അദ്ധ്യായം 271. കുണ്ഡധാരോപാഖ്യാനം
കുണ്ഡധാരന്റെയും ബ്രാഹ്മണന്റെയും കഥ
272. യജ്ഞനിന്ദ - ഹിംസയെ നിന്ദിക്കുന്നു, അഹിംസയെ പ്രശംസിക്കുന്നു
273. ചതുഃപ്രാശ്നികം -: ധര്‍മ്മം, അധര്‍മ്മം, വൈരാഗ്യം, മോക്ഷം എന്നിവയെക്കുറിച്ച്
274. യോഗാചാരാനുവര്‍ണ്ണനം - മോക്ഷസാധനവിവ രണം
275. നാരദാസിതസംവാദം - ശരീരം പാഞ്ചഭൗതികം
276. മാണ്ഡവ്യജനകസംവാദം - തൃഷ്ണാത്യാഗത്തെക്കുറിച്ച്
277. പിതാപുത്രസംവാദം - ശരീരത്തിന്റെ അനിത്യതയും, ശ്രേയസ്സാഗ്രഹിക്കുന്നവരുടെ കര്‍ത്തവൃവും
278. ഹാരിത ഗീത - സന്ന്യാസി സ്വഭാവാചരണ ധര്‍മ്മ
279. വൃത്രഗീത - ബ്രഹ്മപ്രാപ്തിക്കുള്ള ഉപായം
280. വൃത്രഗീത -സനല്‍ക്കുമാരന്‍ വൃത്രന്ന് ജ്ഞാനം ഉപദേശിക്കുന്നു
281. വൃത്രവധം - ഇന്ദ്രനും വൃത്രനും തമ്മില്‍ നടന്ന യുദ്ധം
282. ബ്രഹ്മഹത്യാവിഭാഗം -. വൃത്രനെ ഇന്ദ്രന്‍ വധിക്കുന്നു; ബ്രഹ്മഹത്യാപാപം ഉണ്ടാകുന്നു
283. ജ്വരോത്പത്തി - രുദ്രരോഷത്തില്‍ നിന്ന് ജ്വരം ഉത്ഭവിക്കുന്നു
284. ദക്ഷയജ്ഞവിനാശനം - ദേവിയുടെ ദുഃഖം ശമിപ്പിക്കുവാന്‍ രുദ്രന്‍ ദക്ഷയാഗം മുടിക്കുന്നു
285. ദക്ഷൻ ചൊല്ലിയ ശിവസഹസ്രനാമസ്തോത്രം
288. ശ്രേയോവാചികം - നാരദന്‍ ഗാലവന്ന് ശ്രേയസ്സിനെക്കുറിച്ച് നല്കുന്ന ഉപദേശം
289. സഗരാരിഷ്ടനേമീസംവാദം - വൈരാഗ്യമോക്ഷ വിഷയങ്ങള്
290. ഭവഭാര്‍ഗ്ഗവസമാഗമം -ഉശനസ്സിനു ശുക്രന്‍ എന്ന പേരുണ്ടായത്
291. പരാശരഗീത - കല്യാണ പ്രാപ്തിക്കുള്ള ഉപായം പരാശരമഹര്‍ഷി ജനകനോട് പറയുന്നു
292. പരാശരഗീത - കര്‍മ്മങ്ങളുടെ അനിവാര്യതയും പുണ്യകര്‍മ്മത്താലുണ്ടാകുന്ന ലാഭവും
293. പരാശരഗീത -- ധര്‍മ്മോപാര്‍ജ്ജിതമായ ധനത്തിന്റെ ശ്രേഷ്ഠത
294. പരാശരഗീത - ശുദ്രന്റെ സേവാവൃത്തിയുടെ പ്രാധാന്യം
295. പരാശരഗീത -- ധര്‍മ്മദ്വേഷികളായ അസുരന്മാരെ ശിവന്‍ സംഹരിക്കുന്നു
296. പരാശരഗീത - വിഷയലോലുപന്മാരുടെ അധഃപതനം
297. പരാശരഗീത - വര്‍ണ്ണവിശേഷങ്ങളുടെ ഉത്പത്തിരഹസ്യം
298. പരാശരഗീത - പലവിധം ധര്‍മ്മവും കര്‍ത്തവ്യങ്ങളും
299. പരാശരഗീത -: ജനകരാജാവിന്റെ പല ചോദ്യങ്ങള്‍ക്കും പരാശരന്റെ മറുപടി
300. ഹംസഗീത - ഹംസരൂപം ധരിച്ച ബ്രഹ്മാവ് സാദ്ധ്യന്മാര്‍ക്ക് ഉപദേശം നല്കുന്നു
301. യോഗവിധി - സാംഖ്യത്തിന്റെയും യോഗത്തിന്റെയും അന്തരം
302. സാംഖ്യയോഗകഥനം - സാംഖ്യയോഗമനുസരിച്ചുള്ള സാധനവും അതിന്റെ ഫലവും
അദ്ധ്യായം 271. കുണ്ഡധാരോപാഖ്യാനം - കുണ്ഡധാരന്റെയും ബ്രാഹ്മണന്റെയും കഥ - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ ഭാരതാ! വേദങ്ങള്‍ ധര്‍മ്മം, അര്‍ത്ഥം. കാമം, ഇവയെപ്പറ്റി പറയുന്നു. എന്നാല്‍ ഇതില്‍ ഏതിന്റെ ലാഭമാണ് കൂടുതല്‍ മെച്ചപ്പെട്ടത്. പിതാമഹാ, എന്റെ സംശയം തീര്‍ത്തു തന്നാലും.
ഭീഷ്മൻ പറഞ്ഞു: ഇതിനെ സംബന്ധിച്ചു ഞാന്‍ ഒരു പഴങ്കഥ നിന്നോടു പറയാം. പണ്ട് കുണ്ഡധാരന്‍ ഒരു ഭക്തനു ചെയ്ത ഉപകാരമാണ് കഥാവിഷയം.
ഒരു ദരിദ്രനായ ബ്രാഹ്മണന്‍ പണ്ട് ധര്‍മ്മം കാമ്യമായി ശീലിച്ചു. അവന്‍ യജ്ഞത്തിന് വേണ്ടി അര്‍ത്ഥം കാമിച്ച് ദാരുണമായി തപസ്സു ചെയ്തു. അവന്‍ ഉറച്ച മനസ്സോടെ, ഭക്തിയോടെ ദേവകളെ പൂജിച്ചു. എന്നിട്ടും അവന്‍ ധനം നേടിയില്ല. ഇത്രനാള്‍ ദേവപൂജ ചെയ്തിട്ടും ധനം നേടാതിരുന്നപ്പോള്‍ അവന്‍ ചിന്തിച്ചു. മര്‍ത്ത്യന്മാര്‍ ജഡമാക്കാത്ത ദൈവതമേതെന്നും, ഉടനെ ഏതു ദേവനാണ് പ്രസാദിച്ച് അനുഗ്രഹിക്കുക എന്നും ചിന്തിച്ചു. അവന്‍ സരമ്യമായ മനസ്സാല്‍ ദേവനെ ചിന്തിച്ചു നില്ക്കുമ്പോള്‍ കുണ്ഡധാരന്‍ എന്നു പേരായ ഒരു മേഘം അവന്റെ മുമ്പില്‍ നില്ക്കുന്നതായി അവന്‍ കണ്ടു. ആ മഹാബാഹുവായ മേഘത്തെ കണ്ടപ്പോള്‍ അവന് ഭക്തി തോന്നി. ഇവന്‍ എനിക്കു ശ്രേയസ്സ് നല്കും. ഇവന്റെ ദേഹം ആ വിധം കഴിവുറ്റതായി എനിക്കു തോന്നുന്നു. എന്നു ചിന്തിച്ച് അവന്‍ ആ മേഘത്തോടു പ്രാര്‍ത്ഥിക്കുവാന്‍ ഭാവിച്ചു.
ഇന്നേവരേക്കും മനുഷ്യരാരും തന്നെ ആ മേഘത്തോടു യാതൊരഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അങ്ങനെയുള്ള മേഘത്തെ ഇദംപ്രഥമമായി ഭജിക്കുന്ന അവന്‍ എനിക്കു വളരെ ധനം നല്കുമെന്ന് മനസ്സില്‍ വിചാരിച്ചു നിന്നു.
പിന്നെ ധുപം, ഗന്ധം, പല വിധം മാല്യം, പല തരം ബലികള്‍ എന്നിവയാലെല്ലാം ആ ദ്വിജന്‍ ആ മേഘത്തെ പൂജിച്ചു. അല്പകാലം കൊണ്ട് മേഘം സന്തോഷിച്ചു. അവന് ഉപകാരം നല്കുന്ന വിധം ഇപ്രകാരം പറഞ്ഞു.
മേഘം പറഞ്ഞു: ബ്രഹ്മഘ്നന്നും, മദ്യപാനം ചെയ്യുന്നവന്നും, വ്രതഭംഗം ചെയ്തവന്നും, ചോരന്നും, ബുധന്മാര്‍ പ്രായശ്ചിത്തം വിധിച്ചിട്ടുണ്ട്. എന്നാല്‍ കൃതഘ്നന് യാതൊരു നിഷ്‌കൃതിയും കൽപിച്ചിട്ടില്ല. ആശയുടെ പുത്രനാണ് ധര്‍മ്മം. അസൂയയുടെ പുത്രനാണ് ക്രോധം, നികൃതിയുടെ ആത്മജനാണ് ലോഭം, കൃതഘ്നന് സന്തതിയേ ഇല്ല.
അങ്ങനെ ബ്രാഹ്മണന്‍ ദര്‍ഭ വിരിച്ചു കിടക്കുമ്പോള്‍ കുണ്ഡധാരന്റെ ശക്തിയാല്‍, രാത്രി സ്വപ്നത്തില്‍, സര്‍വ്വ ഭൂതൗഘത്തേയും കണ്ടു. ശമം കൊണ്ടും തപസ്സു കൊണ്ടും ഭക്തി കൊണ്ടും അഭോഗവാനായ അവന്‍, ശുദ്ധാത്മാവായ ബ്രാഹ്മണന്‍, രാത്രി ഇങ്ങനെ കണ്ടു. അവിടെ മഹാനായ മാണിഭദ്രനെ, ദേവകള്‍ക്കിടയില്‍ പലതും ചൊല്ലിക്കൊടുക്കുന്ന വിധം ദ്യുതിമാനായ മാണിഭദ്രനെ, ദര്‍ശിച്ചു. ദേവകള്‍ അതില്‍ രാജ്യവും സമ്പത്തും നല്കുന്നു. ശുഭകര്‍മ്മാരബ്ദര്‍ പിന്നെ അശുഭങ്ങള്‍ പോക്കുന്നതും കണ്ടു. യക്ഷന്മാര്‍ നോക്കി നില്ക്കെ ദ്യുതിമാനായ കുണ്ഡധാരന്‍ ദേവന്‍മാരുടെ മുമ്പില്‍ ചെന്ന് മാണിഭദ്രനെ കുമ്പിട്ടു. ദേവന്മാര്‍ പറഞ്ഞ പ്രകാരം മഹാശയനായ മാണിഭദ്രന്‍ കുമ്പിട്ട് കിടക്കുന്ന കുണ്ഡധാരനോട് ,"എന്താണ് നീ ആഗ്രഹിക്കുന്നത്?" എന്നു ചോദിച്ചു.
കുണ്ഡധാരന്‍ പറഞ്ഞു: ദേവന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇവനെ അനുഗ്രഹിച്ചാലും. ഇവന്‍ എന്റെ ഭക്തനാണ്. ഞാന്‍ ഇച്ഛിക്കുന്നത് ഈ ദ്വിജന് സുഖം ലഭിക്കുന്ന വിധം- ഒരു അനുഗ്രഹം നിങ്ങള്‍ നല്കണമെന്നാണ്.
ദ്യുതിമാനായ കുണ്ഡധാരനോട് വാനവർ പറയുക യാല്‍ ഉടനെ മാണിഭദ്രന്‍ വീണ്ടും പറയുവാന്‍ തുടങ്ങി;
"എഴുന്നേല്‍ക്കൂ! എഴുന്നേല്ക്കൂ! നന്മവരട്ടെ! കൃതകൃത്യനായ നീ സുഖിക്കുക. ധനാര്‍ത്ഥിയാണ് ഈ വിപ്രന്‍ എങ്കില്‍ ഇവന് ധനം നല്കിയാലും! നിന്റെ സുഹൃത്തായ ഈ ദ്വിജന്‍ എത്ര ധനമാണ് അര്‍ത്ഥിക്കുന്നതെങ്കില്‍ ദേവാജ്ഞയാല്‍ അത്രയും വലിയ ധനം ഞാന്‍ നല്കുന്നുണ്ട്".
മനുഷ്യത്വം അസ്ഥിരമാണ്, ലോലമാണ് എന്നോര്‍ത്തു കുണ്ഡധാരന്‍ ബ്രാഹ്മണന്ന് തപസ്സില്‍ ബുദ്ധി ഉദിപ്പിച്ചു യുധിഷ്ഠിരാ! "ധനങ്ങള്‍ ഞാന്‍ ആ ബ്രാഹ്മണനു വേണ്ടി യാചിക്കുകയില്ല ധനപ്രദാ! ഭക്തന്നുവേണ്ടി വേറെ ഒരനുഗ്രഹം ഞാന്‍ യാചിക്കുന്നു. രത്നം നിറഞ്ഞ ഭൂമിയോ, വലിയ സഞ്ചയമോ ഞാന്‍ ഭക്തന് വേണ്ടി ഇച്ഛിക്കുകയില്ല. ഞാന്‍ ഇച്ഛിക്കുന്നത് ഇവന്‍ ധാര്‍മ്മികനാകണം എന്നാണ്. ഇവന് ബുദ്ധി ധര്‍മ്മത്തില്‍ ചെല്ലണം, ധര്‍മ്മ പ്രധാനനായി ഇവന്‍ ജീവിക്കണം. ഇതാണ് ഇവന് നല്കേണ്ട അനുഗ്രഹം".
മാണിഭദ്രന്‍ പറഞ്ഞു: എന്നും ധര്‍മ്മഫലമായ രാജ്യ വും, പലമട്ടുള്ള സുഖങ്ങളും, ഫലങ്ങളും ഇവന്‍ അനുഭവി ക്കട്ടെ! ശരീരക്ളേശംകൂടാതെ ജീവിക്കട്ടെ!
