തീര്‍ത്ഥയാത്രാ ഉപ പര്‍വ്വം തുടരുന്നു . . . .
96. അഗസ്ത്യോപാഖ്യാനം - വാതാപിയുടെ കഥയും ലോപാമുദ്രയുടെ ജനനവും - വൈശമ്പായനൻപറഞ്ഞു: പിന്നെ വളരെ ദക്ഷിണകള്‍ നല്കുന്നതില്‍ പേരു കേട്ട രാജാവായ യുധിഷ്ഠിരന്‍ അവിടെ നിന്നും പറപ്പെട്ട് അഗസ്ത്യാശ്രമത്തില്‍ ചെന്ന് "ദുര്‍ജ്ജയ" എന്ന സ്ഥലത്തു പാര്‍ത്തു അവിടെ വെച്ച് ലോമശ മഹര്‍ഷിയോട് സംഭാഷണ ചതുരനായ യുധിഷ്ഠിര രാജാവ് ചോദിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: മഹര്‍ഷേ! അഗസ്ത്യന്‍ എന്തിനു വാതാപിയെ കൊന്നു? മാനവാന്തകനായ ആ ദൈതൃന്‍ എന്തുമാത്രം പ്രഭാവമുള്ളവൻ ആയിരുന്നു? മഹാത്മാവായ അഗസ്ത്യന്‍ എന്തു കാരണത്താലാണ് അവനോടു ക്രോധമുണ്ടായത്? എല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലോമശന്‍ പറഞ്ഞു: ഹേ കൗരവനന്ദനാ, "മണിമതി" എന്ന നഗരത്തില്‍ പണ്ട് "ഇല്വലന്‍" എന്നു പേരായ ഒരു ദൈത്യന്‍ ഉണ്ടായിരുന്നു. ഒരു ദിവസം ദിതിയുടെ പുത്രനായ അവന്‍ മഹാതപസ്വിയായ ഒരു ബ്രാഹ്മണനോടു പറഞ്ഞു: ഹേ ബ്രാഹ്മണാ, എനിക്കു ഭവാന്‍ ഇന്ദ്രതുല്യനായ ഒരു പുത്രന്‍ ഉണ്ടാകുവാന്‍ വരം തന്ന് അനുഗ്രഹിക്കുക.
ആ ബ്രാഹ്മണന്‍ വാസവ തുല്യനായ പുത്രൻ ഉണ്ടാകുവാന്‍ അനുഗ്രഹിച്ചില്ല. തന്മൂലം ആ അസുരന്‍ ആ ബ്രാഹ്മണനില്‍ ക്രുദ്ധനായി. അന്നുമുതല്‍ അവന്‍ കൈയില്‍ കിട്ടിയ ബ്രാഹ്മണരെ സൂത്രത്തില്‍ കൊല്ലുവാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ അവന്‍ ഒരു ബ്രാഹ്മണ ഹന്താവായി തീര്‍ന്നു. അവരെ കൊല്ലുവാന്‍ ഒരുപായം പ്രയോഗിച്ചു. മായാവിയായ ആ അസുരന്‍ തന്റെ മായാവിദ്യ കൊണ്ട് അനുജനായ വാതാപിയെ ഒരു ആടാക്കി. കാമരുപിയായ വാതാപി ഉടനെ ആടായിത്തീര്‍ന്നു. വല്ല ബ്രാഹ്മണനും അതിഥിയായി വന്നാല്‍ ഉടനെ ആ ആടിനെ പിടിച്ചു വെട്ടിക്കൊന്നു പാകംചെയ്തു സുഖമായി ഭക്ഷണം നല്കും. മരിച്ചു കിടക്കുന്നവനെ വിളിച്ചാല്‍ ജീവിച്ചു വരുന്നതിനുള്ള മന്ത്രവിദൃ ഇല്വലന് അറിയാമായിരുന്നു. അവന്‍ ഉച്ചത്തില്‍ വിളിച്ചാല്‍ മരിച്ചവന്‍ വീണ്ടും ദേഹം പ്രാപിച്ചു വിളികേട്ട് എഴുന്നേറ്റു വരും. അങ്ങനെ അവന്‍ ഊട്ടിയ ബ്രാഹ്മണന്റെ വയര്‍ പൊളിഞ്ഞ് അസുരനായ വാതാപി ചിരിച്ച് ഓടി വരികയായി. ബ്രാഹ്മണന്‍ ചത്തു വീഴുകയും ചെയ്യും. വീണ്ടും ഇപ്രകാരം ബ്രാഹ്മണരെ ഊട്ടുകയും കൊല്ലുകയും ചെയ്യുക ആ ദുഷ്ടന്റെ നിരന്തരമായ പ്രവ്യത്തിയായി.
ഇക്കാലത്ത് ഒരു ദിവസം അഗസ്ത്യ മഹര്‍ഷി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ഗര്‍ത്തത്തില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന തന്റെ പിതൃക്കളെ കണ്ടു. ഇങ്ങനെ തലകീഴായി തൂങ്ങി കിടക്കുന്ന അവരോട് മുനി അതിന്റെ കാരണം ചോദിച്ചു. അബ്രഹ്മവാദികളായ അവര്‍ മറുപടി പറഞ്ഞു.
പിതൃക്കള്‍ പറഞ്ഞു: നിനക്കു സന്താനം ഉണ്ടാകാഞ്ഞതു മൂലം പിതൃക്കളായ ഞങ്ങള്‍ക്കു ഗതി കിട്ടാതായി. അതു കൊണ്ടാണ് ഞങ്ങള്‍ ഈ ഇടുക്കില്‍ തൂങ്ങി നില്ക്കാന്‍ ഇടയായത്. ഹേ അഗസ്ത്യാ! നീ നല്ല ഒരു സന്താനത്തെ ഞങ്ങളുടെ ഗതി ഓര്‍ത്തു ജനിപ്പിക്കുക. ഞങ്ങളുടെ നരകം തീരട്ടെ! നിനക്കു സല്‍ഗ്ഗതിയും ലഭിക്കട്ടെ!
ലോമശന്‍ പറഞ്ഞു: പിതൃക്കളുടെ വാക്കുകേട്ട് സത്യധര്‍മ്മപരനും തേജസ്വിയുമായ അഗസ്ത്യന്‍ പറഞ്ഞു.
അഗസ്ത്യന്‍ പറഞ്ഞു: പിതൃക്കളേ! ഞാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ചെയ്തു കൊള്ളാം; വിഷമിക്കേണ്ട.
ലോമശന്‍ പറഞ്ഞു: പിന്നെ ഭഗവാനായ മഹര്‍ഷി സന്താന ലാഭത്തിനു വേണ്ടി തനിക്കു ചേര്‍ന്ന ഒരു സ്ത്രീയെ ലഭിക്കുവാന്‍ അന്വേഷിച്ചു നടന്നു. ഒരിടത്തും കണ്ടു കിട്ടിയില്ല. ഒടുവില്‍ വിശിഷ്ടമായ വസ്തുക്കളെ സംഗ്രഹിച്ചു കൊണ്ട് ഒരു പെണ്‍കുട്ടിയെ സൃഷ്ടിച്ചു. പുത്രാര്‍ത്ഥമായി അക്കാലത്തു തപസ്സു ചെയ്യുന്ന വിദര്‍ഭ രാജാവിനു താന്‍ തനിക്കു വേണ്ടി സൃഷ്ടിച്ച ആ കുട്ടിയെ നല്കി അനുഗ്രഹിച്ചു. അങ്ങനെ വിദര്‍ഭ രാജാവിനു മിന്നല്‍ക്കൊടി പോലെ സുന്ദരിയായ ഒരു പുത്രി ജനിച്ചു. വിളങ്ങുന്ന ദേഹത്തോടു കൂടി ആ ശുഭാനനയായ പെണ്‍കുട്ടി വളര്‍ന്നു വന്നു.
കുട്ടി ജനിച്ച അന്ന് അവളെ കണ്ടു സന്തുഷ്ടനായ വിദര്‍ഭ രാജാവ് ഈ വിവരം ദ്വിജന്മാരെ അറിയിച്ചു. അവളെ കണ്ട് ദ്വിജന്മാരൊക്കെ അഭിനന്ദിക്കുകയും ലോപാമുദ്ര എന്നു നാമകരണം ചെയ്യുകയും ചെയ്തു.
അവള്‍ ദൈനംദിനം ചന്തത്തോടെ വളര്‍ന്നുവന്നു. വെള്ളത്തില്‍ താമര പോലെയും, അഗ്നിയില്‍ ജ്വാല പോലെയും അവള്‍ പ്രശോഭിച്ചു. യൗവന യുക്തയായ അവള്‍ക്ക് അലംകൃതകളായ നൂറു കന്യകമാരെ തോഴിമാരായി രാജാവ് നല്കി. നൂറു ദാസിമാരെയും നല്കി. അവര്‍ എല്ലാവരും ലോപാമുദ്രയെ ശുശ്രൂഷിച്ചു പോന്നു. നൂറു ദാസിമാരോടും നൂറു സഖിമാരോടും കൂടി അവള്‍ ആകാശത്തില്‍ രോഹിണീ നക്ഷത്രം എന്ന പോലെ പ്രശോഭിച്ചു..
യൗവനം തികഞ്ഞിട്ടും സുശീലയും സുന്ദരിയുമായ അവളെ ആഗ്രഹിച്ച് ഒരു പുരുഷനും വന്നു ചേര്‍ന്നില്ല. രാജാവിനെ കുറിച്ചുള്ള ഭയം മൂലം സത്യവതിയായ ലോപാമുദ്രയോടു തുല്യയായി രൂപസമ്പത്തില്‍ അപ്സരസ്സുകൾ പോലും ഉണ്ടായിരുന്നില്ല. അവള്‍ ശീലഗുണം കൊണ്ട് അച്ഛനേയും, സ്വജനങ്ങളേയും സന്തോഷിപ്പിച്ചു. യൗവനം പൂണ്ട അവളെ കണ്ട് അച്ഛനു മനസ്സില്‍ വിചാരമായി, ഞാന്‍ ആര്‍ക്കു കൊടുക്കേണ്ടു എന്റെ മകളെ എന്ന്.
97. അഗസ്ത്യോപാഖ്യാനം - അഗസ്തൃ ലോപാമുദ്രാ വിവാഹം - ലോമശന്‍ തുടര്‍ന്നു: ലോപാമുദ്ര തനിക്ക് ഗാര്‍ഹസ്ഥ്യ യോഗ്യയാണ് എന്നറിഞ്ഞ്, അഗസ്ത്യന്‍ വിദര്‍ഭ രാജാവിനെ ചെന്നു കണ്ട് ഇപ്രകാരം പറഞ്ഞു.
അഗസ്തൃന്‍ പറഞ്ഞു: രാജാവേ, സന്താന ലാഭത്തിനു വേണ്ടി ഞാന്‍ വേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലോപാമുദ്രയെ വരിക്കുന്നു. ഭവാന്‍ അവളെ എനിക്കു നല്കിയാലും.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം മുനി പറഞ്ഞപ്പോള്‍ രാജാവ് മോഹാലസ്യപ്പെട്ടു പോയി. മഹര്‍ഷിയുടെ വാക്കു തള്ളിക്കളയുവാനും, സ്വീകരിക്കുവാനും കഴിയാതെ രാജാവ് കുഴങ്ങി. ഉടനെ തന്റെ ഭാര്യയെ കണ്ട് രാജാവ് പറഞ്ഞു.
വിദര്‍ഭരാജാവ് പറഞ്ഞു: ഈ. മഹര്‍ഷി വീര്യവാനാണ്. അദ്ദേഹം നമ്മുടെ ലോപാമുദ്രയെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചാല്‍ അദ്ദേഹം ക്രോധിച്ച് നമ്മെ ദഹിപ്പിക്കും.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം ദുഃഖിക്കുന്ന അമ്മയേയും പിതാവിനേയും കണ്ട് ലോപാമുദ്ര പറഞ്ഞു.
ലോപാമുദ്ര പറഞ്ഞു: അച്ഛാ, ഞാന്‍ മൂലം ഭവാന്‍ ദുഃഖിക്കരുത്. അച്ഛന്‍ എന്നെ അഗസ്തൃനു നല്കി ആത്മാവിനെ രക്ഷിക്കുക.
ലോമശന്‍ പറഞ്ഞു: മകള്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ രാജാവ് മഹാത്മാവായ അഗസ്തൃന് വിധിപ്രകാരം ലോപാമുദ്രയെ നല്കി. അഗസ്തൃന്‍ ലോപാമുദ്രയെ സ്വീകരിച്ച് അവളോട് പറഞ്ഞു.
അഗസ്തൃന്‍ പറഞ്ഞു: ലോപാമുദ്രേ! നീ മഹര്‍ഷിയുടെ ഭാര്യയാണ്. വിലയേറിയ ആഭരണങ്ങളും, വിലയേറിയ പട്ടു വസ്ത്രങ്ങളും തപസ്വികള്‍ക്കു ചേര്‍ന്നവയല്ല. അതുകൊണ്ട് അവയെല്ലാം ഉപേക്ഷിക്കുക.
ലോമശന്‍ പറഞ്ഞു: ഭര്‍ത്താവിന്റെ വാക്കുകേട്ട് ഉടനെ ലോപാമുദ്ര വിലയേറുന്ന, മൃദുവും രമ്യവുമായ, വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. ആ വിശാലാക്ഷിയായ രംഭോരു മരവുരിയും തോലും ഉടുത്തു. ഭര്‍ത്താവിനു യോജിച്ച വ്രതചര്യയോടും, ആചാരത്തോടും കുടെ നിവസിച്ചു.
ഗംഗാദ്വാരത്തിൽ എത്തിയ അവര്‍ ഉഗ്രമായി തപസ്സു ചെയ്തു. അവള്‍ പ്രീതിയോടും ബഹുമാനത്തോടും കൂടി ഭര്‍ത്താവിനെ ശുശ്രൂഷിച്ചു. അഗസ്ത്യനും ഭാര്യയില്‍ പരമ പ്രീതനായി തീര്‍ന്നു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ തപസ്സു കൊണ്ടു ശോഭിക്കുന്ന ലോപാമുദ്ര ഋതുസ്നാതയായി അഗസ്ത്യന്‍ കണ്ടു. അവളുടെ പരിചര്യയും ശുദ്ധിയും ദമവും ശ്രീയും, അഴകും കണ്ട് മഹര്‍ഷി പ്രീതനായി അവളെ രതിക്രീഡ ചെയ്യുവാന്‍ വിളിച്ചു. ആ ഭാമിനി ഭര്‍ത്താവിന്റെ ഇംഗിതം കേട്ട് ലജ്ജാമുഖിയായി കൈകൂപ്പി പ്രണയത്തോടെ ഭര്‍ത്താവിനോടു പറഞ്ഞു.
ലോപാമുദ്ര പറഞ്ഞു: സന്താന ലാഭത്തിനാണല്ലോ ഭര്‍ത്താവ്. ഭാര്യയെ വരിക്കുന്നത്. ഭവാനില്‍ എനിക്കുള്ള പ്രീതി മഹര്‍ഷേ! ഭവാന്‍ ശരിയാക്കി തന്നാലും. അച്ഛന്റെ വലിയ കൊട്ടാരത്തില്‍ എങ്ങനെയാണ് ഞാന്‍ മെത്തയില്‍ കിടന്നിരുന്നത്, അങ്ങനെയുള്ള വിശിഷ്ടമായ മെത്തയില്‍ കിടന്ന് ഭവാന്‍ എന്നോടു ചേരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പൂമാലയും ഭൂഷണവും അണിഞ്ഞ ഭവാനെ ഞാന്‍ ദിവ്യാഭരണങ്ങള്‍ അണിഞ്ഞ് സംഗമിക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയല്ലാതെ ചീരകാഷായ വസ്ത്രയായി ഞാന്‍ ഭവാനോടു ചേരുകയില്ല. ഈ മഹത്തായ വേഷത്തെ ഭവാന്‍ അശുദ്ധമാക്കുവാന്‍ അനുവദിക്കരുത്, മഹാമുനേ!
അഗസ്ത്യന്‍ പറഞ്ഞു: എടോ ലോപാമുദ്രേ അതിനുള്ള ധനം എനിക്കില്ലല്ലോ. എടോ കല്യാണീ, നിന്റെ പിതാവിനെ പോലെ ഞാന്‍ ധനവാനല്ലല്ലോ! സുമദ്ധ്യമേ, നീ ചിന്തിച്ചു നോക്കു!
ലോപാമുദ്ര പറഞ്ഞു: മഹര്‍ഷേ! ഭവാന്‍ എല്ലാറ്റിനും കഴിവുള്ള തപോധനൻ അല്ലേ? ക്ഷണം കൊണ്ട് ഈ ജീവലോകത്തില്‍ കാണുന്നതൊക്കെ നിര്‍മ്മിക്കുവാന്‍ ഭവാന് വിഷമം ഇല്ലല്ലോ?
അഗസ്തൃന്‍ പറഞ്ഞു: ഭവതി പറഞ്ഞതു ശരിയാണ്. എന്നാൽ ഞാന്‍ നേടിയ തപസ്സ് ഇതിനായി ചെലവാക്കാമോ?എന്റെ തപസ്സു നശിക്കാത്ത മാര്‍ഗ്ഗമുണ്ടെങ്കില്‍ പറയുക.
ലോപാമുദ്ര പറഞ്ഞു: ഹേ, താപസാ! എനിക്കു. ഋതുകാലം ഇനി അധികമില്ല. അതിനിടയ്ക്ക് എന്റെ നിശ്ചയത്തിന് വിപരീതമായി ഭവാനോടു ചേരുവാന്‍ ഞാന്‍ ഒരിക്കലും ഇച്ഛിക്കുന്നുമില്ല. ഞാന്‍ ഭവാന്റെ ധര്‍മ്മലോപത്തില്‍ ഒട്ടും കാംക്ഷിക്കുന്നുമില്ല. എന്റെ ആഗ്രഹത്തെ ഭവാന്‍ സാധിപ്പിച്ചു തരേണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
അഗസ്ത്യന്‍ പറഞ്ഞു: നിന്റെ ഉള്ളിലുള്ള മോഹം സുദ്യഢമാണെങ്കില്‍ അതു സാധിപ്പിക്കുവാന്‍ ഞാന്‍ പോവുകയാണ്. ഭദ്രേ! അതുവരെ ഭവതി യഥേഷ്ടം ഇവിടെ കഴിയുക.
98. അഗസ്ത്യോപാഖ്യാനം - ലോമശന്‍ തുടര്‍ന്നു: പിന്നെ അഗസ്തൃന്‍ ധനം ഭിക്ഷ യാചിച്ചു സമ്പാദിക്കുവാന്‍ പുറപ്പെട്ട് ആദ്യമായി അദ്ദേഹം രാജാക്കന്മാരില്‍ വെച്ച്‌ഏറ്റവും സമ്പത്തുള്ള "ശ്രുതര്‍വ്വ"ന്റെ സമീപത്തു ചെന്നു. കുംഭത്തില്‍ നിന്ന് (കുടത്തില്‍ നിന്ന്) ജനിച്ച, ആ മഹര്‍ഷി വരുന്നതു കണ്ട്, രാജാവ് അമാതൃരോടു കൂടിച്ചെന്ന് എതിരേറ്റു സല്‍ക്കരിച്ചു. അര്‍ഘ്യാദികള്‍ യഥായോഗ്യം നല്കിയതിന് ശേഷം രാജാവ് കൈകൂപ്പി മഹര്‍ഷിയുടെ ആഗമനത്തിന്റെ ഉദ്ദേശ്യം എന്തെന്നു ചേദിച്ചു.
അഗസ്ത്യന്‍ പറഞ്ഞു: ഞാന്‍ ധനം യാചിക്കുവാനായി വന്നതാണ്. എനിക്കു നിന്റെ സമ്പത്തിന്റെ ഒരു ഭാഗം തരിക. തരുന്നതു കൊണ്ട് മറ്റാര്‍ക്കും ദോഷം ബാധിക്കാത്ത വിധത്തില്‍ യഥാശക്തി ധനം തന്നാലും.
ലോമശന്‍ തുടര്‍ന്നു: ഉടനെ രാജാവ് തന്റെ രാജ്യത്തു നിന്നു തനിക്കു ലഭിക്കുന്ന ധനത്തിന്റെ ആയവും, താന്‍ ചെലവു ചെയ്യുവാന്‍, ബാദ്ധ്യതപ്പെട്ട ധനത്തിന്റെ വ്യയവും തുല്യമാണെന്നു കേള്‍പ്പിച്ചു. ഇതില്‍ നിന്ന് അങ്ങേയ്ക്ക് ഇഷ്ടമുള്ളത് എടുക്കാം എന്നു പറഞ്ഞു. അപ്പോള്‍ അഗസ്തൃന്‍ രാജാവിന്റെ ആയവ്യയങ്ങള്‍ സമമാണെന്നു കണ്ട്, താന്‍ വല്ലതും എടുത്താല്‍ പ്രാണികള്‍ക്കു പീഡ ഉണ്ടാകുമെന്നു കരുതി, ഉടനെ മഹര്‍ഷി, ശ്രുതര്‍വ്വാവുമൊത്ത് ബ്രദ്ധ്നശ്വന്റെ അടുത്തേക്കു പോയി. അവര്‍ രണ്ടുപേരും ചെല്ലുന്നതറിഞ്ഞു ബ്രദ്ധ്നശ്വന്‍ അവരെ എതിരേറ്റു കൂട്ടിക്കൊണ്ടു പോയി അര്‍ഘ്യപാദ്യങ്ങള്‍ നല്കി സല്‍ക്കരിച്ചു. അവരുടെ അനുജ്ഞയോടെ, രാജാവ് അവരോട് വന്നതിനുള്ള കാരണം ചോദിച്ചു.
അഗസ്ത്യന്‍ പറഞ്ഞു: രാജാവേ, വിത്തം കാംക്ഷിച്ചു ഞങ്ങള്‍ അങ്ങയെ കാണുവാന്‍ വന്നതാണ്. അന്യര്‍ക്ക് ഉപദ്രവം വരാത്ത വിധം യഥാശക്തി ധനം ഞങ്ങള്‍ക്കു നല്കിയാലും.
ലോമശന്‍ പറഞ്ഞു: ഉടനെ തന്റെ ആയവ്യയങ്ങള്‍ രാജാവ് അവരെ കേള്‍പ്പിച്ചു. അതറിഞ്ഞു തനിക്കിഷ്ടമുള്ളത്ര കൊണ്ടു പൊയ്ക്കൊള്ളുവാന്‍ ആ രാജാവ് അവരെ അനുവദിക്കുകയും ചെയ്തു. സമ മതിയായ ദ്വിജന്‍, അപ്പോള്‍, ആയവ്യയങ്ങള്‍ തുല്യമായി കാണുകയാല്‍ അതില്‍ നിന്നു ധനം വല്ലതും എടുത്താല്‍ പ്രാണികള്‍ക്കു പീഡ ഉണ്ടാകുമെന്നു മനസ്സിലാക്കി. അവിടെ നിന്നും ആ രാജാക്കന്മാരോട് ഒപ്പം ധനികനും പുരുകുത്സന്റെ പുത്രനുമായ "ത്രസദസ്യു"വിന്റെ സമീപത്തു പോയി. അഗസ്ത്യനും, ശ്രുതര്‍വ്വാവും ബ്രദ്ധ്നശ്വ ക്ഷിതിപനും കൂടി വരുന്നതു കണ്ടപ്പോള്‍ അതിര്‍ത്തിയിൽ എത്തി അവരെ ത്രസദസ്യു എതിരേറ്റു സല്‍ക്കരിച്ചു സ്വീകരിച്ചു. യഥാന്യായം ആ ഇക്ഷ്വാകു വംശജനായ രാജസത്തമന്‍ പൂജിച്ചതിന് ശേഷം മൂന്നുപേരും കൂടി വരുവാനുള്ള കാരണം എന്തെന്നു ചോദിച്ചു.
അഗസ്തൃന്‍ പറഞ്ഞു: രാജാവേ, ഞങ്ങള്‍ വിത്തം കാംക്ഷിച്ചു വന്നതാണ്. അന്യര്‍ക്ക് ഉപദ്രവം വരാത്തവിധം യഥാശക്തി ഞങ്ങള്‍ക്കു നൽകിയാലും.
ലോമശന്‍ പറഞ്ഞു; ഉടനെ ആ രാജാവ് ആയവ്യയങ്ങളുടെ സമത്വം അവരെ കേള്‍പ്പിച്ചു. അതറിഞ്ഞ് തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര എടുത്തു കൊള്ളുവാന്‍ വിരോധമില്ലെന്നും അറിയിച്ചു. അപ്പോള്‍ സമ മതിയായ മഹര്‍ഷി ആയവ്യയം തുല്യമാണെന്നു കണ്ട്, അതില്‍ നിന്നും എന്തെങ്കിലും എടുത്താല്‍ പ്രാണികള്‍ക്കു പീഡയുണ്ടാകുമെന്നു മനസ്സിലാക്കി ഒന്നും സ്വീകരിച്ചില്ല. അപ്പോള്‍ എല്ലാ രാജാക്കന്മാരും പരസ്പരം നോക്കി ഒന്നിച്ചിങ്ങനെ അഗസ്തൃ മഹര്‍ഷിയോടു പറഞ്ഞു.
രാജാക്കന്മാര്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ, ഈ ലോകത്തില്‍ വേണ്ടുവോളം ധനമുള്ള ഒരുത്തനുണ്ട്. അത് ഇല്വലന്‍ എന്ന ദാനവനാണ്. നമ്മളെല്ലാവരും കൂടി അവന്റെ അടുത്തു ചെന്നു ധനം ആവശ്യപ്പെടുക.
ലോമശന്‍ തുടര്‍ന്നു: ഇല്വലനോട് അഭ്യര്‍ത്ഥിക്കുന്നത് ഉചിതമാണെന്നു കണ്ട് അവര്‍ എല്ലാവരും ഒന്നിച്ച് ഇല്വലന്റെ സമീപത്തേക്ക് അതിന് വേണ്ടി ഉടനെ പോയി.
99. അഗസ്ത്യോപാഖ്യാനം - ജാമദഗ്ന്യ തേജോഹാനി കഥനം - ലോമശന്‍ പറഞ്ഞു: മഹര്‍ഷിയോടു കൂടി രാജാക്കന്മാര്‍ എത്തിയ വൃത്താന്തമറിഞ്ഞ് ഇല്വലന്‍ അമാത്യന്മാരോടു കൂടി ചെന്ന് എതിരേറ്റു രാജധാനിയില്‍ കൊണ്ടു വന്ന് ആദരിച്ചു. അസുര ശ്രേഷ്ഠനായ ഇല്വലന്‍ അവരെ വേണ്ടവിധം ആതിഥൃം ചെയ്തു. അനുജനായ വാതാപിയെ (ആടായി മാറിയ) തന്നെ കൊന്ന് വേണ്ടവിധം പാകം ചെയ്തു. വാതാപി എന്ന അവന്റെ തമ്പി ആടായി തീര്‍ന്നതാണെന്നും അതിനെയാണ് ഇപ്പോള്‍ കൊന്നു വേവിച്ചു തങ്ങള്‍ക്കു സൽക്കരിക്കുന്നതെന്നും അറിഞ്ഞ ആ രാജര്‍ഷിമാർ എല്ലാവരും വിഷണ്ണരായി. രാജാക്കന്മാരുടെ വിഷാദഭാവം മനസ്സിലാക്കിയ അഗസ്തൃന്‍ അവരോടു പറഞ്ഞു.
അഗസ്ത്യന്‍ പറഞ്ഞു: രാജാക്കന്മാരേ! നിങ്ങള്‍ വിഷാദിക്കേണ്ട. വിളമ്പുന്ന അസുരമാംസം മുഴുവന്‍ ഞാന്‍ തന്നെ ഭക്ഷിച്ചു കൊള്ളാം. ആ മഹാസുരനെ മുഴുവൻ ഞാന്‍ ആസ്വദിച്ചു കൊള്ളാം.
ലോമശന്‍ പറഞ്ഞു: അഗസ്ത്യന്‍ ഇരിപ്പിടത്തില്‍ കയറി ഇരുന്നു. ബ്രാഹ്മണനെ ആദ്യം സൽക്കരിക്കണമല്ലോ. ദൈത്യേന്ദ്രനായ ഇല്വലനു സന്തോഷമായി. അവന്‍ പുഞ്ചിരിയോടു കൂടി മാംസം അഗസ്തൃന് വിളമ്പി കൊടുത്തു കൊണ്ടിരുന്നു. മഹര്‍ഷി വാതാപിയെ മുഴുവനും തിന്നു തീര്‍ത്തു. ഭക്ഷണം സുഖമായി കഴിച്ചതിന് ശേഷം ഇല്വലന്‍ തന്റെ അനുജനെ ഉറക്കെ വിളിച്ചു. ഉടനെ എന്താണ് ഉണ്ടായതെന്നോ? മഹാത്മാവായ അഗസ്തൃ മഹര്‍ഷിയുടെ ഉദരത്തില്‍ നിന്ന് ഒരു അധോവായു പുറത്തേക്കു പോയി. ഭയങ്കരമായ മേഘ നിര്‍ഘോഷം പോലെ ( ഇടി വെട്ടുന്ന വിധം) ശബ്ദത്തില്‍! "ഉണ്ണി! വാതാപി!", ഇല്വലന്‍ വീണ്ടും വാതാപിയെ വിളിച്ചു. അവന്‍ പുറത്തു വരുന്നതായി കണ്ടില്ല. അഗസ്തൃ മഹര്‍ഷി അവനോടു നല്ലപോലെ ചിരിച്ചു കൊണ്ടു പറഞ്ഞു: "വാതാപി എങ്ങനെ പുറത്തേക്കു വരും? അവനെ ഞാന്‍ ദഹിപ്പിച്ചു എന്ന്. തന്റെ അനുജനെ ആ മഹാത്മാവു ദഹിപ്പിച്ചതായി അറിഞ്ഞ് ഇല്വലന്‍ വിഷണ്ണനായി മന്ത്രിമാരോടു കൂടി അവന്‍ മഹര്‍ഷിയെ തൊഴുത് ഇപ്രകാരം ഉണര്‍ത്തിച്ചു.
ഇല്വലന്‍ പറഞ്ഞു: ഹേ, മഹാനുഭാവന്മാരേ! നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ടു വന്നത്? ഞാന്‍ എന്താണു ചെയ്യേണ്ടത്?
ലോമശന്‍ പറഞ്ഞു: ഇല്വലന്റെ വാക്കു കേട്ട് അഗസ്ത്യ മഹര്‍ഷി ചിരിച്ചു കൊണ്ടു പറഞ്ഞു.
അഗസ്ത്യന്‍ പറഞ്ഞു: ഹേ! അസുരാ!! നീ ധനേശ്വരനാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ രാജാക്കന്മാര്‍ വേണ്ടുവോളം ധനം ഇല്ലാത്തവരാണ്. എനിക്കു ധാരാളം ധനം ആവശ്യമുണ്ട്. മറ്റാര്‍ക്കും ദോഷം പറ്റാത്ത വിധം നീ യഥാശക്തി ധനം ഞങ്ങള്‍ക്കു തരിക.
ലോമശന്‍ പറഞ്ഞു: ഉടനെ ഋഷിയെ അഭിവാദ്യം ചെയ്തു ഇല്വലന്‍ പറഞ്ഞു.
ഇല്വലന്‍ പറഞ്ഞു: ഞാന്‍ എന്താണ് നിങ്ങള്‍ക്കു തരാൻ ഉദ്ദേശിച്ചതെന്ന് ഭവാന്‍ പറയുക. എങ്കില്‍ ഞാനതു തരുവാന്‍ സന്നദ്ധനാണ്.
അഗസ്ത്യന്‍ പറഞ്ഞു: പതിനായിരം പശുക്കളും, അത്ര സ്വര്‍ണ്ണവും ഓരോ രാജാവിനും നല്കാന്‍ നീ ഉദ്ദേശിക്കുന്നു. അതിന്റെ ഇരട്ടി ധനവും ഹിരണ്മയമായ (സ്വര്‍ണ്ണം കൊണ്ടുള്ള) തേരും മനോജവമായ രണ്ടു കുതിരകളും എനിക്കു തരുന്നതിനും നീ ഉദ്ദേശിക്കുന്നു. ഹേ! മഹാസുര, ആ തേരു നീ നല്ലപോലെ നോക്കിക്കാണുക; അതു സ്വര്‍ണ്ണമയമാണ്.
ലോമശന്‍ പറഞ്ഞു: ഇങ്ങനെ അഗസ്ത്യമഹര്‍ഷി പറഞ്ഞപ്പോള്‍ അവന്‍ തേരിനെപ്പറ്റി അന്വേഷിച്ചു. അത്ഭുതം! അതു പൊന്മയ മായിരിക്കുന്നു! ഇതു കണ്ടതോടു കൂടി ദൈതൃന്‍ ദീനമാനസനായി വേണ്ടത്ര ധനവും ആ തേരും അവര്‍ക്കു കൊടുത്തു. വിരാവന്‍, സുരാവന്‍ എന്നീ രണ്ട് അശ്വങ്ങളേയും ആ തേരില്‍ പൂട്ടി. അവ കണ്ണടച്ചു തുറക്കും മുമ്പ് ആ രാജാക്കന്മാരേയും ധനത്തേയും മഹര്‍ഷിയേയും അഗസ്ത്യാശ്രമത്തിൽ എത്തിച്ചു. അഗസ്തൃന്റെ സമ്മതത്തോടു കൂടി ആ രാജര്‍ഷികള്‍ തിരിച്ചു പോയി. ലോപാമുദ്രയുടെ എല്ലാ ആഗ്രഹങ്ങളും ഇപ്രകാരം അഗസ്ത്യന്‍ സാധിപ്പിച്ചു.
ലോപാമുദ്ര പറഞ്ഞു: ഭഗവാനേ! ഭവാന്‍ എന്റെ കാമിതം സാധിപ്പിച്ചു. എനിക്കു വീര്യവാനായ ഒരു സന്താനത്തെ നല്കിയാലും.
അഗസ്ത്യന്‍ പറഞ്ഞു: എടോ കല്യാണീ, എനിക്ക് നിന്റെ സൗശീല്യത്താല്‍ സന്തോഷ മായിരിക്കുന്നു. ശോഭനേ, അപതൃയത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. നിനക്ക് ആയിരം സന്താനങ്ങള്‍ വേണോ? അതോ പത്താള്‍ക്കു തുല്യരായ നൂറു സന്താനങ്ങള്‍ വേണോ? അതോ നൂറാള്‍ക്കു തുലൃരായ പത്തു സന്താനങ്ങള്‍ മതിയോ? അതോ ആയിരം ആള്‍ക്കു സമനായ ഒരു സന്താനം മതിയോ? ഏതാണു വേണ്ടതെന്നു ചിന്തിച്ചു പറയുക.
ലോപാമുദ്ര പറഞ്ഞു: ഹേ തപോധനാ! സഹ്രസ സന്നിഭനായ ഒരു സന്താനം മതി എനിക്ക്. പല ദുഷ്ടന്മാരേക്കാള്‍ നല്ലത് നല്ലവനും വിദ്വാനുമായ ഒരുത്തനാണ്; അതു മതി.
ലോമശന്‍ പറഞ്ഞു: അങ്ങനെയാകട്ടെ എന്നു പറഞ്ഞ് അഗസ്ത്യന്‍ ലോപാമുദ്രയുടെ അഭീഷ്ടം പോലെ യഥാകാമം രമിച്ചു. അങ്ങനെ രമിച്ചു വസിക്കവേ അവള്‍ ഗര്‍ഭിണിയായി. ലോപാമുദ്ര ഗര്‍ഭിണിയായപ്പോള്‍ അഗസ്ത്യന്‍ കാട്ടില്‍ തപസ്സിന് പോയി. ഗര്‍ഭം ഏഴുകൊല്ലം വളര്‍ച്ചയെത്തിയ ശേഷം അവള്‍ ഒരു പുത്രനെ പ്രസവിച്ചു. തേജസ്വിയായ ആ പുത്രന്‍ "ദൃഢസ്യു" എന്നു പേരായ മഹാകവിയായി തീര്‍ന്നു. പ്രഭാവത്താല്‍ ജ്വലിക്കുന്നവനും സാംഗോപനിഷത്ത്, വേദം ഇവ ജപിക്കുന്നവനും, തപസ്വിയും ആയി ആ മഹര്‍ഷിയുടെ പുത്രന്‍ വളര്‍ന്നു. ബാലൃത്തില്‍ തന്നെ അച്ഛന്റെ ആശ്രമത്തിലേക്കു ധാരാളം യജ്ഞത്തിനുള്ള വിറകിന്‍ കെട്ടു ചുമന്നതു കൊണ്ട് ഇദ്ധ്മവാഹന്‍ എന്ന പേരു കൂടി അവന് സിദ്ധിച്ചു. ആ നിലയില്‍ തേജസ്വിയായ പുത്രനെ കണ്ട് മുനിസത്തമനായ അഗസ്തൃന്‍ സന്തോഷിച്ചു. ഹേ ഭാരത, ഇങ്ങനെയാണ് ഉത്തമനായ അഗസ്തൃ പുത്രന്‍ മൂലം പിതൃക്കള്‍ ഇഷ്ടലോകം പ്രാപിച്ചത്. അന്നു മുതല്‍ ആ സ്ഥലം അസ്ത്യാശ്രമം എന്നു പ്രസിദ്ധമായി തീര്‍ന്നു. പ്രഹ്ളാദ വംശജനായ വാതാപിയെ നശിപ്പിച്ച അഗസ്തൃന്റെ രമണീയമായ ആശ്രമമാണ് നാം ഈ കാണുന്നത്, യുധിഷ്ഠിരാ!
മഹാനായ അഗസ്തൃന്റെ ആശ്രമത്തിന് അരികിലൂടെ ദേവന്മാരും, ഗന്ധര്‍വ്വന്മാരും സേവിക്കുന്ന പുണ്യയായ ഭാഗീരഥീ നദി നഭസ്സില്‍ കാറ്റിലിളകുന്ന പതാക പോലെ ഇതാ സുന്ദരമായി പ്രവഹിക്കുന്നു!
ഉയര്‍ന്ന ദിക്കില്‍ നിന്നും കുണ്ടിലേക്ക് ഊര്‍ന്നു വീണു ംശിലാതലങ്ങളില്‍ തട്ടിച്ചിതറിയും അവിടെ നിന്ന് പന്നഗേന്ദ്രന്റെ വധുവിനെ പോലെ വളഞ്ഞു പുളഞ്ഞ് ഇഴഞ്ഞു നീങ്ങി തെക്കന്‍ ദിക്കിനെ അമ്മയെ പോലെ വെള്ളത്താല്‍ കുളിപ്പിച്ചു കൊണ്ട് പ്രവഹിക്കുന്നു. മഹാദേവന്റെ ജടയില്‍ നിന്നും ആരംഭിച്ച് അവസാനം സമുദ്രത്തില്‍ ചെന്നെത്തുന്ന അവള്‍ സമുദ്രത്തിന്റെ പ്രിയ മഹിഷിയെ പോലെ സമുദ്രവുമായി ചേരുന്നു. ഇഷ്ടംപോലെ ഭവാന്‍ ആ പുണ്യനദിയിൽ ഇറങ്ങി സ്നാനം ചെയ്യുക, യുധിഷ്ഠിരാ!
ഹേ യുധിഷ്ഠിരാ! ഈ കാണുന്നതു മൂന്നു ലോകത്തിലും പ്രസിദ്ധമായതും മഹര്‍ഷി ഗണങ്ങളാല്‍ സേവിതവുമായ ഭൃഗു തീര്‍ത്ഥമാണ്. ഇതില്‍ സ്നാനം ചെയ്തു പണ്ട് ഭൃഗു വംശജനായ രാമന്‍ തന്റെ നഷ്ടപ്പെട്ട തേജസ്സു വീണ്ടെടുത്തു. ഇതില്‍ ഭ്രാതാക്കളോടും, കൃഷ്ണയോടും കൂടി മുങ്ങി, പണ്ട് ഭൃഗുരാമന്‍ ശ്രീരാമനുമായുണ്ടായ രണത്തില്‍ നഷ്ടപ്പെട്ട തന്റെ തേജസ്സ് വീണ്ടെടുത്ത പോലെ, ദുര്യോധനന്‍ അപഹരിച്ച തേജസ്സ് ഭവാന്‍ വീണ്ടെടുക്കുക.
വൈശമ്പായനൻ തുടര്‍ന്നു: ലോമശന്റെ ഉപദേശമനുസരിച്ച് യുധിഷ്ഠിരന്‍ കൃഷ്ണയോടും ഭ്രാതാക്കളോടും കൂടി ആ തീര്‍ത്ഥത്തില്‍ കുളിച്ച് പിതൃക്കളേയും ദേവകളേയും തര്‍പ്പിച്ചു. തീര്‍ത്ഥസ്നാനം കഴിഞ്ഞ യുധിഷ്ഠിരന്‍ പരമ ദീപ്ത രൂപനായി പ്രശോഭിച്ചു. ശത്രുക്കള്‍ക്കു നോക്കാന്‍ പോലും ശക്തി വരാത്തത്ര ദീപ്തിയോടെ അവന്‍ വിളങ്ങി. പിന്നെ, ആ പാണ്ഡു നന്ദനന്‍ ലോമശനോടു ചോദിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ! രാമന്റെ തേജസ്സ് എങ്ങനെയാണ് ഹൃതമായത്? പിന്നെ അത് എങ്ങനെ വീണ്ടെടുത്തു? ഞാന്‍ ആ കഥ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു; പ്രഭോ, എല്ലാംപറഞ്ഞു തന്നാലും.
ലോമശന്‍ പറഞ്ഞു: ഹേ രാജേന്ദ്രാ! ഞാന്‍ ധീമാനായ ഭാര്‍ഗ്ഗവന്റെയും രാമന്റെയും ചരിത്രം പറയാം. ഭവാന്‍ കേട്ടാലും.
മഹാത്മാവായ ദശരഥന് പുത്രനായി രാമന്‍ ജനിച്ചു. വിഷ്ണു മനുഷ്യ രൂപമെടുത്ത് രാവണനെ വധിക്കുവാനാണ് ദാശരഥിയായി ഭൂമിയില്‍ അവതരിച്ചത്. ഞാന്‍ അയോദ്ധ്യയില്‍ ചെന്ന്, ദാശരഥിയായ രാമനെ കണ്ടിട്ടുണ്ട്. ഋചീക നന്ദനനും ഭാര്‍ഗ്ഗവ വംശത്തില്‍ പെട്ടവനും രേണുകാ സുതനുമായ രാമന്‍, ദശരഥ പുത്രനായ രാമനെ പറ്റിയുള്ള പ്രസിദ്ധി കേട്ടു. ജിജ്ഞാസയോടെ അയോദ്ധ്യയിലേക്കു തന്റെ വില്ലുമായി ചെന്നു. ക്ഷത്രിയരെ മുടിച്ച ആ വില്ലുമായി ചെന്നത് ദാശരഥി രാമന്റെ വീര്യത്തെ പരീക്ഷിക്കുവാനായിരുന്നു. അതിര്‍ത്തിയില്‍ അവന്‍ വന്നതായി കേട്ട് ദശരഥ രാജാവ് സ്വീകരിക്കാനായി രാമന്റെ അടുക്കലേക്ക് തന്റെ പുത്രനായ രാമനെ അയച്ചു. ആയുധങ്ങളും കൈയിലേന്തി അവന്‍ വന്നതു കണ്ട് ഭൃഗുരാമന്‍ ഇങ്ങനെ ചിരിച്ചു പരിഹാസത്തോടെ പറഞ്ഞു.
പരശുരാമന്‍ പറഞ്ഞു: ഹേ രാജേന്ദ്രാ! ഞാന്‍ ഈ വില്ലുകൊണ്ട് അനേകം ക്ഷത്രിയന്മാരെ വധിച്ചിട്ടുണ്ട്. ഇതൊന്നു കുലയേറ്റുവാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ശ്രമിച്ചു നോക്കൂ!
ഇതു കേട്ട് ദശരഥ പുത്രന്‍ പറഞ്ഞു: ഹേ, മഹാത്മാവേ! അധിക്ഷേപിച്ചു പറയരുത്. ഞാന്‍ ദ്വിജനല്ല; ക്ഷത്രിയ ധര്‍മ്മം പാലിക്കാത്തവനും അല്ല. ജാതിയില്‍ താഴ്‌ന്നവനല്ല. ബാഹുവീര്യത്താല്‍ പൊങ്ങച്ചം പറയുന്ന സ്വഭാവം ഇക്ഷ്വാകു വംശജര്‍ക്കു പതിവില്ല.
ലോമശന്‍ പറഞ്ഞു: അവന്‍ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍ ഭൃഗുരാമന്‍ ഇങ്ങനെ പറഞ്ഞു.
പരശുരാമന്‍ പറഞ്ഞു: വെറും വാക്കു പറഞ്ഞിട്ട് എന്താണു കാര്യം? കഴിയുമെങ്കില്‍ എടോ രാഘവ! ഈ വില്ലൊന്നു കുലയേറ്റുക!
ലോമശന്‍ പറഞ്ഞു: അനേകം ക്ഷത്രിയര്‍ഷഭരെ മുടിച്ച ആ ദിവ്യമായ വില്ല് ഭൃഗു രാമനില്‍ നിന്ന് ഉടനെ ദശരഥ പുത്രനായ രാമന്‍ രോഷത്തോടെ വാങ്ങിച്ചു. ഉടനെ തന്നെ ആ വില്ലു കുലയേറ്റുകയും ചെയ്തു. ആ വീര്യവാൻ യാതൊരു വിഷമവും കൂടാതെ പുഞ്ചിരി തൂകി ലീലയാലെന്ന പോലെ കുലയേറ്റി. ആ ശബ്ദം ഇടിവെട്ടുന്ന പോലെ കേട്ട് ജീവികളൊക്കെ പേടിച്ചു. എന്നിട്ട് ഭൃഗുരാമനോട് ദാശരഥിയായ രാമന്‍ ചോദിച്ചു.
ശ്രീരാമന്‍ പറഞ്ഞു: ഹേ ബ്രാഹ്മണാ, ഇതാ ഞാന്‍ വില്ലു കുലയേറ്റിയിരിക്കുന്നു. ഇനി എന്തു ചെയ്യണം?
ലോമശന്‍ പറഞ്ഞു: ഉടനെ ആ മഹാത്മാവിന് ജാമദഗ്ന്യന്‍ ദിവ്യമായ ഒരു ബാണം നല്കി പറഞ്ഞു. ഈ ദിവ്യമായ ബാണം ചെവി വരെ വലിച്ചു കുലയേറ്റുക എന്ന്. ഭാര്‍ഗ്ഗവ രാമന്റെ വാക്കു കേട്ട് ശ്രീരാമന്‍ ദേഷ്യം കൊണ്ടു ജ്വലിക്കുന്ന വിധം നിന്നു പറഞ്ഞു.
ശ്രീരാമന്‍ പറഞ്ഞു: കേട്ടു! നീ പറഞ്ഞതു ഞാന്‍ കേട്ടു! പക്ഷേ, ഞാന്‍ ക്ഷമിക്കുന്നു! നീ വലിയ അഹങ്കാരി തന്നെയാണ് ഭാര്‍ഗ്ഗവ! നീ ക്ഷത്രിയര്‍ക്ക് ഉള്ളതിനേക്കാൾ ഉപരി തേജസ്സു നേടിയത് പിതാമഹന്റെ പ്രസാദം മൂലം മാത്രമാണ്. എന്നിട്ട് നീ എന്നെ അധിക്ഷേപിക്കുകയാണ്. കൊള്ളാം! ഇനി നീ എന്റെ സ്വരൂപം ഒന്നു കാണുക. ഞാന്‍ ദിവ്യചക്ഷുസ്സ് നല്കുന്നു.
ലോമശന്‍ പറഞ്ഞു: ഉടനെ ശ്രീരാമന്റെ ദേഹത്തില്‍ ഭാര്‍ഗ്ഗവന്‍ ആദിത്യ വസു രുദ്രന്മാരെയും, മരുത് സാദ്ധ്യ ഗണങ്ങളെയും, പിതൃക്കളെയും, ഹുതാശനനെയും, നക്ഷത്ര ഗ്രഹ വര്‍ഗ്ഗങ്ങളെയും, ഗന്ധര്‍വ്വ രക്ഷേശര ഗണങ്ങളെയും, എല്ലാ നദീ തീര്‍ത്ഥങ്ങളെയും, സനാതനരും ബ്രഹ്മ കല്‍പന്മാരുമായ ബാലഖില്യ മുനിമാരെയും, ദേവര്‍ഷിമാരെയും, സമുദ്രങ്ങളെയും, പര്‍വ്വതങ്ങളെയും, വേദങ്ങളെയും, ഉപനിഷത്തുകളെയും, സ്വാഹാദ്ധ്വര വഷല്‍ക്കൃതികളെയും, ചൈതന്യം, പൂജ, സാമങ്ങള്‍, ധനുര്‍വ്വേദം മേഘവൃന്ദങ്ങള്‍, മഴ, ഇടി, മിന്നല്‍ ഇവയേയുമൊക്കെ ഭൃഗുരാമന്‍ കണ്ടു. ഭഗവാന്‍ വിഷ്ണു ആ ബാണമെയ്തു. ഉടനെ ഇടിനാദത്താലും കൊള്ളിമീനാലും ഭൂമി നിറഞ്ഞു കുലുങ്ങി. ഉടനെ ഭൂമിയില്‍ പൊടി വര്‍ഷവും, വാരി വര്‍ഷവും ഉണ്ടായി. ഭൂകമ്പമുണ്ടായി. ഇടിനാദമുണ്ടായി. പ്രപഞ്ചം ഭയങ്കരമായി നടുങ്ങി പോയി. രാമന്‍ വലിച്ച് എയ്ത ബാണം ജ്വലിച്ചു കൊണ്ടു പാഞ്ഞു. അതിന്റെ തേജസ്സാല്‍ ഭാര്‍ഗ്ഗവ രാമനെ വിഹ്വലനാക്കി, തന്റെ കൈയില്‍ മടങ്ങി വന്നു. വിഹ്വലനായ ഭൃഗുരാമന്‍ ബുദ്ധി വീണ്ടു കിട്ടിയപ്പോള്‍ ആ തേജസ്സിനെ തന്നെ ശരണം പ്രാപിച്ചു. പിന്നെ വിഷ്ണുവിന്റെ ആജ്ഞ അനുസരിച്ച് മഹേന്ദ്ര പര്‍വ്വതത്തില്‍ ചെന്ന് പേടിച്ച് ലജ്ജിച്ച് ഭാര്‍ഗ്ഗവന്‍ അവിടെ തപസ്സു ചെയ്തു വാണു. അവിടെ തേജസ്സറ്റ് മദം പോയി ദുഃഖിച്ചു ലജ്ജിച്ച് ജീവിക്കവേ, ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പിതൃക്കള്‍ വന്നു രാമനോടുപറഞ്ഞു.
പിതൃക്കള്‍ പറഞ്ഞു: ഉണ്ണീ! നീ വിഷ്ണുവിനോട് എതിര്‍ത്തതു നന്നായില്ല. അവന്‍ മൂന്നു ലോകത്തിനും പൂജ്യനും മാന്യനുമാണല്ലോ. നീ വധൂസരയെന്ന പുണ്യനദിയിലേക്കു പോകുക. വത്സാ! ആ തീര്‍ത്ഥത്തില്‍ പോയി കുളിച്ചാല്‍ നിന്റെ തേജസ്സൊക്കെ വീണ്ടും ലഭിക്കും. ദീപ്തോദം എന്നാണ് ആ തീര്‍ത്ഥത്തിന്റെ പേര്‍. അതില്‍ നിന്റെ പ്രപിതാമഹനായ ഭൃഗു ദേവയുഗത്തില്‍ ഉത്തമമായ തപസ്സ് ചെയ്തിട്ടുണ്ട്.
ലോമശന്‍ പറഞ്ഞു: അവരുടെ ഉപദേശമനുസരിച്ച് അപ്രകാരം രാമന്‍ ചെയ്തു. ആ തീര്‍ത്ഥത്തില്‍ മുങ്ങി വീണ്ടും നഷ്ടപ്പെട്ട തേജസ്സ് വീണ്ടെടുക്കുകയും ചെയ്തു. അക്ലിഷ്ട കര്‍മ്മാവായ രാമന് വിഷ്ണുവുമായുണ്ടായ സംഘട്ടനത്തിന് ശേഷം ഇതാണു സംഭവിച്ചത്.
100. അഗസ്ത്യോപാഖ്യാനം - വജ്ര നിര്‍മ്മാണ കഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ദ്വിജോത്തമാ! ധീമാനായ അഗസ്തൃ മഹര്‍ഷി ചെയ്ത മഹത്കര്‍മ്മങ്ങള്‍ കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹം വര്‍ദ്ധിക്കുന്നു; വിസ്തരിച്ചു പറഞ്ഞാലും.
ലോമശന്‍ പറഞ്ഞു: ഹേ യുധിഷ്ഠിരാ! പറയാം. അതിമാനുഷവും ദിവ്യവും അത്ഭുതവുമായ അദ്ദേഹത്തിന്റെ അത്യുജ്ജ്യല പ്രഭാവത്തെ കുറിച്ച് ഞാന്‍ പറയാം. പണ്ട് കൃതയുഗത്തില്‍ ഘോരന്മാരും രണ ദുര്‍മ്മദന്മാരുമായ കാലകേയന്മാര്‍ എന്നു വിഖ്യാതരായ ദാനവന്മാർ ഉണ്ടായിരുന്നു. അവര്‍ അതി ദാരുണന്മാർ ആയിരുന്നു. അവര്‍ വിവിധ ആയുധങ്ങളോടെ വൃത്രാസുരന്റെ നേതൃത്വത്തില്‍ മഹേന്ദ്രാദികളായ സുരന്മാരെ ആക്രമിച്ച് പല ദിക്കിലേക്കും ഓടിച്ചു. ഉടനെ വൃത്ര വധത്തിനായി ദേവകള്‍ പരിശ്രമിച്ചു. അവര്‍ പുരന്ദരനെ പുരസ്കരിച്ച് ബ്രഹ്മാവിന്റെ അടുത്തു ചെന്നു. കൈകൂപ്പി നില്ക്കുന്ന ദേവന്മാരോട് പരമേഷ്ടി ഇങ്ങനെ പറഞ്ഞു.
ബ്രഹ്മാവ് പറഞ്ഞു: നിങ്ങള്‍ കാംക്ഷിക്കുന്ന കാര്യം സുരന്മാരേ, ഞാന്‍ അറിയുന്നുണ്ട്. വൃത്രനെ സംഹരിക്കുവാനുള്ള ഉപായം ഞാന്‍ പറഞ്ഞു തരാം. ദധീചന്‍ എന്ന വിഖ്യാതനും, ഉദാരനുമായ ഒരു മഹര്‍ഷിയുണ്ട്. അവനെ കണ്ട് നിങ്ങള്‍ വരം യാചിക്കുവിന്‍. ധര്‍മ്മാത്മാവായ അവന്‍ പ്രീതനായാല്‍ നിങ്ങള്‍ക്കു വരം നല്കും. നിങ്ങള്‍ അവനോടു യാചിക്കേണ്ടത് എന്താണെന്ന് അറിയാമോ? ഈ മുന്നു ലോകത്തിന്റെയും രക്ഷയ്ക്കായി ആ മഹര്‍ഷിയോട് അവന്റെ അസ്ഥികളാണു യാചിക്കേണ്ടത്. അവന്‍ ആ മഹത്കൃതൃത്തിന് വേണ്ടി ദേഹം വെടിഞ്ഞു സ്വന്തം അസ്ഥികള്‍ നിങ്ങള്‍ക്കു നല്കും. അവന്റെ അസ്ഥി കൊണ്ട് അതിഘോരമായ ആയുധം നിര്‍മ്മിക്കണം. അത് മഹാ ശത്രുഹരവും, ഘോരവും, ഭീമ സ്വനമുള്ളതും, ആറു വശങ്ങളുള്ളതും, വജ്രം എന്ന പേരില്‍ അറിയപ്പെടുന്നതുമായ ആയുധമായിരിക്കും. ആ വജ്രായുധം കൊണ്ട് ശതക്രതു വ്യത്രനെ വധിക്കും. ഉടനെ അതിന് ശ്രമിച്ചു കൊള്ളുക.
ലോമശന്‍ പറഞ്ഞു: ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞപ്പോള്‍ അമരന്മാര്‍ ഉത്സാഹത്തോടെ, ബ്രഹ്മാവിന്റെ സമ്മതത്തോടെ നാരായണനെ മുമ്പാക്കി ദധീചന്റെ ആശ്രമത്തിലെത്തി. സരസ്വതീ നദിയുടെ അങ്ങേക്കരയില്‍ നാനാ വൃക്ഷ ലതാഢ്യമായ പ്രദേശത്ത് ആശ്രമം കണ്ടു. അവിടെ സാമഗാനം പാടുന്ന പോലെ വണ്ടുകള്‍ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. കുയിലുകളുടെ കളഗാനം കേള്‍ക്കുമാറായി. ചകോരകൂജനംകേട്ടു. കാട്ടുപോത്ത്, പന്നി, ചമരിമാന്‍ മുതലായ വന്യമൃഗങ്ങള്‍, പുലികളെ പോലും ഭയപ്പെടാതെ അങ്ങുമിങ്ങും സഞ്ചരിക്കുന്നതായി കണ്ടു. പിടിയാനകളും, മദം പൊട്ടിയ ആനകളും ചേര്‍ന്ന് പൊയ്കയില്‍ കൂട്ടമായി കൂത്താടുന്നതും കണ്ടു. സിംഹവും പുലിയും ഗര്‍ജ്ജിക്കുന്നതും കേട്ടു. ഇവയുടെ ശബ്ദത്താല്‍ ആ കാനനം ശബ്ദ സങ്കുലമായി. ഇങ്ങനെ നാനാ മൃഗങ്ങള്‍ ക്രീഡിക്കുന്നതും, നാനാ പക്ഷികള്‍ വിഹരിക്കുന്നതുമായ ദധീചാശ്രമം കണ്ട് ആ സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗ സന്നിഭമായ ആശ്രമത്തിലേക്കു കയറിച്ചെന്നു.
അവിടെ ദിവാകരനു തുല്യമായ തേജസ്സോടു കൂടിയ ദധീചനെ അവര്‍ ദര്‍ശിച്ചു. ബ്രഹ്മാവിനെ പോലെ ഉജ്ജ്വല തേജസ്സോടെ ആ മഹര്‍ഷി വിളങ്ങുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്തു ദേവന്മാര്‍ പ്രണമിച്ചു. എല്ലാവരും പരമേഷ്ടി ( ബ്രഹ്മാവ് ) പറഞ്ഞ വിധം വരം ചോദിച്ചു. ദധീചന്‍ പരമ പ്രീതനായി ആ സുരോത്തമന്മാരോട് ഇപ്രകാരം പറഞ്ഞു.
ദധീചന്‍ പറഞ്ഞു: ഹേ ദേവന്മാരേ! ഭവാന്മാര്‍ എന്തിനായി ഇങ്ങോട്ടു വന്നു? എന്താണ് ഞാന്‍ നിങ്ങള്‍ക്ക് സാധിപ്പിച്ചു തരേണ്ടത്? ഇഷ്ടമെന്തെന്നു പറഞ്ഞാലും. നിങ്ങളുടെ ഇഷ്ടം സാധിപ്പിക്കുവാന്‍ ഞാന്‍ എന്റെ സ്വന്തം ശരീരം പോലും തൃജിക്കുവാൻ സന്നദ്ധനാണ്.
ലോമശന്‍ പറഞ്ഞു: എന്ന് പറഞ്ഞ്, വരിഷ്ഠനായ ആ മഹര്‍ഷി ദേവന്മാര്‍ക്കു വേണ്ടി അപ്പോള്‍ തന്നെ ദേഹം വെടിഞ്ഞു.
ദേവന്മാര്‍ ആ മഹര്‍ഷിയുടെ മൃതദേഹത്തില്‍ നിന്ന് അസ്ഥികളെടുത്ത് സന്തോഷത്തോടെ കൊണ്ടു പോയി. ത്വഷ്ടാവിനോടു ചെയ്യേണ്ട കാരൃം പറഞ്ഞു. ത്വഷ്ടാവ് അവരുടെ വാക്കുകേട്ടു പ്രഹൃഷ്ടനായി വളരെ പണിപ്പെട്ട്, പ്രയത്നിച്ച് അത്യുഗ്ര രൂപമുള്ള വജ്രായുധം ഉണ്ടാക്കി, സസന്തോഷം ശക്രനോട് ഇപ്രകാരം പറഞ്ഞു.
ബ്രഹ്മാവ് പറഞ്ഞു: ഹേ, ദേവരാജാവേ, ഭവാന്‍ ഈ വജ്രായുധത്താല്‍ സുരന്മാരുടെ ഉഗ്രനായ ശത്രുവെ ഭസ്മമാക്കുക. അവനെ കൊന്നു ദേവന്മാരോടൊപ്പം ഭവാന്‍ സ്വര്‍ഗ്ഗം സസുഖം പാലിക്കുക.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം ത്വഷ്ടാവ് പറഞ്ഞപ്പോള്‍പുരന്ദരന്‍ സന്തോഷത്തോടും ബഹുമാനത്തോടും കൂടി ആ വജ്രായുധം ഏറ്റുവാങ്ങി.
101. അഗസ്ത്യോപാഖ്യാനം - വ്യത്ര വധോപാഖ്യാനം - ലോമശന്‍ പറഞ്ഞു: പിന്നെ വജ്രധാരിയായ ദേവേന്ദ്രന്‍ ശക്തരായ ദേവന്മാരോടു കൂടിച്ചെന്ന് ആകാശവും ഭൂമിയും തന്റെ ബലത്തിന് അധീനമാക്കിയ വൃത്രനോട് എതിര്‍ത്ത് ശൃംഗങ്ങള്‍ ചേര്‍ന്ന പര്‍വ്വതങ്ങള്‍ പോലെ മഹാകായന്മാരായ കാലകേയന്മാര്‍ അവനെ രക്ഷിക്കുവാന്‍ തയ്യാറായി ആയുധങ്ങളുമേന്തി നില്ക്കുന്നുണ്ടായിരുന്നു. ദേവന്മാരും ദാനവന്മാരും തമ്മില്‍ ഭയങ്കരമായി ഏറ്റുമുട്ടി. മുഹൂര്‍ത്ത സമയം മാത്രമുണ്ടായ ആഴയുദ്ധം മൂന്നു ലോകങ്ങളും നടുങ്ങുമാറു ഭയങ്കരമായിരുന്നു. യുദ്ധവീരന്മാരുടെ കൈകള്‍ ഓങ്ങുമ്പോഴേക്കും വെട്ടി മുറിക്കുന്നതും, ദേഹത്തില്‍ വീഴുന്ന വാളിന്റെ ശബ്ദവും, ആകാശത്തില്‍ നിന്ന് അറ്റു വീഴുന്ന തലകളുടെ അത്യുഗ്രമായ പതന ശബ്ദവും, പനകളില്‍ നിന്നു പനന്തേങ്ങകള്‍ ഉതിരുമ്പോലെ അറ്ററ്റു വീഴുന്ന ശിരസ്സുകളുടെ കാഴ്ചയും, അത്ഭുതകരമായിരുന്നു. പൊന്‍ചട്ടയിട്ട് പരിഘായുധരായ കാലകേയന്മാര്‍ കത്തിജ്ജ്വലിക്കുന്ന പര്‍വ്വതങ്ങള്‍ പോലെ ദേവന്മാരുടെ നേര്‍ക്ക് ഓടിയണഞ്ഞു. ഗര്‍വ്വോടു കൂടി പാഞ്ഞടുക്കുന്ന അവരുടെ മഹാവേഗത്തേയും അവരുടെ പ്രഭാവത്തേയും താങ്ങാന്‍ കഴിയാതെ ദേവന്മാര്‍ ഭയപ്പെട്ട് അണിമുറിച്ച് പാഞ്ഞു കളഞ്ഞു.
ദേവന്മാര്‍ ഭയപ്പെട്ട് ഓടുന്നതും വൃത്രാസുരന്‍ വിജയിയാകുന്നതും കണ്ട് ഇന്ദ്രന്‍ അമ്പരന്നു. കാലകേയന്മാരെ പേടിച്ചു പുരന്ദരനും ഉഴന്നു പോയി. ദേവേന്ദ്രന്‍ ഉടനെ പ്രഭുവായ നാരായണനെ ശരണം പ്രാപിച്ചു. അമ്പരന്ന ശക്രനെ കണ്ട് സനാതനനായ വിഷ്ണു ഇന്ദ്രനില്‍ സ്വതേജസ്സു ചേര്‍ത്ത് ഇന്ദ്രനെ ശക്തനാക്കി തീര്‍ത്തു. വിഷ്ണു രക്ഷിക്കുന്ന ശക്രനെ കണ്ട് ദേവന്മാര്‍ താന്താങ്ങളുടെ തേജസ്സ് ഇന്ദ്രനു നല്കി. അമലരായ ബ്രഹ്മര്‍ഷി ശ്രേഷ്ഠന്മാരും അവരുടെ തേജസ്സ് ദേവേന്ദ്രനു നല്കി. വിഷ്ണുവും ദേവന്മാരും മറ്റും തങ്ങളുടെ ശക്തി പകര്‍ന്നു കൊടുത്തു. അപ്പോള്‍ ശക്രന്‍ മഹാശക്തനായി തീര്‍ന്നു. ദേവേന്ദ്രന്‍ ഇങ്ങനെ വളരെ ബലം പ്രാപിച്ചവനായി കണ്ട് വൃത്രന്‍ കോപത്തോടെ അലറിയടുത്തു. അവന്റെ ഭയങ്കരമായ നാദത്താല്‍ ഭൂലോകവും, അന്തരീക്ഷവും, പര്‍വ്വതവും. സ്വര്‍ഗ്ഗവും ഭയങ്കരമായി കുലുങ്ങി. അവന്റെ ഘോര ശബ്ദത്താല്‍ മഹേന്ദ്രന്‍ നടുങ്ങി, ഭയപ്പെട്ടു വിറച്ചു പോയി. അവന്‍ ആര്‍ത്തടുക്കുന്നതു കണ്ട് ഉടനെ ഭയപ്പെട്ട ഇന്ദ്രന്‍ മഹത്തായ വജ്രം അവന്റെ നേരെ വലിച്ചൊരേറു കൊടുത്തു. ശക്രന്റെ വജ്രം ദേഹത്തില്‍ ചെന്നു വീണ ഉടനെ പൊന്മാലയണിഞ്ഞ ആ മഹാസുരന്‍, പണ്ട് വിഷ്ണു മഹാശൈലമായ മന്ദരപര്‍വ്വതം വലിച്ചെറിഞ്ഞപ്പോള്‍, വീണതു പോലെ വീണു.
ആ ദൈതൃന്‍ മരിച്ചു വീണെങ്കിലും ഭയപ്പെട്ട ശക്രന്‍ സരസ്സില്‍ ചെന്ന് ഒളിക്കാന്‍ ഓടി. വജ്രം കൈയില്‍ നിന്നു വിട്ടതും വൃത്രന്‍ മരിച്ചതും ശക്രന്‍ പരിഭ്രമത്തിനിടയില്‍ അറിഞ്ഞതേയില്ല. വൃത്രന്‍ മരിച്ചു വീണതു കണ്ടു ദേവന്മാരും, മഹര്‍ഷിമാരും സന്തോഷത്തോടെ ശക്രനെ വാഴ്ത്തി. ഉടനെ ദേവകള്‍ ഒന്നിച്ചു പാഞ്ഞു മുന്നോട്ടു കയറി. വൃത്ര വധത്താല്‍ തപ്തരായ ദൈതൃന്മാരെ സുരന്മാര്‍ യുദ്ധത്തില്‍ കൂട്ടത്തോടെ സംഹരിക്കുവാന്‍ തുടങ്ങി. ദേവന്മാര്‍ ഒന്നിച്ച് എതിര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ പരിഭ്രാന്തരായ ദൈത്യന്മാര്‍ ഭയപ്പെട്ട് സമുദ്രത്തില്‍ പോയൊളിച്ചു. അനന്തമായ ആഴമുള്ളതും, മത്സ്യങ്ങളും, നക്രങ്ങളും നിറഞ്ഞതുമായ വലിയ സമുദ്രത്തില്‍ അവര്‍ രക്ഷപ്രാപിച്ചു.
മൂന്നു ലോകങ്ങളും നശിപ്പിച്ചു കളയാന്‍ എന്താണു വഴിയെന്ന് ദാനവന്മാരെല്ലാവരും ഒത്തുചേര്‍ന്ന് ഗൂഡാലോചനതുടങ്ങി. അതില്‍ ചില ബുദ്ധിമാന്മാര്‍ അതിനുള്ള മാര്‍ഗ്ഗവും നിർദ്ദേശിച്ചു. ഓരോരുത്തരും അവരവരുടെ ബുദ്ധിക്ക് അനുസരിച്ച വിധത്തില്‍ ഒരു തീരുമാനത്തിൽ എത്തിച്ചേര്‍ന്നു. അവര്‍ വിദ്യയും തപോബലവും കൂടിയവരെ ആദ്യം വധിക്കുവാന്‍ തീരുമാനിച്ചു. ലോകം നില നിൽക്കുന്നതു തപസ്സു കൊണ്ട് ആണെന്നും, അതുകൊണ്ട് തപസ്സിനെ ആദ്യമായി നശിപ്പിക്കണമെന്നും, ധര്‍മ്മജ്ഞന്മാരായി തപസ്സില്‍ തന്നെ മനസ്സു വെച്ച് ലോകത്തിന് നന്മചെയ്യുന്ന വളരെ ദ്രോഹികളുണ്ടെന്നും, അവരെ കൊല്ലുക തന്നെ വേണമെന്നും, എന്നാലേ ഈ ലോകം മുടിക്കുക എന്ന മഹാകര്‍മ്മം അസുരന്മാര്‍ക്കു ചെയ്യുവാന്‍ സാധിക്കുക ഉള്ളുവെന്നും, അവര്‍ ദൃഢമായി നിശ്ചയിച്ചു.
ഇപ്രകാരം ബുദ്ധിശൂന്യമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്ന് പരമ സന്തുഷ്ടരായി അവര്‍ ജഗത്തിന്റെ വിനാശത്തിന് വേണ്ടിയുള്ള ശ്രമം തുടങ്ങി. അവര്‍ വലിയ തിരമാലകളാല്‍ ആവൃതമായ വരുണാലയത്തില്‍ (സമുദ്രം) വലിയ ദുര്‍ഗ്ഗം ചമച്ച് അതിനുള്ളില്‍ ആക്രമണത്തിന് വേണ്ടിയുള്ള സര്‍വ്വ സജ്ജീകരണങ്ങളും ചെയ്തു താമസമാക്കി.
102. അഗസ്ത്യോപാഖ്യാനം - വിഷ്ണുസ്തവം - ലോമശന്‍ തുടര്‍ന്നു: വരുണന്‍ അധിവസിക്കുന്ന സമുദ്രത്തില്‍ രക്ഷപ്രാപിച്ച് അധിവാസമുറപ്പിച്ച് ദാനവന്മാരായ കാലകേയന്മാര്‍ ത്രൈലോക്യ വിനാശത്തിനായി ശ്രമം തുടങ്ങി. പുണ്യ ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും വാഴുന്ന മുനിമാരെ രാത്രി തോറും ചെന്ന് ക്രുദ്ധരായി അവര്‍ ആക്രമിച്ചു കൊന്നു തിന്നുവാന്‍ തുടങ്ങി. വസിഷ്ഠാശ്രമത്തില്‍ ചെന്ന് അവര്‍ നൂറ്റിത്തൊണ്ണൂറ്റേഴു തപസ്വികളെ പിടിച്ചു തിന്നു കളഞ്ഞു. ദ്വിജന്മാര്‍ നിറഞ്ഞതും പാവനുവുമായ ച്യവനാശ്രമത്തില്‍ രാത്രി കയറിച്ചെന്ന് ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ബ്രഹ്മചാരികളായ നൂറു മുനിമാരെ പിടിച്ചു തിന്നു. ഇങ്ങനെ എന്നും രാത്രിയില്‍ ആക്രമണം നടത്തും; പകല്‍ മുഴുവന്‍ കടലില്‍ ഒളിച്ചിരിക്കും. ഭരദ്വാജാശ്രമത്തില്‍ വെള്ളവും വായുവുമായി കഴിഞ്ഞു കൂടുന്ന നിയതരും, ബ്രഹ്മചാരികളുമായ ഇരുപതു പേരെ കൊന്നു തിന്നു.
ഇപ്രകാരം ആശ്രമങ്ങള്‍തോറും ചെന്ന് കൈയൂക്കില്‍ മദം കൊണ്ട അവര്‍ രാത്രി ചെന്നു ദ്രോഹിച്ചു. കാലന്‍ ബാധിച്ചവരായ കാലകേയന്മാര്‍ ഇത്തരത്തില്‍ അസംഖ്യം ബ്രാഹ്മണരെ കൊന്നൊടുക്കി. എങ്കിലും മനുഷൃര്‍ക്ക് ഇവരുടെ അപ്രതീക്ഷിതമായ ആക്രമണം കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല. തപസ്സു ചെയ്യുന്ന മഹര്‍ഷിമാരില്‍ ഉപദ്രവം ചെയ്യുന്ന ആ ദാനവന്മാരേയും, അവരുടെ പ്രവൃത്തിയേയും ആര്‍ക്കും കാണുവാന്‍ സാധിച്ചില്ല. എന്നാൽ പ്രഭാതമാകുമ്പോള്‍ കാണുന്നത് ദാരുണമായ കാഴ്ചയാണ്. നിയതാഹാരന്മാരായ താപസന്മാര്‍ മരിച്ചു കിടക്കുന്നു. മാംസം മുഴുവനും തിന്നു കഴിഞ്ഞതിന് ശേഷം, മജ്ജയും ആന്ത്രവുമൊക്കെ ഒഴിഞ്ഞുള്ള ദേഹങ്ങള്‍, അസ്ഥിഖണ്ഡങ്ങള്‍, ശംഖ് ചിന്നിയ വിധം ചിതറി കിടക്കുന്നു. അഗ്നിഹോത്രം തകര്‍ത്തു ചിന്നിയും, കലശങ്ങള്‍ തകര്‍ന്നുടഞ്ഞും ചിതറിയും കാണപ്പെട്ടു. സ്വാദ്ധ്യായ വഷള്‍ക്കാരം ഇല്ലാതെ, യജേഞാത്സവമില്ലാതെ, കാലകേയ ഭയ പീഡ കൊണ്ട് ലോകം നിരുത്സാഹമായി തീര്‍ന്നു.
ഇപ്രകാരം ജനങ്ങള്‍ ചത്തൊടുങ്ങുന്നതു കണ്ട് ശേഷിച്ച ആളുകള്‍ ആത്മരക്ഷയ്ക്കു വേണ്ടി പത്തു ദിക്കിലേക്കും ഭീതരായി ഓടിത്തുടങ്ങി. ചിലര്‍ ഗുഹയില്‍ പോയൊളിച്ചു. ചിലര്‍ വന നിര്‍ത്ധരികളില്‍ ചാടി. ചിലര്‍ക്കു മരണഭയം കൊണ്ടു തന്നെ പ്രാണന്‍ നഷ്ടപ്പെട്ടു. ചില വില്ലാളി വീരന്മാര്‍ വില്ലുമേന്തി ദാനവന്മാരെ അന്വേഷിച്ചു നടന്നു. വളരെ യത്നം ചെയ്തെങ്കിലും കടലില്‍ പാര്‍ക്കുന്ന അവരെയുണ്ടോ കാണുന്നു! അവര്‍ വെറുതേ അന്വേഷിച്ചു വലഞ്ഞു നിരാശരായി. യജേഞാത്സവാദി കര്‍മ്മങ്ങള്‍ നശിക്കുകയാല്‍ ലോകം നശിക്കുവാന്‍ തുടങ്ങി. ഇതു കണ്ട് ദേവന്മാര്‍ വലിയ ദുഃഖത്തില്‍ അകപ്പെട്ടു. ദേവകള്‍ ഇന്ദ്രനോടു കൂടി ആലോചന നടത്തി. അവര്‍ ശരണ്യനും വിഭുവുമായ നാരായണനെ ശരണം പ്രാപിച്ചു. അവര്‍ അപരാജിതനായ വൈകുണ്ഠനെ ചെന്നുകണ്ടു. ദേവന്മാര്‍ മധുസൂദനനോട് ഇപ്രകാരം ഉണര്‍ത്തിച്ചു.
ദേവന്മാര്‍ പറഞ്ഞു: ഭഗവാനേ! അങ്ങ് ഈ ജഗത്തിന്റെ സൃഷ്ടി കര്‍ത്താവാണ്. അങ്ങ് ലോകത്തിന് ഈശ്വരനാണ്. നടക്കുന്നതും നില്‍ക്കുന്നതുമായ ലോകം നീ ചമച്ചതാണല്ലോ. പണ്ടു കടലില്‍ ആണ്ടു പോയ ലോകത്തെ ഹേ പുഷ്കരാക്ഷാ, ഭവാനാണല്ലോ വരാഹമായി ചെന്നു ജഗത്തിനായി ഉയര്‍ത്തിയത്?ഹിരണ്യകശിപു എന്ന മഹാ വീര്യവാനായ ദൈത്യനെ പണ്ട് നരസിംഹ രൂപത്തില്‍ വന്നു നീയാണല്ലോ സംഹരിച്ചത്. പുരുഷോത്തമാ, സര്‍വ്വ ഭൂതങ്ങള്‍ക്കും അവദ്ധ്യനായ ബലിയെന്ന മഹാസുരനെ വാമന രൂപത്തില്‍ ചെന്നു മൂന്നു ലോകത്തിന്റേയും ആധിപത്യത്തില്‍ നിന്നു ഭ്രംശിപ്പിച്ചതും നീയാണല്ലോ. മഹാ പരാക്രമിയും, ജംഭന്‍ എന്നു വിശ്രുതനുമായ അസുരനെ, യജ്ഞക്ഷോഭകരനും, ക്രൂരനുമായ അവനെ ഭവാനാണല്ലോ സംഹരിച്ചത്! ഇപ്രകാരമുള്ള മഹത്കര്‍മ്മങ്ങള്‍ ചെയ്ത മധുസൂദനാ, അങ്ങയുടെ മഹത്കര്‍മ്മങ്ങള്‍ എണ്ണിയാൽ ഒടുങ്ങാത്തത് ആണല്ലോ. ഭയഭീതരായ ഞങ്ങള്‍ക്ക് മധുസൂദനാ, ഭവാനേ രക്ഷയായുള്ളു. അതു കൊണ്ട് ദേവദേവേശാ! ലോകത്തിന് വേണ്ടി ഞങ്ങള്‍ ഭവാനോട് അപേക്ഷിക്കുന്നു. ലോകത്തേയും ദേവന്മാരേയും ശക്രനേയും മഹാഭയത്തില്‍ നിന്ന് അങ്ങു രക്ഷിച്ചാലും.
103. അഗസ്ത്യോപാഖ്യാനം - അഗസ്തൃ മാഹാത്മൃ കഥനം - ദേവകള്‍ വിഷ്ണുവിനെ സ്തുതിച്ചു: ചതുര്‍ വിധമായ പ്രജകള്‍ ഭവാന്റെ പ്രസാദത്താൽ ആണല്ലോ വര്‍ദ്ധിക്കുന്നത്. ഹവ്യാദികളാല്‍ അവര്‍ ഞങ്ങളെ തൃപ്തിപ്പെടുത്തുന്നു. ലോകങ്ങള്‍ ഇപ്രകാരം അന്യോന്യം ആശ്രയിച്ചു കൊണ്ടു ജീവിക്കുന്നതും വര്‍ദ്ധിക്കുന്നതും ഭവാന്റെ പ്രസാദത്താലും പരിരക്ഷയാലുമാണ്. ദേവാ, ഭഗവാനേ, ഇതാ ലോകങ്ങള്‍ക്ക് ഇപ്പോള്‍ ഭയങ്കരമായ ആപത്തു നേരിട്ടിരിക്കുന്നു. ആരാണെന്ന് അറിയുന്നില്ല; രാത്രിയില്‍ ബ്രാഹ്മണരെ കൊന്നു കൊണ്ടിരിക്കുന്നു. ബ്രാഹ്മണര്‍ ക്ഷയിച്ചാല്‍ ഭൂമിയും ക്ഷയിക്കും. ഭൂമി ക്ഷയിച്ചാല്‍ സ്വര്‍ഗ്ഗവും ക്ഷയിക്കും. ഭഗവാനേ! ഭഗവാന്റെ പ്രസാദം കൊണ്ട് ലോകങ്ങള്‍ നശിച്ചു പോകാതെ കാത്തു കൊള്ളേണമേ!
വിഷ്ണു പറഞ്ഞു: ദേവന്മാരേ! പ്രജകളുടെ ക്ഷയത്തിനുള്ള കാരണം ഞാന്‍ അറിഞ്ഞിരിക്കുന്നു. നിങ്ങളോടു ഞാന്‍ പറഞ്ഞേക്കാം. ദുഃഖം വെടിഞ്ഞു കേള്‍ക്കുവിന്‍. കാലകേയന്മാര്‍ എന്നു വിഖ്യാതരായ പരമ ദാരുണരായ ഒരുകൂട്ടം അസുരന്മാരുണ്ട്. അവര്‍ വൃത്രന്റെ ആശ്രയത്തില്‍ ഈ ജഗത്തു മുഴുവന്‍ നശിപ്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ധീമാനായ സഹസ്രാക്ഷന്‍ വൃത്രനെ കൊന്നതു കണ്ടപ്പോള്‍ അവര്‍ ഭയപ്പെട്ട് പ്രാണരക്ഷയ്ക്കു വേണ്ടി കടലില്‍ ചെന്നു കൂടിയിരിക്കുകയാണ്. അതിഘോരങ്ങളായ നക്രങ്ങളും, ഗ്രാഹങ്ങളും നിറഞ്ഞ മഹാ സമുദ്രത്തില്‍ ചെന്നു മുങ്ങിക്കിടന്ന് ലോകം മുടിക്കുവാന്‍ വേണ്ടി ഋഷിമാരെ ഹനിക്കുവാന്‍ രാത്രി ഇറങ്ങി പുറപ്പെടുകയാണ്. സമുദ്രം വറ്റിക്കാതെ അവരെ പിടിച്ചു കൊല്ലുവാന്‍ കഴിയുകയില്ല. അതുകൊണ്ട് നിങ്ങള്‍ കടല്‍ വറ്റിക്കുവിന്‍. കടല്‍ വറ്റിക്കുവാന്‍ ലോകത്തില്‍ ആരാണുള്ളത്? അഗസ്തൃനല്ലാതെ മറ്റാര്‍ക്കും അതിനുള്ള കഴിവില്ല. ആഴി വറ്റിക്കാതെ ആ അസുരന്മാരെ കൊല്ലുവാനും കഴിയുകയില്ല.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം മഹാവിഷ്ണു പറഞ്ഞ വാക്കു കേട്ട് വാനവന്മാര്‍ ബ്രഹ്മാവിന്റെ അനുവാദത്തോടെ അഗസ്ത്യാശ്ര മത്തിലേക്കു പോയി. അവിടെച്ചെന്ന് ദീപ്തതേജസ്വിയും, വരുണ പുത്രനുമായ ആ മഹാത്മാവിനെ കണ്ടു. ദേവന്മാര്‍ ചൂഴുന്ന പിതാമഹനെ പോലെ, ഋഷികളാല്‍ ചുറ്റപ്പെട്ട മഹാത്മാവും മഹത്കര്‍മ്മ പരിവേഷിതനും, മിത്ര വരുണന്മാരുടെ പുത്രനുമായ അഗസ്ത്യനെ കണ്ട് അവര്‍ വാഴ്ത്തി.
