു. മിത്രങ്ങളെ ദ്രോഹിക്കരുത്‌. വിശ്വസ്തരെ ഒരിക്കലും ദ്രോഹിക്കരുത്‌. ചോറു നല്‍കുന്നവരെ ദ്രോഹിക്കരുത്‌. കിടക്കാന്‍ ഗൃഹം നല്‍കുന്നവരെ ദ്രോഹിക്കരുത്‌. നീ ഞങ്ങളുടെ ഗൃഹത്തില്‍ പൂജയേറ്റു സുഖമായി ജീവിക്കുന്നവനാണല്ലോ! ചോറു തിന്നു ജീവിക്കുന്നതിന് ഇടയ്ക്ക്‌ എടോ ദുര്‍ബുദ്ധേ! നിനക്കു ഞങ്ങളെ അപഹരിക്കാന്‍ തോന്നിയല്ലോ! ഇങ്ങനെ വ്യഥാചാരനും വൃഥാവൃദ്ധനും വൃഥാമതിയും ആയ നീ വൃഥാ മരണത്തെ അര്‍ഹിക്കുന്നവനാണ്‌. നീ ഇതാ അതു കൊണ്ടു വെറുതെ ചാകുവാന്‍ പോകുന്നു.

നീ സര്‍വ്വധര്‍മ്മങ്ങളും വര്‍ജ്ജിച്ച ദുര്‍ബുദ്ധി ആണെങ്കില്‍ ആയുധം തന്നു ഞങ്ങളോടു യുദ്ധം ചെയ്തു ജയിച്ചതില്‍ പിന്നെ ദ്രൗപദിയെ ഹരിച്ചു കൊള്ളുക! നീ അറിവില്ലായ്മ കൊണ്ട്‌ അതും ചെയ്യുന്നില്ലെങ്കില്‍ നിനക്ക്‌ അധര്‍മ്മവും, അപകീര്‍ത്തിയും മാത്രമേ ലഭിക്കുവാന്‍ പോകുന്നുള്ളു. ഈ മാനുഷിയെ നീ പിടികൂടിയത്‌ അകാല മരണത്തിന് വേണ്ടിയാണ്‌. വിഷം കലക്കി കുടത്തിലാക്കി തന്നത്താന്‍ കുടിക്കും പോലെയാണ്‌ നിന്റെ പ്രവൃത്തി.

വൈശമ്പായനൻ പറഞ്ഞു: ഈ ധര്‍മ്മോപദേശം കേട്ടതിന് ശേഷം അവന് യുധിഷ്ഠിരന്‍ ഒരു ഗുരുത്വം കൂടിയ വസ്തുവായി തീര്‍ന്നു. വല്ലാത്ത ഭാരം. എടുത്തു നടക്കുവാന്‍ വല്ലാത്ത കനം. അതു കൊണ്ട്‌, വേഗത്തില്‍ പായുവാന്‍ കഴിയാത്ത വിധം, അവൻ ഞെരുങ്ങി. അവന്റെ ഗതി മന്ദഗതിയായി. ധര്‍മ്മരാജാവ്‌ പാഞ്ചാലിയോടും നകുലനോടും പറഞ്ഞു: "ഈ മൂഢരാക്ഷസനെ നിങ്ങള്‍ ഭയപ്പെടേണ്ട. അവന്റെ ഗതി ഞാന്‍ മന്ദിപ്പിച്ചു കളഞ്ഞു. അവന്റെ യാത്രയെ ഞാന്‍ മുടക്കിയിരിക്കുന്നു. ഭീമന്‍ വളരെ ദൂരത്തല്ല. ഒരു മുഹൂര്‍ത്തത്തിനുള്ളില്‍ ഈ ദുഷ്ടരാക്ഷസന്റെ കഥ കഴിയും".

ബുദ്ധിമങ്ങിയ രാക്ഷസനെ കണ്ട്‌ സഹദേവനും യുധിഷ്ഠിരനോടു പറഞ്ഞു; രാജാവേ! ശത്രുവിനോട്‌ എതിര്‍ക്കേണ്ട കാലമായി. ഒന്നുകില്‍ ശത്രുവിനെ കൊല്ലണം. അല്ലെങ്കില്‍ ശത്രുവിന്റെ കൈ കൊണ്ടു ചാകണം. ക്ഷത്രിയന്റെ ധര്‍മ്മം അതാണ്‌. ഈ രാക്ഷസനെ നാം കൊന്നു കളയണം. അതിന് പറ്റിയ സ്ഥലവും കാലവും ഒത്തിരിക്കുന്നു. ഇവനുമായി ഒരു പോരാട്ടം കൂടിയേ കഴിയൂ. ക്ഷത്രധര്‍മ്മ അനുഷ്ഠാനത്തിനുള്ള കാലമായി. ജയിച്ചിട്ടോ മരിച്ചിട്ടോ സല്‍ഗ്ഗതി നേടണം. സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ്‌ ഇവനെ അവസാനിപ്പിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ ക്ഷത്രിയനല്ല എന്ന് ശപഥം ചെയ്യുന്നു. എടാ രാക്ഷസ! പാണ്ഡുപുത്രനായ സഹദേവനാണു ഞാനെന്ന്‌ നീ ഓര്‍ത്തു കൊള്ളുക. എന്നെ കൊന്നതിന് ശേഷമല്ലാതെ ഈ കൃഷ്ണയെ നിനക്കു കൊണ്ടു പോകുവാന്‍ കഴിയുകയില്ല. എന്നാൽ ചാകുവാന്‍ പോകുന്നത്‌ ഞാനല്ല, നീയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മാദ്രേയന്‍ പറഞ്ഞ ഉടനെ ഭീമസേനന്‍ യദൃച്ഛയാ ഗദയുമായി, വാസവന്‍ വജ്രവുമായി എത്തുന്ന മാതിരി വന്നു ചേര്‍ന്നു. സോദരന്മാരേയും ദ്രൗപദിയേയും എടുത്തു നിൽക്കുന്നതും സഹദേവന്‍ താഴെ നിന്ന്‌ അധിക്ഷേപിക്കുന്നതും കാലോപഹതനായി മാര്‍ഗ്ഗം തെറ്റി രാക്ഷസന്‍ ഉഴലുന്നതും ഭീമന്‍ കണ്ടു. ഭീമന്‍ ക്രോധാന്ധനായി.

ഭീമന്‍ പറഞ്ഞു: എടാ, നീ പാപിയാണെന്നു മുമ്പു തന്നെ ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. നീ ഞങ്ങളുടെ ശസ്ത്രങ്ങളെടുത്തു പരിശോധിക്കുന്നതു കണ്ടു മനസ്സിലാക്കിയിരുന്നു. പക്ഷേ, അന്നു നിന്നെ ഞാന്‍ വകവെക്കാഞ്ഞത് കൊണ്ടു കൊല്ലാഞ്ഞതാണ്‌. ബ്രാഹ്മണ വേഷത്തില്‍ ജീവിക്കുന്നവനും എന്നോട്‌ അപ്രിയം പറയാത്തവനും പ്രിയം നോക്കി നിൽക്കുന്നവനും ആകയാലാണ്‌ ഞാന്‍ അന്നു നിന്നെ വകവെക്കാതിരുന്നത്‌. പിഴയൊന്നും ചെയ്യാതിരിക്കെ, അപ്രിയം പ്രവര്‍ത്തിക്കാതിരിക്കെ, പാന്ഥനും ബ്രഹ്മരൂപിയുമായ ഒരുത്തനെ എങ്ങനെ കൊല്ലും? വേണ്ടെന്നു വച്ചിട്ടു വിട്ടു. രക്ഷസ്സാണെന്ന്‌ ഞാന്‍ അറിയാതെയല്ല. നരകശങ്ക കൊണ്ടു വിട്ടതാണ്‌. ഇപ്പോള്‍ നീ കാലത്തിന്റെ ചൂണ്ടലില്‍ പെട്ട ഇരയെയാണ്‌ ഗ്രസിച്ചിരിക്കുന്നത്‌. ചുണ്ടലില്‍ പെട്ട മത്സ്യത്തിന് എങ്ങനെ രക്ഷപ്പെടുവാന്‍ കഴിയും ? നീ എവിടേക്കാണു പോകുവാന്‍ ആഗ്രഹിക്കുന്നത്‌? അവിടെ നീ ഒരിക്കലും ചെന്നെത്തുന്നതല്ല. നീ എത്തുന്ന സ്ഥാനം ഞാന്‍ പറഞ്ഞു തരാം. ബകനും, ഹിഡിംബനും എത്തിയ സ്ഥലത്തു തന്നെ.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീമന്‍ പറഞ്ഞപ്പോള്‍ കാലചോദിതനായ രാക്ഷസന്‍ ഭയപ്പെട്ട്‌ എല്ലാവരേയും വിട്ട് പോരിന് ഒരുങ്ങി. അവന്‍ കോപിച്ചു ചുണ്ടു വിറച്ചു കൊണ്ട്‌ ഭീമനോടു പറഞ്ഞു: "എടാ, പാപി! നീ എന്തു വിചാരിക്കുന്നു? ഞാന്‍ ഇവിടെ ദിക് ഭ്രമം കൊണ്ട്‌ ഉഴലുകയാണെന്ന് ആയിരുന്നോ? നിനക്കു തെറ്റി. ഞാന്‍ നിന്നെ ഒന്ന്‌ എന്റെ കൈയില്‍ കിട്ടണമെന്നു വിചാരിച്ചു കാത്തു നിന്നതാണ്‌. നീ പല രാക്ഷസ വീരന്മാരേയും കൊന്നതായി ഞാന്‍ കേട്ടു. അവര്‍ക്കൊക്കെ ഞാന്‍ നിന്റെ രക്തം കൊണ്ട്‌ ഇപ്പോള്‍ ഉദക്രകിയ നടത്തും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം രാക്ഷസന്‍ പറഞ്ഞപ്പോള്‍ ഭീമന്‍ നാവു കൊണ്ടു തന്റെ വരണ്ട ചുണ്ടു നക്കി നനച്ച്‌ ക്രോധം കൊണ്ട്‌ ഉജ്ജ്വലിച്ച്‌ കാലാന്തകനെ പോലെ കയ്യൂക്കു മാത്രം നോക്കി രക്ഷസ്സിന്റെ നേരെ ആഞ്ഞടുത്തു. യുദ്ധത്തിന് വരുന്ന ഭീമനെ നോക്കി, വീണ്ടും വീണ്ടും വായ പിളര്‍ന്നു ചിറി നക്കി നനച്ചു തുടച്ച്‌ സംരംഭത്തോടെ, ബലി വജ്രധരനോട്‌ എന്ന വിധം പാഞ്ഞടുത്തു. അവര്‍ തമ്മില്‍ ഉഗ്രമായി ബാഹുയുദ്ധം നടന്നു. ക്രുദ്ധരായി യമന്മാര്‍ രണ്ടുപേരും പാഞ്ഞടുത്തു. ഭീമന്‍ ചിരിച്ച്‌ അവരെ നിര്‍ത്തി പറഞ്ഞു: ഈ രാക്ഷസന് ഞാന്‍ മതി. നിങ്ങള്‍ നോക്കിക്കൊള്ളുക. ആത്മാവിനേയും, സോദരന്മാരേയും, ധര്‍മ്മത്തേയും, പുണ്യത്തേയും, മഖങ്ങളേയും സാക്ഷിയാക്കി ഞാന്‍ ശപഥം ചെയ്യുന്നു. ഞാന്‍ ഈ നിശാചരനെ കൊല്ലുന്നതാണ്‌. ഇപ്രകാരം പറഞ്ഞ്‌ അന്യോന്യ സ്പര്‍ദ്ധയോടെ കൈ കൊണ്ട്‌ അവര്‍ രണ്ടു പേരും പൊരുതി. ക്രുദ്ധരായ ഭീമരാക്ഷസന്മാര്‍ തമ്മില്‍ യുദ്ധം ഉല്‍ക്കടമായി. ദൈത്യനും ദേവനും തമ്മിലെന്ന വിധം അമര്‍ഷം വര്‍ദ്ധിച്ച്‌ മരം പറിച്ചു തമ്മില്‍ അടിക്കുവാന്‍ തുടങ്ങി. ആ മഹാബലന്മാര്‍ മേഘഗര്‍ജ്ജനം പോലെ സിംഹനാദം മുഴക്കി. തമ്മില്‍ കൊല്ലുവാന്‍ കരുതിയ അവര്‍ തുട കൊണ്ടു മരങ്ങള്‍ തകര്‍ത്ത്‌ യുദ്ധം തുടര്‍ന്നു. വൃക്ഷങ്ങള്‍ ധാരാളം പറിച്ചുപരസ്പരം യുദ്ധം ചെയ്ത്‌ അനവധി വൃക്ഷങ്ങള്‍ നശിച്ചു. പണ്ട്‌ ഒരു സ്ത്രീക്കു വേണ്ടി ബാലി സുഗ്രീവന്മാര്‍ തമ്മിലുണ്ടായ യുദ്ധം പോലെ അവര്‍ ഇരുവരും അട്ടഹസിച്ച്‌ മരങ്ങള്‍ കൊണ്ടു മുഹൂര്‍ത്ത സമയം ഘോരമായ അടി നടന്നു. ആ സ്ഥലത്തുള്ള സകല വൃക്ഷങ്ങളും വീഴ്ത്തി. പിന്നെ പാറകള്‍ എടുത്തു പൊക്കി: മലകള്‍ തമ്മില്‍ കാര്‍മേഘ പടലങ്ങള്‍ കൊണ്ടെന്ന വിധം, യുദ്ധം ഉഗ്രമായി ഒരു മുഹൂര്‍ത്തം നടന്നു. ആ അമര്‍ഷണന്മാര്‍ ഊക്കേറിയ വജ്രസമാനമായ പാറകള്‍ കൊണ്ടു യുദ്ധം ഭയങ്കരമായി നടത്തി.

പിന്നെ ആ ബലദര്‍പ്പിതന്മാര്‍ തമ്മില്‍ തമ്മില്‍ കെട്ടിപ്പിടിച്ച്‌ ആനകളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിച്ചു പൊരുതി. മുഷ്ടി ചുരുട്ടി അവര്‍ അന്യോന്യം ഇടിച്ചു തുടങ്ങിയപ്പോള്‍ കടകട എന്ന ശബ്ദം മുഴങ്ങി. അഞ്ചു തലയുള്ള സര്‍പ്പം പോലെ ശക്തമായ തന്റെ കൈ ചുരുട്ടി പിടിച്ച്‌ ഭീമന്‍ രാക്ഷസന്റെ ചങ്കില്‍ ആഞ്ഞ്‌ ഒരിടി കൊടുത്തു. ആ ഇടിയാല്‍ അവന്‍ തളര്‍ന്നു പോയി. പരിശ്രാന്തനും, പരിഭ്രാന്തനുമായ ആ രാക്ഷസനെ ഭീമന്‍ ഉടനെ പൊക്കിയെടുത്ത്‌ ഊക്കോടെ നിലത്ത്‌ ഒരു കുത്തുകുത്തി മലര്‍ത്തിയിട്ട്‌ ചവിട്ടിയരച്ചു. അതിന് ശേഷം അവന്റെ ശരീരം അടിച്ചു പൊടിയാക്കി. അരിശം എന്നിട്ടും അടങ്ങാതെ ഭീമന്‍ അവന്റെ ശിരസ്സ്‌ ഗദ കൊണ്ട്‌ അടിച്ചു തെറിപ്പിച്ചു, ചുണ്ടു കടിച്ച്‌, രുധിരമണിഞ്ഞ്‌, കണ്ണു തുറിച്ച്‌, ആ ശിരസ്സ്‌ പനന്തേങ്ങ വീഴുമ്പോലെ വിണു. അതിനെ ഭീമന്‍ ചവിട്ടി തകര്‍ത്തു. ഈ മഹാകര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷം ഭീമന്‍ ധര്‍മ്മജന്റെ സമീപത്തെത്തി. മരുത്തുക്കള്‍ വാസവനെ എന്ന വിധം ബ്രാഹ്മണര്‍ ഭീമനെ വാഴ്ത്തി.

യക്ഷയുദ്ധപര്‍വ്വം

158. ആര്‍ഷ്ടിഷേണാശ്രമഗമനം - ഗന്ധമാദനപ്രവേശം - വൈശമ്പായനൻ പറഞ്ഞു; ജടാസുരനെ വധിച്ചതിന് ശേഷം അവര്‍ വിണ്ടും നരനാരായണ ആശ്രമത്തില്‍ ചെന്നു ചേര്‍ന്നു. ഒരു ദിവസം അവിടെ ഇരുന്ന്‌ രാജാവായ യുധിഷ്ഠിരന്‍ അനുജനായ വിജയനെ സ്മരിച്ചു ചിന്തയിലാണ്ടു. സഹോദരന്മാരെ ഒക്കെ അരികില്‍ വിളിച്ച്‌ അദ്ദേഹം ദ്രൗപദീ സഹിതന്മാരായി നിൽക്കുന്ന ഭ്രാതാക്കളോട്‌ ഇങ്ങനെ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു; നാം നാലു കൊല്ലമായി ശാന്തമായി കാട്ടില്‍ ചുറ്റിത്തിരിഞ്ഞു കഴിഞ്ഞു കൂടുന്നു. അഞ്ചാമത്തെ ആണ്ടില്‍ തീര്‍ച്ചയായും ഉദ്ദേശിച്ച കാരൃം നേടിയ ശേഷം തിരിച്ചു വരാമെന്നാണ്‌ ബീഭത്സു പറഞ്ഞിട്ടുള്ളത്‌. അഞ്ചാം കൊല്ലം പര്‍വ്വതരാജനായ ശ്വേതത്തില്‍ വരുമെന്നാണ്‌ ഏറ്റിരുന്നത്‌. കൊടുമുടികളില്‍ ശ്രേഷ്ഠമായ ശ്വേതം കുയിലുകളും വണ്ടുകളും മയിലുകളും വേഴാമ്പലുകളും നിറഞ്ഞ്‌ നിത്യോത്സവമായി പൂത്തു നിൽക്കുന്നു. വൃക്ഷങ്ങളാല്‍ പ്രശോഭിക്കുന്ന ഇവിടെ വ്യാളങ്ങളും പന്നികളും കാട്ടുപോത്തുകളും ഗവയങ്ങളും മാനുകളും വ്യാളങ്ങളും ചെന്നായ്ക്കളും രുരുക്കളും തുള്ളി കളിക്കുന്നു. സഹസ്ര പത്രങ്ങളായ താമരകളും ശതപത്രങ്ങളായ ഉല്‍പലങ്ങളും ഇന്ദീവരങ്ങളും വിടര്‍ന്നു പൊങ്ങിയ പൊയ്കകളാല്‍ മഹാരണ്യം സുരാസുര നിഷേവിതമായി പ്രശോഭിക്കുന്നു. ആ മനോഹരവും വിചിത്രവുമായ കൈലാസത്തില്‍ ചെന്നു നാം അര്‍ജ്ജുനന്റെ വരവു നോക്കി വാഴുക. വിദ്യാഭ്യാസത്തിന് വേണ്ടി താന്‍ അഞ്ചു വര്‍ഷം പാര്‍ക്കും. അഞ്ചാം വര്‍ഷത്തില്‍ മടങ്ങി വരുന്നതാണെന്ന്‌ ആ വീരന്‍ എന്നോടു ശപഥം ചെയ്തിട്ടുണ്ട്‌. എല്ലാ അസ്ത്രങ്ങളും നേടി സിദ്ധാര്‍ത്ഥനായി ശത്രുഹരനായ ഗാണ്ഡീവപാണി ദേവലോകത്തു നിന്നു മടങ്ങി വരുന്നതു കാണുവാന്‍ നാം കൈലാസത്തിലേക്കു പോവുക. ഇപ്രകാരം ഭ്രാതാക്കന്മാരോടു പറഞ്ഞതിന് ശേഷം യുധിഷ്ഠിരന്‍ എല്ലാ ബ്രാഹ്മണരേയും വിളിച്ച്‌ അവരെ പ്രദക്ഷിണം ചെയ്ത്‌ തന്റെ അഭിപ്രായം അറിയിച്ചു.

തപോനിഷ്ഠരായ അവര്‍ ഈ യാത്രയില്‍ പാണ്ഡവന്മാര്‍ക്കു ശുഭം ആശംസിച്ച്‌ അനുജ്ഞ നല്കി. ഇന്നത്തെ ക്ലേശത്തില്‍ നിന്ന്‌ ഉടനെ വിമുക്തിയുണ്ടാകും. ക്ഷത്രധര്‍മ്മത്താല്‍ ധര്‍മ്മജ്ഞനായ ഭവാന്‍ എല്ലാ ക്ലേശങ്ങളും തീര്‍ത്തു ഭൂമി ഭരിക്കും! എന്ന് അനുഗ്രഹിച്ചു.

വൈശമ്പായനൻ പറഞ്ഞു: ആ തപസ്വികളുടെ ആശംസ സ്വീകരിച്ച്‌ രാജാവു ദ്രൗപദിയോടും ഭ്രാതാക്കന്മാരോടും വിപ്രന്മാരോടും ഘടോല്‍ക്കചന്‍ മുതലായ രാക്ഷസന്മാരോടും കൂടി ലോമശ മഹര്‍ഷിയുടെ രക്ഷയില്‍ മല കയറി തുടങ്ങി. ചിലേടത്തു കാല്‍നടയായും ചിലേടത്തു രാജാക്കന്മാരുടെ ചുമലില്‍ കയറിയും അതാതിടങ്ങളില്‍ തമ്പിമാരോടു കൂടി തേജസ്വിയും സുവ്രതനുമായ യുധിഷ്ഠിരന്‍ യാത്ര ചെയ്തു. സിംഹങ്ങളും വ്യാഘ്രങ്ങളും നിറഞ്ഞ വടക്കു ഭാഗത്തേക്കു കയറി. കൈലാസ പര്‍വ്വതവും മൈനാക പര്‍വ്വതവും ഗന്ധമാദന പര്‍വ്വത പാദങ്ങളും ശ്വേതാചലവും പര്‍വ്വതത്തിന്റെ മേലെ ഒഴുകുന്ന പല പുണ്യ സരിത്തുക്കളും കണ്ടു കൊണ്ട്‌ കയറിക്കയറി പതിനേഴാം ദിവസം പാണ്ഡവന്മാര്‍ ഹിമവാന്റെ മുകളില്‍ എത്തി. അവിടെ ഹിമവല്‍ പര്‍വ്വതത്തിന്റെ മുകളില്‍ ഗന്ധമാദനത്തിന് അരികെ, നിര്‍മ്മല ജലാശയങ്ങളോടും പുഷ്പിതമായ വൃക്ഷലതകളോടും കൂടി ശോഭിതമായ വൃഷപര്‍വ്വാശ്രമം അവര്‍ കണ്ടു. അല്പസമയം ഗിരിയുടെ മുകളില്‍ വിശ്രമിച്ച്‌ യാത്രാക്ലേശം പരിഹരിച്ചതിന് ശേഷം ആ രാജര്‍ഷിയുടെ അരികിലേക്കു പാണ്ഡവന്മാര്‍ ചെന്നു. വൃഷപര്‍വ്വന്റെ മുമ്പില്‍ അവര്‍ നമസ്കരിച്ചു. ആ ഭാരതേന്ദ്രന്മാരെ രാജര്‍ഷിയായ വൃഷപര്‍വ്വന്‍ സ്വന്തം മക്കളെപ്പോലെ സസ്നേഹം ശ്ലാഘിച്ചു. അവര്‍ അവിടെ വൃഷപര്‍വ്വാവിന്റെ സല്‍ക്കാരമേറ്റ്‌ ഏഴു ദിവസം നിവസിച്ചു. എട്ടാം ദിവസം വിശ്വവിശ്രുതനായ വൃഷപര്‍വ്വാവിനോടു നന്ദി പറഞ്ഞ്‌ യാത്രയ്ക്കൊരുങ്ങി. യജ്ഞപാത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ മുതലായവ രാജര്‍ഷിയെ ഏല്പിക്കുകയും കുറെ വിപ്രന്മാരെ യഥായോഗ്യം സല്‍ക്കരിക്കുവാന്‍ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. അവരെ ആശ്രമത്തിലാക്കി യുധിഷ്ഠിരനും കൂട്ടുകാരും വടക്കോട്ടു മല കയറി. വൃഷപര്‍വ്വാവ്‌ അല്പദൂരം അവരെ അനുഗമിച്ച ശേഷം ആശീര്‍വ്വദിച്ച്‌ സ്വസ്ഥാനത്തേക്കു മടങ്ങി. ആ രാജര്‍ഷി കാണിച്ചു കൊടുത്ത മാര്‍ഗ്ഗത്തിലൂടെ യുധിഷ്ഠിരന്‍ നടന്നു.

നാനാമൃഗങ്ങള്‍ നിറഞ്ഞ ആ പ്രദേശത്ത്‌ സത്യവിക്രമനായ യുധിഷ്ഠിരന്‍ അനുജന്മാരോടു കൂടി കാല്‍നടയായി സഞ്ചരിച്ചു. നാനാവൃക്ഷങ്ങള്‍ തിങ്ങുന്ന ശൈലസാനുവില്‍ വിശ്രമിച്ചു. നാലുദിവസം പര്‍വ്വതാരോഹണം തുടര്‍ന്നു. പെരും കാര്‍നിര പോലെ വെള്ളമുള്ള ശുഭമായ ഒരു സ്ഥലം കണ്ടു. രത്നവും വെള്ളിയും പോലെ ശോഭിക്കുന്ന പാറക്കൂട്ടവും കണ്ടു. വൃഷപര്‍വ്വാവു പറഞ്ഞു കൊടുത്ത വഴിയേ തന്നെ കയറി ഉദ്ദേശിച്ച മാതിരിയുള്ള പല പര്‍വ്വതക്കൂട്ടങ്ങളും കണ്ടു മലകയറി. മലയില്‍ പലയിടത്തും മേലെമേലെയായി ദുര്‍ഗ്ഗമങ്ങളായ ഗഹ്വരങ്ങള്‍ കണ്ടു. ദുര്‍ഗ്ഗമങ്ങളായ ആ മാര്‍ഗ്ഗങ്ങളൊക്കെ അവര്‍ സുഖമായി കടന്നു. ധൗമ്യന്‍, പാഞ്ചാലി, പാര്‍ത്ഥന്മാര്‍, ലോമശന്‍, മുനീന്ദ്രന്മാര്‍ എല്ലാവരും ഒപ്പം നടന്നു. ആര്‍ക്കും യാതൊരു ക്ഷീണവും ഇടിവും ഉണ്ടായില്ല. നാലാം ദിവസം അവര്‍ മാല്യവാന്‍ മാമലയില്‍ എത്തി. ആ മല പക്ഷിമൃഗഘോഷം ചേര്‍ന്നും നാനാവ്യക്ഷ ലതാദികള്‍ നിറഞ്ഞും ശാഘാമൃഗങ്ങളാല്‍ പരിസേവിതമായും ശോഭിച്ചു. ഇടയ്ക്കു മനോഹരവും പുണ്യവുമായ പൊയ്കകളും പല്വലങ്ങളും ഉള്ളതായിരുന്നു ആ നഗം.

പിന്നെ അവര്‍ സിദ്ധചാരണന്മാര്‍ സേവിക്കുന്നതും കിമ്പുരുഷന്മാര്‍ അധിവസിക്കുന്നതുമായ ഗന്ധമാദനപര്‍വ്വതം കണ്ട്‌ രോമാഞ്ചകഞ്ചുകിതരായി.

കിന്നരസ്ത്രീകള്‍ ചേര്‍ന്നും വിദ്യാധരന്മാര്‍ നിരന്നും ഗജസിംഹവ്യാഘ്ര ശരഭങ്ങള്‍ ആര്‍ത്തു തിമിര്‍ത്തും പലമാതിരി മൃഗഭേദങ്ങള്‍ വിലസിയും നന്ദനതുല്യം ശോഭിക്കുന്ന ഗന്ധമാദന കാനനത്തില്‍ അവര്‍ എത്തി. മനസ്സിന് ആനന്ദം നൽകുന്ന ഗന്ധമാദന കാനനത്തെ അവര്‍ വന്ദിച്ചു. ക്രമത്തില്‍ അവര്‍ ആ പുണ്യമായ വനത്തില്‍ കയറി. പാഞ്ചാലിയോടും ദ്വിജന്മാരോടും കൂടി ശുഭപ്രീതികരങ്ങളായ കളകൂജിതങ്ങള്‍ കേട്ടു. പ്രീതിജനകവും ശ്രവണരമ്യവും സുമധുരവുമായി പക്ഷികള്‍ ചൊരിയുന്ന മനോഹരനാദം കേട്ടു കൊണ്ടും സര്‍വ്വകാലത്തും ഫലഭാരത്താല്‍ കുനിഞ്ഞതും സര്‍വ്വഋതുക്കളിലും പൂക്കള്‍ നിറഞ്ഞതുമായ പലപല വൃക്ഷങ്ങള്‍ കണ്ടു കൊണ്ടും അവര്‍ ആനന്ദത്തില്‍ മുഴുകി യാത്ര തുടര്‍ന്നു. തേന്മാവ്‌, ആമ്രം, തെങ്ങ്, തിന്ദുകം, മുഞ്ജാതകം, ആജീരം, മാതളം. ബീജപൂരകം, പിലാവ്‌, നാരകം, ചിറ്റിന്തല്‍, അമ്ലഖേതസം, പാരാവതം, മുന്തിരി, കടമ്പ്‌, കപിത്ഥം, കൂവളം, ഞാറ, കുങ്കുമം, ബദരീദ്രുമം, ഉദുംബരം, വടം, പ്ലക്ഷം, അരയാല്‍, ക്ഷീരികം, ഭല്ലാതകം, നെല്ലി, താന്നി, കടുക്കമരം, കരമര്‍ദ്ദം, ലന്ത ഇങ്ങനെയുള്ള മരങ്ങളൊക്കെ കായ്ച്ചു നിൽക്കുന്ന ഗന്ധമാദന സാനുവില്‍ അവര്‍ സഞ്ചരിച്ചു കണ്ടു. അമൃതൊക്കുന്ന സ്വാദുള്ള ഫലങ്ങള്‍ തിങ്ങി നിൽക്കുന്ന മരങ്ങളും അപ്രകാരം തന്നെ ചെമ്പകം, അശോകം, കൈനാറി, ബകുളം. പുന്ന, ഏഴിലമ്പാല, കൊന്ന, കേതകം, പാച്ചോറ്റി, മന്താരം, കുടജം, പാരിജാതം, കോവിദാരം, ദേവതാരം, പയിന്‍, പന, പച്ചില, പിപ്പലം, ഹിംഗുകം, മുരുക്ക്‌, ഇലവ്‌, അശോകം, നെല്ലി, എലിഞ്ഞി, ചരളം എന്നീ മരങ്ങളും ചകോരം, ശതപത്രം, രാജഭൃംഗം, തത്ത, കളഹംസം, കുയില്‍, ഹാരീതം, ജിവജീവകം, പ്രിയകം, ചാതകം, പലമാതിരി പക്ഷികള്‍ ഇവ കര്‍ണ്ണാനന്ദകരമായി പാടുന്ന ജലചാരികളായ പക്ഷികള്‍ ചേര്‍ന്ന പൊയ്കകള്‍, ആമ്പല്‍, വെണ്‍താമരകള്‍, ചെന്താമരകള്‍, ഉല്‍പലങ്ങള്‍, കുല്‍ഹാരം, കമലം മുതലായ പുഷ്പങ്ങള്‍ നിറഞ്ഞ പൊയ്കകള്‍, കാദംബരം, കുരരം, ചക്രവാകം, താറാവ്‌, വാത്ത്‌, കാരണ്ഡവങ്ങള്‍, അന്നങ്ങള്‍, കൊറ്റി, പൊന്മകള്‍ മുതലായ ജലപക്ഷികള്‍ ചേര്‍ന്നും, താമരത്തേന്‍ കുടിച്ചു മത്തരായി പൂമ്പൊടി പുരണ്ട്‌, മുരണ്ട്‌ ഇണ്ടലാണ്ടു മണ്ടിനടക്കുന്ന വണ്ടുകള്‍ ചേര്‍ന്ന തണ്ടലര്‍പ്പൊയ്കകളും ആ നരവ്യാഘ്രര്‍ ഗന്ധമാദന സാനുവില്‍ ദര്‍ശിച്ചു.

അപ്രകാരം പത്മഷണ്ഡമണ്ഡനം പൂണ്ടു ചുറ്റും മയില്‍പ്പിടകളോടു കൂടി വള്ളിക്കുടിലുകളില്‍, ഇടിവെട്ടുമ്പോള്‍ വളരുന്ന മദനോന്മാദനത്തോടും, കേകയാകുന്ന സംഗീതം മധുരമായി പൊഴിച്ച്‌, മനോഹരമായ പീലിവിടര്‍ത്തി വിലാസത്താല്‍ മദാലസമായി നൃത്തമാടുന്ന മയിലുകളേയും അവര്‍ കണ്ടു. മയിലുകള്‍ പിടയോടൊത്തു കുടജ വ്യക്ഷക്കൊമ്പില്‍ കയറി രമിക്കുന്നതും, പീലിയൊക്കെ വിടര്‍ത്തി കിരീടം പോലെ നിൽക്കുന്നതും, മരപ്പഴുതില്‍ വാഴുന്നതും അവര്‍ കണ്ടു. ഉദാരമായ സിന്ദുവാരങ്ങള്‍ മാരന്റെ തോമരം പോലെ സുവര്‍ണ്ണവര്‍ണ്ണമായ പുഷ്പങ്ങളോടു കൂടി ഗിരിശൃംഗത്തില്‍ പൂത്ത കര്‍ണ്ണികാരങ്ങള്‍ കര്‍ണ്ണപുരം പോലെ ശോഭിക്കുന്നതും അവര്‍ കണ്ടു. കാമവശ്യ ഔത്സുകൃമേറിയ കാമബാണം പോലെ പൂത്തു നിൽക്കുന്ന കുരവകങ്ങള്‍ പ്രശോഭിച്ചു. വനരാജിയണിഞ്ഞ തിലകം പോലെ തിലക പൂക്കള്‍ പ്രശോഭിച്ചു. വണ്ടുകള്‍ മുരണ്ടു ചെന്നു കൂടിയ പൊന്നിന്‍ നിറമൊത്ത പുഷ്പങ്ങള്‍ കാട്ടുതീ പോലെ പ്രശോഭിച്ചു. ചുവന്നും നീല നിറമായും, വൈഡൂര്യ നിറമായും വൃക്ഷങ്ങള്‍ പര്‍വ്വത സാനുവില്‍ വിളങ്ങി.

ഏലം, പയിന്‍, പച്ചില. പാച്ചോറ്റി, അശോകം മുതലായ വൃക്ഷങ്ങള്‍ പൂത്തു മാലകെട്ടിയ പോലെ ഗിരിശൃംഗത്തില്‍ നിരക്കനെ പ്രശോഭിച്ചു. സ്ഫടിക നിറത്തിലുള്ള ചിറകുള്ള പക്ഷികള്‍ അരയന്നങ്ങളോടു ചേര്‍ന്ന്‌ സരസമായി കൂജനം ചെയ്തു കൊണ്ടിരിക്കുന്ന പല സരസ്സുകളും പാര്‍ത്ഥന്മാര്‍ ശൈലസാനുവില്‍ ദര്‍ശിച്ചു.

താമരയും ആമ്പലും ചിന്നി, സുഖവും ശീതളവുമായ ജലത്തോടു കൂടിയ പൊയ്കകള്‍, ആ വീരര്‍ നോക്കി നിന്നു. മണമേവുന്ന പൂവുകളും, രസമേറുന്ന കായകളും, ചന്തമേറുന്ന പൊയ്കകളും, ഭംഗിയേറിയ മരങ്ങളും കണ്ടു കൊണ്ട്‌ വിസ്മയോല്‍ഫുല്ല നേത്രരായി പാണ്ഡവന്മാര്‍ കടന്നു പോയി. കമലം, ഉല്‍പലം, കൽഹാരം, പുണ്ഡരീകം എന്നിവയുടെ മണത്തോടു കൂടി ആ കാട്ടില്‍ സുഖമായി വീശുന്ന കാറ്റു വന്നേൽക്കുന്ന അവര്‍ സസന്തോഷം യാത്ര ചെയ്തു. യുധിഷ്ഠിരന്‍ പ്രീതിയോടെ ഭീമനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: നോക്കൂ ഭീമാ! ഗന്ധമാദനവനം ശ്രീമത്താണ്‌! ഈ ദിവ്യമായ കാനനത്തില്‍ ദിവ്യമായ പൊന്‍വൃക്ഷങ്ങളും ഇലയും പൂവും കായുമുള്ള നാനാദിവ്യ ലതകളും, പുംസ്കോകിലങ്ങള്‍ കൂത്താടി, പൂത്തു ശോഭിക്കുന്നതു നോക്കുക! മുള്ളുള്ള ചെടികള്‍ ഇവിടെയില്ല. പൂവില്ലാത്ത ലതകളുമില്ല. വൃക്ഷങ്ങളെല്ലാം നിറയെ ഇലയും ഫലങ്ങളും ചേര്‍ന്നു വിളങ്ങുന്നു. വണ്ടുകള്‍ മുരണ്ടു ചുറ്റുന്ന പൊയ്ത്താരുള്ള പൊയ്കകളില്‍ പിടിയോടൊത്ത്‌ ആനകള്‍ ഇറങ്ങി കലക്കുന്നതു നോക്കൂ! കമലവും ഉല്‍പലവും ചേര്‍ന്നു ഭംഗിയേറിയ പൊയ്ക നോക്കൂ! മാലചാര്‍ത്തിയ മെയ്യോടുകൂടിയ സാക്ഷാല്‍ ലക്ഷ്മിദേവി പോലെവിളങ്ങുന്നു; നാനാപുഷ്പ ഗണത്തോടു കൂടിയ കാനന രാജികള്‍ വണ്ടുകള്‍ ചേര്‍ന്നു മുരണ്ടു വിളങ്ങുന്നു. അതിന് ചുറ്റും ശുഭമായ സുരോദ്യാന ദേശം കാണുക! ഭീമാ! നാം അമാനുഷ മാര്‍ഗ്ഗത്തില്‍ എത്തിയിരിക്കുന്നു. വൃകോദര! നാം സിദ്ധരായി പൂത്തു നിൽക്കുന്ന വല്ലികളും പൂത്തു നിൽക്കുന്ന വന്‍മരങ്ങളും ഹേ പാര്‍ത്ഥാ! നല്ലപോലെ ചേര്‍ന്നു ശോഭിക്കുന്നതു നോക്കൂ! ഈ ഗന്ധമാദന ഭൂമി എത്ര മനോഹരം! മയില്‍പ്പേടകളോടു ചേര്‍ന്ന്‌ ശിഖണ്ഡികള്‍ സഞ്ചരിക്കുന്നു. അവ കൂകുന്ന ഘോഷം ഭീമാ! നീ കേള്‍ക്കു! ചെമ്പോത്ത്‌, ശതപത്രം, കുയില്‍, തത്ത എന്നീ പക്ഷികള്‍ പൂത്തു നില്‍ക്കുന്ന മരങ്ങളില്‍ മദത്തോടെ വന്നണയുന്നു. പല ജീവജ്ജീവകങ്ങള്‍ ഇതാ പരസ്പരം, തുടുത്തു പച്ചനിറമായ കറുകപ്പുല്‍ കൂട്ടത്തിന് അടുത്തു നിന്നു നോക്കുന്നു. മലഞ്ചോലയ്ക്കടുത്ത്‌ അന്നങ്ങള്‍ കാണുന്നു. അവ ഭംഗിയില്‍ ഏവരുടേയും ഹൃദയം കവരും വിധം കൂകുന്നു.

ഭ്യംഗരാജോപ ചക്രങ്ങളും, ലോഹപൃഷ്ഠഖഗങ്ങളും, വെളുത്ത നാൽക്കൊമ്പന്മാര്‍ പിടികളോടു കൂടി വൈഡൂര്യ നിറമേന്തിയ ഈ സരസ്സിനെ ഇതാ കലക്കി മറിക്കുന്നു. പെരുമ്പന പോലെ നീണ്ട കുന്നിന്മേല്‍ നിന്ന്‌ ഒഴുകുന്ന ചോലകളില്‍ നിന്ന്‌ ജലധാരകള്‍ ഉതിര്‍ന്നു വിഴുന്നു. സൂര്യരശ്മി തട്ടി ഗംഭീരമായി ശരല്‍ക്കാര്‍ പോലെ രജത ധാതുക്കള്‍ അദ്രിയെ ശോഭിപ്പിക്കുന്നു. പല ദിക്കിലും അഞ്ജന നിറം! ചില ദിക്കില്‍ സ്വര്‍ണ്ണ വര്‍ണ്ണം! ചിലേടം ഹരിതാലങ്ങള്‍ ചോരുന്നു. അപ്രകാരം ഹിംഗുകങ്ങളും ചോരുന്നു. എല്ലാം മനോഹരം തന്നെ. മനയോല ഗുഹകള്‍ സന്ധ്യാ മേഘം പോലെ ശോഭിക്കുന്നു. രജതധാതുക്കള്‍ പലതും അദ്രിയെ ശോഭിപ്പിക്കുന്നു. മുയല്‍ച്ചോരയുടെ നിറത്തോടു കൂടിയ ശൈലധാതുക്കള്‍ ശുക്ലനീലാഭ്ര വര്‍ണ്ണത്തിലും, ബാലാദിത്യ നിറത്തിലും, മഹാപ്രഭയോടു കൂടി ശൈലം ശോഭിക്കുന്നതു നോക്കൂ! ഗന്ധര്‍വ്വന്മാര്‍ ഭാര്യമാരോടു കൂടി വൃഷപര്‍വ്വാവു പറഞ്ഞ മട്ടില്‍ തന്നെ കിമ്പുരുഷന്മാരോടു കൂടി കാണുന്നുണ്ട്‌. താളത്തിന് ഒപ്പിച്ചു സാമത്തിന്റെ സംഗീത സ്വനം ഹേ, ഭീമാ! കേള്‍ക്കുന്നു. പല മട്ടിലുള്ള ഈ ഗാനം ആരുടെ മനസ്സിനെ മോഹിപ്പിക്കുകയില്ല! പുണ്യയും ശുഭയുമായ ദേവനദിയായ ഗംഗയെ നോക്കൂ! കളഹംസങ്ങളോടു കൂടി കിന്നരന്മാരാലും ഋഷികളാലും നിഷേവ്യയായി വിളങ്ങുന്നു. ഹേ ഭീമാ! നീ ഈ അദ്രിയെ ഒന്നു നോക്കൂ! ധാതുക്കളാലും, ഈ നദിയാലും, കിന്നരന്മാരാലും, മൃഗപക്ഷികളാലും, ഗന്ധര്‍വ്വന്മാരാലും, അപ്സരസ്സുകളാലും, അഴകേറുന്ന കാടുകളാലും പ്രശോഭിക്കുന്ന ഈ പര്‍വ്വതേന്ദ്രനെ ഒന്നു കാണുക. എത്ര കണ്ടിട്ടുംഎനിക്കു തൃപ്തിയാവുന്നില്ല!

വൈശമ്പായനൻ പറഞ്ഞു: മുഖ്യമായ ഗതി കണ്ടവരായ ആ ശൂരന്മാര്‍ സന്തുഷ്ടരായി. എന്നാൽ ശൈലേന്ദ്രനെ കണ്ട്‌ സംതൃപ്തിയടഞ്ഞില്ല. വീണ്ടും വീണ്ടും ആ മനോഹര ദൃശ്യം കണ്ട്‌ കണ്ണും കരളും കുളുര്‍ത്തതു മതിയായില്ല. പിന്നെ പുഷ്പഫലങ്ങള്‍ ചൂഴുന്ന പാദപങ്ങളോടു കൂടിയ ആര്‍ഷ്ടിഷേണ രാജര്‍ഷിയുടെ ആശ്രമം അവര്‍ കണ്ടെത്തി. തിഗ്മ തപസ്സാല്‍ ഞരമ്പു പൊങ്ങി, മെലിഞ്ഞ്‌. കൃശനായ സര്‍വ്വ ധര്‍മ്മജ്ഞനായ ആര്‍ഷ്ടിഷേണനെ അവര്‍ ചെന്നു കണ്ടു.

159. ആര്‍ഷ്ടിഷേണ യുധിഷ്ഠിര സംവാദം - വൈശമ്പായനന്‍ പറഞ്ഞു: യുധിഷ്ഠിരന്‍ അരികത്തു ചെന്ന്‌ തപസ്സിനാല്‍ തന്റെ പാപങ്ങളൊക്കെ നശിപ്പിച്ചു കളഞ്ഞ ആര്‍ഷ്ടിഷേണന്റെ പാദത്തില്‍ പ്രീതിയോടെ തലകുനിച്ച്‌ തന്റെ പേരു പറഞ്ഞു വന്ദിച്ചു. അപ്രകാരം കൃഷ്ണയും, പിന്നെ ഭീമനും, യമന്മാരും, തപസ്വികളും രാജര്‍ഷിയുടെ പാദത്തില്‍ കുമ്പിട്ട്‌ ചുറ്റും സേവിച്ചു നില്പായി. അപ്രകാരം ധാര്‍മ്മികനും പാണ്ഡവന്മാരുടെ പുരോഹിതനുമായ ധൗമൃനും യഥാന്യായം സംശിതവ്രതനായ ആ മഹര്‍ഷിയെ ചെന്നു കണ്ടു. ധര്‍മ്മജ്ഞനായ മുനി ദിവ്യചക്ഷുസ്സു കൊണ്ട്‌ കുരുശ്രേഷ്ഠരായ പാണ്ഡവരാണ്‌ ഇവര്‍ എന്നറിഞ്ഞ്‌ ഇരിക്കുവാന്‍ പറഞ്ഞു. ആ മഹാതപസ്വി കുരുശ്രേഷ്ഠനും കൗാരവര്‍ഷഭനുമായ പാര്‍ത്ഥനെ പൂജിച്ചു. ഭ്രാതാക്കളോടു കൂടിയിരിക്കുന്ന അദ്ദേഹത്തോട്‌ ഋഷി അനാമയമായി ചോദിച്ചു:

ആര്‍ഷ്ടിഷേണന്‍ പറഞ്ഞു: ഭവാന്‍ അനൃതം കരുതുന്നില്ലല്ലോ? ധര്‍മ്മം അനുഷ്ഠിക്കുന്നില്ലേ? ഭവാന്റെ വൃത്തി മാതാപിതാക്കളില്‍ താഴ്‌ന്നതല്ലല്ലോ. ഗുരുവൃദ്ധ ബുധന്മാരെ ഒക്കെ ഭവാന്‍ പൂജിക്കുന്നുണ്ടല്ലേ? പാപ കര്‍മ്മങ്ങളില്‍ മനസ്സു വെക്കുന്നില്ലല്ലോ? ദുഷ്കൃതത്തെ വെടിഞ്ഞ്‌ സുകൃതത്തെ തന്നെ നീ ചെയ്യുന്നില്ലേ? ന്യായം പോലെ കണ്ട്‌ നീ മേനി പറയാതിരിക്കുന്നില്ലയോ? സജ്ജനങ്ങള്‍ യഥായോഗ്യം പൂജിതരായി നിന്നെ അഭിവന്ദിക്കുന്നില്ലേ? ഭവാന്‌ വനവാസമാണു വേണ്ടി വന്നതെങ്കിലും ഭവാന്‍ ധര്‍മ്മത്തെ തന്നെ അനുവര്‍ത്തിക്കുന്നില്ലയോ? ഭവാന്റെ നടപടികളാല്‍ ധൗമൃന് ദുഃഖമുണ്ടാകുന്നില്ലല്ലോ? ദാനം, ധര്‍മ്മം, തപസ്സ്‌, ശൗചം, ക്ഷമ, ആര്‍ജ്ജവം ഇവയാല്‍ ഭവാന്റെ പിതൃപൈതാമഹമായ വൃത്തിയെ തന്നെ പിന്തുടരുന്നില്ലയോ? പൂര്‍വ്വന്മാരായ രാജര്‍ഷികള്‍ സഞ്ചരിച്ചു വന്നിട്ടുള്ള മാര്‍ഗ്ഗത്തില്‍ കൂടെ തന്നെയല്ലയോ ഭവാന്റെ പ്രയാണം? പിതൃലോകത്തില്‍ സ്ഥിതി ചെയ്യുന്ന പിതൃക്കള്‍ താന്താങ്ങളുടെ കുലത്തില്‍ ജനിക്കുന്ന പുത്രപൗത്രന്മാര്‍ അപ്പോഴപ്പോള്‍ ചെയ്യുന്ന സുകൃത ദുഷ്കൃതങ്ങള്‍ കണ്ട്‌ ചിരിക്കുകയോ കരയുകയോ ചെയ്യും. അവന്റെ സുകൃത ദുഷ്കൃതങ്ങളുടെ ഫലം പിതൃക്കള്‍ക്കും നന്മതിന്മകളെ ചെയ്യുന്നു. പിതാവ്‌, മാതാവ്‌, അഗ്നി, ഗുരു, ആത്മാവ്‌ എന്നീ അഞ്ചുപേരെ ശരിയായി പൂജിക്കുന്നവന്‍ ഇഹലോകവും പരലോകവും കീഴടക്കും.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, അവിടുന്ന്‌ ചോദ്യരൂപേണ ധര്‍മ്മനിശ്ചയത്തേയാണ്‌ എന്നെ ഗ്രഹിപ്പിച്ചത്‌. ശക്തിപോലെയും ന്യായംപോലെയും അവയൊക്കെയും ഞാന്‍ മുറയ്ക്കു ചെയ്യുന്നു.

ആര്‍ഷ്ടിഷേണന്‍ പറഞ്ഞു: വെള്ളം മാത്രം പാനം ചെയ്‌തു ജീവിക്കുന്നവരും, വായു മാത്രം ഭക്ഷിച്ചു ജീവിക്കുന്നവരും, ആകാശത്തില്‍ സഞ്ചരിക്കുന്നവരുമായ മഹര്‍ഷികള്‍ വാവു ദിവസം ഈ മലയില്‍ എത്തുന്നതാണ്‌. തമ്മില്‍ ഉള്ളിണങ്ങിയ കാന്തമാരോടു കൂടി കിമ്പുരുഷ കാമികള്‍ ഇവിടെ ഈ പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ കേളിയാടുന്നതു കാണാം. ഒരു ലേശവും പൊടി പറ്റാത്ത, അത്ര മിനുസമായ കൗശേയ വസ്ത്രങ്ങള്‍ ചാര്‍ത്തി ഇവിടെ അപ്സരസ്സുകളേയും ഭവാനു കാണുവാന്‍ കഴിയും. മാലചാര്‍ത്തി സുന്ദരന്മാരായ വിദ്യാധരേന്ദ്രന്മാരും, മഹോരഗങ്ങളും, ഗരുഡന്മാരും ഇവിടെ ഇടയ്ക്കിടെ വരും. വാവു ദിവസം ഇവിടെ ഈ പര്‍വ്വതത്തിന്റെ മുകളില്‍ നിന്ന്‌ ഭേരീ മൃദംഗ ശംഖങ്ങളില്‍ നിന്നുള്ള നാദം നിങ്ങള്‍ കേള്‍ക്കും. ഇതെല്ലാം ഇവിടെ ഇരുന്നു കൊണ്ടു കാണുകയും കേള്‍ക്കുകയും ചെയ്യുന്നതല്ലാതെ മലയുടെ മുകളില്‍ കയറി ചെല്ലുവാന്‍ നിങ്ങള്‍ വിചാരിക്കരുത്‌. അവിടെ നിന്നു മേൽപോട്ട്‌ ദേവന്മാരുടെ വിഹാരസ്ഥാനമാണ്‌. മര്‍ത്ത്യര്‍ക്കു പോകുവാനുള്ള മാര്‍ഗ്ഗം അങ്ങോട്ടില്ലാത്തതു കൊണ്ട്‌ നിങ്ങള്‍ക്ക്‌ അങ്ങോട്ടു ചെല്ലുവാന്‍ കഴിയുകയില്ല. ഇവിടെ അല്പമെങ്കിലും ചാപല്യം കാണിക്കുന്ന മനുഷ്യനെ എല്ലാ ഭൂതങ്ങളും ദ്വേഷിക്കും. രാക്ഷസന്മാര്‍ വന്നു ക്രൂരമായി പ്രഹരിക്കും. ഈ കൈലാസ പര്‍വ്വതത്തിന്റെ അപ്പുറത്തേക്കു കടന്നാല്‍ പരമസിദ്ധന്മാരായ ദേവര്‍ഷിമാരുടെ മാര്‍ഗ്ഗം ശോഭിക്കുന്നു. ചാപല്യം കൊണ്ട്‌ അവിടെ വല്ല മനുഷ്യനും ചെന്നാല്‍ അവനെ രാക്ഷസന്മാര്‍ ഇരുമ്പു ശൂലം കൊണ്ടു കുത്തിക്കൊല്ലും. നരവാഹനനായ വൈശ്രവണനും പര്‍വ്വസന്ധികളില്‍ അപ്സരസ്ത്രീകളോടു കൂടി ഈ പര്‍വ്വതത്തില്‍ വരാറുണ്ട്‌. അപ്പോള്‍ ആ യക്ഷരാക്ഷസേശ്വരന്‍, ഗിരിശിഖരത്തിന്മേല്‍ ഉദയഭാസ്‌കരനെ പോലെ സര്‍വ്വഭൂതങ്ങള്‍ക്കും കാണുവാന്‍ ഇടവരും. ദേവദാനവന്മാരുടേയും, സിദ്ധന്മാരുടേയും, കുബേരന്റേയും ഉദ്യാനമാണ്‌ ഈ ഗിരിശിഖരം. കുബേരനെ ഉപാസിക്കുന്ന തംബുരു സാമഗാനം പാടുന്നത്‌ ഇവിടെ കേള്‍ക്കാം. ഇവയും ഇപ്രകാരമുള്ള പല അത്ഭുതങ്ങളും എല്ലാ പര്‍വ്വസന്ധികളിലും എല്ലാവര്‍ക്കും ഇവിടെ കാണുവാന്‍ കഴിയും. മുനികള്‍ അനുഭവിക്കാറുള്ള രസമായ ഫലങ്ങള്‍ ഭുജിച്ച്‌ അര്‍ജ്ജുനന്‍ വരുന്നതു വരെ നിങ്ങള്‍ ഇവിടെ വസിക്കുക. ഇവിടെ ഒന്നു കൊണ്ടും ചാപല്യം പറ്റിപ്പോകരുത്‌. ശ്രദ്ധ പിഴയ്ക്കാത്ത പക്ഷം നിങ്ങള്‍ക്ക്‌ ഇവിടെ യഥേഷ്ടം വിഹരിക്കാം. ഉണ്ണീ, യുധിഷ്ഠിരാ! യഥാകാലം നീ ശസ്ത്രത്താല്‍ വിജയം നേടി ഈ ഭൂമി മുഴുവന്‍ പാലിക്കുന്നതാണ്‌! തീര്‍ച്ചയാണ്‌.

160. മണിമദ്വധം - ജനമേജയൻ പറഞ്ഞു: ഗന്ധമാദന പര്‍വ്വതത്തില്‍ ആര്‍ഷ്ടിഷേണാശ്രമത്തില്‍ എന്റെ പൂര്‍വ്വപിതാക്കന്മാര്‍, ആ മഹാത്മാക്കളും ദിവ്യപരാക്രമികളുമായ പാണ്ഡുപുത്രന്മാര്‍, എത ക്രാലം പാര്‍ത്തു? ശക്തരായ ആ വീരന്മാര്‍ പിന്നെ എന്തു ചെയ്തു? ആ മഹാന്മാര്‍ അവിടെ എന്തു ഭക്ഷണം കഴിച്ചാണു പാര്‍ത്തത്‌? ഭീമസേനന്റെ പരാക്രമങ്ങള്‍ എന്നോടു ഭവാന്‍ വിസ്തരിച്ചു പറയണം. ആ ഹൈമവത പര്‍വ്വതത്തില്‍ ആ മഹാബാഹു ചെയ്തതെല്ലാം വിടാതെ പറയണം. വീണ്ടും യക്ഷരോടും ഭീമന്‍ യുദ്ധത്തിന് ഒരുങ്ങിയില്ലല്ലോ? വൈശ്രവണനുമായി അവര്‍ക്കു സമാഗമം ഉണ്ടായോ? ആര്‍ഷ്ടിഷേണന്‍ പറഞ്ഞതു പോലെ വിത്തേശനോടു കൂടി അവര്‍ ചേര്‍ന്നുവോ? അതു കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഹേ തപോനിധേ! അവരുടെ കഥ കേട്ടിട്ട്‌ എനിക്കു തൃപ്തി വരുന്നില്ല. വീണ്ടും വീണ്ടും വിസ്തരിച്ചു കേള്‍ക്കുവാന്‍ ആഗ്രഹം തോന്നുന്നു.

വൈശമ്പായനൻ പറഞ്ഞു: തനിക്ക്‌ ഹിതമായ വിധം ആര്‍ഷ്ടിഷേണന്റെ ശാസനം കേട്ട്‌ എന്നും അതനുസരിച്ച്‌ ആ ഭാരതര്‍ഷഭന്മാര്‍ ജീവിച്ചു പോന്നു. മുനിഭോജ്യങ്ങളായ സ്വാദുള്ള കായ്കളും, ശുദ്ധബാണങ്ങളാല്‍ എയ്ത മൃഗങ്ങളുടെ മാംസങ്ങളും, ഹിമവല്‍ പൃഷ്ഠഭാഗത്തു ലഭിക്കുന്ന ശുദ്ധമായ മധുക്കളും ഭക്ഷിച്ച്‌ ഭാരതോത്തമരായ പാണ്ഡവര്‍ ദിനങ്ങള്‍ കഴിച്ചു. ഇങ്ങനെ അവിടെ അധിവസിക്കുന്ന സമയത്ത്‌ അഞ്ചാമത്തെ വര്‍ഷവും കഴിഞ്ഞു. ലോമശന്റെ ഉപദേശങ്ങളും കഥകളും കേട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞു. വേണ്ട സമയത്ത്‌ ഞാന്‍ എത്തിക്കൊള്ളാം എന്നു പറഞ്ഞ്‌ ഘടോല്‍ക്കചന്‍ എല്ലാ രാക്ഷസന്മാരോടും കൂടി മുമ്പേ തന്നെ പോയിക്കഴിഞ്ഞിരുന്നു.

ആര്‍ഷ്ടിഷേണാശ്രമത്തില്‍ ആ ശ്രേഷ്ഠന്മാര്‍ വസിക്കുമ്പോള്‍ അത്ഭുതങ്ങള്‍ കണ്ടു കണ്ട്‌ പല മാസങ്ങളും കഴിഞ്ഞു പോയി.

അവിടെ വസിക്കുന്ന മുനിമാരും, ചാരണന്മാരും, അവിടെ വാണു രമിക്കുന്ന പാണ്ഡവന്മാരോടു പ്രീതരായി. ശുദ്ധാത്മാക്കളും യതവ്രതരുമായ അവര്‍ പലരും പാണ്ഡവന്മാരെ കാണുവാന്‍ വന്നു. അവര്‍ ആ പാണ്ഡവന്മാരുമായി ദിവ്യമായ സല്‍ക്കഥകൾ പറഞ്ഞു.

ഇങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം വലിയ സരസ്സില്‍ ജീവിക്കുന്ന ഋദ്ധിമാനായ ഒരു നാഗത്തെ സുപര്‍ണ്ണൻ റാഞ്ചിക്കൊണ്ടു പോയി. മലയൊക്കെ കുലുങ്ങുകയും മരങ്ങള്‍ മറിയുകയും ചെയ്തു. എല്ലാവരും ഈ അത്ഭുതം കണ്ടു. പാണ്ഡവന്മാരും കണ്ടു.

അപ്പോള്‍ ശൈലാഗ്രത്തില്‍ നിന്നു മാരുതന്‍ ശുഭമായ സൗരഭ്യമുള്ള പൂക്കളെ പാണ്ഡവന്മാരുടെ അരികെ കൊണ്ടു വന്നിട്ടു.

പഞ്ചവര്‍ണ്ണങ്ങളോടു കൂടി അഴകേറുന്ന ആ ദിവ്യപുഷ്പങ്ങള്‍ പാണ്ഡവന്മാരുംദ്രൗപദിയും ഇഷ്ടജന സമക്ഷം കണ്ടു. ഈപുഷ്പം കണ്ട്‌ കൃഷ്ണ പര്‍വ്വതത്തില്‍ സ്വസ്ഥനായി ഇരിക്കുകയായിരുന്ന ഭീമസേനനോടു പറഞ്ഞു: സുപര്‍ണ്ണന്റെ (ഗുരുഡന്റെ ) ചിറകടിയാല്‍ ഉണ്ടായ കൊടുങ്കാറ്റേറ്റ്‌ ഈ പഞ്ചവര്‍ണ്ണ പുഷ്പങ്ങള്‍ അശ്വരഥ നദിയില്‍ വന്നു വീഴുന്നതായി എല്ലാവരും പറഞ്ഞു കേള്‍ക്കുന്നു. ഖാണ്ഡവത്തില്‍ വച്ച്‌ സത്യന്ധനും മഹാത്മാവും അങ്ങയുടെ സഹോദരനുമായ അര്‍ജ്ജുനന്‍, രക്ഷസ്സുകളേയും ഗന്ധര്‍വ്വരേയും ഉരഗരേയും വാസവനെ തന്നെയും തടുത്ത്‌ ഉഗ്രന്മാരെയും മായാവികളെയും കൊന്നു കളഞ്ഞു. ഗാണ്ഡീവമെന്ന ധനുസ്സു നേടി. അങ്ങേക്കും അപ്രകാരം തന്നെ ഉഗ്രമായ തേജസ്സും അതുല്യമായ കയ്യൂക്കുമുണ്ട്‌. അസഹ്യവും അപ്രധൃഷ്യവുമാണ്‌ ശക്രതുല്യനായ ഭവാന്റെ പരാക്രമം. ഭവാന്റെ കയ്യൂക്കു കൊണ്ടു പേടിച്ച്‌ രാക്ഷസന്മാരൊക്കെ ഈ മലയില്‍ നിന്ന്‌. ഓടിപ്പോകട്ടെ! പത്തു ദിക്കിലും പാഞ്ഞൊളിക്കട്ടെ! പിന്നെ വിചിത്രപുഷ്പങ്ങള്‍ നിൽക്കുന്ന ശിവമായ ഈ ഉത്തമശൈലത്തിന്റെ ശിഖരം ഭയം വെടിഞ്ഞ്‌ ഭവാന്റെ സുഹൃത്തുക്കളൊക്കെ കണ്ടു കൊള്ളട്ടെ! ഇപ്രകാരം എന്റെ ഉള്ളില്‍ വളരെ നാളായി ഒരു ആഗ്രഹം കടന്നു കൂടിയിട്ട്‌. ഹേ, ഭീമാ! ഭവാന്റെ ബാഹുരക്ഷയില്‍ ഈ ശൈലാഗ്രം ഞാന്‍ കാണുമാറാകട്ടെ!

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ ദ്രൗപദിയാല്‍ പ്രഹരമേറ്റ പോലെ തോന്നിയ ആ പരന്തപന്‍, പ്രഹരം പൊറുക്കാത്ത കാള പോലെ അടങ്ങാതായി. സിംഹം പോലെയും ഋഷഭം പോലെയും ഗമിക്കുന്നവനും, ശ്രീമാനും ഉദാരനും കനകപ്രഭനും ധീരനും ശൂരനും ശക്തനും മാനിയും വൃഷസ്കന്ധനും മത്തേഭവിക്രമനും സിംഹദംഷ്ട്രനും ബൃഹല്‍സ്കന്ധനും സാലംപോലെ ഉന്നതനും മഹാത്മാവും സര്‍വ്വാംഗ സുന്ദരനും കംബുകണ്ഠനും മഹാഭുജനുമായ പാണ്ഡവന്‍ രക്തനേത്രനായി പൊന്നു കെട്ടിച്ച വില്ലും വാളും തുണിയും ഏന്തി ഗര്‍വ്വിഷ്ഠനായ സിംഹത്തെ പോലെ, മദിച്ച ആനയെ പോലെ, ഭയവും കുസലും വിട്ട്‌ മലകയറി. മൃഗേന്ദ്രനെ പോലെയും മത്തഗജത്തെ പോലെയും അവന്‍ ഉദ്ധതനായി വില്ലും അമ്പും ധരിച്ച്‌ എത്തുന്നതായി എല്ലാവരും കണ്ടു. കൃഷ്ണയ്ക്ക്‌ ഹര്‍ഷം വായ്ക്കുമാറ്‌ അവന്‍, ഗദ കയ്യിലെടുത്തു. ഭയവും കൂസലുമില്ലാതെ ശൈലരാജനിൽ എത്തി. ക്ഷീണമില്ല, ഭയമില്ല, മത്സരമില്ല. ആ വായുപുത്രന് ഒരിക്കലും ആ വക അല്ലലുകളൊന്നുമില്ല. വിഷമവും ഭീഷണവുമായ മാര്‍ഗ്ഗം അവന്‍ നേരെ കണ്ടു നടന്നു. പന പോലെ പൊങ്ങിനിൽക്കുന്ന ശൃംഗത്തിലേക്ക്‌ ആ മഹാബലന്‍ കയറി.

കിന്നരന്മാരേയും നാഗങ്ങളേയും ഋഷിമാരേയും ഗന്ധര്‍വ്വന്മാരേയും ആശരന്മാരേയും ഹര്‍ഷിപ്പിച്ച്‌ ആ മഹാബലന്‍ അദ്രിശൃംഗത്തില്‍ കയറി നിന്നു. പിന്നെ ആ ഭരതര്‍ഷിഭന്‍ വൈശ്രവണാവാസം കണ്ടു. പൊന്മയവും സ്ഫടികപ്രായവുമായ വീടുകള്‍ ചേര്‍ന്ന്‌ ചുറ്റും പൊന്മയമായ വലിയ മതില്‍ക്കെട്ടിനുള്ളില്‍ സര്‍വ്വരത്നപ്രഭയോടും, സര്‍വ്വ ഉദ്യാനങ്ങള്‍ ചേര്‍ന്നും, കുന്നിനേക്കാള്‍ ഉയര്‍ന്ന കോട്ടകൊത്തളങ്ങളുടെ ഭംഗിയായ കമാനത്തോടും, കൊടിത്തറയോടും കാറ്റില്‍ നൃത്തം വയ്ക്കുന്ന നല്ല കൊടിക്കൂറകളോടും കൂടിയ വിത്തേശന്റെ നഗം വില്ലിന്റെ തല പിടിച്ചൂന്നി വളഞ്ഞ കയ്യുമായി ഖേദത്തോടെ ഭീമന്‍ നോക്കിക്കണ്ടു. സര്‍വ്വഭൂതങ്ങള്‍ക്കും ആനന്ദം നല്കിക്കൊണ്ട്‌ ഗന്ധമാദന മാരുതന്‍ സുഗന്ധമെല്ലാം ചിതറി സുഖമായി വീശി.

വിചിത്രമായ പൂങ്കുലയോടു കൂടി വിചിത്ര വൃക്ഷങ്ങള്‍ നാനാവര്‍ണ്ണത്തോടു കൂടി അചിന്ത്യമായ ഭംഗിയോടെ ശോഭിച്ചു. ചുറ്റും രത്നജാലങ്ങളും ചിത്രപുഷ്പങ്ങളും ചേര്‍ന്ന്‌ മനോഹരമായ രാക്ഷസാധിപന്റെ സ്ഥാനം ആ ഭരതര്‍ഷിഭന്‍ കണ്ടു. ഗദയും വാളും വില്ലുമേന്തി ജീവന്‍ കളയുന്ന വിധം മഹാബാഹുവായ ഭീമന്‍ നിശ്ചലനായി മല പോലെ നിന്നു. ശത്രുക്കള്‍ രോമാഞ്ചപ്പെടുമാറ്‌ ആ അവന്‍ ശംഖു വിളിച്ചു. കൈകൊട്ടി ആര്‍ത്ത്‌ ഭൂതങ്ങള്‍ക്കൊക്ക മോഹം നല്കി. രോമാഞ്ചം പൂണ്ട്‌ അവര്‍ ശബ്ദം കേട്ട ദിക്കിലേക്കു പാഞ്ഞു കയറി. യക്ഷരാക്ഷസ ഗന്ധര്‍വ്വന്മാരെല്ലാം പാണ്ഡവന്റെ സന്നിധിയില്‍ എത്തി. പരിഘം, ഗദ, വാള്‍, ശൂലം, വേല്‌, വെണ്മഴു എന്നിവ യക്ഷരാക്ഷസന്മാര്‍ എടുത്തു നിന്നു. അവരും ഭീമനും തമ്മില്‍ ഒരു പോരാട്ടം നടന്നു. മായാവിദ്യയുള്ള അവര്‍ വിടുന്ന ശൂലം, വേല്‍, മഴു എന്നിവ വലിയ ഊക്കോടെ കത്തിയമ്പ്‌ എയ്തെയ്ത്‌ ഭീമന്‍ അറുത്തു തുടങ്ങി. ആകാശത്തും ഭൂമിയിലും ഒത്തു നിന്ന്‌ എതിര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍, രാക്ഷസന്മാരുടെ ദേഹങ്ങള്‍ അറ്റു വീഴുവാന്‍. തുടങ്ങി. ആ മഹാബലനു ചുറ്റും രക്തമഴ പെയ്യുവാന്‍ തുടങ്ങി. ഗദാപരിഘമേന്തിയ രാക്ഷസഗണങ്ങളില്‍ നിന്നു ദേഹങ്ങള്‍ അറ്റുവിഴുകയും രക്തം ധാരധാരയായി പ്രവഹിക്കുകയും ചെയ്തു. ഭീമന്റെ കയ്യൂക്കിനാല്‍ അനവധി ദേഹങ്ങളും, ശിരസ്സുകളും അറ്റു വീണു കൊണ്ടിരുന്നു. യക്ഷരാക്ഷസര്‍ മൂടുന്ന രമൃനായ പാണ്ഡുപുത്രനെ, കാറുമൂടുന്ന ഭാസ്കരനെ പോലെ കാണപ്പെട്ടു. അവന്‍ അംശുവിനാല്‍ അര്‍ക്കന്‍ എന്ന പോലെ, അശനി പോലെയുള്ള ശരം കൊണ്ട്‌ ഉജ്ജ്വലിച്ചു. അവ കൊണ്ട്‌ ഭീമന്‍ ഏവരേയും പ്രയോഗിച്ചു. ആ സത്യവിക്രമന് യാതൊരു കൂസലുമുണ്ടായില്ല. ഉൽക്കടമായി അവര്‍ ആര്‍ത്ത്‌ ഒത്തു കൂടി തര്‍ജ്ജനം ചെയ്തുവെങ്കിലും സര്‍വ്വരാക്ഷസ വീരന്മാരും ഭീമനില്‍ യാതൊരു മോഹവും ദര്‍ശിച്ചില്ല.

സര്‍വ്വാംഗം വികൃതപ്പെട്ട യക്ഷന്മാര്‍ ഭീമനില്‍ ഭയാര്‍ത്തരായി മഹായുദ്ധത്തില്‍ നിന്നു പിന്മാറി ആര്‍ത്തനാദം മുഴക്കി. ഗദ, ശൂലം, വാള്‍, വേല്‍ എന്നിവ വിട്ട്‌ ഭീമന്റെ ശരമേൽക്കും എന്നുള്ള ഭയം മൂലം തെക്കോട്ടു നോക്കി പാഞ്ഞു പോയി.. അവിടെ ശൂലഗദാധാരിയും വൃഡോരസ്കനും മഹാഭുജനുമായി കുബേര തോഴനായി മണിമാന്‍ എന്ന ഒരു രാക്ഷസനുണ്ട്‌. അധികാരവും പൗരുഷവും കാട്ടി നിൽക്കുന്ന ആ മഹാബലന്‍, തോറ്റോടിയെത്തുന്ന രാക്ഷസന്മാരെ നോക്കി ചിരിച്ചു പറഞ്ഞു: "പോരില്‍ ഒരു മനുഷ്യന്‍ പലപേരെ തോല്പിച്ചുവോ? കുബേരന്റെ രാജധാനിയില്‍ ചെന്ന്‌ ഇനി എന്തു പറയും? എന്നു പറഞ്ഞ്‌ അവന്‍ പുറപ്പെട്ടു. ശക്തി, ശൂലം, ഗദ ഇവ ധരിച്ച്‌ പാണ്ഡുപുത്രനോടു പാഞ്ഞേറ്റു. മത്തേഭത്തെ പോലെ പാഞ്ഞു കയറുന്ന അവന്റെ വയറ്റത്തു മൂന്നു വത്സദന്തങ്ങള്‍ എയ്തു ഭീമന്‍ അര്‍ദ്ദിപ്പിച്ചു. ഉടനെ മണിമാനും കോപത്തോടെ കൂറ്റന്‍ ഗദയെടുത്തു ചുഴറ്റി ഭീമസേനന്റെ നേര്‍ക്കു വിട്ടു. ഇടിത്തീ പോലെ വരുന്ന ആ ഗദ അംബരത്തില്‍ വച്ച്‌ ചാണയ്ക്കു വെച്ച അമ്പുകളാല്‍ എയ്ത്‌ അറുക്കുവാന്‍ ഭീമന്‍ ശ്രമിച്ചു. ആ ബാണങ്ങളൊക്കെ ഗദയില്‍ തട്ടി ഉടഞ്ഞു തകര്‍ന്നു. ഗദാവേഗം തടുക്കുവാന്‍ ഭീമന്റെ ശരങ്ങള്‍ക്കു കഴിഞ്ഞില്ല. ഗദായുദ്ധക്രമം അറിഞ്ഞ ഭീമന്‍ വീരൃവാനായ അവന്റെ പ്രഹരത്തെ ഒഴിച്ച്‌, മാറിക്കളഞ്ഞു. ഉടനെ സ്വര്‍ണ്ണപ്പിടി ഉള്ളതും ഉരുക്കു കൊണ്ട് ഉണ്ടാക്കിയതുമായ വേല്‍ ആ ലാക്കില്‍ തന്നെ മതിമാനായ രാക്ഷസന്‍ പ്രയോഗിച്ചു. ചീറുന്ന ഭീമന്റെ വലംകൈ പിളര്‍ന്ന്‌ അഗ്നിജ്ജ്വാലയോടു കൂടി രൗദ്രമായി ഭൂമിയില്‍ ചെന്നു വീണു. വില്ലാളി വീരനും വേല്‍ ഏറ്റ അമിത വിക്രമനുമായ ഭീമന്‍ ക്രോധം കൊണ്ടു കണ്ണു കലങ്ങി, പൊന്‍പട്ടം കെട്ടിയതും. അരികള്‍ക്ക്‌ അതിഭീതി വളര്‍ത്തുന്നതും ശൈത്യവും സര്‍വ്വായസവുമായ ഗദയേന്തിയാര്‍ത്ത്‌ ശക്തനായ മണിമാന്റെ നേര്‍ക്കു പാഞ്ഞെത്തി. ഉടനെ ജ്വലിക്കുന്ന മഹാശൂലം മണിമാനും ഉയര്‍ത്തി. മഹാവേഗത്തോടെ അലറി ഭീമന്റെ നേര്‍ക്കു വിട്ടു. ഗദായുദ്ധജ്ഞനായ ഭീമന്‍ ആ ശൂലം ഗദാഗ്രം കൊണ്ട്‌ ഒടിച്ചു. അവനെ കൊല്ലുവാന്‍ പാമ്പിന്റെ പിമ്പെ ഗരുഡന്‍ എന്ന വിധം പാഞ്ഞു. ആകാശത്തേക്കു ചാടി മുറയ്ക്ക്‌ ഗദ വീശി ആര്‍ത്ത്‌ അവന്‍ മൂര്‍ദ്ധാവില്‍ പ്രയോഗിച്ചു. വായു വേഗത്തില്‍ ഇന്ദ്രന്‍ വിട്ട അശനി പോലെ, കൃത്യബാധയെന്ന പോലെ, ആ രാക്ഷസനെ ഭീമന്‍ വീഴ്ത്തി. സിംഹം കാളയെ. എന്ന വിധം ആ മഹാബലനെ വീഴ്ത്തുന്നത്‌ അവര്‍ ഏവരും കണ്ടു മിഴിച്ചു നിന്നു. അവന്‍ മരിച്ചുവീണതു കണ്ട്‌ ശേഷിച്ച നിശാചരന്മാര്‍ ഭീമമായ ആര്‍ത്തസ്വരത്തോടു കൂടി കിഴക്കേ ദിക്കു നോക്കി പാഞ്ഞു പോയി.

161. കുബേരദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: ഗിരിഗുഹകളില്‍ പലവിധ ശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടു. ഭീമസേനനെ കാണായ്കയാലും ശബ്ദകോലാഹലം കേള്‍ക്കയാലും കൗന്തേയനായ അജാതശത്രുവിനും മാദ്രേയന്മാര്‍ക്കും, കൃഷ്ണയ്ക്കും, ധൗമൃന്‍, വിപ്രന്മാര്‍ തുടങ്ങിയവര്‍ക്കും മനസ്സു കെട്ടു. ദ്രൗപദിയെ ആര്‍ഷ്ടിഷേണനെ ഏല്‍പിച്ച്‌ മഹാന്മാരായ പാണ്ഡവന്മാര്‍ ആയുധങ്ങള്‍ ധരിച്ച്‌ ഭീമനെ തിരഞ്ഞ്‌ ഉടനെ മലകയറി. പര്‍വ്വതാഗ്രത്തില്‍ ചെന്നപ്പോള്‍ മഹാധനുര്‍ദ്ധരനായ ഭീമനേയും ആ ശൂരനു ചുറ്റും ചത്തു കിടക്കുന്ന മഹാകായന്മാരായ രാക്ഷസന്മാരേയും അവര്‍ കണ്ടു. മഹാബലന്മാരും മഹാസത്വന്മാരുമായ രാക്ഷസഗണത്തെ കൊന്നു വീഴ്ത്തി. ചാപഗദാ ഖള്‍ഗധാരിയായി, സര്‍വ്വ ദാനവന്മാരേയും യുദ്ധത്തില്‍ നിഗ്രഹിച്ച ദേവേന്ദ്രനെ പോലെ പ്രശോഭിച്ചുനിൽക്കുന്ന വൃകോദരനെ കണ്ട്‌ ഭ്രാതാക്കന്മാര്‍ മൂന്നു പേരും ഓടിച്ചെന്നു കെട്ടിപ്പുണര്‍ന്നു. പിന്നെ, സല്‍ഗ്ഗതിപ്രാപ്തരായ ആ നാലു മഹാരഥന്മാരും അവിടെ ഇരുന്നു. അപ്പോള്‍ ആ ഗിരിശൃംഗം, ദേവന്മാരായ ലോകപാലകന്മാരാല്‍ സ്വര്‍ഗ്ഗം എന്ന പോലെ പ്രശോഭിച്ചു. കുബേര ഭവനത്തേയും മരിച്ചു കിടക്കുന രാക്ഷസന്മാരേയും കണ്ട്‌ രാജാവ്‌ അനുജനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമാ! നീ എന്തൊരു പാപമാണു ചെയ്തത്‌! എന്തൊരു സാഹസമാണു ചെയ്തത്‌! നിനക്ക്‌ എന്താണ്‌ ഇങ്ങനെ ഒരു മോഹമുണ്ടാകാന്‍? നീ പാപം ചെയ്തു പോയി! മുനിയെപ്പോലെ വനവാസിയായ നിനക്ക്‌ ഇപ്പോള്‍ ഈ പ്രവൃത്തി യുക്തമായില്ല. ധര്‍മ്മജ്ഞന്മാര്‍ പറയുന്നതു രാജദ്രോഹം ചെയ്യരുതെന്നല്ലേ? ഇപ്പോള്‍ നീ ഈ ചെയ്തതു ദേവദ്രോഹമാണ്‌. അധര്‍മ്മങ്ങള്‍ ചിന്തിക്കാതെ പാപത്തില്‍ മനസ്സു വയ്ക്കുന്നവന്‍ പാപകര്‍മ്മത്തിന്റെ ഫലം തീര്‍ച്ചയായും അനുഭവിക്കും. എന്റെ പ്രിയം നീ ചിന്തിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യരുത്‌..

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ പറഞ്ഞതു കേട്ട്‌ ഭീമന്‍ അക്കാര്യത്തെ ചിന്തിച്ച്‌ ഒരക്ഷരം പോലും ഉരിയാടാതെ, മിണ്ടാതെയിരുന്നു. അപ്പോള്‍ ഭീമസേനന്‍ കൊന്നവരില്‍ ശേഷിച്ച രാക്ഷസന്മാര്‍ ഒന്നിച്ചു കൂടി കുബേരന്റെ രാജധാനിയിലേക്കു ചെന്ന്‌ ഭീമസേനനില്‍ നിന്നുള്ള ഭയം കൊണ്ട്‌ ആര്‍ത്തരായി നിലവിളി കൂട്ടി. അസ്ത്രങ്ങളും മറ്റ്‌ ആയുധങ്ങളും കൈവിട്ടും, ചട്ടയില്‍ ചോരപുരണ്ടും, മുടി ചിന്നിച്ചിതറിയും പാഞ്ഞുവന്ന അവര്‍ സംഭ്രമത്തോടെ നിലവിളിച്ചു പറഞ്ഞു:

ഹേ, ധനേശ്വരാ! കായബലം കൊണ്ട്‌ പര്‍വ്വതത്തെ കുലുക്കുന്ന ഒരു മനുഷ്യന്‍ ഭവാന്റെ പടയാളികളായ രാക്ഷസന്മാരെ കൊന്നൊടുക്കിയിരിക്കുന്നു. ഗദ, വാള്‍, പരിഘം, കത്തി, തോമരം മുതലായ ആയുധം ധരിച്ച ഭവാന്റെ പ്രധാനികളായ യക്ഷരാക്ഷസ ഇന്ദ്രന്മാരൊക്കെ കൂട്ടത്തോടെ ഒരേയൊരു മനുഷ്യനോട് എതിര്‍ത്തു മൃതരായിരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. മരിച്ചു കിടക്കുന്നവരുടെ കൂട്ടത്തില്‍ ഭവാന്റെ സഖാവായ മണിമാനും പെടും. ആ മഹാനും ഹതനായി. ഒരു മനുഷ്യന്‍ കാട്ടിക്കൂട്ടിയ കടുംകൈ ആണിതൊക്കെ. ഇനി എന്തു വേണമെന്ന്‌ ഭവാന്‍ കല്പിച്ചാലും.

കിങ്കരന്മാര്‍ പറഞ്ഞ വാക്കുകേട്ട്‌ ആ യക്ഷരാജാവു ക്രുദ്ധനായിത്തീര്‍ന്നു. ക്രോധത്താല്‍ കണ്ണു ചുവന്നു ഗര്‍ജ്ജിച്ചു;

എന്ത്‌! ആ ഭീമസേനന്‍ വീണ്ടും എനിക്ക്‌ അപരാധം ചെയ്തുവെന്നോ? എന്നു പറഞ്ഞ്‌ തേര്‍ പൂട്ടുവാന്‍ ഭടന്മാരോട്‌ ആജ്ഞാപിച്ചു.

ഉടനെ കാര്‍നിറം പൂണ്ടതും കുന്നിന്റെ കൊടുമുടി പോലെ ഉയര്‍ന്നതുമായ തേരില്‍ പൊന്നണിഞ്ഞ ഹയങ്ങളെ പൂട്ടി. സര്‍വ്വഗുണങ്ങളും തികഞ്ഞ ആ അശ്വങ്ങള്‍ തേജോബല യുക്തങ്ങളും നാനാരത്ന വിഭൂഷിതങ്ങളുമാണ്‌. ലക്ഷണ യുക്തങ്ങളായ ആ കുതിരകള്‍ തേരില്‍ പൂട്ടുമ്പോഴേക്കും വായുവേഗത്തില്‍ പായുവാന്‍ ഒരുങ്ങി, ജയാവഹമായ വിധം തമ്മില്‍ ശബ്ദമുണ്ടാക്കി. ആ മഹാരഥത്തില്‍ കയറി ഭഗവാന്‍ കുബേരന്‍ ദേവഗന്ധര്‍വ്വസംഘം വാഴ്ത്തുമാറു പുറപ്പെട്ടു. ധനാധിപനെ രക്താക്ഷന്മാരും കാഞ്ചന വര്‍ണ്ണന്മാരും മഹാകായന്മാരുമായ ആയിരത്തില്‍പ്പരം രാക്ഷസന്മാര്‍ പിന്തുടര്‍ന്നു. അവര്‍ ആകാശത്തെ കുലുക്കിക്കൊണ്ടു പറന്നു ഗന്ധമാദനത്തിലെത്തി.

പ്രിയദര്‍ശനനായ കുബേരന്‍ യക്ഷരാക്ഷസന്മാരാല്‍ ആവൃതനായി വരുന്നതു കണ്ട്‌ പാണ്ഡവന്മാര്‍ രോമാഞ്ചം പൂണ്ടു നിന്നു. വൈശ്രവണന്‍ വില്ലും അമ്പും ധരിച്ചു നിൽക്കുന്ന സത്വഗുണന്മാരായ പാണ്ഡുപുത്രന്മാരെ കണ്ടപ്പോള്‍ പെട്ടെന്നു പ്രീതനാവുകയാണ് ഉണ്ടായത്‌. ദേവകാര്യത്തെ ഓര്‍ത്ത്‌ കുബേരന്റെ ഹൃദയത്തില്‍ സന്തോഷം വളര്‍ന്നു.

ആ യക്ഷരാക്ഷസന്മാര്‍ പക്ഷികള്‍ പോലെ ക്ഷണത്തില്‍ ഗിരിശൃംഗത്തിൽ എത്തി. ധനേശ്വരനെ മുന്നിലാക്കി പാണ്ഡവന്മാരുടെ മുമ്പില്‍ അവര്‍ നിന്നു.

കുബേരന്‍ പാണ്ഡവന്മാരില്‍ പ്രീതനാണെന്നു കണ്ടപ്പോള്‍ യുദ്ധത്തിനു പോയ ദേവഗന്ധര്‍വ്വന്മാര്‍ നിര്‍വ്വികാരരായി നില്പായി.

മഹാന്മാരായ പാണ്ഡവന്മാര്‍ കുബേരനെ കൈകൂപ്പി. നകുലനും സഹദേവനും, ധര്‍മ്മപുത്രനും അപരാധികളെ പോലെ കൈകൂപ്പി വിത്തേശന്റെ മുമ്പില്‍ നില്പായി. വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചതും വിചിതവ്രും ദിവ്യവുമായ പുഷ്പകാസനത്തില്‍ ധനേശ്വരന്‍ ഇരിക്കുകയാണ്‌. അദ്ദേഹത്തിനു ചുറ്റും ചെവി കൂര്‍ത്തവരും, മഹാകായന്മാരുമായ അനവധി രാക്ഷസന്മാര്‍ ഇരുന്നു. ഗന്ധര്‍വ്വരും വളരെ അപ്സരസ്ത്രീകളും ദേവന്മാര്‍ ഇന്ദ്രനെ എന്ന പോലെ ചുറ്റി നിരന്നു നിൽക്കുന്നു.

ശുഭമായ പൊന്‍പൂമാല മൗലിയില്‍ ചാര്‍ത്തി കയറും വില്ലും വാളുമേന്തി നിൽക്കുന്ന ഭീമസേനന്‍ കുബേരനെ ഒന്നു നോക്കി. രാക്ഷസന്മാര്‍ നോക്കുമ്പോഴും ഭീമന്‍ ലേശവും കൂസാതെ നിന്നു. കൂര്‍ത്ത ബാണങ്ങളുമായി യുദ്ധത്തിനു നിൽക്കുന്ന കുബേരനെ കണ്ടപ്പോഴും ഭീമന് ഒട്ടും കുസലുണ്ടായില്ല. ഭീമനെ നോക്കി കണ്ട്‌ കുബേരന്‍ ധര്‍മ്മപുത്രനോടു പറഞ്ഞു.