ഭീഷ്മൻ പറഞ്ഞു: അതുതന്നെ വീണ്ടും മഹാശയനായ കുണ്ഡധാരന്‍ ഉടനെ ഏറ്റുപറഞ്ഞു. ദേവകള്‍ ധര്‍മ്മാര്‍ ത്ഥങ്ങളില്‍ സന്തോഷിക്കുകയും ചെയ്തു.
മാണിഭദ്രന്‍ പറഞ്ഞു. ദേവന്മാരെല്ലാം നിന്നിലും, ഈ ബ്രാഹ്മണനിലും പ്രസാദിച്ചിരിക്കുന്നു. ഇവന്‍ ധര്‍മ്മാത്മാവായി. ധര്‍മ്മത്തില്‍ ബുദ്ധി വെയ്ക്കുന്നവനായി ഭവിക്കും. ഉടനെ മേഘം തെളിഞ്ഞു. യുധിഷ്ഠിരാ, കാര്യം അവന്‍ നേടി. പരന്മാര്‍ക്കു ലഭിക്കാത്ത ദുര്‍ല്ലഭമായ വരം അവന്‍ നേടി. അപ്പോള്‍ ആ ബ്രാഹ്മണന്‍ അവന്റെ ചുറ്റും അതിമനോഹരമായ വ്രസ്ത്രങ്ങള്‍ കണ്ടു. അവയില്‍ ഒട്ടും താല്‍പര്യമില്ലാതെ ആ ദ്വിജന്‍ ലോകത്തെ വെറുത്തു. ഇവന്‍ സുകൃതം കാണുന്നില്ലെങ്കില്‍ മറ്റാര് അതു കാണുന്നു! ഞാന്‍ കാടുകയറുകയാണ്. ധര്‍മ്മത്താല്‍ ജീവിക്കുകയാണ് ഗുണം.
ഭീഷ്മൻ പറഞ്ഞു. നിര്‍വ്വേദത്താലും, ദേവഗണ പ്രസാദത്താലും ആ ദ്വിജന്‍ കാട്ടില്‍ എത്തിയ ഉടനെ തന്നെ വലിയ തപസ്സില്‍ മുഴുകി. ദേവതകള്‍ക്കും അതിഥികള്‍ക്കും അര്‍ പ്പിച്ചതിന് ശേഷമേ അവന്‍ ഫലമൂലങ്ങള്‍ ഭക്ഷിച്ചിരുന്നുള്ളു. രാജാവേ, ആ ബ്രാഹ്മണന് ധര്‍മ്മത്തില്‍ത്തന്നെ ബുദ്ധിയുറച്ചു. പിന്നെപ്പിന്നെ ബ്രാഹ്മണന്‍ ആഹാരം ചുരുക്കി. ഫലമുലങ്ങളൊക്കെ ഉപേക്ഷിച്ച് ഇല മാത്രം തിന്നു ജീവിക്കാനും, തപസ്സു ചെയ്യാനും തുടങ്ങി. പിന്നെ കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇലയും ഉപേക്ഷിച്ച് ജലം മാത്രമായി ജീവിച്ചു. പിന്നെ ആ ദ്വിജന്‍ ജലവും ഉപേക്ഷിച്ചു. കാറ്റു മാത്രം ഉണ്ടു ജീവിച്ചു. അങ്ങനെ വളരെ വര്‍ഷം കഴിഞ്ഞു കൂടി. ഇങ്ങനെ കാറ്റുണ്ടു ജീവിക്കുമ്പോഴും അവന് ശക്തിക്കു യാതൊരു കുറവും വന്നില്ല എന്നതാണ് അത്ഭുതം. ധര്‍മ്മ ശ്രദ്ധയോടെ ഘോരമായ തപസ്സില്‍ മുഴുകിയിരിക്കെ ഏറെക്കാലം കൊണ്ട് അവന് ദിവ്യദൃഷ്ടി ലഭിച്ചു. അവന് ബുദ്ധിയുണ്ടായി. ഇനി ഞാന്‍ ഒരുത്തന്ന് ധനം സന്തോഷിച്ചു കൊടുത്താല്‍ എന്റെ വാക്ക് ഭോഷ്കാവുകയില്ല.
പിന്നെ സന്തോഷത്തോടെ ആ ബ്രാഹ്മണന്‍ തപസ്സു ചെയ്തു. സിദ്ധനായി വീണ്ടും അഭിമാനത്തോടെ ചിന്തിച്ചു; ഒരുത്തന്ന് ഞാന്‍ സന്തോഷിച്ചു രാജ്യം കൊടുത്താല്‍ അവന്‍ രാജാവാകും. എന്റെ വാക്ക് ഭോഷ്കാവുകയുമില്ല.
അപ്പോള്‍ ആ ബ്രാഹ്മണന്റെ മുമ്പില്‍ കുണ്ഡധാരന്‍ നില്ക്കുന്നതായി കണ്ടു. ഭാരതാ! ബ്രാഹ്മണന്‍ തപസ്സിന്നൊരുങ്ങിയപ്പോള്‍ വേഴ്ച വിട്ടവനാണ് അവന്‍. അവന്‍ അവനുമായി തമ്മില്‍ ചേര്‍ന്നു. യഥാവിധി പൂജിച്ചു. ബ്രാഹ്മണന്‍ കുണ്ഡധാരനെ പൂജിച്ച് വിസ്മയത്തോടെ നിന്നു,
കുണ്ഡധാരന്‍ പറഞ്ഞു: ദ്വിജാ, അങ്ങയ്ക്ക് ദിവ്യചക്ഷുസ്സ് ലഭിച്ചതു നന്നായി. അങ്ങ് സ്വന്തം കണ്ണു കൊണ്ടു തന്നെ രാജാക്കന്മാര്‍ക്കുള്ള ഗതിയും ലോകങ്ങളും ദര്‍ശിക്കുക!
അപ്പോള്‍ നരകത്തില്‍കിടന്നു വലയുന്ന അനവധി രാജാക്കന്മാരെ വിപ്രന്‍ ദൂരത്തായി ദിവൃചക്ഷുസ്സു കൊണ്ടു കണ്ടു.
കുണ്ഡധാരന്‍ പറഞ്ഞു: അങ്ങ് എന്നെ ഭക്തിയാല്‍ സേവിച്ചിട്ടും ദുഃഖിക്കുകയാണെങ്കില്‍ അങ്ങയ്ക്ക് ഞാന്‍ എന്തു ചെയ്യണം? എന്തനുഗ്രഹമാണ് വേണ്ടത്? നോക്കൂ! നോക്കൂ! വീണ്ടും ഒരാള്‍ കാമം എങ്ങനെ ഇച്ഛിക്കുന്നു എന്നു നോക്കൂ. മനുഷ്യരില്‍ ഒരുത്തന്‍ സ്വര്‍ഗ്ഗദ്വാരം നേടി നില്ക്കുന്നു!
ഭീഷ്മൻ പറഞ്ഞു: അവന്‍ അപ്പോള്‍ കണ്ടത് എന്താണെന്നോ? കാമം, ക്രോധം, ലോഭം, ഭയം, മദം, നിദ്ര, ആലസ്യം, തന്ദ്രി എന്നിവ ആളുകളെ മുടിനില്ക്കുന്നതാണ് കണ്ടത്.
കുണ്ഡധാരന്‍ പറഞ്ഞു: ഇവര്‍ ലോകങ്ങളെ മൂടുന്നു. വാനോര്‍ക്ക് മര്‍ത്ത്യനില്‍ ഭയം! അപ്രകാരം ദേവന്മാരുടെ വാക്കാല്‍ എല്ലായിടത്തും വിഘ്നം ചെയ്യപ്പെടുന്നു. ദേവ സമ്മതമില്ലാതെ ആരും ധാര്‍മ്മികനായി വരികയില്ല. നീ തപസ്സു കൊണ്ട് രാജ്യവും വിത്തവും നല്കുവാന്‍ ശക്തനായി.
ഭീഷ്മന്‍ പറഞ്ഞു: ഉടനെ ബ്രാഹ്മണന്‍ മേഘത്തിന്റെ മുമ്പില്‍ തലകുനിച്ചു നമസ്കരിച്ചു. ആ ധര്‍മ്മാത്മാവ് അവനോടു പറഞ്ഞു: എനിക്ക് വലുതായ ഒരനുഗ്രഹം ലഭിച്ചു. കാമലോഭാനുബന്ധത്താല്‍ നിന്നില്‍ ഞാന്‍ പണ്ട് കുറ്റം കണ്ടു. പണ്ട് സ്നേഹത്തെ അറിയാതെയാണ് അതുണ്ടായത്. അത് ഇപ്പോള്‍ അങ്ങു ക്ഷമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ ക്ഷമിക്കുന്നു എന്ന് കുണ്ഡധാരന്‍ ദ്വിജനോട് മറുപടി പറഞ്ഞു. കുണ്ഡധാരന്‍ തന്റെ രണ്ടു കൈയും നീട്ടി ദ്വിജനെ തഴുകി. അവന്‍ അവിടെത്തന്നെ മറഞ്ഞുപോയി.
പിന്നെ ലോകങ്ങള്‍ ഒട്ടുക്കും ആ ബ്രാഹ്മണൻ സഞ്ചരിച്ചു. കുണ്ഡധാരന്റെ പ്രസാദത്താല്‍ തപസ്സു കൊണ്ടു സിദ്ധി നേടി. ആകാശഗമനവും സങ്കൽപിച്ച അര്‍ത്ഥസിദ്ധിയും ധര്‍മ്മത്താല്‍ ലഭിക്കും. യോഗത്താല്‍ പരമമായ ഗതിയും ലഭിക്കും. ദേവന്മാര്‍, ബ്രാഹ്മണന്‍, സത്തുക്കള്‍, യക്ഷമാനുഷചാരണന്മാര്‍ എന്നിവരെല്ലാം ധാര്‍മ്മികരെ അര്‍ച്ചിക്കുന്നു. ധനികരും കാമികളും അര്‍ച്ചിക്കുന്നില്ല. ദേവകള്‍ അങ്ങയില്‍ സന്തോഷിക്കുന്നു. ധര്‍മ്മത്തില്‍ മനസ്സു വെക്കുക. ധനത്തില്‍ നിന്നു ലഭിക്കുന്ന സുഖം അല്പം മാത്രം! ധര്‍മ്മത്തില്‍ നിന്നോ, പരമമായ സുഖം ലഭിക്കുന്നു!
അദ്ധ്യായം 272. യജ്ഞനിന്ദ - ഹിംസയെ നിന്ദിക്കുന്നു, അഹിംസയെ പ്രശംസിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: പല തരം യജ്ഞങ്ങള്‍, തപസ്സ് ഇവയ്ക്ക് ഒരേയൊരു ഉദ്ദേശ്യം മാത്രമാണുള്ളത്. ധര്‍മ്മത്തിനും സുഖത്തിനും ധനത്തിനുമാണല്ലോ യജ്ഞത്തിന്റെ ഉദ്ദേശ്യം. അല്ലാതെ വേറെയെന്താണ്?
ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഇതിനെപ്പറ്റി യജ്ഞത്തെക്കുറിച്ച്, ഉഞ്ച്ഛവൃത്തി ബ്രാഹ്മണന്റെ ഒരു കഥ പണ്ട് നടപ്പുള്ളത് ഞാന്‍ പറയാം. ഇത് നാരദന്‍ പറഞ്ഞ കഥയാണ്.
നാരദന്‍ പറഞ്ഞു: ധര്‍മ്മം വര്‍ദ്ധിച്ച ശ്രേഷ്‌ഠമായ വിദര്‍ഭപുരിയില്‍ ഋഷിയായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു. നെന്മണി വഴിയില്‍ നിന്നും, പാടത്തു നിന്നും പെറുക്കിയെടുത്തു കഴിഞ്ഞു കൂടിയിരുന്ന (ഉഞ്ച്ഛവൃത്തിയായ) ആ ദ്വിജന്‍ യജ്ഞം ചെയ്യുവാന്‍ ആഗ്രഹിച്ചു. ചാമച്ചോറ്, സൂര്യപര്‍ണ്ണി, സുവര്‍ച്ചല, ചവര്‍ത്തതും, ചാറില്ലാത്തതുമായ ചീര ഇവയൊക്കെ അവന് തപസ്സു മൂലം സ്വാദുള്ളതായി തീര്‍ന്നു.