ദേവകള്‍ പറഞ്ഞു; ഭഗവാനേ, ഭവാന്‍ പണ്ട് നഹുഷനാല്‍ പീഡിപ്പിക്കപ്പെട്ട ലോകത്തിന് ഗതിയായി ഭവിച്ചു. ആ ലോകദ്രോഹിയെ സ്വര്‍ഗ്ഗ ഐശ്വര്യത്തില്‍ നിന്നു വലിച്ചെറിഞ്ഞ് സുരന്മാരെ രക്ഷിച്ചു. ഭാസ്കരന്റെ നേരേ ക്രോധിച്ച് ഉയര്‍ന്നു വന്ന വിന്ധ്യ പര്‍വ്വതത്തെ ഭവാന്റെ വാക്കുമൂലം, ഭവാന്റെ ആജ്ഞ ധിക്കരിക്കാന്‍ ഭയമുള്ളതു മൂലം വര്‍ദ്ധിക്കാതാക്കി നിര്‍ത്തി. ലോകം തമസ്സിലാണ്ട് മൃത്യു പീഡ അനുഭവിക്കുന്ന ജനം നീ നാഥനായി നിൽക്കെ, പരിപൂര്‍ണ്ണ രക്ഷ നേടി. ഭയഭീതരായ ഞങ്ങള്‍ക്കു നിതൃവും ഭവാനല്ലാതെ ഗതിയാരുണ്ട്?ആര്‍ത്തരായ ഞങ്ങള്‍ക്ക് ഭവാന്‍ വരം തന്നാലും! അങ്ങ് എന്നും വരദനാണല്ലോ.
104. അഗസ്ത്യോപാഖ്യാനം - അഗസ്ത്യോ ദധിഗമനം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, മഹര്‍ഷേ! എന്തിനാണ് വിന്ധ്യന്‍ ക്രുദ്ധനായി വളര്‍ന്നത്? അതു വിസ്തരിച്ചു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്.
ലോമശന്‍ പറഞ്ഞു: സുര്യന്‍, അദ്രിരാജനും മഹാ ശൈലവുമായ മഹാമേരു എന്ന കനക പര്‍വ്വതത്തെ ഉദയാസ്തമയ കാലങ്ങളില്‍ വലം വയ്ക്കുന്നു. ഇതു കണ്ട് വിന്ധ്യ പര്‍വ്വതം സൂര്യനോടു പറഞ്ഞു.
വിന്ധ്യന്‍ പറഞ്ഞു: ഹേ, ഭാസ്‌കരാ! നിത്യവും നീ മേരു പര്‍വ്വതത്തെ പരിഗമിക്കുന്നുണ്ടല്ലോ. നീ മേരുവിനെ പ്രദക്ഷിണം ചെയ്യുന്നതുപോലെ എന്നെയും വലം വയ്ക്കുക!
ലോമശന്‍ പറഞ്ഞു: ഇപ്രകാരം വിന്ധ്യപര്‍വ്വതം പറഞ്ഞപ്പോള്‍ സൂര്യന്‍ മറുപടി പറഞ്ഞു.
സുര്യന്‍ പറഞ്ഞു: ഹേ, ശൈലേന്ദ്ര! എന്റെ ഇഷ്ടത്തിന് ഞാന്‍ മേരുപര്‍വ്വതത്തെ വലംവയ്ക്കുകയല്ല. അത് ഈ ജഗത്തു സൃഷ്ടിച്ചവന്‍ നിശ്ചയിച്ച മാര്‍ഗ്ഗമാണ്.
ലോമശന്‍ പറഞ്ഞു: സൂര്യന്‍ പറഞ്ഞ മറുപടി വിന്ധ്യണ് തീരെ പിടിച്ചില്ല. ഉടനെ ആ മഹാചലം കോപത്താല്‍ വലുതാകുവാന്‍ തുടങ്ങി. പര്‍വ്വതം വലുതായി, സൂര്യചന്ദ്രന്മാരുടെ മാര്‍ഗ്ഗം അടയ്ക്കുവാന്‍ തന്നെ മുതിര്‍ന്നു.
ഇതു കണ്ടപ്പോള്‍ ദേവകളൊക്കെ ഒന്നിച്ചു കൂടി, മഹാദ്രി രാജാവിന്റെ അടുത്തു ചെന്നു. ഉപായങ്ങള്‍ പറഞ്ഞ് തടുത്തു നോക്കി. അവര്‍ പറഞ്ഞതൊന്നും വിന്ധ്യന്‍ സമ്മതിച്ചില്ല. ഉടനെ ദേവന്മാരൊക്കെ കൂടി ആശ്രമത്തില്‍ തപസ്സു ചെയ്തു വാഴുന്ന ധര്‍മ്മിഷ്ഠനും വരിഷ്ഠനുമായ അഗസ്തൃ മഹര്‍ഷിയെ പോയി കണ്ടു. അവര്‍ കൈകൂപ്പി പറഞ്ഞു!
ദേവകള്‍ പറഞ്ഞു: ഹേ! ദ്വിജോത്തമാ! സൂര്യച്യന്രന്മാരുടേയും നക്ഷത്രങ്ങളുടേയും മാര്‍ഗ്ഗം ഇതാ വിന്ധ്യന്‍ കോപിച്ച് വളര്‍ന്ന് അടയ്ക്കുന്നു. അവനെ തടയുവാന്‍ മറ്റാര്‍ക്കും പറ്റുകയില്ല. അതിനുള്ള കഴിവ് ഭവാനേയുള്ളു. ഹേ, മഹാഭാഗാ, അതുകൊണ്ട് ഭവാന്‍ ചെന്നു വിന്ധൃനെ തടുത്താലും.
ലോമശന്‍ പറഞ്ഞു: ദേവന്മാരുടെ വാക്കുകേട്ട് അഗസ്തൃ മഹര്‍ഷി വിന്ധ്യന്റെ സമീപത്തെത്തി. തന്റെ ഭാര്യയോടു കൂടിയാണ് മഹര്‍ഷി ചെന്നെത്തി യിരിക്കുന്നത്. മഹര്‍ഷി പര്‍വ്വതത്തോടു പറഞ്ഞു.
അഗസ്തൃന്‍ പറഞ്ഞു: ഹേ, പര്‍വ്വതോത്തമാ! ഞാന്‍ ഭാര്യയോടു കൂടി ഒരു കാരൃത്തിനായി ഭവാന്‍ തന്ന വഴിയേ തെക്കോട്ടു പോവുകയാണ്. ഞാന്‍ മടങ്ങി എത്തുന്നതു വരെ ഭവാന്‍ കാത്തു നില്ക്കണം. എന്റെ യാത്ര കഴിഞ്ഞ് മടങ്ങി പോന്നതിനു ശേഷം ഭവാന്‍ ഇഷ്ടം പോലെ വര്‍ദ്ധിച്ചു കൊള്ളുക.
ലോമശന്‍ പറഞ്ഞു: പര്‍വ്വതം അഗസ്ത്യന്റെ പ്രഭാവം മൂലം കരാറു സമ്മതിച്ചു. അപ്രകാരമാകാമെന്നു സമ്മതിച്ച സത്യസന്ധനായ വിന്ധ്യന്‍ ഇന്നും തെക്കന്‍ ദിക്കിലേക്കു പോയ വരുണ പുത്രനായ അഗസ്ത്യന്‍ മടങ്ങുന്നതു കാത്ത് വളരാതെ നില്ക്കുകയാണ്, അഗസ്ത്യന്‍ വടക്കോട്ടു പോകാതെ ദക്ഷിണ ദിക്കില്‍ തന്നെ പാര്‍ക്കുകയാണ്, ഇതാണ് യുധിഷ്ഠിരാ! വിന്ധ്യന്‍ വളരാതിരിക്കുവാന്‍ കാരണം. ഇനി അഗസ്ത്യന്‍ എങ്ങനെയാണ് കാലകേയരെ സംഹരിക്കുവാന്‍ സഹായിച്ചത് എന്ന കഥ പറയാം. അതും കേള്‍ക്കുക. ദേവന്മാര്‍ സ്തുതിച്ചതു കേട്ട് മിത്രവരുണന്മാരുടെ പുത്രനായ അഗസ്തൃന്‍ ചോദിച്ചു. അഗസ്തൃന്‍ പറഞ്ഞു: ഹേ, ദേവന്മാരേ! നിങ്ങളുടെ ആഗമനോ ദ്ദേശ്യമെന്താണ്? എന്തു വരമാണ് ഞാന്‍ നിങ്ങള്‍ക്കു തരേണ്ടത്? ദേവന്മാര്‍ പറഞ്ഞു: ഭഗവാനേ! ഞങ്ങളുടെ ആഗ്രഹം പറയാം. ഭവാന്‍ സമുദ്രമൊക്കെ കുടിച്ചു വറ്റിക്കണം. എന്നാൽ ശത്രുക്കളായ കാലകേയ വര്‍ഗ്ഗത്തെ ഞങ്ങള്‍ കൊന്നു കളയാം.
ലോമശന്‍ പറഞ്ഞു: ദേവന്മാരുടെ വാക്കു കേട്ട് ആ മുനി ഇങ്ങനെ അവരോടു പറഞ്ഞു.
അഗസ്ത്യന്‍ പറഞ്ഞു: അപ്രകാരമാകാം. ലോകര്‍ക്ക് ക്ഷേമവും സുഖവും നല്കുന്ന നിങ്ങളുടെ ആഗ്രഹം ഞാന്‍ നിറവേറ്റാം.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് അഗസ്തൃന്‍ സരിത്തുക്കളുടെ പതിയായ സമുദ്രത്തിന്റെ സമീപത്തു ചെന്നു. ദേവന്മാരും, തപസ്സിദ്ധരായ ഋഷിമാരും ഈ അത്ഭുതകര്‍മ്മം കാണുവാന്‍ അദ്ദേഹത്തോട് ഒന്നിച്ചു കൂടി. മനുഷ്യനും, ഉരഗങ്ങളും, യക്ഷന്മാരും, ഗന്ധര്‍വ്വന്മാരും, കിം പുരുഷന്മാരും അഗസ്ത്യന്‍ സമുദ്രം കുടിച്ചു വറ്റിക്കുന്നതു കാണുവാന്‍ അവിടേക്ക് എത്തിക്കൊണ്ടിരുന്നു. എല്ലാവരും ഭീമ നിസ്വനനായ കടലിന്റെ കരയിലേക്കു നടന്നു. തിരമാലയാല്‍ നൃത്തം വച്ചും, കാറ്റാല്‍ കുതിച്ചു ചാടിയും, നുര കൊണ്ടു ചിരിച്ചും, ഗുഹകളില്‍ തട്ടി മറിഞ്ഞു വീണും, ഇടറിയും, നാനാഗ്രാഹങ്ങള്‍ ചേര്‍ന്നും, നാനാതരം പക്ഷികള്‍ നീന്തിയും തുള്ളിക്കളിക്കുന്ന മഹാസമുദ്രം വിളങ്ങി. ദേവന്മാരും, ഗന്ധര്‍വ്വന്മാരും, മഹോരഗങ്ങളും, മഹാഭാഗരായ ഋഷികളും ചൂഴ്‌ന്ന അഗസ്ത്യ മഹര്‍ഷി ആ മഹോദധിയെ സമീപിച്ചു.
105. അഗസ്ത്യോപാഖ്യാനം - അഗസ്ത്യന്റെ സമുദ്രപാനം - ലോമശന്‍ പറഞ്ഞു: സമുദ്രത്തിന് അടുത്തു ചെന്ന് വാരുണിയായ ഭഗവാന്‍ അഗസ്തൃന്‍, വന്നു നില്ക്കുന്ന ദേവന്മാരോടും, ഋഷിമാരോടും ഇപ്രകാരം പറഞ്ഞു.
അഗസ്തൃന്‍ പറഞ്ഞു: ഞാന്‍ ലോകത്തിന്റെ ഹിതത്തിനായി സമുദ്രത്തെ ഇതാ പാനംചെയ്യുന്നു. ഹേ, ദേവന്മാരേ! നിങ്ങള്‍ ചെയ്യുവാന്‍ വിചാരിക്കുന്നത് ഉടനെ ചെയ്തു കൊള്ളുവിന്‍!
ലോമശന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് മൈത്രാ വരുണീ പുത്രനായ മഹര്‍ഷി സമുദ്രത്തെ ക്രുദ്ധനായി പാനം ചെയ്യുവാന്‍ തുടങ്ങി. ലോകം മുഴുവന്‍ ഈ അത്ഭുത കൃത്യം കണ്ടു നിന്നു പോയി. അഗസ്ത്യന്‍ സമുദ്രപാനം ചെയ്യുന്നതു കണ്ട് ഇന്ദ്രാദികളായ അമരന്മാര്‍ അത്ഭുതപ്പെട്ട് അഗസ്ത്യനെ സ്തുതിച്ചു പൂജിച്ച് ഇങ്ങനെ പറഞ്ഞു.
ദേവന്മാര്‍ പറഞ്ഞു: ഹേ, ലോകഭാവനാ! ഭവാന്‍ ത്രാതാവാണ്. വിധാതാവാണ്. ലോകത്തിനു രക്ഷിതാവാണ്. നിന്റെ പ്രസാദത്താല്‍ ലോകങ്ങളൊക്കെയും അതിന്റെ ദേവന്മാരും നശിക്കാതെ നില നിൽക്കട്ടെ!
ലോമശന്‍ പറഞ്ഞു: ഇപ്രകാരം വാനവര്‍ സ്തുതിക്കുമ്പോള്‍, ഗന്ധര്‍വ്വന്മാര്‍ വാദ്യഘോഷങ്ങൾ മുഴക്കി ദിവ്യപുഷ്പങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുമ്പോള്‍, അഗസ്ത്യന്‍ ആ മഹാസമുദ്രത്തെ നിര്‍ജ്ജലമാക്കി തീര്‍ത്തു. സമുദ്രത്തിലെ ജലം മുഴുവന്‍ വറ്റിയതായി കണ്ട് ദേവന്മാരൊക്കെ വലിയ ഹര്‍ഷത്തോടെ ദിവ്യായുധങ്ങളേന്തി ദാനവന്മാരുടെ നേരെ പാഞ്ഞു ചെന്നു. ആ മഹാബലന്മാരായ സുരന്മാര്‍ അതി വേഗത്തില്‍ ആ അസുരന്മാരെ വധിച്ചു. അസുരന്മാര്‍ക്ക് ദേവന്മാരുടെ ഊക്കു പൊറുക്കുവാന്‍ കഴിഞ്ഞില്ല. ദേവന്മാര്‍ വധിക്കുന്ന സമയത്ത് ഭയങ്കരമായ ശബ്ദത്തോടു കൂടി അസുരന്മാര്‍ ദേവന്മാരുമായി തുമുലമായ പോരാട്ടം മുഹൂര്‍ത്ത നേരം നടന്നു. ആദ്യമേ തന്നെ മഹര്‍ഷിമാരുടെ തപോബലം കൊണ്ട് നിര്‍വ്വീര്യന്മാരായ അവര്‍ അങ്ങേയറ്റം ശക്തിയോടെ പോരാടിയെങ്കിലും ദേവന്മാരാല്‍ നിശ്ശേഷം ഹതരായി.
സ്വര്‍ണ്ണാഭരണങ്ങളും, കുണ്ഡലങ്ങളും, കവചങ്ങളും അണിഞ്ഞ ദാനവന്മാര്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന കാഴ്ച അത്ഭുതകര മായിരുന്നു. സ്വര്‍ണ്ണാഭരണ ങ്ങളണിഞ്ഞ് ചത്തു കിടക്കുന്ന അവര്‍ പൂത്ത കിംശുകം പോലെ രക്തത്തില്‍ മുഴുകിക്കിടന്നു. ചത്തു ശേഷിച്ച ചില കാലകേയര്‍ ഭൂമി പിളര്‍ന്ന് പാതാളത്തിലേക്ക് ഓടിയൊളിച്ചു. ദാനവന്മാര്‍ മരിച്ചതു കണ്ട് ദേവന്മാര്‍ ആ മുനിപുംഗവനെ മാനിച്ചു സന്തോഷത്തോടെ പലപാടു കീര്‍ത്തിച്ച് ഇപ്രകാരം പറഞ്ഞു.
ദേവന്മാര്‍ പറഞ്ഞു: മഹാഭാഗാ! ഭവാന്റെ പ്രസാദത്താല്‍ ലോകര്‍ മഹത്തായ സുഖം പ്രാപിച്ചിരിക്കുന്നു. ഭവാന്റെ തേജസ്സാല്‍ കാലകേയര്‍ നിഹതരായി. ഹേ, ലോകഭാവനാ! ഇനി ഭവാന്‍ കടലിനെ ജലം കൊണ്ട് നിറച്ചാലും!. നിറ്ച്ചാലും! അങ്ങ് പാനംചെയ്ത ജലം വിട്ടു കൊടുത്താലും.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം ദേവന്മാര്‍ പറഞ്ഞപ്പോള്‍ മുനിപുംഗവനായ ഭഗവാന്‍ ഇങ്ങനെ പറഞ്ഞു.
അഗസ്തൃന്‍ പറഞ്ഞു: ആ വെള്ളം ഞാന്‍ ദഹിപ്പിച്ചിരിക്കുന്നു. സമുദ്രത്തിൽ ഇനി വെള്ളം നിറയ്ക്കുവാന്‍ വേറെ മാര്‍ഗ്ഗം നിങ്ങള്‍ നോക്കിക്കൊള്ളുവിന്‍.
ലോമശന്‍ പറഞ്ഞു: അഗസ്തൃന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ദേവന്മാര്‍ വിസ്മയിച്ചു വിഷണ്ണരായി നിന്നു പോയി. ദേവന്മാരെല്ലാവരും മഹര്‍ഷിയെ പ്രണമിച്ചു. പരസ്പരാനു ജ്ഞയോടെ എല്ലാ പ്രജകളും വന്ന വഴിക്കു പോയി. പിന്നെ ദേവന്മാര്‍ വിഷ്ണുവിനോടു കൂടിച്ചെന്ന് പിതാമഹനെ കണ്ടു. സമുദ്ര പൂരണത്തിനു വേണ്ടുന്ന കാര്യത്തെപ്പറ്റി പരസ്പരം വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തു; എല്ലാവരും കൈകൂപ്പി നിന്ന് സമുദ്രം ജലം കൊണ്ടു വീണ്ടും നിറച്ചു തരുവാന്‍ ബ്രഹ്മാവിനോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
106. അഗസ്ത്യോപാഖ്യാനം - സഗര സന്തതി കഥനം - ലോമശന്‍ പറഞ്ഞു: ബ്രഹ്മാവിനെ കൈകൂപ്പി സമുദ്ര പൂരണത്തിന് അപേക്ഷിച്ച ദേവന്മാരോടു ലോക പിതാമഹന്‍ പറഞ്ഞു.
ബ്രഹ്മാവ് പറഞ്ഞു: ഹേ, ദേവന്മാരേ! നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ യഥാകാമം ഇഷ്ടമുള്ളിടത്തു പൊയ്ക്കൊള്ളുവിന്‍! കുറേക്കാലം കഴിയട്ടെ. സമുദ്രം മുമ്പത്തെ പോലെ തന്നെ വാരി പൂര്‍ണ്ണമാകും. ജഞാതികള്‍ മൂലമായി മഹാരാജാവായ ഭഗീരഥന്‍ അതു നിര്‍വഹിക്കും.
ലോമശന്‍ പറഞ്ഞു: പിതാമഹന്‍ പറഞ്ഞതു കേട്ട് എല്ലാ വിബുധ സത്തമന്മാരും കാലത്തിന്റെ യോഗത്തെ പ്രതീക്ഷിച്ചു കൊണ്ട് മടങ്ങി പോവുകയും ചെയതു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ബ്രഹ്മന്‍, ജ്ഞാതികള്‍ വഴിയായി എന്തു കാരണത്താല്‍ ഭഗീരഥന്‍ കടല്‍ ജല പൂര്‍ണ്ണമാക്കി! എങ്ങനെ ജലപൂര്‍ണ്ണമായി? തപോധനാ! ഹേ, വിപ്രാ! അതു വിസ്തരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ രാജാവിന്റെ ഉത്തമ ചരിത്രം പറഞ്ഞാലും.
വൈശമ്പായനൻ പറഞ്ഞു: മഹാത്മാവായ ധര്‍മ്മരാജാവ് ഇപ്രകാരം പറഞ്ഞപ്പോള്‍ വിപ്രേന്ദ്രനായ ലോമശ മഹര്‍ഷി മഹാത്മാവായ സഗരന്റെ മാഹാത്മ്യം ഉടനെ പറഞ്ഞു കൊടുത്തു.
ലോമശന്‍ പറഞ്ഞു: ഇക്ഷ്വാകു കുലത്തില്‍ ജനിച്ച സഗരന്‍ രൂപ സത്വ ഗുണങ്ങളുള്ള മഹാനായ രാജാവായിരുന്നു. എന്നാൽ പ്രതാപിയായ അദ്ദേഹം പുത്രന്മാർ ഇല്ലാത്തതു കാരണം ദുഃഖിച്ചു. ഹേ ഭാരത, ആ രാജാവ് ഹേഹയന്മാരേയും, താലജംഘരേയും ജയിച്ച് രാജാക്കന്മാരെയെല്ലാം കീഴടക്കി, സ്വന്തം രാജ്യം പരിപാലിച്ചു വാണു. ഹേ ഭാരതശ്രേഷ്ഠ, അദ്ദേഹത്തിന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു - വൈദര്‍ഭിയും ശൈബ്യയും ( വിദര്‍ഭ രാജകുമാരിയും ശിബിയുടെ വംശജയായ രാജകുമാരിയും ). ആ രണ്ടു സപത്നിമാരും സൗന്ദരൃത്താലും, യൗവനത്താലും അഹംഭാവ മുള്ളവരായിരുന്നു.
പുത്ര ലബ്ധിക്കു വേണ്ടി രാജാവ് രണ്ടു ഭാര്യമാരോടും കൂടി കൈലാസ പര്‍വ്വതത്തില്‍ പോയി, യോഗം കൈക്കൊണ്ട് കഠിനവും മഹത്തുമായ തപസ്സു ചെയ്തു. അങ്ങനെ തപസ്സു ചെയ്തിരിക്കവേ ആ മഹാത്മാവിന്റെ മുമ്പില്‍ ശിവന്‍ പ്രത്യക്ഷനായി. ത്രിന്രേതനും ത്രിപുര മര്‍ദ്ദനനും ശങ്കരനും ഭവാനീനാഥനും ശൂലപാണിയും പിനാകിയും ത്ര്യയംബകനും ശിവനും ഉഗ്രേശനും ബഹുരൂപനും ആയ ഉമാപതിയെ കണ്ട ഉടനെ മഹാബാഹുവായ രാജാവ് പത്നിമാരോടു കൂടി പ്രണമിച്ച് പുത്രലബ്ധിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഭാര്യമാരോടു കൂടി പ്രണമിച്ച ആ നൃപ സത്തമനോടു സന്തോഷത്തോടെ ഹരന്‍ പറഞ്ഞു.
ശിവന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ എന്നോടു വരം ചോദിച്ച സമയത്തിന്റെ മഹത്വത്താല്‍ ശൂരന്മാരും, പരമ ദര്‍പ്പിതരുമായ അറുപതിനായിരം പുത്രന്മാര്‍ നിനക്ക് ഒരു പത്നിയില്‍ ഉണ്ടാകും. അവര്‍ എല്ലാവരും ഒന്നിച്ചു നശിക്കുകയും ചെയ്യും. മറ്റേ ഭാര്യയില്‍ ശൂരനും വംശധരനും ആയ ഒരുത്തന്‍ മാത്രം ഉണ്ടാകും.
ലോമശന്‍ പറഞ്ഞു: രുദ്രന്‍ ഇപ്രകാരം പറഞ്ഞ് അവിടെ തന്നെ മറഞ്ഞു. രാജാവായ സഗരന്‍ വളരെ സന്തോഷത്തോടെ പത്നിമാരോടു കൂടി കൊട്ടാരത്തിലേക്കു മടങ്ങി. ഹേ, മനുജശ്രേഷ്ഠാ, അവന്റെ സുന്ദരിമാരായ ഭാര്യമാര്‍, വൈദര്‍ഭിയും, ശൈബ്യയും, ഉടനെ ഗർഭിണികളായി. വൈദര്‍ഭി ഗര്‍ഭിണിയായി യഥാകാലം പ്രസവിച്ചത് ഒരു ചുരയ്ക്കയെയാണ്. ശൈബ്യ പ്രസവിചുത് ദേവരൂപനായ ഒരു പുത്രനെയും! ആ ചുരയ്ക്ക കൊണ്ടു പോയി കളയുവാന്‍ രാജാവ് വിചാരിച്ചു. ഉടനെ ആകാശത്തു നിന്ന് ഗംഭീര നിസ്വനത്തോടെ ഈ വാക്കുകള്‍ കേട്ടു:
ഹേരാജാവേ, സാഹസം ചെയ്യരുതേ! മക്കളെ കളയരുതേ! നീ നിന്റെ പുത്രന്മാരെ വെടിയരുത്. ചുരയ്ക്ക കീറി അതിലെ കുരു എടുത്ത് ആ കുരുക്കള്‍ ഓരോന്നും ഭാഗികമായി നെയ്യ് നിറച്ച വേറെ വേറെ നീരാവി പൊങ്ങുന്ന ചൂടുള്ള പാത്രങ്ങളില്‍ സൂക്ഷിച്ചു വെയ്ക്കുക. അവയില്‍ നിന്ന് ഭവാന് അറുപതിനായിരം പുത്രന്മാര്‍ ഉത്ഭവിക്കും. മഹാദേവന്‍ പറഞ്ഞ വാക്കു മിഥ്യയാവില്ല. അദ്ദേഹം ഈ വിധത്തിലാണ് നിന്റെ പുത്രന്മാരുടെ ജന്മം ഉദ്ദേശിച്ചിട്ടുള്ളത്. അതു കൊണ്ട് ഈ കാര്യം പ്രവര്‍ത്തിക്കുന്നതില്‍ നിന്നു നിന്റെ മനസ്സു തെറ്റിപ്പോകരുത്.
107. അഗസ്ത്യോപാഖ്യാനം - അഗസ്ത്യ മാഹാത്മൃ കഥനം - ലോമശന്‍ പറഞ്ഞു: ഹേ ഭാരതര്‍ഷഭ! ഇപ്രകാരം ആകാശത്തു നിന്ന് അശരീരിവാക്യം കേട്ടപ്പോള്‍ ശ്രദ്ധയോടു കൂടി രാജസത്തമനായ സഗരന്‍ അപ്രകാരം ഒക്കെ ചെയ്തു. വിത്തൊക്കെ വെവ്വേറെയാക്കി, കുംഭങ്ങളില്‍ നെയ്യ് നിറച്ച് ഓരോ കുരുവും ഓരോ കുടത്തിലിട്ട് ഓരോന്നും കാത്തു. പുത്രരക്ഷണം ചെയ്യുവാന്‍ ഓരോ ധാത്രിയെ ഓരോ കുടത്തിനും ഏര്‍പ്പാടു ചെയ്തു. ഒട്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഓരോ കുടത്തില്‍ നിന്നും ശക്തനായ ഓരോ പുത്രന്‍ വീതം പുറത്തു വന്നു. അപ്രതിമനായ രാജര്‍ഷിക്ക് അപ്രതിമ തേജസ്ധികളായ അറുപതിനായിരം പുത്രന്മാര്‍ രുദ്ര പ്രസാദത്താല്‍ ഉണ്ടായി.
അവര്‍ ഘോരന്മാരും, ക്രൂര കര്‍മ്മാക്കളുമായി വളര്‍ന്നു വന്നു. ആകാശത്തു സഞ്ചരിക്കുവാന്‍ കഴിവുള്ളവർ ആയിരുന്നു അവര്‍. എണ്ണത്തിലും ബലത്തിലും വലിയവരായതു കൊണ്ട് അവര്‍ ലോകത്തെ മുഴുവന്‍, ദേവന്മാരെ പോലും ധിക്കരിച്ചു. ക്രൂര കര്‍മ്മാക്കളായ അവര്‍ ദേവന്മാരെയും, ഗന്ധര്‍വ്വന്മാരെയും, രാക്ഷസ വര്‍ഗ്ഗത്തെയും മാത്രമല്ല, ചുരുക്കത്തില്‍ മൂന്നു ലോകങ്ങളിലുമുള്ള സകല ജീവ ജാലങ്ങളെയും ദ്രോഹിച്ചു. എല്ലാവരുമായും ആ ശൂരന്മാര്‍ പോരാടി. മന്ദ ബുദ്ധികളായ അവര്‍ ലോകരെ ഒക്കെ വധിക്കുവാന്‍ തുടങ്ങിയപ്പോള്‍ എല്ലാ ലോകരും ദേവന്മാരോടു കൂടി ബ്രഹ്മാവിനെ ചെന്ന് ആശ്രയിച്ചു. അവരോട് അപ്പോള്‍ മഹാഭാഗനായ സര്‍വ്വലോക പിതാമഹന്‍ ഇങ്ങനെ പറഞ്ഞു.
ബ്രഹ്മാവു പറഞ്ഞു: അല്ലയോ ദേവന്മാരേ! നിങ്ങള്‍ സര്‍വ്വലോകരും കൂടി പൊയ്ക്കൊള്ളുവിന്‍! വളരെ വൈകാതെ സഗര പുത്രന്മാര്‍ക്ക് സ്വകര്‍മ്മത്താല്‍ തന്നെ മഹാഘോരമായ നാശം വന്നു കൂടും. അവരുടെ കര്‍മ്മത്തിന്റെ ഫലം അവര്‍ക്ക് അനുഭവിക്കാന്‍ സമയമടുത്തു.
ലോമശന്‍ പറഞ്ഞു: ബ്രഹ്മാവ്. ഇപ്രകാരം പറഞ്ഞപ്പോള്‍ എല്ലാവരും പിതാമഹനെ നമസ്കരിച്ച് യാത്ര പറഞ്ഞു തിരിച്ചു പോയി. പിന്നെ കുറച്ചു കാലം ചെന്നതിന് ശേഷം സഗരരാജാവ് അശ്വമേധ യാഗത്തിന് ദീക്ഷിച്ചു. പുത്രന്മാരുടെ രക്ഷയില്‍ അശ്വം ഭൂമി ചുറ്റി വെള്ളമില്ലാത്ത ഭീമദര്‍ശനമായ സമുദ്രത്തില്‍ ചെന്നു ചേര്‍ന്നു. അവിടെ വച്ചു പെട്ടെന്ന് അശ്വത്തെ കാണാതായി. അവര്‍ വളരെ പ്രയത്നത്തോടെ തിരഞ്ഞു. ഉത്തമമായ ആ കുതിരയെ ഒരിടത്തു നിന്നും കണ്ടു കിട്ടിയില്ല. അശ്വം അപഹരിക്കപ്പെട്ടു എന്നു വിചാരിച്ചു മടങ്ങിച്ചെന്ന് പിതാവിനോട് വിവരം അറിയിച്ചു, അശ്വത്തെ കാണാനില്ല എന്ന്. ഇതു കേട്ട സഗര മഹാരാജാവ് പറഞ്ഞു, എല്ലാ ദിക്കിലും കുതിരയെ അന്വേഷിക്കുക എന്ന്. ഉടനെ അച്ഛന്‍ പറഞ്ഞത് അനുസരിച്ച് എല്ലാ ദിക്കിലും പോയി കുതിരയെ അന്വേഷിച്ചു. ലോകത്തില്‍ ഇനി അവര്‍ അന്വേഷിക്കാത്ത ഒരിടവുമില്ല.
സഗര പുത്രന്മാര്‍ എല്ലാവരും ലോകം മുഴുവന്‍ സഞ്ചരിച്ചു കുതിരയെ തേടി നടന്നു. ഇങ്ങനെ തിരച്ചില്‍ തകൃതിയായി നടന്നു. കുതിരയെ ആകട്ടെ, അതിന്റെ മോഷ്ടാവിനെ ആകട്ടെ കണ്ടു കിട്ടിയില്ല. അവര്‍ പിതാവിന്റെ മുമ്പില്‍ ചെന്ന് തൊഴുകൈയോടെ പറഞ്ഞു.
സഗര പുത്രന്മാര്‍ പറഞ്ഞു: അച്ഛാ, ഞങ്ങള്‍ കുതിരയെ തിരയാത്ത ഇടമില്ല. സമുദ്രം, കാട്, ദ്വീപ്, പുഴ, ഗുഹ, സര്‍വ്വപര്‍വ്വത സാനുക്കള്‍, നദീ തീരങ്ങള്‍ എന്നിവ ചേര്‍ന്ന സകല ദിക്കിലും, ഈ ഭൂമി മുഴുവന്‍, ഞങ്ങള്‍ അച്ഛന്റെ കല്പന പ്രകാരം തിരഞ്ഞു. അശ്വത്തെ കണ്ടില്ല; അശ്വഹര്‍ത്താവിനേയും കണ്ടില്ല.
ലോമശന്‍ പറഞ്ഞു: മക്കള്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ വിഷണ്ണനായ രാജാവിന് ഉഗ്രമായ കോപമുണ്ടായി. ദൈവ വശാല്‍ ആ രാജാവ് അവരോട് സര്‍വ്വരോടും ക്രുദ്ധനായി ഇങ്ങനെ പറഞ്ഞു.
സഗരന്‍ പറഞ്ഞു: നിങ്ങളെ എന്തിന് കൊള്ളാം? യജ്ഞാശ്വത്തെ കാണാനില്ലെന്നു പറയുവാന്‍ ലജ്ജയില്ലല്ലോ. ഇതില്‍ പരം ഒരപമാനം എന്തുണ്ട്? യജ്ഞാശ്വത്തോട് കൂടാതെ നിങ്ങളാരും തിരച്ചു വരേണ്ടാ. എവിടെ പോയി അശ്വം? കണ്ടു പിടിക്കുക!. അതിന് കഴിവില്ലെങ്കില്‍ മക്കളെ! നിങ്ങള്‍ എവിടെയെങ്കിലും പൊയ്ക്കൊള്ളുവിന്‍!
ലോമശന്‍ പറഞ്ഞു: അച്ഛന്‍ കോപിച്ചു കല്പിച്ച പ്രകാരം ആ സഗര പുത്രന്മാര്‍ പിന്നെയും ഭൂതലത്തില്‍ അന്വേഷണം തുടര്‍ന്നു. അപ്പോള്‍ അവര്‍ ഭൂമി പൊട്ടിപ്പിളർ ന്ന ഒരു പിളര്‍പ്പു കണ്ടു. ആ ബിലത്തില്‍ ചെന്നു വീരന്മാരായ സഗരാത്മജര്‍ ഖനനം ചെയ്യുവാന്‍ തുടങ്ങി. മണ്‍വെട്ടി, കൈക്കോട്ട് ഇവ കൊണ്ട് അവര്‍ വെട്ടിക്കുഴിക്കുവാന്‍ തുടങ്ങി. സമുദ്രത്തിലെ പിളര്‍പ്പില്‍ ഇങ്ങനെ തുരക്കുവാന്‍ തുടങ്ങിയപ്പോള്‍ അതില്‍ കണ്ട അസുരരേയും, ഉരഗങ്ങളേയും, രാക്ഷസരേയും, മറ്റു ജീവജാലങ്ങളേയും വധിക്കുവാനും തുടങ്ങി. അവയെല്ലാം കൂട്ടത്തോടെ ആര്‍ത്തനാദം മുഴക്കി. തലയറ്റും, ദേഹം മുറിഞ്ഞും, തൊലിയുരിഞ്ഞും, അസ്ഥികള്‍ തകര്‍ന്നും നൂറു കണക്കിനും, ആയിര ക്കണക്കിനും ജീവികള്‍ സഗര പുത്രന്മാരാല്‍ നശിപ്പിക്കപ്പെട്ടു. ഇങ്ങനെ വരുണാലയമായ സമുദ്രം ഭയങ്കരമായി വെട്ടിക്കുഴിച്ചു. വരുണന്‍ വാഴുന്ന ആലയം ഇങ്ങനെ വളരെക്കാലം കുഴിച്ചു മഹാ ഗര്‍ത്തമാക്കിയിട്ടും അവിടെ അശ്വത്തെ കണ്ടുകിട്ടിയില്ല. ഒടുവില്‍ സമുദ്രത്തിന്റെ പൂര്‍വ്വോത്തര ഭാഗത്തായി പാതാളത്തെ അവര്‍ വാശിയോടെ പിളര്‍ന്ന് എത്തിയപ്പോള്‍ ആ മഹീ തലത്തില്‍ സഞ്ചരിക്കുന്ന അശ്വത്തെ കണ്ടെത്തി. അവിടെ മഹാ തേജസ്വിയും മഹാത്മാവുമായ കപിലനേയും കണ്ടു. ആ മഹര്‍ഷി അഗ്നിജ്ജ്വാല പോലെ ഉജ്ജ്വലിക്കുന്ന ചേതസ്സോടെ വിളങ്ങുന്നു.
അങ്ങനെ അവരുടെ പരിശ്രമം സഫലമായി. നഷ്ടപ്പെട്ട അശ്വത്തെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് സഗര പുത്രന്മാര്‍ രോമാഞ്ച കഞ്ചുകിതരായി. മഹാത്മാവായ കപിലനെ കൂസാതെ കാലചോദിതരായ അവര്‍ ക്രുദ്ധരായി അശ്വത്തെ പിടിക്കുവാന്‍ പാഞ്ഞു ചെന്നു. അതു കണ്ട് മുനിസത്തമനായ കപില മഹര്‍ഷി കോപിച്ചു. കപില മഹര്‍ഷിയെ കപില വാസുദേവൻ എന്നാണ് മുനി പുംഗവന്മാര്‍ വിളിക്കാറ്. മുനി ക്രുദ്ധനായി പുരികം ചുളിച്ച് വികൃത ദൃഷ്ടിയോടെ തന്റെ തേജസ്സ് അവരില്‍ വീശി. മന്ദ ബുദ്ധികളായ സഗര പുത്രന്മാര്‍ ആ അഗ്നിയില്‍ ദഹിച്ചു പോയി. മഹാ തപസ്വിയായ നാരദന്‍ സഗര പുത്രന്മാര്‍ ഭസ്മമായതു കണ്ട് സഗരന്റെ അടത്തു ചെന്നു പറഞ്ഞു.
നാരദന്‍ പറഞ്ഞു: ഹേ, സഗര! നിന്റെ പുത്രന്മാര്‍ അറുപതിനായിരവും കപില മഹര്‍ഷിയുടെ കോപാഗ്നിയില്‍ ചാമ്പലായി പോയി!
ലോമശന്‍ പറഞ്ഞു: മഹര്‍ഷിയുടെ മുഖത്തില്‍ നിന്ന് ഈ ഘോരമായ വാക്കുകള്‍ കേട്ട സഗരന്‍ മുഹൂര്‍ത്ത സമയം വിമനസ്സായി ഇരുന്നു പോയി! പിന്നെ അദ്ദേഹം ശിവന്റെ വാക്കിനെപ്പറ്റി ചിന്തിച്ചു. "അസമഞ്ജ"ന്റെ പുത്രനായ "അംശുമാന്‍" എന്ന പൗത്രനെ വിളിച്ച്, ഹേ ഭരത ശാര്‍ദ്ദൂലാ! ഇപ്രകാരം സഗര രാജാവു പറഞ്ഞു.
സഗരന്‍ പറഞ്ഞു: അതീവ ഓജസ്വികളായ എന്റെ മക്കള്‍ അറുപതിനായിരവും എനിക്കു വേണ്ടി കപിലന്റെ തേജസ്സാല്‍ മൃതിയടഞ്ഞു. ഉണ്ണീ! നിന്റെ അച്ഛനേയും ഞാന്‍ പരിത്യജിച്ചു. ധര്‍മ്മം സംരക്ഷിക്കുവാനും, പൌരന്മാര്‍ക്കു ഹിതത്തിനും വേണ്ടി പ്രവര്‍ത്തിച്ചിട്ടാണ് ഇപ്രകാരം സംഭവിച്ചത്.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ തപോധനാ! ഞാന്‍ ഒന്നു ചോദിക്കട്ടെ. രാജശാര്‍ദ്ദൂലനായ സഗര രാജാവ് ദുസ്തൃജനും, വീരനുമായ തന്റെ പുത്രനെ എന്തിനാണു തൃജിച്ചത്?
ലോമശന്‍ പറഞ്ഞു: അസമഞ്ജസ് എന്നു പേരായ ഒരു പുത്രന്‍ ശൈബ്യയില്‍ സഗരന് ജനിച്ചു. അവന്‍ പൌരന്മാരുടെ ദുര്‍ബ്ബലരായ കുട്ടികളെ പിടിച്ചു പുഴയില്‍ മുക്കും. അശക്തരായ അവര്‍ നിലവിളിച്ചാലും അവന്‍ വിടില്ല. അവന്‍ ആ കുട്ടികളെ കഴുത്തില്‍ പിടിച്ചു ഞെക്കി പുഴയില്‍ താഴ്ത്തി കൊല്ലുക പതിവായി. രസമുള്ള വിനോദം! ഭയ ശോകാര്‍ത്തരായ പൌരന്മാര്‍ രാജാവിന്റെ അടുത്തു ചെന്ന് ആവലാതിയായി.
ജനങ്ങള്‍ പറഞ്ഞു: രാജാവേ, അങ്ങ് ഞങ്ങളെ എന്നും ആപത്തില്‍ നിന്നു രക്ഷിക്കുന്നവനാണ്. അതു കൊണ്ട് അങ്ങയുടെ പുത്രനായ അസമഞ്ജസ്സില്‍ നിന്നുള്ള ആപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുക. അവന്‍ ഞങ്ങളുടെ പുത്രന്മാരെ അസംഖ്യം പേരെ വെള്ളത്തില്‍ പിടിച്ചു താഴ്ത്തി ഞെക്കി കൊന്നിരിക്കുന്നു. അവനില്‍ നിന്ന് ഞങ്ങളുടെ സന്താനങ്ങളെ രക്ഷിക്കണേ! ഭയം തീര്‍ത്തു തരണേ!
ലോമശന്‍ പറഞ്ഞു: പൌരന്മാരുടെ ഈ വാക്കുകേട്ട് ആ രാജസത്തമന്‍ മുഹൂര്‍ത്ത സമയം ദുഃഖിതനായി ഇരുന്നു പോയി; പിന്നീട് മന്ത്രിമാരെ വിളിച്ച് ആലോചന നടത്തി.
രാജാവു പറഞ്ഞു: എന്റെ പുത്രനായ അസമഞ്ജസ്സിനെ ഈ നഗരത്തില്‍ നിന്ന് ഇന്നു തന്നെ ഓടിക്കണം. അവന്‍ ഇനി ഇവിടെ താമസിക്കുവാന്‍ പാടുള്ളതല്ല. എന്റെ പ്രിയം നിങ്ങള്‍ ഉടനെ ചെയ്യണം.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം രാജാവു പറഞ്ഞപ്പോള്‍ സചിവന്മാര്‍ രാജാവ് എപ്രകാരം കല്‍പിച്ചുവോ അപ്രകാരം ചെയ്‌തു. ഇങ്ങനെ പ്രജാഹിതത്തിന് വേണ്ടി സഗരന്‍ പുത്രനെ ഉപേക്ഷിച്ചു. വില്ലാളിയായ അംശുമാനോട് മുത്തച്ഛനായ സഗരന്‍ പറഞ്ഞു.
അതെല്ലാം ഞാന്‍ പറയാം; യുധിഷ്ഠിര! നീ കേള്‍ക്കുക.
സഗരന്‍ പറഞ്ഞു: എടോ! പൗത്രാ! നിന്റെ അച്ഛനെ ഉപേക്ഷിക്കുക കൊണ്ടും, മക്കള്‍ മരിക്കുകയാലും, അശ്വത്തെ കിട്ടായ്കയാലും ഞാന്‍ സന്തപിക്കുകയാണ്. ഞാന്‍ യജ്ഞവിഘ്നം മൂലം ഏറ്റവും വലിയ ദുഃഖത്തില്‍ പെട്ടിരിക്കുകയാണ്. പൗത്രാ! നീ ഹയത്തെ കൊണ്ടു വന്ന് എന്നെ നരകത്തില്‍ നിന്നും കരകയറ്റുക..
ലോമശന്‍ പറഞ്ഞു: മഹാത്മാവായ തന്റെ മുത്തച്ഛന്‍, സഗര രാജാവ്, ഇപ്രകാരം പറഞ്ഞതു കേട്ട് അംശുമാന്‍ ഉടനെ ദുഃഖത്തോടു കൂടി ഭൂമി പിളര്‍ന്ന ആ പ്രദേശത്തിലെത്തി. ആ വഴിയെ തന്നെ അവന്‍ സമുദ്രത്തില്‍ കടന്ന് അവിടെ മഹാത്മാവായ കപില മഹര്‍ഷിയേയും ആ തുരഗത്തേയും കണ്ടു. തേജോരാശിയും, പുരാണ ഋഷി സത്തമനുമായ കപിലനെ കണ്ടയുടനെ നിലത്തു ശിരസ്സു മുട്ടുമാറ് പ്രണമിച്ച് താന്‍ വന്ന കാര്യം ഉണര്‍ത്തിച്ചു. കപില മഹര്‍ഷി അപ്പോള്‍ അംശുമാനില്‍ പ്രസാദിച്ചു. എടോ അംശുമാന്‍! ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. എന്തു വരമാണ് നിനക്കു വേണ്ടതെന്ന് ആ മഹാത്മാവ് ചോദിച്ചു. അവന്‍ ആദ്യമായി യജ്ഞത്തിന് അശ്വത്തെ അപേക്ഷിച്ചു. രണ്ടാമതായി പിതൃക്കള്‍ക്ക് പാവനത്വം അപേക്ഷിച്ചു. അവന്റെ അഭ്യര്‍ത്ഥന കേട്ട് മഹാ തേജസ്വിയും, മുനി പുംഗവനുമായ കപില മഹര്‍ഷി സന്തോഷിച്ച് ഇപ്രകാരം പറഞ്ഞു.
കപില മഹര്‍ഷി പറഞ്ഞു: കൂട്ടീ! നന്നായി വരട്ടെ! അനഘാ! നീ ഇച്ഛിച്ചതെല്ലാം ഞാന്‍ തരുന്നു. ക്ഷമയും ധര്‍മ്മവും സത്യവും നിന്നില്‍ എന്നും പ്രതിഷ്ഠിതമാകട്ടെ! നിന്നാല്‍ സഗരന്‍ കൃതാര്‍ത്ഥനായി. നിന്റെ പിതാവ് പുത്രവാനുമായിരിക്കുന്നു! നിന്റെ പ്രഭാവത്താല്‍ സഗരാത്മജന്മാരൊക്കെ സ്വര്‍ഗ്ഗത്തിൽ എത്തിക്കൊള്ളും. നിന്റെ പൌത്രന്‍ ത്രിപഥഗയായ ഗംഗയെ സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കു വരുത്തുന്നതാണ്. സഗര പുത്രന്മാരെ പാവനരാക്കാന്‍ മഹേശ്വരനെ സന്തോഷിപ്പിച്ച് ഈ കാര്യം സാധിക്കും. ഹേ നരോത്തമാ! യജ്ഞാശ്വത്തെ കൊണ്ടു പൊയ്ക്കൊള്ളുക! മഹാത്മാവായ സഗരന്‍ ചെയ്യുന്ന യജ്ഞത്തെ പൂര്‍ത്തിയാക്കുക.
ലോമശന്‍ പറഞ്ഞു: മഹാത്മാവായ കപിലന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അംശുമാന്‍ അശ്വത്തേയും കൊണ്ട് സസന്തോഷം യാത്രയായി. അവന്‍ മഹാത്മാവായ സഗരന്റെ യജ്ഞശാലയിൽ അശ്വത്തേയും കൊണ്ട് എത്തിച്ചേര്‍ന്ന് മുത്തച്ഛനായ സാഗരന്റെ പാദത്തില്‍ കുമ്പിട്ടു നിന്നു. സഗരന്‍ പൗത്രനെ വാത്സല്യത്തോടെ ആശ്ലേഷിച്ച് മൂര്‍ദ്ധാവില്‍ ഘ്രാണിച്ചു. അവന്‍ മുത്തച്ഛനോട് നടന്ന വൃത്താന്തമെല്ലാം പറഞ്ഞു. താന്‍ കണ്ടതും കേട്ടതും സഗരാത്മജന്മാര്‍ ക്ഷയിച്ചതുമൊക്കെ വിസ്തരിച്ചു പറഞ്ഞു. അതു കേട്ടപ്പോള്‍ സഗരന് പുത്രദുഃഖം ഇല്ലാതായി. അംശുമാനെ പൂജിച്ച് യജ്ഞത്തെ സമാപിപ്പിച്ചു. യജ്ഞം കഴിഞ്ഞ സഗരനെ ദേവന്മാരൊക്കെ പുകഴ്ത്തി. വരുണന്‍ വാഴുന്ന സമുദ്രത്തെ പുത്രനെപ്പോലെ രാജാവ് സ്നേഹിച്ചു. വളരെക്കാലം രാജ്യരക്ഷ ചെയ്തതിന് ശേഷം രാജാവ് പൌത്രനില്‍ രാജ്യഭാരമേല്പിച്ച് സ്വര്‍ഗ്ഗം (പ്രാപിച്ചു.
ധര്‍മ്മാത്മാവദയ അംശുമാന്‍ അഴി ചൂഴുന്ന രാജ്യത്തെ മുത്തച്ഛനെപ്പോലെ തന്നെ രക്ഷിച്ചു. ദിലീപന്‍ എന്നു പേരായി ധാര്‍മ്മികനായ പുത്രന്‍ അവനുണ്ടായി. അവനെ രാജ്യഭാരം ഏല്പിച്ച് അംശുമാനും കാലഗതിയെ പ്രാപിച്ചു. പിന്നെ ദിലീപന്‍ പിതൃക്കളുടെ ദയനീയ വിധത്തിലുള്ള നാശത്തെക്കുറിച്ചു കേട്ടു സന്തപിച്ച് അവര്‍ക്കു ഗതി നല്കുവാന്‍ ഗംഗയെ ഭൂമിയില്‍ അവതരിപ്പിക്കുന്നതിന് യജ്ഞം ചെയ്തു. യഥാബലം അവന്‍ പരിശ്രമിച്ചിട്ടും പ്രയത്നം സഫലമായില്ല. അവന്റെ പുത്രനായി ശ്രീമാനും സുന്ദരനും ധര്‍മ്മപരായണനുമായ ഭഗീരഥന്‍ ഉണ്ടായി. പ്രസിദ്ധനും സത്യവാക്കും അസൂയ ഇല്ലാത്തവനും ആയിരുന്നു അവന്‍. അവനെ രാജാവാക്കി വാഴിച്ച് ദിലീപന്‍ വാനപ്രസ്ഥം സ്വീകരിച്ചു. ഹേ, ഭാരത, തപസ്സിദ്ധി നേടി ആ രാജാവ് വനത്തില്‍ വാഴുമ്പോള്‍ കാലയോഗത്താല്‍ സ്വര്‍ഗ്ഗം പ്രാപിച്ചു.
108. അഗസ്ത്യോപാഖ്യാനം - ഭഗീരഥ പ്രയത്നം - ലോമശന്‍ പറഞ്ഞു: വില്ലാളി വീരനായ ഭഗീരഥന്‍ മഹാരഥനായ ചക്രവര്‍ത്തിയായി. ലോകര്‍ക്കെല്ലാം കണ്ണും കരളും കുളുര്‍പ്പിക്കുന്നവനായി രാജ്യം ഭരിച്ചു. മഹാബാഹുവും മഹാകീര്‍ത്തിമാനുമായ അവന്‍ പൂര്‍വ്വചരിത്രം കേട്ടു. മഹാനായ കപില മഹര്‍ഷി പിതാക്കളെ കൊന്നതും അവര്‍ സ്വര്‍ഗ്ഗം പ്രാപിക്കാതി രുന്നതുമായ വൃത്താന്തം ഗ്രഹിച്ചു. ഭഗീരഥന്റെ ഹൃദയം വൃഥയാല്‍ ഉരുകി. രാജ്യം മന്ത്രിയില്‍ ഏല്പിച്ച് തപസ്സു ചെയ്യുവാന്‍ ഹിമവല്‍ പാര്‍ശ്വത്തിലേക്ക് ആ നരേശ്വരന്‍ പോയി.
തപസ്സു കൊണ്ട് പാപം തീര്‍ത്ത് ഗംഗയെ പ്രസാദിപ്പിക്കുവാന്‍ ഉദ്ദേശിച്ച് അവന്‍ ഹിമവല്‍ പാര്‍ശ്വത്തിൽ എത്തി. വിവിധ ധാതുക്കള്‍ നിറഞ്ഞതും വിവിധാകാരം പൂണ്ടതും കാറ്റേറ്റു പായുന്ന മേഘമാലകള്‍ ചുറ്റിപ്പറ്റി നിരന്നു നിൽക്കുന്നതുമായ ശൃംഗങ്ങള്‍ കണ്ടു. പുഴകളും വള്ളിക്കുടിലുകളും അവിടവിടെ ചിതറിക്കിടക്കുന്ന കൂര്‍ത്ത വലിയ പാറക്കല്ലുകളും ഗുഹാന്തരങ്ങളില്‍ ഒളിയിരിക്കുന്ന സിംഹവ്യാഘ്രങ്ങളും പല വര്‍ണ്ണത്തില്‍ പലമാതിരി പാടുന്ന പക്ഷികളും കാണപ്പെട്ടു. ഭൃംഗരാജങ്ങളായ ഹംസങ്ങള്‍, കുളക്കോഴികള്‍, ദാത്യൂഹങ്ങള്‍, ശതപത്രങ്ങള്‍, മയിലുകള്‍, ജീവഞ്ജീവങ്ങള്‍, കോകിലങ്ങള്‍, കറുത്ത കടക്കണ്ണുള്ള ചകോരങ്ങള്‍, പുത്രപ്രിയങ്ങള്‍, ഇവ വിഹരിക്കുന്നതും, ജലം നിറഞ്ഞ് രമ്യങ്ങളും, പത്മങ്ങള്‍ പ്രശോഭിക്കുന്നതുമായ പൊയ്കകളും കണ്ടു. മധുര സ്വരമായി കൂകുന്ന സാരസങ്ങളാല്‍ സമലംകൃതമായി അപ്സരസ്സുകള്‍, കിന്നരന്മാര്‍ എന്നിവര്‍ ഇരിക്കുന്ന ശിലാതലങ്ങള്‍, ദിഗ്ഗജങ്ങള്‍ കൊമ്പു കൊണ്ട് കുത്തി തകര്‍ത്തിട്ട വന്മരങ്ങള്‍, വിദ്യാധരന്മാര്‍ നടന്നും, നാനാരത്നങ്ങള്‍ ചേര്‍ന്നും, ഭയങ്കര വിഷവും ദീപ്തജിഹ്വകളുമുള്ള പാമ്പുകള്‍ ഇഴയുന്നതുമായ കാടുകള്‍ ചില സ്ഥലങ്ങള്‍ കനകമയമായും, ചിലയിടങ്ങള്‍ വെള്ളിമയമായും, ചിലയിടങ്ങള്‍ അഞ്ജനമയമായും വിലസി. ഇങ്ങനെ നാനാവര്‍ണ്ണത്തില്‍ വിചിത്രദര്‍ശനമായ ഹിമാലയ പര്‍വ്വതത്തില്‍ ഭഗീരഥന്‍ ഘോരമായ തപസ്സ് ആരംഭിച്ചു. ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ചു ജലം മാത്രം പാനം ചെയ്ത് അവന്‍ ആയിരം വര്‍ഷം തപസ്സു ചെയ്തു. ആയിരം വര്‍ഷം കഴിഞ്ഞപ്പോള്‍ ഗംഗ അവന്റെ മുമ്പില്‍ ദേവീരൂപയായി പ്രതൃക്ഷപ്പെട്ടു.
ഗംഗ പറഞ്ഞു: ഹേ! മഹാരാജാവേ! ഭവാന്‍ എന്താണ് ഇച്ഛിക്കുന്നത്? ഞാന്‍ എന്താണു ഭവാനു നല്കേണ്ടത്? ഹേ നരശ്രേഷ്ഠാ, നീ ചോദിക്കുന്നതു ഞാന്‍ ചെയ്തു തരാം.
ലോമശൻ പറഞ്ഞു: ഇങ്ങനെ ചോദിച്ച ഹൈമവതിയോട് അഞ്ജലീ ബദ്ധനായി പ്രണമിച്ച് ആ രാജാവ് പറഞ്ഞു.
ഭഗീരഥന്‍ പറഞ്ഞു: ഗംഗാദേവി, വരദേ, മഹാനദീ! എന്റെ പിതാമഹന്മാരെ കപില മഹര്‍ഷി, അവര്‍ അശ്വത്തെ തിരയുന്ന സമയത്ത്, യമ ലോകത്തി ലേക്കയച്ചു. മഹാത്മാക്കളായ അറുപതിനായിരം സഗരന്മാര്‍ കപിലന്റെ കോപാഗ്നിയില്‍ പെട്ടെന്നു നശിച്ചു പോയി. ഇപ്രകാരം നശിച്ചവര്‍ക്ക് സ്വര്‍ഗ്ഗവാസം ലഭിക്കുകയില്ല. ആ ശരീരങ്ങള്‍ ദേവി! ഭവതിയുടെ വെള്ളം കൊണ്ട് അഭിഷേകം ചെയ്തില്ലെങ്കില്‍ ആ സഗര പുത്രന്മാര്‍ക്കു ഗതി കിട്ടുകയില്ല. സഗരാത്മജരായ എന്റെ എല്ലാ പിതൃക്കളേയും സ്വര്‍ഗ്ഗത്തില്‍ കയറ്റിയാലും. അവര്‍ക്കു വേണ്ടി മഹാനദീ! ഞാന്‍ നിന്നോടു യാചിക്കുന്നു.
ലോമശന്‍ പറഞ്ഞു: രാജാവിന്റെ ഇപ്രകാരമുള്ള വാക്കു കേട്ട് ലോക നമസ്കൃതയായ ഗംഗ ഭഗീരഥനോട് ഇപ്രകാരം സസന്തോഷം പറഞ്ഞു.
ഗംഗ പറഞ്ഞു: ഹേ, മഹാരാജാവേ, അപ്രകാരമാകാം. നിന്റെ വാക്കു ഞാന്‍ നിസ്സംശയം അനുസരിക്കാം. ആകാശത്തു നിന്നു ഭൂമിയില്‍ പതിക്കുന്ന എന്റെ വേഗം അസഹ്യമാണ്. മൂന്നു ലോകത്തിലും എന്റെ ചാട്ടത്തിന്റെ ഊക്കു താങ്ങുവാന്‍ ശക്തരായി ആരുമില്ല; വിബുധ ശ്രേഷ്ഠനും, നീലകണ്ഠനുമായ മഹേശ്വരന്‍ മാത്രമല്ലാതെ മറ്റാരുമില്ല. അതു കൊണ്ട് മഹാബാഹോ, ഭവാന്‍ തപസ്സാല്‍ വരദനായ ഹരനെ പ്രസാദിപ്പിക്കുക. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പതിക്കുമ്പോള്‍ ശിരസ്സു കാണിച്ച് ആ ദേവന്‍ താങ്ങിക്കൊള്ളും. മഹാദേവന്‍ നിന്റെ പിതൃക്കള്‍ക്ക് ഹിതത്തിനു വേണ്ടി പ്രിയം ചെയ്യുന്നതുമാണ്.
ലോമശന്‍ പറഞ്ഞു: അതു കേട്ട ഉടനെ മഹാരാജാവായ ഭഗീരഥന്‍ കൈലാസ പര്‍വ്വതത്തില്‍ ചെന്ന് കുറേനാള്‍ ഉഗ്രമായ തപസ്സു ചെയ്തു ശങ്കരനെ പ്രസാദിപ്പിച്ചു. അങ്ങനെ ഞാന്‍ ഗംഗയെ ധരിച്ചു കൊള്ളാം എന്ന വരം ഭഗീരഥന്‍ ശിവനില്‍ നിന്ന്, തന്റെ പിതൃക്കളെ സ്വര്‍ഗ്ഗലോകം കയറ്റുന്നതിനു വേണ്ടി വാങ്ങിച്ചു.
109. അഗസ്ത്യോപാഖ്യാനം - അഗസ്തൃ മാഹാത്മൃ കഥനം - ആകാശ ഗംഗയുടെ ഭൂപതനം - ലോമശന്‍ പറഞ്ഞു: ഭഗീരഥന്റെ അപേക്ഷ കേട്ട് ഭഗവാന്‍ വാനവര്‍ക്ക് പ്രിയത്തിനു വേണ്ടി ഇപ്രകാരം പറഞ്ഞു.
ശിവന്‍ പറഞ്ഞു. എടോ ഭഗീരഥാ, ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. ഹേ, നൃപസത്തമാ, നിന്റെ ആഗ്രഹം സാധിപ്പിച്ചു തരാം. നിനക്കു വേണ്ടി ശിവമായവളും, ദിവ്യയും, ദേവനദിയും, പുണ്യയുമായ ഗംഗയെ വാനില്‍ നിന്നു ഭൂമിയിലേക്കു വീഴുമ്പോള്‍ ഞാന്‍ താങ്ങിക്കൊള്ളാം.
ലോമശന്‍ പറഞ്ഞു: എന്നു പറഞ്ഞു നാനാവിധങ്ങളും ഘോരങ്ങളുമായ ആയുധങ്ങള്‍ കൈയിലേന്തിയ പരിവാരങ്ങളാല്‍ ആവൃതനായി ശിവന്‍ ഹിമവല്‍ പര്‍വ്വതത്തിൽ എത്തി നരശ്രേഷ്ഠനായ ഭഗീരഥനോട് പറഞ്ഞു.
ശിവന്‍ പറഞ്ഞു: ഭഗീരഥാ, ഭവാന്‍ ഇനി ശൈല രാജാവിന്റെ പുത്രിയായ നദിയോടു യാചിക്കുക. വാനില്‍ നിന്നു പതിക്കുന്ന സരിത്ശ്രേഷ്ഠയുടെ ധാരയെ ഞാന്‍ ഏറ്റു കൊള്ളാം.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം ശര്‍വ്വന്‍ പറഞ്ഞ വാക്കുകേട്ട് ഭഗീരഥ രാജാവ് പ്രിയതനായി നിന്നു പ്രണമിച്ചു ഗംഗയെ ധ്യാനിച്ചു. രാജാവ് ഇപ്രകാരം ചിന്തിച്ചു നിൽക്കവേ പുണ്യജലയും, രമ്യയുമായ ആ നദി ഈശാനന്‍ നിൽക്കുന്നതായി കണ്ട് ഗഗനത്തില്‍ നിന്നു കീഴോട്ടു ചാടി. ആകാശഗംഗ വീഴുന്നതായി കണ്ട് ദേവന്മാരും മഹര്‍ഷിമാരും യക്ഷ ഗന്ധര്‍വ്വന്മാരും ഉരഗങ്ങളും ഗംഗയുടെ പതനം കാണുവാന്‍ വന്നു കൂടി. ഹിമവല്‍ സുതയായ ഗംഗ ആകാശത്തു നിന്നു കീഴോട്ടു ചാടി. മത്സ്യങ്ങളും മുതലകളും ഇളകി മറിയുന്ന ഗംഗ വലിയ ചുഴിയും പതയും ചേര്‍ന്നു പ്രവഹിച്ചു. ഗഗന മേഖലയായ ആ ഗംഗയെ ഹരന്‍ താങ്ങി. അവള്‍ ഒരു മുത്തുമാല പോലെ ശിവന്റെ നെറ്റിക്കു മീതെയായി വന്നു വീണു. ആഴിയിലേക്കു പോകുന്ന ആ ഗംഗ മൂന്നു കൈവഴികളായി തിരിഞ്ഞു. മൂന്നായി തിരിഞ്ഞു കടലിലേക്കു വേഗത്തില്‍ ഒഴുകുന്ന അവള്‍ നുര നിറയുകയാല്‍ അരയന്നങ്ങളുടെ അനേകം നിര പോലെ സുന്ദരിയായി ശോഭിച്ചു. പരന്നും വളഞ്ഞും പുളഞ്ഞും ഇടറിയും നുരയാകുന്ന വെള്ളപ്പട്ടുടുത്ത് ഒഴുകുന്ന അവള്‍മ ദൃത്താല്‍ ഉന്മത്തയായ സ്ത്രീയെ പോലെ ഗമിച്ചു. ഇപ്രകാരം കുതിച്ചു ചാടുന്ന നിനദത്തോടു കൂടി ആകാശത്തു നിന്ന് പൃഥ്വിയില്‍ വീണ് ഒഴുകുന്ന ആ ഗംഗ ഭഗിരഥനോട് ഇപ്രകാരം മനോഹരമായി പറഞ്ഞു.
ഗംഗ പറഞ്ഞു: ഹേ ഭഗീരഥാ, ഞാൻ ഏതു വഴിക്കു പോകണം നീ പറഞ്ഞു തരിക! നിനക്കു വേണ്ടിയാണ് ഞാന്‍ ഭൂമിയിൽ ഇറങ്ങി വന്നത്!
ലോമശന്‍ പറഞ്ഞു: ഗംഗയുടെ ഈ വാക്കു കേട്ട് ഭഗീരഥ൯ മഹാത്മാക്കളായ സഗര പുത്രന്മാരുടെ ഭൗതികാവ ശിഷ്ടങ്ങള്‍ കിടക്കുന്ന ദിക്കിലേക്കു ചൂണ്ടി. പുണ്യജലം കൊണ്ട് അവരെ അഭിഷേകം ചെയ്യുവാന്‍ വേണ്ടി അങ്ങോട്ടു വഴി കാണിച്ചു കൊടുത്തു.
ഗംഗയെ ധരിച്ച് ലോക നമസ്കൃതനായ ഹരന്‍ ദേവന്മാരോടു കൂടി പര്‍വ്വത ശ്രേഷ്ഠനായ കൈലാസ പര്‍വ്വതത്തിലേക്കു പോയി. ഭഗീരഥന്‍ ഗംഗയോടു കൂടി സമുദ്രത്തിലെത്തി. വരുണാലയമായ സമുദ്രത്തെ ജലം കൊണ്ടു നിറച്ചു. ഗംഗയെ ഭഗീരഥ രാജാവ് തന്റെ മകളായി കണക്കാക്കി. പിതൃക്കള്‍ക്ക് ഉദകം ചെയ്തു ഭഗീരഥന്‍ മനോരഥം പൂര്‍ണ്ണമാക്കി. ത്രിപഥഗയായ ഗംഗയെ ഇപ്രകാരം സമുദ്ര പൂരണത്തിന് ഭഗീരഥന്‍ ഭൂമിയിൽ എത്തിച്ച കഥയും മഹാതപസ്വിയായ അഗസ്തൃ മഹര്‍ഷി സമുദ്രം കുടിച്ചു വറ്റിച്ച കഥയും ബ്രാഹ്മണ ഹന്താവായ വാതാപിയെ ഭക്ഷിച്ച കഥയും ഞാന്‍ പറഞ്ഞു. ഹേ യുധിഷ്ഠിരാ, ഭവാന്‍ ചോദിച്ച ഈ കാര്യങ്ങളെല്ലാം വിവരിച്ചു കഴിഞ്ഞു.
110. ഋഷ്യശൃംഗോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ അവിടെ നിന്നു പോയി ക്രമത്തില്‍ പാപഭയം ഇല്ലാതാക്കുന്ന "നന്ദാ", "അപരനന്ദാ" എന്നീ നദീ തീര്‍ത്ഥങ്ങളില്‍ സ്നാനംചെയ്തു. പിന്നെ അനാമയമായ ഹേമകൂടം എന്ന പര്‍വ്വതത്തില്‍ ചെന്നു. അവിടെ അചിന്തൃവും അത്ഭുതവുമായ വളരെ കാഴ്ചകള്‍ കണ്ടു. ആരെങ്കിലും മിണ്ടിയാല്‍ ഉടനെ കാറ്റടിച്ചു കൊണ്ടിരിക്കു മ്പോഴുണ്ടാകുന്ന മേഘവര്‍ഷവും പാറക്കഷണങ്ങളുടെ വര്‍ഷവും തടസ്സപ്പെടു ത്തുന്നതിനാല്‍ ഈ ഭീകരസ്ഥലം കയറുവാന്‍ ഇതു കണ്ടു വിഷണ്ണരായ ജനങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. എപ്പോഴും കാറ്റു വീശുകയും, എപ്പോഴും മഴ പെയ്യുകയും ചെയ്യുന്നതാണ് ആ പര്‍വ്വത പ്രദേശം. സ്വാദ്ധ്യായ ഘോഷം എപ്പോഴും ആ പ്രദേശത്തു കേള്‍ക്കാം; എന്നാൽ ആരെയും അവിടെ കാണുകയുമില്ല. എവിടെ നിന്നാണ് ഈ ഘോഷം പുറപ്പെടുന്നതെന്ന് അറിയുന്നുമില്ല. ഭഗവാന്‍ ഹവ്യവാഹനെ സന്ധൃക്കും പ്രഭാതത്തിലും കാണാം, തപസ്വികളുടെ തപസ്സിനെ ഭംഗപ്പെടുത്തുന്ന വിധം ഈച്ചകള്‍ എപ്പോഴും കുത്തുകയും ചെയ്യും. നിര്‍വ്വേദമുണ്ടാവുകയും ജനങ്ങള്‍ക്കു ഗൃഹത്തെപ്പറ്റിയുള്ള സ്മരണ ഉണ്ടാവുകയും ചെയ്യും അവിടെ എത്തിയാല്‍. ഇപ്രകാരം പല അത്ഭുതങ്ങളും കണ്ട് പാണ്ഡവന്‍ ലോമശനോട് ഈ അത്ഭുതങ്ങളെ കുറിച്ചു ചോദിച്ചു.
ലോമശന്‍ പറഞ്ഞു: ഹേ അരികര്‍ശനാ! ഞാന്‍ പണ്ട് ഇതിനെ കുറിച്ചെല്ലാം കേട്ടിട്ടുണ്ട്. ഈ അത്ഭുതങ്ങള്‍ ഇവിടെ ഇങ്ങനെ ഉണ്ടാകാനുള്ള കാരണങ്ങളെല്ലാം ഞാന്‍ പറയാം. ശ്രദ്ധയോടെ കേള്‍ക്കുക. ഇവിടെ ഋഷഭകൂടത്തില്‍ "ഋഷഭന്‍" എന്നു പേരായി ഒരു താപസന്‍ വാണിരുന്നു. വളരെ നൂറ്റാണ്ടു ജീവിച്ച അദ്ദേഹം വലിയ കോപിഷ്ഠനായിരുന്നു. ജനങ്ങള്‍ എപ്പോഴും ഓരോന്നു വന്നു പറയുക മൂലം ആ തപസ്വി അവരെ തടയുവാന്‍ വേണ്ടി ഇപ്രകാരം കല്പിച്ചു: "ഇവിടെ ആരെങ്കിലും വന്നു വല്ലതും പറഞ്ഞാല്‍ എടോ പര്‍വ്വതമേ! നീ പാറക്കല്ലുകള്‍ അവരുടെ നേര്‍ക്കെറിയണം" എന്ന്. പിന്നെ കാറ്റിനെ വിളിച്ചു പറഞ്ഞു, "ഇവിടെ ആരും മിണ്ടിപ്പോകരുത്. ആരെങ്കിലും വന്നു മിണ്ടിയാല്‍ മേഘശബ്ദത്താല്‍ അതു തടയണം" എന്ന്. ഇങ്ങനെ ആ മഹര്‍ഷി പലവിധ അത്ഭുത കര്‍മ്മങ്ങള്‍. ചെയ്തു. ചിലതു കോപത്താല്‍ നിഷിദ്ധമാക്കുകയും ചെയ്തു. പണ്ട് ദേവന്മാര്‍ നന്ദയ്ക്കു വന്നു എന്ന് ശ്രുതി കേട്ടിട്ടുണ്ട്. ദേവന്മാരെ കാണുവാന്‍ പലരും വന്നു കൂടി. എന്നാൽ എല്ലാവര്‍ക്കും യഥേഷ്ടം കാണപ്പെടുവാന്‍ ഇഷ്ടമില്ലാതിരുന്ന ശക്രാദികളായ ദേവകള്‍ ഈ ഗിരിയെ കുന്നുകളാകുന്ന ദുര്‍ഗ്ഗങ്ങള്‍ ചുറ്റുമുണ്ടാക്കി സാധാരണക്കാര്‍ക്ക് ഈ സ്ഥലം അപ്രാപ്യമാക്കി തീര്‍ത്തു. അന്നു മുതല്‍ മനുഷ്യര്‍ ഈ മല കാണുവാന്‍ പോലും ശക്തരാകാറില്ല.. പിന്നെ കയറുന്ന കാര്യം ഒട്ടും സാദ്ധ്യമല്ലെന്നു പറയേണ്ടതില്ലല്ലോ? കഠിനമായ തപസ്സു ചെയ്യാത്തവര്‍ക്ക് ആര്‍ക്കും ഈ മഹാഗിരിയെ കാണുവാന്‍ സാദ്ധ്യമല്ല. അങ്ങോട്ടു കയറാന്‍ പറ്റുകയില്ല. അവരും വായ അടയ്ക്കുക തന്നെ വേണം. ഹേ കുന്തീപുത്രാ, നീയും ഒട്ടും ശബ്ദിക്കാതിരിക്കുക. ഇവിടെ വച്ചു ദേവന്മാര്‍ വളരെ ഉത്തമമായ യജ്ഞങ്ങള്‍ ചെയ്തു. അതിന്റെ അടയാളം ഇപ്പോഴും കാണാം. ദര്‍ഭപ്പുല്ലു പോലെയുള്ള പുല്ലുകള്‍ നിറഞ്ഞതാണ് ഈ സ്ഥലം. ഇവിടം കുശപ്പുല്ലു നിറഞ്ഞിരിക്കുന്ന. യൂപ പ്രാകാരമായി അനേകം വൃക്ഷങ്ങള്‍ ഇവിടെ നിൽക്കുന്നു. ദേവന്മാരും മുനിമാരും ഇന്നും ഇവിടെ വാഴുന്നുണ്ട്. സായംകാലത്തും പുലര്‍ കാലത്തും. അവരുടെ ഹോമാഗ്നി കാണാം. അവിടെ ചെന്നു സ്നാനം ചെയ്തവര്‍ക്കു പാപമെല്ലാം ഉടനെ നശിച്ചു പോകും. അതു കൊണ്ട് ഹേ, യുധിഷ്ഠിരാ! ഭവാന്‍ സോദരന്മാരോടു കൂടി നന്ദയില്‍ സ്‌നാനം ചെയ്യുക. പിന്നീട് നമ്മള്‍ക്കു കൗശികിക്കു പോകണം. ഉഗ്രവും അനുത്തമവുമായ കഠിന തപസ്സ് വിശ്വാമിത്രന്‍ ചെയ്തത് അവിടെ വെച്ചാണ്.
വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ കൂട്ടുകാരൊന്നിച്ച് നന്ദയില്‍ സ്നാനം ചെയ്തു ശുഭവും പുണ്യവും രമൃവും ശീതജലം നിറഞ്ഞതുമായ കൗശികീ നദിയിലെത്തി.
ലോമശന്‍ പറഞ്ഞു: ഹേ, ഭരതര്‍ഷഭാ! ഇതാണ് പുണ്യയായ കൗശികീ നദി. വിശ്വാമിത്രന്റെ ആശ്രമം അതാ അവിടെ രമ്യമായി പ്രകാശിക്കുന്നു. അപ്പുറം കാണുന്നത് മഹാത്മാവായ കാശ്യപന്റെ പുണ്യാശ്രമമാണ്. സംയതേന്ദ്രിയനും, തപസ്വിയുമായ ഋഷ്യശൃംഗന്‍ അവന്റെ മകനാണ്. തപസ്സിദ്ധിയാല്‍ ഋഷ്യശൃംഗന്‍ വാസവനെ കൊണ്ട് വലിയ മഴ പെയ്യിപ്പിച്ചു. അനാവ്യഷ്ടിയുള്ള കാലത്ത് വലവൃത്ര ഹന്താവായ ദേവേന്ദ്രന്‍ ആ മഹര്‍ഷിയെ ഭയപ്പെട്ടു വേണ്ട മഴ പെയ്യിച്ചു. മാന്‍പേട പ്രസവിച്ചുണ്ടായവനാണ് കാശ്യപ പുത്രനായ ആ തേജസ്വി. ലോമപാദന്റെ രാജ്യത്ത് മഹത്തായ ഒരത്ഭുതമാണ് അവന്‍ ചെയ്തത്. മഴമൂലം സസ്യങ്ങള്‍ തഴച്ചു വളര്‍ന്നപ്പോള്‍ ലോമപാദരാജാവ് തന്റെ മകളായ ശാന്തയെ, സൂര്യന്‍ സാവിത്രിയെ എന്ന പോലെ, ഋഷ്യശൃംഗനു നല്കി.
************************************
യുധിഷ്ഠിരന്‍ പഠഞ്ഞു: മഹര്‍ഷേ! ഋഷ്യശൃംഗന്‍ എങ്ങനെ കാശ്യപന് മൃഗിയില്‍ ജനിച്ചു? വിരുദ്ധ യോനി ജാതന്‍ എങ്ങനെ തപസ്വിയായി? ധീമാനായ ആ കുട്ടിയെ പേടിച്ച് എന്തിന്നു വലവൃത്ര നാശനനായ ഇന്ദ്രന്‍ വരള്‍ച്ചയുള്ള കാലത്തു വര്‍ഷിച്ചു? യതവ്രതയും, രാജപുത്രിയുമായ ശാന്ത രൂപസമ്പത്തില്‍ എങ്ങനെയുള്ള കുട്ടിയായിരുന്നു? അവള്‍ മൃഗീപുത്രനെ പോലും മയക്കുവാന്‍ എങ്ങനെ കഴിവുള്ളവളായി? രാജര്‍ഷിയായ ലോമപാദന്‍ ധാര്‍മ്മികനാണെന്നു കേട്ടിട്ടുണ്ട്. പിന്നെ അവന്റെ നാട്ടില്‍ എന്താണ് പാകശാസനനായ ഇന്ദ്രന്‍ മഴ പെയ്യിക്കാതിരുന്നത്? ഇതൊക്കെ ഭഗവന്‍, എന്നോടു വിസ്തരിച്ചു പറഞ്ഞാലും. ഋഷ്യശൃംഗന്റെ ചേഷ്ടിതങ്ങളെ കുറിച്ച് അറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്.
************************************
ലോമശന്‍ പറഞ്ഞു: പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. അമോഘ വീര്യനായി പ്രജാപതിക്കു തുല്യമായ തേജസ്സോടെ തപസ്സാല്‍ ഭാവിതാത്മാവായി വിഭാണ്ഡകനെന്നു പേരായി ഒരു വിപ്രര്‍ഷി ഉണ്ടായിരുന്നു. ആ മഹര്‍ഷിക്ക് മഹാര്‍ഹനും, മഹാതേജസ്വിയും, വൃദ്ധസമ്മതനും, പ്രതാപിയുമായി ഋഷ്യശൃംഗന്‍ എന്ന ഒരു പുത്രന്‍ ഉണ്ടായി. ഒരു ദിവസം ദേവസമ്മതനും കാശ്യപനുമായ വിഭാണ്ഡകന്‍ ഒരു വലിയ തടാകത്തില്‍ ചെന്നു കുറേ നാള്‍ തപസ്സു ചെയ്തു. അങ്ങനെ വളരെനാള്‍ അദ്ദേഹം കഠിനശ്രമം തുടര്‍ന്നു. ഒരുദിവസം അപ്സരസ്സായ ഉര്‍വ്വശിയെ കണ്ടപ്പോള്‍ അവന് ശുക്ലം സ്രവിച്ചു. ജലത്തിലാണു സ്രവിച്ചത്. ഒരു മാന്‍പേട ദാഹിച്ചു വന്ന് ഉടനെ വെള്ളം കുടിച്ചപ്പോള്‍ ശുക്ലം അവളുടെ ഉദരത്തില്‍ പ്രവേശിച്ചു. അതു സന്താനോല്പാദന ക്ഷമമായ ഗര്‍ഭമായി. പണ്ട് അവളൊരു ദേവകനൃക ആയിരുന്നു. അവളോട് ലോകകര്‍ത്താവായ ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞിട്ടുണ്ടായിരുന്നു: ഹേ, ദേവകന്യേ! നീ മാന്‍പേടയായി ഒരു മുനിയെ പ്രസവിച്ചതിന് ശേഷം മുക്തയാകും എന്ന്. അമോഘമായ വിധിവാക്കു മൂലവും ഭാവി ദൈവേച്ഛ മൂലവും ആ മാന്‍പേടയില്‍ അവന് ഒരു പുത്രന്‍ ജനിച്ചു.
തപോനിത്യനായി ഋഷ്യശൃംഗന്‍ വനത്തില്‍ തന്നെ വസിച്ചു, യുധിഷ്ഠിരാ! ആ ഋഷിക്കു തലയില്‍ ശൃംഗം ( കൊമ്പ് ) മുളച്ചു. അതു കൊണ്ട് ഋഷ്യശൃംഗന്‍ എന്ന പേരും അവന് ലഭിച്ചു. അച്ഛനെയല്ലാതെ ലോകത്തില്‍ ഒരു മനുഷ്യ ജീവിയേയും അവന്‍ കണ്ടിട്ടില്ല, അതു കൊണ്ട് അവന് എന്നും മനസ്സ് ബ്രഹ്മചര്യത്തില്‍ മാത്രമായിരുന്നു. മറ്റൊരു വിധ ചിന്തയും അവന്റെ ഉള്ളില്‍ കടക്കുവാന്‍ ഇടയാകാതെ വളര്‍ന്നു.
അക്കാലത്ത് ലോമപാദന്‍ എന്നു പേരായ ഒരു രാജാവ് അംഗരാജ്യം ഭരിച്ചിരുന്നു. ദശരഥന്റെ സുഹൃത്തായിരുന്നു ലോമപാദന്‍. അവന്‍ കാമത്താല്‍ ബ്രാഹ്മണനെ നുണ പറഞ്ഞു ചതിച്ചതു കൊണ്ടാണെന്നു കേള്‍ക്കുന്നു, ആ രാജാവിനെ സകല ബ്രാഹ്മണരും വിട്ടു പോയി. അവന്‍ അങ്ങനെ പുരോഹിതന്‍ പോലും ഇല്ലാതായി തീര്‍ന്നു. തന്മൂലം സഹസ്രാക്ഷന്‍ (ഇന്ദ്രന്‍) അവന്റെ രാജ്യത്തു മഴ പെയ്യിച്ചില്ല. നാട്ടുകാര്‍ ദുഃഖത്തിലായി. ദേവേന്ദ്രനെ കൊണ്ട് മഴ പെയ്യിക്കുവാന്‍ വേണ്ടി സമര്‍ത്ഥരായ ബ്രാഹ്മണരെ ചെന്നു കണ്ട് അവന്‍ ചോദിച്ചു.
ലോമപാദന്‍ പറഞ്ഞു; മഴ പെയ്യുവാന്‍ എന്തുപായമാണ് ഉള്ളത്? നിങ്ങള്‍ ചിന്തിച്ചു പറയുവിന്‍.
ലോമശന്‍ പറഞ്ഞു: രാജാവിന്റെ വാക്കു കേട്ട് മനീഷികള്‍ ഓരോരുത്തരും താന്താങ്ങളുടെ വിവിധ തരത്തിലുള്ള ഉപദേശങ്ങള്‍ നല്കി. എന്നാൽ അതില്‍ ഒരു മുനിവരന്‍ ഇപ്രകാരം പറഞ്ഞു.
മുനി പറഞ്ഞു: ഹേ, രാജാവേ! നീ ബ്രാഹ്മണരെ കോപിപ്പിച്ചു. അതിന് പ്രായശ്ചിത്തം ചെയ്യുക. പിന്നെ രാജാവേ! ഭവാന്‍ മുനി സുതനായ ഋഷ്യശൃംഗ മഹര്‍ഷിയെ വരുത്തുക. അവന്‍ നാരികളെപ്പറ്റി ഒന്നും തന്നെ അറിയാത്തവനാണ്. അവന്‍ വനത്തില്‍ തന്നെ ജീവിക്കുന്നവനും, ആര്‍ജ്ജവം ഉള്ളവനുമാണ്. ആ മഹാശുദ്ധനും, പുണ്യവാനുമായ മഹാതപനസ്വി നിന്റെ രാജ്യത്തു കാല്‍കുത്തിയാല്‍ മതി ഉടനെ മേഘങ്ങള്‍ വര്‍ഷിക്കും. അതില്‍ യാതൊരു സംശയവുമില്ല.
