Saturday 22 October 2022

വിരാടപർവ്വം 36-ാം അദ്ധ്യായം വരെ

പാണ്ഡവ പ്രവേശ പര്‍വ്വം

1. യുധിഷ്ഠിരാദി മന്ത്രണം - ജനമേജയൻ പറഞ്ഞു: ഹേ മഹാബ്രാഹ്മണാ! എന്റെ പൂര്‍വ്വ പിതാമഹന്മാര്‍ ദുര്യോധനനില്‍ നിന്നുള്ള ഭയം മൂലം വിരാട നഗരത്തില്‍ എങ്ങനെ അജ്ഞാതരായി വസിച്ചു? പതിവ്രതയും, മഹാഭാഗയും, ബ്രഹ്മവാദിനിയും, ദുഃഖിതയുമായ കൃഷ്ണയും എങ്ങനെ അജ്ഞാതവാസം നയിച്ചു?

വൈശമ്പായനൻ പറഞ്ഞു; വിരാട നഗരത്തില്‍ ഭവാന്റെ പൂര്‍വ്വ പിതാമഹന്മാര്‍ എങ്ങനെയാണ്‌ അജ്ഞാതവാസം സാധിച്ചതെന് പറയാം. ഭവാന്‍ കേട്ടാലും. ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്‍ ധര്‍മ്മനില്‍ നിന്ന് വരം വാങ്ങിയതിനു ശേഷം ആശ്രമത്തില്‍ വന്നെത്തി. എല്ലാ ബ്രാഹ്മണരേയും വിളിച്ച്‌ ഈ വൃത്താന്തമെല്ലാം അവരോടു പറഞ്ഞു. അതിന്റെ ശേഷം അരണിക്കെട്ട്‌ ആ ബ്രാഹ്മണനു കൊടുത്തു. പിന്നെ തന്റെ ഭ്രാതാക്കളെ എല്ലാവരേയും മഹാശയനായ ധര്‍മ്മപുത്രര്‍ അരികില്‍ വിളിച്ചിരുത്തി പറഞ്ഞു; "നാം ഇപ്പോള്‍ രാജ്യം വിട്ട്‌ വനത്തില്‍ പാര്‍പ്പു തുടങ്ങിയിട്ട്‌ പന്ത്രണ്ടു സംവത്സരം കഴിയുകയാണ്‌. പതിമൂന്നാമത്തെ വര്‍ഷവും സമാഗതമാ യിരിക്കുന്നു. അത്‌ വളരെ കൃച്ണ്റവും, ദുസ്തരവുമാണ്‌. അതു കൊണ്ട്‌ അര്‍ജ്ജുനാ, നമുക്കു പാര്‍ക്കുവാന്‍ പറ്റിയ നല്ല ഒരു ഇടംനോക്കി കണ്ടെത്തുക. പരന്മാരറിയാതെ ഒരു വര്‍ഷം നമുക്കു പാര്‍ക്കുവാന്‍ പറ്റിയതാകണം.

അര്‍ജ്ജുനന്‍ പറഞ്ഞു: ധര്‍മ്മരാജാവിന്റെ വരദാനത്താല്‍ തന്നെ നമുക്കു സഞ്ചരിക്കാം. നമ്മളെ ആരും അറിയുകയില്ല. അതിന് സംശയവുമില്ല. നമുക്കു പാര്‍ക്കുവാന്‍ പറ്റിയ രാഷ്ട്രങ്ങളില്‍ ചിലതു പറയാം. ഗമ്യവും ഗുപ്തവുമായ മട്ടില്‍ ഒന്ന് ഭവാന്‍ നോക്കിയെടുക്കുക. അന്നസമൃദ്ധമായ പല നാടുകളും കുരുനാടിന് ചുറ്റുമുണ്ട്‌. പാഞ്ചാലം, ചേദി, മത്സ്യം, ശൂരസേനം, പടച്ചരം, ദശാര്‍ണ്ണം, നവരാഷ്ട്രം, മല്ലം, സാലം, രുഗന്ധരം, കുന്തിരാഷ്ട്രം, സുരാഷ്ടം, അവന്തി. ഈ പറഞ്ഞതില്‍ ഭവാനു ബോധിച്ചത്‌ ഏതാണ്‌? അവിടെ നമ്മള്‍ക്ക്‌ ഒരു വത്സരം പാര്‍ക്കാം

യുധിഷ്ഠിരന്‍ പറഞ്ഞു: മഹാബാഹോ! അര്‍ജ്ജുനാ! നീ ഭഗവാനായ ധര്‍മ്മന്‍ പറഞ്ഞതു കേട്ടില്ലേ? ആ പ്രഭുവും, സര്‍വ്വഭൂതേശനും പറഞ്ഞ മട്ടിലേ കാര്യങ്ങള്‍ സംഭവിക്കുകയുള്ളു. താമസിക്കുവാന്‍ രമ്യവും, ശുഭവും, സുഖവുമായ സ്ഥലം നാം എല്ലാവരും കൂടി ആലോചിച്ചു തീരുമാനിക്കണം. അങ്ങനെയുള്ള സ്ഥാനത്ത്‌ ഭയരഹിതരായി പാർക്കുകയും വേണം. മത്സ്യരാജാവായ വിരാടന്‍ ബലവാനും പാണ്ഡവന്മാരില്‍ കൂറുള്ളവനുമാണ്‌. ധര്‍മ്മശീലനും, ദാനശീലനും, വൃദ്ധനും, പ്രിയമുള്ളവനുമാണ്‌. ഉണ്ണീ, മത്സ്യന്റെ രാജ്യത്ത്‌ നമ്മള്‍ ഈ ഒരു വര്‍ഷം മുഴുവന്‍ അവന്ന് വേല ചെയ്തു കൊണ്ടു പാര്‍ക്കുക. ഹേ, കുരുമുഖ്യന്മാരേ, ഏതേതു ധര്‍മ്മങ്ങള്‍ അവന്ന് ചെയ്യുവാന്‍ നാം നിനയ്ക്കുന്നുവോ, അതാതു കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തയ്യാറായി മത്സ്യന്റെ സമീപത്ത്‌ നാം പോവുക.

അര്‍ജ്ജുനന്‍ പറഞ്ഞു: അദ്ദേഹത്തിന്റെ രാജൃത്ത്‌, വിരാടപുരിയില്‍ , ഹേ രാജാവേ, ഭവാന്‍ എന്തു കര്‍മ്മമാണ്‌ ചെയ്യുക. സാധോ, ഭവാന്‍ ഏതു വേലയിലാണ്‌ ഇഷ്ടം? ഭവാനാണെങ്കില്‍ ശ്രീമാനും, മൃദുശീലനും, ദാനശീലനും, ധാര്‍മ്മികനും, സതൃവിക്രമനും ആണ്‌. ഞങ്ങളുടെ സ്വാമിയായ ഭവാന്‍ ഈ ആപത്തില്‍ പെട്ട്‌ എന്തു വേലയാണ്‌ ചെയ്യുവാന്‍ പോകുന്നത്‌? മറ്റുള്ളവരെ പോലെ രാജാവ്‌ ദുഃഖമൊന്നും അറിയുന്നില്ല. അങ്ങനെയുള്ള ഭവാന്‍ ഈ മഹാവിപത്ത്‌ എങ്ങനെ കടക്കും

യുധിഷ്ഠിരന്‍ പറഞ്ഞു: ഞാന്‍ വിരാട നഗരത്തില്‍ ചെന്ന്‌ ചെയ്യുവാന്‍ പോകുന്നത്‌ എന്താണെന് നിങ്ങള്‍ കേള്‍ക്കുവിന്‍: യോഗ്യനായ രാജാവിന്റെ സദസ്യനായി കൂടുവാനാണ്‌ വിചാരിക്കുന്നത്‌. കങ്കന്‍ എന്ന പേരില്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ ചൂതുകളിയില്‍ താല്പര്യമുള്ളവനായി വിരാടന്റെ ഇഷ്ടം സമ്പാദിച്ചു ജീവിക്കണമെന്നാണ്‌ എന്റെ വിചാരം. വൈഡൂര്യം, കാഞ്ചനം, ദാന്തം, ജ്യോതീരസ ബലങ്ങള്‍, കൃഷ്ണാക്ഷ ലോഹിതാക്ഷങ്ങള്‍ എന്നിവ നന്നായി ഞാന്‍ കളിക്കുന്നതാണ്‌. മിത്രബന്ധുക്കളോടൊത്ത വിരാടന് എന്നില്‍ പ്രീതിയുണ്ടാവുകയും ചെയ്യും. എന്നെ ആരും അവിടെ അറിയുകയുമില്ല. രാജാവ്‌ ചോദിക്കാന്‍ ഇടവന്നാല്‍ ഞാന്‍ പറയും; ഞാന്‍ പണ്ട്‌ യുധിഷ്ഠിരന്റെ പ്രാണപ്രിയനായ സഖിയായിരുന്നു എന്ന്. എന്റെ ഉദ്ദേശം ഞാന്‍ നിങ്ങളോടു പറഞ്ഞു. ഇനി വൃകോദരാ! നീ വിരാടന്റെ ഗൃഹത്തില്‍ എങ്ങനെ ജീവിക്കുവാനാണ്‌ ഉദ്ദേശിക്കുന്നത്‌?

2. യുധിഷ്ഠിരാദി മന്ത്രണം - ഭീമസേനന്‍ പറഞ്ഞു: ഞാന്‍ ഒരു വെപ്പുകാരനായ "വല്ലവ"നാണ്‌ എന്ന് പറഞ്ഞ്‌ വിരാട രാജാവിനെ സേവിക്കാമെന്നാണ്‌ വിചാരിക്കുന്നത്‌. ഞാന്‍ സമര്‍ത്ഥനായ ഒരു പാചകനായി ആ രാജാവിന് കറി വെച്ച്‌, മുമ്പെ കറി വെച്ചിരുന്ന പാചകന്മാരെ ഒക്കെ തോല്പിച്ച്‌, അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കും. വളരെയധികം വിറകും വെട്ടിക്കൊണ്ടു വരും. ആ വലിയ ഭാരമേറിയ പണികള്‍ കാണുമ്പോള്‍ രാജാവ്‌ എന്നെ പണിക്കാരനാക്കി നിശ്ചയിക്കും. എന്റെ അമാനുഷിക ക്രിയകള്‍ കാണുമ്പോള്‍ രാജാവിന്റെ ഭൃതൃന്മാരൊക്കെ എന്നെ രാജാവിനെ പോലെ ബഹുമാനിക്കും. അങ്ങനെ ഭക്ഷ്യം, അന്നം, രസം, പാനം മുതലായവ യഥേഷ്ടം വിനിയോഗിച്ച്‌ രാജാവെന്ന പോലെ ഞാന്‍ ജനങ്ങളുടെ പ്രീതി സമ്പാദിക്കും. ഇടഞ്ഞു വരുന്ന ആനകളോ, കാളകളോ, എത്ര ശക്തരായാലും, ഞാന്‍ അവയെ പിടിച്ചു നിര്‍ത്തിക്കളയും! മല്ലന്മാര്‍ രാജസന്നിധിയില്‍ വന്നാല്‍ ഞാന്‍ അവരോടു മല്‍പ്പിടുത്തം നടത്തി രാജാവിനെ സന്തോഷിപ്പിക്കും. അത്തരം ദ്വന്ദ്വയുദ്ധത്തില്‍ ഞാന്‍ ആരേയും കൊല്ലുകയില്ല. മരണം സംഭവിക്കാത്ത മട്ടില്‍ ഞാന്‍ അവരെ അടിച്ചു വീഴ്ത്തിക്കളയും. ആനക്കാരനായും, കാളക്കൂറ്റന്മാരെ ബന്ധിക്കുന്നവനായും, പാചകനായും, മല്ലനായും ഞാന്‍ യുധിഷ്ഠിര ഗൃഹത്തില്‍ പാര്‍ത്തിരുന്നവനാണ്‌ എന്ന് ചോദിക്കാന്‍ ഇടവന്നാല്‍ , അവരോടു പറയും. അങ്ങനെ ഞാന്‍ തന്നത്താന്‍ കാത്തു കൊണ്ടു നടക്കും. ഇപ്രകാരമാണ്‌ ഞാന്‍ വിരാട നഗരത്തില്‍ വിഹരിക്കുവാന്‍ ഉദ്ദേശിക്കുന്നത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ഖാണ്ഡവ വനം ചുടുന്നതിനു വേണ്ടി അഗ്നിഭഗവാന്‍ വിച്രന്റെ വേഷത്തില്‍ , കൃഷ്ണനോടു കൂടി നിൽക്കുന്ന സന്ദര്‍ഭത്തില്‍ ഏതു മഹാപുരുഷനെ ചെന്നു കണ്ടുവോ ആ മഹാവീര്യനും, മഹാബാഹുവും, അജിതനും, കുരുവര്യനുമായ ധനഞ്ജയന്‍ എന്തു പണിയെടുത്താണ്‌ ഒരു സംവത്സരം വിരാടരാജ സന്നിധിയില്‍ ജീവിക്കുവാന്‍ പോകുന്നത്‌? ഖാണ്ഡവക്കാടിനാല്‍ അഗ്നിഭഗവാനെ പ്രസാദിപ്പിച്ചവനും, ഇന്ദ്രനെ വെന്ന അഹിരാക്ഷസന്മാരെ ഒറ്റത്തേരാല്‍ വെന്നവനും, നാഗരാജാവായ വാസുകിയുടെ സഹോദരിയെ സൗന്ദര്യം കൊണ്ട്‌ ഹരിച്ചവനും, പ്രതിരോധ ശ്രേഷ്ഠനുമായ അര്‍ജ്ജുനന്‍ എന്തു പണിയാണ്‌ അവിടെ എടുക്കുവാന്‍ പോകുന്നത്‌? തപിക്കുന്നവരില്‍ ശ്രേഷ്ഠന്‍ സൂര്യനാണ്‌. മര്‍ത്തൃരില്‍ ശ്രേഷ്ഠന്‍ ബ്രാഹ്മണനാണ്‌. വിഷ ജന്തുക്കളില്‍ കേമന്‍ സര്‍പ്പമാണ്‌. തേജസ്സുള്ളവരില്‍ ശ്രേഷ്ഠന്‍ അഗ്നിയാണ്‌. ശസ്ത്രങ്ങളില്‍ ശ്രേഷ്ഠമായത്‌ വജ്രമാണ്‌. ഗോക്കളില്‍ ഗോവൃഷമാണ്‌ ശ്രേഷ്ഠമായത്‌. കയങ്ങളില്‍ ശ്രേഷ്ഠം സമുദ്രമാണ്‌. വര്‍ഷിക്കുന്നവരില്‍ ശ്രേഷ്ഠം മേഘമാണ്‌. ഫണികളില്‍ ശ്രേഷ്ഠന്‍ ധൃതരാഷ്ട്രനാണ്‌. ആനകളില്‍ ശ്രേഷ്ഠന്‍ ഐരാവതമാണ്‌. പ്രിയജനങ്ങളില്‍ ശ്രേഷ്ഠന്‍ പുത്രനാണ്‌. സുഹൃത്തുക്കളില്‍ ശ്രേഷ്ഠത ഭാര്യക്കാണ്‌. ജാതിതോറും ഇങ്ങനെ ഓരോന്ന് ശ്രേഷ്ഠത വഹിക്കുന്നു. അപ്രകാരം ഹേ! വൃകോദരാ, വില്ലാളികളില്‍ ശ്രേഷ്ഠനാണ്‌ ഗുഡാകേശന്‍. ഇന്ദ്രോപേന്ദ്രന്മാരേക്കാള്‍ താഴാത്തവനും, മഹാദ്യുതിയും ഗാണ്ഡീവ ധരനുമായ ഭീഭത്സു, ശ്വേതവാഹനന്‍, വിരാടന ഗരിയില്‍ എന്തു ചെയ്യും ? അഞ്ചു സംവത്സരം ഇന്ദ്രന്റെ ഭവനത്തില്‍ വസിച്ചവനും, ഭാസ്വത്തായ ദിവ്യരൂപത്താല്‍ ദിവ്യാസ്ത്രങ്ങളെ നേടിയവനുമായ അര്‍ജ്ജുനന്‍ പന്ത്രണ്ടാം രുദ്രനെ പോലെയും പതിമുന്നാം ആദിത്യനെ പോലെയും ഒമ്പതാം വസുവിനെ പോലെയും പത്താം ഗ്രഹത്തെ പോലെയും ശോഭിക്കുന്നു! ഇവന്റെ ഇടതും വലതുമായ രണ്ട്‌ ദീര്‍ഘബാഹുക്കളും, നുകത്തിന്റെ ഉരസല്‍ കൊണ്ട്‌ തഴമ്പു പിടിച്ച കാളക്കഴുത്തു പോലെ ഞാണ്‍ തഴമ്പു കൊണ്ടു കഠിനമായതാണ്‌. ഈ ബാഹുക്കളെ അര്‍ജ്ജുനന് എങ്ങനെ ഒളിപ്പിക്കുവാന്‍ കഴിയും ? പര്‍വ്വതങ്ങളില്‍ ഹിമവാനെ പോലെയും, സരിത്തുക്കളില്‍ സമുദ്രത്തെ പോലെയും, ദേവന്മാരില്‍ ശക്രനെ പോലെയും, വസുക്കളില്‍ അഗ്നിയെ പോലെയും, മൃഗങ്ങളില്‍ വ്യാഘ്രത്തെ പോലെയും, ഖഗങ്ങളില്‍ ഗരുഡനെ പോലെയും വില്ലാളികളില്‍ ശ്രേഷ്ഠനായ അര്‍ജ്ജുനന്‍ വിരാട നഗരിയില്‍ എന്തുചെയ്യുവാന്‍ പോകുന്നു? എങ്ങനെ അജ്ഞാതനായി ജീവിക്കുവാന്‍ കഴിയുന്നു?

അര്‍ജ്ജുനന്‍ പറഞ്ഞു: രാജാവേ, ഞാന്‍ ഒരു ഷണ്ഡനാണെന് പറഞ്ഞു കൊണ്ട്‌ പ്രതിജ്ഞ നിറവേറ്റി കൊള്ളാം. മറയ്ക്കുവാന്‍ എളുപ്പമല്ല എന്റെ ഞാണ്‍ തഴമ്പുകള്‍. ആ തഴമ്പുകള്‍ ഞാന്‍ കൈനിറയെ വളയിട്ടു മറച്ചു കൊള്ളാം. കാതുകളില്‍ കനല്‍ മാതിരി ശോഭിക്കുന്ന കുണ്ഡലങ്ങളിട്ടും കൈകളില്‍ ശംഖുവളയിട്ടും നപുംസകമായി, മുടി മെടഞ്ഞു കെട്ടി, പെണ്ണിന്റെ വേഷം സ്വീകരിച്ച്‌, ബൃഹന്നള എന്ന പേരില്‍ , പഴങ്കഥകള്‍ പറഞ്ഞ്‌ രാജാവിനേയും അന്തഃപുര സ്ത്രീകളേയും ഞാന്‍ രമിപ്പിച്ച്‌ അവിടെ വാഴാം. ആട്ടവും, പാട്ടും, കൊട്ടും, വാദ്യവും പല തരത്തില്‍ വിരാടന്റെ അന്തഃപുര സ്ത്രീകളെ ഞാന്‍ പഠിപ്പിക്കാം. ഞാന്‍ എന്റെ മായാവിദ്യ കൊണ്ട്‌ ആളെ അറിയിക്കാതെ നാട്ടുകാര്‍ക്കും നല്ല നടപടി പറഞ്ഞു കൊടുത്ത്‌ ഞാന്‍ എന്നെ മറച്ചുകൊള്ളാം. യുധിഷ്ഠിര ഗൃഹത്തില്‍ പാഞ്ചാലിയുടെ ദാസിയായിരുന്നു എന്ന്, ചോദിച്ചെങ്കില്‍, പറയുകയും ചെയ്യാം, ഈ കൗശലത്താല്‍ , മൂടിവെച്ച അഗ്നി പോലെ, ഞാന്‍ വിരാടന ഗരത്തില്‍ സുഖമായി വിഹരിച്ചു കൊള്ളാം.

3. യുധിഷ്ഠിരാദി മന്ത്രണം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പുരുഷ പ്രവീരനും ധാര്‍മ്മികരില്‍ പ്രധാനിയുമായ അര്‍ജ്ജുനന്‍ പറഞ്ഞതിന് ശേഷം മിണ്ടാതെയിരുന്നു. അപ്പോള്‍ രാജാവ്‌ മറ്റേ സോദരനോടു പറഞ്ഞു: ഉണ്ണീ, നകുലാ നീ ആ രാജാവിന്റെ രാജ്യത്തു പോയി എന്തു പണിയെടുത്താണ്‌ ജീവിക്കുവാന്‍ പോകുന്നത്‌? പറയുക! കുമാരനായ നീ ഏറ്റവും ശൂരനും സുന്ദരനും സുഖോചിതനും ആണല്ലോ.

നകുലന്‍ പറഞ്ഞു: ഞാന്‍ വിരാട രാജാവിന്റെ കുതിരക്കാരനായി കൊള്ളാം. എനിക്ക്‌ കുതിരകളെ പറ്റി ഒക്കെ നല്ല അറിവുണ്ട്‌. അവയെ രക്ഷിക്കുകയും ചെയ്യാം. പേര്‌ ഗ്രന്ഥികന്‍ എന്ന് മാറ്റാം. ഈ കുതിര വിചാരിപ്പു പണി എനിക്ക്‌ വളരെ ഇഷ്ടമുള്ളതാണ്‌. അശ്വശിക്ഷയ്ക്കും അശ്വചികിത്സയ്ക്കും എനിക്കു നല്ല പരിജ്ഞാനമുണ്ട്‌. രാജാവേ, ഭവാനെ പോലെ തന്നെ ഞാനും ഒരു കുതിര പ്രിയനാണ്‌. വിരാട പുരവാസികൾ എങ്ങാനും ചോദിച്ചാല്‍ ഞാന്‍ പറയും, ഞാന്‍ മുമ്പ്‌ യുധിഷ്ഠിര രാജാവിന്റെ കുതിര വിചാരിപ്പുകാരൻ ആയിരുന്നു എന്ന്. ഇങ്ങനെ ഗൂഢമായി ഞാന്‍ വിരാടന ഗരിയില്‍ വാണു കൊള്ളാം.

യുധിഷ്ഠിരന്‍ പറഞ്ഞു: സഹദേവാ, നീ എങ്ങനെ ആ രാജാവിന്റെ അടുത്തു പോയി വാഴും? എന്തു പണിയെടുത്താണ്‌ അവിടെ ഗൂഢമായി വിഹരിക്കാന്‍ വിചാരിക്കുന്നത്‌?

സഹദേവന്‍ പറഞ്ഞു: വിരാട രാജാവിന്റെ ഗോസംരക്ഷകനായി ഞാന്‍ പശുക്കളെ മേയ്ക്കുവാനും, പശുക്കളെ കറക്കുവാനും, പരീക്ഷിക്കുവാനും പറ്റിയവനായി നിന്ന് കൊള്ളാം. അതിനുള്ള കഴിവ്‌ എനിക്കുണ്ട്‌. "തന്ത്രിപാലന്‍" എന്ന പേര് ഞാന്‍ സ്വീകരിക്കാം. ഭവാന്‍ അറിയുന്നവിധം തന്നെ ജീവിക്കുകയും ചെയ്യാം. നല്ലപോലെ സൂക്ഷിച്ചു നടക്കുകയും ചെയ്യാം. എന്നെപ്പറ്റി ഭവാനു ശങ്ക വേണ്ട. പണ്ട്‌ എന്നെ ഭവാന്‍ പശു രക്ഷയ്ക്ക്‌ ഏല്പിക്കുക യുണ്ടായില്ലേ? അന് എന്റെ പരിജ്ഞാനത്തെ പറ്റി ഭവാന്‌ അറിവുണ്ടല്ലോ. പശുക്കളുടെ ലക്ഷണം, അവയുടെ നടപടി, അവയുടെ മംഗളം, മറ്റു കാര്യങ്ങള്‍ ഇവയൊക്കെ എനിക്കു നല്ലവണ്ണം അറിയാം. കാളകളുടെ ലക്ഷണവും എനിക്കറിയാം. ചില ലക്ഷണമുള്ള കാളകളുടെ മൂത്രത്തിന്റെ ഗന്ധം ശ്വസിച്ചാല്‍ മതി, മച്ചിപ്പശു കൂടി ഗര്‍ഭിണിയാകും. അങ്ങനെയുള്ള കാളകളുടെ ലക്ഷണം കൂടി എനിക്കറിയാം. ഞാന്‍ ഈ പറഞ്ഞ പ്രകാരം നടക്കാം. അതില്‍ എനിക്ക്‌ എന്നും പ്രിയമുള്ളതാണ്‌. ആരും എന്നെ അറിയുകയുമില്ല. അങ്ങനെ ഞാന്‍ രാജാവിനെ സന്തുഷ്ടനാക്കും.

യുധിഷ്ഠിരന്‍ പറഞ്ഞു: നമ്മള്‍ക്ക്‌ ജീവനേക്കാള്‍ ഇഷ്ടവല്ലഭയായ ഇവള്‍ അമ്മയെ പോലെ പാലിക്കേണ്ടവളും ഏട്ടത്തിയെ പോലെ പൂജിക്കേണ്ടവളും ആണ്‌. എന്തു പണിയെടുത്താണ്‌ പാഞ്ചാലി ആ രാജഗൃഹത്തില്‍ താമസിക്കുവാന്‍ പോകുന്നത്‌? മറ്റു നാരികളെ പോലെ ഇവള്‍ക്ക്‌ തൊഴിലുകളൊന്നും അറിഞ്ഞു കൂടല്ലോ. ഇവള്‍ സുകുമാരാംഗിയായ രാജപുത്രിയല്ലേ; ഈ സുചരിത്രയായ മഹാഭാഗ എന്തു പണിയെടുത്തു പിഴയ്ക്കും? പൂമാലയും, കുറിക്കൂട്ടും, ഭൂഷണവും, വസ്ത്രഭേദങ്ങളും അല്ലാതെ അവള്‍ക്ക്‌ എന്തറിയാം? ജനിച്ചതു മുതല്‍ക്ക്‌ ഈ രാജകുമാരിക്ക്‌ എന്തറിയാനാണ്‌ ഇതല്ലാതെ?

ദ്രൗപദി പറഞ്ഞു; നാട്ടില്‍ സങ്കരജന്യകളായ സൈരന്ധ്രിമാർ ദാസികളായി അനൃഗൃഹങ്ങളില്‍ പാർക്കുകയും ഇഷ്ടം പോലെ സ്വവശരായി സഞ്ചരിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ്‌ ലോകനിശ്ചയം. അവര്‍ അതുകൊണ്ട്‌ എപ്പോഴും രക്ഷിതകളുമാണ്‌. അങ്ങനെ ഞാന്‍ ഒരു സൈര്രന്ധിയായി വിരാട പുരിയില്‍ പോകാം. മുടി മോടിപ്പെടുത്തുന്ന കര്‍മ്മത്തില്‍ ഞാന്‍ പ്രവേശിക്കാം. പേര്‌ സൈര്രന്ധി എന്നാണെന് പറയാം. ചോദിച്ചാല്‍ ഞാന്‍ യുധിഷ്ഠിര ഗൃഹത്തില്‍ പട്ടമഹിഷി ആയിരുന്ന പാഞ്ചാലിയുടെ ദാസിയായിരുന്നു എന്ന് പറയുകയും ചെയ്യാം. അങ്ങനെ ഞാന്‍ എന്നെ തന്നെ മറച്ചു ജീവിക്കാം. ഞാന്‍ രാജഭാര്യയായ സുദേഷ്ണയുടെ അടുത്തേക്കാണ്‌ പോകുന്നത്‌. അങ്ങനെ അവളുടെ കൂടെ വസിക്കുന്ന എന്നെ അവള്‍ സംരക്ഷിക്കും. ഭവാന്‍ വൃസനിക്കേണ്ട.

യുധിഷ്ഠിരന്‍ പറഞ്ഞു: കൃഷ്ണേ! നീ ശോഭനമായ വാക്യമാണ്‌ പറഞ്ഞത്‌. നീ കുലീനയായ ഭാമിനിയാണ്‌. പാപം എന്നാൽ എന്താണെന്ന് തന്നെ നീ അറിയുന്നില്ല. സാദ്ധ്വിയായ നീ സാധുവ്രതത്തെ അറിയുന്നവളാണ്‌. ദുഷ്ടരായ പാപികള്‍ ഇനി സുഖിക്കുവാന്‍ ഇടയാകാത്ത വിധം, അവര്‍ കണ്ടറിയാത്ത വിധം, ഹേ കല്യാണീ, നീ കരുതലോടെ എല്ലാം ചെയ്തു കൊള്ളുക.

4. ധൗമ്യന്റെ ഉപദേശം - യുധിഷ്ഠിരന്‍ പറഞ്ഞു: നിങ്ങള്‍ ചെയ്യുവാന്‍ ഭാവിക്കുന്ന പണികളൊക്കെ പറഞ്ഞുവല്ലൊ. എനിക്കും എന്റെ നോട്ടത്തില്‍ നിങ്ങള്‍ നിശ്ചയിച്ചത്‌ ബോദ്ധ്യമായി. ഇനി നമ്മുടെ പുരോഹിതനായ ധൗമ്യന്‍ അഗ്നിഹോത്രങ്ങള്‍ സംരക്ഷിക്കട്ടെ. സൂതന്മാര്‍ മുതലായവര്‍ ദ്രുപദന്റെ മന്ദിരത്തിലേക്കു പൊയ്ക്കൊള്ളട്ടെ. ഇന്ദ്രസേനാദികള്‍ വെറും തേരും കൊണ്ട്‌ ദ്വാരകയിലേക്കു പോകട്ടെ, എന്നാണ്‌ ഞാന്‍ നിശ്ചയ്യിക്കുന്നത്‌. പാര്‍ഷതിയെ ശുശ്രൂഷിക്കുന്ന ഈ സ്ത്രീകള്‍ പാഞ്ചാല രാജ്യത്തേക്ക്‌ സൂതപൌരോ ഗവന്മാരോടു കൂടി പൊയ്ക്കൊള്ളട്ടെ. എല്ലാവരും പറയണം ദ്വൈതവനത്തില്‍ വച്ച്‌ ഞങ്ങളെ വിട്ട് പാണ്ഡവന്മാർ എല്ലാവരും പോയി, അവരെ കാണാതായി എന്ന്.

വൈശമ്പായനൻ പറഞ്ഞു: എന്ന് അവര്‍ തമ്മില്‍ പറഞ്ഞൊത്ത്‌ വെവ്വേറെ ഓരോ പണിയും നിശ്ചയിച്ചുറച്ച്‌ ആ വൃത്താന്തം ധൗമ്യനെ കണ്ടും പറഞ്ഞു.

ധൗമ്യന്‍ പറഞ്ഞു; പാണ്ഡവന്മാര്‍ക്കെല്ലാം മംഗളം ഭവിക്കട്ടെ! ബ്രാഹ്മണരോടും സുഹൃത്തുക്കളോടും എന്ന പോലെ യാത്രയിലും, യുദ്ധത്തിലും, അഗ്നിഹോത്ര കാര്യങ്ങളിലുംഎങ്ങനെ ഇടപെടണമെന് ശാസ്ത്രപഠനം കൊണ്ട്‌ ഗ്രഹിച്ചിട്ടുള്ളവർ ആണല്ലോ നിങ്ങള്‍. അല്ലയോ യുധിഷ്ഠിരാ! ഭവാനും അര്‍ജ്ജുനനും പാഞ്ചാലിയെ നല്ലപോലെ കാക്കണം. പ്രാകൃത ജനങ്ങളുടെ സ്വഭാവം എന്താണെന് ഭവാന് അറിവുള്ളതാണ്‌. അറിവുണ്ടെങ്കിലും കൂറുള്ളവര്‍ പിന്നെയും ഹിതോപദേശം ചെയ്യും. ഇത്‌ ശാശ്വത ധര്‍മ്മമാണ്‌, കാമവും അര്‍ത്ഥവുമാണ്‌. അതു കൊണ്ട്‌ ഞാന്‍ പറയുന്ന സംഗതി നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.

രാജഗൃഹത്തില്‍ വസിക്കുക എന്നതിന്റെ ഗുണദോഷം നിങ്ങള്‍ രാജപുത്രന്മാർ ആണെങ്കിലും നിങ്ങളെ ഉണര്‍ത്തിക്കേ ണ്ടിയിരിക്കുന്നു. ഹേ കൗരവ്യാ! രാജഗൃഹത്തില്‍ നിന്ന് ദോഷങ്ങള്‍ ബാധിക്കാതിരിക്കുന്ന വിധം അവിടെ പാര്‍ക്കുവാന്‍ വളരെ വിഷമമാണ്‌. മാനം വിട്ടോ മാനം ഏറ്റിട്ടോ, ഗൂഢമായിട്ടോ ഒരാണ്ട്‌ നിങ്ങള്‍ അവിടെ പാര്‍ക്കണം. പിന്നെ പതിനാലാമത്തെ ആണ്ടില്‍ യഥാസുഖം സ്വതന്ത്രമായി സഞ്ചരിക്കുമല്ലോ. ആ വിചാരത്തോടെ നിങ്ങള്‍ക്ക്‌ ഇപ്പോള്‍ രാജപുത്രത്വത്തെ മറച്ച്‌ രാജസേവയെ കൈക്കൊള്ളേ ണ്ടിയിരിക്കുന്നു. രാജാവ്‌ ആര്‍ക്കും പ്രത്യേകം വിശ്വസിക്കേണ്ടവനല്ല. എല്ലാ പ്രജകള്‍ക്കും ഒരു പോലെ നാഥനാണ്‌. അതു കൊണ്ട്‌ എല്ലാ പ്രജകളോടും ഒരു പോലെ പ്രിയനുമായിരിക്കും രാജാവ്‌. രാജാവിന് ആരോടും പ്രത്യേകത ഇല്ലാത്തതു കൊണ്ട്‌ രാജാവിനെ ആരും പ്രത്യേകമായി വിശ്വസിച്ചു പോകരുത്‌. എത്ര സ്നേഹിക്കു ന്നുണ്ടെങ്കിലും, മുന്നറിയിപ്പു കൊടുക്കാതെ രാജാവിനെ ചെന്ന് കാണരുത്‌.

പരന്‍ വന്ന് ആക്രമിക്കാത്ത സ്ഥാനമേ കരുതാവു. വാഹനം, ശയനം, പീഠം, ആന, തേര്‍ എന്നിവയില്‍ താന്‍ രാജസേവകൻ ആണെന് വിചാരിച്ചു കേറാതിരിക്കുക ആണെങ്കില്‍ രാജധാനിയില്‍ പാര്‍ക്കാന്‍ കഴിയും.

ഇവിടെ ഇരിക്കുമ്പോഴാണ്‌ ദുഷ്ടന്മാരായ ചാരന്മാര്‍ ശങ്കിക്കുന്നത്‌. അവിടെ ചെന്ന് ഇരിക്കാത്തവന്‌ രാജധാനിയില്‍ പാര്‍ക്കാം. ചോദിക്കാതെ രാജാവിനോട്‌ ഒന്നും കയറിച്ചെന്ന് പറയരുത്‌. ഒന്നും മിണ്ടാതിരിക്കുക ആണെങ്കില്‍ അവിടെ നില്‍ക്കണം. കാലം നോക്കി പുകഴ്ത്തണം. സ്തുതിക്കുക ആണെങ്കിലും അസത്യം പറഞ്ഞു പുകഴ്ത്തരുത്‌. നുണ പറയുന്നവരെ രാജാവു ദുഷിക്കും. മന്ത്രിയായാലും നുണ പറഞ്ഞാല്‍ രാജാവ്‌ അവമാനിക്കാതെ വിടില്ല.

ഒരുകാലത്തും രാജഭാരൃമാരെ സേവിക്കുവാന്‍ പോകരുത്‌; അന്തഃപുരവാസികളോടും, രാജാവിനെ ദ്വേഷിക്കുന്നവരോടും രാജാവിന് അഹിതന്മാരായവരോടും ഒരികലും മൈത്രിയുണ്ടാകരുത്‌. ചെറിയ കാര്യമായാലും രാജാവ്‌ അറിയുന്ന വിധത്തിലേ ചെയ്യാവൂ. ഇപ്രകാരം രാജാവിനോട്‌ സൂക്ഷിച്ചു പെരുമാറിയാല്‍ അവന് യാതൊരാപത്തും സംഭവിക്കുകയില്ല.

പുത്രന്‍, പൌത്രന്‍, സോദരന്മാര്‍ എന്നിവരേയും മര്യാദ വിട്ട മട്ടിലാണെങ്കില്‍ രാജാക്കന്മാര്‍ മാനിക്കുകയില്ല. രാജാവിനെ അഗ്നിയെ പോലെയും ദേവകളെ പോലെയും സൂക്ഷിച്ച്‌ ശ്രദ്ധയോടെ ഉപചരിക്കണം. അനൃതം കൊണ്ടാണ്‌ ഉപചരിക്കുന്നത് എങ്കില്‍ രാജാവ്‌ ഉടനെ അവനെ അവസാനിപ്പിക്കും. സ്വാമി എന്തെന്തു കല്പിക്കുന്നുവോ അതാതിന് ഒത്തു നില്ക്കണം. അന്ധാളിത്തം, ഗര്‍വ്വ്‌, കോപം ഇവയൊക്കെ ദുരെയകറ്റണം.

കാര്യ വിചാരത്തില്‍ ഹിതവും ഇഷ്ടവുമായതേ പറയാവു. ഇഷ്ടത്തേക്കാള്‍ ഹിതമായിരിക്കണം. കാര്യത്തിലും കഥയിലുംഅനുകൂലിക്കണം. അനിഷ്ടവും അപ്രിയവും രാജാവിനെ നോക്കി പറയരുത്‌. ഞാന്‍ ഇവന് ഇഷ്ടനാണെന്ന് വിചാരിച്ച്‌ അറിവുള്ളവന്‍ സേവിക്കരുത്‌. അന്ധാളിത്തം വിട്ട ഹിതവും പ്രിയവുമായ കാര്യങ്ങള്‍ നിത്യവും ചെയ്യുക. രാജാവിന് അനിഷ്ടം ചെയ്യരുത്‌; പറയുകയും അരുത്‌. നില വിട്ടു പ്രവര്‍ത്തിക്കരുത്‌. ഇങ്ങനെയായാല്‍ രാജസന്നിധിയില്‍ വസിക്കാം.

ഇടത്തോ വലത്തോ പാര്‍ശ്വത്തിലോ പണ്ഡിതന്മാര്‍ ഇരിക്കാം. ശാസ്ത്രം പഠിച്ച രക്ഷകന്മാര്‍ നിൽക്കേണ്ടതു പിന്നിലാണ്‌. മുന്നില്‍ കയറി ഇരിക്കുന്നത്‌ എന്നും വിരുദ്ധമായ കാര്യമാണ്‌. തിരുമുമ്പില്‍ വെച്ച്‌ ഒന്നും കയറി ചെന്ന് വാങ്ങരുത്‌. ദരിദ്രന്മാര്‍ക്കു പോലും അപ്രിയം ഉണ്ടാക്കുന്ന പ്രവൃത്തിയാണത്‌. രാജാക്കന്മാര്‍ പറഞ്ഞ ഭോഷ്ക്ക്‌ മറ്റാരോടും പറയരുത്‌. അനൃതം പറയുന്നവരെ രാജാവ്‌ കുറ്റപ്പെടുത്തും. അപ്രകാരം തന്നെ പാണ്ഡിത്യം കാട്ടുന്നവനെ അപമാനിക്കുകയും ചെയ്യും. ശൂരന്മാര്‍ ഗര്‍വ്വു കാണിക്കരുത്‌. ബുദ്ധിമാനും അഹങ്കാരം കാണിക്കരുത്‌. രാജാവിന് ഇഷ്ടം തന്നെ ചെയ്യുന്നവന്‍ ഇഷ്ടനായി സുഖിക്കുകയും ചെയ്യും.

വളരെ ഐശ്വര്യവും രാജസേവയും നേടിയാലും നൃപന്റെ ഇഷ്ടത്തിലും ഹിതത്തിലും അന്ധാളിത്തം പറ്റരുത്‌. ക്രോധം ബാധാകരമാണ്‌. പ്രസാദമോ വളരെ സല്‍ഫലങ്ങളെ നല്കും. ഇപ്രകാരം രാജസന്നിധിയില്‍ ജീവിക്കുന്നവനിൽ ബുധസമ്മതരായ ആരും കുറ്റം ആരോപിക്കുകയില്ല.

ചുണ്ടും, കയ്യും, മുട്ടില്‍ കയ്യും, വാക്കും ഇളക്കിക്കൊണ്ടു നില്ക്കരുത്‌. എപ്പോഴും വായുവിടലും, വാക്കു പറയലും, തുപ്പലും മെല്ലെയേ ആകാവു. പരിഹാസത്തിനു ചിലര്‍ക്ക്‌ കാരണമുണ്ടായാലും ഏറ്റം ഹര്‍ഷിക്കരുത്‌. കമ്പക്കാരനെ പോലെ ഉച്ചത്തില്‍ ചിരിക്കരുത്‌. അതിധൈര്യം കാണിക്കുന്നതു നന്നല്ല. ഘനമുള്ളവനാണെന്ന് അപരാധം പറയും. സന്തോഷ സൂചനത്തിന്‌ മൃദുവായ പുഞ്ചിരി കാണിക്കണം.

ലാഭത്തില്‍ ഹര്‍ഷിക്കരുത്‌. അവമാനിച്ചാല്‍ വൃഥയും പാടില്ല. രാജസേവയില്‍ ശ്രദ്ധയോടെ നിന്നാല്‍ രാജധാനിയില്‍ പാര്‍ക്കാം.

രാജാവിനേയും, രാജപുത്രനേയും, നിത്യം പുകഴ്ത്തുന്ന പണ്ഡിതനായ സചിവൻ രാജസന്നിധിയില്‍ വളരെ നാള്‍ നിൽക്കും.

കാരണം കൂടാതെ തരം താഴ്ത്തിയാലും, അമാതൃന്‍ ശിക്ഷിച്ചാലും, രാജാവിന് ദോഷം പറയാത്തവന്‍ വീണ്ടും. സമ്പത്തു നേടുന്നതാണ്‌. നേരിട്ടും ഒളിവായും രാജാവിന് ഗുണംപ റയുന്നവനാണ്‌ വിചക്ഷണന്‍. അവന്‍ ഏതു നാട്ടിലിരുന്നാലും ആ രാജാവിന്റെ സേവകനായി തീരുന്നതാണ്‌.

രാജാവിനെ കൂസാതെ ഭോഗങ്ങള്‍ ഏല്ക്കുന്ന അമാത്യന്‍ ഏറെ നാള്‍ നില നിൽക്കുകയില്ല അവന്‍ പ്രാണ സങ്കടത്തില്‍ ചെന് ചാടും. തന്റെ നന്മ കണ്ട്‌ താന്‍ മറ്റവനേക്കാള്‍ മേലെയാണെന് രാജാവിനോടു പറയരുത്‌. രാജാവിനെക്കാള്‍ മീതെയാണ്‌ താനെന്നും ഭാവിക്കരുത്‌. രാജാവ്‌ അന്യന് ആജ്ഞ കൊടുക്കുമ്പോള്‍ അടിയന്‍ എന്താണു വേണ്ടത്‌ എന്ന് കല്പിച്ചാല്‍ ചെയ്യാം എന്ന് ചെന്ന് പറയുന്നവന് രാജധാനിയില്‍ സുചിരം പാര്‍ക്കാം. രാജാവിനെ നിഴല്‍ പോലെ പിന്തുടരുന്ന ബലവാനും, ശൂരനും, മൃദുഭാഷിയും, സത്യഭാഷിയും, ദാന്തനുമായവന് രാജധാനിയില്‍ സുചിരം പാര്‍ക്കാം.

അകത്തും പുറത്തും എപ്പോഴും രാജാവ്‌ കല്പിച്ചാല്‍ കൂസല്‍ കൂടാതെ ഏൽക്കുന്നവന്‌ രാജധാനിയില്‍ പാര്‍ക്കാം. ഗൃഹം വിട്ട്‌ അകലെ പോയാല്‍ ഭാര്യയെ പറ്റിയുള്ള വിചാരം വിട്ടവനും, ദുഃഖം കൊണ്ട്‌ സുഖിക്കുന്നവനും രാജധാനിയില്‍ പാര്‍ക്കാം. രാജാവിനെ പോലെയുള്ള വേഷാഡംബരങ്ങള്‍ അണിയാതിരിക്കുക. അടുത്തു തന്നെ രാജാവിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ ചെന്നിരിക്കുക, ഇവ ചെയ്യരുത്‌. അധികം മന്ത്രിക്കാതിരിക്കുക. ഇവ രാജസേവയാകും.

പണിക്കു നിശ്ചയിച്ചയച്ചാല്‍ പണത്തില്‍ കൈവെയ്ക്കരുത്‌. ദ്രവ്യം ഹരിച്ചാല്‍ തടവോ വധമോ ലഭിക്കും. വാഹനം, ഭൂഷണം, വസ്ത്രം എന്നിവ രാജാവ്‌ എന്തു തരുന്നുവോ അതേ നിത്യവും ധരിക്കാവൂ. എന്നാൽ അവര്‍ രാജാവിന് ഏറ്റവും ഇഷ്ടരായി തീരും.

ഇപ്രകാരം മനസ്സുടക്കി കരുതലോടെ ഹേ പാണ്ഡു പുത്രന്മാരേ, ഈ ഒരു സംവത്സരം നിങ്ങള്‍ ഐശര്യത്തെ സംരക്ഷിക്കുവിന്‍. പിന്നെ സ്വരാജ്യത്തു വന്ന് നിങ്ങള്‍ക്ക്‌ ഇഷ്ടം പോലെ നടക്കാം.

യുധിഷ്ഠിരന്‍ പറഞ്ഞു: മഹര്‍ഷേ! ഭവാനില്‍ നിന്ന്‌ ഞങ്ങള്‍ ഉപദേശം വാങ്ങിയിരിക്കുന്നു! അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ! ഇപ്രകാരം ഉപദേശം നല്കുവാന്‍ ഞങ്ങളുടെ അമ്മയായ കുന്തിയും, വിദുരരും അല്ലാതെ ആരുണ്ട്‌? ഇനി വേണ്ടതെല്ലാം ഭവാന്‍ നടത്തി കൊള്ളുമല്ലൊ. ഈ ദുഃഖത്തില്‍ നിന്ന് കരകയറ്റുവാനും യാത്രയ്ക്കു മംഗളമുണ്ടാകുവാനും വിജയം സിദ്ധിക്കുവാനും ഭവാന്‍ മംഗള കര്‍മ്മങ്ങള്‍ ചെയ്യുക.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ വിപ്രേന്ദ്രനായ ധൗമ്യന്‍ യാത്രക്കാലത്തു ചെയ്യേണ്ടതായ വിധിയൊക്കെയും ചെയ്ത്‌ അവര്‍ക്കുള്ള അഗ്നി ആളിച്ച്‌ മന്ത്രപൂര്‍വ്വകം ഹോമിച്ചു. സമൃദ്ധിക്കും വൃദ്ധിക്കും പൃഥ്വീ വിജയത്തിന്നും വേണ്ടി ഹോമിച്ചു. അഗ്നികള്‍ക്കു വലം വെച്ച്‌ പിന്നെ താപസ ബ്രാഹ്മണന്മാരേയും വലംവച്ച്‌ യാജ്ഞസേനിയെ മുമ്പ നടത്തി പാണ്ഡവന്മാര്‍ യാത്രചെയ്തു.

ആ വീരന്മാര്‍ പോയതിന് ശേഷം താപസ പുംഗവനായ ധൗമ്യന്‍ അഗ്നിഹോത്രങ്ങളുമായി പാഞ്ചാല പുരിയിലേക്കും പോയി. ഇന്ദ്രസേനാനികള്‍ പറഞ്ഞ പ്രകാരം തന്നെ യാദവ പുരത്തിലേക്കു പോയി രഥാശ്വങ്ങളെ രക്ഷിച്ചും കാര്യങ്ങള്‍ മറച്ചും സുഖമായി വാണു.

5. അസ്ത്രസംസ്ഥാപനം - പാണ്ഡവന്മാര്‍ ശ്മശാന സമീപത്ത്‌ ശമീ വ്യക്ഷത്തില്‍ അസ്ത്രങ്ങള്‍ സ്ഥാപിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; ആ വീരന്മാര്‍ വാളും, ആവനാഴിയും ധരിച്ച്‌ ഉടുമ്പിന്‍ തോല്‍ കയ്യുറകളുമിട്ട്‌ യമുനാ തീരത്തു കൂടി തെക്കേ വക്കു പറ്റി കാല്‍നടയായി നടന്നു. വനവാസം കഴിഞ്ഞ സന്തോഷത്തോടും, നാടു നേടാനുള്ള ശ്രമത്തോടും കൂടിയാണ്‌ അവരുടെ യാത്ര. കാലം വസന്തമായിരുന്നു. ആ വില്ലാളികള്‍ മനോഹരമായ ശൈലദുര്‍ഗ്ഗ വനങ്ങളില്‍ കൂടെ പോയി. മൃഗങ്ങളെ കൊന്ന് വിശപ്പടക്കിയും, വനദുര്‍ഗ്ഗങ്ങള്‍ കടന്നും അവര്‍ നടന്നു. ദശാര്‍ണ്ണത്തിന്റെ വടക്കും പാഞ്ചാലത്തിന്റെ തെക്കുമായി കൃല്ലോമത്തിന്റേയും ശൂരസേനത്തിന്റേയും ഇടയ്ക്കുള്ള വഴിയില്‍ കൂടെ കാട്ടില്‍ വേടന്മാരുടെ വേഷത്തില്‍ വിവര്‍ണ്ണരും, മീശയും താടിയും വളര്‍ത്തിയവരുമായി ആ മഹാബലന്മാര്‍ നടന്നു നടന്ന്‌, മത്സ്യരാജൃത്തിൽ എത്തി. അവിടെ ജനവാസമുള്ള സ്ഥലത്ത് എത്തിയപ്പോള്‍, കാല്‍ നട കൊണ്ട്‌ പാഞ്ചാലി വല്ലാതെ തളര്‍ന്ന് പോയി. അവള്‍ പറഞ്ഞു: ഒറ്റയടിപ്പാത കാണുന്നുണ്ട്‌. വിരാട രാജനഗരി ദൂരത്തായിരിക്കും. ഈ രാത്രി ഇവിടെ പാര്‍ക്കുക. എനിക്കു വല്ലാത്ത ക്ഷീണം തോന്നുന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: അര്‍ജ്ജുനാ! നീ പാഞ്ചാലിയെ പൊക്കിയെടുക്കുക, കാടുവിട്ടാല്‍ പിന്നെ ഗൂഢമായിട്ടു വേണം പുരിയില്‍ പോയി പാര്‍ക്കുവാന്‍.