കുബേരന്‍ പറഞ്ഞു: ഭവാന്‍ സര്‍വ്വലോകര്‍ക്കും ഹിതകാരിയാണെന്നു സര്‍വ്വരും അറിയുന്നു. ഭവാന്‍ നിര്‍ഭയനായി ഭ്രാതാക്കളോടു കൂടി പര്‍വ്വതാഗ്രത്തില്‍ പാര്‍ത്തു കൊള്ളുക. ഭീമസേനന്റെ പ്രവൃത്തിയില്‍ നീ ദുഃഖിക്കേണ്ട. മരണമടഞ്ഞവര്‍ കാലത്താല്‍ ഹതരായവരാണ്‌. നിന്റെ സോദരന്‍ ഒരു നിമിത്തം മാത്രമാണ്‌. സാഹസം ചെയ്തു പോയല്ലോ എന്നോര്‍ത്തു ലജ്ജിക്കുകയും വേണ്ട. യക്ഷരാക്ഷസന്മാരുടെ നാശം ദേവകള്‍ മുമ്പേ കണ്ടിട്ടുള്ളതാണ്‌. എനിക്കു ഭീമനോടു കോപമില്ലെന്നു മാത്രമല്ല, ഞാന്‍ അവനില്‍ പ്രീതനാവുകയും ചെയ്തിരിക്കുന്നു. ഭീമന്റെ കര്‍മ്മം കണ്ടിട്ട്‌ എനിക്കു മുമ്പേ തന്നെ തുഷ്ടിയുണ്ടായിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരനോട്‌ വൈശ്രവണന്‍ പറഞ്ഞതിന് ശേഷം ഭീമനോടു പറഞ്ഞു: ഉണ്ണി, ഭീമാ! കൃഷ്ണയ്ക്കു വേണ്ടി നീ ഈ കടുംകൈ ചെയ്തതില്‍ ഞാന്‍ നിന്നോടു കോപിക്കുന്നില്ല. എന്നെയും ദേവന്മാരെയും അനാദരിച്ചു സ്വന്തം ബാഹുബലത്താല്‍ നീ യക്ഷരാക്ഷസന്മാരെ നിഗ്രഹിച്ചതില്‍ ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. ഒരു ഘോരശാപത്തില്‍ നിന്നു ഞാന്‍ ഇപ്പോള്‍ വിമുക്തനായി. മുമ്പ്‌ അഗസ്ത്യ മഹര്‍ഷി ഞാന്‍ ചെയ്ത ഒരു അപരാധത്താല്‍ ക്രുദ്ധനായി എന്നെ ശപിക്കുകയുണ്ടായി. അതിന്റെ ഫലമാണ്‌ ഇന്നലത്തെ അനുഭവം. എനിക്ക്‌ ഇപ്രകാരം ഒരു നാശം സംഭവിക്കുമെന്ന്‌ ഞാന്‍ മുമ്പേ കണ്ടിട്ടുള്ളതാണ്‌. നീ തെറ്റ്‌ അല്പവും ചെയ്തിട്ടില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: മഹാത്മാവായ ഭഗവാന്‍ അഗസ്‌തൃ മഹര്‍ഷി ഭവാനെ ശപിക്കുവാൻ എന്താണ്‌ കാരണം? ആ മഹല്‍ പ്രഭാവനായ മഹര്‍ഷിയുടെ കോപാഗ്നിയില്‍ ഭവാന്‍ ദഹിച്ചു പോകാഞ്ഞതു വലിയ ഒരത്ഭുതമാണല്ലോ! സൈന്യങ്ങളോടും ഭൃത്യന്മാരോടും കൂടെ ഭവാന്‍ ദഹിക്കാഞ്ഞത്‌ ഭവാന്റെ മഹത്തായ പ്രഭാവം കൊണ്ടു തന്നെയാണെന്നു ഞാന്‍ വിചാരിക്കുന്നു.

ധനേശ്വരന്‍ പറഞ്ഞു: ഹേ, നരേശ്വരാ! പണ്ട്‌ കുശവതിയില്‍ വെച്ച്‌ ഏതോ ഒരു കാര്യത്തെപ്പറ്റി ദേവന്മാര്‍ തമ്മില്‍ മന്ത്രാലോചന ഉണ്ടായി. എന്നെ ക്ഷണിച്ചതു കൊണ്ട്‌ ഞാന്‍ എന്റെ കൂട്ടുകാരോടു കൂടി പുറപ്പെട്ടു. ഘോരരൂപന്മാരും, വിവിധായുധ ധാരികളുമായ മുന്നൂറു മഹാപത്മം യക്ഷന്മാരോടു കൂടെ ഞാന്‍ പോകുമ്പോള്‍ മാര്‍ഗ്ഗമദ്ധ്യേ ഞാന്‍ അഗസ്തൃ മഹര്‍ഷിയെ കണ്ടു. ആ ഋഷി നാനാപക്ഷികള്‍ നിറഞ്ഞ, നാനാപുഷ്പിത വൃക്ഷങ്ങളാല്‍ ശോഭിതമായ യമുനാതീരത്തില്‍, ഘോരമായ തപസ്സില്‍ മുഴുകി ഇരിക്കുകയായിരുന്നു. അഗ്നിയെപ്പോലെ ജ്വലിച്ച്‌ സൂര്യനെ നോക്കി കൈകൂപ്പി നിൽക്കുന്ന ആ തേജോരാശിയെ എന്റെ സഖാവും രാക്ഷസാധിപതിയുമായ മണിമാന്‍ ആകാശത്തില്‍ നിന്നു നോക്കിക്കണ്ടു. അവന്‍ മൂര്‍ഖത കൊണ്ടും, അജ്ഞാനം കൊണ്ടും, ദര്‍പ്പം കൊണ്ടും, മോഹം കൊണ്ടും ആകാശത്തില്‍ നിന്ന്‌ ആ തേജസ്വിയുടെ ശിരസ്സില്‍ തുപ്പി. അപ്പോള്‍ ദിക്കെല്ലാം ദഹിക്കുമാറ്‌ ഭയങ്കരമായ കോപം അഗസ്തൃ മഹര്‍ഷിക്കുണ്ടായി.

അഗസ്തൃന്‍ എന്നെ നോക്കി ഇപ്രകാരം ശപിച്ചു: എടോ ധനേശ്വരാ! നിന്റെ സഖാവായ ഈ ദുഷ്ടന്‍ എന്നെ അവഗണിച്ച്‌ നീ കാണ്കെ എന്നെ ധര്‍ഷിക്കയാല്‍ നിന്റെ സൈന്യത്തോടു കൂടി ഇവന്‍ ഒരു മനുഷ്യനാല്‍ സംഹരിക്കപ്പെടും. സൈന്യനാശത്താല്‍ ദുര്‍മ്മതിയായ നീ ദുഃഖിക്കുകയും ചെയ്യും. എന്നാൽ, ആ മനുഷ്യനെ നീ നേരിട്ടു കാണുമ്പോള്‍ ഈ പാപത്തില്‍ നിന്നു നിനക്കു മോചനം സിദ്ധിക്കും. ഈ ദുഷ്ടന്റെ ആജ്ഞയില്‍ നിൽക്കുന്ന യക്ഷരാക്ഷസന്മാര്‍ക്ക് അല്ലാതെ നിന്റെ ആജ്ഞാനുവര്‍ത്തികളായ മറ്റു ഭടന്മാര്‍ക്കോ പുത്രപൗത്രന്മാര്‍ക്കോ ഈ ശാപം ബാധിക്കയില്ല. ഇപ്രകാരം ആ മഹര്‍ഷി എന്നെ ശപിച്ചു. മഹാരാജാവേ, ഇപ്പോള്‍ നിന്റെ ഭ്രാതാവായ ഭീമന്‍ ആ ശാപത്തില്‍ നിന്ന്‌ എന്നെ കരേറ്റിയിരിക്കുന്നു.

162. കുബേരവാക്യം - കുബേരന്റെ ഉപദേശം - കുബേരന്‍ പറഞ്ഞു: ധൃതി, ദാക്ഷ്യം, പരാക്രമം, ദേശാനുകൂല്യം, കാലാനുകൂല്യം ഇങ്ങനെ അഞ്ചു വിധമാണ്‌ ലോകതന്ത്ര വിധാനങ്ങള്‍ക്കുള്ള വിധികള്‍. കൃതയുഗത്തിലെ സര്‍വ്വ മനുഷ്യരും ധൃതിമാന്മാരും അവരവരുടെ കര്‍മ്മങ്ങളില്‍ ദക്ഷന്മാരും പരാക്രമശീലരും ആയിരുന്നു. ധൃതിമാനും ദേശകാലജ്ഞനും സര്‍വ്വ ധര്‍മ്മജ്ഞനുമായ ക്ഷത്രിയന്‍ ചിരകാലം ഈ ഭൂമി കൈയടക്കി വാഴും. എല്ലാ കാര്യത്തിലും ഈ അഞ്ചു വിധാനങ്ങളെ ഗ്രഹിച്ച്‌ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവന്‍ ഇഹലോകത്തില്‍ കീര്‍ത്തിയും, പരലോകത്തില്‍ സല്‍ഗതിയും നേടും. ദേശകാലങ്ങള്‍ നോക്കി പരാക്രമം പ്രയോഗിച്ചിട്ടാണ്‌ വൃത്രഹന്താവായ ഇന്ദ്രന്‍ വസുക്കളോടു കൂടി സ്വര്‍ഗ്ഗരാജ്യം നേടിയത്‌. വെറും കോപം കൊണ്ട്‌ പതനം കാണാതിരിക്കുന്ന പാപാത്മാവ്‌ എപ്പോഴും പാപത്തില്‍ തന്നെ കയ്യിട്ട്‌ കര്‍ത്തവ്യമെന്തെന്നു തിരിച്ചറിയാതെ ഇഹത്തിലും പരത്തിലും നശിക്കുക തന്നെ ചെയ്യും. കാലമോ കാര്യവിശേഷമോ അറിയാതെ വൃഥാചാരങ്ങളില്‍ പ്രവേശിക്കുന്ന ദുര്‍ബുദ്ധിക്ക്‌ ഇഹത്തിലും പരത്തിലും നില കിട്ടുകയില്ല. എല്ലാത്തരം സാമര്‍ത്ഥൃത്തിനും പോന്നവനാണു താനെന്ന്‌ ഗര്‍വ്വോടെ സാഹസങ്ങളില്‍ ഇറങ്ങുകയും വഞ്ചനകള്‍ തുടരുകയും ചെയ്യുന്നവന്‍ പാപബുദ്ധിയാണ്‌. സര്‍വ്വസാമര്‍ത്ഥ്യവും ആശിക്കുന്നവനും പാപിയാണ്‌; തീര്‍ച്ച! ധര്‍മ്മം കാണാത്തവനും, ഗര്‍വ്വിഷ്ഠനും, ബാലബുദ്ധിയും, അമര്‍ഷണനും, നിര്‍ഭയനുമാണ്‌ ഭീമന്‍. അവന്‍ ഇത്തരത്തിലാകയാല്‍ പുരുഷോത്തമനായ നീ അവനെ ശാസിക്കേണ്ടതാണ്‌. കൃഷ്ണപക്ഷത്തില്‍ രാക്ഷസന്മാര്‍ക്കു ക്രൗര്യം കൂടാറുള്ളതു കൊണ്ട്‌ അക്കാലത്ത്‌ നീ ആര്‍ഷ്ടിഷേണന്റെ ആശ്രമത്തില്‍ ചെന്ന്‌ ശോകവും, ഭയവും കൂടാതെ പാര്‍ത്തു കൊള്ളുക. എന്റെ നിയോഗത്താല്‍ അളകാപുരിയില്‍ വസിക്കുന്നവരായ ഗന്ധര്‍വ്വ കിന്നരന്മാരും എല്ലാ ഗിരിവാസികളും ഉത്തമ ബ്രാഹ്മണരോടു കൂടിയ നിന്നെ എല്ലായ്പോഴും സംരക്ഷിക്കും. സാഹസത്താലാണ്‌ ഈ കര്‍മ്മത്തില്‍ ഏര്‍പ്പെട്ടതെന്ന്‌ ഭീമനെ ഗ്രഹിപ്പിക്കുക. മേലാല്‍ ഇത്തരം സാഹസങ്ങളില്‍ പ്രവേശിക്കരുതെന്ന്‌ ധര്‍മ്മജ്ഞനായ നീ ഉപദേശിക്കുക. ഇനിമേല്‍ വനവാസികളായ പലരും നിന്നെ വന്നു കാണുകയും വേണ്ട പോലെ സേവിക്കുകയും, പാലിക്കുകയും ചെയ്യും. സ്വാദു കൂടിയ അന്നപാനാദികള്‍ നിത്യവും എന്റെ കിങ്കരന്മാര്‍ നിങ്ങള്‍ക്കു കൊണ്ടു വന്നു നല്കും. മഹ്നേന്ദ്രന്‌ അര്‍ജ്ജുനനും, വായുവിന് ഭീമനും, ധര്‍മ്മദേവന് നീയും, അശ്വിനികള്‍ക്ക്‌ നകുലസഹദേവന്മാരും എപ്രകാരമോ അപ്രകാരം തന്നെ എനിക്ക്‌ നിങ്ങളെല്ലാവരും രക്ഷ്യന്മാരാണ്‌. അര്‍ത്ഥതത്വ ക്രമങ്ങളും, സര്‍വ്വധര്‍മ്മ ക്രമങ്ങളും ശരിയായി ഗ്രഹിച്ചിട്ടുള്ള ഭീമാനുജനായ അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗത്തില്‍ സസുഖം വാഴുന്നുണ്ട്‌. സ്വര്‍ഗ്ഗോചിതമായ പരമസമ്പത്തു മുഴുവന്‍ ധനഞ്ജയനില്‍ ജനനം മുതല്‍ പ്രകാശിച്ചു വരുന്നു. ദമം, ദാനം, ബലം, ബുദ്ധി, ശ്രീ, ധൃതി, ശൗര്യം എന്നിവ ആ മഹാസത്വനില്‍ സദാ സ്ഥിതി ചെയ്യുന്നു. ഗര്‍ഹിതമായ യാതൊരു കര്‍മ്മവും ചെയ്യുവാനുള്ള വ്യാമോഹം ജിഷ്ണുവെ ബാധിക്കുകയില്ല. പാര്‍ത്ഥന്‍ അസത്യം പറഞ്ഞുവെന്ന്‌ ഏതൊരുത്തനും പറയുവാന്‍ കഴിയുകയില്ല. കുരുവംശത്തിനു കീര്‍ത്തി വര്‍ദ്ധനനായ ആ വിജയന്‍ പിതൃക്കളാലും ദേവഗന്ധര്‍വ്വന്മാരാലും മാനിതനായി അസ്ത്രങ്ങള്‍ അഭൃസിച്ചു കൊണ്ട്‌ ഇന്ദ്രപത്തനത്തില്‍ വസിക്കുന്നു. നിന്റെ പിതാമഹനും, ധര്‍മ്മത്താല്‍ എല്ലാ രാജാക്കളേയും വശീകരിച്ച്‌ മഹാതേജസ്വിയുമായ ശന്തനു സ്വര്‍ഗ്ഗത്തില്‍ അര്‍ജ്ജുനനാല്‍ ഏറ്റവും പ്രീതനായിരിക്കുന്നു. കുലധര്‍മ്മം വിടാത്ത മഹാവീര്യവാനും നിന്റെ പ്രപിതാമഹനുമായ ശന്തനു മഹാതപസ്വിയായ പിതൃക്കളേയും, ദേവകളേയും, ഋഷിമാരേയും, വിപ്രന്മാരേയും പൂജിച്ചു തൃപ്തരാക്കി യമുനാ തീരത്തില്‍ വച്ച്‌ ഏഴ്‌ അശ്വമേധ യാഗങ്ങള്‍ ചെയ്ത്‌ രാജാധിരാജനായി വാണിരുന്നു. ഇപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായിരിക്കുന്ന ആ പൂണ്യശാലി നിന്നോടു കുശലം ചോദിച്ചിരിക്കുന്നു

വൈശമ്പായനൻ പറഞ്ഞു: വൈശ്രവണന്‍ പറഞ്ഞ ഈ വാക്കുകള്‍ കേട്ട സമയത്ത്‌ പാണ്ഡവന്മാര്‍ വളരെ സന്തോഷിച്ചു. ഉടനെ വാള്‍, വേല്‌, വില്ല്‌, ഗദ ഇവയെല്ലാം കെട്ടി ഒരിടത്തു വെച്ച്‌ വൃകോദരന്‍ കുബേരന്റെ മുമ്പില്‍ നമസ്കരിച്ചു നിന്നു. ശരണം പ്രാപിച്ച ഭീമനോടു കുബേരന്‍ പറഞ്ഞു.

കുബേരന്‍ പറഞ്ഞു: എടോ ഭീമാ! നീ ശത്രുക്കള്‍ക്കു മാനം കെടുത്തുന്നവനായും, സുഹൃത്തുക്കള്‍ക്കു നന്ദി വര്‍ദ്ധനനായും ഭവിക്കട്ടെ! ശത്രു നാശനന്മാരായ നിങ്ങള്‍ ഇവിടെ തന്നെ രമണീയമായ ഗൃഹങ്ങളില്‍ പാര്‍ത്തു കൊള്ളുക. നിങ്ങള്‍ക്കു വേണ്ടുന്നതെല്ലാം അപ്പോള്‍ യക്ഷന്മാര്‍ തന്നു കൊള്ളും. അവര്‍ നിങ്ങളുടെ കാമിതങ്ങളെ ഒരു വിധത്തിലും തടയുന്നതല്ല. ഉടനെ തന്നെ കൃതാസ്ത്രനായി ഇന്ദ്രന്റെ അനുജ്ഞയോടു കൂടി അർജ്ജുനൻ ഇവിടെ എത്തുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഗുഹ്യകാധിപന്‍ ഇപ്രകാരം സന്തോഷകരമായ വൃത്താന്തങ്ങള്‍ യുധിഷ്ഠിരനോടു പറഞ്ഞതിന് ശേഷം ആ ശ്വേത പര്‍വ്വതത്തില്‍ നിന്ന്‌ അന്തര്‍ദ്ധാനം ചെയ്ത്‌ സ്വന്തം ആലയത്തിലേക്കു തിരിച്ചു പോയി. ആ വിത്തേശനെ നാനാരത്നങ്ങൾ അണിഞ്ഞ്‌ ചിത്ര കംബളം വിരിച്ച വിശിഷ്ട വാഹനങ്ങളില്‍ കയറി അനേകായിരം യക്ഷന്മാരാലും; രാക്ഷസന്മാരാലും, അനുഗമിക്കപ്പെട്ട്‌, ഇന്ദ്രപുരി പ്രദേശത്തു കൂടി കുബേര സദനത്തിലേക്കു പോകുന്ന വാഹനങ്ങളില്‍ നിന്ന്‌ പക്ഷികളുടെ എന്ന പോലുള്ള നിര്‍ഘോഷം ആകാശത്തു നിന്നു പുറപ്പെട്ടു. കുബേരന്റെ കുതിരകള്‍ ഉടനെ ആകാശമാര്‍ഗ്ഗത്തിലൂടെ പാഞ്ഞു മേഘത്തെ വലിക്കുന്ന പോലെയും, വായുവിനെ വലിച്ചു കുടിക്കുന്ന പോലെയും അശ്വങ്ങള്‍ ദ്രുതഗതിയില്‍ പാഞ്ഞു. പിന്നെ മരിച്ചു കിടക്കുന്ന രാക്ഷസന്മാരുടെ അംഗങ്ങളൊക്കെ വിത്തേശന്റെ കല്പനപ്രകാരം വലിച്ചെടുത്തു. അവര്‍ക്ക്‌ അഗസ്തൃന്‍ കല്‍പിച്ച ശാപകാലമായിരുന്നു അത്‌. അതു കൊണ്ടാണ്‌ അവര്‍ യുദ്ധത്തില്‍ മൃതരായത്‌. അതോടെ ശാപവും തീര്‍ന്നു. മഹാത്മാക്കളായ പാണ്ഡവന്മാര്‍ ആ ഭവനങ്ങളില്‍ ഉദ്വേഗമൊന്നും കൂടാതെ രാക്ഷസന്മാരാല്‍ പൂജിതരായി സസുഖം വാണു.

163. മേരുദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: പിറ്റേദിവസം സുര്യോദയത്തില്‍ ധൗമ്യന്‍ വഹ്നികര്‍മ്മം ചെയ്തതിനു ശേഷം ആര്‍ഷ്ടിഷേണനോടു കൂടെ പാണ്ഡവന്മാരുടെ സമീപത്തെത്തി. ആര്‍ഷ്ടിഷേണന്റേയും ധൗമ്യന്റേയും പാദങ്ങളില്‍ അഭിവാദ്യം ചെയ്ത്‌ പാണ്ഡവന്മാര്‍ കൈകൂപ്പി നിന്ന്‌ എല്ലാ ബ്രാഹ്മണരേയും യഥോചിതം പൂജിച്ചു. പിന്നെ ധൗമൃന്‍ യുധിഷ്ഠിരന്റെ വലതുകൈ പിടിച്ച്‌ കിഴക്കോട്ടു ചൂണ്ടിക്കാണിച്ച്‌ ഇപ്രകാരം പറഞ്ഞു.

ധൗമ്യന്‍ പറഞ്ഞു: മഹാരാജാവേ, ഈ ഭൂമി മുഴുവന്‍ മൂടി നിന്നു കൊണ്ട്‌ സമുദ്രം വരെ ശൈലരാജാവായ മന്ദരം ശോഭിക്കുന്നതു നോക്കു! ഇന്ദ്രന്റേയും വൈശ്രവണന്റേയും സ്ഥാനമാണ്‌ കാനനങ്ങളും, വനങ്ങളും, പര്‍വ്വതങ്ങളും നിറഞ്ഞു ശോഭിക്കുന്ന ഈ ദിക്ക്‌. ധര്‍മ്മജ്ഞന്മാരും മനീഷികളുമായ മഹര്‍ഷികള്‍ പറയുന്നു മഹേന്ദ്രന്റെയും, വൈശ്രവണന്റെയും നികേതനമാണിതെന്ന്‌. ദേവന്മാര്‍, ഋഷികള്‍, സിദ്ധന്മാര്‍, സാദ്ധ്യന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സര്‍വ്വപ്രജകളും ആരാധിച്ചു വരുന്ന ആദിത്യ ഭഗവാന്‍ ഈ ശൈലത്തില്‍ നിന്നാണ്‌ ഉയരുന്നത്‌. മൃതപ്രാണികളുടെ പ്രാപ്യസ്ഥാനമായ ഈ തെക്കന്‍ ദിക്കില്‍ സര്‍വ്വപ്രാണികള്‍ക്കും പ്രഭുവായ യമധര്‍മ്മരാജാവു വാഴുന്നു. സംയമനമെന്ന ഈ പുണ്യപ്രദേശം ഏറ്റവും അത്ഭുത ദര്‍ശനമാണ്‌. പരമ സമൃദ്ധിയോടു കൂടിയതാണ്‌ പ്രേതരാജ ഭവനം. സവിതാവ്‌ ഈ ദേശത്തെ പ്രാപിച്ച്‌ സത്യത്താല്‍ നിലകൊള്ളുന്നു. ഇത്‌ അസ്തപര്‍വ്വതം ആണെന്ന്‌ മനീഷികള്‍ പറയുന്നു. ഈ പര്‍വ്വത രാജാവിനേയും, സമുദ്രത്തേയും വരുണന്‍ അധിവസിച്ച്‌ സര്‍വ്വഭൂതങ്ങളേയും സംരക്ഷിച്ചു വരുന്നു.ബ്രഹ്മജ്ഞന്മാര്‍ക്കു പ്രാപ്യസ്ഥാനമായ മഹാമേരു വടക്കന്‍ ദിക്കിനെ പ്രകാശിപ്പിച്ചു കൊണ്ടു വീര്യവും മംഗളവും തികഞ്ഞ്‌ ഉയര്‍ന്നു നിൽക്കുന്നു. അതിലാണ് ബ്രഹ്മസദസ്സ്‌. സര്‍വ്വഭൂതാത്മാവായ പ്രജാപതി അതില്‍ സ്ഥിതി ചെയ്തു കൊണ്ടാണ്‌ സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിക്കുന്നത്‌. ബ്രഹ്മാവിന്റെ മാനസ പുത്രന്മാരായ ഏഴു ദക്ഷന്മാരും നിവസിക്കുന്നത്‌ അനാമയവും, ശോഭനവുമായ മഹാമേരുവില്‍ തന്നെയാണ്‌. വസിഷ്ഠന്‍ മുതലായ സപ്തര്‍ഷികള്‍ ഈ പര്‍വ്വതത്തില്‍ നിന്ന്‌ ഉദിക്കുകയും ചെയ്യുന്നു. ഹേ യുധിഷ്ഠിര! പൊടി പറ്റാത്ത ഉത്തമ പ്രദേശമായ മേരു ശിഖരത്തെ ഭവാന്‍ കണ്ടാലും. ആത്മതൃപ്തനായ പിതാമഹന്‍ ദേവന്മാരോടു കൂടി അവിടെ സ്ഥിതി ചെയ്യുന്നു.

ചതുര്‍മ്മുഖന്റെ പത്തനത്തില്‍ നിന്ന്‌ അപ്പുറത്താണ്‌ സര്‍വ്വ ഭൂതങ്ങളുടേയും പഞ്ചഭൂതാത്മകമായ പ്രകൃതിയുടെ മൂലപ്രകൃതിയും അനാദിനിധനനും പ്രഭുവുമായ നാരായണന്റെ ആസ്ഥാനം. സര്‍വ്വതേജോമയമായ ആ ശുഭസ്ഥാനം ദേവന്മാര്‍ക്കു പോലും കാണുവാന്‍ കഴിയാത്തതാണ്‌. അര്‍ക്കനേക്കാളും, അഗ്നിയേക്കാളും ദീപ്തമായി സ്വയം പ്രഭയോടു കൂടിയ ആ വിഷ്ണുസ്ഥാനം ദേവദാനവാദികള്‍ക്ക്‌ ഒന്നു നോക്കുവാന്‍ പോലും ശക്തിയില്ല.

കിഴക്കന്‍ ദിക്കിലുള്ള ഈ നാരായണ സ്ഥാനത്ത്‌ സര്‍വ്വ പ്രകൃതിയുടേയും ആത്മാവായ ഭൂതേശന്‍ സര്‍വ്വഭൂതങ്ങളേയും പ്രകാശിപ്പിച്ചു കൊണ്ട്‌ ശ്രീയോടു കൂടി വിളങ്ങുന്നു. ബ്രഹ്മര്‍ഷികള്‍ക്കു പോലും പ്രാപിക്കുവാന്‍ ആവാത്ത ആ പ്രദേശം സാമാനൃ താപസന്മാര്‍ക്കു ചിന്താവിഷയം പോലുമാകുന്നില്ല. സര്‍വ്വജ്യോതിസ്സുകളും അവിടെ എത്തിയാല്‍ നിഷ്പ്രഭമായി പോകും. അചിന്ത്യാത്മാവായ നാരായണന്‍ അവിടെ അത്രയും സ്വയം പ്രകാശിച്ചു കൊണ്ടിരിക്കുന്നു. നാരായണ ഭക്തരായ യതികള്‍ക്കു മാത്രമേ. അവിടെ ചെല്ലുവാന്‍ കഴിയുകയുള്ളു.

മോഹതമസ്സകന്ന തപോയുക്തന്മാരും, ശുഭകര്‍മ്മങ്ങളാല്‍ പരിശുദ്ധന്മാരും യോഗസിദ്ധന്മാരുമായ മഹാത്മാക്കള്‍ക്ക്‌ അവിടെ എത്തിക്കിട്ടിയാല്‍ പിന്നീട്‌ ഈ ലോകത്തിലേക്കു തിരിച്ചു വരേണ്ടി വരികയില്ല. സ്വയംഭൂവും, സനാതനനും, ദേവദേവനും, മഹാഭാഗനുമായ ഈശ്വരന്റെ അക്ഷയവും അവ്യയവും ആയ ഈ സ്ഥാനത്തെ ഭവാന്‍ നമസ്കരിക്കുക!

സൂര്യചന്ദ്രന്മാര്‍ ഈ മേരുവിനെ ദിവസേന പ്രദക്ഷിണം ചെയ്യുന്നു. എല്ലാ ജ്യോതിസ്സുകളും ഈ ശൈലേന്ദ്രനെ സദാ ചുറ്റി സഞ്ചരിക്കുന്നു. ജ്യോതിസ്സുകളെ മുഴുവന്‍ ആകര്‍ഷിച്ചിട്ടുള്ള ആദിതൃ ഭഗവാന്‍ ഇരുട്ടു നീക്കുവാന്‍ വേണ്ടി, അസ്തമിച്ച്‌ സന്ധ്യ കഴിഞ്ഞാല്‍ വടക്കന്‍ ദിക്കില്‍ വന്ന്‌ മഹാമേരുവിനെ ഒന്നു ചുറ്റിയതിന് ശേഷം കിഴക്കോട്ടു പോകുന്നു. അപ്രകാരം തന്നെ യഥാകാലം പര്‍വ്വസന്ധികളാല്‍ മാസങ്ങളെ വേര്‍തിരിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളോടു കൂടി ഈ പര്‍വ്വതത്തെ തന്നെ ഭജിക്കുന്നു.

മഹാമേരുവിനെ കടന്ന്‌ സര്‍വ്വഭൂതങ്ങളേയും ഇപ്രകാരം പ്രകാശിപ്പിച്ച്‌ സോമന്‍ വീണ്ടും മന്ദര പര്‍വ്വതത്തില്‍ പ്രവേശിക്കും. സ്വന്തം കിരണങ്ങളാല്‍ അന്ധകാരം നീക്കി ജഗത്തിനെ ശോഭിപ്പിക്കുന്ന ആദിതൃനും ഈ വഴിക്കു തന്നെ പരിവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നു.

ആ ദേവനായ ആദിത്യന്‍ ശിശിരകാലം ഉണ്ടാക്കുവാന്‍ ദക്ഷിണ ദിക്കില്‍ ചെല്ലുന്നു. അപ്പോഴാണ്‌ എല്ലാ ഭൂതങ്ങളും ശൈതൃമുള്ള ശിശിരത്തെ പ്രാപിക്കുന്നത്‌. ഗ്രീഷ്മകാലത്ത്‌ സൂര്യന്‍ സ്വന്തം തേജസ്സാല്‍ സ്ഥാവര ജംഗമങ്ങളില്‍ നിന്നു ചൂടു വലിച്ചെടുക്കുന്നു. ഗ്ലാനി, തളര്‍ച്ച, വിയര്‍പ്പ്‌, ആലസ്യം ഇവയൊക്കെ അപ്പോഴാണ്‌ മനുഷ്യന് അനുഭവപ്പെടുന്നത്‌. പ്രാണികള്‍ ഉറക്കത്തില്‍ പെടുന്നതും അപ്പോഴാണ്‌. ഇപ്രകാരം ആകാശ മാര്‍ഗ്ഗത്തില്‍ ചുറ്റിനടന്നു ഭാനുമാന്‍ പ്രജാരക്ഷയ്ക്കു വേണ്ടി വൃഷ്ടിയെ സൃഷ്ടിക്കുന്നു. കാറ്റ്‌, ചൂട്‌, മഴ എന്നിവ സകല ചരാചരങ്ങള്‍ക്കും നല്കി, എല്ലാ ഭൂതങ്ങളേയും സുഖിപ്പിച്ച്‌, വര്‍ദ്ധിപ്പിച്ച്‌, മഹാതേജസ്വിയായ ആദിത്യന്‍ തിരിച്ചു പോകുന്നു. കാലചക്രത്തില്‍ സദാ ചൂഴ്ന്നു കൊണ്ട്‌ സര്‍വ്വ ഭൂതങ്ങളേയും പ്രവര്‍ത്തിപ്പിക്കുന്ന സവിതാവ്‌ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു; ഒരിക്കലും അടങ്ങിയിരിക്കുന്നില്ല. എല്ലാവര്‍ക്കുമുള്ള തേജസ്സു ഗ്രഹിക്കുകയും വീണ്ടും നല്കുകയും ചെയ്യുന്നു. ഹേ, ഭാരത! എല്ലാ പ്രാണികള്‍ക്കും ആയുസ്സും കര്‍മ്മവും പങ്കിട്ടു കൊണ്ട്‌ പകല്‍, രാവ്‌, മുഹൂര്‍ത്തം, നിമിഷം എന്നീ കാലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ട്‌ വിഭുവായ ആദിത്യന്‍ വര്‍ത്തിക്കുന്നു.

164. അര്‍ജ്ജുനാഭിഗമനം - വൈശമ്പായനൻ പറഞ്ഞു: മഹാത്മാക്കളായ പാണ്ഡവന്മാര്‍ സുവ്രതന്മാരായി അര്‍ജ്ജുനനെ കാണുവാന്‍ ആഗ്രഹത്തോടെ പര്‍വ്വതാഗ്രത്തില്‍ പാര്‍ത്തു കൊണ്ടിരിക്കെ, അവിടത്തെ പ്രകൃതി വിഭവങ്ങള്‍ കണ്ട്‌ അവര്‍ക്ക്‌ അളവറ്റ സംതൃപ്തിയും സന്തോഷവുമുണ്ടായി. വീര്യവാന്മാരും, സത്യധൃതി പ്രധാനന്മാരും, വിശുദ്ധ കാമന്മാരുമായ അവരെ കണ്ട്‌ അഭിനന്ദിക്കുവാന്‍ ഗന്ധര്‍വ്വന്മാരും, മഹര്‍ഷിമാരും കൂട്ടം കൂട്ടമായി ഏറ്റവും പ്രിയത്തോടു കൂടി വന്നു കൊണ്ടിരുന്നു. പൂമരങ്ങള്‍ നിറഞ്ഞ ആ പര്‍വ്വതത്തില്‍ അധിവസിക്കുന്ന ആ മഹാരഥന്മാര്‍ക്ക്‌ സ്വര്‍ഗ്ഗത്തെ പ്രാപിച്ച മരുത്ഗണത്തിന് എന്ന പോലെയുള്ള മനഃപ്രസാദം പരമമായി ഉണ്ടായി. മയിലുകളില്‍ നിന്നും അരയന്നങ്ങളില്‍ നിന്നും കളസ്വനം പൊഴിയുകയും പുഷ്പങ്ങള്‍ ഉതിര്‍ന്നു വീഴുകയും ചെയ്യുന്ന കൊടുമുടികളും താഴ്വരകളും കണ്ടും കൊണ്ട്‌ അവര്‍ അതിരറ്റ്‌ ആനന്ദിച്ചു. സാക്ഷാല്‍ കുബേരന് വേണ്ടി ചുറ്റും പടവുകള്‍ കെട്ടിയുണ്ടാക്കിയ സരസ്സ്‌ താമരപ്പൂക്കള്‍ നിറഞ്ഞും ഹംസഘോഷം കലര്‍ന്നും അവിടെ വിളങ്ങുന്നു. സമൃദ്ധമായ സൗന്ദര്യം തികഞ്ഞും, വിശുദ്ധ പുഷ്പങ്ങള്‍ നിറഞ്ഞും, നിര്‍മ്മലമായ രത്നങ്ങള്‍ നിരന്നും മനോഹരവും ശോഭനവുമായ ക്രീഡാസ്ഥാനങ്ങള്‍ പലതും വൈശ്രവണന് വേണ്ടി അവിടെ നിര്‍മ്മിച്ചിട്ടുണ്ട്‌. അനേകം വര്‍ണ്ണങ്ങളോടു കൂടിയ സുഗന്ധ പുഷ്പങ്ങള്‍ നിറഞ്ഞ മഹാവൃക്ഷങ്ങള്‍ കൊണ്ടും, മേഘജാലങ്ങള്‍ കൊണ്ടും, ആ പര്‍വ്വതത്തിന്റെ കൊടുമുടികള്‍ തപഃപ്രധാനന്മാര്‍ക്കു കൂടി കണ്ടറിയുവാന്‍ കഴിയാതെ നിൽക്കുന്നു. ആ ഗിരീന്ദ്രന് സ്വതഃസിദ്ധമായുള്ള തേജസ്സു കൊണ്ടും മഹത്തായ ഔഷധികളുടെ പ്രഭാവം കൊണ്ടും അവിടെ രാവും പകലും വേര്‍തിരിച്ചറിയുക ദുഷ്കരമാണ്‌. ആരെ ആശ്രയിച്ച്‌ അഗ്നി ചരാചരങ്ങളെ പ്രകാശിപ്പിക്കുന്നുവോ ആ സൂര്യന്റെ ഉദയവും അസ്തമയവും അവിടെ നിന്നു ശരിയായി കാണുവാന്‍ കഴിയും. സുര്യനെ അന്ധകാരം ബാധിക്കുന്നതും അതു വിട്ടു പോകുന്നതും സൂര്യന്‍ സ്വന്തം കിരണങ്ങള്‍ കൊണ്ട്‌ ഇരുട്ടു നീക്കി ദിക്കെല്ലാം പ്രകാശിപ്പിക്കുന്നതും ആ പര്‍വ്വതാഗ്രത്തില്‍ നിന്നു നോക്കിയാല്‍ മറവില്ലാതെ കാണുവാന്‍ കഴിയും.

ഇതെല്ലാം കണ്ടു കൊണ്ട്‌ സ്വാദ്ധ്യായവാന്മാരായ കര്‍മ്മശീലന്മാരും, ധര്‍മ്മപ്രധാനന്മാരും, ശുചിവ്രതന്മാരും, സതൃസന്ധന്മാരുമായ പാണ്ഡവന്മാര്‍ സത്യവ്രതനായ അര്‍ജ്ജുനന്റെ ആഗമനത്തെ പ്രതീക്ഷിച്ചു കൊണ്ട്‌ അവിടെ വസിച്ചു. ഈ ഗിരിശ്യംഗത്തില്‍ വച്ചു തന്നെ കൃതാസ്ത്രനായ അര്‍ജ്ജുനനെ കണ്ട്‌ സന്തോഷിക്കു മാറാകട്ടെ എന്ന് അവര്‍ തപോയോഗത്തോടു കൂടി പ്രാര്‍ത്ഥിച്ചു. അര്‍ജ്ജുനനെ പറ്റിയുള്ള സ്മരണ കൊണ്ട്‌ അവര്‍ക്ക്‌ ഓരോ ദിവസവും ഓരോ വര്‍ഷം പോലെ തോന്നി.

ധൗമൃന്റെ അനുമതിയോടു കൂടി ഫല്‍ഗുനന്‍ ദേശസഞ്ചാരത്തിനായി ജടാധാരണം ചെയ്തത്‌ എന്നോ അന്ന്‌ അവരുടെ സന്തോഷം അസ്തമിച്ചിരിക്കുന്നു. അങ്ങനെ ഉള്ളവര്‍ക്ക്‌ ഏതിലാണു രമിക്കുവാന്‍ കഴിയുക? മത്തവാരണ ഗാമിയായ പാര്‍ത്ഥന്‍ ജ്യേഷ്ഠന്റെ നിയോഗ പ്രകാരം കാമൃക വനത്തില്‍ നിന്ന്‌ അകന്നു പോയ അന്നു മുതല്‍ മറ്റു പാണ്ഡവന്മാര്‍ ശോകത്താല്‍ ആഹതന്മാരായി തീര്‍ന്നു. അസ്ത്രത്തിനു വേണ്ടി ഇന്ദ്രനെ ഭജിക്കുന്ന അര്‍ജ്ജുനനെ തന്നെ ചിന്തിച്ച്‌ ആ പര്‍വ്വതത്തില്‍ ഹേ, ജനമേജയാ! ഭാരതന്മാര്‍ പണിപ്പെട്ടു മാസങ്ങള്‍ കഴിച്ചുകൂട്ടി.

വിജയന്‍ ഇന്ദ്രപുരിയില്‍ അഞ്ചു സംവത്സരം അധിവസിച്ച്‌ ദിവ്യാസ്ത്രങ്ങളൊക്കെ ഇന്ദ്രങ്കല്‍ നിന്നു പഠിച്ചു. ആഗ്നേയം, വാരുണം, സൗമ്യം, വായവ്യം, വൈഷ്ണവം, ഐന്ദ്രം, പാശുപതം, ബ്രാഹ്മം, പാരമേഷ്ഠ്യം ഇവയും പ്രജാപതി, യമന്‍, ത്വഷ്ടാവ്‌, ധാതാവ്‌, സവിതാവ്‌, ധനാധിപന്‍ ഇവരുടെ അസ്ത്രങ്ങളും ഇന്ദ്രന്റെ പക്കല്‍ നിന്നു വാങ്ങി വണങ്ങി അനുവാദം വാങ്ങിച്ച്‌ ധനഞ്ജയന്‍ ഇന്ദ്രനെ വലംവച്ചു സന്തോഷത്തോടെ ഗന്ധമാദന ശൈലത്തിലേക്കു പുറപ്പെട്ടു.

നിവാത കവച യുദ്ധ പര്‍വ്വം

165. അര്‍ജ്ജുനസമാഗമം - വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്റെ വരവു കാത്തു കൊണ്ടു തന്നെയിരിക്കുന്ന മഹാരഥന്മാര്‍ പെട്ടെന്ന്‌ ആകാശത്തില്‍ വിദ്യുല്‍പ്രഭ പോലെയുള്ള മഹേന്ദ്രരഥം അശ്വങ്ങള്‍ വലിച്ചു പറന്നു വരുന്നതു കണ്ട്‌ ഹര്‍ഷപുളകിതരായി. ധൂമമില്ലാത്ത അഗ്നിശിഖ പോലെയും കാര്‍മേഘത്തിനിടയില്‍ പായുന്ന കൊള്ളിമീന്‍ പോലെയും പ്രശോഭിക്കുന്ന ആ രഥം മാതലിയുടെ സാരഥ്യത്തില്‍ ആകാശത്തെ പ്രശോഭിപ്പിച്ചു പറന്നു വന്ന്‌ ആ പര്‍വ്വതത്തില്‍ ഇറങ്ങി. ആഭരണങ്ങള്‍, പുതുപുഷ്പഹാരങ്ങള്‍ എന്നിവ അണിഞ്ഞ്‌ ശ്രീമാനായ, ഇന്ദ്രതുല്യപ്രഭാവനായ, ധനഞ്ജയന്‍ ഇന്ദ്രരഥത്തില്‍ സ്ഥിതി ചെയ്യുന്നതു കണ്ട്‌ യുധിഷ്ഠിരനും മറ്റുള്ളവര്‍ക്കും അകമഴിഞ്ഞ ആനന്ദമുണ്ടായി. ശൈലത്തിലെത്തിയ ഉടനെ ശ്രീമാനായ കിരീടി തേരില്‍ നിന്നു താഴെയിറങ്ങി. ആദ്യം ധൗമ്യനേയും പിന്നെ യുധിഷ്ഠിരനേയും അനന്തരം ഭീമസേനനേയും പാദം തൊട്ടു നമിച്ചു. നകുല സഹദേവന്മാര്‍ ചെയ്ത അഭിവാദനത്തെ സ്വീകരിക്കുകയും, പാഞ്ചാലിയെ കണ്ട്‌ ആശ്വസിപ്പിക്കുകയും ചെയ്തതിനു ശേഷം ജേഷ്ഠഭ്രാതാവിന്റെ സമീപത്ത്‌ വിനയാന്വിതം ഒതുങ്ങി നിന്നു. ദൈതൃന്മാരെ പല പ്രാവശ്യം കൂട്ടത്തോടെ സംഹരിക്കുന്നതിന്‌ ദേവേന്ദ്രന്‍ കയറി ചെന്നിട്ടുള്ള ആ ദിവ്യരഥം തങ്ങളുടെപുരോഭാഗത്തു നിൽക്കുന്നതു കണ്ട്‌ പാണ്ഡവന്മാര്‍ ആ രഥത്തെ സസന്തോഷം പ്രദക്ഷിണം ചെയ്തു. മാതലിയെ അവര്‍ ഇന്ദ്രനെ എന്നപോലെ തന്നെ ശ്രേഷ്ഠമായ സല്‍ക്കാരം കൊണ്ട്‌ സന്തോഷിപ്പിക്കുകയും അദ്ദേഹത്തോടു ദേവന്മാരില്‍ ഓരോരുത്തരെ പറ്റിയും പ്രതേകം പ്രത്യേകം അന്വേഷിക്കുകയും ചെയ്തു. അച്ഛന്‍ സ്വന്തം മക്കളെ എന്ന പോലെയാണ്‌ പാണ്ഡവന്മാരെ മാതലി കൊണ്ടാടിയത്‌. അതുകഴിഞ്ഞ്‌ നിസ്തുല പ്രഭയോടു കൂടിയ ആ രഥത്തെ നയിച്ച്‌ മാതലി ഇന്ദ്രസന്നിധിയിലേക്കു പോയി. ശക്രവിരോധിഘാതിയായ ഇന്ദ്രാത്മജന്‍, തനിക്കു സുരേശനില്‍ നിന്നു ലഭിച്ചതും, വിലപിടിച്ചതും, ഏറ്റവും അഴകേറിയതുമായ ആഭരണങ്ങള്‍ സുതസോമ മാതാവായ പ്രിയതമയ്ക്ക്‌, ആ പ്രിയതമന്‍ നല്കി. പിന്നെ, സൂര്യാഗ്നിസമ പ്രകാശന്മാരായ ആ കൗരവന്മാരുടേയും, വിപ്രര്‍ഷഭന്മാരുടേയും നടുവില്‍ വച്ച്‌ യഥാക്രമം എല്ലാം പറഞ്ഞു. ശക്രന്‍, അനിലന്‍, ശിവന്‍ എന്നിവരോട്‌ സമാധിയോടു കൂടി അസ്ത്രങ്ങള്‍ ഗ്രഹിച്ചതും, ഇന്ദ്രനോടു ചേര്‍ന്ന്‌ അമരന്മാര്‍ തന്നെ സസന്തോഷം സല്‍ക്കരിച്ചതുമായ കഥകളെല്ലാം സംക്ഷേപമായി ആ വിശുദ്ധാത്മാവ്‌ അവരോടു പറഞ്ഞു. മാദ്രീ സുതന്മാരോടു കൂടി സംസാരിച്ച്‌ അന്നത്തെ രാത്രി അങ്ങനെ സസന്തോഷം കിടന്ന്‌ ഉറങ്ങി.

166. ഇന്ദ്രാഗമനം - വൈശമ്പായനൻ പറഞ്ഞു: അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞതിന് ശേഷം പിറ്റേ ദിവസം പ്രഭാതത്തില്‍ സോദരന്മാരോടു കൂടി അര്‍ജ്ജുനന്‍ ധര്‍മ്മരാജാവിനെ ചെന്നു വന്ദിച്ചു. അപ്പോള്‍ ആകാശത്തു നിന്ന്‌ എല്ലാവിധ വാദ്യഘോഷങ്ങളും കൂടി ദേവന്മാരുടെ തുമുല ശബ്ദം കേള്‍ക്കുമാറായി. അതോടൊപ്പം രഥനേമിയുടെ സ്വരവും ഘണ്ടാനാദവും ഇടകലര്‍ന്ന്‌ മുഴങ്ങി കേട്ടു തുടങ്ങി. വ്യാളാദികളായ മൃഗങ്ങളുടെ ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ പക്ഷികുലങ്ങളുടെ; നാദമെന്ന പോലെ വിചിത്രമായി ശബ്ദം മുഴങ്ങി.

സൂര്യപ്രഭങ്ങളായ വിമാനങ്ങളില്‍ കയറി മഹത്തായ ശ്രീ ജ്വലിക്കുന്ന ദേവരാജാവ്‌ പാണ്ഡവന്മാരെ സന്ദര്‍ശിക്കുവാന്‍ വരുന്ന ഘോഷമായിരുന്നു അത്‌. സൂര്യകാന്തി വിമാനത്തില്‍ കയറി വരുന്ന ഇന്ദ്രനെ ഗന്ധര്‍വ്വ അപ്സരോ വര്‍ഗ്ഗമൊക്കെ പിന്തുടര്‍ന്നു. പൊന്നണിഞ്ഞ ഹരിദശ്വ മഹാരഥം പര്‍വ്വതാഗ്രത്തിൽ എത്തി. മേഘനിസ്വനം പൂണ്ട രഥത്തില്‍ നിന്നിറങ്ങിയ പുരന്ദരനെ യുധിഷ്ഠിരന്‍ ഭ്രാതാക്കളോടു കൂടി വിധിപോലെ പൂജിച്ചു. യശസ്വിയായ ധനഞ്ജയന്‍ ഇന്ദ്രനെ കുമ്പിട്ടു; ഭൃത്യനെപ്പോലെ അരികെ വണങ്ങി നിന്നു.

ദേവരാജാവിന്റെ സമീപത്തു ജടാധാരിയായി വിനീതനായി നിൽക്കുന്ന തപോയുക്തനും, തേജസ്വിയും, അകന്മഷനുമായ ധനഞ്ജയനെ യുധിഷ്ഠിരന്‍ അരികെ അണച്ചു ശിരസ്സില്‍ ഘ്രാണിച്ചു. ഇന്ദ്രന്‍ പാര്‍ത്ഥന്മാരെ കണ്ടു ഹര്‍ഷം കൊണ്ടു. അവര്‍ ശക്രനെ വീണ്ടും വീണ്ടും പൂജിച്ചു. ഹര്‍ഷത്തില്‍ മുങ്ങി ഇപ്രകാരം പരുങ്ങുന്ന യുധിഷ്ഠിരനോട്‌ ബുദ്ധിമാനായ ഇന്ദ്രന്‍ വാത്സല്യപൂര്‍വ്വം അരുള്‍ ചെയ്തു.

ഇന്ദ്രന്‍ പറഞ്ഞു: ഹേ കൗന്തേയ! നീ ഈ ഭുമി മുഴുവന്‍ ഭരിക്കുമാറാകും! നിനക്കു നന്മ ഭവിക്കട്ടെ! നീ വീണ്ടും കാമ്യകത്തിലേക്കു പൊയ്ക്കൊള്ളുക. വിശുദ്ധനായ അര്‍ജ്ജുനന്‍ എന്നില്‍ നിന്ന്‌ അസ്ത്രങ്ങള്‍ എല്ലാം നേടിയിട്ടുണ്ട്‌. അവന്‍ എനിക്ക്‌ വലിയ പ്രിയം ഉളവാക്കിയിരിക്കുന്നു. അവനെ ജയിക്കുവാന്‍ ഈ മൂന്നു ലോകത്തിലും ആരും ഇല്ല.

വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മരാജാവിനോട്‌ ഇപ്രകാരം പറഞ്ഞ്‌ ആശ്വസിപ്പിച്ച്‌ മഹര്‍ഷിമാരാല്‍ വാഴ്ത്തപ്പെടുന്ന പുരന്ദരന്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി. എല്ലാ വിധത്തിലും അത്യന്തം സന്തുഷ്ടരായ പാണ്ഡവന്മാര്‍ കൃഷ്ണയോടും വിപ്രന്മാരോടും കൂടി ആ പര്‍വ്വതാഗ്രത്തില്‍ സുഖിച്ചു. ധനേശ്വരന്റെ ഗൃഹത്തില്‍ വച്ച്‌ പാണ്ഡവന്മാര്‍ക്ക്‌ ഇന്ദ്രനുമായുണ്ടായ സംഗമം വിദ്വാന്മാര്‍ മനസ്സു വച്ചു നിത്യവും ചൊല്ലേണ്ടതായ ഒരു പുണ്യകഥയാണ്‌. ഈ കഥ ഒരു സംവത്സരം നിയതവ്രതനായ ബ്രഹ്മചാരി ചൊല്ലുന്നതായാല്‍ അവന്‍ സുഖമായി, രോഗഹീനനായി നൂറു വത്സരം ജീവിക്കുന്നതാണ്‌.

167. ഗന്ധമാദനവാസം, യുധിഷ്ഠിരാര്‍ജ്ജുന സംവാദം - വൈശമ്പായനൻ പറഞ്ഞു: ദേവേന്ദ്രന്‍ പോയതിന് ശേഷം അര്‍ജ്ജുനന്‍ കൃഷ്ണയോടു കൂടി ധര്‍മ്മപുത്രനെ പൂജിച്ചു. തന്റെ പാദത്തില്‍ നമസ്കരിക്കുന്ന അര്‍ജ്ജുനനെ മൂര്‍ദ്ധാവില്‍ ഘ്രാണിച്ച്‌ ഹര്‍ഷത്താല്‍ തൊണ്ടയിടറി യുധിഷ്ഠിരന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു. അര്‍ജ്ജുന! നീ സ്വര്‍ഗ്ഗത്തില്‍ ഇതക്രാലം എങ്ങനെ വാണു? നീ ശക്രനെ സന്തോഷിപ്പിച്ച്‌ എങ്ങനെ അസ്ത്രങ്ങള്‍ സമ്പാദിച്ചു? വേണ്ടപോലെ അസ്ത്രങ്ങള്‍ നീ പഠിച്ചില്ലേ? ശക്രനും രുദ്രനും അസ്ത്രങ്ങള്‍ സന്തോഷത്തോടെ ആണല്ലോ നല്കിയത്‌? നീ എങ്ങനെ ശക്രനേയും രുദ്രനേയും ദര്‍ശിച്ചു? എങ്ങനെ ആരാധിച്ചു? എന്തു പ്രിയം ചെയ്തു? എല്ലാം വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാനാശിക്കുന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: മഹാരാജാവേ! ഞാന്‍ ദേവേന്ദ്രനേയും, ഭഗവാന്‍ ശങ്കരനേയും കണ്ട വിവരം പറയാം. പ്രഭോ! ഭവാന്‍ ഉപദേശിച്ച മന്ത്രം ഗ്രഹിച്ച്‌ ഭവാന്റെ ആജ്ഞയനുസരിച്ച്‌ തപസ്സു ചെയ്യുവാനായി കാട്ടില്‍ പ്രവേശിച്ചു. കാമ്യകം വിട്ട്‌ ഭൃഗുതുംഗത്തില്‍ പോയി തപസ്സു ചെയ്യുവാനൊരുങ്ങുന്ന അവസരത്തില്‍ വഴിക്കു വച്ച്‌ ഒരു രാത്രിക്കു ശേഷം ഒരു വിപ്രനെ കണ്ടു. അദ്ദേഹം എന്നോടു ചോദിച്ചു:. "നീ എവിടേക്കാണു പോകുന്നത്‌?". ഞാന്‍ ആ വിപ്രനോട്‌ എല്ലാ കാര്യവും മറച്ചുവയ്ക്കാതെ പറഞ്ഞു. ഞാന്‍ സത്യമായി എല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ എന്നില്‍ പ്രീതി തോന്നി. അദ്ദേഹം എന്നോടു പറഞ്ഞു: "നീ തപസ്സു ചെയ്യുക! തപസ്വിയായ നീ ഉടനെ തന്നെ വിബുധേന്ദ്രനെ കാണും!".

അദ്ദേഹത്തിന്റെ വാക്കുകേട്ട്‌ ഞാന്‍ ഹിമാലയത്തില്‍ പ്രവേശിച്ചു. അവിടെ ഫലമൂലങ്ങള്‍ ഭക്ഷിച്ച്‌ ഒരുമാസം തപസ്സു ചെയ്തു. വെള്ളം മാത്രം കുടിച്ച്‌ രണ്ടാമത്തെ മാസവും തപസ്സു ചെയ്തു. ആഹാരമൊന്നും കൂടാതെ മൂന്നാമത്തെ മാസവും കഴിച്ചു. നാലാമത്തെ മാസം മുഴുവന്‍ നിരാഹാരനായി കൈപൊക്കി നിന്നു തപം ചെയ്തു. എന്നിട്ടും എനിക്കു ശക്തിക്ഷയം ഉണ്ടായില്ല. അത്‌ എന്നെ അത്ഭുതപ്പെടുത്തി! അഞ്ചാമത്തെ മാസത്തില്‍ ഒന്നാംദിവസം ചെന്നപ്പോള്‍ ഒരു ഭൂതം പന്നിയുടെ വേഷത്തിൽ എന്റെ നേര്‍ക്ക്‌ അടുത്തു. മോന്ത കൊണ്ടു നിലത്തു കുത്തി, കാലു കൊണ്ടു മണ്ണുമാന്തി, വയറു കൊണ്ട്‌ ഉരസി, വീണ്ടും വീണ്ടും മറിഞ്ഞും തിരിഞ്ഞും അവന്‍ വന്നടുത്തു. അതിന്റെ പിന്നാലെ ഒരു കിരാതാകൃതി ഭൂതവും പുറപ്പെട്ടു. അവന്‍ വില്ലും അമ്പും കൈയിലെടുത്തു സ്ത്രീകളോടു കൂടി അടുത്തു. വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയുമായി ഞാന്‍ രോമാഞ്ചദായകനായ ആ പന്നിയുടെ നേര്‍ക്കു ശരം വിട്ടു. ഉടനെ ആ കാട്ടാളനും ശക്തമായ വില്ലുവലിച്ചു എന്റെ ഉള്ളിൽ കിടിലം കൊള്ളിക്കു മാറ്‌ ശരം അതിന്റെ നേരേ വീട്ടു, എന്നിട്ട്‌ അവന്‍ പറഞ്ഞു: "എടോ, മനുഷ്യാ! നീഎന്തുചെയ്തു? ഇതാണോ നായാട്ടു മുറ? ഞാന്‍ മുമ്പേ എയ്ത പന്നിയെ നീ എയ്തതു ശരിയായ നടപടിയായോ? ഞാന്‍ എന്റെ തീക്ഷ്ണമായ ബാണങ്ങള്‍ കൊണ്ടു നിന്റെ കുറുമ്പു നിര്‍ത്തും. നീ യോഗ്യനാണെങ്കില്‍ എന്നോട് എതിര്‍ക്കുക". വില്ലേന്തിയ ആ കൂറ്റനായ കിരാതന്‍ ഇപ്രകാരം എന്നോടു പറഞ്ഞു. പിന്നെ, അവന്‍ എന്റെ നേരെ ശരങ്ങള്‍ പ്രയോഗിച്ചു. അദ്രിപോലെ ശരനിര കൊണ്ട്‌ എന്നെ മൂടി. ഞാനും ഒട്ടും കുറച്ചില്ല. അവന്റെ നേരെ ഞാനും ശരവൃഷ്ടി ചൊരിഞ്ഞു. വജ്രങ്ങള്‍ കൊണ്ട്‌ അദ്രിയെ എന്ന പോലെ ഞാന്‍ അവനെ ശരവര്‍ഷം കൊണ്ടു മൂടി. അപ്പോള്‍ അവന്‍ നൂറും ആയിരവും രൂപമായി മാറി. അവന്റെ ആ മായാരൂപത്തിൻ മേലൊക്കെ ഞാന്‍ ശരം പ്രയോഗിച്ചു. ഉടനെ ആ ദേഹങ്ങളൊക്കെ ഒന്നായിച്ചേര്‍ന്നു. ഉടനെ അവയെ ഞാനെന്റെ ശരപ്രയോഗം കൊണ്ടു തകര്‍ത്തു. ഉടനെ ആ ദേഹങ്ങളൊക്കെ ഒന്നായിച്ചേര്‍ന്നു. ഉടനെ അവയെ ഞാനെന്റെ ശരപ്രയോഗം കൊണ്ട്‌ തകര്‍ത്തു. ഉടനെ ചെറിയ ഉടലും വലിയ ശിരസ്സുമായി നിന്നു പൊരുതി. പിന്നെ, എല്ലാം ചേര്‍ന്നും ഒറ്റയായി നിന്നും എന്നോടു പൊരുതി. ശരങ്ങളെയ്ത്‌ അവനെ ജയിക്കുവാൻ ആകാതെ ഞാന്‍ വായവ്യമെന്ന മഹാസ്ത്രം കയ്യിലെടുത്ത്‌, അവന്റെ നേരെ വിട്ടു. അതു കൊണ്ട്‌ അവന്റെ കഥക ഴിഞ്ഞു എന്നു ഞാന്‍ വിചാരിച്ചു. എന്നാൽ, അതും അവനില്‍ ഫലിച്ചില്ല. അതു വലിയ ഒരത്ഭുതമായി എനിക്കു തോന്നി. പിന്നേയും ഞാന്‍ അസ്ത്രങ്ങളെ കൊണ്ട്‌ അവനെ മൂടി. സ്ഥൂണാകര്‍ണ്ണ ജാലത്താലും, ഉല്‍ബണമായ ശരവര്‍ഷത്താലും, ശലഭാസ്ത്രങ്ങളാലും, അശ്മവര്‍ഷങ്ങളാലും അവന്റെ നേരെ പ്രഹരിച്ച്‌ അടുത്തു. ഞാന്‍ എയ്യുന്നഅസ്ത്രങ്ങളൊക്കെ അവന്‍ ഗ്രസിച്ചു. അതൊക്കെ അവന്‍ ഗ്രസിച്ചപ്പോള്‍ ഞാന്‍ ബ്രഹ്മാസ്ത്രം തന്നെ വിട്ടു. ജ്വലിച്ചു പാഞ്ഞു ചെന്ന അസ്ത്രമേറ്റപ്പോള്‍ അവന്‍ ഒന്നു കൂടി വലുതായി. അപ്പോള്‍ ഞാന്‍ വിട്ട ആ തേജസ്സു കൊണ്ടു ലോകമൊക്കെയും ജ്വലിച്ചു. ക്ഷണത്തില്‍ എല്ലായിടവും എല്ലാ ദിക്കും ആകാശവും ജ്വലിച്ചു. മഹാതേജസ്വിയായ അവന്‍ ആ ബ്രഹ്മാസ്ത്രത്തെ കെടുത്തിക്കളഞ്ഞു. ബ്രഹ്മാസ്ത്രം കെട്ടതു കണ്ടപ്പോള്‍ എനിക്കു വലിയ ഭയമായി. പിന്നെ, വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയുമായി ഞാന്‍ ശക്തിയെല്ലാം എടുത്ത്‌ ആ ഭൂതത്തെ എയ്തു. ആ ഭൂതമാകട്ടെ, ആ ശരങ്ങളൊക്കെ വായ്‌ പിളര്‍ന്നു വിഴുങ്ങിക്കളഞ്ഞു. എല്ലാ അസ്ത്രങ്ങളും എല്ലാ ആയുധങ്ങളും അവന്‍ തിന്നു തീര്‍ത്തപ്പോള്‍ ഞാന്‍ അസ്ത്രഹീനനായി. ഉടനെ ഞാനും അവനും തമ്മില്‍ ബാഹുയുദ്ധം തുടങ്ങി. കൈ ചുരുട്ടി ഇടിച്ചു. കൈ പരത്തി അടിച്ചു. എന്തു ചെയ്തിട്ടും ആ ഭൂതത്തിന്‌ ഒന്നും പറ്റിയില്ല. ഞാന്‍ മണ്ണില്‍ ക്ഷീണിച്ചു വീണു. ഉടനെ ആ ഭൂതം പൊട്ടിച്ചിരിച്ച്‌ അവിടെ മറഞ്ഞു. സ്ത്രീകളോടു കൂടി ആ കിരാതന്‍ മറഞ്ഞതു കണ്ട്‌ ഞാന്‍ അത്ഭുതപ്പെട്ടു.

ഉടനെ ഭഗവാന്‍ വേഷം മാറിയെടുത്തു. ദിവൃവും അത്ഭുതവുമായ അംബരം ചാര്‍ത്തി കാട്ടാളവേഷം വിട്ട്‌ ഭഗവാന്‍ മഹാദേവന്‍ ദിവ്യമായ രൂപം പുണ്ട്‌ എന്റെ മുമ്പില്‍ വിളങ്ങി! സാക്ഷാല്‍ വൃഷകേതനനായ ഭഗവാന്‍, ബഹുരൂപനായ ഭൂതേശന്‍ സര്‍പ്പങ്ങളെ അണിഞ്ഞ്‌ ഉമാദേവിയോടു കൂടി എന്റെ മുമ്പില്‍ പ്രകാശിച്ചു. ആ മഹാദേവന്‍ എന്നോടു പറഞ്ഞു: അര്‍ജ്ജുനാ, ഞാന്‍ സന്തുഷ്ടനായിരിക്കുന്നു! പരന്തപാ!

പിന്നെ ആ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും ഭഗവാന്‍ എനിക്കു തന്ന്‌ ഇങ്ങനെ പറഞ്ഞു: പാര്‍ത്ഥ! നീ വരം വാങ്ങിക്കൊള്ളുക! ഞാന്‍ എന്തു ചെയ്യണമെന്നു പറയുക! എന്താണ്‌ നിന്റെ ആഗ്രഹം? എന്തു വരമാണ്‌ നീ എന്നില്‍ നിന്ന്‌ ആഗ്രഹിക്കുന്നത്‌? ഞാന്‍ തരുവാന്‍ സന്നദ്ധനാണ്‌! അമരത്വം ഒഴികെ എന്തു വേണമെങ്കിലും ഞാന്‍ തരുന്നതാണ്‌.

ഉടനെ ഞാന്‍ കൈകൂപ്പി നിന്നു മനസ്സു കൊണ്ടു ശര്‍വ്വനെ കുമ്പിട്ടു പറഞ്ഞു: ഞാന്‍ അസ്ത്രങ്ങള്‍ ആഗ്രഹിക്കുന്നു. ഭഗവാന്‍ എന്നില്‍ പ്രസാദിക്കുന്നുണ്ടെങ്കില്‍ എനിക്കിഷ്ടമായ വരം ഞാന്‍ പറയാം. ദേവന്മാരിലുള്ള അസ്ത്രമൊക്കെ ഗ്രഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഉടനെ ഭഗവാന്‍ ശര്‍വ്വന്‍ പറഞ്ഞു: "തരുന്നതാണ്‌! എന്റെ രൗദ്രമായ അസ്ത്രം ഇതാ നിനക്കു തരുന്നു!".

ഇപ്രകാരം ത്രിനേത്രനായ ഭഗവാന്‍ എന്നില്‍ പ്രീതനായി പാശുപതാസ്ത്രം എനിക്കു നല്കി. ശാശ്വതമായ ആ അസ്ത്രം നല്കിയതിന് ശേഷം മഹേശ്വരന്‍ എന്നോടു പറഞ്ഞു: "ഹേ, അര്‍ജ്ജുന! ഇതു മനുഷ്യനില്‍ നീ ഒരിക്കലും പ്രയോഗിക്കരുത്‌. അല്പ തേജസ്സില്‍ ഈഅസ്ത്രം പ്രയോഗിച്ചാല്‍ മൂന്നു ലോകവും ദഹിച്ചുപോകും. ഏറ്റമായ പീഡയില്‍ പെട്ടാല്‍ ഇതു പ്രയോഗിക്കാം. അസ്ത്രങ്ങളെ കെടുക്കാനായി ഇത്‌ എപ്പോഴും പ്രയോഗിക്കാവുന്നതാണ്‌. സര്‍വ്വാസ്ത്ര ഘാതകമാണ്‌ ഈ അസ്ത്രം. ദിവൃവും തടവറ്റതുമാണ്‌ ഈ അസ്ത്രം".

ഇപ്രകാരം രുദ്രന്‍ പ്രസാദിച്ചു പറഞ്ഞ ഉടനെ അസ്ത്രം മൂര്‍ത്തിമത്തായി എന്റെ അടുത്ത് എത്തി കഴിഞ്ഞു. ശത്രുസൈന്യ നാശനവും, ദുരാസദവും, ദേവദൈതൃ രാക്ഷസന്മാര്‍ക്കും സുദുസ്സഹവുമായ ശരം എന്നില്‍ വന്നുചേര്‍ന്നു. മഹാദേവന്റെ അനുവാദത്തോടു കൂടി ഞാന്‍ അവിടെ തന്നെ നിന്നു. ഞാന്‍ നോക്കിനിൽക്കെ തന്നെ മഹേശ്വരന്‍ അന്തര്‍ദ്ധാനം ചെയ്തു.

168. അര്‍ജ്ജുനവാകൃം - അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവാസകഥ - അര്‍ജ്ജുനന്‍ പറഞ്ഞു: അന്നു രാത്രി ദേവദേവന്റെ പ്രസാദത്താല്‍ കൃതാര്‍ത്ഥനായി ഞാന്‍ അവിടെ പാര്‍ത്തു. പ്രഭാതത്തില്‍ നിതൃകര്‍മ്മങ്ങളൊക്കെ കഴിഞ്ഞ്‌., ഞാന്‍ ആദ്യം കണ്ട ബ്രാഹ്മണനെ വീണ്ടും കണ്ടു. അവനോട്‌ ഉണ്ടായ കഥയൊക്കെ പറഞ്ഞു. ഈ കഥയൊക്കെ കേട്ടപ്പോള്‍ പ്രീതനായ ദ്വിജശ്രേഷ്ഠൻ എന്നോടു പറഞ്ഞു: "മറ്റാരും കാണാത്ത മട്ടില്‍ നീ മഹാദേവനെ കണ്ടിരിക്കുന്നു. വൈവസ്വതാദികളായ ലോകേശരോടെല്ലാം ചേര്‍ന്നാണല്ലോ ഭവാന്‍ കണ്ടത്‌! ദേവേന്ദ്രനെ ഭവാന്‍ കാണും. ഭവാന്‍ ഇന്ദ്രന്‍ അസ്ത്രങ്ങള്‍ നല്കും".

സൂര്യസന്നിഭനായ ആ ദിവ്യന്‍ ഇപ്രകാരം എന്നോടു പറഞ്ഞ്‌ വീണ്ടും പുണര്‍ന്ന്‌ യഥേഷ്ടം നടന്നു പോയി.

അന്ന്‌ അപരാഹ്നമായപ്പോള്‍ പുണ്യമായ മന്ദമാരുതന്‍ വീശി. ഈ ലോകത്തിന് ഒരു പുതിയ ചൈതന്യം ലഭിച്ച പോലെ തോന്നി. സുഗന്ധം പരത്തുന്ന പുതിയ ദിവ്യ കുസുമങ്ങള്‍ വികസിച്ചു നിൽക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ നടന്നു ഹിമവാന്റെ അടിവാരത്തിലെത്തി. ഗംഭീരവും ദിവ്യവുമായ വാദ്യഘോഷങ്ങള്‍ ചുറ്റും കേള്‍ക്കുവാന്‍ തുടങ്ങി. ഭംഗിയായി ശക്രനെ വാഴ്‌ത്തുന്ന സ്തോത്രങ്ങളും കേട്ടു തുടങ്ങി. ഗന്ധര്‍വ്വ വര്‍ഗ്ഗങ്ങളും, അപ്സരസ്ത്രീ ഗണങ്ങളും ദേവരാജാവിന്റെ സന്നിധിയില്‍ പാട്ടുകള്‍ പാടി. മരുത്ഗണങ്ങള്‍ വിമാനം കയറി അവിടെ എത്തി. സ്വര്‍ഗ്ഗത്തില്‍ പാര്‍ക്കുന്ന ദേവരാജ്യത്തെ ഭൃതൃ ഗണങ്ങള്‍ അലങ്കരിച്ച തേരില്‍ക്കയറി ശചീദേവിയോടും, ദേവഗണങ്ങളോടും കൂടി ഇന്ദ്രനും വന്നുചേര്‍ന്നു. അപ്പോള്‍ സാക്ഷാല്‍ നരവാഹനനായ കുബേരന്‍ ലക്ഷ്മീദേവിയോടു കൂടി നിൽക്കുന്നത്‌ എനിക്കു കാണുവാന്‍ ഒട്ടൊട്ടു കഴിഞ്ഞു. അപ്രകാരം തെക്കന്‍ ദിക്കില്‍ യമന്‍ നിൽക്കുന്നതും ഞാന്‍ കണ്ടു. യഥാസ്ഥാനം സുരശ്രേഷ്ഠനായ വരുണന്‍ വന്നു നിൽക്കുന്നതും ഞാന്‍ കണ്ടു. അവര്‍ എന്നെ സാന്ത്വനം ചെയ്തു പറഞ്ഞു: "ഹേ അര്‍ജ്ജുനാ! നീ കാണുക! ലോകപാലകന്മാരായ ഞങ്ങള്‍ വന്നതു നോക്കുക. സുരകാര്യം നടത്തുവാനായി നീ ദേവദേവനെ കണ്ടു. നീ ഞങ്ങളോട്‌ എല്ലാ അസ്ത്രങ്ങളും വാങ്ങിക്കൊള്ളുക".

ഞാന്‍ പ്രിയതനായി ദേവശ്രേഷ്ഠന്മാരെ വണങ്ങി. വിധി പോലെ മഹാസ്ത്രങ്ങള്‍ വിഭോ! ഞാന്‍ വാങ്ങി. അസ്ത്രങ്ങളെല്ലാം വാങ്ങിയതിന് ശേഷം ദേവന്മാരുടെ സമ്മതത്തോടു കൂടി ഞാന്‍ അവിടെ നിന്നു. ദേവന്മാര്‍ വന്നവഴിക്കു തന്നെ പോയി. അപ്പോള്‍ അമരശ്രേഷ്ഠനായ ഇന്ദ്രന്‍ പ്രശോഭിക്കുന്ന തേരില്‍ ഇരുന്നു കൊണ്ട്‌ എന്നോടു പറഞ്ഞു: "അര്‍ജ്ജുനാ! നീ സ്വര്‍ഗ്ഗത്തിലേക്കു വരിക! നീ വരുന്നുണ്ടെന്നുള്ള വര്‍ത്തമാനം ഞാന്‍ മുമ്പേ തന്നെ അറിഞ്ഞിരിക്കുന്നു. ഭരതര്‍ഷഭ, ഞാന്‍ നിനക്കു പ്രത്യക്ഷനായി വന്നിരിക്കുകയാണ്‌. നീ പലപ്രാവശ്യം തീര്‍ത്ഥസ്നാനം ചെയ്തു പുണ്യം നേടിയവനാണല്ലോ. ഇപ്പോള്‍ ഘോരമായ തപസ്സും നീ ചെയ്തു. നിനക്കു സ്വര്‍ഗ്ഗത്തില്‍ കയറുവാന്‍ കഴിയും. വീണ്ടും നീ ഉത്തമമായ തപസ്സു ചെയ്യണം. നീ വാനിൽ എത്തേണമെന്നുള്ളത്‌ ഒഴിക്കുവാന്‍ വയ്യാത്തതാണ്‌. കൂടിയേ കഴിയൂ. ശത്രുസൂദനനായ നിന്നെ എന്റെ കല്പന പ്രകാരം മാതലി സ്വര്‍ഗ്ഗത്തിൽ എത്തിക്കുന്നതാണ്‌. ദേവന്മാരെല്ലാവരും, മാമുനി മുഖ്യന്മാർ എല്ലാവരും, നിന്നെ അറിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ ഇന്ദ്രനോടു പറഞ്ഞു: "ഭഗവാനേ! എന്നില്‍ കനിവുണ്ടാകണേ! ഞാന്‍ എന്റെ ജ്യേഷ്ഠന് വേണ്ടി അസ്ത്രങ്ങള്‍ വരിച്ചിരിക്കുന്നു".

ഇന്ദ്രന്‍ പറഞ്ഞു: ക്രൂരകര്‍മ്മാവായ അസ്ത്രത്തെ പഠിച്ചാല്‍ ഹേ പരന്തപാ! അസ്ത്രം കൊണ്ടുള്ള കാര്യം നീ നിര്‍വ്വഹിക്കും.

ഇതുകേട്ടു ഞാന്‍ പറഞ്ഞു: ശത്രുസൂദന! ഞാന്‍ അസ്ത്രവാരണം കൂടാതെ ദിവ്യാസ്ത്രം മാനുഷരില്‍ പ്രയോഗിക്കുന്നതല്ല. അതു കൊണ്ട്‌ എന്നെ ദിവ്യാസ്ത്രങ്ങള്‍ നല്കി അനുഗ്രഹിച്ചാലും. ഹേ സുരേശ്വരാ! ഞാന്‍ അസ്ത്രവാന്മാര്‍ക്കുള്ള ദിവ്യലോകം നേടുമാറാകട്ടെ.

ഇന്ദ്രന്‍ പറഞ്ഞു: ഹേ ധനഞ്ജയ! ഞാന്‍ നിന്നെ പരീക്ഷിക്കുവാനാണ്‌ ഇപ്രകാരം പറഞ്ഞത്‌. എന്റെ പുത്രനായ നിനക്ക്‌ നീ പറഞ്ഞതൊക്കെ സാധിക്കും. എന്റെ ഗൃഹത്തില്‍ വന്ന്‌ എല്ലാ അസ്ത്രങ്ങളും നീ പഠിക്കുക. വായു, അഗ്നി, വസു, വരുണന്‍, മരുത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള അസ്ത്രങ്ങളും, പിന്നെ പൈതാമഹം, ഗന്ധര്‍വ്വം, ഉരഗം, രാക്ഷസം, വൈഷ്ണവം എന്നീ അസ്ര്രങ്ങളും, നൈതൃതങ്ങളായ അസ്ത്രങ്ങളും, പിന്നെ എന്റെ കൈവശമുള്ള എല്ലാ അസ്ത്രങ്ങളും നീ പഠിച്ചാലും. എന്നോട്‌ ഇപ്രകാരം പറഞ്ഞ്‌ ഇന്ദ്രന്‍ അവിടെ തന്നെ മറഞ്ഞു.

പിന്നെ അശ്വങ്ങളെ പൂട്ടിയ ഇന്ദ്രമഹാരഥം കണ്ടു. മാതലിയാല്‍ തെളിക്കപ്പെടുന്ന ആ ദിവ്യരഥം എന്റെ മുമ്പില്‍ വന്നു നിന്നു. ലോകപാലകന്മാര്‍ പോയതിന് ശേഷം മാതലി എന്നോടു പറഞ്ഞു: "ഹേ ധനഞ്ജയാ! നിന്നെ കാണുവാന്‍ ദേവരാജന്‍ കാത്തിരിക്കുന്നു. മഹാദ്യുതേ, ഭവാന്‍ സിദ്ധനായാലും! കാര്യങ്ങള്‍ ഭവാന്‍ നിര്‍വ്വഹിച്ചാലും! ഉടലോടു കൂടി സ്വര്‍ഗ്ഗത്തിലെത്തി ഭവാന്‍ പുണ്യലോകങ്ങള്‍ സന്ദര്‍ശിക്കുക. സാക്ഷാല്‍ സഹസ്രാക്ഷന്‍ നിന്നെ കാണുവാന്‍ ആഗ്രഹിക്കുന്നു". ഇപ്രകാരം മാതലി പറഞ്ഞപ്പോള്‍ ഹിമാദ്രിയോടു യാത്ര പറഞ്ഞ്‌ ഞാന്‍ രഥത്തെ പ്രദക്ഷിണം വെച്ച്‌ ആ ദിവ്യരഥത്തില്‍ കയറി. മനോജവമായ ആ രഥത്തെ മാതലി ഓടിച്ചു. ഹയതത്വജ്ഞനായ മാതലി തേരോടിക്കവേ എന്റെ മുഖത്തേക്കു നോക്കി, തേരിളകുമ്പോള്‍ വിസ്മയത്തോടെ എന്നോടു പറഞ്ഞു. ആശ്ചര്യവും അത്ഭുതവുമായി എനിക്കു തോന്നുന്നു ഭവാന്റെ സ്ഥിതി. ദിവ്യമായ ഈ തേരില്‍ കയറിയിട്ടും ഭവാന്‍ ഒരു കുലുക്കവും കാണാത്തതു കാണുമ്പോള്‍. ദേവേന്ദ്രന്‍ തന്നെ അശ്വങ്ങള്‍ ആദ്യം കുതിക്കുന്ന സമയത്തു ചലിക്കുന്നത്‌ പല പ്രാവശ്യവും കണ്ടിട്ടുള്ളതാണ്‌. ഭവാനാകട്ടെ, തേരിളകുന്ന സമയത്തും നേരേ നിൽക്കുകയാണ്‌. ഈ നില്പ്‌ ഇന്ദ്രനേക്കാള്‍ മെച്ചം കാണിക്കുന്നതായി എനിക്കു തോന്നുന്നു എന്നു പറഞ്ഞ്‌ മാതലി നഭസ്സിലേക്ക്‌ രഥം ഉയര്‍ത്തി ഓടിച്ചു. പോകുന്ന വഴിക്ക്‌ ദേവഗൃഹങ്ങളേയും വിമാനങ്ങളേയും ഒക്കെ കാണിച്ചു തന്നു. അശ്വങ്ങള്‍ പൂട്ടിയ ആ ഉത്തമരഥം വിണ്ടും വീണ്ടും പൊങ്ങി. വാനോരും മാമുനിമാരും അഭിവാദ്യം ചെയ്തു. ഞാന്‍ ധാരാളം സുരര്‍ഷികളുടെ ലോകം കണ്ടു. ഓജസ്സേറിയ ഗന്ധര്‍വ്വാപ്സരോ മാഹാത്മൃങ്ങളേയും കണ്ടു. ദേവന്മാരുടെ പൂവനങ്ങളും ഉപവനങ്ങളും കണ്ടു. ഇവയെല്ലാം മാതലി എനിക്കു കാട്ടിത്തന്നു.

പിന്നെ ഇന്ദ്രപുരിയായ അമരാവതി കണ്ടു. ദിവ്യമായ വൃക്ഷങ്ങള്‍, കാമഫലങ്ങള്‍ നല്കുന്നതും രത്നം ചേര്‍ന്നു ശോഭിക്കുന്നതുമായ ഇടം കാട്ടിത്തന്നു. അവിടെ സൂര്യന് ചൂടില്ല, ശീതബാധയില്ല, ഉഷ്ണക്ലമമില്ല, പൊടിപടലമില്ല, ജരയില്ല, രജോബാധയില്ല, ശോകവും ദൈന്യവുമില്ല, ദുര്‍ബ്ബലതയില്ല, ദേവകള്‍ക്ക്‌ അവിടെ വാട്ടമില്ല, ക്രോധങ്ങളും ലോഭങ്ങളുമില്ല, ജീവജാലങ്ങള്‍ നിതൃതുഷ്ടമാണ്‌. വൃക്ഷങ്ങള്‍ നിത്യപുഷ്പങ്ങളും, നിതൃഫലങ്ങളും, പച്ചില നിറഞ്ഞതുമാണ്‌. പത്മസൗഗന്ധികമുള്ള പലമാതിരി പൊയ്കകള്‍ ശോഭിക്കുന്നു. അവയെ തലോടി കുളിര്‍ ഗന്ധം വഹിച്ചു ശുചിയായും സുഖമായും മാരുതന്‍ വീശുന്നു. പുഷ്പം ചിന്നി സര്‍വ്വരത്നചിത്രയായി ഭൂമി ശോഭിക്കുന്നു. പലതരം മനോഹരമായ പക്ഷികള്‍! എല്ലാം മധുരമായി പാടുന്നു. ഇവയെല്ലാം ആകാശത്ത്‌ പോകുന്നേടത്തു വഴിക്കു സുലഭമായിവിമാനത്തില്‍ ഇരുന്നു കാണാമായിരുന്നു.

വസുക്കളേയും, രുദ്രന്മാരേയും, സാദ്ധ്യന്മാരേയും. മരുത്തുക്കളേയും, ആദിത്യന്മാരേയും, അശ്വികളേയും ഞാന്‍ കണ്ടു വന്ദിച്ചു. അവര്‍ എനിക്ക്‌ ആശിസ്സുകള്‍ നലകി. അസ്ത്രം, സംഗ്രാമ വിജയം, ബലം, വീര്യം, തേജസ്സ്‌, യശസ്സ്‌ എന്നിവ ഉണ്ടാകട്ടെ എന്ന്‌ എന്നെ അനുഗ്രഹിച്ചു. ദേവഗന്ധര്‍വ്വന്മാര്‍ പൂജിക്കുന്ന ആ ദിവ്യമായ പുരിയില്‍ ഞാന്‍ പ്രവേശിച്ചു. സാക്ഷാല്‍ സഹസ്രാക്ഷനായ ഇന്ദ്രനെ ഞാന്‍ കണ്ടു. കൈകൂപ്പി നമസ്കരിച്ചു. പ്രഭുവായ വാസവന്‍ എന്നെ പിടിച്ച്‌ സ്വന്തം ആസനത്തിലിരുത്തി. അര്‍ദ്ധാസനം എനിക്കു നല്കി. ബഹുമാനത്തോടു കൂടി എന്റെ ദേഹം തലോടി. ദേവഗന്ധര്‍വ്വന്മാരോടു കൂടി ഞാന്‍ (ഭൂരിദക്ഷിണമായ) അസ്ത്രത്തിനായി പാര്‍ത്ത്‌ അസ്ത്രാഭ്യാസം തുടങ്ങി. വിശ്വാവസു സുതനായ ചിത്രസേനന്‍ എന്റെ തോഴനായി. എന്നെ ഗാന്ധര്‍വ്വമൊക്കെ അവന്‍ ഗ്രഹിപ്പിച്ചു. ഞാന്‍ അവിടെ അസ്ത്രം ഗ്രഹിച്ചു മാനിതനായി വസിച്ചു. സുഖമായി ഇന്ദ്രമന്ദിരത്തിൽ എല്ലാ കാമങ്ങളും അനുഭവിച്ചു വസിക്കുമ്പോള്‍ സംഗീതവും ധീരമായ ഭേരീനാദവും കേട്ട്‌ ഞാന്‍ സ്വര്‍ഗ്ഗത്തിലെ അതിസുന്ദരിമാരായ അപ്സരസ്ത്രീകള്‍ ചെയ്യുന്ന നൃത്തങ്ങളും കണ്ടു. അതൊന്നും വകവയ്ക്കാതെ, മനസ്സ്‌ മറ്റൊന്നിലും തെറ്റിപ്പോകാതെ അസ്ത്രങ്ങളില്‍ തന്നെ മനസ്സു ചെലുത്തി ശ്രദ്ധയോടെ പാര്‍ത്തു പോന്നു. എന്റെ തീക്ഷ്ണമായ അസ്ത്രശ്രദ്ധ കണ്ട്‌ വാസവന്‍ സന്തോഷിച്ചു. ഇങ്ങനെ സ്വര്‍ഗ്ഗത്തില്‍ ഇതക്രാലം കഴിഞ്ഞപ്പോള്‍ ഞാന്‍ കൃതാസ്ത്രനായി തീര്‍ന്നു. ഇന്ദ്രന്‍ കൈ രണ്ടും എന്റെ തലയില്‍ വെച്ച്‌ എന്നോട്‌ അനുഗ്രഹത്തോടെ പറഞ്ഞു: "നീ ഇനി പോരില്‍ അമരഗണങ്ങള്‍ക്കു പോലും അജയ്യനായി ഭവിക്കും. അകൃതാത്മാക്കളായ മര്‍ത്തൃര്‍ക്കു ഭൂമിയില്‍ നിന്നോട്‌ എന്തു ചെയ്യുവാന്‍ കഴിയും ? അപ്രമേയനും, അധൃഷ്യനുമായ നീ പോരില്‍ അതുല്യനായി ശോഭിക്കും". പിന്നേയും ദേവന്‍ സസന്തോഷം തുടര്‍ന്നു പറഞ്ഞു: "അസ്ത്രയുദ്ധത്തില്‍ നിന്നോടു തുല്യനായി ആരുമില്ല; തീര്‍ച്ചയാണ്‌. ഒട്ടും തെറ്റു പറ്റാത്തവനും, ദക്ഷനും, സത്യവാദിയും, ജിതേന്ദ്രിയനും, ബ്രാഹ്മണ്യനും, ശൂരനും, അസ്ത്രജ്ഞാനിയുമാണ്‌ നീ. കുരുശ്രേഷ്ഠ! ഇപ്പോള്‍ നീ പതിനഞ്ച്‌ അസ്ത്രങ്ങള്‍ സമ്പാദിച്ചിരിക്കുന്നു. അഞ്ചു വിധിയിങ്കലും ഹേ പാര്‍ത്ഥ! നിന്നോടു കിടയായി ഒരുത്തനുമില്ല. പ്രയോഗം, ഉപസംഹാരം, ആവര്‍ത്തനം, പ്രായശ്ചിത്തം, പ്രതീഘാതം ഇവയൊക്കെ നിനക്കു വശമായിരിക്കുന്നു. ഹേ പരന്തപാ!, ഇനി ഗുരുദക്ഷിണ നല്കേണ്ട കാലമായിരിക്കുന്നു. നീ സത്യം ചെയ്യുക അതു സാധിക്കുന്നതിന് വേണ്ടതെന്തെന്നു പിന്നെ ഞാന്‍ പറയാം".

ഇന്ദ്രന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്‌ അറിയിച്ചു: എനിക്കു കഴിവുള്ളതേതും ഞാന്‍ ചെയ്യുവാന്‍ സന്നദ്ധനാണ്‌.

