അദ്ധ്യായം 241. ശുകാനുപ്രശ്‌നം - കര്‍മ്മത്തിന്റെയും ജ്ഞാനത്തിന്റെയും അന്തരം
242. ശുകാനുപ്രശ്‌നം - ബ്രഹ്മചര്യാശ്രമം
243. ശുകാനുപ്രശ്‌നം - ഗൃഹസ്ഥാശ്രമ ധര്‍മ്മം
244. ശുകാനുപ്രശ്‌നം- വാനപ്രസ്ഥ സന്യാസാശ്രമങ്ങളുടെ മഹിമ
245. ശുകാനുപ്രശ്‌നം - ഭിക്ഷുക്കളുടെ ആചാരം
246. ശുകാനുപ്രശ്‌നം - പരമാത്മാവിന്റെ ശ്രേഷ്ഠത
247. ശുകാനുപ്രശ്‌നം - മഹാഭൂതാദി തത്വങ്ങളുടെ വിവേചനം
248. ശുകാനുപ്രശ്‌നം - ബുദ്ധിയുടെ ശ്രേഷ്ഠതയും പ്രകൃതി പുരുഷ വിവേകവും
249. ശുകാനുപ്രശ്‌നം - ആത്മജ്ഞാനമാണു യഥാര്‍ത്ഥ ജ്ഞാനം
250. ശുകാനുപ്രശ്‌നം - പരമാത്മപ്രാപ്തിക്കുള്ള സാധനം
251. ശുകാനുപ്രശ്‌നം - ബ്രാഹ്മണന്റെ ലക്ഷണവും ബ്രഹ്മ്രപ്രാപ്തിക്കുള്ള ഉപായവും
252. ശുകാനുപ്രശ്നം - പഞ്ചഭൂതങ്ങളും അവയുടെ ഗുണങ്ങളും
253. ശുകാനുപ്രശ്‌നം - സ്ഥൂലസുക്ഷ്മശരീരങ്ങളുടെ ഭാവം - (പദ്യം)
254. ശുകാനുപ്രശ്‌നം - കാമമാകുന്ന മഹാവൃക്ഷത്തെ വര്‍ണ്ണിക്കുന്നു
255. ശുകാനുപ്രശ്‌നം - പഞ്ചഭൂതങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും ഗുണങ്ങള്‍
256. മൃത്യുപ്രജാപതിസംവാദം -- മൃത്യുവിന്റെ ഉത്പത്തിയെപ്പറ്റിയുള്ള കഥ
257. മൃത്യുപ്രജാപതിസംവാദം - ശിവന്റെ പ്രാര്‍ത്ഥനയാല്‍ ബ്രഹ്മാവ് കോപാഗ്നിയടക്കുന്നു
258. മൃത്യുപ്രജാപതിസംവാദം - മൃത്യുവിന്റെ ഉഗ്രമായ തപസ്സ്
259. ധര്‍മ്മലക്ഷണം
260. ധര്‍മ്മപ്രാമാണ്യാക്ഷേപം
261. തുലാധാരജാജലിസംവാദം
262. തുലാധാരജാജലിസംവാദം
263. തുലാധാരജാജലിസംവാദം - ആത്മയജ്ഞവിഷയകമായ ധര്‍മ്മം
264. തുലാധാരജാജലിസംവാദം - ജാജലിയോട് പക്ഷികളുടെ ഉപദേശം
265. വിചഖ് നു ഗീത - അഹിംസാധര്‍മ്മപ്രശംസ
266. ചിരകാരികോപാഖ്യാനം - കാര്യങ്ങള്‍ സാവധാനം ചെയ്യുന്ന ചിരകാരികന്റെ കഥ
267. ദ്യുമത് സേനനും സത്യവാനും തമ്മിലുള്ള സംവാദം
268. ഗോകപിലീയം - ഗോവും കപിലനും തമ്മില്‍ നടന്ന സംഭാഷണം
269. ഗോകപിലീയം - പ്രവ്യത്തി, നിവൃത്തി, ധര്‍മ്മം എന്നിവയെപ്പറ്റി സംവാദം
270. ഗോകപീലിയം - നാലാശ്രമങ്ങളും അനുഷ്ഠിച്ചാല്‍ ബ്രഹ്മ്പ്രാപ്തിയുണ്ടാകുമെന്ന് കപിലന്റെ ഉപദേശം
അദ്ധ്യായം 241. ശുകാനുപ്രശ്‌നം - കര്‍മ്മത്തിന്റെയും ജ്ഞാനത്തിന്റെയും അന്തരം - ശുകന്‍ പറഞ്ഞു; വേദത്തില്‍ പ്രസ്താവിക്കുന്ന കര്‍മ്മത്തെ ചെയ്യുകയെന്നും കര്‍മ്മത്തെ കൈവിടുകയെന്നും അതുകൊണ്ട് എനിക്ക് സംശയം ജനിച്ചി രിക്കുന്നു. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നു, വിദ്യയാല്‍ ഏതു സ്ഥാനത്തു ചെന്നെത്തും? കര്‍മ്മത്താല്‍ ഏതു സ്ഥാനത്തു ചെന്നെത്തും? ഇതു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇത് അങ്ങുന്ന് പറഞ്ഞു തന്നാലും. ഇവ തമ്മില്‍ തെറ്റുന്ന വിധം പരസ്പര വിരോധമായ മട്ടില്‍ നില്ക്കുന്നു.
ഭീഷ്മൻ പറഞ്ഞു: എന്ന് മകന്‍ പറഞ്ഞപ്പോള്‍ ആ പരാശര നന്ദനനായ വ്യാസന്‍ മകനോട് ക്ഷരാക്ഷരവും, കര്‍മ്മവിദ്യാ മയവുമായ തത്വം വിവരിച്ചു പറയാമെന്നു പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: മകനേ, നീ ചോദിച്ചത് വിദ്യയാല്‍ ഏതു ദിക്കിലെത്തുമെന്നും, കര്‍മ്മത്താല്‍ ഏതു ദിക്കെത്തുമെന്നുമാണല്ലോ. ഞാന്‍ പറയാം മകനേ, നീ മനസ്സിരുത്തി കേള്‍ക്കുക. ഇതിന്റെ ഉത്തരം വളരെ ഗൂഢമായിട്ടുള്ളതാണ്. ജ്ഞാനംകൊണ്ട് എത്തുന്ന സ്ഥാനമേതെന്നും, കര്‍മ്മം കൊണ്ട് എത്തുന്ന സ്ഥാനമേതെന്നും ഞാന്‍ വിശദമായി പറഞ്ഞു തരാം. ഈ പറഞ്ഞ രണ്ടു സ്ഥാനങ്ങളുടേയും അന്തരം അനന്തമായ ആകാശം പോലെ അത്ര വലുതാണ്. ഒരാള്‍ ധര്‍മ്മം ഉണ്ടെന്നു പറഞ്ഞാല്‍, മറ്റേവന്‍ അത് ഇല്ലെന്നു വാദിച്ചാല്‍, അവ തമ്മിലുള്ള അന്തരം പോലെ അത്ര വിസ്തൃതമാണ് ഈ കാര്യം. പ്രവൃത്തിയെന്നും, നിവൃത്തിയെന്നും അറിയുന്നത് വേദപ്രതിഷ്ഠകളുടെ രണ്ടു മാര്‍ഗ്ഗങ്ങളാണ്. അതു നന്നായി ചെയ്യേണ്ടതാണ്. കര്‍മ്മത്താല്‍ ജീവി ബദ്ധനാകുന്നു. വിദ്യയാല്‍ ബന്ധവിമുക്തനാകുന്നു. അതുകൊണ്ട് മറുകര കണ്ട യതിമാര്‍ കര്‍മ്മം ചെയ്തു കര്‍മ്മബദ്ധരാകു വാന്‍ ചിന്തിക്കുന്നില്ല. കര്‍മ്മംമൂലം മരിച്ചതിന്നുശേഷം ജ ന്മമെടുക്കുന്നു. അങ്ങനെ മൂര്‍ത്തിമാനായി, ഷോഡശാത്മകനായി പ്രാപഞ്ചിക ദുഃഖങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. വിദ്യകൊണ്ട്, ജ്ഞാനംകൊണ്ട്, നിതൃമായി അവ്യക്തമായിരിക്കുന്ന ബ്രഹ്മത്തില്‍, അവ്യക്താത്മകനായിരിക്കും.
സ്വല്പ ബുദ്ധികളായ ചില നരന്മാര്‍ കര്‍മ്മത്തെ വാ ഴ്ത്തുന്നു. അതുകൊണ്ട് അവന്‍ ദേഹങ്ങളെ രമിപ്പിച്ച് ഏല്‍ക്കുന്നു. ശ്രേഷ്ഠമായ ബുദ്ധിയുള്ളവര്‍, കര്‍മ്മ നൈപുണ്യമുള്ളവര്‍, കര്‍മ്മത്തെ പുകഴ്ത്തുകയില്ല. പുഴയിലെ ജലം കുടിക്കുന്നവര്‍ കിണറിനെപ്പറ്റി പ്രശംസിക്കയില്ല. കര്‍മ്മത്തിന്റെ ഫലം സുഖവും ദുഃഖവുമാണ്. വിദൃയയാല്‍ നേടുന്ന ലോകത്ത് ഒരിക്കലും അല്ലലുണ്ടാവുകയില്ല. എവിടെച്ചെന്നാല്‍ അല്ലലില്ലയോ, അതാണ് ജ്ഞാനി നേടുന്ന ലോകം. എവിടെച്ചെന്നാല്‍ മരിക്കയില്ല, എവിടെച്ചെന്നാല്‍ ജനിക്കയില്ല, എവിടെച്ചെന്നാല്‍ പുനര്‍ജ്ജന്മമില്ലാ, എവിടെച്ചെന്നാല്‍ പിന്നെ തിരിച്ചു വരവില്ല, അവിടെയാണ് ആ പരബ്രഹ്മം. അവ്യക്തവും, അചലവും, ധ്രുവവും, അവ്യാകൃതവും, അനായാസവും, അവിയോഗിയുമായ ലോകം എവിടെയുണ്ടോ, അവിടെ ദ്വന്ദബോധ മനസ്സാലും, ക്രിയയാലും ഏൽക്കുന്നില്ല. സമന്മാരും, സര്‍വ്വ മൈത്രന്മാരും, സര്‍വ്വഭൂതഹിതോദ്യതന്മാരും വിദ്യാമയന്മാരുമായ പുമാന്മാര്‍ ആ സ്ഥാനത്തു ചെന്നെത്തുന്ന താണ്.
കര്‍മ്മമയനായ അന്യപുരുഷനെ കറുത്ത വാവിന്‍ നാളത്തെ സൂക്ഷ്മമായ ചന്ദ്രക്കലയോടുപമിക്കാം. അങ്ങനെ ഋഷി കൽപിച്ചിരിക്കുന്നു. വളഞ്ഞ വില്ലു പോലെ വാനില്‍ ചെറുതിങ്കളെ കാണുന്നു. പതിനൊന്ന് വികാരാത്മാവായി, സംഭാരമൊത്തവനായി, മൂര്‍ത്തിമാനായ അവനെ കര്‍മ്മഗുണാത്‌മകനായി, പുനര്‍ജ്ജന്മമെടുത്തവനായി, വിചാരിക്കാം. താമരയിലയില്‍ നീര്‍ത്തുള്ളി പോലെ അതിലാണ്ട ദേവൻ ക്ഷേത്രജ്ഞൻ ആണെന്നറിയണം. അവന്‍ നിത്യം യോഗത്താല്‍ ജയിക്കപ്പെടേണ്ടവനായ ആത്മാവാണ്. ജീവഗുണാത്മകമാണ് തമസ്സ്, രജസ്സ്, സത്ത്വം എന്നിവ. ജ്ഞാനം വ്യക്തി യുടെ ആത്മാവിന്റെ ഗുണമാണ്. അതിന്റെ ഇരിപ്പ് ദേഹത്തിലാണ്. ജീവാത്മാവ് പരമാത്മാവില്‍ നിന്ന് ഉത്ഭവിച്ചതാണ്. ദേഹത്തോടു കൂടിയ ആത്മാവാണ് ജീവചൈതന്യം കാണിക്കുന്നത്. എല്ലാ ജീവികളും പ്രവര്‍ത്തിക്കുന്നതും കാരണമാകുന്നതും എല്ലാം ജീവന്റെ സാന്നിദ്ധ്യം കൊണ്ടാണ്. ഈരേഴു ലോകം സൃഷ്ടിച്ചവന്‍ ജീവന്ന് ഉപരിയായി സ്ഥിതി ചെയ്യുന്നു.
അദ്ധ്യായം 242. ശുകാനുപ്രശ്‌നം - ബ്രഹ്മചര്യാശ്രമം - ശുകന്‍ പറഞ്ഞു. ഇപ്പോള്‍ എനിക്കു മനസ്സിലായി, രണ്ടു തരത്തിലുള്ള സൃഷ്ടിയുണ്ടെന്ന്. ഒന്ന് ക്ഷരത്തോടു കൂടി തുടങ്ങുന്ന സാര്‍വ്വത്രികമായ ആത്മാവാണ്. മറ്റേത് ഐശ്വര്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന വിഷയ സഹിതമായ ഇന്ദ്രിയങ്ങളാണെന്നും മനസ്സിലായി. അതില്‍ ആദ്യത്തേത് പ്രധാനമാണെന്നും അങ്ങയില്‍ നിന്ന് എനിക്കു ഗ്രഹിക്കുവാന്‍ കഴിഞ്ഞു. ലോകത്തില്‍ നടക്കുന്ന കാലത്തിന്റെ ധര്‍മ്മത്തേയും, അതിന്റെ ഗതിയേയും സജ്ജനങ്ങള്‍ എങ്ങനെ അനുവര്‍ത്തിക്കുന്നു എന്നുള്ളത് അറിയുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. വേദത്തില്‍ കര്‍മ്മം ചെയ്യുക എന്നു പറയുന്നു. മറ്റൊരിടത്ത് വേദത്തില്‍ പറയുന്നു കര്‍മ്മത്തെ തൃജിക്കുക. ഇങ്ങനെ പരസ്‌പര വിരുദ്ധമായി പറയുന്ന കാര്യം ഞാന്‍ എങ്ങനെ ഗ്രഹിക്കും? അതൊന്ന് വിവരിച്ചു തരണേ! ലോകവൃത്താന്ത തത്ത്വജ്ഞനും ഗുരുശിക്ഷാ വിദഗ്ദ്ധനുമായി ഞാന്‍ ബുദ്ധി കൈക്കൊണ്ട് അവ്യയാത്മാവിനെ പ്രാപിച്ചു മുക്തനാകട്ടെ!
വ്യാസന്‍ പറഞ്ഞു: മുമ്പ് ബ്രഹ്മാവ് നിശ്ചയിച്ച നടപടിയനുസരിച്ച് പണ്ടു മുതല്‍ സത്തുക്കളായ ഋഷികള്‍ ആചരിച്ചു വരുന്നു. മഹാന്മാരായ ഋഷികള്‍ ബ്രഹ്മചര്യത്താല്‍ ലോകത്തെ ജയിക്കുന്നു. അവര്‍ ആത്മാവിന്റെ ശ്രേയസ്സിനെ കൊതിച്ച് ആത്മാവില്‍ മനസ്സിനെ ഏകാഗ്രമാക്കി നിറുത്തി കാട്ടില്‍ തപസ്സു ചെയ്ത് കായും കിഴങ്ങും തിന്നു ജീവിക്കു ന്നു. ചിലര്‍ പുണ്യക്ഷേത്രങ്ങളില്‍ ചുറ്റി ഭൂതഹിംസ കൂടാതെ മുസലവും ധൂമവുമില്ലാത്ത വനസ്ഥലത്തു ചെന്ന് സമയമാകുമ്പോള്‍ ഭിക്ഷവാങ്ങി കഴിച്ചു ജീവിക്കുന്നു. ഇങ്ങനെയുള്ള ബ്രഹ്മചര്യത്തോടെ ജീവിക്കുന്നവന്‍ ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു. സ്‌തുതിയിലും നിന്ദയിലും മനസ്സു വെക്കാതെ രണ്ടും തുല്യമായിത്തള്ളി ശുഭവും അശുഭവും നിനയ്ക്കാതെ വല്ലതും കിട്ടിയത് ഭക്ഷിച്ചു കാട്ടില്‍ സഞ്ചരിക്കുക. അങ്ങനെയാണ് വേണ്ടത്.
ശുകന്‍ പറഞ്ഞു: ഈ വേദവാക്യം വിരുദ്ധമാണെന്ന് അജ്ഞാനികള്‍ പറയുന്നു. ഏതാണ് പ്രമാണമെന്ന് വ്യക്തമല്ലാതെ പരസ്‌പരം തെറ്റിപ്പോയാല്‍ പിന്നെ അത് എങ്ങനെ ശാസ്ത്രമാകും? ഈ നിലയില്‍ വൈരുദ്ധ്യങ്ങള്‍ രണ്ടും പ്രമാണപ്പെട്ടതായത് എങ്ങനെയാണ്? കര്‍മ്മങ്ങളുമായി തെറ്റാതെ എങ്ങനെയാണ് മോക്ഷംകിട്ടുക?
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പുത്രന്‍ ചോദിച്ചത് കേട്ട് ഗന്ധവതിയുടെ പുത്രനായ വ്യാസന്‍, തന്റെ പുത്രന്റെ ചോദ്യത്തെ പ്രശംസിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ബ്രഹ്മചാരിയും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിയും അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട ധര്‍മ്മകര്‍മ്മങ്ങള്‍ ആചരിച്ചാല്‍ അവര്‍ സൽ ഗതിയെ പ്രാപിക്കും. ഒരാള്‍ ഈ ആശ്രമങ്ങള്‍ വിധി പോലെ, കാമദ്വേഷങ്ങള്‍ വെടിഞ്ഞ്, ആചരിക്കുന്നതായാല്‍ അവനും സല്‍ഗതിയെ പ്രാപിക്കുന്നതാണ്. നാലു കാലുള്ള ഈ കോണി ബ്രഹ്മത്തില്‍ ഉറച്ചതാണ് (നാല് ആശ്രമങ്ങള്‍). ഈ കോണിയിലൂടെ കയറിച്ചെന്നാല്‍ ബ്രഹ്മലോകത്ത് ചെന്നെത്തും. അവിടെ അവന്‍ സല്‍ക്കരിക്കപ്പെടും. ആയുസ്സിന്റെ നാലില്‍ ഒരു ഭാഗം ബ്രഹ്മചര്യമെടുത്ത് ഗുരുവിന്റെ കൂടെയോ, ഗുരുപുത്രന്റെ കൂടെയോ ധര്‍മ്മകോവിദനായി പാര്‍ക്കണം. താഴെ കിടക്കുന്ന ശിഷ്യന്‍ മുമ്പേ തന്നെ ഉണര്‍ന്നെഴുന്നെല്ക്കണം. പിന്നെ ഗുരുവിന്റെ ഗൃഹത്തില്‍ ശിഷ്യന്‍ ദാസനെപ്പോലെ വേണ്ടതൊക്കെ ചെയ്യണം. പിന്നെ ശിഷ്യന്‍ ചെയ്യേണ്ടതായ കൃത്യങ്ങളും ചെയ്യണം. അതെല്ലാം ചെയ്തു കഴിഞ്ഞതിന് ശേഷം ഗുരുവിന്റെ പാര്‍ശ്വത്തില്‍ ചെന്നു നില്‍ക്കണം. കിങ്കരനെ പോലെ സര്‍വ്വവും ചെയ്യുന്ന ശിഷ്യന്‍ സര്‍വ്വകര്‍മ്മത്തിലും പടുവായിത്തീരും.
അന്നത്തെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഗുരുമുഖത്തില്‍ നിന്ന്, ഭൂതി കാമിക്കുന്ന ശിഷ്യന്‍ പഠിക്കണം. സമര്‍ത്ഥനും കുറ്റം പറയാത്തവനുമായ, അവന്‍ ഗുരു വിളിച്ചാലുടനെ മുമ്പില്‍ ചെന്നെത്തണം. ശുചിയും ദക്ഷനും ഗുണവാനുമായ ശിഷ്യന്‍ അവ്യഗ്രമായി, ജിതേന്ദ്രിയനായി, ഗുരുവിനെ നോക്കി നില്ക്കണം. ഇടയ്ക്ക് ഗുരുവിനോട് ഇഷ്ടമായ വാക്കു പറയണം. ഗുരുവിന്റെ ഭക്ഷണം കഴിഞ്ഞെ ശിഷ്യന്‍ ഉണ്ണാവൂ. ഗുരു പാനീയം കഴിക്കുന്നതിനു മുമ്പ് ശിഷ്യന്‍ കുടിക്കരുത്. മെല്ലെ കൈകള്‍ രണ്ടും മലര്‍ത്തി ഗുരുവിന്റെ പാദങ്ങളെ പിടിക്കണം. വലത്തേ കരം കൊണ്ട് വലത്തെ പാദവും പിടിക്കണം. ഗുരുവിനോട് അഭിവാദ്യം ചെയ്ത്, "അങ്ങ് എന്നെ വേദം പഠിപ്പിച്ചാലും" എന്ന് പറയണം. ഭഗവാനെ, "ഞാന്‍ ഇത് ചെയ്യാം, മറ്റേതു ഞാന്‍ ചെയ്തു കഴിഞ്ഞു. അല്ലയോ ബ്രഹ്മന്‍, അങ്ങ് ഇനി കൽപിക്കുന്നതും ഞാന്‍ ചെയ്തു കൊള്ളാം". ഇപ്രകാരം ഗുരുവിനെ സമ്മതിപ്പിച്ച്, വിധിപ്രകാരം ഉണര്‍ത്തി ഗുരു പറഞ്ഞത് ചെയ്യണം. ചെയ്തു കഴിഞ്ഞാല്‍ വിവരം ഗുരുവിനെ ഉണര്‍ത്തണം. ബ്രഹ്മചാരി സേവിക്കാത്ത രസവും, ഗന്ധവുമെല്ലാം സമാവര്‍ത്തനായവന് സേവിക്കാമെന്നാണ് ധര്‍മ്മത്തിന്റെ നിശ്ചയം. ഗുരു വിസ്മ രിച്ചു പറയുന്ന ബ്രഹ്മചര്യാനിയമം കേട്ട്, എപ്പോഴും ഗുരുവിന്റെ അടുത്ത് എന്നും എല്ലാം ചെയ്തു ജീവിക്കണം.
ഇപ്രകാരം യഥാബലം ഗുരുവിനെ ശുശ്രൂഷിച്ച് ഗുരു പ്രീതി വളര്‍ത്തിയവന്‍, ആ ആശ്രമംവിട്ട് അടുത്ത ആശ്രമത്തില്‍ ശിഷ്യന്‍, കര്‍മ്മത്തോടൊപ്പം കയറുന്നതില്‍ തെറ്റില്ല. വേദ വ്രതോപവാസം മൂലം നാലിലൊന്ന് ആയുസ്സ് അങ്ങനെ ചെലവാക്കുകയാണെങ്കില്‍ പിന്നെ ഗുരുദക്ഷിണ ചെയ്ത് സമാവൃത്തി യഥാവിധി കൈക്കൊള്ളാം. പിന്നെ ധര്‍മ്മത്തില്‍ ആശയുള്ളവളായ പത്നിയോടു കൂടി അഗ്നികര്‍മ്മങ്ങള്‍ അഗ്നിയെ ജ്വലിപ്പിച്ചു ചെയ്ത്, രണ്ടാമത്തെ ആയുര്‍ഭാഗമായ ഗൃഹസ്ഥാശ്രമം സ്വീകരിച്ച് ഗൃഹസ്ഥനായി വാഴാം.
അദ്ധ്യായം 243. ശുകാനുപ്രശ്‌നം - ഗൃഹസ്ഥാശ്രമ ധര്‍മ്മം - വ്യാസന്‍ പറഞ്ഞു: രണ്ടാമത്തെ ആയുര്‍ഭാഗം ഗൃഹസ്ഥനായി ഗാര്‍ഹസ്ഥ്യ ധര്‍മ്മം സ്വീകരിച്ച് വാഴുകയെന്നതാണ്. ധര്‍മ്മിഷ്ഠയായ ഭാര്യയോടു കൂടി അഗ്നി ജ്വലിപ്പിച്ച്, അഗ്നി കര്‍മ്മങ്ങള്‍ ചെയ്ത്, ദൃഢ വ്രതനായി വാഴുകയാണ് അതിന്റെ ധര്‍മ്മം. ഗൃഹസ്ഥന്ന് വൃത്തി നാലു തരത്തില്‍ വിബുധന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഒന്നാമത്തേത് അറയില്‍ മൂന്നു വര്‍ഷത്തേക്കു വേണ്ടുന്ന ധാന്യം ശേഖരിച്ചു സൂക്ഷിക്കുക. രണ്ടാമത്തേത് ഒരു വര്‍ഷത്തേക്ക് വേണ്ടുന്ന ധാന്യം സൂക്ഷിക്കുക എന്നതാണ്. പിന്നത്തെ വൃത്തി അന്നത്തേക്കു വേണ്ടത്, നാളത്തെ കാര്യം ചിന്തിക്കാതെ അന്നത്തെ അഷ്ടിക്ക് നേടുകയെന്നതാണ്. നാലാമത്തെ കാര്യം അന്നന്ന് മാടപ്രാവിനെപ്പോലെ എന്ന മട്ടില്‍ കിട്ടിയതു കൊണ്ട് ഉപജീവിക്കുക. ഈ നാലു വൃത്തികള്‍ ഓരോന്നും ഉത്തരോത്തരം മേന്മയോടു കൂടിയതാണെന്ന് ധര്‍മ്മവിത്തമന്മാര്‍ ധര്‍മ്മത്തെക്കുറിച്ചു ചിന്തിച്ചു പറയുന്നു. മൂന്നു കൊല്ലത്തേക്ക് നെല്ല് നേടിവച്ചവനേക്കാള്‍ ശ്രേഷ്ഠന്‍ ഒരുകൊല്ലത്തേക്ക് നേടിവച്ചവനാണ്. നാളേക്ക് ചിന്തിക്കുന്നവനേക്കാള്‍ ശ്രേഷ്ഠന്‍ അന്നന്നത്തെ ഉപജീവനം തേടുന്നവനാണ്. ഈ ഗൃഹസ്ഥ ഗുണങ്ങള്‍ വമ്പുറ്റവയായി പുകഴ്ത്തുന്നു.
ഒരു ഗൃഹസ്ഥാശ്രമി മുന്‍ പറയപ്പെട്ട ആറു കര്‍മ്മങ്ങളും അനുഷ്ഠിക്കുന്ന ഷള്‍ക്കര്‍മ്മിയാണെന്നു പറയുന്നു. ബ്രഹ്മചാരിയുടെയും ഗാര്‍ഹസ്ഥ്യന്റെയും വാനപ്രസ്ഥന്റെയും സന്ന്യാസിയുടേയും എല്ലാ കര്‍മ്മങ്ങളും ഗൃഹസ്ഥധര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഗൃഹസ്ഥാശ്രമം ഏറ്റവും മെച്ചപ്പെട്ടതായി പ്രകീര്‍ത്തിക്കപ്പെടുന്നു.
ഗൃഹസ്ഥന്‍ തനിക്കു മാത്രമായി അന്നം പാകം ചെയ്യിക്കരുത്. വെറുതെ ഭക്ഷിക്കാന്‍ മാത്രമായി പശുക്കളെ കൊല്ലരുത്. ബലിക്ക് ഉപയോഗിക്കുവാന്‍ കൊല്ലാം. അനന്തരം ഭക്ഷണമാക്കാം. പ്രാണികളെ കൊല്ലുകയാണെങ്കിലും വൃക്ഷ ത്തെ മുറിക്കുകയാണെങ്കിലും യജുര്‍വേദമന്ത്രം ഉച്ഛരിച്ച് സംസ്‌കരിക്കണം. പകല്‍ കിടന്നുറങ്ങരുത്. രാത്രിയുടെ ആദിയിലും രാത്രിയുടെ അന്ത്യത്തിലും അപ്രകാരം തന്നെ ഉറങ്ങരുത്. കാലത്തും വൈകുന്നേരവും ഓരോ ഊണു മാത്രമേ പാടുള്ളൂ. ഇടനേരം ഭക്ഷണം പാടില്ല. ഭാര്യയെ ആര്‍ത്തവാനന്തര കാലത്തല്ലാതെ സംഭോഗത്തിനു വിളിക്കരുത്. തോന്നുമ്പോഴൊക്കെ ആസക്തനാകുന്ന.ത് ഗൃഹസ്ഥനു ചേര്‍ന്നതല്ല. ഒരു ബ്രാഹ്മണന്‍ ഗൃഹത്തില്‍ കയറി വന്നാല്‍ അവനെ പൂജിച്ചു സല്ക്കരിക്കണം. ഉണ്ണാതേയും പൂുജയേല്ക്കാതെയും ഒരു ബ്രാഹ്മണന്‍ തന്റെ ഗൃഹത്തില്‍ പാര്‍ക്കാന്‍ ഇടയാക്കരുത്.
അപ്രകാരം തന്നെ ഹവ്യകവ്യ വാഹകര്‍ തന്നെയാണ് പാന്ഥനമാരും. അതിഥികളെ സല്ക്കരിക്കണം. വിവേദവിദ്യാ വ്രതസ്‌നാതന്മാരും വേദജ്ഞന്മാരും ശ്രോത്രിയോത്തമന്മാരും സ്വധര്‍മ്മത്തെ പാലിച്ചു ജീവിക്കുന്നവരും, ക്രിയാവാന്മാരുമായ തപസ്വികളെ ഹവ്യകവ്യങ്ങളാല്‍ പൂജിക്കണം. അതില്‍ ഒരിക്കലും വൈമനസ്യം കാണിക്കരുത്. നഖങ്ങള്‍ വളര്‍ത്തിയവനും സ്വധര്‍മ്മജ്ഞാപകനും, അഗ്നിഹോത്രം കളഞ്ഞവനും,ഗുരുവില്‍ തെറ്റുകാട്ടിയവനും, ഇവര്‍ക്കു പോലെ എല്ലാ ജീവികള്‍ക്കും ഒപ്പം പങ്കിട്ടു കൊടുക്കേണ്ടതാണ്. അങ്ങനെ സ്വന്തമായി അന്നം പാകം ചെയ്യാത്തവര്‍ക്കും ഗൃഹസ്ഥന്‍ അന്നം ദാനം ചെയ്യണം. എന്നും വിഘസാശിയും അമൃതാശനനുമാകണം ഗൃഹസ്ഥന്‍. ദേവന്മാര്‍ക്കു ചെയ്യു ന്ന ഹോമാര്‍ച്ചനാ യജ്ഞങ്ങള്‍ക്ക് ശേഷം കഴിക്കുന്ന അന്നമാണ് അമൃതം. അത് ഹവിസ്സിന് തുല്യമാണ്. ഭൃത്യന്മാര്‍ക്ക് കൊടുത്തതിന് ശേഷം കഴിക്കുന്ന അന്നമാണ് വിഘസം, യജ്ഞശേഷമാണ് അമൃതം.
ഗൃഹസ്ഥന്‍ ഭാര്യയോട് സ്നേമുള്ളവനായി, അടക്കമുള്ളവനായി, അസൂയ ഇല്ലാത്തവനായി, ജിതേന്ദ്രിയനായി ഋത്വിക്, പുരോഹിതന്‍, ആചാര്യന്‍, പാന്ഥന്‍, മാതുലന്‍ എന്നിവരെയെല്ലാം ആശ്രയിച്ച്, വൃദ്ധന്മാര്‍, ബാലന്മാര്‍, ആതുരര്‍, ജ്ഞാതികള്‍, സംബന്ധികള്‍, ബന്ധുക്കള്‍, വൈദ്യന്മാർ ഇവര്‍ക്കെല്ലാം ആശ്രയമായി ജീവിക്കണം.
അച്ഛന്‍, അമ്മ, സഹോദരന്‍, ഗോത്രത്തിലെ സ്ത്രീകള്‍, ഭാര്യ, പുത്രന്‍, മകള്‍, ദാസന്മാര്‍ എന്നിവരുമായി വാഗ്വാദം ചെയ്തു പോകരുത്. ഇവരുമായി ആരു കലഹിക്കുന്നില്ലയോ, അവരുടെ സകല പാപവും ഒഴിഞ്ഞു പോകുന്നതാണ്. ഇവര്‍ക്ക് ഇഷ്ടനായവന്‍, ഇവരെ സ്നേഹത്താല്‍ ജയിച്ചവന്‍ എല്ലാ ലോകത്തെയും ജയിക്കും. അതില്‍ യാതൊരു സംശയവുമില്ല. ആചാരൃന്‍ ബ്രഹ്മലോകേശ്വരനും അച്ഛന്‍ പ്രജാപതേൃശനുമാകുന്നു എന്നു ധരിക്കണം. അതിഥി ഇന്ദ്രലോകേശ്വരനാണ്. ഋത്വിക് ജനങ്ങള്‍ വിണ്ണിന്റെ ഈശ്വരന്‍മാരാകുന്നു. കുല്രസ്ത്രീകള്‍ അല്ലെങ്കില്‍ സഹോദരിമാര്‍ അപ്‌സര ലോകത്തിലെ ദേവതകളാകുന്നു. ജഞാതികള്‍ വിശ്വേദേവകളാകുന്നു. സംബന്ധി ബന്ധുക്കള്‍ എവിടെയുണ്ടോ അവിടെ അമ്മാവനും അമ്മയും വസിക്കുന്നതായി കരുതണം. വൃദ്ധരും ബാലന്മാരും ആതുരന്മാരും കൃശന്മാരും ആകാശത്ത് പ്രഭുക്കളാണെന്ന് കരുതുക. ജ്യേഷ്‌ഠഭ്രാതാവിനെ അച്ഛനെപ്പോലെ കരുതണം. ഭാര്യയും മക്കളും സ്വന്തം അംഗം പോലെ (ശരീരത്തിലെ) കരുതണം. ദാസവര്‍ഗ്ഗം തന്റെ നിഴലുകളായി ചിന്തിക്കണം.മകള്‍ ഏറ്റവും കൃപണമാണ്, പരിപാലിക്കേണ്ടവളാകുന്നു. ഇങ്ങനെയൊക്കെയായാല്‍ അവര്‍ നമ്മെ നിന്ദി ച്ചാല്‍ ഗൃഹസ്ഥന്‍ പരിതപിക്കാതെ എല്ലാം സഹിക്കണം. അങ്ങനെയായിരിക്കണം വിദ്വാന്മാരും ധര്‍മ്മശീലനും ജിതക്ലമനുമായ ഗൃഹസ്ഥന്‍. അര്‍ത്ഥബന്ധമായ കര്‍മ്മം ധര്‍മ്മവാന്മാര്‍ ആചരിക്കരുത്. നാല് ആശ്രമങ്ങളില്‍ കൂടുതല്‍ ശ്രേയസ്കരമാണ് ഗാര്‍ഹസ്ഥ്യം. ചതുരാശ്രമങ്ങളെ ഒന്നിനൊന്നു മേലെയായി പറയുന്നുണ്ട്. ഭൂതിയെ കാമിക്കുന്നവന്‍ അവയുടെ നിയമങ്ങളെ ശരിക്ക് അനുഷ്ഠിക്കുക. കുടത്തില്‍ ധാന്യം നിറച്ചവരും, നെന്മണി പെറുക്കി ജീവി ക്കുന്നവരും, മാടപ്രാവിനെ പോലെ നാളത്തെ ചിന്ത കൂടാതെ കിട്ടുന്നതു കൊണ്ടു കഴിയുന്നവരും, ഏതു നാട്ടിലിരിക്കുന്നുവോ, ആ നാട് ഏറ്റവും വളരുന്നതാണ്. മേലും കീഴും പത്തു തലമുറയ്ക്ക് ശുദ്ധി ചേര്‍ക്കുന്നവരൊക്കെ സകല വ്യഥയും വിട്ടവരാകും. അങ്ങനെ ശരിയായ ഗൃഹസ്ഥധര്‍മ്മം ആചരിക്കുന്നവന്‍, വിഷ്ണുവിന്റെ ലോകത്തില്‍ തീര്‍ച്ചയായും ചെന്നെത്തും. ജിതേന്ദ്രിയന്മാരുടെ ഗതിയും ഇപ്രകാരം തന്നെയാണ്. ഉദാരധീയായ ഗൃഹസ്ഗഥന്ന് ഏറ്റവും ഹിതമായത് സ്വര്‍ഗ്ഗലോകമാണ്. വിമാനത്തോടു കൂടിയ ലോകം, വേദത്തില്‍ കണ്ട. സുപുഷ്പിതമായ ലോകം നിയതാത്മാക്കളായ ഗൃഹസ്ഥര്‍ക്കുള്ളതാണ്.
ബ്രഹ്മകല്ലിതമായ ജന്മം ഇപ്രകാരമാണ് വിധിച്ചിട്ടുള്ളത്. ക്രമത്താല്‍ രണ്ടാമത്തെ ആശ്രമത്തെ പ്രാപിച്ച് സ്വര്‍ഗ ലോകത്തു പൂജ്യനാകാം. പിന്നെ മൂന്നാമത്തെ ആശ്രമത്തില്‍ പ്രവേശിക്കാം. വന്യാശ്രമസ്ഥന്മാര്‍ക്കും ശരീരം തപസ്സു കൊണ്ടു ശോഷിപ്പിക്കുന്നവര്‍ക്കുമുള്ള ആ ആശ്രമത്തിന്റെ സ്വഭാവവും ഞാന്‍ വിവരിക്കാം. അതും നീ കേള്‍ക്കുക.
അദ്ധ്യായം 244. ശുകാനുപ്രശ്‌നം- വാനപ്രസ്ഥ സന്യാസാശ്രമങ്ങളുടെ മഹിമ - ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, പണ്ട് വിദ്വാന്മാര്‍ നിശ്ചയിച്ച ഗാര്‍ഹസ്ഥൃത്തെപ്പറ്റി ഞാന്‍ നിന്നോടു പറഞ്ഞു. എങ്ങനെയാണ് ഗൃഹസ്ഥാശ്രമികള്‍ ജീവിക്കേണ്ടതെന്നു ഞാന്‍ വ്യക്തമാക്കിത്തന്നു. പിന്നെ വിദ്വാന്മാര്‍ നിശ്ചയിച്ച മുന്നാമത്തെ വൃത്തിയായ വാനപ്രസ്ഥത്തെപ്പറ്റിയും ഞാന്‍ പറയാം. അതും നീ കേള്‍ക്കുക. മൂന്നാമത്തെ വൃത്തി ഗാര്‍ഹസ്ഥ്യത്തേക്കാള്‍ മഹത്തരമാണെന്നു പറയുന്നു. സംയോഗ വ്രത ഖിന്നന്മാര്‍ക്കും, വാനപ്രസ്ഥം സ്വീകരിച്ചു പുണ്യദേശത്തു താമസിച്ചു വ്രതകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും. എല്ലാറ്റിലും മെച്ചപ്പെട്ടതാണ് ഇത്. അതിനെപ്പറ്റിയും ഞാന്‍ വിസ്തരിച്ചുപറയാം.
വ്യാസന്‍പറഞ്ഞു: എപ്പോള്‍ ഗൃഹസ്ഥന്‍ തന്റെ ദേഹത്തില്‍ രോമങ്ങള്‍ നരച്ചതായി കാണുന്നുവോ, എപ്പോള്‍ തന്റെ ദേഹത്തില്‍ തൊലി ചുക്കിച്ചുളിഞ്ഞതായി കാണുന്നുവോ, എപ്പോള്‍ തന്റെ പുത്രന്ന് പുത്രനുണ്ടായതായി കാണുന്നുവോ, അപ്പോള്‍ തനിക്കു കാട്ടില്‍ പോകേണ്ട കാലം വന്നു എന്നറിഞ്ഞു കാട്ടിലേക്കു പോകണം. അതാണ് വാനപ്രസ്ഥം എന്നു പറയുന്നത്. വന്യാശ്രമം മുന്നാമത്തെ ആയുര്‍ഭാഗമാണ്. അവിടെ വഹ്നിയെ ശുശ്രൂഷിച്ച് ഹോമകര്‍മ്മ ങ്ങള്‍ ചെയ്ത് ദേവകര്‍മ്മങ്ങളില്‍ ഉദൃതനായി ജീവിക്കുക. അടക്കത്തോടു കൂടി നിയതാഹാരനായി വ്രതാനുഷ്ഠാനങ്ങള്‍ തെറ്റാതെ അനുഷ്ഠിച്ച്, ഷള്‍ക്കര്‍മ്മങ്ങള്‍ ചെയ്ത്, അഗ്നിഹോത്രം ചെയ്ത് ജീവിക്കണം. കുറച്ചു പശുക്കളെ യാഗാദികള്‍ക്ക് ഹവ്യയത്തിനു വേണ്ടി സംരക്ഷിക്കണം. യജ്ഞാംഗങ്ങള്‍ എല്ലാം അനുഷ്ഠിക്കണം. വെറുതെ (കൃഷിചെയ്യാതെ) ഉണ്ടായ നെല്ലോ ഗോതമ്പോ കൊണ്ട് ഉപജീവിക്കണം. അതും അതി ഥികള്‍ക്കു: നല്കിയ ശേഷമേ ഭക്ഷിക്കാവൂ. അഞ്ചുതരം യജ്ഞങ്ങളില്‍ ഹവിസ്സിനെ അര്‍പ്പിക്കണം. വാനപ്രസ്ഥാശ്രമത്തില്‍ നാലുതരം വൃത്തികളുണ്ട്. ചിലര്‍ അന്നന്നത്തെ ആഹാരത്തിനുള്ളത് ഒരുക്കി വയ്ക്കുന്നു. ചിലര്‍ ഒരു മാസത്തെ ആഹാരത്തിനുള്ള ധാന്യാദികള്‍ ശേഖരിച്ചു വെക്കുന്നു. ചിലര്‍ ഒരു വര്‍ഷത്തേക്കും ചിലര്‍ പന്ത്രണ്ടു വര്‍ഷത്തേക്കും വേണ്ടുന്ന എല്ലാ സാധനങ്ങളും തയ്യാറാക്കി വെക്കുന്നു. ഇവ മുറയ്ക്ക് അതിഥികളെ പൂജിക്കുവാനും യജ്ഞങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും മറ്റും വേണ്ടിയാണ്. ഇനി അവരുടെ ജീവിതം എങ്ങനെയാണെന്നും കേള്‍ക്കേണ്ടതാണ്.
വാനപ്രസ്ഥാശ്രമികള്‍ മഴക്കാലത്തു ദേഹത്തില്‍ തടസ്സം കൂടാതെ മഴയേല്ക്കുന്നു. മഞ്ഞിലും വെളളത്തിലും ഋതുക്കളിലും വാഴുന്നു. തണുപ്പുള്ളപ്പോള്‍ ഹേമന്തത്തില്‍ തണുത്ത ജലത്തിലിറങ്ങി നില്ക്കുന്നു. വേനല്ക്കാലത്ത് ചുറ്റും അഗ്നി ജ്വലിപ്പിച്ച് ഹോമം ചെയ്യുകയും സൂര്യപ്രകാശം തടസ്സം കൂടാതെ നട്ടുച്ചയ്ക്കു പോലും ഏല്ക്കുകയും ചെയ്യുന്നു. അങ്ങനെ നാലുപുറത്തും അഗ്നിയും മുകളില്‍ സുര്യനും, ഇങ്ങനെ അഞ്ച് അഗ്നികളുടെ. മദ്ധ്യത്തില്‍ നിന്നു തപസ്സു ചെയ്യുന്നു. അവന്‍ എന്നും മിതമായേ ഭക്ഷിക്കൂ. അപ്രകാരം ദുഃഖമെന്തും സഹിക്കാന്‍ തയ്യാറാകുന്നു. കിടക്ക ഉപേക്ഷിച്ച് വെറും മണ്ണില്‍ക്കിടന്ന് ഉറങ്ങുന്നു. തങ്ങളുടെ കാലിന്റെ തള്ളവിരല്‍ ഊന്നിനിന്നോ, നിലത്തോ അഥവാ ചെറിയ പുല്‍പായയിലോ ഇരുന്ന് കാലത്തും ഉച്ചയ്ക്കും വൈകുന്നേരവും ധ്യാനത്തില്‍ മുഴുകുന്നു. ഭക്ഷണത്തിനുള്ള ധാന്യം കൊറിച്ചോ കല്ലില്‍ തിരങ്ങിയോ ഉമികളയുന്നു. ഇവരെ ദന്തോലൂഖലികള്‍ എന്നും (പല്ലുകൊണ്ട് ഉമി നീക്കുന്നവര്‍) അശ്മകുട്ടന്മാര്‍ (കല്ലുകൊണ്ട് തിരങ്ങി ഉമി നീക്കുന്ന യോഗികള്‍) എന്നും പറയുന്നു. ഇവരില്‍ ചിലര്‍ വെളുത്ത പക്ഷത്തില്‍ ഒരു ദിവസം അല്പം കഞ്ഞി വച്ചു കുടിക്കും; ചിലര്‍ അതും കഴിക്കയില്ല. മാസത്തില്‍ ഒരിക്കല്‍ കറുത്ത പക്ഷത്തില്‍ ഒരു പ്രാവശ്യം മാത്രം ഭക്ഷണം കഴിച്ചു ജീവിക്കുന്നു. ചിലര്‍ അതും ഉപേക്ഷിക്കുന്നു. വല്ലപ്പോഴും വല്ലതും കിട്ടിയാല്‍ അതു കഴിച്ചു ജീവിക്കുന്നു. ചിലര്‍ വല്ലതിന്റെയും വേരോ കിഴങ്ങോ തിന്നു ജീവിക്കുന്നു. ചില ദൃഢവ്രതന്മാര്‍ വീണു കിടക്കുന്ന വല്ല ഫലവും എടുത്തു ഭക്ഷിക്കുന്നു. ചിലര്‍ വല്ലതിന്റെയും പുഷ്‌പം കടിച്ചു ചവച്ചു തിന്നു ജീവിക്കുന്നു. ചിലര്‍ കാറ്റു മാത്രം ഉണ്ടു ജീവിക്കുന്നു. ഇങ്ങനെയാണ് വൈഖാനസന്മാരുടെ ദിനചര്യ. ആ വിദ്വാന്മാരുടെ ഭക്ഷണക്രമം ഈ പറഞ്ഞതാണ്.
ഇനി നാലാമത്തെ ആശ്രമത്തെപ്പറ്റി പറയാം. അത് സന്യാസമാണ്. അതിനെ ഉപനിഷത്തില്‍ വിസ്തരിച്ചിട്ടുണ്ട്. ഉപനിഷത്താണ് ആ ആശ്രമത്തിന്ന് അടിസ്ഥാനം. ഗാര്‍ഹസ്ഥ്യവും, വാനപ്രസ്ഥവും, വിട്ടവര്‍ ഈ നാലാമത്തെ ആശ്രമത്തെ ആശ്രയിക്കുന്നു. ഈ യുഗത്തില്‍, അല്ലയോ പുത്രാ, എല്ലാ അര്‍ത്ഥങ്ങളും ഈ ആശ്രമത്തില്‍ ബ്രാഹ്മണര്‍ കാണുന്നു. അഗസ്ത്യനും, അത്രി, അംഗിരസ്സ്, സുലഹന്‍, പുലസ്ത്യന്‍, വസിഷ്ഠന്‍, നാരദന്‍, ക്രതു (സപ്തർഷികൾ) എന്നിവരും, മധുച്ഛന്ദന്‍, അഘമര്‍ഷണന്‍, സാംകൃതി, സുദീവതണ്ഡി എന്നീ നിര്‍മ്മമന്മാരും, വീര്യന്‍, കാവ്യന്‍, താണ്യന്‍, വിജ്ഞാനിയായ മേധാതിഥി, ബലവാനായ കര്‍ണ്ണ നിര്‍വ്വാഹകന്‍, ശുനൃപാലന്‍, കൃതശ്രമന്‍ ഇങ്ങനെയുള്ളവരെല്ലാം ഈ ആശ്രമം സ്വീകരിച്ച് ധര്‍മ്മം ചെയ്ത് പിന്നെ സ്വര്‍ഗ്ഗം പ്രാപിച്ചവരാണ്. ഉണ്ണീ, പ്രതൃക്ഷധര്‍മ്മാക്കളായ ഭിക്ഷു സംഘങ്ങള്‍ ധര്‍മ്മനൈപുണ്യം അറിയുന്ന തപസ്വികളായ മഹര്‍ഷിമാരാണ്. വേറെയും അസംഖ്യം വിപ്രന്മാര്‍ വനവാസികളായിരുന്നു. വളരെപ്പേര്‍ ബാലഖില്യരായിരുന്നു (തള്ള വിരലിനോളം മാത്രം വലുപ്പമുള്ള കൊച്ചുമനുഷ്യരാണ് ബാലഖില്യന്മാർ).
ഈ മുനിമാര്‍ കര്‍മ്മങ്ങളാല്‍ ആനന്ദിക്കാതെ ധര്‍മ്മനിത്യന്മാരായി, ജിതേന്ദ്രിയരായി വിളങ്ങുന്നു. അവര്‍ പ്രത്യക്ഷധര്‍മ്മാക്കളായിരുന്നു; എല്ലാവരും വനവാസികളുമായിരുന്നു. ചിലര്‍ സൈകതന്മാരായിരുന്നു. അനക്ഷത്രരും, അനാധൃഷ്യരുമായ അവര്‍ ജ്യോതിര്‍ഗ്ഗണങ്ങളായി അംബരത്തില്‍ വിളങ്ങുന്നു. നാലാമത്തെ ആയുര്‍ ഭാഗത്തില്‍ ജരകൊണ്ടു തളര്‍ന്നവനും, വ്യാധിപീഡിതനും, വാനപ്രസ്ഥത ഒഴിവാക്കണം. അവന്‍ ശ്രദ്ധയോടെ ഹോമം ചെയ്യണം. ഒരുദിവസം കൊണ്ടു തീരുന്ന കര്‍മ്മം ദക്ഷിണയോടെ സമാപിക്കണം. എല്ലാറ്റില്‍ നിന്നും പിന്‍തിരിച്ച് മനസ്സിനെ ധ്യാനത്തില്‍ നിറുത്തണം. അഗ്നിയെ ജ്വലിപ്പിച്ച് ഹോമം ചെയ്യുകയും, മനസ്സ് ലൌകിക ബന്ധങ്ങളില്‍ നിന്നു വിമുക്തമാക്കുകയും ചെയ്യണം.