വൈശമ്പായനൻ പറഞ്ഞു: ഉടനെ പാഞ്ചാലിയേയും എടുത്ത്‌ ഒരു ഗജത്തെ പോലെ നടന്ന് നഗരത്തിന് അടുത്ത് എത്തിയപ്പോള്‍ അവളെ അര്‍ജ്ജുനന്‍ ഇറക്കി. നഗരത്തിൽ എത്തിയപ്പോള്‍ യുധിഷ്ഠിരന്‍ അര്‍ജ്ജുനനോടു പറഞ്ഞു; "ഉണ്ണി, അര്‍ജ്ജുനാ! ആയുധങ്ങളൊക്കെ നമുക്ക്‌ ഇവിടെ വെച്ചിട്ടു വേണം പട്ടണത്തിലേക്കു കടക്കുവാന്‍. നാം ആയുധങ്ങളുമായി പുരിയില്‍ ചെല്ലുകയാണെങ്കില്‍ ഈ നാട്ടുകാര്‍ക്ക്‌ ഉദ്വേഗമുണ്ടാകും. അതില്‍ യാതൊരു സംശയവുമില്ല. ഭൂമിയില്‍ നാട്ടുകാരൊക്കെ അറിഞ്ഞിട്ടുള്ളതാണ്‌ വലിയ ഗാണ്ഡീവം. ആ വലിയ ആയുധവുമായി നാം നഗരത്തില്‍ ചെന്നാല്‍ ഉടനെ നമ്മളെ മര്‍ത്തൃരൊക്കെ അറിയും; അതിന് യാതൊരു സംശയവുമില്ല. പിന്നെ നാം വീണ്ടും പന്ത്രണ്ടു സംവത്സരം കാട്ടില്‍ വാഴേണ്ടതായും വന്നു കൂടും. ഒരുത്തനെ അറിഞ്ഞാലും മതിയല്ലോ. അങ്ങനെയാണല്ലോ സത്യം.

അര്‍ജ്ജുനന്‍ പറഞ്ഞു: ഇതാ, ഈ കുന്നിന്റെ മുകളില്‍ വലിയ ശാഖകളോടു കൂടിയ ഒരു ശമീവൃക്ഷം നിൽക്കുന്നു. സമീപത്തായി ഒരു ചുടുകാടും കാണുന്നുണ്ട്‌. മനുഷ്യരാരും അവിടെ ഇല്ലെന്നാണു തോന്നുന്നത്‌. ഹേ! പാണ്ഡുപുത്രന്മാരേ, നാം ആയുധങ്ങള്‍ അവിടെ വെച്ചാല്‍ ആരും കാണുകയില്ല. ഈ വൃക്ഷം വഴിയില്‍ നിന്ന് അകന്ന് മുകളിലാണ്‌. മാനും, പുലികളുമൊക്കെ കൂടുന്നതാണ്‌ ആ സ്ഥലം. വിശേഷിച്ചും ഭയങ്കരമായി ചുടുകാടിന്റെ അടുത്താകയാല്‍ ജനങ്ങളുടെ സഞ്ചാരം കുറഞ്ഞിരിക്കും. നമ്മുടെ ആയുധങ്ങള്‍ ഈ ശമീവൃക്ഷത്തില്‍ മറച്ചു വെച്ച്‌ നമുക്ക്‌ നഗരത്തില്‍ ചെന്ന് ഭയം കൂടാതെ വിഹരിക്കാം.

വൈശമ്പായനൻ പറഞ്ഞു; *ഇപ്രകാരം ധര്‍മ്മരാജാവായ യുധിഷ്ഠിരനോടു പറഞ്ഞ്‌ ശസ്ത്രങ്ങള്‍ വയ്ക്കുവാനായി അര്‍ജ്ജുനന്‍ മുതിര്‍ന്നു. ഒറ്റത്തേരാല്‍ ദേവമര്‍ത്തൃ ഗണത്തെ ജയിച്ചതും, ഉദാരഘോഷമായതും, സിദ്ധശക്തന്മാരെ മുടിച്ചതും ആയ ഉഗ്ര ഗാണ്ഡീവത്തിന്റെ ഞാൺ ഫല്‍ഗുനന്‍ അഴിച്ചു. പരന്തപനായ യുധിഷ്ഠിരന്‍ മുമ്പ്‌ കുരുക്ഷേത്രം രക്ഷിച്ചതായ വില്ലിലെ കേടു തട്ടാത്ത ഞാണ്‌ അഴിച്ചു. പാഞ്ചാലന്മാരെ പണ്ട്‌ പോരില്‍ ജയിച്ചതും, ദിക് ജയത്തില്‍ തനിച്ച്‌ ഏറെ വീരന്മാരെ തടുത്തതും, പോരിന്റെ ഞാണൊലി കേട്ടാല്‍ ശത്രുക്കള്‍ പതറുന്നതും, പര്‍വ്വതം പിളരുന്ന വിധത്തില്‍ ഇടിനാദം പോലെ ശബ്ദിക്കുന്നതും, ജയദ്രഥ രാജാവിനെ കശക്കി വിട്ടതുമായ വില്ലിന്റെ ഞാൺ ശക്തനായ ഭീമസേനനും അഴിച്ചു. പാണ്ഡവനായ നകുലന്‍, രക്താസ്യനും മഹാബാഹുവുമായ മാദ്രീപുത്രന്‍, മിതഭാഷിയും, പോരില്‍ സിംഹ വിക്രമനുമായ ആ ധീരന്‍, ഏതു വില്ലിനാലാണോ പടിഞ്ഞാറന്‍ ദിക്കു ജയിച്ചത്‌ ആ വില്ലിന്റെ ഞാണും ആ സുന്ദരന്‍ അഴിച്ചു. സദാചാര നിരതനായ വീരന്‍, സഹദേവന്‍, ദക്ഷിണ ദിക്കു ജയിച്ചതായ വില്ലിന്റെ ഞാണും അഴിച്ചു. തിളങ്ങുന്ന നീണ്ട അസികളും, വിലയേറുന്ന ആവനാഴിയും, പലതരം ശരങ്ങളും വില്ലോടു കൂടി തന്നെ വെച്ചു. അതിന് ശേഷം യുധിഷ്ഠിരന്‍ നകുലനോട്‌ ആജ്ഞാപിച്ചു: ഈ ശമീവ്യക്ഷത്തിന്റെ മുകളില്‍ കയറി ഈ വില്ലുകള്‍ വെച്ചു കൊള്ളുക. കല്പന പോലെ നകുലന്‍ മരത്തിന്മേല്‍ കയറി അതിന്റെ കോടരത്തില്‍ വില്ലുകളും മറ്റും വെച്ചു. അതിന് പഴുതായി കണ്ട ദിവ്യരൂപങ്ങള്‍, മഴ പെയ്താല്‍ നനയുമെന് തോന്നിയിരുന്നവ, എല്ലാം കയറു കൊണ്ടു ഭദ്രമായി ചുറ്റിക്കെട്ടിയടച്ചു. ഉടനെ പാണ്ഡവന്മാര്‍ ഒരു ശവശരീരം ദൂരെ നിന്ന് കാണാവുന്ന വിധം ആ മരത്തില്‍ കെട്ടിത്തൂക്കി. മനുഷ്യന്‍ ആ ശമീവ്യക്ഷം ദൂരെ നിന്ന് കണ്ടാല്‍ തന്നെ ഒഴിഞ്ഞു മാറിപ്പോകണം. അതില്‍ ശവം നിൽക്കുന്നുണ്ട്‌, ദുര്‍ഗ്ഗന്ധമുണ്ട് എന്ന് പറഞ്ഞ്‌ ഒഴിയണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇവള്‍, ഞങ്ങളുടെ ബഹുശതം ആയുസ്സുള്ള അമ്മയാണ്‌; ഞങ്ങള്‍ക്ക്‌ വംശധര്‍മ്മമാണ്‌ അസ്ത്രഗോപനം. പണ്ടു പണ്ടേ നടപ്പുള്ളതുമാണ്‌. ആയുധങ്ങളൊക്കെ വൃക്ഷകോടരത്തില്‍ വെച്ചതിന് ശേഷം അവര്‍ ഇപ്രകാരം പറയുകയും ചെയ്തു.

ആ വഴിക്കു കണ്ട ആട്ടിടയന്മാരോടും ശമീവ്യക്ഷത്തെ തങ്ങള്‍ അമ്മയായി കരുതുന്നുണ്ടെന് പറയുകയും ചെയ്തു.

ശത്രുകര്‍ശനന്മാരായ പാര്‍ത്ഥന്മാര്‍ പുരത്തിന്റെ സമീപത്തെത്തി. ജയന്‍, ജയന്തന്‍, വിജയന്‍, ജയത്സേനന്‍, ജയല്‍ ബലന്‍ എന്നീ ഗൂഢനാമങ്ങളും അവര്‍ക്ക്‌ യഥാക്രമം യുധിഷ്ഠിരന്‍ കല്പിച്ചു. പിന്നെ സത്യപ്രകാരം അവര്‍ മഹാ പട്ടണത്തിലേക്കു കയറി. രാഷ്ട്രത്തില്‍ പതിമൂന്നാമത്തെ വര്‍ഷം അജ്ഞാത വാസത്തിന്നായി അവര്‍ നടന്നു.

6. ദുര്‍ഗ്ഗാസ്തവം - വൈശമ്പായനൻ പറഞ്ഞു: രമ്യമായ വിരാട നഗരത്തിലേക്കു കയറുമ്പോള്‍ യുധിഷ്ഠിരന്‍ ഭുവനേശ്വരിയായ ദുര്‍ഗ്ഗാദേവിയെ മനസ്സു കൊണ്ടു വാഴ്ത്തി.

യുധിഷ്ഠിരന്‍ പറഞ്ഞു; യശോദ പെറ്റവളും, നാരായണന് ഏറ്റവും ഇഷ്ടപ്പെട്ടവളും, നന്ദഗോപന്റെ വംശത്തില്‍ പിറന്നവളും, മംഗല്യത്തേയും കുലത്തേയും വര്‍ദ്ധിപ്പിക്കുന്നവളും, കംസനെ വിദ്രവിപ്പിച്ചവളും, ദൈതുൃന്മാരെ മുടിച്ചവളും, പാറപ്പുറത്ത് അടിച്ചപ്പോള്‍ ആകാശത്തേക്ക് ഉയര്‍ന്നവളും, വാസുദേവന്റെ ഭഗിനിയുമായ ദേവിയെ ഞാന്‍ നമസ്‌കരിക്കുന്നു.

ദിവ്യമാല്യ ഭൂഷിതേ, ദിവ്യാംബരം പൂണ്ട ദേവീ, ഖള്‍ഗ ചര്‍മ്മങ്ങള്‍ ഏന്തിയവളേ; നിന്നെ ഞാന്‍ സ്തുതിക്കുന്നു.

പുണ്യഭാരാ വതരണത്താല്‍ ഈ ശിവയെ സ്തുതിക്കുന്നവരെ ചളിയില്‍ താണു പോയ ഗോക്കളെയെന്ന പോലെ അവള്‍ കരകേറ്റുന്നതാണ്‌. ആ ദേവിയെ കാണുവാനായി നാനാ സ്തോത്ര പദങ്ങള്‍ കൊണ്ട്‌ അനുജന്മാരോടു കൂടി യുധിഷ്ഠിരന്‍ വീണ്ടും സ്തുതിച്ചു:

വരദേ, കൃഷ്ണേ, കുമാരി, ബ്രഹ്മചാരിണീ, ബാലാര്‍ക്ക കാന്തിയുള്ളവളേ, പൂര്‍ണ്ണ ചന്ദ്രാനനേ, ചതുര്‍ഭുജേ, ചതുര്‍വക്ത്രേ, പീനശ്രോണി പയോധരേ, പിഞ്ഛശ്രീ വളയിട്ടവളേ, കേയൂരാംഗദ മണ്ഡിതേ, നീ വിഷ്ണുപത്നിയായ ലക്ഷ്മിയെ പോലെ പ്രശോഭിക്കുന്നുനു!

സ്പഷ്ടമാണല്ലോ ഖേചരി, നിന്റെ രൂപവും ബ്രഹ്മചര്യവും. കൃഷ്ണമേഘം പോലെ നീ കൃഷ്ണനോടും സങ്കര്‍ഷണനോടും തുല്യയാണല്ലോ. ഇന്ദ്രദ്ധ്വജം പോലെ വലിയ കൈകൾ ഉള്ളവളേ, പാത്രവും, പത്മവും മണിയും ധരിച്ച വിശുദ്ധാംഗനേ, കയറും, വില്ലും ചക്രവും മറ്റ്‌ ആയുധവും ധരിച്ചവളേ, കര്‍ണ്ണങ്ങള്‍ നിറയും വിധം കുണ്ഡലങ്ങള്‍ അണിഞ്ഞവളേ, തിങ്കള്‍ക്കതിരായ മുഖം കൊണ്ട്‌ വിളങ്ങുന്ന ദേവീ, ഞാന്‍ നിന്നെ സ്തുതിക്കുന്നു!

വിചിത്രമകുടം ചാര്‍ത്തുന്ന മുടി ഭംഗിയായി മെടഞ്ഞ്‌ പ്രശോഭിക്കുന്നവളേ, പന്നഗാഭോഗവാസശ്രീ മിന്നുന്ന അരഞ്ഞാണു കൊണ്ട്‌ ഭോഗിയാല്‍ മന്ദരം പോലെ നീ ശോഭിക്കുന്നു! ഉയര്‍ത്തിയ മയില്‍പ്പീലി ക്കൊടിയാല്‍ നീ പ്രശോഭിക്കുന്നുനു. കൗമാര വ്രതത്താല്‍ നീ സ്വര്‍ഗ്ഗത്തെ ശുദ്ധീകരിച്ചു. അതു കൊണ്ട്‌ നിന്നെ വാഴ്ത്തുകയും പൂജിക്കുകയും ചെയ്യുന്നു. ദേവന്മാര്‍, മൂന്നു ലോകത്തിന്റെയും രക്ഷയ്ക്കായി മഹിഷാസുര മര്‍ദ്ദിനിയായ നിന്നെ പൂജിക്കുന്നുനു. ഹേ, സുരശ്രേഷ്ഠോ, എന്നില്‍ തെളിഞ്ഞ്‌ നീ ശിവയായാലും! നീ ജയയാകുന്നു. നീ വിജയയാകുന്നു! പോരില്‍ വിജയം നല്കുന്നവളാകുന്നു! എനിക്കു നീ വിജയം നല്കുക! വരം നല്കുക! നിന്റെ ശാശ്വതസ്ഥാനം വിന്ധ്യാദ്രീന്ദ്രനിൽ ആണല്ലോ. കാളീ, കാളീ, മഹാകാളീ, മദൃമാംസപശുപ്രിയേ, ഭൂതങ്ങള്‍ പിന്തുടര്‍ന്നവൾ ആണല്ലോ നീ. സ്വതന്ത്രയും വരദയുമാണല്ലോ നീ. എന്നെ ഭാരാവതാരത്തില്‍ നമസ്കരിക്കുന്നവര്‍ക്കും മന്നില്‍ പ്രഭാത കാലത്ത്‌ നമിക്കുന്നവര്‍ക്കും പുത്രപൌത്രാദികളില്‍ വെച്ച്‌ ദുര്‍ല്ലഭമായി ഒന്നും ഉണ്ടാവുകയില്ല. ദുര്‍ഗ്ഗത്തില്‍ നിന്ന് നീ കരകയറ്റുന്നു. അതു കൊണ്ട്‌ ദുര്‍ഗ്ഗയെന്ന് നിന്നെ ജനങ്ങള്‍ വിളിക്കുന്നുനു. കാട്ടില്‍ കുഴക്കില്‍ പെട്ടവര്‍ക്കും, കടലില്‍ താണവര്‍ക്കും കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവര്‍ക്കും നീ പരയായ ഗതിയാണല്ലോ! ജയയാത്ര, വലിയ കാട്‌, കൊടിയ കാട്‌ ഇവയില്‍ നിന്നെയോര്‍ത്താല്‍ മഹാദേവീ മനുഷ്യരാരും കുഴങ്ങുകയില്ല.

നീ കീര്‍ത്തിയും, ശ്രീയും, സിദ്ധിയും, ധൃതിയും, ശ്രീയും, വിദ്യയും, മതിയും, സന്തതിയുമാണ്‌. സന്ധ്യാ, നിദ്ര, പ്രഭ, നിശ, ജ്യോത്സ്നകാന്തി, ദയ, ക്ഷമ ഇവയും ദേവിയാണല്ലോ.

മര്‍ത്ത്യര്‍ക്ക്‌ ബന്ധനം, മോഹം, പുത്രനാശം, ധനക്ഷയം, രോഗം, മൃത്യുഭയം ഇവയെല്ലാം നിന്നെ പൂജിച്ചാല്‍ നീ അകറ്റി കളയുമല്ലോ.

ദേവീ, ഞാനോ രാജ്യഭ്രഷ്ടനാണ്‌. നിന്നെ ശരണം പ്രാപിച്ചവനാണ്‌. ഞാന്‍ ശിരസ്സു കുമ്പിട്ട്‌ നിന്നെ കൂപ്പുന്നു ദേവീ, സുരേശ്വരീ, ഞാന്‍ നിന്നെ കൂപ്പുന്നു. പത്മാക്ഷീ, എന്നെ കാത്താലും! സത്യ, നീ സത്യയാകും. നീ ശരണമാവുക! ശരണ്യേ, ഭക്തവത്സലേ!

ഇപ്രകാരം പാണ്ഡവന്‍ സ്തുതിക്കവേ, ആ ദേവി പ്രത്യക്ഷയായി അടുത്തു ചെന്ന് രാജാവിനോട്‌ ഇപ്രകാരം പറഞ്ഞു. റല

ദേവി പറഞ്ഞു; കേള്‍ക്കു രാജാവേ, മഹാബാഹോ, ഞാന്‍ പറയുന്ന വചനത്തെ. ഏറെ വൈകാതെ ഭവാന്‍ യുദ്ധത്തില്‍ വിജയിയാകും. എന്റെ പ്രസാദത്താല്‍ നീ ശത്രുക്കളെ ജയിച്ചു കൗരവപ്പടയെ കൊന്ന് നിഷ്കണ്ടകമാക്കി തീര്‍ത്ത്‌ രാജ്യത്തെ വീണ്ടും നേടി അനുഭവിക്കുന്നതാണ്‌. തമ്പിമാരോടു കൂടി രാജാവേ, നീ നന്ദിക്കുന്നുനതാണ്‌. എന്റെ പ്രസാദത്താല്‍ നിനക്കു സൗഖ്യവും ആരോഗ്യവും ഉണ്ടാകും. നിഷ്കന്മഷമായ ഈ കീര്‍ത്തനം ചൊല്ലുന്നവര്‍ക്കു നന്ദിച്ച്‌ രാജ്യവും, ആയുസ്സും, രൂപവും, പുത്രന്മാരും ഞാന്‍ നല്കുന്നതാണ്‌. പ്രവാസം, പട്ടണം, ശ്രത്രുസങ്കടമായ രണം, അടവി, ദുര്‍ഗ്ഗം, കാന്താരം, കടല്‍ , ശൈലം ഇവയിലും ഭവാന്‍ ഇപ്പോള്‍ വിചാരിച്ച മാതിരി എന്നെ സ്മരിച്ചാല്‍ രാജാവേ, അവര്‍ക്ക്‌ ഈ ഉലകത്തില്‍ ദുര്‍ല്ലഭമായി ഒന്നും തന്നെ ഉണ്ടാകുന്നതല്ല.

ഈ സ്തോത്രം ഭക്തിയോടു കൂടി കേള്‍ക്കുന്നവനും ചൊല്ലുന്നവനും കാര്യങ്ങളൊക്കെ സാധിക്കുന്നതാണ്‌. എന്റെ പ്രസാദത്താല്‍ വിരാടന്റെ പുരത്തില്‍ വാഴുന്ന നിങ്ങളെ കുരുക്കള്‍ അറിയുകയില്ല. ഇവിടെയുള്ള ജനങ്ങളും അറിയുകയില്ല.

ഇപ്രകാരം അരിന്ദമനായ ധര്‍മ്മജനോട്‌ ദേവി അരുളിച്ചെയ്ത്‌, പാര്‍ത്ഥന്മാരുടെ രക്ഷയ്ക്ക്‌ അനുഗ്രഹിച്ച്‌ അവിടെ തന്നെ മറഞ്ഞു.

7. യുധിഷ്ഠിരപ്രവേശം - വൈശമ്പായനൻ പറഞ്ഞു: പിന്നെ, യുധിഷ്ഠിരന്‍ രത്നമയങ്ങളും സ്വര്‍ണ്ണമയങ്ങളുമായ അക്ഷങ്ങളെ മുണ്ടില്‍ പൊതിഞ്ഞു കക്ഷത്തിലൊതുക്കി, സഭാസ്ഥാനത്തില്‍ വിരാട രാജാവിന്റെ മുമ്പിലേക്കു ചെന്ന്നു.

മഹായശസ്വിയും, കുരുവംശ വര്‍ദ്ധനനും, മഹാനുഭാവനും, നാഗേന്ദ്ര സല്‍കൃതനും, ദുരാസദനും, ഉരഗതുല്യം തീക്ഷ്ണവിഷനും, രൂപം കൊണ്ട്‌ ദേവതുല്യനുമായി പ്രശോഭിക്കുന്ന ആ പുരുഷ വ്യാഘ്രന്‍ മേഘാവൃതനായ ആദിത്യനെ പോലെ, ഭസ്മ സംവൃതമായ അഗ്നിയെ പോലെ വിരാട സന്നിധിയില്‍ ചെന്നു. തന്റെ മുമ്പിലേക്കു വരുന്ന ഈ മഹാനുഭാവന്‍ ആരായിരിക്കും എന്ന് വിരാടന്‍ ശങ്കയോടെ നോക്കി. ചുറ്റും സ്ഥിതി ചെയ്യുന്ന മന്ത്രിമാര്‍, ദ്വിജന്മാര്‍, സൂതന്മാര്‍, വൈശ്യന്മാര്‍ എന്നിവരോടും അരികെ നിൽക്കുന്ന മറ്റുള്ളവരോടും ആ രാജാവ്‌ പ്രത്യേകമായി "ഇദ്ദേഹത്തെ അറിയുമോ", എന്ന് ചോദിച്ചു. "ആരായിരിക്കും ഈ വരുന്നത്‌? സഭയിലേക്കു വരുന്ന ഇദ്ദേഹം ഒരു രാജാവിനെ പോലെ തോന്നുന്നു. ബ്രാഹ്മണന്റേതാണ്‌ വേഷമെങ്കിലും എനിക്കു തോന്നുന്നത്‌ ഇദ്ദേഹം ഒരു രാജാവാണെന്നാണ്‌. ഇവന് ദാസന്മാരും, രഥവും, ആനയും ഒന്നും അകമ്പടിയില്ലെങ്കിലും ഇവന്‍ ഇന്ദ്രനെ പോലെ പ്രശോഭിക്കുന്നുതായി കാണുന്നു. ശരീരലക്ഷണം നോക്കുമ്പോള്‍ ഇവന്‍ രാജാവാകണമെന്നാണ്‌ എന്റെ അഭിപ്രായം. നേരെ എന്റെ സമീപത്തേക്കാണ്‌. നിസ്സംശയം സരസ്സിലേക്കു വരുന്ന ഒരു ഗജരാജനെ പോലെ ഇദ്ദേഹം നിസ്സങ്കോചം വരുന്നു.

ശങ്കാകുലനായ വിരാടനോട്‌ അടുത്തു ചെന്ന് ധര്‍മ്മപുത്രന്‍ പറഞ്ഞു: മഹാരാജാവേ, ഉപജീവനത്തിനു വേണ്ടി ഭവാന്റെ സന്നിധിയിൽ എത്തിയിരിക്കുന്ന ഒരു ബ്രാഹ്മണനാണ്‌ ഞാന്‍. എന്റെ സര്‍വ്വധനവും നശിച്ചു പോയിരിക്കുന്നു. ഇനി ഭവാന്റെ അടുത്ത്‌ ഇച്ഛാനുവര്‍ത്തിയായി പ്രഭോ, വസിക്കുവാന്‍ ആഗ്രഹിച്ച്‌ വന്നിരിക്കുകയാണ്‌.

ഉടനെ രാജാവ്‌ അവനെ സ്വാഗതം പറഞ്ഞു സ്വീകരിച്ചു. ഇങ്ങനെ ഒരു മഹായോഗ്യനായ സുഹൃത്തിനെ കിട്ടിയതില്‍ രാജാവു സന്തോഷിച്ചു. വളരെ സന്തോഷത്തോടെ രാജാവ്‌ പറഞ്ഞു: "ഭവാനോട്‌ പ്രീതിയോടെ ഞാന്‍ ചോദിക്കുകയാണ്‌. ഭവാന്‍ ഏതു രാജ്യത്തു നിന്നാണു വരുന്നത്‌? ഭവാന്റെ ഗോത്രമേതാണ്‌, പേരെന്താണ്‌? വാസ്തവം പറയുക. ഭവാന് എന്ത്‌ പണിയാണ്‌ അറിയുക?".

യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, ഞാന്‍ പണ്ട്‌ യുധിഷ്ഠിരന്റെ സഖാവായിരുന്നു. വൈയാഘ്ര പാദ്യനാണ്‌ (***), വിപ്രനാണ്‌. അക്ഷ പ്രയോഗത്തില്‍ എനിക്കു നല്ല ജ്ഞാനമുണ്ട്‌. കളിക്കുകയും ചെയ്യാം. പേരു കങ്കന്‍ എന്നാണ്‌.

വിരാടന്‍ പറഞ്ഞു: ഭവാന് എന്തു വരമാണു വേണ്ടതെങ്കില്‍ പറഞ്ഞാലും. ഭവാന്‍ ഇഷ്ടമായ വിധം മത്സ്യരാജ്യം ഭരിച്ചാലും. എന്നെയും ഭരിച്ചാലും. ഞാന്‍ ഭവാന് അധീനനാണ്‌. ചൂതുകളിയില്‍ പ്രിയം കൂടിയ ധൂര്‍ത്തന്മാരില്‍ എനിക്കു വളരെ ഇഷ്ടമാണ്‌. ദേവോപമനായ ഭവാന്‍ രാജ്യം വാഴുവാന്‍ തന്നെ യോഗ്യനാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു; ചൂതുകളിയില്‍ തോറ്റവന്‍ ജയിച്ചവനോട്‌ വഴക്കടിക്കാതിരിക്കയില്ല. വലിയവരോട്‌ എളിയവന്‍ ചൂതില്‍ ജയിച്ചാല്‍ നിശ്ചയമായും കലഹമുണ്ടാകും. അതുകൊണ്ട്‌ ഞാന്‍ ആവശ്യപ്പെടുന്ന വരം കളിയില്‍ എന്നോടു തോൽക്കുന്നവരാരും എനിക്കു ധനമൊന്നും തരേണ്ടതില്ല എന്നാണ്‌. ഈ ഒരു വരം ഭവാന്‍ എന്നില്‍ കനിഞ്ഞു നല്കണം.

വിരാടന്‍ പറഞ്ഞു; ഭവാന് അപ്രിയം ചെയ്യുന്നവനെ ഞാന്‍ കൊന്നു കളയും.ബ്രഹ്മണനാണെങ്കില്‍ അവനെ ഞാന്‍ നാടുകടത്തും. എന്റെ നാട്ടിലുള്ള ജനങ്ങളൊക്കെ കേട്ടു കൊള്ളട്ടെ! എന്റെ ക്ഷിതിക്ക്‌ ഞാന്‍ നാഥനെന്ന വിധം കങ്കനും നാഥനാണെന് ധരിക്കട്ടെ! വസ്ത്രം, പാനം, ഭോജനം, വാഹനം എന്നിവയിലെല്ലാം എന്നോടു തുല്യനായിരിക്കുന്നു ഇദ്ദേഹം. എന്റെ വാതില്‍ ഭവാന്റെ മുമ്പില്‍ ഇതാ നിര്‍ബാധം തുറന്നു വെച്ചിരിക്കുന്നുു. അകത്തും പുറത്തും സ്വതന്ത്രനായി ഭവാനു പെരുമാറാം. ജീവിത വൃത്തിക്കു പോരാതെ കുഴങ്ങി വല്ലവരും അങ്ങയോടു സങ്കടപ്പെട്ടു പറയുന്നുണ്ടെങ്കില്‍ ഭവാന്റെ ഹിതം പോലെ ചെയ്യുവാന്‍ ഞാന്‍ തയ്യാറാണ്‌; ഒരുവാക്ക്‌ എന്നോടു പറഞ്ഞാല്‍ മതി. അവര്‍ക്കു വേണ്ടതെല്ലാം ഞാന്‍ അപ്പോള്‍ നല്കുന്നതാണ്‌. എന്റെ അടുക്കല്‍ പെരുമാറുന്നതിന് അങ്ങയ്ക്ക്‌ ഭയപ്പെടാനൊന്നുമില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വിരാട രാജാവുമായി സംഗമം ലഭിച്ചതിന് ശേഷം ആ നരര്‍ഷഭന്‍ സുഖമായി, മാനമായി അവിടെ പാര്‍ത്തു. ഈ ചരിത്രം ആരും അറിഞ്ഞില്ല.

*** വ്യാഘ്രപദം എന്ന ഗ്രാമത്തില്‍ ജനിച്ചവനെന്നും വ്യാഘ്രത്തെ പോലെ ചാടി വീഴുന്നവന്റെ, യമന്റെ, പുത്രനാണെന്നും രണ്ടര്‍ത്ഥം. വ്യാസന്‍ യുധിഷ്ഠിരനെ കൊണ്ട്‌ നുണ പറയിപ്പിക്കാതിരിക്കുവാന്‍ ശ്രമിക്കുന്നു.

8. ഭീമസേന പ്രവേശം - വൈശമ്പായനൻ പറഞ്ഞു: അതിന് ശേഷം മഹാബലനായ ഒരാള്‍ സിംഹത്തെ പോലെ നടന്ന്‌ രാജാവിന്റെ സമീപത്തേക്ക് അടുത്തു. അവന്റെ കൈയില്‍ ഒരു ചട്ടകവും ഒരു കടകോലുമുണ്ട്‌. പിന്നെ ഉറയില്ലാത്ത ഒരു വാളുമുണ്ട്‌. അവന്‍ ഒരു പാചകനെ പോലെയാണ്‌ കാഴ്ചയില്‍ എന്നാൽ അവന്‍ സൂര്യനെ പോലെ കാന്തിമാനാണ്‌. കറുത്ത വസ്ത്രമാണ്‌ ഉടുത്തിരിക്കുന്നുത്‌. എന്നാൽ അവന്‍ ഒരു മലയെ പോലെ ഗൗരവമുള്ളവനാണ്‌. രാജാവിന്റെ മുമ്പിലെത്തി അവന്‍ നിന്നു. രാജതേജസ്സുള്ള അവന്‍ വരുന്നതു കണ്ടപ്പോള്‍ തന്നെ രാജാവ്‌ സമീപസ്ഥന്മാരായ, ജനങ്ങളോടു പറഞ്ഞു: "സിംഹത്തെ പോലെ ശോഭിക്കുന്നുവനും, സുന്ദരരൂപനും, യുവാവുമായ ഇവന്‍ ആരായിരിക്കും? ഇവനെ മുമ്പെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. ഇവന്‍ സൂര്യനെ പോലെ തേജസ്വിയാണ്‌. ഓര്‍ത്തിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല. നരര്‍ഷഭനായ ഇവന്‍ ഒരു അസാധാരണ പുരുഷനാണ്‌! ഇയാള്‍ക്ക്‌ ഒരു കൂസലും കാണുന്നില്ല. ഗന്ധര്‍വ്വ രാജാവാണോ? അതോ ദേവരാജാവോ? ആരാണ്‌ ഇവന്‍? ആരായാലും അവന്‍ വിചാരിക്കുന്ന കാര്യം എന്തോ അത്‌ ഞാന്‍ നല്കും". വിരാട രാജാവു പറഞ്ഞു വിട്ട ഒരു ഭൃത്യന്‍ അവനെ രാജാവിന്റെ മുമ്പിലേക്കു കൊണ്ടു വന്നു. രാജാവ്‌ അവനോടു ചോദിച്ചതിന് ഉത്തരമായി അവന്‍ വിരാട രാജാവിന്റെ പാര്‍ശ്വത്തില്‍ അധീനനായി നിന്ന് കൊണ്ടു മറുപടി പറഞ്ഞു: "രാജാവേ, ഞാന്‍ ഒരു വെപ്പുകാരനാണ്‌. എന്റെ പേര്‍ വല്ലവന്‍ എന്നാണ്‌. എന്നെ ഭവാന്‍ സ്വീകരിച്ചാലും. നന്നായി കറികള്‍ പാകം ചെയ്യുവാന്‍ എനിക്കറിയാം".

വിരാടന്‍ പറഞ്ഞു: എടോ വല്ലവാ, നീ സൂതനാണോ? എനിക്കു ബോദ്ധ്യമാകുന്നില്ല. നീ സുര്രേദ്രനെ പോലെ വിളങ്ങുന്നുവല്ലോ. ശ്രീയും, രൂപവും, വിക്രമവും തികഞ്ഞവനായി നീ ജനാവലിയില്‍ രാജാവിനെ പോലെ ശോഭിക്കുന്നുവല്ലോ!

ഭീമന്‍ പറഞ്ഞു: ഹേ രാജാവേ, അങ്ങയുടെ ഭൃത്യനാകുന്ന എനിക്ക്‌ വെറും കറിപ്രയോഗം മാത്രമല്ല അറിഞ്ഞു കൂടൂ. ആ പാചക യോഗങ്ങളൊക്കെ പണ്ട്‌ യുധിഷ്ഠിര രാജാവ്‌ സ്വാദറിഞ്ഞിട്ടു ള്ളവനാണ്‌. ശക്തിക്ക്‌ എന്നോടു കിടയായി ഒരാളുമില്ല. കൈയാങ്കളി (മല്‍പ്പിടുത്തം) എനിക്കു നല്ല മാതിരി അറിയാം. ഞാന്‍ സിംഹങ്ങളോടു പൊരുതുന്നവനാണ്‌. ഭവാനു സന്തോഷത്തിന്‌ അതും ഞാന്‍ ചെയ്യാം.

വിരാടന്‍ പറഞ്ഞു: ഹേ വല്ലവാ, ഞാന്‍ നിനക്ക്‌ ആവശ്യമുള്ള വരം തരുന്നുണ്ട്‌. ശുഭം പറയുന്നവനായ നീ മഹാനസത്തിന്റെ (അടുക്കളയുടെ) അധിപനായി കൊള്ളുക. പക്ഷേ, ഞാനീത്തരുന്ന തൊഴില്‍ നിനക്കു ചേര്‍ന്നതല്ല. നീ സമുദ്രം ചൂഴുന്ന ഭൂമിയുടെ എല്ലാം അധിപനായിരിക്കുവാന്‍ തക്ക യോഗ്യനാണ്‌. നിന്റെ അഭീഷ്ടം ഞാന്‍ ചെയ്തേക്കാം. നീ മഹാനസത്തില്‍ മേലാളായി നിന്ന് കൊള്ളുക. എല്ലാ പണിക്കാര്‍ക്കും നേതാവായി നീ ഇവിടെ ജോലിയില്‍ പ്രവേശിച്ചു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ വെപ്പുപുരയില്‍ പ്രവേശിച്ച ഭീമന്‍ രാജാവിന്റെ സേവകനായിത്തീര്‍ന്നു. അങ്ങനെതൊഴില്‍ ചെയ്തു ജീവിക്കുന്നു ഭീമനെ അന്യരാകട്ടെ, തന്റെ കീഴിലുള്ള വരാകട്ടെ അറിഞ്ഞില്ല.

9. ദ്രൗപദീപ്രവേശം - വൈശമ്പായനൻ പറഞ്ഞു; പിന്നെ കറുത്തു മിനുത്ത മൃദുവായ നല്ല തലമുടി തലയില്‍ ചുറ്റി തൂത്തു ചാച്ചു കെട്ടി, പുഞ്ചിരിയോടു കൂടി, മുടി വലത്തോട്ടു മറിച്ചിട്ടു മറച്ച്‌ ആ അസിത നേത്രയായ പാര്‍ഷതി മുഷിഞ്ഞ ഒരു നീണ്ട വസ്ത്രം ചുറ്റി മറച്ച്‌, സൈരന്ധ്രിയുടെ വേഷത്തില്‍ ആര്‍ത്തയായി നടന്നു. അവളെ കണ്ട്‌ ധാരാളം പുരുഷന്മാരും പാഞ്ഞെത്തി ചുറ്റും കൂടി.

അവര്‍ ചോദിച്ചു; "നീ ആരാണ്‌? എന്തു ചെയ്യാനാണ് പോകുന്നത്‌?".

അവരോടു പാര്‍ഷതി പറഞ്ഞു; "ഞാന്‍ ഒരു സൈരന്ധ്രിയാണ്‌. എന്നെ വല്ലവരും വീട്ടില്‍ നിര്‍ത്തുക ആണെങ്കില്‍ ഞാന്‍ പണിയെടുത്തു കൊള്ളാം".

അവളുടെ രൂപവും വേഷവും മധുരമായ വാക്കും കേട്ടവരൊക്കെ ഇവള്‍ ചോറിന് വന്ന ദാസിയല്ല എന്ന് വിചാരിച്ചു പോയി. വിരാട രാജാവിന്റെ ഭാര്യയായ കൈകേയി നല്ല ഇഷ്ടമുള്ളവളാണ്‌. അവള്‍ ആ സമയത്ത്‌ പ്രാസാദത്തിന്റെ മുകളിലിരുന് കീഴോട്ടു നോക്കിയപ്പോള്‍ ജനങ്ങളുടെ ഇടയില്‍ പാഞ്ചാലിയെ കണ്ടു. ഏകവസ്ത്രയും, അനാഥയുമായ ആ സുന്ദരിയെ കണ്ടപ്പോള്‍ അവള്‍ വിളിച്ചു ചോദിച്ചു; "ഭദ്രേ! നീ എന്തിനായിട്ട്‌ ഇങ്ങോട്ടു വന്നു?".

അവള്‍ മറുപടിപറഞ്ഞു; എനിക്കു പ്രവൃത്തി ചെയ്യുവാന്‍ ആഗ്രഹമുണ്ട്‌. അതിനാണ്‌ ഞാന്‍ വന്നത്‌. എന്നെ ആരെങ്കിലും നിറുത്തുക ആണെങ്കില്‍ ഞാന്‍ അവര്‍ക്കു വേണ്ടി പണിയെടുത്തു ജീവിച്ചു കൊള്ളാം.

സുദേഷ്ണ പറഞ്ഞു: ഇത്ര സൗന്ദര്യമുള്ളവര്‍ ഇത്തരത്തില്‍ ദാസ്യവേലയ്ക്ക്‌ നിൽക്കുകയില്ല. അങ്ങനെ നിൽക്കേണ്ടവളല്ല നീയെന്ന് നിന്നെ കണ്ടാല്‍ തോന്നുന്നു. കല്പന കേള്‍ക്കേണ്ടവളല്ല നീ; കല്പിക്കേണ്ടവളാണ്‌. എത്രയോ ദാസിമാരോടും ദാസന്മാരോടും കല്പിച്ചു ജീവിക്കേണ്ടവളാണ്‌! അധികം പൊങ്ങാത്ത ഞെരിയാണിയുള്ളവളും, തമ്മില്‍ ഉരുമ്മുന്ന തുടയുള്ളവളും, ശബ്ദം, ബുദ്ധി, നാഭി എന്നീ മൂന്നിനും ( ത്രിഗംഭീര ) ആഴമുള്ളവളും, ആറ്‌ അവയവങ്ങളും പൂര്‍ണ്ണ വളര്‍ച്ച എത്തിയവളും ( കാലിന്റെ പെരുവിരല്‍ , സ്തനങ്ങള്‍, കടിപ്രദേശം, പൃഷ്ഠം, കാല്‍ നഖം, ഉള്ളങ്കൈ എന്നീ ആറിലും പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചവള്‍ ), അഞ്ചു രക്തത്തിലും ( രണ്ട്‌ ഉള്ളങ്കൈകളും രണ്ട്‌ ഉള്ളങ്കാലുകളും മുഖവും ) രക്ത വര്‍ണ്ണമുള്ളവളും, ഹംസം പോലെ ഗദ്ഗദമായി സംസാരിക്കുന്നവളും, സുകേശിയും, സുസ്തനിയും, ശ്യാമയും, തടിച്ച മുലയും ശ്രോണിയുമുള്ളവളും, കാശ്മീരത്തിലെ പെണ്‍കുതിരയെ പോലെ വേണ്ടതൊക്കെ തികഞ്ഞ അവയവ ഭംഗി ഉള്ളവളും, പക്ഷ്മം വളഞ്ഞ കണ്ണുള്ളവളും, തൊണ്ടിപ്പഴം പോലെയുള്ള ചുണ്ടുള്ളവളും, നല്ല അരക്കെട്ടുള്ളവളും, ശംഖു പോലെയുള്ള കണ്ഠമുള്ളവളും, ഗുപ്തമായ നാഡികൾ ഉള്ളവളും, പൂര്‍ണ്ണചന്ദ്ര പ്രഭമായ മുഖമുള്ളവളുമായ നീഎങ്ങനെ ദാസീവൃത്തിക്ക്‌ അര്‍ഹയാകും? ശാരദോല്പലപത്മാക്ഷിയായി, ശാരദോല്പലഗന്ധയായി പ്രശോഭിക്കുന്നു നീ, ശാരദോല്പലജാതയായ ലക്ഷ്മീദേവിയെ പോലെ വിലസുന്നു! ഭദ്രേ നീ പറയുക, നീ ആരാണ്‌? ഒരിക്കലും ദാസിയാണെന് തോന്നുന്നില്ല. യക്ഷിയാണോ? ദേവിയാണോ? ഗന്ധര്‍വ്വ നാരിയാണോ? അപ്സരസ്സാണോ? വിദ്യാധരിയാണോ? കിന്നരിയാണോ? രോഹിണീദേവി ആണോ? ദേവകന്യക ആണോ? നാഗകന്യക ആണോ? പുരദേവിയാണോ? അതോ അലംബുഷം, മിശക്രേശി, പുണ്ഡരിക, മാലിനി, ഇന്ദ്രാണി, വാരുണി ഇവരില്‍ ആരെങ്കിലും ആകുമോ നീ? അതോ ത്വഷ്ടാവ്‌, ധാതാവ്‌, പ്രജാപതി ഇവരുടെ ആരുടെയെങ്കിലും ഭാര്യയാണോ? ദേവിമാരില്‍ ആരാണു നീ!

ദ്രൗപദി പറഞ്ഞു: ഞാന്‍ ഗന്ധര്‍വ്വിയല്ല, രാക്ഷസസ്ത്രീയുമല്ല. ഞാന്‍ ഒരു ദാസിയാണ്‌. സൈരന്ധ്രിയാണ്‌. ഞാന്‍ പറഞ്ഞതു സത്യമാണ്‌. എനിക്കു തലമുടി വേണ്ട വിധം കെട്ടിവെപ്പിക്കാൻ അറിയാം, കുറിക്കൂട്ടുകള്‍ അരച്ചുണ്ടാക്കാൻ അറിയാം. മുല്ല, കരിംകൂവളം, ചമ്പകം മുതലായ പുഷ്പങ്ങള്‍ കൊണ്ട്‌ പല മാതിരി മാല കെട്ടുവാനറിയാം. ഞാന്‍ കൃഷ്ണന്റെ ഇഷ്ടപത്നിയായ സത്യഭാമയെ ആരാധിച്ചിട്ടുണ്ട്‌. കുരുസുന്ദരിയും കൗന്തേയ പത്നിയുമായ പാഞ്ചാലിയേയും ഞാന്‍ സേവിച്ചിട്ടുണ്ട്‌. ഞാന്‍ പലേടത്തും സഞ്ചരിച്ച്‌ നല്ല ഊണു കിട്ടുവാന്‍ തരമുള്ളേടത്ത് ഒക്കെ കൂടും. ധാരാളം വസ്ത്രങ്ങള്‍ എനിക്കു കിട്ടും. ഇതില്‍ പരം സന്തോഷമെന്തുണ്ട്‌? എന്റെ പേര്‍ മാലിനിയെന്നാണ്‌. പേരിട്ടതു ദ്രൗപദി തന്നെയാണ്‌. അങ്ങനെയുള്ള ഞാന്‍ ദേവീ, സുദേഷ്ണേ, ഭവതിയുടെ ഗൃഹത്തില്‍ വന്നെത്തി.

സുദേഷ്ണ പറഞ്ഞു; ഹേ സൈരന്ധ്രി, നിന്നെ ഞാന്‍ തലയില്‍ വെക്കും; യാതൊരു സംശയവും അക്കാരൃത്തിലില്ല. പക്ഷേ, രാജാവു കൊതിക്കാതെ നോക്കണം. നീ എന്നില്‍ തന്നെ മനസ്സുവെച്ച്‌ ഇവിടെ കഴിയണം. രാജഗൃഹത്തിലെ സ്ത്രീകളും, എന്റെ ഗൃഹത്തിലുള്ള സ്ത്രീകള്‍ പോലും നിന്നെ സശ്രദ്ധം നോക്കുന്നു. പിന്നെ ഏതൊരു ആണിനെയാണ്‌ നീ മയക്കാതിരിക്കുക? ശോഭനേ, നീ നോക്കൂ! എന്റെ ഗൃഹോപാന്തത്തില്‍ നിൽക്കുന്ന വൃക്ഷങ്ങള്‍ പോലും നിന്നെക്കണ്ടു തലകുനിക്കുന്നുു. പിന്നെ പറയാനുണ്ടോ! നീ ഏതൊരു പുരുഷനെയാണ്‌ മയക്കാതിരിക്കുക? ഹേ സുശ്രോണീ, വിരാട രാജാവ്‌ നിന്റെ സുന്ദരമായ രൂപം കണ്ടാല്‍ എന്നെ വിട്ട്‌ മനസ്സു കൊണ്ടു നിന്നില്‍ അണയാതിരിക്കില്ല, തീര്‍ച്ചയാണ്‌! ഹേ അനവദ്യാംഗി! ചഞ്ചലായത ലോചനേ, നീ ശ്രദ്ധയോടെ ഏതെങ്കിലും ഒരു പുരുഷനെ നോക്കിയാല്‍ അവന്റെ കഥ കഴിഞ്ഞു. പിന്നെ അവന്‍ കാമന്റെ കൈയില്‍ തടവുകാരനായി! ഹേ! ചാരുഹാസിനീ, ഏതു പുരുഷനാണോ സര്‍വ്വാന വദ്യാംഗിയായ നിന്നെ നോക്കുന്നത്‌, അവന്‍ ആ നിമിഷം മുതല്‍ കാമന്റെ കയ്യില്‍ അമര്‍ന്നതു തന്നെ! മനുഷ്യന്‍ ആത്മഹത്യയ്ക്കു മരത്തിന്മേല്‍ കയറുന്നതു പോലെയാണ്‌ ഞാന്‍ ഈ ചെയ്യുവാന്‍ പോകുന്നത്‌. രാജഗൃഹത്തില്‍ ഞാന്‍ നിന്നെ പാര്‍പ്പിച്ചാല്‍ അത്‌ എന്റെ നാശത്തിനായിരിക്കും; സംശയമില്ല. മഹാദുര്‍ഘടമാകും. ഞണ്ട്‌ തന്റെ മരണത്തിനായിട്ടാണ്‌ ഗര്‍ഭംധരിക്കുന്നത്‌. അതു പോലെയാണ്‌ നിന്നെ ഞാന്‍ എന്റെ ഗേഹത്തില്‍ പാര്‍പ്പിച്ചാല്‍ സംഭവിക്കുക.

ദ്രൗപദി പറഞ്ഞു; വിരാടന് എന്നെ കിട്ടുകയില്ല. വേറെ ഒരു മര്‍ത്ത്യനും കിട്ടുകയില്ല; യുവാക്കന്മാരായ അഞ്ചു ഗന്ധര്‍വ്വരാണ്‌ എന്റെ ഭര്‍ത്താക്കന്മാര്‍. സത്വഗുണവാനായ ഒരു ഗന്ധര്‍വേന്ദ്രന്റെ അഞ്ചു പുത്രന്മാരാണവര്‍. അവര്‍ നിതൃവും എന്നെ സംരക്ഷിക്കും. അവര്‍ അത്ര ദുസ്സാദ്ധ്യരാണ്‌. എച്ചില്‍ തരാതെ, കാല്‍ കഴുകിക്കാതെ എന്നെ പാര്‍പ്പിക്കുന്നവരോട് എന്റെ വല്ലഭന്മാരായ ഗന്ധര്‍വ്വന്മാര്‍ക്കു പ്രീതിയുണ്ടാകും. മറ്റു പെണ്ണുങ്ങളെ പോലെ ഏതെങ്കിലും പുരുഷന്‍ കാമിച്ച്‌ എന്നെ പ്രാപിക്കുവാന്‍ ശ്രമിച്ചാല്‍ അന്ന് രാത്രി തന്നെ അവന്റെ ജീവന്‍ വേറെ ദേഹത്തില്‍ കയറും. ( മൃതിയടഞ്ഞ്‌ പുനര്‍ജന്മമെടുക്കും ) .രാജ്ഞി, എന്നെ ഭ്രമിപ്പിക്കുവാന്‍ ഒരുത്തനും കഴിയുകയില്ല. വാശിക്കാരായ എന്റെ ഭര്‍ത്താക്കന്മാര്‍ മഹാബലന്മാരാണ്‌. അവര്‍ ഒളിച്ചു നിന്ന് എന്നെ കാക്കുന്നവരാണ്‌.

സുദേഷ്ണ പറഞ്ഞു: ഹേ, നന്ദിനീ, നിന്നെ ഞാന്‍ നിന്റെ ഇച്ഛ പോലെ ഇവിടെ പാര്‍പ്പിക്കാം. കാലും, എച്ചിലും നീ ഒരിക്കലും തൊട്ടു പോകരുത്‌.

