അദ്ധ്യായം 91. ഉതത്ഥൃഗീത
92 - 94. വാമദേവഗീത
95 & 96. വിജിഗീഷമാണവ്യത്തം
97. ക്ഷത്രിയകര്‍ത്തവ്യം
98. ഇന്ദ്രാംബരീഷസംവാദം
99. സ്വര്‍ഗ്ഗനരകപ്രാപ്തി
100. സേനാനീതികഥനം
101. നാനാദേശയോദ്ധാക്കളുടെ സ്വഭാവരൂപബലാചാരലക്ഷണം
102. സേനാനീതികഥനം
103. ഇന്ദ്രബൃഹസ്പതിസംവാദം
104 - 106. കാലകവ്യക്ഷീയം
107. ഗണവ്യത്തം
108. മാത്യപിത്യഗുരുമാഹാത്മ്യം
109. സത്യാനൃതകവിഭാഗം
110. ദുര്‍ഗ്ഗാതരണം
111. വ്യാധലഗോമായുസംവാദം
112. ഉഷ്ടഗ്രീവോപാഖ്യനം
113. സരില്‍സാഗരസംവാദം
114. ടിട്ടിഭകം- ദുര്‍ജ്ജനനിന്ദാസഹനേന ലാഭഃ (മുര്‍ഖന്മാരുടെ നിന്ദ വകവെക്കാതിരിക്കുക)
115. രാജസേവകഗുണങ്ങള്‍
116 - 119. ശ്വര്‍ഷിസംവാദം (നായയുടെയും മഹര്‍ഷിയുടെയും കഥ)
120. രാജധര്‍മ്മകഥനം
അദ്ധ്യായം 91. ഉതത്ഥൃഗീത - ഉതത്ഥ്യന്‍ പറഞ്ഞു: വേണ്ട കാലത്ത് മഴ പൊഴിക്കുന്ന കാര്‍മേഘവും ധര്‍മ്മം നടത്തുന്ന രാജാവും ഇവ രണ്ടും സമ്പത്തുകളാണ്. ഇവ രണ്ടുമാണ് നാട്ടുകാര്‍ക്ക് സമൃദ്ധിയും സൗഖ്യവും ദാനം ചെയ്യുന്നത്. രജകന്ന് വസ്ത്രത്തിന്റെ ചളി നീക്കുവാന്‍ സാധിക്കയില്ലെങ്കില്‍ അവനെക്കൊണ്ടെന്തു കാര്യം? അതു പോലെ നാലു വര്‍ണ്ണങ്ങളേയും ശുദ്ധിയാക്കി നിറുത്തുവാന്‍ രാജാവിന്ന് കഴിയണം. നാലു വര്‍ണ്ണങ്ങള്‍ എന്നു പറയുന്നത് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരാണ്. നാലാമത്തേവനായ ശൂദ്രന്‍ മുന്‍പറഞ്ഞ മൂന്നു പേര്‍ക്കും വേലയ്ക്കു നില്ക്കുന്നവനാണ്. ശൂദ്രനില്‍ ദാസ്യവും, വൈശ്യനില്‍ കൃഷിയും, ക്ഷത്രിയനില്‍ നീതിപാലനവും, ബ്രാഹ്മണനില്‍ ബ്രഹ്മചര്യം തപം, മന്ത്രം, സത്യം എന്നിവയും നില്ക്കുന്നു. അവരില്‍ ക്ഷത്രിയന്‍, വസ്ത്രശുദ്ധി ചെയ്യുന്ന രാജകനെപ്പോലെ ശീലദോഷങ്ങള്‍ തീര്‍ക്കുന്നവനാണ്. അവനാണ് ഈ കാരണത്താല്‍ പ്രജാപതിയും പിതാവുമായി നില്ക്കുന്നത്.
നാല് യുഗങ്ങള്‍, കൃത ത്രേത ദ്വാപര കലികള്‍ രാജസൃഷ്ട്രങ്ങളാണ്. രാജവൃത്തങ്ങളാണ് ശരിക്കു പറഞ്ഞാല്‍. യുഗം എന്നത് രാജാവു തന്നെയാണ്. നാലു ജാതി ക്രമം, നാലു വേദം, നാലാശ്രമം ഇവയൊക്കെ രാജാവ് തെറ്റി നടന്നാല്‍ പിഴച്ചു പോകും. അഗ്നിഹോത്രം, ത്രയീവിദ്യ, ദക്ഷിണാഢ്യങ്ങളായ മഖങ്ങള്‍ ഇവയൊക്കെ പിഴച്ചു പോകും.
രാജാവാണ് ഭൂതകര്‍ത്താവ്. രാജാവാണ് മുടിക്കുന്നവനും, അവന്‍ ധര്‍മ്മാത്മാവാകുമ്പോള്‍ കര്‍ത്താവും അധര്‍മ്മാത്മാവാകുമ്പോള്‍ നാശകനുമാകുന്നു. രാജാവിന്റെ ഭാര്യമാര്‍, മക്കള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇവരൊക്കെച്ചേര്‍ന്ന് രാജാവ് തെറ്റി നടക്കുകയാണെങ്കില്‍ വിലപിക്കും. ആന, കുതിര, കോവര്‍ കഴു ത, പശു, ഒട്ടകം, കഴുത എന്നു തന്നെയല്ല, സകല ജീവികളും രാജാവ് അധര്‍മ്മം ചെയ്യുകയാണെങ്കില്‍ ദുഃഖത്തിന്ന് പാത്രങ്ങളാകും. മാന്ധാതാവേ, ബ്രഹ്മാവ് ദുര്‍ബ്ബലനായി ബലം തീര്‍ത്തു. ബലമില്ലാത്ത സര്‍വ്വജീവികളും ആ ബലത്തില്‍ നില്ക്കുകയാണ്. ഏതെല്ലാം ജീവികളാണ് സേവിക്കുന്നത്, അതില്‍ ആരൊക്കെച്ചേര്‍ന്ന് നില്ക്കുന്നു, അവരൊക്കെ രാജാവ് തെറ്റി നടക്കുകയാണെങ്കില്‍ ദുഃഖിക്കുക തന്നെ ചെയ്യും. ദുര്‍ബ്ബലന്മാരുടെ ശാപം വലുതാണ്. മുനിയുടെ കോപം വലുതാണ്. ഇവയെല്ലാം സഹിക്കവയ്യാത്തവയാണ്. അതു കൊണ്ട് ദൗര്‍ബ്ബല്യം അവരില്‍ കാണിക്കരുത്.
താതാ! ദുര്‍ബ്ബലന്മാരെ നീ ഒരിക്കലും അവമാനിക്കരുത്. ദുര്‍ബ്ബലന്മാര്‍ ശാപദൃഷ്ടിയോടെ നിന്നെ നോക്കിയാല്‍ നീ ബന്ധു ജനങ്ങളോടു കൂടി വെന്ത് നശിച്ചു പോകും. ദുര്‍ബ്ബലന്മാര്‍ ചുട്ട വംശത്തില്‍ പിന്നെ ഒന്നും മുളയ്ക്കുകയില്ല. വേരോടെ ചുട്ടെരിച്ചു കളയും. അതു കൊണ്ട് ദുര്‍ബ്ബലന്മാരെ കെടുത്തിക്കളയരു ത്. ബലത്തേക്കള്‍ മെച്ചമുളളത് ബലമില്ലായ്മയാണ്. അതാണ് അതിബലമായിട്ടുളളത്. അബലന്‍ ചുട്ടു നശിപ്പിച്ച ബലവാന്‍ ഒന്നും ശേഷിക്കുകയില്ല. അവമാനിച്ച് അടച്ചു തകര്‍ക്കപ്പെട്ടവന്‍, രക്ഷ കിട്ടാതിരിക്കുകയാണെങ്കില്‍, ആ മനുഷ്യന്‍ ഏല്പിച്ച ദണ്ഡം രാജാവിനെ ബാധിച്ച് ഹനിച്ചുകളയും. ഉണ്ണീ, നീ ദുര്‍ബ്ബലന്മാരോട് ബലപ്രയോഗം നടത്തി ഒന്നും നേടരുത്. അവര്‍ നിന്നെ തീക്കൊളളി കൊണ്ട് ചുടുന്ന പോലെ ദുര്‍ബ്ബലവീക്ഷണം കൊണ്ട് ചുട്ടു കളയാതെ നോക്കണം.
പാഴില്‍ ഒരാളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അവര്‍ കരഞ്ഞ് ഒഴുക്കുന്ന കണ്ണുനീര്‍ മിത്ഥ്യാഭിശംസനത്താല്‍ പുത്രന്മാരെയും പശുക്കളേയും, കൊന്നുകളയും. നിന്നിലോ മക്കളിലോ പുത്രന്മാരിലോ പൌത്രന്മാരിലോ പെട്ടെന്നു ഫലം നല്കുകയില്ല; ചെയ്ത പാപം ഉടനെ ഫലിക്കയില്ല. പശു പതുക്കെയാണല്ലോ ഫലം നല്കുക. ദുര്‍ബ്ബലന്‍ എവിടെ കൊല്ലപ്പെടുന്നുവോ, എവിടെ രക്ഷകിട്ടാതിരിക്കുന്നുവോ, അവിടെ വലിയ ദാരുണമായ ശിക്ഷ ദൈവം നല്കും.ബ്രാഹ്മണരെ പോലെ തന്നെ നാട്ടുകാരും ഭിക്ഷാടനം തുടര്‍ന്നാല്‍ അവര്‍ വീണ്ടും ഭിക്ഷുരുപമെടുത്ത് രാജാവിനെ കൊന്നുകളയും. രാജാവിന്റെ നാട്ടില്‍ വളരെപ്പേര്‍ രാജപുരുഷന്മാരായി സഞ്ചരിച്ച് ദ്രോഹിക്കാന്‍ തുടങ്ങിയാല്‍ അതു കൊണ്ടുള്ള വലിയ പാപം നൃപന്ന് വന്നു കൂടും. യുക്തിയോടെ ദ്രവ്യം കാമലോഭം കാരണം ഹരിക്കുവാന്‍ തുടങ്ങിയാല്‍ കുഴങ്ങിയ യാചകന്മാര്‍ക്ക് എന്തു രക്ഷ? അതും രാജാവിന്ന് ആപത്തുണ്ടാക്കും. മരം മുളയ്ക്കും, വലുതാകും. അത് കായ്ച്ച് നില്ക്കും. അപ്പോള്‍ അതിനെ ജീവജാലങ്ങള്‍ ചെന്ന് ആശ്രയിക്കും. മരം മുറിച്ചു കളഞ്ഞാലോ, എന്ത് സംഭവിക്കും? ആ മരത്തെ ആശ്രയിച്ച ജീവികള്‍ക്ക് പാര്‍പ്പിടമില്ലാതാകും.
രാഷ്ട്രത്തില്‍ ശ്ലാഘ്യമായ ധര്‍മ്മവും സംസ്കാരവും രാജഗുണം പറയുന്നവര്‍ അനുസരിക്കുന്നു. ധര്‍മ്മത്തില്‍ തെറ്റിദ്ധരിച്ച് അവര്‍ അധര്‍മ്മം ചെയ്താലോ, അധര്‍മ്മത്തെ ചെയ്ത ധര്‍മ്മം നശിപ്പിക്കും. ദുഷ്കൃതം സുകൃതത്തെ നശിപ്പിക്കും. അറിഞ്ഞിട്ടും പാപികള്‍ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചാല്‍ സത്തുക്കളുടെ കലി രാജാവിനെ ബാധിക്കും. പ്രഭു അശിഷ്ടരെ ശാസിച്ചാല്‍ ആ രാജാവിന്ന് രാജ്യം അഭിവൃദ്ധിപ്പെടും. അമാത്യന്മാരെ സല്‍ക്കരിച്ച് ഏത് രാജാവ് മന്ത്രത്തിലും പോരിലും നിയമിക്കു ന്നുവോ ആ രാജാവിന്റെ രാഷ്ട്രത്തിന്ന് വളര്‍ച്ചയുണ്ട്. വളരെക്കാലം ആ രാജാവ് ഭുമിയൊട്ടുക്കും അനുഭവിക്കുന്നതാണ്.
നല്ല കര്‍മ്മങ്ങളും, നല്ല മട്ടില്‍ പറയുന്ന വാക്കുകളും, കണ്ടും കേട്ടും അറിഞ്ഞ് രാജാവ് പൂജിക്കുന്നതായാല്‍ ആ രാജാവ് മുഖ്യമായ ധര്‍മ്മത്തെ നേടുന്നതാണ്. അമാത്യന്മാരെ നിന്ദിക്കാതെ ഗുണങ്ങളെ പങ്കിട്ടു കൊടുക്കുകയാണ് വേണ്ടത്. ഗര്‍വ്വിക്കുന്ന ശക്തനെ കൊല്ലുകയും വേണം. അത് ഭൂപന്ന് ധര്‍മ്മമാണ്.
നല്ല വാക്കു കൊണ്ടും, ദേഹം കൊണ്ടും, കര്‍മ്മം കൊണ്ടും എല്ലാം കാത്തു രക്ഷിക്കുക. തെറ്റു ചെയ്താല്‍ പുത്രനായാലും ക്ഷമിക്കരുത്. ഇതാണ് രാജാവിന്റെ ധര്‍മ്മം. ദുര്‍ബ്ബലന്മാര്‍ക്കു പങ്കിട്ട് രാജാവ് ഭുജിക്കുകയാണു വേണ്ടത്. അങ്ങനെ ചെയ്താല്‍ രാജാവിന്ന് സഹായികളായി വളരെ ബലവാന്മാരുണ്ടാകും. ഇത് ഭൂപന്റെ ധര്‍മ്മമാണ്.
രാജ്യങ്ങളെ രക്ഷിക്കുക, ദസ്യുക്കളെ അകറ്റുക, പോരില്‍ ജയം നേടുക ഇതൊക്കെ രാജാവിന്റെ ധര്‍മ്മമാണ്. കര്‍മ്മത്താലോ, വാക്കിനാലോ പാപം ചെയ്യുന്നതായാല്‍ അവന്‍ പ്രിയനായാലും അവനില്‍ പൊറുക്കരുത്. ഇത് ഭൂപന്റെ ധര്‍മ്മമാണ്.
തന്നെ ശരണംപ്രാപിക്കുന്നവരെ സ്വപുത്രനെയെന്ന പോലെ രാജാവ് രക്ഷിക്കണം. മര്യാദ തെറ്റിക്കാതിരിക്കുകയും വേണം. ഇത് ഭൂപന്റെ ധര്‍മ്മമാണ്.
ശ്രദ്ധയോടുകൂടി ദക്ഷിണകള്‍ ധാരാളമുള്ള യജ്ഞങ്ങള്‍ചെയ്യുക. അതില്‍ കാമദ്വേഷമോ സ്പര്‍ശിക്കരുത്. ഇതു ഭൂപാലന്റെ ധര്‍മ്മമാണ്. ദരിദ്രന്മാരുടേയും, അനാഥരുടേയും,വൃദ്ധന്മാരുടേയും കണ്ണുനീര്‍ തുടയ്ക്കുക. ജനങ്ങള്‍ക്ക് ഹര്‍ഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഇത് രാജാവിന്റെ ധര്‍മ്മമാണ്. മിത്രങ്ങളെ രക്ഷിക്കുക, ശത്രുക്കളെ അമര്‍ക്കുക, സാധുക്കളെ പൂജിക്കുക. അത് രാജാവിന്റെ ധര്‍മ്മമാണ്. പ്രീതിയോടെ സതൃത്തെ പാലിക്കുക. നിത്യം ഭൂദാനങ്ങള്‍ ചെയ്യുക. പാന്ഥന്മാരേയും, ഭൃത്യരേയും രക്ഷിക്കുക. ഇത് രാജാവിന്റെ ധര്‍മ്മമാണ്. അനുഗ്രഹവും നിഗ്രഹവും ഇവ രണ്ടും ആരില്‍ ദൃഡമായി നില്ക്കുന്നുവോ, ആ രാജാവ് ഫലം നേടുന്നതാണ്. ഈ ലോകത്തില്‍ മാത്രമല്ല പരലോകത്തും ഫലം അനുഭവിക്കും.
അല്ലയോ മാന്ധാതാവേ, രാജാവ് ധാര്‍മ്മികന്മാര്‍ക്ക് ശമനും മഹേശ്വരനുമാണ്. പ്രാണനെ അടക്കി ജീവിക്കണം. അടക്കാത്തവനോ, അധഃപതിക്കുക തന്നെ ചെയ്യും.
ഋത്വിക്, പുരോഹിതന്‍, ആചാര്യന്‍ എന്നിവരെ പുജിച്ച് മാനമായി ഗൃഹത്തില്‍ സല്‍ക്കരിക്കുക. ഇത് ഭൂപന്റെ ധര്‍മ്മമാണ്.
യമന്‍ എപ്രകാരം അശേഷജീവലോകത്തേയും നിര്‍വ്വിശേഷമായി അടക്കി ഭരിക്കുന്നുവോ, അതു പോലെ രാജാവും എല്ലാത്തരം പ്രജകളേയും അടക്കി ഭരിക്കണം.
യുധിഷ്ഠിരാ, സഹസ്രാക്ഷനായ ഇന്ദ്രനോട് രാജാവ് എപ്പോഴും ഉപമിക്കപ്പെടുന്നു. അവന്‍ ഏത് ധര്‍മ്മമായിക്കാണുന്നുവോ, അതാണ് ധര്‍മ്മം. പ്രമാദം കൂടാതെ ക്ഷമാശീലനായിത്തീരുവാന്‍ രാജാവ് ശ്രമിക്കണം. ധൃതിമാനും, മതിമാനുമായി എപ്പോഴും ജീവജാലങ്ങളില്‍ നന്മതിന്മകളെ പരീക്ഷിച്ചറിയണം. എല്ലാവരേയും സസന്തോഷം സ്വാഗതം ചെയ്ത്, ദാനങ്ങള്‍ കൊടുത്ത്, മധുരവാക്കു പറഞ്ഞ് പൌരന്മാരേയും, ജാനപദന്മാരേയും സന്തോഷവാന്മാരായി രാജാവ് കാക്കണം.
സമര്‍ത്ഥനല്ലാത്ത രാജാവ് ലോകരെ രക്ഷിക്കുവാന്‍ കഴിയാത്തവനാകുന്നു. ഉണ്ണീ, യുധിഷ്ഠിരാ! രാജ്യഭാരം അത്ര എളുപ്പമുള്ള കാര്യമല്ല; മഹാഭാരമുള്ള കാര്യമാണ്.
ദണ്ഡനീതി അറിയുന്ന രാജാവ് പ്രാജ്ഞനും ശൂരനുമാണെങ്കില്‍ അവന്‍ പ്രജാരക്ഷണത്തിന്ന് ശക്തിയുള്ളവനാണെന്ന് കരുതാം. ദണ്ഡനീതി അറിയാത്തവനും, ബുദ്ധികെട്ടവനും, ക്ലീബനുമായ രാജാവ് പ്രജാരക്ഷണത്തിന്ന് പറ്റിയവനല്ല.
നല്ല യോഗ്യത കാഴ്ചയ്ക്കുളളവരും, കുലീനന്മാരും, കുറുളളവരും, സമര്‍ത്ഥന്മാരും, പണ്ഡിതന്മാരുമായവരാല്‍ ഹേ യുധി ഷ്ഠിരാ, നീ താപസാശ്രമികളുടെ ബുദ്ധിയെ അറിയുക. അങ്ങനെ അറിഞ്ഞു കഴിഞ്ഞാല്‍ നിനക്ക് എല്ലാ ജീവികളുടെ ധര്‍മ്മവും അറിയുവാന്‍ കഴിയും. നിന്റെ പേര്‍ സ്വന്തം നാട്ടിലും പരദേശത്തും പ്രസിദ്ധമാകും. നിന്റെ ധര്‍മ്മം നശിക്കുകയുമില്ല. അതുകൊണ്ട് അര്‍ത്ഥം, കാമം ഇവയേക്കാള്‍ ധര്‍മ്മം ഉത്തമമാണെന്ന് ധരിക്കണം. ധര്‍മ്മാത്മാവ് ഈ ലോകത്തും പരലോകത്തും സുഖിക്കും.
പൂജ്യന്മാരായ ജനങ്ങള്‍ ഭാര്യയേയും, പുത്രന്മാരേയും ഉപേക്ഷിച്ചുവെന്നു വരാം. എല്ലാര്‍ക്കും ഇഷ്ടപ്പെട്ടത് സ്വാഗത സ്വീകരണവും, ദാനവും, മധുരമായ ഭാഷണവുമാണ്.
അപ്രമാദവും, ശൗചവും, രാജാവിന്ന് ഭുതിസാധനമാകുന്നു. ഇവയില്‍ മാന്ധാതാവേ, എപ്പോഴും പ്രമാദം പാടില്ല. പൌരന്മാരുടേയും തന്റേയും ദോഷങ്ങളും, തെറ്റുകളും മനസ്സിലാക്കി രാജാവ് അപ്രമാദിയായി വാഴുക. തന്റെ ഛിദ്രം (കുറ്റം) അന്യന്‍ കാണരുത്. ശത്രുവിന്റെ ഛിദ്രം (പഴുത്) കണ്ട് പ്രഹരിക്കുകയും വേണം.
ഈ പറഞ്ഞതാണ് ഇന്ദ്രന്റെ നടപടി. യമന്റേയും, വരുണന്റേയും വൃത്തവും ഇതു തന്നെയാണ്. മിക്ക രാജര്‍ഷികളും ഇത്തരക്കാര്‍ തന്നെയാണ്. നീയും അത് കണ്ടറിയുക.
രാജര്‍ഷിമാര്‍ ഏതു നടപടി സ്വീകരിച്ചുവോ, അത് നീയും നടത്തുക. ദിവ്യമായ മാര്‍ഗ്ഗം അവലംബിച്ച് ഹേ ഭരതര്‍ഷഭാ, നീ പൊയ്ക്കൊളളുക. ധര്‍മ്മം തെറ്റാതെ നടക്കുന്ന രാജാവിനെ ഇഹത്തിലും പരത്തിലും ദേവര്‍ഷിമാരും, പിതൃക്കളും, ഗന്ധര്‍വ്വന്മാരും വാഴ്ത്തി സ്തുതിക്കും.
ഭീഷ്മൻ പറഞ്ഞു: ഉതത്ഥ്യന്‍ ഇപ്രകാരം ഉപദേശിച്ചപ്പോള്‍ അതു കേട്ടു ഗ്രഹിച്ച മാന്ധാതാവ് അപ്രകാരമൊക്കെ നിശ്ശങ്കം ചെയ്തു. അങ്ങനെ ഏകച്ഛത്രാധിപതിയായി ഭൂമണ്ഡലം വാണു. അല്ലയോ യുധിഷ്ഠിരാ! ഭവാനും മാന്ധാതാവിനെപ്പോലെ ധര്‍മ്മം അനുഷ്ഠിച്ച് ഈ ഭൂമണ്ഡലം രക്ഷിക്കുക. എന്നാല്‍ സ്വര്‍ഗ്ഗത്തിലും ഭവാനു സ്ഥാനം ലഭിക്കും.
അദ്ധ്യായം 92. വാമദേവഗീത - യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മസ്ഥാനത്തെ അര്‍ത്ഥിക്കുന്ന ധാര്‍മ്മികനായ രാജാവു നില്ക്കേണ്ടത് എങ്ങനെയാണ്? ഹേ കുരുശ്രേഷ്ഠാ, ഞാന്‍ അങ്ങയോടു ചോദിക്കുകയാണ്. അത് എനിക്ക് അങ്ങു പറഞ്ഞുതരണേ
ഭീഷ്മൻ പറഞ്ഞു: അതിന്ന് ഉദാഹരണമായി പണ്ടുള്ളവര്‍ ഇപ്രകാരം ഒരു കഥ പറയാറുണ്ട്. അത് അര്‍ത്ഥതത്ത്വം കണ്ടവനായ വാമദേവന്‍ പറഞ്ഞതാണ്. ശുചിയും, ധീമാനും, വിജ്ഞാനിയുമായ വസുമനസ്സ് എന്ന രാജാവ് തപസ്വിയായ വാമദേവര്‍ഷിയോടു ചോദിച്ചു: ഭഗവാനേ, അങ്ങ് എന്നെ ധര്‍മ്മോക്തികള്‍ പറഞ്ഞു തന്നു ശാസിച്ചാലും. ഞാന്‍ എന്തു നിലയില്‍ നിന്നാലാണ് സ്വധര്‍മ്മം വിടാതിരിക്കുക? ഈ ചോദ്യം കേട്ട് തേജസ്വിയും തപസ്വിയുമായ വാമദേവന്‍, യയാതിയെപ്പോലെയും, നഹുഷനെപ്പോലെയും കാന്തിമാനും സ്വര്‍ണ്ണവര്‍ണ്ണാഭനുമായ ആ രാജാവ് ഇരിക്കെ, ഇപ്രകാരം പറഞ്ഞു.
വാമദേവന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ ധര്‍മ്മത്തെത്തന്നെ പിന്‍തുടരുക. ധര്‍മ്മത്താല്‍ അര്‍ത്ഥവും, കാമവും, മോക്ഷവുമൊക്കെ ഭവാന്‍ നേടും. ധര്‍മ്മത്തില്‍ നില്ക്കുന്ന രാജാക്കന്മാരാണ് ഈ ലോകം മുഴുവന്‍ ജയിച്ചവര്‍. അര്‍ത്ഥ സിദ്ധിയേക്കാള്‍ ഉപരിയായി ധര്‍മ്മത്തെ കാണുന്ന രാജാവ്, സാധുവൃത്തിയില്‍ മനസ്സുവെക്കുന്ന രാജാവ്, ധര്‍മ്മംകൊണ്ടു ശോഭിക്കും.
അധര്‍മ്മദര്‍ശിയായ രാജാവ് ബലാല്ക്കാരം തുടങ്ങുകയാണെങ്കില്‍ അവനില്‍ നിന്നു ധര്‍മ്മവും അര്‍ത്ഥവും ഒഴിഞ്ഞു പോകും. അസത്തും, ദുഷ്ടനുമായ മന്ത്രിയോടു കൂടിയ അവന്‍ ധര്‍മ്മഘ്നനായി, ലോകവദ്ധ്യനുമായിത്തീരുന്നു. അവന്‍ പരിവാരങ്ങളോടു കൂടി ഉടനെ നശിച്ചു പോകും. കാര്യങ്ങളെ ചെയ്യാത്തവനും, കാമചാരിയും, വികത്ഥനനുമായ രാജാവു ഭൂമിയൊക്കെ നേടി യാലും ഉടനെ നശിക്കും. എന്നാല്‍ മംഗളാശയനായ, അനസൂയുവായ രാജാവ്, ജിത്രേന്ദ്രിയനും മതിമാനുമായ രാജാവ്, ഒഴുക്കു കൊണ്ടു സമുദ്രമെന്ന പോലെ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ഞാന്‍ ധര്‍മ്മം, അര്‍ത്ഥം, കാമം, നല്ല ബുദ്ധി, മിത്രം ഇവ കൊണ്ട് പൂര്‍ണ്ണനാണ് എന്നു രാജാവ് ഓര്‍ത്തു പോകരുത്. ഇവയിലെല്ലാമാണല്ലോ ലോക യാത്രയും നില്ക്കുന്നത്. ഈ തത്ത്വം കേട്ടറിയുന്നവന്നു സന്താനവും, കീര്‍ത്തിയും, യശസ്സും, ശ്രീയും ലഭിക്കും. ധര്‍മ്മത്തില്‍ വാശി വെടിഞ്ഞ് അര്‍ത്ഥധര്‍മ്മവിശാരദനായ രാജാവ്, അര്‍ത്ഥത്തെ നോക്കി നേടുന്ന രാജാവ്, ശാശ്വതമായ സ്ഥാനത്തെത്തും. |
നേടുന്നതില്‍ ഉത്സുകനും, സ്നേഹം വെടിഞ്ഞവനും, ദണ്ഡം മുലം പ്രജകളെ ഭയപ്പെടുത്തി നിര്‍ത്തുന്നവനുമായ സാഹസികനായ രാജാവ് ഉടനെ തന്നെ നശിക്കുന്നതാണ്.
കുറ്റം ചെയ്ത അപരാധിയെ ബുദ്ധി കൊണ്ടു കാണാത്തവനായ ജളനായ രാജാവ് ദുഷ്കീര്‍ത്തിക്കു പാത്രമായി മരണാനന്തരം നരകത്തില്‍ പോകും. വളരെ മൃദുവായി പാട്ടില്‍ നിന്നു മാനിക്കുന്ന ദാനശീലനായ രാജാവിന്നു വൃസനം പറ്റിയാല്‍ അവന്റെ ദുഃഖത്തെ അടക്കുവാന്‍ ജനങ്ങള്‍ ശ്രമിക്കും. ധര്‍മ്മത്തില്‍ ഗുരു ഇല്ലാത്തവനും, അന്യനില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്തവനുമായി അര്‍ത്ഥ ലാഭത്തില്‍ സ്വത്രന്തനായി വാഴുന്ന രാജാവ് അധികം നാള്‍ സുഖിക്കുകയില്ല. ധര്‍മ്മത്തില്‍ ഗുരുവിനെ അനുസരിക്കുന്നവനും, സ്വാര്‍ത്ഥത്തിന്നു വേണ്ടി അര്‍ത്ഥം ആശഗ്രഹിക്കാത്തവനും, ധര്‍മ്മപ്രധാനനുമായ രാജാവ് രാജ്യം നേടി ഏറെക്കാലം സുഖമായി ഭരിക്കും.
അദ്ധ്യായം 93. വാമദേവഗീത - വാമദേവന്‍ പറഞ്ഞു: ദുര്‍ബ്ബലനില്‍ അധര്‍മ്മത്തെ ബലവാന്‍ ചെയ്യുന്നതായാല്‍, ആ വൃത്തി കൊണ്ട് ഉപജീവിക്കുന്നതായ അവന്റെ ബന്ധുജനങ്ങള്‍ ആ പാപം ചെയ്തവനെ പിന്‍തുടര്‍ന്നു നില്ക്കുകയാണെങ്കില്‍, ആ ദുര്‍ജ്ജനങ്ങള്‍ നിറഞ്ഞ നാട് വേഗത്തില്‍ നശിച്ചു പോകും. സ്വസ്ഥന്റെ ഏതു പ്രവൃത്തിയെ ജനം ഉപജീവിക്കുന്നുവോ വിഷമസ്ഥന്റെ അതേ വൃത്തത്തെ, നടപടിയെ, സ്വജനങ്ങള്‍ കൂടി പൊറുക്കുകയില്ല. സാഹസികന്മാരായ ദൂര്‍ജ്ജനങ്ങളെ രാജാവ് പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ശാസ്ത്രം അറിഞ്ഞു കൂടാത്ത ആ രാജാവ് ഉടനെ നശിക്കുന്നതാണ്. തോറ്റവര്‍ക്കും തോല്‍ക്കാത്തവര്‍ക്കും വേണ്ടതായ കാര്യം അറിഞ്ഞു പ്രവര്‍ത്തിക്കാത്ത ക്ഷത്രിയന്‍ ക്ഷത്രധര്‍മ്മം വിട്ടൊഴിഞ്ഞു പോകുന്നതാണ്. ധര്‍മ്മം അനുഷ്ഠിക്കുന്ന ശത്രു രാജാവിനെ പോരില്‍ പിടിച്ച്, അദ്ദേഹത്തോടുള്ള ദ്വേഷം കാരണം ആ രാജാവിനെ മാനിക്കാതിരിക്കയാണെങ്കില്‍ അവനില്‍ നിന്നു ക്ഷത്രധര്‍മ്മം ഒഴിഞ്ഞു പോകുന്നതാണ്.
ശക്തനായ രാജാവ് പ്രസന്നവദനനായി ആപത്തില്‍ കരുണയോടെ പെരുമാറണം. പ്രിയം ചെയ്യുന്ന ജീവികള്‍ക്ക് ഒരിക്കലും ലക്ഷ്മി വിട്ടൊഴിയുകയില്ല. ആരാണോ നിന്നോട് അപ്രിയം ചെയ്യുന്നവന്‍, അവന്നു കൂടുതല്‍ പ്രിയം ചെയ്യണം. പ്രിയം ചെയ്യുന്ന അപ്രിയന്‍ ഉടനെ പ്രിയനായിത്തീരും.
നുണ പറയാതിരിക്കുക, ഇരക്കാതിരിക്കുക, ഇഷ്ടം ചെയ്യുക, കാമം, വാശി, ദ്വേഷം എന്നിവ മനസ്സില്‍ വെച്ച് അതു കൊണ്ട് ധര്‍മ്മം ഉപേക്ഷിക്കരുത്. ചോദ്യങ്ങളില്‍ കൂസരുത്. കൊളളരുതാത്തരം പറയരുത്. വെമ്പിപ്പോകരുത്, അസൂയപ്പെടരുത്. അങ്ങനെയായാല്‍ ശത്രു അധീനത്തിലാകും.
പ്രിയം ലഭിക്കുമ്പോള്‍ ഏറ്റവും ഹര്‍ഷിക്കരുത്. അപ്രിയം ബാധിക്കുമ്പോള്‍ ദുഃഖിക്കരുത്. പണം കൈയിലില്ലാതാകുമ്പോള്‍ തപിക്കരുത്. ഇങ്ങനെയിരിക്കണം നാട്ടുകാര്‍ക്കു ഹിതം ചിന്തിക്കുന്നവന്‍.
ഗുണം നോക്കി രാജാവ് നിത്യവും പ്രിയം ചെയ്യുകയാണെങ്കില്‍ അവന്നു കാര്യങ്ങള്‍ നേടുവാന്‍ കഴിയും. ലക്ഷ്മി വിട്ടൊഴിയുകയുമില്ല. പ്രതികൂലത്തില്‍ പിന്‍വാങ്ങുകയും പ്രിയത്തില്‍ പിന്‍തുടരുകയും ചെയ്ത് എപ്പോഴും ഭജിക്കുന്നവനെ രാജാവ് ഭജിക്കണം. ഇന്ദ്രിയത്തിന്നു ഭ്രമം പറ്റാതെ ശുചിയായി അനുവൃത്തനായിരിക്കുന്ന കൂറുള്ള ഭൃതൃനെ വേണം വലിയ കാര്യങ്ങളില്‍ നിശ്ചയിക്കുവാന്‍. ഈ ഗുണങ്ങള്‍ തികഞ്ഞ് രാജാവില്‍ കൂറുള്ളവന്‍ ആരാണോ, സ്വാമിയുടെ കാര്യം തെറ്റു കൂടാതെ നോക്കുന്ന അയാളെ കാര്യത്തില്‍ നിയമിക്കണം. മൂഡന്‍, ഇന്ദ്രിയപ്രീതി നോക്കുന്നവന്‍, ലുബ്ധന്‍, അനാരൃചരിതന്‍, ശഠന്‍, ഹിംസ്രൻ, ചതി വിടാത്തവന്‍, ദുര്‍ബുദ്ധി, ശ്രുതി അറിയാത്തവന്‍, വലിയ കാര്യങ്ങള്‍ വിട്ടുകളയുന്നവന്‍, കള്ളു കുടിക്കുന്നവന്‍, പെണ്ണുപിടിയന്‍, ചുതാട്ടക്കാരന്‍, നായാട്ടുകാരന്‍ ഇത്തരക്കാരെ വലിയ കാര്യങ്ങള്‍ക്കു നിശ്ചയിക്കുന്ന രാജാവിന്റെ കാര്യം അപകടത്തിലാകും. ആ രാജാവിന്റെ ഐശ്വര്യം നശിക്കുകയും ചെയ്യും.
ആത്മാവിനെ കാക്കുന്ന രാജാവ്, രക്ഷിക്കുന്നവരെ രക്ഷിക്കുകയും ചെയ്യുന്ന രാജാവ്, എവിടെയുണ്ടോ അവിടെ ആ നാട്ടു കാര്‍ അഭിവൃദ്ധിപ്പെടും. രാജാക്കന്മാരായവര്‍ മുന്‍പറഞ്ഞ എല്ലാ കാര്യങ്ങളും ചാരന്മാരെ വെച്ച് അറിയണം. ഏതു രാജാവിന്നും അതു കൊണ്ടു മെച്ചം ഉണ്ടാവുന്നതാണ്.
ബലവാനെ ഞാന്‍ ദ്രോഹിച്ചെങ്കിലും അവന്‍ വളരെ ദുരെയാണല്ലോ എന്ന് ഒരിക്കലും ആശ്വസിക്കരുത്. പ്രമത്തനില്‍ അവര്‍ പരുന്തിനെപ്പോലെ പറന്ന് എത്തുന്നതാണെന്നു ധരിക്കണം.
അടി ഉന്നി, ദുഷ്ടു വിട്ട് തന്റെ ബലത്തെ താന്‍ മനസ്സിലാക്കിയിട്ടേ തന്നേക്കാള്‍ ബലം കുറഞ്ഞവരോട് ഏല്ക്കാവു. മൂത്തവരോട് തന്റെ ശൗര്യം കാണിക്കരുത്. വിക്രമം കൊണ്ടു ഭൂമി നേടി ധര്‍മ്മത്താല്‍ ലോകരെ കാത്ത് യുദ്ധത്തില്‍ മരണം വരിക്കുക. ഇതാണ് ധര്‍മ്മതൽപരനായ രാജാവ് ചെയ്യേണ്ടത്. ഈ ലോകത്തിലുണ്ടായ ജീവികളൊക്കെ ഒടുവില്‍ ചാകും. അനാമയമായി ഒന്നുമില്ല. അതു കൊണ്ട് ധര്‍മ്മസ്ഥനായ രാജാവ് ധര്‍മ്മത്താല്‍ ലോകരെ പാലിക്കുക. രക്ഷാധികരണം, യുദ്ധം, ധര്‍മ്മാനുശാസനം, മന്ത്രചിന്ത, സുഖം നല്കല്‍ ഇവ കൊണ്ടു ഭൂമി അഭിവൃദ്ധിപ്പെടും. ഇവ ഗൂഢമായി ഉള്ളവനായ രാജാവ് രാജസത്തമനാണ്. ഇപ്പറഞ്ഞതില്‍ എന്നും നില്ക്കുന്ന രാജാവ് രാജ്യം നേടും. ഒരാള്‍ക്ക് എല്ലാ കാരൃവും നോക്കുവാന്‍ കഴികയില്ല. അതുകൊണ്ട് അവയ്ക്കെല്ലാം ഉദ്യോഗസ്ഥന്മാരെ നിശ്ചയിക്കണം. അങ്ങനെ രാജാവ് ഭൂമി ഭരിക്കണം.
ദാനം ചെയ്യുന്നവനും പങ്കിട്ടു നല്‍കുന്നവനും ശുചിയും മാര്‍ദ്ദവവുമുള്ളവനും ഉപേക്ഷിക്കുവാന്‍ ഒരിക്കലും അര്‍ഹനുമല്ലാത്ത ക്ഷത്രിയനെ ജനങ്ങള്‍ രാജാവായി സ്വീകരിക്കും.
മോക്ഷത്തിന്നുതകുന്ന ഓരോ വിജ്ഞാനങ്ങള്‍ കേട്ട് ഭക്തിയോടെ കൈകൂപ്പുന്നവനെ, തന്റെ അഭിപ്രായം എന്തു തന്നെയായാലും അവനെ ജനങ്ങള്‍ പിന്‍തുടരും. അര്‍ത്ഥം കാമിക്കുന്നവന്റെ വാക്ക് കേള്‍ക്കുവാന്‍ ഇഷ്ടമില്ലെങ്കിലും അതില്‍ പൊറുക്കുകയും പ്രതികൂലങ്ങള്‍ കേള്‍ക്കുമ്പോള്‍ അതില്‍ മനസ്സു മങ്ങാതെ സഹിക്കുകയും ചെയ്യുന്നത് ധീമാന്റെ ലക്ഷണമാണ്! തോറ്റവര്‍ക്കും തോല്ക്കാത്തവര്‍ക്കും വേണ്ട വിധത്തിലുള്ള ആചാര വ്യത്തികള്‍ അറിഞ്ഞു ചെയ്യാത്ത രാജാവ് ക്ഷത്രധര്‍മ്മം വിട്ടൊഴിഞ്ഞു പോകുന്നവനാണ്. തരം താഴ്ത്തപ്പെട്ട മന്ത്രി, വിശേഷിച്ചും സ്ത്രീകള്‍, പര്‍വ്വതം, വിഷമമായ ദുര്‍ഗ്ഗം, ആന, കുതിര, സര്‍പ്പം ഇപ്പറഞ്ഞവയോട് കരുതലോടെ വേണം അടുക്കുവാന്‍. അല്ലെങ്കില്‍ ആത്മാവ് അപകടത്തില്‍പ്പെട്ടു പോകും.
മുഖ്യന്മാരായ അമാതൃന്മാരെ നീക്കി മനസ്സില്‍ പ്രിയം തോന്നി ഹീനന്മാരെ ആ സ്ഥാനത്തു വെക്കുന്ന രാജാവ് നില കിട്ടാത്ത വിധം ആപത്തില്‍ പെട്ടു പോകും. സല്‍ഗുണമുളളവരും ആഷ്യന്മാരുമായ ജഞാതികളെ. വിദ്വേഷം മനസ്സില്‍ തോന്നി സംരക്ഷിക്കാതിരിക്കുന്ന അദൃഢാത്മാവ്, ക്രോധത്തോടു കൂടിയവന്‍, എപ്പോഴും മൃത്യുവിന്റെ മുമ്പിലാണെന്നു ധരിക്കണം. ജീവന്‍ നശിപ്പിക്കുന്ന ആപത്ത് ഏതു സമയത്തും അവന്നു വന്നു പെടാം.
എന്നാല്‍ ഗുണവാന്മാരായ പ്രിയ ജനങ്ങളെ പ്രിയം കൊണ്ടു പാട്ടിലാക്കുന്നവന്‍ വളരെക്കാലം പ്രസിദ്ധനായി വാഴും. അകാലത്തില്‍ അര്‍ത്ഥം നേടുവാനാഗ്രഹിക്കരുത്. അപ്രിയങ്ങള്‍ വന്നു പെടുമ്പോള്‍ ദുഃഖിക്കരുത്. പ്രിയമായ കാര്യങ്ങള്‍ വന്നു ചേരുമ്പോള്‍ അതിരറ്റ് ഹര്‍ഷിക്കരുത്. ആരോഗൃത്തിന്നു പറ്റിയ നടപടി സ്വീകരിക്കണം.
സാമന്തന്മാരായി തന്റെ അധീനത്തില്‍ കൂറ് മൂലം നില്ക്കുന്നവര്‍ ആരൊക്കെയാണെന്നും ഭയപ്പെട്ട് അധീനത്തില്‍ നില്ക്കുന്നവര്‍ ആരൊക്കെയാണെന്നും മദ്ധ്യസ്ഥന്മാര്‍ ആരൊക്കെയാ ണെന്നും ശത്രുക്കള്‍ ആരൊക്കെയാണെന്നു എപ്പോഴും രാജാവ് ചിന്തിക്കേണ്ടതാണ്. ബലവാന്‍ ഒരിക്കലും ദുര്‍ബ്ബലനെ വിശ്വസി ക്കരുത്. പ്രമത്തന്മാരില്‍ കഴുകന്‍ വന്നു പതിക്കുന്ന മാതിരി അവന്‍ പാഞ്ഞു വന്നു പതിക്കും. ഗുണങ്ങളെല്ലാം തികഞ്ഞവനും ഇഷ്ടം ചെയ്യുന്നവനുമായ സ്വാമിയേയും പാപി ദ്രോഹിക്കും. അതുകൊണ്ട് പാപിയെ ഒരിക്കലും വിശ്വസിക്കരുത്.
ഈ പറഞ്ഞ രാജോപനിഷത്ത് നഹുഷപുത്രനായ യയാതി രാജാവ് പറഞ്ഞതാണ്. മനുഷ്യരുടെ സ്വഭാവം ഇപ്രകാരമാണെന്നും രാജാവിന്ന് ക്ഷേമം വരണമെന്നുണ്ടെങ്കില്‍ ഇവയൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അദ്ധ്യായം 94. വാമദേവഗീത - വാമദേവന്‍ പറഞ്ഞു: രാജാവ് യുദ്ധം കൂടാതെ തന്നെ വിജയം ഉണ്ടാക്കണം. യുദ്ധം കൊണ്ടുള്ള വിജയം ഒരു രണ്ടാം തരമായ ജയമായേ മനീഷികള്‍ ഗണിക്കുന്നുള്ളൂ. മൂലമായ ബലം നല്ല പോലെ ഉറച്ചേ, കിട്ടാത്തതില്‍ മനസ്സു വെക്കാവൂ. തന്റെ അടിസ്ഥാനം ഉറയ്ക്കാതെ മറ്റു രാജ്യങ്ങളെ പിടിച്ചടക്കാന്‍ കൊതിക്കുന്നത് അപകടമാണ്. മൂലബലം ഇല്ലാത്ത രാജാവിന്ന് വേറെ ലാഭം കിട്ടുമെന്ന് വിചാരിക്ക വേണ്ട. മൂലം ഉറച്ച രാജാവ് ആരാണെന്നു പറയാം. ഏതു രാജാവിന്ന് പരിപുഷ്ടമായ രാജ്യമുണ്ടോ, രാജവല്ലഭമായ സമ്പന്ന രാജ്യമുണ്ടോ, സന്തുഷ്ടരായ നല്ല സചിവന്മാരുണ്ടോ, ആ രാജാവ് ദൃഢമൂലനാണെന്നു പറയാം. ശത്രുക്കളെ വഞ്ചിക്കുവാന്‍ സാമര്‍ത്ഥ്യമുളളവരും, സന്തുഷ്ടന്മാരുമായ ഭടന്മാര്‍ ആര്‍ക്കുണ്ടോ, അല്പമായ സൈന്യം കൊണ്ടും ആ രാജാവ് പാരിടം ജയിക്കും. ഭൂതദയയുളള പൗരന്മാരും നാട്ടുകാരും ധനാഢ്യരായി ഏതു രാജാവിന്റെ നാട്ടിലുണ്ടോ, ആ രാജാവ് ദൃഢമൂലനാകുന്നു. തന്റെ ശക്തി ഏറ്റവും ശക്തിപ്പെട്ട്, താന്‍ പ്രതാപവാനായി എന്ന് എപ്പോള്‍ ബോദ്ധ്യപ്പെടുന്നുവോ, അപ്പോള്‍ മാത്രമേ ബുദ്ധിമാനായ രാജാവ് ശത്രുവിന്റെ രാജ്യത്തേയും ധനങ്ങളേയും ആഗ്രഹിക്കുവാന്‍ പാടുള്ളു. ഭോഗാഭിവൃദ്ധിയോടു കൂടിയും ജീവകാരുണ്യത്തോടു കൂടിയും തന്നത്താന്‍ സംരക്ഷിക്കുന്നതില്‍ ജാഗരുകനായിരിക്കുന്നവന്റെ, നാടിന്നു വര്‍ദ്ധനയുണ്ടാകും.