സാദ്യസ്കയജ്ഞങ്ങള്‍ ചെയ്യണം. മറ്റു യജ്ഞങ്ങളെയും ചെയ്യണം. യജ്വാക്കള്‍ക്കുള്ള യജ്ഞങ്ങള്‍ ആത്മാവില്‍ത്തന്നെ നടക്കുമ്പോള്‍, തന്റെ ആത്മാവിന്റെ മുക്തിക്ക്, മൂന്ന് അഗ്നിക്കും ആത്മാവില്‍ യജിക്കണം. പ്രാണന്‍ നിലനിറുത്താന്‍ വേണ്ടി മാത്രം, യജുര്‍വ്വേദം ഉച്ഛരിക്കുവാനുള്ള കഴിവുണ്ടാകുവാന്‍ വേണ്ടി മാത്രം, അഞ്ചോ ആറോ വായ ഭക്ഷണം കഴിക്കാം. വേറെ ഒരു ഉദ്ദേശവും ഇല്ലാത്ത നിലയിലാണ് അവന്‍ അങ്ങനെയാവുന്നത്. വാനപ്രസ്ഥനായ മുനി മുടിയും നഖവും വെട്ടി കര്‍മ്മത്താല്‍ ആശ്രമധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുണ്യമായ നാലാമത്തെ നിലയില്‍ എത്തുന്നതാണ്. സര്‍വ്വ ഭൂതങ്ങള്‍ക്കും അഭയം കൊടുത്ത് ദ്വിജന്‍ സന്യാസം സ്വീകരിക്കുകയാണെങ്കില്‍ അവനുള്ള തേജോലോകങ്ങള്‍ പരത്തില്‍ അനന്തമാകുന്നു.
ദുരിതങ്ങളൊക്കെ തീര്‍ന്നവനായ സുശീല വൃത്തന്‍ പരലോകത്തും ഇഹലോകത്തും തന്റെ കര്‍മ്മത്തെ ചിന്തിക്കുകയില്ല. സ്വന്തമായ, സ്വാര്‍ത്ഥമായ കാര്യത്തിനുള്ള വിചാരം ഉണ്ടാവുകയില്ല. മോഹരോഷങ്ങള്‍ കൂടാതെ, സന്ധിയും വിഗ്രഹവും കുടാതെ ഉദാസീനമായ ഭാവം, ഒന്നിലും മമതയില്ലാത്ത ഭാവം, ആത്മവാന്‍ കാണിക്കുന്നു. യമനിയമങ്ങള്‍ മൂലം വൃഥയേല്‍ക്കാതെ, സ്വശാസ്ത്ര സൂത്രാ ഹൂതി മന്ത്ര വിക്രമനായി, ഇഷ്ടം പോലെ അവന്‍ ആത്മവേദിയില്‍ ചെന്നെത്തുന്നു. ജിതേന്ദ്രിയനായ ബ്രാഹ്മണന്‍ അങ്ങനെ മോക്ഷപ്രാപ്തിക്ക് അര്‍ഹനാകുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിന്നപ്പുറമായി ശ്രേഷ്ഠമായ ഗുണങ്ങള്‍ ചേര്‍ന്നതും, മുറയ്ക്ക് മുമ്പെ പറഞ്ഞ മൂന്ന് ആശ്രമങ്ങളേക്കാള്‍ ഉത്തമമായിട്ടുള്ളതും, നാലാമത്തേതുമായ മുഖ്യ ആശ്രമത്തെപ്പറ്റി ഞാന്‍ പറയുന്നതു നീ കേള്‍ക്കുക. അത് പരമവും ഏവര്‍ക്കും പരായണവും (ആശ്രയവും) ആകുന്നു.
അദ്ധ്യായം 245. ശുകാനുപ്രശ്‌നം - ഭിക്ഷുക്കളുടെ ആചാരം - ശുകന്‍ പറഞ്ഞു: വാനപ്രസ്ഥാശ്രമത്തില്‍ എങ്ങനെ ജീവിക്കണമെന്നു നിര്‍ദ്ദേശിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെ അനുവര്‍ത്തിക്കുന്നവന്‍, ഏറ്റവും ശ്രേഷ്ഠമായ ജ്ഞാനത്തെ കാംക്ഷിക്കുന്നവന്‍, എങ്ങനെയാണ് ആത്മാവില്‍ യോഗത്തെ ചെയ്യേണ്ടത്?
വ്യാസന്‍ പറഞ്ഞു: മുമ്പെ പറഞ്ഞ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം എന്നീ രണ്ട് ആശ്രമങ്ങള്‍ വഴിയായി ആത്മാവിന് പരിശുദ്ധി നേടിയതിനു ശേഷം ആത്മാവിനെ യോഗത്തില്‍ ചേര്‍ക്കണം. അത് എപ്രകാരമാണെന്നും ഞാന്‍ പറയാം. നീ മനസ്സു വച്ചു കേള്‍ക്കുക. അതുകൊണ്ട് നീ പരമമായ അര്‍ത്ഥത്തെ ബ്രഹ്മത്തെ പ്രാപിക്കും. മനസ്സിന്റെ എല്ലാ തെറ്റുകളും കുറവുകളും ബ്രഹ്മചര്യാദികളായ മൂന്ന് ആശ്രമജീവിതം കൊണ്ട് നീക്കിയതിന് ശേഷം പുരുഷന്‍ ഏറ്റവും പ്രധാനമായ, ഏറ്റവും ശ്രേഷ്ഠമായ സന്യാസത്തെ - നാലാമത്തെ ആശ്രമത്തെ - സ്വീകരിക്കണം. പരിവ്രാജകനാകണം. അങ്ങനെ ശീലിച്ചു പരിശുദ്ധി നേടണം. എങ്ങനെയാണെന്നു പറയാം. സിദ്ധിക്കു വേണ്ടി അന്യന്റെ സഹായം ആശ്രയിക്കാതെ തന്നത്താനെ ക്രിയ ചെയുണം. തനിച്ചു വേണ്ടതു മനസ്സിലാക്കി ചെയ്യുന്നവന്‍ മോക്ഷപ്രാപ്തിക്ക് അര്‍ഹനാകും. അവന്‍ അതില്‍ നിന്നു വിട്ടു പോകുന്നതല്ല. ക്ഷയിക്കയില്ല. അങ്ങനെ അഗ്നികര്‍മ്മങ്ങള്‍ വിട്ടവനും, ഗൃഹം വിട്ടവനുമായ യോഗി ഭിക്ഷയ്ക്കു വേണ്ടി ഗ്രാമത്തില്‍ ചെല്ലണം.
അവന്‍ നാളേയ്ക്കു വേണ്ട ആഹാരം കരുതിവയ്ക്കരുത്. സമാഹിതനായി, ബ്രഹ്മത്തില്‍ മനസുറപ്പിച്ച്, തപോവൃത്തിയില്‍ ഏര്‍പ്പെടണം. അല്ലമായേ ഭക്ഷിക്കാവു; അതും ഒരു നിയമമനുസരിച്ചാകണം. ഒരു ദിവസം ഒരുനേരം ഭക്ഷണം കഴിക്കുക എന്ന നിയമം പാലിക്കണം. ഒരു ഭിക്ഷുവിന്റെ ലക്ഷണം എന്തെന്നു പറയാം. കൈയില്‍ ഒരു മനുഷ്യന്റെ തലയോടുണ്ടാകും. അതാണ് ഭിക്ഷാപാത്രം. ജീവിതം മരച്ചുവട്ടിലാകും. ഉടുത്ത വസ്‌ത്രം കീറിയതോ, മുഷിഞ്ഞതോ, ആയിരിക്കും. ഏകാന്തവാസിയാകും. ഒറ്റയ്ക്കായിരിക്കും ഒരിടത്തിരിക്കുക. കൂട്ടുകൂടി നടക്കുകയില്ല. മറ്റു ജീവജാലങ്ങളെപ്പറ്റി യാതൊരു ചിന്തയുമുണ്ടാവുകയില്ല. ഇവയാണ് ഒരു സന്യാസാശ്രമിയുടെ ലക്ഷണം. ആരെങ്കിലും എന്തെങ്കിലും തന്നെപ്പറ്റി പറയുന്നത് കേള്‍ക്കുവാന്‍ അവന്‍ ആഗ്രഹിക്കുകയില്ല. ആരുടെ വാക്കു കേള്‍ക്കുന്നതും അവന് വെറുപ്പും ഭയവുമുണ്ടാക്കും. ആന കിണറിനെ എന്ന പോലെ ഭയപ്പെടും. ഒന്നിനും ശേഷവും പകരവും മിണ്ടാതെ അവന്‍ അവിടെ നിന്ന് ഉടനെ സ്ഥലംവിടും. അവന്‍ മനുഷ്യരുടെ ദുസ്ചേഷ്ടിതത്തെ ശ്രദ്ധിക്കയില്ല. അന്യരെ ആക്ഷേപിക്കുന്നതും അവന്‍ കേള്‍ക്കുകയില്ല, നോക്കുകയില്ല, ശ്രദ്ധിക്കുകയുമില്ല. പ്രത്യേകിച്ചും ബ്രാഹ്മണനില്‍ ആക്ഷേപം ഒന്നും പറയാതിരിക്കണം. പറയുന്നത് ബ്രാഹ്മണനെപ്പറ്റിയുള്ള പ്രശംസയാകണം. ആരെങ്കിലും ബ്രാഹ്മണനെ നിന്ദിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുകയാണ് വേണ്ടത്. അത് ആത്മാവിന് ഒരു ചികിത്സയാണ്. ഏതൊരുത്തനാല്‍ എപ്പോഴും പൂര്‍ണ്ണമായിരിക്കുന്നുവോ, ആള്‍ക്കൂട്ടത്തില്‍ പെടാതെ ഏതൊരുത്തന്‍ വ്യത്യസ്‌തനായി പ്രതൃക്ഷപ്പെടുന്നുവോ, ആ ബ്രാഹ്മണന്‍ ദേവസമ്മതനാണ്. ഒന്നുകൊണ്ടും കേട് മനസ്സില്‍ ഏല്ക്കാത്തവനും, എന്ത് കിട്ടിയോ അത് അനുഭവിക്കുന്നവനും, ഉറക്കം വരുമ്പോള്‍ എവിടെ കിടക്കുവാന്‍ പറ്റിയോ അവിടെ കിടക്കുന്നവനുമായ ബ്രാഹ്മണന്‍ ദേവസമ്മതനാണ്. ജനക്കൂട്ടത്തെ സര്‍പ്പത്തെ പോലെ ഭയപ്പെടുന്നവനും, മധുപാനാദി സംതൃപ്തിയെ നരകത്തെ പോലെ വെറുക്കുന്നവനും സ്ത്രീകളെ ശവം പോലെ അശുഭമായി കണക്കാക്കുന്നവനുമായ ഭീതനായ ബ്രാഹ്മണന്‍ ദേവസമ്മതനാണ്. അധിക്ഷേപിച്ചാല്‍ കോപിക്കാത്തവനും, പ്രശംസിച്ചാല്‍ ആനന്ദിക്കാത്തവനും, സകല ഭൂതങ്ങളിലും കരുണയുള്ളവനുമായ ബ്രാഹ്മണന്‍ ദേവസമ്മതനാണ്. ആരുടെയും മരണത്തെ ഒരിക്കലും പ്രശംസിക്കരുത്. മരിക്കുന്നതാണു നല്ലതെന്നു വിചാരിച്ചു സന്തോഷിക്കരുത്. അതു പോലെ തന്നെ ജീവിതത്തിലും ആനന്ദിക്കരുത്. എപ്പോഴും ഒരു യജമാനന്റെ ഭൃത്യനെപ്പോലെ തന്റെ അവസാനത്തെ ആഹ്വാനം, യമന്റെ വിളി കേള്‍ക്കുവാന്‍ തയ്യാറായി നില്ക്കണം. മനസ്സിനെ ഒന്നു കൊണ്ടും ദുഷിപ്പിക്കരുത്. വാക്കുകൊണ്ടും ദുഷിപ്പിക്കരുത്. എല്ലാ പാപങ്ങളേയും വിട്ടു നില്ക്കണം. വൈരിയില്ലാത്തവനു പിന്നെ എവിടെയാണു ഭയം? എല്ലാ ജീവികളില്‍ നിന്നും ഭയം വിട്ടവന്‍ ആരോ, എല്ലാ ജീവികള്‍ക്കും അഭയം നല്‍കുന്നവന്‍ ആരോ, മോഹങ്ങള്‍ തീര്‍ന്നവനായ അവന് ഒരിടത്തും ഭയം ബാധിക്കുന്നതല്ല. റ
ആന ചവിട്ടി നടന്ന കാലടിപ്പാടില്‍ ആരുടെ കാലടിയും ഒതുങ്ങി കാണുന്നത് പോലെ അഹിംസയില്‍ എല്ലാ ധര്‍മ്മാര്‍ത്ഥവും ഒതുങ്ങി നില്ക്കുന്നു. ഹിംസ ചെയ്യാത്തവന്‍ അമൃതനാണ്. അവന്‍ ജനന മൃത്യുക്കളെ ജയിച്ചവനാണ്. അഹിംസകന്‍ സമനാണ്, സത്യനാണ്, ധൃതിമാനാണ്, നിയതേന്ദ്രിയനാണ്, അവന്‍ സര്‍വ്വ ഭൂതങ്ങള്‍ക്കും ശരണ്യനാണ്. അങ്ങനെയുള്ളവന്‍ തീര്‍ച്ചയായും സല്‍ഗതി പ്രാപിക്കും. ഇപ്രകാരം തൃപ്തിയോടു കൂടി നിര്‍ഭയനായിരിക്കുന്നവന് മൃത്യു മേലെയല്ല. അവന്‍ മൃത്യുവിനെ കീഴടക്കിയവനാണ്. സര്‍വ്വസംഗവും വിട്ടവനായ മുനി ആകാശം പോലെ നിര്‍മ്മലനാണ്. നിസ്വനും ഏകാന്തവാസിയും ശാന്തനുമായ ആ ബ്രാഹ്മണന്‍ ദേവസമ്മതനാണ്. ജീവന്‍ ധര്‍മ്മത്തിന്നായി കരുതുന്നവനും, ധര്‍മ്മം ഹരിക്കായി കരുതുന്നവനും രാവും പക ലും പുണ്യകര്‍മ്മത്തിനായി കരുതുന്നവനുമായ ബ്രാഹ്മണന്‍ ദേവസമ്മതനാകുന്നു. നിരീഹനും നിഷ്ക്രിയനുമായി ആരുടെയും മുമ്പില്‍ തലകുനിക്കാതെ ആരേയും മുഖസ്‌തുതി പറഞ്ഞു പുകഴ്ത്താതെ സര്‍വ്വവിധ ലൗകിക ബന്ധങ്ങളും വിട്ടവനായ ബ്രാഹ്മണന്‍ ദേവസമ്മതനാണ്. അവനെ ദേവന്മാര്‍ക്കറിയാം.
എല്ലാജീവികളും സുഖത്തില്‍ ആഹ്ളാദിക്കുന്നു, ദുഃഖത്തില്‍ വിഷമിക്കുന്നു, ത്രസിക്കുന്നു. അതുകൊണ്ട് ശ്രദ്ധയോടു കൂടിയ പുരുഷന്‍ അനൃജീവികള്‍ക്കു ദുഃഖമുണ്ടാക്കുന്ന ഒരു കര്‍മ്മവും ചെയ്യരുത്. ഇതിനെപ്പറ്റി ഇപ്രകാരം ഒരു വേദവാക്യം ഉണ്ട്.
സുഖേ രമിക്കുന്നിതു ഭൂതമെല്ലാം
ദുഃഖത്തിലെല്ലാം വിറകൊണ്ടിടുന്നു
ശ്രദ്ധാലുവാം പുരുഷനൊന്നുകൊണ്ടും
അവയ്ക്കു ഭീചേര്‍പ്പതു ചെയ്തിടൊല്ലാ.
ഭൂതാഭയം ദക്ഷിണനല്കലാണ്
മറ്റുള്ള ദാനങ്ങളില്‍, മേലെയത്രേ
മുന്‍പുഗ്രമായോരുടല്‍ കൈവിടുന്നോന്‍
നാട്ടാരോടേല്ലോനഭയം നിരന്തം.
മലര്‍ന്ന വായിങ്കല്‍ ഹവിസ്സു വീഴ്ത്താ-
ലോകത്തിനോ നാഭിജഗല്‍പ്രതിഷ്ഠ-
തന്‍ ഗാത്രമാഹന്ത കൃതാകൃതങ്ങള്‍
വൈശ്വാനരന്‍ സര്‍വ്വമിതേറ്റിരിപ്പൂ.
അദ്ധ്യായം 246. ശുകാനുപ്രശ്‌നം - പരമാത്മാവിന്റെ ശ്രേഷ്ഠത വ്യാസന്‍ പറഞ്ഞു: എല്ലാം പ്രകൃതിയുടെ വികാരഭേദങ്ങളാണ്. ക്ഷേത്രജ്ഞന്‍ അവയിലെല്ലാറ്റിലും ഇരിക്കുന്നു. അവയൊന്നും ക്ഷേത്രജ്ഞനെ (ആത്മാവിനെ) കാണുന്നില്ല. എന്നാല്‍ ക്ഷേത്രജ്ഞന്‍ എല്ലാറ്റിനേയും കാണുന്നു. മനസ്സ് മുതലായ ആറ് ഇന്ദ്രിയങ്ങളാല്‍ ആത്മാവ് കാര്യങ്ങള്‍ ചെയ്യുന്നു. ഒരു സൂതന്‍ അവന്റെ രഥം സുദൃഡമായ അശ്വങ്ങളാല്‍ നല്ല വഴിയിലൂടെ കൊണ്ടുപോകുന്നമാതിരിയാണ് ആത്മാവ് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ടുപോകുന്നത്. ഇന്ദ്രിയങ്ങള്‍ക്കു മേലെയാണ് വിഷയം. വിഷയത്തിനേക്കാള്‍ മേലെയാണ് മനസ്സ്. മനസ്സിനേക്കാള്‍ മേലെയാണ് ബുദ്ധി. ബുദ്ധിക്കു മേലെയാണ് ആത്മാവ്. ആത്മാവിനെ മഹത്ത് എന്നും പറയുന്നു. ആ മഹത്തിനും മേലേയാണ് അവ്യക്തം. അവ്യക്തത്തേക്കാള്‍ മീതെയാണ് അമൃതം ((ബഹ്മം). അമൃതത്തേക്കാള്‍, ബ്രഹ്മത്തേക്കാള്‍, മേലെയായി ഒന്നുമില്ല. അത് ഏറ്റവും അതിരായി നില്ക്കുന്നതാണ്. ഇപ്രകാരം ഭൂതങ്ങള്‍ തോറും ഗൂഢാത്മാവ് തെളിഞ്ഞു കാണപ്പെടുന്നില്ല. എന്നാല്‍, സൂക്ഷ്മദര്‍ശികള്‍ (യോഗികള്‍) അതു സൂക്ഷ്മമായ ബുദ്ധി കൊണ്ടു കാണുന്നു. മനസ്സ് മുതലായ ആറ് ഇന്ദ്രിയങ്ങളും അന്തരാത്മാവില്‍ അലിയുമ്പോള്‍ നാനാ ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ത്ഥങ്ങളും മേധയില്‍ ചിന്തിക്കാതെ, ധ്യാനംകൊണ്ട് അടക്കി മനസ്സ് വിദ്യാസമ്പന്നമാക്കുന്നു. അപ്പോള്‍ അധീശനായി, പ്രശാന്താത്മാവായി, അമൃതമായ പദത്തെ പ്രാപിക്കു ന്നു. ഇന്ദ്രിയങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി സ്മൃതി ഉറക്കാതെ ചലിച്ചുകൊണ്ടിരിക്കുന്ന മര്‍ത്ത്യന്‍ സകലവിധ വശീകരണങ്ങളിലും പെട്ടുപോയി ആത്മാവിനെ നഷ്ടപ്പെടുത്തി മൃത്യുവെ കൈയേല്ക്കുന്നു. എല്ലാ സങ്കൽപവും വിട്ട് സത്വത്തില്‍ ചിത്തത്തെ ഉറപ്പിക്കണം. അങ്ങനെ ചെയ്താല്‍ അവന്‍ കാലഞ്ജരനാകും. പര്‍വ്വതതുല്യം ഉറച്ചവനാകും. യതി ചിത്ത പ്രസാദംമൂലം ശുഭാശുഭങ്ങളെയെല്ലാം ഉപേക്ഷിക്കും. പ്രസന്നാത്മാവായവന്‍ ആത്മാവില്‍ എന്നും ഇരുന്നു സുഖിക്കും. പ്രസാദത്തിന്റെ ലക്ഷണം ഉറക്കത്തില്‍ സുഖമായ സ്വപ്നം പോലെയും കാറ്റില്ലാത്തേടത്തു ദീപനാളം ജ്വലിക്കുന്നത് പോലെയുമാണ്.
ഇപ്രകാരം പുലര്‍ച്ചയ്ക്കും സന്ധ്യയിലും ആത്മാവിനെ ആത്മാവില്‍ നിറുത്തണം. അല്ലാഹാരനായി ശുദ്ധമാനസനായി ഇരിക്കുന്നവന്‍ യോഗത്തില്‍ ആത്മാവില്‍ ആത്മാവിനെ കാണും. ഐതിഹ്യമറ്റതും ആഗമമറ്റതുമായ ഇത് വേദ രഹസ്യമായ കാര്യമാണ്. ആത്മപ്രത്യായികമായ ഇത് അല്ലയോ പുത്രാ! ശാസ്ത്രത്തില്‍ അനുശാസിക്കുന്നു. ഇത് ധര്‍മ്മാഖ്യാനം, സത്യാഖ്യാനം എന്നിവയുടെ സാരമാണ്. പതിനായിരം ഋക്കുകള്‍ ഇട്ടു കടഞ്ഞു നേടിയ അമൃതാണ് ഇത്. തയിരില്‍ നിന്നു വെണ്ണയും, വിറകില്‍ നിന്ന് അഗ്നിയും എന്ന പോലെ വിദ്വാന്മാര്‍ക്കുള്ളതായ ഈ അറിവ് പുത്രന്മാര്‍ക്കു വേണ്ടി എടുത്തതാണ്. പുത്രാ, ബുധന്മാര്‍ക്കുള്ള ഈ ജ്ഞാനം ഹേതുവായി ഉദ്ധരിച്ചതാണ്. ഉണ്ണീ, സ്നാതകന്മാര്‍ക്ക് ഈ ശാസ്ധ്രാനുശാസനം ഉപദേശിക്കാം. എന്നാല്‍ ഇത് ഉപദേശിക്കാന്‍ പറ്റാത്തവരുണ്ട്. ശമം, ദമം, തപസ്സ് ഇവയില്ലാത്തവരോടും, വേദജ്ഞാനമില്ലാത്തവരോടും, ഒന്നിലും തുണയ്ക്കാത്തവരോടും ഇതു പറയരുത്. ഉപദേശിച്ചിട്ടു യാതൊരു ഫലവുമുണ്ടാകയില്ല. അസൂയയുള്ളവന്‍, ആര്‍ജ്ജവമില്ലാത്തവന്‍, പറഞ്ഞാല്‍ അനുസരിക്കാതെ തര്‍ക്കിക്കുന്നവന്‍, ആക്ഷേപ തര്‍ക്കങ്ങളില്‍ സമര്‍ത്ഥന്‍, ഏഷണിക്കാരന്‍ ഇങ്ങനെയുള്ളവരോടും യോഗശാസ്ത്രം ഉപദേശിക്കരുത്.
യോഗത്തില്‍ വിശ്വസിച്ച് അതിനെ ശ്ളാഘിക്കുന്നവന്‍, ശ്ളാഘ്യന്‍, ശാന്തനായും, തപസ്വിയായും വസിക്കുന്നവന്‍ ഇങ്ങനെയുള്ളവന് തന്റെ പ്രിയപുത്രനും തന്റെ കുടെ കൂടിയിരിക്കുന്ന ശിഷ്യനും തുല്യമായി ഈ ഗൂഢമായ ധര്‍മ്മം പറഞ്ഞു കൊടുക്കാം. അന്യരോട് ഒരിക്കലും പറയരുത്. അന്യര്‍ ഉഇത്തരക്കാരല്ലെങ്കില്‍ രത്നം നിറയുന്ന ഭൂമി തന്നാലും ഈ ഗൂഢധര്‍മ്മം ഉപദേശിക്കരുത്. തത്വവിത്തമന്മാര്‍ രത്നം വിളയുന്ന ഭൂമിയേക്കാള്‍ ശ്രേഷ്ഠമായി ഇതിനെ കണക്കാക്കും. വളരെ ഗൂഢമായ അര്‍ത്ഥം അടങ്ങിയതും അദ്ധ്യാത്മവും അതിമാനുഷവുമാണ് ഇത്. മഹര്‍ഷിമാര്‍ കണ്ടതും വേദാന്തത്തില്‍ പുകഴ്ത്തപ്പെട്ടതുമായ അതു ഞാന്‍ നിന്നോട് നീ ചോദിച്ചതനുസരിച്ച് പറയാം. നിന്റെ മനസ്സില്‍ എന്തു സംശയംതോന്നുന്നുവോ, അതു നീ ചോദിച്ചുകൊള്ളുക. നിന്റെ എല്ലാ സംശയങ്ങളും ഞാന്‍ തീര്‍ത്തു തരുന്നുണ്ട്.
അദ്ധ്യായം 247. ശുകാനുപ്രശ്‌നം - മഹാഭൂതാദി തത്വങ്ങളുടെ വിവേചനം - ശുകന്‍ പറഞ്ഞു: അല്ലയോ മുനിസത്തമാ, അദ്ധ്യാത്മത്തെക്കുറിച്ചു വിസ്തരിച്ച് അങ്ങു വീണ്ടും എനിക്കു പറഞ്ഞുതരണം. അദ്ധ്യാത്മം എന്താണ്? അതിന്റെ മാതിരിയെന്താണ്? ഭഗവാനേ, കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹി ക്കുന്നു.
വ്യാസന്‍ പറഞ്ഞു: ഉണ്ണീ, പുരുഷനുള്ളതായ അദ്ധ്യാത്മത്തെപ്പറ്റി പറഞ്ഞു വരാറുള്ളത് ഞാന്‍ നിനക്കു പറഞ്ഞു തരാം. അതിന്റെ വിവരണം നീ കേട്ടുകൊള്ളുക! ഭൂമി, ജലം, തേജസ്സ്, വായു, ആകാശം ഇവയാണ് മഹാഭൂതങ്ങള്‍. സമുദ്രത്തിന് . അലകള്‍ എന്ന പോലെയാണ് മഹാഭുതങ്ങളില്‍ ഭൂതങ്ങള്‍ സ്ഥിതിചെയുന്നത്. സമുദ്രജലവും അതിലെ തിരയും ഒരേ വസ്‌തു തന്നെയാണെങ്കിലും ഓരോ തിരയും വെവ്വേറെ ചലിച്ചു വേറെ രൂപം കാണിക്കുന്നു. അതുപോലെ ഭൂതങ്ങളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. മഹാഭൂതങ്ങളിലുള്ളതെല്ലാം അതിലുമുണ്ട്. ആമ അംഗങ്ങള്‍ നീട്ടി എല്ലാം പുറത്തു കാണിക്കുകയും പിന്നെ എല്ലാ അംഗങ്ങളും തന്നിലേക്കു പിന്‍വലിക്കുകയും ചെയുന്നതു പോലെ മഹാഭൂതങ്ങള്‍ എല്ലാറ്റിലും താഴ്ന്നവയിലും വികാരങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ തന്മയം (അതു തന്നെയാണ്) എല്ലാ ചരാചരങ്ങളും സൃഷ്ടിക്കുന്നതും, പഞ്ചഭൂുതങ്ങള്‍കൊണ്ടുതന്നെ, ലയിക്കുന്നതും പഞ്ചഭൂതങ്ങളില്‍ തന്നെ. ഈ അഞ്ച് മഹാഅത്ഭുതങ്ങളാലും ഭൂതകൃത്തായ ബ്രഹ്മാവ് അവയെ വൃത്യസ്പ മായ തോതില്‍ ചേര്‍ത്തിരിക്കുന്നു. അവയുടെ രൂപവും, അന്ത്യവും ഭിന്നമായിത്തീരുന്നു. അതുകൊണ്ടാണ് ഏകരുപത്തിലല്ലാതെ ഭിന്നരുപത്തില്‍ അവ പ്രതൃക്ഷമായിക്കാണുന്നത്.
ശുകന്‍ പറഞ്ഞു: ശരീരത്തില്‍ അവ ക്രമപ്പെടുത്തി വച്ചിട്ടുള്ളത് എങ്ങനെയാണ് കാണുന്നത്? ഇന്ദ്രിയത്തെയും, അവയുടെ ഗുണത്തെയും മറ്റും അറിയേണ്ടത് എങ്ങനെയാണ്? വ്യാസന്‍ പറഞ്ഞു; ഈ ചോദ്യത്തിന്നു ശരിയായ ഉത്തരം ഞാന്‍ പറഞ്ഞുതരാം. അതു നീ ഏകാഗ്രചിത്തനായി കേള്‍ക്കുക. തത്വം പോലെ നീ ഗ്രഹിക്കുക.
ശബ്ദം, ശ്രോത്രം, സുഷിരം ഇവ മൂന്നും ആകാശ സംഭവമാണ്. പ്രാണന്‍, ചേഷ്ട, സ്പര്‍ശം ഇവ മൂന്നും വായു ഗുണങ്ങള്‍ ആകുന്നു. തേജസ്സ് കൽപിക്കുന്നതാണ് രൂപവും, കണ്ണും, വിപാകവും. പിന്നെ രസവും, രസനയും, സ്നേഹവും ഇവ മൂന്നും ജലഗുണങ്ങളാണ്. ഗന്ധം, ഘ്രാണം, ദേഹം, ഇവ മൂന്നും ഭൂമിഗുണങ്ങളാണ്. ഇവയാണ് ഇന്ദ്രിയ ഗ്രാമവിവര്‍ത്തമായ പാഞ്ചഭൗതികം. കാറ്റില്‍ സ്പര്‍ശവും, നീറ്റില്‍ രസവും ജ്യോതിസ്സില്‍ രൂപവും, നഭസ്സില്‍ ശബ്ദവും, ഭൂവില്‍ ഗന്ധവും. ഇങ്ങനെയാണ് ഗുണങ്ങളുടെ നില. മനസ്സ്, ബുദ്ധി, സ്വഭാവം ഇവ മൂന്നും സ്വയോനിജമാണ്. ഗുണങ്ങളുടെ മാര്‍ഗ്ഗത്തിലൂടെ വന്നവ ഗുണങ്ങളെ അതിക്രമിക്കുകയില്ല. ആമ അംഗങ്ങള്‍ നീട്ടിയതിന് ശേഷം തന്നിലേക്കു തന്നെ അടക്കുന്നതു പോലെ ബുദ്ധി ഇന്ദ്രിയഗ്രാമങ്ങള്‍ സൃഷ്ടിച്ചു തന്നില്‍ അടക്കുന്നു. കാലടിക്കു മീതേയും, ശിരസ്സിനു താഴെയുമായി മുഖ്യമായ ബുദ്ധിയും നില്ക്കുന്നു. ബുദ്ധി അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും, മനസ്സിനും രൂപം നല്കുന്നു. മനസ്സ് ആറാമത്തെയും, ബുദ്ധി ഏഴാമത്തെയും ഇന്ദ്രിയമായിക്കരുതാം. ആത്മാവ് എട്ടാമത്തേതുമാണ്. കണ്ണും ഒരു രൂപത്തെ കാണുന്നു. ഒരു രുപം കാണിച്ചു തരുന്നു എന്നു മാത്രം. മനസ്സ് എന്ന ഇന്ദ്രിയം എപ്പോഴും സംശയിച്ചു കൊണ്ടിരിക്കുന്നു. കണ്ണ് കാണിച്ചു തന്ന വസ്‌തുവിനെ എന്ത് എന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ബുദ്ധിയാണ് തീരുമാനമെടുക്കുന്നത്. മനസ്സു സംശയിച്ച കാര്യത്തില്‍ ബുദ്ധി തീരുമാനം എടുക്കുന്നു. എന്നാല്‍ ആത്മാവ് ഒരു സാക്ഷിയായി നില്ക്കുന്നു. മനസ്സിന്റെ സംശയത്തിലോ, ബുദ്ധിയുടെ തീരുമാനത്തിലോ ആത്മാവിന്നു യാതൊരു പങ്കാളിത്തമോ, ബന്ധമോ, താല്പര്യമോ ഇല്ല. അവയുമായി കൂടിച്ചേരുന്നില്ല. രജസ്സ്, തമസ്സ്, സത്വം എന്നിവ സ്വയോനിജങ്ങളാണ്. അവയുടെ ഗുണങ്ങള്‍ എല്ലാ ഭൂതങ്ങളിലും ഒരുപോലെയുണ്ട്. അവ ജന്മാന്തരങ്ങളില്‍ ആത്മാവില്‍ കര്‍മ്മഗതമായി വന്നതാണ്. അതില്‍ പ്രീതിയോടു കൂടി ആത്മാവില്‍ എന്തു ദര്‍ശിക്കുന്നുവോ, പ്രശാന്തമായ നിലയില്‍ സംശുദ്ധമായ അതിനെ സത്വം എന്ന ഗുണമാണെന്നു ധരിക്കണം. മനസ്സിലും ശരീരത്തിലും സന്താപമുള്ളത് എന്താണോ ഉണ്ടാക്കുന്നത്, അത് രജസ്സാണെന്നു ധരിക്കണം. സമ്മോഹങ്ങള്‍ ചേര്‍ന്ന് അവ്യക്ത വിഷയമായി എന്തു കാണുന്നുവോ അത്, അപ്രതര്‍ക്ക്യവും, അവിജേഞയവുമായ അത് തമസ്സാണെന്നു നോക്കിയറിയണം.
പ്രഹര്‍ഷം, പ്രീതി, ആനന്ദം, സാത്മ്യം, സ്വസ്ഥാത്മ ചിത്തത ഇവ ഉണ്ടാകുന്നു. ഇവ സാത്വികമായ ഗുണമാണ്. അഭിമാനം, പാഴ്‌വാക്ക്, ലോഭം, വ്യാമോഹം, ക്ഷമയില്ലായ്മ ഇവ കാരണമായും അകാരണമായും ഉണ്ടാകും. ഇവ രജസ്സിന്റെ ലക്ഷണങ്ങളാണ്. മോഹം, പ്രമാദം, മടി, ഉറക്കം, ഉണരാതെ കിടക്കുക ഇവ വല്ലപാടും വന്നുചേരുന്നു. ഈ ഗുണത്തെ തമോഗുണം എന്നു പറയുന്നു.
അദ്ധ്യായം 248. ശുകാനുപ്രശ്‌നം - ബുദ്ധിയുടെ ശ്രേഷ്ഠതയും പ്രകൃതി പുരുഷ വിവേകവും - വ്യാസന്‍ പറഞ്ഞു; മനസ്സ് അനവധി ഭാവത്തെ ഉണ്ടാക്കുന്നു. ബുദ്ധി അതില്‍ ഒന്നു തീര്‍ച്ചപ്പെടുത്തുന്നു. ഹൃദയം പ്രിയത്തേയും അപ്രിയത്തേയും വേര്‍തിരിച്ചറിയുന്നു. ഇങ്ങനെ മൂന്നുവിധമാണ് കര്‍മ്മത്തി ലുള്ള പ്രചോദനം. ഇന്ദ്രിയങ്ങള്‍ക്കു മേലെയാണ് അര്‍ത്ഥം (ഇന്ദ്രിയങ്ങള്‍ അനുഭവിക്കുന്നതായ വസ്തു). അര്‍ത്ഥത്തേക്കാള്‍ മീതെയാണ് മനസ്സ്, മനസ്സിനും മേലെയാണ് ബുദ്ധി. ബുദ്ധിക്കും മേലെയാണ് ആത്മാവ്. സാധാരണഗതിയില്‍ മനുഷ്യന് ബുദ്ധിയാണ് ആത്മാവ്. ബുദ്ധി ആത്മാവില്‍ ഭാവത്തെ വികരിക്കുമ്പോള്‍ അത് മനസ്സായിത്തീരുന്നു. ഇന്ദ്രിയങ്ങള്‍ പലതരത്തില്‍ നില്ക്കുമ്പോഴുണ്ടാകുന്ന വികാരം ബുദ്ധിയേല്ക്കുന്നു. കേള്‍ക്കുമ്പോള്‍ ബുദ്ധി ചെവിയായിത്തീരുന്നു. തൊടുമ്പോള്‍ ബുദ്ധി സ്പര്‍ശമായിത്തീരുന്നു. കാണുമ്പോള്‍ ബുദ്ധി കണ്ണായിത്തീരും. രസം ഏല്ക്കുമ്പോള്‍ ബുദ്ധി നാക്കായിത്തീരുന്നു.ഘ്രാണിക്കുമ്പോള്‍ ബുദ്ധി മൂക്കായിത്തീരുന്നു. ഇങ്ങനെ ബുദ്ധി വേറെ വേറെ വികാരമായി രൂപാന്തരം പ്രാപിക്കുന്നു. ബുദ്ധിയുടെ ഈ രൂപാന്തര പ്രാപ്തിയാണ് ഇന്ദ്രിയമെന്നു പറയുന്നത്. ഇവയ്ക്കെല്ലാം മേലെയായി അദ്യശൃമായി ആത്മാവ് സ്ഥിതി ചെയ്യുന്നു. ബുദ്ധി ശരീരത്തില്‍ മൂന്നു രൂപത്തില്‍ നില്ക്കുന്നു. അവ സത്വരജസ്സ്തമോ ഗുണങ്ങളാണ്. ചിലപ്പോള്‍ അത് ഹര്‍ഷിക്കും. ചിലപ്പോള്‍ അതു ദുഃഖിക്കും. ചിലപ്പോള്‍ രണ്ടുമല്ലാത്ത നിലയിലിരിക്കും. ഈ ഭാവാത്മികത, ബുദ്ധി ഈ മൂന്നു ഭാവം വിട്ടു കടക്കുന്നു. പുഴകള്‍ക്കു നാഥനായ സമുദ്രം തന്നില്‍ വന്നു വീഴുന്ന പുഴകളുടെ ഒഴുക്കിന്റെ ശക്തി തടുത്തു നില്ക്കുന്നതു പോലെയാണത്.
ബുദ്ധി എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് മനസ്സായിത്തീരും. ഇന്ദ്രിയങ്ങളെല്ലാം ബുദ്ധിയില്‍ സ്ഥിതി ചെയ്യുന്നു. മേദ്ധ്യങ്ങളായ ഇന്ദ്രിയങ്ങളെയെല്ലാം നിശ്ശേഷം ജയിക്കണം. ഏതേത് ഇന്ദ്രിയങ്ങള്‍ എപ്പോള്‍ ബുദ്ധിയില്‍ ഏല്ക്കുന്നുവോ അതാത് അപ്പോള്‍ മനസ്സില്‍ അങ്ങനെയുളള നിലയിലായിത്തീരുന്നു. ഇപ്രകാരമാണ് ഓരോ ഇന്ദ്രിയവും ഓരോ ഭാവവും പൂണ്ടു കാണുന്നത്. സത്വരജസ്തമോഗുണങ്ങള്‍ മൂന്നും മനസ്സിനോടും ബുദ്ധിയോടും ചേതനയോടും ചേര്‍ന്നു നില്‍ക്കുന്നു. തേരിന്റെ ചക്രത്തില്‍ അഴികള്‍ എന്ന പോലെ അതില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ബുദ്ധിയോടു ചേര്‍ന്ന് ഇന്ദ്രിയങ്ങളാല്‍ മനസ്സ് പ്രകാശിക്കണം. അത് പരമാത്മാവിനെ കുറിച്ചുളള ജ്ഞാനത്തിന്റെ വെളിച്ചം പരത്തും. യോഗികള്‍ യോഗത്താല്‍ ഈ ജ്ഞാനം സാധിക്കുന്നു. പ്രപഞ്ചത്തിന്റെ സ്വഭാവമിങ്ങനെയാണ്. ദുഃഖിക്കാതെയും സന്തോഷിക്കാതെയും നിത്യവും മത്സരം വിട്ടു നില്ക്കുന്നവന്‍ ഇത് പ്രകൃതി സ്വഭാവമാണെന്നറിഞ്ഞ് മോത്തില്‍ പെടുന്നില്ല. കാമത്തില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ കൊണ്ടു തെരച്ചില്‍ നടത്തിയാല്‍ ആത്മാവിനെ കണ്ടു കിട്ടുകയില്ല. അകൃതാത്മാക്കള്‍ അനഘമായ ദുഷ്കര കര്‍മ്മങ്ങള്‍ ചെയ്താലും ആത്മാവിനെ കണ്ടു കിട്ടുന്നതല്ല. എപ്പോഴാണോ ഇന്ദ്രിയങ്ങളെ ഉള്ളു കൊണ്ട് അടക്കുന്നത്. അപ്പോള്‍ വെളിച്ചത്തിന്റെ മുമ്പില്‍ വസ്തുക്കള്‍ തെളിയുന്ന മട്ടില്‍ ആത്മാവിനെ കാണാന്‍ കഴിയും. ഇരുട്ടുനീങ്ങുമ്പോള്‍ സര്‍വ്വജീവികളെയും പ്രത്യക്ഷമായി കാണുന്നതു പോലെ. അജ്ഞാനത്തിന്റെ ഇരുട്ടു നീങ്ങിയാല്‍ പരമാത്മാവിനെ കാണുവാന്‍ കഴിയും. വെള്ളത്തില്‍ നീന്തിക്കളിക്കുന്ന പക്ഷികളുടെ ചിറകും തൂവലും വെള്ളം പററാത്ത വിധം സ്നിഗ്ദ്ധതയുള്ളതു കൊണ്ട്, വെള്ളവുമായി ചേരുന്നില്ല. അതുപോലെ വിമുക്താത്മാവായ യോഗി ഗുണത്തേയും ദോഷത്തെയും സ്‌പര്‍ശിക്കുന്നില്ല. ഇപ്രകാരം കൃതപ്രജ്ഞനും ദോഷം വിട്ട് വിഷയത്തെ അനുഗമിക്കുന്നവനും ഒന്നിലും സക്തിയില്ലാത്തവനുമായ യോഗി ഒരു ഗുണത്താലും ദോഷത്താലും ലിപ്തനാവുകയില്ല.
പൂര്‍വ്വകര്‍മ്മം വിട്ട് രതി ആത്മാവില്‍ ചെന്നവന്, സര്‍വ്വ ഭൂതാത്മഭൂതന്ന്, ഗുണനിസ്സംഗന്ന് അപ്പോള്‍ ആത്മാവ് സത്വത്തില്‍ എത്തും. ഗുണങ്ങള്‍ക്ക് ആത്മബോധം എന്നത് ഇല്ല. എന്നാല്‍ അവന്‍ (ആത്മാവ്) ഗുണങ്ങളെ കാണുന്നു. ബുദ്ധിയും ആത്മാവും തമ്മിലുള്ള വൃത്യാസം ഇതാണ്. ഒരാള്‍ സൃഷ്ടിക്കുന്നു; അപരന്‍ അതു ചെയ്യുന്നില്ല. ഇതാണ് ബുദ്ധിയും ആത്മാവും തമ്മിലുള്ള അന്തരം. രണ്ടും അഗ്രാഹൃമാണ്. പിടിക്കാന്‍ പറ്റാത്തതാണ്. എങ്കിലും ഒരാള്‍ ഗുണങ്ങളുണ്ടാക്കുന്നു. മറ്റേവന്‍ ഗുണങ്ങളെ സൃഷ്ടിക്കുന്നില്ല. സ്വഭാവേന രണ്ടുപേരും വൃത്യസ്തരാണെങ്കിലും അവര്‍ തമ്മില്‍ച്ചേര്‍ന്നവരുമാണ്. വെള്ളവും മത്സ്യവും വേറെയാണെങ്കിലും വെള്ളത്തില്‍ മത്സ്യം ചേര്‍ന്നു നില്ക്കുന്നു. അപ്രകാരം ആത്മാവും ബുദ്ധിയും ചേര്‍ന്നു നില്ക്കുന്നു. അതു പോലെ സത്വവും ക്ഷേത്രജ്ഞനും ചേര്‍ന്നു നില്ക്കുന്നു. മിന്നാമിനുങ്ങും കരശുമരവും ചേര്‍ന്നു നില്ക്കുന്ന മാതിരിയും, ഇഷീകയും മുഞ്ജവും വേറെയാണെങ്കിലും ഒന്നായി ചേര്‍ന്ന പ്രകാരവും, സത്വഗുണവും ക്ഷേത്രജ്ഞനും ഒന്നായി ചേര്‍ന്നു നില്ക്കുന്നു.
അദ്ധ്യായം 249. ശുകാനുപ്രശ്‌നം - ആത്മജ്ഞാനമാണു യഥാര്‍ത്ഥ ജ്ഞാനം - വ്യാസന്‍ പറഞ്ഞു: ബുദ്ധി ഗുണങ്ങളെ സൃഷ്ടിക്കുന്നു. എല്ലാ ഗുണവികാരങ്ങളിലും ഈശ്വരനായ ക്ഷേത്രജ്ഞന്‍ ഒന്നിലും ലിപ്തനാകാതെ ഉദാസീനനെപ്പോലെ നില്ക്കുന്നു. സ്വഭാവമൊത്താണ് ബുദ്ധി ഈ ഗുണങ്ങളെയൊക്കെ സൃഷ്ടിക്കുന്നത്. മാറാമ്പലിനെ ഈറാമ്പുലി തന്റെ ദേഹജമായ വസ്തു കൊണ്ട് എന്ന പോലെ ബുദ്ധി ഗുണങ്ങളെ തന്നിലുള്ള ഗുണത്താല്‍ ഉണ്ടാക്കുന്നു. ഉടച്ചാല്‍ അത് ഒഴിയുകയില്ല. പ്രവൃത്തി അറിയപ്പെടുകയുമില്ല. ചിലര്‍ അതില്‍ ഉറച്ചുനില്ക്കുകയും ചിലര്‍ അതില്‍ നിന്നു പിന്‍തിരിയുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. രണ്ടുംകൂടി ചിന്തിച്ച് ബുദ്ധി പോലെ ഒന്നില്‍ ഉറയ്ക്കണം. ഈ നിലയില്‍ ആത്മാവിനെ ആശ്രയിക്കുന്നതാണ് മഹത്വത്തിന്റെ ലക്ഷണം. ആത്മാവ് അനാദ്യന്തനാണെന്ന് അറിഞ്ഞു നടക്കണം. ക്രോധിക്കരുത്, സന്തോഷിക്കരുത്, മത്സരം പാടില്ല. ഇപ്രകാരം ഹൃദയത്തിന്റെ കെട്ട്, ചിന്താമയമായ ബുദ്ധി, ഇവയൊക്കെ തീര്‍ച്ചയായും അനിത്യമാണെന്നറിഞ്ഞ് സംശയം വിട്ട്, സുഖമായി, ദുഃഖം വിട്ട് വാഴുക. ഭൂമി വിട്ട് മര്‍ത്ത്യന്‍ വെള്ളം നിറഞ്ഞ ആറ്റില്‍ വീണു മുങ്ങിപ്പോയാല്‍ കുഴങ്ങുന്നതു പോലെ അവിദ്വാന്മാര്‍ കുഴങ്ങും. അങ്ങനെയാണ് ഈ ലോകത്തിലെ കഥ. കരയില്‍ നടക്കുന്നവന്‍ കുഴങ്ങുന്നില്ല. തത്ത്വജ്ഞനായ വിദ്വാന്‍, ആത്മാവിനെ സ്വാത്മജ്ഞാനമായി കണ്ട ജ്ഞാനി, കരയില്‍ കയറിയവനെപ്പോലെ. കുഴങ്ങുന്നതല്ല.
ഇപ്രകാരം നരന്‍ സര്‍വഭൂതങ്ങളുടെയും ഗതാഗതങ്ങളെ കണ്ടറിഞ്ഞ് വൈഷമ്യത്തെ മനസ്സിലാക്കി, ഉത്തമമായ ശമം നേടുന്നു. ഇതാണ് ജന്മസാമര്‍ത്ഥ്യം. വിശേഷിച്ചും ബ്രാഹ്മ ണന്ന് ആത്മജ്ഞാനം, ശമം ഇവയാണ് അവലംബനം. ശുദ്ധന് വേറെ എന്താണ് ബുധലക്ഷണം? ഇത്. ശരിയായി അറിഞ്ഞ കൃതകൃത്യന്മാരായ മനീഷികള്‍ മുക്തരാകുന്നു.
ബുധന്ന് പരത്തില്‍ വലിയ ഭയം വരികയില്ല. അവിദ്വാനു വലിയ ഭയം വന്നു കൂടുകയും ചെയ്യും. ബുധന്‍ അതില്‍ അതിശാശ്വതമായ ഗതിയെ പ്രാപിക്കുന്നു. അത് മറ്റാര്‍ക്കും ലഭിക്കയില്ല.
