Friday 5 August 2022

അനുശാസനപര്‍വ്വം അദ്ധ്യായം 133 മുതൽ 168 വരെ

133. മഹാദേവരഹസ്യം - ധര്‍മ്മരഹസൃത്തെപ്പറ്റി മഹാദേവന്‍ പറയുന്നു - മഹേശ്വരന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ പരിശോധന നടത്തി ഉത്തമമായ ധര്‍മ്മങ്ങളെ പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങള്‍ എല്ലാവരും എന്നില്‍ നിന്നും ധര്‍മ്മരഹസ്യം കേട്ടു കൊള്ളുക. ധര്‍മ്മത്തില്‍ ആര്‍ക്കു ബുദ്ധിയുദിക്കുന്നുവോ, ധര്‍മ്മത്തില്‍ ആര് ശ്രദ്ധിക്കുന്നുവോ, അവര്‍ക്കു രഹസ്യവും മഹാഫലവുമായ ഇത്‌ ഉപദേശിക്കാം. യാതൊരു മടിയും കൂടാതെ അനുദ്വിഗ്നനായി ഒരുമാസം പശുവിന് വേണ്ട തീറ്റ കൊടുത്തു സംരക്ഷിക്കുന്നുവോ, അവന്‍ അനുഭവിക്കുന്ന ഫലം എന്തെന്നു ഞാന്‍ പറയാം; കേള്‍ക്കുവിന്‍ ഈ പശുക്കള്‍ മഹാഭാഗകളാണ്‌. വളരെ പവിത്രമായിട്ടുള്ളതെന്നാണ്‌ എന്റെ അഭിപ്രായം. അവ ദേവാസുരമനുഷ്യന്മാര്‍ ചേര്‍ന്ന മൂന്നു ലോകത്തെയും താങ്ങുന്നവരാണ്‌. അങ്ങനെ വിളങ്ങുന്ന പശുക്കളില്‍ ശുശ്രൂഷ ചെയുന്നത്‌, വേണ്ട ഭക്ഷണം നല്കി വേണ്ട പോലെ ശുശ്രൂഷിക്കുന്നത്‌, വലിയ ഫലം ചെയ്യുന്നതാണ്‌.

ദിവസത്തില്‍ ഒരുനേരം ആഹാരം കഴിക്കുകയും പശുവിന് വേണ്ടുന്ന ആഹാരം നല്കുകയും ചെയ്യുന്ന പുരുഷന്റെ ഹൃദയം ദുഃഖത്തില്‍ നിന്ന് വിരമിക്കുകയും ചെയ്യും. പശുക്കള്‍ നന്നായി അനുഗ്രഹിക്കുന്നവയാണ്‌. എല്ലാ പാവന വസ്തുക്കളിലും വെച്ച്‌ ഏറ്റവും പരിപാവനമായ ജീവിയാണ്‌ പശു. അതുകൊണ്ട്‌ ദേവന്മാരും, അസുരന്മാരും, മനുഷ്യരും, ഈ മൂന്നു ലോകവും പവിത്രമായ പശുക്കള്‍ മൂലം ഭരിച്ചു പോരുന്നു. മുമ്പ്‌ കൃതയുഗത്തില്‍ ഞാന്‍ ഈ ജീവികള്‍ക്ക്‌ അനുവാദം നല്കി അംഗീകരിച്ചു. പിന്നെ പത്മയോനിയായ ബ്രഹ്മദേവനും പശുക്കളില്‍ കരുണ കാണിച്ചു. അതു കൊണ്ടാണ്‌ വ്രജസ്ഥാനത്തു നില്ക്കുന്ന എന്റെ കൊടിയില്‍ കാള തലയ്ക്കു മുകളില്‍ നില്ക്കുന്നത്‌. ഞാന്‍ എപ്പോഴും പശുക്കളോടൊപ്പം കളിയാടുന്നു. അതു കൊണ്ടാണ്‌ എല്ലാവരും പശുക്കളെ കൈകൂപ്പുന്നത്‌. പശുക്കള്‍ക്ക്‌ വലിയ ശക്തിയുണ്ട്‌. അവയെ ഉപാസിക്കുന്നവരെ അവ അനുഗ്രഹിക്കും. ഒരു ഒറ്റ ദിവസമെങ്കിലും പശുവിന് ഭക്ഷണം നല്കിയാല്‍ അവന്‍ ചെയ്ത ആ പുണ്യത്തിന്റെ ഫലമായി, അവന്‍ ജീവകാലത്തു നേടിയ പുണ്യത്തിന്റെ ആകെ ഫലത്തിന്റെ നാലില്‍ ഒരു ഭാഗം ഫലം അതു കൊണ്ടു തന്നെ പശുവിന്റെ അനുഗ്രഹം മൂലം നേടുന്നതാണ്‌.

134. സ്‌കന്ദരഹസ്യം - സ്‌കന്ദനും വിഷ്ണുവും ധര്‍മ്മരഹസ്യ വിഷയകമായി തങ്ങള്‍ക്കുള്ള അഭിപ്രായം പറയുന്നു - സ്‌കന്ദന്‍ പറഞ്ഞു: എന്റെ അഭിപ്രായവും ധര്‍മ്മത്തെക്കുറിച്ച്‌ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം. നീല നിറത്തിലുള്ള കാളയുടെ കൊമ്പില്‍ പറ്റിയ മണ്ണ്‌, ഭൂമിയില്‍ കിളച്ചു കുത്തിയെടുത്ത മണ്ണെടുത്ത്‌ അതു മൂന്നുദിവസം ദേഹത്തു പൂശി മൂന്നുദിവസം കുളിച്ചാല്‍, അതു കൊണ്ടുളള ധര്‍മ്മഫലം കേള്‍ക്കുക. അത്‌ മനുഷ്യന്റെ അശുഭങ്ങളെ നശിപ്പിക്കും. പരലോകത്ത്‌ അവന് സ്ഥാനം ലഭിക്കുന്നതാണ്‌. അവന്‍ മനുഷ്യനായി പിറക്കുമ്പോഴൊക്കെ ശൂരനായിത്തീരും. ഇത്‌ വളരെ രഹസ്യമായിട്ട് ഉളളതാണെന്നു നിങ്ങള്‍ ധരിക്കണം.

അത്തിപ്പാത്രം എടുത്ത്‌ അതില്‍ വേവിച്ച അന്നത്തില്‍ തേന്‍ ചേര്‍ത്ത്‌ ഉദിച്ചു വരുന്ന ചന്ദ്രന് പൌര്‍ണ്ണമാസിയില്‍ ബലിയര്‍പ്പിച്ചാല്‍ അയാള്‍ക്ക്‌ എന്നും ധര്‍മ്മഫലം സിദ്ധിക്കും. അതു സശ്രദ്ധം നിങ്ങള്‍ കേട്ടു ധരിക്കുവിന്‍. രുദ്രന്മാരും സാദ്ധ്യന്മാരും ആദിത്യന്മാരും വിശ്വേദേവന്മാരും അശ്വികളും വസുക്കളും മരുത്തുക്കളും ആ ബലി ഏല്ക്കുന്നതാണ്‌. അതുകൊണ്ട്‌ സോമന്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും. മഹോദധിയും സമുദ്രവും അതുകൊണ്ടു വര്‍ദ്ധിച്ചുവരും. ഇതു ഞാന്‍ കണ്ട, രഹസ്യമായ, സുഖാവഹമായ, ധര്‍മ്മമാണ്‌. 

വിഷ്ണു പറഞ്ഞു: മഹാന്മാരായ ദേവന്മാര്‍ അവരുടെ മനസ്സിലുള്ള രഹസ്യധര്‍മ്മങ്ങളൊക്കെ പറഞ്ഞു. ഋഷി ഗുഹ്യമായ വൃത്താന്തവും പറഞ്ഞു. നിത്യവും അഗ്നികാര്യ ങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയും പറഞ്ഞു. അസൂയയില്ലാതെ അതു ശ്രദ്ധയോടെ മനസ്സു വെച്ചു കേള്‍ക്കുകയാണെങ്കില്‍ അവന് യാതൊരു വിഘ്നവും ഉണ്ടാവുകയില്ല. അവന് ഭയം സംഭവിക്കുന്നതല്ല. ശുഭകര്‍മ്മങ്ങളായ പുണ്യങ്ങള്‍, രഹസ്യമായ കര്‍മ്മങ്ങള്‍, പറഞ്ഞുവല്ലോ. അവ ജിതേന്ദ്രയന്‍ പറഞ്ഞാല്‍ അവന് അതില്‍ ധര്‍മ്മത്തിന്റെ സല്‍ഫലം സിദ്ധിക്കുന്നതാണ്‌. അവന് പാപം വന്നേക്കുന്നതുമല്ല. പറഞ്ഞു കേള്‍പ്പിച്ചാലും ചൊല്ലിയാലും അതിന് മഹത്തായ ഫലം ലഭിക്കും. പിതൃക്കളും ദേവന്മാരും അവന്‍ നല്‍കുന്ന ഹവ്യകര്‍മ്മങ്ങള്‍ അക്ഷയമായി ഭുജിക്കുന്നതാണ്‌. പര്‍വ്വം തോറും ബ്രാഹ്മണരെ ഇതു കേള്‍പ്പിച്ചാല്‍ ആ പരിപാവനാത്മാവായ മനുഷ്യന്‍ ഋഷികള്‍ക്കും, ദേവകള്‍ക്കും, പിതൃക്കള്‍ക്കും, എല്ലായ്പോഴും ഇഷ്ടനായിത്തീ രും. അവന്‍ ധര്‍മ്മത്താല്‍ ശ്രീമാനായി പ്രയതനായി ഭവി ക്കും, ഋഷികള്‍ക്കും ദേവകള്‍ക്കും പിതൃക്കള്‍ക്കും ഏല്ലായ്പോഴും ഇഷ്ടനായി ഭവിക്കും. അവന്‍ ശ്രീമാനായി ധര്‍മ്മപ്രയതനായി ഭവിക്കുന്നതാണ്‌. പാപകര്‍മ്മം ചെയ്താലും അവന്‍ മഹാപാതകം കൂടാതെ രഹസ്യമായ ഈ ധര്‍മ്മങ്ങള്‍ കേട്ടാല്‍ അവന്റെ സകല പാപവും വിട്ടു പോകുന്നതാണ്‌.

ഭീഷ്മൻ പറഞ്ഞു: ദേവകള്‍ പറഞ്ഞ ഈ ധര്‍മ്മരഹസ്യം അല്ലയോ രാജാവേ, വ്യാസഭഗവാന്‍ എന്നോടു പറഞ്ഞതാണ്‌. അത്‌ ഞാന്‍ ഭവാനോട്‌ ഇപ്പോള്‍ പറഞ്ഞിരിക്കുന്നു. എല്ലാ ദേവന്മാരും സ്തുതിക്കുന്നതാണത്‌. രക്ത സമ്പൂര്‍ണ്ണയായ ഭൂമി മുഴുവനും ചേര്‍ന്നിടത്തോളം അതിന് തുല്യമായ മഹത്വം ഈ ധര്‍മ്മത്തിന് ഉണ്ടെന്ന് അറിയണമെന്ന്‌ ധര്‍മ്മജ്ഞന്മാര്‍ പറയുന്നു.

പുരാണങ്ങളില്‍ ശ്രദ്ധയില്ലാത്തവനും ഈശ്വര വിശ്വാസമില്ലാത്ത നാസ്തികനും ധര്‍മ്മം നശിച്ചവനും കരുണയില്ലാത്തവനും ദുഷ്ടവാക്കുകള്‍ പറയുന്നവനും ഗുരുവിനെ ദ്വേഷിക്കുന്നവനും ആത്മാവില്ലെന്നു പറയുന്നവനും, എല്ലാ ജീവിയിലുമുള്ള ജീവന്‍ ഒന്നല്ല, കേവലം വൃതൃസ്മമാണ്‌ എന്നു വാദിക്കുന്നവന്നും ഈ ധര്‍മ്മം ഉപദേശിക്കരുത്‌.

135. ഭോജ്യാഭോജ്യാന്നകഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: ആരുടെ അടുത്തു നിന്നാണ്‌ ബ്രാഹ്മണന്‍ ഊണു വാങ്ങി കഴിക്കേണ്ടത്‌? ക്ഷത്രിയന്‌ ആരുടെ ഊണു കഴിക്കാം? വൈശ്യനും ശൂദ്രനും ആരുടെ ഊണു കഴിക്കാം? എല്ലാം വെവ്വേറെ പറഞ്ഞു തരണേ ഭാരതാ!

ഭീഷ്മൻ പറഞ്ഞു: ബ്രാഹ്മണന് മറ്റൊരു ബ്രാഹ്മണന്റെ കൈയില്‍ നിന്ന്‌ അവന്റെ ഭക്ഷണം കഴിക്കാം. അപ്രകാരം ക്ഷത്രിയന്റെയും വൈശ്യന്റെയും ഭക്ഷണം കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബ്രാഹ്മണന്‍ ഒരിക്കലും ഒരു ശൂദ്രന്റെ കൈയില്‍ നിന്ന്‌ ഊണു വാങ്ങി കഴിക്കരുത്‌.

ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ക്ഷത്രിയന് ഭക്ഷണം നല്കേണ്ടവരാണ്‌. ക്ഷത്രിയന് അവരുടെയെല്ലാം ഊണ്‌ അവര്‍ സല്‍ക്കരിച്ചു വിളമ്പിത്തരുമ്പോള്‍ ഭക്ഷിക്കാവുന്നതാണ്‌. എന്നാല്‍ അവരാരും തന്നെ ശൂദ്രരുടെ ചോറ്‌ ഉണ്ണരുത്‌. ശൂദ്രര്‍ സര്‍വ്വഭക്ഷ്യരാണ്‌. ശൂദ്രര്‍ എന്തും ഭക്ഷിക്കുന്നവരാണ്‌. അതുകൊണ്ട്‌ അവരുടെ ആഹാരം വര്‍ജ്ജിക്കണം. അവര്‍ വികര്‍മ്മികളാണ്‌. സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്ത കൂട്ടരാണ്‌. വിപ്രന്മാര്‍ക്കും ക്ഷത്രിയന്മാർക്കും, വൈശ്യന്മാര്‍ നല്കുന്ന ഊണ്‌ സ്വീകരിക്കാം. വൈശ്യന്മാര്‍ ഊട്ടേണ്ടവരാണ്‌ അവര്‍. നിത്യവും അഗ്നി ജ്വലിപ്പിച്ച്‌ കര്‍മ്മം ചെയ്യുന്നവരും വിവിക്തന്മാരും ചാതുര്‍മ്മാസ്യ വ്രതമെടുക്കുന്നവരുമാകണം ആ വൈശ്യന്മാര്‍.

ശൂദ്രന്മാര്‍ തരുന്ന അന്നം ഭുജിക്കുന്ന ബ്രാഹ്മണര്‍ ഭൂമിയില്‍ വൃത്തികെട്ട സാധനങ്ങള്‍ കഴിക്കുന്ന കൂട്ടരാണ്‌. അവര്‍ മനുഷ്യരുടെ മൂത്രം കുടിക്കുന്നവരും മലം ഭക്ഷിക്കുന്നവരുമാണ്‌. അത്ര വൃത്തികെട്ടവനായി ആ ബ്രാഹ്മണനെ കണക്കാക്കണം. അവന്‍ ഭൂമിയിലെ സകല മലവും ഭക്ഷിക്കുന്നവനായിത്തന്നെ വിചാരിക്കണം. ശൂദ്രനെ സേവിച്ചു കഴിയുന്ന ബ്രാഹ്മണന്‍ സന്ധ്യാവന്ദനാദി വിശിഷ്ടകര്‍മ്മങ്ങള്‍ ചെയ്യുന്നവനായാലും അവന്‍ അതിന്റെ ഫലമായി നരകദുഃഖം അനുഭവിക്കുക തന്നെ ചെയ്യും. അതു തന്നെയാണ്‌ ക്ഷത്രിയനും വൈശ്യനും ശൂദ്രനെ സേവിച്ചാലുള്ള ഫലം.

സ്വാദ്ധ്യായപരമായ വിപ്രന്മാരുടെ ധര്‍മ്മം നരന്മാര്‍ക്ക്‌ ക്ഷേമം ആശംസിക്കുകയാണ്‌. ക്ഷത്രിയന്‍ പ്രജകളെ രക്ഷിക്കുന്നതില്‍ ഏര്‍പ്പെടുന്നു. വൈശ്യന്‍ ലോകത്തിന് പുഷ്ടിക്കു വേണ്ടിയുള്ള കൃഷികര്‍മ്മങ്ങള്‍ ചെയ്യുന്നു. വൈശ്യന്‍ ചെയ്യുന്ന കര്‍മ്മം കൊണ്ടാണ്‌ മര്‍ത്ത്യര്‍ക്കുള്ള ഉപജീവനം. കൃഷിയും പശുക്കളെ മേയ്ക്കലും കച്ചവടവും വൈശ്യന്മാരുടെ തൊഴിലാണ്‌. അത്‌ നിന്ദാര്‍ഹമായ തൊഴിലല്ല.

തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട കര്‍മ്മത്തെ വിട്ട്‌ ആര്‌ ശൂദ്രകര്‍മ്മം ചെയ്യുന്നുവോ അവന്‍ ശൂദ്രനെപ്പോലെയാകും. അവന്‍ കര്‍മ്മംകൊണ്ട്‌ ശൂദ്രനായി തീര്‍ന്നാല്‍ അവന്റെ ഭക്ഷണം ബ്രാഹ്മണ ക്ഷ്ത്രിയ വൈശ്യന്മാര്‍ സ്വീകരിക്കുവാന്‍ പാടില്ലാത്തതാകുന്നു. ചികിത്സകന്മാരും (വൈദ്യന്മാര്‍), കാണ്ഡപൃഷ്ഠന്മാരും (പട്ടാളക്കാരന്‍), പുരാദ്ധ്യക്ഷന്മാരും, പുരോഹിതന്മാര്‍, സാവത്സരനായ വൃഥാദ്ധ്യായി (ഒരു കൊല്ലം മുഴുവന്‍ പഠിച്ചിട്ടും യാതൊരു പ്രയോജനവും സിദ്ധിക്കാത്തവന്‍) ഇവരെയെല്ലാം ശൂദ്രന്റെ മാതിരി തന്നെ കണക്കാക്കണം. ഇവരുടെ കൈയില്‍നിന്ന്‌ അന്നം അവര്‍ സല്‍ക്കരിച്ചാലും ക്ഷണിച്ചാലും അനുഭവിക്കരുത്. ഇത്തരം ശൂദ്രന്മാരുടെ അന്നം നാണം കെട്ടു ചെന്ന്‌ ഉണ്ടാല്‍ ആ അഭക്ഷൃ ഭക്ഷണം മൂലം അവന് ദാരുണമായ കുഴപ്പത്തിന്ന്‌ ഇട വരുന്നതാണ്‌. ധര്‍മ്മത്തെ വിട്ടു നടക്കുന്ന ആ ബ്രാഹ്മണന്റെ കുലവും, വീര്യവും, തേജസ്സും, ശക്തിയുമൊക്കെ നശിക്കും. അവന്‍ തിര്യക്കായി പിന്നെ ജനിക്കും. നായയെപ്പോലെ നിഷ്ക്രിയനും ധര്‍മ്മവര്‍ജ്ജിതനുമായി ഭവിക്കും.

ഒരു വൈദ്യന്റെ (ചികിത്സകന്റെ) ചോറ്‌ ബ്രാഹ്മ ണന്‍ ഉണ്ണുന്നതായാല്‍ അത്‌ അമേദ്ധൃത്തിന് തുല്യമായി കണക്കാക്കണം. ഒരു വേശ്യയുടെ ചോറുണ്ണുന്നതായാല്‍ അത്‌ അവളുടെ മൂത്രം കുടിച്ച മാതിരി കണക്കാക്കണം. ഒരു ആശാരിയുടെ (ശില്ലിയുടെ) ചോറ്‌ ഉണ്ണുന്നതായാല്‍ അതു രക്തം കുടിച്ച മാതിരി കണക്കാക്കണം. നിത്യവും കഷ്ടിച്ചു പണിയെടുത്തു കിട്ടുന്നവന്റെ അന്നം ഒരു സാധുവും സമ്മതനുമായ വിദ്വാന്‍ ഉണ്ടാല്‍ അതു ശൂദ്രാന്നം പോലെ തന്നെ പരിഗണിക്കുന്നതാണ്‌. അതുകൊണ്ട്‌ സജ്ജനങ്ങള്‍ അത്‌ ഒഴിവാക്കണം. മറ്റുള്ളവരെ ആക്ഷേപിക്കുന്നവന്റെ ചോറ്‌ ഉണ്ണുന്നതായാല്‍ അത്‌ ബ്രഹ്മഹത്യക്കു തുല്യമായിരിക്കും.

സന്തോഷിച്ചു സല്‍ക്കരിക്കുന്ന അന്നമേ ആരും ഉണ്ണാവു. സന്തോഷമില്ലാതെയും നിന്ദിച്ചു കൊണ്ടും, "വന്നിരുന്നു തിന്നോടാ", എന്നും മറ്റും പറഞ്ഞു തരുന്ന അന്നം ഭക്ഷിക്കരുത്‌. അങ്ങനെ തരുന്ന അന്നം ഭുജിക്കുന്ന ബ്രാഹ്മണന് ഉടനെ രോഗവും വംശക്ഷയവും ബാധിക്കുന്നതാണ്‌. നഗരപാലകന്റെ അന്നം വലിഞ്ഞു കയറിച്ചെന്ന്‌ ഉണ്ണുന്ന ബ്രാഹ്മണന്‍ പറയനു തുല്യനായിത്തീരും. പശുവിനെ ഹനിക്കുന്നവന്‍, വിപ്രനെ ദ്രോഹിക്കുന്നവന്‍, മദ്യം കഴിക്കുന്നവന്‍, ഗുരുവിന്റെ ഭാര്യയുടെ തല്പത്തില്‍ കിടക്കുന്നവന്‍, ഇവരുടെ ചോറ്‌ ഉണ്ണുന്ന ബ്രാഹ്മണന്‍ രക്ഷസ്സുകളുടെ വംശം വര്‍ദ്ധിപ്പിക്കുന്നവനാകും. സംരക്ഷിക്കുവാന്‍ ഏല്പിച്ച മുതല്‍ അപഹരിക്കുന്നവന്‍, കൃതഘ്‌നന്‍, ക്ലീബന്‍ ഇവരുടെയൊക്കെ അന്നം ഉണ്ണുന്നവന്‍ മദ്ധ്യദേശത്തിന്‍ പുറത്ത്‌ ശബരന്മാരുടെ (വേടന്മാരുടെ) കുടിലില്‍ച്ചെന്നു ജനിക്കും.

ഇങ്ങനെ അഭോജ്യരെയും ഭോജ്യരെയും പറ്റി വിധിപ്രകാരം ഞാന്‍ പറഞ്ഞു. ഇനി ഞാന്‍ എന്താണു പറയേണ്ടത്‌. എന്തു കേള്‍പ്പാനാണു നീ കൊതിക്കുന്നത്‌?

136. പ്രായശ്ചിത്തവിധി - പ്രതിഗ്രഹത്തിനും അഭോജൃഭോജനത്തിനുമുള്ള പ്രായശ്ചിത്തം - യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങ്‌ പൂര്‍ണ്ണമായും ഭോജ്യാഭോജ്യന്മാരെപ്പറ്റി പറഞ്ഞു. ആരുടെ ഭക്ഷണം കഴിക്കാമെന്നും, ആരുടെ കഴിക്കുവാന്‍ പാടില്ലെന്നും അങ്ങ്‌ വൃക്തമായും പറഞ്ഞു കഴി ഞ്ഞു. എന്നാല്‍ എനിക്ക്‌ ഒരു കാര്യത്തില്‍ വലിയ ഒരു സംശയം ബാധിച്ചിരിക്കുന്നു. അതും അങ്ങ്‌ ഒന്നു തീര്‍ത്തു തരണേ! ബ്രാഹ്മണര്‍ വിശേഷിച്ചും ഹവ്യകവ്യങ്ങള്‍ വാങ്ങുന്നതിലും, നാനാതരം അഹിതമായ ഭോജ്യങ്ങള്‍ അനുഭവിക്കുന്നതിലും വല്ല പ്രായശ്ചിത്തവുമുണ്ടോ? ഉണ്ടെങ്കില്‍ അതു പറഞ്ഞുതരണേ!

ഭീഷ്മൻ പറഞ്ഞു: രാജാവേ, ഞാന്‍ പറയാം. യോഗ്യരായ ബ്രാഹ്മണന്‍ പ്രതിഗ്രഹങ്ങള്‍ വാങ്ങുന്നതിലും, നിഷിദ്ധമായവരില്‍ നിന്ന് കഴിക്കുന്ന ഭോജനത്തിലും, തന്മൂലമുണ്ടാകുന്ന പാപവിമുക്തിക്കു വേണ്ടി പ്രായശ്ചിത്തങ്ങള്‍ ചെയ്യണം. അതു ഞാന്‍ പറയാം. ഘൃതം പ്രതിഗ്രഹിച്ചാല്‍ സാവിത്രീ മന്ത്രം ചൊല്ലുകയും, സമിത്ത്‌ അഗ്നിയില്‍ ഹോമിക്കുകയും ചെയ്യണം. തിലം പ്രതിഗ്രഹിച്ചാലും അതുതന്നെയാണ്‌ ചെയ്യേണ്ടത്‌, യുധിഷ്ഠിരാ! മാംസം പ്രതിഗ്രഹിച്ചാല്‍ സൂര്യോദയത്തില്‍ തേനും ഉപ്പും തിന്ന്‌ ഉപവസിക്കണം. സ്വര്‍ണ്ണം പ്രതിഗ്രഹം വാങ്ങിയാല്‍ ഗായത്രിമന്ത്രം ജപിക്കണം. കാരിമ്പു പരസ്യമായി ധരിച്ചാല്‍ ദ്വിജന്‍ പാപത്തില്‍ നിന്ന് മുക്തനാകും.

ഇപ്രകാരം സ്ത്രീകളുടെ കൈയില്‍ നിന്ന് ധനവും, വസ്ത്രവും ദാനമായി വാങ്ങിയാല്‍, അതിന് സ്വര്‍ണ്ണം വാങ്ങിയാലുള്ള പ്രായശ്ചിത്തം തന്നെ ചെയ്യണം. അന്നം വാങ്ങിയാലും പായസം വാങ്ങിയാലും കരിമ്പിന്‍ നീര്‌ വാങ്ങിയാലും, തൈലം, ഇക്ഷു എന്നിവ വാങ്ങിയാലുമുള്ള പാപം നീങ്ങുവാന്‍ മൂന്നു സന്ധ്യക്കും മുങ്ങിക്കുളിക്കേണ്ടതാണ്‌. വ്രീഹി, പുഷ്യം, ഫലം, വെള്ളം, വിഷം എന്നിവയിലും യാവകം, തൈര്, പാല്‌ എന്നിവയിലും പാപം നീങ്ങുവാന്‍ ഗായത്രി നൂറുരു ജപിക്കുക.

ശ്രാദ്ധത്തില്‍ കുടയും ചെരിപ്പും വാങ്ങിച്ചാല്‍ നൂറുരു ഗായത്രി ജപിച്ചാല്‍ പാപം ഒഴിഞ്ഞു പോകുന്നതാണ്‌. ഭൂമി പ്രതിഗ്രഹമായി ഗ്രഹണ കാലങ്ങളിലും, മറ്റ്‌ അശുഭ കാലങ്ങ ളിലും വാങ്ങിയാല്‍ മൂന്നു ദിവസം ഉപവസിക്കണം. എന്നാല്‍ ആ പാതകം ഒഴിഞ്ഞു പോകുന്നതാണ്‌.

പിതൃശ്രാദ്ധത്തില്‍ അന്നം വിപ്രന്‍ കൃഷ്ണപക്ഷത്തില്‍ ഉണ്ണുകയാണെങ്കില്‍ ഒരു രാവും പകലും സന്ധ്യോപാസന ചെയ്യാതെ, ജപം നടത്താതെ, ഉപവസിച്ചാല്‍ ആ ദ്വിജന്‍ ശുദ്ധനാകും. വീണ്ടും അന്നഭക്ഷണം പാടില്ല.

ഇതുകൊണ്ടാണ്‌ ബ്രാഹ്മണരെ ശ്രാദ്ധത്തിന് ഉച്ചകഴിഞ്ഞ സമയത്ത്‌ വിളിക്കുന്നത്‌. അങ്ങനെ പറഞ്ഞ വിധം ബ്രാഹ്മണന്‍ ഉണ്ണുകയും ചെയ്യണം. മരിച്ചതിന്റെ മൂന്നാം ദിവസം ആ ഗൃഹത്തില്‍ നിന്ന്‌ ബ്രാഹ്മണന്‍  ഊണു കഴിച്ചാല്‍ അതിന് പ്രായശ്ചിത്തമായി പന്ത്രണ്ടു ദിവസം മുങ്ങിക്കുളിച്ചാല്‍ ആ ബ്രാഹ്മണന്‍ പാപവിമുക്തനായി വിശുദ്ധനാകും. പന്ത്രണ്ടു ദിവസം കഴിഞ്ഞ്‌ ശുദ്ധനായതിന് ശേഷം ബ്രാഹ്മണര്‍ക്കു ഹവിസ്സ്‌ ഉണ്ണുവാൻ നല്കിയാല്‍ അവന്‍ ശുദ്ധനാകുന്നതാണ്‌; പാപം നീങ്ങുന്നതാണ്‌. മരിച്ച ഗൃഹത്തില്‍ പത്താംദിവസം പ്രായശ്ചിത്തം ചെയ്യണം. സാവിത്രീ മന്തം, രേവതീഷ്ടി കൂശ്മാണ്ഡം ഇവയൊക്കെയാണ്‌ അഘമര്‍ഷണത്തിനുള്ള പ്രായശ്ചിത്തങ്ങള്‍.

മരിച്ച ഗൃഹത്തില്‍ നിന്ന്‌ മൂന്നാം രാത്രിയില്‍ ഉദ്ദിഷ്ടമായ മട്ടില്‍ ഊണു കഴിക്കുകയാണെങ്കില്‍ ആ ബ്രാഹ്മണന്‍ ത്രിഷവണ സ്നാനം ചെയ്താല്‍ വിശുദ്ധനായി തീരുന്നതാണ്‌. അവന്‍ വലിയ സിദ്ധി നേടുകയും ആപത്ത്‌ ഏല്ക്കുന്നതില്‍ നിന്ന്‌ വിമുക്തനാവുകയും ചെയ്യും.

ബ്രാഹ്മണന്‍ ശൂദ്രനോടൊപ്പം ഒരു പന്തിയിലിരുന്ന്‌ ഉണ്ണുകയാണെങ്കില്‍ വിധിപോലെ അവന് ആ ശൗചം ശുദ്ധിയാക്കുവാന്‍ വിധിച്ചിട്ടുണ്ട്‌. ബ്രാഹ്മണന്‍ വൈശ്യനോടൊന്നിച്ചിരുന്ന്‌ ഉണ്ണുകയാണെങ്കില്‍ അവന്‍ മൂന്നു നാള്‍ ഭിക്ഷയെടുത്ത്‌ അന്നം കഴിച്ചാല്‍ ആ കര്‍മ്മം വിട്ടൊഴിഞ്ഞു പോകും. ബ്രാഹ്മണനും ക്ഷത്രിയനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ ഉടുത്ത വസ്ത്രത്തോടു കൂടി ജലത്തില്‍ സ്നാനം ചെയ്യണം. എന്നാല്‍ ആ പാതകം ഒഴിയുന്നതാണ്‌. ഇങ്ങനെ മിശ്രഭോജനം ചെയ്യുന്ന ശൂദ്രന് അവന്റെ കുലം നശിക്കും. വൈശ്യന് അവന്റെ പശുക്കളും ബന്ധുക്കളും നശിക്കും. ക്ഷത്രിയന് അവന്റെ ശ്രീ നശിച്ചു പോകും. ബ്രാഹ്മണന് അവന്റെ തേജസ്സും നശിക്കുന്നതാണ്‌. ഇവയെല്ലാം പ്രായശ്ചിത്തം, ശാന്തി, ഹോമം, എന്നിവ ചെയ്താല്‍ ഒഴിഞ്ഞു പോകും. സാവിത്രീമന്ത്രം, രേവതീഷ്ടി, കൂശ്‌മാണ്ഡം ഇവയാണ്‌ അഘമര്‍ഷണം പാപം നീങ്ങുവാനുള്ള കര്‍മ്മം. അപ്രകാരം അന്യോന്യം ഉച്ഛിഷ്ടം ഉണ്ടാല്‍ പാപഭുക്കാകുമെന്നതിന്‌ യാതൊരു സംശയവുമില്ല. അശുദ്ധന്‍ ഗോരോചനം, ദര്‍ഭ, മഞ്ഞള്‍ എന്നീ മംഗളദ്രവ്യങ്ങള്‍ ദേഹത്തില്‍ പുരട്ടുകയും ചെയ്യണം.

137. ദാനാനുകീര്‍ത്തനം - ദാനത്തിനോ തപസ്സിനോ ശ്രേഷ്ഠതയെന്ന്‌ ധര്‍മ്മപുത്രന്‍ ചോദിച്ചതിന് ദാനമഹിമയെ ഭീഷ്മൻ വര്‍ണ്ണിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ദാനം, തപസ്സ്‌ എന്നീ രണ്ടു കാര്യങ്ങളെപ്പറ്റി ഭവാന്‍ വാഴ്ത്തിപ്പറഞ്ഞുവല്ലോ. ഹേ ഭാരതാ! ഇവയിലേതാണ്‌ ഈ ലോകത്തില്‍ കുടുതല്‍ ശ്രേഷ്ഠമായത്‌? ഈ മഹാസംശയം ഭവാന്‍ നീക്കിത്തരണേ!

ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഞാന്‍ ചില ധര്‍മ്മാത്മാക്കളെപറ്റി പറയാം. തപസ്സു കൊണ്ട്‌ ഭാവിതാത്മാക്കളായി സംശയം കൂടാതെ പുണ്യലോകങ്ങള്‍ നേടിയവരുണ്ട്‌. ദാനപുണ്യാഢ്യരായി ചില നൃപന്മാര്‍ സ്വര്‍ഗ്ഗം നേടിയിട്ടുണ്ട്‌. ഋഷിയായ ആത്രേയന്‍ എല്ലാവരാലും ബഹുമാനിക്കപ്പെട്ട മഹാത്മാവായിരുന്നു. രാജാവേ, അദ്ദേഹം തന്റെ ശിഷ്യന്മാര്‍ക്ക്‌ നിര്‍ഗ്ഗുണബ്രഹ്മത്തെ ഉപദേശിച്ച്‌ മുഖ്യമായ ലോകങ്ങള്‍ നേടി. ഉശീനര പുത്രനായ ശിബി തന്റെ പ്രിയപുത്രന്റെ ജീവന്‍ ബ്രാഹ്മണര്‍ക്കു വേണ്ടി ദാനം ചെയ്ത്‌ ഈ ലോകം വിട്ട്‌ സ്വര്‍ഗ്ഗലോകം നേടി. കാശിരാജാവായ പ്രതര്‍ദ്ദനന്‍ തന്റെ പുത്രനെ വിപ്രന്മാര്‍ക്കു വേണ്ടി ദാനം ചെയ്ത്‌ അതുല്യമായ കീര്‍ത്തി ഈ ലോകത്തും പരലോകത്തും നേടി. സംകൃതിയുടെ പുത്രനായ രന്തിദേവന്‍ മഹാത്മാവായ വസിഷ്ഠന് വിധിപ്രകാരം അര്‍ഘ്യം നല്കി മഹത്തായ ലോകങ്ങളെ നേടി. ദിവ്യവും നൂറ്‌ അഴിയുള്ളതുമായ പൊന്‍കുട ഒരു മഖത്തില്‍ ദേവാപൃഥ രാജാവ്‌ ബ്രാഹ്മണന് ദാനം ചെയ്തു സ്വര്‍ഗ്ഗം നേടി.

ആരാദ്ധ്യനായ അംബരീഷ രാജാവ്‌ തന്റെ രാജ്യം മുഴുവന്‍ ഓജസ്വിയായ ഒരു ബ്രാഹ്മണന് ദാനം ചെയ്തു സുരലോകത്തെ നേടി. ദിവ്യമായ കുണ്ഡലം ദാനം ചെയ്ത്‌ കര്‍ണ്ണനും, വാഹനവും ഗോക്കളും വിപ്രന് ദാനം ചെയ്തു ജനമേജയനും മുഖ്യമായ ലോകത്തെ പ്രാപിച്ചു. രാജര്‍ഷിയായ വൃഷാദര്‍ഭി പലമാതിരി രത്നങ്ങളും നല്ല ഗൃഹങ്ങളും വിപ്രന്മാർക്കു നല്കി സ്വര്‍ഗ്ഗം നേടി. രാജര്‍ഷിയും വിദര്‍ഭ രാജാവുമായ നിമി തന്റെ പുത്രിയെ രാജ്യത്തോടൊപ്പം മഹാത്മാവായ അഗസ്ത്യനു ദാനം ചെയ്ത്‌ ബന്ധുക്കളോടും പുത്രന്മാരോടും കൂടി സ്വര്‍ഗ്ഗത്തെ പ്രാപിച്ചു. ജാമദഗ്ന്യനായ രാമന്‍ വിപ്രന്‌ ഭൂമി നല്കി കീര്‍ത്തി നേടി മനസ്സുകൊണ്ടു ചിന്തിക്കുവാന്‍ പോലും കഴിയാത്ത മഹത്തായ നിത്യലോകങ്ങള്‍ സമ്പാദിച്ചു. ഇന്ദ്രന്‍ മഴ പൊഴിക്കാതിരുന്നത് കാരണം, ദേവശ്രേഷ്ഠനായ വസിഷ്ഠന്‍ ജീവജാലങ്ങളെ മരണത്തില്‍ നിന്ന് കരകയറ്റി അക്ഷയമായ ഗതി നേടി. യജ്ഞങ്ങളില്‍ ദാശരഥിയായ രാമന്‍ ധനങ്ങള്‍ ദാനം ചെയ്ത്‌ അക്ഷയമായ ലോകങ്ങള്‍ പ്രാപിച്ചു. ആ രാജാവിന്റെ കീര്‍ത്തി ലോകത്തില്‍ ശാശ്വതമായി.

രാജര്‍ഷിയായ കക്ഷസേനന്‍ മഹാത്മാവായ വസിഷ്ഠന്‌ നിക്ഷേപം കാഴ്ച വെച്ചിട്ടു കീര്‍ത്തിമാനായി, ഗതിനേടി. കരന്ധവന്റെ പൌത്രനായ ആവിക്ഷിത മരുത്തന്‍ തന്റെ കന്യകയെ അംഗിരസ്സിന് നൽകി ഉടനെ സ്വര്‍ഗ്ഗത്തെ പ്രാപിച്ചു. പാഞ്ചാല്യനായ ബ്രഹ്മദത്ത രാജാവ്‌, ഉത്തമനായ ധാര്‍മ്മികന്‍, ശംഖന്‌ നിധി നല്കി ശ്രേഷ്ഠമായ ഗതിയെ പ്രാപിച്ചു. മിത്രസഹന്‍ എന്ന രാജാവ്‌ മഹാത്മാവായ വസിഷ്ഠന്ന്‌ തന്റെ ഇഷ്ട ഭാര്യയായ മദയന്തിയെ നല്കി സ്വര്‍ഗ്ഗം പ്രാപിച്ചു. മഹാത്മാവായ ലിഖിതന്ന്‌ സുദ്യുമുന്‍ എന്ന മനുപുത്രന്‍ ധര്‍മ്മത്താല്‍ നല്ല ശിക്ഷ നല്കി മുഖ്യമായ ഗതിയെ പ്രാപിച്ചു. സഹസ്രചിത്തന്‍ എന്നുപേരായ രാജര്‍ഷി പ്രിയപ്പെട്ട പ്രാണങ്ങളെ ബ്രാഹ്മണര്‍ക്കു വേണ്ടി തൃജി ച്ച്‌ കീര്‍ത്തിമാനായി മുഖ്യമായ ലോകങ്ങളെ നേടി. മൗൽഗ്യന് സര്‍വ്വകാമപൂര്‍ണ്ണവും പൊന്മയവുമായ ഗൃഹം നല്കി ശരദ്യുമ്ന രാജാവ്‌ സ്വര്‍ഗ്ഗം നേടി.

കുന്നുപോലെ കൂട്ടിയ ഭക്ഷ്യഭോജ്യങ്ങളെ പണ്ടു ശാണ്ഡില്യന് നല്കി സുമന്യു സ്വര്‍ഗ്ഗത്തിലേക്കു കയറി. ദ്യുതിമാന്‍ എന്നു പ്രസിദ്ധനായ മഹാദ്യുതിയായ സാല്വരാജാവ്‌ ഋചീകന് നാടുനല്കി മുഖ്യമായ ലോകങ്ങള്‍ നേടി. രാജര്‍ഷിയായ മദിരാശ്വന്‍ സുമദ്ധ്യമ എന്ന കന്യകയെ ഹിരണ്യഹസ്തന് നല്കി ദേവലോകം പ്രാപിച്ചു. രാജര്‍ഷിയായ ലോമപാദന്‍ തന്റെ മകളായ ശാന്തയെ ഋശൃശ്യംഗ മഹര്‍ഷിക്കു നല്കി എല്ലാ കാമങ്ങളും നേടി.

ഹംസി എന്നു പ്രസിദ്ധയായ തന്റെ മകളെ കൌത്സന് നല്കി അക്ഷയമായ ലോകങ്ങളെ രാജര്‍ഷിയായ ഭഗീരഥന്‍ പ്രാപിച്ചു. നൂറായിരം പശുക്കളെ, കുട്ടികളോടു കൂടിയ ഉത്തമകളായ കറവപ്പശുക്കളെ, ഭഗീരഥരാജാവ്‌ കോഹളന് നല്കി മുഖ്യമായ ലോകങ്ങള്‍ പൂകി. ഇങ്ങനെ ഇവരും മറ്റു പല മഹാത്മാരും ദാനംകൊണ്ടും തപസ്സുകൊണ്ടും, അല്ലയോ യുധിഷ്ഠിരാ, സ്വര്‍ഗ്ഗം പ്രാപിച്ചു. അവര്‍ വീണ്ടും വീണ്ടും നിവര്‍ത്തിക്കുന്നു. അവര്‍ക്ക്‌ ആ കീര്‍ത്തി ഭൂമി നില്ക്കുന്ന കാലത്തോളം ഉറച്ചതു തന്നെ, ദാനംകൊണ്ടും തപസ്സു കൊണ്ടുമാണ്‌ ഗൃഹസ്ഥാശ്രമികളായ അവര്‍ സ്വര്‍ഗ്ഗവും അന്യപുണ്യലോകങ്ങളും നേടിയത്‌. ശിഷ്ടന്മാരുടെ ഈ ചരിത്രം അല്ലയോ യുധിഷ്ഠിരാ, ഞാന്‍ പറഞ്ഞു തന്നു. ഇവരൊക്കെ ദാനം, യജ്ഞം, പ്രജാലബ്ധി ഇവയാലാണ്‌ സ്വര്‍ഗ്ഗം പ്രാപിച്ചത്‌. അല്ലയോ കൌരവരുടെ ധുരംധരനായ രാജാവേ, നിന്നില്‍ ദാനയജഞക്രിയാബുദ്ധി ധര്‍മ്മവായ്പോടെ നിലനില്ക്കട്ടെ! നിനക്ക്‌ ഇനിയും വല്ല സംശയവുമുണ്ടെങ്കില്‍ രാജശാര്‍ദ്ദൂലാ, നാളെ പ്രഭാതത്തില്‍ പറയാം. ഇപ്പോള്‍ സന്ധ്യയായിരിക്കുന്നു.

138. പഞ്ചവിധദാനം - അഞ്ചുവിധം ദാനങ്ങളുടെ വിവരണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ സത്യവ്രതാ, പരാക്രമാ! താതാ! മഹത്തായ ദാനധര്‍മ്മത്താല്‍ സ്വര്‍ഗ്ഗം പ്രാപിച്ച നരേന്ദ്രന്മാരെപ്പറ്റി ഭവാന്‍ പറഞ്ഞ്‌ ഞാന്‍ കേട്ടു. ഇനി ഈ പറയുന്ന ധര്‍മ്മങ്ങളെപ്പറ്റിയും കേള്‍ക്കുവാന്‍ മോഹമുണ്ട്‌ ധാര്‍മ്മികപുംഗവാ! ദാനം എത്ര വിധമുണ്ട്‌? ദേയങ്ങള്‍ എത്ര വിധമാണ്‌? അതിന്റെയൊക്കെ ഫലമെന്താണ്‌? ആര്‍ക്ക്‌, എങ്ങനെ ധര്‍മ്മൃമായ ദാനം നല്കണം? എന്തു ഹേതുക്കളാല്‍ എത്ര വിധമാണവ? എല്ലാം തത്വമായി പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: അല്ലയോ കൌന്തേയാ! നീ കേള്‍ക്കുക. ദാനത്തിന്റെ തത്വങ്ങളെല്ലാം ഞാന്‍ പറയാം അനഘാശയാ! എല്ലാ ജാതിക്കാരിലും ദാനം ചെയ്യേണ്ട സമ്പ്രദായം പറയാം ഭാരതാ! ദാനങ്ങള്‍ അഞ്ചുവിധമാണ്‌, അതു പറയാം, കേള്‍ക്കുക. ദാനം ഇഹലോകത്തില്‍ കീര്‍ത്തിയുണ്ടാക്കും. പരലോകത്തില്‍ വലിയ സുഖം ഉണ്ടാക്കും. ഇതു ചിന്തിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ അസൂയ വിട്ട്‌ ദാനം നല്കണം. "അവന്‍ ധാര്‍മ്മികനാണ്‌. ദാനം നല്കും. അവന്‍ എനിക്കു ദാനം നല്കി. അവന്‍ നല്കുന്നുണ്ട്‌", എന്ന്‌ അര്‍ത്ഥികള്‍ പറയുന്നുണ്ടെങ്കില്‍ അതുകേട്ട്‌ ആവശൃമറിഞ്ഞു ദാനം ചെയ്യണം. അതു നന്മചെയ്യും. "ഞാന്‍ അവന്റെ ആളല്ല; അവന്‍ എന്റെ ആളുമല്ല. അവനെ അവഗണിച്ചാല്‍ അവന്‍ എന്നെ കാച്ചിക്കളഞ്ഞേക്കും", ഇപ്രകാരം വിചാരിച്ചു പണ്ഡിതന്മാര്‍ മൂഢന്മാര്‍ക്കു ദാനംചെയ്യും. ഇത്തരം ദാനത്തെ ഭയപ്പെട്ടിട്ടുള്ള ദാനമായിപ്പറയുന്നു. ഇദ്ദേഹം എന്റെ ഇഷ്ടനാണ്‌. ഞാന്‍ അദ്ദേഹത്തിന്റെയും ഇഷ്ടനാണ്‌. ഇങ്ങനെയുള്ള തോഴന്മാര്‍ക്ക്‌ ബുദ്ധിമാനായവന്‍ യാതൊരു വിഷമവും കൂടാതെ ദാനംചെയ്യണം. അതില്‍ മടിക്കരുത്‌. ദീനനായ ഇവന്‍ യാചിക്കുന്നു. അല്പം കൊണ്ട്‌ അവന്‍ തുഷ്ടനാകും, ഇങ്ങനെയുള്ള ദരിദ്രന്‌ കാരുണ്യത്തോടെ എപ്പോഴും നല്കണം. ഇപ്രകാരം അഞ്ചു വിധത്തിലുള്ള ധര്‍മ്മം പുണ്യത്തെയും കീര്‍ത്തിയെയും വര്‍ദ്ധിപ്പിക്കുന്നതാണ്‌. പ്രജാപതി പറഞ്ഞിട്ടുള്ളത്‌ എല്ലാവരും യഥാശക്തി ദാനം ചെയ്യണമെന്നാണ്‌.

139. മുനിഗണ കൃഷ്ണസംവാദം - യുധിഷ്ഠിരന്‍ പറ ഞ്ഞു: അല്ലയോ സര്‍വ്വ ശാസ്ത്രവിചക്ഷണനും മഹാപ്രാജ്ഞനുമായ പിതാമഹാ! ഭവാന്‍ നമ്മുടെ വംശത്തില്‍ നാനാ ആഗമത്തേയും വര്‍ദ്ധിപ്പിച്ച ജ്ഞാനിയാണ്‌. അങ്ങു മാത്രമാണ്‌ എല്ലാവിധ ജ്ഞാനങ്ങളും നമ്മുടെ വംശത്തില്‍ നേടിയവരില്‍ അഗ്രഗണ്യന്‍. ധര്‍മ്മാര്‍ത്ഥയുക്തവും, ഭാവിയിലേക്ക്‌ സുഖാവഹവും, ലോകത്തില്‍ ആശ്ചര്യഭൂതവുമായ കാര്യം ഭവാനില്‍ നിന്ന് കേള്‍ക്കുവാന്‍ മോഹമുണ്ട്‌ അരിന്ദമാ! ജ്ഞാതികളും ബന്ധുക്കളുമില്ലാത്ത ഭയജനകമായ കാലവും വന്നടുത്തു. ഞങ്ങളെ രക്ഷിക്കുവാനും, ഉപദേശിക്കുവാനും ഭവാനല്ലാതെ ആരുമില്ല പുരുഷര്‍ഷഭാ! അനുജന്മാരോടു കൂടിയ ഞാന്‍ അങ്ങയ്ക്ക്‌ അനുഗ്രാഹൃനാണെങ്കില്‍ ഭവാന്‍ ഞങ്ങളോട്‌, ഞാന്‍ ഈ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയണേ! ഇതാ സര്‍വ്വരാജാക്കന്മാര്‍ക്കും സമ്മതനായ ശ്രീമാന്‍ നാരായണന്‍ ഭവാനെ ബഹുമാനിച്ച്‌ വണങ്ങി സേവ ചെയ്യുന്നു. ആ ദേവന്റെ മുമ്പില്‍ വെച്ച്‌ രാജാക്കന്മാര്‍ കേള്‍ക്കെ ഭ്രാതാക്കള്‍ക്കും പ്രിയം നല്കുന്നവിധം സ്നേഹത്തോടെ പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്റെ വാക്കു കേട്ട്‌ മനസ്സില്‍ സ്നേഹത്തോടും, സംഭ്രമത്തോടും, ഭാഗീരഥീ പുത്രനായ ഭീഷ്മൻ ഇപ്രകാരം പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഞാന്‍ നിന്നോട്‌ ഒരു മനോഹരമായ കഥ പറയാം. മുമ്പെ ഞാന്‍ വിഷ്ണുവിന്റെ മാഹാത്മ്യം കേട്ടതും പറയാം. ഞാന്‍ കേട്ടതായ ഗോവ്യഷാങ്കന്റെ പ്രഭാവവും പറയാം. ആ ദമ്പതിമാരില്‍ ഗൗരിയുടെ സംശയവും ഞാന്‍ പറയാം. അതും ഭവാന്‍ കേള്‍ക്കുക.

പണ്ട്‌ പന്ത്രണ്ടു വര്‍ഷം, ധര്‍മ്മിഷ്ഠനായ കൃഷ്ണന്‍ ഒരു വ്രതമെടുത്തു. അങ്ങനെ വ്രതമനുഷ്ഠിക്കുന്ന കൃഷ്ണനെ കാണുവാന്‍ നാരദനും പര്‍വ്വതനും ചെന്നെത്തി. കൃഷ്ണ ദ്വൈപായനനും, ധൗമ്യനും, ജപിക്കുന്നവരില്‍ ഉത്തമനായ ദേവലനും, കശ്യപനും, മറ്റു മഹര്‍ഷി സത്തമന്മാരും.ദേവകല്പന്മാരായ തപസ്വികളോടും ശിഷ്യന്മാരോടും കൂടി, ദീക്ഷാബലത്തോട് കൂടിയവരായ അവര്‍ ദ്വാരകയിലെത്തി. അർച്ചിക്കേണ്ടവരായ ആ തപസ്വികളെ വേണ്ട വിധത്തില്‍ അര്‍ച്ചിച്ച്‌ കാലോചിതം അതിഥി സല്‍ക്കാരം ചെയ്തു. പ്രീതനായി ദേവകല്പം ദേവകീപുത്രന്‍ കല്പിച്ചു. ആ സമയത്ത്‌ സുവര്‍ണ്ണ ഹരിതമായ പുത്തന്‍ ദര്‍ഭപ്പുല്ലില്‍ പീഠങ്ങളില്‍ ഹൃഷ്ടരായി മുനിമാര്‍ ഇരുന്നു. അങ്ങനെ അവിടെയിരുന്ന്‌ മധുരമായി ധര്‍മ്മസംഹിതരായ അവര്‍ രാജര്‍ഷിചരിതങ്ങളും ദേവചരിതങ്ങളും പ്രസംഗിച്ചു. അപ്പോള്‍ നാരായണന്റെ വ്രതമാകുന്ന ഇന്ധനത്തില്‍ നിന്നുണ്ടായ അഗ്നി അത്ഭുതം കാട്ടുമാറ്‌ കൃഷ്ണന്റെ വായില്‍ നിന്ന് പുറപ്പെട്ടു. ആ തീ ഉയര്‍ന്നു ജ്വലിച്ച്‌ ആ പര്‍വ്വതം, മരം, വള്ളി, പുല്ല്‌ എന്നിവയടക്കം ചുട്ടു. പിന്നെ പക്ഷികളും, മൃഗകൂട്ടങ്ങളും, പാമ്പുകളും, ചെന്നായ്ക്കളും, നാനാമൃഗങ്ങളും ചേര്‍ന്ന്‌ ഹാ! ഹാ! എന്ന ശബ്ദം മുഴക്കുവാന്‍ തുടങ്ങി. ആ വലിയ കുന്നിന്റെ കൊടുമുടി ഭയങ്കരമായ വിധം ഇടിഞ്ഞു വീണു. ആ പെരുകിയ അഗ്നിജ്വാല എല്ലാറ്റിനെയും ചുട്ടു പൊടിച്ചു. പിന്നെ ആ അഗ്നി ചെന്ന്‌ ശിഷ്യന്റെ മട്ടില്‍ വിഷ്ണുവിന്റെ കാല്‍പിടിച്ചു.

ഉടനെ അരികര്‍ശനനായ വിഷ്ണു, അഗ്നിയില്‍ വെന്ത ആ മലയെ നോക്കി, സൗമ്യമായി കടാക്ഷിച്ച്‌ മുമ്പത്തെ നിലയിലാക്കിത്തീര്‍ത്തു. വെന്തുപോയ ലതകള്‍ തളിര്‍ത്തു. മൃഗപക്ഷികള്‍ ജീവിച്ചു. വീണ്ടും ആ വൃക്ഷലതാദികള്‍ പൂക്കുകയും, പക്ഷികളും മൃഗങ്ങളും രവമുണ്ടാക്കുകയും പാമ്പു കള്‍ സഞ്ചരിക്കുകയും ചെയ്തപ്പോള്‍, ആ അചിന്ത്യമായ അത്ഭുതം കണ്ട്‌ മുനിമണ്ഡലം ആശ്ചര്യപ്പെട്ടു. അവര്‍ രോമാഞ്ചപ്പെടുകയും അത്ഭുതം കൊണ്ട്‌ കണ്ണുനീരൊഴുക്കുകയും ചെയ്തു. അത്ഭുതപ്പെടുന്ന മുനീന്ദ്രന്മാരെക്കണ്ട്‌ വാഗ്‌മി പുംഗവനായ നാരായണന്‍ വണങ്ങി വളരെ സ്നേഹത്തോടെ മധുരമായി ചോദിച്ചു.

വിഷ്ണു പറഞ്ഞു: എപ്പോഴും മുക്തസംഗരായ മാമുനിമാര്‍ക്ക്‌, നിര്‍മ്മമന്മാരായ ഋഷിമാര്‍ക്ക്‌, അത്ഭുതമുണ്ടായി എന്നുള്ളതു തന്നെയാണ്‌ വിസ്മയം! എന്താണ്‌ അത്ഭുതമുണ്ടാകാന്‍ കാരണം? എനിക്കുണ്ടായ ഈ അത്ഭുതം, എ ന്റെ ഈ സംശയം ശരിയായും അനിന്ദ്യരല്ലാത്ത മുനിമാരേ, നിങ്ങള്‍ തീര്‍ക്കുമാറ്‌ പറയണേ!

ഋഷികള്‍ പറഞ്ഞു: ഭഗവാന്‍ ലോകം സൃഷ്ടിക്കുന്നു, സംഹരിക്കുന്നു. വീണ്ടും സൃഷ്ടിക്കുന്നു, സംഹരിക്കുന്നു. ഭവാന്‍ മഞ്ഞു വര്‍ഷിക്കുന്നു, ചൂടു നല്കുന്നു. വീണ്ടും വര്‍ഷിക്കുന്നു. മന്നില്‍ എന്തൊക്കെ ചരാചരങ്ങളായ ഭൂത ജാലങ്ങളുണ്ടോ, അവയ്ക്കെല്ലാം അമ്മയായതും, അച്ഛനായതും, ഭവാനാണല്ലോ. എല്ലാറ്റിന്നും പ്രഭുവും പ്രഭവവും ഭവാന്‍ തന്നെ. ഞങ്ങളെ വിസ്മയിപ്പിച്ച ഈ അഗ്നിയുടെ നിര്‍ഗ്ഗമത്തെക്കുറിച്ച്‌ അല്ലയോ മധുസൂദനാ! കല്യാണ മൂര്‍ത്തേ, പറഞ്ഞാലും! ഞങ്ങളുടെ ശങ്കയെല്ലാം നീക്കിത്തന്നാലും. പിന്നെ ഞങ്ങളുടെ ഭയങ്ങളൊക്കെ തീര്‍ത്തതിന് ശേഷം ഞങ്ങള്‍ കേട്ടതും കണ്ടതുമായ എല്ലാ അത്ഭുതവും രിപുകര്‍ശനാ! പറയുന്നതാണ്‌. ഹരേ, പറഞ്ഞാലും!

വിഷ്ണു പറഞ്ഞു: ഈ കണ്ട അഗ്നിയുണ്ടല്ലോ, എന്റെ വായില്‍ നിന്ന് പുറപ്പെട്ട അവന്‍ വൈഷ്ണവ തേജസ്സാണ്‌. യുഗാന്തത്തില്‍ ജ്വലിക്കുന്ന കൃഷ്ണവര്‍മ്മാവാണ്‌. അവനാണ്‌ ആ പര്‍വ്വതത്തെ മുടിച്ചുകളഞ്ഞത്‌. ജിതക്രോധന്മാരും ജിതേന്ദ്രിയന്മാരുമായ മുനിമാര്‍ ഭയപ്പെട്ടു പോയല്ലോ. ദേവകല്പരും തപസ്വികളുമായ നിങ്ങള്‍ വൃഥിതന്മാരായി! വ്രതചര്യയില്‍ പ്രവേശിച്ച എന്റെ തപസ്വി വ്രതസേവ മൂലം അഗ്നി ഉണ്ടായതാണ്‌. അതില്‍ നിങ്ങള്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. ഞാന്‍ ഈ മലയില്‍ വ്രതമെടുക്കുവാന്‍ വന്നതാണ്‌. ആത്മാവിന്റെ തേജസ്സ്‌ വ്രതംകൊണ്ടു നേടുവാനാണ്‌ ഞാന്‍ ഇവിടെ വന്നത്‌. പിന്നെ എന്റെ മെയ്യിലുള്ള ആത്മാവ്‌ അഗ്നിയായി പുറപ്പെട്ടതാണ്‌. ആ അഗ്നി വരദനായ, ലോകനാഥനായ വിരിഞ്ചനെ കാണുവാന്‍ പോയി. മുനിമുഖ്യാ! അപ്പോള്‍ ബ്രഹ്മാവ്‌ എന്റെ ആത്മാവിനോട്‌, അഗ്നിയോട്‌, പരമശിവന്റെ ശക്തിയുടെ അര്‍ദ്ധഭാഗം കൊണ്ട്‌. എന്റെ പുത്രനായി ജനിക്കുമെന്ന്‌ ബ്രഹ്മാവു പറഞ്ഞു.

ആ അഗ്നിയാണ്‌ എന്റെ അടുക്കല്‍ (വൃഷഭധ്വജന്റെ അര്‍ദ്ധഭാഗം) കാല്‍ക്കല്‍ ശിഷ്യനെപ്പോലെ വന്നത്‌. എന്നെ പരിചരിക്കുവാന്‍ വരികയും ഇപ്പോള്‍ അടങ്ങുകയും ചെയ്തു. ഇതാണ്‌ ധീമാനായ പത്മനാഭന്റെ രഹസ്യം. അതു ഞാന്‍ നിങ്ങളോടു പറഞ്ഞു. നിങ്ങള്‍ അതില്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. മുനീന്ദ്രന്മാരേ! ദീര്‍ഘദര്‍ശികളായ നിങ്ങള്‍ക്ക്‌ എന്നും അവ്യഗ്രമായ ഗതി ലഭിക്കും.

ഇനി തപസ്വിവ്രതപ്രാജ്ഞന്മാരും, ജ്ഞാനവിജ്ഞാന ലോഭികളുമായ നിങ്ങള്‍ മന്നിലോ വിണ്ണിലോ, കണ്ടതോ കേട്ടതോ, പരമമായ ആശ്ചര്യമായതെന്തോ അത്‌ എന്നോടു നിങ്ങള്‍ പറയുവിന്‍.. അമൃതൊക്കുന്ന ആ വാക്യമധുവില്‍ എനിക്കു കൊതിയുണ്ട്‌.

തപോവനസ്ഥരായ നിങ്ങള്‍ പറയുന്നത്‌ കേള്‍ക്കുവാന്‍ കൌതുകമുണ്ട്‌. നിങ്ങള്‍ കാണാത്തതായ പല ദിവ്യാത്ഭുത ദര്‍ശനവും മന്നിലോ വിണ്ണിലോ സുരമുഖ്യരേ, ഞാന്‍ കണ്ടിരിക്കാം. അത്‌ എന്റെ മുഖ്യപ്രകൃതിയാണ്‌. അതില്‍ ഒന്നിനും തടവില്ല. എനിക്ക്‌ ഇവിടെ എന്നിലുള്ള ഐശ്വര്യം ആശ്ചര്യമായി തോന്നുന്നതല്ല. ശ്രദ്ധേയമായി പറഞ്ഞ കാര്യം സജ്ജനം കേട്ടിരിക്കുകയാണെങ്കില്‍ വളരെക്കാലം ശിലാരേഖ പോലെ ഭൂമിയില്‍ നില്ക്കും. അതുകൊണ്ടു സമാഗമത്തില്‍ മര്‍ത്ത്യര്‍ക്ക്‌ ഏറ്റവും ബുദ്ധിദീപകവും സജ്ജന മുഖോല്‍ഗതവുമായതിനെ ഞാന്‍ കഥിക്കുന്നുണ്ട്‌.

ഭീഷ്മൻ പറഞ്ഞു: പിന്നെ മഹര്‍ഷിമാര്‍ കൃഷ്ണന്റെ മുമ്പില്‍ വിസ്മയത്തോടെ, പൊയ്ത്താര്‍ പോലെ, വികസിച്ച കണ്ണുകളാല്‍ മുകുന്ദനെ നോക്കി. ചിലര്‍ വാഴ്ത്തി, ചിലര്‍ പൂജിച്ചു. പൊരുള്‍ ചേര്‍ന്ന വാക്കുകളാല്‍ മധുവൈരിയെ സ്തുതിച്ചു. പിന്നെ മാമുനിമാര്‍ ദേവദര്‍ശിയായ നാരദനെ, വാഗ്‌മികളില്‍ സമര്‍ത്ഥനായ നാരദനെ, പറയുവാന്‍ നിയോഗിച്ചു.

മുനികള്‍ പറഞ്ഞും: പ്രഭോ, ഹിമവല്‍ പര്‍വ്വതത്തില്‍ അചിന്തൃമായ എന്താശ്ചര്യമാണ് തീര്‍ത്ഥ യാത്രയ്ക്കു പോയ മുനിമാര്‍ കണ്ടത്‌? മുനേ, അതൊക്കെ മുനികളുടെ ഹിതത്തിന്നായി ആദ്യംമുതല്‍ കണ്ടതു മാതിരി തന്നെ എല്ലാം ഹൃഷീകേശനോടു പറയണേ!

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം മഹര്‍ഷിമാര്‍ പറഞ്ഞപ്പോള്‍ ഭഗവാന്‍, ദേവര്‍ഷിയായ നാരദന്‍, മുമ്പെ നടന്ന കഥ പറഞ്ഞു.

140. ഉമാമഹേശ്വരസംവാദം - ശിവന്റെ കണ്ണുകള്‍ പാര്‍വ്വതി പൊത്തിയപ്പോള്‍ മൂന്നാം തൃക്കണ്ണില്‍ നിന്ന്‌ അഗ്നി പുറപ്പെടുന്നു - ഭീഷ്മൻ പറഞ്ഞു: പിന്നെ നാരായണ സഖിയായ ഭഗവാന്‍ നാരദ മഹര്‍ഷി ശങ്കരനും ഉമയും തമ്മില്‍ നടന്ന സംവാദം പറഞ്ഞു.

നാരദന്‍ പറഞ്ഞു: ബ്രഹ്മാത്മാവും വൃഷഭാങ്കനുമായ സുരേശ്വരന്‍, സിദ്ധചാരണന്മാര്‍ സേവിക്കുന്ന പുണ്യമായ ഹിമാലയ പര്‍വ്വതത്തില്‍, നാനാതരം ഔഷധികളും, നാനാതരം പുഷ്പങ്ങളും, പല അപ്സരസ്ത്രീകളും, പല ഭൂതസംഘങ്ങളും വിലസുന്ന പര്‍വ്വതത്തില്‍ മോദത്തോടെ വിളങ്ങി.

അവിടെ ശിവന്‍ ഭൂതസംഘങ്ങളോടു ചേര്‍ന്ന്‌ നാനാരൂപരും, ദിവൃരും, അത്ഭുതദര്‍ശനരും, സിംഹവ്യാഘ്രഗജാഭന്മാരും, എല്ലാ ജാതിയും ഒത്തവരും, ജംബുകദ്വീപിമുഖന്മാരും, കരടികാളമുഖന്മാരും നത്തുമുഖന്മാരും, ക്രുരന്മാരായ ചെന്നായ,പരുന്ത്‌, ആനമുഖന്മാരും നാനാ നിറത്തിലുള്ള മൃഗങ്ങളുടെ മാതിരിയുള്ള മുഖത്തോടു കൂടിയവരുമായ ഭൂതങ്ങള്‍ അവിടെ ഉല്ലസിച്ചു. യക്ഷന്മാരും, കിന്നരന്മാരും, ഗന്ധര്‍വ്വന്മാരും, രക്ഷസ്സുകളും, ഭൂതങ്ങളും, ചേര്‍ന്ന്‌ ദിവ്യപുഷ്പങ്ങള്‍ ചിന്നി, ദിവ്യജ്ജ്വാല കലര്‍ന്ന്‌, ദിവ്യചന്ദനം പൂശി, ദിവ്യധൂപം പുകച്ച്‌ ആ വൃഷാങ്കന്റെ സദസ്സില്‍ ദിവൃവാദ്യം മുഴക്കി. മൃദംഗം, പണവം, ശംഖം, ഭേരി എന്നിവയുടെ ശബ്ദം മുഴക്കിയും നൃത്തം വെയ്ക്കുന്ന ഭൂതസംഘങ്ങളുടെ മയിലാട്ടം തുടരവേ അപ്സരസ്ത്രീകള്‍ നൃത്തം തുടരവേ, ദിവ്യമാമുനി സേവിതമായ ആ ദിവ്യമായ രംഗം കാണുവാന്‍, നല്ലതായ ആ രംഗം എങ്ങനെയാണെന്നു വര്‍ണ്ണിക്കുവാന്‍, പറ്റാത്ത വിധം അത്ര അത്ഭുതമായ ഒരു ദര്‍ശനമായിരുന്നു.

ഗിരീശന്റെ തപസ്സു മുലം ഗിരി ഏറ്റവും ശോഭിച്ചു, സ്വാദ്ധ്യായം ചെയ്യുന്ന വിപ്രന്മാരോടൊപ്പം ഗിരി ശോഭിച്ചു. വണ്ടുകള്‍ മുരളുന്ന ആ ഗിരി അതുല്യമായി വിളങ്ങി. മാധവാ! ആദ്യം മഹോത്സവം പോലെ വിളങ്ങിയ ആ രംഗം പിന്നെ ഭീഷണ രൂപമെടുത്തു. ഇതൊക്കെക്കണ്ടു മഹര്‍ഷിമാര്‍ക്ക്‌ വലിയ പ്രീതിയുണ്ടായി ജനാര്‍ദ്ദനാ! ഊര്‍ദ്ധ്വരേതസ്സുകളും മഹാസിദ്ധന്മാരും യോഗ്യരുമായ ഋഷികള്‍, മരുത്തുക്കള്‍, സാദ്ധ്യന്മാര്‍, വിശ്വേദേവകള്‍, ഇന്ദ്രന്‍, യക്ഷന്മാര്‍, നാഗര്‍, പിശാചുക്കള്‍, ലോകപാലന്മാര്‍, അഗ്നികള്‍, വാതങ്ങള്‍, ഭൂതങ്ങള്‍ എല്ലാം അവിടെ ഒന്നിച്ചുകൂടി. ഋതുക്കള്‍ അവിടെ അത്ഭുതകരമായ പുക്കള്‍ വിതറി. ജ്വലിക്കുന്ന ഔഷധികളും ആ കാടുകളെ പ്രശോഭിപ്പിച്ചു. പക്ഷികൂട്ടം സന്തോഷത്തോടെ ആടുകയും ഹര്‍ഷാരവമുണ്ടാക്കുകയും ചെയ്തു. ജനങ്ങള്‍ക്ക്‌ പ്രീതി നല്കുമാറ്‌ അവ കുന്നിൻ മുകളിലൂടെ കൂകി പറന്നു. അവിടെ ദേവന്‍ ദിവ്യധാതുക്കളോടു കൂടിയ അദ്രിയുടെ തടത്തില്‍ കട്ടിലിൻമേലെയെന്ന പോലെ ശോഭിച്ച്‌ മഹാശയന്‍ ഇരുന്നു.

പുലിത്തോലാകുന്ന വസ്ത്രവും ചാര്‍ത്തി, സിംഹചര്‍മ്മമാകുന്ന ഉത്തരീയവും ചുറ്റി, സര്‍പ്പമാകുന്ന പുണുനൂല്‍ ധരിച്ച്‌, ലോഹിതാംഗദ ഭൂഷണനായി, ഭീമനും, ഹരിശ്മശ്രുവും, ജടിയും, ദേവാരാതികള്‍ക്ക്‌ ഭയങ്കരനും, ഭക്തന്മാരായ സകലഭൂതങ്ങള്‍ക്കും അഭയം നല്കുന്നവനും ആണ്‌ വൃഷഭധ്വജന്‍, മാമുനിമാര്‍ എല്ലാവരും ദേവദേവനെക്കണ്ടു തലകുമ്പിട്ട്‌ കൂപ്പി എല്ലാ പാപങ്ങളും നീങ്ങിയവരും, ക്ഷാന്തരും കല്മഷമറ്റവരുമായി ശോഭിച്ചു. ഭീഷണാകാരമായ ആ ഭൂതി പതിയുടെ സ്ഥാനം വിളങ്ങി.

