1. പാണ്ഡവപ്രസ്ഥാനം - ശ്രാദ്ധകർമ്മാദികൾ നിർവ്വഹിച്ചു പാണ്ഡവന്മാർ പാഞ്ചാലിയോട് കൂടെ മഹാപ്രസ്ഥാനത്തിന് പുറപ്പെടുന്നു. ഒരു നായ അവരെ അനുഗമിക്കുന്നു - ജനമേജയന്‍ പറഞ്ഞു: വൃഷ്ണ്യന്ധക കുലം മുടിച്ച മൗസലപ്പോരിനെ പറ്റി കേട്ടപ്പോള്‍, കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതും കേട്ടപ്പോള്‍, പിന്നെ പാണ്ഡവന്മാര്‍ എന്തു ചെയ്തു?
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭയങ്കരമായ വൃഷ്ണിനാശം കേട്ട് കൗരവരാജാവ് മഹാപ്രസ്ഥാനത്തിന് തീരുമാനിച്ചു പാര്‍ത്ഥനോടു പറഞ്ഞു: കാലം സകല ജീവജാലങ്ങളെയും പചിക്കുകയാണ്, മഹാമതേ, നീയും ആ കാല പാശത്തെ, നമ്മെയെല്ലാം കെട്ടിയിട്ടിരിക്കുന്ന ആ കാലമാകുന്ന പാശത്തെ, കാണേണമെന്ന് ഞാന്‍ വിചാരിക്കുന്നു. ഇതു കേട്ട് അര്‍ജ്ജുനന്‍ പറഞ്ഞു: "കാലം! കാലം! ശരി" എന്നു ധീമാനായ. ചേട്ടന്‍ പറഞ്ഞ വാക്കിനെ കൈക്കൊണ്ടു അര്‍ജ്ജുനന്‍റെറ അഭിപ്രായം അറിഞ്ഞ് ഭീമനും നകുല സഹദേവന്മാരും സവ്യസാചിയുടെ വാക്കുകളെ സ്വീകരിച്ച് യുയുത്സുവിനെ വരുത്തി. ധൃതരാഷ്ട്രന് വൈശ്യസ്ത്രീയില്‍ ജനിച്ച ആ സഹോദരനില്‍ ധര്‍മ്മാര്‍ത്ഥമായി പ്രവ്രജിക്കുന്ന ( സന്യസിക്കുന ) യുധിഷ്ഠിരന്‍ രാജ്യം ഏല്പിച്ചു. പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തു. പിന്നെ ദുഃഖത്തോടെ സുഭദ്രയോടു പാണ്ഡവാഗ്രജനായ യുധിഷ്ഠിരന്‍ പറഞ്ഞു: "സുഭദ്രേ, ഇവന്‍ നിന്റെ പുത്രന്റെ പുത്രനാണ്. ഇവന്‍ കുരുരാജാവായി വരും. യുദുകളില്‍ ശേഷിച്ച വജ്രനെ ഇപ്പോള്‍ രാജാവാക്കിയിരിക്കയാണ്. പരീക്ഷിത്ത് ഹസ്തിനപുരത്തും, യാദവരാജാവായ വജ്രന്‍ ഇന്ദ്രപ്രസ്ഥത്തിലും വാഴട്ടെ! നീ ഇവരെയെല്ലാം സംരക്ഷിക്കുക. അധര്‍മ്മം ചിന്തിക്കരുത്! എന്നു പറഞ്ഞ് ആ ധര്‍മ്മരാജാവ്, മരിച്ചു പോയ വാസുദേവനും വൃദ്ധനായ അമ്മാവനും രാമന്‍ മുതലായവര്‍ക്കും അനുജരന്മാരോടു കൂടി, യാതൊരു ക്ഷീണവും കൂടാതെ ശ്രാദ്ധകര്‍മ്മങ്ങള്‍ വിധിപ്രകാരം ചെയ്തു. വ്യാസനെയും, നാരദനെയും, മാര്‍ക്കണ്ഡേയനെയും, ഭരദ്വാജനെയും, യാജ്ഞവല്ക്യനെയും വരുത്തി കൃഷ്ണന് വേണ്ടി സ്വാദേറുന്ന അന്നം, ശാര്‍ങ്ഗിയെച്ചൊല്ലി ഊട്ടി.പിന്നെ രത്നങ്ങളും, വസ്ത്രങ്ങളും, ഗ്രാമവും അശ്വങ്ങളും, രഥങ്ങളും, സ്ത്രീകളെയും ദ്വിജന്മാര്‍ക്കായി നൂറും ആയിരവും ദാനം ചെയ്തു. ഗുരുവായ കൃപനെ പൗരന്മാരോടു കൂടി പൂജിച്ചു. ശിഷ്യനായി പരീക്ഷിത്തിനെ അവന്റെ കാല്‍ക്കല്‍ ഏല്പിച്ചു. നാട്ടുകാരെ വരുത്തി രാജര്‍ഷി തന്റെ അഭിപ്രായം അവരെ ഉണര്‍ത്തിച്ചു. അവന്റെ വാക്കുകേട്ട് ആ പൗരന്മാരും നാട്ടുകാരും വലിയ ഉദ്വേഗത്തോടെ, ഭയത്തോടെ ആ വാക്കു കേട്ട് അതിനെ പ്രശംസിച്ചില്ല. രാജാവേ! അങ്ങനെ പറയല്ലേ! എന്ന് അവര്‍ രാജാവിനോടു പറഞ്ഞു.കാലത്തിന്റെ മാറ്റം അറിഞ്ഞ രാജാവ് അത് കേട്ടില്ല. പൗരന്മാരെയും, ജാനപദന്മാരെയും അതൊക്കെ സമ്മതിപ്പിച്ചു. തന്റെ സോദരന്മാരോടു കൂടി പോകുവാന്‍ തീര്‍ച്ചയാക്കി. പിന്നെ ആ കൗരവരാജാവായ ധര്‍മ്മപുത്രന്‍, യുധിഷ്ഠിരന്‍, ദേഹാലങ്കാരങ്ങള്‍ ഉപേക്ഷിച്ച് വല്ക്കലങ്ങള്‍ ഉടുത്തു. ഭീമാര്‍ജ്ജുന യമന്മാരും കീര്‍ത്തിമതിയായ കൃഷ്ണയും വല്ക്കലങ്ങള്‍ ഉടുത്തു. പിന്നെ എല്ലാവരും വിധി പ്രകാരമുള്ള യാഗ ഹോമാദികള്‍ ചെയ്യിച്ചു ഭരതര്‍ഷഭാ! വെള്ളത്തില്‍ അഗ്നികളെ വെടിഞ്ഞ് ആ നരര്‍ഷഭന്മാര്‍ യാത്രയായി.
