Tuesday, 12 July 2022

ശാന്തിപര്‍വ്വം അദ്ധ്യായം 332 മുതൽ 366 വരെ

അദ്ധ്യായം 332. ശുകാഭിപതനം - ദുഃഖം, വ്യാധി, ജര ഇവയാല്‍ മനുഷ്യന്റെ പരതന്ത്രത നാരദന്‍ വിവരിക്കുന്നു

333. ശുകാഭിപതനം - ശുകന്റെ ഈര്‍ദ്ധഗതി

334. ശുകാഭിപതനം - ശുകന്‍ പരമപദം പ്രാപിക്കു ന്നു

335. നാരായണീയം - അങ്ങ്‌ യജിക്കുന്നത്‌ ഏതു ദേവനെയാണ്‌ എന്നു ചോദിക്കുന്ന നാരദനോട്‌ നാരായണന്‍ പറയുന്ന മറുപടി

336. നാരായണീയം - നാരദന്‍ ശ്വേതദ്വീപ്‌ സന്ദര്‍ശിക്കുന്നു

337. നാരായണീയം - ഉപരിചരന്റെ യാഗത്തില്‍ പുരോഹിതനായ ബൃഹസ്പതി കോപിക്കുന്നു

338. നാരായണീയം - ഉപരിചരന്‍ ഭൂമിയില്‍ ആണ്ടു പോയ കഥ 

339. നാരായണീയം - നാരദന്‍ മഹാപുരുഷനെ ഇരുനൂറു നാമങ്ങളാല്‍ സ്തുതിക്കുന്നു

340. നാരായണീയം - ശ്വേതദ്വീപില്‍ നാരദന്റെ ഭഗവദ്ദര്‍ശനം

341. നാരായണീയം - ബ്രഹ്മാദികള്‍ക്കു ഭഗവാന്‍ ഉപദേശിച്ച പ്രവ്യത്തി നിവ്യത്തി രഹസ്യം 

342. നാരായണീയം - ഭഗവാന്‍ കൃഷ്ണന്‍ തന്റെ നാമങ്ങളുടെ നിരുക്തം അര്‍ജജുനനോട്‌ പറയുന്നു

343. നാരായണീയം - സൃഷ്ടിയുടെ പ്രാരംഭാവസ്ഥ 

344. നാരായണീയം - ശ്വേതദ്വീപിലെ കാഴ്ചയെപ്പറ്റി നാരദന്‍ നാരായണനോടു പറയുന്

345. നാരായണീയം - നരനാരായണന്മാര്‍ നാരദനെ പ്രശംസിക്കുന്നു

346. നാരായണീയം - വരാഹാകൃതി പൂണ്ട ഭഗവാന്‍ പിതൃപൂജനത്തെപ്പറ്റി പ്രതിപാദിക്കുന്നു

347. നാരായണീയം - നാരായണ മാഹാത്മൃ വിഷയകമായ ഉപന്യാസം ഉപസംഹരിക്കുന്നു

348. നാരായണീയം - ഹയഗ്രീവാവതാരത്തിന്റെ കഥ 

349. നാരായണീയം, ഐകാന്തികഭാവം - സത്യധര്‍മ്മോപദേശവും - ഐകാന്തികത്താല്‍ പരമപദപ്രാപ്തിയും

350. നാരായണീയം - വ്യാസന്‍ നാരായണാംശമായി സരസ്വതി പുത്രനായി ജനിച്ച കഥ 

351. നാരായണീയം - പാലാഴിയുടെ നടുവില്‍ വൈജയന്തഗിരിയില്‍ ബ്രഹ്മാവും രുദ്രനും എത്തുന്നു 

352. നാരായണീയം - ബ്രഹ്മാവും രുദ്രനും നാരായണന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നു

353. ഉഞ്ഛവൃത്യൂപാഖ്യാനം - നാരദന്‍ ഇന്ദ്രനോട്‌ പറയുന്നു ഉഞ്ഛവൃത്തിയായ ബ്രാഹ്മണന്റെ കഥ 

354. ഉഞ്ഛവൃത്യുപാഖ്യാനം - ഒരു അതിഥി ബ്രാഹ്മണന്റെ അടുത്തെത്തുന്നു

355. ഉഞ്ഛവൃത്യുപാഖ്യാനം - സ്വര്‍ഗ്ഗത്തിലേക്കുള്ള പല മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതിഥി പറയുന്നു

356. ഉഞ്ഛവൃത്യുപാഖ്യാനം - നാഗപുരത്തില്‍ വസിക്കുന്ന പത്മനാഭനെ ചെന്നു കാണുവാന്‍ അതിഥി ബ്രാഹ്മണനോട്‌ പറയുന്നു 

357. ഉഞ്ഛവ്യത്യുപാഖ്യാനം - ബ്രാഹ്മണന്‍ നാഗേന്ദ്രഗൃഹത്തിലേക്ക്‌ പോകുന്നു 

358. ഉഞ്ഛവൃത്യുപാഖ്യാനം - നാഗപത്നിയുടെ സല്‍ക്കാരം സ്വീകരിച്ച്‌ ബ്രാഹ്മണന്‍ ഗോമതീതീരത്ത്‌ വിശ്രമിക്കുന്നു

359. ഉഞ്ഛവ്യത്യുപാഖ്യാനം - നാഗേന്ദ്ര ദര്‍ശനത്തിന് ബ്രാഹ്മണന്‍ തപസ്സു ചെയ്യുന്നു 

360. ഉഞ്ഛവൃത്യുപാഖ്യാനം - നാഗേന്ദ്രന്‍ മടങ്ങിയെത്തുന്നു

361. ഉഞ്ഛവൃത്യുപാഖ്യാനം - ഭാര്യയുടെ വാക്കു കേട്ട്‌ നാഗേന്ദ്രന്‍ ബ്രാഹ്മണനെ കാണാന്‍ സമ്മതിക്കുന്നു

362. ഉഞ്ഛവൃത്യുപാഖ്യാനം - നാഗവും ബ്രാഹ്മ ണനും കണ്ടുമുട്ടുന്നു

363. ഉഞ്ഛവൃത്യുപാഖ്യാനം - ജിജ്ഞാസുവായ ബ്രാഹ്മണനോട്‌ സൂുര്യമണ്ഡല വിഷയങ്ങള്‍ നാഗം പറയുന്നു

 364. ഉഞ്ഛവൃത്യുപാഖ്യാനം - ഉഞ്ഛവൃത്തിയാല്‍ (നെന്മണി പെറുക്കി) ഉപജീവിച്ച്‌ സിദ്ധനായ ബ്രാഹ്മണന്റെ കഥ 

 365. ഉഞ്ഛവൃത്യുപാഖ്യാനം - നാഗരാജാവിന്റെ  വാക്കുകേട്ട്‌ ബ്രാഹ്മണന്‍ തന്റെ ജീവിതവൃത്തി നിശ്ചയിക്കുന്നു

366. ഉഞ്ഛവൃത്യുപാഖ്യാനം - ബ്രാഹ്മണന്‍ ച്യവനമഹര്‍ഷിയുടെ അടുത്തു ചെല്ലുന്നു

അദ്ധ്യായം 332. ശുകാഭിപതനം - ദുഃഖം, വ്യാധി, ജര ഇവയാല്‍ മനുഷ്യന്റെ പരതന്ത്രത നാരദന്‍ വിവരിക്കുന്നു - നാരദന്‍ പറഞ്ഞു: സുഖത്തിനും ദുഃഖത്തിനും മാറ്റം വന്നു ചേരുമ്പോള്‍, അവ വന്നുകൂടുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍, ബുദ്ധി കൊണ്ടൊന്നും യാതൊരു കാര്യവുമില്ല. നീതിയോ പൗരുഷമോ, സുഖദുഃഖങ്ങളെ തടഞ്ഞു നിര്‍ത്തുവാന്‍ സാധിക്കുന്നവയല്ല. സ്വാഭാവികമായി യത്നിക്കുക എന്നതാവശ്യമാണ്‌. യത്നിക്കുന്നവന്‍ ഒരിക്കലും താഴ്ന്നു പോകുന്നതല്ല. ഇഷ്ടപ്പെട്ട ആത്മാവിനെ ജര, മൃത്യു, രോഗം എന്നിവയില്‍ നിന്നു കയറ്റിവിടണം. മാനസികമായും, ശാരീരികമായുമുള്ള ദുഃഖം ദേഹത്തെ ബാധിക്കും. വില്ലാളികള്‍ വലിച്ചെയുന്ന കൂരമ്പു കൊള്ളുന്ന മൃഗംപോലെ മാനസിക ശാരീരിക ക്ലേശങ്ങള്‍ ദേഹത്തില്‍ ചെന്നു തറച്ച്‌ വേദനപ്പെട്ടു വിഷമിക്കും. മനുഷ്യന്റെ ദേഹം തപിക്കുന്നത്‌ വിധിത്സ, വ്യഥ ഇവയാല്‍ കുഴങ്ങി ജീവന്‍ കൊതിച്ചു നില്ക്കേ അത്‌ നിരാശ്രയമായിത്തീരുന്നു. അപ്പോള്‍ അവന്റെ ശരീരം നാശത്തിലേക്കു വലിക്കപ്പെടുന്നു. പകലും രാത്രിയും ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. അവ പോകുന്നതോടൊപ്പം മനുഷ്യന്റെ ആയുസ്സും കൊണ്ട്‌ ആ പ്രവാഹം കടന്നു കളയുന്നു. ആ കാലത്തിന്റെ ഒഴുക്ക്‌ പിന്നെ തിരിച്ചു വരുന്നില്ല. ഇങ്ങനെ ശുക്ലപക്ഷത്തിലും, കൃഷ്ണപക്ഷത്തിലും ജനിച്ചവരെ ജരിപ്പിക്കുകയും ചെയ്യുന്നു. അത്‌ ഒരു നിമിഷം പോലും നിശ്ചലമായി നില്ക്കുന്നില്ല. ജീവികളുടെ സുഖാസുഖങ്ങളെയൊക്കെ അവര്‍ ജരിപ്പിക്കുന്നു.

ആദിത്യന്‍ അസ്തമിക്കുന്നു. വീണ്ടും ഉദിക്കുന്നു. വീണ്ടും അസ്തമിക്കുന്നു. മുമ്പു കാണാത്തതും, ഊഹിക്കാത്തതുമായ ഭാവങ്ങള്‍ പലതും മര്‍ത്ത്യർ ഏന്തുന്നു. ഇഷ്ടവും അനിഷ്ടവും മര്‍ത്ത്യരില്‍ വന്നു കൊണ്ടിരിക്കെ മനുഷ്യര്‍ക്കു രാത്രികള്‍ അസ്തമിക്കുന്നു. ക്രിയാഫലം പുരുഷന് പരാധീനമല്ലെങ്കില്‍ ആര്‌ എന്ത്‌ ആഗ്രഹിക്കുന്നുവോ, ആതെല്ലാം ഇഷ്ടം പോലെ ലഭിക്കും. സംയതന്മാരും, ദക്ഷന്മാരും, ധീരന്മാരുമായ മര്‍ത്ത്യര്‍ കര്‍മ്മം കെട്ടു നിഷ്ഫലമായ മട്ടില്‍ കാണപ്പെടുന്നു. വേറെ നിര്‍ഗ്ഗുണന്മാരും, മൂഢന്മാരുമായ പുരുഷാധമന്മാര്‍ ആശിസ്സറ്റവരും, കാമപൂര്‍ണ്ണരുമായി കാണപ്പെടുന്നു. അങ്ങനെ നിര്‍ഗ്ഗുണന്മാര്‍ മേന്മയും ബുദ്ധിമാന്മാര്‍ കഷ്ടതയും അനുഭവിക്കുന്നതു കാണുന്നു. മറ്റൊരുത്തന്‍ ജീവജാലങ്ങളെ ഹിംസിക്കുവാന്‍ എന്നും മുതിര്‍ന്ന ലോകവഞ്ചകനും സൗഖ്യത്തിലേക്കു പ്രവേശിച്ചവനും എല്ലാം ജീര്‍ണ്ണിച്ചു നശിച്ചുപോകും. ഒരു പ്രയത്നവും ചെയ്യാതെയിരിക്കുന്നവന്‍ ചിലപ്പോള്‍ ധനവാനാകുന്നതു കാണാം. ചിലര്‍ കഷ്ടപ്പെട്ടു ശ്രമിച്ചിട്ടും ശ്രീ നേടാതിരിക്കുന്നതും കാണാം. അപ്രാപ്യത്തെ പ്രാപിക്കാന്‍ കഴിയാതെ കര്‍മ്മാനുരൂപമായ ഫലത്താല്‍ മറ്റൊരുവന്‍ കുഴങ്ങുന്നതായും കാണാം. ഇതാ വിചാരിച്ച കാര്യം എത്രനാള്‍ അദ്ധ്വാനിച്ചിട്ടാണ്‌ “ഇതാ ഇപ്പോള്‍ കിട്ടി” എന്നു തോന്നിയത്‌. കൈയിലായി എന്നു വിചാരിക്കുമ്പോഴേക്കും അതു കൈവിട്ടു പോകുന്നതായും കാണുന്നു.

ഈ കണ്ടതൊക്കെ എന്താണ്‌? ഇതു മനുഷ്യന്റെ തെറ്റുകൊണ്ടു വന്നു ചേര്‍ന്നതാണെന്നു തോന്നുന്നുണ്ടോ പുരുഷന്റെ അപരാധമെന്താണെന്നു പറയാം. ഒരിടത്തുണ്ടാകുന്ന ശുക്ലം മറ്റൊരേടത്തെത്തിക്കുന്നു. അവന്‍ യോനി സംസര്‍ഗ്ഗം ചെയ്താല്‍ ആ ശുക്ലം ഗര്‍ഭമായി എന്നു വരാം. ആയില്ലെന്നുംവരാം. മാവിന്റെ പൂവു പോലെയുള്ള ഒരവസ്ഥ അവന്റെ സ്ത്രീസംസര്‍ഗ്ഗത്തിലും വന്നുചേരാം. എങ്ങനെയെന്നാല്‍, ഒരുപാടു പുഷ്പങ്ങള്‍ മാവിനുണ്ടാകുന്നു. അവ മിക്കവാറും കൊഴിഞ്ഞു പോകുന്നു. ഒരു കുലയില്‍ ചിലപ്പോള്‍ ഒന്നേ ഉണ്ടായി എന്നു വരികയുള്ളു. ചിലപ്പോള്‍ ഉണ്ടായില്ലെന്നും വരാം. ചില മനുഷ്യരെപ്പറ്റി ചിന്തിക്കുക. അവന്‍ പുത്രനുണ്ടാകുവാന്‍ വേണ്ടി പല വ്രതങ്ങളും എടു ക്കുന്നു. ദേവന്മാര്‍ക്കു പൂജയും ഹോമവും നടത്തുന്നു. അവന് തന്റെ ഭാര്യയുടെ ഗര്‍ഭത്തില്‍ ഒരു ബുല്‍ബുദം പോലും ജനിപ്പിക്കുവാന്‍ കഴിയുന്നില്ല. ഇനി മറ്റൊരുത്തന്റെ കഥ നോക്കുക. അവന് തന്റെ ഭാരൃക്കെങ്ങാനും ഗര്‍ഭമുണ്ടാകുമോ എന്നാണു ഭയം. തന്റെ ഭാര്യയെങ്ങാനും ഗര്‍ഭം ധരിച്ചാല്‍ അതു വളരെ ഭയങ്കരമായ ആപത്തായി എന്നാണ്‌ അവന്റെ വിചാരം. ഭാര്യയുടെ ഗര്‍ഭത്തെ വിഷപ്പാമ്പിനെ പോലെ ഭയപ്പെടുന്നു. എന്നിട്ടെന്തുണ്ടാകുന്നു? ഭാര്യ പ്രസവി ക്കുന്നു. ദീര്‍ഘായുഷ്മാനായ സന്താനത്തെ പ്രസവിക്കുന്നു. എന്നിട്ട്‌ അച്ഛനെപ്പോലെ അച്ഛന്റെ ജീവിതവ്യതിയാനങ്ങള്‍ അവനില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി കാണുന്നു. ഇനി വേറെ ചിലരുടെ കഥ നോക്കുക. വളരെ വഴിപാടുകളും നേര്‍ച്ചുകളുമൊക്കെ നേര്‍ന്ന്‌ വിചാരിച്ചമാതിരി ചിലര്‍ക്കു ഗര്‍ഭമുണ്ടാകുന്നു. അവര്‍ പത്തുമാസം ചുമന്നു പ്രസവിക്കുന്നു. അവന്‍ പുരുഷസന്താനവുമാകുന്നു. ഇനിയെന്തു വേണം? അവന്‍ വളര്‍ന്നു കുലദ്രോഹിയായി മഹാദുശ്ശീലനും തെമ്മാടിയും കൊലപാതകിയുമായിത്തീരുന്നു. വേറെ ചിലര്‍ തീര്‍ത്ഥാടനാദി പുണ്യകര്‍മ്മങ്ങള്‍ ചെയ്തും മറ്റു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തും ധാരാളം ധനധാന്യങ്ങള്‍ നേടുന്നു. സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ചേര്‍ന്നതിന്റെ ഫല മായി സ്ത്രീ ഗര്‍ഭിണിയാകുന്നു. അതു മാതാവിന്നു ദുഃഖത്തിന്നായും ഭവിക്കുന്നു. കുട്ടി മൃതനായാല്‍ ഉടനെതന്നെ ദേഹി മറ്റൊരു ദേഹത്തെ പ്രാപിക്കുന്നു. ആ ദേഹവും സ്ഥിരമായ വസ്തുവല്ല. അതും നശിക്കുന്നു. ഈ എല്ലാ പ്രവൃത്തികളും ദേഹി നടത്തുന്നത്‌ താന്‍ ജന്മമെടുത്ത ദേഹം കൊണ്ടാണ്‌. ആ ദേഹമാകട്ടെ, മാംസം, കഫം എന്നിവയാല്‍ കൂട്ടിയിണക്കപ്പെട്ടതാണ് താനും. (ഏവനും മരണാനന്തരം ഒരു പുതിയ ശരീരം കൈക്കൊള്ളുന്നു. അതാണ്‌ പുനര്‍ജജമം. ഒരു ജീവിക്കും ശരീരം കൂടാതെ നിലനില്ക്കുവാന്‍ പറ്റുകയില്ല. തീര്‍ച്ചയായും മോക്ഷ മാര്‍ഗ്ഗത്തിൽ എത്തിയവന്റെ കഥ ഇതില്‍നിന്നും വ്യത്യാസപ്പെട്ടതാണ്‌. അത്‌ എല്ലാ കര്‍മ്മങ്ങളേയും തൃജിച്ചതിന്റെ ഫലമാണ്‌)

ദേഹം നശിച്ചതിന് ശേഷം ആത്മാവു സ്വീകരിക്കുന്ന ശരീരം ഇതില്‍ നിന്നും മെച്ചപ്പെട്ടതല്ല. അതും നാശത്തിനും ചുടലയില്‍ പോകുന്നതിനും സന്നദ്ധമായിട്ടുള്ളതാണ്‌. ദേഹം നശിച്ച ജീവന്‍, പുഴയില്‍ ഒഴുകുന്ന ഒരു വഞ്ചിയില്‍ നിന്നു മറ്റൊരു വഞ്ചിയില്‍ കയറിയ ഫലമേ അവനും ലഭിക്കുന്നു ള്ളു. ഏതു തോണിയും നാശത്തിന്നുള്ളതാണ്‌.

സ്ത്രീപുരുഷന്മാരുടെ സംയോഗഫലമായി ഒരുതുള്ളി ശുക്ടം, അത്‌ അചേതനമാണ്‌, അത്‌ സ്ത്രീയുടെ ഗര്‍ഭാശയത്തി ലെത്തിക്കുന്നു. ഞാന്‍ ഒന്നു ചോദിക്കട്ടെ? ആ ഗര്‍ഭം ആരു ടെ ശ്രദ്ധ കൊണ്ടും ശുശ്രൂഷ കൊണ്ടുമാണ്‌ സജീവമായി നശിക്കാതെ, വയറ്റില്‍ക്കിടന്നു വളര്‍ന്നുണ്ടാകുന്നത്‌? സ്ത്രീ ഭക്ഷിക്കുന്ന അന്നം വയറ്റില്‍ക്കിടന്നു ദഹിക്കുന്നു. എന്നാല്‍ അതിന്നടുത്തു വയറ്റില്‍ക്കിടക്കുന്ന ഗര്‍ഭം ദഹിച്ചു പോകുന്നുമില്ല. ഗര്‍ഭത്തിന്റേയും മലമൂത്രങ്ങളുടേയും ഗതി ഇപ്രകാരമാണെന്നു പ്രകൃതി കാണിച്ചു തരുന്നു. ഗര്‍ഭത്തിലിരിക്കുമ്പോഴോ അതില്‍ നിന്നു പുറത്തു വരുമ്പോഴോ കുട്ടി ഒരു സ്വതന്ത്ര വസ്തുവല്ല. വാസ്തവത്തില്‍ അത്‌ ഒരു നിരാധാര വസ്തുവാണ്‌. ചില പ്രജകള്‍ ജീവിക്കുന്നു. ജനിച്ച ഉടനെ മരിക്കുന്നു. ചിലര്‍ ഗര്‍ഭത്തില്‍ വച്ച്‌ അലസിപ്പോകുന്നു. ചിലര്‍ ഗര്‍ഭത്തില്‍ വച്ചു മരിക്കുന്നു. ഇവയ്ക്കൊക്കെ പുര്‍വ്വകര്‍മ്മാര്‍ജ്ജിതമായ ഫലമാണ്‌ കാരണം.

ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി സംഭോഗം ചെയ്യുമ്പോള്‍ ബീജം ഗര്‍ഭത്തിലേക്കു തെറിപ്പിച്ചുവീഴ്ത്തുന്നു. അതില്‍ നിന്ന്‌ ഒരു പുത്രനോ പുത്രിയോ ഉത്ഭവിക്കുന്നു. അങ്ങനെ ഉണ്ടായ സന്താനം സമയം വന്നു ചേരുമ്പോള്‍ ആ സന്താനവും ആ മട്ടില്‍ തന്നെയുള്ള പ്രവൃത്തി (സ്ത്രീപുരുഷ സംയോഗം) ചെയ്യുന്നു. ഒരു പുരുഷന് നിശ്ചയിക്കപ്പെട്ട ആയുഷ് കാലം അവന്റേ ശരീരത്തിലെ പഞ്ചഭൂതങ്ങള്‍ ഏഴും ഒമ്പതും ഘട്ടങ്ങള്‍ കടന്ന്‌ അവസാനിക്കുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കൊന്നും പുരുഷന്‍ വിധേയനല്ല. മനുഷ്യര്‍ക്ക് ഉയരുവാനുള്ള യോഗം ഒത്തുചേരുന്നില്ല. വ്യാധി കൊണ്ടും മഥിതരാകുന്നു. വേടന്‍ മൃഗങ്ങളെയെന്ന പോലെ രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടുന്നു. വ്യാധിയാല്‍ മഥിതന്മാരായവര്‍ക്ക്‌ എത്ര ധനം ചെലവു ചെയ്യുവാന്‍ തയ്യാറുണ്ടെങ്കിലും വ്യാഥിയെ മാറ്റുവാന്‍ കഴിയാതെ വരുന്നു. എത്ര യത്നിച്ചാലും വേദനകള്‍ രോഗികളില്‍ നിന്നു നീക്കം ചെയ്യുവാന്‍ സമര്‍ത്ഥനായ വൈദ്യന് കഴിയാതെ വരുന്നു. വ്യാധന്‍ മൃഗത്തെയെന്ന പോലെ എയ്തു കൊല്ലുന്നു. പലതരം കഷായങ്ങളും ഘൃതങ്ങളും മറ്റും സേവിച്ചിട്ടും ആന ആനയെ എന്ന പോലെ ജര വന്ന്‌ മനുഷ്യനെ തകര്‍ത്തു കളയുന്നു.

ആകാശത്തില്‍ പറക്കുന്ന പക്ഷികള്‍ക്കും കാട്ടില്‍ വസിക്കുന്ന മൃഗങ്ങള്‍ക്കും രോഗം ബാധിച്ചാല്‍ ചികിത്സിക്കാറുണ്ടോ? ചെന്നായ്ക്കളും: തെണ്ടികളും രോഗാര്‍ത്തരാവുകയില്ല.

ഘോരന്മാരും, ദുര്‍ദ്ധര്‍ഷന്മാരും, ഉഗ്രതേജസ്വികളുമായ രാജാക്കന്മാരെ രോഗങ്ങള്‍ കയറി ബാധിക്കുന്നു. പുലികള്‍ വന്നു പശുക്കളെ എന്നവിധം പിടികൂടുന്നു. ലോകം ഇപ്രകാരം അനാക്രന്ദമായി (നിലവിളികൂട്ടാതെ) മോഹത്താലും ശോകത്താലും സമാകുലമായിരിക്കുന്നു. ഈക്കേറിയ ഒരു നദീപ്രവാഹത്തില്‍ പെട്ട്‌ ഒഴുകുകയാണ്‌. ധനം, രാജ്യം, ഘോരമായ തപസ്സ്‌ ഇവയാലൊന്നും പ്രകൃതിയെ വിട്ടുകടക്കുവാന്‍ കഴിയുകയില്ല. ശരീരികള്‍ വിധിയാല്‍ നിയുക്തന്മാരാണ്‌. മനുഷ്യന്റേ പ്രയത്നം ഉത്ഥാനം ശരിയായാല്‍ അവന്‍ ജരാമരണങ്ങളെ അതിജീവിക്കും. എല്ലാ ആഗ്രഹങ്ങളും സാധി ക്കും. അപ്രിയം ഏല്ക്കുകയുമില്ല. ലോകത്തില്‍ മേലെ മേലെ എത്താനാണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്‌. അതിന് യത്നിക്കുന്നുമുണ്ട്‌. എന്നാല്‍ വിചാരിച്ച മാതിരി കാര്യം നടക്കുന്നില്ല.

ഐശ്വര്യമദമത്തന്മാരും, മദ്യമത്തന്മാരും, അപ്രമത്തന്മാരും, ശൂരന്മാരായ വീരന്മാരും ശ്രമിക്കുന്നുണ്ട്‌. ചിലര്‍ക്കു ക്ലേശം നീങ്ങും. അതിന് വേണ്ടി പ്രതീക്ഷിക്കാതിരിക്കെ തന്നെ ക്ലേശം നീങ്ങിപ്പോകും. തനിക്കുള്ള ധനവും തനിക്കു വരേണ്ട അന്യധനവും കിട്ടാതെ നഷ്ടപ്പെടുന്നതും കാണുന്നു. കര്‍മ്മസന്ധിയില്‍ വളരെ ഫലവൈഷമ്യം കാണപ്പെടുന്നുണ്ട്‌. ചിലര്‍ പല്ലക്കു ചുമക്കുന്നു. ചിലര്‍ പൊന്നിന്‍ പല്ലക്കെടുപ്പിച്ചു സഞ്ചരിക്കുന്നു. എല്ലാവരും വൃദ്ധി തന്നെ കാംക്ഷിക്കുന്നു. അതില്‍ ചിലര്‍ തേര്‍ മുന്നില്‍ അകമ്പടി നടത്തി സഞ്ചരിക്കുന്ന പ്രതാപികളായി വരുന്നു. നുറു പെണ്ണുള്ള പുരുഷന്മാരുണ്ട്‌. വിധവാസ്ത്രീകള്‍ നൂറു പേരുള്ള ഇടമുണ്ട്‌.

എല്ലാവരും, ലോകത്തിലുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ ദ്വന്ദ്വപ്രിയരാണ്‌. എല്ലാ സ്ത്രീ പുരുഷന്മാരും സംബന്ധം ആഗ്രഹിക്കുന്നവരാണ്‌. അതില്‍ ചിലര്‍ക്കേ അതിന് കഴി യുന്നുള്ളു. ഇത്‌ നീ കാണുന്നില്ലേ? മറ്റിടത്തേക്കു നോക്കൂ! ഇതില്‍ നീ മോഹിക്കരുത്‌.

നീ ധര്‍മ്മവും അധര്‍മ്മവും വിടുക. സത്യവും അസത്യ വും വിടുക. സത്യാനൃതദ്വന്ദങ്ങള്‍ വിട്ടാല്‍ എന്തു വിടുമോ, അതും നീ വിടുക.

അല്ലയോ ഋഷികുമാരാ! ഞാന്‍ വളരെ രഹസ്യമായ കാര്യമാണ്‌ നിന്നോട്‌ ഉപദേശിച്ചത്‌. ഈ തത്വം മനസ്സിലാക്കി ജീവിച്ചത് കൊണ്ടാണ്‌ മന്നില്‍ വാണിരുന്ന ദേവന്മാര്‍ വിണ്ണവരായത്‌. സ്വര്‍ഗ്ഗം ലഭിക്കാന്‍ കാരണം അതാണ്‌.

നാരദന്റെ വാക്കു കേട്ട്‌ പരമബുദ്ധിമാനായ ശുകന്‍ മനസ്സു കൊണ്ടു ചിന്തിച്ചു. എന്നാല്‍ ഒന്നിലും ഒരു നിശ്ചയമെടുക്കുവാന്‍ കണ്ടില്ല.

ഭാര്യാപുത്രന്മാരെ നേടുന്ന ഗാര്‍ഹസ്ഥ്യം ക്ലേശകരമാണ്‌. വേദാദികള്‍ പഠിച്ച്‌, പഠിപ്പിച്ച്‌ കഴിയുവാനുള്ള ശ്രമവും ചെറുതല്ല. ശാശ്വതമായ സ്ഥാനം അത്ര ക്ലേശം കൂടാതെ, വലിയ ഫലം ലഭിക്കുന്നതായി വല്ലതുമുണ്ടോ? ഉണ്ടെങ്കില്‍ ബുദ്ധിമാന്‍ അതല്ലേ സ്വീകരിക്കുക?

മുഹൂര്‍ത്ത സമയം ശുകൻ  ചിന്തിച്ചു. ആത്മാവിന് ഉറച്ച ഗതി അറിഞ്ഞു. പരാവരമായ ധര്‍മ്മം കണ്ടവനായ ശുകന്‍ നൈശ്രേയസമായ പദത്തെ ഓര്‍ത്തു: സംശ്ലേഷം വിട്ട്‌ ഞാന്‍ എങ്ങനെ മുഖ്യമായ ഗതിയെ പ്രാപിക്കും? വീണ്ടും തിരിച്ച്‌ ഞാന്‍ യോനിസങ്കരമായ സംസാര സമുദ്രത്തില്‍ ചാടുവാൻ പാടില്ല. വീണ്ടും തിരിച്ച്‌ ഭൂമിയിലെത്താത്ത പരമമായ പദത്തെയാണ്‌ ഞാന്‍ കാംക്ഷിക്കുന്നത്‌. എല്ലാ സംഗങ്ങളും വിട്ട്‌ മനസ്സു കൊണ്ട്‌ ഗതി കണ്ടു. എവിടെ ചെന്നാല്‍ ആത്മാവിന് ശമം സിദ്ധിക്കുമോ, അവിടേക്കു ഞാന്‍ പോവുകയാണ്‌. അവിടെ അക്ഷയനായി, അവ്യയനായി, ശാശ്വതനായി ഞാന്‍ നില്ക്കുന്നതാണ്‌. യോഗം കൂടാതെ പരമമായ ആ ഗതി നേടുവാന്‍ അസാദ്ധ്യമാണ്‌. ബുദ്ധന് കര്‍മ്മങ്ങള്‍ വഴി ബന്ധിക്കാന്‍ കഴിഞ്ഞതാണത്‌. അതുകൊണ്ട്‌ യോഗത്തില്‍ പ്രവേശിച്ച്‌ ദേഹമാകുന്ന ഗൃഹം ഉപേക്ഷിച്ച്‌ വായുവായി ഞാന്‍ തേജോരാശിയായ അര്‍ക്കനിലേക്കു കയറുന്നതാണ്‌. സൂര്യന്‍ ആകാശത്ത്‌ ദേവന്മാരാല്‍ സോമന്‍ എന്ന പോലെ ക്ഷയിക്കാത്തവനാണ്‌. അവന്‍ ദേഹമിളക്കി ഭൂമിയില്‍ വീഴും. വീണ്ടും മേല്ലോട്ടു കയറും. എന്നും സോമന്‍ ക്ഷയിക്കും. വീണ്ടും വളര്‍ന്നു സമ്പൂര്‍ണ്ണനാകും. ഈ നില, വൃദ്ധിക്ഷയങ്ങളുള്ള നില, കണ്ടവനായ ഞാന്‍ അതിനെ ആഗ്രഹിക്കുന്നില്ല. ഭാസ്‌കരന്‍ ഉഗ്രമായ രശ്മികള്‍ കൊണ്ട്‌ വിശ്വത്തെ തപിപ്പിക്കുന്നു. എല്ലാ തേജസ്സും അര്‍ക്കന്‍ ഏന്തുന്നു. നിത്യവും അക്ഷീണ മണ്‍ഡലനായി, പൂര്‍ണ്ണനായി ഇരിക്കുന്നു. അതുകൊണ്ട്‌ ദീപ്തതേജസ്സായ. അര്‍ക്കനില്‍ എത്താനാണ്‌ ഞാന്‍ കൊതിക്കുന്നത്‌. അവിടെ നിശ്ശങ്കാത്മാവായി, ദുര്‍ദ്ധര്‍ഷനായി ഞാന്‍ പാര്‍ക്കും. സൂര്യന്റെ സദനത്തില്‍ ഈ ദേഹം ഞാന്‍ കൊണ്ടുപോയി വെച്ച്‌ ഋഷിമാരോടു കൂടി ഉഗ്രമായ സൂര്യതേജസ്സില്‍ ഞാന്‍ ചേരുന്നതാണ്‌.

ഞാന്‍ യാത്രപറയുന്നു. നാഗനഗങ്ങളോടും, ഭൂമിയോടും, ദിക്കുകളോടും, ദ്യോവിനോടും ഞാന്‍ യാത്ര പറയുന്നു. ദേവദൈത്യാഹി ഗന്ധര്‍വ്വ പിശാചുക്കളോടും, ആശരന്മാരോടും ഞാന്‍ യാത്രപറയുന്നു. ലോകത്തില്‍ സര്‍വ്വഭൂതത്തില്‍ ഞാന്‍ നിസ്സംശയം പ്രവേശിക്കുന്നു. എന്റെ യോഗവീര്യം എല്ലാ ദേവന്‍മാരും, എല്ലാ മഹര്‍ഷികളും കാണട്ടെ!

പിന്നെ പേര്‍ പുകഴ്‌ന്ന മഹാശയനായ നാരദ മഹര്‍ഷി അവിടെ നിന്ന്‌ എഴുന്നേറ്റു. അദ്ദേഹത്തിന്റെ സമ്മതം വാങ്ങി ശുകന്‍ അച്ഛന്റെ സമീപത്തെത്തി. യോഗ്യനായ കൃഷ്ണ ദ്വൈപായനമഹര്‍ഷിയെ അഭിവാദ്യം ചെയ്ത്‌ ശുകന്‍ അച്ഛനെ വലംവെച്ചു യാത്രപറഞ്ഞു.

ശുകന്റെ വാക്ക്‌ മഹര്‍ഷി കേട്ടു. നന്ദിയോടെ മഹാത്മാവായ പുത്രനോടു പറഞ്ഞു: “എടോ പുത്രാ! നില്ക്കൂ! നില്ക്കൂ! പുത്രാ! അല്പനേരം നില്‍ക്കൂ! നിന്നെ നോക്കി എന്റെ കണ്ണു കുളുര്‍ക്കുന്ന വരെ നില്‍ക്കൂ. നിന്നെ ഞാന്‍ ഒന്നു നല്ലവണ്ണം കാണട്ടെ!"

നിരപേക്ഷനായ ശുകന്‍ പിന്നെ നിസ്തേജനായി ശങ്കവിട്ടു മോക്ഷത്തെത്തന്നെ ചിന്തിച്ചു പോകുവാന്‍ തന്നെ നിശ്ചയിച്ചു. മുനിസത്തമന്‍ അച്ഛനേയും വിട്ട്‌ സിദ്ധസംഘ ങ്ങള്‍ വസിക്കുന്ന കൈലാസത്തിലേക്കു പോയി.

അദ്ധ്യായം 333. ശുകാഭിപതനം - ശുകന്റെ ഈര്‍ദ്ധഗതി - ഭീഷ്മൻ പറഞ്ഞു: “അല്ലയോ ഭാരതാ! വ്യാസപുത്രന്‍ ശൈല ശൃംഗത്തില്‍ കയറിയതിന് ശേഷം മുള്ളില്ലാത്ത വിജനമായ ഒരു സ്ഥലത്തു ചെന്ന്‌ ഇരുന്നു. ശാസ്ത്രത്തില്‍ പറഞ്ഞ വിധിപ്രകാരം അടിതൊട്ട്‌ അംഗം മുഴുവന്‍ യോഗ്രക്രമത്തില്‍ ജ്ഞാനിയായ ശുകന്‍ ക്രമത്തില്‍ ആത്മധാരണം ചെയ്തു. പിന്നെ പ്രാങ്മുഖനായി ആ പണ്ഡിതന്‍ സൂര്യന്‍ ഉദിച്ചു വരുന്ന സമയത്ത്‌ കൈകാലുകള്‍ അണച്ച്‌ വിനയത്തോടെ ഇരിപ്പുറപ്പിച്ചു.

അവിടെ പക്ഷിക്കൂട്ടം പറന്നില്ല. യാതൊരു ജീവിയുടേയും ശബ്ദമുണ്ടായില്ല. പ്രകൃതി നിശ്ശബ്ദമായി നിന്നു. യാതൊരു കാഴ്ചയും ശുകന്‍ കണ്ടില്ല. ധീമാനായ വ്യാസപുത്രന്‍ യോഗത്തില്‍ നിമഗ്നനാകുന്ന സ്ഥലം യാതൊരു ഒച്ചയും അനക്കവുമില്ലാതെ സ്ഥിതിചെയ്യുന്നു.

അവന്‍ സര്‍വ്വസംഗവിമുക്തനായി ആത്മാവിനെ ദര്‍ ശിച്ചു. ആത്മാവിനെക്കണ്ടപ്പോള്‍ പ്രസന്നനായ ശുകന്‍ ഒന്നു ചിരിച്ചു. വീണ്ടും യോഗംപൂണ്ട്‌ മഹായോഗേശനായി, മോക്ഷമാര്‍ഗ്ഗം കിട്ടുവാനായി ശുകന്‍ അബംരത്തിലേക്കു കയറി. ദേവര്‍ഷിയായ നാരദനെ ഉടനെ അവന്‍ വലംവെച്ച്‌, അവന്‍ തന്നെ യോഗം മഹര്‍ഷിയെ ഉണര്‍ത്തിച്ചു.

ശുകന്‍ പറഞ്ഞു: അല്ലയോ താപസാ! അങ്ങയ്ക്കു സ്വസ്തി! ഞാന്‍ മാര്‍ഗ്ഗം ദര്‍ശിച്ചിരിക്കുന്നു! അല്ലയോ മഹാദ്യൂതേ! അങ്ങയുടെ പ്രസാദത്താല്‍ ഞാന്‍ ഇഷ്ടമായ ഗതിയെ പൂകുന്നു.

ഭീഷ്മൻ പറഞ്ഞു: നാരദന്‍ സമ്മതിച്ചു. ദ്വൈപായനാത്മജനായ ശുകന്‍ നാരദനെ അഭിവാദ്യം ചെയ്ത്‌, യോഗം പൂണ്ട്‌, ആകാശത്തിലേക്കുയര്‍ന്നു. കൈലാസം വിട്ടുയര്‍ന്നു ആകാശത്തിലെത്തി. അങ്ങനെ ശ്രീമാനായ്‌ ശുകന്‍ ആകാശചാരിയായി സുനിശ്ചയത്തോടെ കാറ്റായി രൂപം കൊണ്ടു.

ഗരുഡദ്യുതിയായി ഏന്തുന്ന ആ ദിജേന്ദ്രനെ മനോമാരുത വേഗനായി അപ്പോള്‍ സര്‍വ്വ ഭൂതങ്ങളും ദര്‍ശിച്ചു. വ്യവസായത്താല്‍ മൂന്നു ലോകത്തേയും മനസ്സില്‍ നിനയ്ക്കുന്ന ശുകന്‍ ദീര്‍ഘമായ മാര്‍ഗ്ഗത്തിലേക്ക്‌ പാവകനെപ്പോലെയും അര്‍ക്കനെപ്പോലെയും പ്രഭ വീശി പ്രവേശിച്ചു. വൃഗ്രത കൂടാതെ നിര്‍ഭയമായി ഏകാഗ്രധീയായി അവന്‍ പോകുന്ന സമയത്ത്‌ സര്‍വ്വ ചരാചരങ്ങളും സര്‍വ്വഭൂതജാലവും അവന്റെ ഗതിയെ ദര്‍ശിച്ചു. ഉടനെ ദേവന്മാര്‍ ശുകനെക്കണ്ട്‌ യഥാശക്തി ന്യായംപോലെ ശുകനെ പൂജിച്ചു. ദിവ്യമായ പുഷ്‌പവര്‍ഷം അവര്‍ ശുകന്റെ ശിരസ്സില്‍ പൊഴിച്ചു. ശുകന്റെ വരവു കണ്ട്‌ അത്ഭുതപ്പെട്ട്‌ ഗന്ധര്‍വ്വന്മാരും അപ്സരസ്ത്രീകളും സിദ്ധന്മാരായ ഋഷികളും ഏറ്റവും അത്ഭുതത്തോടെ നോക്കിനിന്നു പറഞ്ഞു. തപസ്സിദ്ധി പ്രാപിച്ച ഏത്‌ ദിവ്യനാണ്‌ ആകാശത്തില്‍ കീഴെ മെയ്യും മേലെ മുഖവുമായി ദൃഷ്ടിയെ രഞ്ജിപ്പിക്കുന്നത്‌?

ഉടനെ പരമധര്‍മ്മിഷ്ഠനായ ശുകന്‍, മൂന്നു ലോകത്തിലും പേര്‍ കേട്ടവനായ വ്യാസപുത്രന്‍, ഗതിമുട്ടി നില്ക്കുന്ന അര്‍ക്കനെ വാക്കുകളടക്കി പ്രാങ്മുഖനായി ദര്‍ശിച്ചു. ഗതിവേഗം മൂലം ആകാശത്തില്‍ ശബ്ദം മുഴക്കിക്കൊണ്ടെത്തുന്ന ശുകനെ ആകാശത്തു നിന്ന്‌ അപ്സരസ്ത്രീകള്‍ നോക്കിക്കണ്ടു. അവരെല്ലാം ഉള്ളുഴന്ന്‌ ഏറ്റവും ആത്ഭുത പ്പെട്ടു. വിസ്മയപ്പെട്ട പഞ്ചചൂഡപ്രഭൃതികളായ അവര്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കിനിന്ന്‌ വിസ്മയത്തോടെ പറഞ്ഞു:

ഇവിടെ ഏതു ദൈവതമാണ്‌ മുഖ്യമായ ഗതി പൂകുന്നത്‌? മുക്തനായ പോലെ ഇതാ ദൃഢമായി ഇങ്ങോട്ടു നിസ്പൃഹനായി വന്നെത്തുന്നു. പിന്നെ അവന്‍ മലയപര്‍വ്വതവും കടന്നു പോയി. ആ മലയെ നിത്യവും ഉര്‍വ്വശി, പൂര്‍വ്വചിത്തി മുതലായ അപ്സരസ്ത്രീകള്‍ പൂജിക്കുന്നുണ്ട്‌. അവിടെ എത്തുന്ന ബ്രഹ്മര്‍ഷികുമാരനെ കണ്ട്‌ അവര്‍ വിസ്മയിച്ചു. “അമ്പോ! എന്തൊരു ബുദ്ധി! എന്തൊരു സമാധാനം! വേദാഭ്യാസിയായ ദ്വിജേന്ദ്രന്റെ തപപസ്സിദ്ധി നോക്കൂ! കുറച്ചുനാള്‍ കൊണ്ട്‌ അവന്‍ നേടിയ സിദ്ധി ചെറുതല്ല. അവന്‍ ആകാശത്തില്‍ ചന്ദ്രന്‍ ചുറ്റുന്നതു പോലെയാണല്ലോ ചുറ്റുന്നത്‌! പിതൃശുശ്രൂ ഷ കൊണ്ട്‌ ഇവന്‍ മുഖ്യമായ ജ്ഞാനം നേടിക്കഴിഞ്ഞു! പിതൃഭക്തനായ ഇവന്‍ ദൃഢമായ തപസ്സു ചെയ്ത്‌ അവന്റെ ഇഷ്ടം നേടി. അച്ഛന് ഇഷ്ടപ്പെട്ട പുത്രനാണവന്‍. അനന്യ ചിത്തനായ ഇവനെ എങ്ങനെ അച്ഛന്‍ വിട്ടു?”

ഇപ്രകാരം ഉര്‍വ്വശി പറയുന്നതു കേട്ട്‌ പരമധാര്‍മ്മിക നായ ശുകന്‍ എല്ലാ ദിക്കിലേക്കും ഒന്ന്‌ കണ്ണോടിച്ചു. വാക്കില്‍ അവന്റെ മനസ്സു പതിഞ്ഞു. അവന്‍ ആകാശവും, കാടും, മാടും കൂടുന്ന ഭൂമിയും, പുഴയും, പൊയ്കയും മറ്റും അപ്പോള്‍ നോക്കിക്കണ്ടു. അപ്പോള്‍ വ്യാസപുത്രനെ ബഹുമാനിച്ച്‌ ചുറ്റും കൈകൂപ്പിക്കൊണ്ട്‌ എല്ലാ ദേവന്മാരും കണ്ടു നിന്നു. പരമധാര്‍മ്മികനായ ശുകന്‍ അപ്പോള്‍ അവരോടു പറഞ്ഞു;

“ശുകാ എന്നു വിളിച്ചു കൊണ്ട്‌ എന്റെ അച്ഛന്‍ എന്നെ പിന്‍തുടര്‍ന്ന്‌ എത്തുന്നതായാല്‍ നിങ്ങള്‍ എല്ലാവരും ശ്രദ്ധ വെച്ച്‌ അതുകേട്ട്‌ എന്റെ വാക്കാല്‍ നിങ്ങള്‍ ഉത്തരം പറയണം. എന്നോടു സ്നേഹമുണ്ടെങ്കില്‍ എന്റെ മൊഴി പറയണം".

ശുകന്‍ പറഞ്ഞതു കേട്ട്‌ കാടുകളോടു കൂടിയവരായ എല്ലാ ദിക്കുകളും, പുഴകളും, ആഴികളും, ശൈലങ്ങളും ചുറ്റും നിന്ന്‌ ഉത്തരം പറഞ്ഞു:

"വിപ്രാ! കല്പിക്കുന്ന വിധം അതൊക്കെ ശരിയാകും! ഋഷി വാക്കുകള്‍ അരുള്‍ ചെയ്താല്‍ ഞങ്ങള്‍ മറുപടി പറഞ്ഞുകൊള്ളാം."

അദ്ധ്യായം 334. ശുകാഭിപതനം - ശുകന്‍ പരമപദം പ്രാപിക്കു ന്നു - പുര്രശോകാര്‍ത്തനായ വ്യാസനെ ശിവന്‍ ആശ്വസിപ്പിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ മഹാതപസ്വിയായ  ബ്രഹ്മര്‍ഷി, സിദ്ധിക്കു മാത്രമായി നാലുവിധം ദോഷങ്ങളേയും വിട്ടവനായ ശുകന്‍, എട്ടുതരം തമസ്സും, അഞ്ചുതരം രജസ്സുംവിട്ട്‌, പിന്നെ സത്വത്തേയും വിട്ട്‌ വിളങ്ങി. അത്ഭുതം തന്നെ! നിത്യവും, നിര്‍ഗ്ഗുണവും, നിര്‍ലിംഗപദവുമായ ബ്രഹ്മത്തില്‍ അവന്‍ പ്രശോഭിച്ച്‌ പുകയറ്റ അഗ്നിപോലെ നിന്നു. ആ സമയത്ത്‌ ദിക്കുകള്‍ തീപ്പിടിച്ചു. ആകാശത്തു കൊളളിമീന്‍ ചാടി. ഭൂമി പ്രകമ്പിച്ചു. ക്ഷണത്തില്‍ ഈ സംഭവങ്ങള്‍ ഉണ്ടായി. എല്ലാവരും അത്ഭുതപ്പെട്ടു. മഹാവൃക്ഷങ്ങളുടെ കൊമ്പുകള്‍ ഇടിഞ്ഞു വീണു. മലകളുടെ കൊടുമുടി തകര്‍ന്നു പതിച്ചു. നിര്‍ഘാതനിസ്വനം പൊങ്ങി ഹിമാലയം പിളരുന്ന പോലെ തോന്നി. സഹ്രസാംശുവായ സൂര്യന്‍ മങ്ങി. ഹുതാശനന്‍ ജ്വലിക്കുവാന്‍ മടിച്ചു നിന്നു. കയങ്ങളും, കടലുകളും, പുഴകളും കലങ്ങി മറിഞ്ഞു. സ്വാദും മണവുമുള്ള ജലം ഇന്ദ്രന്‍ വര്‍ഷിച്ചു. ദിവ്യമായ ഗന്ധം പൂണ്ട ശുദ്ധമായ വായു അപ്പോള്‍ വീശി.

ഹിമവാനും, മേരുപര്‍വ്വതവും, ഗിരിശൃംഗങ്ങളും കൂടിച്ചേര്‍ന്ന്‌ വെള്ള, മഞ്ഞ, വെള്ളി ഈ നിറത്തില്‍ അനുക്രമം നൂറുയോജന വിസ്താരത്തില്‍ അവയുടെ ഉപരിഭാഗത്ത്‌ ആകാശത്തിലെത്തിയ ശുകന്‍ അവയെ വടക്കുദിക്കിലായി ഭംഗിയായി ദര്‍ശിച്ചു. ശങ്കവിട്ട്‌ ശുകന്‍ അങ്ങോട്ടുപോയി.

ഉടനെ പര്‍വ്വതശൃംഗങ്ങള്‍ രണ്ടും രണ്ടായി പിളര്‍ന്നു. അത്‌ ഒരു മഹാത്ഭുതമായി കാണപ്പെട്ടു. ഉടനെ ആ ശൈലശൃംഗങ്ങളില്‍ നിന്ന്‌ ശക്തിയോടെ , അവന്‍ പുറത്തേക്കു കുതിച്ചു. ശുകന്റെ ഊർദ്ധ്വഗതിക്ക്‌ ആ പര്‍വ്വതോത്തമന്‍ യാതൊരു വിഘ്നവും ഉണ്ടാക്കിയില്ല. ആകാശത്തു നിന്ന്‌ സര്‍വ്വദേവന്മാരും ഈ അത്ഭുതം കണ്ട്‌ ഉച്ചത്തില്‍ ആര്‍പ്പു വിളിച്ച്‌ അഭിനന്ദിച്ചു. ഗന്ധര്‍വ്വന്മാര്‍ക്കും, ഋഷീന്ദ്രന്മാര്‍ക്കും മറ്റ്‌ അദ്രിവാസികള്‍ക്കും അത്ഭുതം വളര്‍ത്തി. ശുകന്‍ മല പിളര്‍ന്നു പുറത്തു കടക്കുന്നത്‌ അവര്‍ നോക്കിക്കണ്ട്‌ അത്ഭുതപ്പെട്ടുപോയി. “നന്ന്‌! നന്ന്‌!" എന്ന ഘോഷം എല്ലാായിടത്തു നിന്നും പൊങ്ങി ഭാരതാ! ശുകന്‍ ദേവന്മാരാലും, ഗന്ധര്‍വ്വന്മാരാലും, ഋഷിമാരാലും പൂജിതനായി. യക്ഷന്മാരും രാക്ഷസന്മാരും വിദ്യാധരന്മാരും അവനെ പൂജിച്ചു. ആകാശത്തിലെങ്ങും ദിവ്യമായ പുഷ്പങ്ങള്‍ വാരി വിതറി. ചുറ്റും പുഷ്പവൃഷ്ടിയുണ്ടായി. ശുകന്റെ യാത്രയില്‍ രാജാവേ, എല്ലായിടത്തും ഹര്‍ഷാനുമോദനങ്ങള്‍ ഉണ്ടായി.

പിന്നെ ശുകന്‍ മേല്ലോട്ടുയര്‍ന്ന് പോകുമ്പോള്‍ ദേവഗംഗയായ മന്ദാകിനീ നദി ഇരുപുറത്തും പൂത്തു നില്ക്കുന്ന വൃക്ഷങ്ങളോടു കൂടി ശോഭിക്കുന്നത്‌ ധര്‍മ്മിഷ്ഠനായ ആ മുനിസത്തമന്‍ കണ്ടു. ആ ദേവഗംഗയില്‍ കാമത്തോടു കൂടി അപ്സരസ്ത്രീകള്‍ വസ്ത്രമില്ലാതെ കുളിക്കുന്നതായി  കണ്ടു. ദേഹമില്ലാത്തവരായ ആ ദേവ്രസ്തീകള്‍ ശുകനെക്കണ്ടു ലജ്ജിതരായി.

ശുകന്‍ പോയതറിഞ്ഞ്‌ സ്നേഹശീലനായ അച്ഛന്‍ മുഖ്യമായ ഗതി കൈക്കൊണ്ട്‌ പിന്നാലെ അവന് തുണയ്ക്കായി പാഞ്ഞു. എന്നാല്‍ ശുകന്‍ വായുവിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പാഞ്ഞ്‌ വായുമണ്ഡലം വിട്ടുയര്‍ന്ന്‌ തന്റെ പ്രഭാവം കാണിച്ചു. അവന്‍ ബ്രഹ്മത്തെത്തന്നെ തന്നില്‍ വെളിപ്പെടുത്തി. ശുകന്‍ മല പിളര്‍ന്നു പോകുന്നത്‌ വ്യാസന്‍ കണ്ടു. ഉടനെ നിമിഷം കൊണ്ടു വ്യാസന്‍ പുത്രനെ പിന്‍തുടര്‍ന്ന്‌ അവിടെ എത്തി. അപ്പോള്‍ മുനികള്‍ അവനോടു വ്യാസപുത്രന്‍ ചെയ്തതെല്ലാം പറഞ്ഞു. അപ്പോള്‍ “ശുകാ” എന്നു വ്യാസന്‍ മുറവിളി കൂട്ടി. അവന്‍ ഉച്ചസ്വരത്തില്‍ തന്നെത്താന്‍ മൂന്നു ലോകവും മുഴക്കി. ശുകന്‍ സര്‍വ്വഗനായി, സര്‍വ്വാത്മാവായി, സര്‍വ്വതോമുഖനായി (എല്ലാറ്റിലും തന്നെയും എല്ലാം തന്നിലും കാണുന്നവന്‍ ആരോ, അവന്‍ ബ്രഹ്മമായി പരിണമിക്കും. എല്ലാറ്റിലും ഉളളവനാണല്ലോ ബ്രഹ്മം. ആ ബ്രഹ്മം തന്നിലാകയാല്‍ താന്‍ സര്‍വ്വഗനായി). ധര്‍മ്മിഷ്ഠനായ അവന്‍ സകല ചരാചരങ്ങളിലും വ്യാപിച്ച ആത്മാവിനാല്‍ “ഭോ' ശബ്ദത്താല്‍ മുഴങ്ങുമാറ്‌ ഉത്തരം പറഞ്ഞു അവന്‍ ഏകാക്ഷരമായ നാദം “ഭോ” എന്ന്‌ ഉച്ചരിച്ചു. അപ്പോള്‍ ജഗത്തു മുഴുവന്‍ പ്രതിധ്വനി എന്ന പോലെ “ഭോ” എന്ന ഏകാക്ഷരം ഉച്ചരിച്ചു.

അന്നു മുതല്‍ ഇന്നും ആ ഗിരിഗഹ്വര പൃഷ്ഠത്തില്‍ ശബ്ദമുച്ചരിച്ചാല്‍ അവിടെ ശുകനെപ്പറ്റി പ്രതിദ്ധ്വനിയിലൂടെ ആ ഗിരിഗഹ്വരങ്ങള്‍ പറയും. ശുകന്‍ മറഞ്ഞു നിന്ന്‌ ആ പ്രഭാവം കാട്ടിയപ്പോള്‍ ശബ്ദാദികളായ സകലഗുണങ്ങളും വിട്ട്‌ അവന്‍ പരമമായ പദത്തെ പ്രാപിച്ചു. തേജസ്വിയായ പുത്രന്റെ മഹത്വം ദര്‍ശിച്ച്‌ പുത്രനെത്തന്നെ ചിന്തിച്ച്‌ ഗിരിപ്രസ്ഥത്തില്‍ വ്യാസന്‍ ഇരുന്നു.

പിന്നെ മന്ദാകിനിയുടെ തീരത്തു ക്രീഡിക്കുന്ന നഗ്നരുപികളായ അപ്സരസ്സുകൾ ആ മുനീന്ദ്രന്‍ വന്നതു കണ്ട്‌, അവര്‍ എല്ലാവരും ഉള്ളു കൊണ്ട്‌ ലജ്ജയാല്‍ ഉഴന്നു. ചിലര്‍ വെളളത്തില്‍പ്പോയി ഒളിച്ചു. ചിലര്‍ വള്ളിക്കുടിലിലേക്കോടി. ചിലര്‍ ഓടിച്ചെന്നു വസ്ത്രം വലിച്ചു വാരിയുടുത്തു. മുനിയെക്കണ്ടപ്പോള്‍ അവര്‍ ലജ്ജിച്ചു സംഭ്രമിച്ച്‌ ഇങ്ങനെ നാണം മറയ്ക്കുവാന്‍ ശ്രമിച്ചു. മുനി ഓര്‍ത്തു: മകന്റെ മുക്തഭാവം തന്നേക്കാള്‍ ഉയര്‍ന്നതു തന്നെ. ഈ അപ്സരസ്ത്രീകള്‍ തന്നെ ക്കണ്ടിട്ടു ലജ്ജിക്കുവാന്‍ കാരണം തന്നില്‍ നിന്നു ലൗകികത്വം വിട്ടുപോയിട്ടില്ല. മകനാണെങ്കില്‍ അതെല്ലാം വിട്ടു ബഹുദൂരം പോയിരിക്കുന്നു എന്നു മഹര്‍ഷിക്കു ബോദ്ധ്യമായി. തന്റെ സക്തതയും മകന്റെ മുക്തഭാവവും മുനി മനസ്സിലാക്കി. മുനിക്കു ലജ്ജ തോന്നി.

ദേവഗന്ധര്‍വ്വമുനിമാര്‍ സേവിക്കുന്ന ഭഗവാന്‍ ശങ്കരന്‍, പിനാക പാണിയായ മഹാദേവന്‍ വ്യാസന്റെ മുന്നിലെത്തി ഇപ്രകാരം ശാന്തിപൂര്‍വ്വം പറഞ്ഞു: “അഗ്നി, ഭൂമി, ജലം, വായു, നഭസ്സ്‌ എന്നിവയ്ക്കു തുല്യം വീര്യവാനായ പുത്രനെ ലഭിക്കുവാന്‍ നീ എന്നോടു വരം ആവശ്യപ്പെട്ടില്ലേ? അപ്രകാരമുളള പുത്രനെ നീ തപസ്സു കൊണ്ടു നേടി. എന്റെ പ്രസാദത്താല്‍ ബ്രഹ്മതേജോമയനും ശുചിയുമായി അവന്‍ ഭവിച്ചു. അജിതേന്ദ്രിയവും, ദേവകള്‍ക്കുപോലും ദുഷ്പ്രാപ്യവുമായ പദം അവന്‍ പ്രാപിച്ചു. ദേവര്‍ഷേ, അത്രയും ഉന്നതമായ പദത്തെ പ്രാപിച്ച അവരെപ്പറ്റി എന്തിന് നീ ദുഃഖി ക്കുന്നു? ശൈലങ്ങള്‍ എത്രകാലം നിലക്കുമോ, അത്രകാലത്തോളം, സമുദ്രം എത്ര കാലം നിൽക്കുമോ അത്ര കാലത്തോളം പുത്രനോടു കൂടിയ നിന്റെ കീര്‍ത്തി നിലനില്ക്കും. പലരും പാടി സ്തുതിക്കും. എങ്ങും മായാതെ പുത്രന്റെ സദൃശമായ ഛായ എപ്പോഴും ഭവാന്‍ ഈ ലോകത്തില്‍ എന്റെ പ്രസാദത്താല്‍ കാണുന്നതാണ്‌ മഹാമുനേ!”

രുദ്രദേവന്റെ അനുനയം കൈക്കൊണ്ട്‌ വ്യാസമുനി തന്റെ പുത്രന്റെ ഛായ കണ്ട്‌ വളരെ സന്തോഷത്തോടെ തിരിച്ചു.

ശുകന്റെ ജന്മവും ഊർദ്ധ്വഗതിയും ഇപ്രകാരം ഞാന്‍ വിസ്തരിച്ചു പറഞ്ഞു. ഭവാന്‍ ചോദിച്ചത്‌ ഇത് തന്നെയാണല്ലോ. ഈ കഥ എന്നോട്‌ മുമ്പേ രാജര്‍ഷിയായ നാരദനാണ്‌ ഉപദേശിച്ചത്‌. മഹായോഗിയായ വ്യാസനും സംസാരത്തില്‍ അടിക്കടി മോക്ഷധര്‍മ്മം ചേര്‍ന്നു വിളങ്ങുന്ന ഈ പുണ്യകഥ കേട്ടു ധരിക്കുവാന്‍ വേണ്ടി പറഞ്ഞു തന്നു. അതുകേട്ടു ധരിക്കുന്നവന്‍ സമപരനായി പരമമായ ഗതിയെ പ്രാപിക്കുന്നതാണ്‌.

മോക്ഷധര്‍മ്മാനുശാസനപര്‍വ്വം

അദ്ധ്യായം 335. നാരായണീയം - അങ്ങ്‌ യജിക്കുന്നത്‌ ഏതു ദേവനെയാണ്‌ എന്നു ചോദിക്കുന്ന നാരദനോട്‌ നാരായണന്‍ പറയുന്ന മറുപടി - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ഗൃഹസ്ഥന്മാരും, (ബ്രഹ്മചാരികളും, വാനപ്രസ്ഥന്മാരും, യതീശ്വരന്മാരും, ഏതേതു ദേവതയെയാണ്‌ സേവിക്കേണ്ടത്‌ അവര്‍ക്കു സിദ്ധിയെ പ്രാപിക്കുവാന്‍? എന്തു ചെയ്താല്‍ സ്ഥിരമായ സ്വര്‍ഗ്ഗം ലഭിക്കും? എന്തു ചെയ്താല്‍ ഏറ്റവും പരമമായ മോക്ഷം ലഭിക്കും? ഏതുവിധം ഹോമമാണ്‌ ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും ചെയ്യേണ്ടത്‌? മുക്തനായവന്‍ പിന്നെ ഏതു ലോകത്തിലാണ്‌ എത്തുക? മോക്ഷം എന്നത്‌ എന്താണ്‌? അതിന്റെ ശരിയായ സാരമെന്താണ്‌? സ്വര്‍ഗ്ഗത്തിൽ എത്തിക്കഴിഞ്ഞാല്‍ പിന്നെ അവിടം വിട്ടു വീണ്ടും ഭൂമിയില്‍ ജന്മമെടുക്കുന്നതിന്‌ മടങ്ങി വരാതിരിക്കുവാന്‍ എന്തു കര്‍മ്മമാണ്‌ ഈ ജന്മത്തില്‍ ചെയ്യേണ്ടത്‌? ദേവന്മാര്‍ക്കും ദേവനായവന്‍ ആരാണ്‌? പിതൃക്കള്‍ക്കും പിതാവായത്‌ ആരാണ്‌? അവനേക്കാള്‍ മേലെയായി എന്തുണ്ട്‌? അതൊക്കെ ഒന്നു വിശദമായി പറഞ്ഞു തരണേ! പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: അല്ലയോ വത്സാ! നീ സമര്‍ത്ഥന്‍ തന്നെ. ചോദ്യം വേണ്ട മാതിരി ചോദിച്ചു കാര്യം ഗ്രഹിക്കുവാന്‍ നിനക്കുള്ള മിടുക്കിനെ ഞാന്‍ പ്രശംസിക്കുന്നു. അല്ലയോ ശുദ്ധാത്മാവേ! നീ ചോദിച്ച ചോദ്യത്തിന്നുള്ള ഉത്തരം ശരിക്കും അതിന്റെ യുക്തിയോടു കൂടി പറഞ്ഞു കേള്‍പ്പിക്കുവാന്‍ ഒരു നൂറ്റാണ്ടു കൊണ്ടും സാധിക്കുന്നതല്ല. അത്ര ഗഹനവും വിസ്തൃതവുമാണ്‌ അതിന്റെ മറുപടി. നാരായണന്റെ അനുഗ്രഹം കൂടാതെ, രാജാവേ, വലിയ ജ്ഞാനവും കൂടാതെ, അങ്ങയുടെ ചോദ്യത്തിനുള്ള മറുപടി പറയുവാന്‍ അല്ലയോ ശത്രുഹന്താവേ, ആരും ശക്തനാവുകയില്ല. എങ്കിലും ഗഹനമായ ആഖ്യാനം ഞാന്‍ നിന്നോടു പറയാം. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥയുണ്ട്‌. അത്‌ പണ്ട്‌ നാരായണനും നാരദനും: തമ്മില്‍ നടന്ന സംഭാഷണമാണ്‌. ഞാന്‍ ആ കഥ എന്റെ അച്ഛന്‍ പറഞ്ഞു കേട്ടതാണ്‌. കഥ കേട്ട മാതിരി ഞാന്‍ പറയാം രാജാവേ!

പണ്ട്‌ കൃതയുഗത്തില്‍ സ്വയംഭൂ മമ്പന്തരത്തില്‍ ശാശ്വ തനായ നാരായണന്‍, ഈ അഖില പ്രപഞ്ചത്തിന്റേയും ആത്മാവായ ദേവന്‍, ധര്‍മ്മ'ന്റെ പുത്രനായി നാലുരൂപമെടുത്ത്‌ ജനിച്ചു. നരന്‍, നാരായണന്‍, ഹരി, കൃഷ്ണന്‍ ഇങ്ങനെ ഒരാള്‍ നാലു പേരായി വിളങ്ങി. അവരില്‍ നാരായണനും നരനും സുവര്‍ണ്ണ രഥത്തില്‍ കയറി ഹിമാലയത്തിലെ ബദര്യാശ്രമത്തില്‍ എത്തി അതികഠിനമായ തപസ്സു ചെയ്തു. അവരുടെ രണ്ടു രഥത്തില്‍ ഓരോന്നിനും എട്ടു ചക്രങ്ങള്‍ ഉണ്ട്‌. ആ എട്ടു ചക്രങ്ങള്‍ ഉണ്ടാക്കിയത്‌ പഞ്ചഭൂതങ്ങളാലാണ്‌. മനോഹരമാണ് താനും. (ഇവിടെ സുവര്‍ണ്ണരഥം എന്നു പറഞ്ഞിരിക്കുന്നത്‌ അവരുടെ രക്തമാംസത്തോട് കൂടിയ ദേഹത്തെയാണ്‌. ശരീരത്തെയാണ്‌ രഥമെന്നു പറഞ്ഞിട്ടുളളത്‌. അത്‌ ആത്മാവിന്റെ മാത്രമല്ല വേറെയും ചില ശക്തിയുടെ സഹായത്തോടെയാണ്‌ ഓടുന്നത്‌. ആത്മാവ്‌ നിഷ്ക്രിയനാണ്‌. സ്വര്‍ണ്ണരഥമാക്കിയത്‌ അതിനോട്‌ എല്ലാവര്‍ക്കും മതിപ്പും ഇഷ്ടവും ഉളളത് കൊണ്ടാണ്‌. എട്ടു ചക്രങ്ങള്‍ അവിദ്യ മുതലായ തമോഗുണ പ്രകൃതികളാണ്‌.) അങ്ങനെ ആദ്യലോകേശന്മാരായ അവര്‍ (നാരായണന്മാര്‍) തപസ്സു ചെയ്ത്‌ കൃശന്മാരായി ഞരമ്പുകള്‍  പിടഞ്ഞ മട്ടില്‍ നില്ക്കുന്ന അവരുടെ തേജസ്സേറിയ മുഖത്ത്‌ നോക്കുവാന്‍ സുരന്മാര്‍ക്ക് പോലും കഴിയാതായി. അത്ര ദുര്‍ന്നിരിക്ഷ്യമായ തേജസ്സിനെ അവന്‍ നേടി. ഏതൊരു ദേവനില്‍ അവന്‍ പ്രസാദിക്കുന്നുവോ, ആ ദേവന്‍ അവരെ ചെന്നു കാണും. അപ്പോള്‍ മാത്രമേ കാണുവാന്‍ ദേവന്മാര്‍ക്കു കഴിഞ്ഞുള്ളു. അങ്ങനെ ഒരു ദിവസം നാരദന്‍ അവരില്‍ ഭക്തിയോടെ, ഹൃദയത്തില്‍ അവരുടെ സമ്മതത്തോടെ ഹൃദപ്രചോദിതനായ നാരദന്‍, തപോവ്രതന്മാരായ നരനാരായണന്മാരെ കാണുവാന്‍, നാനാലോകവും ചുറ്റിക്കറങ്ങുന്നതിന് ഇടയ്ക്ക്‌, മേരുശൃംഗത്തില്‍ നിന്ന് കീഴോട്ടിറങ്ങി വന്ന്‌, ബദര്യാശ്രമത്തിലെത്തി. ആ നരനാരായണന്മാരുടെ “ആഗ്നിക"ത്തില്‍ (ഹോമക്രിയാദികളില്‍) നാരദന് കൌതുകം ജനിച്ചു. “ഇതാണല്ലോ എല്ലാറ്റിന്നും ആസ്പദമായിട്ടുളളത്‌. ലോകര്‍ എല്ലാം ഇതിലാണല്ലോ ആശ്രയിച്ചു നില്ക്കുന്നത്‌. ദേവന്മാരും, ദാനവന്മാരും, ഗന്ധര്‍വ്വന്മാരും, അഹികളും, ലോകം മുഴുവന്‍ തന്നെ ഉണ്ടായത്‌ ഇവനില്‍ നിന്നാണല്ലോ. ആദിയില്‍ ഈ ദൈവം ഒറ്റമൂര്‍ത്തിയായി നിന്നു. പിന്നെ ആ ഏകമൂര്‍ത്തി തന്നെ നാലു രൂപത്തില്‍ പ്രത്യക്ഷമായി ജന്മമെടുത്തു. ധര്‍മ്മത്തിന്റെ പ്രചരണത്തിന് വേണ്ടിയാണ്‌ നാലു രൂപം കൈക്കൊണ്ടത്‌. ധര്‍മ്മത്തിന്റെ കുലസന്താനമായി ധര്‍മ്മത്തെ വര്‍ദ്ധിപ്പിക്കുവാന്‍ നാല്‌ രൂപമെടുത്തിരിക്കുന്നു. അമ്പോ! അത്ഭുതം ഈ ദേവന്മാര്‍ നാലുപേരും ധര്‍മ്മനെ അനുഗ്രഹിച്ചിരിക്കുന്നു.

നരനാരായണന്മാരും കൃഷ്ണനും ഹരിയും, എന്നീ നാലുപേരില്‍ കൃഷ്ണനും ഹരിയും മറ്റെന്തോ കാര്യം നിര്‍വ്വഹിക്കുവാന്‍ നില്ക്കുന്നു. ധര്‍മ്മോത്തരന്മാരായ നാരായണന്മാര്‍ തപനസ്സിലും നില്ക്കുന്നു. ഇവരാണ്‌ പരമമായ ധാമം. ഇവര്‍ക്ക്‌ എന്താണ്‌ പിന്നെ ആഗ്നികമായ ക്രിയ ചെയ്യേണ്ടത്‌? ഇവര്‍ എല്ലാവര്‍ക്കും പിതാക്കന്മാരാണ്‌. യശസ്വികളായ ഇവര്‍ തന്നെയാണ്‌ ദൈവമെന്നു പറയുന്നത്‌. ഇവര്‍ ഏത്‌ സുരരെ സേവിക്കുന്നു! അവരേക്കാള്‍ യോഗ്യരായ ഏത്‌ പിതൃക്കളെ ഇവര്‍ സേവിക്കുന്നു? ഇപ്രകാരം ഉള്ളു കൊണ്ടു ചിന്തിച്ച്‌ നാരായണനിലുള്ള ഭക്തി കൊണ്ട്‌ ആ രണ്ടു ദേവന്മാരുടെ മുമ്പില്‍ നാരദന്‍ വെളിവായി ചെന്നു. അപ്പോള്‍ ആ ദേവന്മാര്‍ ദൈവകര്‍മ്മങ്ങളും പിതൃകര്‍മ്മങ്ങളും അഗ്നി ജ്വലിപ്പിച്ചു ചെയ്യുകയായിരുന്നു. അത്‌ നാരദന്‍ കണ്ടു. ആ കർമ്മങ്ങളില്‍ നിന്നു വിരമിച്ച ശേഷം അവര്‍ നാരദനെ കണ്ടു, അവര്‍ യഥാവിധി യഥാന്യായം പൂജിച്ചതും കൈക്കൊണ്ടു. നാരദന്‍ അവരുടെ പൂജ കണ്ട്‌ അത്ഭുതപ്പെട്ടു. അവര്‍ ദൈവത്തിന്നും പിതൃക്കള്‍ക്കുമാണ്‌ വിധിപ്രകാരം പൂജ ചെയ്യുന്നത്‌. നാരദന്‍ അവരുടെ അനുവാദത്തോടെ സമീപത്തിരുന്നു. സന്തോഷിച്ച്‌ ഭഗവാനായ നാരദമഹര്‍ഷി നാരായണനെ നോക്കി പ്രസന്ന മാനസനായി കുമ്പിട്ട്‌ മഹാദേവനോട്‌ ഇപ്രകാരം പറഞ്ഞു.