നല്ലവരായ തന്റെ ആള്‍ക്കാരോട് തെറ്റായി പെരുമാറുന്ന രാജാവ് മഴു കൊണ്ടു കാടു വെട്ടുന്ന മാതിരി തന്നെത്തന്നെ വെട്ടി നശിപ്പിക്കുകയാണ്. നിത്യവും വധക്രിയ ചെയ്യാത്ത രാജാവിന്ന് ഒരിക്കലും ശത്രുക്ഷയം ഉണ്ടാവുകയില്ല. ക്രോധദ്ധ്വംസം വിട്ടവന്ന് ശത്രുക്കളുണ്ടാവുകയില്ല. വിദ്വാനായ മാനവന്‍ ഒരിക്കലും സജ്ജനങ്ങള്‍ വെറുക്കുന്ന കര്‍മ്മം ചെയ്യുരുത്. മംഗളം എവിടെ ആഗ്രഹിക്കുന്നുവോ, അവിടെ അവനവന്‍ തന്നെ നേരിട്ടു ചെന്ന് കാര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അങ്ങനെ ചെയ്താല്‍ അന്യന്മാര്‍ നിന്ദിക്കയില്ല. തനിക്കു പരിതപിക്കേണ്ടതായും വരില്ല. തന്റെ കര്‍ത്തവ്യം നിര്‍വ്യവഹിച്ചതു കൊണ്ടുളളു സന്തോഷം രാജാവിന്നുണ്ടാകും. ഈ നടപടി മനുഷ്യരില്‍ നടത്തുന്ന രാജാവ് രണ്ടു ലോകങ്ങളും ജയിച്ച് വിജയത്തില്‍ ഉറച്ചവനാകും.
ഭീഷ്മന്‍ പറഞ്ഞു ഇപ്രകാരം വാമദേവന്‍ പറഞ്ഞു കൊടുത്ത ഉപദേശങ്ങളൊക്കെ നല്ല പോലെ ഗ്രഹിച്ച് അതു പ്രകാരം രാജാവ് ചെയ്തു. അതുപോലെ നീയും ചെയ്യുക. എന്നാല്‍, ഇഹലോകത്തിലും പരലോകത്തിലും ഭവാന്‍ ശോഭിക്കും.
അദ്ധ്യായം 95. വിജിഗീഷമാണവ്യത്തം - യുധിഷ്ഠിരന്‍ പറഞ്ഞു: യുദ്ധത്തില്‍ ക്ഷത്രിയനെ വെല്ലുവാന്‍ നോക്കുന്നതാണെങ്കില്‍ ആ ക്ഷത്രിയന്ന് ജയത്തിലെന്താണ് ധര്‍മ്മം? അങ്ങ് ഈ ചോദ്യത്തിന്ന് സമാധാനം പറഞ്ഞു തന്നാലും.
ഭീഷ്മൻ പറഞ്ഞു: രാജാവ് തനിച്ചോ, സഹായികളോടു കൂടിയോ, ആ രാജാവിന്റെ രാജ്യത്തു ചെന്ന് ആ രാജാവിനെക്കണ്ട് ഇപ്രകാരം പറയണം: ഞാന്‍ നിങ്ങളുടെ രാജാവാകാം. നിങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാം. ധര്‍മ്മാനുസരണമുള്ള കപ്പം നിങ്ങളെനിക്കു തരിക! നിങ്ങള്‍ എന്നെ സ്വീകരിക്കുന്നുണ്ടോ? ഇപ്രകാരം വന്ന് നേരിട്ടു കപ്പം ആവശ്യപ്പെടുന്ന ശക്തനായ രാജാവിനെ സ്വീകരിക്കുകയാണെങ്കില്‍ അത് ശോഭനമായ കാര്യമാണ്. ക്ഷത്രിയ മര്യാദ വിട്ട് തെറ്റി നിലക്കുകയാണെങ്കില്‍ അവര്‍ എല്ലാം കൊണ്ടും വികര്‍മ്മസ്ഥരാകുന്നു. അതു കൊ ണ്ട് അവരെ യുദ്ധത്തില്‍ പരാജയപ്പെടുത്തി അടക്കേണ്ടതാണ്. രക്ഷിക്കുവാന്‍ ശക്തിയില്ലെന്നറിയുന്ന ക്ഷത്രിയന്റെ നേരെ ശസ്ത്രമെടുക്കണം.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്നാല്‍ ക്ഷത്രിയനായ രാജാവ് ക്ഷത്രിയനായ രാജാവിനോടു ശസ്ത്രമെടുക്കുകയാണെങ്കില്‍ എങ്ങനെയാണ് യുദ്ധം ചെയ്യേണ്ടത്? അതും പിതാമഹാ! അങ്ങു പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: ചട്ട കെട്ടാത്ത ക്ഷത്രിയനുമായി യുദ്ധക്കളത്തില്‍ വെച്ച് എതിര്‍ക്കരുത്. ഒരുത്തന്‍ ഒരുത്തനോടേല്ക്കുക. വയ്യാത്തവനെ വിടുക. അവന്‍ സന്നദ്ധനായി വന്നാല്‍ താനും സന്നദ്ധനാകണം. അവന്‍ പട കൂട്ടി എത്തിയാല്‍ താനും പട കൂട്ടി പോരിന്നു വിളിച്ചു നേരിടണം. അവന്‍ ചതിയായിട്ടാണെതിര്‍ക്കുന്നതെങ്കില്‍ താനും ചതിയായിട്ടു തന്നെ നേരിടണം. അതല്ല ധര്‍മ്മത്താലാണ് എതിര്‍ക്കുന്നതെങ്കില്‍ താന്‍ ധര്‍മ്മത്താല്‍ത്തന്നെ തടുക്കണം. കുതിരയാല്‍ രഥിയോടേല്ക്കരുത്. രഥിയോട് രഥിയേല്ക്കണം. ഭീതനിലും, തോറ്റവനിലും, വൃസനത്തിന്നു പാത്രമായ സന്ദര്‍ഭത്തില്‍ പ്രഹരിക്കരുത്. വിഷം പുരട്ടിയ അമ്പു കൊണ്ടുള്ള പ്രയോഗം പാടില്ല. ഉടക്കുളിയമ്പും (കണ്ണി) പ്രയോഗിക്കരുത്. അതും നീച ശസ്ത്രമാണ്. യഥാര്‍ത്ഥമായി പൊരുതണം. കൊല്ലാന്‍ തുനിഞ്ഞു നില്ക്കുന്നവനോട് കോപിക്കരുത്. സാധുക്കളില്‍ ഉടവു പറ്റിയാല്‍ സാധു തന്നെ വ്യസനിക്കണം. ഉശിരു കെട്ടവനെ കൊല്ലരുത്. സന്താനമില്ലാത്തവനെ കൊല്ലാതെ വിടണം. ശസ്ത്രമേറ്റവന്‍, വിപത്തേറ്റവന്‍, ഞാണറ്റവന്‍, രഥം തകര്‍ന്നവന്‍ ഇവരെയൊക്കെ കൊല്ലാതെ വിട്ടയയ്ക്കണം. പ രുക്കേറ്റ യോദ്ധാവ് തന്റെ നാട്ടിലോ, തന്റെ വീട്ടിലോ പോയി ചികിത്സിക്കണം. തന്റെ നാട്ടില്‍ത്തന്നെ ശത്രുരാജാവിനെ ചികിത്സിച്ച്, മുറി പൊറുപ്പിച്ച്, രോഗം ഭേദമാക്കി പറഞ്ഞയയ്ക്കണം. ഇതു ശാശ്വതമായ ധര്‍മ്മമാണ്.
അതു കൊണ്ട് ധര്‍മ്മയുദ്ധം ചെയ്യണമെന്നാണ് സ്വായംഭൂവമനു പറഞ്ഞിട്ടുള്ളത്. നിത്യവും സത്തുക്കളില്‍ ധര്‍മ്മം വേണം. അധര്‍മ്മിയായി ധര്‍മ്മത്തെ മുടിക്കരുത്. അധര്‍മ്മം കൊണ്ടു ജയിക്കുന്ന അധര്‍മ്മയുദ്ധക്കാരന്‍ തന്നെത്തന്നെ കൊന്നു കളയുന്നു. അവന്‍ പാപിയും, നികൃതജീവനുമാണെന്നറിയുക. അത് തെറ്റായ ക്രിയയാണ്. സാധുക്കളെ സാധുവായ കര്‍മ്മത്താല്‍ ജയിക്കണം.
പാപം ചെയ്ത്, അധര്‍മ്മയുദ്ധം ചെയ്ത് ജയിക്കുന്നതിനേക്കാള്‍ നല്ലത് ധര്‍മ്മയുദ്ധം ചെയ്തു മരിക്കുന്നതാണ്. അധര്‍മ്മം പശുവിനെപ്പോലെയാണ്. ക്ഷണത്തില്‍ ഫലം കാണിക്കുകയി ല്ല. വേരും കൊമ്പുകളും ചുട്ടു പൊട്ടിക്കുന്ന മാതിരി പാപിയായ രാജാവ് പാപകര്‍മ്മം ചെയ്തു കൊണ്ടു വിത്തം നേടി സഞ്ചരിക്കും. ചോരവൃത്തികൊണ്ട് വര്‍ദ്ധിക്കയില്ല. അചൗര്യം കൊണ്ടേ വര്‍ദ്ധിക്കയുള്ളു. പാപി പാപത്തില്‍ അകപ്പെട്ടുപോകും.
ധര്‍മ്മമില്ലെന്നു വിചാരിച്ച് ശുദ്ധന്മാരെ പുച്ഛിക്കുകയാണെങ്കില്‍ അവന്ന് വിനാശം വന്നു ചേരും. പാപി സ്വന്തം ദുഷ്കര്‍മ്മം കൊണ്ട് കാറ്റിനാല്‍ ഇലയെന്ന പോലെ വലുതായിവരും. പിന്നെ പുഴവക്കത്തെ മരം പോലെ കടപുഴങ്ങി ഒലിച്ചു പോവുകയും ചെയ്യും. അവനെ കല്ലില്‍ തട്ടി ഉടയുന്ന കുടമായി കരുതുക. അതു കൊണ്ട് ധര്‍മ്മത്താല്‍ ജയിച്ച ധനം രാജാവു നേടുവാന്‍ വിചാരിക്കണം.
അദ്ധ്യായം 96. വിജിഗീഷമാണവ്യത്തം - ഭീഷ്മൻ പറഞ്ഞു: അധര്‍മ്മത്താല്‍ ഭൂമി പിടിക്കുവാനായി ഒരു രാജാവും ഒരുങ്ങരുത്. അധര്‍മ്മവിജയം കൊണ്ട് രാജാവ് ഒരിക്കലും പൂജ്യനായി മാനിക്കപ്പെടുകയില്ല. ഏറ്റവും അസ്ഥിരവും അസ്വര്‍ഗ്യവുമായ അധര്‍മ്മം ചേര്‍ന്ന വിജയം ആ രാജാവിനേയും, രാജാവ് നേടിയ ഭൂമിയേയും അധഃപതിപ്പിക്കും. പിന്നെ രാജാവ് പൊരുതുവാന്‍ പാടില്ലാത്തവനാരെന്നു പറയാം. ചട്ട പോയവനോടു പൊരുതരു ത്. പ്രാണനാശത്തെ ഭയന്ന് ഞാന്‍ ഭവാന്റെ ആളാണ് എന്നു പറയുന്നവനോടു പൊരുതരുത്. രക്ഷിക്കണമെന്നു പറഞ്ഞു കൈകുപ്പുന്നവനോടു പൊരുതരുത്. ആയുധം വെച്ചവനോടു പൊരുതരുത്. ഇപ്പറഞ്ഞ കൂട്ടരെ വധിക്കുവാന്‍ പാടില്ല. ബലത്താല്‍ ജയിച്ചു പിടിച്ചവനോടു പൊരുതരുത്. താന്‍ പിടിച്ച രാജാവിനെ കൊണ്ടു പോയി ഒരു കൊല്ലം അടിമയാക്കി വെക്കണം. അക്കാലത്ത് ഞാന്‍ അങ്ങയുടെ അടിമയാണ് എന്ന് ആ രാജാവു പറയണം. അതിന്നു ശേഷം അദ്ദേഹത്തെ സാമന്തനാക്കി വെക്കണം. പിന്നീട് അദ്ദേഹത്തിന്റെ പുത്രനെ ആ സ്ഥാനത്ത് വെക്കണം. രാജാവിന്റെ കന്യകയെ പിടിച്ചാല്‍ ഒരു വര്‍ഷം ജയിച്ച രാജാവിന്റെ ഗൃഹത്തില്‍ താമസിപ്പിക്കണം. ഒരു കൊല്ലം വസിച്ചതിന്നുശേഷം അവള്‍ക്ക് തന്നെ വിവാഹം കഴിക്കാന്‍ ഇഷ്ടമുണ്ടോ എന്ന് ചോദിക്കാം. അതിന്നു തയ്യാറില്ലെ ങ്കില്‍ അവളെ വിട്ടയയ്ക്കാം. പെട്ടെന്നു നേടിയ ധനമെല്ലാം സാവധാനത്തിലേ സ്വന്തമാക്കാവൂ. വദ്ധ്യദ്രവ്യം നിറുത്തരുത്. വിപ്രന്മാര്‍ക്കു കള്ളന്മാരില്‍ നിന്നു പിടിച്ചെടുത്ത ധനം ദാനം ചെയ്യണം. അങ്ങനെയുളള പശുക്കളുടെ പാല്‍ ബ്രാഹ്മണര്‍ക്കു കുടിക്കാം.
പിടിച്ചടക്കിയ കാളകളെ പൂട്ടാം, മടക്കിക്കൊടുക്കുകയുമാകാം, രാജാവ് രാജാവോടെതിര്‍ക്കണം എന്നാണ് ധര്‍മ്മശാസനം. രാജാവല്ലാത്ത അന്യനോടു രാജാവ് എതിര്‍ക്കരുത്. തമ്മില്‍ പട വെട്ടി കൊല്ലുവാന്‍ ഒരുങ്ങി രണ്ടു കൂട്ടരുടെ സൈന്യങ്ങളും നില്ക്കുമ്പോള്‍ അതിന്റെ ഉള്ളലിലേക്കു വഴക്കു ശമിപ്പിക്കുവാന്‍ ഒരു ബ്രാഹ്മണന്‍ കയറി വന്നാല്‍ രണ്ടു പങ്കുകാരും അപ്പോള്‍ പൊരുതരുത്. വിപ്രനെ ലംഘിക്കുന്നവന്‍ നിത്യമര്യാദ ലംഘിച്ചു കുറ്റക്കാരനാകും. മര്യാദ ലംഘിച്ച് ക്ഷത്രിയാഭാസനായിത്തീര്‍ന്നവനെ കൂട്ടത്തില്‍ കൂട്ടരുത്. മേലില്‍ സദസ്സില്‍ കയറ്റുകയുമരു ത്. ധര്‍മ്മലംഘനവും, മര്യാദകേടും ക്ഷത്രിയന്നു വലിയ അപരാധമാണ്. ആ പ്രവൃത്തി ഒരിക്കലും ജയകാംക്ഷിയായ ക്ഷത്രിയന്‍ തുടരുവാന്‍ പാടില്ല. ധര്‍മ്മാനുസരണമായി വിജയം പ്രാപിക്കുന്നതിനേക്കാള്‍ ശ്രേയസ്സായി മറ്റെന്തുണ്ട്? പെട്ടെന്ന് അകാര്യം ചെയ്യുകയാണെങ്കില്‍ രാജാവ് അവരെ സാന്ത്വവാക്കു പറഞ്ഞു പ്രസാദിപ്പിച്ചു പ്രീതി നേടണം. അല്ലെങ്കില്‍ അപകടമുണ്ടാക്കും.
രാജാവിന്ന് അപായം കാത്തുനില്ക്കുന്ന ശത്രുക്കള്‍, അന്യായമായി രാജ്യം പിടിച്ചടക്കപ്പെട്ട രാജാവ്, തന്റെ രാജ്യം വിട്ട് ഓടിയ രാജാവ് - ഇവര്‍ ശത്രുക്കളോടു ചേര്‍ന്ന് എതിര്‍ക്കുവാന്‍ ഇടയുണ്ടാക്കും. അവര്‍ സന്തോഷത്തോടെ രാജാവിന്നു ദുഃഖം കാംക്ഷിക്കുന്ന മറ്റു രാജാക്കളോടു ചേര്‍ന്നെതിര്‍ക്കും. ശത്രുവിനെ ചതിക്കരുത്. ശത്രുവാണെന്നു വെച്ച് അമ്പ് നശിപ്പിച്ചു വിടരുത്. മുടിച്ചവന്‍ ചിലപ്പോള്‍ ജീവന്‍ വെടിയുവാന്‍ ഇടയുണ്ട്. അത് ശ്രേയസ്‌കരമല്ല.
രാജ്യം അല്പം കൂട്ടിക്കൊടുത്താല്‍ സന്തോഷിക്കുന്ന രാജാവു ശുദ്ധമായ ജീവനേയും മാനിക്കുന്നതാണ്.
ഏത് രാജാവിന്നു ശ്രേയസ്സു നിറഞ്ഞ നാടുണ്ടോ, ഏത് രാജാവിന്റെ ആള്‍ക്കാര്‍ സമ്പന്നരാണോ, ഏതു രാജാവ് ഭംഗിയായി പാലിക്കുന്നുവോ, ഏതു രാജാവിന്നു സന്തുഷ്ടരായ ഭൃത്യന്മാരും സചിവനുമുണ്ടോ ആ രാജാവിനെ ദൃഢമൂലനാണെന്നു പറയാം. ഋത്വിക്കുകള്‍, പുരോഹിതന്മാര്‍, ആചാര്യന്മാര്‍ മറ്റു ശ്രുതസമ്മതന്മാര്‍ എന്നീ പൂജ്യന്മാര്‍ ഏതു രാജാവിന്നുണ്ടോ അവന്‍ ലോകജ്ഞനാണ്.
പണ്ട് ഇന്ദ്രന്‍ ഇത്തരം നടപടികളാലാണ് ഭൂമി നേടിയത്. അതു കൊണ്ടാണ് രാജാക്കന്മാര്‍ ഇന്ദ്രലോകം സിദ്ധിക്കുവാന്‍ വേണ്ടി ശ്രമിക്കുന്നത്. ഭൂമി കൂടാതെ വലിയ പോരില്‍ പ്രതര്‍ദ്ദന രാജാവ് ധനവും വേണ്ടുവോളം നേടി, എപ്പോഴും അന്നവും ഓഷധങ്ങളും ശീലിച്ചു.
അഗ്നിഹോത്രാഗ്നിശേഷത്തേയും ഹവ്യാന്നത്തേയും മാത്രം ആഹരിച്ചു കൊണ്ട് ദിവോദാസന്‍ വിപ്രഭാവവും കൈക്കൊണ്ടു. നാഭാഗരാജാവ് രാജര്‍ഷിമാരോടു കൂടിയ രാജ്യം യാഗാനന്തരം ദക്ഷിണയായി നല്‍കി. ശ്രോത്രിയന്റെ ധനം, താപസന്മാരുടെ ധനം, ഇവയൊക്കെ അതില്‍ നിന്ന് ഒഴിച്ചു നിര്‍ത്തി. വലുതും ചെറുതുമായ ധനങ്ങളൊക്കെ ധര്‍മ്മജ്ഞന്മാരായ ബ്രാഹ്മണര്‍ക്കു നീക്കി വെയ്ക്കപ്പെട്ടിരുന്നു.
തനിക്ക് നന്മവരണമെന്നു വിചാരിക്കുന്ന രാജാവ് എല്ലാ വിദ്യയും പഠിച്ച്, ജയിക്കുവാന്‍ ആഗ്രഹിക്കണം. മായകൊണ്ടും ദംഭം കൊണ്ടും രാജ്യം പിടിക്കുവാന്‍ ശ്രമിക്കരുത്.
അദ്ധ്യായം 97. ക്ഷത്രിയകര്‍ത്തവ്യം - യുധിഷ്ഠിരന്‍ പറഞ്ഞു ക്ഷത്ര ധര്‍മ്മത്തേക്കാള്‍ ദുഷ്ടമായ ധര്‍മ്മം എന്താണ് ലോകത്തിലുള്ളത് പിതാമഹാ? എത്ര ജനങ്ങളെയാണ് രാജാവു യുദ്ധയാത്ര മൂലവും നേരിട്ടുള്ള യുദ്ധം മൂലവും കൊന്നു കളയുന്നത്? ഇങ്ങനെ ക്രൂരകര്‍മ്മം ചെയ്യുന്ന രാജാവിന്ന്, എങ്ങനെയാണ് സ്വര്‍ഗ്ഗം അര്‍ഹിക്കുന്നത്? ഈ കാര്യം വ്യക്തമായി ഒന്ന് അറിഞ്ഞാല്‍ക്കൊള്ളാം ഭരതര്‍ഷഭാ!
ഭീഷ്മൻ പറഞ്ഞു: ദുഷ്ടന്മാരെ സംഹരിക്കല്‍, ശിഷ്ടന്മാരെ രക്ഷിക്കല്‍, ദാനം, യജ്ഞം എന്നിവ നടത്തല്‍ ഇവ കൊണ്ടൊക്കെ നിര്‍മ്മലമായ കീര്‍ത്തിയും രാജാക്കള്‍ നേടുന്നു. രാജാക്കന്മാര്‍ രാജ്യം വെട്ടിപ്പിടിക്കുമ്പോള്‍ ആ രാജ്യത്തെ പ്രജകള്‍ക്ക് വളരെ നാശനഷ്ടങ്ങള്‍ ബാധിക്കാം. എന്നാല്‍ രാജ്യം ജയിച്ചു കഴിഞ്ഞതിന്നു ശേഷം ക്രമസമാധാനങ്ങള്‍ പാലിച്ച് രാജാവ് പ്രജകളെ സമൃദ്ധിയിലേക്കു കൊണ്ടു പോവുകയാണല്ലോ ചെയ്യുന്നത്. ദാനം, യജ്ഞം, തപശ്ശക്തി ഇവകള്‍ കൊണ്ട് രാജാവ് തന്നെ ബാധിച്ച പാപം നശിപ്പിക്കുന്നു. ജീവജാലങ്ങളുടെ അനുഗ്രഹം മൂലം അവര്‍ക്ക് പുണ്യം വര്‍ദ്ധിക്കുകയും ചെയ്യും.
വയല്‍ നന്നാക്കുവാനായി വയലിലെ നെല്ലും കളയും നശിപ്പിക്കുന്നു. പിന്നെ നെല്ല് കളയില്‍ നിന്നു രക്ഷപ്പെടുത്തി വളര്‍ത്തുന്നു. ഈ മാതിരി ശസ്ത്രം വിട്ട് രാജാവ് വദ്ധ്യന്മാരെ കൊന്നു കളയുന്നു. അതിന്നുള്ള പരിഹാരമാണ് പിന്നീടു ചെയ്യുന്ന ജീവജാല വിവര്‍ദ്ധനമായ സംരക്ഷണം. ജനങ്ങള്‍ക്ക് ദസ്യുക്കളുടെ ആക്രമണം മൂലം ധനനഷ്ടവും അപായവും വന്നു ചേരുന്നു. രാജാവ് ദസ്യുക്കളെ വധിച്ച് പ്രജകള്‍ക്കു ജീവന്‍ നലകുന്നു. അങ്ങനെയുളള രാജാവ് ധനദനും, സുഖദനും, വിരാട്ടുമാണ്. അഭയം പ്രജകള്‍ക്കു നല്കുകയും സദക്ഷിണമായ സര്‍വ്വവിധ യജ്ഞങ്ങളും ചെയ്യുന്ന രാജാവ് സല്‍ക്കീര്‍ത്തിയും ബഹുമതിയും നേടി ഇന്ദ്രലോകത്തെ പ്രാപിക്കും. ബ്രാഹ്മണരുടെ രക്ഷയ്ക്കു വേണ്ടി ശ്രത്രുക്കളോടെതിര്‍ത്തു പൊരുതുകയാണെങ്കില്‍ ആത്മയൂപമില്ലാത്ത അനന്തമായ ദക്ഷിണയോടു കൂടിയ ഒരു മഹായജ്ഞമായി അതിനെ കണക്കാക്കാം. ഭയം വിട്ടു പോരാടി ദേഹം മുറിപ്പെടുകയും ശത്രുക്കളില്‍ അമ്പു വര്‍ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അതിനേക്കാള്‍ മഹത്തായ യാതൊരു നന്മയും ലോകത്തില്‍ രാജാക്കന്മാര്‍ക്കില്ല.
ഏതു രാജാവിന്ന് യുദ്ധത്തില്‍ ദേഹം എത്രത്തോളം പിളര്‍ന്നു പോയോ, അത്രയ്ക്കു മഹത്തായ ലോകങ്ങള്‍, സര്‍വ്വകാമപ്രദവും ദുഃഖക്ഷയവുമായ ലോകങ്ങള്‍ ആ രാജാവ് നേടും. ഏതവന്‍ പോരില്‍ ദേഹത്തില്‍ നിന്നു രക്തം പ്രവഹിക്കുന്നുവോ, ആ ദുഃഖത്തോടെ രാജാവു നേടിയ പാപവും ഒഴുകിപ്പോകും.
ക്ഷത്രിയന്‍ പോരില്‍ ഏതെല്ലാം ദുഃഖം അനുഭവിക്കുന്നുണ്ടോ, ആ ദുഃഖങ്ങളൊക്കെ വലിയ തപസ്സാണെന്നാണ് ധര്‍മ്മജ്ഞന്മാര്‍ പറയുന്നത്. ധര്‍മ്മപുരുഷന്മാരായ ഭീരുക്കള്‍ യുദ്ധത്തില്‍ പിന്നില്‍ നില്ക്കുന്നു. ധീരന്മാരായ ധര്‍മ്മപുരുഷന്മാരില്‍ നിന്ന്, കാറില്‍ നിന്നു ജലവര്‍ഷം പോലെ, അവര്‍ ശരണം കാംക്ഷിക്കുന്നു. ശൂരന്മാര്‍ ഭയത്തിലെന്ന പോലെ തന്നെ ക്ഷേത്രത്തിലും പ്രജകളെ കാക്കുന്നതായാല്‍ ആ ക്രിയകൊണ്ട് പ്രജകള്‍ ആ രാജാവിനെ എന്നും കൈകുപ്പും. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഗതികേടിന് ഒരറുതിയും ലഭിക്കുകയുമില്ല.
തുല്യ യോഗ്യതയോടും ആരോഗ്യത്തോടും കൂടിയ പുരു ഷന്മാരില്‍ യുദ്ധക്കളത്തില്‍ വൃത്യാസം കാണുന്നുണ്ട്. ചിലര്‍ പോരില്‍ നിര്‍ഭയം പടയ്ക്കുള്ളില്‍ കുതിച്ചുക യറുകയും ആര്‍ക്കുകയും ചെയ്യും. ചിലര്‍ അങ്ങനെയല്ല താനും. ശൂരൻ ശത്രുക്കളോട് നെഞ്ചുകാട്ടി എതിര്‍ക്കുന്നു. ഭീരുവോ, തടിയും കൊണ്ട് ഓടിക്ക ഉയുന്നു.
പോര്‍ക്കളത്തില്‍ തുണക്കാരെ വിട്ട് തടിയും കൊണ്ട് ഓടി വീട്ടില്‍ക്കയറി ഒളിക്കുന്ന ഭീരുക്കളെ ഉണ്ണീ, ആരും ജനിപ്പിക്കാതിരിക്കട്ടെ! അത്തരക്കാര്‍ക്ക് ഇന്ദ്രാദിദേവന്മാര്‍ അശുഭമാണു നല്കുക. തുണക്കാരെ വിട്ട് ആത്മരക്ഷയ്ക്കു വേണ്ടി പടക്കളം വിട്ടോടുന്ന കൂട്ടരെ പിടിച്ചു കല്ലിന്മേല്‍ കിടത്തി വേറെ ഒരു കല്ലോ മരമുട്ടിയോ എടുത്ത് ഇടിച്ചു കൊന്നുകളുയണം! പശുവിനെപ്പിടിച്ചു നല്ല മൂര്‍ച്ചയുള്ള കത്തി കൊണ്ടു കഴുത്തു മുറിക്കുന്ന മാതിരി ഇത്തരക്കാരായ ക്ഷത്രിയന്മാരെ കൊന്നു കളയണം.
അല്ലയോ യുധിഷ്ഠിരാ, ക്ഷത്രിയന്‍ മെത്തയില്‍ കിടന്നു ചാവുകയെന്നത് അധര്‍മ്മമാണ്. വാര്‍ദ്ധക്യം ബാധിച്ച് കിടക്കയില്‍ കിടന്നു ചുമച്ചു കുരച്ച്, കഫം തുപ്പി, മൂത്രവും മലവും വിട്ട് "അയ്യോ! അയ്യോ! വലഞ്ഞല്ലോ" എന്നാവലാതിപ്പെട്ട് കിടന്നു ചാകുന്നത് ക്ഷത്രിയന്നു ചേര്‍ന്നതല്ല. മുറിപ്പെടാത്ത ദേഹമുള്ള ക്ഷത്രിയന്‍ ചത്തു പോയാല്‍ അവനെപ്പറ്റി, അവന്റെ കര്‍മ്മങ്ങളെപ്പറ്റി, നാട്ടുകാരാരും പുകഴ്ത്തുകയില്ല. ഉണ്ണി, വീട്ടില്‍ക്കിടന്നു ചാകുന്നത് ക്ഷത്രിയന്നു ചേര്‍ന്നതല്ല. അത് നിന്ദ്യമായ മരണമാണ്. അത് ശൗരൃം കെട്ടതും ശൂരന്മാര്‍ക്കു ചേരാത്തതും കൃപണവും അധര്‍മ്മവുമാണ്.
വീട്ടില്‍ക്കിടന്ന് ക്ഷത്രിയന്‍ മരിക്കാന്‍ ആഗ്രഹിക്കരുത്. അത് ദുഃഖം വളര്‍ത്തുന്ന കഷ്ടമായ, പാപമായ മൃതിയായേ ക്ഷത്രിയന്മാര്‍ കരുതൂ. ഞെരങ്ങി ഏങ്ങി വലിച്ചു കിടന്ന്, ദുര്‍ഗ്ഗന്ധം പരത്തി, മുഖം വികൃതമായി മാറി, മക്കള്‍ക്കു ദുഃഖം വളര്‍ത്തി, മറ്റുളളുവര്‍ക്കു പല വിധം കഷ്ടം വരുത്തി, ആരോഗ്യം കിട്ടുവാന്‍ കാംക്ഷിച്ചു കിടന്ന് ചത്താല്‍ മതിയെന്നു തോന്നി, അങ്ങനെ ദീര്‍ഘ നാള്‍ കിടന്ന് മരിച്ചു പോകുന്ന ആ മരണം ഒരിക്കലും ക്ഷത്രിയന്നു ചേര്‍ന്നതല്ല.
വീരനും ദൃപ്തനും മാനിയുമായ ക്ഷത്രിയന്‍ ഇപ്രകാരമുളള മരണം കാംക്ഷിക്കയില്ല. യുദ്ധത്തില്‍ ശത്രുക്കളെ വെട്ടിവീഴ്ത്തി, ജ്ഞാതി വര്‍ഗ്ഗത്താല്‍ ചുഴന്ന് തീക്ഷ്ണമായ ശസ്ത്രങ്ങളേറ്റു ദേഹം മുറിഞ്ഞ് മരിച്ചു വീഴുകയെന്നതാണ് ക്ഷത്രിയന്‍ അര്‍ഹിക്കുന്ന മാതിരിയുള്ള മരണം.
ശൂരനായ ക്ഷത്രിയന്‍, കാമക്രോധങ്ങള്‍ വളരെ ഏറ്റവനായ ശൂരന്‍, ശത്രുക്കള്‍ തീക്ഷ്ണമായ ശസ്ത്രങ്ങള്‍ കൊണ്ട് ദേഹത്തില്‍ മുറിവേലപിച്ചാലും അവന്‍ അതറിയുക തന്നെയില്ല. പോരില്‍ അങ്ങനെ മരണം വരിച്ച ക്ഷത്രിയന്‍ ലോകത്തില്‍ കീര്‍ത്തി നേടി, ലോക പൂജിതനായി അഭിമാന പൂര്‍വ്വം സ്വധര്‍മ്മം നേടി, ഇന്ദ്രലോകത്തെ പ്രാപിക്കും.
എല്ലാ വിധത്തിലും പോര്‍ക്കളത്തില്‍ എതിര്‍ത്തു പോരാടി മരിച്ച വീരയോദ്ധാവ് പുറം കാണിക്കാത്ത, തോറ്റോടാത്ത, ശൂരനായ രാജാവ് ഇന്ദ്രലോകം പ്രാപിക്കും.
ശത്രുക്കളാല്‍ ചുറ്റപ്പെട്ട്, ശത്രുക്കള്‍ ഹനിക്കുമെന്നു വരുമ്പോഴും ദൈന്യഭാവം കൂടാതെ ധീരനായി പോരാടി മരിക്കുന്ന രാജാവ് എവിടെ വെച്ചു സിദ്ധി കൂടുന്നുവോ അവന്‍ അവിടെ വെച്ച് അക്ഷയമായ ലോകങ്ങള്‍ നേടുന്നു.
അദ്ധ്യായം 98. ഇന്ദ്രാംബരീഷസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! പോര്‍ക്കളത്തില്‍ നിന്നു ഭയപ്പെട്ടോടാതെ വീരനായി പോരാടി മരണം വരിക്കുന്ന രാജാവിന്ന് ഏതു തരം ലോകമാണ് മരിച്ചതിന്നു ശേഷം കിട്ടുക? ഭവാന്‍ പറഞ്ഞു തന്നാലും.
ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ! നീ ഈ ചോദിച്ച ചോദ്യത്തിന്ന് വ്യക്തമായ ഒരു കഥ പറഞ്ഞു തരാം. പണ്ടുള്ളവര്‍ ഉദാഹരണമായി പറയാറുള്ള ഈ കഥ ഇന്ദ്രനും അംബരീഷനും തമ്മില്‍ നടന്ന സംഭാഷണമാണ്. ശ്രദ്ധിച്ചു കേള്‍ക്കുക.
നാഭാഗിയായ അംബരീഷ രാജാവ് ദൂര്‍ല്ലഭമായ സ്വര്‍ഗ്ഗം നേടി. സ്വര്‍ഗ്ഗത്തില്‍ ചെന്ന സമയത്ത് തന്റെ മന്ത്രിയുണ്ട് ഇന്ദ്രനോടു കൂടി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നു. മന്ത്രി തേജോമയവും ദിവ്യവുമായ വിമാനത്തില്‍ കയറി ഉയര്‍ന്നുയര്‍ന്നു പോകുന്നതായും കണ്ടു. ഉദാരശീലനായ രാജാവ്, തന്റെ സേനാനായകനായ സുദേവന്‍ ഇങ്ങനെ തന്നേക്കാള്‍ ബഹുമാന്യമായ പദവിയില്‍ ഉയര്‍ന്നു പോകുന്നതായി കണ്ടപ്പോള്‍ വിസ്മയത്തോടെ ഇന്ദ്രനോടു ചോദിച്ചു.
അംബരീഷന്‍ പറഞ്ഞു: അല്ലയോ ദേവരാജാവേ, ഞാന്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂമി മുഴുവന്‍ വിധി പോലെ സംരക്ഷിച്ചു. ധര്‍മ്മം പാലിക്കുവാനുള്ള ആശയോടെ ശാസ്ത്രാനുസരണം ചാതുര്‍ വർണ്യങ്ങളെ സംരക്ഷിച്ചു. ഘോരമായ ബ്രഹ്മചര്യമനുഷ്ഠിച്ച് ഗുരുവിനെ വേണ്ട വിധം സേവിച്ച് വേദം പഠിച്ചു. രാജശാസ്ത്രവും വിധി പോലെ പഠിച്ചു. അന്നപാനങ്ങള്‍ നല്കി പാന്ഥന്മാരെ പൂജിച്ചു. സ്വധയാല്‍ പിതൃക്കളെ പൂജിച്ചു സല്‍ക്കരിച്ചു, സ്വാദ്ധ്യായത്താല്‍ ഋഷിമാരേയും യജ്ഞങ്ങള്‍ ചെയ്ത് ദേവന്മാരേയും പ്രീതിപ്പെടുത്തി. ക്ഷത്രധര്‍മ്മം തെറ്റാതെ നിന്ന് ശാസ്ത്രപ്രകാരം, വിധി പോലെ നോക്കിക്കണ്ട് യുദ്ധത്തില്‍ ഞാന്‍ ശത്രുക്കളെ ജയിച്ചു. ഈ എന്റെ മന്ത്രിയായ സുദേവന്‍, മുമ്പ് എന്റെ പടനായകനായിരുന്ന സുദേവന്‍, ഒരു ശാന്തശീലനായ യോദ്ധാവായിരുന്നു. അങ്ങനെയുള്ള എന്റെ ഈ മന്ത്രി എന്നേക്കാള്‍ മേലെ പൂജനിയനായിത്തീരുവാന്‍ എന്താണു കാരണം വാസവാ?
ഇവനാണെങ്കില്‍ പ്രധാനപ്പെട്ട യജ്ഞങ്ങളൊന്നും തന്നെ ചെയ്തിട്ടില്ല. ബ്രാഹ്മണരെ തര്‍പ്പിച്ചിട്ടുമില്ല. ഇന്ദ്രാ! അങ്ങനെയുള്ള ഇവന്‍ എന്താണ് എന്നേക്കാള്‍ മേലെയാകാന്‍?
ഇന്ദ്രന്‍ പറഞ്ഞു: ഈ സുദേവന് സംഗ്രാമയജ്ഞം മൂലമാണ് ഈ മഹത്തായ നേട്ടമുണ്ടായത്. പടത്തലയ്ക്കല്‍ സന്നദ്ധനായി, ദീക്ഷിതനായി പൊരുതുന്ന ഏതു യോദ്ധാവിന്നും വിസ്തൃതമായ, ഈ മഹത്തായ നേട്ടം ലഭിക്കും. അത്തരത്തില്‍ യുദ്ധയജ്ഞത്തിന്ന് അധികാരസ്ഥനായാല്‍ തീര്‍ച്ചയായും അവന്നുള്ള നേട്ടം ഇതാണ്.
അംബരീഷന്‍ പറഞ്ഞു: അങ്ങു പറഞ്ഞ ഈ യജ്ഞമുണ്ടല്ലോ അതില്‍ എന്താണ് ഹവിസ്സ്? എന്താണ് ആജ്യം? എന്താണ് ദക്ഷിണ? ആരൊക്കെയാണ് ഋത്വിക്കുകള്‍? ശതക്രതോ, അങ്ങ് ഇവയെല്ലാം ഒന്നു വിസ്തരിച്ചു പറഞ്ഞു തരൂ!
ഇന്ദ്രന്‍ പറഞ്ഞു: പറയാം, ശ്രദ്ധയോടെ കേള്‍ക്കുക. ഈ യജ്ഞത്തില്‍ ഋത്വിക്കുകള്‍ കരീന്ദ്രന്മാരാണ്! വലിയ ആനകളാണ്! അദ്ധ്വര്യുക്കള്‍ കുതിരകളാണ്. ഹവിസ്സ് (ഹോമവസ്തു) എന്നതു ശത്രുക്കളുടെ മാംസമാണ്. ആജ്യം (നെയ്യ്) എന്നത് രക്തപ്രവാഹമാണ്. യാഗത്തിലെ സദസ്യര്‍, കുറുക്കനും, കഴുകന്മാരും, കാകോളങ്ങളും, മറ്റു പക്ഷികളുമാണ്. അവര്‍ ആജ്യവും, ഹവിസ്സും, (ആവശ്യം നിര്‍വഹിച്ച ശേഷമുള്ള നൈവേദ്യം) അധ്വരത്തില്‍ അനുഭവിക്കുന്നു. കുന്തം, തോമരം, വാള്‍, വേല്‍, വെന്മഴു എന്നിവ ധാരാളം ഊട്ടിത്തേച്ച് വിളങ്ങുന്ന മറ്റ് ആയുധങ്ങളെല്ലാം ആജ്യം ഹോമിക്കുവാനുള്ള കയിലുകളും, തവികളുമാണ്. അതില്‍ ശക്തിയോടെ വില്ലില്‍ നിന്ന് കുതിക്കുന്നതും, ശത്രുവിന്റെ ദേഹം പിളര്‍ക്കുന്നതും, തേച്ച് മൂര്‍ച്ച കൂട്ടിയതും, വളവില്ലാത്തതുമായ നല്ല ശരമുണ്ടല്ലോ അതാണ് പ്രധാനമായ സ്രുവം (ഇരട്ടവായുള്ള തവി). ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ പിടിയുള്ളതും, പുലിത്തോലു കൊണ്ടുണ്ടാക്കിയ ഉറയുളളതും, ആനയുടെ തുമ്പിക്കൈയറുക്കുവാന്‍ പോരുന്ന ബലമുള്ളതുമായ വാളാണ്, ആ യജ്ഞത്തില്‍, ആ രാജാവിന്ന് സ്പിക്കായിട്ടുള്ളത് (സ്പിക്ക് എന്നു പറയുന്നത് യാഗശാലയില്‍ വരയ്ക്കുന്ന തിന്നുള്ള ഒരു വടിയാണ്). കൂര്‍ത്തുമിന്നുന്ന കത്തി, വേല്‍, നല്ല ഋഷ്ടി, വെന്മഴു എന്നീ ആയുധങ്ങള്‍, തീക്ഷ്ണമായ ശൈക്യായസം കൊണ്ടു നിര്‍മ്മിക്കപ്പെട്ട ആയുധങ്ങള്‍, ഇവയൊക്കെയാണ് യാഗശാലയില്‍ പലയിടത്തു നിന്നും വന്നു ചേര്‍ന്ന ജനസഞ്ചയം. യുദ്ധം ചെയ്യുന്ന അവസരത്തില്‍ ക്രോധത്തോടെ ഒഴുക്കുന്ന രക്തമാണ് യുദ്ധമാകുന്ന യജ്ഞത്തിലെ സര്‍വ്വകാമദമായ, പൂര്‍ണ്ണമായ ആഹുതി.
പടത്തലയ്ക്കല്‍ വെട്ടുക! കീറുക! അറുക്കുക! എന്ന വാക്കുകള്‍ മുഴങ്ങുന്നതു കേള്‍ക്കാറില്ലേ? അതാണ് ഈ അധ്വരത്തില്‍ ചൊല്ലുന്ന സാമവേദം. ആ സാമഗായകന്മാര്‍ അത് യമന്റെ മന്ദിരത്തിന്റെ വാതില്‍ക്കല്‍ വെച്ചാണ് ആലപിക്കുന്നത്. ശത്രു സൈനൃത്തിന്റെ അണിയാണ് തര്‍പ്പണ വസ്തു.
ആന, കുതിര, യോദ്ധാക്കള്‍ ഇവരുടെ സഞ്ചയമാണ് യജ്ഞത്തില്‍ വിധിച്ച "ശ്യേനചിതാഗ്നി". വളരെ ജനങ്ങളെ കൊല്ലുമ്പോള്‍ അതിന്നിടയില്‍ തലയില്ലാതെ നിവര്‍ന്ന് എഴുന്നേറ്റു നില്ക്കുന്ന ഉടലുകളാണ് ആ യജ്ഞത്തിലെ എട്ടു കെട്ടുള്ള ഖാദിര യൂപം.
തോട്ടി ചെവിക്കുറ്റിയില്‍ കൊളുത്തിവലിക്കുമ്പോള്‍ ആനകളുണ്ടാക്കുന്ന ചിന്നം വിളിയാണ് യജ്ഞത്തിലെ ഇഡാമന്ത്രോച്ചാരണം. പെരുമ്പറ കൊട്ടലും, കൈയടി ശബ്ദവുമാണ് ഈ യാഗത്തിലെ വഷള്‍ക്കാരങ്ങള്‍. ഇവയൊക്കെയാണ് രാജാവേ, ത്രിസാമാദുന്ദുഭികള്‍. ബ്രഹ്മസ്വം അപഹരിക്കപ്പെടുമ്പോള്‍ ആ സ്വത്ത് രക്ഷിക്കുന്നതിന്നു വേണ്ടി ഏതൊരുത്തന്‍ തന്റെ പ്രിയപ്പെട്ട ശരീരം പോരില്‍ ബലിയര്‍പ്പിക്കുന്നുവോ ഇതാണ് ആത്മയൂപം വിട്ട അനന്തദക്ഷിണമായ മഖം.
പടത്തലയ്ക്കല്‍ സ്വാമിക്കുവേണ്ടി വിക്രമിക്കുന്ന ശൂരൻ പേടിച്ച് യുദ്ധക്കളത്തില്‍ നിന്ന് ഓടാതിരിക്കുകയാണെങ്കില്‍ അവന്നു ലഭിക്കുക എനിക്കുളളതു പോലെയുള്ള ലോകമാണ്.
നല്ല തോലുറയിട്ട വാളും ഇരുമ്പുലക്ക പോലുള്ള കൈകളും യുദ്ധ വേദിയില്‍ ആര് ചിന്നുന്നുവോ അവന്ന് എനിക്കുള്ളതു പോലെയുള്ള ലോകമാണ് ലഭിക്കുക.
സഹായമൊന്നും പ്രതീക്ഷിക്കാതെ വിജയിക്കുമെന്നുള്ള ഉറപ്പോടെ ശത്രുക്കളുമായി പോരാടുവാന്‍ പടക്കളത്തിലിറങ്ങുന്നവന്‍ എനിക്കുള്ള മാതിരിയുള്ള ലോകം സിദ്ധിക്കും.
ഇനിയും എനിക്കുള്ള ലോകത്തില്‍ എത്തുന്ന വീരന്മാര്‍ എങ്ങനെയുള്ളവരാണെന്നു പറയാം:
യുദ്ധത്തില്‍ ഒഴുക്കുന്ന രക്തപ്രവാഹമാകുന്ന പുഴയില്‍ അവിടവിടെ നീന്തുന്ന ചെണ്ടകള്‍ ആര്‍ക്ക് തവളകളും ആമകളുമായി ആ പുഴയില്‍ തോന്നുന്നുവോ, ആര്‍ക്ക് വീരന്മാരുടെ അസ്ഥിക്കൂട്ടം ചരലായിത്തോന്നുന്നുവോ, മാംസവും ചോരയും ദുര്‍ഗ്ഗമമായ ചേറായിത്തോന്നുന്നുവോ, വാളുകളും തോലുറകളും തോണികളായിത്തോന്നുന്നുവോ, യോദ്ധാക്കളുടെ മുടികള്‍ രക്തപ്പുഴയില്‍ ആര്‍ക്ക് ചണ്ടികളായിത്തോന്നുന്നുവോ, അറ്റുവീണ ആനക്കൂട്ടവും കുതിരക്കൂട്ടവും പാലമായും, പതാകയും ധ്വജവും മേല്‍വിരിപ്പുമായും തോന്നുന്നുവോ, അവന്ന് എനിക്കുള്ള ലോകം സിദ്ധിക്കുന്നതാണ്. രക്തപ്രവാഹം നിറഞ്ഞു കടക്കുവാന്‍ തരപ്പെടാത്തതും ചത്ത ആനകളാകുന്ന ന്രകങ്ങള്‍ ചേര്‍ന്ന് പരലോകത്തേക്കൊഴുകുന്നതും, ഋഷ്ടികളും വാളുകളുമായ വഞ്ചികള്‍ പ്രവഹിക്കുന്ന രക്തപ്പുഴയില്‍ കഴുക്കളും കങ്കങ്ങളുമാകുന്ന പ്ലവങ്ങളും ചേര്‍ന്ന് രാക്ഷസന്മാര്‍ ചാടിക്കളിച്ചു പുളയ്ക്കുന്നതും, ഭീരുക്കള്‍ക്ക് ഭയങ്കരവുമായ ആ നദി ആര്‍ക്ക് അവഭൃതസ്നാനത്തിന്നായിത്തീരുന്നുവോ, ആര് ഈ യാഗവേദിയില്‍ ശത്രുക്കളുടെ തലയും ആനകളുടേയും കുതിരകളുടേയും കഴുത്തും അറുത്തു ഹോമിക്കുന്നുവോ, ആ വീരന് എനിക്കുള്ളതു പോലെയുളള ലോകം സിദ്ധിക്കുന്നതാണ്.