സിദ്ധനായ അവന്‍ ഒട്ടും ഭൂതഹിംസ കൂടാതെ, ഫലമൂലങ്ങളാല്‍ കാട്ടില്‍ സ്വര്‍ഗ്യമായ യജ്ഞം ചെയ്തു പരന്തപാ! അദ്ദേഹത്തിന്റെ ഭാര്യ വ്രതാനുഷ്ഠാനം കൊണ്ട് കൃശയായി, ശുചിയായി. ആ ബ്രാഹ്മണന്‍ ഫലങ്ങളെക്കൊണ്ടും, കിഴങ്ങുകളെക്കൊണ്ടും വിഷ്ണുവിന് യജ്ഞം ചെയ്തു. സ്വര്‍ഗ്ഗ സിദ്ധി കാംക്ഷിച്ചാണ് അദ്ദേഹം യജ്ഞം ചെയ്തത്. അദ്ദേഹത്തിന്റെ പേര് സത്യന്‍ എന്നും ഭാര്യയുടെ പേര് പുഷ്കര ധാരിണി എന്നുമായിരുന്നു. അവള്‍ പരിശുദ്ധയും ശുഭശീലയുമായിരുന്നു. വ്രതചര്യ കൊണ്ട് ദേഹം കൃശമാക്കിയ അവള്‍ ഭര്‍ത്താവിന്റെ സമീപത്തിരുന്ന് യജ്ഞകാര്യങ്ങളില്‍ ഭര്‍ത്താവിനെ സഹായിച്ചു. മൃഗങ്ങളെ കൊന്ന് ബലിയര്‍പ്പിക്കുന്നതില്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. അവളുടെ കാരുണ്യ പൂര്‍ണമായ ഹൃദയമറിഞ്ഞു ഭര്‍ത്താവും അതിന് ഒരുങ്ങിയില്ല. വസ്ത്ര ധാരണത്തില്‍ പോലും അവള്‍ മറ്റൊരു ജീവിക്കും ദ്രോഹം ചെയ്തില്ല. മാന്‍തോലോ, പുലിത്തോലോ അല്ല അവള്‍ ധരിച്ചിരുന്നത്. കൊഴിഞ്ഞു വീണ മയില്‍പ്പീലി പെറുക്കിയെടുത്തു കൂട്ടിച്ചേര്‍ത്ത് അതു കൊണ്ടുള്ള വസ്ത്രമാണ് പുഷ്കര ധാരിണി ധരിച്ചിരുന്നത്. അത്രയ്ക്ക് അഹിംസാ വ്രതത്തോടെ ജീവകാരുണ്യത്തോടെ അവള്‍ ജീവിച്ചു. ഭര്‍ത്താവ് ഹിംസാ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അവള്‍ തടുത്തു. ഇങ്ങനെയിരിക്കെ ഒരു ദിവസം അയല്‍വാസിയും, വനവാസിയും സുഹൃത്തുമായ പര്‍ണ്ണാദന്‍ എന്ന ഒരു ബ്രാഹ്മണന്‍ യജ്ഞശാലയിലേക്കു ചെന്നു. അവന്‍ ശുക്രന്റെ വംശത്തില്‍ പെട്ടവനും, ഒരു ശാപം മൂലം മാനായി സഞ്ചരിക്കുന്നവനുമാണ്. അവന്‍ ബ്രാഹ്മണനോട് പറഞ്ഞു:
എടോ സത്യാ, നീ ഈ ചെയുന്നത് മഹാപാതകമാണ്. വിധിപ്രകാരം മന്ത്രം ജപിച്ച് ബലിയര്‍പ്പിക്കാതെ ചെയ്യുന്ന ഈ യാഗം കൊണ്ട് ഫലമില്ലെന്നു തന്നെയല്ല പാപമാണ് വന്നു ചേരുക. ഈ യജ്ഞം ഒരു വൈകൃത യജ്ഞമാകും. നീ ഒരു കാര്യം ചെയ്യുക. നീ എന്നെ ഈ യജ്ഞത്തില്‍ ബലിയര്‍പ്പിക്കുക. നീ എന്നെ വെട്ടിനുറുക്കി ഹോമിക്കുക. എന്നാല്‍ യജ്ഞം ഭംഗിയാകും. നിനക്കും മോക്ഷപ്രാപ്തിയുണ്ടാകും. സാവിത്രീദേവിയും സുര്യമണ്ഡലത്തില്‍ നിന്ന് ഇറങ്ങി വന്ന് അവനോട് അപ്രകാരം ചെയ്യുവാന്‍ അഭ്യര്‍ത്ഥിച്ചു. അതു യുക്തമാണെന്നും അവള്‍ ഉപദേശിച്ചു. എന്നാല്‍ ബ്രാഹ്മണന്‍ ആ ഉപദേശം കൈക്കൊണ്ടില്ല. അദ്ദേഹം അവളോടു പറഞ്ഞു: ഞാന്‍ ഒരിക്കലും അവനെ വധിക്കുന്നതല്ല. ആ മാന്‍ എന്റെ കൂടെ വസിക്കുന്ന അയല്‍വാസിയാണ്."
ബ്രാഹ്മണന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ സാവിത്രി ഒഴിഞ്ഞു മാറുകയും, യജ്ഞ വഹ്നിയില്‍ ചെന്നു കയറുകയും ചെയ്തു. യജ്ഞത്തില്‍ തെറ്റെന്താണ് എന്ന് അറിയുന്നതിന്ന് അവള്‍ രസാതലത്തിലേക്കു നോക്കി.
ഈ സന്ദര്‍ഭത്തില്‍ കൈകൂപ്പുന്ന സത്യനോട് മാന്‍ വീണ്ടും അപേക്ഷിച്ചു; എന്നെ അങ്ങ് കൊന്നു കൊത്തി നുറുക്കി ഹോമിച്ചാലും! എന്നാല്‍ സത്യന്‍ അവനെ ഗാഢമായി ആലിംഗനം ചെയ്തു തഴുകിപ്പറഞ്ഞു: പോയാലും, പോയാലും എന്ന്.
ഉടനെ മാന്‍ നടന്നു. എട്ടടി വച്ചപ്പോള്‍ തിരിഞ്ഞു നിന്ന് മാന്‍ വീണ്ടും പറഞ്ഞു: സത്യാ, ഭവാന്‍ എന്നെ കൊല്ലുക, ഹോമിക്കുക. എന്നാല്‍ എനിക്ക് സല്‍ഗതി ലഭിക്കും. ഞാന്‍ തന്ന ദിവൃദൃഷ്ടി കൊണ്ട് അങ്ങ് അപ്സര സ്ത്രീകളെ കണ്ടു കൊളളുക. ഗന്ധര്‍വ്വനമാരുടെ വിമാനങ്ങളേയും കണ്ടുകൊള്ളുക.
ആ ബ്രാഹ്മണന്‍ തനിക്കു ലഭിച്ച ദിവൃദൃഷ്ടി കൊണ്ട് അപ്സര സ്ത്രീകളേയും ഗന്ധര്‍വ്വന്മാരുടെ വിമാനങ്ങളേയും കൊതിയോടെ നോക്കിനിന്നു. മൃഗത്തെ നോക്കി ഇതിനെ ഹിംസിക്കാം, സ്വര്‍ഗ്ഗവാസം നേടാം എന്ന് അവന്‍ വിചാ രിച്ചു.
ധര്‍മ്മംതന്നെ മാനിന്റെ രൂപമെടുത്ത് വളരെനാള്‍ കാട്ടില്‍ താമസിച്ചവനായിരുന്നു ആ മാന്‍. തപസ്സു കൊണ്ട് ബ്രാഹ്മണന്‍ നേടിയ സകല പുണ്യവും ഹിംസാചിന്ത മൂലം അവന് നഷ്ടപ്പെട്ടു. മൃഗങ്ങളെ വധിച്ചു ബലിയര്‍പ്പിക്കുന്നത് ഒരിക്കലും ഒരു ത്യാഗമോ പുണ്യമായ യജ്ഞമോ അല്ല.
പിന്നെ ഭഗവാനായ ധര്‍മ്മം. അവനെക്കൊണ്ട് തനിയെ യജ്ഞം ചെയ്യിച്ചു. ആ ബ്രാഹ്മണന്റെ ഭാര്യയുടെ തപസ്സിന്റെ ഫലമായി അവര്‍ക്കു സമാധാനവും ശാന്തി യും ലഭിച്ചു.
ഇതില്‍നിന്ന് ഗ്രഹിക്കേണ്ടത്. ഏറ്റവും വലിയ ധര്‍മ്മം അഹിംസയാണ്. ഹിംസ അധര്‍മ്മമാണ്, അഹിംസ ഹിതമാണ്, ഹിംസ അഹിതമാണ്. ഞാന്‍ നിന്നോട് സത്യം പറഞ്ഞുതന്നു. സത്യവാക്കായ അങ്ങ് മോക്ഷത്തെ പ്രാപിക്കുവാന്‍ അഹിംസാപരനായി ജീവിക്കുക.
അദ്ധ്യായം 273. ചതുഃപ്രാശ്നികം -: ധര്‍മ്മം, അധര്‍മ്മം, വൈരാഗ്യം, മോക്ഷം എന്നിവയെക്കുറിച്ച് - യുധിഷ്ഠിരന്‍ പറഞ്ഞു: ഒരുത്തന്‍ എങ്ങനെയാണ് പാപാത്മാവാകുന്നത്? എങ്ങനെയാണ് ധര്‍മ്മകാരിയാകുന്നത്? എന്തുകൊണ്ട് ഒരുത്തന്ന് നിര്‍വ്വേദം ഉണ്ടാകും? എന്തുകൊണ്ട് മോക്ഷം സിദ്ധിക്കും? പിതാമഹാ! പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ ധര്‍മ്മജാ, ധര്‍മ്മമൊക്കെ നിനക്കറിയാം. എന്നാലും നീ സ്ഥിരീകരണത്തിന്നു വേണ്ടി അതിനെപ്പറ്റി ചോദിക്കുകയാണ്. മോക്ഷവും നിര്‍വ്വേദവും പാപവുമെല്ലാം ഞാന്‍ പറഞ്ഞുതരാം. ആദ്യമായി പാപത്തേയും ധര്‍മ്മത്തേയും കുറിച്ചു പറയാം.
മനുഷ്യന് അഞ്ചു ജ്ഞാനങ്ങളും ഉണ്ടാകുവാന്‍ (രൂപം കാണുവാന്‍, സ്വാദ് അനുഭവിക്കുവാന്‍, സൌരഭ്യം അറിയുവാന്‍, ശബ്ദം കേള്‍ക്കുവാന്‍, സുഖസ്‌പര്‍ശം ലഭിക്കുവാന്‍) ആദ്യമായി ആഗ്രഹം ഉദിക്കും. അവ ഉണ്ടായിക്കഴിഞ്ഞാല്‍ കാമം ഉണ്ടാകും. കാമം ഉണ്ടായാല്‍ ദ്വേഷവും ഉണ്ടാകും.
പിന്നെ ആ അഞ്ചു സുഖലബ്ധിക്കുവേണ്ടി കാമിച്ച് യത്നിക്കുവാന്‍ തുടങ്ങും. താന്‍ ഇഷ്ടപ്പെടുന്ന രൂപം എപ്പോഴും കാണുവാനും ഗന്ധം ആസ്വദിക്കുവാനും മുതിരും. പിന്നെ രാഗമുണ്ടാകും. പിന്നെ ദ്വേഷമുണ്ടാകും. പിന്നെ അതില്‍ നിന്നു ലോഭമുണ്ടാകും. ലോഭത്തില്‍ നിന്നു മോഹം ജനിക്കും. ലോഭമോഹാഭിഭൂതനും രാഗദ്വേഷാന്വിതനുമായവന് പിന്നെ ധര്‍മ്മത്തെക്കുറിച്ച് വലിയ ചിന്തയൊന്നും ഉണ്ടാവുകയില്ല. ധര്‍മ്മത്തെപ്പറ്റി ഓര്‍ക്കുകയില്ല. അവന്‍ ധര്‍മ്മമെന്ന നിലയ്ക്ക് കപട പ്രവൃത്തികള്‍ ചെയ്യും. അങ്ങനെ വ്യാജത്താല്‍ ധര്‍മ്മം ചെയ്യും, വ്യാജത്താല്‍ അര്‍ത്ഥം നേടുവാന്‍ നോക്കും, വ്യാജത്താല്‍ ധനം സമ്പാദിക്കും. അങ്ങനെ വ്യാജത്താല്‍ ധനം നേടുവാന്‍ തുടങ്ങുമ്പോള്‍, കുരുനന്ദനാ, അതില്‍ തന്നെ ബുദ്ധിവച്ചു പ്രവര്‍ത്തിക്കും. പിന്നെ പാപത്തിനു തന്നെ തയ്യാറാകും. പണ്ഡിതന്മാര്‍ തടുത്താലും, സുഹൃത്തുക്കള്‍ തടുത്താലും അതില്‍ നിന്ന് ഇക്കൂട്ടര്‍ പിന്മടങ്ങുകയില്ല. ന്യായമാണ് താന്‍ ചെയുന്നത് എന്നു പ്രമാണം കാണിച്ചു മറുപടി പറയും. അങ്ങനെ രാഗമോഹജമായി അധര്‍മ്മം മുന്നു പ്രകാരത്തില്‍ വര്‍ദ്ധിക്കും. പാപം ചിന്തിക്കുക, പാപം പറയുക, പാപം ചെയ്യുക. ഇങ്ങനെ മൂന്നു പ്രകാരത്തില്‍ അധര്‍മ്മം അവനില്‍ വളരും. അവനിലുള്ള ധര്‍മ്മദോഷം സജ്ജനങ്ങള്‍ കാണും. അങ്ങനെ പാപം ചെയ്യുന്നവര്‍ വല്ലേടവുമുണ്ടെങ്കില്‍ അവര്‍ തമ്മില്‍ കൂട്ടുകാരാകും. വലിയ മിത്രങ്ങളാകും. ഇങ്ങനെ പാപികള്‍ പാപികള്‍ക്കു മിത്രങ്ങളായി പാപം ചെയ്തു കൊണ്ടിരിക്കും. ഇത്തരക്കാര്‍ സുഖം കിട്ടുവാനാണ് പ്രയത്നിക്കുന്നതെങ്കിലും എവിടെ സുഖം കിട്ടുവാനാണ്? ഇഹത്തിലും പരത്തിലും അവര്‍ക്കു സുഖം ലഭിക്കുകയില്ല. എല്ലാവിധ കുഴപ്പങ്ങളും ഈ ലോകത്തില്‍ ഉണ്ടാക്കി വിടുന്നവര്‍ക്ക് പരലോകത്തില്‍ പിന്നെ എവിടെ ശാന്തി ലഭിക്കും?
പാപാത്മാക്കളുടെ രൂപഭാവങ്ങളാണ് ഞാന്‍ പറഞ്ഞത്. ഇനി ധര്‍മ്മാത്മാവിനെപ്പറ്റിയും പറയാം. ഭവാന്‍ കേട്ടു കൊള്ളുക. കുശലമായ ധര്‍മ്മം ചെയ്യുന്നവന്‍ കുശലം നേടു ന്നു. കുശലം കൊണ്ട് ധര്‍മ്മത്താല്‍ ഇഷ്ടമായ ഗതി ധര്‍മ്മാത്മാവു നേടും. ദോഷങ്ങള്‍ പ്രജ്ഞ കൊണ്ടു മുന്‍കൂട്ടി കാണുന്നവന്‍, സുഖദുഃഖാതിശായിയായ കുശലന്‍ സജ്ജനങ്ങളെ സേവിക്കും. അങ്ങനെയുള്ളവന് നന്മ, ആചാരംകൊണ്ടും അഭ്യാസംകൊണ്ടും വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരും. അവന്റെ പ്രജ്ഞ ധര്‍മ്മത്തില്‍ രമിക്കും. ധര്‍മ്മത്തെ സേവിക്കും. അവന്‍ ധര്‍മ്മമാര്‍ഗത്തില്‍ ലഭിക്കുന്ന ധനത്തില്‍ മാത്രം മനസ്സുവയ്ക്കും. എവിടെ നന്മ കാണുന്നുവോ, അവിടെ അതിന്റെ മൂലം. അറിഞ്ഞ് അതിനെ നനച്ചു വളര്‍ത്തും. ഇങ്ങനെയുള്ള ധര്‍മ്മാത്മാവ് ശുഭമായ മിത്രത്തെ സമ്പാദിക്കും. മിത്രങ്ങളുടെ വിത്തലാഭത്തില്‍ അവന്‍ ഇഹത്തിലും പരത്തിലും സുഖിക്കും. ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം എന്നിവയ്ക്കെല്ലാം അവന്‍ പ്രഭുവായിത്തീരും. ജീവിയുടെ ധര്‍മ്മത്തിന് ഇതാണു ഫലം. അവന്‍ ധര്‍മ്മഫലം നേടിയാല്‍ അതുകൊണ്ടു പൊങ്ങച്ചം കാണിക്കുകയോ ഹര്‍ഷിക്കുകയോ ചെയ്യുകയില്ല. - യുധിഷ്ഠിരാ! അതുപ്തനായി നിര്‍വ്വേദം കൊള്ളുകയാണ് ചെയ്യുക. ജ്ഞാനദൃഷ്ടിയാല്‍ അവന്‍ നോക്കിക്കണ്ടും അതില്‍ നിര്‍വ്വേദം കൊള്ളും. _പ്രജ്ഞാചക്ഷുസ്സായ ധര്‍മ്മാത്മാവ് ഒരിക്കലും കാമഗന്ധരസങ്ങളില്‍ രഞ്ജിക്കുകയില്ല. ശബ്ദം, സ്പര്‍ശം, രൂപം എന്നിവയുടെ സ്മരണ മനസ്സില്‍ നിന്നു നീക്കിക്കളഞ്ഞാല്‍ അതോടെ കാമവും നീങ്ങിപ്പോകും. എന്നാല്‍ ധര്‍മ്മത്തെ അവന്‍ വെടിയുകയില്ല.