നാരദന്‍ പറഞ്ഞു: വേദങ്ങളിലും പുരാണങ്ങളിലും, അംഗങ്ങളിലും, ഉപാംഗങ്ങളിലുമെല്ലാം അല്ലയോ ദേവാ! അങ്ങയെ സ്തുതിച്ച്‌ ഗാനം ചെയ്യുന്നു. അങ്ങാണല്ലോ എല്ലാറ്റിന്റേയും സൃഷ്ടികര്‍ത്താവ്‌. അങ്ങ്‌ അജനാണ്‌ (ജനിക്കാത്തവനാണ്‌) ശാശ്വതനാണ്‌. അഖില ലോകത്തിനും മാതാവ്‌ അങ്ങയാണ്‌. അനശ്വരതയുടെ രൂപമാണല്ലോ അങ്ങ്‌. എല്ലാറ്റിനേക്കാളും ഉപരിയായി വിളങ്ങുന്നത്‌ നാരായണാ! അങ്ങനെയാണല്ലോ. ഭൂതകാലവും ഭാവികാലവും ഈ പ്രപഞ്ചം മുഴുവനും അങ്ങയിലാണല്ലോ സ്ഥിതി ചെയ്യുന്നത്‌. ഗാര്‍ഹസ്ഥ്യത്തെ ആശ്രയിച്ച്‌ നില്ക്കുന്ന നാലാശ്രമങ്ങളും അങ്ങയെ, നാനാമൂര്‍ത്തിയോട് കൂടിയ അങ്ങയെ, യജിക്കുന്നു. ഈ ലോകത്തിന്‌ അങ്ങാണല്ലോ മാതാവും പിതാവും. ലോകത്തിന് ശാശ്വതനായ ഗുരുവും ഭവാനാണല്ലോ. അങ്ങനെയുളള ഭവാന്‍ മറ്റൊരു ദേവനെ ഭജിക്കുന്നത്‌ ഞാന്‍ അറിഞ്ഞില്ല. ഏതു ദേവനേയും ഏതു പിതൃക്കളേയുമാണ്‌ ഭവാന്‍ യജിക്കുന്നത്‌? അറിയുവാന്‍ ആഗ്രഹമുണ്ട്‌ ദേവാ!

ശ്രീ ഭഗവാന്‍ പറഞ്ഞു: എടോ നാരദാ, പറയാന്‍ വയ്യാത്ത അവ്യക്തമായ കാര്യമാണിത്‌. അത്‌ ഒരു സനാതനമായ ആത്മരഹസ്യമാണ്‌. അല്ലയോ ബ്രാഹ്മണാ, നീ എന്നില്‍ ഭക്തനായത് കൊണ്ട്‌ ഞാന്‍ ആ രഹസ്യം ശരിക്ക്‌ നിന്നോടു പറയാം. എന്താണോ സൂക്ഷ്മമായി, അവിജേഞയമായി, അവ്യക്തമായി, അചലമായി, ധ്രുവമായി, ഇന്ദ്രിയം, വിഷയം, ഭൂതങ്ങള്‍ ഇവയൊന്നും കൂടാത്തതായി, ഭൂതങ്ങള്‍ക്കൊക്കെ അന്തരാത്മാവായി നില്ക്കുന്നവന്‍, അവനാണ്‌ "ക്ഷേത്രജ്ഞന്‍". ഗുണത്രയങ്ങള്‍ (സത്വം, രജസ്സ്‌, തമസ്സ്‌) വിട്ടു കുവിഞ്ഞു നില്ക്കുന്ന അവനെ പുരുഷന്‍ എന്നു കല്പിക്കുന്നു. അവനില്‍ നിന്ന്‌ അവ്യക്തം ഉണ്ടായി. അതിന് സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ മൂന്നു ഗുണങ്ങളുമുണ്ട്‌. ശരിക്ക്‌ പറയുകയാണെങ്കില്‍ അവ്യക്തയായ അവള്‍ തന്നെയാണ്‌ “പ്രകൃതി”. നാശമില്ലാത്തവളാണ്‌ പ്രകൃതി. അവള്‍ എല്ലാ വ്യക്തഭാവങ്ങളുടെ രൂപത്തേയും കൈക്കൊള്ളുന്നു. ആ പ്രകൃതിയില്‍ നിന്നാണ്‌ ഞങ്ങള്‍ രണ്ടുപേരും ഉണ്ടായത്‌. എങ്ങും വ്യാപിച്ച ആത്മാവ്‌, എല്ലാറ്റിനും ഉത്ഭവസ്ഥാനം, എല്ലാ സത്തുക്കള്‍ക്കും അസത്തുക്കള്‍ക്കും സ്രഷ്ടാവായി വിളങ്ങുന്നവന്‍ ആരോ, അവനെ, ഞങ്ങള്‍ പൂജിക്കുന്നു. അവനാണ്‌ ഞങ്ങള്‍ക്കു ദൈവം. അവനാണ്‌ ഞങ്ങള്‍ക്കു പിതാവ്‌. അവനല്ലാതെ വേറെ പിതാവും ദേവനുമില്ല. നമുക്ക്‌ ആത്മാവായി നമ്മില്‍ നില്ക്കുന്നത്‌ അവനാണ്‌. ഇപ്പോള്‍ കാര്യം മനസ്സിലായോ? അതുകൊണ്ടാണ്‌ ഞാന്‍ അവനെ പൂജിക്കുന്നത്‌?

അവനാണ്‌ ലോകത്തിലുളളവര്‍ നടക്കേണ്ട മര്യാദ നിശ്ചയിച്ചത്‌. ദൈവങ്ങളേയും, പിതൃക്കളേയും ആരാധിക്കുക എന്ന മര്യാദ അവന്‍ നിശ്ചയിച്ചതാണ്‌. ബ്രഹ്മാവ്‌, സ്ഥാണു, മനു, ദക്ഷന്‍, ഭൃഗു, ധര്‍മ്മന്‍, യമന്‍, മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍, പരമേഷ്ഠി, കന്‍, വിവസ്വാന്‍, സോമന്‍, കര്‍ദ്ദമന്‍, ക്രോധന്‍, അവാക്രീതന്‍ ഇങ്ങനെ ഇരുപത്തിയൊന്നു പേരാണ്‌ പ്രജാപതികള്‍. ഇവര്‍ ആ ദേവന്‍ വെച്ച മര്യാദ പ്രകാരം അര്‍ച്ചന ചെയ്യുന്നു. അവന്റെ തത്വം മനസ്സിലാക്കി ദൈവവും പിത്ര്യവും അറിഞ്ഞ്‌ ആ ദ്വിജോത്തമന്മാര്‍ ആത്മപ്രാപ്തങ്ങളെ പ്രാപിക്കുന്നു. അവരുടെ ആഗ്രഹങ്ങള്‍ ഈ ദേവനെ പൂജിച്ച്‌ നേടുന്നു. ദേഹികള്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ദേവന്മാരേയും പുജിക്കാറുണ്ട്‌. അവര്‍ പ്രസാദിച്ചു നല്കുന്ന സല്‍ഗതി അവര്‍ ഏല്ക്കുന്നു. പതിനേഴു ഗുണങ്ങളും കര്‍മ്മങ്ങളും വിട്ടൊഴിഞ്ഞവന്‍, പത്തും അഞ്ചും കലകളും വിട്ടവന്‍ മുക്തനാകും; സംശയമില്ല. (അഞ്ച്‌ ജ്ഞാനേന്ദ്രിയങ്ങളും, അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും, അഞ്ചു വായുക്കളും, മനസ്സും, ബുദ്ധിയും ഇങ്ങനെ പതിനേഴുകൂട്ടം). അല്ലയോ ബ്രാഹ്മണാ, മുക്തന്മാര്‍ക്കുളള ഗതിയായി കൽപിക്കപ്പെടുന്നത്‌ "ക്ഷേത്രജ്ഞന്‍" ആകുന്നു. എല്ലാവരും മോക്ഷത്തെ ആഗ്രഹിക്കുന്നുണ്ടല്ലോ. ജീവിതയാത്രയുടെ അവസാനം അവനില്‍ ചെന്നെത്താനാണ്‌ ജീവികള്‍ ആഗ്രഹിക്കുന്നത്‌. വേദത്തില്‍ അവനെ സഗുണനായും നിര്‍ഗുണനായും വര്‍ണ്ണിക്കുന്നു. ജ്ഞാനം കൊണ്ടു മാത്രമേ അവനെ പ്രാപിക്കുവാന്‍ കഴിയുകയുളളു. ആ മാര്‍ഗ്ഗത്തില്‍ ചിന്തിച്ചറിഞ്ഞ്‌ ഞങ്ങള്‍ ആ അവ്യയാത്മാവിനെ, സര്‍വ്വാത്മാവിനെ യജിക്കുന്നു. ജ്ഞാനയോഗത്താല്‍ ഞങ്ങള്‍ അവനെ കാണുന്നു. ഞങ്ങള്‍ അങ്ങു നിന്ന്‌ പോന്നവരാണ്‌. ഇതു നല്ലപോലെ ധരിച്ച്‌ ആ ശാശ്വതാത്മാവിനെ ഞങ്ങള്‍ പൂജിക്കുകയാണ്‌.

നാനാമതങ്ങളോട് കൂടിയ വേദങ്ങളും, നാലാശ്രമങ്ങളും അവനെ ഭക്തിയോടെ പൂജിക്കുന്നു. അവര്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗം അവന്‍ ദാനം ചെയ്യുന്നു. ഈ ലോകത്തില്‍ ഏതൊരു പുരുഷന്‍ അതിനെ ഭാവനം ചെയ്യുന്നുവോ. ആ ആത്മാവിന്റെ വീര്യം ഉള്‍ക്കൊളളുന്നുവോ, പൂര്‍ണ്ണഭക്തിയോടെ അതിനെ പൂജിക്കുന്നുവോ, തന്നേക്കാള്‍ ഉയര്‍ന്ന ഒരു നിലയില്‍ അവനില്‍ ചെന്നു ചേര്‍ന്ന്‌ ലയിക്കും. അല്ലയോ നാരദ ഏതാണോ ഏറ്റവും ഗൂഢമായ, അജ്ഞാതമായ കാര്യം, അതു ഞാന്‍ നിനക്കു വൃക്തമാക്കിത്തന്നു. നീ എന്നില്‍ ഭക്തനാണ്‌. നീ ചോദിച്ചതിന്‌ ഞാന്‍ പറഞ്ഞ മറുപടി നീ ഭക്തിപൂര്‍വ്വം ഗ്രഹിച്ചിരിക്കുന്നു.

അദ്ധ്യായം 336. നാരായണീയം - നാരദന്‍ ശ്വേതദ്വീപ്‌ സന്ദര്‍ശിക്കുന്നു - ഭീഷ്മൻ പറഞ്ഞു: രണ്ടു പാദങ്ങള്‍ ഉള്ളവരില്‍ ശ്രേഷ്ഠനായ മഹര്‍ഷി വര്യന്‍ (നാരദന്‍) നരാഗ്ര്യനായ നാരായണന്റെ വാക്കു കേട്ട്‌, ജഗത്തിന്റെ ഹിതത്തിനായി നാരായണനോട്‌ ഇപ്രകാരം പറഞ്ഞു.

നാരദന്‍ പറഞ്ഞു: ഭവാന്‍ ആത്മപ്രഭാവത്താല്‍ നാലു രൂപത്തില്‍ ധര്‍മ്മന്റെ ഗൃഹത്തില്‍ പിറന്നുവല്ലോ. അത്‌ എന്തിനായിട്ടാണ്‌? ഞാന്‍ ഇപ്പോള്‍ അതോര്‍ത്ത്‌ അങ്ങയുടെ മഹത്ത്വം കാണുന്നതിന് വേണ്ടി, ലോകരുടെ ഹിതത്തിന് വേണ്ടി, ഭവാന്റെ പ്രകൃതിയുടെ സാരം ഗ്രഹിക്കുവാന്‍, ശരിയായ രൂപം ഗ്രഹിക്കുവാന്‍ ഇതാ പോകുന്നു (ശ്വേതദ്വീപിലേക്ക്‌ പോകുന്നു).

ഞാന്‍ എല്ലായ്പോഴും എന്നേക്കാള്‍ മൂത്തവരെ വന്ദിക്കുന്നവനാണ്‌. ഞാന്‍ ഒരിക്കലും അന്യന്റെ രഹസ്യം വെളിച്ചത്താക്കുന്നവനല്ല. അല്ലയോ, പ്രപഞ്ച കര്‍ത്താവേ! ഞാന്‍ വേദങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചിട്ടുണ്ട്‌. ഞാന്‍ കഠിനമായി തപസ്സ് ചെയ്തിട്ടുണ്ട്‌. ഞാന്‍ ഒരിക്കലും വ്യാജം പറഞ്ഞിട്ടില്ല. വേദത്തില്‍ പറഞ്ഞ പ്രകാരം ഞാന്‍ നാലുകൂട്ടം വര്‍ജ്ജ്യങ്ങളെ വര്‍ജ്ജിച്ചിട്ടുളളവനാണ്‌. (നാലുവര്‍ജ്ജ്യങ്ങള്‍ കൈയ്‌, കാല്‌, വയറ്‌, ഉല്‍പ്പാദനേന്ദ്രിയം ഇവയാലുളള അന്യായ പ്രവൃത്തികള്‍ - ചീത്ത കര്‍മ്മങ്ങളില്‍ നിന്ന്‌ കൈയിനെ രക്ഷിക്കുക, ചീത്ത സ്ഥലത്ത്‌ ചവിട്ടാതെ, അനര്‍ഹമായേടത്ത്‌ കയറാതെ കാലിനെ രക്ഷിക്കുക, അന്യന്റെ അനര്‍ഹമായ ആഹാരം കഴിക്കുന്നതില്‍ നിന്നും ഭക്ഷണക്കൊതി മുലം അപഹരിച്ചു ഭക്ഷിക്കുന്നതില്‍ നിന്നും വയറിനെ രക്ഷിക്കുക, അന്യായമായും പരസ്ത്രീ സംഗത്തില്‍ നിന്നും ഉല്‍പ്പാദനേന്ദ്രിയത്തെ രക്ഷിക്കുക). ശത്രുക്കളോടും മിത്രങ്ങളോടും ഞാന്‍ സമഭാവനയുളളനാണ്‌. ആദിദേവനെ ആശ്രയിച്ച്‌ ഏകാന്ത ഭാവത്തോടെ എപ്പോഴും സ്വീകരിക്കുന്നവനാണ്‌. ഇപ്രകാരം ഹൃദയശുദ്ധി വന്ന എനിക്ക്‌ പ്രത്യേകമായ ഒരു മേന്മ ഇല്ലേ? ഈയുളളവന്ന്‌ ഈ പ്രപഞ്ച നാഥനെ ശരിയായ രൂപത്തില്‍ ഒരു നോക്കു കാണുവാന്‍ കഴിയുകയില്ലെന്ന്‌ വരുമോ? എനിക്ക്‌ അതിനുള്ള അര്‍ഹതയില്ല?

ഇപ്രകാരം പരമേഷ്ഠീപുത്രനായ (ബ്രഹ്‌മാവിന്റെ പുത്രൻ) നാരദന്‍ പറഞ്ഞപ്പോള്‍ ശാശ്വതധര്‍മ്മത്തെ പാലിക്കുന്നവനായ നാരായണന്‍ പറഞ്ഞു. "നാരദാ, പോവുക!" എന്ന്‌. പോകുന്നതിന് മുമ്പായി നാരദനെ നാരായണന്‍ ശാസ്ത്രത്തില്‍ പറഞ്ഞ വിധി പ്രകാരം പൂജിച്ചു. നാരദനും ആ ആദിഋഷിയെ വിധിപ്രകാരം പൂജിച്ചു. അങ്ങനെ അവര്‍ പരസ്പരം പൂജ നല്കുകയും പൂജ സ്വീകരിക്കുകയും ചെയ്തു. അതിന് ശേഷം ബ്രഹ്മപുത്രനായ നാരദന്‍ അവിടെ നിന്നു പോയി.

യോഗത്തില്‍ പ്രവേശിച്ചവനായ നാരദന്‍ പെട്ടെന്ന്‌ നഭസ്സിലേക്കുയര്‍ന്നു. മേരുവില്‍ ചെന്ന്‌ അവിടെ യോഗത്തില്‍ ലയിച്ചു. മേരുവിന്റെ മുകളില്‍, ആ ഗിരീന്ദ്രന്റെ ശൃംഗത്തില്‍ ഏകനായി ഒട്ടുസമയം നിന്നു. അങ്ങനെ അവിടെ നിന്ന്‌ വടക്കു പടിഞ്ഞാറു ഭാഗത്തേക്കു കണ്ണോടിച്ചു. പറഞ്ഞ വിധം അത്ഭുതം ദര്‍ശിച്ചു. ക്ഷീരസാഗരത്തിന്റെ വടക്കു ഭാഗത്തായി ശ്വേതദ്വീപ്‌ എന്നു പ്രസിദ്ധമായി വിശാലമായ ഒരു ദ്വീപുണ്ട്‌. ജ്ഞാനികള്‍ പറയുന്നു, മേരുവില്‍ നിന്ന്‌ അവിടേക്കുള്ള ദൂരം മുപ്പത്തീരായിരം യോജനയാണെന്ന്‌. അവിടെ അധിവസിക്കുന്നവര്‍ക്ക്‌ ഇന്ദ്രിയങ്ങളില്ല (പഞ്ചേന്ദ്രിയങ്ങള്‍). അവര്‍ ഒരു തരത്തിലുളള ഭക്ഷണവും കഴിക്കുകയില്ല. അവരുടെ കണ്ണുകള്‍ ഇമവെട്ടാത്തവയാണ്‌. അവരുടെ ദേഹത്തില്‍ നിന്ന്‌ എപ്പോഴും ഹൃദയം കവരുന്ന സരരഭ്യം പുറപ്പെടുന്നു. യാതൊരു പാപവും ചെയ്യാത്ത പുണ്യാത്മാക്കളാണ്‌ അവരെല്ലാം. അവരുടെ നിറം ശുദ്ധവെളളയാണ്‌. പാപികളായ ജനങ്ങള്‍ അവരെ നോക്കിയാല്‍ ഉടനെ കണ്ണുകള്‍ പൊട്ടിത്തെറിച്ചു പോകും. കാഴ്ച നഷ്ടപ്പെടും. അവരുടെ എല്ലും ശരീരവും ഇടി പോലെ (വജ്രം പോലെ) കഠിനമാണ്‌, അവര്‍ക്ക്‌ ബഹുമാനവും അപമാനവും പ്രശ്നമല്ല. രണ്ടും തുല്യമാണ്‌. ഒന്നിലും ആശയോ, നിരാശയോ ഇല്ല. അവരെക്കണ്ടാല്‍ ദിവ്യാന്വയഭൂതരായി തോന്നും, ശുഭസാരം കലര്‍ന്നവരാണ്‌. അവരുടെ തല കണ്ടാല്‍ കുട നിവര്‍ത്തിയ മാതിരിയാണ്‌. അവരുടെ ശബ്ദം ഇടിനാദം പോലെയാണ്‌. ഓരോരുത്തനും നന്നാലു ചുമലുകളുണ്ട്‌, അംഗദങ്ങളുണ്ട്‌. താമരപ്പൂ പോലെയുളള പാദങ്ങളില്‍ നൂറു വരകള്‍ ഉളളംകാലില്‍ കാണാം. അവര്‍ക്ക്‌ അറുപതു ശുഭ്രമായ പല്ലുകളുണ്ട്‌. എട്ടു ദംഷ്ട്രകളുമുണ്ട്‌. അവര്‍ക്ക്‌ വളരെ നാവുകളും ഉണ്ട്‌. ആ നാവുകൊണ്ട്‌ അവര്‍ സൂര്യനെ പോലും നക്കുമോ എന്ന്‌ തോന്നിപ്പോകും. അവരുടെ മുഖം പമ്പരം പോലെ എല്ലാ ഭാഗത്തേക്കും തിരിയും. ഈ പ്രപഞ്ചം മുഴുവന്‍ വേദവും, ദേവന്മാരും, ശാന്തരായ മുനികളും ആരില്‍ നിന്ന് ഉത്ഭവിച്ചുവോ, ആ അഖിലാണ്ഡ നായകനായ പരമാത്മാവിനെ പോലും വിഴുങ്ങിക്കളയുവാന്‍ കെല്‍പ്പുളളവരാണോ ഇവര്‍ എന്ന്‌ തോന്നിപ്പോകും.

യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങു പറഞ്ഞല്ലോ ആ കൂട്ടര്‍ എങ്ങനെ ഉണ്ടായവരാണ്‌? ഇന്ദ്രിയമില്ലാത്തവരും, ആഹാമരമില്ലാത്തവരും, ഇമ വെട്ടാത്ത കണ്ണുളളവരും, സുഗന്ധികളും, വിചിത്ര രൂപികളുമായ ആ ആളുകള്‍ എങ്ങനെയുണ്ടായവരാണ്‌? അവരുടെ ഗതി എങ്ങനെയാണ്‌? അവര്‍ക്ക്‌ മോക്ഷം സിദ്ധിക്കുമോ? ഈ നരന്മാരുടെ ലക്ഷണം ഇതാണോ? ശ്വേതദ്വീപിലുളളവരൊക്കെ ഇമ്മാതിരിയാണോ?

അതുകൊണ്ട്‌ അല്ലയോ പിതാമഹാ! അങ്ങ്‌ എന്റെ സംശയം തീര്‍ത്തു തരണേ! അതു ശരിക്കും കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ വലിയ കൌതുകം തോന്നുന്നു. അങ്ങ്‌ സര്‍വ്വകഥാരാമൻ ആണല്ലേോ. അങ്ങയുടെ ആശ്രിതരാണല്ലോ ഞങ്ങള്‍.

ഭീഷ്മൻ പറഞ്ഞു: രാജാവേ, ഈ കഥ വളരെ വലുതാണ്‌. ഞാന്‍ എന്റെ അച്ഛന്റെ അടുത്തു നിന്ന്‌ കേട്ടതാണ്‌ ഈ കഥ. അത്‌ ഞാന്‍ ചുരുക്കമായി നിന്നോടു പറയാം. 

പണ്ട്‌ ഭൂമിയുടെ നാഥനായി ഉപരിചരന്‍ എന്നു പേരായി ഒരു രാജാവുണ്ടായിരുന്നു. അവന്‍ ഇന്ദ്രന്റെ ഇഷ്ടനായിരുന്നു. ഹരിയായ നാരായണനില്‍ ഭക്തനുമായിരുന്നു. ധാർമ്മികനും നിത്യവും പിതാവില്‍ ഭക്തനുമായ അവന്‍ നാരായണന്റെ വരത്താല്‍ സാമ്രാജ്യം നേടി. പണ്ട്‌ സൂര്യനില്‍ നിന്നു ഉത്ഭവിച്ച, സാത്വതവിധി പ്രകാരം രാജവായ, ഉപരിചരന്‍ ദേവദേവനായ നാരായണനെ ഭജിച്ചു. അവന്റെ ആരാധന കഴിഞ്ഞാല്‍ പിതൃമുഖ്യരേയും പൂജിക്കുക പതിവായിരുന്നു. പിതൃക്കളെ ആരാധിച്ചു കഴിഞ്ഞാല്‍ പിന്നെ വിപ്രരേയും പൂജിക്കും. പിന്നെ രാജാവ്‌ അന്നം പങ്കിട്ട്‌ ആശ്രിതര്‍ക്കും ദാനം ചെയ്യും. അവര്‍ക്കെല്ലാം നല്കിയതിന് ശേഷമുള്ള അന്നം കൊണ്ട്‌ അദ്ദേഹം വിശപ്പടക്കും. സത്യസ്ഥനും, സര്‍വൃവഭൂതാഹിംസകനുമായ അദ്ദേഹം സര്‍വ്വഭാവത്തോടും ദേവദേവനായ ജനാര്‍ദ്ദനനില്‍ ഭക്തി കൈക്കൊണ്ടു. ജനാര്‍ദ്ദനന്‍ ആദിയും മദ്ധ്യവും അന്തവുമില്ലാത്ത ദേവദേവനാണ്‌. പ്രപഞ്ചത്തിന്റെ സൃഷ്ടാവാണ്‌. അവന് ഒരു വിധത്തിലും ഒരു കാലത്തും നാശമില്ല. ശത്രുഹന്താവായ നാരായണനില്‍, ഭക്തി വര്‍ദ്ധിച്ച രാജാവില്‍, സന്തോഷത്തോടെ ഇന്ദ്രന്‍ തന്റെ അര്‍ദ്ധാസനവും, അര്‍ദ്ധശയ്യയും അവന് നല്കി. അവനെപ്പിടിച്ച്‌ സിംഹാസനത്തില്‍ ഒന്നിച്ചിരുത്തുകയും, തന്റെ കിടക്കയില്‍ ഒപ്പം കിടത്തുകയും ചെയ്തു. ആ രാജാവിന്റെ രാജ്യവും, ധനവും, ഭാര്യയും, പശുക്കളും, അവന്നുളള സകല സമ്പത്തുകളും നാരായണന്റെ അനുഗ്രഹത്താല്‍ ലഭിച്ചതായി അവന്‍ കരുതി. അവന്‍ അതു കൊണ്ട്‌ അവയെല്ലാം നാരായണനില്‍ത്തന്നെ സമര്‍പ്പിച്ചു. അദ്ദേഹം ഭാര്യയേയോ, ധനത്തേയോ, രാജൃത്തേയോ തന്റേതായി ഗണിച്ചില്ല. എല്ലാം നന്മയ്ക്കു വേണ്ടി തൃജിക്കുവാന്‍ സന്നദ്ധനായിരുന്നു. സാത്വത വിധിപ്രകാരം ഉപരിചരരാജാവ്‌ ഏകാഗ്രചിത്തനായി എല്ലാ കാമ്യങ്ങളും നൈമിത്തികങ്ങളും രാജാവേ, യജ്ഞീയവും പരമമായ ക്രിയകളും സാത്വത നെപ്പറ്റി സമാഹിതനായി വിധിച്ചു. ആ യോഗ്യനായ രാജാവിന്റെ മന്ദിരത്തില്‍ പഞ്ചരാത്രജ്ഞന്മാര്‍ അതായത്‌ ആദ്ധ്യാത്മികജ്ഞാനം, ഭക്തിജ്ഞാനം, മുക്തിജ്ഞാനം, യോഗജ്ഞാനം, വിഷയജ്ഞാനം എന്നിവ മനസ്സിലാക്കിയ ജ്ഞാനികൾ വന്ന്‌ രാജാവിന്റെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ചു പോന്നു. അവര്‍ അഗ്രഭോജനം കഴിച്ച്‌ പോകാറുണ്ടായിരുന്നു.

ധര്‍മ്മം തെറ്റാതെ ശത്രുക്കളെ ജയിച്ച്‌, ധര്‍മ്മം വിടാതെ അദ്ദേഹം നാട് ഭരിക്കുമ്പോള്‍, പൊളിവാക്കു പറയു കയാകട്ടെ, മനസ്സ്‌ ദുഷ്ടമാക്കുകയാവട്ടെ ഉണ്ടായില്ല. ശരീരത്താല്‍ അല്പം പോലും ചെറിയ ഒരു പാപം പോലും ചെയ്യുകയുണ്ടായില്ല.

ഏഴു പ്രശസ്തരായ ഋഷിമാര്‍, മരീചി, അത്രി, അംഗിരസ്സ്‌, പുലസ്ത്യന്‍, പുലഹന്‍, ക്രതു, മഹാശക്തനായ വസിഷ്ഠന്‍ എന്നിവര്‍ ചിത്രശിഖണ്ഡികള്‍ എന്നു പേര് കേട്ടവരാണ്‌. അവര്‍ മേരു പര്‍വ്വതത്തിന്റെ മുകളില്‍ സമ്മേളിച്ചു. അവര്‍ ഒന്നിച്ചിരുന്ന്‌ ഏകമനസ്സായി ഉത്തമമായ ശാസ്ത്രം നാലു വേദത്തില്‍ നിന്നും ക്രോഢീകരിച്ച്‌ ഉണ്ടാക്കി, അവരുടെ ഏഴു പേരുടേയും മുഖത്ത് നിന്നുത്ഭവിച്ച എഴു മാര്‍ഗ്ഗത്തില്‍ വന്നു ചേര്‍ന്ന ലോകധര്‍മ്മം മഹത്തരമാണ്‌. ഏഴ്‌ ഋഷിമാരും ഏഴു പ്രകൃതിയുളളവരാണ്‌. എട്ടാമത്തേവനാണ്‌ സ്വായംഭൂ. ലോകത്തെ താങ്ങുന്നവരാണ്‌ ഇവര്‍. ഇവര്‍ ശാസ്ത്രവും നിര്‍മ്മിച്ചു. ഏകാഗ്ര ചിത്തരും ദാന്തന്മാരും മുനിമാരും സംയമസ്ഥിതന്മാരും ഭൂതഭവ്യഭവിഷ്യജ്ഞരും സത്യധര്‍മ്മ പരായണന്മാരും "ഇതേ ശ്രേയസ്സ്‌, ഇതേ ബ്രഹ്മം, ഇതാണ്‌ ഉത്തമമായ ഹിതം", എന്നു നിശ്ചയിച്ച്‌ ലോകങ്ങളെ കണ്ടു കൊണ്ട്‌ ഉള്ളു കൊണ്ടു പിന്നെ ശാപം ചമച്ചതാകു ന്നു. അതില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങളും മോക്ഷവും പ്രസ്താവിച്ചിട്ടുണ്ട്‌. വിണ്ണിലും മന്നിലുമുളള നടപടി ക്രമങ്ങളും അതില്‍ പറഞ്ഞിട്ടുണ്ട്‌. ദേവനാരായണ ഹരിപ്രഭു സേവ കഴിച്ചതിന് ശേഷം ഒരു ആയിരം ദിവ്യവര്‍ഷം ഋഷിമാരോടും എല്ലാവരും ചേര്‍ന്നു. അപ്പോള്‍ നാരായണന്റെ ആജ്ഞയാല്‍ ദേവിയായ സരസ്വതി ആ സര്‍വ്വഋഷിമാരിലും ലോകര്‍ക്കു ഹിതം ചെയ്യുന്നതിന് വേണ്ടി ചെന്നുചേര്‍ന്നു.

സരസ്വതി എത്തിക്കഴിഞ്ഞപ്പോള്‍ തപസ്വികളായ ഋഷിമാര്‍ നന്നായി ശാസ്ത്രങ്ങള്‍ സൃഷ്ടിക്കുകയായി. ശബ്ദാര്‍ത്ഥ ഹേതുക്കളില്‍ ആദ്യത്തെ സൃഷ്ടിജ ആദ്യമേ തന്നെ ആ ശാസ്ത്രം ഓംകാര സ്വരത്താല്‍ പൂജിതമായി സൃഷ്ടിച്ചു. ഋഷിമാര്‍ അതു ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ അതില്‍ നാരായണന്‍ കനിഞ്ഞ്‌ വളരെ സന്തോഷിച്ചു. നൂറായിരം ശ്ലോകമാണ്‌ ആദ്യം തീര്‍ത്തത്‌. അത്‌ ഉത്തമമാണ്‌. ലോകതന്ത്രത്തിന് നടത്തുന്ന ധര്‍മ്മം തന്നെ പ്രവൃത്തിക്കും നിവൃത്തിക്കും ധര്‍മ്മമായി വരുന്നു. ഓംകാരം കേട്ടു സന്തോഷിച്ച ദേവന്‍ ഋഷിമാരെ വിളിച്ച്‌ അഭിനന്ദിച്ച്‌ ഇപ്രകാരം ശരീരത്തില്‍ നിന്നു പുറപ്പെടുന്ന വിധം ശബ്ദത്തില്‍ പറഞ്ഞു: "നൂറായിരം ശ്ലോകത്തില്‍ നിങ്ങള്‍ നിര്‍മ്മിച്ച ശാസ്ത്രം ബഹുവിശേഷമായിരിക്കുന്നു. ലോകത്തില്‍ ഓരോ തരക്കാരും ചെയ്യേണ്ടതായ കര്‍ത്തവ്യ കര്‍മ്മാദികളും ആചാര്യ മര്യാദകളുമെല്ലാം ഈ സംഹിതയില്‍ അടങ്ങിയിരിക്കുന്നു. ഋക്, യജ്ജുസ്സ്‌, സാമം, അഥര്‍വ്വണം എന്നീ നാലു വേദങ്ങളില്‍ നിന്നും എടുത്തു ചേര്‍ത്ത്‌ നിങ്ങളുണ്ടാക്കിയ സംഹിത ലോകത്തിന്ന്‌ ഒരു പ്രമാണമായി തീര്‍ന്നിരിക്കുന്നു. പ്രവൃത്തിക്കും നിവൃത്തിക്കും ഇതുതന്നെ പ്രമാണം.

ഋക്, യജുസ്സ്‌, സാമം, അഥര്‍വ്വം - ആംഗിരസമായ  ഇവയെല്ലാം നിങ്ങളുടേതാണ്‌. അവ ലോകത്തിന് പ്രമാണവുമാണ്‌. അവ പ്രവൃത്തിക്കും നിവൃത്തിക്കുമുള്ള മാര്‍ഗ്ഗം കാണിക്കുന്നു.

ശാസ്ത്രാനുസരണമായി പ്രമാണത്തിന്ന്‌ ഞാന്‍ ബ്രഹ്മാവിനെ കനിവോടെ സൃഷ്ടിച്ചു. എന്റെ കോപത്തില്‍ നിന്നു രുദ്രനുണ്ടായി. നിങ്ങളും അങ്ങനെ തന്നെ ഉത്ഭവിച്ചതാണ്‌. നിങ്ങള്‍ പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നു. (മഹത്‌, അഹങ്കാരം മുതലായവ). സൂര്യന്‍, ചന്ദ്രന്‍, വായു, ഭുമി, ജലം, അഗ്നി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, സൗരയുഥങ്ങള്‍ (ബ്രഹ്മാണ്ഡങ്ങള്‍) എല്ലാം തന്നെയും അറിയപ്പെടുന്ന സകല സൃഷ്ടികളും ബ്രാഹ്മജ്ഞന്മാരേ, നിങ്ങളുടെ അധീ നത്തില്‍ നില്ക്കുന്നു. അവരെല്ലാവരും അതു പോലെ തന്നെ മുഖ്യമായ ശാസ്ത്രവും പ്രമാണവുമാണ്‌. പ്രമാണമായിത്തീരണം എന്നാണ്‌ ഞാന്‍ അനുശാസിച്ചിട്ടുളളത്‌. അവരെല്ലാം ബ്രഹ്മത്തെ സ്തുതിക്കുന്നു. അവരെല്ലാം അവരവരുടെ സ്ഥാനങ്ങളില്‍ വസിച്ച്‌ അവരവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അവര്‍ മറ്റുളളവര്‍ക്കു നിദര്‍ശനങ്ങളാകുന്നു. നിങ്ങള്‍ ഉണ്ടാക്കിയ ശാസ്ത്രങ്ങളേയും അപ്രകാരം ഏറ്റവും മുന്തിയ പ്രമാണമായി ലോകര്‍ കരുതി വരുന്നു. എന്റെ അനുശാസനത്തെ മാനിച്ച്‌ ഈ നിയമസംഹിതികളെ അനുഗമിച്ച്‌ സ്വായംഭൂമനു തന്നെ പ്രസ്താവിക്കും. ലോകം എങ്ങനെ നട ക്കണം, എന്തു ധര്‍മ്മം അനുസരിക്കണം എന്നെല്ലാം ഉശനസ്സും ബൃഹസ്പതിയും ഇനി എപ്പോള്‍ ജനിക്കുന്നുവോ, അപ്പോള്‍ നിങ്ങള്‍ ഉളളില്‍ വെച്ചിരിക്കുന്ന ശാസ്ത്രം ഉച്ചരിക്കും. അത്‌ ധര്‍മ്മശാസ്ത്രവും ആചാരാനുഷ്ഠാനങ്ങളും ആയിരിക്കും. അതിന് അടിസ്ഥാനം വേദപ്രതിപാദന നിയമങ്ങൾ ആയിരിക്കും.

സ്വായംഭൂ മനു തന്റെ ശാസ്ത്രവും ശുക്രന്‍ നിര്‍മ്മിച്ച ശാസ്ത്രവും വ്യാഴം നിര്‍മ്മിച്ച ശാസ്ത്രവും ലോകത്തിലെങ്ങും പ്രചരിക്കുമ്പോള്‍, നിങ്ങള്‍ നിര്‍മ്മിച്ച ഈ ശാസ്ത്രവും പ്രജാ രാജാവായ വസു (ഉപരിചരന്‍) ബൃഹസ്പതിയുടെ മുഖത്തു നിന്നു നേടുന്നതാണ്‌ ദ്വിജേന്ദ്രന്മാരേ! ആ രാജാവ്‌ നന്മ നിറഞ്ഞ ഹൃദയത്തോടു കൂടി എന്നില്‍ ഭക്തനായി ഭവിക്കും. ഈ ശാസ്ത്രമനുസരിച്ച്‌ അവന്‍ എല്ലാ ക്രിയകളും നടത്തും. ഇത്‌ നിങ്ങളുടെ ശാസ്ത്രങ്ങളില്‍വെച്ച്‌ ഏറ്റവും നല്ല ശാസ്ത്രമാകും. ഇത്‌ ധര്‍മ്മ്യവും അര്‍ത്ഥ്യവും വളരെ രഹസ്യവും വളരെ മുഖ്യവുമാകുന്നു. ഇതു നിങ്ങള്‍ നടപ്പാക്കി പ്രജാവാന്മാരാകും. ആ രാജവായ വസു മഹാനാകും. ആ രാജാവിന്റെ കാലം കഴിഞ്ഞാല്‍ ഏറ്റവും സനാതനമായ ഈ ശാസ്ത്രം ലോകത്തില്‍ നിന്നു മാഞ്ഞു പോകും. ഇതുമാത്രം പറഞ്ഞതിന് ശേഷം പുരുഷോത്തമന്‍ അദൃശ്യനായി. എല്ലാ ഋഷിമാരേയും വിട്ട്‌ നാരായണന്‍ എവിടേയ്ക്കോ പോയി.

പിന്നെ ലോകപിതാക്കന്മാരായവരും ലോകാര്‍ത്ഥചിന്തകന്മാരും ധര്‍മ്മമൂലവും സനാതനവുമായ ശാസ്ത്രം നടപ്പാക്കി. മുമ്പേ കൽപിച്ച യുഗത്തില്‍ അംഗിരസ്സിന്റെ വംശത്തില്‍ വ്യാഴം ജനിച്ചതിന് ശേഷം സാംഖ്യോപനിഷദമായ ശാസ്ത്രം വ്യാഴത്തിലാക്കി. കൃതയുഗത്തില്‍ അങ്ങനെ ഏഴ്‌ ഋഷിമാരും ഇങ്ങനെ വേദങ്ങളേയും ഉപനിഷത്തുക്കളേയും ബൃഹസ്പതിയെ എൽപിച്ചു. അവര്‍ ഈ ലോകത്തെ ഉദ്ധരിച്ച്‌ നിര്‍ത്തുന്നവരും സര്‍വ്വധര്‍മ്മ പ്രവര്‍ത്തകരുമാകുന്നു.

അദ്ധ്യായം 337. നാരായണീയം - ഉപരിചരന്റെ യാഗത്തില്‍ പുരോഹിതനായ ബൃഹസ്പതി കോപിക്കുന്നു - ഭീഷ്മൻ പറഞ്ഞു: . മഹാകല്ലം കഴിഞ്ഞ്‌ അംഗിരസ്സിന്ന്‌ പുത്രന്‍ ഉണ്ടായി. അവനാണ്‌ ബൃഹസ്പതി. ദേവകള്‍ക്ക്‌ ബൃഹസ്പതി ആചാര്യനായപ്പോള്‍ ദേവകള്‍ക്കെല്ലാം സന്തോഷമായി. "ബൃഹത്‌, ബ്രഹ്മം, മഹത്‌" ഇവ മൂന്നും പര്യായ വാക്കുകളാണ്‌. ഒരേ അര്‍ത്ഥം കാണിക്കുന്ന ഭിന്നപദങ്ങളാണ്‌. ഈ ഗുണങ്ങള്‍ തികഞ്ഞവനാണ്‌ രാജാവേ, വിദ്വാനായ ബൃഹസ്തതി. ബൃഹസ്പതിയുടെ ശിഷ്യനായിരുന്നു ഉപരിചരനെന്ന പ്രസിദ്ധനായ വസുരാജാവ്‌. അദ്ദേഹം ചിത്ര ശിഖണ്ഡികള്‍ (മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നീ മഹര്‍ഷിമാര്‍) രചിച്ച ശാസ്ത്രം നന്നായി പഠിച്ചു. എല്ലാവിധം പാപങ്ങളേയും പുണ്യ കര്‍മ്മങ്ങള്‍ കൊണ്ട്‌ നീക്കിയവനായ വസുരാജാവ്‌, ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തെ എന്ന പോലെ, ഭൂമിയെ ഭരിച്ചു. ആ മഹാത്മായ രാജാവ്‌ മഹാമഖമായ അശ്വമേധം കഴിച്ചു. ആ യാഗത്തില്‍ ഉപാദ്ധ്യായനായ ബൃഹസ്പതി ഹോതാവായിത്തീര്‍ന്നു. പ്രജാപതിയുടെ പുത്രന്മാരായ ഏകതന്‍, ദ്വിതന്‍, ത്രിതന്‍ എന്നീ മൂന്നു മഹര്‍ഷിമാരും, സദസ്യരായി. വേറേയും മഹര്‍ഷിമാരുണ്ടായിരുന്നു. ധനുഷന്‍ എന്ന രൈഭ്യന്‍, അര്‍വ്വാവസു, പരാവസു, ഋഷിയായ മേധാതിഥി, താണ്ഡ്യന്‍, ഋഷിയായ ശാന്തി, മഹാഭാഗനായ വേദശിരസ്സ്, ഋഷിശ്രേഷ്ഠനായ കപിലന്‍ (ശാലിഹോത്രനും പിതാവും), ആദ്യന്‍, കഠന്‍, വൈശമ്പായനന്റെ ജ്യേഷ്ഠനായ തൈത്തിരി, കണ്വന്‍, ദേവഹോത്രന്‍ ഇങ്ങനെ പതിനാറ്‌ ഋഷിമാരായിരുന്നു ആ യാഗത്തിലെ സദസ്യര്‍. ആ മഹായജ്ഞത്തിനുളള ഒരുക്കങ്ങളൊക്കെ ഭംഗിയായി നിര്‍വ്വഹിച്ചു. എല്ലാം സംഭരിച്ചു. അങ്ങനെ യാഗം തുടങ്ങി. എന്നാല്‍ രാജാവ്‌ ആ യാഗത്തില്‍ പശുവിനെ വധിച്ച്‌ ബലിയര്‍പ്പിച്ചില്ല. രാജാവ്‌ പ്രാണിദയ മൂലം വധം വേണ്ടെന്ന്‌ കല്പന കൊടുത്തു. അഹിംസകനും, പരിശുദ്ധനും, ആഗ്രഹങ്ങള്‍ വിട്ടവനും, കര്‍മ്മശീലവാനുമായ രാജാവ്‌ അതില്‍ ആരണ്യക മുറയ്ക്ക്‌ യജ്ഞഭാഗം കല്പിച്ചു. സനാതനനായ ദേവന്‍ ഹരി രാജാവില്‍ വളരെയധികം പ്രീതനായി. അത്രയേറെ ഹരിക്ക്‌ രാജാവിന്റെ മൃഗബലി കൂടാത്ത യജ്ഞം ഇഷ്ടമായി. അപ്പോള്‍ രാജാവിന്ന്‌ കാണത്തക്ക വിധം ഭഗവാനായ ദേവദേവന്‍ പ്രത്യക്ഷനായി മറ്റാര്‍ക്കും കാണാത്ത വിധം രാജാവിന്റെ മുമ്പില്‍ പ്രശോഭിച്ചു. ഭഗവാന്‍, തന്റെ ഭാഗമായി മുമ്പില്‍ നിവേദിക്കപ്പെട്ടിരിക്കുന്ന പുരോഡാശം (യജ്ഞത്തിന്ന്‌ ഹോമിക്കപ്പെടുന്ന നെയ്യും ധാന്യം പൊടിച്ചതും ചേര്‍ത്തുണ്ടാക്കിയ ഒരു മധുരനിവേദ്യം)ഘ്രാണിച്ച്‌ ആരും കാണാത്ത വിധം സ്വീകരിച്ചു. ബൃഹസ്പതിക്ക്‌ അതു സഹിച്ചില്ല. ബൃഹസ്പതിക്ക്‌ കോപവും ദു:ഖവും വന്നു കയറി. ആ പുരോഹിത ശ്രേഷ്ഠന്‍ സ്രുക്ക്‌ (ഹോമപാത്രം) പൊക്കിപ്പിടിച്ച്‌ ആകാശത്തു സ്രുക്ക്‌ വീശിയടിച്ച്‌ കോപം കൊണ്ടു കണ്ണുനീര്‍ പൊഴിച്ചു.

ഉപരിചരരാജാവിനെ നോക്കി ബൃഹസ്പതി ഇപ്രകാരം പറഞ്ഞു: ഞാന്‍ ഈ അര്‍പ്പിച്ചിരിക്കുന്ന നൈവേദ്യം (പുരോഡാശം) നാരായണന്നുളള ഭാഗമാണ്‌. യാതൊരു സംശയവും കൂടാതെ ഭഗവാന്‍ നാരായണന്‍ എന്റെ കണ്ണിന്നു മുമ്പില്‍ പ്രത്യക്ഷനായി വന്ന്‌ ഈ നിവേദ്യം കൈക്കൊളളണം.

യുധിഷ്ഠിരന്‍ പറഞ്ഞു: ഉപരിചരന്റെ മഹായജ്ഞത്തില്‍ ദേവന്മാര്‍ക്കു കല്പിച്ച യജ്ഞഭാഗങ്ങള്‍ ദേവകള്‍ പ്രതൃക്ഷമായി വന്ന്‌ വാങ്ങിയല്ലോ. എന്നാല്‍ എന്തു കൊണ്ട്‌ വിഭുവായ ഹരി പ്രത്യക്ഷമായി വന്ന്‌ ആ യജ്ഞം വാങ്ങിയില്ല? ഹരിയെ കണ്ണു കൊണ്ട്‌ അവര്‍ കണ്ടില്ലല്ലോ! കാരണമെന്താണ്‌ അതിന്ന്‌?

ഭീഷ്മൻ പറഞ്ഞു: “ബൃഹസ്പതി ഭയങ്കരമായ കോപം കൊണ്ട സമയത്ത്‌ വസുമഹാരാജാവും അദ്ദേഹത്തിന്റെ യാഗത്തിലെ എല്ലാ സദസ്യരായ ഋഷിമാരും ബൃഹസ്പതിയെ സാന്ത്വനം ചെയ്തു. അവരെല്ലാം ശാന്തമാനസരായി ബൃഹസ്പതിയോടു പറഞ്ഞു: അല്ലയോ മഹര്‍ഷേ! അങ്ങ്‌ കോപിക്കരുത്‌! കൃതയുഗത്തില്‍ കോപിക്കുക എന്നത്‌ ഒരിക്കലും ധര്‍മ്മമല്ല. അങ്ങയുടെ ഈ കോപം കാലത്തിന് ചേര്‍ന്നതല്ല. അങ്ങ്‌ ഈ അര്‍പ്പിച്ച നിവേദ്യം ആർക്കായിട്ടാണോ, ആ ദേവന്‍ ഏറ്റവും ശാന്തനാണ്‌, കോപിക്കാത്തവനാണ്‌. അല്ലയോ ബൃഹസ്പതി, ആ ദേവനെ അങ്ങയ്ക്കും ദേവന്മാരായ ഞങ്ങള്‍ക്കും കാണുവാന്‍ കഴിയാത്തവനാണ്‌. ആരിലാണ്‌ അവന്‍ പ്രസാദിക്കുന്നത്‌ അവന് മാത്രമേ നാരായണനെ കാണുവാന്‍ കഴിയുകയുള്ളൂ.

ഉടനെ ചിത്രശിഖണ്ഡികളായ ഏകനും ദ്വിതനും ത്രിതനും പറഞ്ഞു: ഞങ്ങള്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ്‌ എന്നു പ്രസിദ്ധിയുളളവരാണ്‌. പണ്ടുകാലത്ത്‌ ഞങ്ങള്‍ നിശ്രേയസത്തിന്നായി വടക്കോട്ടു യാത്ര ചെയ്തു. ആയിരം വര്‍ഷം ഞങ്ങള്‍ ഉത്തമമായ തപസ്സു ചെയ്തു. ഒറ്റ കാലില്‍ നിന്ന്‌ നിശ്ചലരായി മരമുട്ടി പോലെ നിന്നു തപസ്സു ചെയ്തു. ഞങ്ങള്‍ തപസ്സു ചെയ്ത ആ സ്ഥലം മേരുവിന്റെ വടക്കു ഭാഗത്ത്‌ പാല്‍ക്കടലിന്റെ കരയ്ക്കായിരുന്നു. ഞങ്ങള്‍ അത്യുഗ്രമായ വലിയ തപസ്സാണ്‌ അവിടെ ചെയ്തത്‌. അങ്ങനെയുളള നാരായണദേവനെ അങ്ങയ്ക്ക്‌ എങ്ങനെ കാണുവാന്‍ കഴിയും? വ്രതം കഴിഞ്ഞ്‌ അവഭൃതസ്നാനം ചെയ്തു നില്ക്കുമ്പോള്‍ അശരീരിവാക്ക്‌ സ്നിഗ്ദ്ധ ഗംഭീരമായ വാക്കാല്‍ പ്രഹര്‍ഷിക്കുന്ന വിധം കേട്ടു പ്രഭോ! അല്ലയോ വിപ്രന്മാരേ നിങ്ങള്‍ പ്രസന്നാശയരായി വലിയ തപസ്സുചെയ്തു. ജിജ്ഞാസുക്കളും ഭക്തരുമായ നിങ്ങള്‍ എങ്ങനെയാണ്‌ വിഭുവിനെ കാണുക? പാല്‍ക്കടലിന്നു വടക്കു ഭാഗത്തായി മഹാപ്രഭയോടു കൂടിയ ശ്വേതദ്വീപം എന്നു പേരായ ഒരു ദ്വീപുണ്ട്‌. അതില്‍ നാരായണഭക്തന്മാരും ചന്ദ്ര കാന്തികളുമായ നരന്മാര്‍ അധിവസിക്കുന്നു. പുരുഷോത്തമനില്‍ ഭക്തരായ അവര്‍ ഏകാന്തഭാവഗരാണ്‌. അവര്‍ സനാതനനും സഹസ്രാംശുവുമായ ദേവനില്‍ ചെന്നു ചേരും. ഇന്ദ്രിയമില്ലാത്തവരും, ആഹാരം കഴിക്കാത്തവരും, കണ്ണിന്റെ ഇമ വെട്ടാത്തവരും, സുഗന്ധമുളളവരും ഏകാന്തിമാരുമാണ്‌ ആ ശ്വേതദ്വീപില്‍ വസിക്കുന്നവര്‍. അവിടെ ചെല്ലുവിന്‍ മുനിമാരേ! അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു യോഗാത്മാവിനെ കാണുവാന്‍ കഴിയും.

ആ പറഞ്ഞ അശരീരിവാക്കു കേട്ട്‌, ഞങ്ങളെല്ലാവരും ആ പറഞ്ഞ മാര്‍ഗ്ഗത്തിലൂടെ തന്നെ ശ്വേതദ്വീപിലേക്കു പോയി. മഹാശ്വേത ദ്വീപില്‍ ചെന്ന്‌, അവിടെ മനസ്സു വെച്ച്‌ കാണുവാന്‍ ആശയോടെ നോക്കി. ഉടനെ തടവറ്റവിധം ഞങ്ങള്‍ നോക്കിയപ്പോള്‍ ദേവദേവനെ കാണുകയുണ്ടായില്ല. ആ ദേവന്റെ തേജസ്സില്‍ നോക്കിയ ഞങ്ങളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയാണുണ്ടായത്‌. അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ ദേവയോഗജമായ വിജ്ഞാനം വെളിവായത്‌, ആ ദേവദേവനെ തപസ്സു ചെയ്യാത്ത പുരുഷന്മാര്‍ക്ക്‌ കാണുവാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ അവിടെനിന്ന് ഞങ്ങള്‍ ഒരു നൂറ്റാണ്ട്‌ പിന്നേയും ഘോരമായ തപസ്സു ചെയ്തു. വ്രതാവസാനത്തില്‍ ശുഭന്മാരായ നരന്മാരെ ഞങ്ങള്‍ കണ്ടു. ശ്വേതരായി ചന്ദ്രന്റെ തേജസ്സോടു കൂടിയ സര്‍വ്വലക്ഷണ യുക്തരായ പുരുഷന്മാരെ, കിഴക്കോട്ടു നോക്കി നിത്യം ജപിക്കുന്ന ബ്രഹ്മജപസ്ഥന്മാരെ കണ്ടു. ആ മഹാന്മാര്‍ ജപിക്കുന്നത്‌ മാനസം എന്നു പേരായ ജപമാണ്‌. അവരുടെ ഏകാഗ്രമായ നിലയില്‍ പ്രീതനായി വരുന്ന ഹരി പ്രളയാര്‍ക്കന്ന്‌ എതു വിധമാണോ തേജസ്സ്‌, അപ്രകാരം ഹേ മുനിശാര്‍ദ്ദൂലാ, ഓരോ മനുഷ്യന്നും അപ്രകാരമുളള പ്രഭയുണ്ടായിരുന്നു. തേജസ്സിന്റെ നിവാസസ്ഥാനമാണ്‌ ആ ദ്വീപം എന്ന്‌ ഞങ്ങളും ചിന്തിച്ചു. അതില്‍ ഒന്നിനൊന്നു മെച്ചം എന്നു പറയുവാന്‍ വയ്യ. എല്ലാവരും സമപ്രഭരാണ്‌.

അല്ലയോ ബൃഹസ്പതേ! പെട്ടെന്ന്‌ ആയിരം സൂര്യന്റെ പ്രഭ ഒന്നായിച്ചേര്‍ന്ന മട്ടില്‍ ഒരു മഹാതേജസ്സ്‌ ഞങ്ങള്‍ അവിടെ കണ്ടു. ഒന്നിച്ച്‌ ആ വാനവന്മാരെല്ലാം അവിടേക്കു കൈകൂപ്പി സന്തോഷത്തോടെ നമസ്തേ എന്നു പറഞ്ഞ്‌ , ഓടിച്ചെന്നു. അവര്‍ ചൊല്ലുന്ന വലിയ ശബ്ദം ഞങ്ങളും കേട്ടു. ആ ദേവന്, ആ നരന്മാര്‍, ബലി നല്കുകയായിരുന്നുവത്രേ!

പെട്ടെന്ന്‌ അവന്റെ തേജസ്സാൽ ഉഴന്ന ഞങ്ങള്‍ കണ്ണിന്റെ ബലവും കാഴ്ചയും കെട്ടവരായി ഒന്നും കാണാത്ത മട്ടായിത്തീര്‍ന്നു. പരപ്പില്‍ ചൊല്ലുന്ന ഒരു ശബ്ദം ഞങ്ങള്‍ കേട്ടു. അത്ഭുതം!

ജയിപ്പൂ പുണ്ഡരീകാക്ഷ! നമസ്തേ വിശ്വഭാവന! വന്ദനം ഹേ! ഹൃഷീകേശ, മഹാപുരുഷ, പൂര്‍വ്വജ!

ഇപ്രകാരമുള്ള. വാക്കുകള്‍. ഉച്ചാരണശുദ്ധിയോടെ വളരെ വ്യക്തമായി അനുകൂലമായി ഞങ്ങള്‍. കേട്ടു. ഈ സന്ദര്‍ഭത്തില്‍ ഒരു ഇളംകാറ്റ്‌ ശുദ്ധമായ ദിവൃപുഷ്പ സൗരഭ്യം വഹിച്ചു മന്ദം വീശി. കടലിലെ നല്ല ഔഷധി ജാലങ്ങളും ചെടികളും തലോടി മാരുതന്‍ സഞ്ചരിച്ചു. പഞ്ചകാലജ്ഞരായ ആ ഏകാന്ത വൃത്തികളായ മാനവര്‍ ഹരിയെ മനോവാക് കര്‍മ്മങ്ങള്‍ കൊണ്ട്‌ ഭക്തിയോടെ ഭജിച്ചു. അവിടെ അവര്‍ വാക്കുകള്‍ ഉച്ചരിച്ച സമയത്ത്‌ ദേവന്‍ പ്രത്യക്ഷമായി. അവന്റെ മായാബലത്താല്‍ മോഹിതരായ ഞങ്ങള്‍ അവനെ കണ്ടില്ല. ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

കാറ്റു വന്ന്‌ അടിക്കെ, നല്ല പോലെ ബലി അര്‍പ്പിക്കെ, ഞങ്ങള്‍ ചിന്താവ്യാകുലരായി ആംഗിരസോത്തമാ! ശുദ്ധാത്മാക്കളായ പല മാനവ മുഖ്യരില്‍ ആരും നമ്മെ മനസ്സാലോ ദൃഷ്ടിയാലോ പൂജിച്ചില്ല. ആ സ്വസ്ഥരായ മുനികളും ഏകഭാവത്തോടെ ബ്രഹ്മഭാവം പൂണ്ടവരാണ്‌. അവരും ഞങ്ങളെ കണ്ടഭാവം വെച്ചില്ല. ഞങ്ങള്‍ കഠിനമായ തപസ്സു കൊണ്ടു തളര്‍ന്നു മെലിഞ്ഞ്‌ വല്ലാതായിരുന്നു. അങ്ങനെ വിവശരായ ഞങ്ങളോട്‌ ദേഹമില്ലാത്ത ഒരു ഭൂതം ആകാശത്തു നിന്ന്‌ ഇപ്രകാരം പറഞ്ഞു.

ദേവന്‍ പറഞ്ഞു: “അല്ലയോ ദ്വിജാഗ്ര്യന്മാരേ! എല്ലാ ഇന്ദ്രിയങ്ങളും വിട്ടവരായി കാണുന്ന ശ്വേതപുരുഷന്മാരുണ്ടല്ലോ. അവരെ നിങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ ദേവേശനെ കണ്ടതായി വിചാരിക്കാം. വന്ന വഴിയേ തന്നെ ഉടനെ പൊയ്ക്കൊളളുക. ആ ദേവനെ ഭക്തിയില്ലാത്തവന് ഒരിക്കലും കാണുവാന്‍ കഴിയുകയില്ല. കൊള്ളാം! വളരെ കാലം കൊണ്ട്‌ ഏകാന്തത്വം പ്രാപിച്ചതിന് ശേഷം പ്രഭാമണ്ഡല ദുര്‍ദര്‍ശനനായി ഭഗവാനെ കാണുവാന്‍ കഴിയും. ദ്വിജമുഖ്യന്മാരേ! മറ്റെന്തു കാര്യമാണ്‌ നിങ്ങള്‍ക്കു ചെയ്യുവാനുളളത്‌? ഇനി കൃതയുഗം കഴിഞ്ഞ്‌ കാലത്തിന് മാറ്റം വന്നതിന് ശേഷം വൈവസ്വത മന്വന്തരത്തില്‍ ത്രേതായുഗം വന്നിട്ട്‌ സുരന്മാരുടെ കാര്യസിദ്ധിക്കു വേണ്ടി വിപ്രരേ, നിങ്ങള്‍ സഹായികളായി ഭവിക്കും.

അത്ഭുതകരമായ അമൃതൊക്കുന്ന ഈ വാക്യം കേട്ട്‌ അവന്റെ പ്രസാദത്താല്‍ ഞങ്ങള്‍ വിചാരിച്ച ദിക്കിലെത്തി. ഇപ്രകാരം നല്ല തപസ്സു കൊണ്ടും, ഹവ്യകവ്യങ്ങളാലും ഞങ്ങള്‍ ആ ദേവനെ കാണാന്‍ ശക്തരായില്ല. ആ ദേവനെ ഞങ്ങള്‍ക്ക്‌ അവിടെ നിന്ന്‌ എങ്ങനെ കാണുവാന്‍ സാധിക്കും? നാരായണന്‍ വിശ്വസൃഷ്ടാവാണ്‌! ഹവ്യകവ്യാശിയായ ഭൂതമാണ്‌. ആദ്യന്തഹീനനും അവൃക്തനുമായ ദേവദാനവ പൂജിതനാണ്‌.

ഇപ്രകാരം ഏകതന്‍ പറയുകയാലും, ദ്വിതനും ത്രിതനും അതു ശരിയായും നടന്നതായി സമ്മതിക്കുകയാലും, സദസ്യര്‍ അനുനയം ചെയ്യുകയാലും, ബൃഹസ്പതി ആ യജ്ഞം ഭംഗിയായി ദൈവത്തെ പൂജിച്ചു നിര്‍വ്വഹിച്ചു. യജ്ഞം നിര്‍ വ്വഹിച്ച്‌ ആ വസുരാജാവും പ്രജകളെ കാത്തു. അല്ലയോ രാജശാര്‍ദ്ദൂലാ, ആ രാജാവ്‌ ബ്രഹ്മശാപം മൂലം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കു പതിച്ചു. ഭൂമിയുടെ ഉള്ളിലേക്കു പോയി. സത്യധര്‍മ്മ പരായണനായ ആ രാജാവ്‌ ഭൂമിക്കുള്ളില്‍ പാര്‍ത്ത്‌ എപ്പോഴും ധര്‍മ്മവത്സലനായി നാരായണനില്‍ ഭക്തിയോടെ നാരായണമന്ത്രം ജപിച്ച്‌ നാരായണന്റെ പ്രസാദത്താല്‍ത്തന്നെ അവന്‍ വീണ്ടും ഉയര്‍ന്നു. മന്നില്‍ നിന്ന് ബ്രഹ്മസമനായി, ഏറ്റവും ഉന്നതമായ സ്ഥാനത്തെത്തി. ഏററവും ശ്രേഷ്ഠമായ നൈഷ്ഠികഗതിയെ പ്രാപിച്ചു.

അദ്ധ്യായം 338. നാരായണീയം - ഉപരിചരന്‍ ഭൂമിയില്‍ ആണ്ടു പോയ കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവായ വസു എന്ന ഉപരിചരന്‍ ഭഗവാനായ നാരായണനില്‍ മഹാഭക്തനായിരുന്നു എന്ന്‌ പറഞ്ഞുവല്ലോ. അങ്ങനെ പരമഭാഗവതനായ ഒരു മഹാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ച്‌ ഭൂഗര്‍ഭത്തില്‍ താഴുവാന്‍ എന്താണു കാരണം?

ഭീഷ്മൻ പറഞ്ഞു: ““ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറഞ്ഞു കേട്ടിട്ടുണ്ട്‌, അത്‌ ഋഷിമാരും ദേവകളും തമ്മില്‍ നടന്ന ഒരു സംവാദമായിരുന്നു. വിപ്രേന്ദ്രന്മാരോട്‌ ദേവന്മാര്‍ "അജയജ്ഞം" വേണമെന്ന് പറഞ്ഞു. "അജം" എന്നു വെച്ചാല്‍ "ആട്‌" എന്നാണ്‌ അര്‍ത്ഥം എന്നും അതുകൊണ്ട്‌ ആടിനെ അറുത്ത്‌ ബലിയര്‍പ്പിച്ചു യാഗം നടത്തണമെന്നാണ്‌ അതിന്റെ അര്‍ത്ഥമെന്നും ഋഷിമാരോട്‌ ദേവകള്‍ പറഞ്ഞു.

ഋഷികള്‍ പറഞ്ഞു: വൈദികമായ ശ്രുതി എന്താണ്‌? ബീജങ്ങളാല്‍ യജിക്കണമെന്നല്ലേ? അജമെന്ന ശബ്ദത്തിന്  ബീജം എന്നാണര്‍ത്ഥം കല്പിക്കേണ്ടത്‌. ആട്‌ എന്നല്ല. അതുകൊണ്ട്‌ യജ്ഞത്തില്‍ ആടിനെ കൊല്ലരുത്‌. അങ്ങനെ ആടിനെക്കൊന്ന്‌ യജ്ഞം നടത്തുന്നത്‌, പശുഹിംസ. (മൃഗ ഹിംസ) ഒരിക്കലും ഹേ, ദേവന്മാരെ, ധര്‍മ്മമാവുകയില്ല. ഇത്‌ ശ്രേഷ്ഠമായ കൃതയുഗമാണ്‌. ഈ കൃതയുഗത്തില്‍ ഹിംസ വിധിച്ചിട്ടില്ല. പിന്നെ, എങ്ങനെ മൃഗത്തെ കൊല്ലുന്നത്‌ ശുഭമാകും?

ഭീഷ്മൻ പറഞ്ഞു: “ദേവന്മാരും മഹര്‍ഷിമാരും തമ്മില്‍ ഇതിനെപ്പറ്റി വാദവും പ്രതിവാദവുമായി നില്ക്കുന്ന സമയത്ത്‌ ഉപരിചരന്‍ എന്ന്‌ പ്രസിദ്ധനായ വസുരാജാവ്‌ ആ വഴിക്കെത്തി. അന്തരീക്ഷത്തില്‍ ചരിക്കുന്ന ശ്രീരാമനും സമഗ്രമായ ബലങ്ങളും വാഹനങ്ങളുളളവനുമായ വസു അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്‌ അവരുടെ സമീപത്തെത്തിയതു കണ്ട്‌ വിപ്രന്മാര്‍ ദേവകളോടു പറഞ്ഞു: "ഇപ്പോള്‍ നമ്മുടെ സംശയം ഈ രാജാവു തീര്‍ത്തു തരും. യജ്വാവും, ദാനപതിയും, ശ്രേഷ്ഠനും, സര്‍വ്വഭൂതങ്ങള്‍ക്കും ഹിതത്തിന് യജ്ഞിക്കുന്നവനുമാണ്‌. വാക്യം ഒരിക്കലും മറിച്ചുപറയുന്നതല്ല ഈ മഹാന്‍", എന്ന്‌ ഋഷിമാരും ദേവന്മാരും നിശ്ചയിച്ചു. വസുരാജാവ്‌ അടുത്തു വന്ന ഉടനെ അദ്ദേഹത്തോട്‌ ഋഷിമാര്‍ ചോദിച്ചു: "രാജാവേ, ഞങ്ങള്‍ ഒരു സംശയം അങ്ങയോടു ചോദിക്കുന്നു. ശരിയായ കാര്യം അങ്ങയ്ക്കറിയാം. അതുകൊണ്ട്‌ അങ്ങ്‌ ഞങ്ങളുടെ സംശയം തീര്‍ത്തു തരണം. അജം കൊണ്ടോ, ഔഷധം കൊണ്ടോ ഏതു കൊണ്ടാണ്‌ യജ്ഞം ചെയ്യേണ്ടത്‌ രാജാവേ! ഞങ്ങളുടെ ഈ സംശയം ഭവാന്‍ തീര്‍ത്തു തരണം. ഞങ്ങള്‍ക്കു ഭവാനാണ്‌ പ്രമാണം. ഞങ്ങള്‍ക്കൊക്കെ ഭവാന്‍ സമ്മതനാണ്‌". ഉടനെ അവരോട്‌ കൈകുപ്പിക്കൊണ്ട്‌ വസു ചോദിച്ചു. "ആര്‍ക്ക്‌ ഏതു മതമാണ്‌ ഇഷ്ടം! ഹേ ദ്വിജേന്ദ്രന്മാരെ, സത്യം പറയുവിന്‍!".

ഋഷികള്‍ പറഞ്ഞു: "രാജാവേ, ഞങ്ങളുടെ അഭിപ്രായം ധാന്യം കൊണ്ടു യജിക്കുക എന്നതാണ്‌. അതാണ്‌ അതിന്റെ അര്‍ത്ഥം എന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്‌. ദേവകള്‍ പറയുന്നത് മൃഗത്തെ കൊന്ന്‌ ബലിയര്‍പ്പിക്കണമെന്നാണ്‌. ശരിയേതാണെന്നു ഭവാന്‍ പറഞ്ഞാലും!".

ഭീഷ്മൻ പറഞ്ഞു: ദേവന്മാരുടെ അഭിപ്രായമെന്തെന്നറിഞ്ഞ്‌ വസുദേവന്മാരുടെ പക്ഷംപിടിച്ചു പറഞ്ഞു: "അജം എന്നുവെച്ചാല്‍ ആട്‌ എന്നുതന്നെ ആണര്‍ത്ഥം. ആടാകുന്ന അജത്തിനെ വധിച്ച്‌ ബലിയര്‍പ്പിക്കണമെന്നു തന്നെയാണ്‌. അതിന്റെ അര്‍ത്ഥം". ദേവന്മാരുടെ പക്ഷം പിടിച്ച്‌ ഇപ്രകാരം വസുരാജാവു പറഞ്ഞപ്പോള്‍ ഋഷിമാര്‍ക്കു കോപമുണ്ടായി. സൂര്യനെപ്പോലെ തേജസ്വികളായ ആ ഋഷിമാര്‍ വിമാനത്തിലിരിക്കുന്ന വസുരാജാവിനോടു പറഞ്ഞു: "എടോ വസു, നീ ദേവന്മാരുടെ പക്ഷം പിടിച്ച്‌ അന്യായം പറഞ്ഞതു കൊണ്ട്‌ ആകാശത്തു നിന്നു നീ പതിക്കുക! നിനക്ക്‌ ഇന്നു മുതല്‍ ആകാശത്തൂടെയുളള സഞ്ചാരത്തിന് കഴിവില്ലാതാകട്ടെ! ഞങ്ങളുടെ ശാപമേറ്റ്‌ നീ ഭൂമി പിളര്‍ന്ന്‌ അതിന്റെ ഉള്ളില്‍ വസിക്കുമാറാകട്ടെ!".

ഋഷിമാര്‍ ശപിച്ച ഉടനെ ഉപരിചരരാജാവ്‌ താഴേക്കു വീണു. എന്നുതന്നെയല്ല ഭൂമി പിളര്‍ന്ന്‌ ആ ബിലത്തിലൂടെ ഭൂമിയുടെ ഉള്ളിലേക്കു പോയി രാജാവേ! ഈ അത്യാപത്തിലെത്തിയെങ്കിലും ആ രാജാവിന്റെ ബോധം നഷ്ടപ്പെട്ടില്ല. നാരായണന്റെ ആജ്ഞയാലാണ്‌ അവന്റെ ബോധം നഷ്ടപ്പെടാഞ്ഞത്‌.

ദേവന്മാരെല്ലാവരും കൂടി ആലോചിച്ചു. രാജാവിന് സുകൃതത്തിന് വേണ്ടി ഇനി എന്തു ചെയ്യണം? അവര്‍ അവ്യഗ്രരായി ആലോചന നടത്തി. "നമ്മള്‍ക്കു വേണ്ടി ഈ മഹാനായ രാജാവ്‌ മഹര്‍ഷിമാരുടെ ശാപത്തിന് പാത്രമായി. ദേവന്മാരേ, നമ്മള്‍ എല്ലാവരും ഒന്നിച്ച്‌ ഇദ്ദേഹത്തിന്നു ലഭിച്ച ശാപത്തിന്നെതിരായി ഒരു പ്രിയം ചെയ്യണം". ഇപ്ര കാരം ബുദ്ധികൊണ്ടുറച്ച്‌ കാര്യത്തില്‍ നിശ്ചയംചെയ്ത്‌ ഇരശ്വരന്മാരായ അവര്‍ സന്തോഷിച്ച്‌ ഉപരിചര രാജാവി നോടു പറഞ്ഞു: "അല്ലയോ ബ്രഹ്മണ്യാ, ഭവാന്‍ ദേവഭക്തനാണ്‌. സുരാസുരന്‍മാര്‍ നമസ്കരിക്കുന്നവനായ ഹരി തീര്‍ച്ചയായും അങ്ങയാല്‍ സന്തോഷിച്ച്‌ അങ്ങയ്ക്കു ശാപമോക്ഷം നല്കും. മഹാന്മാരായ വിപ്രന്മാരെ മാനിക്കേണ്ടതാണ്‌. അവരുടെ തപസ്സ്‌ ഫലവത്താണ്‌ രാജസത്തമാ! അതു കൊണ്ടാണ്‌ അങ്ങു വ്യോമത്തില്‍ നിന്ന്‌ താഴോട്ടു വീണ്‌ ഭൂമിയുടെ ഉള്ളില്‍പ്പോയി ഇരിക്കുവാനിടയായത്‌. ഇതില്‍നിന്നും മോചനം ലഭിക്കുന്നതിന്‌ ഞങ്ങള്‍ അങ്ങയ്ക്ക്‌ ഒരു അനുഗ്രഹം നല്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. രാജാവേ, അങ്ങ്‌ ഭൂമിയുടെ ഉളളില്‍ എത്രകാലത്തോളം ശാപഗ്രസ്തനായി കഴിയുന്നുവോ, അത്ര കാലത്തോളം വിപ്രര്‍ യജ്ഞങ്ങളില്‍ ഹോമിക്കുന്ന ഹോമയാജ്യം (വസോർദ്ധാര) ഞങ്ങളുടെ അനുഗ്രഹത്തിന്റെ ഫലമായി അങ്ങ്‌ ആദരവോടെ ഏല്ക്കുമാറാകട്ടെ! ഭൂമിയുടെ പിളര്‍പ്പിലിരിക്കുന്ന ഭവാന്‌ പൈദാഹങ്ങള്‍ വരികയില്ല രാജാവേ. വസോർദ്ധാരാപാതം കാരണം തേജസ്സിന്റെ പുഷ്ടിയേല്ക്കുക. ദേവന്‍ പ്രീതനായി ഞങ്ങളുടെ വരംമൂലം ബ്രഹ്മലോകത്തില്‍ ഭവാനെ എത്തിക്കുന്നതാണ്‌" . ഇപ്രകാരം രാജാവിന് വരംകൊടുത്ത്‌ ദേവന്മാരെല്ലാം തങ്ങളുടെ ഗൃഹത്തിലേക്ക് പോയി.