ഏറ്റവും അപ്രധൃഷ്യവും മഹോരഗ ഗണങ്ങളാല്‍ ആകുലവുമായ ആ സ്ഥാനം ക്ഷണം കൊണ്ട്‌ എല്ലാം അപ്രകാരം അത്ഭുതമായി മധുസുദനാ! വൃഷഭാങ്കന്റെ സദസ്സ്‌ ഇപ്രകാരം ഏറ്റവും ഭീമരൂപമായി ശോഭിച്ചു. ഭൂത്രസ്തീ ഗണങ്ങളോട് കൂടി അവിടേക്ക്‌ ഹിമവാന്റെ പുത്രിയായ ഉമാദേവി പ്രവേശിച്ചു. ഹരന് തുല്യമായ വിധം അംബരം ചാര്‍ത്തി സമാനമായ വ്രതത്തോടെ സര്‍വ്വതീര്‍ത്ഥജലം നിറച്ച പൊന്നിൻ കുടം എടുത്ത്‌ ശുഭയായ അവള്‍ ശൈലനദികളെ പിന്‍തുടര്‍ന്നു. നാനാഗന്ധങ്ങളോടു കൂടി പുഷ്ടവൃഷ്ടി പൊഴി ച്ച്‌ നദീ ദേവതമാരാല്‍ പൂജിക്കപ്പെടുന്ന അവള്‍ ഹിമവല്‍ പാര്‍ശ്വത്തില്‍, ഈശ്വരന്റെ പാര്‍ശ്വത്തിലെത്തി.

പിന്നെ ചിരിച്ച്‌ കളിയായി ചാരുദര്‍ശനയായ അവള്‍ തന്റെ കൈകളാല്‍ ശിവന്റെ കണ്ണുകള്‍ രണ്ടും പെട്ടെന്നു പൊത്തി. കണ്ണു രണ്ടും പൊത്തിയ ഉടനെ ജഗത്ത്‌ അചേതനമായി. പെട്ടെന്ന്‌ അന്ധകാരത്തില്‍ പെട്ടു പോയി. ഉടനെ ജഗത്തിലെ ഹോമവഷള്‍ക്കാരം നിന്നു പോയി. ജനങ്ങളെല്ലാം മനസ്സു കെട്ടു ഭയചകിതരായി. ഭൂതേശന്‍ മിഴിയടച്ച ഉടനെ വിശ്വം സൂര്യനില്ലാത്ത മട്ടായി.

ഉടനെ ശിവന്റെ നെറ്റിയില്‍ നിന്ന്‌ ഒരു ഉല്‍ക്കടമായ ജ്വാലയുണ്ടാവുകയും ലോകത്തിലെ ഇരുട്ടെല്ലാം നീങ്ങുകയും ചെയ്തു. ആദിത്യ സന്നിഭമായ ഒരു മൂന്നാം കണ്ണും അങ്ങനെ ശിവന് നെറ്റിയില്‍ ഉണ്ടായി വന്നു. യുഗാന്തത്തില്‍ ജ്വലിക്കുന്ന പ്രളയ സൂര്യനെ പോലെ ആ അഗ്നി ജ്വലിച്ച്‌ ആ മല മുടിഞ്ഞുപോയി. ദീപാഗ്നി പോലെ ജ്വലിക്കുന്ന ദൃഷ്ടിയോടു കൂടിയ ഹരനെ കണ്ട്‌ തലകുമ്പിട്ട്‌ ആയതാക്ഷിയായ ഉമ നോക്കി. സാലങ്ങളോടും സരളദ്രുമങ്ങളോടും കൂടിയ ആ കാടു വെന്തു പോകുന്നത്‌ അവള്‍ കണ്ടു. ചന്ദന ദ്രുമങ്ങളും ദിവ്യമായ ഔഷധികളും കത്തിജ്വലിച്ചു. മൃഗസമൂഹങ്ങള്‍ ഭയപ്പെട്ട്‌ ഓടി ഹരന്റെ സന്നിധിയില്‍ ഗത്യന്തരമില്ലാതെ ഉഴന്നു. പിന്നെ ജ്വാല നഭസ്സിലെത്തി. ആ നഭസ്സ്‌ ആകെ ഒന്നുഴന്നു. മിന്നല്‍ പോലെ ഉല്‍ക്കടമായി അനലന്‍ ജ്വലിച്ചു. ക്ഷണത്തില്‍ ഹിമാലയം തീപ്പിടിച്ച്‌ വേവുവാന്‍ തുടങ്ങി. ധാതുക്കളോടു കൂടിയ കൊടുമുടികള്‍, വനങ്ങള്‍, ഔഷധികള്‍ ഇവയെല്ലാം വെന്തു.

ആ ശൈലം ഇപ്രകാരം മുടിയുന്ന സമയത്ത്‌ മലമമങ്കയായ പാര്‍വ്വതി "ഭഗവാനേ ശരണം!", എന്നു പറഞ്ഞു കൈകൂപ്പി നിന്നു. അപ്പോള്‍ സ്ത്രീത്വം മൂലം അവളില്‍ കരുണയോടെ ശര്‍വ്വന്‍ അവളെ നോക്കി. തന്റെ അച്ഛനായ ഹിമവാന്‍ വെന്തു പോകുന്നതു കണ്ട്‌ ദുഃഖിക്കുന്ന പാര്‍വ്വതിയെ നോക്കി ഹരന്‍ പര്‍വ്വതത്തിലേക്കു കണ്ണോടിച്ചു. ശിവന്‍ നോക്കി നില്ക്കെ പര്‍വ്വതം മുമ്പത്തെ മാതിരി തന്നെ കുളുര്‍ത്തു പോയി. സന്തോഷത്തോടു കൂടിയ പക്ഷിമൃഗാദികൾ ചേര്‍ന്ന ഹിമവാനിലെ കാടുകള്‍ പൂത്തും തളിര്‍ത്തും നിൽക്കുന്നതായി കണ്ടു. ആ കാട്‌ ഇപ്രകാരം മുമ്പത്തെ മട്ടില്‍ കണ്ടു സന്തോഷിച്ച്‌ ഈശ്വരനോട്‌, സര്‍വ്വേശ്വരനായ പതിയോട്‌, അനിന്ദിതയായ ഉമ ഇപ്രകാരം പറഞ്ഞു.

ഉമ പറഞ്ഞു; അല്ലയോ ഭഗവാനേ, സര്‍വ്വഭൂതേശ്വരാ, ശൂലപാണേ, മഹാവ്രതാ! എനിക്കു വലിയ ഒരു സംശയം വന്നു പെട്ടിരിക്കുന്നു. അതൊന്നു തീര്‍ത്തു തരണേ!

അങ്ങയുടെ നെറ്റിമേല്‍ എന്തിനാണ്‌ മൂന്നാമതൊരു തൃക്കണ്ണുണ്ടായത്‌? പക്ഷിമൃഗാദികളോടു കൂടിയതും തളിര്‍ത്ത്‌ പൂത്തു നില്ക്കുന്നതുമായ ഈ കാട്‌ എന്തിനാണു ചുട്ടത്‌? ചുട്ടുകഴിഞ്ഞ വനത്തെ ദേവാ, അങ്ങ്‌ എന്തിനാണു പിന്നെ മുമ്പത്തെ മാതിരി തന്നെ ആക്കിത്തീര്‍ത്തത്‌? അങ്ങനെ തരുക്കളാല്‍ മൂടപ്പെട്ട മാതിരി എന്റെ അച്ഛനെ ആക്കിയത്‌ എന്തിനാണ്‌?

മഹേശ്വരന്‍ പറഞ്ഞു: അല്ലയോ അനിന്ദിതേ, നീ വിവരക്കേടു കൊണ്ട്‌ എന്റെ കണ്ണുകള്‍ രണ്ടും പൊത്തി. അപ്പോള്‍ ക്ഷണത്തില്‍ ഈ ലോകത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. നീ പൊത്തിയതു കൊണ്ട്‌ ലോകം ആദിത്യനില്ലാതെ ഇരുട്ടില്‍ പെട്ടു പോയി അദ്രിജേ! പ്രജകളുടെ രക്ഷയ്ക്കായി ഞാന്‍ ഉടനെ ദീപ്തമായ മൂന്നാമത്തെ ഒരു കണ്ണും സൃഷ്ടിച്ചു. ആ കണ്ണിന്റെ മഹാതേജസ്സു കൊണ്ട്‌ ഈ ഗിരി വെന്തുപോയി. ദേവീ, നിന്റെ പ്രിയത്തിന് വേണ്ടി മുമ്പത്തെ മട്ടില്‍ത്തന്നെ ആ ഗിരിയെ കുളുര്‍പ്പിച്ചു.

ഉമ പറഞ്ഞു: ഭഗവാനേ, അങ്ങയുടെ മുഖം ചന്ദ്രനെപ്പോലെ സുന്ദരമാണ്‌. കിഴക്കേ മുഖവും വടക്കേ മുഖവും പടിഞ്ഞാറേ മുഖവും വളരെ അഴകുള്ളതും, പൂര്‍ണ്ണചന്ദ്രനെപ്പോലെ മനോഹരവുമാണ്‌. എന്നാല്‍ അങ്ങയുടെ തെക്കുഭാഗത്തു വിളങ്ങുന്ന മുഖം എന്താണിത്ര രൗദ്രമായിരിക്കുന്നത്‌? അതിന്റെ ഊര്‍ദ്ധ്വഭാഗത്തെ ജട മഞ്ഞനിറമായിരിക്കുന്നതെന്താണ്‌? അങ്ങയുടെ കണ്ഠം ഇങ്ങനെ മയില്‍പ്പീലി പോലെ കറുക്കുവാന്‍ എന്താണ്‌ കാരണം? ദേവാ! അങ്ങയുടെ കൈയില്‍ എപ്പോഴും പിനാകം ഇങ്ങനെ എന്താണു നില്ക്കുന്നത്‌? അങ്ങ്‌ നിത്യവും ജടിലനാകാന്‍ എന്താണ്‌ കാരണം? എന്താണു ബ്രഹ്മചാരിയാകുവാന്‍ കാരണം? പ്രഭോ! എനിക്കുള്ള ഈ സംശയങ്ങളെല്ലാം അങ്ങു വിവരിച്ചുതരണേ! ഞാന്‍ അങ്ങയുടെ സഹധര്‍മ്മിണിയല്ലേ? ഭവാനില്‍ കൂറുള്ളവളല്ലേ! വൃഷദ്ധ്വജാ! അങ്ങു പറയണേ!

നാരദന്‍ പറഞ്ഞു: ഇപ്രകാരം പാര്‍വ്വതീദേവി പറഞ്ഞപ്പോള്‍ പിനാകപാണിയായ ഭഗവാന്‍ ഉടനെ അവളുടെ ബുദ്ധിയെയും ധീരതയെയും പ്രശംസിച്ചു. ആ പ്രഭു, മഹേശ്വരന്‍ അവളോടു പറഞ്ഞു: സുഭഗേ, ശുഭാനനേ. പാര്‍വ്വതീ! ഞാന്‍ പറയാം. എന്നില്‍ ഇതൊക്കെ സംഭവിക്കുവാനുള്ള കാരണമൊക്കെ ഞാന്‍ പറയാം. നീ കേള്‍ക്കുക.

141. ഉമാമഹേശ്വരസംവാദം - ശിവനും പാര്‍വ്വതിയും തമ്മില്‍ വര്‍ണ്ണാശ്രമധര്‍മ്മികളുടെ ധര്‍മ്മത്തെപ്പറ്റി പ്രതിപാദിക്കുന്നു - മഹേശ്വരന്‍ പറഞ്ഞു: മുമ്പു ബ്രഹ്മാവ്‌ ഏറ്റവും സുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ചു. വിശിഷ്ടമായ രത്നങ്ങളുടെയും മറ്റു മനോഹര വസ്തുക്കളുടെയും അത്യുത്തമമായ തിലാംശം എടുത്താണ്‌ ആ സുന്ദരിയെ സൃഷ്ടിച്ചത്‌. തന്മൂലം അവള്‍ തിലോത്തമ എന്ന്‌ പ്രസിദ്ധയായി. സൗന്ദരൃം കൊണ്ട്‌ ആരും അവള്‍ക്കു തുല്യയായി ഉണ്ടായിട്ടില്ല. അവള്‍ എന്നോടണഞ്ഞില്ല. അവള്‍ എന്നെ വലംവെച്ച്‌ കൊതിപ്പിച്ചു ശുഭാനനേ! അവള്‍ എന്നെ ഒന്നു വലം വെക്കുവാന്‍ തുടങ്ങിയപ്പോള്‍ സൗന്ദര്യം കൊണ്ട്‌ ഞാന്‍ ആകൃഷ്ടനായി. അവള്‍ എന്റെ ഏതുഭാഗത്തെത്തിയോ, അപ്പോള്‍ അവളെക്കാണുവാന്‍ ഓരോ തല മുളച്ചുണ്ടായി. അങ്ങനെ ഞാന്‍ നാലുപാടും നാലു മുഖങ്ങളെ സുഷ്ടിച്ചു. അവളെ നോക്കിക്കാണുവാന്‍ ഞാന്‍ ചതുര്‍മ്മൂര്‍ത്തിത്വം കൈക്കൊണ്ടു. അങ്ങനെ കിഴക്കു ഭാഗത്ത്‌ അങ്കുരിച്ച മുഖത്താല്‍ ഞാന്‍ ഇന്ദ്രനെ ശാസിക്കുന്നു. വടക്കു ഭാഗത്തുളള മുഖംകൊണ്ട്‌ അനിന്ദിതേ, ഞാന്‍ നീയുമായി രമിക്കുന്നു. എന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുഖം സര്‍വ്വപ്രാണികള്‍ക്കും സുഖം നല്കുന്നു. തെക്കു ഭാഗത്തുള്ള മുഖം ഭീമാഭമാണ്‌; രൗദ്രമാണ്‌. അത്‌ പ്രജാസംഹാരം നടത്തുന്നതാണ്‌. ലോകരുടെ ഹിതം കാംക്ഷിച്ച്‌ ഞാന്‍ ജടിലനും ബ്രഹ്മചാരിയും ആയിരിക്കയാണ്‌. ദേവകാരൃങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ്‌ ഞാന്‍ പിനാകം കൈയില്‍ വെച്ചിരിക്കുന്നത്‌. പണ്ട്‌ എന്റെ ശ്രീയെ കാംക്ഷിച്ചു ഇന്ദ്രൻ അവന്റെ വജ്രായുധം എന്റെ കണ്ഠത്തിന് നേരെ പ്രയോഗിച്ചു. അതു ജ്വലിച്ചു വന്ന്‌ എന്റെ കണ്ഠം ദഹി പ്പിച്ചു. തന്മൂലം ഞാന്‍ ശ്രീകണ്ഠനായി.

ഉമ പറഞ്ഞു: ശ്രീമത്തായ വാഹനങ്ങള്‍ വേണ്ടുവോളം ഉണ്ടായിട്ടും അല്ലയോ ദേവാ, ഭവാന്‍ എന്താണ്‌ കാളയെ വാഹനമാക്കുവാന്‍ കാരണം?

മഹേശ്വരന്‍ പറഞ്ഞു: ബ്രഹ്മാവ്‌ പാല്‍ ചുരത്തുന്ന സുരഭി എന്ന ധേനുവിനെ സൃഷ്ടിച്ചു. അമൃതമായ പാല്‍ ചുരത്തുന്ന അവള്‍ നാനാരൂപം കൈക്കൊണ്ടു. അവളുടെ കുട്ടിയുടെ മുഖത്തു നിന്നൊഴുകുന്ന പത എന്റെ ദേഹത്തില്‍ വന്നു വീണു. അപ്പോള്‍ ഞാന്‍ കോപിച്ച്‌ ഒന്നു നോക്കി. അതോടെ പശുക്കള്‍ വെന്ത്‌ പല വര്‍ണ്ണങ്ങളുള്ളതായിത്തീര്‍ന്നു. അന്ന്‌ അര്‍ത്ഥവിത്തമനായ ലോകഗുരു എന്നെ സാന്ത്വനം ചെയ്തു. അങ്ങനെ ബ്രഹ്മാവ്‌ എനിക്ക്‌ വാഹനമായും, ധ്വജചിഹ്നമായും വൃഷഭത്തെ നലകി. അങ്ങനെയാണ്‌ ഞാന്‍ വൃഷഭത്തെ വാഹനമാക്കിയത്‌.

ഉമ പറഞ്ഞു: അല്ലയോ ദേവാ, ലോകത്തില്‍ വളരെ ഗുണങ്ങള്‍ ചേര്‍ന്ന മനോഹരമായ ഗൃഹങ്ങള്‍ പലതുമുള്ളപ്പോള്‍ എന്തിനാണ്‌ ഭവാന്‍ ശ്മശാനത്തില്‍ രമിക്കുന്നത്‌? മുടിയും എല്ലും ചിന്നിച്ചിതറി കിടക്കുന്നതും, ഉഗ്രമായതും, തലയോട് നിറഞ്ഞതും, കുറുക്കനും കഴുകനും അവിടവിടെ സഞ്ചരിക്കുന്നതും, ചുടലത്തീ ജ്വലിക്കുന്നതും, അശുദ്ധമായ മാംസം, രക്തം, കൊഴുപ്പ്‌ എന്നിവയാകുന്ന ചേറുപുരണ്ടതും, എല്ലും കുടലും ചിന്നിയതും, കുറുക്കന്മാര്‍ ഓരിയിടുന്നതുമാണല്ലോ ഈ ചുടലക്കളം! ഇത്‌ പാര്‍ക്കുവാന്‍ പറ്റിയ ഗൃഹമാണോ?

മഹേശ്വരന്‍ പറഞ്ഞു: പവിത്രമായ ഇടം ഏതെന്നു ഞാന്‍ വളരെയേറെ അന്വേഷിച്ചു. ഭൂമിയില്‍ മുഴുവന്‍ അന്വേഷിച്ചു. എന്നാല്‍ ചുടലക്കളത്തെക്കാള്‍ പവിത്രമായ ഒരിടവും ഞാന്‍ കണ്ടെത്തിയില്ല. അതു കൊണ്ടാണ്‌ സര്‍വ്വഗൃഹങ്ങളെക്കാളും ശ്മശാനത്തെ ഇഷ്ടപ്പെടുവന്‍ കാരണം. പേരാലിന്റെ കൊമ്പ്‌ ഒഴിയുമ്പോള്‍, മാലച്ചാര്‍ത്ത്‌ കൊഴിയുമ്പോള്‍, അവിടെ കളിച്ച്‌ ഉല്ലസിക്കുവാന്‍ ഭൂതങ്ങള്‍ക്കു വലിയ ഇഷ്ടമാണ്‌ സുന്ദരീ! ഈ ഭുതഗണങ്ങളില്ലാത്ത ഒരിടത്ത്‌ ദേവീ, ഞാന്‍ പാര്‍ക്കുവാന്‍ ആഗ്രഹിക്കുന്നില്ല.

ഈ ചുടലക്കളമാകുന്ന പാര്‍പ്പിടം ശുഭേ, ഏറ്റവും പവിത്രമായി എനിക്കു തോന്നുന്നു. പവിത്രത്തെ കാമിക്കുന്നവര്‍ ഉപാസിക്കുന്നത്‌ ഏറ്റവും പുണ്യമായതിനെയാണല്ലേ!

ഉമ പറഞ്ഞു: ഭഗവാനേ, സര്‍വ്വഭൂതനാഥാ, സര്‍വ്വ ധര്‍മ്മജ്ഞസത്തമാ, പിനാകപാണേ, പ്രഭോ, വരദാ! എന്നില്‍ സംശയം പിന്നെയും വര്‍ദ്ധിക്കുന്നു ദേവാ! ഈ മുനിഗണ ങ്ങള്‍ തപസ്സു ചെയ്ത്‌ തപസ്വികളുടെ വേഷം ധരിച്ച്‌ പല മാതിരി വേഷത്തില്‍ ഉലകില്‍ ചുറ്റുന്നു. ഈ മഹര്‍ഷി ഗണത്തിന്റെയും എന്റെയും പ്രിയത്തെ ചിന്തിച്ച്‌ എന്റെ ഈ സംശയം തീര്‍ത്തു തരണേ അരിന്ദമാ! നരന്മാര്‍ക്ക്‌ ആചരിക്കുവാനുള്ള ധര്‍മ്മശാസ്ത്രം എന്താണ്‌? അറിയാത്തവര്‍ക്കുള്ള മാര്‍ഗ്ഗം എന്തെന്നു പറഞ്ഞുതരണേ!

നാരദന്‍ പറഞ്ഞു: ദേവി ഇപ്രകാരം മഹേശ്വരനോടു പറഞ്ഞപ്പോള്‍ മുനിഗണം ദേവിയെ പൂജിച്ചു. ഋക്കുകളിലെ അര്‍ത്ഥോക്തികള്‍ കൊണ്ടും സ്തുതിവാക്യങ്ങള്‍ കൊണ്ടും പൊരുള്‍ ചേര്‍ന്ന വിധം പൂജിച്ചു.

മഹേശ്വരന്‍ പറഞ്ഞു: അഹിംസ, സതൃം പറയല്‍, സര്‍വ്വഭൂതങ്ങളിലും അനുകമ്പ, ശമം, ശക്തിക്കൊത്ത ദാനം, ഇവ ഗൃഹസ്ഥന് ചേര്‍ന്ന ഉത്തമമായ ധര്‍മ്മമാണ്‌. പരസ്ത്രീ സംഗം ചെയ്യാതിരിക്കുക, സൂക്ഷിക്കാന്‍ അന്യന്‍ ഏല്പിച്ച സ്ത്രീയെയും സ്വത്തിനെയും തന്റെയാക്കാതിരിക്കുക. അനുഭവിക്കാതെ സൂക്ഷിക്കുക, കൊടുത്ത മുതല്‍ എടുക്കാതിരിക്കുക, മദ്യം, മാംസം എന്നിവ വര്‍ജ്ജിക്കുക ഈ അഞ്ചുവിധമാണ്‌ ധര്‍മ്മം. ഇതിന് വളരെ ശാഖകളുണ്ട്‌, സുഖോദയവുമാണ്‌. പുണ്യത്തിന് കാരണമായ ഇത്‌ ധര്‍മ്മപരന്മാരായ എല്ലാവരും, ദേഹമുള്ളവരെല്ലാം ചെയ്യേണ്ടതാണ്‌.

ഉമ പറഞ്ഞു: ഭഗവാനേ, വേറെയും സംശയങ്ങളുണ്ട്‌, അതും പറഞ്ഞു തീര്‍ത്തു തരണേ! ചാതുര്‍വ്വര്‍ണ്യത്തിന്റെ ധര്‍മ്മമെന്താണ്‌? സ്വജാതിക്ക്‌ സുഖാവഹമെന്താണ്‌? ബ്രാഹ്മണന്ന്‌ എന്താണ്‌ ധര്‍മ്മം? ക്ഷത്രിയണ് എന്താണ്‌ ധര്‍മ്മം? വൈശ്യന്റെ ധര്‍മ്മമെന്താണ്‌? ശൂദ്രന്‍ എങ്ങനെ ജീവിക്കണം?

മഹേശ്വരന്‍ പറഞ്ഞു: അല്ലയോ മഹാഭാഗേ നീ ന്യായമായ ചോദ്യമാണ്‌ ചോദിച്ചത്‌. ഭൂമിയില്‍ ദ്വിജാതികള്‍ എന്നും ഭൂമിദേവന്മാരും മഹാഭാഗന്മാരുമാണ്‌. ബ്രാഹ്മണന് മഹത്തായ ധര്‍മ്മം ഉപവാസമാണ്‌; അതില്‍ യാതൊരു സംശയവുമില്ല. ധര്‍മ്മാര്‍ത്ഥസമ്പന്നരായ അവര്‍ ബ്രഹ്മഭാവത്തെ പ്രാപിക്കുന്നതാണ്‌. അവന്റെ ധര്‍മ്മമാണ്‌ ദേവി, ബ്രഹ്മചര്യം.വ്രതോപായനവും, ദ്വിജത്വവും അതില്‍ നിന്ന് ലഭിക്കും. ഗുരുക്കളുടെയും ദൈവതങ്ങളുടെയും പൂജയ്ക്കു വേണ്ടി സ്വാദ്ധ്യായാഭ്യാസവും ധര്‍മ്മപരന്മാരായ ദേഹിമാര്‍ പുണ്യത്തിന് വേണ്ടി ചെയ്യണം.

ഉമ പറഞ്ഞു: ഭഗവാനേ, എനിക്ക്‌ ഇതിലും സംശയമുണ്ട്‌. അതും ഒന്നു വിവരിച്ചു തരണേ! ചാതൂര്‍വ്വര്‍ണ്യത്തിന്റെ ധര്‍മ്മം വ്യക്തമായി അങ്ങു പറഞ്ഞു തരണേ!

മഹേശ്വരന്‍ പറഞ്ഞു: വേദകാര്യങ്ങള്‍ രഹസ്യമായി കേള്‍ക്കുക, കര്‍ത്തവ്യങ്ങള്‍ ചെയ്യുക, വേദവിധി വേണ്ട പോലെ അനുഷ്ഠിക്കുക, അഗ്നികാര്യങ്ങള്‍ നിര്‍വ്വഹിക്കുക, ഗുരുകാര്യങ്ങള്‍ നിര്‍വ്വഹിക്കുക, ഇതൊക്കെ ധര്‍മ്മമാണ്‌. ഭിക്ഷയേറ്റ്‌ ഊണുകഴിക്കുക, നിത്യം പൂണുനൂൽ ധരിക്കുക, നിത്യം സ്വാദ്ധ്യായം ചെയ്യുക, ബ്രഹ്മചര്യാശ്രമം സ്വീകരിക്കുക. ഇത്‌ അനുക്രമമായ ധര്‍മ്മമാണ്‌. ഗുരുവിന്റെ സമ്മതത്തോടു കൂടി പഠിപ്പുകഴിഞ്ഞ ശിഷ്യന്‍ സമാവര്‍ത്തിക്കണം. പിന്നെ ആ ദ്വിജന്‍ ഒരു കന്യകയെ വേള്‍ക്കണം. അത്‌ വിധിപ്രകാരം അനുരൂപയായ ഒരു സ്ത്രീയെയായിരിക്കണം. ശൂദ്രന്മാരുടെ അന്നം ഭക്ഷിക്കരുത്‌. അത്‌ സാന്മാര്‍ഗ്ഗികമായ ധര്‍മ്മമാണ്‌. നിത്യവും ഉപവാസമെടുക്കുന്നതും ബ്രഹ്മചര്യവും ധര്‍മ്മമാണ്‌. അഗ്നികര്‍മ്മം ചെയ്യുന്നവനും, വേദാദ്ധ്യയനം ചെയ്യുന്നവനും, ഇന്ദ്രിയം അടക്കുന്നവനും, വിഘസം അശിക്കുന്നവനും യതാഹാരനും, സത്യവാക്കും, ശുചിയും ആയിരിക്കുക എന്നതാണ്‌ ഗൃഹസ്ഥന്റെ ധര്‍മ്മം. അതിഥി വ്രതവും, ത്രേതാഗ്നിധാരണവും ധര്‍മ്മമാണ്‌. പശുബന്ധവും ഇഷ്ടിയും വിധി പോലെ ആചരിക്കണം. യജ്ഞവും മുഖ്യമായ ധര്‍മ്മമാണ്‌. അഹിംസയും മുഖ്യമായ ധര്‍മ്മമാണ്‌. ഒരു ദേഹിയേയും ഹിംസിക്കരുത്‌. ഭക്ഷണം ഏറ്റവും ആദ്യം താന്‍ കഴിക്കരുത്‌. വിഘസം അശിക്കുക എന്നത്‌ എല്ലാ ഭൃത്യാദികളെയും അതിഥികളെയും ഊട്ടിയതിന് ശേഷമുള്ള ഊണുകഴിക്കലാണ്‌. അങ്ങനെയാണ്‌ ഗൃഹസ്ഥന്‍ ചെയ്യേണ്ടത്‌.

ബ്രാഹ്മണനും ഗൃഹസ്ഥനും വിശേഷാല്‍ ശ്രോത്രിയനും വിഘസാശികളാകണം. ഗൃഹസ്ഥനും ഗൃഹസ്ഥയ്ക്കും ഇതുതന്നെയാണ്‌ ധര്‍മ്മം. ഇത്‌ ദമ്പതികള്‍ അനുഷ്ഠിക്ക ണം. ഗൃഹദേവതകള്‍ക്കെല്ലാം പുഷ്പവും ബലിക്രിയയും നിത്യവും ചെയ്യണം. നിത്യവും ഗൃഹം ഉപലേപനം (ചാണകവെള്ളം കൊണ്ടു മെഴുകുക) ചെയ്യണം. നിത്യോപവാസവും വേണം. ഇത്‌ ധര്‍മ്മമാണ്‌. നന്നായി അടിച്ചു കഴുകി ആജ്യധൂമം കൊണ്ട്‌ പുകയ്ക്കണം. ഇത്‌ ഗൃഹസ്ഥരായ ബ്രാഹ്മണര്‍ ലോകധാരണത്തിന്നായി ചെയ്യേണ്ടതാണ്‌. ഇത്‌ നല്ല ബ്രാഹ്മണരുടെ നിത്യനടപടിയാണ്‌. ക്ഷത്രിയന്മാരുടെ ധര്‍മ്മം ദേവീ, ഭവതി കേട്ടിട്ടില്ലേ? അതും നിനക്കു പറഞ്ഞു തരാം. നീ ശ്രദ്ധയോടെ കേള്‍ക്കുക.

ക്ഷത്രിയന് ധര്‍മ്മമായിട്ടുള്ളത്‌ ഒന്നാമതായി പ്രജാപാലനമാണ്‌. ഷള്‍ഭാഗഫലം വാങ്ങുന്ന രാജാവ്‌ രാജധര്‍മ്മത്തോട് കൂടിയവനാകും. ധര്‍മ്മത്തോടെ പ്രജകളെ പാലിക്കുന്ന രാജാവിന് പ്രജാരക്ഷാര്‍ജ്ജിതമായ ലോകം ധര്‍മ്മസിദ്ധമാണ്‌. ആ രാജാവിന് ചേര്‍ന്ന ധര്‍മ്മം - ദമം, സ്വാദ്ധ്യായം, അഗ്നിഹോത്രം ചെയ്യല്‍, ദാനം, അദ്ധ്യയനം ഇവയൊക്കെയാണ്‌. പൂണുനൂൽ ധരിക്കലും, യജ്ഞവും, ധര്‍മ്മക്രിയകളും ചെയ്യണം. ഭൃത്യരെ സംരക്ഷിക്കുക, ധര്‍മ്മങ്ങള്‍ ചെയ്താല്‍ അത്‌ പാഴായിപ്പോകാതിരിക്കുവാന്‍ നോക്കുക, നന്നായി ദണ്ഡം നടത്തുക, ഇവയൊക്കെ ധര്‍മ്മമാണ്‌. വേദക്രതുക്രിയയും ധര്‍മ്മമാണ്‌. വ്യവഹാരത്തില്‍ നീതിധര്‍മ്മവും, സത്യവാക്പ്രീതിയും തുല്യമാണ്‌. ദുഃഖിതന്മാര്‍ക്ക്‌ കൈകൊടുത്ത്‌ ആപത്തില്‍ നിന്ന് കയറ്റുന്ന രാജാവ്‌ എവിടെയും ഏതു കാലത്തും പൂജ്യനായി പ്രശോഭിക്കും. ഗോബ്രാഹ്മണര്‍ക്കു വേണ്ടി വിക്രമിച്ച്‌ പോരില്‍ മത്സരിച്ച ക്ഷത്രിയന്‍ അശ്വമേധം കൊണ്ടു ലഭിക്കുന്ന പുണ്യം നേടി സ്വര്‍ഗ്ഗലോകത്ത്‌ സുഖിക്കുന്നതാണ്‌.

വൈശ്യന്റെ ധര്‍മ്മം പശുവിനെ മേയ്ക്കലും കൃഷി ചെയ്യലുമാണ്‌. അഗ്നിഹോത്രം ചെയ്യുക, ദാനം നല്കുക, വേദം പഠിക്കുക ഇവയും അവന്‍ ചെയ്യേണ്ടതാണ്‌. കച്ചവടം നടത്തുക, നല്ല നിലയിലുള്ള ആതിഥ്യം, പ്രശമം, ദമം, വിപ്രരെ സ്വാഗതം ചെയ്യുക, ദാനം ചെയ്യുക ഇതൊക്കെ സനാതനമായ വൈശ്യ ധര്‍മ്മങ്ങളാണ്‌. വൈശ്യന്‍ ഒരിക്കലും എള്ളും, സുഗന്ധവസ്തുക്കളും, രസവും വിലക്കരുത്‌. അതു വിലയ്ക്കു വില്ക്കാനുള്ളതല്ല. കച്ചവടത്തിനിരിക്കുന്ന വൈശ്യന്‍ സല്‍പഥസഞ്ചാരിയാകണം. എല്ലാ ആതിഥ്യവും ത്രിവര്‍ഗ്ഗത്തിന് പറ്റിയ വിധം അര്‍ഹത പോലെയാകണം.

ശൂദ്രന്റെ ധര്‍മ്മം നിത്യവും ബ്രാഹ്മണ ശുശ്രൂഷയാണ്‌. തപസ്വിയും, സത്യവാദിയും, ജിതേന്ദ്രിയനുമായ അതിഥിയെ ശുശ്രൂഷിക്കുന്ന ശൂദ്രന്‍ വലിയ തപസ്സു നേടുന്നു. നിത്യവും ശുഭം ചെയ്യുന്നവനും, ദേവതകളെയും ദ്വിജന്മാരെയും പൂജിക്കുന്നവനും ബുദ്ധിമാനുമായ ആ ശൂദ്രന്‍, ഇഷ്ടമായ ധര്‍മ്മഫലം ഏല്ക്കുന്നു. ഓരോ വര്‍ണ്ണത്തിനും ഏതേതാണ്‌  വിധിച്ചിട്ടുള്ളത്‌, നാലു വര്‍ണ്ണങ്ങളും അതാത്‌ നടപടി കൈക്കൊള്ളണം. അതാണ്‌ അവര്‍ക്കു നന്മ ചെയ്യുക. ശോഭനേ, സുഭഗേ! ഞാന്‍ ഇതൊക്കെ നിന്നോടു പറഞ്ഞു. ഇനി എന്താണ്‌ നീ കേള്‍ക്കുവാന്‍ ഇച്ഛിക്കുന്നത്‌?

ഉമ പറഞ്ഞു: നാലു വര്‍ണ്ണത്തിനും ചേര്‍ന്ന ഹിതമായ കര്‍മ്മം ഭവാന്‍ വ്യക്തമായി പറഞ്ഞു. ഞാന്‍ അതു കേട്ടു. ഇനി എല്ലാവര്‍ക്കും ചേര്‍ന്നതായ ധര്‍മ്മം എന്തെന്നു വിവരിച്ചാലും!

മഹേശ്വരന്‍ പറഞ്ഞു: എല്ലാ ജീവജാലങ്ങളിലും വെച്ച്‌ ശ്രേഷ്ഠനായി ബ്രാഹ്മണനെ ബ്രഹ്മാവ്‌ സൃഷ്ടിച്ചു. ലോകങ്ങള്‍ക്കു നന്മയ്ക്കായി, ലോകോദ്ധാരണത്തിന് വേണ്ടിയാണ്‌ വിധി അങ്ങനെ ഒരു സൃഷ്ടി ചെയ്തത്‌. അങ്ങനെ ബ്രാഹ്മണന്‍ മര്‍ത്ത്യരില്‍ ഭുമിദേവനായി. അവരുടെ ധര്‍മ്മകര്‍മ്മ ഫലോദയങ്ങള്‍ ഞാന്‍ വിവരിക്കാം. വിപ്രന്മാര്‍ക്കുള്ള ധര്‍മ്മമേതോ, അതു മുഖ്യമായ ധര്‍മ്മമാണ്‌. ലോകധര്‍മ്മത്തിന് വേണ്ടി ലോകത്തില്‍ ഈ മൂന്നും പത്മജന്‍ സൃഷ്ടിച്ചു. ലോകത്തില്‍ എന്നേക്കും വേണ്ടിയാണ്‌ ആ സൃഷ്ടി നടത്തിയത്‌. സൃഷ്ടിച്ചവറ്റയെപ്പറ്റി കേള്‍ക്കുക. വേദോക്തം മുഖ്യമായ ധര്‍മ്മമാണ്‌. മറ്റേതു സ്മൃതിശാസ്ത്രമാണ്‌. വേറെ ഒന്ന്‌ ശിഷ്ടാചരിതമാണ്‌. ഇവ മൂന്നും സനാതനമായ ധര്‍മ്മമാകുന്നു.

മൂന്നു വേദങ്ങള്‍ അഭ്യസിച്ചവനും ജീവിതത്തിന്നായി വേദം അഭ്യസിപ്പിക്കാത്തവനുമായ വിദ്വാനായ ദ്വിജന്‍ സ്വാദ്ധ്യായം, യാഗം, ദാനം എന്നീ മൂന്നു കാര്യവും ചെയ്യുന്നവനും കാമക്രോധ ലോഭങ്ങള്‍ എന്നീ മൂന്നും ഒഴിവാക്കിയവനുമായ ദ്വിജന്‍ ആരോ അവന്‍ ലോകത്തിന് മിത്രമാണ്‌. ആറു കര്‍മ്മങ്ങളെ ഭുവനേശ്വരന്‍ വിപ്രന്മാര്‍ക്കു നിശ്ചയിച്ചു. അതു ഞാന്‍ പറയാം; കേള്‍ക്കുക. അവ നിത്യകര്‍മ്മങ്ങളാണ്‌.

യജ്ഞം ചെയ്യുക, യജിക്കുക, ദാനം ചെയ്യുക, ദാനം വാങ്ങിക്കുക, വേദം ചൊല്ലുക, വേദം പഠിപ്പിക്കുക ഇവ ആറും ആരു ചെയ്യുന്നുവോ അവന്‍ ധര്‍മ്മവാനായ ദ്വിജനാണ്‌. നിത്യവും സ്വാദ്ധ്യായം ചെയ്യുക എന്നതാണ്‌ ധര്‍മ്മം. യജ്ഞം ചെയ്യുക എന്നത്‌ സനാതനമായ ധര്‍മ്മമാണ്‌. ദാനം യഥാവിധി ചെയ്യുന്നതും പ്രശസ്തമായ ധര്‍മ്മമാണ്‌. ശമം സന്തോഷപ്രദമാണ്‌ അത്‌ സാധുപ്രവൃത്തമായ ധര്‍മ്മമാണ്‌. വിശുദ്ധരായ ഗൃഹസ്ഥര്‍ക്ക്‌ വലുതായ ഒരു നേട്ടമാണ്‌ ഈ ധര്‍മ്മം. പഞ്ചയജ്ഞത്താല്‍ വിശുദ്ധമായ ആത്മാവോടു കൂടി, സത്യവാക്കായി അനസൂയകനായി വിപ്രനെ സല്‍ക്കരിച്ചു ദാനംചെയ്തു തന്റെ ഗൃഹം വൃത്തിയാക്കി ജീവിക്കുന്നവന്‍, ഗര്‍വ്വില്ലാത്തവന്‍, കുടിലതയില്ലാത്തവന്‍, സ്നിഗ്ദ്ധമായ വാക്കു പറയുന്നവന്‍, ദാനം ചെയ്യുന്നവന്‍, വിരുന്നുകാരെ സല്‍ക്കരിക്കുവാന്‍ ഇഷ്ടമുള്ളവന്‍, വിഘസം അശിക്കുന്നവന്‍, യഥാന്യായം അതിഥികള്‍ക്ക്‌ പാദ്യം, അര്‍ഘ്യം, ആസനം, ശയനം, വിളക്ക്‌, പാര്‍പ്പിനുള്ള സൌകര്യം ഇവ നല്‍കുന്നവന്‍ ആരോ അവനാണ്‌ ശരിയായ ധാര്‍മ്മികന്‍.

പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ്‌ ആചമിച്ച്‌ ഭോജനം നല്കാന്‍ ക്ഷണിച്ച്‌ അതിഥിയെ സല്‍ക്കരിച്ച്‌ അനുയാനം ചെയ്യുന്നവന്‍ ആരോ ആ ഗൃഹസ്ഥന്‍ ധര്‍മ്മിഷ്ഠനാണ്‌. സര്‍വ്വ ആതിഥ്യവും ത്രിവര്‍ഗ്ഗത്തിന് ബ്രാഹ്മണക്ഷത്രിയ വൈശൃവര്‍ഗ്ഗത്തിന് ആകുന്ന വിധം പറഞ്ഞു കഴിഞ്ഞു. ശൂദ്രന്റെ ധര്‍മ്മവും പറഞ്ഞു. ഈ മൂന്നു വര്‍ഗ്ഗങ്ങളെയും ശുശ്രൂഷിക്കുക എന്നതാണ്‌ ശൂദ്രന്റെ ധര്‍മ്മം.

പ്രവ്യത്തി ലക്ഷണമായ ധര്‍മ്മമാണ്‌ ഗൃഹസ്ഥനില്‍ വിധിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ സര്‍വ്വഭൂതഹിതവും ശുഭവുമായ അത്‌ ഞാന്‍ പറയാം.

പല പ്രാവശ്യവും ശക്തിപോലെ ദാനംചെയ്യുക; പല വട്ടവും യജിക്കുക. ഭൂതി കാംക്ഷിക്കുന്നവന്‍ ഇതു ചെയ്യണം. പുഷ്ടികര്‍മ്മ വിധാനവും ചെയ്യേണ്ടതാണ്‌. ധര്‍മ്മത്തോടു കൂടി അര്‍ത്ഥം നേടണം. ധര്‍മ്മൃമായ ധനം മൂന്നായി പങ്കിടണം. ഇവ പ്രയത്നത്തോടെ മാനവന്‍ ചെയ്യേണ്ടതാണ്‌. ഐശ്വര്യാര്‍ത്ഥിയായ ഗൃഹസ്ഥന്‍ ആ മൂന്നില്‍ ഒരു ഭാഗം ധനം കൊണ്ട്‌ ധര്‍മ്മാര്‍ത്ഥങ്ങള്‍ നടത്തണം. ഒരു അംശം കൊണ്ട്‌ കാമം നടത്തണം. പിന്നെ ഒരംശത്തെ വളര്‍ത്തണം. മോക്ഷത്തിനായുള്ള നിവൃത്തി കര്‍മ്മം വേറെ നില്ക്കുന്നു. അതിന്റെ വൃത്തി ഞാന്‍ വേറെ വിവരിക്കാം. ദേവീ, നീ തത്വമായി എല്ലാം കേള്‍ക്കുക.

മോക്ഷം ഇച്ഛിക്കുന്നവർക്കുള്ള ധര്‍മ്മം പ്രധാനമായും ഭൂതദയ, പിന്നെ ഒരേയൊരു സ്ഥലത്തു തന്നെ പാര്‍ത്തിടായ്കയും ആശാപാശങ്ങളില്‍നിന്നുള്ള വിമുക്തതയുമാണ്‌ വേണ്ടതായ ധര്‍മ്മം. തന്റെ വീട്ടില്‍ പാര്‍ക്കുവാനുള്ള താല്‍പര്യം, വെള്ളത്തില്‍ കുടുതല്‍ താല്‍പര്യം ഇവ പാടില്ല. നല്ലതരം വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ താല്‍പര്യം വയ്യാ. സ്ഥാനമാനങ്ങളായ ഇരുപ്പിലും താല്‍പര്യം പാടില്ല. അദ്ധ്യാത്മഗതി ചിന്തിക്കുന്നവന്‍ അതില്‍ മനസ്സുവെക്കണം. അതില്‍ പരായണനാകണം. യോഗത്തിലും പ്രതിസംഖ്യാനത്തിലും യോഗമാണ്ടവനാകണം. നിത്യം മരച്ചുവട്ടില്‍ വാഴുന്നവനും ശൂന്യമായ ഗൃഹത്തില്‍ കിടക്കുന്നവനും പുഴയുടെ മണല്‍ത്തട്ടില്‍ കിടക്കുന്നവനും, നദീതീരത്തില്‍ താല്‍പര്യമുള്ളവനും, സ്നേഹബന്ധമുള്ള സര്‍വ്വതിനേയും വിട്ടവനുമായ ദ്വിജന്‍ ആത്മാവില്‍ ആത്മാവിനെ അണപ്പിക്കണം. അവന്‍ തൂണുപോലെ നിരാഹാരനായി മോക്ഷദൃഷ്ടമായ പ്രവ്യത്തിയാല്‍ പരിവ്രാട്ടായ ആ യോഗി ആരോ, അവന്‍ സനാതനധര്‍മ്മത്തോടു കൂടിയ യോഗിയാണ്‌.

ഒന്നിലും ആസക്തിയില്ലാത്തവനും ഒരേടത്തുമാത്രം പാര്‍ക്കാത്തവനും ഒരേ ഒരു ദിക്കില്‍ കിടക്കാത്തവനും ചുറ്റുമുള്ളതില്‍ നിന്ന് വിമുക്തനായവനും ആരോ അവനാണ്‌ മുക്തന്‍. സന്മാര്‍ഗ്ഗിയും മോക്ഷവിത്തുമായവര്‍ക്ക്‌ ഇതു വേദത്തില്‍ പറഞ്ഞിട്ടുള്ള ധര്‍മ്മമാണ്‌. ഈ വഴിക്ക്‌ പിന്‍തുടരുന്നവന്റെ യാതൊരടയാളവും പിന്നെ ഭൂമിയില്‍ ബാക്കിയായി നില്ക്കുകയില്ല. ഭിക്ഷുക്കള്‍ നാലുവിധമാണ്‌. കുടീചകന്‍. ബഹുദകന്‍, ഹംസന്‍, പരമഹംസന്‍ എന്നിങ്ങനെയാണ്‌ നാല് വിധം. ഇതില്‍ ഒടുവില്‍പ്പറഞ്ഞ പരമഹംസന്‍ ഉത്തമനായ ഭിക്ഷുവാണ്‌. പരമഹംസനെക്കാള്‍ മേലെയായി ഭിക്ഷുവില്ല. ഓരോന്നും ക്രമപ്രകാരം ഉയര്‍ന്നുയര്‍ന്ന്‌ പരമ ഹംസപദത്തെ പ്രാപിക്കുന്നു. ഇപ്പറഞ്ഞ നാലിനും താഴെയായും വേറെയില്ല. ദുഃഖമില്ലാത്തതും സുഖമില്ലാത്തതും സൌമ്യമായതും ജരയില്ലാത്തതും മരണമില്ലാത്തതും അവ്യയമായതുമാണ്‌ ബ്രഹ്മത്തിന്റെ ഭാവം. അതു നേടുകയാണ്‌ ധര്‍മ്മം.

ഉമ പറഞ്ഞു; ഭവാന്‍ സത്തുക്കള്‍ ചെയ്യുന്ന ഗാര്‍ഹസ്ഥ്യവും മോക്ഷധര്‍മ്മവും പറഞ്ഞു. ജീവലോകത്തിന്റെ ശ്രേയസ്കരമായ മാര്‍ഗ്ഗം ഭവാന്‍ പറഞ്ഞു. അല്ലയോ ധര്‍മ്മജ്ഞാ, ഇനി  ഋഷിധര്‍മ്മം കേള്‍ക്കുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. എനിക്ക്‌ എന്നും തപോവനത്തില്‍ വാഴുന്ന ജനങ്ങളില്‍ ഇഷ്ടമുണ്ട്‌. ആജ്യധൂമത്തിന്റെ ഗന്ധം കൊണ്ട്‌ തപോവനം മൂടുമ്പോള്‍ അതുകണ്ട്‌ എന്റെ മനസ്സ്‌ നിത്യവും പ്രസന്നമാകുന്നുണ്ട്‌. മഹേശ്വരാ, എനിക്ക്‌ മുനിധര്‍മ്മത്തെ പറ്റിയുള്ള സകല സംശയങ്ങളും അങ്ങ്‌ തീര്‍ത്തു തരണം. എന്റെ ചോദ്യത്തിന് തക്ക സമാധാനം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മഹേശ്വരന്‍ പറഞ്ഞു: അല്ലയോ ദേവീ, ഞാന്‍ നിന്നോട് മഹത്തരമായ മുനിധര്‍മ്മത്തെപ്പറ്റി പറയുന്നു. എന്തു ചെയ്താണ്‌ മുനിമാര്‍ തപഃസിദ്ധരാകുന്നതെന്നും പറയാം. ധര്‍മ്മജ്ഞരും ഫേനചരുമായ ഋഷികള്‍ക്കുള്ള ധര്‍മ്മവും ഞാന്‍ പറയാം. ധര്‍മ്മജേഞ, നീ ധര്‍മ്മം കേട്ടുകൊള്ളുക.

എന്നും അല്പാല്പമായി ബ്രഹ്മാവിനെ സംബന്ധിച്ച പരിശുദ്ധമായ പതക്കുട്ടം ഏല്ക്കുന്നവരാണ്‌ ഫേനപന്മാര്‍. യാഗത്തില്‍ നിന്ന്‌ ഒഴുകിയ അമൃതം ബ്രഹ്മാവു പാനം ചെയ്യുന്നു. വിശുദ്ധരായ ഫേനപന്മാര്‍ ഈ ഫേനം ആണ് (പതയാണ്‌)  ഭക്ഷിക്കുന്നത്‌ തപോധനാ!

ഇനി ബാലഖില്യര്‍ക്കുള്ള ധര്‍മ്മചര്യാമാര്‍ഗ്ഗം പറയാം. തപഃസിദ്ധരായ ബാലഖില്യമുനിമാര്‍ സൂര്യമണ്ഡലത്തില്‍ ശോഭിക്കുന്നു. അവര്‍ ഉഞ്ഛവൃത്തികളായി പക്ഷികളെപ്പോലെ അന്നന്നത്തെ നെന്മണി പെറുക്കിയതു കൊണ്ട്‌ ഉപജീവിക്കുന്നവരാണ്‌. അവര്‍ മൃഗത്തിന്റെ തോലാണ്‌ ധരിക്കുക. ചീരവല്ക്കലധാരികളുമാണ്‌. നിര്‍ദ്വന്ദ്വരും. സന്മാര്‍ഗ്ഗികളുമായ ബാലഖില്യര്‍ തപോധനരാണ്‌. അവര്‍ നമ്മുടെ തള്ളവിരലിന്റെ മുട്ടോളം മാത്രം പൊക്കമുള്ള കുറിയവരാണ്‌. തപസ്സിനെ ഇച്ഛിക്കുന്ന അവര്‍ക്കുള്ള ധര്‍മ്മം മഹാഫലമാണ്‌. അവര്‍ ദേവന്മാര്‍ക്കു തുല്യമായ സുരകാര്യം നടത്തുന്നവരാണ്‌. തപസ്സു കൊണ്ട്‌ കില്‍ബിഷമറ്റവരായ അവര്‍ ദിക്കു മുഴുവന്‍ ദ്യോതിപ്പിക്കുന്നു.

മറ്റുള്ള ശുദ്ധചിത്തന്മാരും, ദയാധര്‍മ്മപരായണന്മാരും, ചുറ്റിസഞ്ചരിക്കുന്നവരും, സല്‍പ്പുണ്യനിരതന്മാരും, സോമലോകത്ത്‌ അധിവസിക്കുന്നവരും, ചന്ദ്രകിരണം പാനം ചെയ്ത്‌ ജീവിക്കുകയാണ്‌. സംപ്രക്ഷാളന്മാരും അശ്മകുട്ടന്മാരും ദന്തോലൂഖലിമാരും (പല്ലു തന്നെ ഉരലാക്കിയവര്‍) ദേവന്മാരായ സോമപന്മാര്‍ക്കും ഊഷ്മപന്മാര്‍ക്കും അടുത്ത്‌ ഉഞ്ഛവൃത്തി ചെയ്യുന്നവരും ദാരങ്ങളോട് കൂടിയവരും നിയതേന്ദ്രിയന്മാരുമാണ്‌. അവര്‍ക്ക്‌ അഗ്ന്യാധാനവും പിതൃപൂജയും പഞ്ചയജ്ഞം യജിക്കലും ധര്‍മ്മമായി പറയുന്നു. ചക്രചാരികളും ദേവലോകചാരികളുമായ ദ്വിജേന്ദ്രന്മാരും ഋഷിധര്‍മ്മം ചെയ്യുന്നത്‌ നീ വേറെയും കേള്‍ക്കുക. ഞാന്‍ പറയാം.

യതേന്ദ്രിയനായ ഋഷി ആത്മജ്ഞാനം കൊള്ളുന്നു. അവന്‍ പിന്നെ കാമക്രോധങ്ങളെ ജയിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. അഗ്നിഹോത്രം, പരിസ്പന്ദം, ധര്‍മ്മസത്രമിരിക്കല്‍, സോമയജ്ഞാനുമതി, യജ്ഞദക്ഷിണ ഇവയഞ്ചുമാണ്‌ ധര്‍മ്മരതി. അത്‌ യതികള്‍ അനുഷ്ഠിക്കണം. നിത്യവും യജ്ഞം ചെയ്യുക എന്നതാണ്‌ ധര്‍മ്മം. പിതൃദേവാര്‍ച്ചന, ആദരവ്‌, സര്‍വ്വാതിഥ്യം, ഇവയൊക്കെ ഉഞ്ഛാന്നം കൊണ്ട്‌ നിര്‍വ്വഹിക്കുക. ഉപഭോഗങ്ങളില്‍ നിന്ന് നിവർത്തിച്ചു ജീവിക്കുക, ഗോരസം മാത്രം കഴിക്കുക, ശമം, സ്പൃഹയില്ലായ്മ, നിലത്തു കിടക്കുക, യോഗം അഭൃസിക്കുക, ഇലയും ചീരയും ഭക്ഷിക്കുക എന്നിവയൊക്കെയാണ്‌ ഋഷികള്‍ക്കുള്ള നിയമങ്ങള്‍. ഇവകൊണ്ട്‌, നേടാത്ത ഗതി, നേടുന്നതാണ്‌.

വീട്ടില്‍ നെല്ലു കുത്തുന്ന ഉലക്ക വെച്ചതിന് ശേഷം, പുകയൊക്കെ പോയതിന് ശേഷം, തീയൊക്കെ കെട്ടടങ്ങിയതിന് ശേഷം, വീട്ടിലുള്ളവരെല്ലാം ഊണു കഴിഞ്ഞതിന് ശേഷം, പാത്രം ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്കു കൊണ്ടു പോകല്‍ നിര്‍ത്തിയതിന് ശേഷം, പിച്ചക്കാരൊക്കെ പൊയ്ക്കഴിഞ്ഞതിന് ശേഷം, വല്ല പാന്ഥനും വന്നെത്തിയാല്‍ സല്‍ക്കരിക്കാമെന്നു വിചാരിച്ച്‌ ആ വന്നുകേറുന്നവന് ഭക്ഷണം നല്കിയതിന് ശേഷം വേണം ഊണു കഴിക്കുവാന്‍ എന്നു വിചാരിച്ച്‌ പാന്ഥനെ കാത്ത്‌ ഉണ്ണാതിരിക്കുന്ന ഗൃഹസ്ഥന്‍ ആരോ, അവന്‍ തീര്‍ച്ചയായും സത്യധര്‍മ്മപരനും ശാന്തനുമായ മുനിയുടെ ധര്‍മ്മത്തിന് തുല്യമായ ധര്‍മ്മത്തോട് കൂടിയവനാണെന്ന്‌ പരിഗണിക്കണം. ജളത്വം വിട്ടവനും, ഗര്‍വ്വ്‌ ഒഴിഞ്ഞവനും, മനസ്സ്‌ തെളിഞ്ഞവനും, വിസ്മയമില്ലാത്തവനും, മിത്രങ്ങളിലും അമിത്രങ്ങളിലും സമനും മ്രൈതനുമായവന്‍ ഉത്തമ ധര്‍മ്മജ്ഞനാണ്‌.

142. ഉമാമഹേശ്വരസംവാദം - വാനപ്രസ്ഥ ധര്‍മ്മങ്ങളുടെ വിവരണം - ഉമ പറഞ്ഞു: ഭംഗിയേറിയ ദിക്കുകളില്‍, നദികളുടെ വെള്ളച്ചാട്ടമുള്ള സ്ഥലങ്ങളില്‍, പുഴവക്കില്‍, വള്ളിക്കുടിലുകളില്‍, പര്‍വ്വതത്തില്‍, വനത്തില്‍, പരിശുദ്ധമായ ദേശങ്ങളില്‍, കായ്കളുള്ള പ്രദേശങ്ങളില്‍, വളരെ ശ്രദ്ധയോടു കൂടി ഫലമൂലങ്ങള്‍ കിട്ടുന്ന നല്ല പ്രദേശങ്ങളില്‍, യതവ്രതന്മാരായ മുനിമാര്‍ പാര്‍ക്കുന്നു. അവരുടെ പുണ്യമായ വിധി കേള്‍ക്കുവാന്‍ എനിക്കാശയുണ്ട്‌ ശങ്കരാ! അല്ലയോ ദേവേശാ, തന്റെ ദേഹം കൊണ്ട്‌, മറ്റുള്ള ഭൃത്യാദികളുടെ സഹായം കൂടാതെ കഴിയുന്ന അവരുടെ, വാനപ്രസ്ഥന്മാരുടെ, പുണ്യമായ വിധിയെന്തെന്നു കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌; പറഞ്ഞാലും!

മഹേശ്വരന്‍ പറഞ്ഞു: വാനപ്രസ്ഥരുടെ ധര്‍മ്മം ഞാന്‍ പറയാം. അത്‌ ശ്രദ്ധയോടെ നീ കേള്‍ക്കുക. ദേവീ, നീ മനസ്സിരുത്തിക്കേട്ട്‌ ധര്‍മ്മബുദ്ധിയെ പ്രാപിക്കുകയും ചെയ്യുക. സംസിദ്ധരും, നിയമം പൂണ്ടവരും, സത്തുക്കളും, വനത്തില്‍ എത്തിയവരും, വാനപ്രസ്ഥന്മാരും നടത്തേണ്ട കര്‍മ്മം എങ്ങനെയാണെന്ന്‌ ഞാന്‍ പറയാം; നീ കേള്‍ക്കുക.

മൂന്നു നേരവും കുളിക്കുക, പിതൃക്കളെയും ദേവകളെയും അര്‍ച്ചിക്കുക. അഗ്നിഹോത്രം ചെയ്യുക, ഇഷ്ടി, ഹോമവിധാനം, വരിനെല്ല്‌ ഇവ വാങ്ങുക, ഫലമൂലങ്ങള്‍ കൊണ്ടു വരിക; ഇവയാല്‍ ജീവിക്കുക, ആവണക്ക്‌, ഓടം എന്നിവയുടെ എണ്ണ കൊണ്ട്‌ ദേഹത്തില്‍ തേക്കുക. യോഗചര്യയെടുക്കുക, കാമക്രോധങ്ങളെ ഉപേക്ഷിക്കുക, വീരശയ്യയില്‍ കിടക്കുക, വീരാസനത്തില്‍ ഇരിക്കുക (ഭയങ്കരമായ കാടാണ്‌ വീരസ്ഥാനങ്ങള്‍) യോഗവട്ടം ചേര്‍ന്നു വേനല്‍ക്കാലത്തു പഞ്ചതപസ്സോടെ യഥാന്യായം ഹഠയോഗപ്രസിദ്ധമായ മണ്ഡൂകനിയമം ആചരിക്കുക, വീരാസനം വാഴുക, വെറും നിലത്തു കിടക്കുക, മഴക്കാലത്തു മഴയേല്ക്കുക, മഞ്ഞുകാലത്ത്‌ തണുത്ത ജലത്തില്‍ നില്ക്കുക, വേനല്‍ക്കാലത്തു പഞ്ചാഗ്നി മദ്ധ്യത്തിലിരിക്കുക ഇവയാണ്‌ ധര്‍മ്മബുദ്ധികളായ ഋഷിമാര്‍ ചെയ്യേണ്ടതായ നിയമങ്ങള്‍. ജലം മാത്രം കുടിച്ചു ദിനങ്ങള്‍ കഴിക്കുന്നവര്‍, കാറ്റു മാത്രം ഉണ്ണുന്നവര്‍, ചണ്ടി മാത്രം തിന്നുന്നവര്‍, അശ്മകുട്ടന്മാര്‍ (കല്ലു കൂട്ടി ഉരസി നെല്ലിന്റെ ഉമികളഞ്ഞ്‌ പാകം ചെയ്തു ജീവിക്കുന്നവര്‍), ദാന്തന്മാര്‍, സംപ്രക്ഷാളകന്മാര്‍, ചീരവല്‍ക്കല വസ്ത്രധാരികള്‍, മാനിന്റെ തോലുടുക്കുന്നവര്‍, ഇങ്ങനെയുള്ള സന്യാസികള്‍ ഈ പറഞ്ഞവിധം യഥാകാലം യഥാവിധി ജീവിതം നയിക്കണം.

വനേചരന്മാര്‍, വനാസക്തന്മാര്‍, വനസ്ഥന്മാര്‍, വനഗോചരന്മാര്‍, വനവാസികള്‍ ഇവര്‍ വനത്തെ ഗുരുവിനെപ്പോലെ സേവിക്കണം. അവര്‍ക്ക്‌ ഹോമവും പഞ്ചയജ്ഞങ്ങളും ധര്‍മ്മമാണ്‌. വേദോക്തമായ പഞ്ചധര്‍മ്മത്തിന്റെ ഭാഗം കാത്തു കൊള്ളലും അവരുടെ ധര്‍മ്മമാണ്‌. അഷ്ടമീയയജ്ഞപരത, ചാതുര്‍മ്മാസ്യനിഷേവണം, പൌര്‍ണ്ണമാസാദികളായ യജ്ഞങ്ങള്‍, നിത്യയജ്ഞങ്ങള്‍ എന്നിവ ചെയ്യുന്നവര്‍, ദാരസംഗം വിട്ടൊഴിഞ്ഞവര്‍, എല്ലാ സങ്കരങ്ങളെയും വര്‍ജ്ജിച്ചവര്‍, എല്ലാ പാപങ്ങളും വിട്ടവര്‍, അങ്ങനെ താപസികന്മാര്‍ വനത്തില്‍ ചരിക്കുന്നു. സ്രുക്കും (ഹോമിക്കുവാന്‍ നെയ്യൊഴിക്കുന്ന തവി) ജലപാത്രവും വളരെ കാര്യമായി കരുതുന്നവര്‍ക്ക്‌, അവ രണ്ടുമല്ലാതെ വേറെ ധനമൊന്നുമില്ല, അവര്‍ ആഗ്രഹിക്കുന്നുമില്ല. മൂന്ന്‌ അഗ്നി കാര്യങ്ങളും ചെയ്യുന്നതില്‍ അവര്‍ നിരതരാണ്‌. അവര്‍ ധര്‍മ്മിഷ്ഠന്മാരും നിത്യവും സൽപഥ സഞ്ചാരികളുമാണ്‌. അവര്‍ ബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്യുന്നവരാണ്‌. മഹാപുണ്യമായ ബ്രഹ്മലോകവും, ശാശ്വതമായ സോമലോകവും പ്രാപിക്കുന്ന സിദ്ധരായ മുനികള്‍ സത്യധര്‍മ്മാശ്രയന്മാരാണ്‌. വാനപ്രസ്ഥര്‍ക്കുള്ള ശുഭമായ ധര്‍മ്മം ദേവീ, ഞാന്‍ പറഞ്ഞുകഴിഞ്ഞു. വളരെ വിസ്തരിച്ചു തന്നെ ഞാന്‍ പറഞ്ഞു.

ഉമ പറഞ്ഞു: ഭഗവാനെ, സര്‍വ്വഭൂതേശ്വരാ! സര്‍വ്വവഭൂതങ്ങളാലും നമസ്കരിക്കപ്പെടുന്ന ദേവാ! മുനി സംഘങ്ങള്‍ക്കുളള സിദ്ധിവാദത്തെ അങ്ങു പറയണേ! സിദ്ധിവാദങ്ങളില്‍ സിദ്ധരായ വിധം വനവാസികള്‍ സ്വതന്ത്രരായി വര്‍ത്തിക്കുന്നു. ഭാര്യമാരോടു കൂടിയ അത്തരക്കാരുടെ ഗതിയെന്താണ്‌?

മഹേശ്വരന്‍ പറഞ്ഞു: അല്ലയോ ദേവീ, തപഃസ്വതന്ത്രരും ഭാര്യമാരോടു കൂടിയവരും ഇങ്ങനെ രണ്ടു വിധം സന്ന്യാസിമാരുണ്ട്‌. അവരുടെ അടയാളം: തല മൊട്ടയടിച്ചിരിക്കും; കാഷായവസ്ത്രം ധരിക്കും; യഥേഷ്ടം എവിടേയും സഞ്ചരിക്കും. എന്നാൽ  ദാരവിഹാരികളായ വാനപ്രസ്ഥന്മാര്‍ രാത്രി വീട്ടില്‍ താമസിക്കും. മൂന്നുനേരം കുളിക്കുകയും മുഖ്യമായി  ഋഷികള്‍ക്കുള്ള ഹോമകര്‍മ്മം, വെള്ളവും ഫലവുമായുള്ള കര്‍മ്മം, സമാധി, സല്‍പഥത്തിലുള്ള നില, ഇങ്ങനെ വേദശാസനമനുസരിച്ചുള്ള അനുഷ്ഠാനം ഇവയെല്ലാം കേവലം വാനപ്രസ്ഥര്‍ക്കുള്ളതാണ്‌. ആ ധര്‍മ്മങ്ങളെല്ലാം ആചരിച്ചാല്‍ അവര്‍ തപസ്സിന്റെ ഫലം അനുഭവിക്കുന്നതുമാണ്‌.

ദാമ്പതൃധര്‍മ്മങ്ങള്‍ അവര്‍ അനുഷ്ഠിക്കും. അവര്‍ക്ക്‌ ഭാര്യയുണ്ടല്ലോ. അവര്‍ സ്വന്തം ഭാര്യമാരിലേ പ്രവേശിക്കുകയുള്ളു. അതും ആര്‍ത്തവാനന്തരമുള്ള ശുദ്ധവും ഉല്‍പാദനക്ഷമവുമായ കാലങ്ങളിലേ ഭാര്യയില്‍ പ്രവേശിക്കുകയുള്ളൂു. അവരുടെ ധര്‍മ്മം ഋഷിമാരുടെ ധര്‍മ്മം തന്നെയാണ്‌. വിധിയില്‍ കണ്ടതു മാത്രമേ അവര്‍ ചെയ്യുകയുള്ളു. ഋഷികള്‍ക്കു ലഭിക്കുന്ന ഫലങ്ങള്‍ അവര്‍ക്കും ലഭിക്കും. കാമചാപല്യം നിമിത്തം മറ്റുവിധത്തില്‍ അവര്‍ ജീവിക്കുവാന്‍ പാടില്ല.

എല്ലാ ജീവികള്‍ക്കും അഭയം നല്കുന്നവന്‍, ഹിംസാ ദോഷം വിട്ടവന്‍, തീര്‍ച്ചയായും ധര്‍മ്മത്തോടൊത്തവനാകും. സര്‍വ്വഭൂതങ്ങളിലും ദയാശീലമുള്ളവനും, സര്‍വ്വഭൂതങ്ങളിലും സത്യം പാലിക്കുന്ന വ്രതമുള്ളവനും സര്‍വ്വഭൂതാത്മഭൂതനുമായ പുരുഷന്‍ ധര്‍മ്മത്തോടു ചേര്‍ന്നവനാകും. സര്‍വ്വവേദങ്ങളില്‍ മുഴുകുന്നതും, സര്‍വ്വഭൂതങ്ങളിലും ആര്‍ജ്ജവത്തോടെ ഇരിക്കുന്നതും രണ്ടും തുല്യമാണ്‌. എന്നാല്‍, അല്പം മേലെ നില്ക്കുന്നത്‌ ആര്‍ജ്ജവമാണ്‌. ആര്‍ജ്ജവത്തെ (സത്യം, നേര്‍വഴി) ധര്‍മ്മമായി പറയുന്ന അധര്‍മ്മം ജിഹ്മമാണ്‌, വളഞ്ഞതാണ്‌. ആര്‍ജ്ജവത്തോട് കൂടിയവനായ പുരുഷന്‍ ധര്‍മ്മിഷ്ഠനായ പുരുഷനാണ്‌. നിത്യവും ആര്‍ജ്ജവമുള്ളവന്‍ ദേവന്മാരുടെ സന്നിധിയില്‍പ്പോയി വാഴും. തനിക്ക്‌ ധര്‍മ്മിഷ്ഠനായി ജീവിക്കണമെന്ന ആഗ്രഹം ആര്‍ക്കുണ്ടോ, അവന്‍ ആര്‍ജ്ജവമുള്ളവനാകണം. ക്ഷാന്തന്‍, ദാന്തന്‍, ജിതക്രോധന്‍, ധര്‍മ്മഭൂതന്‍, അഹിംസകന്‍, ധര്‍മ്മത്തില്‍ നിതൃം ആസക്തന്‍, ഇങ്ങനെയുള്ള ഗുണങ്ങളോട് കൂടിയവനാരോ, അവന്‍ ധര്‍മ്മത്തോടൊത്തവനായി ഭവിക്കും. മടി വിട്ടവനും, ധര്‍മ്മിഷ്ഠനും, ഭക്തിയോടെ സല്‍പ്പഥത്തെ ആശ്രയിക്കുന്നവനും, ചാരിത്രവാനും ബുദ്ധനുമായ പുരുഷന്‍ ബ്രഹ്മമായി ഭവിക്കുന്നതാണ്‌.

ഉമ പറഞ്ഞു: ദേവാ! ആശ്രമസ്ഥന്മാരായ, തപോധനരായ താപസന്മാര്‍ എന്തു ചര്യയാല്‍ ദീപ്തന്മാരായി ശോഭിക്കും? രാജാക്കളും, രാജപുത്രന്മാരും, നിര്‍ദ്ധനന്മാരും, ധനാഢ്യന്മാരും എന്തു കര്‍മ്മത്താല്‍ ഭഗവാനേ, തപസ്സിന്റെ ഫലം നേടും? ആ ദിവ്യചന്ദന ഭൂഷിതരായ കാനനവാസികള്‍ എന്തു കര്‍മ്മത്താലാണ്‌ നിത്യമായ സ്ഥാനത്തെ പ്രാപിക്കുന്നത്‌? തപശ്ചര്യയുടെ മഹത്തായ ഫലത്തെപ്പറ്റിയാണ്‌ എന്റെ സംശയങ്ങള്‍. ദേവാ, എന്റെ ഈ സംശയങ്ങളെല്ലാം ഭവാന്‍ തീര്‍ത്തു തരണേ! ത്രിനേത്രനായ ത്രിപുരാന്തകാ! പറഞ്ഞാലും.

മഹേശ്വരന്‍ പറഞ്ഞു: അഹിംസര്‍, ദാന്തര്‍, നേര് പറയുന്നവര്‍, ഉപവാസ വ്രതങ്ങള്‍ ആചരിക്കുന്നവര്‍, ഇങ്ങനെയുള്ള പുണ്യവാന്മാര്‍ സിദ്ധന്മാരോടും ഗന്ധര്‍വ്വന്മാരോടും ചേര്‍ന്ന്‌ അനാമയരായി മോദിക്കുന്നതാണ്‌. മണ്ഡൂകയോഗ ശയനനും, യഥാന്യായം വിധിപ്രകാരം ദീക്ഷ പൂണ്ടവനും, ധര്‍മ്മനിഷ്ഠനുമായവന്‍ നാഗരോടു കൂടി മോദത്തോടെ നാഗലോകത്തു വസിക്കുന്നതാണ്‌. മാനിന്റെ വായില്‍ നിന്ന്‌ ചവയ്ക്കുന്ന സമയത്ത്‌ കൊഴിഞ്ഞു വീഴുന്ന പുല്ല്‌, മാന്‍ കൂട്ടത്തോടു ചേര്‍ന്നു തിന്നുന്ന ദീക്ഷിതനായ യോഗി സ്വര്‍ഗ്ഗലോകത്ത്‌ അമരാവതിയില്‍ സുഖമായി വസിക്കും. വെള്ളത്തിലെ ചണ്ടിയോ കൊഴിഞ്ഞു വീഴുന്ന പഴുത്ത ഇലയോ തിന്നുന്ന വ്രതശീലനായ യോഗി, ശീതയോഗങ്ങളെ സഹിച്ചു കഴിയുന്നവന്‍, പരമമായ ഗതിയെ പ്രാപിക്കും. വായു മാത്രം ഭക്ഷിക്കുന്നവനും, ജലം മാത്രം കുടിക്കുന്നവനും, ഫല മൂലങ്ങള്‍ ഭക്ഷിച്ചു കഴിയുന്നവനുമായ യതി അപ്സരസ്ത്രീകളോടു ചേര്‍ന്ന്‌ യക്ഷന്മാരുടെ ഐശ്വര്യം നേടി മോദിക്കുന്നതാണ്‌. വേനല്‍ക്കാലത്തു വിധിപ്രകാരം പഞ്ചാഗ്നി മദ്ധ്യത്തില്‍ തപസ്സു ചെയ്യുന്നവന്‍ പന്ത്രണ്ടു വര്‍ഷം അതു തുടര്‍ന്നാല്‍ അവന്‍ മന്നില്‍ രാജാവായി ഭവിക്കും.