ശത്രുക്കളുടെ സേനാമുഖം പത്നിയുടെ ഗൃഹമായും സ്വന്തം സൈന്യം ഹവിര്‍ദ്ധാനമായും വീരന്നു ഭവിക്കുമെന്ന് മനീഷികള്‍ പറയുന്നു.
ഏതു യാഗത്തില്‍ സദസ്യര്‍ തെക്കു ഭാഗത്തെ ഭടന്മാരും, അഗ്നിന്ദ്രന്‍ ഉത്തരദിക്കും, ശത്രു സൈന്യങ്ങള്‍ തന്റെ ധര്‍മ്മപത്നിയുമായിക്കാണുന്നുവോ അവന്നധീനമാണ് ഏതു ശ്രേഷ്ഠ മായ ലോകവും. അവന്ന് യുദ്ധക്കളം വേദിയും മൂന്നഗ്നികള്‍ മൂന്നു വേദങ്ങളുമാകുന്നു.
പേടിച്ചോടുന്ന ഭടന്‍ ശത്രുക്കളാല്‍ വധിക്കപ്പെടുകയാണെങ്കില്‍ അവന്‍ നിലയില്ലാത്ത നരകത്തില്‍ തീര്‍ച്ചയായും പതിക്കും.
ആരുടെ രക്തമൊഴുകി ഈ അദ്ധ്വരവേദി നനവേലക്കുന്നുവോ, ആ വേദിയില്‍ അവന്റെ മുടിയും മാംസവും അസ്ഥിയും ബലിയര്‍പ്പിക്കപ്പെടുന്നുവോ, അവന്‍ തീര്‍ച്ചയായും സല്‍ഗതിയെ പ്രാപിക്കുന്നതാണ്.
സേനാനായകനെ വധിച്ച് അവന്റെ വാഹനത്തില്‍ കയറുന്നവനാരോ അവന്‍ തീര്‍ച്ചയായും വിഷ്ണുപദത്തെ പ്രാപിക്കുന്നതാണ്. അവന്‍ ബൃഹസ്പതി തുല്യനും പ്രഭുവുമാകും.
സേനാനായകനേയോ അവന്റെ പുത്രനെയോ വേറെ പൂജ്യന്മാരായവരേയോ ജീവനോടെ പിടിക്കുന്നവന്ന് തീര്‍ച്ചയായും എന്റെ ലോകം സിദ്ധിക്കുന്നതാണ്.
പോരില്‍ മരിച്ച ശൂരനെക്കുറിച്ച് ഒരിക്കലും ദുഃഖിക്കരുത്. അനുശോച്യനായ ആ മരിച്ച ശൂരൻ സ്വര്‍ഗ്ഗലോകത്തില്‍ വിളങ്ങും. അവന്ന് ചോറും വേണ്ടാ, നീരും വേണ്ടാ, പിണ്ഡവും വേണ്ടാ, പുലകുളിയും വേണ്ടാ, പിതൃകര്‍മ്മവും വേണ്ടാ. അതൊന്നുമില്ലെങ്കിലും അവന്നു മോക്ഷം സിദ്ധിക്കും.
യുദ്ധത്തില്‍ മരിച്ചവന്നു ലഭിക്കുന്ന ഭാഗ്യങ്ങളെ ഞാന്‍ പറയാം: അവന്‍ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ സുന്ദരിമാരായ അപ്സര സ്ത്രീകള്‍ അനേകായിരം പേര്‍ ഓടിച്ചെന്നെതിരേറ്റ്, "ഇദ്ദേഹം എന്റെ ഭര്‍ത്താവാകണം, എന്റെ ഭര്‍ത്താവാകണം" എന്ന് ഓടിച്ചെന്നു കുട്ടി ക്കൊണ്ടുപാകുവാന്‍ തിരക്കിട്ടു മുന്നോട്ടു വരും.
ഈ തപസ്സ് വലിയ പുണ്യമായിട്ടുളളതാണ്, സനാതനമായ ധര്‍മ്മമാണ്. യുദ്ധം വേണ്ട പോലെ ചെയ്യുന്നവന്ന് നാല് ആശ്രമഫലവുമുണ്ട്.
വൃദ്ധരേയും ബാലരേയും സ്ത്രീകളേയും കൊല്ലരുത്. പ്രാണനും കൊണ്ട് പിന്തിരിഞ്ഞോടുന്നവനേയും കൊല്ലരുത്. വായില്‍ പുല്ലു കടിച്ചു നില്ക്കുന്നവനെ കൊല്ലരുത്. (അതു കീഴ ടങ്ങിയവന്റെ അടയാളമാണ്.) ഞാന്‍ നിന്റെ ആളാണ് എന്നു പറയുന്നവനേയും കൊല്ലരുത്. ജംഭന്‍, വ്യത്രന്‍, വലന്‍, പാകന്‍, ശതമായന്‍, വിരോചനന്‍, ദുര്‍വ്വാര്യനായ നമുചി, ബഹുമായാവി, ശംബരന്‍, ദൈത്യനായ വിപ്രചിത്തി, വളരെയേറെ ദാനവന്മാര്‍, പ്രഹ്ലാദന്‍ ഇവരെയൊക്കെ പോരില്‍ കൊന്ന് ഞാന്‍ ദേവന്മാരുടെ ഇന്ദ്രനായിത്തീര്‍ന്നു.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞ മൊഴികേട്ട് അവന്റെ വാക്കുകളെ പ്രശംസിച്ച്, യോദ്ധാക്കള്‍ക്കുള്ള ആത്മസിദ്ധിയുടെ മഹത്വം അംബരീഷന്‍ ഗ്രഹിച്ചു.
അദ്ധ്യായം 99. സ്വര്‍ഗ്ഗനരകപ്രാപ്തി -. ഭീഷ്മൻ പറഞ്ഞു: ഇതിനെക്കുറിച്ച് പണ്ടുളളവര്‍ പറയാറുള്ള ഒരു കഥ ഞാന്‍ പറയാം: അതു പ്രദര്‍ദ്ദനനും മൈഥിലനും തമ്മില്‍ നടന്ന ഒരു യുദ്ധത്തിന്റെ കഥയാണ്.
യുദ്ധയജ്ഞം കഴിഞ്ഞ് ജനക മഹാരാജാവ് മിഥിലയില്‍ രാജ്യഭാരം നടത്തുന്ന കാലത്ത് യോദ്ധാക്കള്‍ക്കു ഹര്‍ഷം വളര്‍ത്തിയ ഒരു കഥ ഞാന്‍ പറയാം, അതു നീ കേള്‍ക്കുക.
മിഥിലാധിപനായ ജനക മഹാരാജാവ് എല്ലാ തത്ത്വങ്ങളും അറിയുന്ന ഒരു മഹാത്മാവായിരുന്നു. അദ്ദേഹം തന്റെ യോദ്ധാക്കള്‍ക്ക് സ്വര്‍ഗ്ഗവും നരകവും കാണിച്ചു കൊടുത്തു. രാജാവ് യോദ്ധാക്കളെ വിളിച്ച് ഇപ്രകാരം പറഞ്ഞു; ഹേ യോദ്ധാക്കളെ, നോക്കുവിന്‍! ഇതാ നിര്‍ഭയരായ യോദ്ധാക്കള്‍ക്കു ലഭിക്കുന്ന മഹത്തായ സ്വര്‍ഗ്ഗം! യാതൊരു നാശവുമില്ലാത്തതും, എല്ലാ ആഗ്രഹങ്ങളേയും ദാനം ചെയ്യുന്നതും, സുന്ദരിമാരായ ഗന്ധര്‍വ്വസ്ത്രീകളോടു ചേര്‍ന്നതുമായ സ്വര്‍ഗ്ഗം ഇതാ നിങ്ങളുടെ മുമ്പില്‍ നോക്കി കണ്ടുകൊള്ളുക. ഇതാ അങ്ങോട്ടു നോക്കൂ! അവിടെ നിങ്ങള്‍ക്കു നരകം കാണാം. അത് പടക്കളത്തില്‍ നിന്നു പാഞ്ഞോടുന്നവര്‍ക്കുള്ള സ്ഥാനമാണ്. നരകം, നോക്കിക്കാണുക. എന്നേക്കും ദുഷ്പേരു നേടുന്നവര്‍ക്കുളള ലോകമാണ് ഈ നരകം! ഇനി എന്താണു വേണ്ടതെങ്കില്‍ അതു കണ്ടു കൊള്ളുവിന്‍! ഇവ രണ്ടും കണ്ടറിഞ്ഞതിന്നു ശേഷം നിങ്ങള്‍ വേണ്ടതു സ്വീകരിച്ചു കൊളളുക. ഇവ നോക്കിക്കണ്ട് നിങ്ങള്‍ ശത്രുക്കളെ പോരില്‍ ജയിക്കുവിന്‍! ത്യാഗബുദ്ധികളാകുവിന്‍! നിലയില്ലാത്ത നരകത്തില്‍ പതിക്കാത്ത വിധം മാന്യമായി ജീവിക്കുവിന്‍!
ത്യാഗം മൂലം യോദ്ധാക്കള്‍ക്കു സ്വര്‍ഗ്ഗം ലഭിക്കും എന്നു രാജാവു പറഞ്ഞറിഞ്ഞ യോദ്ധാക്കള്‍ ഹേ പരപുരഞ്ജയാ! പോരില്‍ ശത്രുക്കളെ രാജാവിന് ഹര്‍ഷം വര്‍ദ്ധിക്കുമാറ് ജയിച്ചു. അതു കൊണ്ട് ആത്മവാനായി ക്ഷത്രിയന്‍ യുദ്ധത്തില്‍ ഉറച്ചു നില്ക്കണം. ആനകള്‍ക്കുളളില്‍ തേരുകള്‍, തേരുകളുടെ പിന്നിലായി കുതിരപ്പട, കുതിരപ്പടയുടെ ഇടയിലായി കാലാള്‍പ്പട നില്ക്കണം. ഇപ്രകാരം വ്യൂഹം ചമച്ച രാജാവ് നിത്യവും ശത്രുക്കളെ ജയിക്കുന്നു. അതു കൊണ്ട് നീയും അങ്ങനെ തന്നെ ചെയ്യണം യുധിഷ്ഠിരാ!
പോരില്‍ ശൗര്യം മൂലം എല്ലാവരും സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നു. സമുദ്രത്തെ തിമിംഗലമെന്ന പോലെ അവര്‍ സൈന്യത്തെയിട്ട് ഇളക്കി മറിക്കുന്നു. ദുഃഖിക്കുന്നവരെ സന്തോഷിപ്പിക്കുകയും, തമ്മില്‍ ഉറപ്പിക്കുകയും, ജയിച്ചു പിടിച്ച ഭൂമി സംരക്ഷിക്കുകയും. ഉളളു തകര്‍ന്നവരില്‍ അധികം കയറുവാന്‍ നോക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. ജീവനില്‍ കൊതി വിട്ട് വീണ്ടും കയറി പട വെട്ടുകയാണെങ്കില്‍ അദ്ധാനം കൂടുതലാകും. അതു സഹിക്കുവാന്‍ കഴിയാതെയായേക്കും. അതു കൊണ്ട് വിശ്രമം കൂടാതെ അധികം കയറി അടിക്കുവാന്‍ ശ്രമിക്കരുത്. പടക്കളത്തില്‍ നിന്നു പേടിച്ച് തടിയും കൊണ്ടോടുന്നവനെ പിന്നാലെ ചെന്നു പ്രഹരിക്കുവാന്‍ ശൂരന്മാര്‍ വിചാരിക്കുകയില്ല. അതു കൊണ്ട് തോറ്റോടുന്നവരോടു ശൗര്യം കാണിക്കരുത്. അവരെ ഓടിച്ച് പിന്നാലെ ഓടിച്ചെന്നു പ്രഹരിക്കരുത്.
ചരങ്ങള്‍ക്കു ഭക്ഷണം അചരമാണ്. ദംഷ്ട്രയുളള മൃഗങ്ങള്‍ക്ക് ഭക്ഷണം ദംഷ്ട്രയില്ലാത്ത മൃഗങ്ങളാണ്. ദാഹിക്കുന്നവര്‍ക്ക് അന്നം ജലമാണ്. ശൂരന്മാര്‍ക്ക് ഇര പേടിക്കുടലന്മാരാണ്. കൈയും, കാലും, പുറവും വയറും തുല്യമായിട്ടുളള ഭീരുക്കള്‍ തോറ്റോടുന്നു. അതു കൊണ്ട് അവര്‍ ഭയപ്പെട്ടു വണങ്ങി കൈകൂപ്പി ശുരന്മാരെ സേവിക്കുന്നു.
ഈ ലോകത്തിലുള്ള ജനത ശുരന്റെ ബാഹുക്കളില്‍, മക്കള്‍ അച്ചന്റെ ബാഹുക്കളില്‍ എന്ന പോലെ പിടിച്ച് ഞാലുന്നു. അതു കൊണ്ട് എപ്പോഴും ശൂരൻ ബഹുമാനത്തിന്നര്‍ഹനാണ്. ശൗര്യത്തേക്കാള്‍ മീതെയായി മുന്നുലോകത്തിലും യാതൊന്നുമില്ല. എല്ലാം ശൂരൻ കാത്തു രക്ഷിക്കുന്നു. എല്ലാം ശൂരനില്‍ സ്ഥിതി ചെയ്യുന്നു.
അദ്ധ്യായം 100. സേനാനീതികഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ഭാരതാ! ജയം കാംക്ഷിച്ച് രാജാക്കന്മാര്‍ ധര്‍മ്മം അല്പം തെറ്റിച്ചും പട കൊണ്ടു ചെയ്തു വരുന്ന സംഗതികള്‍ അങ്ങു വിവരിച്ചു തന്നാലും.
ഭീഷ്മന്‍ പറഞ്ഞു: ധര്‍മ്മം സത്യത്താലാണ് നിലനില്ക്കുന്നതെന്നു ചിലര്‍ പറയുന്നു. ധര്‍മ്മം ന്യായത്താലാണു നിലനില്ക്കുന്നതെന്നു വേറെ ചിലര്‍ പറയുന്നു. നല്ല നടപടിയാലാണ് ധര്‍മ്മം നിലനില്‍ക്കുന്നതെന്നു മറ്റു ചിലര്‍ പറയുന്നു. ധര്‍മ്മം ശിക്ഷോപായങ്ങളാലാണു നില്ക്കുന്നതെന്നു വേറെ ചിലര്‍. അര്‍ത്ഥധര്‍മ്മങ്ങള്‍ സാധിക്കുവാനുള്ള ഉപായങ്ങളെന്തെന്ന് ഞാന്‍ പറയാം. മര്യാദ കെട്ട ദസ്യുക്കളാണല്ലോ നാടിന്റെ ശത്രുക്കള്‍. അവര്‍ക്ക് ഉടവു പറ്റിക്കുവാനുള്ള വിദ്യകള്‍ എന്തൊക്കെയാണ് ആഗമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നു പറയാം. കാര്യങ്ങളൊക്കെ നേടുന്നതിന്ന് ഈ ഉപായങ്ങള്‍ ഭവാന്‍ കേള്‍ക്കുക. ഹേ രാജാവേ, ബുദ്ധി കൊണ്ട് നേരും ചതിയും ഇവ രണ്ടും കണ്ടറിയണം. അറിഞ്ഞാലും വക്രം ചെയ്യരുത്. എന്നാല്‍ വക്രം ആരെങ്കിലും കാണിച്ചാല്‍ അതിനെ തടുക്കുകയും വേണം. ശത്രുക്കള്‍ രാജാവില്‍ ഭേദ പ്രയോഗങ്ങള്‍ ചെയ്യും. ശത്രുക്കളുടെ ആ തന്ത്രം മനസ്സിലാക്കിയ രാജാവിന്നു തീര്‍ച്ചയായും ശത്രുവിനെ ബാധിക്കുവാന്‍ കഴിയും.
ആനയുടെ തോല്‍, കാളയുടെ തോല്‍, പെരുമ്പാമ്പിന്റെ തോല്‍, ശല്യങ്ങള്‍, കണ്ടകങ്ങള്‍, ലോഹങ്ങള്‍, വെഞ്ചാമരങ്ങള്‍, ചിട്ടകള്‍, ചാണയ്ക്കു വെച്ചു മുര്‍ച്ച കൂട്ടിയ ആയുധങ്ങള്‍, മഞ്ഞച്ചതും ചുവന്നതുമായ കോപ്പുകള്‍, കൊടി, കൊടിക്കുറ ഇങ്ങനെ പലതരം ചായത്തിലുള്ള ഇവ, ഋഷ്ടി, തോമരം, ഖഡ്ഗം, കൂര്‍ത്ത വെണ്മഴുകള്‍, ഫലകം, പരിച ഇവയൊക്കെ പല തരത്തിലും ഉണ്ടാക്കണം. അങ്ങനെ ആയുധങ്ങള്‍ വേണ്ടുവോളം സംഭരിക്കണം. ഭടന്മാര്‍ സന്നദ്ധരായി കരുതിയിരിക്കുക. ചൈത്രമാസത്തിലോ, മാര്‍ഗ്ഗശീര്‍ഷ മാസത്തിലോ പട കൂട്ടണം. എന്തു കൊണ്ടെന്നാല്‍ നാട്ടിലൊക്കെ നെല്ലും ഗോതമ്പും ധാരാളമായി ഉണ്ടായി കൊയ്ത്തു കഴിഞ്ഞ കാലമാണത്. ആ മാസങ്ങളില്‍ ജലത്തിന്നും വിഷമമുണ്ടായിരിക്കയില്ലു. ആ കാലത്തിന്നു വേറേയും ഒരു വിശേഷമുണ്ട്. അധികമായ തണുപ്പോ, അധികമായ ചൂടോ ഉണ്ടായിരിക്കയില്ല. അതുകൊണ്ട് ഈ കാലത്താണ് ശത്രുവിനോട് എതിരിടുവാന്‍ പറ്റിയ കാലം. ഇത്തരം സൈനൃ സംഭരണം പോരാട്ടത്തിന്നുതകും.
അങ്ങനെ പട കൂട്ടിയതിന് ശേഷം നല്ല പുല്ലും ധാരാളം വെള്ളവുമുള്ള മാര്‍ഗ്ഗത്തിലൂടെ സൈന്യങ്ങളെ കൊണ്ടു പോകണം. കാട്ടില്‍ അയച്ച് മാര്‍ഗ്ഗത്തിന്റെ ഗുണദോഷം കണ്ടറിഞ്ഞു വന്ന കുശലന്മാരായ ചാരന്മാര്‍ കാണിച്ചു തന്ന മാര്‍ഗ്ഗത്തിലൂടെ പോകണം. മാന്‍ കൂട്ടങ്ങള്‍ പോകുന്ന മാതിരി സൈന്യങ്ങള്‍ക്ക് കാട്ടുവഴിയില്‍ ക്കൂടി സഞ്ചരിക്കുവാന്‍ കഴിയുകയില്ല. അതു കൊണ്ട് മാര്‍ഗ്ഗം അറിയുന്ന വനചരന്മാരായ ചാരന്മാരെ കൂടെ കൊണ്ടു പോകണം. ആദ്യം മുന്നേറുന്ന ശ്ലാഘ്യകുലോത്ഭവരുടെ പടയാണ് ശക്തമാവുക. വെള്ളമുള്ള ഒരു നല്ല മാര്‍ഗ്ഗം കണ്ടു കിട്ടി യാല്‍ അതു സ്വീകരിക്കാം. ശത്രുക്കള്‍ എതിര്‍ത്തു വന്നാല്‍ അതിനെ തടുക്കാന്‍ കഴിയണമെങ്കില്‍ വെളളം കിട്ടുന്ന വഴിയേ പോകണം. അല്ലെങ്കില്‍ അബദ്ധത്തില്‍പ്പെടും. വെളിവായ മൈതാനത്തേക്കാള്‍ നല്ലതു വൃക്ഷലതാദികളുടെ മറവുള്ള കാട്ടു പ്രദേശങ്ങളാണ്. ജലം കിട്ടുന്ന സ്ഥലത്ത്, ഒരു ജലാശയത്തിന്നു സമീപമായി കൂടാരമടിച്ചു താമസിക്കാം. ധനങ്ങള്‍ കൊണ്ടു പോയി സൂക്ഷിക്കുവാനും കാലാള്‍കള്‍ക്കു സുഖമായി ഉറങ്ങുവാനും സൗകര്യമുണ്ടാകണം. എന്നാലേ ശത്രുവിന്റെ ആക്രമണം തടുക്കുവാന്‍ കഴിയു. ആപത്തില്‍ വേണ്ട നടപടികള്‍ ഒക്കെ ചെയ്തു കരുതിയിരിക്കണം. ഇങ്ങനെയൊക്കെ ചെയ്താൽ ഏതു ശക്തനായ ശത്രുവിനേയും തോല്‍പിച്ചു വിടാം.
സൈന്യങ്ങളെ നിറുത്തേണ്ട നിലയെങ്ങനെയാണെന്നു പറയാം. സപ്തര്‍ഷി നക്ഷത്രങ്ങളെ പിന്നിലാക്കി ശത്രുവിന്നു നേരെ മല പോലെ ഉറച്ചു നില്ക്കണം. ഈ ഉറച്ച നിലയില്‍ ഏത് ശത്രുവിനേയും പരാജയപ്പെടുത്താം. സുര്യന്‍, ശുക്രന്‍ ഇവര്‍ സൈന്യങ്ങളുടെ പിന്നില്‍ പ്രകാശിക്കുകയും, കാറ്റില്‍ പിന്നില്‍ നിന്നടിക്കുകയും ചെയ്യുന്ന മട്ടിലായിരിക്കണം സൈന്യങ്ങളുടെ യാത്ര. ഇങ്ങനെ കാറ്റും, സൂര്യനും, ശുക്രനും എവിടെയുണ്ടോ, അവിടെ ജയമുണ്ടാകുമെന്നാണ് ലക്ഷണം.
ചളിയില്ലാത്ത സ്ഥലം, വെളളം കെട്ടി നില്ക്കാത്ത സ്ഥലം, കുണ്ടും, കുഴിയും, മണ്‍കട്ടയും ഇല്ലാത്ത സ്ഥലം, കുതിരകളെ കെട്ടുവാന്‍ പറ്റിയ സ്ഥലമാണെന്നു യുദ്ധവിദഗ്ദ്ധന്മാര്‍ അഭിപ്രായപ്പെടുന്നു. ചേറും കുണ്ടുമില്ലാത്ത സ്ഥലം തേരുകള്‍ നിറുത്താന്‍ കൊളളാം. ആനപ്പടയെ നിറുത്തുവാന്‍ പറ്റിയ സ്ഥലം വെള്ളമുള്ള പുഴകളും കുറ്റിക്കാടുകളുമുള്ള സ്ഥലമാണ്. പിന്നെ വളരെ ദുര്‍ഗ്ഗമുളളതും, മഹാവ്യക്ഷങ്ങളുള്ളതും ചൂരലും മുളയും വളരുന്ന പ്രദേശവും, ആനകളെ നിറുത്താന്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. കാലാള്‍പ്പടയെ നിറുത്താന്‍ പറ്റിയ സ്ഥലം പര്‍വത പ്രദേശവും, ഉപവന പ്രദേശങ്ങളുമാണ്.
കാലാള്‍ ധാരാളമുളള പടയാണ് ഉറപ്പുള്ള പട. തേരും കുതിരയും ചേര്‍ന്ന പട തെളിവുള്ള കാലങ്ങളില്‍ നല്ലതാണ്. ആനകളും കാലാളുകളും കൂടുതലുള്ള പട മഴക്കാലത്തു വിശേഷപ്പെട്ടതാണ്. ഈ ഗുണങ്ങളെ പരിഗണിച്ചു വേണം ഏതു ദേശത്ത് ഏതു കാലത്ത് ആക്രമണം നടത്തണം എന്നു തീരുമാനിക്കുവാന്‍.
ഇപ്രകാരം കരുതി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവനും തിഥിയും നക്ഷത്രവും നോക്കി പടയിറക്കുന്നവനുമായ രാജാവ് നിത്യവും വിജയം നേടും. തളര്‍ന്നവരേയും ഉറങ്ങുന്നവരേയും ദാഹിച്ചു വലയുന്നവരേയും കൂട്ടം ചിന്നിയവരേയും കൊല്ലരുത്. വഴിയില്‍ക്കൂടി തയ്യാറെടുക്കാതെ നടന്നു പോകുന്നവന്റെ നേരേ ശസ്ത്രം പ്രയോഗിക്കരുത്. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, എന്നീ സന്ദര്‍ഭങ്ങളില്‍ ശത്രുവിനെ വധിക്കരുത്. ഭ്രാന്തു പിടിച്ചവനേയും, കിറുക്കനേയും കൊല്ലരുത്. അപായകരമായ മുറിവേറ്റിരിക്കുന്നവനെ കൊല്ലരുത്. വിശ്വസ്തന്മാര്‍ക്കും, സമര്‍ത്ഥന്മാര്‍ക്കും, സാങ്കേതിക വിദഗ്ദ്ധന്മാര്‍ക്കും, പണം സൂക്ഷിപ്പുകാര്‍ക്കും, പുറം കാവല്‍ക്കാര്‍ക്കും ചുമട് ചുമക്കുന്നവര്‍ക്കും, കെട്ടിടത്തിന് ചുറ്റും കാവല്‍ നില്‍ക്കുന്നവര്‍, ശുശ്രൂഷകര്‍, പടികാവല്‍ക്കാര്‍, സൈന്യം ഭേദിക്കുന്നവര്‍, പടഭേദിച്ചാല്‍ കൂട്ടിനിര്‍ത്തുന്നവര്‍ ഇവര്‍ക്കൊക്കെ തുല്യ ബഹുമതിയോടെയുള്ള അന്നപാനങ്ങള്‍ കൊടുക്കുകയും ശമ്പളം ഇരട്ടിച്ചു കൊടുക്കുകയും വേണം. പത്തു പേര്‍ക്ക് ഒരു നായകന്‍, പത്തു നായകന്മാര്‍ക്ക് ഒരു നായകന്‍, നൂറ്റുക്ക് ഒരു നായകന്‍, ആയിരംപേര്‍ക്ക് ഒരു നായകന്‍ ഇങ്ങനെ യഥായോഗ്യം ഉദ്യോഗത്തില്‍ ശൂരന്മാരെ നിയമിക്കുക.
മുഖ്യന്മാരെ സംശയത്തിലാകുമ്പോള്‍ വിളിച്ചുകൂട്ടി പറയുക, നാം ഇപ്പോള്‍ സംശയത്തിലായിരിക്കുന്നു. യുദ്ധത്തില്‍ വിജയത്തിന്ന് ശ്രമിക്കുക. പരസ്പരം തൃജിക്കരുത്. ഭീരുക്കളായി നമ്മുടെ കൂട്ടത്തിലാരെങ്കിലും ഉണ്ടെങ്കില്‍ ഉടനെ ഒഴിച്ചു പോകട്ടെ. ഭീരുക്കള്‍ കൂട്ടത്തിലുണ്ടായാല്‍ ആപത്താണ്. പ്രമാണിയെ അവര്‍ ബഹളം കൂട്ടി വധിപ്പിക്കും, ചെന്നേറ്റാല്‍ ഉടനെ മരണവും ഇത്തരക്കാര്‍ വരുത്തിക്കൂട്ടും. ഭീരു ബഹളമുണ്ടാക്കിയാല്‍ താനും തന്റെ കൂട്ടുകാരനും അപകടത്തിലാകും. അര്‍ത്ഥനാശം, വധം, ദുഃഖം, എന്നിവയ്ക്കു പുറമേ പിന്‍തിരിഞ്ഞോടുന്നവന്‍ ദുഷ്കീര്‍ത്തിക്കും പാത്രമാകും. ഭംഗിയില്ലാത്ത ക്രൂരമായ വാക്ക് പേടിച്ചോടുന്ന പുരുഷന്‍ കേള്‍ക്കേണ്ടി വരും. ചുണ്ടും പല്ലും പോയി നാണം കെട്ട്, ദുര്‍വ്വാക്കു കേട്ട്, ആയുധം കാട്ടില്‍ എറിഞ്ഞ് ഒടുവില്‍ ദയനീയനായി ശത്രുവിനാല്‍ ഖണ്ഡിക്കപ്പെടും. പടയില്‍ നിന്ന് പിന്‍തിരിഞ്ഞോടുന്നവനെപ്പോലെ വിഡ്ഢിയല്ല. കൂട്ടത്തില്‍ ആളെ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രം കൊളളാം. ഒന്നിനും കൊള്ളാത്ത ഇക്കൂട്ടര്‍ പാഞ്ഞ് ഓടിയാല്‍ ശ്രത്രുക്കള്‍ ഓടിപ്പോകുന്നവന്റെ പിന്നാലെ സന്തോഷത്തോടെ പാഞ്ഞെത്തും. ജയിക്കുന്നവനെ ചന്ദനാലംകൃതനാക്കി ശത്രുക്കള്‍ യശസ്സ് ആശംസിക്കും. ഭീരുവിന്ന് ഈ നില ദയനീയമായിത്തീരും. വധത്തേക്കാള്‍ അവന്ന് ദുസ്സഹമാണ് ഈ അവസ്ഥയെന്നു ഞാന്‍ വിചാരിക്കുന്നു. ഭീരുക്കള്‍ക്ക് വന്നു പെടുന്ന ആ ക്ഷീണം ധീരന്‍ അറിയുകയില്ല.
നമ്മള്‍ സ്വര്‍ഗ്ഗം കാമിച്ച് പോരാടി ജയിക്കുകയോ വധിക്കപ്പെട്ട് സല്‍ഗതി പ്രാപിക്കുകയോ ചെയ്യണം ഇങ്ങനെ ദൃഢനിശ്ചയം ചെയ്ത് ജീവിതം ത്യജിക്കുന്നവര്‍, ഭീരുക്കളല്ലാത്ത ധീരന്മാര്‍, ശത്രു സൈന്യത്തില്‍ കുതിച്ചു കയറുന്നു.
വാളും പരിചയുമെടുത്ത് ആദ്യം കാലാള്‍പ്പട നില്ക്കണം. പിന്നില്‍ വണ്ടിപ്പട നില്ക്കണം നടുവിലായി മറ്റു കൂട്ടരും നില്ക്കണം. ശത്രുക്കളെ ഉടയ്ക്കുവാന്‍ കാലാള്‍ കരുതി നില്ക്കണം. പുരത്തില്‍ വൃദ്ധന്മാരുണ്ടെങ്കില്‍ അവരെ മുന്നില്‍ വിളിച്ചു കൂട്ടണം. മുമ്പെ സമ്മതം നേടിയവരും മനസ്വികളും സത്വവാന്മാരുമായവരെ വിളിച്ചു കൂട്ടണം. അവര്‍ മുമ്പെ ഏല്ക്കണം. ഒപ്പം മറ്റുള്ളവരും ഏല്ക്കണം. ഭീരുക്കളെക്കൂടി പ്രോത്സാഹിപ്പിക്കണം. അടുത്തവര്‍ ചുമല്‍ കാട്ടുവാന്‍ നില്ക്കണം. കുറച്ചു പേരെ ചേര്‍ത്ത് എതിര്‍പ്പിച്ച് വളരെപ്പേരെ വിടുര്‍ത്തു കളയണം. പല പേരോട് കുറച്ചു പേര്‍ എതിര്‍ക്കുവാന്‍ സൂചീമുഖം എന്ന സൈന്യ വിന്യാസ്രക്രമം സ്വീകരിക്കണം.
എതിര്‍ത്തടുത്താല്‍ നേരായോ നുണയായോ വിളിച്ചു പറയണം, "ശത്രു ഉടഞ്ഞു! ഉടഞ്ഞു!" എന്ന്. കൈ പൊക്കി അങ്ങനെ വിളിച്ചു പറഞ്ഞാല്‍ ശത്രുവിന്റെ ഉള്ളിന്ന് ഇടിച്ചല്‍ ഉണ്ടാകും. എന്റെ മിത്രത്തിന്റെ സൈന്യം വന്ന് നിര്‍ഭയം പ്രഹരിക്കുവിന്‍ എന്നും വിളിച്ചു പറയണം. സത്വവാന്മാര്‍ ഭയങ്കര ശബ്ദം കൂട്ടി അട്ടഹസിച്ച് ആക്രമിക്കണം. ക്ഷ്വേളാരവം, കിലുകിലാരവം, ക്രകചധ്വനി, ഗോവിഷാണധ്വനി, ഭേരി, മൃദംഗം, പണവം ഇവയൊക്കെ മുമ്പിട്ടു നില്‍ക്കുന്നവര്‍ മുഴക്കണം.
അദ്ധ്യായം 101. നാനാദേശയോദ്ധാക്കളുടെ സ്വഭാവരൂപബലാചാരലക്ഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭാരതാ! യുദ്ധത്തിന്ന് പറ്റിയവരെ എങ്ങനെ തിരഞ്ഞെടുക്കണം? അവരുടെ ശീലം, ആചാരം രൂപം, സന്നാഹം ഈ വക കാര്യങ്ങളെപ്പറ്റി ശാസ്ത്രം എന്താണ്? പറഞ്ഞുതന്നാലും!
ഭീഷ്മൻ പറഞ്ഞു: ശസ്ത്രം, വാഹനം എന്നിവയൊക്കെ നടപ്പു പോലെ തന്നെയാണ് ശാസ്ത്രവിധി. ശീലം കൊണ്ട് വീരപുരുഷനാണ് ഇക്കാര്യത്തിന്ന് പറ്റിയവന്‍. എന്നാല്‍ അവരില്‍ പല നാട്ടുകാരെപ്പറ്റിയും ഞാന്‍ പറയാം. ഗാന്ധാരന്മാരും, സിന്ധു സൗവീരന്മാരും, നഖരപ്രാസങ്ങളാല്‍ പടവെട്ടുന്നവരാണ്. ഭയമില്ലാത്തവരും, നല്ല ബലവാന്മാരുമാണ് അവര്‍. അവരെ കൂട്ടിയുളള സൈന്യം ഏത് വിഷമവും തരണംചെയ്യും.
സര്‍വ്വശസ്ത്രവിദഗ്ദ്ധന്മാരും, സത്വവാന്മാരുമാണ് ഉശീനര രാജ്യക്കാര്‍. പ്രാച്യന്മാര്‍ ഗജയുദ്ധത്തില്‍ വിദഗ്ദ്ധന്മാരാണ്. അവര്‍ കൂടയോധികളുമാണ്. മായാപ്രയോഗചതുരന്മാരാണ്.
പിന്നെ യവനന്മാരും കാംബോജന്മാരും, മഥുരാ രാജ്യക്കാരും കല്ലുയുദ്ധത്തില്‍ സമര്‍ത്ഥരാണ്. തെക്കേ രാജ്യക്കാര്‍ വാള്‍പ്പയറ്റില്‍ മിടുക്കന്മാരാണ്.
എല്ലാ രാജ്യത്തും സത്വവാന്മാരും മഹാബലന്മാരുമായ ശൂരന്മാര്‍ ഉണ്ട്. അവര്‍ മിക്കപേരും പ്രസിദ്ധന്മാരാണ്. അവരുടെ ലക്ഷണം ഞാന്‍ പറയാം, കേള്‍ക്കുക. സിംഹത്തെപ്പോലേയും പുലിയെപ്പോലെയും ശബ്ദിക്കുന്നവരും, സിംഹശാര്‍ദ്ദൂല നേത്രന്മാരുമാണ്. സിംഹശാര്‍ദ്ദൂലങ്ങളെപ്പോലെ ഗൌരവമായി നടക്കുന്നവരുമാണ്. അവര്‍ പാരാവത കുലിംഗാക്ഷന്മാരാണ്. ശുരന്മാരും, പ്രമാഥികളുമാണ്. മാനിന്റെ ശബ്ദമുളളവരും, പുലിയുടെ കണ്ണുള്ളവരും, കാളയുടെ കണ്ണുള്ളവരും, ശക്തന്മാരുമായ അത്തരക്കാര്‍ ജീവിച്ചു വരുന്നു. കിങ്ങിണി സ്വരം പോലെ സംസാരിക്കുന്ന ഇത്തരക്കാര്‍ മന്ദന്മാരും, ശുണ്ഠിക്കാരുമാണ്.
ഘനസ്വനമുളളവരും, മുന്‍ചുണയുള്ളവരുമാണ് ചിലര്‍. ചിലര്‍ കഴുതകളുടെ ശബ്ദം പോലെയുളള ശബ്ദമുള്ളവരാണ്. വളഞ്ഞ നാസാഗ്രവും, നാവുമുള്ളവരും, വളരെ ദുരം ഓടുന്നവരുമാണ് ചിലര്‍. ചെറിയ പൂച്ചക്കണ്ണുള്ളവരും, കുറിയ മുടിയുള്ളവരും, ചെറുചര്‍മ്മികളും, ശീലമായി പായുന്നവരും, ചാപല്യമുളളവരുമായ യോദ്ധാക്കള്‍ മഹാപരാക്രമികളാണ്.
ഉടുമ്പിന്റെ കണ്ണുപോലെയുള്ള കണ്ണുളളവരും, മൃദുപ്രകൃതിക്കാരുമാണ് ചിലര്‍. അശ്വയാനാഘോഷരായ അവര്‍ കാര്യം നേടുന്നതില്‍ സമര്‍ത്ഥന്മാരാണ്. ഒതുങ്ങിയവരും, നല്ല മെയ്യുള്ള വരും, മാറ് വിരിഞ്ഞവരും, കൊട്ടു കേട്ടാല്‍ ചൊടിക്കുന്നവരും, കലഹങ്ങളില്‍ ഹര്‍ഷിക്കുന്നവരുമാണ്. കണ്ണു കുഴിഞ്ഞവരും, കണ്ണു തുറിച്ചവരും, ചോരക്കണ്ണന്മാരും, ഭ്രുകുടീമുഖന്മാരും, കറുത്ത കണ്ണുളളവരും ശുരന്മാരുമാണ്. അവര്‍ ദേഹം വെടിയുവാന്‍ മടിയില്ലാത്തവരാണ്.
കുറിയ നെറ്റിയും, വക്രദൃഷ്ടിയും ഉള്ളവരുണ്ട്. കവിളൊട്ടിയവരുണ്ട്. വ്രജം പോലെ കഠിനമായ ബാഹുക്കളുള്ളവരുണ്ട്. മെലിഞ്ഞ് ഞെരമ്പ് പിടച്ചവരുണ്ട്. യുദ്ധത്തില്‍ അവര്‍ പാഞ്ഞു കയറും. മര്‍ദ്ദിച്ച ആനകള്‍ മാതിരിയുള്ള അവരെ തടുക്കുവാന്‍ പ്രയാസമാണ്. മഞ്ഞച്ചതും, തുമ്പു കീറിയതുമായ തലമുടിയും, വീര്‍ത്ത കവിളും, വയറുമുള്ള കൂട്ടര്‍, ചുമല്‍ ഉന്നി, കഴുത്തു വീര്‍ത്ത്, വലിയ കാല്‍വണ്ണമുള്ള കൂട്ടരുണ്ട്. നല്ല കഴുത്തുള്ള ആ ഉദ്ധതന്മാര്‍ വൈനതേയനെപ്പോലെയുള്ളവരാണ്. വട്ടത്തലയും, വലിയ വായുമുളള കൂട്ടര്‍ വൃഷദംശാസ്യന്മാരാണ്. ഉഗ്രമായി അട്ടഹസിക്കും, നല്ല പോലെ ചൊടിക്കും. പോരില്‍ ഒച്ച കേട്ട ദിക്കില്‍ പാഞ്ഞെത്തും, തളളലുള്ള അധര്‍മ്മജ്ഞന്മാരായ അവര്‍ ഘോരന്മാരും, ഉഗ്രമുര്‍ത്തികളുമാണ്. ഈ പറഞ്ഞ എല്ലാവരും ദേഹത്യാഗത്തിന്ന് മടിയില്ലാത്തവരാണ്. പടയില്‍ പിന്മാറാത്ത ഈ _അന്ത്യജന്മാരെ പടയ്ക്കു മുന്നില്‍ നിര്‍ത്തേണ്ടവരാണ്. അവര്‍ വെട്ടിക്കൊല്ലുകയും, വെട്ടേറ്റ് മരിക്കുകയും ചെയ്യും. അതില്‍ കൂസലില്ലാത്തവരാണ്. നിലവിട്ട അധര്‍മ്മിഷ്ഠന്മാരും, സാന്ത്വം പറഞ്ഞാല്‍ കേള്‍ക്കാത്തവരുമായ ഇക്കൂട്ടര്‍ രാജാവിനോടു പോലും ചൊടിച്ചേല്ക്കുന്നവരാണ്.
അദ്ധ്യായം 102. സേനാനീതികഥനം -- യുധിഷ്ഠിരന്‍ പറഞ്ഞു: ജയം നേടുന്ന പടയ്ക്കുള്ള രൂപം എന്താണ്? പ്രശസ്തങ്ങളായ അവയെല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭീഷ്മൻ പറഞ്ഞു: ജയം കൊള്ളുന്ന പടയ്ക്കുളളതായ പ്രശസ്തമായ രൂപങ്ങള്‍ മുറ പോലെ ഞാന്‍ പറയാം. യഥാകാലം ദൈവവും പൌരുഷവും അറിഞ്ഞു പ്രവര്‍ത്തിക്കണം. വിദ്വാന്മാര്‍ അത് അറിവാകുന്ന ദിവ്യദൃഷ്ടി കൊണ്ട് കണ്ടെത്തുന്നു. അത് മനസ്സിലാക്കിയവര്‍ അതില്‍ പ്രായശ്ചിത്തമായി ജപവും, ഹോമവും നടത്തുന്നു. നല്ല മംഗളകര്‍മ്മങ്ങള്‍ ചെയ്ത് അഹിതങ്ങളെ നീക്കം ചെയ്യുന്നു.
മനസ്സു തെളിഞ്ഞ് ജാഗ്രതയോടുകൂടിയ യോദ്ധാക്കളും, അപ്രകാരമുള്ള ആന, കുതിര എന്നിവയും ഏത് സൈനൃത്തിലുണ്ടോ, ആ സൈന്യത്തിന്നു വിജയം തീര്‍ച്ചയായും ലഭിക്കുന്നതാണ്. ഇവര്‍ക്ക് കാറ്റും, ഇന്ദ്രായുധങ്ങളും ശുഭം വെളിപ്പെടുത്തും. കാറും, സൂര്യകിരണങ്ങളും ഇവരെ പിന്‍തുടരും. കുറുക്കനും, കഴുക്കളും, കങ്കങ്ങളും സേനയെ സ്വാഗതം ചെയ്യുകയാണെങ്കില്‍ ആ യാത്ര ശത്രുക്കള്‍ക്കു നാശമുണ്ടാക്കുന്ന ശകുനമാണ്.
നല്ല പോലെ തെളിഞ്ഞു കത്തി കുതിരേന്തുന്ന ദീപം വലത്തോട്ടു നാളം ചുഴലുകയും, പുകയില്ലാതെ തിളങ്ങുകയും ചെയ്യുന്നത് ശുഭസൂചകമാണ്. ഹോമിക്കുന്ന വസ്തുക്കള്‍ അഗ്നി യില്‍ ജ്വലിച്ചു നല്ല ഗന്ധം പുറപ്പെടുവിക്കും. ഇവയും ജയത്തിന്റെ ചിഹ്നമാണ്. ഗംഭീരമായ ശബ്ദത്തോടു കൂടി ഉച്ചത്തില്‍ ശംഖുകളും, ഭേരികളും മുഴങ്ങുക, യോദ്ധാക്കള്‍ വിപരീതം കാണിക്കാതിരിക്കുക, ഇതു ശുഭശകുനമാണ്. ഇഷ്ടപ്പെട്ട മൃഗങ്ങള്‍ യാത്രയില്‍ ഇടത്തു ഭാഗത്തായി പിന്നില്‍ നിന്നു പുറപ്പെടുന്നതും നല്ലതാണ്. എന്നാല്‍ കൊല്ലുമ്പോള്‍ വലത്തു ഭാഗത്തു വന്ന് മുമ്പില്‍ വീഴുന്നതു ശുഭമല്ല,
മംഗളമായ ശബ്ദം നല്ല ശകുനമാണ്. ഹംസം, ക്രൗഞ്ചം, ശതപത്രങ്ങള്‍, ഭാസം ഇവയുടെ ശബ്ദം നല്ലതാണ്. സത്വവാന്മാരായ യോദ്ധാക്കള്‍ സന്തോഷ ശബ്ദമുണ്ടാക്കുന്നതും ശുഭസൂചകമാണ്. ശസ്ത്രം, യന്ത്രം, കവചം, കേതു, എന്നിവയൊക്കെ ശോഭിക്കുക, ഭടന്മാരുടെ മുഖം പ്രകാശിക്കുക, സൈന്യങ്ങള്‍ വിളങ്ങുക, മറ്റുളളവര്‍ക്കു നോക്കിക്കാണുവാന്‍ പോലും കഴിയാത്ത വിധം ജ്വലിക്കുക, ഇവ ആര്‍ക്കാണോ, അവര്‍ യുദ്ധത്തില്‍ ജയിക്കുന്നതാണ്.
പറഞ്ഞാല്‍ കേള്‍ക്കുന്നവരും, അഹങ്കാരമില്ലാത്തവരും, തമ്മില്‍ നല്ല പോലെ സ്നേഹിച്ചു പ്രവര്‍ത്തിക്കുന്നവരുമായ നല്ല ഭടന്മാര്‍ ചേരുന്നതായാല്‍ ഭാവിയിലെ വിജയത്തിന്ന് ഒരു നല്ല ശകുനമാണ്.
മനസ്സിന് ഇഷ്ടമുള്ള ശബ്ദം, സ്പര്‍ശം, ഗന്ധം ഇവ പരത്തി യോദ്ധാക്കള്‍ ധീരതയോടെ യാത്ര ചെയ്യുന്നതാണെങ്കില്‍ ആ പോക്കു വിജയം ഉണ്ടാക്കും.
കടക്കുന്നവന്ന് ഇടത്ത് ഈ വക ശകുനം ഇഷ്ടം ചെയ്യും. കടന്നവനാണെങ്കില്‍ വലത്താണ് ഇഷ്ടം ചെയ്യുക. പിന്നിലാണെങ്കില്‍ കാര്യലാഭം ചെയ്യും. മുന്നിട്ടു വന്നാല്‍ അത് കാര്യനാശമാണ്.