വൈശമ്പായനൻ പറഞ്ഞു: കൃഷ്ണയെ ഇപ്രകാരം വിരാടന്റെ ഭാര്യ സാന്ത്വനപ്പെടുത്തി. പാര്‍ഷതി ആ പുരത്തില്‍ പതിവ്രതയായി, സതീധര്‍മ്മം തെറ്റാതെ പാര്‍ത്തു. ജനമേജയാ! അവളെ ശരിയായും ആരും അറിയുകയുണ്ടായില്ല.

10. സഹദേവ്രപവേശം - വൈശമ്പായനൻ പറഞ്ഞു: സഹദേവന്‍ ഗോപവേഷമെടുത്ത്‌ അവര്‍ക്കു ചേരുന്ന ഭാഷയും സംസാരിച്ച്‌ വിരാടന്റെ അടുത്തെത്തി. ഭവനത്തിന്റെ അടുത്തുള്ള തൊഴുത്തിനടുത്ത്‌ നില്ക്കുമ്പോള്‍ രാജാവ്‌ അത്ഭുതത്തോടെ അവനെ വീക്ഷിച്ചു. ഭൃത്യരെ അയച്ച്‌ തന്റെ അടുത്തേക്കു വിളിച്ചു. ശോഭയോടു കൂടിയ ആ നരശ്രേഷ്ഠന്‍ വരുന്നതു കണ്ട്‌ അടുത്തേക്കു വിളിച്ചു ചോദിച്ചു: "അങ്ങ്‌ ആരുടെ പുത്രനാണ്‌? ആരാണ്‌? എവിടെ നിന്നു വരുന്നു? എന്തിനാണു വരുന്നത്‌? ഭവാനെ ഞാന്‍ മുമ്പു കണ്ടിട്ടില്ലല്ലോ! എന്താണ്‌ ഭവാന്റെ ആഗ്രഹമെന്നു പറയുക".

അമിത്രജിത്തായ രാജാവിന്റെ സമീപത്തു ചെന്ന്‌ മഹൗഘമായ മേഘധ്വനിയോടെ അവന്‍ പറഞ്ഞു: "രാജാവേ, ഞാന്‍ വൈശ്യജാതിയില്‍ പെട്ടവനാണ്‌. അരിഷ്ടനേമി എന്നാണ്‌ എന്റെ പേര്‌. ഞാന്‍ കുരു മന്നവന്മാരുടെ പശുക്കളെ സംരക്ഷിക്കുന്നവൻ ആയിരുന്നു. എനിക്ക്‌ ഭവാന്റെ അടുത്തു വാഴുവാന്‍ ആഗ്രഹമുണ്ട്‌. നൃസിംഹരായ പാണ്ഡവര്‍ എവിടെ പോയി? പ്രവൃത്തി കൂടാതെ ജീവിക്കുവാന്‍ വിഷമമാണ്‌. ഭവാനൊഴികെ ഇനി മറ്റൊരാളേയും ഞാന്‍ ഈശ്വരനായി സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല".

വിരാടന്‍ പറഞ്ഞു; "നീ വിപ്രനോ ക്ഷത്രിയനോ ആണെന്നേ നിന്നെ കണ്ടിട്ടു തോന്നുന്നുള്ളു. രൂപം കൊണ്ട്‌ രാജതേജസ്സുള്ള ഭവാന്‍ വൈശ്യവൃത്തിക്കു ചേര്‍ന്നവനായി എനിക്കു തോന്നുന്നില്ല. നേരു പറയു. നീ ഏതു രാജാവിന്റെ നാട്ടില്‍ നിന്നാണ്‌ ഇങ്ങോട്ടു വന്നത്‌? എന്തു വിദ്യയാണു നിനക്ക്‌ അറിയുക? നീ ഇവിടെ എങ്ങനെ എന്തു തൊഴില്‍ ചെയ്തു ജീവിക്കുവാനാണ്‌ ആഗ്രഹിക്കുന്നത്‌? എന്തു ശമ്പളം തരണം?"

സഹദേവന്‍ പറഞ്ഞു: ” പഞ്ചപാണ്ഡവന്മാരില്‍ ജ്യേഷ്ഠനായ യുധിഷ്ഠിരന്ന്‌ നൂറുനൂറ്‌ ഇനങ്ങളായി എട്ടു ലക്ഷം പശുക്കളുണ്ടായിരുന്നു. പതിനായിരം പശുക്കള്‍ വേറെയും. അതില്‍ ഇരട്ടിച്ച്‌ വേറെയും പലതരം പശുക്കളുണ്ടായിരുന്നു. അവയുടെയൊക്കെ സംരക്ഷകന്‍ ഞാനായിരുന്നു. പശുക്കളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എനിക്കറിയാം. പത്തുയോജന ചുറ്റളവിലുള്ള സ്ഥലത്താണ്‌ ഞാന്‍ പശുക്കളെ നിർത്തിയിരുന്നത്‌.അവയുടെ ഭൂതവും ഭവ്യവും ഭവിഷ്യത്തും സംഖ്യയുമൊക്കെ, ആ പത്തു യോജനയ്ക്ക് ഉള്ളിൽ ഉള്ളതൊക്കെ ഞാന്‍ അറിഞ്ഞിരുന്നു. ആ മഹാത്മാവിന് അറിയാം എന്റെ ഗുണങ്ങളൊക്കെ. എന്നില്‍ ആ കുരുവീരന്‍ അഭിനന്ദിച്ചിരുന്നു. എന്റെ രക്ഷയില്‍ ഗോക്കള്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരുന്നതും ആരോഗ്യത്തോടു കൂടിയിരിക്കുന്നതും എല്ലാം അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്‌. യഥാകാലം വേണ്ട സംരക്ഷണോ പായങ്ങളെല്ലാം എനിക്കു ശീലമാണ്‌. എന്റെ പ്രധാന ഉദ്യോഗം അതാണ്‌. മുഖ്യ ചിഹ്നങ്ങളുള്ള കാളകളെ കണ്ടാല്‍ എനിക്കറിയാം. അവയുടെ മൂത്രത്തിന്റെ നാറ്റം ശ്വസിച്ചാല്‍ മതി മച്ചിയും കൂടെ പെറും".

വിരാടന്‍ പറഞ്ഞു: ഗുണമുള്ള ലക്ഷണവും വര്‍ണ്ണവുമുള്ളഒരു നൂറായിരം പശുക്കള്‍ എനിക്കുണ്ട്‌. ആ പശുക്കളെ അവയുടെ പാലകന്മാരോടു കൂടി ഞാന്‍ ഭവാനെ ഏല്പിച്ചു കൊള്ളാം. എന്റെ സകല പശുക്കളും ഇനിമേല്‍ ഭവാന്റെ ആശ്രയത്തിലായിരിക്കും.

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം രാജാവിന്റെ വിശ്വസ്തനായി സഹദേവന്‍ ആ നാട്ടില്‍ സുഖമായി ജീവിച്ചു. ഒരുത്തനും അവനെ അറിഞ്ഞില്ല. യഥേഷ്ടം ശമ്പളം രാജാവ്‌ അവന് നല്കുകയും ചെയ്തു.

11. അര്‍ജ്ജുന പ്രവേശം - വൈശമ്പായനൻ പറഞ്ഞു: പിന്നീട്‌ കാമിനികളുടെ ഭൂഷണങ്ങള്‍ അണിഞ്ഞ അഴകാര്‍ന്ന ഒരു പുരുഷന്‍ കോട്ടവാതില്‍ കടന്നു വന്നു. കുണ്ഡലങ്ങളും സ്വര്‍ണ്ണം കൊണ്ടു കെട്ടിയ ശംഖുവളകളും അണിഞ്ഞ്‌ ചിന്നിക്കിടക്കുന്ന തലമുടിയോടു കൂടിയ മഹാഭുജനും ഗജരാജ വിക്രമനുമായ അവന്‍ ഭുമി കുലുങ്ങുമാറു നടന് വിരാടസഭയെ സമീപിച്ചു. പരമമായ തേജസ്സാല്‍ പ്രശോഭിതനായ ആ മഹാഭുജന്‍ വേഷം മാറിയിരുന്നതു കാരണം മഹേന്ദ്ര പുത്രനാണെന്ന് ആരും അറിഞ്ഞില്ല. എവിടെ നിന്നാണ്‌ ഇവന്‍ വരുന്നത്‌? ഞാന്‍ കേട്ടിട്ടില്ലല്ലോ ഇത്തരം ഒരു പുരുഷനെപ്പറ്റി. ആരും കണ്ടതായും പറഞ്ഞില്ലല്ലോ എന്ന് സദസ്യരോട്‌ വിസ്മയത്തോടെ വിരാടന്‍ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല. അടുത്തു വന്ന ആ ധീരനോട്‌ രാജാവു ചോദിച്ചു; ഈ കുണ്ഡലങ്ങളേയും പൊന്നണിഞ്ഞ ശംഖുവളകളേയും നീണ്ട മുടിയേയും ഉപേക്ഷിച്ച്‌ സുകേശനായി, മാലചാര്‍ത്തി, ചട്ടയിട്ട്‌, അമ്പും വില്ലുമെടുത്ത്‌ വാഹനത്തില്‍ കയറി എന്നെപോലെയോ, എന്റെ പുത്രന്മാരെ പോലെയോ പുറപ്പെടേണ്ടവൻ ആണല്ലോ ഭവാന്‍. ഞാന്‍ വൃദ്ധനായിരിക്കുന്നുു. ഭരണ കാര്യത്തില്‍ നിന്ന് വിട്ടു പോകുവാന്‍ ആഗ്രഹിക്കുകയാണ്‌. എന്റെ രാജ്യം ഭവാന്‍ നോക്കി രക്ഷിച്ചു കൊള്ളുക. ഇത്തരത്തിലുള്ള ഒരു മഹാലക്ഷണം തികഞ്ഞ പുരുഷന്‍ ഒരിക്കലും ഷണ്ഡനായിരിക്കയില്ല എന്നാണ്‌ എന്റെ അഭിപ്രായം.

അര്‍ജ്ജുനന്‍ പറഞ്ഞു: രാജാവേ, ആടുവാനും പാടുവാനും കൊട്ടാനുമൊക്കെ എനിക്കറിയാം. നൃത്യഗീതാദികളില്‍ ഞാന്‍ കുശലനാണ്‌. ഭവാന്‍ എന്നെ ഭവാന്റെ പുത്രിയായ ഉത്തരയുടെ അടുത്തേക്കയച്ചാലും. ആ ദേവിയുടെ നര്‍ത്തകനായി ഞാന്‍ അന്തഃപുരത്തില്‍ വസിച്ചു കൊള്ളാം. എന്തു കാരണം കൊണ്ടാണ്‌ എനിക്ക്‌ ഈ രൂപം ഉണ്ടായതെന് ഇവിടെ പറയുന്നത്‌ എനിക്കു വല്ലാത്ത ദുഃഖം ഉണ്ടാക്കും. എനിക്ക്‌ അച്ഛനും അമ്മയുമില്ല. എന്റെ പേര്‍ "ബൃഹന്നള" എന്നാണ്‌. ഞാന്‍ ഒരു കുമാരനോ, ഒരു കുമാരിയോ ആണ്‌.

വിരാടന്‍ പറഞ്ഞു: ഹേ ബൃഹന്നളേ! ഞാന്‍ നിനക്കു വരം തരാം. നീ പറഞ്ഞതു പോലെ ചെയ്തു കൊള്ളുക. എന്നാൽ പെണ്‍കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന തൊഴില്‍ നിനക്കു പറ്റിയതല്ലെന് എനിക്കു തോന്നുന്നു. ഭവാനെ കണ്ടാല്‍ ആഴി ചൂഴുന്ന ഊഴിക്കു മുഴുവന്‍ അധീശനാകാനുള്ള യോഗ്യത കാണുന്നുവല്ലോ. എന്റെ മകളെ നൃത്തഗീതാദികള്‍ പഠിപ്പിച്ച്‌ ഇവിടെ വാണു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: നൃത്യ വാദ്യ കലകളില്‍ കുശലനായ ബൃഹന്നളയെ കുമാരികളുടെ വസതിയിലേക്ക് അയയ്ക്കുന്നുതിന് മുമ്പേ മന്ത്രിമാരുമായി കൂടി യാലോചന നടത്തി, സ്ത്രീകളെ കൊണ്ടു പരിശോധിപ്പിച്ചു. ബൃഹന്നള നപുംസകം തന്നെ എന്ന് അവരില്‍ നിന്നറിഞ്ഞു. അങ്ങനെ രാജാവിന്റെ നിയോഗ പ്രകാരം അര്‍ജ്ജുനന്‍ അന്തഃപുരത്തില്‍ പ്രവേശിച്ചു. അവന്‍ വിരാട രാജപുത്രിയെ പാട്ടും കൊട്ടും പഠിപ്പിച്ചു. അവരുടെ തോഴിമാരോടും ദാസിമാരോടും മുറയ്ക്ക്‌ ധനഞ്ജയന്‍ ഇഷ്ടനായി തീര്‍ന്നു. അവരേയും പാട്ടും കൊട്ടും പഠിപ്പിച്ച്‌ അവരുടെ പ്രിയത്തിന്നും പാത്രമായി ധീരനായ ധനഞ്ജയന്‍ ആരും ആളറിയാത്ത മട്ടില്‍ പാര്‍ത്തു. ഇപ്രകാരം പ്രച്ഛന്ന വേഷനായ അര്‍ജ്ജുനനെ അകത്തും പുറത്തും ഉള്ളവരാരും ശരിയായി അറിഞ്ഞില്ല.

12. നകുലപ്രവേശം - വൈശമ്പായനൻ പറഞ്ഞു: ആകാശം വിട്ട സൂര്യ മണ്ഡലം ഭുമിയിലിറങ്ങി നടക്കുന്നുതു പോലെ ആ രാജനന്ദനനായ നകുലന്‍ പിന്നീട്‌ വിരാട പുരത്തില്‍ പ്രവേശിച്ചു. നാട്ടുകാര്‍ അത്ഭുതത്തോടെ അവനെ നോക്കി നിന്നു. അവന്‍ നഗരിയില്‍ പ്രവേശിച്ചതിനു ശേഷം കുതിരകള്‍ നിൽക്കുന്ന സ്ഥലത്തു പോയി നോക്കുന്നതായി വിരാട രാജാവു കണ്ടു. ആ മത്സ്യരാജാവ്‌ ഭൃത്യന്മാരോട്‌ ചോദിച്ചു: ദേവതുല്യനായ ആ യുവാവ്‌ ആരായിരിക്കും? ഇവന്‍ കുതിരകളെ നോക്കുന്നതില്‍ സമര്‍ത്ഥനാണെന് തോന്നുന്നു. തീര്‍ച്ചയായും വിദഗ്ദ്ധനാണ്‌ ഇവന്‍. അവനെ എന്റെ അടുത്തേക്കു കൊണ്ടു വരിക. ഒരു ദേവനെ പോലെ അവന്‍ ശോഭിക്കുന്നുതു നോക്കുക! ഉടനെ അവന്‍ രാജാവിന്റെ അടുത്തെത്തി: "രാജാവേ, ജയിച്ചാലും! അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ! രാജസമ്മതനായ അശ്വജ്ഞനാണ്‌ ഞാന്‍. ഞാന്‍ ഭവാന്റെ വിചക്ഷണനായ സൂതനായി ഇവിടെ പാര്‍ക്കാം.

വിരാടന്‍ പറഞ്ഞു: യാനം, ഗൃഹം, ധനം എന്നിവയൊക്കെ ഞാന്‍ ഭവാനു നല്കാം. ഭവാന്‍ എനിക്കു യോജിച്ച ഒരു സൂതനാവുക! എവിടെ നിന്ന് വരുന്നു? രാജ്യമേതാണ്‌? എന്തിനാണ്‌ പോന്നത്‌? പേര്‍ എന്താണ്‌? എന്തു പണിയാണ്‌ ഭവാന്‍ പഠിച്ചിട്ടുള്ളത്‌?

നകുലന്‍ പറഞ്ഞു: പഞ്ചപാണ്ഡവന്മാരില്‍ ശ്രേഷ്ഠനും ജേൃഷ്ഠനുമായ യുധിഷ്ഠിരന്റെ അശ്വരക്ഷകനായിന്നു പണ്ട്‌ ഞാന്‍. എന്നെയാണ്‌ അദ്ദേഹം ആ ജോലിയില്‍ നിയമിച്ചത്‌. അശ്വങ്ങളുടെ പ്രകൃതിയൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. അവയെ മെരുക്കുവാനും അറിയാം. കള്ളക്കുതിരകളെ ശരിപ്പെടുത്താനും അറിയാം. അവയ്ക്കുള്ള രോഗത്തിന് വേണ്ട ചികിത്സയും അറിയാം. ഞാന്‍ നോക്കി രക്ഷിക്കുന്ന കുതിരകള്‍ക്കു ഭയം ഉണ്ടാകുകയില്ല. ഏതു പെണ്‍ കുതിരയേയും ഞാന്‍ ഇണക്കും. യുധിഷ്ഠിര രാജാവ്‌ എന്നെ "ഗ്രന്ഥികന്‍" എന്നാണു വിളിക്കുക. ആ പേരു തന്നെ മറ്റു ജനങ്ങളും വിളിക്കുന്നു.

വിരാടന്‍ പറഞ്ഞു; എന്റെ സകല കുതിരകളും വാഹനങ്ങളും സര്‍വ്വവും നിനക്ക്‌ അധീനമാണ്‌. എന്റെ കീഴിലുള്ള സാരഥികളും അശ്വപാലകന്മാരും ഒക്കെ ഇനിമേല്‍ ഭവാനെ ആശ്രയിച്ചു നിൽക്കും. ഭവാന്‍ അവരുടെ ഒക്കെ മേലാളായി കാര്യങ്ങള്‍ അന്വേഷിക്കണം. ഭവാന്റെ ഇഷ്ടം ഇതാകയാല്‍ എനിക്കും അത്‌ ഇഷ്ടമാണ്‌. എന്തു ശമ്പളം തരണം എന്ന് കൂടി പറയുക. ദേവാഭനായ ഭവാന് കുതിര വിചാരിപ്പുകാരന്റെ ഉദ്യോഗം ചേര്‍ന്നതല്ല. ഒരു രാജാവിന് തുല്യമായ യോഗ്യത ഭവാനെ കാണുമ്പോള്‍ തോന്നുന്നുണ്ട്‌. യുധിഷ്ഠിര രാജാവിനെ കാണുന്നതു പോലെയുള്ള സന്തോഷം എനിക്ക്‌ നിന്നെ കാണുമ്പോള്‍ തോന്നുന്നു. സ്വന്തം ഭൃത്യന്മാരെ ഒക്കെ വിട്ട്‌ വനത്തില്‍ വസിച്ച്‌ എങ്ങനെ ആ രാജാവ്‌ സുഖം വെടിഞ്ഞു കഴിഞ്ഞു കൂടുന്നു?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഗന്ധര്‍വ്വ സമനും യുവാവുമായ നകുലന്‍ വിരാട രാജാവിനാല്‍ സസന്തോഷം ആദരിക്കപ്പെട്ടു. ആരും അവനെ കണ്ട്‌ അറിഞ്ഞില്ല. പ്രിയപ്പെട്ടവര്‍ക്ക്‌ അഭിരാമനായി അവന്‍ ആ പുരിയില്‍ യഥേഷ്ടം സഞ്ചരിച്ചു.

ഇപ്രകാരം അമോഘ ദര്‍ശനരായ പാര്‍ത്ഥന്മാര്‍ മത്സൃരാജൃത്ത്‌ പ്രതിജ്ഞ തെറ്റാതെ താമസിച്ചു. ആ സമുദ്ര ക്ഷിതീശന്മാർ ആയ അവര്‍ അജ്ഞാത വാസത്തില്‍ സകല ശൗര്യവും അടക്കി വെച്ച്‌ അവിടെ ദിനങ്ങള്‍ കഴിച്ചു.

സമയപാലനപര്‍വ്വം

13. ജീമൂതവധം - ജനമേജയൻ പറഞ്ഞു: മത്സ്യരാജാവിന്റെ പുരിയില്‍ ഇപ്രകാരം പാണ്ഡവന്മാര്‍ പാര്‍ത്തതിന് ശേഷം പിന്നീട്‌ എന്തൊക്കെ ചെയ്തു?

വൈശമ്പായനൻ പറഞ്ഞു: അങ്ങനെ പാണ്ഡവന്മാര്‍ മത്സൃപുരിയില്‍ രാജസേവ നടത്തി എന്തു ചെയ്തു എന്ന് പറയാം; കേള്‍ക്കുക. തൃണബിന്ദു മഹര്‍ഷിയുടെ പ്രസാദത്തിനാലും, യമധര്‍മ്മന്റെ പ്രസാദത്തിനാലും മത്സ്യന്റെ രാജധാനിയില്‍ അജ്ഞാതരായി അവര്‍ വസിച്ചു. സഭാസ്താരനായി തീര്‍ന്ന യുധിഷ്ഠിരന്‍ മത്സ്യന്മാര്‍ക്കൊക്കെ വളരെ പ്രിയപ്പെട്ടവനായി. അപ്രകാരം പുത്രനോടു കൂടിയ വിരാടനും യുധിഷ്ഠിരനോട്‌ വലിയ ഇഷ്ടമായി അക്ഷഹൃദയം കണ്ടവനായ പാണ്ഡവന്‍ അവരുമായി കളിച്ച്‌, അവരെ കളിപ്പിച്ചു വസിച്ചു. ചൂതാട്ടത്തില്‍ ചരടിന്റെ തുമ്പില്‍ കെട്ടിയ പക്ഷിയെ എന്ന പോലെ മത്സ്യനെ കളിപ്പിച്ച്‌, യുധിഷ്ഠിരന്‍ ധനം നേടി, തന്റെ തമ്പിമാര്‍ക്കു വിരാടൻ അറിയാതെ തന്നെ യഥാര്‍ഹം നല്കിക്കൊണ്ടിരുന്നു. ഭീമനും പല വിധത്തിലുള്ള ഭക്ഷ്യങ്ങളും, മാംസങ്ങളും, മത്സ്യന്‍ അനുവദിച്ചു നല്‍കുന്നവ, ധര്‍മ്മജന് വിലക്കുകയും ചെയ്തു കൊണ്ടിരുന്നു. അന്തഃപുരത്തില്‍ നിന്ന് യഥേഷ്ടം പഴയ വസ്ത്രങ്ങള്‍ സമ്പാദിച്ച്‌ ധനഞ്ജയന്‍ വിൽക്കുന്ന വിധം എല്ലാ പാണ്ഡവന്മാര്‍ക്കും നല്കി. ഗോപവേഷത്തിലുള്ള സഹദേവന്‍ പാലും, നെയ്യും തൈരുമെല്ലാം പാണ്ഡവന്മാര്‍ക്കു നല്കി. നകുലന്‍ അശ്വരക്ഷയില്‍ ധനം നേടി മന്നനെ പ്രീതനാക്കി, പാണ്ഡവന്മാര്‍ക്കു കൊടുത്തു. പാവമായ പാഞ്ചാലി അഞ്ചു പേരേയും കണ്ട്‌ അറിയാത്ത മട്ടില്‍ അങ്ങനെ സഞ്ചരിച്ചു. ഇങ്ങനെ ആ മഹാരഥന്മാര്‍ അന്യോന്യം ക്രയവിക്രയങ്ങള്‍ ചെയ്തു സമ്പാദിച്ച്‌ വിരാടപുരിയില്‍ ഗര്‍ഭസ്ഥന്മാര്‍ എന്ന പോലെ വസിച്ചു. ദുര്യോധനന്‍ അറിഞ്ഞാലോ എന്ന ഭയത്തോടെ, പാഞ്ചാലിയെ കണ്ടുകൊണ്ട്‌, ഒന്നും മിണ്ടാതെ അവര്‍ ഗൂഢമായി ദിനങ്ങള്‍ കഴിച്ചു.

അങ്ങനെ നാലാമത്തെ മാസത്തില്‍ ജനങ്ങളൊക്കെ ആഹ്ളാദത്തോടെ കൊണ്ടാടുന്ന ബ്രാഹ്മണോത്സവം വന്നു ചേര്‍ന്നു. അതിന് പല ദിക്കില്‍ നിന്ന് മത്സ്യരാജ്യത്ത്‌ മല്ലന്മാര്‍, കയ്യാങ്കളിക്കാര്‍, വന്നു ചേര്‍ന്നു. ശിവോത്സവം പോലെ തന്നെ വലിയ ഘോഷത്തോടെ ബ്രഹ്മോത്സവവും ആഘോഷിച്ചു കൊണ്ടിരുന്നു. കൂറ്റന്മാരും, വീര്യവാന്മാരും, കാലകേയാസുര തുല്യന്മാരും, വീര്യ ധാര്‍ഷ്ട്യമുള്ളവരും, ശക്തന്മാരുമായ മല്ലന്മാര്‍ വന്ന് രാജാവിന്റെ ആതിഥ്യം സ്വീകരിച്ചു. അതില്‍ വെച്ച്‌ ഏറ്റവും ശക്തനായ ഒരുത്തന്‍ രംഗത്തു വെച്ച്‌ മല്ലന്മാരെ ഒക്കെ നോക്കി തന്നോട്‌ ഒരു കൈ നോക്കുവാന്‍ കെല്പുള്ളവർ ഉണ്ടെങ്കില്‍ ഇറങ്ങുന്നതിനായി വെല്ലുവിളിച്ചു. അഹങ്കാരത്തള്ളലോടെ, അരങ്ങില്‍ കലിതുള്ളി നിൽക്കുന്ന അവനോട്‌ ഏറ്റുമുട്ടുവാന്‍ ആരും ഇറങ്ങിയില്ല. എല്ലാ മല്ലന്മാരും ബുദ്ധി മങ്ങി പിന്മാറുന്ന സമയത്ത്‌ ആ മല്ലനെ തന്റെ സൂതനെ കൊണ്ട്‌ മത്സ്യരാജാവ്‌ മത്സരിപ്പിച്ചു. വളരെ നിര്‍ബ്ബന്ധം ചെലുത്തിയത് മൂലമാണ്‌ ഭീമന്‍ മത്സരിക്കുവാൻ ഒരുങ്ങിയത്‌. സത്യം മൂലം, മടിക്കുന്നതിന്റെ സംഗതി രാജാവിനോടു വെളിപ്പെടുത്തിയില്ല.

പിന്നെ ആ പുരുഷ പുംഗവന്‍ വ്യാഘ്രത്തെ പോലെ നടന്ന്‌ മെല്ലെ രംഗത്തിലേക്കു കടന്നു. വിരാട രാജാവിനെ ഒന്ന് കൈകൂപ്പി. കൂട്ടുകാരൊക്കെ ആഹ്ളാദിച്ചു. ഭീമന്‍ കച്ചകെട്ടി അരയും തലയും മുറുക്കി. വൃത്രനോടു തുല്യനായ മല്ലനെ ഭീമന്‍ വിളിച്ചു. ജീമൂതന്‍ എന്ന് പേരു കേട്ട ആ മല്ലന്‍ മുന്നോട്ടു വന്നു. രണ്ടു പേരും മഹോത്സാഹന്മാരും ഭീമവിക്രമമു ള്ളവരുമാണ്‌. ആനയോടു തുല്യം കരുത്തുള്ള ആ മല്ലന് വയസ്സ്‌ അറുപതാണ്‌.

ആദ്യമായി അവര്‍ തമ്മില്‍ ബാഹുയുദ്ധം ആരംഭിച്ചു. തമ്മില്‍ ജയിക്കുവാന്‍ നോക്കി, ഹര്‍ഷത്തോടെ പൊരുതിത്തുടങ്ങി. വജ്രവും അദ്രിയുമെന്ന പോലെ ആ രണ്ടു വമ്പന്മാരും ഹര്‍ഷത്തോടെ തമ്മില്‍ തമ്മില്‍ ജയിക്കുവാന്‍ നോക്കി പൊരുതി. ചുരുട്ടിയ കൈ കൊണ്ട്‌ രണ്ടു പേരും പരസ്പരം ചെയ്തതിന് മറുകൈ ചെയ്തു. അവയവങ്ങള്‍ തമ്മിലുള്ള സംഘട്ടനം, വിഘട്ടനം, മര്‍ദ്ദനം, ഉന്മര്‍ദ്ദനം, ഇടി, അടി, ആപ്പ്‌, തടി കുലുക്കല്‍ , വജ്രമൊത്ത ഉള്ളംകൈ കൊണ്ടു ള്ള അടി, കണങ്കാല്‍ പ്രയോഗം, കാല്‍ കൊണ്ടുള്ള ചവിട്ട്‌ ഇവയൊക്കെ ഉല്‍ക്കടമായി. ശസ്ത്രം കൂടാതെ ശക്തി കാട്ടുന്ന ആ യുദ്ധം ഘോരമായി. ശൂരന്മാരായ അവരുടെ ശക്തിയും ഊക്കും കണ്ട്‌ ആ ഉത്സവ ഭൂമിയില്‍ ജനങ്ങളൊക്കെ സസന്തോഷം ആര്‍പ്പു വിളിച്ച്‌ ഭേഷ്‌! ഭേഷ്‌! കരഘോഷം മുഴക്കി. രംഗം മുഴുവന്‍ ആഹ്ളാദ പ്രകടനം കൊണ്ട്‌ മുഖരിതമായി. വൃത്രനെ പോലെയും, ഇന്ദ്രനെ പോലെയും പോരില്‍ ബലികളായ അവര്‍ പോരാടുന്നതു കാണുവാന്‍ ജനങ്ങളുടെ കൗതുകം വര്‍ദ്ധിച്ചു. പ്രകര്‍ഷണാ കര്‍ഷണങ്ങള്‍, ബലാല്‍ക്കാരമായി പിടിച്ചു വലി, പിടിച്ചു തള്ളല്‍ , അത്യുച്ചത്തില്‍ പരസ്പരം നിന്ദിച്ചു കൊണ്ടുള്ള വാഗ്വാദോല്‍ ഘോഷണം! കൈ നീണ്ട്‌, മാര്‍വിരിഞ്ഞ്‌ മല്ലയുദ്ധത്തില്‍ ഉത്തമരായ അവര്‍ ഇരുമ്പുലക്ക പോലുള്ള കൈകള്‍ കൊണ്ട്‌ ഏറ്റ്‌ എതിര്‍ത്തു. ആ മല്ലന്‍ ആര്‍ത്തപ്പോള്‍ ഭീമനും ആര്‍ത്തു. അവനെ കൈ കൊണ്ട്‌ ഉയര്‍ത്തി. ഭീമന്‍ ആനയെ ഒരു ശാര്‍ദ്ദൂല്ലേന്ദ്രനെന്ന വിധം ഉലച്ചു. കൈ രണ്ടു കൊണ്ടും പൊക്കി ആ മല്ലനെ ഭീമന്‍ തലയ്ക്കു ചുറ്റും വീശി. വീര്യവാനായ ഭീമന്റെ പ്രവൃത്തി കണ്ടപ്പോള്‍ മല്ലന്മാരും മത്സ്യരാജാവും അത്ഭുതപ്പെട്ടു. ഭീമന്‍ തലയ്ക്കു ചുറ്റും അവനെ നൂറുവട്ടം വീശി. അതോടു കൂടി മല്ലന്റെ സകല സത്വവും നശിച്ചു. ആ കൂറ്റനെ പിടിച്ച്‌ മാരുതി നിലത്തിട്ട്‌ അരച്ചു. ലോക പ്രസിദ്ധനായ ജീമൂതന്‍ ചത്തപ്പോള്‍ വിരാടന്‍ ബന്ധു ജനങ്ങളോടു കൂടി വളരെ സന്തോഷിച്ചു. അതിരറ്റ സന്തോഷത്താല്‍ അരങ്ങില്‍ വെച്ചു തന്നെ വല്ലവന്ന് മത്സ്യരാജാവ്‌ വിത്തനാഥനെ പോലെ ധാരാളം വിത്തം നല്കി. ഇങ്ങനെ പല മല്ലന്മാരെയും കൊന്ന് ഭീമന്‍ മത്സ്യരാജാവിനെ സന്തോഷിപ്പിച്ചു.

വല്ലവന്ന് സമനായി വേറെ മല്ലന്മാരെയൊന്നും കിട്ടാതായപ്പോള്‍ രാജാവ്‌ സിംഹം, പുലി, മദം കൊണ്ട ആന മുതലായ ഹിംസ്ര ജന്തുക്കളോടു പോരാടുവാന്‍ അവനെ നിയോഗിച്ചു. അന്തഃപുരത്തില്‍ സ്ത്രീജനങ്ങളുടെ മദ്ധ്യത്തില്‍ വെച്ചും വല്ലവനെ സിംഹങ്ങളെ കൊണ്ടു മല്ലടിപ്പിച്ചു. പാട്ടു കൊണ്ടും ആട്ടം കൊണ്ടും അര്‍ജ്ജുനന്‍ അന്തഃപുരത്തിൽ ഉള്ളവരെ സന്തോഷിപ്പിച്ചു. പല ദിക്കില്‍ നിന്ന് വന്നുചേരുന്ന വേഗമുള്ള ഹയങ്ങള്‍ കൊണ്ട്‌ നകുലനും രാജാവിനെ സന്തോഷിപ്പിച്ചു. അവന് രാജാവ്‌ വളരെ ധനം വിഹിതമായി നല്കി. വൃഷങ്ങളെ ഇണക്കി കാണുകയാല്‍ സഹദേവനും രാജാവ്‌ ധാരാളം ധനം സമ്മാനിച്ചു.

ഈ മഹാരഥന്മാരെ എല്ലാം ക്ലിഷ്ടരായി കണ്ട്‌ പാര്‍ഷതി അതിസന്തോഷം ഇല്ലാത്തവളായി നെടുവീര്‍പ്പിട്ടു. ഇപ്രകാരം ആ പുരുഷര്‍ഷഭന്മാര്‍ ഗൂഢമായി വിരാടന്റെ രാജധാനിയില്‍ ഭൃത്യകര്‍മ്മങ്ങള്‍ ആചരിച്ചു കൊണ്ടു പാര്‍ത്തു.

കീചകവധം പര്‍വ്വം

14. കൃഷ്ണയും കീചകനുമായുള്ള സംവാദം - വൈശമ്പായനൻ പറഞ്ഞു: മത്സ്യരാജാവിന്റെ നഗരത്തില്‍ പാര്‍ത്ഥന്മാര്‍ ഗൂഢമായി ഇപ്രകാരം പാര്‍ത്ത്‌ പത്തു മാസവും കഴിഞ്ഞു. സുദേഷ്ണയെ ദ്രൗപദി ശുശ്രൂഷിച്ച്‌ ദുഃഖിച്ചു പാര്‍ത്തു. ശുശ്രൂഷ ഏൽക്കേണ്ടവളായ രാജ്ഞി അനൃഗൃഹത്തില്‍ അനൃസ്ത്രീയെ ശുശ്രൂഷിച്ചു പാര്‍ക്കുമ്പോള്‍ സുദേഷ്ണയ്ക്കും, മറ്റ്‌ അന്തഃപുര സ്ത്രീകള്‍ക്കും പാര്‍ഷതി പ്രീതി വര്‍ദ്ധിപ്പിച്ചു.

അങ്ങനെ ആ വത്സരം അവസാനിക്കാറായി. ആ സന്ദര്‍ഭത്തില്‍ വിരാടന്റെ സൈന്യാധിപനായ കീചകന്‍ പാര്‍ഷതിയെ കണ്ടു. ദേവസ്ത്രീകളെ പോലെ ശോഭിക്കുന്ന അവളെ ദേവതയെ പോലെ കണ്ടപ്പോള്‍ കീചകന്‍ കാമബാണ പീഡിതനായി. കാമത്തീ ചൂടേറ്റ അവന്‍ സുദേഷ്ണയുടെ അടുത്തു ചെന്ന് ചിരിക്കുന്ന വിധം ഇപ്രകാരം പറഞ്ഞു: സുന്ദരിയായ ഈ വനിതയെ ഞാന്‍ വിരാട ഗൃഹത്തില്‍ മുമ്പു കണ്ടിട്ടില്ലല്ലോ. രൂപഗുണം കൊണ്ട്‌ ഇവള്‍ എന്നെ, മദം അതിന്റെ ഗന്ധം കൊണ്ടെന്ന പോലെ മയക്കിയിരിക്കുന്നുു. എന്റെ ഹൃദയത്തിന് ഇണങ്ങിയവളായ ഈ ശുഭദേവതാഭയായ സുന്ദരി ഏതാണ്‌? എവിടെ നിന്ന് വന്നു? ആരുടെയാണ്‌ ഇവള്‍? എന്തിന് വന്നു? എന്റെ ഹൃദയത്തെ മയക്കി ഇവള്‍ വശപ്പെടുത്തി കഴിഞ്ഞു. അവശമായഎന്റെ മനസ്സിന് അവളല്ലാതെ വേറെ ഒരു മരുന്നും കാണുന്നില്ല. അമ്പോ! ഈ സുന്ദരി നിന്റെ പരിചാരിക ആണെന്നോ? അതു ശരിയായില്ല. ഇവള്‍ പരിചാരിക ആകാന്‍ പറ്റിയവളല്ല. എന്നോട്‌ കല്പിക്കുന്നതായാല്‍ ഇവള്‍ക്കു വേണ്ടി ഞാനെന്തിനും സന്നദ്ധനാണ്‌. അഭിനന്ദനത്തോടൊപ്പം വളരെ ആനകളും, കുതിരകളും, രഥങ്ങളും, മനോജ്ഞമായ പൊന്മണി ഭൂഷണങ്ങളും, വലിയ മണിമാളികയും ഞാന്‍ ഇവള്‍ക്കു നല്കാം. നീ ഒന്ന് പറഞ്ഞു നോക്കൂ.

ഇപ്രകാരം സുദേഷ്ണയോട്‌ പറഞ്ഞ്‌, കീചകന്‍ ദ്രൗപദിയുടെ സമീപത്തേക്ക്‌ അവളെ ഇണക്കുവാനായി, കാട്ടിലെ കുറുക്കന്‍ സിംഹിയുടെ സമീപത്തിലേക്ക് എന്നവിധം കടന്നു ചെന്നു.

കീചകന്‍ പറഞ്ഞു: എടോ, കല്യാണീ! നീ ആരുടെ പുത്രിയാണ്‌? വിരാട പുരിയിലേക്ക്‌ സുന്ദരിയായ നീ എവിടെ നിന്ന് വന്നു? ശോഭനേ, നീ ഉള്ള കാര്യം പറയുക. നിന്റെ സൗന്ദര്യം കൊള്ളാം! ഈ കാന്തിയും സൗകുമാര്യവും ഒന്നാന്തരം തന്നെ! നിന്റെ മുഖം തെളിഞ്ഞു ചന്ദ്രനെ പോലെ ശോഭിക്കുന്നുു. ഹേ, സുന്ദരീ! നിന്റെ നീണ്ട കണ്ണുകളും, താമരപ്പൂവിന് ഒത്ത നിറവും എന്തൊരു ചന്തമാണ്‌! അല്ലയോ, സര്‍വ്വാംഗ സുന്ദരീ! നിന്റെ മൊഴി കുയില്‍ നാദം പോലെ ഹൃദയം കവരുന്നു. നിന്നെ പോലെ ഇത്ര സുന്ദരിയായ പെണ്ണിനെ ഈ ഉലകത്തില്‍ ഞാന്‍ കണ്ടിട്ടില്ല. താമരപ്പൂവില്‍ വാഴുന്ന ലക്ഷ്മി ഇറങ്ങി ഇങ്ങോട്ടു വന്നതാണോ? സാക്ഷാല്‍ ഭൂതി തന്നെയാണോ നീ സുമദ്ധ്യമേ? ഹ്രീയോ, ശ്രീയോ, കീര്‍ത്തിയോ, കാന്തിയോ ആരാണ്‌ നീ സുമുഖീ? അതിസുന്ദരിയായ നീ കാമന്റെ ദേഹം കെട്ടിപ്പുണരുന്ന രതി തന്നെയാണോ?? നീ തിങ്കള്‍ക്കാന്തി പോലെ ശോഭിക്കുന്നുവല്ലോ. നിന്റെ കറുത്ത കണ്ണിമകള്‍ ചിഹ്നമായി പുഞ്ചിരിയാകുന്ന പൂനിലാവോടു കൂടി ദിവ്യരശ്മി ചുഴന്ന് ദിവൃദംഗിയാല്‍ മനസ്സു കവര്‍ന് വിളങ്ങുന്ന പൂര്‍ണ്ണ ചന്ദ്രബിംബം പോലുള്ള നിന്റെ മുഖം നല്ല ലക്ഷ്മിയോടു ചേര്‍ന്നു കണ്ടാല്‍ ഈ ലോകത്തില്‍ ഏതു പുരുഷനാണ്‌ കാമന്റെ ദാസനാകാതിരിക്കുക? മുത്തുമാല അണിയേണ്ടതായ ഭംഗി തിങ്ങിയ കൊങ്കകള്‍ നന്നായി ഉയര്‍ന്ന് സമമായി തിങ്ങിവിങ്ങി വിളങ്ങുന്നു. താമരമൊട്ടിന് തുല്യമായ ആ രണ്ടു മുലകളും മാരന്റെ ചമ്മട്ടി കൊണ്ടുള്ള അടിപോലെ എന്റെ മനസ്സിനെ ചുട്ടു വേദനിപ്പിക്കുന്നുു. സുസ്മിതേ, സുന്ദരീ! ത്രിവലികളുടെ ശോഭനയോടെ ഭാരമേറിയ കൊങ്കക്കുടം താങ്ങി താണപോലെ പിടിയിൽ ഒതുങ്ങാവുന്നത്ര ഇടുങ്ങിയതാണ്‌ തനുമദ്ധ്യേ, നിന്റെ മദ്ധ്യം. പുഴയുടെ പുളിനം പോലെ വിസ്തൃതമായ നിതംബം കണ്ടപ്പോള്‍ ബാധിച്ച ആ അസാദ്ധ്യ മന്മഥ വ്യാധി എന്റെ ഉള്ളില്‍ പെരുകിവരുന്നു. പൊന്നേ! ഭാമിനീ! മദനാഗ്നി നിര്‍ദ്ദയമായി കാട്ടുതീ പോലെ കത്തിക്കാളുന്നു! നിന്നോടു കൂടിയുള്ള സംഗത്തെ തന്നെ മനസ്സില്‍ കണ്ടു കണ്ട്‌ അതു തന്നെ വിചാരിച്ചു വിചാരിച്ച്‌ കാമന്‍ എന്നെയിട്ടു വേവിക്കുകയാണ്‌! ആത്മാര്‍പ്പണമാകുന്ന വര്‍ഷം കൊണ്ടും, സംഗമമാകുന്ന മഴക്കാറു കൊണ്ടും മന്മഥ വഹ്നിയെ ഭവതി കെടുത്തിയാലും. ഘോരമായ മാരശരങ്ങള്‍, നീയുമായി കെട്ടിപ്പുണരുവാനുള്ള ആശപോലെ തീക്ഷ്ണമായ, കൂര്‍ത്തുമൂര്‍ത്ത ശരങ്ങള്‍, നിര്‍ദ്ദയമായി ഉള്ളില്‍ ക്കടന്ന് കരള്‍ കീറിപ്പിളര്‍ന് ചണ്ഡവും, ഉച്ചണ്ഡവുമായി, ഭയരമായി മനസ്സിനെ ശിഥിലമാക്കുന്നു. ഇപ്പോള്‍ എന്നെ ബാധിച്ചിരിക്കുന്ന അത്യുന്മാദം തൃപ്ത്യുന്മാദമാക്കുമാറ്‌ ആത്മദാനം ചെയ്ത്‌ എന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചാലും. എടോ, വിലാസിനീ! വിചിത്രമായ മാലകളും, വിചിത്രമായ വസ്ത്രങ്ങളും ധരിച്ച്‌ സര്‍വ്വാഭരണ ഭൂഷിതയായി നീ എന്നോടു കൂടി കാമക്കൂത്തിന് ഒരുങ്ങുക. വരു! നീ സകല സുഖങ്ങളും അനുഭവിച്ചു ജീവിക്കേണ്ടവളാണ്‌. മറ്റുള്ളവരുടെ ദാസ്യവൃത്തി ചെയ്ത്‌ ദുഃഖിക്കേണ്ടവളല്ല. എടോ, മത്തേഭ ഗാമിനി! നീ എന്നില്‍ നിന്ന് മഹാസൗഖ്യം അനുഭവിക്കേണ്ടവളാണ്‌. അമൃതിന് തുല്യം സ്വാദുള്ള പലവിധം മദ്യം സേവിച്ച്‌ യഥാസുഖം എന്നോടു കൂടി കളിച്ചു കൂത്താടി, എന്നില്‍ നിന്ന് പലവിധം ഭോഗോപചാരങ്ങളും അനുഭവിച്ച്‌, മുഖ്യ സൗഭാഗ്യങ്ങളും അനുഭവിച്ച്‌, എല്ലാ സുഖാമൃതങ്ങളും പാനം ചെയ്ത്‌ വസിക്കുക. എന്തൊരു നല്ല ചെറുപ്പം! എന്തൊരു ചന്തം! നീ എന്തിന്‌ ഇതു പാഴാക്കുന്നുു? ഒന്നാന്തരം പൂമാല കെട്ടിയുണ്ടാക്കിയിട്ട അതു ചാര്‍ത്താതിരുന്നാല്‍ അതിന്റെ അഴകു കൊണ്ട്‌ എന്തു കാര്യം? നിന്റെ ചന്തമെന്തിനാണ്‌, അനുഭവിക്കാന്‍ പറ്റില്ലെങ്കില്‍ ? നീ എന്നോടു ചേര്‍ന്നാല്‍ എന്റെ ആദ്യത്തെ പ്രിയമാരെയൊക്കെ ഞാന്‍ ഉപേക്ഷിക്കാം. അവരെയൊക്കെ നിന്റെ ദാസിമാരാക്കുകയും ചെയ്യാം. ഞാനും സുന്ദരീ! നിന്റെ ചൊല്പടിക്ക്‌ നിന്റെ കാൽക്കല്‍ എപ്പോഴും ദാസനായി നിൽക്കാം.

ദ്രൗപദി പറഞ്ഞു: എടോ, സൂതപുത്രാ! നീ എന്താണു വിചാരിക്കുന്നത്‌? നീ പ്രാര്‍ത്ഥിക്കേണ്ടവളാണ്‌ എന്നാണോ എന്നെപ്പറ്റി വിചാരിക്കുന്നത്‌. ഞാനൊരു സൈരന്ധ്രിയാണ്‌. തലമുടി കെട്ടിക്കൊടുക്കുന്ന നികൃഷ്ടമായ, നീചവര്‍ഗ്ഗത്തില്‍ പെട്ട നാരിയാണ്‌. പരന്റെയാണ്‌. നിനക്കു ശുഭംവരട്ടെ! നിനക്കു ചേര്‍ന്നവളല്ല ഞാന്‍. ജീവികള്‍ക്കൊക്കെ ഇഷ്ടയാണ്‌ പത്നി. ധര്‍മ്മം ചിന്തിച്ചു നോക്കൂ! പരന്റെ ഭാര്യയില്‍ നീ ഒരിക്കലും മനസ്സ് വെക്കരുത്‌. ഒരിക്കലും പാടില്ല. അകാര്യങ്ങളില്‍ പ്രവേശിക്കാതിരിക്കുക എന്നുള്ളതാണ്‌ സല്‍പ്പുരുഷന്മാരുടെ വ്രതം. കിട്ടാത്ത വസ്തുവില്‍ കൊതിക്കുന്ന പുരുഷന്‍ പാപിയാണ്‌. വ്യാമോഹത്തില്‍ പെട്ട്‌ അവന്‍ ഘോരമായ ദുഷ്കീര്‍ത്തി നേടും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സൈരന്ധ്രി പറഞ്ഞപ്പോള്‍ കാമമോഹിതനായ കീചകന്‍ അറിഞ്ഞു കൊണ്ടു തന്നെ പരദാരാഗ്രഹം മൂത്ത്‌ വേണ്ടാത്തതിന് ഒരുങ്ങി. ദുര്‍ബുദ്ധിയായ ആ ദുഷ്ടന്‍ അടക്കുവാന്‍ വയ്യാതെ ആത്മനാശകമായ, ലോകനിന്ദ്യമായ ദോഷങ്ങള്‍ പറഞ്ഞു: "എടോ ചാരുഹാസിനീ, നീ കാരണമായി മന്മഥന്‍ എന്നെയിട്ടു പൊരിക്കുന്നുു. ഞാന്‍ എരിപൊരി കൊള്ളുന്നു. നീ ഇപ്രകാരം പറഞ്ഞ്‌ എന്നെ നിരസിക്കരുത്‌. എത്രയും ഇഷ്ടത്തോടെ ഇഷ്ടം പറയുന്ന എന്നെ ഇപ്പോള്‍ നീ ഉപേക്ഷിച്ചാല്‍ തീര്‍ച്ചയായും നീ കഷ്ടത്തിലാകും. നീ ഇത്ര ഭീരുവാണോ?? നീ പശ്ചാത്തപിക്കാൻ ഇടയാകും. എടോ സുമുഖീ, ഞാന്‍ ഈ നാടിനൊക്കെ പ്രഭുവാണ്‌. നിന്നെ പാര്‍പ്പിക്കുവാന്‍ അനുവദിച്ചവനും ഞാന്‍ പ്രഭുവാണ്‌. അതു നിനക്കറിയാമോ? വീര്യം കൊണ്ട്‌ എനിക്കെതിരായി ഈ രാജ്യത്ത്‌ ആരുമില്ല. ഈ ഭൂമിയില്‍ എന്നോടു കിടപിടിക്കുന്ന യോഗ്യന്മാരാരുമില്ല. അത്രയ്ക്കു സൗന്ദര്യവും, യൗവനവും, സൗഭാഗ്യവും, ശുഭമായ ഭോഗസാധനങ്ങളും എനിക്കുണ്ട്‌. നോക്കൂ, നിനക്കാണെങ്കില്‍ കാമസമ്പത്തു ചേര്‍ന്ന എല്ലാ ഉപഭോഗങ്ങളുമുണ്ട്‌. എന്നിട്ട്, എടോ കല്യാണീ, എന്തിന്‌ അന്യരുടെ ദാസ്യവൃത്തി ചെയ്തു ജീവിക്കുന്നുു? എടോ സുന്ദരീ, എന്റെ മടിയിലേക്കു വരു! ഞാന്‍ ഇന്ന് തരാം നിനക്ക്‌ ഈ രാജ്യം. നീ എന്റെ നാഥയാവുക! സുന്ദരീ, നീ എന്നെ സ്വീകരിക്കുക. മുഖ്യമായ ഭോഗങ്ങളൊക്കെ അനുഭവിക്കുക. അശുഭമായ ഇത്തരം വര്‍ത്തമാനം കീചകന്‍ പറഞ്ഞപ്പോള്‍ ആ സാദ്ധ്വി അവനോടു മറുപടി പറഞ്ഞു.