ആഹാരം നിയന്ത്രിച്ച്‌ പന്ത്രണ്ടു വര്‍ഷം മൗനവ്രതത്തോടെ മരുഭൂമിയില്‍ ധ്യാനനിമഗ്നനായി കഴിഞ്ഞാല്‍ അവന്‍ മന്നില്‍ രാജാവായി ഭവിക്കും. ശുദ്ധമായ നിലത്ത്‌ ആകാശം കണ്ടു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷം കഴിച്ചു കൂട്ടുകയും, ഇടിത്തീയിന് ശരീരം അര്‍പ്പിക്കുകയും ചെയ്യുന്നവനാരോ, അവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖമായി വസിക്കും. സ്ഥണിലത്തില്‍ (വെറും നിലത്ത്‌) കിടക്കുന്ന വ്രതമെടുത്തവന് അല്ലയോ ഭാമിനീ, യാനങ്ങളും ശയനങ്ങളും മഹാര്‍ഹങ്ങളായ ചന്ദ്രശുഭ്രഗൃഹങ്ങളും ലഭിക്കും. ഒന്നും ഭക്ഷിക്കാതെ ആത്മോപജീവിയായി, നിയതനായി ഉപവാസമെടുത്ത്‌ ദേഹം ഉപേക്ഷിക്കുന്നവന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നതാണ്‌. ആത്മോപജീവിയായി പന്ത്രണ്ടു വര്‍ഷം ദീക്ഷയെടുത്തവന്‍ തന്റെ ദേഹം ആഴിയിലേക്കു വിട്ടാല്‍ അവന്‍ വാരുണമായ ലോകത്തില്‍ ചെന്നെത്തുന്നതാണ്‌. ആത്മോപജീവിയായി പന്ത്രണ്ടു വര്‍ഷം ദീക്ഷയെടുക്കുന്നവന്‍ കല്ലു കൊണ്ട്‌ കാലുടച്ചാല്‍ (തന്റെ കാല്‍ താന്‍ തന്നെ കല്ലെടുത്ത്‌ ഇടിച്ചു തകര്‍ത്ത്  സ്വയം വേദനപ്പെട്ടാല്‍) അവന്‍ ഗുഹ്യകന്മാരുടെ ലോകത്തിലെത്തുന്നതാണ്‌. ആത്മോപജീവിയായി സിദ്ധനായി തീര്‍ന്നവന്‍. നിര്‍ദ്വന്ദ്വനും നിഷ് പരിഗ്രഹനുമായവന്‍, മനോഗതമായ ദീക്ഷ പന്ത്രണ്ടു കൊല്ലം കഴിച്ചാല്‍ അവൻ സ്വര്‍ഗ്ഗലോകം നേടുകയും ദേവന്മാരോടുകുടി സുഖിക്കുകയും ചെയ്യും. ആത്മോപജീവിയായി പന്ത്രണ്ടു വര്‍ഷം ദിക്ഷയെടുത്തവന്‍ ദേഹം അഗ്നിയില്‍ ഹോമിച്ചാല്‍ ബ്രഹ്മലോകത്തു പൂജ്യനായി ഭവിക്കുന്നതാണ്‌. അല്ലയോ ദേവീ! യഥാന്യായം ദീക്ഷപുണ്ട നിയതനായ ദ്വിജന്‍ ആത്മാവിനെ ആത്മാവില്‍ നിര്‍ത്തി നിര്‍മ്മമനായി, ധര്‍മ്മലാലസനായി ഭവിക്കും. ഈ മനോഗതയായ ദീക്ഷ പന്ത്രണ്ടുവര്‍ഷം കഴിക്കുന്നവന്‍ കഴുത്തില്‍ അരണീമന്ഥം കെട്ടി അനാവ്യതനായി ഭവിച്ച്‌ വീരാദ്ധ്വഗാമിയായി വീരാസനത്തിലിരുന്ന്‌ വീരസ്ഥനായി വീരാന്മാര്‍ക്കു ചേര്‍ന്ന ഗതിയെ നേടുന്നതാണ്‌. ദിവ്യപുഷ്പങ്ങളണിയുകയും ദിവ്യചന്ദനചര്‍ച്ചിതനായി, ധര്‍മ്മാത്മാവായി, ദേവന്മാരോടു കൂടി സുഖമായി അവന്‍ വിണ്ണില്‍ വാഴുന്നതുമാണ്‌. വീരലോകം പ്രാപിച്ചു വീരയോഗവഹനായി, എപ്പോഴും സത്വസ്ഥനായി, സര്‍വ്വവും വിട്ട്‌ ദീക്ഷിതനായി,നിയതനും ശുചിയുമായി വീരമാര്‍ഗ്ഗം പൂകുന്നതായാല്‍ അവന്‍ എന്നും ശാശ്വതമായ ലോകത്തെ പ്രാപിക്കുന്നതാണ്‌. അവന്‍ കാമഗമായ വിമാനത്തില്‍ കയറി ഇഷ്ടം പോലെ സഞ്ചരിക്കുന്നതാണ്‌. പിന്നെ അവന്‍ ശക്രന്റെ പുരത്തിലെത്തി നിരാമയനായി മോദിക്കുകയുംചെയ്യും.

143. ഉമാമഹേശ്വരസംവാദം - ഉയര്‍ന്ന ജാതിക്കാര്‍ കര്‍മ്മഫലം മൂലം താണജാതിയില്‍ ജനിക്കുമെന്ന്‌ ശിവന്‍ പാര്‍വ്വതിയോടു പറയുന്നു - ഉമ പറഞ്ഞു: അല്ലയോ ഭഗനേത്രഘ്നനായ ഭഗവാനേ, പൂഷാവിന്റെ പല്ലു തകര്‍ത്ത ദേവാ, (ദക്ഷയാഗത്തില്‍ തന്റെ നേരെ പല്ലു കാട്ടി ച്ചിരിച്ച പൂഷാവിന്റെ പല്ല്‌ അടിച്ചു കൊഴിച്ച കഥ ഇവിടെ 16-ാം അദ്ധ്യയത്തില്‍ ചുരുക്കിപ്പറഞ്ഞിച്ചുണ്ട്‌). ദക്ഷയജ്ഞ ഹരാ, ത്ര്യക്ഷാ! എന്റെ ഉള്ളില്‍ വളരെ സംശയങ്ങള്‍ തോന്നുന്നു. സ്വയംഭൂ ഭഗവാന്‍, ബ്രഹ്മാവ്‌ മുമ്പേ നാലു വര്‍ണ്ണങ്ങളെ തീര്‍ത്തുവല്ലോ. എന്തു കര്‍മ്മവിപാകം കൊണ്ട്‌ വൈശ്യന്‍ ശൂദ്രത്വം പ്രാപിക്കും? അപ്രകാരം ക്ഷത്രിയന്‍ എങ്ങനെ വൈശ്യനാകും? വിപ്രന്‍ എങ്ങനെ ക്ഷത്രിയനാകും? അല്ലയോ ദേവേശാ, പ്രതിലോമമായി കര്‍മ്മം എങ്ങനെ മാറ്റിക്കളയുന്നു? എന്തു കര്‍മ്മം കൊണ്ട്‌ വിപ്രന്‍ ശൂദ്രയോനിയില്‍ വന്നു പിറക്കും? ക്ഷത്രിയന്‍ എന്തു കര്‍മ്മം കൊണ്ടാണ്‌ ശുരദ്രനായിത്തീരുന്നത്‌*? എന്റെ ഈ സംശയം അല്ലയോ ഭൂതപതേ, ഭവാന്‍ തീര്‍ത്തു തന്നാലും! സ്വഭാവാല്‍ ഈ മൂന്നു ജാതിയും എങ്ങനെ ബ്രാഹ്മണ്യം നേടും?

മഹേശ്വരന്‍ പറഞ്ഞു: ദേവീ, ബ്രാഹ്മണ്യം ഒരാള്‍ വിചാരിച്ചാല്‍ നേടുവാന്‍ കഴിയുന്നതല്ല. ബ്രാഹ്മണന്‍ സ്വഭാവാല്‍ ബ്രാഹ്മണനായി പിറക്കുകയാണ്‌. അപ്രകാരം തന്നെ ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഉണ്ടാകുന്നത്‌ സ്വാഭാവികമായി തന്നെയാണെന്നാണ്‌ എന്റെ അഭിപ്രായം. ദ്വിജന്‍ ദുഷ്കൃതം ചെയ്താല്‍ അവന്‍ അവന്റെ സ്ഥാനത്തു നിന്ന് ഭ്രംശിക്കും. അതുകൊണ്ട്‌ ജാതിയില്‍ ഒന്നാമനായി ശ്രേഷ്ഠനും ജ്യേഷ്ഠനുമായി പിറന്ന ബ്രാഹ്മ ണന്‍ അവന്റെ ശ്രേഷ്ഠത കാത്തു സൂക്ഷിക്കണം. വിപ്രധര്‍മ്മത്തോടു ചേര്‍ന്നുനിന്ന്‌ ബ്രാഹ്മണ്യത്തെ ഭജിക്കുന്നതായാല്‍ ക്ഷത്രിയനും വൈശ്യനും ഒരുകാലത്തു ബ്രാഹ്മണനായി ഭവിക്കും.

വിപ്രത്വം കൈവിട്ട്‌ ക്ഷത്രിയന്റെ ധര്‍മ്മത്തെ സ്വീകരിക്കുകയാണെങ്കില്‍ ബ്രാഹ്മണ്യത്തില്‍ നിന്ന് ഭ്രഷ്ടനായിത്തീര്‍ന്ന ആ പുരുഷന്‍ പിന്നെ ക്ഷത്രിയനായി വന്നു പിറക്കും. ലോഭമോഹങ്ങളോടു കൂടിയ ബ്രാഹ്മണന്‍ വൈശ്യകര്‍മ്മം ലോഭമോഹങ്ങള്‍ക്കു വശംവദനായി ചെയ്യുകയാണെങ്കില്‍, കിട്ടുവാന്‍ വിഷമമുള്ള ബ്രാഹ്മണ്യം അല്പബുദ്ധിയായ അവന്‍ ധിക്കരിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആ ദ്വിജന്‍ വൈശ്യനായി ജനിക്കും. തെറ്റിനടക്കുന്ന വൈശ്യന്‍ ശൂദ്രനായും ജനിക്കും. സ്വധര്‍മ്മഭ്രഷ്ടനായ വിപ്രന്‍ ശൂദ്രനായും പിറക്കും. ജാതിഭൃഷ്ടനായി പുറത്തു പോയവന്‍ നരകത്തില്‍ വീണ്‌ ബ്രഹ്മലോകപരിഭൃഷ്ടനായി പിറക്കും. അല്ലയോ മഹാഭാഗേ, ധര്‍മ്മചാരിണീ, ക്ഷത്രിയനും വൈശ്യനും തങ്ങളുടെ കര്‍മ്മം ഉപേക്ഷിച്ച്‌ ശൂദ്രകര്‍മ്മമെടുക്കുകയാണെങ്കില്‍ തങ്ങളുടെ സ്ഥാനത്തു നിന്ന് ഭൃരഷ്ടരായി വര്‍ണ്ണസങ്കരത്തെ പ്രാപിച്ച്‌ ബാഹ്മണനും ക്ഷത്രിയനും വൈശ്യനും അപ്രകാരം ശൂദ്രനായിപ്പിറക്കും.

സ്വന്തം ധര്‍മ്മം ഇന്നതാണെന്നറിഞ്ഞ്‌ അതില്‍ ബോധവാനായി, ജ്ഞാനവിജ്ഞാനവാനും ശുചിയുമായി, ധര്‍മ്മനിരതനായിരിക്കുന്ന ധര്‍മ്മജ്ഞന്‍ ധര്‍മ്മത്തിന്റെ ഫലം അനുഭവിക്കും. ദേവീ, ഞാന്‍ നിനക്ക്‌ ഒന്നു ചൊല്ലിക്കേള്‍പ്പിച്ചു തരാം. ഇതിനെപ്പറ്റി ബ്രഹ്മാവു പറഞ്ഞതാണ്‌ അത്‌.

ധാര്‍മ്മികന്മാരും സത്തുക്കളുമായവര്‍ അദ്ധ്യാത്മമായ കാര്യങ്ങള്‍ നിഷ്ഠയോടെ ചെയ്യണം. അങ്ങനെയുള്ള സത്തുക്കള്‍ ഒരിക്കലും ഉഗ്രന്മാരുടെ, ക്രൂരന്മാരുടെ, അന്നം ക്ഷണിച്ചാല്‍പ്പോലും പോയി ഉണ്ണരുത്‌. പിന്നെ വളരെപ്പേര്‍ക്കായി തയ്യാറാക്കിയ "ഗണാന്നം" ഭക്ഷിക്കരുത്‌. ശ്രാദ്ധത്തിനൊരുക്കിയ ആഹാരം ഭക്ഷിക്കരുത്‌. ദുഷ്ടന്മാരുടെ അന്നം ചെന്ന്‌ ഉണ്ണരുത്‌. ഒരുകാലത്തും ശൂദ്രന്മാരുടെ അന്നവും ഭക്ഷിക്കരുത്‌. ശൂദ്രാന്നം യോഗ്യരായ ദേവന്മാരാല്‍ വിഗര്‍ഹിതമാണ്‌. ഈ പ്രമാണം പിതാമഹന്റെ തന്നെ മുഖത്തു നിന്ന് പുറപ്പെട്ടതാണെന്നാണ് എന്റെ അഭിപ്രായം. അര്‍ഹിതാഗ്നിയും യജ്വാവുമായ ബ്രാഹ്മണന്‍ ശൂദ്രാന്നം വയറ്റില്‍ കിടക്കുന്ന സന്ദര്‍ഭത്തില്‍ മരിച്ചു പോയെങ്കില്‍ അവന്‍ അടുത്ത ജന്മത്തില്‍ തീര്‍ച്ചയായും ശൂദ്രനായി ജനിക്കും. ശൂദ്രാന്നദോഷം മൂലം ബ്രഹ്മത്തില്‍ നിന്ന് വിട്ടവനായി ബ്രാഹ്മണന്‍ ശൂദ്രനായി ജനിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. വിപ്രന്‍ ആരുടെ അന്നം ഭുജിക്കുന്നുവോ, ആ അന്നത്തോടു കൂടി അവന്‍ മരിച്ചാല്‍ ആ ജാതിക്കാരന്റെ ജാതിയില്‍ ആ വിപ്രന്‍ അടുത്ത ജന്മത്തില്‍ പിറക്കുന്നതാണ്‌. ശുഭവും ദൂര്‍ല്ലഭവുമായ വിപ്രത്വം നേടിയതിന് ശേഷം അവന്‍ അതിനെ നിരസിച്ചു ജീവിക്കുകയാണെങ്കില്‍, അഭോജ്യമായ അന്നം ഉണ്ണുന്ന അവന്‍, ദ്വിജത്വം വിട്ട്‌ അധ:പതിക്കുക തന്നെ ചെയ്യും. ക്ഷുദ്രനും ദുരാപനും ബ്രഹ്മഘ്നനും ചോരനും ഭഗ്നവ്രതനും അശുചിയും സ്വാദ്ധ്യായം വിട്ടവനും പാപിയും ലുബ്ധനും ചതിയനും ശഠനും മദ്യം വില്ക്കുന്നവനും കുണ്ഡാശിയും (പാകംചെയ്ത പാത്രത്തില്‍ നിന്ന് തന്നെ എടുത്തു തിന്നുന്നവന്‍) യത്രവതനും വൃഷലീപതിയും നീചസേവിയും ഇങ്ങനെയുള്ളവനായ വിപ്രന്‍ ബ്രാഹ്മണ്യം വിട്ടു വീണു പോകുന്നതാണ്‌. ഗുരുവിന്റെ ഭാര്യയുടെ കൂടെ കിടക്കുന്നവന്‍, ഗുരുദ്രോഹി, ഗുരുനിന്ദകന്‍ ഇവര്‍ ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനായാലും ബ്രാഹ്മണ്യം വിട്ട്‌ വീണു പോകുന്നതാണ്‌. ഈ പറഞ്ഞ ദോഷങ്ങളൊന്നും കൂടാതെ ശുഭമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതായാല്‍ ശൂദ്രന്‍ ബ്രാഹ്മണനായി ഭവിക്കും. വൈശ്യന്‍ ക്ഷത്രിയനാകും.

ദേവന്മാരെയും ദ്വിജന്മാരെയും സല്‍ക്കരിക്കുന്നവനും സര്‍വ്വ അതിഥികളെയും പൂജിക്കുന്ന വ്രതമുള്ളവനും ആര്‍ത്തവശുദ്ധിക്കു ശേഷം ഭാര്യയെ സംഗിക്കുന്നവനും നിയതനും നിയതാശയനും ശുദ്ധനും ശുദ്ധരെ നോക്കുന്നവനും വിഘസം അശിക്കുന്നവനും (അതിഥിയെ സല്‍ ക്കരിച്ചതിന് ശേഷമുള്ള അന്നം) ഭക്ഷിക്കുന്നവനും പാഴില്‍ മാംസം തിന്നാത്തവനുമായ ശൂദ്രന്‍ അടുത്ത ജന്മത്തില്‍ വൈശ്യനായി ജനിക്കും.

ഞാന്‍ എന്ന ഭാവം (അഹങ്കാരം) വിട്ടവാനാവുകയും നേരു പറയുകയും, സുഖദുഃഖങ്ങളില്‍ സമഭാവമുള്ളവനാവുകയും, നിത്യം യജിക്കുകയും, സ്വാദ്ധ്യായപരനാുവുകയും, ശുചിയും, ദാന്തനുമാവുകയും, ബ്രാഹ്മണനെ സൽക്കരിക്കുന്നവനാവുകയും, എല്ലാ ജാതിക്കാരുടെയും സുഖത്തിന് പരിശ്രമിക്കുന്നവനാവുകയും, ഗൃഹസ്ഥവ്രതത്തില്‍ നില്ക്കുന്നവനാവുകയും, രണ്ടുനേരം മാത്രം ഭക്ഷിക്കുന്നവനാവുകയും, അതിഥികളെയും, ആശ്രിതരെയും, ഊട്ടിയതിന്നു ശേഷം മാത്രം ഉണ്ണുന്നവനാവുകയും, ജിതാഹാരനാവുകയും, അഹങ്കാരം വിട്ടവനാവുകയും, അകാമനാവുകയും, അഗ്നിഹോത്രമുപവാസിച്ചു വിധിപ്രകാരം ഹോമിക്കുന്നവനാവുകയും, സര്‍വ്വഅതിഥികളെയും പൂജിക്കുന്നവനാവുകയും, ത്രേതാഗ്നിമന്ത്രങ്ങളുള്ളവനാവുകയും ചെയ്യുന്ന വൈശ്യന്‍ ആരോ, അവന്‍ തീര്‍ച്ചയായും അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കുന്നതാണ്‌. ആ വൈശ്യന്‍ ശുചിയായ ക്ഷത്രജന്മത്തില്‍ പിറന്ന്‌ ക്ഷത്രിയനായിത്തീര്‍ന്നതിന് ശേഷം പിന്നെ ബ്രാഹ്മണനായും ഭവിക്കുന്നതാണ്‌. അങ്ങനെ ഉപര്യുപരി അവന്‍ ഉയര്‍ന്നു പോകും.

ഉപനീതനും, വ്രതപരനും, സല്‍കൃതനുമായ ക്ഷത്രിയന്‍ ദ്വിജനായി ജനിക്കും. ദാനം ചെയ്യുക. സമൃദ്ധിയോടെ ദക്ഷിണാഢ്യങ്ങളായ മഖങ്ങള്‍ ചെയ്യുക. വേദം ചൊല്ലി സ്വര്‍ഗ്ഗകാംക്ഷിയായി മൂന്ന്‌ അഗ്നിയിലും ഹോമക്രിയാദികള്‍ ചെയ്യു ക, ആര്‍ത്തരെ കൈകൊടുത്തു രക്ഷിക്കുക, ധര്‍മ്മത്തോടെ പ്രജകളെ കാക്കുക, സത്യപരനാവുക, സത്യങ്ങള്‍ ചെയ്യുക, നിത്യവും ശുഭം ദര്‍ശിക്കുക, ധര്‍മ്മദണ്ഡാല്‍ അനിര്‍ദ്ദണ്ഡ്യനാവുക, ധര്‍മ്മകാര്യം നടത്തുക, കാര്യങ്ങള്‍ ചെയ്യുകയെന്ന ചുമതലയുള്ളവനാവുക, ആറിലൊന്നു നികുതി വാങ്ങിക്കുക, സ്ത്രീസംഗം ചെയ്യാതിരിക്കുക, സേവിക്കാതിരിക്കുക, സ്വച്ഛന്ദനാവുക, അര്‍ത്ഥകോവിദനാവുക, ധര്‍മ്മാത്മാവും, അര്‍ത്തവശുദ്ധി വന്നതിന് ശേഷം ആ കാലങ്ങളില്‍ മാത്രം ഭാര്യയുമായി സംഗം ചെയ്യുന്നവനും, നിത്യവും ഉപവസിക്കുന്നവനും (ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നവന്‍), നിയതനും, സ്വാദ്ധ്യായനിരതനും, ശുചിയും, ആള്‍മറയോടു കൂടിയ അഗ്നിഗേഹത്തില്‍ ശയിക്കുന്നവനും, സര്‍വ്വാതിഥ്യവും ത്രിവര്‍ഗ്ഗത്തിന് ചെയ്യുന്നവനും, തെളിഞ്ഞവനും, ചോറ്‌ ആഗ്രഹിക്കുന്ന ശൂദ്രന്മാര്‍ക്ക്‌ എന്നും തയ്യാറുണ്ടെന്നു പറയുന്നവനും, അര്‍ത്ഥകാമങ്ങള്‍ വഴിയായി ഒന്നും നോക്കിക്കാണാത്തവനും, പിതൃക്കള്‍ക്കും, ദേവകള്‍ക്കും, അതിഥികള്‍ക്കും എന്നും പുജ നൽകുന്നവനും, തന്റെ ഗൃഹത്തില്‍ വരുന്ന എല്ലാവര്‍ക്കും അന്നവും മറ്റും ദാനം ചെയ്യുന്നവനും, യഥാവിധി മൂന്നുനേരവും അഗ്നിഹോ ത്രം കഴിക്കുന്നവനും, ഗോക്കള്‍ക്കും, ബ്രാഹ്മണര്‍ക്കും നന്മയ്ക്കു വേണ്ടി പോരാടി മരിക്കുന്നവനും, ത്രേതാഗ്നി പൂജ ചെയ്യുന്നവനും എവിടെയുണ്ടോ അവന്‍ അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കും. ജ്ഞാനവിജ്ഞാന സമ്പന്നനും, സംസ്കൃതനും, വേദങ്ങളുടെ മറുകര കണ്ടവനും, ധര്‍മ്മാത്മാവുമായ ക്ഷത്രിയന്‍ ആത്മകര്‍മ്മം വേണ്ടവിധം നിര്‍വ്വഹിക്കുന്നതായാല്‍ അടുത്ത ജന്മത്തില്‍ വിപ്രനായി ജനിക്കും. ഇപ്രകാരമുള്ള കര്‍മ്മം കൊണ്ട്‌ അല്ലയോ ദേവീ, അവന്‍ താഴ്‌ന്ന ജാതിയില്‍ ജനിച്ചവനായാലും. ശൂദ്രനായാലും അടുത്ത ജന്മത്തില്‍ ശാസ്തജ്ഞനായ ബ്രാഹ്മണനായി ജനിക്കും.

ദുര്‍വൃത്തനായ ബ്രാഹ്മണനും, സര്‍വ്വസങ്കരങ്ങളുടെയും ഭക്ഷണം കഴിച്ചാല്‍ ബ്രാഹ്മണൃത്വം നഷ്ടപ്പെടും. പിന്നെ ശൂദ്രനായി പിറക്കുകയും ചെയ്യും. ശുചികര്‍മ്മങ്ങള്‍ കൊണ്ട്‌ ദേവീ, ശുദ്ധാത്മാവും ജിതേന്ദ്രിയനുമായ ശൂദ്രന്‍ വിപ്രനെപ്പോലെ സേവ്യനാണെന്നു പത്മജന്‍ പറഞ്ഞിട്ടുണ്ട്‌.

ശൂദ്രനായാലും അവന് ശുഭമായ സ്വഭാവവും കര്‍മ്മവുമുണ്ടെങ്കില്‍ അവന്‍ ദ്വിജനേക്കാള്‍ മേലെയായി ഗണിക്കേണ്ടതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. ജന്മമല്ല, സംസ്‌കാരകര്‍മ്മമല്ല, ജ്ഞാനമല്ല, സന്തതിയല്ല, ദ്വിജത്വത്തിന് കാരണമായി ഭവിക്കുന്നത്‌. കാരണം വൃത്തിയാണ്‌, സ്വഭാവമാണ്‌.

ലോകത്തില്‍ എല്ലാം ബ്രാഹ്മണന്നായി വൃത്തിയാല്‍ വിധിക്കപ്പെട്ടതാണ്‌. ശരിയായി വൃത്തി അനുഷ്ഠിക്കുന്ന ശൂദ്രന്‍ പോലും ബ്രാഹ്മണ്യം പ്രാപിക്കുന്നതാണ്‌. അല്ലയോ സുശ്രോണി, ബ്രാഹ്മ്യം സ്വഭാവം, സര്‍വ്വത്തിലും സമഭാവം എന്നിവയോടു കൂടിയവനില്‍ നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം നില്ക്കുന്നു - അവനാണു ദ്വിജന്‍.

അല്ലയോ ദേവീ, സ്ഥാനവിഭാഗം കാണിച്ച്‌ ഞാന്‍ ഈ യോനിഫലങ്ങളെ പറഞ്ഞു. അതു പ്രജകളെ സൃഷ്ടിച്ച കാലത്ത്‌ വരദനായ ബ്രാഹ്മാവു പറഞ്ഞതാണ്‌.

ലോകത്തില്‍ ബ്രാഹ്മണന്‍ കാലുകൊണ്ടു നടക്കുന്ന വയലാണ്‌. ആ വയലില്‍ വിതയ്ക്കുന്ന വിത്തിന്റെ കൊയ്ത്തു സ്വര്‍ഗ്ഗത്തിലാണ്‌ ഭാമിനീ! വിഘസാശിയാകണം. സല്‍പഥാലംബിയാകണം. ഭൂതിക്ക്‌ ഇച്ഛിക്കുന്നവന്‍ ബ്രാഹ്മ്യമായ മാര്‍ഗ്ഗത്തില്‍ കയറി നില്ക്കണം. വേദസംഹിതകള്‍ പഠി ക്കണം. ഇങ്ങനെയാണ്‌ ഒരു ബ്രാഹ്മണഗൃഹസ്ഥന്‍ ചെയ്യേണ്ടത്‌. അവന്‍ നിത്യവും സ്വാദ്ധ്യായിയാകണം. വേദം പഠിപ്പിക്കുന്നത്‌ കച്ചവടമാക്കരുത്‌. ഇങ്ങനെയുള്ള വിപ്രനാണ്‌ സല്‍പഥത്തില്‍ നില്ക്കുന്നവന്‍. വേദംചൊല്ലി അഗ്നികര്‍മ്മം ചെയ്യുന്ന ബ്രാഹ്മണന്‍ ബ്രഹ്മമായി മാറും.

ബ്രാഹ്മണ്യം നേടിക്കഴിഞ്ഞാല്‍ അവന്‍ യതാത്മാവായി അതിനെ കാത്തു രക്ഷിക്കണം. ജാതി, പ്രതിഗ്രഹം, ദാനം, കര്‍മ്മം ഇവ നോക്കി എല്ലാം വേണ്ടവിധം കാക്കണം, ശുചിസ്മിതേ!

ദേവീ, നിന്നോട്‌ ഈ രഹസ്യവ്യത്താന്തം, ശൂദ്രന്‍ പോയി ബ്രാഹ്മണനാകുന്ന ഗൂഢവൃത്താന്തം, ഞാന്‍ പറഞ്ഞു. ധര്‍മ്മത്തില്‍ നിന്ന് തെറ്റിയ ബ്രാഹ്മണന്‍ ശൂദ്രനാകുന്ന വിധവും ഞാന്‍ പറഞ്ഞു തന്നു.

144. ഉമാമഹേശ്വരസംവാദം  - എല്ലാ ഗുണങ്ങള്‍ക്കും ദോഷങ്ങള്‍ക്കും നിദാനം കര്‍മ്മമാകയാല്‍ ഹിംസ വര്‍ജ്ജിക്കണമെന്ന്‌ ശിവന്‍ പാര്‍വ്വതിയോടു പറയുന്നു - ഉമ പറഞ്ഞു: ഭഗവാനേ, സര്‍വ്വഭൂതേശ്വരാ, ദേവാ സുരന്മാര്‍ തൊഴുന്ന പ്രഭോ, നരന്മാര്‍ക്കു ധര്‍മ്മാധര്‍മ്മങ്ങള്‍ പറഞ്ഞു തന്നാലും! എനിക്ക്‌ അതില്‍ വലിയ സംശയങ്ങളുണ്ട്‌. മനസ്സ്‌, വാക്ക്‌, കര്‍മ്മം എന്നി മൂന്നു വിധത്തില്‍ നരന്‍ പല ബന്ധങ്ങളിലും കെട്ടു പിണയുന്നു. പിന്നെ വീ ണ്ടും അതില്‍ നിന്ന് വിമുക്തനാകുന്നു. എന്തു ശീലത്താലാണ്‌, എന്തു വൃത്തത്താലാണ്‌, എന്തു ക്രിയയാലാണ്‌, എന്തു സദാചാരഗുണങ്ങളാലാണ്‌ മര്‍ത്ത്യര്‍ സ്വര്‍ഗ്ഗം നേടുന്നത്‌? ഭഗവാനേ, പറഞ്ഞാലും!

മഹേശ്വരന്‍ പറഞ്ഞു: ദേവീ, ധര്‍മ്മാര്‍ത്ഥതത്വജേഞ, ധര്‍മ്മനിത്യേ, ദമത്തില്‍ പ്രിയമുള്ളവളേ, സര്‍വ്വപ്രാണിഹിതമായ പ്രശ്നം ഞാന്‍ പറയുന്നു, നീ കേള്‍ക്കുക. അതു ബുദ്ധിവര്‍ദ്ധനമാണ്‌ സത്യധര്‍മ്മസ്ഥരായ സജ്ജനങ്ങള്‍ എല്ലാ തരത്തിലുമുള്ള ജാതിചിഹ്നങ്ങളും വിട്ടവര്‍, ധര്‍മ്മലബ്ധമായ അര്‍ത്ഥത്തെ ഭുജിക്കുന്നവര്‍, ഇങ്ങനെയുള്ള നരന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. അധര്‍മ്മം, ധര്‍മ്മം എന്നിവയാല്‍ ശങ്ക വിട്ടവന്‍ ബന്ധിക്കപ്പെടുകയില്ല. പ്രളയോല്‍പത്തിയുടെ തത്വം അറിയുന്നവര്‍, സര്‍വ്വജ്ഞര്‍,സമദര്‍ശികള്‍, രാഗം വിട്ടവരായ പുരുഷന്മാര്‍, എന്നിവര്‍ കര്‍മ്മബന്ധത്തില്‍ നിന്ന് വിമുക്തരാകും. മനസ്സ്‌, വാക്ക്‌, ദേഹം എന്നിവയാലുള്ള കര്‍മ്മങ്ങള്‍ കൊണ്ടു ഹിംസിക്കാത്തവരായ അവര്‍ കര്‍മ്മബന്ധത്തില്‍ നിന്ന് വിമുക്തരാകും. ഒന്നിലും ആസക്കതിയില്ലാത്തവരും കര്‍മ്മത്താല്‍ ബദ്ധരാവുകയില്ല. പാണാതിപാനം തീര്‍ന്ന ശീലവാന്മാര്‍, ദയാവാന്മാര്‍, ദാന്തന്മാര്‍, പ്രിയത്തിലും ദ്വേഷത്തിലും, തുല്യഭാവത്തോടി കൂടിയവര്‍, ഇവരൊക്കെ കര്‍മ്മബന്ധ വിമുക്തരാകും. സര്‍വ്വവഭൂതത്തിലും ദയയുള്ളവര്‍, സര്‍വ്വവിശ്വാസ്യരായവര്‍, ഹിംസാചാരം വിട്ടവര്‍ -- ഇങ്ങനെയുള്ളവര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. പരന്മാരുടെ ധനത്തില്‍ ആഗ്രഹമില്ലാത്തവര്‍, പരന്മാരുടെ ഭാര്യയില്‍ കൊതിക്കാത്തവര്‍, ധാര്‍മ്മികമായി ലഭിച്ച അന്നം ഭക്ഷിക്കുന്നവര്‍, ഇങ്ങനെയുള്ളവര്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുന്നതാണ്‌. അമ്മയെപ്പോലെയും, പെങ്ങളെപ്പോലെയും, മകളെപ്പോലെയും, പരസ്ത്രീകളെ കാണുന്നവരായ പുരുഷന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. അന്യന്റെ മുതല്‍ കക്കാത്തവര്‍, നിത്യവും തന്റെ ധനം കൊണ്ടു തൃപ്തിപ്പെടുന്നവര്‍, തന്റെ ഭാഗ്യം കൊണ്ടു മാത്രം ഉപജീവിക്കുന്നവര്‍, അങ്ങനെയുള്ളവര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. തന്റെ ഭാര്യയില്‍ മാത്രം താല്‍പര്യമുള്ളവരും, ആര്‍ത്തവശുദ്ധി വന്ന ഉടനെ സംഗം ചെയ്യുന്നവരും, ഗ്രാമൃമല്ലാത്ത സുഖങ്ങള്‍ അനുഭവിക്കുന്നവരുമായ പുരുഷന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തും. പരസ്ത്രീകളില്‍ കണ്ണു വെക്കാത്ത സ്വഭാവഗുണമുള്ളവരും, യതേന്ദ്രിയന്മാരും, സുശീലന്മാരുമായ നരര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. ദേവന്മാര്‍ പറഞ്ഞ ഈ മാര്‍ഗ്ഗം നിത്യവും നരന്‍ അനുഷ്ഠിക്കണം. കലക്കമറ്റ മാര്‍ഗ്ഗം നിത്യവും ബുധന്‍ സേവിക്കണം. ദാനധര്‍മ്മതപോയുക്തനും, ശീലം, ശൗചം, ദയ ഇവയോടു കൂടിയവനും, വൃത്തിക്കും ധര്‍മ്മസിദ്ധിക്കും ബുധന്മാരാല്‍ അവര്‍ സേവ്യരാണ്‌. ഇത്തരക്കാരല്ലാത്തവരെ സ്വര്‍ഗ്ഗം ഇച്ഛിക്കുന്നവര്‍ സേവിക്കുകയില്ല.

ഉമ പറഞ്ഞു: എന്തു വാക്കാലാണ്‌ മനുഷ്യന്‍ ബന്ധനാകുന്നത്‌? എന്തു വാക്കാലാണ്‌ പിന്നെ മുക്തനാകുന്നത്‌? ആ കര്‍മ്മങ്ങള്‍ അല്ലയോ ഭൂതേശാ, പറഞ്ഞാലും. അനന്യാശയനായ ദേവദേവാ, പറയണേ!

മഹേശ്വരന്‍ പറഞ്ഞു: തനിക്കു വേണ്ടിയോ അന്യന് വേണ്ടിയോ നേരമ്പോക്കായിട്ടോ അസത്യം ആര്‌ പറയുന്നില്ല അവര്‍ സ്വര്‍ഗ്ഗത്തിലെത്തും. വൃത്തിക്കും ധര്‍മ്മസിദ്ധിക്കും കാമത്തിന് വേണ്ടിയും നുണ പറയാത്തവനാരോ അവന്‍ സ്വര്‍ഗ്ഗത്തിലെത്തും. ശ്ലക്ഷ്ണമായ വാക്ക്‌ യാതൊരു തടസ്സവും കൂടാതെ, മധുരമായ വാക്ക്‌ പാപസ്പര്‍ശമില്ലാതെ ആരാണ്‌ സ്വാഗതത്തോടെ പറയുന്നത്‌, ആ നരന്‍ വിണ്ണിലെത്തുന്നു. പരുഷമായ വാക്കു പറയാത്തവരും കടുത്തതും നിഷ്ഠൂരവുമായ വാക്കു പറയാത്തവരും, ഏഷണി കൂട്ടാത്തവരുമായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. മിത്രങ്ങളെ അകറ്റുവാന്‍ ഏഷണി കൂട്ടുന്ന മട്ട്‌ അല്ലാത്തവരും, തമ്മില്‍ ഇണക്കുന്നതിന് വേണ്ടി സത്യവാക്കുകള്‍ പറയുന്നവരുമായ പുരുഷന്മാര്‍ വിണ്ണില്‍ ചെന്നെത്തുന്നതാണ്‌. പരദ്രോഹവും പരുഷവും വിട്ട്‌ ഏതു മാനവന്മാരോ എല്ലാവരിലും സമന്മാരായി, ദാന്തരായി വര്‍ത്തിക്കുന്നുവോ ആ നരന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. ശഠന്മാരായി പ്രലാപം കൂട്ടാത്തവരും വിരുദ്ധഭാവം വിട്ടൊഴിച്ചവരും എന്നും സൗമ്യം പറയുന്നവരുമായ നരന്മാര്‍ വിണ്ണിലെത്തുന്നതാണ്‌. ചൊടിച്ച്‌ ഹൃദയം പിളര്‍ക്കുന്ന വാക്കു പറയാതിരിക്കുക, കോപിച്ചാലും സാന്ത്വം പറയുക എന്നീ ഗുണങ്ങളുള്ള പുരുഷന്മാര്‍ സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌.

ദേവി, ഈ വാണീധര്‍മ്മം നരന്മാരൊക്കെ സേവിക്കണം. ശുഭവും സതൃഗുണവുമായതിനെ സേവിക്കുകയും അസത്യത്തെ വര്‍ജ്ജിക്കുകയും ചെയ്യേണ്ടതാണ്‌ ബുധന്മാര്‍.

ഉമ പറഞ്ഞു: മനസ്സുകൊണ്ട്‌ എന്തു കര്‍മ്മം ചെയ്താലാണ്‌ പുരുഷന്‍ എപ്പോഴും ബദ്ധനാകുന്നത്‌? അല്ലയോ പിനാകപാണേ, ദേവദേവാ, അതു പറയണേ!

മഹേശ്വരന്‍ പറഞ്ഞു: മനുഷ്യന്‍ എപ്പോഴും മാനസമായ ധര്‍മ്മത്തോടു ചേര്‍ന്നവനാണ്‌. കല്യാണീ, സ്വര്‍ഗ്ഗം പ്രാപിക്കുന്ന അവരെപ്പറ്റി ഞാന്‍ പറയാം. ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന മനസ്സോടു കൂടിയവന്‍ എപ്പോഴും ദുര്‍മ്മാര്‍ഗ്ഗിയുടെ നിലയിലെത്തിച്ചേരും. അതുകൊണ്ട്‌ മനസ്സ്‌ ബദ്ധമാവുകയും ചെയ്യും. ശുഭാനനേ, നീ അതുകേള്‍ക്കുക. വിജനമായ കാട്ടില്‍ അന്യന്റെ ധനമുള്ളതു കണ്ടാലും മനസ്സാല്‍ പോലും അതിനെ കൈയിലാക്കാന്‍ ശ്രമിക്കാത്ത അഹിംസകന്‍ സ്വര്‍ഗ്ഗത്തിൽ എത്തിച്ചേരുന്നതാണ്‌. ഗ്രാമത്തിലും ഗൃഹത്തിലും വിജനസ്ഥാനത്തു കിടക്കുന്ന പരന്റെ ധനം എന്നും ആഗ്രഹിക്കാത്ത മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. വിജനസ്ഥാനത്ത് വെച്ച്‌ കാമകേളിക്കുവേണ്ടി പരന്മാരുടെ ഭാര്യമാരെ മനസ്സുകൊണ്ടു പോലും സമീപിക്കാത്ത മര്‍ത്തൃര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌.

മിത്രത്തേയും ശത്രുവെയും തുല്യമായി കണക്കാക്കുന്നതാരോ, മിത്രത്തെപ്പോലെ ഭജിക്കുന്നതാരോ, അവന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. ശ്രുതവാന്മാരും ദയാവാന്മാരും ശുചിയുള്ളവരും സത്യാസംഗരന്മാരും സ്വന്തം സ്വത്തു കൊണ്ട്‌ തൃപ്തികൊള്ളുന്നവരുമായ നരന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌, വൈരമില്ലാത്തവരും അനായാസരും എല്ലായ് പ്പോഴും മ്രൈതീചിത്തന്മാരും എല്ലാ ഭൂതങ്ങളിലും ദയയുള്ളവരുമായ നരന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. ശ്രദ്ധയുള്ളവരും ദയയുള്ളവരും, ശുദ്ധരും, ശുദ്ധജനപ്രിയരും, ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിച്ചറിയുന്നവരുമായ നരന്മാര്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. ശുഭവും അശുഭവുമായ കര്‍മ്മങ്ങളില്‍ അവയുടെ ഫലത്തിന്റെ വിപാകം അറിയുന്നവര്‍ ദേവീ, സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുന്നതാണ്‌. ന്യായം ചെയ്യുന്നവരും ഗുണം ചെയ്യുന്നവരും നിത്യവും ദേവന്മാരെയും ദ്വിജന്മാരെയും പുജിക്കുന്നവരും ഉത്സാഹത്തോടു കൂടിയിരിക്കുന്നവരുമായ നരന്മാര്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തുന്നതാണ്‌. ശുഭാശുഭഫലം മൂലം സ്വര്‍ഗ്ഗത്തിലെത്തുന്നവരായ യോഗ്യന്മാരെപ്പറ്റി ദേവീ, ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി നിനക്ക്‌ എന്താണു കേള്‍ക്കേണ്ടത്‌?

ഉമ പറഞ്ഞു: അല്ലയോ മഹേശ്വരാ, എനിക്കു മര്‍ത്ത്യരെപ്പറ്റി വലിയ ശങ്കയുണ്ട്‌. അതുകൊണ്ട്‌ വ്യക്തമായി തത്വങ്ങളെ വിവരിച്ചുതരണേ! പുരുഷന്‍ എന്തു കര്‍മ്മം ചെയ്താലാണു ദീര്‍ഘായുഷ്മാനാവുക? എന്തു തപസ്സു ചെയ്താലാണ്‌ പുരുഷന് അതിദീര്‍ഘമായ ആയുസ്സു ലഭിക്കുക? എന്തു കര്‍മ്മംകൊണ്ട്‌ മനുഷ്യന്‍ ക്ഷീണായുസ്സാകും? കര്‍മ്മത്തിന്റെ വിപാകം ദേവാ, ഭവാന്‍ പറഞ്ഞാലും! ചില മനുഷ്യര്‍ മഹാഭാഗ്യവാന്മാരായിക്കാണുന്നു. ചിലര്‍ മന്ദഭാഗ്യന്മാരായിക്കാണുന്നു. ചിലര്‍ കാഴ്ചയില്‍ തന്നെ പ്രിയദര്‍ശന്മാരായിക്കാണുന്നു. ചിലര്‍ കുലീനരല്ലാതെയും ചിലര്‍ കുലീനരായും കാണുന്നു. ചില മനുഷ്യര്‍ കാണാന്‍ കൊള്ളാത്ത മരമുട്ടി പോലെ ജഡന്മാരായിക്കാണുന്നു. ചിലര്‍ പ്രജ്ഞയില്ലാത്തവരായിക്കാണുന്നു. ചിലര്‍ പണ്ഡിതന്മാരായിക്കാണു ന്നു. മറ്റുചിലര്‍ മഹാപ്രാജ്ഞരായി ജ്ഞാനവിജ്ഞാനങ്ങൾ ഉള്ളവരായിക്കാണുന്നു. മറ്റു ചിലര്‍ അല്പരോഗക്കാരും മറ്റു ചിലര്‍ മഹാരോഗികളുമായിക്കാണുന്നു. ഇങ്ങനെ നരന്മാര്‍ പലമട്ടില്‍ കാണപ്പെടുന്നു ദേവാ, ഇതെന്തുകൊണ്ടാണെന്ന്‌ വ്യക്തമാക്കിത്തരണേ!

മഹേശ്വരന്‍ പറഞ്ഞു: ദേവീ, ഞാന്‍ നിന്നോട്‌ കര്‍മ്മഫലോദയത്തെക്കുറിച്ചു പറയാം. മര്‍ത്ത്യലോകത്തില്‍ തന്റെ കര്‍മ്മത്തിന്റെ ഫലം എല്ലാ മനുഷ്യനും അനുഭവിക്കുന്നതാണ്‌. രൗദ്രനായി ജന്തുവധത്തില്‍ എപ്പോഴും കത്തിയുയര്‍ത്തി നില്ക്കുന്നവന്‍, എപ്പോഴും ജീവികളെ കൊല്ലുന്നതില്‍ ഉത്സാഹത്തോടു കൂടിയവന്‍, ദയയില്ലാത്തവന്‍, എല്ലാ ജീവികള്‍ക്കും ഭയം ജനിപ്പിക്കുന്നവന്‍, ഉറുമ്പ്‌, പുഴുക്കള്‍ എന്നിവയ്ക്കു കൂടി രക്ഷനല്കാത്ത കരുണയില്ലാത്തവന്‍, ഇങ്ങനെയുള്ള മനുഷ്യന്‍ അല്ലയോ ദേവി, നരകത്തില്‍ ചെന്നു വീഴും! പാപകര്‍മ്മം കൊണ്ടു ബദ്ധനായി ഹിംസാപരനായ നരന്‍ എല്ലാ ജീവിക്കും അപ്രിയം ചെയ്യുന്നവനായി അല്പായുസ്സായി ഭവിക്കും. ഹിംസകന്‍ നരകത്തിലെത്തും. അഹിംസകന്‍ സ്വര്‍ഗ്ഗത്തിലെത്തും. രൗദ്രമായ യാതനാ നരകത്തില്‍ക്കിടന്ന്‌ ഹിംസകന്‍ അനുഭവിക്കും. ആ നരകം വിട്ട്‌ ഒരിക്കല്‍ ഒരു മനുഷ്യന്‍ കയറിയെങ്കില്‍ അവന്‍ വീണ്ടും മനുഷ്യനായിപ്പിറക്കാം. എന്നാല്‍ അവന്‍ അല്പായുസ്സായി മരിച്ചു പോകും. പാപകര്‍മ്മം മൂലം കര്‍മ്മബദ്ധനായി, ഹിംസാപരനായി നരന്‍ സര്‍വ്വജീവിക്കും അപ്രിയം ചെയ്തു അല്പായുസ്സായി പിറക്കും. നല്ല ജാതിയില്‍ ജനിച്ചവന്‍, പ്രാണികളെ ഹിംസിക്കാത്തവന്‍. ശസ്ത്രം ഉപേക്ഷിച്ചവന്‍, ആരെയും ദണ്ഡിപ്പിക്കാത്തവന്‍, ഒരിക്കലും ഹിംസയ്ക്ക്‌ ഒരുങ്ങരുത്‌. കൊല്ലുകയോ, കൊല്ലിക്കുകയോ, കൊല്ലാന്‍ സമ്മതിക്കുകയോ ചെയ്യാതെ തന്നില്‍ എന്ന പോലെ അന്യനിലും സ്‌നേഹമുള്ളവന്‍ ആരോ, അവന്‍ ഉല്‍കൃഷ്ടനായ പുരുഷനാണ്‌. അവന്‍ ദേവത്വത്തെ പ്രാപിക്കുന്നതാണ്‌. ഒക്കുന്ന സുഖഭോഗങ്ങള്‍ മോദത്തോടെ ഭുജിക്കുകയും ചെയ്യും. പിന്നെ മനുഷ്യലോകത്ത്‌ ഏതെങ്കിലുമൊരു കാലത്ത്‌ വന്നു പിറന്നാല്‍ അവന്‍ ദീര്‍ഘായുഷ്മാനായി സുഖമായി പുഷ്ടിയോടെ വസിക്കുന്നതാണ്‌. സുവൃത്തനായ സല്‍ക്കര്‍മ്മിക്ക്‌ ദീര്‍ഘായുസ്സിന്നുള്ള വഴിയുണ്ട്‌. പ്രാണിഹിംസയില്‍ നിന്ന് വിമുക്തനായാല്‍ മതി. ഇത്‌ പണ്ട്‌ ബ്രഹ്മാവു പറഞ്ഞതാണ്.

145. ഉമാമഹേശ്വരസംവാദം - സ്വര്‍ഗ്ഗനരകങ്ങള്‍ക്കും ഉത്തമാധമകുലങ്ങളിലെ ജനനത്തിന്നും ഹേതു പല തരം കര്‍മ്മങ്ങളാണെന്ന്‌ - ഉമ പറഞ്ഞു; എന്തു കര്‍മ്മം കൊണ്ടാണ്‌, എന്ത്‌ ആചാരം കൊണ്ടാണ്‌, എന്തു ദാനംകൊണ്ടാണ്‌ മനുഷ്യന്‍ സ്വര്‍ഗ്ഗം നേടുന്നത്‌?

മഹേശ്വരന്‍ പറഞ്ഞു: ദാതാവ്‌, വിപ്രന്മാര്‍, ഇവരെ ആദരിക്കുന്നവനും, ദീനന്മാരെയും, ആര്‍ത്തന്മാരെയും, കൃപണാദ്യരെയും, ഭക്ഷ്യഭോജ്യാന്നവസ്ത്രാദികള്‍ കൊടുത്ത്‌ അനുഗ്രഹിക്കുന്നവനും, ഇരിപ്പിടം, സഭ, കിണറ്‌, തണ്ണീര്‍പ്പന്തല്‍, കുളങ്ങള്‍ ഇവ വേണ്ടവര്‍ക്കു വേണ്ടപ്പോള്‍ ലഭിക്കുമാറാക്കിത്തീര്‍ക്കുന്നവനും, ആസനം, ശയനം, വാഹനം, ഗൃഹം, രത്നം, ധനം, സസ്യങ്ങള്‍, പശുക്കള്‍, ക്ഷേത്രം, (വയല്‍), സ്ത്രീജനം എന്നിവയെല്ലാം തെളിഞ്ഞ മനസ്സോടെ ആരു ദാനം ചെയ്യുന്നുവോ, അപ്രകാരം ദാനശീലനും, ദയാശീലനുമായ മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതാണ്‌. വളരെനാള്‍ ദേവീ, അവിടെ വാണ്‌ വലിയ സുഖങ്ങളൊക്കെ അനുഭവിച്ച്‌, അപ്സരസ്ത്രീകളോടു കൂടി നന്ദനാദി വനങ്ങളില്‍ രമിച്ചതിന് ശേഷം ആ സ്വര്‍ഗ്ഗലോകമൊക്കെ വിട്ട്‌ മനുഷ്യജാതിയില്‍ ധനധാന്യങ്ങളോടു കൂടിയ മഹാഭോഗങ്ങള്‍ ചേര്‍ന്ന കുലത്തില്‍ വന്നു ജനിക്കുന്നതാണ്‌. അവിടെ കാമഗുണങ്ങള്‍ ചേര്‍ന്ന സുഖങ്ങള്‍ അനുഭവിച്ച്‌ മഹാഭാഗനായി, മഹാധനികനായി. പ്രഭുവായി വസിക്കും. ഇവര്‍ ദേവീ, മഹാഭാഗരാണ്‌, ദാനം ശീലിച്ച ജീവികളാണ്‌. സര്‍വ്വപ്രിയാലോകരാകും എന്നു പണ്ട്‌ ബ്രഹ്മാവ്‌ പറഞ്ഞിട്ടുണ്ട്‌. മറ്റു ചിലര്‍ ദേവീ, ബ്രാഹ്മണര്‍ യാചിച്ചാലും ലോഭം മൂലം കൊടുക്കാത്തവരായിട്ടുണ്ട്‌. അവര്‍ ബുദ്ധിയില്ലാത്തവരാണ്‌. ദീനരും, അന്ധരും, ദരിദ്രരുമായവരും, ഭിക്ഷുക്കളും, അതിഥികളുമായവരും അടുത്തു വന്ന്‌ ഇരക്കുമ്പോള്‍ തന്റെ നാവിന്റെ രസം മാത്രം ചിന്തിച്ചു ദാനം ചെയ്യുന്നതില്‍ നിന്ന് പിന്‍തിരിക്കുന്ന ചിലരുമുണ്ട്‌. ധനങ്ങള്‍, വസ്ത്രങ്ങള്‍, ഭോഗഭേദങ്ങള്‍, കാഞ്ചനം, ഗോക്കള്‍, അന്നവികാരങ്ങള്‍ ഇവയൊന്നും ഒരിക്കലും നല്കുന്നില്ല. പ്രവര്‍ത്തിക്കാത്ത ലുബ്ധന്മാരും ദാനംചെയ്യാത്ത നാസ്തികന്മാരുമായ ഇമ്മാതിരിയുള്ള ബുദ്ധികെട്ട മനുഷ്യര്‍ നരകത്തിലേക്കുള്ള യാത്രക്കാരാണ്‌. പിന്നെ ഇത്തരക്കാര്‍ കാലമാറ്റം കൊണ്ട്‌ മനുഷ്യരായി ധനമില്ലാത്ത വംശത്തില്‍, ആ വക അല്പബുദ്ധികള്‍ വന്നു പിറക്കും. പൈദാഹം പൂണ്ടവരായ എല്ലാവരും തള്ളിവി ടുന്നവര്‍, എല്ലാ ഭോഗത്തിലുമുള്ള ആശയും കെട്ടു പാപവ്യത്തിയില്‍ തള്ളിവിടുന്ന അല്പഭോഗ കുലോല്‍പന്നന്മാരും അല്പഭോഗികളുമായ നരര്‍ ഈ കര്‍മ്മം മൂലം ദേവീ, നിര്‍ദ്ധനന്മാരാകുന്നു. നിത്യവും സ്തബ്ധരായി ധനത്താല്‍ അഭിമാനികളായി. ആസനാര്‍ഹന് ഇരിപ്പിടം നല്കാതെ അല്പബുദ്ധികളായി ആര് വര്‍ത്തിക്കുന്നുവോ, മാര്‍ഗ്ഗം അര്‍ഹിക്കുന്നവന് ഏത്‌ അല്ലബുദ്ധികള്‍ മാര്‍ഗ്ഗം നല്കാതിരിക്കുന്നുവോ, പാദ്യാര്‍ഹന്ന്‌ ആര്‌ പാദ്യം നല്കാതിരിക്കുന്നുവോ, അര്‍ഘ്യം അര്‍ഹിക്കുന്നവരെ ആര് യഥാവിധി അര്‍ഘ്യം നല്കി പൂജിക്കാതിരിക്കുന്നുവോ, അര്‍ഘ്യവും ആചമനീയവും ഏത്‌ അല്പബുദ്ധികള്‍ നല്കാതിരിക്കുന്നുവോ, ഗുരു വന്നാല്‍ ഭക്തിസ്നേഹത്തോടെ ഏതു ബുദ്ധിഹീനന്‍ ആദരിച്ച്‌ ആചരിക്കാതിരിക്കുന്നുവോ, ആ ദൂര്‍ബുദ്ധികള്‍ അഭിമാനംമൂലം ഉയര്‍ന്ന ലോഭത്തോടെ ഇരിക്കുന്നവരാണ്‌. അത്തരക്കാര്‍ മാന്യരെ നിന്ദിക്കുകയും, വൃദ്ധരെ ധിക്കരിക്കുകയും ചെയ്യുന്നു. ദേവി, ഇത്തരക്കാരായ മനുഷ്യര്‍ നരകത്തില്‍ തന്നെ ചെന്നെത്തും. ആ നരന്മാര്‍ ആ നരകം വിട്ടു കയറുന്നതായാല്‍ വളരെക്കാലം കഴിഞ്ഞിട്ട്‌ നീചകുലത്തില്‍ വന്നു പിറക്കും, പറയന്‍, പുല്കസന്‍ മുതലായ കൂത്സിതരായ ബുദ്ധിഹീനന്മാരുടെ കുലങ്ങളില്‍ വന്നു പിറക്കും. ഗുരുക്കളെയും വൃദ്ധരെയും അവമാനിക്കുന്നവര്‍ക്ക്‌ നരകമാണു സ്ഥാനം.

അസ്തബ്ധനായവന്‍, ഗര്‍വ്വുവിട്ടവന്‍, ദേവന്മാരെയും, ബ്രാഹ്മണരെയും പൂജിക്കുന്നവന്‍, ലോകപുജ്യന്‍, വണങ്ങുന്നവന്‍, മധുരമായി സംസാരിക്കുന്നവന്‍, എല്ലാ ജാതിക്കാര്‍ ക്കും പ്രിയം ചെയ്യുന്നവന്‍, എല്ലാ ഭൂതങ്ങള്‍ക്കും ഹിതം ചെയ്യുന്നവന്‍, ദ്വേഷ്യം വെടിഞ്ഞവന്‍, കണ്ടാല്‍ മന്ദസ്മിതം തൂകുന്നവന്‍, മൃദുശീലന്‍, നല്ല മൊഴി പറയുന്നവന്‍ സ്വാഗതം പറയുന്നവന്‍, സര്‍വ്വജീവികളുടെയും ഹിംസയെ നീക്കുന്നവന്‍. യഥാര്‍ഹം സല്‍ക്രിയയോടെ അര്‍ഹിക്കുന്നവരെ പൂജിച്ചു നില്ക്കുന്നവന്‍, മാര്‍ഗ്ഗംനല്കേണ്ടവന്ന്‌ മാര്‍ഗ്ഗം കൊടുക്കു ന്നവന്‍, ഗുരുവില്‍ വേണ്ടവിധം പുജിക്കാത്തവന്‍ അതിഥി കളെ സ്വീകരിക്കുന്നതില്‍ താല്ലര്യമുള്ളവന്‍, വന്നുകയറുന്ന വരെ പുജിക്കുന്നവന്‍, ഇപ്രകാരമുള്ള നരന്‍ ദേവീ, സ്വര്‍ഗ്ഗത്തില്‍ പോകുന്നതാണ്‌. പിന്നെ അവന്‍ മനുഷ്യനായി ഉത്തമ വംശത്തില്‍ വന്ന്‌ ജനിക്കും. അവിടെ വളരെ ഭോഗങ്ങള്‍ അനുഭവിച്ച്‌ സര്‍വ്വരത്നസമന്വിതനായി, യഥാര്‍ഹം അര്‍ഹിക്കുന്നവര്‍ക്ക്‌ നല്കുന്ന പുരുഷന്‍, ധര്‍മ്മം ചെയ്യുന്നവനായി പ്രശോഭിക്കും. സര്‍വ്വജീവികള്‍ക്കും സമ്മതനും, സര്‍വ്വരും കുമ്പിടുന്നവനും, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നെത്താനെ എപ്പോഴും നേടുന്നതാണ്‌. ഉല്‍കൃഷ്ടകുലത്തില്‍ ജനിച്ചവനും, ഉയര്‍ന്ന ആഭിജാത്യമുള്ളവനുമായി അവന്‍ ശോഭിക്കുന്നതാണ്‌.

ദേവീ, ഇതാ ഞാന്‍ ബ്രഹ്മാവു പറഞ്ഞ ധര്‍മ്മം പറഞ്ഞു കഴിഞ്ഞു. രൗദ്രപ്രവൃത്തി ചെയ്യുന്ന സര്‍വ്വജീവി ഭയങ്കരനായവന്‍, കൈകള്‍കൊണ്ടും, കാലുകൊണ്ടും, കയറുകൊണ്ടും വടികൊണ്ടും, മണ്‍കട്ടകൊണ്ടും, തുണുകൊണ്ടും, ആയുധംകൊണ്ടും ജന്തുക്കളെ ബാധിക്കുന്ന മനുഷ്യന്‍, അവയെ ചവിട്ടുന്നവനും, വലിയ ഉദ്വേഗം മൃഗങ്ങള്‍ക്കുണ്ടാക്കുന്നവനുമായ അധമ മനുഷ്യന്‍, തീര്‍ച്ചയായും നരകത്തില്‍ ചെന്നു വീഴും. അവന്‍ പിന്നെ കാലത്തിന്റെ മാറ്റത്തില്‍ മര്‍ത്ത്യനായി ജനിക്കും. പല രോഗങ്ങളും പിടിച്ച്‌ നീചകുലത്തില്‍ അവന്‍ കിടന്ന്‌ ഉഴലും. താന്‍ ചെയ്ത ദുഷ്കര്‍മ്മഫലം കൊണ്ട്‌ ലോകത്തിന്റെ വിദ്വേഷത്തിന് പാത്രമായ നരാധമനായി, ജ്ഞാതിബന്ധുക്കളാല്‍ പീഡിതനായി ഭവിക്കും. മറ്റൊരുത്തന്‍ സര്‍വ്വജീവികളെയും കരുണയോടെ വീക്ഷിക്കുകയും മ്രൈത്രദൃക്കായി പിതൃസമനായി, നിര്‍വൈരനായി, നിയതേന്ദ്രിയനായി ജീവികളെ ഭയപ്പെടാതെയും ഹനിക്കാതെയും. എല്ലാറ്റിനെയും കൈകളാലും കാലുകളാലും അടക്കി എല്ലാ ജീവികളിലും വിശ്വാസ്യനായി ജീവിക്കും. കയറും, വടിയും, മണ്ണാങ്കട്ടയും, ശസ്ത്രവും മറ്റും എടുത്ത്‌ ഒരു ജീവിയെയും ദ്രോഹിക്കുകയില്ല. അവന്‍ പ്രിയം ചെയ്യുന്നവനും മൃദുവുമായി, ദയാപരനായി പെരുമാറുന്നു. ഇപ്രകാരം ശീലവും ആചാരവുമുള്ള മര്‍ത്ത്യന്‍ സ്വര്‍ഗ്ഗലോകത്തെത്തുന്നു. അവിടെ ദിവ്യമായ ഗൃഹത്തില്‍ മോദത്തോടെ സുരോപമന്മാരായി വാഴും. കര്‍മ്മക്ഷയം വന്നാല്‍ മര്‍ത്ത്യനായിപ്പിറക്കും. അങ്ങനെ പിറന്നാല്‍ അവന് ദ്രോഹങ്ങള്‍ ആരും ചെയ്യുകയില്ല. രോഗങ്ങളോ, ദുഃഖങ്ങളോ ബാധിക്കുകയില്ല. അങ്ങനെ സുഖമായി അവന്‍ വാഴും. ഇങ്ങനെ സന്മാര്‍ഗത്തില്‍ ജീവിച്ചവന്‍ സുഖം ഏല്ക്കുന്നവനും, നിരായാസനും, നിരുദ്വേഗനുമായി യാതൊരു ബാധയും ഏല്ക്കാതെ വാഴും ദേവീ!

ഉമ പറഞ്ഞു: മനുഷ്യര്‍ ഊഹാപോഹവിദഗ്ദ്ധരായി കാണപ്പെടുന്നുണ്ട്‌ ദേവാ, എന്ത്‌ കര്‍മ്മവിശേഷം കൊണ്ടാണ്‌ പുരുഷന്‍ പ്രജ്ഞയുള്ളവനാകുന്നത്‌? അല്ലയോ വിരൂപാക്ഷാ, എങ്ങനെയാണ്‌ മനുഷ്യന്‍ സ്വല്പപ്രജ്ഞനായിത്തീരുന്നത്‌? എന്റെ ഉള്ളിലുള്ള ഈ സംശയം സര്‍വ്വധര്‍മ്മജ്ഞസത്തമാ, ഭവാന്‍ തീര്‍ത്തു തരണേ! ചിലര്‍ ജന്മനാ തന്നെ കുരുടന്മാരാണ്‌. ചിലര്‍ രോഗാര്‍ത്തന്മാരാണ്‌. ചിലര്‍ ക്ലീബരാകുന്നു. അതിന്റെ കാരണമെന്തെന്ന്‌ പറഞ്ഞാലും!

മഹേശ്വരന്‍ പറഞ്ഞു: സിദ്ധന്മാരും ധര്‍മ്മജ്ഞന്മാരുമായ ദ്വിജന്മാരോട്‌ നാള്‍ തോറും കുശലം ചോദിക്കുന്ന കുശലന്മാര്‍, അശുഭക്രിയ ചെയ്യാത്തവര്‍, ശുഭകാര്യങ്ങള്‍ മാത്രം ചെയ്യുന്നവര്‍, ഈ പറഞ്ഞ ജനങ്ങള്‍ സ്വര്‍ഗ്ഗം നേടുന്നതാണ്‌. ഇഹലോകത്തില്‍ അവര്‍ സുഖവും നേടും. അവന്‍ വീണ്ടും മനുഷ്യനായിപ്പിറന്നാല്‍ വലിയ ബുദ്ധിമാനായി ഭവിക്കും. പരന്മാരുടെ ഭാര്യമാരെ ചീത്ത വിചാരത്തോടു കൂടി നോക്കുന്നവര്‍ ആ ദുഷ്ടഭാവം കൊണ്ട്‌, അടുത്ത ജന്മം കുരു ടനായിപ്പിറക്കും. ഇഷ്ടത്തോടു കൂടി ഒരു പെണ്ണിനെ നഗ്നയായി കണ്ട്‌ രസിക്കുന്ന ആ ദുഷ്കര്‍മ്മകാരികള്‍ രോഗാര്‍ത്തരായി കഷ്ടപ്പെടും. മൂഢന്മാരായ ദുരാചാരന്മാര്‍ അന്യജാതിയില്‍പ്പെട്ട സ്ത്രീകളുമായി സംഭോഗം ചെയ്താല്‍ ആ ദുഷ്പ്രജ്ഞന്മാർ അടുത്ത ജന്മം നപുംസകമായിപ്പിറക്കും. പശുവിനെ ഹനിക്കുന്നവനും ഗുരുവിന്റെ ഭാര്യയുടെ കൂടെ കിടക്കുന്നവനും പാപം തുല്യമാണ്‌. അമിതമായ ഭോഗം ചെയ്യുന്നവനും മുൻപറഞ്ഞ മട്ടില്‍ ആണും പെണ്ണുമല്ലാത്തവനായി ജനിക്കും.

ഉമ പറഞ്ഞു: ദോഷമുള്ള കര്‍മ്മമെന്താണ്‌? ദോഷമില്ലാത്ത കര്‍മ്മമെന്താണ്‌? ശ്രേയസ്സു ചെയ്യുന്നവന്‍ എന്തു നിലയില്‍ എത്തും? ദേവസത്തമാ, പറഞ്ഞാലും.

മഹേശ്വരന്‍ പറഞ്ഞു: ശ്രേയസ്സിന്റെ മാര്‍ഗ്ഗത്തെ അര്‍ത്ഥിക്കുന്ന പുരുഷന്‍ എപ്പോഴും അറിവുള്ള ബ്രാഹ്മണനോട്‌ ധര്‍മ്മമേതെന്ന്‌ ചോദിച്ചറിയണം. ധര്‍മ്മത്തെ അന്വേഷിക്കുന്ന ഗുണകാംക്ഷി സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്‌. അവന്‍ പിന്നെയും മര്‍ത്ത്യനായി പിറന്നാല്‍ മേധാവിയും, ധാരണാശാലിയും, പ്രാജ്ഞനുമായി ശോഭിക്കും ദേവീ, ധരിക്കുക! ഇതാണ്‌ ഭൂതിക്ക്‌ കാരണമായ സദ്ധര്‍മ്മം. മനുഷ്യരുടെ ഗുണത്തിന് വേണ്ടി നിന്നോട്‌ ഞാന്‍ ഇതു പറഞ്ഞു.

ഉമ പറഞ്ഞു: ചില മനുഷ്യര്‍ അല്പജ്ഞരാണ്‌. ചിലര്‍ ധര്‍മ്മദ്വേഷികളാണ്‌. അവര്‍ വേദജ്ഞന്മാരായ ബ്രാഹ്മണരെ ചെന്നു കാണുവാന്‍ ആഗ്രഹിക്കുന്നില്ല. ചില നരന്മാര്‍ വ്രതവാന്മാരാണ്‌. ചിലര്‍ ധര്‍മ്മശ്രദ്ധാപരായണന്മാരാണ്‌. ചിലര്‍ നിയമമൊന്നും അനുഷ്ഠിക്കാതെ, വ്രതമെടുക്കാതെ, രാക്ഷസ തുല്യന്മാരായും കാണുന്നു. ചിലര്‍ യജ്വാക്കളാണ്‌. ചിലര്‍ ഹോമങ്ങളൊന്നും ചെയ്യാത്തവരാണ്‌. ഇവര്‍ ഇങ്ങനെ പല മട്ടായിക്കാണുന്നത്‌ എന്തു കര്‍മ്മവിപാകം കൊണ്ടാണ്‌? ദേവാ, പറഞ്ഞാലും!

മഹേശ്വരന്‍ പറഞ്ഞു: വേദങ്ങളില്‍ മനുഷ്യരുടെ സകല കര്‍മ്മങ്ങള്‍ക്കും ഒരു അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടുണ്ട്‌. വേദത്തെ പ്രമാണമാക്കി കര്‍മ്മം ചെയ്യുന്നവന്‍ ദൃഢവ്രതനാണ്‌. അധർമ്മത്തെ ധര്‍മ്മമാണെന്ന്‌ മോഹത്താല്‍ ഏതൊരാള്‍ പറയുന്നുവോ മര്യാദ കെട്ടവരും, വ്രതഹീനന്മാരുമായ അവരാണ്‌ ബ്രഹ്മരാക്ഷസന്മാര്‍. അവര്‍ കാലത്തിന്റെ പണിയാല്‍ മര്‍ത്ത്യരായിപ്പിറന്നാല്‍ ഹോമം, വഷള്‍ക്കാരം എന്നിവയില്ലത്ത നരാധമന്മാരായിത്തീരും. ദേവീ, നിന്റെ സംശയങ്ങള്‍ തീര്‍ക്കുവാന്‍ ഞാന്‍ മര്‍ത്തൃര്‍ക്കു വേണ്ടി കുശലവും അകുശലവുമടങ്ങിയ ധര്‍മ്മസമുദ്രം തന്നെ നിനക്ക്‌ പറഞ്ഞു തന്നു.