ലോമശന്‍ പറഞ്ഞു: മഹാമുനിയുടെ ഈ വാക്കു കേട്ട് രാജാവ് അപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചു. ബ്രാഹ്മണര്‍ക്കു പ്രായശ്ചിത്തമായി ധനം ദാനം ചെയ്തു അവരുടെ അനുഗ്രഹം വാങ്ങി രാജാവു വന്നു. രാജാവു മടങ്ങി വന്നതറിഞ്ഞ് നാട്ടുകാര്‍ അതിയായി സന്തോഷിച്ചു. പിന്നെ അംഗരാജാവ് മന്ത്രിമാരെ വിളിച്ച് ഋഷ്യശൃംഗനെ വരുത്തുവാനുള്ള മാര്‍ഗ്ഗം ചിന്തിച്ച് മന്ത്രിമാരുമായി ആലോചന നടത്തി. തന്റെ ശാസ്ത്രജ്ഞരും, ബുദ്ധിമാന്മാരുമായ അമാത്യന്മാരോടു കൂടി ആലോചന നടത്തി. രാജാവ് ഒടുവില്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. ഉടനെ രാജാവ് വാരസ്ത്രീകളെ വരുത്തി. എല്ലാറ്റിനും കഴിവുള്ള സുന്ദരിമാരായ ആ വേശ്യമാരോട് പറഞ്ഞു.
ലോമപാദന്‍ പറഞ്ഞു: നിങ്ങള്‍ ഉപായം പ്രയോഗിച്ച് ഋഷിപുത്രനായ ഋഷ്യശൃംഗനെ മയക്കി വിശ്വസിപ്പിച്ച് എന്റെ നാട്ടിലേക്കു കൊണ്ടു വരണം. ശോഭനമാരേ! നിങ്ങള്‍ അതിന് ഉടനെ പുറപ്പെടണം.
ലോമശന്‍ പറഞ്ഞു: ആ സ്ത്രീകള്‍ രാജാവിന്റെ കല്പന കേട്ടു ഭയപ്പെട്ടു. മുനി ശപിച്ചാലോ എന്ന ഭയവും, രാജകല്പന അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കുമെന്ന ഭയവും അവരില്‍ ഒരു പോലെ ഉണ്ടായി. അവര്‍ ചിന്തിച്ചു വിവര്‍ണ്ണരായി; ഗതചേതനരായി. ഇത് അസാദ്ധ്യ കാര്യമാണെന്ന് വിഷമിച്ച് അവര്‍ മറുപടിപറഞ്ഞു. എന്നാൽ ആ വേശ്യമാരില്‍ വൃദ്ധയായ ഒരുത്തി ഇപ്രകാരം പറഞ്ഞു.
വൃദ്ധവേശ്യ പറഞ്ഞു: മഹാരാജാവേ, ഞാന്‍ ആ തപോധനനെ കൊണ്ടു വരാന്‍ ശ്രമിക്കാം. എനിക്കു വേണ്ട സകല സൗകര്യങ്ങളും അങ്ങു ചെയ്തു തരണം. എന്നാൽ മുനിപുത്രനായ ഋഷ്യശ്യംഗനെ ഞാന്‍ കൊണ്ടു വരാം.
ലോമശന്‍ പറഞ്ഞു: അവള്‍ പറഞ്ഞ പ്രകാരം എല്ലാ ഏര്‍പ്പാടുകളും ചെയ്തു കൊടുക്കാമെന്ന് രാജാവു സമ്മതിച്ചു. അവള്‍ക്കു വേണ്ടുവോളം ധനവും, പലതരം രത്നങ്ങളും നല്കി സന്തോഷിപ്പിച്ചു. രൂപയൗവന സമ്പന്നരായ ചില പെണ്‍കൊടിമാരെ കൂട്ടിക്കൊണ്ട് അവള്‍ കാട്ടിലേക്കു പുറപ്പെട്ടു.
111. ഋഷ്യശൃംഗോപാഖ്യാനം - ലോമശന്‍ തുടര്‍ന്നു: ആ വൃദ്ധവേശ്യ രാജകാര്യ സിദ്ധിക്കായി വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഒരാശ്രമം നിര്‍മ്മിച്ചു. രാജാവിന്റെ ആജ്ഞയാലും തന്റെ മനോധര്‍മ്മത്താലും നിര്‍മ്മിക്കപ്പെട്ട ആ നവ്യാശ്രമം മനോഹരമായി പ്രശോഭിച്ചു. ഭംഗിയായി പൂത്തും കായ്ച്ചും നിൽക്കുന്ന വൃക്ഷങ്ങളാലും, ലതകളാലും അതീവ മനോഹരമായി ഒരു വനഭാഗമായി അതു വിളങ്ങി. മനോഹരമായ വള്ളിക്കുടിലും മറ്റുംചേര്‍ന്ന് രമൃവും, കണ്ണിനും കരളിനും കുളുര്‍മ്മ ഉണ്ടാക്കുന്നതും, അതിഭംഗി കലര്‍ന്നതുമായ ആ ആശ്രമം ആരെയും അങ്ങോട്ട് ആകര്‍ഷിക്കുന്ന വിധം പ്രശോഭിച്ചു. അത്ര അത്ഭുത ദര്‍ശനമായിരുന്നു ആ രമ്യമായ ആശ്രമം. ആ കൃത്രിമ തപോവനാശ്രമം പുഴയില്‍ കൂടി യാത്ര ചെയ്ത് കാശ്യപാശ്രമത്തിന് കുറച്ചകലെ എത്തിയപ്പോള്‍ കെട്ടി നിറുത്തി. ആള്‍ക്കാരെ അയച്ച് രഹസ്യമായി മഹര്‍ഷിയുടെ ആശ്രമത്തിലെ സ്ഥിതിഗതികള്‍ അറിഞ്ഞു.
പിന്നെ തന്റെ മകളായ വേശ്യയോടു വേണ്ട വിധം പറഞ്ഞു ധരിപ്പിച്ച് ബുദ്ധിമതിയായ അവളെ കാശ്യപന്‍ അവിടെ നിന്നു പോയിരിക്കുന്ന തക്കംനോക്കി ആ വൃദ്ധവേശ്യ ഋഷ്യശൃംഗന്റെ അടുത്തേക്കയച്ചു. കുശലയായ അവള്‍ ആശ്രമത്തില്‍ കടന്ന് മുനികുമാരനെ കണ്ടു.
വേശ്യ പറഞ്ഞു: മാമുനേ, ഭവാനും മറ്റു താപസര്‍ക്കുംക്ഷേമം തന്നെയല്ലേ? താപസര്‍ക്കു കായും കിഴങ്ങും സുലഭം തന്നെയല്ലേ? അങ്ങയ്ക്ക് ഈ ആശ്രമത്തില്‍ സുഖം തന്നെയല്ലേ? ഞാന്‍ ഭവാനെ കാണുവാന്‍ ആഗ്രഹിച്ചു വന്നതാണ്. തപസ്സു വര്‍ദ്ധിക്കുന്നില്ലേ താപസന്മാര്‍ക്ക്; ഭവാന്റെ അച്ഛന് തേജസ്സിന് ഒട്ടും ഹാനി സംഭവിക്കുന്നില്ലല്ലോ? ഹേ വിപ്രാ, ജഋഷ്യശൃംഗാ, ഭവാന്‍ സ്വാദ്ധ്യായം വേണ്ടവണ്ണം ചെയ്യുന്നില്ലയോ?
ഋഷ്യശൃംഗന്‍ പറഞ്ഞു: ഭവാന്‍ ഐശ്വര്യത്താല്‍ ജ്യോതിസ്സ് പോലെ ശോഭിക്കുന്നതായി എനിക്കു തോന്നുന്നു. ഭവാന്‍ അഭിവന്ദ്യനാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഭവാന് ഞാന്‍ യഥാകാമം ഇതാ പാദ്യം നല്കുന്നു. യഥാധര്‍മ്മം ഫലമൂലങ്ങളേയും ഇതാ തരുന്നു. മാന്‍തോല്‍ മീതെ വിരിച്ച ദര്‍ഭപ്പുല്‍ പായയില്‍ സുഖമായി ഇരിക്കുക. അങ്ങയുടെ മുഖം കാണുമ്പോള്‍ ഞാന്‍ അങ്ങ് ഒരു ദേവനാണെന്നു കരുതുന്നു. ഹേ, ബ്രാഹ്മണാ, ഭവാന്റെ ആശ്രമം എവിടെയാണ്? ഭവാന്‍ ആചരിക്കുന്ന വ്രതം എന്താണ്?
വേശ്യ പറഞ്ഞു: എന്റെ രമ്യമായ ആശ്രമം ഈ ശൈലങ്ങള്‍ക്ക് അപ്പുറത്താണ്. ഇവിടെ നിന്നു മൂന്നു യോജന അകലെയാണ്. ആരില്‍ നിന്നും അഭിവാദനം സ്വീകരിക്കരുത്, കാല്‍ കഴുകാന്‍ വെള്ളം സ്വീകരിക്കരുത് എന്നത് എന്റെ ധര്‍മ്മമാണ്. അങ്ങയില്‍ നിന്ന് അഭിവാദ്യം ഞാന്‍ അര്‍ഹിക്കുന്നില്ല. പക്ഷേ, ഭവാന്‍ എനിക്ക് അഭിവന്ദ്യനാണ്. അതുകൊണ്ട്. ഞാന്‍ അങ്ങയെ അഭിവാദ്യം ചെയ്യണം. ഇതാണ് ബ്രാഹ്മണാ എന്റെ വ്രതം. അതായത്, ഞാന്‍ ഭവാനെ പുണരണം; അതാണ് എന്റെ ധര്‍മ്മം.
ഋഷ്യശൃംഗന്‍ പറഞ്ഞു: പഴുത്ത നല്ല പഴങ്ങള്‍ ഞാന്‍ ഭവാനു തരാം. താന്നിക്കയും നെല്ലിക്കയും തരാം. കരൂഷകം, ഇംഗുദം, ധന്വനം ഇവയൊക്കെ തരാം. പിപ്പലവും തരാം. എല്ലാം സ്വീകരിച്ചാലും.
ലോമശന്‍ തുടര്‍ന്നു: അതൊക്കെ അവള്‍ വാങ്ങി നീക്കി വെച്ച് വിശിഷ്ടമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ അവന് നല്കി. വളരെ രസമുള്ളതും, ഭംഗിയുള്ളതുമായ ഭക്ഷ്യസാധനങ്ങള്‍ ഋഷ്യശൃംഗന് നല്കി. അതെല്ലാം വാങ്ങി ഋഷ്യശൃംഗന്‍ രസമായി അനുഭവിച്ചു. അവന് വളരെ ഇഷ്ടപ്പെട്ടു. മണമുള്ള പൂമാലകൾ അവന് നല്കി. വിചിത്രമായ വസ്ത്രങ്ങളും നല്കി. വിശിഷ്ടമായ പാനീയങ്ങളും നല്കി. അതെല്ലാം അനുഭവിച്ചു രസിച്ചു പൊട്ടിച്ചിരിച്ച് അവനോടു കൂടി ഉല്ലസിച്ച് അവന്റെ അടുത്തു നിന്ന് അവള്‍ പന്തു കൊട്ടിക്കളിച്ചു. കുനിഞ്ഞു ചാഞ്ചാടുന്ന ഒരു വല്ലി പോലെ അങ്ങനെ കളിക്കുമ്പോള്‍, അവള്‍ ചാഞ്ചാടിയുലഞ്ഞാടി. ദേഹം കൊണ്ട് ഋഷ്യശൃംഗന്റെ ദേഹത്തില്‍ ചാഞ്ഞുലഞ്ഞ് ഉരസി വീണ്ടും വീണ്ടും പുണര്‍ന്നു.
പൂവിട്ടു നിൽക്കുന്ന അശോകം, സര്‍ജ്ജം എന്നീ മനോഹര വൃക്ഷങ്ങളുടെ ശാഖ പിടിച്ചു കുനിച്ച്, കൈ ഉയര്‍ത്തി പൂവറുത്തു ലജ്ജ ഭാവിച്ച് മദം പൂണ്ട് മഹര്‍ഷി പുത്രനെ പ്രലോഭിപ്പിച്ചു ഋഷ്യശൃംഗന്റെ മനസ്സു മയങ്ങിയെന്നു കണ്ടപ്പോള്‍ അവള്‍ വിണ്ടും വീണ്ടും വാരിപ്പുണര്‍ന്നു. അഹോ! അഗ്നിഹോത്രത്തിനുള്ള സമയമായി എന്നു പറഞ്ഞ് അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ട് മെല്ലെ നടന്നു പോയി.
അവള്‍ പോയപ്പോള്‍ ഋഷ്യശൃംഗന്റെ മനസ്സ് കാമദേവന്റെ കളിമൂലം കെട്ടു പോയി. അവളെ ചിന്തിച്ച് അവന്‍ ശൂന്യ ചിത്തനായി. അവന്‍ നെടുവീർപ്പിട്ട് ആര്‍ത്തരൂപനായി തീര്‍ന്നു. മൂഹൂര്‍ത്ത സമയം കഴിഞ്ഞപ്പോള്‍ ഹരിപിംഗളാക്ഷനും, നഖാഗ്രം വരെ രോമം വളര്‍ന്നവനും, സ്വാദ്ധ്യായവാനും, പ്രവൃത്തിയില്‍ പരിശുദ്ധനും, ധ്യാനത്തില്‍ സദാ തല്പരനും, കാശ്യപ പുത്രനുമായ വിഭാണ്ഡക മഹര്‍ഷി അവിടെ എത്തി.
മുനി ആശ്രമത്തിലെത്തിയപ്പോള്‍ ആശ്രമാന്തരീക്ഷമൊക്കെ കുഴഞ്ഞു മറിഞ്ഞ പോലെ കണ്ടു. പുത്രന്‍ അവിടെ ഒറ്റയ്ക്ക് ചിന്തയില്‍ മുഴുകി മേൽപോട്ടു നോക്കി നെടുവീർപ്പിട്ട് വിപരീത മനസ്സായി, ദീനനായി ഇരിക്കുന്നു! വിഭാണ്ഡക മുനി പുത്രനോട് പറഞ്ഞു.
വിഭാണ്ഡകന്‍ പറഞ്ഞു: ഉണ്ണീ! നീ സമിത്തു ( ചമത ) മുറിച്ചില്ലല്ലോ. നീ അഗ്നിഹോത്രം ഹോമിച്ചില്ലേ? നീ "സ്രുക്"; സ്രുവങ്ങള്‍ കഴുകി വൃത്തിയാക്കിയില്ലേ? ഹോമധേനുവിനെ കുട്ടിയുമായി ചേര്‍ത്തുവോ? നിനക്കെന്തു പറ്റി? നീ മുമ്പത്തെപ്പോലെ അല്ലാതായിരി ക്കുന്നുവല്ലോ! മകനേ! നീ എന്താണു ചിന്താപരനായി ചേതസ്സറ്റ വിധം ഇരിക്കുന്നത്? നീ എന്താണു ദീനനായി രിക്കുന്നത്? എന്നോടു പറയു. ഇവിടെ ആരെങ്കിലും ഇന്നു വന്നുവോ?
112. ഋഷ്യശൃംഗോപാഖ്യാനം - ഋഷ്യശൃംഗന്‍ പറഞ്ഞു: ഇവിടെ വളരെ വലിയ ജടയുള്ള ഒരു ബ്രഹ്മചാരി വന്നു. ആ മനസ്വി നീണ്ടവനല്ല; പൊക്കം തീരെ കുറഞ്ഞവനുമല്ല. നിറമാണെങ്കില്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. കണ്ണു കണ്ടാല്‍ താമരപ്പൂദളം പോലെ സുന്ദരമാണ്. ഒരു ദേവനെപ്പോലെ ശോഭയുണ്ട് കണ്ടാല്‍. രൂപം വളരെ ചന്തമുള്ളതാണ്. സൂര്യനെ പോലെ തേജസ്സുണ്ട്. നീല ലോചനങ്ങളോടു കൂടി വളരെ വെളുത്ത് മനോഹരമായ ദേഹമുള്ളവനാണ് അവന്‍.
നീല നിറത്തിലുള്ള മിനുത്തു നീണ്ട അദ്ദേഹത്തിന്റെ ജട നല്ല സുഗന്ധമുള്ളതാണ്. ആ നീണ്ട ജട ഒരു പൊന്‍ചരടു കൊണ്ട് കെട്ടിയിരിക്കുന്നു. വളരെ ആശ്ചര്യരൂപത്തിലുള്ള ഒരാഭരണം അവന്റെ കഴുത്തില്‍ തിളങ്ങുന്നുണ്ട്. അത് അന്തരീക്ഷത്തില്‍ മിന്നല്‍ക്കൊടി എന്ന പോലെ ശോഭിക്കുന്നു. അവന്റെ കഴുത്തിനു കീഴെയായി സുമനോഹരമായി, രോമമൊട്ടുമില്ലാത്ത രണ്ടു മുഴകളുണ്ട്. നാഭിപ്രദേശം, അരക്കെട്ട്, ഇടുങ്ങിയതാണ്; മൃദുവുമാണ്. ജഘനം തടിച്ചതാണ്. എന്റെ അരയിലെ ചരടു പോലെ ഒരു ചരട് അവന്റെ അരയിലുമുണ്ട്. എന്നാൽ, ഒരു വിശേഷം, അവന്റെ ചരട് തനി പൊന്നു കൊണ്ട് ഉണ്ടാക്കിയതാണ്. പിന്നെ കാലില്‍ രണ്ടിലും ആശ്ചര്യകരവും ചന്തമുള്ളതുമായ ചിലമ്പുകളുണ്ട്. കൈകള്‍ രണ്ടിലും നല്ല പോലെ കിലുങ്ങുന്ന കലാപമുണ്ട്. എന്റെ ജപമാല പോലെയിരിക്കുന്നു. അവന്‍ ഒന്നനങ്ങിയാല്‍ മതി അതൊക്കെ സരസ്സില്‍ മത്തരായ അരയന്നങ്ങളുടെ ശബ്ദം പോലെ ഒന്നു കിലുങ്ങും. അവന് കണ്ടാല്‍ കൗതുകമുള്ള, അത്ഭുത ദര്‍ശനങ്ങളായ ചീരങ്ങളുണ്ട്. അതു മാതിരി നല്ല വസ്ത്രം എനിക്കില്ല. അതി മനോഹരമാണ് അവന്റെ മുഖം. അവന്റെ സംഭാഷണം ആണെങ്കില്‍ മനസ്സിനെ ഏറ്റവും ആഹ്ളാദിപ്പിക്കുന്നതാണ്; ശബ്ദമാണെങ്കില്‍ പുംസ്കോകിലത്തിന്റേതു പോലുള്ളതാണ്. കുയില്‍ നാദം പോലെയുള്ള അവന്റെ വാക്കു കേട്ട് എന്റെ അന്തരാത്മാവ് വൃഥിതമായി തീര്‍ന്നിരിക്കുന്നു. വീണ്ടും അതു കേള്‍ക്കുവാന്‍ ഒരു ദാഹം വളരുന്നു. മാധവമാസ മദ്ധ്യത്തില്‍ പൂവനം കാറ്റില്‍ ഉലയുമ്പോഴുണ്ടാകുന്ന ശോഭപോലെ, ആ കാറ്റിലെ പുമണം പോലെ, അവന്‍ പുണ്യമായ പൂമണം കാറ്റില്‍ പരത്തിക്കൊണ്ടു വിളങ്ങുന്നു. നെറ്റിയുടെ നേരേ ജട രണ്ടായിപ കുത്ത് ഭംഗിയായി ചീവിക്കെട്ടിയിരിക്കുന്നു. അതു കൊണ്ട് അവന്റെ ചെവി രണ്ടും വിചിത്രരൂപികളായ ചക്രവാകങ്ങളാല്‍ സമാവൃതമായ പോലെ, അവന്റെ സുന്ദര രൂപത്തെ കൂടുതല്‍ ആകര്‍ഷകമാക്കി കൊണ്ടു വിളങ്ങുന്നു.
വലതു കൈ കൊണ്ട് വിചിത്രമായ ഒരു ഉരുണ്ട കായ നിലത്തിട്ടു കൈ കൊണ്ടു തട്ടുമ്പോള്‍ നിലം മുട്ടി വീണ്ടും മേൽപോട്ടു ചാടുന്നു. അതു വീണ്ടും തട്ടുന്നു; ചാടുന്നു. അത്ഭുതം തന്നെ! അതടിച്ച് കാറ്റില്‍ ചാഞ്ചാടുന്ന പൂമരം പോലെ അവന്‍ തിരിയുന്നു. അച്ഛാ! അദ്ദേഹത്തെ കണ്ട് ഒരു പുത്രനോടെന്ന പോലെ എനിക്ക് ഇഷ്ടം തോന്നുന്നു; അമിതമായ സന്തോഷവും എനിക്കു വളര്‍ന്നു.
അവന്‍ മുറുകെ എന്നെ ഇടയ്ക്കിടയ്ക്ക് കെട്ടിപ്പിടിച്ചു. എന്റെ ജടയ്ക്ക് അവന്‍ പിടിച്ച മുഖം മെല്ലെ കുനിച്ച്, എന്റെ മുഖത്തോടു ചേര്‍ത്തു ചുണ്ടു കൊണ്ട് അമര്‍ത്തി ശബ്ദം പുറപ്പെടുവിച്ച് എന്നെ രസിപ്പിച്ചു. പാദ്യം അവന്‍ ഒട്ടും കണക്കാക്കിയില്ല. നല്ല ഫലങ്ങള്‍ ഞാന്‍ കൊടുത്തു. അതൊന്നും അവന്‍ തിന്നില്ല. അതിന് അദ്ദേഹം പറഞ്ഞത്, എന്റെ വ്രതം അങ്ങനെയാണ് എന്നാണ്. എനിക്കു വേറേ ഫലങ്ങള്‍ തന്നു. എന്തൊരു രസമായ പഴങ്ങള്‍! ഇത്ര സ്വാദുള്ള ഒരു ഫലവും ഞാന്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ല. സ്വാദ് ഓര്‍ത്തു നോക്കുമ്പോള്‍ അതിനോടു സദൃശമായി മറ്റൊന്നുമില്ല. നാം കഴിക്കാറുള്ള പഴം പോലെയല്ല. അതു തൊലിയില്ലാത്ത പഴം, കഴമ്പു മാത്രമായ ഫലം, അണ്ടിയില്ലാത്ത, കുരുവില്ലാത്ത, തൊലിയില്ലാത്ത, മനോഹരവും അമൃതമയവുമായ പഴം. ഉദാര രൂപനായ അവന്‍ അതിരസകരമായ പാനീയങ്ങള്‍ കുടിക്കുവാന്‍ തന്നു. കുടിച്ചപ്പോള്‍ എന്തൊരു സുഖം; എന്തൊരു മധുരം! ഭൂമി ചുറ്റുന്നതു പോലെ സന്തോഷാധികും കൊണ്ടു തോന്നി പോയി. പട്ടുനുലില്‍ സുഗന്ധമുള്ള പുഷ്പം കോര്‍ത്ത ഈ മാലകള്‍ ഇവിടെ ചിതറിയ്യിട്ട് ആ തേജസ്വിയായ താപസന്‍ തന്റെ ആശ്രമത്തിലേക്കു പോയി.
അവന്‍ പോയതു കാരണം ഞാന്‍ വിചേതസ്സായി തീര്‍ന്നിരിക്കുന്നു. ദേഹവും ചുട്ടു നീറിക്കൊണ്ടിരിക്കുന്നു. അവന്റെ അരികിലേക്ക് എത്തുവാന്‍, അവനെ കാണുവാന്‍ എനിക്കു ദാഹിക്കുന്നു, അവനുമായി ഇവിടെ ഒന്നിച്ച് ചുറ്റിക്കറങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താതാ! എനിക്ക് ഇപ്പോള്‍ തന്നെ അവന്റെ അടുത്തേക്കു പോകണം. അയാളുടെ ബ്രഹ്മചര്യ എങ്ങനെയാണെങ്കില്‍ ആ വ്രതചര്യ ആചരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ ആര്യ ധാര്‍മ്മികന്റെ തപസ്സ് അവനോടൊത്ത് ആചരിക്കുവാന്‍ ഞാനും വിചാരിക്കുന്നു. അയാളെ കണ്ടില്ലെങ്കില്‍ അച്ഛാ! എന്റെ ഹൃദയം തകര്‍ന്നു പോകും.
113. ഋഷ്യശൃംഗോപാഖ്യാനം - വിഭാണ്ഡകന്‍ പറഞ്ഞു: ഉണ്ണീ! നീ രാക്ഷസന്റെ മായയില്‍ പെട്ടു പോയി. അതൃത്ഭുത രൂപമെടുത്തു നടക്കുന്ന രാക്ഷസന്മാര്‍ കാട്ടിലുണ്ട്. അവര്‍ അത്യഗ്ര വീര്യവാന്മാരാണ്. ചന്തമുള്ള രൂപങ്ങള്‍ കൈക്കൊണ്ട് തപോവിഘ്നം നടത്തുന്ന രാക്ഷസരാണവര്‍. വിവിധ രൂപങ്ങള്‍ ധരിച്ച് ഉഗ്രന്മാരായ അവര്‍ മുനികള്‍ക്ക് പുണ്യലോകങ്ങള്‍ ഇല്ലാതാക്കുന്നു. അവറ്റയെ നീ ഒരിക്കലും സേവിക്കരുത്. നല്ല ലോകത്തെ കാംക്ഷിക്കുന്ന ശുദ്ധനായ മഹര്‍ഷി ഒരിക്കലും സേവിക്കരുത്. ആ ദുഷ്ടന്മാര്‍ തപോവിഘ്നം കൊണ്ട് സന്തോഷിക്കുന്നവരാണ്. അവരെ താപസന്മാര്‍ കാണുവാനേ പാടില്ല. ഉണ്ണീ, നീ കുടിച്ച പാനീയങ്ങള്‍ നല്ലവയല്ല. അത് അസജ്ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും പാപം നല്കുന്നതുമായ മദ്യങ്ങളാണ്. വിശിഷ്ട ഗന്ധമുള്ള ആ മാല്യങ്ങളും മുനികള്‍ക്കു ചേർന്നതല്ല. നീ കണ്ടതു രക്ഷസ്സാണ്; സംശയമില്ല.
ലോമശന്‍ പറഞ്ഞു: എന്നു പറഞ്ഞ് പുത്രനെ തടയാ ന്‍ശ്രമിച്ച് വിഭാണ്ഡകന്‍ ആ സ്ത്രീയെ തിരഞ്ഞു നടന്നു. മൂന്നു ദിവസം തിരഞ്ഞിട്ടും അവളെ കാണുക ഉണ്ടായില്ല. അദ്ദേഹം ആശ്രമത്തില്‍ തിരിച്ചെത്തി. പിന്നീടു ഫലങ്ങള്‍ കൊണ്ടു വരാന്‍ കാശ്യപനായ അവന്‍ പുറത്തു പോയ തക്കംനോക്കി, ആ വേശ്യാംഗന ജഷ്യശ്ൃംഗ ഋഷ്യശൃംഗ മുനിയെ പ്രലോഭിപ്പിക്കുവാന്‍ അവിടെ ചെന്നെത്തി. അവളെ കണ്ടുയുടനെ ഋഷ്യശൃംഗന്‍ പ്രഹൃഷ്ടനായി സസംഭ്രമം എഴുന്നേറ്റ്, "അച്ഛന്‍ വരുന്നതിന് മുമ്പ് നാം ഇവിടെ നിന്നു പോവുക. അങ്ങയുടെ ആശ്രമത്തില്‍ വേഗം നാം ചെന്നുചേരുക", എന്നു പറഞ്ഞു.
പിന്നെ ആ കാശ്യപ പുത്രനോടു കൂടി അവള്‍ ആ ചങ്ങാടത്തിലുള്ള കൃത്രിമാശ്രമത്തില്‍ പ്രവേശിച്ചു. അവര്‍ സസന്തോഷം ആശ്രമത്തില്‍ കയറിയ ഉടനെ തോണി അഴിച്ചു വിട്ടു. പല സൂത്രങ്ങളും പറഞ്ഞ് പല വിധത്തിലും അവര്‍ ഋഷ്യശൃംഗനെ സന്തോഷിപ്പിച്ചു. അംഗ രാജാവിന്റെ അടുത്തേക്ക് എത്തുവാന്‍ വഞ്ചി തുഴഞ്ഞു വിട്ടു.
അതിശുഭ്രമായ ആ വഞ്ചി (വള്ളം) ആശ്രമത്തില്‍ നിന്നു കാണാവുന്നത്ര ദുരെ നിര്‍ത്തി; കരയ്ക്കിറങ്ങി അവിടെ തന്നെ നവ്യാശ്രമം എന്ന പേരില്‍ വിചിത്രമായ ഒരു വനമുണ്ടാക്കി. രാജാവ് വിഭാണ്ഡകന്റെ ഏക പുത്രനായ ഋഷ്യശൃംഗനെ അന്തഃപുരത്തില്‍ താമസിപ്പിച്ചു. അപ്പോള്‍ ദേവന്മാര്‍ പെട്ടെന്ന് മഴ പെയ്യിക്കുന്നതു കണ്ട് രാജാവ് സന്തോഷിച്ചു. വരണ്ട ഭൂമിയില്‍ വര്‍ഷമുണ്ടാവുകയും ഭൂമി ജലസമൃദ്ധമാവുകയും ചെയ്തു. ആഗ്രഹമെല്ലാം നിറവേറിയ ലോമപാദന്‍ സന്തുഷ്ടനായി തന്റെ പുത്രിയായ ശാന്തയെ ഋഷ്യശൃംഗന് വിവാഹം ചെയ്തു കൊടുത്തു.
മഹര്‍ഷിയായ വിഭാണ്ഡകന്‍ കോപിക്കാതിരിക്കുവാന്‍ കാലേ തന്നെ ഏര്‍പ്പാടു ചെയ്തു. വിഭാണ്ഡകന്‍ മകനെ തേടി വരുന്ന വഴിക്ക് പശുക്കളെ ധാരാളം നിറുത്തുവാനും കൃഷി സ്ഥലങ്ങള്‍ ഉഴാനും പറഞ്ഞു. ധാരാളം പശുക്കളെ പശുപാലന്മാരെ എല്പിച്ച് ഇങ്ങനെ അവരോടു കല്‍പിച്ചു:വിഭാണ്ഡകന്‍ ഈ വഴിക്കു വരുമ്പോള്‍ അവന്റെ മുമ്പില്‍ നിങ്ങള്‍ കൈകൂപ്പി നിന്ന് ഇപ്രകാരം പറയണം - "മഹര്‍ഷേ! ഇക്കാണുന്നതൊക്കെ ഭവാന്റെ പുത്രന്റെ വകയാണ്. ഇക്കാണുന്ന പശുക്കളും പാടങ്ങളുമൊക്ക! ഭവാന്‍ എന്തിഷ്ടമാണു ഞങ്ങള്‍ ചെയ്യേണ്ടത്? മഹര്‍ഷേ! ഞങ്ങളെല്ലാം ഭവാന്റെ വാക്ക് അനുസരിക്കേണ്ട ദാസന്മാരാണ്".
വിഭാണ്ഡക മഹര്‍ഷി ഫല മൂലങ്ങളുമായി മടങ്ങി വന്ന് ആശ്രമത്തില്‍ കടന്നു. ആശ്രമം ശൂന്യമായിരിക്കുന്നു! പുത്രനെ കാണുവാനില്ല. അന്വേഷിച്ചു നോക്കി, വിളിച്ചു നോക്കി, കണ്ടില്ല. മഹര്‍ഷി കോപം കൊണ്ടു ജ്വലിച്ചു; നടുങ്ങി! അവന്‍ ചിന്തിച്ചു. ഇത് ആ രാജാവു പറ്റിച്ച പണിയാണ് എന്ന്. മഹര്‍ഷി കോപം കൊണ്ടു വിറച്ചു. ഇപ്പോള്‍ ചെന്ന് ഞാന്‍ രാജാവിന്റെ പുരവും രാഷ്ട്രവും രാജാവിനോടൊപ്പം ദഹിപ്പിച്ചു കളയും എന്നു പറഞ്ഞ് ദ്രുതഗതിയില്‍ നടന്നു. കുറെ നടന്നപ്പോള്‍ ആ കാശ്യപന് ക്ഷീണം തോന്നി. വിശന്നു വലഞ്ഞ അവന്‍ സമൃദ്ധമായ ഒരുഘോഷത്തിലേക്കു (ഗോശാല) കയറിച്ചെന്നു. ആ ഗോപന്മാര്‍ മഹര്‍ഷിയെ കണ്ടയുടനെ വലിയ ആദരവോടെ അഭിവാദ്യം ചെയ്തു പൂജിച്ച് സല്‍ക്കരിച്ചു. അദ്ദേഹം രാജോചിതമായ ആദരവോടെ ഗോപന്മാരാല്‍ സല്‍ക്കൃതനായി. അന്നു രാത്രി അവിടെ വിശ്രമിച്ചു. വലിയ ആദരവും പൂജയും കൈക്കൊണ്ട മഹര്‍ഷി ഗോപന്മാരോടു ചോദിച്ചു. "നിങ്ങള്‍ ആരുടെ ഗോപന്മാരാണെന്ന്?"
മഹര്‍ഷിയുടെ വാക്കുകേട്ട അവര്‍ തൊഴുതു നിന്നു പറഞ്ഞു, "ഭവാന്റെ പുത്രന്റെ സ്വത്താണ് ഈ കാണുന്നതെല്ലാം" എന്ന്.
മുനി അവിടെ നിന്നും പോയി. പോകുന്ന ദേശത്തിലെല്ലാം മുനി പൂജിതനായി. ഗോപാലന്മാര്‍ ആദരിക്കുകയും, സല്‍ക്കരിക്കുകയും, മധുര വാക്കുകളാല്‍ ബഹുമാനിക്കുകയും ചെയ്തു. ഇത്തരം ഉപചാരങ്ങളേറ്റ മഹര്‍ഷിയുടെ കോപം അടങ്ങി. എല്ലായിടത്തും തന്റെ പുത്രന്‍ നരശ്രേഷഠന്മാരാല്‍, ദേവലോകത്ത് ദേവേന്ദ്രനെ പോലെ, പൂജിതനായിരിക്കുന്നതു കണ്ട് വിഭാണ്ഡകന്‍ ഏറ്റവും സന്തുഷ്ടനായി. തന്റെ സ്നുഷയും രാജപുത്രിയുമായ ശാന്ത മിന്നല്‍പ്പിണര്‍ പോലെ തിളങ്ങുന്നതും കണ്ടു. ഗ്രാമങ്ങളും ഘോഷങ്ങളും ശാന്തയും തന്റെ മകന്റെയായി കണ്ടപ്പോള്‍ വിഭാണ്ഡകന്റെ കോപമൊക്കെ പോയി ശാന്തനായി തീര്‍ന്നു. രാജാവില്‍ അതിരറ്റ പ്രീതിയുണ്ടായി. തന്റെ പുത്രനെ അവിടെയാക്കി സൂര്യാഗ്നി സമ പ്രഭാവനായ ആ മുനി പറഞ്ഞു.
വിഭാണ്ഡകന്‍ പറഞ്ഞു: എടോ, ഋഷ്യശൃംഗ! നിനക്ക് ഒരു പുത്രനുണ്ടാകുന്നത് വരെ നീ ഇവിടെ പാര്‍ത്തു കൊള്ളുക. അതിന് ശേഷം നീ വനത്തിലേക്കു മടങ്ങി വരണം. രാജാവിന്റെ ഇഷ്ടമൊക്കെ സാധിപ്പിച്ചു കൊടുക്കുക.
ലോമശന്‍ പറഞ്ഞു: അച്ഛന്റെ വാക്കനുസരിച്ച് ഋഷ്യശൃംഗന്‍ ആ രാജാവിന്റെ കൊട്ടാരത്തില്‍ പാര്‍ത്തു. പിന്നീട് അച്ഛന്റെ അടുത്തേക്കു മടങ്ങി പോയി. ശാന്ത ഋഷ്യശൃംഗനെ സസ്നേഹം പരിചരിച്ചു. സോമനെ രോഹിണി എന്ന പോലെ, വസിഷ്ഠനെ സുഭഗയായ അരുന്ധതി പോലെ, അഗസ്ത്യനെ ലോപാമുദ്ര പോലെ, നളനെ ദമയന്തി പോലെ, വജ്രധരനെ ശചിദേവി പോലെ, നാരായണിയായ ഇന്ദ്രസേന എന്നും അനുസരണയോടെ മാല്‍ഗ്യനെ എന്ന പോലെ, ഋഷ്യശൃംഗനെ ശാന്ത പരിചരിച്ചു.
ആ ഋഷ്യശൃംഗ മഹര്‍ഷിയുടെ പുണ്യാശ്രമമാണ് യുധിഷ്ഠിരാ! ഇക്കാണുന്നത്. ഈ വലിയ തടാകത്തിനു പുണ്യകീര്‍ത്തിയുള്ള ഈ ആശ്രമം ശോഭ വര്‍ദ്ധിപ്പിക്കുന്നു. ഈ പുണ്യതീര്‍ത്ഥത്തില്‍ സ്നാനം ചെയ്തു ഭവാന്‍ വിശുദ്ധനും കൃതാര്‍ത്ഥനുമായി മറ്റു തീര്‍ത്ഥങ്ങളിലേക്ക് പോവുക.
114. മഹേന്ദ്രചലഗമനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ പാണ്ഡവന്‍ കൗശികീ നദിയില്‍ നിന്നും പുറപ്പെട്ട് യഥാക്രമം മറ്റെല്ലാ പുണ്യക്ഷ്രേതങ്ങളും സന്ദര്‍ശിച്ചു. ഗംഗ സമുദ്രവുമായി സംഗമിക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെ അഞ്ഞൂറു നദികളുടെ മദ്ധ്യത്തില്‍ സ്നാനം ചെയ്തു. പിന്നെ വീരന്മാരായ ഭ്രാതാക്കളോടൊപ്പം സമുദ്ര തീരത്തിലൂടെ നടന്നു കലിംഗ രാജ്യത്തിലെത്തി.
ലോമശന്‍ പറഞ്ഞു: ഹേ കൗന്തേയാ, ഇതാണ് കലിംഗം. ഇവിടെയാണ് വൈതരണീ നദി ഒഴുകുന്നത്. ഇവിടെ ദേവന്മാരെ ശരണം പ്രാപിച്ച് ധര്‍മ്മന്‍ യജ്ഞം ചെയ്തു. മലകള്‍ തിങ്ങി ശോഭിക്കുന്ന വടക്കു ഭാഗം ഋഷിമാര്‍ അധിവസിക്കുന്ന സ്ഥലമാണ്. എന്നും ബ്രാഹ്മണ സേവിതമായ ആ പ്രദേശം യാഗത്തിണ് പറ്റിയതാണ്. സ്വര്‍ഗ്ഗം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുന്ന ദേവമാര്‍ഗ്ഗത്തിനു സമാനമാണ് ഈ സ്ഥലം. ഇവിടെ പണ്ട് മറ്റു പല ഋഷികളും യജിച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് മഖത്തില്‍ രുദ്രന്‍ യാഗപശുവിനെ തട്ടിയെടുത്തത്. പശുവിനെ എടുത്തിട്ട് ശിവന്‍ പറഞ്ഞു, ഇത് എന്റെ ഭാഗമാണ്; ഈ പശു എനിക്കുള്ളതാണ് എന്ന്. യാഗപുശുവിനെ രുദ്രന്‍ തട്ടിക്കൊണ്ടു പോയതു കണ്ട് ദേവന്മാര്‍ ശിവനോടു പറഞ്ഞു, ധര്‍മ്മത്തെ എല്ലാം ധിക്കരിച്ച് അന്യന്റെ ഭാഗത്തില്‍ കൊതിക്കുന്നതു ശരിയല്ല എന്ന്.
പിന്നെ നല്ലവാക്കു പറഞ്ഞ് അവര്‍ രുദ്രനെ സ്തുതിച്ചു. പിന്നീട് ഒരു യാഗത്താല്‍ അവനെ തുപ്തിപ്പെടുത്തി സല്‍ക്കരിച്ചു സംതൃപ്തനാക്കി. അപ്പോള്‍ ഉടനെ യാഗപശുവിനെ വിട്ട ദേവ പഥത്തിലൂടെ തന്നെ അവന്‍ സഞ്ചരിച്ചു. ഇതിനു ശേഷം രുദ്രന് എന്തു വന്നു ചേര്‍ന്നെന്നു ഞാന്‍ പറയാം യുധിഷ്ഠിരാ; കേള്‍ക്കുക. എന്നെന്നും, ശാശ്വതമായി, എല്ലാ ഭാഗങ്ങളിലും ഉത്തമമായ ഭാഗം (യാഗാംശം) രുദ്രന് നീക്കി വയ്ക്കണമെന്ന് രുദ്രനോടുള്ള ഭയം മൂലം അന്നു മുതല്‍ ദേവന്മാര്‍ തീരുമാനിച്ചു.
ഈ സംഭവത്തെ കുറിച്ചുള്ള ഗാഥ പാടി ഇവിടെ സ്നാനം ചെയ്യുന്ന നരന്, ദേവന്മാര്‍ ഇരുന്നരുളുന്ന സ്ഥാനത്തേക്കുള്ള മാര്‍ഗ്ഗങ്ങളെല്ലാം തന്നെ, സ്വന്തം കണ്ണു കൊണ്ടു തെളിഞ്ഞു കാണാം.
വൈശമ്പായനൻ പറഞ്ഞു: പിന്നെ വൈതരണിയില്‍ ദ്രൗപദിയോടു കൂടി മഹാഭാഗരായ പാണ്ഡവന്മാര്‍ സ്നാനം ചെയ്തു പിതൃക്കളെ തര്‍പ്പിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ലോമശാ! വിധിപ്രകാരം ഈ നദിയില്‍ കുളിച്ചപ്പോള്‍ തപോബലത്താല്‍ മനുഷ്യ വിഷയം വിട്ട മട്ടിലായി ഞാന്‍. ഹേ, മഹര്‍ഷേ! ഭവാന്റെ പ്രസാദത്താല്‍ ഞാന്‍ എല്ലാ ലോകങ്ങളും കാണുന്നു. ഹേ, സുവ്രതാ! ഞാന്‍ ഇതാ ജപിക്കുന്നവരും, മഹാത്മാക്കളും, വനവാസികളുമായ മുനിമാരുടെ ശബ്ദം കേള്‍ക്കുന്നു.
ലോമശന്‍ പറഞ്ഞു; ഹേ, യുധിഷ്ഠിരാ! മൂന്നൂറായിരം യോജന ദൂരെ നിന്നാണ് ഈ ശബ്ദം നീ കേള്‍ക്കുന്നത്. ഇവിടെ നീ നിശ്ശബ്ദനായി ഇരിക്കണം. ഇതാ സ്വയംഭൂവിന്റെ ദിവൃവനം പ്രകാശിച്ചു കാണുന്നു. ഇതില്‍ പ്രതാപവാനായ വിശ്വകര്‍മ്മാവ് യാഗം ചെയ്തു. ആ യജ്ഞത്തില്‍ മഹാത്മാവായ കശൃപന് സ്വയംഭൂവാല്‍ ഭൂമി നല്കപ്പെട്ടു. പര്‍വ്വതങ്ങളും, കാടുകളും നിറഞ്ഞ ഭൂമി ദക്ഷിണയായി നല്കി. ദാനം കൊടുത്തയുടനെ ഭൂമീദേവി ദുഃഖിച്ചും ക്രോധിച്ചും ഇപ്രകാരം പ്രഭുവായ ലോകേശ്വരനോടു പറഞ്ഞു.
ഭൂമീദേവി പറഞ്ഞു: ഭഗവാനേ! ലോകേശ! ഭവാന്‍ എന്നെ വല്ലവര്‍ക്കും അര്‍ഹിക്കാത്തവര്‍ക്കും കൊടുക്കരുതേ! ഭവാന്റെ ഈ ദാനം വ്യര്‍ത്ഥമാകും. ഞാന്‍ പാതളത്തിലേക്കു പോവുകയാണ്.
ലോമശന്‍ പറഞ്ഞു: ഭൂമീദേവി ഇപ്രകാരം കേഴുന്നതു. കണ്ട് ഭഗവാനായ കാശ്യപ മഹര്‍ഷി ഉടനെ ഭൂമീദേവിയെ പ്രസാദിപ്പിച്ചു. കാശ്യപന്‍ തപസ്സു ചെയ്തു പ്രസാദിപ്പിച്ച ഭൂമി ജലത്തില്‍ നിന്നു വേദി പോലെ പൊങ്ങി നിന്നു. ഇതാണ് അതുണ്ടായ സ്ഥലം. ഇവിടെ കയറി നിന്നു നോക്കുക! ഭവാന്‍ വീര്യവാനായി തീരും. സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂമി ഒരു വേദി പോലെ ശോഭിക്കുന്നതു നോക്കുക. നീ ഈ വേദിയിലൂടെ കടല്‍ കടന്നങ്ങു ചെല്ലുക. എന്നാൽ നിനക്കു നന്മ വരും. നിനക്ക് ഞാന്‍ സ്വസ്ത്യയനം കഴിക്കാം ( മന്ത്രോച്ചാരണ പൂര്‍വ്വകം മംഗളം നേരുക ). എന്നാൽ നീ ശുദ്ധനാകും. നിനക്ക് ഈ വേദി കയറുവാന്‍ കഴിയും. ഹേ, ആജമീഡാ, മനുഷ്യന്‍ ചെന്നു തൊട്ടാല്‍ ആ വേദി ഉടനെ ആഴിക്കുള്ളില്‍ താണു പോകുന്നതാണ്.
ഓം. ഞാന്‍ വിശ്വഗുപ്തനെ കൈതൊഴുന്നു. ഞാന്‍ വിശ്വനാഥനെ കൈകൂപ്പുന്നു. ദേവേശാ! അങ്ങ് സാഗരത്തിന്റെ ലവണാംഭസ്സില്‍ സാന്നിദ്ധ്യം ചെയ്താലും. അഗിക്കും സൂര്യനും യോനി ജലമാണ്. വിഷ്ണു രേതസ്സാണ് ( ശുക്ലം ). അങ്ങ് അമൃതത്തിന്റെ നാഭിയാണ്.
( ഓം നമോ വിശ്വഗുപ്തായ നമോ വിശ്വപരായ തേ, സാന്നിദ്ധ്യം കുരു ദേവേശ സാഗരേ ലവണാംഭസി. അഗ്നിര്‍മിത്രോ യോനിരാപോഥ ദേവ്യോവിഷ്ണോ രേതസ്ത്വമമൃതസ്യ നാഭിഃ )
ഇപ്രകാരം ഹേ, പാണ്ഡവാ! ഈ സത്യവാക്യം പറഞ്ഞു കൊണ്ട് ഈ വേദിയില്‍ വേഗം നീ കയറിക്കൊള്ളുക.
അഗ്നി നിന്റെ യോനിയും, മഖം ശരീരവും, വിഷ്ണു രേതസ്സും അമൃതം നിന്റെ നാഭിയുമാകുന്നു. ( അഗ്നിശ്ച തേ യോനിരിഡാ ച ദേഹോ, രേതോധ വിഷ്ണോരമൃതസ്യ നാഭിഃ )
ഇപ്രകാരം ഈ സത്യവാക്യം പറഞ്ഞു കൊണ്ട് നദികളുടെ പതിയില്‍ (സമുദ്രത്തില്‍) ഇറങ്ങണം. അല്ലാതെ ദേവയോനിയും ജലാധിപനുമായ ഈ മഹോദധിയെ ദര്‍ഭപ്പുല്‍ തുമ്പു കൊണ്ടു പോലും സ്പര്‍ശിക്കാന്‍ പാടില്ലാത്തതാണ്.
വൈശമ്പായനൻ തുടര്‍ന്നു: പിന്നെ ഉടനെ സ്വസ്ത്യയനം കഴിച്ച് മഹാത്മാവായ യുധിഷ്ഠിരന്‍ സമുദ്രത്തില്‍ ഇറങ്ങി ലോമശന്‍ പറഞ്ഞ പ്രകാരമൊക്കെ ചെയ്ത്, മഹേന്ദ്ര പര്‍വ്വതത്തിനു സമീപത്തെത്തി ആ രാത്രി അവിടെ താമസിച്ചു.
115. കാര്‍ത്തവീര്യോപാഖ്യാനം - വൈശമ്പായനൻപറഞ്ഞു: ഭൂപാലനായ യുധിഷ്ഠിരന്‍ ആ രാത്രി അവിടെ ഭ്രാതാക്കന്മാരോടു കൂടി പാര്‍ത്ത് താപസന്മാരെ സല്‍ക്കരിച്ചു. താപസന്മാരെ ഒക്കെ ലോമശന്‍ പറഞ്ഞു പരിചയപ്പെടുത്തി. ഭൃഗുക്കള്‍, അംഗിരസന്മാര്‍, വാസിഷ്ഠന്മാര്‍, കാശ്യപന്മാര്‍ ഇവരെയൊക്കെ കണ്ട് ആ രാജര്‍ഷി തൊഴുത് അഭിവാദ്യം ചെയ്തു. അതില്‍ രാമന്റെ അനുചരനായ അകൃതവ്രണനും ഉണ്ടായിരുന്നു. ആ മഹര്‍ഷിയോട് യുധിഷ്ഠിരന്‍ ചോദിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: താപസന്മാര്‍ക്ക് എന്നാണ് രാമനെ കാണുവാന്‍ പറ്റുക? ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഭാര്‍ഗ്ഗവ രാമനെ കാണുവാന്‍ ഇച്ഛിക്കുന്നു.
അകൃതവ്രണന്‍ പറഞ്ഞു: ആത്മജ്ഞാനിയായ രാമന്‍ ഭവാന്‍ ഇവിടെ എത്തുമെന്നത് അറിയുന്നുണ്ട്. രാമന് നിന്നില്‍ വളരെ പ്രീതിയുണ്ട്. നിനക്കു താമസിയാതെ രാമനെ കാണാന്‍ പറ്റും. ചതുര്‍ദ്ദശിയിലും, അഷ്ടമിയിലും രാമനെ പതിവായി താപസന്മാര്‍ കാണുന്നുണ്ട്. ഈ രാത്രി ചതുര്‍ദ്ദശിയാണ്; നാളെ രാമനെ നീ കാണും.
യുധിഷ്ഠിരന്‍ പറഞ്ഞു: മഹാബലവാനായ ജാമദഗ്ന്യരാമന് അനുഗാമിയായി ഭവാന്‍ പണ്ടു ചെയ്ത കാര്യങ്ങള്‍ ഒക്കെ നേരിട്ടു കണ്ടവനാണല്ലേഠ. രാമന്‍ ക്ഷത്രിയരെയൊക്കെ വെല്ലുവാന്‍ എന്താണു കാരണം? എങ്ങനെ പോരില്‍ അവരെയൊക്കെ ജയിച്ചു; ഭവാനില്‍ നിന്ന് ആ കഥകളൊക്കെ ഭവാന്‍ കണ്ട മാതിരി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അകൃതവ്രണന്‍ പറഞ്ഞു: തീര്‍ച്ചയായും; സസന്തോഷം ഞാന്‍ പറഞ്ഞുതരാം ആ ഉത്തമമായ മഹാകഥകളൊക്കെ. ഭൃഗുവംശ്യന്റെ അത്ഭുതചരിതം പറയാം, കേള്‍ക്കുക. ദേവസമ്മിതമായ ജാമദഗ്ന്യരാമന്റെ യും ഹേഹയാധിപതിയായ കാര്‍ത്തവീരൃന്റെയും കഥ പറയാം.
രാമന്‍ ഹേഹയ ക്ഷിതിപനായ അര്‍ജ്ജുനനെ വധിച്ച കഥ ആദ്യം കേള്‍ക്കുക. ഹേ, പാണ്ഡവാ! ആയിരം കൈയുള്ളവനായിരുന്നു കാര്‍ത്തവീര്യാര്‍ജ്ജുനന്‍. ദത്താത്രേയ പ്രസാദം മൂലം അവന് ഒരു സ്വര്‍ണ്ണവിമാനവും, ഐശ്വര്യവും, ലോകത്തിന്റെ സര്‍വ്വാധിപത്യവും സിദ്ധിച്ചു. ആ മഹാത്മാവിന്റെ രഥം ഒരിടത്തും ആര്‍ക്കും തടുക്കാന്‍ കഴിയാതെ സഞ്ചരിക്കുന്നതായിരുന്നു. വരവീരൃത്താല്‍ അഹങ്കാരിയായി തീര്‍ന്ന അവന്‍ ആ തേരില്‍ കയറി എല്ലാ സമയവും സര്‍വ്വദിക്കിലും ചെന്ന് ദേവയക്ഷന്മാരെയും ഋഷികളെയും മര്‍ദ്ദിച്ചു; എല്ലാ ജീവികളെയും പീഡിപ്പിച്ചു. ഉപദ്രവം സഹിക്ക വയ്യാതായപ്പോള്‍ എല്ലാ ദേവന്മാരും മഹാവ്രതരായ ഋഷിമാരും, സുരാരിഘ്നനും, ദേവദേവനും സത്യപരാക്രമനുമായ മഹാവിഷ്ണുവിനെ ചെന്നു കണ്ടു സങ്കടമുണര്‍ത്തിച്ചു.
ദേവന്മാര്‍ പറഞ്ഞു: ഭഗവാനേ, ഭൂതരക്ഷയ്ക്കു വേണ്ടി ഭവാന്‍ അര്‍ജ്ജുനനെ സംഹരിച്ചാലും. ദിവ്യമായ വിമാനത്തിലേറി പ്രഭുവായ ഹേഹയാധിപതി മുകളിലൂടെ പറന്നുവന്ന് ശചീദേവിയോടു കൂടി ക്രീഡിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വാസവനെ അപമാനിച്ചു.
അകൃതവ്രണന്‍ പറഞ്ഞു: വിഷ്ണു ദേവന്മാരുടെ ഇത്തരം പല ആവലാതികള്‍ കേട്ടു പിന്നീട് വിഷ്ണു ശക്രനോടു കൂടി കാര്‍ത്തവീര്യന്‍ നശിക്കുവാനുള്ള മാര്‍ഗ്ഗത്തെ കുറിച്ച് ആലോചന നടത്തി. ഭൂതങ്ങള്‍ക്കു ഹിതം ചെയ്യുവാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി സുരേന്ദ്രന്‍ പറഞ്ഞതെല്ലാം വിഷ്ണു സമ്മതിച്ചു അതിന് ശേഷം ലോകപൂജിതനായ ഭഗവാന്‍ രമ്യമായ ബദരീ വനത്തിലുള്ള തന്റെ ആശ്രമത്തിലേക്കു പോകുകയും ചെയ്തു.
ഇങ്ങനെ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കെ കന്യാകുബ്ജത്തിലെ മഫാബലനായ ഗാധി എന്നു പ്രസിദ്ധനായ രാജാവ് വനവാസത്തിന് പോയി. അവിടെ വച്ച് രാജാവിന് അപ്സരസ്ത്രീ പോലെ സുന്ദരിയായ ഒരു കനൃകയുണ്ടായി. ഋചീകന്‍ എന്ന ഭാര്‍ഗ്ഗവ വംശജന്‍ അവളെ ഭാര്യയായി വരിച്ച് വിവാഹത്തിന് അപേക്ഷിച്ചു. സംശിത വ്രതനായ ആ ബ്രാഹ്മണനോടു ഗാധി പറഞ്ഞു.
ഗാധി പറഞ്ഞു: പണ്ട് ഞങ്ങളുടെ വംശത്തില്‍ പൂര്‍വ്വന്മാര്‍ ഒരു നിശ്ചയം ചെയ്തിട്ടുണ്ട്. ഒരു കാതു കറുത്തതും ദേഹം മുഴുവന്‍ വെളുത്തതുമായ ആയിരം കുതിരകളെ ശുൽക്കമായി കല്പിച്ചിരിക്കുന്നു. ഭവാനോടും തരണമെന്ന് ആവശ്യപ്പെടുവാന്‍ വയ്യ! അങ്ങയെ പോലെയുള്ള മഹാത്മാക്കള്‍ക്കു കൊടുക്കേണ്ടവളാണ് എന്റെ പുത്രി.
ഋചീകന്‍ പറഞ്ഞു: ഒരു കാതു കറുത്തതും അംഗം വെളുത്തതും നല്ല വേഗതയുള്ളതുമായ അശ്വങ്ങള്‍ ആയിരവും ഞാന്‍ തരാം. നിന്റെ മകള്‍ എന്റെ ഭാര്യയാകട്ടെ!
അകൃതവ്രണന്‍ കഥ തുടര്‍ന്നു: അവന്‍ അപ്രകാരം പറഞ്ഞ് അവിടെ നിന്നു പോയി. വരുണനെ കണ്ട് പറഞ്ഞു.
ഋചീകന്‍ പറഞ്ഞു: ഒരു കാതു കറുത്ത് അംഗം വെളുത്ത് നല്ല വേഗത്തില്‍ പായുന്ന ഒരായിരം കുതിരകളെ ശുൽക്കത്തിനായി ഭവാന്‍ എനിക്കു തരണം.
അകൃതവ്രണന്‍ പറഞ്ഞു: അവന്ന് വരുണന്‍ ആയിരം അശ്വത്തെ പറഞ്ഞ പ്രകാരം നല്കി. ആ അശ്വങ്ങള്‍ ഗംഗയില്‍ നിന്നാണ് പൊങ്ങി വന്നത്. അതു കൊണ്ട് ആ സ്ഥലം അശ്വതീര്‍ത്ഥമെന്നു വിഖ്യാതമായി. പിന്നീട് കന്യാകുബ്ജത്തിലെത്തി ഗാധിക്ക് ആ നൂറു കുതിരകളേയും കൊടുത്ത് മകളായ സത്യവതി യെ വിവാഹം ചെയ്തു കൊണ്ടു പോന്നു. അന്ന് സുരന്മാര്‍ വധുവിന്റെ ബന്ധുക്കളായി ആ വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. ദ്വിജസത്തമനായ ഋചീകന്‍ ഇങ്ങനെ ആയിരം കുതിരകളേയും ദേവന്മാരുടെ താല്‍പര്യത്തേയും ധര്‍മ്മത്താല്‍ നല്ല ഭാര്യയേയും നേടി. സുമദ്ധ്യയായ ഭാര്യയുമൊത്ത് അവന്‍ യഥാകാമം ലീലാലോലനായി.
കല്യാണം കഴിഞ്ഞതില്‍ പിന്നെ ഭാരൃയയോടൊത്ത പുത്രനെ കാണുവാന്‍ ഭൃഗു ചെന്നു. അദ്ദേഹം തന്റെ ശ്രേഷ്ഠനായ പുത്രനെ കണ്ട് വളരെ സന്തോഷിച്ചു. ദേവപൂജ്യനായ അച്ഛന്‍ വന്നപ്പോള്‍ ആ ഭാര്യാ ഭര്‍ത്താക്കന്മാര്‍ അര്‍ച്ചിച്ചു ശുശ്രൂഷിച്ച് മുമ്പില്‍ കൈകൂപ്പി നിന്നു. പ്രഹൃഷ്ടനായി ഭഗവാന്‍ ഭൃഗു തന്റെ സ്നുഷയോടു പറഞ്ഞു.
ഭൃഗു പറഞ്ഞും. സുഭഗേ, ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. നീ വരം ചോദിക്കുക. നീ ഇച്ഛിക്കുന്നതു ഞാന്‍ തരാം.
അകൃതവ്രണന്‍ പറഞ്ഞു: അവന്റെ പ്രസാദത്താല്‍ പുത്രൻ ഉണ്ടാകണം എന്നാണ് അവള്‍ ആഗ്രഹിച്ചത്. തനിക്കും തന്റെ അമ്മയ്ക്കും പുത്രന്മാർ ഉണ്ടാകണമെന്ന വരം അവള്‍ ആവശ്യപ്പെട്ടു.
ഭൃഗു പറഞ്ഞു: ഋതുസ്നാനം ചെയ്ത് പുത്രന്മാർ ഉണ്ടാകുവാനായി നീയും അമ്മയും വൃക്ഷത്തെ പുല്‍കണം. അമ്മ അശ്വത്ഥവും നീ ഉദുംബരവുമാണ് പുല്കേണ്ടത്. ഭദ്രേ! ഞാന്‍ രണ്ടു പാത്രങ്ങള്‍ (ചരു അടക്കം ചെയ്ത) ഇതാ നല്കുന്നു. ഇതില്‍ ഒന്നു നിനക്കും മറ്റേത് നിന്റെ അമ്മയ്ക്കുമാണ്. വിശ്വത്തെ ആവാഹിച്ച് യത്നത്താല്‍ ഞാന്‍ സിദ്ധമാക്കിയതാണ് ഇവ രണ്ടിലുമുള്ളത്. വളരെ ശ്രദ്ധയോടെ ഇതിലുള്ളതു ഭക്ഷിക്കണം.
അകൃതവ്രണന്‍ പറഞ്ഞു; എന്നു പറഞ്ഞ് ഋഷി പോയി. എന്നാൽ അമ്മയും മകളും വൃക്ഷാലിംഗനവും ചരുപ്രാശനവും പരസ്പരം മാറി ചെയ്തു പോയി. കുറേക്കാലം കഴിഞ്ഞതിന് ശേഷം ഭൃഗു വീണ്ടും ചെന്നു. ദിവ്യജ്ഞാനം കൊണ്ട് അവര്‍ക്കു പറ്റിയ തെറ്റിനെ കണ്ടു കൊണ്ടാണ് ഭഗവാന്‍ വീണ്ടും ചെന്നത്. സ്നുഷയായ സത്യവതിയോട് ഭൃഗു പറഞ്ഞു.
ഭൃഗു പറഞ്ഞു: ചരു ഭക്ഷിച്ചതും, വൃക്ഷത്തെ ആലിംഗനം ചെയ്തതും ഭദ്രേ, മാറി പോയിരിക്കുന്നു. ഹേ, സുരു, നിന്നെ നിന്റെ അമ്മ ചതിച്ചു. നിന്റെ പുത്രന്‍ ക്ഷത്രവൃത്തിയാകും. ജന്മനാ ബ്രാഹ്മണൻ ആണെങ്കിലും അമ്മയ്ക്കുണ്ടാകുന്ന പുത്രനോ ബ്രാഹ്മണനെ പോലെ ശാന്ത സ്വഭാവമുള്ള ക്ഷത്രിയനാകും; മഹാനുമാകും; അവന്‍ മഹാവീര്യനായി സന്മാര്‍ഗ്ഗം വിടാതെ നിൽക്കുകയും ചെയ്യും.
അകൃതവ്രണന്‍ പറഞ്ഞു: ഇതുകേട്ട് അവള്‍ തന്റെ ശ്വശുരനെ പ്രസാദിപ്പിച്ചു വീണ്ടും വീണ്ടും പറഞ്ഞു: എന്റെ മകന്‍ അപ്രകാരമാകരുതേ. എന്റെ പൌത്രന്‍ അങ്ങനെ ആയിക്കൊള്ളട്ടെ എന്ന്.
അങ്ങനെയാകട്ടെ എന്ന് അവന്‍ അവളില്‍ പ്രസാദിച്ച് അനുഗ്രഹിച്ചു. യഥാകാലം ഭാര്‍ഗ്ഗവ നന്ദനനായി ജമദഗ്നിയെ സത്യവതി പ്രസവിച്ചു. അവന്‍ തേജസ്വിയായി വിളങ്ങി. വേദാദ്ധ്യയനത്തോടു കൂടി അവന്‍ വളര്‍ന്നു വന്നു. അവനില്‍ ധനുര്‍വ്വേദമൊക്കെ തന്നത്താനെ വിളങ്ങി. ചതുര്‍വ്വിധമായ അസ്ത്രഗണങ്ങളെ ഭാസ്കരോപമ തേജസ്വിയായ അവന്‍ ആരും പഠിപ്പിക്കാതെ സ്വയം നേടി.
116. കാര്‍ത്തവീര്യോപാഖ്യാനം - ജമദഗ്നി വധം - അകൃതവ്രണന്‍ തുടര്‍ന്നു; മഹാതപസ്വിയും വേദജ്ഞനുമായ ജമദഗ്നി, ദേവന്മാര്‍ തനിക്ക് അധീനരായി തീരത്തക്ക വിധം തപസ്സു ചെയ്തു. അവന്‍ പ്രസേനജിത്ത് എന്ന രാജാവിനെ ചെന്നു കണ്ട് അദ്ദേഹത്തിന്റെ മകളായ രേണുകയെ തനിക്കു നല്കുവാന്‍ അഭ്യര്‍ത്ഥിച്ചു. രാജാവു തന്റെ മകളെ അവന് നല്കി. രേണുകയെ ഭാര്യ ആക്കിയതിന് ശേഷം ഭാര്‍ഗ്ഗവ നന്ദനന്‍ ആശ്രമത്തില്‍ വാഴുന്ന അവളുടെ സഹായത്തോടെ തപസ്സു ചെയ്തു. അവള്‍ക്ക് നാലു പുത്രന്മാര്‍. ഉണ്ടായതിന് ശേഷം അഞ്ചാമത്തവനായി രാമനും ഉണ്ടായി. എല്ലാവരിലും താഴെ ഉണ്ടായ രാമനാണ് പ്രാപ്തിയിലും, തേജസ്സിലും ഒന്നാമനായത്.
ഒരിക്കല്‍ ആഹാരത്തിനായി ഫലം കൊണ്ടു വരുവാന്‍ പുത്രന്മാരെല്ലാവരും പോയ സമയത്ത് നിയതവ്രതയായ രേണുക കുളിക്കുവാന്‍ പോയി. അവള്‍ കുളിച്ചു മടങ്ങുമ്പോള്‍ യാദ്യച്ഛയാ വഴിക്കു വച്ച് മാര്‍ത്തികാ വതത്തിലെ ചിത്രരഥന്‍ എന്ന രാജാവിനെ കണ്ടു. പത്മമാല അണിഞ്ഞ് ഭാര്യമാരോടു കൂടി ആറ്റില്‍ കുളിച്ചു ജലക്രീഡ ചെയ്യുന്ന ആ സുന്ദരനും ബുദ്ധിമാനുമായ രാജാവിനെ കണ്ട് രേണുക കാമമോഹിതയായി. അവള്‍ മനസ്സു കൊണ്ട് അവനുമായി വ്യഭിചരിച്ചു. അവള്‍ക്ക് ബീജസ്രവണമുണ്ടായി തളര്‍ന്നു മതി കെട്ടു. ഉടനെ തന്നെ അവള്‍ വ്രതഭംഗം വന്നതായി ഭയപ്പെട്ട് ആശ്രമത്തില്‍ പ്രവേശിച്ചു. അവളുടെ ഭര്‍ത്താവ് അവളിലുണ്ടായ കാമവികാരം ഗ്രഹിച്ചു. ധൈര്യം നഷ്ടപ്പെട്ട്, ബ്രഹ്മതേജസ്സ് അറ്റ്, നിഷ്പ്രഭയായ അവളെ കണ്ടയുടനെ അവന്‍ ക്രോധം കൊണ്ടു ജ്വലിച്ചു. ഛീ! ഛീ! കുലടേ എന്ന് ആ വീര്യവാൻ അവളെ ഗര്‍ഹണം ചെയ്തു. ഉടനെ പുത്രരില്‍ ജ്യേഷ്ഠനായ രുമണ്വാന്‍ അവിടെയെത്തി. പിന്നാലെ സുഷേണനും, വസുവും, വിശ്വാവസുവുമെത്തി. അവരോട് അമ്മയെ കൊല്ലുവാന്‍ അച്ഛന്‍ ക്രമാല്‍ കല്പിച്ചു. സ്നേഹശീലരായ അവര്‍ ബുദ്ധികെട്ട് ഒന്നും മിണ്ടാതെ ഇരുന്നു. മഹര്‍ഷി കോപത്താല്‍ ശപിച്ചു. ശാപത്താല്‍ ബോധം വെടിഞ്ഞ് മൃഗങ്ങളെ പോലെയും പക്ഷികളെ പോലെയും ജഡതുല്യന്മാ രായിത്തീര്‍ന്നു. രാമന്‍ ഒടുവിലാണ് ആശ്രമത്തില്‍ വന്നത്. ജമദഗ്നി അവനോടു പറഞ്ഞു.
ജമദഗ്നി പറഞ്ഞു: പാപിനിയായ നിന്റെ അമ്മയെ ഉടനെ കൊല്ലുക. മകനേ ദുഃഖിക്കരുത്.
അകൃതവ്രണന്‍ പറഞ്ഞു; അച്ഛന്റെ കല്‍പന കേട്ടയുടനെ രാമന്‍ പരശു (വെണ്മഴു) വീശി അമ്മയുടെ ശിരസ്സു ഛേദിച്ചു. ഉടനെ തന്നെ മഹാത്മാവായ ജമദഗ്നി മഹര്‍ഷിയുടെ കോപം അടങ്ങി. രാമനില്‍ പ്രസാദിച്ചു പ്രസന്നനായി ഇപ്രകാരം പറഞ്ഞു.
ജമദഗ്നി പറഞ്ഞു; രാമാ ഉണ്ണീ! അതിദുഷ്കരമായ കര്‍മ്മമാണ് ധര്‍മ്മജ്ഞാ! നീ എന്റെ വാക്കു മൂലം ചെയ്തത്. നീ മനസ്സാല്‍ ആഗ്രഹിക്കുന്നത് എന്തും എന്നില്‍ നിന്നു വരിക്കുക.
അകൃത്രവണന്‍ പറഞ്ഞും; ഉടനെ രാമന്‍ വരിച്ചത് ആദ്യമായി അമ്മ ജീവിക്കണമെന്നും, താന്‍ അമ്മയെ കൊന്നത് എന്നെന്നേക്കുമായി വിസ്മരിക്കണമെന്നും, അതുമൂലം പാപം സംഭവിക്കരുത് എന്നുമാണ്. രണ്ടാമതായി, ജ്യേഷ്ഠന്മാര്‍ മുമ്പത്തെ മട്ടില്‍ ആകണമെന്നും മൂന്നാമതായി താന്‍ പോരില്‍ അജയ്യൻ ആകണമെന്നും തനിക്കു ദീര്‍ഘായുസ്സ് ഉണ്ടാകണമെന്നുമാണ്. മഹാ തപസ്വിയായ ജമദഗ്നി മഹര്‍ഷി രാമന്റെ ആഗ്രഹമൊക്കെ നല്കി അനുഗ്രഹിച്ചു.
ഒരു ദിവസം ജമദഗ്നിയുടെ പുത്രന്മാരൊക്കെ പുറത്തു പോയ സന്ദര്‍ഭത്തില്‍ വീരനായ കാര്‍ത്തവീ ര്യാര്‍ജ്ജുനന്‍ ആശ്രമത്തില്‍ കയറിവന്നു. മുനിപത്നി അവനെ ആദരിച്ച് അര്‍ച്ചിച്ചു. യുദ്ധോന്മത്താനായ അവന്‍ അത്തരം പൂജയെ അത്ര കാര്യമായി കണക്കാക്കിയില്ല. കരയുന്ന ഹോമപ്പശുവിന്റെ കിടാവിനെ അവന്‍ ആശ്രമത്തില്‍ നിന്നു പിടിച്ചു. ആശ്രമവൃക്ഷങ്ങള്‍ തല്ലിത്തകര്‍ക്കുകയും പശുക്കിടാവിനെ അപഹരിച്ചു കൊണ്ടു പോവുകയും ചെയ്തു. രാമന്‍ വന്നപ്പോള്‍ അച്ഛന്‍ വൃത്താന്തമെല്ലാം പുത്രനോടു പറഞ്ഞു.
പശുവിന്റെ കരച്ചില്‍ കേട്ട് രാമന്‍ വല്ലാതെ ക്രുദ്ധനായി. അവന്‍ മരണമടുത്ത കാര്‍ത്തവീര്യനോടു ചെന്ന് ഏറ്റു. പോരില്‍ വിക്രമം കാണിച്ച് ആക്രമിച്ച കാര്‍ത്തവീര്യന്റെ പരിഘ സന്നിഭമായ (ഇരുമ്പുലക്ക പോലുള്ള) ആയിരം കരങ്ങളും കത്തിയമ്പെയ്ത് അറുത്തു. ഇങ്ങനെ രാമനുമായുണ്ടായ പോരില്‍ അവന്‍ കാലധര്‍മ്മം പ്രാപിച്ചു.
രാമനില്‍ ക്രുദ്ധരായ കാര്‍ത്തവീര്യന്റെ ദായാദികള്‍ ആശ്രത്തില്‍ രാമന്‍ ഇല്ലാത്ത തക്കം നോക്കി കടന്നു ചെന്ന് ജമദഗ്നിയെ ഉപദ്രവിക്കാന്‍ ആരംഭിച്ചു. മഹാശക്തൻ ആയിരുന്നിട്ടും ധ്യാനനിരതൻ ആയിരുന്നതിനാല്‍ ജമദഗ്നി അവരോടു യുദ്ധം ചെയ്യുവാന്‍ ഒരുങ്ങിയില്ല. അവരുടെ പിടിയില്‍ പെട്ട് രാമാ! രാമാ! എന്ന് ഉച്ചത്തില്‍ നിലവിളിക്കെ, അവര്‍ അവന്റെ നേരെ പ്രയോഗിച്ച ശരങ്ങളേറ്റ് മഹര്‍ഷി മരിച്ചു. അവര്‍ അതിന് ശേഷം വന്ന വഴിക്കു പോവുകയും ചെയ്തു. അവര്‍ പോവുകയും ജമദഗ്നി മരിക്കുകയും ചെയ്ത ശേഷമാണ് രാമന്‍ വന്നത്. ദാരുണമായ കാഴ്ചയാണ് ചമതക്കെട്ടുമായി മടങ്ങിയെത്തിയ രാമന്‍ കണ്ടത്. അനര്‍ഹമായ വിധം അച്ഛന്‍ മരിച്ചു കിടക്കുന്നതു കണ്ട് വീരനായ രാമന്‍ ദുഃഖിച്ചു വിലപിച്ചു.
117. കാര്‍ത്തവീര്യോപാഖ്യാനം - പരശുരാമപൂജ - രാമന്‍ പറഞ്ഞു: അച്ഛാ! എന്റെ അപരാധത്താല്‍ ഭവാന്‍ കൊല്ലപ്പെട്ടു. ക്ഷുദ്രന്മാരും, ബാലിശരുമായ കാര്‍ത്തവീര്യ പുത്രന്മാര്‍ ഭവാനെ കൊന്നു! കാട്ടില്‍ വേടന്മാര്‍ അമ്പെയ്തു കൊന്ന മാനിനെപ്പോലെ എന്റെ അച്ഛന്‍ ദുഷ്ടന്മാരാല്‍ ഹതനായി! ധര്‍മ്മജ്ഞനായി, സല്‍പഥ നിഷ്ഠനായി, യാതൊരു ജീവിയേയും ദ്രോഹിക്കാതെ, ജീവിച്ചു പോന്ന ഭവാന് ഇങ്ങനെ ഒരു മൃത്യു വന്നു ചേരുവാന്‍ ഇടയായില്ലേ? തപസ്സു ചെയ്യുന്ന വൃദ്ധന്‍, പോരിന് തയ്യാില്ലാത്തവന്‍, മഹാസാധുവായ മനുഷ്യന്‍ - അങ്ങനെയുള്ള അങ്ങയെ കൂര്‍ത്തുമൂര്‍ത്ത അമ്പു കൊണ്ടു കൊന്ന ഘാതകന്മാര്‍ക്ക് എന്തു ക്രൂരകര്‍മ്മമാണ് ചെയ്യരുതാത്തത്! എന്തുപാതകം അവര്‍ ചെയ്യുകയില്ലാ? മന്ത്രിമാരുടെയും സുഹൃത് ജനങ്ങളുടെയും മദ്ധ്യത്തില്‍ അവര്‍ എന്തു പറയും? പോരിന് വരാത്ത, ആരും സഹായത്തിനില്ലാത്ത, ആ ധാര്‍മ്മികനെ നാണം കൂടാതെ വധിച്ചു അവര്‍ എന്തു സമാധാനം പറയും?
അകൃതവ്രണന്‍ പറഞ്ഞു: ഇങ്ങനെ പലതും പറഞ്ഞു വിലപിച്ച് പിതാവിന്റെ പ്രേത കാര്യങ്ങളൊക്കെ അവന്‍ ചെയ്തു. പിതാവിനെ അഗ്നി കൂട്ടി ദഹിപ്പിച്ചതിന് ശേഷം ആ പരപുരഞ്ജയന്‍ സര്‍വ്വ ക്ഷത്ര വധത്തിന് പ്രതിജ്ഞ ചെയ്തു.
ഉഗ്രമായ കോപത്തോടെ, മഹാബലവാനും, വീര്യവാനുമായ രാമന്‍ പോരിനായി ശസ്ത്രം എടുത്തു. താന്‍ ഒറ്റയ്ക്കു ചെന്നു കാര്‍ത്തവീര്യന്റെ സകല മക്കളെയും കൊന്നു കളഞ്ഞു. അവരുടെ അനുഗാമികളായ എല്ലാ ക്ഷത്രിയന്മാരെയും കൊന്നു. ഹേ, ക്ഷത്ര്യര്‍ഷഭ! ശിക്ഷിക്കുന്നവരില്‍ ശ്രേഷ്ഠനായ രാമന്‍ ഇരുപത്തൊന്നു വട്ടം ഭൂമിയിലുള്ള സകല ക്ഷത്രിയന്മാരെയും കൊന്നൊടുക്കി. സമന്തപഞ്ചകം എന്നു പേരായി അഞ്ചു തടാകങ്ങള്‍ അവരുടെ രക്തം കൊണ്ടു രാമന്‍ സൃഷ്ടിച്ചു. അതിന് ശേഷം ആ രക്തഹ്രദങ്ങളില്‍ ഭൃഗുക്കള്‍ക്ക് ആ ഭൃഗു കുലോദ്വഹന്‍ പിതൃതര്‍പ്പണം ചെയ്തു.
ഋചീകനെ നേരില്‍ കണ്ടു; അദ്ദേഹം രാമനു വേണ്ടവണ്ണം നല്ല ഉപദേശങ്ങള്‍ നല്കി. പിന്നെ മഹായജ്ഞം കൊണ്ടു പ്രതാപവാനായ ജാമദഗ്ന്യന്‍ ദേവേന്ദ്രനെ തര്‍പ്പിച്ചു. ഋത്വിക്കുകള്‍ക്ക് അവന്‍ ഭൂമി നല്കി. മഹാനായ കാശ്യപന് പത്തു വ്യാമം നീളവും, വീതിയും, ഒമ്പതു വ്യാമം പൊക്കവുമുള്ള സ്വര്‍ണ്ണം കൊണ്ടു ള്ള വേദി പണി ചെയ്യിച്ചു നല്കി. കാശൃപാനുമതിയോടു കൂടി അതു ഖണ്ഡം ഖണ്ഡമാക്കി ബ്രാഹ്മണര്‍ പങ്കിട്ടെടുത്തു. രാജാവേ, അതിന് ശേഷം അവരെല്ലാം "ഖാണ്ഡവായന"രെന്ന് പ്രഖ്യാപിതരായി. ആ മഹാത്മാവായ കാശപന് ഭൂമിയൊക്കെ കൊടുത്ത് ഈ ശൈലേന്ദ്രനായ മഹേന്ദ്രത്തില്‍ വന്ന് ആ അതിവിക്രമന്‍ വസിക്കുന്നു. ഇപ്രകാരമാണ് രാമന്‍ ലോകത്തുണ്ടായിരുന്ന ക്ഷത്രിയരുമായി വൈരമുണ്ടായതും, അമിത തേജസ്സായ അവന്‍ ഭൂമി മുഴുവന്‍ ജയിച്ചതും.
വൈശമ്പായനൻ തുടര്‍ന്നു: പിന്നെ ചതുര്‍ദ്ദശി ദിവസം മഹാത്മാവായ രാമന്‍ മുന്‍നിശ്ചയം അനുസരിച്ച് സാനുജനായ ധര്‍മ്മരാജാവിന് പ്രത്യക്ഷനായി രാജാവേ! അനുജന്മാരോടു കൂടി യുധിഷ്ഠിരന്‍ അവനെ പൂജിച്ചു. ബ്രാഹ്മണരേയും ആ നൃപതി സത്തമന്‍ പൂജ ചെയ്തു. ജാമദഗ്ന്യനെ അര്‍ച്ചിച്ചതിന് ശേഷം അവര്‍ രാമനാല്‍ അനുമോദിക്കപ്പെട്ട് അന്നു രാത്രി മഹേന്ദ്ര പര്‍വ്വതത്തില്‍ പാര്‍ത്തു. പിറ്റേന്ന് അവിടെ നിന്നു തെക്കോട്ടു യാത്രയാരംഭിച്ചു.
118. യാദവപാണ്ഡവസമാഗമം - വൈശമ്പായനൻ പറഞ്ഞു: മഹാനുഭാവനായ യുധിഷ്ഠിര രാജാവ് കടല്‍ പ്രദേശങ്ങളില്‍ പലേടത്തുമുള്ള രമ്യങ്ങളും പുണ്യങ്ങളുമായ തീര്‍ത്ഥങ്ങളെല്ലാം നടന്നു കണ്ടു. വിപ്രന്മാരില്‍ ഉപശോഭിതങ്ങളായ എല്ലാ തീര്‍ത്ഥങ്ങളും കണ്ടു. ഹേ, പാരിക്ഷിതാ! ( പരീക്ഷിത്തിന്റെ പുത്രാ ) നിന്റെ മുത്തച്ഛനായ അവന്‍ ആ തീര്‍ത്ഥങ്ങളില്‍ അനുജന്മാരോടു കൂടി സ്നാനംചെയ്ത് പുണൃതമയും പ്രശസ്തയുമായ ഒരു നദിയിൽ എത്തിച്ചേര്‍ന്നു. അവിടെയും ആ മഹാനുഭാവന്‍ സ്നാനം ചെയ്തു. പിതൃദേവ സംതര്‍പ്പണം ചെയ്ത് ദ്വിജന്മാര്‍ക്ക് അനേകം ധനം ദാനം ചെയ്തു. പിന്നിട് സമുദ്രത്തിലേക്കു നേരെ ഒഴുകുന്ന നദിയായ ഗോദാവരിയിലേക്കു പോയി. അതില്‍ കുളിച്ച് വിപാപാത്മാവായി (പാപമെല്ലാം പോയി). പിന്നെ ദ്രാവിഡ നാട്ടിലെത്തി കടല്‍ തീരത്തെ ലോകപുണ്യമായ അഗസ്ത്യതീര്‍ത്ഥവും മഹാ പവിത്രങ്ങളായ നാരീതീര്‍ത്ഥങ്ങളും സന്ദര്‍ശിച്ചു. അവിടെ വച്ച് ധനുര്‍ദ്ധരന്മാരില്‍ ശ്രേഷ്ഠനായ അര്‍ജ്ജുനന്റെ അമാനുഷവും അശകൃവുമായ കര്‍മ്മത്തെ കേട്ടു. മഹര്‍ഷിമാര്‍ ചെയ്ത സല്‍ക്കാരമേറ്റ് പാണ്ഡുപുത്രന്‍ ഏറ്റവും മോദിച്ചു.
കൃഷ്ണയോടും അനുജന്മാരോടുംകുടി ആ തീര്‍ത്ഥങ്ങളിലൊക്കെ ഇറങ്ങി കുളിച്ചു ശരീരശുദ്ധി വരുത്തി. അര്‍ജ്ജുനന്റെ വിക്രമങ്ങളെക്കുറിച്ചു പ്രശംസിച്ചും ആദരിച്ചും അവിടെ സസന്തോഷം വാണു. പിന്നെ ആയിരക്കണക്കിന് പശുക്കളെ വീതം ആ തീര്‍ത്ഥങ്ങളിലെല്ലാം ഭ്രാതാക്കളോടൊന്നിച്ചു ദാനം ചെയ്തു. അവര്‍ അര്‍ജ്ജുനന്‍ പശുക്കളെ ദാനം ചെയ്യാറുള്ളതിനെ സങ്കീര്‍ത്തിച്ചു.