ലോകം ക്ഷയിക്കുന്നതായി കാണുമ്പോള്‍ ധര്‍മ്മത്താല്‍ ലബ്ധമായ നേട്ടങ്ങളെ അവന്‍ തൃജിക്കുവാന്‍ ഒരുങ്ങും. എല്ലാ പാപകര്‍മ്മവും വിട്ട് ധര്‍മ്മാത്മാവായി അവന്‍ മോക്ഷത്തെ നേടും. എന്നോടു ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറഞ്ഞു. ഉണ്ണീ ധര്‍മ്മജാ, പാപം, ധര്‍മ്മം, മോക്ഷം, നിര്‍വ്വേദം ഇവയയെപ്പറ്റിയെല്ലാം ഞാന്‍ പറഞ്ഞു.
നീ എല്ലായ്പ്പോഴും ധര്‍മ്മം തന്നെ പ്രവര്‍ത്തിക്കുക. ധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്, അല്ലയോ കുന്തീപുത്രാ! ശാശ്വതമായ സിദ്ധി ലഭിക്കും.
അദ്ധ്യായം 274. യോഗാചാരാനുവര്‍ണ്ണനം - മോക്ഷസാധനവിവരണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഉപായം കൂടാതെയല്ല, ഉപായത്താലാണ് മോക്ഷം നേടേണ്ടത് എന്ന് അങ്ങ് പറഞ്ഞുവല്ലോ. ആ ഉപായം എന്താണ്? അത് യഥാന്യായം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിതാമഹാ, പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞാ! നിനക്കു ചേര്‍ന്നതു തന്നെയാണ് ഈ ചോദ്യം! നിന്റെ ദര്‍ശനം യുക്തം തന്നെ. സന്മതേ, എല്ലാ അര്‍ത്ഥവും നീ ഉപായത്താലാണല്ലോ നിത്യവും നേടുന്നത്. ഒരാള്‍ക്ക് ഒരു മണ്‍കുടം ഉണ്ടാക്കണമെന്നു വന്നാല്‍ അവന്റെ ബുദ്ധി അതില്‍ പ്രവര്‍ത്തിക്കുകയായി. അതുണ്ടാക്കി ശരിപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ നിര്‍മ്മാണത്തിലുള്ള പ്രവര്‍ത്തനവും ചിന്തയും അവസാനിക്കുന്നു. അവന് കുടം കിട്ടിക്കഴിയുന്നതു വരെ മാത്രമേ അതിറെപ്പറ്റിയുള്ള പ്രവര്‍ത്തനചിന്തയുള്ളു. അതു പോലെ, ലൗകികമായ ഉന്നതിയും, മോക്ഷപ്രാപ്തിയും ഒരുത്തന്റെ മനസ്സില്‍ ഉണ്ടായാല്‍ അവന്‍ അതിനെപ്പറ്റി ചിന്തി ക്കുകയായി, പ്രവര്‍ത്തിക്കുകയായി. അതു ലഭിക്കുന്നതു വരെ അതാണ് അവന്റെ ചിന്ത. ഇതാണ് ധര്‍മ്മോപായം എന്നു പറയുന്നത്. അതു സാധിക്കുന്നതിനുള്ള മാര്‍ഗ്ഗം ആരായുക എന്നതു തന്നെ. പടിഞ്ഞാറന്‍ കടല്‍ത്തീരത്തെത്തുവാന്‍ കിഴക്കേ കടലിലേക്കുള്ള വഴിക്കല്ല പോകേണ്ടത്. മോക്ഷത്തിന്ന് ഒരേയൊരു മാര്‍ഗ്ഗമേയുള്ളു. അതു ഞാന്‍ വിസ്തരിച്ചു പറയാം, കേള്‍ക്കുക.
യുധിഷ്ഠിരാ, ക്ഷമ കൊണ്ട് ക്രോധത്തെ ജയിക്കണം. കാമത്തെ സങ്കല്പ വര്‍ജ്ജനം കൊണ്ടു നീക്കണം. സങ്കല്ലിക്കരുത്. സത്വത്തെ സേവിക്കുക എന്നതു കൊണ്ട് ധീരന്‍ നിദ്രയേയും നശിപ്പിക്കണം. അപ്രമാദം കൊണ്ട് ഭയത്തെ നീക്കുക. ക്ഷേത്രജ്ഞനെ ശീലിച്ചു കൊണ്ട് ശ്വാസത്തെ കാക്കുക. ഇച്ഛ, ദ്വേഷം, കാമം എന്നിവയെ ധൈര്യം കൊണ്ട് ഒഴിച്ചു നിര്‍ത്തണം. ഭ്രമം, മൌഡ്യം, ചുറ്റല്‍ എന്നിവയെ അഭ്യാസം കൊണ്ട് ഒഴിവാക്കണം. തെറ്റ്, അജ്ഞാനം, സംശയം എന്നിവയെ സത്യത്തിന്റെ പഠനം കൊണ്ടു നീക്കണം. ഉപദ്രവം, രോഗം എന്നിവയെ ഹിതവും ജീര്‍ണ്ണവും മിതവുമായ ഭക്ഷണം കൊണ്ടു നീക്കണം. ലോഭമോഹങ്ങളെ സന്തോഷം കൊണ്ടു നീക്കണം. വിഷയാസക്തി തത്വദര്‍ശനം കൊണ്ടു നീക്കണം. അനുകമ്പ കൊണ്ട് അധര്‍മ്മത്തെ നീക്കണം. ദൃഷ്ടിയുറച്ച നോട്ടം കൊണ്ട് ധര്‍മ്മത്തെ ജയിക്കണം. ആശയെ ആയതി കൊണ്ട് ജയിക്കണം. അര്‍ത്ഥത്തെ നിസ്സംഗത കൊണ്ടു ജയിക്കണം. ഈ ലോകത്തിലുള്ള സകല വസ്തു വും അനിത്യമാണെന്നും, അസ്ഥിരമാണെന്നുമുള്ള ചിന്ത കൊണ്ട് സ്നേഹത്തെ ജയിക്കണം. വിശപ്പിനെ യോഗാഭ്യാസത്താല്‍ ജയിക്കണം. ഇങ്ങനെയൊക്കെയാണ് ബുധന്മാര്‍ ചെയ്യേണ്ടത്. കാരുണ്യം കൊണ്ട് തന്റെ മാനത്തെ കാക്കണം. സന്തോഷം കൊണ്ട് തൃഷ്ണയെ ജയിക്കണം. ഉത്സാഹം കൊണ്ട് ആലസ്യത്തെ ജയിക്കണം. സംശയത്തെ നിശ്ചയം കൊണ്ടു ജയിക്കണം. അധിക സംസാരത്തെ മൌനം കൊണ്ടു ജയിക്കണം. ധൈര്യം കൊണ്ട് ഭയത്തെ ജയിക്കണം.ബുദ്ധി കൊണ്ടു വാക്കിനേയും മനസ്സിനെയും ജയിക്കണം. ജ്ഞാനദൃഷ്ടി കൊണ്ട് ബുദ്ധിയെയും ജയിക്കണം. ആത്മാവബോധത്താല്‍ ജ്ഞാനത്തേയും ജയിക്കണം. ആത്മാവിനെ ആത്മാവു കൊണ്ടു ജയിക്കണം. നിഷ്‌കാമകര്‍മിയായി എല്ലാ കാമങ്ങളേയും വിട്ട് ഉപശാന്തനായി ഇങ്ങനെ ധരിച്ചു പ്രവര്‍ത്തിക്കണം. വിജ്ഞന്മാര്‍ അറിയുന്ന അഞ്ചു ദോഷങ്ങളേയും അറുത്ത്, കാമം, ക്രോധം, ലോഭം, ഭയം, സ്വപ്നം (നിദ്ര) ഈ അഞ്ചും ഉപേക്ഷിച്ച്, വാക്കിനെ അടക്കി യോഗാനുസൃതമായി പ്രവര്‍ത്തിക്കണം. ധ്യാനം, അദ്ധ്യയനം, ദാനം, സത്യം, ഹ്രീ, ആര്‍ജ്ജവം, ക്ഷമ, ശൗചം, ആഹാരശുദ്ധി, ഇന്ദ്രിയനിഗ്രഹം ഇവകൊണ്ട് തേജസ്സ് വായ്ക്കും. അത് അഘത്തെ അടക്കും. ഇവന് ലഭിക്കുന്ന സങ്കല്പം വിജ്ഞാനത്തെ ഉയര്‍ത്തും. അങ്ങനെയുള്ളവന്‍ പാപം നശിച്ചവനും, തേജസ്വിയും, ലഘുവായി ആഹാരം കഴിക്കുന്നവനും, ജിതേന്ദ്രിയനുമായി, കാമക്രോധങ്ങളെ ജയിച്ച് ബ്രഹ്മപദത്തെ പ്രാപിക്കുവാന്‍ യത്നിക്കണം.
അമൂഢത്വം, അസംഗിത്വം, കാമക്രോധവിവര്‍ജ്ജനം, ദൈന്യഹീനത, ഡംഭം കാണിക്കായ്ക, ക്ഷമ, വ്യവസ്ഥ ഇവയാണ് മോക്ഷത്തിന്റെ മാര്‍ഗ്ഗം. പ്രസന്നവും, നിര്‍മ്മലവും ശുപിയുമായതാണ് ആ മാര്‍ഗ്ഗം.
വാക്കിനെ അടക്കുക, ശരീരത്തെ അടക്കുക, മനസ്സിനെ അടക്കുക ഇവയാല്‍ ബ്രഹ്മത്തെ പ്രാപിക്കുവാന്‍ കഴിയും. എന്താണ് നിന്റെ അഭിപ്രായം?
അദ്ധ്യായം 275. നാരദാസിതസംവാദം - ശരീരം പാഞ്ചഭൗതികം - ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി പഞ്ചഭൂതങ്ങളെക്കുറിച്ചു നാരദനും അസിതനായ ദേവലനും തമ്മില്‍ ഒരു സംവാദം, പണ്ട് നടന്നതായി ഒരു കഥ ഇന്നും ജനങ്ങള്‍ പറയുന്നുണ്ട്. ബുദ്ധിമാനും വൃദ്ധനുമായ ദേവലന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് നാരദന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ഭൂതപ്രഭവക്ഷയങ്ങളെപ്പറ്റി ചോദിച്ചു.
നാരദന്‍ പറഞ്ഞു: ബ്രഹ്മാവ് എവിടെനിന്ന്, എന്തില്‍ നിന്ന്, സ്ഥാവരജംഗമങ്ങളെ സൃഷ്ടിച്ചു? പ്രളയത്തില്‍ അത് എവിടെ ചെന്നെത്തും? അത് അങ്ങു പറഞ്ഞുതന്നാലും. അസിതന്‍ പറഞ്ഞു; ഭൂതങ്ങള്‍ ഏതു കൊണ്ടാണു തീര്‍ക്കുന്നത്, ഭാവപ്രചോദിതമായ കാലം സമാഗതമാകുമ്പോള്‍ ഏതു കൊണ്ടാണു സൃഷ്ടിക്കുന്നത്? അത് അഞ്ചു മഹാഭൂതങ്ങളാലാണ് എന്നാണ് ഭൂതത്തെപ്പറ്റി ചിന്തിക്കുന്നവര്‍ പറയുന്നത്. ഭാവപ്രചോദിതമായ കാലം വരുമ്പോള്‍ ഭൂതങ്ങളെ സൃഷ്ടിക്കുന്നത് പഞ്ചമഹാഭൂതങ്ങളാലല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. പഞ്ചമഹാഭൂതത്തിലും മീതേയായി മറ്റൊന്നു കൊണ്ടാണ് സൃഷ്ടിക്കുന്നത് എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അസത്യമാണ്. അബദ്ധമാണ് പറയുന്നത്. എടോ നാരദാ, ഈ അഞ്ച് മഹാഭൂതങ്ങളുണ്ടല്ലോ, അവ അചലവും, ശാശ്വതവും, ധ്രുവവുമാണ്, മാറ്റമില്ലാതെ സ്ഥിരമായി നിലനില്ക്കുന്നതാണ് എന്ന് ഭവാന്‍ ധരിക്കുക. മഹാതേജോരാശിയായ കാലം. ആറാമത്തേതുമാകുന്നു. അത് എത്രയും സ്വാഭാവികമാണ്. ജലം, ആകാശം, ഭൂമി, വായു, അഗ്നി ഇവ അഞ്ചുമാണ് മഹാഭുതങ്ങള്‍. ഇവയ്ക്കു മേലേ വേറെ ഒരു ഭൂതവുമില്ല. ദൃഷ്ടാന്തത്താലും യുക്തിയാലും തെറ്റായി ഒന്നും പറയരുത്. ഇവ നിശ്ചയമാണ്. ഇപ്പറഞ്ഞവ ആറും ചേര്‍ന്ന് ഏതിന്റെ സമ്മേളനം കാണുന്നുവോ, അവ ഉണ്ടെന്നു നീ കാണുന്നു. ഈ അഞ്ചു മഹാഭൂതങ്ങളും കാലവും ഭാവവും അഭാവവും ഇങ്ങനെ എട്ട് ഉപാധികളോട് കൂടിയതാണ് ജന്മവും നാശവും. പ്രാണി കള്‍ നശിക്കുമ്പോള്‍ അവ ഈ ഭൂതങ്ങളില്‍ ലയിക്കും; അവയില്‍ നിന്നു തന്നെ ഉണ്ടായിവരികയും ചെയ്യുന്നു.