146. ഉമാമഹേശ്വരസംവാദം- പതിശുശ്രൂഷയും അതിഥി സല്‍ക്കാരവുമാണ്‌ ഉത്തമസ്ത്രീകളുടെ ലക്ഷണം - നാരദന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ തന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ ആഗ്രഹത്തോടെ സമീപത്തു നില്ക്കുന്ന ഇഷ്ടഭാര്യയോട്‌ മഹാദേവന്‍ ഇപ്രകാരം പറഞ്ഞു:

മഹേശ്വരന്‍ പറഞ്ഞു: അല്ലയോ പരാവരജേഞ, ധര്‍മ്മജേ്ഞേ, തപോവന നിവാസിനീ, സാദ്ധ്വീ, സുഭ്രൂ, സുകേശാന്തേ, ഹിമാദ്രിയുടെ നന്ദിനീ, ദക്ഷേ, ശമദമാധീനേ, നിര്‍മ്മമേ, ധര്‍മ്മചാരിണീ, വരാരോഹേ! ഞാന്‍ നിന്നോട്‌ ഒരു അഭീപ്സിതം ചോദിക്കുകയാണ്‌. നീ അതു പറയണം. ബ്രഹ്മാവിന്റെ പതിവ്രതയായ ഭാര്യയാണല്ലോ സാവിത്രി. സതിയായ ശചീദേവിയാണല്ലോ ഇന്ദ്രന്റെ പ്രിയപ്പെട്ട ഭാര്യ. ധൂമോര്‍ണ്ണ മാര്‍ക്കണ്ഡേയന്റെ സാദ്ധ്വിയായ ഭാര്യയാണ്‌. ഋദ്ധി വൈശ്രവണന്റെ ഭാര്യയാണ്‌. വരുണന്റെ ഭാര്യയാണ്‌ ഗൗരി. സൂര്യന്റെ ഭാര്യയാണ്‌ സുവര്‍ച്ചല. ശശിയുടെ ഇഷ്ടഭാര്യയാണ്‌ രോഹിണി. അഗ്നിയുടെ സതിയായ ഭാര്യയാണ്‌ സ്വാഹ, കശ്യപന് അദിതിയും. ഇങ്ങനെ അവരൊക്കെ പതിവ്രതകളാണ്‌. അവരെല്ലാം നിന്റെ അടുത്തു വന്നു സതീധര്‍മ്മം നിത്യവും നിന്നോടു ചോദിച്ച്‌ ഗ്രഹിച്ചവരാണല്ലോ പാര്‍വ്വതീ! അതു കൊണ്ടാണു ഞാന്‍ നിന്നോട്‌ ഈ വിഷയത്തെപ്പറ്റി പറയുവാന്‍ ആവശ്യപ്പെടുന്നത്‌. നീ ആദ്യം മുതല്ക്കേ സ്ത്രീ ധര്‍മ്മത്തെപ്പറ്റി പറയുക. നിന്നില്‍ നിന്ന്‌ അതു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ എന്റെ സഹധര്‍മ്മിണിയാണല്ലോ. നീ സമഭാവനയുള്ളവളും സമവ്രതയുമാണ്‌. സമാനസാരവീര്യാഢ്യയായ നീ വലിയ തപസ്സു ചെയ്തവളാണല്ലോ. നീ പറഞ്ഞാല്‍ വിശേഷിച്ചും ഗുണവത്തരമായി വരും. ലോകത്തിലും അല്ലയോ ദേവീ, നിന്റെ വാക്കു പ്രമാണമായി ഭവിക്കുന്നതാണ്‌. സ്ത്രീകള്‍ക്ക്‌ വിശേഷിച്ചും പരമമായ ഗതി സ്ത്രീകള്‍ തന്നെയാണല്ലോ. സുശ്രോണി, ലോകങ്ങളുടെ ഗതിയെല്ലാം ഗൗരിയില്‍ ചെല്ലുന്നതാണ്‌. എന്റെ ദേഹത്തിന്റെ പകുതി നിന്റെ പകുതി ദേഹത്താല്‍ തീര്‍ത്തതാണല്ലോ. ലോകസന്താനകാരിണിയായ നീ സുരകാര്യം ചെയ്യുന്നുണ്ടല്ലോ. ശുഭേ, നിനക്കു ശാശ്വതമായ സ്ത്രീധര്‍മ്മം അറിയാം. അതുകൊണ്ട്‌ നീ സ്വധര്‍മ്മം മുഴുവന്‍ വിസ്തരിച്ചു പറഞ്ഞാലും.

ഉമ പറഞ്ഞു: ഭഗവാനേ, സര്‍വ്വഭൂതങ്ങളുടെയും നാഥാ, ഭൂതഭവ്യഭവോത്ഭവാ, നിന്റെ പ്രഭാവത്താല്‍ ദേവാ, എനിക്ക്‌ ഒന്നു പറയുവാന്‍ തോന്നുന്നു. ദേവേശാ, സര്‍വ്വ തീര്‍ത്ഥജലവും ചേര്‍ന്ന നദികളാണ്‌ ഈ നില്‍ക്കുന്നവര്‍. ഉപസ്പര്‍ശത്തിന്നായി (ആചമന സ്നാനങ്ങള്‍ക്ക്‌) ആ നദീദേവിമാര്‍ ഭവാന്റെ സമീപത്ത്‌ ഇതാ നില്ക്കുന്നു. ഇവരോടു കൂടി ഞാന്‍ ചിന്തിച്ച്‌ ആലോചിച്ചു ക്രമത്തില്‍ പറയാം. ഞാന്‍ എല്ലാറ്റിനും പോന്നവനാണ്‌ എന്നു പറയാത്തവനാണ്‌ ശരിയായ പുരുഷന്‍. സ്ത്രീയും അല്ലയോ ഭൂതേശാ, സ്ത്രീയെത്തന്നെ പിന്‍തുടരും. ഞാന്‍ മാനിച്ചവരായിവരും എല്ലാ നദികളും. നദികള്‍ക്ക്‌ ഉത്തമമായ സരസ്വതി എന്ന പുണ്യനദി ഇതാ നില്ക്കുന്നു. എല്ലാ നദികള്‍ക്കും മുമ്പെ സാഗരത്തിലെത്തിയവളാണ്‌ അവള്‍. വിപാശ, വിതസ്ത, ചന്ദ്രഭാഗ, ഇരാവതി, ശതദ്രു, ദേവികി, സിന്ധു, കൗശികി, ഗൌതമി, അപ്ര കാരം തന്നെ സര്‍വ്വ തീര്‍ത്ഥങ്ങളോടും ചേര്‍ന്ന ദേവനദി വിണ്ണില്‍ നിന്ന് മന്നിലേക്ക്‌ ഒഴുകിയ സരിദ്വരയായ ഗംഗാദേവി ഇവരൊക്കെയാണല്ലോ ഭവാന്റെ സമീപത്തു നില്ക്കുന്നത്‌.

നാരദന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ ആ ദേവദേവപത്നിയായ പാര്‍വ്വതി, ധര്‍മ്മജ്ഞസത്തമാ, ചിരിച്ച്‌ ആ നദികളെ വിളിച്ച്‌ അവരോടു ചോദിച്ചു. ദേവമഹിഷിയും സ്ത്രീരത്നവും ധര്‍മ്മവത്സലയുമായ ഉമാദേവി വിളിക്കെ സ്ത്രീധര്‍മ്മദക്ഷമാരായ ഗംഗാദികളായ നദിമാര്‍ ആദരവോടെ നിന്നു.

ഉമ പറഞ്ഞു: അല്ലയോ നദികളേ, സ്ത്രീധര്‍മ്മത്തെപ്പറ്റി ഭഗവാന്‍ എന്നോടു ചോദിക്കുന്നു. നിങ്ങളുമായി ആലോചിച്ച്‌ ഞാന്‍ അതിന് മറുപടി പറയാമെന്നു വിചാരിക്കുന്നു. ഒരേ ഒരാള്‍ക്കു ലോകത്തിലുള്ള എല്ലാ വിജ്ഞാനവും അധീനമാവുകയില്ല. നദികളേ, നിങ്ങളെ വിണ്ണില്‍പ്പോലും മാനിക്കുന്നുണ്ട്‌.

ശിവപുണ്യകളായ സകല സരിത്തുക്കളും പൂജിച്ച്‌ അതിന് മറുപടി നല്കുവാന്‍ സ്വര്‍ന്നദിയായ ഗംഗയെ നിയോഗിച്ചു. പലതരത്തിലുള്ളതും ബുദ്ധിപൂര്‍വ്വകവുമായ ധര്‍മ്മവിഷയങ്ങള്‍ ശുചിസ്മിതയായ ഉമയോട്‌ സ്ത്രീധര്‍മ്മത്തെപ്പറ്റി, ശൈലപുത്രിദേവിയും പുണ്യയും പാപഭയാപഹയും സര്‍വ്വധര്‍മ്മവിശാരദയും ബഹുബുദ്ധിശാലിനിയുമായ ഗംഗ വിനയത്തോടെ സസ്മിതം ഇപ്രകാരം പറഞ്ഞു.

ഗംഗ പറഞ്ഞു: അല്ലയോ ധാര്‍മ്മികേ, ദേവീ, ഞാന്‍ അനുഗ്രഹീതയായിരിക്കുന്നു. അനഘേ, സര്‍വ്വമാന്യയായ നീ നദിയെ മാനിക്കുന്നുവല്ലോ. അതില്‍ ഞാന്‍ കൃതജ്ഞയാണ്‌, അനുഗൃഹീതയാണ്‌. സമര്‍ത്ഥനാണെങ്കിലും ശക്തനാണെങ്കിലും ബഹുജനങ്ങളോട്‌ അഭിപ്രായം ആരായുന്ന പുരുഷന്‍, ബഹുജനങ്ങളെ മാനിക്കുന്ന പുരുഷന്‍, അദുഷ്ടാത്മാവാണ്‌. അവന്‍ നിയതം പണ്ഡിതനെന്ന ഖ്യാതി നേടും. ജ്ഞാനവിജ്ഞാനമുള്ളവരായ ഊഹാപോഹ കോവിദന്മാരോട്‌, സംശയം തീര്‍ത്തു തരുവാന്‍ സന്നദ്ധരായവരോട്‌, ചോദിച്ചാല്‍ അവന്‍ ഒരിക്കലും ആപത്തില്‍പ്പെടുന്നതല്ല. മറിച്ച്‌ ബഹുബുദ്ധിമാനായ പുരുഷന്‍ സഭയില്‍ ഞാന്‍ യോഗ്യന്‍ എന്നു ഭാവിച്ചാല്‍ അവന്റെ അഭിപ്രായം ദുര്‍ബ്ബലമായി ഭവിക്കും. ദിവൃജ്ഞാനമുള്ളവളേ, ദിവ്യമുഖ്യേ, ദിവ്യ പുണ്യസമുത്ഥിതേ, നീതന്നെ വേണം ദേവി, സ്ത്രീധര്‍മ്മങ്ങള്‍ പറയുവാന്‍.

നാരദന്‍ പറഞ്ഞു: വലിയ ഗുണം മൂലം ഗംഗ പൂജിച്ച ദേവിയായ, സുരസുന്ദരിയും, സ്ത്രീരത്നവുമായ ഉമ സര്‍വ്വതും, ഒന്നുംവിടാതെ സ്ത്രീധര്‍മ്മത്തെപ്പറ്റി പറഞ്ഞു.

ഉമ പറഞ്ഞു: എനിക്കു തോന്നുന്ന വിധം സ്ത്രീധര്‍മ്മത്തെക്കുറിച്ചു വിധിപ്രകാരം ഞാന്‍ പറയുന്നു. നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം, മനസ്സു വെച്ചു കേള്‍ക്കുക. സ്ത്രീധര്‍മ്മം മുമ്പേതന്നെ വേള്‍ക്കുന്ന കാലത്ത്‌ ബന്ധുക്കള്‍ കല്പിച്ചിട്ടുള്ളതാണ്‌. അഗ്നിക്കടുത്തു നിന്ന്‌ അഗ്നിയെ സാക്ഷിയാക്കി ഭര്‍ത്താവിന്റെ സഹധര്‍മ്മിണി ആയിത്തീരണം. നല്ല സ്വഭാവമുള്ളവളും നല്ല വാക്കു പറയുന്നവളും, നല്ല നടപടിയും, നല്ല ശീലസ്വഭാവമുള്ളവളും സുഖദര്‍ശനയും ആകണം സഹധര്‍മ്മിണി. അവളാണ്‌ ധര്‍മ്മപര, അവളാണ്‌ ധര്‍മ്മത്തെ ഏല്ക്കുന്നവള്‍, ദേവനെപ്പോലെ എപ്പോഴും ഭര്‍ത്താവിനെ നോക്കിക്കാണുന്നവളാണ്‌ ആ ധര്‍മ്മപത്നി. അവള്‍ ദേവനില്‍ എന്നപോലെ ഭര്‍ത്താവിനെ പൂജിക്കും, ശുശ്രൂഷിക്കും, പരിചരിക്കും.

അവള്‍ അനന്യഭാവയായി ദുഃഖം വെടിഞ്ഞു സുഖദര്‍ശനയായി, സുവ്രതയായി ഇരിക്കും. തന്റെ പുത്രന്റെ മുഖത്തെ നോക്കി കാണുന്നത് പോലെ ഭര്‍ത്താവിന്റെ മുഖം നോക്കിക്കാണും. സാദ്ധ്വിയും നിയതാചാരയും, ധര്‍മ്മചാരിണിയുമായിരിക്കും അവള്‍. ദമ്പതികളുടെ ധര്‍മ്മം ഞാന്‍ കേട്ടു. ഏറ്റവും ശുഭമായി ട്ടുള്ളതാണ്‌ സഹധര്‍മ്മം.

ധര്‍മ്മതല്‍പരയായ നാരി ഭര്‍ത്താവിന് തുല്യം വ്രതത്തോട് കൂടിയവളാണ്‌. അവള്‍ എപ്പോഴും ഭര്‍ത്താവിനെ ദേവനെപ്പോലെ നോക്കിക്കൊള്ളും. ഇതാണ്‌ ശ്രേഷ്ഠവും ശുഭവുമായ ദാമ്പത്യധര്‍മ്മം. ദേവനില്‍ എന്ന പോലെ അവള്‍ ഭര്‍ത്താവിനെ ശുശ്രൂഷയും പരിചര്യയും ചെയ്യും. വശ്യത്വം കൊണ്ട്‌ ഉള്ളുതെളിഞ്ഞ അവള്‍ സുഖദര്‍ശനയും സുരതയും, അനന്യചിത്തയും, സുമുഖിയുമായി ഇരിക്കുന്ന അവള്‍ തന്നെയാണ്‌ സഹധര്‍മ്മിണി.

പരുഷം പറഞ്ഞാലും, കോപിച്ചു നോക്കിയാലും, ഭര്‍ത്താവില്‍ പ്രസന്നമുഖിയായി നില്ക്കുന്ന സ്ത്രീയാണ്‌ പതിവ്രത. ചന്ദ്രന്‍, അര്‍ക്കന്‍, വ്യക്ഷം എന്നിവയെപ്പോലും ആണ്‍ പേരായതുകൊണ്ട്‌ നോക്കാത്തവള്‍ (അനൃപുരുഷന്മാരുടെ മുഖത്ത്‌ പതിവ്രതമാര്‍ നോക്കുകയില്ല), വരാരോഹയായ അവള്‍, തന്റെ ഭര്‍ത്താവിനെയൊഴികെ, ആ സഹധര്‍മ്മിണി നോക്കുകയില്ല.

ദരിദ്രനെയും, ദീനനെയും, വഴിനടന്ന്‌ ക്ഷീണിച്ചവനെയും, രോഗിയേയും, പതിയേയും പുത്രനെയെന്ന പോലെ നോക്കുന്നവളാണ്‌ സഹധര്‍മ്മിണി.

ഏതു പെണ്ണോ ശുദ്ധയും, ദക്ഷപുത്രിയും, പതിവ്രതയും, പതിപ്രാണയുമായവള്‍; അവള്‍ ധര്‍മ്മഭാഗിനിയാണ്‌. വൈമനസ്യം വിട്ട്‌ ശുശ്രൂഷയും പരിചര്യയും ചെയ്യുന്നവളാണ്‌. വിനീതയായവളും, സുപ്രീതയും, ധര്‍മ്മഭാഗിനിയുമാണ്‌ അവള്‍. അന്നദാനം കൊണ്ട്‌ നിത്യവും കുടുംബത്തെ ഭരിക്കുന്നവള്‍, കാമത്തിലും ഭോഗത്തിലും ഐശ്വര്യത്തിലും സുഖത്തിലും പതിയിലല്ലാതെ മറ്റാരിലും ആശവെക്കാത്തവള്‍ ആരോ, അവളാണ്‌ സഹധര്‍മ്മിണി.

നിത്യവും പ്രഭാതത്തില്‍ എഴുന്നേല്ക്കുന്നവളും, ഗൃഹശുശ്രൂഷ ചെയ്യുന്നവളും, ഗൃഹം ചാണക വെള്ളത്താല്‍ മെഴുകി തുടയ്ക്കുന്നവളും, അഗ്നികാര്യത്തില്‍ വൃഗ്രത കാണിക്കുന്നവളും, പൂവ്‌ അര്‍ച്ചിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്നവളും, ദേവതകള്‍ക്കും അതിഥികള്‍ക്കും ഭൃത്യര്‍ക്കും വിളമ്പി കൊടുത്തതിന് ശേഷം ഭര്‍ത്താവിനോടു കൂടി ശേഷാന്നം ഭക്ഷിക്കുന്നവളും, യഥാന്യായം യഥാവിധി സന്തുഷ്ട പുഷ്ടയായി വസിക്കുന്ന ആ നാരി ധര്‍മ്മത്തോട് കൂടിയവളാണ്‌. ശ്വശ്രുവിന്റെയും ശ്വശുരന്റെയും പാദങ്ങള്‍ ശുശ്രൂഷിക്കുന്ന ഗുണാഢ്യയായവള്‍, അച്ഛനമ്മമാരില്‍ ശ്രദ്ധയുളളവള്‍, ആരോ അവള്‍ തപോധനയാണ്‌. വിപ്രരേയും, ദുര്‍ബലരേയും, അനാഥരേയും, ദീനരേയും, അന്ധരേയും, കൃപണന്മാര്‍ മുതലായവരേയും അന്നത്താല്‍ പോറ്റുന്നവളായ നാരിയാണ്‌ പതിവ്രതയും ഭര്‍ത്തൃഭാഗധേയ ഭാഗിനിയുമായവള്‍. ലഘുസത്വയായവളും, ദുസ്സാദ്ധ്യമായ വ്രതം നിത്യവും ആചരിക്കുന്നവളും, പതിയുടെ ചിത്തത്തിന് ഇണങ്ങിയവളും, പതിയുടെ ഹിതത്തിന് ചേര്‍ന്നവളുമാണ്‌ പതിവ്രതയായവള്‍. ഇതു പുണ്യമാണ്‌, ഇതു തപമാണ്‌, ഇത്‌ സനാതനായ സ്വര്‍ഗ്ഗമാണ്‌. സ്തീ ഭര്‍ത്തൃവ്രതത്തോടു കൂടി സതിയായി വര്‍ത്തിക്കുകയാണെങ്കില്‍ അതില്‍പ്പരം പുണ്യമില്ല, അതില്പരം തപസ്സില്ല, അതില്‍പ്പരമായ സ്വര്‍ഗ്യവുമില്ല. സ്ത്രീകള്‍ക്കു പതിയാണ്‌ ദൈവം, പതിയാണ്‌ ഗതി, പതിയാണ്‌ ബന്ധു. പതിപോലെ മറ്റൊരു ഗതിയുമില്ല. പതിപോലെ ഒരു ദൈവവുമില്ല. പതിയുടെ പ്രസാദം സ്ത്രീകള്‍ക്കു സ്വര്‍ഗ്ഗം പോലെയാണ്‌. എന്നു തന്നെയല്ല, ഭവാന്‍ പ്രസാദിച്ചില്ലെങ്കില്‍ അല്ലയോ മഹേശ്വരാ ഞാന്‍ സ്വര്‍ഗ്ഗം പോലും ഇച്ഛിക്കുകയില്ല. ഭര്‍ത്താവ്‌ ദരിദ്രനായിരിക്കാം. രോഗിയായിരിക്കാം, ശത്രുക്കളാല്‍ ആപത്തില്‍പ്പെട്ടവനായിരിക്കാം, ബ്രാഹ്മണന്റെ ശാപത്തിന് പാത്രമായിരിക്കാം. അദ്ദേഹം എന്തു കല്പിക്കുന്നുവോ, അതു തെറ്റായാലും, അധര്‍മ്മമായാലും, പ്രാണനാശകമായാലും സഹധര്‍മ്മിണി അതിനെ യാതൊരു എതിര്‍പ്പും കൂടാതെ അത്‌ ആപപദ്ധര്‍മ്മത്തെ ചിന്തിച്ച്‌ ചെയ്യണം. ശങ്കിക്കരുത്‌. ഇങ്ങനെ ദേവാ, ഭവാന്റെ വാക്കനുസരിച്ച്‌ സ്ത്രീ ധര്‍മ്മത്തെ ഞാന്‍ പറഞ്ഞു. അപ്രകാരം നില്ക്കുന്ന സ്ത്രീയാണ്‌ പതിവ്രത.

നാരദന്‍ പറഞ്ഞു: ഇപ്രകാരം ദേവി പറഞ്ഞപ്പോള്‍ മഹേശ്വരന്‍ ശൈലപുത്രിയെ പ്രശംസിച്ചു. അങ്ങനെ എല്ലാം കേട്ടതിന് ശേഷം അവിടെ കൂടിയിരുന്നവരെയെല്ലാം വിട്ടയച്ചു. എല്ലാവരും തുണക്കാരോടു കൂടി പോയി. പിന്നെ ഭൂതഗണങ്ങളും പോയി. വന്നുചേര്‍ന്ന നദീദേവതമാരും പോയി. പിന്നെ ശിവനെ വന്ദിച്ച്‌ ഗന്ധര്‍വ്വന്മാരും അപ്സരസ്ത്രീ ഗണങ്ങളും പോയി.

147. പുരുഷമാഹാത്മ്യം - മനുവിന്റെ പുത്രനായ അംഗന്റെ വംശപരമ്പര, വസുദേവപുത്രനായ കൃഷ്ണനില്‍ അവസാനിക്കുന്നു. കൃഷ്ണന്റെ മഹത്വം - ഋഷികള്‍ പറഞ്ഞു: അല്ലയോ പിനാകപാണേ! ഭഗന്റെ കണ്ണ്‌ പൊട്ടിച്ചവനേ! എല്ലാ ലോകരാലും നമസ്കരിക്കപ്പെടുന്നവനേ! വാസുദേവന്റെ മാഹാത്മ്യം അല്ലയോ ശങ്കരാ, കേള്‍ക്കുവാന്‍ ഞങ്ങള്‍ ആശിക്കുന്നു. മഹേശ്വരന്‍ പറഞ്ഞു: പിതാമഹനെക്കാള്‍ മേലെയാണ്‌ ശാശ്വതപുരുഷനായ ഹരി. കൃഷ്ണന്‍ ജാംബൂനദനിഭനാണ്‌ (സ്വര്‍ണ്ണംപോലെ വിളങ്ങുന്നവനാണ്). കാറില്ലാത്ത ആകാശത്തിലെ സൂര്യനെപ്പോലെ ശോഭിക്കുന്നവനാണ്‌. പത്തു കൈകളുള്ള അതിതേജസ്വിയാണ്‌. ദേവവൈരികളെ കൊല്ലുന്നവനാണ്‌. ശ്രീവത്സം എന്ന മറുകുള്ളവനാണ്‌, സര്‍വ്വദേവന്മാരാലും സമര്‍ച്ചിതനാണ്‌ ഹൃഷീകേശന്‍.

അവന്റെ കുക്ഷിയില്‍ നിന്നാണ്‌ ബ്രഹ്മാവുണ്ടായത്‌, അവന്റെ ശിരസ്സില്‍ നിന്നാണ്‌ ഞാന്‍ ഉത്ഭവിച്ചത്‌. കേശങ്ങളില്‍ നിന്ന്‌ എല്ലാ ജ്യോതിസ്സുകളുമുണ്ടായി. രോമങ്ങള്‍ തോറും സുരാസുരന്മാര്‍ ഉത്ഭവിച്ചു. ഋഷിമാരും അവന്റെ ദേഹത്തില്‍ നിന്ന്‌ ജനിച്ചവരാണ്‌. ലോകം മുഴുവന്‍ അവനില്‍ നിന്നാണ്‌ ഉണ്ടായത്‌. അവന്‍ ബ്രഹ്മഗൃഹമാണ്‌. എല്ലാ ദേവന്മാരും അവനില്‍ അധിവസിക്കുന്നു. ഈ ഭൂമിയെല്ലാം സൃഷ്ടിച്ച അവന്‍ മൂന്നു ലോകത്തിനും ഈശ്വരനാണ്‌. ചരാചരങ്ങളായ സകല ലോകത്തെയും സംഹരിക്കുന്നവനാണ്‌. അവന്‍ ദേവന്മാരില്‍ വെച്ചു ശ്രേഷ്ഠനാണ്‌. സാക്ഷാല്‍ ദേവനാഥനും പരന്തപനുമാണ്‌. സര്‍വ്വജ്ഞനും, സര്‍വ്വസംശ്ലിഷ്ടനും, സര്‍വ്വേശനും, സര്‍വ്വതോമുഖനും പരമാത്മാവും, സര്‍വ്വവ്യാപിയും, മഹേശ്വരനുമാണ്‌ ഹൃഷീകേശന്‍. അവനെക്കാള്‍ മേലെയായി മൂന്നു ലോകത്തിലും ഒരു വസ്തമുവുമില്ല. സനാതനനും മധുദ്വേഷിയുമായ ഗോവിന്ദന്‍ പുകഴ്‌ന്നവനാണ്‌. അവന്‍ സകല മന്നവരെയും കൊല്ലിക്കുന്ന മാനദനാണ്‌. സുരകാര്യത്തിനു വന്നവനാണ്‌. മര്‍ത്ത്യന്റെ ദേഹം സ്വീകരിച്ചിരിക്കയാണ്‌. ഈ ത്രിവിക്രമനില്ലെങ്കില്‍ ദേവകള്‍ ഒരിക്കലും ശക്തരാവുകയില്ല. ലോകത്തില്‍ ദേവകാര്യങ്ങള്‍ ചെയ്യുവാന്‍ പിന്നെ ആരുണ്ട്‌? എല്ലാ ജീവിക്കും നായകന്‍ ഗോവിന്ദനാണ്‌. എല്ലാ ദേവന്മാരാലും നമസ്‌കൃതനാണ് ഗോവിന്ദന്‍.

ഈ ദേവനാഥന്, ദേവകാര്യത്തില്‍ എപ്പോഴും തല്‍പരനായിരിക്കുന്നവന്, ബ്രഹ്മഭൂതന്, എല്ലാ ബ്രഹ്മര്‍ഷിമാരും ശരണം പ്രാപിക്കുന്നവന്, ഉള്ളില്‍ ബ്രഹ്മാവ്‌ വര്‍ത്തിക്കുന്നു. ദേഹത്തില്‍ സുഖമായി വസിക്കുന്നു. ശര്‍വ്വനും അവന്റെ ദേഹത്തില്‍ സുഖമായി വസിക്കുന്നു. അവന്റെ ദേഹത്തില്‍ സകലദേവകളും സുഖമായി വസിക്കുന്നു. ആ ദേവന്‍, പുണ്ഡരീകാക്ഷന്‍, ശ്രീഗര്‍ഭന്‍ ശ്രീയോടു ചേര്‍ന്നവന്‍, ശാര്‍ങ്ഗചക്രായുധന്‍, ഖള്‍ഗി, സര്‍വ്വനാഗാരികേതനന്‍, മുഖ്യമായ ശീലവും, ശൗചവും, ദമവും, പരാക്രമവും, വീര്യവും, വപുസ്സും. കാഴ്ചയും, നീളവും, വണ്ണവും, ധൈര്യവും, ആര്‍ജ്ജവവും, പുഷ്ടിയും, ആനൃശംസ്യവും, രൂപവും ബലവും, എല്ലാം അവനില്‍ സ്ഥിതിചെയ്യുന്നു. ദിവ്യവും അത്ഭുതവുമായ കാഴ്ചയുള്ള എല്ലാ അസ്ത്രങ്ങളോടും ചേര്‍ന്നവനും, യോഗമായനും, സഹസ്രാക്ഷനും നിരവദ്യനും മഹാശയനും, വീരനും, മിത്രജനശ്ലാഘിയും, ജ്ഞാനികളിലും ബന്ധുജനങ്ങളിലും പ്രിയമുള്ളവനും, ക്ഷമാവാനും, നിരഹങ്കാരിയും, ബ്രഹ്മണ്യനും, ബ്രഹ്മനായകനും, ഭയാര്‍ത്തന്മാരുടെ ഭയം തീര്‍ക്കുന്നവനും, മിത്രങ്ങള്‍ക്ക്‌ ആനന്ദം വര്‍ദ്ധിപ്പിക്കുന്നവനും, എല്ലാ ജീവിക്കും ശരണ്യനും ദീനപാലനത്തില്‍ തല്പരനും, ശ്രുതവാനും, അര്‍ത്ഥവാനും, എല്ലാവരും നമിക്കുന്നവനും, ആശ്രിതന്മാര്‍ക്ക്‌ ഇഷ്ടം നല്‍കുന്നവനും, ശത്രുക്കളുടെ ധര്‍മ്മം അറിഞ്ഞവനും, നീതിജ്ഞനും, നീതിമാനും, ബ്രഹ്മവാദിയും, ജിതേന്ദ്രിയനും, ദേവകള്‍ക്കു നന്മയ്ക്കായി ശ്രേഷ്ഠമായ ബുദ്ധിയോടു കൂടിയവനും, പ്രജാപത്യമായ ശുഭമാര്‍ഗ്ഗവും മാനവമായ ധര്‍മ്മമാര്‍ഗ്ഗവും അവലംബിച്ച്‌ മനുവിന്റെ വംശത്തില്‍ ഗോവിന്ദന്‍ വന്നു പിറക്കും.

മനുവിന്റെ പുത്രന്‍ അംഗന്‍, അംഗന്റെ പുത്രന്‍ അന്തര്‍ദ്ധാമാവ്‌, അന്തര്‍ദ്ധാമാവിന്റെ പുത്രന്‍ ഹവിര്‍ദ്ധാമാവ്‌, അവന്‍ മാന്യനായ പ്രജാപതിയാണ്‌. ഹവിര്‍ദ്ധാമാത്മജനായി മഹാനായ പ്രാചീനബര്‍ഹസ്സ്‌ ജനിക്കും. അവന് പത്തു മക്കള്‍, പ്രചേതസ്സുകള്‍ ഉണ്ടാകും. പ്രാചേതസനായ ദക്ഷന് പ്രജാവതിയുണ്ടാകും. ദാക്ഷായണിയില്‍ ആദിത്യനുണ്ടാകും. ആദിത്യന്റെ മകനായി മനു പിറക്കും. മനുവിന്ന്‌ ഇള എന്നു പേരായ ഒരു മകള്‍ ഉണ്ടാകും. സുദ്യുമ്നന്‍ എന്നു പേരായി ഒരു മകനും ജനിക്കും. ബുധന്‍ ഇളയുടെ ഭര്‍ത്താവാകും. ബുധനില്‍ നിന്ന്‌ പുരൂരവസ്സ്‌ എന്ന പുത്രന്‍ ജനിക്കും. പുരുരവസ്സിന് പുത്രനായി നഹുഷന്‍ ജനിക്കും. നഹുഷന്റെ പുത്രനായി യയാതി ജനിക്കും. യയാതിയുടെ പുത്രനായി സത്വാഢ്യനായി യദു ജനിക്കും. യദുവിന്റെ പുത്രനായി ക്രോഷ്ടാവുണ്ടാകും. ക്രോഷ്ടാവിനു പുത്രനായി വ്യജിനീവന്‍ പിറക്കും. വൃജിനീവന് പുത്രനായി അവരാജിതനായി ഉഷല്‍ഗു ജനിക്കും. ഉഷല്‍ഗുവിന് പുത്രനായി ശുരന്‍ ഉണ്ടാകും. ശുരന്റെ പുത്രനായി ചിത്രരഥനുണ്ടാകും. അവന്ന്‌ ഇളയ പുത്രനായി ശൂരന്‍ ഉണ്ടാകും. വീര്യവാന്മാരും വിചിത്രഗുണികളുമായി അവരുടെ കുലത്തില്‍ ക്ഷത്രിയശ്രേഷ്ഠനും കീര്‍ത്തിമാനും മഹാവീര്യനും മാനദനും വംശവിസ്താരകാരിയും ക്ഷത്രിയശ്രേഷ്ഠനുമായ പുത്രനെ ശൂരൻ ജനിപ്പിക്കും. ആ പുത്രന്‍ ആനകദുന്ദുഭി എന്നു കൂടി പ്രസിദ്ധനായ വസുദേവന്‍ ആകും. അവന്റെ പുത്രനായി നാലു കൈകളോടെ വാസുദേവന്‍ ജനിക്കും. ധാതാവും ബ്രാഹ്മണ സർല്‍ക്കാരിയും ബ്രഹ്മഭൂതനും ദ്വിജപ്രിയനുമായി വളരും. ആ യദുനന്ദനന്‍ മാഗധനാല്‍ ബന്ധിക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കും.

ഗിരിഗഹ്വരത്തില്‍വെച്ച്‌ ജരാസന്ധരാജാവിനെ ജയിച്ച്‌ സര്‍വ്വപാര്‍ത്ഥിവന്മാരുടെയും രത്നങ്ങളാല്‍ വീര്യവാനായി ഭവിക്കും. വീര്യത്താല്‍ ഭൂമിയില്‍ തടവറ്റവനായി ഭവിക്കും. വിക്രമത്തോടെ അവന്‍ എല്ലാ രാജാക്കന്മാര്‍ക്കും, രാജാവാകും. എല്ലാ ശൂരസേനന്മാരിലും വെച്ച്‌ ശ്രേഷ്ഠനായി അവന്‍ ദ്വാരകയില്‍ പ്രഭുവായി വാഴും. നയജ്ഞനായ അവന്‍ ശത്രുക്കളെ ജയിച്ച്‌ ഭൂമിദേവിയെ സംരക്ഷിക്കും. അവനെ നിങ്ങള്‍ ചെന്നു കണ്ടു വാക്കുകളാലും, മാല്യാര്‍ച്ചനകളാലും മറ്റു ശ്രേഷ്ഠസുഗന്ധ വസ്തുക്കളാലും, ബ്രഹ്മദേവനെ എന്ന പോലെ അര്‍ച്ചിക്കുവിന്‍. എന്നെയും പിതാമഹനായ ബ്രഹ്മദേവനെയും കാണുവാന്‍ വിചാരിക്കുന്നവന്‍ ആദ്യമായി അവനെ കാണേണ്ടതാണ്‌. പ്രതാപിയും, ഭഗവാനുമായ വാസുദേവനെ കാണേണ്ടതാണ്‌. അവനെക്കണ്ടാല്‍ എന്നെക്കണ്ടതായി കരുതാം. അവനെക്കണ്ടാല്‍ ബ്രഹ്മദേവനെ കണ്ടതായി കരുതാം മുനീന്ദ്രന്മാരേ! ആ പുണ്ഡരീകാക്ഷന്‍ ഏതൊരുത്തനില്‍ പ്രീതനാകുന്നുവോ, എല്ലാ ബ്രഹ്മാദിദേവന്മാരും അവനില്‍ പ്രീതരായി ഭവിക്കും. ലോകത്തില്‍ ആ കേശവനെ ആര്‌ ആശ്രയിക്കുന്നുവോ, ആ മര്‍ത്തൃന് കീര്‍ത്തിയും, ജയവും, സ്വര്‍ഗ്ഗവും ലഭിക്കുന്നതാണ്‌.

ധര്‍മ്മഭാക്കായ അവന്‍ സാക്ഷാല്‍ ധര്‍മ്മോപദേശകനായ ഗുരുവാകും. എല്ലായ്പോഴും ഉദ്യമിക്കുന്നവരായ ധര്‍മ്മജ്ഞന്മാര്‍ ആ ദേവേശനെ കൂപ്പേണ്ടതാകുന്നു. ആ വിഭു അര്‍ച്ചിതനായാല്‍ അത്‌ ഏറ്റവും വലിയധര്‍മ്മമായി ഗണിക്കപ്പെടും. പുരുഷശ്രേഷ്ഠനും അതിതേജസ്വിയുമായ ആ ദേവന്‍ പ്രജകളുടെ ഹിതത്തിന്നായി, ധര്‍മ്മത്തിന്നായി, അനേകം കോടി ഋഷികളെ സൃഷ്ടിച്ചു.

വിഭുവായ അവന്‍ സൃഷ്ടിച്ച മഹര്‍ഷിമാര്‍, ഗന്ധമാദനത്തില്‍ സനല്‍ക്കുമാരന്‍ മുതലായവര്‍, തപസ്സു ചെയ്യുന്നു. അതുകൊണ്ട്‌ വാശിയും ധര്‍മ്മജ്ഞനുമായ അവന്‍ ദ്വിജേന്ദ്രന്മാരെ, വന്ദിക്കപ്പെടുന്നു. വിണ്ണില്‍ പ്രധാനിയാണ്‌ ഭഗവാനും ഹരിയുമായ നാരായണന്‍. അവനെ വന്ദിച്ചാല്‍ അവന്‍വന്ദിക്കും. അവനെ മാനിച്ചാല്‍ അവന്‍ ഇങ്ങോട്ടും മാനിക്കും.

അര്‍ഹിച്ചാല്‍ അര്‍ഹണം ചെയ്യും. പൂജിച്ചാല്‍ ഇങ്ങോട്ടും പൂജിക്കും. കണ്ടാല്‍ നാളുതോറും കാണും. ആശ്രയിച്ചാല്‍ ആശ്രയിക്കുകയും ചെയ്യും. അര്‍ച്ചിച്ചാല്‍ അര്‍ച്ചിക്കുകയും ചെയ്യും. ദ്വിജമുഖ്യന്മാരേ! ഇതാണ്‌ യാതൊരു കുറവും ഇല്ലാത്ത വിഷ്ണുവിന്റെ പരമമായ വ്രതം. മഹാനായ ആദിദേവനെ നിത്യവും സജ്ജനങ്ങള്‍ ആദരിക്കുന്നു. ഭുവനത്തില്‍ ദേവകള്‍ അര്‍ച്ചിക്കുന്നവനാണ്‌ സനാതനനായ ഹരി. അനുരൂപമായ അഭയം അവനെ സേവ ചെയ്യുന്നവര്‍ നേടും. മനസ്സും വാക്കുമായ കര്‍മ്മത്താല്‍ ദ്വിജന്മാര്‍ക്ക്‌ അവന്‍ എന്നും വന്ദ്യനാണ്‌. പ്രയത്നം ചെയ്ത്‌ കാണേണ്ടവനാണ്‌ ദേവകീപുത്രന്‍. അല്ലയോ മുനിമുഖ്യന്മാരേ, വേണ്ട മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തന്നു. ആ ദേവനെ ചെന്നു കണ്ടാല്‍ നിങ്ങള്‍ എല്ലാ വിബുധന്മാരെയും കണ്ടതായി കണക്കാക്കാം. മഹാവരാഹനെ, എല്ലാവര്‍ക്കും പിതാവായ ദേവനെ, ആ ജഗത്പതിയെ ഞാനും നിത്യവും നമിക്കാറുണ്ട്‌. മൂന്നു മൂര്‍ത്തികളെയും കണ്ട ഫലം കൃഷ്ണനെക്കണ്ടാല്‍ മാത്രം സിദ്ധിക്കും. ത്രിമൂര്‍ത്തികളെല്ലാം കൃഷ്ണനില്‍ അധിവസിക്കുന്നു. എല്ലാ ദേവന്മാരും കൃഷ്ണനില്‍ കുടികൊള്ളുന്നു.

അവന്റെ ജ്യേഷ്ഠസഹോദരനായി ശുഭ്രമായ കുന്നിന്റെ നിറത്തില്‍ ഹലി എന്ന പേരില്‍ ബലവാനായി ഭൂമി താങ്ങുന്നവനായ അനന്തന്‍ വന്നു പിറക്കും. അന്ന്‌ മൂന്നു ശാഖകളുള്ള ദിവ്യവും പൊന്മയവുമായ മരം, പന ആ ദേവന് തേര്‍ത്തടത്തില്‍ ധ്വജമായി വരും. മഹാത്മാക്കളും മഹാഭാഗന്മാരുമായ നാഗങ്ങള്‍ നിറയുന്ന വിധം ആ മഹാബാഹു സര്‍വ്വലോകേശ്വരന്റെ ശിരസ്സായി വിളങ്ങും. ചിന്തിച്ചാല്‍ മതി, അസ്ത്രങ്ങളും ശസ്ത്രങ്ങളും വേണ്ട ദിക്കില്‍ എത്തും. അനന്തന്‍ എന്നു പറയുന്നത്‌ ഭഗവാനും അവ്യയനുമായ ഹരിയാണ്‌. പ്രഭോ, പോയിക്കണ്ടാലും എന്ന്‌ ദേവന്മാര്‍ പറഞ്ഞയച്ചവനായ ഗരുഡന്‍, കശ്യപപുത്രന്‍, വീര്യത്താല്‍ ബലവാനായ പക്ഷീന്ദ്രന്‍ പരമാത്മാവായ ദേവന്റെ അറ്റം കാണുവാന്‍ അശക്തനായി. തന്റെ ശരീരത്താല്‍ ഭൂമിയെ ചുറ്റിപുൽകി അന്തര്‍ഭാഗത്ത്‌ അനന്തന്‍ വാഴുകയാണ്‌. ആ ശേഷന്‍ സന്തുഷ്ടനായി സഞ്ചരിക്കുന്നു. അവന്‍ വിഷ്ണു തന്നെയാണ്‌. ഭൂമി താങ്ങുന്ന ഭഗവാന്‍ അനന്തന്‍ വിഷ്ണു തന്നെയാണ്‌.

ധരാധരനായ അനന്തന്‍തന്നെയാണ്‌ രാമനായതും ഹലിയായി വന്നതും ഹൃഷീകേശനായതും. ദിവ്യരും ദിവ്യ പരാക്രമരുമായ ആ പുരുഷവ്യാഘ്രര്‍ കാണേണ്ടവരും മാനനീയന്മാരുമായ ചക്രലാംഗുലധാരികളാണ്‌ (ലാംഗൂലം. കലപ്പ, കരി). അല്ലയോ മുനീന്ദ്രന്മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ ഈ അനുഗ്രഹം പറഞ്ഞു തന്നു. നിങ്ങള്‍ ആ യദുമുഖ്യരെ യത്നത്തോടെ പൂജിക്കുക.

148. മഹാപുരുഷപ്രസ്ധാവം - ഭീഷ്മൻ കൃഷ്ണന്റെ മഹിമാതിശയം വര്‍ണ്ണിക്കുന്നു - നാരദന്‍ പറഞ്ഞു: ഉടനെ ആകാശത്ത്‌ ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി വലിയ മഴക്കാര്‍ ആകാശത്തില്‍ നിറഞ്ഞു. ആകാശം ഇരുണ്ടു. മഴക്കാലത്തെന്ന പോലെ നിര്‍മ്മലമായ ജലം ഘോരമായി വര്‍ഷിച്ചു. കൂരിരുട്ടു വന്നുയര്‍ന്നു. ദിക്കുകളൊന്നും തെളിയാതായി ദേവാ, പിന്നെ പുണ്യവും, രമൃവും ശാശ്വതവുമായ അചലത്തില്‍ ശര്‍വ്വനെയോ, ഭൂതസംഘത്തെയോ താപസന്മാര്‍ കണ്ടില്ല. ക്ഷണത്താല്‍ ആകാശം കാറു നീങ്ങിയപ്പോള്‍ തെളിഞ്ഞു. വിപ്രന്മാര്‍ വന്നവഴിക്കു തന്നെ തീര്‍ത്ഥയാത്രയ്ക്കായി പോയി. അചിന്ത്യവും, അത്ഭുതകരവുമായ അതു കണ്ടു വിസ്മയപ്പെട്ട്‌ ഇങ്ങനെയാണ്‌ ശങ്കരന്‍ ഉമയോടുകൂടി ഇരുന്നത്‌. ഇതൊക്കെ പറഞ്ഞത്‌ അത്ഭുതം തന്നെ! അല്ലയോ പുരുഷശ്രേഷ്ഠാ, ആ ഭഗവാന്‍, സനാതനനായ ബ്രഹ്മഭൂതന്‍, മഹാത്മാവ്‌ അദ്രീപൃഷ്ഠത്തിലിരുന്ന്‌ ഈ അത്ഭുതം ഞങ്ങളില്‍ ഉണ്ടാക്കി. അങ്ങ്‌ ബ്രഹ്മമാണെന്ന്‌, സനാതനമാണെന്ന്‌ വൃക്തമാക്കിത്തന്നു. ഇതു രണ്ടാമത്തെ അത്ഭുതമാണ്‌, ഭവാന്റെ തേജസ്സ്‌ ചേര്‍ന്നു കണ്ടതു തന്നെ! അപ്പോള്‍ മുമ്പത്തെ കഥ, മഹേശ്വരന്‍ പര്‍വ്വതം ചുട്ടകഥ കൃഷ്ണാ, ഞങ്ങളുടെ ഓര്‍മ്മയില്‍ വന്നു. പ്രഭോ, ജനാര്‍ദ്ദനാ! ഭവാനോട്‌ ഞങ്ങള്‍ ദേവന്റെ മാഹാത്മ്യം, കപര്‍ദ്ദിയായ ശിവന്റെ മാഹാത്മ്യം, ഹേ മഹാബാഹോ, പറഞ്ഞു.

ഭിഷ്മന്‍ പറഞ്ഞു: ഇപ്രകാരം ആ തപോവനസ്ഥന്മാര്‍ പറഞ്ഞപ്പോള്‍ ദേവകീസുതനായ കൃഷ്ണന്‍ ആ മുനികളെ മാനിച്ചു. ഉടനെ മുനികള്‍ ഹര്‍ഷിച്ച്‌ വീണ്ടും വീണ്ടും കൃഷ്ണനോടു പറഞ്ഞു.

മുനിമാര്‍ പറഞ്ഞു: വീണ്ടും ഞങ്ങള്‍ ഭവാനെ കാണുമാറാകട്ടെ മധുസൂദനാ! ഞങ്ങള്‍ക്കു നിന്നെക്കാള്‍ മീതെയായി ഒരു ജ്ഞാനദര്‍ശനവുമില്ല. ഭഗവാനായ ഭവന്‍ പറഞ്ഞത്‌ പരമാര്‍ത്ഥമാണ്‌ മഹാഭുജാ! അല്ലയോ അരികര്‍ശനാ! ഞങ്ങള്‍ ഭവാനോട്‌ ആ രഹസ്യമെല്ലാം വിവരിച്ചു. സത്യം അറിഞ്ഞ ഭവാന്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. ഈ രഹസ്യം ഭവാന്റെ പ്രിയത്തിന് വേണ്ടി ഞങ്ങള്‍ ഇപ്പോള്‍ പറഞ്ഞതാണ്‌. മൂന്നു ലോകത്തിലും ഭവാന്‍ അറിയാതെ ഒന്നുമില്ലല്ലോ ജനാര്‍ദ്ദനാ! ജന്മവും പ്രസവവും മറ്റു കാരണങ്ങളും അല്ലയോ പ്രഭോ, ഞങ്ങളുടെ ചാപല്യം മൂലം രഹസ്യം അറിയുവാന്‍ ഞങ്ങള്‍ അശക്തരാണ്‌. അതു കൊണ്ടാണ്‌ ഭവാന്‍ നില്ക്കുമ്പോള്‍ ചാപല്യം മൂലം പ്രലപിച്ചത്‌. അങ്ങ്‌ അറിയാത്തതായി ഒരു ആശ്ചര്യവുമില്ല. വിണ്ണിലും മന്നിലും അല്ലയോ ദേവാ, എല്ലാം ഭവാന്‌ അറിവുള്ളതാണ്‌. അല്ലയോ കൃഷ്ണാ, ഞങ്ങള്‍ പോകട്ടെ. ഭവാന്‍ ബുദ്ധിയും പുഷ്ടിയുമേറ്റാലും! നിനക്കു സമനായി, വിശിഷ്ടനായി പുത്രന്‍ ജനിക്കും. അവന്‍ മഹാപ്രഭാവനും മഹാകീര്‍ത്തിമാനും, പ്രഭുവുമായി ഭവിക്കും.

ഭീഷ്മൻ പറഞ്ഞു: പുരുഷോത്തമനും ദേവേശനുമായ യാദവനെ നമിച്ച്‌, പ്രദക്ഷിണം വെച്ച്‌ മഹര്‍ഷികള്‍ പോയി. ശ്രീമാനായ നാരായണന്‍, മഹാദീപ്തിയോടു കൂടിയ കൃഷ്ണ ന്‍, മുറപ്രകാരം ആ വ്രതം അവസാനിപ്പിച്ചു ദ്വാരകയിലേക്ക്‌ മടങ്ങി. പത്തുമാസം കഴിഞ്ഞ്‌ കൃഷ്ണന് അത്ഭുതരൂപനായ പുത്രന്‍ രുക്മിണിയില്‍ ഉണ്ടായി. ശൂരനും സമ്മതനും വംശദനുമായി അവന്‍ വളര്‍ന്നു. അവന്‍ സര്‍വ്വജീവജാലങ്ങളുടെയും ഉള്ളില്‍ വസിക്കുന്ന കാമനാണ്‌. സുരന്മാരുടെയും അസുരന്മാരുടെയും ഉള്ളില്‍ എന്നും സഞ്ചരിക്കുന്നവനാണ്‌ അവന്‍. അല്ലയോ നരശാര്‍ദ്ദൂലാ! ചതുര്‍ഭുജനായ മുകില്‍വര്‍ണ്ണാ! പാണ്ഡവന്മാര്‍ക്ക്‌ ആശ്രിതനായി നിങ്ങള്‍ അവനെ അങ്ങോട്ടും ആശ്രയിച്ചു. കീര്‍ത്തിയും ലക്ഷ്മിയും ധൃതിയും സ്വര്‍ഗ്ഗത്തിന്റെ മാര്‍ഗ്ഗവും എവിടെയുണ്ടോ അവിടെ ത്രിവിക്രമനായ. ദേവനായ വിഷ്ണു ശോഭിക്കുന്നു. ഇന്ദ്രാദികളായ മുപ്പത്തിമൂന്ന്‌ ദേവകളും ഇവന്‍ തന്നെയാണ്‌. അതില്‍ സംശയമില്ല. ആദിദേവനും മഹാദേവനുമായ ഇവന്‍ എല്ലാ ലോകത്തിനും ആശ്രയമാകുന്നു. ആദ്യന്തഹീനനും അവ്യക്തനും മഹാത്മാവുമാണ്‌ മധുസൂദനന്‍. സുരകാര്യം നടത്തുവാനാണ്‌ ആ ദേവന്‍ അവതാരമെടുത്തത്‌. സുദുസ്തരമായ അര്‍ത്ഥതത്വത്തെ പറയുന്നവനും കര്‍ത്താവുമാണ്‌ മാധവന്‍. ഭവാന് എന്നും ജയവും അതുല്യമായ കീര്‍ത്തിയും വന്നുചേരട്ടെ! അങ്ങയ്ക്ക്‌ ഈ ഭൂമിദേവി നാരായണന്റെ അനുഗ്രഹത്താല്‍ അധീനമായിരിക്കുന്നു. അചിന്ത്യനായ നാരായണന്‍ അങ്ങയ്ക്ക്‌ ഗതിയും നാഥനുമാണ്‌. യുദ്ധമാകുന്ന അഗ്നിയില്‍ അദ്ധര്യുവായ ഭവാന്‍ മന്നവന്മാരെ ഹോമിച്ചു. കൃഷ്ണനായിരുന്നു അങ്ങയുടെ ആ യജ്ഞാഹുതിക്കുള്ള തവി. ആ ആഹുതിയേറ്റ്‌ അഗ്നി യുഗാന്തത്തിലെ അഗ്നിപോലെ കത്തിജജ്വലിച്ചു. പുത്രന്മാരോടും ജ്ഞാതികളോടും ഭ്രാതാക്കളോടും കൂടിയ ദുര്യോധനന്‍ ശോച്യന്‍ തന്നെ. അജ്ഞനായ അവന്‍ കൃഷ്ണനോടും അര്‍ജ്ജുനനോടും പോരാടുവാന്‍ തുനിഞ്ഞില്ലേ? ഇതില്‍ പരം വിവരക്കേട്‌ എന്തുണ്ട്‌" ദൈതേയദാനവേന്ദ്രന്മാരെല്ലാം മഹാകായരും മഹാബലരുമാണ്‌. അവര്‍ കാട്ടുതീയില്‍ പാറ്റകളെന്ന പോലെ ചക്രമാകുന്ന അഗ്നിയില്‍ ചാമ്പലായി.

മനുഷ്യര്‍ക്ക്‌ പോരില്‍ എതിര്‍ക്കുവാന്‍ അത്ര എളുപ്പമല്ല. സത്വം, ശക്തി, ബലം എന്നിവ കുറഞ്ഞവര്‍ക്ക്‌ എങ്ങനെ എതിര്‍ക്കുവാന്‍ കഴിയും? യുഗാന്താഗ്നിക്കു തുല്യനും, യോഗിയും, ജയനും, സവ്യസാചിയും രണാഗ്ര്യനുമായ അര്‍ജജുനന്‍ അവന്റെ തേജസ്സു കൊണ്ട്‌ ദുര്യോധനന്റെ സൈനൃത്തെ ഒട്ടുമുക്കാലും കൊന്നുകളഞ്ഞു രാജാവേ! വൃഷാക്ഷനായ മഹേശ്വരന്‍ ഹിമവാന്റെ പൃഷ്ഠത്തില്‍ വെച്ച്‌ മഹര്‍ഷിമാരോടു പറഞ്ഞ പുരാണം ഞാന്‍ പറയാം. അത്‌ ഭവാന്‍ കേള്‍ക്കുക. അര്‍ജ്ജുനന്നുള്ള പുഷ്ടി, തേജസ്സ്‌, ദീപ്തി, പരാക്രമം, പ്രഭാവം, വിനയം, ജന്മം എന്നീ ഗുണങ്ങള്‍ കൃഷ്ണനുള്ളതിന്റെ മൂന്നില്‍ ഒരംശം മാത്രമേയുള്ളു. മറിച്ച്‌ ആക്കിത്തീര്‍ക്കുവാന്‍ ഒരാള്‍ക്കും സാധിക്കുന്നതല്ല. അത്‌ ഉള്ള വിധം ഭവാന്‍ കേള്‍ക്കുക!

ഭഗവാന്‍ കൃഷ്ണന്‍ എവിടെയുണ്ടോ, അവിടെ വലിയ പുഷ്ടിയുമുണ്ടാകും. ഈ ഞങ്ങള്‍ അല്പബുദ്ധികളാണ്‌. സ്വതന്ത്രരാണ്‌, സുവിക്ലബരാണ്‌. അറിഞ്ഞും കൊണ്ട്‌ അവ്യയമായ മൃത്യുവിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ചാടിയതാണ്‌. അന്യന്റെ വാക്കുകേട്ട്‌ ചാടിയ നിര്‍ഭാഗ്യവാന്മാരാണ്‌. ഭവാന്‍ ആര്‍ജ്ജവമുള്ളവനും മുമ്പേതന്നെ പ്രതിജ്ഞ ചെയ്തവനും രാജ്യഭാരം ഏറ്റെടുക്കാത്തവനും പ്രതിജ്ഞ നിറവേറ്റുവാന്‍ ഉദൃമിച്ചവനുമാണ്‌. ലോകത്തിലുണ്ടായ ആ നാശത്തിന് ഉത്തരവാദിയാണ്‌ താനെന്ന്‌ നീ വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അതു ശരിയല്ല. ഭീമനും അര്‍ജ്ജുനനും മറ്റുള്ളവരും ഭവാനും ചെയ്ത ശപഥം നിറവേറ്റാതെ വിടുന്നതു ശരിയാണോ? ധര്‍മ്മമാണോ? ചിന്തിച്ചുനോക്കു! പടത്തലയ്ക്കല്‍ വെച്ച്‌ കാലത്താല്‍ ഈ ജനങ്ങളൊക്കെ ഹതരായി. കാലത്താലാണല്ലോ നാമെല്ലാം ഹൃരതരായത്‌. കാലമെന്നത്‌ എന്താണെന്നറിയാമോ? കാലം  പരമശിവന്‍ തന്നേയാണ്‌, ഈശ്വരന്‍ തന്നെയാണ്‌. കാലജ്ഞനും കാല സംസ്പൃഷ്ടനുമായ ഭവാന്‍ എന്തിന് ദുഃഖിക്കുന്നു? കാലത്താല്‍ പ്രവര്‍ത്തിക്കപ്പെടുന്നതിനെപ്പറ്റി ദുഃഖിക്കുന്നത്‌ ബുദ്ധിപൂര്‍വ്വകമല്ല. കാലം കൃഷ്ണന്‍ തന്നെയാണെന്നു ധരിക്കുക. കൃഷ്ണന്‍ എന്നാല്‍ ഹരി തന്നെയാണ്‌. ആ ചോരക്കണ്ണനും ദണ്ഡധരനുമായ കാലം തന്നെയാണ്‌ ഹരി എന്നു പറയുന്നവന്‍. അതുകൊണ്ട്‌ മരിച്ചുപോയ ജ്ഞാതികളെപ്പറ്റി ദുഃഖിക്കാതിരിക്കൂ! നിത്യവും ദുഃഖം വെടിഞ്ഞ്‌ അല്ലയോ കുരുനന്ദനാ! സമാധാനത്തോടെ വാഴുക.

ഞാന്‍ പറഞ്ഞ മാധവന്റെ മാഹാത്മ്യം ഭവാന്‍ കേട്ടുവല്ലോ. അതുമാത്രം മതി സജ്ജനങ്ങള്‍ക്കു നിദര്‍ശനം. വ്യാസന്‍ പറഞ്ഞതും നാരദന്‍ പറഞ്ഞതും ഏറ്റവും അര്‍ഹനായ കൃഷ്ണന്‍ പറഞ്ഞതും നീ കേട്ടില്ലേ രാജാവേ! ഞാന്‍ മുനി വര്‍ഗ്ഗങ്ങളുടെ പ്രഭാവം പറഞ്ഞതും കേട്ടുവല്ലോ? മഹേശ്വരന്‍ ഗൗരിയോടു പറഞ്ഞ സംവാദവും കേട്ടുവല്ലോ. ഇത്‌ ആരു ധരിക്കുന്നുവോ, ആരു ചൊല്ലുന്നുവോ, അവന്‍ ശ്രേയസ്സു നേടുന്നതാണ്‌. അവനോടു ചേര്‍ന്ന്‌ കാമങ്ങളെല്ലാം വന്നു ചേരുകയും ചെയ്യും. പരലോകത്ത്‌ അവന്‍ സ്വര്‍ഗ്ഗത്തിലെത്തുകയും ചെയ്യും. അതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ശ്രേയസ്സ് അര്‍ത്ഥിക്കുന്നവര്‍ ഭജിക്കേണ്ടതാണ്‌ ജനാര്‍ദ്ദനനെ. രാജാവേ, വിപ്രര്‍ വാഴ്ത്തുന്ന അക്ഷയനാണ്‌ ജനാര്‍ദ്ദനന്‍. മഹേശ്വ രന്‍ ജനാര്‍ദ്ദനനെപ്പറ്റി പറഞ്ഞ ധര്‍മ്മഗുണങ്ങളെ നീ എപ്പോഴും മനസ്സില്‍ ധരിക്കണം കുരുരാജാവേ!

ഭവാന്‍ ഇപ്രകാരം പ്രവര്‍ത്തിച്ച്‌ നല്ലപോലെ ദണ്ഡം ധരിച്ച്‌ പ്രജകളെ രക്ഷിക്കുക. അങ്ങനെ ചെയ്താല്‍ നിനക്കു സ്വര്‍ഗ്ഗം ലഭിക്കുന്നതാണ്‌. രാജാവേ! നീ പ്രജകളെ ധര്‍മ്മത്തോടെ സംരക്ഷിക്കുക. അങ്ങനെ പ്രജകളെ രക്ഷിക്കുന്ന രാജാവിന് ദണ്ഡം ഉചിതമാണെന്നും ധര്‍മ്മമാണെന്നും പറ യപ്പെടുന്നു.

രാജാവേ, ഞാന്‍ സജ്ജനങ്ങളുടെ മുമ്പില്‍ വെച്ച്‌ ഉമയും മഹേശ്വരനും തമ്മില്‍ നടന്ന സംവാദം പറയുകയുണ്ടായല്ലോ. ആ ധര്‍മ്മസംഹിത കേട്ടും കേള്‍ക്കുവാന്‍ ഇച്ഛിച്ചും വൃഷാങ്കനെ പൂജിക്കുക. അതാണ്‌ വിശുദ്ധാത്മാവും ആത്മൈശ്വര്യം നിനയ്ക്കുന്നവനുമായ പുരുഷന്‍ ചെയ്യേണ്ടത്‌. യാതൊരു കുറ്റവുമില്ലാത്ത മഹാത്മാവായ ശ്രീ നാരദര്‍ഷിയുടെ സന്ദേശം ദേവപൂജയ്ക്കു വേണ്ടി ഭവാന്‍ അനുഷ്ഠിക്കുക. പാണ്ഡവാ!

ഇത് അത്ഭുതപൂര്‍ണ്ണവും പുണ്യവുമായ ഹിമാദ്രിയിലെ ചരിത്രവുമാണ്‌ പ്രഭോ! വാസുദേവന്റെയും ശിവന്റെയും ശരിയായ സ്വഭാവജമായ ചരിത്രമാണ്‌. പതിനായിരം വര്‍ഷം കൃഷ്ണന്‍ ഗാണ്ഡീവിയോടു കൂടി ബദര്യാശ്രമത്തില്‍ പണ്ടു തപസ്സു ചെയ്തു (നരനാരായണന്മാര്‍). അവരുടെ ആ തപസ്സ്‌ കുറച്ചു വര്‍ഷമല്ല, മൂന്നു യുഗങ്ങളാണ്‌ ആ തപസ്സു ചെയ്ത കാലം. ആ അംബുജാക്ഷന്മാരെപ്പറ്റി വ്യാസന്‍ പറഞ്ഞിട്ടും നാരദന്‍ പറഞ്ഞിട്ടും ഞാന്‍ അറിയുന്നുണ്ട്‌ രാജാവേ!

ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ മഹാബാഹുവായ കൃഷ്ണന്‍ ജ്ഞാനികളെ രക്ഷിക്കുവാന്‍ വേണ്ടി കംസനെ നിഗ്രഹിച്ചു. അവന്റെ കര്‍മ്മങ്ങള്‍ക്ക്‌ ഒരന്തവും ഞാന്‍ കാണുന്നില്ല രാജാവേ! ശാശ്വതനും ശ്രീ പുരാണ പുരുഷനുമായവന്റെ ചരിത്രം ആര്‍ക്കു പറയുവാന്‍ കെല്പുണ്ട്‌ യുധിഷ്ഠിരാ!

ഉണ്ണീ, മകനേ, യുധിഷ്ഠിരാ! നിനക്കു തീര്‍ച്ചയായും ശ്രേയസ്സുണ്ടാകും. എന്തുകൊണ്ടെന്നാല്‍ പുരുഷവ്യാഘ്രനായ ജനാര്‍ദ്ദനന്‍ നിന്റെ സഖിയാണല്ലോ! പരത്തിലും ദുര്‍ഗതി നേടിയ ദുര്യോധനനെപ്പറ്റി ചിന്തിച്ചു ഞാന്‍ ദുഃഖിക്കുന്നു. അവന്‍ ഒരാള്‍ കാരണമായി ആനകളും കുതിരകളും നിറഞ്ഞ ഭൂമി മുഴുവന്‍, സര്‍വ്വവും നശിച്ച്‌ ചത്തു കെട്ടുപോയില്ലേ! ദുര്യോധനന്റെ കുറ്റം കൊണ്ടും കര്‍ണ്ണന്റെയും ശകുനിയുടെയും നാലാമനായ ദുശ്ലാസനന്റെയും (ഈ നാലു പേരും ദുരാലോചനമൂലം) കുറ്റം കൊണ്ട്‌ കൌരവന്മാരെല്ലാം ഒടുങ്ങിപ്പോയി!

വൈശമ്പായനന്‍ പറഞ്ഞു: പുരുഷര്‍ഷഭനായ ഗംഗാപുത്രന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ മഹാത്മാക്കളുടെ നടുവില്‍ കൗരവനായ ധര്‍മ്മപുത്രന്‍ ഒന്നും മിണ്ടാതെ ഇരുന്നു. ഭീഷ്മന്റെ വാക്കു കേട്ട്‌ ധൃതരാഷ്ട്രന്‍ തുടങ്ങിയ രാജാക്കന്മാര്‍ അത്ഭുതപ്പെട്ടു. മനസ്സുകൊണ്ട്‌ കൃഷ്ണനെ പൂജിച്ചു. അപ്പോള്‍ നാരദന്‍ തുടങ്ങിയ എല്ലാ മുനിമാരും ആ വാക്കു കേട്ട്‌ "നന്ന്‌ നന്ന്‌" എന്നു വാഴ്ത്തിപ്പറഞ്ഞ്‌ ഭീഷ്മനെ പൂജിച്ചു.

ഇതെല്ലാം യുധിഷ്ഠിരന്‍ അനുജന്മാരോടു കൂടിയിരുന്നു കേട്ടു. പുണ്യവും ആശ്ചര്യവുമായ ഭീഷ്മന്റെ അനുശാസനം പാണ്ഡവന്മാര്‍ കേട്ടു. ഭൂരിദക്ഷിണനായ ഭീഷ്മൻ കുറച്ചു സമയം വിശ്രമിച്ചതിന് ശേഷം, അദ്ദേഹത്തോട് മഹാബുദ്ധിമാനായ രാജാവ്‌ വീണ്ടും ചോദിച്ചു.

149. വിഷ്ണുസഹ്രസനാമം - ഭീഷ്മൻ വിഷ്ണുവിന്റെ ആയിരം നാമങ്ങള്‍ വിവരിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: പരിപാവനമായ ധര്‍മ്മങ്ങളെല്ലാം കേട്ട യുധിഷ്ഠിരന്‍ വീണ്ടും ഭീഷ്മനോടു ചോദിച്ചു: ലോകത്ത്‌ ഏകദൈവം എന്താണ്‌? ഏകാവലംബനം എന്താണ്‌? ആരെ സ്തുതിച്ച്‌ ആരെ അര്‍ച്ചിച്ചാല്‍, മനുഷ്യന്‍ സുഖം നേടും? എല്ലാ ധര്‍മ്മത്തിലും ശ്രേഷ്ഠമായ ധര്‍മ്മം എന്താണെന്നാണ്‌ ഭവാന്റെ അഭിപ്രായം? എന്തു ജപിച്ചാലാണ്‌ ജീവിക്ക്‌ സംസാരബന്ധത്തില്‍ നിന്ന് മുക്തി ലഭിക്കുക?

ഭീഷ്മൻ പറഞ്ഞു: ജഗത്തിന്റെ ഈശ്വരനും ദേവന്മാരുടെ ദേവനുമായ പുരുഷോത്തമനെ ആയിരം നാമത്താല്‍ വാഴ്ത്തുന്ന പുരുഷന്‍ സംസാരം വിട്ടു കയറുന്നതാണ്‌. പുരുഷനും അവ്യയനുമായ അവനെ ഭക്തിയോടെ അർച്ചിച്ചാല്‍, ധ്യാനിച്ച്‌ സ്തുതിച്ചു കുമ്പിട്ട്‌, അവനെ യജിച്ചാല്‍, ലോകാദ്ധ്യക്ഷനും, അനാദ്യന്തനും സര്‍വ്വലോക മഹേശ്വരനുമായ ദേവനെ, വിഷ്ണുവിനെ, വാഴ്ത്തിയാല്‍ അവന്റെ എല്ലാ ദുഃഖങ്ങളും നീങ്ങുന്നതാണ്‌.

ബ്രഹ്മണ്യനും, സര്‍വ്വധര്‍മ്മജ്ഞനും, ലോകത്തില്‍ കീർത്തികരനും, ലോകനാഥനും, മഹല്‍ഭൂതനും, സര്‍വ്വഭൂതിക്കും കാരണനുമായവനെ സ്തുതിക്കുക! എല്ലാ ധര്‍മ്മത്തിലും മേലെയായ ധര്‍മ്മമാണ്‌ ഇതെന്നാണ്‌ എന്റെ അഭിപ്രായം. പുണ്ഡരീകാക്ഷനെ എപ്പോഴും ഭക്തിയോടെ നരന്‍ അര്‍ച്ചിക്കണം. ഏതവനാണോ മുഖ്യമായ വലിയ തേജസ്സ്‌, ഏതവനാണോ മുഖ്യമായ വലിയ തപസ്സ്‌, ഏതവനാണോ മുഖ്യമായ ബ്രഹ്മം, ഏതവനാണോ മുഖ്യമായ അവലംബനം, ഏതവനാണോ പവിത്രങ്ങളില്‍ വെച്ചു പവിത്രം, മംഗളങ്ങളില്‍ വെച്ചു മംഗളം, ദൈവതങ്ങളില്‍ വെച്ച്‌ ഏതവനാണോ ശ്രേഷ്ഠമായ ദൈവതം, ഭൂതങ്ങളില്‍ വെച്ച്‌ ഏതവനാണോ പിതാവ്‌, യുഗത്തിന്റെ ആദിയില്‍ ആരില്‍ നിന്നാണോ ജഗത്ത്‌ ഉത്ഭവിച്ചത്‌, യുഗക്ഷയത്തില്‍ പിന്നീട്‌ ജഗത്ത്‌ ആരില്‍ച്ചെന്നു ലയിക്കുമോ, ലോകത്തില്‍ വെച്ച്‌ ഏറ്റവും പ്രധാനമായ ആ ജഗന്നാഥന്റെ, വിഷ്ണുവിന്റെ സഹസ്രനാമം പാപഹരവും ഭയാപഹവുമാണ്‌ രാജാവേ! ആ മഹാത്മാവിന്റെ ഗൗണങ്ങളായ നാമങ്ങള്‍ പ്രസിദ്ധി പ്രാപിച്ചവയാണ്‌. ഋഷിമാര്‍ പാടുന്ന ആ നാമങ്ങള്‍ ഞാന്‍ ഭൂതിക്കു വേണ്ടി പറയുന്നു.

വിഷ്ണുസഹ്രസനാമം

Links

ശ്രീ വിഷ്ണുസഹസ്രനാമ സ്തോത്രം

https://ellamsariyakum.blogspot.com/2018/08/blog-post.html

വിഷ്ണുസഹസ്രനാമപഠനം

https://ellamsariyakum.blogspot.com/2018/02/blog-post_98.html

ഇപ്രകാരം വാഴ്ത്തേണ്ടുന്ന മഹാത്മാവായ കേശവന്റെ ദിവൃമായ ആയിരം നാമങ്ങളും ഞാന്‍ പറഞ്ഞു. ഇത്‌ എല്ലാ ദിവസവും കേള്‍ക്കുന്നവനും ചൊല്ലുന്നവനും ഒട്ടും അശുഭം ഏല്ക്കുന്നതല്ല. ഇഹലോകത്തിലും പരലോകത്തിലും അവന്‍ സുഖിക്കുകയും ചെയ്യും. ബ്രാഹ്മണന്‍ വേദാന്തിയാകും. ക്ഷത്രിയന്‍ വിജയിയാകും. വൈശ്യന്‌ ധനം വര്‍ദ്ധിക്കും. ശൂദ്രന്‍ സുഖിക്കും. ധര്‍മ്മാര്‍ത്ഥി ധര്‍മ്മം നേടും. അര്‍ത്ഥാര്‍ത്ഥിക്ക്‌ അര്‍ത്ഥം ലഭിക്കും. കാമി കാമങ്ങള്‍ ഏല്ക്കും. _പ്രജാര്‍ത്ഥിക്ക്‌ പ്രജയുണ്ടാകും. ഭക്തിയോടെ എന്നും എഴുന്നേറ്റ്‌ ശുചിയായി കേശവനില്‍ മനസ്സു വെച്ച്‌ വാസുദേവന്റെ ഈ നാമസഹസ്രം ജപിക്കുന്നതാണെങ്കില്‍ വലിയ കീര്‍ത്തി ലഭിക്കുന്നതാണ്‌. ജ്ഞാതിമാരില്‍ പ്രധാനിയായിത്തീരും. ഇളകാത്ത ശ്രീയും ഉണ്ടാകും. വലിയ ശ്രേയസ്സും ഉണ്ടാകും. ഒരിടത്തും ഭയം പറ്റുന്നതല്ല. വീര്യവും തേജസ്സും വര്‍ദ്ധിക്കും. രോഗമില്ലാത്തവനാകും. ശോഭ വര്‍ദ്ധിക്കും. ബലവും സൗന്ദര്യവും ഉള്ളവനാകും. രോഗാര്‍ത്തനായവന് രോഗങ്ങളൊക്കെ ഒഴിയും. ബദ്ധന്‌ ബന്ധങ്ങളൊക്കെ ഒഴിഞ്ഞു പോകും. ഭയാര്‍ത്തന് ഭയമെല്ലാം നീങ്ങും. ആപന്നന്ന്‌ ആപത്തു നീങ്ങും, ദുര്‍ഗ്ഗങ്ങള്‍ കയറിക്കടക്കും. ഇതൊക്കെ പുരുഷോത്തമനെ, നിത്യവും ഭക്തിയോടെ, സഹസ്രനാമം ജപിക്കുന്നവന് ലഭിക്കുന്നതാണ്‌.