ഉടനെ വലവ്യത്രാരിയായ ദേവന്‍ മന്ദസ്മിതത്തോടെ എന്നോടു പറഞ്ഞു: നിനക്കു കഴിയാത്ത ഒരു കാര്യവും ഇന്ന്‌ ഈ മൂന്നു ലോകത്തിലുമില്ല. നിവാത കവചന്മാര്‍ എന്ന് അറിയപ്പെടുന്ന എന്റെ ശത്രുക്കളായ ദാനവന്മാര്‍ സമുദ്രകുക്ഷി ദുര്‍ഗ്ഗത്തില്‍ പാര്‍ത്തു വരുന്നുണ്ട്‌. സമരൂപ ബലന്മാരായ അവര്‍ മൂന്നു കോടിയുണ്ട്‌. അവിടെച്ചെന്ന്‌ അവരെ കൊല്ലണം. അതാണ്‌ പാര്‍ത്ഥാ, എനിക്കുള്ള ഗുരുദക്ഷിണ.

പിന്നെ മാതലി കൂട്ടിച്ചേര്‍ത്തതും മയില്‍പ്പീലി നിറമുള്ള അശ്വങ്ങളെ കെട്ടിയതും, പ്രശോഭിക്കുന്നതുമായ ഒരു ദിവൃരഥം എനിക്കു നല്കി. ഈ ശിരസ്സിലിരിക്കുന്ന ഉത്തമമായ കിരീടംഎന്റെ മാലിയില്‍ ബന്ധിച്ചു. സ്വയൂപത്തിന്‌ ചേര്‍ന്ന വിധം അംഗഭൂഷണം നല്കി. ശരീരത്തിൽ അണിഞ്ഞാല്‍ സുഖം തോന്നിക്കുന്ന അഭേദ്യമായ ഈ കവചത്തേയും നല്കി. മുറിയാത്ത ഞാണും, ഗാണ്ഡീവത്തില്‍ കെട്ടി. പിന്നെ ആ ദിവ്യവും ശോഭനവുമായ രഥത്തില്‍ കയറി ഞാന്‍ പുറപ്പെട്ടു. ആ തേരിലേറിയാണ്‌ പണ്ട്‌ ഇന്ദ്രന്‍ മഹാബലിയെ ജയിച്ചത്‌.

രഥഘോഷം കേട്ടപ്പോള്‍ ദേവകളെല്ലാം ഇന്ദ്രന്റെ വരവാണെന്നു തെറ്റിദ്ധരിച്ചു. എന്നെ കണ്ടിട്ട്‌ അവര്‍ ചോദിച്ചു: "ഹേ അര്‍ജ്ജുന! ഇപ്പോള്‍ എന്തിനാണ്‌ ഭവാന്റെ പുറപ്പാട്‌? അവരോടു ഞാന്‍ പറഞ്ഞു: നിവാത കവചന്മാരെ കൊല്ലുവാന്‍ ഞാന്‍ പോവുകയാണ്‌. നിങ്ങള്‍ എന്നെ അനുഗ്രഹിക്കുവിന്‍!".

ഉടനെ അവര്‍ എന്നെ ഇന്ദ്രനെയെന്ന പോലെ വന്ദിച്ച്‌ ശുഭം ആശംസിച്ചു: ഈ തേരിലേറിയാണ്‌ പണ്ട്‌ ഇന്ദ്രന്‍ ശംബരനെ വെന്നത്‌. വലന്‍, നമുചി, വൃധ്രന്‍, പ്രഹ്ളാദന്‍, നരകന്‍ മുതലായവരെ, അനേക ലക്ഷം സൈന്യങ്ങളോടു കൂടിയ ദൈത്യ വീരന്മാരെ, വാസവന്‍ പോരില്‍ വെന്നത്‌ ഈ തേരില്‍ കയറിയിട്ടാണ്‌. നീയും ഈ തേരില്‍ കയറി ഹേ പാര്‍ത്ഥ! നിവാത കവചന്മാരെ പോരില്‍ വെല്ലും. പണ്ട്‌ ഇന്ദ്രന്‍ വിക്രമത്തോടെ അസുര സംഹാരം ചെയ്തതു പോലെ ദാനവന്മാരെ വെല്ലുവാന്‍ നിനക്കു ചേര്‍ന്ന ശംഖ്‌ ഇതാ നല്കുന്നു. മാന്യനായ സുരാധിപന്‍ ലോകങ്ങളെ വെന്നത്‌ ഈ ശംഖു കൊണ്ടാണ്‌ എന്നു പറഞ്ഞ്‌ ദേവന്മാര്‍ എനിക്കു ദേവദത്തം എന്ന ജലോത്ഭവമായ ശംഖു നല്കി. വാനവന്മാര്‍ ഇപ്രകാരം പുകഴ്ത്തി പറയുന്നതിനിടയില്‍ ഞാന്‍ ആ ശംഖു സ്വീകരിച്ചു.

ശംഖും, കവചവും, വില്ലും, അമ്പും കൈക്കൊണ്ട്‌ ഞാന്‍ അത്യുഗ്രമായ ദാനവമന്ദിരത്തില്‍ പോരാടുവാന്‍ പുറപ്പെട്ടു.

169. യുദ്ധാരംഭം - നിവാത കവച യുദ്ധം - അര്‍ജ്ജുനന്‍ പറഞ്ഞു: മഹര്‍ഷി മുഖ്യന്മാര്‍ എന്നെ എല്ലായിടത്തും ഇരുന്നു പ്രശംസിച്ചു. ഞാന്‍ ജലം നിറഞ്ഞു കിടക്കുന്ന സമുദ്രത്തെ ചെന്നു കണ്ടു. നുര ചിന്നിച്ചിതറിയും കൂടി ചേര്‍ന്നു പൊങ്ങിയും തിരമാലകള്‍ ചാഞ്ചാടുന്ന കുന്നുകള്‍ പോലെ കാണപ്പെട്ടു. അതില്‍ രത്നം നിറച്ച കപ്പലുകള്‍ അസംഖ്യം ഉണ്ടായിരുന്നു. തിമിംഗലങ്ങളും കൂര്‍മ്മങ്ങളും മകരങ്ങളും മറ്റും അധിവസിക്കുന്നു. വെള്ളത്തില്‍ എല്ലായിടത്തും അസംഖ്യം ശംഖുകളും ചെറുകാര്‍ മൂടിയതിനുള്ളില്‍ നക്ഷത്രങ്ങള്‍ എന്ന പോലെ വിളങ്ങി. ഇപ്രകാരം അസംഖ്യം രത്നങ്ങള്‍ അതില്‍ ഒഴുകുന്നു. കൊടുങ്കാറ്റ് ഇളകുമ്പോള്‍ കടല്‍ അത്ഭുതകരമായി തോന്നും. ഇങ്ങനെ ശക്തിമഹാസമുദ്രം കണ്ട്‌ ഞാന്‍ അടുത്തു. പിന്നെ അസുരന്മാര്‍ ചൂഴുന്ന ദൈതൃപട്ടണം കണ്ടു. കരയ്ക്ക്‌ മാതലി രഥം നിര്‍ത്തി. പിന്നെ രഥയോഗജ്ഞനായ മാതലി രഥം തേരൊലിയാല്‍ ലോകം ത്രസിപ്പിക്കുമാറ്‌ ഓടിച്ച്‌ ആ പുരിയുടെ മുകളിലെത്തി. ആകാശത്തില്‍ മേഘനിര്‍ഘോഷം പോലെ തേരൊലിയുണ്ടാക്കി. ദാനവന്മാര്‍ എന്നെ കണ്ട്‌ ഇന്ദ്രനാണെന്നു വിചാരിച്ചു സംഭ്രമിച്ചു. എല്ലാ ദാനവന്മാരും അമ്പും വില്ലും കൈയിലെടുത്തു നിന്നു. അപ്രകാരം തന്നെ ശൂലം, മഴു, വാള്‍, മുസലം, ഗദ എന്നിവ ഏന്തിയെങ്കിലും ധൈര്യമില്ലാതെ അവര്‍ ഓടി അകത്തു കടന്നു വാതിലടച്ച്‌ പുരരക്ഷ ഉറപ്പിച്ചു. അവിടെ ഒരാളേയും കാണുവാൻ കഴിഞ്ഞില്ല.

ഉടനെ ഞാന്‍ ദേവദത്തം എന്ന ശംഖെടുത്ത്‌ ശബ്ദഘോഷമുണ്ടാക്കി. ആ ശബ്ദം അംബരം തിങ്ങി പ്രതിധ്വനി ഉണ്ടാക്കി. ഉടനെ മഹാഭൂതങ്ങളും കൂടി ഭയപ്പെട്ട്‌ ഓടിയൊളിച്ചു.

അപ്പോള്‍ മോടിയോടു കൂടിയ നിവാത കവചന്മാര്‍ പുറപ്പെട്ടു. വിവിധമായ അസ്ത്രങ്ങള്‍ ധരിച്ചവര്‍, ചട്ടയിട്ടവര്‍, വിചിത്രായുധങ്ങള്‍ ധരിച്ചവര്‍, ഇരുമ്പു ശൂലം ധരിച്ചവര്‍, ഗദയെടുത്തവര്‍, പരിഘങ്ങൾ ഏന്തിയവര്‍, പട്ടസങ്ങളും, കരവാളങ്ങളും, ചക്രങ്ങളും, മുസൃണ്ഠികളും, മുള്‍ത്തടികളും, പൊന്നണിഞ്ഞ വാളുകളും ഏന്തിയവരായ അസംഖ്യം ദൈത്യന്മാര്‍ വെളിയിലേക്കു വന്നു. രഥമാര്‍ഗ്ഗം പല മട്ടില്‍ നടത്തിയതിന് ശേഷം സമുദ്രഭൂമിയിലേക്ക്‌ മാതലി ഹയങ്ങളെ ഓടിച്ചു. അവന്‍ അശ്വങ്ങളെ വേഗത്തില്‍ ആട്ടിവിട്ടപ്പോള്‍ അതിവേഗം മൂലം എനിക്ക്‌ ഒന്നും കാണുവാന്‍ കഴിയാതായി. അത്‌ ഒരു മഹാത്ഭുതമായി എനിക്കു തോന്നി. ഉടനെ ആ ദാനവന്മാര്‍ പലതരം വാദിത്രങ്ങള്‍ കൊണ്ടു വികൃത സ്വരത്തില്‍ പലതരം ശബ്ദമുണ്ടാക്കി. ആ ശബ്ദം മൂലം സമുദ്രത്തില്‍ അസംഖ്യം മത്സ്യങ്ങള്‍ മലപോലെ ചത്തുപൊങ്ങി ഒഴുകുന്നതായി കാണപ്പെട്ടു.

ഉടനെ ദാനവന്മാര്‍ എന്റെ നേരെ ഊക്കോടെ അടുത്തു. അവര്‍ നൂറും ആയിരവും ബാണങ്ങള്‍ എന്റെ നേരെ വര്‍ഷിച്ചു. ഞാനും അപ്രകാരം ശരവര്‍ഷം തുടര്‍ന്നു. ഘോരമായ പോരാട്ടം നടന്നു. നിവാത കവചന്മാരെ ഒടുക്കുവാന്‍ പോരുന്ന ആ പോരാട്ടം കാണുവാന്‍ ബ്രഹ്മര്‍ഷി സിദ്ധന്മാര്‍ കൂടി വന്നു ചേര്‍ന്നു. അവിടെ നിന്ന്‌ യഥായോഗ്യം, യഥാവസരം, ജയാര്‍ത്ഥികളായ ആ മുനിമാര്‍ ഇന്ദ്രനെയെന്നവണ്ണം എന്നെ പുകഴ്ത്തി.

170. നിവാത കവച വധം - അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ ഭാരത! ഉടനെ ശക്തരായ ആ നിവാത കവചന്മാരെല്ലാം ആയുധവുമായി എന്റെ നേരെ പാഞ്ഞടുത്തു. തേരിന്റെ വഴിമുട്ടിച്ച്‌ ഭയങ്കര ശബ്ദത്തില്‍ ആര്‍ത്ത്‌ എല്ലാടവും വളഞ്ഞ്‌ എന്റെ നേരെ ശരവര്‍ഷം ചൊരിഞ്ഞു. വേറെ ചില മഹാവീര്യന്മാര്‍, ശൂലം, പട്ടസം, മുസൃണ്ഠി മുതലായവ എടുത്ത്‌ എന്റെ നേരെ പ്രയോഗിച്ചു. വേലും ഗദകളും ചേര്‍ന്ന ശൂലവര്‍ഷം അത്ഭുതജനകമായിരുന്നു. അവര്‍ വിടുന്ന ആയുധാസ്ത്രങ്ങളെല്ലാം തേരില്‍ അനവരതം വീണുകൊണ്ടിരുന്നു. വേറെ ഒരു വിഭാഗം നിവാതകവചര്‍ പോരിനായി എന്റെ നേര്‍ക്കു വന്നുകയറി. കാലന്മാരെ പോലെ ഭയങ്കരന്മാരായ കാലകേയന്മാര്‍ കൂര്‍ത്ത ശസ്ത്രാസ്ത്രങ്ങള്‍ എന്റെ നേരേ തൂകി. ഊക്കോടെ ഞാന്‍ വിടുന്ന ഗാണ്ഡീവോത്ഥമായ ശരങ്ങളാല്‍ ഓരോന്നു കൊണ്ടും പതിപ്പത്തു പേരെ ഞാന്‍ പ്രഹരിച്ചു. ഞാന്‍ എയ്ത മൂര്‍ച്ചയുള്ള അമ്പു കൊണ്ട്‌ സഹിക്കാതെ ചിലര്‍ പിന്‍തിരിഞ്ഞ്‌ ഓടി. അതിവേഗത്തില്‍ മാതലി ഓടിക്കുന്ന അശ്വങ്ങള്‍ വായു വേഗത്തില്‍ പല മാര്‍ഗ്ഗത്തിലും സഞ്ചരിച്ചു. മാതലി പ്രേരിപ്പിച്ചു കൊണ്ടിരിക്കെ, ഞാന്‍ പല ദൈത്യന്മാരെയും മര്‍ദ്ദിച്ചു വീഴ്ത്തി. എന്റെ അമ്പുതറച്ച നൂറായിരം ദൈത്യന്മാര്‍ ചത്തു വീണു. കുതിരയുടെ ചവിട്ടേറ്റും, രഥചക്രം കയറിയും അനവധി പേര്‍ ചതഞ്ഞു ചത്തു. കൈയില്‍ വില്ലു പിടിച്ചു ചിലര്‍ ചത്തു വീണു. സൂതന്‍ ചത്തവരായ ചിലരെ അനിയന്ത്രിതരായ അശ്വങ്ങള്‍ വലിച്ചു പാഞ്ഞു.

ദിക്കുകളേയും, വിദിക്കുകളേയും മൂടിക്കൊണ്ട്‌ ആയുധമേന്തി നിൽക്കുന്ന അവര്‍ പല ശസ്ത്രങ്ങളും പ്രയോഗിച്ചു. അതില്‍ എന്റെ ഉള്ളു തെല്ലൊന്ന്‌ ഉഴന്നു പോയി. ഈ സമയത്ത്‌ മാതലിയുടെ വീര്യം കണ്ട്‌ ഞാന്‍ അത്ഭുതപ്പെട്ടു. അപ്രകാരം അതിവേഗമുള്ള അശ്വങ്ങളെ അവന്‍ നിര്‍ത്തിപ്പിടിച്ചു. പിന്നെ താമസിക്കാതെ വിചിത്രാസ്ത്രങ്ങള്‍ കൊണ്ടു ഞാന്‍ അനവധി അസുരേന്ദ്രന്മാരെ നൂറു കണക്കിനും ആയിരക്കണക്കിനും ആയുധത്തോടു കൂടി അറുത്തു വിട്ടു.

ഇപ്രകാരം സര്‍വ്വശക്തിയും പ്രയോഗിച്ച്‌ ഞാന്‍ രണത്തില്‍ ചുറ്റുമ്പോള്‍ മാതലി എന്നില്‍ പ്രീതനായി തീര്‍ന്നു. അനവധി പേര്‍ കുതിരയുടെ ചവിട്ടേറ്റും ചക്രത്തില്‍ പെട്ടും ചതഞ്ഞരഞ്ഞു പോയി. ചിലര്‍ ശരങ്ങളേറ്റ് പൊറുതിമുട്ടി ഓടിത്തുടങ്ങി. ചിലര്‍ ക്രോധം മൂത്ത്‌ എന്റെ നേരേ ശരങ്ങള്‍ കഠിനമായി വര്‍ഷിച്ചു.

പിന്നെ ക്ഷണത്തില്‍ ഞാന്‍ വിചിത്രമായ ബ്രഹ്മാസ്ത്രത്തെ കയ്യിലെടുത്തു ജപിച്ചു വിട്ടു. അതേറ്റ്‌ നൂറും ആയിരവും കൊല്ലപ്പെട്ടു. ഭയങ്കരമായ പീഡയില്‍ പെട്ടു ചൊടിച്ച്‌ ആ മഹാരഥന്മാര്‍ ശൂലം, വാള്‍ മുതലായവ പ്രയോഗിച്ച്‌ എന്നെ വല്ലാതെ പീഡിപ്പിച്ചു. പിന്നെ ഉഗ്രതേജസ്സുള്ള പരമാസ്ത്രത്തെ എടുത്തു. അത്‌ ഇന്ദ്രന് ഇഷ്ടപ്പെട്ട മാധവാസ്ത്രമായിരുന്നു. പെട്ടെന്നു തോമരം, ശൂലം, വാള്‍ എന്നിവ അസംഖ്യമെടുത്ത്‌ എന്റെ നേരെ നീട്ടി. എന്നാൽ അവയെല്ലാം നിമിഷം കൊണ്ടു നുറുക്കപ്പെട്ടു. ആയുധങ്ങള്‍ അറുത്തു വിട്ടതിന് ശേഷം ചുറ്റും നിൽക്കുന്ന അവരെ പതിപ്പത്തു ശരങ്ങള്‍ കൊണ്ടു കോപത്തോടെ പ്രഹരിച്ചു. ഉടനെ കടുന്നല്‍ക്കുട്ടം പോലെ ഗാണ്ഡീവത്തില്‍ നിന്നു പുറപ്പെട്ട മഹാബാണങ്ങള്‍ ചാടുമ്പോള്‍ മാതലി ഭേഷ്‌! ഭേഷ്‌! എന്നു പറഞ്ഞു പ്രശംസിച്ചു. ആ അസുരന്മാരുടെ ബാണങ്ങള്‍ ഓരോന്നും വരുമ്പോള്‍ മാതലി അതിനേയും പ്രശംസിച്ചു. ഊക്കോടു കൂടി എന്റെ ദേഹത്തില്‍ പതിക്കുന്ന ഓരോ അസ്ത്രവും ഇടയ്ക്കു വച്ച്‌ ഞാന്‍ ഛിന്നഭിന്നമാക്കി.

ഞാന്‍ ഇങ്ങനെ സംഹാരം നടത്തി കൊണ്ടിരിക്കുമ്പോള്‍ നിവാതകവചന്മാര്‍ ചുറ്റും നിന്ന എന്റെ നേരെ മഹാ ബാണവര്‍ഷം ചൊരിഞ്ഞ്‌ എന്നെ തടഞ്ഞു. വളരെയധികം ശസ്ത്രാസ്ത്ര നിരയെ ഞാന്‍ തടുത്തു. അവരില്‍ പലരേയും ജലിക്കുന്ന അസ്ത്രനിരയാല്‍ പിളര്‍ന്നു. മുറിപ്പെട്ടവരുടെ ദേഹങ്ങളില്‍ നിന്നു രക്തംപ്രവഹിച്ചു. മഴക്കാലത്ത്‌ ചെഞ്ചോല ചാടുന്ന അദ്രിശൃംഗങ്ങള്‍ പോലെ രക്തം പ്രവഹിച്ചു. ഇടിത്തീ പോലെ ഊക്കില്‍ നേര്‍ക്കു പായുന്ന എന്റെ ശരങ്ങളാല്‍ ദാനവന്മാര്‍ ഉദ്വിഗ്നരായി. നൂറായി പിളര്‍ന്ന ദേഹത്തോടു കൂടി ശസ്ത്രഔജസ്സുകള്‍ കെട്ട അവര്‍ ഞാനുമായി മായായുദ്ധം തുടങ്ങി.

171. മായായുദ്ധം - ദാനവന്മാരുടെ മായായുദ്ധം - അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, ഭാരത! അപ്പോഴേക്കും ഭയങ്കരമായ ശിലാവര്‍ഷം ചുറ്റുമുണ്ടായി. മലപോലെയുള്ള വലിയ പാറകള്‍ വന്നു വീഴാന്‍ തുടങ്ങി. ആ ശിലാവര്‍ഷം മൂലം ഞാന്‍ പീഡിതനായി. ആ മഹാരണത്തില്‍ ഞാന്‍ വജ്രപ്രായമായ മഹേന്ദ്രാസ്ത്രം ജപിച്ച്‌ എയ്ത്‌ ശിലാവര്‍ഷത്തെ പൊടിച്ചു കളഞ്ഞു. അശ്മവര്‍ഷത്തെ പൊടിയാക്കി തൂളിക്കുവാന്‍ തുടങ്ങിയപ്പോള്‍ അഗ്നി പുറപ്പെട്ടു. പാറയുടെ പൊടികള്‍ തീപ്പൊരികളായി വീണു തുടങ്ങി. അശ്മവര്‍ഷം ശമിച്ചപ്പോള്‍ ജലവര്‍ഷമുണ്ടായി. ചൂതിനൊക്കുന്ന ജലധാരയുണ്ടായി. ആ ജലധാര ദിക്കുകളേയും വിദിക്കുകളേയും മൂടുംവിധം ചൊരിഞ്ഞു. ധാരാനിപാതത്താലും കൊടുംകാറ്റിനാലും ദൈത്യരുടെ ഗര്‍ജ്ജനം കൊണ്ടും ഒന്നും അറിയാത്ത മട്ടിലായി. ആകാശത്തും ഭൂമിയിലും എല്ലായിടത്തും കൂടുന്ന ജലധാര എപ്പോഴും ഭൂമിയില്‍ വീണ്‌ എന്നെ ഏറ്റവും വ്യാമോഹിപ്പിച്ചു. അപ്പോള്‍ ഇന്ദ്രന്‍ പഠിപ്പിച്ച വിശേഷണമെന്ന അസ്ത്രം വിട്ടു. മഹാഘോരവും ദീപ്തവുമായ ആ ശരത്താല്‍ ജലമൊക്കെ വറ്റി. അശ്മവര്‍ഷം തകര്‍ക്കുകയും അംബുവര്‍ഷം വറ്റിച്ചു വിടുകയും ചെയ്കയാല്‍ അഗ്നി കൊണ്ടും വായു കൊണ്ടുമുള്ള മായകള്‍ ദാനവന്മാര്‍ വിടുക തന്നെ ചെയ്തു. ഉടനെ സലിലാസ്ത്രം പ്രയോഗിച്ച്‌ അഗ്നിയൊക്കെ ഞാന്‍ കെടുത്തി. ശൈലം എന്ന മഹാസ്ത്രം കൊണ്ട്‌ വായുവേഗത്തെ ഞാന്‍ നിറുത്തി. അതും നിന്നപ്പോള്‍ ദുര്‍മ്മദം കൊണ്ടവരായ ദാനവന്മാര്‍ പല മായകള്‍ ഒന്നിച്ചു കൂട്ടി വിട്ടു. ഉടനെ രോമാഞ്ചപ്രദമായ വിധം ഘോരമായ അസ്ത്രനിരയും തീയും കാറ്റും പാറയുമായി വര്‍ഷമുണ്ടായി. ആ മായാവൃഷ്ടി സംഗരത്തില്‍ എന്നെ പീഡിപ്പിച്ചു. അപ്പോഴേക്കും കൂരിരുട്ടുണ്ടായി. ലോകമാകെ ഭയങ്കരമായ കൂരിരുട്ടില്‍ മുങ്ങി. തന്മൂലം അശ്വങ്ങള്‍ പിന്മാറുകയും മാതലി ഇടറിപ്പോവുകയും ചെയ്തു. സ്വര്‍ണ്ണച്ചമ്മട്ടി മാതലിയുടെ കൈയില്‍ നിന്നു താഴെ വീണു പോവുകയും ചെയ്തു. മാതലി ഭയപ്പെട്ടു. പാര്‍ത്ഥാ, അങ്ങ്‌ എവിടെയാണ്‌? എന്നു ചോദിച്ചു പോയി. ഭരതര്‍ഷഭ! അദ്ദേഹം മോഹമാര്‍ന്നപ്പോള്‍ ഞാനും നന്നേ ഭയപ്പെട്ടു പോയി. ജ്ഞാനം നശിച്ച അവന്‍ എന്നോട്‌ ഇപ്രകാരം ഭയചകിതനായി പറഞ്ഞു: ഭയങ്കരമായ ദേവാസുര മഹായുദ്ധങ്ങള്‍ പലതും പണ്ടുണ്ടായിട്ടു ണ്ട്‌. അമൃതത്തിനു വേണ്ടി നടന്ന യുദ്ധവും ഞാന്‍ കണ്ടിട്ടുണ്ട്‌. ശംബരാസുര നിഗ്രഹത്തിന് വേണ്ടിയുണ്ടായ യുദ്ധവും ഞാന്‍ കണ്ടിട്ടുണ്ട്‌. അതിലും ദേവേന്ദ്രന് സാരഥ്യം വഹിച്ചതു ഞാനാണ്‌. വൃതവ്രധത്തിനുണ്ടായ യുദ്ധത്തിലും ഞാന്‍ സാരഥ്യം വഹിച്ചിട്ടുണ്ട്‌. മഹാബലിയോടുണ്ടായ യുദ്ധവും ഞാന്‍ കണ്ടിട്ടുണ്ട്‌. ഈ മഹാഘോര യുദ്ധങ്ങളിലൊക്കെ ഏര്‍പ്പെട്ടിട്ടുള്ള ഒരുവനാണു ഞാന്‍. എന്നാൽ അതില്‍ ഒന്നില്‍ വച്ചും എനിക്കു ജഞാനഭ്രംശം ഉണ്ടായിട്ടില്ല പാണ്ഡവാ! പിതാമഹന്‍ പ്രജകളെ സംഹരിക്കുകയാണ്‌ ഈ കാണുന്നത്‌. തീര്‍ച്ചയാണ്‌, ലോകക്ഷയത്തിൽ അല്ലാതെ ഇത്തരം രണം ഉണ്ടാവുകയില്ല. അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ആത്മാവിനെ അടക്കി. ദാനവന്മാരുടെ ഉഗ്രമായ മായാശക്തിയെ പോക്കുവാന്‍ ഞാന്‍ മുതിര്‍ന്നു. ഉടനെ ഞാന്‍ ഭീതനായ മാതലിയോടു പറഞ്ഞു. ഭവാന്‍ എന്റെ കയ്യൂക്കു കാണുക! അസ്ത്രപ്രഭാവവും ഗാണ്ഡീവത്തിന്റെ പ്രാഭവവും ഞാന്‍ കാട്ടിത്തരാം. ഇവരുടെ ഈ ഉഗ്രമായ മായകളൊക്കെ ഞാന്‍ അസ്ത്രമായ കൊണ്ടു നീക്കിക്കളയാം! കണ്ടോളൂ. ഹേ, സൂത! ഭയപ്പെടാതെ എഴുന്നേറ്റീരിക്കുക.

ഇപ്രകാരം പറഞ്ഞ്‌ ഞാന്‍ അസ്ത്രങ്ങളാല്‍ അസ്ത്രമായയെ നീക്കുവാന്‍ തുടങ്ങി. ജീവജാലം മയങ്ങുമാറ്‌ അമരന്മാര്‍ക്കു ഹിതത്തിന്നായി ഞാന്‍ മായാസ്ത്രം കൊണ്ട്‌ മായയെ നീക്കി. അസുരന്മാരുടെ മായകള്‍ ഓരോന്നും കെടുവാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പുതിയ മായകള്‍ ഓരോന്നും പ്രയോഗിക്കുവാന്‍ തുടങ്ങി. വീണ്ടും തെളിഞ്ഞു; വീണ്ടും ഇരുട്ടില്‍ പെട്ടു. ലോകം കാണാതാവുകയും പിന്നെ വെള്ളത്തില്‍ ആണ്ടു പോവുകയും ചെയ്തു. പ്രകാശമായപ്പോള്‍ മാതലി അശ്വ ഗ്രഹണം ചെയ്തു. ലോമഹര്‍ഷണമായ തോതില്‍ ശ്രേഷ്ഠമായ തേര്‍ നടത്തി. ഉടനെ ഉഗ്രരായ നിവാതകവചര്‍ എന്നോടടുത്തു. പഴുതുനോക്കി അവരെ കാലപുരിക്ക്‌ ഞാന്‍ അയച്ചു. നിവാതകവച ധ്വംസകരമായ ആ പോര്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ മായാമറയില്‍ ഞാന്‍ ആ ദൈത്യന്മാരെ ആരെയും കാണുകയുണ്ടായില്ല.

172. നിവാത കവച യുദ്ധം - നിവാത കവചന്മാരുടെ സംഹാരം - അര്‍ജ്ജുനന്‍ പറഞ്ഞു: കാണാതെ നിന്നു മായാവിദ്യ കൊണ്ട്‌ ദൈത്യന്മാര്‍ പൊരുതി. കാണാതെ തന്നെ അസ്ത്രവീര്യത്താല്‍ ഞാന്‍ അവരോടേറ്റ്‌ യുദ്ധം തുടങ്ങി. നന്നായി അസ്ത്രപ്രയോഗം കൊണ്ട്‌, ഗാണ്ഡീവം വിടുന്ന ശരങ്ങള്‍ അവര്‍ നിൽക്കുന്ന ദിക്കിലെത്തി, ചുറ്റും നിൽക്കുന്നവരുടെ ശിരസ്സുകള്‍ മുറിച്ചു വീഴ്ത്തി. പോരില്‍ ഞാന്‍ നിവാത കവചന്മാരെ തല ഖണ്ഡിച്ചു വീഴ്ത്താന്‍ തുടങ്ങിയപ്പോള്‍ മായയൊക്കെ സംഗ്രഹിച്ച്‌ അവര്‍ പുരത്തിന്റെ ഉള്ളിലേക്ക്‌ ഓടിക്കയറി. അസുരന്മാര്‍ പാഞ്ഞു പോയപ്പോള്‍ എല്ലാം തെളിഞ്ഞു കണ്ടു. നൂറും ആയിരവും ദൈത്യന്മാര്‍ ചത്തു വീണു കിടക്കുന്നതായി ഞാന്‍ കണ്ടു. അവരുടെ ആയുധങ്ങളും ഭൂഷണങ്ങളുമൊക്കെ പൊട്ടിത്തകര്‍ന്നു കിടക്കുന്നതായും കണ്ടു. അസംഖ്യം ദേഹങ്ങളും ചട്ടകളും പരന്നു ചിന്നിക്കിടക്കുന്നു. കുതിരകള്‍ക്കു കാല്‍ വെക്കുവാന്‍ പോലും പഴുതു കണ്ടില്ല. മേൽപോട്ടു ചാടി കുതിരകള്‍ ആകാശത്തില്‍ പൊങ്ങി നിന്നു. ഉടനെ നിവാത കവചന്മാര്‍ ആകാശം ചുറ്റും മൂടി. അദൃശ്യമായി വന്നു നിന്നു വലിയ മലകള്‍ വര്‍ഷിച്ചു.

ഘോരദൈതൃന്മാര്‍ ഭൂമിയുടെ ഉള്ളില്‍ ഒളിച്ചിരുന്നു. അവര്‍ കുതിരകളുടെ കാലുകളിലും രഥത്തിന്റെ ചക്രങ്ങളിലും പിടി കൂടി. പൊരുതിക്കൊണ്ടു നിൽക്കുന്ന എന്റെ കുതിരകളേയും തേരും പിടിച്ചു തേരോടു കൂടി പര്‍വ്വതങ്ങളുമായി എന്നോട്‌ അവര്‍ പൊരുതി. വീഴുന്നതും വിണതുമായ ശൈലനിരയാല്‍ ഞാന്‍ നില്‍ക്കുന്ന ആ പ്രദേശം ഗുഹ പോലെയായി. അശ്വങ്ങളെ നിറുത്തി, മലയാല്‍ മൂടിയ ഞാന്‍ വലിയ വിഷമത്തില്‍ പെട്ടു. അതു മാതലി മനസ്സിലാക്കി. ഞാന്‍ ഭയപ്പെട്ടു പോയി എന്നറിഞ്ഞ്‌ മാതലി എന്നോടു പറഞ്ഞു: "ഹേ, അര്‍ജ്ജുനാ! അര്‍ജ്ജുനാ! പേടിക്കേണ്ട; വജ്രാസ്ത്രം എയ്യുക!". അവന്റെ വാക്കു കേട്ടപ്പോള്‍ ഞാന്‍ വജ്രാസ്ത്രം പ്രയോഗിച്ചു. ദേവേന്ദ്രന് വളരെ ഇഷ്ടപ്പെട്ടതാണ്‌ രാജാവേ, ആ അസ്ത്രം. അചലസ്ഥിതി കണ്ട്‌ ഗാണ്ഡീവത്തെ മന്ത്രിച്ചു. വജ്രത്തിനൊക്കുന്ന തീക്ഷ്ണതരമായ ബാണങ്ങള്‍ ഞാന്‍ വര്‍ഷിച്ചു. ഉടനെ നിവാത കവചന്മാരിലും മായയിലും വജ്രചോദിതമായ ബാണങ്ങള്‍ വജ്രമായി ചെന്നുകയറി. വജ്രവേഗം ഏറ്റപ്പോള്‍ കുന്നു പോലെയുള്ള ദാനവന്മാര്‍ തമ്മില്‍ തട്ടിപ്പിണഞ്ഞ്‌ ഭൂമിയില്‍ വന്നു വീണു. ഭൂമിക്കുള്ളില്‍ കടന്നിരുന്ന്‌ അശ്വരോധം ചെയ്ത ദാനവന്മാരേയും ബാണങ്ങള്‍ കടന്നു ചെന്നു സംഹരിച്ചു കാലപുരിയിലേയ്ക്ക് അയച്ചു. വീഴുന്ന നിവാതകവചന്മാര്‍, കുന്നു പോലെ തടിച്ചു ദാനവന്മാര്‍, ഭൂമിയില്‍ ചിന്നിമൂടിയ പര്‍വ്വതങ്ങള്‍ പോലെ എല്ലായിടവും മൂടി. അശ്വങ്ങള്‍ക്കു കേടൊന്നും. പറ്റിയില്ല. തേരിനും മാതലിക്കും യാതൊരു പരിക്കുമേറ്റില്ല. എനിക്കും യാതൊരു കേടും പറ്റിയില്ല. അത്‌ എല്ലാവരേയും അത്ഭുതപ്പെടുത്തി. ഉടനെ പുഞ്ചിരി തൂകി മാതലി എന്നോടു പറഞ്ഞു: "ഹേ, അര്‍ജ്ജുന! നിന്നില്‍ക്കാണുന്ന ഈ വീര്യം ദേവന്മാര്‍ക്കു കൂടി ഇല്ലാത്തതാണ്‌".

ദാനവന്മാര്‍ മരിച്ചതിന് ശേഷം അവരുടെ അസംഖ്യം ഭാര്യമാര്‍ സരസ്സില്‍ സാരസഗണം പോലെ പത്തനത്തില്‍ വിലപിക്കുവാന്‍ തുടങ്ങി.

പിന്നെ മാതലിയോടു കൂടി ഞാന്‍ ആ പുരത്തില്‍ കടന്നു ചെന്നു. ചെല്ലുമ്പോഴുണ്ടായ രഥനേമീ സ്വനം കേട്ട ആ സ്ത്രീകള്‍ ഭയചകിതരായി. മയൂരനിറമായ പത്തു സഹസ്രം കുതിരകളെ കണ്ട്‌, സുര്യാഭമായ തേരു കണ്ട്‌ സ്ത്രീകള്‍ കൂട്ടമായി പാഞ്ഞ്‌ ഓടിക്കളഞ്ഞു. പേടിയോടു കൂടി. അവര്‍ ഓടുമ്പോള്‍ ഉണ്ടായ ആഭരണങ്ങളുടെ കിലുക്കം മലയില്‍ ശിലാജാലം വീഴുമ്പോഴുണ്ടാകുന്ന സ്വരം പോലെ മുഴങ്ങി. ഭയപ്പെട്ട ദൈത്യനാരികള്‍ അവരവരുടെ വിചിത്ര രത്നഖചിതമായ സ്വര്‍ണ്ണഗ്യഹങ്ങളില്‍ ഓടിക്കയറി.

അത്ഭുതാകാരമായും സ്വര്‍ഗ്ഗത്തേക്കാള്‍ അത്ഭുതവുമായ ആ പുരം കണ്ട്‌ ഞാന്‍ മാതലിയോടു ചോദിച്ചു. ഇത്തരം മനോഹരമായ പുരിയില്‍ ദേവകള്‍ എന്താണു വാഴാതിരിക്കുന്നത്‌? പുരന്ദര പുരത്തേക്കാള്‍ മനോഹരമാണല്ലേം ഈ പുരം!

മാതലി പറഞ്ഞു: ഇതു പണ്ടു നമ്മുടെ ദേവേന്ദ്രന്റെ പുരമായിരുന്നു. ശക്തരായ നിവാത കവചന്മാര്‍ ദേവന്മാരെ ഒഴിപ്പിച്ചു കീഴടക്കിയതാണ്‌. ഘോരമായ തപസ്സു ചെയ്തു വിരിഞ്ചനെ പ്രസാദിപ്പിച്ച്‌ പാര്‍ക്കുവാന്‍ ഈ പട്ടണവും വാനോരില്‍ നിന്ന്‌ അഭയവും ഇവര്‍ വാങ്ങി. സ്വയംഭൂവായ ഭഗവാനോട്‌ ശക്രനും അര്‍ത്ഥിച്ചു: "ആത്മാവിന്റെ ഹിതത്തിനായി അങ്ങിവര്‍ക്ക്‌ അന്തം ഏകിയാലും". അതുകേട്ട്‌ ഭഗവാന്‍ "തന്നിരിക്കുന്നു" എന്ന് അരുള്‍ ചെയ്തു. ദേഹാന്തരത്തില്‍ നീ ഇവര്‍ക്കു ശത്രുവാകുന്നതാണ്‌. ഇവരെ കൊല്ലുവാന്‍ ഇന്ദ്രന്‍ അങ്ങയ്ക്ക്‌ അസ്ത്രങ്ങള്‍ നല്കിയതാണ്‌. നീ ഇപ്പോള്‍ കൊന്ന ദാനവന്മാര്‍ ദേവന്മാര്‍ക്കും കൊല്ലുവാന്‍ കഴിയാത്തവരാണ്‌. കാലത്തിന്റെ പരിണാമത്താല്‍ പിന്നെ നീ ഇവര്‍ക്ക്‌ അന്തകനായി തീര്‍ന്നു. അപ്രകാരം നീ നടത്തുകയും ചെയ്തു. ദാനവ ധ്വംസനത്തിനായി അസ്ത്രബലത്തേയും ഇന്ദ്രന്‍ നിന്നെ ഗ്രഹിപ്പിച്ചു. ഹേ, പുരുഷ്രേന്ദ്രാ! ഇത്‌ അത്ഭുതം തന്നെ!

അര്‍ജ്ജുനന്‍ പറഞ്ഞു: പിന്നെ പുരപ്രശമനം ചെയ്ത്‌, ആ ദൈത്യന്മാരെ നിഗ്രഹിച്ച്‌, മാതലിയോടു കൂടി ഇന്ദ്രപുരത്തിലേക്കു മടങ്ങി.

173. ഹിരണൃപുരദൈത്യവധം - അര്‍ജ്ജുനന്‍ പറഞ്ഞു: തിരിച്ചു പോരുന്ന വഴിക്കു വെച്ച്‌ ഞാന്‍ വേറെ ഒരു അത്ഭുതം ദര്‍ശിച്ചു. ദിവ്യവും അര്‍ക്കാഗ്നി പ്രകാശവും കാമഗവും ആയ ഒരു പുരമായിരുന്നു അത്‌. രത്നവൃക്ഷങ്ങളും മനോമോഹന സ്വരത്തോടു കൂടി യ പക്ഷികളും ചേര്‍ന്ന ആ മനോഹര പുരത്തില്‍ പൗലോമരും കാലകേയന്മാരുമാണ്‌ അധിവസിക്കുന്നത്‌. ഗോപുരം, കൊത്തളം, നാലു കോട്ട വാതിലുകള്‍ ഇവ ചേര്‍ന്നു സര്‍വ്വരത്നമയമായി ശോഭിക്കുന്ന ആ പുരം ദിവ്യവും അത്ഭുത ദര്‍ശനവുമായിരുന്നു.

പൂത്തും കായ്ച്ചും സര്‍വ്വരത്നമയമായി ശോഭിക്കുന്ന വൃക്ഷങ്ങളില്‍ മനോഹര വര്‍ണ്ണത്തിലുള്ള ദിവൃഖഗങ്ങള്‍ പ്രശോഭിക്കുന്നു. അപ്രകാരമുള്ള വൃക്ഷങ്ങള്‍ ചുഴന്ന്‌, നിതൃസന്തുഷ്ടരായ അസുരന്മാര്‍ അധിവസിക്കുന്നതും ശൂലം, ഋഷ്ടി, മുസലം, വില്ല്‌, മുള്‍ത്തടി എന്നിവയെടുത്ത്‌ എല്ലായിടത്തും ഭടന്മാര്‍ നിറഞ്ഞതും അത്ഭുതാകാരം ആയതുമായ ആ ദൈതൃപത്തനത്തെ ഞാന്‍ കണ്ടു. ഞാന്‍ മാതലിയോട്‌ ഈ കാണുന്ന അത്ഭുതം എന്താണെന്നു ചോദിച്ചു.

മാതലി പറഞ്ഞു: കാലകേയരില്‍ പെട്ട പുലോമ എന്ന ദൈതൃസ്ത്രീ ദിവ്യമായ ആയിരം സംവത്സരം ഘോരമായ തപസ്സു ചെയ്തു. തപസ്സു കൊണ്ടു പ്രസാദിച്ച്‌ ബ്രഹ്മാവ്‌ അവള്‍ക്കു വരംനല്കി. പുത്രന്മാര്‍ക്കു ദുഃഖമില്ലായ്മയും സുരന്മാരാലും ഉരഗ വര്‍ഗ്ഗങ്ങളാലും അസുരന്മാരാലും അവദ്ധൃത്വവും അവള്‍ പിതാമഹനോടു വരമായി ആവശ്യപ്പെട്ടു. എന്നു മാത്രമല്ല മഹാപ്രഭയോടെ ആകാശത്തു ചുറ്റുന്ന രമ്യമായ പുരവും അവള്‍ ആവശ്യപ്പെട്ടു. അതു സര്‍വ്വ രത്നാഢ്യമാകണമെന്നും വിണ്ണവര്‍ക്കു ദുര്‍ദ്ധര്‍ഷമാകണമെന്നും അവള്‍ ആഗ്രഹിച്ചു. അവളുടെ ആഗ്രഹം പോലെയൊക്കെ പിതാമഹന്‍ വരം നല്‍കി. കാമൃമായ സല്‍ഗുണങ്ങള്‍ എല്ലാം ചേര്‍ന്നതും ആധിവ്യാധികള്‍ അടുക്കാത്തതുമായ പുരം ബ്രഹ്മാവ്‌ കാലകേയന്മാര്‍ക്കായി സൃഷ്ടിച്ചു. അങ്ങനെ അവള്‍ക്കു പിതാമഹന്‍ നല്കിയതാണ്‌ ഈ പത്തനം. ദിവ്യമായ ഈ പത്തനം സുരന്മാരുടെ സഹായം കൂടാതെ ആകാശത്തില്‍ ചുറ്റുന്നു. പൗലോമരും കാലകേയന്മാരും ഇതില്‍ അധിവസിക്കുന്നു. ഈ ശ്രേഷ്ഠമായ പുരത്തിന് ഹിരണ്യപുരം എന്നാണു പേര്‌. പാലോമ കാലകേയന്മാര്‍ ഈ പുരത്തെ പാലിച്ചു വരുന്നു. നിത്യസന്തുഷ്ടരായ അവര്‍ നിര്‍ഭയരായി അതില്‍ പാര്‍ക്കുന്നു. ഇവര്‍ക്കു മരണം മര്‍ത്ത്യന്റെ കൈ കൊണ്ടാണെന്ന്‌ പത്മജന്‍ പറയുകയും ചെയ്തു. ഹേ, പാര്‍ത്ഥാ! ദുസ്സഹന്മാരും ശക്തന്മാരുമായ ഈ കാലകേയന്മാരെ ഉടനെ വജ്രായുധം കൊണ്ടു നശിപ്പിക്കണം.

അര്‍ജ്ജുനന്‍ പറഞ്ഞു: ദേവന്മാരാലും അസുരന്മാരാലും അവദ്ധ്യരാണ്‌ അവര്‍ എന്ന് മാതലിയില്‍ നിന്നു ഗ്രഹിച്ചപ്പോള്‍ ഞാന്‍ മാതലിയോടു പറഞ്ഞു. ഹേ മാതലി, എന്നാൽ ആ പുരത്തേക്കു തേര്‍ നടത്തുക. ദേവേന്ദ്ര ദ്രോഹികളെ ഞാന്‍ അസ്ത്രം കൊണ്ടു വധിക്കുന്നതാണ്‌. വിബുധവൈരികള്‍ എനിക്ക്‌ അവദ്ധൃരാകയില്ല.

ഉടനെ മാതലി എന്നെ ഹിരണ്യപുരത്തിന്റെ സമീപത്തേക്ക്‌എത്തിച്ചു. എന്നെ കണ്ടയുടനെ ദൈത്യന്മാര്‍ ചിത്രഭൂഷാഞ്ചിതരായി ചട്ടയിട്ടു തേരില്‍ക്കയറി ഊക്കോടെ യുദ്ധത്തിനു പാഞ്ഞുവന്നു. അവര്‍ അമ്പ്‌, നാരാചം, കത്തിയമ്പ്‌, ഋഷ്ടി, തോമരം ഇവ എന്നില്‍ വര്‍ഷിച്ചു. ഉഗ്രവീരന്മാരായ അവര്‍ എയ്ത ശരവര്‍ഷത്തെ ഞാന്‍ വിദ്യാബലത്താല്‍ തടുത്തു. രഥമാര്‍ഗ്ഗങ്ങളാല്‍ മോഹിപ്പിച്ചു. എന്റെ പ്രയോഗം മൂലം അവര്‍ തമ്മില്‍ത്തമ്മില്‍ സമ്മൂഢരായി വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി. അങ്ങനെ അവര്‍ പരസ്പരം സമ്മൂഢരായി പാഞ്ഞു കയറുമ്പോള്‍ അവരുടെ തല ദിവ്യാസ്ത്രം കൊണ്ട്‌ ഞാന്‍ അറുത്തുവീഴത്തി. ഞാന്‍ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഭയപ്പെട്ട്‌ പുരത്തിനുള്ളില്‍ ഒളിച്ചു. ദൈത്യമായ കൊണ്ട്‌ അവര്‍ നഗരത്തോടു കൂടി മേൽപോട്ടു പൊങ്ങി. വലിയ ശരവര്‍ഷം കൊണ്ട്‌ ഞാന്‍ അവരുടെ വഴി മൂടി ഗതി മുട്ടിച്ചു. സൂര്യാഭയോടു കൂടി അംബരത്തില്‍ ചുറ്റുന്ന ആ കാമഗമായ പുരം, ദൈത്യന്മാര്‍ വരദാനം മൂലം സുഖമായി ഒരിടത്തു നിറുത്തി. ആ പുരം നിലത്തു വന്നു വീഴുകയും ഉടനെ. മേൽപോട്ടു പൊങ്ങുകയും, വിലങ്ങനെ പായുകയും, പിന്നെ വെള്ളത്തില്‍ മുങ്ങുകയും ചെയ്ത്‌. അമരാവതി പോലെ മനോഹരമായ ആ കാമഗമായ പുരം പലവിധം ദിവ്യാസ്ത്രങ്ങള്‍ കൊണ്ടു ഞാന്‍ തടുത്തു. ദിവ്യാസ്ത്രം അനുമന്ത്രിച്ചു വിട്ടപ്പോള്‍ ആ പുരം നിലത്തു വീണ്‌ ഉടഞ്ഞു തകര്‍ന്നു. വജ്രവേഗത്തില്‍ ഞാന്‍ എയ്ത ശരമേറ്റ്‌ കാലചോദിതരായ അവര്‍ പരിഭ്രമിച്ചു. ഉടനെ മാതലി അതിന്റെ മേലേ വിഴും പ്രകാരം തേരിനെ കീഴ്‌പോട്ടിറക്കി. ഉടനെ ക്രുദ്ധരായി ദൈത്യന്മാര്‍ എന്നോടു പൊരുതുവാന്‍ പാഞ്ഞുവന്നു. എന്നാൽ തിരമാലകള്‍ പിന്നോക്കം ഒഴിയുന്ന പോലെ അവര്‍ പിന്മാറി. മര്‍ത്ത്യനോട്‌ എതിര്‍ത്തു ജയിക്കുവാന്‍ പ്രയാസമാണ്‌ എന്ന് അവര്‍ തമ്മില്‍ പറഞ്ഞു. ഞാന്‍ ദിവ്യാസ്ത്രങ്ങള്‍ ഓരോന്നായി മുറയ്ക്കു വിട്ടു തുടങ്ങി. അത്ഭുതം തന്നെ! ആ പരസഹസ്രം ദൈത്യരഥികള്‍ എന്റെ അസ്ത്രത്തെ തടുത്തു നിന്നു. വിചിത്രമായ രഥമാര്‍ഗ്ഗങ്ങള്‍ ചരിക്കുന്ന മഹാബലന്മാര്‍ നൂറുംആയിരവും സംഗരാങ്കണത്തില്‍ കാണപ്പെട്ടു.

വിചിത്രമകുടം ചാര്‍ത്തിയവരും, വിചിത്ര കവചമണിഞ്ഞവരും, വിചിത്രാഭരണം ചാര്‍ത്തിയവരും എന്നെ ഉത്സാഹപ്പെടുത്തുമാറ്‌ പോരാടി. അവരെ ഞാന്‍ മന്ത്രപൂര്‍വ്വകം എയ്ത അസ്ത്രങ്ങളാല്‍ ദുഃഖിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ എന്നെ വിഷമിപ്പിച്ചു. യുദ്ധതന്ത്രജ്ഞന്മാരായ അവര്‍ ഒത്തുചേര്‍ന്ന്‌ എന്നെ പീഡിപ്പിക്കുകയാല്‍ ഞാന്‍ ഭയാക്രാന്തനായി. ഉടനെ ആ രണാങ്കണത്തില്‍ വെച്ച്‌ മഹേശ്വരനെ കൈകൂപ്പി, ശിവനെ ധ്യാനിച്ചു ഭൂതങ്ങള്‍ക്കു സ്വസ്തി പറഞ്ഞ്‌ ദിവ്യമായ രൗദ്ര്യം എന്നു പുകഴ്ന്ന അസ്ത്രം കയ്യിലെടുത്തു. ശത്രുവിനാശനമായ ആ അസ്ത്രം കയ്യിലെടുത്തപ്പോള്‍ മൂന്നു തലയും ഒമ്പതു കണ്ണുമായി, മൂന്നു മുഖവും ആറു കയ്യുമായി, വഹ്നിജ്ജ്വാലാഗ്രം പോലുള്ള കേശത്തോടു കൂടിയ ഒരു വസ്തുവിനെ കണ്ടു. വായ്‌ തുറന്ന നാഗങ്ങള്‍ കൊണ്ടു ചീരം ധരിച്ച്‌, നിര്‍ഭയനും നിതൃഘോരനുമായ രൗദ്രാസ്ത്രമായിരുന്നു അത്‌. ആ അസ്ത്രത്തെ ഞാന്‍ ഗാണ്ഡീവത്തില്‍ തൊടുത്തു. അതിന്റെ ശേഷം അപാരശക്തിയായ ശര്‍വ്വനെ ഞാന്‍ മനസ്സാ വണങ്ങി. ഉടനെ ആ അസുരന്മാരുടെ തോല്‍വിക്കായി ഞാന്‍ ആ ശരം വിട്ടു. അതു വിട്ട ഉടനെ തന്നെ നാനാരൂപങ്ങളായി. മൃഗങ്ങള്‍, സിംഹം, വ്യാഘ്രങ്ങള്‍ എന്നു തന്നെയല്ല ഋക്ഷങ്ങള്‍, കാട്ടുപോത്തുകള്‍, പന്നഗങ്ങള്‍, പശുക്കള്‍, ശരഭങ്ങള്‍, വരാഹങ്ങള്‍, മാര്‍ജ്ജാരങ്ങള്‍. ചെന്നായ്ക്കള്‍, പ്രേതങ്ങള്‍, ഭൂരുണ്ഡങ്ങള്‍, കഴുക്കള്‍, ഗരുഡന്മാര്‍, ചമരങ്ങള്‍, വ്യകങ്ങള്‍, ഗിരികള്‍, യക്ഷന്മാര്‍, അസുരന്മാര്‍, ഗുഹൃകന്മാര്‍, ആശരന്മാര്‍, മത്സ്യങ്ങള്‍, ആനത്തലയന്മാര്‍, ഉലൂകങ്ങള്‍, അശ്വങ്ങള്‍, മീനാകൃതികള്‍, നാനാശസ്ത്രാഗ്നി പാണികള്‍ ഇങ്ങനെയുള്ളവരും ഗദാമുല്‍ഗര പാണികളുമായ യാതുധാനന്മാര്‍, ഇവയും മറ്റു പല രൂപങ്ങളും ആ മഹാസ്ത്രം അയയ്ക്കുകയാല്‍ ലോകത്തിലെങ്ങും വ്യാപിച്ചു കണ്ടു.

മൂന്നു ശിരസ്സ്‌, നാലു മുഖം, നാലു കൈ, നാലു ദംഷ്ട്രങ്ങള്‍ ഇങ്ങനെ പല രൂപത്തില്‍ മാംസമേദോവസാസ്ഥികള്‍ ഉള്ളവരായ മൂര്‍ത്തികള്‍ പാഞ്ഞു ചെന്ന്‌ ആ ദൈത്യന്മാരെ കൊന്നൊടുക്കി. ആദിത്യാഗ്നി ജ്വാലയോടും, ഇടിത്തീയിന്റെ നിറത്തോടും കൂടിയ അദ്രിസാരമയമായ സായകങ്ങളും പാഞ്ഞുചെന്ന്‌ അവരെയൊക്കെ കൊന്നൊടുക്കി. ഗാണ്ഡീവം വിട്ട ബാണങ്ങള്‍ ഏറ്റ്‌ അവര്‍ ഊഴിയില്‍ ചത്തുവിണു. ഈ മഹാത്ഭുതം കണ്ടപ്പോള്‍ ത്രിപുരവൈരിയായ ആ മഹാദേവനെ ഞാന്‍ മനസാ കൂപ്പി.

ദിവ്യാഭരണന്മാരായ ആ ദൈതൃന്മാരൊക്കെ രൗദ്രമായ അസ്ത്രശക്തിയാല്‍ തകര്‍ന്നു തരിപ്പണമായതു കണ്ടപ്പോള്‍ ഇന്ദ്രസാരഥി സന്തോഷിച്ചു. ദേവന്മാര്‍ക്കു പോലും. അസാദ്ധ്യമായ ആ കര്‍മ്മം കണ്ട്‌ ഇന്ദ്രസാരഥി എന്നെ പൂജിച്ചു. മാതലി പ്രീതനായി ഇപ്രകാരം പറഞ്ഞു: "ഭവാന്‍ സുരാസുരന്മാര്‍ക്കു പോലും അസാദ്ധ്യമായ ക്രിയയാണു നടത്തിയത്‌. പോരില്‍ ഇപ്രകാരം സംഹാരം നടത്തുവാന്‍ ഇന്ദ്രന്‍ പോലും ശക്തനല്ല. ദേവാസുരന്മാര്‍ക്ക്‌ തകര്‍ക്കുവാന്‍ കഴിയുന്നതല്ല വ്യോമഗമായ ഈ പുരം. ഹേ, വീരാ! അതാണു നീ മഥിച്ചത്‌. അതു ഭവാന്റെ തപോവീര്യത്തിന്റെ ശക്തി കൊണ്ടാണ്‌".

ആ വ്യോമനഗരം തകര്‍ന്ന്‌ അസുരന്മാര്‍ നശിച്ചപ്പോള്‍ നഗരത്തില്‍ നിന്നു പുറത്തുവന്ന്‌ അവരുടെ നാരിമാര്‍ മുറയിട്ടു. കൂന്തല്‍ ചിന്നി സങ്കടപ്പെട്ട്‌ കുരരികളെ പോലെ ആര്‍ത്തനാദം മുഴക്കി. നിലത്തു വീണ്‌ ഭ്രാതാക്കന്മാരേയും, പിതാക്കന്മാരേയും, പുത്രന്മാരേയും വിളിച്ച്‌ തൊണ്ട വറ്റുന്നതു വരെ കരഞ്ഞാര്‍ത്തു. അവര്‍ വിധവകളായിരിക്കുന്നു. മാറത്തടിച്ചും പൂമാല വലിച്ചു പൊട്ടിച്ചും മണിഭൂഷണങ്ങള്‍ പൊട്ടിച്ചെറിഞ്ഞും ശ്രീ നശിച്ച അവര്‍ ദുഃഖിച്ചു മുറവിളി കൂട്ടി. നാഥന്മാര്‍ മരിച്ച്‌ ശ്രീ കെട്ട്‌ ആ ദൈത്യപട്ടണം മങ്ങി പോയി. ഗന്ധര്‍വ്വ നഗരം പോലെ ശോഭയാര്‍ന്ന ആ പുരം, നാഗം പോയ കയം പോലെയും, ശുഷ്കവൃക്ഷമായ കാടു പോലെയും കാണുവാന്‍ കൊള്ളാത്തതായി തീര്‍ന്നു. സംഹൃഷ്ടനായ എന്നെ ഉടനെ ദേവരാജപുരത്തേക്കു മാതലി കൊണ്ടു പോന്നു. ഞങ്ങള്‍ ഹിരണ്യപുരവും വിട്ടു യാത്ര തുടര്‍ന്നു.

അങ്ങനെ നിവാത കവച കാലകേയന്മാരെ ഒക്കെ കൊന്ന്‌ ഞാന്‍ ഇന്ദ്രന്റെ അടുത്തെത്തി. ഞാന്‍ ചെയ്ത എല്ലാ കര്‍മ്മവും മാതലി ഇന്ദ്രനോടു സവിസ്തരം പറഞ്ഞു കൊടുത്തു. ഹിരണ്യപുര വിദ്ധ്വംസം, മായാഘാതം, നിവാത കവച സൈന്യങ്ങള്‍ പോരില്‍ നശിച്ചത്‌ ഇവ നടന്ന പോലെയൊക്കെയും കേട്ടപ്പോള്‍ ഇന്ദ്രന്‍ മരുല്‍ഗണത്തോടു ചേര്‍ന്ന്‌ "ഭേഷ്‌! ഭേഷ്‌!", എന്നു സഹര്‍ഷം വാഴ്ത്തി.

പിന്നെ ദേവന്മാരോടു ചേര്‍ന്ന്‌ ദേവരാജന്‍ എന്നെ വീണ്ടും ഭംഗിയായി ആശ്വസിപ്പിച്ചു: ദേവാസുരന്മാരേക്കാള്‍ നീ പോരില്‍ മെച്ചം കാണിച്ചു. എന്റെ വൈരികളെ ധ്വംസിക്കുകയാല്‍ നീ ഗുരുദക്ഷിണ ചെയ്തു കഴിഞ്ഞിരിക്കുന്നു! ഇപ്രകാരം ധനഞ്ജയാ! എന്നും നീ പോരില്‍ സ്ഥിരനാകട്ടെ! പകച്ചു പോകാതെ, മനസ്സു പതറാതെ, നീ അസ്ത്രപ്രയോഗം ചെയ്തു കൊള്ളുക. ദേവന്മാര്‍ക്കും ദൈതൃന്മാര്‍ക്കും ആശരന്മാര്‍ക്കും നീ പോരില്‍ അവിഷഹ്യനാണ്‌. യക്ഷന്മാര്‍ക്കും ഗന്ധര്‍വ്വന്മാര്‍ക്കും പക്ഷികള്‍ക്കും അപ്രകാരം തന്നെ അവിഷഹ്യനാണ്‌ നീ. ഹേ കൗന്തേയാ!. നിന്റെ പരാക്രമത്താല്‍ കീഴടക്കിയ ഭൂമിയെ ധര്‍മ്മമൂര്‍ത്തിയും കുന്തീപുത്രനുമായ യുധിഷ്ഠിരന്‍ പാലിക്കുന്നതാണ്‌.

174. അസ്ത്രദര്‍ശന സങ്കേതം - അര്‍ജ്ജുനന്‍ പറഞ്ഞു: യുദ്ധം കൊണ്ട്‌ എന്റെ ശരീരത്തില്‍ പറ്റിയ മുറിവുകളൊക്കെ പൊറുത്തതിന് ശേഷം ഒരു ദിവസം വളരെ വിശ്വാസത്തോടു കൂടി എന്നെ സ്വാഗതം ചെയ്ത്‌ ഇരുത്തി ദേവേന്ദ്രന്‍ എന്നോടു പറഞ്ഞു: ഹേ ഭാരത! സര്‍വ്വദിവ്യാസ്ത്രങ്ങളും നിന്നില്‍ ഒത്തു നില്‍ക്കുന്നുണ്ട്‌. ഇനി നിന്നെ തോല്പിക്കുവാന്‍ തക്ക ഒരുവന്‍ മനുഷ്യരില്‍ ആരും തന്നെയില്ല. നന്ദന! ഞാന്‍ യാഥാര്‍ത്ഥ്യം പറഞ്ഞു തരാം. ഭീഷ്മൻ, ദ്രോണൻ, കൃപന്‍, കര്‍ണ്ണന്‍, സൗബലന്‍, മറ്റു രാജാക്കന്മാര്‍ ഇവരിലാരും തന്നെ നിന്റെ പതിനാറിൽ ഒരംശത്തിന് ഒക്കുകയില്ല.

പ്രഭുവായ ഇന്ദ്രന്‍ ഈ "തനുത്രാണവും" എനിക്കു തന്നു. ഇത്‌ അഭേദ്യമായ ദിവൃകവചമാണ്‌. പിന്നെ പൊന്മയമായ ഈ മാലയും എനിക്കു നല്കി. ദേവദത്തം എന്ന മഹാനാദമായ ഈ ശംഖും എനിക്കു നല്കി. ഈ കിരീടം ഇന്ദ്രന്‍ താന്‍ തന്നെ എന്റെ ശിരസ്സില്‍ ചാര്‍ത്തിച്ചു. വളരെ ഭംഗിയുള്ള ഈ ദിവ്യവസ്ത്രങ്ങളും ഈ ദിവ്യാഭരണങ്ങളും എനിക്കു നല്കി. ഇപ്രകാരം വാസവന്റെ സല്‍ക്കാരങ്ങളേറ്റ്‌ രാജാവേ! ഞാന്‍ സുഖമായി പാര്‍ത്തു. ബാലന്മാരായ ഗന്ധര്‍വ്വന്മാര്‍ പുണ്യമായ ഇന്ദ്രപുരിയില്‍ എനിക്കു കൂട്ടുകാരായി ഉണ്ടായിരുന്നു.

ഇന്ദ്രന്‍ എന്നെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: ഹേ, അര്‍ജ്ജുനാ! നിനക്കു പോകേണ്ട കാലമായി. സോദരന്മാര്‍ നിന്നെ സ്മരിക്കുന്നു.

ഇപ്രകാരം അഞ്ചു സംവത്സരം ഇന്ദ്രഗൃഹത്തില്‍ ഞാന്‍ പാര്‍ത്തു. രാജാവേ! അപ്പോഴൊക്കെ ഞാന്‍ ചൂതിലെ കലി ഓര്‍ത്തു കൊണ്ടിരുന്നു. അങ്ങനെ ഇപ്പോള്‍ ഭ്രാതാക്കളോടു കൂടിയ ഭവാനെ ഗന്ധമാദന പര്‍വ്വതത്തിന്റെ ശൃംഗഭാഗത്തു വച്ച്‌ ഇതാ വന്നു കണ്ടിരിക്കുന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: ധനഞ്ജയാ! നീ അസ്ത്രമൊക്കെ സമ്പാദിച്ചതു ഭാഗ്യമായി! ഭാഗ്യത്താല്‍ ദേവരാജാവായ ഇന്ദ്രന്‍ ഭവാനെ അര്‍ച്ചിച്ചു. മഹാദേവനായ സ്ഥാണു ദേവിയോടു കൂടി ഭവാന്റെ മുമ്പില്‍ പ്രത്യക്ഷനായതു മഹാഭാഗ്യം തന്നെ! പോരു കൊണ്ടു നിന്നില്‍ കനിഞ്ഞതും ഭാഗ്യം തന്നെ! ലോകേശന്മാരോടു കൂടി ഒത്തു ചേര്‍ന്നതും ഭാഗ്യമായി! ഭാഗ്യത്താല്‍ നമ്മള്‍ വര്‍ദ്ധിക്കുന്നു! നീ തിരികെ വന്നതും ഭാഗ്യം തന്നെ. ഇപ്പോള്‍ പുരനിരകളോടു കൂടിയ ഭൂമിദേവിയെ എല്ലാം വെന്നു എന്നു തന്നെ എനിക്കു തോന്നുന്നു. ധാര്‍ത്തരാഷ്ട്രന്മാരൊക്കെ നമുക്കു കീഴടങ്ങിയെന്നും തോന്നിപ്പോകുന്നു. ആ ദിവ്യാസ്ത്രങ്ങളൊക്കെ ഒന്നു കാണുവാന്‍ എനിക്കാഗ്രഹമുണ്ട്‌. ഹേ, ഭാരത! അവയാലാണല്ലോ നീ നിവാത കവചന്മാരെ ഒക്കെ സംഹരിച്ചത്‌.

അര്‍ജ്ജുനന്‍ പറഞ്ഞു: നാളെ പ്രഭാതത്തില്‍ അങ്ങയ്ക്ക്‌ അസ്ത്രങ്ങളൊക്കെ കാണാം. നിവാതകവചന്മാര്‍ എന്ന ക്രൂരവര്‍ഗ്ഗത്തെ ഒക്കെ മുടിച്ചുവിട്ട ആ ദിവ്യാസ്ത്രങ്ങളെ ഒക്കെ നാളെ ഞാന്‍ ഭവാനു കാണിച്ചു തരുന്നതാണ്.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ തന്റെ തിരിച്ചു വരവിന്റെ വിവരണങ്ങളൊക്കെ ഭ്രാതാക്കളോടു പറഞ്ഞതിന് ശേഷം അവരോടു ചേര്‍ന്നു സസന്തോഷം രാത്രി കഴിച്ചു.

175. അസ്ത്രദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: ആ രാത്രി കഴിഞ്ഞതിന് ശേഷം ധര്‍മ്മരാജാവ്‌ ഉണര്‍ന്നെഴുന്നേറ്റു. അനുജന്മാരോടു കൂടി ആവശ്യമായ ക്രിയകളൊക്കെ കഴിഞ്ഞതിന് ശേഷം ഭ്രാതൃ പ്രീതികരനായ ധനഞ്ജയനോടു യുധിഷ്ഠിരന്‍. പറഞ്ഞു: ഹേ പാര്‍ത്ഥാ! നിവാതകവചന്മാരെ നശിപ്പിച്ച ദിവ്യാസ്ത്രങ്ങളൊക്കെ ഞങ്ങള്‍ക്കു കാണിച്ചു തരിക!

ഭ്രാതാവിന്റെ ആഗ്രഹം നിവര്‍ത്തിക്കുവാന്‍ ധനഞ്ജയന്‍ ദേവന്മാര്‍ നല്കിയ ദിവ്യങ്ങളായ അസ്ത്രങ്ങള്‍ കാണിക്കുവാന്‍ സന്നദ്ധനായി.

തേജോരാശിയായ അര്‍ജ്ജുനന്‍ ശുദ്ധാന്തഃക്കരണനായി ഗിരി കൂബരപാദാക്ഷനായി ശുഭവേണു ത്രിവേണുവായി പാര്‍ത്ഥിവത്തേര്‍ തട്ടിലേറി. ശോഭയേന്തിയ ധനഞ്ജയന്‍ വര്‍ച്ചസ്സ്‌ ഏറുന്ന ദിവ്യ കവചത്തെ അണിഞ്ഞു. ഗാണ്ഡീവം വില്ലും ദേവദത്തം ശംഖും എടുത്തു. അങ്ങനെ ശോഭവീശുന്ന അര്‍ജ്ജുനന്‍ യഥാക്രമം ആ ദിവ്യാസ്ത്രങ്ങളെ ഓരോന്നും കാണിച്ചു കൊടുക്കുവാന്‍ തുടങ്ങി. പിന്നെ ആ വക ദിവ്യാസ്ത്രമെടുത്ത്‌ എയ്യുവാന്‍ ഭാവിച്ചപ്പോള്‍ താന്‍ ചവിട്ടി നിൽക്കുന്ന ഭൂമി വൃക്ഷസമൂഹങ്ങളോടു കൂടി കുലുങ്ങി. പുഴയൊക്കെ കലങ്ങി. അപ്രകാരം തന്നെ സമുദ്രവും കലങ്ങി. മലകള്‍ തകര്‍ന്നു വീണു. കാറ്റ്‌ വീശാതെ നിശ്ചലമായി. സൂര്യന്‍ മങ്ങി. അഗ്നി ജ്വലിക്കാതെയായി. ഭൂസുരന്മാര്‍ക്കു വേദങ്ങളൊന്നും തോന്നാതെയായി. ഭൂമിയിലുള്ള ജീവജാലങ്ങള്‍ ഹേ ജനമേജയാ! നിന്നേടത്തു നിന്നു മറിഞ്ഞു വീണു. അവ പിന്നെ അവിടെ നിന്നെഴുന്നേറ്റ്‌ അര്‍ജ്ജുനനെ ചുഴന്നു. വിറച്ചു കൈകൂപ്പി ഏവരും വികൃത മുഖങ്ങളോടെ നിന്നു. അസ്ത്രത്തിന്റെ അഗ്നിയില്‍ ആര്‍ത്തരായി അര്‍ജ്ജുനനോടു വിനീതരായി അഭ്യര്‍ത്ഥിച്ചു. ഉടനെ ബ്രഹ്മര്‍ഷികളും സിദ്ധരായ ഋഷിമാരും ചരങ്ങളായ സകല ഭൂതങ്ങളും എല്ലാം ചേര്‍ന്നു നിന്നു. അപ്രകാരം മുഖ്യന്മാരായ ദേവര്‍ഷിമാരും ദേവമുഖ്യന്മാരും യക്ഷരാക്ഷസ ഗന്ധര്‍വ്വന്മാരും പക്ഷിശ്രേഷ്ഠന്മാരും വ്യോമചാരികളായ ഭൂതങ്ങളൊക്കെയും വന്ന്‌ ഒത്തു കൂടി നിന്നു. ഉടനെ തന്നെ പിതാമഹനും ലോകപാലകന്മാരായ ദേവന്മാരും ഗണങ്ങളോടു കൂടി അവിടെ പ്രത്യക്ഷമായി. ഭഗവാനായ മഹാദേവനും ഗണങ്ങളോടു കൂടി അവിടെ എത്തി. അപ്പോഴേക്കും മഹാരാജാവേ! ജനമേജയ! ദിവ്യചിത്ര കുസുമങ്ങള്‍ ചിതറിക്കൊണ്ടു പാണ്‌ഡുപുത്രന്റെ ചുറ്റും കാറ്റു വീശി.

ഉടനെ സുരന്മാരുടെ പ്രേരണയാല്‍ പലവിധം ഗാനങ്ങള്‍ ഗന്ധര്‍വ്വന്മാര്‍ പാടി. അപ്സരസ്ത്രീകള്‍ കൂട്ടത്തോടെ നൃത്തം തുടങ്ങി.

ഈ സമയത്ത്‌ ദേവന്മാര്‍ പറഞ്ഞു വിട്ട നാരദ മഹര്‍ഷി അര്‍ജ്ജുനന്റെ മുമ്പില്‍ എത്തി ഇപ്രകാരം പറഞ്ഞു: ഹേ, അര്‍ജ്ജുനാ! അര്‍ജ്ജുനാ! ഭാരതാ! ദിവ്യാസ്ത്രങ്ങളൊന്നും തൊടുക്കരുത്‌! ഈ അസ്ത്രങ്ങളൊന്നും തന്നെ ലക്ഷ്യത്തിൽ അല്ലാതെ ഒരിക്കലും തൊടുക്കരുത്‌! ലക്ഷ്യത്തില്‍ തൊടുക്കുക ആണെങ്കിലും അതു സങ്കടത്തിലല്ലാതെ സ്വസ്ഥാവസ്ഥയില്‍ തൊടുക്കരുത്‌. അസ്ത്രങ്ങള്‍ വിട്ടാല്‍ വലിയ ദോഷങ്ങള്‍ സംഭവിക്കും കുരുനന്ദന! വന്നപോലെ തന്നെ അവയെ കാക്കുക! എന്നാൽ ഇവയൊക്കെ ബലത്തോടു കൂടി സുഖാര്‍ഹങ്ങളായി ഭവിക്കും. അതില്‍ യാതൊരു സന്ദേഹവുമില്ല. സൂക്ഷിക്കാതിരുന്നാല്‍ ഇവ മൂന്നു ലോകത്തിനും നാശം വരുത്തിക്കൂട്ടും. അതു ഭവാന്‍ ചെയ്യരുത്‌. ഹേ, അജാതശത്രുവായ യുധിഷ്ഠിരാ! ഭവാന് ഇവയൊക്കെ രണാങ്കണത്തില്‍ വച്ചു കാണാമല്ലോ. ശത്രുക്കളെ മുടിക്കുന്നതിന് പാര്‍ത്ഥന്‍ ഇവയൊക്കെ എടുത്തു പ്രയോഗിക്കുമല്ലോ. അപ്പോള്‍ എല്ലാം കാണാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അസ്ത്രം കാണിക്കുന്നുതില്‍ നിന്ന്‌ അര്‍ജ്ജുനനെ വിരമിപ്പിച്ചതിന് ശേഷം ദേവന്മാരും ഗണങ്ങളും വന്നവഴിക്കു തന്നെ പോയി. അവരൊക്കെ പോയതിന് ശേഷം പാണ്ഡവന്മാര്‍ ആ കാട്ടില്‍ തന്നെ പാഞ്ചാലിയോടു കൂടി സസന്തോഷം പാര്‍ത്തു.

ആജഗരപര്‍വ്വം

176. ഗന്ധമാദന പ്രസ്ഥാനം - പാണ്ഡവന്മാരുടെ ഗന്ധമാദന യാത്ര - ജനമേജയൻ പറഞ്ഞു: അസ്ത്രങ്ങളൊക്കെ നേടി ആ മഹാരഥന്‍ ഇന്ദ്രപുരി വിട്ട്‌ ഇവിടെ വന്നതിന് ശേഷം ആ ശൂരനായ അര്‍ജ്ജുനനോടു കൂടി പാണ്ഡവന്മാര്‍ എന്തു ചെയ്തു?

വൈശമ്പായനൻ പറഞ്ഞു: ആ കാനനത്തില്‍ ആ നരേന്ദ്ര വീരന്മാര്‍ ഇന്ദ്രാഭനായ അര്‍ജ്ജുനനോട് കൂടെ മനോഹരമായ ആ പര്‍വ്വതത്തില്‍ കുബേരന്റെ പൂങ്കാവുകളില്‍ വിഹരിച്ചു. നിസ്‌തുല്യമായ ഓരോ ഭവനങ്ങള്‍ കണ്ടും പല ദ്രുമങ്ങളുടെ ശോഭ കണ്ടും കിരീടി സന്തോഷത്തോടെ സഞ്ചരിച്ചു. കുബേരന്‍ അവര്‍ക്കു സസുഖം വസിക്കുവാന്‍ നല്കിയ ഗൃഹത്തില്‍ വസിച്ച ആ രാജപുത്രന്മാര്‍ മറ്റു സുഖങ്ങളൊന്നും കാംക്ഷിച്ചില്ല. അങ്ങനെ ശുഭമായി കാലം കഴിച്ചു.

ഇങ്ങനെ അര്‍ജ്ജുനനോടു ചേര്‍ന്നു സുഖമായി നാലു വര്‍ഷങ്ങള്‍ അവര്‍ അവിടെ പാര്‍ത്തു. ഒരു രാവ്‌ കഴിഞ്ഞ മട്ടിലേ ആ നാലുവര്‍ഷങ്ങള്‍ അവര്‍ക്കു തോന്നിയുള്ളു. അതിന് മുമ്പേ ആറു വര്‍ഷവും കഴിഞ്ഞു. ഇങ്ങനെ പാണ്ഡവന്മാരുടെ വനവാസകാലം പത്തു സംവത്സരം കഴിഞ്ഞു.

ബലിയായ വായുപുത്രനും, അര്‍ജ്ജുനനും, നകുല സഹദേവന്മാരും ഗൂഢമായി അടുത്തു ചെന്ന്‌ ധര്‍മ്മപുത്രനോട്‌ വിനയാന്വിതം ഉണര്‍ത്തിച്ചു:

ഹേ, കുരുരാജാവേ! ഞങ്ങള്‍ ഭവാനു പ്രിയം ചെയ്യുവാന്‍ വേണ്ടി ഭവാന്റെ സത്യം പാലിച്ചിരിക്കുന്നു. ഇനി കാട്ടില്‍ നിന്നു പോയി, ഭടന്മാരോടു കൂടി ദുര്യോധനന്റെ ക്ഷയത്തിന് വേണ്ടി ശ്രമിക്കുവാന്‍ ഭവാന്‍ ആഗ്രഹിക്കുന്നില്ലേ? പതിനൊന്നു വര്‍ഷമായി ദുര്യോധനന്‍ സുഖമായി വസിക്കുന്നു. ഇനി അവനെ കബളിപ്പിച്ച്‌ അജ്ഞാതവാസം സുഖമായി കഴിക്കാം. ഭവാന്റെ കല്പനയാല്‍ ഞങ്ങള്‍ ശങ്ക കൂടാതെ മാനം വെടിഞ്ഞ്‌ വനങ്ങള്‍ ചുറ്റിക്കറങ്ങി. സമീപത്തു നാമുണ്ടെന്നാണ്‌ അവരുടെ വിചാരം. അകലത്താണ്‌ നാമെന്ന്‌ അവര്‍ അറിയുന്നേയില്ല.

ഇനി ഒരു സംവത്സരം നാം ഒളിവില്‍ കഴിച്ചാല്‍ ആ നരാധമനെ നമുക്കു സംഹരിക്കുകയും ചെയ്യാം. ആ അധമനായ മന്നവനില്‍ വൈരം പൂത്തും ഫലിച്ചും വളരുകയാണ്‌. ഭൃതൃന്മാരോടു കൂടിയ ആ നരാധമന്റെ വൈരം ഇതോടു കൂടി അവസാനിപ്പിക്കാം. അനന്തരം ധര്‍മ്മരാജാവേ! ഭവാന്‍ ഊഴി സംരക്ഷിച്ചാലും. സ്വര്‍ഗ്ഗാഭമായ ഈ ദിക്കില്‍ സഞ്ചരിച്ച്‌, പാര്‍ത്ത്‌, കാലം പോക്കിയാല്‍ ദുഃഖം ഒക്കെ കെടുത്തുവാന്‍ നമുക്കു കഴിയും. പക്ഷേ, അതുകൊണ്ടായില്ലല്ലോ. പുണ്യചരിതനായ ഭവാന്റെ കീര്‍ത്തി ഇതോടു കൂടി ഒപ്പം ലോകത്തില്‍ നശിക്കുന്നതാണ്‌. കുരുക്കളുടെ രാജ്യമൊക്കെ നേടിയതിന് ശേഷം നമുക്ക്‌ പുണ്യമായ വനവാസം നടത്താം. കുബേരന്‍ നല്കിയതു സിദ്ധിക്കുന്നത്‌ എന്നും ഭവാനു ചേരുന്നതാണ്‌. ദ്രോഹിച്ച ശത്രുക്കളെ രണത്തില്‍ മുടിക്കുവാന്‍ ഹേ, ഭാരതരാജാവേ! മനസ്സു വെച്ചാലും. ഭവാന്റെ ഉഗ്രമായ തേജസ്സിനെ സഹിക്കുവാന്‍ വന്നെതിര്‍ക്കുന്ന വജ്രിക്കു പോലും സാദ്ധ്യമല്ല. ദേവന്മാര്‍ നേരിട്ടു പൊരുതുന്നതായാല്‍ പോലും അവര്‍ രണ്ടു പേരും, അതായത്‌ കൃഷ്ണനും സാത്യകിയും, കുലുങ്ങുകയില്ല. അവര്‍ രണ്ടു പേരും ഭവാന്റെ കാര്യത്തിന് സന്നദ്ധരായി നിൽക്കുന്നവരാണ്‌. അപ്രകാരം ഞാനും, യുദ്ധസമര്‍ത്ഥന്മാരായ മാദ്രേയന്മാരും യുദ്ധസന്നദ്ധരായി നിൽക്കുന്നു. അതുകൊണ്ട്‌ ശത്രുക്കളോടേറ്റു ശമനം വരുത്തുക.

വൈശമ്പായനൻ പറഞ്ഞു: പിന്നെ അവരുടെ മനസ്സറിഞ്ഞ്‌ ധര്‍മ്മരാജാവ്‌ വൈശ്രവണന്റെ രാജധാനിയെ വലം വെച്ചു. ഗൃഹം, സരിത്തുകള്‍, സരസ്സ്‌, രക്ഷസ്സുകള്‍ എന്നിവരോടു യാത്ര പറഞ്ഞു. താന്‍ വന്ന മാര്‍ഗ്ഗത്തെ നോക്കി, വീണ്ടും വീണ്ടും ഗിരിയെ നോക്കി നടന്നു. പോകുമ്പോള്‍ രാജാവ്‌ ശൈലത്തോട്‌ ഇപ്രകാരം പറഞ്ഞു: കാര്യം നിര്‍വ്വഹിച്ച്‌ ഇഷ്ടജനങ്ങളോടു കൂടി ശത്രുക്കളെ കൊന്ന്‌ നാടുവാണതിന് ശേഷം വനവാസത്തിനായി ഞാന്‍ വീണ്ടും ഭവാനെ പ്രാപിച്ചു കൊള്ളാം.

സഹോദരന്മാരോടും ബ്രാഹ്മണരോടും കൂടി രാജാവ്‌ ആ വഴിയേ നടന്നു. തന്റെ കൂട്ടുകാരായ രാക്ഷസന്മാരോടു കൂടി ഘടോല്‍ക്കചന്‍ പര്‍വ്വത നിര്‍ത്ധരത്തില്‍ അവരെ എടുത്തു.

പിതാവ്‌ പുത്രന്മാരെ എന്ന വിധം ശാസിച്ച്‌ ലോമശന്‍ സസന്തോഷം സ്വര്‍ഗ്ഗത്തിലേക്കു യാത്ര പറഞ്ഞ്‌ പിരിഞ്ഞു പോയി. പിന്നെ ആര്‍ഷ്ടിഷേണന്‍ പറയുന്ന വിധം തീര്‍ത്ഥങ്ങളും ആശ്രമങ്ങളും മഹാസരസ്സുകളും കണ്ട്‌ നരവീരമുഖ്യന്മാരായ പാര്‍ത്ഥന്മാര്‍ നടന്നു.

177. പുനര്‍ദ്വൈത വനപ്രവേശം - വൈശമ്പായനൻപറഞ്ഞു: മനോഹരമായ പര്‍വ്വതം, ചോലകള്‍, ദിഗ്ഗജങ്ങള്‍, ഖഗാവലികള്‍, കിന്നരന്മാര്‍ ഇവ ചേര്‍ന്നു വിളങ്ങുന്ന സുഖമായ പാര്‍പ്പിടം ഒഴിച്ചു പോരുന്നതില്‍ പാണ്ഡവന്മാര്‍ക്കു വളരെ കുണ്ഠിതമുണ്ടായി. ആ ഭാരതന്മാരുടെ ഹൃദയം തെളിഞ്ഞില്ല. അവര്‍ കൈലാസ പര്‍വ്വതത്തെ തിരിഞ്ഞു നോക്കി. അവര്‍ ഹര്‍ഷം കൊണ്ടു പുളകം കൊണ്ടു. മേഘമാലകള്‍ക്ക് ഇടയിലൂടെ ഉയര്‍ന്നു കാണുന്ന ഗിരിശൃംഗത്തില്‍ കുബേരന്റെ രാജധാനി പ്രശോഭിക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്കു വീണ്ടും പ്രമാദമുണ്ടായി. ഉയര്‍ന്ന പര്‍വ്വത ദുര്‍ഗ്ഗങ്ങളിലെ മാര്‍ഗ്ഗം, സിംഹങ്ങള്‍ അധിവസിക്കുന്ന സ്ഥലം, ഗിരിമാല അണിഞ്ഞ പോലെ വിളങ്ങുന്ന വെള്ളച്ചാട്ടം എന്നിവ കണ്ടു കൊണ്ടും അങ്ങനെ പല മനോഹര കാഴ്ചകളും പല പക്ഷി വര്‍ഗ്ഗ ഭേദങ്ങളും കണ്ടു കൊണ്ടും വില്ലും വാളുമേന്തിയ അവര്‍ സസന്തോഷം നടന്നു.

നല്ല കാടുകള്‍, വലിയ ചോലകള്‍, സരസ്സുകള്‍, ശൈലങ്ങള്‍, ഗുഹാപ്രദേശങ്ങള്‍, ഗിരിഗഹ്വരങ്ങള്‍ എന്നീ പ്രദേശങ്ങള്‍ ആ നരര്‍ഷഭന്മാര്‍ക്ക്‌ രാത്രികാലങ്ങളില്‍ നിവാസ സ്ഥലങ്ങളായി.

പല ദുര്‍ഗ്ഗങ്ങളിലും വാണും അചിന്ത്യമായ കൈലാസം അകന്നു പോന്നും, അവര്‍ ശ്രീ വൃഷപര്‍വ്വാവിന്റെ വാസസ്ഥാനത്തെത്തി.

രാജര്‍ഷിയായ വൃഷപര്‍വ്വാവിനെ കണ്ടു. അദ്ദേഹത്തിന്റെ സല്‍ക്കാരം സ്വീകരിച്ചു. അവിടെ വച്ച്‌ അദ്ദേഹത്തോടു ഗിരിപ്രവാസത്തെ കുറിച്ചു വിസ്തരിച്ചു കേള്‍പ്പിച്ചു. മഹര്‍ഷിമാര്‍ ചൂഴുന്ന വൃഷപര്‍വ്വാവിന്റെ പുണ്യാശ്രമത്തില്‍ അന്നു രാത്രി സസുഖം പാര്‍ത്തു. പിന്നെ വിശാലമായ ബദരിയിലേക്കു പോന്നു. പിന്നെ നരനാരായണ ആശ്രമത്തിലെത്തി. സിദ്ധന്മാരും അമരന്മാരും ചുഴലുന്ന ധനാധിപ സരസ്സു കണ്ടു, നരനാരായണ ആശ്രമത്തില്‍ പാര്‍ത്തു. ആ പൊയ്കയിലിറങ്ങി പാണ്ഡവന്മാര്‍ ശക്രന്റെ പൂങ്കാവിലെന്ന വിധം രമിച്ചു.

പിന്നെ ആ നരവീരന്മാര്‍ പോന്ന വഴിക്കു തന്നെ ചെന്നു. അവര്‍ ബദര്യാശ്രമത്തില്‍ ചരിച്ചു. പിന്നെ സുബാഹു എന്നു പേരായ വേട രാജാവിന്റെ ദിക്കില്‍ സഞ്ചരിച്ചു. പിന്നെ ചീനരുടെ പ്രദേശം, തുഷാര പ്രദേശം, ദരദപ്രദേശം, ഭൂരത്നമായ കളിന്ദനാട്‌ ഇവയൊക്കെ കടന്ന്‌ ദുര്‍ഗ്ഗമമായ ഹിമവല്‍ പ്രദേശത്തിലെ സുബാഹുവിന്റെ ഗൃഹം കണ്ടു. പാണ്ഡുപുത്രന്മാര്‍ തന്റെ അതിര്‍ത്തിയിൽ എത്തിയ വൃത്താന്തമറിഞ്ഞ്‌ സുബാഹു പ്രവരന്‍ സസന്തോഷം ചെന്ന്‌ അവരെ എതിരേറ്റു. അവര്‍ ആ രാജാവിനെ അഭിനന്ദിച്ചു. സുബാഹു രാജാവിനോടു കൂടി ചേര്‍ന്ന്‌ വിശോകന്‍ തുടങ്ങിയ പുത്രന്മാരോടും ഇന്ദ്രസേനന്‍ മുതലായ ഭൃത്യന്മാരോടും പശുക്കളോടും പാചകന്മാരോടുമെല്ലാം ചേര്‍ന്ന്‌ സുഖമായി അവിടെ ആ രാത്രി കഴിച്ചു.