ഒരു ജീവി നശിച്ചു എന്നു പറഞ്ഞാല്‍ അവ അഞ്ചായി പിരിഞ്ഞു എന്നാണര്‍ത്ഥം. ജീവിയുടെ ദേഹം പൃഥ്വിയാണ്, ശ്രോത്രം ആകാശ സംഭവമാണ്, സുര്യനില്‍ നിന്നാണ് ദൃഷ്ടിയുടെ ഭാവം, കാറ്റില്‍ നിന്നു ബലം, വെള്ളത്തില്‍ നിന്നു രക്തവും. ഇങ്ങനെ പഞ്ചഭൂതങ്ങളില്‍ നിന്നുമാണ് ശരീരം ഉണ്ടാകുന്നത്. കണ്ണ്, മൂക്ക്, ചെവി, ത്വക്ക്, നാക്ക് ഇവ വിഷയജ്ഞങ്ങളായ അഞ്ച് ഇന്ദ്രിയങ്ങളാണെന്നു വിദ്വാന്മാര്‍ പറയുന്നു. കാണുക, ഘ്രാണിക്കുക, കേള്‍ക്കുക, സ്‌പര്‍ശിക്കുക, ആസ്വദിക്കുക ഇങ്ങനെ അഞ്ചു വിധമാണ് ഓരോന്നിന്റെയും വിഷയജ്ഞാനം. രൂപം, ഗന്ധം, രസം, സ്പര്‍ശം, ശബ്ദം ഇപ്രകാരമുള്ള അവയുടെ ഗുണങ്ങള്‍ അഞ്ചും അഞ്ചു വിധത്തിലുള്ള ഇന്ദ്രിയങ്ങള്‍ വഴിയായിട്ടാണ് ഗ്രഹിക്കുന്നത്. രൂപം, ഗന്ധം, രസം, സ്പര്‍ശം, ശബ്ദം എന്നിവയുടെ. ഗുണങ്ങളെ ക്ഷേത്രജ്ഞന്‍ അവകൊണ്ടു കാണുന്നു; എന്നാല്‍ അവയൊന്നും ഇന്ദ്രിയങ്ങള്‍ അറിയുന്നില്ല. ഇന്ദ്രിയ സമുഹങ്ങളേക്കാള്‍ മേലെയാണ് ചിത്തം, മനസ്സ്. ചിത്തത്തിനേക്കാള്‍ മേലെയാണ് ബുദ്ധി. ബുദ്ധിയേക്കാള്‍ മേലെയാണ് ക്ഷേത്രജ്ഞന്‍. ഓരോ ഇന്ദ്രിയങ്ങള്‍ മുഖേന ജീവി വിഷയങ്ങളെ അറിയുന്നു. മനസ്സുകൊണ്ട് ചിന്തിക്കുന്നു. ബുദ്ധികൊണ്ട് ഉറപ്പിക്കുന്നു. ഇന്ദ്രിയം വഴിയായി അര്‍ത്ഥങ്ങള്‍ കണ്ടു ബുദ്ധിമാന്‍ ഉറയ്ക്കുന്നു. ചിത്തം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇങ്ങനെ എട്ടെണ്ണം ജ്ഞാനേന്ദ്രിയങ്ങളാണ് എന്ന് അദ്ധ്യാത്മ ചിന്തകന്മാര്‍ പറയുന്നു.
കൈ, കാല്‍, ഗുദം, ലിംഗം, മുഖം ഇങ്ങനെ അഞ്ചെണ്ണം കര്‍മ്മേന്ദ്രിയങ്ങളാകുന്നു. മുഖം എന്ന ഇന്ദ്രിയം സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനുമാണ്. കാലുകള്‍ ഗമനേന്ദ്രിയമാണ് കൈകള്‍ കര്‍മ്മത്തിനുള്ള ഇന്ദ്രിയമാണ്. ഗുദവും ലിംഗവും വിസര്‍ഗേന്ദ്രിയങ്ങളാണ്. മലം വിസര്‍ജ്ജിക്കുവാനുള്ള ഇന്ദ്രിയമാണ് ഗുദം. മുത്രം വിസര്‍ജ്ജിക്കുവാനും ശുക്ളം വിസര്‍ജ്ജിക്കുവാനുമുളള ഇന്ദ്രിയമാണ് ലിംഗം. ആറാമത്തെ ഇന്ദ്രിയം ബലമാണ്.
ഇങ്ങനെ ജ്ഞാനേന്ദ്രിയങ്ങളുടെയും കര്‍മ്മേന്ദ്രിയങ്ങളു ടെയും ഗുണങ്ങളെക്കുറിച്ചെല്ലാം ഞാന്‍ പറഞ്ഞു.
ഇന്ദ്രിയങ്ങള്‍ എപ്പോഴാണോ കര്‍മ്മശ്രമം മൂലം തളര്‍ന്നു വിരമിക്കുന്നത്, അപ്പോഴാണ് ഇന്ദ്രിയത്യാഗം കൊണ്ട് നരന്‍ ഉറങ്ങുന്നത്. ഇന്ദ്രിയങ്ങള്‍ അടങ്ങുകയും മനസ്സടങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ മനസ്സ് വിഷയത്തെ സേവിക്കുന്നു. അതാണ് സ്വപ്നദർശനം എന്നു പറയുന്നത്.
സത്വം, രജസ്സ്, തമസ്സ് എന്നീ ഭാവങ്ങള്‍ ഉണ്ടല്ലോ? അവയ്ക്ക് ജാഗ്രത്തിലെന്ന പോലെ സ്വപ്നത്തിലും ഇന്ദ്രിയങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്നു. അപ്പോള്‍ ആനന്ദാനുഭൂതി ഉണ്ടാകുന്നു. സുഖം, ജയം, ജ്ഞാനം, ത്യാഗം എന്നിവ ദൈവികമായ ഗുണങ്ങളാകുന്നു ആനന്ദമാകുന്നു കര്‍മ്മസിദ്ധി. പ്രതിപത്തിയാകുന്നു പരമമായ ഗതി. സാത്വികത്തിന്റെ മൂലഭാവത്തെ സംശ്രയിക്കുന്നതാണ് സ്മൃതി. ഇങ്ങനെ ഓരോ ജീവിക്കും പല ഭാവങ്ങള്‍ ഉണ്ടല്ലോ? നന്മയും തിന്മയും ജീവികള്‍ പരിശീലിച്ചറിഞ്ഞിട്ടുള്ളതാണ്, പ്രവൃത്തിയില്‍ ജാഗ്രാവസ്ഥയില്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. നിദ്രയില്‍ അതു വിണ്ടും സ്വപ്നരൂപത്തില്‍ പ്രത്യക്ഷമാകുന്നു.
ഓരോ ജീവിക്കും ഇപ്രകാരം പല ഭാവങ്ങളുമുണ്ട്. ഇന്ദ്രിയങ്ങളും ഭാവങ്ങളും കര്‍മ്മങ്ങളും കൂടി പതിനേഴുണ്ട്. പതിനെട്ടാമതായി ദേഹത്തില്‍ ശാശ്വതനായ ദേഹിയുമുണ്ട്. അല്ലെങ്കില്‍ ആ ഗുണങ്ങളെല്ലാം ദേഹിയില്‍ ദേഹത്തോടു കൂടി ചേര്‍ന്നു നില്ക്കുന്നു. വേര്‍പിരിഞ്ഞാല്‍ അവ ദേഹത്തോട ചേര്‍ന്നതല്ലാതാകുന്നു. ശരീരം പഞ്ചഭൂതസഞ്ചിതമാണല്ലോ. ഗുണങ്ങള്‍ ഇരുപത്തെട്ടും ശരീരിയോടു ചേര്‍ന്നതാണ്. ഊഷ്മാവോടു ചേര്‍ന്ന് ഇരുപതാണ് ഗുണങ്ങള്‍. മഹത് വായുവോട് ഒന്നിച്ചു ചേര്‍ന്ന് ശരീരത്തെ ധരിക്കുന്നു. വായു മഹത്തിന്റെ കൈയില്‍ ഒരു ഉപകരണം മാത്രമാണ്. പ്രഭാവം ചേര്‍ന്ന അവന്‍ ദേഹഭേദനത്തില്‍ പഞ്ചതയെ പ്രാപിക്കുന്നു. പുണ്യപാപങ്ങളുടെ ക്ഷയത്തിന്റെ അവസാനത്തില്‍ പുണ്യപാപങ്ങളാല്‍ സമീരിതനായി കാലത്താല്‍ കര്‍മ്മബന്ധമനുസരിച്ചു വീണ്ടും ശരീരത്തെ എടുക്കുന്നു. അവന്‍ ഒരു ദേഹം വിട്ടു മറ്റു ദേഹത്തെ, മരിച്ചിട്ട് ഏല്ക്കുന്നു. ഒരു വീടുവിട്ടു മറ്റൊരു വീടിനെ എന്നപോലെ മാറിമാറി കൈക്കൊളളുന്നു. കാലപ്രചോദിതനായി ക്ഷേത്രി ജീര്‍ണ്ണിച്ച ഗൃഹം വിട്ടു പുതിയ ഗൃഹം പ്രാപിക്കുകയാണ്. അതില്‍ ജ്ഞാനികള്‍ ആരും ദുഃഖിക്കുകയില്ല. സംബന്ധം കണ്ട കൃപന്മാരാണ് ദുഃഖിക്കുന്നവര്‍; ഇവന്‍ (ജീവന്‍) ആർക്കും ഒന്നും ആയവനല്ല. ഇവന് ആരും സഹായികളുമില്ല. ഇവന്‍ എന്നും ഏകനാണ്. ശരീരത്തിന്നു സുഖദുഃഖങ്ങള്‍ നല്കിക്കൊണ്ടു ഒരു ജീവിയും ജനിക്കുന്നില്ല. ഒരു കാലത്തും മരിക്കുന്നുമില്ല. ദേഹം വെടിഞ്ഞ് എത്തുന്ന ജീവന്‍ ഒരിക്കല്‍ പരമായ ഗതി ലഭിക്കും. പുണൃപാപമയമായ ദേഹം കര്‍മ്മ സംക്ഷയത്തില്‍ വിടുന്നവന്‍ ഒരിക്കല്‍ മോക്ഷം പ്രാപിക്കും. ദേഹം ക്ഷയിക്കുമ്പോള്‍ ആ ദേഹി ബ്രഹ്മത്തെ പ്രാപിക്കും. പുണ്യപാപങ്ങളുടെ ക്ഷയത്തിനുള്ള മാര്‍ഗ്ഗം സംഖ്യത്തില്‍ വിധിച്ചിട്ടുണ്ട്. പുണ്യപാപങ്ങള്‍ ക്ഷയിച്ചാല്‍, ജീവന് ബ്രഹ്മത്തിന്റെ ശ്രേഷ്ഠമായ സത്ഗതി കാണുവാന്‍ കഴിയും.
അദ്ധ്യായം 276. മാണ്ഡവ്യജനകസംവാദം - തൃഷ്ണാത്യാഗത്തെക്കുറിച്ച് - യുധിഷ്ഠിരന്‍ പറഞ്ഞു: ഭ്രാതാക്കന്മാരും, പിതാക്കന്മാരും പൗത്രന്മാരും ജ്ഞാതികളും സുഹൃത്തുക്കളും പുത്രന്മാരും നിറഞ്ഞ ഒരു മഹാസമൂഹത്തെ മുഴുവനും അര്‍ത്ഥം മോഹിച്ചു ഞങ്ങള്‍, പാപികളും ക്രൂരന്മാരുമായ ഞങ്ങള്‍, കൊന്നുകളഞ്ഞു. അര്‍ത്ഥ സംഭവമായ തൃഷ്ണ മൂലമാണ് ഞങ്ങള്‍ അത്ര വലിയ പാതകം ചെയ്തത്. പിതാമഹാ, ഈ തൃഷ്ണയെ ഒഴിവാക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? തൃഷ്ണ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച പാതകം ചെറുതല്ലല്ലോ പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ നാട്ടില്‍ നടപ്പുണ്ട്. അത് മാണ്ഡവ്യന്റെ ചോദൃത്തിന് വിദേഹ രാജാവു പറഞ്ഞ മറുപടിയാണ്; എടോ മാണ്ഡവ്യാ, ഞാന്‍ വളരെ സുഖത്തോടു കൂടിയാണ് ജീവിക്കുന്നത്. എനിക്ക് ഇഹത്തില്‍ സ്വന്തമായി ഒന്നുമില്ല. ഈ മിഥിലാപുരി അഗ്നിക്കിരയായി എന്നു വിചാരിക്കുക. എന്നാല്‍ എന്റേതായി ഒന്നും നശിക്കുകയില്ല. ഒന്നും കത്തി വെണ്ണീറാവുകയില്ല.
അര്‍ത്ഥം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരുമ്പോള്‍ അറിവുള്ളവര്‍ക്ക് ദുഃഖവും വര്‍ദ്ധിക്കുന്നു. എന്നാല്‍ അര്‍ത്ഥം വര്‍ദ്ധിച്ചില്ലെങ്കിലോ അതു മൂലവും, അര്‍ത്ഥ തൃഷ്ണ മൂലവും മൂഢന്മാര്‍ മോഹിക്കുന്നു. അര്‍ത്ഥാസക്തി അവരെ മോഹിപ്പിക്കുന്നു. ലോകത്തിലെ കാമസുഖവും, ദിവ്യമായ സുഖങ്ങളും തൃഷ്ണ ക്ഷയിക്കുന്നത് കൊണ്ടുള്ള (തൃഷ്ണയെ ജയിച്ച) സുഖത്തിന്റെ പതിനാറില്‍ ഒരംശത്തിനു തുല്യമാവുകയില്ല. പശു വളരുമ്പോള്‍ അതിന്റെ കൊമ്പും ഒപ്പം തന്നെ വളരും. അതു പോലെ ധനം വളരുമ്പോള്‍ അതിനോടൊപ്പം തൃഷ്ണയും വളരും. ഏതെങ്കിലും ഒരു വസ്മു ഇത് എന്റേതാണ് എന്നു ഒരുത്തന്‍ വിചാരിച്ചു പോയാല്‍ അബദ്ധമായി. അതു നശിക്കുമ്പോള്‍ അതു തന്നെ ദുഃഖത്തിന് കാരണമായിത്തീരുന്നു. ആരും ആഗ്രഹങ്ങളെ, കാമങ്ങളെ, താലോലിക്കരുത്. ആഗ്രഹങ്ങളുമായി ബന്ധപ്പെട്ടാല്‍ ദുഃഖവുമായി ബന്ധപ്പെട്ടു എന്നു ദൃഢമായി വിശ്വസിക്കുക. അര്‍ത്ഥം നാം നേടേണ്ടതാണ്. അതു നേടി ധര്‍മ്മപരനായി ജീവിക്കണം. കാമങ്ങളെ, ആഗ്രഹങ്ങളെ, എല്ലാം ഒഴിവാക്കണം, ദുരെയകറ്റണം.