വാസുദേവനെ ആശ്രയിക്കുന്നവനും, വാസുദേവഭക്തനുമായ മര്‍ത്ത്യന്‍ സര്‍വ്വപാപത്തില്‍ നിന്ന് വിട്ട്‌ വിശുദ്ധാത്മാവായി നിത്യബ്രഹ്മത്തെ പ്രാപിക്കുന്നതാണ്‌. വാസുദേവ ഭക്തന്മാര്‍ക്ക്‌ ഒരിക്കലും അശുഭം സംഭവിക്കുന്നതല്ല. ജന്മം, മൃത്യു, ജരാ, വ്യാധി, ഭയം ഇവയൊന്നും വന്നുചേരുകയില്ല.

ഭക്തിയോടും ശ്രദ്ധയോടുംകൂടി ഈ സ്തവം ജപിക്കുന്നവന്‍ ആത്മസുഖവും ക്ഷാന്തിയും നേടും. ധൃതിയും ശ്രീയും സ്മൃതിയും കീര്‍ത്തിയും നേടുകയും ക്രോധം, മാത്സര്യം, ലോഭം, പാപബുദ്ധി ഇവയൊന്നും കൂടാതെയിരിക്കുകയും ചെയ്യും. ഇതൊക്കെയാണ്‌ പുണ്യവാനായ വിഷ്ണുഭക്തന് ലഭിക്കുക.

ചന്ദ്രനോടും നക്ഷത്രങ്ങളോടും കൂടിയ ആകാശവും ഭൂമിയും സമുദ്രവും എല്ലാ ലോകവും വാസുദേവന്റെ വീര്യത്താല്‍ സ്ഥിതി ചെയ്യുന്നു. ദേവന്മാരും, ദാനവന്മാരും, ഗന്ധര്‍ വ്വന്മാരും, യക്ഷരാക്ഷസന്മാരും, ഉരഗങ്ങളും ചേര്‍ന്ന ചരാചരജഗത്ത്‌ എല്ലാം കൃഷ്ണന്റെ അധീനത്തില്‍ നിൽക്കുന്നു. ഇന്ദ്രിയങ്ങള്‍, മനസ്സ്‌, ബുദ്ധി, സത്വം, തേജോബലം, ധൈര്യം എല്ലാം വാസുദേവാത്മജമാണ്‌. ക്ഷേത്രവും, ക്ഷേത്രജ്ഞനും അവന്‍ തന്നെയാണ്‌.

എല്ലാ ആഗമങ്ങള്‍ക്കും ആചാരമായി മുമ്പേ തന്നെ കല്പിച്ചിട്ടുള്ളതും, ആദ്യാചാരമായ ധര്‍മ്മവും, ധര്‍മ്മത്തിന്റെ പ്രഭുവായ അച്യുതനാകുന്നു. പിതൃക്കളും, ദേവര്‍ഷികളും, മഹാഭൂതങ്ങളും, ധാതുക്കളുമെല്ലാം നാരായണോത്ഭവമാണ്‌. ഈ അഖില ചരാചരലോകവും നാരായണനില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌.

യോഗം ജ്ഞാനം സാംഖ്യം ശില്പാദികളായ തൊഴിലും കലാവിദ്യകളും വേദശാസ്ത്രങ്ങളും വിജ്ഞാനങ്ങളും എല്ലാം ജനാര്‍ദ്ദനനാണ്‌. നാനാഭൂതഗണങ്ങളെ ഭൂതാത്മാവ്‌, ഈ മൂന്നുലകിലും നിറഞ്ഞ്‌ അവ്യയനായ ഭഗവാന്‍ ഏല്ക്കുന്നു.

ഭഗവാനായ വിഷ്ണുവിന്റെ ഈ സ്തവം വ്യാസനാല്‍ കീര്‍ത്തിക്കപ്പെട്ടതാണ്‌. ശ്രേയസ്സും സുഖങ്ങളും ഇച്ഛിക്കുന്ന പുരുഷന്‍ അത്‌ പഠിക്കേണ്ടതാണ്‌. വിശ്വേശ്വരനും അജനും ജഗത് സൃഷ്ടി ക്ഷയേശ്വരനുമായ പുഷ്കരേക്ഷണനെ സേവിക്കുന്നവന്‍ ഒരു കാലത്തും പരാജിതനായി ഭവിക്കുന്നതല്ല.

150. സാവത്രീവ്രതോപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ സര്‍വ്വശാസ്ത്ര വിചക്ഷണ, മഹാപ്രാജ്ഞനായ പിതാമഹാ! എന്തു മന്ത്രം ജപിച്ചാലാണ്‌ നിതൃമായ മഹാബലം സിദ്ധിക്കുക? പോകുമ്പോഴും വരുമ്പോഴും ദൈവകര്‍മ്മക്രിയയ്ക്കും ശ്രാദ്ധകാലത്തിലും കര്‍മ്മസാധനമായ മന്ത്രമേതാണ്‌? ശാന്തികരവും പുഷ്ടികരവും, ശത്രുഘ്നവും ഭയനാശവുമായി രക്ഷ നല്കുന്ന ബ്രഹ്മകല്പമായ മന്ത്രം എന്താണെന്ന്‌ ഭവാന്‍ പറഞ്ഞാലും!

ഭീഷ്മന്‍ പറഞ്ഞു: വ്യാസന്‍ പറഞ്ഞ ഈ മന്ത്രം രാജാവേ, മനസ്സിരുത്തി കേള്‍ക്കുക. അത്‌ സാവിത്രി നിര്‍മ്മിച്ചതും ഉടനെ പാപത്തെ നശിപ്പിക്കുന്നതുമാണ്‌. അല്ലയോ അനഘാശയാ! ആ മന്ത്രമുറ ഭവാന്‍ കേള്‍ക്കുക! ഞാന്‍ പറയാം. അതു കേട്ടാല്‍ അല്ലയോ അനഘാശയാ! സകലപാപങ്ങളും ഒഴിഞ്ഞു പോകുന്നതാണ്‌. അല്ലയോ ധര്‍മ്മജ്ഞാ, രാവും പകലും അതു ജപിച്ചാല്‍ പാപം നശിക്കുന്നതാണ്‌. ആ മന്ത്രം ഞാന്‍ നിനക്കു പറഞ്ഞു തരാം. മനസ്സു വെച്ച്‌ കേള്‍ക്കുക. അതു കേട്ടാല്‍ ആയുഷ്മാനാകും പാണ്ഡവാഗ്രജാ! സിദ്ധാര്‍ത്ഥനായി ഈ ലോകത്തിലും പരലോകത്തിലും മോദിക്കുന്നതാണ്‌. രാജാവേ, അതു പണ്ട്‌ രാജശ്രേഷ്ഠന്മാര്‍ സേവിച്ചിട്ടുള്ളതാണ്‌. നിത്യവും ക്ഷത്രധര്‍മ്മസ്ഥരും സത്യധര്‍മ്മ പരായണന്മാരും അവ്യഗ്രമായി പ്രതിദിനം ആഹ്നികം നിയതരായി ചെയ്യുന്ന രാജാക്കന്മാരും അല്ലയോ ഭരതശാര്‍ദ്ദൂലാ! മുഖ്യമായ ഗതി നേടുന്നതാണ്‌.

മഹാവ്രതനായ വസിഷ്ഠനെ ഞാന്‍ നമസ്കരിക്കുന്നു. വേദത്തിന്റെ കാതലായ പരാശരനെ ഞാന്‍ നമസ്കരിക്കുന്നു. മഹോരഗനായ അനന്തനെ ഞാന്‍ നമസ്കരിക്കു ന്നു. നാശമില്ലാത്തവരായ സിദ്ധന്മാരെയും ഞാന്‍ നമസ്‌കരിക്കുന്നു. പരന്മാരായ പരമര്‍ഷികള്‍ക്കും ദേവാദിദേവനായ വരദനും സഹസ്രശീര്‍ഷനായ ശിവനും സഹസ്രനാമനായ ജനാര്‍ദ്ദനനും എന്നും നമസ്കാരം.

അജൈകപാത്ത്‌, അഹിര്‍ബുദ്ധ്ന്യന്‍, അപരാജിതനായ പിനാകി, ഋതന്‍, പിതൃരൂപന്‍, ത്രൃംബകന്‍, മഹേശ്വരന്‍, വൃഷാകപി, ശംഭു, ഹവനന്‍, ഈശ്വരന്‍ ഈ പതിനൊന്നു രുദ്രന്മാര്‍ മൂന്നു ലോകത്തിനും ഈശന്മാരും വിശ്രുതന്മാരുമാണ്‌. മഹാത്മാക്കളും ശതം ശതരുദ്രം എന്ന്‌ പ്രസിദ്ധരുമാണ്‌. അംശന്‍, ഭഗന്‍, മിത്രന്‍, ജലേശ്വരനായ വരുണന്‍, ധാതാവ്‌, അര്യമാവ്‌, ജയന്തന്‍, ഭാസ്‌കരന്‍, ത്വഷ്ടാവ്‌, പൂഷാവ്‌, ഇന്ദ്രന്‍, ദ്വാദശനായ വിഷ്ണു ഇങ്ങനെ പന്ത്രണ്ട്‌ ആദിത്യന്മാരാണ്‌ ഇവര്‍. ഇവര്‍ കാശ്യപേയന്മാരാണ്‌ എന്നാണ്‌ ശ്രുതി, ധരന്‍, ധ്രുവന്‍, സോമന്‍, സാവിത്രന്‍, അനിലന്‍, അനലന്‍, പ്രത്യുഷന്‍, പ്രഭാസന്‍ എന്നീ എട്ടുപേര്‍ വസുക്കളാണ്‌. രണ്ടുപേര്‍ അശ്വനീദേവകളാണ്‌. നാസത്യനും, ദസ്രനുമാണ്‌ അവര്‍. മാര്‍ത്താന്ധന് സംജ്ഞ എന്ന ഭാര്യയില്‍ നിന്ന്‌ ഉണ്ടായവരാണ്‌ അവര്‍ രണ്ടു പേരും. മൂക്കില്‍ കൂടെയാണ്‌ അവര്‍ ജനിച്ചത്‌. ഇനി ലോകങ്ങളുടെ കര്‍മ്മസാക്ഷിമാരെപ്പറ്റി പറയാം. അവര്‍ എല്ലാ യജ്ഞത്തെയും എല്ലാ ദാനത്തെയും എല്ലാ കര്‍മ്മത്തെയും പ്രത്യക്ഷമായും പരോക്ഷമായും അറിയുന്നവരാണ്‌. ഭൂതങ്ങള്‍ക്കൊന്നിനും അവര്‍ ദൃഷ്ടിക്കു വിഷയമാകുന്നില്ല. ത്രിദശേശ്വരന്മാര്‍ മാത്രമേ അവരെ കാണുന്നുള്ളു. അവര്‍ മൃത്യുവും കാലനുമാകുന്നു. ഏല്ലാ ശുഭാശുഭങ്ങളും അവര്‍ ദര്‍ശിക്കുന്നു. വിശ്വേദേവന്മാര്‍, പിതൃക്കള്‍, മൂര്‍ത്തിമാന്മാരായ തപോധനന്മാര്‍, സിദ്ധന്മാര്‍ തപോമോക്ഷപരായണന്മാര്‍, ഇവര്‍ ഭൂതങ്ങളുടെ പേര്‌ സസന്തോഷം ഉച്ചരിക്കുന്നവര്‍ക്ക്‌ ശുഭം നല്കും. ദിവ്യമായ തേജസ്സ് കൊണ്ട്‌ ബ്രഹ്മകൃതമായ ലോകങ്ങള്‍ വാഴുന്നവരും, സര്‍വ്വലോകങ്ങളില്‍ സര്‍വ്വവകര്‍മ്മ പ്രായരായവരും പ്രാണങ്ങള്‍ക്കുള്ള ഈശരായവരുമായ ഇവരെ കീര്‍ത്തിക്കുന്ന പ്രയതനായ നരന്‍ നിത്യവും വളരെ ധര്‍മ്മാര്‍ത്ഥ കാമങ്ങളോടു ചേര്‍ന്നവനായി ഭവിക്കും. അവന്‍ വിശ്വേശ്വരന്‍ തീര്‍ത്ത സകല പുണ്യലോകങ്ങളും നേടുന്നതാണ്‌. മുപ്പത്തിമൂന്നു ദേവന്മാരും സര്‍വ്വഭൂതേശ്വരന്മാരാണ്‌.

നന്ദികേശ്വരന്‍, മഹാകാളന്‍, ഗ്രാമണി, വൃഷഭധ്വജന്‍, എല്ലാ ലോകത്തിനും ഈശ്വരന്മാരായ ഗണേശ്വരനും വിനായകനും എല്ലാ സൌമ്യരുദ്രഗണങ്ങളും യോഗഭൂതഗണങ്ങളും വ്യോമവും ജ്യോതിസ്സും സരിത്തുക്കളും പതഗേശ്വരനായ സുപര്‍ണ്ണനും, ഭൂമിയില്‍ തപസ്സിദ്ധരായ ചരന്മാരും സ്ഥിരന്മാരും ഹിമവാനും എല്ലാ ശൈലങ്ങളും നാലു സമുദ്രങ്ങളും ഭവനെ അനുചരിക്കുന്നവരായ എല്ലാവരും ഹരതുല്യപരാക്രമന്മാരാണ്‌. വിഷ്ണുദേവനും ജിഷ്ണുവും അംബികയോടു കൂടിയ സ്കന്ദനും, ഇപ്പറഞ്ഞവരെയെല്ലാം ജപിച്ചാല്‍ സകല പാപവും ഒഴിയുന്നതാണ്‌.

ഇനി വാനവര്‍ഷി വരിഷ്ഠന്മാരെപ്പറ്റി പറയാം. യവ്രക്രീതന്‍, രൈഭ്യന്‍, അർവ്വാവസു, പരാവസു, കക്ഷീവാന്‍, ഔശിജന്‍, ബലന്‍, അംഗിരസ്സ് ഋഷിയും മേധാതിഥി സുതനുമായ കണ്വന്‍, ബര്‍ഹിഷത്തുകള്‍, ബ്രഹ്മതേജോമയരും ലോകഭാവനരും പ്രകീര്‍ത്തിതന്മാരുമായ ഇവരെല്ലാം രുദ്രാനല വസുക്കള്‍ക്കു തുല്യം ശോഭിക്കുന്നവരാണ്‌. എല്ലാവരും ശുഭമേല്ക്കുന്നു. മന്നില്‍ പുണ്യം ചെയ്തു വിണ്ണില്‍ വിണ്ണവരോടു കൂടി സുഖിക്കുകയാണ്‌. ഇവര്‍ ഏഴുപേരും ഇന്ദ്രന്റെ ഗുരുക്കളാണ്‌. കിഴക്കന്‍ ദിക്കില്‍ വാഴുന്നവരുമാണ്‌. ഇവരെ ശുചിയായി ജപിക്കുകയാണെങ്കില്‍ അവര്‍ ശക്രലോകത്ത്‌ പൂജ്യന്മാരായി ഭവിക്കുന്നതാണ്‌.

ഉന്മുചു, പ്രമുചു, സ്വസ്ത്യാത്രേയന്‍, വീര്യവാനും ദൃഢാവ്യനും ഊര്‍ദ്ധ്വബാഹുവുമായ തൃണസോമന്‍, അംഗിരസ്സ്‌, മൈത്രാവരുണി, പ്രതാപവാനായ അഗസ്ത്യന്‍ ഇവര്‍ ഏഴു പേരും ധര്‍മ്മരാജാവിന്റെ ഋത്വിക്കുകളാണ്‌. ഇവര്‍ വാനില്‍ തെക്കുഭാഗത്താണു വാഴുന്നത്‌.

കീര്‍ത്തിമാനായ പരിവ്യാധന്‍, ഏകതന്‍, ദ്വിതന്‍, ത്രിതന്‍, ആദിത്യസന്നിഭനും ധര്‍മ്മാത്മാവുമായ അത്രിപുത്രന്‍, സാരസ്വതമഹര്‍ഷി ഇവര്‍ വരുണന്റെ ഋത്വിക്കുകളാണ്‌. ഇവര്‍ ഏഴുപേര്‍ വാനില്‍ പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്നു.

വസിഷ്ഠന്‍ പറഞ്ഞു: അത്രി, കാശ്യപമഹര്‍ഷി, ഗൗതമന്‍, ഭരദ്വാജന്‍, വിശ്വാമിത്രന്‍ എന്ന കാശികന്‍, ഋചീകപുത്രനും അത്യുഗ്രനുമായ ജമദഗ്നി ഇവര്‍ പ്രതാപവാനായ ധനേശ്വരന്റെ ഗുരുക്കന്മാരാണ്‌. ഇവര്‍ ഏഴുപേരും വിണ്ണില്‍ വടക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്നവരാണ്‌. വേറെ എല്ലാദിക്കി ലും സ്ഥിതിചെയ്യുന്ന സപ്തര്‍ഷികളുണ്ട്‌. അവര്‍ കീര്‍ത്തിയും സ്വസ്തിയും വാഴ്ത്തി മര്‍ത്ത്യര്‍ക്ക്‌ നല്കുന്നവരും വിശ്വത്തെ മുഴുവന്‍ ശുദ്ധീകരിക്കുന്നവരുമാണ്‌.

ധര്‍മ്മന്‍, കാമന്‍, കാലന്‍, വസു, വാസുകി, അനന്തന്‍, കപിലന്‍, ഇവര്‍ ഏഴുപേരും ഊഴി താങ്ങുന്നവരാണ്‌. രാമന്‍, വ്യാസന്‍, ദ്രൗണി എന്ന അശ്വത്ഥാമാവ്‌, ലോമശന്‍ ഇവര്‍ ഒരിനത്തില്‍പ്പെട്ടവരാണ്‌. ഇങ്ങനെ ഏഴു വകുപ്പുകളിലായി ഏഴേഴു പേര്‍ ചേര്‍ന്നതാണ്‌. ശാന്തിയും സ്വസ്തിയും ദാനം ചെയ്യുന്നവരും കീര്‍ത്തിമാന്മാരുമാണ്‌ ദിക്പാലന്മാര്‍. ഇവര്‍ വാഴുന്ന ദിക്കുകളിലേക്ക്‌ തിരിഞ്ഞു നിന്ന്‌ കൈകൂപ്പേണ്ടതാണ്‌. ഈ ഋഷികള്‍ എല്ലാ ദുരിതങ്ങളെയും സൃഷ്ടിക്കുന്നവരും എല്ലാം ശുദ്ധമാക്കുന്നവരുമാണെന്ന്‌ അറിയപ്പെടുന്നു. സംവര്‍ത്തന്‍, മേരുസാവര്‍ണ്ണന്‍, മാര്‍ക്കണ്ഡേയന്‍, സുധാര്‍മ്മികന്‍, നാരദന്‍, സാംഖ്യയോഗന്മാര്‍, ദൂര്‍വ്വാസാവു മഹര്‍ഷി ഇവരെല്ലാം ഏറ്റവും ദാന്തരും മൂന്നു ലോകത്തിലും പേര്‍ പുകഴ്ന്നവരുമാണ്‌.

ബ്രഹ്മലോകരും രുദ്രാഭരുമായ ആ ദേവന്മാരെ വാഴ്ത്തിയാല്‍ അപുത്രന്‍ പുത്രനെ നേടും. ദരിദ്രന്‍ ധനം നേടും. ധര്‍മ്മാര്‍ത്ഥകാമങ്ങളിലും ആ നരന്‍ സിദ്ധി നേടുന്നതാണ്‌. ഭൂമിയുടെ മുഴുവന്‍ ചക്രവര്‍ത്തിയായ പൃഥുവിന്റെ നാമം സ്മരിക്കണം. പ്രജാപതിക്കു തുല്യനും രാജാക്കളില്‍ വെച്ച്‌ ശ്രേഷ്ഠനും വേനന്റെ പുത്രനുമാണ്‌ ആ രാജാവ്‌. ഭൂമി തന്നെ അദ്ദേഹത്തിന്റെ പരിലാളനമൂലം പുത്രിയായി ഭവിച്ചു. ആദിത്യവംശോത്ഭഭവനും ദേവന്ദ്രസമചിത്തനും മൂന്നു ലോകത്തിലും പേര്‍പുകഴ്ന്നവനും ഐളനുമായ പുരൂരവ രാജാവിനെ, ബുധന്റെ ഇഷ്ടപുത്രനെ, കീര്‍ത്തിക്കണം. മൂന്നു ലോകത്തിലും പ്രസിദ്ധനും വീരനുമായ ഭരതരാജാവിനെ പുകഴ്ത്തണം. കൃതയുഗത്തില്‍ ഗോമേധയജ്ഞം ചെയ്ത്‌ ദേവപ്രീതി വരുത്തിയ വീരനാണ്‌ അവന്‍. ദ്യുതിമാനായ രന്തിദേവന്‍ കീര്‍ത്തിക്കേണ്ടവനാണ്‌. വിശ്വജിത്ത്‌ എന്ന യാഗം ചെയ്തവനും ലക്ഷണ്യനുമായ ലോകപൂജ്യനെ കീര്‍ത്തിക്കണം. ദ്യുതിമാനായ ശ്വേതരാജര്‍ഷിയെയും കീര്‍ത്തിക്കണം. ആര്‍ക്കു വേണ്ടി അന്ധകനെ കൊന്നുവോ, ആരില്‍ സ്ഥാണു സന്തോഷിച്ചുവോ ആ ഭഗീരഥ നൃപര്‍ഷിയെ പ്രകീര്‍ത്തിക്കണം. അവന്‍ സാഗരപുത്രന്മാരെയെല്ലാം ഗംഗയില്‍ മുക്കി കരകയറ്റിയ വീരനാണ്‌. മഹാരൂപരും മഹാ ഓജസ്വികളും കീർത്തികരരുമായ ഈ അഗ്നിതുല്യന്മാരെ കീര്‍ത്തിക്കുക. കീര്‍ത്തനീയന്മാരായ ദേവന്മാരെയും മുനിമാരെയും ഭൂപന്മാരെയും ജഗത്തിന്റെ ഈശ്വരന്മാരെയും കീര്‍ത്തിക്കണം. സാംഖ്യം, യോഗം, പരമമായ ധര്‍മ്മം, ഹവ്യം, കവ്യം, എന്നിവയും സര്‍വ്വശ്രുതി പാരായണവും കീര്‍ത്തിതവുമായ പരബ്രഹ്മത്തെ ധ്യാനിക്കുക. എല്ലാ ജീവിക്കും മംഗളപ്രദവും പവിത്രവും ബഹുകീര്‍ത്തിതവും വ്യാധിപ്രശമനവും ശ്രേഷ്ഠവും എല്ലാ ക്രിയകള്‍ക്കും പുഷ്ടിപ്രദവുമാണ്‌ പുണ്യാത്മാക്കളെ ധ്യാനിക്കുക എന്നത്‌. കാലത്തും അന്തിക്കും ശുദ്ധിയോടെ ഭരതാ! ഇവരെ ധ്യാനിക്കുക. വിനായക ശ്രേഷ്ഠരായ ഇവര്‍, ക്ഷാന്തരും ജിത്തേന്ദ്രിയരുമാണ്‌. ഇവരെ ഭജിച്ചാല്‍ ഇവര്‍ രക്ഷിക്കുകയും ഏറ്റവും നന്മയായത്‌ ചെയ്യുകയും, പ്രശോഭിക്കുകയും, വീശുകയും, ചമയ്ക്കുകയും ചെയ്യും. ഇവരെ കീര്‍ത്തിച്ചാല്‍ ഇവര്‍ മനുഷ്യരുടെ സകല അശുഭങ്ങളെയും തീര്‍ക്കും. ഇവര്‍ മഹാത്മാക്കളും പാപപുണ്യങ്ങള്‍ക്കു സാക്ഷികളുമാണ്‌. കാലത്ത്‌ ഉണര്‍ന്നെഴുന്നേറ്റ്‌ ഇവരെ കീര്‍ത്തിക്കുന്നതായാല്‍ ശുഭം വന്നു ചേരും. അഗ്നിഭയം, ചോരഭയം, എന്നിവ ഏല്ക്കുന്നതല്ല. മാര്‍ഗ്ഗതടസ്സം വന്നു ചേരുകയുമില്ല. ഇവരെ കീര്‍ത്തിച്ചു സ്തുതിക്കുന്നവര്‍ക്ക്‌ എന്നും ദുഃസ്വപ്നം കാണുവാന്‍ ഇടയാവുകയില്ല. എല്ലാ പാപങ്ങളും വിട്ടു സ്വസ്തിയോടെ ഗൃഹത്തിലെത്തുന്നതാണ്‌. ദീക്ഷാകാലത്തിലൊക്കെ ഇവരുടെ ചരിത്രം നിയതനായ ദ്വിജന്‍ പാരായണം ചെയ്താല്‍ ആത്മനിരതനായി, ന്യായവാനായി, ക്ഷാന്തനായി, ദാന്തനായി, ഈര്‍ഷ്യ വിട്ടവനായി ഭവിക്കും. രോഗാര്‍ത്തനായാലും ആധിവ്യാധിയുള്ളവനായാലും അവന്റെ സകലപാപങ്ങളും അറ്റുപോകുന്നതാണ്‌. ഗൃഹത്തില്‍ വെച്ചാണ്‌ അവരുടെ ചരിത്രം പാരായണം ചെയ്യുന്നതെങ്കില്‍ കുലത്തിന് സ്വസ്തി വരുന്നതാണ്‌. വയലില്‍ വെച്ച്‌ അവരെ സ്തുതിച്ചാൽ കൃഷി പുഷ്ടിപ്പെടും. ഗ്രാമാന്തരത്തില്‍ വെച്ച്‌ ചൊല്ലിയാല്‍ വഴിയാത്ര ക്ഷേമമാകും. തനിക്കും തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ധനത്തിനും വിത്തുകള്‍ക്കും ഔഷധങ്ങള്‍ക്കും ഇത്‌ ഒരു രക്ഷയാണെന്ന്‌ അറിയണം. യുദ്ധകാലത്ത്‌ ഇവ പാരായണം ചെയ്യുന്ന ക്ഷത്രിയന്റെ ശത്രുക്കള്‍ നശിക്കുകയും തനിക്കു ക്ഷേമം ലഭിക്കുകയും ചെയ്യും. ദേവമിത്രങ്ങള്‍ തോറും ചൊല്ലുന്ന നരന്റെ കവ്യവും ഹവ്യവും, പിതൃക്കളും ദേവകളും ഭുജിക്കുന്നതാണ്‌. അവര്‍ക്കു വ്യാധിയും ആപത്തും, രാജാക്കന്മാരില്‍ നിന്നും തസ്കരന്മാരില്‍ നിന്നും യാതൊരു ഭയവും ബാധിക്കുന്നതല്ല. കഷ്ടതകള്‍ ലഘുവായിത്തീരുകയും പാപം വിട്ടൊഴിയുക യും ചെയ്യും.

കപ്പലിലും വണ്ടിയിലും മറ്റും യാത്രചെയ്യുമ്പോഴും രാജഗൃഹത്തില്‍ വസിക്കുമ്പോഴും യാത്രകളിലും മുഖ്യമായ സാവിത്രി ജപിക്കുന്നവന് പരമമായ സിദ്ധി ലഭിക്കുന്നതാണ്‌. അവര്‍ക്ക്‌ രാജഭയവും പിശാചഭീതിയും ഉണ്ടാകുന്നതല്ല. അവന് അഗ്നി, വായു, ജലം, വ്യാളം എന്നിവയില്‍ നിന്നുള്ള ഭയഭീതിയും ഏല്ക്കുന്നതല്ല. നാലു ജാതിക്കും അപ്രകാരം വിശേഷിച്ച്‌ ആശ്രമങ്ങള്‍ക്കും ദോഷം ബാധിക്കുന്നതല്ല. എന്നും ശാന്തി വരുത്തുകയും ചെയ്യും. ഇതാണ്‌ പ്രധാനപ്പെട്ട സാവിത്രീ മന്ത്രോച്ചാരണം കൊണ്ടു ലഭിക്കുക. അഗ്നി കൊണ്ടുള്ള ഭയം ഗൃഹത്തിന് ഉണ്ടാവുകയില്ല, ബാലമൃത്യു ഭവിക്കുന്നതല്ല. പാമ്പുകള്‍ വന്നു കയറുകയില്ല ദു:ഖം പറ്റുകയില്ല. പരമമായ ഗതി ലഭിക്കും. ഇതാണ്‌ സാവിത്രീ മന്ത്രം ജപിക്കുന്നത് കൊണ്ടുള്ള ഫലം. സാവിത്രീ ഗുണകീര്‍ത്തനം മഹാബ്രഹ്മമാണ്‌. ഗോക്കളുടെ മദ്ധ്യത്തില്‍ ഇരുന്നു ജപിച്ചാല്‍ ഗോക്കള്‍ക്ക്‌ വളരെ സന്താനങ്ങള്‍ ഉണ്ടാകും.

ഗൃഹപ്രവേശത്തിലും യാത്ര പുറപ്പെടുമ്പോഴും മറ്റു കാലങ്ങളിലും സാവിത്രി ജപിക്കണം. സാവിത്രി ജപിച്ച്‌ ഹോമം ചെയ്യുന്നവര്‍ക്ക്‌, എന്നും പരിശുദ്ധരായി ഭവിക്കുന്നവര്‍ക്ക്‌, ഋഷികള്‍ക്ക്‌, ഏറ്റവും രഹസ്യമായ മന്ത്രമാണിത്‌. ശരിക്കു സിദ്ധന് സിദ്ധമായതാണ്‌ ഈ പഴയ കഥ. അതു നിന്നോടു ഞാന്‍ പറഞ്ഞു. തത്ഥ്യവും ബ്രഹ്മവും സനാതനവും സര്‍വ്വജീവിക്കും ഹൃദ്യവും ശാശ്വതവുമായ ശ്രുതിയാണ്‌ ഇത്‌.

സോമാര്‍ക്കവംശ്യരും എല്ലാ രാഘവന്മാരും കുരുക്കളും പരസല്‍ഗകതിക്കായി നിത്യവും സാവിത്രീ പാരായണം ചെയ്യുന്നു. നിത്യവും ധ്രുവസപ്തര്‍ഷി ദേവന്മാരുടെ ജപം അഭ്യസിച്ചാല്‍ അശുഭങ്ങളെ നീക്കും. കൃഛ്റങ്ങള്‍ക്കെല്ലാം മോചനവും നല്കും.

പണ്ടത്തെ ഋഷികളായ കാശ്യപന്‍, ഗൗതമന്‍ മുതലായവരും, ഭൃഗു, അംഗിരസ്സ്‌, അത്രി മുതലായവരും, എല്ലാ പവിത്രാത്മാക്കളും ഈ മന്ത്രം ചൊല്ലി ആരാധന നടത്തുന്നു. ശുക്രന്‍ ആദിത്യന്‍, ബൃഹസ്പതി മുതലായ ബ്രഹ്മര്‍ഷിമാരും ഇത്‌ ധ്യാനിക്കുന്നു. ഭരദ്വാജനില്‍ നിന്ന് വസിഷ്ഠനും ശക്രനും വസുവും നേടി. യുദ്ധത്തില്‍ അവര്‍ ദാനവന്മാരെ ഈ മന്ത്രമഹാത്മൃത്താല്‍ പരാജയപ്പെടുത്തി.

ഏതൊരുത്തന്‍ ആയിരം പശുക്കളെ സ്വര്‍ണ്ണം കൊണ്ട്‌ കൊമ്പു പൊതിഞ്ഞ്‌ വേദജ്ഞരായ ബ്രാഹ്മണര്‍ക്കു നല്കുന്നുവോ, മഹാഭാരതകഥ പരിശുദ്ധനായ ഏതൊരുത്തന്‍ നിത്യവും ഗൃഹത്തില്‍ പാരായണം ചെയ്യുന്നുവോ, ഈ രണ്ടു കൂട്ടര്‍ക്കും ലഭിക്കുന്ന ഫലം ഒന്നു തന്നെയാണ്‌. തുല്യമായ ഫലം ലഭിക്കുന്നതാണ്‌.

ഭൃഗുവിനെ കീര്‍ത്തിച്ചാല്‍ ധര്‍മ്മം വളര്‍ന്നുവരും. വസിഷ്ഠനെ പ്രകീര്‍ത്തിച്ചാല്‍ വീര്യം വര്‍ദ്ധിച്ചു വരും. രഘുപതിയെ നമിച്ചാല്‍ യുദ്ധത്തില്‍ ജയം നേടും. അശ്വനീദേവകളെ ഭജിച്ചാല്‍ പിന്നെ അവനെ രോഗവും ബാധിക്കുന്നതല്ല.

ശാശ്വതമായ ബ്രഹ്മസാവിത്രിയെക്കുറിച്ചു നിന്നോടു ഞാന്‍ പറഞ്ഞു. അല്ലയോ ഭാരതാ, ഇനി നിനക്ക്‌ എന്താണു കേള്‍ക്കേണ്ടത്‌? പറയൂ! ഞാന്‍ എല്ലാം പറഞ്ഞുതരാം.

151. ബ്രാഹ്മണപ്രശംസ - എങ്ങനെയുള്ള ബ്രാഹ്മണരാണ്‌ സംപുജ്യരാവുക എന്ന്‌ - യുധിഷ്ഠിരന്‍ പറഞ്ഞു: പൂജ്യന്മാരായവര്‍ ആരാണ്‌? ആരില്‍ ഏതു നിലയില്‍ നില്ക്കണം? ഏതു തരക്കാരെ പൂജിക്കുന്നത് കൊണ്ട്‌ യാതൊരു തെറ്റും പറ്റുകയില്ല? പറഞ്ഞാലും പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: വിപ്രന്മാരുടെ അപ്രീതി ആരും നേടരുത്‌. നേടിയാല്‍ ദേവന്മാര്‍ പോലും അധഃപതിച്ചു പോകും! വിപ്രന്മാരെ വണങ്ങിയാല്‍ വണങ്ങുന്നവര്‍ക്ക്‌ ശ്രേയസ്സുണ്ടാകും. ശ്രേയസ്സു നശിക്കുകയില്ല! ബ്രാഹ്മണര്‍ പൂജ്യരാണ്‌. വണങ്ങേണ്ടവരാണ്‌. അവരില്‍ പിതാവിന്റെ സമീപത്ത്‌ പുത്രനെന്ന മട്ടില്‍ നീ നില്ക്കണം. അവരാണ്‌ ഈ ലോകമൊക്കെ വേണ്ടവിധം മാര്‍ഗ്ഗദര്‍ശനം ചെയ്തു നിലനിര്‍ത്തുന്ന ബുദ്ധിമാന്മാര്‍. എല്ലാവര്‍ക്കും ധര്‍മ്മസേതുക്കളായ വിപ്രന്മാര്‍ ഏറ്റവും മേലെയാണ്‌. ധനധാനൃ ത്യാഗപരരും മൗനവ്രതികളും എല്ലാം ഇവരിലുണ്ട്‌. എല്ലാ ജീവികള്‍ക്കും ആപത്തില്‍ നിന്ന് രക്ഷ നല്ക്കുന്നവരാണ്‌ വിപ്രന്മാര്‍. നിയതവ്രതന്മാരാണ്‌ അവര്‍. ലോകവ്യവഹാരത്തിനുള്ള നിയമങ്ങള്‍, ഭരണ വൃവസ്ഥകള്‍ എന്നിവ നിര്‍മ്മിച്ചവരാണ്‌ ഇവര്‍. തന്മൂലം ഇവര്‍ വലിയ കീര്‍ത്തി നേടിയിരിക്കുന്നു. തപോധനന്മാരായ ഇവര്‍ വാക്കിന് വളരെ ബലമുള്ളവരാണ്‌. ധര്‍മ്മജ്ഞരും ധര്‍മ്മങ്ങള്‍ക്കൊക്കെ നാഥന്മാരും സൂക്ഷ്മദര്‍ശികളുമാണ്‌. ധര്‍മ്മസേതുക്കളായ ഈ ധാര്‍മ്മികര്‍ കര്‍മ്മത്താല്‍ ധര്‍മ്മത്തില്‍ വസിക്കുന്നു. നാലു വര്‍ണ്ണത്തിലുള്ള പ്രജകൾക്കും ജീവിക്കുവാന്‍ ആശ്രയമായിട്ടുള്ളത്‌ ഇവരാണ്‌. സര്‍വ്വജേതാക്കളായ പന്ഥാക്കളും യജ്ഞവാന്മാരും സനാതനരുമാണ്‌ ഇവര്‍. പിതൃപൈതാമഹമായ മഹാഭാരം എപ്പോഴും വഹിക്കുന്നു. ഭാരമേറ്റവരായ ഇവര്‍ വിഷമഘട്ടങ്ങളില്‍ കാളകളെപ്പോലെ കുഴങ്ങുകയില്ല. പിതൃദേവാതിഥിമുഖരായ ഇവര്‍ ഹവ്യകവ്യങ്ങളെ ആദ്യമായി അനുഭവിക്കുന്നവരാണ്‌. ഭോജനത്താല്‍ മൂന്നു ലോകവും ഭയം നീക്കി സംരക്ഷിക്കുന്നവരാണ്‌. ലോകത്തിന് ഇവര്‍ ദീപമാണ്‌. കണ്ണുള്ളവര്‍ക്കു കണ്ണായി നില്ക്കുന്നതും ഇവര്‍ തന്നെയാണ്‌.

സര്‍വ്വദീക്ഷാ ശ്രുതിധനന്മാരും ദക്ഷന്മാരും മോക്ഷദര്‍ശികളുമാണ്‌ വിപ്രന്മാര്‍. സര്‍വ്വഭൂതി ഗതിജ്ഞന്മാരും അദ്ധ്യാത്മഗതി വീക്ഷിക്കുന്നവരുമാണ്‌. ആദിയും മദ്ധ്യവും അവസാനവും കാണുന്നവരും സംശയമറ്റവരുമാണ്‌ അവര്‍. പരാപര വിശേഷജഞതന്മാരും പരസല്‍ഗതിയെ പ്രാപിക്കുന്നവരുമാണ്‌ അവര്‍. നിഷ്പരിഗ്രഹന്മാരും നിര്‍ദ്വന്ദ്വന്മാരും വിമുക്തന്മാരും പാപഹാരികളുമാണ്‌. ജ്ഞാനം നേടിയവരും യോഗ്യന്മാരും നിത്യവും മാനിക്കേണ്ടവരുമായ മാന്യരാണ്‌ അവര്‍. ചന്ദനത്തിലും ചേറ്റിലും ഒന്നുപോലെ വൃത്യാസമില്ലാത്തവരാണ്‌. ഉണ്ടാലും ഉണ്ണാഞ്ഞാലും വിഷയം തോന്നാത്തവരാണ്‌, സമദര്‍ശികളാണ്‌. ഏതു വസ്ത്രം ആയാലും അത് ഉടുക്കുന്നതില്‍ പ്രത്യേകതയൊന്നും കാണത്തവരാണ്‌. ഏതും സമഭാവനയോടെ ധരിക്കുന്നവരാണ്‌. ഭക്ഷണമില്ലെങ്കിലും വളരെ ദിവസം കഴിച്ചു കൂട്ടുന്നവരാണ്‌. സ്വാദ്ധ്യായം കൊണ്ട്‌ ദേഹത്തെ ക്ഷീണിപ്പിക്കുന്നവരും സംയതേന്ദ്രീയന്മാരുമാണ്‌. അദൈവത്തെ ദൈവമാക്കും. ദൈവത്തെ നിര്‍ദ്ദൈവമാക്കും. കോപിച്ചാല്‍ ലോകത്തെ വേറെ സൃഷ്ടിച്ചു കളയും. ലോകേശ്വരന്മാരെയും വേറെ സൃഷ്ടിക്കുവാന്‍ കെല്പുള്ളവരാണ്‌ അവര്‍.

ആ മഹാന്മാര്‍ ശപിക്കുകയാല്‍ സാഗരജലം ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായി. അവരുടെ കോപാഗ്നി ഇന്നും ദണ്ഡകത്തില്‍ കെടാതെ കിടക്കുന്നു. അവര്‍ ദേവകള്‍ക്കും ദേവകളാണ്‌, കാരണത്തിനും കാരണമാണ്‌. ഇങ്ങനെ മഹത്വം നിറഞ്ഞ വിപ്രന്മാരെ ആരു നിന്ദിക്കും? ഏതു ബുധന്‍ ആക്ഷേപിക്കും?

അവര്‍, കിഴവനായാലും കുട്ടിയായാലും ആരായാലും മാനത്തിന് അര്‍ഹരാണ്‌. തപസ്സ്‌, വിദ്യ എന്നിവയാല്‍ അവര്‍ പരസ്പരം മാനിക്കുന്നു. അവിദ്വാനായാലും ബ്രാഹ്മണന്‍ ദേവനാണ്‌. പാവനവും, ഉത്തമവുമായ ദാനപാത്രമാണ്‌. വിദ്വാനായാല്‍ പറയേണ്ടതില്ല. അവന്‍ ദേവനാണ്‌. നിറഞ്ഞ കടല്‍ പോലെ സമ്പൂര്‍ണ്ണനാണ്‌. വിദ്വാനായാലും അവിദ്വാനായാലും ബ്രാഹ്മണന്‍ മുഖ്യമായ ദൈവമാണ്‌. മന്ത്രത്താല്‍ പ്രണീതനായാലും അപ്രീണതനായാലും അവന്‍ അഗ്നിപോലെ വലിയ ദൈവതം തന്നെയാണ്‌. തേജസ്വിയായ അഗ്നി ചുടലക്കാട്ടിലായാലും ദുഷിക്കുകയില്ല. വിധിപോലെ അര്‍പ്പിക്കപ്പെട്ട ഹവിസ്സ്‌ യജ്ഞത്തിലായാലും ഗൃഹത്തിലായാലും അതിനുള്ള ശോഭ നശിക്കുകയില്ല. അപ്രകാരം ഒരു ബ്രാഹ്മ ണന്‍ അനിഷ്ടമായ കര്‍മ്മം ചെയ്തവനായാലും എല്ലാവിധ ത്തിലും മാനിക്കേണ്ടവനാണ്‌. അവനെ മുഖ്യമായ ദൈവതമായി കാണേണ്ടതാണ്‌.

152. ബ്രാഹ്മണമാഹാത്മ്യം - ബ്രാഹ്മണനിന്ദയ്ക്കൊരുങ്ങിയ കാര്‍ത്തവീര്യാര്‍ജജുനനോട്‌ വായുവിന്റെ ഉപദേശം - യുധിഷ്ഠിരന്‍ പറഞ്ഞു: വിപ്രനെ പൂജിച്ചാല്‍ എന്തു ഫലമാണു ലഭിക്കുക? എന്തു കര്‍മ്മഫലം സിദ്ധിക്കുമെന്നു വിചാരിച്ചിട്ടാണ്‌ അവരെ പൂജിക്കുന്നത്‌ മഹാശയാ?

ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ കാര്‍ത്തവീര്യാര്‍ജ്ജുനനും വായുദേവനും തമ്മില്‍ നടന്ന സംഭാഷണമാണ്‌ രാജാവേ! ശ്രീമാനായി കാര്‍ത്തവീര്യന്‍ എന്നു പേരായി ആയിരം കൈകളുള്ള ഒരു പ്രഭു ഉണ്ടായി. മാഹിഷ്മതിയില്‍ ഈ ലോകത്തിലുള്ള സകലരുടേയും നാഥനായി മഹാബലനായ ചക്രവര്‍ത്തിയായി അവന്‍ വാണു. ദ്വീപുകളോടു കൂടിയ ആഴി ചൂഴുന്ന ഊഴിയെ മുഴുവന്‍ ശാസിച്ച്‌ ആ സത്യവിക്രമനായ ഹൈഹയന്‍ പാലിച്ചു. ക്ഷത്രധര്‍മ്മവും വിനയവും ശ്രുതവും മൂൻനിര്‍ത്തി ഒരു കാര്യത്തിനായി ദത്താത്രേയന് അവന്‍ ധനം ദാനം ചെയ്തു. കൃതവീര്യപുത്രനായ അവന്‍ ആ മുനിയെ ആരാധിച്ച്‌ പൂജിച്ചു.

കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ദാനത്താല്‍ സന്തുഷ്ടനായ ദത്താത്രേയ മഹര്‍ഷി മൂന്നു വരം ആവശ്യപ്പെട്ടു കൊളളുവാന്‍ കാര്‍ത്തവീരൃയനോടു പറഞ്ഞു. വരം തരാമെന്ന്‌ ഏറ്റുപറഞ്ഞ ആ ദ്വിജനോട്‌ രാജാവ്‌ പറഞ്ഞു: "അല്ലയോ ദ്വിജാ, യുദ്ധത്തിനിറങ്ങുമ്പോള്‍ എനിക്ക്‌ ആയിരം കൈയുണ്ടാകണം. വീട്ടിലിരിക്കുമ്പോള്‍ രണ്ടെണ്ണം മതി. പോരില്‍ പടയാളികള്‍ എന്റെ ആയിരം കൈകളും കാണണം. അല്ലയോ സംശിത്രവതാ, എന്റെ വിക്രമം കൊണ്ട്‌ ഭൂമിയൊക്കെ എനിക്കു ജയിക്കുവാന്‍ സാദ്ധ്യമാകണം. ധര്‍മ്മപ്രകാരം അതു നേടിയിട്ട്‌ ഞാന്‍ അതു ക്ഷീണം കൂടാതെ ഭരിക്കുമാറാകണം. ധര്‍മ്മത്താല്‍ ഞാന്‍ ഭൂമിയൊക്കെ നേടിയതിന് ശേഷം ക്ഷീണം കൂടാതെ ഭൂമിയെ പാലിക്കണം. അല്ലയോ ദ്വിജസത്തമാ! ഞാന്‍ നാലാമതും നിന്നോടു വരം അഭ്യര്‍ത്ഥിക്കുന്നുണ്ട്‌. ദ്വിജസത്തമാ, എനിക്ക്‌ അനുഗ്രഹത്തിനായി ഭവാന്‍ അതും നല്കിയാലും! ഭവാന്റെ അനുഗ്രഹം വാങ്ങിയ എന്നെ സജ്ജനം തെറ്റില്‍ ശാസിക്കട്ടെ!".

ഇപ്രകാരം രാജാവ്‌ പറഞ്ഞത് കേട്ട്‌ "അപ്രകാരം ഭവിക്കട്ടെ", എന്ന്‌ ആ രാജാവിനോട്‌ മഹര്‍ഷി പറഞ്ഞു. പ്രതാപിയായ അവന് വരങ്ങളും സിദ്ധിച്ചു. പിന്നെ അര്‍ക്കാഗ്നി തേജസ്സായ തേരില്‍ അവന്‍ കയറി. വീര്യത്താല്‍ മൂഢനായിത്തീര്‍ന്ന അവന്‍ പറഞ്ഞു: "ഇപ്പോള്‍ എന്നോടു തുല്യനായി ആരുണ്ട്‌? ശൈര്യം, വീര്യം, കീര്‍ത്തി. ശൌര്യം, വിക്രമം, ഓജസ്സ് ഇവ കൊണ്ട്‌ എന്നോടു തുല്യനായി ആരുണ്ട്‌?". ഇങ്ങനെ അവന്‍ തന്നെത്താനെ പറഞ്ഞു കഴിഞ്ഞ ഉടനെ ഒരു അശരീരി വാക്ക്‌ ആകാശത്തു നിന്ന് കേട്ടു. "എടോ മൂഢാ, നീ അറിയുന്നില്ലേ ക്ഷത്രിയനെക്കാള്‍ ബ്രാഹ്മണന്‍ മഹാനാണെന്ന്‌! ബ്രാഹ്മണാന്വിതനായ ക്ഷത്രിയനാണ്‌ പ്രജകളെ ശാസിക്കുന്നത്‌".

അര്‍ജ്ജുനന്‍ പറഞ്ഞു: ഞാന്‍ സന്തോഷിച്ചാല്‍ ഭൂതങ്ങളെയൊക്കെ ഞാന്‍ സൃഷ്ടിക്കും. ഞാന്‍ കോപിച്ചാല്‍ ഭൂതങ്ങളെയൊക്കെ ഞാന്‍ മുടിച്ചു കളയും. അതിന് ഞാന്‍ എന്റെ മനസ്സുകൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും, സമര്‍ത്ഥനാണ്‌. എന്നേക്കാള്‍ മേലെയായി ഒരു അന്തകനുമില്ല. വിപ്രനാണ്‌ മേലെയെന്നും, ക്ഷത്രിയന്‍ താഴെയാണ്‌ എന്നും പറഞ്ഞുവല്ലോ. അത്‌ ശരിയല്ല. നീ പറഞ്ഞ യുക്തിക്ക്‌ ചേര്‍ന്നവരില്‍ ഇതില്‍ വിശേഷം കാണുന്നുണ്ട്‌. ക്ഷത്രിയാശ്രയന്മാരാണ്‌ വിപ്രന്മാര്‍. ആ ക്ഷത്രം വിപ്രന്മാര്‍ക്കു കീഴിലാകാന്‍ പോകുന്നില്ല. വൈദികന്മാരാണെന്ന വ്യാജേന ബ്രാഹ്മണര്‍ രാജാക്കന്മാരെപ്പറ്റിച്ചു തിന്നു തടിച്ചു നടക്കുന്ന കൂട്ടരാണ്‌.

ധര്‍മ്മം ക്ഷത്രിയനില്‍ നില്ക്കുന്നു. ക്ഷത്രിയന്‍ പ്രജകളെ പാലിക്കുന്നു. ബ്രാഹ്മണന്‍ ജീവിക്കുന്നത്‌ ക്ഷത്രിയനെ ആശ്രയിച്ചിട്ടാണ്‌. അങ്ങനെയിരിക്കെ ക്ഷത്രിയനെക്കാള്‍ മീതെയാണോ വിപ്രന്‍? സര്‍വ്വഭൂതാദ്യന്മാരായ ഭൈക്ഷ്യവ്യത്തിക്കാരേയും ആത്മാഭിമാനികളായ ദ്വിജന്മാരെയും എപ്പോഴും എന്റെ കീഴില്‍ ഞാന്‍ നിര്‍ത്തുന്നതാണ്‌. വാനില്‍ ഈ ഗായത്രിയെന്ന കന്യക പറഞ്ഞത്‌ സത്യമാണോ? തോലുടുക്കുന്ന സകല ബ്രാഹ്മണരേയും ഞാന്‍ ജയിക്കുന്നതാണ്‌. ഈ മൂന്നു ലോകത്തിലും ആര്‍ക്കും ഞാന്‍ അനുഭവിക്കുന്ന ച്രവര്‍ത്തി പദത്തില്‍ നിന്ന്‌ എന്നെ വീഴ്ത്തുവാന്‍ കഴിയുന്നതല്ല. ഒരു ദേവന്‍ വിചാരിച്ചാലും കഴിയുകയില്ല. ഒരു മര്‍ത്ത്യന്‍ വിചാരിച്ചാലും കഴിയുകയില്ല. ഏതു നിലയിലും ഞാന്‍ ദ്വിജനെക്കാള്‍ മേലെത്തന്നെയാണ്‌.

ബ്രഹ്മോത്തരമാണ്‌ ലോകം എന്നാണല്ലോ പൊതുജനങ്ങളുടെ വിശ്വാസം. അതു തെറ്റാണെന്നു ഞാന്‍ കാണിച്ചു തരാം. അതു ക്ഷത്രിയശ്രേഷ്ഠമാണ്‌ എന്നു ഞാന്‍ കാണിച്ചു തരാം! യുദ്ധത്തില്‍ എന്റെ ഊക്കിനെ സഹിക്കുവാന്‍ കഴിയുന്നവര്‍ വല്ലവരുമുണ്ടോ? ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞതു കേട്ട്‌ ആ നിശാചരി നടുങ്ങിപ്പോയി. അപ്പോള്‍ ആ രാജാവിനോട്‌ ആകാശത്തുനിന്ന് വായു ഇപ്രകാരം പറഞ്ഞു.

വായു പറഞ്ഞു: എടോ രാജാവേ, നീ ഈ കലുഷമായ ഭാവത്തെ വിടു! നീ ബ്രാഹ്മണന്റെ മുമ്പില്‍ കുമ്പിടുക. ബ്രാഹ്മണര്‍ക്കു കുറ്റംചെയ്യുന്നവന്‍ ആരോ, അവന്റെ നാട്ടില്‍ ക്ഷോഭം ഉണ്ടാകും. അല്ലെങ്കില്‍ ദ്വിജന്മാര്‍ നിന്നെ അടക്കും. അല്ലെങ്കില്‍ ഉത്സാഹംകെട്ട ആ മഹാബലന്മാര്‍ നിന്റെ നാട്‌ വിട്ടൊഴിച്ചു പോയേക്കും.

ഭീഷ്മൻ പറഞ്ഞു: ഉടനെ അവനോട്‌, "നീ ആരാണ്‌?" ,എന്ന്‌ രാജാവു ചോദിച്ചു. ഇതുകേട്ട്‌ വായു പറഞ്ഞു: ഞാന്‍ ദേവദുതനായ വായുവാണ്‌. ഞാന്‍ നിനക്കു നന്മയ്ക്കു വേണ്ടത് പറയുകയാണ്‌.

അര്‍ജ്ജുനന്‍ പറഞ്ഞു: അമ്പോ! അത്ഭുതം! നീ ബ്രാഹ്മണരില്‍ ഭക്തിയും സ്‌നേഹവും കാണിക്കുന്നു! ബ്രാഹ്മണന്‍ എപ്രകാരമുള്ള ഒരു ജീവിയാണ്‌ ഭൂമിയില്‍ എന്നുള്ളത് വ്യക്തമായി പറയുക! ശ്രേഷ്ഠനായ ഒരു ബ്രാഹ്മണന്‍ ഏതെങ്കിലും വിധത്തില്‍ വായു തുല്യനാണോ? പറയു. ബ്രാഹ്മണന്‍ വെള്ളത്തിന് തുല്യനാണോ? സൂര്യന് തുല്യനാണോ? ആകാശത്തിന് തുല്യനാണോ? പറയു.

153. പവനാര്‍ജജുനസംവാദം - ബ്രാഹ്മണപ്രസാദം കൊണ്ട്‌ നനമ നേടിയവരും ബ്രാഹ്മണശാപം കൊണ്ട്‌ ദുരിതമനുഭവിച്ചവരുമായ പലരുടേയും കഥകള്‍ - വായു പറഞ്ഞു: എടോ വിഡ്ഡീ, കേള്‍ക്കൂ, വിപ്രന്മാരുടെ ഗുണങ്ങളെപ്പറ്റി നീ കേള്‍ക്കുക! നീ പറഞ്ഞവരിലൊക്കെ വെച്ച്‌ മേലെയാണ്‌ ബ്രാഹ്മണന്‍. എല്ലാ ഭൂതങ്ങളിലും വെച്ച്‌ ശ്രേഷ്ഠനാണ്‌. പണ്ട്‌ അംഗരാജാവുമായി സ്പര്‍ദ്ധമൂലം ഭൂമി തന്റെ മഹീത്വം ഉപേക്ഷിച്ചു. ആ ഭൂമിയെ വിപ്രനായ കാശ്യപന്‍ സ്തംഭിപ്പിച്ച്‌ നശിപ്പിച്ചു. വിപ്രര്‍ ജയിക്കാന്‍ കഴിയാത്തവരാണ്‌ രാജാവേ! അവരെ ഇഹത്തില്‍ വെച്ചും പരത്തില്‍ വെച്ചും തോല്പിക്കുവാന്‍ കഴിയുന്നതല്ല. തേജസ്സാല്‍ പണ്ട്‌ അംഗിരസ്സ്‌ ജലമെല്ലാം കുടിച്ചു വറ്റിച്ചു. പാലു കുടിക്കുന്നത് പോലെ ആ ബ്രാഹ്മണര്‍ഷി ജലമെല്ലാം പാനം ചെയ്തിട്ടും തൃപ്തനായില്ല. അവന്റെ ദാഹം ശമിക്കാത്ത മട്ടില്‍ നിന്നു. പിന്നെ വലിയ ഒരു പ്രവാഹമുണ്ടാക്കി ലോകം മുഴുവന്‍ ജലം കൊണ്ടു നിറച്ചു രാജാവേ! അവന്‍ മുമ്പെ ചൊടിച്ചതു കാരണം ഈ ലോകം വിട്ട്‌ ഞാന്‍ പോയി. അംഗിരസ്സിനെ ഭയപ്പെട്ട്‌ ഞാന്‍ അഗ്നിഹോത്രത്തില്‍ പോയി ഇരുന്നു. പിന്നെ ഇന്ദ്രനെ ഭഗവാനായ ഗൗതമ ബ്രാഹ്മണന്‍ ശപിച്ചു. തന്റെ ഭാരൃയായ അഹല്യയെ ബലാല്‍ക്കാരം ചെയ്ത അവനില്‍, ധര്‍മ്മചിന്ത മൂലം കൊല്ലാതെ വിട്ടയച്ചു.

അതുപോലെതന്നെ ഒരുകാലത്ത്‌ ശുദ്ധജലമായി ശോഭിച്ചിരുന്ന സമുദ്രം ബ്രാഹ്മണര്‍ ശപിക്കുക മൂലം ഉപ്പുവെള്ളമായി. പുക കൂടാതെ മേൽപോട്ടു ജ്വാല പൊങ്ങിയിരുന്ന അഗ്നി അംഗിരസ്സു കോപിച്ച്‌ ശപിക്കുക മൂലം ആ ഗുണം ഒഴിഞ്ഞു പോയി. മഹോദധി നിര്‍മ്മിച്ച രാജാക്കന്മാര്‍ (അറുപതിനായിരം സഗരപുത്രന്മാര്‍) എല്ലാം സ്വര്‍ണ്ണനിറമുള്ള കപിലന്റെ ശാപമേറ്റ്‌ വെണ്ണീറായിപ്പോയത്‌ കേട്ടിട്ടില്ലേ? നീ ഒരിക്കലും വിപ്രന് കിടയാവുകയില്ല. അവരുടെ നന്മയെ നീ കേള്‍ക്കുക രാജാവേ! ഗര്‍ഭത്തില്‍ കിടക്കുന്ന ദ്വിജന്മാരെ പോലും നിത്യവും ക്ഷത്രിയന്മാര്‍ വണങ്ങുന്നു. ദണ്ഡകന്മാരുടെ സാമ്രാജ്യം തന്നെ ബ്രാഹ്മണന്‍ നശിപ്പിച്ചു കളഞ്ഞു. താലജംഘന്മാര്‍ എന്ന ക്ഷത്രിയവര്‍ഗ്ഗത്തെ മുഴുവന്‍ ഓര്‍വ്വന്‍ എന്ന ഒറ്റ ബ്രാഹ്മണന്‍ നശിപ്പിച്ചു.

നീയും വലിയ രാജ്യത്തെയും, വലിയ ബലത്തെയും, ധര്‍മ്മത്തെയും, ജ്ഞാനത്തെയും നേടിയത്‌, ദുര്‍ലഭമായ ആ മഹത്വമെല്ലാം നേടിയത്‌, ദത്തത്രേയന്‍ എന്ന ബ്രാഹ്മണന്റെ അനുഗ്രഹത്താലല്ലയോ? നീ എന്തു കൊണ്ട്‌ വിപ്രനായ അഗ്നിയെ യജിക്കുന്നില്ല? അര്‍ജ്ജനാ! അവന്‍ എല്ലാ ലോകത്തിനും  ഹവ്യയവാഹനാണ്‌ എന്ന്‌ നീ എന്തുകൊണ്ട്‌ ധരിക്കുന്നില്ല? എന്നു തന്നെയല്ല, സര്‍വ്വവഭൂത പോഷണകാരിയായ ബ്രാഹ്മണനെ ജീവലോകം സൃഷ്ടിക്കുന്നവനാണെന്നറിഞ്ഞിട്ടും എന്തേ അതില്‍ ഇങ്ങനെ മൂഢത്വം കൈക്കൊള്ളുവാന്‍?

വിസ്തൃതമായ സുഷ്ടിക്കപ്പെടാത്ത ആകാശമാണ്‌ ബ്രഹ്മാണ്ഡം. അത്‌ ബ്രഹ്മത്തില്‍ നിന്നാണ്‌ ഉണ്ടായത്‌. സൃഷ്ടിക്കപ്പെടാത്തില്‍ നിന്നാണ്‌ ബ്രഹ്മാവിന്റെ ഉത്ഭവമെങ്കില്‍ പിന്നെ എവിടെയാണ്‌ ബ്രഹ്മാവിന്റെ നിലനിൽപ് എന്നു നീ ചോദിച്ചേക്കാം. അന്ന്‌ ഒന്നും ഉണ്ടായിരുന്നില്ലേ എന്നും ചോദിക്കാം. എന്നാല്‍ ഞാന്‍ അതിന് മറുപടി പറയാം. അഹങ്കാരം എന്ന ഒന്ന്‌ ഉണ്ട്‌. ആ ശക്തമായ ഒന്നു സര്‍വ്വ തേജോമയനായ പ്രഭുവാകുന്നു. അണ്ഡവുമില്ല, എന്നാല്‍ ബ്രഹ്മം ഉണ്ട്‌. അവനാണ്‌ വിശ്വത്തിന്റെ സ്രഷ്ടാവും നാഥനും! ഇപ്രകാരം വായുദേവന്‍ പറഞ്ഞപ്പോള്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നിശ്ശബ്ദനായി ഇരുന്നു.

154. പവനാര്‍ജ്ജുനസംവാദം - ഭൂമി കാശ്യപിയായതും, ഉതത്ഥ്യന്‍ സോമപുത്രിയായ ഭദ്രയെ വേട്ടതും, വരുണന്‍ അവളെ അപഹരിച്ചതുമായ കഥ - വായു പറഞ്ഞു: പണ്ട്‌ അംഗരാജാവ്‌ ഈ ഭൂമിയെ ബ്രാഹ്മണര്‍ക്ക്‌ ദക്ഷിണയായി ദാനം ചെയ്യുവാനൊരുങ്ങി. ഇതറിഞ്ഞ്‌ ഭൂമി ചിന്തിച്ചു: "സര്‍വ്വവലോകവും താങ്ങുന്ന എന്നെ നേടിയ ഈ ശ്രേഷ്ഠനായ രാജാവ്‌ ബ്രഹ്മപുത്രിയായ എന്നെ ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുകയാണോ? ഞാന്‍ ഈ ഭൂമിത്വമൊക്കെ വിട്ടൊഴിഞ്ഞ്‌ എന്റെ പിതാവിന്റെ ഗൃഹത്തിലേക്കു പോവുകയാണ്‌. ഈ നാട്‌ ഭൂമിത്വം നശിച്ച്‌ രാജാവോടു കൂടി നശിച്ചുപോകട്ടെ!", എന്നു വിചാരിച്ച്‌ അവള്‍ നടന്നു. ഭൂമിദേവി പോകുന്നതു കണ്ടപ്പോള്‍ ആത്മാവിനെ വിട്ട്‌ ധ്യാനനിമഗ്നനായി, സമാഹിതനായി, ഭൂമിയുടെ ഉള്ളില്‍ പ്രവേശിച്ച്‌ അദൃശ്യനായി കുടികൊണ്ടു. തൃണങ്ങളും ഔഷധികളും ഭൂമിയില്‍ എല്ലായിടത്തും വളര്‍ന്ന്‌ ഭൂമി സമൃദ്ധയായി, ഫലഭൂയിഷ്ഠയായി ധര്‍മ്മം വര്‍ദ്ധിച്ചു ഭയംവിട്ട മട്ടില്‍ ഭൂമി പ്രശോഭിച്ചു രാജാവേ! അങ്ങനെ മഹാവ്രതനായ കാശ്യപന്‍ മുപ്പതിനായിരം ദിവ്യവര്‍ഷം ഭൂമിയായി യാതൊരു ഇളവും കൂടാതെ നിന്നു. അങ്ങനെ ആ കാലമത്രയും കഴിഞ്ഞപ്പോള്‍ ഭൂമിദേവി മടങ്ങിവന്ന്‌ കാശ്യപനെ നമസ്കരിച്ച്‌ തന്നെ മകളായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ കാശ്യപന്‍ സമ്മതിച്ച പ്രകാരം ഭൂമി കാശ്യപപുത്രിയായി, കാശ്യപിയായി. രാജാവേ, ഇപ്രകാരമാണ്‌ കാശൃപന്റെ മഹത്വം. എടോ രാജാവേ, ഈ കാശ്യപനെക്കാളും മേലെ യോഗ്യനായ ഒരു ക്ഷത്രിയന്റെ പേരൊന്നു പറയു! കേള്‍ക്കട്ടെ!

ഇതു കേട്ടപ്പോള്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മിണ്ടാതെ അടങ്ങി. വായു പിന്നെയും പറയുവാന്‍ തുടങ്ങി. രാജാവേ, ഞാന്‍ ഉതത്ഥ്യന്റെയും അംഗിരോവംശ്യ രാജാവിന്റെയും കഥ പറയാം.

സോമന്റെ മകളായ ഭദ്ര സൗന്ദര്യം കൊണ്ട്‌ അപ്സരസ്ത്രീ സന്നിഭയായിരുന്നു. തന്റെ മകള്‍ക്ക്‌ ഭര്‍ത്താവായി സോമന്‍ ഉതത്ഥ്യനെ കണ്ടുവെച്ചു. അവള്‍ ഉതത്ഥ്യനെ ലഭിക്കുവാന്‍ തപസ്സ് ചെയ്തു. ചാരുഗാത്രിയും, മഹാഭാഗയും, കീര്‍ത്തിമതിയുമായ അവള്‍ വളരെ തപോനിയമങ്ങളോടെ തപസ്സു ചെയ്തു. പിന്നീട്‌ സോമന്റെ പിതാവായ അത്രി ഉതത്ഥ്യനെ വിളിച്ചു വരുത്തി അവന് ഭാര്യയായി സുപ്രസിദ്ധയായ അവളെ നല്കി. അപ്പോള്‍ ഉതത്ഥൃന്‍ ദക്ഷിണയോടെ അവളെ ഏറ്റുവാങ്ങി.

വരുണന്‍ വളരെ മുമ്പു തന്നെ അവളെ ലഭിക്കണമെന്ന്‌ ആശിച്ചിരുന്നു. അവന്‍ കാട്ടില്‍ കടന്നു ചെന്ന്‌ യമുനാ തീരത്ത്‌ ഉതത്ഥ്യനൊത്തു വസിക്കുന്ന അവളെ കട്ടുകൊണ്ടു പോയി. ജലേശ്വരനായ വരുണന്‍ ഭ്രദയെയും കൊണ്ട്‌ തന്റെ രാജധാനിയിലെത്തി. അവന്റെ രാജധാനി പരമാത്ഭുത സങ്കാശവും അറുനുറായിരം ഹ്രദങ്ങളോട് കൂടിയതുമാണ്‌. അതിനെക്കാള്‍ മനോഹരവും ഉത്തമവുമായി ഒരു പുരവും ലോകത്തിലില്ല. വെൺ മേടകള്‍ അപ്സരസ്സുകളോട് കൂടിയതും ദിവ്യമായ കാമങ്ങള്‍ ചേര്‍ന്നതുമാണ്‌. ആ വരുണദേവന്‍ അവളോടു കൂടി സുഖമായി രമിച്ചു വസിച്ചു രാജാവേ!

തന്റെ നഷ്ടപ്പെട്ട ഭാര്യയെ അന്വേഷിക്കുന്ന ഉതത്ഥ്യന്‍ വൃത്താന്തമറിഞ്ഞു. നാരദന്‍ പറഞ്ഞിട്ടാണ്‌ ഉതത്ഥ്യന്‍ കാര്യം ഗ്രഹിച്ചത്‌. ഉതത്ഥ്യന്‍ നാരദനോടു പറഞ്ഞു: ദേവര്‍ഷേ, അങ്ങു ചെന്ന്‌ ആ വരുണനോടു രൂക്ഷമായ വാക്കു പറഞ്ഞ്‌ അധിക്ഷേപിക്കുക. എന്റെ വാക്കായി ഇപ്രകാരം പറയുക: "എന്റെ ഭാര്യയെ വിട്ടുതരിക! നീ രഹസ്യമായി കടന്നുവന്ന്‌ എന്റെ ഭാര്യയെ കട്ടത്‌ നന്നായോ? എന്തു മര്യാദകെട്ട പണിയാണ്‌ നീ ചെയ്തത്‌? ലോകപാലകന്മാര്‍ എന്നാല്‍ ലോകത്തെ പാലിക്കുന്നവരല്ലേ? താന്‍ ആരാണ്‌ ലോകപാലകനോ ലോകനാശകനോ? നീ തീര്‍ച്ചയായും ലോകപാലകനല്ല. സോമന്‍ എനിക്കു ഭാര്യയായി നല്കിയ ഭദ്രയെ നീ കട്ടുകൊണ്ടു പോയില്ലേ?". ഇപ്രകാരം ഉതത്ഥ്യന്‍ പറഞ്ഞ ആ വാക്കുകള്‍ അങ്ങനെ തന്നെ വരുണനോടു നാരദന്‍ പറഞ്ഞു. "എന്നു തന്നെയല്ല, നീ ഉതത്ഥ്യന്റെ ഭാര്യയെ വിട്ടുകൊടുക്കുക. നീ അവളെ ഹരി ച്ചത്‌ ശമിയായില്ല. എന്താണ്‌ നീ അങ്ങനെ ചെയ്തത്‌?"

ഇപ്രകാരം നാരദന്‍ പറഞ്ഞപ്പോള്‍ വരുണന്‍ പറഞ്ഞു: എടോ നാരദാ, ഇവള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവളാണ്‌. ഭീരുവായ ഈ പെണ്‍കുട്ടി എനിക്കേറ്റവും പ്രിയപ്പെട്ടവളാണ്‌. ഞാന്‍ ഇവളെ വിടുകയോ? സാദ്ധ്യമല്ല.

ഇപ്രകാരം വരുണന്‍ പറഞ്ഞ വൃത്താന്തം കേട്ട്‌ നാരദന്‍ ചെന്ന്‌ വലിയ സന്തോഷം തോന്നിക്കാത്ത വിധം പറഞ്ഞു: "എടോ ഉതത്ഥ്യാ, നീ പറഞ്ഞ വൃത്താന്തം ഞാന്‍ പറഞ്ഞു. വരുണന്‍ ആ വാക്കു കേട്ട ഉടനെ എഴുന്നേറ്റ്‌ എന്റെ ചങ്കില്‍പ്പിടിച്ച്‌ കടന്നുപോകൂ എന്നു പറഞ്ഞ്‌ ഒരു തള്ള്‌! തടി കിട്ടിയതു ഭാഗ്യം! ഞാന്‍ ഇങ്ങോട്ടു പോന്നു. പോരുമ്പോള്‍ അദ്ദേഹം ഇപ്രകാരം വിളിച്ചു പറഞ്ഞു. നിന്നോടു പറയുവാന്‍. നിന്റെ ഭാര്യയെ ഞാന്‍ തരുന്നില്ല! നീ എന്താ വേണ്ടതെങ്കില്‍ ചെയ്തു കൊള്ളുക! നാരദന്‍ പറഞ്ഞ വാക്കു കേട്ട്‌ അംഗിരസ്സിന്റെ കോപം കത്തിജ്വലിച്ചു! ആ തപോധനന്‍ ജലം മുഴുവന്‍ കുടിച്ചു വറ്റിച്ച്‌ വരുണാലയം നിര്‍ജ്ജലമാക്കി. സുഹൃത്തുക്കള്‍ പറഞ്ഞിട്ടും അവന്‍ അവളെ വിട്ടില്ല.