സൈരന്ധ്രി പറഞ്ഞു: എടോ സൂതപുത്രാ! നീ ഭ്രമിക്കരുത്‌. നീ നിന്റെ പ്രാണനെ അപകടത്തിലാക്കരുത്‌. പ്രാണന്‍ കളയരുത്‌. ഘോരന്മാരായ അഞ്ചു പേരുണ്ട്‌ എനിക്കു കാവല്‍ക്കാരായിട്ട്‌. നിനക്കെന്നെ കിട്ടുകയില്ല. ആ അഞ്ചു ഭര്‍ത്താക്കന്മാരും ഗന്ധര്‍വ്വന്മാരാണ്‌. അവര്‍ കോപിച്ച്‌ നിന്നെ കൊന്നുകളയും. നന്മ വിചാരിക്കുക. നശിക്കുവാന്‍ പോകേണ്ട. മനുഷ്യന്‍ കാണാത്ത വഴിയേ പോകുവാനാണ്‌ നീ വിചാരിക്കുന്നത്‌. ബുദ്ധിയില്ലാത്ത കുട്ടി പുഴവക്കത്തു ചെന്നു നിന്ന് അക്കരയ്ക്കെത്തുവാന്‍ ശ്രമിക്കുന്നുതു പോലെ നീ അപകടത്തിലാകുവാന്‍ പോവുകയാണ്‌. നീ ഭൂമിയുടെ ഉള്ളില്‍ കടന്നിരുന്നാലും, ദൂരെ ഓടി പോയാലും, കടലിന്നപ്പുറത്തു കടന്ന് ചെന്നിരുന്നാലും ആ ഗന്ധര്‍വ്വന്മാരുടെ പിടിയിൽ നിന്ന് നിനക്കു രക്ഷകിട്ടുമെന്ന് വിചാരിക്കേണ്ട. ഖേചരന്മാരായ ആ ദേവകുമാരന്മാര്‍ ഇടിച്ചു പരത്തും. എടോ കീചകാ, മഹാരോഗി കാളരാത്രിയെ എന്ന പോലെയാണ്‌ എന്നെ നീ സേവിക്കുന്നത്‌. അമ്മ താങ്ങിനിൽക്കുന്ന കുട്ടി ചന്ദ്രനെ പിടിക്കുവാന്‍ കൊതിക്കുന്നുതു പോലെയാണ്‌ എന്നെ കിട്ടുവാനുള്ള നിന്റെ മോഹം. ആ ഗന്ധര്‍വ്വന്മാരുടെ ഭാര്യയായ എന്നെ നീ കൊതിച്ചാല്‍ ഭൂമിയിലും ആകാശത്തിലും നിനക്കു പിന്നെ രക്ഷയില്ല, തീര്‍ച്ചയാണ്‌. ജീവിച്ചിരിക്കണമെന്ന ദീര്‍ഘദൃഷ്ടി നിനക്കില്ലെങ്കില്‍ പിന്നെ നീ ചത്തതു തന്നെ.

15. ദ്രൗപദീ സുരാഹരണം - ദ്രൗപദിയെ മദ്യം കൊണ്ടു വരുവാന്‍ സുദേഷ്ണ കീചക ഗ്യഹത്തിലേക്ക് അയയ്ക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ദ്രൗപദി അവനെ തള്ളിക്കളഞ്ഞ മട്ടില്‍ വിട്ടപ്പോള്‍ മര്യാദയൊക്കെ അതിലംഘിച്ച വിധം കാമബാധയില്‍ മുഴുകിയ കീചകന്‍ അങ്ങനെ നേരെ സുദേഷ്ണയുടെ അടുത്തു ചെന്ന് ആവലാതിയായി.

കീചകന്‍ പറഞ്ഞു: സുദേഷ്ണേ, പെങ്ങളേ, കെകേയീ, നീ എന്നെ മരണത്തില്‍ നിന്ന് രക്ഷിക്കണം. സൈരന്ധ്രിയെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ചാവും. അവളെ എങ്ങനെയെങ്കിലും എന്റെ പാട്ടിലാക്കി തരണം. അയ്യോ! ഞാന്‍ മോഹിച്ചിട്ടാണ്‌ സുദേഷ്ണേ, പറയുന്നത്‌. അവളെ കിട്ടാന്‍ നീ വിചാരിച്ചാലേ പറ്റുകയുള്ളൂ.

വൈശമ്പായനൻ പറഞ്ഞു; അവന്‍ ഇപ്രകാരം വിലപിക്കുന്നുതു കേട്ടപ്പോള്‍ വിരാട പത്നിയായ സുദേഷ്ണയ്ക്ക്‌ വല്ലാത്ത ദയ അവനോടു തോന്നി. അവള്‍ ആലോചന നടത്തി കൃഷ്ണയുടെ മട്ടും മാതിരിയും കണ്ട്‌ അവള്‍ ഒരു തീരുമാനത്തിൽ എത്തിച്ചേര്‍ന്നു.

സുദേഷ്ണ കീചകനോടു പറഞ്ഞു: കീചക, നീ വാവിന്‍നാള്‍ ചോറും മദ്യവുമൊക്കെ ഒരുക്കി വെക്കുക. മദ്യം കൊണ്ടു വരാനായി ഞാന്‍ അവളെ അങ്ങോട്ടയയ്ക്കാം. അപ്പോള്‍ നീ യാതൊരു തടസ്സവും കൂടാതെ ഇഷ്ടമായ വിധത്തില്‍ സാന്ത്വന വാക്കുകളെ കൊണ്ടു സന്തോഷിപ്പിച്ച്‌ അവളുമായി രമിക്കുക!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സഹോദരിയായ സുദേഷ്ണ പറഞ്ഞപ്പോള്‍ അപ്രകാരമാകാമെന്ന് പറഞ്ഞ്‌ അവന്‍ ഇറങ്ങിപ്പോന്നു. രാജോചിതമായ വിശേഷ മദ്യം തയ്യാറാക്കിച്ചു. പല വിധത്തിലുള്ള കറികളും തയ്യാറാക്കി വെച്ചു. അങ്ങനെ സമര്‍ത്ഥന്മാരായ പാചകന്മാര്‍ തയ്യാറാക്കിയ സുശോഭനമായ അന്നപാനങ്ങളുമായി കീചകന്‍ സന്നദ്ധനായി സഹോദരിയായ സുദേഷ്ണയെ അറിയിച്ചു. സുദേഷ്ണ സൈരന്ധ്രിയെ വിളിച്ച്‌ കീചകന്റെ അടുത്തേക്ക് വിട്ടു.

സുദേഷ്ണ പറഞ്ഞു; സൈരന്ഡ്രീ, നീ കീചകന്റെ വസതിയില്‍ വേഗം ചെന്ന് കുറച്ചു മദ്യം വാങ്ങിക്കൊണ്ടു വരിക. എനിക്കു ദാഹം വല്ലാതെയുണ്ട്‌.

സൈരന്ധ്രി പറഞ്ഞു; ഹേ രാജപുത്രീ, ഞാന്‍ അവന്റെ ഭവനത്തിലേക്കു പോവുകയില്ല. അവന്‍ നാണം കെട്ടവനാണെന് രാജഞിക്ക് അറിവുണ്ടല്ലോ. അനവദ്യാംഗിയായ നിന്റെ ഭവനത്തില്‍ വാണിട്ട്‌ കാന്തന്മാരില്‍ ഒരു വിധത്തിലും പിഴ ചെയ്യുകയില്ല. അപ്രകാരം ഒരു കാമവൃത്തിക്ക്‌ ഞാന്‍ തയ്യാറില്ല. ഞാന്‍ ഇവിടെ വന്നപ്പോള്‍ ഭവതിയോടു ചെയ്ത നിശ്ചയം ഭവതി ഓര്‍ക്കുന്നുില്ലേ? എടോ, സുകേശിനി, കീചകന്‍ മൂഢനാണ്‌. മന്മഥ ദര്‍പ്പിതനുമാണ്‌. അവന്‍ എന്നെ തരത്തിനു കയ്യില്‍ കിട്ടിയാല്‍ വിടില്ല. തീര്‍ച്ചായായും അപമാനിക്കും. അതു കൊണ്ട്‌ ഞാന്‍ അവന്റെ അരികത്തേക്കു പോവുകയില്ല. രാജ്ഞീ, ഭവതിയുടെ പാട്ടില്‍ വേറെ ദാസികള്‍ വേണ്ടുവോളം ഉണ്ടല്ലോ. അവരില്‍ ആരെയെങ്കിലും വിട്ടു കൂടേ? അതാണു നല്ലത്‌. ഞാന്‍ ചെന്നാല്‍ അവന്‍ തീര്‍ച്ചയായും അപമാനിക്കും.

സുദേഷ്ണ പറഞ്ഞു: ഇല്ല, അവന്‍ ഹിംസിക്കുകയില്ല. ഞാനല്ലേ അയയ്ക്കുന്നത്‌. എന്ന് പറഞ്ഞ്‌ അടപ്പുള്ള പൊന്നിന്‍ പാത്രം അവളുടെ കയ്യില്‍ എടുത്തു കൊടുത്തു. അവള്‍ ശങ്കിച്ചു കരഞ്ഞ്‌ ദൈവം തന്നെ രക്ഷ എന്ന് വിചാരിച്ച്‌ മദ്യം കൊണ്ടു വരുവാന്‍ കീചകന്റെ ഗൃഹത്തിലേക്കു പോയി.

സൈരന്ധ്രി പറഞ്ഞു: ഞാന്‍ എന്റെ പതികളെ വിട്ട്‌ മറ്റൊരുത്തനേയും അറിയുകയില്ല. ഈ സത്യം എന്നെ കീചകനില്‍ നിന്ന് രക്ഷിക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: പിന്നെ ആ അബലയായ സൈരന്ധ്രി സൂര്യദേവനെ മുഹൂര്‍ത്ത സമയം സേവിച്ചു. സൂര്യന്‍ ആ തനുമദ്ധ്യയുടെ ഹൃദയം നല്ലപോലെ അറിഞ്ഞു. അവളെ കാക്കുവാനായി ഗൂഢമായി ഒരു രക്ഷസ്സിനേയും വിട്ടു. മാന്യയായ അവളെ വിട്ട്‌ ആ രക്ഷസ്സു മാറിയില്ല; എല്ലായിടത്തും പിന്തുടര്‍ന്നു. മാന്‍പേടയെ പോലെ പേടിച്ചു വിറച്ച്‌ അണയുന്ന കൃഷ്ണയെ, കടവു കടക്കുവാന്‍ എത്തുന്ന തോണി കണ്ട്‌ സന്തോഷിച്ച്‌ അടുക്കുന്ന പാന്ഥനെ പോലെ ആ കീചകന്‍ രസമായി ചെന്ന് എതിരേറ്റു.

16. ദ്രൗപദീ പരിഭവം - കീചകന്‍ ദ്രൗപദിയെ അപമാനിക്കുന്നു - കീചകന്‍ പറഞ്ഞു: സുകേശീ, സ്വാഗതം! നല്ല കണിയാണ്‌ ഞാന്‍ ഇന്ന് രാത്രി കാണുന്നത്‌. ഹാവൂ! എന്റെ ഹൃദയനാഥാ എന്റെ അടുത്ത്‌ ഇപ്പോഴെങ്കിലും വന്നുവല്ലോ! എന്റെ കാമിതം നീ ചെയ്യുക! പൊന്മാലയും, ശംഖും പൊന്മണി കുണ്ഡലങ്ങളും, നാനാ നഗര വസ്തുക്കളും, ശോഭനമായ മണിരത്നങ്ങളും, വിശേഷ വസ്ത്രങ്ങളും, പട്ടുടയാടകളും ഞാന്‍ ഉടനെ വരുത്താം. എന്റെ ദിവ്യമായ മെത്ത ഇതാ ഞാന്‍ നിനക്കായി വിരിച്ചിരിക്കുന്നുു. വരൂ വരൂ! എന്റെ ഒപ്പം ഇരിക്കൂ. നമ്മള്‍ക്കു മദ്യവും മധുവും കഴിക്കാം.

ദ്രൗപദി പറഞ്ഞു: രാജപുത്രി എന്നെ മദ്യം കൊണ്ടു വരാനായി ഇങ്ങോട്ട് അയച്ചതാണ്‌. വേഗം മദ്യം തരൂ! അവള്‍ ദാഹിക്കുന്നുണ്ടെന് പറഞ്ഞ്‌ എന്നെ വിട്ട്‌ അവിടെ കാത്തിരിക്കുകയാണ്.

കീചകന്‍ പറഞ്ഞു; "ഭദ്രേ, അതു ഞാന്‍ മറ്റാരുടെയെങ്കിലും കയ്യില്‍ കൊടുത്തയയ്ക്കാം", എന്ന് പറഞ്ഞ്‌ കീചകന്‍ അവളുടെ വലതു കയ്യിൽ പിടി കൂടി.

ദ്രൗപദി പറഞ്ഞു: മനസ്സു കൊണ്ടു പോലും ഞാന്‍ എന്റെ ഭര്‍ത്താക്കന്മാരെ തെറ്റി നടന്നിട്ടില്ല. എന്നില്‍ സത്യമുണ്ടെങ്കില്‍ , പാപാത്മാവായ നിന്നെ ചവിട്ടിമറിച്ച്‌ വലിച്ചിഴയ്ക്കുന്നത് ഞാന്‍ കാണുമാറാകട്ടെ[

വൈശമ്പായനൻ പറഞ്ഞു: കീചകനാകട്ടെ തന്നെ അധിക്ഷേപിച്ച്‌ ധിക്കരിച്ച്‌ ശകാരിച്ചു കൊണ്ടു നില്‍ക്കുന്ന ആ വിശാലാക്ഷിയെ കെട്ടിപ്പിടിക്കുവാന്‍ ഭാവിച്ചു. അപ്പോള്‍ അവള്‍ ഊക്കില്‍ തട്ടി. അപ്പോള്‍ അവന്‍ വസ്ത്രത്തിന്റെ തലയ്ക്കല്പിടിച്ചു വലിച്ചു. ശക്തനായ അവന്‍ പിടി കൂടിയപ്പോള്‍ ആ രാജപുത്രി നെടുവീര്‍പ്പിട്ടു. അവന്റെ പിടിച്ചുവലി സഹിക്കാതായപ്പോള്‍ അവള്‍ വിറച്ച്‌ കോപത്തോടെ ബലമായി അവനെ തട്ടി. ആ തമ്പിയുടെ തട്ടേറ്റ്‌ ആ മഹാപാപി വേരറ്റ മരം പോലെ നിലത്തു വീണു.

തന്നെ പിടികൂടുവാന്‍ ശ്രമിച്ച കീചകനെ ഇപ്രകാരം ഭൂമിയില്‍ തട്ടി വീഴ്ത്തി പാഞ്ചാലി യുധിഷ്ഠിരന്‍ സ്ഥിതി ചെയ്യുന്ന രാജസഭയെ ശരണം പ്രാപിക്കുവാന്‍ ഓടി. രാജാവു കാണ്‍കെ തന്നെ ഓടുന്ന അവളുടെ മുടി കീചകന്‍ പെട്ടെന് ഓടിചെന്ന്‌ എത്തിച്ചു പിടിച്ച്‌, കാലു കൊണ്ട്‌ അവളെ ചവിട്ടി വീഴ്ത്തി. അവള്‍ക്കു രക്ഷയ്ക്കായി പിന്‍തുടര്‍ന്ന രാക്ഷസന്‍ വായു റേഗത്തില്‍ കീചകനെ തട്ടിനീക്കി. ആ രാക്ഷസന്‍ ഊക്കോടെ തട്ടിയപ്പോള്‍ കീചകന്‍ മുറിച്ചിട്ട മരം പോലെ നിലത്തു വീണു പിടഞ്ഞു ബോധരഹിതനായി. ഭീമനും, ധര്‍മ്മപുത്രനും അവളെ ഈ നിലയില്‍ കണ്ടപ്പോള്‍, കൃഷ്ണയെ കീചകന്‍ തൊട്ടതു കണ്ടപ്പോള്‍, സഹിക്കാതായി. ആ ദുഷ്ടനെ ക്ഷണത്തില്‍ വധിക്കുവാനായി ഭീമന്‍ പല്ലിറുമ്മി കടിച്ചു കൊണ്ട്‌ നിന്നു. അക്ഷിരോമങ്ങള്‍ ഉയര്‍ന്ന ദൃഷ്ടി ധൂമനിറത്തിലായി ഭ്രൂകുടി നിടിലത്തില്‍ തെളിഞ്ഞു. പരമര്‍ദ്ദനനായ അവന്‍ വിയര്‍ത്ത നെറ്റി കൈ കൊണ്ടു തുടച്ചു കോപിച്ച്‌ എഴുന്നേല്ക്കാനായി ഒരുങ്ങി. അപ്പോള്‍ രഹസ്യം വെളിവാകുമെന്ന ഭയത്താല്‍ യുധിഷ്ഠിരന്‍ തന്റെ കൈവിരല്‍ കൊണ്ട്‌ ഭീമന്റെ കാല്‍ വിരല്‍ അമര്‍ത്തി തടഞ്ഞു. മത്തഗജത്തെ പോലെ ഭീമന്‍ അടുത്തു നിൽക്കുന്ന വൃക്ഷത്തിന്മേലേക്കു കണ്ണോടിച്ചു. വൃക്ഷം പറിച്ച്‌ അടിക്കുവാന്‍ വിചാരിക്കുന്ന ഭീമനോട്‌ യുധിഷ്ഠിരന്‍ ഗൂഢാര്‍ത്ഥത്തില്‍ പറഞ്ഞു നിവാരണംചെയ്തു. "എടോ സൂതാ! നീ എന്തിനാണു വൃക്ഷത്തിലേക്കു നോക്കുന്നത്‌? വിറകിനാണോ? വിറക്‌ ആവശ്യമുണ്ടെങ്കില്‍ പുറത്തുള്ള വല്ല മരവും പോയി മുറിക്കുക".

ദ്രൗപദി സഭാദ്വാരത്തിലേക്ക്‌ ഓടിക്കയറി. ദീനരായി നിൽക്കുന്ന കാന്തന്മാരെ അവള്‍ നോക്കി സഭാദ്വാരത്തില്‍ കയറി. ധര്‍മ്മസത്യത്തെ രക്ഷിക്കുവാനായി ആകാരം മറച്ച്‌ ഏരിയുന്ന വിധം ദ്രുപദാത്മജ രൗദ്ര ദൃഷ്ടിയായി മത്സ്യനോടു പറഞ്ഞു; ആറാമത്തെ നാട്ടില്‍ - അഞ്ചു നാടുകള്‍ക്ക്‌ അപ്പുറത്ത്‌ - ഇരിക്കുക ആണെങ്കിലും ആ ശത്രു ആരെ ഭയപ്പെട്ടു രാത്രി പോലുംഉറങ്ങുന്നില്ല, അത്ര വീരന്മാരായ പുമാന്മാരുടെ ഭാര്യയായ എന്നെ ഒരു സൂതന്‍ ചവിട്ടിയിരിക്കുന്നുു. ബ്രഹ്മണ്യന്മാരും, ദാനശീലന്മാരും, ദാനം വാങ്ങാത്തവരും, സതൃവാദികളുമായ ആ പുമാന്മാരുടെ മാന്യഭാര്യയായ എന്നെ ഒരു സൂതന്‍ ചവിട്ടിയിരിക്കുന്നുു. ഭേരീഘോഷം പോലെ ഉഗ്രമായ ഞാണൊലി മുഴക്കുന്നവരായ ധീരന്മാരുടെ മാന്യഭാര്യയെ ഒരു സൂതന്‍ ചവിട്ടിയിരിക്കുന്നു. തേജസ്വികളും, ദാന്തന്മാരും, ബലവാന്മാരും, മാനികളും ആയ ധീരന്മാരുടെ മാനൃഭാര്യയെ ഒരു സൂതന്‍ ചവിട്ടിയിരിക്കുന്നുു! ധര്‍മ്മപാശക്കെട്ടു വിട്ടാല്‍ വിശ്വം മുഴുവന്‍ മുടിക്കുവാന്‍ പോന്നവരാണ്‌ അവര്‍. അങ്ങനെയുള്ള ധീരാത്മാക്കളുടെ മാന്യയായ ഭാര്യയെ ഒരു സൂതന്‍ ചപവിട്ടിയിരിക്കുന്നു! ശരണാര്‍ത്ഥികള്‍ വന്നാല്‍ ഉടനെ ശരണം നല്കുന്നവരാണ്‌ അവര്‍. ഗൂഢരായി വിശ്വം ചുറ്റിക്കൊണ്ട് ഇരിക്കുന്നുവരും ആണ്‌. ആ മഹാരഥന്മാര്‍ ഇപ്പോള്‍ എവിടെ പോയിരിക്കുന്നു? സൂതപുത്രന്‍ ഇങ്ങനെ ചവിട്ടി ദ്രോഹിച്ചു സതിയായ പത്നിയെ ക്ലീബരും, ദുര്‍ബ്ബലരും ആയവരെ പോലെ ശക്തരായ അവര്‍ പൊറുക്കുവാന്‍ എന്താണു കാരണം? അവരുടെ അമര്‍ഷവും വീര്യവും തേജസ്സുമൊക്കെ എവിടെ പോയിരിക്കുന്നു? ദുഷ്ടന്‍ ബാധിക്കുന്ന ഭാര്യയെ രക്ഷിക്കുവാന്‍ മുന്നോട്ടു വരാതിരിക്കത്തക്ക വിധം അവര്‍ക്കെന്തു പറ്റി? മത്സ്യരാജാവ്‌ ധര്‍മ്മദൂഷകനായാല്‍ എന്തു ചെയ്യും കുറ്റംചെയ്യാത്ത എന്നെ ഹിംസിക്കുന്നുതു കണ്ട്‌ അദ്ദേഹം സഹിച്ച്‌ ഇരിക്കുകയല്ലേ ചെയ്തത്‌. കീചകന്‍ ചെയ്ത കുറ്റം കണ്ടിട്ടും അവനെ ശിക്ഷിക്കുവാന്‍ രാജാവു വിചാരിക്കുന്നുില്ല. കള്ളന്മാരെ പോലെ നിന്റെ ധര്‍മ്മം സഭാതലത്തില്‍ ശോഭിക്കുന്നില്ല. ഇവന്‍ നിന്റെ മുമ്പില്‍ എന്നെ ഹിംസിക്കുവാന്‍ ഞാന്‍ ഒരുകുറ്റവും ചെയ്തിട്ടില്ല. സഭാവാസികളേ, നിങ്ങളും കണ്ടില്ലേ? കീചകന്‍ ചെയ്യുന്ന ആക്രമം കാണുന്നില്ലേ? കീചകന് ധര്‍മ്മമറികയില്ല. ഈ മത്സ്യരാജാവിനും അറിഞ്ഞു കൂടല്ലോ! ഈ രാജാവിനെ ചുറ്റിനിൽക്കുന്നു മറ്റു കൂട്ടര്‍ക്കും ധര്‍മ്മമറികയില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പലതും പറഞ്ഞ്‌ പാര്‍ഷതി കണ്ണുനീര്‍ വാര്‍ത്തു. ആ വരവര്‍ണ്ണിനി ഇപ്രകാരം മത്സ്യരാജാവിനെ ഉപാലംഭം ചെയ്തു (നിന്ദിച്ചുപറഞ്ഞു).

വിരാടന്‍ പറഞ്ഞു; നിങ്ങള്‍ തമ്മില്‍ ഗൂഢമായി വല്ല വൈര കാരണവും ഉണ്ടോ എന്ന് എനിക്കറിഞ്ഞു കൂടാ. കാര്യത്തിന്റെ തത്വം ഗ്രഹിക്കാതെ ഞാന്‍ വല്ലതും ചെയ്താല്‍ അതു ഭംഗിയാവുകയില്ല.

വൈശമ്പായനൻ പറഞ്ഞു: സദസ്യര്‍ കാര്യം വിചാരണ ചെയ്തറിഞ്ഞിട്ട്‌ കൃഷ്ണയെ മാനിക്കുകയും കീചകനെ നിന്ദിക്കുകയും ചെയ്തു. കൃഷ്ണ കുറ്റക്കാരിയല്ലെന്നും അവര്‍ പറഞ്ഞു.

സഭ്യന്മാര്‍ പറഞ്ഞു; ഈ മനോഹരാംഗിയായ മാനിനി ആരുടെ ഭാര്യയാണോ അവന്‍ മഹാഭാഗ്യവാനാണ്‌. അവന് ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല. മനുഷ്യരില്‍ ഇത്തരം വരവര്‍ണ്ണിനി സുലഭയല്ല. കണ്ടുകിട്ടുക വിഷമമാണ്‌. സര്‍വ്വാംഗ സുന്ദരിയായ ഇവള്‍ മനുഷ്യ നാരിയല്ല; ദേവിയാണെന് വിചാരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം സഭാവാസികള്‍ കൃഷ്ണയെ മാനിച്ച്‌ അഭിനന്ദിച്ചു. കോപം കൊണ്ട്‌ യുധിഷ്ഠിരന്റെ നെറ്റി വിയര്‍ത്തു പോയി. പ്രിയപ്പെട്ട രാജപുത്രിയായ പത്നിയോട്‌ കൗരവ ശ്രേഷ്ഠന്‍ പറഞ്ഞു: സൈരന്ഡ്രീ, പോവുക. ഇവിടെ നിൽക്കേണ്ട. സുദേഷ്ണയുടെ ഗൃഹത്തിലേക്കു പോവുക. ഭര്‍ത്താവിനെ പിന്‍തുടര്‍ന്ന് കുഴങ്ങുന്ന വീരപത്നിമാര്‍ ഭര്‍ത്തൃ ശുശ്രൂഷ കൊണ്ടു ക്ലേശങ്ങള്‍ സഹിച്ച്‌ പുണ്യലോകത്തെ പ്രാപിക്കും. ക്രോധത്തിനുള്ള കാലമാണെന്ന് നിന്റെ ഭര്‍ത്താക്കന്മാര്‍ ഇപ്പോള്‍ കരുതുന്നില്ലായിരിക്കാം. അതു കൊണ്ടാവാം സൂര്യതുലൃന്മാരായ ആ ഗന്ധര്‍വ്വന്മാര്‍ ഇപ്പോള്‍ പാഞ്ഞു വരാഞ്ഞത്‌. സൈരന്ധ്രിയായ നീ ലജ്ജയില്ലാത്ത നടിയെ പോലെ ഇവിടെ കാലം നോക്കാതെ കേഴുന്നത്‌ ശരിയല്ല. ഈ രാജസദസ്സില്‍ മത്സ്യന്മാരുടെ ചുതുകളിക്ക്‌ നീ വിഘ്നം സൃഷ്ടിക്കരുത്‌. പോകൂ! പോകൂ! ഗന്ധര്‍വ്വന്മാര്‍ വഴിപോലെ പ്രിയം ചെയ്യും. നിന്റെ വിപ്രയകാരിയില്‍ നിന്ന് നിനക്കുണ്ടായ ദുഃഖം അവര്‍ തീര്‍ക്കാതിരിക്കുകയില്ല.

സൈരന്ധ്രി പറഞ്ഞു; ദയയുള്ള അവരുടെ ധര്‍മ്മചാരിണിയാണ്‌ ഞാന്‍. ചൂതാടുന്ന ജ്യേഷ്ഠന്റെ കല്പനയ്ക്കു വിധേയരായി നിൽക്കുന്ന അവരെ ആര്‍ക്കും എന്തും ചെയ്യാവുന്ന വിധം വദ്ധ്യരാക്കി തീര്‍ത്തല്ലോ

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ പാഞ്ചാലി സുദേഷ്ണയുടെ ഗൃഹത്തിലേക്കു പോയി. പോകുമ്പോള്‍ ആ സുശ്രോണിയുടെ കണ്ണുകള്‍ കോപം കൊണ്ടു ചുവന്നിരുന്നു. മനോഹരമായ മുടി ചിന്നിച്ചിതറി കിടന്നിരുന്നു. കരഞ്ഞിരുന്ന അവളുടെ രുചിരമായ. ആനന്ദം കാറു നീങ്ങിത്തെളിഞ്ഞ ചന്ദ്രബിംബം പോലെ ശോഭിച്ചു.

സുദേഷ്ണ പറഞ്ഞു: ഹേ ശോഭനേ! നിന്നെ ആരാണ്‌ ഹിംസിച്ചത്‌? എന്തിനാണു കേഴുന്നത്‌? ആര്‍ക്കാണ്‌ ഇന്ന് ദുഃഖം പറ്റിയത്‌? നിന്നെ വല്ലവരും ഉപദ്രവിച്ചിട്ടാണോ? ഭദ്രേ! പറയുക.

ദ്രൗപദി പറഞ്ഞു: മദ്യം കൊണ്ടു വരാന്‍ പോയ എന്നെ കീചകന്‍ ഹിംസിച്ചു. സഭയില്‍ ഭൂപന്‍ നോക്കിയിരിക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച്‌ വിജനമായ കാട്ടില്‍ വെച്ചിട്ടെന്ന വിധം എന്നെ അവന്‍ ഹിംസിച്ചു.

സുദേഷ്ണ പറഞ്ഞു: വേണമെങ്കില്‍ സുകേശീ, ഞാന്‍ കീചകനെ വധിപ്പിക്കാം. കാമം മൂത്ത്‌ ദുര്‍ല്ലഭയായ നിന്നെ നിന്ദിച്ചതിന് അതാണ്‌ തക്കശിക്ഷ.

സൈരന്ധ്രി പറഞ്ഞു: ആര്‍ക്കാണ്‌ അവന്‍ കുറ്റം ചെയ്തതെങ്കില്‍ അവര്‍ അവനെ വധിക്കാതെ വിടുകയില്ല. തീര്‍ച്ചയാണ്‌ അക്കാര്യം. ഈ ഖലന്‍ യമലോകത്തിൽ എത്തുമെന്ന കാര്യം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു.

17. ദ്രൗപദീ ഭീമ സംവാദം - ദ്രൗപദി ഭീമസേനന്റെ അടുത്തു ചെല്ലുന്നു - വൈശമ്പായനൻ പറഞ്ഞു: സൂതപുത്രനായ കീചകന്റെ ഉപദ്രവമേറ്റ ദ്രൗപദി കീചക വധത്തെ തന്നെ മനസ്സില്‍ കരുതി തന്റെ ഇരിപ്പിടത്തിലേക്കു തന്നെ മടങ്ങി. പിന്നെ അവള്‍ പോയി കുളിച്ചു വസ്ത്രം ശുദ്ധമാക്കി. ദേഹവും വസ്ത്രവും നല്ലപോലെ വെള്ളം കൊണ്ടു നനച്ചു ശുദ്ധമാക്കി. അവള്‍ കരഞ്ഞു കൊണ്ട്‌ ആ ദുഃഖമുണ്ടാക്കിയവനെ കൊല്ലുവാന്‍ വേണ്ട മാര്‍ഗ്ഗം ചിന്തിച്ചു: ഇനി ഞാന്‍ എന്തു ചെയ്യണം? എവിടെ ചെന്ന് സങ്കടം പറയണം? കാര്യം എങ്ങനെ തീരും? ഇപ്രകാരം വിചാരിച്ച്‌ അവള്‍ മനസ്സു കൊണ്ട്‌ ഭീമനെ തന്നെ കണ്ടെത്തി. എന്റെ ഹൃദയത്തില്‍ തോന്നുന്ന പ്രിയങ്ങള്‍ സാധിപ്പിച്ചു തരുവാന്‍ ഭീമനല്ലാതെ മറ്റാരുമില്ല. അവള്‍ രാത്രി തന്നെ എഴുന്നേറ്റ്‌ മെത്ത വിട്ടു പാഞ്ഞു. സനാഥയാണെങ്കിലും പാര്‍ഷതി നാഥനെത്തേടി പുറപ്പെട്ടു. മഹത്തായ മനോദുഃഖത്തില്‍ അകപ്പെട്ട ആ ഭാമിനി, ഭീമസേനന്‍ പാര്‍ക്കുന്ന ദിക്കിലെത്തി.

സൈരന്ധ്രി പറഞ്ഞു: എന്നെ ദ്വേഷിച്ച ആ പാപിയായ സൈന്യാധിപന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ഭവാന്‍ ഇപ്രകാരം സുഖമായി ഉറങ്ങുകയാണോ?

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞു കൊണ്ട്‌ ആ മനസ്വിനി ആ തളത്തില്‍ ചെന്നുകയറി. ഭീമന്‍ സിംഹമെന്ന പോലെ ശ്വസിച്ചു കൊണ്ടു കിടക്കുന്ന ഇടത്തില്‍ ചെന്നുകയറി. അവളുടെ മട്ടും മാന്യനായ ഭീമന്റെ മട്ടും ചേര്‍ന്ന ആ തേജസ്സിനാല്‍ ആ സ്ഥലം നിശ്ചലമായി പ്രശോഭിച്ചു. അടുക്കളപ്പുരയില്‍ ഭീമന്റെ പാര്‍ശ്വത്തില്‍ ചെന്നുി ൽക്കുന്ന ആ ശുചിസ്മിതയായ പാര്‍ഷതി, കൂറ്റനെ കാമിച്ച്‌ അടുത്തു ചെന്ന പുളച്ച പശുക്കിടാവിനെ പോലെ പുളകിതയായി നിന്നു. ഗോമതിക്കരയില്‍ പൂത്തു നിൽക്കുന്ന സാലത്തെ ലതയെന്ന പോലെ ആ പാണ്ഡു പുത്രന്റെ ദേഹത്തില്‍ തന്റെ കൈകള്‍ ചുറ്റിവരിഞ്ഞ്‌ പാഞ്ചാലി പുണര്‍ന്നു. അവനെ കൈയാല്‍ തഴുകി വനത്തില്‍ ഉറങ്ങിക്കിടക്കുന്ന സിംഹത്തെ സിംഹിയെന്ന വിധം, അഥവാ പിടിയാന ഗജരാജനെയെന്ന പോലെ, പാര്‍ഷതി ഭീമസേനനെ ഉണര്‍ത്തി. ഗാന്ധാര ഭാഷയില്‍ വീണാനാദം പോലെ മധുര സ്വരത്തില്‍ അവള്‍ പറഞ്ഞു: "ഭീമാ, ഭവാനെന്താണ്‌ ഈ മാതിരി ചത്തവിധത്തില്‍ കിടന്നുറങ്ങുന്നത്‌? ഭവാന്‍ ചത്തിട്ടില്ലെങ്കില്‍ ഭാര്യയെത്തൊട്ട ദുര്‍മ്മതി ജീവിച്ചിരിക്കുമോ?".

രാജപുത്രി ഉണര്‍ത്തിയപ്പോള്‍ അവന്‍ മെത്തവിട്ട്‌ എഴുന്നേറ്റു. ഉപധാനത്തില്‍ കൈകുത്തി മേഘഗംഭീരനായ അവന്‍ നിവര്‍ന്നിരുന്നു. പ്രിയേ, എന്തു അനര്‍ത്ഥം മൂലമാണ്‌ ഇപ്പോള്‍നീ എന്റെ അരികിലേക്കു വന്നത്‌? നിന്റെ മുഖം മുമ്പത്തേ മട്ടിലല്ലല്ലോ കാണുന്നത്‌. വല്ലാതെ വാടി വിളര്‍ത്തല്ലോ. എല്ലാം വിവരമായി പറയൂ. ഞാന്‍ ശരിയായി എല്ലാം കേള്‍ക്കട്ടെ! വേണ്ടതു ചെയ്യാം. ഞാന്‍ മാത്രമാണ്‌ നിനക്ക്‌ എന്നും എല്ലാറ്റിലും വിശ്വസ്തന്‍. എന്തെന്നാല്‍ , ഞാനാണ്‌ എപ്പോഴും നിന്നെ ആപത്തുകളില്‍ നിന്ന് രക്ഷിച്ചിട്ടുള്ളത്‌. പറയാനുള്ളതൊക്കെ വേണ്ടമാതിരി പറഞ്ഞ്‌ അന്യന്മാർ അറിയുന്നതിന് മുമ്പ്‌ നീ നിന്റെ മെത്തയില്‍ കിടക്കുവാന്‍ പൊയ്ക്കൊള്ളുക.

18. ദ്രൗപദീ ഭീമ സംവാദം - ദ്രൗപദി ഭീമസേനന്റെ അടുത്ത്‌ തന്റെ ദുഃഖം ഉണര്‍ത്തിക്കുന്നു - ദ്രൗപദി പറഞ്ഞു; യുധിഷ്ഠിരനെ ഭര്‍ത്താവായി ലഭിച്ച സ്ത്രീക്ക്‌ ദുഃഖമില്ലായ്മ എന്നത്‌ എങ്ങനെ ഉണ്ടാകും? എല്ലാ ദുഃഖവും അറിഞ്ഞ ഭവാന്‍ എന്താണീ ചോദിക്കുന്നത്‌? അന്ന് ആ സഭയില്‍ പ്രാതികാമി എന്നെ കൊണ്ടു വന്നതും, ദാസിയെന്ന് അധിക്ഷേപം കേട്ടതും ഓര്‍ത്ത്‌ ഇന്നു്‌ എന്റെ മനസ്സു ദഹിക്കുകയാണ്‌. പാഞ്ചാലിയൊഴികെ ഏതു രാജപുത്രിയാണ്‌ ഇത്തരം മഹാസങ്കടങ്ങള്‍ ഏറ്റിട്ട്‌ ജീവിച്ചിരിക്കുക? വനവാസത്തില്‍ കഴിയുമ്പോഴല്ലേ ദുഷ്ടബുദ്ധിയായ ജയദ്രഥന്‍ ചെയ്ത രണ്ടാമത്തെ പരാമര്‍ശം? ഏതൊരുവള്‍ ഈ അവമാനം പൊറുക്കും? മത്സ്യരാജാവിന്റെ മുമ്പില്‍ വെച്ച്‌ ആ ചൂതാട്ടക്കാരനായ പ്രഭു കാണ്‍കെയല്ലേ കീചകന്‍ എന്നെ പിടി കൂടിയത്‌? എന്നെ പോലെയുള്ള ഏതൊരുവള്‍ ഇതു പൊറുത്തു ജീവിക്കും?

ഇപ്രകാരം പല കഷ്ടപ്പാടുകളും സഹിച്ച എന്നെ ഭവാന്‍ അറിയുന്നില്ല. എന്റെ ദുഃഖത്തിന്റേയും അപമാനത്തിന്റേയും ആഴം ഭവാന്‍ അറിയുന്നില്ല. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട്‌ എന്തു ഫലം? ആ പാപിയായ കീചകന്‍ സേനാനിയാണ്‌, രാജ്ഞിയുടെ സഹോദരനുമാണ്‌. സൈരന്ധ്രിയായി രാജഗൃഹത്തില്‍ വസിക്കുന്നു എന്നോട്‌ അവന്‍ പലപ്പോഴും വന്ന് പറയാറുണ്ട്‌ എന്റെ ഭാര്യയാകണേ സൈരന്ഡ്രീ! എന്ന്. അവന്‍ ഇപ്രകാരം ക്ഷണിക്കുന്നത്‌ കേള്‍ക്കുമ്പോള്‍, കൊല്ലേണ്ടവനായ ആ പാപി, ഇപ്രകാരം പറയുമ്പോള്‍ യഥാകാലം പക്വമായ ഫലം പോലെ എന്റെ കരള്‍ വിള്ളുകയാണ്‌. പൊട്ടച്ചൂതാട്ടക്കാരനായ ജ്യേഷ്ഠഭ്രാതാവിനെ ആണ്‌ ഇക്കാര്യത്തില്‍ അധിക്ഷേപിക്കേണ്ടത്‌. അദ്ദേഹം ചെയ്ത കര്‍മ്മം കൊണ്ടാണ്‌ ഞാന്‍ ഈ ദുഃഖമൊക്കെ അനുഭവിക്കേണ്ടി വന്നത്‌. രാജ്യവും, സര്‍വ്വസ്വവും, ആത്മാവും ഒക്കെ പണയപ്പെടുത്തി തെണ്ടുവാന്‍ പൊട്ടച്ചൂതു കളിക്കാരൻ അല്ലാതെ മറ്റാര്‍ ഒരുങ്ങും? രാവിലെമു തല്‍ സന്ധ്യയാകുന്നതു വരെ എത്ര വേണമെങ്കിലും പണയം വെച്ചാലും തീരാത്തിടത്തോളം സ്വര്‍ണ്ണവും, വെള്ളിയും, വസ്ത്രങ്ങളും, ആനകളും, കുതിരകളും, വാഹനങ്ങളും, മൂരികളും, ആടുകളും, ചെമ്മരിയാടുകളും, അശ്വങ്ങളും, കോവര്‍ കഴുതകളും ഉണ്ടായിരുന്നില്ലേ? ഇദ്ദേഹം എന്നിട്ട്‌ എന്താണു ചെയ്തത്‌? ചൂതില്‍ ഏറ്റു തോറ്റു! തീരെ ശ്രീ നശിപ്പിച്ചില്ലേ? ഇപ്പോള്‍. കഴിഞ്ഞതിനെ പറ്റിയൊക്കെ ചിന്തിച്ച്‌ മൂഢനെ പോലെ മിണ്ടാതിരിക്കുന്നു. പൊന്‍മാലയിട്ട്‌ പതിനായിരം അശ്വങ്ങളും അത്ര തന്നെ ഗജങ്ങളും അകമ്പടിയായി പിന്തുടര്‍ന്നിരുന്ന ഈ യുധിഷ്ഠിര രാജാവിന് വേണമോ ഇങ്ങനെ ചൂതുകളി കൊണ്ടു ജീവിതം? അനവധി നൂറായിരം രഥങ്ങളോടു കൂടി ഓജസ്സേറിയ രാജാക്കന്മാര്‍ ഇന്ദ്ര പ്രസ്ഥത്തില്‍ യുധിഷ്ഠിര രാജാവിനെ ഉപാസിച്ചു കൊണ്ടിരുന്നില്ലേ? അവിടെ ഊട്ടുപുരയില്‍ നൂറായിരം ദാസിമാര്‍ രാവും പകലും കയ്യില്‍ പാത്രവുമെടുത്ത്‌ അതിഥികളെ ഊട്ടിയിരുന്നില്ലേ? ആയിരം പലം സ്വര്‍ണ്ണം വീതം അര്‍ത്ഥികള്‍ക്കു ദാനം ചെയ്തിരുന്നില്ലേ? അങ്ങനെയുള്ള രാജാവ്‌ ദ്യൂതം മൂലം എത്ര വലിയ അനര്‍ത്ഥത്തിലാണ്‌ കുടുങ്ങി കിടക്കുന്നത്‌! സുസ്വരന്മാരായ സൂതമാഗധന്മാര്‍ മണികുണ്ഡലങ്ങൾ അണിഞ്ഞ്‌ ഇദ്ദേഹത്തെ പ്രഭാതത്തിലും സന്ധ്യയ്ക്കും കീര്‍ത്തനം ചെയ്തു വന്നിരുന്നു. തപസ്വികളും ദേവജ്ഞന്മാരും സര്‍വ്വകാമ സമ്പൂര്‍ണ്ണന്മാരുമായ സഹസ്രം മഹര്‍ഷികള്‍ സദസ്യന്മാരായി നിത്യം വാണിരുന്നു. ഓരോരുത്തനും മുപ്പതു ദാസികള്‍ വീതം പതിനെണ്ണായിരം സ്നാതകന്മാരെ ഇദ്ദേഹം സംരക്ഷിച്ചിരുന്നു. ഒരിക്കലും ദാനം വാങ്ങാത്ത ഊര്‍ദ്ധ്വ രേതസ്സുകളായ പതിനായിരം യതികള്‍ എപ്പോഴും രാജാവിന്റെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ ജീവിച്ചിരുന്ന രാജാവാണ്‌ ഇപ്പോള്‍ ഇവിടെ ഈ നിലയില്‍ കഴിയാറായത്‌.

നൃശംസത കൂടാതെ ദയാപൂര്‍ണ്ണനായി സര്‍വ്വസമ്പത്തും ഒപ്പം ദാനം ചെയ്തു ഭരിച്ചു വന്ന രാജാവാണ്‌ ഇപ്പോള്‍ ഈ നിലയിലെത്തിയത്‌. അനാഥരേയും അന്ധന്മാരേയും ബാലന്മാരേയും വൃദ്ധന്മാരേയും ദരിദ്രന്മാരേയും പലരേയും പോറ്റി ആനൃശംസ്യം മൂലം എല്ലാം പങ്കിട്ടു നല്കി മഹാനായി രാജ്യം ഭരിച്ചിരുന്ന അദ്ദേഹം നരകത്തില്‍ വീണ മത്സ്യരാജാവിന്റെ ഭൃതൃനായി സഭയില്‍ ചൂതുമായി കങ്കന്‍ എന്ന പേരില്‍ പാര്‍ത്തു വരുന്നു.

ഇന്ദ്രപ്രസ്ഥത്തില്‍ വാണിരുന്ന അന്ന് സമയം നോക്കി രാജാക്കന്മാര്‍ കപ്പവുമായി കാത്തു നിന്നിരുന്ന രാജാവ്‌ ഇന്ന് അന്യന്റെ ശമ്പളം വാങ്ങി ജീവിക്കുകയാണ്‌. ഭൂമി പാലിച്ചിരുന്ന രാജാക്കന്മാര്‍ ആരുടെ കീഴിലായിരുന്നുവോ, ഇന്ന് ആ രാജാധിരാജന്‍ അവരുടെ കീഴില്‍ നിൽക്കുകയാണ്‌! തേജസ്സു കൊണ്ടു സൂര്യനെ പോലെ ഭൂലോകത്തെ മുഴുവന്‍ തപിപ്പിച്ചു കൊണ്ടിരുന്ന യുധിഷ്ഠിരന്‍ ഇപ്പോള്‍ വിരാടന്റെ ഒരു സഭ്യനാണു പോലും! സദസ്സില്‍ മുനിമാരോടു കൂടി രാജാക്കളാല്‍ സേവിക്കപ്പെട്ടിരുന്ന പാണ്ഡവന്‍ ഇപ്പോള്‍ അന്യനെ സേവിക്കുന്നത്‌ ഹേ, പാണ്ഡവാ! നീകാണുന്നില്ലേ? അന്യനെ സഭ്യനായി സേവിച്ച്‌ ഇഷ്ടം പറഞ്ഞ്‌ യുധിഷ്ഠിരന്‍ ഇരിക്കുന്നുതു കാണുമ്പോള്‍ എന്റെ ഉള്ളില്‍ കോപം വര്‍ദ്ധിക്കുകയാണ്‌. അതിന് അനര്‍ഹനും മതിമാനും ധര്‍മ്മാത്മാവുമായ യുധിഷ്ഠിരന്‍ കൊറ്റിന് വേണ്ടി മാത്രം നിൽക്കുന്നുതു കാണുമ്പോള്‍ ആര്‍ക്കാണു സങ്കടം തോന്നാതിരിക്കുക? ഹേ വീരാ! ഭൂലോകമൊട്ടുക്ക്‌ സഭാന്തരത്തില്‍ സേവിച്ചിരുന്നവന്‍ അന്യനെ ചെന്ന് ഉപാസിക്കുകയല്ലേ ചെയ്യുന്നത്‌? ഒരു ഭാരത പുത്രന്റെ കഥ നോക്കൂ! ഇപ്രകാരം പലതരം ദുഃഖം പൂണ്ട്‌ അനാഥയെ പോലെ ശോക സമുദ്രത്തില്‍ ആണ്ടു പോയ എന്നെ ഹേ, ഭീമാ! നീ കാണുന്നില്ലേ

19. ദ്രൗപദീ ഭീമ സംവാദം - ദ്രൗപദി ഭീമസേനന്റെ സന്നിധിയില്‍ വിലപിക്കുന്നു - ദ്രൗപദി പറഞ്ഞു: ഭാരതാ, ഭീമാ! ഞാന്‍ എന്റെ ഭയങ്കരമായ സങ്കടം നിന്നോടു പറയാം. എന്നോടു മുഷിയരുത്‌. സഹിക്കാന്‍ കഴിയാത്ത ദുഃഖം കൊണ്ടു പറയുന്നതാണ്‌. ഭവാന്‍ ഏറ്റവും മോശമായ വെപ്പുകാരനായി "വല്ലവനാവുക"യാല്‍ ഹേ ഭാരതാ! ആരാണ്‌ ദുഃഖിക്കാതിരിക്കുക? മത്സൃസൂതനായ വല്ലവനായിട്ടല്ലേ ജനങ്ങള്‍ ഭവാനെ അറിയുന്നത്‌? അന്യന്റെ ദാസന്മാരില്‍ ഇതിനേക്കാള്‍ താഴ്‌ന്ന ഉദ്യോഗം വേറെയുണ്ടോ? അടുക്കളപ്പണി കഴിഞ്ഞതിന് ശേഷം വിരാടനെ ഉപാസിക്കുന്നുു. അങ്ങ്‌ വല്ലവന്‍ എന്ന സൂതനായതിനാല്‍ എന്റെ ഹൃദയം ഇടിഞ്ഞു പോയിരിക്കുന്നു. രാജാവ്‌ സന്തോഷത്തോടെ ഭവാനെക്കൊണ്ട്‌ ആനയുമായി പൊരുതിക്കുമ്പോള്‍ അന്തഃപുര സ്ത്രീകള്‍ക്കൊക്കെ ചിരിയാണ്‌; എനിക്കാണെങ്കില്‍ ഹൃദയം നടുങ്ങുകയാണ്‌. ഗൃഹത്തില്‍ നീ പോത്ത്‌, പുലി, സിംഹം മുതലായവയോട്‌ എതിര്‍ക്കുമ്പോള്‍ കൈകേയി കണ്ടു നിൽക്കുന്ന അവസരത്തിലും എനിക്കു ഹൃദയത്തില്‍ കിടിലമാണ്‌. എന്റെ മുഖം പ്രസന്നമാകാത്തത്‌ കണ്ട്‌ കൈകേയി എല്ലാ ദാസിമാരോടും പറയും. അപ്പോള്‍ ദാസികളൊക്കെ കൈകേയിയോടു പറയാറുണ്ട്‌: മൃഗങ്ങളോടു മല്ലടിക്കുന്ന ആ മഹാവീരനെ നോക്കി ഈ ശുചിസ്മിത അനുശോചിക്കുന്നുതു നോക്കുക! സഹവാസ ഗുണം കൊണ്ടുണ്ടായ സ്നേഹത്താലായിരിക്കാം ഈ സഹതാപം. സൈരന്ധ്രി കല്യാണ രൂപയാണ്‌! വല്ലവന്‍ സുന്ദരനുമാണ്‌! രണ്ടുപേരും രൂപഗുണം കൊണ്ട്‌ ചേരും. സ്ത്രീകളുടെ ചിത്തം ആര്‍ക്കറിയാം? ഈ രാജകുലത്തില്‍ ഒരേ കാലത്ത്‌ വന്നു പാര്‍ക്കുന്ന ഇവര്‍ ദിവസേന കണ്ടു വരാറുള്ളതു കൊണ്ട്‌ പരസ്പരം പ്രിയം ജനിച്ചിരിക്കും! അതു കൊണ്ടാകാം സൈരന്ധ്രിക്ക്‌ വല്ലവനില്‍ ഇത്ര കരുണ! ഇപ്രകാരം പറഞ്ഞ്‌ അവര്‍ എന്നെ നിതൃവും കളിയാക്കാറുണ്ട്‌. ഇതു കേള്‍ക്കുമ്പോള്‍ ഞാന്‍ ചൊടിക്കും. ആ ക്രോധവും അവരുടെ ശങ്കയേ ബലപ്പെടുത്തുകയാണ്‌. ഇവര്‍ ഇപ്രകാരം പറയുമ്പോള്‍ വലിയ ദുഃഖത്തില്‍ ഞാന്‍ മുഴുകും.