പാഞ്ചാലിയോടു കൂടി ആ അഞ്ചു പേരും ഹസ്തിനപുരം വിട്ടിറങ്ങി. ഇതു കണ്ട് സ്ത്രീകള്‍ എല്ലാവരും കരഞ്ഞു. ഇവരുടെ ഈ പോക്കു പണ്ട് ചൂതില്‍ തോറ്റ് പാഞ്ചാലിയോടു കൂടി വല്ക്കലവുമുടുത്ത് കാട്ടിലേക്കു പോകുന്ന ആ പോക്കിനെ അനുസുരിപ്പിച്ചു. യുധിഷ്ഠിരന്റെ അഭിപ്രായം അറിഞ്ഞും,വൃഷ്ണികളുടെ നാശം കണ്ടും, ആ ഭ്രാതാക്കള്‍ക്കെല്ലാം യാത്രയില്‍ ഹര്‍ഷമാണ് ഉണ്ടായത്. ഭ്രാതാക്കള്‍ അഞ്ചുപേരും ആറാമത് പാഞ്ചാലിയും ഏഴാമതായി കൂടെ ഒരു നായയും പുറപ്പെട്ടു. അങ്ങനെ തന്നോടു കൂടി ഏഴുപേരുമൊന്നിച്ച് യുധിഷ്ഠിരന്‍ ഹസ്തിനാപുരിയില്‍ നിന്ന് ഇറങ്ങി. പൗരരൊത്ത് തുണയായി വളരെ ദൂരത്തോളം അവര്‍ നടന്നു. തിരിച്ചു പോവുക എന്ന് പറയുവാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. പിന്നെ കുറെദൂരം ചെന്നപ്പോള്‍ പൗരന്മാര്‍ തിരിച്ചു പോന്നു. യുയുത്സുവിനോടു കൂടി കൃപന്‍ മുതലായവരും തിരിച്ചു പോന്നു.
ഈ സന്ദര്‍ഭത്തില്‍ കൗരവ്യ നാഗപുത്രിയായ ഉലൂപി ഗംഗയില്‍ ചാടി നാഗലോകത്തേക്കു പോയി. ചിത്രാംഗദ മണിപുരത്തേക്കും പോയി. മറ്റ് അമ്മമാര്‍ പരീക്ഷിത്തിന്റെ കൂടെ നിന്നു.
മഹാത്മാക്കളായ പാണ്ഡവന്മാര്‍ പ്രസിദ്ധയായ കൃഷ്ണയോടു കൂടി ഉപവാസവ്രതം ആചരിച്ച് കിഴക്കോട്ട് യാത്ര ചെയ്തു. യോഗം പുണ്ടവരായ ആ മഹാത്മാക്കള്‍, ത്യാഗധര്‍മ്മത്തോട് കൂടിയ ആ മഹാശയന്മാര്‍, പല രാജ്യങ്ങളിലും സഞ്ചരിച്ച്, പല പുഴകളിലും ചുറ്റി, പല സമുദ്രതീരങ്ങളിലും ചെന്നു. യുധിഷ്ഠിരന്‍ മുമ്പും പിന്നാലെ ഭീമനും അവന്റെ പിന്നാലായി അര്‍ജ്ജുനനും പിന്നെ യമന്മാരും ക്രമപ്രകാരം നടന്നു. പിന്നിലായി വരാരോഹയും ശ്യാമയും പൊയ്ത്താര്‍ദളാക്ഷിയും നാരീപ്രവരയുമായ പാഞ്ചാലിയും നടന്നു ഭാരതോത്തമാ!