സമുദ്ര തീരത്തിലുള്ള അനേകം പുണ്യ തീര്‍ത്ഥങ്ങളിലും അവന്‍ ക്രമേണ പോയി; പരിപൂര്‍ണ്ണ കാമനായി. പിന്നീടു പുണ്യതമമായ "ശൂര്‍പ്പാരകം" തീര്‍ത്ഥം കണ്ടു. ആ സമുദ്ര തീരത്തുള്ള ഒരു ദേശം കടന്ന് പിന്നെ ഭൂമിയില്‍ പ്രസിദ്ധമായ ഒരു വനത്തില്‍ ചെന്നു. അവിടെ സുരന്മാര്‍ പണ്ടു തപസ്സു ചെയ്തിട്ടുണ്ട്. പുണ്യപരന്മാരായ നരേന്ദ്രന്മാരും ഇവിടെ യാഗം ചെയ്തിട്ടുണ്ട്. അവിടെ ധനുര്‍ദ്ധരന്മാരില്‍ അഗ്രിമനായ ഋചീക പുത്രന്റെ വേദി ആ കനത്ത കൈയുള്ള രാജാവ് കണ്ടു. അവിടം തപസ്വികളുടെ സംഘത്താല്‍ സമാവൃതമാണ്; പുണ്യ പുരുഷന്മാര്‍ക്ക് അര്‍പ്പിക്കാന്‍ പറ്റിയതുമാണ് ആ സ്ഥലം. പിന്നീട് പല ദേവന്മാരുടെയും പുണൃതീര്‍ത്ഥങ്ങളുടെ സ്ഥാനത്തെത്തി. വസുധാധിപരായ അശ്വിനീദേവന്മാര്‍, വസുക്കള്‍, മരുത്ഗണങ്ങള്‍, വൈവസ്വതാദി തൃധനേശ്വരന്മാര്‍, ഇന്ദ്രന്‍, വിഷ്ണു, വിഭുവായ സവിതാവ്, ഭവന്‍, ചന്ദ്രന്‍, ദിവാകരന്‍, വരുണന്‍, സാദ്ധ്യഗണങ്ങള്‍, ധാതാവ്, പിതൃക്കള്‍, മഹാത്മാവായ രുദ്രന്‍ തന്റെ ഗണങ്ങളോടെ, സരസ്വതി, സിദ്ധഗണങ്ങള്‍, പുണ്യരായ മറ്റ് അമരന്മാര്‍ ഇവരുടെയൊക്കെ സുമനോഹരങ്ങളായ ആയതനങ്ങള്‍ രാജാവായ യുധിഷ്ഠിരന്‍ ഭ്രാതാക്കളോടു കൂടി സന്ദര്‍ശിച്ചു.
അവയിൽ ഓരോന്നിലും ചെന്നു വിവിധമായ മട്ടില്‍ ഉപവസിച്ച് ധാരാളം രത്നങ്ങള്‍ ദാനം ചെയ്തു. തീര്‍ത്ഥങ്ങളിലൊക്കെ കുളിച്ച് വീണ്ടും ശൂര്‍പ്പാരകത്തേക്കു തിരിച്ചു. കടല്‍ക്കരയിലുള്ള തീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ചു കര്‍മ്മങ്ങള്‍ ചെയ്ത് സോദരന്മാരോടും ബ്രാഹ്മണരോടും കൂടെ യുധിഷ്ഠിരന്‍ പൃഥ്വിയില്‍ പ്രസിദ്ധ തീര്‍ത്ഥമായ പ്രഭാസത്തിലെത്തി. അതില്‍ ലോഹിതാക്ഷനായ അദ്ദേഹം അനുജന്മാരോടും കൃഷ്ണയോടും ബ്രാഹ്മണരോടും ലോമശനോടും കൂടി സ്നാനം ചെയ്ത് പിതൃക്കളേയും ദേവന്മാരേയും തര്‍പ്പണം ചെയ്തു.
പന്ത്രണ്ടു ദിവസം വായുവും ജലവും മാത്രം ഭക്ഷിച്ച് തീര്‍ത്ഥസ്നാനം ചെയ്തു. രാവും പകലും ആ വരിഷ്‌ഠനായ ധര്‍മ്മജ്ഞന്‍ ചുറ്റും ജലിക്കുന്ന അഗ്നിയുണ്ടാക്കി തപസ്സു ചെയ്തു. യുധിഷ്ഠിരന്‍ കഠിനമായി തപസ്സു ചെയ്യുന്നതായി രാമനും ജനാര്‍ദ്ദനനും കേട്ട്, വൃഷ്ണി പ്രവരന്മാരോടും സൈന്യത്തോടും കൂടി ആജമീഡനായ യുധിഷ്ഠിര രാജാവിന്റെ അരികത്തു ചെന്നു.
ചളിപുരണ്ട് ആ പാണ്ഡുപുത്രന്മാര്‍ നിലത്തു കിടക്കുന്നതു കണ്ട് ആ വക ക്ലേശങ്ങള്‍ സഹിക്കുവാന്‍ ഒരിക്കലും അര്‍ഹതയില്ലാത്ത ദ്രൗപദിയേയും കണ്ട്, വലിയ ദുഃഖത്തോടെ വൃഷ്ണികള്‍ കരഞ്ഞു പോയി.
രാമനെയും, ജനാര്‍ദ്ദനനെയും, കൃഷ്ണപുത്രനായ സാംബനെയും, ശിനിയുടെ പൗത്രനെയും (സാതൃകി), മറ്റു വൃഷ്ണികളെയും കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ അവരെ യഥാധര്‍മ്മം സസന്തോഷം അഭിവാദ്യം ചെയ്തു സ്വീകരിച്ചു. വൃഷ്ണികളും പാര്‍ത്ഥരെ പൂജിച്ചു. അപ്രകാരം അവര്‍ പാണ്ഡവരുടെ പൂജ കൈക്കൊണ്ട്, ഇന്ദ്രനു ചുറ്റും ദേവഗണങ്ങളെന്ന പോലെ യുധിഷ്ഠിരന്റെ ചുറ്റും പ്രശോഭിച്ചു. ശത്രുക്കള്‍ ചെയ്ത ഉപദ്രവങ്ങളും കാട്ടില്‍ കഴിഞ്ഞ കഥകളുമൊക്കെ യുധിഷ്ഠിരന്‍ അവരോടു പറഞ്ഞു. അര്‍ജ്ജുനന്‍ അസ്ത്രത്തിനായി ഇന്ദ്രലോകത്തു പോയതും, അവിടെ സസുഖം വാഴുന്നതുമൊക്കെ പരമപ്രീതിയോടെ പറഞ്ഞു. വൃഷ്ണികള്‍ പാണ്ഡവന്‍ പറഞ്ഞതെല്ലാം ശ്രദ്ധയാടെ കേട്ടു.. അവര്‍ കഷ്ടപ്പാടു കൊണ്ട് ഏറ്റുവും ശോഷിച്ചിരിക്കുന്നതു കണ്ട, ആ മഹാനുഭാവരായ വൃഷ്ണികളുടെ കണ്ണുകളില്‍ നിന്ന്, സന്താപത്താല്‍ കണ്ണുനീര്‍ ധാരയായി ഒഴുകി.
119. ബലരാമവാക്യം - ജനമേജനന്‍ പറഞ്ഞു: ഹേ, തപോധനാ, പ്രഭാസ തീര്‍ത്ഥത്തില്‍ ചെന്ന് പാണ്ഡവ വൃഷ്ണികള്‍ എന്തൊക്കെയാണു ചെയ്തത്? എന്തൊക്കെയാണു പ്രസംഗിച്ചത്? അവരൊക്കെ മഹാത്മാക്കളും സര്‍വ്വശാസ്ത്ര വിശാരദന്മാരും ആണല്ലോ. പരസ്പരം സുഹൃത്തുക്കളും ആണല്ലോ.
വൈശമ്പായനൻ പറഞ്ഞു: കടലിലെ പുണ്യതീര്‍ത്ഥമായ പ്രഭാസത്തില്‍ ചെന്ന് വൃഷ്ണികള്‍ പാണ്ഡവ വീരന്മാര്‍ക്കു ചുറ്റുമായി ഒന്നിച്ചിരുന്നു. അവിടെ വച്ച് പശുവിന്‍ പാല്‍, കുന്ദപുഷ്പം, മൃണാളം, ചന്ദ്രൻ എന്നിവയെ പോലെ വെണ്മയുള്ള നിറത്തോടു കൂടിയവനും, വനമാല ചാര്‍ത്തിയവനും, ഹലായുധനുമായ രാമന്‍ പുഷ്കരേക്ഷണനോട് ഇങ്ങനെ പറഞ്ഞു.
ബലദേവന്‍ പറഞ്ഞു: ഹേ, കൃഷ്ണാ! ധര്‍മ്മംചെയ്താല്‍ മനുഷ്യര്‍ക്കു നന്മയുമില്ല, അധര്‍മ്മം ചെയ്താല്‍ അധഃപതനവുമില്ല! നോക്കൂ, യുധിഷ്ഠിരന്‍ എത്ര ധര്‍മ്മിഷ്ഠനും മഹാത്മാവുമാണ്! അവനല്ലേ ദുഃഖത്തിന് പാത്രമായിരിക്കുന്നത്? ജടാധരനായി ചീരവും ധരിച്ച് കാട്ടിലല്ലേ കിടക്കുന്നത്? ദുര്യോധനന്‍ ഭൂമി ഭരിക്കുന്നു; എന്നിട്ടും (ദുര്യോധനന്‍ ഇത്ര അധര്‍മ്മിഷ്ഠൻ ആയിരുന്നിട്ടും) ഭൂമി അവനെ വിഴുങ്ങുന്നില്ല. തീര്‍ച്ചയായും ഇതു കണ്ടാൽ ധര്‍മ്മത്തേക്കാള്‍ നല്ലത് അധര്‍മ്മമാണെന്ന് അല്പബുദ്ധികളായ മനുഷ്യര്‍ ധരിക്കും. ദുര്യോധനനാകട്ടെ വര്‍ദ്ധിക്കുന്നു. ധര്‍മ്മപുത്രന്‍ രാജ്യം നഷ്ടപ്പെട്ട് കാട്ടില്‍ കിടന്നു ദുഃഖിക്കുന്നു. നാട്ടുകാര്‍ ഇതു കണ്ടാല്‍ എന്താണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് നിശ്ചയമായും ശങ്കിക്കും. അവര്‍ പരസ്പരം ധര്‍മ്മാധര്‍മ്മങ്ങളെ പറ്റി മറിച്ചു വ്യാഖ്യാനിക്കും.
ഈ ധര്‍മ്മപുത്രന്‍ ധര്‍മ്മപ്രഭാവനാണ്, സത്യബുദ്ധിയാണ്, ഉദാരനാണ്. അവന്‍ കിടന്നു കഷ്ടപ്പെടുക! അധര്‍മ്മിഷ്ഠന്‍ ശ്രീമാനായി വര്‍ത്തിക്കുക! ഇതെന്തു നീതിയാണ്?.
ഭീഷ്മനും, കൃപനും, വിപ്രനായ ദ്രോണനും, കുലവൃദ്ധനായ ധൃതരാഷ്ട്രനും ഒക്കെ പാര്‍ത്ഥന്മാരെ കാടുകയറ്റി സുഖിക്കുന്നു. കഷ്ടം! ദുഷ്ടന്മാര്‍ തന്ന യാണ് സകല കൗരവ മുഖ്യന്മാരും. ആ പാപിയായ രാജാവ് പരലോകത്തു ചെന്നാല്‍ പിതൃക്കളോട് എന്തു പറയും ? സല്‍സ്വഭാവികളായ പുത്രന്മാരെ നാട്ടില്‍ നിന്നോടിച്ചവരായ അവര്‍ ഞങ്ങള്‍ മക്കളില്‍ നീതി ചെയ്തു എന്നു പറയുവാന്‍ ധൈര്യപ്പെടുമോ? എന്തു കര്‍മ്മം ചെയ്തിട്ടാണ് ഞാന്‍ അന്ധനായി പോയത് എന്നു ബുദ്ധിയാകുന്ന കണ്ണു കൊണ്ട് ആ കുരുടന്‍ രാജാവ് കാണുന്നുണ്ടോ? കൗന്തേയരെ കാടു കയറ്റുവാന്‍ പോന്ന ബുദ്ധി കൊണ്ടല്ലേ ഈ ഭൂമിയിലുള്ള രാജാക്കന്മാരില്‍ ഇവന്‍ മാത്രം അന്ധനായി തീര്‍ന്നത്; സമൃദ്ധിയായി ഭംഗിയില്‍ പൂത്തു നിൽക്കുന്ന സ്വര്‍ണ്ണമയമായ മരങ്ങള്‍ നിറഞ്ഞ പിത്യലോക ഭൂമി നിശ്ചയമായും വിചിത്രവീര്യന്റെ പുത്രന്‍ ഈ നൃശംസ കൃത്യം ചെയ്ത സമയത്തു കണ്ടിരിക്കണം. ചുമല്‍ അവന്റെ നേരെ വളച്ച് വലിയ ചോരക്കണ്ണുകളുമായി അവനെ സുക്ഷിച്ചു നോക്കുന്ന അവരുടെ (പുത്രന്മാരുടെയും അവരുടെ സ്നേഹിതന്മാരുടെയും ) ദുഷ്ടമായ ഉപദേശം നിശ്ചയമായും ആ കുരുടന്‍ അനുസരിച്ചിരിക്കണം; അല്ലെങ്കില്‍ യുധിഷ്ഠിരനെ ഉത്തമ ശസ്ത്രങ്ങളുള്ള അനുജന്മാരോടു കൂടി അവന്‍ വനവാസത്തിന് അയയ്ക്കുമായിരുന്നില്ലല്ലോ. ഇതു കൊണ്ട് ഇനി എന്താണു സംഭവിക്കാനിരിക്കുന്നത്? ദീര്‍ഘഭുജനായ ഈ ഭീമന്‍ നിരായുധനായി തന്നെ ശത്രുസൈന്യം മുഴുവന്‍ നശിപ്പിച്ചു കളയും. വൃകോദരന്റെ ഉഗ്രമായ ശബ്ദം കേട്ടാല്‍ മതി ശത്രു സൈന്യങ്ങള്‍ക്കു ഭയം മൂലം ഉടനെ മലമൂത്രങ്ങള്‍ പോകും. ദാഹവും വിശപ്പും സഹിച്ചു കാട്ടില്‍ കിടന്നു യാത്ര ചെയ്തു കഷ്ടപ്പെട്ട് ഇവന്‍ മെലിഞ്ഞു എങ്കിലും നാനാവിധ ആയുധങ്ങളും ബാണങ്ങളുമേന്തി വനവാസ കാലത്തെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് ഈ വൃകോദരൻ അവരെ ഒന്നിനെയും ബാക്കി വെക്കാതെ കൊന്നൊടുക്കും. അതില്‍ യാതൊരു സംശയവുമില്ല. ഉറപ്പാണ് ഇക്കാര്യം!
വീര്യത്തിലും ബലത്തിലും ഭീമതുല്യനായി ഈ ലോകത്തില്‍ ആരുണ്ട്? കാറ്റും മഞ്ഞും വെയിലുമേറ്റു കഷ്ടപ്പെടുന്ന ഇവന്‍ ശത്രുവര്‍ഗ്ഗം കൂട്ടത്തോടെ മുടിച്ചു കളയും. കിഴക്കുള്ള രാജാക്കന്മാരെയൊക്കെ അനുചരന്മാരോടു കൂടി രണത്തില്‍ കീഴടക്കിയ വീരനാണവന്‍. ക്ഷേമത്തോടു കൂടെ ജീവിച്ചു പോന്ന ഈ അതിരഥന്‍ ഇപ്പോള്‍ ചീരം ധരിച്ച് കാട്ടില്‍ കിടന്ന് ഉഴലുന്നതു നോക്കുക.
തെക്കു ഭാഗത്തുള്ള രാജാക്കന്മാരെ ഒക്കെ സമുദ്ര തീരത്തു വെച്ച് ജയിച്ച ശക്തനായ സഹദേവന്‍ ഇപ്പോള്‍ താപസ വേഷ രൂപത്തില്‍ നിൽക്കുന്നതു കണ്ടോ?
ഏകരഥനായി പശ്ചിമ ദിക്കിലുള്ള രാജാക്കന്മാരെ വെന്ന യുദ്ധ ശൗണ്ഡനായ ഇവന്‍ (സഹദേവന്‍) കാട്ടില്‍ക്കിടന്നു ഫലമൂലങ്ങള്‍ തിന്നു ജടാധരനായി മലിനാംഗനായി നടക്കുന്നതു നോക്കു!
അതിരഥനായ രാജാവിന് സത്രവേദീ തലത്തില്‍ നിന്നു ജനിച്ച പുത്രി! സകല സുഖങ്ങളും അനുഭവിച്ചു വാഴുവാന്‍ അര്‍ഹയായ സതി കാട്ടില്‍ വാണ് ഈ ക്ലേശമൊക്കെ എങ്ങനെ സഹിക്കുന്നു? ത്രിവര്‍ഗ്ഗ മുഖ്യന്റെയും ( ധര്‍മ്മരാജാവ് ), സമീരണന്റെയും, ദേവേശ്വരന്റെയും, അശ്വിനീ ദേവന്മാരുടെയും പുത്രന്മാരായ ഇവര്‍ സുഖാര്‍ഹരായിരിക്കെ കാട്ടില്‍ക്കിടന്ന് ഇത്രമാത്രം ദുഃഖിക്കുവാന്‍ എന്താണു കാരണം?
ധര്‍മ്മപുത്രന്‍ അനുജരോടും, ഭാര്യയോടും കൂടി തോല്പിക്കപ്പെട്ട കൂട്ടുകാരോടു കൂടി ദുഃഖിക്കുമ്പോള്‍ ദുര്യോധനന്‍ ശ്രേയസ്സു വര്‍ദ്ധിക്കുന്നവനായി കാണുമ്പോള്‍ ശൈലങ്ങളോടു കൂടിയ ഈ ഭൂമി എന്തു കൊണ്ടു താണു പോകുന്നില്ലാ?
120. യാദവാഗമനം - സാതൃകി പറഞ്ഞു: ഹേ, രാമാ! ഇപ്പോള്‍ വിലപിക്കേണ്ട കാലമല്ല. ഉടനടി നാം വേണ്ടതൊക്കെ ചെയ്യണം. ധര്‍മ്മജന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ കൂടി ചെയ്യേണ്ടത് വൈകാതെ ചെയ്യുക തന്നെ വേണം. തങ്ങള്‍ക്കു ക്ഷേമം ചെയ്യുവാന്‍ തക്ക കഴിവുള്ളവര്‍, അതിന് ബാദ്ധ്യസ്ഥരായവര്‍ ഉണ്ടായിരിക്കെ ആരും താന്താങ്ങളുടെ ക്ഷേമത്തിനായി സ്വയം കര്‍മ്മം സമാരംഭിക്കാറില്ല; അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതു മറ്റുള്ളവരാണ്. ശിബി മുതലായവര്‍ യയാതിക്കെന്ന പോലെ. ഹേ, രാമാ! അങ്ങനെ സ്വന്തം അഭിപ്രായപ്രകാരം മറ്റുള്ളവരെ നാഥരായി ലോകത്തില്‍ കണക്കാക്കുന്നവര്‍ നാഥന്മാരുള്ളവരായി കരുതപ്പെടുന്നു. അവര്‍ അനാഥരെപ്പോലെ ഒരിക്കലും ബുദ്ധിമുട്ടാറില്ല. ഈ രണ്ടുപേരും, രാമനും ജനാര്‍ദ്ദനനും, പിന്നെ പ്രദ്യുമ്നനും സാംബനും അവരോടൊപ്പം ഈ ഞാനും ഉള്ളപ്പോള്‍ മൂന്നു ലോകങ്ങളും കാക്കാന്‍ ശക്തരായ ഇവരുള്ളപ്പോള്‍ സോദരന്മാരോടു കൂടി പാര്‍ത്ഥന്‍ കാട്ടില്‍ കിടക്കുകയോ? പല തരത്തിലുള്ള ആയുധങ്ങൾ അണിഞ്ഞ് ചിത്രവര്‍മ്മങ്ങള്‍ ധരിച്ച്, ദാശാര്‍ഹസേന ഉടനെ പോകട്ടെ! വൃഷ്ണി ബലത്താല്‍ തോല്പിക്കപ്പെട്ട് ധാര്‍ത്തരാഷ്ട്രന്മാര്‍ ബന്ധുക്കളോടു കൂടി യമപുരിയിൽ എത്തട്ടെ.
കോപിച്ചാല്‍ ഈ ഭൂമി മുഴുവന്‍ അടക്കുവാന്‍ ശാര്‍ങ്ഗധന്വാവായ അങ്ങു മാത്രം മതി. ബന്ധുക്കളോടു കൂടി നീ ധാര്‍ത്തരാഷ്ട്രനെ പണ്ട് ദേവപതിയായ മഹേന്ദ്രന്‍ വൃത്രനെ കൊന്നതു പോലെ, കൊല്ലുക.
അര്‍ജ്ജുനന്‍ എനിക്കുഭ്രാതാവാണ്; ഇഷ്ടനാണ്; ഗുരുവാണ്; ജനാര്‍ദ്ദനന് ആത്മസമാനനാണ്. മനുഷ്യര്‍ സല്‍പ്പുത്രന്മാരെയും, ഗുരുക്കള്‍ തനിക്കു പ്രതികൂലമായി നിലക്കാത്ത ശിഷ്യരെയും ഇച്ഛിക്കുന്നത് എന്തിനാണോ, ആ ഉത്തമമായ കാര്യം ദുഷ്കരമാണെങ്കിലും ഇതാ വന്നു ചേര്‍ന്നിരിക്കുന്നു. അത് ഞാന്‍ കൈയേറ്റ് ദുര്യോധനന്റെ അസ്ത്രവര്‍ഷങ്ങളെ ഒക്കെ ഉത്തമാസ്ത്രങ്ങള്‍ കൊണ്ടു തടുത്തകറ്റി, സര്‍പ്പം, വിഷം, അഗ്നി ഇവയൊക്കുന്ന അമ്പുകള്‍ കൊണ്ട് യുദ്ധത്തില്‍ ക്രുദ്ധനായി അവന്റെ തല ഞാന്‍ തന്നെ അറുക്കുന്നതാണ്.
നിശിതമായ വാൾ കൊണ്ടു ബലമായി അവന്റെ അനുയായികളുടെ തല ഞാന്‍ അറുക്കും. പിന്നെ ദുര്യോധനന്റെയും കാരവന്മാരുടെ എല്ലാവരുടെയും തല ഞാന്‍ അരിയും. ഭീമാനുയായികള്‍ സഹര്‍ഷം അതു നോക്കി നില്‍ക്കട്ടെ. ഹേ, രോഹിണീപുത്രാ, കുരുയോദ്ധ മുഖ്യന്മാരെയെല്ലാം ഒറ്റയ്ക്ക് ഉണക്കപ്പുല്ല് തീ പിടിച്ച പോലെ ഞാന്‍ ദഹിപ്പിക്കും. പ്രദ്യുമ്നന്‍ എയ്യുന്ന നിശിതമായ അസ്ത്രങ്ങള്‍ ഏൽക്കുവാന്‍ അശക്തരാണ് കൃപദ്രോണ വികര്‍ണ്ണ കര്‍ണ്ണന്മാര്‍.
ജയാത്മജന്റെ ( അഭിമന്യുവിന്റെ ) വീര്യത്തെ എനിക്കു നന്നായി അറിയാം. അവന്‍ രണത്തില്‍ കൃഷ്ണപുത്രന് തുല്യനാണ്. പിന്നെ, സൂതനോടും, തേരോടും കൂടി യ ദുശ്ശാസനനെ സാംബന്‍ തന്റെ ബാഹുവീര്യത്താല്‍ മര്‍ദ്ദിച്ചു കൊള്ളും. ഉത്കടനും ക്രുദ്ധനുമായ ജാംബവതീ സുതനെ യുദ്ധത്തില്‍ നേരിടാന്‍ ആര്‍ക്കു കഴിയും ? ബാലനായി രിക്കുമ്പോള്‍ തന്നെ ശംബരനെന്ന ദൈത്യന്റെ സൈന്യത്തെ ഒറ്റയ്ക്കു ചതച്ചു വിട്ടവനാണവന്‍. ഉരുണ്ട തുടകളും, തടിച്ചുനീണ്ട കൈകളുമുള്ള "അശ്വചക്ര"നെ ഒറ്റയ്ക്കു യുദ്ധത്തില്‍ കൊന്ന വീരനാണ് സാംബന്‍. രഥത്തില്‍ കയറിയ ആ മഹാരഥനായ സാംബന്റെ നേര്‍ക്ക് യുദ്ധത്തിന് ധൈര്യപ്പെടുന്നവനായി ആരുണ്ട്? അന്തകന്റെ ( മരണമടുത്ത കാലത്തിന്റെ ) കൈയില്‍പ്പെട്ട മനുഷ്യന്റെ കഥ പോലെയാണ് സാംബനോട് അടുക്കുന്നവന്റെ ഗതി. അവന്റെ കൈയില്‍പ്പെട്ട ആരാണ് പിന്നെ ജീവനും കൊണ്ടു മടങ്ങുക?
മഹാരഥന്മാരായ ഭീഷ്മനും, ദ്രോണനും, സോമദത്തനും, പുത്രന്മാരും, സര്‍വ്വ സൈന്യങ്ങളും, ഈ വാസുദേവ പുത്രന്റെ അസ്ത്രമാകുന്ന വലിയ തീയില്‍ തീര്‍ച്ചയായും നശിച്ചുപോകും. ദേവന്മാരുടെ ലോകമടക്കം ഈ മൂന്നു ലോകങ്ങളിൽ ഉള്ളവരൊക്കെ ചേര്‍ന്നാലും കൃഷ്ണന്‍ ഉത്തമാസ്ത്രങ്ങളും ചക്രായുധവുമായി അപ്രതിമനായി യുദ്ധം ചെയ്യുമ്പോള്‍ തടുക്കാന്‍ കഴിയുമോ? അവന് ഇവയെല്ലാം കൂടിയാലും, തുല്യമാകുകയില്ല. അനിരുദ്ധന്‍ വാളും ഉറയുമേന്തി ധാര്‍ത്തരാഷ്ട്രന്മാരുടെ കഴുത്തറുത്ത് ഈ ഭൂമി നിറയ്ക്കട്ടെ. കഴുത്തറ്റു പ്രജ്ഞയില്ലാത്ത അവര്‍, അദ്ധ്വരങ്ങളില്‍ വേദി കുശകളാല്‍ എന്ന പോലെ ഭൂമിയെ കീര്‍ണ്ണമാക്കട്ടെ. ഗദന്‍, ഉല്‍മുകന്‍, ബാഹുകന്‍, ഭാനു, നിഥന്‍, കുമാരനും ശൂരനുമായ നിശഠന്‍, രണോത്കടന്മാരായ സാരണ ചാരുദേഷ്ണന്മാര്‍ എന്നിവര്‍ കുലോചിതമായ വിധം ശത്രുസംഹാരം നടത്തി കൊള്ളട്ടെ. വൃഷ്ണിഭോജാ ന്ധകന്മാരിലെ രണശൂരന്മാരുടെ കൂടെ സാത്വത ശൂരന്മാരുടെ സേന യുദ്ധത്തില്‍ ധൃതരാഷ്ട്ര പുത്രന്മാരെ ഒക്കെ കൊന്നൊടുക്കി ഈ ലോകത്തില്‍ അവരുടെ യശസ്സ് വര്‍ദ്ധിപ്പിക്കട്ടെ. പിന്നീട് ധര്‍മ്മിഷ്ഠരില്‍ വരിഷ്ഠനായ യുധിഷ്ഠിരന്‍, ആ കുരുസത്തമന്‍ ചൂതില്‍ വെച്ച് ഏറ്റതായ വ്രതം ചെയ്തു തീര്‍ക്കുന്നതു വരെ രാജ്യം അഭിമന്യു പാലിക്കട്ടെ. പിന്നീടു നാം എയ്ത അമ്പാല്‍ ശത്രുവര്‍ഗ്ഗം മുടിച്ച ഭൂമി ധര്‍മ്മരാജാവു മടങ്ങിവന്നു ഭരിക്കട്ടെ. അങ്ങനെ ഭൂമി ധാര്‍ത്തരാഷ്ട്രന്മാർ ഇല്ലാതെ, സൂതപുത്രന്‍ ഹതനായി തീരട്ടെ. ഇതാണ് യശസ്സിന് വേണ്ടി നാം ചെയ്യേണ്ട കാര്യം.
വാസുദേവന്‍ പറഞ്ഞു; ഹേ, മാധവാ! സത്യമാണ് നീ പറഞ്ഞത്. നിന്റെ വാക്കു ഞാന്‍ സ്വീകരിക്കുന്നു. എന്നാൽ അതില്‍ ഒരു വൈഷമ്യം കിടപ്പുണ്ട്. അതു നീ ഓര്‍ക്കുന്നില്ല. സ്വന്തം ഭുജത്താല്‍ ജയിക്കാത്ത ഭൂമി ഈ കൗരവര്‍ഷഭന്‍ ഇച്ഛിക്കുകയില്ല. കാമം, ഭയം, ലോഭം ഇവ കൊണ്ടൊന്നും യുധിഷ്ഠിരന്‍ സ്വധര്‍മ്മം കൈവെടിയുകയില്ല; അതുപോലെ അതിരഥന്മാരായ ഭീമാര്‍ജ്ജുനന്മാരും യമന്മാരും ദ്രുപദപുത്രിയായ ഈ കൃഷ്ണയും. യുദ്ധത്തില്‍ അതുല്യരും ഭൂമിയില്‍ അജയ്യരുമാണ് വൃകോദര ധനഞ്ജയന്മാര്‍. അവര്‍ക്കു പുറമേ അദ്ദേഹത്തെ സദാ അനുസരിക്കുകയും കാക്കുകയും ചെയ്യുന്ന രണ്ടു മാദ്രീ സുതന്മാരും ഉള്ളപ്പോള്‍ ഊഴി കാക്കാതിരിക്കാന്‍ എന്താണു ന്യായം? മഹാത്മാവായ പാഞ്ചാല രാജാവും, ചേദിരാജാവും കേകയ രാജാക്കന്മാരും നമ്മളും ഒത്ത് രണത്തില്‍ എതിര്‍ത്താല്‍ വൈരികള്‍ അപ്പോള്‍ തന്നെ അവസാനിക്കും.
യുധിഷ്ഠിരന്‍ പറഞ്ഞു: മാധവാ! നീ പറഞ്ഞത് അത്ഭുതമല്ല. എനിക്കു സത്യം രാജ്യത്തേക്കാള്‍ ഉപരി രക്ഷിക്കേണ്ടതായി തോന്നുന്നു. എന്നെ ശരിക്കും മനസ്സിലാക്കി യവനാണ് കൃഷ്‌ണന്‍. അപ്രകാരം തന്നെ ഞാന്‍ കൃഷ്ണനെയും ധരിച്ചിരിക്കുന്നു. ആ പുരുഷ ശ്രേഷ്ഠന്‍ വിക്രമത്തിന് കാലം എന്നാണോ കാണുന്നത്, അന്ന് ഹേ, മാധവാ! അങ്ങ് സുയോധനനെ വെല്ലും. ദാശാര്‍ഹ വീരന്മാര്‍ ഇന്നു തിരിച്ചു പൊയ്ക്കൊള്ളട്ടെ! നരലോകത്തിന് നാഥരായ അവരാണ് എന്റെ നാഥന്മാര്‍. അവരെ കാണാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്. അല്ലയോ വീരന്മാരേ, നിങ്ങള്‍ ധര്‍മ്മം തെറ്റിക്കാതെ നോക്കുവിന്‍. ഞാന്‍ നിങ്ങളെ വീണ്ടും സന്തോഷത്തോടെ ഒന്നിച്ചു കാണാമെന്നു പ്രതീക്ഷിക്കുന്നു.
വൈശമ്പായനന്‍ പറഞ്ഞു; ഇപ്രകാരം അവര്‍ തമ്മില്‍ പറഞ്ഞ് പരസ്പരം അഭിവാദ്യം ചെയ്ത് വയസ്സിന് മൂത്തവര്‍ താഴ്ന്നവരെ തഴുകി, പിന്നെ ആ യദുപ്രവീരന്മാര്‍ താന്താങ്ങളുടെ ഗൃഹങ്ങളിലേക്കു മടങ്ങി പോയി. പാണ്ഡവന്മാര്‍ തീര്‍ത്ഥാടനം തുടര്‍ന്നു. യുധിഷ്ഠിരന്‍ കൃഷ്ണനെ പിരിഞ്ഞ ശേഷം വിദര്‍ഭ രാജാവിനാല്‍ ഉണ്ടാക്കപ്പെട്ട പുണ്യസ്ഥലം സ്ഥിതി ചെയ്യുന്ന പുണ്യയായ പയോഷ്ണി നദിയിലേക്ക് ലോമശനോടും ഭ്രാതാക്കളോടും ഭൃത്യന്മാരോടും കൂടി പ്രവേശിച്ചു. സോമം ഇടകലര്‍ന്ന വെള്ളമുള്ള തീര്‍ത്ഥമാണ് പയോഷ്ണി. ആ തീര്‍ത്ഥത്തിന്റെ കരയില്‍ ചെന്ന് ആ മഹാത്മാവ് ദ്വിജന്മാരുടെ സ്തുതികള്‍ കേട്ട് അവിടെ പാര്‍ത്തു.
121. സുകന്യോപാഖ്യാനം - ലോമശന്‍ പറഞ്ഞു; ഈ പയോഷ്ണിയുടെ കരയില്‍ വെച്ചു പണ്ട് നൃഗരാജാവ് യാഗം ചെയ്തപ്പോള്‍ സോമം കൊണ്ട് പുരന്ദരനെ തര്‍പ്പിച്ചു എന്നു കേള്‍ക്കുന്നു. ഹേ, യുധിഷ്ഠിര! ഇന്ദ്രന്‍ അതില്‍ തൃപ്തനായി മോദിച്ചു ഇവിടെ ഇന്ദ്രനോടൊപ്പം ദേവന്മാരും, പ്രജാപതികളും ഭൂരിദക്ഷിണമായ ബഹുവിധ യജ്ഞങ്ങള്‍ ചെയ്ത ഇവിടെ വച്ച് ആ "മൂര്‍ത്തരയസ" രാജാവ് പ്രഭുവായ വജ്രധരനെ ഏഴ് അശ്വമേധത്തിലും സോമം കൊണ്ടു തര്‍പ്പണം ചെയ്തു. യജ്ഞങ്ങളില്‍ മണ്ണു കൊണ്ടും, മരം കൊണ്ടും യജ്ഞാവശ്യത്തിന് ഉണ്ടാക്കാറുള്ള കോപ്പുകളെല്ലാം ആ രാജാവ് സ്വര്‍ണ്ണം കൊണ്ടാണ് ഉണ്ടാക്കിയത്. യൂപം, ചഷാലം, ചമസം, താലം, സ്രുക് പാത്രം, സ്രുവം ഇവയെല്ലാം ഏഴു യാഗത്തിനും വേറെ വേറെ ഉണ്ടാക്കിയെന്നു കേള്‍ക്കുന്നു. ഓരോ യൂപത്തിന് മുകളിലും ഏഴേഴു ചഷാലങ്ങളും ഉണ്ടായിരുന്നു. അവന്റെ യജ്ഞ യൂപങ്ങള്‍ ഒക്കെയും പൊന്മയമായിരുന്നു. യുധിഷ്ഠിരാ, അവയെല്ലാം ദേവന്മാര്‍ തന്നെ ദേവേന്ദ്രനോടു കൂടി ഇറങ്ങി വന്നു നാട്ടി. ആ പൃഥ്വീപതിയായ ഗയന്റെ ആ ഏഴു മഹായജഞങ്ങളിലും സോമത്താല്‍ ഇന്ദ്രനും, ദക്ഷിണയാല്‍ ദ്വിജന്മാരും മദിച്ചു. ഈ ഭൂമിയിലെ മണല്‍ത്തരി പോലെയും, ആകാശത്തില്‍ നക്ഷത്രങ്ങള്‍ പോലെയും മഴ പെയ്യുമ്പോള്‍ വീഴുന്ന മഴത്തുള്ളി പോലെയും ആര്‍ക്കും എണ്ണുവാന്‍ സാധിക്കാത്ത വിധം അത്രയധികം ധനം ഗയന്‍ ദാനം ചെയ്തു. ആ ഏഴു യജ്ഞങ്ങളിലും സദസ്യര്‍ക്ക് ഇപ്പറഞ്ഞ മാതിരിയൊക്കെ ചെയ്തു. മറ്റെന്തും എണ്ണി തിട്ടപ്പെടുത്താം; പക്ഷേ, ആ ഉദാരനായ രാജാവ് ദാനംചെയ്ത ദക്ഷിണ കണക്കാക്കുവാന്‍പറ്റുകയില്ല. വിശ്വകര്‍മ്മാവ് സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സരസ്വതീ ദേവിയുടെ എണ്ണവും അസംഖ്യമായിരുന്നു. അവ നാനാദിക്കില്‍ നിന്നും വന്നെത്തുന്ന ബ്രാഹ്മണര്‍ക്കു നല്കി രാജാവ് അവരെ തൃപ്തരാക്കി. യജ്ഞം ചെയ്യുന്ന മഹാത്മാവായ ഗയന്റെ ചൈത്യം ( യാഗശാല ) ബ്രാഹ്മണരാല്‍ നിറയുകയാല്‍ ഭൂമിയില്‍ സ്ഥലം വേറെയില്ലാതായി. ഹേ, ഭാരത, ആ കര്‍മ്മം മൂലം അവന്‍ ഇന്ദ്രലോകം പ്രാപിച്ചു. പയോഷ്ണിയില്‍ സ്നാനം ചെയ്തവന്‍, ഗയന്‍ നേടിയ ലോകങ്ങളിലെല്ലാം ചെന്നെത്തും. അതുകൊണ്ട് മഹാരാജാവേ! നീ ഭ്രാതാക്കളോടു കൂടി ഇവിടെ സ്നാനം ചെയ്യുക: പാപങ്ങളൊക്കെ തീരും.
വൈശമ്പായനൻ തുടര്‍ന്നു: അനന്തരം ആ നരശ്രേഷ്ഠന്‍ സോദരന്മാരോടു കൂടി പയോഷ്ണിയില്‍ സ്നാനം ചെയ്തു. വൈഡുര്യ പര്‍വ്വതത്തിലും നര്‍മ്മദാ മഹാനദിയിലും ആ തേജസ്വി സോദരന്മാരോടു കൂടി ചെന്നു. അവരോടൊക്കെയും ഭഗവാന്‍ ലോമശ മഹർഷി നല്ല തിര്‍ത്ഥങ്ങളെ പറ്റിയും, പുണ്യക്ഷേത്രങ്ങളെ പറ്റിയും പറഞ്ഞു കൊടുത്തു. ഭ്രാതാക്കളോടു കൂടി യുധിഷ്ഠിരന്‍ യഥായോഗ്യം യഥാപ്രീതി രമണീയവും പുണൃവുമായ തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്തു. ആയിരക്കണക്കിനു ബ്രാഹ്മണര്‍ക്ക് ചെന്നേടത്തൊക്കെ വച്ച് വേണ്ടത്ര ധനം ദാനം ചെയ്തു.
ലോമശന്‍ പറഞ്ഞു: ഹേ, കൗന്തേയാ! ദേവന്മാരും പുണ്യശീലരായ രാജാക്കന്മാരും നേടുന്ന ലോകങ്ങളൊക്കെ ഈ വൈഡൂര്യ പര്‍വ്വതം കണ്ട് നര്‍മ്മദയില്‍ സ്നാനം ചെയ്താല്‍ സിദ്ധിക്കും. ഇത് (ഈ കാലഘട്ടം) ത്രേതാദ്വാപര യുഗങ്ങളുടെ സന്ധികാലമാണ്. ഇത്. ഏവര്‍ക്കും എല്ലാ പാപവും നീങ്ങിക്കിട്ടുന്ന കാലമാണ്. ഇതാ ശര്യാതി യജ്ഞം ചെയ്ത സ്ഥലം കാണുന്നു. സാക്ഷാല്‍ അശ്വികളോടു ചേര്‍ന്ന് ഇവിടെ വച്ച് കൗശികന്‍ സോമം കുടിച്ചു. ഇവിടെ വച്ച് ദേവേന്ദ്രന്റെ നേരെ മഹാതപസ്വിയായ ഭാര്‍ഗ്ഗവന്‍ കോപിച്ചു; പ്രഭുവായ വാസവനെ ച്യവനന്‍ സ്തംഭിപ്പിച്ചു; അവന്‍ രാജപുത്രിയായ സുകന്യയെ ഭാര്യയായി കൈക്കൊള്ളുകയും ചെയ്തു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, മുനേ! ഭഗവാന്‍ പാകശാസനനെ എങ്ങനെയാണ് ചൃവനന്‍ സ്തംഭിപ്പിച്ചത്? എന്തിനാണ് തപോനിധിയായ ഭാര്‍ഗ്ഗവന്‍ കോപിച്ചത്? ഹേ, ബ്രഹ്മന്‍! നാസതൃരെ എങ്ങനെ സോമപാനം ചെയ്യുന്നവരാക്കി? ഇതൊക്കെ ഉണ്ടായ വിധം ഭഗവാന്‍ എന്നോടു പറഞ്ഞാലും.
122. സുകന്യോപാഖ്യാനം - ലോമശന്‍ പറഞ്ഞു: മഹര്‍ഷിയായ ഭൃഗുവിന് ച്യവനന്‍ എന്നു പേരായ ഒരു പുത്രനുണ്ടായി. മഹാദ്യുതിയായ അവന്‍ ഈ സരസ്സിന്റെ സമീപത്തു തപസ്സു ചെയ്ത്, വീരമെന്ന യോഗം സ്വീകരിച്ചിരുന്നു. ആ തേജസ്വി തൂണു പോലെ ഒരേ സ്ഥാനത്തു തന്നെ, വളരെക്കാലം തപസ്സു ചെയ്ത് അങ്ങനെ നിശ്ചലനായി നിന്നു. ആ മുനിയുടെ ദേഹത്തില്‍ വള്ളി ചുറ്റിപ്പടര്‍ന്നു. മുനിയുടെ ചുറ്റും പുറ്റു വന്നുയര്‍ന്നു. മുനി ആകെ കൂടി ഒരു മണ്‍പുറ്റായി തീര്‍ന്നു. ആ പുറ്റിനുള്ളില്‍ ഇരുന്ന് മഹര്‍ഷി തപസ്സു ചെയ്തു. വളരെക്കാലം കഴിഞ്ഞിട്ടും ചിതല്‍ വന്നു പിടിച്ചു മൂടിയിട്ടും ധീമാനായ ആ മുനി കഠോരമായി തപസ്സു തുടരുക തന്നെയായിരുന്നു.
വളരെക്കാലത്തിന് ശേഷം ശര്യാതിയെന്ന രാജാവ് ഉത്തമമായ ഈ രമ്യസരസ്സില്‍ വിഹരിക്കുവാന്‍ വന്നു. ആ രാജാവിന് ഭാര്യമാരായി നാലായിരം സ്ത്രീകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് സുന്ദരമായ പുരികമുള്ള, "സുകന്യ" എന്നു പേരായി ഒരു പുത്രി മാത്രമേ ഉണ്ടായിരുന്നുള്ളു.
സുന്ദരിയായ അവള്‍ ദിവ്യാഭരണങ്ങള്‍ ചാര്‍ത്തി തോഴിമാരോടു കൂടി സഞ്ചരിച്ച് ആ ഭാര്‍ഗ്ഗവന്റെ പുറ്റുള്ള സ്ഥലത്തെത്തി. അവിടെ സുന്ദരമായ ദൃശ്യങ്ങള്‍ കണ്ടു കൊണ്ട് സഖിമാരോടു കൂടി പുമരങ്ങളുടെ ഉള്ളില്‍ കൂടി സഞ്ചരിച്ചു വിഹരിച്ചു കൊണ്ട് ആ വനത്തിനുള്ളില്‍ ചുറ്റിനടന്നു.
ചന്തവും യൗവനവും മദവും തള്ളലുമുള്ള അവള്‍ നാനാ വൃക്ഷങ്ങളുടെയും പൂത്തു നിൽക്കുന്ന ചില്ലകള്‍ ഒടിച്ചു. അവള്‍ ഒറ്റയ്ക്ക് ഒരിടത്ത് ഏകവസ്ത്രയായി ആഭരണ ഭൂഷിതയായി നടക്കുമ്പോള്‍ ധീമാനായ ഭാര്‍ഗ്ഗവന്‍ അവളെ നടക്കുന്ന മിന്നല്‍ പോലെ കണ്ടു. വിജനത്തില്‍ തേജസ്വിയായ അവന്‍ അവളെ കണ്ട് ആസക്തനായി. നേരിയ ശബ്ദമുള്ള ആ വിപ്രര്‍ഷി, തപോബലനായ ച്യവനന്‍, അവളോട് എന്തോ സംസാരിച്ചു. എന്നാൽ അവള്‍ ഒന്നും കേട്ടില്ല. അതിന് ശേഷം സുകന്യ പുറ്റിനടുത്തു ചെന്നു. ഭാര്‍ഗ്ഗവന്റെ കണ്ണുകള്‍ യദൃച്ഛയാ പുറ്റിനുള്ളില്‍ കണ്ടു. അവള്‍ ബുദ്ധി മോഹത്താലും, കൗതൂഹലത്താലും ഒരു മുള്ളെടുത്തു കുത്തി. ഇത് എന്തൊരു വസ്തുവാണ് എന്നു പറഞ്ഞ് കണ്ണുരണ്ടും കുത്തിത്തുളച്ചു.
ഉടനെ കഠിനമായ വേദന അനുഭവപ്പെട്ട മഹര്‍ഷി അവള്‍ കണ്ണില്‍ കുത്തിയപ്പോള്‍ സഹിക്കാതെ മഹാക്രുദ്ധനായി തീര്‍ന്നു. മഹര്‍ഷിയുടെ കോപം മൂലം ശര്യാതിയുടെ സൈന്യങ്ങള്‍ക്കു മലമൂത്രങ്ങള്‍ തടഞ്ഞു പോയി. മലമൂത്രം തടഞ്ഞു വിഷമത്തില്‍ പെട്ട തന്റെ സൈന്യത്തെ കണ്ടപ്പോള്‍ രാജാവ് അന്വേഷണം തുടങ്ങി.
ശര്യാതി പറഞ്ഞു; തപോനിത്യനും, മഹാവൃദ്ധനും, വിശേഷിച്ച് അതികോപിഷ്ഠനും, മഹാത്മാവുമായ ഭാര്‍ഗ്ഗവന് പിഴ ചെയ്തത് ആരാണ്? അറിവുണ്ടെങ്കിലും ഇല്ലെങ്കിലും വേഗം പറയണം.
ലോമശന്‍ പറഞ്ഞു. അവനോടു സൈന്യങ്ങള്‍ യാതൊരു കുറ്റവും ചെയ്തതായി അറിവില്ലെന്നു പറഞ്ഞു. എല്ലാ ഉപായങ്ങളും പ്രയോഗിച്ച് രാജാവു തന്നെ കണ്ടെത്തണമെന്നും അവര്‍പറഞ്ഞു. പിന്നെ രാജാവു തന്നെ സാമവും, ഔഗ്ര്യവും (ദണ്‍ഡം )പ്രയോഗിച്ചു നോക്കി. ബന്ധുക്കളോടു ചോദിച്ചു. ആരും അറിഞ്ഞില്ലെന്നു പറഞ്ഞു. വയര്‍ വിര്‍ത്ത് മലമൂത്രം പോകാതെ കഷ്ടത്തിലായി തന്റെ സൈന്യമെല്ലാം ദുഃഖിക്കുന്നതു കണ്ടും, ദുഃഖിക്കുന്ന അച്ഛനെ കണ്ടും സുകന്യ സമീപത്തു ചെന്ന് അച്ഛനോടു പറഞ്ഞു.
സുകന്യ പറഞ്ഞു: അച്ഛാ! ഒരു സംഭവമുണ്ടായി. ഞാന്‍ നടക്കുമ്പോള്‍ ഒരു പുറ്റു കണ്ടു. അതിന്റെ ഇടയില്‍ കൂടി എന്തോ മിന്നുന്നതായി കണ്ടു. മിന്നാമിനുങ്ങ് ആണെന്നു വിചാരിച്ച് ഞാന്‍ അതിനെ മുള്ളു കൊണ്ടു കുത്തി.
ലോമശന്‍ പറഞ്ഞു. മകള്‍ പറഞ്ഞതു കേട്ട് രാജാവ് ആ പുറ്റിന്റെ അരികില്‍ ചെന്നു. തപോവൃദ്ധനും, വയോവൃദ്ധനുമായ ഭാര്‍ഗ്ഗവനെ രാജാവു കണ്ടു. തന്റെ സൈന്യത്തിന്റെ ആപത്തു നീക്കി തരേണമെന്നു ശര്യാതി തൊഴുതു പ്രാര്‍ത്ഥിച്ചു.
ശര്യാതി പറഞ്ഞു: അറിയാതെ വിവരക്കേടു കൊണ്ട് എന്റെ ബാല ചെയ്ത അപരാധം ഭവാന്‍ പൊറുക്കണേ!
ഉടനെ ഭാര്‍ഗ്ഗവനായ ച്യവനന്‍ പറഞ്ഞു: അഹങ്കാരം മുറ്റിയ ഇവള്‍ എന്നെ അവമാനിച്ച് രണ്ടു കണ്ണിലും കുത്തി. രൂപൗദാര്യങ്ങളോടു കൂടിയ ഇവള്‍, ലോഭമോഹങ്ങളാലാണ് ഇതു ചെയ്തത്. എന്നാൽ രാജാവേ! ഭവാന്റെ മകളെ എനിക്കു ഭാര്യയായി തന്നാല്‍ ഞാന്‍ എല്ലാ അപരാധവും ക്ഷമിച്ചു കൊള്ളാം. ഞാന്‍ സത്യമാണ് ഈ പറഞ്ഞത്.
ലോമശന്‍ പറഞ്ഞു: ശര്യാതി ഇതു കേട്ടപ്പോള്‍ യാതൊരു ശങ്കയും മടിയും കാണിക്കാതെ തന്റെ മകളെ മഹാത്മാവായ ചൃവന മഹര്‍ഷിക്ക് ഉടനെ കൊടുത്തു. ആ കന്യകയെ സ്വീകരിച്ച് ഭഗവാന്‍ പ്രീതനായി. മഹര്‍ഷിയുടെ പ്രസാദം വാങ്ങി രാജാവ് സൈന്യങ്ങളോടു കൂടി പുരിയിലേക്കു തിരിച്ചു. തപസ്വിയായ ഭര്‍ത്താവിനെ കിട്ടിയ സുകന്യ തപോനിയമങ്ങള്‍ സ്വീകരിച്ച് ഭര്‍ത്താവിനെ പ്രീതിയോടെ നിത്യവും പരിചരിച്ചു വന്നു. അഗ്നിയേയും അതിഥികളേയും യാതൊരു അസൂയയും കൂടാതെ അവള്‍ ശുശ്രൂഷിച്ചു. ച്യവനനെ ആ ശുഭാനനയായ സുകന്യ ആരാധിച്ചു ജീവിച്ചു പോന്നു.
123. സുകന്യോപാഖ്യാനം - ലോമശന്‍ കഥ തുടര്‍ന്നു: കുറേനാള്‍ കഴിഞ്ഞപ്പോള്‍ അശ്വിനീ ദേവകള്‍ സുകന്യയെ കണ്ടു. അവള്‍ കുളിച്ചു നഗ്നയായി നിൽക്കുന്ന സമയത്താണു കണ്ടത്. ദേവരാജ പുത്രിക്കു തുല്യമായ അഴകുള്ള അവളെ കണ്ടയുടനെ നാസത്യരായ (മൂക്കില്‍ നിന്നു ജനിച്ച) അശ്വിനീ ദേവന്മാര്‍ അവളുടെ സമീപത്തേക്കു ചെന്ന് ഇപ്രകാരം പറഞ്ഞു.
അശ്വിനി ദേവകള്‍ പറഞ്ഞു: എടോ, സുന്ദരീ! നീ ആരുടെയാണ്? ഈ കാട്ടില്‍ നീ എന്താണു ചെയുന്നത്? ഭദ്രേ! നിന്റെ വൃത്താന്തം അറിയുവാന്‍ ഞങ്ങള്‍ക്കു മോഹമുണ്ട്. ശോഭനേ, സത്യം പറഞ്ഞാലും
ലോമശന്‍ പറഞ്ഞു: അപ്പോള്‍ സുകന്യ അവരുടെ മുമ്പില്‍ നാണിച്ചു നിന്നു കൊണ്ട് പറഞ്ഞു.
സുകന്യ പറഞ്ഞു; ഞാന്‍ ശര്യാതി രാജാവിന്റെ പുത്രിയാണ്. ച്യവനന്റെ ഭാര്യയാണ്.
ലോമശന്‍ പറഞ്ഞു; അവള്‍ പറഞ്ഞതു കേട്ട് ദേവകള്‍ കളിയാക്കി ചിരിച്ചു. അവര്‍ അവളോടു പറഞ്ഞു.
അശ്വിനീ ദേവകള്‍ പറഞ്ഞു: എടോ, കല്യാണീ! നിന്നെ നിന്റെ അച്ഛനെന്താണ് ഈ കിഴവന് പിടിച്ചു കൊടുത്തത്? ഹേ, ഭീരു! നീ മിന്നല്‍ക്കൊടി പോലെ ഈ കാട്ടില്‍ ശോഭിക്കുന്നല്ലോ. നിന്നെപ്പോലെ കാണുവാന്‍ ചന്തമുള്ള ഒരു പെണ്‍കിടാവ് ദേവലോകത്തു കൂടിയില്ല, ആഭരണങ്ങൾ ഒന്നുമില്ലാതെ, നല്ല വസ്ത്രങ്ങള്‍ ധരിക്കാതെ അനലംകൃതയായിട്ടു കൂടി ഈ കാടിനെ പോലും നീ ശുഭേ! ശോഭിപ്പിക്കുന്നു. എല്ലാ ഭൂഷണങ്ങളും ചാര്‍ത്തി നല്ല വസ്ത്രം ഉടുക്കുന്നതായാല്‍ നീ എന്തുമാത്രം ശോഭിക്കുമായിരുന്നു, ചേറണിഞ്ഞ നീ ഉമ്മട്ടു ശോഭിക്കുമ്പോള്‍! ഇത്തരത്തില്‍ സര്‍വ്വാനവദ്യാംഗിയായ നീ ജരാനരകള്‍ ബാധിച്ച നിന്റെ ഭര്‍ത്താവിനെ സേവിക്കുന്നുവല്ലോ. രക്ഷിക്കുവാന്‍ അസമര്‍ത്ഥനും, കാമഭോഗ ബഹിഷ്കൃതനുമായ ച്യവന മഹര്‍ഷിയെ എടോ, ശുചിസ്മിതേ! നീ ഉപേക്ഷിക്കൂ. ഞങ്ങളില്‍ ഒരുത്തനെ നീ സ്വീകരിക്കുക. ദേവഗര്‍ഭാഭേ, നീ നിന്റെ യൗവനം പാഴാക്കേണ്ട.
ലോമശന്‍ പറഞ്ഞു: ഇങ്ങനെ ആ ദേവന്മാര്‍ പറഞ്ഞതു കേട്ട് സുകന്യ ഇപ്രകാരം പറഞ്ഞു.
സുകന്യ പറഞ്ഞു: പതിയായ ചൃവനനില്‍ ഭക്തയാണ് ഞാന്‍. മറ്റു വിധത്തില്‍ ചിന്തിച്ച് നിങ്ങൾ എന്നെപ്പറ്റി ശങ്കിക്കരുത്.
അശ്വിനീദേവകള്‍ അവളോടു പറഞ്ഞു: ഹേ, സുമുഖീ! ഞങ്ങള്‍ ദേവ വൈദ്യന്മാരാണ്. നിന്റെ പതിയെ ഞങ്ങള്‍ യുവാവും രൂപയൗവന സമ്പന്നനും ആക്കിത്തരാം. പിന്നെ അദ്ദേഹവും ഞങ്ങളും നിൽക്കാം. ഇതില്‍ ഒരാളെ നീ സ്വീകരിക്കണം. ഈ കരാറു പ്രകാരം നീ നിന്റെ ഭര്‍ത്താവിനെ വരുത്തുക.
ലോമശന്‍ പറഞ്ഞു: അശ്ചിനീ ദേവകള്‍ പറഞ്ഞത് അനുസരിച്ച് അവള്‍ ഭര്‍ത്താവിന്റെ സമീപത്തു ചെന്ന് അവര്‍ പറഞ്ഞതെല്ലാം അറിയിച്ചു. എല്ലാം കേട്ട് ച്യവനന്‍ പറഞ്ഞു, ആകട്ടെ, അവര്‍ പറഞ്ഞ പ്രകാരം ചെയ്തു കൊള്ളുക എന്ന്.
കരാറനുസരിച്ച് ദേവന്മാര്‍ പറഞ്ഞു: എടോ, ഭദ്രേ! നിന്റെ ഭര്‍ത്താവ് ഈ വെള്ളത്തിലിറങ്ങി മുങ്ങട്ടെ എന്ന്! രൂപാര്‍ത്ഥിയായ ച്യവനന്‍ ഉടനെ അവര്‍ കാണിച്ചു കൊടുത്ത ജലത്തില്‍ ചാടി മുങ്ങി. അശ്വിനികളും അപ്പോള്‍ ആ സരസ്സില്‍ മുങ്ങി. മുഹൂര്‍ത്ത സമയം കഴിഞ്ഞ് എല്ലാവരും സരസ്സില്‍ നിന്നു പൊങ്ങി. അത്ഭുതം! എല്ലാവരും ദിവ്യരൂപന്മാര്‍! യുവാക്കള്‍! ഭംഗിയേറിയ കുണ്ഡ ലം അണിഞ്ഞവര്‍! തുല്യവേഷം ധരിച്ചവര്‍! മനസ്സിന് സന്തോഷം വളര്‍ത്തുന്നവര്‍! അവരെല്ലാവരും ഒപ്പം പറഞ്ഞു;
ശുഭേ! നിനക്കീ ഞങ്ങളില്‍ ഇഷ്ടപ്പെട്ട ഒരാളെ ഭര്‍ത്താവായി നീ സ്വീകരിക്കുക. ഹേ, വരവര്‍ണ്ണിനീ! നിനക്ക് ഏതവനില്‍ കാമമുണ്ടോ അവനെ നീ വരിക്കുക!
ഒരുപോലെ സുന്ദരരായ അവരെ കണ്ടപ്പോള്‍ അവള്‍ മനസ്സു കൊണ്ടു ചിന്തിച്ച് ബുദ്ധിപൂര്‍വ്വം സ്വന്തം പതിയെ മനസ്സിലാക്കി, അവനെ തന്നെ വരിച്ചു. രൂപസമ്പത്തും, യുവത്വവും ഇങ്ങനെ ച്യവനന്‍ നേടി. തന്റെ ഭാരൃയേയും നേടി. സന്തോഷത്തോടെ മഹര്‍ഷി നാസത്യന്മാരോടു പറഞ്ഞു.
ച്യവനന്‍ പറഞ്ഞു: രൂപ യൗവന സമ്പത്ത് ഈ വിധം നിങ്ങള്‍ വൃദ്ധനായ എനിക്കു നല്കി. നിങ്ങള്‍ വലിയ ഉപകാരമാണ് എനിക്കു ചെയ്തു തന്നത്. വൃദ്ധനായ ഞാന്‍ എന്റെ ഭാര്യയേയും നേടി. നിങ്ങളില്‍ ഞാന്‍ പ്രീതനായി. എന്റെ പ്രസാദത്താല്‍ ഞാന്‍ നിങ്ങളെ സോമപാനം ചെയ്യുന്നവരാക്കാം. ദേവരാജന്റെ മുമ്പില്‍ വെച്ചു ഞാന്‍ നിങ്ങളെ സോമപാനം ചെയ്യിക്കാം. ഈ പറഞ്ഞതു സത്യമാണ്!
ലോമശന്‍ പറഞ്ഞു: ഇതു കേട്ടു സന്തോഷിച്ച് അവര്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി. ദേവന്മാരെ പോലെ ചൃവനനും സുകന്യയോടു കൂടി സസുഖം വസിച്ചു.
124. സുകന്യോപാഖ്യാനം - ലോമശന്‍ കഥ തുടര്‍ന്നു: ച്യവനനെ യുവാവാക്കിയെന്ന് കേട്ട് ശര്യാതി രാജാവ് സന്തുഷ്ടനായി സൈന്യത്തോടു കൂടി ഭാര്‍ഗ്ഗവ ആശ്രമത്തിൽ എത്തി. ദേവന്മാരുടെ മക്കളെ പോലെ സുകന്യയേയും ച്യവനനേയും കണ്ടു. ഭൂമിയൊക്കെ നേടിയ മട്ടില്‍ സംപ്രീതനായ രാജാവും ഭാര്യയും സന്തോഷിച്ചു. ആ ഋഷി ഭാര്യയോടു കൂടി രാജാവിനെ സൽക്കരിച്ചു; രാജാവ് അടുത്തിരുന്ന് അവരോടു നല്ല വാക്കുകള്‍ പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. രാജാവിനോട് ഭാര്‍ഗ്ഗവന്‍ ഇപ്രകാരം പറഞ്ഞു.
ച്യവനന്‍ പറഞ്ഞു: ഹേ, രാജാവേ! ഭവാനെ ഞാന്‍ യജിപ്പിക്കാം. വേണ്ട യാഗവസ്തുക്കള്‍ ഒരുക്കുക.
ലോമശന്‍ പറഞ്ഞു: ശര്യാതി സന്തോഷത്തോടു കൂടി ച്യവനന്‍ പറഞ്ഞ വാക്കിനെ ബഹുമാനത്തോടെ സ്വീകരിച്ചു. യജ്ഞത്തിന് പറ്റിയ സുദിനത്തില്‍ സര്‍വ്വകാമ സമൃദ്ധമായി രാജാവ് യാഗശാല ഗംഭീരമായി നിര്‍മ്മിച്ചു. അവിടെ വച്ച് ച്യവനന്‍ രാജാവിനെ യജിപ്പിച്ചു. അതില്‍ ചില അത്ഭുതങ്ങള്‍ ഉണ്ടായത് ഞാന്‍ പറയാം; കേള്‍ക്കുക. സോമം കൈയിലെടുത്ത് അശ്വിനി ദേവകള്‍ക്ക് ചൃവനന്‍ ഭാഗിച്ചു കൊടുക്കുമ്പോള്‍ ഇന്ദ്രന്‍ അതു തടഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു; ഇവര്‍ നാസത്യരാണ്. ഇവര്‍ സോമപാനത്തിന് അര്‍ഹരല്ലെന്നാണ് എന്റെ മതം. ഇവര്‍ സ്വര്‍ഗ്ഗത്തില്‍ ദേവന്മാര്‍ക്കു വൈദ്യന്മാരാണ്. അതു കൊണ്ട് ഇവര്‍ യോഗ്യതയില്‍ താണവരാണ്.
ച്യവനന്‍ പറഞ്ഞു: ഇവര്‍ മഹോത്സാഹരാണ്. മഹാത്മാക്കളാണ്. മഹാസുന്ദരന്മാരാണ്. ഹേ. ഇന്ദ്ര! ഇവര്‍ എന്നെ ഒരു ദേവനെ പോലെ ജരയില്ലാത്തവൻ ആക്കിത്തീര്‍ത്തു. അങ്ങേക്കും, മറ്റു ദേവന്മാര്‍ക്കും ഉള്ള സോമപാനത്തിനുള്ള യോഗ്യത എന്തുകൊണ്ട് ഇവര്‍ക്കില്ലാ? ഹേ, പുരന്ദരാ! അശ്വിനീ ദേവകളും ദേവന്മാര്‍ തന്നെയാണ്.
ഇന്ദ്രന്‍ പറഞ്ഞു: ചികിത്സ ചെയ്യുന്ന ഇവര്‍ വെറും വേലക്കാരാണ്. ഇവര്‍ കാമരൂപികളായി മനുഷ്യ ലോകത്തില്‍ സഞ്ചരിക്കുന്നവരാണ്. ഇവര്‍ എങ്ങനെ ദേവന്മാരാകും?
ലോമശന്‍ കഥ തുടര്‍ന്നു: ഈ വാക്കു വീണ്ടും വീണ്ടും ദേവരാജാവു പറയവേ ഇന്ദ്രനെ വക വെക്കാതെ ഭാര്‍ഗ്ഗവന്‍ ഭാഗം കൈക്കൊണ്ട് ഉത്തമമായ സോമം അശ്വിനികള്‍ക്കായി എടുക്കുവാന്‍ മുതിര്‍ന്നു. അപ്പോള്‍ വലഭിത്തായ ദേവേന്ദ്രന്‍ ഇതു കണ്ട് ഭാര്‍ഗ്ഗവനോട് ഇപ്രകാരം സഗൗരവം പറഞ്ഞു: "ഇവര്‍ക്കു വേണ്ടി സോമത്തെ ഭവാന്‍ എടുക്കുന്നതായാല്‍ ഞാന്‍ നിന്റെ മേല്‍ ഘോര രൂപമുള്ളതും അനുത്തമവുമായ വജ്രം പ്രയോഗിക്കും", എന്ന് ഇന്ദ്രന്‍ ശുണ്ഠിയെടുത്തു പറഞ്ഞപ്പോള്‍ ഭാര്‍ഗ്ഗവന്‍ പുഞ്ചിരി തൂകി. സോമം അശ്വിനീ ദേവന്മാര്‍ക്കു നല്കുവാന്‍ കൈയിലെടുത്തു. അപ്പോള്‍ ശചീപതി അവന്റെ നേര്‍ക്ക് ഘോരമായ വജ്രം പ്രഹരിക്കുവാന്‍ വീശി. വീശുവാന്‍ കൈ ഉയര്‍ത്തിയ ഉടനെ അവന്റെ കൈ ഭാര്‍ഗ്ഗവന്‍ സ്തംഭിപ്പിച്ചു. ച്യവനന്‍ ഇങ്ങനെ ഇന്ദ്രനെ സ്തംഭിപ്പിച്ച് മന്ത്രം ജപിച്ച് അശ്വിനീ ദേവന്മാര്‍ക്കു വേണ്ടി യാഗാഗ്നിയില്‍ സോമം ഹോമിച്ചു. തന്റെ ഉദ്ദേശ്യം നടത്തിയ ച്യവനന്‍ ദേവഹിംസയ്ക്കായി തപോബലം കൊണ്ട് മദന്‍ എന്ന മഹാകൂറ്റനും, മഹാവീര്യവാനുമായ മഹാസുരനെ സൃഷ്ടിച്ചു. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും മദന്റെ ദേഹം ഇന്ന വിധമാണെന്നു പറയുവാന്‍ പ്രയാസമാണ്. കൂര്‍ത്ത ദംഷ്ട്രങ്ങളോടു കൂടി ഘോരവും ഉഗ്രവുമാണ് അവന്റെ വലിയ മുഖം. അവന്റെ താടി ഒന്നു ഭൂമിയിലും, മറ്റൊന്ന് ആകാശത്തുമാണ്. നൂറു യോജന നീളത്തിലായി ദംഷ്ട്രങ്ങള്‍ നാലെണ്ണമുണ്ട്, മറ്റു പല്ലുകളൊക്കെ പത്തു യോജന നീണ്ടതാണ്. പ്രാസാദ ശിഖരം പോലെ നീണ്ട പല്ലിന്റെ അഗ്രം കൂര്‍ത്ത് ശൂലത്തിന്റെ മുന പോലെയാണ്. കൈകള്‍ പര്‍വ്വതം പോലെ പതിനായിരം യോജന നീണ്ടതാണ്. കണ്ണുകള്‍ സൂര്യച്രന്ദന്മാര്‍ക്കു തുല്യങ്ങളാണ്. വായ് കാലാഗ്നി സന്നിഭമാണ്. മിന്നല്‍ പോലെയുള്ള നാവുകൊണ്ട് വക്ത്രത്തെ നക്കി ഉഗ്രദൃക്കായി വായ് തുറന്ന് വിശ്വം മുഴുവന്‍ വിഴുങ്ങുവാന്‍ പോകുന്ന പോലെ ആ മഹാഭൂതം നിന്നു. അവന്‍ ശതക്രതുവായ ദേവേന്ദ്രനെ തിന്നുവാന്‍ കോപത്തോടെ പാഞ്ഞെത്തി. ഘോരമായ വലിയ രൂപത്തോടു കൂടിയ അവന്‍ ലോകം മുഴക്കുന്ന വിധം ഭയങ്കരമായി അട്ടഹസിച്ചു.
125. സുകന്യോപാഖ്യാനം - ലോമശൻ കഥ തുടര്‍ന്നു: ഘോര വദനനായ ആ മദന്‍, ശതക്രതുവായ ദേവനെ വായ് തുറന്ന് അന്തകനെ പോലെ വിഴുങ്ങുവാന്‍ പാഞ്ഞടുത്തു. ഭുജം സ്തംഭിച്ച ഇന്ദ്രന്‍ വീണ്ടും വീണ്ടും ചിറി നക്കി നനച്ച് ഭയപീഡിതനായി ച്യവനനോടു പറഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു: ഭാര്‍ഗ്ഗവാ! ഇന്നുതൊട്ട് അശ്വിനീ ദേവന്മാര്‍ സോമാര്‍ഹരാണ്. ഈ വാക്കു സത്യമാണ്. വിപ്രാ! നീ എന്നില്‍ പ്രസാദിച്ചാലും! ഭവാന്റെ സമാരംഭം ഒരിക്കലും മിഥ്യയായി വരികയില്ല എന്നെനിക്കു നന്നായി അറിയാം. ഹേ, വിപ്രർഷേ! ഞാന്‍ ഭവാന്റെ വീര്യം അറിയുന്നുണ്ട്. പാഴായി ഭവാന്‍ ഒന്നും ചെയ്യുകയില്ല. ഇന്ന് അശ്വിനികള്‍ക്ക് സോമാര്‍ഹത്വം ഭവാന്‍ നല്കി. ഞാന്‍ ഇപ്രകാരം പെരുമാറിയത് ലോകം നിന്റെ വീര്യം വേണ്ട വിധം മനസ്സിലാക്കാന്‍ ഇടവരട്ടെ എന്നു കരുതിയാണ്. ഈ സുകന്യയുടെ പിതാവിന്റെ പേര് എല്ലായിടത്തും പരക്കണം. ഇതു മാത്രമായിരുന്നു എന്റെ ഉന്നം. ഞാന്‍ നിന്റെ വീര്യം പ്രകാശിപ്പിക്കുവാന്‍ അവസരം ഉണ്ടാക്കിയതാണ്. അതു കൊണ്ട് എന്നില്‍ നീ പ്രസാദിക്കുക. നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ!
ഇപ്രകാരം ശക്രന്‍ പറഞ്ഞപ്പോള്‍ മഹാത്മാവായ ഭാര്‍ഗ്ഗവന്റെ കോപം അടങ്ങി. പുരന്ദരനെ വിട്ടയച്ചു. വീര്യവാനായ ഭാര്‍ഗ്ഗവന്‍ മദനെ മറ്റൊരു രൂപത്തിലാക്കി, മദമാക്കി ഭാഗിച്ചു. അവ പലതിലുമാക്കി വെച്ചു. മദം മദ്യത്തിലും, സ്ത്രീയിലും, ചൂതിലും, നായാട്ടിലും ആക്കി വെച്ചു. മുമ്പേ പലപ്പോഴും സൃഷ്ടിച്ച മദത്തെ ഇപ്രകാരമാക്കി തീര്‍ത്തു. ഇങ്ങനെ മദനെ വെടിഞ്ഞ് സോമത്താല്‍ തര്‍പ്പിച്ച് ഇന്ദ്രനെ തൃപ്തനാക്കി. ഇപ്രകാരം അശ്വിനികളടക്കം സര്‍വ്വ ദേവന്മാരേയും യജിക്കുന്നതില്‍ ശര്യാതിയെ സഹായിച്ച ശേഷം, ലോകത്തില്‍ മുഴുവന്‍ തന്റെ ശക്തിയെ വിഖ്യാതമാക്കിയ ശേഷം, ചൃവനന്‍ കാട്ടിലേക്കു മടങ്ങി. പിന്നെ സുകന്യയോടു കൂടി ആ കാട്ടില്‍ ആ മുനി രമിച്ചു. പക്ഷിക്കൂട്ടങ്ങളുടെ കോലാഹലത്താല്‍ പ്രകാശിക്കുന്ന ഇക്കാണുന്ന സരസ്സ് അവന്റെയാണ്. ഇതില്‍ ഭവാന്‍ സോദരന്മാരോടു കൂടി സ്നാനം ചെയ്ത് പിതൃദേവ തര്‍പ്പണം ചെയ്യുക. ഇതു കണ്ടതിന് ശേഷം "സികതാക്ഷ"വും, പിന്നീട് സൈന്ധവാരണ്യത്തില്‍ ചെന്ന് അവിടെയുള്ള കുല്യകളും കണ്ടു കൊള്ളുക. എല്ലാ പുഷ്കരങ്ങളിലും ഇറങ്ങി തീര്‍ത്ഥസ്നാനം കഴിക്കണം; അപ്പോഴെല്ലാം സ്ഥാണുമന്ത്രം ജപിച്ചു സിദ്ധി നേടുക.
ത്രേതാ ദ്വാപര യുഗത്തിന്റെ മേളനം ഇതാണ്. ഇത് (ഈ കാലഘട്ടം) സര്‍വ്വപാപ വിനാശകമാണ്. എല്ലാ പാപങ്ങളെയും തീര്‍ക്കുന്ന ഈ കാലത്ത് തീര്‍ത്ഥങ്ങളിലെല്ലാം സ്നാനം ചെയ്യുക. മനീഷികള്‍ നിവസിക്കുന്ന ആര്‍ച്ചിക പര്‍വ്വതം എന്നും ഫലങ്ങളും അരുവികളും നല്ല കാറ്റും ഉള്ള ഉത്തമ സ്ഥലമാണ്. ഇതു ദേവന്മാരുടെ പലതരം ചൈത്യങ്ങള്‍ നിറഞ്ഞതാണ്. അവര്‍ക്ക് ഇഷ്ടപ്പെട്ടതാണ് ഈ സ്ഥലം. ഋഷികള്‍ ഉപാസിക്കുന്ന ചന്ദ്രതീര്‍ത്ഥം ഇതാ കാണുന്നു. കാട്ടില്‍ താമസിക്കുന്ന മുനികളും ബാലഖില്യന്മാരും വായു ഭക്ഷകരായ പാവകന്മാരും ഈ തീര്‍ത്ഥത്തെ ഉപാസിക്കുന്നുണ്ട്.
ഇതാ മുന്നു പുണ്യ ശ്യംഗങ്ങളും മുന്നു പുണ്യ പ്രസവണങ്ങളും കാണുന്നു. എല്ലാറ്റിലും ചെന്നു പ്രദക്ഷിണം വെച്ച് യഥേഷ്ടം തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്യുക. ഇവിടെ ശന്തനുവും, നരാധിപനായ ശുനകനും. നരനാരായണന്മാരും സനാതനസ്ഥാനം പ്രാപിച്ചു. ഇവിടെ നിത്യവും ദേവകളും പിതൃക്കളും മഹര്‍ഷികളും ശയിക്കുന്നു. ആര്‍ച്ചിക പര്‍വ്വതത്തില്‍ അവരെല്ലാം തപസ്സു ചെയ്തു. ഹേ, യുധിഷ്ഠിരാ, അവരെ യജിക്കുക. ഇവിടെയാണ് അവരും ഋഷികളും "ചരു" ഭുജിച്ചത്.
കൃഷ്ണന്‍ തപസ്സുചെയ്ത അക്ഷയ സ്രോതസ്സായ യമുന ഇവിടെയാണ്. ഹേ, പാണ്ഡവാ യമന്മാരും, ഭീമനും, കൃഷ്ണയും ഞങ്ങളെല്ലാവരും അങ്ങയോടു കൂടി അങ്ങോട്ടു പോകാം. ഇവിടെയുള്ള ഈ പുണ്യമായ പ്രസവണം ഇന്ദ്രന്റെയാണ്. ഈ തീര്‍ത്ഥത്തില്‍ ധാതാവും വിധാതാവും വരുണനും ഉയര്‍ന്നു വന്നു. രാജാവേ! ഇവിടെ ക്ഷാന്തരും പരമ ധര്‍മ്മിഷ്ഠരുമായി അവര്‍ നിവസിക്കുകയും ചെയ്തു. ഋജു ബുദ്ധികളും മ്രൈതിയുള്ളവരും ആയവര്‍ക്കുള്ളതാണ് ഈ ശുഭപര്‍വ്വതം. ഇതാണ് മഹര്‍ഷി ഗണ സേവിതയായ ആ യമുന. നാനാ യജഞങ്ങള്‍ ചെയ്യപ്പെടുന്ന പാപഭയ വിനാശിനിയായ പുണ്യ നദിയാണിത്. ഇവിടെ മാന്ധാതാവ് എന്ന രാജാവ് യജ്ഞം ചെയ്തു. ഹേ, പാര്‍ത്ഥ! അതുപോലെ പണ്ടു സഹദേവ പുത്രനും ദാനശീലനുമായ "സോമക"നെന്ന രാജാവും ഇവിടെ തന്നെയാണ് യജ്ഞം ചെയ്തത്.
126. മാന്ധാതോപാഖ്യാനം - മാന്ധാതാവിന്റെ ഉല്പത്തി - യുധിഷ്ഠിരന്‍ പറഞ്ഞു; മൂന്നു ലോകത്തിലും പേരു കേട്ട രാജശാര്‍ദ്ദൂലനും യുവനാശ്വ പുത്രനുമായ, മാന്ധാതാവ്, എങ്ങനെയാണ് ഉത്ഭവിച്ചത് ഈ മൂന്നു ലോകങ്ങളും മഹാത്മാവായ വിഷ്ണുവിന്റെ അധീനത്തിലായ പോലെ എങ്ങനെ ആ അമിത ദ്യുതിയുടെ കീഴിലായി? ആ ധീമാന്റെ ചരിത്രം കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്. എങ്ങനെയാണ് മാന്ധാതാവ് എന്ന പേര്‍ ശക്രതുല്യ പരാക്രമനായ അവനുണ്ടായത്? എല്ലാം വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ വീരന്‍ എങ്ങനെ ജനിച്ചു? പറയൂ, ഭവാന്‍ സംഭാഷണ കുശലനാണല്ലോ.
ലോമശന്‍ പറഞ്ഞു: മാന്ധാതാവ് എന്ന് ആ മഹാത്മാവായ രാജാവിന് പേരുണ്ടാകുവാനുള്ള കാരണം ആദ്യം പറയാം. ഭവാന്‍ മനസ്സിരുത്തി കേട്ടാലും. ഇക്ഷ്വാകു വംശത്തില്‍ യുവനാശ്വന്‍ (സൗദ്യുമ്നി) എന്നഒരു രാജാവുണ്ടായിരുന്നു. ഭൂരിദക്ഷിണമായ യജ്ഞങ്ങള്‍ ആ രാജാവു കഴിച്ചു. ആയിരം അശ്വമേധങ്ങള്‍ ആ ധാര്‍മ്മികന്‍ ചെയ്തു. അനേകം ദക്ഷിണയോടെ മറ്റു പല മുഖ്യമായ യാഗങ്ങളും ചെയ്തു. സന്താനമില്ലാത്ത ദുഃഖത്താല്‍ ആ രാജാവ് രാജ്യഭാരം മന്ത്രിമാരെ ഏല്പിച്ചു കാട്ടില്‍ പോയി, ശാസ്ത്രവിധി പ്രകാരം ആത്മയോഗം എടുത്തു.
ഒരു ദിവസം ആ രാജാവ് ഉപവാസത്താല്‍ വിഷമിച്ചു കുഴങ്ങുമ്പോള്‍ ദാഹിച്ച് ശുഷ്കഹൃദയനായി ഭൃഗു മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു. ആ രാത്രി തന്നെ മഹാത്മാവായ ഭൃഗുപുത്രന്‍ സദ്യുമ്നിക്ക് (യുവനാശ്വൻ) ഒരു പുത്രനുണ്ടാകുവാന്‍ വേണ്ടി യാഗകര്‍മ്മം ചെയ്ത് മന്ത്രം ജപിച്ച് വീര്യം കലര്‍ത്തിയ വെള്ളം ഒരു കലശത്തിലാക്കി മുമ്പെ തന്നെ വെച്ചിട്ടുണ്ടായിരുന്നു. ആ ജലം കുടിച്ചാല്‍ ഉടനെ രാജ്ഞി ശക്രസമനായ പുത്രനെ പ്രസവിക്കും. ആ കലശം വേദിയിൽ വെച്ച് മഹര്‍ഷിമാര്‍ ക്ഷീണിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു. രാത്രി ഉറങ്ങാതെ പകല്‍ കിടന്നുറങ്ങുന്ന അവരുടെ മുമ്പില്‍ സൗദ്യുമ്നി (യുവനാശ്വ രാജാവ്) തൊണ്ടവറ്റി, ദാഹം വര്‍ദ്ധിച്ച്, ആ വെള്ളം ചോദിച്ചു. തളര്‍ന്നു തൊണ്ടവറ്റി മെല്ലെ വെള്ളം ചോദിക്കുന്ന രാജാവിന്റെ പക്ഷിസ്വരം പോലെയുള്ള ശബ്ദം അവര്‍ കേട്ടില്ല. രാജാവ് ഉടനെ വെള്ളം നിറച്ചു വെച്ചിരിക്കുന്ന കലശം കണ്ടു. കടന്നു ചെന്ന് ആ ചെറുകുടത്തിൽ ഉണ്ടായിരുന്ന ജലം മുഴുവന്‍ മോന്തിക്കുടിച്ചു.
ദാഹിച്ച രാജാവ് ആ കുളുര്‍ജലം കുടിച്ച് സംതൃപ്തനായി സുഖമായി ഇരുന്നു. അപ്പോഴേക്കും മുനിമാരും, താപസന്മാരുമൊക്കെ ഉണര്‍ന്നെഴുന്നേറ്റു. കലശം വെള്ളമില്ലാതെ ഒഴിഞ്ഞിരിക്കുന്നതായി അവര്‍ കണ്ടു. ആരു ചെയ്തു ഇത്? എന്ന് അവരെല്ലാവരും അത്ഭുതത്തോടെ ഒന്നിച്ചു ചോദിച്ചു. ഇതുകേട്ട് യുവനാശ്വന്‍ സത്യം തുറന്നു പറഞ്ഞു.
യുവനാശ്വന്‍ പറഞ്ഞു: അത് ഞാന്‍ എടുത്തുകുടിച്ചു. നിങ്ങളെ വിളിച്ചപ്പോള്‍ എല്ലാവരും ഗാഡനിദ്രയിൽ ആയിരുന്നു. നിങ്ങളെ ഉപദ്രവിക്കുന്നതു ശരിയല്ലെന്നു വിചാരിച്ച് പാത്രത്തിലെ വെള്ളമെടുത്തു ഞാന്‍ മുഴുവനും കുടിച്ചു.