ദുഃഖിക്കുന്നവരെപ്പറ്റി ജനങ്ങള്‍ ആക്ഷേപങ്ങള്‍ പറയും. അതാതു നില കണ്ട് ദുഃഖിക്കുകയും ചെയ്യും. രണ്ടുതരം കൃതാകൃതജ്ഞരെ, അഴല്‍ ബാധിക്കാത്തവരായ യോഗ്യരെ, കണ്ടുകൊള്ളുക. ഫലത്തില്‍ ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണം. പൂര്‍വ്വകര്‍മ്മഫലത്തെ തൃജിക്കണം. അങ്ങനെ ചെയ്യുന്നവനെ, ഈ ജന്മത്തേയും കഴിഞ്ഞ ജന്മത്തേയും ഫലങ്ങളെ വിട്ടവനെ, മോക്ഷത്തിലെത്തിക്കും.
അദ്ധ്യായം 250. ശുകാനുപ്രശ്‌നം - പരമാത്മപ്രാപ്തിക്കുള്ള സാധനം - ശുകന്‍ പറഞ്ഞു: ഏതു ധര്‍മ്മത്തിലും മേലെയായി ഒരു ധര്‍മ്മവും ഇല്ലയോ ധര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായ ആ ധര്‍മ്മ ത്തെ എനിക്ക് ഉപദേശിച്ചാലും.
വ്യാസന്‍ പറഞ്ഞു: പണ്ടേ തന്നെ മുനികള്‍ കൽപിച്ചതായ ധര്‍മ്മം എന്തൊക്കെയാണെന്ന് നിന്നോടു ഞാന്‍ പറയാം. അതു നീ മനസ്സു വച്ച് കേള്‍ക്കുക. ഈ പറയുന്നത് എല്ലാ ധര്‍മ്മത്തിലും വെച്ചു ശ്രേഷ്ഠമായ ധര്‍മ്മമാണ്.
എപ്പോഴും മനസ്സിനെ മഥിക്കുന്ന ഇന്ദ്രിയങ്ങളെ ബുദ്ധിയാല്‍ യത്നം ചെയ്തു കീഴടക്കണം. ആത്മവാനായ പുരുഷന്‍ അതാണു വേണ്ടത്. കണ്ടതിലൊക്കെ ചാടുന്ന കുട്ടികളെ അച്ഛന്‍ നിലയ്ക്കു നിര്‍ത്തുന്ന മാതിരി നിര്‍ത്തണം. മനസ്സിന്നും ഇന്ദ്രിയങ്ങള്‍ക്കും ഏകാഗ്രത എന്നതാണ് ഏറ്റവും മഹത്തായ തപസ്സ് എന്നു പറയുന്നത്. സര്‍വ്വധര്‍മ്മത്തിലും ശ്രേഷ്ഠമാണ്, മുഖ്യമാണ് അത്. ആറാമത്തെ ഇന്ദ്രിയമാണ് മനസ്സ്. അഞ്ചിന്ദ്രിയങ്ങളേയും മനസ്സിനേയും മേധ കൊണ്ട് അടക്കി ആത്മതൃപ്തനെപ്പോലെ ചിന്തകളെല്ലാം വെടിഞ്ഞിരിക്കുക.
ഇന്ദ്രിയങ്ങള്‍ വിഷയങ്ങളെവിട്ട് എപ്പോള്‍ അവയുടെ വേശ്മത്തില്‍ നില്ക്കുന്നുവോ, അപ്പോള്‍ ആത്മാവില്‍ ശാശ്വതമായ പരമാത്മാവിനെ കാണാം. സര്‍വ്വാത്മാവായ മഹാത്മാവിനെ പുകയില്ലാത്ത അഗ്നി പോലെ ആര് കാണുന്നുവോ, മഹാത്മാക്കളായ ആ ബ്രാഹ്മണര്‍ മനീഷികളാണ് തീര്‍ച്ച!
പൂത്തും കാച്ചും കൊമ്പ് വാച്ചും നില്ക്കുന്ന ഒരു വലിയ വ്യക്ഷം തന്റെ ആത്മാവില്‍ എവിടെയാണ് തന്റെ പുഷ്‌പം, എവിടെയാണു തന്റെ ഫലം എന്നതറിയുന്നില്ല. അപ്രകാരം ഞാന്‍ എങ്ങോട്ടു പോകുന്നു എവിടെ നിന്ന് ഞാന്‍ വന്നു എന്നൊന്നും മനസ്സ് അറിയുന്നില്ല. വേറെയുണ്ട് ഒരന്തരാത്മാവ്, അവന്‍ എല്ലാം അറിയുന്നുണ്ട്. ആത്മാവില്‍ ആ ആത്മാവിനെ പ്രകാശിക്കുന്ന, ജ്ഞാനമാകുന്ന വിളക്കു കൊണ്ടേ കാണാന്‍ കഴിയൂ. അങ്ങനെ ആത്മാവില്‍ ആത്മാവിനെ കാണുന്നവന്‍ സര്‍വ്വജ്ഞനാണ്, നിരുപാധികനാണ്.
ഉറ ഈരിയ പാമ്പിനെപ്പോലെ തന്റെ പാപത്തിന്റെ ഉറയൊക്കെ ഊരിപ്പോയ പുരുഷന്‍, സകല അഘങ്ങളും നശിച്ച പുരുഷന്‍, ശ്രേഷ്ഠമായ ബുദ്ധിയോടെ സകല പാപവും വിട്ട് അല്ലല്‍ തീര്‍ന്നവനായി വിളങ്ങുന്നു.
ഒഴുക്ക് സര്‍വ്വ ദിക്കിലും വാച്ചതും, ലോകത്തെ വഹിക്കുന്നതുമായ ഒരു മഹാനദി ഒഴുകുന്നുണ്ട്. അതില്‍ പഞ്ചേന്ദ്രിയങ്ങളായ മുതലകള്‍ മുങ്ങിക്കുളിക്കുന്നു. മനസ്സിന്റെ സങ്കല്പമാണ് ആ നദിയുടെ തീരം. അവിടെ ലോഭമോഹങ്ങളാകുന്ന പുല്ല് പടര്‍ന്നു കാണുന്നു. അതിന്റെയുള്ളില്‍ കാമക്രോധങ്ങളാകുന്ന സര്‍പ്പങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. ആ നദിയില്‍ സത്യമാകുന്ന തീര്‍ത്ഥമുണ്ട്. അനൃതവും ക്രോധവും ക്ഷോഭവുമാകുന്ന ചേറു നിറഞ്ഞതാണ് അതിന്റെ മിക്ക ഭാഗവും. അവ്യക്തോത്ഭവമാണ് ആ നദി. അത് എന്ന് എവിടെ നിന്ന് ഉത്ഭവിച്ചു എന്ന് ആര്‍ക്കും പറയുവാന്‍ പറ്റുകയില്ല. ഭയങ്കരമായ ശക്തിയോടെയാണ് അതു പ്രവഹിക്കുന്നത്. അകൃതാത്മാക്കള്‍ക്ക്, അജ്ഞാനികള്‍ക്ക് കടക്കുവാന്‍ പറ്റാത്തതാണ് ആ മഹാനദി. ആ മഹാനദിയെ ഹേ പുത്രാ, നീ തരണം ചെയ്യുക. കാമക്രോധസമാകുലമായ ആ നദിയെ ബുദ്ധിയാല്‍ നീ തരണംചെയ്യുക.
സംസാരമാകുന്ന കടല്‍ പരന്നു കിടക്കുന്നു. അതിനെ തരണം ചെയ്യുവാന്‍ എളുപ്പമല്ല. യോനിയാകുന്ന പാതാളം മൂലം അതിനെ കടക്കുവാന്‍ കഴിയാത്ത പുരുഷന്‍ ആ പാതാളക്കുണ്ടില്‍ വീണുപോകുന്നു. ആത്മകര്‍മ്മോത്ഭവമാണ് ജനത്തിന്റെ ഗതി. ജിഹ്വയാകുന്ന ചുഴിയില്‍പ്പെട്ടാല്‍ കയറുവാന്‍ പറ്റുകയില്ല. ആ സമുദ്രം പിടിച്ച് വിഴുങ്ങിക്കളയും. ഈ മഹാസമുദ്രം സുപ്രജ്ഞന്മാരും ധീരന്മാരുമായ മനീഷികള്‍ കടക്കുന്നു. ആ മഹാസമുദ്രം കടന്നു കയറിയാല്‍ അവന്‍ മുക്തനായി. ധൃതാത്മാവും ആത്മവാനും ശുചിയുമായ അവന്‍ മുഖ്യമായ ബുദ്ധി പൂണ്ടവനാണ്. അങ്ങനെയുള്ള ബുദ്ധിമാന്‍ ബ്രഹ്മമായി ഭവിക്കും.
സംസാരമൊക്കെ കയറി പ്രസന്നാത്മാവായി കല്മഷമറ്റ നീ കുന്നിന്മേല്‍ കയറിയവനെ പോലെ ഉയരത്തില്‍ നിന്ന് താഴെ നില്ക്കുന്ന ഭൂതങ്ങളെ നോക്കി ക്കാണുക. ക്രോധിക്കാത്തവനും നൃശംസമതി വിട്ടവനുമായ നിനക്ക് അവിടെ നിന്ന് പിന്നെ സര്‍വഭൂതപ്രക്ഷയങ്ങള്‍ കാണാം. എല്ലാ ഭൂതത്തേക്കാളും മീതെയാണ് ഈ ധര്‍മ്മമെന്ന് ബുധന്മാര്‍, ധര്‍മ്മജ്ഞ മുഖ്യന്മാര്‍, തത്വം കാണുന്ന മഹര്‍ഷികള്‍ പരിഗണിക്കുന്നു.
ഉണ്ണീ, പ്രശസ്മമായ ഈ ആത്മവിജ്ഞാനം പ്രയതാത്മാക്കള്‍ക്ക്, പുണ്യാത്മാക്കള്‍ക്ക്, പറഞ്ഞു കൊടുക്കേണ്ടതാണ്. ഹിതമായി കൂടെ നില്ക്കുന്ന പരിശുദ്ധാത്മാക്കള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടുന്ന അനുശാസനമാണ്.
ഇത് പരമരഹസ്യമായ ആത്മജ്ഞാനമാണ്. എല്ലാ ഗോപ്യത്തിലുംവെച്ച് ഉത്തമമാണ്. ഇത് ആത്മസാക്ഷികമായി ഞാന്‍ നിന്നോടു പറഞ്ഞു തന്നു. ഇതു പെണ്ണല്ല ആണല്ല നപുംസമല്ല. അദുഃഖവും അസുഖവുമായ, ഭൂതഭവ്യാത്മകമായ ബ്രഹ്മമാണിത്. അതറിഞ്ഞാല്‍ പെണ്ണും ആണ്ണും പിന്നെ ജന്മത്തെ പ്രാപിക്കുന്നതല്ല. ജന്മമില്ലാതാക്കുവാനാണ് ഈ ധര്‍മ്മം വിധിക്കുന്നത്. മതങ്ങളെല്ലാം എപ്രകാരമാണോ അപ്ര കാരം ഇവയെല്ലാം ഞാന്‍ ഉണ്ണീ, പറഞ്ഞുവെച്ചു. ഇക്കാണുന്നതൊക്കെ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു.
പ്രിയപ്രയുക്തനും ഗുണങ്ങള്‍ ചേര്‍ന്നവനുമായ സല്‍പുത്രാ, നല്ല പോലെ ദമമുള്ളവനായ പുത്രന്‍ ചോദിച്ചാല്‍ പ്രിതിയോടെ പുത്രനോടു പറയേണ്ടതായ കാര്യം അര്‍ഹിക്കുന്ന നിനക്ക് ഞാന്‍ പറഞ്ഞു തന്നു.
അദ്ധ്യായം 251. ശുകാനുപ്രശ്‌നം - ബ്രാഹ്മണന്റെ ലക്ഷണവും ബ്രഹ്മ്രപ്രാപ്തിക്കുള്ള ഉപായവും - വ്യാസന്‍ പറഞ്ഞു: നല്ല സൌരഭ്യം, നല്ല രസമായ ഭക്ഷ്യവസ്തുക്കള്‍, മറ്റു സുഖസാധനങ്ങള്‍, ആഭരണങ്ങള്‍ മുതലായവയില്‍ ആസക്തി പാടില്ല. അലംഭാവം മൂലം അവയെ തള്ളുകയുമരുത്. മാനം, പേര്, കീര്‍ത്തി എന്നിവയേയും ആഗ്രഹിക്കരുത്. ഇതായിരിക്കണം വിജ്ഞാനിയായ ബ്രാഹ്മണന്റെ സ്വഭാവം. ശുശ്രൂഷിക്കുന്നവനായ ഒരു ബ്രഹ്മചാരി എല്ലാ വേദവും പഠിക്കണം. ഋക്ക്, യജുസ്സ്, സാമം, അധര്‍വ്വണം എന്നീ വേദങ്ങള്‍ അറിയാത്തവന്‍ ദ്വിജനാവുകയില്ല. സര്‍വ്വഭൂതങ്ങളുടെയും ജ്ഞാതിയുടെ മട്ടിലാണ് സര്‍വ്വജ്ഞനും വേദവിത്തമനുമായ ദ്വിജന്‍. അകാമനായ ആ ദ്വിജനെ മൃത്യു ബാധിക്കയില്ല. ജനനമരണങ്ങളെ ജയിച്ചവനാണ് അവന്‍. പല പ്രകാരത്തില്‍ ഇഷ്ടിയും, ദക്ഷിണാഢ്യങ്ങളായ ക്രതുവുമൊക്കെ ചെയ്യുവാന്‍ പങ്കാളിയായാലും നിശ്ചിതമായ നിയമത്തിന്നനുസരിച്ച് പ്രവര്‍ത്തിക്കാതെ (വിധാനം കുടാതെ) അവന്‍ ബ്രാഹ്മണൃത്തെ ഒരിക്കലും സമ്പാദിക്കുകയില്ല. ആരെയും ഭയപ്പെടേണ്ടതില്ല. താന്‍ ആര്‍ക്കും ഭയമുണ്ടാക്കുവാനും പാടില്ല. എപ്പോള്‍ ഇച്ഛ ഒരുവന്‍ നിശ്ശേഷം വിടുന്നുവോ, ദ്വേഷം നിശ്ശേഷം മനസ്സ് ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മമാകും.
ഒരു ഭൂതത്തിലും പാപഭാവം ചെയ്യാതിരിക്കുന്നത് എപ്പോഴോ മനസാ വാചാ കര്‍മ്മണാ പാപം ചെയ്യാത്തവന്‍, അപ്പോള്‍ ബ്രഹ്മമായിത്തീരുന്നു. കാമബന്ധനമൊന്നും കൂടാതെ വേറെയൊന്നുമില്ല ഇഹത്തില്‍ ബന്ധനം. കാമബന്ധനം അറ്റവന്‍ ബ്രഹ്മമായിച്ചമയും. കാമം വിട്ടവന്‍ ഇരുണ്ട മേഘാം വിട്ട ചന്ദ്രനെപ്പോലെ വിരജസ്സായി, കാലത്തിന്റെ ആഹ്വാനം കാംക്ഷിച്ച് ധീരന് ധൈര്യമായി വാഴുന്നു. വെള്ളം നിറഞ്ഞ് നിശ്ചലമായി നില്ക്കുന്ന കടലിനുള്ളില്‍ വെള്ളം ഒഴുകി വന്നെത്തുന്ന മാതിരി ആരില്‍ കാമം എത്തുന്നുവോ, അവന്‍ ശമം നേടുന്നു. കാമത്തെ അന്വേഷിച്ച് നടക്കുന്നവന്‍ ഒരിക്കലും ശമം നേടുകയില്ല. അവന്‍ കാമങ്ങളാല്‍ അനുഗൃഹീതനാകുന്നു. കാമത്താല്‍ സ്വര്‍ഗ്ഗം നേടുന്ന ദേഹിയാകുന്നു.
വേദത്തിന്റെ കാതലായിട്ടുള്ളത് സത്യമാണ്. സത്യത്തിന്റെ കാതല്‍ ദമമാകുന്നു. ദമത്തിന്റെ കാതല്‍ ദാനമാകുന്നു. ദാനത്തിന്റെ കാതല്‍ തപമാകുന്നു. തപസ്സിന്റെ കാതല്‍ ത്യാഗമാകുന്നു. ത്യാഗത്തിന്റെ കാതല്‍ സുഖമാകുന്നു. സുഖത്തിന്റെ കാതല്‍ സ്വര്‍ഗ്ഗമാകുന്നു. സ്വര്‍ഗ്ഗത്തിന്റെ കാതല്‍ ശമമാകുന്നു. ശോകം, ചിത്തക്ലേദനം, സന്താപം, തൃഷ്ണ ഇവയെ നശിപ്പിക്കുക, സത്വത്തെ സസന്തോഷം ചിന്തിക്കുക എന്നതാണ് ഉത്തമമായ ശാന്തിയുടെ ലക്ഷണം.
ശോകം വിട്ടവന്‍, നിര്‍മ്മമന്‍, ശാന്തന്‍, പ്രസന്നാത്മാവ്, അമത്സരന്‍, ഇങ്ങനെ ആറു ലക്ഷണങ്ങളോടു കൂടിയവന്‍ സമ്പൂര്‍ണ്ണനാകുന്നു. ആറു സത്വഗുണം ചേരുന്ന പ്രാജ്ഞന്‍ ആത്മാവിനെ ഗുണത്തോടെ കാണും. അകൃത്രിമവും, അസംഹാര്യവും, പ്രാകൃതവും, നിരൂപസ്കരവുമായി സുകൃതമായ അദ്ധ്യാത്മം പൂണ്ടവന്‍ അക്ഷയമായ സുഖത്തെ പ്രാപിക്കും. എന്നും മനസ്സ് ചുറ്റാതെയാക്കി ഉന്നിയിരുത്തുകയാണെങ്കില്‍ അപ്പോള്‍ ആത്മാവിന് ലഭിക്കുന്ന തുഷ്ടി മറ്റു വിധത്തില്‍ ലഭിക്കയില്ല. ഉണ്ണാത്തവന്ന് തൃപ്തി നല്കുന്നതും, ദരിദ്രന് തൃപ്തി നല്കുന്നതും, നിസ്നേഹനെ ബലവാനാക്കുന്നതും ഏതാണോ, അത് അറിഞ്ഞവന്‍ വേദവിത്തമനാകുന്നു. ആത്മദ്വാരങ്ങള്‍ മറയുമാറ് മൂടി ചിന്തയൊക്കെ വിട്ട് ശിഷ്ടനായ ബ്രാഹ്മണന്‍ ആത്മരതിയാണ്. പരതന്ത്രത്വാസക്തനായി കാമം തീര്‍ന്നവനായ ഒരുത്തനെ എങ്ങും സുഖം ചന്ദ്രബിംബത്തെ എന്ന പോലെ പിന്‍തുടരും. ഭൂതഗുണജാലങ്ങളെ നിര്‍വ്വിശേഷം കൈവിട്ട മുനി അര്‍ക്കനാല്‍ ഇരുട്ട് നീങ്ങുന്നതു പോലെ സുഖത്താല്‍ ദുഃഖമറ്റവനാകുന്നു. കര്‍മ്മം കടന്ന് ഗുണക്ഷയം കയറി നിന്നാല്‍ വിഷയാശ്ലിഷ്ടനായ വിപ്രനെ ജരാമൃത്യുക്കള്‍ ബാധിക്കുന്നതല്ല. സര്‍വ്വമുക്തനും സമനുമായി അവന്‍ നില്ക്കുന്നതായാല്‍, അപ്പോള്‍ ഇന്ദ്രിയത്തേയും വിഷയത്തേയും ദേഹി വിട്ടുകേറും. പരമകാരണത്തെ പ്രാപിച്ച് കാര്യത്വം വിട്ടുനിന്നാല്‍. അവന്‍ പരമമായ പദം പ്രാപിക്കും. പിന്നെ ഇഹത്തിലേക്കു തിരിച്ചുവരുന്നതല്ല.
അദ്ധ്യായം 252. ശുകാനുപ്രശ്നം - പഞ്ചഭൂതങ്ങളും അവയുടെ ഗുണങ്ങളും - വ്യാസന്‍ പറഞ്ഞു: ദ്വന്ദങ്ങളായ അര്‍ത്ഥധര്‍മ്മങ്ങള്‍ ചെയ്യുന്ന മോക്ഷകാംക്ഷിയായ ശിഷ്യനെ, ഗുണവാനും, വേദജ്ഞാനിയുമായ ആചാര്യന്‍ മഹത്വമേറിയ ഈ തത്വം ഗ്രഹിപ്പിക്കണം.
ആകാശം, വായു, തേജസ്സ്, വെള്ളം, ഭൂമി, ഇവയഞ്ചും, ഭാവവും, അഭാവവും, കാലവും, എല്ലാ ഭൂതങ്ങള്‍ക്കുമുണ്ട്. ആകാശം ശൂന്യമായ ഇടമാണ്. അതില്‍ (തന്മയമായി) ശ്രവണേന്ദ്രിയം സ്ഥിതി ചെയ്യുന്നു. അതിന്റെ (ആകാശത്തിന്റെ) ഗുണമാണ് ശബ്ദം. മൂര്‍ത്തി ശാസ്ത്രജ്ഞന്‍ അറിയേണ്ടതാണിത്. ചരണം മാരുതാത്മാവാണ്. പ്രാണാപാനങ്ങള്‍ അതില്‍ (തന്മയമായി) സ്ഥിതിചെയ്യുന്നു. സ്പര്‍ശനം, ത്വക്കിന്റെ ഗുണമാണ്. അത് വായുവിന്റെ ഗുണമാണ്. താപം, ജഠരാഗ്നി, വെളിച്ചം, ചൂട്, കണ്ണ് ഇവ ജ്യോതിസ്സിന്റെ ഗുണങ്ങളാണ്. അതിന്റെ രൂപം, രക്തം, വെള്ള, കറുപ്പ് മുതലായ നിറങ്ങളാണ്. സ്‌നേഹം, ക്ലേദം, ക്ഷുദ്രത ഇവ വെള്ളമാണ്. ചോരയും, മജ്ജയും, മറ്റു സ്നിഗ്ദ്ധ ഭാവങ്ങളും തദാത്മകമാകുന്നു.
നാവ് രസമറിയാനുള്ള ഇന്ദ്രിയമാണ്; രസം ജലത്തിന്റെ ഗുണമാണ്. എല്ലാ പാര്‍ത്ഥിവ ധാതുക്കളും പൃഥിവിയുടെ ഗുണങ്ങളാണ്. പല്ല്, എല്ല്, താടി, രോമം, മുടി, സിര, ഞരമ്പ്, തൊലി ഇവ പാര്‍ത്ഥിവമായ വസ്തുക്കളാണ്. ഘ്രാണിക്കുന്നതിനുള്ള ഇന്ദ്രിയം മൂക്കാണ്. പൃത്വീമയമാണ് ഗന്ധം. ഓരോ ഭൂതങ്ങള്‍ക്കും അവയ്ക്കു മുന്‍പിലുള്ള ഭൂതത്തിന്റെ ഗുണങ്ങളും വേറെ തന്റെ ഗുണവുമുണ്ടാകും. ഈ ഗുണം അഞ്ചു ഭൂതങ്ങള്‍ക്കും ഉണ്ടെന്നു മഹര്‍ഷികള്‍ അറിയുന്നു. പ്രാണികള്‍ക്ക് അഞ്ചു ഭൂതങ്ങള്‍ക്കു പുറമേ അവിദ്യ, കാമം, കര്‍മ്മം എന്നിവ കൂടിയുണ്ട്, ഒമ്പതാമതായി മനസ്സും പത്താമതായി ബുദ്ധിയുമുണ്ട്. അനന്താത്മാവ് പതിനൊന്നാമത്തേതാണ്. അത് എല്ലാറ്റിലും വച്ച് ശ്രേഷ്ഠമായതാണ്. നിശ്ചയാത്മികയാണ് ബുദ്ധി. മനസ്സ് വ്യാകരണാത്മകമാണ്. കര്‍മ്മാനുമാനത്താല്‍ ജീവനെ അറിയുക. അവന്‍ ക്ഷേത്രജ്ഞന്‍ എന്നവനാണ്. ഈ കര്‍മ്മാത്മകമായ ഭാവങ്ങള്‍ ഒത്തവയെല്ലാം കണ്ടാല്‍, അവന്‍ കലുഷം വിടുകയും കര്‍മ്മ വ്യാമോഹത്തില്‍ നിന്ന് വിമുക്തനാവുകയും ചെയ്യും.
അദ്ധ്യായം 253. ശുകാനുപ്രശ്‌നം - സ്ഥൂലസുക്ഷ്മശരീരങ്ങളുടെ ഭാവം - (പദ്യം)
വ്യാസന്‍ പറഞ്ഞു:
ശരീരം വിട്ടുനില്ക്കുന്ന സൂക്ഷ്മഭുതശരീരിയെ ശാസ്ത്രോക്തകര്‍മ്മങ്ങള്‍കൊണ്ട് കാണ്മൂ ശാസ്ധ്രജ്ഞരായവര്‍.
സമം ചരിപ്പു കിരണങ്ങളെങ്ങും നില്ക്കുന്നു കാണും വിധമപ്രകാരം ദേഹം വെടിഞ്ഞിട്ടുലകില്‍ച്ചരിപ്പു സത്വങ്ങളെല്ലാമതിമാനുഷങ്ങള്‍.
ജലത്തിലര്‍ക്കപ്രതിമ കാണ്മു രശ്മ്യാഢ്യമെങ്ങനെ സത്വവാന്മാരിലമ്മട്ടു സത്വപ്രതിമ കാണ്മതാം.
സൂക്ഷ്മസത്വങ്ങളവയോ ദേഹം വിട്ടിട്ടു നിൽപവ സ്വസത്വം കൊണ്ടു കാണുന്നു സത്വജ്ഞര്‍ നിയതേന്ദ്രിയര്‍.
ഉറങ്ങുന്നോര്‍ക്കുണര്‍ന്നോര്‍ക്കുമെല്ലാവര്‍ക്കും സ്വാത്മചിന്തിതം പ്രധാനാദ്വൈധമുക്തര്‍ക്കു കര്‍മ്മങ്ങള്‍ ജഡമുക്തിയില്‍.
അഹസ്സില്‍പ്പോല്‍ രാത്രിയിലും രാത്രിയില്‍പ്പോലഹസ്സിലും പാട്ടില്‍ നില്ക്കുന്നു സത്വാത്മാ യോഗമുക്തര്‍ക്കു നിത്യവും.
അവര്‍ക്കു നിത്യവും നിത്യന്‍ ഭൂതാത്മാ സൂക്ഷ്മമാം ഗുണം ഏഴുമൊത്തവനെപ്പോഴും ചരിപ്പോനജരാമരന്‍
മനോബുദ്ധിവശന്‍ സ്വീയ പരദേഹങ്ങള്‍ കാണ്മവന്‍ ഇവന്‍ സ്വപൃത്തിലും കൂടി സുഖദുഃഖജ്ഞനാകുമേ.
അതിലും ദുഃഖമേറ്റീടും അതിലും സുഖമേറ്റിടും അതിലും ക്രോധലോഭങ്ങള്‍ കൂടി വ്യസനമാണ്ടിടും.
പ്രീതനായും വരുംപിന്നെ പെരുത്തര്‍ത്ഥങ്ങള്‍ നേടിയും അതിലും ചെയ്തിടും പുണ്യം ജീവിക്കുംമട്ടു കണ്ടിടും.
ഈഷ്മാവിന്നുള്ളിലാപ്പെട്ടു ഗര്‍ഭഭാവമണഞ്ഞവന്‍ പത്തുമാസം വയറ്റില്‍ത്താനന്നംപോലെ ജനിച്ചിടും.
ഹൃദിസ്ഥനതിതേജോംശമാമീ ഭൂതാത്മമൂര്‍ത്തിയെ രജസ്തമസ്സമാക്രാന്തര്‍ മെയ്കളില്‍ കണ്ടുകൊണ്ടിടാ
യോഗശാസ്ത്രസ്ഥരായ് നിന്നീയാത്മാവില്‍ കാംക്ഷയുള്ളവന്‍ ശ്വാസഹീനാമൂര്‍ത്തവജ്ര പ്രായങ്ങളെയുമങ്ങനെ.
പലതായ് നില്ക്കെ ഭൂതങ്ങള്‍ ചതുര്‍ത്ഥാശ്രമവൃത്തിയില്‍ സമാധിയോഗമിതുതാന്‍ ശമം ശാണ്ഡില്ൃയനോതിനാന്‍.
ഏഴു സൂക്ഷ്മങ്ങളുമറിഞ്ഞാറംഗം പുണ്ടൊരീശനെ പരബ്രഹ്മത്തിനെക്കാണാം പ്രധാനനിലയാണ്ടുമേ.
അദ്ധ്യായം 254. ശുകാനുപ്രശ്‌നം - കാമമാകുന്ന മഹാവൃക്ഷത്തെ വര്‍ണ്ണിക്കുന്നു - വ്യാസന്‍ പറഞ്ഞു: മനുഷ്യന്റെ ഹൃദയത്തില്‍ അതൃത്ഭുതകരമായ ഒരു വ്യക്ഷം വളര്‍ന്നു നില്ക്കുന്നുണ്ട്. ആ വൃക്ഷത്തിന്റെ പേര് കാമം എന്നാണ്. അതിന്റെ വിത്തിന്റെ പേര്‍ (അതു മുളച്ച വിത്തു) മോഹമെന്നാണ്. മാനം, ക്രോധം എന്നിവയാണ് ആ വൃക്ഷത്തിന്റെ മഹാസ്കന്ധങ്ങള്‍. പ്രവര്‍ത്തിക്കുവാനുള്ള ആസക്തിയാണ് അതിന്റെ വെള്ളവും വളവും ചേര്‍ക്കുന്ന തടം. ആ വൃക്ഷത്തിന്റെ വേര് അജ്ഞാനമാണ്. പ്രമാദം കൊണ്ട് നനച്ചാണ് അതിനെ വളര്‍ത്തുന്നത്. അതിന്റെ ഇലയാണ് അസൂയ. പൂര്‍വ്വജന്മാര്‍ജ്ജിത ദുഷ്കൃതമാണ് ആ വൃക്ഷത്തിന്റെ കാതല്‍. സമ്മോഹചിന്തകള്‍ അതിന്റെ വിടപങ്ങളാണ്. ശോകങ്ങള്‍ അതിന്റെ ശാഖകളാണ്. ആകെക്കൂടി ഭയങ്കര മാണ്. മോഹിപ്പിക്കുന്ന തൃഷ്ണകളാകുന്ന വള്ളിക്കെട്ടുകള്‍ പടര്‍ന്നു വൃക്ഷത്തെ ചുറ്റിനില്ക്കുന്നു. അതിന്റെ ഫലം കാംക്ഷിക്കുന്ന ലുബ്ധന്മാര്‍ ആ മഹാവൃക്ഷത്തെ സേവിക്കുന്നു. ഫലം നല്കുന്ന ആ വൃക്ഷത്തിന്നു ചുറ്റും ചങ്ങല കൊണ്ട് വൃക്ഷത്തില്‍ ബന്ധിച്ച് അതു പിടിച്ച് ഇരിക്കുന്നു. ആ കയര്‍ പിടിച്ച് ആര് ആ വൃക്ഷത്തെ വലിക്കുന്നുവോ അപ്പോള്‍ ദുഃഖത്തിന്ന് അന്തമെത്തുന്ന ജരയും മരണവും കളഞ്ഞവനാകുന്നു. അകൃതപ്രജ്ഞനായ ഏതു പുരുഷന്‍ ആ മരത്തില്‍ കയറുവാൻ ആഗ്രഹിക്കുന്നുവോ, ആ വിഡ്ഢി എന്തുകൊണ്ടാണോ അതിന്നൊരുങ്ങുന്നത്, അവനെ അത് രോഗിയെ വിഷം എന്ന പോലെ കൊന്നുകളയും. വേര് പടര്‍ന്നതായ ആ മരത്തിന്റെ വേര് ബലമായി കൃതി യോഗ പ്രസാദമാകുന്ന സാമ്യമായ വാളു കൊണ്ട് അടര്‍ത്തിക്കളയുന്നു. കാമത്തിന്റെ നിവര്‍ത്തനം ആര് ഇപ്രകാരം അറിയുന്നുവോ, കാമശാസ്ത്രത്തിന്റെ ബന്ധം അറിയുന്നുവോ, അവന്‍ ദുഃഖങ്ങള്‍ തരണം ചെയ്യും. ശരീരം ഒരു പുരമാണ്. ബുദ്ധിയാണ് അതിന്റെ നാഥ. ദേഹത്തിന്നുള്ളിലിരിക്കുന്ന മനസ്സാണ് ആ ഭരണകര്‍ത്രിയുടെ മന്ത്രി. മനസ്സിന്റെ സഹായത്തോടെ ബുദ്ധികാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബുദ്ധിയുടെ സേവനത്തിലിരിക്കുന്ന ഇന്ദ്രിയങ്ങളാണ് മനസ്സിന്റെ കീഴിലുള്ള പ്രജകള്‍. അവര്‍ ബുദ്ധിയുടെ ആജ്ഞാനുസാരം പലമട്ട് പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനത്തില്‍ രണ്ട് ഉഗ്രമായ ദോഷങ്ങളുണ്ട്. അവ തമസ്സും രജസ്സുമാണ്. പൌരന്മാർ അതിന്റെ ഫലത്തെ പുരേശ്വരരോടൊപ്പം ആശ്രയിക്കുന്നു. വഴിവിട്ട അതിനെത്തന്നെ ആ രണ്ടു ദോഷങ്ങളും സേവിക്കുന്നു. അതില്‍ ദുര്‍ദ്ധര്‍ഷയാണ് ബുദ്ധി. അതിന് സമാനമാണ് മനസ്സ്. പൌരന്മാര്‍ മനസ്സു ത്രസിച്ചവരാണ്. അവരുടെ നിലയും ചഞ്ചലമാണ്. ഏതൊന്നില്‍ ബുദ്ധി ഏതൊന്നിന്നു നില്ക്കുന്നുവോ അത് അനര്‍ത്ഥത്തിന്നാകുന്നു. ഇന്ദ്രിയങ്ങള്‍ പിരിഞ്ഞതിന്നു ശേഷവും മനസ്സ് അതില്‍ നില്ക്കുന്നു. ബുദ്ധിയും മനസ്സും ഒന്നു തന്നെയാണ്. ബുദ്ധി വേര്‍പെട്ടാല്‍ മനസ്സിനെച്ചെന്ന് തേജസ്സ് ഏറ്റുപിടിക്കും. അപ്പോള്‍ ആ മനസ്സ് രജസ്സുമായി സഖ്യത്തിലേര്‍പ്പെടും. അപ്പോള്‍ ആ പൗരരെപ്പിടിച്ച് മനസ്സ് രജസ്സിന്നു നല്കും.
അദ്ധ്യായം 255. ശുകാനുപ്രശ്‌നം - പഞ്ചഭൂതങ്ങളുടെയും മനസ്സിന്റെയും ബുദ്ധിയുടെയും ഗുണങ്ങള്‍ - ഭീഷ്മൻ പറഞ്ഞു; അല്ലയോ പുത്രാ, ഭൂതങ്ങളുടെ കണക്ക് ഇനിയും പറയാം, അതു കേട്ടു കൊള്ളുക. ദ്വൈപായനന്‍ പറഞ്ഞതാണിത്. അത് ഏറ്റവും ശ്ലാഘ്യമാണ്. വ്യാസമഹര്‍ഷി ദീപ്ലാനല പ്രഭനായ ധൂമവര്‍ച്ചസ്സായ പുത്രനോടു പറഞ്ഞു. അവനില്‍ നിന്നു ഗ്രഹിച്ച നിദര്‍ശനം ഉണ്ണീ ഞാന്‍ നിന്നോടു പറയാം.
ഭൂമിയുടെ ഗുണം ആദ്യം പറയാം: ഗൌരവം, സ്ഥൈര്യം. കാഠിന്യം, വിളയിക്കല്‍ ഇവയാണ്. ഗന്ധം, കനം, ശക്തി കൂട്ടി നിര്‍ത്തല്‍, ധൃതി ഇവയും ഭൂമിയുടെ ഗുണമാണ്. വെള്ളത്തിന്നു ശീതളത്വം, സ്രവം, സ്നേഹസൌമൃത ഇവയാണ് ഗുണങ്ങള്‍. അഗ്നിയുടെ ഗുണങ്ങള്‍ സഹിച്ചു കൂടായ്ക, ജ്യോതിസ്തപം, പാകം, പ്രകാശനം, ശോകം, രോഗം, തീഷ്ണലഘുഭാവം, മേല്ലോട്ടുയര്‍ച്ച എന്നിവയാണ്. കാറ്റിന്നുള്ള ഗുണം, നിയമം, സ്പര്‍ശം, വാദസ്ഥാനം, സ്വതന്ത്രത, ബലം, വേഗം, മോക്ഷം, കര്‍മ്മം, ചേഷ്ടാത്മത, അഭയം ഇവയാണ്. ആകാശത്തിന്റെ ഗുണം, ശബ്ദം, വ്യാപിത്വം, ഛിദ്രഭാവം, അനാശ്രയം, ആലംബനം, അവ്യക്തം, അവികാരിത, തടവില്ലായ്‌ക ഇവയാണ്. ഭൂതതത്ത്വ നികൃതങ്ങള്‍ ഇപ്രകാരമാകുന്നു. ഇങ്ങനെ പഞ്ചഭൂതോത്ഭവങ്ങളായി ഗുണങ്ങള്‍ അമ്പതുണ്ട്. ധൈര്യോപപത്തി, വൃക്തിവിസര്‍ഗ്ഗം, കല്ലന, ക്ഷമ, സത്ത്, അസത്ത്, അശുഭം, ഇങ്ങനെ മനസ്സി ന്റെ ഗുണം ഒമ്പതാണ്. ഇഷ്ടാനിഷ്ടങ്ങള്‍ വിപത്ത്, വ്യവസായം, സമാധി, സംശയം, നിശ്ചയം, എന്നിങ്ങനെ ബുദ്ധിക്ക് അഞ്ചു ഗുണങ്ങളുണ്ട്.
യുധിഷ്ഠിരന്‍ പറഞ്ഞു: ബുദ്ധിക്ക് അഞ്ചു ഗുണങ്ങളുണ്ടെന്നു പറഞ്ഞുവല്ലോ. ഇവ പഞ്ചേന്ദ്രിയഗുണങ്ങളാണോ? അവ എന്താണ്? എല്ലാം എന്നോടു പറയുക. സൂക്ഷ്മമായ ജ്ഞാനം എനിക്ക് ഹേ പിതാമഹാ, ഉപദേശിച്ചാലും.
ഭീഷ്മൻ പറഞ്ഞു: ബുദ്ധിയുടെ ഗുണം ആകെ അറുപതുണ്ടെന്ന് പറയുന്നു. ഈ വസ്തുക്കളെല്ലാം ഒരു തോതു പ്രകാരം ആത്മാവിനോട് ചേര്‍ന്നു നിലനില്ക്കുന്നു. വേദം പറയുന്നു, ഹേ പുത്രാ! ഭൂതങ്ങള്‍ അവയുടെ അമ്പതു ഗുണങ്ങളോടു ചേര്‍ന്നാണ്, മനസ്സ്, ബുദ്ധി, അവയുടെ ഒമ്പതും, അഞ്ചും ഗുണങ്ങളോടു ചേര്‍ന്നാണ് എല്ലാം സൃഷ്ടിച്ചത്. എല്ലാറ്റിന്നും ഉപരിയായി നില്ക്കുന്നത് ആ ബ്രഹ്മം തന്നെയാണ്. അവ്യയാത്മാവു തന്നെയാണ്. ഈ എഴുപത്തൊന്നു വസ്തുവും ആത്മാവിനെപ്പോലെ നിത്യമല്ല; നാശമുള്ളതാകുന്നു. അല്ലയോ പുത്രാ! പ്രപഞ്ചത്തിന്റെ സൃഷ്ടിയേയും, അതിനോടു ബന്ധപ്പെട്ട കാര്യങ്ങളേയും ഞാന്‍ പറഞ്ഞു. എന്നാല്‍, കാര്യകാരണ ദൃഷ്ടിക്ക് വിഷയമല്ലാത്ത കാര്യങ്ങളാണ് അവയെല്ലാം. എല്ലാം പരമമായ ബ്രഹ്മത്തെ സംബന്ധിക്കുന്നതാണ്. ഭൂതാര്‍ത്ഥതത്വങ്ങള്‍ ഗ്രഹിച്ച് നീ ഭൂത പ്രഭാവത്താല്‍ പരിശാന്തിയെ പ്രാപിക്കുക.
അദ്ധ്യായം 256. മൃത്യുപ്രജാപതിസംവാദം -- മൃത്യുവിന്റെ ഉത്പത്തിയെപ്പറ്റിയുള്ള കഥ -- യുധിഷ്ഠിരന്‍ പറഞ്ഞു: ഈ മന്നവനന്‍മാര്‍ പടക്കളത്തില്‍ വീണുകിടക്കുന്നു. അവര്‍ ബോധം വെടിഞ്ഞു പടയ്ക്കിടയില്‍ വീണവരാണ്. മഹാബലനന്മാരായിരുന്നു അവര്‍. ഓരോ വീരനും ഭീമമായ ബലമുള്ളവനാണ്. ആയിരം ആനകളുടെ ബലമുള്ളവരും ഇക്കുട്ടത്തിലുണ്ട്. ഇവര്‍ മരിച്ചു വീണത് ഇവരെപ്പോലെ തുല്യമായ ബലമുള്ളവരുടെ കൈകൊണ്ടാണ്. ആ ധീരന്മാരെ കൊല്ലുവാന്‍ ശക്തരായവരെ ഞാന്‍ കാണുന്നില്ല. വിക്രമം കൂടിയ ഇവര്‍ തേജോബലങ്ങള്‍ കൂടിയവരാണ്. അങ്ങനെ മഹാശക്തന്മാരും അതുല്യ പ്രഭാവന്മാരുമാണ് ഇവരെങ്കിലും ഇപ്പോള്‍ അവരുടെ കഥയെന്താണ്. ആ മഹാപ്രാജ്ഞര്‍ ജീവന്‍ പോയി വീണു കിടക്കുന്നതു നോക്കൂ! ജീവന്‍പോയ ഇവര്‍ക്ക് മൃതന്മാര്‍ എന്നു പേരുമായി. ഈ മൃതന്മാരായ ഭൂപനന്‍മാര്‍ മിക്കവരും ഭീമവിക്രമന്മാരാണ്. ഇവരെ ഇപ്പോള്‍ മൃതന്മാര്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അതിലാണ് ഇപ്പോള്‍ എന്റെ സംശയം! മൃത്യു ആര്‍ക്ക്? മൃത്യു എങ്ങുന്നു വന്നു? എന്താണ് ഈ മൃത്യു? മൃത്യു ആര്‍ക്കാണ്? (ചാവുന്നത് സ്ഥൂലശരീരമോ, സൂക്ഷ്മശരീരമോ, ആത്മാവോ) എന്തിനാണ് മൃത്യു ജീവിച്ചിരിക്കുന്നവരെ കൊണ്ടുപോകു ന്നത്? എന്താണതിന്റെ ആവശ്യം. അല്ലയോ അമരനായ പിതാമഹാ, ഇതിന്റെ തത്ത്വം എന്നോടു പറയു!
ഭീഷ്മൻ പറഞ്ഞു: ഉണ്ണീ പണ്ട് കൃതയുഗത്തില്‍ അനുകമ്പകന്‍ എന്നു പേരായി ഒരു രാജാവുണ്ടായിരുന്നു. അവന്‍ യുദ്ധത്തില്‍ സൈനും നശിച്ച് വാഹനങ്ങള്‍ നശിച്ച് ശത്രുവിന്റെ പിടിയില്‍പ്പെട്ടു. അവന്റെ പുത്രനായ ഹരി ശക്തിമാനായിരുന്നു. പടയും കൂട്ടുകാരും കൂടി ശത്രുക്കള്‍ അവനെ കൊന്നു കളഞ്ഞു. പുത്രന്‍ മരിച്ച വര്‍ത്തമാനമറിഞ്ഞ് രാജാവു ദുഃഖിച്ചു. അദ്ദേഹം ശത്രുവിന്റെ കൈയിലകപ്പെട്ടിരിക്കുകയാണ്. അങ്ങനെ ദുഃഖത്തില്‍ മുഴുകിയിരിക്കുന്ന രാജാവ് ശാന്തി ആശിച്ചിരിക്കുമ്പോള്‍ യദൃച്ഛയാല്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന നാരദമ ഹര്‍ഷിയെ കണ്ടു. ആ രാജാവ് തന്റെ ദയനീയമായ ചരിത്രമൊക്കെ നാരദനോടു പറഞ്ഞു. തന്നെ ശത്രുക്കള്‍ പിടിച്ചതും പുത്രന്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടതുമൊക്കെ നാരദനോടു പറഞ്ഞു. രാജാവിന്റെ വാക്കു കേട്ട് തപോനിധിയായ നാരദന്‍ പുത്രശോകം ശമിപ്പിക്കുന്നതിന്നു വേണ്ടി ഈ ആഖ്യാനം രാജാവിനോടു പറഞ്ഞു.
നാരദന്‍ പറഞ്ഞു: രാജാവേ, പലരും വിസ്തരിച്ചു പറഞ്ഞു വരാറുള്ള ഒരു കഥ ഞാന്‍ പറയാം. ഞാന്‍ അതുണ്ടായ വിധംതന്നെ കേട്ടിട്ടുള്ളതാണ് രാജാവേ! തേജസ്വിയായ പത്മജന്‍ പണ്ട് സൃഷ്ടികാലത്തില്‍ പ്രജകളെ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ സഹിക്കാന്‍ വയ്യാതായി. മുന്നു ലോകവും പ്രജകളാല്‍ പൂര്‍ണ്ണമായി തമ്മില്‍ ഇടമില്ലാത്ത മട്ടായി. ശ്വാസം വിടാന്‍ പോലും സ്ഥലമില്ലാത്ത മട്ടില്‍ തിങ്ങിപ്പാര്‍ത്തു. ഇങ്ങനെയായാല്‍ പറ്റില്ലല്ലോ എന്നായി ബ്രഹ്മാവിന്റെ ചിന്ത. കുറെ ഒടുക്കുക തന്നെ വേണമെന്ന ചിന്തയുണ്ടായി. എന്തു ഹേതു കൊണ്ടു കൊല്ലണം? കാരണമൊന്നും കാണുന്നില്ല. എങ്ങനെ കൊല്ലണം? ബ്രഹ്മാവിന് ചിന്തിച്ചു കോപമുണ്ടായി. രോഷം കൊണ്ട് അവന്റെ സുഷിരങ്ങളില്‍ നിന്ന് അഗ്നി പുറപ്പെട്ടു. അഗ്നി ലോകത്തിലെങ്ങും ആളിക്കത്തി, ദിക്കൊക്കെ ദഹിപ്പിക്കുവാന്‍ തുടങ്ങി. ഉടനെ ആകാശവും, ഭൂമിയും, സ്വര്‍ഗ്ഗവും, സര്‍വ്വചരാചരങ്ങളും ഭഗവാന്റെ കോപാഗനി ചുട്ടു ദഹിപ്പിച്ചു. അവിടെ ഭൂതങ്ങള്‍ സര്‍വ്വതും എല്ലാ ചരാചരങ്ങളും ബ്രഹ്മാവു കോപിച്ചപ്പോള്‍ വെന്തു വെണ്ണീറായി.
ഈ സന്ദര്‍ഭത്തില്‍ പരവിനാശനനും, ദേവനും, ഹരിയും, ജടാധരനും, സ്ഥാണുവും, വേദാദ്ധ്വരേശ്വരനുമായ ശിവന്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. പ്രജകളുടെ ഹിതത്തിന്നായി സ്ഥാണു ചെന്നേറ്റസമയത്ത് ജ്വലിച്ചു നില്ക്കുന്ന ബ്രഹ്മാവ് ശിവനോടു പറഞ്ഞു: എന്ത് ഇഷ്ടമാണ് ഞാന്‍ ഭവാനു നല്കേണ്ടത്? നീ വരം വാങ്ങുവാന്‍ അര്‍ഹനാണെന്നു ഞാന്‍ കരുതുന്നു. അല്ലയോ ശംഭോ, നിന്റെ ഉള്ളിലുള്ള ഹിതം ഞാന്‍ ചെയ്തുകൊള്ളാം.
അദ്ധ്യായം 257. മൃത്യുപ്രജാപതിസംവാദം - ശിവന്റെ പ്രാര്‍ത്ഥനയാല്‍ ബ്രഹ്മാവ് കോപാഗ്നിയടക്കുന്നു -: സ്ഥാണു പറഞ്ഞു: പ്രജകളെ സൃഷ്ടിക്കുക എന്നത് കാര്യമായിട്ടുള്ളതാണെന്നു ഞാന്‍ വിചാരിക്കുന്നു. ഭവാന്‍ സൃഷ്ടിച്ചു വിട്ട ഈ പ്രജകളില്‍ ഭവാന്‍ ഇപ്രകാരം ക്രുദ്ധനാകുന്നതു ശരിയല്ല. ക്രോധം പിന്‍വലിക്കുക. അല്ലയോ ദേവാ, ഭവാന്റെ തേജസ്സാകുന്ന അഗ്നിയാൽ ലോകരെല്ലാം വേവുകയാണ്. ജഗല്‍പ്രഭോ! അവരുടെ ദയനീയാവസ്ഥകണ്ട് എന്റെ കരള്‍ അലിയുന്നു!