കാട്ടിലേക്കു പോകുന്ന പാണ്ഡു പുത്രനെ ഒരു നായയും പിന്തുടര്‍ന്നു. ക്രമത്തില്‍ ആ വീരന്മാര്‍ നടന്ന് ചെങ്കടലിന്റെ തീരത്തെത്തി. ദിവ്യമായ ഗാണ്ഡീവം വില്ല് ധനഞ്ജയന്‍ വിട്ടിട്ടില്ലായിരുന്നു. രത്നലോഭം മൂലം ശരമൊടുങ്ങാത്ത ആവനാഴിയും ഉപേക്ഷിച്ചിട്ടില്ലായിരുന്നു. അവര്‍ അവിടെ വെച്ച് മുന്‍ഭാഗത്തായി അഗ്നിയെ, മലപോലെ നില്ക്കുന്നതായി കണ്ടു. അവന്‍ ഒരു പുരുഷ രൂപമെടുത്തു മാര്‍ഗ്ഗം തടഞ്ഞുനിന്നു.
സപ്ത അര്‍ച്ചിസ്സായ അഗ്നിദേവന്‍ അപ്പോള്‍ പാണ്ഡവന്മാരോടു പറഞ്ഞു: - ഹേ, പാണ്ഡവന്മാരേ! വീരന്മാരേ! ഞാന്‍ അഗ്നിയാണെന്ന് ധരിക്കുവിന്‍! യുധിഷ്ഠിരാ, മഹാബാഹോ! പരന്തപനായ ഭീമാ! അര്‍ജ്ജുനാ!അശ്വിസുതന്മാരെ! എന്റെ വാക്കിനെ ഭവാന്മാര്‍ കേള്‍ക്കുവിന്‍! ഞാന്‍ അഗ്നിയാണ് കൗരവന്മാരേ। ഞാന്‍ ഖാണ്ഡവം ദഹിപ്പിച്ചു! ഈ അര്‍ജ്ജുനന്‍, നിങ്ങളുടെ ഭ്രാതാവ്, ഈ ഗാണ്ഡീവം ജലത്തില്‍ വിട്ടു പൊയ്ക്കൊള്ളട്ടെ! അതുകൊണ്ട് ഇനി യാതൊരു കാര്യവുമില്ല. മഹാത്മാവായ കൃഷ്ണനില്‍ ഇരുന്ന ആ ചക്രരത്നവും കാലത്തിന്റെ പ്രഭാവത്താല്‍ കൈവിട്ടു പോയി, ഇനിയും കാലം വരുമ്പോള്‍ അതും കൈയില്‍ ഏത്തിക്കൊള്ളും. പാര്‍ത്ഥന് വേണ്ടി ഈ ഗാണ്ഡീവം ഞാന്‍ മുമ്പ് വരുണന്റെ കൈയിര്‍ നിന്ന് വാങ്ങിച്ചു. ആ ഗാണ്ഡീവമെന്ന മുഖ്യചാപം വരുണന് തന്നെ മടക്കിക്കൊടുക്കുക. അഗ്നിയുടെ വാക്കുകേട്ട് ഭ്രാതാക്കളെല്ലാം ഉടനെ പാര്‍ത്ഥനെ പ്രേരിപ്പിച്ചു. ഉടനെ അര്‍ജ്ജുനന്‍ ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും വെള്ളത്തിലിട്ടു. അപ്പോള്‍. പാവകന്‍ മറയുകയും ചെയ്തു.
പിന്നെ വീരന്മാരായ പാണ്ഡവര്‍ തെക്കോട്ടു പോയി.അവര്‍ ഉപ്പുസമുദ്രത്തിന്റെ വടക്കേ തീരത്തൂടെ പോയി തെക്കുപടിഞ്ഞാറെ ദിക്കിലെത്തി ഭാരതസത്തമാ! പിന്നെ അവര്‍ തിരിഞ്ഞു പടിഞ്ഞാറന്‍ ദിക്കില്‍ ചെന്നു. അവിടെ കടലടിച്ചു മുങ്ങിമറയുന്ന ദ്വാരകാപുരി ദര്‍ശിച്ചു. പിന്നെ ഭാരതസത്തമര്‍ വടക്കോട്ടു തിരിഞ്ഞു. അങ്ങനെ നടന്ന് യോഗധര്‍മ്മികളായ ആ ഭാരതസത്തമര്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുവാന്‍ ഇച്ഛിച്ചു.
2. ദ്രൗപദ്യാദിപതനം - ദ്രൗപദി മുതലായവർ വീണു പോകുന്നു. ഭീമൻ ഓരോന്നിനും കാരണം ജ്യേഷ്ഠനോട് ചോദിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: വടക്കോട്ടു നടന്ന് നിയതാത്മാക്കളായ അവര്‍, യോഗത്തില്‍ മുഴുകിയ അവര്‍, ഹിമാലയ പര്‍വ്വതത്തെ ദര്‍ശിച്ചു. ആ മലയും കടന്നു നടന്ന അവര്‍ പിന്നെ മണല്‍ക്കടല്‍ കണ്ടു. മലകളില്‍ ശ്രേഷ്ഠമായ മഹാമേരു പര്‍വ്വതത്തെയും അവര്‍ കണ്ടു. ദയോഗധര്‍മ്മികളായ അവര്‍ വേഗത്തില്‍ ഗമിക്കുമ്പോള്‍ യോഗത്തില്‍ നിന്നു ഭ്രംശിച്ച് പാഞ്ചാലി ഭൂമിയില്‍ വീണു. അവള്‍ വീണതു കണ്ടു മഹാബലനായ ഭീമന്‍ പാഞ്ചാലിയെ നോക്കി ധര്‍മ്മരാജാവിനോടു ചോടിച്ചു.