വസുരാജാവ്‌ പിന്നീട്‌ വിഷ്വക്സേനനെ (വിഷ്ണുവിനെ) പൂജിച്ചു ഭാരതാ! അവന്‍ എപ്പോഴും നാരായണ മുഖോല്‍ഗതമായി, വേദത്തിലുള്ള ജപ്യം ജപിച്ചു. ഭൂമിക്കുളളില്‍ ഗുഹയില്‍ അധിവസിക്കുമ്പോഴും വസുരാജാവ്‌ ഹരിയെ ആരാധിച്ചു. ഹരി എല്ലാ ദേവന്മാരുടേയും ദേവനാണല്ലോ. അല്ലയോ ശത്രുഘ്നനായ രാജാവേ, അദ്ദേഹം ദിവസത്തില്‍ അഞ്ചു പ്രാവശ്യം അഞ്ചു ബലികള്‍ സമയം തെറ്റാതെ ഹോമത്തോടെ നിര്‍വ്വഹിച്ചു. ഈ ആരാധനയുടെ ഫലമായി ഹരിയെന്നു പറയുന്ന നാരായണന്‍ നന്നായി പ്രസാദിച്ചു. അനന്യശ്രദ്ധനും, ജിതാത്മാവും വരദനുമായ വിഷ്ണു അവന്റെ മേല്‍ പ്രസാദിച്ചു. അവന്റെ സമീപത്തു വന്ന്‌, പക്ഷിശ്രേഷ്ഠനും മഹാവേഗനുമായ ഗരുഡനെ വിളിച്ച്‌ തന്റെ അഭീഷ്ടം ഇപ്രകാരം പറഞ്ഞു.

"അല്ലയോ ദ്വിജശ്രേഷ്ഠാ! മഹാഭാഗാ, ഞാന്‍ പറയുന്നു. നീ അങ്ങോട്ടു നോക്കൂ! സമ്രാട്ടായ വസുരാജാവ്‌ ധര്‍മ്മിഷ്ഠനാണ്‌, സംശിത്രവതനാണ്‌. അദ്ദേഹം ബ്രാഹ്മണര്‍ കോപിച്ച ശാപമേറ്റ്‌ ഭൂഗര്‍ഭത്തിലേക്കാണ്ടുപോയി. ആ ദ്വിജേന്ദ്രന്മാരായ ഋഷികളെ മാനിച്ച്‌ എന്റെ ആജ്ഞയാല്‍ അല്ലയോ ഗരുഡാ, നീ ചെന്ന്‌ ഭൂഗര്‍ഭത്തിലിരിക്കുന്ന വസുരാജാവിനെ വേഗത്തില്‍, അധശ്ചരക്ഷിതിപനെ നഭശ്ചരനാക്കുക (ആകാശസഞ്ചാരിയാക്കുക)".

നാരായണന്റെ വാക്കുകേട്ട ഉടനെ ഗരുഡന്‍ ചിറകു വീശി കാറ്റു പോലെ വേഗത്തില്‍ പറന്ന്‌ വസുരാജാവിരിക്കുന്ന ഭൂഗര്‍ഭത്തിലേക്കു കടന്നു ചെന്നു. പിന്നെ വസുവിനെ ചുമലിലേറ്റി പെട്ടെന്ന്‌ വിനതാസുതനായ ഗരുഡന്‍ ആകാശത്തേക്കു പൊങ്ങി. അങ്ങനെ വസുരാജാവിനെ ആകാശത്തില്‍ കൊണ്ടുപോയി വിട്ടു. ആ ക്ഷണത്തില്‍ രാജാവ്‌ വീണ്ടും ഉപരിചരനായി. ആ നൃപോത്തമന്‍ അങ്ങനെ ബ്രഹ്മലോകം പ്രാപിച്ചു.

വാഗ്ദോഷം കൊണ്ട്‌ അല്ലയോ കൗന്തേയാ, ദൈവതാജ്ഞയാല്‍ മഹാത്മാവായ വസു വിപ്രശാപമേറ്റ്‌ അധോഗതിയെ പ്രാപിച്ചു. അവനാല്‍ പുരുഷനായ ഹരി, ഇശ്വരന്‍, സേവിക്കപ്പെട്ടു. തന്മൂലം ശാപം വിടുകയും ചെയ്തു. അങ്ങനെ രാജാവ്‌ ബ്രഹ്മലോകത്തും എത്തി.

ഭീഷ്മൻ പറഞ്ഞു: അല്ലയോ രാജാവേ, വാനവർ ഉത്ഭവിച്ചതും, ശ്രീ നാരദമഹര്‍ഷി ശ്വേതദ്വീപില്‍ ചെന്നെത്തിയതും എല്ലാം ഇനി നിന്നോടു ഞാന്‍ പറയാം. എല്ലാം നീ മനസ്സു വെച്ചു കേള്‍ക്കുക.

അദ്ധ്യായം 339. നാരായണീയം - നാരദന്‍ മഹാപുരുഷനെ ഇരുനൂറു നാമങ്ങളാല്‍ സ്തുതിക്കുന്നു - ഭീഷ്മൻ പറഞ്ഞു. ഭഗവാനായ നാരദമ ഹര്‍ഷി മഹാശ്വേര ദ്വീപില്‍ ചെന്നു, ആ ശ്വേതനരന്മാരെ, ചന്ദ്രസമാഭന്മാരായ ദ്വീപുവാസികളെ കണ്ടു. ശിരസ്സു കൊണ്ടു നാരായണനെ പൂജിച്ചു. മനസ്സു കൊണ്ടു നാരായണനെ വന്ദിച്ചു. ജപ്യപരനായ നാരദന്‍, ഭഗവാനെ കാണുവാന്‍ വേണ്ടി എല്ലാ ദുര്‍ഘടങ്ങളേയും തരണം ചെയ്ത നാരദന്‍, ഏകാഗ്രചിത്തനായി കൈ ഉയര്‍ത്തി സമാഹിതനായി, നിര്‍ഗ്ഗുണനും, ഗുണാത്മാവുമായ വിശ്വേശനെ സ്തോത്രം ചൊല്ലി ആരാധിച്ചു.

നാരദന്‍ പറഞ്ഞു: ദേവദേവേശാ, അങ്ങയ്ക്കു നമസ്കാരം! നിഷ്ക്രിയാ, നിര്‍ഗ്ഗുണാ, ലോകസാക്ഷി, ക്ഷേത്രജ്ഞാ, പുരുഷോത്തമാ, അങ്ങയ്ക്കു നമസ്‌കാരം! അനന്താ, പുരുഷാ, മഹാപുരുഷാ, പുരുഷോത്തമാ, ത്രിഗുണപ്രധാനാ അങ്ങയ്ക്കു നമസ്‌കാരം!

അമൃതാ, അമൃതാഖ്യാ, അനന്താഖ്യാ, വ്യോമാ, സനാതനാ, സദസദ്ധ്യക്താ, അവ്യക്താ, ഋതധാമാവേ അങ്ങയ്ക്കു നമസ്‌കാരം!

ആദിദേവാ, വസുപ്രദാ, പ്രജാപതേ, സുപ്രജാപതേ, വനസ്പതേ, മഹാപ്രജാപതേ, ഊര്‍ജ്ജസ്പതേ, വാചസ്പതേ, ജഗല്പതേ, മനസ്പതേ, ദിവസ്പതേ, മരുല്‍പ്പതേ, സലിലപതേ, പൃത്വീപതേ, ദിക് പതേ, പൂര്‍വ്വനിവാസാ, ഗുഹ്യാ, ബ്രഹ്മപുരോഹിതാ, ബ്രഹ്മകായികാ, മഹാരാജികാ, ചാതുര്‍മ്മഹാരാജികാ, ആഭാസുരാ, മഹാഭാസുരാ, സപ്പമഹാഭാഗാ, യാമ്യാ, മഹായാമ്യാ, സംജ്ഞാസംജ്ഞാ, തുഷിതാ, മഹാതുഷിതാ, പ്രമര്‍ദ്ദനാ, പരിനിര്‍മ്മിതാ, അപരിനിര്‍മ്മിതാ, അങ്ങയ്ക്കു നമസ്‌കാരം!

വശവര്‍ത്തിന്‍, അപരിനിന്ദിതാ, അപരിമിതാ, അവശവര്‍ത്തിന്‍, യജ്ഞാ, മഹായജ്ഞാ, യജ്ഞസംഭവാ, യജ്ഞയോനേ, യജ്ഞഗര്‍ഭാ, യജ്ഞഹൃദയാ, യജ്ഞസ്തുതാ, യജ്ഞഭാഗഹരാ, പഞ്ചയജ്ഞാ, പഞ്ചകാലകര്‍ത്തൃപതേ, പഞ്ചരാത്രികാ, അങ്ങയ്ക്കു നമസ്‌കാരം!

വൈകുണ്ണാ, അപരാജിതാ, മാനസികാ, നാമനാമികാ, പരസ്വാമിന്‍, സുസ്മാതാ, ഹംസാ, പരമഹംസാ, മഹാഹംസാ, പരമയാജ്ഞികാ, സാംഖ്യയോഗാ, സാംഖ്യമൂര്‍ത്തേ, അമൃതേശയാ അങ്ങയ്ക്കു നമസ്കാരം!

ഹിരണ്യേശയാ, ദേവേശയാ, കുശേശയാ, ബ്രഹ്മേശയാ, പത്മേശയാ, വിശ്വേശ്വരാ, വിഷ്വക്സേന അങ്ങയ്ക്കു നമസ്‌കാരം!

നീ ജഗദന്വയനാണ്‌, നീ ജഗല്‍ പ്രകൃതിയാണ്‌, നിന്റെ മുഖം ബഡവാമുഖാഗ്നിയാണ്‌, നീ ആഹുതിയാണ്‌, നീ സാരഥിയാണ്‌, നീ വഷള്‍ക്കാരമാണ്‌, നീ ഓംകാരമാണ്‌, നീ തപസ്സാണ്‌, നീ മനസ്സാണ്‌, നീ ചന്ദ്രമസ്സാണ്‌, നീ ചക്ഷുസ്സായ ആദിത്യനാണ്‌, നീ സൂര്യനാണ്‌, നീ ദിഗ്ഗജമാണ്‌, നീ ദിക്ഭാനുവാണ്‌, നീ വിദിക്ഭാനുവാണ്‌, നീ ഹയശിരസ്സാണ്‌, നീ പ്രഥമത്രിസൌപര്‍ണ്ണനാണ്‌.

വര്‍ണ്ണധരപഞ്ചാഗ്നേ, തൃണാചികേതാ, ഷഡംഗനിധാനാ, പ്രാക്ജ്യോതിഷാ, ജ്യേഷ്ഠസമഗാ, സാമികവ്രതധരാ, അഥര്‍വ്വ ശിരസ്സേ, പഞ്ചമഹാകല്പ, ഫേനപാചാര്യാ, ബാലഖില്യാ, വൈനഗര്‍ഭാ, കൌശികാ, പുരുഷ്ടുതാ, പുരുഹുതാ, വിശ്വകൃത്തേ അങ്ങയ്ക്കു നമസ്‌കാരം!

വിശ്വരൂപാ, അനന്തഗതേ, അനന്തഭോഗാ, അനന്താ, അനാദേ, അവദ്ധ്യാ, അവ്യക്തമദ്ധ്യാ, അവ്യക്തനിധനാ, വ്രതാവാസാ, സമുദ്രാധിവാസാ, യശോവാസാ, തപോവാസാ, ദമാവാസാ, കീര്‍ത്ത്യാവാസാ, ശ്രീവാസാ, സര്‍വ്വാവാസാ അങ്ങ യ്ക്കു നമസ്കാരം!

വാസുദേവാ, സര്‍വ്വച്ഛന്ദകാ, ഹരിഹയ, ഹരിമേധ, മഹായജ്ഞാഭാഗഹരാ, വരപ്രദാ, സുഖപ്രദാ, ധനപ്രദാ, ഹരിമേധാ, യമാ, നിയമാ, മഹാനിയമാ അങ്ങയ്ക്കു നമസ്കാരം!

കൃച്ഛ്റാ, അതികൃച്ഛ്റാ, മഹാകൃച്ഛ്റാ, സര്‍വൃവകൃച്ഛ്റാ, നിയമധരാ, നിവൃത്തഭുമാ, പ്രവചനഗതാ, പ്രശ്നഗര്‍ഭാ, പ്രവ്യത്താ, പ്രവൃത്തദേവക്രിയാ, അജാ, സര്‍വ്വഗതേ, സര്‍വ്വദര്‍ശിന്‍, അഗ്രാഹ്യാ, അചലാ, മഹാവിഭൂതേ, മഹാത്മൃശരീരാ അങ്ങയ്ക്കു നമസ്‌കാരം!

പവിത്രാ, മഹാപവിത്രാ, ഹിരണ്മയ, ബൃഹത്തേ, അവ്രതര്‍ക്ക്യ, അവിജേഞയ, ബ്രഹ്മാഗ്ര, പ്രജാസര്‍ഗ്ഗകര, പ്രജാനിധനകര, മഹാമായാധര, ചിത്രശിഖണ്ഡിന്‍ അങ്ങയ്ക്കു നമസ്കാരം!

വരപ്രദാ, പുരോഡാശഭാഗഹര, ഗതാദ്ധര, ഛിന്ന സംശയാ, സര്‍വ്വതോവൃത്താ, ബ്രാഹ്മണരൂപാ, ബ്രാഹ്മണപ്രിയാ, വിശ്വമൂര്‍ത്തേ, മഹാമുര്‍ത്തേ, ബാന്ധവാ, ഭക്തവത്സലാ, ബ്രഹ്മണ്യദേവാ, ഞാന്‍ അങ്ങയുടെ ഭക്തനാണ്‌. ഞാന്‍ അങ്ങയെ കാണുവാന്‍ ആഗ്രഹിക്കുന്നു. എകാന്ത ദര്‍ശനന്നു നമസ്കാരം! നമസ്‌കാരം!

അദ്ധ്യായം 340. നാരായണീയം - ശ്വേതദ്വീപില്‍ നാരദന്റെ ഭഗവദ്ദര്‍ശനം - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം അര്‍ത്ഥഗര്‍ഭവും തത്ഥ്യവുമായ പേരുകളാല്‍ സ്തുതിക്കപ്പെട്ട വിശ്വരൂപധരനായ നാരായണന്‍ നാരദമുനിക്കു പ്രതൃക്ഷനായി. ആ ദേവന്റെ ദേഹം ചന്ദ്രനെപ്പോലെ വിശുദ്ധമായും എന്നാല്‍ ചന്ദ്രനേക്കാള്‍ വിശേഷമായും ശോഭിച്ചു. അഗ്നിയെപ്പോലെ തേജസ്സാര്‍ന്ന നിറം, എന്നാല്‍ അഗ്നിയേക്കാള്‍ വിശേഷമായ വിശിഷ്ട രൂപനുമായിക്കണ്ടു. തത്തയുടെ ശുഭ്രമായ ചിറകിന്റെ നിറമായി ശോഭിച്ചു. എന്നാല്‍ അതിനേക്കാള്‍ തിളങ്ങുന്ന സ്ഫടികം പോലേയും വിളങ്ങി. എന്നാല്‍ ചിലപ്പോള്‍ നീലനിറത്തിലുള്ള അഞ്ജനപര്‍വ്വതം പോലേയും, ചിലപ്പോള്‍ സ്വര്‍ണ്ണനിറമായും തോന്നും. പവിഴം പോലെ മിന്നും; ചിലപ്പോള്‍ നല്ല വെളളനിറമായും വിളങ്ങും. ചിലേടം ശ്വേതവര്‍ണ്ണമായും ചിലേടം സ്വര്‍ണ്ണവര്‍ണ്ണമായും, ചിലേടം വൈഡൂര്യനിറമായും, ചിലപ്പോള്‍ നീലവൈഡൂര്യാഭനായും, ഇന്ദ്രനീലതുല്യനായും, ചിലേടം മയില്‍ക്കഴുത്തിന്റെ നിറ മായും, ചിലേടം മുത്തിന്റെ നിറമായും; ഇപ്രകാരം പല നിറവും കൈക്കൊള്ളുന്നു. സനാതനനായ സഹസ്രനയനന്‍, ശ്രീമാനായ ശതശീര്‍ഷന്‍, സഹസ്രപാദന്‍ സഹസ്രോദരന്‍, സഹസ്രബാഹു, അവ്യക്തന്‍ ഇങ്ങനെ പലയിടത്തും പല രൂപത്തിലും വിളങ്ങുന്ന ദേവനെ ദര്‍ശിച്ചു. വായ്കൊണ്ട്‌ ഓംകാരം ചേര്‍ത്ത്‌ “സാവിത്രിയെ ഓതുന്നവനും, മറ്റുവായകൊണ്ടൊക്കെ വേദങ്ങള്‍ ഉച്ചരിക്കുന്നവനുമായ ദേവന്‍, വശിയായ നാരായണന്‍, ആരണ്യകം ചൊല്ലി, വേദി, കിണ്ടി, വെളുത്തമണി, പാദുകം, ദര്‍ഭ, തോല്‍, ദന്തകാഷ്ഠം, കത്തുന്ന അഗ്നി എന്നിവ ദേവേശനായ യജ്ഞപതി ധരിച്ചു. പ്രസന്നനായ ഭഗവാനെ പ്രസന്നനായ നാരദന്‍ കുമ്പിട്ടു വീണ്ടും വീണ്ടും നമസ്കരിച്ചു. തല കുമ്പിട്ടു നമസ്‌കരിക്കുന്ന നാരദനോട്‌ ആദിദേവനും അവ്യയനുമായ നാരായണന്‍ പറഞ്ഞു.

ശ്രീഭഗവാന്‍ പറഞ്ഞു: “എടോ നാരദാ, ഏകതന്‍, ദ്വിതന്‍, ത്രിതന്‍ എന്നീ മഹര്‍ഷികള്‍ ഈ സ്ഥലത്ത്‌ എന്നെക്കാണുവാനുള്ള ആഗ്രഹത്തോടെ വന്നു. അവര്‍ എന്നെ കണ്ടില്ല. ആരും കാണുകയില്ല. ഏകാന്തിശ്രേഷ്ഠന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ കാണുവാന്‍ സാധിക്കയില്ല. (ഹൃദയം മുഴുവന്‍ ഭഗവാനില്‍ അര്‍പ്പിച്ചവരാണ്‌ ഏകാന്തികള്‍). ഭവാനെപ്പറ്റി പറയുകയാണെങ്കില്‍ ഏകാത്തോത്തമനാണ്‌! ഇതൊക്കെയാണ്‌ ധര്‍മ്മന്റെ ഗൃഹത്തില്‍ കാണുന്ന എന്റെ ശരീരങ്ങള്‍. ഹേ ദ്വിജാ, എന്നും ഭവാന്‍ അവയെ ഭജിക്കുക. അവയെ നല്ലപോലെ ധരിക്കുക. എടോ വിപ്രാ, നീ എന്നില്‍ നിന്ന്‌ ഇഷ്ടപ്പെട്ട വരം വരിക്കുക! വിശ്വ മൂര്‍ത്തിയും അവ്യയനുമായ ഞാന്‍ ഇതാ നിന്നില്‍ പ്രസാദി ച്ചിരിക്കുന്നു.

നാരദന്‍ പറഞ്ഞു: “ദേവാ, ഇപ്പോള്‍ എന്റെ തപസ്സ്‌, യമം, നിയമം എന്നിവയൊക്കെ പെട്ടെന്നു സഫലമായി. ഞാന്‍ എന്റെ കണ്ണു കൊണ്ടു ഭഗവാനെ ഇതാ കാണുന്നു. ഇതിലപ്പുറം എന്തു വേണം? സനാതനനായ ഭവാനെ കാണുവാന്‍ കഴിഞ്ഞു എന്നതു തന്നെ എനിക്കു വരം! ഭഗവാനും, വിശ്വസ്രഷ്ടാവും, സിംഹനും, സര്‍വ്വമൂര്‍ത്തിയും, മഹാനും, പ്രഭുവുമായ ദേവനല്ലെ എന്റെ കണ്‍മുമ്പില്‍ നില്ക്കുന്നത്‌. ഇതിലപ്പുറം എന്തു വരം വേണം!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം തന്റെ രൂപം കാണിച്ചതിന് ശേഷം പരമേഷ്ഠിയായ നാരദനോട്‌ ഭഗവാന്‍ വീണ്ടും പറഞ്ഞു: എടോ നാരദാ, പോയാലും, ഇനി വൈകരുത്‌. അനിന്ദ്രിയരും അനാഹാരരും ശശികാന്തികളുമായ ഈ ശ്വേതദ്വീപുവാസികളെല്ലാം എന്റെ ഭക്തരാണ്‌. അവര്‍ ഏകാഗ്രരായി എന്നെ ചിന്തിക്കുന്നു. അവര്‍ക്ക്‌ അവരുടെ ചിന്തയ്ക്കു വിഘ്‌നം ഉണ്ടാക്കാന്‍ പാടില്ല. ഇവര്‍ സിദ്ധരായ മഹാഭാഗരാണ്‌. എത്രയോ മുമ്പേതന്നെ ഏകാന്തികളായവരാണ്‌. രജസ്സ്‌, തമസ്സ്‌ എന്നിവയില്‍ നിന്നു മുക്തരായവരെല്ലാം എന്നില്‍ പ്രവേശിക്കും, അതില്‍ സംശയമില്ല.

കണ്ണുകൊണ്ട്‌ കാണപ്പെടാത്തവനും, സ്പര്‍ശനത്താല്‍ സ്പൂര്‍ശിക്കപ്പെടാത്തവനും, ഘ്രാണിച്ചാല്‍ ഘ്രാണിക്കപ്പെടാത്തവനും, ഗന്ധം, രസം, എന്നിവ വിട്ടവനും, സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ ഗുണങ്ങള്‍ വന്നു ചേരാത്തവനും, അവ വിട്ടവനുമായവന്‍ ആരോ, അവന്‍ സര്‍വ്വഗനും, സര്‍വ്വസാക്ഷിയും, ലോകാത്മാവുമാണ്‌. ഭൂതഗ്രാമശരീരങ്ങള്‍ നശിച്ചാലും നശിക്കാത്തവനും, അജനും (ജനിക്കാത്തവന്‍), നിതൃനും (നാശമില്ലാത്തവന്‍), ശാശ്വതനും, നിര്‍ഗ്ഗുണനും, നിഷ്കളങ്കനും അങ്ങനെ ഇരുപത്തിനാല്‌ തത്വങ്ങള്‍ക്കപ്പുറം നില്ക്കുന്നവനുമാണ്‌. പഞ്ചവിംശകന്‍ (ഇരുപത്തഞ്ചാമന്‍) അവന്‍ നിഷ്‌ക്രിയനായ പുരുഷനാണ്‌, ജഞാനദൃശ്യനാണ്‌ എന്നു പറയപ്പെടുന്നു. ആരില്‍ പ്രവേശിച്ചിട്ടാണ്‌ ദ്വിജസത്തമന്മാര്‍ മുക്തരാകുന്നത്‌, അവന്‍ വാസുദേവന്‍ എന്നറിയപ്പെടുന്ന സനാതനനായ പരമാത്മാവകുന്നു. ഹേ നാരദാ, നീ ദേവന്റെ മാഹാത്മൃവും മഹിമാവും കാണുക!

ശുഭാശുഭങ്ങളായ കര്‍മ്മങ്ങള്‍ ഇവന്  ഒരിക്കലും ഏല്ക്കുകയില്ല. സത്വം, രജസ്സ്‌, തമസ്സ്‌, ഇവ ഗുണങ്ങളാകുന്നു. ഇവ സര്‍വ്വ ശരീരങ്ങള്‍ തോറും നില്ക്കുകയും നടക്കുകയും ചെയ്യും. ക്ഷേത്രജ്ഞന്‍ ഗുണങ്ങള്‍ ഏല്ക്കുന്നു. എങ്കിലും ഗുണങ്ങളുമായി സ്പര്‍ശിക്കുന്നില്ല. എല്ലാറ്റിലും ക്ഷേത്രജ്ഞന്‍ സാക്ഷിയായി വസിക്കുന്നു. എല്ലാ ജീവികളുടേയും ആത്മാവായി ഇവന്‍ വര്‍ത്തിക്കുന്നു. പ്രപഞ്ചത്തിന്റെ ആത്മാവെന്നു പറയുന്നവനും അവന്‍ തന്നെയാണ്‌. അവന്‍ ജീവികളുടെ ശരീരം നശിച്ചാലും നശിക്കുകയില്ല. അവന്‍ അജനും, മാറ്റമില്ലാത്തവനും, നിത്യയനുമാണ്‌. എല്ലാ ഗുണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുന്നവനാണ്‌. അവന്‍ കാണുവാന്‍ കഴിയാത്തവനും, നിര്‍ഗ്ഗുണനും, നിഷ്കളങ്കനുമാണ്‌. ഇരുപ ത്തിനാലു തത്വങ്ങള്‍ക്കപ്പുറം നില്ക്കുന്ന ഇരുപത്തഞ്ചാമനാണ്‌ അവന്‍.

അവനെ പുരുഷന്‍ എന്നു പറയുന്നു. അവന്‍ നിഷ്ക്രിയനാണ്‌. അവനെ ജ്ഞാനം കൊണ്ടു മാത്രമേ അറിയുവാന്‍ കഴിയൂ. അവനില്‍ ഭക്തിയാല്‍ പ്രവേശിക്കുന്നവന് മോക്ഷം ലഭിക്കും. അവനാണു പരമാത്മാവായ വാസുദേവന്‍. നാരദാ! ആ ദേവന്റെ മഹത്വം നീ കാണുക. സത്വം, രജസ്സ്‌, തമസ്‌, എന്നിവയാണു ഗുണങ്ങള്‍. ഇവ എല്ലാ ദേഹങ്ങളിലും നില്‌ക്കുകയും, എല്ലാ ജീവികളിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജീവന്‍ ആത്മാവ്‌ എന്നു പറയുന്നു. ക്ഷേത്രജ്ഞന്‍ ഗുണങ്ങളെ ഏല്ക്കുന്നു. എന്നാല്‍ അവയുമായി സ്പര്‍ശനമില്ല. ഈ ഗുണങ്ങളുമായി ബന്ധപ്പെടാതെ നില്ക്കുന്നു. എന്നാല്‍ അവന്‍ അവയെ അനുഭവിക്കുന്നവനുമാകുന്നു. അവയെ സൃഷ്ടിച്ചതിന് ശേഷം എല്ലാറ്റിനും ഉപരിയായി അവന്‍ നില്ക്കുന്നു.

അല്ലയോ മഹര്‍ഷേ, ഈ ഭൂമി സര്‍വ്വഭൂതത്തിന്നും ആശ്രയമാണ്‌. ആ ഭൂമി പ്രളയകാലത്ത്‌ നശിക്കുന്നു. ഇല്ലാതാകുന്നു. അത്‌ വെള്ളത്തില്‍ ചേര്‍ന്നു പോകുന്നു. വെള്ളത്തില്‍ ലയിക്കുന്നു. പിന്നെ വെള്ളം അഗ്നിയില്‍ (പ്രകാശത്തില്‍) ലയിക്കുന്നു, പ്രകാശം (അഗ്നി) കാറ്റില്‍ (വായുവില്‍) ലയിക്കുന്നു. വായു ആകാശത്ത്‌ ലയിക്കുന്നു. ആകാശം മനസ്സില്‍ ലയിക്കുന്നു. മനസ്സ്‌ ഒരു മഹാഭൂതമാണ്‌. അത്‌ അവൃക്തത്തില്‍ (പ്രകൃതിയില്‍) ലയിക്കുന്നു. ആ പ്രകൃതി അവ്യക്തം അല്ലയോ ബ്രാഹ്മണാ, നിഷ്‌ക്രിയനായ പുരുഷനില്‍ ചെന്ന്‌ ലയിക്കുന്നു. സനാതനനായ പുരുഷനില്‍ നിന്നും അപ്പുറമായി മറ്റൊന്നുമില്ല. ചരാചരങ്ങളായ സകല ഭൂതങ്ങള്‍ക്കും നാശമുണ്ട്‌. നിതൃമായി ഒന്നുമില്ല. എന്നാല്‍ ഒന്നു മാത്രമുണ്ട്‌. അത്‌ ആ സനാതനനായ വാസുദേവന്‍ മാത്രമാകുന്നു.

ഭൂമി, വായു, ആകാശം, ജലം, ജ്യോതിസ്സ്‌ ഇവ അഞ്ചും ചേര്‍ന്നാല്‍ മഹാത്മാവിന്റെ ദേഹമായി എന്നു പറയുന്നു. അതില്‍ ഹേ ബ്രാഹ്മണാ, അദൃശ്യനും, ലഘുവിക്രമനുമായ വാസുദേവന്‍ എപ്പോള്‍ പഞ്ചഭൂത സഞ്ചിതമായ അതില്‍ ചേരുന്നുവോ, അപ്പോള്‍ അത്‌ ശരീരമാകുന്നു. അങ്ങനെയുളള ചേര്‍ച്ചയെയാണ്‌ ജന്മമെടുക്കല്‍ എന്നു പറയുന്നത്‌. അവനാണ്‌ ശരീരത്തിനു ചരിക്കുവാനും പ്രവര്‍ത്തിക്കുവാനും ഹേതുവായി തീരുന്നത്‌. ഈ പറഞ്ഞ അഞ്ചു ഭൂതങ്ങളും ചേരാതെ ഒരുത്തനും രൂപം പ്രാപിക്കുകയില്ല. ജീവന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ ശരീരത്തില്‍ ഇരിക്കുന്ന മനസ്സിന് ചലിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുകയില്ല. ശരീരത്തില്‍ കുടികൊളളുന്ന മഹത്തായ ആ ശക്തിയെ ജീവന്‍ എന്നു പറയുന്നു. അതിനെ വേറെ പേരുകളാലും അറിയപ്പെടുന്നുണ്ട്‌. ശേഷന്‍, സങ്കര്‍ഷണന്‍ എന്നും പറയുന്നു. സനല്‍ക്കുമാരത്വം കര്‍മ്മം കൊണ്ടു നേടുന്നവന്‍ ആരോ, അവന്‍ പ്രളയം വരുമ്പോള്‍ ഭൂതജാലങ്ങളെല്ലാം ലയിക്കു ന്നത്‌ ഏതൊരുത്തനില്‍, അവന്‍ സര്‍വ്വ ഭൂതങ്ങളുടേയും മനസ്സാകുന്നു. അവനെ പ്രദ്യുമ്നന്‍ എന്നു പറയുന്നു. അവനില്‍ നിന്നാണ്‌ കര്‍ത്താവ്‌ പൊങ്ങുന്നത്‌. അവനാണ്‌ കാര്യവും കാരണവും. അവനില്‍ നിന്നു ചരാചരങ്ങളടങ്ങിയ ജഗത്ത്‌ ഉണ്ടാകുന്നു. അവനെ അനിരുദ്ധന്‍ എന്നു പറയുന്നു. അവനെ ഈശാനന്‍ എന്നും പറയുന്നു.

ആ വാസുദേവനായ ഭഗവാന്‍ ത്രിഗുണാത്മകനായ ക്ഷ്രേതജ്ഞനാകുന്നു. അല്ലയോ രാജേന്ദ്രാ, അവന്‍ ഗുണങ്ങ ളില്‍ നിന്നു വിട്ടു നില്ക്കുന്നു. രാജാവേ, അവന്‍ ജന്മമെടുക്കുമ്പോള്‍ ആ ജീവന്‍ ശക്തനായ സങ്കര്‍ഷണന്‍ എന്നറിയപ്പെടുന്നു. സങ്കര്‍ഷണനില്‍ നിന്ന്‌ പ്രദ്യുമ്നന്‍ ഉണ്ടാകു ന്നു. അവന്‍ മനസ്സില്‍ നിന്നാണ്‌ ഉദിക്കുന്നത്‌. പ്രദ്യുമ്നനില്‍ നിന്ന്‌ അനിരുദ്ധന്‍ എന്നു പേരായ അഹങ്കാരം ജനിക്കുന്നു. എന്നില്‍ നിന്നാണ്‌ അക്ഷരവും ക്ഷരവുമായ സകല ചരാചരങ്ങളും, സത്വവും അസത്വവുമെല്ലാം ജനിക്കുന്നത്‌. എന്നില്‍ പ്രവേശിച്ച എന്റെ ഭക്തന്മാര്‍ മുക്തരാകുന്നു. ഹേ ബ്രഹ്മണാ, ഞാനാണ്‌ ഇപ്പറഞ്ഞ ഇരുപത്തഞ്ചാമനായ പുരുഷന്‍. നിര്‍ഗ്ഗുണനും, നിഷ്കളജംനും, നിര്‍ദ്വന്ദനും, നിഷ്പരിഗ്രഹനും ഞാനാണെന്ന്‌ അറിയുക!

ഞാന്‍  രൂപവാനായിക്കാണുന്നുണ്ടെന്ന്‌ നീ വിചാരി ക്കേണ്ടാ. ഏതു നിമിഷത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ നശിപ്പിക്കണമെന്ന്‌ എനിക്കു തോന്നുന്നുവോ, അപ്പോള്‍ ഞാന്‍ സര്‍വ്വവും ഇഷ്ടം പോലെ നശിപ്പിച്ചു കളയും. ഞാന്‍ ജഗത്തിന്റെ കര്‍ത്താവാണ്‌. ഞാന്‍ തീര്‍ത്ത മായകൊണ്ടാണ്‌ അങ്ങ്‌ എന്നെ ഇപ്പോള്‍ രൂപവാനായി കാണുന്നത്‌.

സര്‍വ്വഭൂതങ്ങള്‍ക്കുമുളള ഗുണങ്ങള്‍ ചേര്‍ന്നവനാണ്‌ ഞാന്‍ എന്ന്‌ നീ എന്നെപ്പറ്റി ചിന്തിക്കരുത്‌. ഞാന്‍ സത്വരജസ്തമങ്ങളോടുകൂടിയവനല്ല, നിനക്ക്‌ എന്നെ ശരിക്കും മനസ്സിലാക്കാനുളള കഴിവില്ല. ഞാന്‍ നിനക്ക്‌ എന്റെ ചതുര്‍വ്വിധരൂപങ്ങളെപ്പറ്റി പറഞ്ഞുവല്ലോ. അല്ലയോ നാരദാ, ഞാന്‍ കര്‍ത്താവാണ്‌ (ചെയ്യുന്നവന്‍). ഞാന്‍ കാരണമാണ്‌ (ഹേതു) ഞാന്‍ ഫലമാണ്‌., ജീവികളുടെയെല്ലാം, സമസ്തവും ഞാനാണ്‌. എല്ലാ ജീവികളും എന്നില്‍ ആശ്രയിച്ചിരി ക്കുന്നു. ഞാന്‍ ക്ഷേത്രജ്ഞനെ കാണുന്നു എന്നുളള ധാരണ വിട്ടേക്കുക. ഞാന്‍ എല്ലാറ്റിലും വ്യാപിക്കുന്നു. അല്ലയോ ബ്രാഹ്മണാ, ഞാന്‍ എല്ലാ ജീവികളുടേയും ആത്മാവാണ്‌. ജീവികളുടെ ശരീരങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ അതോടൊപ്പം ആത്മാവായ ഞാനും നശിക്കുമെന്ന്‌ വിചാരിക്കേണ്ടാ. അനുഗൃഹീതരായ മര്‍ത്തൃര്‍: തപസ്സുകൊണ്ടും, ജ്ഞാനംകൊണ്ടും എന്നെ ഭജിച്ച്‌ സത്വരജസ്തമോഗുണങ്ങളില്‍ നിന്നു വിമുക്തരായി, തന്മൂലം എന്നില്‍ വന്നുചേരുന്നതില്‍ അല്ലയോ മഹര്‍ഷേ, വിജയിക്കുന്നു. എന്റെ ആദ്യ സൃഷ്ടിയായ ഹിരണ്യഗര്‍ഭന്‍, ലോകാദ്യനായ നാന്മുഖന്‍, നിരുക്തത്താലും അറിയപ്പെടാത്തവനായ ദേവന്‍, സനാതനനായ ബ്രഹ്മാവാണ്‌. അവന്‍ എന്നെ സംബന്ധിക്കുന്ന പലതിലും എന്നെ സുരിക്കുന്നവനാണ്‌. എന്റെ ക്രോധത്താല്‍ എന്റെ നെറ്റിയില്‍ നിന്നു ജനിച്ച ക്രോധോത്ഭവനാണ്‌ രുദ്രന്‍. എന്റെ വലത്തുഭാഗത്തായി പതിനൊന്നു രുദ്രന്മാരുണ്ടെന്നും കണ്ടുകൊള്ളുക. അതുപോലെ ഇടത്തു ഭാഗത്തായി പന്ത്രണ്ട്‌ ആദിത്യന്മാരേയും കാണുക. എന്റെ മുമ്പിലായി സുരശ്രേഷ്ഠന്മാരായ എട്ട്‌ വസുക്കളേയും കാണുക. പിന്നിലായി വൈദ്യന്മാരായ നാസത്യന്മാരേയും (അശ്വിനീദേവന്മാർ) കാണുക. പിന്നെ പ്രജാപതികളേയും, സപ്തര്‍ഷിമാരേയും, ഭൂരിയജ്ഞങ്ങളേയും, അമരന്മാരേയും, അമൃത്‌, ഔഷധികള്‍ എന്നിവയും തപസ്സ്‌, പലമാതിരി നിയമം, അപ്രകാരം അഷ്ടഐശ്വര്യങ്ങള്‍ ഒന്നിച്ചു രൂപം കൊണ്ട്‌ ഇവരും, ശ്രീയും, ലക്ഷ്മിയും, കീര്‍ത്തിയും, ഭൂമിദേവിയും, കകുദ് മിനിയും, വേദമാതാവായ വാഗ്ദേവിയും ഇവരൊക്കെ എന്നില്‍ വാഴുന്നതായി നീ കാണുക. ജ്യോതിസ്സുകളില്‍ ശ്രേഷ്ഠനായ ധ്രുവനെ നാരദാ, നീ കാണുക. മേഘങ്ങള്‍, സമുദ്രങ്ങള്‍, സരിത്തുകള്‍, സരസ്സുകള്‍, ശരീരമെടുത്ത മട്ടില്‍ നാല്‌ പിതൃവര്‍ഗ്ഗങ്ങളേയും മുനിസത്തമാ, നീ കാണുക. ഈ മൂന്നു ഗുണവും മൂര്‍ത്തിയില്ലാത്തവിധം നീ എന്നില്‍ കാ ണുക. പിതൃകാര്യം ദേവകാര്യത്തേക്കാള്‍ മേലെയാണ്‌ മുനേ! ദേവകള്‍ക്കും, പിതൃക്കള്‍ക്കും ഞാന്‍ ഏകനായ ആദി പിതാവാണ്‌. .

ഞാന്‍ ഹയൃഗ്രീവനായി വടക്കും പടിഞ്ഞാറും സമുദ്ര ങ്ങളില്‍ച്ചെന്ന്‌ ശ്രദ്ധയോടെ നല്ലവണ്ണം ഹോമിക്കപ്പെട്ട ഹവ്യകവ്യങ്ങള്‍ ഭുജിക്കും. ഞാന്‍ പണ്ട്‌ സൃഷ്ടിച്ചവനായ ബ്രഹ്മാവ്‌ തനിയേ എന്നെ ജജിച്ചു. അതുകൊണ്ട്‌ അവനില്‍ പ്രീതിയോടെ വലിയ വരങ്ങള്‍ നല്കി എന്റെ പുത്രനായി പിറക്കുക, ലോകാദ്ധ്യക്ഷനാവുക എന്നതും ഞാന്‍ കല്പിച്ചു. അഹങ്കാരകൃതമായ നാമപര്യായങ്ങളും കല്പിച്ചു.

(കല്പത്തിന്റെ ആദിയില്‍ ബ്രഹ്മാവ്‌ നാരായണന്റെ പുത്രനായി. അന്ന്‌ മറ്റൊരു ചരാചരവും ഉണ്ടായിരുന്നില്ല. പിന്നെ ബ്രഹ്മാവിനെ സകല ചരാചരങ്ങള്‍ക്കും നാഥനായി കല്പിച്ചു. നാരായണന്‍ അഹങ്കാരത്തെ സൃഷ്ടിച്ചു. ബ്രഹ്മാവ്‌ അഹങ്കാരത്തിന്റെ സഹായത്തോടെ ചരാചരാത്മകമായ സകലത്തേയും സൃഷ്ടിച്ചു. അഹങ്കാരം ഇല്ലാതിരുന്ന കാലത്ത്‌ ബ്രഹ്മസൃഷ്ടിയൊന്നും ഉണ്ടായില്ല. അഹങ്കാരത്തെ സുഷ്ടിച്ചതിന് ശേഷമാണ്‌ സകല ജീവികളും സൃഷ്ടിക്കപ്പെട്ടത്‌) അങ്ങു നിശ്ചയിച്ച മര്യാദ ഒരുത്തനും തെറ്റിപ്പോവുകയില്ല. വരം കാംക്ഷിക്കുന്നവര്‍ക്ക്‌ നീ തന്നെയാണു വരദനായ ബ്രഹ്മാവ്‌. സുരാസുരഗണങ്ങള്‍ക്കും മുനികള്‍ക്കും ഹേ സംശിത്വ്രതാ, നിത്യവും പല മാതിരി ഭൂതങ്ങള്‍ക്കും അങ്ങ്‌ ഉപാസ്യനായി വരും. ഞാന്‍ ദേവകാര്യങ്ങള്‍ക്ക്‌ പ്രത്യക്ഷനായി അനുശാസ്യനാകും. ബ്രഹ്മാവിനെ പുത്രന്റെ മട്ടില്‍ നിയോഗിക്കും എന്നും മറ്റും നല്ല വരം ബ്രഹ്മാവിന് നല്കി. പ്രീതിയോടു കൂടി ഞാന്‍ പിന്നെ നിവൃത്തിപരനായി. ധര്‍മ്മങ്ങള്‍ക്കൊക്കെ നിര്‍വ്വാണം നല്കുകയെന്നത്‌ ശ്രേഷ്ഠമായ നിവൃത്തിയാകുന്നു. അതുകൊണ്ട്‌ സര്‍വ്വാംഗ നിര്‍വൃതന്‍ നിവൃത്തനായി ജീവിക്കണം. വിദ്യാസഹായനും ആദിത്യസ്ഥനും സമാഹിതനും ആചാര്യനുമായ കപിലന്‍ സാംഖ്യനിശ്ചയമനുസരിച്ച്‌, ഇപ്രകാരം സ്തുതിച്ചിട്ടുണ്ട്‌. ഹിര ണൃഗര്‍ഭനും ഭഗവാനുമായി എന്നെ ഛന്ദസ്സില്‍ (വേദത്തില്‍) പല പ്രാവശ്യവും ആവര്‍ത്തിച്ച്‌ സ്തുതിച്ചിട്ടുണ്ട്‌. യോഗപരനായ ഞാന്‍ യാഗശാസ്ത്രത്തില്‍ അല്ലയോ ബ്രാഹ്മണാ! പ്രസിദ്ധനാണ്‌. ഈ ഞാന്‍ ശാശ്വതനാണ്‌. ഈ ഞാന്‍ വ്യക്തിരൂപം എടുത്ത്‌ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വര്‍ത്തിക്കുന്നു. യുഗസഹസ്രങ്ങളുടെ അന്ത്യത്തില്‍ ഞാന്‍ ജഗത്തിനെ സംഹരിക്കും. എന്നിലേക്കു തന്നെ പിന്‍വലിക്കും. വളരെ കാലം കഴിഞ്ഞ്‌ പിന്നെ വീണ്ടും ലോകത്തെയെല്ലാം, സകല ചരാചരത്തേയും വിദ്യയുടെ സഹായത്താല്‍ സൃഷ്ടിക്കും.

എന്റെ നാലാമത്തെ മൂര്‍ത്തി നാശമില്ലാത്ത ശേഷനെ സൃഷ്ടിച്ചു. അവന്റെ പേര്‌ സങ്കര്‍ഷണന്‍ എന്നാണ്‌. അവന്‍ പിന്നെ പ്രദ്യുമ്നനെ സൃഷ്ടിച്ചു. പ്രദ്യുമ്നനില്‍ നിന്ന്‌ ഞാന്‍ അനിരുദ്ധനെന്ന പേരില്‍ ജന്മമെടുത്തു. ഞാന്‍ എന്നെത്തന്നെ ജനിപ്പിച്ചു. അനിരുദ്ധനില്‍ നിന്ന്‌ ബ്രഹ്മാവ്‌ പുറത്തു വന്നു. അതു നാഭിയിലെ താമരപ്പൂവില്‍ നിന്നാണ്‌. ബ്രഹ്മാവില്‍ നിന്നു സകല ചരാചരങ്ങളും സൃഷ്ടിക്കപ്പെടുന്നു. എല്ലാ കല്പത്തിന്റേയും ആദിയില്‍ ഇപ്രകാരമാണ്‌ സൃഷ്ടിയുടെ പ്രവര്‍ത്തനം. ഈ സൃഷ്ടിയും പ്രളയവും, സൂര്യന്റെ ഉദയവും അസ്തമനവും പോലെയാണ്‌ ലോകത്തില്‍ നടക്കുന്നത്‌. കാലത്തെ ഉണ്ടാക്കുകയും കാലത്തെ നശിപ്പിക്കുകയും പിന്നെ ഉണ്ടാക്കുകയും പിന്നേയും നശിപ്പിക്കുകയുമാണല്ലോ സൂര്യന്‍ വാനില്‍ നിന്ന്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌. അപ്രകാരം തന്നെയാണ്‌ ഞാന്‍. ഭൂതങ്ങളുടെ നന്മയ്ക്കായി ബലമായി ഭൂമിയെ, സത്വക്രമം തീരെ നശിച്ച്‌ ആഴിയാല്‍ ചുറ്റപ്പെട്ട ഊഴിയെ വരാഹ രൂപമെടുത്ത്‌ അതിന്റെ സ്ഥാനത്തെത്തിക്കുവാന്‍ ബലഗര്‍വ്വിഷ്ഠദൈത്യനായ ഹിരണ്യാക്ഷനേയും വധിക്കുന്നതാണ്‌. പിന്നെ യജ്ഞം മുടക്കുന്ന ദിതി പുത്രനായ ഹിരണ്യകശ്യപുവിനെ നരസിംഹമായി വന്ന്‌ ദേവകാര്യത്തിനായി വധിക്കുന്നതാണ്‌. വിരോചന പുത്രനും അതിബലവാനും ദേവദൈത്യാശരാദികള്‍ക്കാര്‍ക്കും വധിക്കുവാന്‍ സാദ്ധ്യമല്ലാത്തവനുമായ ബലി ഇന്ദ്രനെ സ്വരാജ്യ ഭ്രഷ്ടനാക്കും. മൂന്നു പാരും അവന്‍ കൈയിലാക്കുകയും ശചീപതിയായ ഇന്ദ്രന്‍ സ്വര്‍ഗ്ഗം വിട്ടോടുകയും ചെയ്യുമ്പോള്‍ കശ്യപന്റെ പുത്രനായി ഞാന്‍ അദിതിയില്‍ ദ്വാദശാദിത്യനായി പിറക്കും. തേജസ്വിയായ ഇന്ദ്രന് ഞാന്‍ രാജ്യം മഹാബലിയില്‍ നിന്ന്‌ വാങ്ങിക്കൊടുക്കും. പിന്നെ സ്വസ്ഥാനങ്ങളില്‍ ദേവകളെ സ്ഥാപിപ്പിക്കുന്നതാണ്‌ നാരദാ! അങ്ങനെ സര്‍വ്വദേവാവദ്ധ്യനും ദാനവ മുഖ്യനുമായ ബലിയെ ഞാന്‍ പാതാളത്തില്‍ വസിക്കുന്നവനാക്കി തീര്‍ക്കുന്നതാണ്‌ നാരദാ!

ത്രേതായുഗത്തില്‍ ഭൃഗുവംശോദ്വഹനായ രാമനായി ജനിക്കും. ബലവാഹങ്ങള്‍ പെരുകുന്ന ക്ഷത്രിയ വംശത്തെ ഞാന്‍ മുടിക്കും. ത്രേതയില്‍ ദ്വാപരത്തിന്റെ സന്ധ്യാംശം വരുമ്പോള്‍ ഞാന്‍ ദാശരഥിയായ രാമനായി, ജഗത്പതിയായി പിറക്കും. ത്രേതായുഗത്തിന്റെ അന്ത്യത്തില്‍ ഏകതനും ദ്വിതനും എന്നീ പ്രജാപതിസുതരായ ഋഷികള്‍ വൈരൂപ്യത്തെ പ്രാപിച്ച്‌ വാനരന്മാരായി ജനിക്കും. അവരുടെ കുലത്തില്‍ വനവാസികളായി മഹാബലരും മഹാവീര്യരും ഇന്ദ്രതുല്യ പരാക്രമികളുമായി പലരും ഉണ്ടാകും. അവര്‍ സുരകാര്യത്തിന് വേണ്ടി എനിക്ക്‌ തുണയായിത്തീരും. പിന്നെ ഘോരനായ രാക്ഷസരാജാവായി, പുലസ്ത്യ കുലത്തില്‍ പിറന്ന നീചനും രൗദ്രനുമായ ദശാസ്യനെ കൂട്ടത്തോടെ ഞാന്‍ കൊന്നൊടുക്കും.

കലിക്കും ദ്വാപരത്തിന്നും ഒടുവിലുള്ള സന്ധിയില്‍ കംസന്‍ മൂലം മധുരയില്‍ ഞാന്‍ വന്നു പിറക്കും. അതില്‍ ഞാന്‍ കംസന്‍ മുതലായ ദേവകണ്ടകന്മാരായ വളരെയേറെ ദൈത്യന്മാരെ വധിച്ച്‌ കുശസ്ഥലീപുരമായ ദ്വാരകയില്‍ അധിവസിക്കും. ആ പുരത്തില്‍ വസിച്ച്‌ ഞാന്‍ ദിതിക്ക്‌ അപ്രിയം ചെയ്യുന്ന ഭൗമന്‍, നരകന്‍, മുരന്‍, പീഠന്‍ തുടങ്ങിയ ദൈത്യന്മാരെ കൊല്ലും. പിന്നെ പ്രാക്ജ്യോതിഷ പുരത്തില്‍ ചെന്നു ദാനവമുഖ്യരെ വധിച്ച്‌ അവിടെയുള്ള മനോഹരമായ വസ്തുക്കളെല്ലാം നേടി ദ്വാരകയിലേക്കു കൊണ്ടു പോരും. ബാണന്റെ പ്രിയത്തിനു നില്ക്കുന്ന മഹേശനേയും സ്കന്ദനയും അവര്‍ എതിര്‍ക്കുമ്പോള്‍ കടന്നു ചെല്ലും. ആയിരം കൈയുള്ള ബലിപുത്രനായ ബാണനെ ജയിക്കും. പിന്നെ മറ്റു സൌഭവാസികളേയും ഹനിക്കും. ഗാര്‍ഹൃതേജസ്സാര്‍ന്ന കാലയവനനേയും ഞാന്‍ വധിക്കും ദ്വിജോത്തമാ!

ബലവാനായ ജരാസന്ധന്‍ സര്‍വ്വരാജാക്കന്മാരേയും ബന്ധിക്കും. ഗിരിവ്രജത്തില്‍ അസുര രാജാവായ അവന്‍ മഹാബലവാനായി വരും. എന്റെ ബുദ്ധിക്കുള്ള ഇളക്കം വരുമ്പോള്‍ അവന്റെ കഥയും ഞാന്‍ കഴിക്കും. ധര്‍മ്മപുത്രന്റെ യാഗത്തില്‍ വെച്ച്‌ ഞാന്‍ ശിശുപാലനേയും വധിക്കും. മന്നില്‍ ബലവാന്മാരായ രാജാക്കന്മാര്‍ ഏല്ക്കുന്ന യുദ്ധത്തില്‍ എനിക്ക്‌ ശക്രനന്ദനന്‍ ഒരുത്തന്‍ തുണയായി നില്ക്കും. ഭ്രാതാക്കളോടു ചേര്‍ന്ന്‌ ധര്‍മ്മപുത്രനെ ഞാന്‍ സ്വരാജ്യത്തില്‍ ഇരുത്തും. ഞങ്ങളെപ്പറ്റി ലോകര്‍ പറയും, ഞങ്ങള്‍ നരനാരായണര്‍ഷികളാണെന്ന്‌. ലോകകാര്യത്തിനായി ക്ഷത്രം ചുട്ടുപൊട്ടിക്കുന്ന രാജാക്കന്മാരെ നശിപ്പിക്കും. ഭൂമിക്ക്‌ ഭാരം കുറയ്ക്കും. സര്‍വ്വ സാത്വത മുഖ്യര്‍ക്കും ദ്വാരകയ്ക്കും അല്ലയോ സത്തമാ, ഞാന്‍ ഘോരമായ പ്രളയം ഉണ്ടാക്കും. നാലാമത്തെ മൂര്‍ത്തി ധരിച്ചവനായ ഞാന്‍ കണക്കു വിട്ട കര്‍മ്മം ചെയ്ത്‌ ബ്രഹ്മപൂജ്യങ്ങളായ ലോകങ്ങള്‍ പ്രാപിക്കും.

ഹംസം, കൂര്‍മ്മം, മത്സ്യം, വരാഹം, നരസിംഹം, വാമനന്‍, രാമന്‍, ദാശരഥിരാമന്‍, ശ്രീമാനായ സാത്വതന്‍, കൽക്കി ഇവയാണ്‌ എന്റെ അവതാരങ്ങള്‍ ദ്വിജോത്തമാ! വേദശ്രുതി നശിക്കുമ്പോള്‍ വീണ്ടും ഞാന്‍ അവയെ ഉദ്ധരിക്കും. മുമ്പേ കൃതയുഗത്തില്‍ വേദശ്രുതികള്‍ തീര്‍ന്നത്‌ പുരാണത്തില്‍ നിന്നു നീ ഗ്രഹിച്ചിട്ടുണ്ടല്ലോ. എന്റെ മുഖ്യാവതാരങ്ങള്‍ പലതും കഴിഞ്ഞിട്ടുണ്ട്‌. അന്നൊക്കെ ദേവകാര്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്‌. പിന്നെ സ്വപ്രകൃതി വഹിച്ചിട്ടുമുണ്ട്‌. ബ്രഹ്മാവും എന്റെ ഇപ്രകാരമുള്ള കാഴ്ച നേടിയിട്ടില്ല. ഏകാന്ത ബുദ്ധിയായ ഭവാന്‍ ഇന്നു നേടിയ വിധം കാഴ്ച ബ്രഹ്മാവിനും ലഭിച്ചിട്ടില്ല. അല്ലയോ ബ്രാഹ്മണാ, ഭക്തനായ നിന്നോട്‌ ഇതൊക്കെ ഞാന്‍ പരറഞ്ഞു. കഴിഞ്ഞതും വരാനുളളതും അതിന്റെ രഹസ്യവുമെല്ലാം ഞാന്‍ നിന്നോടു പറഞ്ഞു മുനിസത്തമാ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം അവ്യയനായ ഭഗവാന്‍ വിശ്വമൂര്‍ത്തി ഇത്രമാത്രം പറഞ്ഞ്‌ അവിടെത്തന്നെ മറഞ്ഞു. തേജസ്വിയായ നാരദന്‍ ഇഷ്ടാനുഗ്രഹമേറ്റ്‌ നരനാരായണന്മാരെ കാണുവാന്‍ ബദര്യാശ്രമത്തിലേക്കു പോയി. ഈ മഹോപനിഷത്ത്‌ നാലു വേദത്തോടും കൂടിയതാണ്‌. "സാംഖ്യയോഗകൃതം പഞ്ചരാത്രമെന്നത്‌" നാരായണന്‍ പറഞ്ഞത്‌ അവരെ നാരദന്‍ കേള്‍പ്പിച്ചു. ബ്രഹ്മഗേഹത്തില്‍ വെച്ചു കണ്ടതും കേട്ടതുമെല്ലാം പറഞ്ഞുകേള്‍പ്പിച്ചു.

യുധിഷ്ഠിരന്‍ പഠഞ്ഞു: “ആ ധീമാന്റെ മാഹാത്മ്യം അത്യാശ്ചര്യം തന്നെ! അത്‌ നാരദന്‍ വഴിയായി കേള്‍ക്കുവാന്‍ ബ്രഹ്മാവിന് കഴിയുകയില്ല? ആ ബ്രഹ്മദേവന്‍ ആ ദേവന്റെ അടുത്തുളളവനല്ലേ? ഭഗവാനായ പിതാമഹന്‍ ആ അമിതൗജസ്സിന്റെ പ്രഭാവം അറിഞ്ഞിട്ടില്ലെന്നു പറയുന്നത്‌ എങ്ങനെ?

ഭീഷ്മൻ പറഞ്ഞു: ആയിരം മഹാകല്പങ്ങളും നൂറു മഹാകല്പങ്ങളും കഴിഞ്ഞു പോയി. സൃഷ്ടികളും പ്രളയങ്ങളും എത്രയോ കഴിഞ്ഞു പോയി. സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവ്‌, പ്രജാസൃഷ്ടികരനും പ്രഭുവുമായ ദേവന്‍, നാരായണനെ ഓര്‍ത്തു. ബ്രഹ്മാവ്‌ നാരായണനെ അറിയും. വളരെയേറെ അറിയും. പരമാത്മാവായ ഈശ്വരനെ, ആത്മപ്രഭവകൃത്തായ നാരായണനെ അറിയും. ബ്രഹ്മാവാണ്‌ ആദ്യമേ തന്നെ ഋഷികള്‍ക്ക്‌ ബ്രഹ്മാലയത്തില്‍ വെച്ച്‌ വേദ പ്രമാണ സമ്മതമായ പുരാണം കേള്‍പ്പിച്ചത്‌. ഭാവിതാത്മാ ക്കളായ അവര്‍ ചൊല്ലിക്കേട്ടിട്ട്‌ സുര്യദേവനും തന്നെ പിന്‍തുടരുന്നവര്‍ക്ക്‌ കേള്‍പ്പിച്ചു രാജാവേ! അവിടെ അറുപതിനായിരം ഭാവിതാത്മാക്കളായ ഋഷികളുണ്ടായിരുന്നു. അവര്‍ ലോകം നടത്തുന്ന സൂര്യന്റെ മുമ്പില്‍ നടക്കുന്നതിന്‌ നിശ്ചയിക്കപ്പെട്ടവരാണ്‌. പരിശുദ്ധാത്മാക്കളും തന്റെ കൂടെയുളളവരുമായ ഋഷികള്‍ക്ക്‌ സുര്യന്‍ ആ പുരാണം പറഞ്ഞു കൊടുത്തു. ഉണ്ണീ, സൂര്യാനുഗരായ ആ മഹാത്മാക്കള്‍ മേരുവില്‍ ചെന്നു കൂടിയ സുരന്മാര്‍ക്ക്‌ ഉത്തമമായ ഈ പുരാണം പറഞ്ഞു കൊടുത്തു. പിന്നെ സുരന്മാര്‍ മുഖേന കേട്ട്‌ അസിതന്‍ എന്ന മുനിസത്തമനായ ബ്രാഹ്മണന്‍ പിതൃക്കളേയും കേള്‍പ്പിച്ചു രാജേന്ദ്ര! ഉണ്ണീ, എന്റെ അച്ഛനായ ശന്തനു രാജാവ്‌ എന്നേയും കേള്‍പ്പിച്ചു. ആ വഴിക്കു കേട്ടത്‌ ഞാന്‍ നിന്നോടും പറഞ്ഞു ഭാരതാ! ഈ പുരാണം കേട്ടറിഞ്ഞ ദേവന്മാരും മുനിമുഖ്യന്മാരും എല്ലാവരും പരമാത്മാവിനെ നിത്യവും പൂജിക്കുന്നു. ഇത്‌ വലിയതും ആര്‍ഷേയവുമായ ആഖ്യാനമാണ്‌. നീ അത്‌ വാസുദേവനില്‍ ഭക്തിയില്ലാത്തവര്‍ക്ക്‌ ഉപദേശിക്കരുത്‌. രാജാവേ, ഞാന്‍ വേറെയും ഉപാഖ്യാനങ്ങള്‍ പറഞ്ഞു. നീ കേട്ടതായ അവയുടെ സത്ത്‌ എടുത്തതാണ്‌ ഇത്‌. ദേവാസന്മാര്‍ ക്ഷീരസാഗരം കടഞ്ഞ്‌ അമൃതെടുത്ത മാതിരി കഥാമൃതമായ ഇത്‌ മുമ്പേ വിപ്രന്മാര്‍ക്കും ലഭിച്ചു. അതു നിത്യവും പഠിക്കുന്നവന്നും ഇതു കേള്‍ക്കുന്നവനുമായ മനുഷ്യന്ന്‌ ഏകാന്തഭാവം ഏകാന്തതയില്‍ സമാഹിതനായാല്‍ മഹാശ്വേര ദ്വീപില്‍ ചെന്ന്‌ ചന്ദ്രാഭനായ നരനായി അവന്‍ സഹ്രസാര്‍ച്ചിസ്സായ ദേവനില്‍ പ്രവേശിക്കുന്നതാണ്‌. അതില്‍ യാതൊരു സംശയവുമില്ല. ഇത്‌ ആദ്യം തൊട്ടു കേള്‍ക്കുകയാണെങ്കില്‍ രോഗി രോഗം വിട്ടു സുഖിക്കും. ജിജ്ഞാസുവായവന് ആഗ്രഹങ്ങള്‍ സാധിക്കും. ഭക്തന്‍ ഭക്തന്മാര്‍ക്കുളള ഗതിയെ പ്രാപിക്കും. അങ്ങയും പുരുഷോത്തമനെ സദയം അര്‍ച്ചിക്കുക. ഈ ജഗത്തിന് ഗുരു അവനാണ്‌. വിശ്വത്തിന് അച്ഛനും അമ്മയും അവന്‍ തന്നെ! ബ്രഹ്മണ്യദേവന്‍ ഭഗവാന്‍ നിത്യവും നിന്നില്‍ കനിയും. അല്ലയോ മഹാബാഹുവായ യുധിഷ്ഠിരാ, ജനാര്‍ദ്ദനന്‍ മഹാബുദ്ധിയാണെന്നു നീയറിയുക.

വൈശമ്പായനൻ പറഞ്ഞു: ഈ മുഖ്യമായ കഥ കേട്ട്‌ അല്ലയോ ജനമേജയാ, ധര്‍മ്മപുത്രന്‍ നാരായണനെ തന്റെ സഹോദരന്മാരോടു കൂടി ആശ്രയിച്ച്‌ ഭഗവാന്‍ ജയിക്കുന്നു! എന്ന്‌ ആ പുരുഷനെപ്പറ്റി സരസ്വതോയോട് പറഞ്ഞു. നമുക്കുള്ള ഗുരുശ്രേഷ്ഠന്‍ കൃഷ്ണദ്വൈപായനനായ ഋഷിയാണ്‌. അവന്‍ പരമനായ നാരായണനെ ജപിച്ച്‌ അമൃതുള്‍ക്കൊണ്ട പാലാഴിയില്‍ ചെന്നു. ആകാശം വഴിക്ക്‌ ദേവദേവനെ പൂജിച്ച്‌, വീണ്ടും തന്റെ ആശ്രമത്തിലെത്തി.

ഭീഷ്മൻ പറഞ്ഞു: നിന്നോടു നാരദന്‍ പറഞ്ഞതൊക്കെ ഞാന്‍ പറഞ്ഞു. പാരമ്പര്യവഴിക്ക്‌ അച്ഛനില്‍ നിന്നു ഗ്രഹിച്ചതാണ്‌ ഇത്‌.

സുതന്‍ പറഞ്ഞു: “ഇതൊക്കെ, വൈശമ്പായനന്‍ പറഞ്ഞതൊക്കെ, ഞാന്‍ ഇവിടെ പറഞ്ഞു. ഇതുകേട്ട്‌ വിധി പോലെയെല്ലാം ജനമേജയന്‍ ചെയ്തു. നിങ്ങള്‍ വലിയ തപസ്സില്‍ മുഴുകിയ ചരിതവ്രതന്മാരാണ്‌. എല്ലാവരും വേദജ്ഞന്മാരായ യോഗ്യരാണ്‌. നൈമിഷാരണ്യ വാസികളായ നിങ്ങള്‍ ശൗനകന്റെ മഹാസത്രത്തില്‍ വന്നുചേര്‍ന്ന ദ്വിജോത്തമന്മാരാണ്‌. നിങ്ങള്‍ നല്ല യജ്ഞത്താല്‍ ശാശ്വതനായ പരമേശ്വരനെ യജിക്കുവിന്‍! പാരമ്പര്യ വഴിക്ക്‌ എന്റെ അച്ഛന്‍ എന്നോടു പറഞ്ഞതാണിത്‌.

അദ്ധ്യായം 341. നാരായണീയം - ബ്രഹ്മാദികള്‍ക്കു ഭഗവാന്‍ ഉപദേശിച്ച പ്രവ്യത്തി നിവ്യത്തി രഹസ്യം - ശൗനകന്‍ പറഞ്ഞു; യജ്ഞത്തില്‍ ആദ്യമായി ഹവ്യം കൈക്കൊളളുന്ന ഭഗവാനും പ്രഭുവും ദേവദേവനുമായ നാരായണന്‍ അപ്രകാരം എന്നും യജ്ഞധാരിയും വേദവേദാംഗവിത്തമനുമാണ്‌. ക്ഷമിയും ഭഗവാനും പ്രഭുവുമായ ആ ദേവന്‍ നിവ്യത്തി മാര്‍ഗ്ഗം കൈക്കൊണ്ടു. പിന്നെ നിവൃത്തിധ ര്‍മ്മം ആ പ്രഭു ഉണ്ടാക്കിത്തീര്‍ത്തു. എങ്ങനെ ദേവന്മാരെ പ്രവൃത്തിധര്‍മ്മഭാഗത്തിന്‌ അര്‍ഹരാക്കി? ബുദ്ധിക്കു മാറ്റമുള്ള നിവൃത്തിധര്‍മ്മം എങ്ങനെ തീര്‍ത്തു? അല്ലയോ സുതാ, ഞങ്ങള്‍ക്ക്‌ ഇതിലുള്ള സംശയം തീര്‍ത്തുതരിക. ഗുഹ്യവും സനാതനവും ധര്‍മ്മാഢ്യവുമായ നാരായണകഥ കേട്ടവനല്ലയോ ഭവാന്‍?

സൂതന്‍ പറഞ്ഞു: ശ്രീമാനായ വ്യാസന്റെ ശിഷ്യനോട്‌ ജനമേജയന്‍ ചോദിച്ച ഇതിനെപ്പറ്റി ഭവാനോടു പറയാം. അത്‌ പുരാണസംബന്ധമാണ്‌ ശൌനകോത്തമാ! ജീവൌഘമായ പരമാത്മാവിന്റെ മാഹാത്മ്യം കേട്ടയുടനെ വൈശമ്പായനനോട്‌ പ്രാജ്ഞനായ ജനമേജയൻ പറഞ്ഞു.

ജനമേജയന്‍ പറഞ്ഞു: ബ്രഹ്മാവും ദേവന്മാരും അസുരന്മാരും കൂടിയ ഈ  വിശ്വമെല്ലാം വൃദ്ധിനല്കുന്ന ക്രിയകളില്‍ മുഴുകിയമട്ടില്‍ കാണപ്പെടുന്നുണ്ട്‌. അല്ലയോ ബ്രാഹ്മണ, ഭവാന്‍ പറഞ്ഞു, മോക്ഷം, നിര്‍വ്വാണം, പരമസുഖമാണെന്ന്‌. ഭവാന്‍ പറഞ്ഞ മുക്തരാണെങ്കില്‍ പുണ്യവും പാപവും നീങ്ങിയവരാണ്‌. അങ്ങനെയുള്ളവര്‍ സഹസ്രാര്‍ച്ചിസ്സായ ദേവനോടു ചേരുന്നതാണെന്നു കേള്‍ക്കുന്നു. സനാതനമായ ഈ മോക്ഷധര്‍മ്മം അനുഷ്ഠിക്കുവാന്‍ വളരെ വിഷമമുണ്ട്‌. അതു വിട്ട്‌ ആ ദേവകളും ഹവ്യകര്‍മ്മങ്ങളനുഭവിക്കുന്നു. ബ്രഹ്മാവും രുദ്രനും വലജിത്തായ ശക്രനും സൂര്യനും ചന്ദ്രനും വായുവും അഗ്നിയും വരുണനും ആകാശവും ഭൂമിയും എന്നു മാത്രമല്ല, വിണ്ണിലുള്ളതു സര്‍വ്വവും ആത്മാവിനു വിധിച്ച പ്രളയം കാണുന്നില്ല. അതു കൊണ്ടാണ്‌ ധ്രുവവും അക്ഷരവും അവ്യയവുമായ ആ മാര്‍ഗ്ഗത്തിലൂടെ പോകാത്തത്‌. ആ സ്മൃതിയുടെ കണക്ക്‌ കാലത്താല്‍ ഗണിക്കപ്പെടുന്നതാകുന്നു. ക്രിയാവാന്മാര്‍ക്കുള്ള വലിയ ദോഷം കാലത്താല്‍ കണക്കാക്കപ്പെടുന്നു. എനിക്ക്‌ ഇതിലുള്ള സംശയം മനസ്സില്‍ ഒരു ശരം തറച്ച മാതിരി തോന്നുന്നു. അല്ലയോ ബ്രാഹ്മണാ, ആ സംശയം അങ്ങ്‌ പറഞ്ഞു തീര്‍ത്തു തരണം. അറിയുവാന്‍ വലിയ കൌതുകമുണ്ട്‌. ദേവന്മാര്‍ അവരുടെ യജ്ഞഭാഗം, അവര്‍ക്കു വേണ്ടി പലവിധം മന്ത്രോച്ചാരണപൂര്‍വ്വം അര്‍പ്പിക്കപ്പെടുമ്പോള്‍, സ്വീകരിക്കുന്നവരാണെന്നു പറയുന്നുണ്ടല്ലോ. അതെങ്ങനെ? അല്ലയോ ബ്രാഹ്മണാ, യജ്ഞത്തില്‍ എന്തിനാണ്‌ ദേവന്മാരെ യജിക്കുന്നത്‌? അല്ലയോ ദ്വിജസത്തമാ! യജ്ഞഭാഗം വാങ്ങുന്ന അവര്‍ മഹായജ്ഞം ചെയ്ത്‌ ഭാഗം നേടുന്നത്‌ ആര്‍ക്കാണ്‌?

വൈശമ്പായനൻ പറഞ്ഞു: “അല്ലയോ ജനേശ്വരാ! അത്ഭുതം തന്നെ! മഹാരഹസ്യമായ ഒരു കാര്യമാണ്‌, അങ്ങ്‌ ബുദ്ധിപൂര്‍വ്വം ചോദിച്ചത്‌? തപസ്സു ചെയ്യാത്തവനും, വേദജ്ഞാനം നേടാത്തവനും, പുരാണം അറിയാത്തവനും, ഇങ്ങനെ ഒരു ചോദ്യം ചോദിക്കുവാനുള്ള അറിവ്‌ ലഭിക്കുകയില്ല. നിന്നോട്‌ ഞാന്‍ എന്റെ ഗുരു പറഞ്ഞ പ്രകാരം പറഞ്ഞു തരാം. കൃഷ്ണദ്വൈപായനനായ വേദവ്യാസര്‍ഷിക്ക്‌ സുമന്തു, ജൈമിനി, മഹാവ്രതനായ പൈലന്‍, നാലാമത്തേവനായ ഞാനും (വൈശമ്പായനൻ) പുത്രനായ ശുകനും കൂടി അഞ്ച്‌ ശിഷ്യന്മാരായിരുന്നു. ഈ ശിഷ്യന്മാരെല്ലാം ശുചിയായ ആചാരാനുഷ്ഠാനങ്ങളാല്‍ പ്രസിദ്ധന്മാരും ക്രോധം ജയിച്ചവരും, ജിതേന്ദ്രിയന്മാരുമാണ്‌. അവരെ നാലുവേദങ്ങളും ഗുരു പഠിപ്പിച്ചു. അഞ്ചാമത്തെ വേദമായ മഹാഭാരതവും പഠിപ്പിച്ചു. അത്‌ സിദ്ധചാരണന്മാര്‍ സേവിക്കുന്ന മേരുശൈലത്തില്‍ വെച്ചാണ്‌ നടന്നത്‌. അവിടെ വെച്ച്‌ വേദം ചൊല്ലുമ്പോള്‍ അവര്‍ക്ക്‌ ഒരു സംശയമുണ്ടായി. നീ ഈ ചോദിച്ച ചോദ്യം അവര്‍ ഗുരുവിനോട്‌ ചോദിച്ചു. ഗുരു അതിന്നു മറുപടി പറയുന്നത്‌ ഞാന്‍ സശ്രദ്ധം കേട്ടു. ആ കേട്ട തത്വങ്ങള്‍ ഇപ്പോള്‍ ഞാന്‍ അല്ലയോ ജനമേജയാ, അങ്ങയ്ക്കു പറഞ്ഞുതരാം.