പ്രജാപതി പറഞ്ഞു: പ്രജകളില്‍ ഞാന്‍ കോപിക്കയില്ല. പ്രജകള്‍ ഇല്ലാതാവണമെന്ന ആഗ്രഹം എനിക്കില്ല. ഭൂമിയുടെ ഭാരം ഒന്നു കുറയ്ക്കുന്നതിന്നു വേണ്ടി ഞാന്‍ സംഹാരം ഇഷ്ടപ്പെട്ടു എന്നു മാത്രം. ഭാരാര്‍ത്തയായ ഭൂമി ദേവി ആവശ്യപ്പെട്ടു; കുറേ എണ്ണത്തിനെ കൊല്ലൂ. ഭാരം സഹിക്കുന്നില്ല! ഞാന്‍ ഇതാ കടലില്‍ താണുപോകുന്നു എന്ന്. ഈ പ്രാര്‍ത്ഥന കേട്ട ഞാന്‍ ബുദ്ധികൊണ്ട് മാര്‍ഗ്ഗം കാണാതെ വിഷമിച്ചു. അപ്പോള്‍ എനിക്ക് ഭയങ്കരമായ കോപമുണ്ടായി. ഇതാണു സംഭവം.
സ്ഥാണു പറഞ്ഞു: അങ്ങു പ്രസാദിക്കുക. ഹേ സുരേശ്വരാ! അങ്ങ് കോപിക്കരുതേ! ചരാചരങ്ങളായ പ്രജകള്‍ ഒട്ടുക്കും നശിച്ചു പോകരുത്. സകല പലലങ്ങളും സകല വിധ പുല്ലും ചെടികളും ചരാചരങ്ങളായ നാലുതരം ഭൂത വര്‍ഗ്ഗവും എല്ലാം ഇതാ ഭസ്മമായിരിക്കുന്നു. ലോകം ഇതാ സര്‍വ്വവും നശിക്കുന്നു. ഭഗവാനേ, പ്രസാദിച്ചാലും. സാധോ, ഞാന്‍ അങ്ങയോട് ഈ വരം പ്രാര്‍ത്ഥിക്കുന്നു. നശിച്ചാല്‍ ഈ പ്രജകള്‍ ഒരുവിധത്തിലും ഉണ്ടാവുകയില്ല. അതുകൊണ്ട് ഈ സംഹാരം ഇനി പാടില്ല. ഈ സ്വന്തം തേജസ്സുകൊണ്ട് വേറെ ഉപായം കാണുക. ഭൂതങ്ങള്‍ക്ക് ഹിതം സംഭവിക്കട്ടെ! ഈ ഭൂതജാലങ്ങള്‍ നിശ്ശേഷം നശിക്കാത്ത മട്ടില്‍ ഹേ പിതാ മഹാ! വേണ്ടതു ചെയ്താലും. സന്താനമറ്റ് പ്രജകളില്ലാതായി വരരുത്. അങ്ങ് എന്നെ അധീശനാക്കിയില്ലേ ലോകേശ്വരാ! അല്ലയോ നാഥാ, അങ്ങ് സൃഷ്ടിച്ചതാണ് ഈ ലോകം, സകല ചരാചരങ്ങളേയും ഭവാന്‍ തീര്‍ത്തതാണല്ലോ. ദേവാ, ഭവാനെ പ്രസാദിപ്പിച്ച് പ്രജകള്‍ക്കു ശ്രേയസ്സ് ഞാന്‍ അര്‍ത്ഥിക്കുന്നു.
നാരദന്‍ പറഞ്ഞു: സ്ഥാണു പറഞ്ഞതു കേട്ട് ദേവന്‍ മനസ്സിനേയും വാക്കിനേയും അടക്കി. ആ തേജസ്സിനെ അന്തരാത്മാവിലേക്കു തന്നെ വീണ്ടും സംഗ്രഹിച്ചു. അഗ്നിയെ സംഹരിച്ച് ലോകപൂജിതനായ ഭഗവാന്‍ പ്രഭു അവിടെത്തന്നെ പ്രവൃത്തി നിവൃത്തികള്‍ കൽപിച്ചു. രോഷത്തില്‍ നിന്നുണ്ടായ അഗ്നിയെ പിന്‍വലിക്കുന്ന സമയത്ത് ബ്രഹ്മാവിന്റെ സുഷിരങ്ങളില്‍ നിന്ന് ആ മഹാത്മാവിന്ന് ഒരു അംഗനയുണ്ടായി. കറുത്തവളും രക്തവസ്ത്രം ധരിച്ചവളും, കണ്ണിന്റെ ഉള്‍ഭാഗം കറുത്തവളും ദിവ്യകുണ്ഡലം ചാര്‍ത്തിയവളും ദിവ്യാഭരണം ധരിച്ചവളുമായ ആ അംഗന, സുഷിരങ്ങളില്‍ നിന്നു പുറപ്പെട്ട ആ കന്യക, തെക്കുഭാഗത്തായി നിന്നു. വിശ്വേശ്വരന്മാരായ ദേവന്മാര്‍ ഈ ഒരു കന്യയകയെക്കണ്ടു.
ലോകങ്ങള്‍ക്കാദ്യനായ ഈശ്വരന്‍ അവളെ വിളിച്ച് മൃത്യോ നീ പ്രജകളെ കൊല്ലുക എന്നു കല്ലിച്ചു രാജാവേ! ഞാന്‍ ക്രുദ്ധനായി പ്രജകളെ സംഹരിക്കുവാന്‍ ചിന്തിച്ചപ്പോള്‍ ഉണ്ടായവളാണു നീ. അതുകൊണ്ട് നീ സംഹരിക്കുക! പണ്ഡിതന്മാരെന്നും വിഡ്ഡികളെന്നുമുള്ള വ്യത്യാസം കൂടാതെ നീ സംഹരിക്കുക. അല്ലയോ ഭാമിനീ, നീ യാതൊരു വൃത്യാസവും കണക്കാക്കാതെ പ്രജകളെ കൊല്ലണം. ഇതാണെന്റെ കൽപന. ഈ കൽപന നീ അനുസരിച്ചാല്‍ നിനക്കു ശ്രേയസ്സ് ലഭിക്കും.
ഇപ്രകാരം ബ്രഹ്മാവു പറഞ്ഞതുകേട്ട്, കമലമാല ചാര്‍ത്തിയ മൃത്യു ബാലിക ദുഃഖത്തോടെ ചിന്തയിലാണ്ടുപോയി. അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ജനേശ്വരാ, അവളുടെ കണ്ണുകളില്‍ നിന്നു പുറപ്പെട്ട ബാഷ്പധാര ബ്രഹ്മാവ് തന്റെ രണ്ടു കൈകൊണ്ടും വാങ്ങി. നില ത്തുവീഴാത്തവണ്ണം കൈകളില്‍ എടുത്തു. അപ്പോള്‍ അവള്‍ മനുഷ്യരുടെ ഹിതത്തിന്നായി ഇപ്രകാരം പിതാമഹനോട് അപേക്ഷിച്ചു.
അദ്ധ്യായം 258. മൃത്യുപ്രജാപതിസംവാദം - മൃത്യുവിന്റെ ഉഗ്രമായ തപസ്സ് -- നാരദന്‍ പറഞ്ഞു: ദീര്‍ഘലോചനയായ ആ കന്യക അല്ലല്‍ തന്നത്താന്‍ അടക്കി, ബ്രഹ്മാവിനോട് കൈകൂപ്പി ഇപ്രകാരം പറഞ്ഞു: അല്ലയോ വാഗ്മിസത്തമാ ഭവാന്‍ സൃഷ്ടിച്ച എന്നെപ്പോലെയുള്ള ഒരു സ്ത്രീ എങ്ങനെ സര്‍വ്വപ്രാണികള്‍ക്കും ഭയം വളര്‍ത്തുന്ന രൗദ്രകാരിണിയാകുന്നു? അധര്‍മ്മത്തില്‍ ഞാന്‍ ഭയപ്പെടുന്നു. ധര്‍മ്മ്യമായ കര്‍മ്മം നീ വിധിക്കുക! ഭയപ്പെട്ടു നില്ക്കുന്ന എന്നെ ഭവാന്‍ ഒന്നു നോക്കൂ! ഭവാന്‍ ശുഭമായി കണ്ണു കൊണ്ടൊന്നു നോക്കൂ! യാതൊരു കുറ്റവും ചെയ്യാത്ത ബാലന്മാരെയും, വൃദ്ധന്മാരെയും യുവാക്കളെയും, പ്രാണനുള്ളവയെയൊക്കെ, അല്ലയോ പ്രാണികളുടെയെല്ലാം നാഥാ, ഞാന്‍ എങ്ങനെ സംഹരിക്കും? അങ്ങു പ്രസാദിക്കണേ! ഞാന്‍ നമസ്കരിക്കുന്നു!
ഇഷ്ടന്മാരെയും പുത്രന്മാരെയും സ്നേഹിതന്മാരെയും, ഭ്രാതാക്കളെയും, മാതാക്കളെയും, പിതാക്കളെയും ഞാന്‍ കൊന്നാല്‍ ആ മൃതരായവരുടെ ബന്ധുക്കള്‍ എന്നെ ശപിക്കും. അതില്‍ എനിക്കു വലിയ ഭയമുണ്ട്. പാവപ്പെട്ടവര്‍ വിട്ട കണ്ണുനീര്‍ എന്നെ എന്നും വേവിക്കും. ആയവരെ വളരെയേറെ ഭയപ്പെട്ട് ഞാന്‍ അങ്ങയെ ശരണം പ്രാപി ക്കുന്നു. പാപം ചെയ്തവരെ യമമന്ദിരത്തില്‍ കൊണ്ടുപോയി തള്ളണം. അല്ലയോ വരദാ, എന്നോടു കനിയണേ പ്രഭോ, എന്നില്‍ നീ പ്രസാദിച്ചാലും. നിന്നില്‍ നിന്ന് ഈ കാര്യ മാണ് ഞാന്‍ ഇച്ഛിക്കുന്നത് പിതാമഹാ! അങ്ങയുടെ പ്രസാദത്തിന്നുവേണ്ടി ഞാന്‍ ഇതാ തപസ്സു ചെയ്യുവാന്‍ ഇച്ഛിക്കുന്നു. മഹേശ്വരാ! പ്രസാദിച്ചാലും!
ബ്രഹ്മാവു പറഞ്ഞു: അല്ലയോ മൃത്യോ, പ്രജകളെ കൊല്ലുവാന്‍ ഞാന്‍ നിന്നെ സങ്കൽപ്പിച്ചു കഴിഞ്ഞു. നീ പോകൂ! ശങ്ക കൂടാതെ പ്രജകളെ സംഹരിക്കൂ! ഞാന്‍ നിശ്ചയിച്ച മട്ടിലേ കാര്യങ്ങള്‍ വന്നു കൂടുകയുള്ളൂ. മറ്റു വിധത്തില്‍ വരികയില്ല. അല്ലയോ അനവദ്യാംഗീ, ഞാന്‍ പറഞ്ഞ മാതിരി ഹേ ശുഭേ, നീ ചെയ്യുക
ഇപ്രകാരം ബ്രഹ്മാവ് പറഞ്ഞപ്പോള്‍ ഹേ പരപുരഞ്ജയനായ രാജാവേ, മൃത്യു ഒന്നും മിണ്ടാതെ ഭഗവാന്റെ മുഖത്തേക്കു നോക്കിനിന്നു. വീണ്ടും വീണ്ടും പിതാമഹന്‍ അവളോട് അതേ കല്പനതന്നെ പറഞ്ഞപ്പോള്‍ അവള്‍ ഉയിര്‍കെട്ട മട്ടായിത്തീര്‍ന്നു. അവള്‍ ഒന്നും മിണ്ടാതെ നിന്നു. ദേവകള്‍ക്ക് ഈശ്വരേശ്വരനായ ദേവന്‍ തന്നത്താന്‍ തന്നില്‍ ആ ബ്രഹ്മാവ് പ്രസാദിച്ച പോലെ പുഞ്ചിരിക്കൊണ്ടു. ആ ലോകേശന്‍ ലോകരെ മന്ദസ്മിതത്തോടെ നോക്കി. പിന്മടങ്ങാത്ത ഭഗവാന്‍ രോഷം കൈവിട്ട സമയത്തു ബ്രഹ്മാവിന്റെ മുമ്പില്‍നിന്ന് ആ കന്യക പോയെന്നു ഞാന്‍ കേള്‍ക്കുന്നു.
അങ്ങനെ ലോകസംഹാരം കൈയേല്‍ക്കാതെ ഒഴിഞ്ഞു മാറി അതിവേഗത്തില്‍ മൃത്യു ഗോതീര്‍ത്ഥത്തില്‍ ചെന്നെത്തി. അവിടെ ചെന്ന് ദേവി ദുശ്ചരമായ തപസ്സാരംഭിച്ചു. അവള്‍ ഒറ്റക്കാലില്‍ പതിനഞ്ചു പത്മം സംവത്സരം തപസ്സു ചെയ്തു. അതികഠിനമായ തപസ്സു ചെയ്യുന്ന അവളോടു വീണ്ടും തേജസ്വിയായ ബ്രഹ്മാവ് ഇപ്രകാരം പറഞ്ഞു: മൃത്യോ, നീ എന്റെ വാക്കുകേള്‍ക്കുക. എന്നാല്‍ അവള്‍ അതു കേള്‍ക്കാതെ തപസ്സില്‍ത്തന്നെ നിന്നു. ഉണ്ണീ പിന്നെ യും അവള്‍ ഏഴു പത്മം വത്സരം അങ്ങനെ നിന്നു തപസ്സു ചെയ്തു. അതുകഴിഞ്ഞിട്ട് പിന്നെ അവള്‍ ആറും പിന്നെ അഞ്ചും, പിന്നെ രണ്ടും പത്മവര്‍ഷങ്ങള്‍ തപസ്സുചെയ്തു. പിന്നെ ആയിരം വത്സരം മാന്‍കൂട്ടത്തോടു ചേര്‍ന്ന് സഞ്ചരിച്ചു. രാജാവേ, പിന്നെ അവള്‍ രണ്ടു സഹസ്രം സംവത്സരം കാറ്റുമാത്രം ഉണ്ട് തപസ്സുചെയ്തു. രാജാവേ അതിന്നുശേഷം മൌനം കൈക്കൊണ്ട് ഉത്തമമായ തപോവൃത്തിയില്‍ കഴിഞ്ഞു. വെള്ളത്തില്‍ ആയിരം വര്‍ഷം, പിന്നെ ഏഴും ഒന്നും വര്‍ഷം രാജാവേ തപസ്സുചെയ്തു. രാജാവേ പിന്നെ ആ കന്യക കൌശികയിലെത്തി. അവിടെച്ചെന്ന് വായു ഭക്ഷിച്ചും ജലം കഴിച്ചും ആഹാരം നിയമിച്ചും തപസ്സു ചെയ്തു. പിന്നെ രാജാവേ, അവള്‍ മേരുവിലും, ഗംഗയിലും ചെന്നു. പ്രജകളുടെ ഹിതത്തിന്നായി തപസ്സില്‍ മരമുട്ടി പോലെ നിന്നു. പിന്നെ ദേവന്മാര്‍ യജ്ഞം ചെയ്ത ഹിമാലയത്തില്‍ പോയി തപസ്സു ചെയ്തു. തള്ളവിരല്‍ മാത്രം ഈന്നി പതിനായിരം കോടി സംവത്സരം തപസ്സു ചെയ്തു: ഇങ്ങനെ അതിതീവ്രമായ തപസ്സു ചെയ്ത് അവള്‍ പിതാമഹനെ പ്രീതനാക്കി. അപ്പോള്‍ വിശ്വസൃഷ്ടിക്ഷയകാരനായ പിതാമഹന്‍ അവളോടു പറഞ്ഞു: മകളേ നീ എന്താണീ ചെയ്യുന്നത്? നീ എന്റെ വാക്ക് കേള്‍ക്കുക. ഇതു കേട്ടപ്പോള്‍ മൃത്യു പ്രജാപതിയോടു പറഞ്ഞു: പിതാവേ ലോകരെ ഞാന്‍ സംഹരിക്കുകയില്ല. ഞാന്‍ അങ്ങയെ പ്രസാദിപ്പിക്കുന്നു. അധര്‍മ്മത്തിലുള്ള ഭയംമൂലം വീണ്ടും യാചിക്കുന്ന അവളോട് ദേവദേവനായ ഭഗവാന്‍ ഇപ്രകാരം പറഞ്ഞു.
ബ്രഹ്മാവ് പറഞ്ഞു: മൃത്യോ നിനക്ക് ഒരിക്കലും അധര്‍മ്മം പറ്റുന്നതല്ല. ശുഭേ നീ പോയി ലോകരെ സംഹരിക്കുക. ഞാന്‍ പറഞ്ഞ ഈ വാക്ക് ഒരിക്കലും മിഥ്യയായി വരികയില്ല. നിന്നില്‍ സനാതനമായ ധര്‍മ്മം ഇപ്പോള്‍ത്തന്നെ വന്നുചേരും. ഞാനും ദേവന്‍മാരും നിന്റെ ഹിതം എപ്പോഴും നോക്കിക്കൊള്ളാം. നീ ഉള്ളില്‍ വിചാരിക്കുന്ന കാമ്യമായതെന്തോ അത് ഞാന്‍ തരുന്നതാണ്. വ്യാധി പീഡിതരായ ജനം നിന്നില്‍ ഒരു കുറ്റവും കാണുന്നതല്ല. നീ ആണുങ്ങളില്‍ .പ്രവേശിക്കുമ്പോള്‍ ആണിന്റെ രൂപം കൈക്കൊള്ളും. പെണ്ണുങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പെണ്ണുതന്നെ. നപുംസകങ്ങളിലായാല്‍ നപുംസകവുമായിത്തീരും. ഇങ്ങനെ മൂന്നിനത്തിന്റെ ഭാവവും നിന്നിലുണ്ടാകും.
ഇപ്രകാരം പിതാമഹന്‍ പറഞ്ഞപ്പോള്‍ രാജാവേ അവള്‍ തൊഴുകൈയോടെ പറഞ്ഞു: അയ്യോ, അങ്ങനെ പറയരുതു ഭഗവാനേ! കൊല്ലേണ്ട കാര്യം പറയരുത്! ഉടനെ ദേവന്‍ പറഞ്ഞു: മൃത്യോ മര്‍ത്ത്യരെ അവസാനിപ്പിക്കുക! നിനക്ക് അധര്‍മ്മം ബാധിക്കാത്ത വണ്ണം ഞാന്‍ ചിന്തിക്കാം. നിന്റെ കണ്ണുകളില്‍ നിന്ന് പുറപ്പെട്ട ബാഷ്പബിന്ദുക്കള്‍ നിലത്തു വീഴുന്നതിന് മുമ്പായി ഞാന്‍ എടുത്തുവല്ലോ. അവ ഘോരമായ വ്യാധികളായി ലോകത്തില്‍പ്പരന്ന് യഥാകാലം മനുഷ്യരെ കൊല്ലുന്നതാണ്. പ്രാണികളുടെ അവസാനകാലം എത്തുമ്പോള്‍ നീ അവരില്‍ കാമാക്രോധങ്ങളെ പറഞ്ഞുവിട്ടുകൊള്ളുക. അങ്ങനെ ചെയ്താല്‍ അമേയമായ ധര്‍മ്മം നിന്നില്‍ വിളങ്ങും. സമഭാവനയോടു കൂടിയവളായ നീ ഒരിക്കലും അധര്‍മ്മത്തിന്നു പാത്രമാകുന്നതല്ല. ഇപ്രകാരം നീ ധര്‍മ്മത്തെ കാക്കുകയാണെങ്കില്‍ ആത്മാവിനെ നീ അധര്‍മ്മത്തില്‍ ആഴ്ത്തുന്നതല്ല. അതുകൊണ്ട് എത്തുന്ന ജന്തുക്കളില്‍ കാമത്തെച്ചേര്‍ത്തിണക്കി അവയെ നീ സംഹഹരിക്കുക.
ഇപ്രകാരം ബ്രഹ്മദേവന്‍ പറഞ്ഞപ്പോള്‍ മൃത്യു എന്നു പറയുന്ന അവള്‍ ബ്രഹ്മാവിന്റെ ശാപത്തെ ഭയപ്പെട്ട് അങ്ങനെയാകാം എന്നു സമ്മതിച്ചു. ആ സമയം മുതല്‍ കാമക്രോധങ്ങളെ മുമ്പെ തന്നെ ഉടനെ പറഞ്ഞു വിട്ട്, അവരുടെ പണിത്തരങ്ങള്‍ വഴിയായി മൃത്യു ജീവജാലങ്ങളുടെ പ്രാണവായുവിനെ കെടുത്തിക്കളയുന്നു.
മൃത്യൂവിന്റെ കണ്ണുനീര്‍ ഭൂമിയില്‍ വീണത് വ്യാധി വര്‍ഗ്ഗമായി മര്‍ത്ത്യരുടെ ശരീരത്തില്‍ പ്രവേശിച്ച് ദേഹത്തിണ് രോഗങ്ങളെ ഉണ്ടാക്കുന്നു. അവ പ്രാണികളുടെ നാശത്തിന് ഇടയാക്കുന്നു. അതിനെപ്പറ്റി ദുഃഖിച്ചിട്ടു കാര്യമില്ല. അതു കൊണ്ട് ഹേ, രാജാവേ! ഭവാന്‍ ബുദ്ധി കൊണ്ടു ചിന്തിച്ച് ബോധവാനായാലും. പ്രാണികള്‍ക്കെല്ലാമുള്ള ബോധം നല്ല നിദ്രയില്‍ ഇല്ലാതാകുകയും, ഉണരുമ്പോള്‍ വീണ്ടും ബോധം വന്നു ചേരുകയും ചെയ്യുന്നു. അപ്രകാരം എല്ലാ മര്‍ത്ത്യരും ശരീരനാശത്തോടെ മറ്റൊരു ലോകത്തിലേക്കു പോവുകയും പിന്നെ ഈ ലോകത്തിലേക്കു മടങ്ങി വരികയും ചെയ്യുന്നു.
ഭീമനും, ഭീമാരാമനും, ഓജസ്വിയുമായ വായു എല്ലാ പ്രാണികള്‍ക്കും പ്രാണനായി വര്‍ത്തിക്കുന്നു. ആ വായു ദേഹത്തിന്റെ ക്ഷയത്തില്‍ പഴയ ദേഹം വിട്ടുപോവുകയും, മറ്റൊരു ജന്മത്തില്‍ പുതിയ ശരീരത്തെ പ്രാപിക്കുകയും ചെയ്യുന്നു. ദേവന്മാരെല്ലാം അവരുടെ പുണ്യം ക്ഷയിക്കു മ്പോള്‍ ഭൂമിയില്‍ വന്നു പിറക്കുന്നു. അതുപോലെ മര്‍ത്ത്യരെല്ലാം പുണ്യം സമ്പാദിച്ചു വാനില്‍ച്ചെന്ന് ദേവത്വം പ്രാപിക്കുന്നു. അതുകൊണ്ട് അല്ലയോ രാജസിംഹാ, എന്റെ പുത്രന്‍ മരിച്ചല്ലോ എന്നു ചിന്തിച്ച് നീ ദുഃഖിച്ചിട്ടെന്തു കാര്യം. പുത്രന്‍ ഇപ്പോള്‍ വിണ്ണില്‍ച്ചെന്ന് മോദിച്ചിരിക്കുകയാണ്.
ഇപ്രകാരം ദേവന്‍ തീര്‍ത്തതായ മൃത്യു തക്കസമയം എത്തിക്കഴിഞ്ഞാല്‍ വന്ന് ലോകത്തെ സംഹരിക്കുന്നു. രോഗങ്ങള്‍ എന്നു പറയുന്നത് മൃത്യുവിന്റെ കണ്ണുനീര്‍ത്തുള്ളികളാണ്. കാലമെത്തിയാല്‍ എല്ലാ ജന്തുക്കളും സംഹാരത്തിന്ന് വിധേയമാകുന്നു.
അദ്ധ്യായം 259. ധര്‍മ്മലക്ഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഈ ലോകത്തിലുള്ള മനുഷ്യരൊക്കെ ധര്‍മ്മത്തെപ്പറ്റി ശങ്കയുള്ളവരാണ്. ഒറ്റ മനുഷ്യനും ധര്‍മ്മം ഇന്നതാണെന്നു കൃത്യമായി അറിയുന്നില്ല. ഈ ധര്‍മ്മം എന്നു പറയുന്നത് എന്താണ്? എവിടെ നിന്നുണ്ടായി? ഇതിനെപ്പറ്റി അങ്ങു പറഞ്ഞു തരണേ! ഈ ധര്‍മ്മം ഇഹലോകത്തേക്കു വേണ്ടതാണോ? അതോ പരലോകത്തേക്കു വേണ്ടതാണോ? രണ്ടിനും ഉള്ളതാണോ ധര്‍മ്മം? പിതാമഹാ, അതു പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: സദാചാരം, സ്മൃതി, വേദം ഇങ്ങനെ മൂന്ന് ഇനത്തില്‍പ്പെട്ടതാണ് ധര്‍മ്മം. നാലാമത് അര്‍ത്ഥവും ചേര്‍ന്നതായിപ്പറയുന്നു. ഇതാണ് ധര്‍മ്മത്തിന്റെ ലക്ഷണം. വിധിച്ച ധര്‍മ്മമാര്‍ഗ്ഗങ്ങള്‍ മേലുകീഴായി നടത്തുന്നു. അതു കൂടാതിരിക്കുവാന്‍ വേണ്ടി ധര്‍മ്മത്തിന്ന് ഒരു നിയമം വെച്ചിരിക്കയാണ്.
രണ്ടു ലോകത്തും സുഖം നല്‍കുന്ന, ഇഹത്തിലും പരത്തിലും സുഖം നല്‍കുന്ന, ധര്‍മ്മം നേടാത്തവന്‍ പാപിയാണ്. അവന്‍ പാപത്തിന്റെ ഫലം, നരകം അനുഭവിക്കും. പാപം ചെയ്തവര്‍ പാപത്തെ വിടുകയില്ല. ചിലര്‍ അതുകൊണ്ട് ആപത്തില്‍പ്പെടും. ചിലര്‍ അപവാദത്തിന്നു പാത്രമാകും. ധര്‍മ്മജ്ഞന്മാര്‍ അങ്ങനെ പറയുന്നു. ധര്‍മ്മത്തിന്റെ നിഷ്ഠ ആചാരമാണെന്നു ധരിക്കണം. അധര്‍മ്മം ചെയ്ത് കള്ളന്‍ ധനം നേടുന്നു. രാജാവില്ലാത്ത നാട്ടില്‍ കള്ളന്മാര്‍ കൊള്ളയടിക്കുന്നു. അന്യര്‍ മുതല്‍ അപഹരിക്കുമ്പോള്‍ രാജാവിനെ പ്രജകള്‍ അന്വേഷിക്കുന്നു. അപ്പോള്‍ ആ നിര്‍ഭയന്‍ സ്വധന തുഷ്ടരായ യോഗ്യരുടെ ധനത്തില്‍ കൊതിക്കുകയും ശങ്ക വിട്ട് അവന്‍ രാജദ്വാരത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു. അല്ലവും കുറ്റം തന്നില്‍ ഉള്ളതായി അവന്‍ കാണുകയില്ല. സത്യവാക്കേ നല്കൂ. സത്യത്തേക്കാള്‍ മീതെയായി ഒന്നുമില്ല. എല്ലാറ്റിനെയും സത്യം നിലനിര്‍ത്തുന്നു. എല്ലാം സത്യത്തില്‍ നില്ക്കുന്നതാണ്. ക്രൂരന്മാരും, പാപം ചെയ്തവരും, വെവ്വേറെ സത്യം പറഞ്ഞാണ് അവരുടെ കര്‍മ്മത്തിലേര്‍പ്പെടുന്നത്.
തീര്‍ച്ചയായും അഹിംസയെ ആരാധിക്കുന്നവര്‍ അതില്‍ത്തന്നെ ആശ്രയിക്കുന്നവര്‍, അതില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. തമ്മില്‍ അസത്യമായി പെരുമാറിയാല്‍ തീര്‍ച്ചയായും നശിക്കുന്നതാണ്. അന്യന്റെ മുതല്‍ അപഹരിക്കരുത്. ഇതു സനാതനമായ ധര്‍മ്മമാണ്. എന്നാല്‍ ബലവാന്‍നമാര്‍ വിചാരിക്കുന്നു ഇതു ദുര്‍ബ്ബലന്മാരുടെ ആചാരമാണെന്ന്. ദൈവഗത്യാ പ്രഭുക്കന്മാര്‍ ദുര്‍ബലന്മാരായി തീരുമ്പോള്‍ അവര്‍ക്കും ബോദ്ധ്യമാകും അവരുടെ അഭിപ്രായം തെറ്റാണെന്ന്. എന്നും ബലവാന്മാര്‍ ബലവാന്മാരായിരിക്കയില്ല. സുഖിക്കുന്നവരുമായിരിക്കയില്ല. ബലവാന്മാര്‍ക്കു ബലക്ഷയവും, സുഖികള്‍ക്കു സുഖക്ഷയവും വന്നുകൂടും. അതുകൊണ്ട് മനുഷ്യന്‍ ഒരിക്കലും നേരുകേടില്‍ മനസ്സു വെക്കരുത്. സത്യവാന്മാര്‍ക്ക് ഒന്നിനേയും ഭയപ്പെടേണ്ടതില്ല. അവന് ദുഷ്ടന്മാരിലും കള്ളന്മാരിലും മന്നവന്മാരിലും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും ഒന്നും ചെയ്യാതെ ശുചിയായി നിര്‍ഭയമായി വാഴുക. കാടുവിട്ട് ഗ്രാമത്തില്‍ വന്നുപെട്ട മാനിനെ പോലെ കള്ളന്‍ എല്ലാവരേയും ശങ്കിക്കുന്നു. പലമട്ടില്‍ ഒരുത്തന്‍ ചെയ്ത കുറ്റം മറ്റൊരിടത്ത് അതു കാണുവാന്‍ ഇടവരും. എന്നാല്‍ ശുചിയായവന് മോദത്തോടെ എങ്ങും നിര്‍ഭയമായി സഞ്ചരിക്കുവാന്‍ കഴിയും. തനിക്കു കുറ്റമൊന്നുമില്ലാത്തവന്‍ മറ്റൊരാളിലും കുറ്റം കാണുകയില്ല. ദാനം ചെയ്യുക എന്നതു വലിയ ധര്‍മ്മമാണ്. എല്ലാ ഭൂതങ്ങള്‍ക്കും ഹിതം ഇച്ഛിക്കുന്നവന്‍ ദാനശീലനാകും. ധനവാന്മാര്‍ ചിന്തിക്കുന്നു ദരിദ്രന്മാരെ ബ്രഹ്മാവ് നിയമിച്ചതാണെന്ന്. അതുകൊണ്ട് ദരിദ്രന്മാര്‍ക്ക് ഒന്നും കൊടുക്കരുതെന്നും, കൊടുക്കുന്നത് ബ്രഹ്മാവിന്ന് ഇഷ്ടമാവുകയില്ലെന്നും. എന്നാല്‍ ദൈവ യോഗത്താല്‍ ധനികന്‍ പിച്ചയായാല്‍ അപ്പോള്‍ അറിയാറാകും അവന്റെ നിലയെന്താണെന്ന്. എന്നും എല്ലായ്പ്പോഴും ഒരുത്തന്‍ ധനികനാവുകയില്ല. എന്നും സുഖിയുമാകയില്ല. തനിക്ക് അന്യര്‍ ചെയ്യുന്ന ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും താന്‍ അന്യന് ചെയ്യരുത്. തന്റെ അപ്രിയംപോലെ തന്നെയാണ് അതില്‍ അന്യന്റെയും മനോഭാവമെന്നു ധരിക്കണം. അന്യസ്ത്രീകളുടെ ജാരനായി ജീവിക്കുന്നവന്‍ മറ്റൊരുത്തനോട് നീ ജാരനായി ജീവിക്കുന്നതു തെറ്റാണ് എന്ന് എങ്ങനെ ഉപദേശിക്കും? അന്യന്‍ തന്റെ ഭാര്യയുടെ ജാരനാണെന്നറിഞ്ഞാല്‍ അവന്‍ തീര്‍ച്ചയായും പൊറുക്കുകയില്ല എന്നാണ് എന്റെ അഭിപ്രായം.
താന്‍ ജീവിക്കുവാന്‍ കൊതിക്കുന്നു. അപ്പോള്‍ അവന്‍ അന്യനെ കൊല്ലാന്‍ ശ്രമിക്കുന്നത് എങ്ങനെ ന്യായമാകും? താന്‍ എങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്നുവോ, അത് അന്യനും വേണമെന്നു കരുതുക. സുഖഭോഗ്രദവ്യം ധാരാളമുള്ളവന്‍ ഇല്ലാത്തവന്നു പങ്കുവെച്ചു കൊടുക്കണം. അതു കൊണ്ടാണ് ബ്രഹ്മാവ് പലിശ വാങ്ങുന്നതിനെ നിരോധിച്ചത്. ദേവന്മാര്‍ ഏതു ചട്ടത്തില്‍ നില്ക്കുന്നുവോ അതു മര്‍ത്ത്യരും അനുസരിക്കണം. സമ്പത്തുള്ള കാലത്ത് ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കുന്നവന്‍ പ്രശംസിക്കപ്പെടും. ലക്ഷ്യങ്ങള്‍ നല്ല കര്‍മ്മങ്ങള്‍ കൊണ്ടു നേടുക എന്നതു ധര്‍മ്മമാണെന്നു മനീഷികള്‍ പറയുന്നു.
ധര്‍മ്മം ഏത്, അധര്‍മ്മം ഏത് എന്നു സംശയിക്കുമ്പോള്‍ ഈ പറഞ്ഞ നിശ്ചയങ്ങള്‍ ചിന്താവിഷയമാക്കണം. യുധിഷ്ഠിരാ, ഈ ധര്‍മ്മം ലോകസംഗ്രഹണത്തിന്ന് പണ്ടേതന്നെ ധാതാവ് വെച്ചതാണ്. സൂക്ഷ്മധര്‍മ്മാര്‍ത്ഥമുള്ള കാര്യം സദാചാരമാണ്. അതാണ് ഉത്തമമായ നിദര്‍ശനം.
അല്ലയോ കുരുസത്തമാ, ഞാന്‍ നിന്നോടു ധര്‍മ്മത്തിന്റെ ലക്ഷണത്തെപ്പറ്റി പറഞ്ഞുതന്നു. അതു നല്ലവണ്ണം ഗ്രഹിക്കുക. നേരുകേടിൽ ഒരിക്കലും നീ ബുദ്ധി ചെലുത്തരുത്.
അദ്ധ്യായം 260. ധര്‍മ്മപ്രാമാണ്യാക്ഷേപം - യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മത്തിന്റെ ഗതി വളരെ സൂക്ഷ്മമാണെന്ന് അങ്ങു പറയുന്നു. സജ്ജനങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെട്ട അതിന്റെ അതിര്, ധര്‍മ്മാധര്‍മ്മങ്ങളുടെ അതിര് വളരെ സുക്ഷ്മമാണ്. ബ്രഹ്മലക്ഷണം നിയതമാണ്. ഇങ്ങനെയിരിക്കെ എന്റെ മനസ്സില്‍ ഒന്നു തോന്നുന്നുണ്ട്. അതു ഞാന്‍ അനുമാനിച്ചു പറയാം. ഞാന്‍ ചിന്തിച്ചുവെച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ഒന്നു ചോദിക്കുന്നു. അതു ദുസ്മര്‍ക്കമാണെന്ന് അങ്ങു വിചാരിക്കരുത്.
പ്രകൃത്യാ ഈ ജീവികളൊക്കെ ഉണ്ടാകുന്നു. ജീവിക്കുന്നു. ദേഹം വെടിയുന്നു. ഇതു നാം കണ്ടുവരുന്നതാണ്. ധര്‍മ്മം ചൊല്ലിപ്പഠിച്ചാലും അറിയാവുന്നതല്ല ഭാരതാ! സമസ്ഥന് ധര്‍മ്മം വേറെ. വിഷമസ്ഥന്ന് ധര്‍മ്മം വേറെ. ഇവ ചൊല്ലിപ്പഠിച്ചാലും എങ്ങനെയാണ് ആപത്തറിയുക? സദാചാരമാണ് ധര്‍മ്മം എന്നു പറയുന്നു. സജ്ജനങ്ങളുടെ ആചാരമാണല്ലോ സദാചാരം. സജ്ജനങ്ങള്‍ ആചാരം മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്നു. സാദ്ധ്യവും, അസാദ്ധൃവും എങ്ങനെ അറിയുവാന്‍ കഴിയുന്നു? സദാചാരത്തിന്നു ലക്ഷണമൊന്നും കാണുകയില്ല. പ്രാകൃതന്മാര്‍ ധര്‍മ്മരൂപത്തില്‍ അധര്‍മ്മം ചെയ്യുന്നു. അപ്രാകൃതര്‍ അധര്‍മ്മ രൂപത്തില്‍ ധര്‍മ്മം ചെയ്യുന്നതായും കാണുന്നു. ഇതില്‍ എന്താണ് ഒരു പ്രമാണം? ശാസ്ത്രകോവിദന്മാര്‍ പറയുന്നതല്ലാതെ വേറെ പ്രമാണമൊന്നുമില്ല.
വേദങ്ങള്‍ യുഗം തോറും ക്ഷയിച്ചു വരുന്നതായി ഞാന്‍ കേള്‍ക്കുന്നു. കൃതയുഗത്തില്‍ ഒരു ധര്‍മ്മം, ത്രേതയില്‍ വേറെ ധര്‍മ്മം, ദ്വാപരത്തില്‍ മറ്റൊരു വിധം ധര്‍മ്മം, കലിയില്‍ പിന്നെ വേറെ. ഇങ്ങനെ അതാതു കാലത്തെ മനുഷ്യരുടെ ശക്തി നോക്കി വിധിച്ചിരിക്കുന്നതായി കാണാം. ഈ നിലയ്ക്കു വേദത്തില്‍ പറഞ്ഞ ധര്‍മ്മനിയമങ്ങള്‍ എല്ലാ കാലത്തേക്കും തുല്യമാണെന്ന് എങ്ങനെ വിചാരിക്കാം? വേദവാക്യം സത്യമാണെന്നുള്ളത് വെറും ഒരു നാട്ടുവര്‍ത്തമാനമെന്നതില്‍പ്പരം എന്തുണ്ട്? ജനങ്ങളെയെല്ലാം തൃപ്പിപ്പെടുത്താന്‍ മാത്രം! പ്രമാണം അപ്രമാണം കൊണ്ടു തെറ്റിച്ചാല്‍ അതെങ്ങനെ ശാസ്ത്രമാകും? ചെയ്യുന്ന ധര്‍മ്മത്തിന് ദുഷ്ടബുദ്ധികള്‍ ബലം കൂട്ടുന്നു. അങ്ങനെയായാല്‍ നിലമാറ്റം വന്നുചേരും. എല്ലാം തന്മൂലം നശിക്കുകയും ചെയ്യും. ധര്‍മ്മത്തെപ്പറ്റി അറിയുന്നു. അറിയുന്നില്ല, അറിയാം, അറിയാതെയാകുന്നു ഈ നിലയിലാണ് അതിന്റെ അവസ്ഥ. കത്തിയുടെ വായിനേക്കാള്‍ സൂക്ഷ്മമാണ് അത്. എന്നാല്‍ മലയുടെ ശൃംഗത്തേക്കാള്‍ വലുതുമാണ്. അത് ആദ്യമായി ഗന്ധര്‍വ്വനഗരം പോലെ കാണപ്പെടുന്നു. എന്നാല്‍ വിദ്വാന്‍മാര്‍ നോക്കി നില്ക്കുമ്പോള്‍ അത് കാണാതെയുമാകുന്നു. ഒരു മൃഗതൃഷ്ണ പോലെ നശിച്ചു പോകുന്നു. പശുക്കള്‍ വെള്ളം കുടിക്കുന്ന കുഴി പോലെ, വയലിലെ ചെറുതോടു പോലെ വേനല്‍ക്കാലത്ത് പെട്ടെന്ന് വറ്റിപ്പോകുന്നു. ശാശ്വതധര്‍മ്മമെന്നു പറയുന്ന സ്മൃതി കെട്ട് കാണാതായിപ്പോകുന്നു. കാമം മൂലവും വേറെ ഇച്ഛുകള്‍ മൂലവും മറ്റു ഹേതുക്കള്‍ മൂലവും അസത്തുക്കളുടെ ആചാരം പലരും കൈക്കൊള്ളുന്നു. അത് ധര്‍മ്മമായി പരിണമിക്കും. സജ്ജനങ്ങള്‍ അതുകണ്ട് പ്രലപിക്കും. ഇന്നലെ ചെയ്ത അബദ്ധം ഇന്ന് ആചാരമായിത്തീരുമ്പോള്‍ അതിനെ എതിര്‍ക്കുന്ന സജ്ജനത്തെ ഭ്രാന്തന്‍! ഭ്രാന്തന്‍! എന്നു പറഞ്ഞ് അവര്‍ അപഹസിക്കും. രാജധര്‍മ്മത്തെ ആശ്രയിക്കുന്ന നല്ലവര്‍ അതില്‍ നിന്നു പിന്മടങ്ങും. ഇമ്മട്ടിലാണ് ലോകത്തിലെ ആചാരത്തിന്റെ കഥ. സര്‍വ്വ മ്മതമായി ഒരാചാരവും ഈ ലോകത്തു കാണുകയില്ല. അതുകൊണ്ട് ഒരുത്തന്‍ പ്രഭുവാകുന്നു. അത് മറ്റുള്ളവരെ ബാധിക്കുന്നു. എല്ലാ ആചാരങ്ങളും അനേകാഗ്ര്യയങ്ങളാണ്. ജ്ഞാനികള്‍ പറയുന്നത് ചിരകാലമായി പൂര്‍വ്വന്മാര്‍ അനുസരിച്ചിരുന്ന ധര്‍മ്മമാണ് അനുസരിക്കേണ്ടതെന്നാണ്. അതിനെ അനുസരിച്ചാല്‍ എന്നേയ്ക്കും അവന് സ്ഥിരമായ ഒരു നിലയിലെത്താന്‍ കഴിയും.
അദ്ധ്യായം 261. തുലാധാരജാജലിസംവാദം - ഭീഷ്മൻ പറഞ്ഞും: ഇപ്പറഞ്ഞതിന് ഉദാഹരണമായി ഒരു പഴങ്കഥ പ്രചാരത്തിലുണ്ട്. ധര്‍മ്മത്തെക്കുറിച്ച് തുലാധാരന്‍ ജാജലിയോടു പറഞ്ഞതാണ് ആ ധാര്‍മ്മിക കഥ. അത് ഞാന്‍ നിനക്കു പറഞ്ഞു തരാം, കേള്‍ക്കുക.
പണ്ട് കാട്ടില്‍ വനവാസം സ്വീകരിച്ച ജാജലി എന്നു പേരായ ഒരു വിപ്രന്‍ തപസ്സുചെയ്തിരുന്നു. ആ മഹാ തപസ്വി പിന്നെ കടല്‍ത്തീരത്തു ചെന്ന് തപസ്സാരംഭിച്ചു. മനസ്സുടക്കി, ആഹാരം നിയന്ത്രിച്ച് അല്ലാഹാരനായി ചീരം, അജിനം, ജട ഇവ ധരിച്ചവനായി, ചേറുപുരണ്ട ദേഹത്തോടെ നിശ്ചലനായി അനവധി വര്‍ഷം കടല്‍ക്കരയിലിരുന്നു തപസ്സു ചെയ്തു. പിന്നെ കടലില്‍ ഇറങ്ങി ജലവാസിയായി തപസ്സു ചെയ്തു. അങ്ങനെ മഹത്തായ ശക്തിയും തേജസ്സുമാര്‍ജ്ജിച്ച ആ വിപ്രര്‍ഷി ലോകങ്ങളൊക്കെ ചുറ്റിക്കാണുവാന്‍ ജലമാര്‍ഗ്ഗമായി പുറപ്പെട്ടു. മനോവേഗത്തില്‍ സഞ്ചരിച്ച് ആ ബ്രാഹ്മണന്‍ കാടും മേടും മൈതാനവും കുന്നും മലയും കടലും കായലും ചേര്‍ന്ന ലോകം ചുറ്റിക്കണ്ടു കഴിഞ്ഞപ്പോള്‍ അവന് മനസ്സില്‍ ഒരു തോന്നലുണ്ടായി. അവന്‍ തന്നത്താന്‍ പറഞ്ഞു: ചരാചരങ്ങളുടങ്ങിയ ഈ ലോകത്തില്‍ എന്നോടു തുല്യനായി ഒരാളും ഇല്ല. കടലിലാകട്ടെ, നക്ഷത്രഗ്രഹങ്ങളടങ്ങിയ വിഹായനസ്സിലാകട്ടെ എന്നോടൊപ്പം എത്താന്‍ ആരുണ്ട്"
താന്‍ പറഞ്ഞ വാക്കുകള്‍ ആരും കേള്‍ക്കില്ലെന്നാണ് ഋഷി വിചാരിച്ചത്. എന്നാല്‍ അംഭസ്സിലധിവസിക്കുന്ന പിശാചുക്കള്‍ അവന്റെ പൊങ്ങച്ച വാക്കുകള്‍ കേട്ടു. അവര്‍ പറഞ്ഞു: എടോ ദ്വിജസത്തമാ, അപ്രകാരം പറയരുത്. കാശിയില്‍ ഒരു പ്രസിദ്ധനായ വര്‍ത്തകനുണ്ട്. തുലാധാരന്‍ എന്നാണ് അവന്റെ പേര്. നീ പറയുന്ന മാതിരി അവന്‍ പോലും പറയുകയില്ല.
ഭൂതങ്ങള്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ജാജലി എന്ന താപസ ബ്രാഹ്മണന്‍ പറഞ്ഞു; അങ്ങനെ ഒരാളുണ്ടോ? എന്നാല്‍ എനിക്ക് അദ്ദേഹത്തെ ഒന്നു കണ്ടാല്‍ കൊള്ളാ മെന്നുണ്ട്. ഇപ്രകാരം ആ ബ്രാഹ്മണര്‍ഷി പറഞ്ഞപ്പോള്‍ ആ രാക്ഷസന്മാര്‍ അവനെ ജലത്തില്‍ നിന്നു കയറ്റി പോകേണ്ട വഴി ചൂണ്ടിക്കാണിച്ച് ഹേ ദ്വിജസത്തമാ, ഈ വഴിക്കു പോകു എന്നു പറഞ്ഞു. അങ്ങനെ ആ ഭൂതങ്ങള്‍ ചൂണ്ടിക്കാണിച്ച വഴിയേ പോയി, ബുദ്ധികെട്ട ജാജലി കാശിയിലെത്തി. തുലാധരനെ അന്വേഷിച്ചറിഞ്ഞ് അവന്റെ അടുത്തു ചെന്നു. യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ താതാ, ആ ജാജലി ശ്രേഷ്ഠമായ സിദ്ധി നേടുന്നതിന്ന് എന്തു ദുഷ്കരമായ കര്‍മ്മമാണ് മുമ്പു ചെയ്തത്? അത് എന്നോടു പറഞ്ഞാലും!
ഭീഷ്മൻ പറഞ്ഞു: ജാജലി കഠിനമായി. തപസ്സു ചെയ്തവനാണ്. കാലത്തും സന്ധ്യയ്ക്കും സ്‌നാനം ചെയ്ത്, അഗ്നിശുശ്രൂഷ ചെയ്ത്, മഹത്തായ സ്വാദ്ധ്യായത്തില്‍ ഏര്‍പ്പെട്ട് വാനപ്രസ്ഥവിധി അനുസരിച്ച് ശ്രീമാനായ അവന്‍ കാട്ടില്‍ തപസ്സു ചെയ്ത് നാളുകള്‍ കഴിച്ചവനാണ്. അവന്‍ ധര്‍മ്മഭാവന നോക്കിയില്ല. മഴക്കാലത്ത് മഴകൊണ്ട് തപസ്സു ചെയ്തു. തണുപ്പുകാലത്ത് ജലത്തില്‍ ഇറങ്ങിനിന്നു തപസ്സു ചെയ്തു. വേനല്‍ക്കാലത്ത് കാറ്റും വെയിലുമേറ്റു നിന്ന് തപസ്സു ചെയ്തു. അങ്ങനെ അവന്‍ മഹത്തായ തപോധര്‍മ്മമനുഷ്ഠിച്ച് ധര്‍മ്മത്തെ നേടി. കല്ലിലും മണ്ണിലും അവന്‍ കിടന്നുറങ്ങി. ഇങ്ങനെ ദുഃഖകരമായ ഒരു ജീവിതമാണ് വാനപ്രസ്ഥത്തില്‍ അവന്‍ കൈക്കൊണ്ടത്.