പിന്നെ അവര്‍ രഥങ്ങളോടും സൂതരോടും ചേര്‍ന്ന്‌ ഭൃത്യന്മാരോടു കൂടിയ ഘടോല്‍ക്കചനെ വിട്ടയച്ചു. പിന്നെ ചെഞ്ചോല ചേര്‍ന്ന്‌, മഞ്ഞുമൂടി കിടക്കുന്ന ശ്വേതാരുണപ്രിയതടാചലത്തില്‍, യാമുന പര്‍വ്വതത്തില്‍ ചെന്നെത്തി. വിശാഖയൂപ സ്ഥലത്തെത്തി അവര്‍ പാര്‍ത്തു. വലിയ പന്നി, മാന്‍, പക്ഷികള്‍ എന്നിവ ചേര്‍ന്ന്‌ ആ കാനനം ചൈത്രരഥത്തിന്റെ ഭംഗികലര്‍ന്ന് ഉല്ലസിച്ചു. നായാട്ടുമായി ശുഭമായി പാര്‍ത്ഥന്മാര്‍ സുഖമായി ഒരു സംവത്സരം ആ വനത്തിൽ വാണു. ആ ദിക്കില്‍ വച്ച്‌ അദ്രിഗുഹാഭമായി ക്ഷുത്തു സഹിച്ചു കിടക്കുന്ന ഘോരാന്തക കല്പനായ ഒരുവലിയ പെരുമ്പാമ്പ്‌ ഭീമനെ പിടി കൂടി. ഭീമന്‍ വിഷാദ മോഹാകുലനായി തീര്‍ന്നു.

ഉടനെ ഭീമന്റെ രക്ഷയ്ക്കായി, ധാര്‍മ്മികരില്‍ ഗരിഷ്ഠനും അനന്ത തേജസ്വിയുമായ യുധിഷ്ഠിരന്‍ എത്തി. പെരുമ്പാമ്പ്‌ ദേഹം വരിഞ്ഞു കെട്ടിയ കെട്ടുകള്‍ വിടര്‍ത്തി വിട്ടു. പന്ത്രണ്ടാമത്തെ കൊല്ലം വാഴുവാന്‍ തപസ്വിമാര്‍ ചൈത്രരഥതുല്യം സസന്തോഷം സ്വീകരിച്ച ആ ശോഭനമായ വനവും വിട്ടു.

പിന്നെ മരുധന്വ പാര്‍ശ്വത്ത്‌ ധനുര്‍വേദ രുചി പ്രധാനരായ അവര്‍ സരസ്വതിയുടെ തീരത്തു വസിക്കുവാനായി, ശ്രേഷ്ഠ സരസ്സു ചേര്‍ന്ന ദ്വൈത വനത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ അവിടെ പാര്‍ത്തു. വിവരമറിഞ്ഞ്‌ തപോധനന്മാര്‍ അവരെ വന്നു കണ്ടു. തൃണാംബു പത്രാന്വതരായ അശ്മകുട്ടരും, തപോദമാചാര സമാധിയുള്ളവരും അവരുടെ സമീപത്തെത്തി.

ആല്, താന്നി, രൗഹീതകം, വേതസം, കരിങ്ങാലി, ലന്ത, വാക, കൂവളം, ഇംഗുദം, പീലു, ശമി, കരീരം ഇങ്ങനെ പലവിധം വൃക്ഷങ്ങള്‍ സരസ്വതീ തീരത്തില്‍ പ്രശോഭിച്ചു നിൽക്കുന്നതായി കണ്ടു.

ഗന്ധര്‍വ്വന്മാരാലും യക്ഷന്മാരാലും മഹര്‍ഷിമാരാലും ദേവന്മാരാലും സേവിതമായ സരസ്വതീ തീരത്തില്‍ ചരിച്ച്‌ ആ രാജപുത്രന്മാര്‍ സസന്തോഷം രമിച്ചു.

178. അജഗര ഗ്രഹണം - ഭീമനെ പെരുമ്പാമ്പു പിടിച്ച കഥ - ജനമേജയൻ പറഞ്ഞു: പതിനായിരം നാഗങ്ങളുടെ ബലമുള്ളവനും ഭീമപരാക്രമനുമായ ഭീമന്‍ ഒരു പെരുമ്പാമ്പിനാല്‍ പിടിക്കപ്പെട്ടു ഭീതനായി പോയെന്നറിഞ്ഞ്‌ ഞാന്‍ അത്ഭുതപ്പെടുന്നു. ആ സര്‍പ്പത്തിന്റെ വീരൃത്തെ ഓര്‍ത്തും ഞാന്‍ അത്ഭുതപ്പെടുന്നു. ആരാണീ സര്‍പ്പം? പുലസ്തൃ പുത്രനായ വൈശ്രവണനെ ഗര്‍വ്വു കൊണ്ട്‌ യുദ്ധത്തിനു വിളിച്ചവനും യക്ഷരാക്ഷസന്മാരെ പൊയ്കയില്‍ വച്ച്‌ അടിച്ചു കൊന്നവനും ശത്രുനാശനനുമായ ഭീമന്‍ ഭയപ്പെട്ടു പോയി എന്നു ഭവാന്‍ പറഞ്ഞുവല്ലോ. ആ സംഭവം ഒന്നു വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: അത്യത്ഭുതകരമായ ആ കാട്ടില്‍ വൃഷപര്‍വ്വാവിന്റെ ആശ്രമം വിട്ടു വന്ന്‌ ആ വില്ലാളികള്‍ പാര്‍ക്കുന്ന കാലത്ത്‌ യദൃച്ഛയാ വില്ലും വാളുമേന്തി വൃകോദരൻ, ദേവഗന്ധര്‍വ്വന്മാര്‍ നിറഞ്ഞ ആ വനവും കണ്ടു കൊണ്ടു നടക്കുകയായിരുന്നു. അങ്ങനെ അവന്‍ ഹിമാലയത്തില്‍ പല ശുഭസ്ഥലങ്ങളും കണ്ടു സഞ്ചരിച്ചു. അവിടെയൊക്കെ ദേവര്‍ഷിമാരും സിദ്ധന്മാരും ഗന്ധര്‍വ്വന്മാരും അപ്സരസ്ത്രീകളും ഉണ്ടായിരുന്നു. ഉപചക്ര ചകോരങ്ങളും, ജീവഞ്ജീവ ഖഗങ്ങളും, നല്ല വണ്ടുകളും, കുയിലുകളും നിറഞ്ഞ വൃക്ഷങ്ങള്‍, പൂത്തും കായ്ച്ചും ഭംഗിയായി നിന്നിരുന്നു. അവയൊക്കെ കുളുര്‍ത്ത നിഴല്‍ വിരിച്ച്‌ കണ്ണിനും കരളിനും കുളുര്‍മ്മ നല്കി.

ഹംസകാരണ്ഡ വാകീര്‍ണ്ണമായി, ഹിമസന്നിഭമായ വാരികള്‍, വൈഡൂര്യ നിറമായി വിളങ്ങുന്ന മലഞ്ചോലകള്‍ അവന്‍ കണ്ടു. മഴക്കാറു പോലെ ഇരുണ്ട ദേവതാരു വൃക്ഷങ്ങളും, രക്തചന്ദന വ്യക്ഷങ്ങളോട് ഇടകലര്‍ന്ന്‌, സൗരഭ്യം വീശുന്ന കാരകില്‍ വൃക്ഷവനങ്ങളും അവന്‍ കണ്ടു. അങ്ങനെ ഭീമന്‍ കൗതുകങ്ങളൊക്കെ നോക്കി കണ്ട്‌ നായാട്ടു ചെയ്ത്‌ മരുധന്വ പരപ്പിലേക്കു കയറി. മൃഗങ്ങളെ ശുദ്ധബാണങ്ങള്‍ എയ്തു കൊന്നു.

പ്രസിദ്ധനായ ഭീമസേനന്‍ ശക്തനായ ഒരു പന്നിയെ അമ്പെയ്തു കൊന്നു. പിന്നെ മാന്‍, കാട്ടുപോത്ത്‌, ഇവകളെ അവിടവിടെ കൊന്നു കൊന്ന്‌ നൂറ്‌ ആനയ്ക്കൊക്കുന്ന ഊക്കുള്ളവനും നൂറുപേരെ ഒന്നിച്ചു തടഞ്ഞു നിര്‍ത്തുവാന്‍ പോന്നവനുമായ ആ ഭീമപരാക്രമന്‍ നടന്നു. സിംഹവ്യാഘ്രോഗ്ര വിക്രാന്തനായ അവന്‍ മാമരങ്ങള്‍ പറിച്ച്‌, ഊക്കോടെ തച്ചൊടിച്ച്‌, ഭൂഭാഗങ്ങളും ആ കാടുമൊക്കെയിട്ടു കുലുക്കി. പര്‍വ്വതാഗ്രം അടിച്ചുടച്ച്‌, സസന്തോഷം ആര്‍ത്തു കയറി. മരം പറിച്ചെറിഞ്ഞ്‌ ഭൂമി കുലുക്കി, യാതൊരു ഭയവും കൂടാതെ പാഞ്ഞു കയറി. കൂക്കിയാര്‍ത്തു വിളിച്ചും, കൈകൊട്ടി ഒച്ചപ്പെടുത്തിയും, ഒട്ടു വളരെ ഗര്‍വ്വു കാട്ടിയും, ആ കാട്ടില്‍ ഭീമന്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ മഹാബലന്മാരായ ആനകളും സിംഹങ്ങളുമൊക്കെ ഭയപ്പെട്ട്‌ ഗുഹകളില്‍ നിന്നു പുറത്തു ചാടി ഓടിത്തുടങ്ങി. ചിലേടത്തിരുന്നും ചിലേടത്തു പാഞ്ഞും അവന്‍ നിര്‍ഭയനായി വനത്തില്‍ ചുറ്റി. ഇങ്ങനെ വനചരോപമനായ അവന്‍ മൃഗങ്ങളെ തേടി ചുറ്റി കാല്‍നടയായി ആ കൊടുംകാട്ടില്‍ പാഞ്ഞു കയറി, എല്ലാ ജീവികളേയും ഭയപ്പെടുത്തി. ഭീമന്റെ ആരവത്താല്‍ ഗുഹകളില്‍ അധിവസിക്കുന്ന അഹികളൊക്കെ ഭയാക്രാന്തരായി പാഞ്ഞൊളിച്ചു. അവന്‍ മെല്ലേ ചെന്നപ്പോള്‍ അവിടെ രോമാഞ്ച പ്രദമായ ഒരു വലിയ പാമ്പിനെ കണ്ടു. ആ ഭയങ്കര സത്വം മെയ് കൊണ്ടു ഗുഹ മൂടി ഗിരിദുര്‍ഗ്ഗത്തില്‍ വാഴുകയായിരുന്നു. പര്‍വ്വതം പോലെ വമ്പിച്ച മെയ്യുള്ളതും, വളരെ ശക്തിയുള്ളതും. വിചിത്ര രേഖകള്‍ കൊണ്ടു ചിത്രാംഗമായിട്ടുള്ളതും, മഞ്ഞള്‍ നിറമുള്ളതും, നാലു ദംഷ്ട്രകളോടും,

ദീപ്ത നേത്രങ്ങളോടും കൂടിയതുമായിരുന്നു അതിന്റെ രൂപം. വലിയ ഗുഹ പോലുള്ള അതിന്റെ വായില്‍ നാവിട്ടിളക്കി എല്ലാവര്‍ക്കും ഭയമുണ്ടാക്കുന്ന കാലാന്തകനെ പോലെ അതു നിശ്വാസത്തില്‍ തന്നെ വിഷം വമിക്കുമാറു നില്‍ക്കുന്നതായും കണ്ടു. ഭീമനെ കണ്ടയുടനെ കോപത്തോടെ ചീറിപ്പാഞ്ഞു ചെന്ന്‌ അവന്റെ രണ്ടു കൈക്കും കൂടി ആ പെരുമ്പാമ്പു പിടിച്ചു. ആ പാമ്പ്‌ തൊട്ട മാത്രയ്ക്കു തന്നെ ഭീമന്റെ ബോധം മറഞ്ഞു. അവന്റെ വരദാന ബലം കൊണ്ടാണ്‌ ഭീമന്‍ അങ്ങനെ സംഭവിച്ചത്‌. പതിനായിരം ആനയുടെ ശക്തിയുള്ള ഭീമന്റെ കയ്യൂക്ക്‌ അതിരറ്റതാണെങ്കിലും, അതൊന്നും പാമ്പിന്റെ നേരേ ഫലിച്ചില്ല. അവന്‍ ആ പെരുമ്പാമ്പിന്റെ പിടിയില്‍ പെട്ടു പോയി. ഭീമന്‍ തന്റെ ശക്തിയൊക്കെയിട്ടു കുടഞ്ഞു നോക്കി. എന്നാൽ അവന്‍ അനങ്ങുവാന്‍ കഴിഞ്ഞില്ല. നാഗായുത പ്രാണനും, സിംഹസ്കന്ധനും, മഹാഭുജനുമായ ഭീമന്‍ അവശനായി ബോധഹീനനായി. ഭീമന്‍ പെരുമ്പാമ്പില്‍ നിന്നു രക്ഷപെടുവാന്‍ അശക്തനായി കിടന്നു.

179. യുധിഷ്ഠിര ഭീമദര്‍ശനം - യുധിഷ്ഠിരന്‍ ഭീമനെ കണ്ടെത്തുന്നു - വൈശമ്പായനൻ പറഞ്ഞു: തേജസ്വിയായ ഭീമസേനനെ ഇപ്രകാരം പെരുമ്പാമ്പു പിടിച്ചപ്പോള്‍ ഭീമന്‍ ആ സര്‍പ്പത്തിന്റെ ആശ്ചര്യകരമായ മഹാബലത്തെപ്പറ്റി കിടന്ന കിടപ്പില്‍ ചിന്തിച്ചു. അവന്‍ ആ മഹാസര്‍പ്പത്തോടു ചോദിച്ചു. ഹേ, പന്നഗമേ! നീ താല്പര്യത്തോടെ എന്നോടു പറയു, ഭവാന്‍ ആരാണ്‌ പന്നഗശ്രേഷ്ഠ? ഭവാന്‍ ഇപ്പോള്‍ എന്നെ എന്തിനാണ്‌ പിടിച്ചിരിക്കുന്നത്‌? ഞാന്‍ ധര്‍മ്മരാജാവിന്റെ സഹോദരനായ ഭീമസേനനാണ്‌. നാഗായുത സമപ്രാണനായ എന്നെ നീ എങ്ങനെ പിടിച്ച്‌ ഒതുക്കിക്കളഞ്ഞു? സടചിന്നുന്ന സിംഹങ്ങളേയും, ഉഗ്രവ്യാഘ്രങ്ങളേയും, കാട്ടുപോത്തുകളേയും. അസംഖ്യം ആനകളേയും പോരാടി സംഹരിച്ചവനാണ്‌ ഞാന്‍. രാക്ഷസന്മാര്‍, പിശാചുക്കള്‍, പന്നഗങ്ങള്‍ എന്നിവയൊന്നും എന്റെ കയ്യൂക്കു താങ്ങുവാന്‍ ശക്തരല്ലല്ലോ പന്നഗോത്തമാ! അങ്ങു വിദ്യാബലം കൊണ്ടോ, വരബലം കൊണ്ടോ, എന്തു മഹാബലം കൊണ്ടാണ്‌ എന്നെ ബന്ധിച്ചത്‌: ഞാന്‍ എത്ര പ്രയത്നപ്പെട്ടു നോക്കി! എന്നിട്ടും നിന്റെ പിടിയില്‍ പെട്ടു പോയി. നരന്മാരുടെ വിക്രമമൊക്കെ സത്യമായി എനിക്കു തോന്നുന്നില്ല. അല്ലെങ്കില്‍ എന്റെ ഈ മഹാശക്തി ഹേ ഭുജംഗമ, നീ തടുത്തുവല്ലേോ

വൈശമ്പായനന്‍ പറഞ്ഞു: അക്ലിഷ്ടകാരിയായ ഭീമന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ സര്‍പ്പം ഉടല്‍ കൊണ്ട്‌ അവനെ അമര്‍ത്തിപ്പിടിച്ച്‌ ദേഹമൊക്കെ ചുറ്റി വരിഞ്ഞു. അവന്റെ കൈ രണ്ടും വിട്ടു. പിന്നെ ആ സര്‍പ്പം അവനോട് ഇപ്രകാരം പറഞ്ഞു: "എടോ ഭീമാ! വിശക്കുന്ന എനിക്കു ദേവന്മാര്‍ നിന്നെ തിന്നുവാന്‍ തന്നിരിക്കയാണ്‌. വളരെനാള്‍ കഴിഞ്ഞതിന് ശേഷം കിട്ടിയ ഒരു ഭക്ഷണമാണു നീ. പ്രാണിക്കു പ്രാണനേക്കാള്‍ വലിയതായി മറ്റൊന്നുമില്ലല്ലോ. ഞാന്‍ ഇങ്ങനെ ഒരു സര്‍പ്പരൂപത്തെ പ്രാപിച്ചതാണ്‌. അതും ഞാന്‍ നിന്നോടു പറയാം. അതു നിന്നോടു പറയേണ്ട കഥയാണ്‌. ഭവാന്‍ കേട്ടു കൊള്ളുക. മഹര്‍ഷിമാരുടെ കോപം മൂലം ഞാന്‍ ഈ നിലയിലെത്തിയതാണ്‌. ശാപത്തിന്റെ അവസാനമായെന്നു ഞാന്‍ കാണുന്നു. അതും ഞാന്‍ നിന്നോടു പറയാം".

രാജര്‍ഷിയായ നഹുഷധെപ്പറ്റി തീര്‍ച്ചയായും ഭവാന്‍ കേട്ടിട്ടുണ്ടാകും. ഭവാന്റെ പൂര്‍വ്വന്മാര്‍ക്കും പൂര്‍വ്വനായ വംശകൃത്തും, ആയുസ്സിന്റെ പുത്രനുമാണ്‌ അവന്‍. അവന്‍ ഈയുള്ളവന്‍ തന്നെയാണ്‌. വിപ്രന്മാരെ നിന്ദിക്കുക മൂലം അഗസ്തൃ മഹര്‍ഷി എന്നെ ശപിച്ചു. അങ്ങനെ ഞാന്‍ ഈ അവസ്ഥയിൽ ആയിത്തീര്‍ന്നു. ദൈവശക്തി നോക്കൂ!

പ്രിയദര്‍ശനനും ദായാദനുമായ നീ എനിക്ക്‌ അവദ്ധൃയനാണ്‌. അങ്ങനെയുള്ള നിന്നെ ഞാന്‍ ഇന്നു തിന്നുകയാണ്‌. ദൈവകല്പിതം നോക്കുക! എന്റെ പിടിയില്‍ പെട്ടാല്‍ പിന്നെ ഒരുത്തനും രക്ഷയില്ല. വിട്ടു പോകാന്‍ സാദ്ധ്യമല്ല. കഷ്ടകാലത്താല്‍ വന്നുപെട്ട ആനയും പോത്തും എന്നു വേണ്ട, ഒന്നും തന്നെ എന്റെ പിടിയിൽ നിന്നു വിട്ടു പോയിട്ടില്ല. ഞാന്‍ തിര്യക് യോനിയില്‍ ഉള്‍പ്പെട്ട വെറും പന്നഗമല്ല. ഞാന്‍ നിന്നേയും പിടി കൂടി. എനിക്കു കിട്ടിയ വരദാനം അങ്ങനെ ചെയ്യിച്ചു.

ഞാന്‍ ഇന്ദ്രാസന വിമാനത്തില്‍ നിന്നു വീഴുമ്പോള്‍ ശാപാവസാനം നല്കണമെന്ന്‌ ഭഗവാനായ മുനിയോട്‌ അഭ്യര്‍ത്ഥിച്ചു. തേജസ്വിയായ അദ്ദേഹം എന്നില്‍ കനിഞ്ഞ്‌ ഇപ്രകാരം പറഞ്ഞു:"കുറേക്കാലം കഴിഞ്ഞാല്‍ രാജാവേ, നിനക്കു മോക്ഷം കിട്ടും". ഞാനങ്ങനെ ഭൂമിയില്‍ വീണു. എന്നാൽ, എന്റെ ബോധം നശിച്ചില്ല. ഞാന്‍ പണ്ടു പഠിച്ചതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്‌. നിന്റെ ചോദ്യത്തിനൊക്കെ ശരിയായ ഉത്തരം നൽകുന്ന വിദ്വാന്‍ നിനക്കു ശാപമോക്ഷം നല്കും എന്ന് ആ മഹര്‍ഷി എന്നോടുപറയുകയും ചെയ്തു. പിന്നെ, ആ മുനി ഇപ്രകാരവും പറഞ്ഞു: "ബലമേറുന്ന ജീവിയായാലും രാജാവേ, ഭവാന്‍ പിടിച്ചാലുടനെ എല്ലാറ്റിന്നും സത്വ ഭ്രംശം പറ്റും. ഇത്‌ ഏതു ജീവിയായാലും സംഭവിക്കുന്നതാണ്‌. ഇപ്രകാരവും മുനി എന്നെ അനുഗ്രഹിച്ചു. ഞാന്‍ വീഴുന്ന അവസരത്തില്‍ കരഞ്ഞ്‌ ഞാന്‍ ഈ വിവരങ്ങളൊക്കെ ധരിച്ചു. ആ മഹാപാപിയായ ഞാനിങ്ങനെ നരകത്തില്‍ പതിച്ചു കിടക്കുകയാണ്‌. സര്‍പ്പജാതിയില്‍ പെട്ട്‌ കാലത്താല്‍ രക്ഷിക്കപ്പെട്ടു ഞാന്‍ വാഴുന്നു.

ഇതുകേട്ട്‌ ഭീമന്‍ ആ മഹാഭുജംഗത്തോടു പറഞ്ഞു: ഹേ, മഹാസര്‍പ്പമേ! എനിക്കു ഭവാനോടു കോപംമില്ല. ആത്മനിന്ദയും എനിക്കില്ല. സുഖവും ദുഃഖവും സമ്പാദിക്കുവാനും പോക്കാനും സാമര്‍ത്ഥ്യമുണ്ടായാലും സാമര്‍ത്ഥ്യമില്ലാതിരുന്നാലും അതില്‍ മനുഷ്യന്‍ ദുഃഖിക്കരുത്‌. ദൈവത്തെ പൗരുഷം കൊണ്ടു തോല്‍പിക്കുവാനായി ആരുണ്ട്‌? ദൈവം വലിയതു തന്നെ എന്നു ഞാനോര്‍ക്കുന്നു. പൗരുഷം നിഷ്ഫലം തന്നെ. നോക്കു, ദൈവം പിഴച്ചതു മൂലം മഹാബാഹുവായ ഞാന്‍, ഒരു കാരണവും കൂടാതെ ഈ നിലയിലായതു നോക്കുക! ഞാന്‍ എന്റെ നാശം ഓര്‍ത്തു മാത്രം ദുഃഖിക്കുന്നില്ല. രാജ്യം നഷ്ടപ്പെട്ടു കാട്ടില്‍ ഉഴലുന്ന ഭ്രാതാക്കന്മാരെ ചിന്തിച്ചാണ്‌ എനിക്കു വ്യസനം. യക്ഷരാക്ഷസന്മാരുള്ള ഈ ഹിമവല്‍ പര്‍വ്വതം മഹാദുര്‍ഗ്ഗമമാണ്‌. എന്നെ അന്വേഷിച്ചു കാണാതെ എന്റെ ഭ്രാതാക്കള്‍ സങ്കടപ്പെട്ട്‌ ഉഴലും. ഞാന്‍ മരിച്ചു പോയി എന്നറിഞ്ഞാല്‍ അവര്‍ നിരുത്സാഹരാകും. രാജ്യാര്‍ത്ഥിയായ ഞാന്‍ മൂലം ആ ധര്‍മ്മിഷ്ഠന്മാര്‍ കഷ്ടത്തിലാകും.

അല്ലെങ്കില്‍ എന്തിന് ഞാന്‍ വൃസനിക്കുന്നു? ധീമാനായ അര്‍ജ്ജുനനില്ലേ? അവനൊരിക്കലും വ്യസനിക്കില്ല. സര്‍വ്വാസ്ത്രജ്ഞനും, ദേവഗന്ധര്‍വ്വ ആശരന്മാര്‍ക്കെല്ലാം സുദുസ്സഹനുമാണ്‌ അവന്‍. അവനൊറ്റയ്ക്കു മതി ദേവേന്ദ്രനെ പോലും സ്ഥാനത്തു നിന്നു വീഴ്ത്തുവാന്‍. പിന്നെയാണോ, കള്ളച്ചൂതു കളിക്കുന്ന ധാര്‍ത്തരാഷ്ട്രന്മാരെ ഓടിക്കുവാന്‍. ലോഭമോഹാന്ധനായി, സര്‍വ്വദ്വേഷിയായിരിക്കുന്ന ആ ദുഷ്ടനെപ്പറ്റി പിന്നെ പറയേണ്ടതുണ്ടോ? എനിക്ക്‌ അമ്മയെപ്പറ്റിയാണ്‌ വിചാരം. സാധുവായ അമ്മ! പുതവ്രത്സലയായ അമ്മ! ശത്രുക്കളേക്കാള്‍ മെച്ചം ഞങ്ങള്‍ക്ക് ഉണ്ടാകണമെന്ന്‌ കൊതിച്ചു കൊണ്ടു വസിക്കുന്ന അമ്മ! അനാഥയായ എന്റെ അമ്മ അയ്യോ എന്റെ അമ്മ, എന്റെ നാശം മൂലം ആശ തകര്‍ന്ന്‌ എന്തു മട്ടാകും; എന്നെക്കുറിച്ചുള്ള അവരുടെ മനോരാജ്യമൊക്കെ തകരുവാനാണു പോകുന്നത്‌. ജ്യേഷ്ഠന്മാരെ അനുവര്‍ത്തിക്കുന്നവരായ നകുലസഹദേവന്മാര്‍ എന്റെ ബാഹുരക്ഷയില്‍ പുരുഷമാനികളായി ജീവിക്കുന്നവരാണ്‌. അവര്‍ വീര്യവും വിക്രമവും കെട്ടു നിരുത്സാഹികളാകുവാന്‍ പോവുകയാണ്‌. ഇങ്ങനെ പലതും പറഞ്ഞ്‌ വൃകോദരൻ വിലപിച്ചു. ആ പാമ്പിനാല്‍ ചുറ്റപ്പെട്ട ഭീമന്‍ അനങ്ങുവാന്‍ വയ്യാതെ കിടന്നു.

ഈ സമയത്ത്‌ യുധിഷ്ഠിരന്‍ ഘോരമായ പല ദുശ്ശകുനങ്ങളും കണ്ടു. ഘോരമായ ഉല്‍പാതങ്ങള്‍ കണ്ട്‌ യുധിഷ്ഠിരന്റെ ഹൃദയം അസ്വസ്ഥമായി. വലത്തു ഭാഗത്തു നിന്ന്‌ കുറുക്കന്‍ ഉഗ്രമായി ഓരിയിട്ടു! ആ സൃഗാലന്‍ ആശ്രമത്തില്‍ ദീപ്തമായ ദിക്കില്‍ ഭയപ്പെട്ടു പറ്റി നിന്നു. ഒറ്റക്കണ്ണും, ഒറ്റക്കാലും ഒറ്റച്ചിറകുമായി ഘോരമായ കാഴ്ചയില്‍ വര്‍ത്തിക സൂര്യനെ നോക്കി ഉല്‍ക്കടമായി ചോര കക്കുന്നതും കണ്ടു. ചരല്‍പ്പൊടി പറപ്പിച്ചു രൂക്ഷമായി ചുഴലിക്കാറ്റടിച്ചു. മൃഗങ്ങളുടേയും, പക്ഷികളുടേയും നാദം, അപസവ്യങ്ങളായി പിന്നില്‍ നിന്നു കരിങ്കാക്ക "പോക! പോക!", എന്നു പറയുന്നതു പോലെ യുധിഷ്ഠിരന് തോന്നി. അവന്റെ ദക്ഷിണ ഭുജം വീണ്ടും വീണ്ടും വിറച്ചു. ഇടങ്കാലും ഹൃദയവും ഏറ്റവും പരിതപിച്ചു. അനിഷ്ടകരമായി ഇടങ്കണ്ണിളകുന്നതും കണ്ടു.

മേധാവിയായ യുധിഷ്ഠിരന്‍ ആപത്തു നിനച്ച്‌, പാഞ്ചാലിയോടു ചോദിച്ചു: "ഭീമനെവിടെ പോയി?".

ഭീമന്‍ പോയിട്ടു വളരെ നേരമായി എന്നു പാര്‍ഷതി മറുപടി പറഞ്ഞു. ഉടനെ രാജാവ്‌ ധൗമ്യനോടു കൂടി പുറപ്പെട്ടു. പാഞ്ചാലിയെ കാത്തുകൊള്ളുക എന്ന് അര്‍ജ്ജുനനോടു പറഞ്ഞു. വേഗത്തില്‍ നടന്നു. മാദ്രേയന്മാരോട്‌ ദ്വിജന്മാരെ സംരക്ഷിക്കണമെന്നും പറഞ്ഞു. അങ്ങനെ മഹാവനത്തില്‍ യുധിഷ്ഠിരന്‍ ഭീമനെ തിരഞ്ഞു നടന്നു. കിഴക്കേ ഭാഗത്തായി കൊമ്പനാനകളെ കണ്ടു. അവിടെ നടക്കുമ്പോള്‍ ഭൂമിയില്‍ ഭീമന്‍ പോയതിന്റെ ചിഹനങ്ങള്‍ കണ്ടു. ഉടനെ മൃഗസഹസ്രങ്ങളും മൃഗരാജശതങ്ങളും വീണു കിടക്കുന്നതായി കണ്ടു. ആ വഴിക്ക്‌ അവര്‍ കാടുകയറി നടന്നു. മൃഗങ്ങളെ പിടിക്കുവാന്‍ വായുവേഗത്തില്‍ അവന്‍ ഓടുമ്പോഴുണ്ടാകുന്ന കാറ്റേറ്റ്‌ ഒടിഞ്ഞ മരങ്ങള്‍ രാജാവു കണ്ടു. ആഅടയാളം നോക്കി ആ വഴിക്കു നടന്ന്‌ അവര്‍ ഒരു ഗിരിഗഹ്വരത്തിൽ എത്തി. നിഷ്പത്രവൃക്ഷമായി രൂക്ഷമായ കാറ്റു വീശുന്ന ഒരിടത്തെത്തി. അവിടം വെള്ളമില്ലാതെ ഊഷരമായ ഒരു പ്രദേശമാണ്‌. ധാരാളം മുള്‍വൃക്ഷങ്ങളുണ്ട്‌. കല്ലും മരക്കുറ്റിയുമായി വളരെ ദുര്‍ഘടമായ സ്ഥലത്ത്‌ ദുര്‍ഗ്ഗമമായ ആ പ്രദേശത്ത്‌ പെരുമ്പാമ്പു ചുറ്റി ചേഷ്ടയില്ലാതെ കിടക്കുന്ന ഭീമനെ യുധിഷ്ഠിരന്‍ കണ്ടു.

180. യുധിഷ്ഠിര സര്‍പ്പ സംവാദം - വൈശമ്പായനൻ പറഞ്ഞു: പെരുമ്പാമ്പു ചുറ്റി നിശ്ചേഷ്ടനായി കിടക്കുന്ന ഭീമനെ കണ്ട്‌ യുധിഷ്ഠിരന്‍ അടുത്തു ചെന്നു വ്യസനത്തോടെ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: പ്രിയ സഹോദരാ! നീ എങ്ങനെ ഈ ആപത്തില്‍ പെട്ടു? മലപോലെ ഭയങ്കരനായ ഈ പന്നഗശ്രേഷ്ഠന്‍ ആരാണ്‌?

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ ഭീമന്‍ എല്ലാ വര്‍ത്തമാനവും ജ്യേഷ്ഠനോട്‌ അവിടെക്കിടന്നു പറഞ്ഞു.

ഭീമന്‍ പറഞ്ഞു. ജ്യേഷ്ഠാ! ബലവാനായ ഇവന്‍ എന്നെ തിന്നുവാന്‍ പിടിച്ചതാണ്‌. രാജര്‍ഷിയായ നഹുഷന്‍ ശാപത്താല്‍ പാമ്പായി തീര്‍ന്നതാണ്‌!

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, സര്‍പ്പമേ! ആയുഷ്മാനേ! ഭവാന്‍ എന്റെ സഹോദരനെ വിട്ടയയ്ക്കുക! ഭവാന്‍ വിശപ്പടക്കുവാന്‍ ഞാന്‍ വേറെ ഇര നല്കാം.

സര്‍പ്പം പറഞ്ഞു: ഞാന്‍ ഇര കിട്ടുവാന്‍ കൊതിച്ചിരിക്കുമ്പോള്‍ എനിക്കു കിട്ടിയ ഇരയാണിവന്‍. നീ നിൽക്കേണ്ട! പൊയ്‌ക്കൊള്ളുക. ഇവിടെ നിന്നാല്‍ നാളേക്ക്‌ നിന്നേയും ഞാന്‍ പിടിച്ചു തിന്നും. ഇത്‌ എന്റെ വ്രതമാണ്‌. എന്റെ താവളത്തില്‍ വന്നവരെ ആരേയും ഞാന്‍ വിടില്ല. നീയും എന്റെ സങ്കേതത്തില്‍ വന്നെത്തിയവനാണ്‌. വളരെ നാള്‍ കഴിഞ്ഞതിന് ശേഷം എനിക്കു ലഭിച്ച ഇര ഞാന്‍ വിടില്ല. വേറെ ഒന്നും എനിക്കു വേണ്ട. ആഗ്രഹവുമില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭവാന്‍ ദേവനാണോ? ദൈത്യനാണോ? നാഗം തന്നെയാണോ? നേരു പറയുക. യുധിഷ്ഠിരനാണ്‌ ചോദിക്കുന്നത്‌. ഭീമസേനനെ നീ എന്തിനാണു പിടിച്ചത്‌? നീ എന്തായാലും ഇവനെ വിടണം. എന്തു തീറ്റ വേണമെങ്കിലും തരാം.

സര്‍പ്പം പറഞ്ഞു: ഞാന്‍ നഹുഷന്‍ എന്ന രാജാവാണ്‌. നിന്റെ പൂര്‍വ്വികനാണ്‌. പ്രസിദ്ധനായ സോമനില്‍ നിന്നും അഞ്ചാമനാണ്‌ ഞാന്‍. ആയുസ്സു രാജാവിന്റെ പുത്രനാണ്‌. യജ്ഞം, തപസ്സ്‌, അദ്ധ്യയനം, ദമം എന്നിവയാല്‍ ഞാന്‍ മുന്നു ലോകത്തിനും അധീശ്വരനായി വാണു. ഞാന്‍ വിക്രമം കൊണ്ട്‌ പ്രസിദ്ധനായിരുന്നു. അപ്രകാരം ഐശ്വര്യവാനായ എന്നെ ഗര്‍വ്വു ബാധിച്ചു. എന്റെ പല്ലക്കെടുക്കുവാന്‍ ആയിരം ആര്യ ബ്രാഹ്മണരെ ഞാന്‍ നിയമിച്ചു. ഐശ്വരൃ മദമത്തനായ ഞാന്‍ ആര്യ ബ്രാഹ്മണരെ നിന്ദിച്ചതു കൊണ്ട്‌ അഗസ്ത്യന്റെ ശാപത്താല്‍ ഈ നിലയില്‍ പെട്ടു പോയി രാജാവേ! എനിക്ക്‌ ഇന്നും പ്രജ്ഞ നശിച്ചിട്ടില്ല. അതു മഹാത്മാവായ അഗസ്ത്യന്റെ വരം കൊണ്ടാണ്‌. ആറാമത്തെ തലമുറ വന്നപ്പോള്‍ നിന്റെ സഹോദരന്‍ എനിക്ക്‌ ആഹാരമായി ഇവിടെ എത്തി. അവനെ ഞാന്‍ വിടില്ല. വേറെ ഒന്നിലും എനിക്കു കാംക്ഷയുമില്ല. ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ ഉത്തരം പറയുവാന്‍ നിനക്കു കഴിയുമോ?പറയാമെങ്കില്‍ ഞാന്‍ നിന്റെ അനുജനെ വിട്ടു തരാം.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, സര്‍പ്പമേ! ഭവാന്‍ യഥേഷ്ടം ചോദിച്ചാലും! ഞാന്‍ ഉത്തരം പറയാം. ഭവാന്റെ പ്രീതി നല്കുവാന്‍ എന്റെ ഉത്തരം പര്യാപ്തമാകുമെങ്കില്‍ ആകട്ടെ! ബ്രാഹ്മണന് അറിയേണ്ടത് എന്തെന്ന്‌ ഭവാൻ അറിയുന്നുണ്ടല്ലോ! ഹേ, സര്‍പ്പരാജാവേ! ചോദിക്കുക! കേട്ടാല്‍ ഞാന്‍ മറുപടി പറയാം.

സര്‍പ്പം പറഞ്ഞു: ആരാണു ബ്രാഹ്മണന്‍? അറിയപ്പെടേണ്ടത്‌ (വേദ്യം) എന്താണ്‌? ഹേ, യുധിഷ്ഠിര! നീ ബുദ്ധിമാനാണെന്നു കരുതുന്നുണ്ടെങ്കില്‍ പറയുക.

യുധിഷ്ഠിരന്‍ പറഞ്ഞു: സത്യം, ദാനം, ക്ഷമാശീലം, ആന്യശംസ്യം, തപം, ദയ ഇവ ചേര്‍ന്നവനാണ്‌ ബ്രാഹ്മണന്‍! പിന്നെ പരമമായത്‌ ബ്രഹ്മമാണ്‌. അത്‌ സുഖദുഃഖഹീനമാണ്‌. അതാണ്‌ വേദ്യം! അറിയേണ്ട വസ്തു അതാണ്‌ പന്നഗശ്രേഷ്ഠാ! അവിടെ എത്തിയാല്‍ അല്ലല്‍ എന്നുള്ളതില്ല. ഭവാന് എന്താണ്‌ ഇനി പറയുവാനുള്ളത്‌?

സര്‍പ്പം പറഞ്ഞു: നാലു ജാതിക്കും ഹിതമായ പ്രമാണം സത്യവേദമാകുന്നു. ശൂദ്രന്മാരിലും സത്യം, ദാനം, അക്രോധം എന്നീ ഗുണങ്ങള്‍ ഉണ്ടാകാം. ആനൃശംസ്യവും, അഹിംസയും, ദയയും ഉണ്ടാകാം. ദുഃഖവും, സൗഖ്യവും കൂടാത്തതാണല്ലോ വേദ്യമായത്‌? ഹേ, രാജാവേ! ഇവ രണ്ടും വിട്ടതായ ഒരിടവും എന്റെ കാഴ്ചയില്‍ ഞാന്‍ കാണുന്നില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: ശൂദ്രനില്‍ കണ്ടതായ ഈ ഗുണചിഹ്നം ദ്വിജനില്‍ കണ്ടില്ലെങ്കില്‍ ആ ശൂദ്രന്‍ ശൂദ്രനല്ല; വിപ്രന്‍ വിപ്രനുമല്ല. ഈ വൃത്തം തികഞ്ഞവനാണ്‌ ബ്രാഹ്മണന്‍. ഈ വൃത്തം തികയാത്ത ബ്രാഹ്മണന്‍ ശൂദ്രനാണ്‌ എന്നു തീരുമാനിക്കണം. പിന്നെ ഭവാന്‍ പറഞ്ഞില്ലേ? വേദ്യം ഇല്ലെന്ന്‌? കേവലം സുഖദുഃഖങ്ങളൊഴിഞ്ഞ പദമില്ലെന്ന്‌? അതു ശരിയാണ്‌! രണ്ടുമില്ലാത്ത ഇടമില്ല. ശീതോഷ്ണങ്ങളില്‍ ഉഷ്ണശീതങ്ങള്‍ ചേരാത്ത വിധം! ഇങ്ങനെ സുഖദുഃഖങ്ങള്‍ ഇല്ലാത്ത പദമില്ല തന്നെ. ഇതാണ്‌ എന്റെ മതം. ഹേ, സര്‍പ്പമേ! ഭവാന്‍ എന്തു ചിന്തിക്കുന്നു ഇതില്‍?

സര്‍പ്പം പറഞ്ഞു; ബ്രാഹ്മണന്‍ അവന്റെ വൃത്തിയോടു കൂടിയവൻ ആണെന്നു ഭവാന്‍ വിചാരിക്കുന്നുണ്ട് എങ്കില്‍ വൃത്തിയോടു കൂടാതെയുള്ള ജാതിനാമം വെറുതെയാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ജാതി എന്നത്‌ മനുഷ്യരില്‍ കാണുവാന്‍ വിഷമമാണ്‌. ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രാദികളെ പ്രത്യക്ഷമായി തിരിച്ചറിയുവാന്‍ സാദ്ധ്യമല്ല. വര്‍ണ്ണസങ്കരം മൂലം ചിന്തിച്ചറിയുവാനും പണിയാണ്‌. എല്ലാ ജാതിക്കാര്‍ക്കും ഏതു ജാതിക്കാരിലും മക്കളുണ്ടാകും! വാക്കും മൈഥുനവും, ജനനവും, മരണവുമൊക്കെ ഏതു ജാതിയിലും മനുഷ്യരില്‍ ഒന്നുപോലെ തന്നെയാണ്‌. ഞാന്‍ യജിക്കുന്നു എന്ന് ഒരുത്തനു തോന്നുന്നു എങ്കില്‍ അവന്‍ ശ്രേഷ്ഠകര്‍മ്മാവായി. തത്വദര്‍ശികള്‍ ശീലത്തെയാണു പ്രധാനമായി കണക്കാക്കുന്നത്‌; ജന്മത്തെയല്ല. നരന്മാരുടെ ജാതകര്‍മ്മം പൊക്കിള്‍ക്കൊടി മുറിക്കുന്നതിന് മുമ്പാണ്‌. അവിടെ അമ്മ സാവിത്രിയും അച്ഛന്‍ ആചാര്യനുമായി വരുന്നു. വേദത്തില്‍ പെടാത്തതു കൊണ്ട്‌, അതുവരെ ശൂദ്രതുല്യനാണ്‌.

സംശയാസ്പദമായ കാര്യത്തില്‍ ഇപ്രകാരമാണല്ലോ സ്വായംഭൂ മനു പറഞ്ഞത്‌ (ജന്മനാ ജായതേ ശൂദ്ര കര്‍മ്മണാ ജായതേ ദ്വിജഃ). വൃത്തിയെന്നൊന്ന്‌ ഇല്ലെങ്കില്‍ ജാതിക്കാരൊക്കെ കൃതകൃത്യന്മാരാകും. സങ്കരവര്‍ണ്ണത്തില്‍ ഇതാണ്‌ തല്‍ സംബന്ധമായി ഒരു കാര്യം പറയാം: "സംസ്കാരം ചേര്‍ന്ന വൃത്തി ഏതൊരുവനില്‍ കാണുന്നുവോ അവന്‍ ബ്രാഹ്മണനാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം".

സര്‍പ്പം പറഞ്ഞു: ഹേ, യുധിഷ്ഠിരാ! വേദ്യവേദിയായ ഭവാന്‍ പറഞ്ഞ വാക്കു ഞാന്‍ കേട്ടു. ഇനി എങ്ങനെയാണ്‌ ഞാന്‍ ഭീമനെ തിന്നുക?

181. ഭീമമോചനം - യുധിഷ്ഠിരന്‍ പറഞ്ഞു: വേദവേദാംഗങ്ങളുടെ മറുകര എത്തിയവനാണ്‌ ഭവാന്‍. ഞാന്‍ ഭവാനോട്‌ ഒന്നു ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്തു കര്‍മ്മം ചെയ്താലാണ്‌ ഉത്തമമായ ഗതി (മോക്ഷം) ലഭിക്കുക?

സര്‍പ്പം പറഞ്ഞു; ഹേ, ഭാരതശ്രേഷ്ഠാ! പാത്രത്തില്‍ ദാനംചെയ്യുക, പ്രിയം പറയുക, സത്യം പറയുക, അഹിംസാപരനാവുക; എന്നാൽ സ്വര്‍ഗ്ഗമായി സല്‍ഗ്ഗതിയായി, എന്നാണ്‌ എന്റെ മതം.

യുധിഷ്ഠിരന്‍ പറഞ്ഞു: ദാനവും സത്യവും എന്നു പറഞ്ഞുവല്ലോ. ഇതില്‍ ഏതാണു വലുത്‌? അതുപോലെ തന്നെ പ്രിയം, അഹിംസ ഇവയില്‍ ഏതാണു വലുത്‌? ഇവയുടെ ഗുരുലഘുത്വങ്ങളെ കുറിച്ചും പറഞ്ഞാലും.

സര്‍പ്പം പറഞ്ഞു: ദാനം, സത്യം, പ്രിയം, അഹിംസ എന്നിവയുടെ കാര്യത്തില്‍ ഓരോന്നിന്റേയും നിലപോലെയാണ്‌ ഗുരുലാഘവങ്ങള്‍. ചില ദാനത്തേക്കാള്‍ സത്യം മെച്ചപ്പെട്ടതാകും. സത്യവാക്കിനേക്കാള്‍ ചിലേടത്തു ദാനവും മെച്ചപ്പെട്ടതാകും, അപ്രകാരം തന്നെ ഹേ മഹേഷ്വാസാ! പ്രിയമായ വാക്കിലും മേലെ അഹിംസയാകും, അഹിംസയിലും മേലെ പ്രിയവാക്കുമാകും. ഇങ്ങനെ സന്ദര്‍ഭം പോലെ ഗുരുലഘുത്വങ്ങള്‍ മേലുകീഴായി വരും. രാജാവേ! ഇനി അങ്ങയ്ക്ക്‌ എന്താണഭിഷ്ടം? ചോദിച്ചാലും.

യുധിഷ്ഠിരന്‍ പറഞ്ഞു: ദേഹം വെടിഞ്ഞവന് എങ്ങനെ സ്വര്‍ഗ്ഗസിദ്ധി? ധ്രുവമായ കര്‍മ്മഫലം, വിഷയങ്ങള്‍ ഇവയെക്കുറിച്ചും പറഞ്ഞു തന്നാലും!

സര്‍പ്പം പറഞ്ഞു: സ്വന്തം കര്‍മ്മം മൂലം ഗതികള്‍ മൂന്നു വിധമായി കാണുന്നു. മാനുഷം, സ്വര്‍ഗ്ഗവസതി, തിര്യക് യോനിത ഇവയാണ്‌ അവ മൂന്നും. അതില്‍ മാനുഷലോകത്തില്‍ നിന്ന്‌ അഹിംസാ ഫലത്തോടു ചേര്‍ന്ന്‌ ദാനാദി കാരണത്താല്‍ ആത്മാവിന് സ്വര്‍ഗ്ഗസിദ്ധിയുണ്ടാകും. മറിച്ചുണ്ടാകുന്ന കാരണം കൊണ്ട്‌ മര്‍ത്ത്യനായി തന്നെ പിറക്കും. അപ്രകാരം തന്നെയാണ്‌ തിരൃക്‌ജാതിയും. അതിലെ ഭേദവും പറയാം. കാമക്രോധങ്ങള്‍ ഉള്ളില്‍ വെച്ച്‌ ഹിംസാ ലോഭങ്ങളോടു കൂടിയ മര്‍ത്ത്യന്‍, മനുഷ്യനില നഷ്ടപ്പെട്ടു തിരൃക്കായി പിറക്കുന്നു. തിര്യക്ത്വം വിട്ടുള്ള മാറ്റം മര്‍ത്തൃജാതിയില്‍ വിധിച്ചിരിക്കുന്നു. പശു, കുതിര മുതലായവയില്‍ നിന്നിട്ട്‌, ദേവഭാവവും കാണുന്നു. ഇപ്രകാരം കാര്യവശാല്‍ ജീവിക്ക്‌ ഈ വിധം ഗതി വന്നുകൂടും. നിതൃബ്രഹ്മത്തില്‍ ആത്മലയം ദ്വിജന്‍ സാധിക്കുന്നു. അദൃഷ്ട ഫലഭോക്താവായി തീരുന്ന ദേഹി ജനിക്കുകയാണെങ്കില്‍ അവന്‍ ലോകതത്വം അറിഞ്ഞ നിഷ്കാമ കര്‍മ്മാവായി ഭവിക്കുന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഇവയിലുള്ള ആത്മാവിന്റെ സ്ഥിതിയെപ്പറ്റി സശ്രദ്ധം വേണ്ട പോലെ അരുളിച്ചെയ്താലും. ബുദ്ധിമാനേ! സര്‍പ്പശ്രേഷ്ഠാ! ശബ്ദാദി വിഷയങ്ങളെല്ലാം ഒരുമിച്ചു ഗ്രഹിക്കുന്നില്ലേ? ഇത്രയും പറഞ്ഞാലും.

സര്‍പ്പം പറഞ്ഞു: അല്ലയോ ആയുഷ്മന്‍! ദേഹത്തില്‍ കുടി കൊള്ളുന്ന ആത്മാവ്‌ കരണങ്ങളെ ആശ്രയിച്ച്‌ ഭോഗങ്ങളെ വിധി പോലെ അനുഭവിക്കുന്നു. ഹേ ഭരതര്‍ഷഭാ! ജ്ഞാനവും ബുദ്ധിയും മനസ്സും ആത്മാവിന് ഭോഗാനുഭവത്തില്‍ കാരണങ്ങൾ ആണ് എന്നറിഞ്ഞാലും. ശരീരസ്ഥനായ ജീവാത്മാവ്‌ മനസ്സു കൊണ്ടു ശബ്ദാദികളായ വിഷയങ്ങളെ ക്രമത്തില്‍ പ്രാപിക്കുന്നു. അതിനാല്‍ അതു വിഷയ സംബന്ധമായി തീരുന്നു. ഈ കാര്യത്തിലേക്കായി മനസ്സു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മനസ്സ്‌ ക്രമത്തില്‍ വിഷയങ്ങളില്‍ പ്രാപിക്കുന്നതിനാല്‍ വിഷയങ്ങളെ ഒരുമിച്ചു ഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. ഹേ, പുരുഷശ്രേഷ്ഠാ! ആ ആത്മാവ്‌ ഭൂമദ്ധ്യത്തില്‍ സ്ഥിതി ചെയ്തു പല വസ്തുക്കളിലും, പല വിധത്തിലുള്ള ബുദ്ധിയെ ഉളവാക്കി വിടുന്നു. ബുദ്ധി ഉദിച്ചതിന് ശേഷം ബോധം ഉണ്ടാകുന്നതായി വിദ്വാന്മാര്‍ കാണുന്നു. ഹേ രാജശ്രേഷ്ഠാ! ഇതാണ്‌ ക്ഷേത്രജ്ഞനായ ആത്മാവിന്റെ അനുഭവ സംബന്ധിയായ വിധി.

യുധിഷ്ഠിരന്‍ പറഞ്ഞു: മനസ്സിനും ബുദ്ധിക്കുമുള്ള മുഖ്യലക്ഷണം പറഞ്ഞാലും. അദ്ധ്യാത്മജ്ഞാനികള്‍ ഇതറിയേണ്ട മുഖ്യകാര്യമായി വിധിച്ചിട്ടുള്ളതാണല്ലോ.

സര്‍പ്പം പറഞ്ഞു: ആത്മാനുസാരിയായ ബുദ്ധി ഉല്പാതം കൊണ്ട്‌ ഉത്ഭവിക്കുന്നു. അത്‌ അതില്‍ തന്നെ നിൽക്കുന്നു. ബുദ്ധി എപ്പോഴും ആത്മാവിനെ ആശ്രയിക്കുന്നു. ബുദ്ധി ഓരോ കാര്യം നിമിത്തമുണ്ടാകുന്നു. മനസ്സ്‌ മുമ്പു തന്നെയുള്ളതാണ്‌. ബുദ്ധിക്ക്‌ ഏതു ഗുണങ്ങള്‍ ഉണ്ടാകുന്നുവോ, അതേ ഗുണങ്ങള്‍ മനസ്സിനും ഉണ്ടാകുന്നു. വത്സാ! ഇതാണു മനസ്സിനും ബുദ്ധിക്കുമുള്ള വ്യത്യാസം. നിനക്ക് അത് അറിവുള്ളതാണല്ലോ. നീ എന്തു വിചാരിക്കുന്നു? നിന്റെ അഭിപ്രായമെന്ത്‌?

യുധിഷ്ഠിരന്‍ പറഞ്ഞു: അഹോ! ഭവാന്‍ ബുദ്ധിശാലികളില്‍ ശ്രേഷ്ഠന്‍ തന്നെ! ഭവാന്റെ ബുദ്ധി ഏറ്റവും ശുഭമാണ്‌. അറിയേണ്ടത്‌ അറിഞ്ഞവനാണു ഭവാന്‍. എന്തിനാണ്‌ എന്നോടു ചോദിക്കുന്നത്‌? സര്‍വ്വജ്ഞനായ ഭവാന്‍ വാനില്‍ വാഴുമ്പോള്‍ എങ്ങനെ മോഹത്തില്‍ പെട്ടു പോയി? ഇങ്ങനെ അത്ഭുതകര്‍മ്മാവായ ഭവാന്‌ എങ്ങനെ ഈ പതനം സംഭവിച്ചു എന്നതാണ്‌ എനിക്ക്‌ അത്ഭുതം!

സര്‍പ്പം പറഞ്ഞു: നല്ല പ്രജ്ഞ ഉള്ളവനായാലും ശൂരന്മാര്‍ക്ക്‌ ഐശ്വര്യം മോഹത്തെ ഉണ്ടാക്കും. സുഖത്തില്‍ വാഴുന്ന ഏവനും മോഹത്തില്‍ പെട്ടു പോകുമെന്നാണ്‌ എന്റെ അഭിപ്രായം. ഈ വിധമുള്ള ഞാന്‍ ഐശ്വര്യ മോഹത്താല്‍ മദം മൂത്തവനായി യുധിഷ്ഠിരാ! ബോധവാൻ ആയിരുന്നിട്ടു കൂടി ഐശ്വര്യമദം എന്നെ ബാധിച്ചു. തന്മൂലം ഞാന്‍ പതിക്കുക തന്നെ ചെയ്തു. അതു നിന്നെയും ഞാന്‍ മനസ്സിലാക്കി തരാം. ഹേ, പരന്തപാ! ഭവാന്‍ എന്റെ കാര്യം സാധിപ്പിച്ചു. സാധുവായ ഭവാനുമായി സല്ലപിക്കെ എന്റെ കൃച്ഛ്റമായ പാപം ഒഴിയുകയും ചെയ്തു.

ഞാന്‍ പണ്ട്‌ ദിവ്യവിമാനത്തില്‍ സ്വര്‍ഗ്ഗത്തില്‍ പറക്കുന്നവനായിരുന്നു. അഭിമാനമതം മൂത്ത ഞാന്‍ ആരേയും വകവെച്ചില്ല. ബ്രഹ്മര്‍ഷിമാരും, ദേവഗണങ്ങളും, ഗന്ധര്‍വ്വന്മാരും, യക്ഷന്മാരും, വിദ്യാധരന്മാരും, അഹികളും, ത്രൈലോക്യ വാസികളുമൊക്കെ എനിക്കു കരം നല്കിയിരുന്നു. ഏതു ജീവിയെ ഞാന്‍ കണ്ണു കൊണ്ട്‌ നോക്കിയോ, രാജാവേ! അവന്റെ തേജസ്സൊക്കെ ഞാനേൽക്കുകയും ചെയ്തിരുന്നു. ഇത്‌ എന്റെ പരമമായ ദൃഷ്ടിബലമാണ്‌. എന്റെ പല്ലക്കു ബ്രഹ്മര്‍ഷിവരന്മാര്‍ ആയിരം പേര്‍ കൂടി എടുത്തു. എന്റെ ആ ദുര്‍ന്നയമാണ്‌ എന്നെ ശ്രീയില്‍ നിന്നു വീഴ്ത്തിയത്‌. പല്ലക്ക്‌ ഏറ്റുന്ന അഗസ്തൃമുനിയെ ഞാന്‍ കാലു കൊണ്ടു തട്ടി. ഉടനെ നീ സര്‍പ്പമായി ഭവിക്കുക എന്ന് അഗസ്ത്യന്‍ എന്നോടു കോപിച്ചു പറഞ്ഞു. ലക്ഷണം കെട്ട്‌, ഉടനെ ഞാന്‍ ആ വിമാനത്തില്‍ നിന്നു കീഴോട്ടു വീണു. ഞാന്‍ സര്‍പ്പമായി തലകീഴായി വീഴുകയാണെന്ന്‌ ഉടനെ എനിക്ക്‌ ഓര്‍മ്മ വന്നു. ശാപമോചനം തരേണമെന്നു ഞാന്‍ ആ വിപ്രനോടു യാചിച്ചു. മൂഢനായ എന്റെ തെറ്റില്‍ ഭഗവാനേ! ക്ഷമിച്ചാലും! എന്ന്.

വീഴുന്ന എന്നോടു കരുണയോടെ മഹര്‍ഷി കല്‍പിച്ചു: ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ഭവാനു ശാപമോക്ഷം നല്കും. ദുരഭിമാനത്തിന്റെ യും, ഉഗ്രപാതകത്തിന്റെയും ഫലം തീര്‍ന്നാല്‍ ഹേ, മഹാരാജാവേ! നീ പുണ്യത്തിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ഇപ്പോള്‍ ഞാന്‍ എന്റെ തപസ്സിന്റെ ശക്തി കാണുകയാല്‍ എനിക്ക്‌ അത്ഭുതം തോന്നുന്നു. അതു കൊണ്ടാണ്‌ ഞാന്‍ നിന്നോടു ബ്രഹ്മത്തേയും ബ്രാഹ്മണ്യത്തേയും കുറിച്ചു ചോദിച്ചത്‌. സത്യം, ദമം, തപം, ദാനം, അഹിംസ, ധര്‍മ്മനിഷ്ഠ എന്നിവയാണ്‌ മനുഷ്യന്‍ സാധകമാക്കേണ്ടത്‌. ഈ ഗുണങ്ങളാണ്‌ മനുഷ്യനെ മഹാനാക്കുന്നത്‌. അല്ലാതെ ജാതിയുടേയും തറവാടിന്റേയും മേന്മയല്ല. ഹേ! അരിനാശനാ! നിന്റെ തമ്പിയായ ഭീമസേനന്‍ മഹാബലവാനാണ്‌. നിനക്കു ശുഭം ഭവിക്കട്ടെ! രാജേന്ദ്രാ! ഞാന്‍ വീണ്ടും ഇതാ വാനിലേക്ക് ഉയരുകയാണ്‌

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ നാഗരൂപം വെടിഞ്ഞ്‌ നഹുഷ രാജാവ്‌ ദിവ്യരൂപം കൈക്കൊണ്ട്‌ വാനിലേക്കുയര്‍ന്നു. ഭ്രാതാവായ ഭീമനോടു കൂടെ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ധൗമ്യനുമൊത്ത്‌ ആശ്രമത്തിലേക്കു പോന്നു. അവിടെ ഒത്തു ചേര്‍ന്ന ദ്വിജന്മാരോടൊക്കെ യുധിഷ്ഠിരന്‍ ഈ അത്ഭുത വൃത്താന്തം പറഞ്ഞു കേള്‍പ്പിച്ചു. അതുകേട്ട്‌ ആ ദ്വിജന്മാരും, മറ്റു മൂന്ന്‌ അനുജന്മാരും, കൃഷ്ണയും ലജ്ജിച്ചു നിന്നു പോയി. ആ ദ്വിജശ്രേഷ്ഠന്മാരൊക്കെ പാണ്ഡവന്മാരുടെ ഹിതത്തിനായി ഭീമനോടു പറഞ്ഞു: ഹേ, ഭീമാ! ഇനി ഇത്തരം സാഹസങ്ങള്‍ക്കൊന്നും അനാവശ്യമായി പുറപ്പെടരുത്‌.

ഭയം തീര്‍ന്നു മടങ്ങിയെത്തിയ മഹാബലനായ ഭീമനെ കണ്ട്‌ പാണ്ഡവന്മാര്‍ ഹര്‍ഷമുള്‍ക്കൊണ്ടു വിഹരിച്ചു.

മാര്‍ക്കണ്ഡേയ സമസ്യാപര്‍വ്വം

182. കാമൃകവന പ്രവേശം - വൈശമ്പായനൻ പറഞ്ഞു: ഗ്രീഷ്മകാലം കഴിഞ്ഞ്‌ വര്‍ഷകാലം വന്നു. എല്ലാവര്‍ക്കും കടുത്ത ചൂടു പോവുകയാല്‍ സുഖം തോന്നി. ആകാശവും ദിക്കുകളും മൂടുമാറ്‌ കാര്‍മേഘമാലകള്‍ നിറയുകയും, രാവും പകലും തോരാതെ മഴ പെയ്യുകയും ചെയ്തു. വേനല്‍ നിൽക്കുമ്പോഴേക്കും വന്നു കൂടിയ നൂറും ആയിരവും മേഘമാലകള്‍ സൂര്യനെ മറച്ച്‌ ഇടിയും മിന്നലുമായി തകര്‍ത്തു വര്‍ഷിച്ചു. ഗര്‍വ്വിഷ്ഠരായി ജീവികളെ കടിച്ചു കൊല്ലുന്ന സര്‍പ്പങ്ങള്‍ അധിവസിക്കുന്ന പച്ചപ്പുല്‍പ്പരപ്പുകള്‍ വെള്ളത്തില്‍ നനഞ്ഞ്‌ നയനാനന്ദകരമായി പ്രശോഭിച്ചു. വര്‍ഷപാതം മൂലം ഭൂമി മൂടി. സ്ഥലങ്ങള്‍ തിരിച്ചറിയാത്ത മട്ടായി. കുണ്ടും പരപ്പും പുഴയും കരയും ഒക്കെ വെള്ളത്തിന് അടിയിൽ ആകയാല്‍ എല്ലാം സമമായി. വെള്ളം കലങ്ങി മറിഞ്ഞ്‌ ചീറുന്ന അമ്പുകള്‍ പോലെ പായുന്ന ചോലകള്‍ കാടിന്റെ കൗതുകം വര്‍ദ്ധിപ്പിച്ചു. പന്നികള്‍, മാനുകള്‍, പക്ഷികള്‍ എന്നിവ കനത്ത മഴയില്‍ മൂടുമ്പോള്‍ കാട്ടിനുള്ളില്‍ കിടന്നുണ്ടാക്കുന്ന ശബ്ദങ്ങള്‍ മുഴങ്ങി. വേഴാമ്പലുകളും മയിലുകളും കുയിലുകളും കൂട്ടത്തോടെ മദിച്ച്‌ അങ്ങുമിങ്ങും പറന്നു. ദര്‍പ്പമേറിയ തവളക്കൂട്ടങ്ങളുടെ ശബ്ദം മാറ്റൊലിക്കൊണ്ടു. കാറ്റ്‌ ഇരമ്പിയടിച്ചു. ഇങ്ങനെ വര്‍ഷകാലം കാലത്തിന്റെ വിധത്തെ ആകെ മാറ്റി. അങ്ങനെ മരുധന്വത്തില്‍ അവര്‍ പാര്‍ക്കുമ്പോള്‍ വര്‍ഷകാലം വരികയും പോവുകയും ചെയ്തു.

പിന്നെ ക്രൗഞ്ചഹംസങ്ങള്‍ മദിക്കുന്ന ശരല്‍ക്കാലം വന്നു. കാട്ടുചെടികള്‍ വളര്‍ന്നു. പുഴവെള്ളം തെളിഞ്ഞു. നക്ഷത്രങ്ങള്‍ ശോഭിച്ചു. അങ്ങനെ ശരല്‍ക്കാലം തെളിഞ്ഞപ്പോള്‍ പാണ്ഡവന്മാരുടെ മനസ്സും തെളിഞ്ഞു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മനസ്സിന് കുളുര്‍മ്മ ഉണ്ടാക്കുന്ന ഘനശൈത്യത്തോടു കൂടിയ രാത്രികള്‍ ധൂളിയില്ലാത്തതായി തീര്‍ന്നു. കാലത്തിന്റെ മാറ്റം പാണ്ഡവന്മാര്‍ക്ക്‌ ആനന്ദം നല്കി.

ഗ്രഹങ്ങളും നക്ഷത്രങ്ങളും ചന്ദ്രനും തെളിയുന്ന ആകാശം പോലെ ആമ്പലും താമരപ്പൂവും ചേര്‍ന്നു ശീതളമായ പൊയ്കകള്‍ ശോഭിച്ചു. ആറ്റുവഞ്ചി നിരന്ന്‌ ആകാശാകാരമുള്ള വാക്കുകളോടു കൂടിയ ഏഴു പുഴകളും സരസ്വതീ പാര്‍ശ്വത്തില്‍ ചരിക്കുന്നവര്‍ക്ക്‌ ആനന്ദമുളവാക്കി. പ്രസന്നവും പുണ്യവുമായ നീരോടു കൂടിയ സരസ്വതിയെ അപ്രകാരം ആ ദൃഢധന്വാക്കള്‍ നോക്കിക്കണ്ടു വളരെ സന്തോഷിച്ചു.

അവര്‍ക്കു ശരല്‍ക്കാലത്തെ വെളുത്തവാവ്‌ അത്യാഹ്ളാദമുണ്ടാക്കി. അങ്ങനെ സസുഖം അവിടെ പാര്‍ക്കുമ്പോള്‍ കാര്‍ത്തിക മാസം വന്നുചേര്‍ന്നു. പുണ്യവാന്മാരും സത്വഗുണന്മാരുമായ മുനിമാരോടു കൂടി അവിടെ അവര്‍ പാര്‍ത്തു. അതു വളരെ ഉത്തമമായി. അന്നു രാത്രിയായപ്പോള്‍ ധൗമ്യനോടും പരിചാരകന്മാരോടും കൂടി പാണ്ഡവന്മാര്‍ കാമ്യകവനത്തില്‍ പ്രവേശിച്ചു.

183. മാര്‍ക്കണ്ഡേയന്റെ കഥ - വൈശമ്പായനൻ പറഞ്ഞു: ഹേ, ജനമേജയാ! ധര്‍മ്മപുത്രന്‍ മുതലായവര്‍ കാമ്യകത്തില്‍ പ്രവേശിച്ച്‌ കൃഷ്ണയോടു കൂടി മുനീന്ദ്രന്മാരുടെ ആതിഥ്യം സ്വീകരിച്ച്‌ അവിടെ പാര്‍ത്തു. വളരെ വിശ്വാസത്തോടു കൂടി അവിടെ പാര്‍ക്കുന്ന പാണ്ഡുപുത്രന്മാരുടെ അരികെ വളരെ ബ്രാഹ്മണര്‍ ചെന്നു കൂടി. അവിടെ വച്ച്‌ ദ്വിജന്മാരില്‍ ഒരാള്‍ പറഞ്ഞു: "ഹേ, പാണ്ഡവന്മാരേ! നിങ്ങളെ കാണുവാന്‍ കൊതിച്ച്‌ കൃഷ്ണന്‍ ഇവിടെ താമസിയാതെ എത്തുന്നതാണ്‌. ഉദാരധീയും വശിയും മഹാബാഹുവുമായ ഹരി നിങ്ങള്‍ ഇവിടെ എത്തിയ വിവരം അറിഞ്ഞിരിക്കുന്നു. നിങ്ങളെ കാണുവാന്‍ എന്നും ആഗ്രഹിക്കുന്നവനും നിങ്ങള്‍ക്കു നന്മ തരുന്നവനുമായ ഹരിയും, ഏറെ നൂറ്റാണ്ടു ജിവിച്ചിരിക്കുന്നവനും തപഃസ്വാധ്യായവാനുമായ മാര്‍ക്കണ്ഡേയ മഹര്‍ഷിയും നിങ്ങളുടെ സമീപത്തു വരുന്നതാണ്‌".

ആ ബ്രാഹ്മണന്‍ ഇപ്രകാരം പറഞ്ഞു കൊണ്ടു നിൽക്കെ തന്നെ ശൈബ്യ സുഗ്രീവങ്ങളെ പൂട്ടിയ തേരില്‍ തേരാളി സത്തമനായ കൃഷ്ണന്‍ സത്യഭാമാ സമേതനായി കുരുസത്തമന്മാരെ കാണുവാന്‍ വന്നെത്തി.

കൃഷ്ണന്‍ തേര്‍വിട്ടിറങ്ങി മുറയ്ക്ക്‌ ധര്‍മ്മപുത്രനെ നന്ദിച്ചു വന്ദിച്ചു. ധീമാനും ബലിയുമായ ഭീമനേയും വന്ദിച്ചു. ഉടനെ യമന്മാര്‍ കൃഷ്ണന്റെ പാദത്തില്‍ നമസ്കരിച്ചു. കൃഷ്ണന്‍ ധൗമ്യനെ പൂജിച്ചു. അര്‍ജ്ജുനനെ പുല്കി. കൃഷ്ണയെ സമാശ്വസിപ്പിച്ചു. വളരെ നാളായി പിരിഞ്ഞിരിക്കുന്ന ഫല്‍ഗുനനെ ദാശാര്‍ഹന്‍ വീണ്ടും വീണ്ടും കെട്ടിപ്പുണര്‍ന്നു.

സത്യഭാമ കൃഷ്ണയെ തഴുകി. പാണ്ഡവരുടെ ഇഷ്ടപത്നിയെ കൃഷ്ണന്റെ ഇഷ്ടമഹിഷി സമാശ്വസിപ്പിച്ചു. ഭാര്യാപുരോഹിതോപേതരായ പാണ്ഡവന്മാര്‍ പങ്കജാക്ഷനെ അര്‍ച്ചിച്ചു ചുറ്റും ചെന്നു കൂടി.

ദാനവഘാതിയായ കൃഷ്ണന്‍ ധനഞ്ജയനോടു ചേര്‍ന്ന്‌, സാക്ഷാല്‍ ഉമേശന്‍ ഗുഹനോടു ചേര്‍ന്ന വിധം വിളങ്ങി. പിന്നെ അരണ്യത്തില്‍ നടന്നതൊക്കെ പറഞ്ഞതിന് ശേഷം സുഭദ്രയുടെയും, അഭിമന്യുവിന്റേയും കുശലം അന്വേഷിച്ചു. കൃഷ്ണന്‍ പാര്‍ത്ഥ കൃഷ്ണാ പുരോധസ്സുകളെ വിശേഷാല്‍ മാനിച്ച്‌ ഒന്നിച്ചിരുന്ന്‌ യുധിഷ്ഠിര രാജാവിനെ പ്രശംസിച്ച്‌ ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഹേ, പാണ്ഡവാ! നാടിനേക്കാള്‍ ശ്രേഷ്ഠമായതു ധര്‍മ്മമാണ്‌. അതിന് കാര്യം തപസ്സാണ്‌. സത്യത്തോടും ആര്‍ജ്ജവത്തോടും സ്വന്തം ധര്‍മ്മത്തെ പ്രാപിച്ച്‌ ഭവാന്‍ രണ്ടു ലോകത്തേയും നേടി വ്രതങ്ങളോടു കൂടി അദ്ധ്യയനം കഴിച്ചും നല്ലപോലെ ധനുര്‍വ്വേദം അറിഞ്ഞും ക്ഷാത്രധര്‍മ്മത്താല്‍ ധനം ആഹരിച്ചും ഭവാന്‍ പുരാണ ക്രതുവൊക്കെ ചെയ്‌തു, ഭവാനു ഗ്രാമ്യധര്‍മ്മത്തില്‍ (മൈഥുനം) ആഗ്രഹമില്ല. കാമത്തോടു കൂടി ഒരു കര്‍മ്മവും ഭവാന്‍ ചെയ്യുകയുമില്ല. അര്‍ത്ഥത്തിലുള്ള ആഗ്രഹം മൂലം ഭവാന്‍ ധര്‍മ്മത്തെ വെടിയുകയുമില്ല. ധര്‍മ്മരാജാവ്‌ പ്രാഭവത്താല്‍ ധര്‍മ്മം വിടുകയില്ല. ദാനം, തപം, സത്യം, ബുദ്ധി, ശ്രദ്ധ, ക്ഷമ, ധൃതി ഇവയിലാണല്ലോ ഭവാന് താല്പര്യം. അതിന് ഒട്ടും. കുറവ്‌, രാഷ്ട്രവിത്തഭോഗങ്ങള്‍ എപ്പോഴും വന്നു ചേര്‍ന്നാലും, ഭവാന്‌ ഉണ്ടാകുന്നില്ലല്ലോ. അന്നു നാട്ടുകാരായ കുരുജാംഗല പ്രജകള്‍ സഭയില്‍ വെച്ച്‌ അവമാനിക്കപ്പെട്ട കൃഷ്ണയെ കണ്ടു. ധര്‍മ്മ ക്രമം വിട്ടു നടക്കുന്നത്‌ അന്നു ഭവാനൊഴികെ ആര്‍ക്കു പൊറുക്കുവാന്‍ കഴിയും ? എല്ലാ ആഗ്രഹങ്ങളും പരിപൂര്‍ണ്ണമായി, ഭവാന്‍ രാജ്യം ഭരിക്കും; തീര്‍ച്ചയാണ്‌, അധികം താമസമില്ല. ഈ ഞങ്ങള്‍ കുരുവര്‍ഗ്ഗത്തെ ഒക്കെ കൊന്നു കളയും. ഭവാന്റെ സത്യം കഴിയുന്ന കാലം എത്തുകയേ വേണ്ടൂ. |

വൈശമ്പായനൻ പറഞ്ഞു: ധൗമ്യനോടും, ഭീമനോടും, ധര്‍മ്മപുത്രനോടും, യമന്മാരോടും കൃഷ്ണയോടും കൃഷ്ണന്‍ പറഞ്ഞു: ഭാഗ്യത്താല്‍ ലബ്ധാസ്ത്രനായി കിരീടി നിങ്ങളുടെ മുമ്പില്‍ എത്തിയിരിക്കുന്നു! പാഞ്ചാലിയെ നോക്കി സുഹൃത് സമേതനും യദുവംശ നാഥനുമായ കൃഷ്ണന്‍ വീണ്ടും പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഭാഗ്യത്താല്‍ ഭവതി അര്‍ജ്ജുനനോടു കൂടി വീണ്ടും ചേര്‍ന്നിരിക്കുന്നു. കൃഷ്ണേ, ഭവതിയുടെ സുശീലരായ പുത്രന്മാര്‍ ധനുര്‍വ്വേദ നിവിഷ്ടരാണല്ലോ. അവര്‍ സുഹൃത് സജ്ജന വ്യത്തിയോടെ വര്‍ത്തിക്കുന്നു. രാജ്യത്തോടു കൂടി രാഷ്ട്രഗണം കൊടുക്കുവാന്‍ നിന്റെ താതനും സോദരന്മാരും ഉറച്ചിരിക്കുന്നു. യജ്ഞസേനന്റെ ആത്മജന്മാരായ മാതുലന്മാരുടെ ഗൃഹങ്ങളില്‍, കിടാങ്ങള്‍ തൃപ്തിപ്പെടാതെ, ആനര്‍ത്ത ദേശത്തില്‍ സുഖത്തോടെ എത്തി ധനുര്‍വ്വേദം അഭ്യസിച്ച്‌ വൃഷ്ണി പുരത്തിലെത്തി സുരത്വസംപൃഹ വിട്ടു വാഴുകയാണ്‌ കൃഷ്ണേ! അവര്‍ക്കു വേണ്ടതു നല്കുവാന്‍ കുന്തിയെപ്പോലെ സുഭദ്ര തയ്യാറാണ്‌. അനിരുദ്ധനും, അഭിമന്യുവും, സുനീഥനും എപ്രകാരമോ, അപ്രകാരം ഭാനുവിനും ആചാര്യനും നിന്റെ നന്ദനന്മാര്‍ക്ക്‌ ആശ്രിതനായി, സഖിയായി, രാഹിണേയനായ ബജലഭദ്രന്‍ നിൽക്കുന്നു. ഗദ, അസി, ചര്‍മ്മഗ്രഹം, അസ്ത്രങ്ങള്‍, രഥാശ്വയാനങ്ങളില്‍ നിന്നു കൊണ്ടു (പയോഗിക്കുവാനുള്ള ശിക്ഷകള്‍ എല്ലാം അവര്‍ക്ക്‌ അഭിമന്യു പഠിപ്പിച്ചു. അവന്‍ മനസ്സു വെച്ചു ശസ്ത്രശിക്ഷാക്രമം മുറയ്ക്കു നല്കി. നിന്റെ പുത്രന്മാരുടേയും സൗഭദ്രന്റേയും പരാക്രമങ്ങള്‍ കണ്ട്‌ രാഹിണേയന്‍ ആദരിക്കുന്നു! വിഹാരമോരോന്നും മുറയ്ക്കു കണ്ട്‌ ഹേ, യാജ്ഞസേനീ! അവര്‍ സുഖമായി ജീവിക്കുന്നു. അവര്‍ക്ക്‌ ഓരോരുത്തനും തുണയ്ക്കു നിൽക്കുകയാണ്‌ തേര്‌, ആന. അശ്വം മുതലായ വാഹനങ്ങള്‍.

പിന്നെ ധര്‍മ്മപുത്രനോടു കൃഷ്ണന്‍ പറഞ്ഞു: ഭവാന്റെ ഇച്ഛയനുസരിച്ച്‌ ദാശാര്‍ഹരോടു കൂടി കുകുരാന്ധകന്മാര്‍ ഭവാന്റെ ആജ്ഞ കേള്‍ക്കുവാന്‍ തയ്യാറായി നിൽക്കട്ടെ! ധനുര്‍വ്വേദമാകുന്ന കൊടുംകാറ്റിനോടു ചേര്‍ന്ന്‌ ബലന്‍ ഭരിക്കുന്ന യദുവീരന്മാരുടെ സൈന്യം ഭവാന്റെ കാര്യസിദ്ധിക്കു വേണ്ടി നടക്കട്ടെ! തേര്‌, ആന, അശ്വഗണങ്ങള്‍ ഇവയൊക്കെ അണിനിരന്നു നടക്കട്ടെ! അവയൊക്കെ പാപികളില്‍ മഹാപാപിയായ ദുര്യോധനന്റെ നേരെ ചെല്ലട്ടെ!

പുത്രബന്ധുക്കളോടു കൂടി ഭൗമസൗഭാധിപന്മാര്‍ പോയ മാര്‍ഗ്ഗം അവര്‍ക്കു പോകുവാന്‍ തെളിയിക്കുക. സഭയില്‍ വെച്ചു ശപഥം ചെയ്ത നിലയ്ക്കു തന്നെ ഹേ, നരേന്ദ്ര! ഭവാന്‍ അടങ്ങി നില്‍ക്കുക. എല്ലാ അരി വര്‍ഗ്ഗത്തേയും കൊന്നൊടുക്കിയ ശേഷം ഭവാന്റെ വരവ്‌ ആ പുരം കാത്തുനിൽക്കും. ഭവാന്‍ അല്ലല്‍ കൂടാതെ, പാപങ്ങളൊക്കെ അകന്ന്‌, വിചാരിക്കുന്ന ദിക്കില്‍ വസിച്ച്‌, മുമ്പേ അധീനമാക്കപ്പെട്ട സ്വരാഷ്ട്രമായ ഹസ്തിനപുരത്തേക്കു സസന്തോഷം പ്രവേശിക്കുമാറാകട്ടെ.

പുരുഷോത്തമനായ കൃഷ്ണന്റെ അഭിപ്രായം ഗ്രഹിച്ച്‌ മഹാനുഭാവനായ യുധിഷ്ഠിരന്‍ കൃഷ്ണന്റെ പ്രശംസയേറ്റ്‌, കൈകൂപ്പി ഇപ്രകാരം പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, കേശവാ! ഭവാന്‍ പാണ്ഡവന്മാര്‍ക്കൊക്കെ ആലംബമാണ്‌. ഈ പാണ്ഡവന്മാര്‍ ഭവാന്റെ ആശ്രിതരാണ്‌. കാലം വരുമ്പോള്‍ ഈ പറഞ്ഞതും അതിലപ്പുറവും ഭവാന്‍ ചെയ്യുമെന്നു ഞങ്ങള്‍ക്കു വിശ്വാസമുണ്ട്‌. അതില്‍ ഞങ്ങള്‍ക്കു ലേശവും സംശയമില്ല. പ്രതിജ്ഞ പോലെ പന്ത്രണ്ടു വര്‍ഷം കാട്ടില്‍ കഴിച്ചു കൂട്ടി അജ്ഞാതവാസം കഴിഞ്ഞതിന് ശേഷം പാണ്ഡവന്മാര്‍ ഭവാന്റെ കിഴില്‍ വന്നു നിൽക്കാം. ഭവാന് ഈ ബുദ്ധി എന്നും തോന്നട്ടെ! സത്യസ്ഥരായി കേശവപാണ്ഡവന്മാര്‍ ഭാര്യാമിത്രാനുചരന്മാരോടു കൂടി സദാ ധര്‍മ്മസ്ഥരാകട്ടെ! ഈ പാര്‍ത്ഥന്മാര്‍ ഭവാന്റെയാണല്ലോ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണനും ധര്‍മ്മജനും തമ്മില്‍ സംസാരിക്കുന്ന സമയത്ത്‌ വളരെ നൂറ്റാണ്ടു പ്രായം ചെന്നവനായ മാര്‍ക്കണ്ഡേയ മുനി വരുന്നതായി കണ്ടു. ജരാമരണം ഇല്ലാത്തവനും രൂപൗദാര്യങ്ങൾ ഉള്ളവനും, ഏതാണ്ട്‌ ഇരുപത്തഞ്ചു വയസ്സു മാത്രം പ്രായം തോന്നിക്കുന്നവനും വളരെ നൂറ്റാണ്ടു ജീവിക്കുന്നവനുമായ ആ മഹാമുനി വന്നു കയറിയപ്പോള്‍ വിപ്രന്മാരൊക്കെ പൂജിച്ചു. കൃഷ്ണനും പാണ്ഡുപുത്രന്മാരും മഹര്‍ഷിയെ ആദരിച്ചു പൂജിച്ചിരുത്തി. പൂജയേറ്റ്‌ വളരെ വിശ്വാസത്തോടു കൂടി ഇരിക്കുന്ന ഋഷിയോട്‌ പാര്‍ത്ഥന്മാരുടെ അനുമതിയോടെ ഇപ്രകാരം കേശവന്‍ ചോദിച്ചു.

കൃഷ്ണന്‍ പറഞ്ഞു: പാര്‍ത്ഥന്മാരും, ഈ വിപ്രന്മാരും, ഞാനും പാഞ്ചാലിയും, സത്യഭാമയും ആഗ്രഹിക്കുകയാണ്‌, പുണ്യമായ പഴങ്കഥകളും സദാചാര ക്രമങ്ങളും ഭവാന്‍ പറഞ്ഞു കേള്‍ക്കണമെന്ന്‌. ഹേ, മഹര്‍ഷേ! മാര്‍ക്കണ്ഡേയാ! നരേന്ദ്രന്മാര്‍ക്കും അവരുടെ സ്ത്രീകള്‍ക്കും മുനിമാര്‍ക്കും അതില്‍ വളരെ കൗതുകമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: അവരെല്ലാവരും അങ്ങനെ ഇരിക്കുന്ന സമയത്ത്‌ ദേവര്‍ഷി പ്രവരനായ നാരദന്‍ പാണ്ഡവന്മാരെ കാണുവാനായി അവിടെ വന്നെത്തി. മഹാത്മാവായ മഹര്‍ഷിയെ എല്ലാ പുരുഷര്‍ഷഭന്മാരും അര്‍ഘ്യപാദ്യാര്‍ച്ചനം ചെയ്ത്‌ ആ മനീഷികള്‍ അഭിവാദ്യം ചെയ്തു. അവര്‍ കഥ കേള്‍ക്കുവാന്‍ ആഗ്രഹിച്ച്‌ ഇരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ നാരദന്‍ മാര്‍ക്കണ്ഡേയന്റെ കഥയില്‍ ഏറ്റവും അനുമോദിച്ചു. അവനോടു കാലജ്ഞനായ പുരാണമുനി നാരദന്‍ സസ്മിതം പറഞ്ഞു: "ഹേ, ബ്രാഹ്മണാ! പാണ്ഡവരോടു ചൊല്ലുവാനുള്ള കഥയൊക്കെ പറഞ്ഞു കേള്‍പ്പിക്കുക". ഇപ്രകാരം നാരദമഹര്‍ഷി പറഞ്ഞപ്പോള്‍ അതിന് മാര്‍ക്കണ്ഡേയന്‍ ഇപ്രകാരം ഉത്തരം പറഞ്ഞു: "ശ്രദ്ധയോടു കൂടി കേട്ടിരിക്കുവിന്‍. വളരെ കഥകള്‍ നിങ്ങളോടു പറയേണ്ടതുണ്ട്‌". മാര്‍ക്കണ്ഡേയന്‍ പറഞ്ഞതു കേട്ടപ്പോള്‍ പാണ്ഡവന്മാരും വിപ്രന്മാരും മനസ്സു വെച്ച്‌, മദ്ധ്യാഹ്ന സൂര്യനെ പോലെ പ്രകാശിക്കുന്ന മുനിയെ നോക്കി അങ്ങനെ ഇരുന്നു.

വൈശമ്പായനൻ പറഞ്ഞു: മുനിശ്രേഷ്ഠന്‍ പറയുവാന്‍ ചിന്തിക്കുമ്പോള്‍, കഥയ്ക്കു പ്രസംഗവിഷയമുണ്ടാക്കി ഇപ്രകാരം യുധിഷ്ഠിരന്‍ ചോദിച്ചു: ഭവാന്‍ ദേവന്മാരുടേയും, ദൈത്യന്മാരുടേയും ആര്യമഹര്‍ഷിമാരുടേയും എല്ലാ രാജര്‍ഷികളുടേയും ചരിതജ്ഞനായ പുരാതനനാണല്ലോ. ഉപാസ്യനും സേവ്യനുമായ ഭവാനെ ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുന്നു. ഈ സന്ദര്‍ഭം എല്ലാം കൊണ്ടും ശോഭനമാണ്‌. ഞങ്ങളെ കാണുവാന്‍ വാസുദേവനും വന്നിട്ടുണ്ട്‌. മഹര്‍ഷേ! എനിക്ക്‌ ഒരു സംശയം തോന്നുന്നു. എന്റെ സുഖത്തിന് നാശവും ദുഷ്ടരായ ധാര്‍ത്തരാഷ്ട്രന്മാര്‍ക്കു വൃദ്ധിയും കാണുമ്പോള്‍ തോന്നിപ്പോകുന്ന സംശയ ബുദ്ധിയാണത്‌. അതു പറയാം: ശുഭമോ അശുഭമോ ആയ കര്‍മ്മം ചെയ്യുന്ന പുരുഷന് അതിന്റെ ഫലം എങ്ങനെ എൽക്കുന്നു? എങ്ങനെ ദൈവം അതിന്റെ ഫലം നല്കുന്നു? സുഖദുഃഖങ്ങളായി ഉണ്ടാവുകയാണെങ്കില്‍, മഹര്‍ഷേ! അത്‌ ഇഹലോകത്തിലോ പരലോകത്തിലോ ആ ഫലം സിദ്ധിക്കുക? ദേഹി ദേഹം കൈവിട്ടാല്‍ ശുഭാശുഭങ്ങള്‍ വഴിക്കുള്ള ഫലം പിന്നെ പരലോകത്തിലോ ചെയ്യുക, ഇഹലോകത്തിലോ? മരിച്ച മര്‍ത്തൃന് താന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം ഇഹലോകത്തിലുള്ളതോ, പരലോകത്തിലുള്ളതോ? എവിടെയാണതു നിൽക്കുക?