ഭാര്‍ഗ്ഗവന്‍ പറഞ്ഞു: രാജാവേ! അങ്ങു ചെയ്തത് ശരിയായില്ല. ഈ പാത്രത്തിലെ ജലം തപസ്സു കൊണ്ടു സംഭരിച്ച് അങ്ങയ്ക്കു പുത്രലാഭത്തിനു വേണ്ടി വെച്ചതായിരുന്നു. അതിൽ എന്റെ തപസ്സാല്‍ സിദ്ധിച്ച ദാരുണമായ ബ്രഹ്മം മുഴുവന്‍ ഞാന്‍ തപസ്സു കൊണ്ടു കയറ്റിയിട്ടുണ്ട്. ഭവാന് ഒരു പുത്രന്‍ ഉണ്ടാകുവാന്‍ വേണ്ടിയാണ് മഹാബലവും, മഹാപരാക്രമവുമായ ഈകര്‍മ്മം ഞാന്‍ ചെയ്തത്. മഹാശക്തനും, മഹാവീരൃനും, തപോബലമുള്ളവനും, വീര്യം കൊണ്ട് ശക്രനെ പോലും കൊല്ലുവാന്‍ പോന്നവനും ജനിക്കണം എന്ന സങ്കല്പത്താല്‍ ഞാന്‍ ഈ മഹത്കര്‍മ്മം ചെയ്തു വെച്ചതാണ്. അങ്ങ് ഈ വെള്ളം കുടിച്ചത് കഷ്ടമായി പോയി. ഇനി അത് മറ്റു വിധത്തിലാക്കുവാന്‍ ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. അങ്ങ് ഇപ്പോള്‍ ഈ വിധം ചെയ്തത് ഓര്‍ക്കുമ്പോള്‍ ദൈവഹിതം തന്നെ ഇത് എന്നു ഞങ്ങള്‍ വിചാരിക്കുന്നു. വിവിധ മന്ത്രം ജപിച്ചു വെച്ച് എന്റെ തപസ്സിനാല്‍ സംഭരിച്ച ഈ ജലം ദാഹം സഹിക്കവ യ്യാതെ ഭവാന്‍ കുടിച്ചു. അതുകൊണ്ട് രാജാവേ ഭവാന്‍ തന്നെ ഇപ്രകാരം യോഗ്യനായ പുത്രനെ പ്രസവിക്കും. അതു കൊണ്ട് ഞങ്ങള്‍ ഭവാനു വേണ്ടി ഇനി മഹത്തായ മറ്റൊരു ഇഷ്ടി ചെയ്യാം. അതു കൊണ്ട് ഭവാന്‍ തന്നെ വീര്യവാനായി ശക്രതുല്യനായ പുത്രനെ പ്രസവിക്കും. എന്നാൽ ഗര്‍ഭധാരണ ദുഃഖം അങ്ങയ്ക്കു പറ്റുന്നതല്ല താനും.
ലോമശന്‍ പറഞ്ഞു; അങ്ങനെ ഒരു നൂറ്റാണ്ട് രാജാവ് ഗര്‍ഭം ധരിച്ചു നടന്നു. ഒരു ദിവസം രാജാവിന്റെ വയറ് ഇടത്തു ഭാഗത്തു പിളര്‍ന്ന് സൂര്യനെപ്പോലെ തേജസ്വിയായ ഒരു പുത്രനെ പ്രസവിച്ചു. യുവനാശ്വ രാജാവോ പുത്രന്റെ ഈ വിഷമ പ്രസവം മൂലം മരിക്കുകയും ഉണ്ടായില്ല. അത് വലിയ ഒരാശ്ചര്യമായി തീര്‍ന്നു. കുട്ടിയെ കാണുവാന്‍ അനവധി ജനങ്ങള്‍ വന്നു. ഉടനെ മഹാതേജസ്വിയായ ശക്രനും കുട്ടിയെ കാണുവാന്‍ വന്നു. അപ്പോള്‍ ദേവന്മാര്‍ ഇന്ദ്രനോട് ഇവന്‍ എന്തു കുടിക്കും? എന്നു ചോദിച്ചു. ഉടനെ ദേവേന്ദ്രന്‍ തന്റെ ചൂണ്ടാണി വിരല്‍ വായില്‍ കൊടുത്തു പറഞ്ഞു. "മാം ധാസ്യതി", ( എന്നെ കുടിക്കും). ഇങ്ങനെ വജ്രി പറയുകയാല്‍ ഇന്ദ്രാദിദേവന്മാര്‍ സന്തോഷത്തോടു കൂടി അവന് മാന്ധാതാവ് എന്നു പേര്‍ നല്കി. ഉടനെ ഇന്ദ്രന്‍ വായില്‍ വെച്ചു കൊടുത്ത ചുണ്ടാണി വിരല്‍ ശിശു കുടിച്ചു. ഉടനെ അവന്‍ പതിമൂന്നു ചാണ്‍ (കിഷ്കം) വളര്‍ന്നു; മഹാതേജസ്വിയും ആയിത്തീര്‍ന്നു. വേദ ധനുര്‍വ്വേദങ്ങളും ദിവ്യാസ്ത്രങ്ങളും, ഈശ്വരനെ അവന്‍ ധ്യാനിച്ച മാത്രയില്‍, വന്നു സേവിച്ച് ചുറ്റും നിന്നു. വിഖ്യാതമായ "ആജഗവം" എന്ന വില്ലും കൊമ്പു കൊണ്ടുള്ള ശരങ്ങളും അഭേദ്യമായ കവചവും അവന് ഉടനെ സിദ്ധിച്ചു. ശക്രന്‍ തന്നെ, രാജാവായി അവനെ അഭിഷേകം ചെയ്തു. വിക്രമത്താല്‍ അവന്‍ വിഷ്ണുവിനെ പോലെ ധര്‍മ്മാനുസൃതം മൂന്നു ലോകവും ജയിച്ചു. ആ മഹാത്മാവിന്റെ രഥം ആരും തടുക്കാതെ സഞ്ചരിച്ചു. സ്വയമേവ രത്നങ്ങള്‍ വന്ന് അവനെ സേവിച്ചു. അവന്റെയാണ് ഈ ധനസമ്പൂര്‍ണ്ണമായ ഭൂമി മുഴുവന്‍. അനേകം ദക്ഷിണയോടു കൂടി അനവധി യജ്ഞങ്ങളും അവന്‍ ചെയ്തു. മഹാതേജസ്വിയും മഹാശക്തുനുമായ അവന്‍ അനേകം ചൈത്യങ്ങളുണ്ടാക്കി; അനേകം ധാര്‍മ്മികമായ കാര്യങ്ങള്‍ ചെയ്തു. അമിത ദ്യുതിമാനായ അവന്‍ ശക്രന്റെ അര്‍ദ്ധാസനത്തേയും നേടി.
ധീമാനും ധര്‍മ്മനിത്യനുമായ അവന്‍ ഈ രത്നാകരങ്ങളും (സമുദ്രം) പട്ടണങ്ങളും നിറഞ്ഞ ഭൂമിയൊക്കെ തന്റെ ശാസനയാല്‍ ജയിച്ചു. അവന്റെ ചൈത്യങ്ങള്‍ കൊണ്ട്, ദക്ഷിണാഢ്യങ്ങളായ വലിയ യാഗങ്ങളിലെ, നാല് അതിര്‍ത്തിക്കുള്ളിലുള്ള ഈ മഹീതലം, മൂടാതെ ഒരിടവുമില്ലാതായി. മഹാത്മാവായ അവന്‍ പതിനായിരം പത്മം പശുക്കളെ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്ന് ഇന്നും ജനങ്ങള്‍ പറയുന്നു.
പന്തീരാണ്ടു കാലം മഴയില്ലാതെ സസ്യവര്‍ഗ്ഗം ക്ഷയിച്ചപ്പോള്‍ ആ മഹാത്മാവ് സ്വന്തം ശക്തി കൊണ്ട് വജ്രപാണിയായ ഇന്ദ്രന്‍ നോക്കി നിൽക്കെ തന്നെ മഴപെയ്യിച്ചു. സോമവംശജനും, മഹാനുമായ ഗാന്ധാരരാജാവ് മഹാമേഘം പോലെ ഗര്‍ജ്ജിച്ചു പ്രമത്തനായി യുദ്ധത്തിന് വന്നപ്പോള്‍ അവനെ അമ്പുകള്‍ എയ്തു കൊന്നു കളഞ്ഞു.
കൃതാത്മാവായ അവന്‍ നാലു വര്‍ണ്ണങ്ങളായ തന്റെ പ്രജകളെ വേണ്ടപോലെ പരിപാലിച്ചു. അതി തേജസ്വിയായ ആ രാജാവ് ലോകങ്ങളെയെല്ലാം സ്വതപസ്സാല്‍ സംരക്ഷിച്ചു വന്നു. സൂര്യനെ പോലെ തേജസ്വിയായ അവന്റെ ദേവയജനസ്ഥലം പുണ്യതമമായ കുരുക്ഷേത്ര മദ്ധ്യത്തില്‍ ഇതാ കാണുന്നു. ഇങ്ങനെ ഒക്കെയാണ് മാന്ധാതാവിന്റെ മഹത്തായ ചരിതം. അതെല്ലാം ഭവാന്‍ ചോദിച്ചതു കൊണ്ട് ഞാന്‍ പറഞ്ഞു.
വൈശമ്പായനൻ തുടര്‍ന്നു; ഹേ, ഭാരത, ഇതെല്ലാം കേട്ടശേഷം ആ കൗന്തേയന്‍ പിന്നെ സോമകനെപ്പറ്റി ലോമശ മഹര്‍ഷിയോടു ചോദിച്ചു.
127. ജന്തുപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: സോമകന്‍ എന്ന രാജാവ് എത്രത്തോളം വീര്യവാനായിരുന്നു? അവന്റെ കര്‍മ്മപ്രഭാവം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലോമശന്‍ പറഞ്ഞു: സോമകന്‍ ധാര്‍മ്മികനായിരുന്നു. അവന് തുലൃഗുണ സമ്പന്നരായ നുറു ഭാര്യമാർ ഉണ്ടായിരുന്നു. വളരെനാള്‍ ചെന്നിട്ടും അവരില്‍ ആര്‍ക്കെങ്കിലും ഒരു സന്താനം ജനിച്ചില്ല. വളരെ സത്കര്‍മ്മങ്ങള്‍ ചെയ്തതിന്റെ ഫലമായി ആ നൂറു പേര്‍ക്കും കൂടി ഒരു പുത്രനുണ്ടായി. അവന്റെ പേര് ജന്തു എന്നായിരുന്നു. ആ ഒരു പുത്രനെ സ്നേഹിച്ച് ചുറ്റും നൂറമ്മമാരും ഇരിപ്പായി. അമ്മമാര്‍ താന്താങ്ങളുടെ കാമസുഖങ്ങളെ പോലും ഉപേക്ഷിച്ച് അവനെ പാലിച്ചു പോന്നു.
ഒരു ദിവസം അവന്റെ ചന്തിയില്‍ ഒരു കട്ടുറുമ്പു കടിച്ചു. കുട്ടി വേദന സഹിക്കാതെ ഉച്ചത്തില്‍ കരഞ്ഞു. കുട്ടി കരയുവാന്‍ തുടങ്ങിയപ്പോള്‍ അമ്മമാര്‍ നൂറു പേരും കൂടി അവന്റെ ചുറ്റും വളഞ്ഞിരുന്നു മുറവിളി കൂട്ടി. ഈ ഭയങ്കരമായ കൂട്ടനിലവിളി, ഋത്വിക്കിനോടു കൂടെ മന്ത്രിമദ്ധ്യത്തില്‍ ഇരിക്കുന്ന രാജാവു കേട്ട് അമ്പരന്നു. ഉടനെ സംഭവം എന്തെന്ന് അറിയുവാന്‍ ആളെ വിട്ടു. ദൂതന്‍ ഉടനെ മടങ്ങിവന്ന് വൃത്താന്തം അറിയിച്ചു. ഉടനെ മന്ത്രിമാരോടു കൂടി സോമകന്‍ പുത്രന്റെ അടുത്തെത്തി അവനെ സമാശ്വസിപ്പിച്ചു. പുത്രനെ സമാശ്വസിപ്പിച്ചതിന് ശേഷം രാജാവ് അന്തഃപുരം വിട്ടു. പിന്നെ രാജാവ് ഋത്വിജനോടും മന്ത്രിമാരോടും കൂടി ഇരിക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു.
സോമകന്‍ പറഞ്ഞു: ഏകപുത്രത്വം വളരെ മോശം തന്നെ. അതിനേക്കാള്‍ ഭേദം അപുത്രത്വമാണ്. ഏകപുത്രന് സങ്കടം നിതൃവും ഉണ്ടാകും. ഹേ, ആചാര്യ! ഞാന്‍ ഈ നൂറു ഭാരൃമാരേയും സന്താനലാഭത്തിനു വേണ്ടി വേണ്ടവിധ പരീക്ഷകള്‍ നടത്തി തൃപ്തനായതിന് ശേഷമാണ് സ്വീകരിച്ചത്. കഷ്ടം! എന്നിട്ട് അവരില്‍ സന്തതി ഉണ്ടായില്ല. എത്ര പണിപ്പെട്ടാണ് ഈ ഒറ്റ സന്തതി ഉണ്ടായത്! ഇതിലും ദുഃഖമെന്താണ്? എനിക്കും എന്റെ പത്നിമാര്‍ക്കും വയസ്സായി തുടങ്ങി. ഇവര്‍ക്കൊക്കെ എന്റെ ഏകപുത്രനിലാണ് ജീവന്‍. അതു കൊണ്ട് നൂറുമക്കള്‍ ഉണ്ടാകുവാന്‍ ഉതകുന്ന കര്‍മ്മമുണ്ടോ എന്നു ചിന്തിക്കുക. വലുതോ, ചെറുതോ, അസാദ്ധ്യമോ, ദുസ്സാദ്ധ്യമോ? ചിന്തിച്ചു പറയുക.
ഋത്വിക്ക് പറഞ്ഞു: നൂറുമക്കള്‍ പിറക്കുവാന്‍ തക്കതായ കര്‍മ്മമുണ്ട്, ഭവാന്‍ അത് ചെയ്യുവാന്‍ പറ്റുമെങ്കില്‍ ഞാന്‍ പറയാം.
സോമകന്‍ പറഞ്ഞു: നൂറു പുത്രന്മാര്‍ ഉണ്ടാകുമെങ്കില്‍ ഏതു കര്‍മ്മവും, കൃത്യമായാലും അകൃത്യമായാലും ഞാന്‍ ചെയ്യാം. ഭഗവാന്‍ പറഞ്ഞാലും.
ഋത്വിക്ക് പറഞ്ഞു: ഞാന്‍ ഹോമം നടത്താം. ഇതില്‍ ജന്തുവിനെ ഹോമിക്കണം. എന്നാൽ ഉടനെ ശ്രീമാന്മാരായ നൂറു മക്കള്‍ പിറക്കും. ജന്തുവിന്റെ ശരീരം ഹോമിക്കുമ്പോൾ ഉണ്ടാകുന്ന ധൂമം അമ്മമാര്‍ ഘ്രാണിച്ചാല്‍, പിന്നെ മഹാ വീര്യവാന്മാരായ പുത്രന്മാരെ അവര്‍ പ്രസവിക്കും. അവളില്‍ തന്നെ ജന്തുവിന്റെ അമ്മയില്‍ തന്നെ നിന്റെ പുത്രനായ ജന്തു വിണ്ടും പിറക്കും. അവന്റെ പുറത്ത് സ്വര്‍ണ്ണമയമായ ഒരടയാളം ഉണ്ടായിരിക്കും.
128. ജന്തുപാഖ്യാനം - സോമകന്‍ പറഞ്ഞു: ഹേ! ബ്രാഹ്മണാ! ഭവാന്‍ യാഗത്തിന് വേണ്ടതൊക്കെ ചെയ്തു കൊള്ളുക. പുത്ര കാമനായ ഞാന്‍ ഭവാന്‍ പറഞ്ഞതൊക്കെ ചെയ്യാം.
ലോമശന്‍ കഥ തുടര്‍ന്നു: സോമകനെ കൊണ്ട് ഋത്വിക്ക് യജിപ്പിച്ചു. കുട്ടിയെ അമ്മമാരില്‍ നിന്ന് എടുക്കുമ്പോള്‍ അവര്‍ വിടാന്‍ കൂട്ടാക്കാതെ നിലവിളിയായി. "അയ്യോ നശിച്ചു! ഞങ്ങതൊക്കെ!", എന്ന് ഉച്ചത്തില്‍ മുറവിളി കൂട്ടി, അവര്‍ അവന്റെ വലത് കൈ പിടിച്ചു. യാജകന്‍ അവന്റെ ഇടംകൈ പിടിച്ചു വലിച്ചു. അങ്ങനെ അമ്മമാരും യാജകനും തമ്മില്‍ കുറച്ചു നിമിഷത്തെ ഒരു പിടിവലി നടന്നു. കുരരികള്‍ പോലെ ആര്‍ത്തനാദം മുഴക്കി കൊണ്ടിരിക്കുന്ന അമ്മമാരുടെ പിടിയില്‍ നിന്ന് യാജകന്‍ കുട്ടിയെ വലിച്ചെടുത്തു. അവന്‍ ജന്തുവിനെ അറുത്തു നുറുക്കി വെച്ച് ഹോമിച്ചു. അങ്ങനെ വപാഹോമം കഴിക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ധൂമഗന്ധം ഏറ്റ് അമ്മമാര്‍ ദുഃഖിച്ച് അസ്വസ്ഥരായി നിലത്തു വീണു.
പിന്നെ ആ ഉത്തമസ്ത്രീകള്‍ എല്ലാവരും ഗർഭിണികളായി. പത്തുമാസം കഴിഞ്ഞ് അവരെല്ലാവരും പ്രസവിച്ചു. അങ്ങനെ സോമകന് നൂറുമ ക്കളുണ്ടായി. ജ്യേഷ്ഠനായി ജന്തു മുമ്പേ പ്രസവിച്ച അമ്മയില്‍ തന്നെ ജനിച്ചു. അവനെ എല്ലാവര്‍ക്കും മറ്റെല്ലാ കുട്ടികളേക്കാളും ഇഷ്ടമായിരുന്നു. മുന്‍ പറയപ്പെട്ടതു പോലെ അവന്റെ പിന്‍ഭാഗത്ത് പൊന്‍മയമായ മറുകുണ്ടായിരുന്നു. എല്ലാവരിലും വെച്ച് ഗുണത്തില്‍ മികച്ചവനും അവന്‍ തന്നെയായിരുന്നു.
കുറേ നാളുകള്‍ക്കു ശേഷം ആ സോമകന്റെ ഗുരു പരലോകം പ്രാപിച്ചു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ സോമക രാജാവും പരലോകം പ്രാപിച്ചു. അപ്പോള്‍ രാജാവു കണ്ടതെന്താണ്? അത്ഭുതം! ആ ആചാര്യനെ നരകാഗ്നിയിൽ ഇടുന്നതാണ്. രാജാവ് അവനോടു ചോദിച്ചു. ഹേ ദ്വിജ! എന്താണ് ഭവാനെ നരകത്തീയില്‍ ഇടുവാന്‍ കാരണം, എന്ന്. തീയില്‍ കിടന്നു പിടഞ്ഞു കൊണ്ട് ആചാര്യന്‍ മറുപടി പറഞ്ഞു: "രാജാവേ! ഭവാനെ യാഗം ചെയ്യിപ്പിച്ചതിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത്" എന്ന്. ഇതുകേട്ട് ദുഃഖിതനായ രാജര്‍ഷി ധര്‍മ്മരാജാവിനോടു ചോദിച്ചു.
സോമകന്‍ പറഞ്ഞു: ദേവാ! ഞാന്‍ ഈ അഗ്നിയില്‍ ചാടിക്കൊള്ളാം. എന്റെ യാജകനെ ഭവാന്‍ വിട്ടയച്ചാലും. ഞാന്‍ കാരണമാണ് ആ മഹാഭാഗന്‍ നരകാഗ്നിയില്‍ വേവുന്നത്.
ധര്‍മ്മരാജാവു പറഞ്ഞു: അവരവര്‍ ചെയ്തതിന്റെ ഫലം അന്യന്‍ അനുഭവിക്കുകയില്ല. അവനവന്‍ തന്നെ അനുഭവിക്കണം. ഭവാനുള്ള ഫലം, അങ്ങോട്ടു നോക്കു, ആ കാണുന്ന പുണ്യ ലോകങ്ങളാണ്.
സോമകന്‍ പറഞ്ഞു: ഈ ബ്രഹ്മവാദി കൂടാതെ എനിക്കു പുണ്യലോകം ആവശ്യമില്ല. ഇദ്ദേഹത്തോടു കൂടി സുരാലയത്തില്‍ വാഴാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ തുല്യകര്‍മ്മാക്കളാണ്. ദേവാ! അതു കൊണ്ട് പുണ്യ പാപങ്ങളുടെ ഫലം ഞങ്ങള്‍ തുല്യമായി അനുഭവിച്ചു കൊള്ളാം.
ധര്‍മ്മരാജാവു പറഞ്ഞു: അങ്ങനെയാണ് ആഗ്രഹമെങ്കില്‍ ഭവാന്‍ അവനോടു കൂടി നരകഫലം അനുഭവിക്കുക. രണ്ടുപേരും സമമായി തുല്യമായ കാലം അനുഭവിച്ച് പിന്നെ രണ്ടുപേരും സല്‍ഗതി നേടുക!
ലോമശന്‍ തുടര്‍ന്നു; ഇപ്രകാരം രാജീവ ലോചനനായ ആ രാജാവ് അവനോടൊപ്പം നരകാഗ്നിയില്‍ ചാടി ഒപ്പം ദുഃഖം അനുഭവിച്ചു. പാപം തീര്‍ന്നതിന് ശേഷം ഗുരുവിനോടു കൂടി അവന്‍ നരകം വിട്ടു പോന്നു. സ്വന്തം കര്‍മ്മം കൊണ്ടു നേടിയ ഇഷ്ടലോകങ്ങളില്‍ ചെന്നെത്തി. അങ്ങനെ ഗുരുവിനോടു കൂടെ ആ ഗുരുപ്രിയന്‍ സ്വര്‍ഗ്ഗസുഖം അനുഭവിച്ചു. യുധിഷ്ഠിരാ! ഭവാന്റെ മുമ്പില്‍ കാണുന്നത് ആ മഹാത്മാവിന്റെ പുണ്യമായ ആശ്രമ സ്ഥലമാണ്. ക്ഷമയോടെ ആറു ദിവസം ഇവിടെ താമസിച്ചാല്‍ സല്‍ഗ്ഗതി ലഭിക്കും. ഇവിടെ നാം നിയതാത്മാക്കളായി ആറുദിവസം പാര്‍ക്കുക. ഹേ, കുരൂദ്വഹാ, ഭവാന്‍ ഇതിന് തയ്യാറായാലും.
129. ലോമശ തീര്‍ത്ഥയാത്ര - പ്ലക്ഷാവതരണഗമനം - ലോമശന്‍ പറഞ്ഞു: ഇവിടെ വെച്ചു പ്രജാപതി "ഇഷ്ടീകൃതം" എന്നു പേരായ യജ്ഞം ആയിരം വര്‍ഷം കഴിച്ചു. യമുനാ തീരത്തില്‍ നാഭാഗ പുത്രനായ അംബരീഷ രാജാവും യജിച്ചു. അന്ന് അദ്ദേഹം പത്തു പത്മം ധനം സദസ്യര്‍ക്കു ദാനം ചെയ്തു. യജ്ഞത്താലും തപസ്സാലും അവല്‍ സിദ്ധി നേടി. ഈ സ്ഥലത്തു വെച്ചാണ് പുണൃകര്‍മ്മാവും, നഹുഷ പുത്രനുമായ യയാതി യാഗം ചെയ്തത്. അമിത ഓജസ്വിയും, സാര്‍വ്വഭാമനുമായിരുന്ന അദ്ദേഹം യജ്ഞത്താല്‍ ശക്രനെ പോലും സ്പര്‍ദ്ധിച്ചു. നോക്കൂ! പല മട്ടില്‍ അഗ്നി ചിന്നിയ മഹീതലം! യയാതിയുടെ യജ്ഞത്താല്‍ താഴ്ന്നു പോയ മട്ടിലല്ലേ ഈ സ്ഥലം കിടക്കുന്നത്? ഇതാണ് ഏകപത്രമായ ശമീവൃക്ഷം. ഉത്തമമായ സരസ്സും ഇതാ കാണുന്നു.
രാമഹ്രദങ്ങളും നാരായണാശ്രമവും ഇതാ നോക്കുക! യോഗ നിബദ്ധനായി ഭൂമി ചുറ്റുന്ന ഋചീക പുത്രന്റെ രൗപ്യയിലെ പ്രസര്‍പ്പണവും ഇതാണ്. ഞാന്‍ അനുവംശപഠനം ഇവിടെ ചെയ്യുന്ന സമയത്ത്, ഉരല്‍ കാതില്‍ തോടയായി ഇടുന്ന പിശാചസ്ത്രീ ഇങ്ങനെ പറയുന്നതു കേട്ടു:
യുഗാന്തരത്തില്‍ തയിര്‍ കുടിക്കുക; അച്യുത സ്ഥലത്ത് പാര്‍ക്കുക; ഭുതാലയത്തില്‍ സ്നാനം ചെയ്ത ശേഷം പുത്രന്മാരോടൊപ്പം ജീവിക്കുക. ഇവിടെ ഒരു രാത്രി താമസിച്ചാല്‍ പിറ്റേന്നു രാത്രി, പകല്‍ സംഭവിച്ച കാര്യങ്ങള്‍ നേരെ മറിച്ചായിത്തീരും.
ഇന്നു രാവ് ഇവിടെ തന്നെ നാം പാര്‍ക്കുക. ഇത് കുരുക്ഷേത്രത്തിന്റെ കവാടമാണല്ലോ? ഇവിടെ വച്ചാണ് ആ നഹുഷ പുത്രനായ യയാതി യജ്ഞം ചെയ്തത്. ഇവിടെ യയാതി രത്നം വിതറി ദാനം ചെയ്ത ദിക്കാണ്. ഇന്ദ്രന്‍ അതില്‍ സന്തുഷ്ടനായി.
ഇതാ, ഉത്തമ യമുനാ തീര്‍ത്ഥമായ പ്ലക്ഷാവതരണം. മനീഷികള്‍ പറയുന്നു, ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്ന്. ഇതില്‍ പരമഋഷികള്‍ സാരസ്വത യജ്ഞങ്ങള്‍ പലതും ചെയ്തിട്ടുണ്ട്. യജ്ഞാന്ത്യത്തില്‍ അവഭൃതപ്ലവവും ഇവിടെ ചെയ്തു.
ഇവിടെ വച്ച് ഭരത രാജാവ് പല യജ്ഞങ്ങളും ചെയ്തിട്ടുണ്ട്. ഹയമേധത്തിനുള്ള കറുത്ത നിറമുള്ള മേദ്ധ്യാശ്വത്തെ ഇവിടെ അഴിച്ചു വിട്ടു. ആ മഹാരാജാവ് ധര്‍മ്മത്താല്‍ ഈ ഊഴി മുഴുവന്‍ നേടി. ഹേ, പുരുഷവ്യാഘ്രാ, മരുത്തന്‍ സംവര്‍ത്തനനെന്ന ഋഷിമുഖ്യന്റെ രക്ഷയില്‍ സത്രം ചെയ്തതും ഇവിടെ വച്ചാണ്. ഇതില്‍ സ്നാനം ചെയ്താല്‍ സകല പാപങ്ങളും നീങ്ങി എല്ലാ പുണ്യ ലോകവും നേടാം.
വൈശമ്പായനൻ തുടര്‍ന്നു: ഇവിടെ ഭ്രാതാക്കന്മാരോടു കൂടി മഹര്‍ഷിമാരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട് പാണ്ഡവ ശ്രേഷ്ഠനായ യുധിഷ്ഠിരന്‍ സ്‌നാനം ചെയ്തു. അനന്തരം ലോമശനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ മഹര്‍ഷേ! സത്യവിക്രമ. ഞാന്‍ തപസ്സു കൊണ്ട് എല്ലാ ലോകവും കാണുന്നു! ശ്വേത വാഹനനായ പാണ്ഡവ ശ്രേഷ്ഠനെ, അര്‍ജ്ജുനനെ ഞാന്‍ ഇവിടെ നിന്നു കാണുന്നുണ്ട്.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം തന്നെയാണ് മഹര്‍ഷികള്‍, ദര്‍ശിക്കുന്നത്. പുണ്യവാന്മാര്‍ക്ക് ശരണ്യയും, പുണ്യയുമായ സരസ്വതി ഇതാണ്. ഇതില്‍ സ്നാനം ചെയ്തവന് പാപമൊക്കെ തീരും. സുരര്‍ഷികള്‍ ഇവിടെവച്ച് സാരസ്വതയജ്ഞം ചെയ്തിട്ടുണ്ട്. മഹര്‍ഷിമാരും, രാജര്‍ഷിമാരും ആ മഖം ചെയ്തിട്ടുണ്ട്. അഞ്ചു യോജന വീതിയും നീളവുമുള്ള ഈ വേദി പ്രജാപതിയുടെ വേദിയാണ്. യജ്ഞശീലരും മഹാത്മാക്കളുമായ കുരുക്കളുടെ ക്ഷേത്രമാണ് ഇത്.
130. ശ്യേനകപോതീയം - ലോമശന്‍ പറഞ്ഞു; ഹേ, ഭാരത! ഈ പുണ്യ സ്ഥലത്തു വച്ചു മരിക്കുന്നവര്‍ സ്വര്‍ഗ്ഗം പ്രാപിക്കും. മരിക്കുവാന്‍ സമയമടുത്ത അനവധി പേര്‍ ഇവിടെ എത്തുന്നു. പണ്ട് ഈ സ്ഥലത്ത് ദക്ഷന്‍ യാഗം ചെയ്തിട്ട് ഇപ്രകാരം ഒരനുഗ്രഹം ഈ സ്ഥലത്തിന് നല്കിയിട്ടുണ്ട്. ഇവിടെ വച്ചു മരിക്കുന്നവര്‍ സ്വര്‍ഗ്ഗം നേടുന്നു എന്നാണ് അനുഗ്രഹം.
ഇതാ, ദിവ്യയും മനോഹരിയും ജല പൂര്‍ണ്ണയുമായ സരസ്വതി. ഇതാ, സരസ്വതിയുടേതായ "വിനശനം". നിഷാദ രാഷ്ട്രത്തിന്റെ ദ്വാരം ഇവിടെയാണ്. അവരുടെ ദോഷം മൂലം സരസ്വതി അവര്‍ എന്നെ കാണരുത് എന്നു പറഞ്ഞ് ഭൂമിക്കുള്ളില്‍ പോയി ഒളിച്ചു. ഇക്കാണുന്നതാണ് "ചമസോല്‍ഭേദം". ഇവിടെ വച്ച് സരസ്വതി വീണ്ടും ദൃശ്യയായി. ഇവിടെ എല്ലാ പുണ്യ നദികളും മേളിക്കുന്ന സരസ്വതിയെ കാണാം. ഇതാ മഹത്തായ സിന്ധു തീര്‍ത്ഥം കാണുന്നു. ഇവിടെ വച്ചാണ് അഗസ്ത്യനെ ലോപാമുദ്ര വരിച്ചത്. ഇതാ പുണ്യവും പവിത്രവും പാപഹരവും ഇന്ദ്രന്‍ ഇഷ്ടപ്പെട്ടതും ഭാസ്കരനെ പോലെ പ്രകാശിക്കുന്നതുമായ പ്രഭാസതീര്‍ത്ഥം കാണുന്നു. ഈ കാണുന്നത് വിഷ്ണുപദ തീര്‍ത്ഥമാണ്. ഇതു പരമപാവനിയായ വിപാശാ നദിയാണ്. ഇവിടെയാണ് പുത്രദുഃഖം മൂലം ഭഗവാന്‍ വസിഷ്ഠ മഹര്‍ഷി ദേഹം കയറു കൊണ്ടു വരിഞ്ഞ് വെള്ളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ഒരുങ്ങിയതും, കയറു പൊട്ടി കയറി പോന്നതും. അക്കാണുന്നത് "കാശ്മീര മണ്ഡല"മാണ്. വലിയ പുണൃസ്ഥാനമാണ്.
അവിടെ മഹര്‍ഷിമാര്‍ ഉപാസിക്കുന്ന ആ സ്ഥലം അനുജന്മാരോടു കൂടി ചെന്നു ദര്‍ശിക്കുക. ഇവിടെ വച്ച് വടക്കന്‍ ഭാഗത്തുള്ള മഹര്‍ഷിമാർ ഒക്കെയും നഹുഷ പുത്രനും അഗ്നിയും കാശ്യപനുമായി സംവാദം ചെയ്തു.
ഇതാ, "മാനസ സരസ്സി"ന്റെ മാര്‍ഗ്ഗം കാണുന്നു. ശ്രീമാനായ രാമന്‍ ഈ മാര്‍ഗ്ഗം ഗിരിമദ്ധ്യത്തില്‍ തീര്‍ത്തു. ഹേ, സതൃവിക്രമാ, ഈ കാണുന്നതാണ് "വാതികഷണ്ഡം". ഇതു വിദേഹത്തിന് തൊട്ടാണെങ്കിലും അതിന് വടക്കായി കിടക്കുന്നു. ഇനി ഒരത്ഭുതം ഈ സ്ഥലത്തെപ്പറ്റി പറയാം. ഓരോ യുഗവും അവസാനിക്കുമ്പോള്‍ ശിവന്‍ ഉമയോടും തന്റെ ഭൂതഗണങ്ങളോടും ഒത്ത് കാമരൂപനായി ഇവിടെ പ്രത്യക്ഷമാകും. ചൈത്ര മാസത്തില്‍ സ്വപരിവാരത്തിന് ( കുടുംബത്തിന് ) ശുഭം കാംക്ഷിക്കുന്നവര്‍, ഈ സരസ്സില്‍ ശ്രദ്ധയോടു കൂടി ജിത്രേന്ദിയരായി സ്‌നാനം ചെയ്ത് പിനാകപാണിയെ പൂജിച്ചു യജിക്കുന്നു. അവര്‍ പാപം നീങ്ങി ശുഭലോകങ്ങളിൽ എത്തുമെന്നുള്ളതില്‍ സംശയമില്ല. ഇത് "ഉജ്ജാനക"മെന്ന പുണ്യതീര്‍ത്ഥമാണ്. വസിഷ്ഠ ഭഗവാന്‍ അരുന്ധതിയുടെ സഹായത്തോടെ ഇവ്വിടെ വച്ച് മനശ്ശാന്തി നേടി. കുശവാന്‍ എന്ന ഹ്രദം ഇതാണ്. ഇതില്‍ "കുശേശയ"മെന്ന താമരയുണ്ട്. ഇവിടെ രുക്മിണി യുടെ ആശ്രമമുണ്ട്. അവിടെ വച്ച് അവള്‍ കോപത്തെ ജയിച്ചു ശാന്തയായി.
ഇതാ നോക്കു! ഭവാന്‍ കേട്ടിട്ടുള്ള ധ്യാനനിഷ്ഠനായ ഭൃഗുതുംഗ പര്‍വ്വതം. രാജാവേ, സര്‍വ്വ പാപങ്ങളും തീര്‍ക്കുന്ന "വിതസ്താ" നദി കാണുക! മഹര്‍ഷിമാര്‍ ചൂഴുന്ന ഇത് നിര്‍മ്മലവും ശീതളവുമായ വെള്ളം നിറഞ്ഞതാണ്. ഇതാ, പുണ്യനദികളായ "ജല"യും "ഉപജല"യും; യമുനയുടെ രണ്ടു വശത്തുമായി സമീപത്തിലാണ് ഇവ. ഇവിടെ യജ്ഞം ചെയ്ത് ഉശീനരന്‍ വാസവനേക്കാള്‍ മഹാനായി തീര്‍ന്നു.
ആ രാജാവിന്റെ അരികിലേക്ക് ഇന്ദ്രനും, അഗ്നിയും അദ്ദേഹത്തെ പരീക്ഷിക്കുവാന്‍ യജ്ഞസ്ഥലത്തു ചെന്നു. വരദന്മാരായ അവര്‍ ഉശീനരന്റെ പ്രഭാവം കാണുവാനാണ് പരീക്ഷ നടത്തിയത്.
ഇന്ദ്രന്‍ പരുന്തും, അഗ്നി കപോതവും (മാട പ്രാവും) ആയി രാജാവിന്റെ യജ്ഞശാലയില്‍ പറന്നുചെന്നു. പരുന്തിനെ പേടിച്ചു പ്രാവ് രാജാവിന്റെ മടിയില്‍ രക്ഷ പ്രാപിച്ചു. ഭയപ്പെട്ടു വിറച്ച് പ്രാവ് രാജാവിന്റെ മടിയിലേക്കു പറന്നു ചെന്ന് ഇരുന്നു.
131. ശ്യേനകപോതീയം - പരുന്തു പറഞ്ഞു: ഭൂമിയിലെ എല്ലാ രാജാക്കന്മാരും പറയുന്നു ഭവാന്‍ ധര്‍മ്മാത്മാവാണെന്ന്. എന്നാൽ സര്‍വ്വധര്‍മ്മത്തിനും തെറ്റായ കര്‍മ്മം എന്താണ് ഭവാന്‍ ചെയുന്നത്? വിശന്നു വലഞ്ഞു വരുന്നവനാണു ഞാന്‍. എനിക്കു വിഹിതമായ ഭക്ഷണം നീ സംരക്ഷിക്കു കയാണോ? എന്നാൽ ഭവാന്‍ ധര്‍മ്മലോഭം മൂലം ധര്‍മ്മമില്ലാത്തവ നായിത്തീരും.
രാജാവു പറഞ്ഞു: ഹേ മഹാദ്വിജാ! നിന്നെപ്പേടിച്ചു പാഞ്ഞുവന്ന് എന്നെ ശരണം പ്രാപിച്ചവനാണ് ഇവന്‍. പ്രാണനില്‍ കൊതി മൂലം എന്റെ അരികെ വന്നവനാണ് ഈ പക്ഷി. ഇപ്രകാരം പേടിച്ചു വന്ന ഈ മാടപ്രാവിന് രക്ഷ കൊടുക്കുന്നതു ധര്‍മ്മമാണ് എന്ന് എന്തു കൊണ്ടു ഭവാന്‍ കരുതുന്നില്ല; പാവം കപോതം! ഇതാ അമ്പരന്നു നിന്നെ നോക്കി വിറയ്ക്കുന്നതു കാണുന്നില്ലേ? ജീവരക്ഷയ്ക്കു വേണ്ടി എന്നെ അഭയം പ്രാപിച്ച ഒരു ജീവിയെ ഉപേക്ഷിക്കുന്നതില്‍ പരം നിന്ദ്യമായി മറ്റെന്തുണ്ട്? ദ്വിജ ഹിംസകന്നും, ലോകമാതാവയ പശുവിനെ ഹിംസിക്കുന്നവനും ശരണാഗതനെ തൃജിക്കുന്നവനും ഉള്ള പാപം തുല്യമാണ്.
പരുന്തു പറഞ്ഞു; ഹേ രാജാവേ! ആഹാരത്താല്‍ ജീവജാലം ഉണ്ടാകുന്നു. ആഹാരം കൊണ്ടു വളരുന്നു. അതു കൊണ്ട് ജന്തുക്കള്‍ക്കു ജീവിക്കുവാന്‍ ആഹാരം വേണം. തൃജിക്കുവാന്‍ വിഷമമുള്ള സ്വത്ത് ഉപേക്ഷിച്ചും വളരെക്കാലം ജീവിക്കാം. എന്നാൽ ഭക്ഷണം കൂടാതെ വളരെക്കാലം ജീവിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇന്ന് ഭക്ഷണം ലഭിച്ചില്ലെങ്കില്‍, അല്ലയോ രാജാവേ, എന്റെ ജീവന്‍ ദേഹം വെടിഞ്ഞ്, ഇത്തരം ഭയങ്ങളില്ലാത്ത മാര്‍ഗ്ഗത്തിൽ എത്തുന്നതാണ് ( അതായതു മരിക്കും എന്നര്‍ത്ഥം ).
ഞാന്‍ മരിച്ചാല്‍ എന്റെ പുത്രന്മാരും ഭാര്യയും മരിക്കും. അങ്ങ് ഈ ഒരു പ്രാവിനെ രക്ഷിച്ചാല്‍ അതുമൂലം പല ജീവികള്‍ക്കും നാശം സംഭവിക്കും. മറ്റൊരു ധര്‍മ്മത്തെ വിപരീതമായി ബാധിക്കുന്ന ധര്‍മ്മം ധര്‍മ്മമാവുകയില്ല. അതു ധര്‍മ്മമല്ല; കുധര്‍മ്മമാണ്. ധര്‍മ്മത്തെ ബാധിക്കാത്ത ധര്‍മ്മമേ ധര്‍മ്മമാവുകയുള്ളൂ. സത്യവിക്രമാ! ഭവാന്‍ ചിന്തിച്ചുനോക്കൂ! പരസ്പരം വിരോധമുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തമ്മില്‍ അവയുടെ വലിപ്പച്ചെറുപ്പം ചിന്തിച്ചു നോക്കി ദോഷം കുറഞ്ഞ പാപം ചെയ്യുകയാണു വേണ്ടത്. മറ്റൊരു ധര്‍മ്മത്തിനും ബാധയില്ലാത്ത വിധമുള്ളതാണു സ്വീകരിക്കേണ്ടത്. ധര്‍മ്മാധര്‍മ്മങ്ങളുടെ തീരുമാനത്തില്‍ വലുതും ചെറുതുമേതെന്ന് ആദ്യം തീരുമാനിക്കുക. വലിയ ധര്‍മ്മം ഏതാണോ, ചെയ്യുക.
രാജാവു പറഞ്ഞു; ഹേ വിഹഗോത്തമാ! നീ ധര്‍മ്മജ്ഞനെ പോലെ ഉത്തമമായ കാര്യം പറയുന്നു. നീ, ധര്‍മ്മജ്ഞനായ സുപര്‍ണ്ണന്‍, പക്ഷിരാജാവായ ഗരുഡന്‍ തന്നെയാണ്; തീര്‍ച്ചയാണ്. അവനെപ്പോലെ നീ ഭംഗിയായി ധര്‍മ്മം പ്രസംഗിക്കുന്നു. നിനക്ക് അറിവില്ലാത്തത് ഒന്നുമില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാൽ ശരണാര്‍ത്ഥിയായ ഒരുത്തനെ ഉപേക്ഷിക്കുന്നത് ഉചിതമാണെന്ന്, നല്ലതാണെന്ന്, നീ എന്താണു വിചാരിക്കുന്നത്? ഹേവിഹംഗമാ! ഭവാന്റെ ഈ യത്നമൊക്കെ ഭക്ഷണത്തെ ചിന്തിച്ചാണല്ലേോ. ഈ കൊച്ചു പ്രാവിനെക്കാള്‍ അധികം തിന്നുവാന്‍ കെല്‍പുള്ളവനുമാണ് നീ. അതു കൊണ്ടു വല്ല കാളയോ, പശുവോ, പന്നിയോ, പോത്തോ എന്തു വേണമെങ്കിലും വയറു നിറയേ ഞാന്‍ തരാം. ഈ പ്രാവിനെ വിട്ടു മറ്റെന്തു വേണമെന്നു പറയുക.
പരുന്തു പറഞ്ഞു: പന്നിയോ, കാളയോ, മറ്റു മൃഗങ്ങളോ ഒന്നും ഞാന്‍ തിന്നുകയില്ല. പിന്നെ മറ്റുള്ള തിന്നാത്ത സാധനങ്ങള്‍ എനിക്ക് എന്തിനാണ്? ഹേ, രാജാവേ! എനിക്ക് ദൈവം കല്പിച്ച ഭക്ഷണം മാടപ്രാവാണ്. അതിനെ ഭവാന്‍ പിടിച്ചു വെക്കാതെ വിട്ടു തരിക! പരുന്ത് പ്രാവുകളെ തിന്നുമെന്നുള്ളതു പണ്ടേയുള്ള ചട്ടമാണ്. ബലമില്ലാത്ത വാഴയെ പോലെയുള്ള ബലഹീനമായ ധര്‍മ്മത്തില്‍ മനസ്സു വെച്ച് ആ വാഴക്കയ്യിന്മേല്‍ ഭവാന്‍ കയറി ഇരിക്കയാണോ?
രാജാവു പറഞ്ഞു; ഹേ, ഖേചരാ!! എന്റെ പുഷ്ടമായ ശിബിരാജ്യം തന്നെ ഞാന്‍ ഭവാനു തരാം. ഭവാന്‍ എന്ത് ആഗ്രഹിക്കുന്നുവോ അതൊക്കെ ഞാന്‍ തരാം. ശരണാര്‍ത്ഥിയായി ആഗതനായ ഈ പക്ഷിയെ ഒഴിവാക്കി മറ്റെന്ത് ആവശ്യപ്പെട്ടാലും ഞാന്‍ തരാം. എന്തു ചെയ്താല്‍ നീ ഇവനെ വിടുമോ അതു പറയു. ഈ കപോതത്തെ ഞാന്‍ തരുന്നതല്ല.
പരുന്തു പറഞ്ഞു: ഹേ ഉശീനരാ! ഈ കപോതത്തില്‍ അങ്ങയ്ക്ക് അത്ര ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ വിട്ടു തരാം. എന്നാൽ ഈ കപോതത്തിന്റെ തൂക്കത്തോളം മാംസം ഭവാന്റെ ദേഹത്തില്‍ നിന്നു മുറിച്ചെടുത്ത് തൂക്കിത്തരണം. എന്നാൽ ഞാന്‍ സന്തോഷിക്കാം.
രാജാവു പറഞ്ഞു; ശ്യേനാ! ഭവാനു നന്ദി! നിന്റെ ഈ പ്രാര്‍ത്ഥന അനുഗ്രഹമായി ഞാന്‍ വിചാരിക്കുന്നു. അതു കൊണ്ട് എന്റെ മാംസം ഞാന്‍ തൂക്കിത്തരാം. വാങ്ങുവാന്‍ സന്നദ്ധനായാലും!
ലോമശന്‍ തുടര്‍ന്നു: ഇപ്രകാരം പറഞ്ഞ് ഉടനെ തന്നെ രാജാവ് തുലാസ്സ് കൊണ്ടു വരുവിച്ചു. അതില്‍ പ്രാവിന്റെ തൂക്കത്തിന് തുല്യം മാംസം സ്വശരീരത്തില്‍ നിന്നു മുറിച്ചെടുത്ത് തുലാസ്സില്‍ വെച്ചു. തൂക്കുന്ന സമയത്ത് പ്രാവു തന്നെ അധികം തൂങ്ങുന്നു! വീണ്ടും രാജാവ് മാംസം മുറിച്ചെടുത്തു തുലാസ്സില്‍ വെച്ചു. പല പ്രാവശ്യവും രാജാവ് മാംസം മുറിച്ചെടുത്തു വെച്ചിട്ടും പ്രാവിന്റെ തൂക്കത്തിനു ശരിയാക്കുവാന്‍ രാജാവിന് കഴിഞ്ഞില്ല. ഇനി അറുത്തെടുക്കുവാന്‍ മാംസം രാജാവിന് ഇല്ലാതെയായി. അവസാനം മാംസമെല്ലാം പോയ രാജാവ് താന്‍ തന്നെ തുലാസ്സില്‍ കയറിയിരുന്നു. ഉടനെ അത്ഭുത പരതന്ത്രനായ പരുന്തു പറഞ്ഞു.
പരുന്തു പറഞ്ഞു: ഹേ ധര്‍മ്മജ്ഞാ! ഞാന്‍ ഇന്ദ്രനാണ്. ഈ മാട്രപാവ് അഗ്നിദേവനാണ്. ഞങ്ങള്‍ നിന്റെ ധര്‍മ്മത്തെ പരീക്ഷിക്കുവാന്‍ വേണ്ടി നിന്റെ യജ്ഞശാലയില്‍ വന്നതാണ്. ദേഹത്തില്‍ നിന്നു നീ മാംസം അറുത്തെടുത്തതു കൊണ്ടു നിനക്ക് മറ്റെല്ലാവരേക്കാളും ഉയര്‍ന്ന സല്‍ക്കീര്‍ത്തി ഉണ്ടാകും. ലോകമുള്ള കാലത്തോളം നിന്നെ എല്ലാ ലോകരും വാഴ്ത്തും. അത്ര കാലത്തോളം നിന്റെ സല്‍ക്കീര്‍ത്തിയും നിലനിൽക്കും. എല്ലാകാലത്തും നീ കീര്‍ത്തിമാനായി ദിവ്യലോകത്തില്‍ വിളങ്ങും
ലോമശന്‍ തുടര്‍ന്നു: ഇപ്രകാരം ഇന്ദ്രന്‍ രാജാവിനോടു പറഞ്ഞു സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു. വിശ്വത്തിലൊക്കെ ധര്‍മ്മാത്മാവായ ഉശീനരന്റെ കീര്‍ത്തി വ്യാപിച്ചു. ഉശീനരന്റെ ശരീരം മുന്‍മട്ടില്‍ അക്ഷതമായി പ്രശോഭിച്ചു. ഇങ്ങനെ തന്റെ കീര്‍ത്തി ഭൂമിയിലും സ്വര്‍ഗ്ഗത്തിലും വിഖ്യാതമാക്കിയ ശേഷം ആ രാജാവ് ശോഭയോടെ സ്വര്‍ഗ്ഗം പ്രാപിച്ചു. ഹേ യുധിഷ്ഠിരാ! ആ കാണുന്നത് ഉശീനര മഹാരാജാവിന്റെ സദനമാണ്. പുണ്യവാന്മാരും മഹാത്മാക്കളുമായ ബ്രാഹ്മണരോടൊപ്പം നിത്യവും അവിടെ ദേവന്മാരേയും താപസന്മാരേയും കാണാറുണ്ട്.
132. അഷ്ടാവക്രീയം - ലോമശന്‍ പറഞ്ഞു; ലോകപ്രസിദ്ധനും മന്ത്രവിദഗ്ദ്ധ ബുദ്ധിയും ഉദ്ദാലകന്റെ പുത്രനുമായ ശ്വേതകേതുവിന്റെ പുണ്യാശ്രമമാണ് ആ കാണുന്നത്. എന്നും ഫലസമൃദ്ധമായ തെങ്ങുകള്‍ അവിടെ നിറഞ്ഞു കാണാം. അവിടെ വച്ചു ശ്വേതകേതു സരസ്വതീ ദേവിയെ മാനുഷീ രൂപത്തില്‍ പ്രത്യക്ഷമായി കണ്ടു. എന്നെ വാക് സാമര്‍ത്ഥൃമുള്ളവൻ ആക്കിയാലും, എന്ന് ശ്വേതകേതു സരസ്വതിയോടു പറഞ്ഞു.
ആ യുഗത്തില്‍ തര്‍ക്കശാസ്ത്രത്തില്‍ അതിനിപുണരായ രണ്ടു മാതുല ഭാഗിനേയന്മാര്‍ ഉണ്ടായി. ഒന്നു കഹോഡ പുത്രനായ അഷ്ടാവക്രനും, മറ്റേത് ഉദ്ദാലക പുത്രനായ ശ്വേതകേതുവും ആയിരുന്നു. വിദേഹ രാജാവിന്റെ യജ്ഞസ്ഥലത്തേക്ക് ആമാതുല ഭാഗിനേയന്മാര്‍ കടന്നുചെന്ന് ഒരു വിവാദത്തില്‍ വന്ദിയെ തോല്‍പിച്ചു. അത്രമാത്രം അപ്രമേയ പ്രഭാവന്മാരായിരുന്നു അവര്‍.
ഹേ കൗന്തേയാ! ഭവാന്‍ അനുജന്മാരോടു കൂടി അഷ്ടാവക്ര ദൗഹിത്രനായ മഹര്‍ഷിയുടെ മഹാ പുണ്യാശ്രമത്തിൽ എത്തി സേവിക്കുക. അഷ്ടാവക്രന്‍ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ വന്ദിയെ ജനക മഹാരാജാവിന്റെ യജ്ഞ സ്ഥലത്തു വച്ച് വാദത്തില്‍ തോല്പിച്ചു; അങ്ങനെ വന്ദിയെ നദിയില്‍ മുക്കിക്കൊല്ലാന്‍ ഇടയാക്കുകയും ചെയ്തു.
യുധിഷ്ഠിരന്‍ പറഞ്ഞു: ആ വിപ്രന്റെ പ്രഭാവം എന്തായിരുന്നു? വന്ദിയെ എങ്ങനെ ജയിച്ചു? അവന്‍ അഷ്ടാവക്രൻ ആയത് എങ്ങനെ; അവന്റെ ചരിത്രം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.
ലോമശന്‍ പറഞ്ഞു: ഉദ്ദാലകന് ഇഷ്ട ശിഷ്യനായി കഹോഡന്‍ എന്നു വിശ്രുതനായ ഒരു വിപ്രൻ ഉണ്ടായിരുന്നു. അയാള്‍ ഗുരുവിനെ ശുശ്രൂഷിച്ച് വളരെ നാള്‍ അദ്ധ്യയനം കഴിച്ചു. അവന്റെ ഗുരു ശുശ്രൂഷയില്‍ പ്രീതനായ ഉദ്ദാലകന്‍ തന്റെ പുത്രിയായ സുജാതയെ ശിഷ്യന് ഭാര്യയായി നല്കി. യഥാകാലം അവള്‍ക്ക് അഗിതുല്യ പ്രഭാവമായ ഗര്‍ഭമുണ്ടായി. ഒരു ദിവസം ആ ശിശു, ഗര്‍ഭത്തിലിരുന്ന്, അദ്ധ്യയനം ചെയ്യുകയായിരുന്ന അച്ഛനെ വിളിച്ചു പറഞ്ഞു: "അങ്ങ് രാത്രിയൊക്കെയിരുന്നു അദ്ധ്യയനം ചെയ്യുകയാണല്ലോ. ഈ പഠിപ്പൊന്നും ശരിയാകുന്നില്ല". തന്റെ ശിഷ്യന്മാരുടെ മുമ്പില്‍ വച്ച് ഇപ്രകാരം അവമാനമേറ്റ മഹര്‍ഷിയായ അച്ഛന്‍ ആ ഗര്‍ഭസ്ഥ ശിശുവിനെ കോപം മൂലം ശപിച്ചു. ഗര്‍ഭത്തിലിരുന്നു കൊണ്ട് നീ എന്നെ അവമാനിക്കുകയാല്‍ നീ എട്ടു വളവുകളോടു കൂടിയവനായി ജനിക്കുക എന്ന്.
അപ്രകാരം അവന്‍, എട്ടു വളവോടു കൂടിയവനായി തന്നെ പിറന്നു. അഷ്ടാവക്രൻ എന്നു തന്മൂലം അവന് പേരും സിദ്ധിച്ചു. അവന്റെ അമ്മാവനാണ് ശ്വേതകേതു. അവനും പ്രായം കൊണ്ട് അഷ്ടാവക്രന് തുല്യനായിരുന്നു.
വയറ്റില്‍ക്കിടക്കുന്ന പുത്രന്റെ പീഡ സഹിച്ച് ഒരു ദിവസം സുജാത തന്റെ ഭര്‍ത്താവിനോടു പറഞ്ഞു.
സുജാത പറഞ്ഞു; നാഥാ! എനിക്കു പ്രസവത്തിനുള്ള കാലമായി. പത്തുമാസം തികഞ്ഞിരിക്കുന്നു. മഹര്‍ഷേ, പ്രസവ ശുശ്രൂഷയ്ക്കു ഭവാന്റെ പക്കല്‍ ധനമില്ല. ഞാന്‍ അതില്‍ വ്യസനിക്കുന്നു.
ലോമശന്‍ പറഞ്ഞു; ഇപ്രകാരം തന്റെ പത്നിയുടെ വാക്കു കേട്ട് കഹോഡന്‍ ധനം സമ്പാദിക്കുവാന്‍ ജനക മഹാരാജാവിന്റെ രാജധാനിയിൽ എത്തി. അവിടെ വച്ച് ആ വിപ്രനെ വാദവിദഗ്ദ്ധനായ വന്ദി വാദത്തില്‍ തോല്‍പിച്ച് വെള്ളത്തില്‍ മുക്കി കൊന്നു കളഞ്ഞു. ഈ വര്‍ത്തമാനം ഉദ്ദാലകന്‍ കേട്ടു. തന്റെ മരുമകനെ വന്ദി വാദത്തില്‍ തോല്‍പിച്ചു മുക്കിക്കൊന്നു കളഞ്ഞുവെന്ന്.
ഈ വര്‍ത്തമാനം സുജാതയോടു പറഞ്ഞു. അഷ്ടാവക്രനെ ഈ വൃത്താന്തം അറിയിക്കരുതെന്നും ഏര്‍പ്പാടു ചെയ്തു. അപ്രകാരം കുട്ടി പിറന്നു വളരെ വളര്‍ന്നിട്ടും സുജാത ഈ വൃത്താന്തം അറിയിച്ചില്ല. തന്റെ അച്ഛന്‍ ഉദ്ദാലകനും സഹോദരന്‍ ശ്വേതകേതുവും ആണെന്ന് അഷ്ടാവക്രന്‍ വിചാരിച്ചു പോന്നു. പന്ത്രണ്ടു വയസ്സ് പ്രായമായപ്പോള്‍ ഒരു ദിവസം അഷ്ടാവക്രൻ ഉദ്ദാലകന്റെ മടിയില്‍ ഇരിക്കുമ്പോള്‍ ശ്വേതകേതു അവനെ മടിയില്‍ നിന്നു വലിച്ചിഴച്ചു. അപ്പോള്‍ കരഞ്ഞ അഷ്ടാവക്രനോട് ശ്വേതകേതു പറഞ്ഞു ഇതു നിന്റെ അച്ഛന്റെ മടിയല്ല എന്ന്. അവന്‍ പറഞ്ഞ ക്രൂരമായ വര്‍ത്തമാനം അഷ്ടാവക്രന്റെ ഹൃദയം വേദനിപ്പിച്ചു. ഉടനെ അമ്മയോടു ചോദിച്ചു. "അമ്മേ, എന്റെ അച്ഛന്‍ എവിടെ", എന്ന്. സുജാത ഏറ്റവും വ്യസനിച്ചു. പുത്രന്റെ ശാപത്തെ ഭയപ്പെട്ട അവള്‍ ഉണ്ടായ വര്‍ത്തമാനമൊക്കെ അവനോടു പറഞ്ഞു. അതുകേട്ട് ശ്വേതകേതുവിനോടു രാത്രി സമയത്ത് അവന്‍ പറഞ്ഞു. അഷ്ടാവക്രൻ പറ്റഞ്ഞു; "നമുക്കു ജനകന്റെ യജ്ഞത്തിലേക്കു പോകാം. ആ യജ്ഞത്തെപ്പറ്റി പലരും വളരെ ആശ്ചര്യങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു. അവിടെ നടക്കുന്ന ബ്രാഹ്മണര്‍ തമ്മിലുള്ള വിവാദം നമുക്കും കേള്‍ക്കാം. അതുകേട്ട് നമ്മള്‍ക്കും ധാരാളം വിജ്ഞാനം നേടാം. നമുക്കു വേണ്ടത്ര ഭക്ഷണവും കിട്ടും. ആ ബ്രാഹ്മണഘോഷം ശിവവും ഹൃദ്യവുമാണത്രേ!
ലോമശന്‍ പറഞ്ഞു : അങ്ങനെ ആ മാതുല ഭാഗിനേയന്മാര്‍ ജനക മഹാരാജാവിന്റെ രാജധാനിയിലേക്കു പോയി. വഴിക്കു വച്ച് അഷ്ടാവക്രൻ രാജാവിനെ കണ്ടുമുട്ടി. അവര്‍ തമ്മില്‍ ഇങ്ങനെ സംഭാഷണമുണ്ടായി.
133. അഷ്ടാവക്രീയം - അഷ്ടാവക്രൻ പറഞ്ഞു: ബ്രാഹ്മണനില്ലെങ്കില്‍ ആദ്യം അന്ധനും, പിന്നെ ബധിരനും, പിന്നെ സ്ത്രീക്കും പിന്നെ ഭാരം വഹിക്കുന്നവനും, പിന്നെ രാജാവിനും ക്രമപ്രകാരം വഴിമാറി കൊടുക്കണം. ബ്രാഹ്മണൻ ഉണ്ടെങ്കില്‍ അവനാണ് അതിന് അവകാശം.
രാജാവു പറഞ്ഞു: ഹേ, ബ്രാഹ്മണാ! ഞാന്‍ ഇതാ അങ്ങേയ്ക്കു വഴിമാറി തരുന്നു. ഭവാന്‍ യഥേഷ്ടം യാത്ര ചെയ്താലും. അഗ്നിയില്‍ ചെറുതെന്നും വലുതെന്നുമുള്ള വ്യത്യാസമില്ല. ഇന്ദ്രന്‍ പോലും ബ്രാഹ്മണരെ നിതൃവും നമസ്കരിക്കുന്നു. ഭവാന്‍ ചെറുപ്പമാണെങ്കിലും ബ്രാഹ്മണനല്ലെ?
ലോമശന്‍ പറഞ്ഞു: അങ്ങനെ രാജാവ് വഴി ഒഴിഞ്ഞു കൊടുത്തു. അവര്‍ നേരെ നടന്ന് ഉദ്ദേശിച്ച സ്ഥലത്തു ചെന്നു. അപ്പോള്‍ ദ്വാരപാലകന്‍ അവരെ തടഞ്ഞു. ഉടനെ അഷ്ടാവക്രൻ രാജാവിനെ സംബോധന ചെയ്ത് ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
അഷ്ടാവക്രൻ പറഞ്ഞു; ഹേ രാജാവേ! ഞങ്ങള്‍ യജ്ഞത്തിലേക്കു വന്നു. അതിഥികളായ ഞങ്ങള്‍ യജ്ഞശാലയിലേക്കു കടക്കുവാന്‍ ഭവാന്റെ ദ്വാരപാലകന്റെ അനുവാദം കാത്തു കൊണ്ടു നിൽക്കുകയാണ്. ഹേ ഇന്ദ്രദ്യുമ്നന്റെ പുത്രാ, യജ്ഞം കാണുവാനും ജനക മഹാരാജാവിനെ കാണുവാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ ദ്വാരപാലകന്‍ തടുക്കുകയാല്‍ ഞങ്ങള്‍ ക്രോധാഗ്നിയില്‍ ദഹിക്കുകയാണ്.
ദ്വാരപാലകന്‍ പറഞ്ഞു: ഞങ്ങള്‍ വന്ദിയുടെ കല്പന നിര്‍വ്വഹിക്കേണ്ടവരാണ്. ഞാന്‍ പറയുന്നത് ഭവാന്മാര്‍ സാദരം കേട്ടാലും. ബാലന്മാരായ വിപ്രന്മാര്‍ക്ക് യാഗശാലയിലേക്കു പ്രവേശനമില്ല. വൃദ്ധരും, വിജ്ഞാനികളുമായ ബ്രാഹ്മണര്‍ക്കേ ഇതിന് അകത്തേക്കു കടക്കുവാന്‍ അനുവാദമുള്ളു.
അഷ്ടാവക്രന്‍ പറഞ്ഞു: വൃദ്ധന്മാര്‍ക്ക് ഇതിന്റെ ഉള്ളിലേക്കു കയറാമെന്ന് ഉണ്ടെങ്കില്‍ ഇതില്‍ ഞങ്ങള്‍ക്കും കയറാം. ഞങ്ങള്‍ അതിവ്രതത്താല്‍ വൃദ്ധരാണ്. വേദപ്രഭാവം ഉള്ളവരാണ്. വൃദ്ധന്മാര്‍ ആചരിക്കുന്നതൊക്കെ അറിയുന്നവരാണു ഞങ്ങള്‍. ശുശ്രൂഷാ പരന്മാരും ജിതേന്ദ്രിയരും ആഗമജ്ഞാനം ഉള്ളവരുമാണ് ഞങ്ങള്‍. ചെറുപ്പമാണെന്ന് വച്ചു നിങ്ങള്‍ ഞങ്ങളെ അപമാനിക്കുകയാണ്. ചെറിയ തീയാണെങ്കിലും തൊട്ടാല്‍ പൊള്ളുമെന്നറിയാമോ?
ദ്വാരപാലകന്‍ പറഞ്ഞു: ബ്രഹ്മത്തെ പ്രതിപാദിക്കുന്ന ഏകാക്ഷരമാണ് ഓം. സരസ്വതി ഓംകാര രൂപിണിയാണ്. മന്ത്രാര്‍ത്ഥ വാദങ്ങള്‍ കൊണ്ട് ആ ദേവി ബഹുരൂപിണിയാകുന്നു. മുനി സേവിതയായി പ്രകാശിക്കുന്ന ആ വാഗ്ദേവിയെ ഭവാന്‍ അറിഞ്ഞു സേവിക്കേണ്ടതാണ്. അല്ലയോ മുനികുമാരാ! ഞാന്‍ പറയുന്ന ശോഭനമായ വാക്കു ഭവാന്‍ ആദരിച്ചാലും. ആത്മപ്രശംസയായി വെറുംവാക്കു പറയരുത്. വിവരമുള്ളവര്‍ ഈ ലോകത്തില്‍ വളരെ ദുര്‍ല്ലഭമാണ്.
അഷ്ടാവക്രൻ പറഞ്ഞു: ദേഹം വലിയതായതു കൊണ്ട് ആള്‍ മഹാനാകുന്നില്ല. ഫലം നോക്കിയാണ് വൃദ്ധിയെ ഗണിക്കേണ്ടത്. വൃദ്ധനായിട്ടും അവന്‍ നിഷ്ഫല ജീവിയാണെങ്കിൽ എന്തുകാര്യം? ഇലവു മരത്തിന് കായ ഉണ്ടായതു പോലെ, മൂത്തതിന് ശേഷം കാറ്റില്‍ പറന്നു കളയുന്നത് പോലെ, ജീവികള്‍ക്ക് എന്തു പ്രയോജനമാണ് അതു കൊണ്ടുള്ളത്? അങ്ങനെയുള്ള വൃദ്ധന്മാര്‍ എങ്ങനെ പൂജനീയന്മാരാകും? ഫലഹീനന്‍ തീര്‍ച്ചയായും വൃദ്ധനാകയില്ല.
ദ്വാരപാലകന്‍ പറഞ്ഞു; വൃദ്ധന്മാരുടെ വാക്കു കേട്ടു ബാലന്മാര്‍ക്കു ജ്ഞാനം ഉണ്ടാകുന്നു. കാലം ചെല്ലുമ്പോള്‍ ബാലന്മാര്‍ വൃദ്ധരായി തീരുന്നു.. അല്പകാലം കൊണ്ടു വലിയ അറിവു നേടുവാന്‍ സാദ്ധ്യമാണോ? ഭവാന്‍ ദീര്‍ഘകാലത്തെ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല. പിന്നെ ബാലനായ നീ വൃദ്ധനായി നടിച്ചു പറയുന്നത് ശരിയാണോ?
അഷ്ടാവക്രൻ പറഞ്ഞു: തല നരച്ചതു കൊണ്ടു മാത്രം ഒരാള്‍ വൃദ്ധനാവുകയില്ല. വയസ്സു കൊണ്ടു ബാലനാണെങ്കിലും, വിജ്ഞാനമുള്ളവനെ ദേവന്മാര്‍ വൃദ്ധനായി കണക്കാക്കുന്നു. ഒരുത്തന്റെ മേന്മ വയസ്സിലോ, തല നരച്ചതു കൊണ്ടോ, സമ്പത്തു കൊണ്ടോ. ബന്ധുക്കളെ നോക്കിയോ ആണ് നിശ്ചയിക്കേണ്ടതെന്ന് മഹര്‍ഷിമാര്‍ പറഞ്ഞിട്ടില്ല. അവയൊന്നുമല്ല മഹത്വത്തെ തീരുമാനിക്കാനുള്ള വഴി. വേദജ്ഞനാണ് മഹാന്‍. രാജസദസ്സില്‍ വച്ചു വന്ദിയെ കാണുവാനാണു ഞങ്ങളിങ്ങോട്ടു വന്നത്. എന്റെ വരവ് പുഷ്കരമാല ചാര്‍ത്തിയ രാജാവിനെ ധരിപ്പിക്കുക. ഞാന്‍ പണ്ഡിതന്മാരോടു കൂടി വാദിക്കുന്നതും വാദത്തില്‍ മുന്നേറി ഞാന്‍ വന്ദിയെ ജയിക്കുന്നതും ഉടനെ കാണാവുന്നതാണ്. വിദ്യാപരിപൂര്‍ണ്ണന്മാരായ വിപ്രന്മാര്‍ രാജാവിനോടും പുരോഹിത മുഖ്യന്മാരോടും കൂടി എനിക്കു വാദത്തില്‍ ഉയര്‍ച്ചയോ താഴ്ചയോ പറ്റുകയെന്നു ശാന്തമായി ഇരുന്നു കണ്ടു കൊള്ളട്ടെ!
ദ്വാരപാലകന്‍ പറഞ്ഞു: വിനീതന്മാരായ വിദ്വാന്മാര്‍ ചെന്നു കയറേണ്ട സദസ്സില്‍ പത്തു വയസ്സു മാത്രം പ്രായം ചെന്ന നീ നേരിട്ടു കടന്നു ചെല്ലുകയോ? അത് എനിക്കു വിചാരിക്കുവാന്‍ പോലും വയ്യ! ഭവാന് ഈ സഭയില്‍ പ്രവേശിച്ചേ കഴിയൂ എന്ന് ഉണ്ടെങ്കില്‍ ഞാന്‍ ഭവാനെ മറ്റൊരു വഴിക്കു കടത്തി വിടാം. ആ വഴിക്കു ചെന്നാല്‍ ഭവാന് രാജാവിനെ കാണുവാന്‍ സാധിക്കും.
അഷ്ടാവക്രൻ പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്‍ ജനകന്മാരില്‍ വെച്ചു ശ്രേഷ്ഠനാണ്. ഭവാന്‍ സാമ്രാട്ടാണ്. ഭവാനിൽ എല്ലാ സമ്പത്തും സമൃദ്ധമായിരിക്കുന്നു. പണ്ട് യയാതി എന്ന പോലെ ഇന്നു ഭവാന്‍ യജ്ഞകര്‍മ്മങ്ങളില്‍ മികച്ചു നിൽക്കുന്നു. ഇപ്പോള്‍ നടക്കുന്ന യാഗത്തില്‍ വാദവിദഗ്ദനായ വന്ദി വാദത്തില്‍ പല വൃദ്ധന്മാരേയും കീഴടക്കിയെന്നും വാദത്തില്‍ തോറ്റവരെ ഒട്ടും ശങ്ക കൂടാതെ ഭവാന്‍ നിയോഗിച്ചതു പോലെ, ഭവാന്റെ ആള്‍ക്കാര്‍ വെള്ളത്തില്‍ മുക്കി കൊന്നുകളഞ്ഞു എന്നും ഞാന്‍ കേട്ടു. ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് ആ വന്ദിയോട് അദ്വൈത ബ്രഹ്മത്തെ പറ്റി ബ്രാഹ്മണ സമക്ഷം വാദിക്കുവാനാണ്. ആ വന്ദി എവിടെയാണ്? നക്ഷത്രത്തെ ആദിത്യനെന്ന പോലെ ഞാന്‍ ആ വന്ദിയെ ഇപ്പോള്‍ നശിപ്പിക്കും.
രാജാവു പറഞ്ഞു; അന്യന്റെ വാകൃബലത്തെ ചിന്തിക്കാതെയാണ് ഭവാന്‍ വന്ദിയെ ജയിക്കുവാന്‍ ആഗ്രഹിക്കുന്നത്. വേദജ്ഞന്മാരായ ബ്രാഹ്മണര്‍ പലരും വന്ദിയെ അറിയും; ഭവാന് അറിഞ്ഞു കൂടാ. ആ വാഗ്മിയെ വാദത്തില്‍ ജയിക്കുവാനാണോ ഭവാന്‍ പുറപ്പെടുന്നത്? മുമ്പ് അയാളോട് എതിര്‍ത്ത ബ്രാഹ്മണരൊക്കെ സൂര്യപ്രകാശത്തില്‍ നക്ഷത്രങ്ങള്‍ എന്ന പോലെ ശോഭിക്കാതെ പോയത് ഭവാന്‍ അറിഞ്ഞിട്ടില്ലെന്നോ? വിജ്ഞാന മത്തന്മാര്‍ പോലും വന്ദിയുടെ മുമ്പില്‍ എത്തുമ്പോഴേക്കും സദസ്യരുടെ മുമ്പില്‍ വെച്ചു മിണ്ടാന്‍ പോലും ശക്തരാകാതെ നശിച്ചു പോയത് ഓര്‍ക്കുമ്പോള്‍ ഭവാന്റെ ഈ പുറപ്പാടിനെപ്പറ്റി ഞങ്ങള്‍ എന്തു പറയട്ടെ!
അഷ്ടാവക്രൻ പറഞ്ഞു: എന്നെപ്പോലെ ഉള്ളവനോട് അവന്‍ വാദിച്ചിരിക്കുകയില്ല. അതാണ് അവന്‍ നിര്‍ഭയനായ സിംഹമായി തീരുവാന്‍ കാരണം. എന്നോട് എതിര്‍ത്തു വന്നാല്‍ വഴിക്കു വച്ചു തകര്‍ന്നു വീണ വണ്ടി പോലെ അവന്‍ നിഹതനാകുന്നതു കാണാം.
( അവന്റെ സാമര്‍ത്ഥ്യം കണ്ട് രാജാവ് ചില ചോദ്യങ്ങളാല്‍ അവനെ പരീക്ഷിച്ചു നോക്കി )
രാജാവ് പറഞ്ഞു: മുപ്പതു ഭാഗങ്ങളും പന്ത്രണ്ട് അംശങ്ങളും ഇരുപത്തിനാലു പര്‍വങ്ങളും മുന്നൂറ്ററുപത് അരങ്ങളും ഉള്ള വസ്തുവിന്റെ അര്‍ത്ഥം അറിയുന്നവനെ മാത്രമേ ജ്ഞാനമുള്ളവനായി കണക്കാക്കാവു.
അഷ്ടാവക്രൻ പറഞ്ഞു: ഇരുപത്തിനാലു പര്‍വ്വങ്ങളും ആറു നാഭികളും പന്ത്രണ്ടു പരിധിയും മുന്നൂറ്ററുപത് അരങ്ങളുമുള്ള അനന്തമായി കറങ്ങുന്ന ആ ചക്രം അങ്ങയെ രക്ഷിക്കട്ടെ!
ഈ ചക്രം കാലമാണ്. കാലോചിതമായ കര്‍മ്മങ്ങളാല്‍ രാജാവിന് സ്വസ്തിയുണ്ടാകട്ടെ! എന്ന് അഷ്ടാവക്രന്‍ ഉദ്ദേഛിക്കുന്നു.
രാജാവു പറഞ്ഞു; തേരില്‍പ്പൂട്ടിയ രണ്ടു പെണ്‍കുതിരകളെ പോലെ ഒന്നിച്ചു സഞ്ചരിക്കുന്നതും, പരുന്തിനെ പോലെ വേഗത്തില്‍ പോകുന്നതും, ഉള്ളവ രണ്ടും ഏതു ദേവനില്‍ സ്ഥിതി ചെയ്യുന്നു? അവ എന്തിനെ പ്രസവിക്കുന്നു? (ജന്മം കൊടുക്കുന്നു. )
അഷ്ടാവക്രൻ പറഞ്ഞു: ഇവ രണ്ടും ( ഇടിയും മിന്നലും ) അങ്ങയുടെ മാത്രമല്ല, അങ്ങയുടെ ശത്രുക്കളുടെ ഗൃഹത്തിലും വന്നു കൂടാതിരിക്കട്ടെ. കാറ്റ് സാരഥിയായുള്ളവന്‍ ( മേഘം ) ഇവ രണ്ടിനേയും സൃഷ്ടിക്കുന്നു; അവനെ ഇവ രണ്ടും സൃഷ്ടിക്കുന്നു.
രാജാവു പറഞ്ഞു: കണ്ണടയ്ക്കാതെ ഉറങ്ങുന്നത് ഏതു ജീവിയാണ്? ജനിച്ചതിന് ശേഷവും ഇളക്കമില്ലാത്തത് എന്തിനാണ്? ഹൃദയമില്ലാത്ത വസ്തുവേതാണ്? സ്വന്തം വേഗം കൊണ്ട് എന്താണു വര്‍ദ്ധിക്കുന്നത്?
അഷ്ടാവക്രൻ പറഞ്ഞു; കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി മത്സ്യമാണ്; ജനിച്ചതിന് ശേഷവും ഇളക്കമില്ലാത്തത് മുട്ടയ്ക്കാണ്; ഹൃദയമില്ലാത്തതു കല്ലിനാണ്; സ്വന്തം വേഗത്താല്‍ വര്‍ദ്ധിക്കുന്നത് നദിയാണ്.
രാജാവു പറഞ്ഞു: ഞാന്‍ നിന്നെ. പരിക്ഷിക്കുവാനാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചത്. ആ പരീക്ഷയില്‍ എനിക്കു പരിപൂര്‍ണ്ണമായ തൃപ്തി ഉണ്ടായിരിക്കുന്നു. ഇത്രയും വിദ്വാനായ ഭവാനെ വെറും ബാലനായിട്ടല്ല ദേവസത്വനായിട്ടാണ് ഞാന്‍ ഗണിക്കുന്നത്. ഭവാന്‍ കേവലം ബാലനല്ല, വൃദ്ധന്‍ തന്നെയാണെന്ന് ഞാന്‍ സമ്മതിക്കുന്നു. വാഗ്മിത്വത്തില്‍ ഭവാന്‍ അതുല്യ പ്രഭാവനാണ്. അതു കൊണ്ട് ഭവാന്‍ ഈ വഴിക്കു പോയാലും! ഞാന്‍ അനുവദിക്കുന്നു. അതാ വന്ദി!
134. അഷ്ടാവക്രീയം - അഷ്ടാവക്രൻ പറഞ്ഞു; ഉഗ്രസേനന്‍ മുതലായ അപ്രതിമ പ്രഭാവന്മാരായ രാജാക്കന്മാര്‍ പലരും നിറഞ്ഞ ഈ സദസ്സില്‍ വാദി പ്രവരനായ വന്ദിയെ ഇതുവരെ ഞാന്‍ തിരിച്ചറിഞ്ഞില്ല. മഹാജലത്തില്‍ നിന്നു ഹംസത്തെ എന്ന പോലെ, ഈ മഹാ സദസ്സില്‍ നിന്നു വന്ദിയെ ഞാന്‍ ഇതാ വാദത്തിനായി പിടി കൂടുന്നു. തന്നത്താന്‍ വാഗ്മിയാണെന്ന് അഭിമാനിക്കുന്ന ഈ വന്ദി എന്നോട് ഒന്നും മിണ്ടാത്തത് എന്താണ്? എടോ വന്ദി! നീ എന്നോടു പന്തയത്തിന് തയ്യാറായാല്‍ നിനക്കു നദിയെ പോലെ സ്വച്ഛമായി ഒഴുകാന്‍ പറ്റില്ല. അതൃന്തം പ്രദീപ്തമായ അഗ്നിയെന്ന പോലെയാണ് ഞാന്‍ എന്ന് അറിഞ്ഞു കൊണ്ട് എന്റെ മുമ്പില്‍ ഉറച്ചു നിന്നു കൊള്ളുക.
വന്ദി പറഞ്ഞു: ഉറങ്ങി കിടക്കുന്ന വ്യാഘ്രത്തെ ഉണര്‍ത്തരുത് എന്നത് ഞാന്‍ ഭവാനെ പഠിപ്പിക്കാം. സര്‍പ്പത്തിന്റെ തലയില്‍ ചവിട്ടിയവനെ അതു വെറുതെ വിടുകയില്ല. അവന്‍ എത്ര ശക്തനായാലും എത്ര ഗര്‍വ്വോന്മത്തൻ ആയിരുന്നാലും സര്‍പ്പത്തിന്റെ കടി ഏൽക്കുക തന്നെ ചെയ്യും. ദുര്‍ബ്ബലന്‍ ചെന്നു പര്‍വ്വതത്തിന്മേല്‍ അടിച്ചാല്‍ അവന്റെ കൈ അല്ലാതെ മലയാണോ തകരുക.
അഷ്ടാവക്രൻ പറഞ്ഞു: ഹേ മിഥിലാധിപാ! പര്‍വ്വതങ്ങളില്‍ മൈനാകമെന്ന പോലെ, മറ്റു രാജാക്കളില്‍ ശ്രേഷ്ഠനാണ് ഭവാന്‍. ഭവാന്റെ മുമ്പില്‍ മറ്റു രാജാക്കളൊക്കെ, കാളക്കുട്ടികള്‍ കാളയുടെ മുമ്പിലെന്ന പോലെയാണ്. സുരന്മാരില്‍ മഹേന്ദ്രനും, നദികളില്‍ ഗംഗയും മികച്ചു നിൽക്കുന്ന പോലെ രാജാക്കളില്‍ ഭവാന്‍ അതുല്യനായി മികച്ചു നിൽക്കൂന്നു. ഈ വന്ദിയെ എന്നോടു വാദിക്കുവാന്‍ ഭവാന്‍ നിയോഗിച്ചാലും!
ലോമശന്‍ പറഞ്ഞു: ഇപ്രകാരം അഷ്ടാവക്രൻ സഭയില്‍ കോപത്തോടെ ഗര്‍ജ്ജിച്ചു കൊണ്ടു പോരിന് വിളിച്ചു. ഞാന്‍ ചോദിക്കുന്നതിന്റെ ഉത്തരം നീ പറയണം. നീ ചോദിക്കുന്നതിന്റെ ഉത്തരം ഞാന്‍ പറയാം എന്നു പറഞ്ഞു വാദത്തിൽ ഏര്‍പ്പെട്ടു.
വന്ദി പറഞ്ഞു: ഒരേ ഒരു അഗ്നി പല രൂപത്തില്‍ ഉജ്ജ്വലിക്കുന്നു; ഒരേ ഒരു സുര്യന്‍ ലോകം മുഴുവന്‍ ശോഭിപ്പിക്കുന്നു; ഒരേ ഒരു വീരനായ ദേവരാജാവ് ശത്രുക്കളെ നശിപ്പിക്കുന്നു; യമന്‍ ഒരാള്‍ മാത്രമാണ് പിതൃക്കളുടെ ഈശ്വരന്‍.
അഷ്ടാവക്രൻ പറഞ്ഞു: കൂട്ടുകാരായി ഒന്നിച്ചു ചരിക്കുന്ന രണ്ടു പേരാണ് ഇന്ദ്രനും അഗ്നിയും; രണ്ടു ദേവര്‍ഷികളാണ് നാരദനും പര്‍വ്വതനും; അശ്വിനികള്‍ രണ്ടാണ്; രഥത്തിന്റെ ചക്രങ്ങള്‍ രണ്ടെണ്ണമാണ്; വിധാതാവിനാല്‍ വിധിക്കപ്പെട്ടതിനാല്‍ ഭാര്യയും ഭര്‍ത്താവും രണ്ടാണ്.
വന്ദി പറഞ്ഞു: കര്‍മ്മത്താല്‍ പ്രജകള്‍ മൂന്നു തരമാണ്; മൂന്നു (വേദങ്ങള്‍ ) ചേര്‍ന്നാണ് വാജപേയ യാഗം ചെയ്യുന്നത്. മൂന്നു കാലങ്ങളിലാണ് അദ്ധ്വരങ്ങള്‍ ചെയ്യുന്നവര്‍ ക്രിയകൾ ആരംഭിക്കുന്നത്. ലോകങ്ങള്‍ മൂന്നാണ്; അതുപോലെ തന്നെ ജ്യോതിസ്സുകള്‍ മൂന്നാണ്.
അഷ്ടാവക്രൻ പറഞ്ഞു: ബ്രാഹ്മണ നികേതനങ്ങള്‍ നാലാണ്; നാലു വര്‍ണ്ണങ്ങളും യജ്ഞം ചെയ്യുന്നു; ദിക്കുകള്‍ നാലാണ്; വര്‍ണ്ണങ്ങള്‍ നാലാണ്; അതുപോലെ പശുവിന് കാലു നാലാണെന്നതും പ്രസിദ്ധമാണ്.