ഒരിക്കല്‍ വര്‍ഷകാലത്ത് ആ മുനി വെളിവില്‍ ഇരുന്നു തപസ്സു ചെയ്യുമ്പോള്‍ ആകാശത്തില്‍ നിന്നു വര്‍ഷിക്കുന്ന ജലധാര ധാരാളം തലയിലേറ്റു. അവന്റെ ജടാഭാരം വല്ലാതെ നനഞ്ഞു. കാറ്റില്‍ ചുറ്റിത്തിരിയുകയാല്‍ പൊടിയും ചളിയും ദേഹത്തില്‍ പറ്റിയിരുന്നു. ഒരിക്കല്‍ ഭക്ഷണമൊന്നും കഴിക്കാതെ കാറ്റു മാത്രം ഭക്ഷിച്ച് ആ തപസ്വി അവ്യഗ്രനായി മുട്ടി പോലെ നിശ്ചലനായി തപസ്സില്‍ മുഴുകി നിന്നു. യാതൊരു ചേഷ്ടയും കൂടാതെ തൂണു മാതിരി നില്ക്കുന്ന അവന്റെ ശിരസ്സില്‍ കുരുവിപ്പക്ഷികള്‍ വന്നു കൂടുകെട്ടി. രാജാവേ! ആ ദമ്പതിമാരായ പക്ഷികളില്‍ ആ ബ്രഹ്മര്‍ഷി കനിവു കാണിച്ചു. അവ പുല്ലു കൊണ്ടുവന്ന് കൂടു കെട്ടുമ്പോള്‍ മഹര്‍ഷി അവയെ ഉപ്രദവിച്ചില്ല, കൂട് വലിച്ചു കളഞ്ഞില്ല. അവരെ കാത്തു രക്ഷിക്കുകയാണ് ഋഷി ചെയ്തത്. തൂണു പോലെ ആ താപസ്സേന്ദ്രന്‍ ഇളകാതെ നില്ക്കുമ്പോള്‍ ആ പക്ഷികള്‍ സുഖമായി വിശ്വസ്തനായ മഹര്‍ഷിയുടെ ജടയില്‍ കെട്ടിയ കൂട്ടില്‍ വിശ്വാസത്തോടെ വസിച്ചു.
പിന്നെ വര്‍ഷകാലം കഴിഞ്ഞു. ശരല്‍ക്കാലം വന്നു. കാമമോഹിതരായ ആ പക്ഷികള്‍ പ്രജാപത്യവിധാനത്താല്‍ വിശ്വാസത്തോടെ വസിക്കെ പെണ്‍പക്ഷി ഗര്‍ഭിണിയായി. അവള്‍ ആ ഋഷിയുടെ ശിരസ്സിലെ ജടാനീഡത്തില്‍ മുട്ടയിട്ടു. പക്ഷി തന്റെ ശിരസ്സില്‍ മുട്ടയിട്ടിരിക്കുന്നു എന്നുള്ള വൃത്താന്തം ദൃഢവ്രതനായ ഋഷി അറിഞ്ഞു. അറിഞ്ഞിട്ടും മഹാതേജസ്വിയായ ജാജലി ഇളകിയില്ല. ധര്‍മ്മത്തില്‍ത്തന്നെ നിത്യവും മനസ്സു വെച്ച അവന്‍ ഒരിക്കലും അധര്‍മ്മം ചിന്തിക്കുകയുണ്ടായില്ല. എല്ലാ ദിവസവും അവന്റെ മൂര്‍ദ്ധാവില്‍ കയറി ആ പക്ഷികള്‍ വിശ്വാസത്തോടെ വളരെ സന്തോഷത്തോടെ വസിച്ചു.
അങ്ങനെ മുട്ടവിരിഞ്ഞു. പക്ഷിക്കുഞ്ഞുങ്ങള്‍ പുറത്തു വന്നു. അവ ആ ഋഷിയുടെ ശിരസ്സില്‍ കൂട്ടില്‍ ഇരുന്നു വളര്‍ന്നു. ജാജലി ചലിച്ചില്ല. അങ്ങനെ ദൃഢവ്രതനായ ഋഷി ആ കുലിംഗങ്ങളുടെ മുട്ടകളെ സംരക്ഷിച്ചു. അവ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ വളര്‍ന്നു.. അപ്പോഴും ഋഷി ചലിച്ചില്ല. പക്ഷി ക്കുഞ്ഞുങ്ങള്‍ക്കു ചിറകുണ്ടായി വന്നു. അതും ജാജലി അറിഞ്ഞു. .
ഒരിക്കല്‍ ആ പക്ഷികളെ യതവ്രതനായ മുനി കണ്ടു. അദ്ദേഹം പരമപ്രീതനായി. പക്ഷികള്‍ യഥേഷ്ടം കൂടു കെട്ടി മുട്ടയിട്ടു പെരുകുന്നതു കണ്ട് ഋഷിക്കു വലിയ സന്തോഷമുണ്ടായി. അങ്ങനെ നിര്‍ഭയരായി ആ ദമ്പതികള്‍ കുഞ്ഞുങ്ങളോടു കൂടി വസിച്ചു. ചിറകു വീശി പറന്നെത്തുന്ന പക്ഷികള്‍, സന്ധ്യ തോറും പറന്നെത്തുന്നതു കണ്ട് ദ്വിജേന്ദ്രനായ ജാജലി ഇളകാതെ അവിടെത്തന്നെ ഇരുന്നു.
പക്ഷികള്‍ രണ്ടും ഒരിക്കല്‍ പറന്നു പോവുകയും വീണ്ടും കുഞ്ഞുങ്ങള്‍ക്ക് ആഹാരവുമായി തിരിച്ചു വരികയും ചെയ്യും. അപ്പോഴും ആ പക്ഷിക്കുഞ്ഞുങ്ങളെ ശിരസ്സില്‍ വഹിച്ച് ജാജലി ഇളകാതെ ഇരിക്കുന്നുണ്ടാകും. പിന്നെ ചെറുപക്ഷികളോടു കൂടി അവ പറന്നു പോകും. സന്ധ്യക്ക് എല്ലാവരും കൂടി ഋഷിയുടെ ശിരസ്സില്‍ത്തന്നെ ചെന്നു കൂടും. പാര്‍ക്കുവാന്‍ സുഖമായ സ്ഥലം അതു തന്നെയെന്ന് അവ കരുതി.
അങ്ങനെയിരിക്കെ അവ പറന്നുപോയി. അഞ്ചു ദിവസത്തോളം അവയെക്കണ്ടില്ല. ആറാം ദിവസം അവ തിരിച്ചു വന്നു. അപ്പോഴും ജാജലി ഇളകാതെ ഇരിക്കുന്നു. പിന്നെ അവ കൂടുതല്‍ ദിവസങ്ങള്‍ വിട്ടുനിന്നു. പിന്നെ കുറെ കഴി ഞ്ഞപ്പോള്‍ വല്ലപ്പോഴും വരികയായി. പിന്നെ പക്ഷികൾക്കു ബലം വര്‍ദ്ധിച്ചപ്പോള്‍ തിരിച്ചു വരാതെയുമായി. അങ്ങനെ ഒരു മാസത്തോളം അവയെ കണ്ടില്ല. അപ്പോള്‍ ഇനി അവ മടങ്ങിവരില്ലെന്നു ജാജലിക്കു ബോദ്ധ്യമായി.
അങ്ങനെ ജാജലി പതുക്കെ അവിടെനിന്ന് എഴുന്നേറ്റ് മറ്റൊരിടത്തേക്കു പോയി. പക്ഷികള്‍ പറന്നുപോയി എന്നറിഞ്ഞപ്പോള്‍ അവന് ഉള്ളില്‍ അത്ഭുതം തോന്നി ഞാന്‍ ഇപ്പോള്‍ ഒരു സിദ്ധനായിരിക്കുന്നു! എന്നു തന്നത്താന്‍ പറഞ്ഞു. അന്നു മുതല്‍ അയാളുടെ മനസ്സില്‍ ഗര്‍വ്വു ബാധിച്ചു. ആ പക്ഷികള്‍ പറന്നുപോയതു കണ്ട് യതവ്രതനായ സന്ന്യാസി കൃതകൃത്യനായി. ഏറ്റവും പ്രസന്നനായി അവന്‍ പോയി. നദിയിലിറങ്ങി നന്നായി കുളിച്ച് ദേഹശുദ്ധി വരുത്തി. പിന്നെ ഹോമങ്ങളാല്‍ അഗ്നിയേയും പ്രസാദിപ്പിച്ചു. പിന്നെ ഉദിച്ചുവരുന്ന അര്‍ക്കനെ ഉപാസിച്ചു.
കുരുവിപ്പക്ഷികളെ മൂര്‍ദ്ധാവില്‍ വളര്‍ത്തിയ ജാജലി എന്ന ജാപകന്‍ ഞാന്‍ ധര്‍മ്മം നേടിക്കഴിഞ്ഞു എന്ന് ആകാശത്തു നോക്കി ആഹ്ലാദത്തോടെ കൈകള്‍ കൊട്ടി പറഞ്ഞു. അപ്പോള്‍ ആകാശത്തു നിന്ന് ഇപ്രകാരം ഒരു അശരീരി വാക്യം കേട്ടു. എടോ ജാജലീ, നീ ധര്‍മ്മത്തില്‍ തുലാധാരനോടു തുല്യനല്ല! കാശിയില്‍ മഹാപ്രാജ്ഞനായ ഒരു തുലാധാരന്‍ ഇരിക്കുന്നുണ്ട് അവനും ഇപ്രകാരം പറയുകയില്ല ഭൂസുരാ. നീ പറയുന്ന മാതിരി അവനും പറയുകയില്ല!
അങ്ങനെയുണ്ടോ തന്നേക്കാള്‍ യോഗ്യനായി ഒരാള്‍! എന്നാല്‍ അവനെ ഒന്നു കാണണം. എന്നു മനസ്സില്‍ തോ ന്നി. അവന്‍ കാശിയിലേക്കു പുറപ്പെട്ടു. സന്ധ്യയാകുന്നതു വരെ നടന്നും രാത്രിയില്‍ വല്ലേടത്തും കിടന്നുറങ്ങിയും പിന്നെ പ്രഭാതത്തില്‍ വീണ്ടും നടന്നും അങ്ങനെ അവന്‍ കാശിയിലെത്തി. സാമാനം വില്ക്കുന്ന തുലാധാരനെ കണ്ടെത്തി.
ആ കച്ചവടക്കാരനായ തുലാധാരന്‍, വിപ്രന്‍ വന്നതു കണ്ടപ്പോള്‍ വളരെ സന്തോഷത്തോടെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പൂജിച്ചു.
തുലാധാരന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ! അങ്ങു വരുന്നുണ്ടെന്ന് ഞാന്‍ സംശയം കൂടാതെ തന്നെ അറിഞ്ഞിരിക്കുന്നു. അല്ലയോ ദ്വിജോത്തമാ, ഞാന്‍ ഇപ്പോള്‍ പറയുന്നത് അങ്ങ് കേള്‍ക്കണേ! അങ്ങ് കടല്‍ക്കരയില്‍ നിന്ന് ഘോരമായ തപസ്സ് ചെയ്തു. അന്ന് ധര്‍മ്മത്തിന്റെ പേരു പോലും അൽപവും ഭവാന്‍ പറഞ്ഞില്ല. പിന്നെ തപസ്സിദ്ധനായ ഭവാന്റെ ശിരസ്സില്‍ പക്ഷികള്‍ മുട്ടയിട്ടു കുഞ്ഞുങ്ങള്‍ ഉണ്ടായി. നീ അവയെ സംരക്ഷിച്ചു. അവ ചിറകുമുളച്ചപ്പോള്‍ പല വഴി ക്കും പറന്നു പോയി. കുരുവിപ്പക്ഷികള്‍ ഉണ്ടായത് ധര്‍മ്മമായി ഭവാന്‍ ചിന്തിച്ചു. അങ്ങനെയിരിക്കെ നിന്നെപ്പറ്റി നീ ഒരു ആകാശഭാഷിതം കേട്ടു. അല്ലയോ ദ്വിജോത്തമാ! ഭവാന്‍ അതു സഹിച്ചില്ല. അതുകൊണ്ട് ഉടനെ തന്നെ ഭവാന്‍ ഇങ്ങോട്ടു പോന്നു. ഇതാണല്ലോ സംഗതി! ഇനി ഭവാന് എന്തു വേണം? ബ്രാഹ്മണോത്തമാ, പറഞ്ഞാലും?
അദ്ധ്യായം 262. തുലാധാരജാജലിസംവാദം - ഭീഷ്മൻ പറഞ്ഞു; ഇപ്രകാരം ആ ധീമാനായ തുലാധാരന്‍ പറഞ്ഞതു കേട്ട് ബുദ്ധിമാനും, ജാപകോത്തമനുമായ ജാജലി മറുപടി പറ ഞ്ഞു.
ജാജലി പറഞ്ഞു: അല്ലയോ കച്ചവടക്കാരന്റെ പുത്രാ! നീ പലതരം രസഗന്ധങ്ങള്‍ വില്ക്കുന്നു. വൃക്ഷങ്ങളുടെ തോലും, ഇലയും, കായും, ഒക്കെ നീ വില്ക്കുന്നു. മറ്റു പലതരം ഔഷധങ്ങളും, അവയുടെ കായ്കളും, കിഴങ്ങുകളും വില്ക്കുന്നു. അങ്ങനെയുള്ള നിനക്ക് വേദത്തില്‍പ്പറയുന്ന പ്രകാരമുള്ള നൈഷ്ഠികജ്ഞാനം വിളങ്ങിക്കാണുന്നു. നിനക്ക് ഈ ജ്ഞാനം എവിടെ നിന്നു ലഭിച്ചു? ഇത് ഭവാന്‍ ഒന്നും വിടാതെ എന്നോട് മഹാമതേ, പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: മഹാനായ വിപ്രന്‍ പറഞ്ഞതുകേട്ട് വൈശ്യനും, ധര്‍മ്മാര്‍ത്ഥ തത്വജ്ഞനുമായ തുലാധാരന്‍ സൂക്ഷ്മമായ ധര്‍മ്മതത്വങ്ങള്‍, ജ്ഞാനിയും, കഷ്ടപ്പെട്ട് തപസ്സു ചെയ്തവനുമായ ജാജലിയോട് പറഞ്ഞു രാജാവേ!
തുലാധാരന്‍ പറഞ്ഞു: ശാശ്വതമായ ധര്‍മ്മരഹസ്യം സര്‍വ്വദൂതഹിതവും, സര്‍വ്വലോകമിത്രവും, സര്‍വ്വജനസമ്മതവുമായ ധര്‍മ്മരഹസ്യം ഞാന്‍ - അറിയുന്നുണ്ട് ജാജലീ! അറുത്തെടുത്ത പുല്ലു കൊണ്ടും വിറകുകൊള്ളി കൊണ്ടുമാണ് ഞാന്‍ പുര ചമച്ചത്. ചെമ്പഴഞ്ഞിച്ചാറ്, പതിമുകം, തുംഗം, ഗന്ധം, പലതരം രസങ്ങള്‍, മദ്യമൊഴികെ മറ്റുള്ള പലതരം വസ്തുക്കള്‍ എന്നിവ പലയിടത്തു നിന്നും വാങ്ങി മറ്റുള്ളവര്‍ക്ക് യാതൊരു വ്യാജവും കൂടാതെ വിറ്റുവരുന്നു. ഞാന്‍ എല്ലാവര്‍ക്കും സുഹൃത്താണ്. എല്ലാവരുടേയും ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്നു. മനസ്സുകൊണ്ടും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധര്‍മ്മത്തെ അറിഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ട്. ജാജലീ! ഞാന്‍ ആരുമായും ഇണങ്ങി നില്ക്കുന്നില്ല. ആരുമായും പിണങ്ങി നില്ക്കുന്നില്ല. ഞാന്‍ ആരേയും വെറുക്കുന്നില്ല. ഒന്നിനേയും ഞാന്‍ കൊതിക്കുന്നുമില്ല. സര്‍വ്വഭൂതത്തിലും എനിക്ക് സമമായ ഒരു ഭാവനയാണുള്ളത്. അതാണ് എന്റെ വ്രതം. എടോ ജാജലീ, എന്റെ ജീവിതം ഇപ്രകാരമാണെന്നു ഭവാന്‍ അറിയുക! എന്റെ തുലാസ്സ് എല്ലാ ഭൂതങ്ങളിലും സമമായി നില്ക്കുന്നു. അല്ലയോ ജാജലീ, ഞാന്‍ അന്യന്റെ കൃത്യങ്ങളെപ്പറ്റി പുകഴ്ത്തിപ്പറയില്ല. നിന്ദിച്ചു പറയാറുമില്ല! ഹേ വിപ്രാ, ആകാശത്തിന്റെ മാതിരി ലോകത്തില്‍ ഞാന്‍ വിചിത്രത കാണുന്നു. അങ്ങനെ ഞാന്‍ സര്‍വ്വലോകത്തോടും സമത്വത്തോടെ നില്ക്കുന്നവനാണ് എന്ന് ഹേ, ജാജലീ, ഭവാന്‍ അറിയുക! ധീമാന്മാരില്‍ വെച്ച് ശ്രേഷ്ഠനായ മഹാശയാ, ഞാന്‍ സമചിത്തനാണ്. പൊന്‍കട്ടയും മണ്‍കട്ടയും - എനിക്കു തുല്യമാണ്. ബധിരന്മാരും, അന്ധന്മാരും, ഉന്മത്തന്മാരുമായവരെ പോലെ, അതാത് ഇന്ദ്രിയങ്ങള്‍ നഷ്ടപ്പെട്ടവരുടെ മട്ടില്‍, ഞാന്‍ എല്ലാവിധ ഇന്ദ്രിയാഗ്രഹങ്ങളില്‍ നിന്നും വിട്ടു ജീവിക്കുകയാണ്. ദേവന്മാര്‍ക്ക് എന്റെ ഗൃഹദ്വാരം തുറന്നിട്ടിരിക്കുന്നു. എന്റെ കാഴ്ചയ്ക്ക് അതാണ് നിദര്‍ശനം. വൃദ്ധന്മാരും, ആതുരന്മാരും, കൃശന്മാരും എപ്രകാരമാണോ വിഷയത്തില്‍ സ്പൃഹയില്ലാത്തവരായിരിക്കുന്നത്, അതുപോലെ കാമത്തിലും അര്‍ത്ഥഭോഗങ്ങളിലും എനിക്കു യാതൊരു താല്ലര്യവുമില്ല. ഇവന്ന് ആരിലും ഭയമില്ല. ആരെയും ഇവന്‍ ഭയപ്പെടുത്തുന്നുമില്ല. ഇച്ഛയും ദ്വേഷവും ഇല്ല. ഈ നില എപ്പോള്‍ ഒരുവനില്‍ എത്തുന്നുവോ, അപ്പോള്‍ അവന് ബ്രഹ്മസിദ്ധി കൈവന്നു എന്നു വിചാരിക്കാം. ഭൂതമില്ല, ഭാവിയില്ല, ധര്‍മ്മമില്ല. അങ്ങനെ എല്ലാ ഭൂതങ്ങള്‍ക്കും ആര് അഭയം നല്‍കുന്നുവോ അവന് ലഭിക്കുന്ന പദവും അഭയമായസ്ഥാനമാകുന്നു. എല്ലാവരും ആരെ മൃത്യുവക്ത്രത്തെപ്പോലെ ഭയപ്പെടുന്നുവോ അവന്‍ ക്രുരവാക്കുകള്‍ കേട്ടും ഓങ്ങുന്ന വടികണ്ടും ഭയപ്പെടേണ്ടതായി വരും. പുത്രന്മാരും പൌത്രന്മാരുമുള്ളവരും അഹിംസാശീലമുള്ളവരും യോഗ്യന്മാരുമായ വൃദ്ധന്മാരുടെ വൃത്തം ഞാന്‍ പിന്തുടരുന്നു. ശാശ്വതമായ ധര്‍മ്മം നശിച്ച് സദാചാരവിമോഹിതമായിരിക്കുന്നതില്‍ വൈദ്യനും താമസനും ബലവാനും മയങ്ങുന്നു. എടോ ജാജലീ, പ്രാജ്ഞന്‍ ആചാരം മൂലം ധര്‍മ്മത്തെ പ്രാപിക്കും. ഇപ്രകാരം സാധുക്കളാല്‍ ദാന്തനായി അവന്‍ അദ്രോഹത്താല്‍ ചരിക്കും. വേദത്തില്‍ ധര്‍മ്മത്തെക്കുറിച്ചു പ്രസ്‌താവിച്ചിട്ടുണ്ടല്ലോ. അതിനെ സദാചാരം എന്നു പറയുന്നു. ചില തെറ്റായ കര്‍മ്മങ്ങളില്‍ സദാചാരം ഉലയ്ക്കപ്പെടുന്നു. വിഡ്ഢികള്‍ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തെ വിട്ടുകളയുന്നു. എന്നാല്‍ നേരെ മറിച്ച് സത്തുക്കള്‍ തെറ്റുകളെ ഒഴിഞ്ഞു മാറുന്നു. നന്മകളെ മാത്രം സ്വീകരിക്കുന്നു. യദ്യച്ഛയാല്‍ പുഴയിലൊഴുകുന്ന മരമുട്ടി എപ്രകാരം യദ്യപ്ഛയാല്‍ ഒഴുകിവരുന്ന മറ്റൊരു മരമുട്ടിയുമായി കൂട്ടി മുട്ടുന്നുവോ അതുപോലെയും അതില്‍ വേറെ ചില വിറകിന്‍ മുട്ടികള്‍ വന്നു കൂടുന്നതു പോലെയും പുല്ലും, മുട്ടിയും, വരളിയും, ചിലപ്പോള്‍ യദൃച്ഛയാല്‍ കൂടുന്നതുപോലെയുമാണ് മര്‍ത്തൃജന്മം. ഒരു ജീവിയും ഒരിക്കലും ആരെയും ഭയപ്പെടേണ്ടതില്ല, അവന് ഒരിക്കലും ഒരു ജീവിയില്‍ നിന്നും ഭയപ്പെടേണ്ടി വരികയില്ല. അവനെ എല്ലാ ജീവികളും രക്ഷിക്കും. ഏതൊരുത്തനെ സര്‍വ്വജനങ്ങളും ചെന്നായിനെപ്പോലെ ഭയപ്പെടുന്നുവോ, അവന്‍ കടലിലെ ജലജീവികളായ ഘോരജന്തുക്കള്‍ ബഡവാഗ്നിയിലെന്ന പോലെ ഭയങ്കരമായ അഗ്നിയെ ഭയപ്പെടേണ്ടതായി വരും. ഇപ്രകാരമാണ് എല്ലായിടത്തും ആചാരത്തിന്റെ സ്വഭാവം. ഒരുത്തന്‍ അവന്റെ ശക്തിക്കൊത്ത വണ്ണം അതിനെ അനുയാനം ചെയുന്നു. സഹായവാന്‍, ദ്രവ്യശാലി, സുഭഗന്‍ ഇവരെ ജ്ഞാനികള്‍ ശാസ്ത്രങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു.
കീര്‍ത്തിക്കുവേണ്ടി അൽപഹ്യല്ലേഖന്മാരും, ദക്ഷന്മാരു മായ കൃല്‍സ്നനിശ്ചയന്മാര്‍ തപസ്സ്, യജ്ഞം, ദാനം, പ്രജേഞാ ശക്തികള്‍ എന്നിവയാല്‍ ഉണ്ടാകുന്ന അഭയദാനംകൊണ്ട് ഇഹത്തില്‍ ഫലോദയം നേടുന്നു.
എല്ലാ ഭൂതങ്ങള്‍ക്കും അഭയം എന്ന ദാനം ആരു നല്കു ന്നുവോ, അവന്‍ സര്‍വ്വയജ്ഞവും ചെയ്ത് അഭയദാനം വാങ്ങുന്നവനാണ്. ഭൂതങ്ങളില്‍ അഹിംസയ്ക്ക് തുല്യമായി മറ്റൊരു ധര്‍മ്മവുമില്ല. ഒരു ഭൂതവും ഒരിക്കലും ആരെ ഭയപ്പെടാതിരിക്കുന്നുവോ, അവന്‍ സര്‍വ്വഭൂതാഭയനാണ്. അവന്‍ മഹത്തായ പുണ്യലോകങ്ങള്‍ നേടുന്നതായിരിക്കും. വീട്ടില്‍ വാഴുന്ന സര്‍പ്പത്തെപ്പോലെ ജനങ്ങള്‍ ആരെ ഭയപ്പെടുന്നുവോ, അവന്‍ ധര്‍മ്മത്തിന്റെ ഫലം ഇഹലോകത്തും പരലോകത്തും നേടുന്നതല്ല. സര്‍വ്വ ഭൂതാത്മഭൂതനും, സര്‍വ്വ ഭൂതരക്ഷകനുമായ മഹാശയന്റെ വഴിക്ക് അവന്റെ കാലടികളെ നോക്കി വാനവര്‍ പോലും ചുറ്റും. എല്ലാ ദാനത്തിലും വെച്ചു മികച്ചത് ഭൂതങ്ങള്‍ക്ക് അഭയം നല്കുക എന്നതാണ്. എടോ ജാജലീ, ഞാന്‍ നിന്നോട് സത്യമാണ് പറയുന്നത്. കര്‍മ്മ വ്യാപത്തി കണ്ടു വെറുക്കുന്ന ജനം സുഭഗനായി, വീണ്ടും ദൂര്‍ഭഗനായി പിറക്കും. ഹേ ജാജലീ, സൂക്ഷ്മമായ ധര്‍മ്മം ഫലം കൂടാതെ ഉണ്ടാവുകയില്ല. ഭൂതഭവ്യാര്‍ത്ഥങ്ങളാണ് ധര്‍മ്മശാസ്ത്രം നിര്‍മ്മിച്ചതും. സുക്ഷ്മത്വം മൂലം വളരെ മറവുള്ളത് അറിയുവാന്‍ വിഷമമാണ്. ഇടയ്ക്ക് മറ്റാചാരങ്ങള്‍ കണ്ട് ആചാരത്തെ അറിയാം. .
മൂരികളുടെ വൃഷണം ഉടയ്ക്കുകയും, മൂക്കുകുത്തിക്കുകയും, അവയെക്കൊണ്ട് വലിയ ഭാരം എടുപ്പിക്കുകയും നുകം വെക്കുകയും, ഇണക്കിക്കൊണ്ടു നടക്കുകയും ചെയ്യുന്നു. അവയെ കൊന്നുതിന്നുകയും ചെയ്യുന്നു. ഇക്കൂട്ടരെ എങ്ങനെ അധിക്ഷേപിക്കാതിരിക്കും. മനുഷ്യരെ മനുഷ്യര്‍ തന്നെ ദാസരാക്കി നിര്‍ത്തുന്നു. വധിക്കുവാനും, പിടിച്ചു കെട്ടാനും, ചങ്ങലയ്ക്കിടാനും മടിക്കുന്നില്ല. രാവും പകലും വേലയെടുപ്പിക്കുകയും ചെയ്യുന്നു. തനിക്കും ഇത്തരത്തില്‍ വധമോ, ബന്ധനമോ, തടവോ, ഏല്‍ക്കുമെന്നറിഞ്ഞാലും അതില്‍ നിന്നു മനുഷ്യന്‍ പിന്മാറുന്നില്ല. പഞ്ചേന്ദ്രിയങ്ങളുടെ ഭൂതങ്ങളില്‍ ദൈവതങ്ങള്‍ വാഴുന്നു. ആദിത്യന്‍, ചന്ദ്രന്‍, വായു, ബ്രഹ്മാവ്, പ്രാണന്‍, യമന്‍, ക്രതു ഇവകളെല്ലാം ജീവജാലങ്ങളില്‍ സ്ഥിതി ചെയുന്നു. ആ ജീവജാലങ്ങളെ വിറ്റ് മനുഷ്യന്‍ പുലരുന്നു. പിന്നെ ചത്ത വസ്തുവിലുള്ള ചിന്ത പറയുവാനുണ്ടോ? ആട് അഗ്നിയാണ്, ചെമ്മരിയാട് വരുണനാണ്. കുതിര സൂര്യനാണ്, ഭൂമി വിരാട്ടാണ്, പശുവിന്റെ കിടാവും പശുവും സോമനാണ്. ഇവയെ വിറ്റാല്‍ അതുകൊണ്ട് യാതൊരു നേട്ടവും (പുണ്യവും) മനുഷ്യന് ലഭിക്കുകയില്ല. പിന്നെ എന്ത് ദോഷമാണ് എണ്ണ വില്ക്കുന്നതിലും നെയ്യ് വില്ക്കുന്നതിലും തേന്‍ വില്ക്കുന്നതിലും മദ്യം വില്ക്കുന്നതിലുമുള്ളത്? വളരെ ജീവികള്‍ സമാധാനമായി കൊതുകും, മൂട്ടകളും, ഇല്ലാത്ത ഇടംനോക്കി ജീവിക്കുന്നു. പശുക്കുട്ടികള്‍ അവയുടെ തള്ളയുടെ അടുത്ത് സുഖമായിക്കഴിയുമ്പോള്‍ അവയെ ബലമായി പിടിച്ചുവലിച്ച്, വൃത്തികെട്ടതും, മൂട്ടയും, കൊതുകും നിറഞ്ഞതുമായ സ്ഥലത്തു കൊണ്ടുപോയി ബന്ധിക്കുന്നു. എടുക്കുവാന്‍ വയ്യാത്ത ചുമടു കയറ്റിയ കാള പലതരത്തില്‍ വിധിവിട്ടും കേഴുന്നു. ഇതിനേക്കാള്‍ പാപമായി ഭ്രൂണഫഹത്യയെപ്പോലും ഞാന്‍ കരുതുകയില്ല. കൃഷി തന്നെയാണ് പൊതുവില്‍ അഭിപ്രായം. എന്നാല്‍ അതും ഘോരമായ പാതകം ഉണ്ടാക്കുന്നുണ്ട്. കരികൊണ്ടുഴുമ്പോള്‍ ഭൂമിയും, അതില്‍പ്പെട്ട അനവധി ജീവികളും ഹനിക്കപ്പെടുന്നു. എടോ ജാജലേ, പൂട്ടുന്ന കാളയേയും ഒന്നു നോക്കുക! ഗോക്കള്‍ക്ക് "അഘ്ന്യകള്‍" എന്നാണു പേര്. കൊല്ലുവാന്‍ പാടില്ലാത്തത് എന്നാണ് അതിന്റെ സാരം. അവയെ ആരും കൊല്ലുവാന്‍ ആഗ്രഹിക്കയില്ല. എന്നാല്‍ പശുക്കളേയും മുരികളേയുമൊക്കെ കൊല്ലുന്നവര്‍ വലിയ അശുഭമാണു ചെയ്യുന്നത്. പണ്ട് ഋഷിമാരും, യതിമാരും, നഹുഷനോടു പറഞ്ഞു: എടോ നഹുഷാ നീ അമ്മയായ പശുവിനെ കൊന്നു, അച്ഛനായ കാളയേയും കൊന്നു. ആ പാപം നീ ചെയ്യുകയാല്‍ ഞങ്ങള്‍ നീ മൂലം ഇന്നും വ്യഥയേല്ക്കുന്നു. നൂറ്റൊന്ന് രോഗങ്ങള്‍ സര്‍വ്വ ഭൂതങ്ങളിലും ചുമത്തപ്പെട്ടു. ആ മഹാഭാഗന്മാരായ ഋഷിമാര്‍ നഹുഷന്റെ പാപം പകുത്ത് ലോകരില്‍ത്തന്നെ മഹാരോഗങ്ങളായി വിതച്ചു. എന്നിട്ടു പറഞ്ഞു; നഹുഷന്‍ ഭ്രൂണഹന്താവാണ്. നിന്റെ ഹവിസ്സു ഞങ്ങള്‍ ഹോമിക്കുകയില്ല' എന്ന് ഋഷിമാര്‍ പറഞ്ഞുപോലും. നഹുഷന്‍ കരുതിക്കൂട്ടി ഒരു പാപവും ചെയ്തിട്ടില്ല എന്ന് ഇപ്രകാരം പറഞ്ഞ ആ ഋഷിമാര്‍ക്കെല്ലാം അറിയാമായിരുന്നു. ഈ മാതിരിയുള്ള അമംഗളമായ ക്രൂരാചാരങ്ങള്‍ നാട്ടിലുണ്ട് ജാജലീ! ഇത്തരം പാപകര്‍മ്മങ്ങള്‍ മനുഷ്യര്‍ ചെയ്തു. അതു നാട്ടുനടപ്പായി വന്നുചേര്‍ന്നതാണ്. അത് സമര്‍ത്ഥന്മാര്‍ പോലും ചിന്തിക്കുന്നില്ല. കാരണം ചിന്തിച്ച് പാപവൃത്തിയില്‍ നിന്ന് പിന്മടങ്ങുക. ധര്‍മ്മത്തെ ഓര്‍ത്ത് നാട്ടുനടപ്പായ പാപാചാരത്തില്‍ നിന്നു പിന്മടങ്ങുക.
എന്റെ അഹിംസാ കര്‍മ്മത്തെപ്പറ്റിയും ചിലര്‍ സ്തുതി ക്കുന്നുണ്ട്. അവരെപ്പറ്റിയും ഞാന്‍ പറയാം, ഭവാന്‍ കേള്‍ക്കുക. എനിക്ക് അവര്‍ തുല്യന്മാരാണ്. എനിക്ക് അവരില്‍ പ്രിയമാകട്ടെ അപ്രിയമാകട്ടെ ഇല്ല. ഇങ്ങനെയാണ് ശരിയായ ധര്‍മ്മത്തിന്റെ സ്വഭാവമെന്ന് മനീഷികള്‍ പുകഴ്ത്തുന്നു. ഉപപത്തിയുള്ളവനെ നിത്യവും ധര്‍മ്മശീലന്മാരായ യതികള്‍ നോക്കിയറിഞ്ഞു സേവിക്കുന്നു.
അദ്ധ്യായം 263. തുലാധാരജാജലിസംവാദം - ആത്മയജ്ഞവിഷയകമായ ധര്‍മ്മം -- ജാജലി പറഞ്ഞു; അങ്ങ് ഉപദേശിക്കുന്ന കര്‍ത്തവ്യത്തിന്റെ നിഷ്ഠാപരിപാടി എല്ലാ ജീവികള്‍ക്കെതിരേയും സ്വര്‍ഗ്ഗവാതില്‍ അടയ്ക്കുന്നു. അവരുടെ ഉപജീവനമാര്‍ഗ്ഗത്തിന്ന് വിരാമമിടുകയും ചെയ്യുന്നു. കൃഷിയില്‍നിന്നും ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നു. ഭക്ഷണം അങ്ങയ്ക്കു പോലും ഉപജീവനം തരുന്നു. മൃഗങ്ങളുടെയും കൃഷി വിളവുകളുടെയും ചെടികളുടെയും സഹായത്തോടെ മനുഷ്യര്‍, അല്ലയോ വ്യാപാരി, അവരുടെ നിലനില്ലിന് കഴിവുള്ളവരാകുന്നു. മൃഗങ്ങളില്‍നിന്നും ഭക്ഷണത്തില്‍നിന്നും ത്യാഗങ്ങള്‍ ഉത്ഭവിക്കുന്നു. അങ്ങയുടെ തത്ത്വങ്ങള്‍ നിരീശ്വരത്വത്തിലേക്കു ചായ് വ് ഉള്ളവയാകുന്നു. ജീവിതം താങ്ങിനിര്‍ത്തപ്പെടുന്ന മാര്‍ഗ്ഗം ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ഈ ലോകം അവസാനിക്കും.
തുലാധാരന്‍ പറഞ്ഞു: ഞാന്‍ ഇനി ജീവിതം നില നിര്‍ത്തുന്നതിന്നുള്ള മാര്‍ഗ്ഗങ്ങളുടെ ഉദ്ദേശ്യത്തെപ്പറ്റി സംസാരിക്കാം. അല്ലയോ ബ്രാഹ്മണാ! ഞാന്‍ ഒരു നിരീശ്വരവാദിയല്ല. ഞാന്‍ ത്യാഗം ചെയ്യുന്നതിനെ കുറ്റപ്പെടുത്തുന്നില്ല. എന്തൊക്കെയായാലും ബലിയര്‍പ്പിക്കുന്നതിനെപ്പറ്റി സത്യമായി സംസാരിക്കാന്‍ കഴിയുന്ന മനുഷ്യര്‍ ചുരുക്കമാണ്. ബ്രാഹ്മണര്‍ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള തപസ്സിന്നു മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. തപസ്സിനെപ്പറ്റി നന്നായി സംസാരിക്കാന്‍ കഴിവുള്ളവരേയും ഞാന്‍ ബഹുമാനിക്കുന്നു. കഷ്ടം! ബ്രാഹ്മണര്‍ അവര്‍ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള യാഗകര്‍മ്മങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ക്ഷത്രിയനന്മാര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കര്‍മ്മങ്ങളെ ചെയ്യുന്നു. (മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഉപ്രദവംചെയ്യുന്ന കര്‍മ്മങ്ങള്‍ ക്ഷത്രിയര്‍ക്കാണു വിധിച്ചിട്ടുള്ളത്). ധനത്തിന്ന് ആഗ്രഹമുള്ള ദൈവവിശ്വാസമുള്ള പലരും ശ്രുതികളിലെ പ്രഖ്യാപിത തത്വങ്ങളുടെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാതെയും വാസ്തവത്തില്‍ തെറ്റായതും എന്നാല്‍ ശരിയാണെന്നു തോന്നിക്കുന്നതുമായ കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും പലതരത്തിലുള്ള കര്‍മ്മങ്ങളെ അനുഷ്ഠിക്കുന്നുണ്ട്. ഇങ്ങനെയാണ് അവര്‍ പറയുന്നത്: ഇത് ഈ യാഗത്തില്‍ ഉപേക്ഷിക്കപ്പെടണം. ഈ മറ്റേ വസ്തു മറ്റേ യാഗകര്‍മ്മത്തില്‍ ഉപേക്ഷിക്കപ്പെടണം. ഇവയില്‍ ആദ്യത്തേത് പ്രശംസാര്‍ഹമാണ്. ഇവയുടെയെല്ലാം ഫലമായി ഹേ ജാജലി! കളവും മറ്റ് ചീത്ത കൃത്യങ്ങളും ഉണ്ടാകുന്നു. ശുദ്ധമായ മാര്‍ഗ്ഗത്തിലൂടെ അര്‍പ്പിക്കപ്പെടുന്ന യാഗാര്‍ച്ചനകള്‍ക്കു മാത്രമേ ദേവന്മാരെ പ്രീതിപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. ദേവന്മാരെ ആരാധിക്കല്‍ മന്ത്രങ്ങളെക്കൊണ്ടും അഗ്നിയില്‍ സമര്‍പ്പിക്കുന്ന സാധനങ്ങളെക്കൊണ്ടും സാധിക്കാം എന്നതിന് പുണൃഗ്രന്ഥങ്ങളില്‍ വേണ്ടുവോളം സൂചനകളുണ്ട്. അവരുടെ മതപരമായ കര്‍മ്മങ്ങളില്‍ നിന്നു നല്ലവരല്ലാത്ത ആളുകള്‍ ക്രൂരമായ അര്‍ച്ചനകള്‍ നടത്തുന്നു. ദുര്‍മ്മോഹികളായ ആളുകളില്‍ നിന്നു ദുരാഗ്രഹികളായ കുട്ടികള്‍ ജനിക്കുന്നു. സംതൃപ്തരായ ജനങ്ങള്‍ക്കു സംതൃപ്തരായ കുട്ടികള്‍ ഉണ്ടാകുന്നു. ബലിയര്‍പ്പിക്കുന്ന ആളും പുരോഹിതനും അവര്‍ അനുഷ്ഠിക്കുന്ന യാഗങ്ങളില്‍ ഫലേച്ഛ കൊണ്ട് ഇളക്കപ്പെടുന്നുവെങ്കില്‍ അവരുടെ മക്കള്‍ അതു കൊണ്ടുള്ള ദുഷ്ടഫലം അനുഭവിക്കുന്നു: മറിച്ച്, അവര്‍ ഫലേച്ഛയ്ക്ക് വിധേയരാകുന്നില്ല എങ്കില്‍ അവരില്‍ നിന്നു ജനിക്കുന്ന കുട്ടികളും അതേതരം ആളുകളായിത്തീരുന്നു. ആകാശത്തില്‍ നിന്നും ശുദ്ധജലം എന്ന പോലെ യാഗങ്ങളില്‍ നിന്നും വംശം ഉത്ഭവിക്കുന്നു. യാഗാഗ്നിയില്‍ ഒഴിക്കപ്പെട്ട ദ്രാവകങ്ങള്‍ സൂര്യനിലേക്കുയരുന്നു. സൂര്യനില്‍നിന്ന് മഴ ഉണ്ടാകുന്നു. ഭക്ഷണത്തില്‍ നിന്ന് ജീവികള്‍ ഉണ്ടാകുന്നു. മുമ്പു കാലത്ത് യാഗങ്ങളില്‍ യഥാവിധി വ്യാപ്യതരായ ആളുകള്‍ക്ക് അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഫലം സിദ്ധിച്ചിരുന്നു. ഭൂമി ഉഴപ്പെടാതെ തന്നെ ധാന്യ ങ്ങള്‍ വിളയിച്ചിരുന്നു. മുനിമാരാല്‍ ഉച്ഛരിക്കപ്പെട്ട അനുഗ്രഹവാക്കുകള്‍ സസ്യങ്ങളെ ഉണ്ടാക്കി. (മുമ്പുകാലങ്ങളില്‍ യാഗത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുകയും എല്ലാവരും ഫലേച്ഛ കൂടാതെ യാഗകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. അതിന്റെ ഫലമായി നിലം ഉഴാതെ തന്നെ വിളവു നല്കി. എല്ലാ ജീവികള്‍ക്കും ശ്രേയസ്സ് മുനിമാര്‍ ആഗ്രഹിക്കുകയും അങ്ങനെയുള്ള ആഗ്രഹം തന്നെ സസ്യങ്ങളെ സൃഷ്ടിക്കാന്‍ പര്യാപ്തമാവുകയും ചെയ്തു).
മുമ്പുള്ള ജനങ്ങള്‍ ഫലം കിട്ടാനുള്ള ഉദ്ദേശ്യത്തോടു കൂടിയല്ല യാഗകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചത്. ഫലത്തെ സംശയിച്ചു കൊണ്ട് എങ്ങനെയെങ്കിലും യാഗം അനുഷ്ഠിക്കുന്ന ആളുകള്‍ അവരുടെ പിന്നത്തെ ജന്മത്തില്‍ സത്യസന്ധരല്ലാത്തവരായും പണക്കൊതിയന്മാരായും ജനിക്കുന്നു. തെറ്റായ വ്യാഖ്യാനം മൂലം എല്ലാ മതഗ്രന്ഥങ്ങളിലെ തത്വങ്ങളെയും ചീത്തയാണെന്നു കാണിക്കുന്ന മനുഷ്യന്‍ അവന്റെ ആ പാപകരമായ പ്രവൃത്തി മൂലം പാപത്തിന്റെ പ്രദേശത്തേക്ക് (നരകത്തിലേക്ക്) പോകും എന്നതു തീര്‍ച്ചയാണ്. ഇത്തരത്തിലുള്ള മനുഷ്യന്‍ പാപിയായ ആത്മാവിന്റെ ഉടമയാണ്. ബുദ്ധിശുന്യനായി (മോക്ഷം കിട്ടാതെ) എല്ലായ്പ്പോഴും നിലകൊള്ളുകയും ചെയ്യുന്നു. ബ്രഹ്മത്തെ എല്ലാമായും എല്ലാ വസ്തുക്കളേയും ബ്രഹ്മമായും കണക്കാക്കുന്ന മനുഷ്യന്‍ പാപരഹിതനായിത്തീരുന്നു; ബ്രാഹ്മണന്‍ എന്ന പേരിന് അര്‍ഹനാകുന്നു. നമ്മള്‍ പരബ്രഹ്മത്തിന്റെ ഉപകരണങ്ങളോ അതിനെ പ്രതിനിധാനം ചെയ്യുന്നവരോ ആയി നമ്മെ കണക്കാക്കി എല്ലാ പ്രവൃത്തികളും ച്ചെയ്യണം. പ്രവൃത്തികള്‍ അദ്ദേഹത്തിന്റേതാണ് (ദൈവത്തിന്റെ). നാം ഉപകരണങ്ങള്‍ മാത്രവും. വേദങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നവയും ദിവസേന അനുഷ്ഠിക്കേണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടവയുമായ കര്‍മ്മങ്ങളെ അനുഷ്ഠിക്കാന്‍ കടമപ്പെട്ടതായി കരുതുന്ന ആള്‍, ഏതെങ്കിലുമൊരു ദിവസം അത് അനുഷ്ഠിക്കുവാന്‍ സാധിക്കാതെ വന്നാല്‍ ഭയപ്പെടുന്ന ആള്‍, യാഗത്തിന്റെ എല്ലാ ആവശ്യങ്ങളേയും ബ്രഹ്മത്തിന്നു തുല്യമായി കണക്കാക്കുന്ന ആള്‍, തന്നെ ഒരിക്കലും നടനായി കണക്കാക്കാത്ത ആള്‍, സത്യത്തില്‍ ഒരു ബ്രാഹ്മണനാണ്. അത്തരത്തിലുള്ള ഒരാളുടെ കര്‍മ്മങ്ങള്‍ അപൂര്‍ണ്ണമായിരിക്കുന്നുവെങ്കില്‍ അഥവാ അവയുടെ പൂര്‍ത്തികരണം അശുദ്ധമൃഗങ്ങളാല്‍ തടസ്സപ്പെടുന്നുവെങ്കില്‍, അപ്പോള്‍ പോലും ആ കര്‍മ്മങ്ങള്‍ മേന്മയേറിയവയാണെന്നു നാം കേട്ടിരിക്കുന്നു. ആ കര്‍മ്മങ്ങള്‍ ഫലേച്ഛ കൊണ്ട് അനുഷ്ഠിക്കപ്പെടുകയും, അവയുടെ പൂര്‍ത്തീകരണം അത്തരത്തിലുള്ള തടസ്സങ്ങളെക്കൊണ്ടു നടക്കാതെ വരികയും ചെയ്യുന്നുവെങ്കില്‍, പൊരുത്തപ്പെടുത്തല്‍ (പ്രായശ്ചിത്തം) ആവശ്യമായിവരും.
ജീവിതത്തിന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യ(മോക്ഷ) പ്രാപ്തി ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം ലൗകികധനങ്ങളെ സംബന്ധിച്ചിടത്തോളം മോഹങ്ങളില്‍ നിന്നും മുക്തരായവര്‍, ഭാവിക്കു വേണ്ടിയുള്ളതെല്ലാം ഉപേക്ഷിക്കുന്നവര്‍, അസൂയയില്‍ നിന്നു സ്വതന്ത്രര്‍, സതൃത്തില്‍ അടിയുറച്ചു നില്ക്കുകയും, സംയമനത്തെ ത്യാഗമായി കണക്കാക്കുകയും ചെയ്യുന്നു. (കര്‍ത്തവ്യ ബോധത്തോടെ യാഗങ്ങള്‍ ചെയ്യപ്പെടുമ്പോള്‍, അപൂര്‍ണ്ണമെങ്കില്‍ക്കൂടി അവ ഫലവത്തായിത്തീരുന്നു. ഫലേച്ഛ കൊണ്ട് അവ അനുഷ്ഠിക്കപ്പെടുമ്പോള്‍ മാത്രമേ പൂര്‍ത്തീകരണം തടസ്സപ്പെടുന്നിടത്ത് പ്രായശ്ചിത്തം ആവശ്യമായി വരുന്നുള്ളൂ). ശരീരത്തിന്റെയും, ആത്മാവിന്റെയും, വ്യത്യാസത്തെ അറിയുന്നവരും, യോഗത്തിന്ന് അര്‍പ്പിക്കപ്പെട്ടവരും, പ്രാണവാനില്‍ സഞ്ചരിക്കുന്നവനും, എല്ലായ്പ്പോഴും മറ്റുള്ളവരെ തൃപ്‌തിപ്പെടുത്തുന്നതില്‍ വിജയിക്കുന്നു. പ്രണവം എന്നു പേരായ പ്രാപഞ്ചികമായ ബ്രഹ്മം ദേവന്മാരുടെ ആത്മാവാണ്. അത് ബ്രഹ്മത്തെ അറിയുന്നവനില്‍ വസിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള മനുഷ്യന്‍ ഭക്ഷിക്കുകയും തൃപ്‌തനാവുകയും ചെയ്യുമ്പോള്‍ എല്ലാ ദേവന്മാരും സംതൃപ്‌തരാകുന്നു.