ഭീമവിക്രമനായ ഭവാന്‍ ഈ നരക ദുഃഖം, അനുഭവിക്കുമ്പോള്‍ യുധിഷ്ഠിരൻ ഉണ്ടാക്കിയ ദുഃഖ സമുദ്രത്തില്‍ മുങ്ങിത്തുടിക്കുന്ന എനിക്ക്‌ ജീവിക്കുവാന്‍ ആശ ഇല്ലാതായിരിക്കുന്നുു. മര്‍ത്ത്യന്മാരേയും അമര്‍ത്ത്യന്മാരേയും ഒക്കെ ഒറ്റത്തേരാല്‍ ജയിച്ച ആ യുവാവ്‌, വിരാടന്റെ പെണ്‍കിടാങ്ങളുടെ നര്‍ത്തകനായി തീര്‍ന്നു. അഗ്നിയെ ഖാണ്ഡവത്തില്‍ തര്‍പ്പിച്ച മഹാശയനായ അര്‍ജ്ജുനന്‍ കിണറ്റിലെ അഗ്നി പോലെ ഛന്നനായി അന്തപുരത്തില്‍ പാര്‍ക്കുന്നുു. ശത്രുക്കള്‍ക്കൊക്കെ ഭയമുണ്ടാക്കുന്ന ധനഞ്ജയന്‍ ലോകനിന്ദിതമായ വേഷമല്ലേ കെട്ടി നടക്കുന്നത്‌; അവന്റെ ഞാണ്‍ തഴമ്പേറ്റതും പരിഘം പോലുള്ളതുമായ കരങ്ങള്‍ ശംഖുവള കൊണ്ടു മൂടി അവന്‍ ദുഃഖത്തോടെയല്ലേ വാഴുന്നത്‌? അവന്റെ ഞാണൊലി കേള്‍ക്കുമ്പോള്‍ വൈരികള്‍ ഭയപ്പെട്ട്‌ ഓടിക്കളയും. ഇപ്പോള്‍ എന്തൊരു വൈപരീത്യമാണ്‌ സംഭവിച്ചത്‌! അവന്റെ, പാട്ടു കേട്ട്‌ ഇപ്പോള്‍ ചുറ്റും നാരിമാര്‍ കൂടുന്നു! സൂര്യനു തുല്യമായ ആ പൊന്‍കിരീടം ശിരസ്സില്‍ ധരിച്ചവന്‍ ഇപ്പോള്‍ തലമുടി മെടഞ്ഞു ചാര്‍ത്തി നടക്കുകയാണ്‌. ധനഞ്ജയന്‍! ഘോരചാപനായ ധനഞ്ജയനെ തലകെട്ടി മെടഞ്ഞ വേഷത്തില്‍ കന്യകമാരുടെ മദ്ധ്യത്തില്‍ കാണുമ്പോള്‍ ഹേഭീമാ! എന്റെ മനസ്സു വാടുന്നു. ദിവ്യാസ്ത്രങ്ങളൊക്കെ അറിഞ്ഞവനായ ആ മഹാത്മാവ്‌, വിദ്യാനിധി, ഇപ്പോള്‍ കേവലം കുണ്ഡലങ്ങള്‍ ധരിച്ചു നടക്കുന്നു. തേജസ്സു കൊണ്ട്‌ എതിരറ്റവനും, യുദ്ധത്തില്‍ നാനാരാജാക്കന്മാര്‍ കടല്‍ കരയെ എന്ന വിധം ആരെ തട്ടിക്കടക്കുന്നുില്ലാ ആ യുവാവ്‌, വിരാടന്റെ പെണ്‍കിടാങ്ങള്‍ക്കു നര്‍ത്തകനായി വേഷം മാറി കന്യകാ പരിചാരകനായി വസിക്കുകയാണ്‌. രഥഘോഷം കൊണ്ട്‌ കാടും മേടും സര്‍വ്വ ചരാചരങ്ങളും ചേര്‍ന്ന ഭൂമിയൊക്കെയിട്ടു കുലുക്കുന്നവനായ ആ മഹാന്‍ ഉണ്ടായപ്പോള്‍ കുന്തിയുടെ ദുഃഖമൊക്കെ അകന്ന് പോയി. അവന്റെ ഇന്നത്തെ നില കാണുമ്പോള്‍ എന്റെ ഹൃദയം ദുഃഖത്തിലാണ്ടു പോകുന്നു. പൊന്നണി കുണ്ഡലങ്ങളിട്ട്‌, ശംഖുവള ചാര്‍ത്തി അവന്‍ വരുന്നതു കാണുമ്പോള്‍ എന്റെ മനസ്സു വാടിപ്പോകുന്നു. ഭൂമിയില്‍ ചാപം എടുത്തവരില്‍ വീര്യം കൊണ്ട്‌ എതിരറ്റവനായ അര്‍ജ്ജുനന്‍, ചുറ്റും പെണ്‍കുട്ടികളുമായി ആടിപ്പാടി നടക്കുകയാണ്‌! ധര്‍മ്മം, ശൗര്യം, സത്യം എന്നിവയ്ക്ക്‌ എല്ലാവര്‍ക്കും അതിസമ്മതനായ പാര്‍ത്ഥനെ പെണ്‍വേഷത്തില്‍ കാണുമ്പോള്‍ സങ്കടമാകുന്നു. പെണ്‍കുട്ടികളാല്‍ ചുറ്റപ്പെട്ട വിധം ആ ദേവരൂപി പിടിയാനകളാല്‍ ചുറ്റപ്പെട്ട മത്തേഭനെ പോലെ പ്രകാശിക്കുന്നുു. പാര്‍ത്ഥനെ ധനവാനായ വിരാടന്റെ ഭൃത്യനായി, ഷണ്ഡനായി കാണുമ്പോള്‍ ശോകാന്ധതയാല്‍ ദിക്കുകള്‍ തിരിച്ചറിയുവാന്‍ കഴിയാത്ത വിധം ഞാന്‍ കുഴങ്ങിപ്പോകുന്നു! ഹേ ആര്യാ, തീര്‍ച്ചയായും അര്‍ജ്ജുനന്റെ കഷ്ടത ആര്യനും അജാത ശത്രുവുമായ കൗരവ്യന്‍ അറിയുന്നില്ല. അദ്ദേഹം ചൂതാടി തന്നെ കഴിയുകയാണല്ലോ.

ഇപ്രകാരം തന്നെ പശുക്കളുടെ നാഥനായി അനുജനായ സഹദേവനെ ഗോക്കളില്‍ കൂറ്റന്‍ എന്ന പോലെ കണ്ടിട്ട്‌ ഞാന്‍ വിളറുന്നു. സഹദേവന്റെ തൊഴില്‍ വീണ്ടും വീണ്ടും ചിന്തിച്ചു ഞാന്‍ ഉറങ്ങാറില്ല ഭീമാ! പിന്നെ എവിടെ സന്തോഷം? സഹദേവന്‍ സതൃവിക്രമനാണ്‌. അവന് ഈ ദുഷ്കൃതം വന്നു കൂടുവാന്‍ വയ്യായിരുന്നു. നിന്റെ ഇഷ്ടനായ അനുജനെ കണ്ട്‌ ഞാന്‍ ദുഃഖിക്കുകയാണ്‌. ഗോക്കളുടെ ഇടയില്‍ കാളയെ പോലെ മത്സ്യന്‍ വേലയ്ക്കു വെച്ചുവല്ലോ! ഗോരോചനം ചാര്‍ത്തി പശുപാലകന്മാരുടെ മുമ്പനായി പുറപ്പെട്ട്‌ സഹദേവന്‍ വിരാടനെ സ്തുതിക്കുന്നുതു കാണുമ്പോള്‍ എനിക്കു ജ്വരം ബാധിക്കുന്നുു. സുശീലനും, സുവൃത്തനും, മഹാ കുലീനനുമാണ്‌ സഹദേവനെന് കുന്തീദേവി നിത്യം പ്രശംസിക്കുന്നത്‌ ഞാന്‍ കേടിട്ടുണ്ട്‌. അവന്‍, നാണമുള്ളവനും, ഭംഗിപറയുന്നവനും, ധാര്‍മ്മികനും, എനിക്കു വളരെ പ്രിയപ്പെട്ടവനുമാണ്‌. അവനെ കാട്ടില്‍ നീ രാത്രിയില്‍ നോക്കണം, യാജ്ഞസേനീ എന്ന് എന്റെ ശ്വശ്രു എന്നോടു പറഞ്ഞിട്ടുണ്ട്‌. സുകുമാരനും, ശൂരനും, രാജാവിനെ അനുകരിച്ചു ജീവിക്കുന്നവനും, ജ്യേഷ്ഠഭക്തനും, വീരനുമായ അവനെ പാര്‍ഷതി നല്ല ശ്രദ്ധയോടെ ഊട്ടണം എന്നും കുന്തി എന്നോടു കരഞ്ഞു പറഞ്ഞിട്ടുണ്ട്‌. വനത്തിലേക്കു പോകുമ്പോള്‍, കുന്തീദേവി എന്നെ തഴുകി സമാശ്വസിപ്പിക്കുമ്പോള്‍ പറഞ്ഞ ആ വാക്കുകള്‍ എപ്പോഴും ഞാന്‍ ഓര്‍ക്കുന്നുു. ഇപ്പോള്‍ പശുക്കളെ നോക്കി പൈക്കിടാങ്ങളുടെ ചാണകത്തില്‍ രാത്രി കിടക്കുന്ന കഥയോര്‍ക്കുമ്പോള്‍, ആ വീരനെ കണ്ട്‌, ഇനി ഞാന്‍ എന്തിനു ജീവിക്കുന്നു എന്നെനിക്കു തോന്നിപ്പോകുന്നു. സ്ത്രീകള്‍ക്കു സമ്മതനും, രൂപവാനും, അസ്ത്രജ്ഞനും, ബുദ്ധിമാനുമായ നകുലന്‍ മത്സ്യന്റെ കുതിരക്കാരൻ ആയിരിക്കുന്നുു. നോക്കൂ, കാലത്തിന്റെ വിപര്യയം! ആ ദാമഗ്രന്ഥിയെ ( അജ്ഞാത വാസ കാലത്തെ പേര്‌ ) കാണുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. മഹാരാജാവു നോക്കി നില്ക്കെ അവന്‍ അശ്വശിക്ഷ നടത്തുമ്പോള്‍ ദുഃഖിച്ച്‌ ഞാന്‍ അവശയാകുന്നു. ശ്രീമാനായി ശോഭിക്കുന്ന അവന്‍ മത്സ്യരാജാവിനെ സേവിച്ചു നില്‍ക്കുന്നുതും വാജിരാജിയെ കാണിച്ചു നിൽക്കുന്നതും കാണുമ്പോള്‍ ഞാന്‍ എങ്ങനെ സുഖമുള്ളവളായി കഴിയും ? ഹേ, പാര്‍ത്ഥാ! പരന്തപാ, ഭീമാ! ധര്‍മ്മപുത്രന്‍ കാരണം നൂറുനുറു ദുഃഖങ്ങള്‍ അനുഭവിക്കുന്നു. അതിലും വലിയതായിട്ടും മറ്റു ദുഃഖങ്ങളുമുണ്ട്‌. അതും ഞാന്‍ പറയാം. ഭവാന്‍ കേള്‍ക്കുക. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ പലമാതിരി ദുഃഖങ്ങള്‍ എന്റെ ദേഹത്തെ ശോഷിപ്പിക്കുന്നുു. ഇതില്‍ പരം കഷ്ടം എന്തുണ്ട്‌?

20. ദ്രൗപദീ ഭീമ സംവാദം - ദ്രൗപദി ഭീമസേനനോട്‌ തന്നെ ബാധിച്ച ദുഃഖം വിവരിക്കുന്നു - ദ്രൗപദി പറഞ്ഞു: ഞാന്‍ സൈരന്ധ്രി വേഷവും കെട്ടി രാജഗൃഹത്തില്‍ ചുറ്റുകയും, സുദേഷ്ണയെ കുളിപ്പിക്കുകയും, അലങ്കരിപ്പിക്കുകയും ചെയ്തു കൊണ്ടു ജീവിക്കേണ്ട നില ഈ ചൂതാട്ടക്കാരന്‍ വരുത്തി തീര്‍ത്തതല്ലേ? ഹേ, പരന്തപ! രാജനന്ദിനിയായ എനിക്കു വന്ന് കൂടിയ മാറ്റം നീ നോക്കൂ! മനുഷ്യരെല്ലാം ദുഃഖം ഇല്ലാതാക്കാന്‍ യഥാകാലം ശ്രമിക്കണമെന്നും, ജയാപജയങ്ങളും, കാര്യസിദ്ധിയും അനിത്യങ്ങളാകയാല്‍ ഒരിക്കല്‍ ഉണ്ടായില്ലെങ്കിലും മറ്റൊരിക്കല്‍ ഉണ്ടാകുന്നതാണെന്നും ചിന്തിച്ച്‌, ഭര്‍ത്താക്കന്മാരുടെ ഉയര്‍ച്ചയെ കാംക്ഷിച്ച്‌, ഞാന്‍ ക്ഷമയോടെ നാള്‍ കഴിക്കുകയാണ്‌. കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുകയാണ്‌. അതിന്റെ തിരിച്ചിലില്‍ കാര്യലാഭവും കാര്യനഷ്ടവും സംഭവിക്കും. ചക്രം തിരിഞ്ഞു കാര്യലാഭമുണ്ടാകും എന്ന പ്രതീക്ഷയില്‍ ഞാന്‍ ഭര്‍ത്താക്കന്മാരുടെ ഉയര്‍ച്ചയെ കാത്തു കൊണ്ട്‌ ജീവിക്കുകയാണ്‌. ഏതാണോ മനുഷ്യര്‍ക്കു ജയം കിട്ടുവാന്‍ കാരണമാവുക അതു തന്നെ ആയിരിക്കും പരാജയത്തിനും കാരണമാവുക എന്ന് ചിന്തിച്ച്‌ ഞാന്‍ ക്ഷമയോടെ ജീവിക്കുകയാണ്‌! എടോ ഭീമാ! ഞാന്‍ മൃതയായി എന്ന് നീ വിചാരിച്ചുവോ? അങ്ങനെ വിചാരിക്കേണ്ടാ. ഒരിക്കല്‍ ദാതാവായവന്‍ പിന്നെ ഇരപ്പാളിയാകാം. അന്യനെ കൊല്ലാന്‍ കരുത്തുള്ളവന്‍ ഒരിക്കല്‍ അന്യന്മാരാല്‍ കൊല്ലപ്പെടുകയും ചെയ്യും. അന്യരെ താഴ്ത്തി അവമാനിച്ചവന് അന്യന്റെ മുമ്പില്‍ താഴ്‌ന്ന് അവമാനിതനായി നിൽക്കേണ്ടി വന്നേക്കാം. വീഴിച്ചവരെ വീഴിക്കും: ഇതൊക്കെ കാലചക്ര തിരിച്ചിലില്‍ വന്നുചേരും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്‌. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. അതില്‍ അപ്പുറമായി ആരുമില്ല. ദൈവത്തിനാണ്‌ പ്രാധാന്യമെന്നും, ദൈവത്തിന് അധീനമാണ്‌ ഞാനെന്നും വിചാരിച്ചു കൊണ്ട്‌ ഇപ്രകാരം അടങ്ങി ജീവിക്കുകയാണ്‌. സമുദ്രത്തില്‍ നിന്ന് ആവിയായി ആകാശത്തിലേക്കു പോകുന്ന ജലം പിന്നേയും ആ സമുദ്രത്തില്‍ തന്നെ വന്നു ചേരുന്നുണ്ടല്ലോ. ഈ പരിണാമം എന്നേയും ബാധിക്കുമെന്ന് ചിന്തിച്ചു കൊണ്ട്‌, വീണ്ടും ഉദയം തീര്‍ച്ചയായും ഉണ്ടാകുമെന്ന് ചിന്തിച്ച്‌ അതിന്റെ കാലത്തെ പ്രതീക്ഷിച്ചു കഴിയുകയാണ്‌. സന്മാര്‍ഗ്ഗത്തില്‍ നേടിയ കാര്യം ദൈവം നഷ്ടപ്പെടുത്തുക ആണെങ്കില്‍ അറിവേറുന്ന അവന്‍ ദൈവയോഗത്തെ പ്രതീക്ഷിച്ചു ശ്രമിച്ചു കൊണ്ടിരിക്കുക തന്നെ വേണം. ഞാന്‍ ഇപ്രകാരം ഇത്രയൊക്കെ പറയുവാന്‍ എന്താണു കാരണമെന്ന് നീ വിചാരിക്കുന്നുണ്ടാകും. ദുഃഖിക്കുന്ന എന്നോടു ചോദിക്കൂ! കാരണം അപ്പോള്‍ ഇവള്‍ പറയും. പാണ്ഡവന്മാരുടെ മഹിഷി, പാഞ്ചാല രാജാവിന്റെ പുത്രിയാണ്‌, ഈ ദാസ്യവൃത്തി സ്വീകരിച്ചു ജീവിക്കുന്നത്‌! ഞാനല്ലാതെ ഈ ഉയര്‍ന്ന നിലയില്‍ എത്തിയ ഏതു സ്ത്രീയാണ്‌ ഈ ക്ലേശം സഹിച്ചു ജീവിക്കുവാന്‍ പോകുന്നത്‌? കുരുക്കള്‍ക്കും, പാഞ്ചാലന്മാര്‍ക്കും, പാര്‍ത്ഥന്മാര്‍ക്കും, അവമാനകരമല്ലേ എന്റെ ഈ ദാസ്യവൃത്തി?

മാതാവ്‌, ശ്വശുരന്‍, പുത്രന്മാര്‍ ഇവരൊക്കെ ഒട്ടേറെയുള്ള ഒരു സ്ത്രീ ഈ നിലയില്‍ ജീവിച്ചതായി ഭവാന്‍ കേട്ടിട്ടുണ്ടോ, ഈയുള്ളവളല്ലാതെ? മറ്റാരും ഈ ദുഃഖത്തിൽ അകപ്പെടുകയില്ല. ബാലയായ ഞാന്‍ വിധാതാവിന് വല്ല അപ്രിയവും ചെയ്തിട്ടുണ്ടാകും. അതു കൊണ്ടായിരിക്കാം ഈ കഷ്ടപ്പാടുകള്‍ ഞാന്‍ അനുഭവിക്കേണ്ടതായി വന്ന് കൂടിയത്‌. എന്റെ നിറക്കുറവ്‌ നീ കണ്ടില്ലേ! നോക്കൂ! എനിക്കു കാട്ടില്‍ വാഴുമ്പോഴും ഇത്ര ദുഃഖമുണ്ടായിരുന്നില്ല. ഭീമാ, അപ്പോഴത്തെ സുഖം നീ അറിഞ്ഞിരുന്നതല്ലേ! ആ ഞാന്‍ ഇപ്പോള്‍ ദാസിയായി, അസ്വതന്ത്രയായി,. യാതൊരു ശാന്തിയുമില്ലാതെ ജീവിക്കാറായി. ദൈവയോഗം തന്നെ എന്ന് ഞാന്‍ ഓര്‍ക്കുകയാണ്‌. ഭീമചാപനും, മഹാബാഹുവുമായ ധനഞ്ജയന്‍ ചാരത്താല്‍ മൂടിക്കിടക്കുന്ന തീ പോലെയാണ്‌ വാഴുന്നത്‌. ജീവികളുടെ ഗതി അറിയുവാന്‍ മനുഷ്യര്‍ക്കു കഴിയുകയില്ല. കരുതലില്ലാതെ വന്ന് കൂടിയതാണ്‌ ഈ തോല്‍വി എന്ന് ഞാന്‍ വിചാരിക്കുന്നുില്ല. എപ്പോഴും ഇന്ദ്രാഭന്മാരായ നിങ്ങള്‍ എന്റെ മുഖം നോക്കി നിൽക്കുന്നുവർ ആണല്ലോ. അങ്ങനെയുള്ള ഞാന്‍ ഹീനയായ ഒരു സ്ത്രീയുടെ മുഖം നോക്കി നിൽക്കേണ്ടവളായി! ഇത്‌ എനിക്കു തക്കതല്ലാത്ത നിലയാണെന് നിനക്കറിയാമല്ലോ. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ കാലവൈപരീത്യം കാണുവിന്‍! ആഴിചൂഴുന്ന ഈ ഊഴി മുഴുവന്‍ ഏതൊരുവളുടെ കാല്‍ക്കീഴിൽ ആയിരുന്നുവോ, അവള്‍ ഇന്ന് സുദേഷ്ണയെ ഭയപ്പെട്ടു നിൽക്കേണ്ടവൾ ആയിരിക്കുന്നുു. ഇന്ന് അവള്‍ സുദേഷ്ണയുടെ മുന്നിലും പിന്നിലും അകമ്പടി സേവിക്കുകയാണ്‌. ഹേ കൗന്തേയാ, എനിക്ക്‌ അസഹൃമായ ദുഃഖം നീ കേള്‍ക്കുക. പണ്ട്‌ എനിക്കുള്ള കുറിക്കൂട്ടു കൂടി ഞാന്‍ അരച്ചിരുന്നില്ല. കുന്തിക്കു വേണ്ടി മാത്രമേ ഞാന്‍ അരച്ചിട്ടുള്ളു. അങ്ങയ്ക്കു ശുഭം വരട്ടെ! ഇന്ന് ഞാന്‍ സുദേഷ്ണയ്ക്കു ചന്ദനം അരയ്ക്കുകയാണ്‌. നോക്കൂ, എന്റെ രണ്ടു കൈകളും. ഇവ രണ്ടും മുമ്പ്‌ ഇങ്ങനെയായിരുന്നോ? എന്ന് പറഞ്ഞ്‌ തഴമ്പിച്ച അവളുടെ കൈകള്‍ ഭീമന് കാട്ടിക്കൊടുത്തു അവള്‍ വീണ്ടും തുടര്‍ന്നു; കുന്തിയേയും നിങ്ങളേയും പേടിക്കുവാന്‍ ഒരു കാലത്തും ഇടയാകാത്ത ഞാന്‍, പേടിക്കാത്ത ഞാന്‍, ഇന്ന് ഈ വിരാടന്റെ മുമ്പില്‍ ദാസിയായി ഭയപ്പെട്ടു നിൽക്കുകയാണ്‌! കുറിക്കൂട്ട്‌ അസ്സലായോ? എന്ന് വിരാടന്‍ എന്നോടു ചോദിക്കും. അദ്ദേഹത്തിനു മറ്റാരും കുറിക്കൂട്ടരച്ചാല്‍ ബോദ്ധ്യമല്ലത്രേ!

വൈശമ്പായനൻ പറഞ്ഞു: ഭീമനോട്‌ ഇപ്രകാരം സങ്കടം പറഞ്ഞ്‌ ഭാമിനി മെല്ലെ കരഞ്ഞ്‌ ഭീമന്റെ നേരെ നോക്കി നെടുവീര്‍പ്പിട്ടു വീണ്ടും തൊണ്ട വിറയ്ക്കുമാറു പറഞ്ഞു.

ദ്രൗപദി പറഞ്ഞു: ഭീമാ! ഞാന്‍ ദേവന്മാര്‍ക്കു ചെയ്ത പാതകം ചെറുതല്ല. നിര്‍ഭാഗ്യയായ ഞാന്‍ ചാകേണ്ട സമയത്തു ജീവിക്കുകയാണല്ലോ ചെയ്യുന്നത്‌.

വൈശമ്പായനൻ പറഞ്ഞു പത്നിയുടെ തഴമ്പു ചേര്‍ന്ന ചെറുകൈകള്‍ പിടച്ച്‌ മുഖത്തു ചേര്‍ത്ത് വച്ച്, ശത്രുകര്‍ശനനായ വൃകോദരൻ കരഞ്ഞു. ആ കൈ പിടിച്ചു കണ്ണുനീര്‍ വാര്‍ത്തതിന് ശേഷം വീണ്ടും മഹാ ദുഃഖത്തില്‍ മുഴുകി ഭീമന്‍ ഇപ്രകാരം പറഞ്ഞു.

21. ദ്രൗപദീ സാന്ത്വനം - ഭീമന്‍ പറഞ്ഞു: മുമ്പെ അരുണ വര്‍ണ്ണമായിരുന്ന നിന്റെ കൈത്തലം ഇപ്രകാരം വടു കെട്ടിയതു കാണുമ്പോള്‍ കഷ്ടം! എന്റെ കയ്യൂക്കും, അര്‍ജ്ജുനന്റെ ഗാണ്ഡീവവും നിസ്സാരമാണെന് എനിക്കു. തോന്നിപ്പോകുന്നു! വിരാടന്റെ സഭയൊക്കെയും ഞാന്‍ മര്‍ദ്ദിച്ചേനെ. അതു കൊണ്ട്‌ എന്റെ നേരെ കുന്തീകുമാരന്‍ നോക്കി നിന്നു. അല്ലെങ്കില്‍ ഐശ്വരൃ മദമത്തനായ കീചകന്റെ തല, കളിക്കുന്ന ആനയെ പോലെ ഞാന്‍ അടിച്ചു ഉടയ്ക്കുമായിരുന്നു. നിന്നെ ആ കീചകന്‍ കാല്‍ കൊണ്ട്‌ തട്ടുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ ഉടനെ മത്സൃന്മാരെ മുഴുവന്‍ മര്‍ദ്ദിക്കുവാന്‍ വിചാരിച്ചതാണ്‌. ഉടനെ എന്നെ ധര്‍മ്മനന്ദനന്‍ കടക്കണ്ണു കൊണ്ടു തടഞ്ഞു. എടോ ഭാമിനീ, ജ്യേഷ്ഠന്റെ അഭിമതമറിഞ്ഞ്‌ ഞാന്‍ അടങ്ങിയതാണ്‌. രാജ്യഭ്രംശവും, കൗരവന്മാരെ കൊല്ലാതിരിക്കുന്നതും, ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി, ദുശ്ശാസനന്‍ ഇവരുടെ തല കൊയ്യാതെ ഇരുന്നതും ഓര്‍ത്ത്‌ എന്റെ ശരീരം ദഹിക്കുകയാണ്‌. നെഞ്ചില്‍ തറച്ച ശല്യം പോലെ വേദനിപ്പിക്കുകയാണ്‌.

എടോ സുശ്രോണീ, നീ ധര്‍മ്മം വിടരുത്‌. മഹാമതേ, നീ ക്രോധം വിടുക! നീ ചെയ്ത ഈ ഉപാലംഭമെങ്ങാന്‍ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ കേട്ടു പോയാല്‍ ജീവന്‍ അദ്ദേഹം നശിപ്പിച്ചു കളയും. നീ പറഞ്ഞ ഈ വാക്കുകള്‍ അര്‍ജ്ജുനനോ, നകുലനോ, സഹദേവനോ കേട്ടാല്‍ അവര്‍ പിന്നെ ജീവിച്ചിരിക്കുകയില്ല. അവര്‍ ലോകന്തത്തെ പ്രാപിച്ചാല്‍ പിന്നെ എനിക്കു ജീവിക്കുവാന്‍ സാധിക്കയില്ല. പണ്ട്‌ ഭൃഗു ച്യവന മഹര്‍ഷിയെ അദ്ദേഹത്തിന്റെ ഭാര്യയായ സുകന്യ ഭര്‍ത്താവ്‌ പുറ്റില്‍ അടങ്ങി നിന്നിട്ടും, പിന്‍തുടരുക ഉണ്ടായില്ലേ? ഇന്ദ്രസേനാഖ്യയായ നാളായണി സൗന്ദര്യത്തില്‍ കേള്‍വിപ്പെട്ടവൾ ആയിരുന്നില്ലേ? ആയിരത്തൊന്ന് വര്‍ഷമാണ്‌ കിഴവനായ പതിയെ അവള്‍ ശുശ്രുഷിച്ചു ജീവിച്ചത്‌. വൈദേഹിയായ ജനക പുത്രിയുടെ കഥ നീ കേട്ടിട്ടില്ലേ? അവള്‍ കൊടുംകാട്ടില്‍ വാണ പതിയെ ശുശ്രൂഷിച്ചില്ലേ? രാക്ഷസന്‍ അവളെ അപഹരിച്ചു കൊണ്ടു പോയി ക്ലേശിപ്പിച്ചിട്ടും ആ സീതാദേവി ഭര്‍ത്താവായ രാമനെ തന്നെ ആശ്രയിച്ചു. ലോപാമുദ്രയെപ്പറ്റി കേട്ടിട്ടില്ലേ! രൂപയൗവന സമ്പന്നയായിരുന്ന അവള്‍ സര്‍വ്വമാനുഷ കാമങ്ങളൊക്കെ ഉപേക്ഷിച്ച്‌ അഗസ്തൃനെ പ്രാപിച്ചു. ദ്യുമല്‍സേന സൂതനായ സത്യവാനെ അനിന്ദിതയായ സാവിത്രി ധീരയായി കാനനത്തിലും പിന്‍തുടര്‍ന്നില്ലേ? ഇപ്പറഞ്ഞ സുന്ദരാംഗികളായ പതിവ്രതമാരാണ്‌ മുമ്പെ പറഞ്ഞവരെല്ലാം എടോ കല്യാണീ, നീയും അവരെ പോലെ സകല ഗുണങ്ങളും തികഞ്ഞവളാണ്‌. എടോ ദ്രൗപദീ, ഇനി വളരെക്കാലം ക്ഷമിക്കേണ്ടതില്ലല്ലോ. ഇനി പകുതി മാസമല്ലേ കഴിയേണ്ടൂ. പതിമൂന്ന് സംവത്സരം കഴിയാറായി, കഴിഞ്ഞാല്‍ പ്പിന്നെ നീ രാജാക്കന്മാരുടെ രാജ്ഞിയായി ശോഭിക്കും.

ദ്രൗപദി പറഞ്ഞു; ഭീമാ! ഞാന്‍ രാജാവിനെ അധിക്ഷേപിക്കുകയില്ല ദുഃഖം കൊണ്ടു ഞാന്‍ കരഞ്ഞു പോയതാണ്‌. ദുഃഖം സഹിക്കാഞ്ഞിട്ട് ഞാന്‍ പറഞ്ഞു പോയതാണ്‌. കഴിഞ്ഞതൊക്കെ ഇനി എന്തിന് പറയുന്നു? അടുത്ത കാലം ചെയ്യേണ്ടത് എന്താണെന്നു വെച്ചാല്‍ അതിന് ഒരുങ്ങുക! എന്റെ സൗന്ദര്യം കണ്ട്‌ സുദേഷ്ണ എപ്പോഴും ശങ്കിച്ചു കൊണ്ടാണ് ഇരിക്കുന്നത്‌. രാജാവ്‌ എന്നെ പ്രാപിക്കുമോ എന്ന് സുദേഷ്ണയ്ക്കു ഭയവുമുണ്ട്‌. കളവു കാണുവാന്‍ കീചകന്‍ മിടുക്കനാണ്‌. തന്റെ സഹോദരിയുടെ അന്തര്‍ഗ്ഗതം കീചകന്‍ നല്ലപോലെ ഗ്രഹിച്ചിട്ടുണ്ട്‌. എന്നിട്ടാണ്‌ ആ ദുഷ്ടാത്മാവ്‌ എന്നെ എപ്പോഴും കൊതിക്കുന്നത്‌. അവന്‍ എന്നെ തൊട്ടാല്‍ , രാജാവ്‌ എന്നില്‍ വിരക്തനാകുമെന്നാണ്‌ അവ്‌രുടെ ഗൂഢചിന്ത.

കീചകന്‍ എന്നെ അര്‍ത്ഥിച്ചപ്പോള്‍ എന്നില്‍ കോപം വളര്‍ന്നുവെങ്കിലും അത്‌ അടക്കിക്കൊണ്ടാണ്‌ ആ കാമോന്മത്തനോട്‌ ഞാന്‍ മറുപടി പറഞ്ഞത്‌. "ഭവാന് ജീവനില്‍ ആശയുണ്ടെങ്കില്‍ എന്നെ കാമിക്കാതിരിക്കുക. അഞ്ചു ഗന്ധര്‍വ്വന്മാരുടെ പ്രിയ മഹിഷിയാണ്‌ ഞാന്‍. അവരെല്ലാവരും ശൂരന്മാരാണ്‌. ആ സാഹസികളുടെ ഭാര്യയെ ഭവാന്‍ സ്പര്‍ശിച്ചാല്‍ അവര്‍ കോപിച്ച്‌ ഭവാനെ കൊന്നു കളയും". ഞാന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ ദുഷ്ടബുദ്ധി അത്‌ അത്ര കാര്യമായി ഗണിച്ചില്ല.

എടോ സൈരന്ധ്രി, എനിക്കു ഗന്ധര്‍വ്വന്മാരെ ഒട്ടും ഭയമില്ല. നൂറോ ആയിരമോ ഗന്ധര്‍വ്വന്മാര്‍ വന്നാലും അവരെയൊക്കെ ഞാന്‍ ഒറ്റയ്ക്കു കൊന്നു കളയും. എടോ ഭീരൂ, ശുചിസ്മിതയായ നീ എന്നെ സ്വീകരിക്കുവാന്‍ മടിക്കേണ്ട.

ഇപ്രകാരം പറയുന്ന കാമോന്മത്തനായ അവനോട്‌ ഞാന്‍ ധീരമായി പറഞ്ഞു; പേരുകേട്ട ഗന്ധര്‍വ്വന്മാരോട്‌ ഇടയുവാന്‍ ഭവാനു കഴിയുകയില്ല. ഞാന്‍ ഒന്ന് കൊണ്ടും ധര്‍മ്മത്തില്‍ നിന്ന് വൃതിചലിക്കു കയുമില്ല. കുലത്തിനും, സ്വഭാത്തിനും എതിരായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല. എന്നെ ആരാനും ബലാല്‍ സ്പര്‍ശിച്ചാല്‍ അവന്‍ തീര്‍ച്ചയായും ഹതനാകും. ആരേയും വധിക്കണമെന്ന വിചാരം എനിക്ക് ഇല്ലാത്തതു കൊണ്ടാണ്‌, ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഒഴിഞ്ഞു പൊയ്ക്കൊള്ളുവാന്‍ ഞാന്‍ പറയുന്നത്‌.

ഞാന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ ദുഷ്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ അവനും സുദേഷ്ണയും തമ്മില്‍ ആലോചിച്ചുറച്ച്‌ എന്നെ ചതിക്കുവാന്‍ വട്ടം കൂട്ടി. ഭ്രാതാവിന്റെ പ്രിയം ഉള്ളില്‍ കരുതി അവള്‍ എന്നെ പ്രിയത്തോടെ വിളിച്ച്‌ കീചകന്റെ വസതിയില്‍ ചെന്ന് മദ്യം കൊണ്ടു വരുവാന്‍ നിയോഗിച്ചു. അവിടെ ഞാന്‍ ചെന്നപ്പോള്‍ കീചകന്‍ എന്നോട്‌ പ്രിയവാക്കുകള്‍ പറയുവാന്‍ തുടങ്ങി. അവന്റെ സാന്ത്വനം കൊണ്ട്‌ ഞാന്‍ അധീന ആകുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ ക്രുദ്ധനായി, എന്നെ ബലമായി പിടിക്കുവാന്‍ മുതിര്‍ന്നു. ആ ദുഷ്ടനായ കീചകന്റെ സങ്കല്പം അറിഞ്ഞപ്പോള്‍ ഞാന്‍ രാജാവ്‌ ഇരിക്കുന്നേടത്തേക്ക്‌ ഓടിപ്പോന്നു. രാജാവിനെ കാണ്കെ തന്നെ അവന്‍ പിന്നാലെ ഓടിവന്ന് എന്നെ പിടിച്ചു. അവന്‍ ബലമായി എന്നെ പിടിച്ചു മറിച്ചിട്ട്‌ കാലു കൊണ്ട്‌ അടിച്ചു. വിരാട രാജാവ്‌ ഇതൊക്കെ നോക്കി നിന്നു. കങ്കനും നോക്കി നിന്നു. തേരാളികളും, നര്‍ത്തകന്മാരും, വര്‍ത്തക സംഘവും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. അവരുടെ ഒക്കെ മുമ്പില്‍ വെച്ച്‌ ആ ദുഷ്ടന്‍ എന്നെ അപമാനിച്ചു. ഞാന്‍ രാജാവിനെയും കങ്കനെയും അധിക്ഷേപിച്ചു മുള്ളു ക്കു പറഞ്ഞു. രാജാവ്‌ അവനെ തടുക്കുകയാകട്ടെ ദുര്‍ന്നയത്തെ അവസാനിപ്പിക്കുക ആകട്ടെ ചെയ്തില്ല. വിരാട രാജാവിന്റെ സൂതനായ കീചകന്‍ ധര്‍മ്മം വിട്ടവനും ക്രൂരബുദ്ധിയും, രാജസ്ത്രീസേവ ഉള്ളവനുമാണ്‌. ഗര്‍വ്വിയും, ശൂരനും, പാപബുദ്ധിയും, കാര്യത്തില്‍ ധര്‍മ്മമാര്‍ഗ്ഗം വെടിഞ്ഞവനുമാണ്‌. പരഭാര്യമാരെ സ്പര്‍ശിക്കുവാന്‍ മടിയില്ലാത്തവനാണ്‌. ഗര്‍വ്വിയും, ശൂരനും, പാപബുദ്ധിയുമായ അവന്‍ ധാരാളം ധനം നേടുന്നുണ്ട്‌. മറ്റുള്ളവര്‍ കരഞ്ഞാലും അവന്‍ വിത്തം തട്ടിപ്പറിക്കും. അവന്‍ സന്മാര്‍ഗ്ഗത്തില്‍ നിൽക്കുകയില്ല. ധര്‍മ്മത്തെ കാമിക്കുന്നുമില്ല. താപാത്മാവായ ആ പാപി കാമബാണ വശത്തില്‍ പെട്ട്‌, വിനയം കെട്ട്‌ എന്നെ കാണുമ്പോഴൊക്കെ ഹിംസിക്കുന്നതായിരിക്കും. ഞാന്‍ ചത്തു പോയെന്നും വരാം. അങ്ങനെ ധര്‍മ്മപരന്മാരായ നിങ്ങളുടെ ധര്‍മ്മം നശിച്ചു പോയെന്നും വരാം. സമയം കാത്ത്‌ ക്ഷമിച്ചു നിന്നാല്‍ നിങ്ങള്‍ക്കു ഭാര്യ നഷ്ടമാകും. ഭാര്യയെ രക്ഷിച്ചാല്‍ ആത്മാവിനെ രക്ഷിച്ചതായി വിചാരിക്കാം. പ്രജയെ രക്ഷിച്ചാല്‍ ആത്മാവിനെ കാത്തതായി വിചാരിക്കാം. ആത്മാവ്‌ ഏതൊരുവളില്‍ ജനിക്കുന്നുവോ അവളാണ്‌ ജായ. അങ്ങനെയാണ്‌ ജായാപദത്തിന്റെ ഉല്പത്തി. തന്റെ ഗര്‍ഭോല്പത്തി ഓര്‍ത്ത്‌ ഭാര്യ ഭര്‍ത്താവിനെ രക്ഷിക്കുന്നു. വിപ്രന്മാര്‍ പറഞ്ഞ്‌ വിപ്രവര്‍ണ്ണ ധര്‍മ്മം ഞാന്‍ കേട്ടിട്ടുണ്ട്‌. ക്ഷ്രതിയര്‍ക്ക്‌ ശത്രു ഹിംസയേക്കാള്‍ മീതെയായി വേറെ ധര്‍മ്മമൊന്നും ഇല്ലെന്നാണ്‌. ധര്‍മ്മരാജാവു കാണ്‍കെ അദ്ദേഹത്തിന്റെ കണ്ണിന് മുമ്പില്‍ വെച്ച്‌ കീചകന്‍ കാല്‍ കൊണ്ട്‌ എന്നെ അടിച്ചു. അത്‌ അങ്ങയും കണ്ടതാണല്ലോ? ഭീമാ! മഹാബലാ! അങ്ങ്‌ ഘോരനായ ജടാസുരനില്‍ നിന്ന്‌ എന്നെ രക്ഷിച്ചു. ജയദ്രഥനെയും ഭവാന്‍ ഭ്രാതാക്കന്മാരോടു ചേര്‍ന്ന് ജയിച്ചു. എന്നെ നിന്ദിക്കുന്നു ഈ പാപ ബുദ്ധിയേയും ഭവാന്‍ വധിക്കുക. രാജസേവകനായ കീചകന്‍ എന്നെ വല്ലാതെ അലട്ടുന്നു. പാറയിന്മേല്‍ കുടം എന്ന പോലെ ആ കാമിയെ നീ അടിച്ചു തകര്‍ക്കുക. എനിക്ക്‌ ഏറ്റവും അനര്‍ത്ഥം ചെയ്തു കൊണ്ടിരിക്കുന്നവനാണ്‌ അവന്‍. അവന്‍ ജീവിച്ചിരിക്കെ നാളെ പ്രഭാതത്തില്‍ സൂര്യന്‍ ഉദിക്കുകയാണെങ്കില്‍ വിഷം ചേര്‍ന്ന ഭക്ഷണം ഞാന്‍ കഴിക്കും. കീചകന്‍ മര്യാദയ്ക്കു നിൽക്കുകയില്ല. ഭീമാ! നിന്റെ മുമ്പില്‍ വെച്ചു മരിക്കുകയാണു നല്ലത്‌.

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞ്‌ പാര്‍ഷതി ഭീമന്റെ മാറില്‍ തല ചായ്ച്ചു കരഞ്ഞു. ഭീമന്‍ അവളെ പുല്കി സാന്ത്വന വചനങ്ങള്‍ പറഞ്ഞു. മാഴ്കുന്ന സുമദ്ധ്യയായ പാഞ്ചാലിക്ക്‌ യുക്തിയും കാര്യവും ചേര്‍ന്ന വാക്കുകള്‍ കൊണ്ട്‌ ആശ്വാസം നല്കി. കണ്ണുനീര്‍ പൊഴിയുന്ന അവളുടെ മുഖം കയ്യാല്‍ തുടച്ചു ദുഃഖിക്കുന്ന അവളോട്‌ അമര്‍ഷത്തോടെ ഭീമന്‍ പറഞ്ഞു.

22. കീചകവധം - കീചക ഭീമസേനന്മാരുടെ മല്‍പ്പിടുത്തവും കീചക വധവും - ഭീമന്‍ പറഞ്ഞു; എടോ ഭീരു! നീ വിചാരിക്കുന്ന മാതിരി തന്നെ ഞാന്‍ പ്രവര്‍ത്തിക്കാം. ഇന്ന്‌ ആ കീചകനെ അവന്റെ ബന്ധുക്കളോടും കൂടി ഞാന്‍ വധിക്കുന്നുണ്ട്‌. ഈ രാത്രിയുടെ ആദികാലത്തു തന്നെ അവനുമായി ക്രീഡിക്കാമെന്ന് സമ്മതം കൊടുക്കുക. ദുഃഖവും ശോകവും ഒക്കെക്കളഞ്ഞ്‌ പുഞ്ചിരി തൂകി അവനുമായി സംസാരിച്ച്‌ ഏര്‍പ്പാടു ചെയ്യുക. മത്സ്യരാജാവു പണിയിച്ച നാടകപ്പുരയില്‍ പകല്‍ നൃത്തം ചെയ്യുന്ന പെണ്‍കിടാങ്ങള്‍ രാത്രിയില്‍ വീടു പൂകുന്നതാണല്ലൊ. അപ്പോള്‍ നൃത്തശാല വിജനമാകും. അവിടെ ബലമായി ഉറപ്പിച്ച ദിവ്യമായ ഒരു കട്ടിലുണ്ട്‌. അതില്‍ വെച്ച്‌ അവന്റെ മരിച്ചു പോയ പൂര്‍വ്വ പിതാക്കന്മാരെ അവന് കാണിച്ചു കൊടുക്കാം. അവനുമായി നീ കരാറു ചെയ്യുന്നത്‌ ആരും കാണരുത്‌. അങ്ങനെ അവന്‍ വന്നു ചേരത്തക്ക വിധം വേണ്ടതു ചെയ്തു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: അവര്‍ ഇപ്രകാരം പരസ്പരം പറഞ്ഞു ദുഃഖിച്ച്‌, കണ്ണുനീര്‍ തൂകി പിരിഞ്ഞു. മനസ്സില്‍ ആ ഭയങ്കരമായ രാത്രി അവര്‍ക്ക്‌ അതിദീര്‍ഘമായി തോന്നി. അന്നത്തെ രാത്രി ഉഗ്രമായി തന്നെ നീങ്ങി. പിറ്റേന്ന് പ്രഭാതമായി. പ്രഭാതത്തില്‍ എഴുന്നേറ്റ്‌ കീചകന്‍ രാജധാനിയില്‍ കടന്നു വന്ന് കൃഷ്‌ണയോടു പറഞ്ഞു.

കീചകന്‍ പറഞ്ഞു: സഭയില്‍ രാജാവു കാണ്‍കെ ഞാന്‍ നിന്നെ കാല്‍ കൊണ്ടു തട്ടി വീഴത്തിയില്ലേ? ബലവാനായ ഞാന്‍ പിടിച്ചാല്‍ പിന്നെ അതില്‍ നിന്ന് രക്ഷകിട്ടുമെന്ന് നീ വിചാരിക്കേണ്ട. ആ രാജാവ്‌ മത്സ്യര്‍ക്കു പേരിന് മാത്രം ഒരു രാജാവാണ്‌. എന്നാൽ ശരിക്കും മത്സൃന്മാര്‍ക്കു രാജാവായി ശോഭിക്കുന്നുത്‌ ഈയുള്ളവനാണ്‌. സൈന്യാധിപനും ഞാന്‍ തന്നെയാണ്‌. എടോ ഭീരു! നീ എന്തിനു ഭയപ്പെടുന്നു? നീ സുഖമായി എന്നെ സ്വീകരിച്ചോളൂ! ഞാന്‍ നിന്റെ ദാസനാകാം. ഉടനെ തന്നെ ഹേ സുശ്രോണീ, ഞാന്‍ നൂറു നിഷ്കങ്ങള്‍ തരാം. നൂറു ദാസികളേയും വേറെ ദാസന്മാരേയും തരാം. ഭംഗിയുള്ള പെണ്‍കുതിരകളെ പൂട്ടിയ തേരും തരാം. നീ ഒന്ന് കൊണ്ടും ഭയപ്പെടേണ്ട. നമുക്കു സുഖമായി ഒന്നു ചേരണം.

ദ്രൗപദി പറഞ്ഞു: എന്റെ നിശ്ചയത്തെ കീചകാ, നീ സ്വീകരിക്കുക. ഞാന്‍ നീയുമായി ചേരുന്ന കാര്യം ഏറ്റവും ഇഷ്ടപ്പെട്ട സഹോദരന്‍ പോലും അറിയരുത്‌. ആ നിശ്ചയത്തില്‍ എന്റെ സങ്കേതത്തില്‍ നീ എത്തുക. പ്രസിദ്ധരായ ഗന്ധര്‍വ്വന്മാര്‍ ധരിക്കുന്നതില്‍ എനിക്കു ഭയമുണ്ട്‌. എന്നോട്‌ ഇക്കാര്യം ഏറ്റുപറഞ്ഞാല്‍ ഞാന്‍ നിന്റെ പാട്ടിലാകാം.

കീചകന്‍ പറഞ്ഞു: എടോ സുശ്രോണീ! തങ്കമേ! നീ പറഞ്ഞ മാതിരി തന്നെ ഞാന്‍ ചെയ്തു കൊള്ളാം. തനിച്ച്‌ ആരും അറിയാതെ ഞാന്‍ നിന്റെ മന്ദിരത്തിലേക്കു വരാം. എടോ ഭീരു, നീ ഭയപ്പെടേണ്ട. നിന്റെ സൂര്യാഭന്മാരായ ഗന്ധര്‍വ്വന്മാര്‍ അറിയാത്ത വിധം കാമമോഹിതനായ ഞാന്‍ നിന്റെ സംഗം കൊതിച്ച്‌ ആരും അറിയാതെ ആരും ആരും കാണാതെ രഹസ്യമായി വരാം.