ശിഷ്യര്‍ ചോദിച്ച വാക്കുകേട്ട്‌ സര്‍വ്വജ്ഞാനങ്ങളാലും തമസ്സിനെ ഹരിക്കുന്ന പരാശരസുതനായ ശ്രീവേദവ്യാസന്‍ ഇങ്ങനെ പറഞ്ഞു: "അല്ലയോ സത്തരായ ശിഷ്യന്മാരേ! ഞാന്‍ ഭൂതഭവ്യഭവിഷ്യങ്ങളെ അറിയുന്നതിന് വേണ്ടി ഏറ്റവും കഠിനമായ, ദാരുണമായ തപസ്സു ചെയ്തു. ഇന്ദ്രിയങ്ങള്‍ അടക്കി തപസ്സു ചെയ്യുന്ന എനിക്ക്‌ നാരായണന്റെ പ്രസാദം ലഭിച്ചു.പാലാഴിയുടെ കരയില്‍ വെച്ച്‌ നാരായണ പ്രസാദത്താല്‍ എന്നില്‍ ത്രികാലജ്ഞാനം യഥേഷ്ടം വെളിവായി. അത്‌ യഥാന്യായം നിങ്ങള്‍ കേള്‍ക്കുവിന്‍. ഞാന്‍ പറയാം. നിങ്ങളുടെ ഉത്തമമായ സംശയം ഞാന്‍ തീര്‍ത്തു തരാം. കല്പത്തിന്റെ ആദിയില്‍ ഉണ്ടായതെല്ലാം ഞാന്‍ എന്റെ ജ്ഞാനദൃഷ്ടി കൊണ്ടു കാണുന്നു".

സാംഖ്യയോഗജ്ഞര്‍ പരമാത്മാവ്‌ എന്ന്‌ ആരെ കഥിക്കുന്നുവോ, സ്വകര്‍മ്മത്താല്‍ അവന്‍ മഹാപുരുഷ സംജ്ഞയെ ഏല്ക്കുന്നു. മഹാപുരുഷന്‍ എന്ന പേരില്‍ അറിയുന്നു. അവനില്‍ അവ്യക്തം ഉണ്ടായി. ബുധന്മാര്‍ അതിനെ പ്രധാനന്‍ എന്നു പറയുന്നു. ആ പ്രധാനനില്‍ നിന്ന്‌, അവ്യക്തത്തില്‍ നിന്ന്‌ ഈ പ്രപഞ്ച സൃഷ്ടിക്ക്‌ അധീശ്വരനില്‍ നിന്നും മുക്തം ഉണ്ടായി. മഹാനായ ആത്മാവ്‌ എന്നു പറയപ്പെടുന്ന അനിരുദ്ധനാണ്‌ അവന്‍. വ്യക്തിത്വം പ്രാപിച്ച അവന്‍ പിതാമഹനെ നിര്‍മ്മിച്ചു. അഹങ്കാരം എന്നു പേരായ ആ അനിരുദ്ധന്‍ സര്‍വ്വതേജസ്വരൂപനാകുന്നു. പൃഥ്വി, അപ്പ്‌, അഗ്നി, വായു, ആകാശം എന്നീ അഞ്ചു മഹാഭൂതങ്ങളും അഹങ്കാരം പ്രസവിച്ചുണ്ടായവയാണ്‌. അഹങ്കാരം മഹാഭൂതങ്ങളെ സൃഷ്ടിച്ചതിന് ശേഷം അവയുടെ ഗുണങ്ങളേയും നിര്‍മ്മിച്ചു. അത്‌ തേജസ്സിന് (അഗ്നിക്ക്‌) കാഴ്ച, ജലത്തിന് സ്വാദ്‌, ആകാശത്തിന് ശബ്ദം, കാറ്റിന് സ്പര്‍ശം, ഭൂമിക്കു ഗന്ധം ഇവയാണ്‌.

മഹാഭൂതങ്ങളെ സൃഷ്ടിച്ചതിന് ശേഷം അവയെച്ചേര്‍ത്ത്‌ പല രൂപത്തിലുള്ള ശരീരങ്ങളുളള ജീവികളെ സൃഷ്ടിച്ചു. ആ മൂര്‍ത്തിമാന്മാരെപ്പറ്റി പറയാം. മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, മഹാത്മാവായ വസിഷ്ഠന്‍, സ്വായംഭൂവായ മനു ഇവര്‍ അഷ്ടപ്രകൃതികളാണ്‌. ലോകം ഇവരിലാണ്‌ അവലംബിച്ചു നില്ക്കുന്നത്‌.

പിന്നെ ലോകപിതാമഹനായ ബ്രഹ്മാവ്‌ എല്ലാ ജീവസൃഷ്ടിയുടേയും പൂര്‍ത്തിക്കു വേണ്ടി വേദങ്ങളേയും അവ ചേര്‍ന്ന യജ്ഞങ്ങളേയും യജ്ഞാംഗങ്ങളേയും നിര്‍മ്മിച്ചു. ഈ അഷ്ടപ്രകൃതിയിലൂടെ ലോകമൊക്കെയും ഉത്ഭവിച്ചു. പിന്നെ രുദ്രന്‍ രോഷാത്മാവായി ജനിച്ചു. അവന്‍ തന്നെപ്പോലെ പത്തു പേരെ സൃഷ്ടിച്ചു. വികാര പുരുഷന്മാരെന്ന്‌ ഈ പതിനൊന്നുപേരും അറിയപ്പെടുന്നു. ആ രുദ്രന്മാരും പ്രകൃതിയും സുരന്മാരും മുനീന്ദ്രന്മാരും ലോകസിദ്ധിക്കു വേണ്ടി പിറന്ന്‌ ബ്രഹ്മാവിനെ ആശ്രയിച്ചു. ദേവകള്‍ ബ്രഹ്മാവിനോടു പറഞ്ഞു: "ഭഗവാനേ, സര്‍വ്വശക്തനായ ഭവാന്‍ ഞങ്ങളെ സൃഷ്ടിച്ചു വിട്ടു! പിതാമഹാ! ഞങ്ങള്‍ ഏതേത്‌ അധികാരത്തില്‍ ഏതേതു പുരുഷന്മാര്‍ നില്ക്കണം? അര്‍ത്ഥചിന്തനം കല്പിച്ച്‌ ഏതേത്‌ വകുപ്പിന്റെ മേലധികാരികളായിട്ടാണ്‌ നില്ക്കേണ്ടതെന്ന്‌ ഭവാന്‍ നിശ്ചയിച്ചാലും. അഹങ്കാരത്തോടു ചേര്‍ന്ന കര്‍ത്താവായ അവന്‍ എങ്ങനെ പാലിക്കും. അവന് അധികാരത്തിനും അര്‍ത്ഥചിന്തയ്ക്കും ബലം നല്കിയാലും!

ഇപ്രകാരം പറയുന്ന ദേവന്മാരോട്‌ ബ്രഹ്മാവ്‌ പറഞ്ഞു: "ദേവകളേ, നിങ്ങള്‍ പറഞ്ഞത് നന്നായി. എനിക്കിപ്പോള്‍ ഓര്‍മ്മ വന്നിരിക്കുന്നു. നിങ്ങള്‍ക്കും ശുഭം ഭവിക്കട്ടെ! ഈ ചിന്ത എനിക്കുമുണ്ട്‌. നിങ്ങള്‍ക്കുണ്ടായ മാതിരി ഒരു ചിന്ത എന്നിലുമുണ്ടായി. ലോകക്ഷത്രിയ പരിഗ്രഹം എങ്ങനെ ചെയ്യണം? എങ്ങനെയായാല്‍ നിങ്ങളുടേയും എന്റേയും ബലം കെട്ടു പോവുകയില്ല? അല്ലയോ ദേവന്മാരെ, നാമെല്ലാവരും ചെന്ന്‌ ലോകസാക്ഷിയെ ശരണം പ്രാപിക്കുക. പുമാനായ അവൃക്തനെ ശരണം പ്രാപിക്കുക. അവന്‍ നമ്മള്‍ക്കു ഹിതം പറഞ്ഞുതരും".

പിന്നെ ബ്രഹ്മാവിനോട് കൂടി വിബുധന്മാരും, ഋഷിമാരും പാലാഴിയുടെ വടക്കേ തീരത്തേക്കു പോയി. ലോകഹിതത്തിനു വേണ്ടി അവരെല്ലാം അവിടെ ചെന്നെത്തി. ബ്രഹ്മാവ്‌ പറഞ്ഞ മട്ടില്‍ അവരെല്ലാവരും വേദകല്പിതമായ വിധം തപസ്സാരംഭിച്ചു. മഹാനിയമം എന്ന തപസ്സാണ്‌ മഹാദാരുണമായിട്ടുളളത്‌. ദൃഷ്ടി മേൽപോട്ട്‌, ബാഹുക്കള്‍ മേൽപോട്ട്, മനസ്സ്‌ ഏകാഗ്രം, നില്പ് ഒറ്റക്കാലില്‍. അങ്ങനെ അവരെല്ലാവരും ഒറ്റക്കാലില്‍ ധ്യാനത്തില്‍ മുഴുകി നിന്നു. അങ്ങനെ ആയിരം ദിവ്യവര്‍ഷംനിന്ന്‌ ദാരുണമായ തപസ്സു ചെയ്യുമ്പോള്‍ വേദവേദാംഗമണിയുന്ന ശുഭമായ വാക്ക്‌ അവര്‍ കേട്ടു.

ശ്രീഭഗവാന്‍ പറഞ്ഞു: അല്ലയോ ബ്രഹ്മാദികളായ ദേവന്മാരേ! തപസ്വികളായ ഋഷിമാരേ, ഞാന്‍ നിങ്ങള്‍ക്കു സ്വാഗതമരുളുന്നു. നല്ല വാക്കുകള്‍ ഞാന്‍ ഇതാ നിങ്ങളെ കേള്‍പ്പിക്കുന്നു. ഞാന്‍ നിങ്ങളുടെ കാര്യം കണ്ടിരിക്കുന്നു. അത്‌ ഏറ്റവും ലോകഹിതമാണ്‌. നിങ്ങളുടെ പ്രാണനെ പോഷിപ്പിക്കുന്ന വിധം യുക്തമായ പ്രവൃത്തി ചെയ്യുക! നല്ല തപസ്സു ചെയ്ത്‌ ദേവന്മാരേ, എന്റെ ആരാധനയ്ക്കു തക്ക ഫലം സത്വാഢ്യന്മാരേ, നിങ്ങള്‍ ഏല്ക്കുന്നതാണ്‌. നിങ്ങള്‍ ചെയ്ത തപസ്സ്‌ നിഷ്ഫലമാവുകയില്ല. ഈ നില്ക്കുന്ന ബ്രഹ്മാവ്‌ ലോകഗുരുവാണ്‌, മഹാനാണ്‌, ലോക പിതാമഹനാണ്‌ അല്ലയോ വിബുധ ശ്രേഷ്ഠരേ, നിങ്ങളും എന്നെ യജിക്കുവിന്‍. എല്ലാവരും യജ്ഞഭാഗങ്ങള്‍ എനിക്ക്‌ എപ്പോഴും നല്കുവിന്‍. അധികാരോചിതമായ ശ്രേയസ്സ്‌ അധീശന്മാരേ, ഞാന്‍ നിങ്ങള്‍ക്കു നേരുന്നു.

വൈശമ്പായനൻ പറഞ്ഞു: ദേവദേവന്റെ വാക്കു കേട്ട്‌ അവര്‍ രോമാഞ്ചപ്പെട്ടു. ഉടനെ എല്ലാ വിബുധന്മാരും ബ്രഹ്മാവും മുനിമാരും വേദത്തില്‍ കണ്ട വിധിപ്രകാരം വൈഷ്ണവമായ യാഗം നടത്തി. ആ സത്രത്തില്‍ സ്വയം ബ്രഹ്മ വ്‌ എന്നേക്കും ഭാഗം നിശ്ചയിച്ചു വെച്ചു. ദേവന്മാരും ദേവര്‍ഷികളും അവരവരുടെ ഭാഗങ്ങള്‍ വെച്ചു. ആ മുഖ്യഭാഗങ്ങള്‍ കൃതയുഗധര്‍മ്മങ്ങള്‍ ചേര്‍ന്നവയാണ്‌. തമസ്സിന്ന്‌ അപ്പുറം നില്ക്കുന്ന ഭാസ്കരപ്രഭനായ പുരുഷന്‍ വന്‍പനും സര്‍വ്വഗനുമായ ഈശാനന്‍, വരദനും പ്രഭുവുമായ ദേവന്‍.

ആ സര്‍വ്വ അമരന്മാരോടും അശരീരനായി വാനില്‍ നിന്ന്‌ വിളിച്ചു പറഞ്ഞു: "ആര് ഏതുഭാഗം എനിക്കായി കല്പിച്ചുവോ, എനിക്കു വന്നു ചേരുന്ന ആ ഭാഗം ഞാന്‍ പ്രീതനായി തരുന്നുണ്ട്‌. ആവൃത്തി ലക്ഷണമാണത്‌. നിങ്ങള്‍ക്ക്‌ ദേവന്മാരേ അതു ഞാന്‍ തരുന്നു. അത്‌ എന്റെ പ്രസാദോത്ഥ ലക്ഷണമാണെന്ന്‌ അറിയുക. സ്വയം ദക്ഷിണാഢ്യ മഹായജ്ഞം കൊണ്ട്‌ യജിക്കുന്നവര്‍, പ്രവൃത്തിയുടെ ഫലം, നിങ്ങള്‍ ഏതു യുഗത്തിലും ഏല്ക്കുന്നതാണ്‌. ലോകത്തില്‍ ദേവന്മാരെ യജ്ഞം കൊണ്ട്‌ യജിക്കുന്നവര്‍ നിങ്ങള്‍ക്ക്‌ ഭാഗം കല്പിക്കുന്നതാണ്‌. നരന്മാര്‍ വേദകല്പിതം ചെയ്യുന്നതാണ്‌. എനിക്ക്‌ യജ്ഞത്തില്‍ ഏതുഭാഗം ഏവനാണോ കല്പിച്ചത്‌, അവന്‍ ആ യജ്ഞഭാഗത്തിണ് അര്‍ഹനാണ്‌. ഇതാണ്‌ വേദ സൂക്തത്തില്‍ എന്റെ വിധി. യജ്ഞഭാഗാര്‍ഹരായ നിങ്ങള്‍ ലോകഭാവന ശക്തി പോലെ ചെയ്യുവിന്‍. സ്വാധികാരം പോലെ ലോകത്തില്‍ സര്‍വ്വാര്‍ത്ഥചിന്തകര്‍ പ്രവൃത്തി ഫലത്തോടൊക്കുന്ന ക്രിയ എന്തു ചെയ്യുന്നുവോ, അവ കൊണ്ട്‌ ബലം വര്‍ദ്ധിച്ച്‌ നിങ്ങള്‍ ലോകം വഹിക്കുവാന്‍ ശക്തരാകും. നിങ്ങള്‍ മാനുഷരാല്‍ യജ്ഞംതോറും യജ്ഞഭാവിതന്മാരായി എന്നേയും ഭാവനം ചെയ്യുവിന്‍! നിങ്ങള്‍ക്ക്‌ എന്റെ പൂജ ഇപ്രകാരമാണ്‌. ഇതിനാണ്‌ യജ്ഞവും ഔഷധിജാലങ്ങളും തീര്‍ത്തത്‌. ഇവ നന്നായി പ്രയോഗിച്ചാല്‍ ദേവകള്‍ പ്രീതരാകും. നിങ്ങള്‍ക്ക്‌ ഇതാണ്‌ പ്രവൃത്തിഗുണകല്പിതമായ നിര്‍മ്മാണമായി സുരന്മാരേ, ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്‌. പ്രളയം വരുന്നതു വരെ അധികാരം പോലെ ലോകഹിതം ഈശന്മാരെ, നിങ്ങള്‍ ചിന്തിക്കുവിന്‍. മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നീ ഏഴുപേര്‍ മനസ്സു കൊണ്ട്‌ സൃഷ്ടിക്കപ്പെട്ടവരാണ്‌. ഇവര്‍ വേദജ്ഞരാണ്‌, മുഖ്യന്മാരാണ്‌, വേദാചാര്യന്മാരാണ്‌, പ്രവ്യത്തിധര്‍മ്മാക്കളാണ്‌, പ്രാജാപത്യത്തില്‍ വെച്ചവരാണ്‌. ക്രിയാവാന്മാരാണ്‌. ഇവര്‍ക്ക്‌ ഇതാണു മാര്‍ഗ്ഗം. സനാതനന്‍ വ്യക്തരൂപനാണ്‌. അവന്‍ അനിരുദ്ധന്‍ എന്നപേരില്‍ അറിയ പ്പെടുന്ന ലോകസര്‍ഗ്ഗകരനായ പ്രഭുവാണ്‌.

സനന്‍, സനല്‍സുജാതന്‍, സനകന്‍, സനന്ദനന്‍, സനല്‍ക്കുമാരന്‍, കപിലന്‍, ഏഴാമനായി സനാതനന്‍ ഈ ഏഴു ഋഷികളും ബ്രഹ്മാവിന്റെ മാനസാത്മജന്മാരാണ്‌. നിവൃത്തിധര്‍മ്മിഷ്ഠന്മാരും തനിയേ ജ്ഞാനം നേടിയവരുമാണ്‌. ഇവര്‍ യോഗജ്ഞമുഖ്യന്മാരാണ്‌. സാംഖൃജ്ഞാന വിശാരദന്മാരാണ്‌. ധര്‍മ്മശാസ്ത്രാചാര്യന്മാരാണ്‌, മോക്ഷധര്‍മ്മ പ്രവര്‍ത്തകരുമാണ്‌. ഞാന്‍ ആദ്യം എവിടെ അവ്യക്തത്തില്‍ നിന്ന്‌ ത്രിഗുണനായ മഹാനായി വെളിവായോ അതില്‍ നിന്ന്‌ ഏറ്റവും പരനായി നില്ക്കുന്ന ക്ഷേത്രജ്ഞന്‍ എന്നു കല്പിതനായവന്‍ ഞാനാണ്‌. ഞാന്‍ ക്രിയാവാന്മാര്‍ക്ക്‌ മാര്‍ഗ്ഗമാണ്‌. പുനരാവൃത്തി ദുര്‍ല്ലഭനാണ്‌. ഏതേതു കര്‍മ്മത്തില്‍ ഏതു വിധത്തില്‍ ജന്തു സൃഷ്ടിക്കപ്പെടുന്നുവോ പ്രവൃത്തിക്കോ നിവൃത്തിക്കോ അതിന്റെ ഫലം അവന്‍ നേടും.

ഈ ലോകഗുരുവായ ബ്രഹ്മാവ്‌ ഈ വിശ്വത്തെ ആദിയില്‍ സൃഷ്ടിച്ചവനായ പ്രഭുവാകുന്നു. ഇവന്‍ മാതാവും പിതാവുമാണ്‌ ലോകത്തിന്. നിങ്ങള്‍ക്കൊക്കെ പിതാമഹനുമാണ്‌. എന്റെ ആജ്ഞയാല്‍ അവന്‍ സര്‍വ്വഭൂതങ്ങള്‍ക്കും വരദായകനായി ഭവിക്കും.

ഈ ബ്രഹ്മാവിന്റെ പുത്രനാണ്‌ രുദ്രന്‍. നെറ്റിയില്‍ നിന്നുയര്‍ത്തവനാണ്‌ രുദ്രന്‍. ബ്രഹ്മാവിന്റെ ആജ്ഞയാല്‍ സര്‍വ്വ ഭൂതധരനായ പ്രഭുവായിവരും. നിങ്ങള്‍ ചെല്ലുവിന്‍. സ്വാധികാരങ്ങള്‍ യഥാവിധി ചിന്തിക്കുവിന്‍. ലോകത്തില്‍ എല്ലാ ക്രിയയും നടക്കട്ടെ! യഥാവിധി ചിന്തിക്കുവിന്‍, വൈകരുത്‌. പ്രാണികള്‍ക്ക്‌ കര്‍മ്മങ്ങളും ഗതിയും നിയമിക്കുവിന്‍. ആയുസ്സിന്റെ കാലമൊക്കെ നിശ്ചയിക്കപ്പെട്ടതാണെന്നു മറക്കരുത്‌ സുരാഗ്ര്യന്മാരേ! ഇത്‌ കൃതയുഗമാണ്‌. ശ്രേഷ്ഠമായ കാലമാണ്‌ നടക്കുന്നത്‌. മറിച്ച്‌ ആകരുത്‌. യജ്ഞത്തില്‍ പശുഹിംസ ഈ യുഗത്തില്‍ വയ്യാ. നാലു പാദത്തോടെ ധര്‍മ്മം തികച്ചും ഇവിടെയുണ്ട്‌ അമര്‍ത്ത്യന്മാരേ! പിന്നെ ത്രേതായുഗത്തില്‍ ധര്‍മ്മത്തിന്റെ പാദം മൂന്നായി കുറയും. യാഗത്തിന്നു വേണ്ടി പശുക്കള്‍ മഖങ്ങളില്‍ വധിക്കപ്പെടും. ആ യുഗത്തില്‍ ധര്‍മ്മത്തിന്റെ നാലാമത്തെ പാദം ഇല്ലാതാകും. അതു കഴിഞ്ഞാല്‍ ദ്വാപരം എന്ന മിശ്രകാലം വരും. അപ്പോള്‍ ധര്‍മ്മത്തിന്‌ രണ്ടുകാലേ ഉണ്ടാകുകയുളളു. രണ്ടുകാലും നഷ്ടപ്പെടും. അങ്ങനെ ധര്‍മ്മം പകുതിയാകും. പിന്നെ കലി വരും. ആ യുഗത്തില്‍ ധര്‍മ്മത്തിന്‌ ഒരു കാലേ ബാക്കിയുണ്ടാവുകയുളളു. മുന്നു കാലും നഷ്ടപ്പെട്ട ധര്‍മ്മമായിരിക്കും. ആ കാലത്ത്‌ ധര്‍മ്മം ഒറ്റക്കാലില്‍ നില്ക്കും. അങ്ങനെ ധര്‍മ്മം ക്ഷയിച്ച കാലമായി രിക്കും കലികാലം.

ഇപ്രകാരം പറയുന്ന ഗുരുവിനോട്‌ ദേവന്മാരും, ദേവര്‍ഷിമാരും പറഞ്ഞു. "ധര്‍മ്മം ഒറ്റക്കാലിന്മേല്‍ സഞ്ചരിക്കുന്ന കാലത്ത്‌ ഭഗ വാനേ, ഞങ്ങള്‍ എന്തു ചെയ്യണം? അങ്ങ്‌ പറഞ്ഞാലും!".

ശ്രീഭഗവാന്‍ പറഞ്ഞു: "എവിടെ വേദങ്ങളും, യജ്ഞങ്ങളും, തപസ്സും, സത്യവും, ദമവും, അഹിംസയും, ധര്‍മ്മത്തോടൊത്തു ചരിക്കുന്നുവോ, സുരമുഖ്യന്മാരേ, നിങ്ങള്‍ ആ ദിക്കില്‍ നിൽക്കുവിന്‍. അധര്‍മ്മത്തിന്റെ പാദസ്പര്‍ശം നിങ്ങള്‍ക്കുണ്ടാകരുത്‌!".

വ്യാസന്‍ പറഞ്ഞു: ഭഗവാന്‍ ഇപ്രകാരം പറഞ്ഞതു കേട്ട്‌ ആ ദേവകളും, മുനീന്ദ്രന്മാരും ഭഗവാനെ കൈകൂപ്പി വണങ്ങി അവര്‍ക്ക്‌ ഇഷ്ടപ്പെട്ട ഇടത്തേക്കു പോയി. ദേവന്മാര്‍ വിട്ടു പിരിഞ്ഞതിന് ശേഷം ബ്രഹ്മാവ്‌ ഒറ്റയ്ക്ക്‌ അവിടെ നിന്നു. അനിരുദ്ധനില്‍ നില്ക്കുന്ന ഭഗവാന്റെ മൂര്‍ത്തി ദര്‍ശിക്കുവാനാണ്‌ ബ്രഹ്മാവ്‌ അവിടെ നിന്നത്‌. മഹാഹയ ശിരസ്സായ ദേവന്‍ അവന് തന്റെ രൂപം കാണിച്ചു കൊടുത്തു. കമണ്ഡലുവും ത്രിദണ്ഡവും ധരിച്ച്‌ സാംഗമായ വേദം ചൊല്ലുന്ന രൂപത്തില്‍ ബ്രഹ്മാവിന്റെ കണ്‍മുമ്പില്‍ വിളങ്ങി. ഓജസ്വിയായ കുതിര മുഖമുള്ള ദേവനെ കണ്ട ഉടനെ ലോകകര്‍ത്താവും, പ്രഭുവുമായ ബ്രഹ്മാവ്‌ ലോകരുടെ ഹിതം കാംക്ഷിച്ചു കുമ്പിട്ട്‌ ആ വരദനെ തൊഴുതു കൊണ്ടു നിന്നു. അപ്പോള്‍ ദേവന്‍ ബ്രഹ്മാവിനെ തഴുകി ഇപ്രകാരം തന്റെ വാക്കുകള്‍ കേള്‍പ്പിച്ചു.

ഭഗവാന്‍ പറഞ്ഞു: ലോകകാര്യത്തിന്റെ ഗതിയെപ്പറ്റി അങ്ങ്‌ എല്ലാം യഥാവിധി ചിന്തിക്കുക. അങ്ങ്‌ സര്‍വ്വഭൂത ധാതാവാണ്‌. അങ്ങ്‌ ജഗദ്ഗുരുവായ പ്രഭുവാണ്‌. അങ്ങയില്‍ ഭാവങ്ങള്‍ അര്‍പ്പിച്ച്‌ ധൈര്യത്തോടെ ഞാന്‍ നില്ക്കട്ടെ! അങ്ങയ്ക്ക്‌ സഹിക്കാന്‍ വയ്യാത്ത ദേവകാര്യം വരുമ്പോള്‍ ഞാന്‍ അവതാരം എടുത്തു കൊളളാം. അത്‌ എന്റെ മനസ്സിന്ന്‌ യുക്തമായി തോന്നുന്ന രൂപത്തിലായിരിക്കും.

ഇപ്രകാരം പറഞ്ഞ്‌ ഹയഗ്രീവൻ അവിടെത്തന്നെ മറഞ്ഞു. അദ്ദേഹത്തിന്റെ ആജ്ഞയാല്‍ ബ്രഹ്മാവും തന്റെ ലോകത്തേക്ക്‌ ഉടനെ പോയി.

ഇപ്രകാരം മഹാഭാഗനായ പത്മനാഭന്‍, സനാതനനായ ഭഗവാന്‍ യജ്ഞത്തിലെ അഗ്രഹരനായി. എപ്പോഴും യജ്ഞധാരിയാണ്‌ ആ ദേവന്‍. നിവൃത്തിധര്‍മ്മം അക്ഷയമായ ധര്‍മ്മിഷ്ഠഗതി പ്രാപിച്ചു, പ്രവൃത്തിധര്‍മ്മം ഇപ്രകാരം ലോക വൈചിത്ര്യമായി കല്പിച്ചു. അവനാണ്‌ പ്രജയ്ക്ക്‌ ആദിയും മദ്ധ്യവും അന്തവുമായി നില്ക്കുന്നത്‌. അവന്‍ ധാതാവും (ധരിക്കുന്നവന്‍) ധേയവും (ധരിക്കത്തക്കത്‌) ആകുന്നു. കര്‍ത്താവും കാര്യവും അവനാകുന്നു. യുഗാന്തത്തില്‍ പ്രസുപ്തനായി ഉറങ്ങിക്കിടക്കുന്നവനും, ജഗത്തിനെ അടക്കി യുഗാദിയില്‍ ഉണര്‍ന്ന് എഴുന്നേല്ക്കുന്നവനും, ജഗത്തിനെ സൃഷ്ടിക്കുന്നവനും അവനാകുന്നു. ആ ദേവനെ നമിക്കുവിന്‍. നിര്‍ഗ്ഗുണനും, മഹാത്മനും, അജനും, വിശ്വരൂപനും, സര്‍വ്വദൈവതധാമനും മഹാഭൂതാധിപതിയായ രുദ്രന്മാരുടെ പതിയുമായ ദേവനെ നമസ്കരിക്കുവിന്‍! ആദിത്യപതിയായവനും, വസുക്കളുടെ പതിക്കും വേദയജ്ഞാധിപതിയായ വേദാംഗപതിക്കും സര്‍വ്വര്‍ക്കും മോക്ഷധര്‍മ്മാവിനും ശാന്തനും നിങ്ങള്‍ നമസ്കരിക്കുവിന്‍. സമുദ്രവാസിയും, മുഞ്ജകേശനും, ഹരിയുമായ ദേവനെ സര്‍വ്വര്‍ക്കും മോക്ഷധര്‍മ്മാനുഭാഷിയും, ശാന്തനും, തപസ്സ്‌, തേജസ്സ്‌, യശസ്സ്‌ ഇവയുടെ പതിയുമായവനെ നമസ്കരിക്കുവിന്‍! കപര്‍ദ്ദിയും, വരാഹനും, ധീമാനായ ഏകശൃംഗനും, വിവസ്വാനും, അശ്വശീര്‍ഷനും, ചതുര്‍മ്മൂര്‍ത്തധൃത്തിന്നും, ഗുഹൃനും, ജഞാനദൃശ്യനും, അക്ഷരനും, ക്ഷരനും നമസ്കരിക്കുവിന്‍.

ഈ ദേവന്‍ എങ്ങും സഞ്ചരിക്കുന്നു. അവന്റെ ഗതി അവ്യയമാകുന്നു. ഇവനാണ്‌ പരബ്രഹ്മം. വിജ്ഞാനദൃഷ്ടിയാല്‍ ധ്യേയനുമാണ്‌. ഇപ്രകാരം ഞാന്‍ വിജ്ഞാന ദൃഷ്ടിയാല്‍ പണ്ടേ തന്നെ കണ്ടിരിക്കുന്നു. നിങ്ങള്‍ ചോദിച്ച പ്രകാരം എല്ലാം ഞാന്‍ തത്വം പോലെ പറഞ്ഞു. എന്റെ മൊഴി കേട്ട്‌ അതുപോലെ നിങ്ങള്‍ ചെയ്തു കൊളളുവിന്‍. ശിഷ്യരേ, ഹരിയെ നിങ്ങള്‍ ഭജിച്ചു കൊള്ളുവിന്‍! വേദവാക്കാല്‍ ആ ദേവനെ വാഴ്ത്തുവിന്‍! വിധിപോലെ പൂജിക്കുവിന്‍!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ധീമാനായ വേദവ്യാസന്‍ പറഞ്ഞപ്പോള്‍ ശിഷ്യന്മാരായ ഞങ്ങളെല്ലാവരും, ഗുരുപുത്രനും ധര്‍മ്മവിത്തമനുമായ ശുകനും കൂടി ഉപാദ്ധ്യായനോടൊപ്പമിരുന്ന്‌ നാലു വേദങ്ങളിലുമുളള ഋക്കുകളാല്‍ അവനെ ഉടനെ സ്തുതിച്ചു.

നിന്നോട്‌ ഇതൊക്കെ ഞാന്‍ പറഞ്ഞു. ഇതാണല്ലോ നീ ചോദിച്ചത്‌. ഇപ്രകാരം എന്നോട്‌ പണ്ട്‌ ദ്വൈപായനനായ ഗുരു പറഞ്ഞു.

ഇതു കേള്‍ക്കുന്നവനും, അപ്രകാരം ചൊല്ലുന്നവനും, ഭഗവാനെ നമസ്കരിച്ചു ശ്രദ്ധയോടെ ഇരിക്കുന്ന നരന്‍ ധീമാനായി, രോഗഹീനനായി, ബലരൂപാഢ്യനായി ശോഭിക്കും. രോഗിക്ക്‌ രോഗം മാറും. ബന്ധിക്കപ്പെട്ടവന്റെ ബന്ധനം നീങ്ങും. കാമിക്ക്‌ അവന്റെ ആഗ്രഹങ്ങള്‍ സാധിക്കും. ദീര്‍ഘായുസ്സും ലഭിക്കും. സര്‍വ്വവേദജ്ഞനായ വിപ്രന്‍, ക്ഷത്രിയന്‍ വിജയിയാകും. വൈശ്യന്‌ വ്യാപാരത്തില്‍ ധാരാളം ധനം ലഭിക്കും. ശൂദ്രന് സുഖം ലഭിക്കും. പുത്രനില്ലാത്തവന് പുത്രലാഭമുണ്ടാകും. കന്യക കാംക്ഷിച്ച കാന്തനെ നേടും. ഗര്‍ഭിണി സുഖമായി പ്രസവിക്കും. മച്ചിയും കൂടി ഗര്‍ഭിണിയായി പുത്രനെ പ്രസവിക്കും. എന്നു തന്നെയല്ല, അവളുടെ പുത്രനും പുത്രനുണ്ടായി സമൃദ്ധിയുണ്ടാകും. വഴി യാത്രയില്‍ ഇത്‌ ഉരുവിടുന്നവന്‍ സുഖമായി യാത്ര ചെയ്ത്‌ എത്തേണ്ട ദിക്കിലെത്തും. ആര്‌ ഏതാഗ്രഹിക്കുന്നുവോ, അതൊക്കെ നിഷ്പ്രയാസം സാധിക്കും. ഇത്‌ മുനീന്ദ്രന്റെ ദൃഢമായ അഭിപ്രായമാണ്‌. മഹാത്മാവായ പുരുഷന്റെ കീര്‍ത്തനവും സുരര്‍ഷിമാര്‍ മഹാപുരുഷന്റെ അടുത്തെത്തിയതും, ഇതൊക്കെ കേള്‍ക്കുന്നവരായ ഭക്തന്മാര്‍ പരമമായ സുഖത്തെ പ്രാപിക്കുന്നതാകുന്നു.

അദ്ധ്യായം 342. നാരായണീയം - ഭഗവാന്‍ കൃഷ്ണന്‍ തന്റെ നാമങ്ങളുടെ നിരുക്തം അര്‍ജജുനനോട്‌ പറയുന്നു - ജനമേജയന്‍ പറഞ്ഞു: "ശിഷ്യരോട് കൂടിയിരുന്ന്‌ വ്യാസന്‍ മധുജിത്തിനെ സ്തുതിച്ച ഭഗവാന്റെ നാമങ്ങള്‍, പ്രജേശനായ ഹരിയുടെ നാമങ്ങള്‍ ഏതൊക്കെയാണ്‌? അതിന്റെ നിരുക്തവും ശ്രദ്ധയോടെയിരിക്കുന്ന എന്നോടു ഭവാന്‍ പറഞ്ഞാലും. അതുകേട്ടു നിര്‍മ്മലനായ ചന്ദ്രനെപ്പോലെ ഞാന്‍ ശുദ്ധനാകട്ടെ!"

വൈശമ്പായനൻ പറഞ്ഞു: രാജാവേ, ഭവാന്‍ കേള്‍ക്കുക. ഇത്‌ അര്‍ജ്ജുനനോട്‌ പ്രഭുവായ ഹരി, പ്രസന്നനായ ഭഗവാന്‍, തന്റെ ഗുണകര്‍മ്മജമായ നാമനിരുക്തം പറഞ്ഞതാണ്‌. മഹാത്മാവായ കേശവന്റെ നാമസങ്കീര്‍ത്തനം ശത്രുഘ്നനായ അര്‍ജ്ജുനന്‍ ചോദിച്ചപ്പോള്‍ ആ കേശവന്‍ പറഞ്ഞതാണ്‌. അര്‍ജ്ജുനന്‍ പറഞ്ഞു: "അല്ലയോ ഭഗവാനേ, ഭൂതത്തിന്റേയും, ഭാവിയുടേയും നാഥാ, സര്‍വ്വഭൂതകരാ, അവ്യയാ, ലോകധാമാ, ജഗന്നാഥാ, ലോകങ്ങള്‍ക്കെല്ലാം അഭയം നല്കുന്നവനേ, ഭവാന്റെ തിരുനാമങ്ങൾ എന്തൊക്കെയാണ്‌ മഹര്‍ഷികള്‍ ജപിക്കുന്നത്‌? വേദം, പുരാണം എന്നിവയില്‍ കര്‍മ്മഗുഹ്യങ്ങളായവ ഏതൊക്കെയാണ്‌? അവയുടെ നിരുക്തങ്ങള്‍ വാച്യവും വൃംഗ്യവുമായ അര്‍ത്ഥങ്ങള്‍ നീ പറഞ്ഞു, അല്ലയോ കേശവാ, കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ നാമങ്ങളുടെ നിരുക്തം ഭവാനൊഴികെ മറ്റാര്‍ക്കു പറയുവാന്‍ കഴിയുന്നു? പ്രഭോ, പറഞ്ഞാലും".  ശ്രീഭഗവാന്‍ പറഞ്ഞു: "ഋക്ക്‌, യജുസ്സ്‌, സാമം, അഥര്‍വ്വം എന്നീ നാലു വേദങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലും, ജ്യോതിഷത്തിലും, സാംഖ്യത്തിലും, യോഗശാസ്ത്രത്തിലും, അതുപോലെ ആയുര്‍വ്വേദത്തിലും ഹേ, അര്‍ജ്ജുനാ, എന്റെ നാമങ്ങള്‍ മഹര്‍ഷികള്‍ പറഞ്ഞിട്ടുണ്ട്‌. നാമങ്ങളില്‍ ചിലതു ഗൗണങ്ങളാണ്‌. എന്റെ ഗുണങ്ങളെ സംബന്ധിച്ചവയാണ്‌. മറ്റു ചില നാമങ്ങള്‍ കര്‍മ്മജങ്ങളുമാണ്‌. എന്റെ പ്രവൃത്തി മൂലം ഉണ്ടായവയാണ്‌. കര്‍മ്മജങ്ങളായ നാമങ്ങളുടെ നിരുക്തം ഞാനാദ്യമായി പറയാം. ശുദ്ധനായി അതു ശ്രദ്ധാപൂര്‍വ്വം സന്മതേ, നീ കേള്‍ക്കുക!".

അല്ലയോ താതാ! ഞാന്‍ നിന്നോടു പറയുന്നതു നീ പണ്ടേ തന്നെ എന്റെ പകുതി ഭാഗമായത് കൊണ്ടാണ്‌. ഞാന്‍ അതിയശസ്സിന്നും ആ ദേഹിമാരായ പരമാത്മാവിന്നും, നരനാരായണനായ വിശ്വന്നും, നിര്‍ഗ്ഗുണനായ ഗുണാത്മന്നും ഞാനിതാ നമസ്കരിക്കുന്നു.

ആരുടെ പ്രസാദത്തില്‍ നിന്നാണോ ബ്രഹ്മാവ്‌ ഉത്ഭവി ച്ചത്‌, ആരുടെ ക്രോധത്തില്‍ നിന്നാണോ രുദ്രന്‍ ജനിച്ചത്‌, അവന്‍ സകല ചരാചരങ്ങള്‍ക്കും യോനിയായി ഉത്ഭവസ്ഥാനമായി നില്ക്കുന്നു. പതിനെട്ടു ഗുണങ്ങള്‍ ചേര്‍ന്ന സത്വം എന്താണോ? സത്വവിത്തമാ, അതാണ്‌ എന്റെ മുഖ്യ പ്രകൃതി. യോഗധാരിണി, തേജസി, "ഹൃതസത്യാമരാജയ്യ ലോകങ്ങള്‍ക്കാത്മസംജ്ഞയായി നില്ക്കുന്നു". അതില്‍ നിന്നു സൃഷ്ടിക്ഷയമാറ്റങ്ങളെല്ലാം ഉണ്ടാകുന്നു. തപസ്സ്‌, യജ്ഞം, യാഗം ചെയ്യുന്നവന്‍, പുരാണ പുരുഷന്‍, വിരാട്ട്, അനിരുദ്ധന്‍, ലോകത്തില്‍ പ്രഭവാപ്യയന്‍, ബ്രഹ്മരാത്രി അവസാനിക്കുമ്പോള്‍ അവന്റെ തേജസ്സു വര്‍ദ്ധിക്കുന്നു. അവന്റെ പ്രസാദത്താല്‍ അവനില്‍ നിന്നു. പത്മം ഉത്ഭവിച്ചു. പിന്നെ, തല്‍പ്രസാദസമുത്ഭവനായി ബ്രഹ്മാവും ഉണ്ടായി. പകലിന്റെ അറുതിയില്‍ ദേവന്റെ നെറ്റിയില്‍ നിന്നു പുത്രനായി ക്രോധോത്ഭവനായി സംഹാരകാരകനായ രുദ്രന്‍ ഉണ്ടായി. പ്രസാദത്തില്‍ നിന്നും ക്രോധത്തില്‍ നിന്നും ജനിച്ച ഇവര്‍ രണ്ടുപേരും വിബുധ ശ്രേഷിഠന്മാരാണ്‌. സൃഷ്ടിസംഹാര മാര്‍ഗ്ഗങ്ങള്‍ അവന്റെ നിര്‍ദ്ദേശം പോലെ നടക്കുന്നു. സര്‍വ്വ പ്രാണികള്‍ക്കും വരം നല്കുന്നവരായ അവര്‍ രണ്ടുപേരും കേവലം നിമിത്തം മാത്രമാകുന്നു.

കപര്‍ദ്ദി, ജടിലന്‍, മുണ്ഡന്‍, ചുടലക്കാട്ടില്‍ അധിവസിക്കുന്നവന്‍, ഉഗ്രവ്രതധരന്‍, രുദ്രന്‍, യോഗി, അത്യന്തദാരുണന്‍, ദക്ഷക്രതുഹരന്‍, ഭഗനേത്രഹരന്‍, പരന്‍ ഇങ്ങനെ പല പേരുകളാല്‍ കീര്‍ത്തിക്കപ്പെടുന്ന മഹേശ്വരന്‍ അല്ലയോ പാണ്ഡവേയാ, യുഗംതോറും അറിയപ്പെടുന്ന ദേവദേവന്‍ നാരായണാത്മജനാണ്‌. അല്ലയോ പാര്‍ത്ഥാ, അവനെ പൂജിക്കുകയാണെങ്കില്‍ പ്രഭുവും ദേവനുമായ നാരായണന്‍ പൂജിതനായി ഭവിക്കും. അല്ലയോ അര്‍ജ്ജുനാ, ലോകങ്ങള്‍ക്കൊക്കെ ആത്മാവായിട്ടുളളത്‌ ഞാനാണല്ലോ. അതു കൊണ്ട്‌ ആ മഹാദേവനെ പൂജിച്ചാല്‍ നാരായണന്‍ പൂജിതനായി. എന്തുകൊണ്ടെന്നാല്‍ രുദ്രന്‍ എന്റെ ആത്മാവാകുന്നു. അതുകൊണ്ടാണ്‌ ഞാന്‍ എല്ലായ്പോഴും അവനെ പൂജിക്കുന്നത്‌. ഞാന്‍ അഭാവിതാത്മാവും വരദനുമായ ഈശ്വരനെ പുജിക്കുന്നില്ലെങ്കില്‍ ആരും, ഒരുത്തനും എന്നെയും പൂജിക്കുന്നതല്ല. ഞാന്‍ നിശ്ചയിച്ച നടപടിയാണ്‌ ലോകം അനുവര്‍ത്തിക്കുന്നത്‌. ആ നിയമങ്ങളെയെല്ലാം എല്ലാവരും പൂജിക്കുന്നു. അതുകൊണ്ട്‌ ഞാന്‍ അവരേയും പൂജിക്കുന്നു. രുദ്രനെ ആര്‌ അറിയുന്നുവോ അവര്‍ എന്നെ അറിയുന്നു. എന്നെ ആര്‌ അറിയുന്നുവോ അവര്‍ രുദ്രനെ അറിയുന്നു. രുദ്രനെ ആര്‌ ആരാധിക്കുന്നുവോ അവര്‍ എന്നെ ആരാധി ക്കുന്നു. രുദ്രന്‍ എന്നാല്‍ നാരായണന്‍ തന്നെ! രണ്ടുപേരും ഒന്നുതന്നെ. ഒന്ന്‌ രണ്ടു രൂപത്തില്‍ കാണപ്പെടുന്നു എന്നു മാത്രം. രുദ്രനും നാരായണനും ഒരേ രൂപത്തില്‍ കാണപ്പെടുന്ന സകലത്തിലും പ്രവേശിച്ച്‌ അവയ്ക്ക്‌ കര്‍മ്മശക്തിക്കു കാരണമായി നില്ക്കുന്നു. ഹേ! പാണ്ഡുനന്ദനാ, രുദ്രനല്ലാതെ മറ്റൊരു ദേവനും എന്നെ അനുഗ്രഹിക്കുവാന്‍ ശക്തനല്ല. ഇതു മനസ്സില്‍ വെച്ച്‌ ഞാന്‍ പണ്ടുകാലത്ത്‌ പുരാണനും പുണ്യാത്മാവുമായ ഒരു പുത്രന്റെ ലബ്ധിക്കു വേണ്ടി തപസ്സു ചെയ്തു. രുദ്രനെ സേവിക്കുക എന്ന കര്‍മ്മത്താല്‍ ഞാന്‍ എന്നെത്തന്നെയാണ്‌ പൂജിച്ച്‌, ആരാധിച്ച്‌, സേവിച്ചത്‌. വിഷ്ണു ഒരിക്കലും മറ്റൊരു ദേവനെ ആരാധിക്കുകയില്ല. താന്‍ തന്നെയാണ്‌ തനിക്കാരാധിക്കുവാനുള്ള ദേവന്‍. മറ്റൊരു ദേവന്റെ മുമ്പില്‍ വിഷ്ണു ശിരസ്സു കുനിക്കുകയില്ല, കുനിച്ചിട്ടില്ല എന്ന്‌ ഇപ്പോള്‍ മനസ്സിലായല്ലോ. അതു കൊണ്ടാണ്‌ ഞാന്‍ രുദ്രനെ ആരാധിക്കുന്നത്‌. രുദ്രന്‍ ഞാന്‍ തന്നെയാണെന്നു പറഞ്ഞുക ഴിഞ്ഞല്ലോ?. എല്ലാ ദേവന്മാരും ബ്രഹ്മാവ്‌, ഇന്ദ്രന്‍, ദേവകള്‍, ഋഷികള്‍ എല്ലാവരും നാരായണനെ പൂജിക്കുന്നു. മറ്റൊരു പേരില്‍ പറഞ്ഞാല്‍ ഹരിയെ പുജിക്കുന്നു. വിഷ്ണുവാണ്‌ എല്ലാറ്റി ലും മേലെ. കഴിഞ്ഞ കാലങ്ങളിലും, ഇപ്പോഴും, ഭാവിയിലും വിഷ്ണു തന്നെ മേലെ. അങ്ങനെ ആരാധിക്കുകയും സേവിക്കുകയും എല്ലാ കാലത്തുമുണ്ടാകും. അഗ്രം നയിക്കുന്നവ നും, സേവ്യനും പൂജ്യനുമായ ആ ദേവന്റെ മുമ്പില്‍ നീ ശിരസ്സ് കുനിക്കുക! ആ ദേവന്‍ എല്ലാ സംരക്ഷണവും നല്കുന്നവനാണ്‌. അല്ലയോ കുന്തീപുത്രാ, ആ അനുഗ്രഹ ദാതാവായ ദേവനെ, ദേവന്മാര്‍ക്കും ദേവനായിട്ടുളള മഹേശനെ, നാം നല്കുന്ന ഹവ്യകവ്യങ്ങള്‍ കൈക്കൊള്ളുന്ന ദേവനെ, അര്‍ജ്ജുനാ! നീ പൂജിക്കുക, നമസ്കരിക്കുക.

എന്റെ ഭക്തന്മാര്‍ നാലു തരക്കാരാണ്‌ അര്‍ജ്ജുനാ! അതില്‍ വെച്ച്‌ ശ്രേഷ്ഠന്മാര്‍ ഏകാന്തിമാരാണ്‌. അവര്‍ക്കു വേറെ ദൈവമില്ല. അവര്‍ നിരീഹരായി, നിസ്വാര്‍ത്ഥരായി കര്‍മ്മം ചെയ്യുന്നു. അവര്‍ക്കു ഗതി ഞാനാകുന്നു. അവര്‍ എന്നില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണ്‌. മറ്റൊരു ഫലവും അവര്‍ ആഗ്രഹിക്കുന്നില്ല. മറ്റു മൂന്നു തരക്കാരായ ഭക്തന്മാരും ഫലകാംക്ഷികളാണ്‌. അവര്‍ ഉദ്ദേശത്തോടെയാണ്‌ ഭജിക്കുന്നത്‌. അവര്‍ കാര്യസാദ്ധ്യത്തിന് ഭജിച്ച്‌ കാര്യം നേടുന്നു. എന്നാല്‍ അവര്‍ കാര്യം നേടി അനുഭവിച്ചതിന് ശേഷം താഴോട്ട് തന്നെ പതിക്കുന്നു. അതില്‍ ശ്രേഷ്ഠഗനായവന്‍ ജ്ഞാനം കൊണ്ടു മോക്ഷം നേടുന്നവനാണ്‌.

ബ്രഹ്മാവിനെ ആരാധിക്കുന്നവരും, ശിവനെ ആരാധിക്കുന്നവരും, മറ്റു ദേവകളെ ആരാധിക്കുന്നവരും പ്രബോധത്തോടെ ആരാധിക്കുമ്പോള്‍ അവര്‍ പരനായ എന്നില്‍ത്തന്നെ വന്നുചേരും. ഭക്തന്മാരിലുള്ള വൃത്യാസം ഞാന്‍ നിനക്കു കാണിച്ചു തന്നു. അല്ലയോ പൃഥാപുത്രാ! നീയും ഞാനും നാരായണ ഋഷിമാരാണ്‌. ഭൂമിയുടെ ഭാരം ലഘൂകരിക്കുന്നതിന് വേണ്ടി അവതാരമെടുത്തവരാണ്‌. ഞാന്‍ അദ്ധ്യാത്മയോഗം അറിയുന്നു. ഞാന്‍ ആരാണ്‌, എങ്ങുന്നാണ്‌ എന്നതറിയുന്നുണ്ട്‌ ഭാരതാ! നിവൃത്തി ലക്ഷണമാണ് ധര്‍മ്മം. അപ്രകാരം അഭ്യുദയപ്രദവുമാണ്‌ എന്നു ഞാന്‍ നല്ലപോലെ അറിയുന്നുണ്ട്‌. ഞാന്‍ എന്നെന്നും ഉള്ളവനാണ്‌. ശാശ്വതനാണ്‌. ഞാന്‍ ഒന്നുമാത്രമാണ്‌ ആത്മാവ്‌. എല്ലാവര്‍ക്കും അതൊന്നുമാത്രമാണ്‌ രക്ഷാസ്ഥാനം. നാരങ്ങള്‍ എന്നാല്‍ അപ്പുകള്‍ (ജലങ്ങള്‍, പ്രളയജാലം); നരസൂനുക്കള്‍ എന്നും പറയും; ഞാന്‍ നാരങ്ങളില്‍ അയനം ചെയ്യുന്നതു കൊണ്ട്‌ (സഞ്ചരിക്കുക) നാരായണനായി. പണ്ട്‌ ഞാന്‍ നാരങ്ങളില്‍ അയനം ചെയ്തതു കൊണ്ടാണ്‌ എനിയ്ക്ക് നാരായണന്‍ എന്ന പേരുണ്ടായത്‌. സൂര്യന്റെ രൂപമെടുത്ത്‌ സഹസ്രകിരണനായി ഞാന്‍ രശ്മികളാല്‍ ലോകത്തെ മൂടുന്നു. അങ്ങനെ എല്ലാ ജീവികളുടെയും വാസസ്ഥാനമായിരിക്കയാല്‍ വാസുദേവനായി. അല്ലയോ പാര്‍ത്ഥാ, എല്ലാ ജീവികളുടേയും അന്ത്യം എന്നിലാണ്‌. അവരുടെ നാഥനും ഞാന്‍ തന്നെയാണ്‌. പ്രപഞ്ചത്തില്‍ ആകാശത്തും, ഭൂമിയിലും സര്‍വ്വത്ര ഞാന്‍ നിറഞ്ഞുനില്ക്കുന്നു. എന്റെ കാന്തി എല്ലാ കാന്തിയിലും വ്യാപ്തമാണ്‌. എല്ലാ ജീവികളും മരണാനന്തരം ഏതിലെത്താന്‍ ആശിക്കുന്നുവോ, അതാണു ഞാന്‍. എല്ലായിടത്തും വ്യാപിച്ചു നില്ക്കുകയാല്‍ ഞാന്‍ വിഷ്ണുവായി. ദമത്താല്‍ സിദ്ധി ഉച്ഛിച്ച്‌ എന്നെ ആളുകള്‍ കാംക്ഷിക്കുന്നു. ദ്യോവും, ഭൂവും, മദ്ധ്യവും കാംക്ഷിക്കുന്നു. അതുകൊണ്ട്‌ ഞാന്‍ ദാമോദരനായി. പ്രശ്നി എന്നാല്‍ അന്നം, വേദം, ജലം, അമൃതം എന്നൊക്കെ അര്‍ത്ഥമുണ്ട്‌. ഇവ നാലും എന്റെ ഉദരത്തിലുണ്ട്‌. അതുകൊണ്ട്‌ എന്നെ പ്രശ്നിഗര്‍ഭന്‍ എന്നു വിളിക്കുന്നു.

പണ്ട്‌ ത്രിതന്‍ എന്ന ഋഷി കൂപത്തില്‍ വീണു. അന്ന്‌ ഏകതനും, ദ്വിതനും, ത്രിതനും എന്നെ ഭജിച്ച്‌ അഭ്യര്‍ത്ഥിച്ചു: "അല്ലയോ പ്രശ്നിഗര്‍ഭാ, കിണറ്റില്‍ വീണ ത്രിതനെ കയറ്റി രക്ഷപ്പെടുത്തണേ" എന്ന്‌. ആ ഋഷിമാരില്‍ ശ്രേഷ്ഠനായ ത്രിതന്‍ ബ്രഹ്മാവിന്റെ മാനസപുത്രനാണ്‌. അവന്‍ ഈ പ്രാര്‍ത്ഥന മൂലം കൂപത്തില്‍ നിന്നു പ്രയാസം കൂടാതെ കയറിപ്പോന്നു. അങ്ങനെ പ്രശ്നിഗര്‍ഭ കീര്‍ത്തനത്താല്‍ അവന്‍ രക്ഷപ്പെട്ടു. ലോകം തപിക്കുന്ന സുരൃന്റെയും, അഗ്നിയുടെ യും, ശശിയുടെയും പ്രകാശിക്കുന്ന രശ്മികളെല്ലാം എന്റെ കേശങ്ങളാണ്‌. സര്‍വ്വജ്ഞരായ ദ്വിജന്മാര്‍ അതുകൊണ്ട്‌ എന്നെ കേശവന്‍ എന്നു വിളിക്കുന്നു.

മഹാത്മാവായ ഉതത്ഥ്യന്റെ ഭാര്യ ഗര്‍ഭംധ രിച്ചിരിക്കെ, ഉതത്ഥ്യന്‍ ഒരു ദിവസം ദേവമായയാല്‍ അവിടം വിട്ട സന്ദര്‍ഭം നോക്കി, ആ മഹാത്മാവിന്റെ ഭാര്യയുടെ അടുത്ത്‌, ബൃഹസ്പതി തന്റെ കാമനിവ്യത്തിക്കു വേണ്ടി ചെന്നെത്തി. ആ മുനീന്ദ്രന്‍ അനുനയം പറഞ്ഞ്‌ മൈഥുനത്തിന്ന്‌ അവളെ പിടിച്ചപ്പോള്‍ ഗര്‍ഭസ്ഥനായ, പഞ്ചഭൂതങ്ങള്‍ ഒത്തവനായ, ശിശു വിളിച്ചുപറഞ്ഞു. "കൌന്തേയാ, അല്ലയോ വരദാ, അമ്മയുടെ ഗര്‍ഭത്തില്‍ ആദ്യം വന്നവന്‍ ഞാനാണ്‌. ഇനി ഇവിടെ വേറെ ഒരാള്‍ക്കു കിടക്കുവാന്‍ സ്ഥലമില്ല! എന്നെ ബുദ്ധിമുട്ടിക്കരുത്‌". ഇതു കേട്ടപ്പോള്‍ ബൃഹസ്പതിക്കു ക്രോധമായി. അവന്‍ കുട്ടിയെ ശപിച്ചു: "മൈഥുനത്തിന്‌ ഒത്തുകൂടുന്ന സമയത്ത്‌ എന്നെ നീ തടുക്കുകയാല്‍, അമ്പട കേമാ, നീ എന്റെ ശാപം കൊണ്ട്‌ അന്ധനാകട്ടെ". ഋഷീന്ദ്രന്റെ ശാപംമൂലം കുട്ടി അന്ധനായി ഭവിച്ചു. അവന്‍ വളരെക്കാലം കുരുടനായിരുന്നു. അങ്ങനെ ദീര്‍ഘതമസ്സ്‌ എന്ന പേരുണ്ടായി. അവന്‍ നാലുവേദങ്ങളും വേദാംഗങ്ങളുമൊക്കെ കേട്ടു പഠിച്ച്‌ ഋഷിയായി. ഗുഹ്യമായ എന്റെ നാമം അവന്‍ പിന്നെ പല പ്രാവശ്യം ഉരുവിട്ടു. അവന്‍ ശമനിയമങ്ങളോടെ വിധി പ്രകാരം കേശവാ! കേശവാ! എന്നു ജപിക്കുകയാല്‍ അവന്റെ അന്ധത നീങ്ങി കണ്ണിനു കാഴ്ച ലഭിച്ചു. അവന്‍ ഗൌതമന്‍ എന്ന പേരില്‍ പ്രസിദ്ധനായി അര്‍ജ്ജുനാ! "എന്റെ കേശവാ!" എന്ന നാമോച്ചാരണം എല്ലാ ദേവന്മാര്‍ക്കും മുനിമാര്‍ക്കു പോലും വരദമാണെന്ന്‌ നീ ധരിക്കുക! സോമനോടൊത്തു ചേര്‍ന്ന്‌ അഗ്നി ഏകയോനിത്വം പ്രാപിച്ചു. ഈ ചരാചരങ്ങള്‍ ചേര്‍ന്ന ജഗത്ത്‌ അഗ്നിയും സോമനും ചേര്‍ന്നതാണ്‌. അഗ്നി സോമമയമാണ്‌. ഏകയോന്യാത്മകന്മാരാണ്‌ അഗ്നീഷോമന്മാര്‍. ദേവകള്‍ അഗിമുഖന്മാരാണ്‌. (ദേവന്മാര്‍ക്കു ഹവിസ്സ്‌ അഗ്നിയില്‍ അര്‍ച്ചിക്കുന്നു. അഗ്നിയാകുന്ന മുഖത്താല്‍ ദേവന്മാര്‍ അതിനെ അനുഭവിക്കുന്നു). ഏകയോനിത്വം കൊണ്ട്‌ അഗ്നിസോമന്മാര്‍ പരസ്പരം അര്‍ഹന്മാരായി ലോകങ്ങളെ ധരിച്ചു എന്നും പുരാണത്തിലുണ്ട്‌.

അദ്ധ്യായം 343. നാരായണീയം - സൃഷ്ടിയുടെ പ്രാരംഭാവസ്ഥ - അര്‍ജ്ജുനന്‍ പറഞ്ഞു: എങ്ങനെയാണ്‌ മധുസൂദനാ, അഗ്നിസോമന്മാര്‍ക്ക്‌ ഏകയോനിവൃത്തി പണ്ടുണ്ടായത്‌? എനിക്കുള്ള ഈ സംശയം തീര്‍ത്തുതന്നാലും.

ശ്രീ ഭഗവാന്‍ പറഞ്ഞു: എടോ പാര്‍ത്ഥാ, നിന്നോട്‌ പുരാണം പറഞ്ഞു കേള്‍പ്പിക്കാം. അല്ലയോ പാണ്ഡുനന്ദനാ! ഈ പുരാണം ആത്മതേജോത്ഭവമാണ്‌. അത്‌ മനസ്സുവെച്ചു കേള്‍ക്കുക.

പ്രളയകാലം കഴിഞ്ഞ്‌ ചതുർയുഗം ആയിരം അവസാനിക്കുന്ന സമയത്ത്‌ സര്‍വ്വഭൂതങ്ങളും, സ്ഥാവരങ്ങളും ജംഗമങ്ങളുമായ സകല ഭൂതങ്ങളും അവ്യക്തമായ സര്‍വ്വഭൂത പ്രളയത്തില്‍ ജ്യോതിസ്സും ഭൂമിയും കാറ്റുമില്ലാതെ കൂരിരുട്ടായി ലോകം ഒറ്റ വെള്ളക്കടലായിരിക്കുമ്പോള്‍, അപ്പുകള്‍ എന്ന ബ്രഹ്മഭൂതാഖ്യം അദ്വിതീയമായി പ്രതിഷ്ഠിച്ചിരിക്കെ, രാത്രിയില്ല, പകലില്ല, സത്തില്ല, അസത്തില്ല, വ്യക്തമില്ല, അവ്യക്തമില്ല, എന്ന വിധമായിരിക്കെ, ഈയൊരവസ്ഥയില്‍ നാരായണഗുണാശ്രയമായി, അജരാമരമായി, അനിന്ദ്രിയമായി, അഗ്രാഹൃമായി, അസംഭവമായി, സത്യമായി, അഹിംസ്രമായി, പലമാതിരി പ്രവൃത്തി വിശേഷമുള്ളതായി, അവൈരമായി, അക്ഷയമായി, അമരമായി, അജരമായി, അമൂര്‍ത്തമായി, സര്‍വ്വവ്യാപിയായി, സര്‍വ്വകര്‍ത്താവായി, ശാശ്വതമയിരിക്കുന്ന തമസ്സില്‍ നിന്ന്‌ അവൃയനായി ഹരിയാകുന്ന പുരുഷന്‍ ആവിര്‍ഭവിച്ചു. അതില്‍ ഒരു നിദര്‍ശനമുണ്ട്‌.

പകലില്ല, രാവില്ല, സത്തില്ല, അസത്തില്ല, വിശ്വരൂപമായ തമസ്സ്‌ ഒന്നു മാത്രമേ മുന്‍പുണ്ടായിരുന്നുളളു. അതാണ്‌ വിശ്വരൂപന്റെ രാത്രി എന്നാണ്‌ ഇതിന്റെ അര്‍ത്ഥം പറയേണ്ടത്‌. ആ തമസ്സംഭവനായി ബ്രഹ്മയോനിയായിരിക്കുന്ന ബ്രഹ്മപുരുഷന്‍ പ്രാദുര്‍ഭവിച്ച ശേഷം ആ പുരുഷന്‍ പ്രജകളെ സൃഷ്ടിക്കുവാന്‍ ഉദ്യമിക്കുമ്പോള്‍ കണ്ണുകളില്‍ നിന്ന്‌ അഗ്നിയേയും സോമനേയും സൃഷ്ടിച്ചു. പിന്നെ ഭൂതങ്ങളെ സൃഷ്ടിച്ചതിന് ശേഷം പ്രജകള്‍ ക്രമപ്രകാരം ബ്രഹ്മക്ഷത്രത്തെ ഉപാസിച്ചു. സോമന്‍ എന്നതാകുന്നു ബ്രഹ്മം. അവരാണ്‌ ബ്രാഹ്മണര്‍. അഗ്നി എന്നതാണ്‌ ക്ഷത്രം. ക്ഷത്രത്തേക്കാള്‍ ബ്രഹ്മത്തിന്ന്‌ ബലം കൂടും. എന്തുകൊണ്ടെന്നാല്‍ ലോകപ്രതൃക്ഷഗുണമാണ്‌ ഇത്‌. അതെങ്ങനെ?

ബ്രാഹ്മണനില്‍ നിന്ന്‌ മേലെയായി ഒരു ഭൂതമുണ്ടായിട്ടില്ല. ജ്വലിക്കുന്ന അഗ്നിയില്‍ ആര് ഹോമിക്കുന്നുവോ, അവന്‍ ബ്രാഹ്മണ മുഖത്തിലാണ്‌ ഹോമിക്കുന്നത്‌ എന്നു വെച്ചു ഞാന്‍ പറയുകയാണ്‌. ബ്രഹ്മാവ്‌ ഭൂതങ്ങളെ സൃഷ്ടിച്ച്‌ ഭൂതങ്ങളെ പ്രതിഷ്ഠിച്ച്‌ മുന്നു ലോകത്തേയും ധരിക്കുന്നു, എന്നു മന്ത്രവാക്യം കൂടിയുണ്ട്‌. "അല്ലയോ അഗ്നേ, ഭവാന്‍ സകല യജ്ഞങ്ങള്‍ക്കും ഹോതാവും ദേവകള്‍ക്കും മനുഷ്യര്‍ക്കും ജഗത്തിന്നും ഹിതനുമാകുന്നു" എന്ന്‌. ഇതിന് നിദര്‍ശനം കൂടിയുണ്ട്‌. "അല്ലയോ അഗ്നേ, അങ്ങുന്നു സര്‍വ്വ യജ്ഞങ്ങള്‍ക്കും ഹോതാവാണ്‌. ദേവമനുഷ്യരോടു കൂടിയ ജഗത്തിന്‌ ഹിതമാകുന്നു" എന്ന്‌. അഗ്നി യജ്ഞങ്ങള്‍ക്കു ഹോതാവാണ്‌, കര്‍ത്താവാണ്‌. ആ അഗി തന്നെയാണ്‌ ബ്രഹ്മം. മന്ത്രങ്ങള്‍ കൂടാതെ ഹവനമില്ല. പുരുഷനെക്കുടാതെ തപസ്സുണ്ടാവില്ല. ഹവിസ്സാണ്‌ മന്ത്രങ്ങള്‍ക്കു പൂജയായിട്ടുളളത്‌. ദേവമാനുഷ മഹര്‍ഷികള്‍ക്ക്‌ ഇതുകൊണ്ട്‌ അഗ്നി ഹോതാവായി നിയമിക്കപ്പെട്ടു. മാനുഷമായ ഹോത്രാധികാരങ്ങളൊക്കെ ബ്രാഹ്മണന്നാണ്‌. അവനാണ്‌ യാജനം വിധിച്ചിട്ടുളളത്‌. ക്ഷത്രിയന്മാര്‍ക്കും വൈശ്യന്മാര്‍ക്കുമില്ല. അതു കൊണ്ട്‌ ബ്രാഹ്മണരാണ്‌ അഗ്നിയായി നിന്നുകൊണ്ടു യജ്ഞങ്ങള്‍ നടത്തുന്നത്‌. ആ യജ്ഞങ്ങള്‍ ദേവകളെ തൃപ്തിപ്പെടുത്തുന്നു. ദേവകള്‍ ഭൂമിയെ പോഷിപ്പിക്കുന്നു. ശതപഥത്തില്‍ ബ്രാഹ്മണാരംഭത്തിലുണ്ട്‌. വിദ്വാനായവന്‍ കത്തുന്ന അഗ്നിയെ ഹോമിക്കുന്നു.ബ്രാഹ്മണമുഖത്താല്‍ ആഹുതിയെ ഹോമിക്കുന്നു. ഇപ്രകാരം അഗ്നിഹുതന്മാരായ ബ്രാഹ്മണര്‍, വിദ്വാന്മാര്‍, അഗ്നിയെ പോഷിപ്പിക്കുന്നു.

അഗ്നിയോ വിഷ്ണുവായി എല്ലാ ഭൂതങ്ങളിലും പ്രവേശിച്ച്‌ പ്രാണങ്ങളേ ധരിക്കുന്നു. എന്നു തന്നെയല്ല, ഇവിടെ സനല്‍ക്കുമാരന്‍ പാടിയ ശ്ലോകമുണ്ട്‌: "ബ്രഹ്മാവ്‌ വിശ്വം സൃഷ്ടിച്ചതിന് ശേഷം ആദ്യം ബ്രാഹ്മണനെ സൃഷ്ടിച്ചു. ബ്രാഹ്മണന്‍ വേദം പഠിച്ച്‌ വേദത്തിന്റെ സഹായം മൂലം ബ്രഹ്മയോനികളായി സ്വര്‍ഗ്ഗം പ്രാപിക്കുന്നു. ബ്രാഹ്മണന്മാര്‍ ബുദ്ധി, വാക്ക്‌, കര്‍മ്മം, ശ്രദ്ധ, തപസ്സ്‌ എന്നിവയാല്‍ ഭൂമിയേയും സ്വര്‍ഗ്ഗത്തേയും ശൈകൃത്തേയും ഗവാമൃതത്തേയും താങ്ങുന്നു. സത്യത്തേക്കാള്‍ വലിയ ധര്‍മ്മമില്ല. അമ്മയേക്കാള്‍ മീതെയായി ഗുരുവില്ല. (ഏറ്റവും കനപ്പെട്ടത്‌ അമ്മയാണ്‌.) വിപ്രരേക്കാള്‍ മീതെയായി ഇഹത്തിലും പര ത്തിലും ഐശ്വര്യദാതാക്കളുമില്ല. ബ്രാഹ്മണന് ജീവിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത നാട്ടില്‍ കാള പൂട്ടുന്ന കരി വലിക്കില്ല, വണ്ടി വലിക്കില്ല, തയിര്‌ കടയുകയില്ല, കാള തന്നെ ഉണ്ടാവുകയില്ല. ബ്രാഹ്മണന് ജീവിക്കാന്‍ പറ്റാത്ത നാട്ടില്‍ കളളന്മാരും കൊള്ളക്കാരും നടമാടും. ധാര്‍മ്മികജീവിതം താറുമാറായി കാണും.

വേദപുരാണേതിഹാസങ്ങളുടെ പ്രാമാണ്യത്താല്‍ നാരായണ മുഖോല്‍ഗതന്മാരും സര്‍വ്വാത്മാക്കളും സര്‍വ്വകര്‍ത്താക്കളും സര്‍വ്വഭാവന്മാരുമത്രേ ബ്രാഹ്മണര്‍. വരദനായ ആ ദേവന്റെ വാക്‌സംയമന കാലത്തില്‍ ആദ്യമേ ഉണ്ടായവരാണല്ലോ ബ്രാഹ്മണര്‍.