വന്ദി പറഞ്ഞു: അഗ്നി അഞ്ചു തരമാണ്; പങ്ക്തി പഞ്ചപദയാണ്! യജ്ഞങ്ങള്‍ അഞ്ചാണ്; അപ്സരസ്സുകൾ പഞ്ചചൂഡകൾ ആണെന്നു വേദത്തില്‍ കാണുന്നു; പുണ്യനദികള്‍ അഞ്ചാണെന്നതും ലോകപ്രസിദ്ധമാണ്.
അഷ്ടാവക്രൻ പറഞ്ഞു:യുഗാരംഭത്തില്‍ ആറുവിധ ദക്ഷിണകളാണ്; കാലചക്രത്തിന് ആറ് ഋതുക്കളാണുള്ളത്. ഇന്ദ്രിയങ്ങള്‍ ആറാണ്, കൃത്തിക ആറാണ്; സാദൃസ്കയാഗം ആറാണ് എന്നതും എല്ലാ വേദങ്ങളിലും കാണാവുന്നതുമാണ്.
വന്ദി പറഞ്ഞു: വീട്ടുമൃഗങ്ങളുടെ എണ്ണം ഏഴാണ്; വന്യമൃഗങ്ങളും ഏഴാണ്; ഋഷികള്‍ ഏഴാണ്; അര്‍ഹണങ്ങള്‍ ഏഴാണ്; വീണ സപ്തതന്ത്രിയാണ് എന്നതു പ്രസിദ്ധവുമാണ്.
അഷ്ടാവക്രൻ പറഞ്ഞു; നുറിരട്ടി കൊള്ളുന്ന ശാണങ്ങള്‍ എട്ടാണ്. സിംഹഘാതിയായ ശരഭത്തിന് കാലുകള്‍ എട്ടാണ്. ദേവന്മാരില്‍ വസുക്കള്‍ എട്ടാണ്. സര്‍വ്വ യജ്ഞങ്ങളിലും യൂപങ്ങള്‍ക്ക് എട്ടു മൂലകൾ ആണെന്നതും പ്രസിദ്ധമാണ്.
വന്ദി പറഞ്ഞു; പിതൃക്കള്‍ക്കുള്ള ഹോമകര്‍മ്മങ്ങളില്‍ മന്ത്രങ്ങള്‍ ഒമ്പതാണ്; സൃഷ്ടിക്ക് ഒമ്പതു യോഗങ്ങളാണ്; ബൃഹതി നവാക്ഷരയാണ്; ഗണനത്തില്‍ ഒമ്പത് അക്കങ്ങളാണെന്നത് ശാശ്വതമായ വസ്തുതയുമാണ്.
അഷ്ടാവക്രൻ പറഞ്ഞു; മനുഷ്യ ലോകത്തില്‍ ദിക്കുകള്‍ പത്താണ്; പത്തു നൂറു കൂടിയതാണ് ആയിരം; ഗര്‍ഭകാലം പത്തു മാസമാണ്; വിജ്ഞാനം ഉണ്ടാക്കുന്നവര്‍ ( പഠിപ്പിക്കുന്നവര്‍ ) പത്താണ്; അതിന് വിരോധികളായവര്‍ പത്താണ്; അതര്‍ഹിക്കുന്നവരും പത്താണ്.
വന്ദി പറഞ്ഞു: ജന്തുക്കള്‍ക്ക് ഭോജ്യവസ്തുക്കള്‍ പതിനൊന്നാണ്; യൂപത്തിന്റെ എണ്ണം പതിനൊന്നാണ്; പ്രാണികള്‍ക്കു വികാരം പതിനൊന്നാണ്; ദേവന്മാരുടെ ലോകത്തില്‍ രുദ്രന്മാര്‍ പതിനൊന്നു പേരാണ്.
അഷ്ടാവക്രൻ പറഞ്ഞു: കൊല്ലത്തില്‍ മാസങ്ങള്‍ പന്ത്രണ്ടാണ്; ജഗതി ( എന്ന വൃത്തത്തിന് ) പാദങ്ങളായി പന്ത്രണ്ട് അക്ഷരങ്ങളാണ്. പ്രാകൃത യജ്ഞങ്ങള്‍ പന്ത്രണ്ടാണ്. ആദിത്യന്മാര്‍ പന്ത്രണ്ടാണെന്നും വിവരമുള്ളവര്‍ പറയുന്നു.
വന്ദി പറഞ്ഞു: പതിമൂന്നാമത്തെ തിഥി ഏറ്റവും പുണ്യമാണ്; ഭൂമിയില്‍ പതിമൂന്നു ദ്വീപുകളാണ് എന്നതും വിഖ്യാതമാണ് . . . .
ലോമശന്‍ പറഞ്ഞു: ഇത്രത്തോളം പറഞ്ഞിട്ടും ശ്ലോകാര്‍ദ്ധം ചൊല്ലാന്‍ കിട്ടാതെ വന്ദി മൂകനായി മിഴിച്ചു നിന്നു. അപ്പോഴേക്കും സദസ്സില്‍ ആര്‍പ്പും കൈകൊട്ടും ആഹ്ളാദ പ്രകടനവുമായി. ഉടനെ അഷ്ടാവക്രൻ ശ്ലോകം പൂരിപ്പിച്ചു.
അഷ്ടാവക്രൻ പറഞ്ഞു: കേശി ചെയ്ത അഹസ്സുകള്‍പതിമൂന്നാണ്; ആദിച്ഛന്ദസ്സുകള്‍ പതിമൂന്നാണ്.
ലോമശന്‍ പറഞ്ഞു; ഈ ശ്ലോകപൂരണം കഴിഞ്ഞപ്പോള്‍ കരഘോഷവും ആര്‍പ്പുവിളിയും ഉണ്ടായി. ജനങ്ങള്‍ ഇങ്ങനെ ആഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍ സൂതപുത്രന്‍, വന്ദി, മൂകനായി തലതാഴ്ത്തി നിന്നു. ഇങ്ങനെ അഷ്ടാവക്രൻ ജയിക്കുകയും വന്ദി തോൽക്കുകയും ചെയ്തതു കണ്ടപ്പോള്‍ ജനങ്ങളുടെ ആഹ്ളാദം കരകവിഞ്ഞു. ഈ ബാലനായ അഷ്ടാവക്രനെ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ച് അഭിനന്ദിക്കുന്ന ബഹളം അവിടെ മുഴങ്ങി. ബ്രാഹ്മണന്മാര്‍ അവനെ ആനന്ദത്തോടെ കൈകൂപ്പി.
അഷ്ടാവക്രൻ പറഞ്ഞു: ഇവന്‍ മുമ്പെ അനേകം ബ്രാഹ്മണരെ വാദത്തില്‍ ജയിച്ച് വെള്ളത്തില്‍ താഴ്ത്തി വിട്ടല്ലോ. അപ്രകാരം തന്നെ ഇപ്പോള്‍ ഈ വന്ദിയേയും ജലത്തില്‍ ആഴ്ത്തിക്കളയണം. അതാണ് ധര്‍മ്മം.
വന്ദി പറഞ്ഞു: മാന്യരേ! ഞാന്‍ രാജാവായ വരുണന്റെ പുത്രനാണ്. അവിടെ അച്ഛന്റെ രാജധാനിയില്‍ പന്ത്രണ്ടു കൊല്ലം കൊണ്ടു തീരുന്ന ഒരു സത്രം നടക്കുകയാണ്. ഹേ ജനകാ, അങ്ങയുടെ സത്രത്തിന് തുല്യമാണ് ആ സത്രവും. ഞാന്‍ അതിലേക്ക്, അതു കാണുവാനാണ് ദ്വിജശ്രേഷ്ഠന്മാരെ ജലത്തില്‍ മുക്കി അങ്ങോട്ടു വിട്ടത്. വരുണന്റെ സത്രം കാണുവാന്‍ പോയ അക്കൂട്ടരെല്ലാം തിരികെ വന്നു കൊള്ളും. അഷ്ടാവക്രൻ പൂജ്യനാണ്. ഞാന്‍ അവനെ പൂജിക്കുന്നു. അവന്റെ അച്ഛനെ ഞാന്‍ ഉടനെ വരുത്താം.
അഷ്ടാവക്രൻ പറഞ്ഞു: വിദ്വാന്മാരായ വിപ്രന്മാരെ വാക്കിനാലും ബുദ്ധിശക്തിയാലും ഇവന്‍ ജയിച്ച് കടലില്‍ താഴ്ത്തി വിട്ടു. ഇന്ന് ആ വാക്കും ബുദ്ധിയും ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. ഇനി സതൃസന്ധര്‍ പറയട്ടെ! നന്മയും തിന്മയും അറിയുന്ന അഗ്നി, സ്വതേജസ്സാല്‍ സത്തുക്കളുടെ ഗൃഹങ്ങളെ ദഹിപ്പിക്കാതെ അവരോടു ദാക്ഷിണ്യം കാണിക്കുന്നതു പോലെ, സജ്ജനങ്ങള്‍ കുട്ടികളുടെ വാദങ്ങളേയും അഭിപ്രായങ്ങളേയും കേട്ടു വിധി കല്പിക്കട്ടെ! ഹേ! ജനകാ, ശ്ലേഷ്മാതകത്തിന്റെ കായ് തിന്നതു പോലെ അങ്ങ് ബുദ്ധി ശൂന്യനായിട്ടോ അഥവാ സ്തുതി കേട്ട് മദോന്മത്തനായിട്ടോ എന്റെ വാക്കുകേട്ടിട്ടും ഗര്‍വുള്ള ആനയെപ്പോലെ കേള്‍ക്കാത്ത മട്ടില്‍ നിൽക്കുന്നത്?
ജനകന്‍ പറഞ്ഞു: ഹേ അഷ്ടാവക്ര! ഞാന്‍ നിന്റെ വാക്കു കേള്‍ക്കുന്നുണ്ട്. ദിവൃമായും അമാനുഷമായും ഇരിക്കുന്ന വാക്കാണ് നീ പറയുന്നത്. ദിവ്യരൂപനാണ് ഭവാന്‍. വാദത്തില്‍ നീ വന്ദിയെ ജയിക്കുകയാല്‍ നിന്റെ ഇഷ്ടത്തിനു വേണ്ടി ഞാന്‍ അവനെ ഇതാ വിട്ടു തന്നിരിക്കുന്നു.
അഷ്ടാവക്രൻ പറഞ്ഞു: ജീവിച്ചിരിക്കുന്ന ഈ വന്ദിയെക്കൊണ്ട് എനിക്കു യാതൊരു കാര്യവുമില്ല. ഇവന്റെ അച്ഛന്‍ വരുണനാണെങ്കില്‍ ഇവനെ വെള്ളത്തില്‍ താഴ്ത്തി വിടുക.
വന്ദി പറഞ്ഞു: ഞാന്‍ വരുണ രാജാവിന്റെ പുത്രനാണ്. വെള്ളത്തില്‍ താഴ്ത്തി വിട്ടതു കൊണ്ട് എനിക്കൊരു ദോഷവും വരാന്‍ പോകുന്നില്ല. വളരെ നാളായി മരിച്ചു പോയി എന്ന് അഷ്ടാവക്രൻ വിചാരിച്ചിരിക്കുന്ന അവന്റെ അച്ഛനായ കഹോഡനെ ഇപ്പോള്‍ കാണാന്‍ സാധിക്കും.
ലോമശന്‍ പറഞ്ഞു: ഉടനെ മഹാത്മാവായ വരുണന്‍ പൂജിച്ചു പാര്‍പ്പിച്ചിരുന്ന വിപ്രന്മാര്‍ എല്ലാവരും പൊങ്ങി വന്നു ജനകന്റെ സമീപത്തു നിന്നു.
കഹോഡന്‍ പറഞ്ഞു; ഹേ, ജനകരാജാവേ, ഇതിനാണ് ജനങ്ങള്‍ സത്കര്‍മ്മങ്ങള്‍ ചെയ്ത് പുത്രന്മാർ ഉണ്ടാകുവാന്‍ ഇച്ഛിക്കുന്നത്. എനിക്കു കഴിയാതിരുന്ന കാരും എന്റെ മകന്‍ ചെയ്തു. അശക്തനായ അച്ഛന് ശക്തനായ മകനുണ്ടാകാം. മൂഢന്നും പണ്ഡിതനായ മകനുണ്ടാകാം. അതുപോലെ തന്നെ വിദ്യാഭ്യാസം ഇല്ലാത്തവന് വിദ്വാനായ പുത്രനുണ്ടാകാം. അങ്ങയ്ക്ക് ഭദ്രം ഭവിക്കുട്ടെ! നിശിതമായ വെണ്മഴു കൊണ്ട് അങ്ങയുടെ ശത്രുക്കളുടെ ശിരസ്സ് അന്തകന്‍ അരിഞ്ഞു വീഴ്ത്തട്ടെ. ജനക രാജാവിന്റെ ഈ സത്രത്തില്‍ മഹത്തായ "ഉക്ഥഗാന"ങ്ങള്‍ ഗാനം ചെയ്യപ്പെടുന്നു; സോമം വേണ്ടത്ര പാനം ചെയ്യപ്പെടുന്നു; സാക്ഷാല്‍ ദേവന്മാര്‍ സ്വയം, ഹൃഷ്ടരായി തങ്ങള്‍ക്കുള്ള ഭാഗം സ്വീകരിക്കുന്നു!
ലോമശന്‍ പറഞ്ഞു: ആ വിപ്രന്മാരൊക്കെ പ്രഭയോടു കൂടി പൊങ്ങി വന്നതിന് ശേഷം ജനക മഹാരാജാവിനോടു വിട വാങ്ങി വന്ദി സമുദ്രത്തില്‍ പ്രവേശിച്ചു. അഷ്ടാവക്രൻ അച്ഛനെ പൂജിച്ചു. വിപ്രന്മാര്‍ അഷ്ടാവക്രനെ അഭിനന്ദിച്ച് പൂജിക്കുകയും ചെയ്തു. വന്ദിയെ ജയിച്ച അഷ്ടാവക്രൻ അച്ഛനോടും മാതുലനോടും കൂടി ആശ്രമത്തിലേക്കു മടങ്ങി. അവിടെച്ചെന്ന് അമ്മയുടെ മുമ്പില്‍ വച്ച് നീ ഈ സമംഗാ നദിയില്‍ വേഗം മുങ്ങിക്കുളിക്കുക എന്ന് അച്ഛന്‍ പറഞ്ഞു.
പറഞ്ഞ പ്രകാരം ആ തീര്‍ത്ഥത്തില്‍ അഷ്ടാവക്രൻ മുങ്ങി. ഉടനെ അവന്റെ എട്ടു വളവുകളും പോയി. അവന്‍ സുന്ദരനാവുകയും ചെയ്തു. അതോടു കൂടി മധുബിലയെന്ന ആ നദിയും പുണ്യയായി തീര്‍ന്നു. അംഗങ്ങളെ സമമാക്കി തീര്‍ത്തത് കൊണ്ട് ആ നദിക്ക് "സമംഗ" എന്ന പേര്‍ സിദ്ധിക്കുകയും ചെയ്തു.
ആ നദിയില്‍ സ്നാനം ചെയ്താല്‍ പാപങ്ങള്‍ നശിച്ചു പോകും. ഭവാന്‍ ഇതില്‍ സ്നാനപാനാവ ഗാഹകൃത്യങ്ങള്‍ ഭ്രാതൃഭാര്യാ സമേതനായി ചെയ്താലും. ഹേ കൗന്തേയാ, നീ സഹോദരന്മാരോടും, വിപ്രരോടും കൂടി സന്തോഷത്തോടെ ഇവിടെ കുറച്ചുനാള്‍ വസിച്ചതിന് ശേഷം പുണ്യസ്ഥലങ്ങള്‍ ഭക്തിയോടെ എന്നോടു കൂടി സഞ്ചരിച്ചു കണ്ട് ശുദ്ധനും ഭക്തനുമായി ഭവിക്കുക.
135. യവക്രീതോപാഖ്യാനം - ലോമശന്‍ പറഞ്ഞു: ഹേരാജാവേ! "മധുബില" എന്ന് പണ്ടു പേരുണ്ടായിരുന്ന "സമംഗ" ഇതാ കാണുന്നു. ഇതാണ് ഭരതന്റെ "കര്‍ദ്ദിമില"മെന്ന അഭിഷേചന സ്ഥലം. വൃത്രവധത്തിന് ശേഷം അലക്ഷ്മി പിടിപെട്ട് ശചീപതി സമംഗയില്‍ കുളിച്ച് എല്ലാ പാപത്തില്‍ നിന്നും വിമുക്തനായി. ഇതാ മൈനാക പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്തായി "വിനശനം" എന്ന തീര്‍ത്ഥം കാണുന്നു. അദിതി സന്തതിക്കായി അന്നം പാകം ചെയ്തത് ഇവിടെ വെച്ചാണ്. ഈ പര്‍വ്വത രാജനില്‍ കയറിയാല്‍ അങ്ങയെ ബാധിച്ച അയശസ്കരമായ അലക്ഷ്മി പോലും അകന്നു പോകും. ഋഷിമാര്‍ക്കു പ്രിയപ്പെട്ട കനഖല പര്‍വ്വതങ്ങള്‍ ഇവയാണ്. ഗംഗാ മഹാനദി ഇതാ കാണുന്നു. ഭഗവാന്‍ സനല്‍ക്കുമാരന്‍ പണ്ട് ഇതിലാണു സിദ്ധി പ്രാപിച്ചത്. ഇവിടെ ഇറങ്ങി ഹേ ആജമീഡാ! പാപങ്ങളൊക്കെ ഭവാന്‍ നീക്കിയാലും. "പുണ്യമ"യെന്ന പുണ്യ സരസ്സിലും, ഭൃഗുതുംഗ പര്‍വ്വതത്തിലും, തുഷ്ണീഗംഗകളിലും മന്ത്രിമാരോടു കൂടി ഭവാന്‍ പ്രവേശിച്ചാലും.
സ്ഥൂലശിരസ്സിന്റെ രമണീയമായ ആശ്രമം ഇതാ കാണുന്നു. മാനവും, ക്രോധവും ഭവാന്‍ അവിടെ ഉപേക്ഷിക്കണം. ശ്രീമാനായ രൈഭ്യന്റെ ആശ്രമം അതാ കാണുന്നു. ഭരദ്വാജനും, കവിയുമായ "യവക്രീതന്‍" ഇവിടെ വച്ചാണു നാശം പ്രാപിച്ചത്.
യുധിഷ്ഠിരന്‍ പറഞ്ഞു; പ്രതാപിയായ രൈഭ്യന്‍ എങ്ങനെ മുക്തനായി? ഭരദ്വാജ പുത്രനായ യവക്രീതന്‍ എങ്ങനെ പണ്ഡിതനായി എന്നും, എങ്ങനെ നശിച്ചു എന്നുമുള്ള കഥകള്‍ ഉണ്ടായ വിധം കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദേവകല്പന്മാരായ അവരുടെ കര്‍മ്മങ്ങളെ കുറിച്ചു കേള്‍ക്കുവാന്‍ എനിക്കു വലിയ താല്പര്യം തോന്നുന്നു.
ലോമശന്‍ ഫറഞ്ഞു: ഭരദ്വാജനും രൈഭ്യനും വലിയ സുഹൃത്തുക്കളായിരുന്നു. അവര്‍ പരസ്പര സ്നേഹത്തോടെ ഇവിടെ അധിവസിച്ചു. രൈഭ്യനു രണ്ടു മക്കളുണ്ടായിരുന്നു. അര്‍വാവസു, പരാവസു ഇവരാണ് ആ മക്കള്‍. ഭരദ്വാജന് ഒരു പുത്രനേ ഉണ്ടായുള്ളു. അവനാണ് യവക്രീതന്‍. രൈഭ്യനും മക്കളും വിദ്വാന്മാരാണ്. ഭരദ്വാജന്‍ വലിയ തപസ്വിയായിരുന്നു. ചെറുപ്പം മുതല്‍ രൈഭ്യനും ഭരദ്വാജനും തമ്മില്‍ വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി ജിവിച്ചുവന്നു. തപസ്വിയായ തന്റെ അച്ഛന്‍, ബ്രാഹ്മണരാല്‍ ആദരിക്കപ്പെടാ തിരിക്കുന്നതും, വിദ്വാന്മാരായ രൈഭൃയനും മക്കളും പൂജിക്കപ്പെടുന്നതും കണ്ട് യവക്രീതന് വലിയ ദുഃഖമുണ്ടായി. തനിക്കു വലിയ വേദജ്ഞനാകണം; അതു തപസ്സു കൊണ്ടു സാധിക്കുവാൻ അവന്‍ ഘോരമായ തപസ്സിന് ഒരുങ്ങി. യവക്രീതന്‍ വേദങ്ങള്‍ പഠിക്കാതെ തപസ്സു കൊണ്ട് വേദജ്ഞാനം ലഭിക്കുവാന്‍ വേണ്ടി കത്തുന്ന തീയില്‍ സ്വശരീരം തപിപ്പിച്ചു. ഘോരമായ ഈ തപസ്സ് ഇന്ദ്രന് സന്താപം ജനിപ്പിച്ചു. ഇന്ദ്രന്‍ യവക്രീതന്റെ സമീപത്ത് അണഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു; ഭവാന്‍ ഈ ഘോരമായ തപസ്സു ചെയ്യുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
യവക്രീതന്‍ പറഞ്ഞു: ദ്വിജന്മാരില്‍ നിന്ന് അഭ്യസിക്കാതെ തന്നെ വേദങ്ങളൊക്കെ വശമാക്കുവാന്‍ വേണ്ടിയാണ് സുരാധിപാ! ഞാന്‍ ഈ ഘോരമായ തപസ്സു ചെയ്യുന്നത്. സ്വാദ്ധ്യായത്തിനാണ് ഹേ പാകശാസനാ! എന്റെ ഉദ്യമം. തപസ്സാല്‍ എല്ലാ ജ്ഞാനവും ലഭിക്കണം. വേദങ്ങളൊക്കെ ഗുരുമുഖത്തിങ്കല്‍ നിന്നു പഠിക്കുവാന്‍ വളരെക്കാലം വേണ്ടി വരും. അതു കൊണ്ട് ഈ മാര്‍ഗ്ഗം ഞാന്‍ സ്വീകരിച്ചു.
ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ വിപ്രര്‍ഷേ! ഭവാന്‍ സ്വീകരിച്ച ഈ മാര്‍ഗ്ഗം ശരിയല്ല. ഉദ്ദേശം നല്ലതാണ്. ശരിയായ മാര്‍ഗ്ഗം ഗുരുമുഖത്തില്‍ നിന്ന് അഭ്യസിക്കുന്നതാണ്. അതു കൊണ്ട് ഉദ്ദേശ്യത്തിന് വിഘ്നം വരുത്താതെ ഗുരുവിനെ സമീപിക്കുക.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ശക്രന്‍ മറഞ്ഞു. എന്നാൽ യവക്രീതന്‍ തപസ്സില്‍ നിന്നു പിന്മാറിയില്ല. ഇന്ദ്രന്‍ പറഞ്ഞത് അനുസരിക്കാതെ അതികഠിനമായ തപസ്സു ചെയ്യുക തന്നെ ചെയ്തു. ഇന്ദ്രനെ അവന്‍ സന്തപിപ്പിച്ചു. ഇപ്രകാരം തീവ്രമായ തപസ്സു ചെയ്യുന്ന ആ മഹാമുനിയെ ദേവേന്ദ്രന്‍ വീണ്ടും ചെന്നുകണ്ടു.
ഇന്ദ്രന്‍ പറഞ്ഞു: മഹര്‍ഷേ! ഭവാന്റെ ശ്രമം അസാദ്ധ്യമാണ്. ആലോചിക്കാതെയാണ് ഭവാന്‍ ഈ സാഹസത്തിന് ഒരുങ്ങിയത്. നിനക്കും നിന്റെ അച്ഛനും പഠിക്കാതെ താനേ വേദം ഉണ്ടാകുമോ?
യവക്രീതന്‍ പറഞ്ഞു: എന്റെ ആഗ്രഹം അതാണ്. അതു സാധിപ്പിക്കു ന്നില്ലെങ്കില്‍ ഇതിനേക്കാള്‍ ഉഗ്രമായ. തപസ്സില്‍ പ്രവേശിക്കുവാന്‍ ഞാന്‍ തീര്‍ച്ചയാക്കി ക്കഴിഞ്ഞു. കത്തുന്ന അഗ്നിയില്‍ ഞാന്‍ എന്റെ ദേഹം മുറിച്ചു മുറിച്ചു ഹോമിക്കും. ഹേ, മഖവാനേ! ഭവാന്‍ ധരിച്ചാലും എന്റെ ദൃഢനിശ്ചയം! എന്റെ കാമം ഭവാന്‍ ഉടനെ സാധിപ്പിച്ചു തരിക. അല്ലെങ്കില്‍ തപസ്സു ചെയ്യുക തന്നെ ചെയ്യും!
ലോമശന്‍ പറഞ്ഞു: മഹാത്മാവായ മുനിയുടെ നിശ്ചയം മനസ്സിലാക്കി, അദ്ദേഹത്തെ അതില്‍ നിന്നു തടയുവാന്‍ എന്താണു വഴിയെന്ന് ബുദ്ധിമാനായ ഇന്ദ്രന്‍ ചിന്തിച്ചു. ദുര്‍ബ്ബലനും ക്ഷീണിതനും അനേക ശതം പ്രായം ചെന്നവനുമായ ഒരു ബ്രാഹ്മണ വൃദ്ധന്റെ വേഷം ഇന്ദ്രന്‍ സ്വീകരിച്ച്, യവക്രീതന്‍ ദേഹശുദ്ധി ചെയ്യുന്ന തീര്‍ത്ഥ സ്ഥലത്തു ചെന്ന്, മണല്‍കൂട്ടി ഗംഗയില്‍ ചിറകെട്ടുന്നതില്‍ ഏര്‍പ്പെട്ടു. താന്‍ പറയുന്നതിനെ അനുസരിക്കാത്ത യവക്രീതന്നു കാണാവുന്ന വിധത്തില്‍ മണല്‍ത്തരികള്‍ കൈ കൊണ്ട് വാരിക്കൊണ്ടു വന്നു ഗംഗയ്ക്കു ചിറകെട്ടുന്നതില്‍ വൃദ്ധ ബ്രാഹ്മണ വേഷധാരിയായ ഇന്ദ്രന്‍ പണിപ്പെട്ടു. യവക്രീതന്‍ ആ ബ്രാഹ്മണന്റെ ബുദ്ധിശൂന്യമായ പ്രവൃത്തി കണ്ടു പൊട്ടിച്ചിരിച്ചു ചോദിച്ചു.
യവക്രീതന്‍ പറഞ്ഞു: എടോ ബ്രാഹ്മണാ! ഭവാന്റെ പരിശ്രമം എന്തിനാണ്? എന്താണ് നിന്റെ ആഗ്രഹം? അസാദ്ധ്യമായ ഏത് ഉദൃമത്തിലാണു ഭവാന്‍ ഏര്‍പ്പെട്ടിരിക്കുന്നത്?
ഇന്ദ്രന്‍ പറഞ്ഞു: ഞാന്‍ ഗംഗയ്ക്ക് ഒരു ചിറ കെട്ടുകയാണ്. ഉണ്ണീ, നദി കടക്കുവാന്‍ നല്ല ഒരു വഴി ഇതോടെ ലഭിക്കും. ജനങ്ങള്‍ എത്രനാളായി അക്കര കടക്കുവാന്‍ ബുദ്ധിമുട്ടുന്നു
യവക്രീതന്‍ പറഞ്ഞു; ഒഴുക്കിന് നല്ല ശക്തിയുണ്ട്. ഇതു ഭവാന് അസാദ്ധ്യമായ ഒരു കാര്യമാണ്. അസാദ്ധ്യമായ കാര്യത്തില്‍ നിന്നു മനസ്സ് പിന്‍തിരിക്കുക. സാദ്ധ്യമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക.
ഇന്ദ്രന്‍ പറഞ്ഞു; ഭവാന്‍ വേദത്തിനു വേണ്ടി തപസ്സു ചെയ്യുന്ന മാതിരി എനിക്കും ഇത് അസാദ്ധ്യം തന്നെയാണ്. എന്നാലും ഒരു മറി നോക്കട്ടെ.
യവക്രീതന്‍ പറഞ്ഞു: എന്റെ യത്നം ഇപ്രകാരം ആണെന്നാണോ പാകശാസനാ! ഭവാന്‍ കരുതുന്നത്? എങ്കില്‍ ഹേ, സുര ഗണേശ്വരാ! അങ്ങയുടെ ഇഷ്ടംപോലെ, കഴിവു പോലെ എന്നെ സഹായിക്കുക. മറ്റുള്ളവരില്‍ ഞാന്‍. മേലെയാകണം. അതിന്നു തക്ക വരം എനിക്കു തരണം.
ലോമശന്‍ പറഞ്ഞു; മഹാ തപസ്വിയായ അവന്‍ ആവശ്യപ്പെട്ടതുപോലെ, ഇന്ദ്രന്‍ അവന് വരം നല്കി. യവക്രീതനും അവന്റെ അച്ഛനും വേദം അഭ്യസിക്കാതെ. വേദജ്ഞാനം അവരില്‍ യഥേഷ്ടം തോന്നട്ടെ എന്ന് അനുഗ്രഹിച്ചു. മറ്റ് ആഗ്രഹങ്ങളും ഹേ, യവക്രീതാ! നിനക്കു സാധിക്കും എന്ന് ഇന്ദ്രന്‍ അവനോടു പറഞ്ഞു. യവക്രീതന്‍ വിവരം ലഭിച്ച ഉടനെ അച്ഛന്റെ സമീപത്തില്‍ ചെന്നു.
യവക്രീതന്‍ പറഞ്ഞു: വേദങ്ങളൊക്കെ എനിക്കും അതു പോലെ തന്നെ അച്ഛനും പഠിക്കാതെ തന്നെ തോന്നും. നാം അന്യരേക്കാള്‍ മേലെയാക്കും; അങ്ങനെ ഒരു വരം ഞാന്‍ ദേവേന്ദ്രനിൽ നിന്ന് വാങ്ങിച്ചു.
ഭരദ്വാജന്‍ പറഞ്ഞു: ഉണ്ണീ! യഥേഷ്ടമായ വരസിദ്ധി മൂലം നിനക്കു ഗര്‍വ്വുണ്ടാകും. ഗര്‍വ്വു മൂത്താല്‍ കൃപണനായി ഉടനെ നശിക്കുകയും ചെയ്യും. അതിന് ഉദാഹരണമായി ദേവന്മാര്‍ പാടുന്ന പാട്ട് വെളിച്ചം കാണിക്കുന്നുണ്ട്. ആ കഥ ഞാന്‍ പറഞ്ഞു തരാം. പണ്ട് "ബാലധി" എന്നു പേരായി വീര്യവാനായ ഒരു മുനിയുണ്ടായിരുന്നു; അവന്‍ പുത്രനുണ്ടാകാന്‍ വേണ്ടി ദുഷ്കരമായ തപസ്സു ചെയ്തു. എന്നിക്ക് അമര്‍ത്തൃനായ പുത്രനുണ്ടാകണം എന്നായിരുന്നു അവന്റെ പ്രാർത്ഥന. ദേവന്മാര്‍ പ്രസാദിച്ചു വരം നല്കി ഇപ്രകാരം പറഞ്ഞു.
ദേവന്മാര്‍ പറഞ്ഞു; : മര്‍ത്ത്യന്‍ ഒരിക്കലും അമര്‍ത്തൃനാവുകയില്ല. എന്നാൽ നിമിത്തായുസ്സായി വരട്ടെ!
ബാലധി പറഞ്ഞു; എന്നാൽ എന്നും നാശമില്ലാത്ത ഈ പര്‍വ്വതമാകട്ടെ എന്റെ പുത്രായുസ്സിന് നിമിത്തം. സുരസത്തമന്മാരായ നിങ്ങള്‍ അതിന് അനുവദിക്കണം.
ഭരദ്വാജന്‍ പറഞ്ഞു; ബാലധി പറഞ്ഞപ്രകാരം ദേവന്മാര്‍ വരം നല്കി. അവന് ഒരു പുത്രനുണ്ടായി. അവന്റെ പേര്‍ മേധാവി എന്നായിരുന്നു. വലിയ കോപശീലനായി മേധാവി വളര്‍ന്നു. അച്ഛന്റെ തപസ്സിന്റെ ഫലമായി തനിക്കു ലഭിച്ച പ്രതാപത്തില്‍ അവന്‍ ഗര്‍വ്വിയായി തീര്‍ന്നു. മുനിമാരായ സജ്ജനങ്ങളെ ഒക്കെ അവന്‍ നിന്ദിച്ചു. മഹാവീര്യനും മനീഷിയുമായ "ധനുഷാക്ഷ"നെ അവന്‍ ചെന്നു ഭയങ്കരമായി നിന്ദിക്കുകയും ദ്രോഹിക്കുകയും ചെയ്തു. അവന്‍ ഉടനെ മേധാവിയെ ശപിച്ചു. "നീ ഭസ്മമായി പോകട്ടെ", എന്ന്. എന്നാൽ അവന്‍ ഭസ്മമായില്ല. മേധാവിക്ക് ഒരു കേടും പറ്റാഞ്ഞതു കൊണ്ട് ധനുഷാക്ഷന്‍ ചിന്തിച്ചു കാര്യം ഗ്രഹിച്ചു, അവന്റെ നിമിത്തമായി പര്‍വ്വതത്തെ മഹിഷങ്ങളെ വിട്ടു തകര്‍ത്തു, നശിപ്പിച്ചു. നിമിത്തം നഷ്ടമായപ്പോള്‍ മേധാവിയും മരിച്ചു. മൃതനായ പുത്രനെ എടുത്തു ദുഃഖിച്ചു കേഴുന്ന ബാലധിയുടെ ചുറ്റും മുനിമാര്‍ കൂടി. വേദജ്ഞന്മാരായ
അവര്‍ ചൊല്ലിയ ഗാഥ നീ കേള്‍ക്കുക; വിധി കല്പിച്ചതു തടുക്കുവാന്‍ മര്‍ത്തൃന് ഒരിക്കലും കഴിയുകയില്ല. മഹിഷങ്ങളാല്‍ മലപോലും തകര്‍ത്തു തരിപ്പണമാക്കാന്‍ ധനുഷാക്ഷനു കഴിഞ്ഞു! ധനുഷാക്ഷന്‍ മലകളെ. പിളര്‍ന്നു മേധാവിയെ നശിപ്പിച്ചതുപോലെ വരം കൊണ്ടു ഗര്‍വ്വിക്കുന്ന ബാലതപസ്വികളും നശിച്ചു പോകും. അതുപോലെ ആയിത്തീരരുത് നീയും. രൈഭൃന്‍ മഹാവീര്യവാനാണ്. അതുപോലെ തന്നെയാണ് അവന്റെ പുത്രന്മാരും. അവനെതിരായി ഒന്നും ചെയ്യാതെ നീ കരുതി നിൽക്കണം.. അവന്‍ കോപിഷ്ഠനാണ്. അവന്‍ ക്രുദ്ധനായാല്‍, നിനക്ക് ആപത്തു വന്നുകൂടും. അവന്‍ തപസ്വിയും, കോപിഷ്ഠനും മഹാമുനിയും ആണെന്ന് നീ ധരിക്കണം.
യവക്രീതന്‍ പറഞ്ഞു; അച്ഛന്‍ പറഞ്ഞതു പോലെ ഞാന്‍ ചെയ്തു കൊള്ളാം. ലേശവും വിഷാദം ഇക്കാര്യത്തില്‍ വേണ്ട. എനിക്ക് ഭവ്വാന്‍ അച്ഛനാണ്. അതുപോലെ രൈഭ്യനും എനിക്കു മാന്യനാണ്.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം യവക്രീതന്‍ അച്ഛനോടു ഭംഗിവാക്കു പറഞ്ഞെങ്കിലും അവന്‍ മുനിമാരെയൊക്കെ ധിക്കരിച്ചു പ്രവര്‍ത്തിച്ചു പോന്നു. അതില്‍ അവന്‍ സന്തോഷം കൊണ്ടു.
136. യവക്രീതോപാഖ്യാനം - ലോമശന്‍ പറഞ്ഞു: അങ്ങനെ വരബലം കൊണ്ട് അതിരറ്റ ആനന്ദത്തോടെ യവക്രീതന്‍ നിര്‍ഭയനായി സര്‍വ്വദിക്കിലും സഞ്ചരിച്ചു പോന്നു. അങ്ങനെ ഇരിക്കെ വസന്തകാലം വന്നു. പൂത്തും തളിര്‍ത്തും മരങ്ങളും, ലതകളും കാടിനെ ഭംഗികൂട്ടി. രൈഭൃന്റെ മനോഹരമായ ആശ്രമത്തില്‍ യവക്രീതന്‍ ചെന്നു കയറി. വസന്തത്തിന്റെ മനോഹാരിത അവിടെയെങ്ങും നടമാടിയിരുന്നു.
അവിടെ വച്ച് കിന്നരസ്ത്രീ പോലെ സുന്ദരിയായ ഒരു തരുണിയെ ആശ്രമത്തില്‍ അവന്‍ കണ്ടു. അവള്‍ രൈഭ്യന്റെ പുത്രന്റെ ഭാര്യയല്ലാതെ മറ്റാരുമായിരുന്നില്ല. യവക്രീതന്‍ അവളുടെ സമീപത്തു ചെന്നു. അവള്‍ ലജ്ജിച്ചു നിന്നു. ഉടനെ ലജ്ജവിട്ട അവന്‍ അവളോടു പറഞ്ഞു.
യവക്രീതന്‍ പറഞ്ഞു: ഹേ സുന്ദരീ, നീ ഇപ്പോള്‍ എന്നോടു കൂടി ചേരണം.
ലോമശന്‍ പറഞ്ഞു; കാമമോഹിതനായ അവന്റെ മട്ടു കണ്ടിട്ട്, അവന്റെ ശാപത്തില്‍ ഭയപ്പെട്ടും, രൈഭ്യന്റെ തേജസ്സിനെ ഓര്‍ത്തും, അങ്ങനെയാകാം, ഏകാന്തമായ സ്ഥലത്തു ചെന്നു തയ്യാറായി കൊള്ളുക. എന്ന് അവള്‍ പറഞ്ഞു. അവിടെ നിന്ന് അവള്‍ പോയി, യവക്രീതന്‍ വിജനത്തില്‍ പോയി. തയ്യാറെടുത്ത് ആ അവളുടെ. വരവും കാത്തു നില്പായി. എന്നാൽ, ഈ അവസരത്തില്‍ രൈഭൃന്‍ തന്റെ ആശ്രമത്തില്‍ കടന്നു ചെന്നു. അപ്പോള്‍ തന്റെ സ്നുഷ വിലപിക്കുന്നതായി കണ്ട്, ഭംഗിയായി അവളെ സാന്ത്വനം ചെയ്ത് വൃത്താന്തം ചോദിച്ചു. ഉടന്നെ പരാവസുവിന്റെ ഭാര്യയായ അവള്‍ യവക്രീതന്‍ പറഞ്ഞതൊക്കെ മഹര്‍ഷിയോടു പറഞ്ഞു. യവക്രീതന്‍ സജ്ജനായി നിൽക്കുന്നതും അവള്‍ ശ്വശുരനു ചൂണ്ടിക്കാണിച്ചു കൊടുത്തു. യവക്രീതന്റെ ചേഷ്ടകളും മട്ടുമൊക്കെ അറിഞ്ഞപ്പോള്‍ രൈഭ്യന്റെ ഹൃദയം കോപം കൊണ്ടു ജ്വലിച്ചു. അതികോപിയായ തപനസ്വി കോപം കൊണ്ടു ജൃംഭിച്ചു. തന്റെ ജട പൊട്ടിച്ചെടുത്ത് അഗ്നിയില്‍ മന്ത്രം ചൊല്ലി ഹോമിച്ചു. ഉടനെ തന്റെ സനുഷയുടെ പകര്‍പ്പായ ഒരു സ്ത്രീ അഗ്നിയില്‍ നിന്നു പുറത്തു വന്നു. ഉടനെ മറ്റൊരു ജട പൊട്ടിച്ച് വിണ്ടും ഹോമിച്ചപ്പോള്‍ അഗ്നിയില്‍ നിന്ന് ഘോരാകാരനും ഭീമദര്‍ശനനുമായ ഒരു രക്ഷസ്സും ഉണ്ടായി. അവര്‍ രണ്ടു പേരും മുനിയെ നമസ്‌കരിച്ചു ചോദിച്ചു: "ഞങ്ങള്‍ എന്തു ചെയ്യേണ്ടൂ! ആജ്ഞാപിച്ചാലും!".
മുനി പറഞ്ഞു: നിങ്ങള്‍ പോയി യവക്രീതനെ കൊ ല്ലുവിന്‍.!
ലോമശന്‍ പറഞ്ഞു; അവര്‍ ആ കല്പന ഏറ്റ് അവിടെ നിന്നു പോയി. മഹര്‍ഷിയാല്‍ സൃഷ്ടിക്കപ്പെട്ട ആ സുന്ദരിയായ "കൃത്യ" യവ്ക്രീതന്റെ അരികില്‍ ചെന്നു കൊഞ്ചിക്കുഴഞ്ഞ് അവന്റെ കൈയില്‍ നിന്ന് കമണ്ഡലു കൈയിലാക്കി. ഊണു കഴിഞ്ഞ് കൈയിലും മുഖത്തും എച്ചിലായി കമണ്ഡലു നഷ്ടപ്പെട്ടു നിൽക്കുന്ന അവന്റെ നേരെ ഉഗ്രനായ രാക്ഷസന്‍ പാഞ്ഞടുത്തു. ഉടനെ അവന്‍ രാക്ഷസനെ ഭയപ്പെട്ട് ജലം കൊണ്ടു കൈയും മുഖവും കഴുകുന്നതിന് വേണ്ടി സരസ്സിന്റെ അടുത്തേയ്ക്കോടി. അവിടെ ചെന്നപ്പോള്‍ സരസ്സില്‍ അവന്‍ ജലം കണ്ടില്ല: ഉടനെ ഓരോ സരസ്സിലേക്കും പാഞ്ഞു. എന്നാൽ, ചെന്ന സരസ്സിലൊന്നിലും വെള്ളം കണ്ടില്ല. ശൂലമേന്തിയ ഘോര രാക്ഷസനാല്‍ ഓടിക്കപ്പെടുന്ന അവന്‍ അച്ഛന്റെ അഗ്നിഹോമ ശാലയില്‍ ഭയപ്പെട്ടു ചെന്നുകയറി. അവന്‍ കയറുന്ന സമയത്ത് കാവൽക്കാരനായ അന്ധശൂദ്രന്‍ അവനെ തടുത്തു. ബലമായി, ആളെ അറിയാതെ തടഞ്ഞ ഉടനെ, അവന്‍ അവിടെ നിന്നു : ശൂദ്രന്‍ പിടിച്ചു നിര്‍ത്തിയ യവക്രീതന്നെ രാക്ഷസന്‍ ശൂലം കൊണ്ടു കുത്തി ഹൃദയം കീറി കൊന്നു കളഞ്ഞു. യവക്രീതനെ കൊന്ന്, രാക്ഷസന്‍ രൈഭ്യന്റെ സമീപത്തു ചെന്ന് രൈഭ്യന്റെ അനുമതിയോടു കൂടി, ആ നാരിയോടു കൂടി വസിച്ചു.
137. യവക്രീതോപാഖ്യാനം - ലോമശന്‍ പറഞ്ഞു; പിന്നെയുണ്ടായ കഥയും കേള്‍ക്കുക. ഭരദ്വാജന്‍ സ്വാദ്ധ്യായ കര്‍മ്മങ്ങള്‍ കഴിഞ്ഞ് ചമതക്കെട്ടുമായി തന്റെ ആശ്രമത്തില്‍ കയറിച്ചെന്നു. അവനെ കാണുമ്പോള്‍ മുമ്പൊക്കെ അഗ്നികള്‍ എഴുന്നേല്‍ക്കാറുണ്ട്. മകന്‍ മരിച്ചതു കൊണ്ട് അന്ന് അവനെ കണ്ടപ്പോള്‍ അഗ്നികള്‍ എതിരേറ്റില്ല. അഗ്നിഹോത്രത്തിലെ വൈകൃതം കണ്ട് ആ മഹാതപസ്വി ഗൃഹദ്വാരപാലകനായ കുരുടനോടു ചോദിച്ചു.
ഭരദ്വാജന്‍ പറഞ്ഞു: എടോ ശൂദ്ര! ഞാന്‍ വരുമ്പോള്‍ ആദരിക്കാറുള്ള അഗ്നികള്‍ ഇന്ന് എന്തു കൊണ്ടാണ് എന്നെ കണ്ടിട്ടും ആദരിക്കാതി രിക്കുന്നത്? നീയും വല്ലാതിരി ക്കുന്നുവല്ലോ! എന്താണു കാരണം? ഈ ആശ്രമത്തില്‍ വല്ല അത്യാഹിതവും സംഭവിച്ചുവോ? എന്റെ അല്പബുദ്ധിയായ മകന്‍ രൈഭ്യന്റെ നേര്‍ക്കു വല്ലതും കാണിച്ചുവോ? വല്ലതും ഉണ്ടായോ? പറയു! എന്റെ മനസ്സു വിഷമിക്കുന്നു!
ശൂദ്രന്‍ പറഞ്ഞു; ഹേ മഹര്‍ഷേ! ഭവാന്റെ മന്ദബുദ്ധിയായ പുത്രന്‍ രൈഭ്യന്റെ നേര്‍ക്കു ചെന്നു. അതു കൊണ്ട് ഇതാ നിന്റെ പുത്രനെ രാക്ഷസന്‍ കൊന്നു വീഴ്ത്തിയിരിക്കുന്നു. ശൂലമോങ്ങിപ്പിടിച്ച് ആ രക്ഷസ്സ് അവനെ ഓടിച്ചു. രക്ഷസ്സിനാല്‍ ഓടിക്കപ്പെടുന്ന അവന്‍ യജ്ഞശാലയ്ക്കടുത്ത നേരത്ത് ഞാന്‍ കൈ കൊണ്ടു തടുത്തു. ജലാര്‍ത്ഥിയും, അശുചിയും, വിഹതാശനുമായ അവനെ ഞാന്‍ അറിയാതെ തടുത്തു. തന്മൂലം ശൂലം ഏന്തിവന്ന ആ രക്ഷസനാല്‍ അവന്‍ കൊല്ലപ്പെട്ടു.
ലോമശന്‍ പറഞ്ഞു: ഭരദ്വാജന്‍ ശൂദ്രനില്‍ നിന്ന് ഇപ്രകാരം ദുഃഖകരമായ വൃത്താന്തം കേട്ടയുടനെ മരിച്ച പുത്രനെ ചെന്നെടുത്ത്, ദുഃഖിച്ചു വിലപിച്ചു.
ഭരദ്വാജന്‍ പറഞ്ഞു: അല്ലയോ പുത്രാ! നീ ബ്രാഹ്മണര്‍ക്കു വേണ്ടി മഹാതപം ചെയ്തവനാണ്. ദ്വിജന്മാര്‍ക്ക് അദ്ധ്യയനം കൂടാതെ വേദം തോന്നണം എന്നായിരുന്നു നിന്റെ മഹാതപസ്സിന്റെ ഉദ്ദേശ്യം. ഇങ്ങനെ ബ്രാഹ്മണ ജാതിയില്‍ മഹാത്മാവും കല്യാണ ശീലനുമായിരുന്നു നീ. ആര്‍ക്കും കുറ്റം ചെയ്യാത്തവനായ നീ ഈ ഗതിയെ പ്രാപിച്ചുവല്ലോ! നീ രൈഭ്യന്റെ ആശ്രമത്തില്‍ പോകരുതെന്നു ഞാന്‍ ഉപദേശിച്ചതാണ്. കാലാന്തകനായ യമന് തുല്യനായ അവനെ നീ കണ്ടുമുട്ടി. നീ മാത്രമേ എനിക്ക് ഒരു പുത്രനായിട്ടുള്ളു. അതു ചിന്തിക്കാതെ നീ ദുര്‍മ്മതിയായി അവന്റെ കോപത്തിന് ഇരയായി. രൈഭ്യന്റെ കര്‍മ്മം മൂലം ഞാന്‍ പുത്രശോകാര്‍ത്തനായി, ഇനി എനിക്കു, ജീവിക്കുവാന്‍ തന്നെ ആശ ഇല്ലാതായിരിക്കുന്നു. പുത്രശോകാര്‍ത്തനായി ഞാന്‍ ഇപ്പോള്‍ മരിക്കും. അതുപോലെ രൈഭ്യന്റെ മുത്തപുത്രന്‍, കുറ്റം കൂടാത്തവൻ ആണെങ്കിലും, രൈഭ്യനേയും കൊല്ലട്ടെ. പുത്രൻ ഇല്ലാത്തവരാണു ഭാഗ്യവാന്മാര്‍. അവര്‍ യാതൊരു പുത്രശോകവും കൂടാതെ സുഖമായി ജീവിക്കുന്നു. പുത്രദുഃഖം മൂലം ആകുലപ്പെടുന്നവര്‍ തങ്ങളുടെ ആപ്തമിത്രങ്ങളെ പോലും ശപിക്കുന്നു. എന്നെപ്പോലെ ഇതില്‍പ്പരം പാപിയായവർ ആരുണ്ട്? ഇപ്രകാരം ആപത്തു പറ്റിയവര്‍ ഇന്ന് ആരുണ്ട് ഈ ലോകത്തില്‍!
ലോമശന്‍. പറഞ്ഞു: എന്നു പറഞ്ഞ് ഭരദ്വാജന്‍ തന്റെ സ്നേഹിതനായ രൈഭ്യനെ ശപിച്ചു. ചിതകൂട്ടി പുത്രനെ ചിതയില്‍ വെയ്ക്കുകയും കത്തിക്കാളുന്ന ചിതയില്‍ ചാടി ഭരദ്വാജന്‍ ആത്മത്യാഗം ചെയ്യുകയും ചെയ്തു.
138. യവക്രീതോപാഖ്യാനം - ലോമശന്‍ പറഞ്ഞു: ഇങ്ങനെയിരിക്കുന്ന കാലത്ത് പ്രതാപവാനായ് "ബൃഹദ്യുമ്നന്‍" എന്ന രാജാവ് ഒരു സത്രം ചെയ്തു; അര്‍വ്വാവസു, പരാവസു എന്നീ രണ്ടു രൈഭ്യ പുത്രന്മാരെയും അവന്‍ സഹായത്തിനായി വരിച്ചു. അവര്‍ അച്ഛന്റെ സമ്മതം വാങ്ങി സത്രത്തിന് പോയി. ആശ്രമത്തില്‍ രൈഭ്യനും പരാവസുവിന്റെ ഭാര്യയും മാത്രം പാര്‍ത്തു.
ഒരു ദിവസം ഇതിനിടയ്ക്ക് പരാവസു തന്റെ ഭാര്യയെ കാണുവാന്‍ ഗൃഹത്തിലേക്കു വന്നു. മങ്ങിയ വെളിച്ചത്തില്‍ അവന്‍ കാട്ടില്‍ കൃഷ്ണാജിനം പുതച്ചു നിൽക്കുന്ന അച്ഛനെ കണ്ടു. രാത്രി നിദ്രാന്ധനായി ആ ഗഹനാരണ്യത്തിലൂടെ നടക്കുകയായിരുന്നു അവന്‍. അച്ഛനെ കണ്ട്, അതു മാനാണെന്നു തെറ്റിദ്ധരിച്ച്, ദേഹരക്ഷയ്ക്കു വേണ്ടി, അച്ഛനെ കൊന്നു. ഉടനെ തന്നെ താന്‍ ചെയ്ത അബദ്ധം വെളിവായി. പിന്നീട് അവന്‍ പിതൃകര്‍മ്മങ്ങൾ എല്ലാം ചെയ്തു തിരിച്ചു പോയി. സത്രത്തില്‍ ചെന്ന്, ഉണ്ടായ സംഭവമെല്ലാം (ഭ്രാതാവിനോടു പറഞ്ഞു.
പരാവസു പറഞ്ഞു; ഹേ സഹോദരാ, ഈ കര്‍മ്മം നീ തനിച്ച് ഇവിടെ ചെയ്യുവാന്‍ ആകാത്തതാണ്. ഞാനാണെങ്കില്‍ മാനാണെന്നു ധരിച്ച് അച്ഛനെ കൊന്നു കളഞ്ഞു. അല്ലയോ ശ്രേഷ്ഠാ! നീ എനിക്കു വേണ്ടി ബ്രഹ്മവധവ്രതം ചെയ്യുക. ഞാന്‍ തന്നെയായാലും ഈ കര്‍മ്മം നിര്‍വ്വഹിക്കാം.
അര്‍വ്വാവസു പറഞ്ഞു: ധീമാനായ ബൃഹദ്യുമ്നന്റെ സത്രം ഭവാന്‍ നടത്തിയാലും. അങ്ങയ്ക്കു വേണ്ടി ഞാന്‍ നിയതേന്ദ്രിയനായി ബ്രഹ്മവധം ചെയ്തതിനായുള്ള കര്‍മ്മം ചെയ്യുന്നതാണ്.
ലോമശന്‍ പറഞ്ഞു; അങ്ങനെ അര്‍വ്വാവസു ബ്രഹ്മവദ്ധ്യവ്രതം ചെയ്തു തീര്‍ത്തു: വീണ്ടും അര്‍വ്വാവസു മുനി സത്രത്തിലെത്തി. ഭ്രാതാവു വന്നപ്പോള്‍ പരാവസു ഹര്‍ഷഗദ്ഗദത്തോടെ ബൃഹദ്യുമ്നനോടു പറഞ്ഞു
പരാവസു പറഞ്ഞു: ഇവന്‍ ബ്രാഹ്മണനെ കൊന്നവനാണ്. യജ്ഞശാലയില്‍ ഇവന്‍ കയറരുത്. ബ്രഹ്മഘ്നനെ നീ കണ്ടാല്‍ പോലും അതു തീര്‍ച്ചയായും നിനക്കു പിഡാകരമാകും.
ലോമശന്‍ തുടര്‍ന്നു: ഇതു കേട്ടപ്പോള്‍ രാജാവ് അവനെ പുറത്താക്കുവാന്‍ ഭൃത്യര്‍ക്ക് കല്പന കൊടുത്തു. അങ്ങനെ അവനെ ഭൃത്യര്‍ മാറ്റി നിര്‍ത്തുമ്പോള്‍ ബ്രഹ്മഹന്താവേ, മാറിപ്പോകൂ എന്നു പലവട്ടം വിളിച്ചു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അര്‍വ്വാവസു ഉറക്കെ പറഞ്ഞു.
അര്‍വ്വാവസു പറഞ്ഞു: ഞാനല്ല ബ്രഹ്മഹത്യ ചെയ്തത്. എന്റെ ഭ്രാതാവായ പരാവസുവാണ് ആ മഹാപാപം ചെയ്തത്. ഞാന്‍ അവന് മോക്ഷം കൊടുത്തവനാണ്.
ലോമശന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് അര്‍വ്വാവസു കാട്ടിലേക്ക്, തന്നെ ഭൃത്യന്മാര്‍ പരിഹസിച്ചു ചിരിക്കുന്നതു കേട്ടുകൊണ്ട് പോയി. സൂര്യനെ ആശ്രയിച്ച് അവന്‍ ഉഗ്രമായ തപസ്സാരംഭിച്ചു. അവിടെ വെച്ച് സൂര്യനായിക്കൊണ്ട് മഹര്‍ഷി ഒരു രഹസ്യ വേദം ഉണ്ടാക്കി. അര്‍വ്വാവസുവിന്റെ ആ കര്‍മ്മം കണ്ട് സൂര്യന്‍ സന്തോഷിച്ചു സ്വന്ത രൂപത്തില്‍ പ്രതൃക്ഷപ്പെട്ടു. പരാവസുവിനെ തള്ളിക്കളഞ്ഞ് ദേവകള്‍ അര്‍വ്വാവസുവിനെ സ്വീകരിച്ചു. അഗ്നി മുതലായ ദേവന്മാര്‍ ഉടനെ അവന് വരം നല്കി. അവന്‍ ദേവന്മാരോട് ഇപ്രകാരം ആവശ്യപ്പെട്ടു.
അര്‍വ്വാവസു പറഞ്ഞു: എന്റെ പിതാവ് വീണ്ടും ജീവിക്കണം. ഭ്രാതാവിന്റെ പാപം തീരണം. അച്ചന്‍ മൃത്യുവിനെ ഓര്‍ക്കാതിരിക്കണം. ഭരദ്വാജനും അപ്രകാരം യവക്രീതനും ജീവിച്ച് എഴുന്നേൽക്കണം. ഞാന്‍ നിര്‍മ്മിച്ച സൗവേദത്തിനു ലോകത്തില്‍ സ്ഥിരപ്രതിഷ്ഠ ഉണ്ടാകണം.
ലോമശന്‍ പറഞ്ഞു: ദേവന്മാര്‍ അപ്രകാരം തന്നെയാകട്ടെ എന്ന് അനുഗ്രഹിച്ചു. ഉടനെ മൃതിയടഞ്ഞവര്‍ എല്ലാവരും എഴുന്നേറ്റു.
യവക്രീതന്‍ ദേവന്മാരോടു പറഞ്ഞു: ഹേ ദേവന്മാരേ! എനിക്കു സര്‍വ്വവേദങ്ങളും അറിയാം. ഞാന്‍ വ്രതങ്ങള്‍ ആചരിച്ചു. തപസ്സും അദ്ധ്യയനവുമുള്ള എന്നെ രൈഭ്യന്‍ ഈ വിധം കൊല്ലുവാന്‍ എങ്ങനെ ശക്തനായി?
ദേവകള്‍ പറഞ്ഞു: ഹേ യവക്രീതന്‍ ഒരിക്കലും പണ്ടു ചെയ്തത് ആവര്‍ത്തിക്കരുത്. നീ ഗുരുവിനെ കൂടാതെയാണ് വേദം പഠിച്ചത്. എന്നാൽ അവന്‍ വേദം പഠിച്ചതു വളരെ ക്ലേശിച്ച്, ഗുരു ശുശ്രൂഷ ചെയ്ത്, വളരെക്കാലം മനസ്സു വെച്ചു ബുദ്ധിമുട്ടിയാണ്. ഗുരുമുഖത്തു നിന്ന് അപ്രകാരം പഠിക്കാത്ത വേദം കൊണ്ട് എന്തു ഫലം?
ലോമശന്‍ പറഞ്ഞു: ഇങ്ങനെ യവക്രീതനോടു പറഞ്ഞ് അഗ്നി മുതലായ ദേവകള്‍ അവരെയൊക്കെ ജീവിപ്പിച്ചതിന് ശേഷം സ്വര്‍ഗ്ഗത്തിലേക്കു പോയി. ഹേ, യുധിഷ്ഠിരാ! ആ മഹര്‍ഷിയുടെ പുണ്യാശ്രമമാണ് സദാസമയവും പുഷ്പഫല ദ്രുമങ്ങള്‍ നിറഞ്ഞ് ആ കാണുന്നത്. ഹേ, രാജശാര്‍ദ്ദൂലാ! അവിടെ താമസിച്ചാല്‍ എല്ലാ പാപവും നശിക്കും.
തീര്‍ത്ഥയാത്രാപര്‍വ്വം
139. കൈലാസഗിരി പ്രവേശം - ലോമശന്‍ പറഞ്ഞു; ഹേഭാരത! നമ്മള്‍ ഇപ്പോള്‍ ഉശിരബീജം, മൈനാകം, ശ്വേതം എന്നീ പര്‍വ്വതങ്ങളും, കലാശൈലവും കടന്നു പോന്നു. ഇതാ ഗംഗാനദി ഏഴായി പ്രവഹിക്കുന്നതു നോക്കുക! പുണ്യമായ വിരജസ സ്ഥാനവും കാണുക! ഇവിടെ എന്നും അഗ്നി ജ്വലിച്ചു കൊണ്ടിരിക്കും. ഇതു മാനുഷര്‍ക്ക് കാണുവാന്‍ കഴിയാത്ത അത്ഭുത സ്ഥാനമാണ്. നിങ്ങള്‍ ഇവിടം നല്ലപോലെ ശ്രദ്ധിച്ചു കാണണം. ദേവന്മാരുടെ കാലടിപ്പാടുകളുള്ള അവരുടെ ക്രീഡാസ്ഥാനങ്ങള്‍ കാണുന്ന കാലശൈല പര്‍വ്വതം നാം കടന്നു പോകുമ്പോള്‍ കാണാം. ഇപ്പോള്‍ നമ്മള്‍ ശ്വേതഗിരിയായ മന്ദര പര്‍വ്വതം കാണുന്നു. അവിടെയാണു മണിഭദ്രനും, യക്ഷരാജാവായ കുബേരനും, യക്ഷന്മാരും നിവസിക്കുന്നത്. ഇവിടെ എണ്‍പതിനായിരം ശീഘ്രഗാമികളായ ഗന്ധര്‍വ്വന്മാരും, അതിന്റെ നാലിരട്ടി യക്ഷന്മാരും, കിംപുരുഷന്മാരും, യക്ഷരാജാവായ മണിഭദ്രനെ സേവിക്കുന്നു. അവരെല്ലാം അനേകം രൂപം ഉള്ളവരും, നാനാ ആയുധം കൈവശമുള്ളവരും ആണ്. ഇവിടെ അവരുടെ ശക്തി മഹത്താണ്. അവര്‍ വായുസമന്മാരാണ്. ഇന്ദ്രനെ പോലും സ്ഥാന്രഭഷ്ടനാക്കത്തക്ക ശക്തിമാന്മാരാണ് അവര്‍.
ഈ ശക്തന്മാരുടെ രക്ഷയില്‍ നിൽക്കുന്നതിനാല്‍ ഈ പര്‍വ്വതങ്ങള്‍ ദുര്‍ഗ്ഗമങ്ങളാണ്. അതു കൊണ്ട് നീ സമാധിസ്ഥനാവുക. ഹേ, കുന്തീപുത്രാ! കുബേര സചിവന്മാരും, രുദ്രന്മാരുമായ രാക്ഷസഗണങ്ങളും ഉണ്ട്. നാം അവരെ കണ്ടുമുട്ടും. അതു കൊണ്ടു നീ നിന്റെ വിക്രമം കാണിക്കുവാന്‍ തയ്യാറാവുക. കൈലാസ പര്‍വ്വതം ആറു യോജന ഉയരമുള്ളതാണ്. അവിടെ ദേവന്മാര്‍ എത്തുന്ന വിശാല എന്ന സ്ഥലം കാണുന്നു.
ഫേ, കൗന്തേയാ! അസംഖ്യം യക്ഷരാക്ഷസ കിന്നരന്മാരും, ഗന്ധര്‍വ്വവന്മാരും, നാഗങ്ങളും, സുപര്‍ണ്ണരും, കുബേര സദനത്തിലേക്ക് ഇതിലെ പോകുന്നു. എന്റെ തപശക്തിയുടേയും ദമത്തിന്റേയും രക്ഷയിലും, ഭീമന്റെ ബലത്താലും നീ മുന്നേറുക, നിനക്കു സ്വസ്തി! വരുണരാജന്നും, സമിതഞ്ജയനായ യമനും, ഗംഗയും, യമുനയും പര്‍വ്വതങ്ങളും അശ്വിനികളും സ്വസ്തി നല്കട്ടെ! മരുത്തുക്കളും, പുഴകളും, പൊയ്കകളും, ദേവാസുര വസുക്കളില്‍ നിന്ന് അങ്ങയ്ക്കു സ്വസ്തി നല്കട്ടെ!
അല്ലയോ ഗംഗേ! ഇന്ദ്രന്റെ ജാംബുനദ പര്‍വ്വതത്തില്‍ (സ്വര്‍ണ്ണ പര്‍വ്വതം) നിന്ന് നിന്റെ ദിവ്യഘോഷം ഞങ്ങള്‍ കേള്‍ക്കുന്നു! ഈ ആജമീഡര്‍ പൂജിക്കുന്ന ഈ രാജാവിനെ ഭവതി ശൈലങ്ങളില്‍ നിന്ന് രക്ഷിക്കണേ! ദേവീ! ശൈലങ്ങളില്‍ കയറുന്ന ഈ രാജാവിന്, ശൈലപുത്രീ! ഭവതി ശര്‍മ്മം നല്കിയാലും. ഇപ്രകാരം ആ വിപ്രന്‍ നദിയോട് അഭ്യര്‍ത്ഥിച്ച ശേഷം ലോമശന്‍ യുധിഷ്ഠിരനോടു സൂക്ഷിച്ചിരിക്കുവാന്‍ ശാസിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: ലോമശന് അപൂര്‍വ്വമായ സംഭ്രമം കാണുന്നു. കൃഷ്ണയെ നല്ലവണ്ണം രക്ഷിക്കുവിന്‍. ഈ പ്രദേശം മഹാദുര്‍ഗ്ഗമം ആണെന്ന്, ഞാന്‍ വിചാരിക്കുന്നു. അതു കൊണ്ട് ഏറ്റവും ശുചിയോടു കൂടി ഇരിക്കുക.
വൈശമ്പായനൻ പറഞ്ഞു: പിന്നെ യുധിഷ്ഠിരന്‍ ഭീമനോടു പറഞ്ഞു. ഭീമാ, നീ കൃഷ്ണയെ നല്ലപോലെ കാത്തു കൊള്ളുക. ഉണ്ണീ, അര്‍ജ്ജുനന്‍ കൂടെ ഉണ്ടായാലും ഇല്ലെങ്കിലും കൃഷ്ണ ഭയം തീര്‍ക്കുവാന്‍ നിന്നെ മാത്രമാണ് ആശ്രയിക്കുക. എന്നു പറഞ്ഞു മഹാത്മാവായ യുധിഷ്ഠിരന്‍ യമന്മാരുടെ അരികില്‍ ചെന്നു തന്നോടു ചേര്‍ത്ത് തഴുകി ശിരസ്സില്‍ ഘ്രാണിച്ച്, കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട് അവരോട് ഭയപ്പെടേണ്ടാ, സൂക്ഷിച്ചു പോന്നു കൊള്ളുവിന്‍ എന്നു പറഞ്ഞു.
140. ഗന്ധമാദന പ്രവേശം - ഭീമസേനന്റെ ഉത്സാഹം - യുധിഷ്ഠിരന്‍ പറഞ്ഞു: ശക്തന്മാരായ ഘോര ഭൂതങ്ങള്‍ മറഞ്ഞു നിൽക്കുന്നു. അഗ്നിയാലും തപസ്സാലും വ്യകോദര, നമുക്ക് അങ്ങോട്ടു കയറിച്ചെല്ലാം. വിശപ്പും ദാഹവും ബലമായി തടുക്കുക തന്നെ വേണം. നീ നിന്റെ ശക്തിയും സാമര്‍ത്ഥ്യവും ഒക്കെ ഭീമാ! കൈക്കൊള്ളുക. കൈലാസ പര്‍വ്വതത്തെപ്പറ്റി ഋഷി പറഞ്ഞതു നീ കേട്ടില്ലേ? നീ ബുദ്ധിപൂര്‍വ്വം ചിന്തിക്കുക! കൃഷ്ണ എങ്ങനെ മലകയറും? ഞാന്‍ ഒരു കാര്യം പറയാം. അതുമതി. നീ ധൗമ്യനോടും, സഹദേവനോടും, നമ്മെ അനുഗമിക്കുന്ന സൂതപൗരാദികളോടും കൂടി പിന്‍വാങ്ങുക. തേരും, കുതിരകളും, വിപ്രന്മാരുമൊക്കെ ഇവിടെ നിൽക്കട്ടെ. ഞങ്ങള്‍ മൂന്നു പേര്‍ മാത്രം പോകാം; ഞാനും, നകുലനും, മഹാതപസ്വിയായ ലോമശ മഹര്‍ഷിയും. ഞങ്ങള്‍ വരുന്നതും കാത്ത് ദ്രൗപദിയെ സംരക്ഷിച്ച് നീ ഗംഗാദ്വാരത്തില്‍ സജ്ജനായി നിൽക്കുക. അതാണ് നല്ലത്.
ഭീമന്‍ പറഞ്ഞു; രാജപുത്രിയായ കൃഷ്ണ തളര്‍ന്നിട്ടുണ്ടെന്നുള്ളതു ശരി തന്നെ. അവള്‍ക്കു വലിയ ദുഃഖമുണ്ടാകും അപ്രകാരമായാല്‍. അര്‍ജ്ജുനനെ കാണുവാന്‍ സാധിക്കുമെന്നുള്ള ആശ അവളില്‍ ഉള്ളതു കൊണ്ട് അവള്‍ പോന്നുകൊള്ളും. അര്‍ജ്ജുനനെ കാണാത്തതു കൊണ്ടുള്ള വിഷമം ഭവാനുമുണ്ടല്ലോ. അര്‍ജ്ജുനന് പുറമേ ഇനി ഞാനും, കൃഷ്ണയും, സഹദേവനും വിട്ടു പിരിഞ്ഞാല്‍ ഭവാന്റെ കഥയെന്താകും? ബ്രാഹ്മണരും, പരിചാരകന്മാരും ഒക്കെ തിരിച്ചു പൊയ്ക്കൊള്ളട്ടെ! എന്നാൽ ഞാന്‍ ഒരിക്കലും ഭവാനെ വിട്ടു പിരിയുന്നതല്ല. രാക്ഷസന്മാര്‍ നിറഞ്ഞ ഈ ശൈലത്തില്‍ മഹാദുര്‍ഘടമായ ദുര്‍ഗ്ഗങ്ങളും വിഷമങ്ങളുമുള്ള പ്രദേശത്ത് ഭവാനെ അയയ്ക്കുക വിഷമമാണ്. മഹാഭാഗയും പതിവ്രതയുമായ ഇവള്‍ അങ്ങയെ കൂടാതെ പിന്മാറുവാന്‍ ഒരിക്കലും സമ്മതിക്കുകയില്ല. അപ്രകാരം സഹദേവനും ഭവാനില്‍ അനുവ്രതനാണ്. അവനും തയ്യാറാവുകയില്ല. ഒരിക്കലും അവന്‍ പിന്മാറുകയില്ല എന്ന് എനിക്കറിയാം. എന്നു തന്നെയല്ല മഹാരാജാവേ, സവൃസാചിയെ കാണുവാനുള്ള ആഗ്രഹത്തോടു കൂടിയവരാണ് നാമെല്ലാവരും. അതുകൊണ്ട് പിന്മാറുന്ന പ്രശ്നമേയില്ല. നമുക്ക് ഒന്നിച്ചു പോകാം. കുഴികള്‍ നിറഞ്ഞ കുന്നിന്മേല്‍ തേരില്‍ സഞ്ചരിക്കുവാന്‍ വിഷമമുണ്ടെങ്കില്‍ കാല്‍നടയായി പോകാം. ഭവാന്‍ വിഷാദിക്കാതിരിക്കുക. വയ്യാത്ത സ്ഥലത്തൊക്കെ ഞാന്‍ പാഞ്ചാലിയെ എടുത്തു നടന്നു കൊള്ളാം. അതാണു നല്ലതെന്ന് ഞാന്‍ കരുതുന്നു. വീരന്മാരും സുകുമാരന്മാരുമായ മാദ്രി നന്ദനന്മാരേയും, വയ്യെന്നു തോന്നുന്ന ദുര്‍ഗ്ഗങ്ങളൊക്കെ ഞാന്‍ കടത്തിക്കൊടുക്കാം.
യുധിഷ്ഠിരന്‍ പറഞ്ഞു: ഇങ്ങനെ പറയുന്ന നിന്റെ ബലം വര്‍ദ്ധിക്കട്ടെ! വര്‍ദ്ധിക്കും. യശസ്വിനിയായ പാഞ്ചാലിയേയും യമന്മാരേയും ഏറ്റി നടക്കാമെന്നല്ലേ നീ കരുതുന്നത്! ശരി, അങ്ങനെയാകട്ടെ! ഇതു മറ്റാര്‍ക്കും കഴിയുന്നതല്ല. നിനക്കു ശുഭം ഭവിക്കും. ബലവും! യശസ്സും ധര്‍മ്മവും കീര്‍ത്തിയും നിനക്കു വര്‍ദ്ധിച്ചു വരും. ഭ്രാതാക്കളെ കൃഷ്ണയോടു കൂടെ ചുമക്കുവാന്‍ നീ വിചാരിക്കുക കൊണ്ടു നിനക്കു ഗ്ലാനിയും, പരാജയവും ഒരിക്കലും ബാധിക്കുകയില്ല. തീര്‍ച്ചയാണ്.
അപ്പോള്‍ കൃഷ്ണ പുഞ്ചിരി തൂകി പറഞ്ഞു: ഹേ, ഭാരത! ഞാന്‍ നടന്നു പോന്നു കൊള്ളാം; എന്നെയോര്‍ത്തു ഭവാന്‍ സന്തപിക്കേണ്ട.
ലോമശന്‍ പറഞ്ഞു; ഗന്ധമാദന പര്‍വ്വതത്തില്‍ തപോബലം കൊണ്ടു മാത്രമേ കയറാന്‍ പറ്റൂ. അതു കൊണ്ട് കൗന്തേയി! നാം തപസ്സു ചെയ്തു കൊള്ളണം. നകുലനും, സഹദേവനും. ഭീമനും, ഞാനും അങ്ങയുമൊക്കെ ശ്വേതവാഹനനെ (അര്‍ജ്ജുനനെ) ഈ പോക്കില്‍ കാണുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ പറഞ്ഞ അവര്‍ സുബാഹുവിന്റെ ആനകളും, കുതിരകളും നിറഞ്ഞ രാജ്യം സസന്തോഷം കണ്ടു. കിരാതന്മാരും, തംഗണന്മാരും, നൂറുകണക്കിന് പുളിന്ദന്മാരും നിറഞ്ഞ അമരന്മാര്‍ സാധാരണ വന്നെത്തുന്ന, അനേകം ആശ്ചര്യങ്ങള്‍ നിറഞ്ഞ, ഹിമവാനില്‍ വച്ച് സുബാഹു അവരെ കണ്ട് എതിരേറ്റു പൂജിച്ചു കൂട്ടിക്കൊണ്ടു പോയി. പുളിന്ദന്മാരുടെ രാജാവായ സുബാഹുവിന്റെ സല്‍ക്കാരം ഏറ്റതില്‍ പിന്നെ കുറച്ചു പാര്‍ത്ത ശേഷം സൂര്യന്‍ തെളിഞ്ഞ സന്ദര്‍ഭം നോക്കി ഹിമവാനിലേക്കായി യാത്രയാരംഭിച്ചു.
ഇന്ദ്രസേനന്‍ മുതല്‍ പേരായ ഭൃത്യ ജനങ്ങളേയും, മറ്റ് ആശ്രിതരേയും, കൃഷ്ണയുടെ പരിബര്‍ഹങ്ങളേയും, സൂതരേയും, പുളിന്ദാധിപന്റെ പക്കല്‍ ഏല്പിച്ച് ആ മഹാരഥന്മാര്‍ കാല്‍നടയായി മലകയറി. കൃഷ്ണയോടൊത്ത് പാണ്ഡവന്മാര്‍ എല്ലാവരും മെല്ലെ കയറി പോകുമ്പോള്‍ എല്ലാവരിലും ധനഞ്ജയനെ കാണുവാനുള്ള കൗതുകമാണു മുന്നിട്ടിരുന്നത്.
141. ഗന്ധമാദന പ്രവേശം - ഗന്ധമാദനത്തില്‍ പോകാനുള്ള ദ്യഢനിശ്ചയം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ഭീമസേനാ, നകുലാ, സഹദേവാ, പാഞ്ചാലീ, നിങ്ങള്‍ എല്ലാവരും ഒരു കാര്യം ധരിക്കണം. നാം കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കൊന്നിനും നാശം സംഭവിക്കുകയില്ല. നോക്കൂ! നാം കാട്ടില്‍ ചരിക്കേണ്ടി വന്നിരിക്കുന്നു. ദുര്‍ബലന്മാരും, ക്ലിഷ്ടരുമായി നാം ഉഴലുന്നു. അര്‍ജ്ജുനനെ കാണുവാന്‍ ആഗ്രഹിച്ച് അശക്യമായ കാര്യത്തിലാണു നാം ഏര്‍പ്പെട്ടിരിക്കുന്നത്. ധീരനായ അര്‍ജ്ജുനനെ കാണായ്ക കൊണ്ട് എന്റെ ശരീരം അഗ്നിയാല്‍ പഞ്ഞിക്കെട്ടെന്ന പോലെ, ദുഃഖത്താല്‍ എരിഞ്ഞു കൊണ്ടിരിക്കുന്നു. അര്‍ജ്ജുനനെ കാണുവാനുള്ള തൃഷ്ണയാലും, യാജ്ഞസേനിയെ അപമാനിച്ച ആ കാര്യത്തെ ഓര്‍ക്കയാലും ഞാന്‍ ദഹിക്കുന്നു. അനുജന്മാരോടു കൂടി ഈ വനങ്ങളില്‍ അലഞ്ഞു നടക്കേണ്ടി വന്നത് ഓര്‍ക്കുമ്പോള്‍ ഞാന്‍ ഉരുകിപ്പോകുന്നു. അജേയനും, നകുലന് പൂര്‍വ്വജനും അമിത ഓജസ്വിയുമായ പാര്‍ത്ഥനെ ഞാന്‍ കാണുന്നില്ല. ഓജസ്വിയും ഉഗ്രധന്വാവുമായ ധനഞ്ജയനെ ഹാ! എന്റെ അരികില്‍ കാണുന്നില്ലല്ലോ! ആ വീരനെ കാണുവാനായി തീര്‍ത്ഥങ്ങള്‍ തോറും, സരസ്സുകള്‍ തോറും, വനങ്ങള്‍ തോറും, ഞാന്‍ എത്ര നാളായി അന്വേഷിച്ചു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. വൃകോദരാ, സത്യസന്ധനായ ബീഭത്സുവിനെ അഞ്ചു വര്‍ഷമായി കാണായ്കയാല്‍ എന്റെ ഹൃദയം നിരന്തരം എരിഞ്ഞു കൊണ്ടിരിക്കുന്നു. വ്യകോദര! ഗുഡാകേശനും മഹാബാഹുവും സിംഹവിക്രാന്ത ഗാമിയുമായ അര്‍ജ്ജുനന്റെ അസാന്നിദ്ധ്യത്തില്‍ ഞാന്‍ എങ്ങനെ സന്തപിക്കാതിരിക്കും? വൃകോദരാ, വില്ലെടുത്തവരില്‍ അപ്രതിമനും, യുദ്ധവിദഗ്ദ്ധനും, കൃതാസ്ത്രനുമായ അര്‍ജ്ജുനന്റെ വേര്‍പാടില്‍ എനിക്കുണ്ടായ അന്തര്‍ദ്ദാഹം സഹിക്കുവാന്‍ ഞാന്‍ അശക്തനായിരിക്കുന്നു. വൃകോദരാ, ക്രുദ്ധനായ അന്തകനെ പോലെയും, മദം പൊട്ടി ഒഴുകുന്ന ഗജരാജനെ പോലെയും, ശത്രുസംഘ മദ്ധൃത്തില്‍ സഞ്ചരിക്കുന്ന സിംഹവിക്രാന്തനായ ധനഞ്ജയനെ, ബലം കൊണ്ടും വീര്യം കൊണ്ടും ശക്രനില്‍ നിന്നും താഴാത്ത പാര്‍ത്ഥനെ, അമിത വിക്രമനും, മാദ്രേയ പൂര്‍വ്വജനുമായ ശ്വേതാശ്വനെ, വളരെ നാളായി കാണായ്കയാല്‍ ഭയങ്കരമായ ദുഃഖമാണ് എന്നെ ബാധിച്ചിരിക്കുന്നത്. വൃകോദരാ, അന്യന്‍ ആക്ഷേപിച്ചാല്‍ പോലും അടങ്ങി നിൽക്കുന്ന ക്ഷമാശീലനാണ് അര്‍ജ്ജുനന്‍. എപ്പോഴും നേര്‍വഴിക്കു നടക്കുന്നവനും മംഗളപ്രദനും അഭയ ദാതാവുമാണ് അവന്‍.
തെറ്റായ മാര്‍ഗ്ഗം അവലംബിച്ച് ഇടഞ്ഞു വന്നാല്‍ അവന്‍ വജ്രധരന് കൂടിയും കാലവിഷോപമനാണ്. ശത്രുക്കള്‍ ആശ്രയിച്ചു വന്നാല്‍ അവര്‍ക്ക് അഭയം നല്കുന്ന പ്രതാപവാൻ ആണവന്‍.
മഹാത്മാവും മഹാബലനുമാണ്. യുദ്ധത്തില്‍ ശത്രുക്കളെ മര്‍ദ്ദിക്കുന്ന അവനാണു നമുക്ക് ആശ്രയം. നമുക്കൊക്കെ സുഖാവഹനായ അവന്‍ അനവധി രത്നങ്ങള്‍ നേടിയിട്ടുണ്ട്. അവന്‍ മുമ്പ് എനിക്കായി സ്വവീര്യത്താല്‍ നേടിക്കൊണ്ടു വന്ന പലതരം ദിവ്യരത്നങ്ങളെല്ലാം ഇപ്പോള്‍ സുയോധനന് അടങ്ങിയിരിക്കുന്നു. സര്‍വ്വരത്നമയിയെന്നു മൂന്നു ലോകത്തിലും പ്രസിദ്ധമായ ആ സഭ എനിക്കു ലഭിച്ചത് അര്‍ജ്ജുനന്റെ ബാഹുബലത്താലാണ്. വീര്യത്താല്‍ വാസുദേവ തുല്യനും, യുദ്ധത്തില്‍ കാര്‍ത്തവീര്യ തുല്യനും, അജയുനുമായ ഫല്‍ഗുനനെ ഇനി എന്നാണു നാം കാണുക? ഹേ ഭീമാ! മഹാവീര്യനായ സങ്കര്‍ഷണന്‍, ശത്രുഹന്താവായ വാസുദേവന്‍, അപരാജിതനായ നീ എന്നീ മൂന്നു പേരോട് വീര്യത്താല്‍ സമനാണ് അര്‍ജ്ജുനന്‍. ബാഹുബലത്തിലും, പ്രഭാവത്തിലും, അവന്‍ പുരന്ദരനോടു തുല്യനാണ്. വേഗം കൊണ്ടു വായുവിനോടും, മുഖം കൊണ്ടു ചന്ദ്രനോടും, ക്രോധം കൊണ്ടു മൃത്യുവിനോടും എതിര്‍ക്കുന്ന ആ നരവ്യാഘ്രനെ കാണുവാന്‍ ഉഴറിക്കൊണ്ട് നാം ഈ ഗന്ധമാദന മലയില്‍ കയറാം. ഇവിടെ വിശാലമായ ബദരിയില്‍ ചെന്ന് നരനാരായണാശ്രമവും, യക്ഷന്മാര്‍ അധിവസിക്കുന്ന പര്‍വ്വതത്തേയും, രാക്ഷസന്മാരാല്‍ സേവിക്കപ്പെടുന്ന രമ്യമായ കുബേര നളിനിയേയും നമുക്ക് ഇവിടെ കാണാം.
വാഹനത്തില്‍ ക യറി ഈ വഴിക്കു സഞ്ചരിക്കുവാന്‍ സാദ്ധ്യമല്ല. അതു കൊണ്ട് അവിടെ നാം കാല്‍നടയായി തന്നെ ചെല്ലണം. മഹാതപസ്വികളല്ലാതെ നൃശംസന്മാരോ, ലുബ്ധന്മാരോ, പ്രശാന്തരല്ലാത്തവരോ ഇവിടെ പ്രവേശിക്കുവാന്‍ ശക്തരാകയില്ല. മഹാവ്രതന്മാരായ ദ്വിജന്മാരോടു കൂടി വില്ലും വാളുമെടുത്ത്, വൃകോദരാ, നമ്മള്‍ അര്‍ജ്ജുനനെ അന്വേഷിക്കുവാന്‍ അങ്ങോട്ടു പോവുക! കൊതുക്, തേനീച്ച, സിംഹം, പുലി, സര്‍പ്പങ്ങള്‍ ഇവ വ്രതമില്ലാത്തവരെ ആക്രമിക്കും. എന്നാൽ നിയതന്മാരില്‍ ഇവയുടെ ഉപദ്രവം ഉണ്ടാവുകയില്ല. അതിനാല്‍ നിയതാത്മാക്കളായി മിതമായ ഭക്ഷണം കഴിച്ച്, വ്രതമാചരിച്ച് നാം ധനഞ്ജയനെ കാണുവാന്‍ ഗന്ധമാദന പര്‍വ്വതത്തില്‍ കയറുക!