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: മഹാരാജാവേ! ഭവാനു ശരിക്കും ചേര്‍ന്നതു തന്നെയാണ്‌ ഈ ചോദ്യം. ഹേ, വശിസത്തമാ! ലോകസ്ഥിതി അനുസരിച്ചു ചോദിച്ചതാണ്‌ ഈ ചോദ്യം. അറിയേണ്ടത്‌ അറിഞ്ഞവനാണു ഭവാനെങ്കിലും അതിനെപ്പറ്റി ഞാന്‍ പറയാം. മനസ്സു വെച്ചു കേള്‍ക്കുക. രണ്ടു ലോകങ്ങളിലും സുഖദുഃഖങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നു ഞാന്‍ പറഞ്ഞുതരാം. ദേഹമുള്ളവര്‍ക്കൊക്കെ ധര്‍മ്മതന്ത്രങ്ങളായ വിശുദ്ധ ശുചിദേഹങ്ങള്‍ ആദ്യനായ പ്രജാപതി സൃഷ്ടിച്ചു. സുവ്രതന്മാരും സത്യഫലരും അമോഘമായ ഫലത്തെ ചിന്തിക്കുന്നവരുമായ പണ്ടത്തെ നരന്മാര്‍ പുണ്യവാന്മാരും ബ്രഹ്മകല്‍പന്മാരും ആയിരുന്നു. എല്ലാ നരന്മാരും ദേവന്മാര്‍ക്കൊപ്പം നഭസ്സില്‍ സഞ്ചരിക്കുന്നവർ ആയിരുന്നു. അവര്‍ക്ക്‌ ഇഷ്ടംപോലെ ഭൂമിയിലേക്കു തിരിച്ചു പോരുവാനും കഴിഞ്ഞിരുന്നു. അങ്ങനെ അവര്‍ സ്ച്ഛന്ദചാരികളായിരുന്നു. സ്ച്ഛന്ദമരണന്മാരും സ്ച്ചന്ദചരരും ആയിരുന്നു അന്നത്തെ മാനവര്‍. രോഗമില്ലാത്തവരും അല്ലലില്ലാത്തവരും സിദ്ധാര്‍ത്ഥരും നിരുപദ്രവികളും വാനവന്മാരേയും ഋഷീന്ദ്രന്മാരേയും കാണുവാന്‍ കഴിയുന്നവരും ആയിരുന്നു. ധര്‍മ്മം പ്രത്യക്ഷമായി കാണുന്നവരും ദാന്തന്മാരും മത്സരഹീനന്മാരും ആയിരുന്നു. ആയിരം വര്‍ഷം ജീവിക്കുന്നവരും ആയിരം മക്കളുള്ളവരും ആയിരുന്നു അവര്‍. പിന്നെ കാലാന്തരത്തില്‍ അവരുടെ സ്ച്ഛന്ദചാരിത്വം ഇല്ലാതായി. മന്നില്‍ മാത്രം ചരിക്കുന്നവരായി. കാമക്രോധാഭി ഭൂതന്മാരും ചതി കൊണ്ടും വ്യാജം കൊണ്ടും ഉപജീവിക്കുന്നവരായി, ലോഭമോഹങ്ങള്‍ മനസ്സില്‍ കരുതി നടക്കുന്നവരായി. ദേഹങ്ങളാല്‍ സക്തരായി, അവര്‍ അശുഭം ചെയ്യുകയാല്‍ തിര്യങ്നരകം പ്രാപിച്ച പാപികളായി തീര്‍ന്നു. നാനാ സംസാര നിരയില്‍ വിണ്ടും വീണ്ടും പതിക്കുന്നവരായി, ഇഷ്ടം നശിച്ച്‌, ആഗ്രഹം കെട്ട്‌, ബോധം വിട്ട്‌ അവര്‍ ജഡാശയന്മാരായി. എല്ലാറ്റിലും ശങ്കയോടെ ക്ലേശദായികളായി ഭവിച്ചു. പ്രായേണ അശുഭ കര്‍മ്മങ്ങള്‍ കൊണ്ടു ചിഹ്നങ്ങളാര്‍ന്നവരായി, ദുഷ്കുലത്തില്‍ ദീനമേറ്റ്‌ ദുഷ്ടരായി, ശൗര്യമറ്റവരായി ഭവിച്ചു. ഉഗ്രമായ ഫലത്താല്‍ ആയുസ്സു കുറഞ്ഞു പിറക്കുകയായി. എല്ലാറ്റിലും നരന്മാര്‍ക്കു ദുരയായി. ബുദ്ധിയൊക്കെ മാറി. നാസ്തികരായി. മരിച്ചവന് താന്‍ ജീവിക്കുന്ന കാലത്തു ചെയ്ത കര്‍മ്മം കൊണ്ടു ഗതി ഉണ്ടാകുന്നു. പ്രാജ്ഞനും ബുദ്ധിഹീനനും കര്‍മ്മം എവിടെ നിൽക്കുന്നുവെന്നും അത്‌ എവിടെ വച്ച്‌ ഏൽക്കുന്നുവെന്നും അത്‌ പുണ്യമോ പാപമോ എന്നും ഭവാന്‍ ചോദിച്ച ചോദ്യത്തിനും ഉള്ള ഉത്തരം ഞാന്‍ പറയാം. ഭവാന്‍. കേള്‍ക്കുക.

ദൈവം നരനെ ആദ്യശരീരത്താല്‍ സൃഷ്ടിച്ചു വിട്ടു. അവന്‍ പിന്നെ വളരെ ശുഭവും അശുഭവുമായ ഫലങ്ങള്‍ സഞ്ചയിക്കുകയായി. ആയുസ്സു നീണ്ടു പോകുമ്പോള്‍ ക്ഷീണിച്ചു പോകൂന്ന സ്ഥൂലശരീരം വിടുന്നവന്‍ ഇരുജന്മം ചേര്‍ന്നാണു നിൽക്കുന്നത്‌. സംസാരത്തെ വിട്ടൊഴിയുന്നില്ല. സ്വന്തം കര്‍മ്മം അയാള്‍ക്കു നിഴല്‍ എന്ന പോലെ ഒപ്പം എപ്പോഴുമുണ്ടാകും. ഫലം നല്കുന്ന സുഖദുഃഖങ്ങള്‍ക്കു ചേര്‍ന്ന ജന്മത്തില്‍ അവന്‍ ചെന്നുപറ്റും. കൃതാന്തന്റെ വിധിക്കൊത്ത്‌ ശുഭത്തിലോ അശുഭത്തിലോ വിടാതെ ആ ജീവി പറ്റിനിൽക്കുന്നത്‌ ജ്ഞാനദൃഷ്ടി ഉള്ളവര്‍ക്കു കാണാം. ഇപ്പറഞ്ഞത്‌ ഹേ, യുധിഷ്ഠിരാ! അജ്ഞാനികളുടെ ഗതിയെപ്പറ്റിയാണ്‌.

ഇനി ജ്ഞാനികളുടെ മുഖ്യമായ സല്‍ഗ്ഗതിയെപ്പറ്റി പറയാം. അതും മനസ്സിരുത്തി കേള്‍ക്കുക. തപസ്സു ചെയ്ത്‌ സര്‍വ്വവേദാവലംബികളായ മര്‍ത്ത്യര്‍ ഗുരുശുശ്രൂഷ ചെയ്ത്‌ സതൃവാന്മാരും ദൃഢവ്രതരുമായി ശീലം, ക്ഷമ, ദമം, തേജസ്സ്‌ ഇവയോടു കൂടിയ യോഗികള്‍ ശുചിയായ ദേഹാന്തരത്തെ പ്രാപിക്കുന്നു. അവര്‍ മിക്കവാറും ശുഭലക്ഷണന്മാരാണ്‌. അവര്‍ ജിതേന്ദ്രിയന്മാരും വശികളും യോഗം മൂലം രോഗമറ്റവരും അല്പം ദുഃഖഭയത്താല്‍ ഉപദ്രവമൊഴിച്ചവരുമാണ്‌. വീണാലും ജന്മമെടുത്താലും ഗര്‍ഭം പ്രാപിച്ചാലും എപ്പോഴും ജ്ഞാനചക്ഷുസ്സാല്‍ സ്വാത്മപരബോധം അവര്‍ക്കുണ്ടാകും. മഹര്‍ഷി മുഖ്യരായ അവര്‍ പ്രത്യക്ഷാഗമ ബുദ്ധികളാണ്‌. അവര്‍ ഈ കര്‍മ്മഭൂവില്‍ വന്നാലും വീണ്ടും സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ്‌. ദൈവത്താലും ഹഠത്താലും കര്‍മ്മത്താലും ചിലപ്പോള്‍ മര്‍ത്ത്യന്മാര്‍ സിദ്ധി നേടുന്നു. ഹേ, രാജാവേ! ഇതില്‍ ഭവാന്‍ ശങ്കിക്കരുത്‌. ഇതില്‍ ഈയൊരു ദൃഷ്ടാന്തം ഭവാന്‍ ധരിക്കണം. മനുഷ്യ ലോകത്തില്‍ ശ്രേയസ്സായി കാണുന്നത്‌ (ഈ ലോകത്തില്‍) ഉള്ളവന് പരലോകത്തില്‍ ഇല്ല. പരലോകത്തില്‍ ഒരുത്തന് ഉണ്ടെങ്കില്‍ അവന് ഇഹലോകത്തില്‍ (?). അങ്ങനെ ഒരു വിഭാഗം. പിന്നെ ഇങ്ങും അങ്ങും ഉള്ളവര്‍ എന്ന ഒരു വിഭാഗക്കാര്‍. ഇങ്ങും അങ്ങും ഇല്ലാത്ത മറ്റൊരു കൂട്ടര്‍. ഇങ്ങനെയൊക്കെയാണ്‌ ആത്മാക്കളുടെ സ്ഥിതി.

വളരെ സമ്പത്ത് നേടി ദേഹമൊക്കെ അലങ്കരിച്ച്‌ സുഖത്തെ നോക്കി എപ്പോഴും രമിക്കുന്നതായാല്‍ അവര്‍ക്ക്‌ ഇഹലോകം നന്നായി ഉണ്ടെന്നു വിചാരിക്കുക. എന്നാൽ ശത്രുജിത്തേ! അവര്‍ക്കു പരലോകം ഇല്ല തന്നെ!

യോഗത്തോടു ചേര്‍ന്ന വിധം തപസ്സിരുന്ന്, സ്വാദ്ധ്യായവും ചെയ്ത്‌, ഉടല്‍ പോക്കുന്ന വിധം ജിതേന്ദ്രിയന്മാരും അഹിംസകരുമായി ജീവിക്കുന്നവര്‍ക്ക്‌, ഹേ ശത്രുഘ്നാ! അവര്‍ക്കു പരലോകമല്ലാതെ ഇഹലോകമില്ല.

പ്രധാന ധര്‍മ്മസ്ഥരായി മുറയ്ക്കു ധര്‍മ്മാനുസരണം നോപാജ്ജനം ചെയ്ത്‌ കാലേ സദാരന്മാരായി യാഗാദി പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ ഇഹലോകവും പരലോകവും ഉണ്ടെന്നു ധരിക്കുക.

വിദ്യ, തപം, ദാനം ഇവയൊന്നും കൂടാതെ വിമൂഢരായി ജീവിച്ച്‌ സന്തതിയേയും നേടാതെ സുഖാനുഭോഗങ്ങള്‍ പെടാതെ ജീവിക്കുന്നവര്‍ക്ക്‌ ഇഹലോകവുമില്ല പരലോകവുമില്ല.

ഹേ, പാര്‍ത്ഥന്മാരേ! നിങ്ങളൊക്കെ അതിവീര്യന്മാരും ദിവ്യമായ ഓജസ്സോടെ നല്ല ദേഹബലം ഉള്ളവരായി വാനില്‍ നിന്ന്‌ ഈ ക്ഷിതിയില്‍ വന്നു പിറന്നവരും, സുരാര്‍ത്ഥമായി വിദ്യ അഭ്യസിച്ചവരും, പ്രശസ്ത കര്‍മ്മങ്ങള്‍ ചെയ്ത ശൂരന്മാരും, തപോദമാചാര വിഹാരശീലരും, വിധാനപ്രകാരം വേണ്ടവിധം ദേവതകള്‍ക്കും ഋഷികള്‍ക്കും പിതൃക്കള്‍ക്കും തര്‍പ്പണം കഴിച്ചവരുമാണ്‌. പുണ്യം വര്‍ദ്ധിച്ചവര്‍ക്ക്‌ അണയേണ്ട വാനില്‍ നിങ്ങള്‍ ക്രമേണ നിങ്ങളുടെ കര്‍മ്മങ്ങള്‍ മൂലം ചെന്നെത്തുന്നതാണ്‌. അതില്‍ ഒട്ടും ശങ്കിക്കേണ്ടതില്ല. സുഖാര്‍ഹനായ അങ്ങേയ്ക്ക്‌ ഈ ദുഃഖം അനുഭവിക്കേണ്ടി വന്നതു കൊണ്ട്‌ നിങ്ങള്‍ക്ക്‌ അതു സാദ്ധ്യമാകും എന്നുള്ളതില്‍ ഒട്ടും സംശയിക്കേണ്ടതില്ല.

184. ബ്രാഹ്മണ മാഹാത്മൃ കഥനം - വൈശമ്പായനൻ പറഞ്ഞു: യോഗ്യനായ മാര്‍ക്കണ്ഡേയനോട്‌ പാണ്ഡവന്മാര്‍ ചോദിച്ചു: ഹേ, മഹര്‍ഷേ! ഞങ്ങള്‍ക്കു ദ്വിജപ്രവര മാഹാത്മ്യം കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്‌. ഭവാന്‍ അതു പറഞ്ഞാലും! ഇതു കേട്ടപ്പോള്‍ തപോധനനായ ഭഗവാന്‍ മാര്‍ക്കണ്ഡേയന്‍ അവരോടു പറഞ്ഞു. മഹാതേജസ്വിയും ശാസ്ത്രജ്ഞനുമായ മഹര്‍ഷിയുടെ വാക്കില്‍ അവര്‍ ശ്രദ്ധാലുക്കളായി ഇരുന്നു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, ഹയാന്വയ കൃത്തായി ശോഭിക്കുന്ന കുമാരനായ രാജാവ്‌ വേട്ടയാടുവാന്‍ വനത്തില്‍ പ്രവേശിച്ചു. പുല്ലും ചെടികളും നിറഞ്ഞ കാട്ടില്‍ അമ്പും വില്ലുമായി ചുറ്റുന്ന രാജാവ്‌ കൃഷ്ണാഞ്ജനം ദേഹത്തണിഞ്ഞ ഒരു മുനീന്ദ്രനെ കണ്ടു. എന്നാൽ അവന്‍ ആ മുനിയെ കണ്ടപ്പോള്‍ ഒരു മാനാണെന്നു തെറ്റിദ്ധരിച്ച്‌ കാട്ടില്‍ വച്ച്‌ മഹര്‍ഷിയുടെ നേരെ ഒരു ശരം വിട്ടു., ഓടിച്ചെന്നു നോക്കിയപ്പോള്‍ രാജാവ്‌ നടുങ്ങി പോയി. ശരമേറ്റു മഹര്‍ഷി മരിച്ചു പോയി. രാജാവ്‌ മുനിയെ കൊന്നതില്‍ സങ്കടപ്പെട്ടു. കുമാരരാജാവ്‌ ദുഃഖിതനായി മടങ്ങി, പ്രസിദ്ധരായ ഹേഹയ രാജാക്കന്മാരുടെ സമീപത്തിലെത്തി. അവരോടു നടന്ന ദുഃഖകഥ കേള്‍പ്പിച്ചു. ഫലമൂലങ്ങള്‍ തിന്നുന്ന മഹര്‍ഷിയെ കൊന്ന മഹാപാപിയാണു ഞാന്‍. രാജാക്കള്‍ എല്ലാവരും ചെന്നു മരിച്ചു കിടക്കുന്ന മുനിയെക്കണ്ടു സങ്കടപ്പെട്ടു. ഇവന്‍ ആരുടെയാണ്‌? എവിടെ അധിവസിക്കുന്നവൻ ആണ്‌ എന്നുള്ള കാര്യങ്ങളൊക്കെ അന്വേഷിച്ച്‌ അറിയുവാന്‍ അവര്‍ തീര്‍ച്ചയാക്കി. അങ്ങനെ തിരയുന്ന അവര്‍ അരിഷ്ടനേമി എന്നറിയപ്പെടുന്ന താര്‍ക്ഷ്യന്റെ ആശ്രമത്തില്‍ ചെന്നെത്തി. അവര്‍ യതവ്രതനും യോഗ്യനുമായ ആ യോഗിയെ അഭിവാദ്യം ചെയ്തു. അവര്‍ എല്ലാവരും അവിടെ നിന്നു. താര്‍ക്ഷ്യ മുനി അവരെ പൂജിച്ചു.

അവര്‍ ആ മുനിയോടു പറഞ്ഞു: മഹര്‍ഷേ! ഞങ്ങള്‍ ഭവാന്റെ സല്‍ക്രിയയ്ക്കു പാത്രമല്ല. ഞങ്ങള്‍ മഹാപാപികളാണ്‌. കര്‍മ്മദോഷത്താല്‍ ഞങ്ങള്‍ ഒരു വിപ്രനെ കൊന്നവരാണ്‌.

ഇതുകേട്ട്‌ ആ വിപ്രര്‍ഷി അവരോടു ചോദിച്ചു: നിങ്ങള്‍ വിപ്രനെ കൊന്നുവെന്നോ? അവന്‍ എവിടെ ആണെന്നു പറയുവിന്‍. നിങ്ങള്‍ എന്റെ തപോബലം കണ്ടു കൊള്ളുക.

അവര്‍ നടന്ന കഥ വിവരിച്ച്‌ അദ്ദേഹത്തോടു പറഞ്ഞു. ചെന്നു നോക്കി. മരിച്ചു വീണ ദിക്കില്‍ മഹര്‍ഷിയെ കാണുന്നില്ല. അവര്‍ അത്ഭുതപ്പെട്ടു. തിരഞ്ഞു നോക്കി. മരിച്ചു കിടക്കുന്ന മഹര്‍ഷിയെ കാണാതെ നാണിച്ചു സ്വപ്നത്തിലെന്ന പോലെ അവര്‍ ഉഴന്നു.

അവരോട്‌ പുരപുരഞ്ജയനായ താര്‍ക്ഷ്യന്‍ ചോദിച്ചു:ഹേ, രാജാവേ! നിങ്ങള്‍ കൊന്ന മുനി ഈ നിൽക്കുന്നവൻ ആണോ? മന്നവന്മാരേ, ഇവന്‍ എന്റെ പുത്രനാണ്‌. തപോബലം ഉള്ളവനാണ്‌.

അവര്‍ ആ മുനിയെ കണ്ട്‌ ഏറ്റവും അത്ഭുതപ്പെട്ടു. ഇതു വലിയ അത്ഭുതമാണല്ലോ എന്ന് അവര്‍ പറഞ്ഞു. മരിച്ച ഈ മുനിയെ ഭവാന്‍ എങ്ങനെ ജീവിപ്പിച്ചു കൊണ്ടു പോന്നു? തപഃശ്ശക്തി ആണോ വീണ്ടും ജീവന്‍ നല്കിയത്‌? കേള്‍ക്കാവുന്നത് ആണെങ്കില്‍ ഞങ്ങളോടു പറയുക. ഞങ്ങള്‍ക്ക്‌ അതു കേള്‍ക്കുവാന്‍ വളരെ ആഗ്രഹമുണ്ട്‌.

ഉടനെ ആ മഹര്‍ഷി അവരോടു പറഞ്ഞു: ഹേ, രാജാക്കളേ! ഞങ്ങളില്‍ മൃത്യു ഏല്‍ക്കുന്നതല്ല! നിങ്ങളോട്‌ അതിന്റെ ഹേതു പറയാം. യോഗമൊത്ത കാരണം ഇതാണ്‌. ഞങ്ങള്‍ക്കു സത്യമേ അറിയു. അനൃതചിന്തയേ ഞങ്ങള്‍ ചെയ്യുകയില്ല. സ്വധര്‍മ്മം ചെയ്യും. അതു കൊണ്ട്‌ ഞങ്ങളില്‍ മൃത്യു ഭീതിയില്ല. കുശലം ബ്രാഹ്മണര്‍ക്ക്‌ എന്തോ അതു നാം അവരോടു പറയും. ഞങ്ങള്‍ ദുര്‍വൃത്തം പറയുകയില്ല. അതു കൊണ്ടു മൃത്യുഭീതി ഞങ്ങളില്‍ ഇല്ല. അന്നപാനത്താല്‍ പാന്ഥരേയും അതൃശനത്താല്‍ ഭൃത്യരേയും ഊട്ടിയതിന് ശേഷമേ ശേഷിപ്പുള്ളത്‌ ഞങ്ങള്‍ ഭക്ഷിക്കാറുള്ളൂ. അതു കൊണ്ടു ഞങ്ങളില്‍ മൃത്യുഭീതിയില്ല. ക്ഷാന്തരും ദാന്തരും ക്ഷമാശീലന്മാരും തപോദാന സമാദൃതന്മാരും പുണ്യദേശ വാസികളുമാണ്‌ ഞങ്ങള്‍. അതു കൊണ്ട്‌ ഞങ്ങളില്‍ മൃത്യുഭീതിയില്ല. ഹേ, മാത്സരൃ ഹീനന്മാരേ, ഇത്‌ അല്പം മാത്രം ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പറഞ്ഞു തന്നു. ഇനി നിങ്ങള്‍ എല്ലാവരും ഒന്നിച്ചു പൊയ്ക്കൊള്ളുക. നിങ്ങളില്‍ പാപഭയം വേണ്ടാ.

എന്നാൽ അങ്ങനെയാകട്ടെ, എന്നു പറഞ്ഞ്‌ ആ നൃപന്മാര്‍ മുനിയെ പൂജിച്ച്‌ സ്വദേശത്തേക്കു സസന്തോഷം പുറപ്പെട്ടു.

185. ബ്രാഹ്മണ മാഹാത്മ്യം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: വീണ്ടും ഞാന്‍ വിപ്രമഹാഭാഗത്വം ഭവാനെ കേള്‍പ്പിക്കാം. രാജര്‍ഷിയായ വൈന്യന്‍ അശ്വമേധത്തിനായി ദീക്ഷിച്ചു. ആ രാജര്‍ഷിയുടെ കയ്യില്‍ നിന്നു വിത്തം ലഭിക്കുന്നതിന് വേണ്ടി അത്രി അദ്ദേഹത്തെ കാണുവാന്‍ ചെന്നു. ധര്‍മ്മക്ഷയം ഓര്‍ത്ത്‌ അധികം ധനം അവന്‍ ആഗ്രഹിച്ചില്ല. ആ കഥ പറയാം.

ഒരു ദിവസം ആ തേജോരാശിയായ അത്രി വിചാരിച്ചു വിചാരിച്ച്‌ വനവാസത്തിന് ഉറച്ചു. തന്റെ പത്നിയേയും മക്കളേയും വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: നമുക്ക്‌ തെറ്റില്ലാത്ത വലുതായ ഫലം നേടാം. അത്‌ മറ്റൊന്നുമല്ല. ഗുണം കൂടി യ വനവാസമാണ്‌. നിങ്ങള്‍ക്ക്‌ അതു രുചിക്കണം. ഇതുകേട്ട്‌ അത്രിയുടെ ധര്‍മ്മപത്നി പറഞ്ഞു: മഹാത്മാവായ വൈന്യനെ കണ്ട്‌ ഭവാന്‍ അര്‍ത്ഥം അര്‍ത്ഥിക്കുക. യാഗം ചെയ്യുന്ന ആ രാജര്‍ഷി നാം ചെന്നു യാചിച്ചാല്‍ പണം തരാതിരിക്കയില്ല. അദ്ദേഹത്തോട്‌ ധാരാളം വിത്തം വാങ്ങി ഭൃത്യന്മാര്‍ക്കും, പുത്രന്മാര്‍ക്കും ഭാഗിച്ചു നല്‍കിയതിന് ശേഷം യഥേഷ്ടം കാട്ടിലേക്കു പോകാം. ഇതാണ്‌മുഖൃമായ ധര്‍മ്മം. ധര്‍മ്മജ്ഞന്മാര്‍ പറയുന്നതും ഇപ്രകാരം തന്നെയാണ്‌.

അത്രി പറഞ്ഞു: മഹാഭാഗേ! മഹാത്മാവായ ഗൗതമന്‍ എന്നോടു പറഞ്ഞു, വൈന്യന്‍ ധര്‍മ്മാര്‍ത്ഥവാനാണ്‌, സത്യവ്രതനാണ്‌ എന്ന്. എന്നാൽ നമ്മളോടു വിദ്വേഷമുള്ള വിപ്രന്മാര്‍ അവിടെ പാര്‍ക്കുന്നുണ്ട്‌. അതും ഗൗതമന്‍ പറയുകയാലാണ്‌ ഞാന്‍ അവിടെ പോകാത്തത്‌. ഞാന്‍ പറയുന്ന ധര്‍മ്മ കാമാര്‍ത്ഥമൊത്ത ശുഭമായ വാക്കിനെ ഉടനെ അര്‍ത്ഥം വിട്ടു തെറ്റിച്ച്‌ അവന്‍ വ്യാഖ്യാനിക്കും. എന്നാലും മഹാപ്രാജേഞ! നീ പറഞ്ഞത്‌ ഞാന്‍ അനുസരിക്കുന്നു. ഞാന്‍ അങ്ങോട്ടു പോയി വരാം.

ഞാന്‍ ചെന്നാല്‍ വൈന്യന്‍ എനിക്കു ധാരാളം പശുക്കളേയും മറ്റു ധനവും തരാതിരിക്കയില്ല. നിന്റെ മൊഴി ഞാന്‍ തട്ടുന്നില്ല.

മാര്‍ക്കണ്ഡേയന്‍ കഥ തുടര്‍ന്നു: എന്നു പറഞ്ഞ്‌ ഉടനെ തപോനിധിയായ അത്രി വൈന്യന്റെ യജ്ഞത്തെ പ്രാപിച്ചു. യാഗശാലയില്‍ എത്തിയ അത്രി മംഗളോക്തികളാല്‍ മാനിച്ചു വാഴ്ത്തി പറഞ്ഞു.

അത്രി പറഞ്ഞു: മഹാരാജാവേ! ധന്യനായ ഈശന്‍ ഭവാനാണ്‌. മന്നില്‍ നീ ആദ്യ മന്നവനാണ്‌. മുനികള്‍ ഭവാനെ വാഴ്ത്തുന്നു. നീയല്ലാതെ ആരുണ്ട്‌ ധാര്‍മ്മികനായി?

ഗൗതമന്‍ ഈ പ്രശംസ കേട്ടു കോപിച്ചു പറഞ്ഞു: ഹേ, അത്രി! ഇപ്രകാരം പറയരുത്‌. നിന്റെ ബോധം ശരിയല്ല. നമുക്ക്‌ ഇവിടെ മുമ്പിട്ടു നിൽക്കുന്നവന്‍ ഇന്ദ്രനായ പ്രജാപതിയാണ്‌.

ഗൗതമന്‍ പറഞ്ഞതു കേട്ട്‌ അത്രി ഉത്തരം പറഞ്ഞു: ഇവന്‍ വിധാതാവാണ്‌, ശക്രനാണ്‌, പ്രജാപതി തുല്യനാണ്‌. നീയോ മോഹം കൊണ്ടു പിഴച്ചു പറയുകയാണ്‌. നിനക്ക്‌ അറിവില്ല; ബോധമില്ല.

ഗൗതമന്‍ പറഞ്ഞു: എനിക്കല്ല തെറ്റിയത്‌. നിനക്കാണ്‌. നീയല്ലേ രാജാവിനെ കാണാന്‍ വന്ന്‌ സദസ്സില്‍ നിന്നു പുകഴ്ത്തുന്നത്‌? നീ മുഖ്യമായ ധര്‍മ്മം അറിഞ്ഞവനല്ല. പ്രയോജനം ഓര്‍ക്കുന്നുമില്ല. ബാലനാണു നീ. മൂഢനുമാണ്‌. നിനക്ക്‌ ഇത്ര പ്രായമായിട്ട്‌ എന്തു പ്രയോജനം!

മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു: മുനിമാരുടെ കണ്ണിന് മുമ്പില്‍ വച്ച്‌ ഇപ്രകാരം അവര്‍ വാദിച്ചു നിന്നു. ആ സദസ്സിൽ ഉള്ളവർ ഒക്കെ ചോദിച്ചു: "എന്താണ്‌ ഇവരിങ്ങനെ? ആരാണ്‌ വൈന്യസദസ്സില്‍ ഇവരെ കേറ്റിവിട്ടത്‌? എന്തിനാണ്‌ ഇവര്‍ ഇങ്ങനെ തര്‍ക്കിച്ച്‌ ഒച്ചയിടുന്നത്‌?".

ഈ സമയത്ത്‌ സര്‍വ്വധര്‍മ്മജ്ഞനായ കാശ്യപന്‍, വിവാദത്തിനായി രണ്ടുപേര്‍ വന്നിട്ടുണ്ടെന്നുള്ള വൃത്താന്തം എല്ലാവരേയും അറിയിച്ചു. പിന്നെ സദസ്യരായ മുനീന്ദ്രന്മാരോട്‌ ഗൗതമന്‍ പറഞ്ഞു: ഞങ്ങള്‍ പറയുന്ന ഈ ചോദ്യം ദ്വിജ മുഖ്യന്മാരേ! നിങ്ങള്‍ കേള്‍ക്കുവിന്‍! വൈന്യന്‍ വിധാതാവാണെന്ന്‌ അത്രി പറയുന്നു. അതിനെക്കുറിച്ചു ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി.

മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു. ഇതുകേട്ട്‌ മഹാത്മാക്കളായ മഹര്‍ഷിമാര്‍ ക്ഷണത്തില്‍ എത്തി. എല്ലാവരും സനല്‍ക്കുമാരന്റെ അരികെ സംശയം തീര്‍ക്കുവാന്‍ ചെന്നെത്തി. അവരുടെ വാക്കു കേട്ട്‌ ആ മഹര്‍ഷി തത്വം പോലെ, ധര്‍മ്മാര്‍ത്ഥമൊക്കുന്ന വാക്കാല്‍ ഉത്തരം പറഞ്ഞു.

സനല്‍ക്കുമാരന്‍ പറഞ്ഞു: ബ്രഹ്മം ക്ഷത്രത്തോടു ചേരും. ക്ഷത്രം ബ്രഹ്മത്തോടും ചേരും. ഇവ രണ്ടും ചേര്‍ന്നു ശത്രുക്കളെ, കാറ്റും തീയും ചേര്‍ന്നു കാടുകളെ എന്ന വിധം ചുട്ടുകളയും. രാജാവ്‌ വിശ്രുതനായ ധര്‍മ്മമാണ്‌. പ്രജാപതിയാണ്‌ ( പ്രജകളുടെ പതി ). രാജാവ്‌ ശക്രനാണ്‌, ശുക്രനാണ്‌, ധാതാവാണ്‌, ബൃഹസ്പതിയാണ്‌, വിരാട്ടാണ്‌, സാമ്രാട്ടാണ്‌, ക്ഷത്രിയനാണ്‌, പതിയാണ്‌, നൃപനാണ്‌. ഈ ചൊല്ലുകളാല്‍ പുകഴ്ന്നവനെ ആരാണ്‌ അര്‍ച്ചിക്കാത്തവന്‍? പുരായോനി, യുധാജിത്ത്‌, മുദിതന്‍, ഭവന്‍, സ്വര്‍ഗ്ഗനേതാവ്‌, ബഭ്രു, സഹജിത്ത്‌, സത്യയോനി, പുരാവിത്ത്‌, സത്യധര്‍മ്മ പ്രവര്‍ത്തകന്‍ എന്നൊക്കെ രാജാവ്‌ അറിയപ്പെടുന്നു. അധര്‍മ്മഭീതിയാല്‍ ഋഷികള്‍ ബലം ക്ഷത്രത്തിന് നല്കിയിരിക്കയാണ്‌. ആകാശത്ത്‌ ദേവന്മാരില്‍ ആദിത്യന്‍ എപ്രകാരം ഇരുട്ടിനെ നീക്കുന്നുവോ അപ്രകാരം മന്നിലെ അധര്‍മ്മങ്ങളെ മന്നവന്‍ എപ്പോഴും നശിപ്പിക്കുന്നു. പിന്നെ രാജാക്കന്മാര്‍ക്ക്‌ ഉത്തമത്വം ശാസ്ത്രദൃഷ്ട്യാ ഉണ്ട്‌. ശാസ്ത്രപ്രമാണങ്ങളുടെ ദൃഷ്ടിയില്‍ സമാധാനം കാണുന്നുണ്ട്‌. രാജാവ്‌ (ശോഭിക്കുന്നവന്‍) എന്നുള്ള വാക്കു കൊണ്ടു തന്നെ അതു സിദ്ധമാണല്ലോ!

മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു: പിന്നെ മഹാശയനായ ആ രാജാവ്‌ പ്രമാണപക്ഷ സിദ്ധിയാല്‍ ഹൃഷ്ടനായി തന്നെ സ്തുതിച്ച അത്രിയോടു നന്ദിയോടെ പറഞ്ഞു; "ഹേ, മുനേ! ഭവാന്‍ എന്നെ മനുഷ്യരില്‍ മികച്ചവനും, ദേവന്മാര്‍ക്കു തുല്യനും, ശ്രേഷ്ഠനുമായി വര്‍ണ്ണിച്ചുവല്ലോ! അതില്‍ പ്രീതനായ ഞാന്‍ നാനാപ്രകാരം വളരെ ധനം ഇതാ ഭവാനു തരുന്നു. ഉടുത്തു മോടിയില്‍ അണിഞ്ഞ യുവതികളായ ആയിരം ദാസിമാരേയും, പത്തു കോടി സ്വര്‍ണ്ണവും, പത്തുഭാരം രുഗ്മവും നല്കുന്നു. മുനേ, ഭവാന്‍ സര്‍വ്വജ്ഞനാണ്‌. എന്റെ ദാനം ഭവാന്‍ സ്വീകരിച്ചാലും".

അത്രി അവയൊക്കെ വാങ്ങി രാജാവിന്റെ സല്‍ക്കാരമേറ്റു സ്വന്തം ഗൃഹത്തിലേക്കു പോന്നു. തേജസ്വിയായ ആ തപോനിധി പ്രീതിയോടെ മക്കള്‍ക്ക്‌ ആ ധനമൊക്കെ നല്കി, തപസ്സു ചെയ്യുവാന്‍ കാട്ടിലേക്കു പോയി. :

186. സരസ്വതീ താര്‍ക്ഷൃ സംവാദം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇക്കാര്യത്തില്‍ ധീമാനായ താര്‍ക്ഷ്യ മുനി ചോദിക്കുക കാരണം സരസ്വതി പറഞ്ഞ വാക്കുകള്‍ ഭവാന്‍ കേട്ടാലും! താര്‍ക്ഷ്യന്‍ പറഞ്ഞു: ഭദ്രേ! പുരുഷന് ശ്രേയസ്സ്‌ എന്താണ്‌? എന്തു ചെയ്താല്‍ സ്വധര്‍മ്മം പോവുകയില്ല? ഹേ മനോഹരി, നിന്റെ വാക്കനുസരിച്ചു ഞാന്‍ സ്വധര്‍മ്മം പോകാതെ പ്രവര്‍ത്തിക്കുന്നതാണ്‌. അഗ്നിയെ ഹോമിച്ച്‌ അര്‍ച്ചിക്കേണ്ടത്‌ ഏതു കാലത്താണ്‌? എന്തു ചെയ്താല്‍ ധര്‍മ്മം മങ്ങുകയില്ല? ഹേ, സുഭഗേ! ഇതൊക്കെ ഭവതി പറഞ്ഞു തന്നാലും! എനിക്കു പാപം കൂടാത്ത ലോകത്തില്‍ എത്തുവാന്‍ ആശയുണ്ട്‌.

മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു: സസന്തോഷം അവന്‍ പറഞ്ഞപ്പോള്‍ ആ ധീമാനായ താര്‍ക്ഷ്യ വിപ്രന്‍ ധര്‍മ്മാസക്തനും ഹിതനും ആണെന്നറിഞ്ഞ്‌, സരസ്വതീ ദേവി ഇപ്രകാരം പറഞ്ഞു.

സരസ്വതി പറഞ്ഞു: ബ്രഹ്മത്തെ ധരിച്ചവനും, ഉചിതമായ പ്രദേശത്തു ശുചി തെറ്റാതെ ഇരിക്കുന്നവനും, സ്വാദ്ധ്യായവാനും ആയവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നു ചേരുന്നതാണ്‌. അവിടെ വലിയതും ദുഃഖം ഏൽക്കാത്തതും പൂവണിഞ്ഞതുമായ നല്ല പൊയ്‌ക, ചേറു കൂടാതെ മീനുകളോടും നല്ല തീര്‍ത്ഥങ്ങളോടും കൂടി പൊന്മയ പൂക്കളോടൊത്തു ശോഭിക്കുന്നു. അതിന്റെ വക്കില്‍ പാര്‍ക്കുന്നവരായ പുണ്യവാന്മാര്‍ ശ്രേഷ്ഠകളായ അപ്സരസ്ത്രീകളാല്‍ മാനിക്കപ്പെടുന്നു. നല്ല പുണ്യഗന്ധത്തോടു കൂടി അണിഞ്ഞ്‌ സ്വര്‍ണ്ണനിറത്തിലുള്ള അവരോടു ചേര്‍ന്ന്‌ ആ പുണ്യവാന്മാര്‍ ഉല്ലസിക്കുന്നു. ഭാഗ്യം! മറ്റു ലോകത്തിലെത്തുന്ന പുണ്യവാന്മാര്‍ അങ്ങനെ ഉള്ളവർ ആണെന്നു പറയാം. വൃഷങ്ങളെ ദാനം ചെയ്യുന്നവര്‍ അര്‍ക്കലോകത്തിൽ എത്തുന്നതാണ്‌. വസ്ത്രം ദാനം ചെയ്യുന്നവര്‍ ചന്ദ്രലോകത്തിൽ എത്തുന്നതാണ്‌. സ്വര്‍ണ്ണം ദാനംചെയ്യുന്നവര്‍ക്ക്‌ അമരത്വം ലഭിക്കും. നിറമുള്ളതും കറവു വറ്റാത്തതും പാട്ടില്‍ നിൽക്കുന്നതുമായ പശുവിനെ കുട്ടിയോടു കൂടി ദാനം ചെയ്താല്‍ അതിന് എത്ര രോമമുണ്ടോ അത്ര വര്‍ഷം അവന്‍ സ്വര്‍ഗ്ഗത്തില്‍ വാഴും. ഭാരം താങ്ങുന്നതും, ബലവും വീര്യവും ഉള്ളതും, നിലം ഉഴുന്നതുമായ കാളക്കിടാവിനെ ദാനം ചെയ്താല്‍ അവന് പത്തു പശുക്കളെ ദാനം ചെയ്താല്‍ കിട്ടുന്ന ലോകം തീര്‍ച്ചയായും കിട്ടുന്നതാണ്‌. വസ്ത്രത്തോടും, കാംസ്യലോഹത്തോടും, പിന്നെ വിത്തത്തോടും ഒന്നിച്ചു കപിലധേനുവെ ദാനം ചെയ്താല്‍ അവന് കാമധേനുത്വത്തോടെ എല്ലാം അവന്റെ അധീനത്തില്‍ എത്തും. ആ ഗോവിന് എത്ര രോമങ്ങളുണ്ടോ അത്രത്തോളം ഫലം ഗോദാനത്തിൽ ഉണ്ടാകും. പുത്രപൗത്രാദി കുലത്തെ, ഏഴു തലമുറയെ, പരലോകത്തിലാക്കും. ദക്ഷിണയോടു കൂടി പൊന്നു കെട്ടിച്ച കൊമ്പ്‌, കാംസ്യം, ദോഹം എന്നീ മറ്റു വിത്തങ്ങളോടും കൂടി പശുവിനെ എള്ളിനോടു കൂടി വിപ്രന് നല്കിയാല്‍ അവന്‍ വസുലോകം ലഭിക്കുന്നതാണ്‌.

സ്വന്തം ദുഷ്കര്‍മ്മം കൊണ്ടു ദാനവഘോരമായി ഇരുളടഞ്ഞ നരകം പൂകുന്നവനെ സമുദ്ര മദ്ധ്യത്തിലെ കപ്പല്‍ പോലെ അവന്‍ ചെയ്ത പശുദാനം അവനെ പരലോകത്തിലേക്കു കയറ്റും.

വിപ്രന് നല്കേണ്ട കന്യകയേയും ധരിത്രിയേയും നല്കുന്നവനും, വിധിപ്രകാരം ദാനം ചെയ്യുന്നവനും പുരന്ദരന്റെ പുരത്തില്‍ എത്തുന്നതാണ്‌. സുശീലനായി ശ്രദ്ധയോടെ അഗ്നിയില്‍ഏഴുവര്‍ഷം ഹോമിക്കുന്നവന് ഹേ, താര്‍ക്ഷ്യാ! ഏഴു പിതാമഹന്മാര്‍ക്കു മേലോട്ടും ഏഴു പിതാമഹന്മാര്‍ക്കു കീഴോട്ടും ശുദ്ധി നല്കുന്നതാണ്‌.

താര്‍ക്ഷ്യന്‍ പറഞ്ഞു: എന്താണ്‌ അഗ്നിഹോത്രത്തിനുള്ള വ്രതം? ഹേ, ചാരുരുപേ, ഭവതി പറഞ്ഞാലും. അഗ്നിഹോത്രത്തിനുള്ള പഴയ വ്രതത്തെ പറയുക.

സരസ്വതി പറഞ്ഞു: അശുദ്ധനായും, കൈ കഴുകാതെയും, ബ്രഹ്മവിബോധം കൂടാതെയും ഹോമിക്കരുത്. ജ്ഞാനേച്ഛയോടും ശുചിയില്‍ ശ്രദ്ധയോടും കൂടി വാനവന്മാര്‍ ഹവിസ്സു കൈക്കൊള്ളുന്നു. അശ്രോത്രിയന്‍ ദേവഹവ്യത്തില്‍ എത്തരുത്‌. അവന്റെ ഹോമം വെറുതെയാണ്‌. അശ്രോത്രിയന്‍ അപൂര്‍വ്വനാണ്‌. അവന് അഗ്നിഹോത്രം ഹോമിക്കുവാന്‍ വയ്യ. വിനീതരായി ശ്രദ്ധയോടു കൂടി സത്യവ്രതന്മാര്‍ ഹോമിക്കണം. അവര്‍ ഹുതശേഷമേ ഭുജിക്കാവു. അവര്‍ പുണ്യലോകത്തെ പ്രാപിക്കും. പരമായ ദൈവതം സത്യമാണെന്നു ധരിക്കണം.

താര്‍ക്ഷ്യന്‍ പറഞ്ഞു: ക്ഷേത്രജ്ഞയായി പരലോക സ്വഭാവ കര്‍മ്മോദയ ജ്ഞാന വിശിഷ്ടയായ സുപ്രജ്ഞയായി ഇരിക്കുന്ന ദേവീ, ചാരുസ്വരൂപിണീ, സുഭഗേ, നീ ആരാണെന്നു പറഞ്ഞാലും.

സരസ്വതി പറഞ്ഞു: ഞാന്‍ അഗ്നിഹോത്രത്തില്‍ നിന്നു വരുന്നവളാണ്‌. ദ്വിജശ്രേഷ്ഠന്മാരുടെ ശങ്ക തീര്‍ക്കുന്നതിന് പുറപ്പെട്ടതാണ്‌. ഭവാനുമായി കണ്ടുമുട്ടി ഞാന്‍ തഥ്യമാകുന്നതു ഭാവം പാര്‍ത്തു പറയുകയാണ്‌.

താര്‍ക്ഷ്യന്‍ പറഞ്ഞു: ഹേ ശുഭേ! നിന്നെപ്പോലെ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. നീ ലക്ഷ്മീദേവിയെ പോലെ ശോഭിക്കുന്നു. നിന്റെ സൗന്ദര്യം ദിവ്യവും അത്യുന്നത കാന്തി വഹിക്കുന്നതുമാണ്‌. നിന്റെ പ്രജ്ഞയും അപ്രകാരം തന്നെയാണ്‌.

സരസ്വതി പറഞ്ഞു: ഹേ, മഹാശയ! ശ്രേഷ്ഠകര്‍മ്മങ്ങള്‍ യജ്ഞത്തില്‍ ചെയ്യുകയാല്‍ അവയാല്‍ തന്നെ വളര്‍ന്നവളാണു ഞാന്‍. എനിക്ക്‌ അതാണു വിപ്രാ! സൗന്ദര്യം. വാനസ്പത്യം, പാര്‍ത്ഥിവം, ആയസം എന്നിവ ഓരോന്നും ഉപയോഗിക്കുകയാല്‍ ദിവ്യാകാരവും പ്രജ്ഞയും പൂണ്ടുവന്ന നിന്റെ സിദ്ധി ഞാനാണെന്ന്‌ വിദ്വാനായ ഭവാന്‍ ധരിച്ചാലും.

താര്‍ക്ഷ്യന്‍ പറഞ്ഞു: ഇതാണു ശ്രേയസ്സെന്നു വിചാരിച്ച്‌ മാമുനീന്ദ്രന്മാര്‍ സാദരം യത്നിക്കുകയാണ്‌. മാല്‍ അറ്റതും പരമവുമായ മോക്ഷം, ധീരന്മാര്‍ എത്തുന്ന സ്ഥാനം, ഏതെന്ന്‌ എന്നോടു പറയുക. യോഗീന്ദ്രരും സാംഖ്യരും കാണുന്ന പുരാണമായ അത്‌ ഞാന്‍ കാണുന്നില്ല.

സരസ്വതി പറഞ്ഞു: അതു വേദവിജ്ഞന്മാര്‍ ആശ്രയിക്കുന്നു. പരങ്ങളേക്കാള്‍ പരമവും പുരാണവുമാണ്‌ അത്‌. സ്വാദ്ധ്യായവാന്മാരും, വ്രതപുണ്യ യോഗ തപസ്സുകള്‍ ഉള്ളവരും വിമുക്തന്മാരും അതിന്റെ മദ്ധ്യത്തില്‍ നിൽക്കുന്നു. അതു വേതസം, പുണ്യഗന്ധം, ശാഖാശതം എന്നിവ വാച്ചുവളര്‍ന്നു നിൽക്കുന്നു. അതിന്റെ ചോടെ ഓരോ പുഴകള്‍ പുണ്യമായും തേനൊഴുകുന്നതായും ഒഴുകുന്നു. ശാഖ തോറും വന്‍പുഴകള്‍ മണലുള്ള വപിഷ്ടാപൂപം, മാംസശാകം, കല്ല് എന്നിവയോടെ പൂകുന്നു. എവിടെ അഗ്നിമുഖന്മാരായ ദേവന്മാര്‍ ഇന്ദ്രനോടും മരുത്തുക്കളോടും കൂടി ശ്രേഷ്ഠമായ യജ്ഞങ്ങളെ ചെയ്തുവോ, അവിടമാണ്‌ എന്റെ പരമമായ പദം.

187. മത്സ്യോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ യുധിഷ്ഠിരന്‍ മാര്‍ക്കണ്ഡേയ ദ്വിജനോട്‌ ഇനി വൈവസ്വത മനുവിന്റെ ചരിതം പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: വിവസ്വാന്റെ പുത്രനായി പ്രതാപവാനായ മഹര്‍ഷീന്ദ്രന്‍ പ്രജാപതിക്കു തുല്യം യോഗ്യനായി ഉണ്ടായി. ഓജസ്സ്‌, ലക്ഷ്മി, തേജസ്സു, തപസ്സ്‌ എന്നിവയാല്‍ തന്റെ അച്ഛനേയും മുത്തച്ഛനേയും മനു അതിശയിച്ചു. കയ്യും പൊക്കി വിശാലമായ ബദരീസ്ഥലത്ത്‌ അവന്‍ ഒറ്റക്കാലില്‍ നിന്നു കൊണ്ടു ഘോരമായ തപസ്സുചെയ്തു. പിന്നെ, തലകീഴായി കണ്ണു രണ്ടും അടയ്ക്കാതെ അവന്‍ പതിനായിരം വര്‍ഷം ഘോരമായ തപസ്സു ചെയ്തു. ആര്‍ദ്ര ചീര ജടാധാരിയായി തപം ചെയ്യുന്ന അവനോട്‌ ഒരിക്കല്‍ ചീരിണീ വക്കില്‍ വെച്ച്‌ ഒരു മത്സ്യം പറഞ്ഞു: "ഭഗവാനേ. ഞാനൊരു കൊച്ചുമീനാണ്‌. ബലമേറുന്ന മീനുകളെ ഞാന്‍ ഭയപ്പെടുന്നു. എനിക്ക്‌ അഭയം തന്നാലും! സുവ്രതാ! ഭവാന്‍ എന്നെ രക്ഷിച്ചാലും. ബലം കൂടുന്ന മത്സ്യങ്ങള്‍ ബലമില്ലാത്തവയെ പിടിച്ചു തിന്നും. ഇന്ന്‌ ഈ മഹാഭയത്തില്‍ മുങ്ങി മങ്ങുന്ന എന്നെ രക്ഷിക്കുന്നതായാല്‍ അതിന് പകരം അങ്ങയ്ക്കു വേണ്ടതു ഞാന്‍ ചെയ്യും".

ഇപ്രകാരം മത്സ്യം പറയുന്നതു കേട്ടപ്പോള്‍ കരുണ രസത്തോടെ ആ മീനിനെ വൈവസ്വതമനു കൈകൊണ്ടെടുത്തു. ആ മീനിനെ വെള്ളത്തില്‍ നിന്നെടുത്തു കരയ്ക്കെത്തിച്ച്‌ ചന്ദ്രശ്രീയൊക്കുന്ന അലിഞ്ജര പാത്രത്തിലിട്ടു. അവിടെ മാനത്തോടെ അധിവസിക്കുന്ന മീന്‍ വളരുവാന്‍ തുടങ്ങി. അവനെ മനു പുത്രനെപ്പോലെ കരുതി.

കുറെക്കാലം കഴിഞ്ഞപ്പോള്‍ മത്സ്യം നന്നായി വളര്‍ന്നു. അതു മനുവിന്റെ അലിഞ്ജര പാത്രത്തില്‍ കൊള്ളാതെയായി. പിന്നെ, മത്സ്യം മനുവിനോടു വീണ്ടും പറഞ്ഞു: "ഭഗവാനേ! ഭവാന്‍ എനിക്കു മറ്റൊരിടം തന്നാലും!".

പിന്നെ, മനു അലിഞ്ജര പാത്രത്തില്‍ നിന്നു കയറ്റി ആ മത്സൃത്തെ ഒരു വലിയ കുളത്തില്‍ കൊണ്ടു പോയി വിട്ടു. പിന്നെ, വളരെ നൂറ്റാണ്ട്‌ ആ ജലാശയത്തില്‍ കിടന്നു മത്സ്യം വളര്‍ന്നു. രണ്ടു യോജന നീളവും ഒരു യോജന വീതിയുമുള്ള ആ വലിയ കുളത്തിലും മത്സ്യം ഒതുങ്ങാതായി. തുള്ളിക്കളിക്കുവാന്‍ കഴിയാതെ ആയപ്പോള്‍ മത്സ്യം മനുവിനോടു വീണ്ടും പറഞ്ഞു: "ഭവാന്‍ എന്നെ കുറേ കൂടി വിശാലമായ ജലാശയത്തില്‍ കൊണ്ടു വിടുക. ഞാന്‍ പ്രിയപ്പെട്ട ഗംഗയില്‍ വാണു കൊള്ളാം. ഭഗവാനേ, സാധുവായ ഭവാന്‍ കല്പിക്കുന്ന വിധം ഞാന്‍ ഈര്‍ഷ്യ കൂടാതെ നിൽക്കുന്നതാണ്‌. ഭവാന്‍ കാരണമാണ്‌ ഞാന്‍ ഇപ്രകാരം വര്‍ദ്ധിച്ചു വന്നത്‌".

മത്സ്യം ഇപ്രകാരം പറഞ്ഞതുകേട്ട്‌ മനു ആ മത്സ്യത്തെ കൊണ്ടു പോയി ഗംഗാനദിയിൽ എത്തി ജലത്തില്‍ വിട്ടു.

ആ മത്സ്യം ഗംഗാനദിയില്‍ വളരെക്കാലം വളര്‍ന്നു. പിന്നെയും ആ മത്സ്യം മനുവിനെ കണ്ടു പറഞ്ഞു: "വലിപ്പം വര്‍ദ്ധിക്കുകയാല്‍ ഗംഗാനദിയും എനിക്കു ജീവിക്കുവാന്‍ പോരാതെ ആയിരിക്കുന്നു. ഭഗവാനേ, പ്രസാദിച്ചാലും! എന്നെ സമുദ്രത്തില്‍ കൊണ്ടു വിട്ടാലും!".

മനു തന്നെ മത്സ്യത്തെ ഗംഗാജലത്തില്‍ നിന്നേറ്റി സമുദ്രത്തില്‍ കൊണ്ടു പോയി വിട്ടു. സ്പര്‍ശഗന്ധസുഖം തേടുന്ന മനുവിന് ആ മഹാമത്സ്യം യഥേഷ്ടം കൊണ്ടു പോകാന്‍ പറ്റിയ മട്ടില്‍ ഒതുങ്ങി നിന്നു; വലിയവനാണെങ്കിലും.

അങ്ങനെ മനു മഹാസമുദ്രത്തില്‍ കൊണ്ടു വിട്ട ഉടനെ ആ മഹാമത്സ്യം പുഞ്ചിരിയോടെ മനുവിനോടു പറഞ്ഞു: "ഭഗവാനേ! ഭവാന്‍ ചെയ്ത രക്ഷയൊക്കെ നന്നായി. ഇനി കാലാനുരൂപമായി ഭവാന്‍ ചെയ്യേണ്ടതുണ്ട്‌, അതു കേട്ടാലും. താമസിക്കാതെ ഈ പാരിലുള്ള ചരാചരം സമസ്തവും പ്രളയത്തില്‍ പെടുന്നതാണ്‌. ലോകം മുക്കിക്കഴുകുന്ന കാലമാണ്‌ ഈ വരുന്നത്‌. ഞാന്‍ അങ്ങയ്ക്കേറ്റവും ഹിതമായത്‌ എന്താണെന്നു പറയാം. സകല ചരാചരങ്ങള്‍ക്കും ഇളകുന്നതും ഇളകാത്തതുമായ എല്ലാറ്റിനും ഘോരമായ നാശം അടുത്തിരിക്കുന്നു. കെട്ടുവാനുള്ള കയറോടു കൂടി യ ഒരു തോണി ഭവാനുണ്ടാക്കിക്കണം. അതില്‍ ഭവാന്‍ സപ്തര്‍ഷികളോടു കൂടി കയറണം. മുമ്പേ ദ്വിജന്മാര്‍ പറഞ്ഞു വച്ചിട്ടുള്ള എല്ലാ ബീജങ്ങളേയും അതില്‍ കയറ്റണം. എല്ലാ ഇനവും വേര്‍ തിരിച്ചു വളരെ ഭദ്രമായി വയ്ക്കണം. തോണിയില്‍ കയറിയ ഉടനെ എന്നെ മനസ്സില്‍ വിചാരിക്കുക. ഞാന്‍ ഉടനെ വഞ്ചിക്കൊമ്പത്തു കൊമ്പുമായി എത്തുന്നതാണ്‌. ഇപ്രകാരം ഭവാന്‍ ചെയ്യണം. ഞാന്‍ യാത്ര പറയുന്നു. പോകട്ടെ, ഞാന്‍ കൂടാതെ ആ വലിയ വെള്ളം കടക്കുവാന്‍ അസാദ്ധ്യമാണ്‌. എന്റെ വാക്കില്‍ ഭവാനൊട്ടും സംശയിക്കരുത്‌.

മനു അപ്രകാരം ചെയ്യാമെന്നു മത്സ്യത്തോടു സമ്മതിച്ചു പറഞ്ഞു. അങ്ങനെ യാത്ര പറഞ്ഞ്‌ അവര്‍ പിരിഞ്ഞു.

പിന്നെ, മനു മത്സ്യം പറഞ്ഞ പ്രകാരം ബീജമൊക്കെ എടുത്ത്‌ നല്ല ഒരു തോണിയില്‍ കയറി സമുദ്രത്തില്‍ തുഴഞ്ഞു. മനു ആ മത്സ്യത്തെ ചിന്തിച്ചു. അവന്‍ ചിന്തിച്ചതറിഞ്ഞ്‌ ആ മത്സ്യം കൊമ്പുമായി അവിടെ എത്തി. മത്സ്യം കടലില്‍ വരുന്നതു കണ്ട ഉടനെ മനു കയറുമായി നിന്നു. പറഞ്ഞ രൂപത്തില്‍ മലപോലെ മത്സ്യം ഉയര്‍ന്നു. കെട്ടുവാനുള്ള കയര്‍ ആ മത്സ്യത്തിന്റെ മൗലിയിലുള്ള കൊമ്പില്‍ മനു എറിഞ്ഞു പിടിച്ചു കെട്ടി. ആ പാശത്താല്‍ ചുറ്റിക്കെട്ടിയ മത്സ്യം ഉപ്പു വെള്ളത്തില്‍ വലിയ ഊക്കില്‍ തോണി വലിച്ചു കൊണ്ടു പോയി. മത്സ്യം അവനെ തോണിയാല്‍ കടത്തുവാനായിരുന്നു ശ്രമിച്ചത്‌.

തിരയാല്‍ തുള്ളിയാര്‍ക്കുന്ന വെള്ളത്തില്‍ ആ സമുദ്രത്തിന്റെ വന്‍ ചുഴിപ്പാട്ടിലിളകി ആ തോണിയും തുള്ളി. ഉന്മത്തയായ സ്ത്രീ പോലെ ആ തോണി അലയില്‍ക്കിടന്നു നൃത്തം വച്ചു. ഭൂമിയും ദിക്കും വിദിക്കും കാണാതായി. ദ്യോവും ആകാശവും എല്ലായിടത്തും വെള്ളം തന്നെ! ഇപ്രകാരം ലോകം സങ്കുലമായപ്പോള്‍ സപ്തര്‍ഷികളും മനുവും മത്സ്യവും മാത്രം കാണപ്പെട്ടു. ഇപ്രകാരം വളരെ വര്‍ഷങ്ങളോളം തോണിയെ ആ മത്സ്യം ആ സമുദ്രത്തില്‍ വലിച്ചു നടന്നു. മത്സ്യത്തിന് യാതൊരു ക്ഷീണവുമുണ്ടായില്ല!

പിന്നെ, ജലത്തിനുപരി ഉയര്‍ന്നു നിൽക്കുന്ന ഹിമവാന്റെ ശൃംഗമുള്ള സ്ഥലം നോക്കി വലിച്ചു. ആ തോണി ഹിമവല്‍ ശ്യംഗത്തിലെത്തിച്ചു. പിന്നെ, മത്സ്യം പുഞ്ചിരിച്ചു കൊണ്ട്‌ ആ മുനീന്ദ്രനായ മനുവിനോടു പറഞ്ഞു: ഉടനെ ഈ ഹിമവല്‍ ശ്യംഗത്തില്‍ ഈ തോണി കെട്ടുക

ഉടനെ മുനികള്‍ ആ തോണി ഹിമവല്‍ ശൃംഗത്തില്‍ കെട്ടി. തന്മൂലം ആ ഗിരി ശൃംഗത്തിന് "നൗബന്ധനം" എന്നു പേര്‍ വന്നു. ഈ പേര്‍ ആ ശൃംഗത്തിന് ഇന്നും പ്രസിദ്ധമാണ്‌.

പിന്നെ ആ മത്സ്യം മുനീന്ദ്രന്മാരോടു പറഞ്ഞു: "ഹേ, മുനിമാരേ! പ്രളയത്തില്‍ സമസ്തവും നശിച്ചിരിക്കുന്നു! ഞാന്‍ പ്രജാപതിയാണ്‌. ഞാനൊഴികെ മറ്റൊന്നുമില്ല. ബ്രഹ്മാവുമില്ല. ഞാന്‍ മത്സ്യരൂപമെടുത്തു നിങ്ങളെ ഭയത്തില്‍ നിന്നു മോചിപ്പിച്ചിരിക്കുന്നു. അല്ലയോ ഋഷിമാരേ, ഇനി മനു സദേവാസുര മാനുഷമായ വിശ്വം സൃഷ്ടിക്കണം. ചലിക്കുന്നതും ചലിക്കാത്തതുമായ ലോകമൊക്കെ സൃഷ്ടിക്കണം. വലിയ തപസ്സു കൊണ്ട്‌ ഇവന് അതിനു വേണ്ട പ്രതിഭയും ശക്തിയുമൊക്കെ ഉണ്ടാകും. പ്രജാസൃഷ്ടിക്ക്‌ എന്റെ പ്രസാദം മൂലം ഒരിക്കലും തെറ്റു പറ്റുന്നതല്ല". എന്നു പറഞ്ഞ്‌ ഉടനെ മത്സ്യം അന്തര്‍ദ്ധാനം ചെയ്തു. പിന്നെ അതിനെ കണ്ടില്ല. മറഞ്ഞു പോയി.

പിന്നെ വൈവസ്വതനായ മനു പ്രജാസൃഷ്ടിക്ക്‌ ഒരുമ്പെട്ടു. സൃഷ്ടിയില്‍ വിമൂഢനായ അവന്‍ ഘോരമായ തപസ്സു ചെയ്ത്‌ വേണ്ട കെല്‍പ്പു സമ്പാദിച്ചതിന് ശേഷം സൃഷ്ടിക്കുവാന്‍ മുതിര്‍ന്നു. ഹേ ഭരതര്‍ഷഭാ, ഇങ്ങനെ പ്രജകളെയൊക്കെ സാക്ഷാല്‍ മനു സൃഷ്ടിച്ചതാണ്‌.

ഇങ്ങനെ മാത്സ്യകമായ പുരാണം ബഹുവിശ്രുതമാണ്‌. പാപങ്ങളെയൊക്കെ ഹരിക്കുന്ന ആഖ്യാനമാണു ഞാന്‍ പറഞ്ഞത്‌. ആദ്യം മുതല്‍ക്ക്‌ ഈ മനുവിന്റെ ചരിതം കേള്‍ക്കുന്ന നരന്‍ സുഖിയും സമ്പൂര്‍ണ്ണാര്‍ത്ഥനുമായി സര്‍വ്വലോകത്തിലും എത്തുന്നതാണ്.

188. മാര്‍ക്കണ്ഡേയ പ്രശ്നം - വൈശമ്പായനൻ പറഞ്ഞു: പിന്നെയും യുധിഷ്ഠിരന്‍ മാര്‍ക്കണ്ഡേയനോടു വിനയാന്വിതനായി ചോദിച്ചു: മുനേ, ഭവാന്‍ അനവധി യുഗസഹസ്രാന്തങ്ങള്‍ കണ്ടവനാണ്‌. അങ്ങയ്ക്കു തുല്യം ആയുസ്സുള്ളവനെ ആരും കണ്ടിട്ടില്ല. പരമേഷ്ടിയും മഹാത്മാവുമായ ബ്രഹ്മാവൊഴികെ മറ്റാരുമില്ല! ഹേ, ബ്രഹ്മവിത്തമാ! അങ്ങയ്ക്ക്‌ ശരിയായ ആയുസ്സുള്ളവരാരും ഭൂമിയിലില്ല. അന്തരീക്ഷം മാഞ്ഞ്‌ സുരാസുരന്മാരൊക്കെ നശിച്ച കാലത്ത്‌ ബ്രഹ്മസേവ ചെയ്തവന്‍ അങ്ങ്‌ ഒരുത്തന്‍ മാത്രമാണ്‌.

പ്രളയം തീര്‍ന്ന ഉടനെ പിതാമഹന്‍ ഉണര്‍ന്ന്‌ പിന്നെ ഭൂതങ്ങളെ സൃഷ്ടിക്കുന്നതു കണ്ടു നിന്ന ഒരേയൊരുവന്‍ അങ്ങു മാത്രമാണ്‌. ഹേ, വിപ്രര്‍ഷേ! ദിക്കൊക്കെ വായുവാക്കി അംഭസ്സ്‌ ചുറ്റും അകറ്റി, അങ്ങനെ ലോകഗുരുവായ സാക്ഷാല്‍ പിതാമഹനെ, സമാധിയാര്‍ന്ന്‌ നീ ആരാധിച്ചു. പലതിനും പ്രമാണം നീ ചമച്ചു. വേധാക്കന്മാരെ വെന്ന്‌, വന്‍ തപസ്സാലെ അങ്ങ്‌ എത്തി. നീ നാരായണാങ്കത്തില്‍ വിഖ്യാതനാണ്‌. പരലോകത്തില്‍ പുകഴ്ന്നവനാണ്‌. വിശ്വമൂലമായ വിഷ്ണുവില്‍ നീ പലകുറി കാമരുപനായ ബ്രഹ്മന്റെ കര്‍ണ്ണികോദ്ധാരണം, രത്നാലങ്കാരയോഗ്യമായത്‌, നീ ദൃഷ്ടിയാല്‍ പണ്ടു കണ്ടവനാണ്‌. അതു കൊണ്ട്‌ അന്തകനായ മൃത്യു മെയ്പോക്കുവാന്‍ വിടുന്ന ജരയും, പരമേഷ്ടി പ്രസാദത്താല്‍ നിങ്കല്‍ പറ്റുകയില്ല ആദിത്യനും, അഗ്നിയും, കാറ്റും. ചന്ദ്രനും, ആകാശവും, ഊഴിയും മറ്റുള്ളവയും ഇവയൊന്നും ഇല്ലാത്തത്‌ എപ്പോഴോ, അന്ന്‌ ഏകാര്‍ണ്ണമായി കിടക്കുന്ന ലോകത്തില്‍ ചരാചരങ്ങള്‍ ഒഴിയുമ്പോള്‍, ദേവാസുരന്മാര്‍ നശിക്കുമ്പോള്‍, മഹാഹികള്‍ മുടിയുമ്പോള്‍, അമിതാത്മാവ്‌ അംബുഭജത്തിന് അകത്ത്‌ അരുളുമ്പോള്‍, ഹേ, സര്‍വ്വവഭൂതേശാ, ഭവാന്‍ മാത്രമാണല്ലോ ബ്രഹ്മനെ സേവിക്കുന്നത്‌. ഈ പൂര്‍വ്വ വ്യത്തമൊക്കെ നീ പ്രതൃക്ഷമായി കണ്ടുവല്ലോ. അതു കൊണ്ട്‌ ഭവാനില്‍ നിന്ന്‌ സര്‍വ്വബീജാത്മ കഥ കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. പലപാട്‌ ഭവാന്‍ കണ്ട്‌ അനുഭവിച്ച കാര്യങ്ങളാണല്ലോ അതെല്ലാം. ലോകത്തില്‍ ഏതു കാലത്തും ഏതു സ്ഥലത്തും ഭവാന്‍ അറിയാത്തത്‌ ഒന്നും തന്നെ ഇല്ലല്ലോ ദ്വിജോത്തമാ!

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: യുധിഷ്ഠിരാ! നിന്നോട്‌ എല്ലാം പറയാം. ഞാന്‍ സ്വയംഭൂവിനെ കൈവണങ്ങി എല്ലാം പറയാം. സ്വയംഭൂ സാക്ഷാല്‍ ശാശ്വതനും, അവ്യയനും, അവ്യക്തനും, സൂക്ഷ്മനും, അഗുണനും, ഗുണാത്മാവുമാണ്‌. അവന്‍ തന്നെയാണ്‌ പീതാംബരനായ ജനാര്‍ദ്ദനന്‍. കര്‍ത്താവ്‌ ഇവനാണ്‌. വികര്‍ത്താവും ഇവനാണ്‌. ഭൂതാത്മാവും, ഭൂതകൃത്തും, പ്രഭുവും, മഹത്തും, അചിന്ത്യവും, ആശ്ചര്യവും, പവിത്രവും എന്നു പറയുന്നതും ആദ്യന്തഹീനമായ ഭൂതവും അവൃയയവും, അക്ഷയവുമായ വിശ്വവും ഇവനാണ്‌. കര്‍ത്താവാണ്‌ ഇവന്‍, കാര്യമല്ല. പൗരുഷത്തിനു ഹേതു ഇവനാണ്‌.

ഇവനെ ആര്‍ ശരിയായി അറിയുന്നു? ആരും ശരിയായി അറിയുന്നില്ല. വേദങ്ങള്‍ പോലും ഇവനെ അറിയുന്നില്ല. ആ പരാശക്തിയെ ഞാന്‍ വന്ദിച്ചു കഥ പറയാം.

എല്ലാം അത്ഭുതാശ്ചര്യം ആയിട്ടായിരുന്നു പ്രപഞ്ചം. ആദ്യം ലോകമൊക്കെ ക്ഷയിച്ചു നിന്ന ശേഷം കൃതയുഗമായി. നാലായിരം സംവത്സരമാണ്‌ കൃതയുഗം എന്നു പറയുന്നത്‌. അതിന് അത്ര ശതത്തോളം ( 400 ) സന്ധിയുണ്ട്‌. സന്ധ്യംശവും അപ്രകാരം തന്നെ. പിന്നെ ത്രേതായുഗം മുവ്വായിരം സംവത്സരം എന്നു പറയുന്നു. അതിന്ന്‌ അത്രശതം ( 300 ) സന്ധിയും പിന്നെ സന്ധ്യംശവും അതിന് മേലേയും ഉണ്ട്‌. അപ്രകാരം ദ്വാപരത്തിന്ന്‌ രണ്ടായിരം വര്‍ഷവും കണക്കാക്കാം. അതിന്ന്‌ ഇരുനൂറു സന്ധികളും അതേവിധം സന്ധ്യംശങ്ങളുമുണ്ട്‌. പിന്നെ ആയിരം വര്‍ഷമാണ്‌ കലിയുഗം. അതിന് നൂറ്റാണ്ട്‌ സന്ധിയും അതില്‍പ്പരം സന്ധ്യംശവുമുണ്ട്‌. സന്ധിയും സന്ധ്യംശവും ശരിയായ കണക്കാണെന്ന്‌ ഓര്‍ക്കണം. കലി എന്ന യുഗം തീര്‍ന്നാല്‍ പിന്നെ കൃതയുഗം വിണ്ടും തുടങ്ങും. പന്തീരായിരം വര്‍ഷം ഇപ്രകാരം യുഗസംഖ്യയുണ്ട്‌. ഇത്‌ ആയിരം കൂടുമ്പോള്‍ ബ്രഹ്മാവിന് ഒരു പകല്‍, ബ്രഹ്മഗൃഹത്തില്‍ വിശ്വം ചുറ്റും പറ്റുന്നു. അതാണ്‌ ലോകങ്ങള്‍ക്കു പ്രളയം. അപ്പോള്‍ യുഗാന്തം അല്പം മാത്രമേ ബാക്കിയുണ്ടാകയുള്ളു.

സഹസ്രാന്തത്തില്‍ മനുഷ്യരൊക്കെ കള്ളം പറയുന്നവരാകും. അല്ലയോ പാര്‍ത്ഥാ! അന്ന്‌ യജ്ഞം പേരിന് മാത്രമാകും. ദാനവും പേരിന് മാത്രമായിത്തീരും. വ്രതവും അതു പോലെ തന്നെ പേരിന് മാത്രമായിത്തീരും. ബ്രാഹ്മണരൊക്കെ ശൂദ്രന്മാരുടെ കര്‍മ്മം ചെയ്യുന്നവരാകും. ശൂദ്രന്മാര്‍ സമ്പത്തു നേടുന്നവരുമാകും. അവര്‍ ക്ഷത്രധര്‍മ്മത്തേയും സാധിച്ച്‌ ഭരണകര്‍ത്താക്കളാകും. യജ്ഞവും അദ്ധ്യയനവുമില്ലാതെ, ദണ്ഡവും അജിനവും കൂടാതെ വിപ്രന്മാര്‍ സര്‍വ്വവും തിന്നുന്നവരാകും. കലിയുഗത്തില്‍ ഇങ്ങനെയൊക്കെയായി വരും.

ബ്രാഹ്മണര്‍ക്ക്‌ ജപമുണ്ടാവുകയില്ല. ശൂദ്രന്മാര്‍ വേദം പഠിച്ച്‌ ജപിക്കുവാന്‍ തുടങ്ങും. കാലവിപരീതത്തില്‍ ക്ഷയത്തിന്റെ ചിഹ്നമാണ്‌ അതെല്ലാം. മ്ലേച്ഛരാജാക്കള്‍ പലരും മന്നില്‍ ഉണ്ടാകും. വെറുതെ വിധിക്കുന്നവരും, നിഷ്ഫലമായി വാദം നടത്തുന്നവരും, പാപികളുമായ രാജാക്കള്‍ ഉണ്ടാകും. ശകന്മാരും, ആന്ധ്രന്മാരും, പുളിന്ദന്മാരും, യവനന്മാരുമൊക്കെ രാജ്യം ഭരിക്കുവാന്‍ തുടങ്ങും. കാംബോജന്മാരും, ബാല്‍ഹീകന്മാരും, ശൂരരായ ആഭിരന്മാരും രാജാക്കളാകും. തങ്ങളുടെ ധര്‍മ്മം നോക്കി നിൽക്കുന്ന വിപ്രന്മാര്‍ അന്ന്‌ ഒരുത്തനും ഉണ്ടാകുന്നതല്ല. ക്ഷത്രിയന്മാരും, വൈശ്യന്മാരും കര്‍മ്മം തെറ്റിയ കര്‍മ്മങ്ങള്‍ ചെയ്യുന്നവരാകും. അല്പായുസ്സുകളും, അല്പബലന്മാരും, അല്പവീര്യന്മാരും, അല്പവിക്രമന്മാരും, അല്പസാരന്മാരും, അല്പദേഹന്മാരും, അല്പസത്യന്മാരും ആയിരിക്കും അന്നത്തെ ജനങ്ങള്‍. ശൂന്യമായ നാടു പലതും മൃഗവ്യാളസങ്കേതങ്ങളാകും. യുഗാന്തം അടുക്കുമ്പോള്‍ ബ്രഹ്മവാദികള്‍ പാഴായിപ്പോകും. ശൂദ്രന്മാര്‍ "ഭോവാദി"മാരാകും. വിപ്രന്മാര്‍ ആര്യവാദികളുമാകും. യുഗാന്തത്തില്‍ മൃഗതുല്യമായ മനുഷ്യര്‍ ധാരാളമുണ്ടാകും. എല്ലാ ഗന്ധങ്ങളും, ഘ്രാണത്തിന് പിടിക്കാത്തതാകും. രസങ്ങളും, സ്വാദില്ലാത്ത വിധമാകും. സ്ത്രീകള്‍ ശീലാചാരം വിട്ട് മുണ്ഡികളാകും. സ്ത്രീകള്‍ ധാരാളം പ്രസവിക്കുന്നവരായി തീരും. യുഗക്ഷയത്തില്‍ സ്ത്രീകള്‍ മുഖം കൊണ്ടു സുരതം ചെയ്യുന്നവരായി ഭവിക്കും. നാട്ടുകാര്‍ ചോറു വിൽക്കുവാന്‍ തുടങ്ങും. ദ്വിജന്മാര്‍ വേദം വിൽക്കും. സ്ത്രീകള്‍ യോനി വിലക്കും. യുഗക്ഷയത്തില്‍ ഇതൊക്കെ സംഭവിക്കും. പശുക്കള്‍ക്കു പാല്‍ കുറയും. മരങ്ങള്‍ക്കു പുവും കായും കുറയും. കാക്കകള്‍ വര്‍ദ്ധിക്കും. ബ്രഹ്മഹതൃ നടക്കും. രാജാക്കന്മാരോടു ഭോഷ്ക്‌ പറയും. ബ്രാഹ്മണര്‍ പ്രതിഗ്രഹം വാങ്ങും. ലോഭമോഹാന്ധരായി അവര്‍ മിഥ്യാധര്‍മ്മം നടിക്കും. ബ്രാഹ്മണര്‍ ഭിക്ഷാടനം ചെയ്തു ലോകം ചുറ്റും. കരം കൂട്ടുകയാല്‍ പേടിച്ച്‌ ഗൃഹസ്ഥര്‍ മോഷ്ടിക്കും. മുനിവേഷം കെട്ടി വാണിജ്യം നടത്തും. വെറുതെ ദ്വിജാതികള്‍ നഖവും രോമവും വളര്‍ത്തും. അര്‍ത്ഥലോഭത്താല്‍ ബ്രഹ്മചാരികള്‍ ആശ്രമസ്ഥിതി തെറിച്ചു കള്ളുകുടിക്കും. ഗുരുപത്നിയെ പ്രാപിക്കും. മാംസരക്ത വര്‍ദ്ധനമായ ലൗകിക വസ്തുക്കള്‍ ഇച്ഛിക്കും. ജനങ്ങള്‍ യുക്തിവാദികളും, നാസ്തികന്മാരും, പാഷണ്ഡ മിശ്രന്മാരുമായി തീരും. പരാന്നത്തെ പുകഴ്ത്തുന്നവരാകും. ആശ്രമസ്ഥരാകും. യുഗക്ഷയത്തില്‍ ബ്രഹ്മചാരികള്‍ അത്തരത്തിലായി തീരും.

കാലങ്ങളില്‍ മഴ പെയ്യാതെയാകും. ഭഗവാന്‍ പാകശാസനന്‍ യഥാകാലം അനുഗ്രഹിക്കയില്ല. എല്ലാ ബീജങ്ങളും നന്നായി മുളയ്ക്കുകയില്ല. ഹിംസാഭിരാമമായി ലോകം മുഴുവന്‍ അശുദ്ധമാകും. ഹേ, അനഘാശയാ! അന്ന്‌ അധര്‍മ്മഫലങ്ങള്‍ അതൃന്തമായി ഉണ്ടാകും. അന്ന്‌ വല്ലവനും ധര്‍മ്മപരനാണെങ്കില്‍ അവന്‍ അല്പായുസ്സായി ഭവിക്കും. ധര്‍മ്മം അല്പവും നിൽക്കുന്നതല്ല. കള്ളത്താപ്പുകള്‍ വെച്ച്‌ ജനങ്ങള്‍ കച്ചവടം ചെയ്യും. കച്ചവടക്കാര്‍ പെരുകും. ജനങ്ങള്‍ ചതിയന്മാരാകും. ധര്‍മ്മിഷ്ഠന്മാര്‍ ഇടിയുകയും പാപികള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ധര്‍മ്മത്തിന്റെ ഊക്കു കുറയുകയും, അധര്‍മ്മം ശക്തിപ്പെടുകയും ചെയ്യും. അല്പായുസ്സോടു കൂടി ദാരിദ്ര്യവും ധര്‍മ്മിഷ്ഠന്മാര്‍ക്കും ബാധിക്കും. നഗരത്തില്‍ ക്രീഡകളില്‍ ധൂര്‍ത്തന്മാര്‍ യുഗക്ഷയത്തില്‍ വര്‍ദ്ധിക്കും. നാട്ടുകാര്‍ അധര്‍മ്മോപായത്താല്‍ വ്യവഹാരം നടത്തും. അല്പം സമ്പത്തുള്ളവര്‍ ആഢ്യരായി മദിക്കും. വിശ്വാസത്തോടെ ഏല്പിച്ച ധനം മിക്കതും ചതിച്ചു കയ്യിലാക്കുവാന്‍ നോക്കും. അങ്ങനെ പാപാചാരന്മാരായിത്തീരും ജനങ്ങള്‍. "ഇത്‌ ഒന്നും ഇല്ല", എന്നും അവര്‍ നാണമില്ലാതെ പറഞ്ഞു നിൽക്കും.

പുരുഷാശനസത്വങ്ങളും. പക്ഷിക്കൂട്ടങ്ങളും, മൃഗങ്ങളും കേറി നഗരവിഹാരത്തിലും ചൈതൃത്തിലും കിടക്കും. ഏഴും എട്ടും വയസ്സില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാകും. പത്തും പന്ത്രണ്ടും വയസ്സായ പുരുഷന്മാര്‍ക്കു മക്കളുണ്ടാകും. പതിനാറു വയസ്സായ നരന്മാരും നരയ്ക്കും. മനുഷ്യര്‍ക്ക്‌ അതിവേഗത്തില്‍ ആയുസ്സിനു ക്ഷയം ബാധിക്കും. അല്പായുസ്സായ യുവാവ്‌ വൃദ്ധനെപ്പോലെയാകും. യുവാക്കന്മാരുടെ ശീലം വൃദ്ധന്മാരില്‍ കാണും. യോഗ്യരായ ഭര്‍ത്താക്കളെ വഞ്ചിച്ച്‌ സ്ത്രീകൾ വിപരീതമായി, ദുശ്ശീലമാരായി, ദാസന്മാരെ കൊണ്ടും, മൃഗങ്ങളെ കൊണ്ടും വൃഭിചരിപ്പിക്കും. വീരപത്നികള്‍ മറ്റു നരന്മാരെ പറ്റിനിന്ന്‌ ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോളും വൃഭിചരിക്കും. യുഗസഹസ്രാന്തമടുത്താല്‍ ആയുസ്സ്‌ അറ്റുപോകും. അപ്പോള്‍ മഴ പെയ്യാതെയാകും. വിശന്ന്‌ ജീവികള്‍ ശക്തി കുറഞ്ഞവയാകും. അങ്ങനെ അവ ചത്ത്‌ ഒടുങ്ങാന്‍ തുടങ്ങും.

പിന്നെ ഏറ്റം ജ്വലിച്ച്‌ ആദിത്യന്‍ ഏഴു തിഗ്മരശ്മികള്‍ കൊണ്ട്‌ ആഴി, പുഴ മുതലായവയൊക്കെ വറ്റിക്കും. ഉണക്ക, പച്ചവിറക്‌, പുള്ള്‌ മുതലായവയൊക്കെ കത്തിച്ചാമ്പലാകും.

പിന്നെ കാറ്റുമായി സൂര്യന്മാര്‍ നീര്‍ വലിച്ചിട്ട്‌ ലോകത്തിലൊക്കെ സംവര്‍ത്തകാഗ്നി പിടിപെടും. അതു പിന്നെ ഭൂമിപിളര്‍ന്നു പാതാളത്തില്‍ കടന്ന്‌ ദേവദാനവ യക്ഷന്മാര്‍ക്കും ഭയമുണ്ടാക്കും. നാഗലോകത്തേയും ഈ മന്നിലുള്ളതും എല്ലാം ചുട്ടെരിച്ച്‌ ഉടനെ താഴത്തുള്ളതും ഒക്കെ മഹീപതേ! ദഹിപ്പിക്കും. അപ്പോള്‍ നുറായിരമിരുപത്‌ യോജന ചുറ്റും സംവര്‍ത്തകാനലന്‍ ദുഷ്ടവായുവിനോടു ചേര്‍ന്നു ചുട്ടെരിക്കും. ദേവദാനവ ഗന്ധര്‍വവയക്ഷ നാഗാശരാകുലം ജ്വലിച്ച്‌ ഈ ലോകമൊക്കെ വിഭു ചുട്ടെരിക്കും. ഉടനെ ആനകള്‍ പോലെ മിന്നല്‍പ്പിണർ അണിഞ്ഞ്‌ അത്ഭുത കാഴ്ചയില്‍ പെരുങ്കാറുകള്‍ ആകാശത്തുയരും. നീലോല്പല നിറത്തിലും ചിലത്‌ ആമ്പല്‍ നിറത്തിലും ആയിരിക്കും. ചില കാറുകള്‍ അല്ലിച്ഛായയിലും, ചിലത്‌ മഞ്ഞച്ചും, ചിലത്‌ തുടുത്ത മഞ്ഞള്‍ നിറത്തിലും കാക്കമുട്ട പോലെയും, ചിലത്‌ താമരച്ഛദം പോലെയും, ചിലത്‌ ചായില്യ നിറമുള്ളതുമാകും. ചിലത്‌ പട്ടണം പോലെയും ചിലത്‌ ആനക്കൂട്ടം പോലെയുമാകും. ചിലത്‌ അഞ്ജന നിറമാകും. ചിലത്‌ മകരാകൃതിയാകും. മിന്നല്‍പ്പിണരോടു കൂടി കാറുകള്‍ പൊങ്ങും. ഘോരാരവങ്ങളോടും ഘോരാകാരങ്ങളോടും കൂടി അവ പൊങ്ങും. ഉടനെ കാറ്റുകളൊക്കെ അംബരത്തില്‍ പരക്കും. കാടും, മേടും, വഴികളും കൂടുന്ന പാരിടമൊക്കെ പരക്കും. ചാടുന്ന ജലപ്രവാഹത്തില്‍ ധരണിയൊക്കെ മൂടും. ഉടനെ ഘനങ്ങളുടെ കടുഘോഷമുണ്ടാകും. പരമേഷ്ഠി പ്രേരണയാല്‍ ലോകം ജലത്തില്‍ മുക്കും. ജലം ചൊരിഞ്ഞ്‌ ധരാതലം നിറയും. ഘോരമായ അശിവോഗ്രാനലനെ കെടുത്തും.

വീണ്ടും പന്തീരാണ്ടു കാലം ഉപപ്ലവത്തില്‍ പയോദങ്ങള്‍ മഹാത്മാവിന്റെ പ്രേരണയാല്‍ മഹാധാര ചൊരിയും. അപ്പോള്‍ സമുദ്രം കരയെ കടന്നാക്രമിക്കും. ശൈലങ്ങള്‍ തകരും. ഭൂമി മുഴുവന്‍ ജലത്തില്‍ മുങ്ങും. ആകാശത്തിലൊക്കെ പറന്നു വന്ന കാറുകള്‍ കാറ്റേറ്റ്‌ തമ്മില്‍ച്ചേര്‍ന്ന്‌ എല്ലാം നശിക്കും. ആ ഘോര മാരുതനേയും, ധരണിയേയും സ്വയംഭൂവും, ആദിപത്മാലയനുമായ ദേവന്‍ വിഴുങ്ങി ഉറങ്ങിക്കിടക്കും. ചരാചരം നശിച്ച്‌ പ്രപഞ്ചം ഏകാര്‍ണ്ണവമായി തീരും അപ്പോള്‍. ദേവാസുരഗണം തീര്‍ന്ന്‌, യക്ഷരാക്ഷസന്മാര്‍ അറ്റ്‌ മര്‍ത്ത്യരില്ലാതെ ജന്തുക്കളും വൃക്ഷവുമൊക്കെ നശിച്ച്‌, ലോകം നിരാകാശമായി തീര്‍ന്ന അന്ന്‌ ഞാന്‍ ഒറ്റയ്ക്ക്‌ എല്ലായിടവും ചുറ്റി.

ഘോരമായ ഏകാംഭസ്സില്‍ നടന്ന്‌ ഹേ, രാജാവേ! ഞാന്‍ സര്‍വ്വഭൂതങ്ങളെ കാണാതായി ഏറ്റവും വിവശനായി തീര്‍ന്നു. ഒട്ടേറെ നീളം നീന്തി പോയതിന് ശേഷം ഞാന്‍ അതൃധികം തളര്‍ന്നു. യാതൊരു പിടിയും കിട്ടിയില്ല.

പിന്നീട്‌ ഞാന്‍ ഒരിക്കല്‍ ആ പെരും വെള്ളത്തില്‍ പരന്നു വലുതായി നിൽക്കുന്ന ഒരു പേരാല്‍ കണ്ടു. ആ മരത്തിന്റെ വലിയ കൊമ്പിന്മേല്‍ ദിവ്യമായ മേല്‍വിരിപ്പുള്ള മെത്തയില്‍ കിടക്കുന്ന പത്മേന്ദു സദൃശാസ്യനും പത്മദളാക്ഷനുമായ ഒരു ബാലനെക്കണ്ടു. അതു കണ്ടപ്പോള്‍ എനിക്കു വലുതായ ആശ്ചര്യം തോന്നി. ലോകമെല്ലാം നശിച്ചിട്ടും ഈ കുട്ടി എന്താണ്‌ ഇങ്ങനെ കിടക്കുന്നത്‌? എന്റെ തപസ്സു കൊണ്ടു ഞാന്‍ ചിന്തിച്ചിട്ടും ആ കുട്ടിയെ അറിയുവാന്‍ കഴിഞ്ഞില്ല. ഭൂതഭവൃ ഭവിഷ്യങ്ങളൊക്കെ അറിഞ്ഞവനായാലും ഞാന്‍ അറിഞ്ഞില്ല.