ഇങ്ങനെ സുരാസുരവിശിഷ്ടരാണു ബ്രാഹ്മണര്‍. ഞാന്‍ ബ്രാഹ്മണ സ്വരൂപനായി പണ്ട്‌ സൃഷ്ടിച്ച സുരാസുരമഹര്‍ഷികളേയും ഭൂതവിശേഷങ്ങളേയും നിലനിര്‍ത്തുകയും നിഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്‌. അഹല്യയെ കൈയേറുകയാല്‍ ഗൗതമനില്‍ നിന്നു ശാപമേറ്റ്‌ ഇന്ദ്രന്‍ ഹരിശ്മശ്രു ആയിത്തീര്‍ന്നു. ആ കൗശികന്റെ ശാപം കാരണമായി ഇന്ദ്രനു തന്റെ വൃഷണം നശിച്ചുപോയി. പിന്നെ ദേവന്മാരുടെ അനുഗ്രഹം നിമിത്തം ഒരു ആടിന്റെ വൃഷണം ആ സ്ഥാനത്ത്‌ മാറ്റിവെക്കപ്പെട്ടു. അശ്വിനീദേവകള്‍ക്ക്‌ ഗ്രഹപ്രതിരോധം നിമിത്തം വജ്രമോങ്ങിയ പുരന്ദരന്റെ കൈകളെ ച്യവനന്‍ സ്തംഭിപ്പിച്ചു. യജ്ഞധ്വംസം മൂലം കോപിച്ച ദക്ഷന്‍ പിന്നെയും തപസ്സു ചെയ്തു. ശിവന്റെ നെറ്റിയില്‍ കണ്ണു പോലെ മറ്റൊന്നുണ്ടാക്കി. ത്രിപുരവധത്തിന്ന്‌ ദീക്ഷിച്ചിരുന്ന രുദ്രന്റെ നേരെ അസുരഗുരുവായ ശുക്രന്‍ കോപിച്ച്‌ തന്റെ തലയില്‍ നിന്നു ജടകള്‍ പറിച്ചെടുത്ത്‌ പ്രയോഗിച്ചു. അതില്‍ നിന്നു സര്‍പ്പങ്ങളുണ്ടായി. ആ സര്‍പ്പങ്ങള്‍ ചെന്നു ശിവനെ കടിക്കുവാന്‍ തുടങ്ങി. തന്മുലം ശിവന്റെ കണ്ഠം വിഷംകൊണ്ടു നീലനിറമായി. ആദ്യത്തെ സ്വായംഭുവ മന്വന്തരത്തില്‍ നാരായണന്‍ കൈകൊണ്ട്‌ ശിവന്റെ കണ്ഠത്തില്‍ പിടിക്കുകയാലാണ്‌ നീലകണ്ഠനായത്‌. അമുതിന് വേണ്ടി പാലാഴിമഥനം ചെയ്യുന്ന കാലത്ത്‌ ആംഗിരസനായ ബൃഹസ്പതി ആ കടലിന്റെ തീരത്ത്‌ ചെന്ന്‌ "പുരശ്ചരണ"ക്രിയ ചെയ്യുന്ന സമയത്ത്‌ കുറച്ചു ജലം കൈയിലെടുത്ത്‌ ആചമിക്കുമ്പോള്‍ ജലം വല്ലാതെ കലങ്ങിയ മട്ടില്‍ കണ്ടു. ഇങ്ങനെ ജലം തന്നില്‍ തെളിയാതെ കണ്ടപ്പോള്‍ ബൃഹസ്പൃതിക്ക്‌ കോപമുണ്ടായി. ബൃഹസ്തതി സമുദ്രത്തെ ശപിച്ചു. "എടോ സമുദ്രമേ, ഞാന്‍ ആചമിക്കുമ്പോള്‍ നീ എന്നോട്‌ ബഹുമാനം കാണിക്കാതെ കലങ്ങി നിന്നു! തെളിഞ്ഞില്ല. നീ മഹാധിക്കാരി തന്നെ! ഞാന്‍ നിന്നെ ശപിക്കുന്നു. ഇന്നു മുതല്‍ നിന്നില്‍ ഭയങ്കരന്മാരായ മത്സ്യങ്ങള്‍, തിമിംഗലങ്ങള്‍, ആമകള്‍ മുതലായ ജന്തുക്കള്‍ വസിച്ച്‌ നിന്നെ കലക്കിക്കൊണ്ടിരിക്കട്ടെ!". അന്നു മുതല്‍ വെള്ളം ജലജന്തുക്കൾ കലര്‍ന്നതായിത്തീര്‍ന്നു. ത്വഷ്ടാവിന്റെ പുത്രനായ വിശ്വരൂപന്‍ ദേവകള്‍ക്ക്‌ പുരോഹിതനായി തീര്‍ന്നു. അസുരന്മാരുടെ മരുമകനാണു താനും. അവന്‍ ദേവകള്‍ക്ക്‌ പരസ്യമായും അസുരന്മാര്‍ക്കു രഹസ്യമായും യജ്ഞഭാഗം നല്കി. അപ്പോള്‍ ഹിരണ്യകശിപുവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട്‌ അസുരന്മാര്‍ വിശ്വരൂപന്റെ അമ്മയായ സഹോദരിയോട്‌ വരം ആവശ്യപ്പെട്ടു.

"അല്ലയോ സഹോദരി, ഭവതിയുടെ പുത്രനായ ത്വഷ്ടാവ്‌ എന്ന വിശ്വരൂപന്‍ മൂന്നു തലയുള്ള വിദ്വാനാണല്ലോ! അവന്‍ ദേവകളുടെ പുരോഹിതനായി വെളിവില്‍ ദേവകള്‍ക്ക്‌ ഭാഗം നല്കുന്നു. ഞങ്ങള്‍ക്കു വളരെ രഹസ്യമായി ഒളിവിലാണു നല്കുന്നത്‌. അതുകൊണ്ട്‌ എന്തു സംഭവിക്കുന്നു എന്നു ഭവതി അറിയുന്നുണ്ടോ? ദേവകള്‍ വര്‍ദ്ധിക്കുകയും, ഞങ്ങള്‍ ക്ഷയിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ഭവതി ഒരു കാര്യം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. അവനെ ഈ ദേവപൂജയില്‍ നിന്നു തടയുകയും ഞങ്ങളെ ഭജിക്കു മാറാക്കുകയും ചെയ്യണം".

ഈ അഭ്യര്‍ത്ഥന കേട്ട്‌ അമ്മ പോയി നന്ദനവനത്തിലിരിക്കുന്ന വിശ്വരൂപനെക്കണ്ടു പറഞ്ഞു: "ഉണ്ണീ, നീ എന്താണ്‌ ശത്രുപക്ഷം വര്‍ദ്ധിപ്പിച്ച്‌ മാതുലപക്ഷം ക്ഷയിപ്പിക്കുന്നത്‌? അങ്ങനെ ചെയ്യുവാന്‍ പാടുണ്ടോ മകനേ!".

വിശ്വരൂപന്‍ അമ്മയുടെ വാക്കുകേട്ട്‌ "അമ്മ പറഞ്ഞതു തെറ്റി നടക്കാന്‍ പാടില്ല" എന്നു പറഞ്ഞ്‌ ഹിരണുകശിപുവിന്റെ അടുത്തു ചെന്ന്‌ അവനെ പൂജിച്ച്‌ അവിടെ കൂടി. ഇതു സംബന്ധമായി ബ്രഹ്മപുത്രനായ വസിഷ്ഠന്‍ ഹിരണ്യകശിപുവിനെ ശപിച്ചു: "എടോ ഹിരണ്യകശിപു, നീ എന്നെ വിട്ട്‌ മറ്റൊരു ഹോതാവിനെ വരിച്ചത്‌ ന്യായമായോ? അന്യായമായ പ്രവൃത്തി ചെയ്തത് മൂലം നിന്റെ ഈ യജ്ഞം കഴിയുന്നതിന് മുമ്പ്‌ അപൂര്‍വ്വമായ, ആരും കാണാത്ത മട്ടി ലുളള ഒരു സങ്കരജന്തുവില്‍ നിന്നു നീ വധിക്കപ്പെടട്ടെ!".  വസിഷ്ഠന്റെ ഈ ശാപംമൂലമാണ്‌ നരസിംഹമൂര്‍ത്തിയാല്‍ ഹിരണ്യകശിപു വധിക്കപ്പെട്ടത്‌.

പിന്നെ വിശ്വരുപന്‍ മാതാവിന്റെ വംശത്തിന്‌ അഭിവൃദ്ധിയുണ്ടാക്കിക്കൊണ്ട്‌ തപസ്സില്‍ ഇരിപ്പായി. ഇന്ദ്രന് ഈ തപസ്സ്‌ ഒട്ടും ഇഷ്ടമായില്ല. ഇന്ദ്രന്‍ വിശ്വരൂപന്റെ തപസ്സു മുടക്കുവാന്‍ സുന്ദരികളായ അപ്സരസ്ത്രീകളെ പറഞ്ഞു വിട്ടു. ആ സുന്ദരികളെക്കണ്ട്‌ വിശ്വരൂപന്റെ മനസ്സിളകി. ഒട്ടും താമസിയാതെ അവന്‍ അവരില്‍ സക്തനായി. തങ്ങളില്‍ അവന്‍ സക്തനായി എന്നു കണ്ട അപ്സരസ്ത്രീകള്‍ പറഞ്ഞു: "ഞങ്ങള്‍ വന്ന വഴിക്കു തന്നെ പോവുകയാണ്‌" എന്ന്‌. ഇതു കേട്ടപ്പോള്‍ ത്വഷ്ടാവ്‌ അവരോടു പറഞ്ഞു, "പോവുകയോ? എങ്ങോട്ട്‌? പാടില്ല! നിങ്ങള്‍ എന്നോടു കൂടി ഇവിടെ ഇരിക്കണം! പോകരുത്‌. നിങ്ങള്‍ക്കു നന്മയുണ്ടാകും". ഇതു കേട്ടപ്പോള്‍ അവര്‍ അവനോടു പറഞ്ഞു: "എടോ വിശ്വരൂപാ, ഞങ്ങള്‍ ദേവ്രസ്തീകളായ അപ്സരസ്സുകളാണ്‌. പണ്ടുതന്നെ പ്രഭ വിഷ്ണുവും വരദനുമായ ദേവേന്ദ്രനെ വരിച്ചവരാണ്‌ ഞങ്ങള്‍".

ദേവ്രസ്തീകളുടെ വാക്കുകേട്ട്‌ വിശ്വരൂപന്‍ പറഞ്ഞു: "അങ്ങനെയാണോ! എന്നാല്‍ ഞാന്‍ കാണിച്ചുതരാം. ഒറ്റ നിമിഷം കൊണ്ട്‌ ഞാന്‍ ഇന്ദ്രാദിദേവകളെ ഇല്ലാതാക്കിത്തരാം", എന്നു പറഞ്ഞ്‌ വിശ്വരൂപന്‍ മന്ത്രങ്ങള്‍ ജപിച്ചു. ആ മന്ത്രങ്ങള്‍ കൊണ്ട്‌ ത്രിശിരസ്സ്‌ വര്‍ദ്ധിച്ചു. ഒരു മുഖംകൊണ്ട്‌ അവന്‍ എല്ലാ ലോകങ്ങളിലും ക്രിയാവാന്മാരായ ബ്രാഹ്മണര്‍ യജ്ഞങ്ങളില്‍ ശരിയായ വിധം ഹോമിക്കുന്ന ഹോമം പാനം ചെയ്തു. പിന്നെ ഒരു മുഖം കൊണ്ട്‌ അന്നം ഭക്ഷിച്ചു കൊണ്ടിരുന്നു. മൂന്നാമത്തെ ശിരസ്സു കൊണ്ട്‌ ഇന്ദ്രാദിദേവകളേയും പാനം ചെയ്യുവാന്‍ തുടങ്ങി. ഈ നിലയിലായപ്പോള്‍ ഇന്ദ്രന്‍ സോമപാനം ചെയ്ത്‌ തന്റെ ശരീരം നല്ല പോലെ തടിപ്പിച്ചു. എന്നാലും വര്‍ദ്ധിച്ചു വന്നു കൊണ്ടിരിക്കുന്ന വിശ്വരൂപനെക്കണ്ടു ഭയചിന്താകുലനായി. ഇുന്ദ്രന്‍ ദേവകളോടു കൂടി ബ്രഹ്മാവിന്റെ അരികില്‍ച്ചെന്ന്‌ ഇപ്രകാരം പറഞ്ഞു; "പിതാമഹാ! ഞങ്ങള്‍ ആപത്തിലായിരിക്കുന്നു. വിശ്വരൂപന്‍ എല്ലാ യജ്ഞങ്ങളിലും നന്നായി ഹോമിക്കുന്ന ഞങ്ങള്‍ക്കുള്ള യജ്ഞഭാഗം, സോമം പാനംചെയ്യുന്നു. ഞങ്ങള്‍ക്ക്‌ യജ്ഞഭാഗം കിട്ടാതായിരിക്കുന്തു. ഞങ്ങള്‍ ക്ഷയിക്കുന്നു ഭഗവാനേ! അസുരവര്‍ഗ്ഗം വര്‍ദ്ധിച്ചു വരുന്നു പിതാമഹാ! അതുകൊണ്ട്‌ ഉടനെ ഞങ്ങള്‍ക്കു ശ്രേയസ്സ്‌ ചെയ്യണേ".

ദേവന്മാരുടെ ആവലാതി കേട്ട്‌ പിതാമഹന്‍ അവരോട്‌ പറഞ്ഞു: "ഭാര്‍ഗ്ഗവനായ ദധീചി മഹര്‍ഷി തപസ്സു ചെയ്യുന്നുണ്ട്‌. നിങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന്‌ വരം ആവശ്യപ്പെടുക! അദ്ദേഹം നിങ്ങള്‍ക്കു വേണ്ടി ദേഹത്യാഗം ചെയ്യും. അവന്റെ എല്ലെടുത്ത്‌ അതു കൊണ്ട്‌ വജ്രായുധം തീര്‍ത്തു കൊളളുക".

ബ്രഹ്മാവിന്റെ ഉപദേശം കൈക്കൊണ്ട്‌ ദേവകള്‍ മടങ്ങി. ഭഗവാന്‍ ദധീചി മഹര്‍ഷി തപസ്സു ചെയ്യുന്ന ദിക്കില്‍ ചെന്നു. ഇന്ദ്രാദികളായ ദേവകള്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന്‌ അഭ്യര്‍ത്ഥിച്ചു; "ഭഗവാനേ, അങ്ങയുടെ തപസ്സ്‌ കുശലമായി അഭംഗമായി നടക്കുന്നുണ്ടല്ലോ!".

കുശലപ്രശ്‌നം ചെയ്ത ദേവകളോടു ദധീചന്‍ പറഞ്ഞു; "ദേവന്മാരേ, നിങ്ങള്‍ക്കു സ്വാഗതം! ഈയുള്ളവന്‍ നിങ്ങള്‍ക്ക്‌ എന്ത്‌ സേവനമാണ്‌ ചെയ്യേണ്ടതെന്ന്‌ ആജ്ഞാപിച്ചാലും! നിങ്ങള്‍ പറയുന്നതെന്തോ, അതു ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്‌!".

അവന്റെ വാക്കുകേട്ട്‌ ദേവന്മാര്‍ മഹര്‍ഷിയോടു പറഞ്ഞു; മഹാശയാ! ലോകഹിതത്തിന് വേണ്ടി അങ്ങ്‌ ദേഹത്യാഗം ചെയ്യണം!", എന്ന്‌ ദേവകള്‍ പറഞ്ഞ വാക്കു കേട്ടു കാര്യം ഗ്രഹിച്ച മഹര്‍ഷി അങ്ങനെ തന്നെ യാതൊരു വൈമനസ്യവും കൂടാതെ, സുഖദുഃഖങ്ങളില്‍ സമചിത്തനായ യോഗി, ആത്മാവിനെ സമാധിയിലാക്കി ദേഹം ഉപേക്ഷിച്ചു. അവന്റെ പരമാത്മാവൊഴിഞ്ഞപ്പോള്‍ അവന്റെ അസ്ഥികള്‍ എടുത്തു കൂട്ടിയിണക്കി വജ്രം എന്ന ആയുധമുണ്ടാക്കി.  അഭേദൃവും, അപ്രധൃഷ്യവും, ബ്രഹ്മാസ്ഥി കൊണ്ട് ഉണ്ടാക്കിയതും, വിഷ്ണു പ്രവേശിച്ചതുമായ ആ വജ്രം കൊണ്ട്‌ ഇന്ദ്രന്‍ വിശ്വരൂപനെ വധിച്ചു. അവന്റെ തലകള്‍ അറുക്കുകയും ചെയ്തു. അതിന് ശേഷം വിശ്വരൂപന്റെ ശരീരം കടഞ്ഞിട്ടുണ്ടായവയും, ത്വഷ്ടാവ്‌ സൃഷ്ടിച്ചവനും, വൈരിയുമായ വൃത്രനെ ഇന്ദ്രന്‍ വധിച്ചു.

ഇങ്ങനെ രണ്ടു ബ്രഹ്മഹത്യകള്‍ ഇന്ദ്രന്‍ ചെയ്തു. ആ ബ്രഹ്മഹത്യാ പാപമേറ്റ ഇന്ദ്രന്‍ ഭയപ്പെട്ട്‌ ദേവരാജ്യം വിട്ട്‌ ഓടിക്കളഞ്ഞു. മാനസസരസ്സിലെ വെളളത്തിലുണ്ടായ തണുത്ത താമരയിലയില്‍ ചെന്നുകൂടി. അതില്‍ അഷ്ടഐശ്വര്യസിദ്ധനായ ഇന്ദ്രന്‍ അണുമാത്രനായി താമരത്തണ്ടിന്റെ തുളയില്‍ കടന്നു കൂടി. ബ്രഹ്മഹത്യാമയത്തില്‍പ്പെട്ട്‌ ത്രിലോകനാഥനായ ഇന്ദ്രന്‍ അസ്മമിച്ചിരിക്കെ ജഗത്തിന് നാഥനില്ലാത്ത മട്ടായി. ദേവകളെ രജസ്സും തമസ്സും ബാധിച്ചു. മഹര്‍ഷിമാരുടെ മന്ത്രങ്ങള്‍ നടക്കാതായി. രക്ഷസ്സുകള്‍ പുറപ്പെട്ടു തുടങ്ങി. വേദവും നഷ്ടപ്രായമായി. ഇന്ദ്രനില്ലാത്ത ലോകങ്ങള്‍ ബലം ക്ഷയിച്ച്‌ സുപ്രധൃഷ്യങ്ങളായി. ഈ നില വന്നപ്പോള്‍ ദേവന്മാരും ഋഷികളും കൂടിയാലോചിച്ചു. ഭൂമിയില്‍ ആയുസ്സിന്റെ പുത്രനായ നഹുഷനെ ദേവലോകത്തില്‍ കൊണ്ടുപോയി ദേവരാജാവായി അഭിഷേകം ചെയ്തു.

നഹുഷന്‍, സര്‍വ്വതേജോഹരനായിത്തീര്‍ന്ന അവന്‍, നെറ്റിയില്‍ ജ്വലിക്കുന്ന അഞ്ഞൂറ്‌ ജ്യോതിസ്സുകളോടു കൂടി സ്വര്‍ഗ്ഗം പാലിച്ചു. അങ്ങനെ ലോകങ്ങള്‍ അതാതു പ്രകൃതിയില്‍ വന്നുചേര്‍ന്നു. എല്ലാവരും സ്വസ്ഥന്മാരും ഹൃഷ്ടന്മാരുമായി. അങ്ങനെയിരിക്കെ ഒരു ദിവസം നഹുഷന്‍ പറഞ്ഞു: "ശചീദേവിയൊഴികെ ഇന്ദ്രന്റേതായ സകലതും എന്റെ അധീനത്തിലായിട്ടുണ്ട്‌. ഇനി എന്തുവേണം! ശചീദേവിയും എന്റെ അധീനത്തിലാകണം!", എന്നു പറഞ്ഞ്‌ നഹുഷന്‍ ശചീദേവിയുടെ അരികില്‍ച്ചെന്നു.

ശചീദേവിയുടെ അടുത്തുചെന്ന്‌ നഹുഷന്‍ ഇപ്രകാരം പറഞ്ഞു. "സുഭഗേ, ശചീദേവി, ഞാന്‍ ദേവകള്‍ക്ക്‌ ഇന്ദ്രനാണ്‌. ഭവതി എന്നെ ഭജിച്ചാലും".

ഇതുകേട്ട്‌ ശചീദേവി അവനോട്‌ അഭ്യര്‍ത്ഥിച്ചു: "അല്ലയോ മഹാനുഭാവാ! അങ്ങ്‌ പ്രകൃത്യാ ധര്‍മ്മവത്സലനും സോമവംശോത്ഭവനുമാണല്ലോ. പരപത്നീധര്‍ഷണം അങ്ങയ്ക്ക്‌ ചേര്‍ന്നതല്ലല്ലോ രാജാവേ!".

ഇതുകേട്ട്‌ നഹുഷന്‍ അവളോടു വീണ്ടും പറഞ്ഞു: "ശചീദേവീ, ഞാന്‍ ഇന്ദ്രപദവിയിലാണ്‌ ഇരിക്കുന്നതെന്ന്‌ ഭവതി മനസ്സിലാക്കുന്നില്ലേ? ഞാന്‍ ഇന്ദ്രന്റെ രാജ്യരത്നങ്ങളെല്ലാം ഹരിക്കുന്നവനാണ്‌. ഇതില്‍ ഭവതി അധര്‍മ്മം കാണുകയാണോ? നീയും ഇന്ദ്രന്‍ ഉപഭോഗിച്ചിരുന്നവളാണല്ലോ. എന്തൊക്കെ ഇന്ദ്രന്റെ വകയായിരുന്നുവോ, ഇപ്പോള്‍ അതൊക്കെ എനിക്കു ചേര്‍ന്നതാണ്‌".

ശചീദേവി അവനോടു പറഞ്ഞു: "മഹാശയാ! എനിക്ക്‌ ഒരു വ്രതം അവസാനിപ്പിക്കേണ്ടതുണ്ട്‌. അതിനിടയ്ക്ക്‌ എന്നെ സമീപിക്കരുത്‌. എന്റെ വ്രതം അവസാനിക്കുവാന്‍ കുറച്ചു ദിവസമേയുളളു. അതു കഴിഞ്ഞാല്‍ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നുകൊളളാം".ശചിയുടെ അഭ്യര്‍ത്ഥന നഹുഷന്‍ സസന്തോഷം അനുവദിച്ചു.

ശചീദേവി ദുഃഖശോകാര്‍ത്തയായി, ഭര്‍ത്തൃദര്‍ശനലാലസയായി നഹുഷഭയാക്രാന്തയായി, ബൃഹസ്പതിയുടെ സമീപത്തെത്തി. വല്ലാതെ ഭയചകിതയായി അവളെ ബൃഹസ്പതി ദര്‍ശിച്ചു. ധ്യാനനിമഗ്നനായ ബൃഹസ്പതി അവളുടെ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി. ഭര്‍ത്തൃകാര്യതല്പരയായ അവളോട്‌ ബൃഹസ്പതി പറഞ്ഞു: "ഈ വ്രതത്തോടും തപസ്സോടും കൂടിയ ഭവതി വരദയായ ഉപശ്രുതീദേവിയെ ആഹ്വാനം ചെയ്യുക! അവള്‍ നിനക്ക്‌ ഇന്ദ്രനെ കാണിച്ചു തരും".

ബൃഹസ്പതിയുടെ നിര്‍ദ്ദേശം സ്വീകരിച്ച്‌ അവള്‍ മഹാ നിയമത്തില്‍ നിന്നുകൊണ്ട്‌ വരദയായ ഉപശ്രുതീദേവിയെ മന്ത്രങ്ങള്‍ കൊണ്ട്‌ ആഹ്വാനം ചെയ്തു. ഉടനെ ഉപശ്രുതി ശചിയുടെ അടുക്കലെത്തി. "ഇതാ ഞാന്‍ എത്തിയിരിക്കുന്നു! ഭവതിക്ക്‌ എന്തിഷ്ടമാണ്‌ ഞാന്‍ ചെയ്യേണ്ടത്‌?" എന്നു പറഞ്ഞു. ശചി അവളുടെ മുമ്പില്‍ തലനിലത്തു മുട്ടുമാറ്‌ കുമ്പിട്ടു നമസ്കരിച്ച്‌ അവളോടു പറഞ്ഞു: "ഭഗവതീ, ഭവതി എന്റെ ഭര്‍ത്താവിനെ കാണിച്ചു തന്നാല്‍ കൊളളാം. ഭവതി സത്യയും ഋതയുമാണല്ലോ". ഇതു കേട്ടപ്പോള്‍ ഉപശ്രുതി അവളെ കൊണ്ടുപോയി മാനസസരസ്സിലെത്തിച്ചു. അവിടെ താമരവളയത്തിന്റെ ഉളളിലിരി ക്കുന്ന ഇന്ദ്രനെ കാണിച്ചു കൊടുത്തു. മെലിഞ്ഞു വിളര്‍ത്ത നിലയില്‍ നിഷ്പ്രഭയായ തന്റെ ഭാര്യയെക്കണ്ട്‌ ഇന്ദ്രന്‍ "അമ്പോ! എനിക്കു വലിയ ദുഃഖം വന്നുകൂടി. നഷ്ടനായ ഭര്‍ത്താവിനെ അന്വേഷിച്ചു ദുഃഖാര്‍ത്തയായ പത്നി ഇവിടെ എത്തി. ശചീദേവി, നീ എങ്ങനെ കഴിച്ചു കൂട്ടുന്നു?".

തന്റെ ഭര്‍ത്താവിന്റെ ചോദ്യം കേട്ട്‌ ശചി പറഞ്ഞു: "അല്ലയോ നാഥാ നഹുഷന്‍ എന്നെ പത്നിയാക്കാന്‍ വേണ്ടി വന്നു വിളിക്കുന്നു. അവനോടു ഞാന്‍ ഒരു കാലം കുറിച്ചു വെച്ചിരിക്കയാണ്‌. ആ കാലമാകുമ്പോള്‍ അവന്‍ എന്റെ സമീപത്തെത്തും. ഞാന്‍ എന്ത്‌ ചെയ്യേണ്ടു നാഥാ".

ഭാര്യയുടെ വിലാപംകേട്ട് ഇന്ദ്രന്‍ പറഞ്ഞു: ഭദ്രേ, ഭവതി ചെന്ന്‌ നഹുഷനോടു പറയുക. "അപൂര്‍വ്വമായ വാഹനത്തില്‍ കയറി വന്ന്‌ ഭവാന്‍ എന്നെ വിവാഹം ചെയ്താലും"എന്ന്‌. "ഇന്ദ്രന്നു വലിയ വാഹനങ്ങളുണ്ട്‌. മനസ്സിന് ഇഷ്ടപ്പെട്ടവയില്‍ ഞാന്‍ കയറിയിട്ടുണ്ട്‌. അങ്ങ്‌ അവയിലൊന്നിലും കയറിയാല്‍പ്പോരാ. ഇന്ദ്രന് കഴിയാത്തതും ലഭിക്കാത്തതുമായ ഒരു വാഹനമായിരിക്കണം അത്‌", എന്നു പറയുക!

ഇന്ദ്രന്റെ നിര്‍ദ്ദേശം കേട്ട്‌ ശചി സന്തോഷിച്ചു. അവള്‍ പോവുകയും ചെയ്തു. ഇന്ദ്രന്‍ പിന്നെയും ബ്രഹ്മഹത്യയെ ഭയപ്പെട്ട്‌ താമരവളയത്തില്‍ വീണ്ടും പോയൊളിച്ചു.

ഇന്ദ്രാണിയായ ശചീദേവി പറഞ്ഞപ്രകാരം നഹുഷന്റെ അടുത്തു ചെന്നു. അവളെ കണ്ടപ്പോള്‍ നഹുഷന് സന്തോഷമായി. നഹുഷന്‍ പറഞ്ഞു: "ഭവതി പറഞ്ഞ വ്രതകാലം കഴിഞ്ഞിരിക്കും?". ഇതു കേട്ടപ്പോള്‍ ശചി, ഇന്ദ്രന്‍ തനിക്കു പറഞ്ഞു തന്ന നിര്‍ദ്ദേശം അനുസരിച്ച്‌ നഹുഷനോടു പറഞ്ഞു; "സപ്തര്‍ഷിമാരെക്കൊണ്ട്‌ പല്ലക്കെടുപ്പിച്ച്‌ അങ്ങ്‌ എന്റെയടുത്തു വരിക. എന്നാല്‍ ഞാന്‍ അങ്ങയെ വേള്‍ക്കാം".

നഹുഷന്‍ സസന്തോഷം സമ്മതിച്ചു. നിശ്ചയിച്ച ദിവസം നഹുഷന്‍ മഫര്‍ഷിമാരെക്കൊണ്ട്‌ വാഹനമെടുപ്പിച്ച്‌ ശചിയുടെ അടുക്കലേക്കു നടന്നു. അപ്പോള്‍ മൈത്രാവരുണിയായ കുംഭസംഭവന്‍ (അഗസ്ത്യമഹര്‍ഷി), നഹുഷന്റെ ധിക്കാരത്തെ ഓര്‍ത്തു. നഹുഷന്‍ മഹര്‍ഷിമാരെ ധിക്കരിച്ചതിനെ പറ്റി പറഞ്ഞപ്പോള്‍ നഹുഷന്‍ അഗസ്ത്യനെ ഒരു ചവിട്ടു കൊടുത്തു. ഉടനെ അഗസ്ത്യന്‍ നഹുഷനെ ശപിച്ചു: "അകൃത്യം ചെയ്യുന്ന പാപീ, നീ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്കു വീഴുക! ഭൂമിയും പര്‍വ്വതങ്ങളും നില്ക്കുന്ന കാലത്തോളം നീ ഭൂമിയില്‍ പെരുമ്പാമ്പായി കിടക്കുക!" മഹര്‍ഷി ശപിച്ചയുടനെ ആ നരവാഹനത്തില്‍നിന്ന്‌ നഹുഷന്‍ ഭൂമിയിലേക്കു വീണു.

പിന്നേയും മൂന്നു ലോകത്തിനും നാഥനില്ലാതായി. ദേവകളും ഋഷികളും കൂടിയാലോചിച്ചു. ഇന്ദ്രനെ കൊണ്ടു വരുവാന്‍ വേണ്ടി വിഷ്ണുഭഗവാനെ ശരണം പ്രാപിച്ചു. അവര്‍ പ്രാര്‍ത്ഥിച്ചു: "ഭഗവാനേ, ബ്രഹ്മഹത്യ ബാധിച്ചിരി ക്കുന്ന ഇന്ദ്രനെ രക്ഷിക്കണേ!".

ദേവന്മാരുടെ പ്രാര്‍ത്ഥന കേട്ട്‌ വരദനായ ഭഗവാന്‍ അവരോട്‌ പറഞ്ഞു: "ഇന്ദ്രന്‍ വൈഷ്ണവമായ അശ്വമേധ മഖം ചെയ്യട്ടെ! എന്നാല്‍ ഇന്ദ്രന് നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുകിട്ടും".

പിന്നെ ദേവകളും ഋഷിമാരും ഇന്ദനെ കാണാതെ വിഷമിച്ച്‌ ശചിയോടു പറഞ്ഞു: "ശുഭേ, വേഗത്തില്‍പ്പോയി ഭവതി ഇന്ദ്രനെ കുട്ടിക്കൊണ്ടുവരു!".

അവള്‍ വീണ്ടും ആ സരസ്സിലേക്ക്‌ ചെന്നു. അപ്പോള്‍ ഇന്ദ്രന്‍ സരസ്സില്‍ നിന്നു കയറി ബൃഹസ്പതിയുടെ അടുത്തു ചെന്നു. ഇന്ദ്രന് വേണ്ടി അശ്വമേധ മഹാമഹം നടത്തി. അതില്‍ കൃഷ്ണസാരംഗ മേദ്ധ്യാശ്വത്തെ വിട്ട്‌ അതിനെത്തന്നെ വാഹനമാക്കി മരുത്പതിയായ ഇന്ദ്രനെ ബൃഹസ്സതി വ്യോമസ്ഥാനത്തിലെത്തിച്ചു.

പിന്നെ ദേവേന്ദ്രന്‍ ദേവര്‍ഷിമാരാല്‍ സ്തുതനായി സ്വര്‍ഗ്ഗത്തില്‍ വാണരുളി നിഷ്കന്മഷനായിത്തീര്‍ന്നു. ബ്രഹ്മഹത്യയെ പെണ്ണ്‌, അഗ്നി, വൃക്ഷം, പശു എന്നീ നാലു സ്ഥാനങ്ങളിലായി ഭാഗിച്ചു നല്കി.

അങ്ങനെ ഇന്ദന്‍ ബ്രഹ്മതേജസ്സിന്റെ പ്രഭാവം കൊണ്ടു വര്‍ദ്ധിച്ച്‌, ശത്രുവധം ചെയ്ത്‌ സ്വസ്ഥാനത്തെത്തി.

പണ്ട്‌ ആകാശഗംഗയിൽ ചെന്ന്‌ ഭരദ്വാജ മഹര്‍ഷി ആചമിച്ചു. മൂന്നടി വെച്ച്‌ വിഷ്ണുഭഗവാന്‍ അടുത്തെത്തി. . ഭരദ്വാജന്‍ അവനെ വെളളത്തോടെ കൈകൊണ്ട് എടുത്തു മാറത്തടിച്ചു. അങ്ങനെ അവന്‍ മാറില്‍ അടയാളപ്പെട്ടവനായിത്തീര്‍ന്നു.

ഭൃഗുമഹര്‍ഷി ശപിച്ചത് മൂലം അഗ്നി സര്‍വ്വ ഭക്ഷനായിത്തീര്‍ന്നു. അദിതി ദേവകള്‍ക്ക്‌ അന്നം വെച്ചുണ്ടാക്കി. ആ അന്നം കഴിച്ച്‌ ശക്തരായ ദേവന്മാര്‍ അസുരരെ കൊല്ലണം എന്നതായിരുന്നു അവളുടെ ഉദ്ദേശം. അവിടേക്ക്‌ "ബുധന്‍" വ്രതചര്യാവസാനത്തില്‍ ചെന്ന്‌ അദിതിയോട്‌ "ഭിക്ഷ തന്നാലും" എന്നു പറഞ്ഞു. അദിതി പറഞ്ഞു: "ആദ്യമായി ഈ അന്നം ദേവകള്‍ ഭക്ഷിക്കണം, അതിനാണ്‌ വെച്ചുണ്ടാക്കുന്നത്‌. അവര്‍ക്കു കൊടുക്കാതെ മറ്റാര്‍ക്കും നല്‍കുന്നതല്ല".

ഉടനെ ബ്രഹ്മഭൂതനായ ബുധന്‍ അദിതിയെ ഭിക്ഷ കൊടുക്കാത്തതില്‍ കോപിച്ചു ശപിച്ചു; "അദിതിക്ക്‌ വയറ്റില്‍ വേദനയുണ്ടാകട്ടെ! അണ്ഡസംജ്ഞനായ വിവസ്വാന്റെ രണ്ടാംജന്മത്തില്‍ അണ്ഡമാതാവായ അദിതിക്ക്‌ വയറ്റില്‍ വേദനയുണ്ടാകട്ടെ!".  ഈ ശാപം അദിതിക്ക്‌ യഥാസമയം ഓര്‍മ്മയുണ്ടാക്കി. തന്മൂലം ആ മാര്‍ത്താണ്ഡനായ വിവസ്വാന്‍ ശ്രാദ്ധദേവനായിത്തീര്‍ന്നു.

ദക്ഷന്‌ അറുപതു പെണ്‍മക്കളുള്ളവരില്‍ പതിമ്മൂന്നു പേരെ കശ്യപനും, പത്തുപേരെ ധര്‍മ്മനും, പത്തുപേരെ മനുവിനും, ഇരുപത്തേഴു പേരെ ചന്ദ്രനും കൊടുത്തു. ഒരു പോലെ നക്ഷത്രാഖ്യകളായ അവരില്‍വെച്ച്‌ "രോഹിണി'"യില്‍ ചന്ദ്രന്‍ അധികം പ്രീതിയോട് കൂടിയവനായി. അപ്പോള്‍ മറ്റു പത്നിമാര്‍ ഈര്‍ഷ്യയോടു കൂടി അച്ഛന്റെ അടുത്തു ചെന്ന്‌, ഈ കാര്യം ഉണര്‍ത്തിച്ചു: "ഭഗവാനേ, അച്ഛാ! ഞങ്ങള്‍ തുല്യപ്രഭാവകൾ ആയിരുന്നിട്ടും സോമന്‍ രോഹിണിയെ അധികം ഭജിക്കുന്നു".

ദക്ഷന്‍ പറഞ്ഞു: "അങ്ങനെയാണോ, അത്‌ ശരിയായില്ല. അങ്ങനെയാണെങ്കില്‍ അവന് ക്ഷയരോഗം ബാധി ക്കട്ടെ!".

ദക്ഷന്റെ ശാപം നിമിത്തം രാജാവായ ചന്ദ്രന്‌ യക്ഷ്മാവ്‌ (ക്ഷയം) ബാധിച്ചു. അവന്‍ ക്ഷയരോഗ ബാധിതനായി ദക്ഷന്റെ അടുത്തുചെന്നു. ദക്ഷന്‍ അവനോടു പറഞ്ഞു: "എടോ ചന്ദ്രാ! നീ നിന്റെ ഭാര്യമാരില്‍ തുല്യഭാവന പുലര്‍ത്തുന്നില്ലല്ലോ. അതു ശരിയാണോ?".

ഋഷികള്‍ സോമനോടു പറഞ്ഞു: "എടോ സോമാ, നീ യക്ഷ്മം കൊണ്ടു ക്ഷയിക്കുമല്ലോ! പടിഞ്ഞാറേ സമുദ്രത്തില്‍ ഹിരണ്യസരസ്സ്‌ എന്ന ഒരു തീര്‍ത്ഥമുണ്ട്‌. അവിടെച്ചെന്ന്‌ നീ മുങ്ങിക്കുളിക്കുക".

ചന്ദ്രന്‍ ഋഷിമാരുടെ ഉപദേശ പ്രകാരം ഹിരണ്യ സരസ്സില്‍ പോയി മുങ്ങിക്കുളിച്ച്‌ ആത്മാവിനെ പാപത്തിൽ നിന്ന്‌ മോചിപ്പിച്ചു. ആ തീര്‍ത്ഥത്തില്‍ സോമന്‍ അവഭാസിതനായത് മുതല്‍ ആ തീര്‍ത്ഥം പ്രഭാസമെന്ന്‌ പ്രസിദ്ധമായിത്തീര്‍ന്നു. ആ ശാപം മൂലം ചന്ദ്രന്‍ ഇന്നും അമാവാസിയില്‍ തീര്‍ത്ഥത്തിലിറങ്ങി കുളിച്ചു പോകുന്നു. പൗര്‍ണ്ണമാസിയില്‍ മാത്രം മേലെ നിന്ന്‌ മേഘലേഖ കൊണ്ട്‌ മറഞ്ഞിരിക്കുന്ന ദേഹത്തെ കാണിക്കുന്നു. മേഘസദൃശമായ വര്‍ണ്ണവും പ്രാപിക്കുന്നു. അവന്റെ ഹൃദയത്തിലുള്ള ആശയാകുന്ന ലാഞ്ഛനം വിമലമായി ഭവിക്കുകയും ചെയ്തു.

സ്ഥൂലശിരസ്സ്‌ എന്നു പേരായ ഒരു മഹര്‍ഷി മേരുവിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു തപസ്സു ചെയ്തിരുന്നു. അവന്‍ തപസ്സു ചെയ്യുമ്പോള്‍ സര്‍വ്വഗന്ധ വാഹനായി ശുചിയായ വായു വീശി ശരീരത്തില്‍ തട്ടി. തപസ്സു കൊണ്ട്‌ ദേഹം തപിച്ച്‌ മെലിഞ്ഞിരുന്ന മഹര്‍ഷി കാറ്റു കൊണ്ടപ്പോള്‍, ഹൃദയം കൊണ്ട്‌ സന്തോഷിച്ചിരിക്കുന്ന അവന്‌, വൃക്ഷങ്ങള്‍ പുഷ്പശോഭ കാണിച്ചു കൊടുത്തു. ഈ സംഭവം മുനിക്കു ചേരാത്തതാകയാല്‍ പുഷ്പശോഭ കാട്ടിക്കൊടുത്ത വൃക്ഷങ്ങളെ മഹര്‍ഷി ശപിച്ചു. "എടോ വൃക്ഷങ്ങളെ, തപോവിഘ്നമുണ്ടാക്കുന്ന, മനോഹരകാഴ്ചകള്‍ ഉണ്ടാക്കുന്ന നിങ്ങള്‍ എല്ലാ ഋതുക്കളിലും ഒരുപോലെ പൂക്കാതെ പോകട്ടെ!".

നാരായണന്‍ പണ്ട്‌ ലോകഹിതത്തിന് വേണ്ടി "ബഡവാമുഖന്‍" എന്ന മഹര്‍ഷിയായി രൂപമെടുത്തു. അവന്‍ മേരുവില്‍ തപസ്സു ചെയ്യുമ്പോള്‍ വിളിച്ചിട്ടും സമുദ്രം സമീപത്തേക്കു ചെന്നില്ല. അമര്‍ഷിയായ അവന്‍ തന്റെ ദേഹത്തിലെ ചൂടു കൊണ്ട്‌ സമുദ്രത്തെ സ്തംഭിതജലമാക്കിത്തീര്‍ത്തു. ആ ഋഷിയുടെ വിയര്‍പ്പിന് തുല്യം സമുദ്രം ഉപ്പുവെളളമാക്കി ത്തീര്‍ത്തു. എന്നിട്ട്‌ ഋഷി പറഞ്ഞു; "എടോ സമുദ്രമേ, നിന്നെ ആരും കുടിക്കാതാകും. നിന്റെ ജലം ബഡവാമുഖം കുടിക്കുമ്പോള്‍ മാത്രം മധുരമാകും". ആ ബഡവാമുഖമെന്നത്‌ ഇപ്പോഴും തുടര്‍ച്ചയായി സമുദ്രത്തില്‍ നിന്ന്‌ വെളളം കുടിക്കുന്നു.

ഹിമവല്‍ പര്‍വ്വതത്തിന്റെ പുത്രിയായ "ഉമ"യെന്ന കന്യകയെ രുദ്രനും ഭൃഗുവും കാമിച്ചു. മഹര്‍ഷി ഹിമവാന്റെ സമീപത്തു ചെന്നു പറഞ്ഞു: "അല്ലയോ നാഗാധിരാജാവേ, അങ്ങയുടെ പുത്രിയായ ഉമ എന്ന കന്യകയെ എനിക്കു തരിക". ഈ അഭ്യര്‍ത്ഥന കേട്ട്‌ ഭൃഗുവിനോടു ഹിമവാന്‍ പറഞ്ഞു: "അവളെ ആഗ്രഹിക്കുന്ന വരന്‍ രുദ്രനാണ്‌. ഇതു കേട്ടപ്പോള്‍ ഭൃഗു പറഞ്ഞു: "കന്യാവരണത്തിന് കാംക്ഷിക്കുന്ന എന്നെ തളളിക്കളയുകയാല്‍ നീ രത്നങ്ങള്‍ക്ക് ഭാജനമാകാതിരിക്കട്ടെ!".  അന്നു മുതല്‍ ഈ മഹര്‍ഷി യുടെ വാക്യം പറഞ്ഞ മട്ടില്‍ തന്നെ നില്ക്കുന്നു. ഇപ്രകാരമാണ്‌ ബ്രാഹ്മണരുടെ മാഹാത്മ്യം. ക്ഷത്രവും ബ്രാഹ്മണ പ്രീതിയും കൊണ്ടു തന്നെയാണ്‌, ശാശ്വതവും അവ്യയവുമായ ഭൂമിയെ പത്നിയാക്കി സ്വീകരിച്ച്‌ അനുഭവിച്ചുപോന്നത്‌. അങ്ങനെയുളള ഈ ബ്രഹ്മം അഗ്നീഷോമീയമാണ്‌. അതാണ്‌ ലോകത്തെ താങ്ങുന്നത്‌ എന്നു പറഞ്ഞു വരുന്നു. അതുകൊണ്ട്‌ സൂര്യനും സോമനും നാരായണന്റെ കണ്ണുകളാണെന്നു പറഞ്ഞു വരുന്നു.

സൂര്യരശ്മികള്‍ എന്റെ നേത്രരശ്മികളാണ്‌. സൂര്യചന്ദ്രന്മാര്‍ ഭൂമിയെ ഉന്മേഷഭരിതമാക്കുകയും തപിപ്പിക്കുകയും വേറെ വേറെ ചെയ്യുന്നു. ജ്യോതിസ്സുകളുടെ രശ്മികള്‍ എന്റെ കേശങ്ങളാണ്‌.

ബോധനം, താപനം എന്നീ സൂര്യചന്ദ്രന്മാരുടെ കര്‍മ്മങ്ങളാല്‍ ലോകത്തിന് ഹര്‍ഷണമുണ്ടാകുന്നു. അഗ്നീഷോമന്മാര്‍ നടത്തുന്ന ഈ കര്‍മ്മത്താല്‍ ലോകത്തിന് സന്തോഷമുണ്ടാകുന്നു പാണ്ഡുപുത്രാ! ഈ പ്രവൃത്തി മൂലം അവര്‍ ലോകത്തെ ഹര്‍ഷം കൊണ്ട്‌ ഉദ്ധരിക്കുന്നു. അതുകൊണ്ടു ഞാന്‍ "ഹൃഷീകേശന്‍" ആയി. (സൂര്യചന്ദ്രന്മാരുടെ ഈ രശ്മിജാലത്താല്‍ ലോകത്തിന് ബോധനതാപനങ്ങളുണ്ടാക്കി ലോകത്തെ ഹര്‍ഷംകൊണ്ടു താങ്ങുന്ന രശ്മീകേശമുഉളവനായത് കൊണ്ട്‌ ഞാന്‍ ഹൃഷീകേശന്‍ എന്ന സംജ്ഞയുളളവനായി).

ഞാന്‍ ഹൃഷീകേശനാണ്‌. ഈശാനനാണ്‌. വരദനാണ്‌. ലോകഭാവനനാണ്‌. യജ്ഞത്തില്‍ മന്ത്രത്തോടെ എനിക്കു ഹവ്യം അര്‍പ്പിക്കുന്നു. യജ്ഞസാരത്തെ ഞാന്‍ കൈക്കൊളളുന്നു. ഞാന്‍ ഹരിതരത്ന വര്‍ണ്ണനാണ്‌. അതുകൊണ്ട്‌ ഞാന്‍ "ഹരി"യായി. ഞാന്‍ ഏറ്റവും വലിയ ധാമ (ഗൃഹ) മാണ്‌. സകല ചരാചരങ്ങളും ഞാനാകുന്ന ധാമത്തില്‍ അധിവസിക്കുന്നു. ഭൂതങ്ങളുടെ സാരമാണ്‌ അമൃത്‌. ഋതം എന്നാല്‍ സത്യമെന്നാണര്‍ത്ഥം. സത്യത്തിന്റേയും അമൃതത്തിന്റേയും ഇരിപ്പിടമാകയാല്‍ ഞാന്‍ "ഋതധാമാ"വായി.

പണ്ടുകാലത്ത്‌, പ്രളയകാലത്ത്‌, പ്രളയജലത്തില്‍ ഭൂമി (ഗോവ്‌) ആണ്ടുപോയി. ഞാന്‍ ഭൂമിയെ സമുദ്രത്തില്‍ നിന്ന്‌ പൊക്കിക്കൊണ്ടു വന്ന്‌ രക്ഷപ്പെടുത്തി (വിന്ദനംചെയ്തു). അങ്ങനെ ഞാന്‍ "ഗോവിന്ദ"നായി. ദേവകള്‍ ഗോവിന്ദന്‍ എന്ന പേരില്‍ അന്നു മുതല്‍ എന്നെ പുകഴ്ത്തുവാന്‍ തൂടങ്ങി.

എന്റെ മറ്റൊരു പേരാണ്‌ "ശിപിവിഷ്ടന്‍" എന്ന്‌. അതിനും കാരണമുണ്ട്‌. "ശിപി" എന്ന വാക്കിന്‌ ദേഹത്തില്‍ രോമമില്ലാത്തവന്‍ എന്നാണ്‌  അർത്ഥം. എല്ലാ വസ്തുക്കളും ശിപിരൂപത്തില്‍ ആരില്‍ ആവേശിച്ചിരിക്കുന്നുവോ, അവനാണ്‌ "ശിപിവിഷ്ടന്‍". അത്‌ എന്നിലാകയാല്‍ ഞാന്‍ ശിപിവിഷ്ടന്‍ എന്ന പേരില്‍ പ്രസിദ്ധനായി. ഋഷിയായ യാസ്‌കന്‍ പല യജ്ഞത്തിലും എന്നെ ശിപിവിഷ്ടനെന്നു പുകഴ്ത്തിപ്പാടിയിട്ടുണ്ട്‌. അങ്ങനെ ഞാന്‍ ആ പരിശുദ്ധ നാമം സ്വീകരിച്ചു. ബുദ്ധി മാനായ യക്ഷന്‍ ഭൂമുഖത്തു നിന്നു നഷ്ടപ്പെട്ട നിരുക്തം വീണ്ടെടുത്തത്‌ ശിപിവിഷ്ടനെന്ന പദം ജപിച്ച്‌ ആരാധിച്ചിട്ടാണ്‌. ഞാന്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാന്‍ ഒരിക്കലും ജനിക്കുന്നില്ല. ഞാനൊരിക്കലും ജനിക്കുവാന്‍ പോകുന്നവനല്ല. ഞാന്‍ സകല ഭൂതങ്ങള്‍ക്കും "ക്ഷേത്രജ്ഞ"നാണ്‌. അതുകൊണ്ട്‌ ഞാന്‍ അജനാകുന്നു. "അജന്‍" എന്ന പേരിന് കാരണമതാണ്‌.

ഞാന്‍ ഒരിക്കലും ക്ഷുദ്രമായതോ, അസഭ്യമായതോ പറഞ്ഞിട്ടില്ല. സത്യവേദിയായ സരസ്വതി, ബ്രഹ്മാവിന്റെ സുതയായ സരസ്വതി, ഋത എന്നറിയപ്പെടുന്നു. അവളെ ഞാന്‍ നാവിന്മേല്‍ കുടിവെച്ചിരിക്കുന്നു. അവള്‍ വാക്കിന്റെ ദേവതയാണ്‌.

അല്ലയോ പൃഥാസുതാ! ഞാന്‍ ആത്മാവില്‍ സത്തും അസത്തും എല്ലാം പ്രവേശിപ്പിച്ചിരിക്കുന്നു. പുഷ്കരബ്രഹ്മാലയത്തില്‍ മുനിമാര്‍ എന്നെ സത്യമെന്നു വിളിക്കുന്നു. സത്വത്തില്‍ നിന്നു ച്യുതി എനിക്കില്ല. സത്വമാണ്‌ ഞാന്‍. നീ ഞാന്‍ ചെയ്തതെല്ലാം ചിന്തിക്കുക. ഈ ജന്മത്തില്‍ എനിക്ക്‌ എന്നില്‍ മുമ്പുളളതായ സത്വം നില്ക്കുന്നുണ്ട്‌ ധനഞ്ജയാ! നിരീഹമായ കര്‍മ്മമുള്ള സത്വത്താല്‍ ഞാന്‍ അകല്മഷനാണ്‌. സത്വവാന്മാര്‍ക്ക്‌ സത്വനേത്രം കൊണ്ടു കാണത്തക്കവനാണ്‌ ഞാന്‍. അതുകൊണ്ട്‌ ഞാന്‍ സാത്വതന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വലിയ കാര്‍ഷ്ണായസമായി (കാരിരുമ്പായി) ഞാന്‍ ഭൂമിയെ കര്‍ഷിക്കുന്നു. വലിയ കരിയുടെ (കലപ്പയുടെ) രൂപത്തില്‍ ഭൂമിയെ കര്‍ഷിക്കുന്നു. എന്റെ നിറവും കൃഷ്ണമാണ്‌. അതുകൊണ്ട്‌ ഞാന്‍ രണ്ടു നിലയിലും "കൃഷ്ണന്‍" എന്ന പേരിലറിയപ്പെടുന്നു.

ഞാന്‍ ഭൂമിയെ ജലമായിച്ചേര്‍ത്തു; കാറ്റിനോട്‌ ആകാശത്തേയും ചേര്‍ത്തു; തേജസ്സുമായി കാറ്റിനെച്ചേര്‍ത്തു. അങ്ങനെ പഞ്ചഭൂതങ്ങളുടെ അതുല്യമായ അനുപാതം കൊണ്ട്‌ ലോകസൃഷ്ടി നടത്തുകയാല്‍ ഞാന്‍ "വൈകുണ്ഠന്‍" എന്ന പേരിനാല്‍ പ്രസിദ്ധനായി. പരമമായ ബ്രഹ്മം നിര്‍വ്വാണമാണ്‌. ഈ ധര്‍മ്മം പരമമാണ്‌. അതില്‍ നിന്നു ച്യുതനല്ലായ്യയാല്‍ ഞാന്‍ അച്യുത'നായി.

ഭൂമിയും ആകാശവും ഇവ രണ്ടുമാണ്‌ വിശ്രുതവും വിശ്വതോമുഖവും. അവയെ ധരിച്ചിരിക്കുകയാല്‍ ഞാന്‍ അധോക്ഷജനായി. വേദവിദ്വാന്മാര്‍ വേദശബ്ദാര്‍ത്ഥത്തെ ചിന്തിച്ച്‌ അധോക്ഷജന്‍ എന്ന നിരുക്തം വാക്കുകളുടെ കൂട്ടത്തില്‍ പ്രശംസിക്കപ്പെടുന്നു.

ഈ ശബ്ദം, അധോക്ഷജനെന്ന പദം, ഏകാര്‍ത്ഥമാണ്‌. ഒരാളെപ്പറ്റി മാത്രം കുറിക്കുന്നതാണ്‌. അധോക്ഷജനായ നാരായണനൊഴികെ മറ്റാരുമില്ല.

ഘൃതം എന്ന അര്‍ച്ചിസ്സ്‌ പാരില്‍ പ്രാണിഗണങ്ങളുടെ പ്രാണനെ ധരിക്കുന്നു. അതുകൊണ്ട്‌ വേദവിജ്ഞന്മാര്‍ എന്നെ ഘൃതാര്‍ച്ചിസ്സെന്നു വിളിക്കുന്നു.

ശരീരത്തില്‍ കര്‍മ്മങ്ങളായി മുന്നു ധാതുക്കളുണ്ട്‌. ഇവ പിത്തം, കഫം, വാതം എന്നീ മുന്നുമാണ്‌. അവ കൂടിച്ചേര്‍ന്നു നില്ക്കുന്നു. ഇവ വികൃതങ്ങളായാല്‍ ദേഹത്തെ നശിപ്പിക്കുകയും, അവികൃതങ്ങളായി നിന്നാല്‍ ദേഹം നിലനിര്‍ത്തുകയും ചെയ്യും. അതുകൊണ്ട്‌ ആയുര്‍വ്വേദജ്ഞന്മാര്‍ എന്നെ "ത്രിധാതു" എന്നു പറയുന്നു.

പ്രസിദ്ധനായ ഭഗവാന്‍ ധര്‍മ്മം വൃഷനെന്നറിയുന്നു ഭാരതാ! നിഘണ്ടു പദവാകൃത്താല്‍ എന്നെ നീ ചിന്തിക്കുക. ഞാന്‍ വൃഷനാണ്‌. ഉത്തമനെന്നാണ്‌ ആ പദത്തിന്റെ അര്‍ത്ഥം. കപിവരാഹന്‍, ശ്രേഷ്ഠന്‍, ധര്‍മ്മം എന്നീ പദങ്ങളെല്ലാം വൃഷന്‍, ശ്രേഷ്ഠന്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നു. അതു കൊണ്ട്‌ കശ്യപപ്രജാപതി എന്നെ "വൃഷാകപി" എന്നു വിളിച്ചു. അങ്ങനെ ഞാന്‍ വൃഷാകപിയെന്നു പ്രസിദ്ധനായി.

ദേവാസുരന്മാര്‍ എന്റെ ശരിയായ രൂപം ധരിക്കുന്നില്ല. അവര്‍ക്കതിന് കഴിയുന്നില്ല. എനിക്ക്‌ ആദിയില്ല, മദ്ധ്യമില്ല, അന്തമില്ല. ഞാന്‍ അനാദ്യനാണ്‌, പരനാണ്‌, അമദ്ധ്യനാണ്‌. സ്മൃതനാണ്‌, അനന്തനാണ്‌, മഹേശനാണ്‌, വിഭുവാണ്‌, വിശ്വസാക്ഷിയാണ്‌.

എടോ ധനഞ്ജയാ! ഞാന്‍ ശൂചിയും, സുശ്രവണീയവുമായ വാക്കുകളേ കേള്‍ക്കുകയുളളു. പാപങ്ങള്‍ ഞാന്‍ കേള്‍ക്കുകയില്ല. അതുകൊണ്ടു ഞാന്‍ "ശ്രുതിശ്രവസ്സാ"യി, ഞാന്‍ നന്ദിവര്‍ദ്ധനനായി, ഏകശൃംഗമുള്ള വരാഹമായി അവതരിച്ചു. ഈ ഭൂമിയെ അതില്‍ പൊക്കിയെടുത്തു. അതു കൊണ്ടു ഞാന്‍ "ഏകശൃംഗ"നായി. അപ്രകാരം ത്രികകുദ (മൂന്ന്‌ പൂഞ്ഞക്കുറ്റി) മുളള വരാഹത്തിന്റെ രൂപം എടുത്ത്‌ ദേഹത്തിന്റെ പ്രകൃതികാരണം ഞാന്‍ "ത്രികകുത്ത്‌" എന്നു വിഖ്യാതനായി. കപിലനും, മറ്റു ചിന്തകന്മാരും വിരിഞ്ചന്‍ എന്ന്‌ ആരെപ്പറ്റിപ്പറയുന്നുവോ, ആ പ്രജാപതി ഞാന്‍ തന്നെയാണ്‌. ചൈതന്യത്താല്‍ സകലതും ചെയ്യുന്നത്‌ ഞാന്‍ തന്നെയാണ്‌. വിദ്യാസഹായനായി, ആദിസ്ഥനായി നില്‍ക്കുന്ന ഞാന്‍ സനാതനനാണ്‌. കപിലനാണ് ഞാന്‍ എന്നു സാംഖ്യജ്ഞന്മാരായ ആചാര്യന്മാര്‍ പറയുന്നു.

ഹിരണ്യഗര്‍ഭന്‍, ദ്യുതിമാന്‍, ഛന്ദസ്സില്‍ സ്തുതിക്കപ്പെടു ന്നവന്‍, യോഗങ്ങളാല്‍ പൂജ്യൻ എന്നീ നിലയില്‍ ഊഴിയില്‍ അറിയപ്പെടുന്നവന്‍ ഞാന്‍ തന്നെയാണ്‌. ഇരുപത്തോരായിരം ഋക്കുകളില്‍ ഋഗ്വേദമായി പറയുന്നത്‌ എന്നെത്തന്നെയാണ്‌. ആയിരം ശാഖയായ സാമമായി വേദവേദികള്‍ പാടുന്നതും എന്നെത്തന്നെയാണ്‌. ആരണ്യകത്തില്‍ എന്റെ ഭക്തന്മാരായ, ദുര്‍ല്ലഭരായ, വിപ്രന്മാര്‍ നൂറ്റിയൊന്ന്‌ ശാഖകളുളളത്‌ ഏതിലോ ആ യജൂര്‍വ്വേദത്തില്‍ യജൂര്‍വ്വേദകര്‍മ്മം ചെയ്യുന്ന ഋത്വിക്ക്‌ എന്നെപ്പറ്റിയാണ്‌ ഗാനംചെയ്യുന്നത്‌. കൃത്യകളൊത്ത പഞ്ചകല്പമായ അഥര്‍വ്വവേദമുണ്ടല്ലോ അതു വിപ്രന്മാര്‍ ഞാനായി കല്പിക്കപ്പെടുന്നു. അഥര്‍വ്വജ്ഞന്മാരും അപ്രകാരം തന്നെ കല്പിക്കുന്നു. അപ്രകാരം തന്നെയാണ്‌ ശാഖാഭേദവും ശാഖാഗീതികളും. സ്വരം വര്‍ണ്ണം ഉച്ചാരണം ഇവയൊക്കെയും ഞാന്‍ തന്നെ നിര്‍മ്മിച്ചതാണ്‌ എന്നു നീ ധരിക്കുക. വാമദേവന്‍ കാണിച്ച മാര്‍ഗ്ഗത്തെ പിന്‍തുടര്‍ന്ന്‌ മഹാത്മാവായ പാഞ്ചാലന്‍, എന്റെ അനുഗ്രഹത്താല്‍ ആ നിത്യഭൂതന്റെ മുഖത്തു നിന്ന്‌ വേദത്തിലെ പദോച്ചാരണക്രമം നേടി. ബാദ്രവ്യ ഗോത്രജനായ ഗാലവന്‍ മുമ്പേ തന്നെ ആ ക്രമങ്ങളെ ശീലിച്ച്‌ സന്യാസം സ്വീകരിച്ച്‌ എന്റെ അനുഗ്രഹം നേടി. (വാമദേവന്‍ കാണിച്ച മാര്‍ഗ്ഗം എന്നത് ധ്യാനത്തിന്റെ മാര്‍ഗ്ഗമാണ്‌. വാമന്‍ മഹാദേവനായ രുദ്രനാണ്‌). കണ്ഡരീകനും ബ്രഹ്മദത്തനും മഹാശക്തന്മാരായിരുന്നു. അവര്‍ ജനനമരണമാകുന്ന സംസാരദുഃഖത്തെപ്പറ്റി ചിന്തിച്ചു. എന്റെ അനുഗ്രഹം മൂലം അവര്‍ ഏഴു ജന്മത്തിലും മെച്ചപ്പെട്ട യോഗം സ്വീകരിച്ച്‌ മുക്തി നേടി.

പണ്ട്‌ ഞാന്‍ ഒരു കാര്യത്തിന് വേണ്ടി ധര്‍മ്മന്റെ പുത്രനായി ജനിച്ചു. അതുകൊണ്ട്‌ ഹേ കുരുശാര്‍ദ്ദൂലാ! ഞാന്‍ ധര്‍മ്മജനാകുന്നു.

നരനാരായണന്മാര്‍ മുമ്പ്‌ അവൃയയമായ തപസ്സു ചെയ്തു. അത്‌ ഗന്ധമാദന പര്‍വ്വതത്തില്‍ ധര്‍മ്മയാനത്തില്‍ പോയിട്ടാണ്‌. പണ്ടു നാലു രൂപത്തില്‍ ധര്‍മ്മന്റെ പുത്രന്മാരായി നാരായണന്‍ ജനിച്ചു. നരന്‍, നാരായണന്‍, ഹരി, കൃ ഷ്ണന്‍ എന്നീ നാലു പേരായി നാലു രൂപത്തില്‍ നാരായണന്‍ പിറന്നു. അതില്‍ നരനും നാരായണനും തപ്പസ്സു ചെയ്യുവാന്‍ ഗന്ധമാദനത്തില്‍ ചെന്നു.

ഈ സന്ദര്‍ഭത്തില്‍ പ്രസിദ്ധമായ ദക്ഷയാഗം നടന്നു, ദക്ഷന്‍ ആ യാഗത്തില്‍ രുദ്രന് യജ്ഞഭാഗം നല്‍കിയില്ല. ദധീചി മഹര്‍ഷിയുടെ പ്രേരണയാല്‍ രുദ്രന്‍ യാഗം തകര്‍ത്തു വിട്ടു. അവന്‍ തന്റെ ശൂലം ചാട്ടിവിട്ടു. അത്‌ ആക ശത്തില്‍ ജ്വലിച്ചു. ആ ശൂലം ചെന്നു ദക്ഷന്റെ യജ്ഞശാലയില്‍ കടന്ന്‌ സകലത്തേയും നശിപ്പിച്ചതിന് ശേഷം ശക്തിയില്‍ പാഞ്ഞ്‌ നരനാരായണന്മാരുടെ നേരെ, ബദര്യാശ്രമത്തില്‍ നമ്മുടെ നേരെ വന്നു. നാരായണന്റെ നെഞ്ചില്‍ അതു ശക്തിയായി ചെന്നിടിച്ചു. ആ ശൂലത്തിന്റെ ആക്രമണം മൂലം നാരായണന്റെ കേശങ്ങള്‍ പച്ചനിറമായി ശോഭിച്ചു. അവിടന്നങ്ങോട്ട്‌ ഞാന്‍ "മുഞ്ജകേശന്‍" എന്നു പ്രസിദ്ധനായി. മഹാത്മാവായ നാരായണന്‍ "ഹും" എന്ന ഒരു ഹുങ്കാര ശബ്ദമുണ്ടാക്കിയ ഉടനെ അതു മടങ്ങിപ്പോയി ശിവന്റെ കൈകളില്‍ത്തന്നെ ചെന്നു ചേര്‍ന്നു. അപ്പോള്‍ ശിവന് കോപമുണ്ടായി, ശക്തരായ നരനാരായണന്മാരോട്‌ എല്ക്കുവാന്‍ തുടങ്ങി. ഉടനെ നാരായണന്‍ ശിവന്റെ കഴുത്തില്‍ പിടികുടി. വിശ്വമൂര്‍ത്തിയായ നാരായണന്‍ അവനെ കൈകൊണ്ടു പിടിച്ചപ്പോള്‍ ഉടനെ ശിവന്റെ കണ്ഠം നീലനിറമായി. അവന്‍ നീലകണ്ഠന്‍ എന്നു പ്രസിദ്ധനായി. ഉടനെ നരന്‍ രുദ്രനെ ഹനിക്കുന്നതിന്‌ ഇഷീകപ്പുല്ലെടുത്തു മന്ത്രം ജപിച്ചുവിട്ടു. അപ്പോള്‍ അതു ശക്തമായ ഒരു ഘോര വെൺമഴുവായി മാറി. ആ മഴുവെടുത്ത്‌ ഞാന്‍ ശങ്കരന്റെ നേരെ എറിഞ്ഞു. എന്നാല്‍ ആ പരശു കഷണമായിത്തീര്‍ന്നു. അന്നുമുതല്‍ ഞാന്‍ "ഖണ്ഡപരശു" എന്ന പേരില്‍ പ്രസിദ്ധനായി".

അര്‍ജ്ജുനന്‍ പറഞ്ഞു: "ഈ യുദ്ധത്തില്‍ അല്ലയോ, വാര്‍ഷ്ണേയാ, മൂന്നു ലോകത്തിനും ശമം ലഭിക്കുന്നതിനു വേണ്ടി ആരാണ്‌ ജയിച്ചത്‌? പറയൂ ജനാര്‍ദ്ദനാ".

ശ്രീഭഗവാന്‍ പറഞ്ഞു: "രുദ്രനാരായണാത്മാക്കള്‍ തമ്മില്‍ അണഞ്ഞപ്പോള്‍ സര്‍വ്വലോകങ്ങളും ഭയപ്പെട്ടു വിറച്ചു പോയി. അഗ്നി ഹവിസ്സിനെ സ്വീകരിച്ചില്ല. ഭാവിതാത്മാക്കളായ ഋഷികള്‍ക്കു വേദം തോന്നാതെയായി. രജസ്സും തമസ്സും വാനവരിലും വ്യാപിച്ചു. ഭൂമി കുലുങ്ങി. ആകാശം പിളര്‍ന്നു. സകല തേജസ്സും നിഷ്പ്രഭമായി. വിധി തന്റെ ഇരിപ്പിടം വിട്ട്‌  ഇളകി. കടല്‍ വറ്റിപ്പോയി, ഹിമവാന്‍ തകര്‍ന്നു. ഇങ്ങനെ അശുഭമായ നിമിത്തം വന്നപ്പോള്‍ അല്ലയോ, പാണ്ഡുപുത്രാ! ബ്രഹ്മാവ്‌ യോഗ്യരായ ദേവര്‍ഷികളോടു ചേര്‍ന്ന്‌ യുദ്ധം നടക്കുന്ന ദിക്കില്‍ ക്ഷണത്തില്‍ ചെന്നെത്തി. അനിരുക്തകനായ (നിര്‍വ്വചിക്കപ്പെടുവാന്‍ വയ്യാത്തവനായ) നാന്മുഖന്‍ തൊഴുത്‌ രുദ്രനോടു പറഞ്ഞു: "ലോകങ്ങള്‍ക്കെല്ലാം ശിവം വന്നു ചേരട്ടെ! വിശ്വനായകാ, ജഗത്തിന്റെ ഹിതത്തിനായി അങ്ങ്‌ ആയുധം വെയ്ക്കണേ! എന്തൊന്നാണ്‌ അക്ഷരമായും, അവ്യക്തമായും, ഈശനായും, ലോകവിഭാവനമായും, കൂടസ്ഥമായും, കര്‍ത്തൃനിര്‍ദ്വന്ദ്വമായും. കര്‍ത്താവായും അറിയപ്പെടുന്നത്‌. വ്യക്തിത്വം സ്വീകരിച്ച അതിന്റെ ശുഭമായ മൂര്‍ത്തി ഒന്നു തന്നെയാണ്‌. നാരായണനും നരനുമാകുന്ന ധര്‍മ്മകുലോദ്വഹന്മാര്‍ വലുതായ തപസ്സുളളവരാണ്‌. ദേവശ്രേഷ്ഠന്മാരാണ്‌, മഹാവ്രതന്മാരാണ്‌. ഞാന്‍ ഒരു കാര്യത്തിന് വേണ്ടി അവരുടെ പ്രസാദത്തില്‍ നിന്നു ജനിച്ചവനാണ്‌. ഉണ്ണീ, ശങ്കരാ, നീയും അദ്ദേഹത്തിന്റെ ക്രോധത്തില്‍ നിന്ന് ഉത്ഭവിച്ചവനാണ്‌. ആദ്യ സൃഷ്ടിയില്‍ സനാതനനായ ദേവനെ, വരദനെ, എന്നോടൊപ്പം വിബുധന്മാരോടും കൂടി നീ പ്രസാദിപ്പിച്ചാലും! വൈകരുത്‌. ലോകര്‍ക്കു ശാന്തി ലഭിക്കട്ടെ!

ഇപ്രകാരം ബ്രഹ്മാവു പറഞ്ഞപ്പോള്‍ രുദ്രന്‍ തന്റെ ക്രോധാഗ്നിയെ വിട്ടു. പെട്ടെന്ന്‌ പ്രഭുവായ നാരായണനെ പ്രസാദിപ്പിച്ചു വരദനും വരേണ്യനും പ്രഭുവുമായ നാരായണനെ ശങ്കരന്‍ ശരണം പ്രാപിച്ചു. അപ്പോള്‍ വരദനും ജിതേന്ദ്രിയനും, ജിതക്രോധനുമായ ദേവന്‍ പ്രീതനായി രുദ്രനോടൊത്തു ചേര്‍ന്നു. ഋഷിമാരും ദേവകളും ബ്രഹ്മാവും പൂജിച്ചപ്പോള്‍ ജഗത്തിന്റെ ഈശ്വരനായ ഹരി ഈശ്വരനായ ദേവനോടു പറഞ്ഞു: "അല്ലയോ ശങ്കരാ, നിന്നെ കാണുന്നവന്‍ ആരോ, അവന്‍ എന്നെക്കാണുന്നു! നിന്നില്‍ ഭക്തനാരോ, അവന്‍ എന്നിലും ഭക്തനാണ്‌. നമ്മള്‍ക്കു തമ്മില്‍ യാതൊരു ഭേദവുമില്ല. ഈ നിലയില്‍ നിന്ന്‌ നിന്റെ ബുദ്ധി തെറ്റിപ്പോകരുതേ! ഇന്നുമുതല്‍ എന്റെ മാറിലുള്ള ശ്രീവത്സം എന്ന ചിഹ്നം ശൂലത്തിന്റെ ചിഹ്നമായി വരട്ടെ! എന്റെ കൈകൊണ്ട്‌ അടയാളപ്പെടുത്തപ്പെട്ട നീയും ശ്രീകണ്ഠനായി ഭവിക്കും".

ശ്രീഭഗവാന്‍ പറഞ്ഞു: "ഇപ്രകാരം തമ്മില്‍ ചെയ്തു വെച്ച ലക്ഷണം നേടിയതിന് ശേഷം രുദ്രനോട്‌ ഏറ്റവും സഖ്യത്തോടെ ആ മഹര്‍ഷികള്‍ ചേര്‍ന്നു. വാനോരെ വിട്ട്‌ അവൃഗ്രമായി വലിയ തപസ്സിലേര്‍പ്പെട്ടു. അല്ലയോ പാര്‍ത്ഥാ, "നാരായണജയത്തെ" ഞാന്‍ നിന്നോടു പറഞ്ഞു. എന്റെ നാമങ്ങളുടെ ഗൂഢമായ അര്‍ത്ഥവും ഞാന്‍ അതിന്റെ പ്രാധാന്യത്തോടെ വ്യക്തമായി ഋഷിമാര്‍ പറഞ്ഞ വിധം നിന്നോടു പറഞ്ഞു. ഇങ്ങനെ പല രൂപത്തിലും ഞാന്‍ ഭൂമിയില്‍ ചരിക്കും. അല്ലയോ കൗന്തേയാ, ഇപ്രകാരം ബ്രഹ്മലോകത്തും എല്ലാ ലോകങ്ങള്‍ക്കും മുകളിലുളള പുണ്യലോകത്തിലും ഞാന്‍ ചരിക്കും.

അല്ലയോ അര്‍ജ്ജുനാ, പോരില്‍ ഞാന്‍ കാത്തവനായ നീ വലിയ ജയം നേടി. യുദ്ധം തുടങ്ങിയാല്‍ നിന്റെ മുമ്പിലായി നടക്കുന്നവന്‍ ആരായിരുന്നുവെന്ന്‌ നീ അറിഞ്ഞിട്ടുണ്ടോ, അതു കപര്‍ദ്ദിയായ ദേവദേവനാണ്‌, രുദ്രനാണ്‌. അല്ലയോ പാര്‍ത്ഥാ, അതു നീ മനസ്സിലാക്കണം. അവന്‍ ക്രോധജ്ഞനായ കാലനാണെന്ന്‌ ഞാന്‍ നിന്നോട്‌ ഇതാ പറയുന്നു. അവന്‍ മുമ്പെ കൊന്ന ശത്രുക്കളെയാണല്ലോ നീ വധിച്ചത്‌! അപ്രമേയ പ്രഭാവാഢ്യനും ദേവദേവനുമായ ഉമേശനെ, അക്ഷയഹരനായ വിശ്വേശദേവനെ നമസ്കരിക്കുക. വീണ്ടും ക്രോധജൻ  എന്ന്‌ ഞാന്‍ ആദ്യം നിന്നോട്‌ ആരെപ്പറ്റിയാണോ പറഞ്ഞത്‌ അവന്റെ പ്രഭാവം തന്നെയാണ്‌ നീ ഈ കേട്ടത്‌ ധനഞ്ജയാ!