142. ഗന്ധമാദന പ്രവേശം - നരകാസുര വധവും വരാഹാവതാരവും - ലോമശന്‍ പറഞ്ഞു: പല പര്‍വ്വതങ്ങളും, പല നദികളും, പല പുരങ്ങളും, പല കാടുകളും നിങ്ങള്‍ കണ്ടു കഴിഞ്ഞുവല്ലോ. ഇനി ഈ വഴിക്കു ചെന്നാല്‍ ദിവ്യമായ മന്ദരപര്‍വ്വതം കാണാം. നിങ്ങള്‍ ഏകാഗ്ര ചിത്തന്മാരും നിര്‍ഭയന്മാരുമായി നടക്കണം. ആദ്യമായി നിങ്ങള്‍ ചെല്ലുന്നത് ദേവന്മാര്‍ നിവസിക്കുന്ന സ്ഥലത്തേക്കാണ്. പുണ്യകര്‍മ്മാക്കളായ മഹര്‍ഷിമാരുടെ ദിവ്യമായ വാസസ്ഥാനമാണ് അത്. ശുദ്ധയും പുണ്യവതിയുമായ മഹാനദിയാണ് ആ കാണുന്നത്. ബദരിയില്‍ നിന്ന് ഉത്ഭവിക്കുന്ന മഹാനദി സുരന്മാരാലും മുനിമാരാലും സേവിക്കപ്പെടുന്നു. മഹാത്മാക്കളായ ബാലഖില്യന്മാരും ഗന്ധര്‍വ്വന്മാരും, ഇഷ്ടസിദ്ധിക്കായി ആകാശഗംഗയെ പൂജിക്കുന്നു. എപ്പോഴും സാമവേദം പാടുന്ന പുണൃശബ്ദം കൊണ്ടു മുഖരിതമാണ് ഈ പ്രദേശം. മരീചി, പുലഹന്‍, ഭൃഗു, അംഗിരസ്സ് എന്നീ മഹര്‍ഷിമാരും, മരുല്‍ഗണത്തോടു കൂടി ദേവരാജാവും, സാദ്ധ്യന്മാരും, അശ്വിനികളും ഈ പുണ്യ പ്രദേശത്തു വന്നു ഭജിക്കുന്നു. സൂര്യനോടു കൂടി ചന്ദ്രനും, ഗ്രഹങ്ങളും, ജ്യോതിര്‍ഗ്ഗണങ്ങളും അഹോരാത്രം ഇടവിട്ട് ഈ നദിയെ സേവിക്കുന്നു. ഈ നദീജലം ഗംഗാദ്വാരത്തില്‍ വെച്ചു വൃഷാംഗന്‍ ശിരസ്സില്‍ വഹിച്ചു. ലോകസ്ഥിതിക്കു വേണ്ടിയാണ് ശിവന്‍ ഗംഗയെ ശിരസ്സില്‍ വഹിക്കുന്നത്. നിങ്ങള്‍ എല്ലാവരും ശുദ്ധമാനസന്മാർ ആയി ഭഗവതിയായ ഗംഗയെ ചെന്നു വന്ദിക്കുവിന്‍.
മഹാത്മാവായ ലോമശന്റെ വാക്കു കേട്ടപ്പോള്‍ ശുദ്ധചിത്തരായി പാണ്ഡവര്‍ ആകാശഗംഗയെ കൈകൂപ്പി അഭിവാദ്യം ചെയ്തു. പിന്നെയും വിശുദ്ധരായി സര്‍വ്വ ഋഷി ഗണങ്ങളോടു കൂടി ഏകാഗ്രതയോടെ നിൽക്കുമ്പോള്‍ മേരുപര്‍വ്വതം പോലെ ഉയര്‍ന്ന ഒരു അസ്ഥി സഞ്ചയം കണ്ടു. അവിടെ അസ്ഥികള്‍ ചിന്നി കിടക്കുന്നതായും കണ്ടു. അതിനെപ്പറ്റി കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന പാണ്ഡവന്മാരോട് ലോമശന്‍ പറഞ്ഞു:
ഹേ പാണ്ഡവന്മാരേ, കേള്‍ക്കുവിന്‍! കൈലാസ ശിഖരം പോലെ വെളുത്തു ഭംഗിയായി ഉയര്‍ന്നു ചിന്നിക്കാണുന്ന ഈ വസ്തു എന്താണ് എന്നറിയാമോ? ഇത് നരകാസുരന്റെ അസ്ഥികൂടമാണ്. പര്‍വ്വത പരപ്പില്‍ പര്‍വ്വതം പോലെ അവ തിളങ്ങി കാണുന്നു. പുരാതനനും പരാത്മാവും പരാല്‍പ്പരനുമായ വിഷ്ണുഭഗവാന്‍ ഇന്ദ്രന്റെ ഹിതത്തിന്നായി ആ ദൈത്യവീരനെ കൊന്നു.
തപസ്സും സ്വാദ്ധ്യായവും കൊണ്ടുള്ള വിക്രമത്താല്‍ ഇന്ദ്രസ്ഥാനം നേടണമെന്നു. കരുതി ആ മഹാത്മാവായ ദൈത്യന്‍ പതിനായിരം വര്‍ഷം തപസ്സു ചെയ്തു. അങ്ങനെ ഇന്ദ്രസ്ഥാനാര്‍ത്ഥിയായ അവന്‍, മഹാ തപോബലം കൊണ്ടും കയ്യൂക്കു കൊണ്ടും ദുരാധര്‍ഷനായ അവന്‍, നിത്യവും സുരന്മാരെ വില വെക്കാതായി. അവന്റെ ബലവും തപോനിഷ്ഠയും കണ്ട് ഇന്ദ്രന്‍ ഭയപ്പെട്ടു. ഇന്ദ്രന്‍ സ്വരക്ഷയ്ക്കായി വിഷ്ണുവിനെ ധ്യാനിച്ചു. വിഷ്ണു ഇന്ദ്രന് പ്രത്യക്ഷനായി. ശ്രീമാനും സര്‍വ്വവ്യാപിയും വിഭുവുമായ വിഷ്ണുവിനെ മഹര്‍ഷിമാരും ദേവകളും പുകഴ്ത്തി. ഇന്ദ്രന്‍ പ്രഭകെട്ടു നിൽക്കുന്നതായി വിഷ്ണു കണ്ടു. ഉടനെ ദേവഗണ നാഥനായ ഇന്ദ്രന്‍ വിഷ്ണുവിനെ കൈകൂപ്പി, തനിക്ക് അഭയം നല്കണമെന്ന് അപേക്ഷിച്ചു.
വിഷ്ണു പറഞ്ഞു: ഹേ ഇന്ദ്രാ! നിന്റെ ഭയത്തിന്റെ കാരണമൊക്കെ ഞാന്‍ അറിഞ്ഞു. നീ നരകാസുരനെ ഭയപ്പെടുകയാണ്. അവന്‍ തപപസ്സിദ്ധിയുടെ ശക്തിയാല്‍ നിന്റെ സ്ഥാനം കൊതിക്കുകയാണ്. അവന്‍ തപഃസംസിദ്ധൻ ആയാലും അവന്റെ ആത്മാവിനെ ദേഹവുമായി വേര്‍പെടുത്തി വിടാം, മുഹൂര്‍ത്ത സമയം കാത്തിരിക്കുക, എന്നു പറഞ്ഞ് വിഷ്ണു തന്റെ കൈ കൊണ്ട് നരകാസുരന് "ഒന്നു കൊടുത്തു": ഉടനെ അവന്‍ മല പോലെ മലര്‍ന്നടിച്ച് ഭൂമിയില്‍ ചത്തു വീണു. ഇക്കാണുന്നത് മായാവിയായ അവന്റെ അസ്ഥിപഞ്ജരമാണ്! നോക്കു ഇതാ വിഷ്ണുവിന്റെ മറ്റൊരു മഹത്കര്‍മ്മവും കാണുന്നു. ഭൂമി പണ്ട് പാതാളത്തിലേക്ക് ആണ്ടു പോയി. ഭൂമി നഷ്ടപ്രായയായി. ഒരു തേറ്റയുള്ള പന്നിയായി വിഷ്ണു ഭൂമിയെ പൊക്കിയെടുത്തു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനെ, മഹര്‍ഷേ! ഭവാന്‍ ആ കഥ വിസ്തരിച്ചു പറഞ്ഞു തന്നാലും. എങ്ങനെയാണ് ആണ്ടു പോയ ഭൂമിയെ നൂറു യോജന ഉയര്‍ത്തിയത്? എന്തു കൊണ്ടാണ് ശിവയും, മഹാഭാഗയും, വിശ്വോല്‍പത്തിക്കു കാരണവുമായ ഭൂമിദേവി സ്ഥിരയായി നിലയ്ക്കു നിൽക്കുന്നത്? ആരുടെ ശക്തിയാലാണ് നൂറു യോജന താണു പോയ ത്? പരമാത്മാവിന്റെ വീര്യം അവിടെ കാണിച്ചത് ആരാണ്? ഇതൊക്കെ സവിസ്തരം ഭവാനില്‍ നിന്നു ഗ്രഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ലോമശന്‍ പറഞ്ഞു: എന്നോട് ഈ കഥ ഭവാന്‍ ചോദിച്ചല്ലോ, അത് ഒന്നും വിടാതെ ഞാന്‍ പറയാം. ഭവാന്‍ കേള്‍ക്കുക.
പണ്ട് ഉണ്ണീ! ഘോരമായി കൃതയുഗം നടക്കുമ്പോള്‍ ആദിദേവനും പുരാതനനുമായ ഭഗവാന്‍ യമത്വം ചെയ്തു. അതായത് നിഷ്ക്രിയനായി തരുന്നു. ബുദ്ധിശാലിയായ ദേവദേവന്‍ നിഷ്ക്രിയൻ ആയപ്പോള്‍ സംഹാരം നടക്കാതായി. ഭൂമിയില്‍ ജീവജാലങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങി. ഒന്നിനും മരണമില്ല, മനുഷ്യരും, പക്ഷി മൃഗാദികളും മരിക്കുകയില്ലെന്നു മാത്രമല്ല, ജനിക്കുകയും വര്‍ദ്ധിക്കുകയും ചെയ്തു. ജീവജാലങ്ങള്‍ വെള്ളപ്പൊക്കം പോലെ വര്‍ദ്ധിച്ചു. പശുക്കളും, കുതിരകളും; മറ്റു മൃഗജാലങ്ങളും, എല്ലാ മാംസഭുക്കുകളും മനുഷ്യരും ആയിരവും പതിനായിരവുമായി വര്‍ദ്ധിച്ചു. അങ്ങനെ ഭയമുണ്ടാകുമാറ് ജീവജാലങ്ങളുടെ ബഹളമായി ഭൂമുഖം. അങ്ങനെ സഹിക്ക വയ്യാത്ത ഭാരം മൂലം ഭൂമി നൂറു യോജന താണു പോയി. സര്‍വ്വാംഗവും വേദനിച്ച് ഭാരം വഹിച്ച് വലഞ്ഞു വിഷമിച്ച് ഭൂമിദേവി ദേവശ്രേഷ്ഠനായ നാരായണനെ കണ്ടു സങ്കടം പറഞ്ഞു.
പൃഥ്വി പറഞ്ഞു: ഭഗവാനേ, ഭവാന്റെ പ്രസാദത്താല്‍ ഞാന്‍ വളരെ നാളായി സുഖമായി വര്‍ത്തിക്കുന്നു. എന്നാൽ ഇപ്പോള്‍ ഭാരം എന്നെ ആക്രമിക്കുകയാല്‍ ഞാന്‍ നിൽക്കുവാന്‍ അശക്തയായിരിക്കുന്നു. എന്റെ ഈ ഭാരത്തെ ഭഗവാന്‍ നീക്കിത്തരേണമേ! ഞാന്‍ ഭഗവാനെ ശരണം പ്രാപിക്കുന്നു. ദേവാ! പ്രസാദിച്ചാലും!
അവള്‍ പറഞ്ഞ പാക്കൂകേട്ടു ഭഗവാന്‍ വ്യക്തമായി പറഞ്ഞു.
വിഷ്ണു പറഞ്ഞു: ഹേ വസുധാരിണീ, നീ ഭയപ്പെടേണ്ടാ. നിന്റെ ഭാരം കുറയ്ക്കാനുള്ള പണി ഞാന്‍ ചെയ്യാം. വിഷമിക്കാതിരിക്കുക.
ലോമശന്‍ പറഞ്ഞു: ശൈലങ്ങള്‍ കുണ്ഡലമായണിഞ്ഞ ഭൂമിയെ സമാശ്വസിപ്പിച്ച് അയച്ചതിന് ശേഷം വിഷ്ണു ഒരു തേറ്റയുള്ള വരാഹത്തിന്റെ രൂപമെടുത്തു. തുടുത്ത കണ്ണുകളുള്ള ആ മഹാസത്വത്തെ കണ്ടാല്‍ ഏവനും ഭയപ്പെട്ടു പോകും. പുക പൊങ്ങുന്ന വിധം അവന്‍ വലുതായി ഉയര്‍ന്നു. മിന്നുന്ന അവന്റെ തേറ്റ കൊണ്ട് ഭൂമിയെ താങ്ങി നൂറു യോജന മേൽപോട്ടു പൊക്കി. ഭൂമി പൊക്കുന്ന സമയം ഭയങ്കരമായ ഒരു ഭൂകമ്പമുണ്ടായി. ദേവന്മാരും മുനിമാരും അതോടൊപ്പം കുലുങ്ങി പോയി. ഭൂമിയും, ആകാശവും, പാതാളവും ഹാ! ഹാ! എന്ന ശബ്ദത്താല്‍ മുഖരിതമായി. എല്ലാ ജീവജാലങ്ങളും കുലുങ്ങി മറിഞ്ഞു. ആടിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ കാലുറപ്പിച്ചു നിൽക്കുവാന്‍ കഴിയാതായി.
ഉടനെ ദേവന്മാരും, ഋഷിമാരും ബ്രഹ്മാവിനെ ആശ്രയിച്ചു. എല്ലാവരും ബ്രഹ്മാവിന്റെ മുമ്പില്‍ കൈകൂപ്പി നിന്ന് ആവലാതിയായി. ഇപ്രകാരം പറഞ്ഞു.
ലോകമൊക്കെക്കിടന്നു കുലുങ്ങുന്നു. ചരാചരങ്ങളൊക്കെഉഴലുന്നു. സമുദ്രങ്ങള്‍ ക്ഷോഭിക്കുന്ന. ഭൂമി നൂറുയോജന പൊങ്ങിയിരിക്കുന്നു. ആട്ടവും കുലുക്കവും നിൽക്കുന്നില്ല. ആരുടെ വീരൃത്താലാണ് ഭൂമി ഇങ്ങനെ ആകുലമായത്? ഭഗവാനേ, രക്ഷിക്കണേ! ഞങ്ങള്‍ സംഭ്രാന്തരായിരിക്കുന്നു.
ബ്രഹ്മാവു പറഞ്ഞു: ഹേ ദേവന്മാരേ! ഭയപ്പെടേണ്ടാ. ദൈത്യന്മാര്‍ ചെയ്യുന്ന പണിയാണിതെന്നു നിങ്ങള്‍ ശങ്കിക്കുന്നുണ്ടാകാം. അതല്ല, നിങ്ങള്‍ക്കു ദൈത്യഭയമില്ല. ഭൂമിയിലുണ്ടായ! ഈ ക്ഷോഭത്തിന്റെ കാരണം ഞാന്‍ പറയാം. സര്‍വ്വ വ്യാപിയും, ധീമാനും, അക്ഷരാത്മാവുമായ വിഷ്ണുവിന്റെ പ്രഭാവത്താല്‍ ക്ഷോഭിച്ചതാണ്. നൂറുയോജന കീഴോട്ടു താണു പോയ ഭൂമിയെ പരമാത്മാവായ വിഷ്ണു വിണ്ടും ഉദ്ധരിച്ചു. അത് ഉദ്ധരിക്കുന്ന സമയത്തു സംക്ഷോഭമുണ്ടായി. അതാണ് ഈ കണ്ടത്. നിങ്ങളുടെ ആശങ്ക തീര്‍ന്നുവോ?
ദേവകള്‍ പറഞ്ഞു: ഹര്‍ഷത്തോടെ ഭൂമിയെ മേൽപോട്ടു പൊക്കുന്ന ആ ഭൂതമെവിടെയാണ്? ഞങ്ങള്‍ അങ്ങോട്ടു പോകുവാന്‍ ആഗ്രഹിക്കുന്നു. ഭഗവാനെ, ആ സ്ഥലം എവിടെയാണെന്നു പറഞ്ഞാലും!
ബ്രഹ്മാവു പറഞ്ഞു: നിങ്ങള്‍ക്കു നന്മ ഭവിക്കട്ടെ! നിങ്ങള്‍ നന്ദനത്തില്‍ ചെല്ലുവിന്‍! അവിടെ നോക്കിയാല്‍ കാണാം. അവിടെ ഇതാ ഭഗവാന്‍ സുപര്‍ണ്ണന്‍ പ്രകാശിക്കുന്നു. വരാഹരൂപം കൈക്കൊണ്ട് ലോകഭാവനനായ ഭഗവാന്‍ കാലാനലനെ പോലെ, ലോകം ഉദ്ധരിക്കുന്ന ദേവനായി പ്രശോഭിക്കുന്നു. ഇവന്റെ മാറില്‍ ശ്രീവത്സം വൃക്തമായി കാണുന്നു. ഹേ ദേവകളേ,. അനാമയമായ. ഈ രൂപത്തെ എല്ലാവരും കണ്ടുകൊള്ളുവിന്‍.
ലോമശന്‍ പറഞ്ഞു: ഉടനെ പിതാമഹനെ മുന്‍നിര്‍ത്തി മഹാത്മാവിനെ കണ്ട് അഭിനന്ദിച്ച് ദേവന്മാര്‍ വന്ന സ്ഥലത്തേക്ക് മടങ്ങി പോയി.
വൈശമ്പായനൻ പറഞ്ഞു: ഹേ ജനമേജയ! ഈ കഥ കേട്ട് ലോമശന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ പാണ്ഡവന്മാര്‍ സന്തോഷത്തോടെ പോവുകയും ചെയ്തു.
143. ഗന്ധമാദന പ്രവേശം - വൈശമ്പായനൻ പറഞ്ഞു: ശൂരന്മാരായ പാണ്ഡവന്മാര്‍ ലോമശന്‍ പറഞ്ഞ ദിവ്യകഥകള്‍ കേട്ട്, ആയുധ ധാരികളായി ഗന്ധമാദന പര്‍വ്വതത്തില്‍ പ്രവേശിച്ചു. ആത്മസംയമനം ചെയ്ത് ഫലമൂലങ്ങള്‍ ഭക്ഷിച്ച് പാഞ്ചാലിയോടു കൂടി അവര്‍ വനങ്ങളും, പൊയ്കകളും കണ്ടു. നാനാവിധ മൃഗങ്ങളെ കണ്ടു. മഹര്‍ഷിമാരും, ദേവകളും സേവിക്കുന്നതും, ഗന്ധര്‍വ്വര്‍ക്കും, കിന്നരന്മാര്‍ക്കും, അപ്സരസ്സുകള്‍ക്കും പ്രിയപ്പെട്ടതുമായ ആ മഹാ പര്‍വ്വതത്തില്‍ കയറി. അപ്പോള്‍ വലിയ കാറ്റും കഠിനമായ മഴയുമുണ്ടായി. വീണു കിടക്കുന്ന ഇലകള്‍ ഇടകലര്‍ന്നു പൊടിപടലം പാറുന്നു. ആകാശവും, ഭൂമിയും പൊടി കൊണ്ട് മൂടുകയാല്‍ ഒന്നും തിരിച്ചറിയുവാന്‍ വയ്യാതായി. തമ്മില്‍ പറയുന്നതു പോലും കേള്‍ക്കുവാന്‍ സാധിക്കാതായി. ചുറ്റിയടിക്കുന്ന കൊടുങ്കാറ്റാല്‍ പാറക്കല്ലുകള്‍ ഊക്കോടെ വിതറി. അന്ധകാരം വ്യാപിക്കുകയാല്‍ അവര്‍ക്കു പരസ്പരം കാണുവാന്‍ കൂടി വയ്യാതായി. ഭയങ്കരമായ കാറ്റടിയില്‍ ആകുലരായ അവര്‍ ആകാശം ഇടിഞ്ഞു വീഴുമ്പോലേയും ഭൂമി പിളരും പോലെയും ഭയപ്പെട്ടു. വല്ലാതെ അമ്പരന്ന് അന്ധരായി, പാണ്ഡവന്മാര്‍ മരങ്ങളും, വള്ളികളും, പുറ്റുകളും തട്ടിത്തടഞ്ഞ് ഉഴന്നു നടന്നു. മഹാ ശക്തിമാനായ ഭീമന്‍ വില്ലു കയ്യിലെടുത്ത് കൃഷ്ണയെയുമെടുത്ത് ഒരു വലിയ മരത്തെ ആശ്രയിച്ചു നില്പായി. ധര്‍മ്മരാജാവും, നകുലസഹദേവന്മാരും, ലോമശ ധൗമൃന്മാരും മരങ്ങളിലും മലയിടുക്കുകളിലും മറ്റും ഒളിച്ചിരുന്നു.
കാറ്റും പൊടിയും കുറെ കഴിഞ്ഞപ്പോള്‍ തീരെ ഒതുങ്ങി. പിന്നീടു വലിയ ജലധാരയോടു കൂടി യ ഒരു ഘോര വര്‍ഷമുണ്ടായി. വജ്രങ്ങള്‍ ചിതറും പോലെ ചടചടാ ശബ്ദം ഉയര്‍ന്നു മേഘങ്ങളില്‍ നിന്ന് ഉജ്ജ്വലമായ മിന്നല്‍ ഇളകി. ആ ജലധാര ചരല്‍ക്കല്ലുകള്‍ കലര്‍ന്ന് അതിഘോരമായിതീര്‍ന്നു. അതോടെ കൊടുംകാറ്റും ഉഗ്രമായി തീര്‍ന്നു. കലങ്ങിമ റിഞ്ഞു നുരയും പതയുമായി പൊങ്ങിയ പെരുവെള്ളം സര്‍വ്വത്ര പരന്നു നദികളായി സമുദ്രത്തിലേക്കു കുതിച്ചു. ഒഴുക്കില്‍ പെട്ടു കാട്ടു മരങ്ങള്‍ മഹാ ശബ്ദത്തോടു കൂടി കൂട്ടം കൂട്ടമായി പുഴങ്ങി വീണു.
കുറേനേരം കഴിഞ്ഞപ്പോള്‍ പേമാരിയും കൊടുങ്കാറ്റും ഇരമ്പലും നിലച്ചു. വെള്ളമൊക്കെ കീഴോട്ട് ഒഴുകി. സൂര്യന്‍ തെളിഞ്ഞു. അപ്പോള്‍ പാഞ്ചാലിക്കും പാണ്ഡവന്മാര്‍ക്കും തമ്മില്‍ കാണുവാന്‍ സാധിച്ചു. അവര്‍ സസന്തോഷം ഒന്നിച്ചു കൂടി വീണ്ടും മലകയറുവാന്‍ തുടങ്ങി.
144. ഗന്ധമാദന പ്രവേശം - ഘടോല്‍ക്കചാഗമനം - വൈശമ്പായനൻ പറഞ്ഞു: മഹാത്മാക്കളായ പാണ്ഡവന്മാര്‍ ഒരു ക്രോശം മാത്രം മുന്നോട്ടു നടന്നപ്പോള്‍ വിഷമങ്ങള്‍ അനുഭവപ്പെട്ടു. നടക്കുവാന്‍ കഴിയാതെ പാഞ്ചാലി അവിടെ ഇരുന്നു പോയി. നടന്നു തളര്‍ന്നും, കാറ്റും, മഴയും ഏറ്റു സങ്കടപ്പെട്ടും ആ പാവപ്പെട്ട സുകുമാരി തീരെ വിമോഹിതയായി. തളര്‍ന്ന്, വിറച്ചു വിവശയായ അവള്‍ ഉരുണ്ടു നീണ്ട കൈ കൊണ്ടു തുട താങ്ങിപ്പിടിച്ചു. ആനയുടെ തുമ്പിക്കരം പോലെ മനോഹരമായ തുട രണ്ടും പിടിച്ച്, വിറച്ച്, കദളിവാഴത്തണ്ടു പോലെ നിലത്തു വീണു. ഒടിഞ്ഞ ലത പോലെ വീഴുന്ന ആ മനോഹരാംഗിയെ വീര്യവാനായ നകുലന്‍ ഓടിച്ചെന്നു താങ്ങി.
നകുലന്‍ പറഞ്ഞു: രാജാവേ, ഇതാ പാഞ്ചാല രാജപുത്രി തളര്‍ന്നു വീണു. അവളുടെ പാടു നോക്കൂ! മൃദുഗാമിനിയായ അവള്‍ ഇങ്ങനെ കഷ്ടപ്പെടേണ്ടവളല്ല. എന്തൊരു ദുഃഖമാണ് അവള്‍ അനുഭവിക്കുന്നത്! അവളെ ഒന്നു സമാശ്വസിപ്പിച്ചാലും!
വൈശമ്പായനൻ പറഞ്ഞു:. നകുലന്റെ വാക്കു കേട്ടു ദുഃഖിതനായ രാജാവ് അവളുടെ അടുത്തേക്കു ചെന്നു. ഭീമനും, സഹദേവനും ചെന്നു. രാജാവ് അവളെ തളര്‍ന്ന് അവശയായി കണ്ടു. ഉടനെ തന്റെ മടിയില്‍ അവളെ എടുത്തുവെച്ച് ആതുരനായി വിലപിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: നല്ല അടച്ചുറപ്പുള്ള ഗൃഹത്തില്‍ മണിമെത്തയില്‍ കയറി സുഖമായി കിടക്കേണ്ട രാജകുമാരി, സുഖാര്‍ഹയായ സുകുമാരി, വെറും നിലത്തല്ലേ വീണു കിടക്കുവാന്‍ ഇടയായത്! മൃദുലവും, സുന്ദരവുമായ കാലടിയും, താമരപ്പൂ പോലുള്ള മുഖവും ഞാന്‍ മൂലം വിവര്‍ണ്ണ മായിരിക്കുന്നു. ചൂതില്‍ ഭ്രമിച്ച്, മോഹിതനായി, മൃഗങ്ങള്‍ നിറഞ്ഞ മഹാവനത്തില്‍ ഇവളെ കൊണ്ടു വന്നതു വലിയ അന്യായം തന്നെ! പാണ്ഡവന്മാര്‍ ഭര്‍ത്താവായാല്‍ കല്യാണിയായ ഇവള്‍ക്ക് സുഖമാകും എന്നു ചിന്തിച്ചാണ് ഇവളുടെ അച്ഛന്‍ ഇവളെ വിവാഹം ചെയ്തു തന്നത്. അങ്ങനെയുള്ള ദ്രുപദ പുത്രി ഇപ്പോള്‍ ശോകാര്‍ത്തയായി, പാപിയായ ഞാന്‍ കാരണം വെറും നിലത്തു വീണു കിടക്കുന്നു!
വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ഇപ്രകാരം വിലപിക്കെ, ധൗമ്യാദികളായ ദ്വിജോത്തമന്മാർ ഒക്കെ ആ സ്ഥലത്തേക്ക് ഓടിവന്നു. ആ ദ്വിജന്മാര്‍ ആശ്വസിപ്പിച്ച് ആശീര്‍വാദം നല്കി രക്ഷോഘ്നമായ മന്ത്രം ജപിച്ചു കര്‍മ്മവും ചെയ്തു. ആ മഹര്‍ഷിമാര്‍ ശാന്തിക്കായി മന്ത്രം ചൊല്ലിയ സമയം പാണ്ഡവന്മാര്‍ അവരുടെ ശീതളമായ കൈ കൊണ്ട് തലോടിക്കൊണ്ട് ഇരിക്കവേ ജലം കലര്‍ന്ന കുളിര്‍കാറ്റ് ദേഹത്തിൽ ഏറ്റപ്പോള്‍ പാഞ്ചാലി സുഖം പൂണ്ട് ഉണര്‍ന്നു. പതുക്കെ ബോധം വീണ അവളെ പാണ്ഡവന്മാര്‍ കൃഷ്ണാജിനത്തില്‍ കിടത്തി വിശ്രമിപ്പിച്ചു. അവളുടെ രക്താരുണമായ പാദങ്ങള്‍ തഴമ്പു ചേര്‍ന്ന കൈത്തലം കൊണ്ട് മാദ്രേയന്മാര്‍ തലോടി. ധര്‍മ്മരാജാവ് അവളെ ആശ്വസിപ്പിച്ചു. പിന്നെ അദ്ദേഹം ഭീമനോടു പറഞ്ഞു; ഭീമാ! മഞ്ഞു മൂടി കിടക്കുന്നവയും ദുര്‍ഗ്ഗമങ്ങളുമായ അനേകം പര്‍വ്വതങ്ങള്‍ ഇനിയും കയറേണ്ടതുണ്ട് കൃഷ്ണാ, എങ്ങനെ സഞ്ചരിക്കും?
ഭീമന്‍ പറഞ്ഞു: രാജാവേ, ഭവാനേയും, കൃഷ്ണയേയും, നകുല സഹദേവന്മാരേയും ഞാന്‍ കൊണ്ടു പോകാം. ഒട്ടും വിഷമിക്കേണ്ട. അല്ലെങ്കില്‍ അങ്ങു സമ്മതിക്കുക ആണെങ്കില്‍ ഹിഡിംബീ പുത്രനായ ഘടോല്‍ക്കചന്‍ വന്നു നമ്മളെ എല്ലാവരേയും എടുത്തു കൊണ്ടു പോകും. അവന്‍ മഹാവീര്യനും, ആകാശഗാമിയും, ബലത്തില്‍ എന്നോടു തുല്യനുമാണ്.
വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മരാജാവ് സമ്മതിച്ച പ്രകാരം ഭീമന്‍ തന്റെ രാക്ഷസ പുത്രനെ ധ്യാനിച്ചു. ഉടനെ അവന്‍ അടുത്തെത്തി പാണ്ഡവന്മാരെ നമസ്കരിച്ചു. ബ്രാഹ്മണരേയും വന്ദിച്ചു. എല്ലാവരുടേയും അഭിനന്ദനത്തിന് അവന്‍ പാത്രമായി. അവന്‍ അച്ഛനോടു പറഞ്ഞു: ഭവാന്‍ എന്നെ ഓര്‍ത്തപ്പോള്‍ തന്നെ ഇതാ ഞാന്‍ പിതൃ ശുശ്രുഷയ്ക്കായി എത്തിയിരിക്കുന്നു. മഹാബാഹോ, ഭവാന്‍ കല്‍പിച്ചാലും! എന്തു വേണമെങ്കിലും ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്. ഇതുകേട്ട ഭീമന്‍ തന്റെ പുത്രനെ കെട്ടിപ്പുണര്‍ന്നു.
145. ഗന്ധമാദന പ്രവേശം - ബദരികാശ്രമ പ്രവേശം - യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമാ! ഔരസ പുത്രനായ ഈ രാക്ഷസ പുംഗവന്‍ ശൂരനും ധര്‍മ്മജ്ഞനും ബലവാനും സതൃസന്ധനുമാണ്. ഇവന്‍ നമ്മുടെ ഭക്തനുമാണ്. ഇവന്‍ നമ്മളെഎടുക്കട്ടെ. ഭീമ പരാക്രമനായ നിന്റെ പുത്രന്റെ ബലം കൊണ്ടല്ലാതെ പാഞ്ചാലിയോടു കൂടി അക്ഷതനായി ഈ ഗന്ധമാദനം കേറുവാന്‍ ഞാന്‍ ശക്തനല്ല.
വൈശമ്പായനൻ പറഞ്ഞു: ഭ്രാതാവിന്റെ വാക്കു കേട്ടപ്പോള്‍ നരവ്യാഘ്രനും ശത്രുകര്‍ശനുമായ ഭീമന്‍ തന്റെ പുത്രനോട് ഇങ്ങനെ ആജ്ഞാപിച്ചു.
ഭീമന്‍ പറഞ്ഞു. ഉണ്ണീ, ഘടോല്‍ക്കചാ! നിന്റെ അമ്മയായ ദ്രൗപദി ക്ഷീണിച്ചു പരവശയായി തളര്‍ന്നു കിടക്കുന്നത് നീ നോക്കൂ! നീ ആകാശത്തിലും ഭുമിയിലും ഇഷ്ടം പോലെ സഞ്ചരിക്കുവാന്‍ കഴിവുള്ളവൻ ആണല്ലോ. നിന്റെ അമ്മയെ എടുത്തു ചുമലില്‍ വെച്ച് പീഡയൊന്നും കൂടാതെ ആകാശ മാര്‍ഗ്ഗത്തിലൂടെ നീ പതുക്കെ പോകണം. നിന്നോട് ഒരുമിച്ചു ഞങ്ങളും വരുന്നതാണ്. നിനക്കു നന്മ വരട്ടെ.
ഘടോല്‍ക്കചന്‍ പറഞ്ഞു: ധര്‍മ്മരാജാവിനേയും അമ്മയായ കൃഷ്ണയേയും മാദ്രേയന്മാരേയും ധൗമ്യനേയും എടുത്തു കൊണ്ടു പോകുവാന്‍ ഞാന്‍ ഒരാള്‍ മതി. എന്നാൽ എനിക്കു കുട്ടുകാര്‍ ഉള്ളതു കൊണ്ട് എല്ലാവരേയും ഞാന്‍ തനിച്ച് എടുക്കേണ്ടതില്ല. നൂറു കണക്കിനു വീരന്മാര്‍ എനിക്കു കൂട്ടുകാരായുണ്ട്. അവര്‍ ഇഷ്ടം പോലെ രൂപം മാറുവാന്‍ കഴിവുള്ളവരും നഭശ്ചരന്മാരുമാണ്. ബ്രാഹ്മണരോടു കൂടി എല്ലാവരേയും അവര്‍ എടുത്തു കൊള്ളും.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് ഘടോല്‍ക്കചന്‍ കൃഷ്ണയെ എടുത്തു. പാണ്ഡവന്മാരെ മറ്റുള്ളവരും എടുത്തു. മഹാദ്യുതിയായ ലോമശനാകട്ടെ, സ്വന്തം പ്രഭാവത്താല്‍ രണ്ടാം സൂര്യനെന്ന പോലെ ശോഭിച്ചു കൊണ്ട് സിദ്ധന്മാരുടെ മാര്‍ഗ്ഗത്തില്‍ കൂടി സഞ്ചരിച്ചു. ആ ബ്രാഹ്മണരേയും ഒക്കെ എടുത്തു കൊണ്ട് രാക്ഷസന്മാരും ഉയര്‍ന്നു. മഹാവേഗന്മാരും ഭീമപരാക്രമന്മാരുമായ വീരരാക്ഷസന്മാരും ചുമലില്‍ കയറി ചെല്ലുന്ന പാണ്ഡവന്മാരും കൃഷ്ണയും അല്പ സമയം കൊണ്ട് ബഹുദൂരത്തിലെത്തി. രമണീയ വനങ്ങളും നാനാരത്നങ്ങള്‍ വിളഞ്ഞു കിടക്കുന്ന മ്ലേച്ഛജന ദേശങ്ങളും നാനാധാതുക്കള്‍ നിറഞ്ഞ ഗിരിപാദങ്ങളും കിന്നര കിംപുരുഷന്മാര്‍, ഗന്ധര്‍വ്വ വിദ്യാധരന്മാര്‍ മുതലായവരുടെ നിവാസ സ്ഥലങ്ങളും, പന്നികള്‍, കാട്ടുപോത്തുകള്‍, മാനുകള്‍, കുരങ്ങുകള്‍ മുതലായവയുടെ നിവാസ സ്ഥലങ്ങളും നിര്‍ബ്ബാധം ക്രീഡിക്കുന്ന വനങ്ങളും പക്ഷികുലങ്ങള്‍ നിറഞ്ഞ, നദികളും കണ്ടു കൊണ്ട് വിവിധാശ്ചര്യങ്ങള്‍ നിറഞ്ഞ കൈലാസ പര്‍വ്വതം കണ്ടു. അതിന് സമീപത്തുള്ള നരനാരായണ ആശ്രമത്തില്‍ അവര്‍ പ്രവേശിച്ചു. എല്ലായ്പോഴും പൂവും കായും നിറഞ്ഞ് ദിവ്യമായി, മഹത്തായ ശാഖകളുള്ള ബദരീ വൃക്ഷത്താല്‍ പ്രശോഭിതമാണ് ബദര്യാശ്രമം. അത്യന്തം ശ്രീയോടും, കുളുര്‍മ്മയോടും നിരക്കെ നിഴല്‍ പരത്തി, കുളിര്‍ത്ത്, തളിര്‍ത്ത്, ഇടതിങ്ങി വളര്‍ന്ന ശോഭന പത്രങ്ങളും ഏറ്റവും സ്വാദു കലര്‍ന്ന്, സദാ തേന്‍ ഒഴുകുന്ന ദിവൃഫലങ്ങള്‍ നിറഞ്ഞ്, മദോന്മത്തങ്ങളായ നാനാപക്ഷി ഗണങ്ങളാല്‍ ആകുലമായി, മുനിഗണത്താല്‍ സേവിതമായി, വിശാലവും വിസ്തൃതവുമായ കൊമ്പുകള്‍ പരന്നു നിൽക്കുന്ന ബദരീ വൃക്ഷത്താല്‍ പ്രശോഭിതമാണ് ആ പ്രദേശം. കടുന്നല്‍, കൊതുക് മുതലായവ ഒന്നും തന്നെ അവിടെയില്ല. പച്ചപ്പുല്ലുകള്‍ പരന്ന്, തണുപ്പും മിനുപ്പും ചേര്‍ന്ന്, മുള്ളുകള്‍ ഇല്ലാതെ പ്രകൃത്യാ പ്രശോഭിക്കുന്ന ആ ഭൂഭാഗം നിരന്നു പരന്നു കിടക്കുന്നു. അവിടെയാണ് പാണ്ഡവന്മാര്‍ പോയി ഇറങ്ങിയത്. അവര്‍ നരനാരായണന്മാരുടെ ആ രമണീയ ആശ്രമത്തെ ചുറ്റി നടന്നു നോക്കി. സൂര്യകരങ്ങളാല്‍ പീഡിതമാകാതെ തന്നെ അവിടെ എപ്പോഴും ഇരുളകന്നു പ്രശോഭിക്കുന്നു. ശോകനാശനമായ ആ പുണ്യസ്ഥലത്ത് ക്ഷുല്പിപാസകളാലോ ശീതോഷ്ണങ്ങളാലോ ദോഷമേൽക്കുകയില്ല. മുനിഗണ വ്യാപ്തവും വേദാത്മകവും ധര്‍മ്മഹീനന്മാര്‍ക്കു ദുഷ്പ്രവേശവുമാണ് ആ ആശ്രമം.
ആ ആശ്രമം അടിച്ചുതേച്ചു വെടിപ്പാക്കി ബലിഹോമാര്‍ച്ചനം ചെയ്ത് ദിവ്യപുഷ്പ ഉപഹാരത്താല്‍ എല്ലായിടവും വിരാജിതമായി കിടക്കുന്നു. യജേഞാപകരണങ്ങള്‍ നിറഞ്ഞ വിശാലങ്ങളായ അഗ്നിജ്വാലകള്‍ പലതും അവിടെയുണ്ട്. വേദഘോഷം എല്ലായ്പോഴും മുഴങ്ങുന്ന ശ്രമനാശനമായ ആ പുണ്യസ്ഥലം എല്ലാ ഭൂതങ്ങള്‍ക്കും ശരണ്യമാണ്. ശ്രീപൂര്‍ണ്ണവും സത്യധര്‍മ്മ ശോഭിതവുമായ ആ ദിവ്യാശ്രമം ആര്‍ക്കും വര്‍ണ്ണിക്കാവതല്ല. മാന്തോലുടുത്തും ഫലമൂലങ്ങള്‍ മാത്രം ഭുജിച്ചും ദാന്തന്മാരായി, സൂര്യാഗ്നി സമാനന്മാരായി, തപോനിധികളായി, മോക്ഷപരന്മാരായി, നിയതേന്ദ്രിയന്മാരായി, ബ്രഹ്മഭൂതന്മാരും ബ്രഹ്മവാദികളുമായി, മഹാഭാഗന്മാരായി, അവിടെ മഹര്‍ഷികള്‍ പലരും വാഴുന്നു. അവരെ ശുദ്ധഹൃദയനായി, ശുചിയോടു കൂടി, വിനീതനായി യുധിഷ്ഠിരന്‍ ഭ്രാതാക്കന്മാരോടു കൂടെ സന്ദര്‍ശിച്ചു. ദിവ്യജ്ഞാനികളും സ്വാദ്ധ്യായ നിരതന്മാരുമായ മഹര്‍ഷികള്‍ യുധിഷ്ഠിരനെ എതിരേറ്റ് പ്രീതിയോടെ ആശീര്‍വദിച്ചു. അവര്‍ പുഷ്‌പജലങ്ങളും ഫലമൂലങ്ങളും നല്കി യഥോചിതം സല്‍ക്കരിച്ചു.
സല്‍ക്കാരങ്ങള്‍ സ്വീകരിച്ചതിന് ശേഷം യുധിഷ്ഠിരന്‍ കൃഷ്ണയോടും സഹോദരന്മാരോടും കൂടി സ്വര്‍ഗ്ഗതുല്യവും ദിവൃഗന്ധ പൂരിതവും ഹൃദയഹാരിയും ശോഭായമാനവുമായ ആ പുണ്യ പ്രദേശത്തേക്കു കടന്നു. അവിടെ ഗംഗാതീരത്ത് ദേവദേവര്‍ഷി പൂജിതമായി പ്രശോഭിക്കുന്ന നരനാരായണ സ്ഥാനം ധര്‍മ്മപുത്രന്‍ ദര്‍ശിച്ചു. തേനിറ്റു വീഴുന്ന ഫലവര്‍ഗ്ഗങ്ങള്‍ നിറഞ്ഞ ആ പുണ്യാശ്രമത്തില്‍ പാണ്ഡവന്മാര്‍ പാഞ്ചാലിയോടു കൂടി പാര്‍ത്ത് സാമോദം രമിച്ചു.
പക്ഷിജാലങ്ങളാല്‍ ആകുലമായ മൈനാക പര്‍വ്വതത്തേയും ഹിരണൃ ശിഖരത്തേയും ശോഭനമായ ബിന്ദു സരസ്സിനേയും കണ്ടു കൊണ്ട് അവര്‍ അവിടെ വിഹരിച്ചു. അവിടത്തെ കാനനങ്ങള്‍ മനോമോഹനങ്ങളാണ്. ഇടതൂര്‍ന്നു തളിര്‍ത്ത പത്രങ്ങളോടും മനോഹരമായ ശീതളച്ഛായയോടും കോകില കൂജിതത്തോടും കൂടി ഫലഭാരത്താല്‍ തൂങ്ങിയ പൂവണി മരങ്ങള്‍ നിറഞ്ഞ് സര്‍വ്വകാലത്തും കുസുമോജ്ജ്വലമായി സര്‍വ്വത്ര രമണീയമായി പ്രശോഭിക്കുകയാണ് കാനനങ്ങള്‍. ആമ്പലും താമരയും നിറയെ വളര്‍ന്നും നിര്‍മ്മല ജലം കലര്‍ന്നും വിചിത്രമായ സരസ്സുകള്‍ പ്രശോഭിക്കുന്നു. ഇവയെല്ലാം കൃഷ്ണയോടു കൂടി കണ്ട് അവര്‍ ആനന്ദിച്ചു. സുഖസ്പര്‍ശത്തോടും പുണൃഗന്ധത്തോടും കൂടിയ സമീരണന്‍ ദ്രൗപദിയേയും പാണ്ഡവന്മാരേയും ആഹ്ളാദിപ്പിച്ച് അവിടെ സസുഖം വീശി. രത്നവും പവിഴവും കൊണ്ടുള്ള പടവുകളോടും ഇരുപുറത്തും ശോഭിക്കുന്ന വൃക്ഷങ്ങളോടും കൂടിയ ഗംഗയില്‍ മനോഹരമായ താമരകള്‍നിറഞ്ഞ സീതാ തീര്‍ത്ഥത്തിലും ദിവ്യപുഷ്പ പൂര്‍ണ്ണമായി പ്രീതി വര്‍ദ്ധിപ്പിക്കുന്ന ബദര്യാശ്രമത്തിലും അവര്‍ ക്രീഡിച്ചു. ദേവര്‍ഷി നിലയനവും പരമ ദുര്‍ഗ്ഗവുമായ പ്രദേശത്ത് ഭാഗീരഥിയിലെ പുണ്യജലത്തില്‍ അവര്‍ ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും തര്‍പ്പണം ചെയ്തു. അമര പ്രഭാവന്മാരായ പാണ്ഡവന്മാര്‍ കൃഷ്ണയുടെ ഉല്ലാസത്തോടു കൂടിയ വിചിത്ര ക്രീഡകള്‍ കണ്ടു രസിച്ച് ബ്രാഹ്മണരോടു കൂടി അവിടെ വിശ്രമിച്ചു.
146. കദളീ വന പ്രവേശം - വൈശമ്പായനൻ പറഞ്ഞു: അവിടെ പരമശുദ്ധിയോടു കൂടി ആ പുരുഷവ്യാഘ്രന്മാര്‍ അര്‍ജ്ജുനനെ കാണുവാനുള്ള ആഗ്രഹത്തോടു കൂടി ആറു രാത്രി പാര്‍ത്തു. അന്നൊരു ദിവസം വടക്കു കിഴക്കു ഭാഗത്തു നിന്ന് കാറ്റില്‍ പറന്ന് സൂര്യതേജസ്സുള്ള, ആയിരം ഇതളുള്ള, ഒരു താമരപ്പൂവ് യദ്യച്ഛയാ അവരുടെ മുമ്പില്‍ വന്നു വീണു. ദിവ്യമായ മണം പുറപ്പെടുന്നതും ഭംഗിയേറിയതുമായ ആ പുഷ്പം വന്നു വീഴുന്നത് പാഞ്ചാലി കണ്ടു. ശുഭമായ ആ സരോരുഹം ശുഭാംഗിയായ കൃഷ്ണ കണ്ട്, സന്തോഷത്തോടെ എടുത്ത് ഭീമനോടു പറഞ്ഞു.
കൃഷ്ണ പറഞ്ഞു; ഹേ ഭീമാ! ഈ മനോഹരമായ പുഷ്പം കണ്ടുവോ? എന്തൊരു കൗതുകമാണിതിന്ന്! ഇതില്‍പ്പരം വിശേഷമായി പുഷ്പങ്ങളില്ല. എന്തൊരു ഹൃദയാവര്‍ജ്ജകമായ ഭംഗി! എന്തൊരു മനം കുളുര്‍പ്പിക്കുന്ന മണം! ഇത് ഞാന്‍ ധർമ്മരാജാവിന് കൊടുക്കട്ടെ! എനിക്കു പ്രിയത്തിനായി ഇത്തരം കുറെ പുഷ്പങ്ങള്‍ വനത്തിലേക്കു കൊണ്ടു വരിക! എന്നോട് ഭവാന് ഇഷ്ടമുണ്ടെങ്കില്‍ ഈ പുഷ്പങ്ങള്‍ കുറെ കൊണ്ടു വരു! എന്നു പറഞ്ഞ് ദ്രൗപദി ആ പുഷ്പം ധര്‍മ്മരാജാവിന് നല്കുവാനായി നടന്നു.
വൈശമ്പായനൻ പറഞ്ഞു: പ്രിയയുടെ ഇഷ്ടം അറിഞ്ഞ് പുരുഷര്‍ഷഭനായ ഭീമന്‍ അവളുടെ ആഗ്രഹം. സാധിപ്പിക്കുവാന്‍ പുറപ്പെട്ടു. പുഷ്പത്തെ ഇങ്ങോട്ടെത്തിച്ച കാറ്റിന്റെ ഗതി നോക്കി നടന്നു. പൊന്നണിഞ്ഞ വില്ലും, പാമ്പു പോലുള്ള ശരങ്ങളുമേന്തി, സിംഹത്തെ പോലെ ശൂരനും, മത്തഗജം പോലെ ഗംഭീരനുമായ ഭീമന്‍ നടന്നു. എല്ലാ ഭൂതങ്ങളും അവനെ നോക്കി. ഭീമന് ക്ഷീണമില്ല; ഉത്സാഹക്കുറവില്ല; ഭയമില്ല; സംഭ്രമമില്ല. വായുപുത്രനായ അവന്‍ ദ്രൗപദിയുടെ ഇഷ്ടം കൈയ്യൂക്കു കൊണ്ടു നിര്‍വ്വഹിക്കുവാന്‍ കരുതി തന്നെയാണു പുറപ്പെട്ടിരിക്കുന്നത്. അവന്‍ ധീരനായി മല കയറി. മരങ്ങള്‍ വള്ളിക്കുടിലുകള്‍ എന്നിവ കൊണ്ടു മൂടി കരിംപാറകള്‍ നിറഞ്ഞു കിടക്കുന്ന പര്‍വ്വതമാണ് ഇത്. പല വര്‍ണ്ണങ്ങള്‍ കലര്‍ന്ന്, വിചിത്ര ധാതുക്കള്‍ ചേര്‍ന്ന് വൃക്ഷങ്ങള്‍ ഇടകലര്‍ന്ന്, മൃഗപക്ഷികള്‍ നിറഞ്ഞ്, ഉയര്‍ന്നു നിൽക്കുന്ന ആ പര്‍വ്വതം സര്‍വ്വവ ഭൂഷണങ്ങളും തികഞ്ഞ ഭൂമിയുടെ കരം പോലെ പ്രശോഭിക്കുന്നു. കുയില്‍ കൂകിയും, വണ്ടുകള്‍ മുരണ്ടും, സര്‍വ്വത്ര രമണീയമായ ഗന്ധമാദന സാനുവില്‍ നോക്കി താന്‍ എന്തു ചെയ്യണമെന്നു തീരുമാനിച്ച്, കണ്ണും കരളും കാതുംഉ റപ്പിച്ച്, ആ അമിത വിക്രമന്‍ നടന്നു.
സര്‍വ്വത്ര രമണീയമായി വികസിച്ചു നിൽക്കുന്ന വിവിധ പുഷ്പങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന സുഗന്ധം നുകര്‍ന്ന് ഭീമന്‍ പതുക്കെ നടന്നു. അപ്പോള്‍ നാനാകുസുമ ഗന്ധത്തോടു കൂടി പുണ്യവും ശീതളവുമായി ഗന്ധമാദനത്തില്‍ വീശുന്ന വായുവില്‍ നിന്നും താതസ്പര്‍ശസുഖം ഏറ്റു മത്തവാരണം പോലെ ഉദ്ദാമനായി ആ തേജോബലന്‍ അവിടെ സഞ്ചരിച്ചു. പിതാവായ വായു തളര്‍ച്ച തീര്‍ക്കുകയാല്‍ പുളകമണിഞ്ഞ ഭീമന്‍ സുരഗന്ധര്‍വ്വ യക്ഷന്മാരും,ബ്രഹ്മര്‍ഷികളും വാഴുന്ന പ്രദേശങ്ങളില്‍ സൗഗന്ധിക പുഷ്പത്തെ തിരഞ്ഞു നോക്കി. കറുത്തതും, വെളുത്തതും, മഞ്ഞച്ചതുമായ ധാതുക്കള്‍ ചേര്‍ന്ന മുന്നു പര്‍വ്വതങ്ങള്‍ ആകാശത്തില്‍ മൂന്നു വിരല്‍ കൊണ്ടു വരച്ച കുറിപോലെ ഉയര്‍ന്നു നിൽക്കുന്നു. ഇരുപുറത്തും വന്നുചേര്‍ന്ന മേഘപാളികള്‍ കൊണ്ട് ആ പര്‍വ്വതം ആകാശത്തില്‍ ചിറകു വിരിച്ച് ആടുന്നതു പോലെ തോന്നിപ്പിക്കുന്നു. അരുവിയില്‍ നിന്നു ചിതറി വീഴുന്ന ജലകണങ്ങള്‍ ഒരു മുത്തുമാല അണിഞ്ഞതു പോലെ ആ ഗിരിയെ അലങ്കരിക്കുന്നു. മനോഹരമായ ഗുഹകളും, നികുഞ്ജങ്ങളും, വലിയ നിര്‍ത്ധരങ്ങളും, ചോലകളും പ്രശോഭിക്കുന്നു. അപ്സരസ്സുകളുടെ നൂപുര ശിഞ്ജിതത്താല്‍ മയിലുകള്‍ ആടി രസിക്കുന്നു. ദിഗ്ഗജങ്ങള്‍ കൊമ്പു കൊണ്ടു കുത്തിനിരത്തിയ ശിലാതലങ്ങള്‍ കിടക്കുവാനും ഇരിക്കുവാനും പറ്റിയതായി വിളങ്ങുന്നു. അരുവിയില്‍ നിന്നു കവിഞ്ഞു വഴിഞ്ഞു നിശ്ചലമായി കിടക്കുന്ന ജലം അഴിഞ്ഞ വെള്ളപ്പട്ടു പോലെ കിടന്നു തിളങ്ങുന്നു. ഭയമെന്നത് എന്താണെന്ന് അറിയാത്ത മാനുകള്‍ ഇളംപുല്ലു ചവച്ച് ഭീമനെ സകൗതുകം നോക്കി ഓടിപ്പോകാതെ സ്വസ്ഥമായി നിന്നു.
ഈ മനോജ്ഞമായ പ്രകൃതി സൗന്ദര്യം കണ്ടു തന്റെ പ്രിയതമയ്ക്കു പ്രിയം ചെയ്യുവാന്‍ ചെല്ലുന്ന ശ്രീയുതനായ വായുപുത്രന്‍ പലപല വള്ളിക്കൂട്ടങ്ങളേയും സ്വന്തം കൈയൂക്കാല്‍ കുലുക്കിയുലച്ചു ക്രീഡിച്ചു. ദീര്‍ഘകായനും, കനക വര്‍ണ്ണാഭനും, സിംഹതുല്യ ദൃഢകായനും, മത്തഗജ വിക്രാന്തനും, മത്തവാരണ ശക്തനും, മത്തവാരണ താമ്രാക്ഷനും, മത്തേഭത്തെ പോലും തടുത്തു നിര്‍ത്തുന്നവനുമായ പാണ്ഡവന്‍ പുരുഷ സൗന്ദര്യത്തിന്റെ നവാവതാരം പോലെ രമണീയ മൂര്‍ത്തിമാനായി രമണീയമായ ഗന്ധമാദന സാനുവില്‍ വിഹരിക്കുന്നത്, പ്രിയതമന്മാരോടു കൂടി അദൃശ്യരായി വിഹരിക്കുന്ന യക്ഷഗന്ധര്‍വ്വ നാരികള്‍, അവരുടെ ലീലാചേഷ്ടിതങ്ങള്‍ നിര്‍ത്തിവെച്ച് ഏകാഗ്രതയോടെ നോക്കി നിന്നു.
ഈ സമയത്തും വനവാസിയായി തീര്‍ന്നിരിക്കുന്ന ദ്രൗപദിക്കു പ്രിയം ചെയ്യുവാന്‍ മുതിര്‍ന്ന് ഉത്സാഹപൂര്‍വം ചെല്ലുന്ന ഭീമന്, ദുര്യോധനന്‍ ചെയ്ത ക്ലേശങ്ങളെ കുറിച്ചുള്ള സ്മരണയോ അര്‍ജ്ജുനനെ പറ്റിയുള്ള ചിന്തയോ വിട്ടു പോയില്ല. തന്റെ ജ്യേഷ്ഠന്റെ തല്‍ക്കാല സ്ഥിതിയും ഓര്‍ത്തു കൊണ്ടിരുന്നു.
ഈ സമയത്ത് ഭീമന്റെ ഉള്ളില്‍ ഒരു ചിന്ത പാഞ്ഞു: ഞാന്‍ മടങ്ങിച്ചെല്ലുവാന്‍ വൈകിയാല്‍ ജ്യേഷ്ഠന്‍ എന്നെ അന്വേഷിക്കുവാന്‍ നകുലനേയോ സഹദേവനേയോ അയയ്ക്കുമോ? അവരെ അകലെ അയച്ചാല്‍ ജ്യേഷ്ഠന്നും, ദ്രൗപദിക്കും ആരാണു തുണ? അവരുടെ ബലത്തില്‍ ജ്യേഷ്ഠനു വിശ്വാസമില്ലാത്തതു കൊണ്ടും നകുലസഹദേവന്മാരില്‍ അദ്ദേഹത്തിനുള്ള സ്നേഹം കൊണ്ടും അവരെ അദ്ദേഹം ദൂരേക്ക് അയയ്ക്കുക ഇല്ലെന്നു ഞാന്‍ വിചാരിക്കുന്നു. ഏതായാലും ഒട്ടും താമസിക്കാതെ ആ പുഷ്പങ്ങള്‍ സമ്പാദിക്കണം. അതിന് എന്താണു മാര്‍ഗ്ഗം?
ഇങ്ങനെ വിചാരിച്ച് ഗരുഡനെ പോലെ ആ നരശാര്‍ദ്ദൂലന്‍ അതിവേഗത്തില്‍ പാഞ്ഞു. അവന്റെ കണ്ണും കരളും പുഷ്പസമൃദ്ധമായ താഴ്വരയില്‍ ചുറ്റിക്കറങ്ങി. അദ്ദേഹത്തിന് വിശക്കുമ്പോഴുള്ള വഴിച്ചോറ് ദ്രൗപദീവാക്യം മാത്രമാണ്.
അശനിപാതം പോലുള്ള കാല്‍വെപ്പാല്‍ ഭൂമികുലുക്കി ആനക്കൂട്ടത്തെ വിറപ്പിച്ചു. ആ വായുവേഗനായ മഹാബലന്‍ പോകുന്ന പോക്കില്‍ സിംഹക്കൂട്ടത്തെ മര്‍ദ്ദിച്ചു. മാമരങ്ങൾ പുഴങ്ങി വീണു. വള്ളിക്കൂട്ടങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടു. സര്‍വ്വവും തകര്‍ത്ത് ആഗജരാജ വിക്രമന്‍ മലകയറി. ഇടിവെട്ടുന്നതു പോലെ ഭീമന്‍ ഗര്‍ജ്ജിക്കുകയാല്‍ ഞെട്ടിയുണര്‍ന്ന സിംഹങ്ങള്‍ ഭയപ്പെട്ടു ഗുഹവിട്ട് അങ്ങുമിങ്ങും പാഞ്ഞു. മാന്‍കൂട്ടങ്ങള്‍ പേടിച്ച് ഉഴന്നു. പക്ഷികള്‍ ബോധം കെട്ടു വീണു. കരടികള്‍ മരങ്ങളേയും,. സിംഹങ്ങള്‍ ഗുഹകളേയും വിട്ട് ഓടി. ഭീമന്റെ ഭീമഗര്‍ജ്ജനം കൊണ്ടു കാടൊക്കെ ഭയാകുലമായി വിറച്ചു. പക്ഷിമൃഗാദികള്‍ പേടിച്ച് അമ്പരന്നു പലവഴിക്കും പാഞ്ഞു. ഭയവിഭ്രാന്തിയില്‍ അവ മലമൂത്രങ്ങള്‍ വിട്ടു. ഭീഷണവും രൗദ്രവുമായി വായ തുറന്ന് അലറിപ്പായുന്ന സിംഹഗജാദി മൃഗങ്ങള്‍ തന്റെ മുമ്പില്‍ എത്തിപ്പെട്ടവയെല്ലാം അടിച്ചു തകര്‍ക്കപ്പെട്ടു.
ഇങ്ങനെ വനാന്തരം ബാഹുബലത്താല്‍ കലക്കി മറിച്ച്, ഗര്‍ജ്ജനത്താല്‍ ദിക്കൊക്കെ മുഴക്കി, മഹാബലനായ ഭീമന്‍, ആ ഗന്ധമാദന പര്‍വ്വതത്തിന്റെ സാനുവില്‍ ബഹുയോജന വിസ്താരത്തില്‍ പ്രശോഭിക്കുന്ന ഒരു കദളീവനം കണ്ട് അതിന്റെ ഉള്ളില്‍പ്രവേശിച്ചു.
ആ വനത്തില്‍ പനപോലെ ഉയര്‍ന്നു നിലക്കുന്ന കദളിത്തടികൾ മദജലം വഴിയുന്ന മഹാഗജമെന്ന പോലെ ഭീമന്‍ ചുറ്റിപ്പിടിച്ചു പുഴക്കി വലിച്ചെറിഞ്ഞു. സിംഹത്തെ പോലെ ഗര്‍ജ്ജിച്ച് അതില്‍ കുടി കൊള്ളുന്ന മഹാസത്വങ്ങളെ എല്ലാം വിറപ്പിച്ചു. അവയുടെ ശബ്ദം കൊണ്ടും, ഭീമന്റെ ഗര്‍ജ്ജനം കൊണ്ടും ചുറ്റുപാടുമുള്ള കാടുകളിലെ മൃഗപക്ഷികളെല്ലാം പേടിച്ചു വിറച്ചു. പെട്ടെന്നുണ്ടായ ഈ സംകുല ധ്വനി കേട്ട് ജലപക്ഷികള്‍ നനഞ്ഞ ചിറകുമായി മേൽപോട്ടു പറന്നു രക്ഷാസ്ഥാനം തേടി. അവയെ പിന്തുടര്‍ന്ന് ഭീമന്‍ പാഞ്ഞു. ഉടനെ അതി മനോഹരമായ ഒരു സരസ്സില്‍ ചെന്നെത്തി. അതിന്റെ കരയില്‍ ഇളംകാറ്റില്‍ ആടിക്കൊണ്ടിരിക്കുന്ന കനകമയമായ കദളികള്‍ നിറയെ നിൽക്കുന്നു.
ആമ്പലും താമരയും നിറഞ്ഞ ആ സരസ്സില്‍ ഇറങ്ങി ഒരു മത്തഗജത്തെ പോലെ ഉച്ഛ്യംഖലനായി ഭീമന്‍ യഥേഷ്ടം ക്രീഡിച്ചു. ക്രീഡകള്‍ കഴിഞ്ഞതിന് ശേഷം അവന്‍ കരയ്ക്കു കയറി വന്മരങ്ങള്‍ നിറഞ്ഞ ഘോരവനത്തിലൂടെ പിന്നേയും നടന്നു. തന്റെ സകല ശക്തിയും പ്രയോഗിച്ച് ഭീമന്‍ ശംഖധ്വനി മുഴക്കുകയും ദിക്കുകള്‍ മുഴങ്ങു മാറു കൈകൊട്ടി ആര്‍ക്കുകയും ചെയ്തു. ഈ ഭീമശബ്ദം ഗിരിഗുഹകളില്‍ ചെന്നലച്ച് മാറ്റൊലി കൊണ്ടു. ഇടിനാദം പോലെയുള്ള കരഘോഷം കേട്ട് ഗുഹകളില്‍ ഉറങ്ങി കിടന്നിരുന്ന സിംഹങ്ങള്‍ ഞെട്ടിയുണര്‍ന്ന്, ഭയപ്പെട്ടലറി. സിംഹ നാദത്താല്‍ ഭീതരായ ഗജങ്ങള്‍ ഘോരമായി അലറി. പര്‍വ്വത പ്രദേശം മാറ്റൊലി കൊണ്ടു.
ഈ ശബ്ദമെല്ലാം കേട്ടപ്പോള്‍ തന്റെ ഭ്രാതാവായ ഭീമസേനന്‍ വരുന്ന ഘോഷമാണിതെന്ന് വാനരപ്രവരനായ ഹനുമാന്‍ അറിഞ്ഞു.
ഉടനെ ഹനുമാന്‍ ഒരു കരുതല്‍. നടപടിക്കൊരുങ്ങി. ഭീമന്‍ ദേവമാര്‍ഗ്ഗത്തില്‍ കടന്നു ശാപമോ അപമാനമോ ഏൽക്കാതെ മടങ്ങണമല്ലോ. അതിന് വേണ്ടി ആ വഴി നിരോധിച്ചു. ചുറ്റും കദളികള്‍ തിങ്ങിയ വനത്തിന്റെ ഇടുങ്ങിയ മാര്‍ഗ്ഗത്തില്‍ ആ കപീന്ദ്രന്‍ ചെന്നു കിടന്നു.
മഴവില്ലുപോലെ തടിച്ചു നീണ്ട തന്റെ വാല്‍ ഹനുമാന്‍ വീശിയടിച്ചപ്പോള്‍ ഇടിവെട്ടുന്ന വിധം ഭയങ്കരമായ ശബ്ദമുണ്ടായി. ലാംഗുലാഘാത ധ്വനി കേട്ടു ഭയപ്പെട്ടു മനസ്സു കലങ്ങി ആ പര്‍വ്വതം ഛര്‍ദ്ദിക്കുന്ന ശബ്ദം പോലെ ഗുഹാ മുഖത്തില്‍ നിന്നു മാറ്റൊലിയുണ്ടായി. ആ ലാംഗലാഘാതത്താല്‍ മഹാഗിരി കുലുങ്ങുകയും, അതിന്റെ ശിഖരം ഉടഞ്ഞു തകരുകയും ചെയ്തു.
മത്തവാരണ ഗര്‍ജ്ജനത്തെ അടക്കുന്ന ആ ലാംഗലാഘാതധ്വനി മലകള്‍ തോറും മാറ്റൊലി കൊണ്ടു, ഈ ധ്വനി കേട്ടപ്പോള്‍ ഭീമന് രോമാഞ്ചമുണ്ടായി. ആ ഭീമമായ ശബ്ദം പുറപ്പെട്ട ദിക്കു നോക്കി ഭീമന്‍ നടന്നു. അപ്പോള്‍ കദളീ വനത്തിന്റെ മദ്ധ്യത്തില്‍ പരന്ന പാറപ്പുറത്ത് മഹാബാഹുവായ വാനരാധിപന്‍ ഉറങ്ങും പോലെ കിടക്കുന്നതു കണ്ടു. ഇടിപോലെ ശബ്ദിച്ചും, ഇടിവാള്‍ പോലെ ചലിച്ചും, ഇടിവാള്‍ പോലെ ദുര്‍ദ്ദര്‍ശനവും പിംഗളവുമായി ഭീകരാകാരനായ കപിശ്രേഷ്ഠന്‍ പാറപ്പുറത്തു കിടക്കുന്നു. തടിച്ച് ഇടുങ്ങിയ കഴുത്ത് മടക്കി വച്ച കൈകളില്‍ അണച്ചിരിക്കുന്നു. ഉയര്‍ന്ന ചുമലോടു കൂടിയ ദേഹത്തിന്റെ വളര്‍ച്ചയാല്‍ കടിപ്രദേശം അതി സൂക്ഷ്മമായിരിക്കുന്നു. അഗ്രം അല്പം വളഞ്ഞ ദീര്‍ഘരോമങ്ങളോടും; ധ്വജംപോലെ വിളങ്ങുന്ന ഉയര്‍ന്ന വാലോടും, ചെറിയ ചുണ്ടോടും, ചെമ്പിച്ച നാവോടും, ചലിക്കുന്ന പുരികങ്ങളോടും കൂടിയ രക്തവര്‍ണ്ണ പ്രഭനാണ് ഹനുമാന്‍. ധവളവും തീക്ഷ്ണവും ഉഗ്രവുമായി വെളിവായി കാണുന്ന തേറ്റകളോടു കൂടി ശോഭിക്കുന്ന ആ വാനരന്റെ മുഖം രശ്മികളോടു കൂടിയ ചന്ദ്രനെ പോലെ പ്രശോഭിച്ചു. ധവള ദന്താലംകൃതമായ വായയോടു കൂടിയ ആ മുഖം ഉള്ളില്‍ അല്ലികള്‍ നിറഞ്ഞ അശോകപുഷ്പം പോലെ ശോഭിക്കുന്നു. സ്വര്‍ണ്ണമയ മായ കദളീ വനത്തിന്റെ മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഒളിചിതറുന്ന ശരീരത്തോടു കൂടി മധുപോലെ പിംഗളമായ കണ്ണുകളാല്‍ നോക്കിക്കൊണ്ടു കിടക്കുന്ന അതികായനും മഹാബലനുമായ ആ വാനരശ്രേഷ്ഠനെ, ധീമാനായ ഭീമന്‍ നല്ലപോലെ ഒന്നു നോക്കി.
സ്വര്‍ഗ്ഗമാര്‍ഗ്ഗത്തെ പര്‍വ്വതം വന്നു തടഞ്ഞ പോലെ കാണപ്പെടുന്ന ആ കുരങ്ങിനെ കണ്ട് നിര്‍ഭയനും മഹാബലനുമായ ഭീമന്‍, ഇടിനാദം പോലെ ഉഗ്രമായി സിംഹനാദം മുഴക്കി. ഈ ശബ്ദം കേട്ട് പക്ഷിമൃഗാദികള്‍ ഭയപ്പെട്ടു. ഹനുമാന്‍ തന്റെ മധുപിംഗ ളദൃഷ്ടികള്‍ അല്പം തുറന്ന് അവജ്ഞയോടും, പുഞ്ചിരിയോടും കൂടി ഭീമസേനനെ ഒന്നു തിരിഞ്ഞു നോക്കി.
ഹനുമാന്‍ പറഞ്ഞു; വാര്‍ദ്ധക്യം മൂലം ആര്‍ത്തനായി ഇവിടെ കിടന്ന് ഉറങ്ങുന്ന എന്നെ നീ എന്തിനാണ് ഉണര്‍ത്തിയത്? അറിവുള്ള ഭവാന് അല്പമെങ്കിലും ഭൂതദയ വേണ്ടേ? തിര്യക് ജാതിയില്‍ പെട്ട ഞങ്ങള്‍ ധര്‍മ്മമെന്തെന്ന് അറിയാത്തവരാണ്. മനുഷ്യരാണെങ്കില്‍ ബുദ്ധിമാന്മാരാണ്. അവര്‍ എല്ലാ ജീവികളിലും കരുണ കാണിക്കുന്നു. എന്നാൽ ദേഹം കൊണ്ടും വാക്കു കൊണ്ടും ബുദ്ധി കൊണ്ടും, ധര്‍മ്മഘ്നവും ക്രൂരവുമായ പ്രവൃത്തിയില്‍ നിങ്ങളെപ്പോലുള്ള ധീമാന്മാര്‍ ഏര്‍പ്പെടുന്നതു ശരിയാണോ?
നീ ധര്‍മ്മം എന്താണെന്ന് അറിഞ്ഞിട്ടില്ല. നീ യോഗ്യന്മാരെ സേവിച്ചിട്ടുമില്ല. അല്പ ബുദ്ധിയാണു നീ; മൂഢനാണ്. അല്ലെങ്കില്‍ ഈ മൃഗാദികളെ കൊല്ലുവാന്‍ നീ പുറപ്പെടുമോ? നീ ആരാണ്: എന്തിനാണ് ഈ കാട്ടിലേക്ക് എഴുന്നള്ളിയത്? മനുഷൃര്‍ക്ക് പ്രവേശിക്കുവാന്‍ പാടില്ലാത്ത ഇടമാണിത്. ഇവിടെ നിന്റെ പൗരുഷം വിളങ്ങുവാന്‍ പോകുന്നില്ല. നീ ഈ വഴിക്ക്‌എവിടേക്കാണു യാത്ര? ഹേ, പുരുഷര്‍ഷഭാ! പറയൂ! ഇനി അങ്ങോട്ടു പോകാന്‍ പാടില്ല. ഈ മഹാചലം കയറുവാനും സാദ്ധ്യമല്ല. സിദ്ധന്മാര്‍ക്കു മാത്രമേ ഈ വഴിക്കു പോകാന്‍ കഴിയൂ. ദേവ ലോകത്തിന്റെ മാര്‍ഗ്ഗമാണിത്. മര്‍ത്തൃര്‍ക്ക് ഏതു കാലത്തും അഗമൃമാണ് ഈ മാര്‍ഗ്ഗം. ഞാന്‍ കരുണ കൊണ്ടു നിന്നെ തടുത്തതാണ്. ഇനി നീ പോകരുത്. ഞാന്‍ പറയുന്നതു കേള്‍ക്കുക. എടോ, വീര! നീ ആശ്വസിക്കുക. എല്ലാം കൊണ്ടും, ഞാന്‍ ഭവാനെ സ്വാഗതം ചെയുന്നു. ഇവിടെ ഇരുന്ന് അമൃത തുല്യമായ ഫലമൂലങ്ങള്‍ ഭക്ഷിച്ചു തിരിച്ചു പോകാം. പറഞ്ഞതു കേള്‍ക്കാതെ ഇനിയും മുന്നോട്ടു പോവുകയാണെങ്കില്‍ വെറുതെ നീ ചാകാനിടയാകും. അതു കൊണ്ടു മടങ്ങി പോവുക. എന്റെ വാക്കു കേള്‍ക്കുകയാണു നിനക്കു നല്ലത്.
147. ഹനുമല്‍ ഭീമസംവാദം - വൈശമ്പായനൻ പറഞ്ഞു: ധീമാനായ വാനരേന്ദ്രന്റെ വാക്ക് ഇപ്രകാരം കേട്ടപ്പോള്‍ ഭീമസേനന്‍ പറഞ്ഞു.
ഭീമസേനന്‍ പറഞ്ഞു: ഭവാന്‍ ആരാണ്? എന്തിനാണ്. ഭവാന്‍ ഈ വാനരരൂപം കൈക്കൊണ്ടിരിക്കുന്നത്; ബ്രാഹ്മണന് നേരെ താഴെ ക്ഷത്രിയജാതിയില്‍ പെട്ടവനായ ഞാന്‍ ഭവാനോടു ചോദിക്കുകയാണ്. ഞാന്‍ കൗരവനാണ്. ചന്ദ്രവംശത്തില്‍ പെട്ടവനാണ്. കുന്തിയുടെ ഗര്‍ഭത്തില്‍ ജനിച്ചവനാണ്. വായുപുത്രനായ പാണ്ഡവനാണ്. ഭീമസേനന്‍ എന്ന പേരില്‍ പ്രസിദ്ധനാണ് ഞാന്‍.
വൈശമ്പായനൻ പറഞ്ഞു: കുരുവീരന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഹനുമാന്‍ മുഖത്തു കളിയാടിയ ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു. ആ വായുപുത്രന്‍ വായുപുത്രനോടു പറഞ്ഞു.
ഹനുമാന്‍ പറഞ്ഞു: ഞാന്‍ ഒരു കുരങ്ങാണ്. നിനക്ക് ഇഷ്ടം പോലെ പോകുവാന്‍ ഞാന്‍ മാര്‍ഗ്ഗം തരാന്‍ വിചാരിക്കുന്നില്ല. നീ പിന്തിരിയുക! നിനക്കു നന്മവരട്ടെ! ഞാന്‍ പറഞ്ഞതു കേള്‍ക്കാതെ ആപത്തിൽ പെട്ടു പോകരുത്.
ഭീമസേനന്‍ പറഞ്ഞു: എടാ; കുരങ്ങാ! വിരോധമോ എന്തോ വന്നു കൊള്ളട്ടെ! ഞാന്‍ അതിനെ പറ്റി ഒന്നും നിന്നോടു ചോദിച്ചില്ല. വഴി വിട്ട് നീ എഴുന്നേറ്റു മാറി നിൽക്കുക. നീ വെറുതെ ദുഃഖത്തില്‍ ചെന്നു ചാടരുത്!
ഹനുമാന്‍ പറഞ്ഞു; എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യ! ഞാന്‍ രോഗ ബാധിതനായി കിടക്കുകയാണ്. പോകണമെന്നു തീര്‍ച്ചയാക്കിയോ? എന്നാൽ എന്നെ ചാടിക്കടന്നു പൊയ്ക്കൊള്ളുക!.
ഭീമസേനന്‍ പറഞ്ഞു; നിര്‍ഗ്ഗുണമായ പരമാത്മാവ് എല്ലാ ദേഹത്തിലും വ്യാപിച്ചു നിൽക്കുന്നു. അതു നിന്റെ ദേഹത്തിലും വ്യാപിച്ചു നിൽക്കുന്നു. ജഞാനം കൊണ്ടു മാത്രം വിജേഞയനായ അവനെ ചാടിക്കടക്കുന്നതു ശരിയല്ല. അത് ആത്മനിന്ദയാണ് താനും! ആ സര്‍വ്വഭൂത കര്‍ത്താവായ പരമാത്മാവിനെ വേദങ്ങളാല്‍ ഞാന്‍ അറിയാതിരിക്ക യായിരുന്നെങ്കില്‍ ഹനുമാന്‍ സമുദ്രത്തെ എന്ന പോലെ ഈ പര്‍വ്വതത്തെ തന്നെ ചാടി കടക്കുവാന്‍ കഴിവുള്ള എനിക്ക് നീ ഒരു തടസ്സമാകുമോ?
ഹനുമാന്‍ പറഞ്ഞു: ഹനുമാന്‍ എന്നു നീ പറഞ്ഞല്ലോ; ആരാണ് അത്; കടല്‍ ചാടിക്കടന്ന ആ മഹാപുരുഷന്‍? എടോ നരശ്രേഷ്ഠ! ഞാന്‍ ചോദിക്കുന്നു. പറയാൻ വിരോധമില്ലങ്കില്‍ പറയു!
ഭീമസേനന്‍ പറഞ്ഞു: എന്റെ ജ്യേഷ്ഠനാണ് ആ ധീമാന്‍. സല്‍ഗുണങ്ങളാല്‍ ശ്ലാഘ്യനും ബുദ്ധി, വീര്യം, ബലം എന്നിവയാല്‍ സമ്പൂര്‍ണ്ണനും രാമായണത്തില്‍ അതി വിഖ്യാതനുമായ വാനരശ്രേഷ്ഠനാണ് അദ്ദേഹം. രാമപത്നിക്കു വേണ്ടി നൂറുയോജന വിസ്തൃതമായ സമുദ്രം ആ വാനരശ്രേഷ്ഠന്‍ ഒറ്റയ്ക്കു ചാടിക്കടന്നു. എന്റെ ജ്യേഷ്ഠനായ ആ മഹാവീര്യവാനോട് ഞാന്‍ തേജസ്സു കൊണ്ടു തുല്യനാണ്. ബലം, പരാക്രമം, യുദ്ധം എന്നിവയാല്‍ ഞാനും എന്റെ ഭ്രാതാവും സമന്മാരാണ്. അങ്ങനെയുള്ള ഞാന്‍ നിന്നെ കൊല്ലുവാന്‍ ശക്തിയുള്ളവനാണ്. നീ എഴുന്നേറ്റു വഴി തരിക. അതിന് നീ തയ്യാറല്ലെങ്കില്‍ എന്റെ പൗരുഷം ഞാന്‍ നിനക്കു കാട്ടിത്തരും. എന്റെ കല്പന നീ അനുസരിക്കു ന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയും.
വൈശമ്പായനൻ പറഞ്ഞു; ഭീമസേനന്‍ ബലം കൊണ്ട് ഉന്മത്തനും, ബാഹുവീര്യം കൊണ്ട് ദര്‍പ്പിതനുമാണെന്നു കണ്ട് ഹനുമാന്‍ ഉള്ളു കൊണ്ടു ചിരിച്ചു.
ഹനുമാന്‍ പറഞ്ഞു: ഭവാന്‍ എന്നില്‍ പ്രസാദിക്കണേ! എനിക്കു തന്നത്താനെ എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല. ജര എന്നെ അത്രമാത്രം ആക്രമിച്ചു കീഴടക്കിക്കളഞ്ഞു. എന്നോടു ദയയുണ്ടെങ്കില്‍ ഈ വാലൊന്നു മാറ്റിവച്ചു പോയാലും.
വൈശമ്പായനൻ പറഞ്ഞു; ഇതുകേട്ടപ്പോള്‍ വീരൃമോ പരാക്രമമോ ഇല്ലാത്ത ഒരു പാവമാണ് ഈ മുതുകുരങ്ങന്നും, ഇവനെ വാലില്‍പ്പിടിച്ച് അടിച്ചു കൊല്ലണമെന്നും ഗര്‍വ്വിഷ്ഠനായ ഭീമന്‍ വിചാരിച്ചു. അവജ്ഞയോടെ ചിരിച്ച് ഭീമന്‍ ഇടതുകൈ കൊണ്ടു കുരങ്ങിന്റെ വാലില്‍പിടിച്ചു പൊക്കിനോക്കി. അത് അല്പമൊന്നു നീക്കുവാന്‍ പോലും, ഭീമന് കഴിഞ്ഞില്ല. അപ്പോള്‍ വജ്രതുല്യം ശക്തിയേറിയ കൈകള്‍ കൊണ്ട് ഭീമന്‍ വാല്‍ പിടിച്ചുയര്‍ത്തുവാന്‍ ശ്രമം ചെയ്തു. അതിനൊരു ചലനവുണ്ടായില്ല. ചില്ലിക്കൊടി പൊക്കി, കണ്ണുതുറിച്ച്, കുടില ഭ്രുകുടീ മുഖനായി ദേഹം വിയര്‍ത്തു ശ്രമിച്ചിട്ടും അല്പം പോലും പൊക്കുവാന്‍ ഭീമന് കഴിഞ്ഞില്ല. വാലു പോലും പൊക്കുവാന്‍ ശ്രമിച്ചിട്ടു സാധിക്കാതെ ഭീമന്‍ ആ വാനരന്റെ അടുത്തു ചെന്നു തലതാഴ്ത്തി നിന്നു. കുമ്പിട്ടു തൊഴുതു കൊണ്ട് അവന്‍ പറഞ്ഞു.
ഭീമന്‍ പറഞ്ഞു: ഹേ, കപിശാര്‍ദ്ദൂലാ! പ്രസാദിക്കുക. എന്റെ ദുര്‍ഭാഷണങ്ങള്‍ പൊറുക്കുക! ഭവാന്‍ സിദ്ധനാണോ? ദേവനാണോ?? ഗന്ധര്‍വ്വനാണോ? ഗുഹൃകനാണോ? വാനരാകാരനായ ഭവാന്‍ ആരാണെന്നു പറയുക. കേള്‍ക്കുവാന്‍ വിരോധമില്ലെങ്കില്‍ എന്നെ ശിഷ്യനെപ്പോലെ കരുതി, ഭവാനു വിധേയനായ എന്നോടു പറഞ്ഞാലും.
ഹനുമാന്‍ പറഞ്ഞു; നിനക്ക് എന്നെ അറിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ പറയാം: നീ കേള്‍ക്കുക. ലോകര്‍ക്കു പ്രാണനായ വായു കേസരീ ക്ഷേത്രത്തില്‍ ജനിപ്പിച്ച വാനരനായ ഹനുമാനാണ് ഞാന്‍. എടോ, ഭീമാ! നിന്റെ ഭ്രാതാവായ ആ ഹനുമാന്‍ ഈ ഞാന്‍ തന്നെയാണ്. സൂര്യപുത്രനായ സുഗ്രീവനേയും, ശക്രപുത്രനായ ബാലിയേയും, മറ്റു മഹാവീരന്മാരായ വാനര രാജാക്കന്മാര്‍ പൂജിച്ചു വന്നു. കാറ്റും തീയുമെന്ന പോലെ ഞാനും സുഗ്രീവനും കൂട്ടുകാരായി തീര്‍ന്നു. ജ്യേഷ്ഠനായ ബാലി ഒരു കാരണത്താല്‍ അവനെ തള്ളിക്കളയുകയാല്‍ ഋഷ്യമൂകത്തില്‍ എന്നോടു കൂടി സുഗ്രീവന്‍ വളരെക്കാലം പാര്‍ത്തു. പിന്നെ, ദശരഥ പുത്രനായ രാമന്‍ എന്ന മഹാബലന്‍ ജനിച്ചു. വിഷ്ണു മനുഷ്യരൂപം പൂണ്ടവനായ രാമന്‍ ഭൂമിയില്‍ സഞ്ചരിച്ചു. അവന്‍ അച്ഛന്റെ പ്രിയത്തിനായി ഭാര്യയോടും അനുജനോടും കൂടി വില്ലുമെടുത്തു ദണ്ഡകാരണ്യത്തില്‍ വന്നു താമസിച്ചു. ജനസ്ഥാനത്തില്‍ വച്ച് അവന്റെ ഭാര്യയെ മായാരുപം ധരിച്ച് ദുരാത്മാവും രാക്ഷസ രാജാവുമായ രാവണന്‍ അപഹരിച്ചു കൊണ്ടു പോയി. വിചിത്രമായി സ്വര്‍ണ്ണ രത്നമയമായ മാനായി വന്ന മാരീചനെന്ന രാക്ഷസനാല്‍ അവന്‍ വഞ്ചിക്കപ്പെട്ടു. രാമനെ വഞ്ചിച്ചകറ്റി അവന്റെ ഭാര്യയെ അപഹരിച്ചു.