ഭീമന്‍ പറഞ്ഞു: അല്ലയോ പരന്തപാ! ഈ രാജപുത്രി അധര്‍മ്മം ഒന്നും ചെയ്തിട്ടില്ലല്ലോ! ഈ കൃഷ്ണ ഭൂമിയില്‍വീഴുവാന്‍ എന്താണു കാരണം? പറയണേ!
യുധിഷ്ഠിരന്‍ പറഞ്ഞു: നാം എല്ലാം ഇവള്‍ക്കു തുല്യരായിരുന്നിട്ടും ഇവള്‍ക്ക് അര്‍ജ്ജുനന്റെ നേരെ പക്ഷപാതമുണ്ടായിരുന്നു. അതിന്റെ ഫലം അവള്‍ ഏല്ക്കുകയാണു പുരുഷസത്തമാ!
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് തിരിഞ്ഞു നോക്കാതെ ആ ഭരതോത്തമന്‍ നടന്നു. ധീമാനായ ധര്‍മ്മിഷ്ഠന്‍, പുരുഷര്‍ഷഭനായ രാജാവ് മനസ്സുറപ്പിച്ചു നടന്നു. പിന്നെ വിദ്വാനായ സഹദേവന്‍ ഭൂമിയില്‍ വീണു. അവനും വീണു പോയതായിക്കണ്ട് ഭീമന്‍ രാജാവിനോടു ചോദിച്ചു.
ഭീമന്‍ ചോദിച്ചു: നമ്മെയെല്ലാം ശുശ്രൂഷിക്കുന്ന അവന്‍ അഹങ്കാരം വെടിഞ്ഞവനാണല്ലോ? ഈ മാദ്രീപുത്രന്‍ എന്തേ ഭൂമിയില്‍ വീണു പോയത്?
യുധിഷ്ഠിരന്‍ പറഞ്ഞു: തന്നെപ്പോലെ പ്രാജ്ഞനായി ആരും ഇല്ലെന്ന് ഇവന്‍ വിചാരിച്ചിരുന്നു. ആ ദോഷം കൊണ്ടാണ് ഈ രാജപുത്രന്‍ താഴെ വീണുപോയത്.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞു സഹദേവനെയും ഉപേക്ഷിച്ച് ഭ്രാതാക്കളും നായയും തുണയായിട്ടുള്ള കുന്തീപുത്രനായ യുധിഷ്ഠിരന്‍ യാത്രയായി. കൃഷ്ണയും പാണ്ഡവനായ സഹദേവനും വീണതു കണ്ട് ദുഃഖിതനായി നടക്കുമ്പോള്‍ ബന്ധുപ്രിയനും ശൂരനുമായന കുലനും അങ്ങനെ ഭൂമിയില്‍ വീണു. വീരനും ചാരുദര്‍ശനനുമായ നകുലന്‍ വീണതു കണ്ട് വീണ്ടും ഭീമന്‍ രാജാവിനോട് ഇങ്ങനെ പറഞ്ഞു.
ഭീമന്‍ പറഞ്ഞു: ധര്‍മ്മത്തിന് യാതൊരു കേടും വരുത്താത്തവനും ഭ്രാതാവിന്റെ വാക്കിനെ അനുസരിക്കുന്നവനും, പാരില്‍ നിസ്തുല്യമായ സന്ദര്യമുള്ളവനുമായന കുലന്‍ എന്താണിങ്ങനെ ഭൂമിയില്‍ വീണത്?
വൈശമ്പായനൻ പറഞ്ഞു: എന്നു ഭീമന്‍ പറഞ്ഞതു കേട്ട്, ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍, ബുദ്ധി തികഞ്ഞ ജ്ഞാനി, നകുലനെപ്പറ്റി പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: അഴകില്‍ തന്നോടു കിടയായി ലോകത്തില്‍ ആരുമില്ല എന്നാണ് ഇവന്റെ വിചാരം. ഞാന്‍ ഒരുത്തന്‍ മാത്രമാണ് എല്ലാവരിലും വെച്ച് അഴകില്‍ മേലെ! എന്ന്. അതു കൊണ്ടാണ് നകുലന്‍ വീണത്. വൃകോദരാ, നടക്കൂ! ആര്‍ക്ക് എന്താണോ വിഹിതമായിട്ടുള്ളത് വീരാ, അതിന്റെ ഫലം അവന്‍ ഏല്ക്കുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു: അവര്‍ വീണതു കണ്ട് ശ്വേതവാഹനനായ അര്‍ജ്ജുനന്‍, ശത്രുനിഷൂദനനായ വിജയന്‍, ശോകസന്തപ്തനായി വീണു. പുരുഷവ്യാഘ്രനായആ ശക്രവീര്യന്‍ വീണതു കണ്ട് ആ ദുരാധര്‍ഷന്‍ മരിക്കുന്നതു കണ്ട്, ഭീമന്‍ രാജാവിനോട് ചോദിച്ചു.
ഭീമന്‍ പറഞ്ഞു: ഈ മഹാത്മാവ് കളിയില്‍ പോലും ഒരു അനൃതം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഇവനും ഭൂമിയില്‍, വീണു പോലും! ആ വീഴ്ച എന്തിനുള്ള വികാരമാണ്?