ദ്രൗപദി പറഞ്ഞു: മത്സ്യരാജാവു നിര്‍മ്മിച്ച നര്‍ത്തകപ്പുര ഉണ്ടല്ലോ. പകല്‍ നൃത്തം പഠിക്കുന്ന പെണ്‍കുട്ടികള്‍ രാത്രിയായാല്‍ വീട്ടിലേക്കു പോകുമല്ലോ. ഇരുട്ടത്ത്‌ അവിടേക്ക്‌ എത്തുക. ഗന്ധര്‍വ്വന്മാര്‍ അത്‌ അറിയുകയില്ല. അവിടെ ദോഷശമനം ഒക്കെ ഉണ്ടാകും. അതിന് യാതൊരു സംശയവുമില്ല.

വൈശമ്പായനൻ പറഞ്ഞു: ആ കാര്യം കീചകനുമായി പറഞ്ഞ പാര്‍ഷതിക്ക്‌ പകലില്‍ പാതി സമയമേ കഴിയുവാനുള്ളു എങ്കിലും അത്‌ ഒരു മാസത്തെ പോലെ ദീര്‍ഘമായി തോന്നി. അവള്‍ പിന്നെ ഇക്കാര്യം ഭീമനോടു പോയി പറഞ്ഞു. കീചകനാണെങ്കില്‍ അത്യന്തം ആനന്ദത്തോടെ സ്വഗൃഹത്തില്‍ പ്രവേശിക്കുകയും ചെയ്തു. മൂഢനായ അവന്‍ സൈരന്ധ്രിയുടെ രൂപം തന്റെ മൃത്യുവിന്റെ രൂപമാണെന് അറിഞ്ഞില്ല. അവന്‍ അവളെ ചിന്തിച്ച്‌ വിശേഷഗന്ധ മാല്യഭൂഷണങ്ങള്‍ അണിഞ്ഞ്‌ മോടികൂട്ടി വേണ്ടുവോളം വെമ്പലോടെ കാമ്രഭാന്തു പിടിപെട്ട്‌ ഓരോ കമ്പങ്ങള്‍ ചെയ്തു മോടി വര്‍ദ്ധിപ്പിക്കുവാന്‍ ഒരുങ്ങി. തന്നത്താന്‍ അലങ്കരിച്ചു. പിന്നേയും സന്ധ്യയാകാത്തതു കൊണ്ട്‌ അവന്‍ മനസ്സു കൊണ്ടു വിഷമിച്ചു. അന്നത്തെ പകല്‍ ദീര്‍ഘമായി അവന് തോന്നി. അവന്‍ ആ സുന്ദരിയെ തന്നെ ചിന്തിച്ച്‌ ഇരിപ്പായി. കെടുവാന്‍ പോകുന്ന വിളക്കിന്റെ തിരി ആളിക്കത്തി പ്രശോഭിക്കുന്നുതു പോലെ ശ്രീ വിടുവാന്‍ പോകുന്ന കീചകന്‍ പൂര്‍വ്വാധികം ശ്രീമാനായി പ്രശോഭിച്ചു. സൈരന്ധ്രിയെ വിശ്വസിച്ച്‌ കാമമോഹിതനായ കീചകന്‍ അവളെ തന്നെ ചിന്തിച്ചിരിക്കുകയാല്‍ , അവളുടെ സംഗമം കാത്തിരിക്കുകയാല്‍ പകല്‍ വേഗം പോയി. ഉടനെ അടുക്കളയില്‍ ചെന്ന് ഭീമസേനനെ കണ്ട്‌ ചാരത്തു നിന്ന്‌ പതിയായ കുരുവീരനെ സേവിച്ച്‌ ആ സുകേശിയായ സൈരന്ധ്രി പറഞ്ഞു: "ഹേ പരന്തപാ! നൃത്ത ഗൃഹത്തില്‍ നീ പറഞ്ഞ പോലെ കീചകന് സംഗമം ഞാന്‍ കുറിച്ചു. ശൂന്യമായ നൃത്ത ഗൃഹത്തില്‍ കീചകന്‍ ഏകനായി വരും. മഹാബാഹുവായ ഭവാന്‍ ചെന്ന് അവനെ കൊല്ലണം. മദോന്മത്തനായ ആ കീചകനെ, ഇനി ബാക്കി വെക്കരുത്‌. നൃത്തശാലയില്‍ ചെന്ന് അവനെ കൊല്ലുക. ആ സൂതപുത്രന്‍ മദം കൊണ്ട്‌ ഗന്ധര്‍വ്വന്മാരെ നിന്ദിക്കുന്നു. കയത്തില്‍ നിന്ന് സര്‍പ്പത്തെ എന്ന പോലെ ഈ ലോകത്തില്‍ നിന്ന് രണോദ്ധതനായ ഭവാന്‍ അവനെ അകറ്റുക. ദുഃഖിക്കുന്ന എന്റെ കണ്ണുനീര്‍ ഭവാന്‍ തുടച്ചാലും. ആത്മാവിനും കുലത്തിനും നീ മാനം വളര്‍ത്തുക! ഭവാനു മംഗളം.

ഭീമന്‍ പറഞ്ഞു: എടോ ഭദ്രേ, നീ ഭയപ്പെടേണ്ട. നീ പറഞ്ഞ മാതിരി തന്നെ ഞാന്‍ ചെയ്തു കൊള്ളാം. നീ പറഞ്ഞത്‌ എനിക്കിഷ്ടമായി. നിനക്കു സ്വാഗതം! എടോ സുന്ദരീ, എനിക്ക്‌ അവനെ കൊല്ലുവാന്‍ ആരുടേയും സഹായം ആവശ്യമില്ല. എനിക്ക്‌ കീചകരണം രസമാണെന് നീ പറഞ്ഞില്ലേ. ഹിഡിംബനെ കൊന്ന കാലത്ത്‌ ആ രസം ഞാന്‍ അനുഭവിച്ചു. ഭ്രാതൃധര്‍മ്മങ്ങളെ സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്യാം: ഞാന്‍ കീചകനെ ശക്രന്‍ വൃത്രനെ കൊന്ന മാതിരി കൊല്ലുന്നതാണ്‌, ഒളിവായോ വെളിവായോ ഞാന്‍ തീര്‍ച്ചയായും കീചകനെ കൊല്ലുന്നതാണ്‌. പിന്നെ മത്സ്യര്‍ പൊരുതിയാല്‍ അവരേയും ഞാന്‍ കൊന്നു കളയും. പിന്നെ വേഗത്തില്‍ ദുര്യോധനനെ കൊന്നു ഭൂമിയും നേടും. മത്സ്യന്റെ മട്ട്‌ എന്താണെന് കുന്തീ പുത്രനായ യുധിഷ്ഠിരന്‍ പറയട്ടെ.

ദ്രൗപദി പറഞ്ഞു: കുന്തീപുത്രാ! സത്യം കൈവിടാത്ത നിലയില്‍ എനിക്ക് വേണ്ടി നീ ഗൂഢമായി കീചകനെ വധിച്ചു കൊള്ളുക.

ഭീമന്‍ പറഞ്ഞു; എടോ ഭീരു! നീ പറഞ്ഞ മാതിരി ഞാന്‍ ചെയ്യുന്നതാണ്‌. ഇന്ന് കീചകനെ ബന്ധു വൃന്ദത്തോടൊപ്പം മുടിക്കുന്നതാണ്‌. മാനിനീ, ഞാന്‍ ആരും കാണാതെ രാത്രി ഇരുട്ടത്തു ചെന്ന്‌, അലഭ്യമായ വസ്തു ആഗ്രഹിക്കുന്ന ദുഷ്ടനായ കീചകന്റെ ശിരസ്സ്‌, ആന കൂവളക്കായയെ എന്ന പോലെ ആക്രമിച്ചു ചവിട്ടി തകര്‍ത്തു വിടുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഭീമന്‍ മുമ്പേ തന്നെ ഒളിവായി, രാത്രിയില്‍ സിംഹം ആനയെ എന്ന പോലെ ഗുഢമായി കീചകനെ കാത്ത്‌ ഇരിപ്പായി. കീചകന്‍ കാമകേളിക്കു വേണ്ട മോടികളൊക്കെ വര്‍ദ്ധിപ്പിച്ച്‌ യഥേഷ്ടം നടന്ന് കൃഷ്ണാസംഗാശ മനസ്സില്‍ വെച്ച്‌ നൃത്തശാലയില്‍ ചെന്നെത്തി. സങ്കേതം കരുതി ആ ഗൃഹത്തില്‍ കയറി. കൂരിരുട്ടു നിറഞ്ഞ ആ വലിയ ഗൃഹത്തില്‍ അവന്‍ കടന്നു. മുമ്പില്‍ ചെന്ന് കാത്തു നിൽക്കുന്ന ഉഗ്രവീര്യനായ ഭീമന്റെ അടുത്തെത്തി. ഒരു അറ്റത്തായിരുന്ന അവന്റെ അരികിലേക്ക്‌ ആ ദുര്‍മ്മതി ചെന്നു. കൃഷ്ണയെ ധര്‍ഷണം ചെയ്തതു ചിന്തിച്ചു കോപിച്ച്‌, ഉഷ്ണിച്ചു കട്ടിലില്‍ ഭീമസേനന്‍ കിടക്കുകയായിരുന്നു. അവന്റെ സമീപത്തു ചെന്ന് കട്ടിലില്‍ ചേര്‍ന്നിരുന്ന് സ്പര്‍ശിച്ച്‌ സന്തോഷോന്മാദത്തോടെ പുഞ്ചിരി തൂകി പറഞ്ഞു: "ഓമനേ, ഞാന്‍ നിനക്കു പലതരം വിത്തം നല്കാം. രൂപ ലാവണൃമുള്ള തരുണീ ജനങ്ങളോടു കൂടിയ കേളീകുതുകം വളര്‍ത്തുന്ന അന്തഃപുരങ്ങളും ധനവുമൊക്കെ നിന്നെ കണ്ടതു മൂലം ഉപേക്ഷിച്ചിട്ടാണ്‌ പൊന്നേ ഞാന്‍ ഇങ്ങോട്ടു പോന്നത്‌. ഗൃഹനാരിമാർ എന്നെപ്പറ്റി പുകഴ്ത്തുന്നതു കേള്‍ക്കണോ! ഉടുപ്പും അഴകും ചേര്‍ന്ന് നിന്നെ പോലെ അഴകു തികഞ്ഞ പുരുഷന്മാര്‍ ഭൂലോകത്തിലില്ല! എന്ന്".

ഭീമന്‍ പറഞ്ഞു: കൊള്ളാം! നീ ദര്‍ശനീയാംഗനാണ്‌. നിന്റെ ആത്മപ്രശംസ കേമം തന്നെ. ഈ മാതിരി സ്പര്‍ശനം മുമ്പൊരിക്കലും നീ അറിഞ്ഞിരിക്കയില്ല. നീ കാമകല അറിഞ്ഞവനും സ്പര്‍ശജ്ഞനുമാണല്ലോ. സ്ത്രീകള്‍ക്ക്‌ ഇമ്പം കൂട്ടുന്നതില്‍ നിന്നെ പോലെ യോഗ്യരായ പുരഷന്മാരില്ല.

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞ്‌ മഹാബാഹുവും; ഭീമപരാക്രമനുമായ ഭീമന്‍ പെട്ടെന് കട്ടിലിന്മേല്‍ നിന്നെഴുന്നേറ്റ്‌ പൊട്ടിച്ചിരിച്ചു പറഞ്ഞു: മല പോലുള്ള മഹാഗജത്തെ സിംഹം എന്ന പോലെ ദുഷ്ടനായ നിന്നെ ഞാന്‍ മണ്ണിലിട്ടിഴച്ചത്‌ നിന്റെ സഹോദരി കാണട്ടെ! നീ ചത്തതിന്റെ ശേഷം സൈരന്ധ്രി തടസ്സം കൂടാതെ സഞ്ചരിക്കുന്നുതാണ്‌. അവളുടെ ഭര്‍ത്താക്കന്മാരും സുഖമായി സഞ്ചരിക്കട്ടെ! എന്ന് പറഞ്ഞ്‌ മാല ചാര്‍ത്തിയ കീചകന്റെ മുടിക്കെട്ടില്‍ മഹാബലനായ ഭീമന്‍ പിടി കൂടി. ഊക്കോടെ മുടിയില്‍ കൈവെച്ചപ്പോള്‍ ഞെട്ടിയ കീചകന്‍ തല ചായ്ച്ച്‌ തന്റെ എതിരാളിയെ രണ്ടു കൈ കൊണ്ടും പിടി കൂടി. അങ്ങനെ ആ പുരുഷ കേസരികള്‍ രണ്ടുപേരും തമ്മില്‍ ക്രുദ്ധരായി ബാഹുയുദ്ധം തുടങ്ങി. വസന്തകാലത്ത്‌ പിടിയാനയ്ക്കു വേണ്ടി ഭയങ്കരന്മാരായ ഗജങ്ങള്‍ തമ്മില്‍ എന്ന പോലെ അവര്‍ തമ്മില്‍ ഇടഞ്ഞു. കീചകന്മാരില്‍ മുമ്പനും, നരന്മാരില്‍ പ്രവരനും തമ്മിലാണ്‌ യുദ്ധം. ബാലിയും സുഗ്രീവനും തമ്മിലെന്ന പോലെ അന്യോന്യം വാശിയോടെ തമ്മില്‍ കൊല്ലുവാന്‍ മുതിര്‍ന്നു. കയ്യുയര്‍ത്തി പടം അഞ്ചുള്ള സര്‍പ്പം പോലെ തമ്മില്‍ ക്രോധവിഷത്തോടു കൂടി ഉദ്ധതന്മാരായി നഖവും ദംഷ്ട്രകളും പരസ്പരം ഏല്പിച്ചു. ഊക്കുള്ളവനായ കീചകന്‍ കേറി ഊക്കോടെ പ്രഹരിച്ചു. സ്ഥിരപ്രജ്ഞനായ അവന്‍ നിന്ന നിലയില്‍ നിന്ന് ഇളകിയില്ല. കൂറ്റന്‍ കാളകളെ പോലെ ശോഭിക്കുന്ന അവര്‍ തമ്മില്‍ തമ്മില്‍ വലിച്ച്‌ തമ്മില്‍ ബഹളമായി. രണം ഭീഷണമായി തീര്‍ന്നു. ക്രുദ്ധവ്യാഘ്രങ്ങളെ പോലെ നഖദന്തങ്ങളെ ആയുധങ്ങളാക്കി അവര്‍ പരസ്പരം പ്രഹരിച്ചു. കീചകന്‍ അമര്‍ഷത്തോടെ ചാടി ഭീമനെ രണ്ടു കൈ കൊണ്ടും കെട്ടിമുറുക്കി. രണ്ടു മദം പൊട്ടിയ ആനകള്‍ പരസ്പരം പോരാടുന്ന വിധം, ഭീമന്‍ കീചകനേയും പിടി കൂടി. ബലവാനായ കീചകന്‍ പിടി വിട്ടു കിട്ടുവാന്‍ ബലമായി പിടഞ്ഞു. ഇരുവരുടേയും കൈകള്‍ തട്ടി ഉരസിയപ്പോള്‍ കരിങ്ങാലി പൊളിക്കുന്ന വിധം ശബ്ദമുണ്ടായി. വൃകോദരൻ കീചകനെ അരക്കെട്ടില്‍ പിടി കൂടി വലിച്ചു. പ്രചണ്ഡ മാരുതന്‍ വൃക്ഷത്തെ യെന്ന്ന പോലെ പിടിച്ചു ബലമായി കുലുക്കി. അതില്‍ കീചകന്‍ അല്പം കുഴങ്ങിയെങ്കിലും ഉടനെ തെളിഞ്ഞ്‌ തന്റെ ബലം മുഴുവന്‍ പ്രയോഗിച്ച്‌ ആഞ്ഞു തള്ളി. അതോടു കൂടി കാലുതെറ്റി നിലയിളകി, ഭീമന്‍ ഭൂമിയില്‍ മുട്ടുകുത്തി വീണു പോയി. ആ വീഴ്ചയില്‍ നിന്ന് പെട്ടെന്നെഴുന്നേറ്റ ഭീമന്‍ ദണ്ഡധരനായ അന്തകനെ പോലെ ഘോരദര്‍ശനൻ ആയിരുന്നു. പിന്നെ ബലോന്മത്തരായ അവര്‍ തമ്മില്‍ പൂര്‍വ്വാധികം ദാരുണമായി പോരാടി. നടുരാവില്‍ ആ വിജനസ്ഥലത്ത്‌ അവര്‍ പരസ്പരം വലിച്ചിഴച്ചു തുടങ്ങി. ആ ശ്രേഷ്ഠമായ ഭവനത്തെയിട്ടു കുലുക്കി. ആ ക്രുദ്ധന്മാര്‍ വീണ്ടുംവീണ്ടും ഭയങ്കരമായി ഗര്‍ജ്ജിച്ചു. കൈത്തലത്താല്‍ ഭീമന്‍ അടിക്കുന്നു. അടി കീചകന്‍ നിലതെറ്റാതെ തടുത്തു നിന്നു. എങ്കിലും ആ അടിയുടെ ഊക്കു സഹിക്കാന്‍ കഴിയാഞ്ഞതു കൊണ്ട്‌ ക്രമേണ ആ സൂതപുത്രന്‍ തളര്‍ന്നു. അങ്ങനെ ഭീമന്റെ പ്രഹരമേറ്റ്‌ കീചകന്‍ അല്പം വാടി.

ശത്രുവിന് ബലം ക്ഷയിച്ചു എന്ന് കണ്ടപ്പോള്‍ അവനെ പിടിച്ച്‌ ( പ്രേമത്താല്‍ എല്ലൊടിയും വിധം ) മാറോടു ചേര്‍ത്തു മോഹിതനാക്കി. ക്രോധാവേശത്താല്‍ വീണ്ടും വീണ്ടും നിശ്ചസിക്കുന്ന വൃകോദരൻ ബലം കെട്ടു നിൽക്കുന്ന കീചകനെ മുടിയില്‍ മുറുകെപ്പിടിച്ചു മാനിനെ പിടി കൂടിയ രക്താര്‍ത്ഥിയായ വ്യാഘ്രത്തെ പോലെ ഉച്ചത്തില്‍ അലറി, പിന്നെ ആ തളര്‍ന്ന മനുഷ്യനെ പശുവിനെ കയര്‍ കൊണ്ടെന്ന പോലെ കൈകള്‍ കൊണ്ടു കെട്ടി വിരിഞ്ഞു. പൊളിഞ്ഞ പെരുമ്പറയുടെ നാദം പോലെ ഉറക്കെ ചിന്നം വിളിക്കുന്ന കീചകനെ പാണ്ഡവന്‍ പിന്നേയും പിന്നേയും പിടിച്ചു മുറുക്കി മോഹാലസ്യപ്പെടുമാറ്‌ നിശ്ചേഷ്ടനാക്കി.

പിന്നെ അവന്റെ കഴുത്ത്‌ ഭീമന്‍ രണ്ടു കൈ കൊണ്ടും ബലമായി പിടിച്ചു ഞെക്കി. കൃഷ്ണ മൂലം ഉണ്ടായ കോപത്തിന്റെ ആവേശം മാറുവാന്‍ തക്കവിധം അവനെ ഭീമന്‍ പീഡിപ്പിച്ചു. അംഗം തളര്‍ന്ന് അവന്റെ കണ്‍പോള മറിഞ്ഞു. ആ സമയത്ത്‌ മുട്ടുകുത്തി അരക്കെട്ടില്‍ അമര്‍ത്ത്‌ കൈ കൊണ്ട്‌ ഞെക്കി പശുവിനെ കൊല്ലുന്ന വിധം കൊന്നു. ആ കീചകന്‍ വിഷാദിച്ചു എന്നറിഞ്ഞ്‌ പാണ്ഡവന്‍ നിലത്തു മറിച്ചിട്ടു പിന്നെയും ഇപ്രകാരം പറഞ്ഞു: ഭ്രാതൃ ഭാര്യാപഹാരിയെ കൊന്ന് ഇന്ന് ഞാന്‍ കടംവീട്ടി. സൈരന്ഡ്രീ ദ്രോഹിയെ കൊന്ന് അത്യന്തം ശാന്തി ഞാന്‍ നേടി എന്ന് ആ കീചകനോടു പറഞ്ഞ്‌ കോപം കൊണ്ടു ചുവന്ന കണ്ണോടു കൂടി, വസ്ത്രഅംഗഭൂഷാദികള്‍ കൊഴിഞ്ഞ്‌, കണ്ണു തുറിച്ചു ചത്ത കീചകനെ വലിച്ചെറിഞ്ഞു. പിന്നെ ചുണ്ടു കടിച്ച്‌ കൈ രണ്ടും ഞെരിച്ച്‌ ആ ശക്തനായ ഭീമസേനന്‍ കോപത്തോടെ അവന്റെ ദേഹത്തില്‍ കയറി ഒരു നിരപ്പു ചവിട്ടി. അവന്റെ കയ്യും കാലും തലയുമൊക്കെ ഒടിച്ച്‌ മൃതശരീരത്തിന്റെ ഉള്ളിലേക്കു, പശുവിന്റെ മെയ്യിലേക്ക്‌, ഈശ്വന്‍ ചെയ്രവിധം കുത്തിക്കയറ്റി അംഗം മര്‍ദ്ദിച്ചൊതുക്കി, ആ മാംസപിണ്ഡ സ്വരൂപനെ, കൃഷ്ണയെ വിളിച്ച്‌ ഭീമസേനന്‍ കാണിച്ചു കൊടുത്തു. രമണീമണിയായ കൃഷ്ണയോട്‌ തേജസ്വിയായ വൃകോദരൻ പറഞ്ഞു:

പാഞ്ചാലീ, നോക്കൂ, വരൂ! ഈ കാമുകന്റെ കിടപ്പൊന്നു നോക്കൂ! എന്ന് പറഞ്ഞ്‌ ഭീമപരാക്രമനായ ഭീമന്‍ കാല്‍ കൊണ്ട്‌ ആ ദുഷ്ടബുദ്ധിയുടെ ദേഹത്തെ തട്ടി. തീ ജ്വലിപ്പിച്ച്‌ ആ ഇരുട്ടില്‍ അവന്റെ ദേഹം കൃഷ്ണയ്ക്ക്‌ കാട്ടിക്കൊടുത്തു. പാഞ്ചാലിയോട്‌ വീരനായ അവന്‍ ഇങ്ങനെ പറഞ്ഞു: സുകേശീ, ശീലഗുണമുള്ള നിന്നെ കൊതിക്കുക യാണെങ്കില്‍ അവരുടെ നില ഇപ്രകാരമായിരിക്കും. ഈ കീചകന്റെ മാതിരിയിലാകും! കൃഷ്ണയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഈ സാഹസ ദുഷ്കരക്രിയ ചെയ്ത്‌ രോഷശാന്തി അണഞ്ഞതിന് ശേഷം കൃഷ്ണയോട്‌ യാത്ര പറഞ്ഞ്‌ ഭീമന്‍ പാചക ശാലയിലേക്കു പോയി. കീചക ധ്വംസനം ചെയ്യിച്ച നാരീമണിയായ പാര്‍ഷതി ഹര്‍ഷിച്ച്‌, ഉള്‍ത്താപം വിട്ട്‌, നൃത്തശാലാ പാലകരോടു പറഞ്ഞു: എന്റെ വല്ലഭരായ ഗന്ധര്‍വ്വന്മാര്‍ ഇതാ കീചകനെ കൊന്നിരിക്കുന്നുു. കീചകന്‍ ഇതാ വീണു കിടക്കുന്നുു. പരസ്ത്രീ കാമിയായ അവനെ നിങ്ങള്‍ ഒന്നു ചെന്നു നോക്കുക. അവള്‍ പറഞ്ഞ വാക്കു കേട്ട്‌ നൃത്തശാലരക്ഷികള്‍ പെട്ടെന് പാഞ്ഞുചെന്ന് ചൂട്ടുകത്തിച്ചു കയ്യില്‍ വെച്ച്‌ വളരെപ്പേര്‍ അകത്തു കടന്നു. മരിച്ചു കിടക്കുന്ന കീചകനെ രക്തത്തില്‍ മുഴുകിയ മട്ടില്‍ ഭൂമിയില്‍ കിടക്കുന്നുതായി കണ്ടു കൈകാലുകളില്ലാതെ കിടക്കുന്ന അവനെ കണ്ട്‌ അവര്‍ നടുങ്ങി. കണ്ടവര്‍ കണ്ടവര്‍ ആശ്ചര്യത്തോടെ വീണ്ടും വീണ്ടും നോക്കി. അമാനുഷമായ ഈ കര്‍മ്മത്തെ അവരേവരും വീണ്ടും വീണ്ടും നോക്കി വിസ്മിതരായി നിന്നു. ഗന്ധര്‍വ്വനാല്‍ ഹതനായ കീചകന്റെ കാലെവിടെ? കൈയെവിടെ? കഴുത്തെവിടെ? തലയെവിടെ? എന്ന് അവര്‍ അവിടെയൊക്കെ സൂക്ഷിച്ചു തെരഞ്ഞു നോക്കിത്തുടങ്ങി.

23. ഉപകീചകന്മാരുടെ വധം - വൈശമ്പായനൻ പറഞ്ഞു: കീചകനെ ഗന്ധര്‍വന്മാര്‍ കൊന്നു എന്ന വൃത്താന്തം അറിഞ്ഞ്‌ അവന്റെ ബന്ധുക്കളെല്ലാം അവന്‍ മൃതിയടഞ്ഞു കിടക്കുന്ന ദിക്കില്‍ വന്നു. കീചകനെ നോക്കി ചുറ്റും കൂടി നിലവിളിയും കരച്ചിലുമായി. കരയ്ക്കു കേറ്റിയ ആമയെ പോലെ കാലും കയ്യും തലയുമൊക്കെ ഉള്ളിലായ കീചകനെ കണ്ട്‌ അവര്‍ പേടിച്ചു വിറച്ചു കോള്‍മയിര്‍ കൊണ്ടു. ഇന്ദ്രന്‍ ദാനവരെ എന്ന വിധംഭീമന്‍ സംഹരിച്ച ആ വമ്പനെ സംസ്കരിക്കുന്നതിനായി പുറത്തേക്ക് എടുക്കുവാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ വളരെ അകലെയല്ലാതെ ഒരു തൂണിനെ ചാരി നിൽക്കുന്ന കൃഷ്ണയെ ഈ സൂതപുത്രന്മാര്‍ കണ്ടു. ആള്‍ക്കൂട്ടത്തില്‍ അവളെ കണ്ട ഉപകീചകന്മാര്‍ പറഞ്ഞു: "കീചകന്‍ ചാകുവാന്‍ ഇവളാണു കാരണം. ഉടനെ കൊല്ലണം ഈ സ്ത്രീയെ. അല്ലെങ്കില്‍ തല്ലിക്കൊല്ലുകയല്ല വേണ്ടത്‌. ഇവളെ കാമിച്ച കീചകനോടൊപ്പം ചുട്ടുകളയുക. മരിച്ചാലും സൂതപുത്രന്റെ ഇഷ്ടം നാം അറിഞ്ഞു ചെയ്യുകയാണല്ലോ വേണ്ടത്‌". അവര്‍ ഓടിചെന്ന് വിരാട രാജാവിനോടു സമ്മതം ചോദിച്ചു: "കീചകന്‍ മരിച്ചത്‌ സൈരന്ധ്രി കാരണമാണ്‌. അതു കൊണ്ട്‌ ചത്ത കീചകനോടൊപ്പം ചേര്‍ത്തുകെട്ടി ഇവളെ ചുടണം രാജാവേ; സമ്മതം തരിക". സൂതന്മാരുടെ വിക്രമം കണ്ട്‌ രാജാവ്‌ അതിന് അനുവദിച്ചു. ഓടി ചെന്ന് പേടിച്ചു വിറയ്ക്കുന്ന പൊയ്ത്താര്‍ മിഴിയായ കൃഷ്ണയെ മോഹാലസ്യപ്പെടുമാറ്‌ ഉപകീചകന്മാര്‍ പിടി കൂടി. അവളേയും കൂടി കീചകന്റെ ശവത്തോടൊപ്പം വെച്ചു കെട്ടി. സുന്ദരിയായ അവളെ ചുടുകാട്ടിലേക്ക്‌ എടുത്തു കൊണ്ട്‌ നടന്നു. സൂതപുത്രന്മാര്‍ അവളെ പിടി കൂടി കൊണ്ടു പോകുമ്പോള്‍ മാന്യയായ അവള്‍ സനാഥയാണെങ്കിലും അനാഥയായി വിലപിച്ചു നാഥന്മാരെ വിളിച്ച്‌ ഉറക്കെ നിലവിളിച്ചു.

ദ്രൗപദി പറഞ്ഞു: ജയാ, ജയന്താ, വിജയാ, ജയല്‍സേനാ, ജയല്‍ ബലാ! നിങ്ങള്‍ കേള്‍ക്കണേ! എന്നെ ഉതാ സൂതജന്മാര്‍ കൊണ്ടു പോകുന്നു. ഇടിവെട്ടുന്നതു പോലെ കടുത്ത ചെറുഞാണൊലി സംഗരത്തിൽ ഉണ്ടാക്കുന്ന തരസ്വികളേ, രഥഘോഷം മുഴക്കുന്ന ഗന്ധര്‍വ്വന്മാരേ, ബലശാലികളേ, നിങ്ങള്‍ കേള്‍ക്കണേ! എന്നെ ഇതാ, സൂതപുത്രന്മാര്‍ കൊണ്ടു പോകുന്നു.

വൈശമ്പായനൻ പറഞ്ഞു: കൃഷ്ണ സങ്കടപ്പെട്ടു വിലപിക്കുന്ന വാക്കുകള്‍ കേട്ടു ശയ്യാതലം വിട്ട ഭീമസേനന്‍ പാഞ്ഞണഞ്ഞു.

ഭീമസേനന്‍ പറഞ്ഞു: സൂതപുത്രന്മാരില്‍ നിന്ന് ഹേ ഭീരു, നീ ഭയപ്പെടേണ്ടാ. സൈരന്ഡ്രീ, നീ പറയുന്ന വാക്കു ഞാന്‍ കേള്‍ക്കുന്നുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞ്‌ മഹാബാഹുവായ ഭീമന്‍ ഒരു കൂട്ടക്കൊല നടത്തുവാന്‍ തന്നെ തീരുമാനിച്ചു. ഉടനെ തന്റെ വേഷമൊന്ന് മാറ്റി ദേഹം തളര്‍ത്തി വാതില്‍ക്കല്‍ കൂടിയല്ലാതെ പുറത്തേക്കു കടന്നു. ഭീമസേനന്‍ ക്ഷണത്തില്‍ മതില്‍ ചാടിക്കടന്നു. കീചകന്മാര്‍ പോയ ചുടുകാട്ടിലേക്കു കുതിച്ചു പാഞ്ഞു. മതില്‍ ചാടിക്കടന്ന് നഗരം വിട്ടു പോന്ന അവന്‍ ക്ഷണത്തില്‍ സൂതന്മാരൂടെ മുമ്പില്‍ എത്തി. ചുടുകാടിന് അടുത്ത് എത്തിയപ്പോള്‍ അവിടെ ഒരു വലിയ മരം കണ്ടു. പനപോലെ വളര്‍ന്നതും വലിയ കൊമ്പുള്ളതും തല വാടി തളര്‍ന്നതും ആയിരുന്നു ആ വൃക്ഷം. ഒരു ആനയെ പോലെ അവന്‍ ആ മരത്തെ ചുറ്റിപ്പിടിച്ചു. പത്തു കോല്‍ പൊക്കമുള്ള ആ മരം പറിച്ച്‌ തോളില്‍ വച്ചു. പത്തു കോല്‍ പൊക്കമുള്ളതും കൊമ്പുകളോടു കൂടിയതുമായ ആ മരം ഓങ്ങി, ദണ്ഡേന്തിയ അന്തകനെ പോലെ ഭീമന്‍ ആ സൂതന്മാരോട്‌ എതിര്‍ത്തു. അവന്‍ പായുന്ന പാച്ചിലില്‍ വായു തട്ടി പേരാല്‍, അരയാല്‍, പിലാള്‍ മുതലായ മരങ്ങള്‍ കൂട്ടമായി ഭൂമിയില്‍ വീണു കിടക്കുന്നതായി കണ്ടു. ചൊടിച്ച സിംഹത്തെ പോലെ ഗന്ധര്‍വ്വന്‍ വരുന്ന വരവു കണ്ടപ്പോള്‍ പേടിച്ച്‌ സൂതന്മാര്‍ വല്ലാതെ വിറച്ചു പോയി. ദണ്ഡേന്തിയ അന്തകനെ പോലെ ഗന്ധര്‍വ്വന്‍ വരുന്നതു കണ്ട്‌ ജ്യേഷ്ഠന്റെ ദേഹദഹനത്തിന് ഒരുങ്ങുന്ന ഉപകീചകന്മാര്‍ ഭയപ്പെട്ട്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു; "ശക്തനായ ഗന്ധര്‍വ്വന്‍ ഇതാ വൃക്ഷവും പറിച്ചു വരുന്നു! ഇതാ വരുന്നു! നമ്മള്‍ക്ക്‌ ആപത്തുണ്ടാക്കിയ സൈരന്ധ്രിയെ ഉടനെ വിടുക". ഭീമന്‍ ആ വൃക്ഷവും വീശി വരുന്നതു കണ്ട്‌ ഉടനെ കൃഷ്ണയെ വിട്ട്‌ അവര്‍ പുരത്തിലേക്കു പാഞ്ഞു. ഓടുന്ന ഉപകീചകന്മാരെ, ശക്രന്‍ ദൈത്യരെ എന്ന വിധം നൂറ്റിയഞ്ചു പേരേയും ഭീമന്‍ ആ മരം കൊണ്ട്‌ കാലപുരിയിലേക്കു യാത്രയയച്ചു. പിന്നെ പാഞ്ചാലിയെ കെട്ടഴിച്ചിട്ട്‌ സാന്ത്വനം ചെയ്തു. മഹാബലനായ ഭീമന്‍ അവളുടെ മുഖത്ത്‌ കണ്ണീര്‍ കണ്ട്‌, ശത്രുക്കളുടെ നേരെ ചണ്ഡനായി, ഇപ്രകാരം പറഞ്ഞു; കുറ്റമില്ലാത്ത നിന്നെ ഉപ്രദവിക്കുന്നവരെ ഇങ്ങനെ ഞാന്‍ കൊന്നുകളയും കൃഷ്ണേ, ഭയപ്പെടേണ്ട; നീ നഗരത്തിലേക്കു പോവുക.

വൈശമ്പായനൻ പറഞ്ഞു; നൂറ്റഞ്ചുപേരെ അവിടെ വച്ച്‌ ഭീമന്‍ സംഹരിച്ചു വിട്ടു. അവരൊക്കെ കിടക്കുന്നതു കണ്ടാല്‍ മരം വെട്ടിയിട്ട കാടുപോലെ തോന്നും. ഇപ്രകാരം നൂറ്റഞ്ച്‌ ഉപകീചകന്മാരുടേയും കഥ അവസാനിപ്പിച്ചു. ആ സേനാപതിയെ അതിന് മുമ്പു തന്നെ കൊന്ന് വിട്ടുവല്ലോ. അങ്ങനെ അന്ന് നൂറ്റാറുപേരുടെ കഥ കഴിച്ചു. നരന്മാരും നാരിമാരും ഈ അത്ഭുതം കണ്ട്‌ ആശ്ചര്യപ്പെട്ടു. എന്നാൽ ഒന്നും മിണ്ടുക ഉണ്ടായില്ല, ജനമേജയരാജാവേ! ഭാരതാ! അവര്‍ മിണ്ടുവാന്‍ ധൈര്യപ്പെട്ടില്ല.

24. കീചകന്റെ ശവദാഹം - വൈശമ്പായനൻ പറഞ്ഞു: സൂതന്മാരെ എല്ലാം ഗന്ധര്‍വ്വന്‍ കൊന്നു കളഞ്ഞതു കണ്ട ജനങ്ങള്‍ ഓടി ചെന്ന് രാജാവിനോട്‌ വിവരം ഉണര്‍ത്തിച്ചു: അയ്യോ! ഗന്ധര്‍വ്വന്മാര്‍ ശക്തന്മാരായ സൂതപുത്രന്മാരെ കൊന്നു കളഞ്ഞു. വജ്രം കൊണ്ടു തകര്‍ന്ന കൊടുമുടി പോലെ സകലരും ഇതാ വീണു കിടക്കുന്നു. സൈരന്ധ്രിയും അവരുടെ കയ്യില്‍ നിന്ന് വിട്ടുപോന്ന് വീണ്ടും ഭവാന്റെ ഗൃഹത്തില്‍ എത്തുന്നു. രാജാവേ, ഭവാന്റെ പുരി ഇപ്പോള്‍ സന്ദിഗ്ദ്ധാവസ്ഥയിലായി. സൈരന്ധ്രി ആണെങ്കില്‍ അഴകുള്ളവളാണ്‌. ഗന്ധര്‍വ്വന്മാർ ആണെങ്കില്‍ ബലശാലികളുമാണ്‌. പുരഷന്മാര്‍ക്ക് ആണെങ്കില്‍ സ്ത്രീസേവ കൂടാതെക ഴികയില്ല. സൈരന്ധ്രി കാരണമാണ്‌ ഭവാന്റെ പുരിക്ക്‌ ഈ ആപത്തൊക്കെ വന്നു ചേര്‍ന്നത്‌. ഉടനെ ഈ പുരി നശിക്കാത്ത വിധം ഭവാന്‍ നീതി ചെയ്യണേ!

അവര്‍ പറഞ്ഞ വാക്കു കേട്ട്‌ സേനാനാഥനായ വിരാടന്‍ പറഞ്ഞു: എല്ലാ സൂതരേയും ഒന്നിച്ച്‌ ചിതയില്‍ ദഹിപ്പിക്കണം. അവരുടെ അപര്ര കിയകളൊക്കെ വേണ്ടവിധം ചെയ്യണം. നല്ല ചന്ദനം മുതലായ മരങ്ങള്‍ കൊണ്ടു വേണം ദഹിപ്പിക്കുവാന്‍. പിന്നെ രാജാവ്‌ പട്ടമഹിഷിയായ സുദേഷ്ണയോടു പറഞ്ഞു: സൈരന്ധ്രി വന്നാല്‍ ഞാന്‍ പറഞ്ഞതായി നീ പറയണം, ഹേ സൈരന്ധ്രി, ശുഭാനനേ, നീ യഥേഷ്ടം പൊയ്ക്കൊള്ളുക!നിനക്കു ശുഭം വരും. നൃപന്‍ ഗന്ധര്‍വ്വാക്രമണത്തില്‍ ഭയപ്പെട്ടിരിക്കുകയാണ്‌. ഗന്ധര്‍വന്മാര്‍ കാക്കുന്ന നിന്നോടു നേരിട്ട്‌ രാജാവു സംസാരിക്കുകയില്ല. സ്ത്രീകൾ പറയുന്നതില്‍ തെറ്റില്ലെന് വിചാരിച്ച്‌ ഞാന്‍ നിന്നോടു പറയുകയാണ്‌.

വൈശമ്പായനന്‍ പറഞ്ഞു: സൂതപുത്രന്മാരെ ഒക്കെ കൊന്ന് ഭീമന്‍ മോചിപ്പിച്ചയച്ച കൃഷ്ണ, ഭയം തീര്‍ന്ന് വിരാടപുരിയിൽ മടങ്ങിയെത്തി. പുലിയാല്‍ ഉഴറ്റപ്പെട്ട മാന്‍പേട പോലെയുള്ള ആ മനസ്വിനി, ഭയംവിട്ട്‌ വെള്ളത്തിലിറങ്ങി വസ്ത്രവും മെയ്യും കഴുകി ശുചിയാക്കി. അവളെ കണ്ടതോടു കൂടി പുരുഷന്മാര്‍ ഭയപ്പെട്ടു പാഞ്ഞ്‌ പത്തു ദിക്കിലേക്കും ഓടിക്കളഞ്ഞു. ചിലര്‍ കണ്ടയുടനെ ഗന്ധര്‍വ്വഭയം മൂലം കണ്ണടച്ചു നിന്നു. പിന്നെ അവള്‍ അടുക്കള വാതില്‍ക്കല്‍ വെച്ച്‌ ഭീമസേനനെ കണ്ടു. മെല്ലെ പുഞ്ചിരി തൂകി അവള്‍ സംജ്ഞയാല്‍ അവനോടു പറഞ്ഞു: "എന്നെ മോചിപ്പിച്ചു തന്ന ഗന്ധർവേന്ദ്രന് വന്ദനം!"

ഭീമന്‍ പറഞ്ഞു: മുമ്പേ ഇവിടെ ചരിച്ചിരുന്ന നിന്റെ വശവര്‍ത്തികളായ പുരുഷന്മാര്‍ ഇന്ന് നിന്റെ വാക്കു കേട്ട്‌ അവരുടെ കടം തീര്‍ന്നതോര്‍ത്ത്‌ കൃതകൃത്യരായി സന്തോഷിക്കും.

വൈശമ്പായനൻ പറഞ്ഞു; പിന്നെ അര്‍ജ്ജുനനെ, നൃത്തശാലയില്‍ വെച്ച്‌ അവള്‍ വിരാട കനൃകയുടെ നൃത്താചാര്യനായ ആ ദീര്‍ഘബാഹുവിനെ, കണ്ടു. കന്യകമാരോടു കൂടി നൃത്തശാലയില്‍ നിന്ന് പാര്‍ത്ഥന്‍ ഇറങ്ങുകയായിരുന്നു. അപ്പോള്‍ കന്യകമാര്‍ കൃഷ്ണയെ കണ്ടു. കുറ്റമില്ലാതെ കഷ്ടം അനുഭവിച്ച അവളെ കണ്ടപ്പോള്‍ കന്യകമാരൊക്കെ ഇപ്രകാരം പറഞ്ഞു.

കന്യകമാര്‍: ഭാഗ്യം! സൈരന്ധ്രി മുക്തയായി. ഭാഗ്യം! നീ പുരത്തിൽ എത്തിയല്ലോ! ദുഷ്ടരായ സൂതരൊക്കെ ചത്തു. നിന്നെ കുഴക്കിയവർ ഒന്നും ബാക്കിയില്ല.

ബൃഹന്നള പറഞ്ഞു. സൈരന്ധ്രി എങ്ങനെ വിട്ടു പോന്നു? എങ്ങനെ ആ ശഠന്മാര്‍ ചത്തു? ഉണ്ടായ പോലെ അതെല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സൈരന്ധ്രി പറഞ്ഞു: ബൃഹന്നളേ, സൈരന്ധ്രിയെ കൊണ്ട്‌ നിനക്കെന്തു കാര്യം? കല്യാണിയായി നീ സുഖമായി കന്യാപുരത്തില്‍ പാര്‍ക്കുകയാണല്ലോ. സൈരന്ധ്രിക്ക് അകപ്പെടുന്ന സങ്കടം നിനക്കില്ല. അതു കൊണ്ടാണ്‌ നീ ഇങ്ങനെ എന്നോടു ചിരിച്ചു പറയുന്നത്‌.

ബൃഹന്നള പറഞ്ഞു: ബൃഹന്നളയ്ക്കും ഉല്ക്കടമായ ദുഃഖമുണ്ടെന്ന് എടോ, കല്യാണീ! നീ അറിയണം. ക്ലീബത്വത്തെ പ്രാപിച്ച എന്റെ ഇപ്പോഴത്തെ അവസ്ഥ ഭവതിക്ക്‌ അറിയുവാന്‍ കഴിയുന്നില്ല. നിന്നോടു കൂടി ഞാന്‍ പാര്‍ത്തു. സുശ്രോണി, നീ കുഴങ്ങുന്ന സമയത്ത്‌ നിന്റെ ദുഃഖത്തെ ഓര്‍ക്കാത്തവര്‍ ആരാണ്‌? ആരുണ്ട്‌?അന്യന്റെ ഹൃദയം എങ്ങനെയുള്ളതാണെന്ന് അറിയുവാന്‍ ആര്‍ക്കും കഴിയുകയില്ല. "തന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍". അതു കൊണ്ടു തന്നെയാണ്‌ ഭവതി എന്നെ അറിയാതെ ആയത്‌.

വൈശമ്പായനൻ പറഞ്ഞു: പിന്നെ, കന്യകമാരോടു കൂടി രാജഗൃഹത്തില്‍ കടന്ന് സുദേഷ്ണയുടെ സമീപത്തെത്തി.

അപ്പോള്‍ അവളോടു വിരാടന്‍ പറഞ്ഞ വാക്ക്‌ സുദേഷ്ണപറഞ്ഞു; സൈരന്ഡ്രീ, നീ വേഗം പൊയ്ക്കൊള്ളുക! നിനക്ക്‌ എവിടെ പോകുവാൻ ആണ് ആഗ്രഹമെങ്കില്‍ അവിടേക്കു പൊയ്‌ക്കൊള്ളുക. രാജാവിന് നിന്നില്‍ ഗന്ധര്‍വ്വബാധ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഭയമായിരിക്കുകയാണ്‌. ഭദ്രേ! നീയാണെങ്കില്‍ യുവതിയാണ്‌. സുഭ്രുവാണ്‌, ഭൂമിയിലെ സുന്ദരിമാരില്‍ മുന്തിയവളാണ്‌. വിഷയത്തില്‍ ആസക്തരാണ്‌ പുരഷന്മാര്‍; ഗന്ധര്‍വ്വന്മാർ ആണെങ്കില്‍ മഹാ കോപികളുമാണ്‌.

സൈരന്ധ്രി പറഞ്ഞു: ഹേ, ഭാമിനി! എന്നില്‍ സ്വാമി പൊറുക്കട്ടെ പതിമ്മൂന്ന് ദിവസം കൂടി. ഗന്ധര്‍വ്വന്മാര്‍ കൃതാര്‍ത്ഥരായി തീരും. അതിലൊട്ടും ശങ്കിക്കരുത്‌. പിന്നെ, നിന്നില്‍ ഇഷ്ടം അവര്‍ ചെയ്യുകയും എന്നെ അവര്‍ കൊണ്ടു പോവുകയും ചെയ്യും. ബന്ധുക്കളോടു കൂടിയ രാജാവിനും ആ ഗന്ധര്‍വ്വന്മാര്‍ ശ്രേയസ്സ് അരുളുന്നതാണ്‌. ഇതില്‍ വിശ്വസിക്കുക. തീര്‍ച്ചയാണ്‌.

ഗോഹരണപര്‍വ്വം

25. ചാരന്മാരുടെ പ്രത്യാഗമനം - വൈശമ്പായനൻ പറഞ്ഞു: കീചകന്‍ അനുജന്മാരോടു കൂടി ചത്തുപോയ അത്യാഹിതത്തെ വിചാരിച്ചു നാട്ടുകാര്‍ വല്ലാതെ അത്ഭുതപ്പെട്ടു. പട്ടണത്തിലും നാട്ടിന്‍ പുറത്തും ജനങ്ങള്‍ പറയുവാന്‍ തുടങ്ങി: ശൗര്യം കൊണ്ടു രാജസേവകനും സേനാപതിയുമായി തീര്‍ന്ന മഹാസത്വനായ കീചകന്‍ ദുര്‍മ്മതിയും, പാപാത്മാവും, പരസ്ത്രീധൂര്‍ത്തനും ആകയാല്‍ അവനെ ഗന്ധര്‍വ്വന്മാര്‍ കൊന്നു പോലും! ഇപ്രകാരം ഘോര ശത്രുസൈന്യ ഘാതിയായ കീചകന്റെ വധവൃത്താന്തം പല ജനങ്ങള്‍ നാടുതോറും സംസാരിച്ചു തുടങ്ങി.

ധാര്‍ത്തരാഷ്ട്രന്‍ വിട്ട ചാരന്മാര്‍ പല നാടും നഗരവും ചുറ്റിക്കറങ്ങി ദേശം തോറും കേട്ടതായ വാര്‍ത്തകളൊക്കെ കുറിച്ച്‌ കൃതകൃത്യരായി നാട്ടിലേക്കു മടങ്ങിയെത്തി. അവര്‍ രാജധാനിയില്‍ ചെന്ന് കുരുരാജാവിനെ കണ്ടു. ദ്രോണൻ, കര്‍ണ്ണന്‍, കൃപന്‍, ഭീഷ്മൻ എന്നീ മഹാരഥന്മാരും ഭ്രാതാക്കളും, ത്രിഗര്‍ത്താദി മഹാരഥന്മാരും കൂടി ചേര്‍ന്ന് ദുര്യോധനന്‍ സഭാമദ്ധ്യത്തിൽ ഇരിക്കുന്ന സമയത്ത്‌ ദൂതന്മാര്‍ ചെന്ന് ഇപ്രകാരം ഉണര്‍ത്തി.

ചാരന്മാര്‍ പറഞ്ഞു: മഹാരാജാവേ, ഞങ്ങള്‍ പാണ്ഡവാന്വേഷണത്തില്‍ സദാ പ്രയത്നിച്ചു. പരപ്പേറിയ മഹാ വിപിനത്തില്‍ ഞങ്ങള്‍ അന്വേഷിച്ചു. ജനവാസമില്ലാത്തതും, മൃഗവര്‍ഗ്ഗങ്ങള്‍ ചിന്നിയതും, വൃക്ഷലതാകുലമായതും, വള്ളിപ്പിണര്‍ പടര്‍ന്ന് നികുഞ്ജമായി നിൽക്കുന്നുതുമായ വനാന്തരങ്ങളിലൊക്കെ തിരഞ്ഞു. ഒരിടത്തും പാണ്ഡവന്മാരെ കണ്ടില്ല. പാര്‍ത്ഥന്മാര്‍ പോയ മാര്‍ഗ്ഗം ഏതെന്ന് പോലും അറിയുവാന്‍ കഴിഞ്ഞില്ല. പല ദിക്കിലും കാലടികള്‍ നോക്കി നടന്നു.

ശൈലശൃംഗങ്ങള്‍, ദുര്‍ഗ്ഗങ്ങള്‍, നാനാ നാട്ടിന്‍ പുറങ്ങള്‍, ജന നിബിഡമായ ദേശങ്ങള്‍, പല നഗരങ്ങള്‍, അങ്ങനെ പല നാട്ടിലും പോയി തിരഞ്ഞു നോക്കി; ഒരിടത്തും അവരെ കണ്ടില്ല. അവര്‍ തീരെ നശിച്ചു പോയിരിക്കും. രാജാവിന് മംഗളം ഭവിക്കട്ടെ!