അദ്ധ്യായം 344. നാരായണീയം - ശ്വേതദ്വീപിലെ കാഴ്ചയെപ്പറ്റി നാരദന്‍ നാരായണനോടു പറയുന്നു - ശൗനകന്‍ പറഞ്ഞു; അല്ലയോ സൂതാ! നീ മഹത്തായ കഥയാണല്ലോ പറഞ്ഞത്‌. ഇതുകേട്ട്‌ മുനിമാരെല്ലാം അത്ഭുതപ്പെട്ടു. സര്‍വ്വ ആശ്രമാഭിഗമനത്തേക്കാള്‍, സര്‍വ്വതീര്‍ത്ഥാവഗാഹത്തേക്കാള്‍ എല്ലാം ഫലം നല്കുന്നതാണ്‌ നാരായണ കഥാശ്രവണം. അല്ലയോ സൂതാ, നാരായണകഥ പോലെ ഫലം തരുന്നതായി മറ്റൊന്നുമില്ല. നാരായണനെ ആശ്രയിക്കുക എന്നതു പുണ്യമാണ്‌. എല്ലാ പാപങ്ങളേയും അതു മോചിപ്പിക്കും. ആദ്യം മുതല്‍ക്കേ ആ ചരിത്രം കേട്ട്‌ നമ്മള്‍ പുണ്യവാന്മാരായി സംശുദ്ധരായി. ദുര്‍ദ്ദര്‍ശനും ഭഗവാനുമായ ദേവന്‍ ലോകരെല്ലാം വണങ്ങുന്ന ദേവനാണ്‌. ബ്രഹ്മാവും മറ്റു ദേവന്മാരും നാരായണനെ വണങ്ങുന്നു.

നാരദന്‍ ഹരിയായ ആ നാരായണനെ കണ്ടു. അത്‌ ആ ദേവന്ന്‌ ഇഷ്ടം തന്നെയായിരുന്നു. സൂതപുത്രാ! ആ ജഗന്നാഥനെ, അനിരുദ്ധ തനുസ്ഥനെ, കണ്ട നാരദന്‍ വീണ്ടും ആ നരനാരായണന്മാരെ ബദര്യാശ്രമത്തില്‍ (ഹിമവാനില്‍) ചെന്നു കാണുവാന്‍ പോകുന്നുവോ? എന്താണ്‌ നാരദന്‍ അങ്ങനെ വേഗത്തില്‍ പോന്നത്‌? കാരണം പറയുമോ?

സൂതന്‍ പറഞ്ഞു: പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ അപ്രകാരം സത്രം നടക്കുമ്പോള്‍, മറ്റു കര്‍മ്മങ്ങള്‍ വിധിപ്രകാരം നടക്കുമ്പോള്‍, അല്ലയോ ശൗനകാ, കൃഷ്ണദ്വൈപായന മഹര്‍ഷിയോട്‌, തന്റെ മുത്ത്ഛന്റെ മുത്തച്ഛനോട്‌, ജനമേജയരാജാവ്‌ ചോദിച്ചു.

ജനമേജയൻ പറഞ്ഞു: "ശ്വേതദ്വീപ്‌ വിട്ടുപോന്ന ദേവര്‍ഷി ശ്രേഷ്ഠനായ നാരദന്‍, ഭഗവാന്റെ വാക്യം എപ്പോഴും സ്മരിക്കുന്ന ഋഷിവര്യന്‍, പിന്നെ എന്തുചെയ്തു? ബദര്യാശ്രമത്തിൽ എത്തിയതിന് ശേഷം ആ നരനാരായണന്മാരോടു ചേര്‍ന്ന നാരദന്‍ അവിടെ എത്രകാലം വസിച്ചു? അവര്‍ എന്തൊക്കെ കഥകളാണ്‌ നാരദനോടു ചോദിച്ചത്‌?

ഇത്‌ ലക്ഷം ഗ്രന്ഥം (ശ്ലോകം) ഉള്ളതും പരപ്പേറിയതുമായ ഭാരതകഥയാണ്‌. ഏറ്റവും പ്രധാനമായ ജ്ഞാനസാഗരം ബുദ്ധിയാകുന്ന കടകോല്‍ കൊണ്ടു കടഞ്ഞതാണ്‌. തയിരിന് വെണ്ണ പോലെയും മലയ വൃക്ഷങ്ങളില്‍ ചന്ദനം പോലെയും, വേദങ്ങള്‍ക്ക്‌ ആരണ്യകം പോലെയും, ഔഷധികള്‍ക്ക്‌ അമൃതം പോലെയുമാണ്‌ തപോനിധേ, ഭവാന്‍ പറഞ്ഞ നാരായണകഥാസമൂഹം. ഇപ്രകാരമിരിക്കുന്ന ഭഗവാന്‍, അമ്പോ! ദുര്‍ദ്ധര്‍ഷതേജസ്സാണ്‌ നാരായണന്‍. അല്ലയോ ഭൂസുരാ, കൽപാന്തത്തില്‍ അവനില്‍ ബ്രഹ്മാദികളായ സകല ദേവാദികളും ചെന്നെത്തുന്നു. ഋഷിമാരും, ഗന്ധര്‍വ്വന്മാരും മറ്റു സകല ചരങ്ങളും അചരങ്ങളും അവനില്‍ ചെന്നെത്തുന്നു. നാരായണനേക്കാള്‍ പാവനമായി മന്നിലും വിണ്ണിലും വേറെ ഒന്നുമില്ല. സര്‍വ്വ ആശ്രമാഭിഗമനവും സര്‍വ്വ തീര്‍ത്ഥാവഗാഹവും നാരായണകഥ പോലെ ഫലം നല്കുന്നതല്ല. ആദ്യം മുതല്‍ ഈ പുണ്യസല്‍ക്കഥ കേട്ട്‌ നാം പുണ്യവാന്മാരായി സംശുദ്ധരായി. സര്‍വ്വേശ്വരനായ ഹരിയുടെ വൃത്തം സര്‍വ്വ അഘത്തേയും നശിപ്പിക്കും. ആശ്ചര്യമല്ല, എന്റെ പൂര്‍വ്വികനായ അര്‍ജ്ജുനന്‍ കുരുക്ഷേത്രേത്തില്‍ വെച്ചു ചെയ്ത പരാക്രമം. എന്തു കൊണ്ടെന്നാല്‍ വാസുദേവന്‍ തുണയ്ക്കുള്ളപ്പോള്‍ വിജയം നേടി എന്നതു നല്ലതു തന്നെ! അവന് സാദ്ധ്യമല്ലാത്തത്‌ ഈ മൂന്നു ലോകത്തിലും ഇല്ലെന്നു ഞാന്‍ കാണുന്നു. ത്രൈലോക്യനാഥനായ വിഷ്ണു തുണച്ചില്ലേ! അല്ലയോ ബ്രാഹ്മണാ, എന്റെ പൂര്‍വ്വജന്മാരെല്ലാവരും ധന്യന്മാര്‍ തന്നെ! അവരുടെ ഹിതവും ശ്രേയസ്സും ജനാര്‍ദ്ദനന്‍ നിര്‍വ്വഹിച്ചല്ലോ. തപസ്സു കൊണ്ട്‌ സുദൃശ്യനാണ്‌ ലോകപൂജിതനായ ആ ദേവന്‍. അവര്‍ നേരിട്ട്‌ ശ്രീവത്സാങ്കിത ഭൂഷണനെ കണ്ടുവല്ലോ. ആ പൂര്‍വ്വികന്മാരേക്കാള്‍ ധന്യനാണ്‌ ബ്രഹ്മപുത്രനായ നാരദന്‍. ഋഷിയായ നാരദന്‍ അൽപതേജസ്സല്ല, അവ്യയനാണ്‌. അവന്‍ ശ്വേതദ്വീപില്‍ പോയി തനിയെ ഹരിയെക്കണ്ടു പോന്നവനാണ്‌. അവന്റെ ആ കാഴ്ച ഏററവും ദേവപ്രസാദാനുഗതമാണ്‌. അനിരുദ്ധ തനുസ്ഥനായ ദേവനെ കണ്ടിട്ട്‌ വീണ്ടും ബദര്യാശ്രമത്തിലേക്കു നാരദന്‍ നരനാരായണന്മാരെക്കാണുവാന്‍ പോന്നു. എന്താണിതിനു കാരണം? നാരദന്‍ ശ്വേത ദ്വീപ്‌ വിട്ടുപോന്ന്‌ ബദര്യാശ്രമത്തിലെത്തി നരനാരായണ ന്മാരെ കണ്ടുവല്ലോ. എത്രകാലം അവിടെ പാര്‍ത്തു? അപ്പോള്‍ എന്തെല്ലാം ചോദ്യങ്ങള്‍ ചോദിച്ചു? ശ്വേതദ്വീപില്‍ നിന്ന്‌ ആ മഹാത്മാവു വന്നപ്പോള്‍ നരനാരായണര്‍ഷികളായ മഹാത്മാക്കള്‍ എന്തു പറഞ്ഞു? അതൊക്കെ എന്നോട്‌ യഥാതത്വം വിസ്തരിച്ചു പറയണേ!

വൈശമ്പായനൻ പറഞ്ഞു: തേജസ്വിയായ വ്യാസഭഗവാന്‌ ഞാന്‍ ഇതാ തൊഴുന്നു. ആ ഋഷിയുടെ പ്രസാദം കൊണ്ട്‌ ഞാന്‍ നാരായണന്റെ സല്‍ക്കഥ അറിയുന്നു. ശ്വേതദ്വീപില്‍ച്ചെന്ന്‌ അവ്യയനായ ഹരിയെക്കണ്ട്‌ നാരദന്‍ തിരിച്ചു പോന്ന്‌ വേഗം മേരുവില്‍ ചെന്നെത്തി. പരമാത്മാവ്‌ പറഞ്ഞ ഭാരമെല്ലാം ഉള്ളില്‍ വഹിച്ചു. അവനു പിന്നീട്‌ വലിയ ഒരു ഭയം ഉണ്ടായി. വളരെ ദൂരെ വഴിപോയി ക്ഷേമത്തോടെ മടങ്ങി വന്ന്‌ പിന്നെ മേരുവിനേയും വിട്ട്‌ ഗന്ധമാദനത്തിലെത്തി. ആകാശത്തു നിന്നിറങ്ങി വിശാലമായ ബദരീ സ്ഥലത്തെത്തി. പിന്നെ ദേവന്മാരായ ആ പുരാണര്‍ഷികളെക്കണ്ടു. വലിയ തപസ്സു ചെയ്ത്‌ അരുളുന്ന ആത്മനിഷ്ഠരായ വ്രതീന്ദ്രന്മാരെ, സര്‍വ്വതും പ്രകാശിപ്പിക്കുന്ന സൂര്യനേക്കാള്‍ തേജസ്സുള്ള മഹാത്മാക്കളെ, ശ്രീവത്സമുളളവരും ജടാധരന്മാരുമായ പൂജ്യന്മാരെ, അരയന്നപാദന്മാരും അരയന്നഭുജന്മാരും തൃക്കാലില്‍ ചക്രചിഹ്നമുളളവരും, മാര്‍വിരിഞ്ഞും കൈകള്‍ നീണ്ടും വിളങ്ങുന്ന മുഷ്കചതുഷ്കരെ, അറുപതു പല്ലുളളവരും എട്ടു കൈകളുളളവരുമായ മേഘനാദന്മാരെ, നല്ല മുഖം, നല്ല നെറ്റി, നല്ല പുരികം, നല്ല ഹനു, നല്ല മൂക്ക്‌ ഇവയോടുകൂടിയ യോഗ്യരെ കണ്ടു. ആ ദേവന്മാര്‍ക്ക്‌ ആതപത്രം പോലെയാണ്‌ ശിരസ്സുകള്‍. ഇപ്രകാരം ലക്ഷണ യുക്തരായ മഹാപുരുഷന്മാരെ കണ്ട്‌ ഹര്‍ഷത്തോടെ അവരെ നാരദന്‍ പൂജിച്ചു. അവര്‍ നാരദനെ കൊണ്ടാടി സ്വാഗതം പറഞ്ഞ്‌ അനാമയം ചോദിച്ചു. നാരദന്‍ ആ പുരുഷോത്തമന്മാരെക്കണ്ട്‌ അന്തര്‍മ്മതിയായി നിന്നു. താന്‍ ശ്വേതദ്വീപില്‍ കണ്ടവരെപ്പോലെ തന്നെയിരിക്കുന്നു ഈ മഹാശയന്മാരായ മഹര്‍ഷിമാര്‍! നാരദന്‍ ഇപ്രകാരം ഉള്ളു കൊണ്ട്‌ ചിന്തിച്ച്‌ അവരെ വലംവെച്ചു. അവിടെ ശുഭമായ കുശപീഠത്തില്‍ ഇരുന്നു. പിന്നെ തപസ്സ്‌, യശസ്സ്‌, തേജസ്സ്‌ ഇവയോടു കൂടിയ തേജോരാശികളായ മഹര്‍ഷികള്‍ വളരെയേറെ ശമദമാഢ്യന്മാരായവര്‍ പൂര്‍വ്വ പരക്രിയ ചെയ്ത്‌, പിന്നെ നാരദനെ പാദ്യാര്‍ഘ്യങ്ങളാല്‍ പൂജിച്ചു. പിന്നെ പീഠങ്ങളില്‍ വാണ്‌ ആതിത്ഥ്യാഹ്നികം ചെയ്തു. അവര്‍ അങ്ങനെ വാണപ്പോള്‍ ആ സ്ഥലം വളരെയേറെ ശോഭിച്ചു. ആ ജ്യാഗ്നി ജ്വാലിതാഗ്നികളാല്‍ യജ്ഞസ്ഥലതുല്യമായി അവിടം ശോഭിച്ചു. പിന്നെ നാരായണന്‍ നാരദനോട്‌ ഇരുന്ന്‌ ആതിത്ഥ്യം ഏറ്റ്‌ വിശ്രമിച്ചു സുഖിക്കുമ്പോള്‍ പറഞ്ഞു.

നാരായണന്‍ പറഞ്ഞു: ഭഗവാനും പരമാത്മാവും സനാതനനുമായ ഭഗവാനെ, എന്റെ പ്രകൃതിയെ ശ്വേതദ്വീപില്‍ പോയി ഭവാന്‍ കാണുകയുണ്ടായില്ലേ?

നാരദന്‍ പറഞ്ഞു: ശ്രീമാനും, വിശ്വരൂപിയും, അവ്യയനുമായ പുരുഷേന്ദ്രനെ ഞാന്‍ കണ്ടു. ലോകങ്ങളൊക്കെ അവിടെയുണ്ട്‌. ദേവന്മാരും മുനീന്ദ്രന്മാരുമുണ്ട്‌. നിത്യവും നിങ്ങളെ നോക്കുവാന്‍ ആ മഹാത്മാവിനെ ദര്‍ശിക്കുന്നു. അവ്യക്തരൂപനായ ഹരി എപ്രകാരമാണോ, അപ്രകാരം ലക്ഷണമൊത്തവനാണ്‌. ആ ലക്ഷണം തികഞ്ഞ വ്യക്തരൂപന്മാരാണ്‌ നിങ്ങളും. ഞാന്‍ ആ ദേവന്റെ സന്നിധിയില്‍ നിങ്ങളെ അവിടെ കണ്ടു. ഇപ്പോള്‍ പരമാത്മാവയച്ച ഞാന്‍ ഇവിടേക്കും എത്തി! യശസ്സ്‌, തേജസ്സ്‌, ശ്രീ എന്നിവ കൊണ്ട്‌ അവന് സമനായി ആരുണ്ട്‌? ത്രൈലോകൃത്തില്‍ ധര്‍മ്മജന്മാരായ ഞങ്ങള്‍ അല്ലാതെ മറ്റാരുണ്ട്‌? ക്ഷേത്രജ്ഞ ധര്‍മ്മങ്ങളെല്ലാം അവന്‍ എന്നോടു പറഞ്ഞു. അവതാരങ്ങളും പറഞ്ഞു തന്നു. വരാന്‍ പോകുന്ന അവതാരങ്ങളെപ്പറ്റിയും പറഞ്ഞു. അവിടെയുള്ള ആ ശ്വേതപുരുഷന്മാര്‍ പഞ്ചേന്ദ്രിയങ്ങള്‍ ഒഴിഞ്ഞവരാണ്‌. ഭക്തരായ എല്ലാവരും പ്രതിബുദ്ധരായി എന്നും പുരുഷോത്തമനായ ദേവനെ അര്‍ച്ചിക്കുന്നു. അവരോടൊത്ത്‌ അവന്‍ രമിക്കുന്നു. ഭക്തപ്രിയനും പരമാത്മാവുമായ ഭഗവാന്‍ ദ്വിജവത്സലനാണ്‌. പൂജയേറ്റു കൊണ്ട്‌ ഭാഗവതപ്രിയനായി രമിക്കുന്നു. സര്‍വ്വഗനും, വിശ്വഭുക്കും, ദേവനും, മാധവനും, ഭക്തവത്സലനുമായ അതിബലവാനും, അതിദ്യുതിയുമായ ദേവന്‍ കര്‍ത്താവും കാരണവും കാര്യവുമാകുന്നു. ഹേതുവും, ജ്ഞാനവും, വിധാനവും, തത്വവും, കീര്‍ത്തിയും അവന്‍ തന്നെയാണ്‌. തപസ്സു കൊണ്ട്‌ ആത്മയോഗം ചേര്‍ന്നവനും ശ്വേതദ്വീപാല്‍ പരനുമായ പുമാനാണ്‌. തേജസ്സെന്നു പറയുന്നത്‌ അവനാണ്‌. സ്വയംഭാസ്സു കൊണ്ട്‌ ഭാസിക്കുന്നവനാണ്‌. മൂന്നു ലോകത്തിലും ഭാവിതാത്മാവ്‌ കല്പിച്ച ശാന്തിയാണ്‌ അത്‌. ശുഭമായ ബുദ്ധി കൊണ്ട്‌ നൈഷ്ഠിക വ്രതമെടുത്തവനാണ്‌. അവിടെ സൂര്യന്‍ തപിപ്പിക്കുന്നില്ല. ചന്ദ്രനും അവിടെ വിളങ്ങുന്നില്ല. ദുശ്ചരമായ തപസ്സ്‌ ഏല്ക്കുമ്പോള്‍ വായുദേവന്‍ വീശുന്നില്ല. നിലത്ത്‌ എട്ടുനാളം പൊന്തി വിശ്വകൃത്തായ അവന്‍ വേദിമേല്‍ ഒറ്റക്കാലില്‍ നില്ക്കുന്നു. കൈകള്‍ പൊക്കി ഉത്തരാഭിമുഖനായി നില്ക്കുന്നു, സാംഖ്യവേദങ്ങള്‍ ചൊല്ലി ദുസ്തരമായ തപസ്സ് ചെയ്‌തു.

ബ്രഹ്മാവ്‌, ഋഷിശ്രേഷ്ഠന്മാര്‍, ശിവന്‍ എന്നിവരും മറ്റു ദേവന്മാരും, ദൈത്യദാനവാശരമുഖ്യന്മാരും, സുപര്‍ണ്ണര്‍, നാഗങ്ങള്‍, ഗന്ധര്‍വ്വര്‍, സിദ്ധർ, രാജര്‍ഷിമാര്‍ എന്നിവര്‍ വിധിപ്രകാരം ഹവ്യകവ്യങ്ങള്‍ എപ്പോഴും പ്രയോഗിക്കുന്നു. അവയെല്ലാം ആ ദേവന്റെ പാദങ്ങളില്‍ എത്തുന്നു. ഏകാന്തഗത ബുദ്ധികള്‍ എന്തു ക്രിയ ചെയ്യുന്നുവോ, അവയെല്ലാം ശിരസ്സുകൊണ്ട്‌ ആ ദേവന്‍ സ്വയം എല്ക്കുന്നു. അവന്ന്‌ ആ പ്രതിബുദ്ധാത്മാവിനേക്കാള്‍ ഇഷ്ടനായി മൂന്നു ലോകത്തിലും ആരുമില്ല. അതുകൊണ്ട്‌ ഏകാന്തിത്വം പ്രാപിച്ച്‌ ഉടനെ പരമാത്മാവ്‌ അരുളിവിട്ട ഞാന്‍ ഇവിടെയും വന്നു. എന്നോട്‌ ഭഗവാന്‍ ഹരി സ്വയം ഇങ്ങനെ പറഞ്ഞു: "നിങ്ങ ളില്‍ ഒന്നിച്ചു നിത്യവും തല്പരനായി ഞാന്‍ ഉരിക്കുന്നുണ്ട്‌".

അദ്ധ്യായം 345. നാരായണീയം - നരനാരായണന്മാര്‍ നാരദനെ പ്രശംസിക്കുന്നു - നരനാരായണന്മാര്‍ പറഞ്ഞു: അല്ലയോ നാരദാ, നീ ധന്യനായിരിക്കുന്നു. നീ പ്രഭുദര്‍ശനത്താല്‍ അനുഗൃഹീതനായിരിക്കുന്നു. അവനെ ആരും കണ്ടിട്ടില്ല. കേവലം പത്മയോനി പോലും കണ്ടിട്ടില്ലാത്തവനാണവന്‍. അവ്യക്തയോനിയായ ഭഗവാന്‍, പുരുഷോത്തമന്‍ ദുര്‍ദ്ദര്‍ശനാണ്‌. നാരദാ, ഞങ്ങള്‍ പറഞ്ഞത്‌ സത്യമാണ്‌. ഇവന് ഭക്തനേക്കാള്‍ പ്രിയനായി ലോകത്തില്‍ ആരുമില്ല. ദ്വിജസത്തമാ! അതുകൊണ്ടാണ്‌ ആത്മാവിനെ അവന്‍ കാണിച്ചു തന്നത്‌. ദ്വിജോത്തമാ! പരമാത്മാവായ അവന്‍ തപസ്സു ചെയ്യുന്ന ആ സ്ഥലം ഞങ്ങളല്ലാതെ മറ്റാരും പ്രാപിക്കുന്നതല്ല ദ്വിജോത്തമാ! ആയിരം സുൂര്യനുദിച്ച പോലെയുള്ള ശോഭ അവന് നീ കണ്ടില്ലേ? ആ ശോഭ, ആ സ്ഥലത്തിനുമുണ്ടാകും. അവനാല്‍ ആ സ്ഥലം പ്രശോഭിക്കുന്നുണ്ടാകും. ആ വിശ്വഭൂപതി സ്വാമിയില്‍ നിന്ന്‌ ഹേ ദ്വിജാ, ക്ഷമയുള്ളവരില്‍ വെച്ചു ശ്രേഷ്ഠയായ ക്ഷമ (ഭൂമി) യോജിക്കുന്നു. ആ സര്‍വ്വ ഭൂതഹിതനായ ദേവനില്‍ നിന്നു രസം ഉളവാകുന്നു. ജലത്തിന് ഒക്കുന്നതായതിനാല്‍ അതിന് ദ്രവ്യത്വം ഉണ്ട്‌. രൂപഗുണാത്മകമായ തേജസ്സ്‌ അവനില്‍ നിന്നുണ്ടാകുന്നു. സൂര്യന് തുല്യമായതിനാല്‍ അവന്‍ ശോഭിക്കുന്നു. ആ ദേവനായ പുരുഷാഗ്ര്യനില്‍ നിന്നു സ്പര്‍ശം അങ്ങനെയുണ്ടാകുന്നു. അതിനോടൊത്തു തന്നെ ലോകത്തിലെങ്ങും വായു. വീശുന്നു. ആ സര്‍വ്വലോകേശ വിഭുവില്‍ നിന്ന്‌ ശബ്ദവും ഏല്ക്കുന്നു. അതോടെ ആകാശവും ചേരുന്നു. അതില്‍ വെളിവായി നില്ക്കുന്നു. ആ ദേവനില്‍ നിന്ന്‌ സര്‍വ്വ ഭൂതഗമായ മനം ഉണ്ടാകുന്നു. അതിനോടൊത്ത്‌ ചന്ദ്രന്‍ പ്രകാശഗുണധാരിയാകുന്നു. സല്‍ഭൂതോല്‍പാദകമായ സ്ഥാനം വേദസംജനകമാണ്‌. ഹവൃകവ്യാശിയായ ഭഗവാന്‍ വിദ്യാഢ്യനായി അതില്‍ നില്ക്കുന്നു. ലോകത്തില്‍ കല്മഷം വിട്ടു പുണ്യപാപങ്ങള്‍ തീര്‍ന്നവര്‍ ക്ഷേമമാകുന്ന വഴിയില്‍ ചെല്ലും. അവര്‍ക്ക്‌ ഹേ ദ്വിജസത്തമാ, സര്‍വ്വലോക തമോഹാരിയായ ആദിത്യന്‍ ദ്വാരമാണു പോലും. ആദിത്യദഗ്ദ്ധസര്‍വ്വാംഗര്‍ ആര്‍ക്കും എങ്ങും അദൃശ്യരായി പരമാണുപ്രായരായി ആ ദേവനില്‍ച്ചെന്നു ചേരും. അവിടെ നിന്നും മുക്തരായി അനിരുദ്ധ തനുസ്ഥരായി മനോഭൂതരായി, പ്രദ്യുമ്നനില്‍ ചെന്നെത്തും. പിന്നെ പ്രദ്യുമ്നമുക്തരായി ജീവസങ്കര്‍ഷണനിലും  സാംഖ്യദ്വിജേന്ദ്രന്മാർ ഭഗവത്ഭക്തരോടു ചേര്‍ന്നു ചെല്ലുന്നു. പിന്നെ ത്രിഗുണഹീനന്മാരായ അവര്‍ പരമാത്മാവിലായി, ക്ഷേത്രജ്ഞനായ നിര്‍ഗ്ഗുണാത്മാവില്‍ പ്രവേശിക്കുന്നു. സര്‍വ്വാവാസനായ വാസുദേവന്‍ ക്ഷേത്രജ്ഞനാണെന്നുള്ള തത്വം നീ ധരിക്കുക. മനസ്സമാധിയുളളവരായ നിയതന്മാര്‍ യതേന്ദ്രിയരാണ്‌. ഏകാന്ത ഭാവം പൂണ്ട അവര്‍ വാസുദേവനില്‍ ചെന്നെത്തും. ഞങ്ങള്‍ ധര്‍മ്മന്റെ ഗൃഹത്തില്‍ ജനിച്ചവരാണ്‌. ഉഗ്രമായ തപസ്സ്‌ ഞങ്ങള്‍ ഈ വിശാലയില്‍ ചെയ്തിട്ടുണ്ട്‌. സുരപ്രിയങ്ങളായ അവതാരങ്ങള്‍ ആ ദേവന്നുണ്ടാകും. അത്‌ മുന്നു ലോകവും വാഴുന്നവരുടെ നന്മയ്ക്കായിട്ടാണ്‌ ദ്വിജാ! ഞങ്ങള്‍ മുമ്പേതന്നെ കര്‍മ്മവിധിയൊത്തവരും മുഖ്യമായ, സര്‍വ്വകൃച്ല്റമായ വ്രതം സ്വീകരിച്ചവരുമാണ്‌ ദ്വിജാ! അല്ലയോ ദ്വിജോത്തമാ, നിന്നെ ഞങ്ങള്‍ ശ്വേതദ്വീപില്‍ വെച്ചു കാണുകയുണ്ടായി. ഭഗവാനുമായിച്ചേര്‍ന്ന്‌ അപ്രകാരം നീ സങ്കൽപിച്ചു നിന്നു. ചരാചരങ്ങള്‍ നിറഞ്ഞ ഈ മൂന്നു ലോകത്തി ലും ഞങ്ങള്‍ അറിയാത്തതൊന്നുമില്ല. എല്ലാം അറിയുന്നു ണ്ട്‌. ശുഭാശുഭവും ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം അറിയുന്നു. അവയെല്ലാം ആ ദേവദേവന്‍ നിന്നോടു പറഞ്ഞു തന്നുവല്ലോ മഹര്‍ഷേ!

വൈശമ്പായനൻ പറഞ്ഞു: അവര്‍ ഈ പറഞ്ഞ മൊഴി കേട്ട്‌ അത്യുഗ്രമായ തപസ്സില്‍ നാരദന്‍ പ്രവേശിച്ചു. നാരദന്‍ നരനാരായണന്മാരെ തൊഴുത്‌ നാരായണപരായണനായി നാരായണപരമായ മന്ത്രങ്ങള്‍ ജപിച്ച്‌ യഥാവിധി ദിവ്യമായ ആയിരം വര്‍ഷം നരനാരായണാശ്രമത്തില്‍ പാര്‍ ത്തു. തേജസ്വിയായ നാരദമഹര്‍ഷി നരനാരായണന്മാരോടു കൂടി ആ ദേവനെ അര്‍ച്ചിച്ച്‌ ബദര്യാശ്രമത്തില്‍ വസിച്ചു.

അദ്ധ്യായം 346. നാരായണീയം - വരാഹാകൃതി പൂണ്ട ഭഗവാന്‍ പിതൃപൂജനത്തെപ്പറ്റി പ്രതിപാദിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: കുറച്ചുകാലം കഴിഞ്ഞതിന് ശേഷം ബ്രഹ്മപുത്രനായ നാരദന്‍ ദൈവകര്‍മ്മം ചെയ്ത്‌ യഥാന്യായം പിതൃകര്‍മ്മവും അനുഷ്ഠിച്ചു. അപ്പോള്‍ അവനോടു ധര്‍മ്മാത്മജനില്‍ മൂത്തവനായ പ്രഭു, നരന്‍ പറഞ്ഞു; "ദൈവപിത്ര്യാദികളില്‍ ഹേ ദ്വിജാ, നീ ആരെയാണ്‌ യജിക്കുന്നത്‌? ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനായ മഹര്‍ഷേ, ഭവാന്‍ എന്നോടു ശരിക്കു പറയു! എന്തു കര്‍മ്മമാണ്‌ അങ്ങു ചെയ്യുന്നത്‌? ഇതില്‍ നിന്നു ഭവാന്‍ എന്തു ഫലമാണ്‌ ഇച്ഛിക്കുന്നത്‌?"

നാരദന്‍ പറഞ്ഞു: അങ്ങ്‌ എന്നോട്‌ മുമ്പെ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ ദൈവക്രിയകള്‍ ചെയ്യേണമെന്ന്‌ ദൈവതമാണ്‌ പരമമായ യജ്ഞമെന്നും പരമാത്മാവ്‌ സനാതനനാണെന്നും അങ്ങു പറഞ്ഞിട്ടുണ്ടല്ലോ. അത്‌ മനസ്സില്‍ കാര്യമായി ധരിച്ചു കൊണ്ടു തന്നെയാണ്‌ ഞാന്‍ എന്നും അവൃയ വൈകുണ്ഠനുമായ ദേവനെ യജിക്കുന്നത്‌. അവനില്‍ നിന്നു പണ്ട്‌ ലോകപിതാമഹനായ ബ്രഹ്മാവുണ്ടായി. ആ പരമേഷ്ഠിയായ ബ്രഹ്മാവ്‌ പ്രസാദത്തോടെ ദക്ഷനെ സൃഷ്ടിച്ചു. ഞാന്‍ ബ്രഹ്മാവിന്റെ ആദ്യപുത്രനാണ്‌. എങ്കിലും ദക്ഷപുത്രനായിട്ടാണ്‌ വെളിയില്‍ വന്നത്‌. ഞാന്‍ പിതൃക്കള്‍ക്ക്‌ യജിക്കുന്നു. നാരായണനും യജിക്കുന്നു. ഇപ്രകാരം ആ ഭഗവാന്‍ നാരായണന്‍ തന്നെയാണ്‌ എനിക്ക്‌ അച്ഛനും അമ്മയും പിതാമഹനും. എല്ലാ യജ്ഞത്തിലും പിതൃക്കളെ പൂജിക്കുന്ന പൂജയേല്ക്കുന്നത്‌ വിശ്വാത്മാവായ നാരായണന്‍ തന്നെയാണ്‌. ഒരുകാലത്ത്‌ പിതാക്കളായ ദേവന്മാര്‍ തങ്ങളുടെ മക്കള്‍ക്ക്‌ ശ്രുതികള്‍ പഠിപ്പിച്ചു. ആ ജ്ഞാനം നഷ്ടമായപ്പോള്‍ പഠിപ്പിച്ച ഗുരുക്കന്മാര്‍ തന്നെ, അവര്‍ പഠിപ്പിച്ച മക്കളില്‍ നിന്നു തന്നെ അത്‌ നേടേണ്ടി വന്നു. അങ്ങനെ പുത്രന്മാര്‍ പിതാക്കന്മാര്‍ക്ക്‌ മന്ത്രങ്ങള്‍ ഉപദേശിച്ചു. അങ്ങനെ പുത്രന്മാര്‍ അച്ഛന്മാർക്ക്‌ ഗുരുജനങ്ങളായി. പണ്ട്‌ ദേവന്മാര്‍ അസുരന്മാരുമായി യുദ്ധത്തിനു പോയ കാലത്ത്‌ വേദങ്ങളും മന്ത്രങ്ങളുമൊക്കെ തങ്ങളുടെ മക്കള്‍ക്കും ശിഷ്യന്മാര്‍ക്കും ഉപദേശിച്ചു. യുദ്ധം വളരെക്കാലം നീണ്ടുനിന്നു. യുദ്ധം ജയിച്ചു മടങ്ങി വന്നപ്പോള്‍ അവര്‍ക്കു വേദങ്ങളും മന്ത്രങ്ങളും തോന്നാതെയായി. പഠിച്ചതെല്ലാം പരിശീലനത്തിന്റെ അഭാവത്തില്‍ നഷ്ടപ്പെട്ടു. അങ്ങനെ അച്ഛന്മാര്‍ മക്കളെ വിളിച്ച്‌ വേദങ്ങളും മന്ത്രങ്ങളും അവരില്‍ നിന്നു പഠിച്ചു. ഗുരുനാഥന്മാരെപ്പോലെ മക്കള്‍ ഇരുന്ന്‌ അച്ഛന്മാരെ തങ്ങളുടെ ശിഷ്യന്മാരാക്കി പഠിപ്പിച്ചു. ഇതില്‍ നിന്നു ധരിക്കേണ്ടത്‌ പ്രായത്തിന്റെ വൃത്യാസം ഗുരുശിഷ്യ ബന്ധത്തിന് ബാധകമല്ലെന്നും ജ്ഞാനമാണ്‌ മാനനീയമായിട്ടുളളതെന്നുമാണ്‌. ബ്രാഹ്മണന്‍ ബഹുമാനിക്കപ്പെടുന്നത്‌ ജ്ഞാനത്താലാണ്‌, പ്രായത്താലല്ല. അന്നു ദേവകള്‍ ചെയ്തതെന്തെന്ന്‌ നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും അറിയാമല്ലോ. അന്ന്‌ അച്ഛനും മക്കളും, മക്കളെ അച്ഛനും പരസ്പരം നമസ്കരിച്ചു. ഇങ്ങനെ അന്നു മക്കള്‍ പിതാക്കന്മാര്‍ക്കു പിതൃക്കളായി. അതറിഞ്ഞ്‌ ദേവന്മാര്‍ ഭാവിതാത്മാക്കളായ നിങ്ങളാല്‍ പരസ്പരം പുത്രന്മാരും, പിതൃക്കളും പൂജിതരായി. ആദ്യം കുശപ്പുല്ലു വിരിച്ച്‌ മൂന്നു പിണ്ഡം ഭൂമിയില്‍ വെച്ചു. പിതൃക്കള്‍ ആ പിണ്ഡത്തിന്റെ നില എങ്ങനെ കരസ്ഥമാക്കി എന്നതറിയുവാന്‍ ആഗ്രഹിക്കുന്നു.

നരനാരായണന്മാര്‍ പറഞ്ഞു: ആഴിചുഴുന്ന ഈ ഊഴിയെ, വരാഹാകൃതിയെടുത്ത ഗോവിന്ദന്‍ ഉദ്ധരിക്കുകയുണ്ടായല്ലോ. പുരുഷോത്തമനായ നാരായണന്‍ സ്വസ്ഥാനത്തില്‍ ഊഴിയെ ഇരുത്തി. വെള്ളവും ചേറും തന്മൂലം അപ്പോള്‍ ദേഹത്തില്‍ പറ്റിയ വരാഹമൂര്‍ത്തി, ലോകകാര്യത്തിനിറങ്ങിയ അവതാരമൂര്‍ത്തി, ആഗ്നികത്തിന്റെ കാലമായിട്ട്‌ സൂര്യന്‍ ഉച്ചസമയത്തു നില്ക്കുമ്പോള്‍ വരാഹമൂര്‍ത്തിയായ പ്രഭു തന്റെ തേറ്റയില്‍ പറ്റിയ മുന്നു പിണ്ഡം നിലത്തു ദര്‍ഭപ്പുല്ലു വിരിച്ച്‌ അതില്‍ കുടഞ്ഞു നാരദാ! അതില്‍ ആത്മാവിന്നായി പിതൃകര്‍മ്മം യഥാവിധി ചെയ്തു. താന്‍ സങ്കല്പിച്ച്‌ ഈ മൂന്നു മൃത്പിണ്ഡം വിധിപ്രകാരം കുടഞ്ഞു. പിന്നെ അതിന്റെ മുകളില്‍ തന്റെ ദേഹത്തിലെ ചൂടു കൊണ്ടു തീര്‍ത്ത എള്ള്മണികള്‍ വിതറി. അങ്ങനെ ദേവേശനായ നാരായണന്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നു പ്രോക്ഷിച്ച്‌ (ജലം തളിച്ച്‌) വിധിപ്രകാരം പിതൃകര്‍മ്മം ചെയ്ത്‌ മുന്നു ലോകത്തിന്റേയും ആചാരമര്യാദകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഇപ്രകാരം പറഞ്ഞു.

വൃഷാകപി പറഞ്ഞു: ഞാനാണ്‌ ഈ വിശ്വത്തിന്റെ സൃഷ്ടികര്‍ത്താവ്‌. ഞാന്‍ പിതൃക്കളെ സൃഷ്ടിക്കുവാന്‍ വിചാരിച്ചു. പിതൃകാര്യ വിധാനങ്ങള്‍ ഞാന്‍ പിന്നെ ചിന്തിക്കുന്ന സമയത്ത്‌ എന്റെ തേറ്റയില്‍ നിന്ന്‌ ആ മൂന്നു പിണ്ഡങ്ങളും തെക്കുദിക്കിലായി വീണു. അപ്പോള്‍ ഞാന്‍ തന്നെത്താന്‍ പറഞ്ഞു. "ഈ പിണ്ഡങ്ങള്‍ ഞാന്‍ തേറ്റ ചലിപ്പിച്ചപ്പോള്‍ ഭൂമിയില്‍ തെക്കുഭാഗത്തായി വീണല്ലോ. അതു കൊണ്ടു ഞാന്‍ പറയുന്നു ഇനി ഇവര്‍ പിതൃക്കളാണ്‌. മൂന്നുപേരും മുര്‍ത്തിഹീനന്മാരാണ്‌. എന്നാല്‍ അവര്‍ പിണ്ഡമൂര്‍ത്തികളായി പിതൃക്കള്‍ എന്നറിയപ്പെടട്ടെ! ഇങ്ങനെ ഞാന്‍ ശാശ്വതന്മാരായി പിതൃക്കളെ സൃഷ്ടിച്ചിരിക്കുന്നു. ഞാന്‍തന്നെ പിതാവ്‌, ഞാന്‍തന്നെ പിതാമഹന്‍, ഞാന്‍ തന്നെ പ്രപിതാമഹന്‍, ഞാന്‍തന്നെയാണ്‌ ഈ മൂന്നു പിണ്ഡങ്ങളിലും വസിക്കുന്നതെന്ന്‌ സങ്കല്പിക്കുന്നു. യാതൊരു ദേവനും എന്നേക്കാള്‍ മേലെയില്ല. പിന്നെ ഞാന്‍ ആരെ പൂജി ക്കണം? ലോകത്തില്‍ എനിക്കു ആരാണു പിതാവ്‌? ഞാന്‍ തന്നെയാണ്‌ എനിക്കു പിതാവും പിതാമഹനും. ഞാന്‍ ഒരാളാണ്‌ പ്രപഞ്ചത്തിന്‌ കാരണം. ഇപ്രകാരം പറഞ്ഞ്‌ ആ ദേവനും ദേവനായ വൃഷാകപി, അല്ലയോ വിപ്രാ! വരാഹ ശൈലത്തില്‍ പിണ്ഡം സവിസ്തരം നല്കി. അങ്ങനെ ആത്മാവിനെത്തന്നെ താന്‍തന്നെ പൂജ ചെയ്ത്‌ അവിടെത്തന്നെ അപ്പോള്‍ മറഞ്ഞു. അന്നുമുതല്‍ പിതൃക്കള്‍ പിണ്ഡങ്ങളെന്നറിയപ്പെട്ടു. ഈ ക്രിയയ്ക്ക്‌ അടിസ്ഥാനം ഇതാണ്‌. വൃഷാകപി അന്നു പറഞ്ഞ പ്രകാരം പിതൃക്കള്‍ പുജയേല്ക്കുന്നു. പിതൃക്കളേയും, ദേവകളേയും, സല്‍ഗുരുവിനേയും, പാന്ഥരേയും, ഗോക്കളേയും, ദ്വിജേന്ദ്രരേയും, ഭൂമിയേയും, അമ്മയേയും, മനസ്സ്‌, വാക്ക്‌, കര്‍മ്മം എന്നിവയാല്‍ യജിക്കുന്നതെല്ലാം വിഷ്ണുവിനെത്തന്നെ യജിക്കുകയാകുന്നു. എല്ലാറ്റിന്റേയും ഉള്ളില്‍ അധിവസിക്കുന്ന ജീവന്‍ നാരായണന്‍ തന്നെയാകുന്നു. സുഖത്തിലും ദുഃഖത്തിലും ചലിക്കാതെ എല്ലാറ്റിലും, എല്ലാ ജീവിയിലും തുല്യഭാവനയോടെ അവന്‍ വര്‍ത്തിക്കുന്നു. മഹാനും, മഹാത്മാവും, സര്‍വ്വഭൂതാത്മാവുമാണ്‌ നാരായണന്‍.

അദ്ധ്യായം 347. നാരായണീയം - നാരായണ മാഹാത്മൃ വിഷയകമായ ഉപന്യാസം ഉപസംഹരിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: നാരായണര്‍ഷിയുടെ മൊഴി കേട്ട്‌ നാരദന്‍ ആ ദേവനില്‍ വര്‍ദ്ധിച്ച ഭക്തിയോടെ ഏകാന്തിത്വത്തെ പ്രാപിച്ചു. ആയിരം വര്‍ഷം നാരായണാശ്രമത്തില്‍ ഭഗവത്കഥകേട്ട്‌ അവ്യയനായ മുനീന്ദ്രനെക്കണ്ട്‌ അവിടെ വാണു. പിന്നെ തന്റെ ആശ്രമം നില്ക്കുന്ന ഹിമാലയത്തിലേക്കു പോയി. തപസ്സില്‍ പ്രസിദ്ധരായ നാരായണര്‍ഷികള്‍ നല്ലതായ ഈ ആശ്രമത്തില്‍ മുഖ്യമായ തപസ്സു ചെയ്തു വസിച്ചു. ഭവാനും അതിവിക്രാന്തനും പാണ്ഡവരുടെ കുലോദ്വഹനുമായ ജനമേജയൻ ഈ കഥ ആദ്യം മുതല്ക്കു കേള്‍ക്കുകയാല്‍ ഭാവിതാത്മാവായി. മനസ്സുകൊ ണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും വിദ്വേഷം വിഷ്ണുവില്‍ ചെയ്യുന്നവന്ന്‌ ഒരിക്കലും ഇഹലോകത്തും പരലോ കത്തും ശാന്തിയും സുഖവും ലഭിക്കുകയില്ല. അവനും അവന്റെ പിതൃക്കളും എന്നെന്നേക്കും നരകത്തില്‍ വാഴും. ഹരിനാരായണ സുരശ്രേഷ്ഠരില്‍ ദ്വേഷിക്കുന്നവന്‍ അവനവനില്‍ അവനവന്‍ ദ്വേഷിക്കുന്നു എന്നാണ്‌ അതിന്റെ അര്‍ത്ഥം. എന്തുകൊണ്ടെന്നാല്‍ നാരായണന്‍ ആത്മാവാണ്‌. ആത്മാവിനെ ആത്മാവു ദ്വേഷ്യപ്പെടുമോ?

നരവ്രാഘ്രാ, ആത്മാവ്‌ എന്നാല്‍ വിഷ്ണു തന്നെയാണ്‌. നമ്മള്‍ക്കു ഗുരുവായ, ഗന്ധവതിസുതനായ വ്യാസമഹര്‍ഷി, ഈ മാഹാത്മ്യം, അവ്യയമായ തത്വം, പറഞ്ഞു തന്നു. ആ മഹാശയന്‍ പറഞ്ഞു കേട്ടിട്ടാണ്‌ നിന്നോട്‌ ഇത്‌ അനഘാശയാ, പറഞ്ഞത്‌.

രഹസ്യ സംഗ്രഹത്തോടു കൂടി നാരദന്‍ ഈ ധര്‍മ്മം ഗ്രഹിച്ചു. അല്ലയോ നരേശ്വരാ, അത്‌ സാക്ഷാല്‍ നാരായണനില്‍ നിന്നാണ് താനും. ഇപ്രകാരമാണ്‌ ഈ മഹാധര്‍മ്മം. അത്‌ ഭവാനോട്‌ ആദ്യം ഞാന്‍ ചുരുക്കമായി ഹരിഗീതയാല്‍ പറഞ്ഞുവെച്ചു. ഈ ലോകത്തില്‍ കൃഷ്ണദ്വൈപായനന്‍ നാരായണന്‍ തന്നെയാണ്‌. മറ്റ്‌ ആര്‍ക്കു കഴിയും മഹാഭാരതം നിര്‍മ്മിക്കുവാന്‍. അസാധാരണവും, വേദവേദാംഗങ്ങള്‍ ചേര്‍ന്നതും, ധര്‍മ്മതത്വങ്ങള്‍ ചേര്‍ന്നതുമായ ഈ മഹത്തായ ഗ്രന്ഥം രചിക്കുവാന്‍ സാധാരണ ഒരു കവിക്കു കഴിയുമോ? കഴിയുകയില്ല. പ്രഭുവായ നാരായണനൊഴികെ മറ്റാരും ശക്തരല്ല എന്നാണ്‌ എന്റെ വിശ്വാസം. അല്ലയോ ജനമേജയാ! നീ വിചാരിച്ചമട്ടില്‍ നിന്റെ സങ്കൽപം പോലെ നടക്കട്ട. നീയും അശ്വമേധം നടത്തുവാന്‍ മനസ്സില്‍ കരുതിയിട്ടുണ്ടല്ലോ. ധര്‍മ്മമൊക്കെ കേട്ടു മനസ്സിലാക്കിയവനുമാണല്ലോ ഭവാന്‍.

സൂതന്‍ പറഞ്ഞു: ഈ മഹാഖ്യാനം അപ്രകാരം പാര്‍ത്ഥിവസത്തമന്‍ കേട്ടു. പിന്നെ യജ്ഞം അവസാനിപ്പിക്കുവാന്‍ വേണ്ട ക്രിയയൊക്കെ തുടങ്ങി. നാരായണീയമെന്ന ആഖ്യാനം നിന്നോട്‌ ശൗനകാദികളായ നൈമിഷാരണ്യാലയ വാസികള്‍ ചോദിക്കുകയാല്‍ പറഞ്ഞു. നാരദന്‍ പണ്ട്‌ ഗുരുവോട്‌ അരുളിച്ചെയ്തതാണ്‌ ഇത്‌. ഋഷിമാരും, പാണ്ഡവരും, കൃഷ്ണനും, ഭീഷ്മനും കേട്ടിരിക്കെ നാരദന്‍ പറഞ്ഞതാണിത്‌.

അവന്‍ പരമര്‍ഷിയാണ്‌, ജനഭുവനവരനാണ്‌, പൃഥുധരണിധരനാണ്‌, ശ്രുതിവിനയനിധിയാണ്‌, ശമനിയമജ്ഞനാണ്‌, യമനിയമപരനാണ്‌, ദ്വിജവരയുതനാണ്‌. അവന്‍ നിനക്കു മോക്ഷമാര്‍ഗ്ഗം നല്‍കും.

ഹരി അമരന്മാര്‍ക്ക്‌ ഹിതനാണ്‌. സുരരിപൂക്കളെ ഒടുക്കിയവനാണ്‌, നല്ല തപസ്വിയാണ്‌, വലിയ കീര്‍ത്തിക്ക്‌ ഭാജ മാണ്‌, മധുകൈടഭന്മാരെ ഹനിച്ചവനാണ്‌, ധാര്‍മ്മികര്‍ക്കു ഗതി നല്കുന്നവനാണ്‌, മഖഭാഗം ഹരിക്കുന്നവനാണ്‌. അവന്‍ നിനക്കു ശരണമാകുന്നു.

അവന്‍ ത്രിഗുണനാണ്‌, വിഗുണനാണ്‌, ചതുരാത്മധരനാണ്‌, ഇഷ്ടാപൂര്‍ത്തഫലഭാഗഹരനാണ്‌. അജിതാതിബലന്‍ ആത്മഗതി അരുളട്ടെ! സുകൃതാഢ്യനും, അതിബലനുമായ അവന്‍ ആത്മഗതി നല്കട്ടെ!

ആ ലോകസാക്ഷിയും, അജനും, പുരാണ പുരുഷനും, രവിവര്‍ണ്ണനും, ഗതിയുമായ ഈശ്വരനെ, മനസ്സും കൊണ്ട്‌ യതീശ്വരനെ നമസ്കരിക്കുവിന്‍. ജലഭൂവായ ദേവനെ (നാരായണന്‍, പ്രളയജലത്തില്‍നിന്നു പൊങ്ങിയവന്‍) ആ ഋഷി യെ, നമിക്കുന്നു.

അവന്‍ വിശ്വത്തിന്റെ ഉത്ഭവസ്ഥാനമാണ്‌, അവന്‍ അമൃതമാണ്‌, അവന്‍ സുക്ഷ്മാണുവാണ്‌, അവനില്‍ എല്ലാം ആശ്രയിക്കുന്നു. ഇളകാത്ത പദമാണ്‌ അവന്‍. സാംഖ്യരും, യോഗികളും യതാത്മാക്കളും അവനെ ആശ്രയിക്കുന്നു. അവന്‍ ശാശ്വതനാണെന്ന്‌ ബുദ്ധികൊണ്ട്‌ ജ്ഞാനികള്‍ അറിയുന്നു.

അദ്ധ്യായം 348. നാരായണീയം - ഹയഗ്രീവാവതാരത്തിന്റെ കഥ - ശൗനകന്‍ പറഞ്ഞു: പരമാത്മാവായ ഭഗവാന്റെ മാഹാത്മ്യവും നരനാരായണ ഋഷികളായി നാരായണന്‍ ധര്‍മ്മന്റെ ഗൃഹത്തില്‍ ജനിച്ചതും, മഹാവരാഹമായി അവതരിച്ചതും, അന്ന്‌ വരാഹമൂര്‍ത്തി പിണ്ഡോത്പത്തി ചമച്ചതും, പ്രവൃത്തിക്കും നിവൃത്തിക്കും, ശരിക്കു ചേര്‍ന്ന കല്പനയും ഭവാന്‍ പറഞ്ഞു ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ ആനന്ദം കൊളളുന്നു അനഘാശയാ! അല്ലയോ സൂതാ, അങ്ങ്‌ മഹാഹയത്തിന്റെ ശിരസ്സിന്റെ നില പറഞ്ഞുവല്ലോ. ഹവ്യകവ്യാശിയായ വിഷ്ണുവിന്റെ ആ ഹയശീര്‍ഷം പൂര്‍വ്വോത്തര സമുദ്രത്തില്‍ കണ്ടു. ആ ഹയശിരസ്സ്‌ പരമേഷ്ടിയായ ബ്രഹ്മദേവനും കണ്ടു. ലോകധാരകനായ ഹരി എന്തു രൂപത്തിലാണ്‌ അതു കാട്ടിയത്‌? മഹത്തിന്റെ പ്രഭാവവും രൂപവും അസാധാരണമായിരുന്നുവല്ലോ. ആ രൂപം കണ്ട്‌ എല്ലാ ദേവന്മാരിലും ദേവനായ നാരായണന്റെ ഈ അസാധാരണവും മുമ്പു കാണാത്തതുമായ രൂപം കണ്ടപ്പോള്‍, പണ്ടേ തന്നെ ഓജസ്വിയായ വിബുധശ്രേഷ്ഠനെ കണ്ടപ്പോള്‍, പുണ്യവാനായ അശ്വശീര്‍ഷനെ കണ്ടപ്പോള്‍, ബ്രഹ്മാവ്‌ എന്താണ്‌ ചെയ്തത്‌ മഹര്‍ഷേ!

അല്ലയോ ബ്രാഹ്മണാ, എനിക്ക്‌ ഈ കാര്യത്തില്‍ വലിയ സംശയമുണ്ട്‌. പുരാണജ്ഞാനസംഭവമാണത്‌. ഇതു നല്ലപോലെ വിസ്തരിച്ചു പറഞ്ഞു തരിക. എന്തിന് വേണ്ടി നാരായണന്‍ ഇങ്ങനെ ഒരു ഹയശിരസ്സിന്റെ രൂപമെടുത്ത്‌ ബ്രഹ്മാവിന് കാട്ടിക്കൊടുത്തു. പുണ്യമായ സല്‍ക്കഥയാല്‍ അല്ലയോ ബ്രാഹ്മണാ, ഭവാന്‍ എന്നെ പരിശുദ്ധനാ ക്കിയാലും!

സൂതന്‍ പറഞ്ഞു: നിന്നോട്‌ ഞാന്‍ എല്ലാം വിസ്തരിച്ചു പറയാം. വേദസമ്മിതമായ പുരാണമാണിത്‌. ഭഗവാന്‍ വ്യാസന്‍ പാരിക്ഷിതനായ രാജാവിനെ കേള്‍പ്പിച്ചതാണ്‌. ഹരിമേധോദേവഹയഗ്രീവരൂപം ശ്രവിച്ചു സംശയം പൂണ്ടവനായ രാജാവ്‌ ഇപ്രകാരം ചോദിച്ചു.

ജനമേജയന്‍ പറഞ്ഞു: ഹയഗ്രീവനായ ദേവനെ കണ്ട്‌ എന്തിനാണ്‌ ഇങ്ങനെ ഒരു രൂപം കൈക്കൊള്ളുന്നത്‌? അല്ലയോ സത്തമാ, പറഞ്ഞാലും.

വൈശമ്പായനന്‍ പറഞ്ഞു: ഈ ലോകത്തില്‍ എന്തെല്ലാം ചരാചരങ്ങളുണ്ടോ, അതൊക്കെ ഈശ്വര ബുദ്ധിയില്‍ നിന്നു പുറപ്പെട്ട പഞ്ചഭൂതം കലര്‍ന്നതാണ്‌. ജഗത് സൃഷ്ടാവായ ഈശ്വരനോ വിരാട്ടും നാരായണനുമായ പ്രഭുവാണ്‌. ഭൂതാത്മാവും വരദനും സഗുണനും നിര്‍ഗ്ഗുണനുമാണ്‌ അവന്‍.

അല്ലയോ നരോത്തമാ! അത്യന്തഭൂതപ്രളയത്തെപ്പറ്റി ഞാന്‍ പറയാം. അതു കേട്ടുകൊള്ളുക. പണ്ട്‌ ഒറ്റക്കടലായ പ്രളയജലത്തില്‍ ഭൂമി ലയിക്കേ, ജലം ജ്യോതിസ്സില്‍ ലയിക്കേ, ജ്യോതിസ്സ്‌ വായുവില്‍ ലയിക്കേ, ആകാശത്തില്‍ കാറ്റു നിൽക്കേ, വ്യോമം മനസ്സിൽ പൂകിയപ്പോൾ, മനസ്സ് വ്യക്തത്തിൽ അറിഞ്ഞപ്പോൾ, വ്യക്തം അവ്യക്തത്തിൽ ലയിച്ചപ്പോൾ, പുമാനിൽ അവ്യക്തം ലയിച്ചപ്പോൾ, പുമാൻ സർവ്വഗനായപ്പോൾ, ഇങ്ങനെ ക്രമത്തിൽ ഓരോന്നും അടുത്തു പറഞ്ഞ ഓരോന്നിൽ ലയിച്ചു അവസാനം എല്ലാം പുരുഷനിൽ ലയിച്ചു സർവ്വഗനായപ്പോൾ സർവ്വവും തമസ്സായി തീർന്നു. ഒന്നും അറിയാത്ത വിധമായി.

തമസ്സിന്റെ സംഭവം ബ്രഹ്മം തമോമൂലം അമൃതാത്മകം അത്‌, വിശ്വത്വസംജ്ഞാന്തമായ അത്‌, പുരുഷാകൃതി പൂണ്ടതാണ്‌. അവനാണ്‌ അനിരുദ്ധന്‍ എന്നും പറയപ്പെടുന്നത്‌. അതാണ്‌ അവ്യക്തം എന്നും ത്രിഗുണം എന്നും പറയുന്നതെന്ന്‌ ധരിക്കേണ്ടതാണ്‌ നൃപോത്തമാ! വിദ്യാസഹായിയായ ദേവന്‍ വിഷ്വക്സേനന്‍ ഹരി എന്നു പറയുന്ന പ്രഭു നിദ്രായോഗം കൈക്കൊണ്ട്‌ വെള്ളത്തില്‍ പളളികൊണ്ടു. ജഗത്തിനെ സൃഷ്ടിക്കുന്നതിന്‌ പലവിധം ഗുണചിന്തകള്‍ കലര്‍ന്ന്‌ സൃഷ്ടിയുടെ രൂപഭാഗങ്ങള്‍ ചിന്തിച്ചിരിക്കെ മഹാനായ ആത്മഗുണം, അഹങ്കാരം വന്നുദിച്ചു. അവന്‍ ബ്രഹ്മാവ്‌, നാന്മുഖന്‍, ഹിരണ്യഗര്‍ഭന്‍, ഭഗവാന്‍, സര്‍വ്വലോകപിതാമഹന്‍, പത്മത്തില്‍ അനിരുദ്ധനായ പത്മലോചനനില്‍ നിന്നെഴുന്നേറ്റവന്‍, ദ്യുതിമാന്‍, സനാതനന്‍ എന്നൊക്കെ പറയപ്പെടുന്ന ബ്രഹ്മാവാണ്‌. ആ അത്ഭുത സങ്കാശനായ പ്രഭു ലോകം ജലമയമായിക്കണ്ടു. സത്വസ്ഥനായ പരമേഷ്ഠി ഭൂതഗണത്തെ സൃഷ്ടിച്ചു. മുമ്പേതന്നെ സൂര്യാംശുപ്രഭമായ പത്മപത്രത്തില്‍ നാരായണകൃതമായി രണ്ട്‌ അംബുക്കള്‍ ഇന്ദുവിനേക്കാള്‍ ഗുണോത്തരമായിട്ടുണ്ട്‌. അത്‌ ആദ്യന്തഹീനനായ ഭഗവാന്‍ അച്യുതന്‍ കണ്ടെത്തി. ഒരു ഇന്ദുമധുച്ഛായമാണ്‌ അത്‌, രുചിരപ്രഭവുമാണ്‌.

അതു നാരായണാജ്ഞയില്‍ താമസനായ മധുവായി. മറ്റേത്‌ കഠിനനായ ബിന്ദുവാണ്‌. അവന്‍ രാജസനായ കൈടഭനാണ്‌. തമോരജോഗുണശ്രേഷ്ഠരായ അവര്‍ ഉടനെ പാഞ്ഞെത്തി. ബലവാന്മാരായ അവര്‍ ഗദ കൈയില്‍ പിടിച്ചിരിക്കുന്നു. പത്മനാളം പോലെയാണ്‌ അവരുടെ കൈകള്‍. അവര്‍ താമരയിലിരിക്കുന്ന തേജസ്വിയായ ബ്രഹ്മാവിനെ കണ്ടു. ചാരുരൂപമായ നാലുവേദം ആദ്യമേ സൃഷ്ടിച്ച്‌ ഇരിക്കുമ്പോള്‍ ആ വേദങ്ങളെ വിഗ്രഹത്തോടു കൂടിയവരായ അസുരോത്തമന്മാര്‍ കണ്ടു. ആ ബ്രഹ്മാവ്‌ കണ്ടുനില്ക്കെ തന്നെ അവര്‍ ആദ്യമേ തന്നെ വേദങ്ങളെ പിടിച്ചു. ജലം നിറഞ്ഞു കിടക്കുന്ന രസയുടെ ഉളളിലേക്ക്‌, സമുദ്രത്തിന്റെ ഉളളിലേക്ക്‌, ആ നിത്യവേദങ്ങളെ ബലമായി പിടിച്ച്‌ ആ ദാനവശ്രേഷ്ഠന്മാര്‍ കൊണ്ടുപോയി. വേദങ്ങളെ അവര്‍ ഹരിച്ചപ്പോള്‍ ബ്രഹ്മാവ്‌ വല്ലാതെ വിഷണ്ണനായി ഈശ്വരനോട്‌ ആവലാതി പറഞ്ഞു.  ബ്രഹ്മാവ്‌ പറഞ്ഞു: വേദങ്ങള്‍ എന്റെ പ്രധാനപ്പെട്ട കണ്ണുകളാണ്‌. വേദങ്ങളാണ്‌ എന്റെ പരമമായ ബലം. വേദങ്ങളാണ്‌ എന്റെ മുഖ്യമായ ധാമം. വേദങ്ങള്‍ എന്റെ പരമമായ ബ്രഹ്മമാണ്‌. ബലമായി ദാനവന്മാര്‍ വേദങ്ങളെയെല്ലാം ഹരിച്ചു. എനിക്കു വേദങ്ങള്‍ നഷ്ടപ്പെട്ടതോടെ ലോകം മുഴുവന്‍ ഇരുളടഞ്ഞതായി തോന്നുന്നു. വേദങ്ങള്‍ നഷ്ടപ്പെട്ട എനിക്ക്‌ ഭഗവാനേ, എങ്ങനെ ഞാന്‍ ലോകങ്ങളെ ഭംഗിപോലെ സൃഷ്ടിക്കേണ്ടു! അയ്യോ! കഷ്ടം ദൈവമേ! എനിക്ക്‌ ഈ വേദനാംശം കൊണ്ടുളള മഹാദുഃഖം സഹിച്ചുകൂടല്ലോ. എന്റെ മനസ്സ്‌ ഉരുകുന്നുവല്ലോ. തീവ്രമായ ശോകത്തില്‍ ഞാന്‍ പെട്ടുപോയല്ലോ! ശോകത്തിലല്ലേ ഞാന്‍ ആണ്ടുപോയിരിക്കുന്നത്‌. എന്നെ ഇതില്‍ നിന്ന്‌ ഉദ്ധരിക്കുവാനാരുണ്ട്‌? പോയ വേദങ്ങള്‍ നേടിത്തരുവാനാരുണ്ട്‌? എനിക്കു സഹായി ആരുണ്ട്‌? ഇഷ്ടനാരുണ്ട്‌?  Incomplete  . . . . .

അദ്ധ്യായം 349. നാരായണീയം, ഐകാന്തികഭാവം - സത്യധര്‍മ്മോപദേശവും - ഐകാന്തികത്താല്‍ പരമപദപ്രാപ്തിയും - ജനമേജയന്‍ പറഞ്ഞു: "ഹരിയായ ഭഗവാനില്‍ സര്‍വ്വാത്മനാ ഭക്തിയുളളവനില്‍, ഭഗവാന്‍ നന്ദിയുള്ളവനാണ്‌. വിധിപ്രകാരം ചെയ്ത പൂജ ഭഗവാന്‍ സ്വയം കൈക്കൊളളുന്നു. ലോകത്തില്‍ ഇന്ധനം വെന്ത്‌ പുണ്യപാപങ്ങള്‍ തീര്‍ന്നവര്‍ ആരുണ്ടോ അവര്‍ക്ക്‌ പാരമ്പര്യാപ്തമായ ഗതിയെ നീ പറഞ്ഞു. നാലാമത്തെ ഗതിയിലായവര്‍ പുരുഷോത്തമനെ പ്രാപിക്കുന്നു. ഏകാന്തിമാരായ പുരുഷര്‍ പരസല്‍ഗതി പൂകുന്നു. ഈ എകാന്തിധര്‍മ്മം ശ്രേഷ്ഠമാണ്‌. അതു തീര്‍ച്ചയായും നാരായണന് പ്രിയമാണ്‌. മൂന്നു ഗതിയും പെടാതെ അവ്യയനായ ഹരിയില്‍ ചെന്നെത്തുന്നു. ഉപനിഷത്തോടു കൂടിയ വേദജ്ഞാനം ലഭിച്ച വിപ്രന്മാര്‍ വിധിപ്രകാരം പഠിക്കുന്നവരും യതിധര്‍മ്മാക്കളും തുല്യമാണ്‌. അവര്‍ക്കുളളതിലും മെച്ചമായ നിലയാണ്‌ ഏകാന്തിസല്‍ഗതി. ദേവനോ, ഋഷിയോ ആരാണീ ധര്‍മ്മം ഉപദേശിച്ചവന്‍? ഏകാന്തികള്‍ക്ക്‌ എന്താണു ചര്യ? എപ്പോള്‍ നിര്‍മ്മിച്ചതാണത്‌? എന്റെ ഈ സംശയം തീര്‍ത്തു തരിക! എനിക്കിതില്‍ വലിയ കൌതുകമുണ്ട്‌".

വൈശമ്പായനൻ പറഞ്ഞു: കുരുപാണ്ഡവന്മാരുടെ പട അണിനിരന്ന്‌ യുദ്ധസന്നദ്ധമായി നില്‍ക്കുമ്പോള്‍, അര്‍ജജുനന്റെ ഉള്ള് കെട്ടുപോയപ്പോള്‍, ഭഗവാന്‍ ഗീത ഉപദേശിച്ചു. ഗതിയും അഗതിയും ഞാന്‍ മുമ്പേതന്നെ നിന്നോട് പറഞ്ഞു. ഈ ധര്‍മ്മം ഏറ്റവും ഗഹനമാണ്‌. അകൃതാത്മാക്കള്‍ക്ക്‌ ഗ്രഹിക്കുവാന്‍ കഴിയാത്തതാണ്‌. സാമവേദത്തിനു തുല്യവും പണ്ട്‌ ആദിയുഗത്തില്‍ നിര്‍മ്മിച്ചതുമാണ്‌. ഈ തത്വം ശിവനും നാരായണനും ധരിച്ചിരിക്കുന്നു രാജാവേ! ഇക്കാര്യം രാജാവേ, മഹാഭാഗനായ പാര്‍ത്ഥന്‍ നാരദനോട്‌ ഋഷിമദ്ധ്യത്തില്‍ വെച്ച്‌, കൃഷ്ണനും ഭീഷ്മനും കേള്‍ക്കെ, ചോദിച്ചു. അതു വ്യാസമഹര്‍ഷി കേട്ടു. ആ കേട്ടവിധം തന്നെ എന്റെ ഗുരു എനിക്ക്‌ പറഞ്ഞുതന്നു നൃപോത്തമാ! അവിടെ നാരദന്‍ പറഞ്ഞതിനെ ഞാന്‍ പറയാം, ഭവാന്‍ കേട്ടാലും.

ആ കല്പത്തില്‍ സ്രഷ്ടാവായ ബ്രഹ്മാവ്‌ നാരായണന്റെ മനസ്സില്‍ ജന്മമെടുത്തപ്പോള്‍, പിന്നെ മുഖത്തു നിന്ന്‌ പുറത്തു വന്നപ്പോള്‍, നാരായണന്‍ തന്നത്താന്‍ ദൈവവും പിതൃവുമായ കര്‍മ്മങ്ങള്‍ ധര്‍മ്മാനുസരണം നിര്‍വ്വഹിച്ചു ഭാരതാ! ഫേനപന്മാരായ ഋഷികള്‍ ആ ധര്‍മ്മം കൈക്കൊണ്ടു. പിന്നെ ഫേനപന്മാരോട്‌ ഈ ധര്‍മ്മം വൈഖാനസന്മാര്‍ നേടി. വൈഖാനസന്മാരില്‍ നിന്ന്‌ ഈ ധര്‍മ്മം സോമന്‍ നേടി. പിന്നെ അത്‌ ലോകത്തില്‍ നിന്നു തന്നെ നഷ്ടപ്പെട്ടു പോയി.

രണ്ടാമതും ബ്രഹ്മാവ്‌ ജന്മമെടുത്തപ്പോള്‍, ബ്രഹ്മാവ്‌ നാരായണന്റെ കണ്ണില്‍ നിന്ന്‌ പുറത്തു വന്നപ്പോള്‍, രാജാവേ, ആ പിതാമഹന്‍, ബ്രഹ്മാവ്‌, സോമനില്‍ നിന്ന്‌ ആ ധര്‍മ്മം കൈയിലാക്കി. അങ്ങനെ വീണ്ടും നേടിയപ്പോള്‍, നാരായണാത്മകനായ രുദ്രന്‌ ആ ധര്‍മ്മം നല്കി. രുദ്രന്‍ യോഗംപൂണ്ട്‌ കൃതയുഗത്തില്‍, പണ്ട്‌ രാജാവേ, ബാലഖില്യ  മഹര്‍ഷിമാര്‍ക്കൊക്കെ ഈ ധര്‍മ്മം ഉപദേശിച്ചു. ആ ദേവന്റെ മായയാല്‍ അവരില്‍ നിന്നും ആ ധര്‍മ്മം മാഞ്ഞു പോയി. ബ്രഹ്മാവിന് വാചികമായ മൂന്നാം ജന്മം ഉണ്ടായപ്പോള്‍, ബ്രഹ്മാവ്‌ നാരായണന്റെ വാക്കില്‍ക്കൂടെ വീണ്ടും ജന്മമെടുത്ത്‌ പുറത്തു വന്നപ്പോള്‍, നാരായണനില്‍ നിന്ന്‌ ഈ ജന്മമുണ്ടായി രാജാവേ! സുപര്‍ണ്ണനെന്നു പേരായ ഋഷി അതിനെ പുരുഷോത്തമനില്‍ നിന്നു നേടി. നന്നായി തപോദാന്തി നിയമങ്ങളാല്‍ സുപര്‍ണ്ണന്‍ ദിവസത്തില്‍ മുന്നു പ്രാവശ്യം വീതം എല്ലാ ദിവസവും ഉരുവിട്ടു. അതു കാരണമായി ആ വ്രതത്തെ "ത്രിസുപര്‍ണ്ണം" എന്നു ലോകത്തില്‍ പറഞ്ഞു വരുന്നു. ഋഗ്വേദപാഠപഠിതമായ ഈ വ്രതം വളരെ ദുര്‍ഘടമായിട്ടുളളതാണ്‌. അനുഷ്ഠിക്കാന്‍ വിഷമമുളളതാണ്‌. സനാതനമായ അത്‌ സുപര്‍ണ്ണനില്‍ നിന്ന്‌ ജഗത്തിന്റെ ആയുസ്സായ വായു നേടി. വായുവില്‍ നിന്ന്‌ അത്‌ വിഘസാശികളായ മഹര്‍ഷികള്‍ നേടി. അവരില്‍ നിന്ന്‌ ഈ മുഖ്യ മായ ധര്‍മ്മം മഹോദധി നേടി. വീണ്ടും സമുദ്രത്തില്‍ നിന്ന്‌ ആ ധര്‍മ്മം മറഞ്ഞു പോയി. അതു വീണ്ടും നാരായണനില്‍ തന്നെ ലയിച്ചു.

പിന്നെ ബ്രഹ്മാവിന് ശ്രവണജമായ ജന്മം ലഭിച്ചു. നാരായണന്റെ ചെവിയില്‍ നിന്ന്‌ ബ്രഹ്മാവ്‌ പുറത്തു ചാടിയപ്പോള്‍ പുരുഷവ്യാഘ്രാ, പിന്നെയുണ്ടായതും പറയാം, കേള്‍ക്കുക. ജഗല്‍സൃഷ്ടിപരനായ ദേവന്‍, ഹരിയായ നാരായണന്‍, താന്‍ സൃഷ്ടി ചെയ്യുന്ന പുരുഷപ്രഭുവായ പ്രജയെ ചിന്തിക്കെ കര്‍ണ്ണങ്ങളില്‍ നിന്ന്‌ പ്രജാസൃഷ്ടികരനായ ബ്രഹ്മാവ്‌ പുറപ്പെട്ടു. വിശ്വപനായ നാരായണന്‍ ബ്രഹ്മാവിനെ വിളിച്ചു പറഞ്ഞു.

"അല്ലയോ പുത്രാ! നീ പ്രജകളെ മുഖത്താലും പാദത്താലും സൃഷ്ടിക്കുക. അല്ലയോ സുവ്രതാ! നിനക്ക്‌ ശ്രേയസ്സും, ബലവും, തേജസ്സും ഞാന്‍ നല്‍കുന്നുണ്ട്‌. നീ എന്നില്‍ നിന്നുളള ഉത്തമമായ സാത്വതം എന്ന ധര്‍മ്മം വരിച്ചു കൊളളുക. അതുകൊണ്ട്‌ ഈ കൃതയുഗം തീര്‍ത്ത്‌ യഥാവിധി നിര്‍ത്തുക".

ഹരിമേധസ്സായ ദേവനെ ഉടനെ വിധി കുമ്പിട്ടു നമസ്‌കരിച്ചു. രഹസ്യ വ്യാഖ്യാനത്തോട് കൂടി അഗ്ര്യമായ ആ ധര്‍മ്മം ബ്രഹ്മാവ്‌ വാങ്ങി. ആരണ്യകത്തോടു കൂടി നാരായണ മുഖോല്‍ഗതമായ ആ ധര്‍മ്മം ആ തേജസ്സേറിയ ബ്രഹ്മദേവന് ഉപദേശിച്ചു. നീ ചെയ്യുന്ന നിരീഹധര്‍മ്മം യുഗധര്‍ മ്മങ്ങളാകും എന്നു പറഞ്ഞ്‌ തപസ്സിന്നക്കരെ അവ്യക്തന്‍ അരുളുന്നിടത്ത്‌ എത്തി.