യുധിഷ്ഠിരന്‍ പറഞ്ഞു; ഒറ്റപ്പകല്‍ കൊണ്ടു ശത്രുക്കളെ മുഴുവന്‍ ചുട്ടു കളയാമെന്ന് അര്‍ജ്ജുനന്‍ പറഞ്ഞു. എന്നാല്‍ ശൂരനാണെന്നു മാനിക്കുന്ന അവന്‍ അതു ചെയ്തതുമില്ല. അതുകൊണ്ടാണ് അവന്‍ വീണത്. സകല വില്ലാളികളെയും അര്‍ജ്ജുനന്‍ അവമാനിച്ചു. ഐശ്വര്യം ചിന്തിക്കുന്നവന്‍ അങ്ങനെ ചെയ്യരുതാത്തതായിരുന്നു.
വൈശമ്പായനൻ പറഞ്ഞു; എന്നു പറഞ്ഞ് യുധിഷ്ഠിരന്‍ നടന്നു. ഉടനെ ഭീമനും വീണു. ഭീമന്‍ വീണു കിടക്കുന്ന ആ കിടപ്പില്‍ കിടന്നു ധര്‍മ്മരാജാവായ യുധിഷ്ഠിരനോടു ചോദിച്ചു.
ഭീമന്‍ പറഞ്ഞു: ഹേ! ഹേ! രാജേന്ദ്രാ, ഒന്നു തിരിഞ്ഞു നോക്കു. നിന്റെ ഇഷ്ടനായ ഞാന്‍ ഇതാ വീണു. ഞാന്‍ എന്തു കൊണ്ടാണു വീണത്? അറിയുമെങ്കില്‍ പറയണേ!
യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമാ, നീ വളരെ അധികം ഉണ്ണുന്നവനാണ്. ശക്തിയില്‍ എന്നോടു തുല്യനായി ആരുമില്ല എന്നു വീമ്പു പറയുകയും ചെയ്യും! ഉണ്ണുമ്പോള്‍ മറ്റുള്ളവര്‍ക്കു വേണമെന്നുള്ള വിചാരം നിനക്കുണ്ടായിരുന്നില്ല താനും! അതു കൊണ്ടാണ് ഭീമാ നീ വീണത്.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് ആ മഹാഭുജന്‍ അവനെ തിരിഞ്ഞു നോക്കാതെ നേരെ നടന്നു.ഇനി ആരുണ്ട് തുണ? ഞാന്‍ പല പ്രാവശ്യവും പറയുകയുണ്ടായല്ലോ; ആ നായ മാത്രമുണ്ട്. ആ നായ യുധിഷ്ഠിരനെ അനുഗമിച്ചു.
3. യുധിഷ്ഠിര സ്വര്‍ഗ്ഗാരോഹണം - ഇന്ദ്രൻ പ്രത്യക്ഷപ്പെട്ട് ധർമ്മപുത്രനെ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു - വൈശമ്പായനൻപറഞ്ഞു: ഈ സന്ദര്‍ഭത്തില്‍ ഭൂമിയും, ആകാശവും, ദിക്കുകളും മുഴക്കി ദേവേന്ദ്രന്‍ തേരുമായി എത്തി. പാര്‍ത്ഥനോട് തേരില്‍ കയറുവാന്‍ അപേക്ഷിച്ചു. ഭ്രാതാക്കളൊക്കെ വീണതു കണ്ട് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ശോകസന്തപ്തനായി സഹസ്രാക്ഷനോടു പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്റെ അനുജന്മാരൊക്കെ വീണു പോയി. എന്നെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടു പോവുകയാണെങ്കില്‍ അവരും കൂടെ പോരണം. ഭ്രാതാക്കളോടു കൂടാതെ സ്വര്‍ഗത്തിലേക്കു പോകുവാന്‍ ഞാന്‍ ഇച്ഛിക്കുന്നില്ല സുരേശ്വരാ! സുകുമാരിയും, സുഖാര്‍ഹയുമായ രാജപുത്രി, ഞങ്ങളോടു കൂടി വസിച്ച സുകുമാരി, ഞങ്ങളോടു കൂടി പോരണം പുരന്ദരാ! അത് അങ്ങ് അനുവദിക്കണം.
ഇന്ദ്രന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ഭവാന് അനുജന്മാരെ കാണാം. അവര്‍ ആദ്യം തന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞു. കൃഷ്ണയോടു കൂടി അവരെയും ഭവാനു കാണാം ഭരതര്‍ഷഭാ! ഭവാന്‍ എന്തിന് ദുഃഖിക്കുന്നു, അവര്‍ മര്‍ത്തൃശരീരം വിട്ട് സ്വര്‍ഗ്ഗത്തിലെത്തി ഭരതര്‍ഷഭാ! അങ്ങയ്ക്ക് ഉടലോടെ സ്വര്‍ഗ്ഗത്തിലെത്താം. അതില്‍ ഒട്ടും സംശയം വേണ്ട.