വന്‍പുള്ള ചതുരംഗപ്പടകൂട്ടി ഹേ യുധിഷ്ഠിരാ! സാമം തടുത്തതിന്നുശേഷം ആദ്യമായി പോരിന്ന് ഒരുങ്ങുക.
ഇനി ഞാന്‍ ഒരു കാര്യം കൂടി പ്രത്യകിച്ചും പറയാം. യുദ്ധത്തിന്റെ ജയത്തെപ്പറ്റി പ്രശംസിച്ചു പറഞ്ഞതു കൊണ്ട് എല്ലാറ്റിന്നും യുദ്ധമാണ് ശരണം എന്നു നീ വിചാരിക്കരുത്. കഴിയുന്നതും യുദ്ധം കൂടാതെ കാര്യം നടത്തുവാന്‍ ശ്രമിക്കണം. അതിലാണ് രാജാവിന്റെ മിടുക്കു കാണേണ്ടത്. യുദ്ധം കൊണ്ടുണ്ടാകുന്ന ജയം താഴ്ന്ന തരത്തിലുള്ള ജയമായേ മനീഷികള്‍ കരുതുന്നുള്ളു. പോരിലെ വിജയം സ്ഥിരമായ കാര്യമല്ല. ദൈവാധീനം കൊണ്ട്, യദ്യച്ഛയാല്‍, ജയം ലഭിക്കുന്നതാണ്.
നീരൊഴുക്കുപോലെയും പേടിച്ചോടുന്ന മാന്‍കൂട്ടം പോലെയും തടുക്കുവാന്‍ കഴിഞ്ഞതാണ് ചിന്നിപ്പായുന്ന പട. അത് ചിന്നിയാല്‍ എല്ലാം ചിതറിപ്പോകും. അതിന്നു വലിയ കാരണമൊന്നും വേണ്ട. ഏതു വിദ്വാനും അബദ്ധത്തിലാകും. മാന്‍കൂട്ടം പോലെ പാഞ്ഞോടുവാനുളള സാദ്ധൃത സൈന്യത്തില്‍ എപ്പോഴുമുണ്ടാകും.
അന്യോന്യം കണ്ട് ഹര്‍ഷത്തോടെ ഉടന്‍ വീഴ്ത്തുവാന്‍ ഉറച്ചു നില്ക്കുന്ന ശൂരൻ ശത്രുസേനയില്‍ കടന്നു ചുരുങ്ങിയത് അമ്പതു പേരെയെങ്കിലും കൊന്നേ ചാവുകയുള്ളു. അഞ്ചോ ആറോ ഏഴോ പേര്‍ ഒത്തുകൂടി ഉറച്ചാല്‍ കുലീനരും പൂജിതരുമായ ആ യോദ്ധാക്കള്‍ ശത്രുക്കളെ അസ്സലായി മുടിച്ചുവിടും.
വേറെ കഴിവ് കൈയിലുണ്ടെങ്കില്‍ പിന്നെ കൈയേറ്റം ചെയ്യുവാനൊരുങ്ങരുത്. സാന്ത്വം പറഞ്ഞു നോക്കുക, ദാനങ്ങള്‍ ചെയ്ത് വശീകരിക്കുവാന്‍ നോക്കുക. ഭേദം ചെയ്ത് ധൈര്യം കെടുത്തുക, ഇതൊക്കെ നിഷ്ഫലമാകുന്നേടത്തേ യുദ്ധം വിധിച്ചിട്ടുള്ളൂ.
സൈന്യത്തെ കണ്ടാല്‍ത്തന്നെ ഭീരുക്കളായ ശത്രുക്കള്‍ ഭയ പ്പെടും. ഈ ഇടിത്തീ എവിടെയാണ് വന്നു വീഴുക എന്ന് അക്കൂ ട്ടര്‍ പരിഭ്രമിക്കും. വന്നടുത്ത. യുദ്ധം അറിഞ്ഞേല്ക്കുന്ന ഭടന്മാരുടെ ഉടല്‍ വിയര്‍ക്കും, ജയിക്കുന്നവന്നും അപ്രകാരംതന്നെ ഉടല്‍ വിയര്‍ക്കും. സകല ചരാചരവും, നാടു മുഴുവന്‍ നടുങ്ങും. അസ്ത്രത്തിന്റെ ചൂടേറ്റ് ആളുകള്‍ക്കു മജ്ജപോലും ഉരുകിപ്പോകും.
ക്രുരമായ മട്ടില്‍ അവരോടും ആദ്യമായി സന്ത്വോക്തി പറഞ്ഞു നോക്കണം. ശത്രു പീഡിപ്പിക്കുകയാണെങ്കില്‍ മറ്റുളളവര്‍ ചേര്‍ന്ന് ഒന്നായിനില്ക്കും.
ശത്രുവിനെ ഭേദിപ്പിച്ച് ശക്തിഹീനരാക്കാന്‍ രഹസ്യമായി ഉള്ളിലേക്കു ചാരന്മാരെ വിടണം. ആ ശത്രുവിന്റെ അയല്‍ രാജാവുമായി സന്ധി ചെയ്യണം. അത് കേട്ടാല്‍ത്തന്നെ ശത്രു ഭയപ്പെ ടും. അവന്‍ തെറ്റി നിന്നാല്‍ പീഡിപ്പിക്കുവാൻ സാധിക്കാതാകും. ശത്രുക്കള്‍ ഒന്നിച്ചെതിര്‍ത്ത് പീഡിപ്പിക്കുവാൻ ശ്രമിച്ചാല്‍ നല്ലവനുമായി സന്ധി ചെയ്യാം. അസാധുവില്‍ ക്ഷമ ഒരിക്കലും ചേരുകയില്ല. ക്ഷമയ്ക്കും ക്ഷമയില്ലായ്മയ്ക്കുമുള്ള പ്രയോജനം ഹേ പാര്‍ത്ഥാ, നീ കാണുക. ക്ഷയിച്ചു ക്ഷമിക്കുന്ന രാജാവിന്ന് കീര്‍ത്തി വര്‍ദ്ധിക്കും. അവന്‍ തെറ്റി വന്ന് ഏറ്റാല്‍ പോലും ശത്രുക്കള്‍ വിശ്വസിക്കും.
ശംബരന്‍ പറയുന്നത് സന്തപിച്ചതിന്നുശേഷം ക്ഷമ നന്നെന്നാണ്. വാട്ടാതെ വടി വളച്ചാല്‍ അതു പിന്നേയും മുമ്പത്തെപ്പോലെ തന്നെയാകും. എന്നാല്‍ ഈ അഭിപ്രായം ആചാര്യന്മാര്‍ പ്രശംസിക്കുന്നില്ല. ക്രോധിക്കാതേയും മുടിക്കാതേയും മക്കളെ അടക്കുന്ന മാതിരി അടക്കണമെന്നാണ് അവരുടെ അഭിപ്രായം.
ദ്വേഷിക്കേണ്ട ജീവികള്‍ക്കൊക്കെ രാജാവ് ഉഗ്രനാണ് യുധി ഷ്ഠിരാ! മൃദുവിന്ന് അവമാനം ചെയ്യുമ്പോള്‍ അതിന്നു പരിഹാരവും ചെയ്യണം. തല്ലുവാന്‍ ഓങ്ങുമ്പോഴും തല്ലുമ്പോഴും ഇഷ്ടമായ വാക്കേ പറയാവു! തല്ലിയതിന്നു ശേഷം അലിവു കാണിക്കുകയും വേണം. തല്ലിയവന്‍ കൂടുതല്‍ ദുഃഖിക്കുന്നതായി നടിക്കുണം.
എന്റെ ആള്‍ക്കാര്‍ യുദ്ധത്തില്‍ അനവധി പേരെ കൊന്നു. അതൊരിക്കലും ഞാന്‍ ഇഷ്ടപ്പെടാത്ത കാര്യമാണ്. വേണ്ടാ, വേണ്ടാ! എന്ന് ഞാന്‍ അവരെ വിലക്കിയാലും അവര്‍ അതു കേള്‍ക്കണ്ടേ! ഇമ്മാതിരി ആള്‍ക്കാരെ കൊല്ലരുത്. പോരില്‍ പാഞ്ഞോടാത്ത നല്ല പുരുഷന്മാര്‍ വളരെ വിരളമാണ്. അവരുടെ ജീവന്‍ രക്ഷിക്കേണ്ടതാണ്. ഇവനെ പോരില്‍ വിീഴ്ത്തിയവന്‍ എനിക്ക് അപ്രിയമാണ് ചെയ്തത്. എന്ന് പരസ്യമായി പറയുകയും തന്റെ വീരന്മാരെ ഉള്ളു കൊണ്ട് പൂജിക്കുകയും വേണം. കൊന്നവരിലും കൊല്ലുന്നവരിലം മുമ്പു പറഞ്ഞ മട്ടില്‍ അങ്ങനെ കുറ്റും ചെയ്തു എന്നു വിളിച്ചു കൈപൊക്കിയാര്‍ത്തു പറയണം. അങ്ങനെയായാല്‍ ശത്രുവിന്റെ നാട്ടുകാര്‍ പാട്ടിലാകും.
ഇപ്രകാരം എല്ലാ നിലയിലും ആദ്യമായി സന്ത്വം നടത്ത ണം. ജീവികള്‍ക്കൊക്കെ ഇഷ്ടനായ രാജാവ് ധര്‍മ്മജ്ഞനാണ്. അവന് നിര്‍ഭയമായി വസിക്കാം. അവനെ എല്ലാ ജീവികളും വിശ്വസിക്കും രാജാവേ! വിശ്വസ്തനായാല്‍ ജയിച്ചു; പിടിച്ച ഭൂമി ഇഷ്ടം പോലെ അനുഭവിക്കുവാന്‍ കഴിയും.
രാജാവ് മായ കൂടാതെ എല്ലാവരേയും വിശ്വസിപ്പിക്കുവാന്‍ നോക്കണം. വിശ്വസിപ്പിച്ചാല്‍പ്പോരാ, രക്ഷിക്കുകയും വേണം. രാജ്യം ജയിക്കുവാനാഗ്രഹിക്കുന്ന രാജാവ് ഇങ്ങനെയാണ് വേണ്ടത്.
അദ്ധ്യായം 103. ഇന്ദ്രബൃഹസ്പതിസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവ് തന്റെ ശത്രുവായ മൃദുശീലനിലും, തീക്ഷ്ണ ശീലനിലും, സ്നേഹിതന്മാര്‍ അധികമുള്ളവനിലും എങ്ങനെയുളള മട്ടാണ് ആദ്യമായി കൈക്കൊളേളണ്ടത്? പിതാമഹാ! പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: ഇതിന്നുദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്. അത് ബൃഹസ്പതിയും ദേവേന്ദ്രനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്.
വൈരിനാശനനായ ദേവേന്ദ്രന്‍ ഒരു ദിവസം ബൃഹസ്പതിയുടെ മുമ്പില്‍ച്ചെന്ന് കുമ്പിട്ടു തൊഴുത് വണങ്ങി നിന്നു ചോദി ച്ചു. അല്ലയോ, (ബ്രാഹ്മണാ! ഞാന്‍ ക്ഷീണം കൂടാതെ എങ്ങനെയാണ് നില്ക്കേണ്ടത്! ശത്രുക്കളെ കൊന്നൊടുക്കാതെ ഉപായത്താല്‍ അടക്കി നിര്‍ത്താന്‍ എന്താണ് വഴി? സൈന്യങ്ങളേറ്റ് എതിര്‍ത്താല്‍ ജയം ചിലപ്പോള്‍ ഉണ്ടായെന്നും ഇല്ലെന്നും വരാം. എന്തു ചെയ്താലാണ് എന്റെ പ്രതാപൈശ്വര്യങ്ങള്‍ എന്നെ വിട്ടു പോകാതെ നില്ക്കുക?
ഇതുകേട്ട് ധര്‍മ്മാര്‍ത്ഥകാമാദികളില്‍ ദക്ഷനും, രാജധര്‍മ്മങ്ങളില്‍ നല്ല ബോധവും അറിവുമുളളവനുമായ ബൃഹസ്പതി പുരന്ദരനോടു പറഞ്ഞു.
ബൃഹസ്പതി പറഞ്ഞു: പുരന്ദരാ! ഭവാന്‍ ഒരിക്കലും ശത്രുക്കളെ യുദ്ധം ചെയ്ത് അടക്കി നിര്‍ത്തുവാന്‍ ആഗ്രഹിക്കരുത്. അമര്‍ഷവും അക്ഷമയുമൊക്കെ ബാലന്മാര്‍ക്കു ചേര്‍ന്ന ശീല സ്വഭാവങ്ങളാണ്. രാജാവ് തന്നെക്കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതു വെളിവാക്കരുത്; ശത്രുക്കള്‍ അതറിയരുത്, ക്രോധം ഭയം, ഹര്‍ഷം ഇവ താന്‍ തന്നെ തന്നില്‍ അടക്കണം. വിശ്വസ്തനെപ്പോലെ ശത്രുവിനെ സേവിക്കണം. എന്നാല്‍ വിശ്വസിക്കരുത്. എന്നും പ്രിയമേ ശത്രുവിനോടു പറയാവു. അല്പം പോലും അപ്രിയം പറയരുത്, ശുഷ്കമായ വൈരം നിറുത്തണം ആക്ഷേപം പറഞ്ഞ് തൊണ്ട വറ്റിക്കുന്ന ശീലം പാടില്ല. പ്രാപ്പിടയന്റെ പണി കണ്ടിട്ടുണ്ടോ? അവന്‍ പ്രാവിനെ അതിന്റെ ശബ്ദം അനുകരിച്ചു ചിലച്ച് ഇണക്കിയെടുക്കുന്നു. അങ്ങനെ അവര്‍ക്ക് ഇഷ്ടമായ ഭാഷ സംസാരിച്ച് മൃദുവായി പെരുമാറി ശത്രുക്കളെ പാട്ടിലാക്കണം. പിന്നെ, തരം കിട്ടുമ്പോള്‍ കാച്ചണം. നിത്യവും വൈരിയെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നവന്‍ ഉറങ്ങുകയില്ല. അവന്‍ കിടക്കയില്‍ക്കിടന്നാല്‍ മനസ്സില്‍ വിചാരമായി; ഉറക്കം വരികയില്ല. പൊട്ടിപ്പൊരിഞ്ഞു കത്തുന്ന തീ പോലെ ആ ദുഷ്ടാത്മാവ് എപ്പോഴും ഞെട്ടിത്തെറിച്ചു കിടക്കും. യുദ്ധം കൂടാതെ ജയിക്കുവാന്‍ നല്ല സൗകര്യമുള്ള സന്ദര്‍ഭത്തില്‍ യുദ്ധത്തിന്നിറങ്ങരുത്. വിശ്വസിപ്പിച്ച് കാര്യം സാധിച്ച്, പാട്ടില്‍ വെച്ച്, ഇഷ്ടനായി നിന്ന്, യോഗ്യരായ മന്ത്രിമാരുമായി കൂടിയാലോചിച്ച്, വിട്ടൊഴിച്ച് അവമാനിച്ചു വിട്ടവന്‍ മടങ്ങരുതെന്നുള്ള ധാരണയോടു കൂടി, അവന്ന് ഇളക്കം തട്ടുന്ന തഞ്ചം നോക്കി പ്രഹരിക്കണം. വിശ്വസ്തന്മാരെക്കൊണ്ട് ദണ്ഡദൂഷണം ചെയ്യിക്കണം. ആദിയും, മദ്ധ്യവും, അവസാനവും അറിഞ്ഞ് ഗൂഢമായി പക വെക്കണം. പ്രമാണം കണ്ടറിഞ്ഞ് സൈനൃദൂഷണവും ചെയ്യണം. ഭേദവും ദാനവും കൂട്ടി ഓഷധങ്ങളും പ്രയോഗിക്കണം. ശത്രുക്കളോടു കൂടിച്ചേര്‍ന്ന് സന്തോഷത്തോടെ നടക്കുന്ന കാര്യം നന്നല്ല. കാലം നീട്ടി വെച്ചു പരിപാടിയിട്ട ശത്രുവിനെ കൊല്ലണം. ഇങ്ങോട്ടു വിശ്വാസമുള്ള മട്ടില്‍ ശങ്കതോന്നാത്ത വിധം കാലം കാത്ത് കഴിക്കണം. കൂട്ടത്തോടെ പിടിച്ചു കൊല്ലരുത്. അങ്ങനെയായാല്‍ ജയം അസ്ഥിരമാണെന്നറിയണം. ശല്യങ്ങളേല്പിക്കരുത്. വാക്കു കൊണ്ട് വ്രണപ്പെടുത്തരുത്.
കാലം തഞ്ചത്തിന് കിട്ടുമ്പോള്‍ ശത്രുവിനെ കാച്ചണം. എപ്പോഴും തഞ്ചവും തക്കവും കിട്ടുകയില്ല. ഇങ്ങനെയാണ് പുരന്ദരാ, ശത്രുക്കളെ നശിപ്പിക്കുവാനൊരുങ്ങുന്ന പുരുഷന്‍ ചെയ്യേണ്ടത്.
കാലം കാത്തു നില്‍ക്കുന്ന പുരുഷന്ന് കാലം കൈവിട്ടു പോയാല്‍ പിന്നെ, അവന് പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയം കിട്ടുകയില്ല. ശക്തിയെല്ലാം ഒതുക്കി നിര്‍ത്തണം. സാധു സമ്മതനായ സംഗ്രഹി മുന്‍കൂട്ടി മിത്രത്തെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തണം. തല്‍ക്കാലം പീഡിപ്പിക്കരുത്.
കാമം, ക്രോധം, അഹങ്കാരം ഇവയെല്ലാം വെടിഞ്ഞൊരുങ്ങി വിരോധികളുടെ വിവരം ശരിയായി അറിയുവാന്‍ സന്നദ്ധനായി നില്ക്കുക. മാര്‍ദ്ദവം, ദണ്ഡം, ആലസ്യം, പ്രമാദം, നന്നായി ചെയ്യുന്നതുമായ ഇവയൊക്കെ ജളനെ അബദ്ധത്തില്‍ വീഴ്ത്തിക്കളയും. ഇപ്പറഞ്ഞവയെ നാലിനേയും മുടിച്ച്, മായയേയും തടുത്ത്, ശത്രുവിനെ പ്രഹരിച്ച് ശങ്ക വിട്ടവന്‍ ശക്തനായിത്തീരും. തനിച്ച് ഗൂഢമായി ചെയ്യുവാന്‍ തക്കത് ഏതാണോ, അതു ചെയ്യണം. രഹസ്യം മന്ത്രിമാര്‍ സൂക്ഷിക്കും. അവര്‍ തമ്മില്‍ പറഞ്ഞെന്നുമാകാം. തനിക്ക് ഒറ്റയ്ക്ക് അസാദ്ധ്യമായ കാര്യത്തില്‍ ശക്തന്മാരുമായി കൂട്ടു പിടിക്കണം. ബ്രഹ്മദണ്ഡവും പ്രത്യക്ഷമായി ചതുരംഗവും സ്വീകരിക്കണം. മുമ്പില്‍ ഭേദം പ്രയോഗിക്കണം. അങ്ങനെ തന്നെ മൗനവും പ്രയോഗിക്കണം. കാലം നോക്കി വേണ്ട സമയത്ത്, വേണ്ട സ്ഥലത്ത്, വേണ്ടതു രാജാവ് ചെയ്യണം.
ബലവാനായ ശത്രുവില്‍ കാലേ തന്നെ വണങ്ങി നില്ക്കണം. അപ്രമത്തനായി, പ്രമത്തനായ ശത്രുവിനെ വധിക്കാന്‍ വേണ്ടി കരുതി നില്ക്കണം. നമസ്കാരത്താലും ദാനത്താലും നല്ല വാക്കാലും, ശത്രുവിനെപ്പോലും സേവിക്കണം. ഒരിക്കലും ശങ്ക ജനിപ്പിക്കരുത് ആശ്വാസം അവരില്‍ പാടില്ല. ചിലര്‍ കൊളളരുതാത്തവരുമായിരിക്കും. പല മട്ടില്‍ ഐശ്വര്യമുളളവര്‍ക്ക് പല മട്ടില്‍ നാശവുമുണ്ടാകും. ഒത്തു ചേര്‍ന്ന് പ്രയത്നിക്കണം. മിത്രങ്ങളേയും അമിത്രങ്ങളേയും മനസ്സിലാക്കണം. ഇതൊക്കെ ദുസ്സാദ്ധ്യമായ കര്‍മ്മമാണ് സുരനായകാ!
ജനങ്ങള്‍ മൃദു സ്വഭാവക്കാരെ നിരസിക്കും. തീഷ്ണരെ വെറുക്കും. നീ തീക്ഷ്ണനാകരുത്, എന്നാല്‍ നീ മൃദു ശീലനാകരുത്. പിന്നെ എങ്ങനെയാകണം? തീക്ഷ്ണ ശീലവും മൃദു ശീ ലവും നിനക്ക് യഥോചിതമുണ്ടാകണം. വെളളം ചാടി ശക്തിയോടെ ഒഴുകുന്ന പുഴയുടെ കരവിണ്ടാല്‍ എപ്രകാരം തകരുമോ, അപ്രകാരം പ്രമത്തന്റെ രാജ്യം നാശമാകും.
ഒരേയൊരു സമയത്ത് പല ശത്രുക്കളോട് ഒന്നിച്ച് എതിര്‍ക്കരുത്. സാമംകൊണ്ടും, ദാനംകൊണ്ടും, ഭേദം കൊണ്ടും, ദണ്ഡം കൊണ്ടും ഓരോരുത്തരെ മര്‍ദ്ദിച്ച് മറ്റുളളുവരില്‍ നിപുണമായി പെരുമാറുക. മേധാവിയാണെങ്കിലും അവന്‍ ശക്തന്മാരോട് ഏല്ക്കരുത്. തേര്‍, ആന, കുതിര, കാലാള്‍, യന്ത്രങ്ങള്‍ ചേര്‍ന്ന കൂറുള്ളവരായ ആറംഗങ്ങളോടു കൂടിയ വലിയ പട ഇണങ്ങുകയാണെങ്കില്‍, എതിര്‍ത്താല്‍ പല വിധത്തിലുള്ള ഗുണമുണ്ടെന്നു കണ്ടാല്‍ ഉടനെ തിരിഞ്ഞ് പ്രഹരിക്കണം. പ്രത്യേ കിച്ചും ദസ്യുക്കളില്‍ ഈ പ്രഹരം ശങ്ക വിട്ട് നടത്തണം.
സാമം കൂടാതെയുളള നല്ല മാര്‍ഗ്ഗം ഗൂഢമായി ചെയ്യുന്ന ദണ്ഡമാണ്. മൃദുവായ പ്രയോഗം ശത്രുക്കളോട് പറ്റില്ല. സസ്യങ്ങളെ നശിപ്പിക്കരുത്, ധാന്യങ്ങള്‍ നശിപ്പിക്കരുത്, പ്രകൃതിയെ പരീക്ഷിക്കുന്ന വിഷപ്രയോഗവും ചെയുരുത്. വിവിധമായ ഉപസര്‍ഗ്ഗങ്ങളും മായാപ്രയോഗവും കീര്‍ത്തിക്ക് ചേര്‍ന്നതല്ല. വിശ്വസ്ഥന്മാരെക്കൊണ്ട് വേണ്ട ഉപചാരം നാട്ടില്‍ ചെയ്യിക്കണം. പത്തനത്തില്‍ എത്തി രാജാവ് പുരസ്ഥമായ സകല ഭോഗങ്ങളും ഏല്ക്കണം. പുരത്തിലെല്ലായിടത്തും വിധി പോലെ നീതി നടത്തുന്നവന്‍ ഇന്ദ്രാ! വിജയിയാകുന്നു.
ഒളിച്ച് കൈക്കൂലി കൊടുത്ത്, ഭോഗങ്ങള്‍ നീക്കി, സ്വജനത്തെ നോക്കി, സ്വദോഷത്തില്‍ സന്തോഷിക്കുന്നവരെ പുരത്തിലും നാട്ടിന്‍ പുറത്തും സംരക്ഷിക്കണം. അതേ മാതിരി അതിശാസ്ത്രരക്ഷന്മാരായി നടിക്കുന്നവരേയും പഠിപ്പിലും, ഭാഷ്യകഥാ പ്രസംഗാദികളിലും വിദഗ്ദ്ധരായവരേയും പുരങ്ങളില്‍ പാര്‍പ്പിക്കണം.
ഇന്ദ്രന്‍ പറഞ്ഞു: ദുഷ്ടന്റെ ചിഹ്നം എന്തൊക്കെയാണ് ദ്വിജ ശ്രേഷ്ഠാ! ഞാന്‍ എങ്ങനെയാണ് ദുഷ്ടനെ മനസ്സിലാക്കേ്‌ണ്ടത്? പറഞ്ഞു തന്നാലും.
ബൃഹസ്പതി പറഞ്ഞു: ആളെ കാണാത്ത സമയത്ത് ദോഷങ്ങള്‍ പറയും. ഗുണങ്ങളില്‍ അസൂയയുണ്ടാകും. മറ്റുളളവര്‍ പറയുമ്പോള്‍ കേള്‍ക്കാത്ത മട്ടില്‍ നില്ക്കും. ഒന്നും മിണ്ടാതെ നില്ക്കും. കാരണം കൂടാതെ മിണ്ടാതെ നില്ക്കുമ്പോള്‍ അവന്‍ ദുഷ്ടനാണെന്നു മനസ്സിലാക്കാം. നെടുവീര്‍പ്പിടുക, ചുണ്ടു കടിക്കുക, തല കുലുക്കുക ഇതൊക്കെ ഇത്തരക്കാരുടെ ലക്ഷണമാണ്. ഇവ വീണ്ടും ഇടകലര്‍ത്തി ചെയ്യും. സംബന്ധമില്ലാത്തത് പറയും. കാണാതിരുന്നാല്‍ ഒന്നും ചെയ്യാതിരിക്കും. കണ്ടാല്‍ മിണ്ടാതിരിക്കും. വേറെ ഒരിടത്ത് ഇരുന്ന് ഭക്ഷിക്കും. അതും വേണ്ട വിധത്തിലായിരിക്കയില്ല, ആ ഭക്ഷണക്രമം. അവരുടെ ഭാവം വാഹനങ്ങളിലും ശയ്യകളിലും, ഇരിപ്പിടങ്ങളിലും കാണുകയും ചെയ്യാം.
ഇനി മിത്രത്തിന്റെ ലക്ഷണം പറയാം. മിത്രത്തിന്റെ സുഖത്തില്‍ മിത്രം സുഖിക്കും. ദുഃഖത്തില്‍ ദുഃഖിക്കും. അതിന്ന് വിപരീതമായി ദുഃഖത്തില്‍ സുഖവും സുഖത്തില്‍ ദുഃഖവും ആരില്‍ കാണുന്നുവോ, അവന്‍ ശത്രുവാണെന്ന് ധരിക്കണം.
ഞാനീപ്പറഞ്ഞത് നല്ലപോലെ ധരിച്ചോളു ദേവേന്ദ്രാ! ദുഷ്ടുള്ള പുരുഷന്മാരുടെ സ്വഭാവം വളരെ ബലമേറിയതാണ്.
ഇപ്രകാരം ഞാന്‍ ദുഷ്ടന്റെ സ്വഭാവത്തെ പറഞ്ഞു തന്നു. ഭവാന്‍ ശാസ്ത്ര തത്ത്വമായ ഈ കാര്യം നല്ല വണ്ണം ധരിച്ചുവല്ലോ?
ഭീഷ്മൻ പറഞ്ഞു: അരികളെ നശിപ്പിക്കുന്നതില്‍ ഉദ്യമിക്കുന്നവനായി ഇന്ദ്രന്‍ ബൃഹസ്പതി പറഞ്ഞ വാക്കുകള്‍ വേണ്ട മാതിരി ധരിച്ചു, പിഴപറ്റാതെ അദ്ദേഹം രാജ്യം ഭരിച്ച്, വിജയിയായി ശത്രുക്കളെ നശിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ വസിച്ചു.
അദ്ധ്യായം 104. കാലകവ്യക്ഷീയം - യുധിഷ്ഠിരന്‍ പറഞ്ഞു: അര്‍ത്ഥം നഷ്ടപ്പെട്ട് സൈന്യവും ഭണ്ഡാരവും പോയി വലയുന്ന അമാത്യന്മാരോടു കൂടിയ ധാര്‍മ്മികനായ രാജാവ് സുഖത്തിന് വേണ്ടി എന്താണു ചേയ്യേണ്ടത്?
ഭീഷ്മൻ പറഞ്ഞു; ഇതിനെപ്പറ്റി ക്ഷേമദര്‍ശി എന്ന രാജാവിന്റെ കഥ പറഞ്ഞു വരാറുണ്ട്. അത് ഞാന്‍ നിന്നോടു പറയാം. നല്ല പോലെ നീ അതു കേട്ട് ധരിക്കുക.
പണ്ട് രാജപുത്രനായ ക്ഷേമദര്‍ശി സൈന്യമൊക്കെ നശിച്ച് ആപത്തില്‍പ്പെട്ട സമയത്ത്, കാലകവ്യക്ഷീയന്‍ എന്ന മഹര്‍ഷിയുടെ അടുത്തു ചെന്നു നമസ്കരിച്ച് ഇപ്രകാരം ചോദിച്ചു.
രാജാവ് പറഞ്ഞു: അര്‍ത്ഥങ്ങളൊക്കെ നഷ്ടപ്പെട്ടവനും, നഷ്ടപ്പെട്ട ധനവും രാജ്യവും വീണ്ടും കിട്ടുവാന്‍ ആഗ്രഹിക്കു ന്നവനുമായ ഞാന്‍, ഹേ ബ്രാഹ്മണാ! എന്തു ചെയ്യണമെന്ന് പറഞ്ഞു തന്നാലും. ആത്മഹത്യ ചെയ്യാതെ, ദൈന്യം കൂടാതെ പരന്മാരെ ആശ്രയിക്കാതെ, ക്ഷുദ്രമായ ജീവിതം നയിക്കാതെ എങ്ങനെ ഞാന്‍ ജീവിക്കണം? മനസ്സില്‍ ആധിയോ മറ്റോ വന്ന് വന്ന് ഭവാന്റെ മാതിരിയുള്ള ധര്‍മ്മജ്ഞനും കൃതജ്ഞനുമായവന്ന് ഈ ശാന്ത ജീവിതം ആശ്വാസ പ്രദമാണ്. മനുഷ്യന്‍ കാമങ്ങളെ ഉപേക്ഷിക്കണം ആ പ്രവൃത്തി കൊണ്ട്, പ്രീതിയും ശോകവും നീക്കി ജ്ഞാനം നേടിയവന്‍ സുഖിക്കുന്നു. ദ്രവ്യത്തോടു ചേര്‍ന്ന സുഖം ആര്‍ക്കുണ്ടോ അവനെപ്പറ്റി ഞാന്‍ ദുഃഖിക്കുന്നു. സ്വപ്നത്തില്‍ കണ്ട മാതിരി എന്റെ കൈയിലുണ്ടായിരുന്ന എല്ലാ സ്വത്തും നശിച്ചു പോയിരിക്കുന്നു. വളരെ ദ്രവ്യങ്ങള്‍ തൃജിക്കുന്നവര്‍ ദുഷ്ക്കര പ്രവൃത്തി ചെയ്യുന്നവരാണത്രെ. ഇവ കൈയിലില്ലെങ്കിലും വേണ്ടെന്നു വെക്കുവാന്‍ ഞാന്‍ ശക്തനല്ല. ഈ നിലയില്‍ ശ്രീയൊക്കെ നഷ്ടപ്പെട്ട് ഞാന്‍ ഉഴലുകയാ ണ്. വേറെ എന്തുവിധത്തിലുള്ള സുഖമാണ് എനിക്കു ലഭിക്കുക? എന്താണിതിന്ന് വഴി? ഹേ ബ്രാഹ്മണാ, വേണ്ട മാര്‍ഗ്ഗം എനിക്കു കാണിച്ചു തരണേ!
ധീമാനായ കോസല രാജപുത്രന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ദ്യുതിമാനായ കാലകവ്യക്ഷീയ മുനി ഇപ്രകാരം പറഞ്ഞു:
മുനി പറഞ്ഞു: ഒന്നാമതായി രാജാവേ, ഈ ഒരു ബുദ്ധി ഭവാനുണ്ടാകണം. അതു എന്തെന്നു ഞാന്‍ പറയാം. ഈ കാണുന്നതൊക്കെ അനിത്യമാണ്, ഒന്നും ശാശ്വതമല്ല എന്നറിയണം. ഞാനും എന്റെ വിത്തവും ശാശ്വതമല്ല. എന്തൊക്കെയാണ് നീ ഉള്ളതാണെന്നു കരുതുന്നത് അവയൊന്നും ഉള്ളതല്ല എന്ന് നീ ദൃഢമായി ധരിക്കുക. ഈ ബോധം ഉണ്ടെങ്കില്‍ എന്ത് ആപത്ത് വന്നു പെട്ടാലും പ്രാജ്ഞനായ നരന്‍ കുഴങ്ങുകയില്ല. കഴിഞ്ഞതും ഭാവിയിലുളളതുമെല്ലാം ഇല്ലാതാകും. അറിയേണ്ടതായ ഈ കാര്യം അറിഞ്ഞാല്‍ പിന്നെ നീ അധര്‍മ്മം വിട്ട് ഒഴിഞ്ഞു പോകും. മുമ്പു പലരും ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ ധനവുമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ എവിടെ? അവരുടെ ഉടമസ്ഥതയെവിടെ? ധനമെവിടെ? ഒന്നുമില്ല. അത് അറിഞ്ഞവര്‍ പിന്നെ ദുഃഖിക്കുമോ? ദുഃഖിക്കാന്‍ അവകാശമില്ല. ഉള്ളത് ഇല്ലാതാകും; ഇല്ലാത്തതുണ്ടാകും. ശോകത്തില്‍ യാതൊരു കാര്യവുമില്ല. അതു കൊണ്ട് ഇതിനെപ്പറ്റിയൊന്നും ദുഃഖിക്കരുത്. രാജാവേ ഞാനൊന്നു ചോദിച്ചോട്ടെ! ഭവാന്റെ അച്ഛന്‍ ഇപ്പോള്‍ എവിടെയാണ്? അച്ഛന്റെ അച്ഛന്‍ എവിടെയാണ്? നീ ഇപ്പോള്‍ അവരെ കാണുന്നുണ്ടോ? ഇല്ല. അവര്‍ നിന്നെക്കാണുന്നുണ്ടോ? ഇല്ല. തന്റെ അസ്ഥിരതയെപ്പറ്റി ആദ്യം കാണുക. അവരെപ്പറ്റി ദുഃഖിക്കാതിരിക്കുക. അങ്ങ് ബുദ്ധി കൊണ്ട് ചിന്തിച്ചുറയ്ക്കുക, തീര്‍ച്ചയായും ഭവാന്‍ ഇല്ലാതാകുന്ന ഒരു വസ്തുവാണ് എന്ന്.
ഞാനും നീയും നിന്റെ സുഹൃത്തുക്കളും ശത്രുക്കളും തീര്‍ച്ചയായും ഇല്ലാതാകും. എല്ലാം ഇല്ലാതെയാകും. ഇരുപതു വയസ്സായവനും മുപ്പത് വയസ്സായവനും എല്ലാവരും നൂറു കൊല്ലം ഇരുന്നേക്കും. ചിലര്‍ എത്തുന്നതിന്നുമുമ്പ് മരിച്ചുപോകും. വളരെ ധനം കൈവശമുണ്ടെങ്കിലും മനുഷ്യന്‍ "ഇവയൊന്നും എന്റെ യല്ല" എന്ന വിചാരത്തോടെ ആത്മപ്രിയം ചെയ്യണം.
അതു പോലെ തന്നെ തന്റെ കൈവശം വരാത്ത ധനവും തന്റെയല്ല എന്നു വിചാരിക്കുക. ദൈവമാണ് ഏറ്റവും ബലമേറിയത് എന്നു കാണുന്നവരാണ് വിദ്വാന്മാര്‍ അതാണ് സജ്ജനങ്ങള്‍ക്ക് ആശ്രയവും.
അനാഢ്യന്മാര്‍ പോലും ജീവിക്കുന്നു. രാജ്യം ഭരിക്കുകയും ചെയ്യുന്നു. ബുദ്ധിയാലും പൗരുഷത്താലും യോഗ്യരായ അവര്‍ നിന്നെപ്പോലെയുളളവരല്ലേ! അവര്‍ നിന്റെ മാതിരി ദുഃഖിക്കുകയില്ല, നീയും അതു കൊണ്ട് ദുഃഖിക്കാതിരിക്കുക. ബുദ്ധി കൊണ്ടും വീര്യം കൊണ്ടും നീ അവരേക്കാള്‍ മെച്ചപ്പെട്ടവനല്ലേ?
രാജാവ് പറഞ്ഞു: മുനേ, എനിക്ക് കാര്യം ഏതാണ്ട് തിരി ഞ്ഞു. രാജ്യം ലഭിച്ചത് യദുൃച്ഛയാലാണെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു. ദൈവഗത്യാ ലഭിച്ചതാണ്. അതൊക്കെ യദുച്ഛയാ തന്നെ കാലത്തിന്റെ ആഘാതത്താല്‍ വന്ന മാതിരി പോവുകയും ചെയ്തു എന്നും ഞാന്‍ അറിയുന്നു. കാലത്തിന്റെ ഒഴുക്കില്‍ ഐശ്വര്യം ഒഴുകിപ്പോയി. ഹേ തപോധനാ, ഈ ഫലം ഞാന്‍ ഇപ്പോള്‍ കണ്ടു കഴിഞ്ഞു. ഇനി എനിക്ക് ആവലാതിയില്ല. കിട്ടിയതു കഴിച്ച് എവിടെയെങ്കിലും ജീവിച്ചുകൊള്ളാം.
മുനി പറഞ്ഞു; ജീവിതത്തിന്റെ പരമമായ സത്യം മനസ്സിലാക്കിയാല്‍ കഴിഞ്ഞതിനേയും വരാന്‍ പോകുന്നതിനേയും പറ്റി ഓര്‍ത്ത് ദുഃഖിക്കുകയില്ല. ഹേ കൌസല്യാ! നീയും അത്തരത്തില്‍ ആവുക. കിട്ടാവുന്നതില്‍ കൊതി വെച്ചു കിട്ടുവാന്‍ സാദ്ധ്യമല്ലാത്തതിനെക്കുറിച്ച് ആശിക്കാതിരിക്കുക. കിട്ടിയാല്‍ അത് അനുഭവിച്ച് സംതൃപ്തനാവുക. നഷ്ടമായതിനെ പറ്റി ചിന്തിച്ചു ദുഃഖിക്കാതിരിക്കുക. അതു കൊണ്ട് ഇപ്പോള്‍ നിന്റെ കൈവശമുള്ള ധനം കൊണ്ട് നീ തൃപ്തനായി ജീവിക്കുക. നീ ശുദ്ധസ്വഭാവനായി ശ്രീ നശിച്ചതു കൊണ്ട് ദുഃഖിക്കുന്നില്ലല്ലോ?
മുമ്പെ വന്നു ചേര്‍ന്ന ശ്രീ അനുഭവിച്ചു സുഖിച്ചതിന് ശേഷം ഭാഗ്യം നശിച്ചവരായ മൂഢന്മാര്‍ ദൈവത്തെ നിന്ദിക്കുന്നു. അര്‍ത്ഥസിദ്ധിയില്‍ അവര്‍ അലംഭാവികളാണ്. എത്ര കിട്ടിയാലാണ് തൃപ്തിയാവുക? ശ്രീയുള്ളവരായി ജീവിക്കുന്നവരെ ഇത്തരക്കാര്‍ നിന്ദിക്കും. അവര്‍ അതിന്ന് അനര്‍ഹരാണെന്ന് കരുതും. ആ ചിന്ത അവന്റെ ദുഃഖത്തെ വര്‍ദ്ധിപ്പിക്കും. താന്‍ യോഗ്യനാണെന്നു നടിക്കുന്നവരും, ഈര്‍ഷ്യയും അഭിമാനവും ഉള്ളവരും,, ഈ മാതിരി ചിന്തിച്ചു വിഷമിക്കുന്നു. നീ അത്തരത്തിലല്ലല്ലോ രാജാവേ! തനിക്ക് ശ്രീ നശിച്ചു പോയി ഇല്ലാതായി എന്നു വെച്ച് മറ്റുളളവരുടെ ഐശ്വര്യത്തില്‍ നീ അസൂയപ്പെടരുത്. പരശ്രീയെ നീ പൊറുക്കണം. കുശലന്മാരായ മര്‍ത്തൃര്‍ മറ്റു ദിക്കിലുള്ള ശ്രീയും അനുഭവിക്കും. ശ്രീ തന്റെ നേരെ ഒഴുകിയെത്തും. അതു ശത്രുവില്‍ നിന്നുമാകാം. മറ്റുളളവര്‍ വെറുത്താല്‍ ഐശ്വര്യം ഓടി ഒഴിയും. നല്ല ധര്‍മ്മിഷ്ഠന്മാരേയും നല്ല നടപടിയുള്ളവരേയും പുത്രപൗത്രന്മാരോടു കൂടി ശ്രീ പ്രാപിക്കും.
യോഗധര്‍മ്മജഞന്മാരായ ചില ധീരന്മാര്‍ ജീവിതത്തിന്റെ അസ്ഥിരത്വം കണ്ടറിഞ്ഞ് ശ്രീയേയും പാപകര്‍മ്മം ചെയ്യുന്നതിലുള്ള ആഗ്രഹത്തേയും ഉപേക്ഷിച്ച് ശാന്തമാനസരായി ജീവിക്കുന്നു. എത്ര മഹത്തായ ധനവും സ്ഥാനമാനങ്ങളും രാജകീയാധികാരങ്ങളും ലാകിക ശ്രേയസ്സുകളും ഇത്തരക്കാര്‍ വലിച്ചെറിയുന്നു. നീ ബോധവാനാണ്. ഇതൊക്കെ അറിയാവുന്നവനാണ്. എന്നിട്ടും എന്റെ രാജ്യം നഷ്ടപ്പെട്ടു, എന്റെ മുതലൊക്കെ നശിച്ചു! ഇനി ഞാന്‍ എങ്ങനെ കഴിയേണ്ടൂ! ആത്മഹത്യ ചെയ്യണോ എന്നൊക്കെ വിലപിക്കുന്നു.
ദുഃഖകരവും, പരാധീനവും, അകാമൃവുമായ അര്‍ത്ഥം കൊതിക്കുന്നവന്‍ ദുഃഖിക്കും. ആ ജ്ഞാനം അറിയുവാന്‍ ശ്രമിക്കുന്ന നീ ഈ ചിന്തയൊക്കെ ഉപേക്ഷിക്കുക. സമ്പത്തിന്റെ രൂപത്തില്‍ അനര്‍ത്ഥങ്ങള്‍ വന്നു ചേരും. ചിലര്‍ക്ക് ഗുണത്തിന്നായിരിക്കും ധനനാശം വന്നു ചേരുക. അനന്തമായ സുഖം, അറ്റമില്ലാത്ത സുഖം, ധനം മൂലം ഉണ്ടാകുമെന്നാണു ചിലരുടെ വിചാരം. ആ വിചാരത്തോടെയാണ് ചിലര്‍ ശ്രീ ആഗ്രഹിക്കുന്നത്. ധനം കൊണ്ടു മാത്രം എല്ലാമായി എന്നു വിചാരിക്കുന്നവന്‍ വേറെ ശ്രേയസ്സൊന്നും കാണുകയില്ല. അപ്രകാരം ഇച്ഛിക്കുന്ന അവന്ന് അവന്റെ പരിശ്രമം നശിച്ചു പോകും. വളരെ പണിപ്പെട്ട് നേടിയ ഇഷ്ടങ്ങള്‍ ഹേ രാജാവേ, നശിച്ചു പോവുകയാണെങ്കില്‍ ക്രമക്കേട് ബാധിച്ച ആ മനുഷ്യന്ന് അര്‍ത്ഥങ്ങളില്‍ വെറുപ്പുണ്ടാകും. നല്ല ആളുകള്‍ ധര്‍മ്മത്തെ സ്വീകരിക്കുന്നു. പരലോക സുഖേച്ചുക്കളായ മഹാശയന്മാര്‍ ഐഹിക സുഖങ്ങളില്‍ വെറുക്കുന്നു.
ധനത്തില്‍ ദുരാഗ്രഹം മൂലം ചിലര്‍ തന്റെ ജീവനെപ്പോലും നശിപ്പിക്കും. മറ്റുളളവരുടെ കഴുത്തറുക്കുവാനും മടിക്കയില്ല. ധനമില്ലാതെ ജീവിച്ചാല്‍ എന്തു ഫലം എന്നു വിചാരിക്കുന്നവരുണ്ട്. അവര്‍ ചെയ്യുന്ന വങ്കത്തരങ്ങള്‍ ചെറുതല്ല. അവരുടെ പിച്ചത്തരങ്ങളും, വിഡ്ഡിത്തരങ്ങളും പറയാന്‍ പ്രയാസം.
ജീവന്‍ നശ്വരമായിരിക്കെ ധനത്തില്‍ ദൃഷ്ടി വെക്കുന്നവന്‍ നാശത്തിലെത്തും. ജീവന്‍ മരണത്തിലെത്തുമ്പോള്‍ ധനതൃഷ്ണ എന്തു നിലയിലാകും?
വേര്‍പാടിലെത്തുന്നതായ സംയോഗത്തില്‍ ആര്‍ ദൃഢമായി മനസ്സു വെക്കും. ധനത്തെ മനുഷ്യന്‍ വിട്ടു പോകും; ധനം മനുഷ്യനെ വിട്ടുപോകും. രാജാവേ, ഈ രഹസ്യം എല്ലാവരും അറിയേണ്ടതാണ്. ഇതു തീര്‍ച്ചയായ കാര്യമാണ്. ഈ രഹസ്യം അറിഞ്ഞ ഏതൊരുത്തനാണ് ദുഃഖിക്കുക?
രാജാവേ, അങ്ങയ്ക്കുമാത്രമല്ല സുഹൃത്തുക്കളും ധനവും നശിക്കുന്നത്. മറ്റുളളവര്‍ക്കും സുഹൃത്തുക്കളും ധനവും നശിക്കുന്നുണ്ട്. രാജാവേ, മനുഷ്യരുടെ ജീവിതഗതി നോക്കിപ്പഠിക്കുക! തന്റെ ആപത്തിന്റെ ഗതിയും ഇതു തന്നെയാണെന്നു ധരിയ്ക്കുക. അങ്ങ് ഇന്ദ്രിയങ്ങളെ അടക്കുക! കരളിനെ അടക്കുക! വാക്കിനെ അടക്കുക! ഈ ദുര്‍ബ്ബല കാര്യങ്ങളില്‍ തടുക്കുന്നതിന്നു മാറ്റാരുമില്ല. ദൂരത്തായാലും അടുത്തായാലും ആരും ഇല്ലെങ്കിലും പ്രാജ്ഞനും, തൃപ്തനും, വിക്രാന്തനുമായ പുരു ഷന്‍, നിന്നെപ്പോലെയുള്ള പുരുഷന്‍; ഒരിക്കലും ദുഃഖിക്കുകയി ല്ല: ചാപല്യമില്ലാത്തവനും, മൃദുശീലനും, ദാന്തനും, ദൃഢചി ത്തനും, ബ്രഹ്മചര്യം സ്വീകരിച്ചവനുമായ പുരുഷന്‍, നിന്നെപ്പോലെയുള്ള പുരുഷന്‍, ഒരിക്കലും സ്വല്പമായ അര്‍ത്ഥ നഷ്ടത്തില്‍ ദുഃഖിക്കുകയില്ല. ചീത്ത കാപാലികന്മാരുടെ വൃത്തി, ഭിക്ഷാംദേഹികളായ തെണ്ടികളുടെ തൊഴില്‍ നിനക്ക് ചേര്‍ന്നതല്ല. അതു നൃശംസന്മാരും, പാപിഷ്ഠന്മാരുമായ ദുഷ്ടവിഡ്ഡികള്‍ക്ക് ചേര്‍ന്നതാണ്.