148. ഹനുമല്‍ ഭീമ സംവാദം - ഹനുമാന്റെ ശ്രീരാമ ചരിത വര്‍ണ്ണനം - ഹനുമാന്‍ പറഞ്ഞു; ഭാര്യ അപഹരിക്കപ്പെട്ടപ്പോള്‍ അനുജനോടു കൂടി രാഘവന്‍ ഭാര്യയെ അന്വേഷിച്ച് നടന്നു. അങ്ങനെ നടക്കുന്ന സമയത്ത് മലയുടെ മുകളില്‍ വച്ചു സുഗ്രീവനെന്ന വാനരര്‍ഷഭനെ കണ്ടെത്തി. മഹാനായ രാഘവന്‍ അവനുമായി സഖ്യം ചെയ്തു. ബാലിയെ കൊന്ന് സഖ്യപ്രകാരം രാമന്‍ സുഗ്രീവനെ രാജാവാക്കി വാഴിച്ചു. രാജ്യം കിട്ടിയതിന് ശേഷം സുഗ്രീവന്‍ സീതാന്വേഷണത്തിനായി നൂറും ആയിരവും കുരങ്ങന്മാരെ പറഞ്ഞു വിട്ടു. അങ്ങനെ കോടി വാനരന്മാരോടു കൂടി ഞാന്‍ സീതയെ തിരയുവാന്‍ തെക്കന്‍ ദിക്കില്‍ വന്നു ചേര്‍ന്നു. മഹാത്മാവായ സമ്പാതി എന്ന കഴുകനില്‍ നിന്ന് സീത രാവണന്റെ ഗൃഹത്തിലുണ്ടെന്ന് അറിവു കിട്ടി. അക്ലിഷ്ടകാരിയായ രാമന്റെ കാര്യസിദ്ധിക്കു വേണ്ടി ഞാന്‍ നൂറുയോജന വിസ്താരമുള്ള കടല്‍ ചാടിക്കടന്നു. മകരാലയമായ സമുദ്രം വീര്യം കൊണ്ടു ഞാന്‍ കടന്നു. സുതസുതോപമയായ സീതയെ രാവണന്റെ ഗൃഹത്തില്‍ ഞാന്‍ ചെന്നു കണ്ടു, ഭാരതശ്രേഷ്ഠാ! രാഘവ പ്രിയയായ സീതയെ കണ്ടതിന് ശേഷം, കോട്ടയും, കൊത്തളവും ചേര്‍ന്ന ലങ്ക ചുട്ടുകരിച്ച് ഇവിടെ തിരിച്ചുവന്നു. എന്റെ വാക്കുകേട്ട ഉടനെ രാജീവ ലോചനനായ രാമന്‍ സൈന്യങ്ങള്‍ക്കു വേണ്ടി ആലോചനാ പൂര്‍വ്വം മഹോദധിയില്‍ സേതു ബന്ധിച്ചു. അനേക കോടി വാനരന്മാരോടു കൂടി സമുദ്രം കടന്ന്, രാമന്‍ തന്റെ വീര്യത്താല്‍ സര്‍വ്വ രാക്ഷസന്മാരേയും കൊന്നു. രാക്ഷസ ഗണത്തോടൊപ്പം ലോകദ്രോഹിയായ രാവണനെ ബന്ധുപുത്ര ഭ്രാതാക്കളോടു കൂടി സംഹരിച്ചു. ലങ്കാ രാജ്യത്തിലെ രാജാവായി ധാര്‍മ്മികനും ഭക്തിമാനുമായ വിഭീഷണനെ വാഴിച്ചു. നഷ്ടപ്പെട്ട വേദ്രശുതിയെ എന്ന പോലെ ഭാര്യയെ വീണ്ടെടുത്തു. ശ്രീമാനായ രാമന്‍ സാദ്ധ്വിയായ സീതയോടു കൂടി ചേര്‍ന്നു. അതിവേഗം സ്വനഗരത്തിലേക്കു രാമന്‍ പുറപ്പെട്ടു ശത്രുവീരന്മാരാല്‍ അയോദ്ധൃയായ അയോദ്ധ്യാപുരിയില്‍ പ്രവേശിച്ചു. നൃപതിസത്തമനായ രാമന്‍ രാജ്യപ്രതിഷ്ഠ സ്വീകരിച്ചു. ഞാനും രാജീവലോചനനായ രാമനോടു വരം ചോദിച്ചു: ഹേ രാമാ! ഭവാന്റെ കഥ ലോകത്തില്‍ എത്ര കാലത്തോളം നില നിൽക്കുമോ, അത്ര കാലത്തോളം ഞാന്‍ ജീവിച്ചിരിക്കണം. എന്റെ ആഗ്രഹം പോലെ അങ്ങനെയാകട്ടെ എന്ന് അനുഗ്രഹിച്ചു സീതാപ്രസാദം കൊണ്ട് എന്നും എനിക്ക് ശത്രുഹന്താവേ, ഭീമസേന! ദിവ്യഭോഗങ്ങള്‍ യഥേഷ്ടം ലഭിക്കുന്നു.
പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചതിന് ശേഷം രാമന്‍ പിന്നെ സ്വഭവനത്തിലേക്കു പോയി (സ്വര്‍ഗ്ഗം പ്രാപിച്ചു). എന്നാൽ ഇവിടെ അപ്സരസ്ത്രീകളും, ഗന്ധര്‍വ്വന്മാരും എപ്പോഴും ആ വീരനായ രാമന്റെ ചരിതം പാടി എന്റെ മനസ്സിനെ രമിപ്പിക്കുന്നു.
ഈ മാര്‍ഗ്ഗം എടോ ഭീമാ! മനുഷ്യര്‍ക്ക് അഗമ്യമാണ്. അതു കൊണ്ടാണ് ഞാന്‍ ദേവമാര്‍ഗ്ഗം തടുത്തത്. ഭവാനെ ആരുംധ ര്‍ഷിക്കരുത്, ശപിക്കരുത് എന്നു വിചാരിച്ചാണ്. ഇതു ദിവ്യമായ ദേവമാര്‍ഗ്ഗമാണ്. ഇതിലെ മര്‍ത്ത്യര്‍ പോവുകയില്ല. നീ അന്വേഷിച്ചു വന്ന ഈ മാര്‍ഗത്തിലൂടെ പോകുക; അതാണ് അതിലേക്കുള്ള വഴി.
149. ഹനുമല്‍ ഭീമ സംവാദം - ചതുര്‍യുഗ വര്‍ണ്ണനം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഹനുമാനില്‍ നിന്നു കാര്യങ്ങള്‍ ഗ്രഹിച്ച ഭീമസേനന്‍ വളരെ സന്തോഷത്തോടെ ഭ്രാതാവിനെ നമിച്ചു. അനന്തരം ഭംഗിയായി ആ കീശേശനോട് ഇപ്രകാരം പറഞ്ഞു.
ഭീമന്‍ പറഞ്ഞു: ജ്യേഷ്ഠാ! ഭവാനെ കാണുകയാല്‍ എന്നെപ്പോലെ ധന്യന്മാരാരും ഇല്ലെന്നു ഞാന്‍ കരുതുന്നു. ഭവാനെ കണ്ടതു മൂലം ഞാന്‍ അനുഗൃഹീതനായി. എനിക്ക് ഇഷ്ടമായി ഒരു കാര്യം ഭവാന്‍ ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. മത്സ്യങ്ങളുടെ ആലയമായ കടല്‍ ഭവാന്‍ ചാടിക്കടക്കുന്ന സമയത്ത് ഭവാന്‍ എടുത്ത ആ ബൃഹത്തായ രൂപം കാണേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒന്നു കാണിച്ചു തരണം. എന്നാൽ ഞാന്‍ സന്തുഷ്ടനാകും; ഞാന്‍ ഭവാന്റെ വാക്കു വിശ്വസിക്കാം.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞപ്പോള്‍ തേജസ്വിയായ ആ കപിശ്രേഷ്ഠന്‍ പുഞ്ചിരി തൂകി പറഞ്ഞു.
ഹനുമാന്‍ പറഞ്ഞു: അതു കാണുവാന്‍ നിനക്കു സാദ്ധ്യമല്ല. അപ്രകാരം മറ്റാര്‍ക്കും കാണുവാന്‍ സാദ്ധ്യമല്ല. അന്നത്തെ കാലത്തെ സ്ഥിതി ഒന്നു വേറെയാണ്. അത് ഇക്കാലത്തില്ല. കൃതയുഗത്തില്‍ വേറെ; ത്രേതായുഗത്തില്‍ വേറെ, ദ്വാപരയുഗത്തില്‍ വേറെ. ഇങ്ങനെ അവസ്ഥ യുഗത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇതു തകര്‍ന്നു കൊണ്ടിരിക്കുന്ന കാലമാണ്. ഇന്ന് ആ രൂപവും എനിക്കില്ല. ഭൂമി, നദികള്‍, വൃക്ഷങ്ങള്‍, കുന്ന്, സിദ്ധന്മാര്‍, ദേവന്മാര്‍, മഹര്‍ഷികള്‍. ഇവയെല്ലാം യുഗംതോറും കാലത്തിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കും. മറ്റു വസ്തുക്കളൊക്കെയും അങ്ങനെ തന്നെയാണ്. ശക്തിയും ദേഹപ്രഭാവാദികളും കുറയുകയും കൂടുകയും ചെയ്യും. അതു കൊണ്ട് ആ രൂപം ഇന്നു കാണുവാന്‍ വയ്യ! കുരുകൂലോദ്വഹ! ഞാന്‍ യുഗത്തിന് അനുസരിച്ചു നിൽക്കുകയാണ്. കാലത്തെ അതിക്രമിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.
ഭീമന്‍ പറഞ്ഞു: യുഗസംഖ്യയും ഓരോ യുഗത്തിലെ യുഗാചാരങ്ങളും ധര്‍മ്മാര്‍ത്ഥകാമങ്ങളും കര്‍മ്മവീരൃവും ജന്മമരണങ്ങളും സംബന്ധിച്ച് ഭവാന്‍ പറഞ്ഞാലും. എല്ലാ തത്വങ്ങളും കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഹനുമാന്‍ പറഞ്ഞു: ഉണ്ണീ! സനാതനമായ ധര്‍മ്മംസമ്പൂര്‍ണ്ണമായി നിലനിൽക്കുന്നത് കൃതയുഗത്തിലാണ്. നല്ലതായ ആ യുഗത്തില്‍ സര്‍വ്വരും കൃതകൃതൃന്മാരാണ്. ആ ഉത്തമമായ യുഗകാലത്ത് ആര്‍ക്കും യാതൊരു കര്‍ത്തവ്യവുമില്ല. അന്നു ധര്‍മ്മം തളരുകയോ, പ്രജകള്‍ ക്ഷയിക്കുകയോ ചെയ്കയില്ല. അതു കൊണ്ടാണ് കൃതയുഗം സര്‍വ്വോത്തമമായി തീര്‍ന്നത്. അന്ന് ദേവന്മാരും ദാനവന്മാരും ഗന്ധര്‍വ്വന്മാരും യക്ഷന്മാരും രാക്ഷസന്മാരും പന്നഗന്മാരും ഉണ്ടായിരുന്നില്ല. ക്രയവിക്രയങ്ങളും അന്നുണ്ടായിരുന്നില്ല. ഋക്ക്, യജുസ്സ്, സാമം എന്നീ വേദ ഭേദങ്ങളോ, കൃഷി മുതലായ മനുഷ്യരുടെ ക്രിയകളോ അന്ന് ഉണ്ടായിരുന്നില്ല. അന്നത്തെ ഒരേ ധര്‍മ്മം സന്യാസമാണ്. വെറുതെ ധ്യാനിച്ചാല്‍ മതി അന്നു സര്‍വ്വവും ലഭിക്കും. ആ യുഗത്തില്‍ വ്യാധികളോ, ഇന്ദ്രിയക്ഷയമോ, അസൂയയോ, ദുഃഖമോ, ഗര്‍വ്വോ, കപടമോ, വൈരമോ, ആലസ്യമോ, ദ്വേഷമോ, പരദൂഷണമോ, ഭയമോ, ഈര്‍ഷ്യയോ, മത്സരമോ ഒന്നുമില്ലായിരുന്നു. പരമാനന്ദാത്മകമായ ബ്രഹ്മത്തെ പ്രാപിക്കുവാന്‍ നോക്കുന്ന യോഗികള്‍ മാത്രമാണ് അന്നുള്ളത്. അന്ന് സര്‍വ്വ ഭൂതാത്മാവായ നാരായണന്‍ വെള്ളനിറം ഉള്ളവനായിരുന്നു. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവര്‍ക്ക് ശമം, ദമം, തപസ്സ് മുതലായ ലക്ഷണങ്ങള്‍ കൃതയുഗത്തില്‍ സ്വതഃസിദ്ധമായി ഉണ്ട്. അന്നു സര്‍വ്വപ്രജകളും സ്വകര്‍മ്മനിരതരാണ്. ആശ്രയം, ആചാരം, ജ്ഞാനം ഇവയൊക്കെ എല്ലാവര്‍ക്കും തുല്യം തന്നെ. അവ മൂന്നും ബ്രഹ്മവിഷയമായി മാത്രമേ അന്നുളളു. പ്രജകള്‍ ഏവരും ഒരു പോലെ കര്‍മ്മം ചെയ്തു ധര്‍മ്മം നേടുന്നവരാണ്. അന്ന് ഒരേ ദൈവവും, പ്രണവമെന്ന ഒരേ മന്ത്രവും, വേദാന്ത ശ്രവണമെന്ന ഒരേ വിധിയും, ധ്യാനമെന്ന ഒരേ ക്രിയയും, തത്വപ്രതിപാദകമായ ഒരേ വേദവും, ജഞാനനിഷ്ഠയെന്ന ഒരേ ധര്‍മ്മവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ചതുരാശ്രമങ്ങളില്‍ കാലം പോലെ വര്‍ത്തിച്ച്, ഫലത്തെ കാമിക്കാതെ, കര്‍മ്മം ചെയ്ത് പരമഗതി പ്രാപിക്കുന്നവരാണ് അന്നുള്ളവര്‍.ബ്രഹ്മത്തില്‍ ഐക്യം പ്രാപിക്കുക എന്ന ഒരേ ധര്‍മ്മത്തോടു കൂടിയവരാണ് കൃതയുഗത്തിലെ പ്രജകള്‍. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണ ഭേദങ്ങളും അന്നുണ്ടായിരുന്നില്ല. കൃതയുഗത്തില്‍ നാലു വര്‍ണ്ണങ്ങളും ശാശ്വതവും സമ്പൂര്‍ണ്ണവുമായ ധര്‍മ്മവും ഉണ്ടായിരിക്കും.
ഇനി ത്രേതായുഗത്തെ പറ്റി ഞാന്‍ പറയാം; കേള്‍ക്കുക. ത്രേതായുഗത്തിൽ ആണ് യജ്ഞങ്ങളുടെ ആരംഭം. നാരായണന്‍ അന്നു രക്തവര്‍ണ്ണനാണ്. ധര്‍മ്മത്തിന്റെ ഒരു പാദം (കാല്‍ഭാഗം) അന്നു കുറയും. മനുഷ്യര്‍ സത്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരും, ക്രിയാധര്‍മ്മങ്ങളില്‍ തല്‍പരന്മാരും ആയിരിക്കും. യജ്ഞങ്ങളും കര്‍മ്മങ്ങളും ക്രിയകളും ആ യുഗത്തില്‍. വിവിധങ്ങളായി പരിണമിക്കും. അന്നത്തെ ഭാവ സങ്കല്പങ്ങളും ക്രിയാദാനങ്ങളും ഫലത്തെ നോക്കി ഉള്ളവയാകുന്നു. അന്നുള്ളവര്‍ ധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കാത്ത തപോദാന നിരതന്മാരാണ്. സ്വധര്‍മ്മസ്ഥന്മാരും കര്‍മ്മനിരതന്മാരും ആണ് ത്രേതയിലെ മനുഷ്യര്‍. ദ്വാപരയുഗത്തില്‍ ധര്‍മ്മത്തിന്റെ രണ്ടു പാദങ്ങള്‍ (പകുതി) നിര്‍ജ്ജീവങ്ങളായി തീരുന്നു. അന്നു വിഷ്ണു പീതവര്‍ണ്ണനാണ്. വേദം നാലായി പിരിയുന്നത് ആ യുഗത്തിലാണ്. ചിലര്‍ ചതുര്‍വ്വേദന്മാരും, ചിലര്‍ ത്രിവേദന്മാരും, ചിലര്‍ ദ്വിവേദന്മാരും, ചിലര്‍ ഏകവേദന്മാരും, ചിലര്‍ ഹീനന്മാരുമാകും. ഇങ്ങനെ പലതരം വിഭാഗക്കാര്‍ മനുഷ്യരില്‍ ഉണ്ടാകും.
രജോഗുണ പ്രധാനമാണ് ദ്വാപരയുഗം. ഏകദൈവത്തെ കുറിച്ചുള്ള അജ്ഞാനത്താല്‍ വേദങ്ങളെ പല രൂപത്തില്‍ മാറ്റും. ബുദ്ധിക്ഷയം മൂലം മര്‍ത്ത്യന്‍ സത്യം കാണാതാകും. സത്യത്തെ അവഗണിക്കുക കാരണം പലതരം രോഗങ്ങള്‍ ബാധിക്കും. മോഹങ്ങളും ഉപദ്രവങ്ങളും ദൈവവിഹിതമായി വര്‍ദ്ധിക്കും. അവമൂലം മനുഷ്യര്‍ ഏറ്റവും പീഡിതരായി ഭവിക്കും. ചിലര്‍ ഐഹിക സുഖത്തേയും, ചിലര്‍ സ്വര്‍ഗ്ഗത്തേയും കാമിച്ച്, യജ്ഞങ്ങളിലും തപസ്സിലും ഏര്‍പ്പെടും. അങ്ങനെ ദ്വാപരത്തില്‍ അധര്‍മ്മത്താല്‍ പ്രജകള്‍ ക്ഷയിക്കും.
കലിയുഗത്തില്‍ ധര്‍മ്മത്തിന് ഒരു പാദം മാത്രമായി നിൽക്കേണ്ടതായി വന്നുകൂടും. തമോഗുണ പ്രധാനമായ ആ യുഗത്തില്‍ കേശവന്‍ കൃഷ്ണവര്‍ണ്ണനായി ഭവിക്കും. ദേവാചാരങ്ങളും ധര്‍മ്മയജഞ്ര ക്രിയാദികളും ഇല്ലാതായി ഭവിക്കും. അതിവൃഷ്ടി, അനാവൃഷ്ടി മുതലായ ഊതി ബാധകളും ആധി വ്യാധികളും ആലസ്യം, ക്രോധം മുതലായ ദോഷങ്ങളും വിശപ്പ്, ഭയം മുതലായ പല പല ഉപ്രദവങ്ങളും വര്‍ദ്ധിക്കും.
യുഗം മാറുന്നത് അനുസരിച്ച് ധര്‍മ്മവും ഭേദിക്കുന്നു. ധര്‍മ്മം നശിച്ചാല്‍ ലോകം നശിക്കും. ലോകം ക്ഷയിക്കുന്നതോടു കൂടി ലോകത്തെ പ്രവര്‍ത്തിപ്പിക്കുന്ന ഭാവങ്ങളും മാഞ്ഞു പോകും. യുഗക്ഷയത്തിലെ ധര്‍മ്മങ്ങള്‍ പ്രാര്‍ത്ഥനയ്ക്കു വിപരീതമായിട്ടാണ് ഭവിക്കുക.
ഇനി ഉടനെ കലിയുഗം തുടങ്ങുകയായി. ചിരംജീവികളായ ഞങ്ങള്‍ കാലത്തെ അനുസരിച്ചു വര്‍ത്തിക്കുന്നവരാണ്. എന്റെ പൂര്‍വ്വരൂപത്തെ കാണുവാന്‍ നീ ആഗ്രഹിക്കുന്നത് നിഷ്പ്രയോജനമാണ് എന്നറിഞ്ഞ് തിരിച്ചു പൊയ്ക്കൊള്ളുക. നിനക്കു മംഗളം ഭവിക്കട്ടെ!
150. ഹനുമല്‍ ഭീമസംവാദം - ചാതുര്‍വര്‍ണ്യ ധര്‍മ്മ പ്രതിപാദനം - ഭീമന്‍ പറഞ്ഞു: ജ്യേഷ്ഠാ! ഭവാന്റെ പൂര്‍വ്വരൂപം കാണാതെ ഞാന്‍ തിരിച്ചു പോകയില്ല; തീര്‍ച്ചയാണ്. ഭവാന് ഞാന്‍ അനുഗ്രാഹ്യ നാണെങ്കില്‍ എനിക്ക് ഭവാനെ കാണിച്ചു തരണം.
വൈശമ്പായനൻ പറഞ്ഞു; ഭീമന്‍ ഇപ്രകാരം നിര്‍ബ്ബന്ധിക്കുകയാല്‍ പുഞ്ചിരിയോടു കൂടി കടല്‍ ചാടുമ്പോള്‍ സ്വീകരിച്ച ആ മഹാരൂപം കാട്ടിക്കൊടുക്കുവാന്‍ ഹനുമാന്‍ തീരുമാനിച്ചു. തന്റെ സഹോദരന്റെ ഇഷ്ടത്തെ ചിന്തിച്ചു ശരീരം വലുതാക്കി. അപ്പോള്‍ ഹനുമാന്റെ ദേഹം ദീര്‍ഘ വിസ്താരത്തോടെ ബൃഹത്തായി ഭവിച്ചു. മരങ്ങളൊത്ത കദളീ വനത്തേയും വിട്ടുയര്‍ന്ന് ആ വാനരരൂപം പര്‍വ്വതത്തിന്റെ അഗ്രത്തില്‍ കവിഞ്ഞ് ഉയര്‍ന്നു നിന്നു. ശരീരം ഉയര്‍ന്നപ്പോള്‍ ഹനുമാന്‍ രണ്ടാമതൊരു വിന്ധ്യപര്‍വ്വതം പോലെ അവിടെ ഉയര്‍ന്നു ശോഭിച്ചു. താമ്രേക്ഷണനും, തീക്ഷ്ണദംഷ്ട്രനും, ഭ്രുകുടീ വികടാനനുമായ ആ മഹാകായന്‍ ഉയര്‍ന്നുയര്‍ന്നു ദിക്കു മുഴുവന്‍ വ്യാപിച്ച മട്ടില്‍ നിന്നു. ഭ്രാതാവിന്റെ ആ രൂപം കണ്ട് കൗാരവ നന്ദനന്‍ വിസ്മയപ്പെടുകയും, ഹര്‍ഷം കൊള്ളുകയും ചെയ്തു. അര്‍ക്കതേജസ്സോടു കൂടിയ അവനെ പൊന്മല പോലെ ദീപ്തനായി കണ്ടിട്ട് ഭീമന്‍ കണ്ണുകള്‍ അടച്ചു. അപ്പോള്‍ ഹനുമാന്‍ പുഞ്ചിരി തൂകി ഭീമനോട് ഇപ്രകാരം പറഞ്ഞു
ഹനുമാന്‍ പറഞ്ഞു: എടോ ഭീമാ! എന്റെ രൂപം ഇത്രത്തോളം കാണുവാനേ നിനക്കു ശക്തിയുള്ളു. ഇനിയും ഞാന്‍ വളരാം. എന്റെ ഉള്ളില്‍ വിചാരിക്കുന്നിടത്തോളം. വളരുവാന്‍ എനിക്കു സാധിക്കും. ഭീമാ, വൈരികള്‍ എന്നോട് എതിര്‍ത്താല്‍ അപ്പോള്‍ എന്റെ ഓജസ്സാല്‍ ഉടല്‍ വലുതാകും.
വൈശമ്പായനൻ പറഞ്ഞു: അതൃത്ഭുതവും, മഹാരൗദ്രവും വിന്ധ്യപര്‍വ്വതം പോലെ വിപുലവുമായ ഹനുമാന്റെ ദേഹത്തെ കണ്ട് ഭീമന്‍ സംഭ്രാന്തനായി തീര്‍ന്നു. ഒടുവില്‍ മനസ്സ് തെളിഞ്ഞ് പുളകമണിഞ്ഞ് ഭ്രാതാവിനെ കൈകൂപ്പി ഇപ്രകാരം പറഞ്ഞു.
ഭീമന്‍ പറഞ്ഞു: വിഭോ! ഭവാന്റെ രൂപത്തിന്റെ വിപുലമായ അളവ് ഞാന്‍ കണ്ടു. ഭവാന്‍ സ്വയം ആ രൂപത്തെ ചുരുക്കിയാലും. ഉദിച്ചു വരുന്ന സൂര്യന്റെ മുഖത്ത് എന്ന പോലെ ഭവാന്റെ നേരെയും നോക്കുവാന്‍ ഞാന്‍ ശക്തനല്ല. ഭവാന്‍ മൈനാക പര്‍വ്വതം പോലെ അപ്രമേയനായ ഉഗ്രമൂര്‍ത്തിയാണ്. എന്റെ മനസ്സില്‍ വലിയ ഒരു വിസ്മയം ഇതു കണ്ടപ്പോള്‍ അങ്കുരിക്കുന്നു. എന്തെന്നു പറയാം. ഭവാനുള്ളപ്പോള്‍ എന്തിന്നാണ് രാമന്‍ രാവണനോട് എതിര്‍ത്തത് എന്നാണ്! അങ്ങ് ഒരുത്തന്‍ മതിയല്ലോ യോദ്ധാക്കളും വാഹനങ്ങളുമടക്കം ലങ്കയെ സ്വന്തം കൈയുക്കു കൊണ്ടു തകര്‍ക്കുവാന്‍. അങ്ങയ്ക്ക് അസാദ്ധ്യമായി ഒന്നും തന്നെയില്ലല്ലോ വായുപുത്രാ! രാവണന്‍ കൂട്ടത്തോടെ വന്നാലും അങ്ങയ്ക്കു പോരിന് പോരല്ലോ!
വൈശമ്പായനൻ പറഞ്ഞു: ഭീമന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ വാനരോത്തമനായ ഹനുമാന്‍ സ്നിഗ്ദ്ധ ഗംഭീരനായി ഇപ്രകാരം പറഞ്ഞു.
ഹനുമാന്‍ പറഞ്ഞു: ഹേ ഭാരത! ഭവാന്‍ പറഞ്ഞതു ശരിയാണ്. ദുഷ്ട രാക്ഷസന്മാർ എല്ലാം കൂടിയാലും എനിക്ക് പോരിന് പോരാ. ലോക കണ്ടകനായ ആ രാക്ഷസാധമനെ ഞാന്‍ സംഹരിക്കുക ആണെങ്കില്‍ രാഘവന്റെ കീര്‍ത്തി കെട്ടു പോകുമല്ലോ. അതു ചിന്തിച്ചു വിട്ടതാണ്. കൂട്ടത്തോടെ രാക്ഷസന്മാരെ കൊന്ന് ആ വീരന്‍ സീതയെ സ്വപുരത്തേക്കു കൊണ്ടു വന്നു കീര്‍ത്തി നേടി. ഹേ, വിപുലപ്രജ്ഞാ! ഭവാന്‍ ഭ്രാതാക്കളുടെ പ്രിയഹിതത്തില്‍ നിരതനാണല്ലോ. അതു കൊണ്ട് ഞാന്‍ പറയുന്നതു നീ കേള്‍ക്കുക. വഴിക്ക് യാതൊരു വിഘ്നവും കൂടാതെ ക്ഷേമത്തോടു കൂടി വായുവിനാല്‍ പരിരക്ഷിതനായി നീ തിരിച്ചു പോകുക.
ഹേ, കുരുശ്രേഷ്ഠാ! ഇതാ, ഈ വഴി സൗഗന്ധിക വനത്തിലേക്ക് ഉള്ളതാണ്. ഇതിലെ പോയാല്‍ യക്ഷ രാക്ഷസന്മാരാല്‍ രക്ഷിതമായ കുബേരോദ്യാനം നിനക്ക് കാണുവാന്‍ കഴിയും. നീ അവിടെ തന്നത്താന്‍ ഊക്കോടെ ചെന്നുകയറി പൂവു പെട്ടെന്നു പറിക്കരുത്. മനുഷ്യര്‍ക്കു വിശേഷാല്‍ പൂജ്യരാണ് ദേവന്മാര്‍ എന്നുള്ളത് നീ ഓര്‍ക്കണം. ഭക്തിപൂര്‍വ്വം ചെയ്യുന്ന ബലി, ഹോമം, നമസ്കാരം എന്നിവ കൊണ്ടാണ് ദേവന്മാര്‍ പ്രസാദിക്കുക. ഉണ്ണീ, നീ ഒരിക്കലും സാഹസത്തില്‍ ചെന്നു ചാടരുത്. സ്വധര്‍മ്മത്തെ എപ്പോഴും രക്ഷിക്കണം. ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ പരമമായ ധര്‍മ്മം മനസ്സിലാക്കി ബുദ്ധി അതിലേക്കു തിരിക്കണം. സ്വധര്‍മ്മമെന്തെന്നു ധരിക്കാതേയും, വൃദ്ധന്മാരെ ഉപാസിക്കാതേയും ധര്‍മ്മാധര്‍മ്മങ്ങളെ ഗ്രഹിക്കുവാന്‍ ബൃഹസ്പതിക്കു സമമായവര്‍ക്കു കൂടിയും കഴിയുകയില്ല. ധര്‍മ്മത്തെ അധര്‍മ്മമായും, അധര്‍മ്മത്തെ ധര്‍മ്മമായും ബുദ്ധിശൂന്യര്‍ക്കു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. അവിടെ സത്യം ഏതെന്നു വേര്‍തിരിച്ചു കാണുന്നതില്‍ ബുദ്ധിഹീനത കൊണ്ടു മോഹിച്ചു പോകരുത്..
ആചാരത്തില്‍ നിന്നാണ് ധര്‍മ്മം സംഭവിക്കുന്നത്. വേദങ്ങള്‍ ധര്‍മ്മത്തില്‍ നിൽക്കുന്നു. വേദങ്ങളെ കൊണ്ടു യജ്ഞങ്ങള്‍ ഉണ്ടാകുന്നു. യജ്ഞങ്ങളിലാണ് ദേവന്മാരുടെ പ്രതിഷ്ഠ. വേദാചാര വിധി പ്രകാരമുള്ള യജ്ഞങ്ങളാല്‍ ദേവന്മാരും, ബൃഹസ്പതിയുടേയും ശുക്രന്റേയും നീതികളെ അനുസരിച്ച് മനുഷ്യരും ജീവിക്കുന്നു. കൂലിപ്പണി, വ്യവസായം, വാണിജ്യം, കൃഷി, ഗോരക്ഷണം എന്നിങ്ങനെ ധര്‍മ്മോചിതമായ മാനുഷ വൃത്തികളാലാണ് സര്‍വ്വവും നില നിൽക്കുന്നത്.
ബ്രാഹ്മണര്‍ക്കു വേദാദ്ധ്യയനവും, വൈശ്യര്‍ക്കു കൃഷിയും വാണിജ്യവും, ക്ഷത്രിയര്‍ക്കു ദണ്ഡ നീതിയുമാണ് മനുഷ്യ ലോകത്തിലെ മൂന്നുതരം ജീവിത വൃത്തികള്‍. ഇവ വഴിപോലെ പ്രയോഗിച്ചിട്ടാണ് ലോകയാത്ര നിര്‍വ്വഹിക്കേണ്ടത്. ഇവയെ മനുഷ്യര്‍ ധര്‍മ്മത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ വൈദിക ധര്‍മ്മങ്ങളും, ദണ്ഡനീതിയും, കൃഷി വാണിജ്യാദികളും മറഞ്ഞു പോയാല്‍ ലോകത്തിലെ കഥയെന്താകും? മര്യാദ കെട്ടു പ്രജകള്‍ നശിക്കും! ഈ മൂന്നു ജിവിത വൃത്തിയിലും മനുഷ്യന്‍ മനസ്സ് വെച്ച് യഥാന്യായം പ്രവര്‍ത്തിച്ചു വന്നാല്‍ മാത്രമേ ധര്‍മ്മം വര്‍ദ്ധിക്കുകയുള്ളു. ദ്വിജന്മാര്‍ക്കുള്ള ഒരേ ഒരു ധര്‍മ്മം ആത്മജ്ഞാനമാണ്. ഇത് എല്ലാ (ബാഹ്മണര്‍ക്കും എവിടേയും ഒരു പോലെയാണ്. യജ്ഞം, അദ്ധ്യയനം, ദാനം എന്നിവ മനുഷ്യര്‍ക്കു സാധാരണയായി വേണ്ടതാണ്. യാജനം, അദ്ധ്യാപനം, പ്രതിഗ്രഹം എന്നിവ ബ്രാഹ്മണ ധര്‍മ്മത്തില്‍ പെട്ടതാണ്. ക്ഷത്രിയന്റെ ധര്‍മ്മം പാലനവും, വൈശ്യധര്‍മ്മം പോഷണവും, ശൂദ്രധര്‍മ്മം ദ്വിജാതി ശുശ്രൂഷയുമാണ്. ഭിക്ഷാടനം, ഹോമം, വ്രതം, ഗുരുപരിചരണം ഇവ ശൂദ്രര്‍ക്കു വിധിച്ചിട്ടില്ല.
എടോ ഭീമാ! നീ ക്ഷത്രിയനാകയാല്‍ നിന്റെ ധര്‍മ്മം രക്ഷണമാകുന്നു. അതാണ് ക്ഷത്രധര്‍മ്മം. വിനീതനും നിയതേന്ദ്രിയനുമായി നീ സ്വധര്‍മ്മത്തില്‍ ഉറച്ചു നിൽക്കണം. വേദജ്ഞന്മാരും ബുദ്ധിമാന്മാരുമായ വൃദ്ധസജ്ജനങ്ങളോട് ആലോചിച്ചു കൊണ്ടു വര്‍ത്തിക്കുന്ന അനുഗൃഹീതനാണ് ദണ്ഡനീതിയാല്‍ പ്രജാശാസനം ചെയ്യുവാന്‍ ശക്തനാവുക. ദ്യൂതം, സ്ത്രീസേവ മുതലായ സപ്ത വ്യസനങ്ങളില്‍ ഏര്‍പ്പെടുന്നവന്‍ ക്ഷാത്രാധികാരത്തില്‍ നിന്ന് അധഃപതിച്ചു പോകയേ ഉള്ളു. വ്യവസ്ഥിതമായ മര്യാദകള്‍ ലോകത്തില്‍ നില നിൽക്കുന്നതിന് രാജാവു നിഗ്രഹാനുഗ്രഹ കാര്യങ്ങളില്‍ വഴി പോലെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം. ദേശം, ദുര്‍ഗ്ഗം, ശത്രുബലം, മിത്രബലം, വൃദ്ധിക്ഷയങ്ങള്‍ എന്നിവ ചാരന്മാര്‍ മുഖേന എപ്പോഴും അറിഞ്ഞു കൊണ്ടിരിക്കണം. രാജാവിന്റെ ഉപായം മുഴുവൻ ഇരിക്കുന്നത് ചാരന്മാരിലാണ്. ബുദ്ധി, മന്ത്രം, പരാക്രമം, നിഗ്രഹാനുഗ്രഹങ്ങള്‍, കര്‍മ്മകുശലത എന്നിവയാണ് രാജാവിന്റെ കാരൃസാധനങ്ങള്‍. സാമം, ദാനം, ഭേദം, ദണ്ഡം, ഉപേക്ഷണം എന്നിവ ഒരുമിച്ചോ, ഒറ്റയ്ക്കായോ പ്രയോഗിച്ചു കാരൃങ്ങള്‍ നേടണം. ശരിയായ മന്ത്രം കൊണ്ടു മാത്രമേ നയങ്ങളും ചാരന്മാരും ശോഭിക്കുകയുള്ളു. ബ്രാഹ്മണരോടു കൂടി മന്ത്രിക്കുന്ന മന്ത്രത്തിനേ സിദ്ധിയുണ്ടാവുകയുള്ളു. സ്ത്രീകള്‍, മൂഢന്മാര്‍, ബാലന്മാര്‍, ലുബ്ധന്മാര്‍, നിസ്സാരന്മാര്‍, കിറുക്കന്മാര്‍ എന്നിവരോട് ഗൂഢകാര്യങ്ങളെ കുറിച്ചു പറയരുത്. വിദ്വാന്മാരോടു കൂടി ആലോചന നടത്തുക; ശക്തന്മാരെ കൊണ്ടു കാര്യം നേടുക. ഇഷ്ടമുള്ളവരെ കൊണ്ടു നീതി ചെയ്യുക; മൂര്‍ഖന്മാരെ എപ്പോഴും ദൂരെയകറ്റുക.
ധര്‍മ്മകാര്യങ്ങളില്‍ ധാര്‍മ്മികരെ, അര്‍ത്ഥ കാര്യങ്ങളില്‍ പണ്ഡിതന്മാരെ, സ്ത്രീകളില്‍ ക്ലീബരെ, ക്രൂരകര്‍മ്മങ്ങളില്‍ ക്രൂരന്മാരെ ഇങ്ങനെ ആയിരിക്കണം നിയമനങ്ങള്‍. ശത്രുക്കളുടെ ബലാബലങ്ങളേയും കാര്യാകാരൃ ചിന്തകളേയും കര്‍മ്മങ്ങളിലുള്ള ഔചിത്യത്തേയും, അവനവന്റേയും അന്യരുടേയും ആളുകളില്‍ നിന്നും അറിയണം. തന്നില്‍ കൂറുള്ള, തന്നെ അഭയം പ്രാപിച്ച സജ്ജനങ്ങളില്‍ അനുഗ്രഹങ്ങള്‍ ചെയ്യണം. ശിഷ്ടന്മാരല്ലാത്തവരും മര്യാദ കെട്ടവരുമായ ജനങ്ങളെ ശിക്ഷിക്കാതെ വിടരുത്. രാജാവു നിഗ്രഹാനുഗ്രഹങ്ങളെ വേണ്ടവണ്ണം നന്നായി പ്രവര്‍ത്തിച്ചാല്‍ ലോകത്തിലൊക്കെ മര്യാദ സുവ്യവസ്ഥിതമായി തീരും.
ഹേ പാര്‍ത്ഥാ, നിന്നോടു വളരെ ബുദ്ധിമുട്ടുള്ളതും ഘോരവുമായ ക്ഷത്രധര്‍മ്മം ഞാന്‍ പറഞ്ഞു തന്നു. അതു നല്ലപോലെ ധരിച്ച് വിനയത്തോടെ പാലിക്കുക. തപസ്സ്, ദമം, യജ്ഞം എന്നീ ധര്‍മ്മത്താല്‍ വിപ്രന്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്ന പോലെ ദാനം, ആതിഥ്യം, ധര്‍മ്മകര്‍മ്മങ്ങള്‍ എന്നിവയാല്‍ വൈശ്യരും സല്‍ഗ്ഗതി നേടുന്നു. അപ്രകാരം തന്നെ ക്ഷത്രിയന്മാര്‍ നിഗ്രഹപാലനങ്ങളാല്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നു. കാമദ്വേഷങ്ങള്‍ കൂടാതെ ലുബ്ധില്ലാതെ, ക്രോധങ്ങള്‍ വെടിഞ്ഞ്, നല്ലപോലെ ദണ്ഡനീതി വേണ്ട പോലെ നടത്തുന്നവന്‍ എന്നും മഹത്തായ സല്‍പ്പുരുഷന്മാരുടെ ലോകത്തെ പ്രാപിക്കും.
151. ഹനുമല്‍ ഭീമസംവാദം - വൈശമ്പായനൻ പറഞ്ഞു: തന്റെ ഇഷ്ടം പോലെ വളര്‍ന്ന് വിപുലമായ ശരീരത്തെ ചുരുക്കി ഭീമസേനനെ രണ്ടുകൈ കൊണ്ടും ഹനുമാന്‍ പുല്കി. ഭ്രാതാവു സ്നേഹപൂര്‍വ്വം പുല്കിയപ്പോള്‍ ഭീമസേനന് എല്ലാ തളര്‍ച്ചയും തീര്‍ന്നു. ശോഭനമായ ഒരു നില അവനിലുണ്ടായി. തന്നോടു തുല്യമായ ബലം മറ്റാര്‍ക്കുമില്ലെന്നുള്ള ഒരു തോന്നലും ഭീമന് ആപ്പോള്‍ ഉണ്ടായി. ഹനുമാനു സ്നേഹം മൂലം കണ്ണുനീര്‍ വന്നു. ഗദ്ഗദത്തോടെ ഇങ്ങനെ പറഞ്ഞു.
ഹനുമാന്‍ പറഞ്ഞു: എടോ വീരാ! നീ സ്വന്തം ഗൃഹത്തിലേക്കു മടങ്ങിക്കൊള്ളുക. എന്നെ ഇവിടെ കണ്ട വര്‍ത്തമാനം നീ ആരോടും പറയരുത്. ധനേശ്വരന്റെ ആലയത്തില്‍ നിന്ന് വിശിഷ്ടരായ ദേവഗന്ധര്‍വ്വന്മാരുടെ സ്ത്രീകള്‍ ഇവിടെ വന്നെത്തേണ്ട സമയമായി. ഇനി നീ ഇവിടെ നിൽക്കരുത്. നിന്നെ കാണുകയാല്‍ സഫലങ്ങളായിരിക്കുന്നു എന്റെ കണ്ണുകള്‍. മര്‍ത്തൃനായ നിന്നെ കാണുകയും സ്പര്‍ശിക്കുകയും ചെയ്തപ്പോള്‍, രാമന്‍ എന്ന പേരോടു കൂടി മര്‍ത്ത്യാകാരം സ്വീകരിച്ച മഹാവിഷ്ണുവിനെ, സര്‍വ്വജഗത്തിനും ആനന്ദദായകനായ ആ പുരുഷോത്തമനെ, സീതാമുഖമാകുന്ന താമരയ്ക്ക് അര്‍ക്കനും, രാവണനാകുന്ന അന്ധകാരത്തിന് ഭാസ്കരനുമായ ആ രാഘവനെ, എനിക്കു സ്മരിക്കുന്നതിന് സന്ദര്‍ഭമുണ്ടായി. ഹേ വീരാ, നീ എന്നെ കാണുവാനിടയായത് വെറുതെയായി പോകരുത്. ഭ്രാതൃത്വത്തെ പുരസ്കരിച്ചു കൊണ്ട് നി എന്നോടു വരം ചോദിച്ചു കൊള്ളുക.
ഞാന്‍ ഹസ്തിനപുരത്തില്‍ ചെന്ന് ആ ക്ഷുദ്രന്മാരായ ധാര്‍ത്തരാഷ്ട്രന്മാരെ കൊന്നൊടുക്കണമെങ്കില്‍ അത് ഞാന്‍ ഉടനെ ചെയ്തു കൊള്ളാം. കല്ലെടുത്ത് ആ പുരം എറിഞ്ഞു കര്‍ക്കണമെങ്കില്‍ അതും ചെയ്യാം. ദുര്യോധനനെ പിടിച്ചു ബന്ധിച്ച് ഞാന്‍ നിന്റെ മുമ്പില്‍ കൊണ്ടു വരണോ? വേണമെങ്കില്‍ അതും ചെയ്യാം. നിന്റെ ആഗ്രഹം എന്താണെന്നു പറയു! അത് ഉടനെ ഞാന്‍ നിര്‍വ്വഹിക്കാം.
വൈശമ്പായനൻ പറഞ്ഞു; ഭീമസേനന്‍ മഹാത്മാവായ അവന്റെ വാക്കു കേട്ട് അങ്ങേയറ്റം സന്തുഷ്ടനായി ഇപ്രകാരം മറുപടി പറഞ്ഞു; ഭവാന്‍ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഭവാന്‍ ചെയ്തു തന്നതായി എനിക്കു തോന്നുന്നു. ഭവാനു മംഗഉം ഭവിക്കട്ടെ! ഞാന്‍ ഒരു ആഗ്രഹം ഭവാനോടു പറയുന്നു. അല്ലയോ മഹാബാഹോ, നീ എന്നോട് എന്നും പ്രീതിയുള്ളവൻ ആയിരിക്കണം. നീ. നാഥനായി തീരുകയാല്‍ പാണ്ഡവന്മാര്‍ സനാഥരായി തീര്‍ന്നു. ഭവാന്റെ തേജസ്സിനാല്‍ തന്നെ ഞങ്ങള്‍ സര്‍വ്വശത്രുക്കളേയും തോല്പിക്കും. ഇതു കേട്ടപ്പോള്‍ ഹനുമാന്‍ ഭീമനോടു പറഞ്ഞു; ഭ്രാതൃത്വം, സൗഹാര്‍ദ്ദം ഇവ കൊണ്ട് ഞാന്‍ നിന്റെ ഇഷ്ടം നിര്‍വ്വഹിക്കുന്നതാണ്. ശക്തി വളരെയുള്ള ശത്രു സൈന്യത്തില്‍ ചെന്ന് ഹേ വിീരാ! നീ സിംഹനാദം മുഴക്കുമ്പോള്‍ നിന്റെ നാദം എന്റെ രവം കൊണ്ടു വര്‍ദ്ധിപ്പിക്കുന്നതാണ്. വിജയന്റെ ധ്വജത്തില്‍ കയറിയിരുന്ന് ഞാന്‍ ഉഗ്രമായ നാദം മുഴക്കുന്നതാണ്. സുഖമായി നിങ്ങള്‍ക്കു ശത്രുക്കളെ കൊന്നൊടുക്കാം. ഹനുമാന്‍ ഇപ്രകാരം ഭീമനോടു പറഞ്ഞ് ഭീമന് വഴി കാണിച്ചു കൊടുത്ത് അവിടെ തന്നെ അന്തര്‍ദ്ധാനം ചെയ്തു.
152. സൗഗന്ധികാ ഹരണം - ഭീമസേനന്റെ സൗഗന്ധിക വന ഗമനം - വൈശമ്പായനൻ പറഞ്ഞു: ആ ഹരിവരന്‍ പോയതിന് ശേഷം ബലവാന്മാരില്‍ ശ്രേഷ്ഠനായ ഭീമന്‍ ആ വഴിക്കു നടന്ന് ഗന്ധമാദന പര്‍വ്വതത്തില്‍ കയറി. ആ ഭ്രാതാവിന്റെ അതിരറ്റ ശ്രീയും ദേഹവും അനുസ്മരിച്ചു കൊണ്ട് ദാശരഥിയുടെ മാഹാത്മൃവും ചിന്തിച്ച് അവന്‍ നടന്നു. ഏറ്റവും ഭംഗി കലര്‍ന്ന കാടും പുങ്കാവും കണ്ട് സൗഗന്ധിക വനം കാണുവാനുള്ള ആഗ്രഹത്തോടെ നടന്നു. പോകുന്ന വഴിക്കു ചുറ്റും മരങ്ങള്‍ പൂത്തു നിൽക്കുന്ന പൊയ്കകളും, തെളിഞ്ഞ പുഴകളും, പലതരം മനോജ്ഞ പുഷ്പങ്ങള്‍ നിറഞ്ഞു പൂത്ത കാടുകളും, ചേറ്റില്‍ കുഴഞ്ഞു നനഞ്ഞു മഴ പെയ്യുന്ന കാര്‍മേഘം പോലുള്ള ആനക്കൂട്ടങ്ങളും അവന്‍ കണ്ടു. മാന്‍പേടകളോടു കൂടി തുള്ളിച്ചാടി പുല്ലുതിന്നുന്ന മാന്‍കൂട്ടത്തെ കണ്ട് ഭീമന്‍ വേഗം നടന്നു. പന്നി, പോത്ത്, പുലി മുതലായ ജന്തുക്കള്‍ ജീവിക്കുന്ന മഹാദ്രിയില്‍ പേടി കൂടാതെ, ശൗര്യത്തോടെ, ഭീമസേനന്‍ പ്രവേശിച്ചു.
അന്തമറ്റ മലരുകള്‍ ചേര്‍ന്നു പൂമണം വീശുന്ന ചെന്തളിര്‍ കാന്തി ചേര്‍ന്നു കാറ്റിൽ ഉലയുന്ന വൃക്ഷങ്ങള്‍ യാചിച്ചു മാടി വിളിച്ചിട്ടെന്ന വിധം അവന്‍ അങ്ങോട്ടു കയറിച്ചെന്നു.
താമരമൊട്ടുകളാകുന്ന കൈകള്‍ കൂപ്പി, വണ്ടുകളുടെ ശബ്ദം കൊണ്ടു മന്ത്രിച്ചു നിൽക്കുന്ന പ്രിയ തീര്‍ത്ഥവനം ചേരുന്ന പൊയ്ക തോറും ഭീമന്‍ നടന്നു. പൂത്തു നിൽക്കുന്ന മലഞ്ചെരിവില്‍ കണ്ണും കരളും പ്രതിഞ്ഞ ഭീമന്‍ ദ്രൗപദീവാക്യമാകുന്ന വഴിച്ചോറും ഉണ്ട് ഏറ്റവും വേഗത്തില്‍ നടന്നു.
ഉച്ച തിരിഞ്ഞപ്പോള്‍ മാന്‍കൂട്ടം കാനനത്തില്‍ മേഞ്ഞു നടക്കുന്നതു ഭീമന്‍. കണ്ടു. അവിടെ നല്ല പൊൻതാമരയുള്ള വലിയ ഒരു നദി കണ്ടു. ഹംസങ്ങളും കാരണ്ഡവങ്ങളും ചേര്‍ന്ന് ചക്രവാളങ്ങളില്‍ പ്രശോഭിക്കുന്ന ആ ദീര്‍ഘമായ നദി. പര്‍വ്വതം അണിഞ്ഞ താമരപ്പു കൊണ്ടുണ്ടാക്കിയ മാല എന്ന പോലെ തിളങ്ങി. ആ നദിയില്‍ സൗഗന്ധിക പുഷ്പങ്ങള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നത് ബാലസൂര്യന്റെ നിറത്തില്‍ ബലവാനായ ഭീമന്‍ കണ്ടു. അവന്റെ കണ്ണിന് കുളുര്‍മ്മ ചേര്‍ക്കുന്ന വിധം അതു പ്രശോഭിച്ചു. അതു കണ്ടപ്പോള്‍ ആ പാണ്ഡുനന്ദനന്‍ കാര്യം സാധിച്ചു എന്നുള്ള സന്തോഷത്തോടെ, വനവാസം കൊണ്ടു ദുഃഖിക്കുന്ന പ്രിയയുടെ സമീപത്തേക്ക്, മനസ്സു കൊണ്ടു ചെന്നെത്തി.
153. സൗഗന്ധികാ ഹരണം - വൈശമ്പായനൻ പറഞ്ഞു: കൈലാസ ശിഖരത്തിന് അരികെയുള്ള ശോഭനമായ സൗഗന്ധിക വനത്തില്‍ രാക്ഷസന്മാരാല്‍ പരിരക്ഷിതമായി രമണീയമായ ഒരു താമരപ്പൊയ്കയുണ്ട്. മലഞ്ചോലകളില്‍ നിന്ന് ഒഴുകി വരുന്ന ജലം ഈ സരസ്സിനെ എപ്പോഴും നിറയ്ക്കുന്നു. കുബേരന്റെ ഭവനം ഈ പ്രദേശത്തു നിന്ന് ഒട്ടും ദൂരത്തല്ല. നാനാ വൃക്ഷങ്ങളാലും, നാനാ ലതകളാലും, നാനാ പക്ഷികളാലും ആകുലമായി വിപുല ച്ഛായയാല്‍ സുരമ്യമായി, നിര്‍മ്മലമായി, ശോഭന തീരങ്ങളോടു കൂടിയ ആ പൊയ്ക വിചിത്രവും അത്ഭുത ദര്‍ശനവുമായിവിളങ്ങുന്നു. മരതകപ്പച്ച നിറമുള്ള ഇലകളോടും, പൊന്‍നിറമുള്ള പൂക്കളോടും കൂടിയ താമരകള്‍ നിറഞ്ഞ ആ പൊയ്കയിലെ ലഘുവും ശുദ്ധവും ശീതളവുമായ അമൃതരസം കലര്‍ന്ന ശുദ്ധജലം കൊതിയോടെ കുടിക്കുവാനായി ഭീമന്‍ ഇറങ്ങി. ആ പൊയ്കയില്‍ മനോമോഹനവും ബഹുവിചിത്രവുമായ ദിവ്യ സൗഗന്ധികങ്ങള്‍ കാഞ്ചനമയമായ ദളങ്ങളോടും വൈഡൂര്യ കാന്തി കലര്‍ന്ന നാളങ്ങളോടും കൂടി മഹത്തായ സൗരഭ്യം കലര്‍ന്നു ശോഭിക്കുന്നു. ഹംസാദി പക്ഷികള്‍ ഉലച്ചു കൊണ്ടിരിക്കുകയാല്‍ ആ സൗഗന്ധികങ്ങളില്‍ നിന്നു നല്ല പൂമ്പൊടി ചിതറിക്കൊണ്ടിരുന്നു.
രാജരാജനും മഹാത്മാവുമായ കുബേരന്റെ ക്രീഡാസ്ഥാനമാണത്. ദേവന്മാരാലും ഗന്ധര്‍വ്വാ പ്സരസ്സുകളാലും പൂജിതവും, മഹര്‍ഷികളാലും, യക്ഷകിമ്പുരു ഷന്മാരാലും സേവിതവും, കുബേരനാലും രാക്ഷസ കിന്നരന്മാരാലും രക്ഷിതവുമായ. ആ ദിവ്യ സരസ്സ് കണ്ട് മഹാബലനായ ഭീമന്‍ പരമ പ്രീതനായി തീര്‍ന്നു. വൈശ്രവണന്റെ ശാസനത്തെ വഹിച്ച് ചിത്രായുധ ധരന്മാരായി അനേകായിരം ക്രോധവശന്മാരെന്നു പേരായ രാക്ഷസന്മാര്‍ ആ സരസ്സിനെ സംരക്ഷിക്കുവാന്‍ കാവല്‍ നിൽക്കുന്നുണ്ട്.
തോലുടുത്ത്, സ്വര്‍ണ്ണകേയൂരങ്ങള്‍ ചാര്‍ത്തി, വാളേന്തി, നിശ്ശങ്കം പുവറുക്കുവാനായി പൊയ്കയിലേക്കിറങ്ങുന്ന ഭീമപരാക്രമനായ ഭീമനെ കണ്ട് ആ രാക്ഷസന്മാര്‍ പരസ്പരം ഓരോന്നു പറഞ്ഞു തുടങ്ങി. ഉടുത്തിരിക്കുന്നതു തോലാണെങ്കിലും, ആയുധമേന്തിയിരിക്കുന്ന ഈ പുരുഷവ്യാഘ്രന്‍ എന്തു ചെയ്യുവാനാണ്. ഇവിടെ വന്നിരിക്കുന്നതെന്ന് അവര്‍ ശങ്കിച്ചു നിന്നു. ഒടുവില്‍ അവരെല്ലാവരും ചേര്‍ന്നു തേജസ്വിയും മഹാബാഹുവുമായ ഭീമന്റെ മുമ്പില്‍ ചെന്ന് ഇപ്രകാരം ചോദിച്ചു;
ഭവാന്‍ ആരാണ്? മുനിവേഷമാണു ഭവാന്‍ സ്വീകരിച്ചിട്ടുള്ളത് എങ്കിലും, ഭവാന്‍ ആയുധം ധരിച്ചിരിക്കുന്നു: മഹാമതിയായ ഭവാന്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്?
154. സൗഗന്ധികാ ഹരണം - ഭീമന്റെ രാക്ഷസ വിജയം - ഭീമന്‍ പറഞ്ഞു: ധര്‍മ്മരാജാവിന്റെ നേരെ താഴെ പിറന്നവനും പാണ്ഡു പുത്രനുമായ ഭീമസേനനാണ് ഞാന്‍. രാക്ഷസന്മാരുടെ സഹായത്താല്‍ ഞാന്‍ ഇപ്പോള്‍ ഭ്രാതാക്കന്മാരോടു കൂടി വിശാലമായ ബദരിയില്‍ വന്നിരിക്കയാണ്. അവിടെ കാറ്റില്‍ പറന്നു വീണ സൗഗന്ധിക പുഷ്പം പാഞ്ചാലി കണ്ടു. അതില്‍ അവള്‍ക്കു വലിയ ആഗ്രഹം ജനിച്ചു. എന്റെ ധര്‍മ്മപത്നിയായ ആ അനവദ്യാംഗിക്കു പ്രിയം ചെയ്യുവാന്‍ കരുതി പൂവു പറിക്കുവാനാണ് ഞാന്‍ ഇങ്ങോട്ടു വന്നത്.
രാക്ഷസന്മാര്‍ പറഞ്ഞു: ഇതു കുബേരന്റെ ഏറ്റവും ഇഷ്ടപേട്ട ക്രീഡാസ്ഥാനമാണ്. മര്‍ത്തൃ ധര്‍മ്മത്തില്‍ നിൽക്കുന്ന വെറും മനുഷ്യര്‍ക്ക് ഇവിടെ സഞ്ചരിക്കുവാന്‍ പാടില്ല. ദേവന്മാര്‍, ദേവര്‍ഷിമാര്‍, യക്ഷന്മാര്‍ എന്നിവര്‍ പോലും വൈശ്രവണന്റെ അനുമതിയോടു കൂടിയല്ലാതെ ഈ പൊയ്കയില്‍ കുടിക്കുവാനോ, കുളിക്കുവാനോ ഇറങ്ങാറില്ല. ഗന്ധര്‍വ്വന്മാരും. അപ്സരസ്ത്രീകളും, യക്ഷ രാജാവിനോടു ചോദിച്ചിട്ട് ഇവിടെ വിഹരിക്കാറുണ്ട്. കുബേരനെ അവഗണിച്ച് അന്യായമായി ഈ പൊയ്കയില്‍ കുളിക്കുവാൻ ഇറങ്ങുന്ന ഏതൊരു ദുര്‍വൃത്തനും നിശ്ചയമായും നശിക്കുകയേയുള്ളു. ഭവാന്‍ ധനപതിയെ അനാദരിച്ച് പൂവറുക്കുവാന്‍ ബലാല്‍ മുതിരുകയാണ്. ധര്‍മ്മരാജാവിന്റെ അനുജനാണെന്നു പറയുന്ന ഭവാന് എങ്ങനെ ഇതു ധര്‍മ്മമാകും? ആദ്യമായി യക്ഷരാജാവിനോടു ഭവാന്‍ സമ്മതം വാങ്ങുക. അല്ലാതെ ഞങ്ങള്‍ കാവല്‍ നിൽക്കുന്ന ഈ പൊയ്കയെ നോക്കുവാന്‍ പോലും ഞങ്ങള്‍ സമ്മതിക്കുന്നതല്ല.
ഭീമന്‍ പറഞ്ഞു: ഏടോ രാക്ഷസന്മാരേ! നിങ്ങളുടെ ആ ധനേശ്വരനെ ഞാന്‍ കാണുന്നില്ലല്ലോ. അദ്ദേഹത്തെ കണ്ടാലും ഞാന്‍ യാചിക്കുകയില്ല. രാജാക്കന്മാര്‍ക്കു യാചിച്ചു കൂടാ എന്നത് സനാതനമായ ധര്‍മ്മമാണ്. ഞാന്‍ ഒരിക്കലും ക്ഷാത്രധര്‍മ്മം വിട്ടു നടക്കുകയില്ല. ഈ സുന്ദരമായ പൊയ്ക മലഞ്ചോലകളില്‍ നിന്ന് ഉണ്ടായതാണ്. അതു സ്ഥിതിചെയ്യുന്നത് മഹാത്മാവായ കുബേരന്റെ ഭവത്തിലല്ല. അതു കൊണ്ട് കുബേരനെന്ന പോലെ തന്നെ ഈ പൊയ്കയില്‍ എല്ലാ ജീവികള്‍ക്കും സമാവകാശമുണ്ട്. അതു കൊണ്ട് ഈ പൊതുസ്ഥലത്തു പ്രവേശിക്കുവാന്‍ ആര് ആരോടു യാചിക്കുവാന്‍ പോകുന്നു?
വൈശമ്പായനൻ പറഞ്ഞു: അധികം വാദിച്ചു നിൽക്കാതെ അമര്‍ഷണനായ ഭീമന്‍ ആ പൊയ്കയില്‍ ചെന്നിറങ്ങി. രാക്ഷസന്മാര്‍ ക്രുദ്ധരായി ചുറ്റും നിന്ന് "അരുത്! അരുത്!" എന്നു വിളിച്ചു പറഞ്ഞു തടുത്തു. ഭീമന്‍ നിന്നില്ല, ആ രാക്ഷസന്മാരെ പുല്ലു പോലെ അവഗണിച്ച് അവന്‍ പൊയ്കയിലേക്ക് ഇറങ്ങുക തന്നെ ചെയ്തു.
രാക്ഷസന്മാര്‍ അലറി: "പിടിക്കുവിന്‍, കെട്ടിവിന്‍! ഈ ഭീമനെ പിടിച്ചു വച്ചു കടിച്ചു തിന്നാം". ഇപ്രകാരം ക്രോധത്തോടെ പറഞ്ഞ് കണ്ണുരുട്ടി ശസ്ത്രങ്ങളുമേന്തി പാഞ്ഞടുത്തു. ഉടനെ കനത്ത അന്തദണ്ഡിനൊക്കുന്ന പൊന്‍കെട്ടുള്ള ഗദ കൈയില്‍ എടുത്ത് ഊക്കോടെ അവരുടെ. നേരെ ആഞ്ഞടുത്ത് ഭീമന്‍, "നിൽക്കുക! നിൽക്കുക!", എന്നു പറഞ്ഞു. ആ രാക്ഷസന്മാര്‍ തോമരപട്ടസാദികളായ ശസ്ത്രം പ്രയോഗിച്ച് അവനോട് അടുത്തു. ക്രോധത്തോടു കൂടി രാക്ഷസന്മാര്‍ ഭീമനെ ചുറ്റും നിന്ന് എതിര്‍ത്തു. കുന്തിക്ക് വായുവിലുണ്ടായ പുത്രന്‍! ശൂരനും ബലിഷ്ഠനും രിപുവര്‍ഗ്ഗ ഘാതിയുമായ വീരന്‍! സത്യധര്‍മ്മാദികളെ വിടാത്തവന്‍! വീര്യത്തില്‍ പ്രസിദ്ധന്‍! ശത്രുക്കള്‍ക്ക് അധൃഷ്യന്‍! ഇങ്ങനെ അപ്രതിമനായ ഭീമന്‍ അവരുടെ ശസ്ത്രഗണം തടുത്ത് അവരുടെ വഴി മുട്ടിച്ചു നിന്ന് ആക്രമിച്ച് നൂറിലധികം വീരാഗ്ര്യരെ വധിച്ചു വീഴ്ത്തി.
അവന്റെ വീര്യം, ബലം എന്നു വേണ്ട, വിദ്യാബലം, കരബലം എന്നിവയൊക്കെ അറിഞ്ഞ് എതിര്‍ക്കുവാന്‍ കഴിയാതെ വീരന്മാരായ രാക്ഷസന്മാര്‍ ഓടിക്കളഞ്ഞു. ഉജ്ജ്വലിക്കുന്ന ക്രോധത്തോടെ ഭീമനെ കൊല്ലുവാനുള്ള. മാര്‍ഗ്ഗമെന്തെന്നു ചിന്തിച്ച് അവര്‍ കൈലാസ ശൃംഗങ്ങളിലേക്കു പാഞ്ഞു. ഭീമനാല്‍ മര്‍ദ്ദിക്കപ്പെട്ട അവരില്‍ മുറിപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല. ശക്രന്‍ ദൈത്യ ദാനവനമാരെ എന്ന പോലെ ഭീമന്‍ ശത്രുസംഘത്തെ തോല്‍പിച്ചു വിട്ടു. അനന്തരം സ്വൈരമായി ആ പൊയ്കയിലിറങ്ങി ഇഷ്ടം പോലെ പൂക്കള്‍ അറുത്തു തുടങ്ങി.
ആ പുഷ്കരണിയിലെ അമൃത തുല്യമായ ജലം കുടിച്ചപ്പോള്‍ ഭീമന് വീര്യവും തേജസ്സും വര്‍ദ്ധിച്ചു. ഉത്തമഗന്ധം വീശുന്ന സൗഗന്ധിക പുഷ്പം വേണ്ടുവോളം പറിച്ചു കയ്യിലാക്കി.
ഭീമന്റെ മുമ്പില്‍ പരാജിതരായി പലായനം ചെയ്ത ആ ക്രോധവശന്മാര്‍ ധരേശ്വരന്റെ സമീപത്തു ചെന്ന് കൈകൂപ്പി പാണ്ഡവന് യുദ്ധത്തിലുള്ള ബലവീര്യാദികളെപ്പറ്റി വളരെ ഭീതിയോടെ ഉണര്‍ത്തിച്ചു. കുബേരന്‍ അവരുടെ വാക്കുകള്‍ കേട്ട് കോപിക്കുകയല്ല, നേരെ മറിച്ച് മന്ദഹസിക്കുകയാണ് ചെയ്തത്.
കൃഷ്ണയ്ക്കു വേണ്ടി ഭീമന്‍ സൗഗന്ധിക വനത്തില്‍ വന്നിരിക്കുന്ന വൃത്താന്തം തനിക്കറിയാമെന്നും, വായു പുത്രനായ ഭീമന്‍ വേണ്ടുവോളം പുഷ്പങ്ങള്‍ പറിച്ചു കൊള്ളട്ടെ എന്നും ധനേശ്വരന്‍ അവരോടു പറഞ്ഞു. ധനേശ്വരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അവരുടെ രോഷം നീങ്ങി. അവര്‍ ഭീമന്റെ പാര്‍ശ്വത്തിലേക്കു പോന്നു. അവര്‍ പൊയ്കയുടെ സമിപത്തെത്തിയപ്പോള്‍ ഭീമന്‍ ആ സരസ്സില്‍. പു പറിച്ചു നീന്തി കളിക്കുന്നതായി അവര്‍ കണ്ടു.
155. സൗഗന്ധികാ ഹരണം - വൈശമ്പായനൻ പറഞ്ഞു: മഹാര്‍ഹങ്ങളായ ആ ദിവൃ പുഷ്പങ്ങള്‍, ബഹു രൂപത്തിലുള്ളവ വേണ്ടുവോളം അവന്‍ എടുത്തു.
എന്നാൽ ഇതിനിടയ്ക്ക് ചില സംഭവങ്ങള്‍. യുധിഷ്ഠിരന്റെ മുമ്പില്‍ പ്രത്യക്ഷമായി. ഭീമനും ക്രോധവശന്മാരും തമ്മില്‍ ഇടയുന്ന സമയത്ത് യുധിഷ്ഠിരന്‍ പല ദുര്‍ന്നിമിത്തങ്ങളും കണ്ടു. യുദ്ധസൂചകമായ പ്രകൃതിക്ഷോഭം ഉണ്ടായി. കൊടുങ്കാറ്റു വീശിയടിച്ച് ചരല്‍ക്കല്ലുകള്‍ വര്‍ഷിച്ചു. ഘോരമായ ചുഴലിക്കാറ്റുണ്ടായി. വലിയ കൊള്ളിമീനുകള്‍ വന്നു വീണു. ഭയങ്കരമായി ഇടിവെട്ടി. തമസ്സു മൂടി. രശ്മികള്‍ മറഞ്ഞു. സുര്യന്‍ നിഷ്പ്രഭനായി. ഭയങ്കരമായി പ്രകൃതിക്ഷോഭങ്ങള്‍ സംഭവിച്ചു. ഭൂമി കുലുങ്ങി. എല്ലായിടവും പൊടിപടലം കൊണ്ടു മൂടി. ദിക്കൊക്കെ അരുണ വര്‍ണ്ണമായി. പക്ഷികളും മൃഗങ്ങളും അശുഭ സൂചകമായ ശബ്ദം പുറപ്പെടുവിച്ചു. എല്ലാ ദിക്കിലും ഇരുട്ടു വ്യാപിച്ചു. ഒന്നും കാണാതായി. ഇപ്രകാരമുള്ള ദുര്‍ നിമിത്തങ്ങള്‍ കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ അത്ഭുതപ്പെട്ടു. യുദ്ധദുര്‍മ്മദരായ പാണ്ഡവന്മാരേ, ഭദ്രം ഭവിക്കട്ടെ! ശത്രുക്കള്‍ ആരോ നമ്മോട് എതിര്‍ക്കുവാന്‍ വരുന്നുണ്ട്. പരാക്രമം കാണിക്കേണ്ട സമയം വന്നിരിക്കുന്നു. ഉടനെ നാം യുദ്ധസന്നദ്ധർ ആകേണ്ടിയിരിക്കുന്നു. ഇപ്രകാരം യുധിഷ്ഠിരന്‍പറഞ്ഞ്, യുദ്ധദുര്‍മ്മദന്മാരായ സഹോദരന്മാരെ വിളിച്ചു. എന്നാൽ ഭീമനെ അവിടെ കണ്ടില്ല. ഭീമന്‍ എവിടെ? എന്ന് കൃഷ്ണയോടും യമന്മാരോടും യുധിഷ്ഠിരന്‍ അന്വേഷിച്ചു.
യുധിഷ്ഠിരന്‍ പറഞ്ഞു: എടോ പാഞ്ചാലീ, ഭീമന്‍ എവിടെയാണ്? വല്ല കാര്യത്തെപ്പറ്റിയും ചിന്തിച്ച് അവന്‍ വല്ലേടത്തും പോയിരിക്കയാണോ? അതോ, ആ സാഹസ പ്രിയനായ വീരന്‍ വല്ല അപകടങ്ങളും ചെയ്തേക്കാം. ഘോരമായ യുദ്ധത്തെ സൂചിപ്പിക്കുന്ന ദുര്‍ന്നിമിത്തങ്ങള്‍ ചുറ്റും ഭയങ്കരമായി കാണുന്നുണ്ട്.
ഇതു കേട്ടപ്പോള്‍ മനസ്വിനിയും, ചാരുഹാസിനിയുമയ കൃഷ്ണ, യുധിഷ്ഠിരന്റെ പ്രിയമഹിഷി, ഇങ്ങനെ മറുപടി പറഞ്ഞു.
ദ്രൗപദി പറഞ്ഞു; മഹാരാജാവേ! ഇവിടെ ഒരു സൗഗന്ധിക പുഷ്പം കാറ്റടിച്ചു കൊണ്ടു വരികയുണ്ടായല്ലോ. ആ പുഷ്പത്തില്‍ എനിക്കു വലിയ ഇഷ്ടമുണ്ടായി. അത് ഞാന്‍ ഭീമന് കാണിച്ചു കൊടുത്തു. അത്തരം. പുഷ്പങ്ങള്‍ വേണ്ടുവോളം കൊണ്ടു വന്നു തരേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതുകേട്ട് അങ്ങനെ ആകാമെന്നു പറഞ്ഞ്. ആ മഹാബാഹു വടക്കുകിഴക്കു ഭാഗത്തേക്കായി പോയിരിക്കയാണ്.
യുധിഷ്ഠിരന്‍ പറഞ്ഞു: നാം ഉടനെ വൃകോദരൻ പോയേടത്തേക്കു പോകണം. കൃശന്മാരും തളര്‍ന്നവരുമായ വിപ്രന്മാരെ രാക്ഷസന്മാര്‍ എടുക്കട്ടെ. എടോ, ഘടോല്‍ക്കചാ! ദേവതുല്യനായ നീ കൃഷ്ണയെ എടുക്കണം. ഭീമന്‍ ഇപ്പോള്‍ വളരെ ദൂരത്ത് എത്തി കഴിഞ്ഞിരിക്കും. അവന്‍ വളരെ നേരമായി പോയിട്ട്. വായു തുല്യമായ വേഗത്തില്‍ അവന് പോകാന്‍ കഴിയും. വൈനതേയ സദൃശനായ ആ ശക്തിമാന് ആകാശത്തില്‍ കുതിക്കുവാനും ചാടുവാനും നല്ല കഴിവുണ്ട്. ഹേ രാക്ഷസന്മാരേ, നിങ്ങളുടെ കഴിവ് ഇപ്പോള്‍ കാണണം. നിങ്ങളുടെ കഴിവു കൊണ്ടു വേണം ഭീമന്റെ സമീപത്ത് ഉടനെ എത്തുവാന്‍. ബ്രഹ്മവാദികളായ സിദ്ധന്മാരെ സംബന്ധിച്ച് ഭീമന്‍ വല്ല അപരാധവും ചെയ്യുന്നതിന് മുമ്പായി നാം അവിടെ എത്തണം.
വൈശമ്പായനൻ പറഞ്ഞു; ഉടനെ, ധര്‍മ്മജന്‍ പറഞ്ഞത് അനുസരിച്ച് ഘടോല്‍ക്കചന്‍ തുടങ്ങിയ രാക്ഷസന്മാര്‍ കൃഷ്ണയേയും പാണ്ഡവന്മാരേയും വിപ്രന്മാരേയും എടുത്ത് ലോമശനോടു കൂടി പുറപ്പെട്ടു. രാക്ഷസന്മാര്‍ക്ക് അറിയാം കുബേര നളിനി എവിടെയാണെന്ന്. മനോഹരമായ സൗഗന്ധിക പൊയ്കയില്‍, ഭംഗിയേറിയ വനത്തില്‍, അവര്‍ യാതൊരു താമസവും കൂടാതെ എത്തിച്ചേര്‍ന്നു. ആ പൊയ്കയുടെ തീരത്ത് ക്രോധത്താല്‍ കണ്ണുകള്‍ നിശ്ചലം തുറിച്ച്, മിഴിച്ച്, ചുണ്ടുകടിച്ച്, ദണ്ഡേന്തിയ അന്തകന്‍ പ്രളയ കാലത്തു നിൽക്കുന്ന പോലെ ഗദയോങ്ങി നിൽക്കുന്ന ഭീമനെ കണ്ടു. കണ്ണും കൈയും കാലും തലയും മുറിഞ്ഞു ചതഞ്ഞ് മരിച്ചു വീണു കിടക്കുന്ന രാക്ഷസന്മാരെയും കണ്ട് യുധിഷ്ഠിരന്‍ ഓടിച്ചെന്നു ഭീമനെ കെട്ടിപ്പിടിച്ചു വീണ്ടും വീണ്ടും സാന്ത്വനം ചെയ്തു: എടോ ഭീമാ! നീ എന്തു സാഹസമാണു ചെയ്തത്? ദേവന്മാര്‍ക്കു പ്രിയമല്ലാത്ത ഈ കര്‍മ്മം നീ എന്തിന് ചെയ്തു? എനിക്കു പ്രിയം ചെയ്യണമെന്നു നീ ആഗ്രഹിക്കു ന്നുണ്ടെങ്കില്‍ ഇനി ഇത്തരം സാഹസം ചെയ്യരുത്! നിനക്കു നന്മ ഭവിക്കട്ടെ!
വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ യുധിഷ്ഠിരന്‍ ഉപദേശിച്ചപ്പോള്‍ ഭീമന്‍ ശാന്തനായി. താന്‍ അറുത്തെടുത്ത പുഷ്പങ്ങളെല്ലാം യുധിഷ്ഠിരന്റെ കൈയില്‍ കൊടുത്തു. യുധിഷ്ഠിരന്‍ അതു വാങ്ങി. പിന്നെ സുരോപമന്മാരായ പാണ്ഡവന്മാര്‍ ആ സരസ്സില്‍ ഇറങ്ങി വിഹരിച്ചു. ഈ ഘട്ടത്തിലാണ് ആ വനരക്ഷകന്മാരായ രാക്ഷസന്മാര്‍ അവിടെ തിരിച്ചുവന്നത്.
ശിലായുധന്മാരായ ആ മഹാകായന്മാര്‍ ഭീമസേനന്റെ സമീപത്തു നിൽക്കുന്ന ധര്‍മ്മരാജാവിനേയും, ലോമശ മഹര്‍ഷിയേയും, മറ്റു മഹര്‍ഷികളേയും, നകുല സഹദേവന്മാരേയും കണ്ടു വിനീതരായി നമസ്കരിച്ചു. ധര്‍മ്മരാജാവ് അവരെ സാന്ത്വനം ചെയ്തു. അവര്‍ പ്രസാദിച്ചു.
പിന്നെ കുബേരന്റെ സമ്മതത്തോടെ പാണ്ഡവന്മാര്‍ കൂട്ടുകാരോടു കൂടി ആ പുണ്യപ്രദേശത്തു കുറേനാള്‍ പാര്‍ത്തു. ആ ഗന്ധമാദന പ്രദേശത്ത് ബീഭത്സുവിനെ കാണുവാനുള്ള ആശയോടെ ആ കുരുദ്വഹന്മാര്‍ അധിവസിച്ചു.
156. നരനാരായണാശ്രമഗമനം - വൈശമ്പായനൻ പറഞ്ഞു: അവിടെ കുറച്ചുനാള്‍ താമസിക്കുന്ന കാലത്ത് ഒരു ദിവസം ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ഭ്രാതാക്കളോടും കൃഷ്ണയോടും ബ്രാഹ്മണരോടുമായി അവരുടെ സന്നിധിയില്‍ വെച്ചു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: നാം ഇപ്പോള്‍ പല പുണ്യങ്ങളും ശിവങ്ങളുമായ തീര്‍ത്ഥങ്ങള്‍ കണ്ടു. മനസ്സിന് ആഹ്ളാദം തരുന്ന പല വനങ്ങളും കണ്ടു. മഹാത്മാക്കളായ ദേവന്മാരും മുനിമാരും കൂട്ടമായി പണ്ട് ഉപാസിച്ച ആ പുണ്യസ്ഥലങ്ങള്‍ ബ്രാഹ്മണരാല്‍ എന്നും പൂജിക്കപ്പെടുന്നവയാണ്. പണ്ടത്തെ പല മഫര്‍ഷിമാരുടെ ചരിത്രങ്ങളും രാജര്‍ഷിമാരുടെ ചരിത്രങ്ങളും മറ്റു പല സല്‍ക്കഥകളും അതാതു പുണ്യാശ്രമ ഭാഗത്തു ചെന്നപ്പോള്‍ കേള്‍ക്കുകയുണ്ടായി. വിപ്രരോടു കൂടി ആ പുണ്യ തീര്‍ത്ഥങ്ങളില്‍ യഥാവിധി സ്നാനം ചെയ്യുകയും ചെയ്തു. പുഷ്പോദകങ്ങളാല്‍ ദേവ പൂജയും ചെയ്തു. കിട്ടിയ ഫലമൂലങ്ങള്‍ കൊണ്ടു പിതൃക്കള്‍ക്കു തര്‍പ്പണവും ചെയ്തു. രമ്യങ്ങളായ പര്‍വ്വതങ്ങള്‍, പുഴകള്‍, പൊയ്കകള്‍, മഹാപുണ്യമായ സമുദ്രം ഇവയിലും നാം കുളിച്ചു.
ഇളാ, സരസ്വതി, സിന്ധു, യമുന, നര്‍മ്മദ എന്നീ പുണ്യനദികളിലും മറ്റനേകം രമൃ തീര്‍ത്ഥങ്ങളിലും ദ്വിജന്മാരോടു കൂടി തീര്‍ത്ഥസ്നാനവും ചെയ്തു. ഗംഗാദ്വാരം കടന്ന് പല പുണ്യാലയങ്ങളും, വളരെ ദ്വിജന്മാര്‍ ചൂഴുന്ന ഹിമാലയ മഹാദ്രിയും അതില്‍ വിശാല എന്ന ബദരീ വൃക്ഷവും, നരനാരായണാശ്രമവും നാം കണ്ടു. സിദ്ധരായ ദേവര്‍ഷികള്‍ സേവിക്കുന്ന ഈ ദിവ്യസരസ്സും നാം കണ്ടു. യഥാക്രമം വിശേഷിച്ച് ദിവ്യക്ഷേത്രങ്ങളേയും മഹാത്മാവായ ലോമശന്‍ നമുക്കു കാട്ടിത്തരുന്നു. ഹേ, ദ്വിജശ്രേഷ്ഠന്മാരേ! ഇനി നമുക്കു വൈശ്രവണന്റെ പുണ്യവും സിദ്ധനിഷേവിതവുമായ ആവാസത്തിലേക്കു പോകാം. എടോ, ഭീമാ! കുബേരാലയത്തിലേക്കു പോകേണ്ട മാര്‍ഗ്ഗത്തെ നീചിന്തിച്ചു കാണുക.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞ സമയത്ത് ഒരു അശരീരി വാക്കു കേട്ടു.
അശരീരി വാക്ക്: ഇനി ഇവിടുന്നങ്ങോട്ടു ദുര്‍ഗ്ഗമമാണ്. വൈശ്രവണാ ശ്രമത്തിലേക്ക് ഈ വഴിക്കു പോകുവാന്‍ പറ്റുകയില്ല. ഈ വന്ന വഴിക്കു തന്നെ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍. ഇനി ആദ്യം ബദര്യാശ്രമത്തില്‍ പോവുക. ആ നരനാരായണാ ലയത്തില്‍ നിന്നു പിന്നെ സിദ്ധചാരണ സേവിതവും പുഷ്പ ഫലാവ്യതവുമായ വൃഷപര്‍വ്വാവിന്റെ ശുഭമായ ആശ്രമത്തിലേക്കു പോവുക. അതും കടന്നു പോയാല്‍ ആര്‍ഷ്ടി ഷേണാശ്രമത്തില്‍ ചെന്നെത്തും. അവിടെ നിന്നു നോക്കിയാല്‍ കാണാം രാജാവേ, ധനേശ്വരന്റെ രാജധാനി.
വൈശമ്പായനൻ പറഞ്ഞു: ഉടനെ ദിവ്യമായ ഗന്ധം വഹിച്ച് ശുദ്ധമാരുതന്‍ വീശുകയും സൗഖ്യമുണ്ടാക്കു മാറ് പുഷ്പവൃഷ്ടി ഉണ്ടാവുകയും ചെയ്തു. ആകാശത്തു നിന്നു ദിവ്യമായ ഈ വാക്യം പുറപ്പെട്ടത് എല്ലാവരും കേട്ട് അത്ഭുതപ്പെട്ടു. ഋഷിമാരും, ബ്രാഹ്മണരും, രാജാക്കളും കേള്‍ക്കത്തക്ക വിധം പുറപ്പെട്ട ആ ആകാശവാണി ധൗമ്യനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഇപ്രകാരം പറഞ്ഞു; "അവഗണിക്കുവാന്‍ വയ്യ! പറഞ്ഞതുപോലെ തന്നെയാകട്ടെ ഭാരത!".
ധൗമൃന്‍ പറഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ ആ വാക്യം സ്വീകരിച്ചു. പറഞ്ഞ പോലെ നരനാരായണാശ്രമത്തില്‍ തിരിച്ചു വന്നു. ഭീമസേനന്‍ തുടങ്ങിയ അനുജന്മാരോടും പാഞ്ചാലിയോടും ബ്രാഹ്മണരോടും കൂടി യുധിഷ്ഠിരന്‍ അവിടെ സുഖമായി പാര്‍ത്തു.
No comments:
Post a Comment