യുധിഷ്ഠിരന്‍ പറഞ്ഞു: നോക്കു! ഈ നായ എന്നില്‍ കൂറോടു കൂടി നില്ക്കുന്നു ഭൂതഭവ്യഈശ്വരാ, ഇവന്‍ എന്റെ കൂടെ പോരണം. എന്റെ ബുദ്ധി ക്രൂരമല്ല, അനൃശംസമാണ്.
ഇന്ദ്രന്‍ പറഞ്ഞു: രാജാവേ, അമര്‍ത്തൃത്വം, എന്നോടു തുല്യമായ നില, മഹത്തായ ശ്രീ, വലിയ സിദ്ധി, സ്വര്‍ഗ്ഗസൗഖ്യം ഇവയെല്ലാം നീ നേടുന്നു. നീ നായയെ വിടു! അതില്‍ യാതൊരു ക്രൂരതയോ, നിര്‍ദ്ദയത്വമോ ഇല്ല!
യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ സഹസ്രനേത്രാ, ആര്യാ! അനാര്യം ആര്യന് ചെയ്യുക എന്നത് ദുഷ്കരമാണ്, അതു ചെയ്യുവാന്‍ വയ്യ. ശ്രീക്കു വേണ്ടി ഭക്തനെ തള്ളുക എന്ന അനാര്യത്വം ചെയ്യണമെന്നാണോ ഭവാന്റെ അഭിപ്രായം? അങ്ങനെയാണെങ്കില്‍ എനിക്ക് ആ ശ്രീ ആവശ്യമില്ല.
ഇന്ദ്രന്‍ പറഞ്ഞു: നായ്ക്കളെയും കൊണ്ടു നടക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗലോകത്തു യാതൊരു സ്ഥാനവുമില്ല. എന്നു തന്നെയല്ല, ക്രോധവശന്മാരെന്നു പറയപ്പെടുന്ന ദേവന്മാര്‍ അത്തരക്കാരുടെ പുണ്യമെല്ലാം അപഹരിക്കുകയും ചെയ്യും. അതിനെപ്പറ്റി ചിന്തിച്ച് ഹേ, ധര്‍മ്മരാജാവേ, നീ നീതി പ്രവര്‍ത്തിക്കുക. നീ നായയെ ഉപേക്ഷിക്കുക. അതില്‍ യാതൊരു സംശയവുമില്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: ഭക്തന്മാരെ ഉപേക്ഷിക്കുക എന്നത് വലിയ പാപമാണെന്നു പറയപ്പെടുന്നു. അത് ഭൂതലോകത്ത് ബ്രഹ്മഹത്യക്കു തുല്യമായ പാപമാണ്. അതുകൊണ്ട് എന്തു തന്നെ വന്നാലും കൊള്ളാം, ഞാന്‍ ഈ നായയെ എന്റെ സുഖം നോക്കി ഉപേക്ഷിക്കുകയില്ല. ശക്രാ, നോക്കൂ! അവന്‍ ഭീതനാണ്. എന്നില്‍ ഭക്തനാണ്. രക്ഷിക്കാന്‍ ആരുമില്ലാതെ ദുഃഖിക്കുന്നവനാണ്. രക്ഷ അന്വേഷിച്ചു വന്നവനാണ്. ക്ഷീണിച്ചിരിക്കുന്നവനുമാണ്. പ്രാണരക്ഷയ്ക്കു വേണ്ടി എന്നെ ആശ്രയിച്ചവനാണ്. ഇങ്ങനെയുള്ള ഈ ജീവിയെ നിരാധാരനായി തള്ളിക്കളയണമെന്നോ? പാടില്ല! അത് ഞാന്‍ പ്രാണന്‍ പോയാലും ചെയ്യില്ല.എടോ ശക്രാ! ഇത് എന്റെ വ്രതമാണ്.
ഇന്ദ്രന്‍ പറഞ്ഞു: എടോ യുധിഷ്ഠിരാ, ഭവാന്‍ എന്തെല്ലാം ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടോ, എന്തെല്ലാം യജ്ഞങ്ങള്‍ ചെയ്തിട്ടുണ്ടോ എന്തെല്ലാം അഗ്ന്യാഹൂതികള്‍ ചെയ്തിട്ടുണ്ടോ, ഇവയെല്ലാം നായയുടെ ദൃഷ്ടിയില്‍ പെട്ടാല്‍ നഷ്ടപ്പെട്ടു പോകും. ക്രോധവശന്മാര്‍ എന്ന ദേവന്മാര്‍ അതൊക്കെ നിന്നില്‍ നിന്ന് എടുത്തു കളയും. അതു കൊണ്ട് ഭവാന്‍ ഈ നായയെ ഉപേക്ഷിച്ചു കൊള്ളുക! നായയെ നീ ഉപേക്ഷിക്കുകയാണെങ്കില്‍ നിനക്ക് സ്വര്‍ഗ്ഗലോകം ലഭിക്കുന്നതാണ്. നീ നിന്റെ ഭ്രാതാക്കളെ വിട്ടു, പ്രിയയായ കൃഷ്ണയേയും വിട്ടു. എന്നിട്ട് നീ ധര്‍മ്മവഴിക്കുള്ള, നീ നേടിയ പുണ്യത്തിന്റെ മാര്‍ഗ്ഗത്തിലുള്ള ലോകത്തെ അര്‍ഹിക്കുന്നു; കൈക്കൊള്ളുന്നു. എന്നിട്ടും ഈ മഹത്വമേറിയ പലതും തൃജിച്ചിട്ടും നീ എന്തു കൊണ്ട് ഈ നായയെ തൃജിക്കുന്നില്ല? ത്യാഗത്തെച്ചൊല്ലി നീ ഇപ്പോള്‍ അബദ്ധം കാണിക്കുകയാണോ?
യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാ ലോകത്തിലും പ്രസിദ്ധമായ ഒരു കാര്യമാണ് ഞാന്‍ പറയുന്നത്. മരിച്ചു പോയവരോട് ബന്ധുത്വമോ ശത്രുതയോ പാടില്ല എന്നതാണ് അത്. എന്റെ സഹോദരന്മാരും കൃഷ്ണയും മരിച്ചു വീണപ്പോഴാണ് ഞാന്‍ അവരെ ഉപേക്ഷിച്ചു പോന്നത്. അവര്‍ക്കു ജീവന്‍ നല്കുവാനുള്ള കഴിവ് എനിക്കില്ലായിരുന്നു. അതു കൊണ്ടാണ് ഞാന്‍ അവരെ തൃജിച്ചത്. അല്ലാതെ ജീവനോടു കൂടിയിരിക്കുമ്പോഴല്ല. എന്നെ രക്ഷിക്കണേ! എന്നു പറഞ്ഞു വരുന്നവനെ ഭയപ്പെടുത്തി ഓടിക്കുക, സ്ത്രീജനങ്ങളെ വധിക്കുക, ബ്രാഹ്മണന്റെ സ്വത്ത് അപഹരിക്കുക, മിത്രങ്ങള്‍ക്കു ദ്രോഹം ചെയ്യുക ഇവ നാലു കൂട്ടവും ഭക്തന്മാരെ ഉപേക്ഷിക്കുക എന്നതും തുല്യമായ പാപങ്ങളാണെന്നാണ് എന്റെ അഭിപ്രായം.
വൈശമ്പായനൻ പറഞ്ഞു; ധര്‍മ്മരാജാവിന്റെ ഈ വാക്കു കേട്ട് ധര്‍മ്മസ്വരൂപനായ ഭഗവാന്‍ നായയുടെ രൂപം ഉപേക്ഷിച്ച്, യുധിഷ്ഠിര രാജാവില്‍ വളരെ സംപ്രീതനായി നല്ല വാക്കുകള്‍ കൊണ്ടു പുകഴ്ത്തി, ഇപ്രകാരം പറഞ്ഞു.
ധര്‍മ്മന്‍ പറഞ്ഞു; രാജാവേ, നീ അച്ഛനു ചേര്‍ന്ന പുത്രന്‍ തന്നെയാണ്. സ്വഭാവം കൊണ്ടും ബുദ്ധി കൊണ്ടും സര്‍വ്വജീവിയിലുള്ള കനിവു കൊണ്ടും ഭാരതേന്ദ്രാ, നീ അച്ഛന് ( പാണ്ഡുവിന് ) ചേര്‍ന്ന പുത്രന്‍ തന്നെയാണ്. മുമ്പ് ഞാന്‍ ദ്വൈതവനത്തില്‍ വെച്ചു നിന്നെ പരീക്ഷിച്ചു. വെള്ളത്തിന് വേണ്ടി പണിപ്പെട്ട നിന്റെ അനുജന്മാര്‍ വീണപ്പോള്‍! ഓര്‍ക്കുന്നില്ലേ? അതില്‍ നീ നിന്റെ ഭ്രാതാക്കളായ ഭീമാര്‍ജജുനന്മാരെ ഉപേക്ഷിച്ചു. എളയമ്മയുടെ നന്മ ചിന്തിച്ച് നീ നകുലന്‍ ജീവിക്കട്ടെ എന്നാണ് എന്നോടപേക്ഷിച്ചത്. ഇപ്പോഴത്തെ പരീക്ഷണത്തില്‍ ഈ നായയോ നിന്റെ ഭക്തനാണെന്ന ചിന്തയാല്‍ ദേവരഥത്തെപ്പോലും നീ ഉപേക്ഷിച്ചു!ഇത്രയും മഹത്തായ ത്യാഗം ചെയ്തിട്ടുള്ളവര്‍ ആരും സ്വര്‍ഗ്ശത്തിലില്ല. അതുകൊണ്ട് അക്ഷയമായ ലോകങ്ങളെ നിനക്ക് ഉടലോടു കൂടി പ്രാപിക്കുവാന്‍ കഴിയുന്നു ഭാരതാ! ദിവ്യമായ മുഖ്യഗതി നീ നേടിക്കഴിഞ്ഞു ഭരതര്‍ഷഭാ!
വൈശമ്പായനന്‍ പറഞ്ഞു; പിന്നെ ധര്‍മ്മനും ശക്രനും മരുത്തുക്കളും അശ്വികളും ദേവര്‍ഷിമാരും ദേവകളും പാണ്ഡുപുത്രനെ തേരില്‍ കയറ്റി. ആ കാമചാരികളായ സിദ്ധന്മാര്‍, രജോഹീനരും പുണ്യവാന്മാരും പുണ്യവാക്കുകളും പുണ്യബുദ്ധികളുമായ ആ സിദ്ധന്മാര്‍, തങ്ങളുടെ വിമാനത്തില്‍ ആ രാജാവിനെ കയറ്റി. ആ കുരുകുലോദ്വഹന്‍ ആ തേരില്‍ക്കയറി. അപ്പോള്‍ ഭൂമിയും ആകാശവും തേജസ്സാല്‍ തിങ്ങി വിങ്ങി. യുധിഷ്ഠിരന്‍ വിമാനത്തില്‍ മേൽപോട്ടു പൊങ്ങി. ഇതു കണ്ട് ദേവന്മാരുടെ ഇടയില്‍ നിന്നു ലോകവിത്തമനും വലിയ തപസ്വിയും ബൃഹദ് വാദിയുമായ നാരദന്‍ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു.