ഫല മൂലങ്ങള്‍ ഭക്ഷിച്ച് ഒറ്റയ്ക്കു കാട്ടില്‍ സുഖമായി വസിക്കാം. മാനിയായി മനസ്സടക്കി സര്‍വ്വഭൂതദയാപരനായി, കൊമ്പനാനകളായ സുഹൃത്തുക്കളോടു ചേര്‍ന്ന്, ഒറ്റ മനുഷ്യനും കൂട്ടില്ലാതെ മുനികള്‍ ആനന്ദിക്കുന്നു. ആരണ്യ ജീവിതത്തില്‍ പ്രീതി കൈക്കൊള്ളുന്നു.
വലിയ കയം കലങ്ങിയാല്‍ അതു തന്നെത്താനെ തെളിയും. അതുപോലെയാണു നല്ല മനുഷ്യര്‍ കഷ്ടത്തില്‍പ്പെട്ടുഴന്നാലും. പിന്നീട കലക്കം മാറി തെളിഞ്ഞു നന്മയിലെത്തിച്ചേരും.
ശ്രീയൊക്കെ നശിച്ച്, അമാത്യന്മാരൊക്കെ വിട്ടുപോയ രാജാവേ, ദൈവം പിഴച്ച ഈ സന്ദര്‍ഭത്തില്‍ ഭവാന്‍ ശ്രേയസ്സിനെപ്പറ്റി ചിന്തിച്ച് ദുഃഖിക്കുന്നതെന്താണ്?
അദ്ധ്യായം 105. കാലകവ്യക്ഷീയം - മുനി പറഞ്ഞു: ഇനി മറ്റൊരു കാര്യം ഞാന്‍ പറയാം. ക്ഷത്രിയനായ നിനക്ക് അല്പം പൌരുഷം നിന്റെ ആത്മാവില്‍ ഉണ്ടെങ്കില്‍ രാജ്യം പിടിക്കുവാന്‍ വേണ്ട മാര്‍ഗ്ഗവും ഞാന്‍ പറഞ്ഞു തരാം. അത് ചെയ്യുവാന്‍ നിനക്കു കഴിയുമെങ്കില്‍ ആ ക്രിയ നീ നടത്തുക. ഞാന്‍ ശരിക്കു പറഞ്ഞു തരുന്ന ആ കാര്യം നീ കേള്‍ക്കുക അത് നീ ചെയ്യുകയാണെങ്കില്‍ വളരെ അര്‍ത്ഥം നേടാന്‍ കഴിയും. രാജ്യം, രാജ്യത്തിന്റെ മന്ത്രം, വലിയ ശ്രീ ഇതൊക്കെ നിനക്കു നേടാം. നിനക്ക് ബോദ്ധ്യമാണ ങ്കില്‍, അതു നേടാമെങ്കില്‍ ചോദിക്കുക, വേണ്ട മാര്‍ഗ്ഗം ഞാന്‍ പറയാം
രാജാവ് പറഞ്ഞു: ഭഗവാനേ, അങ്ങ് പറയു! ഞാന്‍ അതിന്ന് സന്നദ്ധനാണ്. അങ്ങയെ കണ്ടതു കൊണ്ടുള്ള ഫലം ഇപ്പോള്‍ എനിക്കു സിദ്ധിക്കട്ടെ!
മുനി പറഞ്ഞു: ദംഭം, കാമം, ഭയം, ക്രോധം, ഹര്‍ഷം എന്നിവയൊക്കെ വിട്ടു കളഞ്ഞ്, കുമ്പിട്ടു തൊഴുത് അമിത്ര സേവ പോലും ചെയ്യണം. നീ പോയി മിഥിലാധിപനായ ജനക രാജാവിനെ സേവിക്കുക. പരിശുദ്ധമായ ആത്മാവോടു കൂടി പൂജിക്കുക. സത്യസംഗരനായ ആ രാജാവ് നിനക്കാവശ്യമുള്ള ധനം നല്കും. പിന്നെ ഭവാന്‍ എല്ലാവര്‍ക്കും പ്രമാണമായിത്തീരും. പിന്നെ വ്യസനം കൂടാതെ ഉത്സാഹിച്ചാല്‍ നീ സഹായികളെ നേടും. നീ സ്വന്തം ശാസ്ത്രം അനുസരിച്ച് നില്‍ക്കുന്നവനും, യതാത്മാവും, ജിതേന്ദ്രിയനുമാണല്ലോ. ആത്മാവിനെ നീ ഉദ്ധരിക്കും. പ്രജകള്‍ക്ക് പ്രീതി വളര്‍ത്തും.ശ്രീമത്തായും പ്രതീയുള്ളവരുമായി ശോഭിക്കുന്ന ജനങ്ങളാല്‍ ഭവാന്‍ സല്‍കൃതനാകും. എല്ലാ ലോകരിലും പ്രമാണപ്പെട്ട ആദരവെല്ലാം ഏറ്റ്, സുഹൃത് ബലം നേടി, മന്ത്രികളോടു ചേര്‍ന്നു മന്ത്രിച്ച്, രഹസ്യമായി വൈരിയെ ഭേദിക്കുക. വില്ം കൊണ്ട് വില്ം ഭേദിക്കുക. ശത്രുക്കളെക്കൊണ്ട് എതിര്‍പ്പിച്ച്, അവന്റെ ബലത്തെ ക്ഷയിപ്പിക്കുക. അലഭ്യവും ശുഭവുമായ വസ്തുക്കള്‍, സുന്ദരികളായ സ്ത്രീകള്‍, ആച്ഛാദനങ്ങള്‍, ശയ്യാസനങ്ങള്‍, യാനങ്ങള്‍, മഹാര്‍ഹമായ ഗൃഹങ്ങള്‍, പക്ഷി വര്‍ഗ്ഗങ്ങള്‍, മൃഗക്കൂട്ടം, രസഗന്ധങ്ങള്‍, കായ്കള്‍, ഇവയിലൊക്കെ ശര്രുരാജാവിന്ന് ആസക്തി ജനിപ്പിക്കുവാനുള്ള പണി രഹസ്യമായി ചെയ്യിക്കുക. ഇതു തന്നെ വേണ്ടുവോളം മതി ഒരു ശത്രുവിനെ മുടിക്കുവാന്‍. ഇങ്ങനെ ശത്രുവില്‍ വേണ്ട തന്ത്രം പ്രയോഗിക്കണം. ഒരിക്കലും ശത്രുഭാവം വെളിവാക്കരുത്. അങ്ങനെ തന്റെ ശത്രുവിന്റെ നാട്ടില്‍ സുഖമായി പ്രാജ്ഞനും സമ്മതനുമായി കഴിയണം. ശത്രുവിനെ സ്നേഹിതന്റെ മട്ടില്‍ സേവിക്കുക. നായ, മാന്‍, കാക്ക, എന്നിവയെപ്പോലെ പെരുമാറുക. അങ്ങനെ തന്ത്രപരമായി നയത്തില്‍ ശത്രുരാജാവിനെ മയക്കി അവനെക്കൊണ്ട് ദുസ്സാദ്ധ്യമായ മഹാസംരഭങ്ങളില്‍ ഏര്‍പ്പെടുത്തണം. ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത വിധമുള്ള സംരംഭത്തില്‍ ചെന്നു പെടണം. ശക്തന്മാരില്‍ ചീറിയൊഴുകുന്ന ജലപ്രവാഹം പോലെയുള്ള വിരോധം ജനിപ്പിക്കണം. അങ്ങനെ പല മരാമത്തു പണികളിലേര്‍പ്പെടുത്തുക, ഉദ്യാനങ്ങള്‍ നിര്‍മ്മിപ്പിക്കുക, മഹാര്‍ഹങ്ങളായ ശയ്യാസനങ്ങള്‍ തീര്‍പ്പിക്കുക, മറ്റു ഭോഗസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അങ്ങനെ രാജാവിന്റെ ഭണ്ഡാരം ശുന്യമാക്കിക്കണം. വിപ്രന്മാരെ വാഴ്ത്തി, അവന്ന് യജ്ഞദാനങ്ങള്‍ വര്‍ദ്ധിപ്പിക്കണം. അവന്റെ അന്നം ഭുജിക്കുന്ന അവര്‍ നിന്നെ ചെന്നായ്ക്കളുടെ മട്ടില്‍ സഹായിക്കുകയും ചെയ്യും. പുണ്യശീലന്‍ തീര്‍ച്ചയായും ശ്രേഷ്ഠമായ ഗതി നേടുന്നതാണ്. അങ്ങനെ പുണ്യകര്‍മ്മങ്ങള്‍ ചെയ്തവന്‍ വിണ്ണില്‍ ഏറ്റവും പുണൃമായ സ്ഥലത്ത് എത്തുന്നതാണ്. അവന്റെ ഭണ്ഡാരം ശൂന്യമായാല്‍ ആ ശത്രു തനിക്കധീനത്തിലാകാന്‍ പിന്നെ വിഷമമില്ല. രണ്ടിടത്തും ധര്‍മ്മാധര്‍മ്മങ്ങള്‍ക്കായി അര്‍ത്ഥം വ്യയം ചെയ്യുകയാണെങ്കില്‍ ഫലത്തിന്നുള്ള അര്‍ത്ഥത്തിന്റെ മൂലം നശിക്കും. ശത്രുക്കള്‍ സന്തുഷ്ടരാകും. പൗരുഷമല്ലാത്ത പണികള്‍ അയാളോടു വര്‍ണ്ണിക്കണം. ഇങ്ങനെയുള്ള ദൈവപരന്‍ ഉടനെ നശിക്കും. പിന്നെ വിശ്വജിത്ത് എന്ന മഹായജ്ഞം ചെയ്യിക്കുക. അവന്റെ കൈയില്‍ വല്ലതും ധനമുണ്ടെങ്കില്‍ അതോടെ തീരണം.
ഈ സന്ദര്‍ഭത്തില്‍ യോഗജ്ഞാനിയായ ഒരു മഹാനെ വിളിച്ച് ഉപദേശിച്ച് വിടണം. അവന്‍ ചെന്ന് രാജാവിന്ന് യോഗത്തെപ്പറ്റി ഉപദേശിച്ച് അതു സ്വീകരിപ്പിക്കണം. ഭണ്ഡാരം നശിച്ച രാജാവ് അപ്പോള്‍ കാട്ടില്‍ തപോവൃത്തിക്കു പോകാന്‍ സന്നദ്ധനായേക്കും.
പിന്നെ സിദ്ധൗഷധങ്ങള്‍ പ്രയോഗിച്ച് സര്‍വ്വതും വിഷം കലക്കി നശിപ്പിക്കണം. ആന, ആള്‍, കുതിര എന്നീ സൈന്യങ്ങളെ വിഷപ്രയോഗംകൊണ്ടു നശിപ്പിക്കണം. അങ്ങനെ പല തരം കപട തന്ത്രങ്ങളും പ്രയോഗിച്ചു സര്‍വ്വതും നശിപ്പിക്കണം.
നല്ല ബുദ്ധിയുള്ള ഒരാള്‍ക്ക് ഇപ്രകാരം ശത്രുവിന്ന് നാശം വിഷപ്രയോഗം കൊണ്ടും മറ്റും വരുത്തിക്കൂട്ടുവാന്‍ കഴിയും.
അദ്ധ്യായം 106. കാലകവ്യക്ഷീയം - രാജാവു പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, ചതി കൊണ്ട് ഞാന്‍ ജീവിക്കുവാന്‍ വിചാരിക്കുന്നി ല്ല. അധര്‍മ്മം ചെയ്താല്‍ ധാരാളം ധനം നേടാം. എന്നാല്‍ അങ്ങനെയുള്ള ധനത്തെ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭഗവാനേ, ഞാന്‍ മുമ്പേ തന്നെ അങ്ങനെയുളള ധനത്തെ വേണ്ടെന്നു വെച്ചിട്ടുള്ളവനാണ്. എന്നെ ആരും സംശയിക്കാത്ത വിധം, ശങ്കിക്കാത്ത വിധം, എല്ലായിടത്തും എല്ലാവര്‍ക്കും ഹിതമായ വിധം, അഹിംസാപരനായി, ആര്യന്മാര്‍ക്ക് ചേര്‍ന്ന ധര്‍മ്മം അനുഷ്ഠിച്ച് ലോകത്തില്‍ കഴിഞ്ഞു കൂടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങ് പറഞ്ഞുതന്ന മാതിരിയുളള ചതിപ്പണി ചെയ്ത് എനിക്ക് രാജ്യം നേടേണ്ട. അങ്ങ് പറഞ്ഞ മാതിരിയുള്ള കര്‍മ്മം എനിക്ക് സ്വീകാ ര്യമല്ലബ്രാഹ്മണാ!
മുനി പറഞ്ഞു: ഹേ! ക്ഷത്രിയര്‍ഷഭാ! നീ പറഞ്ഞ വാക്കുകള്‍ നിന്റെ യോഗ്യതയ്ക്കു ചേര്‍ന്നതുതന്നെയാണ്. ഞാന്‍ അതില്‍ ഭവാനെ അഭിനന്ദിക്കുന്നു. നിന്റെ പ്രകൃതി കൊണ്ടും നിന്റെ ബുദ്ധി കൊണ്ടും നിന്റെ രൂപം കൊണ്ടും നിനക്ക് ചേര്‍ന്നതു തന്നെയാണ് നിന്റെ വാക്കും.
അങ്ങയ്ക്കും ഞാന്‍ ഉദ്ദേശിക്കുന്ന മറ്റൊരാള്‍ക്കും കാര്യസിദ്ധി ചെയ്യുന്നതിന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു പേരെ ഞാന്‍ കാതൃസിദ്ധിയോട് ഒന്നിച്ചു ചേര്‍ക്കാന്‍ വിചാരിക്കുന്നു. അങ്ങനെ രണ്ടുപേരെ ഞാന്‍ കൂട്ടിയിണക്കാം. നിന്നെപ്പോലെയുള്ള മഹാപ്രാജ്ഞനും മഹാശയനും അനൃശംസനും കുലീനനും രാജ്യനീതി വിദഗ്ദ്ധനുമായ ഒരാളെ ഏതു രാജാവാണ് അമാത്യനായി സ്വീകരിക്കാതിരിക്കുക?
രാജ്യം പോയി കടുത്ത ദുഃഖത്തില്‍പ്പെട്ടവനായ നീ ക്ഷത്രിയനായിരുന്നിട്ടും ആനൃശംസ്യം കൊണ്ടാണല്ലോ ജീവിതം കാംക്ഷിക്കുന്നത്.
ഉണ്ണീ, സത്യസംഗരനും മഹാശയനുമായ ജനക മഹാരാജാവ് എന്റെ ആശ്രമത്തില്‍ വരും. അപ്പോള്‍ ഞാന്‍ അവനോടു കല്പിക്കാം. എന്റെ വാക്ക് അവന്‍ തട്ടുകയില്ലു. ഞാന്‍ പറഞ്ഞ മാതിരി അവന്‍ ചെയ്യും.
അങ്ങനെ മുനി വൈദേഹനെ ആശ്രമത്തിലേക്കു വിളിച്ചു വരുത്തി. മുനി അദ്ദേഹത്തോടു പറഞ്ഞു: ഈ മാന്യന്‍ രാജകുലത്തില്‍ പിറന്നവനാണ്. അവന്റെ മനസ്സ് ഏതു മട്ടാണെന്ന് എനിക്കറിയാം. കണ്ണാടി പോലെ ഇവന്‍ ശുദ്ധാത്മാവാണ്. ശരല്‍ക്കാലത്തെ ചന്ദ്രനെപ്പോലെ തെളിഞ്ഞവനാണ്. ഞാന്‍ ഇവനെ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. യാതൊരു കുറ്റവും ഞാന്‍ ഇവനില്‍ കാണുന്നില്ല. ഇവനുമായി സന്ധിചെയ്യുക. എന്നെ വിശ്വസിക്കുന്നതു പോലെ തന്നെ ഇവനേയും വിശ്വസിക്കുക. മുമ്പും രാജ്യം രക്ഷിക്കുവാന്‍ അമാത്യന്മാര്‍ ആവശ്യമായിരുന്നു. അമാത്യന്‍ ശൂരനാകണം. ബുദ്ധിശാലിയാകണം. ഇതു രണ്ടും രാജ്യഭരണത്തിന്നാവശ്യമാണ്. ഈ ഗുണങ്ങളുളളവന്‍ മന്ത്രിയാകണം. ധര്‍മ്മിഷ്ഠന്മാര്‍ക്ക് ലോകത്തില്‍ മാന്യമായ നിലയുണ്ട്. അതില്ലാത്തവന്ന് അതില്ലതാനും. ഈ രാജപുത്രനാണെങ്കില്‍ മഹാത്മാവാണ്. സന്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവനാണ്. നല്ല പോലെ ഭവാന്‍ മനസ്സിലാക്കുക. ഇവന്‍ ധര്‍മ്മത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവനാണ്. ഇവനെ മന്ത്രിയാക്കി വെച്ചാല്‍ ഭവാന്റെ വിരോധികള്‍ പോലും പാട്ടിലാകും. ഇവന്‍ ഭവാനോട് എ ര്‍ക്കുകയാണെങ്കിലോ അതും തന്റെ ക്ഷത്രധര്‍മ്മമായി കരുതാം. പിതൃ പൈതാമഹപദത്തില്‍ പോരില്‍ നിന്റെ വിജയത്തിന് ഉദ്യമിക്കുന്നവനാണ്. നീയും എതിര്‍ത്തു പൊരുതുന്ന ഭവാനും വിജിഗീഷുവാണ്, വ്രതസ്ഥിതനാണ്. എന്റെ ആജ്ഞയാല്‍ ഇവനെ ഭവാന്‍ പാട്ടില്‍ വെക്കുക. ഇവനുമായി യുദ്ധം പാടില്ല.
ധര്‍മ്മം നോക്കുക! നീ വേണ്ടാത്ത ലോഭം ഉപേക്ഷിക്കുക. കാമദ്രോഹങ്ങളാല്‍ ഭവാന്‍ സ്വധര്‍മ്മം ഉപേക്ഷിക്കരുത്.
ഉണ്ണീ, ജയം നിത്യമല്ല. തോൽവിയും നിത്യമല്ല. അതു കൊണ്ട് ഭോജനീയര്‍ ഭോജ്യരുമാകുന്നു. ജയവും തോൽവിയും ഇവ രണ്ടും തനിക്കും വന്നു പെടാം. ഉണ്ണീ, മുടിക്കുന്നവര്‍ക്കെല്ലാം മുടിയുന്നതില്‍ ഭയമുണ്ടാകും.
ഇപ്രകാരം ബ്രാഹ്മണ ശ്രേഷ്ഠന്‍ പറഞ്ഞതു കേട്ടു മാനിച്ച് സല്‍ക്കരിച്ചു പൂജിച്ച് ആ പുജ്യനോട് ജനക മഹാരാജാവ് പറഞ്ഞു.
ജനകന്‍ പറഞ്ഞു; മഹാമനസ്‌കന്‍ പറയുന്നതും, മഹാശ്രു തന്‍ പറയുന്നതും, ശ്രേയസ്‌കാമന്‍ പറയുന്നതും രണ്ടു പേര്‍ക്കും പറ്റിയതായിത്തീരും. ഭവാന്‍ എന്തു കല്പിക്കുന്നുവോ, അതു ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനാണ്. ഇതില്‍ ശ്രേയസ്സ് വന്നു ചേരുമെന്നുള്ളതില്‍ യാതൊരു തര്‍ക്കവുമില്ല.
ഉടനെ കൗസല്യനെ വിളിച്ച് മിഥിലാധിപനായ ജനക മഹാരാജാവു പറഞ്ഞു :- ധര്‍മ്മത്താലും നീതിയാലും ഞാന്‍ ലോകത്തെ ജയിച്ചു. അല്ലയോ നൃപോത്തമാ! ഭവാന്‍ എന്നെ ആത്മഗുണം കൊണ്ടു ജയിച്ചിരിക്കുന്നു. ഭവാന്‍ ആത്മാവജ്ഞ ചിന്തിക്കാതെ ജയിച്ചവനെപ്പോലെ വാഴുക. ഞാന്‍ നിന്റെ ബുദ്ധിയെ നിന്ദിക്കുകയില്ല! നിന്റെ പൌരുഷത്തെ ഞാന്‍ നിന്ദിക്കുന്നില്ല! ഞാന്‍ ജയിച്ചെന്നുളള ഭാവത്തില്‍ നിന്നെ നിന്ദിക്കുകയില്ല. നീ ജയിച്ചവനെപ്പോലെ വാണാലും! വേണ്ടവണ്ണം എന്റെ പൂജയേല്ക്കുക. ഭവാന്‍ എന്റെ കൂടെ എന്റെ ഗൃഹത്തിലേക്കു വന്നാലും!
അങ്ങനെ അവര്‍ രണ്ടുപേരും വിപ്രനെ അര്‍ച്ചിച്ച് ഇണങ്ങി രാജാവിന്റെ കൂടെ മിഥിലയിലേക്കു പോയി.
കൌസല്യനെ തന്റെ ഗൃഹത്തില്‍ ജനകന്‍ പ്രവേശിപ്പിച്ചു. പാദ്യം, അര്‍ഘ്യം, മധുപം, അര്‍ക്കം എന്നിവ കൊണ്ട് ആ പുജ്യനെ മിഥിലന്‍ പൂജിച്ചു. അവന്ന് തന്റെ മകളെ ഭാര്യയായി നല്കി. പല രത്നങ്ങളും യൗതകമായി നല്കി. രാജാക്കന്മാര്‍ക്ക് ഇതാണ് പ്രധാനപ്പെട്ട ധര്‍മ്മം. ജയാപജയങ്ങള്‍ അസ്ഥിരങ്ങളാണല്ലോ.
അദ്ധ്യായം 107. ഗണവ്യത്തം -- യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ വിപ്രാ, ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും ശുദ്രര്‍ക്കും ചേര്‍ന്ന ധര്‍മ്മവൃത്തം, ധനം, ജീവനോപായം, ഫലങ്ങള്‍ ഇവയൊക്കെ ഭവാന്‍ പറഞ്ഞാലും. രാജാക്കന്മാര്‍ക്കു ചേര്‍ന്ന വൃത്തം, ഭണ്ഡാരം, ഭണ്ഡാരത്തിലേക്കുളള ധനാര്‍ജ്ജനം, ജയം, അമാതൃഗണങ്ങളുടെ സദ് വൃത്തി, രാജ്യാംഗങ്ങളുടെ വര്‍ദ്ധനം, ഷാഡ്ഗുണ്യം, ഗുണ കല്പം, സേനാവൃത്തി, ദുഷ്ടന്മാരുടെ ലക്ഷണം, സജ്ജനങ്ങളുടെ ലക്ഷണം, തന്റെ കിടക്കാര്‍ തന്നേക്കാള്‍ താഴ്ന്നവര്‍, തന്നേക്കാള്‍ മെച്ചപ്പെട്ടവര്‍, ഇവരുടെ ലക്ഷണങ്ങല്‍, വര്‍ദ്ധിക്കുന്നവന്‍, മദ്ധ്യമന്‍, തുഷ്ടിക്കു വേണ്ട നില്പ്, ക്ഷീണഗ്രഹണവൃത്തി ഇവ ധര്‍മ്മപ്രകാരം പറഞ്ഞുവല്ലോ. ഇവയൊക്കെ ചുരുക്കി ഒരു ഗ്രന്ഥമാക്കി ഉപദേശിക്കേണ്ടതാണ്. ജയം ആഗ്രഹിക്കുന്നവന്‍ എന്തു ചെയ്യണമെന്നും അങ്ങ് പറഞ്ഞു തന്നു. ഇനി ഗണങ്ങളുടെ വൃത്തിയെപ്പറ്റി കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. ഗണങ്ങള്‍ എങ്ങനെ പെരുകുന്നുവെന്നും ചിന്നാതെ എങ്ങനെ ശത്രുക്കളെ ജയിക്കുന്നുവെന്നും എങ്ങനെ മിത്രഗണങ്ങളെ നേടുന്നുവെന്നും കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗണങ്ങള്‍ക്ക് ഭേദം മൂലം നാശമാണെന്നു ഞാന്‍ വിചാരിക്കുന്നു. പലരും ചേര്‍ന്നുള്ള മന്ത്രരക്ഷ കുഴപ്പത്തിലാകുമെന്നും എനിക്കു തോന്നുന്നു. പരന്തപാ! ഇതൊക്കെ വഴിപോലെ അങ്ങയില്‍നിന്നറിയുവാന്‍ എനിക്കാഗ്രഹമുണ്ട്. അവര്‍ തമ്മില്‍ തെറ്റാതിരിക്കുവാന്‍ എങ്ങനെ വേണമെന്നും അങ്ങ് പറഞ്ഞു തരണം.
ഭീഷ്മൻ പറഞ്ഞു: ഗണങ്ങള്‍ക്കും കുലങ്ങള്‍ക്കും മന്നവന്മാര്‍ക്കും വൈരത്തെ ഉദ്ദീപിപ്പിക്കുന്നത് രണ്ടു കാര്യങ്ങളാണ്. അവ ലോഭവും അമര്‍ഷവുമാണ്. ഒരുത്തന്‍ ആദ്യം ലോഭം ഉള്‍ക്കൊള്ളുന്നു. പിന്നെ, താമസിയാതെ അമര്‍ഷവും ഉള്‍ക്കൊള്ളുന്നു. ക്ഷയവും വ്യയവും ചേര്‍ന്ന് അവ തമ്മില്‍ മുടിച്ചു കളയും. ചാരന്മാരുടെ മന്ത്രത്തിന്റെ ബലത്താലും സാമദാനഭേദാതി ഉപായങ്ങളാലും ക്ഷയം, വ്യയം, ഭയം എന്നീ ഉപായങ്ങളാലും പരസ്പരം ക്ഷീണിപ്പിക്കും. ദാനത്താല്‍ കൂട്ടുവൃത്തിയോടു കൂടിയ ഗണം ഛിദ്രിക്കും. ഛിദ്രിച്ചാല്‍ എല്ലാവരും മങ്ങി ക്ഷീണിച്ചു ഭയപ്പെട്ട് ശത്രുവിന്റെ വശത്തിലാകും.
ഗണം ഛിദ്രിച്ചാല്‍ നശിക്കും; ഭിന്നിച്ചാല്‍ അവര്‍ ശത്രുവിന്റെ അധീനത്തില്‍ വീഴും. അതുകൊണ്ട് കൂട്ടിന്റെ ഉറപ്പിന്ന് എപ്പോഴും ഗണം യത്നിക്കണം. അപ്പോള്‍ സംഘാതത്തിന്റെ ബലവും ശക്തിയും മൂലം അര്‍ത്ഥങ്ങളും കിട്ടും. അവര്‍ ഛിദ്രിച്ചില്ലെങ്കില്‍ പുറത്തുളള ആളുകളും അവരുമായി കൂട്ടുചേരും. ജ്ഞാനവൃദ്ധന്മാര്‍ സംഘടിച്ചു നില്ക്കുന്ന ഗണത്തെ പുകഴ്ത്തുന്നു. ഒന്നിച്ച് സ്നേഹത്തോടെ നില്ക്കുന്നവരെല്ലാം സുഖം നേടും. ശരിക്കു നോക്കി നിന്നാല്‍ സല്‍ഗുണങ്ങള്‍ വളരും. പുത്രന്മാരേയും ഭ്രാതാക്കളേയും അടക്കി എപ്പോഴും വിനീതരായി സല്‍ഗുണങ്ങള്‍ വളര്‍ന്നു നില്ക്കും.
ചാരമന്ത്രവിധാനത്തിലും ഭണ്ഡാരത്തിന്റെ സഞ്ചയത്തിലും എപ്പോഴും ഉത്സാഹത്തോടെ നിന്നാല്‍ സല്‍ഗുണങ്ങള്‍ വളരും. പ്രാജ്ഞന്മാരെ ശൂരന്മാരെ, ഉത്സാഹികളെ, ക്രിയയില്‍ സ്ഥിരമായ വീരന്മാരെ, ഇവരെയൊക്കെ മാനിച്ചാല്‍ സല്‍ഗുണങ്ങള്‍ വളരും, ധനവാന്മാര്‍, ശൂരന്മാര്‍, അസ്ത്രജ്ഞന്മാര്‍, ശാസ്ത്ര പാരഗന്മാര്‍ ഇവര്‍ മൂലം ആപത്തില്‍ പെടുന്ന ജനങ്ങളെ ഗണങ്ങള്‍ കരകയറ്റും.
ക്രോധം, ഭേദം, ഭയം, ദണ്ഡം, കര്‍ഷണം, നിഗ്രഹം, വധം ഇവ ഗണങ്ങളെ ശത്രുവിന്റെ അധീനത്തിലാക്കും. അതു കൊണ്ട് പ്രധാനപ്പെട്ട ഗണമുഖ്യന്മാരെ രാജാവ് സല്‍ക്കരിക്കണം. രാജ്യത്തിന്റെ ക്ഷേമം അവരിലാണ് നില്ക്കുന്നത്. ഗണത്തില്‍ പ്രമാണികളായവരുമായി രാജാവ് കൂടിയാലോചന നടത്തണം. ചാരന്മാരെ അവരില്‍ നിയോഗിക്കണം. എങ്കിലും എല്ലാ ഗണത്തോടും കൂടിയാലോചിക്കേണ്ടതില്ല. ഗണാഢ്യന്മാരൊത്ത് ആലോചിച്ച് ഗണങ്ങളുടെ ഹിതം അനുവര്‍ത്തിക്കണം. അല്ലെങ്കില്‍ ചിന്നിച്ചിതറി നേതാവില്ലാതെ വേറെ നില്ക്കുന്ന ഗണങ്ങളുടെ കാര്യം വേറെ മാര്‍ഗ്ഗത്തിലൂടെ ചെയ്യണം. ഗണങ്ങൾ തമ്മില്‍ കലഹിച്ചു തന്നിഷ്ടപ്രകാരം പൊരുത്തമില്ലാതെ നിന്നാല്‍ അത് ധാരാളം അനര്‍ത്ഥമുണ്ടാക്കും. ഉടനേ പണ്ഡിതന്മാര്‍ കലഹം തീര്‍ക്കണം. കുലവ്യദ്ധര്‍ ഉപേക്ഷ കാണിച്ചാല്‍ കുലങ്ങളില്‍ കലഹമായി.
ഗണഛിദ്രം നിമിത്തം അങ്ങനെ ഗോത്രനാശം വരുന്നു. അതു കൊണ്ട് അകത്തുള്ള ഭയത്തെയാണ് സൂക്ഷിക്കേണ്ടത്; അത് നീ സൂക്ഷിക്കണം. യുധിഷ്ഠിരാ! പുറമേ നിന്നുള്ള ഭയമല്ല വലിയത്. അന്തഛിദ്രം മൂലവും കൂടി ഛേദിച്ചുകളയും രാജാവേ!
പെട്ടെന്ന് കോപം മൂലവും, മോഹം മൂലവും, ദുരയാലും സ്വഭാവേന തുല്യരായവര്‍ തമ്മില്‍ത്തമ്മില്‍ മിണ്ടാതാകും. അതാണ് തോൽവിയ്ക്കുളള പ്രഥമ ലക്ഷണം. ശൗര്യം കൊണ്ടോ, ബുദ്ധി കൊണ്ടോ, സൌന്ദര്യം കൊണ്ടോ,ധനം കൊണ്ടോ അല്ല ശത്രുക്കള്‍ ഗണങ്ങളെ നശിപ്പിക്കുന്നതില്‍ വിജയിക്കുന്നത്; തമ്മില്‍ യോജിപ്പില്ലായ്മ കൊണ്ടും സമ്മാന ദാനങ്ങള്‍ കൊണ്ടുമാണ് അതു സാധിക്കുന്നത്. അതു കൊണ്ടാണ് ഗണങ്ങള്‍ക്കു കൂട്ടുകെട്ട് ഏറ്റവും വലിയ ആശ്രയമാണ് എന്നു പറയുന്നത്. സംഘടനാബലമാണ് അവരുടെ ഏറ്റവും വലിയ ബലം.
അദ്ധ്യായം 108. മാത്യപിത്യഗുരുമാഹാത്മ്യം - യുധിഷ്ഠിരന്‍ പറഞ്ഞു; ധര്‍മ്മത്തിന്റെ വഴി വളരെയധികം ശാഖയുള്ളതാണ് ഭാരതാ! ഇതില്‍ ധര്‍മ്മങ്ങളില്‍ നല്ല പോലെ അനുഷ്ഠിക്കേണ്ടത് എന്താണ്? ഈ ധര്‍മ്മങ്ങളില്‍ ചെയ്യുവാന്‍ എന്താണ് ശ്രേഷ്ഠം? ഞാന്‍ മുഖ്യമായ ധര്‍മ്മം നേടണം. അതിനെപ്പറ്റി എനിക്കു വേണ്ടത് പറഞ്ഞുതരൂ പിതാമഹ!
ഭീഷ്മന്‍ പറഞ്ഞു: അച്ഛന്‍, അമ്മ, ഗുരുജനങ്ങള്‍ ഇവരെ നല്ല പോലെ പൂജിക്കുക. ഇതുളളവര്‍ എല്ലാ ദിവ്യലോകവും, പ്രസിദ്ധിയും നേടും. നീ പൂജിച്ച അവര്‍ ചെയ്യുവാന്‍ സമ്മതിക്കുന്ന കാര്യം ധര്‍മ്മാധര്‍മ്മ വിരുദ്ധമായാലും, അതു ചെയ്യണം യുധിഷ്ഠിരാ! അവരുടെ സമ്മതം നേടാതെ മറ്റു ധര്‍മ്മം നടത്തരുത്. അവര്‍ എന്തു കല്പിക്കുന്നുവോ, അതാണ് ധര്‍മ്മം എന്നുള്ളത് നിശ്ചയിക്കപ്പെട്ട കാര്യമാണ്. മുന്നു ലോകങ്ങളും ഇവരാണ്. മുന്നാശ്രമവും ഇവരാണ്. മൂന്നു വേദങ്ങളും ഇവരാണ്. മൂന്ന് അഗ്നികളും ഇവരാണ്.
അച്ഛന്‍ ഗാര്‍ഹപത്യാഗ്നിയാണ്. അമ്മ ദക്ഷിണാഗ്നിയാണ്. ഗുരു ആഹവനീയാഗ്നിയാണ്. ഈ അഗ്നികള്‍ മുന്നും ശക്തിയേറിയ അഗ്നികളാണ്. ഈ മുന്നിലും തെറ്റാതെ നിന്നാല്‍ ഭവാന്‍ ത്രൈലോക്യം നേടും. ഈ ലോകം പിതൃവൃത്തിയില്‍ നീ നന്നായി അനുഭവിക്കുന്നു. മാതൃവൃത്തിയില്‍ സ്വര്‍ഗ്ഗവും, ഗുരു വൃത്തിയില്‍ ബ്രഹ്മലോകവും നീ നേടും.
ഈ മാതൃപിതൃ ഗുരുക്കളാകുന്ന ത്രിലോകത്തില്‍ ഹേ ഭാരതാ, നീ നന്നായി നില്ക്കുക. യശസ്സുണ്ടാകും, നന്മ സിദ്ധിക്കും, ഫലം കൂടുന്ന ധര്‍മ്മവും ഉണ്ടാകും. ഇവരില്‍ കവിഞ്ഞു നില്ക്കുകയും, കവിഞ്ഞു ഭുജിക്കുകയും കവിഞ്ഞു പറയുകയും അരുത്. അവരെ നിത്യവും പരിചരിക്കുക; അതാണ് ഉത്തമമായ സുകൃതം. കീര്‍ത്തി, പുണ്യം, യശസ്സ് ഇവയും ദിവ്യലോകങ്ങളും, ഇവരെ മൂന്നു പേരേയും അര്‍ച്ചിച്ചാല്‍ മുന്നു ലോകങ്ങളും സിദ്ധിക്കും. അച്ഛനമ്മഗുരുക്കന്മാരെ പൂജിക്കാത്ത പാപി ഈ ലോകത്തിലുണ്ടെങ്കില്‍ അവന് ഇഹവുമില്ല, പരവുമില്ല, മോക്ഷവുമി ല്ല, ഈ ലോകത്തിലും പരലോകത്തിലും അവന്ന് ഒട്ടും യശസ്സുംതെളിയുകയില്ല. പരലോകത്ത് പറയത്തക്ക ശുഭമൊന്നും ഉണ്ടാവുകയില്ല.
അവര്‍ക്കു വേണ്ടി ഇഹത്തില്‍ എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്തുകൊടുത്തു. ആ ചെയ്തു കൊടുത്തതിന്റെ ഫലം നൂറായിരമായി ഇരട്ടിച്ച് എനിക്കു ലഭിക്കുകയും ചെയ്തു.
ഹേ യുധിഷ്ഠിരാ! എനിക്ക് അതില്‍ മുന്നു ലോകങ്ങളും തെളിഞ്ഞു. പത്തു വൈദികരേക്കാളും ആചാര്യന്‍ മേലേ നില്ക്കും. പത്ത് ആചാര്യന്മാരേക്കാള്‍ മീതെയാണ് വേദാദ്ധ്യയനം ചെയ്യിക്കുന്ന ഗുരു. അങ്ങനെയുള്ള പത്തു ഗുരുക്കന്മാരേക്കാള്‍ മീതെയാണ് അച്ഛന്‍. പത്തച്ഛനേക്കാളും, ഈ സര്‍വ്വഭൂമിയേക്കാളും മഹത്തരമായത് ഒരു അമ്മയാണ്. ഗുരുത്വത്താല്‍ അമ്മയോടു തുല്യമായി വേറെ ഗുരുവില്ല. അച്ഛനേക്കാളും അമ്മയേക്കാളും മേലേ ഗുരുവാണ് എന്നാണ് എന്റെ അഭിപ്രായം. ജന്മത്തിന്ന് അച്ഛനമ്മമാര്‍ കാരണമായി ഭവിക്കുന്നു. ദേഹം മാത്രം അച്ഛനമ്മമാര്‍ സൃഷ്ടിക്കുന്നു. ആചാര്യന്‍ നല്കുന്ന ജന്മം ദിവ്യമാണ്. അതു ജരാമരണമില്ലാത്തതാണ്.
എപ്പോഴും തെറ്റുചെയ്താലും അച്ഛനമ്മമാര്‍ വദ്ധ്യരല്ല. അതു ചെയ്താലും ദുഷിക്കില്ല. രാജാവു കുറ്റം കല്പിക്കുകയുമില്ല. ധര്‍മ്മത്തിന്ന് ഉന്നുന്നവര്‍ക്ക് ഇപ്രകാരമാണ് ദേവന്മാരും മുനീന്ദ്രന്മാരും വിധിച്ചിട്ടുളളത്.
നിഷ്ഫലമല്ലാത്ത ക്രിയയാല്‍ നന്മചെയ്ത്, നേരു പറഞ്ഞ്; അമൃതം നല്കുന്നവന്‍ ആരോ, അവനാണ് അച്ഛന്‍. അതു പോലെ ആ ആള്‍ തന്നെയാണ് അമ്മയും. കൃതജ്ഞന്മാരാണ് നിങ്ങളെങ്കില്‍ അച്ഛനമ്മമാരെ ദ്രോഹിക്കരുത്.
ആര്‍ ഗുരുവിനെ, വിദ്യ പഠിച്ചതിന്നു ശേഷം ആദരിക്കാതിരിക്കുന്നുവോ, മനസ്സാലോ പ്രവൃത്തിയാലോ ആരദരിക്കാത്ത ആ ശിഷ്യന്‍ ഭ്രൂണഹത്യാപാപം അനുഭവിക്കും. അവനേക്കാള്‍ വലിയ പാപി ലോകത്തിലില്ല.
ഗുരുക്കന്മാര്‍ എത്രത്തോളം നന്മ ചെയ്യുന്നുവോ അത്രത്തോളം ആ ഗുരുക്കന്മാര്‍ ലോകത്തില്‍ പൂജിതന്മാരാകുന്നു. അതു കൊണ്ട് അവര്‍ അര്‍ച്ച്യന്മാരാകുന്നു. യത്നപ്പെട്ട് അവര്‍ക്കു വേണ്ടതു നല്കേണ്ടതാണ്. പുരാണമായ ധര്‍മ്മം കാംക്ഷിക്കുന്നര്‍ക്കു ഗുരുക്കന്മാര്‍ അര്‍ച്ച്യരാകുന്നു.
അച്ഛനെ പ്രീതനാക്കിയാല്‍ പ്രജാപതി മക്കളില്‍ പ്രീതനാ കും. അമ്മയെ പ്രീതയാക്കിയാല്‍ ഭുമി പുജിതമായി. ഗുരുവിനെ പ്രീതനാക്കിയാല്‍ ബ്രഹ്മം പൂജിതമായിത്തീരും. അതുകൊണ്ട് മാതാപിതാക്കളേക്കാള്‍ ഗുരു പുജിതനാണ്. ദേവന്മാരും മുനിമാരും, പിതൃക്കളും സന്തോഷിക്കും. അതു കൊണ്ട് മാതാപിതാക്കളേക്കാള്‍ പൂജ്യതമനാണ് ഗുരു. ഒരു കര്‍മ്മംകൊണ്ടും ഗുരു നിന്ദ്യനായി വരികയില്ല. അച്ഛനും അമ്മയും അപ്രകാരം തന്നെ ഗുരുവിനെപ്പോലെ തന്നെയാണ്. യോഗ്യരായ അവര്‍ നിന്ദ്യരല്ല. അവര്‍ ചെയ്ത കര്‍മ്മത്തെ ദുഷിക്കരുത്. ഗുരുക്കളെ നാം സല്‍ക്കരിക്കുന്നത് ദേവന്മാരും മുനീന്ദ്രന്മാരും കാണുന്നു.
ഗുരുവിനേയും, അച്ഛനേയും, അമ്മയേയും മനസ്സു കൊണ്ടോ കര്‍മ്മം കൊണ്ടോ ദുഷിച്ചാല്‍ അവര്‍ക്ക് ഭ്രൂണഹതൃക്കു തുല്യമായ പാപം പറ്റും. അയാളേക്കാൾ മഹാപാപി ലോകത്തിലില്ല.
അച്ഛനമ്മാര്‍ പോറ്റിവളര്‍ത്തിയ മകന്‍, സ്വയോനിജനായ മകന്‍, അച്ഛനമ്മമാരെ പോറ്റുന്നില്ലെങ്കില്‍ ആ പാപം ഭ്രൂണഹതൃക്കും തുല്യമാണ്. അയാളേക്കാള്‍ പരമദുഷ്ടനായി ആരും ലോകത്തിലില്ല. മിത്രദ്രോഹി, കൃതഘ്നന്‍, സ്ത്രീഘാതി, ഗുരുഘാതി, ഈ നാലു കൂട്ടര്‍ക്കും ഇഹത്തില്‍ യാതൊരു പ്രായശ്ചിത്തവും വിധിച്ചിട്ടില്ല. ഇതൊക്കെ ഞാന്‍ ചുരുക്കമായി നിന്നോടു പറഞ്ഞു. പുരുഷനായ നീ ഈ ലോകത്തില്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഇത് അനുഷ്ഠിച്ചാല്‍ ശ്രേയസ്സുണ്ടാകും. ഇതിലുംവലിയ ധര്‍മ്മം വേറെയില്ല. എല്ലാ ധര്‍മ്മവും ഇതില്‍ ഞാന്‍ അടക്കിപ്പറഞ്ഞിരിക്കുന്നു.
അദ്ധ്യായം 109. സത്യാനൃതകവിഭാഗം -- യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മത്തില്‍ നില്ക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ എന്തു ചെയ്യണം? അല്ലയോ ഭരതര്‍ഷഭാ, അങ്ങ് എല്ലാം അറിയുന്നവനാണല്ലോ. എനിക്ക് അതിനെപ്പറ്റി പറഞ്ഞു തരൂ! അനൃതം, സത്യം എന്നിങ്ങനെ രണ്ടും ലോകത്തില്‍ വ്യാപിച്ചു നില്ക്കുന്നു. ഈ അനൃത സത്യങ്ങളില്‍ ധര്‍മ്മാനുസരണം നടക്കേണ്ടവന്‍ എന്തു ചെയ്യണം? സത്യം എന്നാല്‍ എന്താണ്? അനൃതം എന്നാല്‍ എന്താണ്? സനാതനമായ ധര്‍മ്മം എന്താണ്? സത്യം എപ്പോഴൊക്കെയാണ് പറയേണ്ടത്? അനൃതം എപ്പോഴൊക്കെയാണ് പറയേണ്ടത്?
ഭീഷ്മൻ പറഞ്ഞു: സത്യവാക്കാണ് നല്ലത്. സത്യത്തേക്കാള്‍ മീതെയായി ഒന്നും ഇല്ല. ലോകത്തില്‍ ദുര്‍ജേഞയമെന്താണോ അതു ഞാന്‍ നിന്നോടു പറയാം. നീ മനസ്സുവെച്ചു കേള്‍ക്കുക.
സത്യം ചിലപ്പോള്‍ പറയുവാന്‍ പാടില്ലാത്തതാകും. അനൃതം ചിലപ്പോള്‍ പറയേണ്ടതാകും. അനൃതം സത്യമായും സത്യം അനൃതമായും വരും. സത്യം തീര്‍ച്ചപ്പെടാത്ത സന്ദര്‍ഭത്തില്‍ ബാലിശനായ മനുഷ്യന്‍ വിഷമിക്കും. സത്യത്തേയും അനൃതത്തേയും അറിഞ്ഞവന്‍ ധര്‍മ്മജ്ഞനാകുന്നു.
അനാര്യനും അകൃതപ്രജ്ഞനും അതിക്രൂരനുമായ പുരുഷന്‍ "അന്ധഘാതാല്‍ വലാകന്‍" എന്ന പോലെ മഹത്തരമായ പുണ്യത്തിന്നു പാത്രമാകും. ധര്‍മ്മകാംക്ഷിയായ മൂഡന്‍ ധര്‍മ്മം വെടിഞ്ഞതില്‍ എന്താണാശ്ചര്യം? അവന്‍ ഗംഗയില്‍ കാശികന്‍ എന്നപോലെ മഹത്തരമായ പാപത്തിന്നു പാത്രമാകും.