എല്ലാ ജീവികളും തന്നെപ്പോലെ ആണെന്നു കരുതുന്നവനാണ് വിദ്വാന്‍. കൃതകൃത്യനും വിശുദ്ധാത്മാവുമായ പുരുഷന്‍ സകല സാര്‍ത്ഥത്തേയും കൈവെടിയും. എല്ലാവര്‍ക്കും ക്ഷേമം ആശംസിക്കുന്നവനാണ് വിദ്വാന്‍. സത്യവും അസത്യവും, സുഖവും, ദുഃഖവും, പ്രിയവും അപ്രിയവും ഭയവും, അഭയവും ഈ ദ്വന്ദങ്ങളെ ആര് ഉപേക്ഷിക്കുന്നുവോ, അവന് ശാന്തി ലഭിക്കും. അവന്‍ നിരാമ യനാകും. അവനെ സംസാരദുഃഖം ബാധിക്കുകയില്ല. ദൂര്‍മ്മതികള്‍ക്ക്, മൂഢന്മാര്‍ക്ക് തൃഷ്ണ വിടുവാന്‍ സാദ്ധ്യമല്ല. ദേഹത്തിന്ന് വാര്‍ദ്ധകൃം കൊണ്ടുള്ള ജര ബാധിക്കും. എന്നാല്‍ മൂഢന്റെ മോഹത്തിന് ജര ബാധിക്കുകയില്ല. മരിക്കുന്നതു വരെ മനുഷ്യനെ ബാധിച്ചിട്ടുള്ള രോഗമാണ് തൃഷ്ണ. ആ രോഗത്തെ, ആ തൃഷ്ണയെ മനുഷ്യന്‍ വിട്ടു കളഞ്ഞാല്‍ പിന്നെ അവന് സുഖമായി.
ആത്മാവിന്റെ ചാരിത്രം, ചന്ദ്രനേപ്പോലെ ശുദ്ധമായും അനാമയമായും ഇരിക്കുന്ന സ്വഭാവം, മനസ്സിലാക്കി ധര്‍മ്മാത്മാക്കള്‍ ഇഹത്തിലും പരത്തിലും സല്‍ക്കീര്‍ത്തി യഥാ സുഖം നേടുന്നു.
ആ രാജാവിന്റെ വാക്കുകള്‍ കേട്ട് മാണ്ഡവ്യന്‍ എന്ന ദ്വിജന്‍ പ്രീതനായി. ആ വാക്കുകളെ ബഹുമാനത്തോടെ കൈക്കൊണ്ടു ജീവിച്ച് മോക്ഷം നേടി.
അദ്ധ്യായം 277. പിതാപുത്രസംവാദം - ശരീരത്തിന്റെ അനിത്യതയും, ശ്രേയസ്സാഗ്രഹിക്കുന്നവരുടെ കര്‍ത്തവൃവും - യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാവര്‍ക്കും ഭയം നല്കുന്ന ഈ കാലം വന്നു കയറുമ്പോള്‍ മര്‍ത്ത്യന്‍ എങ്ങനെയാണ് ശ്രേയസ്സ് ഏൽക്കേണ്ടത്?. പിതാമഹാ, പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അത് അച്ഛന്‍ മകനോടു പറഞ്ഞ ഒരു സംഭാഷണമാണ്. അതു നീ കേള്‍ക്കുക. സ്വാദ്ധ്യായ നിരതനായ ഒരു വിപ്രന് മേധാവിയായി മേധാവി എന്നു പേരായ ഒരു പുത്രനുണ്ടായിരുന്നു. സ്വാദ്ധ്യായ പരനായ അച്ഛനോട് മകന്‍ പറഞ്ഞു. പുത്രന്‍ മോക്ഷ ധര്‍മ്മാര്‍ത്ഥ കുശലനും ലോകതത്വ വിചക്ഷണനും ആയിരുന്നു.
മകന്‍ പറഞ്ഞു: ധീരനും പ്രാജ്ഞനുമായ നരന്‍ എന്താണു ചെയ്യേണ്ടത്? മര്‍ത്ത്യര്‍ക്കൊക്കെ ആയുസ്സ് അതിവേഗത്തില്‍ അറ്റുപോകുന്നു. അച്ഛാ, അങ്ങു പറഞ്ഞു തന്നാലും, എങ്ങനെയാണ് ഞാന്‍ ജീവിക്കേണ്ടത്? ധര്‍മ്മമായി ഞാന്‍ യഥായോഗം ചരിച്ചു കൊള്ളാം.
അച്ഛന്‍ പറഞ്ഞു: ബ്രഹ്മചര്യത്തില്‍ വേദങ്ങള്‍ പഠിച്ച് പിന്നെ പിതൃശുദ്ധിക്കു വേണ്ടി ഗാര്‍ഹസ്ഥ്യം സ്വീകരിച്ച് പുത്രനെ നേടുക. അഗ്ന്യാധാനം ചെയ്ത് പിന്നെ യജ്ഞം കഴിക്കുക. അവസാനം വനത്തില്‍ പോയി മുനിവൃത്തി സ്വീകരിക്കുക, ഭൂതിയാര്‍ജ്ജിക്കുക.
മകന്‍ പറഞ്ഞു: ഈ മട്ടില്‍ ലോകം ആപത്തുകളാല്‍ ആഗതമായി ചുറ്റും വളഞ്ഞ് ആക്രമിച്ചു കൊണ്ടിരിക്കുമ്പോള്‍, തടുക്കാന്‍ വയ്യാത്ത ആഘാതങ്ങള്‍ വന്നു പതിച്ചു കൊണ്ടിരിക്കെ, അങ്ങ് എന്താണ് കുലുങ്ങാതെ വളരെ ശാന്തമായി ധീരനെപ്പോലെ സംസാരിക്കുന്നത്?
അച്ഛന്‍ പറഞ്ഞു: ലോകം എന്തിനാലാണ് ആഹതമായിരിക്കുന്നത്? എന്താപത്താണ് വന്നു ചുഴന്നിരിക്കുന്നത്? എന്ത് ആഘാതങ്ങളാണ് തടുക്കാന്‍ വയ്യാതെ പതിച്ചു കൊണ്ടിരിക്കുന്നത്? എന്താണ് നീ എന്നെ ഭയപ്പെടുത്തുന്നത്?
മകന്‍ പറഞ്ഞു: അച്ചാ, ഞാന്‍ പറയാം. മൃത്യുവാല്‍ വ്യാഹതമാണ് ലോകം. ജരയാണ് ചുറ്റും വ്യാപിച്ചിരിക്കുന്നത്. അഹോരാത്രങ്ങളാണ് വീണു കൊണ്ടിരിക്കുന്നത്. ഈ അനിവാര്യമായ ആപത്ത് ഭവാന്‍ എന്തുകൊണ്ട് അറിയുന്നില്ല? മൃത്യു നില്ക്കുന്നതല്ല. വരട്ടെ എന്നു പറഞ്ഞാല്‍ അവന്‍ കാത്തു നില്ക്കുകയില്ല. ആ കാര്യം നിശ്ചയമായും ഞാന്‍ അറിയുന്നുണ്ട്. ശരിയായ ജ്ഞാനം മൂടാതെ പോകുവാന്‍ ഞാന്‍ എങ്ങനെ കാക്കണം? ഓരോ രാത്രിയും കഴിഞ്ഞുപോകുമ്പോള്‍, അത്രയ്ക്കത്രയ്ക്ക് ആയുസ്സു കുറഞ്ഞു പോകുമ്പോള്‍, വെള്ളം വാര്‍ന്നുപോയ കണ്ടത്തിലെ മീന്‍ പോലെയായ ഏതൊരുത്തനാണ് സുഖം നേടുവാന്‍ കഴിയുക?
പൂവ് അറുക്കുവാന്‍ മനസ്സു വച്ച് അതിനെ എത്തിപ്പിടിച്ച് പറിച്ചു കൊണ്ടിരിക്കെ മറ്റൊന്നില്‍ ശ്രദ്ധാലുവായിരിക്കുമ്പോള്‍ ആ മനുഷ്യന്റെ ആഗ്രഹം നിറവേറ്റുന്നതിനു മുമ്പ് മൃത്യു വന്ന് അവനെ അടിച്ചു വീഴ്ത്തിക്കളയുന്നു.
നാളെ ചെയ്യേണ്ട കാര്യം ഇന്നു തന്നെ ചെയ്തുകൊള്ളുക! പകല്‍ ചെയ്യാമെന്നു വെച്ചത് പുലര്‍ച്ചയ്ക്കു തന്നെ നിര്‍വ്വഹിച്ചു കൊള്ളുക. മൃത്യു ഒന്നും കാത്തു നില്ക്കുകയില്ല. ചെയ്തതും ചെയ്യാത്തതും ഒന്നും മൃത്യുവിന് നോട്ടമില്ല. ശ്രേയസ്കരമായ പ്രവൃത്തികള്‍ ചെയ്യാനുള്ളത് ഇപ്പോള്‍ത്തന്നെ ചെയ്തു കൊള്ളുക. അതിന് പററിയ നല്ല സന്ദര്‍ഭം പാഴാക്കരുത്. ഇപ്പോള്‍ ആരുടെ മൃത്യു കാലമാണെന്ന് ആര്‍ക്കറിയാം? ആര്‍ക്കും അറിഞ്ഞു കൂടാ.
കാര്യം ചെയ്യാതെ നില്ക്കുമ്പോള്‍ തന്നെ മൃത്യു വന്നു വലിച്ചു കൊണ്ടു പോകും. യുവാവു ധര്‍മ്മം ശീലിക്കണം. യുവത്വം വിടുന്നതിന് മുമ്പ് കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ളത് ചെയ്യണം. വാര്‍ദ്ധക്യത്തെ കാത്തു നില്ക്കരുത്. എന്തു കൊണ്ടെന്നാല്‍ ആയുസ്സ് എപ്പോഴാണവസാനിക്കുക എന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല.
ധര്‍മ്മം ചെയ്യാന്‍ ഇഹത്തിലും പരത്തിലും പ്രീതി സംഭവിക്കും. തെറ്റായ മോഹങ്ങളില്‍ പെട്ടവന്‍ പുത്രന് വേണ്ടിയും ഭാര്യക്കു വേണ്ടിയും അവുരുടെ പ്രീതിക്ക് ഉദ്യമിച്ച് കാര്യവും അകാര്യവും നോക്കാതെ അവരെ സന്തോഷിപ്പിക്കും.
അങ്ങനെ പുത്രന്മാരോടും പശുക്കളോടും കൂടി ധനധാന്യ സമ്പന്നനായിരിക്കെ മനുഷ്യനെ, ഉറങ്ങിക്കിടക്കുന്ന മാനിനെ പുലി വന്നു പിടിക്കുന്ന മാതിരി മൃത്യു വന്നു പിടികൂടികൊണ്ടുപോകുന്നു. ധാരാളം സമ്പാദിച്ചു കൂട്ടുന്ന അവനെ, കാമങ്ങളില്‍ തൃപ്തി വരാത്ത അവനെ, ചെന്നായ മാനിനെ പിടിച്ചു കൊണ്ടു പോകുന്ന മാതിരി കൊണ്ടു പോകും. ഇതു ഞാന്‍ ചെയ്തു, ഇനി മറ്റതു ചെയ്യുവാനുണ്ട്. ഇതു പകുതി ചെയ്തു കഴിഞ്ഞിരിക്കുന്നു ഇപ്രകാരം ഓരോന്നു ചിന്തിച്ചും മറ്റുള്ളവരോട് പറഞ്ഞും ഇരിക്കുന്ന സമയത്തു മൃത്യുചെയ്തതും ചെയ്യാത്തതും ഒന്നും കണക്കാക്കാതെ മനുഷ്യനെ പിടികൂടി കൊണ്ടുനടക്കുന്നു.
ഓരോ കര്‍മ്മത്തില്‍ ഏര്‍പ്പെട്ട്, കൃഷിയിലോ കച്ചവടത്തിലോ ഏര്‍പ്പെട്ട് അതിന്റെ ഫലം കിട്ടുന്നതു പ്രതീക്ഷിച്ചു കൊണ്ടിരിക്കെ കൃഷി, കച്ചവടം, ഗൃഹം ഈ ഭ്രാന്തില്‍ പെട്ടവനെ ഒന്നും കണക്കാക്കാതെ മൃത്യു കൊണ്ടു നടക്കുന്നു. ദുര്‍ബ്ബലന്‍, ബലവാന്‍, പ്രാജ്ഞന്‍, ശൂരന്‍, ജഡന്‍, കവി ഇങ്ങനെയുള്ളവരെ അവരുടെ ആഗ്രഹം സാധിക്കുന്നതിന് മുമ്പേ മൃത്യു പിടികൂടി കൊണ്ടു നടക്കുന്നു.
മൃത്യുവും ജരയും രോഗവും ദുഃഖവും പല ഹേതുക്കളായും മര്‍ത്ത്യര്‍ക്കു തട്ടി നീക്കുവാന്‍ കഴിയുന്നതല്ല. അങ്ങനെയിരിക്കെ അച്ചാ, അങ്ങ് എന്താണ് സ്വസ്ഥനെപ്പോലെ ഇരിക്കുന്നത്?
ഒരു ജീവി പിറന്നു കഴിഞ്ഞാല്‍ അന്നു മുതല്‍ മരണത്തിന് വേണ്ടി ജരയും മൃത്യുവും പറ്റിക്കുടി നില്ക്കുന്നു. സകല ചരാചരങ്ങളെയും ഇവ രണ്ടും ബാധിച്ചു നില്ക്കു ന്നു. മൃത്യുവിന്റെ സേന വരുമ്പോള്‍ അതിനോടു മല്ലടിക്കുവാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും അതിനെ തടുക്കുവാന്‍ ആവുകയില്ല. എന്നാല്‍ കഴിവ് ഒന്നിനുണ്ട്. അത് സത്യത്തിന്നു മാത്രമാകുന്നു. സത്യത്തെ നശിപ്പിക്കുവാന്‍ മൃത്യുവിനു സാദ്ധ്യമല്ല. സത്യത്തില്‍ അമൃത് അടങ്ങിയിരിക്കുന്നു. പട്ടണത്തിലോ, ഗ്രാമത്തിലോ, ജനനിബിഡമായ സ്ഥലത്തു താമസിക്കുവാന്‍ ആഗ്രഹിക്കുന്നത് . ആപത്താണ്. എന്തു കൊണ്ടെന്നാല്‍ അത് മൃത്യുവിന്റെ വീടാണ്. വനവാസമാണ് ശ്രേഷ്ഠമെന്ന് ശ്രുതി ഘോഷിക്കുന്നു. പശുക്കൾക്കു പറ്റിയ തൊഴുത്ത് കാടാണ്; നഗരമല്ല.