നാരദന്‍ പറഞ്ഞു: പല രാജര്‍ഷികളും സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുണ്ടല്ലോ! അവരുടെ എല്ലാവരുടെയും കീര്‍ത്തിയെ നിഷ്പ്രഭമാക്കുന്ന വിധം കുരുനന്ദനന്‍ ഉജ്ജ്വല തേജസ്വിയായി ഉയര്‍ന്നു നില്ക്കുന്നു. ലോകം അദ്ദേഹത്തിന്റെ കീര്‍ത്തിയാലും തേജസ്സാലും സ്വഭാവ ഗുണത്താലും നിറഞ്ഞു നില്ക്കുന്നു. ഈ പാണ്ഡവനൊഴികെ ഉടലോടു കൂടി മറ്റൊരാളും സ്വര്‍ഗ്ഗത്തില്‍ വന്നതായി ഞാന്‍ അറിയുന്നില്ല. വിഭോ, ഭവാന്‍ ഭൂമിയില്‍ നില്ക്കുമ്പോള്‍ തേജസ്സായി വിണ്ണില്‍ കണ്ടിരുന്നവയുണ്ടല്ലോ, അവയെല്ലാം വിണ്ണവരുടെ മന്ദിരങ്ങളാണ്. അവ കുറച്ചല്ല. അവയൊക്കെ അങ്ങ് കാണുക!
വൈശമ്പായനന്‍ പറഞ്ഞു: നാരദന്‍ പറഞ്ഞതു കേട്ട് ധര്‍മ്മശീലനായ രാജാവ് ദേവന്മാരോടും തന്റെ മുന്‍ഗാമികളായ രാജര്‍ഷിമാരോടും ഇപ്രകാരം പറഞ്ഞു: നല്ലതായാലും ചീത്തയായാലും എന്റെ അനുജന്മാര്‍ക്കുള്ള ഇടമേതോ, അതു മതി എനിക്കും. അവര്‍ ഇരിക്കുന്നിടത്ത് എത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേറെ ലോകങ്ങളൊന്നുംഎനിക്കു വേണ്ടാ. രാജാവിന്റെ വാക്കു കേട്ട് ദേവരാജാവായ പുരന്ദരന്‍ ആനൃശംസ്യാന്വിതനായി യുധിഷ്ഠിരനോടു മറുപടി പറഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു: രാജേന്ദ്രാ! ഭവാന്‍ ഈ സ്ഥാനത്തു വാണാലും! സ്വന്തം കര്‍മ്മത്തിന്റെ പുണ്യം ഭവാന് ലഭിച്ചിരിക്കുന്നു. നീ എന്താണ് ഇപ്പോഴും മാനുഷമായ സ്‌നേഹത്തില്‍ ഇട്ടു വലിക്കുന്നത്? മറ്റാരും ഒരിടത്തും നേടാത്തതായ ഏറ്റവും ശ്രേഷ്ഠമായ സിദ്ധി ഭവാന്‍ നേടിയിരിക്കുന്നു. നിന്റെ സഹോദരന്മാര്‍ ആരും ഈ സ്ഥാനത്ത് എത്തിയിട്ടില്ല കുരുനന്ദനാ! ഇപ്പോഴും മാനുഷമായ ഭാവം നിന്നില്‍ തട്ടുന്നുണ്ട്. രാജാവേ, ഇത് സ്വര്‍ഗ്ഗമാണ്. വിണ്ണില്‍ മേവുന്ന സിദ്ധന്മാരെയും ദേവര്‍ഷികളെയും ഭവാന്‍ നോക്കൂ.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ദേവരാജാവായ സ്വാമിയോട് ധീമാനായ യുധിഷ്ഠിരന്‍ പൊരുള്‍ ചേര്‍ന്നതും ശ്ലാഘ്യവുമായ വാക്കുകള്‍ വീണ്ടും പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: അസുരസൂദനാ, ഞാന്‍ പറയട്ടെ! അവര്‍ കൂടെയില്ലാതെ ഇവിടെ വാഴുവാന്‍ ഞാനില്ല. എന്റെ അനുജന്മാരുള്ള ദിക്കിലേക്കു പോകുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. എവിടെയാണോ നല്ല പൊക്കവും ഒത്ത വണ്ണവും ചേര്‍ന്ന് അഴകുളളവളും ശ്യാമയും ബുദ്ധിമതിയും സത്വഗുണം ചേര്‍ന്നവളും നാരീപ്രവരയുമായ പാഞ്ചാലി വസിക്കുന്നത്, അവിടെയാണ് എനിക്കും ഗതി, ഞാന്‍ അവിടേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നു.
No comments:
Post a Comment