അതുകൊണ്ട് നീ ചോദിച്ച ചോദ്യത്തിനു ശരായായി ഉത്തരം പറയുവാന്‍ ഞെരുക്കമാണ്. ധര്‍മ്മം കണക്കാക്കുവാന്‍ വിഷമമുണ്ട്. ഇതില്‍ ശരിയായ തീര്‍പ്പുകല്പിക്കുന്നവരാരുണ്ട്? ജീവികളെ ഹിംസിക്കാതിരിക്കുവാനാണ് ധര്‍മ്മശാസ്ത്രം വിധിക്കുന്നത്. അഹിംസയോടു ചേര്‍ന്നത് എന്തോ അതാണ് ധര്‍മ്മം എന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത് ശ്രുതിധര്‍മ്മമാണെന്നു ചിലര്‍ പറയുമ്പോള്‍ ശ്രുതിധര്‍മ്മമല്ലെന്നു മറ്റു ചിലരും പറയുന്നു. ഞാന്‍ അതിനെ ദുഷിക്കുന്നില്ല; ശരിയാണെന്നു വിധി ക്കുന്നുമില്ല.
അന്യന്റെ ധനം അന്യായമായി നേടുവാന്‍ നോക്കുന്ന കൂട്ടര്‍ക്ക് അതു പറഞ്ഞു കൊടുക്കരുത്. അതു പറഞ്ഞു കൊടുക്കാതിരിക്കുക എന്നതാണ് ധര്‍മ്മം. അതു തീര്‍ച്ചയാണ്. മൂളുന്നില്ലെങ്കില്‍ പാപികള്‍ ഒഴിഞ്ഞു പോകുമെങ്കില്‍ ഒരിക്കും മൂളിപ്പോകരുത്. മൂളാഞ്ഞാല്‍ ശങ്ക പറ്റുന്നിടത്ത് തീര്‍ച്ചയായും മൂളുകയുംവേണം.
ചിലപ്പോള്‍ സത്യത്തേക്കാളും അനൃതം നല്ലതായിക്കാണാം. പാപികളുമായുളള സംബന്ധം വിട്ടു കിട്ടുമെങ്കില്‍ ശപഥം ചെയ്താലും ആണയിട്ടാലും അധര്‍മ്മമാവുകയില്ല. പാപികള്‍ക്കു ധനം കൊടുക്കരുത്. ധനം കൊടുത്തവന്ന് അവര്‍ ആപത്തു വരുത്തിവയ്ക്കും. തന്റെ ദേഹം പോലും പണയപ്പെടുത്തി, ധനം ദാനം ചെയ്യുവാന്‍ ഒരുങ്ങിയവനെ, സാക്ഷികള്‍ സത്യപ്രതിപത്തി മൂലം തുണയ്ക്കുന്നു. അതില്‍ പറയേണ്ടതു പറയാത്തവരൊക്കെ അനൃതവാദികളാണ് എന്നു പറയണം പ്രാണരക്ഷയ്ക്കു വേണ്ടി അസത്യം പറയാം. വേളിയുടെ കാരൃത്തില്‍ നുണ പറയാം. അന്യര്‍ക്കു ധര്‍മ്മം സാധിക്കുന്നതിന്നു വേണ്ടിയും, അര്‍ത്ഥം രക്ഷിക്കുന്നതിന്നു വേണ്ടിയും, പരര്‍ക്ക് ഉപകാരം ചെയ്യുന്നതിന്നു വേണ്ടി ധര്‍മ്മഭിക്ഷുവായും നീചനായും ഭവിക്കാം.
കരാര്‍ ചെയ്ത് കൊടുക്കേണ്ടതു കൊടുക്കാത്തവന്‍, തന്റെ കാരൃത്തിന്നുവേണ്ടി ബലാല്‍ക്കാരം ചെയ്തവന്‍, ധാര്‍മ്മികമായി നിശ്ചയിച്ചത് തെറ്റിച്ചു നടക്കുന്നവന്‍, ദണ്ഡം കൊണ്ടു ഹനിക്കേണ്ടവനായവന്‍, ദൈവധര്‍മ്മം വിട്ട് മര്‍ത്തൃധര്‍മ്മത്തില്‍ അമര്‍ന്നവന്‍, ശഠ൯. ഇവര്‍ സ്വധര്‍മ്മം വിട്ടു ജീവനത്തിന്നു നോക്കും. വഞ്ചകനും പാപിയുമായ അവന്‍ വദ്ധ്യനാണ്. ഈ പാപികളുടെ നിശ്ചയം ധനം തന്നെയാണ് വലുത് എന്നാണ്. അസഹ്യന്മാരും, അഭോജ്യന്മാരും, ചതിയന്മാരുമായി നിലക്കുന്നവരാണിവര്‍. പ്രേതങ്ങളെപ്പോലെ ഇവര്‍ മനുഷ്യരില്‍ നിന്നും ദേവന്മാരില്‍ നിന്നും ഭ്രഷ്ടരാണ്. യജ്ഞം വിട്ടവരും തപസ്സില്ലാത്തവരുമായ ഇത്തരക്കാരോട് നല്ലവരാരും ചേരരുത്. ധന നാശത്തേക്കാള്‍ ദുഃഖകരമായിട്ടുളളത് നിഷ്ഫലമായ ജീവിതമാണ്. നിനക്ക് ഇതാണ് ധര്‍മ്മം; അത് നീ സ്വീകരിക്കണം എന്നു വളരെ യത്നിച്ചു വേണം പറയുവാന്‍. പാപികളുടെ ഇടയില്‍ ധര്‍മ്മികളാരും ഇല്ലെന്നു ധരിക്കണം. ലോകത്തില്‍ ധനമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് അവര്‍ കരുതുന്നു. ഇത്തരക്കാരെ കൊന്നാല്‍ കൊന്നവന്നു പാപം പറ്റുകയില്ല. സ്വന്തം കര്‍മ്മത്താല്‍ ഹതനായവനാണ് അങ്ങനെ കൊല്ലപ്പെട്ടവന്‍. അത്തരക്കാരെ കൊല്ലാമെന്നു ശപഥം ചെയ്തവര്‍ അതു പാലിക്കണം. കഴുക്കളും കാക്കകളും പോലെ ചതി ജീവിത മാര്‍ഗ്ഗമാക്കിയവരാണ് അത്തരക്കാര്‍. അവര്‍ മരിച്ചു പോയാല്‍ കഴുകനും കാക്കയുമായി ജനിക്കുന്നു.
ഏതാള്‍ ആരില്‍ എങ്ങനെ നില്ക്കുന്നുവോ അയാളില്‍ ആ മനുഷ്യന്‍ അതു മാതിരി തന്നെ നില്ക്കണം. അതാണ് ധര്‍മ്മം. മായാവിയെ മായ കൊണ്ടു നേരിടണം. സാധുശീലനെ സാധു വൃത്തി കൊണ്ടു പൂജിക്കണം.
അദ്ധ്യായം 110. ദുര്‍ഗ്ഗാതരണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഓരോരോ ഭാവങ്ങളാല്‍ അങ്ങുമിങ്ങും ജീവികള്‍ ദുഃഖിച്ചു കൊണ്ടിരിക്കെ ആ ദുര്‍ഗ്ഗം കടക്കുവാന്‍ എന്താണൊരു മാര്‍ഗ്ഗം? പിതാമഹാ, പറഞ്ഞു തരൂ.
ഭീഷ്മൻ പറഞ്ഞു: മുമ്പു പറഞ്ഞതായ ആശ്രമങ്ങള്‍ തോറും മുമ്പു പറഞ്ഞമാതിരി ദ്വിജാതികള്‍ വര്‍ത്തിക്കുന്നു. സംയതാത്മാക്കളായ അവര്‍ ദുര്‍ഗ്ഗം കടക്കും.
ദംഭം കൂടാതെ ചരിക്കുന്നവരും മനോവൃത്തിക്ക് അടക്കമുഉളവരും വിഷയങ്ങളെ അടക്കുന്നവരും ആരാണോ അവര്‍ ദുര്‍ഗ്ഗം കടക്കും. പറഞ്ഞാല്‍ എതിരു പറയാതിരിക്കുന്നവര്‍, ഇങ്ങോട്ട് ഹിംസിച്ചാലും അങ്ങോട്ട് ഹിംസിക്കാത്തവര്‍, ദാനം ചെയ്യുന്നവര്‍, ആരോടും ഇരക്കാതിരിക്കുന്നവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
നിതൃവും പാന്ഥന്മാരെ സല്‍ക്കരിക്കുന്നവര്‍, നിത്യവും ഈര്‍ഷ്യപ്പെടാതിരിക്കുന്നവര്‍, നിത്യവും സ്വാദ്ധ്യായം ശീലിക്കു ന്നവര്‍ ഇവര്‍ ദുര്‍ഗ്ഗം കടക്കും.
മാതാപിതാക്കളെ ശുശ്രൂഷിക്കുന്നവര്‍, അവര്‍ക്കുവേണ്ട ആഹാരാദികള്‍ നല്കുന്നവര്‍, ധര്‍മ്മകോവിദന്മാര്‍, ഒട്ടും പകല്‍ കിടന്ന് ഉറങ്ങാത്തവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
മനസ്സു കൊണ്ടും വാക്കു കൊണ്ടും ക്രിയ കൊണ്ടും പാപം ചെയ്യാത്തവര്‍, ജീവികളെ ഹിംസിക്കാത്തവര്‍-ഇവര്‍ ദുര്‍ഗ്ഗം കടക്കും.
രജസ്സു പ്രാപിച്ച് ലോഭം വെടിഞ്ഞ് അര്‍ത്ഥം നേടുന്നവരായ രാജാക്കള്‍, നാട് രക്ഷിച്ചു പോരുന്നവര്‍ - ഇവര്‍ ദുര്‍ഗ്ഗം കടക്കും.
ക്രമം തെറ്റാതെ ആര്‍ത്തവാനന്തരം സ്വന്തം ഭാര്യയെ പ്രാപിക്കുന്നവര്‍, അഗ്നിഹോത്രം ചെയ്യുന്നവര്‍, സത്തുക്കളായ അവര്‍ ദുര്‍ഗ്ഗം കടക്കും.
പോരില്‍ മരണ ഭയം ഇല്ലാത്തവര്‍, ശൂരന്മാര്‍, ധര്‍മ്മത്താല്‍ വിജയം ഇച്ഛിക്കുന്നവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
പ്രാണന്‍ പോവുകയാണെങ്കില്‍ പോലും സത്യം പറയുന്നവര്‍, ജീവികള്‍ക്കെല്ലാം പ്രമാണമായവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
കര്‍മ്മങ്ങളില്‍ കപടത കാണിക്കാത്തവര്‍, സുനൃതമായ വാക്കു പറയുന്നവര്‍, സംബന്ധിക്കുന്നവര്‍, അര്‍ത്ഥമുള്ളവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
അനദ്ധ്യായത്തില്‍ സ്വാദ്ധ്യായം ചെയ്യാത്ത വിപ്രന്മാര്‍, തപോനിഷ്ഠര്‍, തപസ്സേറുന്നവര്‍ ഇവര്‍ ദുര്‍ഗ്ഗം കടക്കും.
തപസ്സുചെയ്യുന്നവര്‍, കൌമാര്രബഹ്മചാരികള്‍, വിദ്യാവേദവ്രതസ്നാതര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
രജസ്സൊക്കെ ശമിച്ചവര്‍, തമസ്സൊക്കെ ശമിച്ചവര്‍, സത്വസ്ഥന്മാര്‍, മഹാത്മാക്കള്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
ആര്‍ക്കും ഭയമുണ്ടാക്കാത്തവര്‍, ആരേയും ഭയപ്പെടാത്തവര്‍, ലോകത്തെ തന്നെപ്പോലെ കാണുന്നവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
പരശ്രീയില്‍ തപിക്കാത്തവര്‍, സത്തുക്കള്‍, പുരുഷർഷഭന്മാര്‍, ഗ്രാമ്യമായ അർത്ഥം വിട്ടു നില്ക്കുന്നവര്‍ ഇവര്‍ ദുര്‍ഗ്ഗം കടക്കും.
ദേവന്മാരെ വന്ദിക്കുന്നവര്‍, ധര്‍മ്മം ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍, ശ്രദ്ധയുളളവര്‍, ശാന്തശീലന്മാര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
മാനിത്വം ഇച്ഛിക്കാതിരിക്കുന്നവര്‍, മറ്റുളളവരെ മാനിക്കുന്നവര്‍, മാന്യന്മാരെ നമിക്കുന്നവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
പക്ഷം തോറും ശ്രാദ്ധകര്‍മ്മം ചെയ്യുന്നവര്‍, പ്രജകള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍, വിശുദ്ധമായ ഹൃദയമുളളവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
മദ്യവും മാംസവും നിത്യവും വര്‍ജജിക്കുന്നവര്‍, മദ്യം ജന്മം മുതല്‍ ഉപേക്ഷിച്ചവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
ജീവിക്കുവാന്‍ വേണ്ടി ഈണുകഴിക്കുന്നവര്‍, പുത്രലാഭത്തിന്നുവേണ്ടിമാത്രം ഭാര്യയുമായി മൈഥുനം ചെയ്യുന്നവര്‍, സത്യം പറയുവാന്‍ വേണ്ടി മാത്രം വാക്ക് ഉപയോഗപ്പെടുത്തുന്നവര്‍, ഇവര്‍ ദുര്‍ഗ്ഗം കടക്കും.
വിശ്വത്തിന് ഉത്ഭവവും ക്ഷയവുമുണ്ടാക്കുന്ന സര്‍വ്വലോകേശ്വരനായ മഹേശ്വരനില്‍, ശ്രീനാരായണനില്‍, ആരോ ഭക്തിയുള്ളവര്‍ അവര്‍ ദുര്‍ഗ്ഗം കടക്കും.
ചെന്താമരക്കണ്ണനും, പീതാംബരനും, മഹാഭുജനും, സുഹൃത്തും, മിത്രവും, ഭ്രാതാവും മാത്രമല്ല, ഇവിടെ സംബന്ധിയുമാണ് അച്യുതന്‍. ഇവന്‍ ഈ ലോകമൊട്ടുക്കും തോല്‍വാറു കൊണ്ടു ചുറ്റിയ മട്ടില്‍ സ്ഥിതി ചെയ്യുന്നു. ഓര്‍ത്തു നോക്കിയാല്‍ പ്രഭുവും, അചിന്ത്യാത്മാവും, ഗോവിന്ദനും, പുരുഷോത്തമനും, ജിഷ്ണുവും, പ്രിയന്മാരുടെ ഹിതത്തിന്ന് ഉദ്യമിക്കുന്നവനുമാണ് ഈ പുരുഷോത്തമന്‍. അങ്ങയ്ക്കും അപ്രകാരം തന്നെയാണ് ദുര്‍ദ്ധര്‍ഷനും വൈകുണ്ഠനുമായ ആ പുരുഷര്‍ഷഭന്‍, ഈ നാരായണനായ ഹരിയില്‍ കൂറുള്ളവര്‍ ആരോ അവര്‍ തീര്‍ച്ച യായും ദുര്‍ഗ്ഗം കടക്കും. അതില്‍ യാതൊരു സംശയവുമില്ല.
ദൂര്‍ഗ്ഗാതിതരണം ചൊല്ലുന്നവരും മറ്റുളളവരെ ചൊല്ലിക്കേള്‍പ്പിക്കുന്നവരും വിപ്രരോട് അതിനെപ്പറ്റി കഥിക്കുന്നവരും ദുര്‍ഗ്ഗം കടക്കും.
അല്ലയോ യുധിഷ്ഠിരാ, സന്മതേ, ഞാന്‍ ഈ കൃത്യം ചുരുക്കത്തില്‍ നിന്നോടു പറഞ്ഞു. ഇതു കൊണ്ട് നീ ഇഹത്തിലും പരത്തിലും ദുര്‍ഗ്ഗം കടക്കുന്നതാണ്.
അദ്ധ്യായം 111. വ്യാധലഗോമായുസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: സൗമ്യന്മാരുടെ രൂപത്തില്‍ അസൗമ്യന്മാരുണ്ട്. അസൗമൃന്മാരുടെ മാതിരി സൗമ്യന്മാരുമുണ്ട്. ഇത്തരം ആളുകളെ അല്ലയോ പിതാമഹാ! ഞാന്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? എന്താണ് തിരിച്ചറിയുവാനുള്ള ഉപായം?
ഭീഷ്മൻ പറഞ്ഞു: ഇതിന്നുദാഹരണമായി ഒരു കഥ പണ്ടുളളവര്‍ പറയാറുണ്ട്. അത് പുലിയും കുറുക്കനും തമ്മിലുള്ള ഒരു സംവാദമാണ്. അത് യുധിഷ്ഠിരാ, ഞാന്‍ പറയാം; നീ ശ്രദ്ധിച്ചു കേള്‍ക്കുക.
പണ്ട് പുരികാപുരി എന്നൊരു പുരിയുണ്ടായിരുന്നു. അവിടെ പൌരകന്‍ എന്നു പേരായി ഒരു രാജാവുണ്ടായിരുന്നു. ജനങ്ങളെ ഹിംസിക്കുന്നതില്‍ വളരെ താല്‍പര്യം ആ രാജാവിന്നുണ്ടായിരുന്നു. പുരുഷാധമനായ ആ ക്രൂരന്‍ മരിച്ചപ്പോള്‍ അവന്നു മോക്ഷപ്രാപ്തിയോ, സ്വര്‍ഗ്ഗപ്രാപ്തിയോ ഉണ്ടായില്ല. അവന്‍ ഒരു കുറുക്കനായി ജനിച്ചു. പൂര്‍വ്വകര്‍മ്മം കൊണ്ടു ദുഷി ച്ചുപോയ അവന്ന് തക്കതായ ജന്മം തന്നെയാണ് ലഭിച്ചത്.
പണ്ട് തനിക്കുണ്ടായിരുന്ന രാജകീയമായ ഐശ്വര്യങ്ങളെക്കുറിച്ച് അവന്നു സ്മരണയുണ്ടായി. അത്ഭുതം! അവന്‍ നിര്‍വ്വേദം പൂണ്ടു. അവന്‍ മാംസം ഭക്ഷിക്കുവാന്‍ ഇഷ്ടപ്പെട്ടില്ല. പച്ച മാംസം രാജാക്കന്മാര്‍ തിന്നുവാന്‍ ഇഷ്ടപ്പെടുകയില്ല. അവന്‍ വ്യസനം പൂണ്ടിരുന്നു. അവന്റെ അടുത്ത് ചിലര്‍ അവന് മാംസം കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അവന്‍ അതു സ്വീകരിച്ചില്ല.
സര്‍വ്വഭൂതങ്ങളോടും കരുണയോടു കൂടി സത്യവാദിയായി, ദൃഢ വ്രതനായി, സമയം നോക്കി, കൊഴിഞ്ഞു വീഴുന്ന പഴുത്ത കായ്കള്‍ മാത്രം ഭക്ഷിച്ചു ജീവിച്ചു. അങ്ങനെ മഹാതപസ്വിയായ കുറുക്കന്‍ ചുടലക്കാട്ടില്‍ പാര്‍പ്പുറപ്പിച്ചു. അവന്‍ ജനിച്ച സ്ഥലം ചുടലക്കാടായിരുന്നു. അതുകൊണ്ട് തന്റെ ജന്മഭൂമിയോടുള്ള ഭക്തിസ്നേഹം കൊണ്ട് അവന്‍ ചുടലക്കാട്ടില്‍ താമസമുറപ്പിച്ചു.
കുറുക്കന്റെ ഭക്തി ശ്രദ്ധാദികള്‍ കണ്ട്, ശുദ്ധി കണ്ട് സഹിക്കാതെ സജാതീയരായ മറ്റു കുറുക്കന്മാര്‍ അവന്റെ ചുറ്റും കൂടി നിന്നു വണങ്ങി ഇപ്രകാരം പറഞ്ഞു:
എടോ മഹാശയനായ സുഗാലാ, രൗദ്രമായ ചുടലക്കാട്ടില്‍ വാണിട്ടും നീ പരിശുദ്ധിയെ ഏല്ക്കുന്നു! നിനക്കിപ്പോള്‍ ബാധിച്ച ഈ ബുദ്ധി ശരിയല്ല. തെറ്റായ ചിന്തയാണ്. നീ ഒരു മാംസഭുക്കാണ്; സസൃളഭുക്കല്ല. നിനക്കുചേര്‍ന്ന ഭക്ഷണമോ ആചാരമോ അല്ല നീ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വരു! ഞങ്ങളോടു കൂടെ വരു! തിന്നാനുള്ളതൊക്കെ ഞങ്ങള്‍ തരാം. നീ എന്തിനിങ്ങനെ വിഷമിച്ചു കഴിയുന്നു! നീ ഈ പരിശുദ്ധിയും വ്രതവുമൊക്കെക്കളഞ്ഞ് കുറുക്കന്മാര്‍ക്കുള്ള ഭക്ഷണം മര്യാദയ്ക്കു തിന്നു ജീവിക്കുക.
ഇപ്രകാരം മറ്റു കുറുക്കന്മാർ പറഞ്ഞപ്പോള്‍ അവന്‍ ചിന്തിച്ച് യുക്തിയുക്തമായും ക്രൗര്യം കൂടാതെയും നല്ല വാക്കുകള്‍ കൊണ്ടു മറുപടി പറഞ്ഞു:
സുഹൃത്തുക്കളേ! ഞാന്‍ ജന്മത്തെ കണക്കാക്കുന്നില്ല. ശീലമാണ് കുലത്തെ ഉണ്ടാക്കുന്നത്. സല്‍സ്വഭാവികളുടെ കുലമാണല്ലോ നല്ല കുലം. അതു കൊണ്ട് യശസ്സു വര്‍ദ്ധിപ്പിക്കുന്ന കര്‍മ്മം ചെയ്തു കഴിയുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ചുടലക്കാട്ടിലാണ് വസിക്കുന്നതെങ്കിലും ഞാന്‍ പറയുന്ന വാക്ക് നിങ്ങള്‍ കേള്‍ക്കുവിന്‍. കര്‍മ്മത്തിന്റെ ഫലം ഏല്ക്കുന്നത് ആത്മാവാണ്, ആശ്രമമല്ല. ഞാന്‍ ചെയ്യുന്ന സല്‍ക്കര്‍മ്മത്തിന്റെ ഫലം എന്റെ ആത്മാവിന് കിട്ടും. ചുടലക്കാടിന്നല്ല കിട്ടുന്നത്. ആശ്രമത്തില്‍വച്ച് ഒരാള്‍ ഒരു വിപ്രനെ കൊന്നാല്‍ അതിന്റെ പാപം ആശ്രമത്തിനോ കൊന്നവനോ ലഭിക്കുക? അതു പോലെ ആശ്രമത്തില്‍ വെച്ച് ഒരുവന്‍ ഒരു പശുവിനെ ദാനം ചെയ്താല്‍ അതിന്റെ പുണ്യം അവനോ, ആശ്രമത്തിനോ? പുണ്യപാപകര്‍മ്മങ്ങളുടെ ഫലം അതു ചെയ്തവനാണ്. കര്‍ത്താവിന്നു പാപം പറ്റാതിരിക്കയില്ല; പുണ്യം പാഴിലാവുകയുമില്ല. എടോ കുറുക്കുന്മാരേ, നിങ്ങള്‍ സ്വാര്‍ത്ഥലോഭികളാണ്. കേവലം ഭക്ഷണക്കൊതിയന്മാരായി മാത്രം കാലം കഴിക്കുന്ന അജ്ഞാനികളാണ്. മോഹിതന്മാര്‍ പരിണമിച്ചു കൊണ്ടിരിക്കുന്ന മുന്നു ദോഷങ്ങളെ കാണുന്നില്ല. സന്തോഷിക്കാതെ (ഇഷ്ടമില്ലാതെ) ചെയ്യുന്ന കര്‍മ്മം, നിന്ദ്യമായ കര്‍മ്മം, ധര്‍മ്മദോഷത്താല്‍ ദുഷിതമായ കര്‍മ്മം, ഈ മൂന്നു ദോഷങ്ങളുളള കര്‍മ്മം കൊണ്ടു കിട്ടുന്ന ഫലമെന്താണെന്നറിയാമോ? ഇഹത്തിലും പരത്തിലും നരകം തന്നെ! അങ്ങനെ ലോകദ്വയാനിഷ്ഠമായ കര്‍മ്മം എനിക്കു രസിക്കുന്നില്ല.
കുറുക്കന്റെ ആദ്ധ്യാത്മിക തത്ത്വ കഥനം ഒരു പുലി യദ്യച്ഛയാ കേട്ടു. പുലിക്കു തോന്നി, ഇവന്‍ സാധാരണക്കാരനല്ല, സാധാരണ കുറുക്കനല്ല എന്ന്. മാഹപ്രാജ്ഞനാണെന്നു മനസ്സിലാക്കി അവനെ മന്ത്രിയാക്കാന്‍ പുലി മനസ്സിലുറപ്പിച്ചു.
പുലി പറഞ്ഞു: എടോ സൗമ്യാ! മഹാശയാ! ഞാന്‍ നിന്നെപ്പറ്റി അറിയുന്നു. നീ എന്റെകൂടെ വരു! പ്രിയവും അഭീഷ്ടവുമായ സകലവിധ ഭോഗങ്ങളേയും നീ അനുഭവിച്ചാലും. ഞങ്ങള്‍ മഹാകടുപ്പം കൂടിയ കുട്ടരാണെന്നു പ്രസിദ്ധിയുണ്ട്. തീക്ഷ്ണരായ ഞങ്ങള്‍ മഹാശയനായ അങ്ങയോടു സവിനയം അറിയിക്കുകയാണ്; മാര്‍ദ്ദവഭാവത്തോടെ ഭവാന്‍ ഹിതമായ ശ്രേയസ്സ് കൈക്കൊണ്ടാലും.
മഹാത്മാവായ മൃഗരാജാവിന്റെ, വ്യാഘ്രവീരന്റെ വാക്കിനെ ബഹുമാനപൂര്‍വ്വം സ്വീകരിച്ച് കുറുക്കന്‍ ശിരസ്സു കുനിച്ചു നമസ്കരിച്ച് വിനയപൂര്‍വം ഇപ്രകാരം പറഞ്ഞു: അല്ലയോ മൃഗരാജാവേ! എന്നോട് ഭവാന്‍ പറഞ്ഞ ഉത്തമമായ വാക്കുകള്‍ ഉത്തമനായ അങ്ങയ്ക്ക് ചേര്‍ന്നതു തന്നെയാണ്. ഭവാന്‍ ശുദ്ധ ധര്‍മ്മാര്‍ത്ഥപടുക്കളായ മിത്രരെ അന്വേഷിക്കുകയാണല്ലോ. വിസ്തൃതമായ ഈ സാമ്രാജ്യം ഭരിക്കുവാന്‍ മന്ത്രി കൂടാതെ പറ്റില്ല. അല്ലയോ വീരാ, ദേഹദ്രോഹിയും ദുഷ്ടനുമായ അമാതൃനുള്ള രാജാവിന്നും രാജ്യം ഭരിക്കുവാന്‍ പറ്റുകയില്ല. നയജ്ഞരായി ചേര്‍ന്നു നില്ക്കുന്ന കൂറുള്ള സഹായികളെ, തമ്മില്‍ പിണക്കാതെ ജയം പ്രതീക്ഷിച്ചു കര്‍മ്മം ചെയ്യുന്ന ലോഭവിഹീനരായ സഹായികളെ, കാമം വിടാതെ രാജഹിതം നോക്കുന്ന സഹായികളെ, അങ്ങു പൂജിക്കുക. താതനേയും ആചാര്യനേയും എന്ന വിധം അത്തരക്കാരെ വരുത്തി പുജിക്കുക.
എനിക്കാണെങ്കില്‍ ലൌകികമായ പ്രതാപങ്ങളിലൊന്നും യാതൊരാഗ്രഹവും തോന്നുന്നില്ല. സുഖഭോഗങ്ങളും തക്കതായ ഐശ്വര്യവും ഞാന്‍ കാംക്ഷിക്കുന്നില്ല. രാജാവേ, അങ്ങയുടെ പൂര്‍വ്വ ഭൃത്യരോട് അടുക്കുവാന്‍ പറ്റുകയില്ല. എന്റെ ശീല സ്വഭാവങ്ങളൊന്നും അവര്‍ക്കു പിടിക്കുകയില്ല. ദുശ്ശീലന്മാരായ അവര്‍ എന്നെയും ഭവാനെയും തമ്മില്‍ പിണക്കാന്‍ ശ്രമിക്കും.
ഭാസ്വാന്മാരായവര്‍ക്ക് അക്കുട്ടരുമായുള്ള സംസര്‍ഗ്ഗം ഒരിക്കലും ശ്ലാഘ്യമാവുകയില്ല. ഞാന്‍ അത്തരത്തില്‍പ്പെട്ടവനല്ല. എന്റെ ശരിയായ നില എന്താണെന്ന് ഭവാന്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ കൃതാത്മാവാണ്, മഹാഭാഗനാണ്, ക്രൂരതയില്ലാത്തവനാണ്. പാപിമാരില്‍ എന്തു സംഭവിക്കുവാന്‍ പോകുന്നു എന്നറിയുവാനുള്ള ദീര്‍ഘദര്‍ശിത്വം എന്നിലുണ്ട്. ഞാന്‍ മഹോത്സാഹനാണ്. വലിയ ദാനശീലനാണ്, മഹാബലനാണ്, നിഷ്‌ഫലക്രിയ ചെയ്യാത്തവനാണ്, കൃതകൃത്യനാണ്, ഐശ്വര്യാലംകൃതനാണ്. അല്പം കൊണ്ട് സന്തോഷിക്കുന്നവനല്ല ഞാന്‍. ദുഃഖവ്യത്തി ഞാന്‍ ശീലിക്കുകയില്ല. എനിക്ക് സേവയ്ക്കു നില്ക്കാന്‍ അറിയുകയില്ല. സ്വച്ഛന്ദം വനത്തില്‍ സഞ്ചരിക്കുന്ന സര്‍വ്വ സ്വതന്ത്രനാണ് ഈയുള്ളവന്‍.
ഇനി രാജസേവകന്മാരുടെ കഥ പറയുകയാണെങ്കില്‍ വളരെ കഷ്ടമാണ്. രാജാവ് ക്രോധിച്ചാല്‍ ഭയപ്പെടണം. പല ദോഷങ്ങളും രാജസേവ കൊണ്ടുണ്ടാകും. കാട്ടില്‍ വാഴുന്നവര്‍ക്കു ഭയത്തിന്നവകാശമില്ല. നിസ്സംഗനായി വ്രതചര്യ കൊണ്ട് നിര്‍ഭയം ജീവിക്കാം.
രാജസേവകന്മാര്‍ക്കോ, രാജാവ് വിളിക്കുമ്പോള്‍ ഉള്ളിലൊരു കിടിലംകൊളളലുണ്ട്. കാട്ടില്‍ കായും കിഴങ്ങും തിന്നു ജീവിക്കുന്നവര്‍ക്ക് ആ വക വല്ല ഭയവുമുണ്ടോ? കാട്ടില്‍ പരാശ്രയം കൂടാതെ ജീവിക്കാം. സുലഭമായി ജലം കിട്ടും. നിര്‍ഭയമായി നല്ല പഴങ്ങള്‍ തിന്നാം. ഇതൊക്കെ ചിന്തിക്കുമ്പോള്‍ ഈ വനജീവിതമാണ് നല്ലതെന്നും രാജധാനിയിലെ.വാസം സുഖപ്രമല്ലെന്നും എനിക്കു തോന്നുന്നു. രാജാവ് എത്രയധികം ജനങ്ങളെയാണ് വധശിക്ഷയ്ക്കു വിധേയരാക്കുന്നത്?
അങ്ങയുടെ മന്ത്രിയായിരിക്കണമെന്ന് ഭവാന്‍ അത്ര ആഗ്രഹമുണ്ടെങ്കില്‍, ഹേ മൃഗരാജാവേ! ഭവാന്‍ എന്നില്‍ ഏതു നിലയില്‍ നിൽക്കണമെന്നുളളതിന്ന് ഒരു കരാറു ചെയ്യുണം.
കരാറ് ഇപ്രകാരമാണ്: എന്റെ കൂട്ടരായ കുറുക്കന്മാരെ നീ മാനിക്കണം. അവരെ ഉപദ്രവിക്കരുത്. ഞാന്‍ പറയുന്ന ഹിതോക്തി കേള്‍ക്കണം. എനിക്കു കല്‍പിച്ച കര്‍മ്മം നിന്നില്‍ത്തന്നെ എന്നും നിലനില്ക്കണം. നിന്റെ മറ്റു മന്ത്രികളുമായിച്ചേര്‍ന്ന് ഞാന്‍ ഒന്നും മന്ത്രിക്കയില്ല. അവര്‍ അസംബന്ധങ്ങള്‍ പറഞ്ഞാല്‍ അതു ഞാന്‍ കേള്‍ക്കേണ്ടി വരുന്നതു കൊണ്ടും അവര്‍ വിമോഹിതന്മാരായതു കൊണ്ടും അവരുമായി കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് എന്നെ ഒഴിച്ചുനിര്‍ത്തണം. ഞാന്‍ ഒറ്റയ്ക്ക്, അങ്ങ് ഒറ്റയ്ക്ക്; അങ്ങനെ നാം തമ്മില്‍ കണ്ട് കാര്യം പറയാന്‍ അനുവദിക്കണം. സ്വന്തം ജ്ഞാതികളെ ( ചാര്‍ച്ചക്കാർ ) പറ്റി എന്നോട് ഗുണദോഷം ചോദിക്കരുത്. എന്നോടു മന്ത്രിച്ചതിന്നു ശേഷം അങ്ങ് അങ്ങയുടെ മറ്റ് അമാത്യന്മാരെ ഹിംസിക്കരുത്. എന്റെ കൂട്ടരായ മറ്റു കുറുക്കന്മാരില്‍ കോപിച്ച് അവരെപ്പിടിച്ച് ബന്ധനത്തിലിടരുത്. ദണ്ഡിപ്പിക്കരുത്.
കുറുക്കന്റെ കരാറ് വ്യാഘ്ര രാജേന്ദ്രന്‍ ശ്രദ്ധിച്ചു കേട്ടു. കരാറ് സമ്മതിച്ചു. അങ്ങനെ പുലിയുടെ മന്ത്രിയായി കുറുക്കന്‍ അരമനയില്‍ താമസമാക്കി.
നല്ലവനായ കുറുക്കന്‍ രാജാവിന്റെ വിശ്വസ്ത മന്ത്രിയായി. സ്വകര്‍മ്മത്തില്‍ പ്രശോഭിച്ചു പൂജയേൽക്കുന്നതു കണ്ട് രാജാവിന്റെ പൂര്‍വ്വ ഭൃത്യന്മാര്‍ കൂട്ടം കൂടി വീണ്ടും വീണ്ടും കുറുക്കനെ വിദ്വേഷിക്കുവാന്‍ തുടങ്ങി. മിത്രമാണെന്ന് സാന്ത്വോക്തി പറഞ്ഞു തെളിയിച്ച ആ കുറുക്കനെ ദോഷവാനാണെന്നു വരുത്തിക്കൂട്ടി തങ്ങളോടു തുല്യനാക്കിത്തീര്‍ക്കുവാന്‍ ആ പാപികള്‍ ശ്രമം നടത്തി. മുമ്പേ കളവും ചതിയും ധനാപഹരണവും കൈക്കുലിയുമായി കഴിഞ്ഞിരുന്നവര്‍ ഈ കുറുക്കന്‍ മന്ത്രിയായി വന്നതിന്നുശേഷം ധനം അപഹരിക്കുവാന്‍ അശക്തരായിത്തീര്‍ന്നു. രാജാവിന്ന് ശ്രേയയസ്‌കരമാണെന്നു പറഞ്ഞ് ഓരോ പരിപാടികള്‍ ചിന്തിച്ച് അതിനെ വര്‍ണ്ണിച്ച് രാജാവില്‍ കൊതി വളര്‍ത്തി. വളരെ ധനം മോഹിപ്പിച്ചു രാജാവിനെ മോഹിപ്പിക്കുവാന്‍ പഴയ മന്ത്രിമാര്‍ ശ്രമിച്ചെങ്കിലും മഹാപ്രാജ്ഞനായ മൃഗരാജാവ് പിന്നെ അത്തരം വ്യാമോഹങ്ങളില്‍ കുടുങ്ങാതായി.
ഇങ്ങനെ ഗതിമുട്ടിയപ്പോള്‍ അവര്‍ ആ കരാറു ചെയ്ത കുറുക്കന്റെ വിനാശത്തിന് വേണ്ട മാര്‍ഗ്ഗമെന്തെന്ന് ചിന്തിച്ചു.
ഒരു ദിവസം മൃഗരാജാവിന്ന് ഇഷ്ടമായി അന്തഃപുരത്തില്‍ വെച്ചിരുന്ന മാംസം സൂത്രത്തില്‍ കൈയിലാക്കി, അമാത്യനായ കുറുക്കന്റെ ഗൃഹത്തില്‍ കൊണ്ടുപോയി വെച്ചു. എന്തിനാണ് അതു കൊണ്ടു വെച്ചതെന്നും ആരാണ് അതു കൊണ്ടു വെച്ചതെന്നും എല്ലാം അറിഞ്ഞിട്ടും കുറുക്കന്‍ അതൊക്കെ ക്ഷമിച്ചു. എന്തു കൊണ്ടെന്നാല്‍, മന്ത്രിയാകുമ്പോള്‍ രാജാവുമായി ചെയ്ത കരാറില്‍ പറഞ്ഞിട്ടുണ്ടായിരുന്നു, "മ്രൈതിക്ക് ആഗ്രഹിക്കുന്ന ഭവാന്‍ ഉപഘാതം ചെയ്യരുത് എന്ന്".
ഭീഷ്മൻ പറഞ്ഞു: വിശന്നു തീറ്റയ്ക്കു ചെന്ന രാജാവിന്നു വെച്ചിരുന്ന മാംസം കാണാതായി. മാംസം എവിടെപ്പോയി? ആര്‍ കൊണ്ടുപോയി? കളളന്‍ അകത്തുണ്ട്, തീര്‍ച്ച! രാജാവ് കല്പന കൊടുത്തു: കള്ളനെ കണ്ടുപിടിക്കുവിന്‍!
ചതിപ്പണിക്കാര്‍ രാജാവിനെ വിവരമറിയിച്ചു: മാംസം കണ്ടെത്തിയിരിക്കുന്നു. രാജാവിന്റെയടുത്തു കരാറു ചെയ്തു കൂടിയ ആ കുറുക്കന്‍, മഹാത്മാവായി നടിച്ചു നടക്കുന്ന വിദ്വാനായ അമാത്യന്‍, മാംസം അപഹരിച്ചു. കളവു മുതല്‍ കണ്ടെത്തിയിരിക്കുന്നു.
കുറുക്കന്റെ ചാപല്യം കേട്ട് പുലി കോപിച്ചു രാജാവ് കോപം കൊണ്ടു വിറച്ചു. ആ കുറുക്കനെ ഉടനെ കൊന്നു കളയുവാന്‍ വിചാരിച്ചു.
ഈ തഞ്ചത്തില്‍ അവനോട് പൂര്‍വ്വ മന്ത്രിമാല്‍ പറഞ്ഞു: രാജാവേ, അവന്‍ സുത്രക്കാരനാണ്. അവന്‍ ഞങ്ങളുടെയെല്ലാം കൊറ്റ് മുടക്കുവാന്‍ ഉദ്യമിക്കുകയാണ്. അവര്‍ എല്ലാവരും കുറുക്കനെക്കുറിച്ച് ആക്ഷേപാപവാദങ്ങള്‍ വര്‍ണ്ണിച്ചു പറഞ്ഞു: അവന്റെ തൊഴില്‍ ഇതു തന്നെയാണ്. അവന്‍ ചെയ്യാത്ത കടുംകൈകള്‍ എന്താണ്? രാജാവ് മുമ്പെ കേട്ടതെന്തോ, അത്തരത്തിലുളളവനല്ല ഇവന്‍! ഇവന്‍ വാക്കു കൊണ്ടു മാത്രം ധര്‍മ്മിഷ്ഠനാണ്. സ്വഭാവംകൊണ്ട് ഭയങ്കരനാണ്. ധര്‍മ്മം നടത്തുന്ന ഈ പാപി കപടവേഷധാരിയാണ്. നല്ല തീറ്റി കിട്ടണമെന്നല്ലാതെ അവന്നു വേറെ ചിന്തയൊന്നുമില്ല. അങ്ങയ്ക്ക് വിശ്വാസമില്ലെങ്കില്‍ ഞങ്ങള്‍ കാണിച്ചു തരാം. കണ്ടാലെങ്കിലും വിശ്വസിച്ചു കൂടേ?
അവര്‍ രാജാവിനെ കൊണ്ടു പോയി കുറുക്കന്റെ മടയില്‍ മാംസം കാണിച്ചു കൊടുത്തു. മാംസം അപഹരിച്ചതു കാണുകയാലും, അവര്‍ പറഞ്ഞ വാക്കു കേള്‍ക്കുകയാലും, കുറുക്കനെ കൊല്ലുക എന്ന് മൃഗരാജാവ് കല്പന കൊടുത്തു.
പുലിയുടെ കലപന കേട്ട് പുലിയുടെ അമ്മ വേഗത്തില്‍ പുറത്തേക്കു വന്നു. ആ മൃഗരാജാവിനോട് അവള്‍ ഹിതമായ വാക്കുകള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി.
പുലിയുടെ അമ്മ പറഞ്ഞു: ഉണ്ണീ, ഇതില്‍ തീര്‍ച്ചയായും ചതിയുണ്ട്. നീ അവനെ നിഗ്രഹിക്കരുത്. കര്‍മ്മസ്പര്‍ദ്ധ മൂലം ദുഷ്ടന്മാര്‍ ശിഷ്ടന്മാരായും ദുഷിക്കും. ഒരുത്തന്റെ യോഗ്യത മറ്റൊരുത്തന്‍ സഹിക്കയില്ല. ഉല്‍ക്കര്‍ഷം വൈരകാരണമായിത്തീരുന്നു. യുക്തനായ നല്ലവനിലും ഖലന്മാര്‍ ദോഷം ആരോപി ക്കും.
സ്വന്തം കര്‍മ്മംചെയ്തു കാട്ടില്‍ വാഴുന്ന മുനിക്ക് ശത്രുക്കളുണ്ടാകാന്‍ വഴിയില്ലെന്നല്ലേ നാം വിചാരിക്കുക. അങ്ങനെയല്ല. മുനിക്കുമുണ്ടാകും ശത്രുക്കളും, മിത്രങ്ങളും, ഉദാസീനന്മാരും. ഇങ്ങനെ ഏതാള്‍ക്കുമുണ്ട് മുന്നു പക്ഷക്കാര്‍. പിന്നെ മന്ത്രിമാരുടെ കഥ പറയാനുണ്ടോ? മടിയന്മാര്‍ക്കു പരിശ്രമികള്‍ ശത്രുക്കളാണ്. ഭീരുക്കള്‍ക്ക് ധീരന്മാര്‍ ശത്രുക്കളാണ്. മൂഢന്മാര്‍ക്കു വിദ്വാന്മാര്‍ ശത്രുക്കളാണ്. ദരിദ്രര്‍ക്കു ധനികര്‍ ശത്രുക്കളാണ്. അധര്‍മ്മിഷ്ഠര്‍ക്ക് ധര്‍മ്മിഷ്ഠര്‍ ശത്രുക്കളാണ്. വിരൂപര്‍ക്ക് സുന്ദരര്‍ ശത്രുക്കളാണ്. ചില പണ്ഡിതന്മാര്‍ മൂര്‍ഖന്മാരും, ലുബ്ധന്മാരും, ചതിയന്മാരുമായി കാണുന്നുണ്ട്. അവര്‍ ദോഷമില്ലാത്ത ബൃഹസ്പതി മുനിക്കു കൂടി ദ്രോഹം ചെയ്യും. എടോ പുത്രാ! നിന്റെ വീട്ടില്‍ നിന്ന് മാംസം ഹരിക്കപ്പെട്ടു എന്നത് ശരി തന്നെ. അവന്‍ അതു കൊടുത്താല്‍പ്പോലും ഇച്ചിക്കാത്തവനാണ്. നീ നല്ല പോലെ നന്മ തന്നെ ചിന്തിച്ചുനോക്കൂ!
നല്ലവരുടെ വേഷത്തില്‍ ചീത്ത ആളുകളുണ്ട്. ചീത്ത ആളുകളുടെ വേഷത്തില്‍ നല്ലവരുമുണ്ട്. പുറമെയുള്ള വേഷം കൊണ്ട് സ്വഭാവം നിര്‍ണ്ണയിക്കാന്‍ പറ്റില്ല. ഈ സന്ദര്‍ഭത്തില്‍ ആളെ ശരിക്കറിയുവാന്‍ പരീക്ഷണം തന്നെ നടത്തണം. പല ഭാവത്തിലും പലതും കാണും, ശരിയായ പരിശോധന നടത്താതെ വിശ്വസിച്ചു പോകരുത്. പ്രത്യക്ഷമായി കാണുന്ന കാര്യങ്ങള്‍ തന്നെ ശരി ല്ല. ആകാശത്തേക്കു നോക്കു! ആകാശം എന്തു വസ്തുവാണ്? പരന്ന് മൈതാനം പോലെ ഉറച്ച ഒരു സ്ഥലമായി തോന്നുന്നില്ലേ? എന്നാല്‍ വാസ്തവത്തില്‍ അവിടെ മൈതാനമില്ല. പരപ്പില്ല, ഉറപ്പില്ല, തലമല്ല! മിന്നാമിനുങ്ങിനെ നോക്കൂ, അതു തീപോലെ തിളങ്ങുന്നു, പ്രഭ വീശുന്നു കൈയിലെടുക്കുമ്പോഴല്ലേ അഗ്നിയല്ലെന്നറിയുന്നത്! കാഴ്ചയ്ക്ക് അഗ്നിമയമല്ലേ? ഇതില്‍ നിന്ന് കാര്യം നീ മനസ്സിലാക്കുക. പലതും കണ്ടതല്ല കാര്യം. പിന്നേയും പരീക്ഷിച്ചറിയേണ്ടതായിട്ടുണ്ട്. കാര്യം നല്ല പോലെ പരീക്ഷിച്ചറിയുന്നവന് പിന്നെ ദുഃഖിക്കേണ്ടി വരികയില്ല.
ഉണ്ണീ, നീ പ്രഭുവാണ്. രാജാവാണ്. നീ വിചാരിച്ചാല്‍ ആരേയും കൊല്ലാം. യാതൊരു വിഷമവും അതിലില്ല. എന്നാല്‍ പ്രഭുക്കള്‍ക്കു ഭൂഷണമല്ല കൊലയും ക്ഷമ കേടും. ലോകത്തില്‍ പ്രഭുക്കള്‍ക്ക് ഭൂഷണമായിട്ടുളളത്, ശ്ലാഘ്യമായിട്ടുള്ളത്, കീര്‍ത്തി കരമായിട്ടുളളത്, ക്ഷമയാണ്!