രഥികന്മാര്‍ മാര്‍ഗ്ഗം അന്വേഷിച്ചിട്ടും ഹേ, രഥിസത്തമാ! അവര്‍ പോയ വഴിയോ അവര്‍ വസിക്കുന്ന ഇടമോ അറിഞ്ഞില്ല. വളരെ ദിവസം ഞങ്ങള്‍ സൂതന്മാരെ പിന്തുടര്‍ന്ന് പോയി. ഞങ്ങള്‍ തത്ത്വം പോലെ കാര്യമറിഞ്ഞു. യുക്തിയുക്തമായ വിധം ഞങ്ങള്‍ കാര്യം ഗ്രഹിച്ചിരിക്കുന്നു. പാര്‍ത്ഥന്മാരോടു കൂടാതെ സൂതന്മാര്‍ ദ്വാരകയിൽ എത്തിയിട്ടുണ്ട്‌. അതില്‍ കൃഷ്ണയും പാണ്ഡുപുത്രരുമില്ല. അവര്‍ തീര്‍ച്ചയായും നശിച്ചു കഴിഞ്ഞു. നരര്‍ഷഭന് നമസ്‌കാരം. ആ യോഗ്യന്മാരുടെ യാത്രയും പാര്‍പ്പിടവും ഞങ്ങള്‍ അറിയില്ല. അവരുടെ വര്‍ത്തമാനവും പ്രവൃത്തിയും ഞങ്ങള്‍ അറിഞ്ഞില്ല. സ്വാമി, ഭവാന്‍ കല്പിച്ചാലും ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്ന്‌. ഇനിയും പാണ്ഡവരെ അന്വേഷിക്കണമെങ്കില്‍ അത്‌ ഏതു പ്രകാരമാകണം? ഹേ, വീരനായ രാജാവേ, ഞങ്ങള്‍ പറയുന്ന ഈ രസമായ വര്‍ത്തമാനം ഭവാന്‍ കേള്‍ക്കുക. മഹാബലവാനായി തീര്‍ന്ന് ത്രിഗര്‍ത്തന്മാരെ വധിച്ചവനും മത്സൃരാജാവിന്റെ സൂതനുമായ കീചകനില്ലേ; അവനെ ഗന്ധര്‍വ്വന്മാര്‍ കൊന്നു വീഴ്ത്തിയിരിക്കുന്നു. അദൃശ്യരായി നിന്നാണ്‌ സഹോദരന്മാരോടു കൂടി അവനെ കൊന്നു വീഴ്ത്തിയത്‌. ശത്രുക്കളുടെ പരാജയം ഭവാന് ഇഷ്ടപ്പെട്ട ഒരു വര്‍ത്തമാനമാണല്ലോ. അതു ഭവാന്‍ ഇപ്പോള്‍ കേട്ടിരിക്കുന്നു! ഹേ, കൗരവ്യ, ഭവാന്‍ കൃതകൃതാനായി! മേലില്‍ വേണ്ടതു ചെയ്താലും.

26. കര്‍ണ്ണ ദുശ്ശാസന വാക്യം - വൈശമ്പായനൻ പറഞ്ഞു: ചാരന്മാരുടെ വാക്കു കേട്ട്‌ വളരെ നേരം വിഷാദത്തോടെ ഇരുന്നതിന് ശേഷം ദുര്യോധനന്‍ സഭാവാസികളോടു പറഞ്ഞു: കാര്യങ്ങളുടെ പോക്കിന്റെ കലാശം ആലോചിക്കുമ്പോള്‍ ദുര്‍ഘടം തന്നെ! അതു കൊണ്ട്‌ എല്ലാവരും ഗാഢമായി ഒന്ന് ചിന്തിക്കണം. പാണ്ഡവന്മാര്‍ എവിടെ പോയിരിക്കുന്നു? അവരുടെ അജ്ഞാതവാസം അവസാനിക്കുവാന്‍ ഇനി അല്പകാലമേയുള്ളു. പതിമ്മൂന്നാമത്തെ ആണ്ടും അവസാനിക്കുവാനാണ് പോകുന്നത്‌. ഈ ആണ്ടില്‍ അല്പം കൂടി ഉള്ളതു കഴിഞ്ഞാല്‍ കരാറു പോലെ എല്ലാം നിര്‍വ്വഹിച്ചവരായി ചരിതവ്രതന്മാരായി അവര്‍ പുറത്തു വരും. എല്ലാവരും മത്തഹസ്തികളെ പോലെ സര്‍പ്പതുല്യരാണ്‌. അവര്‍ ക്രോധിച്ചടുത്താല്‍ കൗരവന്മാര്‍ക്കു തടുക്കുവാന്‍ കഴികയില്ല. എല്ലാവരും കാലം അറിയുന്നവരും കഷ്ടതയോടെ അതിനെ തരണം ചെയ്യുന്നവരുമാണ്‌. ക്രോധം വെന്നവരായ അവര്‍ വീണ്ടും നാട്ടിലേക്കു വരാതെ കാടു കയറുവാന്‍ ഇടയാകത്തക്ക വിധം വേണ്ടതു ചെയ്യണം. അതിന് വേണ്ട മറുകൈ ഉടനെ ചെയ്യണം. എതിരില്ലാത്തവരായി, ശത്രുബാധ ഇല്ലാത്തവരായി എന്റെ രാജ്യം നിലനിൽക്കുവാന്‍ വേണ്ടത്‌ ഉടനെ ചെയ്യണം.

കര്‍ണ്ണന്‍ പറഞ്ഞു: സാമര്‍ത്ഥൃത്തോടു കൂടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ മിടുക്കന്മാരായ വേറെ ചാരന്മാര്‍ വേഗം ചെല്ലട്ടെ! പരപ്പേറിയ നാട്ടിന്‍ പുറങ്ങളിലെല്ലാം അവര്‍ ഗൂഢമായി സഞ്ചരിക്കട്ടെ. വിദ്വല്‍ സഭകളിലും താപസാശ്രമങ്ങളിലും, രാജപുരങ്ങളിലും, തീര്‍ത്ഥങ്ങളിലും, ആകരങ്ങളിലും നല്ല പോലെ മനസ്സു വെച്ചു തിരയട്ടെ. ഉത്സാഹത്തോടെ സമര്‍ത്ഥ ചാരന്മാര്‍ അന്വേഷിച്ചാല്‍ ഒളിച്ചു വസിക്കുന്ന അവരെ കണ്ടു കിട്ടാതിരിക്കുകയില്ല. നദീകുഞ്ജങ്ങള്‍, തീര്‍ത്ഥങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, ആശ്രമങ്ങള്‍, പര്‍വ്വതങ്ങള്‍, ഗുഹകള്‍ എന്നിവിടങ്ങളിൽ ഒക്കെ നല്ല നിപുണതയോടെ തിരയട്ടെ!

ദുശ്ശാസനന്‍ പറഞ്ഞു: നമുക്കു വിശ്വാസമുള്ള ചാരന്മാര്‍ നാം നല്കുന്ന രഥവുമായി പോയി തേടിപ്പിടിക്കട്ടെ! കര്‍ണ്ണന്‍ പറഞ്ഞതൊക്കെ ശരിയായ കാര്യമാണ്‌. ചാരന്മാരൊക്കെ ഉദ്ദേശിച്ച മാതിരി പലയിടത്തും തിരക്കി നോക്കണം. ഇവരും മറ്റു പലരും ദേശം തോറും തിരയുമ്പോള്‍ അവരെ കണ്ടു കിട്ടാതിരിക്കുകയില്ല. അവരുടെ ഗതിയും വാസവും പ്രവൃത്തിയുമൊക്കെ കണ്ടുപിടിക്കാം. ഏറ്റവം ഗൂഢമായ കടലിന്റെ അങ്ങേക്കരയിലേക്കും പോയിട്ടുണ്ടാകാം. അല്ലെങ്കില്‍ ശൂരമാനികളായ അവര്‍ വ്യാഘ്രങ്ങള്‍ക്ക്‌ ആഹാരം ആയിട്ടുണ്ടാകാം. അല്ലെങ്കില്‍ ദുഃഖിച്ചു ദുഃഖിച്ച്‌ മരിച്ചു പോയിട്ടുണ്ടാകാം. അതു കൊണ്ട്‌ മനസ്സുറപ്പിച്ച്‌ വിഷമിക്കാതെ വിചാരിച്ച കാര്യം ഉത്സാഹത്തോടെ ചെയ്യുകയാണു വേണ്ടത്‌.

27. ചാരപ്രത്യാചാരം : ദ്രോണ വാക്യം - വൈശമ്പായനന്‍ പറഞ്ഞു; ദുശ്ശാസനന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ തത്വങ്ങള്‍ കാണുന്നവനും മഹാവീര്യനുമായ ദ്രോണൻ പറഞ്ഞു; ആ ഗുണസമ്പന്നന്മാരായ പാണ്ഡവന്മാര്‍ നശിക്കുകയോ തോൽക്കുകയോ ഒരിക്കലും ഉണ്ടാവുകയില്ല. ശൂരന്മാരും, കൃതവിദ്യന്മാരും, ബുദ്ധിമാന്മാരും, ജിതേന്ദ്രിയന്മാരും, ധര്‍മ്മജ്ഞന്മാരും, കൃതജ്ഞന്മാരും ആണ്‌ അവര്‍. ഈ വിശേഷണങ്ങള്‍ക്കു തികച്ചും അര്‍ഹരാണവര്‍, നീതി, ധര്‍മ്മം, അര്‍ത്ഥം ഇവയെ അറിയുന്നവനും ധര്‍മ്മിഷ്ഠനും സത്യസന്ധനുമായ ജേഷ്ഠനെ അനുസരിക്കുന്നുവരും അവന്റെ കീഴില്‍ നിൽക്കുന്നുവരുമാണ്‌ അവര്‍. ജേഷ്ഠനെ കാത്തുപോരുന്ന അനുജന്മാരുമാണ്‌ ആ വീരന്മാര്‍. രാജാവാണെങ്കില്‍ അജാതശത്രുവും ശ്രീമാനും ഭ്രാത്യവത്സലനുമാണ്‌. അപ്രകാരം തന്നെ തന്റെ പാട്ടില്‍ എപ്പോഴും നിൽക്കുന്ന ആ യോഗ്യന്മാരില്‍ നീതിയോടെ പെരുമാറുന്ന ധര്‍മ്മപുത്രന്‍ ശ്രേയസ്സിനെ പ്രാപിക്കാതിരിക്കുമോ? അതുക്കൊണ്ട്‌ അവര്‍ കരുതി തന്നെ കാലത്തിന്റെ ആഗമം കാത്തു ജീവിക്കുകയാണ്‌. അവര്‍ നാശത്തില്‍ പെടുകയില്ലെന് എന്റെ ബുദ്ധി കൊണ്ടു ഞാന്‍ കാണുന്നു.

ചെയ്യേണ്ട കാര്യം വേഗത്തില്‍ കാലം തെറ്റിക്കാതെ നല്ലപോലെ ചിന്തിച്ചു ചെയ്യുക. അവര്‍ പാര്‍ക്കുന്നു സ്ഥലമേതെന്ന്‌ കണ്ടു പിടിക്കുക. വേണ്ടപോലെ കാര്യങ്ങളെ കരുതിയിരിക്കുന്ന പാര്‍ത്ഥന്മാരുടെ കാര്യങ്ങള്‍ നാം ഗ്രഹിക്കുക. ആ ശൂരന്മാരെ ജയിക്കുവാന്‍ എളുപ്പമല്ല. തപസ്സാല്‍ ആവൃതരായ അവരെ പിടിക്കുവാന്‍ സാധിക്കയില്ല. യുധിഷ്ഠിരനാകട്ടെ നീതിയും സത്യവും ശുചിത്വവും തികഞ്ഞ ശുദ്ധാത്മാവാണ്‌. ആ തേജോരാശിയെ അറിയുവാന്‍ ആര്‍ക്കും കഴികയില്ല. ആ ഗുണസമ്പന്നന്‍ നോട്ടം കൊണ്ടു തന്നെ ആരേയും വശീകരിക്കും. ഇതെല്ലാം അറിഞ്ഞ്‌ മനസ്സിരുത്തി തിരയണം. അതിലേക്ക്‌ സിദ്ധ ബ്രാഹ്മണരേയും അങ്ങനെയുള്ള മറ്റു പലരേയും ചാരന്മാരായി വിടണം.

28. ചാരപ്രത്യാചാരം : ഭീഷ്മവാകൃം - വൈശമ്പായനന്‍ പറഞ്ഞു: പിന്നെ ഭാരതന്മാരുടെ പിതാമഹനും, ദേശകാലജ്ഞനും, വിദ്വാനും, തത്വജ്ഞനും, ധര്‍മ്മവിത്തമനും ആയ ഭീഷ്മൻ, ആചാര്യനായ ദ്രോണൻ പറഞ്ഞു വെച്ചപ്പോള്‍ അതിനെ പിന്തുടര്‍ന്ന് ഇപ്രകാരം പറഞ്ഞു: ധര്‍മ്മജ്ഞനായ ധര്‍മ്മജനെപ്പറ്റിദ്രോണന്‍ പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. കൗരവന്മാരുടെ ഹിതത്തിനായി ആചാര്യ വാക്യത്തിന് അനുഗുണമായി പാണ്ഡവന്മാരെ കുറിച്ച്‌ ഞാനും ചിലതു പറയാം. ദ്രോണൻ പറഞ്ഞത്‌ അക്ഷരം പ്രതി ശരിയാണ്‌. സര്‍വ്വലക്ഷണങ്ങളും തികഞ്ഞവരും, സാധുവ്രതരും, ശ്രുതവും വ്രതവുമുള്ളവരും നാനാശ്രുതികള്‍ അറിഞ്ഞവരും, വ്യദ്ധോപദേശം കേള്‍ക്കുന്നവരും, സത്യവ്രതമുള്ളവരും, സമയവും അസമയവും വേര്‍തിരിച്ച്‌ അറിയുന്നവരും, ശുചിവ്രതന്മാരും ആയ അവര്‍ നിത്യവും ക്ഷത്രധര്‍മ്മത്തില്‍ നിൽക്കുന്നവരും കൃഷ്ണനെ പിന്‍തുടരുന്നവരും ആണ്‌. അവര്‍ വീരപുരുഷന്മാരും, മഹാത്മാക്കളും, മഹാബലന്മാരുമാണ്‌. സജ്ജനങ്ങളുടെ ഭാരം വഹിക്കുന്ന അവര്‍ ഒരിക്കലും തളര്‍ന്നു പോകുവാന്‍ ന്യായമില്ല. ധര്‍മ്മത്താലും വീര്യത്താലും ഗുപ്തരായ പാണ്ഡവന്മാര്‍ നശിച്ചു പോവുകയില്ലെന്നാണ്‌ എന്റെ ദൃഢമായ. വിശ്വാസം. വത്സാ, ദുര്യോധനാ, പാണ്ഡവന്മാരെപ്പറ്റി ഞാന്‍ പറയുന്നത്‌ നിനക്കു നന്മയുണ്ടാകാന്‍ വേണ്ടിയാണ്‌. സുനീതിപരന്റെ നീതിയെ അനീതിപരന്മാര്‍ അന്വേഷിച്ചാല്‍ കണ്ടുകിട്ടുകയില്ല. പാണ്ഡവരെപ്പറ്റി നമുക്ക്‌ കഴിയുന്ന വിധം ബുദ്ധിയാല്‍ കണ്ടതു പറയാം; ദ്രോഹത്താല്‍ പറയുന്നതല്ല. ദുര്‍ജ്ജനങ്ങളോട്‌ നീതി പറയുവാന്‍ എന്നെ പോലെയുള്ളവര്‍ പുറപ്പെടുകയില്ല. അതു വൃഥാപ്രയത്നമാണ്‌. സജ്ജനങ്ങളോടാണ്‌ അതു വേണ്ടത്‌. അനീതി ആരോടും പറയരുത്‌. വൃദ്ധന്മാരുടെ അനുശാസനത്തെ അനുസരിക്കുന്ന സത്യ്രവതന്‍ സജ്ജന മദ്ധ്യത്തില്‍ ധീരമായി കാര്യം പറയുവാന്‍ മടിക്കുകയില്ല. ധര്‍മ്മത്തെ കാംക്ഷിക്കുന്നുവര്‍ യഥാര്‍ത്ഥം തന്നെ പറയണം. പാണ്ഡവന്മാരില്‍ മറ്റുള്ളവര്‍ കാണുന്ന മട്ടിലല്ല ഞാന്‍ കാര്യം കാണുന്നത്‌. ഈ പതിമൂന്നാത്തെ ആണ്ടില്‍ ധര്‍മ്മരാജാവ്‌ അജ്ഞാതമായി പാര്‍ക്കുന്നേടത്ത്‌ യാതൊരു കോട്ടവും കുറവും ഉണ്ടാവുകയില്ല. ആ ലക്ഷണങ്ങള്‍ നോക്കി വേണം പാണ്ഡവ വാസത്തെ കണ്ടു പിടിക്കുവാന്‍. യുധിഷ്ഠിരന്‍ പാര്‍ക്കുന്നത്‌ നഗരത്തിലായാലും ജനപദത്തിലായാലും അവിടെയുള്ള ജനങ്ങള്‍ ദാനശീലന്മാരും, പ്രിയം പറയുന്നവരും, ജിതേന്ദ്രിയന്മാരും, സത്യപരന്മാരുമായി ഭവിക്കും. ആ നാട്ടുകാര്‍ ദാന്തന്മാരും, ശുചികളും, സുഖികളുമായി പുഷ്ടിയോടെ വര്‍ത്തിക്കും. അസൂയയോ, ഈര്‍ഷ്യയോ, ഗര്‍വ്വോ, മാത്സര്യമോ ആ നാട്ടില്‍ ഉണ്ടായിരിക്കുകയില്ല. അവിടെ ഉള്ളവര്‍ സ്വയമേവ ധര്‍മ്മനിഷ്ഠയില്‍ നിൽക്കുന്നുവരായിരിക്കും. വേദഘോഷവും പൂര്‍ണ്ണാഹുതിയോടെ അവിടെയൊക്കെ മുഴങ്ങുന്നുണ്ടാകും. അവിടെ ഭൂരിദക്ഷിണമായ യജ്ഞവും നടക്കും. അവിടെ എന്നും മഴയുണ്ടാകും. സസ്യങ്ങള്‍ നന്നായി വളരും. സ്വാദുള്ള ഫലങ്ങള്‍ സമൃദ്ധിയായി ഉണ്ടാകും. മണമേറിയ പുഷ്പങ്ങള്‍ ധാരാളം വികസിക്കും. അവിടെ ഉള്ളവരുടെ വാക്ക്‌ ശുഭശബ്ദം കൊണ്ട്‌ പൂര്‍ണ്ണമാകും. സുഖമായ കുളിര്‍കാറ്റു വീശും. അവിടെ കാണുന്നവയൊക്കെ പ്രിയരൂപങ്ങൾ ആയിരിക്കും. ഭയം എന്ന ഒന്ന് ധര്‍മ്മപുത്രന്‍ വസിക്കുന്നുേടത്ത്‌ ഉണ്ടാവുകയില്ല. പശുക്കള്‍ അവിടെ ധാരാളം അഭിവൃദ്ധി പ്രാപിക്കും. മെലിഞ്ഞവയും ബലഹീനമായവയും അവിടെ കാണുകയില്ല. പാലും, നെയ്യും, തയിരും നല്ല സ്വാദോടു കൂടി അവിടെ ഉണ്ടാകും. പാനീയങ്ങള്‍ക്കൊക്കെ ഗുണം കൂടുതലുണ്ടാകും. ഭോജ്യങ്ങള്‍ക്കും അപ്രകാരം തന്നെ രസം കൂടിയിരിക്കും. ധര്‍മ്മജന്‍ വാഴുന്ന ദിക്കിലെ ലക്ഷണം ഇതൊക്കെയാണ്‌.

രസം, സ്പര്‍ശം, ഗന്ധം ഇവ ഗുണം കൂടിയ മട്ടിലായിരിക്കും. ദൃശ്യങ്ങളൊക്കെ തെളിഞ്ഞിരിക്കും. ഇതും ധര്‍മ്മജന്‍ ഉള്ള ദിക്കിലെ ലക്ഷണമായിരിക്കും. അവിടെ സര്‍വ്വദ്വിജ സംസേവിതങ്ങൾ ആയിരിക്കും ധര്‍മ്മങ്ങള്‍. പതിമൂന്നാമത്തെ ആണ്ടില്‍ സകല ഗുണങ്ങളും പൂര്‍ണ്ണമായി ആ പാണ്ഡവരുടെ സന്നിധിയില്‍ കാണാം. ധര്‍മ്മജന്റെ സന്നിധിയില്‍ ആരും പൊളി പറയുകയില്ല. ശുഭവും മംഗളവും സത്യവുമായ ഭാഷണങ്ങളേ അദ്ദേഹത്തിന്റെ സന്നിധിയില്‍ കേള്‍ക്കുകയുള്ളു. ശുഭാര്‍ത്ഥിയും ശുഭധീയുമായ ധര്‍മ്മജന്‍ വസിക്കുന്നേടത്ത്‌ ഇഷ്ടവും പ്രിയവുമായ വ്രതം അനുഷ്ഠിച്ച മട്ടിലായിരിക്കും ജനങ്ങള്‍. ഉണ്ണീ, ദുര്യോധനാ! ആ മഹാത്മാവിനെ അറിയുവാന്‍ ദ്വിജന്മാര്‍ക്കു പോലും സാദ്ധ്യമല്ല. പിന്നെയുണ്ടോ ഈ വിപ്രകൃതന്മാര്‍ പാര്‍ത്ഥനെ ശരിയായി അറിയുന്നു?

സത്യം അവനില്‍ ഉറച്ചതാണ്‌. ധൃതി, ദാനം, ശമം, ക്ഷമം, ഹ്രീ, ശ്രീ, കീര്‍ത്തി, ശ്രേയസ്സ്‌, ആനൃശംസ്യം, ആര്‍ജ്ജവം ഇവയും അദ്ദേഹത്തില്‍ സ്ഥിരമായി നിൽക്കുന്നു. അതു കൊണ്ട്‌ തന്നെത്താനെ മറച്ച്‌ ആ ബുദ്ധിമാന്‍ അജ്ഞാതവാസം അനുഷ്ഠിക്കുന്നതും അദ്ദേഹത്തിന്റെ പരമമായ ജീവിത ഗതിയും അറിയണം. മറിച്ച്‌ ഒന്നും പറയുവാന്‍ എനിക്ക്‌ സാദ്ധ്യമല്ല. ഇപ്രകാരം ചിന്തിച്ച്‌ ഉണ്ണീ ദുര്യോധനാ! നീ ഹിതമായ ക്രിയ എന്താണെന്നു വെച്ചാല്‍ അതു ചെയ്യുക. എന്റെ വാക്ക്‌ സമ്മതമായി നിനക്കു തോന്നുന്നുണ്ടെങ്കില്‍.

29. ചാരപ്രത്യാചാരം : കൃപവാക്യം - വൈശമ്പായനൻ പറഞ്ഞു: ഭീഷ്മര്‍ പാണ്ഡവരെപ്പറ്റി പറഞ്ഞു കഴിഞ്ഞപ്പോള്‍ ശാരദ്വതനായ കൃപന്‍ ഇപ്രകാരം പറഞ്ഞു: വൃദ്ധനായ ഭീഷ്മര്‍ പാണ്ഡവന്മാരെ പറ്റി പറഞ്ഞത്‌ യുക്തമാണ്‌. അദ്ദേഹത്തിന്റെ ഭാഷണം ധര്‍മ്മാര്‍ത്ഥയുക്തവും, മധുരവും, യുക്തിക്കു ചേര്‍ന്നതും, വാസ്തവവുമാണ്‌. ഇനി നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കുവിന്‍. ചാരന്മാരെ വിട്ട്‌ പാണ്ഡവന്മാരുടെ ഗതിയും വാസവും വീണ്ടും അന്വേഷിക്കണം. ഹിതം പോലെ നീതി വിചാരം ചെയ്യേണ്ടതിന് ഇപ്പോള്‍ കാലമായി. ഐശ്വര്യം കാംക്ഷിക്കുന്നവന്‍ തുച്ഛനായ വൈരിയേയും ഗണിക്കാതെ തള്ളിക്കളയരുത്‌. പിന്നെ, കുട്ടീ, സര്‍വ്വാര്‍ത്ഥ വേദികളായ പാര്‍ത്ഥരുടെ കഥ പറയുവാനുണ്ടോ? വേഷം മാറി ഗൂഢമായി ഗുപ്തരായി വാഴുന്ന മഹാത്മാക്കളായ പാണ്ഡവന്മാരുടെ പ്രതിജഞാ കാലം ഇതാ കഴിയാറായിരിക്കുന്നു. ഇപ്പോള്‍ സ്വന്തം രാജൃത്തിലേയും മിത്ര രാജ്യങ്ങളിലേയും സൈന്യബലം എത്രയാണെന്ന് സ്വയം അറിയേണ്ടതാണ്‌. പ്രതിജ്ഞ നിര്‍വ്വഹിച്ച്‌ പാണ്ഡവന്മാര്‍ തീര്‍ച്ചയായും ഓജസ്വികളായി മഹോത്സാഹത്തോടെ വെളിയില്‍ വരും. അതുകൊണ്ട്‌ ബലം, നീതി, കോശം എന്നിവയെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു. നീതി കൊണ്ട്‌ ബലത്തേയും കോശത്തേയും വര്‍ദ്ധിപ്പിക്കണം. ബലവും കോശവും നോക്കി വേണം ശത്രുക്കളോട്‌ ഇണങ്ങുകയോ പിണങ്ങുകയോ വേണ്ടതെന്നു തീരുമാനിക്കുവാന്‍. ആ തീരുമാനം നീതിയിലാണു നിൽക്കുന്നത്‌. ആത്മബലവും നീതിയും നല്ലവണ്ണം ധരിക്കണം. തനിക്കും തന്റെ മിത്രങ്ങള്‍ക്കും കൂടി എത്ര സൈന്യശക്തി ഉണ്ടെന്ന് ശരിയായി അറിഞ്ഞ്‌ അതു ശത്രുബലത്തേക്കാള്‍ താണതോ ഉയര്‍ന്നതോ അതിനോടു തുല്യമോ എന്ന് കണ്ടിരുന്നാലേ ശത്രുക്കളോട്‌ എങ്ങനെയാണ്‌ ഇടപെടേണ്ടതെന് നിശ്ചയിക്കുവാന്‍ കഴികയുള്ളു. ബലാധിക്യത്തില്‍ സന്തോഷമോ ബലക്കുറവില്‍ സന്താപമോ കൂടാതെ നീതിയെപ്പറ്റി മാത്രമേ ചിന്തിക്കാവൂ. ദുര്‍ബ്ബലരായ ശത്രുക്കളെ താഴ്ത്തുന്നതിനും പ്രബലരായ ശത്രുക്കളെ ആക്രമിക്കുന്നതിനും സാമം, ദാനം, ഭേദം, ദണ്ഡം, കപ്പം എന്നിവ യഥോചിതം ഉപയോഗിക്കാം. ആദ്യം വേണ്ടത്‌ തന്റെ ബലം ഗ്രഹിക്കുകയാണ്‌. മിത്രങ്ങളെ സാന്ത്വനത്താലും സ്വന്തം സൈന്യത്തെ ഭക്തവേതനം, മാനദാനം, പ്രിയവാക്ക്‌ എന്നിവയാലും യോജിപ്പിച്ചു ചേര്‍ത്തു നിര്‍ത്തണം.

ബലവും കോശവും സംവൃദ്ധമായാല്‍ വിജയം തീര്‍ച്ചയായും സിദ്ധിക്കും. ബലവാന്മാരായ ശത്രുക്കള്‍ ഇടഞ്ഞു വന്നാല്‍ അവരോടു പൊരുതാതെ കഴിയുകയില്ല. പാണ്ഡവന്മാര്‍ തങ്ങളുടെ ബന്ധുബലത്തോടു കൂടി വരികയാണെങ്കില്‍ ആ ബലം ഇവിടെ ഉള്ളതിനേക്കാള്‍ താഴ്ന്നതോ ഉയര്‍ന്നതോ എന്നറിയാതെ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. ഈ കാര്യങ്ങളെല്ലാം യഥാകാലം സ്വധര്‍മ്മം പോലെ നിശ്ചയിച്ചു പ്രവര്‍ത്തിച്ചാല്‍ , രാജാവേ, നീ ദീര്‍ഘകാലം സുഖമായി വാഴും.

30. സുശര്‍മ്മാദികളുടെ മത്സ്യദേശഗമനം - വൈശമ്പായനന്‍ പറഞ്ഞു: പിന്നെ മഹാരഥനും ശക്തനുമായ ത്രിഗര്‍ത്ത രാജാവായ സുശര്‍മ്മാവ്‌ കാലോചിതമായി പറയുവാന്‍ ഭാവിച്ചു. ഈ ത്രിഗർത്തൻ പല പ്രാവശ്യവും മത്സ്യരാജാവായ ശാല്വനാല്‍ തോല്‍പിക്കപ്പെട്ടവനാണ്‌. ബന്ധുക്കളോടു കൂടി ബലവാനായ മത്സ്യശാല്വന്‍ സൂതനായ കീചകന്റെ നേതൃത്വത്തില്‍ പല പ്രാവശ്യവും ആക്രമണം നടത്തി പാരാജിതനാക്കിയിട്ടുണ്ട്‌ ത്രിഗര്‍ത്ത രാജാവിനെ. ആ രാജാവായ സുശര്‍മ്മാവ്‌ കര്‍ണ്ണനെ നോക്കി ഇപ്രകാരം ദുര്യോധനനോടു പറഞ്ഞു: മത്സ്യന്‍ പല പ്രാവശ്യവും എന്റെ നാടിനെ അവന്റെ ശക്തിയൊക്കെ പ്രയോഗിച്ച്‌ എതിര്‍ത്തു. അന്ന് അവന് ശക്തനായ പടനായകൻ ആയിരുന്നത്‌ കീചകനാണ്‌. അമര്‍ഷിയും, ഘാതകനും, ദുഷ്ടനും, ലോകത്തില്‍ പേര്‍ കേട്ട വിക്രമിയും ആയിരുന്നു അവന്‍. ആ പാപിയെ ഗന്ധര്‍വന്മാര്‍ കൊന്നു കളഞ്ഞു. അവന്‍ ചത്തതു കാരണം യാതൊരു ആശ്രയവും ഇല്ലാത്തവനായി തീര്‍ന്നിരിക്കയാണ്‌, ഗര്‍വ്വുകെട്ടവൻ ആയിരിക്കയാണ്‌ ആ രാജാവ്‌. ഇപ്പോള്‍ മത്സ്യരാജാവായ വിരാടന്‍ ഉത്സാഹഹീനൻ ആയിരിക്കയാണെന് ഞാന്‍ വിചാരിക്കുന്നു. ഹേ മഹാശയാ! ഭവാന്‍ അങ്ങോട്ടു പൊരുതുവാന്‍ പോവുക. കൗരവന്മാര്‍ക്കൊക്കെ ഇക്കാര്യം ബോദ്ധ്യമാണെങ്കില്‍, കര്‍ണ്ണനും ഇക്കാര്യം യുക്തമാണെന് തോന്നുന്നുണ്ടെങ്കില്‍ , അങ്ങോട്ടു പൊരുതുവാന്‍ പോകുന്നത്‌ നമുക്കു ഗുണം ചെയ്യും. നാം ഉടനെ തന്നെ ചെയ്യേണ്ട കാര്യം ഇതാണെന്നാണ്‌ എന്റെ അഭിപ്രായം. വളരെ ധാന്യ സമൃദ്ധിയുള്ള അവന്റെ നാട്‌ നാം ആക്രമിച്ചു കയറണം. അവന്റെ പല രത്നങ്ങളും ധനങ്ങളും നാം കയ്യിലാക്കണം. അവന്റെ രാജ്യവും ഗ്രാമവുമൊക്കെ നാം രണ്ടു ഭാഗത്തു നിന്ന് ആക്രമിച്ചു പിടിച്ചടക്കുക. അല്ലെങ്കില്‍ ഒന്നാന്തരം പലവിധം പശുക്കളെ നമ്മള്‍ നഗരത്തില്‍ കയറി ചെന്ന് ബലമായി ഹരിക്കുക. കൗരവന്മാരും, ത്രിഗര്‍ത്തന്മാരും കൂടി ഈ ആക്രമണം നടത്തിയാല്‍ അവന്റെ പശുക്കളെയൊക്കെ നേടാം. നമ്മള്‍ രണ്ടു കൂട്ടരും കൂടി അവന്റെ പൗരുഷത്തെ അടക്കണം. അവന്റെ പടയെ ഒക്കെ കൊന്ന് പാട്ടില്‍ പിടിക്കണം. അങ്ങനെ ന്യായമായ നിലയില്‍ അവനെ അധീനത്തിലാക്കി നമ്മള്‍ക്കു സുഖമായി ഇരിക്കാം. ഭവാന് സൈനൃസമ്പത്തും, സമ്പത്തും ഈ പുറപ്പാടു കൊണ്ടു ലഭിക്കും; അതില്‍ യാതൊരു സംശയവുമില്ല. സുശര്‍മ്മാവു പറഞ്ഞതു കേട്ട്‌ കര്‍ണ്ണന്‍ രാജാവിനോടു പറഞ്ഞു:

സുശര്‍മ്മാവിന്റെ വാക്ക്‌ കാലോചിതമാണ്‌. നമ്മള്‍ക്ക്‌ ഹിതവുമാണ്‌. അതു കൊണ്ട്‌ ഉടനെ തന്നെ പടകൂട്ടി പുറപ്പെടുകയാണു വേണ്ടത്‌. സൈന്യം പകുത്തിട്ടു വേണോ? എന്താണ്‌ ഭവാന്റെ അഭിപ്രായം? കുരുശ്രേഷ്ഠനും നമ്മള്‍ക്കൊക്കെ പിതാമഹനുമായ ഭീഷ്മനും, ആചാര്യനായ ദ്രോണനും, കൃപാചാര്യനും എങ്ങനെ തീരുമാനിക്കുന്നുവോ അപ്രകാരം നമ്മള്‍ക്ക്‌ യാത്ര തീര്‍ച്ചപ്പെടുത്താം. ആലോചിച്ചു പോകുക. കാര്യസിദ്ധിക്ക്‌ ആലോചനക്കുറവു പാടില്ല. വീര്യവും, ശൗര്യവും, സമ്പത്തും കെട്ട പാര്‍ത്ഥരെ കൊണ്ട്‌ എന്തു കാര്യം? അവര്‍ തീരെ നശിച്ചിരിക്കും. കാലപുരിയിൽ എത്തിയിരിക്കും. അല്ലല്‍ കൂടാതെ രാജാവേ, നാം വിരാട പുരിയിലേക്കു പുറപ്പെടുക. അവന്റെ പശുക്കളേയും നാനാതരം വിത്തവും നാം ഉടനെ പിടിച്ചടക്കുക.

വൈശമ്പായനൻ പറഞ്ഞു; ദുര്യോധന രാജാവ്‌ വൈകര്‍ത്തനനായ കര്‍ണ്ണന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഉടനെ തന്നെ ഇപ്രകാരം സഹോദരനായ ദുശ്ശാസനനോടു കല്പിച്ചു: നീ വൃദ്ധരോടു കൂടി ആലോചിച്ച്‌ വേഗത്തില്‍ പടകൂട്ടുക. നാം കൗരവന്മാരോടു കൂടി ഉദ്ദേശം പോലെ പോകണം. മഹാരഥനായ സുശര്‍മ്മാവ്‌ കരുതിയ ദിക്കിലേക്ക്‌ ത്രിഗര്‍ത്തന്മാരോടു കൂടി ബലവാഹന പൂര്‍ണ്ണനായി പോകട്ടെ! അവന്‍ മുമ്പെ തന്നെ മത്സ്യരാജ്യത്ത്‌ ഉറപ്പോടു കൂടി ചെല്ലട്ടെ. പിമ്പെ പിറ്റേ നാളില്‍ തന്നെ നമുക്കും ചെന്നു കയറണം. സമൃദ്ധി കൂടിയ മത്സ്യരാജ്യത്ത്‌ ഒത്തുചേര്‍ന്ന് ആക്രമണം നടത്തണം. കൂട്ടത്തോടു കൂടി അവര്‍ ചെന്ന് ഗോപാലന്മാരോടേറ്റ്‌ അനവധി പശു ധനത്തെ നേടട്ടെ! ശ്രീഗുണം തികഞ്ഞ നൂറായിരം നല്ല പശുക്കളെ നമുക്കും കൈക്കലാക്കാം. അങ്ങനെ സൈന്യം രണ്ടായി പകുത്ത്‌ ആക്രമണം നടത്താം.

വൈശമ്പായനൻ പറഞ്ഞു: അവര്‍ കല്പിച്ച പ്രകാരം അഗ്നി കോണില്‍ സര്‍വ്വസന്നദ്ധന്മാരായ രഥികളും ഗര്‍വ്വിഷ്ഠരായ സേനാനായകന്മാരും എത്തി. പകവീട്ടുവാന്‍ ഒരുങ്ങിയ മഹാബലന്മാരായ ത്രിഗര്‍തത്തന്മാര്‍ സുശര്‍മ്മാവിന്റെ നേതൃത്ത്വത്തില്‍ ഗോഹരണത്തിനായി കറുത്ത സപ്തമി ദിവസം ചെന്നെതിര്‍ത്തു. പിറ്റേദിവസം അഷ്ടമിനാള്‍ കൗരവന്മാർ എല്ലാവരും ചേര്‍ന്ന് അസംഖ്യം ഗോകുലങ്ങളെ പിടിച്ചു.

31. മത്സ്യരാജാവിന്റെ രണോദ്യോഗം - വൈശമ്പായനന്‍ പറഞ്ഞു: മഹാരാജാവേ, പാണ്ഡവന്മാര്‍ പ്രച്ഛന്ന വേഷരായി വിരാട രാജാവിന്റെ ഭൃത്യരായി ജീവിച്ചു കൊണ്ടിരിക്കെ അവരുടെ ശപഥത്തിന്റെ കാവലും ശരിക്കു കഴിഞ്ഞു. കീചകന്‍ മരിച്ചതിന് ശേഷം അരികുല നാശനനായ വിരാടന്‍ കുന്തീ പുത്രന്മാരില്‍ വളരെ സ്നേഹത്തോടെ സല്‍ക്കാരങ്ങൾ ഒക്കെ ചെയ്തു നാള്‍ കഴിച്ചു. പതിമൂന്നാമത്തെ സംവത്സരം അവസാനിക്കുന്ന ദിവസം ഒരു മഹാസംഭവം വിരാട രാജ്യത്തുണ്ടായി. സുശര്‍മ്മാവ്‌ വിരാടന്റെ മഹത്തായ ഗോധനം പെട്ടെന്ന് ആക്രമിച്ച്‌ അപഹരിച്ചു; ഉടനെ വളരെ ബദ്ധപ്പെട്ട്‌ ഗോപാലകന്‍ പുരത്തിലേക്കെത്തി. കുണ്ഡലങ്ങളണിഞ്ഞ അവന്‍ തേരു വിട്ടു ചാടിയിറങ്ങി. അപ്പോള്‍ രാജാവ്‌ കുണ്ഡലാംഗദ ഭൂഷണങ്ങളണിഞ്ഞ ശൂരന്മാരായ യോദ്ധാക്കളാല്‍ ചുറ്റപ്പെട്ട്‌ മന്ത്രീന്ദ്രരും, മഹാന്മാരായ പാര്‍ത്ഥന്മാരും മറ്റുമായിച്ചേര്‍ന്ന് എന്തോ ആലോചനയിൽ ഇരിക്കുകയായിരുന്നു. ഈ സമയത്താണ്‌ ഗോപാലകന്‍ അവിടെ ചെന്ന്‌ രാജാവിനെ കണ്ടത്‌. അവന്‍ രാജാവിനെ തൊഴുത്‌ ഇപ്രകാരം ഉണര്‍ത്തിച്ചു; "രാജാവേ, ഞങ്ങളെ എല്ലാം പോരില്‍ ജയിച്ച്‌ കൂട്ടത്തോടെ അകറ്റി പശുക്കള്‍ നൂറായിരത്തേയും ഇതാ, ത്രിഗര്‍ത്തന്മാര്‍ ബലമായി കൊണ്ടു പോകുന്നു. ഉടനെ ചെന്ന് അവരോട് എതിര്‍ക്കുക. ഭവാന്റെ ഗോധനം നശിക്കരുത്‌".

ഇതു കേട്ടതോടു കൂടി മത്സ്യരാജാവു ചാടിയെഴുന്നേറ്റ്‌ തന്റെ പടകളെ എല്ലാം കല്പന കൊടുത്തു സജ്ജമാക്കി. തേര്‍, ആന, കാലാള്‍, കുതിര, കൊടി എന്നിവയോടു കൂടി, ചട്ടകള്‍ ധരിച്ച്‌ രാജാക്കന്മാരും രാജപുത്രന്മാരും പറുപ്പെട്ടു. വിചിത്രമായി തിളങ്ങുന്ന പലതരം ചട്ടികളും ആ വീരന്മാര്‍ ധരിച്ചു. ഇരുമ്പും വജ്രവും അകത്തുള്ള സ്വര്‍ണ്ണ നിര്‍മ്മിതമായ ഒരു ചട്ട രാജാവിന്റെ ഇഷ്ടസോദരനായ ശതാനീകനും ധരിച്ചു. എല്ലാം ഇരുമ്പു കൊണ്ടു തന്നെ ഉള്ളതും വക്കത്തു മാത്രം പൊന്നണിഞ്ഞിട്ടുള്ളതുമായ ഒരു ചട്ട ശതാനീകന്റെ അനുജനായ മദിരാക്ഷനും ധരിച്ചു. ഭാനു, ചുഴി, തുള്ളി, കണ്ണി എന്നിവ നൂറുവീതമുള്ള, അറ്റുപോകാത്ത ചട്ട മത്സ്യരാജാവും ചാര്‍ത്തി. മുന്‍ ഭാഗത്ത്‌ നൂറു പത്മ സൗഗന്ധികങ്ങള്‍ പതിച്ചതും പുറത്ത്‌ സ്വര്‍ണ്ണത്താല്‍ സൂര്യാഭ ചേര്‍ന്നതുമായ ഒരു ചട്ട സൂര്യദത്തനും ധരിച്ചു. ഉറപ്പുള്ളതും അകത്ത്‌ ഇരിമ്പുള്ളതുമായ ശതേക്ഷണമെന്ന വെള്ളച്ചട്ട വിരാടന്മാരില്‍ അഗ്രജനായ ശംഖനും ധരിച്ചു. ദേവതുല്യം പൊരുതുന്ന മറ്റു യോദ്ധാക്കള്‍ക്കും അസംഖ്യം ചട്ടകള്‍ പോരില്‍ ഇറങ്ങുവാന്‍ ഒരുങ്ങി നില്‍ക്കുന്ന യോദ്ധാക്കള്‍ക്കും നല്കി. നല്ല ഉപകരണങ്ങളോടു ചേര്‍ന്നതും പൊന്‍കോപ്പണിഞ്ഞതുമായ വെള്ളത്തേരുകളില്‍ ആ മഹാരഥന്മാര്‍ കയറി.

അപ്പോള്‍ സൂര്യചന്ദ്ര പ്രകാശമുള്ള ദിവ്യമായ സ്വര്‍ണ്ണരഥത്തില്‍ മഹാനുഭാവനായി ശോഭിക്കുന്ന മത്സ്യരാജാവിന്റെ ഉയര്‍ന്ന കൊടി പാറിക്കളിച്ചു. പിന്നെ വേറെയും പൊന്നണിഞ്ഞ ധ്വജങ്ങളും, ശൂരന്മാരായ ക്ഷത്രിയന്മാര്‍ കയറിയ രഥങ്ങളുടെ മുകളിലായി പ്രശോഭിച്ചു.

അപ്പോള്‍ മത്സ്യരാജാവ്‌ ശതാനീകനോടു പറഞ്ഞു; കങ്കന്‍, വല്ലവന്‍, ഗോപാലന്‍, ദാമഗ്രന്ഥി എന്നിവര്‍ ചുണയുള്ളവരാണ്‌. അവരും ഇന്ന് എന്റെ പക്ഷത്തില്‍ നിന്ന് പോരാടും. അതില്‍ സംശയമില്ല. അവര്‍ക്കും ധ്വജചിഹ്നമുള്ള തേര്‍ നല്കണം. ഉറപ്പുള്ള മൃദുലമായ വിചിത്ര കവചങ്ങളും അവര്‍ക്കു നല്കണം. അവര്‍ ദേഹത്തില്‍ ആ ചട്ട ധരിച്ച്‌ നല്ല ആയുധങ്ങളും എടുക്കട്ടെ. വീരാംഗം പുണ്ട ആ പുരുഷന്മാര്‍ നാഗരാജന്റെ കരം പോലുള്ള കരമുള്ളവരാണ്‌. അവര്‍ യുദ്ധം ചെയ്യാതിരിക്കയില്ലെന്ന്‌ ഒരു വിശ്വാസം എനിക്കുണ്ട്‌.

ഇപ്രകാരം രാജാവു പറഞ്ഞപ്പോള്‍ മനസ്സില്‍ ബദ്ധപ്പാടോടെ പാര്‍ത്ഥന്മാര്‍ക്ക്‌ ശതാനീകന്‍ തേരുകള്‍ കൊണ്ടു വരുവാന്‍ കല്പിച്ചു. സഹദേവനും, ധര്‍മ്മരാജാവിനും, ഭീമനും, നകുലനും തേരുകള്‍ ഉടനെ സൂതന്മാര്‍ ഹര്‍ഷത്തോടെ സജ്ജമാക്കി കൊണ്ടു വന്നു. ഉറപ്പുള്ളതും മൃദുലവുമായ വിചിത്ര കവചങ്ങൾ അണിഞ്ഞ്‌ ആ പരന്തപന്മാര്‍ കെട്ടി. നല്ല കുതിരകളെ പൂട്ടിയ തേരില്‍ കയറി സസന്തേഷം ഇറങ്ങി. യുദ്ധകോവിദന്മാരും വേഷപ്രച്ഛന്നരുമായ അവര്‍ എല്ലാവരും മഹാശക്തന്മാരാണെന്ന് പറയേണ്ടതില്ലല്ലോ. സ്വര്‍ണ്ണാലംകൃതമായ തേരുകളില്‍ കയറി കുരുപുംഗവരായ അവര്‍ വിരാടനെ പിന്തുടര്‍ന്നു. സത്യവിക്രമരും ശൂരരുമായ ആ നാലു പാണ്ഡവന്മാരും കന്നം പൊട്ടി മദജലമൊലിക്കുന്ന ഭീമാകാരന്മാരായ മത്തദ്വിപങ്ങളും ചോല ചാടുന്ന മല പോലുള്ള അറുപതു വയസ്സായ ആനകളും, യുദ്ധകൗശലമുള്ള ആനക്കാര്‍ കേറി ശീലമുള്ള ഗജരാജന്മാരും, ചലിക്കുന്ന പര്‍വ്വതങ്ങള്‍ പോലെ രാജാവിനെ പിന്തുടര്‍ന്നു. സാമര്‍ത്ഥ്യമുള്ളവരും അഭിനന്ദനാര്‍ഹമായ ശക്തിയുള്ളവരുമായ അനുയായികളും, എണ്ണായിരം തേരുകളും, പതിനായിരം ആനകളും, അറുപതിനായിരം കുതിരകളും ചേര്‍ന്ന സൈന്യത്തോടു കൂടി മത്സൃന്മാര്‍ പിന്തുടര്‍ന്നു. വിരാട രാജാവിന്റെ ആ സൈന്യം ശോഭിച്ചു. ആ സൈന്യങ്ങള്‍ പശുക്കള്‍ പോയ വഴി നോക്കി പുറപ്പെട്ടു. ആന, തേര്‍, കുതിര, കാലാള്‍ എന്നിവയോടു കൂടിയ വിരാടന്റെ സൈന്യം ദൃഢായുധ ഭടന്മാരോടു കൂടി ഇളകി പ്രശോഭിച്ചു.

32. വിരാട സുശര്‍മ്മ യുദ്ധം - വൈശമ്പായനൻ പറഞ്ഞു; മത്സ്യസൈന്യങ്ങള്‍ കുതിച്ചു പാഞ്ഞു. വ്യൂഹം കെട്ടി സശസ്ത്രരായ മത്സ്യന്മാര്‍ ത്രിഗര്‍ത്തന്മാരോട്‌ ഏറ്റുമുട്ടുവാന്‍ യുദ്ധമദത്തോടെ ഓടി. സൂര്യന്‍ അസ്തമിക്കുവാനടുത്ത സമയമായി. അവര്‍ ത്രിഗര്‍ത്തരുമായി ഏറ്റുമുട്ടി. ത്രിഗര്‍ത്തന്മാരും മത്സ്യന്മാരും പോരില്‍ ഉന്മത്തരായി ഗോക്കളെക്കുറിച്ചു ശക്തിയായ പോരാട്ടം നടത്തി. തോട്ടി, തോമരം, പ്രചോദിതം മുതലായ ആയുധങ്ങള്‍, ഉൽക്കടമായ മത്തഹസ്തികള്‍, സമര്‍ത്ഥരായ രാജനിയുക്തന്മാര്‍ ഇങ്ങനെ എല്ലാം തികഞ്ഞ ആനകള്‍ തമ്മിലുള്ള യുദ്ധം ബഹളവും രോമഹര്‍ഷണവുമായി. അവര്‍ തമ്മില്‍ തമ്മില്‍ കൊന്ന് കാലപുരി പുഷ്ടിപ്പെടുത്തി. സൂര്യന്‍ ചാഞ്ഞ സമയത്തെ ആ യുദ്ധം ദേവാസുര സമമായിരുന്നു. കാലാള്‍, തേര്‌, ആന, കുതിരപ്പട ഇവയുടെ സംഘട്ടനത്താല്‍ അന്യോന്യം കൊന്നു തീര്‍ന്നു തുടങ്ങി പൊടിപറന്ന് ആ യുദ്ധക്കളം പരസ്പരം കാണാത്ത മട്ടിലായി. പടയില്‍ നിന്ന് ഉണ്ടായ പൊടി പറന്ന് ആകാശത്തു പറക്കുന്ന പക്ഷികളും നിലം പതിച്ചു. ആകാശത്തു ശരനിരകള്‍ പരന്ന് സൂര്യബിംബം തന്നെ മറഞ്ഞു പോയി. വില്ലാളികളുടെ പൊന്‍കെട്ടുള്ള വില്ലിന്റെ പ്രഭയാല്‍ ആകാശത്ത്‌ മിന്നാമിനുങ്ങകള്‍ എന്ന പോലെ യുദ്ധരംഗം പ്രശോഭിച്ചു. ഇടവും വലവും ബാണങ്ങള്‍ തുകി വീരന്മാര്‍ എതിര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ തേരു തേരിനോടും, കാലാള്‍ കാലാളോടും ഏറ്റുമുട്ടി. പലേടത്തും സാദി സാദികളോടും, ഹസ്തി ഹസ്തിയോടും എറ്റുമുട്ടി. വാള്‍, വേല്‍ , പട്ടസം, പ്രാസം, തോമരങ്ങള്‍ ഇവ കൊണ്ടു പോരില്‍ ചൊടിച്ച്‌ ഏറ്റുമുട്ടി തമ്മില്‍ കീറിപ്പിളര്‍ന്നു. പരിഘംപോലെ കയ്യുള്ളവരായ ശൂരന്മാര്‍ തമ്മില്‍ പ്രഹരിച്ചു. ശൂരന്മാരെ പിന്‍തിരിപ്പിക്കാന്‍ ആ കോപികള്‍ക്കു സാധിച്ചില്ല. മേല്‍ച്ചുണ്ട്‌ അറ്റതും, നല്ല മുക്കോടു കൂടിയതും, മുടി കത്രിച്ചണിഞ്ഞതും, കുണ്ഡലം ചാര്‍ത്തിയതുമായ ശിരസ്സുകള്‍ അറ്റു വീണു കിടക്കുന്നുതായി ധൂളിയുടെ ഇടയില്‍ കണ്ടു. അമ്പേറ്റ്‌ അറ്റു വീണു കിടക്കുന്ന കൈകളും കണ്ടു. പയിന്‍തടി പോലെ, രണഭൂമിയില്‍ പാമ്പിന്റെ മെയ്യു പൊലെ ചന്ദനം ചാര്‍ത്തിയ ഭടന്മാരുടെ ഭുജങ്ങള്‍ യുദ്ധക്കളത്തില്‍ ചിതറി. കുണ്ഡലം ചാര്‍ത്തിയ തലകളും ചിന്നി യുദ്ധക്കളം ശോഭിച്ചു.