ബ്രാഹ്മണോത്തമനായ ഉതത്ഥ്യന്‍ ക്രോധത്തോടെ ഭുമി യോടു പറഞ്ഞു: ഭദ്രേ, ഭൂമിദേവീ! നീ എനിക്ക്‌ വരുണന്റെ അറുന്നൂറായിരം ഹ്രദമുള്ള ആ മന്ദിരം കാണിച്ചു തരിക. സമുദ്രം ഉടനെ പിന്‍വാങ്ങി. അപ്പോള്‍ ആ പ്രദേശം ഊഷരമായി. ആ സ്ഥലത്തെത്തുന്ന പുഴയോട്‌ ആ ദ്വിജോത്തമന്‍ പറഞ്ഞു: അല്ലയോ ഭീരുവായ സരസ്വതീ! നീ ആരും കാണാതെ മരുഭൂമിയില്‍ അമര്‍ന്നു പോകട്ടെ! ശുഭേ, നീ വിട്ടു പോയ ഈ പ്രദേശം അപുണ്യമയമാകട്ടെ!

ഇപ്രകാരം വരുണാലയം ജലമില്ലാതെ ശോഷിച്ചപ്പോള്‍ സകലതും ആപത്തു നിറഞ്ഞതായിത്തീര്‍ന്നു. വരുണന്‍ പരാജിതനായി ആംഗിരസനായ ഉതത്ഥൃന്റെ അടുത്തേക്ക്‌ ചെന്ന്‌ സാംഷ്ടാംഗം നമസ്കരിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെ തിരിച്ചു നല്കുകയും ചെയ്തു.

ഉതത്ഥൃയന്‍ തന്റെ നഷ്ടപ്പെട്ട ഭാര്യയെ വീണ്ടു കിട്ടിയതില്‍ സന്തോഷിച്ചു. അല്ലയോ ഹേഹയാ, ഇപ്രകാരം ആ ബ്രാഹ്മണന്‍ ലോകത്തെ രക്ഷപ്പെടുത്തി. വരുണന്റെ ഭയവും ഒഴിവാക്കി. ധര്‍മ്മജ്ഞനായ ഉതത്ഥ്യന്‍ ഭാര്യയെ സ്വീകരിച്ചതിന് ശേഷം വരുണനോടു പറഞ്ഞു: ഞാന്‍ തപസ്സുകൊണ്ടാണ്‌ ഇവളെ നേടിയത്‌. ജലാധിപാ, നീ തന്നത്താന്‍ ദ്രോഹമുണ്ടാക്കി ഇപ്പോള്‍ ദുഃഖിക്കുകയാണ്‌! എന്നു പറഞ്ഞ്‌ ഉതത്ഥൃയന്‍ തന്റെ ഭാര്യയോടു കൂടി ഗൃഹത്തിന്റെ ഉള്ളിലേക്കു കടന്നു. ഇങ്ങനെയാണ്‌ ബ്രാഹ്മണോത്തമനായ ഉതത്ഥ്യന്‍ ചെയ്തത്‌. ഞാന്‍ ഇനിയും പറയണോ? നീ പറയൂ! ഉതത്ഥ്യനെക്കാള്‍ മീതെയായി ഒരു രാജാവിനെ!

155. പവനാര്‍ജ്ജുനസംവാദം - ദേവന്മാരെ പീഡിപ്പിക്കുന്ന അനേകം അസുരന്മാരെ സംഹരിച്ച അഗസ്ത്യന്റെയും വസിഷ്ഠന്റെയും കഥ - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം വായു പറയുന്നത് കേട്ട്‌ രാജാവ്‌ അങ്ങനെ നിന്നു. വായു വീണ്ടും തുടര്‍ന്നു. രാജാവേ, നീ അഗസ്ത്യ ബ്രാഹ്മണന്റെ മാഹാത്മ്യവും കേള്‍ക്കുക. ദൈത്യന്മാര്‍ തോല്പിച്ച ദേവന്മാര്‍ ഉത്സാഹം കെട്ട മട്ടിലായി. അവര്‍ക്ക്‌ യജ്ഞം നഷ്ടപ്പെട്ടു. പിതൃക്കളുടെ സ്വധയും നഷ്ടപ്പെട്ടു. കര്‍മ്മേജ്യങ്ങള്‍ മര്‍ത്തൃര്‍ക്കു ഇല്ലാതായി. ദൈത്യന്മാര്‍ മൂലം ഇങ്ങനെ എല്ലാവരും ഉഴലുവാന്‍ തുടങ്ങിയെന്നു കേള്‍ക്കുന്നു. ഐശ്വര്യം നഷ്ടപ്പെട്ട വാനവർ ഇങ്ങനെ ഭൂമിയില്‍ ചുറ്റിത്തിരിയുമ്പോള്‍ രാജാവേ, ദീപ്താദിത്യനെപ്പോലെ പ്രകാശിക്കുന്ന തേജസ്വിയും മഹാവ്രതനുമായ അഗസ്ത്യയനെ കണ്ടുമുട്ടി. അവനെ അഭിവാദ്യം ചെയ്ത ദേവന്മാര്‍ കുശലം പറഞ്ഞ്‌ ആ മഹാത്മാവിനോട്‌ ഈ വാക്കുകള്‍ കാലേ തന്നെ പറഞ്ഞു രാജാവേ, മഹര്‍ഷേ, ഞങ്ങള്‍ ദൈത്യന്മാരാല്‍ പോരില്‍ തോല്‍പ്പിക്കപ്പെട്ട്‌ ഐശ്വര്യ ഭ്രഷ്ടരായിരിക്കുന്നു. അതുകൊണ്ട്‌ അല്ലയോ മുനിപുംഗവാ, ഭവാന്‍ പ്രഭകൊണ്ട്‌ ഞങ്ങളെ രക്ഷിക്കണേ!

ഇപ്രകാരം ദേവന്മാര്‍ പറഞ്ഞപ്പോള്‍ അഗസ്ത്യന്‍ ഉടനെ കോപിച്ചു. ആ അതിതേജസ്വി കല്പാന്താഗ്നി കണക്കെ ശോഭിച്ചു. ജ്വലിക്കുന്ന അഗ്നി ചൂഴുന്ന അവനാല്‍ ദാനവര്‍ ദഹിക്കുവാന്‍ തുടങ്ങി. അങ്ങനെ വാനില്‍ നിന്ന്‌ അനവധി ദാനവന്മാര്‍ കീഴോട്ട്‌ ചത്തു വീഴുവാന്‍ തുടങ്ങി. ആ മഹാനായ അഗസ്ത്യന്റെ തേജസ്സേറ്റ്‌ വെന്തു വീഴുന്നവരായ ദൈത്യന്മാര്‍ രണ്ടു ലോകങ്ങളും വിട്ട്‌ തെക്കോട്ടു, യമലോകത്തേക്ക്‌, പോയി.

ഈ കാലത്ത്‌ മഹാബലി ഭൂലോകത്തില്‍ വാണ്‌ അശ്വമേധയാഗം കഴിക്കുകയായിരുന്നു. ഭൂമിയിലും പാതാളലോകത്തും വസിക്കുന്ന ദൈത്യന്മാരെ അഗസ്ത്യന്‍ ചുട്ടു കളഞ്ഞില്ല. ഉടനെ ഭയം വിട്ടവരായ ദാനവന്മാര്‍ ലോകങ്ങളെ നേടി രാജാവേ! പിന്നെ ദേവന്മാര്‍ അഗസ്ത്യനോട്‌ എല്ലാ ദൈത്യരെയും സംഹരിക്കുവാന്‍ ആവശ്യപ്പെട്ടു. അതുകേട്ട്‌ ദേവന്മാരോട്‌ അഗസ്ത്യന്‍ പറഞ്ഞു: "ഒരിക്കലും ഭൂമിയില്‍ നില്ക്കുന്ന ദൈത്യന്മാരെ കൊല്ലുവാന്‍ പാടില്ല. അവരെയും ചുടുകയാണെങ്കില്‍ എന്റെ തപശക്തി നഷ്ടപ്പെട്ടു പോകും. അതുകൊണ്ട്‌ അതു ചെയ്യുന്നില്ല", എന്നു പഞ്ഞു രാജാവേ!

അങ്ങനെ ബുദ്ധിമാനായ ഋഷി, തപസ്സിദ്ധിയുള്ളവനായ അഗസ്ത്യന്‍, ദാനവരെ ചുട്ടു രാജാവേ! ഇപ്രകാരമാണ്‌ അഗസ്ത്യന്റെ നിലയെന്നു മനസ്സിലാക്കണം. അനഘാശയാ! ഞാന്‍ ചോദിക്കുന്നു. രാജാവേ, ഈ അഗസ്ത്യനെക്കാള്‍ മേലെയായി ഒരു രാജാവ്‌ ആരുണ്ട്‌? ഉണ്ടെങ്കില്‍ പറയു. ഇപ്രകാരം അഗസ്ത്യന്‍ പറഞ്ഞതു കേട്ട്‌ കാര്‍ത്തവീര്യാര്‍ജുനന്‍ നിന്നു. വായുദേവന്‍ പിന്നെയും തുടര്‍ന്നു.

വായു പറഞ്ഞു: രാജാവേ, ഇനി പ്രസിദ്ധനായ വസിഷ്ഠന്റെ സല്‍ക്രിയകളെപ്പറ്റി പറയാം. ആദിത്യന്മാര്‍ മാനസ സരസ്സില്‍ സത്രം നടത്തി. അപ്പോള്‍ വസിഷ്ഠന്റെ തപസ്സിനെപ്പറ്റി ഓര്‍ത്ത്‌ യാഗം ചെയ്യുന്ന ദേവന്മാര്‍ വസിഷ്ഠനെ പുരോഹിതനാക്കുവാന്‍ അദ്ദേഹത്തിന്റെ യോഗ്യതയറിഞ്ഞ്‌ ഉദ്ദേശിച്ചു. അങ്ങനെ യാഗം തുടങ്ങി.

യജിക്കുന്ന അവര്‍ ദീക്ഷയെടുത്ത്‌ ക്ഷീണിച്ചിരിക്കുന്നതു കണ്ട്‌ അവരെയെല്ലാം കൊന്നു കളയുവാന്‍ ഖലികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരുകൂട്ടം ദാനവന്മാര്‍ വിചാരിച്ചു. ഈ ഖലിദാനവന്മാര്‍ മലപോലെ ഉന്നതകായന്മാരും ഭയങ്കരന്മാരുമാണ്‌. അവരുടെ അടുത്തു തന്നെ ഒരു പൊയ്കയുണ്ട്‌. ചത്തവരെ ആ പൊയ്കയില്‍ കൊണ്ടു വന്നിട്ടാല്‍, ആ പൊയ്കയിലെ ജലം സ്പര്‍ശിച്ചാല്‍, ഉടനെ ജീവിക്കും. ബ്രഹ്മാവു നല്കിയ ഒരു വരം ആ പൊയ്കയ്ക്കു ലഭിച്ചിട്ടുണ്ട്‌.

ആ ദാനവന്മാര്‍ ഉഗ്രമായ മലയുടെ കൊടുമുടികള്‍ അടര്‍ത്തിയെടുത്ത്‌ കൈയില്‍ വെച്ചും പരിഘമെടുത്തും വലിയ മരങ്ങള്‍ പറിച്ചെടുത്തും നൂറു യോജന വിസ്താരമുള്ള ജലാശയമിട്ടു കലക്കിയും ദേവകളുടെ നേരെ പാഞ്ഞു വന്ന്‌ ഘോരമായി എതിര്‍ത്തു പോരാടി. പതിനായിരം പേര്‍ പോരാടി. അവര്‍ പ്രഹരിക്കുവാന്‍ തുടങ്ങിയപ്പോള്‍ ദേവകള്‍ ശക്രനെ ശരണം പ്രാപിച്ചു. ദേവന്മാര്‍ ആര്‍ത്തരായപ്പോള്‍ ഇന്ദ്രന്‍ അവരോടു കൂടെ പോയി വസിഷ്ഠനെ ശരണം പ്രാപി ച്ചു. ഭഗവാനും ഋഷിയുമായ വസിഷ്ഠന്‍ അവര്‍ക്ക്‌ അഭയം നല്കി. അവര്‍ ദുഃഖിക്കുന്നതു കണ്ട്‌ ആനൃശംസ്യപരനായ മുനി യാതൊരു പ്രയാസവും കൂടാതെ തന്റെ തേജ സ്സു കൊണ്ട്‌ ആ ഖലി ദാനവസമൂഹത്തെ ചുട്ടു ദഹിപ്പിച്ചു കളഞ്ഞു. കൈലാസം പൂകുന്ന ഗംഗാനദിയെ ആ തപോനിധി ദിവ്യമായ ആ പൊയ്കയിലേക്കു കയറ്റി. ആ ജലം നിറഞ്ഞ്‌ ആ പൊയ്കയുടെ ചിറ തകര്‍ന്നു. ആ സരസ്സിനെ ഇങ്ങനെ തകര്‍ത്ത്‌ ഗംഗാനദി പിന്നെ അവിടെ നിന്ന്‌ സരയുനദി എന്ന പേരില്‍ ഒഴുകി. ഖലിമാര്‍ ചത്തൊടുങ്ങിയ ആ പ്രദേശം ഖലിനമെന്ന പേരിനാല്‍ പ്രസിദ്ധമായി.

ഇപ്രകാരം വസിഷ്ഠന്‍, ഇന്ദ്രന്‍ മുതലായ ദേവന്മാരെ രക്ഷിച്ചു. ബ്രഹ്മദത്തവരന്മാരായ ഈ ദൈതൃന്മാരെ മഹാനായ വസിഷ്ഠന്‍ കൊന്നു കളഞ്ഞു. ഇങ്ങനെ വസിഷ്ഠന്റെ കര്‍മ്മവും ഞാന്‍ പറഞ്ഞു. അനഘാശയനായ രാജാവേ, ഞാന്‍ ചോദിക്കുന്നു ആരുണ്ട്‌ ബ്രാഹ്മണനായ വസിഷ്ഠനെക്കാള്‍ യോഗ്യനായി. ഒരു ക്ഷത്രിയന്‍, ഉണ്ടെ ങ്കില്‍ പറയൂ!

156. പവനാര്‍ജജുനസംവാദം - അശ്വനീദേവകളെ ലോമപാനം ചെയ്യിക്കാന്‍ വിസമ്മതിച്ച ഇന്ദ്രനെ ച്യവനന്‍ സ്തംഭിപ്പിച്ച കഥ - ഭീഷ്മൻ പറഞ്ഞു; വായു പറഞ്ഞത് കേട്ട്‌ അര്‍ജ്ജുനന്‍ നിന്നു. വായു പിന്നെയും തുടര്‍ന്നു: ഇനി മഹാത്മാവായ അത്രിയുടെ കര്‍മ്മം അല്ലയോ ഹേഹയാധിപാ, കേട്ടാലും. ഘോരമായ കൂരിരുട്ടില്‍ ദേവാസുന്മാര്‍ നിന്ന് പോരാടി. ആ സമയത്ത്‌ സ്വര്‍ഭാനു (രാഹു) സുൂര്യചന്ദ്രന്മാരില്‍ അമ്പെയ്തു തുളച്ചു. ലോകം ഇരുളടഞ്ഞു. അങ്ങനെ ദേവന്മാര്‍ ദൈതൃന്മാരാല്‍ ഹനിക്കപ്പെട്ടു. ദേവന്മാര്‍, അല്ലയോ രാജശാര്‍ദ്ദൂലാ, തുല്യബലവാന്മാരായ അസുരന്മാരാല്‍ കൊന്നൊടുക്കപ്പെട്ടു. പ്രാണനാശം വന്നു കൊണ്ടിരിക്കുന്ന ദേവന്മാര്‍ തപസ്സു ചെയ്യുന്ന അത്രിയെന്ന വിപ്ര താപസ മുഖ്യനെ ചെന്നു കണ്ടു. കോപം ശമിച്ച്‌ ഇന്ദ്രിയം വെന്നവനായ മുനിയോട്‌ ദേവന്മാര്‍ പറ ഞ്ഞു: "ദൈത്യന്മാര്‍ അമ്പെയ്തു ചന്ദ്രാര്‍ക്കന്മാരെ മൂടി ക്കളഞ്ഞു. കുരിരുട്ടത്ത്‌ ശത്രുക്കള്‍ ഞങ്ങളെ ബാധിക്കുന്നു. പ്രഭോ, ഞങ്ങള്‍ യാതൊരു ശാന്തിയും കാണുന്നില്ല, ഞങ്ങളെ ഭവാന്‍ കാക്കണേ!".

അത്രി പറഞ്ഞു: എങ്ങനെയാണു കാക്കേണ്ടത്‌? അത്രി ചോദിച്ചതു കേട്ട്‌ ദേവന്മാര്‍ പറഞ്ഞു: "മഹര്‍ഷേ, അങ്ങു ചന്ദ്രനായി ഭവിച്ചാലും. അല്ലെങ്കില്‍ ഇരുട്ടകറ്റുന്ന സൂര്യനായാലും കൊള്ളാം. അങ്ങനെ ഭവാന്‍ ദസ്യുഹന്താവാകുക!".

വായു പറഞ്ഞു: ഇപ്രകാരം ദേവന്മാര്‍ പറഞ്ഞപ്പോള്‍ അത്രി ഇരുള്‍നീക്കുന്ന ചന്ദ്രനായി, സോമാഭനായി, പ്രിയദര്‍ശനനായി, സൌമൃ ഭാവത്തോടെ നോക്കി. അപ്പോള്‍ പ്രഭ മങ്ങി സൂര്യനെയും, ചന്ദ്രനെയും അത്രി കണ്ടു രാജാവേ! പോരില്‍ തന്റെ തപസ്സു കൊണ്ട്‌ അത്രി പ്രകാശം പരത്തി. ഇരുട്ടു നീക്കി ലോകം മുഴുവന്‍ പ്രകാശിപ്പിച്ചു. തന്റെ തേജസ്സ് കൊണ്ട്‌ അസുരന്മാരെയെല്ലാം ജയിച്ചു. അത്രി ചുടുന്നതായ ദൈത്യന്മാരെ കണ്ടപ്പോള്‍, അത്രിയാല്‍ രക്ഷിക്കപ്പെട്ട ദേവകള്‍ വിക്രമിച്ച്‌ അസുരന്മാരെ കൊല്ലുവാന്‍ തുടങ്ങി. ഉടനെ ആദിത്യന്‍ തെളിഞ്ഞു. ദേവന്മാര്‍ രക്ഷിക്കപ്പെടുകയും, ദൈതൃവര്‍ഗ്ഗം നശിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്ത അത്രിയുടെ സാമര്‍ത്ഥ്യം പ്രശംസനീയം തന്നെ.

അഗ്നിയുടെ സഹായമുള്ളവനും, ജപിക്കുന്നവനും, തോല്‍ ഉടുത്തവനും, കായ്ക്കള്‍ തിന്നുന്നവനുമായ ദ്വിജന്‍ ചെയ്ത അത്ഭുതകര്‍മ്മം നോക്കൂ! മഹാനായ അത്രി ചെയ്ത കര്‍മ്മവും ഞാന്‍ വിസ്തരിച്ചു പറഞ്ഞു. നീ പറയൂ! പറയു! അത്രിയെക്കാള്‍ യോഗ്യനായി ഒരു രാജാവിനെയും ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ പറയൂ രാജാവേ!

ഭീഷ്മൻ പറഞ്ഞു; ഇപ്രകാരം വായു പറഞ്ഞതു കേട്ട്‌ കാര്‍ത്തവീര്യാര്‍ജജുനന്‍ നിശ്ശബ്ദമായി നിന്നു. വായു പിന്നെയും തുടര്‍ന്നു: രാജാവേ, നീ കേള്‍ക്കൂ! ഇനി ച്യവനന്‍ ചെയ്ത കര്‍മ്മത്തെയും ഞാന്‍ പറയാം. അശ്വിനിയോട്‌ ച്യവനന്‍ ഏറ്റുപറഞ്ഞ പ്രകാരം ശക്രനോടു പറഞ്ഞു: "അല്ലയോ ശക്രാ, ഭവാന്‍ അശ്വികളെ ദേവന്മാരോടു കൂടിയിരുത്തി സോമപാനം ചെയ്യിക്കണം".

ഇന്ദ്രന്‍ പറഞ്ഞു: വര്‍ജ്ജിക്കുന്നവരാണ്‌ ഇവര്‍. അവരെ സോമപന്മാരാക്കുകയോ! ഇവര്‍ ദേവന്മാരോടു തുല്യം യോഗ്യരല്ല. ഇവര്‍ ജാതിയില്‍ താഴെയാണ്‌. അവരെ ദേവന്മാരുടെ ഒപ്പം ഇരുത്താനോ സോമം പാനം ചെയ്യിക്കുവാനോ പാടില്ല. അതുകൊണ്ട്‌ ഈ കാര്യം പറയരുത്‌. ഞങ്ങള്‍ അശ്വികളോടൊപ്പമിരുന്ന്‌ സോമപാനം ചെയ്യുകയില്ല മഹാവ്രതാ. വേറെ വല്ലതും പറയുവാനുണ്ടോ വിപ്രാ! ഉണ്ടെങ്കില്‍ പറയു! ഞങ്ങള്‍ ചെയ്യാം.

ചൃവനന്‍ പറഞ്ഞു: നിങ്ങളോടൊപ്പമിരുന്ന്‌ അശ്വികളും സോമപാനം ചെയ്യണം. രണ്ടുപേരും സുരന്മാരാണ്‌. സൂര്യപുത്രരാണ്‌ സുരനായക! ഞാന്‍ പറഞ്ഞ മാതിരി എന്റെ വാക്കനുസരിച്ച്‌ ദേവകള്‍ ചെയ്യണം. അതു ചെയ്താല്‍ നിങ്ങള്‍ക്കു നന്മ വരും. ചെയ്തില്ലെങ്കിലോ, നന്മയുമില്ല!

ച്യവനന്‍ തുടര്‍ന്നു: എടോ വലസൂദനാ, നീ ഞാന്‍ പറഞ്ഞ വാക്കു ചെയ്തില്ലെങ്കില്‍, ഈ യജ്ഞത്തില്‍ ഇന്നു നീ അവരോടൊപ്പമിരുന്ന്‌ സോമം പാനം ചെയ്തില്ലെങ്കില്‍, ഞാന്‍ നിന്നെക്കൊണ്ടു സോമം കഴിപ്പിക്കും! മനസ്സിലായോ? നമുക്ക്‌ ഒന്നു നോക്കാം!

വായു പറഞ്ഞു: ച്യവനന്‍ പിന്നെ അശ്വികള്‍ക്കു ഹിതത്തിന്നായി കര്‍മ്മം തുടങ്ങി. ച്യവനന്‍ മന്ത്രം ജപിച്ചപ്പോള്‍ ദേവകള്‍ അവന്റെ അധീനത്തില്‍ വന്നു. ച്യവനന്‍ ആ കര്‍മ്മം ചെയ്തതു കണ്ട് ഇന്ദ്രന് ഭയങ്കരമായ കോപമുണ്ടായി. അവന്‍ ഒരു വലിയ മല പറിച്ചു കൈയില്‍ വെച്ച്‌ ച്യവനന്റെ അരികിലേക്കു പാഞ്ഞു ചെന്നു. വജ്രം കൈയിലിരിക്കുന്ന അവന്‍ അമര്‍ഷത്തോടെ കലങ്ങിമ റിഞ്ഞക ണ്ണുകളോടു കൂടി തന്റെ നേരെ വരുന്നത്‌ തപസ്വിയായ ച്യവനന്‍ കണ്ടു. ച്യവനന്‍ കൈയില്‍ അല്പം ജലമെടുത്ത്‌ ഇന്ദ്രന്റെ നേരെ തളിച്ചു. വെള്ളം ദേഹത്തില്‍ വീണ ഉടനെ ഇന്ദ്രന്‍ സ്തംഭിച്ചു പോയി. വജ്രവും അദ്രിയും കൈയില്‍ ധരിച്ചിരിക്കുന്ന ഇന്ദ്രന്റെ കൈ അനക്കാന്‍ വയ്യാത്ത വിധം ഇന്ദ്രന്‍ സ്തംഭിച്ചു നിന്നു. അങ്ങനെ ഇന്ദ്രന്‍ ഗതികേടിലെത്തിയ സമയത്ത്‌ ച്യവനന്‍ ഇന്ദ്രന്റെ നേരെ ഉഗ്രനായ ഒരു ശത്രുവിനെ വിട്ടു. ച്യവനന്‍ അഗ്നിയില്‍ മന്ത്രം ജപിച്ചു ഹോമിച്ചപ്പോള്‍ അതില്‍ നിന്ന് പുറപ്പെട്ടവനാണ്‌. ആ ഭയങ്കരനായ സത്വം, മദന്‍ എന്നു പേരായ അവന്‍ വായ്‌ തുറന്നു പാഞ്ഞടുത്തു. ആയിരം പല്ലുള്ള അവന്റെ വായ നൂറു യോജന വിസ്താരമുള്ളതായി കാണപ്പെട്ടു. ആയിരം പല്ലുകള്‍ പുറത്തു കണ്ടു. ഇരുന്നൂറു യോജന നീളമുണ്ട്‌ അവന്റെ ഉഗ്രമായ ദംഷ്ട്രയ്ക്ക്‌. അവ ന്റെ താടി ഭൂമിയിലും വായ ആകാശത്തും മുട്ടി നില്ക്കുന്നു. അവന്റെ നാവിന്റെ കടയ്ക്കലായി ഇന്ദ്രാദിദേവകള്‍ കാണപ്പെട്ടു. കടലില്‍ വായ് പിളര്‍ന്ന തിമിംഗലത്തിന്റെ ദംഷ്ട്രയില്‍പ്പെട്ട മത്സ്യങ്ങള്‍ പോലെ ദേവകള്‍ കാണപ്പെട്ടു. മദന്റെ വായില്‍പ്പെട്ട ദേവകള്‍ ഉടനെ എത്തിയ ഇന്ദ്രനോടു വിളിച്ചു പറഞ്ഞു: "ബ്രാഹ്മണനെ വണങ്ങുക! മുനിയെ വണങ്ങുക! അല്ലല്‍ കൂടാതെ അശ്വികളോടൊപ്പം സോമം പാനംചെയ്യുക എന്ന്‌".

ഉടനെ ശക്രന്‍ ച്യവനനെ വണങ്ങി. അവന്‍ പറഞ്ഞതു പോലെ ചെയ്തു. അങ്ങനെ ച്യവനന്‍ ആശ്വിനേയന്മാരെ സോമപന്മാരാക്കി. പിന്നെ തന്റെ കര്‍മ്മം അവസാനിപ്പിച്ച്‌ മുനി മദന്‍ എന്നവനെ (മദത്തെ) നാലായി ഭാഗിച്ചു, പലരിലുമാക്കി: ചുതിലും, നായാട്ടിലും, മദ്യപാനത്തിലും, സ്ത്രീജനത്തിലും - ഈ നാലു കൂട്ടത്തിലാക്കി മദത്തെ വീര്യവാനായ ചൃവനന്‍ വെച്ചു. ഈ ദോഷം ഏല്ക്കുന്നവര്‍ തീര്‍ച്ചയായും നശിച്ചുപോകും രാജാവേ! അതുകൊണ്ട്‌ ഇവരെ നരന്‍ ദൂരെയകറ്റണം.

ഇങ്ങനെ ഞാന്‍ ച്യവനന്റെ മാഹാത്മ്യവും പറഞ്ഞു രാജാവേ! എടോ കാര്‍ത്തവീര്യാ, പറയു! ഏതു രാജാവാണ്‌ ഏതു ക്ഷത്രിയനാണ്‌, ഈ ച്യവന ബ്രാഹ്മണനെക്കാള്‍ യോഗ്യനായിട്ടുള്ളത്? പറയു രാജാവേ!

157. പവനാര്‍ജജുനസംവാദം - ബ്രാഹ്മണരും കപന്മാരും തമ്മില്‍ നടന്ന കലഹത്തിന്റെ കഥ - ഭീഷ്മൻ പറഞ്ഞു: വായു പറഞ്ഞതു കേട്ടപ്പോള്‍ അര്‍ജജുനന്‍ ഒന്നും മിണ്ടാതെ നിന്നു. വായു പിന്നെയും പറയുവാന്‍ തുടങ്ങി: എടോ ജനാധിപാ വിപ്രന്മാരിലുള്ള മുഖ്യമായ കര്‍മ്മം ഇനിയും ഞാന്‍ പറയാം. രാജാവേ, നീ കേള്‍ക്കുക. മദവക്ത്രത്തില്‍ (മദന്റെ വായില്‍) എപ്പോള്‍ ദേവന്മാര്‍ കുടുങ്ങിയോ അപ്പോള്‍ ചൃവനന്‍ അവര്‍ക്കുള്ള ഊഴിയൊക്കെ ഹരിച്ചു. രണ്ടു ലോകങ്ങളും നഷ്ടപ്പെട്ട വിധത്തില്‍ ദേവന്മാര്‍ ദുഃഖിതരായി. അവര്‍ ഉഴന്നുപോയി. ഉടനെ അവര്‍ ബ്രഹ്മാവിന്റെ അടുത്തു ചെന്നു.

ദേവകള്‍ പറഞ്ഞു: അല്ലയോ ലോകപൂജിതാ! ഞങ്ങള്‍ മദവക്ത്രത്തില്‍ പെട്ടു നില്ക്കുന്ന സന്ദര്‍ഭത്തില്‍ ചൃവനന്‍ ഭൂമിയെയും, കപന്മാര്‍ സ്വര്‍ഗ്ഗത്തെയും തട്ടിയെടുത്തു പ്രഭോ!

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ ദേവന്മാരേ! നിങ്ങള്‍ എല്ലാവരും ഇന്ദ്രനോടു കൂടി വിപ്രരെ ശരണം പ്രാപിക്കുവിന്‍. ബ്രാഹ്മണരെ പ്രസാദിപ്പിച്ചാല്‍ നിങ്ങള്‍ക്ക്‌ മുമ്പത്തെ മാതിരി തന്നെ രണ്ടു ലോകവും ലഭിക്കും. ദേവന്മാര്‍ വിപ്രരെ ശരണം പ്രാപിച്ചു. വിപ്രന്മാര്‍ ചോദിച്ചു: "ദേവന്മാരേ, ഞങ്ങള്‍ ആരെയാണ്‌ നിങ്ങള്‍ക്കു വേണ്ടി ജയിക്കേണ്ടത്‌?".  ഇപ്രകാരം ബ്രാഹ്മണര്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ അവരോടു പറഞ്ഞു: "ദ്വിജന്മാരേ, നിങ്ങള്‍ കപരെ ജയിക്കുവിന്‍!". ഇതുകേട്ട്‌ ബ്രാഹ്മണര്‍ പറഞ്ഞു: "അവരെ ഉടനെ ഭൂമിയിലേക്കു വരുത്തുക. ഭൂമിയില്‍ എത്തിയാല്‍ അവരെയെല്ലാം ഉടനെ നശിപ്പിച്ചുകളയാം".

പിന്നെ ബ്രാഹ്മണര്‍ കപന്മാര്‍ മുടിയുവാന്‍ വേണ്ട ഹോമക്രിയകള്‍ ചെയ്യുവാന്‍ തുടങ്ങി. ഈ വൃത്താന്തം അറിഞ്ഞ്‌ കപന്മാരില്‍ വെച്ചു ധനികനായ ഒരുത്തന്‍ വിപ്രന്മാരുടെ അടുത്തേക്കു ദൂതനെ പറഞ്ഞു വിട്ടു. കപന്മാര്‍ പറഞ്ഞവിധം ധനി ദൂതന്‍ മുഖേന വിപ്രരെ അറിയിച്ചു.

ധനി പറഞ്ഞു; കപന്മാര്‍ എല്ലാം നിങ്ങളോടു തുല്യരാണ്‌. ആരും താഴെയല്ല! ആ നിലയ്ക്ക്‌ നിങ്ങള്‍ ഈ തുടരുന്നത്‌ എന്താണ്‌? എന്തു നേടാനാണീ പ്രയോഗമൊക്കെ? അവര്‍ എല്ലാവരും വേദജ്ഞന്മാരാണ്‌. എല്ലാവരും പ്രാജ്ഞരാണ്‌. യജ്ഞങ്ങള്‍ ചെയ്യുന്നവരാണ്‌. എല്ലാവരും സത്യവ്രതന്മാരാണ്‌. എല്ലാവരും ബ്രഹ്മര്‍ഷി സന്നിഭന്മാരാണ്‌. അവരില്‍ ശ്രീ രമിക്കുന്നു. അവര്‍ ശ്രീയെ വഹിക്കുന്നു. അവരാരും പാഴായി ഭാര്യമാരെ സംശയിക്കുന്നില്ല. ആര്‍ത്തവ ശുദ്ധിക്കു ശേഷം സന്താനോല്‍പാദനത്തിന്നല്ലാതെ വെറും കാമസമ്പൂര്‍ത്തിക്കു വേണ്ടി പാഴായി സംഗം അവരാരും ചെയ്യുകയില്ല. പാഴായി അവര്‍ മാംസം ഭക്ഷിക്കുകയില്ല. യാഗത്തില്‍ ബലി അര്‍പ്പിച്ച മൃഗത്തിന്റെ മാംസം വേണ്ടപ്പെട്ടവര്‍ക്കെല്ലാം സല്‍ക്കരിച്ചതിന് ശേഷമുള്ളതേ കഴിക്കാറുള്ളു. കത്തുന്ന അഗ്നി യില്‍ ഹോമിക്കാതിരിക്കയില്ല. ഗുരു പറഞ്ഞതനുസരിക്കുന്നവരാണ്‌ എല്ലാവരും. എല്ലാവരും നിയതാത്മാക്കളാണ്‌. കാമക്രോധലോഭമോഹങ്ങളെ അടക്കി ജീവിക്കുന്നവരാണ്‌. ബാലന്മാര്‍ക്കു നല്കാതെ ഭക്ഷിക്കുകയില്ല. ധര്‍മ്മമനുസരിച്ചു ജീവിക്കുന്നവരാണ്‌. തീണ്ടാര്‍ന്ന പെണ്ണുങ്ങളുമായി സംയോഗം ചെയ്യാത്തവരാണ്‌. ശുഭകര്‍മ്മികളായ അവര്‍ സ്വര്‍ഗ്ഗ ഗതി കര്‍മ്മാനുസരണം നേടുന്നവരാണ്‌. ഗര്‍ഭിണികള്‍ക്കും, വൃദ്ധന്മാര്‍ക്കും, കുട്ടികള്‍ക്കും, വിളമ്പിക്കൊടുക്കാതെയിരുന്ന്‌ തന്‍ കാര്യം മാത്രം നോക്കി ഉണ്ണുന്ന കൂട്ടരല്ല. അവരാരും കാലത്ത്‌ (ഉച്ചയ്ക്കു മുമ്പ) ഒരുതരം കളിയിലും ഏര്‍പ്പെടാത്തവരാണ്‌. പകല്‍ അല്പസമയം പോലും കിടന്നുറങ്ങാത്തവരാണ്‌. ഇങ്ങനെയും വേറെ പലതുമായ ഗുണങ്ങള്‍ ചേര്‍ന്ന കപന്മാരെ നിങ്ങള്‍ എങ്ങനെ ജയിക്കും? വിപ്രരേ, നിങ്ങള്‍ പിന്‍തിരിച്ചു കൊള്ളുവിന്‍! പിന്മടങ്ങുവിന്‍! പിന്‍തിരിച്ചു പോയാല്‍ നിങ്ങള്‍ക്കു നല്ലതുവരും!

ബ്രാഹ്മണര്‍ പറഞ്ഞു: കപന്മാരെ ഞങ്ങള്‍ ജയിച്ചു കൊള്ളാം. ദേവന്മാര്‍ ആരോ, അവര്‍ ഞങ്ങള്‍ തന്നെയാണ്‌. കപര്‍ ഞങ്ങള്‍ക്കു വദ്ധ്യന്മാരാണ്‌. ധനീ, വന്ന വഴിക്കു പൊയ്‌ക്കൊള്ളുക.

വായു പറഞ്ഞു: ധനി ഈ വര്‍ത്തമാനം കേട്ട്‌ കപരോടു പറഞ്ഞു: "കപന്മാരേ, ദ്വിജന്മാര്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല!" ഇതു കേട്ടപ്പോള്‍ അസ്ത്രമെടുത്ത്‌ കപന്മാരെല്ലാവരും വിപ്രരോടു ചെന്നേറ്റു. ഉയര്‍ന്ന കൊടിയോടു കൂടി വന്നെത്തുന്ന കപന്മാരെ ബ്രാഹ്മണര്‍ കണ്ടു. ഉടനെ ബ്രാഹ്മണര്‍, ജ്വലിക്കുന്ന അഗ്നികളെ, കപന്മാരെ വധിക്കുവാനായി വിട്ടു. വിപ്രര്‍ വിട്ടവരായ അഗ്നികള്‍ ശാശ്വതരായ കപന്മാരെയൊക്കെ കൊന്നുകളഞ്ഞു. ആ അഗ്നികള്‍ ആകാശത്ത്‌ രക്തമേഘം പോലെ ശോഭിച്ചു രാജാവേ! ആ സമയത്ത്‌ ദേവന്മാര്‍ പോരില്‍ ദാനവന്മാരെ ഒത്തു ചേര്‍ന്നു വധിച്ചു. കപരെ കൊന്നതൊന്നും ദേവന്മാര്‍ അറിഞ്ഞില്ല. ആ സമയത്ത്‌ അതിതേജസ്വിയായ നാരദന്‍ ചെന്നു പറഞ്ഞു വിഭോ! "യോഗ്യരായ ബ്രാഹ്മണര്‍ തേജസ്സാല്‍ കപരെക്കൊന്ന മാതിരി!", എന്നു പറഞ്ഞപ്പോഴാണ്‌ ദേവന്മാര്‍ വൃത്താന്തമറി ഞ്ഞത്‌. നാരദന്‍ പറഞ്ഞതു കേട്ട്‌ ദേവന്മാരെല്ലാം സന്തോഷിച്ചു. ആ പ്രസിദ്ധന്മാരായ ബ്രാഹ്മണേന്ദ്രന്മാരെയെല്ലാം പ്രശംസിച്ചു. ആ ദേവകള്‍ക്ക്‌ തന്മൂലം തേജസ്സും വീര്യവും വര്‍ദ്ധിച്ചു. മൂന്നു ലോകത്തിലും പൂജിക്കപ്പെട്ട അമരത്വവും അവര്‍ നേടി.

ഭീഷ്മൻ പറഞ്ഞു: കാര്‍ത്തവീര്യാര്‍ജ്ജുനന്‍, ആ മഹാന്മാരെ വന്ദിച്ച്‌ ഇപ്രകാരം മറുപടി പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞും: പ്രഭോ, ഞാന്‍ എപ്പോഴും ബ്രാഹ്മണര്‍ക്കു വേണ്ടി ജീവിച്ചു കൊള്ളാം. ബ്രഹ്മണ്യരായ ബ്രാഹ്മണരെ ഞാന്‍ നിത്യവും നമിക്കുന്നു. ഞാന്‍ ദണ്ഡാത്രേയന്റെ അനുഗ്രഹം കൊണ്ടാണ്‌, ഈ ബലമൊക്കെ നേടിയത്‌. ലോകത്തില്‍ മുഖ്യമായ കീര്‍ത്തിയും മഹത്തായ ധര്‍മ്മവും ഞാന്‍ നേടിയിരിക്കുന്നു. അത്ഭുതം! അല്ലയോ വായു! നീ തത്വമായിപ്പറഞ്ഞ ബ്രാഹ്മണ കര്‍മ്മങ്ങളെല്ലാം ഞാന്‍ കേട്ടു. അതു കേട്ട്‌ ഞാന്‍ എത്രയും പുണ്യവാനായിരിക്കുന്നു.

വായു പറഞ്ഞു: ക്ഷത്രധര്‍മ്മത്താല്‍ വിപ്രരെയും ഇന്ദ്രിയങ്ങളെയും കാത്തു കൊള്ളുക! കാലത്തിന്റെ ഗതിയില്‍ ഭൃഗുക്കള്‍ വഴിയായി ഭവാന്‌ ഉഗ്രമായ ഭയം വന്നുകൂടും.

158. മഹാപുരുഷമാഹാത്മ്യം - ഭീഷ്മൻ ശ്രീകൃഷ്ണന്റെ മഹിമാതിശയം വര്‍ണ്ണിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്‍ എന്നും സംശിതവ്രരായ വിപ്രന്മാരെ അര്‍ച്ചിക്കുന്നുണ്ട്‌ല്ലോ. രാജാവേ, എന്തു കര്‍മ്മഫലം കണ്ടിട്ടാണ്‌ അവരെ അര്‍ച്ചിക്കുന്നത്‌. വിപ്രപൂജ ചെയ്താല്‍ എന്ത്‌ ഫലം കണ്ടിട്ടാണ്‌ മഹാവ്രതാ, മഹാബാഹോ, ഭവാന്‍ അര്‍ച്ചിക്കുന്നത്‌? അതൊക്കെ പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു; മഹാവ്രതനും, വിപ്രപൂജയുടെ ഫലം കണ്ടവനുമായ മഹാമതി, ഈ നില്ക്കുന്ന കേശവന്‍ മുഴുവന്‍ പറയും. എനിക്കാണെങ്കില്‍ ബലവും ശ്രോത്രവും, വാക്കും, ദൃഷ്ടിയും, മനസ്സും, ജ്ഞാനവും വൃക്തമല്ലാത്ത നിലയിലായിരിക്കുന്നു. ഉടനെ ദേഹത്യാഗം ചെയ്യുന്നതിന് ഞാന്‍ തയ്യാറായിരിക്കുകയാണ്‌. സൂര്യന്‍ വിട്ടു പോവുകയായി. രാജാവേ, ഞാന്‍ ഇപ്പോള്‍ വിപ്രന്മാര്‍ക്കും, ക്ഷത്രിയന്മാര്‍ക്കും, മറ്റ്‌ ആര്യന്മാര്‍ക്കും, ശൂദ്രന്മാര്‍ക്കും ഉള്ള പുരാണമായ ധര്‍മ്മമെല്ലാം കേള്‍പ്പിച്ചു. ഇനി നിങ്ങള്‍ക്ക്‌ കേള്‍ക്കേണ്ടതെല്ലാം കൃഷ്ണനോട്‌ ചോദിക്കൂ പാര്‍ത്ഥാ! കൃഷ്ണന്റെ ശരിയായ മഹത്വം ഞാന്‍ അറിയുന്നുണ്ട്‌. കൃഷ്ണന്‍ ആരാണെന്നും, ബലം എന്താണെന്നും ഞാന്‍ അറിയുന്നുണ്ട്‌. പുരാണനും അമേയനുമായ കേശവന്‍ നിങ്ങളുടെ സംശയമെല്ലാം തീര്‍ത്തു തരും കൗരവേന്ദ്രാ! കൃഷ്ണന്‍ ഭൂമിയും, ആകാശവും, സ്വര്‍ഗ്ഗവും, സൃഷ്ടിച്ചു. ഊഴി കൃഷ്ണന്റെ ദേഹത്തില്‍ നിന്നുണ്ടായി. ഭീമബലനും പുരാണനുമായ ആദിവരാഹമായി കൃഷ്ണന്‍ ശൈലങ്ങളോടു കൂടിയ ഈ ഭൂമിയെ സമുദ്രത്തിലാണ്ടു പോയപ്പോള്‍ പൊക്കി. അവന്‍ എല്ലാ ദിക്കുകളും, എല്ലാ പര്‍വ്വതങ്ങളോടും കൂടി സൃഷ്ടിച്ചു. എല്ലാ സൃഷ്ടിയും ഇവനില്‍ നിന്നാണ്‌. അവന്റെ കീഴിലായി . അംബരവും, സ്വര്‍ഗ്ഗവും, നാലു ദിക്കുകളും, നാലു വിദിക്കുകളും ഉണ്ടായി. ഇവയില്‍ നിന്നാണ്‌ എല്ലാ സൃഷ്ടിജാലങ്ങളും പുറത്തേക്കു വന്നത്‌.

പ്രാചീനമായ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവും അവന്‍ തന്നെയാണ്‌. അവന്റെ നാഭിയില്‍ നിന്ന്‌ ഒരു താമര പൊങ്ങി വന്നു. അതില്‍ താനെ ഒരു അമിതമായ ഓജസ്സുണ്ടായി. അവനാണ്‌ ഘോരമായ തമസ്സ്‌ നശിപ്പിക്കുന്നത്‌. ആ മഹാര്‍ണ്ണവം തര്‍ജ്ജനം ചെയ്യുന്നതും അവനാണ്‌. കൃതയുഗത്തില്‍ അല്ലയോ പാര്‍ത്ഥാ, കൃഷ്ണന്‍ പൂര്‍ണ്ണമായ ധര്‍മ്മസ്വരൂപനായി ഭുമിയില്‍ നിലനില്ക്കുന്നു. ത്രേതായുഗത്തില്‍ കൃഷ്ണന്‍ ജ്ഞാനസ്വരുപനായി ഭൂമിയില്‍ വര്‍ത്തിക്കുന്നു. ദ്വാപരയുഗത്തില്‍ കൃഷ്ണന്‍ ബലസ്വരൂപമായി വര്‍ത്തിക്കുന്നു. കലിയുഗത്തില്‍ കൃഷ്ണന്‍ അധര്‍മ്മസ്വരൂപനായും വര്‍ത്തിക്കുന്നു.

പണ്ടുകാലത്ത്‌ അവന്‍ ദൈത്യരെ സംഹരിച്ചു. അന്ന്‌ പുരാണനായ ദേവനായി വര്‍ത്തിച്ചു. അവന്‍ അന്ന്‌ അസുരന്മാരുടെ രാജാവായി ഭരണം നടത്തി (ബലിയായിട്ട്). അവന്‍ സകല ഭൂതങ്ങളെയും സൃഷ്ടിച്ചു. അവന്‍ എല്ലാ ജീവികളുടെയും ഭാവനനായ ഭൂതഭവ്യനായി. ജഗത്തുമുഴുവന്‍ ഭരിക്കുന്നവനും അവന്‍തന്നെ!

ദേവന്മാരില്‍ എപ്പോള്‍ ധര്‍മ്മം ക്ഷയിച്ചു പോകുന്നുവോ, അപ്പോള്‍ കൃഷ്ണന്‍ മര്‍ത്തൃരില്‍ വന്നു പിറക്കും. ഭാവിതാത്മാവായ അവന്‍ ധര്‍മ്മത്തില്‍ ഉറച്ചു നിന്ന്‌ പരാപരമായ സകല ലോകത്തെയും ഭരിക്കുന്നു. സംരക്ഷിക്കേണ്ടത്‌ സംരക്ഷിക്കുന്നതിന് വേണ്ടിയും കൃഷ്ണന്‍ അസുരധ്വംസനം ചെയ്യുന്നു. അല്ലയോ പാര്‍ത്ഥാ, അവന്‍ തന്നെയാണ്‌ എല്ലാ കര്‍മ്മവും. ശരിയും തെറ്റുമായ എല്ലാ കര്‍മ്മവും അവന്‍ തന്നെ. എല്ലാറ്റിനും കാരണവും അവന്‍ തന്നെ. കര്‍ത്താവും ക്രിയയും ചെയ്യുന്നവനും, ചെയ്യപ്പെടുന്നതും, ചെയ്യുന്ന കര്‍മ്മവും എല്ലാം കൃഷ്ണന്‍ തന്നെ. രാഹുവും, സോമനും, ശക്രനും എല്ലാം ആ പരമാത്മാവു തന്നെയാണ്‌. വിശ്വകര്‍മ്മാവും അവന്‍ തന്നെ. വിശ്വരൂപനും അവന്‍ തന്നെ. വിശ്വം ഭുജിക്കുന്നവനും, വിശ്വസ്യക്കും, വിശ്വജിത്തും അവന്‍ തന്നെയാണ്‌. ശൂലിയും, ശോണിതഭൃത്തും. കരാളനും എല്ലാം അവന്‍ തന്നെയാണ്‌. എല്ലാ ജീവികളും പാടുന്നത്‌ അവനെപ്പറ്റിയുള്ള സ്തുതികളാകുന്നു. അവന്‍ മാനുഷ രൂപിയാണ്‌, അവന്‍ ഉഗ്രരൂപനാണ്‌, അവന്‍ തന്റെ പ്രവൃത്തിയാല്‍ അറിയപ്പെടുന്നു. അനേകം നൂറുനൂറ്‌ ഗന്ധര്‍വ്വന്മാരും, അപ്സരസ്സുകളും, ദേവന്മാരും എല്ലായ്പ്പോഴും അവനെ അനുഗമിക്കുന്നു. അവന്‍ ഐശ്വര്യ വര്‍ദ്ധകനാണ്‌. അവന്‍ മാത്രമാണ്‌ പ്രപഞ്ചത്തിലെ വിജയിയായ ഏകപുരുഷന്‍. യജ്ഞത്തില്‍ അദ്ദേഹം വാഴ്ത്തപ്പെടുന്നു. സാമഗാനം ചെയ്യുമ്പോള്‍ അവനെ രഥന്തരം പാടിപ്പുകഴ്ത്തുന്നു. ബ്രാഹ്മണര്‍ അവനെ വേദമന്ത്രങ്ങള്‍ ജപിച്ചു വാഴ്ത്തുന്നു. അദ്ധ്യുര്യുക്കുകള്‍ അവന് ഹവ്യം നല്കുന്നു. ഇന്ദ്രനോട് കൂടിയ ദേവന്മാര്‍ അവനെ പാടിസ്തുതിച്ചു. വൃന്ദാവനത്തില്‍ ഗോക്കളെ സംരക്ഷിക്കുവാന്‍ ഗോവര്‍ദ്ധന പര്‍വ്വതം പൊക്കിപ്പിടിച്ചപ്പോള്‍ ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ പാടി സ്തുതിച്ചു. ഇന്ദ്രന്‍ കോപിച്ചു മഴ ചൊരിഞ്ഞത്‌ നിഷ്ഫലമാക്കിത്തീര്‍ത്ത കൃഷ്ണനെ പിന്നെ ഇന്ദ്രാദികള്‍ സ്തുതിച്ചു. അവന്‍ എല്ലാ ഭൂതങ്ങളിലും കരുണ വര്‍ഷിക്കുന്നവനാണ്‌ ഭാരതാ! അവന്‍ ആദിയില്‍ ബ്രഹ്മഗുഹയില്‍ പ്രവേശിച്ച്‌ ശരിയായ ബ്രഹ്മാണ്ഡം, പ്രപഞ്ചത്തില്‍ സമയം തുടങ്ങുന്നതിന് മുമ്പേ ദര്‍ശിച്ചു. ബ്രഹ്മമുണ്ടാകുന്നതിന് മുമ്പ്‌ പ്രപഞ്ചം ശൂന്യമായിരുന്നു. അക്കാലത്ത്‌ ഇവന്‍ പ്രപഞ്ചത്തില്‍ എല്ലാം കണ്ട്‌ വര്‍ത്തിച്ചു. സകല ദാനവന്മാരെയും, അസുരന്മാരെയും എതിര്‍ത്ത്‌ ഈ കൃഷ്ണന്‍ ഭൂമിയെ രക്ഷപ്പെടുത്തി. ജനങ്ങള്‍ അവന് പലതരത്തിലുള്ള അന്നം നിവേദിക്കുന്നു. യോദ്ധാക്കള്‍ യുദ്ധകാലത്ത്‌ അവന് എല്ലാവിധ വാഹനങ്ങളും സമര്‍പ്പിക്കുന്നു. അവന്‍ ശാശ്വതനാണ്‌.

അവന് ആകാശവും ഭൂമിയും സ്വര്‍ഗ്ഗവും അധീനത്തില്‍ നില്ക്കുന്നു. അവന്‍ ശാശ്വതനാണ്‌. മിത്രാവരുണന്മാരുടെ രേതസ്സ്‌ അവന്‍ കുംഭത്തിലാക്കി. അതില്‍ നിന്ന്‌ വസിഷ്ഠന്‍ ഉത്ഭവിച്ചു. കൃഷ്ണന്‍ വായുദേവനാണ്‌. അവന്‍ അശ്വിദേവന്മാരാണ്‌. അവന്‍ ദൈവങ്ങളില്‍ സഹസ്രരശ്മിയായ ദേവനാണ്‌. അവന്‍ എല്ലാ ദൈത്യരെയും ജയിച്ചു എന്നു മാത്രമല്ല തന്റെ വിക്രമംകൊണ്ട്‌, മൂന്നു കാലടി കൊണ്ട്‌ മൂന്നു ലോകവും നേടിയവനാണ്‌.

അവന്റെ തേജസ്സില്‍ ചെറിയ ഒരു ഭാഗത്തിലാണ്‌ സൂര്യമണ്ഡലം ഉജ്ജ്വലിക്കുന്നത്‌. അവന്‍ പിതൃക്കള്‍ക്കും, നരന്മാര്‍ക്കും, അമരന്മാര്‍ക്കും, യജ്ഞജ്ഞാനമുള്ളവര്‍ക്കും ആത്മാവായി വിളങ്ങുന്നു. അവന്‍ കാലം വേര്‍തിരിച്ച്‌ രാവും പകലുമാക്കുന്നു. ഉത്തരായനവും ദക്ഷിണായനവും ഉണ്ടാക്കുന്നു. അവന്‍ ദിവസം തോറും സൂര്യനായി ഉദിക്കുന്നു. രശ്മിസമൂഹം ചുവട്ടിലേക്കും, മുകളിലേക്കും, നാലുവശത്തേക്കും ചിന്നുന്നു. സൂര്യന്‍ അവന്റെ തേജസ്സിന്റെ ഭാഗത്താല്‍ ജ്വലിക്കുന്നു.

മാസംതോറും യജ്ഞകൃത്തായി വിലസുന്നതും അവന്‍ തന്നെയാണ്‌. വേദവിജ്ഞന്മാര്‍ അദ്ധ്വരത്തില്‍ അവറെപ്പറ്റി പാടി സ്തുതിക്കുന്നു. ത്രിനാഭിയോട് കൂടിയതും, സപ്താശ്വങ്ങള്‍ വഹിക്കുന്നതും, ത്രിധാമചക്രം വഹിക്കുന്നതുമായ വത്സര രഥം ചേര്‍ത്തിണക്കിയവന്‍ അവനാണ്‌.

തേജസ്സു ചേര്‍ന്നവനും, സര്‍വ്വഗനും, സര്‍വ്വസിംഹനും, ലോകം ഭരിക്കുന്നവനുമായ ദേവന്‍ കൃഷ്ണന്‍ തന്നെയാണ്‌. ഹംസനും, തമസ്സിനെ നീക്കുന്നവനും അവന്‍ തന്നെയാണ്‌ പാര്‍ത്ഥാ! ആ കര്‍ത്താവിനെ യുധിഷ്ഠിരാ! ഭവാന്‍ ശരണം പ്രാപിച്ചു കൊള്ളുക!

ഒരുകാലത്ത്‌ മഹാത്മാവായ കൃഷ്ണന്‍ അഗ്നിയായി ഖാണ്ഡവത്തില്‍ ഉണക്കപ്പുല്ലില്‍ കിടന്നു. വേഗത്തില്‍ അവന്‍ സംത്യപ്തനായി. ഇഷ്ടമുള്ള എവിടെ പോകുന്നതിനും അവന്‍ കഴിവുറ്റവനാണ്‌. അവന്‍ രാക്ഷസന്മാരെയും, ഉരഗങ്ങളെയും ജയിച്ചു. എല്ലാറ്റിനെയും സര്‍വ്വവ്യാപിയായ അവന്‍ അഗ്നിയില്‍ ഹോമിച്ചു.

അവന്‍ പാർത്ഥന് ശ്വേതാശ്വത്തെ നല്കി. എല്ലാ അശ്വങ്ങളെയും അവന്‍ ഒരുത്തനാണ്‌ നടത്തിച്ചത്‌. ആ അശ്വങ്ങളുടെ സൃഷ്ടാവ്‌ അവനാണ്‌. ഈ മര്‍ത്തൃജീവിതം തന്നെയാണ്‌ രഥം. അതു നടത്തുന്നതും അവന്‍തന്നെ. ആ രഥത്തിന്നു ചക്രം മൂന്നുണ്ട്‌ (അത്‌ സത്വം, രജസ്സ്‌, തമസ്സ് എന്നിവയാണ്‌). അതിന് മൂന്നുതരം ചലനമുണ്ട്‌ (ഉച്ചവും, നീചവും, മദ്ധ്യവുമായ ജന്മം). ആ രഥത്തില്‍ നാലശ്വങ്ങളെ കെട്ടിയിട്ടുണ്ട്‌. സമയം. മുൻവിധി, ഈശ്വരേച്ഛ, സ്വപൗരുഷം ഇവ നാലുമാണ്‌ കുതിരകള്‍. അതിന് മൂന്നു നാഭികളുണ്ട്‌. വെളുത്തതും കറുത്തതും കലര്‍ന്നതുമായ നിറമുള്ളതാണ്‌ അവ (നല്ലതും ചീത്തയും രണ്ടും കലര്‍ന്നതുമായ കര്‍മ്മങ്ങളാണവ സൂചിപ്പിക്കുന്നത്‌).

അവന്‍ ഈ മന്നും വിണ്ണും അന്തരീക്ഷവും സൃഷ്ടിച്ചു. അവന്‍ വ്യോമം പഞ്ചനാഭിയായി തീര്‍ത്തു. വനങ്ങളും, ശൈലങ്ങളും, അവന്‍ തീര്‍ത്തു. അങ്ങനെ ദിപ്താഗ്നി വീരനായ ഋഷീകേശനാണ്‌ അവയൊക്കെ തീര്‍ത്തത്‌. ആകാശം ഉള്‍പ്പെടെയുള്ള അഞ്ചു ഭൂതങ്ങളും അവനെ ആശ്രയിച്ചിരിക്കുന്നു. വജ്രപാണിയെ ശാസിക്കുന്നതിന് വേണ്ടി പുഴയും മറ്റും കടന്ന്‌ വജ്രം തന്റെ നേരെ പ്രയോഗിക്കുന്ന ശക്രനെ കുഷ്ണന്‍ തടുത്തു. അദ്ധ്വരത്തില്‍ പുരാണഋക്കുകളാല്‍ സ്തുതനായി പ്രശോഭിക്കുന്ന. മഹേന്ദ്രന്‍ അവന്‍ തന്നെയാണ്‌. മഹാതേജസ്വിയായ ദൂര്‍വ്വാസാവിനെ തന്റെ ഗൃഹത്തില്‍ കുറെ നാള്‍ പാര്‍പ്പിക്കുവാന്‍ കെല്‍പ്പുള്ളവനായി അവനല്ലാതെ ആരുണ്ട്‌? പുരാണഋഷി എന്നു പറയുന്നവന്‍ കൃഷ്ണനാണ്‌. പ്രപഞ്ചം സൃഷ്ടിച്ചവന്‍ കൃഷ്ണന്‍ തന്നെ! എല്ലാറ്റിനെയും അവന്‍ തന്നില്‍ നിന്ന് തന്നെ സൃഷ്ടിക്കുന്നു. എല്ലാ ദേവന്മാരിലും വെച്ച്‌ ശ്രേഷ്ഠന്‍ അവനാണ്‌. അവന്‍ എല്ലാ ദേവന്മാരെയും പഠിപ്പിക്കുന്നു. പുരാണമായ നാനാവിധികളും അവന്‍ ആശ്രയിക്കുന്നു. കാമ്യവും, ദൈവവും, ലൗകികവു മായ ഫലങ്ങള്‍ എല്ലാ വിഷ്വക്‌സേനന്‍ തന്നെയാണെന്നു ധരിച്ചു കൊള്ളുക.

ശുക്ലജ്യോതിസ്സുകളായി ഈ ലോകത്തില്‍ കാണുന്നതെല്ലാം അവന്‍ തന്നെയാണ്‌. മൂന്നു ലോകവും അവന്‍ തന്നെ. മൂന്നു ലോകവും പാലിക്കുന്നവനും അവന്‍ തന്നെ. മൂന്നഗ്നിയും അവന്‍ തന്നെ. മൂന്നു വ്യാഹൃതിയും അവന്‍ തന്നെ. ദേവകീ പുത്രന്‍ എല്ലാ ദൈവങ്ങളും ചേര്‍ന്നതാണ്‌. സംവത്സരം കൃഷ്ണന്‍ തന്നെ. അവന്‍ ഋതുക്കളാണ്‌. അവന്‍ പക്ഷമാണ്‌. അവന്‍ പകലും, രാവുമാണ്‌. അവന്‍ കലയാണ്‌. അവന്‍ കാഷ്ഠയാണ്‌. അവന്‍ മാത്രയാണ്‌, മുഹൂര്‍ത്തമാണ്‌. അവന്‍ ലവമാണ്‌, ക്ഷണമാണ്‌, ഇവയെല്ലാം വിഷ്വക്‌സേനനാണെന്നു ധരിക്കുക!

ചന്ദ്രന്‍, അര്‍ക്കന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, താരങ്ങള്‍ പര്‍വ്വങ്ങള്‍, പൌര്‍ണ്ണമാസം, നക്ഷത്രയോഗം, ഋതുക്കള്‍ എന്നീ എല്ലാ സൃഷ്ടിജാലവും അല്ലയോ പാര്‍ത്ഥാ, വിഷ്വക്സേനന്‍ തന്നെയാണെന്നറിയുക.

രുദ്രന്മാര്‍, ആദിത്യന്മാര്‍, വസുക്കള്‍, അശ്വിമാര്‍, വിശ്വദേവന്മാര്‍, മരുത്തുക്കള്‍, സാദ്ധ്യന്മാര്‍, പ്രജാപതി, ദേവമാതാവായ അദിതി, സപ്തര്‍ഷിമാര്‍ എല്ലാം കൃഷ്ണനില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌.

അവന്‍ വായുവായി വീശും, അവന്‍ വിശ്വത്തില്‍ വ്യാപിക്കും, അഗ്നിയായി ജ്വലിക്കും, വിശ്വരൂപനായി മാറും. വെള്ളമായി ലോകത്തെ മുക്കും, ബ്രഹ്മമായി രൂപമെടുക്കും, വിശ്വത്തെയെല്ലാം സൃഷ്ടിക്കും.

വേദം അവനാണ്‌, എന്നിട്ടും വേദം പഠിക്കുന്നവനും അവന്‍ തന്നെയാണ്‌. വിധാനവും അവന്‍ തന്നെ. വിധേയത്തെ സംശ്രയിക്കുന്നവനും അവന്‍ തന്നെ. ലോകം ഭരിക്കുന്നതിന് ധര്‍മ്മപരമായി നിശ്ചയിക്കപ്പെട്ട എല്ലാ ശാസനകളും കേശവന്‍ തന്നെയാണ്‌ എന്നു രാജാവേ, നീ കാണുക. സര്‍വ്വചരങ്ങളും അചരങ്ങളും അവന്‍ തന്നെയാണ്‌.

അത്ഭുതകരമായ പ്രകാശവും അവന്‍ തന്നെയായി പ്രത്യക്ഷപ്പെട്ടു. വിശ്വരൂപനായി പ്രഭയാല്‍ അവന്‍ പ്രകാശിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ ഉത്ഭവകാരണവും അവന്‍ തന്നെയാണ്‌.

അവന്‍ ആദ്യം ജലംസൃഷ്ടിച്ചു. പിന്നെ അവന്‍ പ്രപ ഞ്ചം സൃഷ്ടിച്ചു. ആ കൃഷ്ണന്‍ തന്നെയാണ്‌ വിഷ്ണു എന്ന്‌ അറിയുക. അവനാണ്‌ പ്രപഞ്ചത്തിന്റെ ആത്മാവ്‌. നാം കാണുന്ന വൃതൃസ്തവും അത്ഭുതകരവുമായ സകല ഋതുക്കളും ഉല്‍പാതങ്ങളും ദൃശ്യങ്ങളും അവന്‍ തന്നെയാണ്‌. ആകാശത്തില്‍ മിന്നലും ഇടിയും മഴയുമുണ്ടാക്കുന്ന മേഘസമൂഹം അവനാണ്‌. അവന്‍ ഐരാവതമാണ്‌. അവന്‍ തന്നെ എല്ലാ സ്ഥാവരജംഗമങ്ങളും. വിശ്വത്തിന്റെ ആത്മാവ്‌ ഈ വിഷ്ണുവാണെന്നു ധരിച്ചു കൊള്ളുക.

വിശ്വാവാസനും (പ്രപഞ്ചം അവനില്‍ വസിക്കുന്നു) നിര്‍ഗ്ഗുണനും വാസുദേവനും അവന്‍ തന്നെ. ജീവനാകുമ്പോള്‍ സങ്കര്‍ഷണനെന്ന്‌ അറിയപ്പെടുന്നു. പിന്നെ പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നീ രൂപവും അവന്‍ തന്നെ. ഈ മാര്‍ഗ്ഗത്തിലൂടെ മഹാത്മാവായ കൃഷ്ണന്‍ തന്റെ തന്നെ ഉത്ഭവമായി നാലു രൂപത്തില്‍ നാലു മൂര്‍ത്തിയായി കാണിച്ചു തരുന്നു.

പ്രപഞ്ചസൃഷ്ടിക്ക്‌ ആഗ്രഹിച്ച്‌ അവന്‍ പഞ്ചഭൂതമായി രൂപമെടുത്തു. പിന്നെ അവന്‍ പ്രപഞ്ചത്തില്‍ സൃഷ്ടി നടത്തി ദേവന്മാരെയും, അസുരന്മാരെയും, മനുഷ്യരെയും, പക്ഷികളെയും, മൃഗങ്ങളെയും അങ്ങനെ അഞ്ചു വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചു. പിന്നെ ഭൂമിയും വായുവും സൃഷ്ടിച്ചു. പിന്നെ ആകാശവും അഗ്നിയും ജലവും സൃഷ്ടിച്ചു. അല്ലയോ പാര്‍ത്ഥാ! ഈ സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചതിന് ശേഷം, അവയില്‍ നാലുതരം ക്രമം നിശ്ചയിച്ചു. പിന്നെ ഭൂമി സൃഷ്ടിച്ച്‌ അഞ്ചു വിധം ബീജം അതില്‍ സ്ഥാപിച്ചു. ദ്യോവില്‍ നിന്ന് വര്‍ഷം ഭൂമിയില്‍ പതിപ്പിച്ചു. യാതൊരു സംശയവുമില്ല, ഈ കൃഷ്ണന്‍ തന്നെയാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ്‌. അവന്റെ ഉത്ഭവം അവനില്‍ നിന്ന് തന്നെ. അവന്റെ മഹത്വത്തില്‍ എല്ലാം നിലനില്‍ക്കുന്നു. അവന്‍ തന്നെയാണു ദേവന്മാരെയും, അസുരന്മാരെയും മനുഷ്യരെയും, ലോകത്തെയും, ഋഷികളെയും, പൃഥ്വിയെയും സര്‍വ്വജീവജാലങ്ങളെയും സൃഷ്ടിച്ചത്‌. സൃഷ്ടിക്കണമെന്നു തോന്നുകയാല്‍ സൃഷ്ടികര്‍ത്താവായ കൃഷ്ണന്‍ എല്ലാ ജീവപ്രപഞ്ചത്തെയും സൃഷ്ടിച്ചു. നന്മയും തിന്മയും, ചരവും, അചരവും, സര്‍വ്വവും, വിഷ്വക്സേനനില്‍ നിന്ന്‌ ഉത്ഭവിച്ചു. എന്തുണ്ടോ, എന്തുണ്ടാകുമോ അവയെല്ലാം കേശവന്‍ തന്നെയാണ്‌. എല്ലാ ജീവികള്‍ക്കും അവരുടെ ജീവിതാന്തൃത്തില്‍ മരണം സംഭവിപ്പിക്കുന്നതും കൃഷ്ണന്‍ തന്നെയാണ്‌. അവന്‍ ശാശ്വതനാണ്‌. ധര്‍മ്മത്തെ ഉയര്‍ത്തുന്നതും അവന്‍ തന്നെയാണ്‌. എന്ത്‌ പണ്ടേ ഉണ്ടോ, എന്തു നാം അറിയപ്പെടുന്നില്ലയോ, അവയെല്ലാം വിഷ്വക്സേനന്‍ തന്നെ. എന്തൊക്കെ മേന്മയേറിയതും ഉല്‍കൃഷ്ടമായതും പ്രപഞ്ചത്തിലുണ്ടോ, നല്ലതും ചീത്തയായും എന്തൊക്കെയുണ്ടോ അവയെല്ലാം കേശവനാണെന്നു ധരിക്കുക. കേശവനില്‍ അപ്പുറമായി എന്തെങ്കിലും ഉണ്ടെന്നു വിചാരിക്കുന്നതു ബുദ്ധി ശൂന്യതയാണ്‌. കേശവന്‍ അങ്ങനെ അചിന്ത്യനാണ്‌, അതിലപ്പുറവുമാണ്‌, നാരായണനാണ്‌. ഉന്നതമായതില്‍ വെച്ച്‌ ഉന്നതനും അവ്യയനുമാണ്‌. ആദിമദ്ധ്യാന്തമായി നില്ക്കുന്ന ജഗത്തില്‍ വസിക്കുന്ന സകലരും അവനില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. അവന്‍ അവ്യയനാകുന്നു.

159. ദൂര്‍വ്വാസോഭിക്ഷ - ദുർവ്വാസാവിനെ പൂജിച്ചു കൃഷ്ണനും രുക്മിണിക്കും ഉണ്ടായ അനുഭവത്തെ വിവരിച്ചു ബ്രാഹ്മണപൂജാ മഹത്വത്തെ ഭീക്ഷ്മൻ പ്രശംസിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മധുസൂദനാ, ബ്രാഹ്മണപൂജ കൊണ്ട്‌ എന്തു ഫലമാണ്‌ സിദ്ധിക്കുക? അങ്ങ്‌ ഇക്കാര്യം നല്ലപോലെ അറിയുന്നവനാണ്‌ എന്നാണ്‌ പിതാമഹന്റെ അഭിപ്രായം. കൃഷ്ണന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടാലും, ദ്വിജന്മാരുടെ മഹത്വം ഞാന്‍ പറഞ്ഞു തരാം. അല്ലയോ കുരുസത്തമാ, തത്വമായി ഞാന്‍ അവരുടെ ഗുണങ്ങള്‍ പറയാം. മുമ്പ്‌ ഞാന്‍ ദ്വാരകയില്‍ വാഴുന്ന കാലത്ത്‌ ബ്രാഹ്മണര്‍ മൂലം കോപിച്ച പ്രദ്യുമ്നന്‍ എന്നോട്‌ ഇപ്രകാരം ചോദിച്ചു!

പ്രദ്യുമ്നന്‍ പറഞ്ഞു: മധുസൂദനാ, ഈ വിപ്രരെ പൂജിച്ചിട്ട്‌ എന്തുഫലം കിട്ടാനാണ്‌? ഈ ലോകത്തിലും പരലോകത്തിലും അവര്‍ക്ക്‌ എന്ത്‌ ഈശ്വരത്വമാണ്‌ ഉള്ളത്‌? എന്നും വിപ്രരെ അര്‍ച്ചിച്ചാല്‍ എന്തു ഫലം സിദ്ധിക്കും? മാനദാ, ഇതൊക്കെ ഒന്ന്‌ വ്യക്തമായി പറഞ്ഞു തരൂ! എനിക്ക്‌ ഇക്കാരൃത്തിലുള്ള സംശയം ചെറുതല്ല.

കൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം പ്രദ്യുമ്നന്‍ എന്നോടു ചോദിച്ചപ്പോള്‍ അതിന് ഞാന്‍ അന്ന്‌ പറഞ്ഞ മറുപടി ഞാന്‍ ഭവാനോട്‌ പറയാം. രാജാവേ, ശ്രദ്ധയോടെ കേള്‍ ക്കുക! വിപ്രപൂജയുടെ ഫലം രുക്മിണീപുത്രാ, നീ കേള്‍ക്കുക. ഇവര്‍ സോമരാജാക്കളാണ്‌. സുഖങ്ങൾക്കും, ദുഃഖങ്ങള്‍ക്കും ഇവര്‍ പ്രഭുക്കളാണ്‌. ഈ ലോകത്തിലും പരലോകത്തിലും അല്ലയോ രൗക്മിണേയാ, ഉണ്ണീ! എല്ലാ സൗമൃഭാവങ്ങളും ബ്രാഹ്മണനില്‍ നിന്ന് ഉത്ഭവിക്കുന്നു. ഇതില്‍ എനിക്ക്‌ ഒന്നും ചിന്തിക്കേണ്ടതായിട്ടില്ല. വിപ്രനെ പൂജിച്ചാല്‍ ആയുസ്സ്‌, കീര്‍ത്തി, യശസ്സ്‌, ബലം ഇവയൊക്കെ ഉണ്ടാകും. ലോകം, ലോകേശ്വരന്മാര്‍ ഇവരൊക്കെ ബ്രാഹ്മണനെ പൂജിക്കുന്നവരാണ്‌. ത്രിവര്‍ഗ്ഗത്തിലും, മോക്ഷത്തിലും, യശസ്സിലും, ശ്രീയിലും, രോഗശാന്തിയിലും, ദേവതകളെയും പിതൃക്കളെയും പൂജിക്കുന്നത് പോലെ നമുക്കു ബ്രാഹ്മണരും അര്‍ച്ചൃരാണ്‌. എന്തു കൊണ്ടാണ്‌ എന്നെ ഇവര്‍ ബഹുമാനിക്കാത്തത്‌? ഞാന്‍ ഇവിടത്തെ നാഥനാണല്ലോ! എന്നോര്‍ത്ത്‌ അല്ലയോ കുട്ടീ ബ്രാഹ്മണരുടെ നേരെ നീ ഒരിക്കലും കോപിക്കരുത്‌. ബ്രാഹ്മണര്‍ ഈ ലോകത്തിലും പരലോകത്തിലും മഹാഭൂതമാണ്‌. വിശ്വത്തെ പ്രത്യക്ഷമായി ശരിയായി ദര്‍ശിക്കുന്ന ഇവര്‍ കോപിച്ചാല്‍ ലോകം തന്നെ ഭസ്മമാക്കിക്കളയും. ഇവര്‍ വേറെ ലോകങ്ങള്‍ സൃഷ്ടിച്ചു കളയും. വേറെ ലോകപാലകന്മാരെയും സൃഷ്ടിക്കും. തേജസ്വികളായ ഇവരില്‍ നന്മചെയ്യാന്‍ മടിക്കുന്നവരുണ്ടോ?

ഉണ്ണീ, ഒരു ദിവസം എന്റെ ഗൃഹത്തില്‍ ഒരു ബ്രാഹ്മണന്‍ കയറി വന്നു. അവന്റെ വര്‍ണ്ണം ഹരിപിംഗളമാണ്‌. പീതാംബരമാണ്‌ ധരിച്ചിട്ടുളളത്‌. വില്വത്തിന്റെ ഒരു വടി കൈയിലുണ്ട്‌. താടി നീണ്ടവനാണ്‌. ശരീരം മെലിഞ്ഞവനാണ്‌. സാധാരണ മര്‍ത്ത്യരെക്കാള്‍ പൊക്കം കൂടുതലുണ്ട്‌. കാഴ്ചയ്ക്ക്‌ ഒരു മഹാനാണ്‌. ദിവ്യമായ ലോകങ്ങളും, മാനുഷലോകങ്ങളും ചുറ്റും അവന്‍ ചുറ്റി. അങ്ങനെ അവന്‍ ദ്വാരകയില്‍ എത്തി. അവന്‍ സഭകളിലും, നാലും കൂടിയ പെരുവഴിയിലുമൊക്കെ ഇപ്രകാരം ഒരു പാട്ട്‌ പാടാറുണ്ട്‌. ദുര്‍വ്വാസാവ്‌ എന്ന വിപ്രനെ വീട്ടില്‍ ആരുണ്ട്‌ അര്‍ച്ചിച്ച്‌ ഇരുത്തുവാന്‍? ചെറിയ കുറ്റത്തിലും ഏത്‌ ജീവിയിലും കോപിക്കുന്നവനാണ്‌ അവന്‍. ഞാന്‍ പറയുന്ന ഈ വാക്കു കേട്ട്‌ ആരുണ്ട്‌ അവന് ഇരിപ്പിടം നല്കുവാന്‍? ആ ദൂര്‍വ്വാസാവായ എന്നെ ആര് പാര്‍പ്പിക്കും? അവര്‍ കോപിക്കാതെ ഇരിക്കുമോ? ഇതു കേട്ടവരാരും അവനെ വീട്ടില്‍ പാര്‍പ്പിച്ചില്ല. എന്നാല്‍ അവനെ ഞാന്‍ എന്റെ ഗൃഹത്തില്‍ സ്വാഗതം ചെയ്തു പാര്‍പ്പിച്ചു. അവന്‍ ചിലപ്പോള്‍ ഭയങ്കരതീറ്റക്കാരനായിക്കാണാം. ആയിരം പേര്‍ക്കുള്ള ഊണ്‌ അവന്‍ ഒറ്റയ്ക്ക്‌ ഉണ്ണും. ചിലപ്പോഴോ അല്പം മാത്രം ഉണ്ണും. ഊണു കഴിഞ്ഞ്‌ ഇറങ്ങിയാല്‍ പിന്നെ അവനെക്കാണില്ല. ആരോടും ഒന്നും പറയാതെ നടന്നു കളയും.

ചിലപ്പോള്‍ അവന്‍ ഒരു കാരണവും കൂടാതെ ഇരുന്നു ചിരിക്കും. ചിലപ്പോള്‍ കാരണം കൂടാതെ ഇരുന്നു കരയും. പ്രായം കൊണ്ട്‌ നോക്കിയാല്‍ ഈ ഭുമിയിലൊരാളും അത്ര പടുവൃദ്ധനായി കാണുകയില്ല. ഒരുദിവസം അവന്‍ ഒരു പണി ചെയ്തു. ഞാന്‍ നല്കിയ കിടക്കയും, വിരിപ്പും പരിചര്യക്കു നിറുത്തിയ കന്യകകളേയുമൊക്കെ ചുട്ടു ദഹിപ്പിച്ച്‌ അവന്‍ പൊയ്ക്കളഞ്ഞു. പിന്നെയുണ്ട്‌ അവന്‍ മടങ്ങി വന്ന്‌ എന്നോടു പറയുന്നു. കൃഷ്ണാ എനിക്കു കുറച്ചു പായസം കഴിക്കണമെന്ന്‌ ഒരാഗ്രഹം. വേഗം തയ്യാറാക്കിത്തരണം. ഉടനെ മഹര്‍ഷിയുടെ ഇഷ്ടം അറിഞ്ഞ ഞാന്‍ അതിന് ഏര്‍പ്പാടു ചെയ്തു. നല്ലനല്ല അന്നങ്ങളും, പാനീയങ്ങളും, പലമാതിരി ഭക്ഷ്യങ്ങളും, കൂട്ടാനുകളുമൊക്കെ ഒരുക്കിച്ചു. എല്ലാം കാലേ തന്നെ ഒരുക്കം ചെയ്തു. എന്താവശ്യപ്പെട്ടാലും കൊടുക്കുവാന്‍ തയ്യാറായി. ഒഴുകുന്ന മട്ടിലുള്ള പായസം ആദ്യം തന്നെ വിളമ്പി. അത്‌ ഉണ്ടതിന് ശേഷം അവന്‍ എന്നോടു പറഞ്ഞു. ആ ബാക്കിയുള്ള പായസം, ആ എച്ചില്‍ പ്രായസം എന്റെ ദേഹത്തിലൊക്കെ പുശുവാന്‍ ആ ബ്രാഹ്മ ണന്‍ ആജ്ഞാപിച്ചു. ഞാന്‍ ഒട്ടും മടിച്ചില്ല. യാതൊന്നും ചിന്തിച്ചുമില്ല. പറഞ്ഞ മാതിരി തന്നെ ആ എച്ചിലൊക്കെയെടുത്ത്‌ ഞാന്‍ എന്റെ ദേഹത്തിലും ശിരസ്സിലുമൊക്കെ പൂശി. അപ്പോള്‍ പ്രദ്യുമ്നാ, ഞാന്‍ നിന്റെ അമ്മ ശോഭനാസ്യയായ രുക്മിണി, അരികെ നില്ക്കുന്നതു കണ്ടു. പുഞ്ചിരി തൂകി അവന്‍ അവളോടും പറഞ്ഞു, ആ എച്ചില്‍പ്പായസം ദേഹത്തിലൊക്കെ തേക്കുവാന്‍. അവളും മടി കൂടാതെ ദേഹത്തിലൊക്കെ പായസം തേച്ചു. അതിന് ശേഷം ആ മുനി ചെയ്ത കടുപ്പം കേള്‍ക്കണോ. അവളെപ്പിടിച്ചു വണ്ടിക്കു കെട്ടി നുകം കഴുത്തില്‍ വെച്ച്‌ അവന്‍ തേരില്‍ക്കയറി ചാട്ടവാറെടുത്ത്‌ തേര്‌ ഓടിച്ചു. അവള്‍ കുതിര വണ്ടി വലിക്കും പോലെ വലിച്ചു. ബാലയായ അവളെ അവന്‍ ചമ്മട്ടികൊണ്ടു പ്രഹരിച്ചു. എനിക്കു യാതൊരു ദുഃഖവും ഇതു കണ്ടിട്ടുണ്ടായില്ല. അങ്ങനെ അവന്‍ രാജവിഥിയില്‍ കൂടി തേരോടിച്ചു. ദാശാര്‍ഹന്മാരെല്ലാം അത്യാശ്ചര്യത്തോടെ, ദുഃഖത്തോടെ, കോപത്തോടെ ഇതു നോക്കിക്കണ്ടു. ചിലര്‍ തമ്മില്‍ വിളിച്ച്‌ ഇപ്രകാരം പതുക്കെപ്പറഞ്ഞു. മനുഷ്യരായി പിറക്കുകയാണെങ്കില്‍ വിപ്രരായിത്തന്നെ പിറക്കണം. മറ്റു ജാതി യില്‍ പിറന്നിട്ട്‌ എന്തു കാര്യം? ഇപ്രകാരം ഒരു കടുംകൈ ചെയ്തു തേരില്‍ക്കയറിയ മറ്റൊരു പുരുഷന്‍ പിന്നെ ജീവിച്ചിരിക്കുമോ? ഏതു പുരുഷന്‍ ജീവിക്കും!

ആശീവിഷമാണ്‌ വലിയ വിഷം. അതിലും തീക്ഷ്ണനാണ്‌ ദ്വിജന്‍. ബ്രാഹ്മണനാകുന്ന ആശീവിഷത്തില്‍ മരിച്ച മനുഷ്യന് പിന്നെ യാതൊരു ചികിത്സയും ഭൂലോകത്തില്ല.

ദുര്‍ദ്ധര്‍ഷനായ ആ മഹര്‍ഷി വണ്ടിയില്‍ പോകുന്നു. രുക്മിണി വണ്ടി വലിക്കുന്നു. കഷ്ടം! വഴിയില്‍ അവള്‍ കാലിടറി വിണു. അതൊന്നും ആ വൃദ്ധന്‍ പൊറുത്തില്ല. വേഗം! വേഗം! എന്നു പറഞ്ഞ്‌ ചാട്ടവാര്‍ വീശി അവളെ ത്വരിതപ്പെടുത്തി ഓടിച്ചു. വളരെ ചൊടിച്ച്‌ ഉടനെ സഹിക്കാത്ത മട്ടില്‍ ആ തേര്‍ വിട്ട്‌ അവന്‍ നിലത്തു ചാടി. കാല്‍നടയായി ഇടവഴിയിലൂടെ അവന്‍ നടന്നു. എന്തുകഥ! അവന്‍ വഴിമാറിപ്പോവുകയാണെങ്കില്‍ എവിടേക്കാണു പോകുന്നതെന്നറിയണമല്ലോ. ഞാന്‍ അവനെ പിന്‍തുടര്‍ന്നു. ഞാന്‍ വിളിച്ചു പറഞ്ഞു: ഭഗവാനേ, എന്നില്‍ പ്രസാദിക്കണേ! ഭഗവാന്റെ കല്പന പോലെ ഞാന്‍ ദേഹത്തിലൊക്കെ പായസം തേച്ചുവനാണേ, ആ നിലയില്‍ അങ്ങയെ ഞാന്‍ അനുഗമിക്കുന്നു. പ്രസാദിക്കണേ  എന്നു പറഞ്ഞു. അവന്‍ അതു കേട്ടു തിരിഞ്ഞു നിന്ന്‌ എന്നെ നോക്കി. തേജസ്വിയായ ആ ബ്രാഹ്മണന്‍ എന്നോടു പറഞ്ഞു: എടോ കൃഷ്ണാ നീ നിന്റെ ക്രോധം സ്വഭാവത്താല്‍ ജയിച്ചിരിക്കുന്നു മഹാഭുജാ! അല്ലയോ സുവ്രതാ, നിന്നോടു തുല്യമായി ഒന്നും ഞാന്‍ ഈ വിശ്വത്തില്‍ കാണുന്നില്ല സുവ്രതാ! ഗോവിന്ദാ! ഞാന്‍ നിന്നില്‍ പ്രസാദിക്കുന്നു. ഇഷ്ടം പോലെ വരം വാങ്ങിക്കൊള്ളുക! ഞാന്‍ പ്രസാദിച്ചതിന്റെ ഫലം നീ യഥാവിധി കണ്ടു കൊള്ളുക. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും അന്നത്തില്‍ ആഗ്രഹം എത്രകാലം നില്ക്കുന്നുവോ, അത്രകാലം അവര്‍ക്കു നിന്നില്‍ ഭക്തിയും താല്‍പര്യവും ഉണ്ടാകും. എല്ലാ പുണ്യലോകത്തിലും ഭവാന്റെ കീര്‍ത്തി പരക്കും. അത്രകാലം മൂന്നു ലോകത്തിലും നീ മെച്ചം നേടുന്നതാണ്‌. ജനാര്‍ദ്ദനാ, നീ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടവനായി ഭവിക്കും. ഞാന്‍ നിന്റെ വിലപിടിച്ച പല മുതലുകളും തകര്‍ത്തു കളഞ്ഞു. പലതും ചുട്ടു ദഹിപ്പിച്ചു. അതൊക്കെ യാതൊരു കേടും പറ്റാത്ത മട്ടില്‍ നിനക്കു കാണാന്‍ കഴിയും. അതു മുമ്പത്തെക്കാള്‍ മെച്ചമായമട്ടില്‍ നിനക്കു കാണുവാന്‍ കഴിയും ജനാര്‍ദ്ദനാ! ഇപ്പോള്‍ നീ ദേഹത്തില്‍ പായസം തേച്ചുവല്ലോ. അതുകൊണ്ടു നിനക്കു മൃത്യുഭയം വരികയില്ല. നീ ഇച്ഛിക്കുമ്പോഴേ നിനക്കു മൃത്യു സംഭവിക്കുകയുള്ളു. ഉണ്ണീ, നീ ആ പായസം നിന്റെ രണ്ടു കാലടികളിലും എന്തേ പൂശാത്തത്‌? അത്‌ എനിക്ക്‌ ഇഷ്ടമില്ല. എന്നും എന്നോടു സന്തോഷത്തോടെ പറഞ്ഞു. ഇതു കേട്ടു ഞാന്‍ എന്റെ ദേഹത്തിലേക്കു നോക്കിയപ്പോള്‍ ഞാന്‍ ശ്രീയോടു ചേര്‍ന്നവനായി കാണപ്പെട്ടു.

പിന്നെ പ്രീതനായ അവന്‍ രുക്മിണിയോടു പറഞ്ഞു. എല്ലാ സ്ത്രീകളിലും വെച്ചു മേന്മയേറിയ പ്രസിദ്ധി നീ നേടും. ലോകത്തില്‍ വെച്ചു കൂടുതല്‍ ശോഭനമായ കീര്‍ത്തിയും അല്ലയോ ശോഭനേ നീ നേടുന്നതാണ്‌. ജരയും, രോഗവും, വൈവര്‍ണ്യവും നിന്റെ ദേഹത്തില്‍ തട്ടുകയില്ല. പുണ്യഗന്ധയായ നീ കൃഷ്ണനെ ആരാധിക്കും. കേശവന്റെ പതിനാറായിരം ഭാര്യമാരില്‍ ശ്രേഷ്ഠയായി നീ കേശവന്റെ സാലോകൃത്തെ പ്രാപിക്കുന്നതാണ്‌.

പ്രദ്യുമ്നാ! നിന്റെ അമ്മയോട്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞു. പിന്നെ അഗ്നിസന്നിഭനായ ആ അതിതേജസ്വി, ദുര്‍വ്വാസാവ്‌, പോകുന്ന സമയത്ത്‌ എന്റെ നേരെ തിരിഞ്ഞ്‌ ഇപ്രകാരം കൂടിപ്പറഞ്ഞു: നിന്നില്‍ എന്നും ഈ സല്‍ബുദ്ധി ഉണ്ടായിരിക്കട്ടെ! കേശവാ, വിപ്രരില്‍ നിന്റെ മനോഭാവം ഇത്തരത്തില്‍ എന്നും നിലനില്ക്കട്ടെ!

ഉണ്ണീ, ഇപ്രകാരം പറഞ്ഞ്‌ അദ്ദേഹം ഉടനെ മറഞ്ഞു. പിന്നെ ഞാന്‍ ഗൂഢമായ ഒരു വ്രതം മനസ്സില്‍ ഏറ്റു. പ്രഭോ, ബ്രാഹ്മണന്‍ എന്തു പറയുന്നുവോ അതു ഞാന്‍ ചെയ്യും എന്നുള്ളതാണ്‌ ആ വ്രതം. .

ഉണ്ണീ, ഞാന്‍ ആ വ്രതമെടുത്ത്‌ നിന്റെ അമ്മയോടു കൂടി വലിയ ഹര്‍ഷത്തോടു കൂടി ഗൃഹത്തിലേക്കു പോന്നു. വീട്ടില്‍ വന്നു കയറിയപ്പോള്‍ ഞങ്ങള്‍ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. അദ്ദേഹം അടിച്ചു തകര്‍ത്തതും, ചുട്ടു ദഹി പ്പിച്ചതുമെല്ലാം വളരെ കൗതുകത്തോടെ പുത്തനായിത്തന്നെ കാണപ്പെട്ടു. യാതൊരു കേടുപാടും കൂടാതെ എല്ലാം പ്രത്യക്ഷമായി ഞങ്ങള്‍ കണ്ടു. അങ്ങനെ അന്നുമുതല്‍ ബ്രാഹ്മണ പൂജയില്‍ ഞാന്‍ കൂടുതല്‍ ഉത്സുകനായി രുക്മിണീ പുത്രാ!

രുക്മിണീപുത്രനായ പ്രദ്യുമ്നന്‍ ചോദിച്ചപ്പോള്‍ അന്നു ഞാന്‍ ഇപ്രകാരം ദ്വിജമുഖ്യന്റെ മാഹാത്മ്യം അവനോടു പറഞ്ഞു. അല്ലയോ കൌന്തേയാ, പ്രഭോ ഭവാനും അപ്രകാരം വിപ്രന്മാരെ എപ്പോഴും പൂജിക്കണം. യോഗ്യന്മാരെ വാക്കു കൊണ്ടും ദാനംകൊണ്ടും പൂജിക്കുക. ഇപ്രകാരം ഫലം നേടി ഞാന്‍ വിപ്ര പ്രസാദം നേടി എന്നും അവര്‍ക്കധീനനായി നിന്നു. ഭീഷ്മൻ എന്നെപ്പറ്റി ഇക്കാര്യത്തില്‍ പറഞ്ഞതൊക്കെ ശരിയാണ്‌ . ഭരതര്‍ഷഭാ!

160. ഈശ്വരപ്രശംസ - ത്രിപുരദഹനം വിവരിയ്ക്കുന്നു. ശിവനാണ് ദുർവ്വാസാവായി ജനിച്ചതെന്ന് വിവരിയ്ക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മധുസൂദനാ, ദുര്‍വ്വാസാവിന്റെ പ്രസാദം കൊണ്ട്‌ അങ്ങ്‌ അന്നു പല വിജ്ഞാനവും നേടിയല്ലോ! അത്‌ ഒന്നു വിവരിച്ചു തരണേ! അവന്റെ മഹാഭാഗ്യങ്ങളും മഹാത്മാവിന്റെ നാമങ്ങളും തത്വമായി എല്ലാം അറിയുവാന്‍ മോഹമുണ്ട്‌ മഹാശയാ!

വാസുദേവന്‍ പറഞ്ഞു: കപര്‍ദ്ദിയെ കൈകൂപ്പി രാജാവേ, ഭവാനോടു സകലതും പറയാം. ഞാന്‍ നേടിയതും, യശസ്സ് സമ്പാദിച്ചതും എല്ലാം ഉണര്‍ത്തിക്കാം. കാലത്തെഴുന്നേറ്റു ദേഹശുദ്ധി വരുത്തിയതിന് ശേഷം ശതരുദ്രീയം ചൊല്ലാറുണ്ട്‌. അതു നീ കേള്‍ക്കുക. തപസ്സിന്റെ അവസാനത്തില്‍ തപോരാശിയായ പ്രജാപതി അതു തീര്‍ത്തു. താതാ, ശങ്കരന്‍ ചരാചരങ്ങളെയെല്ലാം സൃഷ്ടിച്ചു. മഹാദേവനും മേലെയായി ഒരു ഭൂതവുമില്ല രാജാവേ! മൂന്നു ലോകത്തിലും അവന്‍ എല്ലാ ഭൂതങ്ങള്‍ക്കും പ്രവരനാണ്‌. മഹാത്മാവായ ശിവന് നേരെ നില്ക്കുവാന്‍ ശക്തനായി ഒരുത്തനും സാദ്ധ്യമല്ല. അവന് കിടയായി മൂന്നു ലോകത്തിലും ആരുമില്ല. പോരില്‍ ക്രോധിച്ചു നില്ക്കുന്ന അവന്റെ ഗന്ധം ഏറ്റാല്‍പ്പോലും ശത്രുക്കള്‍ ബോധം കെട്ടു ചത്തമാതിരിയാകും, വിറയ്ക്കും, വീഴും. അവന്റെ ഘോരമായ ശബ്ദം പോരില്‍ ഇടിനാദം പോലെ കേട്ടാല്‍ ദേവകള്‍ പോലും വിറച്ചുപോകും. പിനാകി ക്രോധിച്ച്‌ ഘോരരൂപത്തോടെ ആരെ നോക്കുന്നുവോ, സുരന്മാരായാലും, അസുരന്മാരായാലും, ഗന്ധര്‍വ്വന്മാരായാലും, നാഗന്മാരായാലും, ആരായാലും ശിവന്‍ കോപിച്ചാല്‍ പിന്നെ അവന് രക്ഷയില്ല. ഏതു ഗുഹയില്‍ ചെന്നിരുന്നാലും അവന് രക്ഷകിട്ടുകയില്ല.

ദക്ഷപ്രജാപതി യജിച്ച യജ്ഞം നടക്കുമ്പോള്‍, ഭവന്‍ ആ യജ്ഞത്തെ തവിടുപൊടിയാക്കി. വില്ലു കൊണ്ട്‌ അമ്പു വലിച്ചു വിട്ട്‌ ഒന്നു ഘോരമായി അലറി. ദേവന്മാര്‍ക്കു യാതൊരു ശാന്തിയും ലഭിച്ചില്ല. എല്ലാവരും അമ്പരന്ന് വിഷണ്ണരായി. മഹേശ്വരന്‍ ക്രോധിച്ച്‌ എയ്ത സമയത്ത്‌, യജ്ഞത്തിന് ശരമറ്റ സമയത്ത്‌, ആ ഞാണൊലി കൊണ്ട്‌ ലോകം കിടുകിടാ വിറച്ചു പോയി. സുരാസുരന്മാര്‍ അവശരായി, വിഷാദിച്ചു. കടല്‍ കലങ്ങിമറിഞ്ഞു. ഭൂമി കുലുങ്ങി. പര്‍വ്വതങ്ങള്‍ കടലിലലിഞ്ഞു പോയി. ആകാശം തകര്‍ന്നു ലോകങ്ങള്‍ കൂരിരുട്ടില്‍പ്പെട്ടു. ദിക്കുകള്‍ അന്ധകാരത്തിലലിഞ്ഞു ഒന്നും തെളിയാതായി. സൂര്യചന്ദ്രന്മാരും, നക്ഷത്രങ്ങളും മങ്ങിപ്പോയി. എല്ലാവരും ഭയപ്പെട്ടു. സര്‍വ്വജീവികള്‍ക്കും തങ്ങള്‍ക്കും ഹിതം കാംക്ഷിച്ച്‌ ഋഷിമാര്‍ സ്വസ്ത്യയനം ചെയ്തു. ഉടനെ ശൗര്യപരാക്രമനായ രുദ്രന്‍ ദേവകളുടെ നേരെ പാഞ്ഞു ചെന്നു. ക്രുദ്ധനായി അവന്‍ ഭഗന്റെ ന്നേത്രങ്ങള്‍ അടിച്ചു പൊട്ടിച്ചു കളഞ്ഞു. പിന്നെ മഹേശ്വരന്‍ പൂഷാവിന്റെ നേരെ പാഞ്ഞു ചെന്നു. അപ്പോള്‍ അവന്‍ പുരോഢാശം കഴിക്കുകയായിരുന്നു. ഉടനെ ഒറ്റ അടിക്ക്‌ അവന്റെ പല്ലു മുഴുവന്‍ കൊഴിച്ചു. അപ്പോള്‍ സര്‍വ്വത്ര കിടിലം കൊണ്ട ദേവകള്‍ എല്ലാവരും, "ശങ്കരാ! ശങ്കരാ! രക്ഷിക്കണേ!", എന്നു പറഞ്ഞ്‌ വിറച്ച്‌ കൈകൂപ്പി. വീണ്ടും രുദ്രന്റെ നിശിതമായ ശരം തൊടുത്തു. രുദ്രന്റെ വിക്രമം കണ്ട്‌ ദേവന്മാരും ഋഷികളും ഭയപ്പെട്ടു പോയി. ആ വിബുധോത്തമന്മാര്‍ ശിവനെ കൈകൂപ്പി. ശര്‍വ്വന്റെ കോപം ശമിപ്പിച്ചു. അപ്പോള്‍ ദേവന്മാര്‍ കൈകൂപ്പി ശതരുദ്രീയം ജപിച്ചു. ത്രിദശന്മാര്‍ പുകഴ്ത്തി സ്തുതിച്ചപ്പോള്‍ മഹേശ്വരന്‍ പ്രസാദിച്ചു. രുദ്രന് വിശേഷിച്ചും ഭാഗം യജ്ഞത്തില്‍ നിശ്ചയിച്ചു. ദേവന്മാരെല്ലാം ഭയപ്പെട്ട്‌ രുദ്രനെ ശരണം പ്രാപിക്കുകയും ചെയ്തു.

പിന്നെ തകര്‍ത്ത യജ്ഞത്തെ സന്തുഷ്ടനായ ദേവന്‍ വീണ്ടും ഒന്നായി യോജിപ്പിച്ചു. എന്തൊക്കെ തകര്‍ന്നു നഷ്ടപ്പെട്ടുവോ, അതെല്ലാം വീണ്ടും മുമ്പത്തെ വിധം തന്നെ ശര്‍വ്വ൯ ഉണ്ടാക്കി.

വിണ്ണില്‍ പണ്ട്‌ അസുരന്മാര്‍ക്ക്‌ മൂന്നു പുരം ഉണ്ടായി. ഇരുമ്പുകൊണ്ടും, വെള്ളികൊണ്ടും, സ്വര്‍ണ്ണംകൊണ്ടുമായിരുന്നു ആ പുരങ്ങള്‍. ആ പുരങ്ങള്‍ ആകാശത്തു സഞ്ചരിച്ചു. അവയില്‍ വസിക്കുന്ന ത്രിപുരന്മാരെ ജയിക്കുവാന്‍ ഇന്ദ്രന് ഒരായുധം കൊണ്ടും കഴിഞ്ഞില്ല. ദേവന്മാരെല്ലാം കുഴങ്ങി. എല്ലാവരും ചെന്ന്‌ രുദ്രനെ ശരണം പ്രാപിച്ചു. ദേവന്മാരെല്ലാവരും കൂടി രുദ്രനോടു പറഞ്ഞു; "അല്ലയോ മാനദാ. രുദ്രാ, അസുരന്മാര്‍ രൗദ്രകര്‍മ്മങ്ങളാല്‍ ഞങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു. അവരെ ഭവാന്‍ പുരത്തോടൊപ്പം നശിപ്പിച്ച്‌ ലോകത്തെ രക്ഷിക്കണേ!".

ദേവകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മഹേശ്വരന്‍ അവരെ സമാധാനിപ്പിച്ച്‌ അയച്ചു. പിന്നെ, ദേവന്‍ വിഷ്ണുവെ ശരമാക്കി, അഗ്നിയെ ശരത്തിന്റെ മുനയാക്കി. യമനെ അമ്പിന്റെ കടയാക്കി, വേദത്തെ വില്ലാക്കി, സാവിത്രിയെ ഞാണാക്കി. ബ്രഹ്മാവിനെ സാരഥിയാക്കി. ഇങ്ങനെയെല്ലാം യുദ്ധസന്നാഹങ്ങളൊരുക്കി. അങ്ങനെ മഹേശ്വരന്‍ ആ ത്രിപര്‍വ്വ

ത്രിപർവ്വത്രിശല്യം കൊണ്ട്‌ ആ ത്രിപുരന്മാരുടെ പുരം തകര്‍ത്തു. ആദിത്യകാലാഗ്നി തേജസ്സുള്ള ശരംകൊണ്ട്‌ ആ ദൈതൃന്മാരെ പുരത്തോടൊപ്പം ചുട്ടുകളഞ്ഞു ഭാരതാ!

പിന്നെ മഹാദേവന്‍ ഒരു പിഞ്ചു പൈതലിന്റെ രൂപത്തില്‍ അഞ്ചു ജടകളോട് കൂടിയവനായി പാര്‍വ്വതിയുടെ മടിയില്‍ക്കിടന്നു. ഉടനെ എത്തിയ ദേവന്മാരോട്‌ അവള്‍ പരീക്ഷിക്കാനായി ചോദിച്ചു. "ഈ കുട്ടി ഏതാണെന്നറിയുമോ?". കുട്ടിയെക്കണ്ടപ്പോള്‍ ഇന്ദ്രന് പെട്ടെന്ന്‌ അസുയയും, ക്രോധവും വന്നുകയറി. അവന്‍ വജ്രായുധമെടുത്ത്‌ കുട്ടിയെ കൊല്ലുന്നതിന് വേണ്ടി അവന്റെ നേരെ പ്രയോഗിക്കുവാന്‍ കരമുയര്‍ത്തി. വജ്രമേന്തിയ പരിഘതുല്യമായ അവന്റെ ഭുജം പെട്ടെന്ന്‌ സ്തംഭിച്ചു പോയി. ദേവകള്‍ ഭുവനേശ്വരനായ അവനെ അറിഞ്ഞില്ല. എല്ലാ പ്രജാപതികളും ഈശ്വരനെ, ബാലനായി പാര്‍വ്വതിയുടെ മടിയില്‍ക്കിടക്കുന്ന ഈശ്വരനെ അറിഞ്ഞില്ല.

പിന്നെ, മഹാവീരൃനായ ആ കുട്ടി ഭഗവാന്‍ മഹേശ്വരനാണെന്നറിഞ്ഞ്‌ ബ്രഹ്മാവു കൈകൂപ്പി. സുരന്മാര്‍ ഉമയേയും മഹേശ്വരനേയും സ്തുതിച്ചു പ്രസാദിപ്പിച്ചപ്പോള്‍ ഇന്ദ്രന്റെ കൈ മുമ്പത്തെ മാതിരി തന്നെയായി.

ഇപ്രകാരം അത്ഭുതപ്രഭാവനായ മഹേശ്വരനാണ്‌ ദുര്‍വ്വാസാവായി വന്നത്‌. അവനാണ്‌ എന്റെ ഗൃഹത്തില്‍ ദ്വാരകയില്‍ വസിച്ചത്‌. പല വിധത്തിലുള്ള ദ്രോഹങ്ങളും അവിടെ വെച്ചു ചെയ്തു. ദുസ്സഹങ്ങളായ ആ പ്രവൃത്തികളെല്ലാം ഞാന്‍ ഔദാര്യം കൊണ്ട്‌ ക്ഷമിച്ചു. അവന്‍ രുദ്രനാണ്‌, ശിവനാണ്‌, അഗ്നിയാണ്‌, സര്‍വ്വവും അവനാണ്‌. സര്‍വ്വജിത്തും അവന്‍ തന്നെ. ഇന്ദ്രനും, വായുവും, വിദ്യുത്തും, അശ്വികളുമാണ്‌ അവന്‍. ഇന്ദ്രനും, ഈശാനനും, സൂര്യനും, വരുണനും, കാലനും, അന്തകനും, മൃത്യുവും, തമസ്സും, രാവും, പകലും, മാസാര്‍ദ്ധവും, മാസവും, സന്ധ്യയും, വത്സരവും അവന്‍ തന്നെയാണ്‌.

ധാതാവും, വിധാതാവും, വിശ്വകര്‍മ്മാവും, വിശ്വഗനും, സൂര്യനക്ഷത്രഗ്രഹങ്ങളും, ദിക്കുകളും, വിദിക്കുകളും, വിശ്വമൂര്‍ത്തിയും, അമേയാത്മാവും, പരമദ്യുതിയുമായ സര്‍വ്വേശ്വരനാണ്‌ അവന്‍. ഒന്നായും, രണ്ടായും, പലതായും നില്ക്കുന്നവനും അവന്‍ തന്നെയാണ്‌. നൂറായും, ആയിരമായും, നൂറായിരമായും കാണപ്പെടുന്ന മഹേശ്വരന്‍ ഭഗവാന്‍ അജനാണ്‌. പല പല വിധത്തിലും അവന്റെ ഗുണങ്ങള്‍ പറഞ്ഞവസാനിപ്പിക്കുവാന്‍ ആര്‍ക്കും പറ്റുന്നതല്ല. നൂറ്റാണ്ടു പറഞ്ഞാലും അവസാനം കാണുന്നതുമല്ല.

161. മഹേശ്വരമാഹാത്മ്യം - ശിവപര്യായങ്ങളുടെ അന്വർത്ഥതയെ കൃഷ്ണൻ വിശദീകരിക്കുന്നു - വാസുദേവന്‍ പറഞ്ഞു: ആ മഹാത്മാവിന്റെ മഹത്തായ ഐശ്വര്യങ്ങളെ അല്ലയോ മഹാബാഹുവായ യുധിഷ്ഠിരാ, നീ കേള്‍ക്കുക. രുദ്രന്‍ ബഹുരൂപനാണ്‌. വളരെ നാമങ്ങള്‍ അവനുണ്ട്‌. അവയൊക്കെ നീ കേള്‍ക്കുക. മഹാദേവനെന്നും, സ്ഥാണുവെന്നും, അഗ്നിയെന്നും മഹേശനെ വിളിക്കുന്നുണ്ട്‌. ഏകാക്ഷന്‍ എന്നും, ത്രൃംബകന്‍ (മൂന്നു കണ്ണുള്ളവന്‍) എന്നും, വിശ്വരൂപനെന്നും, ശിവനെന്നും വിളിക്കുന്നുണ്ട്‌. വേദജ്ഞന്മാരായ ദ്വിജന്മര്‍ അവന് രണ്ടു വിധം ശരീരം ദര്‍ശിക്കുന്നു. ഉഗ്രമായ ഘോരമൂര്‍ത്തിയും ശിവമായ സൗമ്യമൂര്‍ത്തിയും അവനുണ്ട്‌. ഉഗ്രമായ രൂപം അഗ്നി, വിദ്യുത്ത്‌, ഭാസ്കരന്‍ ഇവയാണ്‌. അവന്റെ ശിവമായ മൂര്‍ത്തിയോ, ധര്‍മ്മവും, ജലവും, ചന്ദ്രനുമാണ്‌. അവ ൯െറ ആത്മാവില്‍ പകുതി അഗ്നിയും പകുതി സോമനുമാണ്‌. അവന്റെ ശിവയായ മൂര്‍ത്തി ബ്രഹ്മചര്യമനുഷ്ഠിക്കുന്നു. അവന്റെ ഘോരമായ മൂര്‍ത്തിയാല്‍ അവന്‍ ലോകത്തെ സംഹരിക്കുന്നു. ഈശ്വരത്വത്താലും മഹത്വത്താലും അവന്‍ മഹേശ്വരനായി. ദഹിപ്പിക്കുന്നവനും, തീക്ഷ്ണനും, ഉഗ്രനും, പ്രതാപിയും, അവനാകയാലും, മാംസശോണിത മജ്ജാദനാകയാലും അവന്‍ രുദ്രനായി. മഹത്തായത് കൊണ്ട്‌ വാനോരില്‍ അവന്‍ മഹാനായി. മഹാവിശ്വം കാക്കുകയാല്‍ മഹാദേവനായി. അവന്‍ ധൂമ്രരൂപനാവുകയാല്‍ ധൂര്‍ജ്ജടിയായി. സര്‍വ്വകാമങ്ങളാലും അവന്‍ സര്‍വ്വരെയും വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യര്‍ക്ക്‌ ശിവം (ശുഭം) കാംക്ഷിക്കുന്നത് മൂലം അവന്‍ ശിവനായി. മേലെനിന്ന്‌ നരപ്രാണങ്ങളെ ദഹിപ്പിക്കുകയാല്‍ അവന്‍ സ്ഥിരനായി. സ്ഥിരലിംഗനായ അവന്‍ നിത്യനായത് കൊണ്ട്‌ സ്ഥാണുവായി. ഇവന് പലതായ രൂപം ഭൂതവും, ഭവ്യവും ഭവിക്കുന്നതുമാണ്‌. ചരാചരമായ എല്ലാ ജഗത്തും ബഹുരൂപനായ അവന്‍ തന്നെയാണ്‌.

അവനില്‍ നിന്ന് വിശ്വരൂപന്മാരുണ്ടായി, വിശ്വരൂപനായി അവന്‍ സഹ്രസാക്ഷനും, അയുതാക്ഷനും, സര്‍വ്വഗതാക്ഷനുമായ അവനില്‍ ചക്ഷുസ്സിന് തേജസ്സുമുണ്ട്‌. അവന്റെ ചക്ഷുസ്സിന് ഒരന്തവുമില്ല. അവന്‍ നിത്യവും പശുക്കളെ സംരക്ഷിച്ച്‌ അവയോടൊത്തു രമിക്കുകയാണ്‌. അവയ്ക്കധിപനായിരിക്കുകയാല്‍ അവന്‍ പശുപതിയായി സ്മരിക്കപ്പെടുന്നു. അവന്റെ ലിംഗം നിതൃബ്രഹ്മചര്യത്തില്‍ നില്ക്കുന്നു. ലോകര്‍ ഇവനെ പൂജിക്കുന്നു. അത്‌ മഹാത്മാവിന് പ്രിയവുമാകുന്നു. മഹാത്മാവിന്റെ വിഗ്രഹമോ, ലിംഗമോ പൂജിക്കുന്നവന്‍ നിത്യവും മഹിതമായ ശ്രീയെ പ്രാപിക്കുന്നതാണ്‌. ഋഷികളും, ദേവകളും, ഗന്ധര്‍വ്വരും, അപ്സരസ്ത്രീകളും, ഊര്‍ദ്ധ്വമുഖസ്ഥിതമായ ലിംഗത്തെത്തന്നെ പൂജിക്കുന്നു. അതിനെ പൂജിച്ചാല്‍ മഹേശ്വരന്‍ മോദിക്കും. ഭക്തന്മാര്‍ക്ക്‌ ഭക്തവത്സലനായ അവന്‍ സുഖം നല്കുന്നു. ചുട്ടെരിക്കുന്ന ഈ ദേവന്‍ ശ്മശാനങ്ങളില്‍ അധിവസിക്കുന്നു. ആ സ്ഥലത്ത്‌ യജിക്കുന്നവര്‍ വീരസ്ഥാനനിഷേവികളാണ്‌. വിഷയസ്ഥനും, മൃത്യുവുമാണ്‌ അവന്‍. പ്രാണികള്‍ക്ക്‌ ശരീരഗനുമാണ്‌. പ്രാണാപാനനും, ദേഹികള്‍ക്ക്‌ ദേഹഗനും വായുവുമാണ്‌ അവന്‍. അവന്റെ ഘോരമായ രൂപങ്ങള്‍ പലമാതിരി ദീപ്തങ്ങളാണ്‌. പണ്ഡിതന്മാര്‍ അവനെ അറിഞ്ഞു പൂജിക്കുന്നു. അര്‍ത്ഥവത്തായ നാമങ്ങള്‍ വാനവർ വേറെയും പറയുന്നുണ്ട്‌. അവ ബഹുത്വത്താലും, വിഭൂത്വത്താലും കര്‍മ്മവൃത്തിയാലും വിവരിക്കുന്നു. വേദത്തില്‍ ശതരുദ്രീയം ഉത്തമമായതാണെന്ന്‌ ദേവന്മാര്‍ അറിയുന്നു (ദ്രോണപര്‍വ്വം 203-ാം അദ്ധ്യായം നോക്കുക). മഹാത്മാവിന് ഉപസ്ഥാനമായ അത്‌ വ്യാസപ്രോക്തമാണ്‌. സര്‍വ്വലോകര്‍ക്കും പ്രദാതാവും, മഹത്തായ വിശ്വവും അവനാകുന്നു. ബ്രാഹ്മണരായ ഋഷികള്‍ ഇവന്‍ ജ്യേഷ്ഠഭൂതനാണെന്നും പറയുന്നു. ഇവന്‍, ദേവകള്‍ക്ക്‌ ആദിമനായ ഇവന്‍, മുഖത്തില്‍ നിന്ന്‌ അഗ്നിയെ സൃഷ്ടിച്ചു. നാനാഗ്രഹങ്ങള്‍ കൊണ്ട്‌ പ്രതിരുദ്ധമായ പ്രാണങ്ങളുടെ വിസര്‍ഗ്ഗം കഴിക്കുന്നു. ശരണ്യനായ ഇവന്‍ ശരണാഗതന്മാരെ ആരെയും ഉപേക്ഷിക്കുന്നതല്ല. ആയുസ്സ്‌, ആരോഗ്യം, ഐശ്വര്യം, വിത്തം, കാമങ്ങള്‍ എന്നിവയെല്ലാം അവന്‍ മനുഷ്യര്‍ക്കു നല്കുന്നു. അവന്‍ അവയെല്ലാം ഹരിക്കുകയും ചെയ്യുന്നു. ഇന്ദ്രാദികളായ ദേവന്മാരിലും ഉപരിയായ ഐശ്വര്യം ഇവനില്‍ സ്ഥിതിചെയ്യുന്നു. അവന്‍ എപ്പോഴും മൂന്നു ലോകത്തിനും നന്മചെയ്യുവാന്‍ സന്നദ്ധനാണ്‌. മഹേശ്വരനും, മഹാലോകങ്ങള്‍ക്ക്‌ എല്ലാറ്റിനും ഈശ്വരനുമാണ്‌ അവന്‍. പലമട്ടിലുള്ള രൂപങ്ങള്‍ കൊണ്ട്‌ വിശ്വം നിറഞ്ഞവനാണ്‌ അവന്‍. ആ ദേവന്റെ മുഖം കടലില്‍ ബഡവാമുഖമാകുന്നു.

162. ധര്‍മ്മപ്രമാണകഥനം - പ്രത്യക്ഷപ്രമാണങ്ങളേക്കാൾ വേദവാക്യങ്ങൾക്കാണ് പ്രാമാണ്യം കല്പിക്കേണ്ടത് - വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ദേവകീപുത്രനായ കൃഷ്ണന്‍ പറഞ്ഞതിന് ശേഷം വീണ്ടും യുധിഷ്ഠിരന്‍ ശാന്തനവനായ ഭീഷ്മനോടു ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ മഹാശയാ, ധര്‍മ്മജ്ഞന്മാരില്‍ സത്തമാ! തീര്‍പ്പു കല്പിക്കുന്ന കാര്യത്തില്‍, പ്രത്യക്ഷമെന്നും ആഗമമെന്നും പറയുന്ന രണ്ടു കാര്യത്തില്‍ ഏതാണു പ്രമാണമായി സ്വീകരിക്കേണ്ടത്‌.

ഭീഷ്മൻ പറഞ്ഞു: നീ ചോദിച്ചത്‌ നല്ല ഒരു ചോദ്യമാണ്‌. എനിക്കിതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക മഹാപ്രാജ്ഞാ! സംശയങ്ങള്‍ ഏവരിലും എളുപ്പത്തില്‍ ജനിക്കും. എന്നാല്‍ അതിനെ പരിഹരിക്കുവാനാണ് പ്രയാസം. കാണപ്പെടുന്നതിലും, ശാസ്ത്ര നിക്ഷിപ്തമായതിലും മര്‍ത്ത്യരെ ബാധിക്കുന്ന സംശയങ്ങള്‍ക്ക്‌ ഒരു കൈയും കണക്കുമില്ല. ജ്ഞാനികളാണെന്ന്‌ അഭിമാനിക്കുന്ന ചിലരുണ്ട്‌. അവര്‍ പ്രത്യക്ഷത്തെ പ്രമാണമാക്കി തര്‍ക്കിക്കുവാനൊരുങ്ങും. അവര്‍ സത്യത്തെ സംശയമായി കാണുകയും, കാണാത്തതിനെ ഇല്ലെന്നു പറഞ്ഞ്‌ നിഷേധിക്കുകയും ചെയ്യും. അതുകേട്ട്‌ വിദ്വാന്മാരായി നടിക്കുന്ന ബാലന്മാര്‍ (അറിവില്ലാത്തവര്‍) തെറ്റായി ധരിക്കുകയും ചെയ്യും. കാരണമായി ഒന്നുണ്ട്‌ എന്നു വിചാരിക്കാം. എന്നാല്‍ ആ ഒന്നിനെപ്പറ്റി അറിയാന്‍ വിഷമമുണ്ട്‌. അതറിയുവാന്‍ മടിവിട്ട്‌ ഒരുങ്ങി ദീര്‍ഘകാലം പഠിക്കണം. യോഗാഭ്യാസം ചെയ്യണം. അന്വേഷണം നടത്തണം. എന്നാല്‍ അത്‌ പ്രാണയാത്ര പലമട്ടില്‍ കല്പിക്കുന്നവന് ഗ്രഹിക്കുവാന്‍ കഴിയും ഭാരതാ! തല്‍പരന് അതില്‍ കാഴ്ച ലഭിക്കും. താല്‍പര്യമില്ലാത്തവണ് അതിനെ കണ്ടെത്തുവാന്‍ കഴിയുകയില്ല.

യുക്തികള്‍ക്ക്‌ അതിരു കണ്ട്‌ വലിയതും ഉത്തമവുമായ ജ്ഞാനം ലോകത്തിനെല്ലാം തേജസ്സായിട്ടുള്ളത്‌ ബ്രഹ്മമാണെന്ന്‌ അറിയുക. ലോകത്തിന്റെ ആദികാരണമായ ദിവ്യചൈതന്യത്തെ യുക്തി കൊണ്ട്‌ കണ്ടെത്തുവാന്‍ കഴിയുകയില്ല. വേദാദിവാക്യങ്ങളെയാണ്‌ ഈ സന്ദര്‍ഭത്തില്‍ പ്രമാണമായി സ്വീകരിക്കേണ്ടത്‌.

രാജാവേ, യുക്തികൊണ്ട്‌ എല്ലാം പിടികിട്ടുമെന്നു വിചാരിക്കേണ്ടതില്ല. പ്രത്യക്ഷമായി കാണുന്നതെല്ലാം പ്രമാണമായി സ്വീകരിക്കയുമരുത്. നാം കാണുന്നതല്ല അതിന്റെ ശരിയായ രൂപവും ഭാവവുമെന്ന്‌ ചിന്തിക്കണം. പിടികിട്ടാത്തതും, ഉറയ്ക്കാത്തതുമായ കാര്യങ്ങളെപ്പറ്റി വാക്കു കൊണ്ടു പറയാതിരിക്കുകയാണ്‌ ഉത്തമം.

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, ഈ നാലു കാര്യങ്ങള്‍ പറഞ്ഞതില്‍ ഏതാണ്‌ സ്വീകാര്യം. പ്രത്യക്ഷം, ലോകം, ആഗമം, ആചാരം എന്നിവയില്‍ ഏതാണ്‌ ഉത്തമമായിട്ടുള്ളത്‌? പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ബലവാന്മാരായ ദുരാത്മാക്കള്‍ ധര്‍മ്മത്തെ അപഹരിക്കെ എന്ത്‌ ഉറപ്പ്‌ യത്നിച്ചു ചെയ്താലും അത്‌ കാലത്താല്‍ ഛിന്നഭിന്നമായി പോയെന്നു വരാം. അധര്‍മ്മം എന്നത്‌ ധര്‍മ്മത്തിന്റെ രൂപത്തില്‍, പുല്ല്‌ മൂടിക്കിടക്കുന്ന പൊട്ടക്കിണറു പോലെയാണ്‌. ആ ഭയങ്കരന്മാര്‍ മനുഷ്യരുടെ വൃത്തം തെറ്റിക്കും. അതും നീ കേള്‍ക്കുക യുധിഷ്ഠിരാ! വേദങ്ങളെ നിന്ദിക്കുന്നതില്‍ അത്തരം ആളുകള്‍ തല്‍പരന്മാരും സമര്‍ത്ഥന്മാരുമാണ്‌. അവര്‍ ധര്‍മ്മദ്വേഷികളാണ്‌. അറിവില്ലാത്തവരെ അവര്‍ വഴിതെറ്റിക്കും. നീ അത്തരക്കാരെ സേവിക്കരുത്‌. സാധുക്കളെ സേവിക്കുക. കിട്ടിയ അറിവു കൊണ്ട്‌ ത്യപ്തിപ്പെടാതെ വേദപാരായണം മുതലായവ കൊണ്ട്‌ കൂടുതല്‍ ജ്ഞാനം നേടുവാന്‍ ശ്രമിക്കുന്നവരെ സേവിക്കുക. ലോഭം, മോഹം, എന്നിവയുടെ സഹായത്തോടെ സഞ്ചരിക്കുന്ന കാമത്തെയും അര്‍ത്ഥത്തെയും കൂട്ടു പിടിക്കാതിരിക്കുക. ധര്‍മ്മമെന്നാല്‍ എന്താണ്‌ എന്ന്‌ അറിഞ്ഞവരുമായി ഇടപെടുക. അവരെ സേവിക്കുക. അവരുടെ സ്വഭാവം തെറ്റിപോവുകയില്ല. യജ്ഞവും സ്വാദ്ധ്യകര്‍മ്മവും തെറ്റുന്നതല്ല. ആചാരം, വേദം, ധര്‍മ്മം എന്നീ മൂന്നും ഒന്നുതന്നെ ആണെന്നു ധരിക്കണം.

യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ, എന്റെ ബുദ്ധി പതറിപ്പോകുന്നു. ഒരു പിടിയും കിട്ടുന്നില്ല. സംശയത്തില്‍ മുങ്ങിപ്പോകുകയാണ്‌. അപാരത്തില്‍ ഞാന്‍ അന്വേഷിക്കു ന്നു; അക്കരെ കാണുന്നുമില്ല. വേദം, പ്രത്യക്ഷം, ആചാരം എന്നിവ മൂന്നുമാണ്‌ പ്രമാണമെങ്കില്‍ ഇവയില്‍ നിന്ന്‌ വ്യത്യസ്തമാണ്‌ ധര്‍മ്മം. മൂന്നും കൂടി എങ്ങനെയാണ്‌ ഒന്നായി വരുന്നത്‌?

ഭീഷ്മൻ പറഞ്ഞു: ഭയങ്കരന്മാരായ ചില ശക്തന്മാര്‍ തങ്ങളുടെ ബാഹുബലത്താല്‍ ധര്‍മ്മത്തെ തകര്‍ത്തു കളയും. അപ്രകാരം സംഭവിക്കുമ്പോള്‍ മൂന്നിനമായി ധര്‍മ്മത്തെ ചിന്തിക്കണം. മൂന്നിനം ധര്‍മ്മദര്‍ശനവും ഒന്നാണെന്നു ധരിക്കണം. ആ മൂന്നിന്റെയും മാര്‍ഗ്ഗം ഓരോന്നിന്റെയും ധര്‍മ്മമായി കാണണം. മൂന്നും വെവ്വേറെയാണെന്നു ചിന്തിക്കുന്നത്‌ ബുദ്ധിപൂര്‍വ്വകമല്ല. മൂന്നിനും വഴി പറഞ്ഞിട്ടുണ്ട്‌, അതു പോലെ ചെയ്യണം. സംശയം മൂലം ധര്‍മ്മത്തെ പരീക്ഷിക്കരുത്‌. അല്ലയോ ഭരതശ്രേഷ്ഠാ. ഭവാന്‌ ധര്‍മ്മസംശയം പാടില്ല. നീ ഞാന്‍ പറയുന്നതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക. നിസ്സംശയം അനുസരിക്കുക. അന്ധനെപ്പോലെയോ ബുദ്ധിഹീനനെപ്പോലെയോ നീ എന്നെ അനുസരിക്കുക. ഞാന്‍ പറയുന്നതു ചെയ്യുക.

അഹിംസ, സത്യം, അക്രോധം, ദാനം എന്നീ നാലു കാര്യവും അല്ലയോ അജാതശത്രോ, ഭവാന്‍ സേവിക്കുക. ഇതാണ്‌ സനാതനമായ ധര്‍മ്മം. പിത്യപൈതാമഹമുറയ്ക്കാണ്‌ വിപ്രരിലുള്ള പെരുമാറ്റം. അത്‌ മഹാബാഹോ, തെറ്റാതെ നീ ചെയ്യണം. ധര്‍മ്മത്തെ ഉപദേശിച്ചു തരുന്ന ഗുരുക്കന്മാരാണ്‌ അവര്‍. അറിയാത്തവര്‍ ചെയ്യുന്ന പ്രമാണം അപ്രമാണമായിത്തീരും. അതിനെ പ്രമാണമാക്കരുത്‌. അതാണ്‌ വാദത്തിന്നുള്ള കാരണമായിത്തീരുന്നത്‌. വിപ്രരെ സല്‍ക്കരിച്ച്‌ മാനിക്കുക. ഈ ലോകം മുഴുവന്‍ അവരില്‍ സ്ഥിതി ചെയ്യുന്നു എന്ന്‌ അവരെപ്പറ്റി ധരിക്കുക.

യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മത്തെ വെറുക്കുന്നവരുണ്ടല്ലോ, ധര്‍മ്മത്തെ സേവിക്കുന്നവരുമുണ്ടല്ലോ, ഈ രണ്ടു കൂട്ടര്‍ക്കുമുള്ള ലോകങ്ങള്‍ ഏതാണ്‌? അവര്‍ എവിടെ ചെല്ലും? പിതാമഹാ, ഇതൊന്നു വ്യക്തമാക്കിത്തരണേ!

ഭീഷ്മൻ പറഞ്ഞു; രജസ്സുകൊണ്ടും തമസ്സുകൊണ്ടും മനസ്സുകൊണ്ടും ദുഷിച്ചവരായ ധര്‍മ്മദ്വേഷികള്‍ നരകത്തില്‍ ചെന്നെത്തുന്നതാണ്‌. ധര്‍മ്മത്തെ എപ്പോഴും സേവിക്കുകയാണെങ്കില്‍ സത്യവും ആര്‍ജ്ജവവും ഉള്ളവരായ ആ സജ്ജനങ്ങള്‍ എന്നും സ്വര്‍ഗ്ഗത്തില്‍ വസിക്കും. ഗുരുജനങ്ങളെ ശുശ്രൂഷിക്കുന്ന ധര്‍മ്മാത്മാക്കള്‍, ധര്‍മ്മത്തെ സേവിക്കുക മൂലം ദേവലോകത്ത്‌ ചെന്നെത്തുന്നതാണ്‌. മനുഷ്യരും, ദേവകളും, ഉടല്‍ തപിപ്പിച്ച്‌, ലോഭദ്വേഷങ്ങള്‍ വെടിഞ്ഞ്‌, അടക്കത്തോടെ ജീവിക്കുന്നവര്‍ ധര്‍മ്മം മൂലം സ്വര്‍ഗ്ഗസുഖം അനുഭവിക്കും. ഒന്നാമതായി ബ്രഹ്മഭാവമാണ്‌ ധര്‍മ്മം എന്നു മനീഷികള്‍ പറയുന്നു. ധര്‍മ്മിഷ്ഠന്മാരായ അവര്‍ അതു ഭക്ഷ്യാര്‍ത്ഥി പഴത്തെ എന്നപോലെ ഉപാസിക്കുന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: അസത്തുക്കളുടെ രൂപമെന്താണ്‌? സജ്ജനങ്ങളുടെ പ്രവ്യത്തിയെന്താണ്‌? ഭവാന്‍ സത്തുക്കളെയും, അസത്തുക്കളെയും വേര്‍തിരിച്ച്‌ മനസ്സിലാക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിക്കണേ!

ഭീഷ്മൻ പറഞ്ഞു: അസത്തുക്കളായ ജനങ്ങള്‍ (ദുര്‍ജ്ജനങ്ങള്‍) ദുരാചാരന്മാരാണ്‌. ദുരാധര്‍ഷന്മാരാണ്‌. ദുര്‍മ്മുഖന്മാരാണ്‌. സാധുക്കള്‍ (സജ്ജനങ്ങള്‍) സല്‍സ്വഭാവികളാണ്‌. വിശിഷ്ടമായ ആചാരമാണ്‌ അവരുടെ ലക്ഷണം.

രാജവീഥിയിലും (വലിയ വഴികള്‍) പശുക്കള്‍ കിടക്കുന്നിടത്തും അവയുടെ മറവില്‍ ചെന്നിരുന്നു മലമൂത്രങ്ങള്‍ വിടും. വയലില്‍ നെല്ലിന്റെ ഇടയില്‍ ചെന്നിരുന്ന്‌ മലമൂത്രങ്ങള്‍ വിടും. ഇതൊക്കെ ദുർജ്ജനങ്ങളുടെ സ്വഭാവമാണ്‌. ധാര്‍മ്മികരായ സജ്ജനങ്ങള്‍ ആ വകയൊന്നും ചെയ്യുകയില്ല. അഞ്ചു പേര്‍ക്ക്‌ ഭോജനം നല്കിയതിന് ശേഷമുള്ളതേ സജ്ജന ങ്ങള്‍ ഭക്ഷിക്കുകയുള്ളു. ഉണ്ണുന്ന സമയത്ത്‌ അവര്‍ ഒന്നും മിണ്ടുകയില്ല (വര്‍ത്തമാനങ്ങള്‍ പറഞ്ഞുചിരിക്കുന്നത്‌ ദോഷമാണ്‌ ഉണ്ണുമ്പോള്‍). കൈനനച്ച്‌ കിടന്നുറങ്ങുകയില്ല (കൈ കഴുകിയാല്‍ നല്ലപോലെ തുടച്ച്‌ ഉണക്കണം). അഗ്നി, കാള, ദേവന്‍, പശുത്തൊഴുത്ത്‌, ചതുഷ്പഥം, ബ്രാഹ്മണന്‍, ധാർമ്മികന്‍, വൃദ്ധന്‍ എന്നീ പറഞ്ഞവരെയെല്ലാം ധാര്‍മ്മികന്‍ വലംവെയ്ക്കണം.

വൃദ്ധന്മാര്‍ക്കും, ചുമട്‌ ഏറ്റിയവര്‍ക്കും, സ്ത്രീകള്‍ക്കും, നഗരാദ്ധ്യക്ഷനും, ബ്രാഹ്മണര്‍ക്കും, പശുക്കള്‍ക്കും, ധാര്‍മ്മികന്‍ വഴിമാറിക്കൊടുക്കണം. അതിഥികള്‍ക്കും, ദൂതന്മാര്‍ക്കും, സ്വജനങ്ങള്‍ക്കും, ശരണം പ്രാപിച്ചവര്‍ക്കും സ്വാഗതം പറയുന്നതു ധര്‍മ്മമാണ്‌. കാലത്തും അന്തിക്കും മാത്രം അങ്ങനെ രണ്ടു നേരത്തെ ഭക്ഷണം ദേവകല്പിതമാണ്‌. മനുഷ്യര്‍ക്ക്‌ ഇടയ്ക്ക്‌ ഊണ്‌ നിഷിദ്ധമാണ്‌. അത്‌ ഉപവാസമാണ്‌. ഹോമകാലത്തേക്കുള്ള അഗ്നി കാലേതന്നെ സംരക്ഷിക്കുക. ഋതുകാലത്ത്‌ ആര്‍ത്തവശുദ്ധിക്കു ശേഷം മാത്രം ഭാര്യയുമായി സംയോഗം ചെയ്യുക. അങ്ങനെയല്ലാത്ത കാലത്തു സംഗം ചെയ്യുന്നതു ബ്രഹ്മചര്യമാവുകയില്ല. സജ്ജനങ്ങള്‍ ബ്രഹ്മചര്യമനുഷ്ഠിക്കണം.

അമൃത്‌, വിപ്രര്‍, പശു ഇവ മൂന്നും ഒരിടത്തുണ്ട്‌. അതുകൊണ്ട്‌ ഗോക്കളെയുംം ബ്രാഹ്മണരെയും യഥാവിധി അര്‍ച്ചിക്കുക. യജുസ്സുകൊണ്ട്‌ സംസ്കരിക്കപ്പെട്ട മാംസം ഭുജിച്ചാല്‍ ദോഷമില്ല. പൃഷ്ഠത്തിലെ മാംസം, പാഴായ മാംസം (ദേവന്മാര്‍ക്കര്‍പ്പിക്കാത്ത മാംസം), പുത്രന്റെ മാംസം ഇവ മൂന്നും തുല്യമാണ്‌. സ്വദേശത്തിലായാലും അന്യദേശത്തിലായാലും പാന്ഥനെ പട്ടിണിക്കിടരുത്. കര്‍മ്മം സഫലമായി നിര്‍വ്വഹിച്ച്‌ ഗുരുജനങ്ങള്‍ക്കു നല്കണം. ഗുരുജനങ്ങള്‍ക്ക്‌ ഇരിപ്പിടം കുമ്പിട്ടു തൊഴുതു കൊടുക്കുക. ഗുരുപൂജ മൂലം ശ്രീയും ആയുസ്സും വര്‍ദ്ധിക്കുന്നതാണ്‌.

വൃദ്ധരെ അവമാനിക്കരുത്. അവരെ പ്രേഷ്യരാക്കരുത്‌. അവര്‍ നില്ക്കുമ്പോള്‍ ഇരിക്കരുത്‌. അങ്ങനെ ചെയ്താല്‍ അവരുടെ ആയുസ്സ്‌ നശിക്കുന്നതല്ല. നഗ്നയായി നില്ക്കുന്ന പെണ്ണിനെ നോക്കരുത്‌. നഗ്നനായി നില്ക്കുന്ന ആണിനെയും നോക്കരുത്‌. മൈഥുനം ചെയ്യുന്നത്‌ ആരും കാണരുത്‌. അപ്രകാരം തന്നെ ഭോജനവും വെളിവില്‍ ഇരുന്നു പാടില്ല. തീര്‍ത്ഥത്തില്‍ വെച്ച്‌ കൂടുതല്‍ പാവനമായ തീര്‍ത്ഥം ഗുരുക്കന്മാരാണ്‌. ശുദ്ധത്തില്‍ വെച്ച്‌ ശുദ്ധമാകേണ്ടത്‌ ഹൃദയമാണ്‌. ദൃശ്യങ്ങളില്‍ വെച്ച്‌ ശ്രേഷ്ഠമായത്‌ ജ്ഞാനമാണ്‌. പരമമായ സുഖം സന്തോഷമാണ്‌. കാലത്തും, അന്തിക്കും വൃദ്ധന്മാര്‍ പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കണം. അവരുടെ ഉപദേശം വാങ്ങണം. മര്‍ത്ത്യന്‍ വൃദ്ധസേവ മൂലം ശ്രുതം നേടും. വേദാഭ്യാസതുല്യമായ ജ്ഞാനം സമ്പാദിക്കാന്‍ കഴിയും.

സ്വാദ്ധ്യായത്തിലും, ഭക്തിയിലും, വലംകൈ ഉയര്‍ത്തണം. വാക്കും മനസ്സും, ഇന്ദ്രിയങ്ങളും നിത്യവും അടക്കണം. നല്ലപോലെ പാകം ചെയ്ത പായസം, കഞ്ഞി, എള്‍ച്ചോറ്‌, ഹവിസ്സുകള്‍ എന്നിവ കൊണ്ട്‌ അഷ്ടകയെന്നു പേരുള്ള ശ്രാദ്ധത്തില്‍ ചെയ്യേണ്ടതായ പിതൃപൂജ, ദൈവപൂജ, നവഗ്രഹപൂജ ഇവയെല്ലാം ചെയ്യണം.

ക്ഷൗരക്രിയയില്‍ നല്ലവാക്ക്‌, ഒരു ആശംസ പറയുക. തുമ്മിയാല്‍ ഒരു അഭിനന്ദനം ദേവന്മാര്‍ക്കു പറയുക, രോഗികളെക്കണ്ടാല്‍ ആയുസ്സിന്നായി അഭിനന്ദനം പറയുക. ആപത്തില്‍ പോലും തന്നെക്കാള്‍ മേലെയായ ഒരുത്തനെ, "എടാ, നീ", എന്നൊന്നും വിളിക്കരുത്‌. "എടാ, നീ" എന്ന്‌ ഒരു മാന്യനെ വിളിച്ചാല്‍ അതു വധത്തിന് തുല്യം പാപമാണെന്നാണ്‌ വിദ്വാന്മാരുടെ അഭിപ്രായം. താഴ്ന്നവരോടും, തുല്യരോടും; ശിഷ്യന്മാരോടും നന്മ പറയണം. അവര്‍ക്ക്‌ നന്മ ആശംസിക്കണം. പാപകര്‍മ്മാവിന് എപ്പോഴും ഹൃദയം പാപമേ പറയു.

ദുഷ്ടന്മാര്‍ തങ്ങള്‍ ചെയ്ത ദുഷ്കര്‍മ്മം അറിഞ്ഞും കൊണ്ടു തന്നെ മൂടി വെക്കും. അത്‌ അറിഞ്ഞു കൊണ്ട്‌ യോഗ്യന്മാരുടെ മുമ്പില്‍ മറയ്ക്കുവാന്‍ ശ്രമിക്കുന്നത്‌ പാപമാണ്‌. നാശം അവന് വന്നുകൂടും. മനുഷ്യരാരും എന്നെക്കാണുന്നില്ല, എന്നു വിചാരിച്ച്‌ പാപം ചെയ്താല്‍ അവന്‍ പാപിയായിത്തന്നെ വന്നുകൂടും. പണം പലിശയ്ക്കു കൊടുത്ത ഹുണ്ടികക്കാരന്‍ പലിശയെ ദിവസപ്പോക്കില്‍ കാത്തു രക്ഷിക്കുന്ന മാതിരി ധര്‍മ്മംകൊണ്ട്‌ മൂടുന്ന പാപം ധര്‍മ്മത്തെ വളര്‍ത്തുന്നതാണ്‌. ഉപ്പ്‌ വെള്ളത്തിലിട്ടാല്‍ അലിഞ്ഞുപോകും. അതുപോലെ പ്രായശ്ചിത്തം ചെയ്താല്‍ പാപം ഉടനെത്തന്നെ നശിച്ചു പോകുന്നതാണ്‌. അതുകൊണ്ട്‌ പാപം ആരും മറച്ചുവെക്കരുത്‌. മറച്ചുവെച്ചാല്‍ പാപം വര്‍ദ്ധിച്ചു വരുന്നതാണ്‌. പാപം ചെയ്തുപോയാല്‍ അത്‌ സജ്ജനങ്ങളോട്‌ തുറന്നു പറയുക. ആ പാപത്തെ അവര്‍ അടക്കും. ദുരയോടെ ധനം സമ്പാദിച്ചാല്‍ അതു നിലനില്ക്കുകയില്ല. കാലത്തിന്റെ പോക്കില്‍ അത്‌ അവന്റെ കൈയില്‍ നിന്ന് പൊയ്ക്കളയും. അവന്‍ ചത്തു പോകുമ്പോള്‍ അത്‌ മറ്റുളളവരുടെ കൈവശത്തിലാകും. മനസ്സ്‌ എല്ലാ ജീവിക്കും ധര്‍മ്മമാണ്‌. ധര്‍മ്മം തന്നെയാണ്‌ മനസ്സ്‌. അതുകൊണ്ടാണ്‌ സര്‍വ്വജീവികളും ധര്‍മ്മത്തെ ആശ്രയിക്കുന്നത്‌. താന്‍ തനിയെ ധര്‍മ്മം കര്‍ത്തവ്യമെന്ന നിലയില്‍ ചെയ്യുക. ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിച്ച്‌ പെരുമ്പറയടിച്ച്‌ ധര്‍മ്മധ്വജനാകുവാന്‍ ശ്രമിക്കരുത്‌. ഞാന്‍ വലിയ ഒരു ധര്‍മ്മം ചെയ്തിരിക്കുന്നു എന്നു മറ്റുള്ളവരെ അറിയിക്കുവാന്‍ ശ്രമിക്കരുത്‌. ധര്‍മ്മംകൊണ്ട്‌ ഉപജീവിക്കുന്നവര്‍ ധര്‍മ്മവര്‍ത്തകര്‍ (ധര്‍മ്മംകൊണ്ട്‌ കച്ചവടം നടത്തുന്നവര്‍) ആകുന്നു. അത്‌ ഒരു ധര്‍മ്മമാവുകയില്ല. ധര്‍മ്മം ചെയ്തു പ്രതിഫലം കാംക്ഷിക്കുന്നത്‌ ഒരിക്കലും ധര്‍മ്മമല്ല. ധര്‍മ്മവ്യാപാരമാണത്‌. ദേവന്മാരെ ദംഭം കുടാതെ അര്‍ച്ചിക്കുക. ദംഭയാഗങ്ങള്‍ ചെയ്യരുത്‌. ഗുരുജനങ്ങളെ നിര്‍വ്വ്യാജം പൂജിക്കുക. പരലോകയാത്രയ്ക്കുള്ള നിധിയായി ദാനം കൊണ്ടുള്ള പുണ്യം ഇഹലോകത്ത്‌ നേടിവെക്കുക.