മോനേ, നീ നിശ്ചയിച്ച് ജോലിയില്‍ വെച്ചവനാണ് ഇവന്‍. സാമന്തന്മാരില്‍ വിശ്രുതനാണ് ഇവന്‍. പണിപ്പെട്ടും ഇവന്നു പാത്രം നല്കുക. ഈ മിത്രത്തെ നീ നിറുത്തൂ, പിരിച്ചു വിടരുത്. ശത്രുക്കളുടെ വാക്കു വിശ്വസിച്ച് ശുദ്ധാത്മാക്കളെ തെറ്റിദ്ധരിക്കുകയാണെങ്കില്‍ തന്നത്താനെ ആ ദുഷിച്ച രാജാവ് അമാത്യന്മാരോടു കൂടി നശിച്ചു പോകും. കുറുക്കനെപ്പറ്റി ഇങ്ങനെ അവന്റെ ശത്രുക്കളായ അമാത്യന്മാര്‍ ആക്ഷേപിക്കെ, പുലി കോപിച്ചുനില്ക്കെ, അമ്മ ഉപദേശിക്കെ, കാര്യത്തിന്റെ യാഥാര്‍ത്ഥ്യം ശ്രഹിക്കുവാന്‍ അയച്ച ധാര്‍മ്മികനായ പുരുഷന്‍ അന്വേഷണം കഴിച്ചു വിവരം ഗ്രഹിച്ച് അവിടെ വന്നെത്തി. അവന്‍ ചെന്ന് ഈ പ്രവൃത്തി ഒരു ശത്രുവഞ്ചനയാണ് എന്നു രാജാവിനെ ഉണര്‍ത്തിച്ചു.
ഇതറിഞ്ഞതോടെ പുലി വ്യസനിച്ചു. അമാത്യനായ കുറുക്കനെ സസ്നേഹം പുണര്‍ന്നു വിണ്ടും വീണ്ടും പുണര്‍ന്നു സല്‍ക്കരിച്ചു. നീതി ശാസ്ത്രജ്ഞനായ കുറുക്കന്‍ മുഗ്രേന്ദനോട് അനുവാദം ചോദിച്ചു, പോകാനൊരുങ്ങി. അവന്‍ രാജാവില്‍ ഉണ്ടായ ക്രോധത്തെ ഓര്‍ത്ത് പ്രായോപവേശം ചെയ്യുവാന്‍, നിരാഹാര വ്രതമെടുത്ത് മരിക്കുവാന്‍, തീരുമാനിച്ചു. കുറുക്കന്‍ വൃത്താന്തം രാജാവിനെ അറിയിച്ചപ്പോള്‍ വ്യാഘ്രരാജാവ് സ്നേഹത്താല്‍ വിടര്‍ന്ന കണ്ണുകളോടെ ആ ധര്‍മ്മിഷ്ഠനായ മന്ത്രിയെ പ്രായോപവേശത്തില്‍ നിന്നു തടുത്തു. കുറുക്കനെ ബഹുമാനിച്ചു പൂജിച്ചു.
ആ മുഗേന്ദ്രന്‍ സ്നേഹം മൂലം സംഭ്രമിച്ചിരിക്കുന്നതായി കണ്ട് വണക്കത്തോടെ തൊണ്ടയിടറിക്കൊണ്ട് കുറുക്കന്‍ പറഞ്ഞു:
രാജാവേ, ഭവാന്‍ എന്നെ ആദ്യം ആദരിച്ചു, പൂജിച്ചു. പിന്നെ ഇങ്ങനെ അവമാനിക്കുകയും ചെയ്തു. മറ്റുളളവരുടെ വാക്കു കേട്ട് എന്നെ അനാദരിച്ചു. മറ്റുളളവരുടെ വാക്കിലാണ് എന്റെ നിലനിൽപ്പെന്നാക്കിത്തീര്‍ത്തു. ഇനി ഞാന്‍ നിന്നോടു കൂടി പാര്‍ക്കുകയില്ല. സ്ഥാനഭ്രഷ്ടന്മാര്‍, അസന്തുഷ്ടന്മാര്‍, മാനം കേറ്റി ഇറക്കിയവര്‍, തന്നെത്താന്‍ അപഹരിച്ച ഭൃത്യന്മാര്‍, അന്യരുടെ വാക്കു കേട്ടു നടക്കുന്നവര്‍, ക്ഷയിച്ചവര്‍, പിശുക്കന്മാര്‍, ക്രോധിച്ചവര്‍, ഭയപ്പെട്ടവര്‍, വഞ്ചിതന്മാര്‍, ധനം അപഹരിക്കപ്പെട്ടവർ, അഭിമാനികള്‍, ദാനം നല്കാതെ വിട്ടയയ്ക്കപ്പെട്ടവര്‍, വലിയ ധനം ആഗ്രഹിക്കുന്നവര്‍, സന്തപിക്കുന്നവര്‍, വ്യസനം കാക്കുന്നവര്‍, മറഞ്ഞവര്‍, ഇവരൊക്കെ അന്യാശ്രയം വേണ്ടവരാണ്. അവമാനപ്പെട്ടവന്നും സ്ഥാന്രഭ്രഷ്ടന്നും എങ്ങനെ നീ വിശ്വസ്തനാകും? എങ്ങനെ നിന്റെ കുടെ ഞാന്‍ പിന്നെ നില്ക്കും!
സമര്‍ത്ഥനാണെന്നു വിശ്വസിച്ച് ഒരിക്കല്‍ വാഴിച്ചു പരീക്ഷിച്ചവന്‍ കരാര്‍ ചെയ്തതു തെറ്റിച്ചു നിന്നു. അതു കൊണ്ട് ഞാന്‍ നിന്ദിതനായി. മുമ്പെ ശീലവാനാണ് എന്നു സദസ്സില്‍ ആരെപ്പറ്റി പറഞ്ഞുവോ, സത്യം സംരക്ഷിക്കുന്നവനായ അവനെപ്പറ്റി പിന്നെ ദോഷം പറയരുത്. ഇപ്രകാരം എന്നെ നിന്ദിച്ച ഭവാന്‍ എനിക്ക് എങ്ങനെ വിശ്വാസയോഗ്യനാകും? ഇനിയും ഞാന്‍ അങ്ങയെ എങ്ങനെ വിശ്വസിക്കും? അങ്ങയെ വിശ്വസിക്കാന്‍ കഴിയാത്ത കാലത്തോളം എനിക്കു ഭയത്തിന്നവകാശമുണ്ട്, നീ എന്നെക്കുറിച്ചു ശങ്കിക്കും. ഞാന്‍ നിന്നെപ്പറ്റി എപ്പോഴും ഭയപ്പെടും. അന്യരായ ശത്രുക്കളോ, പഴുതു വല്ലതുമുണ്ടോ എന്നു നോക്കിയിരിക്കുന്നവരുമാണ്.
സന്തുഷ്ടരാകാത്ത കാലത്തോളം തമ്മില്‍ ഐക്യം ഉണ്ടാകുവാനും വിഷമമുണ്ട്. അതു കൊണ്ട് ഇവിടത്തെ ഈ മന്ത്രിപ്പണി വളരെ കപടത നിറഞ്ഞതാണ്.
രണ്ടുപേരുടെ സ്‌നേഹക്കമ്പി പൊട്ടിയാല്‍ കൂടുവാന്‍ വളരെ പണിയാണ്. രണ്ടു പേരുടെ സ്നേഹബന്ധം പൊട്ടിക്കുവാനാണെങ്കില്‍ അതു വളരെ വിഷമമാണ്. തമ്മില്‍ത്തെറ്റിയ രണ്ടു പേരെ കൂട്ടിച്ചേര്‍ത്താലോ, പ്രീതി സ്നേഹത്തോടൊപ്പം നില്ക്കുകയുമില്ല.
യജമാനന്റെ ഹിതം നോക്കുന്നവരായി ആരേയും കാണുന്നില്ല. തന്റെ കാര്യം നേടാനായി സ്വാമിയെ പുജിച്ചു കൂടുന്നു. ശരിയായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന കൂട്ടര്‍ വളരെ വിരളമാണ്. പുരുഷന്മാരുടെ ശരിയായ ഭാവ ചേഷ്ടകള്‍ കണ്ടറിഞ്ഞു സംഗതികള്‍ മനസ്സിലാക്കുവാന്‍ രാജാക്കന്മാര്‍ക്ക് എളുപ്പമല്ല. നാനാകാര്യ വ്യഗ്രത മൂലം അവര്‍ ഓരോന്നിലും വ്യാപൃതരായി അവരുടെ ഉള്ള് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണ്.
അതു കൊണ്ട് എല്ലാറ്റിലും ഒപ്പും ബുദ്ധി രാജാക്കന്മാര്‍ക്കു ചെയ്യുകയില്ല. ആശ്രിതരില്‍ സമര്‍ത്ഥന്മാരും ശങ്കയ്ക്ക് അവകാശമില്ലാത്തവരും ഉണ്ടെങ്കില്‍ അവരെ കണ്ടു പിടിക്കുവാനുള്ള കഴിവ് നൂറില്‍ ഒരുത്തന്നു പോലും കാണുന്നില്ല.
മനുഷ്യര്‍ക്കു പെട്ടെന്ന് അഭിവൃദ്ധിയുണ്ടാകും. അതു പോലെ പെട്ടെന്ന് അധഃപതനവും പറ്റും. ശുഭാശുഭങ്ങള്‍ വായ്ക്കുവാനും കാരണം ബുദ്ധിയുടെ ഗുരുലഘുത്വം തന്നെയാണ്.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മം, കാമം, അര്‍ത്ഥം എന്നിവയെ സംബന്ധിക്കുന്ന സാന്ത്വോക്തികള്‍ പറഞ്ഞ് വ്യാഘ്രരാജാവിനെ പ്രസാദിപ്പിച്ച് സൃഗാലമഹാശയന്‍ കാന്താരാന്തരാളത്തിലേക്കു പോയി.
ആ രാജേന്ദ്രന്റെ അനുനയം ചെവിക്കൊള്ളാതെ വിശാല മനസ്കനായ കുറുക്കന്‍ പ്രായോപവേശം ചെയ്ത് ഉടല്‍ വിട്ടു. അവന്‍ ഭുമിയില്‍ ചെയ്ത നല്ല സേവനത്തിന്റെ ഫലമായി സ്വര്‍ഗ്ഗം പ്രാപിച്ചു.
അദ്ധ്യായം 112. ഉഷ്ടഗ്രീവോപാഖ്യനം - ഒട്ടകത്തിന്റേയും കുറുക്കന്റേയും കഥ ( ഉഷ്ടം = ഒട്ടകം; ഗ്രീവം = കഴുത്ത് )
യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ! രാജാവ് ചെയ്യേണ്ടത് എന്താണ്? എന്തു ചെയ്താല്‍ രാജാവ് സുഖിക്കും? ധര്‍മ്മിഷ്ഠസത്തമാ, ഇത് വിശദമായി പറഞ്ഞു തന്നാല്‍ കൊള്ളാം.
ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ, കാര്യം ഞാന്‍ വൃക്തമാക്കാം. രാജാവ് എങ്ങനെ ചെയ്യണമെന്നും, എന്തു ചെയ്താല്‍ രാജാവിന്ന് സുഖം ലഭിക്കുമെന്നുമുള്ള കാരൃത്തിന്റെ നിശ്ചയരൂപം ഞാന്‍ നിന്നോടു പറയാം. എങ്ങനെ ജീവിച്ചു കൂടാ എന്നും ഞാന്‍ പറയാം. ഇതിനെപ്പറ്റി പണ്ടുളളവര്‍ ഒരു കഥ പറയാറുണ്ട്. അത് ഒരു ഒട്ടകത്തിന്റെ കഥയാണ്. നീ ശ്രദ്ധിച്ചു കേള്‍ക്കുക.
പണ്ട് കൃതയുഗത്തില്‍ കഴിഞ്ഞ ജന്മത്തെക്കുറിച്ച് ജ്ഞാനമുളള ഒരു ഒട്ടകം ഉണ്ടായിരുന്നു. അവന്‍ കൊടുംകാട്ടില്‍പ്പോയി സംശിതവ്രതനായി തപസ്സു ചെയ്തു. വളരെ നാള്‍ തപസ്സു ചെയ്തപ്പോള്‍ ബ്രഹ്മാവ് അവനില്‍ പ്രസാദിച്ച് അവന്റെ മുമ്പില്‍ പ്രത്യക്ഷനായി. ഒട്ടകം ആഗ്രഹിക്കുന്ന വരം നല്കാമെന്ന് പിതാമഹന്‍ പറഞ്ഞു.
ഒട്ടകം പറഞ്ഞു: ഭഗവാനേ, അങ്ങയുടെ പ്രസാദത്താല്‍ എന്റെ ശിരസ്സ് ഇഷ്ടം പോലെ എനിക്കു നീട്ടുവാന്‍ സാധിക്കുമാറാകേണമേ! പ്രഭോ! നൂറു യോജനയില്‍ ഏറെ ദൂരം എന്റെ കഴുത്ത് നീളട്ടെ! ഇഷ്ടം പോലെ തിന്നുവാന്‍ വിചാരിക്കുന്ന ദിക്കില്‍ എന്റെ ശിരസ്സ് എത്തട്ടെ!
അവന്റെ ആഗ്രഹം പോലെ ശിരസ്സ് നീളട്ടെ എന്ന് ബ്രഹ്മാവ് ഒട്ടകത്തിന്ന് വരം ദാനം ചെയ്തു. അങ്ങനെ ശ്രേഷ്ഠമായ വരം നേടി ഒട്ടകം തന്റെ ജന്മഭൂമിയായ കാട്ടില്‍ ചെന്നു. വരം കിട്ടിയതും കൊണ്ടു ദുര്‍മ്മതിയായ ഒട്ടകം അലസനായിത്തീര്‍ന്നു. മുമ്പെ പുല്ലുളള ദിക്കില്‍ അലഞ്ഞു നടന്നു മേഞ്ഞു ഉപജീവനം കഴിച്ചിരുന്ന അവന്‍ അലസനായി ഒരിടത്തു കിടന്നു. തിന്നുവാന്‍ എങ്ങും പോകാതെ കാലചോദിതനായ അവന്‍ തന്റെ വസതിയില്‍ കിടന്നു വേണ്ട ദിക്കിലേക്കു തല ദൂരേക്കു നീട്ടി, ഇഷ്ടമുളളതു തിന്നു ജീവിച്ചു.
ഒരുദിവസം ഒട്ടകം അവന്റെ കഴുത്ത് നൂറു യോജന നീട്ടി, മനസ്സു തളര്‍ന്നു നില്ക്കുകയായിരുന്നു. അപ്പോള്‍ ഭയങ്കരമായ ഒരു കൊടുങ്കാറ്റുണ്ടായി. ഉടനെ ഒട്ടകം തന്റെ കഴുത്ത് ഒരു ഗുഹയിലേക്കു നീട്ടി അതില്‍ തല കടത്തി വെച്ചു. ഈ സമയത്ത് ലോകം മുക്കുന്ന മാതിരിയുള്ള ഭയങ്കരമായ വര്‍ഷമുണ്ടായി. അപ്പോള്‍ വല്ലാതെ തണുത്ത് നനഞ്ഞ് ദേഹം വിറയ്ക്കുന്ന ഒരു കുറുക്കന്‍ വിശപ്പു സഹിക്കാതെ തന്റെ ഭാര്യയോടുകൂടി ആ ഗുഹയില്‍ കടന്നു. വിശന്നു തളര്‍ന്ന ആ മാംസഭുക്കായ കുറുക്കന്‍ ഗുഹയില്‍ക്കണ്ട ഒട്ടകത്തിന്റെ കഴുത്ത് ഭാര്യയോടു കൂടി കടി ച്ചു കീറി തിന്നുവാന്‍ തുടങ്ങി.
തന്നെ കുറുക്കന്മാര്‍ കടിച്ചു തിന്നുകയാണെന്നറിഞ്ഞ് ഒട്ടകം അതിന്റെ കുഴത്തു ചുരുക്കുവാന്‍ ശ്രമം ചെയ്തു. എന്നാല്‍ ആ കുറുക്കനും ഭാര്യയും കൂടി അപ്പോഴേക്കും അവന്റെ കഴുത്ത് കടിച്ചു തിന്നു കഴിഞ്ഞു.
അങ്ങനെ കുറുക്കന്‍ ഒട്ടകത്തെ കൊന്നു തിന്നു കഴിഞ്ഞു. കാറ്റും മഴയും മാറി. കുറുക്കനും ഭാര്യയും ഗുഹവിട്ടു പോവുകയും ചെയ്തു. ഇങ്ങനെ ദുര്‍ബുദ്ധിയായ ആ ഒട്ടകത്തിന്റെ കഥ അവസാനിച്ചു. യുധിഷ്ഠിരാ! മടി അധികമായതു കൊണ്ട് ഒട്ടകത്തിന്നു പറ്റിയ ആപത്തു നോക്കൂ!
നീയും ഈ മാതിരി അലസനാകാതെ ജിതേന്ദ്രിയനായി, ഉത്സാഹശീലനായി, ബുദ്ധിമാനായി ജീവിക്കുക. എന്നാല്‍ ജീവിതം വിജയിക്കും എന്നാണ് മനുവിന്റെ അഭിപ്രായം.
ബുദ്ധിയെ മുന്‍നിര്‍ത്തിയുള്ള കര്‍മ്മമാണ് മുഖ്യമായത്. ബാഹുബലം കൊണ്ടുളള കര്‍മ്മം മദ്ധ്യമമാണ്. ഭാരതാ! ജംഘാ ജഘന്യങ്ങളായ കര്‍മ്മങ്ങള്‍ നിസ്സാരങ്ങളാണ്.
സമര്‍ത്ഥനായ ജിതേന്ദ്രിയന്ന് രാജ്യം തന്നില്‍ നില്ക്കും. ആര്‍ത്തന്ന് ബുദ്ധിപൂര്‍വ്വം ജയം നേടാമെന്ന് മനു പറയുന്നു. ഗൂഢ മന്ത്രം കേള്‍ക്കുന്നവന്നും നല്ല സഹായമുളളവന്നും പരീക്ഷിച്ചറിയുന്നവന്നും അര്‍ത്ഥങ്ങള്‍ നിലനിൽക്കുന്നതാണ് യുധിഷ്ഠിരാ! സഹായമുളളവന്ന് ഈ ലോകം മുഴുവന്‍ ഭരിക്കാന്‍ കഴിയും.
ഇത് സത്തുക്കളായ വിധിജ്ഞന്മാര്‍, ഹേ ദേവേന്ദ്രതുല്യ പ്രഭാവനായ രാജാവേ, മുമ്പേ പറഞ്ഞിട്ടുളളതാണ്. ഞാന്‍ നിന്നോട് ശാസ്ത്രാനുസരണമാണ് ഈ കാര്യങ്ങളൊക്കെ പറഞ്ഞത്. ഈ പറഞ്ഞ കാര്യം നീ മനസ്സില്‍ വെച്ച് അതു പോലെ നടക്കുക
അദ്ധ്യായം 113. സരില്‍സാഗരസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവ് ദുര്‍ല്ലഭമായ രാജ്യം നേടിയതിന്നു ശേഷം തന്റെ ശത്രുവില്‍ എങ്ങനെ നില്ക്കണം, തനിക്കു വേണ്ടുവോളം ശക്തിയില്ലെങ്കില്‍?
ഭീഷ്മൻ പറഞ്ഞു: ഇതിന്ന് ഉദാഹരണമായിട്ട് ഒരു പഴങ്കഥയുണ്ട്. പണ്ടുളളവര്‍ പറയാറുള്ള ആ കഥ ഞാന്‍ നിനക്കു പറഞ്ഞു തരാം. അത് സരിത്തും സാഗരവും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് ഭരതര്‍ഷഭാ!
അസുരന്മാര്‍ എല്ലായ്പോഴും വാഴുന്ന നദീനാഥനായ സമുദ്രം പുഴകളോട് തനിക്കുണ്ടായ സംശയം ചോദിച്ചു.
സാഗരം പറഞ്ഞു: ഹേ നിറഞ്ഞ പുഴകളേ, നിങ്ങള്‍ വേരും കൊമ്പുമായി നല്ല തടിയന്മാരായ വൃക്ഷങ്ങളെ കടപുഴക്കി ഒഴുക്കില്‍ ഇങ്ങോട്ടു കൊണ്ടു വന്നിട്ടുണ്ടല്ലോ. എന്നാല്‍ ചൂരല്‍ നിങ്ങളാരും കൊണ്ടു വന്നു കാണുന്നില്ല. അതിന്ന് തടിയില്ല. കാതലാണെങ്കില്‍ അല്പം മാത്രം. അതിന്റെ വാസമാണെങ്കില്‍ പുഴവക്കിലാണുതാനും. അവയോടുള്ള നിന്ദ കൊണ്ടാണോ നിങ്ങള്‍ അവയെ കൂട്ടിക്കൊണ്ടു വരാഞ്ഞത്? നിങ്ങളില്‍ അതെന്തു തെറ്റു ചെയ്തു? അതിന്നുള്ള കാരണം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളോട് എല്ലാവരോടുമായിട്ടാണ് എന്റെ ചോദ്യം, പുഴവക്കു വിട്ട് ഇവിടെ ചൂരല്‍ വരാതിരിക്കുവാനുള്ള കാരണം നിങ്ങളെല്ലാവരും ചിന്തിച്ചു പറയണം.
ഉടനെ യുക്തിപൂര്‍വ്വം സമുദ്രത്തിന്ന് ബോദ്ധ്യമാകത്തക്ക വിധം അര്‍ത്ഥവത്തായ മറുപടി ഗംഗാനദി സരിത്തുകളുടെ നാഥനായ സമുദ്രത്തോട് പറഞ്ഞു.
ഗംഗ പറഞ്ഞു: ഉറച്ച് സ്തബ്ധങ്ങളായിട്ടാണ് മഹാവ്യക്ഷങ്ങള്‍ നില്ക്കുന്നത്. അതു കൊണ്ടാണ് ഞങ്ങള്‍ എതിര്‍ക്കുമ്പോള്‍ ആ മരങ്ങള്‍ വീഴുന്നത്. എന്നാല്‍ ചൂരലിന്റെ കഥ അതല്ല. ഒഴുക്കു കണ്ട് ചൂരല്‍ താഴും. എന്നാല്‍ മറ്റു മരങ്ങള്‍ താഴില്ല. ഒഴുക്ക് തള്ളി സ്ഥലം വിട്ടു പോയാലോ? അവന്‍ നിലയില്‍ത്തന്നെ നില്ക്കും. കാലവും കരാറു മറിഞ്ഞ് തള്ളലില്ലാതെ പാട്ടിലായി സ്തംഭിക്കാതെ അനുകൂലിച്ച് നില്‍ക്കുന്നവനാണ് വേതസം. അതു കൊണ്ട് അവന്‍ ഇവിടെ വരാന്‍ ഇടവരുന്നില്ല. കാറ്റ്, ഒഴുക്ക് എന്നിവയുടെ ശക്തി ഏല്ക്കുമ്പോള്‍ താഴുകയും പൊങ്ങുകയും ചെയ്തു തന്ത്രപരനായി നില്ക്കുകയാണെങ്കിൽ വളളിക്കുടില്‍ച്ചെടിക്കും മരങ്ങള്‍ക്കും തോൽവി പറ്റാതെ കഴിയാം, തീര്‍ച്ചയാണ്.
ഭീഷ്മൻ പറഞ്ഞു: ബന്ധമോക്ഷങ്ങള്‍ക്ക് ശക്തനായി വളര്‍ന്ന ശത്രുവിന്റെ മുന്ന് ഈക്ക് സഹിക്കാത്തവന്‍ ഉടനെ നശിക്കും. തന്റേയും ശത്രുവിന്റേയും ബലം, വീര്യം, കഴിവ്, കഴിവില്ലായ്മ എന്നിവ നല്ല പോലെ മനസ്സിലാക്കി ചെയ്യുന്ന പ്രാജ്ഞന്‍ ഒരിക്കലും തോല്മയില്‍ പെട്ടു പോവുകയില്ല. ഇപ്രകാരം പണ്ഡിതന്‍ തന്റെ ശത്രു ശക്തനാണെന്നു കണ്ടാല്‍ ചൂരലിന്റെ നില സ്വീകരിക്കണം. അതാണ് ബുദ്ധിമാന്റെ ലക്ഷണം.
അദ്ധ്യായം 114. ടിട്ടിഭകം- ദുര്‍ജ്ജനനിന്ദാസഹനേന ലാഭഃ (മുര്‍ഖന്മാരുടെ നിന്ദ വകവെക്കാതിരിക്കുക) - യുധിഷ്ഠിരന്‍ പറഞ്ഞു: വിഡ്ഡിയും, വങ്കനും, ലോഭിയുമായ ഒരു ഖലന്‍ സദസ്സില്‍വെച്ച് ശകാരിച്ചാല്‍ എന്തു ചെയ്യണം പിതാ മഹ!
ഭീഷ്മൻ പറഞ്ഞു: രാജാവേ, നീ എന്റെ വാക്കു കേള്‍ക്കുക. ഞാന്‍ ഈ കാര്യത്തില്‍ ഇങ്ങനെയാണ് പറയുന്നത്. സല്‍ബുദ്ധിയായ മനുഷ്യന്‍, ബുദ്ധി കെട്ടവന്‍ പറയുന്ന ദുഷ്ടഭാഷണം എന്നും സഹിക്കും. അതില്‍ ക്രോധിക്കാത്തവന്‍ ശകാരിച്ചവന്റെ പുണ്യം നേടും. പൊറുക്കുന്നവന്‍ ക്രോധിക്കുന്നവനില്‍ തന്റെ പാപം ചേര്‍ക്കുകയും ചെയ്യും. ആര്‍ക്കുന്ന രോഗിയെപ്പോലെ, ചിലയ്ക്കുന്ന ആ കൂരിയാറ്റയെ വിടുക, അവന്‍ ലോകത്തിന്റെ വിദ്വേഷം സമ്പാദിച്ച് പാഴായിപ്പോകും. ഇപ്രകാരം മേനിവാക്കു പറയുന്നവന്‍ ആ ദുഷ്കൃതം കൊണ്ട് പാഴായിപ്പോകും. സഭയില്‍ സമ്മതനായ ഒരാളോട് ഒരുത്തന്‍ ആക്ഷേപിച്ചു പറഞ്ഞപ്പോള്‍ ആയാള്‍ നാണിച്ച്, ശോഷിച്ച്, ചത്തവനെപ്പോലെ നിന്നു പോയി. ഇങ്ങനെ ചില വിഡ്ഡികള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.
ശ്ലാഘ്യമല്ലാത്ത തൊഴിലു കൊണ്ടു ശ്ലാഘിക്കുന്നവന്‍ നാണം കെട്ടവനാണ്. അവനെ പണിപ്പെട്ടും ഒഴിവാക്കണം. അവന്‍ പുരുഷാധമനാണ്.
അല്പബുദ്ധിയായ മനുഷ്യന്‍ പറയുന്നതൊക്കെ പ്രാജഞനായ പുരുഷന്‍ സഹിക്കണം. പ്രാകൃതന്‍ വാഴ്ത്തിയാലെന്ത്! പ്രശംസിച്ചാലെന്ത്? ഒരു കാരൃവും അതു കൊണ്ടില്ല. ബുദ്ധി കെട്ടവന്‍ എപ്പോഴും വെറുതെ കാട്ടില്‍ കാക്കയെപ്പോലെ കാറിക്കൊളുളട്ടെ! പാപകാരി പ്രയോഗിക്കുന്ന വാക്കില്‍ എന്തു പ്രയോജനമുണ്ട്? വാക്കുമാത്രം ഫലം! ഹിംസാകാരിക്ക് വേറെ ഫല സിദ്ധിയൊന്നുമില്ല. തമ്മില്‍ത്തല്ലുണ്ടാക്കി കൊലപാതകം ഉണ്ടാക്കാന്‍ കൊള്ളാം. ഇത്തരം ചീത്തത്തരങ്ങള്‍ അവന്റെ ജനനദോഷം, കുലടാപുത്രത്വം വിളംബരം ചെയ്യുകയാണ്. അവന്‍ മുണ്ടഴിച്ചിട്ടു ഗുഹ്യദേശംകാട്ടി മയിലു പോലെ കൂത്താടും. പറയാന്‍ പാടില്ലാത്ത പുലാട്ടുകളൊക്കെ വിളിച്ചു പറയും. അവന്നു പറയാന്‍ പാടില്ലാത്തതൊന്നുമില്ല. ആരെപ്പറ്റിയും പറയും, എന്ത് അസംബന്ധവും പറയും. നല്ലവരാരും അത്തരക്കാരുമായി മിണ്ടരുത്. ചിലര്‍ തമ്മില്‍ക്കാണുമ്പോള്‍ വാഴ്ത്തും. പോയിക്കഴിഞ്ഞല്‍ നിന്ദിച്ചു പറയും. ഇവന്‍ പട്ടിയെപ്പോലെ മേലും കീഴും കെട്ടു പോയവനാണ്. ഇങ്ങനെയുളളവന്‍ നൂറു പേര്‍ക്ക് ദാനം ചെയ്താലും, അഗ്നിഹോമാദികള്‍ ചെയ്താലും, മറഞ്ഞു നിന്ന് കുറ്റം പറയുന്നവന്ന് യാതൊരു ഫലവും കിട്ടുകയില്ല. അതു കൊണ്ടു പണ്ഡിതന്മാര്‍ ഇപ്രകാരമുള്ള പാപബുദ്ധിയെ, സജ്ജനനിന്ദകനെ, നായമാംസം പോലെ ദൂരെയകറ്റണം. മഹാജനങ്ങളില്‍ കുറ്റവും കുറവും വിളിച്ചു പറയുന്ന ദുര്‍ബുദ്ധി പാമ്പ് തന്റെ പത്തി വിരിക്കുന്നതു പോലെ തന്നിലുള്ള ദോഷത്തേയാണ് വെളിവാക്കുന്നത്.
സ്വധര്‍മ്മം ചെയ്യുന്ന പുരുഷനില്‍ അവന് എതിരു ചെയ്യുവാന്‍ വിചാരിക്കുന്ന മൂഢന്‍ ഭസ്മധൂളിയുടെ ഉള്ളില്‍ കഴുത താഴുന്നതു പോലെ താണു പോകും.
ജനാപവാദങ്ങള്‍ പുലമ്പുന്ന മനുഷ്യച്ചെന്നായ്ക്കളെ മദിച്ചു വരുന്ന ആനയെപ്പോലേയോ, മഹാഭയങ്കരനായ നായയെപ്പോലെയോ ഒഴിഞ്ഞു മാറണം. വിഡ്ഡികളുടെ മാര്‍ഗ്ഗം അവ ലംബിക്കുന്നവനും, വിനയവും ദമവും ഇല്ലാത്തവനും, പരദ്രോഹം ചെയ്തു കൊണ്ടിരിക്കുന്നവനും, തന്റെ ശ്രേയസ്സ് നോക്കാത്തവനുമായവനെ അകത്തു കടത്തരുത്.
ഇങ്ങനെയുള്ളവര്‍ നിന്ദിക്കുന്നതു കേട്ട് ഒരിക്കലും ഭവാന്‍ ആര്‍ത്തനാകരുത്. ഉയര്‍ന്ന നിലയിലുള്ളവര്‍ നീചന്മാരുമായുള്ള സംസര്‍ഗ്ഗം വേണ്ടെന്നു വെക്കണമെന്നാണ് മഹാന്മാര്‍ പറയുന്നത്.
മഹാപാപിയായ വിഡ്ഢി കോപിച്ചാല്‍ പല വേഷങ്ങളും കാണിക്കും. അവന്‍ കോപിച്ചാല്‍ ചിലപ്പോള്‍ പാഞ്ഞു വന്ന് തല്ലിയേക്കും, മണ്ണു വാരിയെറിയും, അല്ലെങ്കില്‍ ഉമി വാരിയെറിയും, പേടിപ്പിക്കും. പല്ലിളിച്ചു കാണിക്കും. ഇതൊക്കെ ഇത്തരക്കാര്‍ ചെയ്യുമെന്നു പണ്ടേ തന്നെ പ്രസിദ്ധമാണ്.
ഭയങ്കരന്മാരായ ദുഷ്ടജനങ്ങള്‍ ചെയ്യുന്ന ഇത്തരം നിന്ദകള്‍ സദസ്സില്‍ സഹിക്കുന്ന മാന്യന്മാര്‍ ഈ പറഞ്ഞ കാര്യം മനസ്സി ലാക്കുക. ഈ ഉദാഹരണങ്ങള്‍ അറിവുള്ളവന്ന് ഒരിക്കലും അപ്രി യമായ വാക്കുകള്‍ കേള്‍ക്കുവാന്‍ ഇടവരികയില്ല.
അദ്ധ്യായം 115. രാജസേവകഗുണങ്ങള്‍ - യുധിഷ്ഠിരന്‍ പറഞ്ഞു: മഹാപ്രാജ്ഞനായ പിതാമഹാ! അങ്ങ് എന്നിലുള്ള ഒരു മഹാസംശയം തീര്‍ത്തു തന്നാലും. അങ്ങ് ഞങ്ങള്‍ക്ക് കുലപ്രദനാണല്ലോ. താതാ! ദുര്‍വൃത്തന്മാരായ ദുഷ്ടജനങ്ങളുടെ ഇങ്ങനെയുള്ള വാക്യങ്ങളെപ്പറ്റി അങ്ങ് പറഞ്ഞു തന്നല്ലൊ. ഞാന്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിച്ചു ചോദിക്കുകയാണ്. രാജ്യതന്ത്രത്തിന്നു ഗുണകരമായത് എന്താണ്? കുലത്തിന്നു സൗഖ്യജനകമായത് എന്താണ്? ഇന്നേക്കും ഭാവിയിലേക്കും ക്ഷേമകരവും അഭിവൃദ്ധികരവുമായതെന്താണ്? പുത്രപൗത്രന്മാര്‍ക്കു ക്ഷേമകരമായതെന്താണ്? രാജ്യവര്‍ദ്ധനമായതെന്താണ്? അന്നപാനം ശരീരം എന്നിവയ്ക്ക് ഹിതമായതെന്താണ്? അങ്ങ് പറഞ്ഞു തന്നാലും. സുഹൃത്തുക്കളോടു കൂടി രാജാവ് ചെയ്യേണ്ട പ്രജാരഞ്ജനം എങ്ങനെയാണ്? അസജ്ജനത്തെ കൂട്ടുന്നവനും സ്നേഹം, രാഗം എന്നിവയാല്‍ വശീകരിക്കപ്പെട്ടവനുമായവന്‍ ഇന്ദ്രിയങ്ങള്‍ക്ക് അധീനനല്ലാതെ ചീത്തയായ ഭരണം കൈയേല്ക്കുകയാണെങ്കില്‍ കുലീനന്മാരായ ഭൃത്യന്മാര്‍ അവന് ഗുണം ചെയ്യുകയില്ല. ഭൃത്യന്മാരെക്കൊണ്ട് സാധിക്കേണ്ടതായ കാര്യങ്ങള്‍ ആ രാജാവിന്ന് ലഭിക്കാതെയാകും. എന്നില്‍ ഇങ്ങനെ ഒരു സംശയം ബാധിച്ചിരിക്കയാണ്. രാജധര്‍മ്മം മഹാദുര്‍ഗ്രഹമാണ്. ബുദ്ധികൊണ്ട് വ്യാഴനെപ്പോലെയിരിക്കുന്ന ഭവാന്‍ എന്റെ സംശയം തീര്‍ത്തുതന്നാലും. നമ്മുടെ കുലത്തിന് ഹിതം വരണമെന്ന വിചാരത്തോടു കൂടി ക്ഷത്താവ് ഒരാള്‍ മാത്രമേ ഞങ്ങളോട് എപ്പോഴും പറയാറുള്ളു. കുലോദ്ധാരണ തല്‍പരനായ അങ്ങയും പറയും. അങ്ങയില്‍ നിന്നു കുലത്തിന്ന് ഹിതമായ ഉപദേശം കേട്ട് രാജ്യത്തിന്ന് അഭിവൃദ്ധി നേടി അവ്യയമായ അമൃതില്‍ തൃപ്തനായ പോലെ ഞാന്‍ സുഖമായി ഒന്ന് ഉറങ്ങുമാറാകണേ!
ഏതു തരക്കാരായ ഭൃത്യന്മാരാണ് നല്ലവര്‍! സമീപത്തു നിര്‍ത്തേണ്ടവരായ അവര്‍ എങ്ങനെയുള്ളവരാകണം? ഏത് മട്ടുളളവരുമായിച്ചേര്‍ന്ന് യാത്ര പോകാന്‍ പറ്റും? ഏത് വംശത്തില്‍ പിറന്നവരാകണം? ഭൃതൃരില്ലാതെ തനിച്ചു രക്ഷിക്കുവാന്‍ രാജാവ് ശക്തനാകയില്ല. കുലീനന്മാരായ ജനങ്ങളൊക്കെ ഈ രാജ്യത്തെ കൊതിക്കുന്നവരാണ്.
ഭീഷ്മൻ പറഞ്ഞു. ഒരാള്‍ക്ക് തനിച്ച് രാജ്യം രക്ഷിക്കുവാന്‍ സാധിക്കയില്ല രാജാവേ. ഉണ്ണീ, സഹായമില്ലാത്തവന്‍ അര്‍ത്ഥങ്ങളൊന്നും നേടുകയില്ല. നേടാനും നേടിയത് സംരക്ഷിക്കുവാനും പറ്റിയ ജഞാനവിജ്ഞാന കോവിദന്മാരായ ഭൃത്യന്മാര്‍ ആര്‍ക്കുണ്ടോ, ഹിതൈഷികളും സ്നിഗ്ദ്ധ കുലത്തില്‍ ജനിച്ചുവരുമായ അവര്‍ രാജ്യം ഭുജിക്കും.
സഹോത്ഥിതന്മാരും, പിന്മാറാത്തവരും, നല്ല കുലത്തില്‍ ജനിച്ചവരുമായ മന്ത്രിമാര്‍ ആര്‍ക്കുണ്ടോ, രാജാവിന്ന് അറിവു നല്‍കുന്നവരും നല്ലവരും, സംബന്ധ വിത്തമന്മാരുമായ മന്ത്രിമാര്‍ ആര്‍ക്കുണ്ടോ, ഭാവിക്കു പറ്റിയ കാര്യം ചെയ്യുന്നവരും കാല ജ്ഞാന വിചക്ഷണന്മാരും കഴിഞ്ഞതോര്‍ത്ത് ദുഃഖിക്കാത്തവരുമായ മന്ത്രിമാര്‍ ആര്‍ക്കുണ്ടോ, ആ രാജാവ് തീര്‍ച്ചയായും രാജ്യസുഖം അനുഭവിക്കും. തുല്യമായ സുഖദുഃഖങ്ങളോടു കൂടി ഇഷ്ടം ചെയ്യുന്ന സഹായികള്‍ ഏത് രാജാവിന്നുണ്ടോ, അടുത്ത നാട് ദുഃഖം പെടാതെ, ക്ഷുദ്രത കൂടാതെ നല്ല മാര്‍ഗ്ഗത്തില്‍ നില്ക്കുന്നുണ്ടോ, ആ രാജാവ് തീര്‍ച്ചയായും രാജ്യം നന്നായി ഭരിച്ച് സുഖിക്കും.
ഏതു രാജാവിന്ന് ഭണ്ഡാരം പുഷ്ടിയായിരിക്കുന്നുവോ, ഭണ്ഡാരം വര്‍ദ്ധിപ്പിക്കുന്ന ആളുകള്‍ ഏത് രാജാവിന്നുണ്ടോ, കോഷ്ഠാഗാരം മാറാത്തവരും, ആപ്തന്മാരും, വര്‍ദ്ധന നോക്കുന്നവരും, അലുബ്ധന്മാരുമായ സല്‍പ്പാത്രങ്ങള്‍ ഏതു രാജാവിന്നുണ്ടോ, ആ രാജ്യത്തിന്ന് ക്ഷേമമുണ്ടാകും. കര്‍മ്മത്തിന്ന് ഫലോദയമായ വ്യവഹാരങ്ങള്‍ നഗരിയില്‍ ഏത് രാജാവിന്നുണ്ടോ, ശംഖലിഖിതമായ സ്വധര്‍മ്മം ഏതു രാജാവ് കൈക്കൊളളുന്നുവോ, ഏതു രാജാവ് പ്രജകളെ ഇണക്കി നിര്‍ത്തുന്നുവോ, രാജധര്‍മ്മജ്ഞനായ ആ രാജാവ് തീര്‍ച്ചയായും ധര്‍മ്മത്തിന്റെ ഫലം നേടുന്നതാണ്.
അദ്ധ്യായം 116. ശ്വര്‍ഷിസംവാദം (നായയുടെയും മഹര്‍ഷിയുടെയും കഥ) - ഭീഷ്മൻ പറഞ്ഞു: ലോകത്തില്‍ സജ്ജനാചാരത്തിന്ന് എന്നും നിദര്‍ശനമായ ഒരു കഥ പണ്ടുള്ളവര്‍ ഇതിന്നുദാഹരണമായി പറയാറുണ്ട്. ഈ കാര്യത്തിന്നു തക്കതായ ആ കഥ ജാമദഗ്ന്യാശ്രമത്തില്‍ വെച്ച് എന്നോടു മുനി മുഖ്യന്മാര്‍ പറഞ്ഞതാണ്. മനുഷ്യര്‍ ചെല്ലാത്ത ഗഹനമായ കാനനത്തില്‍ ഫല മൂലങ്ങള്‍ മാത്രം ഭക്ഷിച്ച് ഒരു ഋഷി നിയതേന്ദ്രിയനായി, നിയതനായി, ഭിക്ഷാപരനായി, ശാന്തനായി, സ്വാദ്ധ്യായപരനായി, ശുചിയായി, ഉപവാസവിശുദ്ധാത്മാവായി, സത്വവാനായി, ധീമാനായി വസിച്ചിരുന്നു. അവന്റെ അതുല്യമായ പ്രഭാവം കണ്ട് കാട്ടില്‍ ചുറ്റുന്ന ജീവികള്‍ അവന്റെ അടുത്ത് വന്നുചേര്‍ന്നു.
സിംഹങ്ങളും ക്രൂരവ്യാഘ്രങ്ങളും, മത്തഗജങ്ങളും, നരികളും, കാണ്ടാമൃഗങ്ങളും, കരടികളും അങ്ങനെയുള്ള സകല ഭയങ്കര സത്വങ്ങളും ശിഷ്യരെപ്പോലെ അടുത്തു ചെല്ലും. സകല കാട്ടുജന്തുക്കളും കുശലം ചോദിച്ചു പോകും. അതില്‍ ഒരു നാടന്‍ നായ മാത്രം മുനീന്ദ്രനെ വിട്ടു പോയില്ല. കൂറോടു കൂടിയ ആ ഭക്തന്‍ ഉപവാസത്തിനാല്‍ കൃശനായി, ദുര്‍ബ്ബലനായി, ഫലമൂലങ്ങള്‍ മാത്രം ഭക്ഷിക്കുന്നവനായി, ശമത്തോടു കൂടിയവനായി മുനിയുടെ കാല്പാട്ടില്‍ ഭക്തി പുരസ്സരം ഇരുന്നു. മഹാശയാ! സ്നേഹബദ്ധനായ മനുഷ്യനെപ്പോലെയാണ് ആ ജീവി മുനിയെ സേവിച്ചത്.
അങ്ങനെയിരിക്കെ ജന്തുക്കളുടെ ചോര കുടിക്കുന്ന വീര്യവാനായ ഒരു നരി നായയെ പിടിക്കുവാന്‍ സന്തോഷത്തോടു കൂടി അവിടെ എത്തി. അവന്‍ മഹാക്രൂരനും കാലാന്ത കോപമനുമായിരുന്നു. ദാഹിച്ച്, നാവു കൊണ്ടു ചിറി നക്കി, നുണഞ്ഞ്, വാലിട്ടിളക്കി, വിശന്നവനായ അവന്‍ വായ് തുറന്ന് മാംസം കൊതിച്ച് നേരെ വരുന്നതു കണ്ട് ആ നായ മുനിയോടു പറഞ്ഞതെന്തെന്ന് രാജാവേ, നീ കേള്‍ക്കുക.
നായ പറഞ്ഞു; മഹാശയാ, എന്നെ കൊല്ലുവാന്‍ കൊതിച്ച് നായ്ക്കളുടെ ശത്രുവായ നരി ഇതാ വരുന്നു. മാമുനേ, അങ്ങയുടെ പ്രസാദത്താല്‍ എന്റെ ആപത്ത് ഒഴിഞ്ഞുപോകണേ! എന്നെ ഈ ആപത്തില്‍ നിന്നു രക്ഷിക്കുക. അങ്ങ് സര്‍വ്വജ്ഞനാണല്ലോ മഹര്‍ഷേ!
അവന്റെ ഭയത്തിന്നുള്ള കാരണം ഭാവത്തില്‍നിന്ന് മുനി അറിഞ്ഞു. അഷ്ടസിദ്ധികള്‍ പ്രാപിച്ചവനും സര്‍വ്വപക്ഷിമൃ ഗാദികളുടേയും ശബ്ദജ്ഞാനമുളളവനുമായ മുനി നായയോ ടു പറഞ്ഞു.
മുനി പറഞ്ഞു: എടോ നായേ, നീ നിന്റെ നേരെവരുന്ന മൃത്യുയുവായ നരിയെ ഭയപ്പെടേണ്ട. നിന്നെ ഞാന്‍ രക്ഷിക്കാം. മകനേ, നീ നായയുടെ രൂപം വിട്ട് ഈ നിമിഷത്തില്‍ ഒരു നരിയാകട്ടെ!
നായ ഉടനെ ഒരു നരിയായിത്തീര്‍ന്നു. അവന്‍ സ്വര്‍ണ്ണ വര്‍ണ്ണം തിളങ്ങുന്ന ഒരു നരിയായി. ചിത്രമായ ശരീരത്തോടെ നല്ല ദംഷ്ട്രയോടു കൂടി അവന്‍ അങ്ങനെ കാട്ടില്‍ നിര്‍ഭയമായി നിന്നു. തന്നെപ്പോലെയുള്ള നരിയായി അവനെ കണ്ടപ്പോള്‍ നരിക്ക് അവനോട് യാതൊരു പകയും ഉണ്ടായില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ആ നരിയുടെ അരികിലേക്കുണ്ട് ഒരു ഭയങ്കരനായ വ്യാഘ്രം വരുന്നു. നരിയെത്തിന്നുവാന്‍ ആ ഭയങ്കര ജന്തു വിശന്ന് വായ പിളര്‍ന്നാണ് എത്തുന്നത്. ക്രുദ്ധനായ അവന്‍ നരിയുടെ ചോര കുടിക്കുവന്‍ കൊതി പൂണ്ടാണു വരുന്നത്. വിശന്ന് ദംഷ്ട്ര കാട്ടി പാഞ്ഞു വരുന്ന വ്യാഘ്രത്തെക്കണ്ട് ജീവരക്ഷയ്ക്ക് അവന്‍ മഹര്‍ഷിയെ ശരണം പ്രാപിച്ചു.