കായാംപൂ നിറമുള്ളവന്‍, ശ്രീവത്സം അണിഞ്ഞവന്‍, സാക്ഷാല്‍ ലക്ഷ്മിക്ക്‌ ആവാസം എന്ന് എനിക്ക്‌ അവനെപ്പറ്റി ഒരു തോന്നലുണ്ടായി. താമരക്കണ്ണനായ ആ ബാലന്‍ എന്നോടു പറഞ്ഞു. ശ്രീമാനും ശ്രീവത്സാങ്കിതനുമായ അവന്‍ ശ്രുതിമധുരമായി ഇപ്രകാരം പറഞ്ഞു: "ഞാന്‍ അറിയുന്നു. നീ തളര്‍ന്നിരിക്കുന്നു! വിശ്രമം നീ കാംക്ഷിക്കുകയാണെന്നും അറിഞ്ഞു. ഹേ, മാര്‍ക്കണ്ഡേയാ!! ഭവാന്‍ ഇഷ്ടം പോലെ ഇവിടെ വാണാലും. ഭാര്‍ഗ്ഗവ! ഹേ! മുനിസത്തമാ! നീ എന്റെ ദേഹത്തിന് അകത്തു കടന്ന്‌ ഇരുന്നാലും. ഞാന്‍ അതിനുള്ള ഇടം നല്കാം. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു".

ആ ബാലന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ എനിക്ക്‌ എന്റെ ദീര്‍ഘായുസ്സിലും മനുഷ്യത്വത്തിലും വെറുപ്പുണ്ടായി. പിന്നീട് ആ കുട്ടി ഉടനെ വായ്‌ തുറന്നു. ദൈവയോഗത്താല്‍ ഞാന്‍ അവന്റെ വായില്‍ക്കടന്നു. ഞാന്‍ അവന്റെ കുക്ഷിയില്‍ച്ചെന്നു. അപ്പോള്‍ ഞാന്‍ അവിടെ പട്ടണങ്ങളും രാഷ്ട്രങ്ങളുമൊത്ത പാരിടം മുഴുവന്‍ കണ്ടു. ശതദ്രു, ഗംഗ, സീത, യമുന, കൗശികി, ചര്‍മ്മണ്വതി, വ്രേതവതി, ചന്ദ്രഭാഗ, സരസ്വതി, വിപാശ, സിന്ധു, ഗോദാവരി എന്നീ നദികളൊക്കെ കണ്ടു. വസ്വഔക, സാര, നളിനി, നര്‍മ്മദ, താമ്ര, വേണു, പുണ്യതോയ, സുവേണു, കൃഷ്ണവേണു, മഹാനദി, ഇരാമ, വിതസ്ത, കാവേരി, ശോണ, കിമ്പുന, വിശല്യ എന്നിവയും മറ്റു പല നദികളും അവിടെ ആ മഹാത്മാവിന്റെ കുക്ഷിക്കുള്ളില്‍ ഞാന്‍ ചുറ്റിക്കണ്ടു.

പിന്നെ യാദോഗണം വാഴുന്ന വന്‍കടല്‍ കണ്ടു. രത്നാകരവും ശത്രുഹരവുമായ മുഖ്യസമുദ്രവും കണ്ടു. അതില്‍ സൂര്യചന്ദ്രന്മാര്‍ വിളങ്ങുന്ന നഭസ്സും കണ്ടു. തേജസ്സുകള്‍ വിളങ്ങി അര്‍ക്കാഗ്നി സദൃശാഭയില്‍ കാടുകളാല്‍ മനോഹരമായ ഭൂമിയേയും ഞാന്‍ കണ്ടു. പല മഖം കൊണ്ടും അപ്പോള്‍ ദ്വിജാതികള്‍ യജിക്കുന്നതായും ഞാന്‍ കണ്ടു. ക്ഷത്രിയന്മാര്‍ സര്‍വ്വവര്‍ണ്ണങ്ങളേയും അനുരഞ്ജിപ്പിക്കുന്നതും, വൈശ്യന്മാര്‍ കൃഷി ചെയ്യുന്നതും ഞാന്‍ കണ്ടു. ശൂദ്രന്മാരൊക്കെ ദ്വിജശുശ്രൂഷ ചെയ്യുന്നതും കണ്ടു. ആ മഹാത്മാവിന്റെ കുക്ഷിയില്‍ ചുറ്റിയപ്പോള്‍ ഹിമാലയത്തേയും, ഹേമകൂടാദ്രിയേയും, നിഷധരാജ്യത്തേയും, രജതാന്വിതമായ ശ്വേതവും മഹാരാജാവേ! ഞാന്‍ കണ്ടു. പിന്നെ ഗന്ധമാദന പര്‍വ്വതവും, മന്ദരപര്‍വ്വതവും, നീലമലയും, സ്വര്‍ണ്ണപര്‍വ്വതവും, മേരുവും, മഹേന്ദ്രവും, വിന്ധ്യപര്‍വ്വതവും, മലയവും, പാരിയാത്രാചലവും മറ്റു പര്‍വ്വതങ്ങളും ഞാന്‍ കണ്ടു. അവന്റെ കുക്ഷിയില്‍ എല്ലാ രത്നചിത്രങ്ങളും ഞാന്‍ കണ്ടു. സിംഹവ്യാഘ്ര വരാഹങ്ങളേയും പിന്നെ മന്നില്‍ എന്തെല്ലാമുണ്ടോ അവയൊക്കെയും സര്‍വ്വ ജന്തുക്കളേയും അവിടെ ചുറ്റിനടന്നു ഞാന്‍ കണ്ടു. പിന്നെ ദിക്കുകള്‍ ചുറ്റിയപ്പോള്‍ ഇന്ദ്രന്‍ മുതലായ വാനോരൊക്കെയും കണ്ടു. സാദ്ധ്യന്മാരും, രുദ്രന്മാരും, ആദിതൃന്മാരും, ഗുഹൃകന്മാരും, പിതൃക്കളും, സര്‍പ്പങ്ങളും, നാഗങ്ങളും, ഗരുഡന്മാരും, അശ്വികളും, വസുക്കളും, യക്ഷന്മാരും, ഗന്ധര്‍വ്വന്മാരും, അപ്സരസ്ത്രീകളും, മഹര്‍ഷികളും, ദൈത്യദാനവ സംഘങ്ങളും, നാഗങ്ങളും, സിംഹികാ സൂതന്മാരും മറ്റ്‌ അമരാരികളും, ലോകത്തില്‍ കണ്ട സകല ചരാചരങ്ങളും എല്ലാം ഞാന്‍ ആ മഹാത്മാവിന്റെ കുക്ഷിയില്‍ കണ്ടു.

പിന്നെ അവന്റെ ദേഹത്തില്‍ നൂറ്റാണ്ടില്‍പ്പരം സംവത്സരം ഞാന്‍ വസിച്ചു. അവന്റെ ദേഹത്തിന്റെ അന്തം ഞാന്‍ എത്ര സഞ്ചരിച്ചിട്ടും കാണുകയുണ്ടായില്ല. എല്ലായ്‌പോഴും ഓര്‍ത്തു കൊണ്ടു തന്നെ ഞാന്‍ നടന്നു. എന്നിട്ടും ആ മഹാത്മാവിന്റെ ഒരു അന്തവും ഞാന്‍ കണ്ടില്ല.

വിധിപോലെ ഞാന്‍ അവനെ തന്നെ ശരണം പ്രാപിച്ചു. മനഃകര്‍മ്മങ്ങളാല്‍ വന്ദ്യനും വരദനും വിഭുവുമായ ആ ദേവനെ ഞാന്‍ ശരണം പ്രാപിച്ചു. പിന്നെ ഞാന്‍ ഉടനെ വായുവേഗത്താല്‍ അവന്‍ തുറന്ന മുഖത്തു കൂടി പുറത്തേക്കു പോന്നു.

പിന്നെ ആല്‍മരത്തിന്റെ കൊമ്പില്‍ ജഗത്തൊക്കെ ഉള്ളിലാക്കി അവന്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. ശ്രീവത്സ ചിഹ്നമുള്ള ബാലശരീരത്തിലാണ്‌ അപ്പോഴും ദേവന്‍. ഹേ, നരവ്യാഘ്രാ! മഹാതേജസ്വി ആയിട്ടാണ്‌ അപ്പോഴും അവനെ ഞാന്‍ കണ്ടത്‌.

പിന്നെ ആകുട്ടി എന്നെ നോക്കി ചിരിച്ചു. ശ്രീമാനും പീതാംബരനും മഹാകാന്തിമാനും, ശ്രീവത്സാങ്കിതനുമായ ആ ദേവന്‍പറഞ്ഞു: "എന്റെ ഈ ദേഹത്തില്‍ വാണ്‌ വിശ്രാന്തി തീര്‍ന്നില്ലേ മുനിസത്തമാ!! മാര്‍ക്കണ്ഡേയാ! പറയൂ."

മുഹുര്‍ത്തം കൊണ്ട്‌ എനിക്കു വീണ്ടും ഒരു പുതിയ ദര്‍ശനമുണ്ടായി. അതില്‍ ഞാന്‍ മനസ്സു വെച്ചു. ഞാന്‍ മുക്തനായി എന്ന് എനിക്കു തോന്നി. അവന്റെ ചെന്തളിരൊളി ചിന്തുന്ന സുപ്രതിഷ്ഠിതമായ രക്താംഗുലികളാല്‍ ശോഭിക്കുന്ന പദദ്വയം ശ്രദ്ധയോടെ എന്റെ ശിരസ്സില്‍ വെച്ചു. ഞാന്‍ വന്ദിച്ചു നിന്നു. അമിതമായ ഓജസ്സുള്ള ആ പ്രഭാവം അറിഞ്ഞ്‌ വിനയത്തോടു കൂടി കൈകൂപ്പി ശ്രദ്ധയോടെ അടുത്തു ഭൂതാത്മാവായ അംബുജാക്ഷ ദേവനെ ഞാന്‍ വീണ്ടും ദര്‍ശിച്ചു. നമസ്കരിച്ചു തൊഴുതു നിന്ന്‌ ഞാന്‍ ദേവനോടു പറഞ്ഞു: "ദേവാ, ഞാന്‍ ഭവാനേയും ഭവാന്റെ മായയേയും അറിയുവാന്‍ ഇച്ഛിക്കുന്നു. ഭഗവാനേ! മുഖത്തിലൂടെ ഭവാന്റെ ദേഹത്തിനുള്ളില്‍ ഞാന്‍ എത്തി. ഞാന്‍ ഭവാന്റെ ഉദരത്തില്‍ ഒന്നിച്ചു സകലത്തേയും കണ്ടു. ഹേ! ദേവാ! ഭവാന്റെ ഉള്ളില്‍ ദേവദാനവ രാക്ഷസന്മാരൊക്കെ ഉണ്ടല്ലോ. യക്ഷഗന്ധര്‍വ്വ നാഗങ്ങളും ചരാചരജഗത്തും എല്ലാം ഉണ്ട്‌. ഭവാന്റെ പ്രസാദത്താല്‍ ദേവാ! എനിക്കു സ്മൃതിക്ഷയവും ഇല്ല. ഭവാന്റെ ദേഹത്തിന്റെ ഉള്ളില്‍ വേഗത്തില്‍ ചുറ്റുമ്പോഴും ഞാന്‍ സ്മൃതിക്ഷയം ഇല്ലാത്തവനാണ്‌. എന്റെ ഇച്ഛയാലല്ല, ഭവാന്റെ ഇച്ഛയാലാണ്‌, ഞാന്‍ ഇവിടെ എത്തിയത്‌. പ്രഭോ! പൂജ്യനായ ഭവാനെ അറിയുവാന്‍ എനിക്കു മോഹമുണ്ട്‌. എന്താണ്‌ ഭവാന്‍ ഇവിടെ ശിശുവായി ജഗത്തൊക്കെ ഉള്ളിലാക്കി മേവുന്നത്‌? അതു പറഞ്ഞു തരേണമേ! ഭവാന്‍ എന്തിന്‌ ഈ ജഗത്തൊക്കെ ഉള്ളിലാക്കിയിരിക്കുന്നു. എതക്രാലം ഭവാന്‍ ഇപ്രകാരം വസിക്കും? ഇതു കേള്‍ക്കുവാന്‍ ഹേ, ദേവേശാ! ദ്വിജബുദ്ധിയാല്‍ ഞാന്‍ ആശിക്കുന്നു. വിസ്തരിച്ച്‌ യഥാതത്വം നിങ്കല്‍ നിന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കണ്ടതൊക്കെ മഹത്താണ്‌! അചിന്ത്യമാണ്‌!

ഇപ്രകാരം ഞാന്‍ പറഞ്ഞപ്പോള്‍ ശ്രീമാനും മഹാദ്യുതിയുമായ ദേവന്‍ സാന്ത്വനം ചെയ്ത്‌ എന്നോടു പറഞ്ഞു.

189. ഭവിഷ്യല്‍കഥനം - ദേവന്‍ പറഞ്ഞു: ഹേ, ദ്വിജാ! എന്നെ നന്നായി ശരിയായിട്ടു ദേവന്മാര്‍ പോലും അറിയുകയില്ല. എനിക്ക്‌ നിന്നോടുള്ള പ്രിതിയാല്‍ ഞാന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ച കഥ പറഞ്ഞു തരാം. മുനേ! ഭവാന്‍ എന്നെ ശരണം പ്രാപിച്ചു. ഭവാനാണെങ്കില്‍ പിതൃഭക്തനും നന്നായി ബ്രഹ്മചര്യം അനുഷ്ഠിച്ചവനുമാണ്‌. അതു കൊണ്ടാണ്‌ ഭവാന് എന്നെ കാണുവാന്‍ കഴിഞ്ഞത്‌. പണ്ട്‌ ഞാന്‍ എന്റെ അപ്പുകള്‍ക്ക്‌ (ജലങ്ങള്‍ക്ക്‌) നാരങ്ങള്‍ എന്നു പേര്‍ കൊടുത്തു. എനിക്ക്‌ എന്നും അതാണ്‌ അയനം. നാരങ്ങളില്‍ അയനം ചെയ്യുകയാല്‍, ആശ്രയിക്കുകയാല്‍, ഞാന്‍ നാരായണനായി. നാരായണനായ ഞാന്‍ പ്രഭവനും, നിതൃനും, അവ്യയനുമാണ്‌. സര്‍വ്വഭൂതാത്മ ധാതാവും സംഹര്‍ത്താവുമാണ്‌ ഞാന്‍. ഞാന്‍ വിഷ്ണുവാണ്‌. ഞാന്‍ ബ്രഹ്മാവാണ്‌. ഞാന്‍ സുരനായകനായ ശക്രനാണ്‌. ഞാന്‍ വൈശ്രവണ രാജാവാണ്‌. പ്രേതേശ്വരനായ യമനുമാണ്‌. ഞാന്‍ ശിവനാണ്‌. ഞാന്‍ സോമനാണ്‌. ഞാന്‍ കാശ്യപനാണ്‌. പ്രജാപതിയാണ്‌. ഞാന്‍ ധാതാവും വിധാതാവുമാണ്‌. ഞാന്‍ യജ്ഞവുമാണ്‌ ദ്വിജോത്തമാ!

എനിക്ക്‌ അഗി മുഖവും, ഭൂമി പാദവും, ചന്ദ്രാര്‍ക്കന്മാര്‍ എന്റെ രണ്ടു കണ്ണുകളുമാണ്‌. ആകാശം മൂര്‍ദ്ധാവാണ്‌. ചുറ്റുമുള്ള ദിക്കുകള്‍ ചെവികളാണ്‌. വെള്ളം എന്റെ വിയര്‍പ്പില്‍ നിന്നുണ്ടായതാണ്‌. ദിക്കുകള്‍ ചേര്‍ന്ന ഗഗനം എന്റെ ദേഹമാണ്‌. വായു എന്റെ ഉള്ളില്‍ എപ്പോഴും നിൽക്കുന്ന വായു തന്നെയാണ്‌. ഈ ഞാന്‍ ആപ്തദക്ഷിണമായ യജ്ഞങ്ങള്‍ പലതും ചെയ്തവനാണ്‌. എന്നെ മഖസ്ഥലത്തില്‍ വേദജ്ഞാനികള്‍ യജിക്കുന്നു. ഭൂമിയില്‍ സ്വര്‍ഗ്ഗം ഇച്ഛിച്ച്‌ മന്നവന്മാര്‍ യജിക്കുന്നു. സ്വര്‍ഗ്ഗകാംക്ഷികളായ വൈശ്യന്മാരും എന്നെ യജിക്കുന്നു. മേരുവും മന്ദരവും ഭൂഷണമായി ചാര്‍ത്തി നാലുപാടും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഊഴിയെ ശേഷനായി നിന്ന്‌ ഞാന്‍ തന്നെയാണ്‌ വഹിക്കുന്നത്‌. വരാഹ മൂര്‍ത്തിയായി പണ്ടു ഞാന്‍ ഈ ധരിത്രിയെ വെള്ളത്തില്‍ മുങ്ങുന്ന കാലത്ത്‌ എന്റെ ശക്തിയാല്‍ താങ്ങി. ബഡവാമുഖമായ വഹ്നിയായി ഞാന്‍ വെള്ളം കുടിക്കുകയും വിടുകയും ചെയ്യുന്നു. ബ്രഹ്മം മുഖവും, ഭുജം ക്ഷത്രവും. തുട വൈശ്യരും, പാദം ശൂദ്രരും അങ്ങനെ വിക്രമ ക്രമങ്ങളോടെ ഭവിക്കുന്നു. ഋഗ്വേദം, സാമവേദം, യജുര്‍വ്വേദം, അധര്‍വ്വവേദം എന്നിവ എന്നില്‍ നിന്ന്‌ ഉളവാകുകയും, പിന്നെ എന്നില്‍ ചേരുകയും ചെയ്യുന്നു. ശാന്തന്മാരും, ജിജ്ഞാസുക്കളും, യതാശയന്മാരും, കാമക്രോധലോഭങ്ങള്‍ വിട്ടവരും. നിസ്സംഗരും, അനഘാശയരും. സാത്വികന്മാരും, അഹങ്കാരം വിട്ടവരും, അദ്ധ്യാത്മജ്ഞരുമായ യതികള്‍, വിപ്രന്മാര്‍, എപ്പോഴും എന്നെ സേവിക്കുന്നു. ഞാന്‍ സംവര്‍ത്തകാഗ്നി ആകുന്നു. ഞാന്‍ സംവര്‍ത്തകാനിലനും ആകുന്നു. ഞാന്‍ സംവര്‍ത്തകനായ സൂര്യനാകുന്നു. ഞാന്‍ സംവര്‍ത്തകാനലനും ആകുന്നു.

ആകാശത്ത്‌ നക്ഷത്രങ്ങളായി കാണുന്നവയൊക്കെ എന്റെ രോമകൂപങ്ങൾ ആണെന്ന്‌ ഹേ, ദ്വിജോത്തമാ! ഭവാന്‍ ധരിക്കുക. നാലുപാടും ചൂഴുന്ന രത്നാകരമായ സമുദ്രം എന്റെ വസനവും ശയനവും വിലയവുമാകുന്നു. ദേവകാര്യം നടത്താന്‍ ഞാന്‍ പല രൂപത്തില്‍ നിൽക്കുകയാണ്‌. കാമം, ക്രോധം, ഭയം, ഹര്‍ഷം, ലോഭം എന്നിവയെല്ലാം എന്റെ രോമങ്ങളാണെന്നു നീ ധരിച്ചാലും. വിപ്രന്മാര്‍ ശുഭമായ കര്‍മ്മം ചെയ്തു നേടുന്നതും, സത്യം, ദാനം, തപസ്സ്‌, അഹിംസ എന്നിവയും, എന്റെ വിധാനത്തില്‍ ഉള്‍പ്പെട്ടവരും, എന്റെ മെയ്യില്‍ വിഹരിക്കുന്നവരും ഞാന്‍ വിജ്ഞാനം കൊടുത്തിട്ടാണ്‌; അല്ലാതെ സ്വേച്ഛയാലല്ല പ്രവര്‍ത്തിക്കുന്നത്‌.

നന്നായി വേദം പഠിച്ചിട്ട്‌ പല യാഗങ്ങള്‍ ചെയുന്നവരും, ശാന്താത്മാക്കളും ജിതക്രോധരുമായ ദ്വിജാതികള്‍ ഇവിടെ എത്തുന്നു. ലോഭ മോഹാക്രാന്തരായ കൃപണാകൃത ബുദ്ധികള്‍ പാപം ചെയ്തിട്ട്‌ അവിടെ ചെന്നു ചേരാന്‍ കഴിയാത്തവരാകുന്നു. അതു കൊണ്ട്‌ ഭാവിതാത്മാക്കള്‍ക്ക്‌ മഹാബലം സിദ്ധിക്കുമെന്നോര്‍ക്കുക. യോഗസേവിതമായ മാര്‍ഗ്ഗം മൂഢന്മാര്‍ക്ക്‌ ഏറ്റവും അപ്രാപ്യമാണ്‌.

എപ്പോഴൊക്കെ ധര്‍മ്മത്തിനു വാട്ടം തട്ടുന്നുവോ. ഹേ, സത്തമാ! അധര്‍മ്മം എപ്പോഴൊക്കെ തലപൊക്കുന്നുവോ അപ്പോഴൊക്കെ ഞാന്‍ ആത്മാവിനെ സ്രജിക്കുന്നു.

ദേവന്മാര്‍ക്കു വധിക്കാന്‍ വയ്യാത്തവരും ഹിംസാപരന്മാരുമായ ദൈതൃന്മാരും, ഉഗ്രരാക്ഷസന്മാരും ലോകത്തില്‍ എപ്പോള്‍പിറക്കുമോ, അപ്പോള്‍ സല്‍ക്കര്‍മ്മികളുടെ ഗൃഹത്തില്‍ ഞാന്‍ വന്നുപിറന്ന്‌, മനുഷ്യദേഹം പ്രാപിച്ച്‌ എല്ലാ ദോഷവും ശമിപ്പിക്കുന്നു.

ദേവഗന്ധര്‍വ്വാശര നാഗന്മാരെ ഒക്കെയും സ്ഥാവര ഭൂതചയങ്ങളെയും ഞാന്‍ സൃഷ്ടിക്കുകയും, അവയെ ഞാന്‍ എന്റെ മായയാല്‍ സംഹരിക്കുകയും ചെയ്യുന്നു. കര്‍മ്മം വേണ്ടപ്പോഴൊക്കെ വീണ്ടും അചിന്ത്യമായ ദേഹം ഞാന്‍ സൃഷ്ടിക്കുന്നു. മര്യാദ നിയമിക്കുവാനാണ്‌ ഞാന്‍ മനുഷ്യശരീരം പ്രാപിക്കുന്നത്‌.

കൃതയുഗത്തില്‍ എന്റെ നിറം വെള്ളയാണ്‌. ത്രേതായുഗത്തില്‍ ഞാന്‍ മഞ്ഞയാണ്‌. ദ്വാപരയുഗത്തില്‍ ഞാന്‍ കറുപ്പാണ്‌. അധർമ്മത്തിന്‌ അക്കാലത്തു മുന്നു ഭാഗങ്ങളുണ്ട്‌. പ്രളയം വന്നടുക്കുമ്പോള്‍ ഞാന്‍ ഉഗ്രനായ കാലനായി ചരാചരമയമായ മൂന്നു ലോകവും മുഴുവന്‍ മുടിക്കും. ഞാന്‍ ത്രിവര്‍ത്മാവായ വിശ്വരൂപനാണ്‌. സര്‍വ്വലോക സുഖപ്രദനുമാണ്‌. സ്വയംഭൂവും സര്‍വ്വഗനും അനന്തനുമാണ്‌. ഹൃഷികേശനും ഉരുക്രമനുമാണ്‌.

കാലചക്രം അരൂപനായി നടത്തുന്നവനും ബ്രഹ്മനും ഞാന്‍ തന്നെയാണ്‌. സര്‍വ്വലോകോദൃമത്തോടെ സര്‍വ്വഭൂത പ്രശമനം ചെയ്യുന്നതും ഞാന്‍ തന്നെയാണ്‌. ഇപ്രകാരം ഹേ, മുനിസത്തമാ! എന്റെ ആത്മാവ്‌ ഒരുങ്ങി നിൽക്കുകയാണ്‌. ഹേ, വിപ്രേന്ദ്ര! ഒന്നിലും എന്നെ ആരും അറിയുന്നില്ല. എന്നാൽ എല്ലാ ലോകത്തിലും ഭക്തന്മാര്‍ എന്നെ പൂജിക്കുന്നു.

ഹേ, ദ്വിജാ! എന്നില്‍ പ്രാപിച്ച്‌ ഭവാന്‍ അല്പം ക്ലേശം പ്രാപിച്ചുവല്ലോ. അതെല്ലാം അങ്ങേയ്ക്ക്‌ സുഖശ്രേയസ്സുകള്‍ക്കാണ്‌. ലോകത്തില്‍ ഭവാന്‍ കണ്ടതായ എല്ലാ ചരാചരങ്ങളും ഭൂതഭാവനനാകുന്ന എന്റെ ആത്മാവാകുന്നു. എന്റെ ദേഹത്തിന്റെ അര്‍ദ്ധഭാഗമാണ്‌ സര്‍വ്വലോക പിതാമഹനായ ബ്രഹ്മാവ്‌.

ഹേ, വിപ്രർഷേ! നാരായണാഖ്യനായ ഞാന്‍, ശംഖ്‌, ചക്രം, ഗദ എന്നിവ ധരിച്ചവനാണ്‌. യുഗമെല്ലാം ആയിരം വട്ടമെത്തുന്നതു വരെ വിശ്വാത്മാവ്‌ ഏവരേയും മയക്കുവാനായി ഇവിടെ ഉറങ്ങുന്നു. ഇപ്രകാരം എല്ലായ്പോഴും ഇവിടെ ഞാന്‍ വാഴുന്നു. ബ്രഹ്മാവ്‌ ഉണരുന്നതു വരെ അബാലനായ ഞാന്‍ ബാലവേഷത്തില്‍ വര്‍ത്തിക്കുന്നു.

ഹേ, വിപ്രേന്ദ്ര! ബ്രഹ്മരൂപത്താല്‍ ഞാന്‍ ഭവാനു വരം തന്നു. വീണ്ടും ഞാന്‍ നിന്നില്‍ സന്തോഷിച്ചിരിക്കുന്നു. ചരാചരം മുടിഞ്ഞ്‌ വിശ്വം ഒറ്റക്കടലായി കണ്ടപ്പോള്‍ നീ ദുഃഖിച്ചു. അതറിഞ്ഞിട്ടാണ്‌ ഞാന്‍ എന്നില്‍ വിശ്വം നിനക്കു കാണിച്ചു തന്നത്‌. അങ്ങ്‌ എന്റെ ദേഹത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ലോകം കണ്ട്‌ അത്ഭുതപ്പെട്ടു പോയി. എന്നിട്ടും നീ ബോധം നേടുന്നില്ല. എന്നിട്ടു ഞാന്‍ എന്റെ മുഖത്താല്‍ ഹേ, വിപ്രര്‍ഷേ!! വേഗത്തില്‍ നിന്നെ വെളിയിലേക്കു വിട്ടു. സുരാസുരന്മാര്‍ക്കും അറിയപ്പെടാത്ത ആത്മാവിനെ ഞാന്‍ നിനക്കു പറഞ്ഞു തന്നു. തപസ്വിയായ ഭഗവാന്‍ ബ്രഹ്മാവ്‌ ഉണരുന്നതു വരെ ഹേ, വിപ്രർഷേ! സുഖമായി ഇവിടെ വിശ്വാസത്തോടെ ചരിക്കുക! ബ്രഹ്മാവ്‌ ഉണര്‍ന്നാല്‍ പിന്നെ വിശ്വപിതാമഹനോട്‌ ഞാനും ഒന്നായി ചേര്‍ന്ന്‌ ദേഹങ്ങള്‍ സൃഷ്ടിക്കുന്നതാണ്‌. ആകാശം, ഭൂമി, തേജസ്സ്‌, കാറ്റ്‌, വെള്ളം മുതലായ എല്ലാം ലോകത്തില്‍ പിന്നെയുള്ള ചരാചരങ്ങളെല്ലാം ഞാന്‍ സൃഷ്ടിക്കുന്നതാണ്‌.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ പരമാത്ഭുതനായ ആ ദേവന്‍ മറഞ്ഞു. ഞാന്‍ വിചിതവ്രും വിവിധവുമായ പ്രജകളേയും കണ്ടു. ഞാന്‍ ഇങ്ങനെയെല്ലാം. ആ പ്രളയത്തില്‍ കണ്ടു. ആശ്ചര്യം രാജാവേ! ആശ്ചര്യം ധര്‍മ്മജ്ഞാ!

പണ്ടു ഞാന്‍ കണ്ടതായ ആ പുണ്ഡരികാക്ഷന്‍ ഈ ഇരിക്കുന്ന ഭവാന്റെ ബന്ധുവായ ജനാര്‍ദ്ദനനാണ്‌. ഈ മഹാത്മാവിന്റെ വരം മൂലമാണ്‌ എനിക്ക്‌ ഓര്‍മ്മ വിടാതെ നിൽക്കുന്നത്‌. ആ മഹാനുഭാവന്റെ അനുഗ്രഹത്താലാണ്‌ ദീര്‍ഘായുസ്സും സച്ഛന്ദമൃതിയും എനിക്കു ലഭിച്ചത്‌.

ഈ കൃഷ്ണന്‍ വാര്‍ഷ്ണേയനാണ്‌. പുരാണ പുരുഷനാണ്‌. പ്രഭുവാണ്‌. അചിന്ത്യാത്മാവായ കൃഷ്ണന്‍ ലീലയിലെന്ന പോലെ സ്ഥിതി ചെയ്യുന്നു. ഇവന്‍ ധാതാവിനും വിധാതാവാണ്‌. സംഹാര മൂര്‍ത്തിയായ ശാശ്വതനാണ്‌. ശ്രീവത്സാങ്കിതനായ ഗോവിന്ദനാണ്‌. പ്രജാപതിയും പതിയും പ്രഭുവുമാണ്‌. ഈ വൃഷ്ണിനാഥനെ കണ്ടിട്ട്‌ എനിക്കു പ്രളയജലത്തിലെ ബാലനെ ഓര്‍മ്മ വന്നതാണ്‌. ആദിദേവനും, വിഷ്ണുവും, പീതാംബരനും, പുരുഷനും, ഈശനുമായ ദേവനെ ഓര്‍മ്മ വന്നതാണ്‌. സര്‍വ്വ ഭൂതങ്ങള്‍ക്കും അച്ഛനും, അമ്മയും, സ്വാമിയും മാധവനാണ്‌. ശരണ്യനായ ഇവനെ ഹേ, കൗരവേന്ദ്രന്മാരേ! നിങ്ങള്‍ ശരണം പ്രാപിക്കുവിന്‍!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മാര്‍ക്കണ്ഡേയന്‍ പറഞ്ഞതു കേട്ടപ്പോള്‍ പാണ്ഡവന്മാരും പാഞ്ചാലിയും മറ്റുള്ളവരും മുകുന്ദന്റെ മുമ്പില്‍ നമസ്കരിച്ചു. കൃഷ്ണന്‍ വിധിപോലെ ചിന്തിച്ച്‌ അവരെയെല്ലാം സാമത്താല്‍ സാന്ത്വനം ചെയ്തു.

190. ഭവിഷ്യല്‍കഥനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ ധര്‍മ്മപുത്രന്‍ മാര്‍ക്കണ്ഡേയനോട്‌ താന്‍ ഭരിക്കേണ്ടുന്ന ജഗത്തിന്റെ ഭാവിയാത്രയെ പറ്റി ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, വാഗ്മിപ്രവരനായ ഭാര്‍ഗ്ഗവര്‍ഷേ! ഭഗവാന്‍ കണ്ടതായ യുഗാദികളുടെ പ്രഭവക്ഷയങ്ങള്‍ നാം ആശ്ചര്യത്തോടെ കേട്ടു. വീണ്ടും ഈ കലിയുഗത്തെ കുറിച്ച്‌ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ധര്‍മ്മങ്ങള്‍ മിശ്രങ്ങളാകുമ്പോള്‍ ശേഷമുണ്ടാകുന്നത്‌ എങ്ങനെയാണ്‌ ? മര്‍ത്തൃര്‍ക്ക്‌ അപ്പോള്‍ വീര്യമെന്ത്‌? ആഹാരമെന്ത്‌? വിഹാരമെന്ത്‌? എന്ത്‌ ആയുസ്സ്‌ എന്ത്‌ ഉടുപ്പ്‌; യുഗക്ഷയത്തില്‍ ഇവയൊക്കെ ഏതു മട്ടാകും? എന്ത്‌ അന്തം പിടിച്ചിട്ടാണ്‌ വീണ്ടും കൃതയുഗം വരുന്നത്‌? ഇവയൊക്കെ ഭവാന്‍ വിസ്തരിച്ചു പറഞ്ഞാലും! ഭവാന്റെ കഥനം ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു.

യുധിഷ്ഠിരന്റെ ചോദ്യം കേട്ട്‌ വൃഷ്ണിന്ദ്രന്മാരേയും പാണ്‌ഡവന്മാരേയും രമിപ്പിക്കുവാന്‍ ആ മുനിശ്രേഷ്ഠന്‍ പിന്നേയും പറയുവാന്‍ തുടങ്ങി.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, രാജാവേ! ഞാന്‍ പണ്ടു കണ്ടതും കേട്ടതും ദേവേശന്റെ കൃപ കൊണ്ട്‌ അനുഭവിച്ചതുമായ സര്‍വ്വലോകത്തിന്റേയും ഭാവിവൃത്താന്തം പറയാം; കേട്ടുകൊള്ളുക. കലിയുഗത്തില്‍ സംഭവിക്കുന്നത്‌ ആദ്യം പറയാം.

കൃതയുഗത്തില്‍ വഞ്ചനോപാധികള്‍ കൂടാതെ നാലു കാലും ഊന്നി വൃഷരൂപമായ ധര്‍മ്മം മര്‍ത്ത്യനില്‍ നിൽക്കും. അധര്‍മ്മം അപ്പോള്‍ കാലുമുടന്തി, മുന്നു കാല്‍ ഈന്നി നിൽക്കും. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ധര്‍മ്മത്തിനു രണ്ടുകാലേയുള്ളു. മുക്കാലും അധര്‍മ്മം വന്ന്‌ ആക്രമിച്ചു കയറി നിൽക്കും.

തമസ്സേറിയ കലിയുഗത്തിലാകട്ടെ ധര്‍മ്മം മര്‍ത്തൃരെ ഒറ്റക്കാലു കൊണ്ടാണു പാസിക്കുക. ആയുസ്സ്‌, വീര്യം, ബുദ്ധി, ബലം, തേജസ്സ്‌ ഇവ മര്‍ത്ത്യര്‍ക്ക്‌ യുഗം തോറും കുറഞ്ഞു വരും. രാജാക്കള്‍, വിപ്രന്മാര്‍, വൈശ്യര്‍, ശൂദ്രന്മാര്‍ എന്നിവര്‍ വ്യാജമായി ധര്‍മ്മമായയാലാണ്‌ (ധര്‍മ്മനാട്യം) ധര്‍മ്മം അനുഷ്ഠിക്കുക. നാട്ടില്‍ തങ്ങള്‍ വിദ്വാന്മാരാണെന്നു സ്വയം അഭിമാനിച്ച്‌ അസത്യവാന്മാരായി ജീവിക്കും. സത്യനാശം മൂലം അവര്‍ക്ക്‌ ആയുസ്സ്‌ അല്പമാകും. ആയുസ്സു ക്ഷയിക്കുക കാരണം വിദൃ സമ്പാദിക്കാന്‍ കഴിയാതെയാകും. അവിദൃന്മാരെ അജ്ഞാനം മൂലം ലോഭം മയക്കും. ലോഭക്രോധാന്ധരായി മൂഢന്മാര്‍ കാമം മൂലം വൈരം മൂത്ത്‌ അന്യോന്യം കൊല്ലുവാന്‍ തുനിയും.

ബ്രാഹ്മണക്ഷത്ര വൈശ്യന്മാര്‍ തമ്മില്‍ച്ചേര്‍ന്നു സങ്കരമായി തപസ്സും സത്യവും വെടിഞ്ഞ്‌ ശുദ്രരെ പോലെയാകും. അന്ത്യന്മാര്‍ മദ്ധ്യരാകും. മദ്ധ്യര്‍ അന്ത്യന്മാരാകും. അതില്‍ യാതൊരു സംശയവുമില്ല. യുഗാന്തം അടുക്കുമ്പോള്‍ നാട്ടുകാരൊക്കെ അങ്ങനെ ആയിത്തീിരും. ചണനൂലു കൊണ്ടുണ്ടാക്കുന്ന വസ്ത്രമാണു നല്ലതെന്നു പറയും. ധാന്യങ്ങള്‍ വിളവെത്താതെ ദുഷിച്ചു നശിക്കും. ഭാര്യമാരില്‍ അമിത്രത്വം വന്നുകൂടും. യുഗക്ഷയത്തില്‍ പുരുഷന്മാര്‍ അങ്ങനെയാകും. ആടുമാടുകളെ കറന്നു ജീവിക്കുന്നവര്‍ മത്സ്യവും മാംസവും തിന്നു ജീവിക്കുന്നവരാകും. പശുക്കൾ മിക്കവാറും നശിച്ച്‌ നിത്യവും വ്രതികള്‍ പോലും യുഗാവസാന കാലത്തു ലോഭമുള്ളവർ ആയിത്തിരും. അന്യോന്യം മോഷണം ചെയ്തും മര്‍ത്ത്യര്‍ ഹിംസ ചെയ്തും ജപം കൂടാതെ നാസ്തികരായി കള്ളന്മാർ ആയി തീരും.

പുഴവക്കുകളില്‍ കുദ്ദാലത്താല്‍ (കൂന്താലി-പാക്കുറ്റി) സസ്യങ്ങള്‍ നടും. യുഗക്ഷയത്തില്‍ അവര്‍ക്കതും നിഷ്ഫലമാകും. ശ്രാദ്ധദൈവ ക്രിയകളില്‍ നിതൃവ്രതികള്‍ പോലും ലോഭംകാരണം അന്യോന്യം ഊട്ടും. അന്നദാനം ചെയ്യുന്നതില്‍ ലോഭം മൂലം ശ്രാദ്ധത്തിന് അച്ഛന്‍ മകന്ന്‌ ഊട്ടു കഴിക്കും. മകന്‍ അച്ഛനേയും ഊട്ടും. ഭോജ്യങ്ങളും ക്രമംവിട്ട വിധത്തിലാകും.

വ്രതങ്ങള്‍ ആചരിക്കാതെയാകും. ഭൂസുരന്മാര്‍ വേദം നിന്ദിക്കും. യാഗം ചെയ്യാതാകും. അവര്‍ യുക്തിവാദത്തില്‍ മയങ്ങിപ്പോകും. പ്രതൃക്ഷത്തില്‍ കാണുവാന്‍ യുക്തി കേട്ടു മയങ്ങിയവര്‍ ആഗ്രഹിക്കും. കുണ്ടുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യും. പശുക്കളെ കരിക്കു പൂട്ടും. ഒരാണ്ടു പ്രായമായ മൂരികളെ പൂട്ടും. അച്ഛനെ മകന്‍ കൊല്ലും. മകനെ അച്ഛന്‍ കൊല്ലും. പിന്നെ കൂസലില്ലാതെ "അഹം ബ്രഹ്മം" എന്നു പറഞ്ഞുനടക്കും. നിന്ദ സഹിക്കയില്ല.

ക്രിയായജ്ഞങ്ങൾ ഇല്ലാതെ ജഗത്തൊക്കെ മ്ലേച്ഛമയമാകും. ആനന്ദകരമായ ഉത്സവങ്ങള്‍ ഇല്ലാതാകും. ദരിദ്രന്റെ ധനവും ബന്ധുക്കളുടെ ധനവും വിധവകളുടെ ദ്രവ്യവും മാനവര്‍ ബലമായി അപഹരിക്കും.

സ്വല്പവീര്യബലന്മാരായ ലോഭമോഹാന്ധര്‍ തൃപ്തരായി, തന്നെ വാഴ്ത്തുന്ന ദുഷ്ടന്മാര്‍ക്കും മറ്റും തൃപ്തിപൂര്‍വ്വം ധനം നല്കും. വിവാഹം കഴിക്കാതെ നിൽക്കുകയും, അവര്‍ വെപ്പാട്ടികളോടു ചേരുകയും ചെയ്യും.

ഹേ, കൗന്തേയാ! ദുഷ്ടമതികളായ രാജാക്കള്‍ ബുധമാനികളായി ലോകര്‍ക്കെതിരായി ഭവിക്കും. ക്ഷത്രിയന്മാര്‍ പ്രജകളെ രക്ഷിക്കാതെ പിശുക്കന്മാരായി, മാനാഹങ്കാര ഗര്‍വ്വികളായി ശിക്ഷിക്കുവാന്‍ മാത്രം സന്നദ്ധരായി ഭവിക്കും. സാധുക്കളുടെ വിത്തവും, സ്ത്രീകളേയും കടന്നാക്രമിച്ച്‌, അവര്‍ കരഞ്ഞാലും വിടാതെ അനുഭവിക്കും.

കന്യകയെ ആരും ചോദിക്കയില്ല. കനൃകയെ ആരും കൊടുക്കുകയുമില്ല. യുഗാന്തമടുക്കുമ്പോള്‍ അവര്‍ സ്വയം ഗ്രാഹകളാകും. തന്നത്താന്‍ ഇഷ്ടമുള്ളവരെ അവര്‍ സ്വീകരിക്കും. തൃപ്തി കൂടാതെ രാജാക്കന്മാര്‍ മൂഢാത്മാക്കളായി പരദ്രവ്യം, യുഗാന്തമടുക്കുമ്പോള്‍ ഉപായത്താല്‍ നേടും. ജഗത്തൊക്കെ മ്ലേച്ഛമയമാകും. യുഗാന്തമടുക്കുമ്പോള്‍ ഇടതുകൈ വലതു കയ്യിനെ ചതിക്കും. സത്യം ചുരുങ്ങും. ബുധമാനികള്‍ മാനികളാകും. വൃദ്ധന്മാര്‍ ബാലബുദ്ധികളാകും. ബാലന്മാര്‍ വൃദ്ധബുദ്ധികളാകും. ഭീരുക്കള്‍ ശൂരാഭിമാനികളാകും. ശൂരന്മാര്‍ ഭീരുക്കളെപ്പോലെയാകും. യുഗാന്തം അടുക്കുമ്പോള്‍ തമ്മില്‍ വിശ്ചസിക്കാതാകും. സ്ത്രീകളും പുരുഷന്മാരും മോഹലോഭമാര്‍ന്ന്‌ എല്ലാം ഭുജിക്കും.

അധര്‍മ്മം വര്‍ദ്ധിക്കും. ധര്‍മ്മം നടക്കുകയല്ല, ഓടും! ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാര്‍ നശിക്കും. യുഗക്ഷയത്തില്‍ മനുഷ്യരെല്ലാം ഒരൊറ്റ ജാതിയായി ഭവിക്കും. പുത്രനാല്‍ താതനും താതനില്‍ പുത്രനും പൊറുക്കാതാകും. ഭാരൃമാര്‍ ഭര്‍ത്തൃശുശ്രൂഷ ചെയ്യാതാകും. നാട്ടിന്‍ പുറങ്ങളില്‍ ഗോതമ്പും, യവവും, ചോറാകും. തോന്നിവാസികളായ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചു ചേര്‍ന്നു പാര്‍ക്കും. തമ്മില്‍ കണ്ടാല്‍ സഹിക്കാത്ത വിധം ജനങ്ങള്‍ പരസ്പരം ശത്രുക്കളാകും.

ഹേ, യുധിഷ്ഠിരാ! യുഗാന്തമടുക്കുമ്പോള്‍ ലോകമെല്ലാം മ്ലേച്ഛമയമായി തീരും. ശ്രാദ്ധങ്ങള്‍ കൊണ്ടു ദേവകള്‍ക്കു മനുഷ്യര്‍ തൃപ്തി നല്കുകയില്ല. ഒരുത്തന്‍ പറയുന്നത്‌ മറ്റേവന്‍ കേള്‍ക്കുകയില്ല. ഒരുത്തനു മറ്റേവന്‍ ഗുരുവാകയില്ല. ലോകം അന്ന്‌ തമോഗ്രസ്തമായി തീരും. പതിനാറു വയസ്സായാല്‍ പൂര്‍ണ്ണാരോഗ്യമാകും. യുഗാന്തരമടുത്താല്‍ പിന്നെ പ്രാണന്‍ കളയും. അഞ്ചും ആറും വയസ്സെത്തുമ്പോള്‍ കന്യകമാര്‍ പ്രസവിക്കും. ഏഴോ എട്ടോ വയസ്സായാല്‍ പുരുഷന്മാര്‍ ഗര്‍ഭം ഉണ്ടാക്കും. ഭര്‍ത്താവില്‍ സ്ത്രീയും ഭാരൃയില്‍ പുരുഷനും സന്തോഷിക്കാതെയാകും. ദ്രവ്യം കെട്ടു വെറും ചിഹ്നത്തോടു മാത്രം ഹിംസകരായി ഭവിക്കും. യുഗക്ഷയത്തില്‍ ആരും ആര്‍ക്കും ഒന്നും ദാനം ചെയ്യുകയില്ല. നാട്ടുകാര്‍ ചോറു വിൽക്കും. ദ്വിജന്മാര്‍ വേദം വിൽക്കും. സ്ത്രീകള്‍ യോനി വിൽക്കും. ഇപ്രകാരമാകും യുഗക്ഷയത്തില്‍. മ്ലേച്ഛാചാരത്തില്‍ എല്ലാം തിന്നുന്ന, ഉഗ്രക്രിയകള്‍ ചെയ്യുന്നവരാകും ജനങ്ങള്‍. കൊള്ളക്കൊടുക്കയില്‍ ഏവനും ചതിക്കും. ലോഭംമൂലം യുഗാന്തരത്തിലതൊക്കെ ഭവിക്കും. അറിയേണ്ടതറിയാതെ ക്രിയ ചെയ്യും. യുഗക്ഷയമടുക്കുമ്പോള്‍ ഇഷ്ടംപോലെ നടക്കും. സ്വഭാവാല്‍ നരര്‍ ക്രൂരകര്‍മ്മാക്കളാവുകയും അന്യോന്യം നിന്ദ ചെയ്യുകയും ചെയ്യും.

യുഗക്ഷയമടുക്കുമ്പോള്‍ നരന്മാര്‍ പൂങ്കാവും, മരവും മറ്റും വ്യഥ കൂടാതെ മുറിച്ചു കളയും. ദേഹികള്‍ക്ക്‌ പാരില്‍ ജീവിത സംശയം ബാധിക്കും. അങ്ങനെ ജനങ്ങള്‍ ലോഭം മൂത്തവരാകും. ബ്രഹ്മസ്വത്തെ ഭുജിക്കുന്നവര്‍ ബ്രാഹ്മണരെ കൊല്ലും. ശൂദ്രന്മാര്‍ ബ്രാഹ്മണരെ പ്രഹരിക്കും. അവരെ പേടിച്ച്‌ ഹാഹായെന്നാര്‍ത്ത്‌ വിപ്രന്മാര്‍ തങ്ങളെ രക്ഷിക്കുന്നവരെയാരേയും കാണാതെ ഭുമിയില്‍ ഉഴലും. ഉഗ്രന്മാരായ പ്രാണി ഹിംസകരും കൊലയാളികളുമായിത്തീരും ജനങ്ങള്‍. ബ്രാഹ്മണരൊക്കെ അക്കാലത്തു പേടിച്ച്‌ ഓടി വല്ല പുഴയിലും കുന്നിലും കുണ്ടിലും ചെന്നു കൂടും.

നികുതി വര്‍ദ്ധിപ്പിച്ചു ദുഷ്ടരാജാക്കന്മാര്‍ പീഡപ്പെടുത്തും. കള്ളന്മാര്‍, പേടിപ്പെടുത്തുന്ന വിപ്രന്മാര്‍ കാക്കകള്‍ പോലെ അലഞ്ഞു പറക്കും. അത്രയ്ക്കു ധൈര്യം വിട്ടവരാകും വിപ്രന്മാര്‍. അവര്‍ ശൂദ്രന്മാര്‍ക്കു ദാസന്മാരായിത്തീരും. വികര്‍മ്മങ്ങള്‍ നടത്തും. ശൂദ്രന്മാര്‍ ധര്‍മ്മം ഓതിക്കും. ദ്വിജന്മാര്‍ ശൂദ്രന്മാരെ ഉപാസിക്കും. പ്രാമാണ്യ നിഷ്ഠയോടു കൂടി അവര്‍ പറയുന്നതു കേള്‍ക്കുന്നവരുമാകും. ലോകമൊക്കെ മേലുകീഴായി, വിപരീതമായി മറിയും.

അസ്ഥിഭിത്തിക്ക്‌ ( ഭൗതികാവശിഷ്ടത്തിന് ) പൂജ നടത്തും. ദേവതാര്‍ച്ചനം വര്‍ജ്ജിക്കും. ശൂദ്രന്മാര്‍ ബ്രാഹ്മണരെ ശുശ്രൂഷിക്കുകയില്ല. മുനീന്ദ്രന്മാരുടെ ആശ്രമഭാഗങ്ങളിലും, ബ്രാഹ്മണാലയ ദിക്കുകളിലും, ക്ഷ്രേതചൈത്യങ്ങളിലും, സര്‍പ്പക്കാവുകളിലും അസ്ഥിഭിത്തിപ്പടവുകള്‍ (മരിച്ചവരുടെ അവശിഷ്ടങ്ങള്‍ വെച്ച കുടീരങ്ങള്‍) ദേവസ്ഥാനങ്ങള്‍ കൂടാതെ, യുഗാന്തത്തില്‍ കാണും. ഇത്‌ യുഗാന്തത്തിന്റെ ലക്ഷണമാണ്‌.

ധര്‍മ്മം വിട്ട്‌, മാംസം തിന്ന്‌, കള്ളു കുടിക്കുന്ന രൗദ്രന്മാര്‍ ധാരാളം വര്‍ദ്ധിച്ചു വരും. പുഷ്പത്തില്‍ പുഷ്പവും, ഫലത്തില്‍ ഫലവും കാണാം. ഇത്‌ യുഗാന്തത്തിന്റെ ലക്ഷണമാണ്‌.

മേഘം അകാലത്തില്‍ വര്‍ഷിക്കും. അക്രമ പ്രവൃത്തികള്‍ മനുഷ്യന്‍ നടത്തും. ആശ്രിതരായ ശൂദ്രന്മാര്‍ വിപ്രരോട്‌ വിരോധം കാണിക്കും. പിന്നെ ലോകത്തിലൊക്കെ മ്ലേച്ഛന്മാര്‍ നിറയും. നികുതി കൊടുക്കുന്നതിനെ ഭയന്ന്‌ വിപ്രന്മാര്‍ സ്ഥലം വിടും. നാട്ടുകാരൊക്കെ ഒരേ വിധത്തില്‍ അടിമപ്പെട്ട്‌, സങ്കടപ്പെട്ട്‌, ഭക്ഷണ ക്ഷാമം മൂലം ഫലമൂലങ്ങള്‍ ഭക്ഷിച്ച്‌ ആശ്രമത്തില്‍ ചെന്നു ജീവിക്കും. ഇപ്രകാരം ലോകം മിശ്രമായാല്‍ മര്യാദ കിട്ടാതെയാകും. ശിഷ്യന്മാര്‍ ഗുരുവിന്റെ ചൊല്പടിക്കു നിൽക്കാതെയാകും. കാശില്ലാത്ത ഗുരുവിനെ നിന്ദിച്ചു സംസാരിക്കും.

ധനസംബന്ധമായി ബന്ധുക്കള്‍ പിണങ്ങിപ്പിരിയും. യുഗാന്തത്തില്‍ സര്‍വ്വഭൂതത്തിനും അഭാവം ഉണ്ടാകും. ദിക്കുകളൊക്കെ കത്തിയെരിയും. നക്ഷത്രപ്രഭ മാഞ്ഞുപോകും. ജ്യോതിസ്സുകള്‍ പ്രതികൂലങ്ങളാകും. കാറ്റു കലമ്പും; മഹാഭയം കാണിക്കുന്ന വിധം കൊള്ളിമീന്‍ ചാടും. ജലാശയങ്ങള്‍ വറ്റുമാറ്‌ ആദിതൃന്‍ തപിക്കും. ഉഗ്രമായി ഇടിവെട്ടുകയും, ദിക്കുകളില്‍ അഗ്നി പിടിപെടുകയും ചെയ്യും.

സൂര്യന്‍ ഉദയാസ്തമയങ്ങളില്‍ കബന്ധം കൊണ്ടു (രാഹു )മൂടും. സഹസ്രാക്ഷന്‍ അകാലത്തില്‍ വര്‍ഷിപ്പിക്കും. സസ്യങ്ങള്‍ മുളയ്ക്കാതെ ആകും. എപ്പോഴും ക്രൂരവാക്കുകള്‍, പുലഭ്യങ്ങള്‍ വിളിച്ചു പറഞ്ഞ്‌ രൂക്ഷകളായി, കരഞ്ഞ്‌ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ ചൊല്പടിക്കു നിൽക്കാതെയാകും. പുത്രന്മാര്‍ മാതാപിതാക്കളെ കൊല്ലും. സ്ത്രീകൾ മക്കളെ വെടിയുകയും, ഭര്‍ത്താക്കന്മാരെ കൊല്ലുകയും ചെയ്യും.

വാവില്ലാതേയും രാഹു സുര്യനെ പിടികൂടും. യുഗാന്തത്തില്‍ എല്ലാ ദിക്കിലും അഗ്നി ജ്വലിക്കും. തണ്ണീരും, അന്നവും ഇരന്നാലും കിട്ടാതെ, കിടക്കാന്‍ ഇടം കിട്ടാതെ യാത്രക്കാര്‍ പെരുവഴിയില്‍ കിടക്കും. യുഗാന്തം വന്നടുക്കുമ്പോള്‍ ഭയങ്കരമായിഇടിമുഴങ്ങും. കാക്കകള്‍ ശബ്ദകോലാഹലം ഉണ്ടാക്കും. ആനകള്‍ അലറും; ശകുനം, മൃഗപക്ഷികള്‍ എന്നിവ ഘോരമായ വിധം ശബ്ദിക്കും.

മിത്രസംബന്ധികളേയും, ജ്ഞാതിഭൃതൃ ജനങ്ങളേയും നരന്മാര്‍ യുഗാന്തമടുക്കുമ്പോള്‍ കൈവെടിയും. പിന്നെ ദേശങ്ങളും, ദിക്കും, പത്തനങ്ങളും, പുരങ്ങളും ക്രമത്തില്‍ ചെന്ന്‌ ആശ്രയിക്കും. "ഹാ, താതാ!", "ഹാ പുത്ര", എന്ന് ഓരോ വാക്ക്‌ ദാരുണമായ വിധം വിളിച്ചു പറഞ്ഞു കേണ്‌ ജനങ്ങള്‍ ഭൂമിയില്‍ ചുറ്റും. പിന്നെ യുഗക്ഷയത്തില്‍ തുമുലമായ സംഘാതമുണ്ടാകും.

വിപ്രന്മാര്‍ തുടങ്ങിയ ലോകം പിന്നേയും ഉത്ഭവിക്കും! പിന്നെ കാലാന്തരത്തില്‍ ലോകം വീണ്ടും വളരുവാന്‍ അനുകുലമായ ചുറ്റുപാടുകള്‍ ദൈവം യദ്യച്ഛയാ സംഭവിപ്പിക്കും.

പൂയം നക്ഷത്രത്തോടു കൂടി ചന്ദ്രനും, സൂര്യനും, വ്യാഴവും ഒരു രാശിയില്‍ (കര്‍ക്കിടകം രാശിയില്‍) ഒത്തു ചേരുന്ന കാലം കൃതയുഗം വരും. അപ്പോള്‍ മേഘം കാലങ്ങളില്‍ മാത്രം വര്‍ഷിക്കുകയും നക്ഷത്രങ്ങള്‍ ശുഭങ്ങളായി ഭവിക്കുകയും ചെയ്യും. പ്രദക്ഷിണങ്ങളായ ഗ്രഹങ്ങള്‍ നേരെ ഗമിക്കും. ക്ഷേമം സുഭിക്ഷമാവുകയും അനാമയമായ ആരോഗ്യം ഉണ്ടാവുകയും ചെയ്യും.

കൽക്കി, വിഷ്ണുയശസ്സെന്നു പേരായ വിപ്രന്‍, കാലാജ്ഞകാരണം മഹാവീര്യനായി, മഹാബുദ്ധി പരാക്രമനായി ജനിക്കും. പുണ്യമായ ദ്വിജാലയത്തില്‍ "സംഭല" ഗ്രാമത്തിലാണ്‌ ജനിക്കുക. അവന് ആയുധങ്ങളും വാഹനങ്ങളും സങ്കല്പം കൊണ്ട്‌ ഉണ്ടാകും. യോധന്മാരും വന്നു കൂടും. ശസ്ത്രങ്ങളും കവചങ്ങളും വന്നു കൂടും. ധര്‍മ്മവിജയിയും രാജാവും ചക്രവര്‍ത്തിയുമായി അവന്‍ ഈ മിശ്രമായ ലോകം വീണ്ടും തെളിയിക്കും.

ഉത്സാഹിയും ദീപ്തനും ക്ഷയം തീര്‍ക്കുന്ന മഹാശയനും ബ്രാഹ്മണനും സര്‍വ്വസംക്ഷേപകനുമായ അവന്‍ യുഗം മാറ്റി വരയ്ക്കുന്നവനാണ്‌. അവന്‍ യുഗപരിവര്‍ത്തകനാണ്‌. എല്ലാ ദിക്കിലും ചെന്നു കൂടിയ ക്ഷുദ്രമ്ലേച്ഛ കൂട്ടത്തെ അവന്‍ ബ്രാഹ്മണരോടു കൂടെ ചെന്ന്‌, എല്ലാറ്റിനേയും സംഹരിക്കും.

191. യുധിഷ്ഠിരാനുശാസനം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു: ചോരന്മാരെയൊക്കെ നശിപ്പിച്ച്‌ പിന്നെ കൽക്കി വിപ്രന്മാര്‍ക്ക്‌ ഈ ഭൂമിയൊക്കെ അശ്വമേധ മഖത്തില്‍ വിധിപോലെ ദാനം ചെയ്യും. ഭൂമിയില്‍ പിന്നെ ശുഭചര്യയ്ക്കു വേണ്ടുന്ന മര്യാദയൊക്കെ നിയമിച്ച്‌ ആ പുണ്യകീര്‍ത്തി കര്‍മ്മാവ്‌ നല്ല കാടു നോക്കി നടക്കും.

പിന്നെ അവന്റെ ശീലത്തെ ലോകത്തില്‍ എല്ലാവരും അനുവര്‍ത്തിക്കും. വിപ്രന്മാര്‍ ചോരക്ഷയം ചെയ്യുകയാല്‍ കൃതയുഗം ക്ഷേമപൂര്‍ണ്ണമാകും. കൃഷ്ണാജിനങ്ങളും, വേലും, ശൂലവും, മറ്റ്‌ ആയുധങ്ങളും ജയിച്ച ദിക്കിലൊക്കെ സ്ഥാപിച്ച്‌ ആ ദ്വിജപുംഗവനായ കൽക്കി, വിപ്രന്മാരാല്‍ വാഴ്ത്തപ്പെടുന്നവനും വിപ്രന്മാരെ പൂജിക്കുന്നവനുമായ അവന്‍, അന്നു ദസ്യുവധത്തിനായി പാരില്‍ എങ്ങും ചരിക്കും. "ഹാ മാതാവേ! താതാ! പുത്രാ", എന്നു ദാരുണമായ വിധം വിളിച്ചു കരയുന്ന മ്ലേച്ഛന്മാരെയൊക്കെ മുടിക്കും.

പിന്നെ അധര്‍മ്മം കെട്ടടങ്ങി, ധര്‍മ്മം വര്‍ദ്ധിച്ചു വന്ന്‌, കൃതയുഗത്തില്‍ ജനങ്ങള്‍ ക്രിയയുള്ളവരാകുന്നു. രമ്യോദ്യാനങ്ങള്‍ ചൈത്യങ്ങള്‍, കുളങ്ങള്‍, ഭവനങ്ങള്‍, പലതരം പൊയ്കകള്‍, ദേവതായതനങ്ങള്‍, പല യജ്ഞക്രിയകള്‍ ഇവയൊക്കെ കൃതയുഗത്തിൽ ഉണ്ടാകും.

സാധുക്കളായ ബ്രാഹ്മണര്‍ മുനിമാരായ തപസ്വികളാണ്‌. പാഷണ്ഡര്‍ ചേര്‍ന്ന്‌ ആശ്രമികളാകുമ്പോള്‍ അവരും സത്യസല്‍പ്രജരായി ഭവിക്കും. ദുഷ്ട ബീജങ്ങളെ ഒക്കെ നശിപ്പിക്കും. എല്ലാ ഋതുക്കളിലും സസ്യം ഉണ്ടാകും. നരന്മാര്‍ ദാനപരന്മാരാകും. നിയതവ്രത സക്തരുമാകും. ദ്വിജന്മാര്‍ ജപയജ്ഞ പരന്മാരായി ധര്‍മ്മാനന്ദികളായും ഭവിക്കും. രാജാക്കന്മാര്‍ ധര്‍മ്മമായ വിധം ഭൂമി പാലിക്കും. വൈശ്യന്മാര്‍ കൃതയുഗത്തില്‍ വര്‍ത്തകന്മാരാകും. വിപ്രന്മാര്‍ സല്‍ക്കര്‍മ്മപരന്മാരും നൃപര്‍ വിക്രമാശ്രയരുമാകും. അപ്പോള്‍ ശൂദ്രന്മാര്‍ മൂന്നു ജാതികള്‍ക്കും ശുശ്രൂഷകരാകും. ഇതാണ്‌ കൃതയുഗത്തിലും, ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും ധര്‍മ്മം. ഒടുക്കത്തെ യുഗമായ കലിയില്‍ സംഭവിക്കുന്നത്‌ ഞാന്‍ ഭവാനോടു പറഞ്ഞു. യുഗസംഖ്യയും ഏവര്‍ക്കും അറിയാമല്ലോ. ഇങ്ങനെ ഭൂതവും ഭവിഷ്യത്തും ഞാന്‍ ഭവാനോടു പറഞ്ഞു. ഋഷിസ്തുതമായി വായു പറഞ്ഞ പുരാണം സംസ്കരിച്ചു ഞാന്‍ നിന്നോടു പറഞ്ഞു. ചിരംജീവിയായ ഞാന്‍ പലപ്രാവശ്യം ഇപ്രകാരം സംസാര യാത്രയില്‍ കണ്ടതും അനുഭവിച്ചതും എല്ലാം ഭവാനോടു പറഞ്ഞു. ഇനി വേറെ ഒന്നു പറയാം. ഭവാന്‍ സഹോദരന്മാരോടു കൂടി ധര്‍മ്മസംശയം തീര്‍ക്കുവാന്‍ എന്നില്‍ നിന്നു ധരിക്കുക.

ഹേ ധര്‍മ്മിഷ്ഠാ! ശ്രേഷ്ഠനായ ഭവാന്‍ എന്നും ധര്‍മ്മത്തില്‍ ആത്മാവിനെ അണയ്ക്കുക. ധര്‍മ്മാത്മാവ്‌ ഇഹത്തിലും പരത്തിലും സുഖം നേടും. ഭവാനോടു ഞാന്‍ പറയുന്ന ശുഭമായ വാക്കു ധരിക്കുക. ഒരിക്കലും ഭവാന്‍ ബ്രാഹ്മണരില്‍ പരിഭവിക്കരുത്‌. കോപിച്ചാല്‍ ബ്രാഹ്മണന്‍ പ്രതിജ്ഞയാല്‍ ലോകം മുടിക്കും.

വൈശമ്പായനൻ പറഞ്ഞു: മാര്‍ക്കണ്ഡേയന്റെ ഉക്തികള്‍ കേട്ട്‌ കുരുപ്രവര മന്നവനായ യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞു.

യുധിഷ്ഠിരന്‍. പറഞ്ഞു: പ്രജാരക്ഷയില്‍ ഞാന്‍ എങ്ങനെ നിൽക്കണം? എന്റെ ധര്‍മ്മം എങ്ങനെ? ഞാന്‍ എങ്ങനെ നിന്നാലാണ്‌ ധര്‍മ്മച്യുതി ബാധിക്കാതിരിക്കുക?

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എല്ലാറ്റിലും കനിവുള്ളവനാകുക! ഹിതം ചെയ്യുക! കൂറുള്ളവനാവുക! ഈര്‍ഷ്യ ഇല്ലാതിരിക്കുക! സത്യം പറയുക! മൃദുവായി പെരുമാറുക! ക്ഷമാവാനാവുക! പ്രജാരക്ഷയില്‍ ആദരവുണ്ടാവുക! ധര്‍മ്മം അനുഷ്ഠിക്കുക! അധര്‍മ്മം ഉപേക്ഷിക്കുക! പിത്യദൈവതങ്ങളെ അര്‍ച്ചിക്കുക! ഈ പറഞ്ഞതില്‍ നിന്ന്‌ നീ തെറ്റി പോയാല്‍ ദാനം കൊണ്ട്‌ അതു നീക്കുക! മാനം നോക്കേണ്ടവനായ നീ അന്യസഹായം സ്വീകരിക്കുക. അങ്ങനെ ലോകമൊക്കെ ജയിച്ച്‌ സന്തോഷിച്ച്‌ സുഖമായി ഇരിക്കുക! നിന്നോട്‌ ഞാന്‍ ഇതാ ഭൂതഭാവി ധര്‍മ്മമൊക്കെ പറഞ്ഞിരിക്കുന്നു. ലോകത്തില്‍ നീ അറിയാതെ ഒന്നുമില്ല. ഭൂതവും ഭാവിയുമൊക്കെ നിനക്കറിയാം. അതു കൊണ്ട്‌ ഈ ക്ലേശങ്ങളൊന്നും നീ ഉള്ളില്‍ ഓര്‍ക്കരുത്‌. കാലപീഡിതരായാലും ദുഃഖിക്കാറില്ല പണ്ഡിതര്‍. ഇങ്ങനെയുള്ള കഷ്ടകാലങ്ങള്‍ ദേവന്മാര്‍ക്കു പോലും ഉള്ളതാണ്‌. കാലചോദനയാല്‍ ഉണ്ണീ! ജനങ്ങള്‍ മോഹത്തില്‍ പെട്ടു പോകും. ഞാന്‍ പറഞ്ഞതില്‍ നീ ഒട്ടും ശങ്കിക്കരുത്‌. എന്റെ വാക്കില്‍ നീ സംശയിച്ചാല്‍ ധര്‍മ്മലോപത്തില്‍ പെട്ടു പോകും. പ്രസിദ്ധമായ കുരുവംശത്തില്‍ ജാതനാണല്ലോ ഭരതര്‍ഷഭാ! ഭവാന്‍. കര്‍മ്മം, മനസ്സ്‌, വാക്ക്‌ ഇവകൊണ്ട്‌ ഇപ്രകാരം എല്ലാം അനുഷ്ഠിക്കുക.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ദ്വിജശ്രേഷ്ഠാ! ഭവാന്‍ പറഞ്ഞ പ്രകാരം ഭവാന്റെ കല്പന പ്രകാരം ഞാന്‍ നടന്നു കൊള്ളാം. ഹേ, വിപ്രേന്ദ്ര! എനിക്കു ലോഭമില്ല, ഭയമില്ല, മത്സരവുമില്ല. ഭവാന്‍ എന്നോടു പറഞ്ഞതൊക്കെ ഞാന്‍ ചെയ്യുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ബുദ്ധിശാലിയായ മാര്‍ക്കണ്ഡേയന്‍ പറഞ്ഞതെല്ലാം പാണ്ഡവന്മാര്‍ ശാര്‍ങ്ഗപാണിയോടൊപ്പം സസന്തോഷം കേട്ടു. അവിടെ കൂടി നിൽക്കുന്ന എല്ലാ വിപ്രശ്രേഷ്ഠന്മാരും മാര്‍ക്കണ്ഡേയന്റെ കഥ കേട്ട്‌ അത്ഭുതപ്പെട്ടു. അവര്‍ക്കെല്ലാം പുരാണം അറിവാന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷമായി.

192. മണ്ഡൂകോപാഖ്യാനം - ജനമേജയൻ പറഞ്ഞു: മാര്‍ക്കണ്ഡേയ മഹര്‍ഷി പാണ്ഡവന്മാര്‍ക്കു പറഞ്ഞു കൊടുത്ത ബ്രാഹ്മണ മാഹാത്മ്യം പിന്നെയും ഞാന്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങു കുറേ കൂടി അവയെല്ലാം പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ മാര്‍ക്കണ്ഡേയനോടു പിന്നേയും ബ്രാഹ്മണരുടെ മാഹാത്മൃത്തെപ്പറ്റി പറയുവാന്‍ ആവശ്യപ്പെട്ടു. മാര്‍ക്കണ്ഡേയന്‍ ബ്രാഹ്മണരുടെ അപൂര്‍വ്വമായ ചരിതം കുറേ കൂടി കേട്ടാലും, എന്നു പറഞ്ഞു കഥ തുടര്‍ന്നു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: അയോദ്ധ്യയില്‍ ഇക്ഷ്വാകു വംശത്തില്‍ പരീക്ഷിത്തെന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഒരു ദിവസം നായാട്ടിന് പോയി. തനിയെ കുതിരയെ ഓടിച്ച്‌ അദ്ദേഹം ഒരു മാനിനെ പിന്തുടര്‍ന്നു. മാന്‍ ഓടി അദ്ദേഹത്തെ വളരെ ദൂരത്തേക്കു കൊണ്ടു പോയി.

രാജാവിന് ക്ഷീണമായി. വിശപ്പും ദാഹവും വളര്‍ന്നു. ദൂരേക്കു നോക്കിയപ്പോള്‍ ഒരു കറുത്ത മരക്കൂട്ടം കണ്ടു. രാജാവ്‌ അങ്ങോട്ടു നടന്നു. ആ കാട്ടില്‍ കടന്നപ്പോള്‍ അദ്ദേഹം മരക്കുട്ടത്തിന്റെ നടുവില്‍ അതിവിശേഷമായ ഒരു പൊയ്ക കണ്ടു. ഉടനെ കുതിരയോടു കൂടി തന്നെ രാജാവ്‌ അതില്‍ ഇറങ്ങി, ആശ്വസിച്ചതിന് ശേഷം താമരത്തണ്ടുകള്‍ വേരോടെ പറിച്ചെടുത്ത്‌ കുതിരയുടെ മുമ്പില്‍ കൊണ്ടു പോയി ഇട്ടു കൊടുത്തു. അദ്ദേഹം ആ പൊയ്കയുടെ തീരത്തു കിടന്നു. അപ്പോള്‍ മധുരമായ ഒരുസംഗീതം കേള്‍ക്കുവാന്‍ തുടങ്ങി.

സംഗീതം കേട്ടപ്പോള്‍ അദ്ദേഹം ചുറ്റും നോക്കി. മനുഷ്യ സഞ്ചാരം കാണാത്ത ഈ കാനനത്തില്‍ ഈ പാട്ട്‌ ആരുടേതായിരിക്കും എന്നു ചിന്തിച്ചുകൊണ്ടിരിക്കെ, അതിസുന്ദരിയായ ഒരു കന്യക പൂവറുത്തു പാട്ടുപാടി നിൽക്കുന്നതായി രാജാവു കണ്ടു. അവള്‍ പതുക്കെ രാജാവിന്റെ അടുത്തേക്കു ചെന്നു. രാജാവിന് അത്ഭുതമായി. അദ്ദേഹം അവളോടു ചോദിച്ചു. "ഭദ്രേ! നീആരാണ്‌?".

ഞാന്‍ ഒരു കന്യകയാണ്‌. അവള്‍ മറുപടി പറഞ്ഞു.

ഞാന്‍ നിന്നെ പ്രാര്‍ത്ഥിക്കുന്നു. രാജാവ്‌ ഉത്സുകനായിപറഞ്ഞു.

അങ്ങയ്ക്ക്‌ എന്നെ കിട്ടണമെങ്കില്‍ ഒരു കരാറു ചെയ്യണം. അതിന് സമ്മതമുണ്ടെങ്കിലേ എന്നെ ഭവാനു ലഭിക്കയുള്ളു.

അവള്‍ പറഞ്ഞു. കൊള്ളാം! എന്താണു കരാറ്‌ രാജാവു ചോദിച്ചു. എന്നെ വെള്ളം കാണിക്കരുത്‌! അവള്‍ മറുപടി പറഞ്ഞു.

അത്രേയുള്ളു; അങ്ങനെയാകാം. രാജാവ്‌ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

കരാറ്‌ ഏറ്റ്‌, രാജാവ്‌ അവളെ വിവാഹം ചെയ്തു. വേളി കഴിഞ്ഞതിന് ശേഷം പരീക്ഷിത്തു രാജാവ്‌ അവളുമായി ക്രീഡിച്ചു പരമസന്തുഷ്ടനായി. ആരോടും ഒന്നും മിണ്ടാതെ അവളുമായി കൂടി ചേര്‍ന്നു രമിച്ചു കൊണ്ട്‌ ഇരിപ്പായി.

രാജാവ്‌ ആ വനക്കൂട്ടത്തില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സൈന്യം രാജാവിനെ അന്വേഷിച്ച്‌ അവിടെ വന്നു ചേര്‍ന്നു. ആ സൈന്യം രാജാവിനെ കണ്ടു സന്തോഷിച്ചു ചുറ്റും വന്നു നിന്നു.

അവര്‍ ആശ്വസിച്ചതിന് ശേഷം രാജാവ്‌ സഹധര്‍മ്മിണിയോടു കൂടി അലങ്കരിച്ച പല്ലക്കില്‍ കയറി പുറപ്പെട്ടു. അദ്ദേഹം തന്റെ നഗരത്തിലെത്തി. ഗൂഢമായ ഒരു സ്ഥലത്ത്‌ അവളോടു കൂടി ഇരിപ്പായി. പരിചാരക ജനങ്ങള്‍ പോലും കാണാത്ത വിധംഅവര്‍ നിഗൂഢതയില്‍ ഇരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം രാജാവിന്റെ പ്രധാനമന്ത്രി പരിചാരക സ്ത്രീകളോടു ചോദിച്ചു: "ഇവിടെ നിഗൂഡമായി എന്താണു നടക്കുന്നത്‌?".

അത്‌ ഒരു അപൂര്‍വ്വമട്ടിലാണു കാണുന്നത്‌. ഇവിടേക്കു വെള്ളം കടത്താറില്ല. അവള്‍ പറഞ്ഞു.

മന്ത്രി അവിടെ നിന്നു പോയി. പിന്നെ ഒരു കൃത്രിമ വനമുണ്ടാക്കി. നല്ല പൂവും കായും നിറഞ്ഞ വൃക്ഷങ്ങള്‍ ഉള്ളതും, അതിന്റെ നടുവില്‍ പിച്ചകലതാഗൃഹവും അതിന്നരികെ വെള്ളംസ്പഷ്ടമായി കാണാത്ത വിധം പണിതതും മുത്തു വിരിച്ചു പടുത്തു കെട്ടി കുമ്മായം തേച്ചു ഭംഗിയായ മതിലോടു കൂടിയതുമായ ഒരു കുളവും നിര്‍മ്മിച്ചു. അനന്തരം മന്ത്രി ഗൂഢമായ സ്ഥലത്തു ചെന്ന്‌ രാജാവിനെ അറിയിച്ചു; "ഇതാ അങ്ങയ്ക്ക്‌ ഉദ്യാനം തയ്യാറാക്കിയിരിക്കുന്നു. ഈ ഉദ്യാനം വെള്ളം കാണാത്തതും വളരെ വിശേഷപ്പെട്ടതുമാണ്‌. ഇവിടെ നന്നായി രമിക്കാം".

രാജാവ്‌ സന്തോഷിച്ചു. ദേവിയുമൊന്നിച്ചു പുങ്കാവില്‍ പ്രവേശിച്ചു. അവളോടു കൂടി ആ ഭംഗിയുള്ള പൂങ്കാവില്‍ രാജാവ്‌ വിഹരിച്ചു. രാജാവ്‌ വിശപ്പും ദാഹവും സഹിച്ചു തളര്‍ന്നിരിക്കുന്ന സമയത്ത്‌ ഒരു ദിവസം ആ പിച്ചകലതാഗൃഹം കണ്ടു. പ്രിയയോടു കൂടി രാജാവ്‌ അതിന്നകത്തു കടന്നു. കുമ്മായം തേച്ചു പടവു കെട്ടി വൃത്തിയാക്കിയതും, ഭംഗിയുള്ളതും, നിര്‍മ്മല ജലം നിറഞ്ഞതുമായ കുളം കണ്ടെത്തി. അതു കണ്ട ഉടന്‍ രാജാവ്‌ ആകൃഷ്ടനായി ദേവിയോടു കൂടി അതിന്റെ വക്കത്തു ചെന്നു നിന്നു.

രാജാവ്‌ സസന്തോഷം പറഞ്ഞു: കൊള്ളാം! ദേവീ, നമുക്ക്‌ഈ വെള്ളത്തിലിറങ്ങാം. അവള്‍ അതുകേട്ട്‌ കുളത്തിലിറങ്ങി മുങ്ങി. പിന്നെ പൊങ്ങിയതുമില്ല.

രാജാവ്‌ അവളെ തിരഞ്ഞുനോക്കി. കണ്ടില്ല. പിന്നെ കുളം തേവി വറ്റിക്കുവാന്‍ കല്പന കൊടുത്തു. വറ്റിച്ചു നോക്കിയപ്പോള്‍ കുഴിയില്‍ ഒരു വലിയ തവളയെ കണ്ടു. രാജാവ്‌ ക്രുദ്ധനായി കല്പന കൊടുത്തു: എല്ലാ ദിക്കിലുമുള്ള എല്ലാ തവളകളേയും കൊല്ലണം. എന്നെക്കൊണ്ടു വല്ലവനും വല്ല ആവശ്യവും ഉണ്ടെങ്കില്‍ അവന്‍ എനിക്കു തവളകളെ കൊന്നു കാഴ്ച വയ്ക്കട്ടെ!

പിന്നെ രാജ്യത്തു ഭയങ്കരമായ മണ്ഡൂകവധം നടന്നു. തവളപിടിത്തക്കാര്‍ ചാക്കുമായി നാട്ടിലൊക്കെ നിറഞ്ഞു. തവളകള്‍ക്കു പ്രാണഭയം വര്‍ദ്ധിച്ചു. അവര്‍ മണ്ഡൂക രാജാവിന്റെ അടുത്തു സങ്കടം പറഞ്ഞു. മണ്ഡൂക രാജാവ്‌ ഒരു മഹര്‍ഷിയുടെ വേഷത്തില്‍ രാജാവിന്റെ സമീപത്തു ചെന്ന്‌ ഇപ്രകാരം അറിയിച്ചു: "രാജാവേ! കോപിക്കരുതേ! പ്രസാദിക്കണേ! നിരപരാധികളായ തവളകളെ ഇപ്രകാരം ഹനിക്കുന്നതു മഹാപാപമാണ്‌. മണ്ഡൂകങ്ങളെ ദ്രോഹിക്കുന്നത്‌ പാപമാണെന്നു പണ്ടുള്ളവര്‍ പറഞ്ഞു വന്നിരുന്ന രണ്ടു പദ്യശകലം ഞാന്‍ ചൊല്ലാം".

തവളയെക്കൊല്ലല്ലേ! തവളയെക്കൊല്ലല്ലേ!

തവളയെക്കൊല്ലുകിലെന്തു കിട്ടും?

പാപമേറുന്നൊരീത്തെറ്റുചെയ്തിട്ടെന്തു

ലാഭമുണ്ടാകും? പൊറുക്കണേ നീ.

ഇപ്രകാരം പറയുന്ന മഹര്‍ഷിയോടു പ്രിയാശോക സന്തപ്തനായ രാജാവു മറുപടി പറഞ്ഞു: ഞാന്‍ ക്ഷമിക്കുകയില്ല. തവളകളോടു ക്ഷമിക്കുകയോ? അതുണ്ടാവില്ല. ഇവറ്റയെയൊക്കെ ഞാന്‍ കൊല്ലും! ഇവറ്റ എന്റെ പ്രേമഭാജനത്തെ പിടിച്ചു വിഴുങ്ങിയിരിക്കുന്നു. എങ്ങനെയായാലും എനിക്ക്‌ ഇവയെ കൊന്നേ തീരു! ഹേ, മഹാശയാ! എന്നെ ഈ വൈരനിര്യാതനത്തില്‍ നിന്നു പിന്തിരിപ്പിക്കരുത്‌.

രാജാവു പറഞ്ഞതു കേട്ടപ്പോള്‍ അവന്‍ നടുങ്ങി: രാജാവേ, പ്രസാദിച്ചാലും! ഞാന്‍ ആയുസ്സ്‌ എന്നു പേരായ മണ്ഡൂകരാജാവാണ്‌. അങ്ങയുടെ ഭാര്യ എന്റെ മകളാണ്‌. അവളുടെ പേര്‍ "സുശോഭന" എന്നാണ്‌. അവളുടെ പേരു പോലെയല്ല ശീലം. പല രാജാക്കന്മാരേയും അവള്‍ ഇപ്രകാരം ചതിച്ചു കഷ്ടത്തിൽ ആക്കിയിട്ടുണ്ട്‌.

ഇതു കേട്ടപ്പോള്‍ രാജാവ്‌ അത്ഭുതം കൊണ്ടു ഞെട്ടി പോയി. രാജാവ്‌ മണ്ഡൂക രാജാവിനോടു പറഞ്ഞു: എങ്കിലും ഞാന്‍ അവളെ യാചിക്കുന്നു. എനിക്ക്‌ അവളെ തരണം. രാജാവിന്റെ തീവ്രദുഃഖം കണ്ട്‌ മണ്ഡൂകരാജാവ്‌ മകളെ രാജാവിന് നല്കി. "രാജാവിനെ ശുശ്രൂഷിച്ചു വാഴുക" എന്നു പറഞ്ഞു. അതിന് ശേഷം മകളുടെ ദുശ്ലീലത്തെ കുറിച്ച്‌ ഓര്‍ത്തു കോപിച്ച്‌ ഇപ്രകാരം ശപിക്കുകയും ചെയ്തു. "എടീ, നീ വളരെ രാജാക്കന്മാരെ വഞ്ചിച്ചു. നിന്റെ ഈ ദുശ്ശീലം നിമിത്തം നിനക്ക്‌ അബ്രഹ്മണൃങ്ങളായ സന്താനങ്ങൾ ഉണ്ടാകട്ടെ!".

രാജാവ്‌ ഭാര്യയെ തിരിച്ചു കിട്ടിയതില്‍ അതിരറ്റു സന്തോഷിച്ചു. അവന്‍ ഇടനെഞ്ചു പൊട്ടുമാറ്‌ ആനന്ദം കൊണ്ടു കരഞ്ഞു. അവളുടെ സുരത സാമര്‍ത്ഥൃത്തില്‍ മനസ്സഴിഞ്ഞ രാജാവിന് ത്രൈലോകൈശ്വര്യം കിട്ടിയതു പോലെ തോന്നി. അദ്ദേഹം മണ്ഡൂക രാജാവിനെ നമസ്കരിച്ച്‌ ആനന്ദാശ്രു പൊഴിച്ചു പറഞ്ഞു: "എനിക്കനുഗ്രഹമായി!".

മണ്ഡൂക രാജാവ് മകളോട് യാത്ര പറഞ്ഞു മടങ്ങി പോയി. കുറച്ചു കാലത്തിന് ഇടയ്ക്ക് രാജാവിന് അവളില്‍ ശലന്‍, ദലന്‍, ബലന്‍ എന്നു മൂന്നു കുമാരന്മാരുണ്ടായി. യഥാകാലം അവരില്‍ മൂത്തവനായ ശലനെ രാജാവ്‌ രാജ്യത്തില്‍ അഭിഷേകം ചെയ്ത്‌, തപസ്സു ചെയ്യുവാന്‍ കാട്ടിലേക്കു പോയി.

ഒരു ദിവസം ശലരാജാവ്‌ നായാടുന്നതിന് ഇടയ്ക്ക്‌ ഒരു മാനിനെ കണ്ടു പിന്നാലെ തേര്‍ ഓടിച്ചു. എന്നെ വേഗത്തിലെത്തിക്കൂ എന്നു സൂതനോടു പറഞ്ഞു. സൂതന്‍ രാജാവിനോടു പറഞ്ഞു: "പിന്തുടരേണ്ടാ, അതിനെ പിടിക്കുവാന്‍ സാദ്ധ്യമല്ല. ഈ തേരില്‍ വാമ്യങ്ങളെ പൂട്ടിയിരുന്നാല്‍ തന്നെ അതിനെ പിടിക്കുവാന്‍ അങ്ങയ്ക്കു സാധിക്കയില്ല".

ഇതു കേട്ടപ്പോള്‍ തനിക്കു വാമ്യങ്ങളെ കിട്ടിയാല്‍ കൊള്ളാമെന്ന്‌ ആഗ്രഹമായി. അവന്‍ സൂതനോടു ചോദിച്ചു: "വാമ്യങ്ങള്‍ എവിടെ നിന്നു കിട്ടും? വേഗം പറയു! പറയില്ലേ! എന്നാൽ ഞാന്‍ ഇപ്പോള്‍ നിന്നെ കൊല്ലും!".

രാജാവിന്റെ കോപത്തോടു കൂടി യ വര്‍ത്തമാനം കേട്ടപ്പോള്‍ ഭയമായി. വാമദേവശാപം ഉണ്ടാകും പറഞ്ഞു കൊടുത്താല്‍. എന്തു ചെയ്യും ? സൂതന്‍ ഒന്നും മിണ്ടാതെ പേടിച്ചു വിറച്ചു. ഉടനെ രാജാവ്‌ വാള്‍ ഉറയില്‍ നിന്ന്‌ ഊരി സൂതന്റെ നേരെ ഓങ്ങിപ്പിടിച്ചു ചോദിച്ചു: "നീ പറയുകയില്ലേ? വേഗം പറയൂ! അല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ നിന്റെ തല വീശിയെറിയും".

സൂതന്‍ രാജഭയ പരവശനായി പറഞ്ഞു: "മനോവേഗങ്ങളായ വാമ്യങ്ങള്‍ വാമദേവന്റെ കൈവശമുണ്ട്‌".

ഉടനെ രാജാവു പറഞ്ഞു: "തിരിക്കൂ! രഥം. വാമദേവ ആശ്രമത്തിലേക്ക്‌ ഓടിക്കു!".

രഥം വാമദേവ ആശ്രമത്തില്‍ എത്തിയ ഉടനെ രാജാവ്‌ മഹര്‍ഷിയോടു പറഞ്ഞു: "മഹര്‍ഷേ! ഞാന്‍ എയ്ത മാന്‍ ഓടിപ്പോകുന്നു. വാമ്യങ്ങളെ എനിക്കു തരുവാന്‍ മനസ്സുണ്ടാകണേ".

മഹര്‍ഷി പറഞ്ഞു: ഞാന്‍ വാമ്യങ്ങളെ തരാം. കാര്യം കഴിഞ്ഞാല്‍ ഉടനെ തന്നെ എനിക്കു വാമ്യങ്ങളെ മടക്കി തരണം.

രാജാവ്‌ അതിന് സമ്മതിച്ചു. ആ കുതിരകളെ പൂട്ടിയ തേരില്‍ കയറി മാനിന്റെ നേരെ രഥം ഓടിച്ചു. പോകുന്ന വഴിക്കു രാജാവ്‌ സൂതനോടു പറഞ്ഞു:

ഈ അശ്വങ്ങള്‍ ബ്രാഹ്മണര്‍ക്കു ചേര്‍ന്നവയല്ല. ഇവയെ വാമദേവന്നു ഞാന്‍ മടക്കി കൊടുക്കുകയില്ല.