പിന്നെ വരദനായ ദേവന്‍, ലോകപിതാമഹനായ ബ്രഹ്മാവ്‌, ചരാചരങ്ങളോടു കൂടി ജഗത്തിനെ സൃഷ്ടിച്ചു. അപ്പോള്‍ ശുഭമായ കൃതയുഗം ആരംഭിച്ചു. പിന്നെ സാത്വതമായ ധര്‍മ്മം ലോകത്തില്‍ വ്യാപിച്ചു നില്ക്കുകയായി. ഈ ആദ്യധര്‍മ്മം കണ്ടിട്ട്‌ ലോക്രസഷ്ടാവായ ബ്രഹ്മാവ്‌ നാരായണനായ പ്രഭുവിനെ, ദേവേശനായ വിഷ്ണുവിനെ, പൂജിച്ചു. ധര്‍മ്മപ്രതിഷ്ഠയ്ക്കായി സ്വാരോചിഷന്‍ എന്നറിയപ്പെടുന്ന മനുവിനെ ആ ധര്‍മ്മം പഠിപ്പിച്ചു. സ്വാരോചിഷന്‍ എന്ന ലോകനാഥനായ മനു തന്റെ പുത്രനായ ശംഖപാദനെ ആ ധര്‍മ്മം പഠിപ്പിച്ചു. പിന്നെ ശംഖപാദന്‍ തന്റെ ഔരസപുത്രനായ സുവര്‍ണ്ണാഭന്‍ എന്ന ദിക് പതിക്ക്‌ ഉപദേ ശിച്ചു ഭാരതാ! പിന്നെ ത്രേതായുഗം വന്നപ്പോള്‍ ആ ജ്ഞാനം നശിച്ചുപോവുകയും ചെയ്തു.

പിന്നെ ബ്രഹ്മാവ്‌ നാസത്യനായിപ്പിറന്നപ്പോള്‍, നാരായണന്റെ നാസികയില്‍ക്കൂടെ ഒരു ജന്മം കൂടി എടുത്തപ്പോള്‍, അല്ലയോ രാജശ്രേഷ്ഠാ, ഈ ധര്‍മ്മം ദേവനായ നാരായണന്‍ തന്നെ, ഹരിയെന്ന പ്രഭുതന്നെ, അരവിന്ദാക്ഷനായ ദേവദേവന്‍ തന്നെ, ബ്രഹ്മാവിന്റെ മുമ്പില്‍ വെച്ച്‌ അവന്‍ കണ്ടുനില്ക്കെ സനല്‍ക്കുമാരന് ഉപദേശിച്ചു. സനല്‍ക്കുമാരനില്‍ നിന്ന്‌ പ്രജാപതിയായ വീരണന്‍ ഈ ധര്‍മ്മം പഠിച്ചു. ഹേ, കുരുശ്രേഷ്ഠാ, ഇതു കൃതയുഗത്തിന്റെ ആദിയിലാണുണ്ടായത്‌.

പിന്നെ ആ വീരണന്‍ ആ ധര്‍മ്മം പഠിച്ച്‌ രൈഭ്യന്‍ എന്ന മഹര്‍ഷിയെ പഠിപ്പിച്ചു. രൈഭ്യന്‍ അതു ശുദ്ധ സുമേധസ്സായ സുവ്രതന്റെ പുത്രന്, ധര്‍മ്മിഷ്ഠനായ കക്ഷീവാന്‍ എന്ന ദിക് പാലന്ന്‌, നല്കി. നാരായണമുഖോല്‍ഗതമായ ആ ധര്‍മ്മം വീണ്ടും നശിച്ചുപോയി. ലോകത്തില്‍ നിന്ന്‌ മറഞ്ഞുപോയി.

പിന്നെ നാരായണോത്ഭവമായ അണ്ഡത്തില്‍ ജനിച്ചു പുറത്തു വന്ന ബ്രഹ്മാവിന് ഈ ധര്‍മ്മം വീണ്ടും നാരായണന്റെ മുഖത്തു നിന്ന്‌ ലഭിച്ചു. ബ്രഹ്മാവ്‌ ആ ധര്‍മ്മം കൈക്കൊണ്ട്‌ യഥാവിധി പ്രയോഗിച്ചു. പിന്നെ ബഹിര്‍ഷദ മുനിയേയും പഠിപ്പിച്ചു. രാജാവേ! പിന്നെ ബഹിര്‍ഷദ മുനിയില്‍ നിന്ന്‌ സാമവേദം പഠിച്ച ജ്യേഷ്ഠനെന്ന്‌ പ്രസിദ്ധനായ ബ്രാഹ്മണന്‍ പഠിച്ചു. അവന്‍ ജ്യേഷ്ഠീയസമവ്രതഹരി എന്നു പിന്നീട്‌ പ്രസിദ്ധനായി. അവനില്‍ നിന്ന്‌ അവികമ്പനന്‍ എന്ന ഒരു രാജാവ്‌ നേടി. പിന്നെ ആ ധര്‍മ്മശാസ്ത്രം, നാരായണനില്‍നിന്നു പുറത്തുവന്ന ധര്‍മ്മസംഹിത, വീണ്ടും ലോകത്തില്‍ നിന്ന്‌ മാഞ്ഞുപോയി.

പിന്നെ ബ്രഹ്മാവ്‌ ഏഴാമത്‌ നാരായണന്റെ നാഭിയില്‍ നിന്നുയര്‍ന്ന്‌ താമരയില്‍ നിന്ന്‌ പുറത്തുവന്നപ്പോള്‍, ആ ജന്മത്തില്‍, നാരായണന്‍ വീണ്ടും ആ ധര്‍മ്മസംഹിത വിശ്വസൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് ഉപദേശിച്ചു. അത്‌ ഈ കല്പത്തിന്റെ ആദിയിലായിരുന്നു. ബ്രഹ്മാവ്‌ അതു ദക്ഷന് നല്കി. ദക്ഷന്‍ ബ്രഹ്മാവിന്റെ പുത്രനാണ്‌. ദക്ഷന് ഉപദേശിക്കുവാന്‍ ആണ്‍മക്കളാരുമുണ്ടായില്ല. അതു കൊണ്ട്‌ തന്റെ അറുപത്‌ പെണ്‍മക്കളില്‍ ഉണ്ടായ പുത്രന്മാരില്‍ ഏറ്റവും ആദ്യമുണ്ടായ ആദിതൃന്ന്‌, സാവിത്രിക്കും മുമ്പ്‌ ജനിച്ചവന്, പഠിപ്പിച്ചു. ആദിത്യനില്‍ നിന്ന്‌ അത്‌ വിവസ്വാനു ലഭിച്ചു.

ത്രേതായുഗത്തിന്റെ ആദിയില്‍ വിവസ്വാന്‍ ആ ധര്‍മ്മ ശാസ്ത്രം മനുവിന് ഉപദേശിച്ചു. മനു ലോകത്തിന്റെ സംരക്ഷണത്തിന് വേണ്ടി അതു തന്റെ പുത്രനായ ഇക്ഷ്വാകുവിന് പഠിപ്പിച്ചു. ഇക്ഷ്വാകു പറഞ്ഞ്‌ അതു ലോകം മുഴുവന്‍ വ്യാപിച്ചു.

ഇനി ലോകം പ്രളയത്തില്‍ നശിക്കുന്ന സമയത്ത്‌ അത്‌ വീണ്ടും നാരായണനില്‍ തന്നെ ചെന്നെത്തും. യോഗികള്‍ സ്വീകരിച്ച ധര്‍മ്മം, പരിശീലിച്ച യോഗാഭ്യാസം, രാജശ്രേഷ്ഠ! ഞാന്‍ ചുരുക്കമായി പറഞ്ഞു. ഹരിഗീതാ എന്ന്‌ അതിന് പേര്‌ പറയുന്നു. അതിന്റെ ചുരുക്കമാണ്‌ ഈ പറഞ്ഞത്‌.

മഹാശയനും, പുണ്യാത്മാവുമായ നാരദന് അത്‌ നാരായണനില്‍ നിന്ന്‌ നേരിട്ടു ലഭിച്ചു. അതില്‍ രഹസ്യങ്ങളായ അര്‍ത്ഥങ്ങള്‍ക്ക്‌ വിശദമായ വ്യാഖ്യാനമുണ്ടായിരുന്നു. അല്ലയോ രാജാവേ, ഈ ധര്‍മ്മം ആദ്യമുണ്ടായതും നാശമില്ലാത്തതുമാണ്‌.

ദുര്‍ജേഞയവും, ദുഷ്കരവുമായ ആ ശാസ്ത്രം സാത്വതന്മാര്‍ എന്നും അനുഷ്ഠിക്കുന്നു. ഈ ധര്‍മ്മജ്ഞാനം വഴിക്ക്‌ അഹിംസാ ധർമ്മവും ചേര്‍ന്നു. ധര്‍മ്മം നന്നായി നടത്തുകയാണെങ്കില്‍ ഈശ്വരനായ ഹരി പ്രീതനാകും. ഏകവ്യൂഹം ചിലപ്പോള്‍ ദ്വിവ്യൂഹസംജ്ഞമായും, ത്രിവ്യൂഹമായും, ചതുര്‍ വ്യൂഹമായും ഹരിയെ ജനങ്ങള്‍ കാണുന്നു.

ചിലര്‍ നാരായണനെ ഏകരൂപനായി ആരാധിക്കുന്നു. അനിരുദ്ധനായാണ്‌ ആരാധിക്കുന്നത്‌. ചിലര്‍ രണ്ടു രൂപത്തില്‍ ആരാധിക്കുന്നു. അത്‌ അനിരുദ്ധനും പ്രദ്യുമ്നനും എന്ന രൂപങ്ങളാണ്‌. ചിലര്‍ മുന്നു രൂപത്തില്‍ ആരാധിക്കുന്നു. അനിരുദ്ധന്‍, പ്രദ്യുമ്നന്‍, സങ്കര്‍ഷണന്‍ എന്നിങ്ങനെയാണ്‌ ആ മൂന്നു രൂപങ്ങള്‍. നാലാമതൊരു കൂട്ടര്‍ നാലു രൂപത്തില്‍ ആരാധിക്കുന്നു. അത്‌ അനിരുദ്ധന്‍, പ്രദ്യുമ്നന്‍, സങ്കര്‍ഷണന്‍, വാസുദേവന്‍ എന്നീ നാലു പേരുകളിലാണ്‌. ഹരിയാണ്‌ ക്ഷേത്രജ്ഞന്‍ അഥവാ ആത്മാവ്‌. അവന്‍ ഒരു അംശമല്ല, പൂര്‍ണ്ണനാണ്‌. ജീവികളിലുളള ജീവന്‍ അവനാണ്‌. പഞ്ചഭൂതഗുണാന്വിതന്‍ അവനാണ്‌. ഹരി മനസ്സാണ്‌. പഞ്ചേന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതും, നിയന്ത്രിക്കുന്നതും അവനാണ്‌. അവന്‍ ധീമാനാണ്‌. ലോകനിയന്ത്രകനാണ്‌, ലോകകര്‍ത്താവാണ്‌, സ്രഷ്ടാവാണ്‌, അവന്‍ അകര്‍ത്താവാണ്‌, കര്‍ത്താവാണ്‌. അവന്‍ കാര്യമാണ്‌, കാരണമാണ്‌. അവന്‍ ഇച്ഛ പോലെ കളിക്കുന്നു. അവന്‍ തന്നെയാണ്‌ പരമപുരുഷന്‍ രാജാവേ!

അല്ലയോ രാജാവേ, ഞാന്‍ ഇപ്രകാരം ഏകാന്തധര്‍മ്മത്തെ നിന്നോടു പറഞ്ഞു. അകൃതാത്മാക്കള്‍ക്ക്‌ അറിയാന്‍ കഴിയാത്ത ഈ തത്വം ഞാന്‍ ഗുരുപ്രസാദം മൂലം പറഞ്ഞു തന്നു. ഏകാന്തികളായ പുരുഷന്മാര്‍ വളരെ ദുര്‍ല്ലഭമാണ്‌.

ഏകാന്തിമാരായ ജനങ്ങള്‍ ഈ ലോകത്തില്‍ നിറഞ്ഞാല്‍, അല്ലയോ കുരുനന്ദനാ! അഹിംസകന്മാരും ആത്മജ്ഞന്മാരും സര്‍വ്വഭൂതഹിതോദ്യതരും ആയവര്‍ സകാമമായ കര്‍മ്മങ്ങള്‍ ഉപേക്ഷിക്കും. അവര്‍ ധര്‍മ്മസ്ഥിതന്മാരായി നില്‍ക്കുമ്പോള്‍ ലോകത്തില്‍ കൃതയുഗം തന്നെ. എന്നെന്നും വന്നുചേരും.

അല്ലയോ രാജാവേ! ഇപ്രകാരം എന്റെ ഗുരുവും ധര്‍മ്മജനുമായ ഭഗവാന്‍ വ്യാസന്‍ ധര്‍മ്മരാജാവായ യുധിഷ്ഠിരനോടു പറഞ്ഞു. അപ്പോള്‍ ഋഷിമാരും കൃഷ്ണാര്‍ജ്ജുനന്മാരും സന്നിഹിതരായിരുന്നു. ശ്രീനാരദ മഹര്‍ഷിയില്‍ നിന്നാണ്‌ ആ ജ്ഞാനം മഹര്‍ഷിക്കു ലഭിച്ചത്‌. ചന്ദ്രാഭനും അച്യുതനും ശ്വേതനുമായ പരമബ്രഹ്മദേവനില്‍ നാരായണപരനായ ഏകാന്തിജനം എത്തുന്നതാണ്‌.

ജനമേജന്‍ പറഞ്ഞു: ഇപ്രകാരം പലവിധം പ്രബുദ്ധ ജനസേവിതമായ ധര്‍മ്മത്തെ എന്താണ്‌ നാനാവ്രതങ്ങള്‍ സ്വീകരിച്ച മറ്റു വിപ്രന്മാര്‍ ചെയ്യാത്തത്‌?

വൈശമ്പായന്‍ പറഞ്ഞു: ദേഹബന്ധങ്ങളില്‍ രാജാവേ, മൂന്നുതരം പ്രകൃതിക്കാരുണ്ട്‌; സാത്വികി, രാജസി, താമസി എന്നിങ്ങനെ മുന്നു തരമാണ്‌ ഭാരതാ! അല്ലയോ കുരുപുംഗവാ, ദേഹബന്ധങ്ങളില്‍ ശ്രേഷ്ഠന്‍ സാത്വികനാണ്‌. ഹേ പുരുഷവ്യാഘ്രാ! അവന്‍ ശ്രേഷ്ഠനാകും. ആ സാത്വികനായ പുരുഷന്‍ മോക്ഷത്തെ പ്രാപിക്കുന്നവനാകും. അവന്‍ ബ്രഹ്മജ്ഞന്മാരെ അറിയുവാന്‍ കഴിയുന്നവനാണ്‌. അതുകൊണ്ട്‌ സാത്വികന്മാര്‍ പറയുന്നു, നാരായണ പരന്മാരായാല്‍ അവര്‍ക്കു മോക്ഷം സിദ്ധിക്കുമെന്ന്‌. പുരുഷോത്തമന്മാരെ ഭജിക്കുന്നവര്‍ക്ക്‌ വിചാരിച്ച കാര്യങ്ങള്‍ സാധിക്കുന്നതാണ്‌. നാരായണനില്‍ എപ്പോഴും ഏകാന്തമായ ഭക്തിയുളളവരും മേഷധര്‍മ്മ യതിമാരുമായ മനീഷിമാരുണ്ടദപ്ലോ ചിലര്‍ തൃഷ്ണയറ്റ അവർക്ക് യോഗക്ഷേമം നല്കുന്നവനായ ഹരി ഏതൊരുവന്‍ ജനിക്കുമ്പോള്‍ അവനെ മധുസൂദനന്‍ നോക്കുന്നുവോ, അവന്‍ സാത്വികനായി ഭവിക്കും. ഹരിയുടെ ദൃഷ്ടി പതിഞ്ഞ അവന്‍ മോക്ഷവൃത്തിയില്‍ തീര്‍ച്ചയായും വന്നുചേരും.

സാംഖ്യത്തിന്നും യോഗത്തിന്നും തുല്യമായിട്ടുളളതാണ്‌ ഏകാന്തസമ്മിതമായ കര്‍മ്മം. നാരായണാത്മകമാണ്‌ മോക്ഷം. സല്‍ഗതി പ്രാപിക്കുന്നവര്‍ അതില്‍ എത്തുന്നു. നാരായണന്‍ കടാക്ഷിച്ചാല്‍ പുരുഷന്‍ പ്രതിബുദ്ധനാകും. താന്‍ വിചാരിച്ചതു കൊണ്ട്‌ ഇപ്രകാരം പ്രതിബുദ്ധത ലഭിക്കുന്നതല്ല. രജഃതമഃപ്രകൃതികള്‍ രണ്ടും കൂടിക്കലര്‍ന്നതാണ്‌. അല്ലയോ ജനാധിപാ! ഇത്തരക്കാര്‍ ജനിക്കുമ്പോള്‍ ഹരി കടാക്ഷിക്കുകയില്ല. പ്രവ്യത്തി മാര്‍ഗ്ഗമറ്റവനാണ്‌ അവന്‍. തന്മൂലമാണ്‌ കടാക്ഷിക്കാത്തത്‌. രജസ്സാലും തമസ്സാലും മനസ്സ്‌ ആണ്ടവനായ പുരുഷനെ അവന്‍ ജനിക്കുമ്പോള്‍ ബ്രഹ്മാവ്‌ വീക്ഷിക്കുന്നു. വാനവരും മുനികളും സത്വസ്ഥന്മാരാണ്‌. അവര്‍ നാരായണ കടാക്ഷത്താല്‍ മോക്ഷത്തിൽ എത്തിച്ചേരും. അവര്‍ നിവൃത്തിസ്ഥരാണ്‌. ബ്രഹ്മവീക്ഷണം സിദ്ധിച്ചവര്‍ പ്രവൃത്തിസ്ഥന്മാരായി സ്വര്‍ഗ്ഗം പ്രാപിക്കും. എന്നാല്‍ അവരുടെ പുണ്യം ക്ഷയിക്കുമ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു താഴെ പതിക്കുകയും ചെയ്യും. സാത്വികന്മാര്‍ക്ക്‌ ആ ഗതി കേടു വരികയില്ല. അവര്‍ നാരായണ ഭക്തരായി മോക്ഷം പ്രാപിക്കുന്നതാണ്‌.

ജനമേജയൻ പറഞ്ഞു: വൈകാരികനായ, മാറ്റത്തോടു കൂടിയവനായ പുരുഷന്‍ എങ്ങനെയാണ്‌ പുരുഷോത്തമനില്‍ ചെല്ലുന്നത്‌? അങ്ങ്‌ എല്ലാം വൃക്തമാക്കിത്തരിക. പ്രവൃത്തിയെപ്പറ്റിയും വിവരിക്കുക.

വൈശമ്പായനൻ പറഞ്ഞു: സൂക്ഷമായ മൂന്നക്ഷരം ചേര്‍ന്ന സത്ത്വവാനായ പുരുഷനില്‍, നാരായണനില്‍, നിഷ്‌ക്രിയനായ ഇരുപത്തഞ്ചാമന്‍ ചെന്നുചേരും. (സൂക്ഷമായ മൂന്നക്ഷരം അ - ഉ - മ ഓം. ബ്രഹ്മാവ്‌,  വിഷ്ണു,  ശിവന്‍. മൂന്നക്ഷരം ചേരുമ്പോള്‍ ഓം എന്ന പ്രണവമായി. അത്‌ പരപ്രഹ്മത്തിന്റെ ശബ്ദരൂപമാകുന്നു).

ഇപ്രകാരമാണ്‌ സാംഖ്യയോഗം. തുല്യം തന്നെയാണ്‌ വേദാരണ്യകവും പഞ്ചരാത്രവും. ഇവ പരസ്പരാംഗങ്ങളാണെന്നു പറയുന്നു. ഇത്‌ നാരായണപരാത്മകമായ ഏകാന്തി ധര്‍മ്മമാണ്‌.

സമുദ്രത്തില്‍ നിന്നുയരുന്ന ജലം വീണ്ടും ആ ജലധിയില്‍ത്തന്നെ ചെന്നെത്തുന്നതു പോലെ ഈ കാണപ്പെടുന്ന ജ്ഞാനജലൌഘമെല്ലാം നാരായണനില്‍ത്തന്നെ വീണ്ടും എത്തിച്ചേരുന്നു.

ഇത്‌ ആ സാത്വതമായ ധര്‍മ്മമാണ്‌. അതു ഞാന്‍ നിന്നോടു പറഞ്ഞു കുരുസത്തമാ. മഹാഭാഗനായ നാരദന്‍ ഇപ്രകാരം എന്റെ ഗുരുവായ കൃഷ്ണദ്വൈപായനനോട്‌ ശ്വേതയതികള്‍ക്കുളള അവ്യയമായ ഏകാന്തസല്‍ഗതിയെപ്പറ്റി പറഞ്ഞു. അവ നല്ലപോലെ ഗ്രഹിച്ച വ്യാസന്‍ പ്രീതനായി ധര്‍മ്മജന്നുപദേശിച്ചു. ഗുരുവില്‍ നിന്നു ലഭിച്ച ഈ തത്വം ഇതാ ഞാന്‍ നിന്നോടും പറഞ്ഞു. അല്ലയോ പാര്‍ത്ഥിവസത്തമാ! ഇപ്രകാരം ദുശ്ചരമായ ധര്‍മ്മമാണ്‌ ഇത്‌. മറ്റുള്ളവരും നിന്നെപ്പോലെ തന്നെ മോഹിതന്മാരാണ്‌. ലോകര്‍ക്ക്‌ ഭാവനനും മോഹനനും അവന്‍ തന്നെയാണ്‌. സംഹാരകാരനും കാരണനുമായി രാജാവേ; അവന്‍ വര്‍ത്തിക്കുന്നു.

അദ്ധ്യായം 350. നാരായണീയം - വ്യാസന്‍ നാരായണാംശമായി സരസ്വതി പുത്രനായി ജനിച്ച കഥ - ജനമേയന്‍ പറഞ്ഞു: ലോകത്തില്‍ സാംഖ്യയോഗം, പഞ്ചരാത്രം, ആരണ്യക വേദങ്ങള്‍ എന്നിവ നടപ്പുണ്ടല്ലോ. ഇവ ഏകനിഷ്ഠങ്ങളാണോ, അതോ ഭിന്നനിഷ്ഠങ്ങളാണോ? മുനേ, അവയെപ്പറ്റി വിവരിച്ചാലും.ക്രമംപോലെ അവ വിശദീകരിച്ചാലും.

വൈശമ്പായനന്‍ പറഞ്ഞു: "വളരെ ജ്ഞാനം നേടിയവനും അത്യുദാരനും, അജ്ഞാനമാകുന്ന കൂരിരുട്ടിനെ നശിപ്പിക്കുന്നവനും, പരാശരനില്‍ നിന്നു ഗര്‍ഭം ധരിച്ച്‌ കാളി ദ്വീപില്‍ ആത്മയോഗാല്‍ പ്രസവിച്ചവനുമായ വ്യാസന്‍ എന്ന ഋഷിവര്യനെ ഞാന്‍ നമസ്കരിക്കുന്നു. പിതാമഹനില്‍ നിന്നുത്ഭവിച്ചവനും ആറാമത്തേവനും വിഭൂതിശാലിയുമായ ആര്‍ഷേയ മഹര്‍ഷി ആരാണോ, നാരായണാംശോത്ഭവനായ ആ ഏകപുത്രന്‍, ദ്വൈപായനന്‍, വേദങ്ങളുടെ നിധാനമാകുന്നു. കൃതയുഗത്തില്‍ ആരെ മഹാവിഭുതിയും ഉദാരശക്തിയുമായ നാരായണന്‍ ബ്രഹ്മനിധാനമായി പുത്രാര്‍ത്ഥം സൃഷ്ടിച്ചു, അവന്‍ പുരാണനായ വ്യാസനാകുന്നു".

ജനമേജയന്‍ പറഞ്ഞു: “അല്ലയോ ദ്വിജസത്തമാ, ഭവാന്‍ തന്നെ പറഞ്ഞുവല്ലോ വസിഷ്ഠന്റെ പുത്രനാണ്‌ "ശക്തി" എന്നവന്‍ എന്നും, ശക്തിയുടെ പുത്രനാണ്‌ പരാശരനെന്നും, പരാശരന്റെ പുത്രനാണ്‌ കൃഷ്ണദ്വൈപായനനായ മുനി എന്നും. വീണ്ടും ഭഗവാന്‍ പറയുന്നു വ്യാസന്‍ നാരായണ സുതനാണ്‌ എന്ന്‌. ഇതിന്റെ അര്‍ത്ഥം എന്താണ്‌? തേജസ്വിയായ വ്യാസന്‍ ഇതിന് മുമ്പും ജന്മമെടുത്തിട്ടുണ്ടോ? അല്ലയോ മഹാശയാ, അങ്ങ്‌ വ്യാസന്‍ എങ്ങനെയാണ്‌ നാരായണോത്ഭമവനായത്‌ എന്ന്‌ പറഞ്ഞാലും!".

വൈശമ്പായനന്‍ പറഞ്ഞു: "വേദാർത്ഥം അറിയുന്നതിന് വേണ്ടി എന്റെ ഗുരുവും ധര്‍മ്മിഷ്ഠനും തപോനിധിയുമായ വ്യാസന്‍ ഹിമവാന്റെ പാദത്തില്‍ വസിക്കുമ്പോള്‍ "മഹാഭാരതം" നിര്‍മ്മിച്ചു. മഹാശാന്തനായ അദ്ദേഹം ഇരിക്കുമ്പോള്‍, ഞങ്ങള്‍ വളരെ താല്പര്യത്തോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു രാജാവേ! സുമന്തുവും ജൈമിനിയും വ്രതമെടുത്തവനായ പൈലനും നാലാമത്തെ ശിഷ്യനായ ഞാനും വ്യാസനന്ദനനായ ശുകനും ഇങ്ങനെ അഞ്ചു ശിഷ്യന്മാരോടു കൂടി വ്യാസഭഗവാന്‍ ഹിമാദ്രിയുടെ പാദത്തില്‍ ഭൂതങ്ങളോടു കൂടിയ ഭൂതേശന്‍ എന്നപോലെ വിളങ്ങി. സാംഗവേദങ്ങളും ഭാരതാര്‍ത്ഥവും മറ്റും പറഞ്ഞു തന്ന്‌ എകാഗ്രചിത്തനായി, ദാന്തനായിരിക്കുന്ന ഗുരുവെ ഞങ്ങള്‍ ഉപാസിച്ചു. അങ്ങനെയിരിക്കെ പ്രസംഗവശാല്‍ ഞങ്ങള്‍ വിപ്രേന്ദ്രനോട്‌ വേദാര്‍ത്ഥവും ഭാരതാര്‍ത്ഥവും വിഷ്ണുവില്‍ നിന്നുളള ജന്മവും ചോദിച്ചു. തത്വജ്ഞന്‍ ആദ്യമായി വേദാര്‍ത്ഥവും പിന്നെ ഭാരതാര്‍ത്ഥവും പറഞ്ഞതിന് ശേഷം നാരായണനില്‍ നിന്നുളള തന്റെ ജന്മത്തെപ്പറ്റി പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: "അല്ലയോ വിപ്രന്മാരേ, നിങ്ങള്‍ വളരെ പ്രധാനമായ ഈ കഥ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവിന്‍. ഇത്‌ ഉത്തമമായ ആര്‍ഷകഥയാണ്‌. കഴിഞ്ഞ ജന്മത്തിലെ വൃത്താന്തം ഞാന്‍ തപനസ്സു കൊണ്ടാണ്‌ അറിഞ്ഞത്‌.

പ്രജാവിസര്‍ഗ്ഗമായി ഏഴാമത്‌ ബ്രഹ്മാവ്‌ പത്മത്തില്‍ നിന്നു പുറപ്പെട്ട മഹായോഗിയായ നാരായണന്‍ ശുഭാശുഭങ്ങളൊക്കെ ഒഴിഞ്ഞവനായ തേജസ്വി മുമ്പെ ബ്രഹ്മാവിനെ നാഭിയില്‍ സൃഷ്ടിച്ചു. ബ്രഹ്മാവ്‌ താമരയില്‍നിന്നു പുറത്തു വന്നപ്പോള്‍ ബ്രഹ്മാവിനോട്‌ നാരായണന്‍ പറഞ്ഞു: "നീ എന്റെ നാഭിയില്‍ ജനിച്ചവനാണ്‌. പ്രജകളെ സൃഷ്ടിക്കുവാന്‍ ഉത്ഭവിച്ചവനായ പ്രഭുവാണ്‌. അല്ലയോ ബ്രഹ്മന്‍, നീ പണ്ഡിതന്മാരും, മൂഢന്മാരുമടങ്ങിയ പ്രജാവ്രജത്തെ സൃഷ്ടിക്കുക".

ഇപ്രകാരം നാരായണന്‍ പറഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ വല്ലാതെ വിഷാദത്തോടെ ചിന്താവ്യാകുലനായി ഹരിയുടെ പാദത്തില്‍ കുമ്പിട്ട്‌ മഹേശ്വരനായ ആ ദേവനോട്‌ പറഞ്ഞു: "ദേവാ, പ്രജകളെ സൃഷ്ടിക്കുവാന്‍ എനിക്ക്‌ എന്തു ശക്തിയാണുളളത്‌? ദേവാ, ഞാന്‍ അങ്ങയെ തൊഴുന്നു. ദേവാ, ഞാന്‍ പ്രജ്ഞകെട്ടവനാണ്‌? എന്നെ ആ മഹാകൃത്യ നിര്‍വ്വഹണത്തിന് ശക്തനാക്കുവാന്‍ വേണ്ടതു ചെയ്താലും!".

ഇപ്രകാരം ബ്രഹ്മാവ്‌ പറഞ്ഞത് കേട്ട്‌ നാരായണന്‍ അന്തര്‍ദ്ധാനം ചെയ്തു. അതിന് വേണ്ട ബുദ്ധിയെ ബുദ്ധി സത്തമനായ ദേവന്‍ ചിന്തിച്ചു. ഉടനെ "ബുദ്ധി" ഒരു രൂപം എടുത്തു വന്ന്‌ വിഷ്ണുവിനെ സേവിച്ചു. യോഗത്താല്‍ വിഷ്ണു അവളെ സ്വയം നിയോഗിച്ചു. ഐശ്വര്യ യോഗ ബലമുളള അവളോട്‌ അവ്യയനായ ദേവന്‍ ഇപ്രകാരം പറഞ്ഞു: "അല്ലയോ ബുദ്ധീ, നീ ലോകസൃഷ്ടിക്കു വേണ്ടി ബ്രഹ്മാവില്‍ ചെന്നു കയറുക". ഈശ്വരന്‍ പറഞ്ഞു വിട്ട അവള്‍ ഉടനെ ചെന്ന്‌ ബ്രഹ്‌ മാവിനെ പ്രാപിച്ചു.

ബ്രഹ്മാവ്‌ ഉടനെ ബുദ്ധിയുളളവനായി തീര്‍ന്നത് കണ്ട്‌ ഹരി വീണ്ടും പറഞ്ഞു: "എടോ പുത്രാ! നീ പലവിധം പ്രജകളെ സൃഷ്ടിക്കുക". ഹരിയുടെ കല്പന കേട്ട്‌, "അങ്ങ നൂടെ കല്പന കഴിയുന്ന വിധം നിര്‍വ്വഹിക്കാം" എന്ന്‌ ബ്രഹ്മാവ്‌ മറുപടി പറഞ്ഞു, എന്നിട്ട്‌ ബഹ്മാവ്‌ അവിടെ അന്തര്‍ദ്ധാനം ചെയ്തു.

ഒരു മുഹൂര്‍ത്തം കൊണ്ട്‌ ദേവസമ്മിതമായ സ്വസ്ഥാനം ബ്രഹ്‌മാവ്‌ പാപിച്ചു. അങ്ങനെ ബ്രഹ്‌മാവ്‌ പകൃതിയോട് ചേർന്നു. ബ്രഹ്‌മാവിന് പിന്നെയും നവ്യമായ ചില ബൂദ്ധി ഉദിച്ചു. അങ്ങനെ പരമേഷ്ഠിയായ ബ്രഹ്‌മാവ്‌ പ്രജാസൃഷ്ടി നടത്തി.

ദൈത്യയാര്‍ ദാനവന്മാര്‍ ഗന്ധര്‍വ്വന്മാര്‍ അപ്സരസ്സുകള്‍ എന്നിവയെല്ലാം ബഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ തപസ്വിനിയായ ഭൂമിക്കു വേണ്ടുവോളം ഭാരവുമുണ്ടാക്കിത്തീര്‍ത്തു. .

മഹാബലവാന്മാരായി വളരെയേറെ ദേവന്മാരും ദാനവന്മാരും രാക്ഷസന്മാരും ഇനിയും ഉണ്ടാകും. തീര്‍ച്ചയായും അവര്‍ തപസ്സു ചെയ്തു വരം വാങ്ങും. പിന്നെ അവര്‍ ഗര്‍വ്വികളാകും. അവര്‍ ദേവന്മാരേയും ഋഷിമാരേയും ദ്രോഹിക്കും. അങ്ങനെ വരുമ്പോള്‍ ഭാരാവതരണം എന്ന മഹാകര്‍മ്മം ഞാന്‍ ഭൂമിക്ക്‌ ചെയ്യേണ്ടതായി വരും. മന്നില്‍ പലതരം അവതാരങ്ങള്‍ എടുത്ത്‌ യഥാക്രമം പാപികളെ വധിച്ച്‌ സജ്ജനങ്ങളെ. സംരക്ഷിക്കും. ഈ രണ്ടു കര്‍മ്മങ്ങളാല്‍ സത്യധാത്രിയായ ഭൂമി ഭാരം താങ്ങും.

വലിയ ഒരു സര്‍പ്പത്തിന്റെ രൂപം കൈക്കൊണ്ട്‌ ഞാന്‍ പാതാളത്തില്‍ നിന്നു ഭൂമിയെപ്പൊക്കി ഉപരിതലത്തിലെത്തിക്കും. ഇങ്ങനെ എന്നാല്‍ ഉയര്‍ത്തപ്പെട്ട അവള്‍ ഈ സൃഷ്ടി ജാലങ്ങളെയെല്ലാം, സകല ചരാചരങ്ങളെയും, താങ്ങി നില്ക്കും. അവള്‍ ഭാരാര്‍ദ്ദിതയാകുമ്പോഴെല്ലാം ഞാന്‍ പല രൂപത്തില്‍ ഭൂമിയില്‍ അവതാരമെടുത്ത്‌ പാപികളെ നിഗ്രഹിച്ച്‌ അവളെ ആപത്തില്‍ നിന്നു രക്ഷിക്കേണ്ടി വരും. ഇങ്ങനെ മധുവൈരിയായ ദേവന്‍ മനസ്സില്‍ പല രൂപങ്ങളെ ചിന്തിച്ചുറച്ചു. അങ്ങനെ സമയം സമാഗതമാകുമ്പോള്‍ ചെയ്യേണ്ട കര്‍മ്മങ്ങളും മനസ്സില്‍ സങ്കല്പിച്ചുറച്ചു.

അങ്ങനെ ഭവത്തിന്റെ അവതാരത്തില്‍ ഭഗവാന്‍ പല രൂപവും സൃഷ്ടിച്ചു. വരാഹം, നരസിംഹം, വാമനന്‍, മനുഷ്യന്‍. വേറെയും ഇങ്ങണെ പല അവതാരങ്ങളുമെടുത്ത്‌ ദുഷ്ടരായ അസുരന്മാരെ പലരേയും ഭഗവാന്‍ സംഹരിക്കും.

അതിന് ശേഷം പ്രപഞ്ച സൃഷ്ടികര്‍ത്താവായ ദേവന്‍ ഒരിക്കല്‍ക്കൂടി "ഭോ" എന്നു ശബ്ദിച്ചു. ആ ശബ്ദം ആകാശത്തില്‍ മുഴങ്ങി. ഈ ഒരു വാക്കിന്റെ ഉച്ചാരണത്തില്‍ സരസ്വത്‌ എന്ന ഋഷി ഉത്ഭവിച്ചു. അങ്ങനെ സ്വരത്തിന്റെ രൂപമായ പുത്രന്‍ നാരായണനില്‍ നിന്നുണ്ടായി. അവന്റെ പുത്രനായി പിറന്നവനാണ്‌ "അപന്തരതമസ്സ്‌".

ഭൂതഭവൃഭവിഷ്യജ്ഞനും, സത്യവാദിയും, ദൃഢവ്രതനുമായ അവന്‍ തല കുമ്പിട്ട്‌ നമിച്ചു നിൽക്കെ വേദാദ്യനും അവ്യയനുമായ ഭഗവാന്‍ പറഞ്ഞു: "അല്ലയോ മഹാമതേ! നി വേദാഖ്യാനത്തില്‍ ശ്രുതി നിര്‍മ്മിക്കണം. അതുകൊണ്ട്‌ ഹേ, മുനേ, നീ ഞാന്‍ കല്പിച്ചവിധം ചെയ്യുക!".

അവന്‍ നാരായണന്‍ പറഞ്ഞവിധം മനന്വന്തരത്തില്‍ വേദം പകുത്തു. ഈ കര്‍മ്മം കൊണ്ടു തന്നെ ഭഗവാന്‍ ഹരി അവനില്‍ പ്രസാദിച്ചു പറഞ്ഞു: "തപസ്സു കൊണ്ടും യമം കൊണ്ടും നിയമം കൊണ്ടും പുത്രാ, മമ്പന്തരം തോറും ഈ മട്ടില്‍ ഇത്തരത്തില്‍ നീ പ്രവര്‍ത്തിക്കും. അചലനായി അല്ലയോ ബ്രാഹ്മണാ, പിന്നെ കലിയുഗത്തിന്റെ ആരംഭത്തില്‍ ഭാരതരായ കുരുവംശജന്മാര്‍ മന്നില്‍ പുകഴ്ന്നവരായി ഉണ്ടാകും. നിന്നില്‍ നിന്നുണ്ടായ അവര്‍ക്ക്‌ കുലഭേദം ഭവിക്കും. അവ തമ്മില്‍ കലഹിച്ച്‌ ഒടുങ്ങും. നിന്നെ മാത്രം ആ നാശത്തില്‍ നിന്ന്‌ ഒഴിവാക്കും. അല്ലയോ ദ്വിജാ, അന്നും പലതരം വേദം തപസ്സില്‍ ലയിച്ച നീ വിഭജിക്കും. ആ ഇരുണ്ട കാലഘട്ടം വന്നാല്‍ കൃഷ്ണവര്‍ണ്ണനുമാകും. കൃഷ്ണനായി ഭഗവാന്‍ അവതരിക്കും. പല ധര്‍മ്മങ്ങളും ചെയ്യുന്ന ഭഗവാന്‍ ജ്ഞാനകാരിയുമാകും. തപസ്വിയായ അവന്‍ രാഗമുക്തനായി ഭവിക്കുകയില്ല. രാഗംവിട്ട നിന്റെ പുത്രന്‍ പരമാത്മാവുമാകും. മഹേശ്വരപ്രസാദം മൂലം എന്റെ ഈ മൊഴി മറിച്ചു വരികയില്ല.

ബാഹ്മണര്‍ ആരെയാണ്‌ ബ്രഹ്മാവിന്റെ മാനസ പുത്രനെന്നു പറയുന്ന്‌, പിതാമഹന്റെ ഉത്തമബുദ്ധിയില്‍ നിന്നുണ്ടായ അവന്‍ സൂര്യനേക്കാള്‍ ശോഭ വീശുന്നു. ആ വസിഷ്ഠ മഹര്‍ഷിയുടെ വംശത്തില്‍ പിറന്ന പരാശരന്‍ എന്ന മഹിത പ്രഭാവനായ മുനി വേദനിധിയും, പ്രശസ്തനും, മഹാതപസ്വിയും, തപോനിധിയുമായ ആ മഹര്‍ഷിക്ക്‌ ഒരു കന്യ കയില്‍, അവള്‍ പിതൃഗൃഹത്തില്‍ വസിക്കുന്ന കാലത്ത്‌, നീ പുത്രനായി പിറക്കും. .

ഭൂതഭവ്യഭവിഷ്യങ്ങള്‍ക്കെല്ലാം സംശയാതീതമായ ജ്ഞാനം, ആയിരം യുഗങ്ങള്‍ കഴിഞ്ഞതെല്ലാം, തപസ്സിന്റെ പ്രഭാവത്താല്‍ ഞാന്‍ തീര്‍ത്തതായ സകലതും നീ കാണും. അനേകം യുഗമാറ്റങ്ങളും ഭവാന്‍ കാണും. അനാദിനിധനനും, ചക്രിയുമായ എന്നേയും നീ കാണും മഹര്‍ഷേ! എന്റെ കാരുണ്യത്താല്‍ ഞാനീപ്പറയുന്ന എന്റെ മൊഴി മറിച്ചു വരികയില്ല. നീ മഹാസത്വനായിത്തീരും. നീ പുകഴ്ന്നവനാകും.

സൂര്യപുത്രനായ ശനി ഭൂമിയില്‍ മനുവായിപ്പിറക്കും. ആ മന്വന്തരത്തില്‍ മനു മുതലായ ഗുണപൂര്‍വ്വകന്‍ അല്ലയോ വത്സാ, എന്റെ പ്രസാദത്താല്‍ നീ തന്നെയായിത്തീരും. അതില്‍ സംശയിക്കേണ്ടതില്ല. ലോകത്തില്‍ എന്തൊക്കെ സംഭവിക്കുന്നുണ്ടോ, അതൊക്കെ ഞാന്‍ ചെയ്യുന്നതാണെന്നു ധരിച്ചു കൊളളുക. മറ്റുളളവരുടെ ചിന്തയും, അവരുടെ പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഞാന്‍ എന്തു വിചാരിക്കുന്നുവോ അതു നടപ്പാക്കും. ഇപ്രകാരം ഭഗവാന്‍ ഹരി അപാന്തരതമസ്സ്‌ എന്ന സാരസ്വതനോടു പറഞ്ഞു. "പോവുക ഞാന്‍ പറഞ്ഞത്‌ സാധിക്കും". ഇപ്രകാരം പറഞ്ഞു ഭഗവാന്‍ മറഞ്ഞു.

ഞാന്‍ ഹരിയുടെ. കല്പനയാല്‍ വീണ്ടും ജന്മമെടുത്ത അപാന്തരതമസ്സാണ്‌. ഞാന്‍ വീണ്ടും കൃഷ്ണദ്വൈപായനനായി വസിഷ്ഠന്റെ വംശത്തില്‍ വന്നു പിറന്നതാണ്‌. ഇപ്രകാരം എന്റെ പൂര്‍വ്വജന്മത്തെപ്പറ്റി നിങ്ങളോടു ഞാന്‍ പറഞ്ഞു. നാരായണാംശജനായി ഞാന്‍ നാരായണപ്രസാദ ത്താല്‍ ജന്മമെടുത്തവനാണ്‌. ബുദ്ധിമാന്മാരേ, പണ്ടു ഞാന്‍ ദാരുണമായ തപസ്സ്‌ മുഖ്യമായ സമാധിയോടെ ചെയ്തിട്ടുണ്ട്‌. എന്റെ വത്സന്മാരേ, ഭക്തന്മാരിലുളള സ്നേഹത്താല്‍ ഞാന്‍ കഴിഞ്ഞ ജന്മവും, ഭാവിജന്മവും നിങ്ങള്‍ ചോദിച്ച പ്രകാരം പറഞ്ഞുതന്നു.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ നമ്മുടെ ഗുരു തന്റെ മുമ്പത്തെ ജന്മത്തെപ്പറ്റി പറഞ്ഞു തന്നു രാജാവേ! ഇനിയും അദ്ദേഹത്തെപ്പറ്റി ഞാന്‍ പറയാം. പല തരത്തിലുളള മതങ്ങള്‍ നടപ്പുണ്ട്‌. രാജാവേ, അതിന് പല പേരുകള്‍ പറയുന്നു. സാംഖ്യം, യോഗം, പഞ്ചരാത്രം, വേദം, പാശുപതം എന്നിങ്ങനെ. പരമര്‍ഷിയായ കപിലനാണ്‌ സാംഖ്യയോഗത്തിന്റെ ഉപജ്ഞാതാവ്‌. ആ പുരാതനന്‍ ഹിരണൃഗര്‍ഭനായ യോഗജ്ഞന്‍ തന്നെയാണ്‌. അന്യനല്ല ആ പുരാതനന്‍. വേദാചാര്യനായവന്‍ അപാന്തരതമമസ്സ്‌ എന്ന ഋഷിയാണ്‌. "പ്രാചീനഗര്‍ഭന്‍" എന്ന്‌ ആ ഋഷിയെപ്പറ്റി ചിലര്‍ പറയുന്നു. ഉമാകാന്തനായ ഭൂതേശ്വരന്‍, ശ്രീകണ്ഠന്‍, ബ്രഹ്മനന്ദനന്‍, ശിവന്‍ എന്നൊക്കെ അറിയപ്പെടുന്ന മഹാദേവനാണ്‌ പാശുപതത്തിന്റെ ഉപജ്ഞാതാവ്‌. പഞ്ചരാത്രം മുഴുവനുമറിഞ്ഞവന്‍ ഭഗവാന്‍ തന്നെ! ഈ എല്ലാ ജ്ഞാനത്തിലും നാരായണനെ തന്നെയാണു കാണുന്നത്‌. എല്ലാം നാരായണനില്‍ ഉറപ്പിച്ചിരിക്കുന്നു. അല്ലയോ രാജാവേ, അജ്ഞാനത്താല്‍ ഇരുട്ടില്‍ പെട്ട ജനങ്ങള്‍ നാരായണനെ അറിയുന്നില്ല. ശാസ്ത്രകാരന്മാരായ മനീഷികള്‍ അവനെത്തന്നെയാണ്‌ സ്തുതിക്കുന്നത്‌. നാരായണനിലല്ലാതെ മറ്റൊന്നിലും നിഷ്ഠയില്ലെന്നാണ്‌ എന്റെ അഭിപ്രായം. സംശയം തീര്‍ന്ന ശാസ്ത്രത്തിലെല്ലാം ഹരി നിത്യസ്ഥനാകുന്നു. സന്നിഗ്ദ്ധ യുക്തിവാദങ്ങള്‍ തോറും മാധവന്‍ വാഴുന്നതല്ല. പഞ്ചരാത്രജ്ഞരും അപ്രകാരം ക്രമപാരഗന്മാരും ഏകാന്തഭാവം പ്രാപിച്ചവരും ഹരിയില്‍ ചെന്നെത്തുന്നതാണ്‌.

സാംഖ്യവും യോഗവും നിത്യമാണ്‌, നിലനില്ക്കുന്നതാണ്‌, സനാതനമാണ്‌, അവ്യയമാണ്‌. അപ്രകാരം തന്നെ എല്ലാ വേദങ്ങളും നാശരഹിതങ്ങളാണു രാജാവേ. ഋഷികള്‍ എല്ലാ നിദര്‍ശനങ്ങളിലും പറയുന്നു, ഈ വിശ്വം നാരായണനില്‍ ആദികാലം മുതല്‍ നിലനില്ക്കുന്നുവെന്ന്‌. ഏതു സല്‍പ്രവൃത്തിയും, ദുഷ്പ്രവൃത്തിയും, ഏതൊക്കെ വേദത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവോ, എന്തൊക്കെ ഭൂമിയിലും, സ്വര്‍ഗ്ഗത്തിലും, ആകാശത്തും, ജലത്തിലും, ഇടയിലും നടക്കുന്നുവോ, എല്ലാറ്റിന്നും കാരണമായി നില്ക്കുന്നതും, ഉത്ഭവിക്കുന്നതും പുരാണപുരുഷനായ നാരായണ ഋഷിയില്‍ നിന്നാകുന്നു.

അദ്ധ്യായം 351. നാരായണീയം - പാലാഴിയുടെ നടുവില്‍ വൈജയന്തഗിരിയില്‍ ബ്രഹ്മാവും രുദ്രനും എത്തുന്നു - ജനമേജയന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, പുരുഷന്‍ എന്നു പറയുന്നവന്‍ ഒരാള്‍ മാത്രമാണോ? അതോ അനവധിയുണ്ടോ പുരുഷന്മാര്‍? ഈ വിശ്വത്തില്‍ ആരാണ്‌ ശ്രേഷ്ഠനായ പുരുഷന്‍? എല്ലാ വസ്തുക്കളുടേയും ഉത്ഭവസ്ഥാനമെന്നു പറയുന്ന അത്‌ ഏതാണ്‌?

വൈശമ്പായനൻ പറഞ്ഞു: സാംഖ്യവും, യോഗവും പ്രകാരം നോക്കുകയാണെങ്കില്‍ വളരെ പുരുഷന്മാരെക്കാണാം. എന്നാല്‍ അതു സ്വീകാര്യമല്ല. പരമപുരുഷന്‍ ഒന്നു മാത്രമേയുള്ളു കുരുനന്ദനാ! വിശ്വപുരുഷന്‍ ഏകനാണ്‌. ഗുണം കൂടിയവനായ ആ പുരുഷനെപ്പറ്റി ഞാന്‍ വ്യാഖ്യാനിക്കാം.

വിജിതാത്മാവായ വ്യാസനെ നമസ്കരിച്ച്‌ തപസ്വിയും, ദാന്തനും, വന്ദ്യനുമായ ആ മുനിയെ നമസ്കരിച്ച്‌, ഞാന്‍ പുരുഷസൂക്തം, സര്‍വ്വവേദത്തിലും ഋതവും, സത്യവും, ബഹുഖ്യാതവും, ഋഷിസിംഹനാല്‍ വിചിന്തിതവുമായ പുരുഷസൂക്തം, സാമാന്യനിയമത്താലും, വൃതൃസ്തനിയമത്താലും (ഉത്സര്‍ഗ്ഗാപവാദങ്ങളാല്‍) കപിലാദികളായ മഹര്‍ഷിമാര്‍ നിര്‍മ്മിച്ച ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചതും, തേജോരാശിയായ ഭഗവാന്റെ പ്രസാദത്താല്‍ വ്യാസന്‍ രചിച്ചതുമായ പുരുഷസൂക്തം ഞാന്‍ ഇപ്പോള്‍ നിനക്കു പറഞ്ഞു തരാം.

ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ബ്രഹ്മാവും ത്ര്യംബകനുമായി (ശിവനുമായി) നടന്ന ഒരു സംഭാഷണമാണ്‌. പാലാഴിയുടെ മദ്ധ്യത്തിലായി സ്വര്‍ണ്ണപ്രഭ കലര്‍ന്ന വൈജയന്തം എന്നു പേരുള്ള ഒരു സുവര്‍ണ്ണ പര്‍വ്വതമുണ്ട്‌ രാജാവേ! അതില്‍ അദ്ധ്യാത്മഗതിയായി ഏകാകിയായി ബ്രഹ്മദേവന്‍ വൈരാജസദനത്തില്‍ നിന്നും പോന്ന്‌ അവിടെ ആ പര്‍വ്വതത്തില്‍ ചെന്നിരുന്ന്‌ ആദ്ധ്യാത്മിക ചിന്ത പൂണ്ടിരിക്കാറുണ്ട്‌. നാന്മുഖനായ ബ്രഹ്മാവ്‌ അവിടെ ഇരിക്കുമ്പോള്‍ അവന്റെ പുത്രനായ മഹാദേവന്‍, ബ്രഹ്മാവിന്റെ നെറ്റിയില്‍ നിന്നുത്ഭവിച്ചവനായ ശിവന്‍, തന്റെ ലോകയാത്രയില്‍ ആകാശത്തു കൂടെ പോകുമ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു. പിതാവായ ബ്രഹ്മാവിനെ കണ്ട്‌ ശിവന്‍ അടുത്തു ചെന്ന്‌ പാദത്തില്‍ കുമ്പിട്ടു. കാല്ക്കല്‍ വീണ പുത്രനെ തന്റെ ഇടംകൈ കൊണ്ടു പിടിച്ചെഴുന്നേല്പിച്ച്‌ ബ്രഹ്മാവ്‌ ചിരകാലമായി വേര്‍പെട്ടിരുന്ന പുത്രനോടു പറഞ്ഞു.

പിതാമഹന്‍ പറഞ്ഞു: അല്ലയോ മഹാബാഹോ, സ്വാഗതം! ഭാഗ്യത്താല്‍ നീ എന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. അല്ലയോ പുത്രാ! നിനക്കു സ്വാദ്ധ്യായത്തിലും തപസ്സിലും ക്ഷേമം തന്നെയല്ലേ? നീ നിത്യവും ഉഗ്രമായ തപസ്സു ചെയ്യുന്നുണ്ടല്ലോ. അതാണു ഞാന്‍ വീണ്ടും ചോദിക്കുന്നത്‌!

രുദ്രന്‍ പറഞ്ഞു: ഭഗവാനേ, അങ്ങയുടെ പ്രസാദ ത്താല്‍ സ്വാദ്ധ്യായത്തിലും തപസ്സിലും അവ്യയമായ ക്ഷേമം തന്നെയാണ്‌ എനിക്ക്‌. എല്ലാ ലോകത്തിലും എനിക്കു തുല്യമായ ക്ഷേമം തന്നെ. ഭഗവാനേ, ഞാന്‍ അന്ന്‌ അങ്ങയെ വൈരാജസദനത്തില്‍ (വിരാട്ടിന്റെ ഇരിപ്പിടത്തില്‍) കണ്ടു. ഭവാന്റെ തൃപ്പാദം വെച്ചിരിക്കുന്നതായിക്കണ്ട ഈ മലയിലേക്കു ഞാന്‍ ഇറങ്ങി വന്നു. അങ്ങയുടെ ഏകാന്ത ഗൃഹത്തില്‍ എനിക്കു വലിയ കൌതുകമുണ്ട്‌. അതിന്റെ കാരണവും ചെറുതല്ല പിതാമഹാ! എന്തുകൊണ്ടെന്നാല്‍ ആ ഗൃഹം ശ്രേഷ്ഠമാണ്‌. വിശപ്പും ദാഹവുമെന്നത്‌ അവിടെയില്ല. മഹാതേജസ്വികളായ ഋഷിമാരായ ദേവാസുരന്മാരും വാഴുന്നിടമാണത്‌. ഗന്ധര്‍വ്വരും, അപ്സരസ്ത്രീകളും എന്നും വസിക്കുന്ന ഇടമാണത്‌. ആ സ്ഥലംവിട്ട്‌ ഇവിടെ ഒറ്റയ്ക്കു വന്നിരിക്കുകയാണല്ലോ ഭവാന്‍.

ബ്രഹ്മാവു പറഞ്ഞു: ഞാന്‍ എന്നും ശ്രേഷ്ഠനായ വൈജയനാദ്രിയെ സേവിക്കുന്നുണ്ട്‌. ഞാന്‍ വിരാട് പുരുഷനെ ഇവിടെയിരുന്ന്‌ മനസ്സുറപ്പിച്ചു ധ്യാനിക്കുകയാണ്‌.

രുദ്രന്‍ പറഞ്ഞു: “അല്ലയോ ബ്രഹ്മാവേ, സ്വയംഭൂവായ ഭവാന്‍ പല പുരുഷന്മാരേയും കണ്ടിട്ടുണ്ടല്ലോ. അനൃപുരു ഷന്മാരെ ഈ പുരുഷന്‍ സുഷ്ടിക്കുകയും ചെയ്യുന്നു. ബ്രഹ്മാവേ, ഭവാന്‍ ഒറ്റയ്ക്കിരുന്ന്‌ ഏതു പുരുഷോത്തമനെയാണു ചിന്തിക്കുന്നത്‌” എന്റെ ഈ സംശയം തീര്‍ത്തു തന്നാലും. അതു കേള്‍ക്കുവാന്‍ എനിക്കു വലിയ കൗതുകമുണ്ട്‌.

ബ്രഹ്മാവു പറഞ്ഞു: ഉണ്ണീ, നീ വളരെ പുരുഷന്മാരെപ്പറ്റി സൂചിപ്പിച്ചുവല്ലോ. അങ്ങനെ ഇനി പാടില്ല. കഴിഞ്ഞതൊക്കെയാകട്ടെ! എന്നും അങ്ങനെ കാണരുത്‌. ഞാന്‍ നിന്നോടു പറയുന്നു ഏകപുരുഷനാണ്‌ എല്ലാറ്റിനും ആധാരമായിട്ടുളളത്‌. ആ ഏകപുരുഷനാണ്‌ അനേകം പുരുഷന്മാരുടെ ഉത്ഭവസ്ഥാനമായി പറയപ്പെടുന്നത്‌, അപ്രകാരം ആ പുരുഷനില്‍, മഹത്തായ വിശ്വമൂര്‍ത്തിയില്‍, സനാതനനായ നിര്‍ഗ്ഗുണനില്‍, നിര്‍ഗ്ഗുണരായവര്‍ (ഗുണങ്ങളെ വിട്ടവ൪) ചെന്നെത്തും.

അദ്ധ്യായം 352. നാരായണീയം - ബ്രഹ്മാവും രുദ്രനും നാരായണന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നു - ബ്രഹ്മാവു പറഞ്ഞു: അല്ലയോ പുത്രാ! നീ കേള്‍ക്കുക. ആ പുരു ഷന്‍ ശാശ്വതനാണ്‌, നാശമില്ലാത്തവനാണ്‌, അപ്രമേയനാണ്‌, അക്ഷരനാണ്‌, സര്‍വ്വവ്യാപിയാണ്‌ എന്നു നീ ധരിക്കുക. നിനക്കാകട്ടെ മറ്റുളളവര്‍ക്കാകട്ടെ അവനെ ശരിക്കും കാണുവാന്‍ പറ്റുകയില്ല. സഗുണര്‍ക്കും അഗുണര്‍ക്കും എല്ലായിടത്തും അവനെ ജ്ഞാനദൃഷ്ടി കൊണ്ടു കാണുവാന്‍ കഴിയും. ശരീരമില്ലാത്തവനായ അവന്‍ സര്‍വ്വ ശരീര ങ്ങളിലും വസിക്കുന്നു. ദേഹങ്ങളില്‍ അവന്‍ കുടികൊള്ളുന്നുണ്ടെങ്കിലും കര്‍മ്മവുമായി അവന്‍ ലേപനം ചെയ്യപ്പെടുന്നില്ല. കര്‍മ്മങ്ങളുടെ അശുദ്ധിയൊന്നും അവനെ ബാധിക്കുന്നില്ല. വിശ്വം അവന്റെ മൂര്‍ദ്ധാവാണ്‌. വിശ്വം അവന്റെ ഭുജമാണ്‌. വിശ്വം അവന്റെ പാദമാണ്‌. വിശ്വം അവന്റെ കണ്ണുകളാണ്‌. വിശ്വം അവന്റെ നാസികയാണ്‌.

ആ പുരുഷന്‍ സ്വൈരിയായി, അവന്‍ ഏകന്‍, ക്ഷേത്രങ്ങള്‍തോറും, സുഖമായി ചരിക്കുന്നു. ദേഹങ്ങളാണ്‌ ക്ഷേത്രങ്ങള്‍. ബീജമാണ്‌ ശുഭാശുഭങ്ങള്‍. (അതില്‍ നിന്നാണു ജന്മത്തിന്റെ ഉത്ഭവം). യോഗാത്മാവ്‌ അതറിയുന്നു. അതുകൊണ്ട്‌ അവനെ "ക്ഷ്രേതജ്ഞന്‍" എന്നു പറയുന്നു. ഭൂതങ്ങളാരും അവന്റെ വരവും പോക്കും കാണുന്നില്ല. സാംഖൃയോഗ വിധാനങ്ങള്‍ കൊണ്ട്‌ യഥാക്രമം അവന്റെ ഗതിയെപ്പറ്റിയോ അഗതിയെപ്പറ്റിയോ അറിയുന്നില്ല. ജനനമരണാദികളെപ്പറ്റി, ആ പരമാത്മാവ്‌ പ്രവേശിക്കുന്നതും, വിട്ടുപോകുന്നതും, പ്രവചിക്കുവാന്‍ ആരും ശക്തരല്ല. ഞാന്‍ അവന്റെ ഗതിയയെപ്പറ്റി ചിന്തിക്കുന്നു. എന്നാല്‍ എനിക്ക്‌ അവന്റെ ഗതിയെപ്പറ്റിയൊന്നും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. അറിഞ്ഞ വിധം ഞാന്‍ ആ ശാശ്വതനായ പുരുഷനെപ്പറ്റി, അവന്റെ മഹത്വവും, ഏകത്വവും എന്റെ പരിമിതമായ ജ്ഞാനം വെച്ചു ഞാന്‍ പറയാം.

ജ്ഞാനികള്‍ അവനെ ഏകപുരുഷന്‍ എന്നു പറയുന്നു. ആ ഒരു പുരുഷന്‍ തന്നെയാണ്‌ മഹാപുരുഷന്‍ എന്നു പറയുന്നത്‌. അഗ്നി എന്നത്‌ ഒരു ഭൂതമാണ്‌. എന്നാല്‍ അത്‌ അനേകായിരം സ്ഥാനങ്ങളില്‍, അനേകായിരം രൂപങ്ങളില്‍ പ്രകാശിക്കുന്നതായി കാണുന്നു, സൂര്യന്‍ ഒന്നേയുളളു. ഏകനാണ്‌, എന്നാല്‍ അവന്‍ എല്ലായിടത്തും പ്രപഞ്ചത്തിനെ കൈനീട്ടി എത്തുന്നുണ്ട്‌. തപസ്സ്‌ പല രൂപത്തി ലാണ്‌. എന്നാല്‍ അതിന്റെ പ്രഭവസ്ഥാനം ഒന്നു മാത്രമാണ്‌. വായു ഒന്നു മാത്രമേയുള്ളു. എന്നാല്‍ അതു ലോകത്തില്‍ പല രൂപത്തിലും വീശും. സമുദ്രം ഒന്നു മാത്രമാണ്‌ എല്ലാ ജലത്തിനും നായകത്വം വഹിച്ചിരിക്കുന്നത്‌. അതു പല രൂപത്തിലും നാം കാണുന്നു. (കുടത്തിലും കുളത്തിലുമെല്ലാം അതാതു രൂപത്തില്‍ കാണുന്നു). വിശ്വരൂപനും നിര്‍ഗ്ഗുണനുമായ പുരുഷന്‍ ഒന്നു മാത്രമേയുള്ളു. ഗുണങ്ങളെ വിട്ടു നില്ക്കുന്ന അവന്‍ അനന്തമായ വിശ്വത്തെ കാണിച്ചു തരുന്ന അനന്തരുപനാണ്‌. അവനില്‍ നിന്ന്‌ പ്രപഞ്ചം പുറത്തേക്കു നിര്‍ഗ്ഗമിക്കുന്നു. ആ പുരുഷനില്‍ത്തന്നെ എല്ലാ ഗുണങ്ങളും ചെന്നു ചേര്‍ന്ന്‌ പ്രളയ കാലത്തു ലയിക്കുന്നു. എല്ലാ ഗുണങ്ങളേയും വിടുക, എല്ലാ കര്‍മ്മങ്ങളുടെ ഫലത്തേയും വിടുക. എല്ലാ ശുഭവും അശുഭവും വിടുക, സത്യം അസത്യം എന്നീ എല്ലാ ദ്വന്ദ്വവും വിടുക. അപ്പോള്‍ നിര്‍ഗ്ഗുണനായി. ഗുണങ്ങളെ വിട്ടവനായി.

പുരുഷന് നാലു സൂക്ഷ്മരൂപങ്ങളുണ്ട്‌. അനിരുദ്ധന്‍, പ്രദ്യുമ്നന്‍, സങ്കര്‍ഷണന്‍, വാസുദേവന്‍ എന്നിവയാണ്‌ ആ രൂപങ്ങള്‍! അതു നല്ല വണ്ണം ചിന്തിച്ചറിഞ്ഞ്‌, ബന്ധം വിട്ടു ചുറ്റുന്നവര്‍ ശുഭനായ പുരുഷനില്‍ ചെന്നു ചേരും. ചില ജ്ഞാനികള്‍ അവനെപ്പറ്റി "അവന്‍ പരമാത്മാവ്‌" ആകുന്നു എന്നു പറയുന്നു. മറ്റു ചിലര്‍ പറയുന്നു അവന്‍ ഏകാത്മാവാണെന്ന്‌, മുന്നാമത്‌ ഒരുകൂട്ടര്‍ പറയുന്നു, അവന്‍ ആത്മാവാണെന്ന്‌. യോഗികള്‍ പരമാത്മാവെന്നു പറയുന്നു. യോഗികള്‍ രണ്ടുവിധം ആത്മാക്കളില്‍ വിശ്വസിക്കുന്നു. ജീവാത്മാവും പരമാത്മാവുമാണത്‌. അതില്‍ പ്രധാനപ്പെട്ടത്‌ പരമാത്മാവാണ്‌. സാംഖ്യന്മാര്‍ അങ്ങനെയല്ല. ജീവാത്മാവും പരമാത്മാവും എന്ന്‌ രണ്ടില്ല . ഒരേ ഒരു ആത്മാവു മാത്രമേയുള്ളു എന്നുമാണ്‌. മൂന്നാമത്തെ തരക്കാര്‍ എല്ലാറ്റിനേയും ആത്മാവായി കരുതുന്നു. അവരുടെ ദൃഷ്ടിയില്‍ ആത്മാവും അനന്തമായ വിശ്വവും തമ്മില്‍ യാതൊരതന്തരവുമില്ലെന്നാണ്‌. പരമാര്‍ത്ഥം ഇതാണ്‌; പരമാത്മാവ്‌ യാതൊരു ഗുണങ്ങളോടും ബന്ധപ്പെടാതെ നില്ക്കുന്നു എന്നുളളതാണ്‌. അവന്‍ നാരായണനാണ്‌. അവനാണ്‌ പ്രപഞ്ചത്തിന്റെ ആത്മാവ്‌, അവനാണ്‌ "ഏകപുരുഷന്‍". അവന്‍ യാതൊരുത്തന്റേയും യാതൊരു കര്‍മ്മമായും ബന്ധപ്പെടാതെ അവനില്‍ അധിവസിക്കുന്നു. താമരയിലയില്‍ ജലം നില്ക്കുന്നത് പോലെ അതുമായി ബന്ധപ്പെട്ടാലും താമരയിലയില്‍ ജലം പറ്റുന്നതല്ലല്ലൊ. അതുപോലെ പുണ്യപാപാദികളായ ഫലമൊന്നും പരമാത്മാവിനെ സ്പര്‍ശിക്കുകയില്ല. ആത്മാവു ചിലപ്പോള്‍ കര്‍മ്മത്തില്‍ പ്രവേശിക്കും. എന്നാല്‍ ആ കര്‍മ്മത്തിന്റെ ഫലത്തെ തള്ളിക്കളഞ്ഞാല്‍, അതില്‍ വിജയം പ്രാപിച്ചാല്‍,  നിര്‍മ്മമത്വം കൈവന്നാല്‍, അവന് മോക്ഷമായി. പരമാത്മാവുമായി ചേരുകയായി. അവന്‍ പതിനേഴു കൂട്ടങ്ങളോടു ചേരുന്നു. പല തരത്തിലുള്ള പുരുഷനെ ഞാന്‍ ക്രമപ്രകാരം പറഞ്ഞു തന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്‍ ഒന്നേയുള്ളു. അവനാണ്‌ എല്ലാ ലോകതന്ത്രത്തിന്നും ഇരിപ്പിടമായിട്ടുളളത്‌. വേദ്യവും, ബോദ്ധ്യവും ബോധീയനും ആയവന്‍ അവന്‍ തന്നെയാണ്‌. അറിയുന്നവനും അറിയേണ്ടവനും ഏറ്റവും വലിയ അറിവും അവന്‍ തന്നെയാണ്‌. ചിന്തിക്കുന്നവനും ചിന്ത്യവും അവന്‍ തന്നെയാണ്‌. ഭക്ഷണവും ഭക്ഷിക്കുന്നവനും അവന്‍ തന്നെ.ഘ്രാണവും ഘ്രാണിക്കുന്നവനും ഘ്രാണിക്കപ്പെടുന്നതും അവന്‍ തന്നെ. സ്പര്‍ശകനും സ്പര്‍ശനീയനും അവന്‍ തന്നെ. ദൃശ്യനും ദ്രഷ്ടാവും അവന്‍ തന്നെ. ശ്രാവ്യവും ശ്രവിതാവും അവന്‍ തന്നെ. ജേഞയവും ജ്ഞാതാവും അവന്‍ തന്നെ. ഗുണിയും നിര്‍ഗ്ഗുണനും അവന്‍ തന്നെ. ഉണ്ണീ, മുമ്പെ പറഞ്ഞിരുന്ന പ്രധാനനും, നിത്യവും ശാശ്വതവും അവ്യയവും ആയതെന്തോ അതും അവന്‍ തന്നെ. ധാതാവിന്ന്‌ ആദ്യമായ നിധാനമേതോ അത്‌ ദ്വിജന്മാര്‍ പറയുന്ന ആ അനിരുദ്ധനാകുന്നു. ലോകത്തില്‍ വൈദികമായ കര്‍മ്മം ചെയ്യുന്നതെന്താണോ, ആശിസ്സോടു കൂടിയ കര്‍മ്മമെന്താണോ, വേദശാസനമനുസരിച്ച്‌ ചെയ്യുന്നതെന്താണോ, അവ അവന്നായി ചെയ്യപ്പെടുന്നതാണ്‌.

എല്ലാ ദേവന്മാരും എല്ലാ ഋഷിമാരും എല്ലാ ശാന്താത്മാക്കളും അവ ന്നായി യജ്ഞം നടത്തുന്നു. ഞാന്‍ ബ്രഹ്മമാണ്‌, എല്ലാറ്റിന്റേയും സൃഷ്ടികര്‍ത്താവാണ്‌ ഞാന്‍. ആ ഞാന്‍ അവനില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌.. നിങ്ങളെല്ലാം ജന്മമെടുത്തത്‌ എന്നില്‍ നിന്നുമാണ്‌. എന്നില്‍ നിന്നാണ്‌ സകലചരാചരങ്ങളുമടങ്ങിയ വിശ്വം ഉത്ഭവിച്ചത്‌. രഹസ്യങ്ങളോടു കൂടിയ സകല വേദങ്ങളും എന്നില്‍ നിന്നുത്ഭവിച്ചു. നാലായിത്തന്നെ വിഭജിച്ച്‌ അനിരുദ്ധന്‍, പ്രദ്യുമ്നന്‍, സങ്കര്‍ഷണന്‍, വാസുദേവന്‍ എന്നീ നാലു രൂപത്തില്‍ അവന്‍ അവന്റെ ഇഷ്ടം പോലെ ക്രീഡിക്കുന്നു. ഇങ്ങനെ ആ ദിവ്യനായ പുരുഷന്‍, പ്രഭു, തന്റെ ജ്ഞാനത്തില്‍ നിന്നു തന്നെ ഉദിച്ചു പൊങ്ങി, ഇപ്രകാരം അല്ലയോ പുത്രാ, നിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞു. അല്ലയോ പുത്രാ, നിന്റെ ചോദ്യത്തിന് അനുസരിച്ചുള്ള മറുപടി യോഗത്തിനും സാംഖ്യത്തിന്നുമുള്ള വഴിപോലെ ഞാന്‍ പറഞ്ഞു.

അദ്ധ്യായം 353. ഉഞ്ഛവൃത്യൂപാഖ്യാനം - നാരദന്‍ ഇന്ദ്രനോട്‌ പറയുന്നു ഉഞ്ഛവൃത്തിയായ ബ്രാഹ്മണന്റെ കഥ - സൂതന്‍ പറഞ്ഞു: വൈശമ്പായനൻ ജനമേജയനോട്‌ നാരായണന്റെ മഹത്വം വിസ്തരിച്ചു പറഞ്ഞതിന് ശേഷം, യുധിഷ്ഠിരന്റെ മറ്റൊരു ചോദ്യത്തിനു ഭീഷ്മൻ, പാണ്ഡവന്മാരായ മറ്റു സഹോദരന്മാരും ഋഷിമാരും കൃഷ്ണ നും സമീപത്തുണ്ടായിരുന്ന സമയത്ത്‌ മറുപടി പറഞ്ഞ കാര്യം പറഞ്ഞു. വൈശമ്പായനൻ കഥ തുടര്‍ന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! മോക്ഷധര്‍മ്മാശ്രിത ധര്‍മ്മങ്ങളൊക്കെ അങ്ങ്‌ പറഞ്ഞു. ഇനി ശ്രേഷ്ഠരായ ആശ്രമികള്‍ക്കുള്ള ധര്‍മ്മവും അങ്ങ്‌ പറയണേ.