പട്ടണവാസത്തിനുള്ള ആഗ്രഹം മനുഷ്യനെ കെട്ടുന്ന കയറാണ്. ആ കെട്ടിലകപ്പെട്ട് മനുഷ്യന്‍ നിസ്സഹായനാകുന്നു. പുണ്യവാന്മാര്‍ അതില്‍ കുടുങ്ങുകയില്ല. പെട്ടാല്‍ ആ കെട്ടിനെ അവര്‍ അറുത്തു രക്ഷപ്പെടും. പാപികള്‍ക്ക് അതിന്നു കഴിയുകയില്ല.
മനസ്സുകൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും ഒരു ജീവിയേയും ഹിംസിക്കാത്തവന്‍ ജീവിതാര്‍ത്ഥം നശിപ്പിക്കുന്ന പ്രാണിയുടെ ദ്രോഹത്തിനു പാത്രമാവുകയില്ല. അതുകൊണ്ട് മര്‍ത്ത്യന്‍ സത്യ പരായണനാകണം, സത്യ വ്രതനാകണം. സത്യാഗമനും എപ്പോഴും ദാന്തനുമായവന്‍ സത്യത്താല്‍ മൃത്യുവിനെ ജയിക്കും. അമൃതവും മൃത്യുവും ഇവ രണ്ടും ദേഹത്തില്‍ നില്ക്കുന്നുണ്ട്. മൃത്യു മോഹത്താല്‍ മര്‍ത്ത്യനില്‍ ഉണ്ടാകുന്നു. സതൃത്താല്‍ അമൃതവും ഉണ്ടാകുന്നു. രണ്ടും മര്‍ത്തൃ ശരീരത്തില്‍ നട്ടിരിക്കയാണ്. ഈ ഞാന്‍ സത്യവാനായി, അഹിംസാര്‍ത്ഥിയായി കാമക്രോധങ്ങളെ തള്ളിക്കളഞ്ഞവനാണ്. സുഖത്തെ ആശ്രയിച്ചു ക്ഷേമി മര്‍ത്ത്യനില്‍ അധിവസിക്കുന്ന മൃത്യുവെ നീക്കുന്നു.
ശാന്തിയജ്ഞരതനും ദാന്തനും ബ്രഹ്മജ്ഞസ്ഥിതനുമായ മുനി വാക്ക്, മനസ്സ്, കര്‍മ്മം എന്നിവയാല്‍ യജ്വാവായി ഉത്തരായണത്തില്‍ നില്ക്കുകയാണ്. എന്നെപ്പോലെ കരുണയുള്ള ഒരാള്‍ എങ്ങനെ ക്രൂരമായി മൃഗബലിയോടു കൂടിയ യജ്ഞത്തെ ഇഷ്ടപ്പെടും? എന്നെപ്പോലെയുള്ള പണ്ഡിതന്‍ എങ്ങനെ ഒരു പിശാചിനെപ്പോലെ ക്ഷത്രയജ്ഞങ്ങള്‍ മൃഗങ്ങളെ കൊന്നു ചെയ്യും? പ്രജ കൂടാതെ, തന്നില്‍ താന്‍ തന്നെ തീര്‍ന്നവനായി, തന്നിഷ്ടനായി, ആത്മയജ്വാവായി ഞാന്‍ ഇരിക്കുന്നതാണ്. എന്നെ കേറ്റുവാന്‍ ഞാന്‍ തന്നെയാണ് ഉദ്യമിക്കുന്നത്. ഞാന്‍ തന്നെത്താനെയാണ് യജ്ഞം ചെയ്യുന്നത്. എന്റെ സന്തതി എന്നെ കയറ്റുകയില്ല.
ആരുടെ വാക്കും വിചാരവും എപ്പോഴും അടക്കിയിരിക്കുന്നുവോ, ആര് തപോവൃത്തിയോടെ ത്യാഗിയായി, യോഗിയായി ജീവിക്കുന്നുവോ, അവന്‍ അവകൊണ്ട് എല്ലാം നേടുന്നതാണ്. വിദ്യയെപ്പോലെ കാഴ്ച തരുന്ന കണ്ണില്ല. വിദ്യ പോലെ കെൽപ്പ് തരുന്ന ഒരു വസ്ധു വേറെയില്ല. രാഗം പോലെ ദുഃഖമുണ്ടാക്കുന്നതായി മറ്റൊന്നുമില്ല. ത്യാഗംപോലെ സുഖം നല്‍കുന്നതായും വേറെ ഒന്നുമില്ല.
ബ്രാഹ്മണന് ധ്യാനനിമഗ്നനായിരിക്കുക എന്നതില്‍പ്പരം ഒരു ധനം വേറെയില്ല. ജീവികളില്‍ സമഭാവന, സത്യഭാഷണം, സല്‍സ്വഭാവം, ദണ്ഡനിധാനം, ആര്‍ജ്ജവം, കര്‍മ്മസന്യാസം ഇവയില്‍പ്പരമായ ധനം ബ്രാഹ്മണന്നു വേറെയില്ല. അങ്ങേക്കു ധനം കൊണ്ട് എന്തു കാര്യം? ബന്ധുജനങ്ങളെക്കൊണ്ടും സ്നേഹിതന്മാരെക്കൊണ്ടും എന്തുകാര്യം? ഭാര്യയെന്തിന്ന്? അല്ലയോ ബ്രാഹ്മണാ, അങ്ങ് ചാകുന്നവനല്ലേ? അങ്ങയുടെ ഗുഹയ്ക്കുള്ളില്‍ അധിവസിക്കുന്ന ആത്മാവിനെ അങ്ങു നോക്കുക! അങ്ങയുടെ അച്ഛന്‍ എവി ടെ? അങ്ങയുടെ മുത്തച്ഛന്‍ എവിടെ?
ഭീഷ്മൻ പറഞ്ഞു: പുത്രന്‍ പറഞ്ഞ വാക്കുകേട്ട് അച്ഛന്‍ അപ്രകാരം ചെയ്തു. നീയും അപ്രകാരം സത്യധര്‍മ്മാവലംബിയായി വര്‍ത്തിക്കുക.
അദ്ധ്യായം 278. ഹാരിത ഗീത - സന്ന്യാസി സ്വഭാവാചരണ ധര്‍മ്മം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, എന്തു തരത്തിലായിരിക്കണം ഒരു മനുഷ്യന്റെ സ്വഭാവം? അവന്റെ ആചാരം എങ്ങനെയാകണം? വിദ്യയെന്താകണം? വിപ്രന്‍ എങ്ങനെ ജീവിക്കണം? പ്രകൃതിക്കുമപ്പുറത്തുള്ള ശാശ്വതമായ പദം എന്താണ്? അത് എങ്ങനെ നേടും?
ഭീഷ്മൻ പറഞ്ഞു: മോക്ഷധര്‍മ്മങ്ങളില്‍ സക്തനായവന്‍ അല്പമായേ ഭക്ഷണം കഴിക്കാവു. ഭക്ഷണത്തിനുള്ള ആഗ്രഹം കുറയ്ക്കണം. ജിതേന്ദ്രിയനാകണം. അങ്ങനെയുള്ളവന്‍ പ്രകൃതിക്കും അതീതമായ ശാശ്വതമായ പരമപദം നേടും.
സ്വന്തം വീടുവിട്ടു പോന്ന് ലാഭത്തിലും, അലാഭത്തിലും മനസ്സു വയ്ക്കാത്ത മുനി എല്ലാറ്റിലും സമഭാവനയോടെ കാമങ്ങള്‍ മുഴുവന്‍ വിട്ടു നിരീഹനായി, നിര്‍മ്മമനായി, സന്ന്യസിക്കണം. കണ്ണുകൊണ്ടും, മനസ്സുകൊണ്ടും, വാക്കുകൊണ്ടും, ആര്‍ക്കും ദൂഷണം ചെയ്യരുത്. പരസ്യമായും രഹസ്യമായും പരന്മാരെ ദുഷിക്കരുത്. ഒരു ജീവിയെയും ഹിംസിക്കരുത്. എല്ലാറ്റിനോടും മ്രൈതിയോടെ ജീവിക്കണം. ഈ ജീവിതമെടുത്ത് ആരിലും വൈരം കൂടാതെ കഴിക്കണം. കഠിനമായ വാക്കുകള്‍ പറഞ്ഞ് ആരെങ്കിലും അധിക്ഷേപിച്ചാല്‍ ഒപ്പം കയര്‍ക്കരുത്. അതു പൊറുക്കണം. താന്‍ യോഗ്യനാണെന്നുളള അഹങ്കാരം പാടില്ല. ഒന്നിലും ഗര്‍വ്വു പാടില്ല. ആരെങ്കിലും ആക്ഷേപിച്ചു ചൊടിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ ക്ഷമയോടെ അവരോടു പ്രിയമായ വാക്കുകള്‍ പറയുകയാണു വേണ്ടത്.
നിന്ദിച്ചാല്‍ അവനെ നിന്ദിക്കാതെ നന്മ പറയുക. ഗ്രാമപ്രദേശത്ത് ജനമദ്ധ്യത്തില്‍ വച്ച് ആരേയും പ്രദക്ഷിണമോ സഖ്യമോ ചെയ്യുരുത്. (സ്നേഹഭാവമോ ശത്രുഭാവമോ കൈക്കൊള്ളരുത്) ഒരേ സമയത്തു ഭിക്ഷാടനത്തിന് പല വീട്ടില്‍ പോകരുത്. മുമ്പെ തന്നെ ക്ഷണിച്ചാലും അതു സ്വീകരിച്ച്, അവിടെ സല്‍ക്കാരം സ്വീകരിക്കുവാന്‍ സന്ന്യാസിമാര്‍ പോകുന്നതു ശരിയല്ല. അസഭ്യമായ വാക്കുകള്‍ പറഞ്ഞ് ദൂഷണങ്ങളും പുലഭ്യങ്ങളും വിളിച്ചു പറയുന്നവരോട് അതേ മാതിരിയുള്ള പദങ്ങള്‍ പ്രയോഗിച്ച് അപ്രിയം പറയരുത്. ക്രൂരത കാണിക്കരുത്. മൃദുവായി പെരുമാറുക. നിര്‍ഭയനായിരിക്കുക. എന്നാല്‍ ഒരിക്കലും മേനി പറയരുത്. പൊങ്ങച്ചം കാണിക്കരുത്.
മുനി ഒരിക്കലും സദ്യയില്‍ വിളമ്പുന്നതിനു മുമ്പേ ഭിക്ഷയ്ക്കു ചെല്ലരുത്. തീയും പുകയും പോയി, ഉലയ്ക്കയും മറ്റും വച്ചതിനു ശേഷം, ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിച്ചു പോയതിനുശേഷം, വിളമ്പക്കാര്‍ വിരമിച്ചതിന് ശേഷം, മുനിക്ക് ആവശ്യമുള്ള അൽപാഹാരത്തിന്നു ഭിക്ഷയ്ക്കു ചെല്ലാം. ധാരാളം ഭക്ഷണം കിട്ടാനുള്ള കൊതി കൊണ്ടായിരിക്കരുത് ഭിക്ഷാടനം. പ്രാണന്‍ നിലനിര്‍ത്താന്‍ മാത്രമായിരിക്കണം ഭിക്ഷാടനം. ഭിക്ഷയ്ക്കു ചെന്നിട്ട് കിട്ടിയാല്‍ സന്തോഷിക്കുകയോ കിട്ടിയില്ലെങ്കില്‍ മനസ്സിടിയുകയോ പാടില്ല. സാമാ ന്യമായ ലാഭം ഇച്ഛിക്കരുത്. ആദരിച്ചു പൂജിച്ചു ഭക്ഷണം തരുവാന്‍ ശ്രമിച്ചാല്‍ അവിടെ ഒഴിഞ്ഞു മാറണം. അന്യന്റെ ഗൃഹത്തില്‍ സൽക്കാരത്തിനു ക്ഷണിച്ചാലും സ്വീകരിക്കരുത്. അതു സന്യാസ വൃത്തിക്കു പറ്റുകയില്ല.
കിട്ടിയ ഭക്ഷണം നന്നായില്ല, അതു മോശമാണ് എന്നും മറ്റും ആക്ഷേപിച്ചു പറയരുത്. നേരെ മറിച്ച്, "അതി വിശേഷമായിരിക്കുന്നു ചോറും കറിയും പ്രഥമനുമെല്ലാം", എന്നു പറഞ്ഞു പുകഴ്ത്തുകയുമരുത്. അത് സന്ന്യാസ വൃത്തിക്കു ചേര്‍ന്നതല്ല.
വിജനമായ സ്ഥലത്തേ കിടക്കുവാനും ഇരിക്കുവാനും ചിന്തിക്കുവാനും പാടുള്ളു. ശൂന്യമായ ഗൃഹം, മരത്തിന്റെ ചോട്, കാട്, ഗുഹ ഇവയാണ് കിടക്കുവാന്‍ തെരഞ്ഞെടുക്കേണ്ടത്. തന്റെ ശരിയായ നില മറച്ച് മറ്റുള്ളവരില്‍ നിന്നകന്ന് അജ്ഞാതനായി വസിക്കണം.
അനുരോധവും വിരോധവും സമമായി നിനച്ച് നിശ്ചലനായി ഉറച്ച മനസ്സോടെ സുകൃതമോ ദുഷ്കൃതമോ കര്‍മ്മംകൊണ്ടു തുടരരുത്. നിത്യ തൃപ്തന്‍, സുസന്തുഷ്ടന്‍, സുപ്രസന്ന മുഖേന്ദ്രിയന്‍, നിര്‍ഭയന്‍, വൈരാഗ്യം പ്രാപിച്ചവന്‍ ഈ നിലയില്‍ ജാപകന്‍ വര്‍ത്തിക്കണം. ശീലിച്ചതായ ഭൗതികം കണ്ടും ജീവജാലങ്ങളുടെ ഗതാഗതം കണ്ടും നിസ്പൃഹനും സമദൃക്കും പക്വവും അപക്വവും കഴിക്കുന്നതില്‍ വിരോധമില്ലാത്തവനും തനിയേ പ്രശാന്താത്മാവായി ഇരിക്കുന്നവനും ലഘുവായി ഭക്ഷിക്കുന്നവനും ജിതേന്ദ്രിയനുമായി ജീവിക്കണം.