എല്ലാ തരത്തിലുള്ള രസങ്ങളിലും തൃപ്തിയുള്ളവന്‍ ഒരു പ്രത്യേക രസത്തെ. പ്രശംസിക്കാത്തത് പോലെ എല്ലാ ജ്ഞാനങ്ങളും അറിയാന്‍ കഴിഞ്ഞവന്‍ പരമമായ ആനന്ദത്തിന്റെ ഉറവിടമായ ബ്രഹ്മത്തില്‍ മാത്രമേ ആനന്ദം കാണുകയുള്ളു. ധര്‍മ്മത്തെ അഭയം തേടിയവര്‍ക്കും, ധര്‍മ്മത്തില്‍ ആനന്ദം ദര്‍ശിക്കുന്നവര്‍ക്കും മാത്രമേ കര്‍ത്തവ്യവും അകര്‍ത്തവ്യവും തിരിച്ചറിയുവാനുള്ള കഴിവ് കാണുന്നുള്ളു. ഈ നിലയിലെത്തിയ ജ്ഞാനി ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും തന്നില്‍ നിന്നു തന്നെ ഉത്ഭവിച്ചതാണെന്നു കരുതിപ്പോവും. ഇമ്മാതിരിയുള്ള ജ്ഞാനി എല്ലാ വസ്തുവും ബ്രഹ്മമയമാണെന്നും, താനും ബ്രഹ്മമയമാണെന്നും അറിയുന്നവനാണ്. ജ്ഞാനം സമ്പാദിച്ചവരും, ജീവിതത്തിന്റെ മറുകരയെത്തുവാന്‍ ആഗ്രഹിക്കുന്നവരും വിധിയില്‍ വിശ്വസിക്കുന്നവരും അനന്തമായ ആനന്ദത്തിന്റെ ഇരിപ്പിടമായ ബ്രഹ്മത്തെ പ്രാപിക്കുന്നതില്‍ വിജയിക്കുന്നു. ആ ബ്രഹ്മത്തെ പ്രാപിച്ചവന്‍ പിന്നെ സംസാരത്തിലേക്കു മടങ്ങി വരുന്നതല്ല. അങ്ങനെയുള്ളവന്‍ ബ്രഹ്മത്തേക്കാള്‍ താഴെയുള്ള സ്വര്‍ഗ്ഗത്തെ കാംക്ഷിക്കുന്നില്ല. ഇങ്ങനെയുള്ള ബ്രഹ്മജ്ഞന്മാര്‍ അഹിംസാ നിഷ്ഠയോടെയുള്ള ആരാധനയല്ലാതെ ഹിംസയോടു കൂടിയ ഒരു പൂജയും ബലിയും ചെയ്യുന്നതില്‍ മനസ്സു വെക്കുന്നില്ല. അതില്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ പുഷ്‌പ ഫലാദികളെ കൊണ്ടുള്ള കര്‍മ്മമേ അനുഷ്ഠിക്കുന്നുള്ളൂ. ഇത്തരം ശുദ്ധാത്മാക്കള്‍ക്ക് യാഗം ചെയ്യുന്നതിന് വേണ്ടി പ്രതിഫലാര്‍ത്ഥികളായ ഋത്വിക്കുകള്‍ ഒരുങ്ങുകയില്ല. ഈ പരിശുദ്ധാത്മാക്കള്‍ തങ്ങളുടെ കര്‍മ്മം അവസാനിച്ചാലും ലോകഹിതത്തിന് വേണ്ടി അവര്‍ പിന്നേയും നിസ്വാര്‍ത്ഥമായി കര്‍മ്മം ചെയ്യുന്നു. എന്നാല്‍ ലോഭികളായ ഋത്വിക്കുകള്‍ അശുഭന്മാരായ ആളുകള്‍ക്കു വേണ്ടി ധനം മോഹി ച്ച് യാഗകര്‍മ്മങ്ങളില്‍ പങ്കു കൊള്ളുന്നു. ആ യാഗം നടത്തിക്കുന്ന അശുഭന്മാര്‍ പുണ്യങ്ങളൊന്നും ചെയ്യാതെ ചുളുവില്‍ സ്വര്‍ഗ്ഗം നേടുവാന്‍ ആഗ്രഹിക്കുന്നവരാണ്. സത്തുക്കള്‍ തങ്ങളുടെ സല്‍ക്കര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷം സാമാന്യ ജനങ്ങളെക്കൂടി സന്മാര്‍ഗ്ഗത്തിലേക്കു തിരിച്ച് മോക്ഷപ്രാപ്തിക്ക് അര്‍ഹരാക്കുവാന്‍ യത്നിക്കുന്നു. അല്ലയോ ജാജലീ, ഞാന്‍ പ്രാണിഹിംസയില്‍ നിന്ന് എല്ലാ വിധത്തിലും ഒഴിഞ്ഞു നില്ക്കുകയും എല്ലാ പ്രാണികളിലും തുല്യമായ ഒരു നില കൈക്കൊള്ളുകയും ചെയ്യുന്നു. ബുദ്ധിമാന്മാരായ ബ്രാഹ്മണര്‍ രണ്ടു വിധത്തിലുള്ള കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവര്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലമായി ഉയര്‍ന്ന ലോകത്തിലേക്കു ഗമിക്കുവാന്‍ ഇടയാകുന്നു. എങ്കിലും കര്‍മ്മഫലമനുസരിച്ച് അതില്‍ ചിലര്‍ മോക്ഷത്തില്‍ ലയിക്കുകയും മറ്റുചിലര്‍ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്യുന്നു. മോക്ഷത്തില്‍ ലയിച്ചവന് ജന്മത്തിലേക്കു തിരിച്ചു വരവില്ല. സ്വര്‍ഗ്ഗത്തെ പ്രാപിച്ചവന്‍ ചിരകാലത്തെ സുഖാനുഭവങ്ങള്‍ക്കു ശേഷം വീണ്ടും സംസാരത്തിലേക്കു തിരിച്ചു വരുന്നു. ആ യജ്ഞങ്ങള്‍ അനുഷ്ഠിച്ചു കൊണ്ട് ആ പുണ്യാത്മാക്കള്‍ ദേവന്മാർ സഞ്ചരിച്ച മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നു. ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുന്ന പുണ്യാത്മാക്കള്‍ തിരിച്ചു വരാത്ത നിലയില്‍ മോക്ഷത്തില്‍ പ്രവേശിക്കുന്നു. ഫലേച്ഛയോടു കൂടി കര്‍മ്മം ചെയ്യുന്നവര്‍ സ്വര്‍ഗ്ഗത്തേയും പ്രാപിക്കുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തെ പ്രാപിച്ചവന് വീണ്ടും തിരിച്ചു വരേണ്ടതായി വരും. ഇതാണ് അവരുടെ അന്തിമ ലക്ഷൃത്തിന്റെ വ്യത്യാസം. ഇങ്ങനെയുള്ള പുണ്യാത്മാക്കള്‍ക്ക് കാളകള്‍ പ്രേരണ കൂടാതെ സ്വമേധയാ നുകത്തിന്ന് കഴുത്തു ചായ്ച്ചു കൊടുക്കുന്നു. ഇവര്‍ക്കുവേണ്ടി പശുക്കള്‍ പ്രേരണ കൂടാതെ പാല്‍ ചുരത്തിക്കൊടുക്കുന്നു. അവര്‍ തന്നെത്താനെ യോഗ പ്രഭാവത്താല്‍ മാനസികയജ്ഞങ്ങള്‍ നടത്തുന്നു. എല്ലാ യജേഞാപകരണങ്ങളും അവര്‍ക്കധീനമാണ്. ഇപ്രകാരമുള്ള പരിശുദ്ധാത്മാക്കളുടെ യാഗം പശുക്കളെ ബലികഴിച്ചിട്ടല്ല. അവരുടെ ആത്മപ്രഭാവം അതിലൊക്കെ ഉപരിയായി ഉയര്‍ന്നു നില്ക്കുന്നു. ഇത്തരക്കാര്‍ ഔഷധികളെക്കൊണ്ടുള്ള യജ്ഞങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ത്യാഗത്തെ മുന്‍നിര്‍ത്തിയുള്ള ഇത്തരം പവിത്രാത്മാക്കളെപ്പറ്റി ഞാന്‍ ഭവാനോടു പറഞ്ഞു. നിരീഹനും നിഷ്ക്രിയാരംഭനും, ആരേയും സ്തുതിച്ചു പറയാത്തവനും ആരുടെ മുമ്പിലും തലകുനിക്കാത്തവനും, അക്ഷീണനും, അക്ഷീണ കര്‍മ്മാവുമായ ബ്രാഹ്മണന്‍ ദേവന്മാര്‍ പോലും പൂജിക്കുന്നവനാകുന്നു. വേദം പഠിപ്പിക്കാത്തവനും, യജ്ഞങ്ങള്‍ ചെയ്യാത്തവനും, അര്‍ഹിക്കുന്ന ബ്രാഹ്മണര്‍ക്കു ദാനം ചെയ്യാത്തവനും, കാമൃമായ വൃത്തിക്കു വേണ്ടി അര്‍ത്ഥിക്കുന്നവനുമായ പാപിയുടെ ഗതി എന്തായിരിക്കും ജാജലീ!
ഇപ്രകാരം യജ്ഞാദികളായ കര്‍മ്മങ്ങള്‍ പരിശുദ്ധിയോടെ യജിക്കുന്ന പുണ്യാത്മാക്കള്‍ക്ക്, ദേവസമ്മതന്മാരായ പുണ്യവാന്മാര്‍ക്ക്, ശരിയായ യജ്ഞത്തിന്റെ പുണ്യഫലം ലഭിക്കും. മോക്ഷത്തെ പ്രാപിക്കും.
ജാജലി പറഞ്ഞു: അല്ലയോ വണിക്കിന്റെ പുത്രാ! ഞങ്ങള്‍ ഒരു വണിക്കില്‍ നിന്ന് ഇത്തരം ആര്‍ഷമായ തത്ത്വങ്ങള്‍ ഒന്നും ഇതിന്നുമുമ്പേ കേട്ടിട്ടില്ല. മാനസികമായ യജ്ഞങ്ങള്‍ യോഗത്താല്‍ നിര്‍വ്വഹിക്കുന്ന മഹാത്മാക്കളായ യോഗികള്‍ മാത്രമേ ഇത്തരം ബ്രഹ്മതത്ത്വങ്ങള്‍ പറയുവാന്‍ ശക്തരായിക്കണ്ടിട്ടുള്ളൂ.
തുലാധാരന്‍ പറഞ്ഞു: യജ്ഞത്തില്‍ വിശ്വാസമില്ലാത്തവന്‍ യജ്ഞം ചെയ്തതു കൊണ്ട് യാതൊരു ഫലവും ലഭിക്കുവാന്‍ പോകുന്നില്ല. ഇത്തരക്കാര്‍ ഒരു യജ്ഞത്തിന്നും അര്‍ഹരല്ല. ആന്തരികമായോ, ബാഹ്യമായോ ചെയ്യുന്ന ഒരു പുണ്യകര്‍മ്മത്തിന്നും അര്‍ഹരല്ല. യജ്ഞത്തിന്നൊരുങ്ങുക എന്നത് അത്ര വിഷമമുള്ളതല്ല. പശുവിന്റെ എല്ലാ വസ്തുക്കളും യജ്ഞത്തിന്ന് പശു അര്‍ഹമാക്കുന്നത് കാണുക. വെണ്ണ, പാല്, തൈര് എന്നിവ, കൊമ്പ്, കുളമ്പ്, വാലിന്റെ രോമം എന്നിവയെല്ലാം പശു യജ്ഞവസ്തുക്കളാക്കിത്തീര്‍ക്കുന്നു. അവിവാഹിതന്‍ യജ്ഞത്തിന്നര്‍ഹനല്ല എന്നു വേദത്തില്‍പ്പറയുന്നു. വിവാഹിതനായ പുരുഷന്‍ തന്റെ ഭാര്യയോടു കൂടി ദേവന്മാര്‍ക്ക് യജ്ഞം ചെയ്യണം. പുരോഡാശം പശുക്കളുടെ ശുദ്ധവസ്തുക്കളാകുന്നു. സരിത്തുകളൊക്കെ പുണ്യമായ സരസ്വതീതീര്‍ത്ഥമാണ്. പര്‍വ്വതങ്ങളൊക്കെ പുണ്യസ്ഥാനങ്ങളാണ്. അല്ലയോ ജാജലീ, ആത്മാവ് തീര്‍ത്ഥമാണ്. നീ ദേശാതിഥിയാകരുത്. തീര്‍ത്ഥം അന്വേഷിച്ച് എന്തിന് നീ നടക്കുന്നു. ഏറ്റവും പുണ്യമായ തീര്‍ത്ഥം ഹൃദയമാണ്. ആ പുണൃതീര്‍ത്ഥം നിന്നിലുള്ളപ്പോള്‍ നീ എവിടെ എന്തിന്ന് അന്വേഷിച്ച് നടക്കുന്നു? ഈ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവന്‍, മറ്റു ജീവികള്‍ക്കു ദ്രോഹം ചെയ്യാത്തവന്‍, തന്റെ കര്‍മ്മംകൊണ്ടു പുണ്യം സമ്പാദിക്കുന്നവന്‍, സ്വന്തം പ്രയത്നത്താല്‍ മഹത്തായ പുണ്യലോകത്തെ പ്രാപിക്കും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഇതാണ് തുലാധാരന്‍ ഉപദേശിച്ച ധര്‍മ്മങ്ങള്‍. യുക്തിട്ടു ചേര്‍ന്ന ഈ ഉപദേശങ്ങള്‍ സജ്ജനസേവ്യമാകുന്നു.
അദ്ധ്യായം 264. തുലാധാരജാജലിസംവാദം - ജാജലിയോട് പക്ഷികളുടെ ഉപദേശം - തുലാധാരന്‍ പറഞ്ഞു; അല്ലയോ ജാജലീ, നീ നിന്റെ കണ്ണു കൊണ്ടു നോക്കി കാണുക! സജ്ജനങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗ്ഗവും, ദുര്‍ജ്ജനങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗ്ഗവും നീ നല്ലപോലെ നോക്കിക്കാണുക. എന്നാല്‍ അതിന്റെ മട്ടും മാതിരിയും നിനക്കു മനസ്സിലാകും. നീ കാണുന്നില്ലേ, എത്ര പക്ഷികളാണ് സഞ്ചരിക്കുന്നത്. വളരെയേറെ പക്ഷികളെ നീ കാണുന്നില്ലേ? നിന്റെ തലയില്‍ വളര്‍ന്നുണ്ടായ പക്ഷികളും, വേറെ പരുന്തുകളും, മറ്റു പലജാതി പക്ഷികളും ആകാശത്തില്‍ സഞ്ചരിക്കുന്നതായി നീ കാണുന്നില്ലേ? അങ്ങുമിങ്ങും വിളിച്ച് ചുറ്റിപ്പറക്കുന്ന അവ ചിറകും, കാലും ചുരുക്കി കൂട്ടിനുള്ളിലേക്കു കടന്നു പോകുന്നത് നീ കാണുന്നില്ലേ? അല്ലയോ ബ്രാഹ്മണാ, നീ വളര്‍ത്തിയ പക്ഷികള്‍ നിന്നെ അച്ഛനാണെന്നു സങ്കല്പിച്ച് ആദരിക്കുന്നു. യാതൊരു സംശയവുമില്ല, നീ തന്നെയാണ് അവരുടെ പിതാവ്. അല്ലയോ ജാജലീ, നീ നിന്റെ ആ മക്കളെ വിളിക്കുക.
ഭീഷ്മൻ പറഞ്ഞു: ഉടനെ ജാജലി, ആ പക്ഷികളെ വിളിച്ചു. അവ ഉടനെ ധര്‍മ്മത്തിന്റെ വാക്കായി ഈ വാക്കു കള്‍ ഉച്ഛരിച്ചു.
അല്ലയോ മഹര്‍ഷേ, അഹിംസാദികളായ കര്‍മ്മം ചെയ്യുന്നവന്ന് ഇഹത്തിലും പരത്തിലും ഗുണം ചെയ്യും. എന്നാല്‍ അന്യര്‍ക്കു ദ്രോഹം ചെയ്യുന്ന കര്‍മ്മങ്ങള്‍ അതു ചെയ്യുന്നവന്റെ വിശ്വാസത്തെ നശിപ്പിക്കും. വിശ്വാസം നശിച്ചു കഴിഞ്ഞാല്‍ ചെയ്യുന്നവനും നാശത്തില്‍പ്പെട്ടുപോകും. ലാഭാലാഭങ്ങളില്‍ സമചിത്തതയോടെ, ശ്രദ്ധയോടെ, സംയതാത്മാക്കളായി, സല്‍ബുദ്ധിയോടു കൂടി, കര്‍മ്മം കര്‍ത്തവ്യ ബോധത്തോടെ, ഫലത്തെപ്പറ്റി ആഗ്രഹിക്കാതെ, ചെയ്യുന്നവര്‍ക്കു തീര്‍ച്ചയായും സല്‍ഫലം ഉണ്ടാകും. ബ്രഹ്മത്തിലുള്ള വിശ്വാസം, ശ്രദ്ധ, സൂര്യപുത്രിയാണ്. ശ്രദ്ധയെന്നു പയുന്നവള്‍ വിവസ്വാന്റെ മകളാണ് ബ്രാഹ്മണാ!
അവള്‍ രക്ഷാകര്‍ത്രിയാണ്. അവള്‍ നല്ല ഫലങ്ങളെ ജനിപ്പിക്കുന്നവളാണ്. അവള്‍ വാക്കിന്റെയും മനസ്സിന്റെയും ബാഹ്യരൂപമാണ്. ശ്രദ്ധയെന്നു പറയുന്നവള്‍ ജപത്തിന്റേയും ധ്യാനത്തിന്റേയും ബാഹ്യരൂപമാണ്. ഒരു കര്‍മ്മം വാക്കിന്റെ തെറ്റുകൊണ്ട് ചീത്തയായാല്‍ അതിനെ ശ്രദ്ധ രക്ഷിക്കുന്നു. ഒരു കര്‍മ്മം മഹത്തിന്റെ തെറ്റുകൊണ്ടു മോശമായാല്‍ ശ്രദ്ധ രക്ഷപ്പെടുത്തുന്നു. ശ്രദ്ധ വാക് വൃദ്ധനേയും, മനോവൃദ്ധനേയും കാക്കുന്നു. ശ്രദ്ധാവൃദ്ധനേയും വാങ്മനസ്സിനേയും യജ്ഞം കാക്കുകയില്ല. പണ്ടുള്ളവര്‍ ഈ സംഗതിയെപ്പറ്റി ബ്രഹ്മാവ് ചൊല്ലിയ ഗീതങ്ങള്‍ പാടാറുണ്ട്. ശ്രദ്ധയറ്റ ശുചിക്കും, ശ്രദ്ധയുള്ള അശുചിക്കും, യജ്ഞകര്‍മ്മത്തിന്നു തുല്യമായ വിത്തം ദേവന്മാര്‍ കണ്ടിരിക്കുന്നു. പിശുക്കനായ ശ്രോത്രിയന്റേയും, അന്യായ പലിശ വാങ്ങുന്ന ഉദാരനായവന്റേയും നിവേദ്യം, ഇവ രണ്ടു പേരുടെയും ദാനത്തെപ്പറ്റി ചിന്തിച്ച് ദേവന്മാര്‍ ഇവ രണ്ടും തുല്യമാണെന്നു പറയുന്നു. ബ്രഹ്മാവ് അവരോട് പറഞ്ഞു. നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു എന്ന്. ഒരു ഉദാരന്റെ നിവേദ്യം ശ്രദ്ധമൂലം പരിശുദ്ധമായതായി കണക്കാക്കണം. ശ്രദ്ധയില്ലാത്തവന്‍ നല്‍കുന്ന നിവേദ്യം അതിന്റെ അഭാവം മൂലം സ്വീകാര്യമല്ല. ഉദാരനായ ഒരു പലിശക്കാരന്റെ നിവേദ്യം സ്വീകരിക്കാം. എന്നാല്‍ ഒരു പിശുക്കന്‍ തരുന്ന അന്നം ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല. ഈ ലോകത്തില്‍ ഒരുത്തന്റെ നിവേദ്യമാണ് ഏറ്റവും നിഷിദ്ധമായി സ്വീകാര്യമല്ലാത്തത്. അതു ശ്രദ്ധയില്ലാത്തവന്റെ, വിശ്വാസമില്ലാത്തവന്റെ നിവേദൃയമാണ്: അവന്‍ നല്‍കുന്ന അന്നമൊന്നും കഴിക്കുവാന്‍ പറ്റിയതല്ല; കഴിക്കരുത്. ഇതാണ് ഇരശ്വര വിശ്വാസികളുടെ അഭിപ്രായം.
ശ്രദ്ധയില്ലായ്മ വലിയ പാപമാണ്. ശ്രദ്ധയും വിശ്വാസവും മനുഷ്യന്റെ പാപം കഴുകിക്കളയും. പാമ്പ് തന്റെ ഉറ ഈരിക്കളയുന്ന പോലെ ശ്രദ്ധയുള്ള പുരുഷന്‍ അവന്റെ പാപം വിശ്വാസം മൂലം ഈരിക്കളയുന്നു. ശ്രദ്ധയോടു കൂടിയ നിവൃത്തിയെപ്പോലെ പവിത്രമായി ഒന്നുമില്ല. ശീലദോഷങ്ങള്‍ നീങ്ങിയ ശ്രദ്ധാവാന്‍ പരിശുദ്ധനാകുന്നു. അത്തരം പുരുഷന്ന് തപസ്സെന്തിന്? സ്വഭാവമെന്തിന്? സഹനശക്തി എന്തിന്? ശ്രദ്ധാലുവായ പുരുഷന് ഏതില്‍ ശ്രദ്ധയുണ്ടോ, അവന്‍ അതുതന്നെയായി പരിണമിക്കും. ധര്‍മ്മാര്‍ത്ഥദര്‍ശികളായ സത്തുക്കള്‍ ഇപ്രകാരമാണ് ധര്‍മ്മത്തെപ്പറ്റി പറയുന്നത്. ജിജ്ഞാസുക്കളായ ഞങ്ങള്‍ ധര്‍മ്മത്തെ കണ്ടറിഞ്ഞു വന്നതാണ്. അതുകൊണ്ട് അല്ലയോ മഹാപ്രാജ്ഞാ, ശ്രദ്ധ അങ്ങയില്‍ ഉണ്ടാകട്ടെ! എന്നാല്‍ പരമമായ പദം ഭവാന്‍ നേടും. അല്ലയോ, ജാജലീ, ശ്രദ്ധയുള്ളവനായ ശ്രദ്ധാവാന്‍ ധര്‍മ്മം തന്നെയാണ്. തന്റെ ശരിയായ വഴിയില്‍ നില്ക്കുന്നവന്‍, ഹേ, ജാജലീ, ശ്രേഷ്ഠനാണെന്നു ധരിക്കുക! ഭീഷ്മൻ പറഞ്ഞു: പിന്നെ തുലാധാരനും, കുറേനാള്‍ കഴിഞ്ഞപ്പോള്‍ ജാജലിയും, ആ പ്രാജ്ഞര്‍ രണ്ടുപേരും സ്വര്‍ഗത്തിലെത്തി സുഖിച്ചു. തങ്ങളുടെ കര്‍മ്മം ഒഴിവായ വിധം ഓരോരുത്തനും സ്വസ്ഥാനങ്ങളില്‍ച്ചെന്നു.
ഇപ്രകാരമാണ് തുലാധാരന്‍ ശ്രേഷ്ഠമായ ഉപദേശം ജാജലിക്കു നല്കിയത്. താന്‍ ആഗ്രഹിച്ചതെന്തോ അതൊക്കെ ജാജലിക്കു ലഭിച്ചു. സനാതനമായ ധര്‍മ്മം തുലാധാരന്‍ ഉപദേശിച്ചു. വിഖ്യാതവീര്യനായ തുലാധാരന്റെ വാക്കുകള്‍ കേട്ട്, ആ ദ്വിജന്‍ ശാന്തിയെത്തന്നെ നേടി. തുലാധാരന്റെ മൊഴി ഇപ്രകാരം ജനസമ്മതമുള്ളതാണ്. യഥോപമമായ ഉപദേശത്തോടെ ഇനി എന്താണ് ഭവാനു കേള്‍ക്കേണ്ടത്?
അദ്ധ്യായം 265. വിചഖ് നു ഗീത - അഹിംസാധര്‍മ്മപ്രശംസ - ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. പ്രജകളില്‍ കരുണയോടെ വിചഖ് നു രാജാവു പറഞ്ഞ വാക്കുകളാണ് കഥാവിഷയം. കഴുത്തറുത്ത കാളയെക്കണ്ടിട്ടും പശുക്കളുടെ നിലവിളി കേട്ടിട്ടും യജ്ഞശാലയിലെ ഗോഗൃഹത്തില്‍ രാജാവ് ചെന്നു നോക്കി. അവിടെ ക്രുരന്മാരായ ബ്രാഹ്മണര്‍ കൂടിയിരുന്നു. അവര്‍ യാഗത്തിന് പശുക്കളെ അറക്കുവാന്‍ സഹായിക്കുന്നവരാണ്.
ഇതു കണ്ടപ്പോള്‍ രാജാവ് പറഞ്ഞു: "ലോകത്തില്‍ ഗോക്കള്‍ക്ക് സ്വസ്തി ഭവിക്കട്ടെ!". ഹിംസ നടക്കുമ്പോള്‍ രാജാവ് അങ്ങനെ ആശിസ്സ് നല്കി. മര്യാദകെട്ട മൂഢന്മാരും, നാസ്തികന്മാരും, സംശയാത്മാക്കളുമായ മനുഷ്യര്‍ കാര്യം ശരിയായി ധരിക്കാതെ ഹിംസയെ പുകഴ്ത്തുന്നു. മനു പറഞ്ഞി ട്ടുള്ളത്, മഹത്തായ ധര്‍മ്മം അഹിംസയാണെന്നാണ്. തോന്നിയ മാതിരി പശുക്കളെ വേദിക്കപ്പുറത്ത് കൊല്ലുന്നു, അതുകൊണ്ടു വേദത്തെ പ്രമാണമാക്കി അറിവുള്ളവന്‍ സൂക്ഷ്മമായ ധര്‍മ്മം ചെയ്യുണം. കര്‍മ്മങ്ങളില്‍ വച്ച് മെച്ചമായത് ഒരു ജീവിയെയും ഹിംസിക്കാതിരിക്കുക എന്നതാണ്. ഉപവാസം കൊണ്ട് സംശിതനായി വേദോക്തമായ ശ്രുതി അനുസരിക്കാതെ ആചാരമെന്ന പേരില്‍ അനാചാരത്തെ ചെയ്യുന്നവര്‍ ഫലകാംക്ഷികളായ പിച്ചക്കാരാണ്. യജ്ഞം, വൃക്ഷം, യൂപം, ഇവയെ ഉദ്ദേശിച്ച് മാനവര്‍, വെറുതെ മാംസം തിന്നുകയാണെങ്കില്‍ അത് ഒരിക്കലും സദ്‌ധര്‍മ്മമാവുകയില്ല. മദ്യം, മത്സ്യം, മധു, മാംസം, ആസവം, കൃസരൌദനം മുതലായവ ഭക്ഷിക്കുന്നത് ധൂര്‍ത്തന്മാരുടെ സ്വഭാവമാണ്. അവ അവരുടെ ആചാരമായിരിക്കുന്നു. അത് വേദവിധിപ്രകാരമുള്ള ആചാരല്ല. ഇത് ദുരഭിമാനം കൊണ്ടും ദുരാഗ്രഹം കൊണ്ടും അജഞാനം കൊണ്ടും ജനങ്ങള്‍ ചെയ്യുന്ന ചാപല്യമാണ്; ദ്വിജന്മാര്‍ യജ്ഞങ്ങളില്‍ മിക്കവാറും വിഷ്ണുവിനെയാണ് നിനയ്ക്കുന്നത്, വിഷ്ണുവാണ് പ്രധാന ദൈവതം. വിഷ്ണുവിനെ പൂജിക്കേണ്ടത് പായസം, പുഷ്‌പം എന്നിവയാലാണെന്നാണ് യജ്ഞത്തെക്കുറിച്ചുള്ള നിശ്ചയം. യജ്ഞത്തിനുതകുന്ന വൃക്ഷങ്ങള്‍ (അവയുടെ ഫലങ്ങളും പൂക്ക ളും) എന്തൊക്കെയാണെന്നു വേദത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അവ തിരഞ്ഞെടുത്ത് ഹൃദയശുദ്ധിയോടെ വേണ്ട മട്ടില്‍ ചെയ്യുക. മഹത്ത് (ബ്രഹ്മം) സത്വ ശുദ്ധാഢ്യമാണ്. എല്ലാ ദേവന്‍മാരും ശുദ്ധമായ ഹൃദയത്തോടെ നാം ചെയ്യുന്ന ശുദ്ധമായ പുഷ്ഠാദികള്‍ കൊണ്ടുള്ള ആരാധന ഇഷ്ടപ്പെടും. മൃഗങ്ങളെ ബലിയായി അര്‍പ്പിക്കുന്നതും മദ്യം നിവേദിക്കുന്നതും അസംബന്ധവും അനാവശ്യവുമാണ്.
യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാവിധം ആപത്തുകളും . കുഴപ്പങ്ങളും ശരീരവും ഒന്നിനോടൊന്ന് അനവരതം മല്ലടിച്ചു കൊണ്ടിരിക്കുന്നു. ആപത്തുകള്‍ ശരീരത്തെ നശിപ്പിക്കുവാന്‍ നോക്കുന്നു. ശരീരമാകട്ടെ തന്നെ ബാധിക്കുന്ന ദ്രോഹങ്ങളെ നശിപ്പിക്കുവാന്‍ നോക്കുന്നു. ഇങ്ങനെ ദേഹത്തെ ഹിംസിച്ചു കൊണ്ടിരിക്കുന്ന ദ്രോഹികളെ അകറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ ജീവിതയാത്ര തുടരും?
ഭീഷ്മൻ പറഞ്ഞു: ദേഹത്തിന് വാട്ടം തട്ടാതേയും, മൃത്യുനുവില്‍ പെടാതെയുമുള്ള മട്ടില്‍ കര്‍മ്മങ്ങളെ അനുഷ്ഠിക്കുക. ഒന്നിന്റെയും ദേഹം നശിപ്പിച്ചോ ഒന്നിനെ വേദനപ്പെടുത്തിയോ ദൈവാരാധന നടത്തരുത്. സമര്‍ത്ഥന്‍ അങ്ങനെയാണ് കര്‍മ്മം നടത്തേണ്ടത്.
അദ്ധ്യായം 266. ചിരകാരികോപാഖ്യാനം - കാര്യങ്ങള്‍ സാവധാനം ചെയ്യുന്ന ചിരകാരികന്റെ കഥ -- യുധിഷ്ഠിരന്‍ പറഞ്ഞു: കാര്യങ്ങള്‍ വേഗത്തിലോ ചെയ്യേണ്ടത് പതുക്കെയോ? പിതാമഹാ! അങ്ങ് കാര്യങ്ങളുടെ നിര്‍വ്വഹണത്തില്‍ വളരെയധികം ജ്ഞാനം സമ്പാദിച്ചിട്ടുള്ളവനാണല്ലോ. ദുര്‍ഘടമാണ് കാര്യനിര്‍വ്വഹണം. അങ്ങ് ഞങ്ങള്‍ക്കെല്ലാം ഗുരുവാണല്ലൊ. എങ്ങനെ ചെയ്യണമെന്നു പറഞ്ഞു തന്നാലും.
ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി പണ്ടേ തന്നെ ഒരു കഥ പറഞ്ഞു വരാറുണ്ട്. അംഗിരസ്സിന്റെ ഗൃഹത്തില്‍ വെച്ച് ചിരകാരി ചെയ്തതാണ് കഥയിലെ വിഷയം.
അല്ലയോ ചിരകാരികാ! നിനക്ക് ശുഭം ഭവിക്കട്ടെ! മംഗളം ഭവിക്കട്ടെ! ചിരകാരികാ! ബുദ്ധിമാനായ ചിരകാരിയുടെ ഒരു തൊഴിലും പിഴച്ചു പോവുകയില്ല. അബദ്ധത്തിലാവുകയില്ല. ഗൌതമന്റെ പുത്രനായി മഹാപ്രാജ്ഞനായി ചിരകാരി എന്ന ഒരു മഹാശയന്‍ ഉണ്ടായിരുന്നു. അവന്‍ വളരെ ചിന്തിച്ചേ കാര്യങ്ങള്‍ നടത്താറുള്ളൂ. ഓരോന്നും ചെയ്താല്‍ അതിന്റെ ഫലമെന്തായിരിക്കും? പ്രത്യാഘാതമെന്തായിരിക്കും? എന്നൊക്കെ അവന്‍ ഗാഢമായി ചിന്തിച്ചറിയും. ചിരം കാര്യം ആലോചിക്കുന്നവന്‍, ചിരമുണരുന്നവന്‍, ചിരനിദ്രകന്‍, ചിരം കാര്യം ചിന്തിച്ചറിയുന്നവന്‍ ഇങ്ങനെ പലരും അവനെപ്പറ്റി പറഞ്ഞ് ചിരകാരികന്‍ എന്ന പേര് അവന് ലഭിച്ചു.
എന്നാല്‍ ചിലരുടെ ഇടയില്‍ അവനെപ്പറ്റി നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. അവര്‍ അവനെപ്പറ്റി നിന്ദിച്ചു പറഞ്ഞു. അലസന്‍, ബുദ്ധികുറഞ്ഞവന്‍', വിഡ്ഢി, ദുര്‍മ്മേധാവി, അരപ്പിരിയന്‍ എന്നൊക്കെ അവനെക്കുറിച്ച് ആക്ഷേപം പറഞ്ഞു. എന്നാല്‍ ഈ ആക്ഷേപം പറയുന്നവരൊക്കെ ബുദ്ധി കുറഞ്ഞവരും ദുരദൃഷ്ടി ഇല്ലാത്തവരുമായിരുന്നു. ഒരു ദിവസം ഗൌതമന്‍ തന്റെ ഭാര്യയില്‍ ഗൌരവമായ ഒരു വൃഭിചാരക്കുറ്റം കണ്ടെത്തി. പെട്ടെന്ന് കോപിച്ച്, മറ്റു മക്കളെ വിട്ട്, ചിരകാരികനെ വിളിച്ച് ഈ ദുഷ്ട സ്ത്രീയെ കൊല്ലുക എന്ന് കൽപിച്ചു. അങ്ങനെ ചിരകാരികനോടു കൽപിച്ച് ജാപകോത്തമനായ ഗൌതമന്‍ മറ്റൊന്നും ചിന്തിക്കാതെ കാട്ടില്‍ തപസ്സിന്നായി വീടുവിട്ടു.
അച്ഛന്‍ കൽപിച്ചപ്പോള്‍ അങ്ങനെയാകാം എന്ന് അവന്റെ സ്വഭാവത്തിന് അനുസരിച്ച ഒരു മറുപടിയും അവന്‍ പറഞ്ഞു. അവന്‍ ചിരകാരിതയാല്‍ വളരെയേറെ ചിന്തിക്കുകയായി: ഞാന്‍ എങ്ങനെ എന്റെ അമ്മയെക്കൊല്ലും? ദുഷ്ടനെപ്പോലെ ഞാന്‍ എങ്ങനെ അധര്‍മ്മത്തില്‍ താഴും? എങ്ങനെ താഴാതിരിക്കും? അച്ഛന്റെ കൽപന നിര്‍വ്വഹിക്കുക എന്നതു വലിയ ധര്‍മ്മമാണ്. മാതാവിനെ രക്ഷിക്കുക എന്നത് സ്വധര്‍മ്മമാണ്. പുത്രത്വം എന്നത് സ്വാതന്ത്യഹീനമായ ഒരു നില തന്നെ! എന്തു ചെയ്താലാണ് ഈ അല്ലലില്‍ നിന്നു വിട്ടു നില്ക്കുക! അച്ഛനും അമ്മയും തമ്മില്‍ ബദ്ധ വൈരികളായി തീര്‍ന്നാല്‍ മക്കളുടെ കഥ എത്ര കഷ്ടമാണ്!
പെണ്ണിനെ കൊന്നവന്‍ എന്നു സുഖിക്കും? അമ്മയെ കൊന്നവന്‍ എന്ന് സുഖിക്കും? അച്ഛനെ ധിക്കരിച്ച നിലയില്‍ എങ്ങനെ ഒരു പുത്രന്‍ ജീവിക്കും? ഈ സന്ദര്‍ഭത്തില്‍ ഞാന്‍ എന്തുചെയ്യും? അച്ഛനെ ധിക്കരിക്കാതിരിക്കുകയും അമ്മയെ രക്ഷിക്കുകയും വേണം. രണ്ടു പേരും തക്ക യോഗ്യരാണ്. അവര്‍ എന്നില്‍ തെറ്റാതെ എങ്ങനെ നില്‍ക്കും? ജായയില്‍ ആതമാവിനെത്തന്നെ ആധാനം ചെയ്യുന്നത് അച്ഛനാണ്. അത് ശീലം, ചാരിത്രം, നാമം എന്നിവ ചേര്‍ന്ന സല്‍ക്കുലത്തെ നിലനിര്‍ത്തുന്നതിന്നാണ്. അമ്മയും അച്ഛനും ചേര്‍ന്ന് പുത്രനായി ജനിച്ചവനാണ് ഞാന്‍. എങ്ങനെ ജ്ഞാനം ഇല്ലാതിരിക്കും? രണ്ടുപേരും എന്നെ ജനിപ്പിച്ചതില്‍ തുല്യരാണ്. ജാതകര്‍മ്മത്തിലും, പിന്നെ ഉപാകര്‍മ്മത്തിലും പറഞ്ഞത് ചിന്തിക്കുമ്പോള്‍ അച്ഛന്റെ ഗുരുത്വത്തിന്റെ ഉറപ്പിന്ന് മറ്റൊന്നും ആവശ്യമില്ല. അതു മതി ഗുരുമുഖ്യനായ പിതാവ് മുഖ്യമായ ധര്‍മ്മം രക്ഷിച്ച്, വേദം പഠിപ്പിച്ചു. വേദത്തിലെ നിശ്ചയം അച്ഛന്‍ എന്ത് കൽപിച്ചുവോ അതാണ് ധര്‍മ്മം എന്നാണ്. പിതാവിന്റെ പ്രീതി എന്നത് രൂപം കൊണ്ടതാണ് പുത്രന്‍. മകന് സര്‍വ്വസ്വവും പിതാവാണ്. ദേഹം മുതലായി തരേണ്ടതെല്ലാം തന്നത് അച്ഛന്‍ ഒരുത്തന്‍ മാത്രമാണ്. അതുകൊണ്ട് അച്ഛന്‍ എന്തു പറഞ്ഞുവോ അതു ചെയ്യുക. അതില്‍ ശങ്കിക്കേണ്ടതില്ല. പിതാവിന്റെ കൽപന ചെയുന്നവന്ന് അവന്‍ ചെയ്യുന്നതു പാപമായാലും അതു പുണ്യമായി ഭവിക്കും.
ഭക്ഷണം തന്ന് പോറ്റുന്നതും, വിജ്ഞാനം ലഭിക്കുന്നതിന്ന് വിദ്യയഭ്യസിപ്പിക്കുന്നതും ലോകജ്ഞാനം നല്കുന്നതും പിതാവാണ്. ജനിക്കുന്നതിന് മുമ്പു തന്നെ ഭര്‍ത്തൃസമായോഗാദികളായ സീമന്താദികര്‍മ്മങ്ങള്‍ പുത്രന് വേണ്ടി നിര്‍വഹിക്കുന്നു. അച്ഛന്‍ ധര്‍മ്മമാണ്. അച്ഛന്‍ മഹത്തായ തപസ്സാണ്. അച്ഛന്‍ പ്രീതനായാല്‍ എല്ലാ ദേവന്മാരും പ്രസാദിക്കും. അച്ഛന്‍ എന്തു പറയുന്നുവോ, അച്ഛന് എന്തു തൃപ്തി നല്‍കുന്നുവോ, അതു ചെയ്യുന്ന പുത്രന് എല്ലാവിധ അനുഗ്രഹങ്ങളും സിദ്ധിക്കും. ഏതു പാപത്തിന്നും തക്കതായ ഒരു പ്രായശ്ചിത്തവും അതു തന്നെയാണ്.
പുഷ്‌പം ഞെട്ടുവിട്ടു വീണുപോകും. പഴങ്ങള്‍ വൃക്ഷത്തേയും വിട്ടുപോകും. എത്രതന്നെ ക്ളേശിച്ചാലും സ്നേഹത്തിന്റെ മൂലമായ അച്ഛന്‍ മകനെ കൈവിടുകയില്ല. ഈ കാര്യങ്ങളൊക്കെ ചിന്തിച്ചു നോക്കുമ്പോള്‍ പുത്രന് പിതാവിനോടുള്ള കടപ്പാട് ചെറുതല്ല. പിതാവ് എന്നു പറയുന്നത് നിസ്സാരമായ ഒരു വസ്ധുവല്ല. ഇനി അമ്മയെപ്പറ്റി ചിന്തിച്ചു നോക്കുക. എനിക്ക് മര്‍ത്ത്യഭാവത്തില്‍ പാഞ്ചഭൗതിക സഞ്ചയം വന്നു ചേര്‍ന്നതിന് കാരണം അമ്മയാണ്. അരണിയില്‍ നിന്ന് അഗ്നി എന്ന പോലെയാണ് അമ്മയില്‍ നിന്ന് മക്കള്‍ ജനിക്കുന്നത്. അമ്മ മര്‍ത്യന് ദേഹമാകുന്ന അരണിയാണ്. എന്നും ആര്‍ത്തന്ന് നിര്‍വൃതി നല്കുന്നു. അമ്മയുണ്ടെങ്കില്‍ നാഥനുണ്ട്. ആമ്മയില്ലെങ്കില്‍ അനാഥമാണ്. തന്നെപ്പറ്റി ദുഃഖിക്കുകയില്ല. തനിക്ക് വാര്‍ദ്ധക്യവുമില്ല. അമ്മ വീട്ടിലുണ്ടെങ്കില്‍ ശ്രീ നശിച്ചവനും ശ്രീമാനാണ്. പുത്രപൗത്രന്മാരോടു കൂടിയവനായാലും, അമ്മയെ ആശ്രയിക്കുന്നവന്‍ നൂറ് വയസ്സ് പ്രായമായാലും, അവന്‍ രണ്ടുവയസ്സു പ്രായമുള്ള കുട്ടിയായേ. തോന്നു. അമ്മ അവനെ മകനേ, ഉണ്ണീ, എന്ന് വിളിക്കുമ്പോള്‍ അവന്റെ വാര്‍ദ്ധക്യം മാഞ്ഞു പോകുന്നു. ശക്തനായാലും, അശക്തനായാലും, അംഗഹീനനായാലും അംഗപൂര്‍ണ്ണനായാലും, മെലിഞ്ഞവനായാലും, തടിച്ചുവനായാലും അമ്മയ്ക്കു മകന്‍ എപ്പോഴും ഓമനയാണ്. അമ്മ അവനെ സംരക്ഷിക്കും. വേറെ ഒരാളും അത്രയ്ക്കു പറ്റിയ രക്ഷകര്‍ത്താവാകുന്നതല്ല. അമ്മ വിട്ടു പിരിഞ്ഞാല്‍ പുത്രന്‍ വൃദ്ധനായി മാറുന്നു. അപ്പോള്‍ ദുഃഖിതനാകുന്നു. ലോകം അപ്പോള്‍ ശൂന്യമാകും. അമ്മപോയാല്‍ പുത്രന്റെ കഥ എത്ര ശോചനീയമാണ്!
അമ്മയെപ്പോലെ തണലില്ല. അമ്മയെപ്പോലെ ഒരു ഗതി വേറെയില്ല. അമ്മയെപ്പോലെ ഒരു രക്ഷയില്ല. അമ്മയെപ്പോലെ ഇഷ്ടപ്പെട്ട ഒരു വസ്തുവും ലോകത്തിലില്ല. കുക്ഷിയില്‍ അമ്മ ധരിച്ചതു കൊണ്ട് ധരിത്രിയായി. ജനിപ്പിച്ചു മുലപ്പാല്‍ നല്കി ദേഹം വളര്‍ത്തുകയാല്‍ അംബയായി. വീരനായ പുത്രനെ പ്രസവിക്കുകയാല്‍ അമ്മ വീരസുവായി. ശിശുക്കളെ ശുശ്രൂഷിക്കുകയാല്‍ അമ്മ ശ്വശ്രുവായി. അമ്മ തന്റെ ദേഹം തന്നെയാണ്. ജീവനുള്ള ഒരുത്തന്‍ തന്റെ അമ്മയെ കൊല്ലുവാന്‍ ചിന്തിക്കുമോ? ദമ്പതിമാരുടെ പ്രാണസംശ്ലേഷത്തില്‍ സങ്കല്പം അച്ഛനും, അമ്മയ്ക്കും ഒപ്പമാണെങ്കിലും, ശരിക്കും അത് അമ്മയിലാണ് നില്ക്കുന്നത്. അമ്മ പുത്രന്റെ ഗോത്രത്തെ കാണുന്നു. അവന്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു എന്നുളളതും അമ്മ കാണുന്നു. അച്ഛന്‍ ജന്മത്തിന്ന് ഹേതു മാത്രമാകുന്നു. ഗര്‍ഭാരംഭം മുതല്‍ അമ്മ പുത്രപ്രീതിയോടെ ശുശ്രൂഷിക്കുന്നു. അതുകൊണ്ട് അവന്‍ അമ്മയോട് പ്രാണതുല്യനാണ്. എന്നാല്‍ അതിന്നെതിരായി നിയമങ്ങള്‍ പറയുന്നു മക്കള്‍ക്ക് അവകാശി അച്ഛനാണെന്ന്. പാണിഗ്രഹണം ചെയ്ത് സഹധര്‍മ്മിണിയെ വരന്‍ സ്വീകരിച്ചതിന് ശേഷം അയാള്‍ മറ്റൊരുത്തന്റെ ഭാര്യയില്‍ പ്രവേശിച്ചു നടന്നാല്‍ പുരുഷന്‍ വിട്ടുപോയ ആ സ്ത്രീക്ക് യാച്യതയില്ല. സ്ത്രീയെ ഭരിക്കുന്നതു കൊണ്ട് പുരുഷന്‍ ഭര്‍ത്താവാകുന്നു. പാലനത്താല്‍ പതിയാകുന്നു. ഈ ഗുണം പുരുഷന്‍ കളഞ്ഞാല്‍ പിന്നെ അവന്‍ ഭര്‍ത്താവുമല്ല, പതിയുമല്ല.
ഇപ്രകാരം ചിന്തിക്കുമ്പോള്‍ പെണ്ണിന്ന് കുറ്റം കാണുന്നില്ല. കുറ്റം ആണിന്നു തന്നെയാണ്. വലിയ വലിയ കുറ്റം - ചെയ്ത ആണ് തന്നെയാണ് കുറ്റക്കാരന്‍. പെണ്ണിന് പരദൈവതം ഭര്‍ത്താവാണ്. പരദൈവതമായി കണ്ടതു കൊണ്ടാണല്ലോ തന്റെ ദേഹം അവന് നല്കിയത്. കുറ്റം സ്ത്രീകള്‍ക്കില്ല. കുറ്റമൊക്കെ ആണിന് തന്നെയാണ്. സ്ത്രീയെ എങ്ങനെ കുറ്റപ്പെടുത്തും. ആണ് പറയുന്നതിനൊക്കെ അവള്‍ അനുസരിക്കും. സര്‍വ്വകാര്യത്തിനും അവള്‍ ഭര്‍ത്താവിന്നോട് ഇണങ്ങിനില്ക്കും. സ്ത്രീയെ മൈഥുനം ചെയ്യുവാന്‍ അടുത്തു കൂടി വികാരം ഉണ്ടാക്കി തീര്‍ത്തവനാണ് കുറ്റക്കാരന്‍. ഗൗതമന്റെ ഭാര്യയെ ഗൌാതമ വേഷത്തില്‍ ചെന്നു പിടിച്ച ഇന്ദ്രനാണ് ഇക്കാര്യത്തില്‍ കുറ്റക്കാരന്‍. ഈ നിലയ്ക്ക് കുറ്റം ചെയ്യാത്ത ഒരു സ്ത്രീയെ എങ്ങനെ കൊല്ലും? അത് അമ്മയായാല്‍ പറയാനുണ്ടോ? കുറ്റം ചെയ്യാത്ത അമ്മയെ കൊല്ലുകയോ! കഷ്ടം! അമ്മയെന്നു പറയുന്നത് അത്ര നിസ്സാരമായ വസ്‌തുവാണോ? അറിവില്ലാത്ത മൃഗങ്ങള്‍ പോലും അമ്മയെ കൊല്ലുവാന്‍ വിചാരിക്കുകയില്ല. ദേവന്മാര്‍ എല്ലാം ചേര്‍ന്ന് ഒന്നായി നില്ക്കുന്നതാണ് പിതാവ് എന്ന് അറിവുള്ളവര്‍ പറയുന്നു. മാതാവ് എന്നു പറയുന്നത് മര്‍ത്ത്യരും ദേവകളുമായ എല്ലാ ജീവികളിലുമുള്ള സ്നേഹത്തിന്റെ പ്രവാഹമാണ്.
ഇപ്രകാരം പലതും ചിന്തിച്ച് ചിരകാരി അങ്ങനെ ഇരിക്കുമ്പോള്‍ വളരെ സമയം പോയ്ക്കഴിഞ്ഞു. അപ്പോളുണ്ട് കാട്ടില്‍പ്പോയ അച്ഛന്‍ മടങ്ങിവരുന്നു! മേധാതിഥി എന്ന് പ്രസിദ്ധനായ മഹാപ്രാജ്ഞനായ ഗൌതമന്‍ തപസ്സില്‍നിന്ന് ഉണര്‍ന്ന്, തന്റെ ഭാര്യയെ വധിക്കാന്‍ കൽപിച്ചത് തെറ്റായിപ്പോയി എന്ന് മനസ്സിലാക്കി സ്വഗൃഹത്തിലേക്കെത്തി.
അപാരമായ ദുഃഖത്തോടെ കണ്ണുനീരൊഴുക്കിക്കൊണ്ട് ഗൌതമന്‍, ശ്രുതധൈര്യ പസാദത്താല്‍ പശ്ചാത്താപത്തോടെ പറഞ്ഞു: വനത്തില്‍ എന്റെ ആശ്രമത്തില്‍ ത്രൈലോക്യേശനായ പുരന്ദരന്‍ ഒരു ബ്രാഹ്മണന്റെ രൂപത്തില്‍ അതിഥിയായി വന്നെത്തി. അവനെ ഞാന്‍ സാന്ത്വോക്തി പറഞ്ഞ് സ്വാഗതം ചെയ്ത് അര്‍ഘ്യപാദ്യാദികളാല്‍ സല്‍ക്കരിച്ചു. ഞാന്‍ അങ്ങയ്ക്ക് അധീനനാണ്, എന്നു പറഞ്ഞ് അവനുമായി ഇഷ്ടത്തില്‍ വസിച്ചു. ഈ മോക്ഷം കെട്ട കൃത്യത്തില്‍ കേവലം സ്ത്രീ കുറ്റക്കാരിയല്ല. ഞാനും പെണ്ണും അതിഥിയായി വന്ന ഇന്ദ്രനും കുറ്റക്കാരല്ല. ആകാശത്തു കൂടെ പോകുമ്പോള്‍ അഹല്യയെ കണ്ട് അവളുടെ സൗന്ദര്യത്താല്‍ ആകൃഷ്ടനായ ഇന്ദ്രന്‍ കുറ്റക്കാരനല്ല. ധര്‍മ്മപ്രമാദത്തിനാണ് കുറ്റം. .