ഭീഷ്മൻ പറഞ്ഞു - എല്ലാ ആശ്രമധര്‍മ്മങ്ങളും അതിന്റെ വഴിപോലെ അനുഷ്ഠിക്കുകയാണെങ്കില്‍ അതിന്റെ ഫലം സത്യത്തിന്റെ ഫലംതന്നെ. എല്ലാം സ്വര്‍ഗ്ഗത്തിന്നും മോക്ഷത്തിന്നുമുളളത് തന്നെ. പല വാതിലുകളും മാര്‍ഗ്ഗങ്ങളും ഉളള ധര്‍മ്മത്തിന് ക്രിയ ഒരിക്കലും പാഴായിപ്പോവുകയില്ല. ഏതേതു വിഷയത്തില്‍ ഏതേതു പുരുഷന്‍ നിശ്ചയത്തിലെത്തുന്നുവോ, അവന്‍ അത്‌ അറിയും, മറ്റൊന്നും അറിയുകയില്ല ഭാരതാ! അതുകൊണ്ട്‌ ഹേ ഭാരതശ്രേഷ്ഠാ, ഞാന്‍ ഈ പറയുന്ന കഥ നീ മനസ്സിരുത്തി കേള്‍ക്കുക! ഇതു പണ്ട്‌ നാരദമഹര്‍ഷി ദേവേന്ദ്രനോടു പറഞ്ഞതാണ്‌. പണ്ടു മഹര്‍ഷിയായ നാദരന്‍, ത്രൈലോക്യ സമ്മതനായ സിദ്ധന്‍, യാതൊരു തടസ്സവും കൂടാതെ സകല ലോകത്തും ചുറ്റി സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ആ മഹര്‍ഷി ഒരു ദിവസം രാജാവേ, ഇന്ദ്രന്റെ മന്ദിരത്തില്‍ ചെന്നെത്തി. ഇന്ദ്രന്റെ സല്‍ക്കാരം സ്വീകരിച്ച്‌ അവന്‍ അരികെ ഇരുന്നു.

അങ്ങനെ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ശചീപതിയായ ഇന്ദ്രന്‍ ചോദിച്ചു: അല്ലയോ മഹര്‍ഷേ, അങ്ങ്‌ മൂന്നു ലോകവും ചുറ്റിസഞ്ചരിക്കുന്നതിന്നിടയില്‍ ആശ്ചര്യകരമായി കണ്ടതു വല്ലതുമുണ്ടെങ്കില്‍ പറയുക. എന്നും വലിയ കൌതുകത്തോടെ സിദ്ധനായ ഭവാന്‍ ഒരു സാക്ഷിയെന്ന മട്ടില്‍ സര്‍വ്വവും നോക്കിക്കാണുന്നുണ്ടല്ലോ. അല്ലയോ മഹര്‍ഷേ, അങ്ങ്‌ അറിയാത്തതായി ഒന്നും ലോകത്തില്‍ ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം. അങ്ങ്‌ ഈ യാത്രയ്ക്കിടയില്‍ കേട്ടതും, കണ്ടതും, അനുഭവിച്ചതും എന്തൊക്കെയാണെന്നു പറയണേ, അനഘാശയാ!

ഇന്ദ്രന്റെ ചോദ്യം കേട്ടപ്പോള്‍ വാഗിയായ നാരദന്‍ കഥ കേള്‍ക്കുവാന്‍ തയ്യാറായി, സന്നദ്ധനായിരിക്കുന്ന ദേവേന്ദ്രനോട്‌ ഈ മഹത്തായ കഥ പറഞ്ഞു. എപ്രകാരമാണ്‌ നാരദന്‍ ഇന്ദ്രനോടു കഥ പറഞ്ഞത്‌, അപ്രകാരം ഞാന്‍ ആ കഥ നിന്നോട്‌ പറയാം. നീ കേട്ടുകൊള്ളുക.

അദ്ധ്യായം 354. ഉഞ്ഛവൃത്യുപാഖ്യാനം - ഒരു അതിഥി ബ്രാഹ്മണന്റെ അടുത്തെത്തുന്നു - ഭീഷ്മൻ പറഞ്ഞു: പണ്ട്‌ മഹാപഞ്ചപുരത്തില്‍, ഗംഗാനദിയുടെ തെക്കേക്കരയിലായി, സമാഹിതനായ ഒരു ബ്രാഹ്മണന്‍ എല്ലാവിധത്തിലും ആദരണീയനായിരുന്നു. സൌമ്യനും സോമവംശ്യനും, വേദാഭ്യാസം ചെയ്ത്‌ സംശയങ്ങള്‍ തീര്‍ന്നവനും, സത്യധര്‍മ്മിഷ്ഠനും, ക്രോധം ജയിച്ചവനും, നിതൃതൃപ്തനും, ജിതേന്ദ്രയനും, തപസ്സിലും സ്വാദ്ധ്യായത്തിലും നിരതനും, സത്യവാനും, സജ്ജനസമ്മതനുമായ ആ ബ്രാഹ്മണന്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ ലഭിച്ച ധനത്തോടും നല്ല സ്വഭാവത്തോടും കൂടി അവിടെ വസിച്ചു.

ആ ബ്രാഹ്മണന് ജ്ഞാതികളും സംബന്ധികളും വര്‍ദ്ധിച്ചു. പുത്രന്മാരോടും പുത്രഭാര്യമാരോടും കൂടിയവനും കുലത്തില്‍ പ്രസിദ്ധനുമായ അവന്‍ മുഖ്യമായ വൃത്തി നേടി.

കുലധര്‍മ്മാശ്രിതനായ അവന്‍ വളരെ പുത്രന്മാരുണ്ടായി. അവന്‍ ധര്‍മ്മപ്രകാരമുളള. കുലത്തൊഴില്‍ സ്വീകരിച്ച്‌ ധര്‍മ്മചര്യയില്‍ വാണു. പിന്നെ, വേദോക്തമായ കര്‍മ്മവും, ശാസ്ത്രോക്തമായ കര്‍മ്മവും, ശിഷ്ടന്മാര്‍ ചെയ്തു വരുന്ന കര്‍മ്മവും - ഇങ്ങനെ മൂന്നു വിധം കര്‍മ്മവും അവന്‍ ചിത്തത്തില്‍ ഓര്‍ത്തു. എന്തു ശുഭമാണ്‌ ഞാന്‍ ചെയ്ത കര്‍മ്മത്തില്‍ നിന്ന്‌ എനിക്കു ലഭിക്കുക. എന്താണ്‌ എനിക്കാശ്രയം? എന്ന്‌ അവന്‍ ഒരു തീര്‍പ്പും മനസ്സില്‍ ലഭിക്കാതെ ദുഃഖിക്കുവാന്‍ തുടങ്ങി. അങ്ങനെ അവന്‍ വൃസനിച്ചു വസിക്കുന്ന കാലത്ത്‌ ധര്‍മ്മിഷ്ഠനും സുസമാഹിതനുമായ ഒരു ബ്രാഹ്മണന്‍ അതിഥിയായി അവന്റെ അടുത്തെത്തി. അവനെ യഥോചിതം ആ ബ്രഹ്മണന്‍ സല്‍ക്കരിച്ചു. അവന്‍ സല്‍ക്കാരമേറ്റ്‌ തളര്‍ച്ച തീര്‍ന്നു വസിക്കുമ്പോള്‍ അവനോട്‌ ബ്രാഹ്മണന്‍ പറഞ്ഞു.

അദ്ധ്യായം 355. ഉഞ്ഛവൃത്യുപാഖ്യാനം - സ്വര്‍ഗ്ഗത്തിലേക്കുള്ള പല മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതിഥി പറയുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ അനഘാശയാ, അങ്ങയുടെ നല്ല വാക്കിനാല്‍ ഞാന്‍ അഭിമാനിതനായിരിക്കുന്നു. അങ്ങ്‌ എന്റെ മിത്രമായിത്തീര്‍ന്നു. ഞാന്‍ പറയുന്നതിനെ ഭവാന്‍ കേള്‍ക്കുക. ഞാന്‍ നല്ല കാര്യം നിന്നോടു പറയാം. അല്ലയോ വിപ്രാ! ഞാന്‍ പുത്രന്‍ ലഭിക്കുന്ന വിധമുളള ഗൃഹസ്ഥാശ്രമം അനുഷ്ഠിച്ചു. ഇനി അവനെ കാര്യങ്ങളേല്ലിച്ചു ഞാന്‍ പരമമായ ധര്‍മ്മം അനുഷ്ഠിക്കുവാന്‍ വിചാരിക്കുകയാണ്‌. ആത്മാവില്‍ ആത്മാവിനെച്ചേര്‍ത്ത്‌ ഒറ്റയ്ക്കാക്കി ഇരിക്കുവാനാഗ്രഹിക്കുകയാണ്‌. സാധാരണ ഗുണങ്ങളില്‍ ബന്ധം ഇച്ഛിക്കുന്നില്ല. ഈ പുത്രന് ഫലമാകുന്ന യൗവനം തീരുമ്പോള്‍ ഞാന്‍ പരലോകത്തേക്കുള്ള പാഥേയം (വഴിച്ചോറ്‌) എടുക്കുവാനാശിക്കുകയാണ്‌! ഈ ലോകസംസാര മറുകര ഞാന്‍ കാംക്ഷിച്ചിരിക്കെ എനിക്ക്‌ ഈ ധര്‍മ്മബുദ്ധിയാകുന്ന തോണി എന്നു ലഭി ക്കും? കര്‍മ്മഫലം ദേവന്മാര്‍ക്കു പോലും അനുഭവിക്കാതെ തരമില്ലെന്നറിഞ്ഞും, യമന്റെ ധ്വജം തലയ്ക്കു മുകളില്‍ പറക്കുന്നതു മനസ്സിലാക്കിയും എന്റെ മനസ്സ്‌ ലോകത്തിലെ സുഖങ്ങളില്‍ ചേരുന്നില്ല. ഭോഗത്തില്‍ എന്റെ ബുദ്ധി രമിക്കുന്നില്ല. സ്വര്‍ഗ്ഗകാര്യത്തിന് യതികള്‍ ചിന്തിക്കുന്നതിനെ കണ്ട്‌ എനിക്കു ഭോഗത്തില്‍ മനസ്സു ചെല്ലുന്നില്ല. അല്ലയോ അതിഥേ, ബുദ്ധിയിലും ന്യായപ്രകാരമുളള കാരണങ്ങളിലും അധിഷ്ഠിതമായ ധര്‍മ്മത്തിന്റെ സഹായത്തോടെ എന്നെ ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ കൊണ്ടുപോയാലും.

ഭീഷ്മൻ പറഞ്ഞു: ധര്‍മ്മം ആഗ്രഹിക്കുന്ന ആ ബ്രാഹ്മണന്‍, അതിഥി പറഞ്ഞതു കേട്ട്‌ പ്രാജ്ഞനായ അവന്‍, ഇപ്രകാരം മൃദുവും മധുരവുമായ വാക്കുകൊണ്ട്‌ ഉത്തരം പറഞ്ഞു.

അതിഥി പറഞ്ഞു: അല്ലയോ സുഹൃത്തേ! എന്റെ മനസ്സും അത്തരത്തില്‍ തന്നെയാണ്‌. ഞാനും വ്യാമോഹിക്കുന്നു. എന്റെ മനോരാജ്യവും അപ്രകാരം തന്നെയാണ്‌. ഞാനും ഒരു തീര്‍പ്പിലും എത്തുന്നില്ല. സ്വര്‍ഗ്ഗത്തിന് വാതില്‍ ഒന്നല്ല. പല വാതിലുമുണ്ട്‌. ചിലര്‍ മോക്ഷത്തെ പുകഴ്ത്തുന്നു. ചില ദ്വിജന്മാര്‍ യജ്ഞഫലത്തെ പുകഴ്ത്തു ന്നു. ചിലര്‍ വാനപ്രസ്ഥത്തെ പ്രശംസിക്കുന്നു. ചിലര്‍ ഗാര്‍ഹസ്ഥ്യത്തെ പുകഴ്ത്തുന്നു. രാജധര്‍മ്മത്തെ ചിലര്‍ പ്രശംസിക്കുന്നു. ചിലര്‍ ആത്മഫലത്തെ ആശ്രയിക്കുന്നു. ഗുരു ധര്‍മ്മത്തെ ചിലര്‍ പുകഴ്ത്തുന്നു. ചിലര്‍ വാക്കിനെ അടക്കി മൗനം ആചരിക്കുന്നു.

ചിലര്‍ അച്ഛനമ്മമാരെ ശുശ്രൂഷിച്ചു സ്വര്‍ഗ്ഗലോകം നേടിയിട്ടുണ്ട്‌. ചിലര്‍ അഹിംസയാലും, ചിലര്‍ സന്ന്യാസത്താലും സ്വര്‍ഗ്ഗം നേടി. ചിലര്‍ യുദ്ധത്തില്‍ നേരിട്ടേറ്റു മരിച്ച്‌ സ്വര്‍ഗ്ഗം നേടിയിട്ടുണ്ട്‌. ചിലര്‍ ഉഞ്ഛവൃത്തി കൊണ്ട്‌ സ്വര്‍ഗ്ഗം നേടി. ചിലര്‍ വേദാദ്ധ്യയനം മൂലം വേദവ്രതന്മാരായി, നല്പവരായി സ്വര്‍ഗ്ഗം പ്രാപിച്ചു. ചില ബുദ്ധിമാന്മാര്‍ ജിതേന്ദ്രിയരായി, തുഷ്ടാത്മാക്കളായി സ്വര്‍ഗ്ഗം പ്രാപിച്ചു. ആര്‍ജജവമുളള മറ്റു ചിലര്‍ നിരാശ്രയരായി ക്രൂരന്മാരാല്‍ വധി ക്കപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ കയറി. ഇപ്രകാരം തുറന്നു കിടക്കുന്ന സ്വര്‍ഗ്ഗത്തിന്റെ വാതിലില്‍ക്കൂടി പുണ്യാത്മാക്കള്‍ പ്രവേശിച്ചതു കേട്ട്‌ എന്റെ മനസ്സ്‌ കാറ്റില്‍പ്പെട്ട കാര്‍മേഘം പോലെ അസ്വസ്ഥമായി ഉഴറുന്നു.

അദ്ധ്യായം 356. ഉഞ്ഛവൃത്യുപാഖ്യാനം - നാഗപുരത്തില്‍ വസിക്കുന്ന പത്മനാഭനെ ചെന്നു കാണുവാന്‍ അതിഥി ബ്രാഹ്മണനോട്‌ പറയുന്നു - അതിഥി പറഞ്ഞു: അല്ലയോ വിപ്രാ, ഞാന്‍ അങ്ങയ്ക്ക്‌ വേണ്ടതായ ഉപദേശം യഥാക്രമം നല്കാം. എന്റെ ഗുരുനാഥന്‍ പറഞ്ഞു തന്ന അര്‍ത്ഥതത്വം ഞാന്‍ പറയാം. അതു നീ കേട്ടു ധരിക്കുക. പണ്ടത്തെ സൃഷ്ടിയില്‍ ധര്‍മ്മചക്രം നടത്തുന്ന ഇടത്ത്‌, ഗൌാതമീ നദീതീരത്ത്‌, നൈമിഷം എന്ന സ്ഥലത്ത്‌ നാഗപുരം എന്ന പട്ടണമുണ്ട്‌. അവിടെ ദേവന്മാര്‍ ഒത്തുചേര്‍ന്ന്‌ യാഗങ്ങള്‍ കഴിച്ചിട്ടുണ്ട്‌. അല്ലയോ ദ്വിജോത്തമാ! അവിടെ ഇന്ദ്രനേക്കാള്‍ മെച്ചപ്പെട്ടവനായി മാന്ധാതാവ്‌ എന്ന രാജാവു വാണു. അവിടെ ഇപ്പോള്‍ സര്‍പ്പപത്മന്‍ എന്നു പ്രസിദ്ധ നായ പത്മനാഭന്‍ വസിക്കുന്നുണ്ട്‌. അവന്‍ വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും, മനസ്സുകൊണ്ടും ഭൂതജാലങ്ങളെ പ്രസാദിപ്പിച്ച്‌ മൂന്നു മാര്‍ഗ്ഗത്തെ അവലംബിച്ചു നിൽക്കുന്നു. സാമം, ദാനം, ഭേദം, ദണ്ഡം ഈ നാലുപായങ്ങളാലും പ്രജകളെ രക്ഷിക്കുന്നു. ചക്ഷുര്‍ദ്ധ്യാനംകൊണ്ട്‌ സമസ്ഥരേയും വിഷമസ്ഥരേയും പാലിക്കുന്നു. അവന്റെ അടുത്തു ചെന്ന്‌ വിധി പ്രകാരം കാംക്ഷിതം ആവശ്യപ്പെട്ടു കൊളളുക. അവന്‍ പാഴിലാകാത്ത പരമമായ ധര്‍മ്മം നിനക്ക്‌ വൃക്തമാക്കി ത്തരും. ആ സര്‍പ്പം സര്‍വ്വരുടേയും അതിഥിയാണ്‌. ബുദ്ധിമാനാണ്‌, ശാസ്ത്രകോവിദനുമാണ്‌. ആഗ്രഹിക്കത്തക്ക ഗുണഗണങ്ങള്‍ തികഞ്ഞവനാണ്‌. പ്രകൃത്യാ നിത്യസലിലനാണ്‌. ജലത്തില്‍ ഇറങ്ങി കുളിച്ചു നമസ്കരിക്കും. നിതൃവും വേദങ്ങള്‍ ഉരുവിടും. അതില്‍ അവന്‍ തല്‍പരനാണ്‌. ദമം, തമസ്സ്‌ ഇവയില്‍ ശ്രദ്ധാലുവാണ്‌. സ്വഭാവം ഒന്നാന്തരമാണ്‌. യജ്വാവാണ്‌. ദാനങ്ങള്‍ ചെയ്യുന്നവനാണ്‌. ക്ഷമാവാനാണ്‌. പരമമായ വൃത്തം ചേര്‍ന്നവനാണ്‌. അസൂയയില്ലാത്തവനും സത്യവാദിയുമാണ്‌. ശീലവാനാണ്‌. വിജിതേന്ദ്രിയനാണ്‌.

വിഘസം മാത്രം അശിക്കും. (അതിഥി സല്‍ക്കാരം ചെയ്തേ ഉണ്ണുകയുളളു). പറഞ്ഞ വാക്കു പാലിക്കും. ഹിതമായതേ നേടൂ. ആര്‍ജ്ജവമുളളവനും ഉൽക്കടമായ പരാവരജ്ഞാനം നേടിയവനുമാണ്‌. വൈരികള്‍ അവന്നില്ല. സര്‍വ്വഭൂതങ്ങളിലും അനുകമ്പയുളളവനാണ്‌. എല്ലാ ഭൂതങ്ങള്‍ക്കും ഗുണം ചെയ്യുന്നവനാണ്‌. ഗംഗാജലം പോലെ പരിശുദ്ധമായ ഒരു വംശത്തില്‍ ജനിച്ചവനുമാണ്‌.

അദ്ധ്യായം 357. ഉഞ്ഛവ്യത്യുപാഖ്യാനം - ബ്രാഹ്മണന്‍ നാഗേന്ദ്രഗൃഹത്തിലേക്ക്‌ പോകുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: - എടുക്കാന്‍ വയ്യാത്ത ചുമട്‌ തലയില്‍ നിന്നിറക്കി വെച്ചവനെപ്പോലെ വലിയ ആശ്വാസം എനിക്ക്‌ അങ്ങയുടെ വാക്കു കേട്ടിട്ടു തോന്നുന്നു. നടന്നുഴന്നവന്നു മെത്ത വിരി ച്ചു കൊടുത്തമാതിരി, നിന്നുഴന്നു വന്നു പീഠം നല്കിയ മാതിരി, ദാഹിച്ചുഴന്നവന്ന്‌ ശുദ്ധജലം നല്കിയ മാതിരി സമയത്തിന്‌, വിശന്നുഴന്നവന്‌ സുഖമായ ഊണു കൊടുത്ത മാതിരി, തക്കസമയത്ത്‌, ലഭിച്ച ഇഷ്ടഭോജനം എന്ന മാതിരി, സന്താനം ലഭിക്കുവാന്‍ കൊതിച്ചിരിക്കുന്ന വൃദ്ധന് ഭാര്യ പുത്രനെ പ്രസവിച്ച മാതിരി, നഷ്ടപ്പെട്ട ബന്ധുവിനെ യദൃശ്ചയാ കണ്ടെത്തിയ മാതിരി, ഭവാന്‍ പറഞ്ഞ വാക്ക്‌ എന്നെ എന്തു മാത്രം സന്തോഷിപ്പിച്ചിരിക്കുന്നു എന്നറിയുന്നുണ്ടോ? കണ്ണ്‌ മേലോട്ടു തിരിച്ച്‌ ആകാശത്തില്‍ നോക്കുന്നത് പോലെ ഞാന്‍ നോക്കുന്നു. പ്രജ്ഞാന വാക്കുകള്‍ പറഞ്ഞ്‌ എന്നെ ഭവാന്‍ ഉപദേശിച്ചു. ഇന്നു സുഖമായി ഇവിടെ വസിച്ച്‌ ആശ്വസിച്ച്‌ പുലര്‍ച്ചെ നീ പോയാലും. ഇതാ സൂര്യന്‍ രശ്മി കുറഞ്ഞ്‌ താഴ്ന്നു പോയിരിക്കുന്നു. സൂര്യന്‍ അസ്ധമിച്ചു.

ഭീഷ്മൻ പറഞ്ഞു: അല്ലയോ ശത്രുനിഷൂദനാ! അപ്രകാരം അവന്‍ അതിഥിയെ സൽക്കരിച്ചു. ആ രാത്രി അവന്‍ അവിടെ ആ ബ്രാഹ്മണനോടൊത്തു വസിച്ചു. നാലാമത്തെ ധര്‍മ്മത്തെപ്പറ്റി, സന്ന്യാസാശ്രമത്തെപ്പറ്റി അന്നു രാത്രി അവര്‍ തമ്മില്‍ സംസാരിച്ചു കിടന്നു. അങ്ങനെ ആ രാത്രി കഴിഞ്ഞത്‌ അവര്‍ അറിഞ്ഞില്ല. സുഖമായി പകല്‍പോലെ ആ രാത്രി കഴിഞ്ഞു.

പിന്നെ പുലര്‍ച്ചയ്ക്ക്‌ അതിഥി പൂജിതനായി. സ്വന്തം കാര്യം കാംക്ഷിക്കുന്ന ഗൃഹസ്ഥനായ ബ്രാഹ്മണനാല്‍ ആദരവോടെ അതിഥി സല്‍കൃതനായി. അതിഥിയെ പറഞ്ഞു വിട്ടതിന് ശേഷം ആ ബ്രാഹ്മണന്‍ കാര്യാര്‍ത്ഥമായി അവന്റെ ബന്ധപ്പെട്ടവരെയെല്ലാം വിട്ട്‌ ആ നാഗേന്ദ്രന്‍ വാഴുന്ന പുരത്തിലേക്കു മനസ്സിലെ കാര്യം മാത്രം ചിന്തിച്ചുകൊണ്ട്‌, പുറപ്പെട്ടു.

അദ്ധ്യായം 358. ഉഞ്ഛവൃത്യുപാഖ്യാനം - നാഗപത്നിയുടെ സല്‍ക്കാരം സ്വീകരിച്ച്‌ ബ്രാഹ്മണന്‍ ഗോമതീതീരത്ത്‌ വിശ്രമിക്കുന്നു - ഭീഷ്മൻ പറഞ്ഞു: വിചിത്രമായ വനങ്ങള്‍, മനോഹരമായ പുണൃതീര്‍ത്ഥങ്ങള്‍, സരസ്സുകള്‍, ഇവയൊക്കെ കടന്നു പോന്ന്‌ ആ ബ്രാഹ്മണന്‍ ഒരു മുനീന്ദ്രനെ കണ്ടെത്തി. അവനോട്‌ ആ ബ്രാഹ്മണന്‍ ആ ഫണീന്ദ്രനെപ്പറ്റി അന്വേഷിച്ചു. ആ മഹര്‍ഷി കാണിച്ചു കൊടുത്ത വഴിയിലൂടെ പോയി. അര്‍ത്ഥജ്ഞനായ അവന്‍ നാഗത്തിന്റെ ഗൃഹത്തിലെത്തി. അവന്‍  "ഭോ" എന്ന ശബ്ദത്തോടെ "ഇതാ ഒരു ബ്രാഹ്മണന്‍ വന്നിരിക്കുന്നു" എന്നറിയിച്ചു. അവന്റെ വാക്കു കേട്ട്‌ ധര്‍മ്മവത്സല രൂപിണിയും പതിവ്രതയുമായ നാഗപത്നി പുറത്തു വന്നു. ബ്രാഹ്മണനെ കണ്ട്‌ വിധി പോലെ ആ ധര്‍മ്മവത്സല ബ്രാഹ്മണനെ പൂജിച്ചു. സ്വാഗതം പറഞ്ഞ്‌ അവള്‍ "ഞാന്‍ അങ്ങയ്ക്ക്‌ എന്തു ചെയ്യണമെന്നു പറയണേ!" എന്നപേക്ഷിച്ചു.

ബ്രാഹ്മണന്‍ പറഞ്ഞു: വിശ്രാന്തനായ ഞാന്‍ ഭവതിയുടെ മൊഴിയാല്‍ അര്‍ച്ചിതനായിരിക്കുന്നു. അല്ലയോ മഹതീ, ഞാന്‍ ദേവനായ നാഗമുഖ്യനെ കാണുവാന്‍ ആഗ്രഹി ക്കുന്നു. ഞാന്‍ ഇവിടെ വന്നതിന്റെ പ്രധാനകാര്യം അതാണ്‌. എന്റെ ആഗ്രഹം അതാണ്‌. ഈ കാര്യത്തിനായി വളരെ ദൂരത്തു നിന്നു നടന്ന്‌ ഈ നാഗഗൃഹത്തില്‍ എത്തിയിരിക്കുകയാണ്‌ ഞാന്‍.

നാഗഭാര്യ പറഞ്ഞു:  അല്ലയോ ആര്യബ്രാഹ്മണാ, എന്റെ ഭര്‍ത്താവ്‌ സൂര്യരഥം വഹിക്കുവാന്‍ ഒരു മാസത്തേക്കു പോയിരിക്കുകയാണ്‌. ഏഴെട്ടു ദിവസങ്ങള്‍ക്കുളളില്‍ അദ്ദേഹം മടങ്ങിയെത്തും. അതില്‍ യാതൊരു സംശയവുമില്ല. ഇതാണ്‌ ഭര്‍ത്താവില്ലാതെ ഞാന്‍ ഏകാകിനിയായി ഇവിടെ വസിക്കുന്നതിന്റെ കാരണം. അങ്ങയ്ക്കു മനസ്സിലായിരിക്കുമല്ലോ. ഞാന്‍ ഈ സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ അരുളിയാലും!

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ സാധ്വി, ഞാന്‍ ഭവതിയുടെ ഭര്‍ത്താവിനെ കാണണമെന്ന ആഗ്രഹത്തോടെ വന്നിരിക്കയാണ്‌. അദ്ദേഹത്തിന്റെ വരവു കാത്ത്‌ ഞാന്‍ വനത്തില്‍ ചെന്നിരിക്കാം. അദ്ദേഹം വന്നാലുടനെ ഞാന്‍ ഇവിടെ വന്നതും, കാട്ടില്‍ കാത്തിരിക്കുന്നതും, നേരെ ചെല്ലേണ്ടതായ കാര്യവും നീ അറിയിക്കണം. ഞാന്‍ ഗോമതീ നദിയുടെ മണല്‍ത്തിട്ടില്‍ മിതമായ ആഹാരം കഴിച്ച്‌ പറഞ്ഞ കാലവും കാത്ത്‌ ഇരിക്കാം.

ഇപ്രകാരം ആ ബ്രാഹ്മണന്‍ ആ നാഗിയെ കാര്യം പറഞ്ഞേല്ലിച്ച്‌ ആ നദിയുടെ മണല്‍ത്തിട്ടിലേക്കു പോയി.

അദ്ധ്യായം 359. ഉഞ്ഛവ്യത്യുപാഖ്യാനം - നാഗേന്ദ്ര ദര്‍ശനത്തിന് ബ്രാഹ്മണന്‍ തപസ്സു ചെയ്യുന്നു - ഭീഷ്മൻ പറഞ്ഞു; പിന്നെ തപസ്വിയായ ആ ബ്രാഹ്മണന്‍ ഉണ്ണാതെ മണല്‍ത്തിട്ടില്‍ നിശ്ചലനായിരിക്കുന്നതു കണ്ട്‌ ആ ഭൂജംഗമങ്ങള്‍ (നാഗങ്ങൾ) ദുഃഖിച്ചു. ആ നാഗേന്ദ്രന്റെ ബന്ധുക്കള്‍ ഒന്നിച്ചു കൂടി. ഭാര്യയും പുത്രന്മാരും ബന്ധുജനങ്ങളുമെല്ലാം ആ ബ്രാഹ്മണന്റെ അടുത്തേക്കു നടന്നു. അവര്‍ വിജനമായ പുളിനത്തില്‍ നിയതവ്രതനായി നിരാഹാരമനുഷ്ഠിച്ചു ജപിച്ചു കൊണ്ടിരിക്കുന്ന ബ്രാഹ്മണനെ ദൂരെനിന്നു കണ്ടു. അവരെല്ലാവരും കൂടി ബ്രാഹ്മണന്റെ അടുത്തെത്തി. ആ ബ്രാഹ്മണനോട്‌ അസന്ദിഗ്ദ്ധമായി, ആതിഥേയന്റെ ബന്ധുക്കള്‍ അറിയിച്ചു. അല്ലയോ തപോധനാ, അങ്ങു വന്നിട്ട്‌ ഇപ്പോള്‍ ആറു ദിവസമായിരിക്കുന്നു. അല്ലയോ ധര്‍മ്മവത്സലാ, അങ്ങ്‌ യാതൊരു ആഹാരവും ആവശ്യപ്പെടുന്നില്ല. നീ ഞങ്ങളുടെ സമീപത്തെത്തി. ഞങ്ങള്‍ ഭവാനെ സേവിക്കുന്നു. ഞങ്ങള്‍ ആതിഥ്യം ചെയ്യേണ്ടവരാണ്‌. ഞങ്ങളെല്ലാവരും കുടുംബികളാണ്‌. അങ്ങ്‌ കിഴങ്ങോ, കായയോ, ഇലയോ ഭക്ഷിക്കുക? ജലം കൊണ്ടുവരട്ടെ! ആഹാരത്തിന്ന്‌ ആവശ്യമുളള അന്നവും ഞങ്ങള്‍ ഇതാ കൊണ്ടുവന്നിരിക്കുന്നു. അങ്ങ്‌ ഭക്ഷണം കഴിച്ചാലും ബ്രാഹ്മണോത്തമാ! അങ്ങ്‌ ആഹാരമൊന്നും കഴിക്കാതെ ഈ വിജനപ്രദേശത്ത്‌, കാട്ടിലിരിക്കുകയാല്‍ ആബാലവൃദ്ധം ഞങ്ങളെല്ലാം ധര്‍മ്മസങ്കരം മൂലം പീഡിക്കുന്നു. ഞങ്ങളില്‍ ബ്രഹ്മഹന്താക്കളില്ല. ഞങ്ങളില്‍ പുത്രരുണ്ടായ ഉടനെ മരിച്ച മാതാപിതാക്കളുമില്ല. ദേവതകള്‍ക്കും അതിഥികള്‍ക്കും അര്‍പ്പിക്കാതെ ആദ്യമായി ഊണു കഴിക്കുന്ന പാപികളും ഞങ്ങളുടെ കുലത്തിലില്ല.

ബ്രാഹ്മണന്‍ പറഞ്ഞു: നിങ്ങള്‍ ഉപദേശിക്കുക കാരണം ഞാന്‍ നിങ്ങള്‍ തരുന്ന ആഹാരം സ്വീരിക്കാം. നാഗം മടങ്ങി വരാന്‍ ഇനിയും എട്ടു ദിവസം വേണമല്ലോ. എട്ടു ദിവസം കഴിഞ്ഞിട്ടും പന്നഗം വന്നില്ലെങ്കില്‍ പിന്നെ ഞാന്‍ അപ്പോള്‍ അന്നം കഴിച്ച്‌ എന്റെ വ്രതം അവസാനിപ്പിക്കാം. അതാണ്‌ എന്റെ നിശ്ചയം. നിങ്ങള്‍ ദുഃഖിക്കരുത്‌. വന്നപാടു തന്നെ പൊയ്ക്കൊളളുവിന്‍!"

ഇപ്രകാരം ആ ബ്രാഹ്മണന്‍ സമ്മതിച്ചു പറഞ്ഞപ്പോള്‍, രാജാവേ, അവര്‍ കൃതാര്‍ത്ഥരാകാതെ അവരുടെ ഗൃഹങ്ങളിലേക്കു മടങ്ങിപ്പോയി.

അദ്ധ്യായം 360. ഉഞ്ഛവൃത്യുപാഖ്യാനം - നാഗേന്ദ്രന്‍ മടങ്ങിയെത്തുന്നു - ഭീഷ്മൻ പറഞ്ഞു: അങ്ങനെ വളരെ ദിവസം കഴിഞ്ഞപ്പോള്‍, പറഞ്ഞ കാലം വന്നപ്പോള്‍, അര്‍ക്കന്റെ പ്രവൃത്തികള്‍ നിര്‍വ്വഹിച്ച പന്നഗം, അര്‍ക്കന്റെ സമ്മതത്തോടെ തിരിച്ചു ഗൃഹത്തിലെത്തി. പാദശൗചാദി കളൊക്കെ ചെയ്ത്‌ ഭര്‍ത്താവിന്റെ അടുത്തേക്ക്‌ അവള്‍ ചെന്നു. ആ സാദ്ധ്വി അടുത്തു വന്നപ്പോള്‍ പന്നഗം ചോദി ച്ചു: അല്ലയോ കല്യാണീ, നീ ദേവതാതിഥികളെ പൂജിക്കുന്നതില്‍ നിഷ്ഠയോടെ നിന്നില്ലേ? മുമ്പു പറഞ്ഞ വിധിക്ക്‌ ഒത്തവിധം എല്ലാം ശരിക്കു നിര്‍വ്വഹിച്ചില്ലേ? സ്ത്രീ ബുദ്ധിയാല്‍ സഹജമായ മാര്‍ദ്ദവത്തോടെ അല്ലയോ സുന്ദരീ, എന്റെ വിയോഗത്താല്‍ നീ ചെയ്യരുതാത്തതു ചെയ്ത്‌ ധര്‍മ്മത്തിന്റെ മര്യാദ ലംഘിച്ചില്ലല്ലോ?”

നാഗഭാര്യ പറഞ്ഞു; ശിഷ്യര്‍ക്കു ഗുരുശുശ്രൂഷ, വിപ്രര്‍ക്കു വേദധാരണം, ഭൃത്യര്‍ക്കു സ്വാമിസേവ, രാജാക്കന്മാര്‍ക്കു ജനരക്ഷണം, ക്ഷത്രിയന്മാര്‍ക്കു സര്‍വ്വഭൂതത്രാണനം - ഇവയാണല്ലോ "ധര്‍മ്മം" എന്നു പറയുന്നത്‌. വൈശ്യര്‍ക്ക്‌ യജ്ഞസംവൃത്തി അതിഥി സല്ക്കാരത്തോടൊപ്പം ചെയ്യുക. വിപ്രക്ഷത്രിയവൈശ്യര്‍ക്കുളള ശുശ്രൂഷ ശൂദ്രന്മാരുടെ കര്‍മ്മമാണ്‌. ഗൃഹസ്ഥരുടെ ധര്‍മ്മമോ നാഗേന്ദ്രാ, സര്‍വ്വഭൂതങ്ങള്‍ക്കും ഹിതം ചെയ്യുക എന്നതാണ്‌. ആഹാരം നിയന്ത്രിക്കുക, യഥാക്രമം എന്നും വ്രതമനുഷ്ഠിക്കുക, ഇവ വിശേ ഷിച്ചും ഇന്ദ്രിയങ്ങളുടെ ധര്‍മ്മത്താല്‍ ധര്‍മ്മമാകുന്നു. ഞാന്‍ ആരുടെയാണ്‌? ഞാന്‍ എവിടെ നിന്നു വന്നതാണ്‌? എന്റേതായി ആരുണ്ട്‌? നിത്യം പ്രയോജനം നോക്കി മോക്ഷാശ്രമത്തില്‍ വാഴുക! പാതിവ്രത്യം ഭാര്യയ്ക്ക്‌ ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമാണ്‌. അല്ലയോ നാഗേന്ദ്രാ, അത്‌ ഭവാന്‍ പറയുകയാല്‍ ഞാന്‍ നന്നായി ധരിച്ചിട്ടുണ്ട്‌. ഭവാന്‍ ധര്‍മ്മ നിത്യനായി നില്ക്കുമ്പോള്‍ ധര്‍മ്മമാര്‍ഗ്ഗമറിഞ്ഞ ഞാന്‍ എങ്ങനെ സന്മാര്‍ഗ്ഗം വിട്ടു ദുര്‍മ്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കും? ദേവകള്‍ക്ക്‌ അല്ലയോ മഹാഭാഗാ, ധര്‍മ്മക്രമക്ഷയമില്ല. ഞാന്‍ യാതൊരിളവും കാണിക്കാതെ അതിഥി സല്‍ക്കാരത്തിന് തന്നെ നില്ക്കുകയാണ്‌. പതിനഞ്ചു ദിവസമായി ഒരു വിപ്രന്‍ ഇവിടെ വന്നിരിക്കുന്നു. കാര്യമെന്താണെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല. അങ്ങയെ കാണണമെന്ന് മാത്രം അദ്ദേഹം പറഞ്ഞു. ഗോമതീ നദിയുടെ തീരത്തില്‍, മണല്‍ത്തിട്ടില്‍, അങ്ങയെക്കാണുവാന്‍ കൊതിച്ച്‌, വേദം ഉച്ചരിച്ച്‌, സംശിതവ്രതനായ ആ ബ്രഹ്മണന്‍ ഇരിക്കുന്നു. അവന്‍ എന്നെ സതൃപൂര്‍വ്വം ഏൽപ്പിച്ചിരിക്കയാണ്‌ ഭൂജംഗോത്തമാ, അങ്ങ്‌ വന്നാല്‍ ആ നിമിഷത്തില്‍ വിവരം ആളെ അയച്ച്‌ അറിയിക്കണമെന്ന്‌.

അങ്ങ്‌ ഉടനെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലണം. അല്ലയോ ചക്ഷുശ്രവണാ, അങ്ങ്‌ വേഗം പോവുക. അദ്ദേഹത്തിന് ദര്‍ശനം നല്കുക.

അദ്ധ്യായം 361. ഉഞ്ഛവൃത്യുപാഖ്യാനം - ഭാര്യയുടെ വാക്കു കേട്ട്‌ നാഗേന്ദ്രന്‍ ബ്രാഹ്മണനെ കാണാന്‍ സമ്മതിക്കുന്നു - നാഗം പറഞ്ഞു: അല്ലയോ ശുചിസ്മിതേ, ആ ബ്രാഹ്മണ രൂപത്തില്‍ വന്നവന്‍ ആരാണെന്നാണ് നീ വിചാരിക്കുന്നത്‌? വെറും മനുഷ്യനായ ഒരു വിപ്രനാണോ? അതോ, ദേവനാണോ? അല്ലയോ യശസ്വിനീ, എന്നെ കാണുവാന്‍ തക്ക യോഗ്യതയുളള മനുഷ്യന്‍ ആരാണ്‌? എന്നെ കാണാനാഗ്രഹിച്ച്‌ കല്പന കൊടുത്തു പോകാന്‍ അത്ര ശക്തനായ മര്‍ത്ത്യന്‍ ആരാണ്‌? അല്ലയോ ഭാമിനി, ദേവാസുരന്മാരും ദേവര്‍ഷികളും ചേര്‍ന്ന സംഘത്തില്‍ നാഗത്താന്മാര്‍ വീര്യവാന്മാരായേ കണക്കാക്കുന്നുളളു. പ്രത്യേകിച്ചും സൌരഭേയന്മാരായ നാഗങ്ങള്‍ കൂടുതല്‍ ശക്തരാണ് താനും. വന്ദ്യന്മാരായ നമ്മള്‍ അവരെ അനുഗമിക്കുന്ന നല്ലവരാണ്‌. മര്‍ത്ത്യരുടെ കഥ അങ്ങനെയല്ല. അവര്‍ക്ക്‌ നമ്മുടെ കൂട്ടരെ ആരേയും കാണുന്നത് പോലും ഇഷ്ടമില്ല. കൊള്ളരുതാത്ത കൂട്ടര്‍!

നാഗഭാര്യ പറഞ്ഞു: “അവന്റെ ആര്‍ജ്ജവവും സൗമ്യതയും മറ്റും കണ്ട്‌ അവന്‍ ഒരു ഭക്തനാണെന്ന്‌ എനിക്കു തോന്നുന്നു. ദേവനല്ലെന്നും തോന്നുന്നു. അവന്‍ ഒരു കാര്യത്തിന് വേണ്ടി വന്നിരിക്കയാണ്‌. വെള്ളം ദാഹിച്ച പൈതലിനെപ്പോലെ ആഗ്രഹവും നിഷ്കളങ്കതയും അവനില്‍ പ്രത്യക്ഷമായും ഞാന്‍ കണ്ടു. വര്‍ഷം കൊതിച്ച ചാതകപ്പക്ഷിപോലെ അവന്‍ അങ്ങയെ ഒരു കണ്ണു കാണുവാന്‍ കൊതിച്ചു നില്ക്കുന്നു. അങ്ങയെ കാണുകയെന്നതാണ്‌ അവന്റെ വലിയ കാര്യം. അവന്റെ ആഗ്രഹത്തിന് വിഘ്നമൊന്നും ഭവാന്‍ ചെയ്യരുത്‌. അങ്ങയെപ്പോലെ നല്ല കുലീന വംശത്തില്‍ ജനിച്ചവന്‍ ഒരുത്തനെ നിരാശപ്പെടുത്തുകയില്ല. സ്വഭാവാലുളള രോഷത്തെ കൈവിട്ട്‌ അങ്ങ്‌ അവനെ ചെന്നുകാണുക. അവനെ നിരാശപ്പെടുത്തി അവന്റെ ശാപത്തിന് പാത്രമായി ആത്മനാശം വരുത്തരുത്‌. തന്നെ ആശ്രയിച്ചവരായ ആശ്രിതരുടെ കണ്ണുനീര്‍ തുടച്ചുമാറ്റാതിരിക്കുകയാണെങ്കില്‍ ആ രാജാവും മന്ത്രിയും ഭ്രൂണഹന്താക്കളായി ഭവിക്കും. മൌനം കൊണ്ട്‌ ജ്ഞാനഫലം ലഭിക്കും. ദാനം കൊണ്ട്‌ പേരു പ്രസിദ്ധമാകും. സത്യവാക്കു പറഞ്ഞാല്‍ വാഗ്മിയായിത്തീരും. അവന്‍ പരലോകത്തും പൂജ്യനാകും.

ഭൂമി ദാനം ചെയ്താല്‍ ആശ്രമത്തിന് തുല്യമായ ഗതി ലഭിക്കും. അര്‍ത്ഥദാനം കൊണ്ട്‌ വളരെ ഫലം ലഭിക്കും. അഭീഷ്ടവും അക്ലിഷ്ടവും ആത്മഹിതവുമായ ക്രിയ ചെയ്യുകയാണെങ്കില്‍ അവന്‍ ഒരിക്കലും നരകം പ്രാപിക്കുകയില്ല എന്നു ധര്‍മ്മജ്ഞന്മാര്‍ പറയുന്നു.

നാഗം പറഞ്ഞു: ജാതിദോഷമായ അഭിമാനംകൊണ്ട്‌ എന്റെ മാനം വലുതാണ്‌. എന്റെ സങ്കല്പജമായ രോഷം നിന്റെ വാക്കാകുന്ന. അഗ്നിയാല്‍ വെണ്ണീറായിപ്പോയിരിക്കു ന്നു. അല്ലയോ സാദ്ധ്വി, രോഷംകൊണ്ടു മൂത്ത ഇരുട്ടിനെ ഞാന്‍ ഇനി കാണില്ല. അങ്ങനെയുളള ഒരു കുറ്റം, ക്രോധിക്കുക എന്ന കുറ്റം, വിശേഷിച്ചും സകല സര്‍പ്പത്തിനും ഉളളതാണ്‌.

പ്രതാപവാനായ ദശഗ്രീവന്‍, ഇന്ദ്രനോട് പോലും യോഗ്യത കൊണ്ടു മത്സരിക്കുന്ന രാവണന്‍, രാമനാല്‍ വധിക്കപ്പെട്ടു. അന്തഃപുരത്തില്‍ ശിശുവിനെ ഭാര്‍ഗ്ഗവരാമന്‍ കൊന്നു എന്നു കേട്ട്‌ ധര്‍ഷണം കൊണ്ടു ക്രുദ്ധരായ കാര്‍ത്തവീര്യപുത്രന്മാര്‍ വധിക്കപ്പെട്ടു. ആയിരം കണ്ണുള്ള ഇന്ദ്രനോടു തുല്യനായ കാര്‍ത്തവീരൃന്‍, ജാമദഗ്ന്യനായ രാമനാല്‍ വധിക്കപ്പെടുവാനും കാരണം ക്രോധം തന്നെയാണ്‌. കോപം തപസ്സിന്റെ ശത്രുവാണ്‌. കോപം ശ്രേയസ്സിനെ നശിപ്പിക്കും. അല്ലയോ പ്രേമഭാജനമേ, നിന്റെ നല്ലവാക്കു കേള്‍ക്കുകയാല്‍ ഞാന്‍ കോപമടക്കിയിരിക്കുന്നു. അല്ലയോ അനപായിനി, ഞാന്‍ വിശേഷിച്ചും നിന്നെ പുകഴ്ത്തുന്നു. ഗുണമുള്ളവളും വിശാലാക്ഷിയുമായ നീ എന്റെ വല്ലഭയാണല്ലോ. ഞാനിതാ ആ ദ്വിജന്‍ നില്ക്കുന്ന ദിക്കിലേക്കു പോകുന്നു. അങ്ങനെ അവന്‍ കൃതാത്ഥനായി. എല്ലാംകൊണ്ടും പോകാന്‍ തീരുമാനിച്ചു സമ്മതിച്ചു.

അദ്ധ്യായം 362. ഉഞ്ഛവൃത്യുപാഖ്യാനം - നാഗവും ബ്രാഹ്മ ണനും കണ്ടുമുട്ടുന്നു - ഭീഷ്മൻ പറഞ്ഞു: ആ നാഗരാജാവ്‌ ബ്രാഹ്മണന്റെ സന്നിധിയിലേക്കു നടന്നു. അവനെത്തന്നെ വിചാരിച്ച്‌ കാര്യത്തിന്റെ തത്വം ഗ്രഹിച്ച്‌ മതിമാനായ അവന്‍ അങ്ങോട്ടു ചെന്നു രാജാവേ! ആ ധര്‍മ്മ വത്സലന്‍ ഏറ്റവും നല്ലവാക്കുകള്‍ സ്വഭാവാല്‍ത്തന്നെ പറഞ്ഞു: "അല്ലയോ ബ്രാഹ്മണാ, നീ എന്നോട്‌ ക്ഷമിക്കണേ! ഞാന്‍ ഒന്നു ചോദിച്ചോട്ടെ! എന്റെ നേരെ കോപിക്കരുതേ! അങ്ങ്‌ ഇങ്ങോട്ട്‌ എന്തിനാണു വന്നത്‌? വരവിന്റെ ഉദ്ദേശമെന്താണ്‌?ആഭിമുഖ്യം മൂലം സേഹം കൊണ്ട്‌ ഞാന്‍ ചോദിച്ചതാണ്‌ ബ്രാഹ്മണാ! ഈ വിജനമായ ഗൌതമീ തീരത്തില്‍ നീ ആരെയാണു സേവിക്കുന്നത്‌?

ബ്രാഹ്മണന്‍ പറഞ്ഞു: ദ്വിജശ്രേഷ്ഠനായ പത്മനാഭന്‍ എന്ന നാഗത്തെക്കാണുവാനാണ്‌ ഈ ധര്‍മ്മാരണ്യത്തില്‍ ഞാന്‍ എത്തിയത്‌. അവനെക്കണ്ടിട്ട്‌ എനിക്കു കാര്യമുണ്ട്‌. അവന്‍ ഇവിടെയില്ലെന്നും സ്ഥലം വിട്ടു പോയിരിക്കയാണെന്നും ഞാന്‍ കേട്ടറിഞ്ഞു. സ്വജനങ്ങള്‍ അവന്റെ വൃത്താന്തം അറിയിക്കുന്നതു പ്രതീക്ഷിച്ച്‌ ഞാന്‍ ഇവിടെ ഇരിക്കുകയാണ്‌. അവനെ കാണുവാന്‍ വല്ലാത്ത ആഗ്രഹത്തോടെ, മഴക്കാറ് കാണാന്‍ കൊതിക്കുന്ന ചാതകത്തെപ്പോലെ ഞാന്‍ ഇവിടെ കഴിഞ്ഞു കുടുകയാണ്‌. അവനു വഴിക്കു യാതൊരു ക്ലേശവും വന്നുചേരാതിരിക്കുന്നതിനും, അവന സ്വസ്തി (നന്മ) സംഭവിക്കുന്നതിനും ഉറച്ച്‌ ഞാന്‍ വേദം ഉച്ചരിച്ച്‌ നിരാമയനായി യോഗംപുണ്ട്‌ ഇരിക്കുകയാണ്‌.

നാഗം പറഞ്ഞു: അമ്പോ! നീ മഹാനായ ശുഭകാരിയാണ്‌! നല്ലവനാണ്‌, സജ്ജനവത്സലനാണ്‌. അല്ലയോ മഹാഭാഗാ, നീ നിര്‍ദ്ദോഷനാണ്‌. നീ സ്നേഹപൂര്‍ണ്ണമായ ദൃഷ്ടിയാല്‍ വീക്ഷിക്കുന്നതായി ഞാന്‍ അറിയുന്നു. അല്ലയോ വിപ്രർഷേ, നീ പ്രതീക്ഷിക്കുന്ന ആ ഫണീന്ദ്രന്‍ ഞാന്‍ തന്നെയാണ്‌. നീ എന്നെ അറിയുന്ന വിധം ഞാന്‍ ഇതാ നിന്റെ മുമ്പില്‍ നില്ക്കുന്നു. ഭവാന്‍ കല്പിച്ചാലും! എന്തിഷ്ടമാണ്‌ ഞാന്‍ ഭവാന്‌ ചെയ്യേണ്ടത്‌? എന്റെ ആളുകള്‍ പറഞ്ഞ്‌ അങ്ങു വന്നതായി ഞാന്‍ കേട്ടു. അതുകൊണ്ട്‌ ഞാന്‍ തന്നെ അങ്ങയെക്കാണുവാന്‍ വന്നു ദ്വിജാ! ഇവിടെ വന്ന ഭവാന്‍ പോകുമ്പോള്‍ കൃതാര്‍ത്ഥനാകും. അങ്ങ്‌ എന്നില്‍ വിശ്വസിച്ച്‌ വേണ്ടത്‌ എന്തെന്നാല്‍ അത്‌ എന്നെ ഏല്പിച്ചാലും! ഞങ്ങള്‍ എല്ലാവരും വിശേഷിച്ചും നിന്റെ ഗുണങ്ങളാല്‍ ക്രീതരായിരിക്കുന്നു (വിലയ്ക്കു വാങ്ങപ്പെട്ടവരായിരിക്കുന്നു).  ഭവാന്‍ ആത്മഹിതം വിട്ടും എന്റെ ഇഷ്ടം നോക്കുകയാണെല്ലോ ചെയ്തത്‌!

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ മഹാഭാഗാ, ഞാന്‍ അനുഗൃഹീതനായ അങ്ങയെക്കാണുവാന്‍ വന്നതാണ്‌. അജ്ഞനായ ഞാന്‍ ഒരു കാര്യം ചോദിച്ചറിയുവാന്‍ വന്നതാണ്‌. ഞാന്‍ ആത്മാവിനെ ആത്മാവില്‍ നിര്‍ത്തി ആത്മാവില്‍ ഗതി നേടുന്നവനാണ്‌. ഞാന്‍ ലോകത്തോട്‌ ബന്ധപ്പെട്ടു നില്ക്കുന്നില്ല. എന്നാല്‍ ലോകത്തെ വിട്ടു നില്ക്കുന്നുമില്ല. വാസാര്‍ത്ഥിയായ പണ്ഡിതനെ ഞാന്‍ തരളചിത്തനായി ഉപാസിച്ചു. യശോഗര്‍ഭമായ സ്വഗുണരശ്മികളാല്‍, കുളുര്‍ തിങ്കള്‍ കാന്തിപോലെ ഹുദ്യസ്ഥമായ ആത്മപ്രകാശി ഗുണങ്ങളാല്‍ അവന്‍ നിന്നെ എനിക്കു കാട്ടിത്തന്നു. അല്ലയോ പവനാശനാ, നാഗമേ, ഞാന്‍ അങ്ങയോടു ചോദിക്കുന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം പറഞ്ഞാലും. പിന്നെ ഞാന്‍ കാര്യം പറയാം. അത്‌ ഭവാന്‍ കേള്‍ക്കണം.

അദ്ധ്യായം 363. ഉഞ്ഛവൃത്യുപാഖ്യാനം - ജിജ്ഞാസുവായ ബ്രാഹ്മണനോട്‌ സൂുര്യമണ്ഡല വിഷയങ്ങള്‍ നാഗം പറയുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ നാഗമേ, ഭവാന്‍ വിവസ്വാന്റെ ഏകചക്രമായ രഥം വലിക്കുവാൻ ഊഴപ്രകാരം പോയിരിക്കയായിരുന്നല്ലോ. അങ്ങയുടെ ആ മര്‍ഗ്ഗത്തില്‍ ആശ്ചര്യകരമായി വല്ലതും കണ്ടിട്ടുണ്ടെങ്കില്‍ അതു പറഞ്ഞു തന്നാലും.

നാഗം പറഞ്ഞു: സൂര്യദേവന്‍ വലിയ ആശ്ചര്യങ്ങള്‍ക്കൊക്കെ ഇരിപ്പിടമാണ്‌. മൂന്നു ലോകത്തിലും വസിക്കുന്ന സകല ജീവികളും സൂര്യനില്‍ നിന്നാണല്ലോ, ഒഴുകി വരുന്നത്‌. അവനിലാണല്ലോ എല്ലാ ഭൂതങ്ങളുടേയും പ്രവൃത്തികള്‍ നടക്കുന്നത്‌. അവന്റെ രശ്മിജാലത്തില്‍ പറ്റി മരക്കൊമ്പില്‍ പക്ഷികള്‍ എന്ന പോലെ മുനികളും സിദ്ധന്മാരും വാനോരോടൊപ്പം പാര്‍ക്കുന്നു. ഇതിലും അപ്പുറമായി എന്തത്ഭുതമുണ്ട്‌? സൂര്യനില്‍ നിന്നു പുറപ്പെട്ട്‌ ശക്തനായ വായു മഹത്തായ അര്‍ക്കാംശുവില്‍ സംശ്രയിച്ച്‌ ലോകത്തിലൊക്കെ ചുറ്റിയടിക്കുന്നു. ഇതിലും അപ്പുറമായി എന്തത്ഭുതമുണ്ട്‌? അല്ലയോ വിപ്രര്‍ഷേ, ആ വായുവിനെത്തന്നെ പല ഭാഗങ്ങളായി വിഭജിച്ച്‌ എല്ലാ ജീവികളുടേയും ഹിതത്തിനായി മഴയുണ്ടാക്കുന്നു, യഥാകാലം വര്‍ഷിക്കുന്നു. ഇതിലപ്പുറമായി എന്തത്ഭുതമുണ്ട്‌? ആ ദീപ്തനായ പരമാത്മാവ്‌ സൂര്യമണ്ഡലമാകുന്ന സ്ഥാനത്തിരുന്ന്‌ മഹത്തായ ശോഭയോടെ വിശ്വത്തെ വീക്ഷണം ചെയ്യുന്നു. ഇതില്‍പ്പരം മഹാത്ഭുതമെന്തുണ്ട്‌? സൂര്യന് ഒരു ഇരുണ്ട രശ്മിയുണ്ട്‌. അതിനെ ശുക്രമെന്നു വിളിക്കുന്നു. അത്‌ മേഘമാലകളെ രൂപം കൊള്ളിക്കുകയും വര്‍ഷകാലത്ത്‌ ജലത്തെ മോചിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍പ്പരം അത്ഭുതമെന്തുണ്ട്‌? എട്ടുമാസം ശുദ്ധമായ രശ്മി കൊണ്ടെടുത്ത ജലമെല്ലാം ലോകത്തില്‍ തിരിയെ ജലമായി അവന്‍ വര്‍ഷിക്കുന്നു. ഇതില്‍പ്പരം അത്ഭുതമായി എന്തുണ്ട്‌? അല്ലയോ മഹര്‍ഷേ, ആ സുര്യദേവന്റെ തേജോഭേദത്തില്‍ പ്രപഞ്ചത്തിന്റെ ആത്മാവ്‌ സ്ഥിതിചെയ്യുന്നു. എല്ലാ ജീവജാലത്തിന്റെയും വിത്ത്‌ അവനില്‍ സ്ഥിതി ചെയ്യുന്നു. അവന്‍ ഭൂമിയെ താങ്ങി നില്ക്കുന്നു. ഭുമിയെ സകല ചരാചര വസ്തുക്കളോടും കുടെ വഹിക്കുന്നത്‌ സൂര്യദേവനാണ്‌. ഇതില്‍പ്പരം അത്ഭുതമെന്തുണ്ട്‌? ആ സൂര്യമണ്ഡലത്തില്‍ മഹാബാഹുവും ശാശ്വതനുമായ പുരുഷോത്തമന്‍, അനാദ്യന്തനായ ദേവന്‍, വസിക്കുന്നു. ഇതില്‍പ്പരം അത്ഭുതമായി എന്തുണ്ട്‌?

ഇനി ആശ്ചര്യങ്ങള്‍ക്കും ആശ്ചര്യമായി മറ്റൊന്നു പറ യാം. അതു ഭവാന്‍ കേള്‍ക്കുക. ഞാന്‍ സൂരൃദേവന്റെ സമീപത്തു വാഴുമ്പോള്‍ ശുദ്ധമായ ആകാശത്തില്‍ കണ്ട ഒരു അത്ഭുതക്കാഴ്ചയാണിത്‌. പണ്ട്‌ അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക്‌ സൂര്യഭഗവാന്‍ തന്റെ സ്വതസിദ്ധമായ പ്രതാപത്തോടെ ജ്വലിച്ചു കൊണ്ടിരിക്കെ, താന്‍ കാണുന്ന ലോകങ്ങള്‍ക്കൊക്കെ ചൂടും വെളിച്ചവും നല്കിക്കൊണ്ടിരിക്കെ, സൂര്യദേവനെപ്പോലെ തന്നെ തേജസ്സോടു കൂടിയ ദിവ്യതേജസ്സായ മറ്റൊരു സൂര്യന്‍ തന്റെ നേരെ പാഞ്ഞു വരുന്നതായി കണ്ടു. ആ പാഞ്ഞു വരുന്ന സൂര്യനും തന്റെ തേജോരശ്മി കൊണ്ട്‌ ലോകമെല്ലാം ജ്വലിപ്പിച്ചിരുന്നു. അവന്‍ നേരെ പാഞ്ഞെത്തുമ്പോള്‍ വ്യോമം പിളരുന്ന വിധം പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഹുതാഗ്നി പോലെ തേജസ്സായ രശ്മികൊണ്ട്‌ സര്‍വ്വത്ര നിറയുന്ന അവന്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിധം രണ്ടാമത്തെ ഒരു സൂര്യനെപ്പോലെ, ആകാശത്തില്‍ ജ്വലിച്ചു. അവന്‍ വന്നു കയറിയ ഉടനെ ആദിത്യന്‍ തന്റെ കൈ രണ്ടും അവന്റെ നേരെ നീട്ടി. പ്രത്യര്‍ച്ചന കഴിക്കുവാനായി അവന്‍ അവന്റെ വലത് കൈ ഭഗവാന്റെ നേരെയും നീട്ടി. ഉടനെ ആകാശം പിളര്‍ന്ന്‌ രശ്മി മണ്ഡലം കയറി ആ തേജസ്സ്‌ സൂര്യതേജസ്സില്‍ ചേര്‍ന്ന്‌ ഒന്നായി, ക്ഷണം കൊണ്ടു സൂര്യനായി രൂപാന്തരം പ്രാപിച്ചു. ആ രണ്ടു തേജസ്സും ചേര്‍ന്ന്‌, രണ്ടു സൂര്യന്മാരും ചേര്‍ന്ന്‌, ഒറ്റ സൂര്യനായപ്പോള്‍ ഞങ്ങള്‍ക്കു വലിയ ഒരു സംശയമുണ്ടായി. ഈ തേരില്‍ ഇരിക്കുന്ന സൂര്യന്‍ ഏതാണ്‌, വന്നവന്‍ ഏതാണ്‌ എന്നു തിരിച്ചറിയാതെയായി. ഞങ്ങള്‍ കുഴപ്പത്തിലായി. ഞങ്ങള്‍ സംശയത്തോടെ അല്ലയോ ഭഗവാനേ, രവി! എന്നു സംബോധന ചെയ്തു ചോദിച്ചു. ദ്യോവ്‌ ആക്രമിച്ചു മറ്റൊരു സൂര്യനെപ്പോലെ ഇങ്ങു വന്നുകയറിയവനായ ഈ തേജസ്സ്‌ ഏതാണ്‌? ആരാണ്‌?

അദ്ധ്യായം 364. ഉഞ്ഛവൃത്യുപാഖ്യാനം - ഉഞ്ഛവൃത്തിയാല്‍ (നെന്മണി പെറുക്കി) ഉപജീവിച്ച്‌ സിദ്ധനായ ബ്രാഹ്മണന്റെ കഥ - സൂര്യന്‍ പറഞ്ഞു: ഇവന്‍ അഗ്നിദേവനല്ല, ദൈതൃനല്ല, നാഗമല്ല, ഉഞ്ഛവൃത്തിയാകുന്ന വ്രതമെടുത്ത സിദ്ധനായ മഹര്‍ഷിയാണ്‌. അവന്‍ ആകാശത്തിലേക്ക് ഉയര്‍ന്നവനാണ്‌. ഇവന്‍ ചിലപ്പോള്‍ ഫലമൂലങ്ങള്‍ ഭക്ഷിച്ചും, ചിലപ്പോള്‍ കൊഴിഞ്ഞ ഇല ഭക്ഷിച്ചും, ചിലപ്പോള്‍ വെള്ളം മാത്രം കുടിച്ചും, ചിലപ്പോള്‍ വായു ഭക്ഷണം മാത്രമായും സമാഹിതനായി ജീവിച്ചവനാണ്‌. ബ്രഹ്മവിത്തമനായ അവന്‍ ശിവനെ സംഹിതകളാല്‍, സ്വര്‍ഗ്ഗദ്വാരത്തിൽ എത്തുവാനുള്ള കാംക്ഷയോടെ സ്തുതിച്ചു. അങ്ങനെ ശിവപ്രസാദം നേടിയ മഹാവ്രതനായ ഋഷിയാണ്‌ ഇവന്‍. ആ മഹാതപോധനന്‍ തന്മൂലം സ്വര്‍ഗ്ഗം നേടി. ധനമില്ലാതെ, ഒരു വിധത്തിലുളള ആഗ്രഹവും കൂടാതെ, അവന്‍ ഉഞ്ഛവൃത്തി കൊണ്ടു മാത്രമായി ഉപജീവിച്ചു. സര്‍വ്വഭൂത ഹിത്യോദ്യൂക്തനായ അവന്‍ ഒരു വിപ്രനാണ്‌. ഭുജഗരേ! ഇപ്രകാരം മുഖ്യമായ സല്‍ഗതി പ്രാപിച്ച ഭൂതങ്ങളുടെ മേലെയായി ദേവന്മാരില്ല, ഗന്ധര്‍വ്വന്മാരില്ല, ദൈത്യന്മാരില്ല, പന്നഗരുമില്ല. ഇപ്രകാരം ഒരു കാഴ്ച അല്ലയോ ദ്വിജോത്തമാ, ഞാന്‍ കണ്ടു. അവന്‍ സംസിദ്ധനായ മര്‍ത്ത്യനാണ്‌. സിദ്ധനായി സല്‍ഗതി നേടിയവനാണ്‌. അല്ലയോ ബ്രാഹ്മണാ, അവന്‍ സുര്യനുമായി ചേര്‍ന്ന്‌ ഭൂമിയെ ചുറ്റുകയാണ്‌.

അദ്ധ്യായം 365. ഉഞ്ഛവൃത്യുപാഖ്യാനം - നാഗരാജാവിന്റെ  വാക്കുകേട്ട്‌ ബ്രാഹ്മണന്‍ തന്റെ ജീവിതവൃത്തി നിശ്ചയിക്കുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ ഭൂജംഗമാ, നീ പറഞ്ഞത്‌ ആശ്ചര്യം തന്നെ, അതില്‍ യാതൊരു തര്‍ക്കത്തിന്നും അവകാശമില്ല. നീ അര്‍ത്ഥഗര്‍ഭമായ വാക്കുകള്‍കൊണ്ട്‌, എന്റെ ജീവിതമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു തന്നു. അങ്ങയ്ക്കു സ്വസ്തി! ഞാന്‍ പോകട്ടെ! അല്ലയോ സജ്ജനാഗ്രണിയായ ഭുജംഗമാ! ഞാന്‍ പോകട്ടെ! അങ്ങ്‌ കല്പിച്ചയയ്ക്കുന്ന എന്നെപ്പറ്റിയുളള സ്മരണ വല്ലപ്പോഴുമൊക്കെ ഉണ്ടാകണേ! അങ്ങ്‌ ഈ ആശ്രിതനെക്കുറിച്ച്‌ വല്ലപ്പോഴുമൊക്കെ അന്വേഷിക്കണേ!

നാഗം പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, നീ ഉളളിലുളള കാര്യം പറയാമെന്ന്‌ ആദ്യം പറഞ്ഞത്‌ ഓര്‍ക്കുന്നില്ലേ? അതു പറയാതെ നീ എങ്ങോട്ടു പോകുന്നു? ഭവാന്‍ എന്നെ കാണുവാന്‍ വന്ന കാര്യമെന്താണെന്ന്‌ ഹേ ദ്വിജോത്തമാ, പറഞ്ഞാലും! ഞാന്‍ എന്തു ചെയ്യണമെന്ന് ആജ്ഞാപിച്ചാലും. വന്ന കാര്യം നിര്‍വ്വഹിക്കപ്പെട്ടതിന് ശേഷം, അതു പറയുകയോ പറയാതിരിക്കുകയോ ചെയ്തതിന് ശേഷം, ഇവിടെ വന്ന കാര്യം സാധിച്ചതിന് ശേഷം, ഭവാന് സുഖമായിപ്പോകാമല്ലോ!

അങ്ങനെ അങ്ങയ്ക്കു വേണ്ടതെല്ലാം, എന്നില്‍ നിന്നു കഴിയുന്നതൊക്കെ നേടിയതിന് ശേഷം അല്ലയോ സുവ്രതാ! അങ്ങയ്ക്ക്‌ എന്റെ സമ്മതത്തോടെ പോകാമല്ലോ! എന്നെ വെറുതെ കണ്ട്‌ എന്റെ ഇഷ്ടനായ ഭവാന്‍ വെറുതെ പോകരുത്‌. വിപ്രർഷേ, അതു വലിയ കഷ്ടമാണ്‌. ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ വന്നിരുന്ന്‌ അവിടെ നിന്ന്‌ എഴുന്നേറ്റു പോകുന്നത് പോലെ പോകുന്നതു ശരിയാണോ? അങ്ങ്‌ എനിക്കു പ്രിയപ്പെട്ടവനായി. അങ്ങയ്ക്കു ഞാനും സുഹൃത്തായി. പിന്നെ എന്തിന് ശങ്കിക്കുന്നു! ഈ ലോകരെല്ലാം അങ്ങയ്ക്കായിരിക്കുന്നു. പിന്നെ അല്ലയോ അനഘാശയാ, എന്നെ ശങ്കിക്കുന്നതെന്തിന്? എന്റെ ഗൃഹത്തില്‍ അല്പം കഴിച്ചുകൂട്ടുവാന്‍ എന്തു വിരോധം?

ബ്രാഹ്മണന്‍ പറഞ്ഞു: നീ പറഞ്ഞതു ശരിയാണ്‌ മഹാശയാ! അല്ലയോ ആത്മജ്ഞാനിയായ ഭുജംഗമാ! ദേവന്മാരാരും തന്നെ ഭവാനേക്കാള്‍ മീതെയല്ല. നീ ആരാണോ അവന്‍ തന്നെയാണ്‌ ഞാന്‍! ഞാന്‍ ആരാണോ അവന്‍ തന്നെയാണ്‌ നീ! ഞാനും, അങ്ങയും മറ്റു ജീവികളും എല്ലാവരും ഒരു ഏകാത്മാവായ പരമാത്മാവില്‍ എപ്പോഴും ഒന്നായി ചേര്‍ന്നു നില്ക്കുന്നു! അല്ലയോ ഭോഗീന്ദ്രാ, പുണ്യസമ്പാദന കാരൃത്തില്‍ ഞാന്‍ സംശയ ഗ്രസ്തനായിരുന്നു. ആ സംശയം ഇപ്പോള്‍ പരിഹരിക്കപ്പെട്ടു. അങ്ങയില്‍ നിന്ന്‌ ഉഞ്ഛവൃത്തി വ്രതത്തിന്റെ മഹത്ത്വം ഞാന്‍ അറിയുന്നു. കാര്യസാധനമായ ആ വ്രതം ഞാന്‍, കൈക്കൊളളുന്നു. അല്ലയോ സാധോ, ഇതാണ്‌ എന്റെ നിശ്ചയം. അങ്ങയെക്കണ്ടത് കൊണ്ടുളള എന്റെ മുഖ്യമായ ഉദ്ദേശം സാധിച്ചിരിക്കുന്നു. ഇനി ഞാന്‍ പോകട്ടെ! ഞാന്‍ യാത്ര പറയുന്നു. സ്വസ്തി! ഞാന്‍ കൃതാര്‍ത്ഥനായിരിക്കുന്നു ഭുജംഗമാ.

അദ്ധ്യായം 366. ഉഞ്ഛവൃത്യുപാഖ്യാനം - ബ്രാഹ്മണന്‍ ച്യവനമഹര്‍ഷിയുടെ അടുത്തു ചെല്ലുന്നു - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം നാഗേന്ദ്രനോടു പറഞ്ഞ്‌ തന്റെ വ്രതചര്യയില്‍ ദൃഢമായ നിശ്ചയത്തോടെ ദീക്ഷാര്‍ത്ഥിയായി ച്യവനമഹര്‍ഷിയുടെ സമീപത്തെത്തി രാജാവേ! ച്യവനമഹര്‍ഷിയാല്‍ സംസ്കരിക്കപ്പെട്ട ആ ബ്രാഹ്മണന്‍ ഉഞ്ഛവൃത്തിയിലേര്‍പ്പെട്ടു.

ഇപ്രകാരം ഈ ബ്രാഹ്മണന്റെ കഥ ഭൃഗുമഹര്‍ഷി ജനകമഹാരാജാവിന്റെ രാജധാനിയില്‍ വെച്ച്‌ അദ്ദേഹത്തോടു പറഞ്ഞു. രാജാവേ, മഹാത്മാവായ നാരദനോട്‌ ജനകരാജാവ്‌ ഈ പുണൃകഥ പറഞ്ഞു. നാരദന്‍ ഈ കഥ ദേവേന്ദ്രന്റെ വസതിയില്‍ വെച്ച്‌ ഇന്ദ്രന്‍ ചോദിച്ചപ്പോള്‍ പ്രശസ്തരായ, ഒത്തു കൂടിയ വിപ്രരോട്‌ പറഞ്ഞു. രാജാവേ, ഞാന്‍ രാമനായി ഘോരയുദ്ധം നടന്ന കാലത്ത്‌ എന്നോട്‌ ഈ പുണൃകഥ വസുക്കള്‍ പറഞ്ഞു. അല്ലയോ ധര്‍മ്മഭ്യത്തമനായ രാജാവേ, തത്വം ചോദിച്ച നിന്നോട്‌ ഞാന്‍ ഏറ്റവും ഉത്തമവും, ധര്‍മ്മവും, പുണ്യവുമായ ഈ കഥ പറഞ്ഞു തന്നു. ഇതാണ്‌ നീ ചോദിച്ച പരമമായ ധര്‍മ്മം. ഈ അനാകാംക്ഷിയായ പുരുഷന്‍ ധീരനാണ്‌. എന്തു കൊണ്ടെന്നാല്‍ ഫലകാംക്ഷയില്ലാതെ ഉഞ്ഛവൃത്തി വ്രതത്തോടെ ജീവിക്കുന്നത്‌ ഏറ്റവും ശ്രേഷ്ഠമായ ഒരു തപസ്സാണ്‌.

ആ ബ്രാഹ്മണന്‍ ദൃഢനിശ്ചയത്തോടെ, ആ നാഗേന്ദ്രന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമവലംബിച്ച്‌, യമനിയമങ്ങളോടെ, ഉഞ്ഛവൃത്തിയാല്‍ ഉപജീവനം കഴിക്കുവാനായി മറ്റൊരു കാട്ടിലേക്കു പോയി.


No comments:

Post a Comment