ആ അശ്വങ്ങളെ മാനിന്റെ നേരെ ഓടിച്ചു മാനിനെ പിടിച്ചു. സ്വനഗരത്തിലെത്തി അശ്വങ്ങളെ സ്വന്തം ആലയത്തില്‍ നിറുത്തി.

അശ്വങ്ങളെ രാജാവു മടക്കിക്കൊണ്ടു വന്നില്ലെന്നു കണ്ടപ്പോള്‍ മഹര്‍ഷി വിചാരിച്ചു: "യുവാവായ രാജപുത്രന്‍ നല്ല്‌ വാഹനത്തെ കിട്ടിയതു മൂലം സുഖിക്കുകയാകാം. മടക്കി തരുന്നില്ല. കഷ്ടം തന്നെ!".

അങ്ങനെ മഹര്‍ഷി ആലോചിച്ചു മാസം ഒന്നു കഴിഞ്ഞു. ഒരു ദിവസം തന്റെ ശിഷ്യനെ വിളിച്ചു പറഞ്ഞു: ആത്രേയ! നീ രാജാവിന്റെ അടുത്തേക്കു പോയി ആവശ്യം കഴിഞ്ഞെങ്കില്‍ ഉപാദ്ധ്യായന്റെ അശ്വങ്ങളെ മടക്കി തന്നാല്‍ കൊള്ളാമെന്നു പറയൂ!

അവന്‍ നേരെ രാജാവിന്റെ അടുത്തു ചെന്നു വിവരം അറിയിച്ചു. ഉടനെ രാജാവ്‌ നിസ്സങ്കോചം പറഞ്ഞു: "ഇതു രാജാക്കന്മാര്‍ക്കു പറ്റിയ വാഹനമാണ്‌. ഇങ്ങനെയുള്ള രത്നങ്ങള്‍ക്കു ബ്രാഹ്മണര്‍ അര്‍ഹന്മാരല്ല. ബ്രാഹ്മണര്‍ക്ക്‌ അശ്വങ്ങളെ കൊണ്ട്‌ എന്തു കാര്യം! കൊള്ളാം, പൊയ്ക്കൊള്ളുക?".

അവന്‍ ചെന്നു രാജാവു പറഞ്ഞ വാക്കുകള്‍ മഹര്‍ഷിയോടു പറഞ്ഞു. അപ്രിയ വാക്കു കേട്ട്‌ വാമദേവന്‍ ക്രുദ്ധനായി താന്‍ തന്നെ രാജാവിന്റെ അടുക്കല്‍ ചെന്നു കുതിരയെ മടക്കി ചോദിച്ചു. രാജാവ്‌ കൊടുത്തില്ല.

വാമദേവന്‍ പറഞ്ഞു: രാജാവേ! എന്റെ വാമ്യങ്ങളെ തരിക. അസാദ്ധ്യമായ കര്‍മ്മം നീ അവയാല്‍ നിര്‍വ്വഹിച്ചില്ലേ? ബ്രഹ്മക്ഷത്രങ്ങള്‍ക്ക്‌ ഇടയ്ക്കു നിൽക്കുന്ന നിന്നെ വലിയ പാശമെടുത്തു വരുണന്‍ സംഹരിക്കാതി രിക്കണമെങ്കില്‍ വാമൃങ്ങളെഎനിക്കു മടക്കി തന്നേക്കുക!

രാജാവു പറഞ്ഞു: ഹേ വാമദേവാ! വിപ്രന്മാര്‍ക്കു ചേര്‍ന്നതു രണ്ടു കാളകളെ പൂട്ടിയ വണ്ടിയാണ്‌. അതു ഞാന്‍ തരാം. പിന്നെ നിന്നെപ്പോലുള്ളവർക്കു വാഹനം ഛന്ദസ്സാണ്‌.

വാമദേവന്‍ പറഞ്ഞു: എന്റെ കൂട്ടക്കാര്‍ക്ക്‌ ഛന്ദസ്സ് തന്നെയാണ്‌ വാഹനം. പക്ഷേ, അത്‌ ഇഹലോകത്തല്ല, പരലോകത്താണ്‌. ഈ ലോകത്തേക്ക്‌ ആവശ്യമായ വാഹനം ഇതു തന്നെയാണ്‌, എനിക്കും എന്റെ കൂട്ടുകാര്‍ക്കും.

രാജാവു പറഞ്ഞു; വായുവേഗമുള്ള നാലു കഴുതകളോ, അല്ലെങ്കില്‍ പെണ്‍കുതിരയോ, അല്ലെങ്കില്‍ കോവര്‍ കഴുതയോ ഭവാനെ വഹിക്കട്ടെ. അവയെ പൂട്ടിയ വണ്ടിയില്‍ കയറി ഭവാന്‍ പോയാലും. വാമ്യങ്ങള്‍ അങ്ങയ്ക്കു ചേര്‍ന്നതല്ല. രാജാവായ എനിക്കു ചേര്‍ന്നതാണ്‌.

വാമദേവന്‍ പറഞ്ഞു; ഹേ, രാജാവേ! ബ്രാഹ്മണര്‍ ഘോരവ്രതന്മാർ ആണെന്നു കേട്ടിട്ടുണ്ടോ? ഹേ, രാജാവേ! ജീവനില്‍ കൊതിയുണ്ടെങ്കില്‍ കുതിരകളെ മടക്കി തന്നേക്കുക! അല്ലെങ്കില്‍ ഇരുമ്പു പോലെ കട്ടിയായ ദേഹമുള്ള ശക്തന്മാരായ നാലു കൂറ്റന്‍ രാക്ഷസന്മാരെ ഞാന്‍ വിടും. അവര്‍ നിന്നെ ശൂലത്താല്‍ കുത്തിക്കൊല്ലും.

രാജാവു പറഞ്ഞു: ഹേ, വാമദേവാ! നീ ബ്രാഹ്മണനാണോ? നീ മനസ്സു കൊണ്ടും, വാക്കു കൊണ്ടും ഹിംസ ചെയ്യുന്നവനാണ്‌. ഞാന്‍ ഇപ്പോള്‍ എന്റെ ആള്‍ക്കാരെ വിട്ട്‌ ശൂലം കൊണ്ടു നിന്നെയും കൊല്ലും, നിന്റെ ശിഷ്യനേയും കൊല്ലും!

വാമദേവന്‍ പറഞ്ഞു: എടോ രാജാവേ! നീ എന്തു പറഞ്ഞിട്ടാണ്‌ എന്റെ കയ്യില്‍ നിന്ന്‌ കുതിരകളെ കൊണ്ടു പോയത്‌? തിരിച്ചുത രാമെന്നു പറഞ്ഞിട്ടല്ലേ? എന്റെ വാമ്യാശ്വങ്ങളെ മടക്കി തരികയാണ്‌ നിനക്കു നല്ലത്‌! ജീവിച്ചിരിക്കണമെന്നു മോഹമുണ്ടോ?

രാജാവു പറഞ്ഞു: നായാട്ട്‌ വിപ്രന്മാര്‍ക്ക്‌ നിശ്ചയിച്ചതല്ല. നീ അസത്യവാദിയാണ്‌. നിന്നോടു. ഞാന്‍ ഒന്നും അനുശാസിക്കുന്നില്ല. നിന്റെ ആജ്ഞയൊക്കെ ഏറ്റ്‌ ഞാന്‍ പുണ്യലോകം പൂകാന്‍ തയ്യാറാണ്‌.

വാമദേവന്‍ പറഞ്ഞു: വിപ്രന്മാര്‍ക്ക്‌ മനോവാക് കര്‍മ്മങ്ങളാല്‍ അനുയോഗങ്ങൾ ഒന്നുമില്ല. തപസ്സു കൊണ്ട്‌ ബ്രഹ്മമൊക്കുന്ന വിദ്വാന്‍ ശ്രേഷ്ഠനായി ജീവിക്കും.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം ഹേ, യുധിഷ്ഠിരാ! വാമദേവന്‍ പറഞ്ഞപ്പോള്‍ ഘോരന്മാരായ രാക്ഷസന്മാര്‍ അവിടെ ഉയര്‍ന്നു വന്നു. ശൂലം കൊണ്ട്‌ അവനെ കുത്തുവാന്‍ തുടങ്ങി. അപ്പോള്‍ രാജാവ്‌ ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

രാജാവു പറഞ്ഞു: ഐക്ഷ്വാകുകരും, ദലനും, നാട്ടുകാരും എന്റെ കീഴില്‍ നിൽക്കുന്നവർ ആണെങ്കില്‍ ഞാന്‍ വാമദേവന്റെ വാമ്യങ്ങളെ വിട്ടു കൊടുക്കുന്നതല്ല. ഇത്തരം കര്‍മ്മശീലം ഇക്കൂട്ടര്‍ക്കു പറ്റിയതല്ല. ബ്രാഹ്മണര്‍ക്ക്‌ പറ്റിയതല്ല!

ഇപ്രകാരം പറഞ്ഞപ്പോള്‍ രാക്ഷസന്മാര്‍ കുത്തി അവനെ വീഴ്ത്തി. ആ രാജാവ്‌ മരിച്ചു വീണു. രാജാവ്‌ മൃതനായി എന്നറിഞ്ഞ്‌ ഐക്ഷ്വാകുകന്മാര്‍ ദലനെ രാജാവാക്കി.

വാമദേവന്‍ വിട്ടില്ല. ആ മഹര്‍ഷി ദലന്റെ അടുത്തു ചെന്നു പറഞ്ഞു: "ഹേ, രാജാവേ! ഭവാന് അധര്‍മ്മത്തില്‍ ഭയമുണ്ടെങ്കില്‍ ഉടനെ എന്റെ കുതിരകളെ വിട്ടു തന്നാലും".

ഇപ്രകാരം വാമദേവന്‍ പറഞ്ഞതു കേട്ടു ചൊടിച്ച്‌ ആ രാജാവ്‌ സൂതനോടു പറഞ്ഞു: ഹേ, സൂതാ! വിചിത്രരൂപമായ ശരം വിഷത്തില്‍ മുക്കിയെടുത്ത്‌ വേഗം കൊണ്ടു വരിക. അതേറ്റ്‌ ഉടനെ നായ്ക്കള്‍ കടിച്ചിഴയ്ക്കുമാറ്‌ വാമദേവന്‍ ചത്തുവീഴണം.

വാമദേവന്‍ പറഞ്ഞു: നിനക്കു നിന്റെ പത്നിയില്‍ പിറന്ന പത്തു വയസ്സായ ഒരു പുത്രന്‍ ഇപ്പോള്‍ ഉണ്ടല്ലോ. നിനക്കു പ്രിയപ്പെട്ടവനായ ആ പുത്രനെ നീ വേഗം കൊല്ലുക, അതാണ്‌ നീചെയ്യേണ്ടത്‌. ഇത്‌ എന്റെ വാക്കാണ്‌.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം ആ വാമദേവന്‍പറഞ്ഞപ്പോള്‍ വാമദേവന്റെ നേര്‍ക്കു പ്രയോഗിച്ച അത്യുഗ്രമായ ആ ബാണങ്ങള്‍ അന്തഃപുരത്തിലേക്കു പാഞ്ഞു ചെന്ന്‌ രാജാവിന്റെ പുത്രനെ കൊന്നു. ഈ വൃത്താന്തം കേട്ടപ്പോള്‍ ദലന്‍ ഇപ്രകാരം പറഞ്ഞു: ഹേ, ഐക്ഷ്വാകുകരേ! ഞാന്‍ നിങ്ങള്‍ക്കു നന്ദി ചെയ്യാം. ഞാന്‍ ഇതാ ഈ വിപ്രനെ ശരങ്ങള്‍ കൊണ്ടു സംഹരിക്കുന്നു. എന്റെ വീര്യം നിങ്ങള്‍ കണ്ടു കൊള്ളുവിന്‍ എന്നു പറഞ്ഞ്‌ അത്യുഗ്രമായ വേറെ ഒരു അമ്പ്‌ സൂതനോട് എടുക്കുവാന്‍ ആജ്ഞാപിച്ചു.

വാമദേവന്‍ പറഞ്ഞു: എടോ രാജാവേ! വിഷത്തില്‍ മുക്കി ഊട്ടിയെടുത്ത മഹാഘോരമായ അസ്ത്രം നീ എന്നില്‍ പ്രയോഗിക്കുവാൻ ആണല്ലോ വിചാരിക്കുന്നത്‌. ആ ബാണവര്‍ഷം വിടുവാനും തൊടുത്തു പിടിക്കുവാനും നിനക്കു സാധിക്കുകയില്ല.

രാജാവു പറഞ്ഞു: എടോ ഐക്ഷ്വാകുകരേ! എന്നെ ഇതാ സ്തംഭിപ്പിച്ചിരിക്കുന്നു. എനിക്ക്‌ അമ്പെയ്യുവാന്‍ കഴിയാതായിരിക്കുന്നു. നിങ്ങള്‍ നോക്കുവിന്‍, എനിക്ക്‌ ഇദ്ദേഹത്തെ കൊല്ലുവാന്‍ സാധിക്കുന്നില്ല. പുണ്യവാനായ വാമദേവന്‍, സാധു, ജീവിച്ചു കൊള്ളട്ടെ.

വാമദേവന്‍ പറഞ്ഞു: നിന്റെ പത്നിയെ നീ ബാണം എയ്തു കൊല്ലുക. എന്നാൽ നിനക്ക്‌ ഇതിലുള്ള പാതകം തീരുന്നതാണ്.

വാമദേവന്റെ വാക്കു കേട്ട്‌ രാജാവ്‌ അപ്രകാരം ചെയ്തു. ശരം ഏറ്റ്‌ രാജപുത്രി മുനീന്ദ്രനോടു പറഞ്ഞു.

രാജപുത്രി പറഞ്ഞു: നിത്യവും ഓരോ ക്രൂരകൃത്യങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ ഇവനോടാജ്ഞാപിച്ചു. എന്നാൽ വിപ്രന്മാരുടെ നേരെ സത്യവും നല്ലവാക്കും കാത്തവളാണ്‌ ഞാന്‍. അതുകൊണ്ട്‌ എനിക്കു പുണ്യലോകങ്ങള്‍ കിട്ടുവാന്‍ ഭവാന്‍ അനുഗ്രഹിക്കണം!

വാമദേവന്‍ പറഞ്ഞു: എടോ ശുഭേക്ഷണേ! നീ രാജകുലം രക്ഷിച്ചിരിക്കുന്നു. നീ എന്നില്‍ നിന്നു മുഖ്യമായ വരം വാങ്ങിക്കൊള്ളുക. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ മഹിതമായ ഇക്ഷ്വാകുരാജ്യം വാണ്‌, ഹേ, മാന്യയായ രാജപുത്രീ! സ്വജനങ്ങളെ ശാസിക്കുക.

രാജപുത്രി പറഞ്ഞു: ഭഗവാനേ! ഞാന്‍ അങ്ങയോടു വരം അര്‍ത്ഥിക്കുന്നു. എന്റെ ഭര്‍ത്താവ്‌ പാപത്തില്‍ നിന്നു കരകേറേണമേ! അദ്ദേഹം പുത്രമിത്രങ്ങളോടു കൂടി വര്‍ത്തിക്കുവാന്‍ ഭവാനോട് അര്‍ത്ഥിക്കുന്നു!

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ആ മുനീന്ദ്രൻ രാജപുത്രിയുടെ അഭ്യര്‍ത്ഥന കൈക്കൊണ്ടു "നിന്റെ ആഗ്രഹം സാധിക്കട്ടെ!", എന്നു വരം നല്കി.

പിന്നെ രാജാവ്‌ വാമദേവന് നന്ദിയോടു കൂടി വാമ്യങ്ങളെ മടക്കി കൊടുത്തു.

193. ബക ശക്ര സംവാദം - വൈശമ്പായനൻ പറഞ്ഞു: മാര്‍ക്കണ്ഡേയനോട്‌ മഹര്‍ഷിമാരും ബ്രാഹ്മണരും ധര്‍മ്മപുത്രരും ചോദിച്ചു? ഹേ, മഹര്‍ഷേ! ബകമഹര്‍ഷി എന്തു കൊണ്ടാണു ദീര്‍ഘായുഷ്മാനായത്‌?

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ബകമഹര്‍ഷി മഹാതപസ്വിയായിരുന്നു. അതാണ്‌ ദീര്‍ഘായുസ്സായത്. അതിന് യാതൊരു സംശയവുമില്ല.

ഇതുകേട്ടു യുധിഷ്ഠിരന്‍ അനുജന്മാരോടു കൂടി മാര്‍ക്കണ്ഡേയനോടു പറഞ്ഞു: മഹാന്മാരായ ബകനും, ദാല്‍ഭ്യനും ചിരംജീവികൾ ആണെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അവര്‍ ലോകപ്രസിദ്ധരായ മുനിമാരും ഇന്ദ്രന്റെ സുഹൃത്തുക്കളും ആണെന്നും കേള്‍ക്കുന്നു. അവരെപ്പറ്റി അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഇന്ദ്രനും ബകനുമായുള്ള സമാഗമം മുതലായവയൊക്കെ പറഞ്ഞാലും. ഭവാന്‍ സുഖദുഃഖ സമ്മിശ്രമായ ആ കാര്യങ്ങളൊക്കെ പറഞ്ഞു ഞങ്ങളെ അറിയിക്കണേ!

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രോമാഞ്ചമഞ്ചുമാറ്‌ ദേവാസുരന്മാര്‍ തമ്മിലുള്ള യുദ്ധം കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍ മൂന്നു ലോകത്തിനും നാഥനായി തീര്‍ന്നു. വര്‍ഷം വേണ്ട വിധം ഉണ്ടാവുകയും സസ്യങ്ങള്‍ സമൃദ്ധിയായി വളരുകയും ചെയ്തു. ജനങ്ങളൊക്കെ ധര്‍മ്മിഷ്ഠരാവുകയും രോഗമൊക്കെ ഒഴിഞ്ഞു പോവുകയും ചെയ്തു. എല്ലാവരും നന്ദിയോടു കൂടി സ്വധര്‍മ്മം തെറ്റാതെ നിഷ്ഠയോടു കൂടി നടന്നു.

സന്തോഷത്തോടെ ജീവിക്കുന്ന പ്രജകളെയെല്ലാം കണ്ട്‌ ദേവരാജാവും ശതക്രതുവുമായ ഇന്ദ്രന്‍ ഐരാവത ഗജത്തിന്റെ പുറത്തിരുന്നു സഞ്ചരിച്ച്‌ ജനങ്ങളെയൊക്കെ കണ്ടു പോരിക പതിവായി.

വിചിത്രമായ ആശ്രമങ്ങള്‍, ഗ്രാമങ്ങള്‍, നാട്ടിന്‍ പുറങ്ങള്‍, സമൃദ്ധമായ പട്ടണങ്ങള്‍, നാനാപുണ്യ സ്ഥലങ്ങള്‍, നദീസ്ഥലങ്ങള്‍ എന്നിവയേയും പ്രജാക്ഷേമ തല്പരരും ധര്‍മ്മിഷ്ഠരുമായ നൃപന്മാരേയും കിണറുകള്‍, തണ്ണീര്‍ പന്തലുകള്‍, വാപികള്‍, തടാകങ്ങള്‍, പൊയ്കകള്‍, നാനാ ബ്രഹ്മാചാരമുള്ള വിപ്രന്മാര്‍ അധിവസിക്കുന്ന ഇടങ്ങള്‍ എന്നിവയുമൊക്കെ സന്ദര്‍ശിച്ചതിന് ശേഷം ഭംഗിയേറിയ ഭൂമിയില്‍ ഇറങ്ങുകയും രമ്യമായ പല വൃക്ഷങ്ങള്‍ നിൽക്കുന്ന പുണൃസ്ഥലത്ത്‌ കിഴക്കന്‍ ദിക്കില്‍ അംഭോധി തടത്തില്‍ രമ്യമായി വിളങ്ങുന്ന ആശ്രമത്തില്‍ മൃഗദ്വിജഗണം ചൂഴുന്ന പുണ്യാശ്രമ ഭാഗത്തു വച്ച്‌ ഇന്ദ്രന്‍ ബകരാജര്‍ഷിയെ കാണുകയും ചെയ്തു.

ബകന്‍ ഇന്ദ്രനെ കണ്ട്‌ ഏറ്റവും സന്തുഷ്ട ചിത്തനായി പാദ്യാസനാര്‍ഘ്യ ഫലമൂലങ്ങളാല്‍ സല്‍ക്കരിച്ചതിന് ശേഷം സുഖമായി ഇരുന്നു. വരദനും വലനാശനനുമായ ഇന്ദ്രന്‍ ബകനോടു ചോദിച്ചു: "ഹേ, മാമുനേ! ഭവാന്‍ ജനിച്ചിട്ട്‌ നൂറായിരം വര്‍ഷം ചെന്നുവല്ലോ. ഞാന്‍ ഒന്നു ചോദിക്കട്ടെ, ചിരംജീവികള്‍ക്ക്‌ എന്താണ്‌ ദുഃഖമുളവാക്കുന്ന സംഗതി? അനുഭവം കൊണ്ടു ഭവാനു തോന്നുന്നതു പറഞ്ഞാലും!".

ബകന്‍ പറഞ്ഞു: മഹേന്ദ്രാ! ഞാന്‍ പറയാം. അപ്രിയന്മാരോടു കൂടെയുള്ള നിവാസം ദുഃഖകരമാണ്‌. പ്രിയന്മാര്‍ വിട്ടു പോകുന്നതും ദുഃഖമാണ്‌. അസത്തുക്കളുമായുള്ള സംസര്‍ഗ്ഗവും മഹാസങ്കടമാണ്‌. പിന്നെ, പുത്രന്‍, ഭാരൃ മുതലായവരുടെ മരണംജ്ഞാതിമിത്രങ്ങളുടെ നാശം, പരാധീനത ഇവയില്‍ അപ്പുറമായി കഷ്ടമായ ദുഃഖമെന്തുണ്ട്‌? ലോകത്തില്‍ ഇവയിലും വലുതായ കഷ്ടമൊന്നുമില്ല എന്നാണ്‌ എന്റെ അഭിപ്രായം.

സമ്പത്തില്ലാത്ത നരനെ മറ്റുള്ളവര്‍ നിരസിക്കുന്നു. കുലമില്ലാത്തവര്‍ക്ക്‌ കുലോല്പത്തി, കുലീനന്മാര്‍ക്കു കുലക്ഷയം ഇവയുടെയൊക്കെ ചേര്‍ച്ചയും വേര്‍പാടും, ഇവയൊക്കെ ചിരംജീവികള്‍ കാണുന്നു.

ഹേ, ശതക്രതോ! ഭവാന് ഇതൊക്കെ പ്രതൃക്ഷാനുഭവമല്ലേ? സമ്പല്‍ സമൃദ്ധരായ അകുലീനന്മാര്‍ കുലം മാറുന്നില്ലേ? ദേവദാനവ ഗന്ധര്‍വ്വന്മാരും മനുഷൃഫണി രാക്ഷസന്മാരും വിപരീതഭാവം കൈക്കൊള്ളുന്നതും ഭവാന്‍ കാണുന്നില്ലേ? ഇതിലും വലിയ കഷ്ടം എന്താണ്‌?

കുലീനന്മാര്‍ ദുഷ്കുലജാതന്മാരുടെ പിടിയില്‍ കിടന്നു ക്ലേശിക്കുന്നു. ആഢ്യന്മാരുടെ ചൊല്പടിയില്‍ ദരിദ്രന്മാര്‍ നിൽക്കുന്നു. ഇതിലും വലിയ ദുഃഖം എന്തുണ്ട്‌? ഇങ്ങനെ പലമട്ടിലും ലോകത്തില്‍ വൈധര്‍മ്മ്യം കാണുന്നു. മൂഢന്മാര്‍ സമ്പല്‍ സമൃദ്ധി നേടുകയും സമര്‍ത്ഥന്മാരായ വിദ്വാന്മാര്‍ ദാരിദ്ര്യാദി ദുഃഖങ്ങളാല്‍ കുഴങ്ങുകയും ചെയ്യുന്നു. മാനുഷമായ ഇത്തരം ദുഃഖക്ലേശങ്ങള്‍ വളരെ കാണുന്നുണ്ട്‌.

ഇന്ദ്രന്‍ പറഞ്ഞു: ഹേ, മഹാഭാഗ! ദേവര്‍ഷി ഗണങ്ങളാല്‍ പൂജിക്കപ്പെടുന്ന ശ്രേഷ്ഠാ! ഭവാന്‍ ഇനി എന്നോടു പറയൂ, ചിരംജീവികള്‍ക്ക്‌ എന്താണു സുഖം എന്ന്?

ബകന്‍ പറഞ്ഞു: പറയാം മഹേന്ദ്ര! എട്ടോ പന്ത്രണ്ടോ ദിവസം ചെന്നാലേ അടുപ്പില്‍ തീ പൂട്ടുന്നുള്ളു എങ്കിലും, വെറും ചീര തിളപ്പിച്ചു കഴിക്കുന്നുള്ളു എങ്കിലും, അതു ദുഷ്ടമിത്രങ്ങളുടെ സഹായം കൂടാതെ ആണെങ്കില്‍ അതില്‍പ്പരം സുഖം മറ്റൊന്നുമില്ല. ഇയാള്‍ വന്നിട്ട്‌ ഇന്നേക്ക്‌ എത്ര ദിവസമായി എന്നും ഈയാള്‍ ഒരു പെരുംതീനി തന്നെയെന്നും കേള്‍ക്കാന്‍ ഇടവരാതെചീരക്കറി മാത്രം വെച്ചു കഴിക്കുക ആണെങ്കിലും അതാണ്‌ സ്വഗൃഹത്തില്‍ സുഖമായിട്ടുള്ളത്‌. പരസഹായം കൂടാതെ സ്വന്തംവീര്യം കൊണ്ടു നേടി സ്വഗൃഹത്തില്‍ വെച്ച കായോ ചീരയിലയോ ആണ്‌ അനിന്ദ്യവും, മെച്ചവും, സുഖപ്രദവും. അന്യന്റെ വീട്ടില്‍ നിന്ന്‌ ഉണ്ണുന്നവന് പരിഭൂതിയില്‍ എപ്പോഴും മൃഷ്ടാന്നമായാലും ശങ്കിച്ചു കൊണ്ടു കഴിക്കുന്ന ആ ആഹാരം സത്തുക്കള്‍ക്ക്‌ മെച്ചമായി ഭവിക്കുകയില്ല. വെള്ളം കുടിക്കുന്ന നായയെ പോലെ പരാന്നത്തെ കൊതിക്കുന്ന ദുഷ്ടലുബ്ധന് ലഭിക്കുന്ന ആ ഭക്ഷണത്തെ പോലെ നിന്ദ്യമായ ഭക്ഷണം മറ്റൊന്നുമില്ല.

പാന്ഥന്മാര്‍ക്കും, ജീവികള്‍ക്കും, പിതൃക്കള്‍ക്കും, നല്കിയതിന് ശേഷം, ദ്വിജോത്തമന്മാര്‍ അവശേഷിച്ച ആഹാരം കഴിക്കുന്നു. ഇതിനേക്കാള്‍ സുഖമായ ആഹാരം മറ്റെന്തുണ്ട്‌? ഇതിനേക്കാള്‍ മൃഷ്ടവും ഇതിനേക്കാള്‍ ശുദ്ധവുമായി വേറെ ആഹാരമൊന്നുമില്ല വാസവാ!

പാന്ഥന്മാര്‍ക്കു കൊടുത്ത്‌, നിത്യവും ഭക്ഷിക്കുന്ന ദ്വിജന്‍ എത്ര ചോറ്റുരുളകള്‍ ഉണ്ണുന്നുവോ അത്ര ഗോസഹസ്ര ദാനഫലം ആ ദാനശീലന്‍ ഏൽക്കുന്നു. യൗവനത്തില്‍ ചെയ്ത പാപങ്ങളൊക്കെ അവനു നശിക്കുകയും ചെയ്യും.

ദക്ഷിണയോടെ ബ്രാഹ്മണന് സദ്യ നല്കി അവന്റെ കയ്യിലെ ജലം വെള്ളത്തില്‍ ഏറ്റാല്‍ ഉടനെ പാപമൊക്കെ നശിക്കും.

ഇവയും മറ്റു പല ശുഭ കഥയും. പറഞ്ഞ്‌ ബകനോടു കൂടി വളരെനേരം ദേവേന്ദ്രന്‍ സംസാരിച്ച്‌ ഇരുന്നതിന് ശേഷം സസന്തോഷം വാനിലേക്കു പോവുകയും ചെയ്തു.

194. ശിബിചരിതം - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ വീണ്ടും മാര്‍ക്കണ്ഡേയനോടു പറഞ്ഞു. ബ്രാഹ്മണരുടെ മഹാഭാഗത്വത്തെ പറ്റി ഭവാന്‍ പറഞ്ഞുവല്ലോ. ഇനി രാജാക്കന്മാരുടെ മഹാഭാഗത്വവും കൂടി കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: എന്നാൽ ഇനി രാജാക്കന്മാരുടെ മഹാഭാഗത്വം പറയാം. നിങ്ങള്‍ കേട്ടു കൊള്ളുവിന്‍.

കുരുവംശത്തില്‍ സുഹോത്രൻ എന്നു പേരായി ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം രാജര്‍ഷിമാരെ ചെന്നു കണ്ട്‌ മടങ്ങി പോരുമ്പോള്‍ വഴിക്കു വച്ച്‌ തേരില്‍ കയറി നേരിട്ടു വരുന്ന ഔശീനരനായ ശിബി രാജാവിനെ കണ്ടു. നേരിട്ടു ചെന്ന്‌ അവര്‍ രണ്ടുപേരും വയഃക്രമം പോലെ സല്‍ക്കാരം ചെയ്തതിന് ശേഷം ഗുണസാമ്യം കൊണ്ട്‌ രണ്ടുപേരും തുല്യരാണെന്നു വിചാരിച്ച്‌ അന്യോന്യം വഴിമാറിക്കൊടുക്കാതെ നിന്നു. അങ്ങനെ രണ്ടുപേരും നിൽക്കുന്ന സമയത്ത്‌ നാരദ മഹര്‍ഷി അവിടെ പ്രത്യക്ഷനായി.

നാരദന്‍ ചോദിച്ചു: ഹേ, രാജാക്കന്മാരേ! നിങ്ങള്‍ എന്താണ്‌ പരസ്പരം വഴിമാറാതെ തടഞ്ഞു നിൽക്കുന്നത്‌?

അവര്‍ രണ്ടുപേരും നാരദനോടു പറഞ്ഞു: ഭഗവാനേ! പൂര്‍വ്വ കര്‍മ്മ കര്‍തൃത്വാദികള്‍ കൊണ്ട്‌ വിശിഷ്ടനോ, സമര്‍ത്ഥനോ ആയവന് വഴിമാറി കൊടുക്കാറുണ്ട്‌. ഞങ്ങള്‍ തമ്മില്‍ സഖികളാണ്‌. ആലോചിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ മേലും കീഴും കാണുന്നില്ല. ആര് ആര്‍ക്കു വഴിമാറി കൊടുക്കണമെന്നു കാണുന്നില്ല.

നാരദന്‍ പറഞ്ഞു: ക്രൂരന്‍ മൃദുശീലനില്‍ യോജിക്കയില്ല. ക്രൂരനില്‍ മൃദുശീലനും യോജിക്കയില്ല. ദുര്‍ജ്ജനത്തില്‍ സജ്ജനം യോജിക്കയില്ല. എന്നാൽ സജ്ജനം സജ്ജനത്തിൽ എന്തു കൊണ്ടു യോജിക്കുന്നില്ലാ? സാധുക്കളുടെ സ്വഭാവം എന്താണെന്നു നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ? ഒരുത്തന്‍ ഒരു ഉപകാരം ചെയ്താല്‍ അവന് നൂറിരട്ടി ഉപകാരം സാധുവായവന്‍ ചെയ്യും. അങ്ങനെയാണ്‌ അവരുടെ മാതിരി. ഹേ, രാജാവേ! ഔശീനരന്‍ ഭവാനേക്കാള്‍ സാധുശീലനാണെന്നു വിചാരിക്കുക. പിശുക്കനെ ദാനം കൊണ്ടും, അസതൃവാദിയെ സത്യം കൊണ്ടും, ക്രൂരനെ ക്ഷമ കൊണ്ടും, അസാധുവിനെ സാധുത്വം കൊണ്ടും ജയിക്കാം. എന്നാൽ ഉദാരന്മാരായ നിങ്ങള്‍ രണ്ടുപേരും എന്തു കൊണ്ട്‌ അങ്ങനെ ചെയ്യുന്നില്ല? നിങ്ങള്‍ യോഗ്യരാണ്‌. നിങ്ങളില്‍ ഒരാള്‍ ഒഴിഞ്ഞു മാറണം. നിങ്ങളുടെ ഉദാരത ഇപ്പോള്‍ വെളിപ്പെടുത്തുകയാണു വേണ്ടത്‌. ഇപ്രകാരം പറഞ്ഞ്‌ നാരദന്‍ മിണ്ടാതെ നിന്നു. ഇതുകേട്ട ഉടനെ കൗരവ്യരാജാവ്‌ ശിബി രാജാവിനെ പ്രദക്ഷിണം വെച്ച്‌ പല കര്‍മ്മങ്ങളാലും പ്രശംസിച്ചു പോവുകയും ചെയ്തു. ഇങ്ങനെ നാരദന്‍ രാജാവിന്റെ മഹാഭാഗത്വത്തെ പറ്റി പറഞ്ഞു.

195. നാഹുഷചരിതം - നഹുഷ പുത്രനായ യയാതിയുടെ ദാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: യുധിഷ്ഠിരാ! ഇനിയും പറയാം.

നഹുഷ പുത്രനായ യയാതി മഹാരാജാവ്‌ പൗരന്മാരോടു കൂടി രാജ്യത്തില്‍ ഉരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ബ്രാഹ്മണന്‍ ഗുരുദക്ഷിണയ്ക്ക്‌ ധനം അര്‍ത്ഥിക്കുവാനായി അവിടെ എത്തി. രാജാവിന്റെ സന്നിധിയില്‍ ചെന്നെത്തി പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, മന്നവേന്ദ്രാ! ഗുരുദക്ഷിണയ്ക്കു വേണ്ട ദ്രവ്യം സമയ വിധേയനായി ( കരാറു പ്രകാരം ) ഞാന്‍ ഭവാനോടു യാചിക്കുന്നു.

രാജാവു പറഞ്ഞു: മഹാശയാ! സമയം (കരാറ്‌) എന്താണെന്നു പറഞ്ഞാലും.

ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ! യാചിക്കുന്നവരില്‍ ജനങ്ങള്‍ക്കു വെറുപ്പു തോന്നുക സാധാരണമാണ്‌. അതു കൊണ്ട്‌ ഞാന്‍ ഭവാനോട്‌ എന്തു വേണമെന്നു പറയുന്നില്ല. സന്തോഷിച്ചു തരുന്നത്‌ സന്തോഷിച്ചു വാങ്ങും.

രാജാവു പറഞ്ഞു: ഹേ, ബ്രാഹ്മണാ! രാജാവായ ഞാന്‍ കൊടുത്തതിനെപ്പറ്റി ഒരിക്കലും ആത്മപ്രശംസ ചെയ്യുകയില്ല. യാചിച്ചാല്‍ അന്യനു കൊടുക്കാവുന്ന ധനമേ എന്റെ കൈവശമുള്ളു. കൊടുത്തു കഴിഞ്ഞതിന്റെ ശേഷം നഷ്ടമായ ധനത്തെപ്പറ്റി ഓര്‍ത്തു ദുഃഖിക്കയുമില്ല. സുഖത്തോടെ തന്നെ ഇരിക്കും. യാചിച്ച്‌ എന്റെ അരികെ വരുന്ന ബ്രാഹ്മണനോട്‌ എനിക്ക്‌ ഇഷ്ടമേ തോന്നുകയുള്ളു. യാചിച്ചവനോട്‌ ഞാന്‍ ഒരിക്കലും കോപിക്കുകയില്ല. ഭവാന്‌ ഞാന്‍ ഈ ആയിരം പശുക്കളെ ദാനം ചെയ്യുന്നു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രാജാവ്‌ ആയിരം പശുക്കളെ ദാനം ചെയ്തു. ആ പശുക്കളെ ഏറ്റു വാങ്ങി ബ്രാഹ്മണന്‍ പോവുകയും ചെയ്തു.

196. സേദുക വ്യഷ ദര്‍ഭ ചരിതം - പിന്നെയും മഹാഭാഗത്വത്തെ പറ്റി പറഞ്ഞാല്‍ കൊള്ളാമെന്നു യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ മാര്‍ക്കണ്ഡേയന്‍ പറഞ്ഞു തുടങ്ങി:

ഹേ, യുധിഷ്ഠിരാ! വൃഷദര്‍ഭനെന്നും, സേദുകനെന്നും പേരായി രണ്ടു രാജാക്കന്മാർ ഉണ്ടായിരുന്നു. അവര്‍ നീതിമാര്‍ഗ്ഗ ചാരികളും അസ്ത്രോപാസ്ത്രങ്ങളില്‍ സമര്‍ത്ഥരുമായിരുന്നു. ബ്രാഹ്മണനു സ്വര്‍ണ്ണനാണ്യവും, വെള്ളിനാണ്യവും അല്ലാതെ മറ്റൊന്നും ദാനം ചെയ്യരുതെന്നു ഗൂഢമായ വ്രതം വൃഷദര്‍ഭന് ചെറുപ്പത്തില്‍ തന്നെ സേദുകന്‍ ഉപദേശിച്ചിരുന്നു. വേദാദ്ധ്യയനം കഴിഞ്ഞ ശേഷം ഒരു ബ്രാഹ്മണന്‍ സേദുകന്റെ അടുക്കല്‍ ചെന്നു. ഗുരുദക്ഷിണയ്ക്കായി ദ്രവ്യം യാചിച്ചു: "ഭവാന്‍ എനിക്ക്‌ ആയിരം അശ്വങ്ങളെ തന്നാല്‍ കൊള്ളാം. ഗുരുവിന് ദക്ഷിണ നല്കാനാണ്‌".

സേദുകന്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ! ഗുരുദക്ഷിണയ്ക്കു ദ്രവ്യം തരുവാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല. അങ്ങ്‌ വൃഷദര്‍ഭന്റെ അടുക്കല്‍ ചെന്നു യാചിക്കുക. ആ രാജാവ്‌ മഹാധര്‍മ്മജ്ഞനാണ്‌. ഹേ, ബ്രാഹ്മണ! അവനോടു ചോദിച്ചാല്‍ അവന്‍ തരാതിരിക്കയില്ല. യാചിച്ചാല്‍ കൊടുക്കണമെന്ന്‌ അവന് ഗൂഢമായ വ്രതമുണ്ട്‌.

സേദുകന്റെ വാക്കു കേട്ട്‌ ആ ബ്രാഹ്മണന്‍ അവിടെ നിന്നു പോയി വൃഷദര്‍ഭന്റെ അടുക്കല്‍ ചെന്നു. അവന്‍ യാചിച്ചു: "രാജാവേ, ഗുരുദക്ഷിണയ്ക്കായി എനിക്ക്‌ ആയിരം കുതിരകളെ തന്നാലും!".

അവന്റെ അഭ്യര്‍ത്ഥന കേട്ടയുടനെ രാജാവു ചമ്മട്ടിയെടുത്ത്‌ ആ സാധു ബ്രാഹ്മണന്റെ പുറത്തു പ്രഹരിച്ചു.

ബ്രാഹ്മണന്‍ അടി കൊണ്ടു പുളഞ്ഞു ചോദിച്ചു: "ഹേ, രാജാവേ! ഭവാന്‍ എന്താണു നിരപരാധികളെ ഇങ്ങനെ പ്രഹരിക്കുന്നത്‌?", എന്നു പറഞ്ഞു ശപിക്കുവാന്‍ ഭാവിച്ചു. ഉടനെ രാജാവു ചോദിച്ചു: "ഭവാന്‍ ആരെയാണു ശപിക്കുവാന്‍ വിചാരിക്കുന്നത്‌? ചോദിച്ച മുതല്‍ തരാത്തവനെയാണോ ശപിക്കുന്നത്‌? അതോ ബ്രഹ്മണ്യനായ മറ്റു വല്ലവനെയോ ശപിക്കുന്നത്‌?".

ബ്രാഹ്മണന്‍ പറഞ്ഞു: ഹേ, രാജാവേ! സേദുകന്‍ പറഞ്ഞയച്ചിട്ടാണ്‌ ഞാന്‍ ഇങ്ങോട്ടു വന്നത്‌. അവന്‍ പറഞ്ഞു തന്ന പ്രകാരമാണ്‌ ഞാന്‍ ഭവാന്റെ അടുത്തു വന്നു യാചിച്ചത്‌.

ഇതുകേട്ടു രാജാവു ബ്രാഹ്മണനോടു പറഞ്ഞു: ഹേ, ബ്രാഹ്മണ! ഇന്ന്‌ എനിക്കു കിട്ടുന്ന കരം മുഴുവന്‍ അങ്ങയ്ക്കു പൂര്‍വ്വാഹ്നത്തില്‍ തരുന്നതാണ്‌. ചമ്മട്ടി കൊണ്ട്‌ അടിച്ചവനെ വെറുതെ വിട്ടയയ്ക്കുവാന്‍ പാടുണ്ടോ?

എന്നു പറഞ്ഞു രാജാവ്‌ ആ ബ്രാഹ്മണനു തന്റെ ഒരു ദിവസത്തെ പിരിവു മുഴുവന്‍ കൊടുത്തു. അനേകം അശ്വ സഹസ്രങ്ങളെ വാങ്ങാന്‍ ആ വക മതിയായിരുന്നു.

197. ശിബിചരിതം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ദേവകളുടെ ഇടയില്‍ ഒരു സംസാരമുണ്ടായി: നമുക്കു ഭൂമിയില്‍ ഔശീനരനായ ശിബി രാജാവിനെ നല്ലവണ്ണം ഒന്നു പരീക്ഷിച്ചു നോക്കണം. ഇന്ദ്രനും അഗ്നിയും പറഞ്ഞു: അങ്ങനെ തന്നെ; നമുക്കു പുറപ്പെടാം.

അഗ്നി മാടപ്രാവിന്റെ രൂപത്തിലും ഇന്ദ്രന്‍ പരുന്തിന്റെ രൂപത്തിലും പുറപ്പെട്ടു.

മാടപ്രാവിന്റെ പിന്നാലെ മാംസാര്‍ത്ഥിയായ വിധം പരുന്തു പറന്നു. കപോതം പേടിച്ചു വിറച്ച്‌ ദിവ്യാസനസ്ഥനായ രാജാവിന്റെ മടിയില്‍ ചെന്നു വീണു. ഉടനെ പുരോഹിതന്‍ രാജാവിനോടു പറഞ്ഞു: പ്രാണരക്ഷയ്ക്കു വേണ്ടി പരുന്തിനെ ഭയപ്പെട്ട്‌ ഭവാനെ ഈ കപോതം ശരണം പ്രാപിച്ചിരിക്കുന്നു! ദിഗന്തനാഥനായ രാജാവ്‌ ഇതിന് പ്രതിവിധി ചെയ്യണം. കപോതപാതം ദുശ്ശകുനം ആണ് എന്നാണു പറയുന്നത്‌.

ഇതുകേട്ടു കപോതം രാജാവിനോടു പറഞ്ഞു: പ്രാണരക്ഷയ്ക്കു വേണ്ടി പരുന്തിനെ ഭയപ്പെട്ടു ഞാന്‍ ഭവാനെ ഇതാ ശരണം പ്രാപിക്കുന്നു. മുനിയായിരുന്ന ഞാന്‍ പരകായ പ്രവേശം ചെയ്തവനാണ്‌. പ്രാണരക്ഷയ്ക്കു ഭവാനല്ലാതെ എനിക്കു ശരണം ആരുമില്ല. ഞാന്‍ സ്വാദ്ധ്യായ കര്‍ശിതനായ ബ്രഹ്മചാരിയാണെന്നു ഭവാന്‍ അറിയണേ! തപസ്സും ദമവുമുള്ളവനും ആചാര്യന് അപ്രതികൂല വാക്കു പറയുന്നവനുമാണ്‌. അപ്രകാരമുള്ള ഞാന്‍ നിര്‍ദ്ദോഷി ആണെന്നു ഭവാന്‍ അറിഞ്ഞാലും. ഞാന്‍ ഛന്ദസ്സു ശീലിച്ചവനാണ്‌. പ്രതൃക്ഷരം എല്ലാ വേദവും പഠിച്ചവനാണ്‌. ശ്രോത്രിയനെ ദാനമായി നല്കുന്നതു നന്നല്ല. ഞാന്‍ വെറും പ്രാവല്ല. ശ്യേനന് എന്നെ നല്കരുതേ!

ഉടനെ ശ്യേനന്‍ പറന്നു വന്നു രാജാവിന്റെ മുമ്പില്‍ നിന്നു പറഞ്ഞു: ജന്മം തോറും സ്ഥിതി മാറി വരുന്നു. ഭവാന്‍ കപോതത്തിനേക്കാള്‍ മുമ്പ്‌ ഉണ്ടായവനാണ്‌. ഭവാന്‍ ഈ പ്രാവിനെ പിടിച്ചു വെച്ച്‌ എനിക്കു വിഘ്നം ഉണ്ടാക്കരുതേ രാജാവേ!

രാജാവു പറഞ്ഞു: ഈ ശകുന്തങ്ങള്‍ സംസ്കൃതമായ വാക്കുകള്‍ ഉച്ഛരിക്കുന്നു. ഇമ്മാതിരി പക്ഷികളെ ഞാന്‍ കണ്ടിട്ടില്ല. പ്രാവും പരുന്തും എന്ന മട്ടില്‍ ഇവറ്റ സംസാരിക്കുന്നു. ഇവറ്റയെ അറിഞ്ഞ്‌ എങ്ങനെ നന്മ ചെയ്യും ? മഹാപാപം ചെയ്താല്‍ അവനു വേണ്ട കാലത്തു മഴ ലഭിക്കുകയില്ല. വിത്തു വിതച്ചാല്‍ വേണ്ട കാലത്തു മുളയ്ക്കുകയില്ല. ഭയപ്പെട്ടു വന്നവനെ ശത്രുവിന്റെ കയ്യില്‍ പിടിച്ചു കൊടുത്താല്‍ അവന് ത്രാണകാലത്തില്‍ രക്ഷ ലഭിക്കുന്നതല്ല.

കൊച്ചുകുട്ടികള്‍ അവന് പിറന്നാല്‍ ഉടനെ മരിച്ചുപോകും. പിതൃക്കളും അവനില്‍ പ്രസാദിക്കുകയില്ല. പേടിച്ച്‌ അഭയം പ്രാപിച്ചവനെ ശത്രുക്കള്‍ക്കു പിടിച്ചു കൊടുത്താല്‍ അവന്റെ ഹവ്യം സുരന്മാര്‍ ഏൽക്കുകയുമില്ല.

ഔദാര്യമില്ലാത്തോന്‍ നല്കുന്ന അന്നത്തിനും പുണ്യം ഇല്ലാതാകും. അവന്‍ ക്ഷണത്തില്‍ സ്വര്‍ഗ്ഗഭ്രഷ്ടനുമാകും. പേടിച്ചു ശരണം പ്രാപിച്ചവനെ ശത്രുക്കള്‍ക്കു നല്കിയാല്‍ ഇന്ദ്രാദികളായ ദേവന്മാര്‍ അവന്റെ ശിരസ്സില്‍ വജ്രം വീശി വിടും.

എടോ പരുന്തേ! നിനക്കു വിശപ്പടക്കുകയല്ലേ വേണ്ടൂ! വലിയ കാളയെ വെച്ചു ചോറുമായി വേവിച്ചു ധാരാളം തരാം. പ്രാവിന് പകരം. ഏതേതിടത്തില്‍ നിനക്കു സുഖമായി രമിക്കേണമോ അതാതിടത്തില്‍ നിന്നെ ഈ ശിബി നാട്ടുകാര്‍ കൊണ്ടു പോകും.

ശ്യേനന്‍ പറഞ്ഞു: എനിക്കു വലിയ കാളയും വേണ്ട ചോറും വേണ്ട; വേറെയൊന്നും വേണ്ട. ഈ പ്രാവിനേക്കാള്‍ അധികം മാംസം എനിക്കാവശ്യമില്ല. രാജാവേ! ഇവന്‍ ദേവന്മാര്‍ എനിക്കു കല്പിച്ച ഇരയാണ്‌. അത്‌ എനിക്കു തരിക.

രാജാവു പറഞ്ഞു: വലിയ കാളയോ മച്ചിപ്പശുവോ മുഴുവനുമായി കൊണ്ടു വരട്ടെ! ഭടന്മാരെ, നിങ്ങള്‍ അന്വേഷിച്ചു കൊണ്ടു വരുവിന്‍! ഈ പേടിച്ചു വിറയ്ക്കുന്ന പക്ഷിക്കു പകരം എന്തു വേണമെങ്കിലും കൊണ്ടു വരിക. എന്നാലും ഹേ ശ്യേന! നീ ഈ ഭീതനായ കപോതത്തെ കൊല്ലരുത്‌. ഞാൻ എന്റെ പ്രാണനെ തന്നെ തൃജിക്കാം; എന്നാലും ഞാന്‍ ഈ പ്രാവിനെ തരികയില്ല.

ഹേ, പരുന്തേ! ഒന്നിങ്ങോട്ടു നോക്കു? എത്ര സൗമ്യനാണ്‌ ഇവന്‍! പേടിച്ചു വിറയ്ക്കുകയാണു പാവം! ഹേ, സൗമൃനായ ശ്യേന! നീ ഇവനെ ക്ലേശിപ്പിക്കരുത്‌! എന്തു തന്നെ ആയാലും ഞാന്‍ പ്രാവിനെ തരികയില്ല; തീര്‍ച്ചയാണ്‌. കര്‍മ്മത്തിന്റെ ശ്രേഷ്ഠത മൂലം ശിബിനാട്ടുകാര്‍ എന്നെ എന്നെന്നും നന്ദിയോടെ ഓര്‍ത്തു വാഴ്ത്തുന്ന വിധത്തില്‍ എടോ ശ്യേന! നീ എന്നോടു ശാസിക്കുക! എന്തു പറയുന്നുവോ അതു ഞാന്‍ തരുവാന്‍ തയ്യാറാണ്‌.

ശ്യേനന്‍ പറഞ്ഞു: ഹേ, രാജാവേ! അങ്ങനെയാണു ഭവാന്റെ നിര്‍ബ്ബന്ധമെങ്കില്‍ ഞാന്‍ പ്രാവിനെ വിട്ടു തരാം. എന്നാൽ ആ പ്രാവിന് പകരം അതിന്റെ തൂക്കത്തോളം മാംസം ഭവാന്റെ വലത്തെ തുടയില്‍ നിന്ന്‌ അറുത്തെടുത്തു തരണം. എന്നാൽ മാടപ്രാവിന് നല്ല രക്ഷയായി. ശിബി നാട്ടുകാര്‍ പ്രശംസിക്കും. എനിക്കും ഭവാന്‍ പ്രിയം ചെയ്തതായി ഭവിക്കും.

ഉടനെ പ്രാവിനെ തുലാസ്സിന്റെ തട്ടില്‍ വെച്ച്‌ മറ്റേത്തട്ടില്‍ രാജാവിന്റെ തുടയില്‍ നിന്ന്‌ മാംസക്കട്ട വെട്ടി എടുത്തു വച്ചു തൂക്കി നോക്കി. എന്നാൽ മാട്രപാവിന് തൂക്കം അധികമായി കണ്ടു. പിന്നെയും കുറെ മാംസം അറുത്തെടുത്തു വെച്ചു. മാടപ്രാവിന് തന്നെ തുക്കം കൂടുതല്‍! പിന്നെയും മാംസം അറുത്തെടുത്തു തുലാസ്സില്‍ വെച്ചു. അപ്പോഴും മാടപ്രാവിന്റെ തൂക്കം തന്നെ കൂടുതല്‍! അങ്ങനെ ശരീരത്തിലെ മാംസമൊക്കെ അറുത്തു തുലാസ്സിലിട്ടിട്ടും പ്രാവിന്റെ തൂക്കത്തോളം ആയില്ല. മാട്രപാവിന് തന്നെ ഘനം കൂടുതലെന്നു കണ്ടപ്പോള്‍ രാജാവു താന്‍ തന്നെ തുലാസ്സില്‍ കയറിയിരുന്നു. രാജാവിന് യാതൊരു കുറ്റവും ഇല്ലാതായി ( കൃതാര്‍ത്ഥതയുടെ സന്തോഷം രാജാവില്‍ വിളങ്ങി ). ഇതു കണ്ടപ്പോള്‍ പരുന്ത്‌ രക്ഷിച്ചു എന്നു പറഞ്ഞു പൊയ്ക്കളഞ്ഞു.

രാജാവു പറഞ്ഞു: ഹേ, കപോതമേ! ശിബികള്‍ നിന്നെ കപോതമായി ധരിക്കുന്നു. ഹേ പക്ഷിവര്യ! ആരാണ്‌ ആ ശ്യേനന്‍? ഞാന്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു രാജാവും ഇപ്രകാരം ചെയ്യുകയില്ല. ഭഗവാനെ, ഈ ചോദ്യത്തിന് ഭവാന്‍ മറുപടി പറയണം.

കപോതം പറഞ്ഞു: വൈശ്വാനരനും ധൂമകേതുവുമായ അഗ്നിയാണ്‌ ഞാന്‍. ശ്യേനന്‍ യഥാര്‍ത്ഥത്തില്‍ ശ്യേനനല്ല. അവന്‍ സാക്ഷാല്‍ ശചീപതിയായ ഇന്ദ്രനാണ്‌. ഹേ, സൗരഥേയാ! (സുരഥയുടെ പുത്ര! ) അങ്ങയെ നല്ലപോലെ പരീക്ഷിച്ചറിയാന്‍ ഞങ്ങള്‍ ഭവാന്റെ സമീപത്തു വന്നതാണ്‌. എനിക്കു വേണ്ടി വാളു കൊണ്ടു സ്വന്തം മാംസം അറുത്തു ഭവാന്‍ നല്‍കിയല്ലോ! ഹേ, രാജേന്ദ്ര! നിങ്ങള്‍ക്കു സ്വര്‍ണ്ണത്തിന്റെ നിറവും, പുണ്യവും മനോജ്ഞവുമായ ഗന്ധവും ലഭിക്കട്ടെ! ഇതു നിങ്ങള്‍ക്കു ചിഹ്നമാകട്ടെ!

ഈ നാട്ടുകാരെ സംരക്ഷിക്കുന്ന കീര്‍ത്തിശാലിയും സുരര്‍ഷിമാര്‍ക്കു സമ്മതനുമായി ഭവാന്‍ ഭവിക്കട്ടെ! എന്നു മാത്രമല്ല, അങ്ങയ്ക്കു സ്വശരീരത്തില്‍ നിന്ന്‌ ഒരു പുത്രന്‍ ജനിക്കും. അവന്റെ നാമം കപോതരോമാവ്‌ എന്നുമാകും! ഹേ, നൃപപുംഗവ! ദൃഢശരീരനും, കീര്‍ത്തിമാനും, ശൂരനും, സൗരഥന്മാരില്‍ ശ്രേഷ്ഠനുമായി അങ്ങയ്ക്കു കാണുവാന്‍ കഴിയും.

198. ശിബിചരിതം - രാജന്യമഹാഭാഗ്യഠ - വൈശമ്പായനന്‍ പറഞ്ഞു: ഇനിയും മഹാഭാഗത്വത്തെ പറ്റി പറഞ്ഞാലും എന്ന് പാണ്ഡവന്മാര്‍ പറഞ്ഞു. മാര്‍ക്കണ്ഡേയന്‍ കഥ തുടര്‍ന്നു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: വിശ്വാമിത്ര പുത്രനായ അഷ്ടകന്‍ എന്ന രാജര്‍ഷിയുടെ അശ്വമേധ യാഗത്തില്‍ എല്ലാ രാജാക്കന്മാരും വന്നു കൂടിയിരുന്നു. അഷ്ടകന്റെ ഭ്രാതാക്കന്മാരായ പ്രതര്‍ദ്ദനനും, വസുമനസ്സും, ഔശീനരനായ ശിബിയും ഉണ്ടായിരുന്നു. അവന്‍ യജ്ഞം കഴിഞ്ഞതിന് ശേഷം ഭ്രാതാക്കന്മാരോടു കൂടി വിമാനത്തില്‍ കയറി. അവര്‍ പോകുന്ന വഴിക്ക്‌ നേരിട്ടു വരുന്ന നാരദ മഹര്‍ഷിയെ കണ്ട്‌ അഭിവാദ്യം ചെയ്തു തേരില്‍ കയറുവാന്‍ ക്ഷണിച്ചു. നാരദന്‍ അവരുടെ ആഗ്രഹമനുസരിച്ചു തേരില്‍ കയറി. അങ്ങനെ പോകുമ്പോള്‍ ആ തേരില്‍ ഇരിക്കുന്നവരില്‍ ഒരാള്‍ നാരദ മഹര്‍ഷിയോടു ചോദിച്ചു: "ഭഗവാനേ! പ്രസാദിക്കണം! ഞാന്‍ ഒന്നുചോദിക്കുവാന്‍ ആഗ്രഹിക്കുന്നു".

നാരദന്‍ പറഞ്ഞു: ചോദിക്കാമല്ലോ

അവന്‍ ചോദിച്ചു: ഇതില്‍ ഇരിക്കുന്ന ആയുഷ്മാന്മാര്‍ എല്ലാ ഗുണങ്ങളും തെളിഞ്ഞു വിളങ്ങുന്നവർ ആണല്ലോ. എന്നാൽ ദീര്‍ഘകാലം വസിക്കേണ്ടതായ സ്വര്‍ഗ്ഗത്തിലേക്ക്‌ ഇതില്‍ നാലു പേര്‍ക്കേ പോകുവാന്‍ അനുവാദമുള്ളൂ എന്നു വച്ചാല്‍ ഒരാള്‍ താഴെ ഇറങ്ങേണ്ടി വരുമല്ലേോ. അങ്ങനെ ഇറങ്ങേണ്ടി വന്നാല്‍ ഇതില്‍ ആരായിരിക്കും താഴെ ഇറങ്ങേണ്ടവന്‍?

നാരദന്‍ പറഞ്ഞു: ഈ അഷ്ടകന്‍ ഇറങ്ങും. അവന്‍ അത്ഭുതത്തോടെ ചോദിച്ചു: അത്‌ എന്തു കൊണ്ടാണ്‌?

നാരദന്‍ പറഞ്ഞു: എന്തുകൊണ്ട് ആണെന്നു ഞാന്‍ പറയാം. ഞാന്‍ അഷ്ടകന്റെ ഗൃഹത്തില്‍ പാര്‍ത്തിരുന്നു. അവന്‍ എന്നെ ഒരു ദിവസം തേരില്‍ കയറ്റിക്കൊണ്ടു പോയി. പോകുന്ന വഴിക്കു പല നിറത്തില്‍ തരം തിരിച്ച്‌ അനേകായിരം പശുക്കള്‍ ഒരിടത്തു നിൽക്കുന്നതായി ഞാന്‍ കണ്ടു. അവനോടു ഞാന്‍ ഇവ ആരുടെ പശുക്കളാണ്‌ എന്നു ചോദിച്ചു. ഇവയൊക്കെ ഈ ഞാന്‍ ദാനം ചെയ്ത വകയാണ്‌ എന്ന് അവന്‍ പറഞ്ഞു. അങ്ങനെ ആത്മപ്രശംസ ചെയ്ത കാരണം ഇവന്‍ ഇറങ്ങണം.

അവന്‍ ചോദിച്ചു: ഇനി മൂന്നാള്‍ക്കേ പോകുവാന്‍ അനുവാദമുള്ളൂ എന്നു വന്നാലോ? ആരാണ്‌ ഇറങ്ങേണ്ടത്‌?

നാരദന്‍ പറഞ്ഞു: പ്രതര്‍ദുനനാണ്‌ ഇറങ്ങേണ്ടത്‌.

അവന്‍ പറഞ്ഞു: അതിന് എന്താണു കാരണം?

നാരദന്‍ പറഞ്ഞു: കാരണം പറയാം. പ്രതര്‍ദ്ദനന്റെ ഗൃഹത്തിലും ഞാന്‍ പാര്‍ത്തിട്ടുണ്ട്‌. അവന്‍ എന്നെ തേരില്‍ കയറ്റിക്കൊണ്ടു പോയി. പോകുന്ന വഴിക്ക്‌ ഒരു ബ്രാഹ്മണന്‍ വന്നു യാചിച്ചു: "രാജാവേ! എനിക്ക്‌ ഒരു കുതിരയെ തരണം". ഇതുകേട്ടു രാജാവു പറഞ്ഞു: "ഹേ, ബ്രാഹ്മണാ കുതിരയെ തരാം; ഞാന്‍ തിരിച്ചു വരട്ടെ!".

ബ്രാഹ്മണന്‍ ഇതുകേട്ടു പറഞ്ഞു: "എനിക്ക്‌ ഇപ്പോള്‍ തന്നെ, വേഗത്തില്‍ തരണം". എന്നാൽ ഉടനെ തന്നെയാകാം എന്നു പറഞ്ഞ്‌ പ്രതര്‍ദ്ദനന്‍ വലത്തു ഭാഗത്തു പൂട്ടിയ ഒരു കുതിരയെ അഴിച്ച്‌ അവന് ദാനം ചെയ്തു. അങ്ങനെ വീണ്ടും തേരോടിച്ചു പൊയ്ക്കൊണ്ടിരിക്കെ വേറെ ഒരു ബ്രാഹ്‌ണണനും വന്നു. അവനും അശ്വത്തെ ആവശ്യപ്പെട്ടു. അവനോടും മടക്കത്തിന് തരാമെന്നു പറഞ്ഞു. എന്നാൽ അവനും സമ്മതിച്ചില്ല. ഉടനെ തന്നെ കിട്ടണമെന്നായി. ഉടനെ അവനു പിന്‍കുതിരയെ അഴിച്ചു ദാനം ചെയ്തു. പിന്നേയും വന്നു വേറെ ഒരു ബ്രാഹ്മണന്‍. അവനും ഉടനെ തന്നെ കുതിരയെ കിട്ടണമത്രെ; മടക്കത്തിന് പോരാ. ഉടനെ തന്നെ അവന് ഇടത്തെ ഭാഗത്തു പൂട്ടിയ കുതിരയെ അഴിച്ചു കൊടുത്തു. കുതിരയേയും കൊണ്ട്‌ അവനും പോയി. കുറച്ചു കഴിഞ്ഞപ്പോഴുണ്ട്‌ വേറൊരു ബ്രാഹ്മണന്‍ അശ്വത്തിനായി വരുന്നു! രാജാവു പറഞ്ഞു: "ഞാന്‍ വേഗം ചെന്നിട്ട്‌ അശ്വത്തെ തരാം. ബ്രാഹ്മണന്‍ വിട്ടില്ല. ഉടനെ തന്നെ തരണമെന്നായി. ഉടനെ തേരില്‍ കെട്ടിയിരിക്കുന്ന ആ ഒറ്റക്കുതിരയെ അഴിച്ച്‌ അവന് നല്കി. അനന്തരം കുതിര ഇല്ലാത്തത് മൂലം താന്‍ തന്നെ തേരില്‍ നിന്നിറങ്ങി, തേരിന്റെ നുകത്തില്‍ പിടിച്ചു തേര്‍വലിച്ചു പോകുകയായി. പോകുന്ന വഴിക്ക്‌ പ്രതര്‍ദ്ദനന്‍ പറഞ്ഞു: "ബ്രാഹ്മണര്‍ക്കു യുക്തായുക്തവിചാരം ലേശവുമില്ല. വിവരമില്ലാത്ത കൂട്ടര്‍.

അങ്ങനെ ദാനം ചെയ്യുകയും പിന്നെ ദാനം ചെയ്ത കാര്യത്തെ പറ്റി അസൂയപ്പെടുകയും ചെയ്തു". ആ വാക്കു കൊണ്ട്‌പ്രതര്‍ദ്ദന രാജാവ്‌ ഇറങ്ങേണ്ടിവരും. അവന്‍ പറഞ്ഞു: "ഇനി ഞാന്‍ ഒന്നു ചോദിക്കട്ടെ! രണ്ടാള്‍ക്കേ പോകാവു എന്നു വന്നാല്‍ പിന്നെ ആരാണ്‌ ഇറങ്ങേണ്ടി വരിക?".

നാരദന്‍ പറഞ്ഞു: അതോ പറയാം. വസുമനസ്സ്‌ ഇറങ്ങേണ്ടി വരും.

അവന്‍ പറഞ്ഞു: എന്താണു കാരണം?

നാരദന്‍ പറഞ്ഞു: കാരണം പറയാം. ഞാന്‍ സഞ്ചരിക്കുന്ന തിനിടയില്‍ ഒരു ദിവസം വസുമനസ്സിന്റെ ഗൃഹത്തിലും ചെന്നു. പുഷ്പരഥത്തെ കുറിച്ചു സ്വസ്തി വചന മുണ്ടായിരുന്നു. അവന്റെ കൂടെ ഞാനും പോയിരുന്നു. ബ്രാഹ്മണന്‍ സ്വസ്തിവചനം പറഞ്ഞു കഴിഞ്ഞതിന് ശേഷം രാജാവ്‌ ബ്രാഹ്മണര്‍ക്ക്‌ ആ തേരു കാട്ടിക്കൊടുത്തു. ഞാന്‍ ആ തേരിനെക്കണ്ടു പ്രശംസിച്ചു. അപ്പോള്‍ രാജാവു പറഞ്ഞു: "ഭഗവാന്‍ ഈ തേരു പ്രശസ്തമാക്കിയല്ലോ! ഈ രഥം ഭഗവാന്റേതു തന്നെയാണേ!".

പിന്നേയും ഞാന്‍ ഒരു ദിവസം അവിടെ ചെന്നു. പിന്നേയും രഥത്തെ പറ്റി ക്രിയയുണ്ടായി. "കൊള്ളാം! ഇതു ഭഗവാന്റേതു തന്നെയാണ്‌". കുറെനാള്‍ കഴിഞ്ഞു. മൂന്നാമതും സ്വസ്തി വചന മുണ്ടായിരുന്നു. അതിനും ഞാന്‍ ചെന്നു. അപ്പോള്‍ രാജാവ്‌ ബ്രാഹ്മണര്‍ക്കു തേരു കാട്ടിക്കൊടുത്തിട്ട്‌ എന്റെ നേരെ നോക്കി ഭഗവാന്‍ പുഷ്പരഥത്തിന്റെ സ്വസ്തി വചന ക്രിയകളൊക്കെ കണ്ടില്ലേ? എന്നു ചോദിച്ചു. ഈ മിഥ്യാവചനം നിമിത്തം രഥം തന്റേതാണെന്നുള്ള കരുതലോടെ അന്യന്റേതാണെന്നുള്ള മിഥ്യാവചനം പറയുക കാരണം, വസുമനസ്സ്‌ ഇറങ്ങേണ്ടി വരും,

അവന്‍ പറഞ്ഞു: ആട്ടെ! ഇനി ഒരാള്‍ക്കേ പൊയ്ക്കൂടു എങ്കില്‍ ആരിറങ്ങും?

നാരദന്‍ പറഞ്ഞു ശിബി പോകും! ഞാന്‍ ഇറങ്ങും.

അവന്‍ പറഞ്ഞു: അതിനെന്താണു കാരണം?

നാരദന്‍ പറഞ്ഞു: ഈ ഞാന്‍ ശിബിയോടു തുലൃനല്ല. അതു തന്നെയാണു കാരണം. ഞാന്‍ അദ്ദേഹത്തോടു തുല്യനല്ലെന്നുള്ളതു തെളിയിക്കാം.

ഒരു ദിവസം ഒരു ബ്രാഹ്മണന്‍ ശിബിയുടെ സമീപത്തു ചെന്നു പറഞ്ഞു: ശിബിരാജാവേ, ഞാന്‍ അന്നം കൊതിച്ചു വന്നവനാണ്‌. എനിക്ക്‌ ആഗ്രഹമുള്ള ഭക്ഷണം തരണം.

ശിബി പറഞ്ഞു: എന്ത്‌ അന്നമാണ്‌ തയ്യാറാക്കേണ്ടത്‌? പറയൂ! ആഗ്രഹമുള്ളതു തരാം.

ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ! അങ്ങയുടെ പുത്രനായ ബൃഹദ്ഗര്‍ഭനില്ലേ? അവനെ അറുത്ത്‌ അവന്റെ മാംസം പാകം ചെയ്തു വയ്ക്കുക. ഊണു തയ്യാറാകുമ്പോഴേക്കും ഞാന്‍ എത്തിക്കൊള്ളാം.

ശിബി ബ്രാഹ്മണന്റെ ആഗ്രഹം സാധിപ്പിക്കാന്‍ തന്നെ തീര്‍ച്ചയാക്കി. തന്റെ പുത്രനെ അറുത്തു പാകം ചെയ്തു വിധിപോലെ പാത്രത്തിലാക്കി. ബ്രാഹ്മണന്റെ വരവു കാണുന്നില്ല. അവന്‍ അന്നം തലയിലേറ്റി ബ്രാഹ്മണനെ തിരഞ്ഞു നടന്നു. രാജാവു താന്‍ തന്നെ ഇപ്രകാരം തിരഞ്ഞു നടക്കുമ്പോള്‍ ഒരാള്‍ പറഞ്ഞു: "ഇതാ ഭവാന്‍ അന്വേഷിക്കുന്ന ബ്രാഹ്മണന്‍ നഗരത്തില്‍ കടന്നു കോപത്തോടു കൂടി അവിടെയുള്ള ഗൃഹങ്ങളും, ഭണ്ഡാര സ്ഥാനങ്ങളും, ആയുധശാലയും, അന്തഃപുരവും, അശ്വശാലയും, ഗജശാല മുതലായവയും ചുട്ടെരിക്കുന്നു".

ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ശിബിക്ക്‌ ഒരു ഭാവമാറ്റവും മുഖത്തുണ്ടായില്ല. യാതൊരു മുഖവികാരവും കൂടാതെ ശിബി നഗരത്തില്‍ കടന്ന്‌ ആ ബ്രാഹ്മണനെ കണ്ട്‌ ഇപ്രകാരം പറഞ്ഞു; "ഭഗവാനേ! അന്നമുണ്ടാക്കി കഴിഞ്ഞു".

ബ്രാഹ്മണന്‍ ശിബി പറഞ്ഞതിനെ കേട്ടുവെങ്കിലും ഒന്നും മിണ്ടിയില്ല. ശിബി വിസ്മയത്തോടെ തലതാഴ്ത്തി, വീണ്ടും പറഞ്ഞു: "ഭഗവാനേ! ഊണു തയ്യാറാക്കി ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ഉണ്ടാലും!", എന്നു പറഞ്ഞു ബ്രാഹ്മണനെ പ്രസാദിപ്പിച്ചു. മുഹൂര്‍ത്ത നേരം കഴിഞ്ഞു ബ്രാഹ്മണന്‍ തലപൊക്കി നോക്കി, ശിബിയോടു പറഞ്ഞു: "രാജാവേ! അങ്ങു തന്നെ ഇപ്പോള്‍ അതു ഭക്ഷിക്കൂ.".

"ഓ! അങ്ങനെയാകാം" എന്നു പറഞ്ഞ്‌ ശിബി വൈമനസ്യം കൂടാതെ പൂജിച്ച്‌, തലയോടു നീക്കിവെച്ച്‌, ഭക്ഷിക്കുവാന്‍ ഭാവിച്ചു. ഉടനെ ബ്രാഹ്മണന്‍ അവന്റെ കൈയ്ക്കു പിടിച്ചു പറഞ്ഞു: "മഹാനുഭാവാ! അങ്ങുന്നു ക്രോധത്തെ ജയിച്ചിരിക്കുന്നു. ബ്രാഹ്മണര്‍ക്കു വേണ്ടി ഉപേക്ഷിക്കുവാന്‍ വയ്യാത്തതായി ഒന്നും തന്നെ അങ്ങേയ്ക്കില്ല. എന്നു പറഞ്ഞ്‌ ബ്രാഹ്മണന്‍ ആ മഹാഭാഗനെ ബഹുമാനിച്ചു. ഉടനെ ശിബി നോക്കുമ്പോള്‍ തന്റെ പുത്രന്‍ ദേവകുമാരനെപ്പോലെ പുണ്യ സൗരഭ്യത്തോടു കൂടി അലങ്കരിച്ചു മുമ്പില്‍ നിൽക്കുന്നു! ഇങ്ങനെയെല്ലാം ചെയ്ത്‌ ആ ബ്രാഹ്മണന്‍ മറഞ്ഞു. ആ രാജര്‍ഷിയെ പരീക്ഷിക്കുവാന്‍ ബ്രഹ്മാവ്‌ ബ്രാഹ്മണവേഷത്തില്‍ വന്നതായിരുന്നു.

ആ ബ്രാഹ്മണന്‍ മറഞ്ഞതിന് ശേഷം മന്ത്രിമാര്‍ രാജാവിനോടു ചോദിച്ചു: എന്തുദ്ദേശിച്ചിട്ടാണ്‌ ഭവാന്‍ അറിഞ്ഞും കൊണ്ട്‌ ഇങ്ങനെ ചെയ്തത്‌?

ശിബി പറഞ്ഞു: കീര്‍ത്തിക്കു വേണ്ടിയോ, ധനത്തിനു വേണ്ടിയോ, സുഖമാഗ്രഹിച്ചോ അല്ല ഞാന്‍ ദാനം ചെയ്യുന്നത്‌. അതു പാപം പറ്റാത്ത മാര്‍ഗ്ഗമാണ്‌ എന്നറിഞ്ഞിട്ടാണ്‌. ഞാന്‍ പാപം പറ്റാത്ത ആ മാര്‍ഗ്ഗം സ്വികരിച്ചു! സത്തുക്കള്‍ എന്നും ചെയ്യാറുള്ള പ്രവൃത്തിയാണല്ലോ പ്രശസ്തമായത്‌. അതു കൊണ്ട്‌ എന്റെ ബുദ്ധി എപ്പോഴും പ്രശസ്തത്തിലേ ചെല്ലുന്നുള്ളു.

ഇതാണ്‌ ശിബിയുടെ ശരിയായ മഹത്വം. രാജാക്കന്മാരുടെ മഹാഭാഗത്വം ശരിക്ക്‌ അറിഞ്ഞവനാണു ഞാന്‍.

199. ഇന്ദ്രദ്യുമ്നോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: മഹര്‍ഷിമാരും പാണ്ഡവന്മാരും മാര്‍ക്കണ്ഡേയനോടു ചോദിച്ചു: അങ്ങയേക്കാള്‍ മുമ്പുണ്ടായതായി വല്ലവനുമുണ്ടോ? ഈ ചോദ്യം കേട്ട്‌ മാര്‍ക്കണ്ഡേയന്‍ പറഞ്ഞു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇന്ദ്രദ്യുമ്നന്‍ എന്നു പേരായി ഒരു രാജര്‍ഷിയെ പറ്റി ഞാന്‍ പറയാം. അദ്ദേഹം പുണ്യം ക്ഷയിക്കുകയാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു താഴെ വീണു. തന്റെ കീര്‍ത്തി നശിച്ചു പോയല്ലോ എന്നു വിചാരിച്ചു വൃസനത്തോടെ അവന്‍ എന്റെ അടുത്തു വന്ന്‌ എന്നോടു ചോദിച്ചു: "ഭവാന്‍ എന്നെ അറിയുമോ?". ഞാന്‍ അവനോടു പറഞ്ഞു: "വ്യാസഗൃഹത്തില്‍ പാര്‍ക്കുന്നവരും ഒരു രാത്രി മാത്രം ഒരു ഗ്രാമത്തില്‍ കഴിച്ചു കൂട്ടുന്നവരുമായ ഞങ്ങള്‍ പുണ്യകൃത്യ വ്യാകുലത്വം കൊണ്ട്‌ അങ്ങയെ അറിയുന്നില്ല. ആത്മാര്‍ത്ഥമായ അനുഷ്ഠാനമുണ്ടെങ്കിലും തപസ്സു കൊണ്ടു ദേഹം തപിപ്പിച്ചിട്ട്‌, ആത്മാര്‍ത്ഥാ നുഷ്ഠാനത്തിന് അതീതമായ അനാഗത ജ്ഞാനത്തിന് ചെലവഴിക്കുകയുമില്ല".

ഹിമാലയത്തിന്റെ മുകളില്‍ പ്രാവാത കര്‍ണ്ണന്‍ എന്നുപേരായ ഒരു കൂമന്‍ പാര്‍ക്കുന്നുണ്ട്‌. അവന്‍ എന്നേക്കാള്‍ ചിരംജീവിയാണ്‌, അവന്‍ അങ്ങയെ അറിഞ്ഞു എന്നു വരാം. ഹിമാലയം ഇവിടെ നിന്നു വളരെ ദൂരെയാണ്‌. അവന്‍ അവിടെയാണ്‌ ഇരിക്കുന്നതും.

ഉടനെ അവന്‍ കുതിരപ്പുറത്ത്‌ എന്നേയും കയറ്റി ആ കൂമനിരിക്കുന്ന ഇടത്തേക്കു കൊണ്ടു പോയി. അദ്ദേഹം കൂമന്റെ അടുത്തു ചെന്നു ചോദിച്ചു: "അങ്ങുന്ന്‌ എന്നെ അറിയുമോ?". ആ കൂമന്‍ മുഹൂര്‍ത്ത നേരം ആലോചിച്ചിട്ടു പറഞ്ഞു: "ഞാന്‍ അങ്ങയെ ഓര്‍ക്കുന്നില്ല. അറിയുന്നില്ല". ഇതുകേട്ട്‌ ഇന്ദ്രദ്യുമ്ന രാജര്‍ഷി ആ കൂമനോടു വിണ്ടും ചോദിച്ചു: "ഭവാനേക്കാള്‍ ചിരംജീവിയായി വല്ലവനും ഭൂമിയിലുണ്ടോ?".

കൂമന്‍ പറഞ്ഞു: ഇന്ദ്രദ്യുമ്നം എന്നു പേരായ ഒരു സരസ്സുണ്ടല്ലോ. അവിടെ നാഡീജംഘന്‍ എന്നുപേരായ ഒരു കൊക്ക്‌ ഇരിക്കുന്നുണ്ട്‌. അവന്‍ എന്നേക്കാള്‍ മുമ്പ്‌ ഉണ്ടായവനാണ്‌. അവനോടു ചോദിച്ചുനോക്കൂ!

പിന്നെ ഇന്ദ്രദ്യുമ്നന്‍ എന്നേയും കുമനേയും എടുത്ത്‌ നാഡീജംഘന്‍ എന്ന കൊക്ക്‌ അധിവസിക്കുന്ന തടാകത്തിലെത്തി. "അങ്ങുന്ന്‌ ഈ ഇന്ദ്രദ്യുമ്ന രാജാവിനെ അറിയുമോ?", എന്നു ഞങ്ങള്‍ അവനോടു ചോദിച്ചു. അവന്‍ അല്പം ആലോചിച്ചിട്ടു പറഞ്ഞു: ഞാന്‍ ഇന്ദ്രദ്യുമ്ന രാജാവിനെ അറിയുകയില്ല. ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ അവനോടു ചോദിച്ചു: "അങ്ങയേക്കാള്‍ ചിരംജീവിയായി ലോകത്തില്‍ വല്ലവരുമുണ്ടോ?". അവന്‍ ഞങ്ങളോടു പറഞ്ഞു: "ഈ സരസ്സില്‍ അകൂപാരന്‍ എന്നു പേരായി ഒരു ആമയുണ്ട്‌. അവന്‍ എന്നേക്കാള്‍ വളരെ മുമ്പുണ്ടായവനാണ്‌. ഈ രാജാവിനെ അവന്‍ ഒരു സമയം അറിഞ്ഞേക്കും. ആ അകൂപാര കൂര്‍മ്മത്തെ കണ്ടു ചോദിച്ചു നോക്കുവിന്‍!".

പിന്നെ ആ ബകം അകൂപാര കൂര്‍മ്മത്തെ വിവരം അറിയിച്ചു: "ഞങ്ങള്‍ക്ക്‌ അങ്ങയോട്‌ ഒരു കാര്യം ചോദിക്കുവാനുണ്ട്‌. ഇവിടേക്ക്‌ ഒന്നുവന്നാല്‍ കൊള്ളാം".

ഈ വാക്കുകേട്ട ആമ സരസ്സില്‍ നിന്നു പൊങ്ങി. സരസ്സിന്റെ തീരത്തില്‍ ഞങ്ങള്‍ നിൽക്കുന്നേടത്തേക്കു വന്നു. ഞങ്ങള്‍ അവനോടു ചോദിച്ചു: "ഭവാന്‍ ഇന്ദ്രദ്യുമ്ന രാജാവിനെ അറിയുമോ?".

അവന്‍ രാജാവിനെ കണ്ടു മുഹൂര്‍ത്ത നേരം ധ്യാനിച്ചു. കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ധാരയായി ഒഴുകി. അവന്‍ നടുങ്ങി വിറച്ചു ബോധഹീനനാകുന്ന മട്ടിലായി. അവന്‍ തൊഴുകൈയോടെ പറഞ്ഞു: "ഞാന്‍ ഇദ്ദേഹത്തെ അറിയാതിരിക്കുമോ? ഇദ്ദേഹം ഇവിടെ ചൈത്യങ്ങളില്‍ അനേകം യൂപങ്ങള്‍ നാട്ടീട്ടുണ്ട്. ഈ സരസ്സ് തന്നെ ഇദ്ദേഹം ദാനം ചെയ്ത ഗോക്കള്‍ കടന്നു പോയ പാദാഘാതമേറ്റ്‌ ഉണ്ടായതാണ്‌. ഇവിടെയാണ്‌ ഞാന്‍ ചിരകാലമായി പാര്‍ത്തു വരുന്നതും".

കൂര്‍മ്മം ഇപ്രകാരം പറയുന്നത്‌ ഞങ്ങള്‍ കേട്ടു നിൽക്കുമ്പോള്‍ ദേവലോകത്തു നിന്നു ദേവരഥം ഇറങ്ങി വന്നു. ഇന്ദ്രദ്യുമ്നനോടായി ഇപ്രകാരം പറയുന്ന ശബ്ദം കേട്ടു: "അങ്ങയ്ക്കു സ്വര്‍ഗ്ഗം വീണ്ടും ലഭിച്ചിരിക്കുന്നു. ഉചിതം പോലെയുള്ള സ്ഥാനം സ്വീകരിച്ചാലും. കീര്‍ത്തിമാനായി യാതൊരു വൃഗ്രതയും കൂടാതെ പുറപ്പെട്ടാലും! ഇതിനെ പറ്റി ഒരു ഗാനം ഇന്നും പാടിവരുന്നുണ്ട്‌.".

പുണ്യത്താല്‍ കീര്‍ത്തി പരക്കും, അത്‌ മന്നിലും വിണ്ണിലുമെത്തും.

എത്രനാള്‍ കീര്‍ത്തി നിന്നീടും മന്നില്‍, അത്രനാള്‍ സ്വര്‍ഗ്ഗത്തില്‍ വാഴും.

ദുഷ്കീര്‍ത്തി എത്ര നാള്‍ നിൽക്കും, അവനത്ര നാൾ ദുര്‍ഗ്ഗതി പറ്റും.

സല്‍ഗതി നേടുവാന്‍ നിങ്ങള്‍ നിത്യം സദ് ധര്‍മ്മം ആശ്രയിച്ചാലും!

ഇതുകേട്ട്‌ രാജാവു പറഞ്ഞു: നില്‍ക്കൂ! ഈ വൃദ്ധന്മാരെ ഞാന്‍ അവരുടെ സ്ഥാനങ്ങളില്‍ കൊണ്ടു വിടുന്നതു വരെ നിൽക്കുക! ആ രാജാവ്‌ എന്നേയും പ്രാവാര കര്‍ണ്ണനെന്ന കൂര്‍മ്മത്തേയും യഥോചിതം യഥാസ്ഥാനം കൊണ്ടു ചെന്നാക്കിയിട്ട്‌, ആ ദേവ വാഹനത്തില്‍ കയറി യഥോചിതം സ്വര്‍ഗ്ഗസ്ഥാനം പ്രാപിക്കുകയും ചെയ്തു. ചിരംജീവിയായ ഞാന്‍ ഇതു കണ്ട്‌ അനുഭവിച്ചിട്ട് ഉള്ളവനാണ്‌ എന്ന് പാണ്ഡവന്മാരോടു പറഞ്ഞു.

പാണ്ഡവന്മാര്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ നിന്നു വീണ്ടും ഭൂമിയില്‍ പതിച്ച ഇന്ദ്രദ്യുമ്ന രാജാവിനെ സ്വസ്ഥാനത്തു തന്നെ ഭവാന്‍ എത്തിച്ചത്‌ എത്രയും നന്നായി!

പിന്നെയും മാര്‍ക്കണ്ഡേയന്‍ അവരോടു പറഞ്ഞു: ഈ ദേവകീ പുത്രനായ കൃഷ്ണനും നരകത്തില്‍ മുങ്ങി പോയ നൃഗരാജര്‍ഷിയെ ആ കുൃച്ഛ്റത്തില്‍ നിന്നു കയറ്റി സ്വര്‍ഗ്ഗത്തില്‍ കരേറ്റിയിട്ടുണ്ട്‌.

200. ദാനമാഹാത്മ്യം - വൈശമ്പായനൻ പറഞ്ഞു: രാജര്‍ഷിയായ ഇന്ദ്രദ്യുമ്നന് അപ്രകാരം സ്വര്‍ഗ്ഗ സമര്‍പ്പണം വീണ്ടും സിദ്ധിച്ചത്‌ മാര്‍ക്കണ്ഡേയനില്‍ നിന്നു യുധിഷ്ഠിരന്‍ കേട്ടപ്പോള്‍ വീണ്ടും അദ്ദേഹത്തോടു യുധിഷ്ഠിരന്‍ ചോദിച്ചു: "മഹര്‍ഷേ! ഏതേത്‌ അവസ്ഥയില്‍ ദാനം ചെയ്താല്‍ പുരുഷന്‍, ശക്രലോകത്തെ നേടും? ഗൃഹസ്ഥനിലയില്‍, ബാലനിലയില്‍, യുവത്വനിലയില്‍, വൃദ്ധനിലയില്‍ ഇങ്ങനെ വൃത്യസ്ത നിലകളില്‍ ഫലഭോഗങ്ങള്‍ എന്തൊക്കെയാണെന്നു പറയണേ!"

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! പറയാം, കേട്ടു കൊള്ളുക:

പാഴ്‌ ജന്മം നാലാണ്‌; പാഴ്‌ ദാനം പതിനാറാണ്‌. ജന്മം പാഴായിട്ടുള്ളത്‌ ആര്‍ക്കെന്നു പറയാം. പുത്രനില്ലാത്തവന്റേയും ധര്‍മ്മമില്ലാത്തവന്റേയും പരാന്നത്തെ ഉണ്ടു ജീവിക്കുന്നവന്റേയും തനിക്കു വേണ്ടി മാത്രം വെച്ചു തിന്നു ജീവിക്കുന്നവന്റേയും, ഇങ്ങനെ നാലു കൂട്ടരുടേയും ജന്മം പാഴാണ്‌.

ഇനി പാഴായ ദാനങ്ങളെ പറയാം. ഏതു ദാനത്തില്‍ ആദ്യം ഭുജിക്കുന്നുവോ ആ ദാനം നിഷ് ഫലമായ ദാനമാണ്‌. നൈഷ്ഠിക ഭ്രഷ്ടനില്‍ ചെയ്യുന്ന ദാനം നിഷ് ഫലമാണ്‌. അന്യായമായി ആര്‍ജ്ജിച്ച മുതല്‍ ദാനം ചെയ്യുന്നതില്‍ പുണ്യമില്ല. പതിതന്മാര്‍ക്കു ചെയ്യുന്ന ദാനവും പാഴിലാണ്‌. കള്ള ബ്രാഹ്മണന് കൊടുക്കുന്ന ദാനം കൊണ്ടു യാതൊരു പുണ്യവും ലഭിക്കുന്നതല്ല. ഗുരുവിനെ വഞ്ചിക്കുന്നവന് ദാനം ചെയ്തിട്ടു ഫലമില്ല. പാപിക്കും, കൃതഘ്നനും, ഗ്രാമയാജകനും, വേദം വിൽക്കുന്നവനും, ശൂദ്രപാചകര്‍ക്കും, വിപ്രാഭാസന്‍മാര്‍ക്കും, വൃഷലീകാന്തന്നും, സ്ത്രീകള്‍ക്കും, പാമ്പുപിടത്തക്കാരനും, പരിചാരകന്മാര്‍ക്കും നല്കുന്ന ദാനം ഫലമില്ലാത്ത ദാനമാണ്‌. ഇങ്ങനെ പതിനാറു വിധം ദാനങ്ങളും നിഷ് ഫലമാണ്‌.