ഈര്‍ഷ്യയില്‍നിന്നാണ് വ്യസനത്തിന്റെ ഉത്ഭവം എന്ന് ഊര്‍ദ്ധരേതസ്സുകളായ മഹര്‍ഷിമാര്‍ പറയുന്നു. ഈര്‍ഷ്യയില്‍നിന്നും അസൂയയില്‍ നിന്നുമാണ് എല്ലാവിധ കുഴപ്പങ്ങളും ഉത്ഭവിക്കുന്നത്. ആ ഈര്‍ഷ്യ തന്നെയാണ് എന്നേയും വലിച്ചിഴച്ച് പാപത്തിന്റെ സമുദ്രത്തില്‍ മുക്കിയത്. സാധ്വിയായ ഭാര്യയെ ഞാന്‍ എന്റെ ദോഷംകൊണ്ട് ഉപേക്ഷിച്ച് കൊന്നു കളഞ്ഞു. ഞാന്‍ ഭരിക്കേണ്ടവളാണ് എന്റെ ഭാര്യ. ഞാന്‍ ഭരിക്കുകയല്ല കൊല്ലുകയാണ് ചെയ്തത്. ഈ പാപിയെ നരകത്തില്‍ നിന്നു കയറ്റുവാന്‍ ആരുണ്ട്! ഞാന്‍ ഉദാരാത്മാവായ ചിരകാരിയോട് അബദ്ധം പറഞ്ഞു പോയി. ഇനി ചിന്തിച്ചിട്ടെന്തു ഫലം? പാപത്തിൽ നിന്ന് ചിരകാരി എന്നെ കയററും; അവന്‍ ജീവനോടെ ഇരിക്കുകയാണെങ്കില്‍, അല്ലയോ ചിരകാരികാ! നിനക്ക് മംഗളം ഭവിക്കട്ടെ! മംഗളം ഭവിക്കട്ടെ! പുരാ! നീ ഇപ്പോഴും കാര്യങ്ങള്‍ വളരെ സാവധാനത്തിലാണ് ചെയ്യുന്നതെങ്കില്‍, നീ ചിരകാരികന്‍ തന്നെയാണെങ്കില്‍, എടോ ചിരകാരികാ! നീ പാപത്തിൽനിന്ന് എന്നേ യും നിന്റെ അമ്മയേയും ഞാന്‍ നേടിയ തപസ്സിനേയും സംരക്ഷിച്ചാലും! നിന്റെ അതിപ്രജ്ഞത മൂലം, നിന്റെ ചിരകാരിത്വം നിനക്കു ചേര്‍ന്നതു തന്നെയാണ്. നിനക്ക് അതു നന്മ ചെയ്യട്ടെ! നീ ചിരകാരിയായി, അന്വര്‍ത്ഥനാത്മാവായിത്തന്നെ ഭവിച്ചാലും! നീ ഇന്ന് ചിരകാരികത്വം വ്യക്തമാക്കിയാലും! ശരിയായ ഒരു ചിരകാരിയായി ഞാന്‍ നിന്നെ കാണുമാറാകട്ടെ! നിന്റെ അമ്മ ചിരകാലം കൊതിച്ച് ഉണ്ടായവനാണ് നീ. ചിരകാലം നിന്നെ അവള്‍ ഗര്‍ഭത്തില്‍ ചുമന്നു. അങ്ങനെ ചിരകാരികത്വത്തിന്റെ സാഫല്യം അല്ലയോ ചിരകാരികാ, നീ ചെയ്താലും. ഇങ്ങനെ ഓരോന്നു പറഞ്ഞ് കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ് ചുറ്റുപാടും ഇരുട്ടായി കണ്ട ഗൌതമന്‍ അപ്പോള്‍ അടുത്തു നില്ക്കുന്ന ചിരകാരിയായ പുത്രനെ കണ്ടു. അച്ഛനെ കണ്ട് ചിരകാരി സങ്കടത്തോടെ ശസ്ത്രം കൈവിട്ട് മൂര്‍ദ്ധാവില്‍ നമിച്ച് അച്ഛന്റെ പ്രസാദ ത്തിന് ഒരുങ്ങി. നിലത്ത് തലമുട്ടി നമസ്‌കരിക്കുന്ന പുത്രനെ ഗൌതമന്‍ കണ്ടു. ആകാര സൗഷ്ഠവമൊക്കെ നശിച്ച്, ദേഹം മെലിഞ്ഞ്, ദുഃഖജീവിതം കൈക്കൊണ്ട തന്റെ ഭാര്യ ലജ്ജിച്ചു നില്ക്കുന്നതും മുനി ദര്‍ശിച്ചു. ഭാര്യയെ കണ്ട് അദ്ദേഹം സന്തോഷിച്ചു. പിന്നെ ഗൗതമന്‍ ഭാര്യയേയോ, പുത്രനേയോ വിട്ടുനിന്നില്ല. അവരോടുകൂടിത്തന്നെ വസിച്ചു.
ഗൌതമന്‍ കഴിഞ്ഞത് ഓരോന്നും ഓര്‍ത്തു. ഭാര്യയെ കൊല്ലണം എന്നു കൽപിച്ചിട്ടാണ് അദ്ദേഹം കാട്ടിലേക്കു പോയത്. അന്നു മുതല്‍ പുത്രന്‍ വളരെ വിനീതനായി, ചിന്താകുലനായി, ശസ്‌ത്രവും കൈയിലേന്തി, അച്ഛന്റെ കല്പന, അമ്മയുടെ പേരിലുള്ള വിധി നടത്തല്‍, ചിന്തിച്ചു നില്ക്കുകയായിരുന്നു. പുത്രന്‍ തന്റെ കാല്ക്കല്‍ സാഷ്ടാംഗമായി നമസ്കരിച്ചതു കണ്ടപ്പോള്‍ അമ്മയുടെ പേരില്‍ ആയുധമെടുത്ത് വിധി നടത്താതിരുന്നതില്‍ ക്ഷമായാചനം ചെയ്യുകയാണെന്ന് അദ്ദേഹം മനസ്സിലാക്കി. അച്ഛന്‍ മകനെ വളരെയേറെ പ്രശംസിച്ചു. വളരെ നേരം മകനെ കെട്ടിപ്പിടിച്ചു. പിന്നെ അനുഗ്രഹിച്ചു: "മകനേ, നീ ദീര്‍ഘായുഷ്മാനാവുക!". പിന്നെ സന്തോഷത്തോടെ പുത്രനെ പ്രശംസിച്ചതിന് ശേഷം ഇപ്രകാരം ആ മഹാപ്രജ്ഞന്‍ പറഞ്ഞു: അല്ലയോ ചിരകാരികാ, നീ ചിരകാലം ചിരകാരിയായി വസിച്ചാലും! അല്ലയോ സൗമ്യാ, നിന്റെ ചിരകാരിത്വം മൂലം ഞാന്‍ ചിരകാലം ദുഃഖിക്കാതെ കഴിയാറായി. വിദ്വാനായ ഗൌതമന്‍, മുനിശ്രേഷ്ഠന്‍, ചിരകാരികന്‍മാര്‍ക്ക് വളരെയേറെ ശ്രേയസ്സുകള്‍ വന്നു ചേരുമെന്നുള്ളതിനെപ്പറ്റി, ഒരു ഗാനം നിര്‍മ്മിച്ചു. ആപല്‍ക്കരമായ കാര്യങ്ങളില്‍ കൈവെക്കുന്നതിനു മുമ്പ് നല്ല പോലെ അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ചിന്തിക്കണം. അത് ഒരു സുഹൃത്തിന്റെ മരണത്തിനിടയാക്കുന്നതാണെങ്കില്‍, അതു നല്ലപോലെ ചിന്തിക്കണം. ചിരകാലംകൊണ്ടേ തീരുമാനത്തിലെത്താവു. ഒരു കാര്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് അത് ഉപേക്ഷിക്കേണ്ടതാണെങ്കില്‍ അതിനെപ്പറ്റി നല്ലപോലെ ചിന്തിക്കണം, എന്നിട്ടേ കൈവിടാവു. നല്ല പോലെ പരിശോധിച്ചറിഞ്ഞതിന് ശേഷം ഒരു സുഹൃത്തുമായി സൌഹാര്‍ദ്ദം ഉറപ്പിക്കുകയാണെങ്കില്‍ ആ സൌഹാര്‍ദ്ദം ചിരകാലം നിലനില്ക്കും. രാഗം, ദര്‍പ്പം, മാനം, ദ്രോഹം, പാതകം, അപ്രിയം എന്നീ കര്‍മ്മങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ വളരെ നേരം ചിന്തിച്ച് ചെയ്യുന്നവനായ പുരുഷന്‍, ചിരകാരിയായ പുരുഷന്‍, വിജയിയാകും; കീര്‍ത്തിമാനുമാകും. ഇതാണ് ഗൌതമന്‍ നിര്‍മിച്ച പാട്ടിന്റെ സാരം.
ഇപ്രകാരം ഗൌതമന്‍ പുത്രന്റെ ആ പ്രവൃത്തിയില്‍, സന്തുഷ്ടനായി. അവന്റെ ചിരകാരിതയെ സസന്തോഷം പ്രശംസിക്കുകയും ചെയ്തു. ഇപ്രകാരം കാര്യങ്ങളിലൊക്കെ നല്ലപോലെ ചിന്തിച്ച് ചിരകാലം കൊണ്ട് നിശ്ചയം ചെയ്ത് തീരുമാനമെടുത്താല്‍ ഒട്ടും ദുഃഖിക്കേണ്ടി വരികയില്ല. ചിരകാലം കര്‍മ്മം അടക്കിയാല്‍, പശ്ചാത്താപത്തിനുള്ള വഴി പിന്നെ ഉണ്ടാവുകയില്ല. നല്ലപോലെ വൃദ്ധരെ സേവിക്കുക. നല്ലപോലെ വൃദ്ധരെ പൂജിക്കുക. ചിരം ധര്‍മ്മത്തെ സേവിക്കുക. ചിരം ഗുണദോഷ വിചിന്തനം ചെയ്യുക! ബുദ്ധന്മാരെ ചിരം സേവിക്കുക, ചിരം ശിഷ്ടരെ സേവിച്ചാല്‍, ചിരം വിനയിയായി ജീവിച്ചാല്‍, ചിരകാലം ദുഷ്കീര്‍ത്തി പറ്റാതെ ജീവിക്കാം. ധര്‍മ്മം ചേര്‍ന്ന വാക്യങ്ങള്‍ മറ്റൊരുത്തന്‍ ചോദിക്കുന്നതായാല്‍ ആ വിഷയത്തെക്കുറിച്ച് നല്ലപോലെ ചിന്തിച്ചേ മറുപടി നല്കാവു. അല്ലെങ്കില്‍ പശ്ചാത്താപത്തിനിടയാകും.
ഒട്ടേറെക്കാലം ആശ്രമത്തില്‍ വാണ്, തപോവൃത്തിയില്‍ മുഴുകി, പിന്നെ പുത്രനോടുകൂടി ചിരകാലം വസിച്ച് ഒടുവില്‍ രണ്ടുപേരും സ്വര്‍ഗ്ഗം പ്രാപിച്ചു.
അദ്ധ്യായം 267. ദ്യുമത് സേനനും സത്യവാനും തമ്മിലുള്ള സംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: ആര്‍ക്കും യാതൊരു ഹിംസയും ചെയ്യാതെ എങ്ങനെയാണ് നാട്ടുകാരെ പരിപാലിക്കുക? അല്ലയോ പിതാമഹാ, എന്റെ സംശയം അങ്ങു തീര്‍ത്തു തരണേ!
ഭീഷ്മൻ പറഞ്ഞു: ഇതിനുദാഹരണമായി ഒരു പഴങ്കഥ പ്രചാരത്തിലുണ്ട്. അത് ദ്യുമത് സേനനും രാജാവായ സത്യവാനും തമ്മിലുള്ള സംവാദമാണ്. ആരും പറയാത്ത ഒന്നാണ് സത്യവാന്‍ പറഞ്ഞതെന്ന് കേള്‍ക്കുന്നു. ഒരു കൂട്ടം ആളുകളെ വധശിക്ഷയ്ക്കു വിധിച്ച് അവരെ വധശിക്ഷ നടത്തുവാന്‍ കൊണ്ടു പോകുമ്പോള്‍ രാജാവിന്റെ പുത്രനായ സത്യവാന്‍ ഇപ്രകാരം പറഞ്ഞു: ധര്‍മ്മം അധര്‍മ്മത്തിന്റെ രൂപത്തിലും, അധര്‍മ്മം ധര്‍മ്മത്തിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടാം. വധിക്കുന്നതും ധര്‍മ്മമാണെന്നു പറയുന്ന നടപടി ശരിയല്ല. മനുഷ്യരെ, ഓരോ വ്യക്തികളെ, പിടിച്ച് വധിക്കുകയെന്നത് ഒരിക്കലും ധര്‍മ്മമാണെന്ന് പറഞ്ഞുകൂടാ.
ദ്യുമത് സേനന്‍ പറഞ്ഞു: കൊല്ലാതിരിക്കുക എന്നതു ധര്‍മ്മമാണെങ്കില്‍, കുറ്റം ചെയ്തവര്‍ക്കു വധശിക്ഷ നല്കുന്നില്ലെങ്കില്‍, കള്ളന്മാരേയും, തട്ടിപ്പറിക്കാരെയും വെച്ചു കൊണ്ടിരിക്കുകയാണെങ്കില്‍, അല്ലയോ സത്യവാനേ, നന്മയും തിന്മയും തമ്മില്‍ ഒരന്തരവും ഇല്ലാതാകും. "ഇത് എന്റേതാണ്, .ഇത് അവന്റേതല്ല" എന്നുള്ള ക്രമം ധനത്തെക്കുറിച്ചും മറ്റും എല്ലാം കീഴ്മേല്‍ മറിയും. ക്രൂരന്മാരെ ശിക്ഷി ച്ചില്ലെങ്കില്‍ കലിയില്‍ ഒരു ക്രമവും നടക്കാതാകും. ലോകയാത്രയും ഇല്ലാതെയാകും. തെറ്റുചെയ്തവരെ ശിക്ഷിക്കാതെ കാര്യം ഭംഗിയായി നടക്കുന്നതിന്ന് വേറെ വല്ല മാര്‍ഗ്ഗവും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറയൂ.
സത്യവാന്‍ പറഞ്ഞു: ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ മൂന്നു വര്‍ണ്ണങ്ങളേയും ബ്രാഹ്മണന്റെ- അധീനത്തില്‍ നിര്‍ത്തണം. ഈ മൂന്നു വര്‍ണ്ണങ്ങളും അവരവരുടെ ധര്‍മ്മം ആചരിക്കുമ്പോള്‍, മറ്റു സങ്കരവര്‍ണ്ണങ്ങളും, അവരെ അനുകരിച്ചു കൊള്ളും. ജീവിതത്തില്‍ അവരുടെ ധര്‍മ്മത്തെ മാതൃകയാക്കിക്കൊള്ളും. അവരില്‍ ആരെങ്കിലും തെറ്റായി നടക്കുകയാണെങ്കില്‍ അവരെപ്പറ്റി ബ്രാഹ്മണന്‍ രാജാവിന്റെ അടുത്ത് ആക്ഷേപം ബോധിപ്പിക്കണം. ഇവന്‍ ഞാന്‍ പറയുന്നതിനെ അനുസരിക്കുന്നില്ല എന്നു പറയണം. രാജാവ് അതിനെ കണക്കിലെടുത്ത് കുറ്റക്കാരനെ ശിക്ഷിക്കണം. ശാസ്ത്രത്തില്‍പ്പറഞ്ഞ ശിക്ഷാനടപടി സ്വീകരിക്കണം. അവനെ വേണ്ടമാതിരി ശിക്ഷിക്കണം. എന്നാല്‍ ആ ശിക്ഷാ നടപടി അവന്റെ ദേഹം നശിപ്പിക്കലാകരുത്. ദേഹം നശിപ്പിക്കാതെ തന്നെ അവന് ശാസ്ത്രത്തില്‍ പറഞ്ഞമാതിരി, സ്മൃതിയില്‍ വിവരിച്ച മാതിരി, രാജാവ് ശിക്ഷകള്‍ നല്കണം. രാജാവ് അതിന് വിപരീതമായി ചെയ്യരുത്. ആ തെറ്റു ചെയ്തവന്റെ സ്വഭാവാദികളും, മനഃശാസ്ത്രവും നോക്കി വേണം അവന് ശിക്ഷ നിശ്ചയിക്കുവാന്‍. ഒരു ദസ്യുവിനെ വേണ്ടമാതിരി പരിശോധിച്ചറിയാതെ കൊല്ലുകയാണെങ്കില്‍ അതുകൊണ്ട് അവന്‍ ഒരുത്തന്‍ മാത്രമല്ല കൊല്ലപ്പെടുന്നത്. അവനെ ആശ്രയിച്ചു ജീവിക്കുന്ന അവന്റെ ഭാര്യയും സന്താനങ്ങളും വൃദ്ധരായ അച്ഛനും അമ്മയും എല്ലാം കൊല്ലപ്പെ ടുന്നു. അവരൊക്കെ പട്ടിണികിടന്നും മറ്റുവിധത്തിലും നിരാധാരരായി നശിക്കുന്നു.
ഒരു ക്രൂരന്റെ കൈയില്‍ നിന്ന് മുറിവേല്ക്കപ്പെടുമ്പോള്‍ രാജാവ് അവനെ ശിക്ഷിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും ചിന്തിക്കണം. ചിലപ്പോള്‍ ചില കൊളളരുതാത്ത മനുഷ്യര്‍ നല്ല ധര്‍മ്മിഷ്ഠന്മാരെ മാതൃകയാക്കി നന്നായിത്തീര്‍ന്നേക്കാം. ചില ഭീകരന്മാര്‍ക്ക് അവരില്‍ നിന്ന് നല്ല സന്താനങ്ങള്‍ ഉണ്ടായി എന്നും വരാം. അതുകൊണ്ട് അവന്‍ ദുഷ്ടനാണ്, അവനെ കണ്ടെടത്തു വച്ച് കാച്ചണം എന്ന നയം ഒരിക്കലും സ്വീകരിക്കുവാന്‍ പാടില്ല. അവനെ വേരോടെ പറിച്ചു നശിപ്പിക്കരുത്. സകല ദുഷ്ടന്മാരെയും ശരിപ്പെടുത്തുക. അവസാനിപ്പിക്കുക എന്നത് നടക്കുന്ന കാര്യവുമല്ല. പാപികളെ ശിക്ഷിച്ചാല്‍ പതുക്കെ അവര്‍ ചെയ്ത പാപത്തെ പറ്റി ചിന്തിച്ച് പരിഹാരം നേടിക്കൊള്ളും. അവര്‍ക്കു പറ്റിയ ശിക്ഷ വധമല്ല. അവരുടെ സ്വത്തുക്കള്‍ പിടിച്ചടക്കുക, അവരെ ചങ്ങല വെക്കുക, ജയിലില്‍ കൊണ്ടുപോയി അടയ്ക്കുക, അംഗഭംഗം വരുത്തുക, എന്നിവയെല്ലാം ചെയ്യാം. അല്ലാതെ ഒരാള്‍ ചെയ്ത തെറ്റിന് അവന്റെ ബന്ധുക്കളെ പിടിച്ച് ശിക്ഷിക്കുന്നത് നീതിയല്ല. പുരോഹിതന്റെ മുമ്പില്‍ വെച്ച് മറ്റുള്ളവര്‍ കാണ്‍കെ പരസ്യമായി ക്ഷമായാചനം ചെയ്യിക്കാം. തെറ്റു പറയിക്കാം. അല്ലയോ ബ്രാഹ്മണാ, ഞങ്ങള്‍ ഒരിക്കലും ഇനി യാതൊരു അപരാധവും ചെയ്യുന്നതല്ല. എന്ന് അവര്‍ തെറ്റ് ഏറ്റു പറഞ്ഞ് ശപഥം ചെയ്താല്‍ കുറ്റവാളികള്‍ക്ക് മാപ്പു നല്കി വിട്ടുകളയാം. ഇതാണ് ബ്രഹ്മാവ് നിശ്ചയിച്ച നിയമം. ബ്രാഹ്മണനാണ് കുറ്റം ചെയ്തവനെങ്കില്‍ അവനെ മാന്‍തോലുടുപ്പിച്ച്, വടി കൈയില്‍ കൊടുത്ത്, തല മൊട്ടയടിപ്പിച്ചു വിടണം. വലിയ ആളുകളാണ് തെറ്റു ചെയ്യുന്നതെങ്കില്‍ അവരുടെ ശിക്ഷയും അവരുടെ യോഗ്യത അനുസരിച്ചു വര്‍ദ്ധിപ്പിക്കണം. വലിയവര്‍ വീണ്ടും വീണ്ടും തെറ്റ് ആവര്‍ത്തിക്കുക ആണെങ്കില്‍ അവനെ പിടിച്ചു ബന്ധിക്കണെം. മുമ്പത്തെ മട്ടില്‍ മാപ്പുകൊടുത്തു വിടരുത്. ദ്യുമത്സേനന്‍ പറഞ്ഞു: എത്രകാലത്തോളം തടസ്സങ്ങള്‍ മനുഷ്യര്‍ കാത്തു സുക്ഷിക്കുന്നുവോ, എത്ര കാലത്തോളം ആര്‍ക്കും ദ്രോഹം ഏൽപിക്കപ്പെടുന്നില്ലയോ, അത്രകാലത്തോളം ആ നടപടിയെ ധര്‍മ്മമെന്നു പറയുന്നു. നിയമം ലംഘിക്കുന്നവരെ പണ്ട് കൊല്ലാതെ വിട്ടയച്ചാല്‍ എല്ലാം തോല്‍വിയാകുമായിരുന്നു. പണ്ടുപണ്ടുള്ള ജനങ്ങളും നല്ല പോലെ ശാസനയ്ക്കു വഴങ്ങി നിന്നിരുന്നു. മൃദുക്കളും സത്യവാന്മാരും ദ്രോഹം ചെയ്യാത്തവരും, കോപമില്ലാത്തവരും അൽപം തെറ്റിപ്പോയാല്‍, "ഛേ" എന്നു പറഞ്ഞാല്‍ത്തന്നെ ശിക്ഷയായി. അതിന്നപ്പുറമുള്ളവരെ വാക്കുകൊണ്ടു നിന്ദിച്ചാല്‍ ശിക്ഷയായി. പിന്നെപ്പിന്നെ അടിശിക്ഷ വിധിക്കേണ്ടി വന്നു. ഇപ്പോള്‍ വധശിക്ഷയിലെത്തിയിരിക്കുന്നു. വധംകൊണ്ടും ജനങ്ങളെ അടക്കിനിര്‍ത്താന്‍ കഴിയാതെയാണ് വന്നു കൊണ്ടിരിക്കുന്നത്. ദസ്യുക്കളുമായി യാതൊരു ബന്ധവും പണ്ടു മര്‍ത്ത്യര്‍ക്കുണ്ടായിരുന്നില്ല. ദേവന്മാര്‍ക്കുമില്ല, ഗന്ധര്‍വ്വന്മാര്‍ക്കും പിതൃക്കള്‍ക്കും ദസ്യുക്കളുമായി ബന്ധമുണ്ടായിരുന്നില്ല. ദസ്യുക്കളെ കണ്ടേടത്തുവച്ചു കൊല്ലണം. കൊല്ലുന്നവന് ഇഹത്തിലും പരത്തിലും യാതൊരു പാപവും ബാധിക്കയില്ല എന്നാണു ശ്രുതി. കൊള്ളക്കാര്‍ ശവത്തിന്റെ ദേഹത്തിലണിഞ്ഞ ആഭരണം ശവക്കുഴിയില്‍ നിന്ന് എടുത്തു കൊണ്ടുപോകുന്നു. ഭൂതബാധയുള്ള മനുഷ്യരുടെ വസ്ത്രാദികള്‍ ദസ്യുക്കള്‍ അപഹരിക്കുന്നു. ഇത്തരം ബുദ്ധികെട്ട മനുഷ്യരുമായി സംസാരിക്കുകയോ, സഹവസിക്കുകയോ ചെയ്യുന്നവരുണ്ടോ?
സത്യവാന്‍ പറഞ്ഞു: ഇങ്ങനെ ചെയ്യുന്ന ദസ്യുക്കളെ നേരെയാക്കി അവരില്‍ നിന്ന് സജ്ജനങ്ങളെ രക്ഷപ്പെടുത്തുവാന്‍ സാധിക്കാതെ വരുമ്പോള്‍ ആ മനുഷ്യാധമന്മാരെ വധിക്കുകയല്ല വേണ്ടത്, അവരെ ബലിയായി ദേവന്മാര്‍ക്ക് അര്‍പ്പിക്കുക. എന്നാല്‍ അവരുടെ പാപമൊക്കെ നീങ്ങി സ്വര്‍ഗ്ഗം പ്രാപിക്കും. യാഗത്തില്‍ അറക്കുന്ന പശു സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതാണല്ലോ. രാജാക്കന്മാര്‍ ലോകയാത്രയ്ക്കു വേണ്ടിയാണല്ലോ വലിയ തപസ്സ് അനുഷ്ഠിക്കുന്നത്.
അവര്‍ അത്തരക്കാര്‍ മൂലം ലജ്ജിതരാകുന്നു. സുകൃതികളായ രാജാക്കന്മാര്‍ ഭയപ്പെടുത്തുകയല്ലാതെ ദുഷ്‌കൃതികളെ വധിക്കുന്നതല്ല. സുകൃതം കൊണ്ട്, സല്‍ക്കര്‍മ്മം കൊണ്ട്, രാജാക്കന്മാര്‍ നാട്ടുകാരെ ശാസിക്കുന്നു. മഹാന്മാരുടെ വൃത്തിയാണല്ലോ ലോകര്‍ക്ക് മാതൃക. ഗുരുവിന്റെ വൃത്തി എപ്പോ ഴും ശിഷ്യന്മാര്‍ അനുവര്‍ത്തിക്കും. ഇത് മനുഷ്യ സ്വഭാവമാണ്. തന്റെ മനസ്സിനെ അടക്കാന്‍ കഴിയാത്തവന്‍ അന്യരോട് അടങ്ങൂ എന്നു പറയുന്നതു കൊണ്ടെന്തു കാര്യം? അവന്‍ മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാകും. വിഷയങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും അടിമയായവന്‍ എങ്ങനെ പരിഹാസപാത്രമാകാതിരിക്കും? ദംഭം, മോഹം എന്നിവ കൊണ്ടു രാജാവിനോട് മര്യാദ കെട്ട് ആരാണു പെരുമാറുന്നത്. അവന്‍ എല്ലാം കൊണ്ടും അടക്കേണ്ടവനാണ്. അല്ലങ്കില്‍ അപകടത്തിലാകും. ദുഷ്കര്‍മ്മങ്ങള്‍ ചെയ്തവനെ അടക്കുവാന്‍ ഉദ്ദേശിക്കുന്ന രാജാവ് ആദ്യമായി തന്നെത്തന്നെ അടക്കി നിര്‍ത്തണം. അതിന്നുള്ള കഴിവ് സമാര്‍ജ്ജിക്കണം. പാപികളെ ബന്ധിക്കുകയല്ല വേണ്ടത്. വലിയ ശിക്ഷ നല്‍കി ദണ്ഡിപ്പിക്കുകയാണു വേണ്ടത്. എവിടെ പാപിയായ നീചന്‍ ശിക്ഷയോ, മഹാസങ്കടമോ അനുഭവിക്കാതെ സുഖമായി ജീവിക്കുവാന്‍ ഇടയാകുന്നുവോ, അവിടെ പാപങ്ങള്‍ വര്‍ദ്ധിക്കുകയും ധര്‍മ്മം ക്ഷയിച്ചു പോവുകയും ചെയ്യും. ഇപ്രകാരമാണ് കരുണാനിധിയും വിദ്വാനുമായ ബ്രാഹ്മണന്‍ എന്നോട് പറഞ്ഞത്. ഇതുതന്നെയാണു എന്നോട് പൂര്‍വ്വന്മാരായ പിതാമഹന്‍മാരും പറഞ്ഞിട്ടുള്ളത്. കരുണയോടെ ഇപ്രകാരമാണ് വലിയ ആശ്വാസം നല്കുന്നവരായ അവര്‍ പറഞ്ഞിട്ടുള്ളത്.
ആദ്യം ഈ സമ്പ്രദായം കൃതയുഗത്തില്‍ വിജയിച്ചിരുന്നു. അതില്‍ കാല്‍ഭാഗം ധര്‍മ്മം ത്രേതയില്‍ കുറയുന്നു. രണ്ട് കാലംശം ദ്വാപരയിലും കുറയും. ഇപ്രകാരം കലിയുഗത്തില്‍ ദുഷ്കര്‍മ്മം വര്‍ദ്ധിക്കും. കാലഭേദം കൊണ്ട് കലിയില്‍ ധര്‍മ്മം പതിനാറില്‍ ഒരംശം വരെയായി കുറയും. അതു കൊണ്ട് മുഖ്യമായ കാര്യം സതൃവാന്‍ പറഞ്ഞ മാതിരി ദ്രോഹിക്കായ്ക സ്വീകരിച്ചാല്‍ കുഴപ്പം വര്‍ദ്ധിക്കും. കാലത്തിന്റെ സ്വഭാവമനുസരിച്ച്, ആയുസ്സിന്റെ ബലം മനസ്സിലാക്കി തപസ്സിനെ അനുഷ്ഠിക്കണം. സതൃത്തിനു വേണ്ടി ധര്‍മ്മത്തിന്റെ ഫലം അറുത്തു കളയാത്ത മട്ടില്‍ അനുഷ്ഠിക്കണം. ഭൂതാനുകമ്പ മൂലം സ്വയംഭൂവായ മനു നിശ്ചയിച്ചമാതിരി മോക്ഷത്തിന് വേണ്ടി മനുഷ്യന്‍ ജ്ഞാനത്തോടെ ദ്രോഹം വിട്ടു ജീവിക്കണം.
അദ്ധ്യായം 268. ഗോകപിലീയം - ഗോവും കപിലനും തമ്മില്‍ നടന്ന സംഭാഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ ഭൂതങ്ങള്‍ക്കൊന്നിനും ഉപദ്രവമേല്ക്കാത്തവിധം ഷള്‍ഗുണത്തോടു ചേര്‍ന്ന യോഗം എപ്രകാരമാണെന്ന് അങ്ങു പറഞ്ഞുതന്നു. മുക്തിയും ആനന്ദവും, ഇവ രണ്ടും ലഭിക്കുന്നതിനുതകുന്ന ധര്‍മ്മം എന്തെന്നു പറഞ്ഞാലും. ഗൃഹസ്ഥധര്‍മ്മവും യോഗധര്‍മ്മവും എന്നീ രണ്ടിന്നും ലഭിക്കുന്ന ഫലം ഒന്നാണെങ്കില്‍ ഒരേ സ്ഥാനത്താണ് ചെന്നെത്തുന്നതെങ്കില്‍ ഇതില്‍ വെച്ച് കൂടുതല്‍ ശ്രേഷ്ഠമായത് ഏതാണ്?
ഭീഷ്മൻ പറഞ്ഞു: രണ്ടു ധര്‍മ്മങ്ങളും ശ്രേഷ്ഠം തന്നെയാണ്. രണ്ടും നിര്‍വ്വഹിക്കുന്നതിന് ക്ളേശമുണ്ട്. രണ്ടിന്നും മഹത്തായ ഫലമുണ്ട്. രണ്ടും സജ്ജനങ്ങള്‍ ആചരിക്കുന്നതുമാണ്. രണ്ടിനുമുള്ള പ്രാമാണ്യം ഞാന്‍ നിന്നോടു പറയാം. നീ അതു മനസ്സുവച്ച് കേട്ടു കൊള്ളുക. ധര്‍മ്മത്തിലും അര്‍ത്ഥത്തിലുമുള്ള ആശ നീങ്ങും. ഇതിനുദാഹരണമായി ഒരു പഴങ്കഥ പറഞ്ഞു വരാറുണ്ട്. കപിലനും ഗോവും തമ്മില്‍ നടന്ന സംഭാഷണമാണ് കഥാവിഷയം. ഹേ, യുധിഷ്ഠിരാ, അതു കേട്ടുകൊള്ളുക.
പുരാതനവും നിത്യവും ശാശ്വതവുമായ വേദം നോക്കുന്നവനായ നഹുഷരാജാവ് പണ്ട് ഗോവിനെ ത്വഷ്ടാവിന്നായി ബലിയര്‍പ്പിച്ചു എന്നു കേള്‍ക്കുന്നു. ആ പശുവിനെ ബലികര്‍മ്മത്തിന് അറുക്കുവാന്‍ കെട്ടിയത് മഹാസത്ത്വനും ജ്ഞാനിയും സംയതാത്മാവും ദുഃഖങ്ങള്‍ നീങ്ങിയവനും നിയതാഹാരനുമായ കപിലമഹര്‍ഷി കണ്ടു. നിര്‍ഭയനും സത്യവാനുമായ അദ്ദേഹം ഇതുകണ്ട് "അഹോ! വേദങ്ങളേ!" എന്നു വിളിച്ചു. അപ്പോള്‍ സ്യുമരശ്മി എന്നു പേരായ ഒരു മുനി, യോഗപ്രഭാവാല്‍ പശുവില്‍ പ്രവേശിച്ച് യതിയായ കപിലനോടു പറഞ്ഞു: "ഹേ, കപിലാ, വേദങ്ങള്‍ ഹിംസയ്ക്ക് അനുവദിക്കുന്നുണ്ടെങ്കില്‍, അഹിംസ പരമധര്‍മ്മമായി അനുശാസിക്കുന്ന ധര്‍മ്മാനുശാസനങ്ങള്‍ എങ്ങനെ പ്രമാണങ്ങളാകും?"
വേദത്തില്‍ പറയുന്ന വാക്യങ്ങളെല്ലാം ബ്രഹ്മാവിനേറതാകയാല്‍ അവയെല്ലാം പ്രമാണമായി സ്വീകരിക്കേണ്ടതാണല്ലോ. ശ്രുതിയില്‍ ജ്ഞാനദൃഷ്ടിയും ധീരതയും ചേര്‍ന്ന താപസന്മാരായ വിദിതാത്മാക്കള്‍ ആര്‍ഷജ്ഞാനമെല്ലാം അറിയുന്നവരാണല്ലോ. ഇപ്രകാരം തൃഷ്ണ വിട്ടവന്നും അല്ല അറ്റവനും അനീഹനായവനും, എന്നും നിരാരംഭനായവനും എന്താണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്?
കപിലന്‍ പറഞ്ഞു: ഞാന്‍ വേദങ്ങളെ നിന്ദിക്കുകയില്ല. എനിക്കു വേദങ്ങളില്‍ ആക്ഷേപമില്ല. ഏത് ആശ്രമ കര്‍മ്മങ്ങളും ഒന്നിലേക്കു തന്നെ കൊണ്ടെത്തിക്കുന്നു. വൃത്യസ്തമായ ജീവിതചര്യയും, വ്യത്യസ്തമായ ധര്‍മ്മമുറകളും എല്ലാം ഒരേ ഒരു ലക്ഷ്യത്തില്‍ ആത്മാക്കളെ കൊണ്ടു ചെന്നെത്തിക്കുന്നു. സന്ന്യാസി. ഉന്നതമായ ലക്ഷ്യത്തെ പ്രാപിക്കുന്നു. വാനപ്രസ്ഥനും അതേ ഉന്നത ലക്ഷ്യത്തെത്തന്നെ പ്രാപിക്കുന്നു. ബ്രഹ്മചാരിയും ഗൃഹസ്ഥനും അതേ ലക്ഷ്യപ്രാ പ്തിയില്‍ത്തന്നെ ചെന്നെത്തുന്നു. ഈ നാല് ആശ്രമ ധര്‍മ്മങ്ങളും ദേവയാന മാര്‍ഗ്ഗങ്ങളായി പറയപ്പെടുന്നു. അത് ശാശ്വ തമായ മാര്‍ഗ്ഗങ്ങളാണെന്നു സമ്മതിക്കപ്പെട്ടതാണ്. ഫലത്തില്‍ അവയ്ക്ക് ബലാബലമനുസരിച്ച് വൃത്യാസം പറയുന്നുണ്ട്. ഇതറിഞ്ഞിട്ട് സര്‍വാര്‍ത്ഥത്തേയും ആരംഭിക്കുക എന്നതാണ് വൈദിക മതം. നൈഷ്ഠിക ശ്രുതിയില്‍ ആരംഭിക്കരുതെന്നും പറയുന്നു. തുടങ്ങാഞ്ഞാലും ദോഷമുണ്ടെന്നും തുടര്‍ന്നാല്‍ ഉത്തമമായ ദോഷമുണ്ടെന്നും ശാസ്ത്രത്തില്‍ പറയുന്നു. അവയുടെ ബലാബലങ്ങള്‍ ദുര്‍ജേഞയമാണ്. ഏതെങ്കിലും പ്രത്യക്ഷമാണെങ്കില്‍ അത് അഹിംസയേക്കാള്‍ മേലെയാണ്. അങ്ങനെയല്ലാതെ മറ്റുവിധത്തില്‍ ശാസ്ത്രാംഗങ്ങളാല്‍ കാണുന്നുണ്ടെങ്കില്‍ അതു നീ പറയൂ.
സ്യുമരശ്മി പറഞ്ഞു: സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവന്‍ യജ്ഞം ചെയ്യുണം. ഈ ശ്രുതിവാക്യം നാം ധാരാളം കേള്‍ക്കാറുള്ളതാണ്. ആദ്യമായി ഫലത്തെപ്പറ്റി മനസ്സില്‍ ചിന്തിച്ചതിന് ശേഷം യജ്ഞത്തിന് ഒരുങ്ങുന്നു. ആട്, കുതിര, പശു, എല്ലാത്തരം പക്ഷികളും, അവ കാട്ടിലുള്ളതും നാട്ടിലുള്ളതുമാകാം. ചെടികളും ഔഷധികളും, അവ മറ്റു ജീവികളുടെ ആഹാരമായിരിക്കണം. ഇങ്ങനെയാണ് ശ്രുതി അനുശാസിക്കുന്നത്. എല്ലാ ദിവസവും കാലത്തും വൈകിട്ടും ഇങ്ങനെ രണ്ടു നേരം ഭക്ഷണം കഴിക്കണമെന്നും ശ്രുതി പറയുന്നു. പിന്നെ ശ്രുതി പറയുന്നത് പശുക്കളും ധാന്യങ്ങളും യജ്ഞത്തിന്റെ അംഗങ്ങളാണെന്നാണ്. ഈ വസ്‌തുക്കളെ പ്രജാപതി യജ്ഞത്തോടൊപ്പം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ആ യജ്ഞത്താലാണ് പ്രഭുവായ ബ്രഹ്മാവ് സുരന്മാര്‍ക്ക് യജ്ഞം ചെയ്തത്. എല്ലാം കൂടി ഏഴേഴു തരം മൃഗങ്ങളെയാണ് ബലിയര്‍പ്പിക്കുവാന്‍ പ്രജാപതി നിശ്ചയിച്ചിട്ടുള്ളത്. ഏഴുതരം വീട്ടുമൃഗങ്ങളും ഏഴുതരം കാട്ടുമൃഗങ്ങളുമാണ്. എല്ലാം ഉത്തരോത്തരം ശ്രേഷ്ഠങ്ങളുമാണ്. വേദം വീണ്ടും ഘോഷിക്കുന്നു, എല്ലാ പ്രാപഞ്ചിക വസ്‌തുവും ബലിക്കു നിശ്ചയിക്കപ്പെട്ടവയാണെന്ന്. പണ്ടേതന്നെ ഇതു സമ്മതിക്കപ്പെട്ടിരിക്കുന്നു. തന്റെ ആത്മശക്തിയനുസരിച്ച് വിദ്വനായവന്‍ പരിശോധന നടത്തി ജീവികളില്‍ അര്‍ഹമായതിനെ സ്വീക രിക്കുന്നു. സാധുക്കളായ ജീവികളും മനുഷ്യരും വൃക്ഷങ്ങളും ചെടികളും എല്ലാം സ്വര്‍ഗ്ഗത്തെ കാംക്ഷിക്കുന്നു. അങ്ങനെ എല്ലാവരും കാംക്ഷിക്കുന്ന സ്വര്‍ഗ്ഗം ലഭിക്കുവാന്‍ യജ്ഞം ചെയ്യണം. പശുക്കള്‍, ഔഷധികള്‍, വൃക്ഷങ്ങള്‍, വള്ളികള്‍, നെയ്യ്, തയിര്‍, പാല്, ഹവിസ്സ്, ഭൂമി, ദിക്കുകള്‍, കാലം, ശ്രദ്ധ എന്നീ പന്ത്രണ്ടും ഋക്ക്, യജുസ്സ്, സാമം, യജമാനന്‍ എന്നീ നാലും, ഗൃഹപതിയായ അഗ്നിയും കൂടുമ്പോള്‍ പതിനേഴാകുന്നു. ഇങ്ങനെ യജ്ഞത്തിന്റെ അംഗങ്ങള്‍ പതിനേഴാണ്. യജ്ഞമാണ് ലോകത്തിന്റെ നാരായ വേര്. അതില്‍ നിന്നാണ് ലോകത്തിന്റെ ഗതിതന്നെ എന്ന് ശ്രുതി ഉല്‍ഘോഷിക്കുന്നു.
നെയ്യ്, പാല്, തയിര്‍, ചാണകം, ആമീക്ഷ (ചൂടുള്ള പാലും, തൈരും ചേര്‍ത്തുണ്ടാക്കുന്ന ഒരു വസ്മു), തോല്‍ ഇവയാലും വാലിന്റെ രോമം, കൊമ്പ്, കുളമ്പ് ഇവകൊണ്ട് പശു തനിച്ച് യജ്ഞത്തിനുള്ള വസ്ധുക്കള്‍ ഒരുക്കുന്നു. ഇങ്ങനെ ഓരോന്നായും ഒന്നിച്ചായും എപ്രകാരം യജ്ഞനിര്‍വഹണത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്നുവോ, അവ വേണ്ട വിധം യജ്ഞത്തില്‍ എല്ലാം കൂടി നിര്‍വ്വഹിക്കുന്നു. ഋത്വിക്കുകള്‍ക്കും മറ്റു ബ്രാഹ്മണര്‍ക്കും ദക്ഷിണയോടു കൂടി യജ്ഞം സമാപിക്കുന്നു.
ശ്രുതി ഘോഷിക്കുന്നു. എല്ലാം യജ്ഞത്തിനു വേണ്ടിയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. പണ്ടുള്ള മഹാശയന്‍ന്മാരെല്ലാം ഇപ്രകാരം പ്രവര്‍ത്തിച്ചു പോന്നു. അവര്‍ പ്രാണികളില്‍ പരുക്ക് ഏല്ലിക്കാതെയും കൊല്ലാതെയും ദ്രോഹിക്കാതെയുമാണ് യജ്ഞം നിര്‍വ്വഹിച്ചത്. യജ്ഞം യജിക്കണമെന്നല്ലാതെ അതുകൊണ്ടു വേറെ ഫലം ലഭിക്കണമെന്ന ആഗ്രഹമോ ഉദ്ദേശ്യമോ യജ്ഞം ചെയ്യുന്നതില്‍ അവര്‍ക്കുണ്ടായിരുന്നില്ല. ഫലാപേക്ഷ കൂടാതെയാണ് അവര്‍ യജിച്ചിരുന്നത്. ഈ യജ്‌നോക്തങ്ങളായ യജ്ഞാംഗങ്ങള്‍ യഥാക്രമം വിധിയുക്തങ്ങളായി പരസ്പരം യജ്ഞനിര്‍വ്വഹണത്തിന്നായി വിധിയാംവണ്ണം താങ്ങിനില്ക്കുന്നു.
ഞാന്‍ ആര്‍ഷമായ ആമ്നായത്തെ കാണുന്നു. അതില്‍ വേദങ്ങള്‍ നില്ക്കുന്നതായും ദര്‍ശിക്കുന്നു. അത് വിദ്വാന്മാര്‍ ബ്രാഹ്മണരില്‍ നിന്നു ഗ്രഹിക്കുന്നു. (ബാഹ്മണ പ്രഭവമാണ് യജ്ഞം. അതു ബ്രാഹ്മണനെ ആശ്രയിച്ചു നിലകൊള്ളുന്നു. പ്രപഞ്ചം മുഴുവന്‍ യജ്ഞത്തില്‍ അവലംബിച്ചു നില്ക്കുന്നു. യജ്ഞം മുഴുവന്‍ പ്രപഞ്ചത്തെയും ആശ്രയിച്ചുനില്ക്കുന്നു.
ഓങ്കാരത്തില്‍ നിന്നാണു വേദത്തിന്റെ ഉത്ഭവം. എല്ലാ കര്‍മ്മവും ഓം എന്നുച്ചരിച്ചു വേണം തുടങ്ങുവാന്‍. ഓങ്കാരവും -നമഃസ്വാഹവഷള്‍ സ്വധ, എന്നിവയും യഥാശക്തി തുടര്‍ന്ന് ഏതൊരാള്‍ പ്രയോഗിക്കുന്നുവോ, അവന് മൂന്നു ലോകത്തിലും, ഏതു ലോകത്തിലും, ഭയത്തിന്നവകാശമില്ല എന്നു വേദങ്ങള്‍ പറയുന്നു. സിദ്ധന്മാരായ മുനിമുഖ്യന്മാരും പറയുന്നു. ഇനി ദ്വിജനെന്നും, ബ്രാഹ്മണനെന്നും പറയുന്നവര്‍ എങ്ങനെയുള്ളവരാണെന്നും പറയാം. ബാഹ്യവേഷം കണ്ടതുകൊണ്ട് ബ്രാഹ്മണനാണെന്നു വിചാരിച്ചു പോകരുത്. ഋക്, യജുസ്സ്, സാമം എന്നീ വേദജ്ഞാനം ഏതൊരുത്തന്നുണ്ടോ, വിധിപ്രകാരമുള്ള ഉച്ചാരണം, വ്യാകരണാദിജ്ഞാനം ഏവന്നുണ്ടോ, അവയുടെയെല്ലാം അര്‍ത്ഥ ജ്ഞാനം ആര്‍ക്കുണ്ടോ, വേദത്തില്‍ പറഞ്ഞ അവയെല്ലാം അറിയുന്നവനാണ് ശരിയായ ബ്രാഹ്മണന്‍. അഗ്ന്യാധാനത്തിന്റെ ഫലമെന്തെന്നും, സുതസോമത്തിന്റെ ഫലമെന്തെന്നും, മറ്റു യജ്ഞങ്ങളുടെ ഫലവും എന്താണോ, അതും അല്ലയോ ദ്വിജാ! അവയെല്ലാം ഭഗവാനറിയാമല്ലോ. അതു കൊണ്ട് അല്ലയോ ബ്രാഹ്മണാ, അങ്ങ് യജിക്കുകയും തീര്‍ച്ചയായും യജിപ്പിക്കുകയും വേണം.
വിധിപ്രകാരം യജ്ഞംചെയ്തവന് സ്വര്‍ഗ്ഗൂലാഭം തീര്‍ച്ചയാണ്. യജിക്കാത്തവര്‍ക്കു പരലോകങ്ങള്‍ ഒന്നും ലഭിക്കുന്നതല്ല. അതു നി ശ്ചയമായ കാര്യമാണ്. വേദവാദങ്ങള്‍ ശരിയായി അറിഞ്ഞവന് ഇതു രണ്ടുമാണ് പ്രമാണം.
അദ്ധ്യായം 269. ഗോകപിലീയം - പ്രവ്യത്തി, നിവൃത്തി, ധര്‍മ്മം എന്നിവയെപ്പറ്റി സംവാദം - കപിലന്‍ പറഞ്ഞു: ഇത്രയെല്ലാം ഗ്രഹിച്ച്. യതിമാര്‍ അവരുടെ സ്വതന്ത്രമായ മാര്‍ഗ്ഗത്തിലൂടെ പോകുന്നു. അവര്‍ക്ക് ഒരു ലോകത്തിലും തടസ്സമായി ഒന്നുമില്ല. അവര്‍ക്ക് ചെല്ലുവാന്‍ വയ്യാത്ത ഒരു ലോകവുമില്ല. സുഖം, ദുഃഖം എന്നീ ദ്വന്ദങ്ങള്‍ അവര്‍ക്കില്ല. അവര്‍ ഒരുവന്റെ മുമ്പിലും തല കുനിക്കുകയില്ല. അവര്‍ എല്ലാവിധ ബന്ധങ്ങളില്‍ നിന്നും മുക്തരായവരാണ്. എല്ലാ പാപങ്ങളും വിട്ട് ശുദ്ധരായും നിര്‍മ്മമരായും അവര്‍ ചരിക്കുന്നു. എല്ലാ പാപവും വിട്ട് ശുദ്ധമായ ആത്മാവോടു കൂടിയവരാണ് അവര്‍.
അപവര്‍ഗ്ഗ ത്യാഗബുദ്ധികളില്‍ ഏറ്റവും ഉറച്ചവരാണ്. ബ്രഹ്മിഷ്ഠന്മാരും, ബ്രഹ്മഭൂതരും, ബ്രഹ്മത്തില്‍ ഇരിക്കുന്നവരുമാണ് അവര്‍. വിശോകരും, രജസ്സറ്റവരുമായ അവര്‍ക്ക് നിത്യമായ ലോകം ലഭിക്കും. അങ്ങനെ സല്‍ഗതിയുടെ മാര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്ന പാവനാത്മാക്കള്‍ക്ക് പിന്നെ ഗാര്‍ഹസ്ഥ്യത്തില്‍ എന്താണു കാര്യം? ആ ആശ്രമം സ്വീകരിച്ചിട്ട് എന്തു പ്രയോജനമുണ്ട്?