തേരാളികള്‍ തേരാളികളുമായും, സാദികള്‍ സാദികളുമായും, പത്തികള്‍ പത്തികളുമായും പരസ്പരം കൈമെയ്‌ മറന്ന്‌ പോരാടി. പാരില്‍ നിന്നുരുന്ന ധൂളി ചോരയില്‍ നനഞ്ഞ്‌ ഒതുങ്ങി, ഘോരമായ മോഹാലസ്യത്തില്‍ പെട്ടു നിലവിട്ട നിലയിലായി. ശരങ്ങള്‍ കൊണ്ടു വേദനിച്ച്‌ ഗരുഡന്മാര്‍ ഇരുന്നു പോയി. വ്യോമചാരികള്‍ക്ക്‌ ശരങ്ങളുടെ മറവിനാല്‍ കാഴ്ച തടഞ്ഞു. പരിഘം പോലെ കയ്യുള്ള വീരന്മാര്‍ പരസ്പരം താഡിച്ചു. ശൂരന്മാരെ പിന്‍വലിപ്പിക്കുവാന്‍ കോപികള്‍ക്കു കഴിയാതായി.

ശതാനീകൻ ശതം യോദ്ധാക്കളെ വീഴ്ത്തി. വിശാലാക്ഷന്‍ നാനൂറു യോദ്ധാക്കളെ കൊന്നുവീഴ്ത്തി. ത്രിഗര്‍ത്തന്മാരുടെ മഹാസൈന്യത്തില്‍ മഹാരഥന്മാര്‍ കയറി. മനസ്വികളായ ആ മഹാരഥന്മാര്‍ മഹാ സൈനൃത്തില്‍ കയറി ശക്തിയായി പോരാടി. ചൊടിച്ച്‌ ഏറ്റവരായ അവര്‍ പരസ്പരം മുടി പിടിച്ചു വെട്ടി. തേരില്‍ നിന്ന് പരസ്പരം പോരാടി തേര്‍ക്കൂട്ടം തകര്‍ത്തു. മുമ്പില്‍ സൂര്യദത്തന്‍ കയറി; പിമ്പെ മദിരാക്ഷനും കയറി. വിരാടന്‍ ആ ഘോരസംഗരത്തില്‍ അഞ്ഞൂറു തേരു തകര്‍ത്തു വിട്ടു. എണ്ണൂറ്‌ അശ്വങ്ങളേയും, അഞ്ചു മഹാരഥന്മാരേയും അവന്‍ കൊന്നു. അങ്ങനെ പലമട്ടില്‍ തേരില്‍ അവന്‍ ചുറ്റിപ്പറന്ന് പടപൊരുതി പൊന്‍തേരിലേറിയ ത്രിഗര്‍ത്ത പ്രധാനിയായ സുശര്‍മ്മാവിനോട് എതിര്‍ത്തു. മഹാബലരായ അവര്‍ തമ്മില്‍ പോര്‍ചെയ്തു. തൊഴുത്തില്‍ കാളകള്‍ എന്ന പോലെ അവര്‍ പരസ്പരം ആര്‍ത്ത്‌ എതിര്‍ത്തു.

പിന്നെ ത്രിഗര്‍ത്തരാജാവായ സുശര്‍മ്മാവ്‌ രണോദ്ധതനായി മത്സ്യരാജാവിനോട്‌ ഏറ്റു. ആ മനുജര്‍ഷഭന്മാര്‍ പരസ്പരം തേരില്‍ നിന്ന് എതിര്‍ത്തു. പിന്നെ തേരാളികള്‍ പരസ്പരം ഏറ്റുമുട്ടി. മേഘങ്ങള്‍ മഴ പെയ്യുമ്പോലെ ശരങ്ങള്‍ വര്‍ഷിച്ചു. തമ്മില്‍ ചൊടിപിടിച്ച്‌ അവര്‍ പരസ്പരം ഏറ്റുമുട്ടി ചുറ്റിക്കറങ്ങി. കൂര്‍ത്തുമൂര്‍ത്ത അമ്പുകള്‍, വാളുകള്‍, വേലുകള്‍, ഗദകള്‍ ഇവ കൊണ്ടൊക്കെ അവര്‍ തമ്മില്‍ പോരാടി.

പിന്നെ മത്സ്യരാജാവ്‌ സുശര്‍മ്മാവില്‍ പത്തു ശരങ്ങള്‍ എയ്തു. അയ്യഞ്ചമ്പ്‌ അവന്റെ നാലു കുതിരകളിലും എയ്തു. അപ്രകാരം സുശര്‍മ്മാവ്‌ മത്സ്യരാജാവിനെ കൂര്‍ത്തുമൂര്‍ത്ത അമ്പത്‌ അമ്പുകളാല്‍ പ്രഹരിച്ചു. പരമാസ്ത്രജഞനായ അവന്‍ രണോദ്ധതനായി. ഈ അത്ഭുതക്രിയ ചെയ്തപ്പോള്‍ മത്സ്യന്മാരുടേയും ത്രിഗര്‍ത്തന്മാരുടേയും സംഘട്ടനം മുറുകി. പടക്കളത്തില്‍ ധൂളിപറന്ന് പരസ്പരം അറിയാത്ത മട്ടിലായി.

33. സുശര്‍മ്മ നിഗ്രഹം - വൈശമ്പായനൻ പറഞ്ഞു: ഹേ, ഭാരതാ! ഇരുട്ടടച്ച്‌ പോര്‍ക്കളം പൊടിയാല്‍ മൂടിയപ്പോള്‍ മുഹൂര്‍ത്ത സമയം ശസ്ത്രങ്ങള്‍ ഏന്തി പ്രയോഗിക്കാതെ യോദ്ധാക്കള്‍ നിന്നു. പിന്നെ കൂരിരുള്‍ മാറ്റി ചന്ദ്രമണ്ഡലം ഉദിച്ചുയര്‍ന്നു. ചന്ദ്രന്‍ രാത്രിക്ക്‌ നൈര്‍മ്മല്യവും, യോദ്ധാക്കള്‍ക്ക്‌ ആനന്ദവും നല്കി. ചന്ദ്രപ്രകാശം പരന്നപ്പോള്‍ വീണ്ടും യുദ്ധം തുടങ്ങി. അതുവരെ ഘോരമായ നിലയില്‍ അവര്‍ പരസ്പരം നോക്കി നിൽക്കുക ആയിരുന്നു. ത്രിഗര്‍ത്തനായ സുശര്‍മ്മാവ്‌ ഇളയ സഹോദരനോടു കൂടി ചുറ്റും തേര്‍ക്കൂട്ടത്തെ കൂട്ടി മത്സ്യരാജാവിനോട്‌ എതിര്‍ത്തു. ക്ഷത്രിയര്‍ഷഭന്മാരായ അവര്‍ തേര്‍വിട്ട്‌ ഭ്രാതാക്കന്മാരോടു ചേര്‍ന്ന് ഗദാപാണികളായി രഥങ്ങളുടെ നേരെ ആര്‍ത്തടുത്തു. അപ്രകാരം തന്നെ അവരുടെ സൈന്യങ്ങളൊക്കെ തമ്മില്‍ പാഞ്ഞെതിര്‍ത്തു. ഗദ, വാള്‍, പാശം, അറ്റം കൂര്‍ത്ത ഖള്‍ഗം, പരശ്വധം എന്നിവയൊക്കെ കയ്യിലെടുത്തു പോരാടി. സൈന്യത്താല്‍ മത്സ്യരാജാവിന്റെ സൈന്യത്തെ ത്രിഗര്‍ത്ത രാജാവായ സുശര്‍മ്മാവ്‌ വധിച്ചു തോല്‍പിച്ചു, ബലമായി ശക്തനായ വിരാടനോട്‌ എതിര്‍ത്ത്‌ അടുത്തു. അവര്‍ കുതിരകളെ കൊന്ന് പിന്‍പുറത്തെ സൂതരേയും വീഴ്ത്തി. അപ്പോള്‍ രഥം പോയ മത്സ്യരാജാവിനെ അവര്‍ ജീവനോടെ പിടിച്ചു. ആ പിടുത്തം ബഹുരസമായിരുന്നു. കാമിയായ പുരുഷന്‍ തരത്തിന് കിട്ടിയ പെണ്ണിനെ പിടികൂടുന്ന വിധമായിരുന്നു ആ പിടുത്തം. അതില്‍ നിന്ന് കുതറി രക്ഷപ്പെടുവാന്‍ ആ മത്സ്യന് കഴിഞ്ഞില്ല. ശീഘ്രവാഹനനായ സുശര്‍മ്മാവ്‌ അവനെ പിടിച്ചു തേരില്‍ വച്ച്‌ ശീഘ്രം തേരോടിച്ചു പോയി. ശക്തനായ മത്സ്യരാജാവിനെ തേര്‍ തകര്‍ത്തു പിടിച്ചപ്പോള്‍ ത്രിഗര്‍ത്തരില്‍ നിന്ന് പീഡയേറ്റ മത്സ്യന്മാര്‍ ഭയപ്പെട്ട്‌ ഓടിക്കളഞ്ഞു.

അവര്‍ ഭയപ്പെട്ട്‌ പിന്‍തിരിഞ്ഞോടുമ്പോള്‍ കുന്തീപുത്രനായ യുധിഷ്ഠിരന്‍ ശത്രുജിത്തായ ഭീമനോട്‌ ഇപ്രകാരം പറഞ്ഞു: മഹാബാഹോ! ഭീമാ! ത്രിഗര്‍ത്തനായ സുശര്‍മ്മാവ്‌ മത്സ്യരാജാവിനെ പിടിച്ചു. ഉടനെ അവനെ വേര്‍പെടുത്തുക. വൈരികളുടെ പാട്ടില്‍ അവന്‍ പെടരുത്‌. എല്ലാ ആഗ്രഹങ്ങളും നമുക്കു സാധിപ്പിച്ച്‌ അവന്‍ നമ്മളെ സുഖമായി അവന്റെ ഗൃഹത്തില്‍ പാര്‍പ്പിച്ചു. അതിന് ഒരു പ്രത്യുപകാരം നാം ചെയ്യാന്‍ ശ്രമിക്കണം.

ഭീമസേനന്‍ പറഞ്ഞു: രാജാവേ, ഭവാന്റെ ആജ്ഞ ഞാന്‍ നിര്‍വ്വഹിക്കാം. ഞാന്‍ അവനെ രക്ഷപ്പെടുത്താം. ഞാന്‍ ശത്രുക്കളുമായി ഒരു ഘോരമായ പോരാട്ടം നടത്താം. എന്റെ ആ പോരാട്ടം ഭവാന്‍ കാണണം. സ്വന്തം കയ്യൂക്കിനാല്‍ ഭവാന്‍ തമ്പികളോടു കൂടി ഇവിടെ ഒരു അറ്റം പറ്റി നിൽക്കുക. അങ്ങനെ നിന്ന് എന്റെ പരാക്രമം എങ്ങനെയിരിക്കുന്നു എന്നൊന്ന് നോക്കിക്കാണുക. വലിയ കൊമ്പുള്ള ഈ വൃക്ഷം മതി ഗദയ്ക്കു പകരം അതു പറിച്ചെടുത്ത്‌ ഞാന്‍ ഈ ശത്രുവീരന്മാരെ ഓടിക്കാം.

വൈശമ്പായനൻ പറഞ്ഞു: മദംപൊട്ടിയ ആനയെ പോലെ അവന്‍ വലിയ ഒരു മരത്തിലേക്കു കണ്ണുപതിച്ചു. അപ്പോള്‍ വീരനായ തമ്പിയോട്‌ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമാ, സാഹസം ചെയ്യരുത്‌. മരം അങ്ങനെ അവിടെ നില്‍ക്കട്ടെ. മരം കൊണ്ട്‌ നീ അമാനുഷക്രിയ കാണിച്ച്‌ എതിര്‍ത്താല്‍ ഇവന്‍ ഭീമനാണെന്ന് കാണികള്‍ കരുതും. അതിന് ഇട വരുത്തരുത്‌. അല്പം കൂടി ക്ഷമിക്കുക. വേറെ മനുഷ്യര്‍ക്ക്‌ ചേരുന്ന ആയുധങ്ങള്‍ എടുക്കുക. വില്ലോ, വേലോ, വെണ്‍മഴുവോ, വാളോ യഥേഷ്ടം എടുക്കുവാനുണ്ടല്ലോ. മറ്റുള്ളവര്‍ അറിയാത്ത വിധത്തില്‍ , മനുഷ്യോചിതമായ വിധത്തില്‍ , ആയുധം കയ്യിലേന്തി രാജാവിനെ മോചിപ്പിക്കുക. മഹാബലന്മാരായ മാദ്രേയന്മാര്‍ ചക്രരക്ഷയ്ക്കായി ഇവിടെ നിൽക്കും. എല്ലാവരും ഒരുമിച്ച്‌ അവിടെ ചെന്ന് മത്സ്യരാജാവിനെ രക്ഷിക്കുക.

വൈശമ്പായനൻ പറഞ്ഞു; യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ മഹാബലനായ ഭീമസേനന്‍ നല്ല വില്ലെടുത്ത്‌ ഏറ്റവും ശക്തിയോടെ, അനുജന്മാരോടു കൂടി, വെള്ളം നിറഞ്ഞ കാര്‍മേഘം പോലെ ശരവര്‍ഷങ്ങള്‍ തൂകി. ഭീമകര്‍മ്മാവായ സുശര്‍മ്മാവിനോട്‌ ഭീമന്‍ ഏറ്റുമുട്ടി. "വിരാടനെ രക്ഷിക്കുവാനാണ്‌ ഞാന്‍ എത്തിയിരിക്കുന്നത്‌. അവിടെ നില്‍ക്കു!" എന്ന് ഭീമന്‍ അലറി. ആ കാലാന്തക യമനെ പോലെയുള്ള ഭീമനെ, പിന്‍പുറത്തു നിന്ന് "നില്‍ക്കൂ! നില്‍ക്കൂ!", എന്ന് വിളിച്ചു പറയുന്ന മഹാകായനെ, സുശര്‍മ്മാവ്‌ തിരിഞ്ഞു നോക്കി. ഭീമന്‍ തുടര്‍ന്നു: ഇപ്പോള്‍ ഒരു വലിയ കര്‍മ്മം ഞാന്‍ നിനക്കു കാണിച്ചു തരാം. ഒരു മഹാസംഘട്ടനം അടുത്തു. ഈ വെല്ലുവിളി കേട്ടപ്പോള്‍ സുശര്‍മ്മാവ്‌ തമ്പിമാരോടു കൂടി തിരിഞ്ഞു. കണ്ണടച്ചു മിഴിക്കുന്നതിന് മുമ്പായി ആ തോരാളികള്‍ ഭീമനുമായി ഏറ്റുമുട്ടി. തേരുകള്‍, ആനകള്‍, അശ്വങ്ങള്‍ എന്നിവ യോധന്മാര്‍ കേറിയിരിക്കുന്ന നിലയില്‍ , നൂറും ആയിരവും തേരാളികളോടു കൂടി ഭീമനാല്‍ കൊല്ലപ്പെട്ടു. വിരാടന്‍ നോക്കിയിരിക്കെ ഗദയേന്തിയ ആ മഹാബലന്‍ കാലാള്‍ പടകളെ അടിച്ചുതമര്‍ത്തി. അപ്രകാരമുള്ള പ്രചണ്ഡയുദ്ധം കണ്ട്‌ രണോദ്ധതനായ സുശര്‍മ്മാവ്‌ ചിന്തിച്ചു: "ഈ നിലയ്ക്ക്‌ എന്റെ സൈനൃത്തില്‍ വല്ലതും ശേഷിച്ചു കിട്ടുമോ? എവിടെ നിന്ന് വന്നു ഇവന്‍? ഞാന്‍ മുമ്പെ തോല്പിച്ചോടിച്ച സൈന്യത്തില്‍ ഇവനെ കണ്ടിരുന്നില്ലല്ലോ? അത്ഭുതം തന്നെ! ഇവന്‍ ചെവിയോളം നീട്ടി വലിച്ചു ശരങ്ങള്‍ വിടുന്നല്ലൊ!".

കൂര്‍ത്തമൂര്‍ത്ത അമ്പുകള്‍ സുശര്‍മ്മാവു വീണ്ടും എയ്തു. ത്രിഗര്‍ത്തരില്‍ ചൊടിച്ചു ശരങ്ങള്‍ വര്‍ഷിക്കുന്നു, ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിക്കുന്നു, തേര്‍തിരിച്ച്‌ ആട്ടുന്ന പാണ്ഡവന്മാരെ കണ്ടപ്പോള്‍ ത്രിഗര്‍ത്തന്മാരുടെ പട ഓടാന്‍ തുടങ്ങി. വിരാടപുത്രനും ചൊടിച്ച്‌ നല്ലപോലെ യുദ്ധംചെയ്തു. ആ കടുത്ത പോരില്‍ യുധിഷ്ഠിരന്‍ ആയിരം ത്രിഗര്‍ത്തന്മാരെ കൊന്നു. ഭീമന്‍ ഏഴായിരം പേരെ കാലന്റെ പുരി കാണിച്ചു കൊടുത്തു. നകുലനും എഴുനൂറു പേരെ കൊന്ന് വിട്ടു. പ്രതാപവാനായ സഹദേവന്‍ മുന്നുറു പേരെയും സംഹരിച്ചു. ഇങ്ങനെ യുധിഷ്ഠിരന്റെ ആജ്ഞപ്രകാരം ആ വീരന്മാര്‍ ശത്രുസൈന്യത്തെ നശിപ്പിച്ചു. പിന്നെ അത്യുഗ്രനായ സുശര്‍മ്മാവ്‌ ആയുധം ഉയര്‍ത്തി പാഞ്ഞടുത്തു. അപ്പോള്‍ ത്രിഗര്‍ത്തന്മാരുടെ ആ മഹാസൈന്യത്തെ ഭീമന്‍ മുടിച്ചു. ആയുധമേന്തി എതിരിട്ട സുശര്‍മ്മാവില്‍ യുധിഷ്ഠിര രാജാവ്‌ വെമ്പലോടെ എതിര്‍ത്ത്‌ ശക്തിയായി ശരങ്ങള്‍ വര്‍ഷിച്ചു. സുശര്‍മ്മാവും ധര്‍മ്മപുത്രനില്‍ ശരങ്ങള്‍ ചൊരിഞ്ഞു. ഒമ്പത്‌ അമ്പ് ധര്‍മ്മപുത്രനിലും, നാല്‍ അമ്പുകള്‍ നാലു ഹയങ്ങളിലും എയ്തു. അപ്പോള്‍ ഭീമന്‍ ക്ഷണത്തില്‍ അവിടെ പാഞ്ഞെത്തി. സുശര്‍മ്മാവിന്റെ നേരെ ചെന്ന് കുതിരകളെ അടിച്ചു കൊന്നു. അവന്റെ പിന്‍കാവൽക്കാരെ അമ്പെയ്തു മുടിച്ചു. പിന്നെ സൂതനെയും തേര്‍ത്തട്ടില്‍ നിന്ന് വീഴ്ത്തി. ചക്രത്തെ രക്ഷിച്ചു കൊണ്ടു നിന്ന മഹാശൂരനും, കീര്‍ത്തിമാനുമായ മദിരാക്ഷന്‍ ത്രിഗര്‍ത്തനെ വിരഥനായി കണ്ടപ്പോള്‍ ഓടിചെന്ന് പ്രഹരിച്ചു. ആ തക്കത്തിന് സുശര്‍മ്മാവിന്റെ രഥം വിട്ടു ചാടി വിരാടന്‍ ഓടിപ്പോന്ന് തന്റെ അണിയില്‍ കടന്ന് അവന്റെ ഗദ കയ്യില്‍ എടുത്ത്‌ അവനോട്‌ ഏല്ക്കുവാന്‍ സന്നദ്ധനായി. ആ വൃദ്ധന്‍ ഗദയും കയ്യിലെടുത്ത്‌ തരുണനെ പോലെ സഞ്ചരിച്ചു. അപ്പോള്‍ ഓടിപ്പോകുന്ന ത്രിഗര്‍ത്തനെ കണ്ട്‌ ഭീമന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: "എടോ രാജപുത്രാ! ഈ തിരിഞ്ഞോട്ടം ഭവാനു ചേര്‍ന്നതല്ല. ഇത്ര വീര്യവും കൊണ്ടാണോ പുറപ്പെട്ടത്‌? ഈ വീര്യവും കൊണ്ട്‌ പശുക്കളെ മോഹിച്ചാല്‍ എങ്ങനെ കിട്ടും? തന്റെ കൂട്ടരെയൊക്കെ വിട്ട്‌ ശത്രുമദ്ധ്യത്തില്‍ കുഴങ്ങുകയാണോ?".

ഇപ്രകാരം ഭീമന്‍ പരിഹസിച്ചപ്പോള്‍ സുശര്‍മ്മാവ്‌ ചുണച്ചു തിരിഞ്ഞു നിന്ന് ഭീമനോടു പറഞ്ഞു: നില്‍ക്കൂ! നില്‍ക്കൂ! ഭീമപരാക്രമനായ ഭീമനും തേരുവിട്ട്‌ സുശര്‍മ്മാവിനെ പിടിക്കുവാന്‍ ചാടി. ഓടുന്ന അവനെ ഭീമനും പിന്‍തുടര്‍ന്ന് ഓടി. സിംഹം മാനിനെ പിടിക്കുവാന്‍ ഓടുന്നതു പോലെ പിന്നാലെ പാഞ്ഞു ചെന്ന് സുശര്‍മ്മാവിന്റെ തലമുടിയില്‍ പിടി കൂടി, ഒന്ന്‌ ഉയര്‍ത്തി നിലത്തിട്ട്‌ ഒരു കുത്തു കൊടുത്തു. നിലവിട്ട് കരയുന്ന അവനെ കാലു കൊണ്ട്‌ തലയ്ക്ക്‌ ഒരു തട്ടു കൊടുത്തു. തന്റെ മുട്ടുവെച്ച്‌ ഒന്നമര്‍ത്തി അരത്നിയാല്‍ ഒരു തട്ടുകൊടുത്തു. പ്രഹരമേറ്റ്‌ ആ രാജാവ്‌ മോഹിച്ചു വീണു പോയി.

ത്രിഗര്‍ത്തരാജാവ്‌ വിരഥനായി ശത്രുക്കളുടെ പിടിയില്‍ പെട്ടപ്പോള്‍, ത്രിഗര്‍ത്ത സൈന്യങ്ങളൊക്കെ ഭയപ്പെട്ട്‌ ഉടഞ്ഞു ചിതറി. മഹാരഥരായ പാണ്ഡവന്മാര്‍ പശുക്കൂട്ടത്തേയും ആട്ടി തിരിച്ചുപോന്നു. സുശര്‍മ്മാവിനെ പോരില്‍ വെന്ന് ഇങ്ങനെ നഷ്ടപ്പെട്ട ധനമൊക്കെ വീണ്ടെടുത്തു. സ്വന്തം കയ്യൂക്കുള്ളവരും, നാണിച്ചു കഴിഞ്ഞു കൂടുന്നവരും, യതവ്രതരുമായ പാണ്ഡവന്മാര്‍ വിരാടന്റെ പരിക്ലേശം മുടിച്ചു. നേരിട്ട്‌ എല്ലാവരും നിൽക്കുമ്പോള്‍ വൃകോദരന്‍ സുശര്‍മ്മാവിനെ പിടിച്ച്‌ ഇപ്രകാരം പറഞ്ഞു: "ഈ പാപി എന്റെ കയ്യില്‍ നിന്ന് ജീവിക്കുവാന്‍ അര്‍ഹനല്ല. ഞാനെന്തു കാട്ടും, രാജാവ്‌ നിതൃവും കൃപയുള്ളവനായാല്‍!". കഴുത്തില്‍ പിടി കൂടി തന്റെ പാട്ടില്‍ വന്ന രാജാവിനെ വൃകോദരൻ പിടിച്ചു കെട്ടി, ബോധം മറിഞ്ഞും ധൂളിയേറ്റും അവശനായ അവനെ തേരില്‍ കയറ്റി, കൊണ്ടു പോയി രണമദ്ധ്യത്തില്‍ ധര്‍മ്മരാജാവിന്റെ മുമ്പിലെത്തി. സുശര്‍മ്മാവിനെ ധര്‍മ്മജന്റെ മുമ്പില്‍ തൂക്കിയെടുത്തു വെച്ചു പറഞ്ഞു: "രാജാവേ, ഇതാ സുശര്‍മ്മാവ്‌! പശുക്കളെ അപഹരിച്ച്‌ ത്രിഗര്‍ത്ത രാജാവ്!"

പോരില്‍ ജയിച്ച ഭീമനോട്‌ പുരുഷര്‍ഷഭനായ യുധിഷ്ഠിരന്‍ ചിരിച്ച്‌ ആ മനുഷ്യനെ നോക്കിപ്പറഞ്ഞു; ആ നീച മനുഷ്യനെ വിട്ടേക്കൂ!

ഇപ്രകാരം ജേഷ്ഠന്‍ പറഞ്ഞപ്പോള്‍ ഭീമന്‍ സുശര്‍മ്മാവിനെ നോക്കിപ്പറഞ്ഞു; എടാ മൂഢാ! നിനക്കു ജീവിക്കണമെങ്കില്‍ ഞാന്‍ ഒരുഉപായം പറഞ്ഞു തരാം. നീ നാലും കൂടിയ വഴിയിലും, ജനങ്ങള്‍ കൂടുന്ന അങ്ങാടി സ്ഥലങ്ങളിലും, സഭകളിലും ചെന്ന് നിന്ന്‌ ഉറക്കെ വിളിച്ചു പറയണം: മഹാജനങ്ങളേ! ഞാന്‍ ദാസനാണേ! ദാസനാണേ! എന്ന്. എന്നാൽ ഞാന്‍ നിനക്കു നിന്റെ ജീവന്‍ മടക്കിത്തരാം. പോരില്‍ തോറ്റവന്റെ മുറ ഇതാണ്‌.

ഇതു കേട്ട്‌ യുധിഷ്ഠിരന്‍ പ്രണയത്തോടെ ഭീമനോടുപറഞ്ഞു: എടോ ഭീമാ! ഞാന്‍ പറയുന്നത്‌ നിനക്കു പ്രമാണമാണെങ്കിൽ കേള്‍ക്കൂ! ഈ രാജാവ്‌ വിരാട നൃപന്റെ ദാസനായി തീര്‍ന്നിരിക്കുന്നു. അദാസനായി അവനെ വിട്ടിരിക്കുന്നു.

ഇനി ഇങ്ങനെ ചെയ്യരുത്‌, കേട്ടോ! യുധിഷ്ഠിരന്‍ സുശര്‍മ്മാവിനെ നോക്കിപ്പറഞ്ഞു.

34. വിരാട ജയഘോഷം - വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ സുശര്‍മ്മാവ്‌ ലജ്ജിച്ചു തലതാഴ്ത്തി, വിട്ടയച്ച അരചന്റെ നേരെ കൈകൂപ്പി, നടന്ന് പോയി. ഹതവൈരികളായ പാര്‍ത്ഥന്മാര്‍ സുശര്‍മ്മാവിനെ വിട്ട്‌, സ്വന്തം കയ്യൂക്കുള്ളവർ ആണെങ്കിലും, ലജ്ജയോടു കൂടി ഇരിക്കുന്ന ആ യതവ്രതന്മാര്‍ പടത്തലയ്ക്കല്‍ വന്ന് സുഖമായി പാര്‍ത്തു. അതിമാനുഷ പരാക്രമികളായ ആ കൗന്തേയ വീരന്മാരെ വിരാട രാജാവ്‌ ധനമാനങ്ങളാല്‍ അര്‍ച്ചിച്ചു.

വിരാടന്‍ പറഞ്ഞു: എനിക്ക്‌ ഇവിടെയുള്ള രത്നങ്ങളും, ധനങ്ങളുമൊക്കെ എങ്ങനെയോ അപ്രകാരം തന്നെ നിങ്ങള്‍ക്കും ഉള്ളതാണ്‌. നിങ്ങള്‍ എല്ലാവരും ഇഷ്ടം പോലെ യഥാസുഖം കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. അണിഞ്ഞൊരുങ്ങിയ സുന്ദരിമാരായ കന്യകമാരേയും നാനാധനങ്ങളേയും ഞാന്‍ നിങ്ങള്‍ക്കു തരാം. മനോരഥം പോലെ തേരില്‍ കയറി ശക്തരായ നിങ്ങള്‍ ശത്രുക്കളെ നിഗ്രഹിച്ചുവല്ലോ. അതു കൊണ്ട്‌ നിങ്ങള്‍ എല്ലാവരും മത്സ്യരാജ്യത്തിന് അധീശന്മാരാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന മത്സ്യനോട്‌ കുരുനന്ദന്മാര്‍ ഓരോരുത്തരും തൊഴുതു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: രാജാവേ, ഞങ്ങളെല്ലാം ഭവാന്റെ വാക്കിനെ അഭിനന്ദിക്കുന്നു. ശത്രുക്കള്‍ ഭവാനെ വിട്ട കാര്യം കൊണ്ടു തന്നെ ഞങ്ങള്‍ തൃപ്തരായിരിക്കുന്നു!

പിന്നെ മഹാബാഹുവായ മത്സ്യരാജാവ്‌ സസന്തോഷം യുധിഷ്ഠിരനോടു പറഞ്ഞു: വരൂ! ഞാന്‍ ഭവനെ രാജാവായി അഭിഷേകം ചെയ്യാം. ഞങ്ങള്‍ക്കു മഹാരാജാവ്‌ ഭവാനാണ്‌. അങ്ങയ്ക്കു ഇഷ്ടമുള്ളത്‌ എന്താണ്‌ ഈ ലോകത്തിൽ എന്നു വെച്ചാല്‍ പറയുക. എല്ലാം സാധിപ്പിച്ചു തരാം. ഞങ്ങളുടെ എല്ലാറ്റിനും ഭവാന്‍ അര്‍ഹനാണ്‌. രത്നങ്ങള്‍, പശുക്കള്‍, സ്വര്‍ണ്ണം, മണികള്‍, മുത്തുകള്‍ എല്ലാം ഭവാനു നല്കാം. ഹേ വൈയാഘ്രപാദ്യാ, വിപ്രേന്ദ്രാ! ഞാന്‍ സര്‍വ്വഥാ ഭവാനെ കുമ്പിടുന്നു. ഭവാന്‍ കാരണം ഇന്ന് ഞാന്‍ എന്റെ രാജ്യത്തേയും, എന്റെ മക്കളേയും വീണ്ടും കാണുവാന്‍ ഇട വന്നു. വാശി പൂണ്ട ശത്രുവിന്റെ കയ്യില്‍ പെട്ടു പോയിരുന്നെങ്കില്‍ എന്റെ കഥ എന്തായേനേ!

ഇതു കേട്ട്‌ വീണ്ടും യുധിഷ്ഠിരന്‍ മത്സ്യരാജാവിനോടു പറഞ്ഞു, രാജാവേ, ഭവാന്റെ വാക്കിനെ ഞാന്‍ പ്രശംസിക്കുന്നു. ഹേ മത്സ്യാ, ഭവാന്‍ രമ്യമായ വാക്കുകള്‍ പറഞ്ഞു. ആനൃശംസ്യ ശ്രദ്ധയോടു കൂടി ഭവാന്‍ സുഖമായി നിതൃവും വാഴുക. ഭവാന്റെ ദൂതന്മാര്‍ ഉടനെ പുരിയിലേക്കു പോകട്ടെ. ഈ പ്രിയവൃത്താന്തം ഇഷ്ടജനങ്ങളോടു പറയുവാനും ഭവാന്റെ വിജയം ആഘോഷിക്കുന്നതിനും ഏര്‍പ്പാടു ചെയ്യുക.

യുധിഷ്ഠിരന്റെ വാക്കു കേട്ടപ്പോള്‍ രാജാവ്‌ ദൂതന്മാരെ വിരാട നഗരിയിലേക്കയച്ചു. ഇപ്രകാരം സന്ദേശം പറഞ്ഞു വിട്ടു : നിങ്ങള്‍ പുരത്തില്‍ പോയി നമ്മുടെ വിജയ വര്‍ത്തമാനം പറയുക. കന്യകമാര്‍ കോപ്പുകളൊക്കെ അണിഞ്ഞ്‌ എന്റെ പുരത്തില്‍ നിന്ന് ഉടനെ എതിരേല്പിന് വരട്ടെ! എല്ലാവിധ വാദ്യങ്ങളും, മോടി കൂട്ടിയ ദാസീ വര്‍ഗ്ഗങ്ങളും ചേര്‍ന്ന് എതിരേൽക്കട്ടെ!

ഇപ്രകാരം മത്സൃരാജാവു ചൊല്ലി വിട്ട ദൂതന്മാര്‍ രാജശാസന ശിരസാ വഹിച്ച്‌ ഹര്‍ഷത്തോടു കൂടി പുറപ്പെട്ടു. വിരാട നഗരാന്തത്തില്‍ ജയഘോഷം നടത്തി.

35. ഗോപവാക്യം - വൈശമ്പായനൻ പറഞ്ഞു: മത്സ്യന്‍പശുക്കളെ രക്ഷിക്കുവാന്‍ ത്രിഗര്‍ത്തന്മാരോട് എതിര്‍ക്കുന്ന തക്കം നോക്കി മത്സ്യരാജ്യത്ത്‌ അമാതൃന്മാരോടു കൂടി സുയോധനന്‍ എത്തി. ഭീഷ്മൻ, ദ്രോണന്‍, കര്‍ണ്ണന്‍, പരമാസ്ത്രജ്ഞനായ കൃപന്‍, ദ്രൗണി, സൗബലന്‍, ദുശ്ശാസനന്‍, വിവിംശതി, വികര്‍ണ്ണന്‍, ചിത്രസേനന്‍, ദുര്‍മ്മുഖന്‍, ദുശ്ശാസനന്‍, ഈ മഹാരഥന്മാര്‍ക്കു പുറമെ വേറേയും മഹാരഥന്മാരോടു കൂടി ആയിരുന്നു കൗരവന്മാരുടെ പുറപ്പാട്‌. ഇവര്‍ മത്സ്യരാജൃത്തു കടന്ന് വിരാടന്റെ ഗോശാലകളൊക്കെ നശിപ്പിച്ച്‌ കയ്യൂക്കു കൊണ്ട്‌ ഗോക്കളെയൊക്കെ അപഹരിച്ചു. അറുപതിനായിരം പശുക്കളെ അടിച്ചാട്ടി നടന്നു. വലിയ തേര്‍നിരയാല്‍ നാലുപാടും വളഞ്ഞു. ആ മഹാരഥന്മാര്‍ മര്‍ദ്ദിക്കുന്ന ഗോപന്മാരുടെ ആര്‍ത്തനാദം ഭയങ്കരമായ രണത്തില്‍ ഉഗ്രമായി മുഴങ്ങി. ഗോപാദ്ധ്യക്ഷന്‍ ഭയപ്പെട്ടു തേരില്‍ കയറി അതിവേഗത്തില്‍ ആര്‍ത്തു വിളിച്ചു പട്ടണത്തിലേക്കു പോയി. പുരത്തിലെത്തി രാജാവു പാര്‍ക്കുന്ന രാജധാനിയില്‍ ചെന്ന് തേര്‍വിട്ട്‌ ഇറങ്ങി. ഉടനെ രാജാവിനോട്‌ ഉണര്‍ത്തുവാനായി ചെന്നു. മാനിയായ ഭൂമിഞ്ജയനെ ചെന്ന് കണ്ട്‌ രാജ്യത്തുള്ള ഗോഗ്രഹണ വൃത്താന്തമൊക്കെ പറഞ്ഞു; "ഇതാ കൗരവന്മാര്‍ വന്ന് അറുപതിനായിരം പശുക്കളേയും അടിച്ചാട്ടി കൊണ്ടു പോകുന്നു. ആ ഗോധനം നേടുവാനായി രാഷ്ടവര്‍ദ്ധനാ! ചെന്ന് എതിര്‍ത്താലും. ഹേ രാജപുത്രാ! ഹിതപ്രാപ്തിക്കായി ഭവാന്‍ എഴുന്നള്ളിയാലും, മത്സ്യരാജാവ്‌ ശൂന്യപുരരക്ഷയ്ക്കായി ഭവാനെ ആക്കിയല്ലോ. സഭാ മദ്ധ്യത്തില്‍ വെച്ച്‌ രാജാവ്‌ ഭവാനെ പ്രശംസിച്ചു പറയാറുണ്ട്‌ - എനിക്ക്‌ സദൃശനായ പുത്രനാണ്‌ അവന്‍! കുലോദ്വഹനാണ്‌ അവന്‍! ഇക്ഷ്വസ്ത്ര ദക്ഷനും എപ്പോഴും ധീരധീയുമാണ്‌ അവന്‍, എന്നെല്ലാം. ആ രാജേന്ദ്രന്‍ പറഞ്ഞത്‌ ഭവാന്‍ അര്‍ത്ഥവത്താക്കണം; സത്യമാക്കണം. കുരുക്കളെ ജയിച്ച്‌ പശുക്കളെ നേടുക. ആ കുരു സൈസന്യങ്ങളെ ഒക്കെ ഭവാന്‍ ശരവഹ്‌നി കൊണ്ട്‌ ചുട്ടു ചാമ്പലാക്കുക! പൊന്നു കെട്ടിയ ശരങ്ങള്‍ കൊണ്ട്‌, യൂഥപന്‍ ഗജയൂഥത്തെ എന്ന വിധം അരിയൂഥത്തെ ഭവാന്‍ പിളര്‍ന്നാലും.

ഭവാന്‍ വൈരിയില്‍ രസമായി ആ ധനുര്‍വ്വേദ വീണയൊന്നു വായിക്കുക. പാശമാകുന്ന ഉപധാനം, ഞാണാകുന്ന കമ്പി, വില്ലാകുന്ന വീണത്തണ്ട്‌, ഉല്‍ക്കട ശബ്ദമായ ശബ്ദം, ശരമാകുന്ന വര്‍ണ്ണം ഇവ ചേര്‍ന്ന വില്ലാകുന്ന വീണ സുഖമായി ഒന്നു വായിക്കുക വൈരിയുടെ മുമ്പില്‍ ! നിന്റെ തേരില്‍ വെള്ളി വെള്ളയായ ഹയങ്ങളെ വേഗം പൂട്ടിക്കൊള്ളട്ടെ! സിംഹചിഹ്ന പൊന്‍കൊടികള്‍ ഭവാനു വേണ്ടി ഉയര്‍ത്തുകയും ചെയ്യട്ടെ! പൊന്നു കെട്ടിച്ചതും തുമ്പു കടഞ്ഞു കൂര്‍പ്പിച്ചതുമായ ശരങ്ങള്‍ നീ മന്നവന്മാരെ എയ്യുമ്പോള്‍ തുളഞ്ഞു പാഞ്ഞ്‌ ആദിത്യനില്‍ ചെന്ന് മുട്ടട്ടെ രാജാവേ! ഇന്ദ്രന്‍ ദാനവരെ എന്ന പോലെ നീ കുരുക്കളെയൊക്കെ അടക്കി വളരെ പ്രസിദ്ധി സമ്പാദിച്ച്‌ ഈ പുരത്തിലേക്കു മടങ്ങിയെത്തുക.

മത്സ്യരാജകുമാരനായ ഭവാനാണ്‌ നാടിന് ആശ്രയം. പാണ്ഡവന്മാര്‍ക്ക്‌ അര്‍ജ്ജുനനെന്ന വിധം വിജയികളില്‍ നീ വീരനാണ്‌. ഇപ്രകാരം നാട്ടിലുള്ളവര്‍ക്കെല്ലാം ആശ്രയം ഭവാനാണ്‌. നാട്ടിലുള്ളവരെല്ലാം ഭവാനെ ആശ്രയിച്ച്‌ ഗതിയുള്ളവരായി ഭവിക്കട്ടെ.

വൈശമ്പായനൻ പറഞ്ഞു: സ്ത്രീകളുടെ മുമ്പില്‍ വെച്ച്‌ അന്തഃപുരത്തില്‍ ചെന്ന് അവന്‍ അഭയം അര്‍ത്ഥിച്ചു. ഉത്തര രാജകുമാരനെ ശ്ലാഘിച്ചു പറഞ്ഞപ്പോള്‍ അവന്‍ ഇപ്രകാരം പറഞ്ഞു.

36. ബൃഹന്നളാ സാരഥ്യ കഥനം - ഉത്തരന്‍ പറഞ്ഞു:എനിക്ക്‌ അശ്വജ്ഞനായ നല്ല ഒരു സൂതനുണ്ടെങ്കില്‍ ഇന്ന് ഞാന്‍ നല്ല ഒരു വില്ലുമായി ചെന്ന് പശുക്കളെ പിന്തുടര്‍ന്നേനെ. എനിക്കു ശരിയായ സാരഥിയായി ഒരു മനുഷ്യനേയും ഞാന്‍ കാണുന്നില്ല. പോരിന് പോകാന്‍ എനിക്കു ചേര്‍ന്ന ഒരു സാരഥിയെ നിങ്ങള്‍ കണ്ടു വെക്കുവിന്‍. മുമ്പ്‌ ഇരുപത്തെട്ട് രാവോ ഒരു മാസം തന്നെയോ നടന്ന യുദ്ധത്തില്‍ വെച്ച്‌ എന്റെ സമര്‍ത്ഥനായ സാരഥി മരിച്ചു പോയി. അവൻ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് കാണാമായിരുന്നു കളി! എനിക്കു തക്കതായ ഒരു തേരാളിയെ കിട്ടിയാല്‍ ഉടനെ ചെന്ന് ആ പെരും കൊടി ഉയര്‍ത്തിയതും ആന, തേര്‍, കുതിരക്കൂട്ടം ഇവയോടു കൂടിയതുമായ ശത്രുപ്പടയിലേക്കു കടന്ന്‌ ശരങ്ങള്‍ വിട്ട്‌, തകര്‍ന്നമ്പിയ കുരുസൈസന്യങ്ങളെ ഒക്കെ ജയിച്ചു, പശുക്കളെയൊക്കെ ക്ഷണത്തില്‍ കൊണ്ടു പോരാം. ആരുമില്ലാത്ത തക്കംനോക്കി ഭീരുക്കളായ കൗരവന്മാര്‍ പശുക്കളെ കൊണ്ടു പോകുന്നു! ഞാന്‍ അപ്പോള്‍ ആ സ്ഥലത്ത് ഉണ്ടായിരുന്നെങ്കില്‍ കാണാമായിരുന്നു! ഇന്ന് എന്റെ വീര്യം ആ കൗരവക്കൂട്ടം കാണട്ടെ! സാക്ഷാല്‍ പാര്‍ത്ഥന്‍ തന്നെ വന്നെതിര്‍ത്താലും ഞാന്‍ വെറുതെ വിടുമോ!

വൈശമ്പായനൻ പറഞ്ഞു; രാജാവിന്റെ മകന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ വൃത്താന്തം കൃഷ്ണ അര്‍ജ്ജുനനോടു ചെന്ന് പറഞ്ഞു. കരാറു പ്രകാരമുള്ള അജ്ഞാത വാസം കഴിഞ്ഞ ദിവസമാണ്‌ അന്ന്‌. മാന്യയായ പ്രിയപത്നി, തന്വിയായ ദ്രൗപദി, പാവകോത്ഭവയായ പാഞ്ചാലി, സത്യവും ആര്‍ജ്ജവവും ചേര്‍ന്ന് വിളങ്ങുന്ന പതിവ്രത, അര്‍ജ്ജുനനോടു പറഞ്ഞപ്പോള്‍ സര്‍വ്വാര്‍ത്ഥ വിത്തമനായ അര്‍ജ്ജുനന്‍ കൃഷ്ണയോടു പറഞ്ഞു: "കല്യാണി, നീ പോയി ഉത്തരനോട്‌ ഞാന്‍ പറഞ്ഞതായി പറയുക. പാര്‍ത്ഥന്റെ സാരഥ്യം വഹിച്ച ഒരാളാണ്‌ ഈ ഞാന്‍. മഹായുദ്ധങ്ങള്‍ പലതും അര്‍ജ്ജുനന്‍ ഇവന്റെ സാരഥ്യത്തില്‍ ജയിച്ചിട്ടുണ്ട്‌. ഇവന്‍ നിന്റെ സാരഥിയാകാന്‍ തയ്യാറുണ്ട്‌".

വൈശമ്പായനൻ പറഞ്ഞു: സ്ത്രീകളുടെ നടുവില്‍ വെച്ച്‌ അയാള്‍ വിണ്ടും ഇപ്രകാരം അര്‍ജ്ജുനന്റെ പേരെടുത്തു പറഞ്ഞത്‌ പാഞ്ചാലിക്കു സഹിച്ചില്ല. സ്ത്രീകളുടെ നടുവില്‍ അവന്റെ മുമ്പില്‍ നേരിട്ടു ചെന്ന് ആ തപസ്വിനി, നാണിക്കുന്ന വിധം നിന്ന് മെല്ലെ പറഞ്ഞു: വമ്പിച്ച ഗജേന്ദ്രന് ഒത്തവനായ യുവാവും, ശുഭദര്‍ശനനും, പാര്‍ത്ഥന്റെ സാരഥ്യം വഹിച്ചിരുന്നവനുമാണ്‌ ബൃഹന്നള എന്നവന്‍. ആ മഹാത്മാവിന്റെ വില്ലാളികളില്‍ യോഗ്യനായ ഒരു ശിഷ്യനാണ്‌ അവന്‍. പണ്ട്‌ പാണ്ഡവന്മാരുടെ വീട്ടില്‍ താമസിച്ചിരുന്ന കാലത്ത്‌ ഞാന്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്‌. പാവകന്‍ ഖാണ്ഡവം ചുട്ടെരിച്ച കാലത്തും അര്‍ജ്ജുനന്റെ മുഖ്യാശ്വങ്ങളെ അവനാണ്‌ നടത്തിയിരുന്നത്‌. ഈ സൂതനോടൊത്ത്‌ പാര്‍ത്ഥന്‍ സകല ഭൂതങ്ങളേയും ഖാണ്ഡവ പ്രസ്ഥത്തില്‍ ജയിച്ചു. ഇപ്രകാരം യോഗ്യനായ ഒരു സാരഥിയെ കിട്ടുവാന്‍ ഞെരുക്കമാണ്‌.

ഉത്തരന്‍ പറഞ്ഞു: സൈരന്ഡ്രീ, ഇപ്രകാരം അറിയുന്ന യുവാവിന് ഷണ്ഡത്വം ഒട്ടും ചേര്‍ന്നതല്ല. ബൃഹന്നള പെണ്ണിനോട്‌ ഇതു പറയുവാന്‍ എനിക്ക്‌ ലജ്ജ തോന്നുന്നു. നീ എന്റെ അശ്വങ്ങളെ പിടിക്കുക, എന്ന് ആണായ ഞാന്‍ ഒരു പെണ്ണിനോടു പറയണ്ടേ നാണക്കേട്‌!

ദ്രൗപദി പറഞ്ഞു: എടോ, രാജകുമാരാ! നിന്റെ ഇളയ സഹോദരി ഉത്തരയില്ലേ, അവളോടു പറയൂ. അവള്‍ നീ പറഞ്ഞാല്‍ അവനോടു ചെന്ന് പറയും, സംശയമില്ല. അപ്പോള്‍ അവന്‍ സമ്മതിക്കുകയും ചെയ്യും. അവന്‍ സാരഥിയായാലോ കുരുക്കളെ മുഴുവന്‍ ജയിച്ചു പശുക്കളെ കൊണ്ടു പോരാനും ഇടയാകും. എന്ന് സൈരന്ധ്രി പറഞ്ഞപ്പോള്‍ അവന്‍ പെങ്ങളെ വിളിച്ചു പറഞ്ഞു: "ഉത്തരേ, ശുഭാംഗീ, നീ പോയി ബൃഹന്നളയെ കൊണ്ടു വരൂ". ചേട്ടന്‍ കല്പിച്ച പ്രകാരം അവള്‍ കൂത്തരങ്ങത്തു വേഷപ്രച്ഛന്നനായി പാര്‍ക്കുന്നു പാര്‍ത്ഥനെ കാണുവാന്‍ ഓടി.

ഗോഹരണ ഉപപര്‍വ്വം തുടർന്ന് വായിക്കുക   https://keralam1191.blogspot.com/2022/10/37-72.html


No comments:

Post a Comment