സഹവാസത്താല്‍ സ്നേഹം കലര്‍ന്ന മഹര്‍ഷി ഉടനെ ആ നരിയെ വന്നടുക്കുന്ന ശത്രുവിനേക്കാള്‍ ശക്തനായ ഒരു വ്യാഘ്രമാക്കി. പാഞ്ഞുവന്ന വ്യാഘ്രം അപ്പോള്‍ അവനെ കൊല്ലാന്‍ ഭാവിച്ചില്ല. രാജാവേ! നായ നരിയായി, നരി വ്യാഘ്രമായി. അങ്ങനെ അവന്‍ ബലവാനായി മാംസഭോജിയായിത്തീര്‍ന്നു. ഫലമൂലങ്ങളില്‍ അവന്ന് കാംക്ഷയില്ലാതായി. കാട്ടുജന്തുക്കളെ മൃഗരാജാവ് ആഗ്രഹിക്കുന്ന മാതിരിയായി അവന്റെയും അവസ്ഥ. ആ വ്യാഘ്രവും ആ ക്രൂരജന്തുവിന്റെ മാതിരി തന്നെയായി മഹാരാജാവേ!
അദ്ധ്യായം 117. ശ്വര്‍ഷിസംവാദം - (നായയുടെയും മഹര്‍ഷിയുടെയും കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: ആ വ്യാഘ്രം മൃഗങ്ങളെപ്പിടിച്ചു തിന്ന് തൃപ്തനായി വിശപ്പടക്കി ആശ്രമത്തില്‍ കിടന്നു. കാറു പോലെ തടിച്ചുരുണ്ട ഒരു മത്തേഭം ആ സ്ഥലത്തെത്തി. മസ്തകം വിരിഞ്ഞ് പാണ്ടുള്ള ആ ആന, മദ ജലം പൊട്ടി ഒഴുകുന്നവനായ ആ വലിയ ആന, നല്ല കൊമ്പും നല്ല കരുത്തുള്ള മെയ്യുമായി മഴക്കാറു പോലെ ഗര്‍ജ്ജിച്ച് അടുക്കുന്നതു കണ്ടപ്പോള്‍, ആ ഗര്‍വ്വിഷ്ഠനായ മത്തഹസ്തിയെക്കണ്ടപ്പോള്‍, ഭയപ്പെട്ട് വ്യാഘ്രം മുനിയെ ശരണം പ്രാപിച്ചു. ഉടനെ മുനി ആ വ്യാഘ്രത്തെ ഒരു ആനയാക്കി മാറ്റി. വലിയ ഭയങ്കരമായ കാറു പോലെ നില്ക്കുന്ന അവനെക്കണ്ട് ആക്രമിക്കാന്‍ അടുത്തു വന്ന ആന പേടിച്ച് ഒഴിച്ചുപോയി.
പിന്നെ ആന താമരകളും ചിറ്റീന്തല്‍ക്കാടുകളുമൊക്കെ തിന്ന് ചുറ്റിക്കറങ്ങി സസന്തോഷം താമര പൂമ്പൊടിയണിഞ്ഞ് അങ്ങനെ നടന്നു.
ഒരു ദിവസം ആ ആന മുനീന്ദ്രന്റെ ആശ്രമപ്രദേശത്ത് സഞ്ചരിക്കുമ്പോള്‍, വളരെക്കാലത്തിനു ശേഷം അവിടെ ഒരു ചെമ്പിച്ച സിംഹം ആനയുടെ നേരെ വന്നു. ഗുഹാഗര്‍ഭത്തില്‍ ഉണ്ടായവനായ ആ ഭയങ്കര സിംഹം ഗജകുലാന്തകനാണ്. ആ സിംഹം എത്തുന്നതു കണ്ടപ്പോള്‍ ആ ആന സിംഹഭയം മൂലം പേടിച്ചു വിറച്ച് മുനിയെ ശരണം പ്രാപിച്ചു. മുനി ഉടനെ ആ ആനയെ സിംഹമാക്കി മാറ്റി. കാട്ടുസിംഹത്തെ ഈ സിംഹം ഒട്ടും ഭയപ്പെട്ടില്ല. അവനെക്കണ്ട് കാട്ടുസിംഹം ഭയപ്പെട്ട് ഓടിക്കളഞ്ഞു. ആ സിംഹം ആ പെരുംകാട്ടില്‍ത്തന്നെ പിന്നേയും പാര്‍ത്തു. അവനില്‍ ഭയപ്പെട്ട് മറ്റു ജീവികള്‍ ജീവിതാകാംക്ഷ മൂലം കാണാതെയായിത്തുടങ്ങി. അങ്ങനെയിരിക്കെ യദ്യച്ഛയാല്‍ ഒരു ശരഭം ആ കാട്ടില്‍ വന്നു. അവന്‍ സര്‍വ്വജന്തുക്കളേയും നശിപ്പിക്കുന്നവനാണ്. ബലവാനും, ചോര കുടിയനും, സര്‍വ്വജന്തു ഭയങ്കരനുമാണ്. എട്ടുകാലും, മേല്പോട്ടു കണ്ണും, വനഗോചരനുമായ ശരഭം ആ സിംഹത്തെക്കൊല്ലുവാന്‍ മുനിവരന്റെ ആശ്രമത്തില്‍ ചെന്നു.
അപ്പോള്‍ മുനി ആ സിംഹത്തെ ശരഭമാക്കി മാറ്റി. ഉടനെ കാട്ടില്‍ നിന്നു വന്ന ശരഭം മഹര്‍ഷിയുടെ ശരഭത്തെ ഉഗ്രനും ശക്തനുമായി കണ്ടു ഭയപ്പെട്ട് ഓടിപ്പോയി.
ഇപ്രകാരം മുനി ശരഭസ്ഥാനത്തിലെത്തിച്ചേര്‍ന്ന നായ മുനിയുടെ സമീപത്ത് എട്ടടിമാനായി നിന്നു സുഖിച്ചു. ഈ എട്ടടിമാനെക്കണ്ട് കാട്ടിലുള്ള സകലജീവികളും ഭയപ്പെട്ട് കണ്ട ദിക്കില്‍ ഓടിക്കളഞ്ഞു. രാജാവേ! ശരഭം നിത്യവും പ്രാണികളെ വധിച്ച് മാംസം തിന്നു ജിവിച്ചു. ഫലമൂലങ്ങളില്‍ ആ പിശിതാശനന്‍ ആശവെച്ചില്ല.
ചോരകൊതിക്കുന്ന ബലവാനായ ആ ശരഭത്തിന്ന് ഒരു ദിവസം തോന്നി: *ഈ മുനിയെപ്പിടിച്ചു തിന്നാലെന്താണ്? കൃതജ്ഞതയില്ലാത്തവനും, ക്രൂരനുമായ ആ ശരഭം അങ്ങനെ ചിന്തിക്കുന്നതായി മുനി തപശ്ശക്തിയാല്‍, ജ്ഞാനദൃഷ്ടിയാല്‍ അറിഞ്ഞു. അവന്റെ ഉള്ളറിഞ്ഞ മുനി ആ ശരഭത്തോടു പറഞ്ഞു.
മുനി പറഞ്ഞു: എടാ, ദുഷ്ടജീവി! നായയായ നീ നരിയായി, നരിപോയി വ്യാഘ്രമായി, വ്യാഘ്രത്വം നീ ആനയായി, ആന പോയി സിംഹമായി, സിംഹത്വം വിട്ടു നീ ശക്തനായ എട്ടടിമാനായി. സ്നേഹം നിറഞ്ഞ ഞാന്‍ നിന്നെ ഇങ്ങനെ മാറ്റി. വംശ ബന്ധുക്കളൊക്കെ ഒഴിച്ചവനായ നീ പാപം ചെയ്യാത്തവനായ എന്നെ എടാ പാപീ, എന്തേ കൊല്ലാന്‍ വിചാരിക്കുന്നത്? അതു കൊണ്ടു നീ ഈ നിമിഷത്തില്‍ വീണ്ടും സ്വന്തജാതിയില്‍പ്പെട്ട നായയായിത്തന്നെ ഇരിക്കുക!
മുനിജനങ്ങളെ ദ്വേഷിക്കുന്നവനും, ദുഷ്ടനും, പ്രാകൃതനും, ജളനുമായ എട്ടടിമാന്‍ വീണ്ടും മുനിയുടെ ശാപത്താല്‍ നായ തന്നെയായി.
അദ്ധ്യായം 118. ശ്വര്‍ഷിസംവാദം - അമാത്യാദിഗുണകഥനം - ഭീഷ്മൻ പറഞ്ഞു: ആ നായ മുനിയുടെ ശാപം നിമിത്തം മുമ്പത്തെ മട്ടില്‍ത്തന്നെയായി. അവന്‍ വൃസനിച്ചു. "അമ്പട നായേ, നീ കടന്നു പോകൂ, ആശ്രമത്തില്‍ നിന്ന്" എന്നു പറഞ്ഞ് മുനി ആ പാപിയെ ആശ്രമത്തില്‍ നിന്നു പുറത്തിറക്കി വിട്ടു.
ബുദ്ധിമാനായ രാജാവ് ഇങ്ങനെ കാര്യങ്ങള്‍ നല്ലവണ്ണം ഗ്രഹിക്കണം. സത്യപരിശുദ്ധി, സത്സ്വഭാവം, ആര്‍ജ്ജവം, സത്യം, ശ്രുതം, വൃത്തം, കുലം, ദമം, അനുകമ്പ, ബലം, വീര്യം, ക്ഷമ, താഴ്മ, പ്രഭാവം ഇവയെല്ലാം ഏതേതു ഭൃത്യരില്‍ കാണുന്നുവോ, ഏതേതു കാരൃത്തിന്നു പോരുന്നുവോ, അതു പരീക്ഷിച്ചറിഞ്ഞ് അതാതു കാര്യങ്ങളില്‍ നിയോഗിക്കണം. രാജാവ് പരീക്ഷിക്കാതെ ഒരാളേയും സചിവനായി വെക്കരുത്. കുലീനത്വമില്ലാത്തവര്‍ നിറഞ്ഞ സ്ഥലത്ത് ഒരിക്കലും രാജാവിന്നു സുഖം ലഭി ക്കുകയില്ല.
കുലീനന്‍ തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെട്ടാലും അവന്റെ സുകുലീനത മൂലം തന്റെ യജമാനനെ ദ്രോഹക്കാന്‍ ചിന്തിക്കുകയില്ല. അകുലീനനും പ്രാകൃതനുമായ ഒരുത്തന്‍ കാര്യം സാധിച്ചാലും ദുര്‍ല്ലഭമായ ഐശ്വര്യം പ്രാപിച്ചാലും, അവന്‍ നിസ്സാരമായി ശകാരിച്ചാല്‍ പോലും നിന്ദ്യനും ശത്രുവുമായിത്തീരും. കുലീനനെ, ജഞാനവിജ്ഞാനാഢ്യനും പ്രാജ്ഞനുമായ വിദഗ്ദ്ധനെ, സര്‍വ്വകാമാര്‍ത്ഥ തത്ത്വജ്ഞനും ദേശജാതനുമായ സഹിഷ്ണുവെ, കൃതജ്ഞനും ബലവാനും ക്ഷാന്തനും വിജിതേന്ദ്രിയനുമായ ദാന്തനെ, സ്വാമിത്രൈശ്വര്യകാംക്ഷിയും തുഷ്ടനുമായ അലുബ്ധനെ, സത്വസംഗ്രഹണോത്സാഹിയും ദേശകാലജ്ഞനുമായ മന്ത്രിയെ, എന്നും മനസ്സു വെച്ചു ചെയ്യുന്നവനും മടി വിട്ടവനുമായ ഹിതാര്‍ത്ഥിയെ, തന്റെ നാട്ടില്‍ മുറ ചെയ്യുന്നവനും സന്ധിവിഗ്രഹദക്ഷനുമായവനെ, രാജത്രിവര്‍ഗ്ഗം കാണുന്നവനെ, പൌരന്മാര്‍ക്കും ജാനപദന്മാര്‍ക്കും ഇഷ്ടപ്പെട്ടവനെ, ഖാതകങ്ങള്‍ (കിടങ്ങുകള്‍) അറിഞ്ഞവനെ, പട കൂട്ടുവാന്‍ സാമര്‍ത്ഥ്യമുള്ളവനെ, ഇംഗിതാകാരതത്വജ്ഞനെ, യാത്രാ ജ്ഞാന വൈദഗ്ദ്ധ്യമുള്ളവനെ, ആനപ്പാവറിയുന്നവനും അഹങ്കാര വിഹീനനുമായവനെ, പ്രഗല്ഭനും ദക്ഷിണനും യുക്തകാരിയും ദാന്തനുമായ ബലിഷ്ഠനെ, ശുദ്ധനും ശുദ്ധബലം ചേര്‍ന്നവനും സുമുഖനും സുന്ദരാംഗനുമായവനെ, ഗായകനും നീതികുശലനും ഗുണചേഷ്ടാസമേതനുമായവനെ, അസ്തബ്ധനും സുക്ഷ്മകനും തീക്ഷ്ണനും മൃദുഭാഷണശീലനുമായ ധീരനെ, ശൂരനും സമേതര്‍ദ്ധിയും ദേശകാല പ്രയോഗിയുമായവനെ, ഏതു രാജാവ് അമാത്യനാക്കുന്നുവോ, പിന്നെ അവന്‍ ഒരിക്കലും നിന്ദയ്ക്കു പാത്രമാകയില്ല., അവന്റെ രാജ്യം അഭിവൃദ്ധി പ്രാപിക്കും. ചന്ദ്രന് നിലാവെന്ന വിധം അഭിവൃദ്ധിപ്പെടും.
താഴെപ്പറയുന്ന ഗുണങ്ങള്‍ തികഞ്ഞവനും ശാസ്ത്ര കോവിദനുമായ രാജാവിനെ പ്രജകള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
ധീരനും, പൌരുഷം, കാലം എന്നിവയറിയുന്നവനും, വേണ്ട സമയത്ത് തീക്ഷ്ണനും, ശുചിയും, കാമിയും, ശുശ്രൂഷയറിയുന്നവനും, കേള്‍ക്കുന്നവനും, ഈഹാപോഹ വിചക്ഷണനും, മേധാവിയും, ധാരണാശാലിയും, ന്യായം പോലെ കാര്യം നടത്തുന്നവനും, ദാന്തനും, പ്രിയം പറയുന്നവനും, ക്ഷമിക്കാന്‍ വയ്യാത്തവനിലും ക്ഷമിക്കുന്നവനും, ദാനാദാനങ്ങള്‍ ചെയ്യുന്നവനും, ശ്രദ്ധാലുവും, കാഴ്ചയ്ക്ക് അന്തസ്സുള്ളവനും, ദുഃഖിതന്മാരെ അറിഞ്ഞു നല്‍കുന്നവനും, അമാതൃഹിതത്തില്‍ തല്‍പരനും, ഞാന്‍ എന്നു പറയാത്ത നിര്‍ദ്വന്ദനും, അന്യായം ചെയ്യാത്തവനും, കര്‍മ്മം ചെയ്താല്‍ അമാത്യര്‍ക്കു വേണ്ടതു ചെയ്യുന്നവനും, ഭക്തജനപ്രിയനും, ജനരഞ്ജകനും, അസ്തബ്ധനും, എപ്പോഴും പ്രസന്നനും, എപ്പോഴും ഭൃത്യാപേക്ഷിയും, ശുണ്ഠിയില്ലാത്തവനും, മഹാശയനും, യുക്തം പോലെ ശിക്ഷിക്കുന്നവ നും, സജ്ജനങ്ങളെ ദണ്ഡിപ്പിക്കാത്തവനും, ധര്‍മ്മകാര്യങ്ങള്‍ അനുശാസിക്കുന്നവനും, ചാരദൃഷ്ടിയും, പ്രജാപേക്ഷിയും എപ്പോഴും ധര്‍മ്മാര്‍ത്ഥങ്ങളില്‍ പടുവുമായി പല പല ഗുണങ്ങളും ചേര്‍ന്നവനായ രാജാവ് ജനങ്ങള്‍ക്കു പ്രാര്‍ത്ഥ്യനാണ്. രാജാവ് ഇത്തരത്തിലുള്ള ഗുണങ്ങള്‍ ചേര്‍ന്നവനാകണം.
അഭിവൃദ്ധി കാംക്ഷിക്കുന്ന രാജാവ് തന്റെ സൈന്യത്തെ എപ്പോഴും ശ്രദ്ധിക്കണം. രാജ്യം. സംരക്ഷിക്കുവാന്‍ യോഗ്യന്മാരും വേണ്ടത്ര കഴിവുള്ളവരുമായ നല്ല യോദ്ധാക്കളെ സൈന്യത്തില്‍ ചേര്‍ക്കേണ്ടതാണ്.
കൃതജ്ഞന്മാരും യുദ്ധത്തില്‍ പ്രൗഢന്മാരും ശസ്ത്രവിചക്ഷണന്മാരുമാകണം ഭടന്മാര്‍. ധര്‍മ്മശാസ്ത്രം അറിഞ്ഞവരും, കാലാളുകളോടു ചേര്‍ന്നവരും, ആനപ്പുറം കയറുന്നവരും, തേരോടിക്കാന്‍ അറിയുന്നവരും, നിര്‍ഭയന്മാരും, ഇക്ഷ്വസ്ത്ര ദക്ഷന്മാരുമായ ഭടന്മാര്‍ ഏതു രാജാവിന്നുണ്ടോ, ആ രാജാവിന്നുള്ളതാണ് ഭൂമി മുഴുവന്‍. എല്ലാവരേയും തന്റെ അധീനത്തിലാക്കുവാന്‍ ഒരുങ്ങുന്ന രാജാവ് ആരോ, ഉത്സാഹശീലനും മിത്രങ്ങളോടു കൂടിയവനുമായ ആ രാജാവാണ് നൃപസത്തമന്‍. തന്നോടു കുറും സ്‌നേഹവുമുള്ള ഭടന്മാരുള്ള രാജാവിന് ആയിരം പേര്‍ മാത്രമുള്ള കുതിരപ്പടയാല്‍ ഭുമി മുഴുവന്‍ ജയിക്കുവാന്‍ ഹേ ഭരതര്‍ഷഭാ! കഴിയും.
അദ്ധ്യായം 119. ശ്വര്‍ഷിസംവാദം - ഭൃതൃഗുണകഥനം - ഭീഷ്മൻ പറഞ്ഞു: സ്വന്തം സ്ഥലത്ത് ഇപ്രകാരം നായയോടു തുല്യനായ ഭൃത്യനെ രാജാവ് വേലയ്ക്കു വെയ്ക്കണ്ടാ, അവന്‍ രാജ്യസുഖം അനുഭവിക്കും. തന്റെ സ്ഥാനം വിട്ട് നായയെ പ്രമാണമാക്കി ഉയര്‍ന്ന കാര്യത്തില്‍ വെച്ചാല്‍ നായ വല്ലാത്ത അഹങ്കാരിയായിത്തീരും. ഓരോരുത്തരുടെ കര്‍മ്മത്തിലും അതാതു ജാതിക്കാര്‍ക്കു ചേര്‍ന്ന ഓരോ ഗുണമുണ്ട്. അമാത്യന്മാര്‍ക്കു പറ്റിയ സ്ഥാനം അവര്‍ക്കു നല്‍കണം. അസ്ഥാനത്തിലുള്ള ഉല്‍ക്കര്‍ഷം പാടില്ല. ഭൃത്യന്മാര്‍ക്കാണെങ്കില്‍ അവര്‍ക്കു തക്ക തൊഴിലു കൊടുക്കണം. അങ്ങനെയുള്ള രാജാവ് ഭൃത്യഗുണത്താല്‍ രാജ്യം അനുഭവിക്കും. ശരഭത്തെ ശരഭത്തിന്റെ സ്ഥാനത്തു നിറുത്തണം. സിംഹത്തെ സിംഹത്തിന്റെ സ്ഥാനത്തും നിറുത്തണം. വ്യാഘ്രം വ്യാഘ്രപോലെയും നരി നരിപോലെയും ഇരിക്കണം. അല്ലാതെ നായയെ സിംഹത്തിന്റെ സ്ഥാനത്തു വെക്കരുത്. തക്കസ്ഥാനത്ത് യഥാവിധി ഭൃത്യന്മാരെ വെക്കുക. കര്‍മ്മത്തില്‍ ഫലം ഇച്ഛിക്കുന്ന ഭൃത്യരെ മാറ്റി വെക്കരുത്. പ്രമാണം വിട്ടു രാജാവ് വിപരീതമായി സ്വന്തം ഭൃത്യരെ വെച്ചാല്‍ ബുദ്ധികെട്ട ആ രാജാവ് പ്രജാരഞ്ജനം ഏല്ക്കുകയില്ല. ക്ഷുദ്രന്മാര്‍, വിഡ്ഡികള്‍, പരമപ്രാജ്ഞര്‍, അജിതേന്ദ്രിയന്മാര്‍, കുലഹീനന്മാര്‍ ഇവരെയാരേയും രാജാവ് വേലയ്ക്കു വെക്കരുത്.
നല്ലവരും കുലീനന്മാരും ശൂരന്മാരും അസൂയയില്ലാത്തവരും പണ്ഡിതന്മാരും അക്ഷുദ്രന്മാരും ശുദ്ധന്മാരും ദക്ഷന്മാരുമായവര്‍ പാരിപാര്‍ശ്വന്മാരാകണം.
താഴ്ന്നവരും തല്‍പരന്മാരും ശാന്തന്മാരും പ്രകൃത്യാ ശുദ്ധന്മാരും നല്ലവരും സ്വസ്ഥാനം വിടാത്തവരുമാകണം രാജബഹിശ്ചരന്മാര്‍.
സിംഹത്തിന്റെ അരികില്‍ സിംഹം തന്നെ പിന്‍തുണയായി നില്ക്കണം. സിംഹത്തോടൊത്ത സിംഹം, സിംഹം പോലെ ഫലം വഹിക്കും. നായ്ക്കള്‍ ചുറ്റും സഹായത്തിന്നു നില്ക്കുന്ന സിംഹം, സിംഹ കര്‍മ്മത്തിന്ന് ഉന്നിയാല്‍ അവന്‍ സിംഹത്തിന്റെ ഫലം നേടുവാന്‍ പറ്റാത്തവനാകും. എന്തുകൊണ്ടെന്നാല്‍ അവന്‍ നായ്ക്കള്‍ ചുഴലുകയാല്‍ നായയെപ്പോലെ ആയിത്തീ രും.
ഹേ നരേന്ദ്രാ, ഇപ്രകാരം പ്രാജ്ഞനും ശൂരനും ബഹുശ്രുതനും കുലീനന്മാരോടു കൂടിയവനും ഏവനോ, ആ രാജാവ് പാരൊക്കെ വെല്ലുവാന്‍ ശക്തനാകും.
വിദ്യകെട്ടവനും നേരുവിട്ടവനും പ്രാജ്ഞനും ധനമില്ലാത്തവനുമായ ഭൃത്യന്‍ രാജാവിന്റെ സമീപത്ത് സഹായിയായി നില്ക്കുവാന്‍ പറ്റിയവനല്ല.
വിട്ടാല്‍ അമ്പുപോലെ രാജാവിന്റെ കാര്യത്തിന്ന് ഉടനെ എത്തുന്ന ഭൃത്യന്‍ രാജാവിന്നു ഹിതനാണ്. അവര്‍ക്കുവേണ്ടത് രാജാവ് ചെയ്യണം.
രാജാവ് വളരെ ശ്രദ്ധിച്ച് ഭണ്ഡാരം സംരക്ഷിക്കണം. ഭണ്ഡാരമാണ് രാജാവിന്റെ നില്പ്. ഭണ്ഡാരമാണ് വൃദ്ധിക്കു കാരണം.
പത്തായം എപ്പോഴും ധാന്യങ്ങളാല്‍ നിറഞ്ഞിരിക്കണം. അത് വിശ്വസ്തന്മാരെ ഏല്പിക്കണം. രാജാവേ, ഭവാന്‍ ധനധാന്യാഢ്യനാകണം.
ഭവാന്റെ ഭൃത്യന്മാര്‍ നിത്യസമ്പന്നരും യുദ്ധകോവിദന്മാരുമാകണം. അശ്വപ്രയോഗങ്ങളിലും അവര്‍ വിദഗ്ദ്ധന്മാരാകണം. ജ്ഞാതിബന്ധുക്കളെ നോക്കി മിത്രസംബന്ധി സംയുക്തനായി പൌരകാര്യഹിതം നോക്കി ഹേ കൗരവനന്ദനാ, നീ രാജ്യം ഭരി ക്കുക.
നായയെ ദൃഷ്ടാന്തപ്പെടുത്തി നിന്നോട് പ്രജകളില്‍ പെരുമാറേണ്ട ബുദ്ധി ഞാന്‍ പറഞ്ഞു തന്നു. ഇനിയും വല്ലതും അറിയേണ്ടതുണ്ടോ?
അദ്ധ്യായം 120. രാജധര്‍മ്മകഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങ് രാജവ്യത്തങ്ങള്‍ പലതും പറഞ്ഞു കഴിഞ്ഞു. രാജധര്‍മ്മാര്‍ത്ഥ വിജ്ഞന്മാരായ പുരാതന രാജാക്കന്മാര്‍ അനുവര്‍ത്തിച്ച ആ രാജധര്‍മ്മങ്ങളെ, സജ്ജനസമ്മതമായ ആ ധര്‍മ്മങ്ങളെ, എനിക്കു പറഞ്ഞു തരൂ ഭരതര്‍ഷഭാ!
ഭീഷ്മൻ പറഞ്ഞു: സര്‍വ്വജീവികളേയും സംരക്ഷിക്കുക എന്നതാണ് അത്യുത്തമമായ ക്ഷാത്രധര്‍മ്മം. അത് സമ്മതമായ കാര്യമാണ്. ആ രക്ഷണം ഏതു വിധമാണു ചെയ്യേണ്ടതെന്ന് ഞാന്‍ പറയാം. രാജാവേ, അതു മനസ്സിരുത്തി നീ കേള്‍ക്കുക. മയില്‍ വിചിത്രമായ പീലികള്‍ കൊണ്ടു പല വേഷവും കാട്ടുന്നതു പോലെ രാജാവ് പല രൂപവും ഭാവവും കാണിക്കണം. തൈക്ഷ്ണ്യം, ആദാനം, സത്യം, ആര്‍ജ്ജവം, ദൃഡമായ മദ്ധ്യസ്ഥനില (ആരിലും പക്ഷം പിടിക്കാത്ത നില), മനക്കരുത്ത് ഇവയോടു കൂടിയവനാകണം രാജാവ്. എന്നാല്‍ അവന്‍ സുഖത്തോടെ രാജ്യം ഭരിക്കും.
ഏതു കാര്യത്തിന്ന് ഏതു രൂപം കൈക്കൊണ്ടാലാണു നന്നാവുക എന്നറിഞ്ഞ് ആ രൂപം രാജാവു സ്വീകരിക്കണം. ഏത് രൂപം കൈക്കൊണ്ടാലും രാജാവ് അതില്‍ സൂക്ഷ്മമായ നില തെറ്റിപ്പോകരുത്. ശരല്‍ക്കാലത്തെ മയിലിനെപ്പോലെ മൂകമായി കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. അല്പമായി, മൃദുവായി, സംസാരിക്കുക. ഇങ്ങനെയിരിക്കണം ശാസ്ത്രവിശാരദനും ശ്രീമാനുമായ രാജാവ്. ആപത്തിന്റെ ദ്വാരങ്ങളില്‍ നല്ല കരുതലോടെയിരിക്കണം. വലിയ മലഞ്ചോലകള്‍ ഒഴുകി വരുന്ന ചിറകളുടെ മുഖങ്ങള്‍ അണകെട്ടി നിറുത്തിയത് പൊട്ടിയാല്‍ കൃഷിക്കു നാശവും നാടിന് അനര്‍ത്ഥവും വരുത്തിക്കൂട്ടുമല്ലോ. അത്തരത്തില്‍ ശത്രുവിന്റെ ആക്രമണ ദ്വാരങ്ങളില്‍ നല്ല ശ്രദ്ധയുണ്ടാകണം. മലവെള്ളം പോലെ സിദ്ധന്മാരേയും ദ്വിജന്മാരേയും സംരക്ഷിക്കണം. അര്‍ത്ഥം അര്‍ത്ഥിക്കുന്ന രാജാവ് ധര്‍മ്മാകാരമായ നില കാണിക്കണം. നിത്യവും രാജദണ്ഡം ഉയര്‍ത്തി തെറ്റില്ലാത്ത വിധം ശിക്ഷാ നിയമം നടത്തണം. നാട്ടിലെ ആയവ്യയം മനസ്സിലാക്കി, മരത്തിന്റെ ബലാബലം പോലെ നീരെടുക്കുന്നതു പോലെ, നാട്ടുകാരില്‍ ശക്തനേയും അശക്തനേയും കണ്ടറിഞ്ഞ് അര്‍ഹിക്കുന്നവിധം നികുതി ചുമത്തി കരം പിരിക്കണം. തന്റെ കൂട്ടരോട് സമഭാവനയോടെ പെരുമാറുക. ശത്രുക്കളെ സൈന്യങ്ങളാല്‍ അമര്‍ത്തുക. അതിനുതക്ക ശക്തി കിട്ടിയതിന്നു ശേഷമേ അതിന്നൊരുങ്ങാവൂ. ശത്രുക്കളുടെ ദോഷങ്ങള്‍ കൊട്ടിഘോഷിക്കണം. ശത്രുപക്ഷക്കാരെ നാട്ടില്‍നിന്ന് അകറ്റണം. കാട്ടില്‍ പുഷ്പങ്ങളുടെ മാതിരി പുറമേക്ക് അഭിവൃദ്ധി പ്രത്യക്ഷമായി കാണിക്കണം. മല പോലെ ഉയര്‍ന്ന പ്രതാപികളായ രാജാക്കന്മാരെ ഒളിവായി, കാര്യങ്ങള്‍ ഗ്രഹിച്ച് ഗൂഢമായ യുദ്ധതന്ത്രങ്ങള്‍ ചെയ്തു നശിപ്പിക്കണം. മഴക്കാലത്തെ മയിലിനെപ്പോലെ രാത്രിയില്‍ ഒളിവായി, ആരും കാണാതെ ഭാരൃമാരോടു കൂടി കഴിച്ചു കൂട്ടണം. ചട്ടയിടാതെ പുറത്തിറങ്ങരുത്. തന്നെ താന്‍തന്നെ ശ്രദ്ധാപൂര്‍വ്വം ശത്രുക്കളില്‍ നിന്നു കാക്കണം. ചാരഭൂമികളില്‍ ശത്രുക്കള്‍ വെക്കുന്ന വലകളില്‍ കുടുങ്ങാതെ നോക്കണം. ക്രുദ്ധന്മാരും അതിവിഷന്മാരും കപട വേഷക്കാരുമായ ശത്രുക്കളെ വധിക്കണം; അവരെ ഗൃഹങ്ങളില്‍ നിന്ന് ഒഴിച്ചുവിടണം. ഇങ്ങനെ ഒരു മയിലിനെപ്പോലെ രാജാവ് എന്താണു തനിക്കു ഗുണമെന്നറിഞ്ഞ് രാജ്യം ഭരിക്കണം. ബുദ്ധി കൊണ്ടും ജ്ഞാനം കൊണ്ടും താനെങ്ങനെ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അറിയണം. ശത്രുക്കളെ സാന്ത്വം കൊണ്ട് തന്നില്‍ വിശ്വസിപ്പിക്കണം. രാജാവ് സ്വന്തശക്തി എപ്പോഴും (പദര്‍ശിപ്പിക്കണം. സ്വയം ചിന്തിച്ച് സ്വബുദ്ധികൊണ്ട് കാര്യങ്ങളെക്കുറിച്ചുള്ള തീരുമാനമെടുക്കണം. രാജാവ് അനുരഞ്ജകനും ബുദ്ധിമാനുമായിരിക്കണം. എന്തു ചെയ്യാതിരിക്കണമെന്നും എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും രാജാവിന്നറിഞ്ഞിരിക്കണം. ബുദ്ധിമാനും ജ്ഞാനിയുമായ രാജാവിന്ന് ഉപദേശത്തിന്റെ ആവശ്യംതന്നെ വേണ്ടിവരില്ല.
ബുദ്ധികൊണ്ട് ബൃഹസ്പതി തുല്യനായാല്‍പ്പോലും അവന്ന് ബുദ്ധി മങ്ങിപ്പോയാല്‍ അവന്‍ പഴുപ്പിച്ച കാരിരുമ്പ് വെള്ളത്തില്‍ മുക്കിയാലെങ്ങനെയാകുമോ അപ്രകാരം തണുത്തു പോകും. രാജാവ്, ശാസ്ത്രത്തില്‍ക്കണ്ട മാതിരി തനിക്കും ശത്രുവിന്നുമുള്ള കൃത്യങ്ങളൊക്കെ നടത്തണം. മൃദവും പ്രാജ്ഞനും ശൂരനുമായവനെ യഥാര്‍ഹം കാര്യത്തിന്റെ ഗുരു ലാഘവാദികള്‍ മനസ്സിലാക്കി തന്റെ കാര്യത്തില്‍ നിയോഗിക്കണം. ബലവാന്മാരെ ഭാരമേറിയ കര്‍മ്മത്തില്‍ ഏര്‍പ്പെടുത്തണം. തനിക്കു ചേര്‍ന്ന ക്രിയകളില്‍ നിയോഗിക്കപ്പെട്ടവനെ സ്വരങ്ങളില്‍ തന്ത്രി എന്ന പോലെ അവരില്‍ സഹായിച്ചു കൊണ്ടിരിക്ക ണം. ധര്‍മ്മങ്ങളില്‍ തെറ്റു പറ്റാതെ എല്ലാവര്‍ക്കും പ്രിയം ചെയ്യ ണം. ഇവരൊക്കെ എന്റെ ആള്‍ക്കാരാണ് എന്നുറപ്പുള്ള രാജാവ് കുന്നു പോലെ ഉറച്ച് ഇളകാതെ നില്‍ക്കും. സുര്യന്‍ എല്ലാ ദിവസവും തന്റെ രശ്മികള്‍ പക്ഷഭേദം കൂടാതെ എല്ലാവരിലും ചൊരിയുന്നതു പോലെ രാജാവ് പ്രിയവും അപ്രിയവുമുള്ളവരില്‍ ഭേദബുദ്ധി കുടാതെ ധര്‍മ്മം നടത്തണം. കുലപ്രകൃതിയായവര്‍, ദേശകാലധര്‍മ്മജ്ഞന്മാര്‍, മൃദുഭാഷികള്‍, മദ്ധ്യപ്രായമായവര്‍, ദോഷരഹിതന്മാര്‍, ഹിതകാര്യങ്ങളില്‍ ഉത്സാഹശീലന്മാര്‍, ക്ഷീണവും പരിഭ്രമവുമില്ലാത്തവര്‍. അലുബ്ധന്മാര്‍, ദാന്തന്മാര്‍, പരിശീലനം സിദ്ധിച്ചവര്‍, ധര്‍മ്മങ്ങളില്‍ ദൃഡ്യതയുള്ളവര്‍, ധര്‍മ്മം കാക്കുന്നവര്‍ ഇത്തരക്കാരെ വേണം രാജാവ് കര്‍മ്മത്തില്‍ നിശ്ചയിക്കുവാന്‍.
രാജാവ് ഇങ്ങനെ ചാരന്മാരുടെ സഹായത്തോടെ കൃതങ്ങളുടെ ഗതാഗതങ്ങള്‍ അറിഞ്ഞ് സന്തുഷ്ടമായി ആളുകളെ വെക്കണം. ക്രോധഹര്‍ഷങ്ങള്‍ കൂടാതെ താനേ കൃത്യങ്ങള്‍ നോക്കുകയും ഭണ്ഡാരത്തിന്റെ നില മനസ്സിലാക്കുകയും ചെയ്തു പ്രവര്‍ത്തിക്കുന്നവന്ന് ഭൂമി ധാരാളം സമ്പത്ത് ദാനംചെയ്യും.
ആരുടെ അനുഗ്രഹം വ്യക്തമായിക്കാണുന്നുവോ, ആര് കണ്ടകുറ്റത്തിന്ന് ശിക്ഷിക്കുന്നുവോ, ഗുപ്താത്മാവും, ഗുപ്തരാഷ്ട്രതന്ത്രജ്ഞനുമായ ആ രാജാവ് രാജധര്‍മ്മജ്ഞനാണ്. രശ്മികള്‍ നീട്ടി സകലദിക്കിലും സൂര്യന്‍ നോക്കുന്നതു പോലെ രാജാവ് രാജ്യപാലനത്തില്‍ ശ്രദ്ധിക്കണം. ചാരന്മാരെ സ്വാനുചരന്മാരായി കാണണം. ഉള്ളുകൊണ്ട് എല്ലാം കണ്ടറിഞ്ഞു ചെയ്യണം. കാലം വന്നാല്‍ അര്‍ത്ഥം നേടുക. പക്ഷേ, അതേപ്പറ്റി രാജാവ് യാതൊരു മുന്നറിയിപ്പും കൊടുക്കരുത്. അങ്ങനെ നാള്‍ തോറും പശുവിനെ കറക്കുന്നതു പോലെ ധീമാനായ രാജാവ് ഭൂമിയെ കറന്ന് ധനം നേടണം. ക്രമത്തില്‍ പൂക്കളില്‍ നിന്ന് വണ്ടു തേനെടുക്കുന്നതു പോലെ രാജാവ് ദ്രവ്യം നേടി ശേഖരിക്കണം. ധര്‍മ്മം കാമാര്‍ത്ഥമുള്ളതാണ്. ഗുപ്താവശിഷ്ടമായ വിത്തം, ശാസ്ത്രജ്ഞനും ആത്മവാനുമായ രാജാവ്, ധനത്തെ ആരിലും ഏല്പിച്ച് നശിപ്പിച്ചുകളയരുത്. ചെറിയ അര്‍ത്ഥവും നിസ്സാരമാക്കി രാജാവ് തള്ളിക്കളയരുത്. ശത്രു നിസ്സാരനാണെന്നു വിചാരിച്ച് നിന്ദിക്കയുമരുത്. എല്ലാം ബുദ്ധിയില്‍ അറിയണം. അന്യരെ വിശ്വസിച്ച് ഒന്നിലും ഏര്‍പ്പെടരുത്. പരീക്ഷിച്ചറിഞ്ഞേ ഏര്‍പ്പെടാവൂ.
രാജാവിന്റെ സമിന്ധനങ്ങള്‍ എട്ടെണ്ണമാണ്. ദാക്ഷ്യം, സംയമം, ബുദ്ധി, ദേഹം, ധൈര്യം, ശൗര്യം, ദേശകാലങ്ങളില്‍ തെറ്റു പറ്റായ്ക, അല്പവിത്തം വായ്ക്കുന്നതിലും ശ്രദ്ധ-ഇവയാകുന്നു.
ചെറിയ അഗ്നിയും നെയ്യൊഴിച്ചാല്‍ വര്‍ദ്ധിക്കും. മുളച്ച വിത്ത് സംരക്ഷിച്ചാല്‍ ആയിരമായി ഇരട്ടിക്കും. ആയവും വൃയവും വലുതായാല്‍പ്പോലും ചെറിയ ധനവും നിസ്സാരമായി നിന്ദാബുദ്ധിയോടെ കാണാതിരിക്കുക.
ബാലനായിരുന്ന ശത്രു ബാല്യം വിട്ട് മുതിര്‍ന്നാല്‍, അവനെ സൂക്ഷിക്കണം. പ്രമത്തനായ ശത്രു മനുഷ്യനെ കൊല്ലും. കാലത്താല്‍ അശക്തന്‍ ശക്തനാകുമെന്നു കണ്ട് ശത്രുവിനെ കാലേ തന്നെ സംഹരിച്ചു കളയണം. കാലജ്ഞത്വം രാജാക്കന്മാര്‍ക്കു വലിയ നന്മചെയ്യും.
ശത്രുവിന്റെ പേരു തന്നെ ഇല്ലാതാക്കണം. ശത്രുവിനെ ധര്‍മ്മത്തില്‍ നിന്നും അര്‍ത്ഥത്തില്‍ നിന്നും തടുക്കുക. ശത്രുവിന്റെ ധര്‍മ്മവീര്യം നശിപ്പിക്കുക. അബാലനായാലും, ബാലനായാലും ശത്രുവായാല്‍ അവനില്‍ അശ്രദ്ധ പാടില്ല.
വൃദ്ധി, നാശം, പാലനം, സഞ്ചയം ഇവ കണ്ട് സര്‍വ്വകാമങ്ങളും ചേരും വിധം യുദ്ധമോ സമാധാനമോ വേണ്ടത് എന്നു തീരുമാനിക്കണം. ഇതു ബുദ്ധിമാനായ അമാത്യനോട് ആലോചിച്ച് ചെയ്യണം.
ബലിഷ്ഠനെ ദീപ്തമായ ബുദ്ധി കൊന്നുകളയും. ബുദ്ധി വലിയ ബലത്തേയും രക്ഷിക്കും. ഉയര്‍ന്നവനായ ശത്രുവും ബുദ്ധിക്കു കീഴടങ്ങും. ബുദ്ധി കൊണ്ടുള്ള കാര്യവിർവ്വഹണം പ്രശസ്തം തന്നെയാണ്.
എല്ലാ കാമങ്ങളും ആഗ്രഹിക്കുന്നവനായ നിര്‍ദ്ദോഷനായ ധീരന്‍ സ്വല്പമായ ബലം കൊണ്ട് വലിയ കാര്യം നേടും. അര്‍ത്ഥാഢ്യനാവാന്‍ ആഗ്രഹിക്കുന്ന അവന്‍ മഹാശ്രേയസ്സിന്നും പാത്രമാകും. മറിച്ച് കപടന്മാരാല്‍ ചുറ്റപ്പെട്ട രാജാവ് ഒരു കൊച്ചു കാര്യംപോലും ചെയ്യാന്‍ അപ്രാപ്തനാകും.
അതുകൊണ്ട് സ്നേഹവാനായ രാജാവ് നാട്ടുകാരില്‍ എല്ലാ സമ്പത്തിന്നും മൂലമായി നില്ക്കണം. ജനങ്ങളെ അര്‍ദ്ദിക്കുന്ന രാജാവ് ഇടിവെട്ടു കൊണ്ടപോലെ നശിച്ചുപോകും.
വിദ്യ, തപസ്സ്, വര്‍ദ്ധിച്ച ധനം ഇവയെല്ലാം വൃവസായം കൊണ്ട് സമ്പാദിക്കാം. അത് ദേഹികള്‍ക്ക് ബുദ്ധിക്ക് അധീനമായതു കൊണ്ട് അതില്‍നിന്ന് ഉത്ഭവിച്ചതാണ് വ്യവസായമെന്ന് ധരിക്കണം.
ആരിലാണ് മതിമാന്മാരായ മനസ്വികള്‍ വാഴുന്നത്, ശക്രനും, സരസ്വതിയും, വിഷ്ണുവും, ഭൂതങ്ങളും വാഴുന്നത്, ആ ദേഹത്തെ, രാജാവിനെ, -ആരും ധിക്കരിക്കരുത്.
ദാനം കൊണ്ട് ലുബ്ധനെ ജയിക്കണം. അന്യന്റെ സ്വത്ത് എത്ര കിട്ടിയാലും ലുബ്ധന്‍ തൃപ്തനാവുകയില്ല. ധര്‍മ്മഗുണോപഭോഗിയായ ലുബ്ധന്‍ ഹീനാര്‍ത്ഥനാണ്. അവന്‍ ധര്‍മ്മകാമങ്ങളെ തള്ളിക്കളയും.
ധനം, ഭോഗം, പുത്രഭാര്യ, സമൃദ്ധി, ഇങ്ങനെ ലുബ്ധന്‍ അന്യന്റേതായ മുന്‍പറഞ്ഞ സകലതും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ലുബ്ധന്ന് സകലവിധ ദോഷങ്ങളും ബാധിക്കും. അതുകൊണ്ട് രാജാവ് ഒരിക്കലും ലുബ്ധന്മാരെ മന്ത്രിയായി വെക്കരുത്.
രാജാവ് നീചപുരഷനില്‍ നിന്നായാലും ശര്രുക്കളുടെ വൃത്താന്തങ്ങള്‍ അറിയണം. പ്രാജ്ഞനായ രാജാവ് ശത്രു ചെയ്യാന്‍ വിചാരിക്കുന്ന സമാരംഭങ്ങളെയെല്ലാം നശിപ്പിക്കണം. ധര്‍മ്മവാന്മാരായ ബ്രാഹ്മണരാലും നല്ല മന്ത്രിയാലും വേണ്ട പോലെ ഉപദേശിക്കപ്പെടുന്ന രാജാവ് സാമന്ത രാജാക്കന്മാരെ കീഴില്‍ കൊണ്ടു നടക്കാന്‍ മതിയായവനാവും.
വിധിപ്രകാരമുള്ള സകല ധര്‍മ്മങ്ങളും ഞാന്‍ പറഞ്ഞു. ചുരുക്കിപ്പറഞ്ഞ ഈ കാര്യങ്ങളെല്ലാം നീ ബുദ്ധികൊണ്ട് ധരിക്കണം. ഇതെല്ലാം വെവ്വേറെയറിഞ്ഞു ചെയ്യുന്ന രാജാവ് ഭൂമി കാക്കുവാന്‍ മതിയായവനാണ്.
അനീതിയാല്‍ ഏതു രാജാവ് ഏതെല്ലാം വിധാനങ്ങള്‍ ബലമായി കൈയിലാക്കുന്നത് സുഖമായും വിധിപ്രകാരവുമായി കരു തുന്നുവോ, അവന്ന് യാതൊരു ഗതിയും കിട്ടുകയില്ല. ആ രാജാവിന്ന് രാജ്യസുഖവും ലഭിക്കുകയില്ല.
ധനാഢ്യരും, ധീമാന്മാരും, പൂജ്യരും, രണശൂരരും ആയവരെപ്പോലും ശ്രദ്ധയോടെ അഭിസന്ധി ചെയ്യുന്ന ദൃഡാത്മാവായ രാജാവ് ഹനിക്കും.
ഉപായങ്ങള്‍ മനസ്സില്‍ക്കാണണം. പലതരം പണികള്‍ക്കും ഉപായമില്ലാത്ത ദിക്കില്‍ മനസ്സു വെക്കരുത്. വിശിഷ്ടയായ ശ്രീയും, പ്രശസ്തിയും, വിത്തവും, നല്ലവരില്‍ ദോഷം ദര്‍ശിക്കുന്ന രാജാവിന്ന് ലഭിക്കുന്നതല്ല. തുല്യശക്തരായ, രണ്ടുവലിയ ഭാരത്തെ വഹിക്കുന്നതായ മിത്രങ്ങളില്‍ കുടുതല്‍ വഹിക്കുന്നവനെ വിദ്വാന്‍ സ്നേഹ നിലയില്‍ പ്രശംസിക്കണം.
ഹേ യുധിഷ്ഠിരാ, ഞാന്‍ ഈ പറഞ്ഞ രാജധര്‍മ്മം അനുഷ്ഠിക്കുക. മനുഷ്യരെ രക്ഷിക്കുന്നതില്‍ മനസ്സുവെക്കുക. എളുപ്പത്തില്‍ പുണ്യത്തിന്റെ ഫലം ലഭിക്കുന്നതാണ്. ലോകത്തിനെല്ലാം മൂലം ധര്‍മ്മമാകുന്നു.
No comments:
Post a Comment