163. ധര്‍മ്മപ്രശംസ - വിദ്യയോ ഉത്സാഹമോ അല്ല ധനത്തിനും സുഖത്തിനും കാരണം. കാലത്തിനാണ് പ്രാധാന്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ഭാഗ്യമില്ലാത്തവന്‍ ഒരിക്കലും ധനം നേടുകയില്ല. അവന്‍ എത്ര ബലവാനായാലും നേടുവാന്‍ സാദ്ധ്യമല്ല. ഭാഗ്യമുളളവന്‍ ധനം നേടും. അവന്‍ എത്ര കൃശനായാലും ബുദ്ധിഹീനനായാലും നേടും. കിട്ടാത്ത കാലത്ത്‌ എത്ര പ്രയത്നിച്ചാലും കിട്ടുകയില്ല. കിട്ടുന്ന കാലത്ത്‌ യത്നമൊന്നും കൂടാതെ തന്നെ ധനം ലഭിക്കും. വലിയ ധനം പോലും ലഭിക്കും. യത്നിച്ചു ധനം നേടിയ പലരെയും നാം കാണുന്നുണ്ട്‌. യത്നം ചെയ്താല്‍ മതി എന്നുണ്ടെങ്കില്‍ യത്നിച്ചവര്‍ക്കെല്ലാം ഉടനെ ഫലം സിദ്ധിക്കേണ്ടതല്ലേ? കിട്ടാന്‍ യോഗമില്ലാത്തവന് കിട്ടുകയില്ല രാജാവേ! വളരെ പ്രയത്നിച്ചിട്ടും ഫലം സിദ്ധിക്കാത്ത മനുഷ്യരെയും നാം കാണുന്നുണ്ട്‌. ഒരാള്‍ നൂറുവിധത്തില്‍ ശ്രമിച്ചാലും ധനവാനാകുന്നില്ല. മറ്റൊരാള്‍ യാതൊരു പ്രയത്നവും ചെയ്യാതെ തന്നെ, അവന്‍ വഴിവിട്ടു സഞ്ചരിക്കുന്നവൻ ആയാല്‍ പോലും ധനം ലഭിച്ചു സുഖിക്കുന്നതായി കാണുന്നു. ധനസമ്പാദനത്തിന് പല അന്യായവും ചെയ്തിട്ടും നേടാന്‍ കഴിയാത്ത നിര്‍ദ്ധനരായ മര്‍ത്ത്യന്മാരെയും നാം കാണുന്നുണ്ട്‌. സ്വന്തം കര്‍മ്മംകൊണ്ടു ധനവാന്മാരായ ദരിദ്രന്മാരെയും നാം കാണുന്നുണ്ട്‌. നീതിശാസ്ത്രം പഠിച്ചവന്‍ അനീതിയായി ജീവിക്കുന്നതും നാം കാണുന്നു. യാതൊരു പഠിപ്പുമില്ലാത്തവനെ മന്ത്രിയായി നിശ്ചയിച്ച്‌ അവന്‍ പറയുന്നതു കേട്ട്‌ ഭംഗിയായി ഭരിച്ചു വരുന്നതും നാം കാണുന്നു. ഈ വൈരുദ്ധ്യങ്ങള്‍ക്കൊക്കെ എന്താണു കാരണം? വിദ്വാന്‍ ധനവാനായിട്ടും അവിദ്വാന്‍ ദരിദ്രനായിട്ടും വന്നുവെന്നു വരാം. ഇങ്ങനെ കാണുന്നത് കൊണ്ട്‌ വിദ്യക്കും ധനത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു വിചാരിക്കാമോ?

കൊറ്റിന് വേണ്ടി വിദ്വാന്‍ മൂഢനെ സേവിക്കുകയില്ല. വെള്ളം കിട്ടിയാല്‍ ദാഹം തീര്‍ക്കുന്ന മാതിരി വിദ്വാന്‍ മൂഢന്മാരെ ആശ്രയിച്ച്‌ ആവശ്യം നിര്‍വ്വഹിക്കുകയില്ല. വിദ്യകൊണ്ട്‌ എല്ലാം നടക്കുമെന്നുണ്ടെങ്കില്‍ മനുഷ്യന്‍ വിദ്യയെ ഉപേക്ഷിക്കുകയില്ല. കാലം വരാതെ മനുഷ്യന്‍ ചാവുകയില്ല. നൂറമ്പു തറച്ചാലും ചാവുകയില്ല. കാലമെത്തിയാലോ, പുല്ലിന്റെ മുനയേറ്റു മുറിഞ്ഞാല്‍ മതി, അവന്റെ കഥ അവസാനിക്കും.

ഭീഷ്മൻ പറഞ്ഞു: പ്രയത്നിക്കുവാന്‍ തുനിഞ്ഞവന്‍ ധനം നേടുന്നില്ലെങ്കില്‍ ഉഗ്രമായ തപം ഏൽക്കേണ്ടതായി വരുന്നു. വലിയ അദ്ധ്വാനം ചെയ്യണം; വിതയ്ക്കാതെ മുളയ്ക്കുകയില്ലല്ലോ. ദാനംചെയ്താല്‍ അവന്‍ ഭോഗങ്ങള്‍ അനുഭവിക്കും. വൃദ്ധന്മാരെ സേവിച്ചാല്‍ വിദ്വാനാകും. അഹിംസ സ്വീകരിക്കുന്നവന്‍ ദിര്‍ഘായുഷ്മാൻ ആകുമെന്നാണ്‌ മനീഷികള്‍ പറയുന്നത്‌. അതുകൊണ്ട്‌ ദാനങ്ങള്‍ ചെയ്യണം. വാരിക്കോരി കഴിവുപോലെ അര്‍ഹിക്കുന്നവര്‍ക്കു നല്കണം. എന്നാല്‍ നാം ഇരക്കുന്നവരാകരുത്. ധര്‍മ്മിഷ്ഠന്മാരെ അര്‍ച്ചിക്കുക. നല്ലവാക്കു പറയുക. ഇഷ്ടമറിഞ്ഞു ദാനം ചെയ്യുക. ശാന്തശീലനാവുക, സകല ജീവികളിലും കരുണയുള്ളവനാകുക. എല്ലാ ജീവികള്‍ക്കും സുഖവും ദുഃഖവുമുണ്ടാകുന്നത്‌ അവരവരുടെ കര്‍മ്മം കൊണ്ടാണ്‌. വിധി ഫലത്തെ നല്കുന്നു. നീയും അതില്‍ വിശ്വസിക്കുക. നീയും കര്‍മ്മഫലത്തില്‍ വിശ്വസിക്കുക. ഒരുത്തനും ആ നിയമത്തില്‍ നിന്ന്‌ വിമുക്തനല്ല.

164. ധര്‍മ്മപ്രശംസ - സുഖദുഃഖങ്ങൾക്ക് കാരണം കർമ്മഫലമാകയാൽ ധർമ്മ്യമായ കർമ്മം അനുഷ്ഠിക്കണമെന്ന് ഉപദേശിക്കുന്നു - ഭീഷ്മൻ പറഞ്ഞു: ധാര്‍മ്മികനായിത്തീരുവാന്‍ ആഗ്രഹിക്കുന്നവന്‍ ധര്‍മ്മകര്‍മ്മങ്ങള്‍ ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുക. അപ്രകാരം അധര്‍മ്മകര്‍മ്മങ്ങള്‍ ചെയ്യുകയും അധര്‍മ്മത്തിലേക്ക്‌ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും ധര്‍മ്മിഷ്ഠന്മാരായി വരികയില്ല. അതുകൊണ്ട്‌ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്‌ത്‌ മര്‍ത്ത്യര്‍ ആശ്വസിക്കണം. ദുഷ്കര്‍മ്മങ്ങളില്‍ ഒരിക്കലും നന്മ പ്രതീക്ഷിക്കേണ്ടതില്ല. ഏതുകാലത്തും നിഗ്രഹാനുഗ്രഹശക്തിയുള്ളത്‌ "കാലം" തന്നെയാണ്‌. അവന്‍ ജീവികളുടെ ഉള്ളില്‍ കടന്നിരുന്ന്‌ ധര്‍മ്മവും അധര്‍മ്മവും നടത്തുകയാണ്‌. ധര്‍മ്മത്തിന്റെ ഫലം കാണുമ്പോള്‍, പ്രത്യക്ഷമായി അനുഭവിക്കുമ്പോള്‍, മര്‍ത്തൃന് മനസ്സിലാകും ധര്‍മ്മം തന്നെയാണ്‌ ശ്രേഷ്ഠമായതെന്ന്‌. അപ്പോള്‍ ധര്‍മ്മത്തില്‍: താല്‍പര്യം വര്‍ദ്ധിക്കും. അതില്‍ വിശ്വസിക്കുകയും ചെയ്യും. അധര്‍മ്മത്തെ അകറ്റുകയും ചെയ്യും. ഇതില്‍ ഒരുത്തന്റെ ധാരണ ദൃഢമല്ലാതെ വരുമ്പോള്‍ അവന് ധര്‍മ്മത്തിലുള്ള വിശ്വാസം നഷ്ടമാകുന്നു. അവന്‍ തന്മൂലം പരാജിതനായി ഭവിക്കുന്നു. നിങ്ങള്‍ ധര്‍മ്മത്തില്‍ വിശ്വസിക്കുക; മറ്റൊന്നും ചിന്തിക്കേണ്ടതില്ല. നല്ലവരുടെ ലക്ഷണം ധര്‍മ്മത്തില്‍ വിശ്വസിക്കുക എന്നുള്ളതാണ്‌. ധര്‍മ്മവും അധര്‍മ്മവുമായി ഇടപെട്ട മനുഷ്യര്‍ക്ക്‌, ചെയ്യേണ്ടതെന്തെന്നും ചെയ്യരുതാത്തതെന്തെന്നും അറിയുന്ന മനു ഷ്യരെ അവരുടെ അനുഭവജ്ഞാനം കാലാനുകൂലമായി സന്മാര്‍ഗ്ഗത്തിലേക്ക്‌, ധാര്‍മ്മിക മാര്‍ഗ്ഗത്തിലേക്ക്‌, വഴികാണിക്കും. ധര്‍മ്മത്തെ അവര്‍ മുറുകെപ്പിടിക്കും. ധര്‍മ്മഫലം നേടുകയും ചെയ്യും. ഐശ്വര്യവാന്മാരായ രാജസന്മാര്‍ ചെയ്യാത്ത വിധം, തന്റെ ആത്മാവിനെ ആത്മാവാല്‍ ധാര്‍മ്മികന്മാര്‍ പൂജിക്കുന്നു. അധര്‍മ്മവാന്‌ ഒരിക്കലും കാലം ധര്‍മ്മത്തെ നല്കുന്നതല്ല. അതുകൊണ്ട്‌ ശുദ്ധഹൃദയനായി ആത്മാവിനെ ധര്‍മ്മചാരിയായി ദര്‍ശിക്കുക. കാലത്താല്‍ സംരക്ഷിക്കപ്പെടുന്ന ധര്‍മ്മം ജ്വലിക്കുന്ന അഗ്നിപോലെയാണ്‌. അതിനെ എത്ര ശക്തിയോടെ വര്‍ദ്ധിച്ചു നില്ക്കു ന്ന അധര്‍മ്മത്തിനും സ്പര്‍ശിക്കുവാന്‍ സാധിക്കുകയില്ല. തൊട്ടാല്‍ ദഹിച്ചു പോകും. ധാര്‍മ്മികന്മാര്‍ രണ്ടു ഫലങ്ങള്‍ ധാര്‍മ്മിക ജീവിതം കൊണ്ടു നേടുന്നു. ഒന്ന്‌ ആത്മാവിന്റെ പരിശുദ്ധി; മറ്റേത്‌, അധര്‍മ്മവുമായുള്ള കൂട്ടു ചേരായ്മ; ഇവയാണ്‌ നേട്ടം. ധര്‍മ്മത്തിന്റെ പ്രകാശം വലുതാണ്‌. അത്‌ മൂന്നു ലോകത്തിനും കാഴ്ച നല്കുവാന്‍ പര്യാപ്തമായ വെളിച്ചം നല്കും. അത്‌ മർത്ത്യനെ വിജയത്തിലെത്തിക്കുകയും ചെയ്യും. ഒരു ധാര്‍മ്മികനായ പുരുഷന് മറ്റൊരു അധര്‍മ്മിയെ പിടിച്ചു ബലമായി ധര്‍മ്മിഷ്ഠനാക്കുവാന്‍ കഴിയുന്നതല്ല; പിടിച്ചു പൊക്കാനാവുകയില്ല. ധര്‍മ്മം ചെയ്യുവാന്‍ അത്തരക്കാരെ പ്രേരിപ്പിച്ചാല്‍ അവര്‍ ഭയം മൂലം കപടഭക്തി അതില്‍ കാണിക്കുകയാണു ചെയ്യുക. ധാര്‍മ്മികനായ ശൂദ്രന്‍ ഒരിക്കലും ദുരഭിമാനിയാവുകയില്ല. ഞാന്‍ ശൂദ്രനാണ്‌, എനിക്ക്‌ നാലാമത്തെ ആശ്രമസേവയ്ക്ക്‌ ഒരിക്കലും അധികാരിതയില്ല എന്നു വിശ്വസിക്കും. അല്ലാതെ അത്തരം കാര്യ ങ്ങളില്‍ കപടഭക്തി നടിക്കുകയില്ല. ചാതുര്‍വ്വര്‍ണ്യത്തിന്റെ കര്‍ത്തവ്യങ്ങള്‍ ശരിക്കും ഞാന്‍ പറയാം. എല്ലാ വര്‍ണ്ണത്തിലും പെട്ടവര്‍ക്കും ദേഹമുള്ള കാലത്തോളം പഞ്ചഭൂത സഞ്ചിതമാണ്‌ ശരീരം. ആത്മാവും തുല്യം തന്നെയാണ്‌. ആ നിലയ്ക്കു ചിന്തിക്കുമ്പോള്‍ എല്ലാം തുല്യം തന്നെ; ആത്മാവും ശരീരവുമൊക്കെ ഒന്നുതന്നെ. എന്നാല്‍ വൃത്യാസം കിടക്കുന്നത്‌ ഭാതികവസ്തുവിലല്ല. എല്ലാ വൃത്യാസവും ജീവിതത്തിലെ കര്‍മ്മധര്‍മ്മങ്ങളിലാണ്‌, ജീവിതത്തിനും  ലോകത്തിനും ബന്ധപ്പെടുന്ന ധര്‍മ്മകര്‍മ്മങ്ങളിലാണ്‌. ഈ വൃത്യാസം ചാതുര്‍വ്വര്‍ണ്യങ്ങള്‍ക്കുണ്ടെങ്കിലും ഇവയൊഴിച്ചാല്‍ മറ്റു കാര്യങ്ങളിലെല്ലാം വേണ്ടുവോളം പ്രവര്‍ത്തന സ്വാതന്ത്ര്യം അവര്‍ക്കുണ്ട്‌. തന്മൂലം എല്ലാ വ്യക്തികളും ഒരു ഏകത്വത്തില്‍ ചെന്നെത്തുന്നു.

ധര്‍മ്മം ശാശ്വതമാണ്‌. ലോകത്തെ ധര്‍മ്മം ആശ്രയിക്കുന്നു. ലോകം ശാശ്വതമല്ലെങ്കില്‍ അതിനെ അവലംബിക്കുന്ന ധര്‍മ്മം എങ്ങനെ ശാശ്വതമാകും? അതിന് ഇതാണു സമാധാനം. നിഷ്കാമമായ കര്‍മ്മമാണു ശാശ്വതം. സകാമകര്‍മ്മം ഫലത്തെ ആശ്രയിച്ചു ചെയ്യുന്നതാകയാല്‍ അതു ശാശ്വതമായ പുണ്യമായി ഭവിക്കുകയില്ല. നിഷ്കാമ കര്‍മ്മമാണ്‌ ഏറ്റവും ശ്രേഷ്ഠമായത്‌, ബ്രഹ്മസായൂജ്യമാണ്‌ അതിന്റെ ഫലം. .ബ്രഹ്മം ശാശ്വതമാണ്‌; സ്വര്‍ഗ്ഗം ശാശ്വതമല്ല. സ്വര്‍ഗ്ഗത്തെ കാമിച്ചു ചെയ്യുന്ന കര്‍മ്മം സകാമകര്‍മ്മമാണ്‌. അതു നിഷ്കാമമായി പരിഗണിക്കാവുന്നതല്ല.

ലോകത്തില്‍ നാം അനുഭവിക്കുന്ന സുഖങ്ങൾക്കും ദുഃഖങ്ങള്‍ക്കുമെല്ലാം കാരണം കഴിഞ്ഞ ജന്മങ്ങളില്‍, നേടി വെച്ച പുണ്യപാപങ്ങളുടെ ഫലങ്ങളാണ്‌. മനുഷ്യരില്‍ നേടുവാന്‍ കഴിയാത്ത വിധം കാണുന്ന അതുല്യതകള്‍ക്കും അസമത്വങ്ങള്‍ക്കും കാരണം ക്രമക്കേടാണെന്നു കരുതാന്‍ വയ്യ. ധര്‍മ്മത്തെ  സേവിച്ചത് കൊണ്ട്‌ ഒരു ജീവിക്കും ദോഷം സംഭവിക്കുകയില്ല. തിരൃക്കുകളിലുള്ളവര്‍ക്കും അവരുടെ കര്‍മ്മഫലമാണ്‌ ആശ്രയമെന്നു ധരിക്കുക. ലോകം തന്നെയാണ്‌ എല്ലാവര്‍ക്കും അറിവ്‌ ഉപദേശിക്കുന്ന ഗുരു.

165. വംശാനുകീര്‍ത്തനം - ദേവന്മാർ, ദേവർഷികൾ, രാജർഷികൾ, മഹർഷികൾ, പുണ്യതീർത്ഥങ്ങൾ തുടങ്ങി നിത്യം സ്മരിക്കേണ്ടവരെപ്പറ്റി  ഭീക്ഷ്മൻ പറയുന്നു - വൈശമ്പായനൻ പറഞ്ഞു; ശരതല്പത്തില്‍ കിടക്കുന്ന ഭീഷ്മനോട്‌ അല്ലയോ കുരുദ്വഹാ, ഹിതകാംക്ഷിയായ യുധിഷ്ഠിരന്‍ പാപനാശകരമായ കാര്യത്തെപ്പറ്റി ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: പുരുഷന് ശ്രേയസ്കരമായത്‌ എന്താണ്‌? എന്തു ചെയ്താലാണ്‌ സുഖം ലഭിക്കുക? എന്തു ചെയ്താല്‍ പാപം അറ്റുപോകും? എന്തു ചെയ്താല്‍ കശ്മലങ്ങള്‍ നശിക്കും?

വൈശമ്പായനൻ പറഞ്ഞു: കേള്‍ക്കുവാന്‍ ആഗ്രഹമുള്ള അവനോട്‌ ശാന്തനവന്‍ വീണ്ടും ദേവന്മാരുടെ നാമങ്ങള്‍ പറഞ്ഞുകൊടുത്തു പുരുഷര്‍ഷഭാ!

ഭീഷ്മൻ പറഞ്ഞു: ഞാന്‍ ഈ പറയുന്ന ദൈവതവംശത്തെയും, അതോടു കൂടി ഋഷിവംശത്തെയും, മൂന്നു സന്ധ്യയിലും (കാലത്തും, ഉച്ചയ്ക്കും, വൈകുന്നേരവും) ജപിക്കുകയാണെങ്കില്‍ ഉണ്ണീ, അതു കന്മഷങ്ങളെ നശിപ്പിക്കുന്നതാണ്‌. അറിഞ്ഞോ അറിയാതെയോ മര്‍ത്തൃന്‍ ചെയ്യുന്ന പാപങ്ങള്‍ ഉച്ചയ്ക്കും, രണ്ടു സന്ധ്യയിലും സദാ ശുചിയായി ജപിക്കുകയാണെങ്കില്‍ അവൻ അന്നന്നു ചെയ്യുന്ന പാപങ്ങളെല്ലാം അവനെ വിട്ടു പോകുന്നതാണ്‌: അവനെ അന്ധതയും, ബധിരതയും ബാധിക്കുന്നതല്ല. കാലേ ചെയ്യുകയാണെങ്കില്‍ അവന്‍ ശുഭാഢ്യനാകും. അവന്‍ ഈ പവിത്രനാമങ്ങള്‍ ഉച്ചരിക്കുകയാണെങ്കില്‍ തിര്യക് യോനിയില്‍ പെടുന്നതല്ല. നരകത്തിലും വീഴുകയില്ല. സങ്കരദോഷത്തിനും അവന്‍ പാത്രമാവുകയില്ല. ഭയം ഏല്ക്കുകയില്ല ദുഃഖവും ബാധിക്കുകയില്ല. മരണത്തില്‍പ്പോലും അവന്‍ ഭയപ്പെട്ട്‌ മോഹിച്ചു പോവുകയില്ല. ദേവനും, ദേവാസുരഗുരുവും, സര്‍വ്വരും കുമ്പിടുന്നവനും, അചിന്ത്യനും, അനിര്‍ദ്ദേശ്യനും എല്ലാ പ്രാണികളുടെയും ജീവനും, അയോനിജനുമാകുന്നു പിതാമഹനായ ബ്രഹ്മാവ്‌. അവന്‍ വിശ്വനാഥനാണ്‌. ആ ദേവന്റെ ഭാര്യയാണ്‌ സാവിത്രി. പിന്നെ വേദങ്ങളുടെ കര്‍ത്താവായ വിഷ്ണു, നാരായണന്‍ എന്നറിയപ്പെടുന്ന പ്രഭു, പിന്നെ ഉമാപതിയായ വിരൂപാക്ഷന്‍, പിന്നെ ദേവസേനാനിയായ സ്കന്ദന്‍, പിന്നെ വിശാഖന്‍, പിന്നെ ഹുതഭുക്കായ അഗ്നി, പിന്നെ വായുദേവന്‍, പ്രഭാകരന്മാരായ ചന്ദ്രാര്‍ക്കന്മാര്‍, ശചീപതിയായ ശ്രകന്‍, ധൂമോര്‍ണ്ണയോടു കൂടിയ ദേവനായ യമന്‍, ഗൗരിയോടു കൂടിയ വരുണന്‍, ഋദ്ധിയോടു കൂടിയ ധനേശ്വരന്‍, സൗമ്യയായ സുരഭി എന്ന പശു മഹര്‍ഷിയായ വിശ്രവസ്സ്‌, സങ്കല്പം, സമുദ്രം, ഗംഗ, സരിത്തുകള്‍, മരുത്ഗണങ്ങള്‍; തപസ്സിദ്ധരായ ബാലഖില്യര്‍, കൃഷ്ണദ്വൈപായന മഹര്‍ഷി, നാരദന്‍, പര്‍വ്വതന്‍, വിശ്വാവസു, ഹാഹാ, ഹൂഹൂ, ചിത്രസേനന്‍, തുംബുരു, വിശ്രുതനായ ദേവദൂതന്‍, മേന്മയേറിയ ദേവകന്യകമാര്‍, ദിവ്യകളായ അപ്സരസ്സുകള്‍, ഉര്‍വ്വശി, മേനക, രംഭ, മിശ്രകേശി, അലംബുഷ, ഘൃതാചി, വിശ്വാചി, പഞ്ചചൂഡ, തിലോത്തമ, ആദിത്യന്മാര്‍, വസുക്കള്‍, രുദ്രന്മാര്‍, അശ്വിമാര്‍, പിതൃക്കള്‍, ധര്‍മ്മം, ശ്രുതം, തപം, ദീക്ഷ; വ്യവസായം, പിതാമഹന്‍, രാവ്‌, പകല്‍, മാരീചന്‍, കാശ്യപര്‍ഷി, ശുക്രന്‍, ബൃഹസ്പതി, കുജന്‍, ബുധന്‍, രാഹു, ശനി, നക്ഷത്രങ്ങള്‍, ഋതുക്കള്‍, മാസങ്ങള്‍, പക്ഷങ്ങള്‍, വത്സരം,  വൈനതേയന്‍, സമുദ്രങ്ങള്‍, കദ്രുപുത്രന്മാര്‍, ഭൂജംഗമര്‍, ശതദ്രു, വിപാശ, ചന്ദ്രഭാഗ, സരസ്വതി, സിന്ധു, ദേവിക, പ്രഭാസം, പുഷ്കരങ്ങള്‍, ഗംഗ, മഹാനദി, വേണു, കാവേരി, നര്‍മ്മദ, കുലുംപുന, വീശാല, കരതോയ, അംബുവാഹിനി, സരയൂ, ഗണ്ഡകി, ലോഹിത, മഹാനദം, താമ്രാരുണാ, വേത്രവതി, പര്‍ണ്ണാശ, ഗൗതമി, ഗോദാവരി, വേണ, കൃഷ്ണ, അദ്രിജ, ദൃഷദ്വതി, കാവേരി, ചക്ഷു, മന്ദാകിനി, പ്രയാഗ, പ്രഭാസം, പുണ്യമായ നൈമിഷം, വിശ്വേശ്വര സ്ഥാനമായ നിര്‍മ്മലസരസ്സ്, സുസലിലമായ കുരുക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥങ്ങള്‍ ഇവയെല്ലാം പ്രസിദ്ധങ്ങളാണ്‌.

അപ്രകാരം തന്നെ സിന്ധൂത്തമം, തപോദാനം, ബംബൂമാര്‍ഗ്ഗം, ഹിരണ്വതി, വിതസ്ത, പ്ലക്ഷവതീനദി, പുണ്യങ്ങളായ ഭൂവിഭാഗങ്ങൾ, ഗംഗാദ്വാരം, മേദ്ധ്യമായ ഋഷികുല്യങ്ങള്‍, ചിത്രവഹാനദി, ചര്‍മ്മണ്വതി, പുണ്യയായ കൗശികി, യമുനാനദി, ഭീമരഥിനദി, ബാഹുദാ, മഹാനദി, മഹേന്ദ്രവാണി, ത്രിദിവ, നീലിക, സരസ്വതി, നന്ദാ, പരനന്ദാ ഇപ്രകാരം തീര്‍ത്ഥങ്ങളായ മഹാഹ്രദങ്ങളും സ്മരിക്കണം.

ഗയ, ഫല്‍ഗുനീതീര്‍ത്ഥം, സുരാവ്യതമായ ധര്‍മ്മാരണ്യം, പുണ്യയായ ദേവനദി, ബ്രഹ്മസരസ്സ്‌ ഇവ മൂന്നു ലോകവും പുകഴ്ത്തുന്നവയാണ്‌. ഇവയെല്ലാം ധ്യാനിച്ചാല്‍ പാപം നശിക്കുന്നതാണ്‌. ശിവവുമാണ്‌.

ദിവ്യമായ ഔഷധികളോട് കൂടിയ ഹിമവത്പര്‍വ്വതം, തീര്‍ത്ഥങ്ങളോടും, ഔഷധങ്ങളോടും ധാതുക്കളോടും കൂടി ചിത്രാംഗമായ വിന്ധ്യപര്‍വ്വതം, മഹേന്ദ്രം, മലയം, മേരു, ശ്വേതം, രജനാമൃതമായി ശ്യംഗവാനായ മന്ദരപര്‍വ്വതം, നീലന്‍, നിഷധം, ദര്‍ദ്ദുര, അഞ്ജനാഭമായ ചിത്രകൂടപര്‍വ്വതം, ഗന്ധമാദനം, പുണ്യയായ സോമഗിരി അപ്രകാരം തന്നെ മറ്റു ഗിരീന്ദ്രന്മാര്‍, ദിക്കുകള്‍, വിദിക്കുകള്‍, ഭൂമി, വൃക്ഷങ്ങള്‍, വിശ്വേദേവന്മാര്‍, നഭസ്സ്‌, നക്ഷത്രങ്ങള്‍, ഗൃഹങ്ങള്‍ ഈ പറഞ്ഞവരും പറയപ്പെടാത്തവരുമായ ദേവകളും എല്ലാവരും നമ്മെ പാലിക്കുന്നതാണ്‌. ഇവരുടെ പവിത്രനാമങ്ങള്‍ ജപിക്കുകയാണെങ്കില്‍ നരന്‍ സകല പാപവും വിടുന്നതാണ്‌. ഇവരെ സ്തുതിക്കുന്നവനും പ്രതിനന്ദിക്കുന്നവനും എല്ലാ ഭയ വും ഒഴിഞ്ഞു പോകുന്നതാണ്‌. ദേവതകളെ സ്തുതിച്ച്‌ സന്തോഷിപ്പിക്കുന്നവനെ എല്ലാ പാപവും വിട്ടൊഴിയും.

ദേവതകളെ സ്തുതിച്ചതിന് ശേഷം ഞാന്‍ തപപസ്സിദ്ധരായ ദ്വിജേന്ദ്രന്മാരെ സ്മുതിക്കുന്നു. അവര്‍ കീര്‍ത്തിദന്മാരും പാപം നീക്കുന്നവരായ യോഗ്യരുമാണ്‌.

യവക്രീതന്‍, രൈഭ്യന്‍, കാക്ഷീവന്‍, ഔഷിജന്‍, ഭൃഗു, അംഗിരസ്സ്‌, കണ്വന്‍, മേധാതിഥി, ഗുണസമ്പന്നനായ ബര്‍ഹി ഇവര്‍ കിഴക്കു ദിക്കില്‍ വാഴുന്നവരാണ്‌. ഇനി തെക്കന്‍ ദിക്കില്‍ വസിക്കുന്ന മഹാഭാഗന്മാരെപ്പറയാം: ഉന്മുചു, പ്രമുചു, മഹാഭാഗനായ മുമുചു, സ്വസ്ത്യാത്രേയന്‍, സുവീര്യവാന്‍, മൈത്രാവരുണി, പ്രതാപിയായ അഗസ്ത്യന്‍, ഊര്‍ദ്ധബാഹു, ദൃഢായുസ്സ്‌ ഇവരെല്ലാം പ്രസിദ്ധരായ ഋഷി സത്തമന്മാരാണ്‌.

ഇനി പടിഞ്ഞാറന്‍ ദിക്കില്‍ വാഴുന്നവരെപ്പറ്റി പറയാം. നീ കേള്‍ക്കുക! ഉഷംഗു, സോദരന്മാരോട് കൂടിയവനും, സുവീര്യവാനുമായ പരിവ്യാധന്‍, ദീര്‍ഘതമസ്സ്‌ എന്നു പേരായ ഋഷി, ഗൗതമന്‍, കാശ്യപന്‍, ഏകതന്‍, ദ്വിതന്‍, ത്രിതന്‍ എന്ന ഋഷി, അത്രിപുത്രനും ധര്‍മ്മിഷ്ഠനുമായ സാരസ്വതന്‍ ഇവരൊക്കെയാണ്‌. ഇനി വടക്കന്‍ ദിക്കില്‍ വാഴുന്നവരെ പറയാം: നീ കേള്‍ക്കുക. അത്രി, വസിഷ്ഠന്‍, ശക്തി, സുവീര്യവാനായ പാരാശയ്യന്‍, വിശ്വാമിത്രന്‍, ഭരദ്വാജന്‍, ജമദഗ്നി, ഋചീകപുത്രന്‍, രാമന്‍, ഋഷിയായ ഔദ്ദലകി, ശ്വേതകേതു, കഹോളന്‍, വിപുലന്‍, ദേവലന്‍, ദേവശര്‍മ്മാവ്‌, ധൗമ്യന്‍, ഹസ്തി, കാശ്യപന്‍, ലോമശന്‍, നാചികേതന്‍, ലോമഹര്‍ഷണന്‍, ഉഗ്രശ്രവസ്സ്‌ എന്ന ഋഷി, ഭാര്‍ഗ്ഗവന്‍, ച്യവനന്‍ ഇവരൊക്കെ ഋഷിദേവന്മാര്‍ കലര്‍ന്നവരാണ്‌.

രാജാവേ, ആദ്യം പറഞ്ഞതെല്ലാം സര്‍വ്വപാപ വിനാശനമാണ്‌. നൃഗന്‍, യയാതി, നഹുഷന്‍, യദു, വീര്യവാനായ പുരു, ധുന്ധുമാരന്‍, ദിലീപന്‍, പ്രതാപവാനായ സഗരന്‍, കൃശാശ്വന്‍, യൗവനാശ്വന്‍, ചിത്രാശ്വന്‍, സത്യവാന്‍, ദുഷ്യന്തന്‍, മഹാശയനായ ഭരതച്ചക്രവര്‍ത്തി, യവനന്‍, ജനകന്‍, ധൃഷ്ടരഥരാജാവ്‌, രഘുരാജാവ്‌, ദശരഥരാജാവ്‌, വീരനായ രക്ഷോഹാരി, രാമന്‍, ശശബിന്ദു, ഭഗീരഥന്‍, ഹരിശ്ചന്ദ്രന്‍, മരുത്തന്‍, ദൃഢരഥരാജാവ്‌, മഹോദയന്‍, അളര്‍ക്കന്‍, ഐളന്‍ എന്ന രാജാവ്‌, നരനായകനായ കരന്ധമന്‍, നരശ്രേഷ്ഠനായ കാശ്മീരന്‍, ദക്ഷന്‍, അംബരീക്ഷന്‍, കുകുരന്‍, രൈവതന്‍, ശ്രുതന്‍, കുരുസംവരണന്‍, മാന്ധാതാവ്‌ ഇവരെല്ലാം സത്യവിക്രമന്മാരാണ്‌. രാജര്‍ഷിയായ മുചുകുന്ദന്‍, ജാഹ്നവീസേവിതനായ ജഹ്നു, ആദിരാജാവ്‌, വൈന്യന്‍, പൃഥു, പ്രിയംകരനായ ചിത്രഭാനു, രാജാവായ ത്രദുസ്യ,രാജര്‍ഷിസത്തമനായ ശ്വേതന്‍, മഹാഭിഷന്‍, പ്രസിദ്ധനായ നിമി, അഷ്ടകരാജാവ്‌, ആയുസ്സ്‌, ക്ഷുപരാജര്‍ഷി, കക്ഷേയു എന്ന നരനായകന്‍, പ്രതര്‍ദ്ദനന്‍, ദിവോദാസന്‍, സുദാസന്‍, കോസലരാജാവ്‌, ഐളന്‍, നളന്‍, രാജര്‍ഷിയായ മനു, സാക്ഷാല്‍ പ്രജാപതി, ഹവിദ്ധ്രന്‍, വൃഷദ്ധ്രന്‍, പ്രതീപന്‍, ശന്തനു, അജന്‍, പ്രാചീനബര്‍ഹിസ്റ്റ്‌, മഹാകീര്‍ത്തിമാനായ ഇക്ഷ്വാകു, അനരണ്യന്‍, നരപതിയായ ജാനുജംഘന്‍, കക്ഷസേനന്‍ എന്ന രാജര്‍ഷി (ഇനിയും പറയപ്പെടാത്ത പല രാജര്‍ഷികളും) ഇവരെയെല്ലാം കാലത്ത് ഉണര്‍ന്നെഴുന്നേറ്റ്‌ ഉച്ചയ്ക്കും സന്ധ്യയ്ക്കും കീര്‍ത്തിച്ചു ജപിക്കുകയാണെങ്കില്‍ ആ പുരുഷന്‍ സര്‍വ്വധര്‍മ്മങ്ങളുടെയും ഫലം നേടുന്നവനാകും. ദേവദേവര്‍ഷികളും, രാജര്‍ഷികളും ഇവരെല്ലാം പുഷ്ടിയും, ആയുസ്സും, കീര്‍ത്തിയും, സ്വര്‍ഗ്ഗവും എനിക്കു നല്കുന്ന ഈശ്വരന്മാരാണ്‌. എനിക്കു വിഘ്നം സംഭവിക്കരുത്‌. പാപം നീങ്ങണം. വൈരികള്‍ ഉണ്ടാകരുത്‌. വിജയം ഇഹത്തില്‍ എനിക്ക്‌ എന്നും ലഭിക്കണം. പരലോകത്ത്‌ ശുഭമായ ഗതിയുമുണ്ടാകണം. ഇവയെല്ലാം എനിക്കു നല്കി അനുഗ്രഹിക്കണേ!

166. ഭീഷ്മാനുജ്ഞ - ഭീക്ഷ്മൻ ധർമ്മപുത്രനെ ഹസ്തിനപുരിയിലേക്ക് യാത്രയയയ്ക്കുന്നു - ജനമേജയൻ പറഞ്ഞു: കൌരവരുടെ പിതാമഹനായ ഭീഷ്മന്‍ പാണ്ഡവന്മാരാല്‍ ചുറ്റപ്പെട്ട്‌, ശരശയ്യയില്‍ കിടക്കുമ്പോള്‍, എന്റെ പൂര്‍വ്വപിതാമഹനായ യുധിഷ്ഠിരന്‍ ധര്‍മ്മങ്ങളുടെ ആഗമമെല്ലാം അദ്ദേഹത്തില്‍ നിന്ന് കേട്ട്, എല്ലാ സന്ദേഹങ്ങളും തീര്‍ന്ന്‌, ധര്‍മ്മങ്ങളെ ഗ്രഹിച്ച്‌, ദാനങ്ങളുടെ ക്രമങ്ങളും മനസ്സിലാക്കി, ധാര്‍മ്മാര്‍ത്ഥങ്ങളിലുള്ള സകല സംശയങ്ങളും നീങ്ങിയതിന് ശേഷം, അല്ലയോ വിപ്രാ, എന്തു ചെയ്തു? അങ്ങ്‌ അതൊക്കെ പറയണേ!

വൈശമ്പായനൻ പറഞ്ഞു: ആ രാജമണ്ഡലം മുഹൂര്‍ത്ത സമയം സ്തബ്ധമായി. അദ്ദേഹം മിണ്ടാതായപ്പോള്‍ എല്ലാവരും സ്തംഭിച്ചു പോയി. ചിത്രത്തില്‍ എഴുതിയ വിധം അവര്‍ നിശ്ചലരായി നിന്നു! കുറച്ചു സമയം ധ്യാനത്തില്‍ മുഴുകി. സത്യവതീ സുതനായ വ്യാസന്‍, ശരശയ്യയില്‍ കിടക്കുന്ന ഗംഗാപുത്രനോട്‌ ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: രാജാവേ, കുരുരാജാവായ യുധിഷ്ഠിരന്‍ സ്വസ്ഥനായിരിക്കുന്നു. സഹോദരന്മാരോടും ധീമാനായ കൃഷ്ണനോടും കൂടിയ യുധിഷ്ഠിരന്‍ അല്ലയോ രാജസിംഹാ, നിന്നെ സേവിക്കുന്നു. ഇവന് പുരത്തിലേക്കു പോകുവാന്‍ ഭവാന്‍ അനുവദിച്ചാലും!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം വ്യാസന്‍ പറഞ്ഞപ്പോള്‍ ആ പൃഥ്വിപതിയായ ഗംഗാപുത്രന്‍ അമാത്യന്മാരോട് കൂടിയ ധര്‍മ്മജന് പോകുവാന്‍ അനുവാദം നല്‍കി. ആ രാജാവിനോട്‌ ശാന്തനവനായ രാജാവ്‌ മധുരമായി ഇപ്രകാരം പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: രാജാവേ, രാജധാനിയിലേക്കു പോവുക. മനസ്സില്‍ ഒന്നു കൊണ്ടും ദുഃഖിക്കരുത്‌. വളരെ അന്നം ദാനം ചെയ്യുക! ധാരാളം യജ്ഞങ്ങള്‍ ദക്ഷിണയോടു കൂടി നടത്തുക. യയാതി രാജാവിനെപ്പോലെ ദമത്തോടും ശ്രദ്ധയോടും കൂടി ദാനങ്ങളും യജ്ഞങ്ങളും നടത്തുക. അല്ലയോ പാര്‍ത്ഥാ, നീ ക്ഷത്രധര്‍മ്മത്തില്‍ തല്പരനായി പിതൃക്കളെയും ദൈവതങ്ങളെയും തര്‍പ്പിക്കുക. അങ്ങയ്ക്കു ശ്രേയസ്സുണ്ടാകും. മനസ്സിന്‌ യാതൊരു അല്ലലും വേണ്ടാ. പ്രജകളെ രഞ്ജിപ്പിക്കുക. ലോകരെ സാന്ത്വനം ചെയ്യുക. സുഹൃത്തുക്കള്‍ക്ക്‌ അര്‍ഹിക്കുന്ന വിധം സല്‍ക്കാരങ്ങള്‍ ചെയ്യുക! നിന്നെ സുഹൃത്തുക്കളും എല്ലാ മിത്രങ്ങളും, ഫലങ്ങളോടും തറയോടും കൂടിയ വൃക്ഷങ്ങളെ ദ്വിജന്‍ എന്നപോലെ ആശ്രയിച്ച്‌ ഉപജീവിക്കട്ടെ. അല്ലയോ പാര്‍ത്ഥിവാ, വേണ്ട സമയത്തു എന്റെ അരികില്‍ വരിക. ആദിത്യന്‍ ഉത്തരായണത്തിലേക്കു പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ ഭവാന്‍ എന്റെ സമീപത്തെത്തുക.

വൈശമ്പായനൻ. പറഞ്ഞു: പിതാമഹന്‍ പറഞ്ഞതിനെ കേട്ട്‌ കൗന്തേയന്‍ "അങ്ങനെയാകാം", എന്നു പറഞ്ഞ്‌ അദ്ദേഹത്തെ വണങ്ങി യാത്ര പറഞ്ഞ്‌ പരിവാരങ്ങളോടു കൂടി ഹസ്തിനപുരിയിലേക്കു പോയി. ആ പതിവ്രതയായ ഗാന്ധാരിയും, ധൃതരാഷ്ട്രകളും, മഹര്‍ഷിമാരും, അനുജന്മാരും, കൃഷ്ണനും കൂടെയുള്ളവനായും, പൗരന്മാരും, ജാനപദശ്രേഷ്ഠന്മാരും, മന്ത്രിമാരുമായും പിന്നിലായും രഥങ്ങളോടിച്ച്‌ രാജാവേ! യുധിഷ്ഠിരന്‍ ഹസ്തിനപുരിയില്‍ പ്രവേശിച്ചു!

167. ഭീക്ഷ്മപ്രാര്‍ത്ഥന - ഉത്തരായണത്തിന്റെ ആരംഭത്തിൽ യുധിഷ്ഠിരൻ പിതാമഹന്റെ അടുത്തെത്തുന്നു. ഭീക്ഷ്മന്റെ അവസാനവാക്കുകൾ - വൈശമ്പായനൻ പറഞ്ഞു: പിന്നെ യുധിഷ്ഠിരരാജാവ്‌ പൗരന്മാരെയും ജാനപദന്മാരെയും വേണ്ടവിധം ബഹുമാനിച്ച്‌ തങ്ങളുടെ പുരങ്ങളിലേക്കയച്ചു. വീരന്മാരായ നാഥന്മാര്‍ മരിച്ചുപോയ നാരികളെ നല്ല ആശ്വാസ വാക്കുകളാല്‍ രാജാവ്‌ സാന്ത്വനം ചെയ്തു. രാജ്യത്തിനും രാജാവിനും വേണ്ടി വീരചരമമടഞ്ഞ ആ ധീരന്മാരുടെ വധുക്കള്‍ക്ക്‌ രാജാവ്‌ ധനങ്ങള്‍ വാരിക്കോരി ദാനം ചെയ്ത്‌ അവരെ സമാശ്വസിപ്പിച്ചു.

അഭിഷിക്തനായ യുധിഷ്ഠിര രാജാവ്‌ രാജ്യം കൈയേറ്റു. രാജശ്രേഷ്ഠന്‍ പ്രകൃതിമാരെയെല്ലാം അതാതു നിലയ്ക്ക്‌ നിര്‍ത്തി. ഗുണവാന്മാരായ ദ്വിജന്മാരില്‍ നിന്നും വേദജ്ഞന്മാരില്‍ നിന്നും മുഖ്യമായ ആശിര്‍വ്വാദം സ്വീകരിച്ചു. അങ്ങനെ യുധിഷ്ഠിര രാജാവ്‌ അമ്പതുരാത്രി ആ ഹസ്തിനപുരിയില്‍ വസിച്ചു. അങ്ങനെ കാലമടുത്തത്‌ രാജാവു മനസ്സിലാക്കി. ഭീഷ്മപിതാമഹന്റെ വേര്‍പാട്‌ അടുത്തതായി ആ പുരുഷര്‍ഷഭന്‍ അറിഞ്ഞു.

യാജകന്മാരോട് കൂടി യുധിഷ്ഠിരന്‍ ഹസ്തിനപുരിയില്‍ നിന്ന് പുറപ്പെട്ടു. ആദിത്യന്‍ ഉത്തരായണത്തിലേക്കും പ്രവേശിച്ചു. നെയ്യ്‌, മാല്യം, പലതരം സുഗന്ധദ്രവ്യങ്ങള്‍, പട്ടുകള്‍, അകില്‍, ചന്ദനം, കാരകില്‍ക്കുട്ടം മുതലായി സംസ്കാരത്തിന് വേണ്ട സകല വസ്തുക്കളും യുധിഷ്ഠിരന്‍ മുമ്പെ തന്നെ അയച്ചു. വിലപിടിച്ച മാല്യങ്ങള്‍, പലതരം രത്നങ്ങള്‍, എന്നിവയെല്ലാം കൊണ്ട്‌ ധൃതരാഷ്ട്രനെയും ഗാന്ധാരിയെയും മുമ്പെ ഒരു രഥത്തിലും, അമ്മയായ കുന്തിയും, സഹോദരന്മാരും, രാജാവും പിന്നാലെയുമായി രഥത്തില്‍ പുറപ്പെട്ടു. കൂടെയുള്ള രഥങ്ങളില്‍ പിന്തുണയായി ജനാര്‍ദ്ദനനും, ധീമാനായ വിദുരനും കൗരവൃനായ യുയുത്സുവും, സാതൃകിയും, വിഭോ, മഹാരാജാവിന് ചേര്‍ന്നവിധം പരിവാരങ്ങളോടു കൂടി തേജസ്വിയും സ്തുതി കേള്‍ക്കുന്നവനുമായി രാജാവ്‌, ഗാംഗേയനുള്ള അഗ്നിയുമായി അതിന്റെ പിന്നിലായി, ദേവരാജാവിനെപ്പോലെ പുരത്തില്‍ നിന്ന് പുറപ്പെട്ടു. അവരെല്ലാം കുരുക്ഷേത്രത്തിലെത്തി. രാജാവ്‌ ശാന്തനു പുത്രന്റെ അടുത്തേക്കെത്തി. അവിടെ വ്യാസന്‍ അദ്ദേഹത്തിന്റെ സമീപത്തിരിക്കുന്നതായിക്കണ്ടു. രാജര്‍ഷേ, പിന്നെ നാരദനും, അസിതനും, ദേവലനും, നാനാരാജൃത്തു നിന്നും യുദ്ധത്തിന് വന്നു പോരാടി മരിച്ചതില്‍ ബാക്കിയുളളവരായ രാജാക്കന്മാരും കാവല്ക്കാരും മഹാത്മാവായ ഭീഷ്മനെ ചുറ്റും കാത്തു സംരക്ഷിക്കുവാന്‍ നില്ക്കുന്നതായിക്കണ്ടു. രാജാവ്‌ നേരെ ചെന്ന്‌ ആ വീരശയ്യയില്‍ കിടക്കുന്ന ധീരാഗ്രണിയെ കണ്ടു. ഉടനെ തേരു വിട്ടിറങ്ങി അനുജന്മാരോടു കൂടി ധര്‍മ്മരാജാവ്‌ ആ വീരനായ പിതാമഹനെ അഭിവാദ്യം ചെയ്തു. ദ്വൈപായനന്‍ മുതലായ വിപ്രന്മാര്‍ ബഹുമാനിക്കുന്നവനും, ബ്രഹ്മാർഭരായ ഋത്വിക്കുകളും മറ്റു പലരും ഭ്രാതൃജനങ്ങളും, ചുഴന്നവനും കൃഷ്ണനോടു കൂടിയവനുമായ യുധിഷ്ഠിരന്‍, ഋഷിസേവിതനായി ശരശയ്യയില്‍ക്കിടക്കുന്ന പിതാമഹന്റെ സമീപത്തു ചെന്നു. ധര്‍മ്മരാജാവായ അദ്ദേഹം ഭ്രാതാക്കന്മാരോടു കൂടി ഭാരതാഗ്ര്യനെ ഉണര്‍ത്തിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, ഞാന്‍ യുധിഷ്ഠിരനാണ്‌. ജാഹ്‌നവീപുത്രാ! അങ്ങയ്ക്കു നമസ്‌കാരം! ഞാന്‍ പറയുന്നത്‌ അങ്ങു കേള്‍ക്കുന്നുണ്ടെങ്കില്‍, മഹാബാഹോ പറഞ്ഞാലും! ഈയുള്ളവന്‍ എന്താണു ചെയ്യേണ്ടത്‌? രാജാവേ, ഞാന്‍ സമയത്തിന് ഇതാ എത്തിയിരിക്കുന്നു. അങ്ങയ്ക്കു വേണ്ട അഗ്നികളുമായി ഞാന്‍ എത്തിയിരിക്കുന്നു. വിഭോ! ആചാര്യന്മാരും, വിപ്രരും, ഋത്വിക്കുകളും, എന്റെ സഹോദരന്മാരും, മഹാമതേ, അങ്ങയുടെ പുത്രനായ ധൃതരാഷ്ട്രരാജാവും അമാത്യന്മാരോടു കൂടി വാസുദേവനും ഇതാ ഭവാന്റെ സമീപത്തെത്തിയിരിക്കുന്നു. ചത്തുശേഷിച്ച രാജാക്കന്മാരും, കുരുജാംഗലത്തിലെ പ്രമുഖന്മാരെല്ലാം ഇവിടെ എത്തിയിട്ടുണ്ട്‌. രാജാവേ, അങ്ങയെക്കാണുവാന്‍ എത്തിയിരിക്കുന്ന അവരെ ഇതാ ഒന്നു നോക്കു! കണ്ണുകള്‍ ഒന്നു മിഴിക്കു! അങ്ങയ്ക്കു വേണ്ടുന്ന സകല സാധനങ്ങളും ഞാന്‍ വരുത്തിയിട്ടുണ്ട്‌. കാലെ അങ്ങ്‌ കല്പിച്ച വിധമെല്ലാം ഞാന്‍ ചെയ്തിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ധീമാനായ കുന്തീപുത്രന്‍, ഇപ്രകാരം പറഞ്ഞപ്പോള്‍ ആപഗാസുതനായ ഭീഷ്മൻ ചുറ്റും ഒന്നു നോക്കി. തന്റെ ചുറ്റും നില്ക്കുന്ന ഭാരതന്മാരെ ആ ധീരന്‍ കണ്ടു. പിന്നെ ബലവാനായ ഭീഷ്മൻ തന്റെ കൈ പൊക്കി ഗംഭീരമായ മേഘസ്വനം പോലെ, വാഗ്‌മിയായ ആ രാജാവ്‌, ഇപ്രകാരം കല്പിച്ചു.

ഭീഷ്മൻ പറഞ്ഞു: ഭാഗ്യം! യുധിഷ്ഠിരാ! ഭവാന്‍ അമാത്യന്മാരോടു കൂടി എന്റെ മുമ്പിലെത്തി! സഹസ്രാംശുവായ ദിവാകരന്‍ തിരിച്ചിരിക്കുന്നു. വടക്കോട്ട്‌ അയനമായിരിക്കുന്നു. ഞാന്‍ ഈ കൂര്‍ത്തുമൂര്‍ത്ത ശരശയ്യയില്‍ കിടപ്പായിട്ട്‌ അമ്പത്തെട്ടു രാത്രി കഴിഞ്ഞു. ഒരു നൂറ്റാണ്ടിനൊപ്പം അത്ര ദീര്‍ഘമായി, ആ ദിവസങ്ങള്‍ നീണ്ടതായി, എനിക്കു തോന്നി. സൗമ്യമായ മാഘമാസം വന്നു യുധിഷ്ഠിരാ! ഈ ശുക്ലപക്ഷം മൂന്നിലൊന്ന്‌ ഇപ്പോള്‍ ശേഷിച്ചിട്ടുണ്ട്‌.

വൈശമ്പായനന്‍ പറഞ്ഞു: ധര്‍മ്മജനായ യുധിഷ്ഠിരനോട്‌ ഇപ്രകാരം സരില്‍സുതന്‍ പറഞ്ഞ സമയത്ത്‌, ധൃത രാഷ്ട്രനെ വിളിച്ച്‌ പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: രാജാവേ, സംശയത്തിന്റെ നിശ്ചയങ്ങള്‍കണ്ട ഭവാന്‍ ധര്‍മ്മജ്ഞനാണ്‌. അങ്ങ്‌ അനേകം വിപ്രരെ സേവിച്ചിട്ടുണ്ടല്ലോ. എല്ലാ ശാസ്ത്രങ്ങളും എല്ലാധര്‍മ്മങ്ങളും ഭവാന്‍ അറിയുന്നുണ്ട്‌. രാജാവേ, ഭവാന്‍ നാലു വേദങ്ങളും അറിഞ്ഞവനാണ്‌. അല്ലയോ കൗരവ്യാ, നീ വൃസനിക്കരുത്‌. വരാനുള്ളതൊക്കെ വന്നു. വ്യാസന്‍ പറഞ്ഞിട്ടു നീ ദേവരഹസ്യം കേട്ടിട്ടുണ്ടല്ലോ. പാണ്ഡുവിന്റെ മക്കള്‍ ധര്‍മ്മത്താല്‍ നിന്റെ മക്കള്‍ തന്നെയാണ്‌. ധര്‍മ്മത്തെ ഭരിച്ച്‌ അവരെ രക്ഷിക്കുക. അവര്‍ ഗുരുശുശ്രൂഷികളാണ്‌. ധര്‍മ്മരാജാവ്‌ ശുദ്ധമായ ബുദ്ധിയോടെ നിന്റെ കല്പന നിര്‍വ്വഹിക്കുന്നതാണ്‌. അനൃശംസാഢ്യനായ ഇവന്‍ ഗുരുഭക്തനാണെന്നു ഞാന്‍ ധരിക്കുന്നുണ്ട്‌. നിന്റെ മക്കള്‍ ദുരാത്മാക്കളായിരുന്നു. അവര്‍ ക്രോധലോഭപാരായണരായിരുന്നു. ഈര്‍ഷ്യബാധിച്ച ദുര്‍വൃത്തരായ അവരെപ്പറ്റി ദുഃഖിച്ചിട്ടെന്തുകാര്യം? ദുഃഖിക്കരുത്‌!

വൈശമ്പായനൻ പറഞ്ഞു: മനീഷിയായ ധൃതരാഷ്ട്രനോട്‌ ഇപ്രകാരം പറഞ്ഞതിന് ശേഷം മഹാഭുജനായ വാസുദേവനോട്‌ ആ കൗരവന്‍ പറഞ്ഞു.

ഭീഷ്മന്‍ പറഞ്ഞു: ഭഗവാനേ, ദേവദേവേശ്വരാ, സുരാസുരന്മാരാല്‍ നമസ്കരിക്കപ്പെടുന്നവനേ, ത്രിവിക്രമാ, ശംഖചക്രഗദാധരാ, അങ്ങയ്ക്കു നമസ്കാരം! വാസുദേവനാണ്‌, ഹിരണ്യാത്മാവാണ്‌, സവിതാവാണ്‌. വിരാട് പുമാനാണ്‌, ജീവഭൂതാനുരൂപനാണ്‌, പരമാത്മാവാണ്‌, സനാതനനാണ്‌. നിന്റെ ഭക്തന് നിന്നില്‍ ഹൃദയം ചേര്‍ന്നവനും, സദാരനും, അദാരനുമായ സകലരെയും പുണ്ഡരീകാക്ഷാ, പുരുഷോത്തമാ, നീ രക്ഷിക്കണേ! ഭവാന്‍ ആലംബമായിട്ടുള്ള പാണ്ഡുപുത്രന്മാരെ കാത്താലും. ദുര്‍ബുദ്ധിയും, മന്ദനുമായ ദുര്യോധനനോട്‌ അന്ന്‌ ഞാന്‍ പറഞ്ഞു: കൃഷ്ണന്‍ എവിടെയുണ്ടോ, അവിടെ ധര്‍മ്മമുണ്ട്‌. ധര്‍മ്മം എവിടെയുണ്ടോ, അവിടെ ജയമുണ്ട്‌. വാസുദേവന്‍ വഴിയായി ഉണ്ണീ, നീ പാണ്ഡുപുത്രന്മാരുമായി യോജിക്കുക. സന്ധിക്കു തക്ക മുഖ്യമായ കാലമാണിത്‌ എന്നു ഞാന്‍ വീണ്ടും പറഞ്ഞു. എന്റെ ആ വാക്ക്‌ മൂഢനും മന്ദനുമായ അവന്‍ അനുസരിച്ചില്ല. എന്തുണ്ടായി? ഈ ഭൂമിയൊക്കെ മുടിച്ചു. പിന്നെ അവനും അവസാനിച്ചു.

കൃഷ്ണാ, ഭവാനെ ഞാന്‍ അറിയുന്നുണ്ട്‌. അങ്ങ്‌ പുരാണനായ മുനിമുഖ്യനാണ്‌. നരനോടു കൂടി വളരെക്കാലം ഭവാന്‍ വസിച്ചു. അല്ലയോ ദേവാ, എന്നോട്‌ ആ വൃത്താന്തം നാരദനും വ്യാസനും പറഞ്ഞു തന്നിട്ടുണ്ട്‌. നരനാരായണന്മാരാണ്‌ നിങ്ങള്‍. മര്‍ത്ത്യരായി അവതരിച്ചിരിക്കുകയാണ്‌.

കൃഷ്ണാ, ഭവാന്‍ എനിക്ക്‌ അനുജ്ഞ നല്കുക! ഞാന്‍ എന്റെ ദേഹം ഉപേക്ഷിക്കട്ടെ! അങ്ങ്‌ എന്നെ അനുവദിച്ചാലും! പരസല്‍ഗതി പൂകുവാന്‍ അങ്ങ്‌ എന്നെ അനുഗ്രഹിച്ചാലും! ഞാന്‍ പോകട്ടെ!

കൃഷ്ണന്‍ പറഞ്ഞു: ഭീഷ്മാ, ഞാന്‍ സമ്മതിക്കുന്നു. ഭവാനെ പോകുവാന്‍ അനുവദിക്കുന്നു. നീ വസുക്കളില്‍ ചെല്ലുക! മഹാദ്യുതേ, ഈ ലോകത്തില്‍ നിനക്കു യാതൊരു പാപവും പറ്റിയിട്ടില്ല. രാജര്‍ഷേ! ഭവാന്‍ പിതൃഭക്തനാണ്‌. മാര്‍ക്കണ്ഡേയതുല്യനാണ്‌. അതുകൊണ്ട്‌ ഭവാന്റെ പാട്ടില്‍ മൃത്യു ഭൃത്യനെപ്പോലെ നില്ക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞത് കേട്ട്‌ ഗാംഗേയന്‍ പാണ്ഡവന്മാരോടും, ധൃതരാഷ്ട്രാദ്യന്മാരായ സുഹൃത്തുക്കളോടുമായി പറഞ്ഞു.

ഭീഷ്മന്‍പറഞ്ഞു: ഞാന്‍ പ്രാണന്‍ തൃജിക്കുവാന്‍ ഇച്ഛിക്കുന്നു. നിങ്ങള്‍ അതിന് എന്നെ അനുവദിച്ചാലും. നിങ്ങള്‍ സതൃത്തില്‍ യത്നിക്കുക. സത്യമാണ്‌ ഏറ്റവും വലിയ ബലം. നിങ്ങള്‍ എപ്പോഴും അനൃശംസാഢ്യരാകുവിന്‍! നിയതാത്മാക്കളുമാകുവിന്‍! ബ്രഹ്മണ്യരും, ധര്‍മ്മിഷ്ഠരും, തപോനിത്യന്മാരുമായി നിങ്ങള്‍ ശോഭിക്കട്ടെ ഭരതാഗ്ര്യന്മാരേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ സുഹൃത്തുക്കളോടു  പറഞ്ഞ്‌ ഭീഷ്മൻ യുധിഷ്ഠിരനെ ഗാഢമായി പുണര്‍ന്നു. പിന്നെയും ആ ധീമാന്‍ യുധിഷ്ഠിരനോട്‌ ഇപ്രകാരം പറഞ്ഞു: ബ്രാഹ്മണന്മാര്‍ ഭവാന്‍ എന്നും പൂജ്യരാണ്‌. വിശേഷിച്ചും പ്രാജ്ഞന്മാരും, ആചാര്യന്മാരും, ഋത്വിക്കുകളുമായ ബ്രാഹ്മണന്മാര്‍ പുജ്യതരന്മാരാണ്‌. രാജാവേ, ഇത്‌ എപ്പോഴും ഓര്‍ക്കുക!

168. ഭിഷ്മമുക്തി - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ശാന്തനവനായ ഭീഷ്മന്‍ കുരുക്കളോടെല്ലാം പറഞ്ഞ്‌ അല്പസമയം അടങ്ങി നിശ്ശബ്ദനായി അരിന്ദമാ! ക്രമത്തില്‍ ധാരണകളില്‍ അവന്‍ ആത്മധാരണം ചെയ്തു. ആ മഹാത്മാവ്‌ അടക്കുന്ന പ്രാണന്‍ മേല്‍പ്പോട്ടു കയറ്റമായി. ആ ശാന്തനവന്‍ ഏതേതു ഗാത്രം അപ്പോള്‍ വിടുന്നുവോ, യോഗം പ്രാപിച്ചു അവന്റെ അതാത്‌ അംഗം വിശല്യമായി ഭവിച്ചു (ദേഹത്തിലെ വേദനയില്ലാതായി).

ആ മഹാത്മാക്കളുടെ ഇടയില്‍ ഇത്‌ ഒരു ആശ്ചര്യമായിത്തീര്‍ന്നു! ക്ഷണം കൊണ്ട്‌ അവര്‍ കാൺകെ തന്നെ, ശരങ്ങളൊക്കെ നീങ്ങിപ്പോകുന്നതും വേദനയില്ലാതാകുന്നതും സംഭവിച്ചു. അതു കൊണ്ട്‌ നോക്കിനില്ക്കുന്ന ദേവന്മാരും, അസുരന്മാരും, ഉരഗങ്ങളും അത്ഭുതപ്പെട്ടു. വ്യാസാദിമുനികളും അത്ഭുതത്തോടെ നിന്നു. സര്‍വ്വസ്ഥാനം തോറും തടഞ്ഞു നിന്ന ആത്മാവ്‌ മൂര്‍ദ്ധാവ് ഭേദിച്ച്‌ ദ്യോവിലേക്ക്‌ ഉയര്‍ന്നു പോയി. ഉടനെ ദേവദുന്ദുഭി ശബ്ദിച്ചു. പുഷ്പവൃഷ്ടിയുണ്ടായി. സിദ്ധന്മാരും മഹര്‍ഷികളും "നന്ന്‌! നന്ന്‌!", എന്നു ഹര്‍ഷത്തോടെ വാഴ്ത്തി. ദീഷ്മന്റെ മൂര്‍ദ്ധാവില്‍ നിന്ന് കൊള്ളിമീന്‍ പോലെ ഒരു തേജസ്സുയര്‍ന്ന്‌ ആകാശത്തിലെത്തി ക്ഷണത്തില്‍ പാഞ്ഞു പോയി. ഇപ്രകാരം അല്ലയോ രാജശാര്‍ദ്ദൂലാ, ശാന്തനവനായ രാജാവ്‌ കാലത്തോടു യോജിച്ചു പോയി. ഭരതന്മാരുടെ കുലോദ്വഹനായ ആ ധീമാന്റെ ഐഹികജീവി തം അവസാനിച്ചു.

ഉടനെ വിറകും പലതരം സുഗന്ധഗണങ്ങളുമെടുത്ത്‌ മഹാത്മാക്കളായ പാണ്ഡുപുത്രന്മാരും, വിദുരനും, കൗരവ്യനായ യുയുത്സുവും കൂടി ചിതയുണ്ടാക്കി. മറ്റുള്ളവര്‍ അതെല്ലാം കണ്ടു നിന്നു. ധര്‍മ്മപുത്രനും, ധീമാനായ വിദുരനും കൗരവ്യനെ പട്ടു കൊണ്ടും പൂമാലകള്‍ കൊണ്ടും മൂടി. യുയുത്സു അപ്പോള്‍ വെണ്‍കൊറ്റക്കുട നിവര്‍ത്തിപ്പിടിച്ചു. ഭീമനും, അര്‍ജ്ജുനനും വെണ്‍ചാമരങ്ങള്‍ വീശി. മാദ്രേയന്മാര്‍ രണ്ടു പേരും തലപ്പാവില്‍പ്പിടിച്ച്‌ യുധിഷ്ഠിരനോട് ചേര്‍ന്നു നിന്നു. കാല്‍പ്പാട്ടിലായി ധൃതരാഷ്ട്രനും നിന്നു. ആലവട്ടമെടുത്ത്‌ അവര്‍ വീശി.

പിന്നെ ആ മഹാത്മാവിന് പിതൃമേധം വിധിപ്രകാരം ചെയ്തു. അഗ്നിയില്‍ പല യജ്ഞങ്ങളും ചെയ്തു. മാഗധന്മാര്‍ സാമഗാനങ്ങള്‍ ആലപിച്ചു.

പിന്നെ ചന്ദനമുട്ടികളും, കാലീയകങ്ങളും, നല്ല കാരകിലുകളും. മറ്റു പലമാതിരി ഗന്ധങ്ങളുമിട്ട്‌ ഗാംഗേയനെ മൂടി ചുടലയില്‍ തീ കൊളുത്തി. ധൃതരാഷ്ട്രന്‍ മുതലായവര്‍ ആ ചുടലയെ പ്രദക്ഷിണം വെച്ചു. അങ്ങനെ ഭിഷ്മനെ, അല്ലയോ കുരുസത്തമ, സംസ്കരിച്ചു. ഋഷിമാരോടു കൂടി , ആ കുരൂദ്വഹന്മാര്‍ പുണ്യയായ ഗംഗയില്‍ പ്രവേശിച്ചു. വ്യാസന്‍, നാരദന്‍, അസിതന്‍ എന്നിവരുടെ പിന്‍തുണയോടെ കൃപനും ഭാരതസ്ത്രീകളും വന്നുചേര്‍ന്ന പൗരന്മാരും ചേര്‍ന്ന്‌ ഗംഗാനദിയില്‍ ഗാംഗേയന് ഉദകക്രിയ ചെയ്തു. മഹാത്മാവായ തന്റെ പുത്രന് സകലജനങ്ങളും വിധി പോലെ ഉദകക്രിയ ചെയ്യുന്നത് കണ്ട്‌ ഭാഗീരഥീനദി ആ ജലത്തില്‍ നിന്ന് എഴുന്നേറ്റു കരഞ്ഞ്‌ അല്ലലോടെ വിലപിച്ച്‌ അവിടെ കൂടിയ കൗരവന്മാരോട്‌ ഇപ്രകാരം പറഞ്ഞു.

ഗംഗപറഞ്ഞു: അല്ലയോ അനഘന്മാരെ, ഞാന്‍ ഇതാ നിങ്ങളുടെ മുമ്പില്‍ വന്നു നില്ക്കുന്നു. കേള്‍ക്കുവിന്‍!

രാജവൃത്തവും പ്രജ്ഞയും ആഭിജാത്യവും പൂര്‍ണ്ണമായവന്‍, കുരുവ്യദ്ധര്‍ക്കു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവന്‍, പിതൃഭക്തന്‍, മഹാവ്രതന്‍, പണ്ട്‌ ജാമദഗ്ന്യനായ രാമന് പോലും തോല്പിക്കാന്‍ കഴിയാഞ്ഞവന്‍, ദിവ്യാസ്ത്രത്താല്‍ മഹാവീര്യന്‍, ശിഖണ്ഡിയാല്‍ ഹതനായി! എന്റെ കരള്‍ കാരിരുമ്പാണ്‌. തീര്‍ച്ചയാണ്‌ രാജാക്കന്മാരെ! എന്റെ ഇഷ്ടപുത്രനെ കാണാതിരുന്നിട്ടും എന്റെ കരള്‍ തകര്‍ന്നില്ലല്ലോ! സ്വയംവരത്തില്‍ കാശിരാജാവിന്റെ രാജധാനിയില്‍ കൂടിയ രാജമണ്ഡലത്തെ ഒറ്റത്തേരാല്‍ ജയിച്ച്‌ കന്യകമാരെ അവന്‍ ഹരിച്ചു. ബലം കൊണ്ട്‌ മന്നില്‍ തുല്യനില്ലാത്തവനാണ്‌ ഗാംഗേയന്‍. അവനെയല്ലേ ശിഖണ്ഡി കൊന്നു കളഞ്ഞത്‌! ഇത്‌ കേട്ടിട്ടും എന്റെ കരളു തകരുന്നില്ലല്ലോ! കുരുക്ഷേത്രത്തില്‍ ആ ജാമദഗ്ന്യനെ വീര്യവാനായ അവന്‍ പോരില്‍ യാതൊരു യത്നവും കൂടാതെ പീഡിപ്പിച്ചു! അവനല്ലെ ഈ ശിഖണ്ഡിയാല്‍ (ആണും പെണ്ണുംകെട്ടവനാല്‍) കൊല്ലപ്പെട്ടത്‌.

 വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പലമട്ടില്‍ കേഴുന്ന മഹാനദിയായ ഗംഗയെ വിഭുവായ ദാമോദരന്‍ ആശ്വസിപ്പിച്ചു.

കൃഷ്ണന്‍ പറഞ്ഞു; ഭദ്രേ! സമാശ്വസിക്കൂ! പൂണ്യദര്‍ശനേ, നീ ദുഃഖിക്കരുത്‌. ഭവതിയുടെ പുത്രന്‍ മുഖ്യമായ ലോകം പ്രാപിച്ചു. അതില്‍ യാതൊരു സംശയവും വേണ്ടാ. തേജസ്വിയായ വസുവാണ്‌ ഇദ്ദേഹം. ശോഭനേ, ശാപം മൂലം അവന്‍ മനുഷ്യനായി പിറന്നതാണ്‌. അതുകൊണ്ട്‌ ഭവതി പുത്രനെപ്പറ്റി ദുഃഖിക്കരുത്‌. ക്ഷത്രധര്‍മ്മത്തോടെ നിന്റെ പുത്രന്‍ യുദ്ധക്കളത്തില്‍ പടവെട്ടുമ്പോള്‍ ശിഖണ്ഡിയല്ല അവനെ കൊന്നത്‌; അര്‍ജ്ജുനനാണ്‌ വധിച്ചത്‌. പോരില്‍ അസ്ത്രമെടുക്കുന്ന കുരുശാര്‍ദ്ദൂലനെ, ഭീഷ്മനെ, പോരില്‍ വധിക്കുവാന്‍ സാക്ഷാല്‍ ഇന്ദ്രന് പോലും സാദ്ധ്യമല്ല. ശോഭനേ ഭവതിയുടെ പുത്രന്‍ സ്വച്ഛന്ദനായി സ്വര്‍ഗ്ഗം പ്രാപിച്ചു. അവനെ ഒരു ദേവനും പോരില്‍ വധിക്കുവാന്‍ ശക്തനല്ല. കുരുനന്ദനനെപ്പറ്റി അല്ലയോ ഗംഗേ, ഭവതി ദുഃഖിക്കാതിരിക്കൂ! ദേവീ, നിന്റെ പുത്രന്‍ വസുക്കളില്‍ എത്തിക്കഴിഞ്ഞു. ഭവതി ദുഃഖിക്കാതിരിക്കുക!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം കൃഷ്ണനും, വ്യാസനും പറഞ്ഞപ്പോള്‍ ആ സരിത് പ്രവരയായ ഗംഗ, ശോകം വിട്ട്‌ മഹാരാജാവേ സ്വന്തം ജലത്തില്‍ത്തന്നെ ആണ്ടു പോയി. ആ മഹാനദിയെ കൃഷ്ണന്‍ തുടങ്ങിയ എല്ലാവരും മാനിച്ചു രാജാവേ! അവളുടെ സമ്മതത്തോടെ എല്ലാ രാജാക്കന്മാരും തിരിച്ചു പോയി.


No comments:

Post a Comment