സ്യുമരശ്മി പറഞ്ഞു: ഇത് പരമകാഷ്ഠയിലെത്തിയ നിലയാണെങ്കില്‍, ഇത് ഏറ്റവും ശ്രേഷ്ഠമായ ഗതിയാണെങ്കില്‍ ഗൃഹസ്ഥാശ്രമം കൂടാതെ ഒരു ആശ്രമവും നിര്‍വ്വഹിക്കപ്പെടുന്നതല്ല. അമ്മയെ ആശ്രയിച്ച് എല്ലാ ജീവിയും പുലരുന്നുവല്ലോ. അതുപോലെ ഗാര്‍ഹസ്ഥ്യത്തെ ആശ്രയിച്ച് എല്ലാ ആശ്രമങ്ങളും നില്ക്കുന്നു. ഗൃഹസ്ഥനാണ് ശരിക്കും യജിക്കുന്നവന്‍. ഗൃഹസ്ഥാശ്രമം സ്വീകരിച്ചവനാണ് ശരിക്കും തപോവൃത്തിയില്‍ നില്ക്കുന്നവന്‍. എല്ലാ ധര്‍മ്മത്തിനും മൂലമായിട്ടുള്ളത് ഗാര്‍ഹസ്ഥ്യമാണ്. എല്ലാം അതില്‍ ചേഷ്ടിക്കുന്നു. പ്രജോല്‍പാദത്താലാണല്ലോ എല്ലാ പ്രാണികളും ഉണ്ടാകുന്നത്. പ്രജോല്‍പ്പാദനം മറ്റ് ആശ്രമങ്ങളില്‍ പറ്റുന്നതല്ല. ബര്‍ഹിസ്സും, ഔഷധിയും, വേറെ പുറത്തുള്ള അദ്രിജങ്ങളും, മറ്റ് ഔഷധികളും എല്ലാം പ്രാണനില്‍ അപ്പുറമായി ഒന്നും കാണപ്പെടുന്നില്ല. എല്ലാ പ്രാണികളും, സസ്യങ്ങള്‍ പോലും ഉല്‍പാദനം ചെയ്യുന്നു. ഗൃഹസ്ഥാശ്രമം കൂടാതെ മോക്ഷമില്ല എന്നുള്ള പ്രജാപതിയുടെ ഉക്തി സത്യമാകുന്നു. ശ്രദ്ധയറ്റവര്‍, അപ്രാജ്ഞന്മാര്‍, സൂക്ഷ്മമായ കാഴ്ച പെടാത്തവര്‍, ആശ നിര്‍വ്വഹിക്കാത്ത മടിയന്മാര്‍, തങ്ങളുടെ കര്‍മ്മത്താല്‍ ക്ഷീണിച്ചവര്‍, ഇത്തരക്കാരായ അപണ്ഡിതന്മാര്‍ ശമത്തിന്ന് കണ്ടെത്തിയ ഒരു അതിരാണ് അവരുടെ സന്ന്യാസവൃത്തി.
വേദപ്രോക്തമായ ശാശ്വതമായ മര്യാദ മൂന്നു ലോകത്തിന്നും ഹേതുവായി വര്‍ത്തിക്കുന്നു. ബ്രാഹ്മണന്‍ ജന്മം മുതല്‍ക്കേ പൂജ്യനാണ്. ഗര്‍ഭാധാനത്തിന് മുമ്പുതന്നെ മന്ത്രം ദ്വിജാതിയില്‍ പ്രവര്‍ത്തിക്കുന്നു. അവിസ്രംഭങ്ങളില്‍ ചെയ്യുന്നു. വിസ്രംഭങ്ങളില്‍ തീര്‍ച്ചയായും ചെയ്യേണ്ടതാണ്. ദാഹം, സംശ്രയണം ശ്രയിച്ചാല്‍ പാത്രഭോജനം, ഗോദാനം, പിണ്ഡദാനം, ജലത്തില്‍ മുങ്ങല്‍ ഇവയിലൊക്കെ മൃതന് വേണ്ടി മന്ത്രം ജപിക്കുന്നു. അര്‍ച്ചിഷ്മാന്മാര്‍, ബര്‍ഹിതര്‍, ക്രവ്യാദന്മാര്‍, പിതൃക്കള്‍ എന്നിവര്‍ മന്ത്രാമന്ത്രങ്ങള്‍ കാരണം മൃതനെ ആദരിക്കുന്നു. ഇപ്രകാരം വേദങ്ങള്‍ ഘോഷിക്കുമ്പോള്‍, പിതൃദേവദ്വിജന്മാരില്‍ കടപ്പാടോടു കൂടി മര്‍ത്ത്യര്‍ നില്ക്കുമ്പോള്‍, എവിടെയാണ് ഒരുത്തന് മോക്ഷം? ശ്രീയറ്റ് അലസന്മാരായ പണ്ഡിതന്മാര്‍ തുടര്‍ന്ന വേദവാദ പരിജ്ഞാനം, സത്യാഭാസ തുല്യവും അനൃതവുമാണ്. വേദശാസ്ത്രപ്രകാരം യജിക്കുന്ന ബ്രാഹ്മണനെ പാതകങ്ങള്‍ ഹരിക്കുകയോ, കര്‍ഷിക്കുകയോ ചെയ്യുന്നതല്ല. യജ്ഞത്തില്‍ ഹോമിക്കുന്ന പശുവിനോടു കൂടിത്തന്നെ കാര്യസാഫല്യത്തോടെ ദ്വിജന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കും. വേദങ്ങളെ ധിക്കരിക്കുന്നവന് മോക്ഷമാര്‍ഗ്ഗം തുറന്നു കിട്ടുകയില്ല. വേദപ്രോക്തങ്ങളായ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നവന്‍ തീര്‍ച്ചയായും ബ്രഹ്മസായുജ്യം പ്രാപിക്കുന്നതാണ്.
കപിലന്‍ പറഞ്ഞു: കര്‍മ്മം കടമയാണെങ്കില്‍, ധീമാന് ദര്‍ശം, പൌര്‍ണ്ണമാസം, അഗ്നിഹോത്രം, ചാതുര്‍മ്മാസ്യം എന്നീ ധര്‍മ്മങ്ങള്‍ സനാതനങ്ങളാകയാല്‍ അനുഷ്ഠിക്കേണ്ടതുണ്ട്. അവയുടെ അനുഷ്ഠാനത്തില്‍ സനാതനമായ മഹത്ത്വം ഉണ്ട്. പിന്നെ എന്തിനാണ് ക്രൂരമായ കര്‍മ്മങ്ങള്‍? അനാരംഭികളും (കര്‍മ്മവിമുഖര്‍) ധീരന്മാരും, ശുദ്ധാത്മാക്കളും, ബ്രഹ്മസംജ്ഞിതന്മാരും, ബ്രഹ്മത്താല്‍ ദേവതൃപ്തി ചെയ്യുന്നു. അമൃതൈഷികളായി ബലിയര്‍പ്പിക്കുന്നു. സര്‍വ്വഭൂതാത്മഭൂതനും സര്‍വ്വഭൂതേക്ഷയകരനുമായ പുരുഷന്റെ മാര്‍ഗ്ഗത്തെ വാനവര്‍ പോലും അറിയുന്നില്ല.
പുരുഷന്‍ ചതുര്‍ദ്വാരങ്ങളോടു കൂടിയവനാണ്, ചതുര്‍മുഖനുമാണ്. കാര്യം, വാക്ക്, വയറ്, ഉപസ്ഥം എന്നിവ കൊണ്ട് ആ ദ്വാരത്തെ പ്രാപിക്കുവാന്‍ ദ്വാരപാലന്‍ ശ്രമിക്കുന്നു.
ചൂതാട്ടം പാടില്ല. അന്യന്റെ വിത്തത്തെ കൈയിലാക്കാന്‍ ശ്രമിക്കരുത്. ക്രുദ്ധനായി ധീമാന്‍ പ്രഹരിക്കരുത്. ഇപ്രകാരം ചെയ്യുന്നതായാല്‍ ഒരുവന്റെ കൈകാലുകള്‍ പാപവിമുക്തമാണെന്ന് കരുതാം. ഒരു കുറ്റവും ആരെപ്പറ്റിയും പറയരുത്. വെറും വാക്കുകള്‍ പറയരുത്. ലോകാപവാദങ്ങള്‍, പൈശൂന്യങ്ങള്‍ ഇവയൊന്നും പറയരുത്. സത്യവ്രതനായി, മിതവാക്കായി അപ്രമത്തനായി നില്ക്കുന്നതായാല്‍ അവന്റെ വാക്കാകുന്ന ദ്വാരം ഗുപ്തമായി എന്നു പറയാം. ഉണ്ണാതിരിക്കരുത്, ഏറെ വാരി അകത്തേക്കു ചെലുത്തരുത്. അലുബ്ധനായി സജ്ജനസംഗം ഏല്‍ക്കണം. ജീവിക്കുവാന്‍ മാത്രം അന്നം കഴിക്കുക. അങ്ങനെയായാല്‍ അവന് വയറ് ഗുപ്തമായി എന്നു പറയാം.
വീരനായ പുരുഷന്‍ അനൃന്റെ ഭാര്യയോടു ചേര്‍ന്നു കളിക്കരുത്. ആര്‍ത്തവ കാലത്തല്ലാതെ, ഉല്ലാദനക്ഷമയായ തന്റെ ഭാര്യയുമായി രതിക്രീഡ ചെയ്യരുത്. പുരുഷന്‍ ഭാര്യാ വ്രതത്തോടു കൂടിയവനായിരുന്നാല്‍ അവന്റെ ഉപസ്ഥം ഗുപ്തമായി എന്നു പറയാം.
ബുദ്ധിമാനായ പുരുഷന് ഇപ്രകാരമായാല്‍ എല്ലാ ദ്വാരവും ഗുപ്തമായി എന്നു പറയാം. ഉപസ്ഥം, വയറ്, കൈയ്, വാക്ക് ഇവ നാലുമാണ് ആ ദ്വാരങ്ങള്‍. ഈ ദ്വാരങ്ങള്‍ നാലും മറയ്ക്കാത്തവന്‍. നിയന്ത്രിക്കാത്തവന്ന് സകലതും പാഴിലാകുന്നതാണ്. ദ്വാരങ്ങള്‍ ഗോപനം ചെയ്യാത്തവന് തപസ്സു കൊണ്ട് യാതൊരു ഫലവുമില്ല; യജ്ഞത്താല്‍ യാതൊരു ഫലവും ലഭിക്കയില്ല. അവന്റെ ആത്മാവു കൊണ്ട് അവനെന്തു കാര്യം?
ഉത്തരീയം ഇല്ലാതെ, കിടക്കയൊന്നും കൂടാതെ, വിരിപ്പില്‍ തലയണയൊന്നും ഇല്ലാതെ, കൈമാത്രം തലയണയാക്കി, ശാന്തനായി ശയിക്കുന്ന ബ്രാഹ്മണന്‍ ദേവസമ്മതനാണ്. ദ്വന്ദാരാമത്തില്‍ ഒട്ടുക്കും താനേ രമിക്കുന്ന മുനി, പരാനുദ്ധ്യാനമില്ലാത്ത ബ്രാഹ്മണന്‍, ദേവസമ്മതനാണ്. ഇതൊക്കെ പ്രാകൃത വൈകൃതമാണെന്ന് അറിഞ്ഞവന്‍, സര്‍വ്വഭൂതഗതി ജ്ഞാനിയായ ബ്രാഹ്മണന്‍, ദേവസമ്മതനായി ഭവിക്കുന്നു. ആരേയും ഭയപ്പെടാത്തവനും, ആരും ഭയപ്പെടാത്തവനുമായി ജീവിക്കുന്നവനും, സര്‍വ്വഭൂതാത്മഭൂതനുമായ ബ്രാഹ്മണന്‍ ദേവസമ്മതനാകുന്നു. ദാനം, യജ്ഞം, ക്രിയ ഇവയുടെ ഫലം ഇടയ്ക്ക് അനുഭവിക്കുന്നതല്ല. അതൊന്നും അറിയാത്തവന്‍ വേറെ ഫലത്തെ ചിന്തിക്കുന്നു. ആ സദാചാരത്തെ ആശ്രയിച്ച്. പുരാണവും, ശാശ്വതവും ധ്രുവവുമായ ഫലം നേടുന്നു. ധര്‍മ്മത്തെ ആശ്രയിക്കാത്ത ഒന്നിനെ ആചരിക്കുവാന്‍ സാധിക്കയില്ല, ആപദ്ധര്‍മ്മമല്ലാത്ത ആചാരം, അപ്രമാദമായും അപരാഭവമായും ഇരിക്കുന്ന കര്‍മ്മം ഇവയൊക്കെ നിര്‍വിഘ്നം നിര്‍വഹിക്കുവാന്‍ എളുപ്പമല്ല. യജ്ഞത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ എല്ലാ വിവരവും കണ്ടെത്തുവാന്‍ ഞെരുക്കമാണ്. മനസ്സിലായാല്‍ തന്നെ അത് വേണ്ട പോലെ പാലിക്കുവാനും വിഷമമുണ്ട്. ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തെ അവലംബിക്കുന്നതാണ് ശ്രേഷ്ഠമായ മാര്‍ഗ്ഗം. ഫലമുള്ള കര്‍മ്മങ്ങള്‍ പുഷ്ടി ഒത്തവയും നില നില്ക്കുന്നവയും ആണ്. ഗുണങ്ങള്‍ അറിയുവാന്‍ വിഷമമുണ്ട്. അറിഞ്ഞാലും അവ അനുഷ്ഠിക്കുവാന്‍ വിഷമമുണ്ട്. ചെയ്താലും അവയ്ക്ക് അവസാനമുണ്ട്. ഇവയെല്ലാം അങ്ങയ്ക്ക് അറിയുന്നതാണല്ലൊ.
സ്യുമരശ്മി പറഞ്ഞു: എപ്രകാരമാണ് വേദബ്രാഹ്മണം? സഫലമായ ത്യാഗം എപ്രകാരമാണ്? ആ രണ്ടു മാര്‍ഗ്ഗവും ഭഗവാന്‍ വെളിവായി പറഞ്ഞു തരണേ!
കപിലന്‍ പറഞ്ഞു: സല്‍പ്പഥസ്ഥിതരായ ഭഗവാന്മാര്‍ പ്രത്യക്ഷമായി കാണുന്നു. പ്രത്യക്ഷഫലം എന്താണ് നിങ്ങള്‍ സേവിക്കുന്നത്?
സ്യുമരശ്മി പറഞ്ഞു: അല്ലയോ ബ്രാഹ്മണാ! ഞാന്‍ സ്യുമരശ്മിയാണ്. ഞാന്‍ ഇവിടെ വന്നത് ജ്ഞാനസമ്പാദനത്തിന്നാണ്. ശ്രേയസ്സിനെ ഇച്ഛിച്ചു കൊണ്ട് ഞാന്‍ എതിരായി സംസാരിച്ചതാണ്. ഉള്ള സത്യം ധരിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ എതിര്‍വാദം ചെയ്തത്. അല്ലാതെ വെറും വാദത്തിന്നായി വാദിച്ചതല്ല. എനിക്ക് ഭയങ്കരമായ സംശയം ഉള്ളില്‍ ബാധിച്ചിരിക്കുന്നു. ഭഗവാനേ, അത്, തീര്‍ത്തു തന്നാലും. സല്‍പഥസ്ഥിതരായ മഹാശയന്മാര്‍ പ്രത്യക്ഷമായി ഫലത്തെ കാണുന്നു എന്ന് അങ്ങ് പറഞ്ഞുവല്ലൊ. നിങ്ങള്‍, സേവിക്കുന്നതില്‍ ഏറ്റവും പ്രത്യക്ഷമായി കാണുന്ന ഫലമെന്താണ്?
തര്‍ക്കശാസ്ത്രങ്ങള്‍ ഒഴികെ ആഗമങ്ങള്‍ എല്ലാം ഞാന്‍ അര്‍ത്ഥത്തോടു കൂടി ഗ്രഹിച്ചു. ആഗമം വഴിയായി വേദോക്തങ്ങളൊക്കെ ഗ്രഹിക്കുകയും ചെയ്തു. യുക്തിയെ ആസ്ധദമാക്കിയുള്ള തര്‍ക്കശാസ്ത്രം വേദത്തിലെ അര്‍ത്ഥം ശരിക്കു കൊണ്ടുവന്ന് പ്രതൃക്ഷമാക്കാനുള്ള ഉപായമാണ്.
സിദ്ധി പ്രത്യക്ഷരൂപത്തില്‍ ആഗമത്തിലെ നിശ്ചയമനുസരിച്ച് കാണുവാന്‍ കഴിയും. ഒരു തോണി മറ്റൊരു തോണിയുമായി കെട്ടിക്കൊണ്ടു പോകുന്ന മാതിരി, ഒഴുക്കില്‍ കെട്ടുറപ്പു കൊണ്ട് കൊണ്ടു പോകുന്ന മട്ടില്‍, എങ്ങനെ ജളന്മാരെ സംസാരത്തില്‍ നിന്നു കരകയറ്റും? അല്ലയോ ഭഗവാനേ, ഞങ്ങള്‍ സംസാര കര്‍മ്മഫലത്താല്‍ കെട്ടി വലിക്കപ്പെടുന്നു! എത്തേണ്ട സ്ഥാനത്ത് എങ്ങനെ എത്തുമെന്ന് അങ്ങ് ഉപദേശിച്ചു തരണേ! ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. ഈ ലോകത്തില്‍ സകല ശ്രേയസ്സും ഉപേക്ഷിച്ച ത്യാഗിയെ ഞാന്‍ കാണുന്നില്ല. എല്ലാവിധത്തിലും സംതൃപ്തനായവനേയും കാണുന്നില്ല. എല്ലാ ശോകവും വിട്ടവനേയും കാണുന്നില്ല. സകലവിധ രോഗങ്ങളില്‍ നിന്നും രക്ഷ കിട്ടിയവനേയും ഞാന്‍ കാണുന്നില്ല. തന്റെ ഗുണത്തിന് വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ ആഗ്രഹങ്ങള്‍ നിവർത്തിച്ചവനേയും കാണുന്നില്ല. സൌഹൃദബന്ധത്തെ പൂര്‍ണ്ണമായി തൃജിച്ചവനേയും ഞാന്‍ കാണുന്നില്ല. എല്ലാവിധ കര്‍മ്മങ്ങളില്‍ നിന്നും വിമുക്തനായവനേയും ഞാന്‍ കാണുന്നില്ല. മറ്റു ജീവികളെ പോലെ തന്നെയാണ് നിങ്ങളുടേയും ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. നിങ്ങളും ഞങ്ങളെപ്പോലെ ഹര്‍ഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ഇപ്രകാരം നാലു വര്‍ണ്ണങ്ങള്‍ക്കും നാലാശ്രമങ്ങള്‍ക്കും സൗഖ്യത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് എന്താണ് അടിസ്ഥാനം?
കപിലന്‍ പറഞ്ഞു: കര്‍മ്മത്തിന്റെ ഫലം, ആര്‍ക്ക് ഏതിലാണോ അനുഷ്ഠാനം, അതനുസരിച്ചാണ് ഫലം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ജ്ഞാനം ആവശ്യപ്പെടുന്നതൊക്കെ നല്കും. ജ്ഞാനം തുടരുന്നവന് ജ്ഞാനം എല്ലാം നല്കും. ജ്ഞാനത്തെ വിട്ട് ചെയ്യുന്ന പ്രവൃത്തി പ്രജകള്‍ക്ക് നാശം വരുത്തിക്കൂട്ടുംം ജ്ഞാനവാന്മാരായ നിങ്ങള്‍ എല്ലായിടത്തും നിരാമയരായി വിളങ്ങുന്നു. ജ്ഞാനത്താല്‍ ആത്മാവ് ആത്മാവുമായി ചേരുമ്പോള്‍ മോക്ഷസിദ്ധി ജ്ഞാനിക്കു ലഭിക്കുന്നു.
വാദത്തിന്റെ ശക്തിയില്‍ പെട്ട് ശാസ്ത്രോക്തമായ തത്വം കാണാത്ത ചിലര്‍ കാമദ്വേഷാക്രാന്തരായി അഹങ്കാരത്തിനധീനരായി, ശാസ്ത്രദസ്യുക്കളായി ശാസ്ത്രതത്വം ഗ്രഹിക്കാത്തവരായി ബ്രഹ്മകള്ളന്മാരായി നിരാരംഭരായി ദംഭത്തിന്നും മോഹത്തിന്നും വശംവദരായി നിര്‍ഗ്ഗുണം മാത്രം കാണുകയും ഗുണം കാണാതിരിക്കുകയും ചെയ്യുന്നു. മനസ്സാകുന്ന ദേഹത്തോടു കൂടിയ അവര്‍ക്ക് അതുകൊണ്ട് തമസ്സു മാത്രമാണാശ്രയം. ജീവിയുടെ പ്രകൃതി എപ്രകാരമോ ആ പ്രകൃതി തന്നെയാണ് അവന് ലഭിക്കുക. അവന് കാമം, ക്രോധം, ദംഭം, ദ്വേഷം, മദം, അനൃതം ഇങ്ങനെ നിത്യവും ഈ പ്രകൃതിക്കു ചേര്‍ന്ന ഗുണങ്ങള്‍ അങ്ങനെ പ്രാപിക്കുകയും ചെയ്യുന്നു.
ഇതൊക്കെ കണ്ടറിഞ്ഞ് യതികള്‍ സംയമോദ്യതരായി പരമമായ സല്‍ഗതിക്കു വേണ്ടി ശുഭാശുഭങ്ങളെ സംത്യജിക്കുന്നു.
സ്യുമരശ്മി പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, ഞാന്‍ ഇതൊക്കെ ശാസ്ത്രവിധിയനുസരിച്ചു പറഞ്ഞതാണ്. ശാസ്ത്രാര്‍ത്ഥത്തെ ധരിക്കാതെ പ്രവര്‍ത്തികളൊന്നും നടക്കുകയില്ല. ന്യായം, സമാചാരം ഇവയൊക്കെയും ശാസ്ത്രം തന്നെയാണെന്നാണ് ശ്രുതി അനുശാസിക്കുന്നത്. ശാസ്ത്രം കൂടാതെ യാതൊരു പ്രവൃത്തിയുമില്ല എന്നാണ് നിശ്ചയം. വേദവാദം വിട്ടതായാല്‍ അതു ശാസ്ത്രമാവുകയില്ലെന്നും ശ്രുതി പറയുന്നു. പല വ്യക്തമാനികളും ശാസ്ത്രം വിട്ടതും കാണുന്നു. ശ്രുതി പറയുന്നു, വളരെ ജനങ്ങള്‍ അവരുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമായതിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്ന്. അതു ലോകത്തില്‍ നിന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയുന്നു. ശാസ്ത്രത്തില്‍ തെറ്റായി പറഞ്ഞിട്ടുളളതിനെ അവര്‍ നോക്കാന്‍ തയ്യാറില്ല. ഞങ്ങളെപ്പോലെ അവരും ദുഃഖത്തിന് പാത്രമാകുന്നു. ജീവികള്‍ക്കൊക്കെ നമ്മളെപ്പോലെ തന്നെ ഇന്ദ്രിയങ്ങളുടെ സുഖാസുഖജ്ഞാനം ഒപ്പം തന്നെയാണ്. എന്നാല്‍ ആത്മജ്ഞാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളും ആ ജീവജാലങ്ങളും തമ്മില്‍ എത്ര വലിയ അന്തരമുണ്ടെന്ന് കാണാന്‍ കഴിയും. നാലുവര്‍ണ്ണങ്ങളുടെ ശ്രമവും നാലാശ്രമങ്ങളും അങ്ങനെ വൃത്യസ്തമായ ജീവിതധര്‍മ്മങ്ങളും എല്ലാം ഒരേയൊരു ലക്ഷ്യത്തേയാണ് പ്രാപിക്കുന്നത്. ഉന്നതമായ പരമാത്മാവിനെ പ്രാപിക്കുക എന്ന ആനന്ദപ്രാപ്തിയാണ് അത്. നിങ്ങള്‍ക്ക് അതുല്യമായ വാക് പാടവവും ശക്തിയുമുണ്ട്. അതുകൊണ്ട് ബ്രഹ്മജ്ഞാനം ഉപദേശിക്കണേ! ഞങ്ങളുടെ കഥ പരിതാപകരമാണ്. പരബ്രഹ്മത്തെപ്പറ്റി മനസ്സിലാക്കുവാനുള്ള കഴിവില്ലായ്മയാല്‍ ഞങ്ങള്‍ക്ക് ശരിയായ ജ്ഞാനം യാഥാര്‍ത്ഥ്യത്തെപ്പറ്റി ലഭിച്ചിട്ടില്ല. ഞങ്ങള്‍ക്കു വളരെ നിസ്സാര വസ്മുക്കളെപ്പറ്റിയുള്ള ജ്ഞാനമേയുള്ളു. ഞങ്ങള്‍ കനത്ത അജ്ഞാനത്താല്‍ ആവൃതരു മായിരിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുവാന്‍ അങ്ങു പറഞ്ഞ മാതിരിയുള്ള ശമനിയമാദികള്‍ കൈക്കൊള്ളുവാനും ഞങ്ങള്‍ അശക്തരാണ്. യോഗത്തില്‍ ഏര്‍പ്പെട്ടവന്, എല്ലാ കര്‍മ്മങ്ങളും ഉപേക്ഷിച്ചവന് എല്ലായിടത്തും സഞ്ചരിക്കുവാന്‍ കഴിയും. അവന് ആത്മാവ് പൂര്‍ണ്ണമായി അധീനത്തിലാകും. എല്ലാറ്റിലും വിരക്തിയുണ്ടാകുന്നു. വേദോക്തമായ ജ്ഞാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നു. അങ്ങനെ മോക്ഷം പ്രാപിക്കുന്നു. എന്നാല്‍ ഭാര്യാപുത്രാദികളായ ബന്ധുവര്‍ഗ്ഗങ്ങളോടൊപ്പം അധിവസിക്കുന്നവന് ഈ ജീവിതവൃത്തി അസാദ്ധ്യമാണ്.
ദാനം, അദ്ധ്യയനം, യജ്ഞം, പ്രജാസന്തതിയുടെ സമ്പാദനം ഇതൊക്കെ ചെയ്താലും ഒരുത്തന്നും മോക്ഷം ലഭിക്കുന്നതല്ല. അതിന് വേണ്ടി ശ്രമിക്കുന്നവന് മാത്രമേ അതു ലഭിക്കൂ. മറ്റു യത്നങ്ങളൊക്കെ വെറുതെ വേദോക്തങ്ങള്‍ അനുഷ്ഠിക്കാന്‍ യത്നമാവശ്യമായതു കൊണ്ട് പലരും അതിനെ ദുഷിച്ചു സംസാരിക്കുകയും അങ്ങനെ നാസ്തസികന്മാർ ആയിത്തീരുകയും ചെയ്യുന്നു. ഭഗവാനേ, ഇതിന്റെയൊക്കെ അനന്തതയെപ്പറ്റി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അല്ലയോ ബ്രാഹ്മണാ! ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങ് എനിക്ക് ഇതിനെപ്പറ്റി വേണ്ടതു പറഞ്ഞു തരണേ! അങ്ങ് അറിഞ്ഞ വിധം മോക്ഷജ്ഞാനം എനിക്കും പറഞ്ഞു തരണേ! ഞാന്‍ അത് ഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നു.
അദ്ധ്യായം 270. ഗോകപീലിയം - നാലാശ്രമങ്ങളും അനുഷ്ഠിച്ചാല്‍ ബ്രഹ്മ്പ്രാപ്തിയുണ്ടാകുമെന്ന് കപിലന്റെ ഉപദേശം - കപിലന്‍ പറഞ്ഞു. ലോകര്‍ക്ക് പ്രമാണമായിട്ടുള്ളത് വേദങ്ങളാണ്. ആരും വേദത്തെ. ഒരിക്കലും അവഗണിക്കുവാന്‍ പാടില്ല. ബ്രഹ്മം രണ്ടു വിധത്തില്‍ അറിയപ്പെടുന്നു. ഒന്ന് ശബ്ദബ്രഹ്മം. മറ്റേത് പരപ്രഹ്മം. ശബ്ദബ്രഹ്മത്തില്‍ മുഴുകിയവന്‍ അതുവഴിയായി പരബ്രഹ്മത്തെ പ്രാപിക്കും. വേദോക്തമന്ത്രം ജപിച്ച് പ്രവേശിക്കുന്ന ഗൃഹസ്ഥാശ്രമിക്കു തല്‍ഫലമായി ഉല്‍പ്പാദനം ഉണ്ടാകുന്നു. അങ്ങനെ ആത്മാവ് ദേഹം കൈക്കൊള്ളുന്നു. ശുദ്ധദേഹനായ ബ്രാഹ്മണന്‍ ബ്രഹ്മജ്ഞാനത്തിന് പാത്രമാകുന്നു. സല്‍ക്കര്‍മ്മം കൊണ്ട് ശുദ്ധഹൃദയനായ പുരുഷന്‍ ബ്രഹ്മപ്രാപ്തിക്ക് അര്‍ഹനാകുന്നു. അതിനെപ്പറ്റി ഞാന്‍ പറയാം; ഫലത്തില്‍ ആഗ്രഹിക്കാതെ തന്റെ കര്‍ത്തവ്യമെന്ന നിലയ്ക്ക് മനീഷികള്‍ അവരുടെ ധര്‍മ്മം അനുഷ്ഠിക്കുന്നു. ആഗമത്തേയോ, ഐതിഹൃത്തേയോ, നോക്കിയല്ല. പ്രത്യക്ഷമായ ലോകത്തെ സാക്ഷിയാക്കിയാണ് അവര്‍ കര്‍മ്മം ചെയ്യുന്നത്. അവരുടെ കര്‍ത്തവ്യമെന്ന നിലയ്ക്കാണ്. തനിക്കു ലഭിച്ചതിനെ സല്‍പാത്രത്തില്‍ ദാനം ചെയ്യുക എന്നതാണ് ധനത്തിന്റെ പ്രയോജനം. അതിന് വേണ്ടിയുള്ളതാണ് ധനം. ഒരിക്കലും പാപ കര്‍മ്മം ചെയ്തു പോകരുത് എന്നു വേദത്തില്‍ അനുശാസിക്കുന്നു. അതനുസരിച്ച് കര്‍മ്മം ചെയ്യുന്നവരുടെ ആഗ്രഹം സഫലമാകും. ശരിയായ ജ്ഞാനം നേടി മനസ്സു കൊണ്ട് സല്‍ക്കര്‍മ്മത്തില്‍ തീരുമാനമെടുത്ത് കര്‍മ്മം അനുഷ്ഠിക്കണം. അങ്ങനെ പാപക്രിയകളുമായി ബന്ധപ്പെടാത്ത കര്‍മ്മയോഗികള്‍, മനസ്സങ്കല്‍പ്പത്തില്‍ സിദ്ധരായവര്‍, വിശുദ്ധമായ ജ്ഞാനത്താല്‍ ഉറച്ച നിശ്ചയത്തോടു കൂടിയവര്‍ ക്രോധം, അസൂയ എന്നിവയെ മനസ്സില്‍ നിന്ന് അകറ്റിയവര്‍, അഹങ്കാരവും മത്സരബുദ്ധിയും ഉപേക്ഷിച്ചവര്‍, ജ്ഞാനാഢ്യന്മാരായ ത്രിശുക്ളന്മാര്‍ (മനസ്സ്, വാക്ക്, കര്‍മ്മം എന്നിവ ശുഭ്രമായവര്‍) സര്‍വ്വഭൂതങ്ങള്‍ക്കും ഹിതം കാംക്ഷിക്കുന്ന ഗൃഹസ്ഥരായി നിന്നുതന്നെ തങ്ങളുടെ കര്‍ത്തവ്യം വിടാതെ നിര്‍വ്വഹിക്കുന്നവര്‍, ഇങ്ങനെയുള്ള രാജാക്കന്മാരും വിധിപോലെ വര്‍ത്തിക്കുന്ന വിപ്രന്മാരും, ദ്വന്ദങ്ങളില്‍ സമചിത്തതയുള്ളവരും, ആര്‍ജ്ജവമുള്ളവരും, സന്തുഷ്ടന്മാരും, ജ്ഞാനനിഷ്ഠിതരും ആയവര്‍ പ്രത്യക്ഷ ധര്‍മ്മാക്കളാണ്. അവര്‍ ശുദ്ധരും സശ്രധന്മാരുമാണ്. പലമട്ടിലും അവര്‍ മുന്‍കൂട്ടി കാര്യം ഗ്രഹിക്കുന്നവരും, ശരിക്ക് വ്രതനിഷ്ഠയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരുമാണ്. അവര്‍ ധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ എത്രതന്നെ തടസ്സങ്ങള്‍ നേരിട്ടാലും, എതിര്‍പ്പുകളുണ്ടായാലും, ആ കൃച്ഛങ്ങളേയും ദുര്‍ഗ്ഗങ്ങളേയും, തരണം ചെയ്ത് വിജയിക്കുക തന്നെ ചെയ്യും. അങ്ങനെ ധര്‍മ്മം ആചരിച്ച് പൂര്‍വികന്മാര്‍ക്കു പണ്ട് മഹത്തായ സുഖം ലഭിച്ചു. അവര്‍ക്ക് ഒരിക്കലും ദുഷ്കര്‍മ്മപരിഹാരത്തിന്ന് പ്രായശ്ചിത്തം ചെയ്യേണ്ടതായി വന്നിട്ടില്ല.
സത്യമായ ധര്‍മ്മത്തെ ആശ്രയിച്ച് ആ ദുരാധര്‍ഷനമാര്‍ മാത്രപോലും ധര്‍മ്മവ്യാജങ്ങള്‍ ചെയ്യുകയില്ല. ഏതേതാണോ മുഖ്യമായത്, അതാതു കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചു. പ്രായശ്ചിത്തം ചെയ്യേണ്ട നില അവര്‍ക്കുണ്ടായിട്ടില്ല. ആ നിലയില്‍ ജീവിക്കുന്നവര്‍ക്ക് പ്രായശ്ചിത്തത്തിന്റെ ആവശ്യമേയില്ല. പ്രായശ്ചിത്തമൊക്കെ ദുര്‍ബലാത്മാക്കള്‍ക്ക് ഉള്ളതാണെന്നാണ് ശ്രുതിയില്‍ പറഞ്ഞിട്ടുള്ളത്.
ഇങ്ങനെ യജ്ഞം നിര്‍വ്വഹിച്ചിരുന്ന ത്രൈവിദ്യവൃദ്ധന്മാരും ശുദ്ധന്മാരും വൃത്തവാന്മാരും യശസ്വികളും ദിവസേന യജ്ഞം ചെയ്യുന്നവരും നിരാശിബന്ധരായ ബുധന്മാര്‍, അങ്ങനെയുള്ള പല വിപ്രന്മാര്‍ ഉണ്ട്. അവര്‍ക്ക് യജ്ഞം വേദങ്ങളാണ്. കര്‍മ്മവും ശരിയായ വിധമാണ്. കാലംപോലെ ആഗമവും അനുക്രമാലുള്ള സങ്കല്പവും കാമക്രോധങ്ങള്‍ വിട്ട് ദുശ്ചരമായ ആചാരക്രിയകള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരും, സ്വകര്‍മ്മത്താല്‍ സംശിതാത്മാക്കളായാലും, ഋജുക്കളായും, സ്വകര്‍മ്മം ചെയ്യുന്നവരായുമുളള എല്ലാവര്‍ക്കും എല്ലാം മോക്ഷപ്രാപ്തിയുണ്ടായി എന്നു നാം ശ്രുതിയില്‍ പറഞ്ഞുകേള്‍ക്കുന്നു.
സത്വം വാടാത്ത ആ ദുശ്ചരാചാരക്രിയരായവര്‍ക്ക്, സ്വകര്‍മ്മത്താല്‍ സമ്മതന്മാരായ അവര്‍ക്ക്, തപസ്സ് ഘോരമായിത്തീര്‍ന്നു. ആ സദാചാരം ആശ്ചര്യവും പുരാണവും ശാശ്വതവും ധ്രുവവുമാകുന്നു. ധര്‍മ്മങ്ങളില്‍ സൂക്ഷ്മമായ അതിനെ വര്‍ണ്ണിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ആപത്തില്ലാത്തതും, ധര്‍മ്മമായതും, അപ്രമാദമായതും, പരാഭവമില്ലാത്തതുമായ ആചാരം ഉണ്ടായി. അതാണ് വര്‍ണ്ണങ്ങള്‍. വര്‍ണ്ണങ്ങള്‍ ഉണ്ടായതിന്നുശേഷം നിലവിട്ടു പോയില്ല. അങ്ങനെ ഒരു ആശ്രമത്തെ നാലാക്കിത്തീര്‍ത്തു എന്നാണ് ബ്രാഹ്മണര്‍ കാണുന്നത്. വിധിപ്രകാരം അതിനെ കൈക്കൊണ്ട് സത്തുക്കള്‍ പരമമായ ഗതിയെ പ്രാപിക്കും. അന്നു ഗൃഹം വിട്ട്, ഗൃഹസ്ഥാശ്രമം വിട്ട്, ഇറങ്ങി ചിലര്‍ വാനപ്രസ്ഥന്മാരായി. ഗൃഹത്തില്‍ ഇരുന്നിട്ടും ചിലര്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചു. നാലാശ്രമത്തിന്നും ഉദ്ദേശം ഒന്നാണ്. ധര്‍മ്മം ഒന്നാണ് എന്നു ജ്ഞാനികളായ ബ്രാഹ്മണര്‍ പറയുന്നു. അന്തമറ്റ ബ്രഹ്മപദം നിശ്ചയമായും ബ്രാഹ്മണന്‍ തന്നെയാണ്. ഇപ്രകാരമുള്ള ബ്രഹ്മചാരികളാണ് വിപ്രന്മാര്‍. അവര്‍ വാനില്‍ ജ്യോതീരുപക്രിയാദികളായി വിളങ്ങുന്നതായി കാണുന്നു. നക്ഷത്രത്തിന്റെ രൂപത്തിലും താരകാ ഗണമായിട്ടും കാണപ്പെടുന്നു. അവര്‍ സന്തോഷത്താല്‍ അനന്തതയെ, ബ്രഹ്മസായൂജ്യത്തെ, പ്രാപിച്ചവരാണെന്നാണ് വൈദികമതം. വീണ്ടും അവര്‍ സംസാരം പ്രാപിച്ചാലും കര്‍മ്മയോനി വഴിയായി പാപകൃത്യങ്ങള്‍ ഏല്ക്കുന്നതല്ല.
ഇപ്രകാരം കടുനിശ്ചയത്തോടു കൂടിയ ശുശ്രൂഷുവായ ബ്രഹ്മചാരി, ഇപ്പറഞ്ഞ ഗുണങ്ങള്‍ ചേര്‍ന്ന ബ്രഹ്മചാരിയാണ് ശരിയായ ബ്രാഹ്മണന്‍. ഈ പറഞ്ഞ മട്ടല്ലാത്ത ബ്രാഹ്മണന്‍, ബ്രാഹ്മണന്‍ എന്ന പേര് ചുമക്കുന്നവന്‍ മാത്രം.
പുരുഷന് ശുഭവും അശുഭവുമായ കര്‍മ്മത്തെ ഇപ്രകാരം ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. പരിശുദ്ധമായ ഹൃദയത്തോടെ കര്‍മ്മങ്ങളെ അനുഷ്ഠിക്കുന്ന, തൃഷ്ണ വിട്ട് പുരുഷന്, മോക്ഷത്തെ മാത്രം ആഗ്രഹിക്കുന്ന പുരുഷന്‍ നാലാശ്രമങ്ങളും തുല്യമാണ്. ഏത് ആശ്രമവും മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗം കാണിക്കുന്നുണ്ട്.
തൃഷ്ണ നീക്കി കഴുകിയ ശുഭാത്മാക്കള്‍ക്ക് ഉപനിഷദ്ധര്‍മ്മം സാധാരണയായി നാലു വിധമാണെന്ന് സ്മൃതി ഘോഷിക്കുന്നു. നിയതാത്മാക്കളായ, സിദ്ധന്മാരായ, വിപ്രന്മാര്‍ അതിനെ സാധിക്കുന്നു. ത്യാഗാത്മാവിന് സന്തോഷത്തിന് മൂലമായി നില്ക്കുന്നത് ജ്ഞാനത്തില്‍ ആത്മാവിനെ നിര്‍ത്തുക എന്നതാകുന്നു. നിത്യവും സനാതനവുമായ യതി ധര്‍മ്മം അപവര്‍ഗ്ഗാത്മകമാണ്. ഓരോരുത്തനും അവന്റെ ആത്മശക്തി പോലെ അതിനെ അനുഷ്ഠിക്കുന്നു. ശക്തി എന്നത് ലോകഭോഗത്തിലുള്ള വിരക്തിയെ അനുസരിച്ചിരിക്കുന്നു. സാധാരണവും കേവലവും ബലമനുസരിച്ച് ഉപാസിക്കുന്നു. ദുര്‍ബ്ബലനായവന്‍ മോക്ഷോപാസനയില്‍ പരാജയപ്പെട്ടു പോകും. ശുദ്ധാത്മാവ് ബ്രഹ്മപദത്തെ ഇച്ഛിച്ച് യത്നിക്കുമ്പോള്‍ വിജയം പ്രാപിക്കുകയും ചെയ്യും. ശുചിയായ അവന്‍ സംസാരം വിട്ട് മറുകരയെത്തുകയും ചെയ്യുന്നു.
സ്യുമരശ്മി പറഞ്ഞു: സുഖങ്ങളെ അനുഭവിക്കുന്നവന്‍, ദാനം ചെയ്യുന്നവന്‍, യജിക്കുന്നവന്‍, വേദാദ്ധ്യയനം ചെയ്യുന്നവന്‍, യഥായോഗ്യം ത്യാഗങ്ങള്‍ അനുഷ്ഠിക്കുന്നവന്‍ ഇവരില്‍ സ്വര്‍ഗ്ഗപ്രാപ്തിക്ക് കൂടുതല്‍ അര്‍ഹന്‍ ആരാണ്? അല്ലയോ ബ്രാഹ്മണാ, എന്റെ ഈ സംശയം അങ്ങു തീര്‍ത്തുതരണേ!
കപിലന്‍ പറഞ്ഞു: നീ ചോദിച്ച ചോദ്യം കൊളളാം. ഗൃഹസ്ഥാശ്രമം സ്വീകരിച്ചവന് എല്ലാവിധ ശ്രേയസ്സുകളും ലഭിക്കുന്നതാണെങ്കിലും ത്യാഗസുഖത്തോളം മേന്മ ഈ പറഞ്ഞവയ്ക്കൊന്നുമില്ല. അത് അങ്ങയ്ക്കും അനുഭവപ്പെട്ട കാര്യമാണല്ലോ
സ്യുമരശ്മി പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, ഭവാന്മാര്‍ ജ്ഞാനനിഷ്ഠന്മാരാണ്. ഗൃഹസ്ഥാശ്രമികള്‍ കര്‍മ്മനിഷ്ഠന്മാരാണ്. സര്‍വ്വ ആശ്രമങ്ങള്‍ക്കും നിഷ്ഠയില്‍ ഫലം ഒപ്പമാണെന്ന് (മോക്ഷപ്രാപ്തിയില്‍ ഒന്നു പോലെ ആണെന്ന്) പറയപ്പെടുന്നു. ഒന്നായാലും വേറെയായാലും അതില്‍ പരിശുദ്ധതയ്ക്ക് വൃത്യാസമൊന്നും കാണുന്നില്ല. ശരിക്ക് അതിനെപ്പറ്റി ന്യായം പോലെ ഭഗവാന്‍ വിവരിച്ചു തരണേ! എന്താണ് ഇവയുടെ സത്യത്തിലുള്ള അവസ്ഥ? കപിലന്‍ പറഞ്ഞു: കര്‍മ്മം ശരീരത്തെ ശുദ്ധമാക്കു ന്നു. ജ്ഞാനം ഏറ്റവും ഉന്നതമായ പദമാണ്. ഹൃദയത്തിലെ എല്ലാ ദോഷങ്ങളും കഷായം കര്‍മ്മംകൊണ്ട് തിളപ്പിച്ചു വേവിക്കുമ്പോള്‍ അതിന്റെ രസം ജ്ഞാനമായി രൂപംകൊള്ളുന്നു. ആനൃശംസ്യം, ക്ഷമ, ശാന്തി, അഹിംസ, സത്യം, ആര്‍ജ്ജവം, ദ്രോഹരാഹിത്യം, അഭിമാനരാഹിത്യം, ഹ്രീ, തിതിക്ഷ, ശമം, ഇവയെല്ലാമാണ് ബ്രഹ്മത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍. ഇവയില്ലാത്തവന് ബ്രഹ്മത്തിലേക്കുള്ള മാര്‍ഗ്ഗം തുറന്നു കിട്ടുകയില്ല. ഇവയുടെ മാര്‍ഗ്ഗത്തിലൂടെ പോയാല്‍ ബ്രഹ്മത്തില്‍ ചെന്നെത്താം. അതു വിദ്വാന്‍ അറിയേണ്ടതാണ്. മനസ്സു കൊണ്ട് കര്‍മ്മത്തെ നിശ്ചയിക്കണം. ഇതില്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശികള്‍ വിപ്രരാകുന്നു. അവര്‍ എല്ലായിടത്തും ശാന്തരായി സ്ഥിതി ചെയ്യുന്നു. ശുദ്ധജ്ഞാനത്തില്‍ അടിയുറച്ചു നില്ക്കുന്നു. സന്തുഷ്ടരായ അവരുടെ മാര്‍ഗ്ഗം നോക്കി മറ്റുള്ളവര്‍ പോകണം. അതാണ് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗം. വേദങ്ങള്‍ പഠിച്ചു ശരിക്ക് അതിന്റെ അര്‍ത്ഥം ഗ്രഹിക്കണം. അറിയേണ്ടതും അറിയേണ്ടാത്തതും മനസ്സിലാക്കണം. അവന്‍ മാത്രമേ വേദജ്ഞന്‍ എന്ന പേരിന് അര്‍ഹനാവുകയുള്ളു. അല്ലാത്തവന്‍ വേദോച്ചാരണമാകുന്ന കാറ്റ് പുറത്തേക്കു തൂറ്റിക്കൊണ്ടിരിക്കുന്നവന്‍ എന്നേ പറഞ്ഞുകൂടു. വേദജ്ഞന്‍മാര്‍ എല്ലാം അറിയുന്നു. എല്ലാം വേദത്തില്‍ നില്ക്കുന്നു. ഉള്ളതിന്റെയും ഇല്ലാത്തതിന്റെയുമെല്ലാം സ്ഥിതി. അറിയണമെങ്കില്‍ വേദജ്ഞാനം സിദ്ധിക്കുക തന്നെ വേണം. ഉള്ളതും ഇല്ലാത്തതും എല്ലാം വേദത്തിലൂടെ നോക്കുക. അതു ഗ്രഹിച്ചവന് മദ്ധ്യമേതാണ്, അന്തമേതാണ് എന്നറിയാം. അതറിഞ്ഞവന്ന് സത്തേതാണ്, അസത്തേതാണ് എന്നത് അറിയാം. അവസാനം ത്യാഗം തന്നെയെന്ന് എല്ലാ വേദത്തിലും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നതു കാണാം. എല്ലാറ്റിലും ഉയര്‍ന്ന സംതൃപ്തി ഉണ്ടാകുന്നതും ഉറയ്ക്കുന്നതും മോക്ഷത്തിലാകുന്നു. അത് ഋജുവും, സത്യവും, വിദിതവും വേദ്യവുമായ അത്, എല്ലാ സ്ഥാവരത്തിനും എല്ലാ ജംഗമത്തിന്നും ആത്മാവായി സ്ഥിതിചെയ്യുന്നു. ശിവവും ഉത്തമവുമായ - എല്ലാ സുഖവും അതില്‍ അടങ്ങിയിരിക്കുന്നു. ദ്വന്ദമില്ലാതെ എല്ലാറ്റിനും ഉപരിയായി വിളങ്ങുന്ന ആ ബ്രഹ്മം അവ്യക്തമാണ്. എല്ലാറ്റിന്റെയും പ്രഭവം (ഹേതു) ആണ്. നിതൃമാണ്. നാശരഹിതമാണ്. തേജസ്സ്, ക്ഷമ, ശാന്തി, അനാമയം, ശുഭം, സനാതനം; ഇപ്രകാരം വ്യോമം പോലെ ധ്രുവമാണ് ബ്രഹ്മം.
ഇന്ദ്രിയങ്ങള്‍ക്കു ദാസനാകാതിരിക്കുക. ക്ഷമ, ആഗ്രഹങ്ങളുടെ പിന്നാലെ പോകാതിരിക്കല്‍ - ഇവ മൂന്നുമാണ് പൂര്‍ണ്ണമായ ആനന്ദാവസ്ഥയ്ക്കു നിദാനം. ഈ മൂന്നു ഗുണങ്ങളാല്‍ മനുഷ്യന്‍ അവന്റെ കണ്ണു കൊണ്ട് ബ്രഹ്മത്തെ കണ്ടെത്തണം. ആ അജനായ ബ്രഹ്മമാണ് പ്രപഞ്ചത്തിന്റെ ഹേതുഭൂതന്‍. അതിന്ന് മാറ്റമില്ല. അത് എല്ലാ നാശങ്ങളില്‍ നിന്നും വിട്ടു നില്ക്കുന്നു. ആ ബ്രഹ്മത്തെ ഞാന്‍ നമസ്കരിക്കുന്നു. ആ ബ്രഹ്മത്തെ പ്രത്യക്ഷമാക്കിത്തരുന്ന ബ്രാഹ്മണനേയും ഞാന്‍ കൈകൂപ്പുന്നു.
No comments:
Post a Comment