തമസ്സില്‍ നിന്നും, ക്രോധത്തില്‍ നിന്നും, ഭയത്തില്‍ നിന്നും രക്ഷ നല്കുന്നതായ ദാനത്തിന്റെ ഫലം ഗര്‍ഭസ്ഥരായ സന്താനങ്ങള്‍ക്കും ലഭിക്കുന്നതാണ്‌. വിപ്രന്മാര്‍ക്കു നല്കുന്ന ദാനത്തിന്റെ ഫലം വൃദ്ധനായ നരന് ലഭിക്കും. സ്വര്‍ഗ്ഗമാര്‍ഗ്ഗ ജയാകാംക്ഷിയായ നരന്‍ സര്‍വ്വ അവസ്ഥയിലും സര്‍വ്വവിധ ദാനങ്ങളും ബ്രാഹ്മണര്‍ക്കാണു നല്കേണ്ടത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, മഹര്‍ഷേ! ചാതുര്‍ വര്‍ണ്യത്തിനൊക്കെ പ്രതിഗ്രഹികളായ വിപ്രന്മാര്‍ വിശേഷിച്ച്‌ എന്തു കൊണ്ടാണ്‌ മാര്‍ഗ്ഗം തരണം ചെയ്യിക്കുന്നത്‌?

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ജപം, മന്ത്രം, ഹോമം, സ്വാദ്ധ്യായമുറ മുതലായവ കൊണ്ടു വേദത്തെ തോണിയാക്കി സംസാര സമുദ്രത്തെ തരണം ചെയ്യുന്നു. ദേവകള്‍ ബ്രാഹ്മണ പ്രീതി ചെയ്യുന്നവരില്‍ പ്രീതരാകുന്നു. വിപ്രന്മാരുടെ അനുഗ്രഹ വാക്കുകളാലും സ്വര്‍ഗ്ഗ പ്രാപ്തരാകും. പിതൃ ദേവാര്‍ച്ചനകളാലും, ബ്രാഹ്മണാര്‍ച്ചനയാലും അനന്തമായ പുണ്യലോകം ഭവാന്‍ അണയും. പുണ്യമായ സ്വര്‍ഗ്ഗത്തെ അര്‍ത്ഥിക്കുന്നവന്‍, രോഗിയായും, ബോധഹീനനായും, കഫാദിവ്യാപ്തനായും, മരിക്കാറായവനുമായ ബ്രാഹ്മണനെ ശുശ്രൂഷിക്കട്ടെ. ശ്രാദ്ധത്തില്‍ ശ്രദ്ധയോടു കൂടെ അഗര്‍ഹിതരായ ബ്രാഹ്മണരെ ഊട്ടണം. പാണ്ടുള്ളവരും, കുഷ്ഠരോഗമുള്ളവരും, ചതിയന്മാരും, കുണ്ഡഗോളകന്മാരും, വില്ലുമമ്പുമേന്തി നടക്കുന്ന കൂട്ടരും ജുഗുപ്സിതന്മാരാണ്‌. അവരെയൊന്നും വിളിച്ചു ശ്രാദ്ധത്തില്‍ ഊട്ടരുത്‌. അഗ്നി വിറകിനെ എന്നവിധം ശ്രാദ്ധത്തെ ചുട്ടുകളയും. ശ്രാദ്ധത്തിന് ചെകിടു പൊട്ടന്മാരും കുരുടന്മാരും ഊമകളും പറ്റുകയില്ല. എന്നാൽ വേദപാരംഗതന്മാരായ ബ്രാഹ്മണര്‍ക്ക്‌ ഇവരെയൊക്കെ കൂടെ ചേര്‍ക്കാം.

പ്രതിഗ്രഹം കൊടുക്കേണ്ടത്‌ ആര്‍ക്കൊക്കെയാണെന്നും പറയാം. ദാതാവിനേയും തന്നേയും തരണം ചെയ്യുവാനാണല്ലോ ദാനം. എല്ലാ ആഗമവും അറിയുന്ന ശക്തനായ ദ്വിജന്നാണ് ദാനം നല്കേണ്ടത്‌. അവന്നേ ദാതാവിനേയും തന്നേയും തരണം ചെയ്യിക്കുവാന്‍ കഴിയുകയുള്ളു. ഹവിസ്സ്‌, ഹോമം, ചന്ദനം, പൂവ്‌ ഇവ കൊണ്ടു മാനികള്‍ അതിഥി ഭോജനം പോലെ നന്ദിക്കുകയില്ല. അതു കൊണ്ട്‌ ഹേ, പാര്‍ത്ഥാ! നീ അതിഥികളെ ഭോജനം കൊണ്ടു സല്‍കരിക്കുവാന്‍ ഒരുങ്ങുക.

അതിഥികള്‍ക്ക്‌ കാല്‍ കഴുകുവാന്‍ ജലം നല്കുക. കാൽക്കല്‍ നെയ്യും, വിളക്കും, ഇരിപ്പിടവും നല്കുന്ന ആതിഥേയന്‍ ഒരിക്കലും യമസന്നിധിയില്‍ എത്തുകയില്ല. ദേവന് അര്‍ച്ചിച്ച നിര്‍മ്മാല്യങ്ങള്‍ മാറ്റുക. വിപ്രന്മാര്‍ കഴിച്ച ഉച്ഛിഷ്ടം കഴുകി തുടച്ചു വൃത്തിയാക്കുക, വസ്ത്രമാല്യാദികള്‍ ദാനം ചെയ്തു കൊണ്ടുള്ള ശുശ്രൂഷ ചെയ്യുക, ദേഹം തലോടിക്കൊടുക്കുക ഇങ്ങനെയുള്ള ശുശ്രൂഷ ഓരോന്നും ഗോദാനത്തേക്കാള്‍ ഉത്തമമാണ്‌. കപിലധേനുവെ കൊടുത്താല്‍ മുക്തി ലഭിക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതു കൊണ്ട്‌ ബ്രാഹ്മണന അലങ്കരിച്ച പശുവിനെ നല്കണം. ഇനി ദാനം കൊടുക്കേണ്ട ബ്രാഹ്മണന്‍ എങ്ങനെ ഉള്ളവൻ ആയിരിക്കണം എന്നും ഞാന്‍ പറയാം. വേദജ്ഞനാകണം, അഗ്നിഹോത്രിയാകണം, ദരിദ്ര ഗൃഹസ്ഥനാകണം, പുത്രദാരാദികള്‍ ഉള്ളവനാകണം, ഇങ്ങോട്ട്‌ ഉപകാരം ചെയ്യുന്നവനാകരുത്. ഇങ്ങനെയുള്ളതൊക്കെ ചേര്‍ന്നവനായ ബ്രാഹ്മണനു കൊടുത്താലേ ഫലം സിദ്ധിക്കുകയുള്ളു. നേരെ മറിച്ച്‌ സമൃദ്ധര്‍ക്കു നല്കരുത്‌. സമൃദ്ധന്മാര്‍ക്കു കൊടുത്തിട്ടെന്തു കാര്യം?

ദാനം ചെയ്യുന്ന ഒന്ന്‌ ഒരുത്തന് മാത്രമായിരിക്കണം. പലര്‍ക്കും കൂടി ഒന്നിനെ ഒരിക്കലും ദാനം ചെയ്യരുത്‌. അങ്ങനെ പലര്‍ക്കു കൂടി ഒരു പത്തു പശുവിനെ ദാനം ചെയ്താല്‍ പുണ്യമല്ല, പാപമാണ്‌ സിദ്ധിക്കുക. അങ്ങനെ പലര്‍ക്കും കൂടി ദാനം ചെയ്ത പശുവിനെ വിറ്റാല്‍ കൊടുത്തവന് മൂന്നു തലമുറ വംശം മുടിയും. ബ്രാഹ്മണന് ദോഷമൊന്നും ബാധിക്കയില്ല. വിശുദ്ധമായ സ്വര്‍ണ്ണം സുവര്‍ണ്ണത്തൂക്കം നല്കിയാല്‍ അവന് സുവര്‍ണ്ണശതകം ശാശ്വതമായി നല്കിയ ഫലം ലഭിക്കും. ശക്തിയുള്ളവനും, ഭാരം വഹിക്കുന്നവനും ആയ കൂറ്റനായ കാളയെ നല്കിയാല്‍ അവന്‍ ദുര്‍ഗ്ഗം കടന്ന്‌ സ്വര്‍ഗ്ഗലോകത്തിൽ എത്തും. വിദ്വാനായ ബ്രാഹ്മണന് ഭൂദാനം ചെയ്താല്‍ കൊടുത്തവന് ഇച്ഛിക്കുന്ന കാമങ്ങളൊക്കെ ലഭിക്കും. ആരാണ്‌ മഹാകര്‍മ്മം ചെയ്തതെന്ന്‌ പലരും അന്വേഷിക്കും. പലരും അതിനെ പറ്റി പ്രശംസിക്കുകയും ചെയ്യും.

പൊടി കാലില്‍പ്പുരണ്ടു നടന്നു തളര്‍ന്നെത്തുന്ന വഴിപോക്കരോട്‌ അവിടെ വിശ്രമിച്ച്‌ അവിടെച്ചെന്ന്‌ ഊണു കഴിച്ചു പോകാം എന്നു ചുണ്ടിക്കാട്ടി പറഞ്ഞു കൊടുക്കുന്ന ബുധന്മാര്‍, ഊട്ടു കാട്ടിക്കൊടുക്കുന്നവര്‍, അന്ന ദാതാവിന് തുല്യന്മാരാണ്‌. അതില്‍ യാതൊരു സംശയവുമില്ല. ഹേ, യുധിഷ്ഠിരാ! അതു കൊണ്ടു ഭവാന്‍ മറ്റു ദാനങ്ങളൊക്കെ വിട്ട് ചോറു ദാനം ചെയ്യുക. അന്നദാനത്തേക്കാള്‍ വലിയ പുണ്യദാനമില്ല.

യഥാശക്തി വിപ്രന്മാര്‍ക്കു സൽക്കാര പൂര്‍വ്വം അന്നം നല്കിയാല്‍ ആ കര്‍മ്മം കൊണ്ട്‌ അവന്‍ ബ്രഹ്മസാലോക്യത്തെ അണയും. അതു കൊണ്ട്‌ ഏറ്റവും ശ്രേഷ്ഠമായത്‌ അന്നദാനമാകുന്നു. അതിനേക്കാള്‍ മേലെ മറ്റൊന്നില്ല. ഇങ്ങനെ ഒരു ചൊല്ലുണ്ട്‌:

അന്നമെന്നതു പ്രജാപതിയാണ്‌. അത്‌ സംവത്സരമാണ്‌. സംവത്സരം യജ്ഞമാണ്‌. എല്ലാം യജ്ഞത്തില്‍ പ്രതിഷ്ഠിതമാണ്‌. എല്ലാ ചരങ്ങളും എല്ലാ പ്രാണികളും അതില്‍ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. അതു കൊണ്ടു സര്‍വ്വോപരി പ്രാധാന്യം അന്നത്തിനു തന്നെ!

ധാരാളം വെള്ളമുള്ള വാപികള്‍, കൂപങ്ങള്‍ സത്രാവസ്ഥ സ്ഥലങ്ങള്‍, അന്നദാനം, പ്രിയ വാക്കുകള്‍ ഇവയുള്ള നരന്മാര്‍ക്ക്‌ യമന്റെ മുമ്പില്‍ച്ചെന്ന്‌ കണക്കു പറയേണ്ടതായി വരികയില്ല.

താന്‍ ബുദ്ധിമുട്ടി അദ്ധ്വാനിച്ചുണ്ടാക്കിയ ദ്രവ്യം കൊടുത്തു ധാന്യം വാങ്ങി സുശീലവാന്മാരായ ദ്വിജന്മാര്‍ക്ക്‌ അന്നദാനം ചെയ്താല്‍ അവന്റെ നേരെ ഭൂമി അനുഗ്രഹിച്ച്‌ ധാരാളം വിത്തം ജലധാര പോലെ വര്‍ഷിക്കുന്നതാണ്‌.

അന്നദാതാക്കള്‍ മുമ്പെ നടക്കും. സത്യം ചൊല്ലുന്നവന്‍ അതിന്റെ പിമ്പെ നടക്കും. ചോദിക്കാതെ തന്നെ നല്‍കുന്നവന്‍ അവരുടെയൊക്കെ ഒപ്പം പോകും. ഇങ്ങനെ മൂന്നു പേര്‍ക്കും ഫലം ഒപ്പമാണ്‌.

വൈശമ്പായനൻ പറഞ്ഞു: പിന്നെ യുധിഷ്ഠിരന്‍ അനുജന്മാരോടു കൂടെ കൗതൂഹലത്തോടു കൂടി മഹാശയനായ മാര്‍ക്കണ്ഡേയനോടു വീണ്ടും ചോദിച്ചു

ഹേ മഹര്‍ഷേ, യമലോകത്തിലേക്കുള്ള മാര്‍ഗ്ഗം എങ്ങനെ? മനുഷ്യന് പോകാന്‍ വിഷമം എത്രത്തോളമുണ്ട്‌? ഏതു വിധമാണ്‌? എത ക്രണ്ടു വിസ്താരമുള്ളതാണ്‌? പ്രയാസമുള്ളതാണ്‌? എന്തുപായം കൊണ്ടാണ്‌ ആ മാര്‍ഗ്ഗം മനു കടക്കുന്നത്‌? ഭവാന്‍ വിസ്തരിച്ചു പറഞ്ഞാലും!

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഈ കാര്യം എല്ലാറ്റിലും ഗൂഢമായിട്ടുള്ളതാണ്‌. ഋഷിസ്തുതമാ യിട്ടുള്ളതാണ്‌. വിശുദ്ധവുമാണ്‌. ഹേ ധര്‍മ്മജ്ഞാ! ഈ ചോദ്യത്തിന്റെ ഉത്തരം പറയാം:

മര്‍ത്തൃര്‍ക്കു പോകേണ്ട മാര്‍ഗ്ഗം യമലോകത്തേക്ക്‌ എണ്‍പതിനായിരം യോജനയാണ്‌. അതാണ്‌ മനുഷ്യ ലോകവുമായിട്ടുള്ള അന്തരം. ആ മാര്‍ഗ്ഗം ആകാശവും, വെള്ളവുമില്ലാത്തതും, ഉഗ്രമായ കാടുപോലെ ഉള്ളതുമാണ്‌. അതില്‍ മരങ്ങളുടെ നിഴല്‍ പോലുമില്ല. കുടിയിടങ്ങളുമില്ല. യമദൂതന്മാര്‍ യമകല്പനയാല്‍ ബലമായി പിടിച്ചു കൊണ്ടു പോകുന്ന മനുഷ്യര്‍ക്ക്‌ മാര്‍ഗ്ഗക്ലേശം തീര്‍ക്കുവാന്‍ യാതൊരു ആശ്രയവുമില്ല. ആണുങ്ങളേയും പെണ്ണുങ്ങളേയുമൊക്കെ ഈ വഴിക്കു തന്നെ കൊണ്ടു പോകും. എന്നാൽ മനുഷ്യന്‍ ജീവിക്കുന്ന കാലത്ത്‌ ബ്രാഹ്മണര്‍ക്ക്‌ നാനാമട്ടില്‍ അശ്വങ്ങള്‍ മുതലായവയെ ദാനം ചെയ്തിട്ടുണ്ടെങ്കില്‍ ഈ മാര്‍ഗ്ഗത്തില്‍ അശ്വങ്ങളില്‍ കയറി പോകുവാന്‍ അവന് സാധിക്കും. കുട ദാനം ചെയ്തവന് കുടയാല്‍ വെയില്‍ കൊള്ളാതെ പോകുവാന്‍ കഴിയും. അന്നം ദാനം ചെയ്തവന്‍ തൃപ്തനായി പോകും. അന്നം ദാനം ചെയ്യാത്തവന്‍ അതൃപ്തനായും പോകും. വസ്ത്രം ദാനം ചെയ്തവന്‍ വസ്ത്രം ഉടുത്തു പോകും. വസ്ത്രം ദാനം ചെയ്യാത്തവന്‍ വസ്ത്രം ഇല്ലാതെ പോകും. സ്വര്‍ണ്ണം ദാനം ചെയ്തവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചു നടന്നു പോകും. ഭൂമി ദാനം ചെയ്തവര്‍ എല്ലാ കാമ സുഖങ്ങളോടും കൂടി പോകും. സസ്യം നല്കിയ മാനവന്മാര്‍ ക്ലേശം കൂടാതെ പോകും. ഗൃഹം ദാനം ചെയ്തവര്‍ സുഖമായി വിമാനത്തില്‍ കയറിപ്പോകും. ദാഹമില്ലാതെ ആനന്ദത്തോടെ പോകും വെള്ളം കൊടുത്തവര്‍. വിളക്കു ദാനം ചെയ്തവര്‍ മാര്‍ഗ്ഗം പ്രകാശിപ്പിച്ച്‌ സൗഖ്യമായി പോകും. ഗോദാനം ചെയ്തവര്‍ പാപമൊന്നും കൂടാതെ സുഖമായി പോകും. ഒരു മാസം ഉപവസിച്ചവര്‍ ഹംസമുള്ള വിമാനത്തില്‍ കയറിപ്പോകും. ആറുദിവസം ഉപവസിച്ചവര്‍ മയിലുള്ള വിമാനത്തില്‍ കയറിപ്പോകും. ഒരു ഊണു കൊണ്ട്‌ മൂന്നു ദിവസം കഴിക്കുന്നവനും, ഇടയ്ക്കിടയ്ക്ക്‌ ഭക്ഷണം കഴിക്കാത്തവനും, ലോകമൊക്കെ അനാമയമായി തീരും. വെള്ളം കൊടുത്തവന് ദിവ്യഗുണം ചേര്‍ന്ന്‌ പ്രേതപുരത്തില്‍ സുഖമായിരിക്കാം.

അവര്‍ക്കു പുഷ്പോദകാ എന്നു പേരായ ഒരു മഹാനദിയുണ്ട്‌. അമൃതൊക്കുന്ന കുളുര്‍ ജലം അവര്‍ അമരാവതിയില്‍ കുടിക്കും. പാപം ചെയ്യുന്നവര്‍ക്കു കുടിക്കുവാന്‍ ചലമാണ്‌ കൊടുക്കുക. അങ്ങനെ എല്ലാ കാമങ്ങളും നല്കുന്നതാണ്‌ ആ നദി.

അതു കൊണ്ട്‌ ഹേ, യുധിഷ്ഠിരാ! ഭവാന്‍, വഴി നടന്നു തളര്‍ന്നു വരുന്നവനും, വിശക്കുന്നവനും, കാലില്‍. പൊടിപുരണ്ടവനും, ചോറിനു വേണ്ടി ആശിച്ച്‌ വീട്ടിൽ എത്തുന്നവനുമായ ബ്രാഹ്മണനെ സ്വീകരിച്ച്‌ ആദരിച്ചു പൂജിക്കുക. അവന്റെ കൂടെ ഇന്ദ്രാദിസുരന്മാർ ഒക്കെയുണ്ട്‌. അവനെ പൂജിച്ച്‌ ആഹാരം നല്കിയാല്‍ എല്ലാ ദേവന്മാരും പ്രീതരാകും. പൂജിക്കുന്നില്ലെങ്കില്‍ എല്ലാ ദേവന്മാരും നിരാശരുമാകും. അതു കൊണ്ട്‌ ഹേ, നൃപതേ! യഥാവിധി അത്തരക്കാരെ പൂജിക്കുക. ഞാന്‍ ഇത്‌ നൂറു വട്ടമായല്ലോ പറയുന്നു. ഇനി എന്താണ്‌ ഭവാനു കേള്‍ക്കേണ്ടത്‌?

യുധിഷ്ഠിരന്‍ പറഞ്ഞു: മഹര്‍ഷേ! ഇനിയും എനിക്ക്‌ ആഗ്രഹമുണ്ട്‌. ധര്‍മ്മ വൃത്താന്തങ്ങള്‍ കേള്‍ക്കുവാന്‍ ഹേ, ധര്‍മ്മജ്ഞാ! പുണ്യമായ വൃത്താന്തം അങ്ങു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ധര്‍മ്മത്തെ പറ്റി മറ്റൊന്നു ഞാന്‍ പറയാം. നീ അതിനെ നല്ലപോലെ മനസ്സ് വെച്ചു കേട്ടു കൊള്ളുക. അതു സര്‍വ്വ പാപഹരമാണ്‌.

ഭൂദേവന്മാരുടെ കാല്‍ കഴുകിച്ചാല്‍ കപിലാ ഗോവിനെ ജ്യേഷ്ഠപുഷ്കരത്തില്‍ കൊടുത്ത ഫലം സിദ്ധിക്കും. വിപ്രപാദോദകം കൊണ്ട്‌ ഭൂമി നനഞ്ഞാല്‍ പിതൃക്കള്‍ താമരയില കൊണ്ട്‌ വെള്ളം കുടിക്കും. സ്വാഗതം പറഞ്ഞാല്‍ അഗ്നിയുടെ തൃപ്തിയും, പീഠത്തിൽ ഇരുത്തിയാല്‍. ഇന്ദ്രന്റെ തൃപ്തിയും ലഭിക്കും. പാദശൗചത്താല്‍ പിതൃപ്രീതിയും, അന്നം മുതലായവ കൊടുത്താല്‍ ബ്രഹ്മതൃപ്തിയും ലഭിക്കും. പ്രസവത്തില്‍ കിടാവിന്റെ തലയോ കാലോ വെളിയില്‍ കണ്ടാല്‍ ഉടനെ മനഃശുദ്ധിയോടു കൂടി ഗോവിനെ നല്കണം. കിടാവ്‌ വാനിലായ വിധം യോനിയില്‍ കണ്ടാല്‍ ഒരു ഗോവിനെ ദേവന് ദാനം ചെയ്യാമെന്നു മനസ്സില്‍ വിചാരിക്കണം. ഗര്‍ഭം മോചിക്കുന്നതു വരെ ആ വിചാരം ഉള്ളിലുണ്ടാകണം. എന്നാൽ മോചിക്കും. യുധിഷ്ഠിരാ! ആ പശുവിനും കിടാവിനും എത്ര രോമമുണ്ടോ സ്വര്‍ഗ്ഗത്തില്‍ അത്രയുഗസഹ്രസം സല്‍കാരമേൽക്കുന്നതാണ്‌. സുവര്‍ണ്ണനാസയായി നല്ല ഭംഗിയുള്ള കുളമ്പോടു കൂടിയ കറുത്ത പശുവിനെ രത്നാലംകൃതയായി എള്ളു കൊണ്ടു മൂടി ദാനം ചെയ്യണം. പ്രതിഗ്രഹം വാങ്ങി ഉടനെ സാധുവിന് കൊടുത്താല്‍ ഫലങ്ങള്‍ക്കും ഫലം ആ ദാനം കൊണ്ടു നേടുന്നതാണ്‌. ആഴിയും, ഗുഹയും, കാടും, മേടും, കൂടിക്കലര്‍ന്ന്‌ നാലതിര്‍ത്തിയുള്ള ഭൂമി നിസ്സംശയം ദത്തയാകും. അതില്‍ യാതൊരു സംശയവുമില്ല. മുട്ടിനുള്ളില്‍ കൈകൊടുത്ത്‌ അന്നപാത്രം പിടിച്ച്‌ നിശ്ശബ്ദമായി ഇരുന്ന്‌ ഉണ്ണുന്ന വിപ്രന്‍ തരണത്തിന് തക്കവനാണ്‌. പാനം ചെയ്യാത്തവരും, മിണ്ടാത്തവരും, നിതൃവും ഓർത്തു ജപിക്കുന്നവരുമായ ദ്വിജന്മാര്‍ തരണത്തിന് തക്കവരാണ്‌. ഹവ്യവും കവ്യവും മറ്റും ശ്രോത്രിയന്‍ അര്‍ഹിക്കുന്നു. സാധുവായ ശ്രോത്രിയന് നല്കിയാല്‍ അത്‌ അഗ്നിയില്‍ ഹോമിക്കുന്നത് പോലെയാണ്‌.

വിപ്രന്മാര്‍ കോപായുധന്മാരാണ്‌. അവര്‍ ശസ്ത്രമെടുക്കുന്ന യോദ്ധാക്കളല്ല. വിപ്രന്മാര്‍ കോപത്താല്‍ കൊന്നു കളയും; ഇന്ദ്രന്‍ ദൈത്യരെ കൊല്ലുന്ന വിധം കൊല്ലും.

ഹേ, അനഘാശയാ ധര്‍മ്മത്തെ സംബന്ധിക്കുന്ന ഈ വൃത്തം ഞാന്‍ പറഞ്ഞു. ഇതുകേട്ടു മുമ്പ്‌ നൈമിഷാരണ്യത്തിലെ താപസന്മാര്‍ സന്തോഷിച്ചു. ദുഃഖം, ഭയം, ക്രോധം ഇവ വിട്ട്‌ പാപം തീണ്ടിയവന്‍ ഈ വൃത്താന്തം കേട്ടാല്‍ പിന്നെ മനുഷ്യ ജന്മത്തില്‍ വീണ്ടും പിറക്കുകയില്ല.

യുധിഷ്ഠിരന്‍ പറഞ്ഞു: വിപ്രന്‍ ശുചിത നേടുവാന്‍ എന്താകുന്നു ശൗചം? ഹേ, മഹാപ്രാജ്ഞാ! അതു കേള്‍ക്കുവാന്‍ എനിക്ക്‌ ആശയുണ്ട്‌.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: യുധിഷ്ഠിര! പറയാം. വാക്‌ശൗചം, കര്‍മ്മശൗചം, ജലശൗചം ഇങ്ങനെ മൂന്നു ശൗചവും തികഞ്ഞവന്‍ സ്വര്‍ഗ്ഗിയാണ്‌. അതില്‍ യാതൊരു സംശയവുമില്ല.

സന്ധ്യയ്ക്കും പുലര്‍കാലത്തും സന്ധ്യോപാസകനായ ദ്വിജന്‍, ശുദ്ധിയേറിയ ദേവമാതാവാകുന്ന ഗായത്രി ജപിക്കുന്നവന്‍, ആ ദേവിയാല്‍ ശുദ്ധിയേന്തി പാപമറ്റവനാകുന്നു. ആഴിചൂഴുന്ന ഈ ഊഴി മുഴുവന്‍ തനിക്കു ദാനമായി കിട്ടിയാലും സൂര്യാദി ഗ്രഹങ്ങളൊക്കെ അയാള്‍ക്കു പിഴച്ചു നിന്നാലും അവന്‍ കേഴുകയില്ല. അങ്ങനെയുള്ള ബ്രാഹ്മണന്ന്‌ സൗമ്യമായി ശുഭമായി വരും ആഗ്രഹങ്ങളൊക്കെ. ആ വിപ്രനെ പിന്തുടര്‍ന്നാല്‍ ഭയങ്കരാകാരന്മാരായ ഘോരരാക്ഷസന്മാര്‍ ആരും തന്നെ ഒരാളേയും ആക്രമിക്കുകയില്ല.

അദ്ധ്യാപനം, യാജനം, അന്യന്‍ നല്കുന്ന പ്രതിഗ്രഹം ഇവയൊന്നും വിപ്രന്മാര്‍ക്ക്‌ അഘമല്ല. കത്തുന്ന അഗ്നി പോലെയാണ്‌ ദ്വിജന്‍. ദുര്‍വ്വേദന്മാരായാലും, സുവേദന്മാരായാലും, പ്രാകൃതന്മാരായാലും സംസ്കൃതന്മാരായാലും ദ്വിജന്മാര്‍ ആരും നിന്ദ്യന്മാരല്ല. ഭസ്മം പൂശിയ അഗ്നി പോലെയാണ്‌ അവര്‍. ശ്മശാനത്തില്‍ കത്തിയാളുന്ന അഗ്നിക്കും ദോഷമില്ല. വിദ്വാനായാലും, മൂഢനായാലും ബ്രാഹ്മണന്‍ മുഖ്യമായ ദൈവതമാണ്‌. കോട്ടവാതിലും, മതില്‍ കെട്ടും, പലമാതിരി മേടകളും ഇവയൊക്കെ ഉണ്ടായാലും വിപ്രരില്ലെങ്കില്‍ ആ പട്ടണത്തിന് ശോഭ ഉണ്ടാവുകയില്ല.

വേദാഡ്യന്മാരും, വൃത്തവാന്മാരും, ജ്ഞാനികളും, തപസ്വികളുമായ വിപ്രന്മാര്‍ എവിടെ ഇരിക്കുന്നുവോ അവിടമാണ്‌ രാജാവേ, നഗരം. വജ്രത്തിലോ, കാനനത്തിലോ ശ്രുതശാലികള്‍ ഇരുന്നാല്‍ ആ പട്ടണം തീര്‍ത്ഥമാണ്‌. രക്ഷിക്കുന്ന രാജാവിനേയും താപസനായ ദ്വിജനേയും ചെന്നു കണ്ട്‌ അര്‍ച്ചനം ചെയ്താല്‍ ഉടനെ പാപം നശിക്കുന്നതാണ്‌.

പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്യുക, പവിത്രമായ കഥ പറയുക, സത്തുക്കളുമായി സല്ലപിക്കുക ഇവയൊക്കെ മുഖ്യമായ കാര്യമായി മനീഷികള്‍ പറയുന്നു.

സല്‍സംഗത്താല്‍ ശുദ്ധിയോടു കൂടി സദ് വാക്യാമൃതംഏറ്റാല്‍ ആത്മാവു ശുദ്ധമായി തീരും എന്നും സജ്ജനങ്ങള്‍ ഓര്‍ക്കുന്നു.

ത്രിദണ്ഡു കയ്യിലെടുക്കുക, മാനിയാവുക, ജട വളര്‍ത്തുക, അല്ലെങ്കില്‍ മൊട്ടയടിക്കുക, വൽക്കലമോ തോലോ അരയില്‍ ചുറ്റുക, വ്രതചര്യാഭിഷേകം ചെയ്യുക, അഗ്നിഹോത്രം ചെയ്യുക, കാട്ടില്‍ വസിക്കുക, ശരീരം കൃശമാക്കുക ഇവ കൊണ്ടൊന്നും യാതൊരു കാര്യവുമില്ല, വെറുതെയാണ്‌; ഭാവശുദ്ധി വന്നില്ലെങ്കില്‍.

അസാദ്ധ്യകാര്യമല്ല അനശനം. അശനം വിട്ട്‌ ഇരിക്കാം. ഇന്ദ്രിയാനുഗമമായ കണ്ണു മുതലായവ ആറെണ്ണത്തിലും വിശുദ്ധിയും ആകാം. എന്നാൽ അവയൊക്കെ ഇളക്കുന്നതായ മനസ്സ്‌ ദുഷ്കരമാണു രാജാവേ!

മനസ്സു കൊണ്ടും, വാക്കു കൊണ്ടും, ശരീരം കൊണ്ടും പാപം ചെയ്യാത്തവര്‍ ശരീരദോഷം ചെയ്യുന്ന മഹാന്മാരായ തപസ്വികളാകുന്നു. ജ്ഞാതിയില്‍ ദയയില്ലാത്തവന്‍, ശുക്ലദേഹന്‍, ഇവര്‍ കന്മഷന്മാരാകുന്നു. ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ തപസ്സാകുകയില്ല; തപസ്സിന് ഹിംസയാകുന്നു അത്‌. ഗൃഹസ്ഥനായ മുനി, നിത്യം ശുദ്ധനും അലംകൃതനുമായവന്‍, കനിവ്‌ എല്ലാ ജീവിയിലുമുള്ളവന്‍, ഇവര്‍ നിഷ്പാപരാകുന്നു. പാപകര്‍മ്മി ഉപവാസമെടുത്തതു കൊണ്ട്‌ യാതൊരു കാര്യവുമില്ല. പട്ടിണി കൊണ്ട്‌ അവന്‍ ചെയ്യുന്ന പാപം ശുദ്ധീകരിക്കുകയില്ല. മാംസരക്തങ്ങള്‍ ചേര്‍ന്ന ദേഹം ഭക്ഷണം കഴിക്കാഞ്ഞാല്‍ ക്ഷീണിക്കും. അറിവില്ലാത്ത ഈ പ്രവൃത്തി കൊണ്ടു ക്ലേശം മാത്രം സിദ്ധിക്കും; പാതകം ഒട്ടു തീരുന്നതുമില്ല.

വിശ്വാസമില്ലാത്തവന്‍ ചെയ്യുന്ന കര്‍മ്മം അഗ്നി സ്വീകരിച്ചു ദഹിപ്പിക്കുകയില്ല. പുണ്യത്താല്‍ പ്രവ്രജിക്കാം; പ്രവാസവും ആകാം.

അജ്ഞാന കര്‍മ്മികള്‍ കായും കനിയും തിന്നാലും, മൗനമായിരുന്നാലും, വായുമാത്രം ആഹരിച്ചാലും മുണ്ഡനം ചെയ്താലും, ജീര്‍ണ്ണഗൃഹം തൃജിച്ച്‌ ഇരുന്നാലും, ജടാഭാരം ധരിച്ചാലും ചാണകം മെഴുകിയ വെറും നിലത്തു കിടന്നാലും, നിത്യവും പട്ടിണി കിടന്നാലും, അഗ്നിശുശ്രൂഷ ചെയ്താലും, അംഭസ്സില്‍ ആണ്ടു കിടന്നാലും യാതൊരു ഫലവും അവര്‍ക്കു ലഭിക്കയില്ല.

എന്നാൽ ജ്ഞാന കര്‍മ്മങ്ങള്‍ ചെയ്യുന്നവന്ന്‌ താനേ ജരാമരണങ്ങള്‍ അകന്നുപോകും. രോഗങ്ങള്‍ ക്ഷയിച്ചുപോകും. ഉത്തമമായ പദം ലഭിക്കുകയും ചെയ്യും.

തീയില്‍ വെന്താല്‍ ആ വിത്തു പിന്നെ മുളയ്ക്കുകയില്ല. അതുപോലെ ജ്ഞാനത്തില്‍ വെന്താല്‍ പിന്നെ ആ ക്ലേശം ആത്മാവില്‍ പ്രവേശിക്കുകയില്ല. ആത്മാവില്ലാത്ത ശരീരം വിറകും ഭിത്തിയും പോലെയാകുന്നു. അവ സമുദ്രത്തില്‍ നശിക്കുന്ന നുരകള്‍ പോലെയാകും.

സര്‍വ്വാന്തര്യാമിയായ ആത്മാവിനെ കാണുകയാണെങ്കില്‍ ശ്ലോകം കൊണ്ടോ പാതിശ്ലോകം കൊണ്ടൊ അയാള്‍ക്കു കാര്യം സാധിക്കുന്നതാണ്‌. ശ്ലോകത്തിലെ പദത്തിന്റെ രണ്ടു വര്‍ണ്ണം കൊണ്ട്‌ ചിലരും മറ്റു ചിലര്‍ നൂറായിരം പദം കൊണ്ടും നിശ്ചയമായും മോക്ഷത്തെ പ്രാപിക്കും.

സംശയാലുക്കള്‍ക്ക്‌ ഇഹലോകവും പരലോകവും സിദ്ധിക്കയില്ല. ജ്ഞാനികളായ വൃദ്ധര്‍ മോക്ഷ ലക്ഷണത്തെ ഇപ്രകാരം പറയുന്നു:

വേദാര്‍ത്ഥം അറിയുന്നവന്‍ സര്‍വ്വവേദ പ്രയോജനം കാണുന്നു. അവന് വേദകര്‍മ്മത്തില്‍ കാട്ടുതീയിനോടെന്ന പോലെ ഭയമുണ്ടാകും. ശ്രുതിസ്മൃതികള്‍ ശുഷ്ക തര്‍ക്കം വെടിഞ്ഞ്‌ നീ കൈക്കൊള്ളുക. ഏകാക്ഷരമായ, പരമായ തത്വത്തെ ഹേതുയുക്തി കൊണ്ട്‌ ഇച്ഛിക്കുക. ഹേതു തെറ്റി പോയാല്‍ അവന് നിശ്ചയമായും ബുദ്ധി യോജിക്കുന്നതല്ല. വിബുധന്മാരുടെ ആയുസ്സും കര്‍മ്മങ്ങളുടെ വിശേഷവും യുഗം തോറും ദേഹികളുടെ പ്രഭാവവും പാരില്‍ വേദോക്തം പോലെ തന്നെ ഫലിക്കുന്നു. ഇന്ദ്രിയങ്ങളുടെ നൈര്‍മ്മല്യം കൊണ്ട്‌ ഇത്‌ ഒഴിവാക്കണം. എന്നാൽ അനശനവും ഇന്ദ്രിയ നിഗ്രഹവും ദിവ്യമായി തീരും, തപസ്സു കൊണ്ട്‌ സ്വര്‍ഗ്ഗഗമനം സാധിക്കും, ദാനത്താല്‍ ഭോഗസിദ്ധി ഉണ്ടാകും, ജ്ഞാനത്താല്‍ മോക്ഷം ലഭിക്കും, തീര്‍ത്ഥസ്നാനം കൊണ്ട്‌ പാപനാശവും ഉണ്ടാകും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മാര്‍ക്കണ്ഡേയന്‍ പറഞ്ഞതു കേട്ട്‌ യുധിഷ്ഠിരന്‍ വീണ്ടും ചോദിച്ചു: ഭഗവാനേ! മുഖ്യമായ പ്രധാനവിധി കേള്‍ക്കുവാന്‍ ഞങ്ങള്‍ കാംക്ഷിക്കുന്നു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രാജേന്ദ്രാ! പറയാം. നീ ഇച്ഛിക്കുന്നതു ദാനധര്‍മ്മങ്ങളാണല്ലോ. അതു നമുക്ക്‌ അതിന്റെ ഗൗരവം കൊണ്ട്‌ അഭിഷ്ടമാണെന്നു നീ ധരിക്കുന്നു. എന്നാൽ ശ്രുതിസ്മൃതികളില്‍ കാണുന്ന വിധം ദാനമര്‍മ്മങ്ങളെ ഞാന്‍ പറയാം. അതു നീ കേട്ടാലും! ആനയുടെ ചെവിക്കാറ്റ്‌ ഏറ്റ്‌ അതിന്റെ നിഴലില്‍ ചാത്തം ഊട്ടിയാല്‍ അതിന്റെ ഫലം പത്തു കല്പായുത കാലത്തോളം നശിക്കുന്നതല്ല. ജീവിതത്തിന് ധനം നല്കി അലിവുള്ള വൈശ്യാധികാരിയെ വെച്ചാല്‍ യജ്ഞം എല്ലാം കഴിച്ചതായി കണക്കാക്കാം. ഒഴുക്കിന് എതിരായി ചിത്ര വഹാന്നങ്ങളെ നടത്തുന്നവന്‍ ആ പ്രവാഹത്തില്‍ തോണി മുങ്ങി നശിച്ചു പോകുന്ന പോലെ പാപങ്ങളൊക്കെ നശിച്ചു പോകുന്നതാണ്‌. അക്ഷയമായ വിപ്ലവത്തില്‍ തേന്‍, തയിര്‍ എന്നിവ വിപ്രന്മാര്‍ക്കു നല്കുന്നതായാല്‍, വാവിന്‍നാള്‍ ദാനം ചെയ്താല്‍ ഫലം ഇരട്ടിയാണ്‌. ഋതുവില്‍ ദാനം ചെയ്താല്‍ പത്തിരട്ടിയാണ്‌. അയനം, വിഷുവം, കന്നി, മീനം, മിഥുന സംക്രമങ്ങള്‍, സൂര്യേന്ദുഗ്രഹണങ്ങള്‍ ഈ കാലങ്ങളില്‍ നല്കുന്ന ദാനത്തിന്റെ ഫലം ഒരിക്കലും ക്ഷയിക്കുന്നതല്ല.

ദശഗുണമാണ്‌ ഋതുവില്‍ കൊടുത്ത ദാനം. ശതഗുണമാണ്‌ ഋത്വയനാദിയില്‍ കൊടുത്ത ദാനം. ദശശതഗുണമാണ്‌ ഗ്രഹണസമയത്തെ ദാനം. വിഷുദിവസത്തെ ദാനത്തിന് ക്ഷയവുമില്ല. ഹേ, ഭൂപാ! ഭൂമി നല്കാത്തവന്‍ ഭൂമി ഭുജിക്കയില്ല. വാഹനം നല്കാത്തവന്‍ വാഹനത്തില്‍ ഗമിക്കുകയില്ല. വിപ്രന്മാര്‍ക്ക്‌ ഏതൊക്കെയാണ്‌ ഇഷ്ടമെന്നറിഞ്ഞു ദാനം ചെയ്യുന്നവന്‍ എല്ലാ ഇഷ്ടവും അനുഭവിക്കും. അഗ്നിയുടെ സന്താനമാണ്‌ സ്വര്‍ണ്ണം. ഭൂമിദേവി വിഷ്ണുവിന്റേതാണ്‌. ഗോക്കള്‍ സൂര്യജാതകളാണ്‌. അങ്ങനെയുള്ള സുവര്‍ണ്ണ ഗോഭൂമികള്‍ നല്‍കുന്നവര്‍ മൂന്നു ലോകവും നല്കിയതായി കണക്കാക്കാം.

ദാനത്തേക്കാള്‍ ശാശ്വതമായി മറ്റൊന്നില്ല. ത്രിലോകത്തില്‍ഭ വ്യമായി ഭവാനു മറ്റെന്തുണ്ട്‌? എന്നാൽ പ്രധാനവും പരമവുമായിട്ടുള്ളതു ദാനമാണെന്നാണ്‌ ലോകത്തിലെ അഗ്ര്യബുദ്ധികൾ പറയുന്നത്.

201. ധുന്ധുമാരോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: രാജര്‍ഷിയായ ഇന്ദ്രദ്യുമ്നന് സ്വര്‍ഗ്ഗലോകം നല്കിയതായ ആ കഥ മഹാശയനായ മാര്‍ക്കണ്ഡേയന്‍ പറഞ്ഞതു കേട്ട്‌ ഹേ, ജനമേജയാ! യുധിഷ്ഠിരന്‍ ഇപ്രകാരം മഹര്‍ഷിയോടു ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ദീര്‍ഘായുഷ്മാനും തപോവൃദ്ധനുമായ ഭവാന്‍ അറിയാത്തത്‌ എന്തുണ്ട്‌? ധര്‍മ്മജ്ഞനായ ഭവാന്‍ ദേവദൈത്യ ആശര വ്രജങ്ങളെ ഒക്കെ അറിയും. പല രാജവംശങ്ങളേയും അറിയും. ശാശ്വതമായ ഋഷികുലങ്ങളേയും അറിയും. ഭവാന്‍ അറിയാത്തതായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ല. മഹര്‍ഷേ! ഭവാന്‍ മര്‍ത്ത്യനാഗ രാക്ഷസ വൃത്തങ്ങളൊക്കെ അറിയുന്നു! ദേവ ഗന്ധര്‍വ്വ അപ്സരസ്ത്രീ യക്ഷ കിന്നര വൃത്തങ്ങളും അറിയുന്നു! തത്വത്തോടു കൂടി അതൊക്കെ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കുവലാശ്വന്‍ എന്ന അപരാജിതനായ ഇക്ഷ്വാകു വംശജന്‍ പേരു മാറി ധുന്ധുമാരന്‍ ആയിത്തീര്‍ന്നത്‌ എങ്ങനെ? ശരിയായി ഈ കഥ അറിയുവാന്‍ ഭാര്‍ഗ്ഗവോത്തമാ! എനിക്ക്‌ ആഗ്രഹമുണ്ട്‌. ധീമാനായ കുവലാശ്വന്റെ പേര്‌ എങ്ങനെ മാറ്റി?

ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ മാര്‍ക്കണ്ഡേയ മഹര്‍ഷി ധുന്ധുമാരോപാഖ്യാനം വിസ്തരിച്ചു പറഞ്ഞു.

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഹേ, യുധിഷ്ഠിരാ! ധര്‍മ്മനിഷ്ഠമായ ധുന്ധുമാരോപാഖ്യാനം ഞാന്‍ പറയാം. ഭവാന്‍ സശ്രദ്ധം കേള്‍ക്കുക.

ഇക്ഷ്വാകു വംശജനായ കുവലാശ്വന്‍ എന്ന രാജാവ്‌ ധുന്ധുമാരനായ കഥ പറയാം: ഉത്തങ്കന്‍ എന്നു പ്രസിദ്ധനായ ഒരു മുനിയുണ്ട്‌. ഹേ, കൗരവാ!! അദ്ദേഹത്തിന്റെ ആശ്രമം മരുധന്വത്തിലാണ്‌. ഉത്തങ്കന്‍ വിഷ്ണുവിനെ പ്രസാദിപ്പിക്കാന്‍ വളരെക്കാലം ഉഗ്രമായ തപസ്സു ചെയ്തു. ഭഗവാന്‍ അവനില്‍ പ്രീതിയോടെ പ്രതൃക്ഷനായി. ഭഗവാനെ കണ്ടപ്പോള്‍ ഭക്തിയോടെ സ്തോത്രം ചെയ്തു മഹര്‍ഷി കുമ്പിട്ടു.

ഉത്തങ്കന്‍ പറഞ്ഞു: ഭവാന്‍ ഈ പ്രജകളെയെല്ലാം, ചരാചരങ്ങളും മനുഷ്യരുമടങ്ങിയ പ്രജകളെയെല്ലാം സൃഷ്ടിച്ചു. അപ്രകാരം സ്ഥാവരജംഗമ ഭൂതങ്ങളെയൊക്കെ സൃഷ്ടിച്ചു. മഹാദ്യൂതേ! ഭവാന്‍ വേദ്യമായ ബ്രഹ്മവേദങ്ങള്‍ സൃഷ്ടിച്ചു.

അല്ലയോ ദേവാ! വ്യോമം നിന്റെ മൗലിയാകുന്നു. കണ്ണുകള്‍ അര്‍ക്കചന്ദ്രന്മാർ ആകുന്നു. വായു ഭവാന്റെ നെടുവീര്‍പ്പാകുന്നു. തേജസ്സ്‌ അഗ്നിയാകുന്നു. ദിക്കുകളെല്ലാം ഭവാന്റെ കരങ്ങളാകുന്നു. അര്‍ണ്ണവം ഭവാന്റെ കുക്ഷിയാകുന്നു. ദേവാ! ഭവാന്റെ തുട ശൈലങ്ങളാണല്ലോ. ആകാശം ഭവാന്റെ ജംഘയാണല്ലോ. ഹേ, മധുസുദനാ! നിന്റെ പാദം ഭൂമിയാകുന്നു. ചെടികള്‍ രോമങ്ങളാകുന്നു.

ഇന്ദ്രശുക്രാഗ്നി വരുണന്മാരും ദേവാസുര ഫണീന്ദ്രന്മാരും പലേ സ്തോത്രങ്ങളാലും ഭവാനെ വാഴ്ത്തി കുമ്പിട്ടു നിൽക്കുന്നവർ ആണല്ലോ. ഭുവനേശ്വരാ! ഭവാന്‍ സര്‍വ്വഭൂതത്തിലും വ്യാപിച്ചവനാണ്‌. മഹാവീര്യരായ മഹര്‍ഷിമാര്‍ നിന്നെ വാഴ്ത്തുന്നു. നീ സന്തോഷിച്ചാല്‍ ജഗത്തിന് സ്വാസ്ഥ്യമായി. കോപിച്ചാല്‍ മഹാഭയമായി. ഹേ. പുരുഷോത്തമാ! ഭവാനാണല്ലോ ഭയങ്ങള്‍ സമസ്തവും തീര്‍ക്കുന്നവന്‍. വാനവര്‍ക്കും മാനവര്‍ക്കും മാത്രമല്ല, എല്ലാവര്‍ക്കും സുഖം നല്കുന്നതു ഭവാനാണല്ലോ. ഭവാന്‍ മൂന്നടി വച്ച്‌ മൂന്നു ലോകവും ഹരിച്ചവനാണല്ലോ! സമൃദ്ധരായ ദൈതൃന്മാരെ നശിപ്പിച്ചവന്‍ നീയാണല്ലോ. നിന്റെ വിക്രമണത്താല്‍ (ചുവടുവെപ്പിനാല്‍) വിണ്ണോര്‍ മഹാസൗഖ്യത്തെ പ്രാപിച്ചു. നീ ചൊടിച്ചപ്പോള്‍ ദൈത്യേന്ദ്രന്മാരൊക്കെ തോറ്റു പോയി. മഹാദ്യുതേ, ഇങ്ങു ചുറ്റുമുള്ള ഭൂതങ്ങള്‍ക്കൊക്കെ കര്‍ത്താവും വികര്‍ത്താവും ഭവാനാണല്ലോ. നിന്നെ സേവിച്ചാണല്ലോ ദേവന്മാര്‍ എങ്ങും സുഖമായി വാഴുന്നത്‌

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം മഹാത്മാവായ ഉത്തങ്കന്‍ പുകഴ്ത്തിയപ്പോള്‍ മധുസൂദനനായ വിഷ്ണു ഉത്തങ്കനോടു പറഞ്ഞു: ഹേ, ഉത്തങ്കാ! ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. നീ എന്നില്‍ നിന്നു വരം വരിച്ചുകൊള്ളുക!

ഉത്തങ്കന്‍ പറഞ്ഞു: എനിക്കു പൂര്‍ണ്ണമായ വരം ഭവാനില്‍ നിന്നു ലഭിച്ചിരിക്കുന്നു. ഭവാനെ പ്രതൃക്ഷമായി കണ്ടതു തന്നെയാണ്‌ മഹത്തായ വരം! ശാശ്വതനും, ദിവ്യനും, ലോകസൃഷ്ടാവും, ഈശ്വരനുമായ പുരുഷനെ ഞാന്‍ എന്റെ കണ്‍മുമ്പില്‍ നേരിട്ടു കണ്ടിരിക്കുന്നു!

വിഷ്ണു പറഞ്ഞു: ഹേ, സത്തമാ! ഭവാന്റെ അലോഭത്താലും ഭക്തിയാലും ഞാന്‍ പ്രസാദിക്കുന്നു. നീ അവശ്യമായ വരം എന്നില്‍ നിന്നു വാങ്ങിക്കുക!

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇപ്രകാരം വരം വാങ്ങുവാനായി വിഷ്ണു കല്‍പിച്ചപ്പോള്‍ ഉത്തങ്കന്‍ തൊഴുതു വരം ആവശ്യപ്പെട്ടു.

ഉത്തങ്കന്‍ പറഞ്ഞു: ഭഗവാനേ, പങ്കജാക്ഷാ! എന്നില്‍ ഭവാന്‍ പ്രസാദിക്കുന്നു എങ്കില്‍ ഭവാന്‍ എനിക്കു ധര്‍മ്മം, സത്യം, ദമം എന്നിവയില്‍ ബുദ്ധി ഉണ്ടാക്കി തരേണമെ! നിന്നില്‍ വിടാത്ത ഭക്തിയും എനിക്ക് ഉണ്ടാക്കേണമേ!

ഭഗവാന്‍ പറഞ്ഞു: എന്റെ പ്രസാദത്താല്‍ നിന്നില്‍ അതൊക്കെ ഉണ്ടാകുന്നതാണ്‌. അതു കൊണ്ട്‌. ദേവന്മാര്‍ക്കും യോഗം പ്രകാശിക്കും. ഭവാന്‍ മൂന്നു ലോകത്തിനും വേണ്ടതായ മഹാകാര്യം നിര്‍വ്വഹിക്കും. ലോകം മുടിക്കുവാന്‍ വേണ്ടി ധുന്ധു എന്നു പേരായ ഒരു മഹാസുരന്‍ ഇപ്പോള്‍ ഘോരമായ തപസ്സു ചെയ്യുന്നുണ്ട്‌. ഭവാന്‍ കേള്‍ക്കുക. ആ മഹാസുരനെ സംഹരിക്കുവാന്‍ ഇക്ഷ്വാകു കുലത്തില്‍ ബൃഹദശ്വന്‍ എന്നു പേരായി അപരാജിതനായ ഒരു രാജാവു ജനിക്കും. ശുചിയും ദാന്തനുമായി കുവലാശ്വന്‍ എന്നു പേരായ ഒരു പുത്രന്‍ അദ്ദേഹത്തിന് ഉണ്ടാകും. അവന്‍ എന്റെ യോഗബലത്തോടു ചേര്‍ന്ന്‌ ഹേ, വിപ്രര്‍ഷേ! നിന്റെ ആജ്ഞപ്രകാരം ധുന്ധുമാരനായി ഭവിക്കും.

ഇപ്രകാരം അവനോടു പറഞ്ഞ്‌ വിഷ്ണു അവിടെ അന്തര്‍ദ്ധാനം ചെയ്തു.

202. ധുന്ധുമാരോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഇക്ഷ്വാകുവിന് ശേഷം പരമ ധര്‍മ്മിഷ്ഠനായ ശശാദന്‍ ലോകം മുഴുവന്‍ ജയിച്ച്‌ അയോദ്ധ്യാധിപനായി. ശശാദന്റെ പുത്രനായി കകുല്‍സ്ഥന്‍ രാജാവായി. അദ്ദേഹം മഹാവീര്യവാനായിരുന്നു. അവന്റെ പുത്രനായി അനേനസ്സുണ്ടായി. അനേനസ്സിന്റെ മകനായി പൃഥു ഉണ്ടായി. പൃഥുവിന്റെ സൂതന്മാരായി വിഷ്വഗശ്വനും, അദ്രിയുമുണ്ടായി. അദ്രിക്ക്‌ യുവനാശ്വനെന്ന പുത്രന്‍ ജനിച്ചു. അവന്റെ പുത്രനായി ശ്രാവന്‍ ഉണ്ടായി. ശ്രാവന്റെ പുത്രനായി ശ്രാവസ്തകനുണ്ടായി. അവനാണ്‌ പ്രസിദ്ധമായ ശ്രാവസ്തീപുരി നിര്‍മ്മിച്ചത്‌. ശ്രാവസ്തകന്റെ പുത്രനായി മഹാബലനായ ബൃഹദശ്വനുണ്ടായി. ബൃഹദശ്വന്റെ പുത്രനായി പ്രസിദ്ധനായ കുവലാശ്വനും ജനിച്ചു.

കുവലാശ്വന്ന്‌ ഇരുപത്തേഴായിരം പുത്രന്മാരുണ്ടായി. എല്ലാവരും ശക്തന്മാരും, ദുരാസദന്മാരും, വിദ്യാ വിനീതന്മാരും ആയിത്തീര്‍ന്നു. അച്ഛനേക്കാള്‍ ഗുണനിധിയായി തീര്‍ന്നു കുവലാശ്വന്‍. പിതാവായ ബൃഹദശ്വന്‍ അവനെ രാജാവാക്കി. ഹേ, യുധിഷ്ഠിരാ! ധാര്‍മ്മികനും ശൂരനുമായ കുവലാശ്വന് ധാരാളം സമ്പത്തും അച്ഛന്‍ നല്കി. അങ്ങനെ രാജ്യഭാരം പുത്രനില്‍ ഏല്പിച്ച്‌ ശത്രുജിത്തായ ബൃഹദശ്വന്‍ തപസ്സിനായി കാട്ടിലേക്കു പുറപ്പെട്ടു. ഈ വൃത്താന്തം ഉത്തങ്കന്‍ കേട്ടു. ഉത്തങ്കന്‍ ഉടനെ ചെന്നു രാജാവിനെ തടഞ്ഞ്‌, ഇപ്രകാരം പറഞ്ഞു.

ഉത്തങ്കന്‍ പറഞ്ഞു: ഹേ, രാജാവേ! ഭവാന്‍ ഞങ്ങളെയൊക്കെ രക്ഷിക്കാതെ കാട്ടില്‍ പോവുകയാണോ? ഭവാന്റെ പ്രസാദത്താല്‍ ഞങ്ങള്‍ ഉദ്വേഗം വിട്ടു വാഴുമാറാകണം. മഹാത്മാവായ ഭവാന്‍ സംരക്ഷിച്ചു വരുന്ന ഭൂമി ഇപ്പോള്‍ യാതൊരല്ലലും അറിയുന്നില്ല. ഭവാന്‍ കാടു കയറരുത്‌. പ്രജാരക്ഷയില്‍ തന്നെ മഹത്തായ ധര്‍മ്മം കാണുന്നുണ്ടല്ലോ. അപ്രകാരമുള്ള മഹത്വം കാട്ടില്‍ വാണാല്‍ സിദ്ധിക്കുകയില്ല. അതു കൊണ്ട്‌ കാടു കയറാതിരി ക്കുന്നതാണു നല്ലത്‌. ഭവാന്റെ മനസ്സു മാറ്റാതിരിക്കുക. ഒരേടത്തും ഇപ്രകാരമുള്ള ധര്‍മ്മത്തോളം, പൂര്‍വ്വരാജര്‍ഷി കൃതമായ പ്രജാരക്ഷയിലുള്ള ധര്‍മ്മത്തോളം, മഹത്വം മറ്റു ധര്‍മ്മങ്ങള്‍ക്കു ഞാന്‍ കാണുന്നില്ല. ഭവാന്‍ പ്രജകളേയും ഭവാനേയും സംരക്ഷിക്കുക. ഉദ്വേഗം കൂടാതെ തപസ്സു ചെയ്യുവാന്‍ സാധിക്കാത്ത വിധം ചില സംഭവങ്ങളുണ്ട്‌. അതു പറയാം.

എന്റെ ആശ്രമത്തിനടുത്ത്‌ ഉജ്ജാലകം എന്നു പേരായി ഒരു മരുഭൂമിയുണ്ട്‌. ആ മണല്‍ കാടു സമമായി പരന്നു മരുധന്വ സ്ഥലത്തു കാണാം. അതിന് വളരെ യോജന നീളവും വീതിയുമുണ്ട്‌. വിസ്താരമേറിയതാണ്‌ ആ മണല്‍ കടല്‍. അതില്‍ മഹാശൂരനും മഹാവീര്യ പരാക്രമനും, ദാരുണനും, മധുകൈടഭ സന്താനവുമായ ധുന്ധു എന്ന ദാനവേന്ദ്രന്‍ അധിവസിക്കുന്നു. ഘോരവിക്രമനായ അവന്‍ ഭൂമിയുടെ ഉള്ളിലാണ്‌ കിടക്കുന്നത്‌. അവനെ കൊന്നതിന് ശേഷം നീ കാട്ടിലേക്കു പോവുക. ഘോരമായ തപസ്സുചെയ്തു ലോകം മുടിക്കുവാന്‍ തന്നെ ഒരുങ്ങിയിട്ടാണ് അവന്‍ കിടക്കുന്നത്‌. അവന്‍ ദേവന്മാരേയും ലോകത്തേയും മുടിക്കുവാനാണ്‌ അവിടെ കിടക്കുന്നത്‌. അവനെ കൊല്ലുവാന്‍ ദേവന്മാര്‍ക്കും, ദൈതൃന്മാര്‍ക്കും, അസുരന്മാര്‍ക്കും ദാനവേന്ദ്രന്മാര്‍ക്കും സാധിക്കയില്ല. അതു പോലെ തന്നെ ഭുജംഗ ഗന്ധര്‍വ്വ യക്ഷന്മാര്‍ക്കും സാദ്ധ്യമല്ല, അവനെ കൊല്ലുവാന്‍. അവന്‍ അതിനുള്ള വരം ബ്രഹ്മാവില്‍ നിന്നു വാങ്ങിക്കഴിഞ്ഞു. അവനെ ഭവാന്‍ കൊല്ലുക. ഭവാനു നന്മ വരും. ഭവാന്റെ ബുദ്ധി മാറരുതേ! നിത്യമായ സല്‍കീര്‍ത്തി ഭവാനു ലഭിക്കും.

മണ്ണിന്റെ ഉള്ളില്‍ കിടക്കുന്ന അവന് ഒരാണ്ടു തികയുമ്പോള്‍ ഒരു നെടുവീര്‍പ്പു വിടും. ഉടനെ കാടും മലയും അടക്കമുള്ള ഈ നാടു കുലുങ്ങും. അവന്‍ നെടുവീര്‍പ്പിടുമ്പോൾ ഉണ്ടാകുന്ന. കാറ്റു കൊണ്ടു പൊടിപടലം പരക്കും. സൂര്യമാര്‍ഗ്ഗത്തെ അതു മറയ്ക്കും. ഏഴു ദിവസം ഭൂകമ്പം ഉണ്ടായി കൊണ്ടിരിക്കും. ഭയങ്കരമായി മണ്ണും ജ്വാലയും കൂടി ഉരുകി പുകയായി ആകാശത്തില്‍ പൊങ്ങും. അതു കൊണ്ട്‌ ഈ ആപത്തിനെ പറ്റി ഓര്‍ത്ത്‌ ആശ്രമത്തില്‍ പാര്‍ക്കുവാന്‍ എനിക്കു ശക്തി തോന്നുന്നില്ല.

ലോകങ്ങളുടെ ഹിതത്തിനായി രാജാവേ! ഭവാന്‍ അവനെ കൊല്ലുക. തേജസ്വിയായ ധുന്ധുവിനെ തേജസ്സു കൊണ്ടു നശിപ്പിക്കുവാന്‍ അല്പതേജസ്വികള്‍ പോരാ. ആ ദൈത്യനെ കൊന്നാല്‍ ലോകത്തിന് സ്വാസ്ഥ്യം ലഭിക്കും. അവനെ കൊല്ലുവാന്‍ ഭവാന്‍ മതി എന്നാണ്‌ എന്റെ അഭിപ്രായം. തേജസ്സാല്‍ ഭവാന്റെ തേജസ്സ്‌ വിഷ്ണു പുഷ്ടിപ്പെടുത്തും. വിഷ്ണു എനിക്കു മുമ്പേ തന്നെ വരം തന്നിട്ടുണ്ട്‌. ഏതു രാജാവ്‌ ആ ഘോരദൈത്യനെ കൊലചെയ്യുവാന്‍ പുറപ്പെടുന്നുവോ അപ്പോള്‍ ദുരാസദമായ വിഷ്ണുതേജസ്സ്‌ അവനില്‍ ചേര്‍ന്നിണങ്ങും എന്നാണു വരം. ദുസ്സഹമായ ആ തേജസ്സുള്‍ക്കൊണ്ട്‌ ഭവാന്‍ രൗദ്രവിക്രമനായ ആ ദൈത്യനെ സംഹരിച്ചാലും! തേജസ്വിയായ ധുന്ധുവിനെ അല്പതേജസ്സു കൊണ്ടു ദഹിപ്പിക്കുവാന്‍ ശക്യമല്ല. രാജാവേ, എത്ര നൂറ്റാണ്ടു പ്രയത്നിച്ചാലും അല്പ തേജസ്വികള്‍ക്ക്‌ അവനെ കൊല്ലുവാന്‍ സാധിക്കയില്ല.

203. ധുന്ധുമാരോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍ തുടര്‍ന്നു; ഇപ്രകാരം ഉത്തങ്കന്‍ പറഞ്ഞപ്പോള്‍ അപരാജിതനായ രാജര്‍ഷി ഉത്തങ്കനോടു കൈകൂപ്പി ഉണര്‍ത്തിച്ചു; ഹേ, ബ്രഹ്മന്‍! ഭവാന്‍ ഇവിടെ വന്ന്‌ എന്നോടു ചെയ്ത അപേക്ഷ ഒരിക്കലും പാഴാവുകയില്ല. ഭഗവാനേ, എന്റെ പുത്രനായ കുവലാശ്വനെ നോക്കു! ഇവന്‍ ധൃതിമാനും ഉടനെ കാര്യം നിര്‍വ്വഹിക്കുന്നവനും, പാരില്‍ അപ്രതിമനായ വീരനും ആണ്‌. അതുല്യ പരാക്രമിയാണ്‌! അങ്ങയുടെ ഇഷ്ടമെന്തോ അതൊക്കെ ഇവന്‍ ചെയ്യും. അതു കൊണ്ടു സംശയിക്കരുത്‌. പരിഘം കയ്യിൽ ഏന്തുന്നവരായ വളരെ പുത്രന്മാരോടു കൂടിയവനാണ്‌ ഇവന്‍. എന്നെ ഭവാന്‍ പോകാൻ അനുവദിക്കുക! ഞാന്‍ ആയുധം ഉപേക്ഷിച്ചവനാണ്‌. "എന്നാൽ ഭവാന്റെ ഇഷ്ടംപോലെയാകട്ടെ!" എന്ന് തേജസ്വിയായ ഉത്തങ്കന്‍ പറഞ്ഞു. ഉടനെ രാജാവ്‌ തന്റെ പുത്രനെ വിളിച്ച്‌ ഉത്തങ്ക മഹര്‍ഷിയെ എല്പിച്ചു പറഞ്ഞു: "മഹര്‍ഷിയുടെ അഭീഷ്ടം നിറവേറ്റുക".

അനന്തരം രാജര്‍ഷി ഉത്തമമായ അരണ്യത്തിലേക്കു നടന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, തപോധനാ! ആരാണ്‌ ഈ ദൈത്യന്‍? ഇവന്‍ ആരുടെ പുത്രനാണ്‌? ആരുടെ പൗത്രനാണ്‌? എല്ലാം അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്ര ശക്തനായ ഒരു അസുരനെക്കുറിച്ച്‌ ഞാന്‍ ഇന്നേവരെ കേട്ടിട്ടില്ല. തപോധനാ, യഥാതത്വം അറിയുവാന്‍ എനിക്കു വലിയ ആഗ്രഹമുണ്ട്‌. വിസ്തരിച്ച്‌ ഉള്ളതൊക്കെ പറഞ്ഞാലും!

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: രാജാവേ, യുധിഷ്ഠിര! ഞാന്‍ നടന്ന വിധം എല്ലാം പറയാം. ഭവാന്‍ കേള്‍ക്കുക. ലോകം ഒറ്റക്കടല്‍ പ്രായമായി ചരാചരങ്ങളൊക്കെ ഒടുങ്ങി. സര്‍വ്വഭൂതങ്ങളും നശിച്ചു. പ്രഭവനും, വിശ്വകര്‍ത്താവും ശാശ്വതനും, അവ്യയനും. സര്‍വ്വലോകേശന്‍ എന്നു സിദ്ധര്‍ഷികള്‍ പുകഴ്ത്തുന്നവനും ആയ വിഷ്ണുഭഗവാന്‍ പ്രളയജലത്തില്‍ മഹാതേജസ്വിയായ ശേഷനാഗത്തിന്റെ ദേഹമാകുന്ന മെത്തയില്‍ യോഗത്താല്‍ നിദ്ര പ്രാപിച്ചു. വിശ്വകൃത്തും, ഭഗവാനും, അച്യുതനുമായ ഹരി മഹാഭുജംഗ ഭോഗത്തില്‍ ഭൂമിദേവിയെ പുല്കിയാണു നിദ്ര ചെയ്യുന്നത്‌. ആ ദേവന്‍ അങ്ങനെ നിദ്ര ചെയ്യുമ്പോള്‍ സൂര്യാഭമായ ഒരു താമര നാഭിയില്‍ നിന്ന്‌ ഉയര്‍ന്നു. ദിവ്യമായ ആ താമരയില്‍ പിതാമഹന്‍ ഉണ്ടായി. ആ പത്മത്തില്‍ ലോകഗുരുവും, സുര്യസന്നിഭനും, ചതുര്‍വ്വേദനും, ചതുര്‍മൂര്‍ത്തിയും, ചതുര്‍മ്മുഖനും ആയ സാക്ഷാല്‍ ബ്രഹ്മാവു ജനിച്ചു. അപ്രധൃഷ്യനും സ്വപ്രഭാവത്താല്‍ മഹാബല പരാക്രമനുമാണ്‌ ആ ദേവന്‍.

ഒട്ടുനാള്‍ കഴിഞ്ഞപ്പോള്‍ വീര്യവാന്മാരായ ദാനവന്മാര്‍, മധുവും കൈടഭനും, പ്രഭുവായ വിഷ്ണുവിനെ കണ്ടു. മഹാദ്യുതിയോടു കൂടി വിഷ്ണു ദിവ്യനാഗ മെത്തമേല്‍ കിടക്കുന്നു. വളരെ യോജന നീളവും വീതിയുമുള്ള കിടക്കയിലാണ്‌ വിഷ്ണുവിന്റെ കിടപ്പ്‌, കിരീട കൗസ്തുഭങ്ങളണിഞ്ഞ്‌ പീതാംബരം ചുറ്റി തേജസ്സേറിയ വപുസ്സോടെ ശ്രീയാല്‍ ദീപ്തനായി വിളങ്ങുന്നു. ആ വിധം നിദ്രയില്‍ ലയിച്ചു കിടക്കുന്ന ദേവന്റെ സഹസ്ര സൂര്യപ്രഭ അവര്‍ കണ്ട ഉടനെ അത്ഭുതപ്പെട്ടു പോയി. മധുകൈടഭന്മാര്‍ അത്യധികം വിസ്മയപ്പെട്ടു.

അവര്‍ പിന്നെ പത്മത്തില്‍ ഇരിക്കുന്ന പത്മനേത്രനായ ബ്രഹ്മാവിനെ കണ്ടു. അമിതൗജസ്വിയായ വിധിയെ അവര്‍ ചെന്നു ഭയപ്പെടുത്തി. പലപാട്‌ അവര്‍ ഭയപ്പെടുത്തുവാന്‍ തുടങ്ങിയപ്പോള്‍ കീര്‍ത്തിശാലിയായ ബ്രഹ്മാവ്‌ താന്‍ ഇരിക്കുന്ന താമരത്തണ്ടു കുലുക്കി. ഉടനെ കേശവന്‍ നിദ്രയില്‍ നിന്ന്‌ ഉണര്‍ന്നു. വിഷ്ണു ഉണര്‍ന്നു നോക്കിയപ്പോള്‍ വീര്യവാന്മാരായ മധുകൈടഭന്മാരെ കണ്ടു. കണ്ടയുടനെ ഗോവിന്ദന്‍ പറഞ്ഞു: "മഹാശക്തന്മാരേ! നിങ്ങള്‍ക്കു സ്വാഗതം! നിങ്ങള്‍ക്കു ഞാന്‍ നന്നായി വരംനല്കാം. നിങ്ങളില്‍ എനിക്കു പ്രീതി തോന്നുന്നു".

ബലദര്‍പ്പങ്ങളാല്‍ ഉദ്ധതരായ അവര്‍ ചിരിച്ച്‌ ഹരിയോട്‌ ഉത്തരം പറഞ്ഞു: ഹേ, ദേവാ! ഞങ്ങള്‍ക്കു വരമോ? കൊള്ളാം! ഞങ്ങള്‍ വരദന്മാരാണ്‌! അങ്ങയ്ക്കു വേണമെങ്കില്‍ ഞങ്ങള്‍ വരംതരാം! ഹേ, സുരോത്തമാ! പറയൂ, എന്തു വരം വേണമെന്ന്‌.

ഭഗവാന്‍ പറഞ്ഞു: ഹേ, വീരന്മാരേ! ഞാന്‍ വരം വാങ്ങിക്കൊള്ളാം. എനിക്കു വരം ഇഷ്ടമാണ്‌! നിങ്ങള്‍ മഹാവീര്യവാന്മാരാണ്‌. നിങ്ങള്‍ക്കു തുല്യം ആരുമില്ല. ഹേ, വീരന്മാരേ! സത്യവിക്രമന്മാരേ! ഭവാന്മാര്‍ എനിക്കു വദ്ധ്യരാകണം. എനിക്കു നിങ്ങളെ കൊല്ലണം. ലോകത്തിന്റെ ഹിതത്തിനായി ഈ വരമാണ്‌ ഞാന്‍ ഇച്ഛിക്കുന്നത്‌.

മധുകൈടഭന്മാര്‍ പറഞ്ഞു: ഞങ്ങള്‍ കളിയില്‍ പോലും അസത്യം പറയാത്തവരാണ്‌. ഞങ്ങള്‍ സത്യധര്‍മ്മസ്ഥന്മാർ ആണെന്ന്‌, ഹേ, പുരുഷോത്തമാ! ഭവാന്‍ നിനച്ചാലും! ബലം, രൂപം, ശമം, ശൗര്യം ഇവയ്ക്കു ഞങ്ങളോടു തുല്യരായി ആരുമില്ല. പോരാ ധര്‍മ്മം, ദാനം, തപം, ശീലം, സത്വം, ദമം ഇവയ്ക്കു ഞങ്ങളോടു സമനായി ഈ പ്രപഞ്ചത്തില്‍ ആരും ഇല്ല. ഈ ഞങ്ങള്‍ക്കു മഹോപപ്ലവം അടുത്തിരിക്കുന്നു. കേശവാ! ഭവാന്‍ പറഞ്ഞ വിധം ചെയ്തു കൊള്ളുക. കാലം ദുരതിക്രമമാണല്ലോ! ഹേ, ദേവ! ഭവാന് ഒരു കാര്യമുണ്ട്‌ ചെയ്യുവാന്‍. അതു പറയാം: മൂടലില്ലാത്ത അംബരത്തില്‍ വെച്ച്‌ സുരോത്തമാ; ഞങ്ങളെ കൊല്ലുക. ഹേ, ചാരുലോചനാ! ഭവാന്റെ പുത്രഭാവം ഞങ്ങള്‍ക്കു സിദ്ധിക്കുകയും വേണം. ഈ വരം ഞങ്ങള്‍ ഭവാനോട്‌ അഭ്യര്‍ത്ഥിക്കുന്നു. അത്‌ അനൃതമാക്കരുതേ ദേവാ!

ഭഗവാന്‍ പറഞ്ഞു: ആവാം! അങ്ങനെ ഞാന്‍ ചെയ്യാം. എല്ലാം ശരിയായി വരും! ഇപ്രകാരം പറഞ്ഞ്‌ ഗോവിന്ദന്‍ എല്ലായിടത്തേക്കും കണ്ണോടിച്ചു. അനാവൃതമായി ഒരിടവും കണ്ടില്ല. ആകാശത്തും ഭൂമിയിലും വാനിലുമൊക്കെ വിഷ്ണു നോക്കി. ഒടുവില്‍ ആ മധുസൂദനന്‍ തന്റെ തുട മൂടലില്ലാതെ കണ്ടു. ഉടനെ ആ മധുകൈടഭന്മാരെ തുടയില്‍ കിടത്തി മൂര്‍ച്ചയേറിയ തന്റെ ചക്രായുധം കൊണ്ട്‌, കീര്‍ത്തിമാനായ ആ ദേവന്‍ അവരുടെ ശിരസ്സുകള്‍ ഛേദിച്ചു.

204. ധുന്ധുമാരോപാഖ്യാനം - മാര്‍ക്കണ്ഡേയന്‍പറഞ്ഞു; ഹേ, യുധിഷ്ഠിര! ആ മധുകൈടഭന്മാരുടെ പുത്രനായി തേജസ്വിയായി ധുന്ധു ഉണ്ടായി. മഹാവീരൃ പരാക്രമനായഅവന്‍ മഹാതപം ചെയ്ത്‌ ഒറ്റക്കാലില്‍ നിന്നു തപസ്സു ചെയ്തു. കൃശനായി ഞരമ്പുകള്‍ പിടച്ച്‌ ഘോരമായ തപസ്സു ചെയ്തപ്പോള്‍ ബ്രഹ്മാവ്‌ അവനില്‍ പ്രസാദിച്ചു. ദേവദാനവ ഗന്ധര്‍വ്വന്മാര്‍ക്കും, രാക്ഷസന്മാര്‍ക്കും, ഉരഗര്‍ക്കും ഞാന്‍ അവദ്ധ്യനായി വരണം എന്ന് അവന്‍ പിതാമഹനോട്‌ വരം അര്‍ത്ഥിച്ചു. "അപ്രകാരം ആകട്ടെ! പൊയ്ക്കൊള്ളുക", എന്ന് ബ്രഹ്മാവ്‌ അവനോടു പറഞ്ഞു. അവന്‍ നന്ദിയോടെ ബ്രഹ്മാവിന്റെ കാൽക്കല്‍ നമസ്കരിച്ചു വരം വാങ്ങി പോവുകയും ചെയ്തു. അങ്ങനെ മഹാബല പരാക്രമനായ ധുന്ധു വരം നേടി. അച്ഛന്മാരെ കൊന്നതു ചിന്തിച്ച്‌ അവന്‍ വിഷ്ണുവിന്റെ സന്നിധിയിലെത്തി. ദേവഗന്ധര്‍വ്വ വര്‍ഗ്ഗത്തെയൊക്കെ ജയിച്ച്‌ അമര്‍ഷണനായ ധുന്ധു വിഷ്ണുവിനേയും ദേവന്മാരേയും പലവട്ടം ചെന്നു ബാധിച്ചു.

പിന്നെ ദുഷ്ടനായ അവന്‍ ഉജ്ജാലകം എന്ന മണല്‍ കടലില്‍ വന്ന്‌ ആ ദിക്കില്‍ ഉത്തങ്കന്റെ ആശ്രമത്തെ ശക്തിയായി ബാധിച്ചു. മണലില്‍ മൂടി ഭൂമിയുടെ ഉള്ളിലേക്കു കടന്ന്‌, മധുകൈടഭ സന്താനമായ ധുന്ധു കിടക്കുകയാണ്‌. ലോകനാശത്തിന് വേണ്ടി ആ ഉഗ്രതപോബലനായ അവന്‍ ഉത്തങ്കാശ്രമ പാര്‍ശ്വത്തില്‍ അഗ്നിജ്വാലകള്‍ ചുറ്റും വിട്ടു കൊണ്ടു കിടക്കുകയായിരുന്നു.

ഇക്കാലത്ത്‌ ബലവാഹനവാനായ കുവലാശ്വ രാജാവ്‌ ഉത്തങ്കനോടും മക്കളോടും കൂടി അങ്ങോട്ടു ചെന്നു.

ശക്തന്മാരായ ഇരുപത്തോരായിരം മക്കളോടു കൂടി ശത്രുമര്‍ദ്ദനനായ കുവലാശ്വന്‍ അങ്ങോട്ടു ചെന്നപ്പോള്‍ ലോകഹിതത്തിനായി ഉത്തങ്കന്‍ പറഞ്ഞ പ്രകാരം ഭഗവാന്‍ വിഷ്ണു അവനില്‍ തേജസ്സാല്‍ ചേര്‍ന്നു.

ദുര്‍ദ്ധര്‍ഷനായ അവന്‍ പുറപ്പെട്ടപ്പോള്‍ വാനില്‍ ഘോഷമുണ്ടായി; ശ്രീമാനും അവദ്ധ്യനുമായ ഇവന്‍ ധുന്ധുമാരനായി ഭവിക്കും. ദേവന്മാര്‍ അവനെ പുഷ്പവൃഷ്ടി കൊണ്ടു മൂടി. ദേവദുന്ദുഭികള്‍ കൊട്ടാതെ തന്നെ സ്വയം ശബ്ദിച്ചു. ആ ധീമാന്റെ യാത്രയില്‍ ശീതള മാരുതന്‍ മന്ദം മന്ദം വീശി. മന്നില്‍ പൊടി പറക്കാതെ ഇരിക്കത്തക്ക വണ്ണം ഇന്ദ്രന്‍ ലഘുവായ വര്‍ഷം പൊഴിച്ചു, യുധിഷ്ഠിരാ! ദേവന്മാരുടെ വിമാനങ്ങള്‍ ആകാശത്തു നിരന്നു. ധുന്ധു കിടക്കുന്നതിന് മുകള്‍ ഭാഗത്തായി വിമാനങ്ങള്‍ കാണപ്പെട്ടു.

കുവലാശ്വന്‍ ധുന്ധുവുമായി പോരാടുന്നത്‌ സസന്തോഷം കാണുവാന്‍ ദേവ ഗന്ധര്‍വ്വന്മാരോടു കൂടി മഹര്‍ഷിമാര്‍ നോക്കി നിന്നു. ഹേ, കൗരവ്യാ! അവന്‍ വിഷ്ണു തേജസ്സാല്‍ വളര്‍ന്നു നിന്നു. ആ രാജാവ്‌ ഉടനെ ചെന്ന്‌ മക്കളെ ചുറ്റും നിര്‍ത്തി മണല്‍ കടല്‍ കുഴിപ്പിച്ചു. അങ്ങനെ കുവലാശ്വന്റെ പുത്രന്മാര്‍ ആ മണല്‍ കടല്‍ ഏഴു ദിവസം കുഴിച്ചപ്പോള്‍ ശക്തനായ ധുന്ധുവിനെ കണ്ടെത്തി. മണല്‍ മൂടിക്കിടക്കുന്ന അവന്റെ വലിയ ശരീരം കണ്ടാല്‍ ഭയപ്പെടാത്തവര്‍ ഉണ്ടാവുകയില്ല. അവന്‍ തേജസ്സാല്‍ സൂര്യനെപ്പോലെ ഉജ്ജ്വലിച്ചു. അപ്പോള്‍ ധുന്ധു പടിഞ്ഞാറെ അറ്റത്തു മറഞ്ഞ്‌ ആ കാലാനലാഭന്‍ നിദ്ര ചെയ്യുകയാണ്‌. കുവലാശ്വന്റെ പുത്രന്മാരെല്ലാം ചുറ്റും വളഞ്ഞു. അവര്‍ പാഞ്ഞടുത്തു. തീക്ഷ്ണബാണം, മുസലം, ഗദ, പട്ടസം, പ്രാസം, പരിഘം, തീക്ഷ്ണമായി മിന്നുന്ന വാള്‍ ഇവ അവന്റെ ദേഹത്തില്‍ പ്രയോഗിച്ചു.

പീഡപ്പെടുത്തപ്പെട്ട അവന്‍ പെട്ടെന്ന്‌ എഴുന്നേറ്റു. കോപത്തോടെ എഴുന്നേറ്റ അവന്‍ അവര്‍ പ്രയോഗിക്കുന്ന ആയുധങ്ങളൊക്കെ വിഴുങ്ങി. പ്രളയാഗ്നി സദൃശമായ അഗ്നി വായില്‍ നിന്നു വിട്ട്‌ ആ രാജപുത്രന്മാരെ ഒക്കെ അവന്‍ തന്റെ തേജസ്സാല്‍ചുട്ടു കളഞ്ഞു. പണ്ടു കപിലന്‍ സഗരാത്മജന്മാരെ കോപത്താല്‍ചുട്ടു ഭസ്മമാക്കിയ പോലെ മുഖാഗ്നി കൊണ്ട്‌ ലോകം മുഴുവന്‍ ഭസ്മമാക്കുമാറ്‌, ഒരു നിമിഷം കൊണ്ട്‌ ആ രാജപുത്രന്മാരെ വെണ്ണീറാക്കി കളഞ്ഞു; അത്ഭുതം തന്നെ!

അവന്റെ കോപാഗ്നിയില്‍ അവര്‍ വെന്തതിന് ശേഷം മറ്റൊരു കുംഭകര്‍ണ്ണനെ പോലെ, നിദ്രവിട്ട്‌ അവന്‍ യുദ്ധത്തിന് ഒരുങ്ങി. ഉടനെ കുവലാശ്വരാജാവ്‌ എതിര്‍ത്തടുത്തു. അപ്പോള്‍ അവന്റെ ശരീരത്തില്‍ നിന്നു ജലം പ്രവഹിക്കുവാന്‍ തുടങ്ങി. ആവാരിമയമായ തേജസ്സിനെ രാജാവ്‌ പാനം ചെയ്തു. ആ യോഗി യോഗാംബു കൊണ്ട്‌ ആ വഹ്‌നിയേയും കെടുത്തി. ബ്രഹ്മാസ്ത്രം പ്രയോഗിച്ച്‌, ഹേ, യുധിഷ്ഠിരാ! ക്രൂരവിക്രമിയായ ആ ദൈത്യനെ സര്‍വ്വലോകത്തിന്റെയും അഭയത്തിന്നായി, രാജര്‍ഷിയായ കുവലാശ്വന്‍ ദഹിപ്പിച്ചു. വീരനായ ദേവാരിയെ മറ്റൊരു ഇന്ദ്രന്‍ എന്ന പോലെ കുവലാശ്വന്‍ കൊന്നു.

ധുന്ധുവെ കൊന്നതിനാല്‍ മഹാശയനായ കുവലാശ്വ രാജാവ്‌ ധുന്ധുമാരനായി. അദ്ദേഹം എതിരില്ലാത്തവൻ ആയിത്തീര്‍ന്നു. മുനിമാരോടു ചേര്‍ന്ന്‌ ദേവന്മാര്‍ പ്രീതരായി. രാജാവേ! "വരം വാങ്ങുക" എന്നു പറഞ്ഞു. രാജാവ്‌ അപ്പോള്‍ കൈകൂപ്പി

അതിരറ്റ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു: ഞാന്‍ വിപ്രന്മാര്‍ക്കു വിത്തം നല്കണം! അരിദുര്‍ജ്ജയൻ ആകണം! വിഷ്ണുവിനോടു സഖ്യം ഉണ്ടാകണം. ഭൂതദ്രോഹങ്ങള്‍ ബാധിക്കാതാകണം. ധര്‍മ്മത്തില്‍ എന്നും രതിയുണ്ടാകണം. അക്ഷയമായ സ്വര്‍ഗ്ഗവാസം ലഭിക്കണം. "അപ്രകാരം ഭവിക്കട്ടെ!" എന്നു ദേവന്മാര്‍ ആ രാജാവിനെ നന്ദിപൂര്‍വ്വം അനുഗ്രഹിച്ചു. ഗന്ധര്‍വ്വന്മാരും, മുനികളും, ധീമാനായ ഉത്തങ്കനും പിന്നെ സംഭാഷണം ചെയ്തു. കുവലാശ്വന് നാനാ വിധത്തിലുള്ള ആശിസ്സു നല്കി.

അനന്തരം ദേവന്മാരും, മുനികളും സ്വസ്ഥാനങ്ങളിലേക്കു മടങ്ങി. ആ രാജാവിന് മൂന്നു മക്കള്‍ മാത്രമേ ശേഷിച്ചുള്ളു; ദൃഡാശ്വന്‍, കപിലാശ്വന്‍, ചന്ദ്രാശ്വന്‍ ഇവര്‍ മൂന്നു പേര്‍ മാത്രം. ആ മുന്നു പേര്‍ വഴിക്കാണ്‌ യോഗ്യരായ ഇക്ഷ്വാകു വംശക്കാര്‍ നിലനിന്നത്‌. തേജസ്വികളായ ഇക്ഷ്വാകു വംശജന്മാരുടെ പരമ്പര ഇവരില്‍നിന്നാണ്‌.

ഇപ്രകാരമാണ്‌ കുവലാശ്വന്‍ മധുകൈടഭ സന്താനമായ ധുന്ധുവിനെ കൊന്നത്‌. അങ്ങനെയാണ്‌ കുവലാശ്വ ക്ഷിതിപതി ധുന്ധുമാരനുമായി തീര്‍ന്നത്‌. നാമത്താല്‍ ആ ഗുണനിധി അന്നു തൊട്ട് ഈ പേരില്‍ അറിയപ്പെടുന്നു. ഹേ, യുധിഷ്ഠിരാ! എന്നോടു ചോദിച്ച വിധം ഇതൊക്കെ ഞാന്‍ ഭവാനോടു പറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മ്മത്താല്‍ ധുന്ധുമാരോപാഖ്യാനം വിശ്രുതമായി. ഈ ആഖ്യാനം പുണ്യമായിട്ടുള്ളതും വിഷ്ണുവിന്റെ കീര്‍ത്തനവുമാണ്‌. ഈ ആഖ്യാനം കേട്ടാല്‍ തന്നെ അവന്‍ ധാര്‍മ്മികനാകും. പുത്രസന്താനവാനുമായി ഭവിക്കും. ആയുഷ്മാനും ഭൂതിമാനുമാകും. പര്‍വ്വം തോറും ഇതു കേള്‍ക്കുക ആണെങ്കില്‍ യാതൊരു രോഗവും ബാധിക്കാതെ അവന്‍ വിജ്ജ്വരനുമാകും.

മാര്‍ക്കണ്ഡേയ സമസ്യാ ഉപപര്‍വ്വം തുടർന്ന് വായിക്കുക . . . . . . https://keralam1191.blogspot.com/2022/10/205-268.html


No comments:

Post a Comment