വാക്ക് എത്ര ക്രൂരമായാലും കേട്ടു പൊറുക്കണം, കരളില്‍ ക്രോധം വന്നാല്‍ അടക്കണം, ഹിംസിക്കാന്‍ തോന്നിയാലും ചെയ്യുരുത്, മനസ്സിനെ അടക്കണം, വിശപ്പു സഹിക്കണം, ഉപസ്ഥം (കാമവികാരം) അടക്കണം. ഈ വേഗ ങ്ങളെ തപസ്വിയായവന്‍ സഹിക്കേണ്ടതാണ്. നിന്ദ കേട്ടാലും ക്ഷോഭിക്കരുത്.
നിന്ദിച്ചാലും സ്തുതിച്ചാലും അതില്‍ ദുഃഖമോ സന്തോഷമോ ഇല്ലാത്ത മട്ടില്‍ സമനായി നില്ക്കണം. മദ്ധ്യസ്ഥനായി നില്ക്കണം. സന്യാസാശ്രമത്തില്‍ പ്രധാനമായ കാര്യമാണിത്. പവിത്രവുമാണ്. ഒന്നിലും ആശ്രയിക്കാത്തവനായി, ദാന്തനായി, അപൂര്‍വ്വാചാരനായി, സൌമ്യനായി, ഗൃഹം ഉപേക്ഷിച്ചവനായി, ഇരിക്കുന്ന സന്ന്യാസി മഹാത്മാവാകു ന്നു. ഗൃഹസ്ഥരായ വനവാസികളോട് ഒരിക്കലും അവന് സംസ്സര്‍ഗ്ഗം പാടില്ല. അറിയാത്തതില്‍ കാംക്ഷ പാടില്ല. ഈ ആള്‍ക്ക് ഹര്‍ഷവും ഉണ്ടാകരുത്, ജ്ഞാനികള്‍ക്ക് ഇതാണു മോക്ഷം. ജ്ഞാനികള്‍ക്ക് ഇതാണ് ആശ്രമം. ബുധന്മാര്‍ക്ക് ഇതാണ് മോക്ഷമാര്‍ഗ്ഗം എന്ന് ഹാരിതന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭയം നല്കിക്കൊണ്ട് ഗൃഹം വിട്ടു സന്ന്യസിക്കുകയാണെങ്കിൽ അവന് അനത്തമറ്റ തേജോലോകങ്ങള്‍ ലഭിക്കുന്നതാണ്.
അദ്ധ്യായം 279. വൃത്രഗീത - ബ്രഹ്മപ്രാപ്തിക്കുള്ള ഉപായം - യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ, എന്നെക്കുറിച്ചു ജനങ്ങള്‍ പറയുന്നു, "ധര്‍മ്മജന്‍ ധന്യന്‍തന്നെ! ധന്യന്‍ തന്നെ!" എന്നാല്‍ എന്നേക്കാളധികം ദുഃഖിയായി, നിര്‍ഭാഗ്യവാനായി ഒരു പുരുഷനും ഇന്നു ലോകത്തില്‍ ജീവിച്ചിരിക്കുന്നില്ല! അല്ലയോ കുരുസത്തമാ, ലോകത്താല്‍ മാനിക്കപ്പെടുന്നവരായ ഞങ്ങള്‍ ദുഃഖിതന്മാരായിട്ടാണ് ജീവിക്കുന്നത്. മനുഷ്യനായി വന്നു പിറന്നാല്‍ ദേവനായാലും ദുഃഖിക്കാതെ തരമില്ല. ജീവിക്കുക, മനുഷ്യനായി ശരീരമെടുക്കുക, എന്നതു തന്നെ ദുഃഖത്തിന്റെ രൂപത്തെ കൈക്കൊള്ളുക എന്നാണര്‍ത്ഥം. ഈ ദുഃഖത്തെ നശിപ്പിക്കുന്ന സന്ന്യാസത്തെ എന്നു സ്വീകരിക്കുവാന്‍ കഴിയും? സന്ന്യാസികള്‍, തപോവ്രതന്മാര്‍, പതിനേഴു കൂട്ടം സംഗതികളുംവിട്ട്, അതായത് അഞ്ചു വായുക്കളും, മനസ്സും, ബുദ്ധിയും, പത്ത് ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളും, പിന്നെ ഹേതുഭൂതങ്ങളായ അഞ്ചും വിട്ട്, അതായത് യോഗത്തിന്നു ദ്രോഹം ചെയ്യുന്ന കാമം, ക്രോധം, ലോഭം, മോഹം, ആലസ്യം എന്നിവയും വിട്ട്, പിന്നെ ഇന്ദ്രിയാര്‍ത്ഥങ്ങളായ എട്ടു ഗുണങ്ങളും വിട്ടൊഴിച്ചാല്‍ പിന്നെ ജനനമരണാദിക്ലേശം നിറഞ്ഞ ലോക ജീവിതം ഉണ്ടാവുകയില്ലല്ലോ. ഇങ്ങനെയാണല്ലോ സംശിവ്രതതരായ മുനിമാര്‍ ജീവിക്കു ന്നത്. രാജ്യം ഉപേക്ഷിച്ച് ഈയുള്ളവന്‍ എന്ന് ഈ നിലയെ പ്രാപിക്കുമെന്ന് അല്ലയോ പരന്തപാ, അങ്ങു പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ രാജാവേ, എല്ലാറ്റിനും ഒരു അന്തമുണ്ട്. സകലതിനും ഒരു നിശ്ചിതമായ അതിര്‍ത്തിയുണ്ട്. പുനര്‍ജ്ജന്മത്തിനുമുണ്ട് ഒരു അവസാനം. ഈ ലോകത്തില്‍ മാറ്റം വരാത്തതായി ഒന്നിനേയും കാണുവാന്‍ കഴിയുകയില്ല. രാജാവേ, അങ്ങയ്ക്കുള്ള ഐശ്വര്യാദി സമൃദ്ധികള്‍ തന്നെ ഒരു കുറ്റമാണെന്നു മനസ്സിലാക്കുക. അങ്ങ് ഐശ്വര്യത്തോടു കൂടിയവനാണ്. അങ്ങ് സന്നദ്ധനുമാണ്. അതുകൊണ്ട് അങ്ങയുടെ ദുഃഖത്തിന് ഒരു അറുതിയുണ്ടാകും. സമയമാകുമ്പോള്‍ മോക്ഷപ്രാപ്തിയുണ്ടാകും.
രാജാവേ, ദേഹി പുണ്യത്തിന്നോ, പാപത്തിന്നോ ഈശനല്ല. അതില്‍ നിന്ന് ഉണ്ടാകുന്ന തമസ്സു കൊണ്ട് തടയുകയാണ്. അഞ്ജനം കലരുന്ന കാറ്റ് മനയോലയുമായി കലരുമ്പോള്‍ വീണ്ടും ആ നിറം തന്നെ തന്നിലും വ്യാപിച്ച് അതു മനയോലയുടെ ധര്‍മ്മം കൈക്കൊള്ളുന്നു. ഇപ്രകാരം കര്‍മ്മത്തിന്റെ ബലം മൂലം കര്‍മ്മത്തിന്റെ ഫലം വന്നു മൂടിയ ദേഹി സ്വന്തം നിറം വിട്ട് മറ്റു വിധം നിറം സ്വീകരിച്ച് ദേഹത്തോടു ചേര്‍ന്നു നില്ക്കുന്നു. മുനിമാര്‍ അയത്നസാദ്ധ്യമാണ് ബ്രഹ്മപ്രാപ്തിയെന്നു പറയുന്നു. വിമുക്തന്മാരായവര്‍ ഉപാസ്യരാണല്ലോ. അങ്ങയ്ക്കും അപരന്മാരടക്കമുള്ള സകല മുനിമാര്‍ക്കും ലോകര്‍ക്കും ആരാദ്ധ്യനാണ് മുക്തന്‍. അതു കൊണ്ട് ബ്രഹ്മപ്രാപ്തിയില്‍ എന്നും വ്യാപൃതരാകുന്നു. അല്ലയോ രാജാവേ, യുധിഷ്ഠിരാ, ഇക്കാര്യത്തില്‍ പണ്ട് ഐശ്വരൃ ഭ്രഷ്ടനായ വൃത്രന്‍ എന്ന ദൈത്യന്‍ ചെയ്ത സംഭവത്തെപ്പറ്റി പറഞ്ഞ കാര്യം നീ ശ്രദ്ധിച്ചു കേള്‍ക്കുക. രാജ്യം നഷ്ടപ്പെട്ട് മടങ്ങി സഹായികളില്ലാതെ ശത്രുമദ്ധ്യത്തില്‍ യാതൊരു മനഃക്ഷോഭമോ, ദുഃഖമോ കൂടാതെ കൂസലില്ലാതെ നില്ക്കുന്ന ജ്ഞാനിയായ വൃത്രനെക്കണ്ട്, ഐശ്വര്യം. നഷ്ടപ്പെട്ട വൃത്രനോട് ശുക്രമഹര്‍ഷി ചോദിച്ചു: എടോ വൃത്രാ, ശ്രത്രുക്കള്‍ തോല്ലിച്ചുവിട്ട നിനക്ക് ഇപ്പോള്‍ അതിനെപ്പറ്റി ദുഃഖമില്ലേ? എടോ ദാനവരാജാവേ, നീ വിഷാദിക്കുന്നില്ലേ? വൃത്രന്‍ പറഞ്ഞു: അല്ലയോ ശുക്രാ, സത്യംകൊണ്ടും തപസ്സുകൊണ്ടും ഞാന്‍ സംശയം കൂടാതെ ഭൂതങ്ങളുടെ ജന്മവും വേര്‍പാടും സംബന്ധിക്കുന്നതെല്ലാം അറിഞ്ഞു. ഞാന്‍ സത്യം ഗ്രഹിക്കുകയാല്‍ അതിനെപ്പറ്റി ദുഃഖിക്കുന്നില്ല, ഹര്‍ഷിക്കുന്നുമില്ല. കാലത്തിന്റെ പ്രേരണ മൂലം ജീവികള്‍ നിരാധാരരായി നരകത്തില്‍ ആണ്ടു പോകുന്നു. മുനിമാര്‍ പറയുന്നു, മറ്റു ചിലര്‍ കാലപ്രേരിതരായി സ്വര്‍ഗ്ഗത്തിലും കയറുന്നു. ഇവരെല്ലാവരും അവരുടെ കാലം സംതൃപ്തിയില്‍ കഴിയുന്നു. അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട കാലയളവു കഴിച്ചുകൂട്ടിക്കൊണ്ട് അവരുടെ യോഗൃതകളുടേയും, അയോഗ്യതകളുടേയും ഒരു ഭാഗം വിനിയോഗിക്കപ്പെടാതെ ബാക്കിവെച്ചുകൊണ്ട് - സുഖാദികളും ദുഃഖാദികളും അനുഭവിക്കാതെ ബാക്കിവെച്ചുകൊണ്ട്, ആ ബാക്കി അനുഭവിക്കുന്നതിനു വേണ്ടി കാലത്താല്‍ പ്രേരിതമായി അവര്‍ വീണ്ടും ജന്മമെടുക്കുന്നു. കാമബന്ധത്തിന്റെ കെട്ടില്‍പ്പെട്ട് ജീവികള്‍ അവരുടെ കാലം പക്ഷികളായും മൃഗങ്ങളായും പുഴുക്കളായും മറ്റും കഴിച്ചു കൂട്ടി. ആയിരക്കണക്കിന് ജീവികള്‍ നിരാധാരരായി നരകത്തില്‍ വീഴുന്നു. ദുഃഖങ്ങളനുഭവിച്ചു വിട്ടുപോരുന്നു. ഇപ്രകാരം ജീവികള്‍ സംസാരബന്ധത്തില്‍പ്പെട്ടു വരികയും പോവുകയും ചെയ്യുന്നതായി, കണ്ടിരിക്കുന്നു. ശാസ്ത്രത്തില്‍ പറയുന്നു, ധര്‍മ്മത്തിനനുസരിച്ചാണ് ഒരുത്തന്റെ ജീവിതത്തിലെ ലാഭം. നന്മ ചെയ്യുന്നവന് നന്മയും, തിന്മ ചെയ്യുന്നവന് ദുഃഖവും വന്നുകൂടും. ഇങ്ങനെ മര്‍ത്ത്യനായും ദേവനായും ജന്മമെടുക്കുകയും, ചിലര്‍ നരകത്തിലേക്കു പോകുകയും ചെയുന്നു. കഴിഞ്ഞ ജീവിതകാലത്തിന്റെ നന്മതിന്മകളനുസരിച്ച് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ജന്മമെടുത്ത് വിധിയുടെ കല്പനയ്ക്കു വിധേയരായി സുഖദുഃഖങ്ങളെ അഭിമുഖീകരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ക്കനുസൃതമായ സുഖദുഃഖങ്ങള്‍ ആസ്വദിച്ചു കൊണ്ട് ജീവികള്‍ എല്ലായ്പോഴും പഴയ മാര്‍ഗ്ഗത്തിലൂടെ (കര്‍മ്മങ്ങളുടെ അളവിനാല്‍ അളക്കപ്പെട്ട മാര്‍ഗ്ഗം) തിരിച്ചു വരുന്നു. ഇങ്ങനെ പറയുന്ന വൃത്രനോട് ഭഗവാന്‍ ശുക്രന്‍ ചോദിച്ചു: എടോ വൃത്രാസുരാ, നീ എന്താണ് ഇങ്ങനെ അസംബന്ധങ്ങള്‍ പ്രലപിക്കുന്നത്? വൃത്രന്‍ പറഞ്ഞു: അങ്ങ് പ്രത്യക്ഷമായി കണ്ടതാണ്, മഹാശയന്മാരായ വേറെ പലരും കണ്ടതാണ്, ഞാന്‍ പണ്ട് ലോകം മുഴുവന്‍ ജയിക്കണമെന്ന ആഗ്രഹത്തോടെ മഹത്തായ തപസ്സു ചെയ്തത്. സര്‍വ്വ ഭൂതങ്ങളുടേയും രസഗന്ധങ്ങള്‍ വഹിച്ചു വളര്‍ന്ന ഞാന്‍ ആത്മതേജസ്സു കൊണ്ടു മൂന്നു ലോകത്തേയും ആക്രമിച്ചത് അങ്ങും, മറ്റു മഹാശയന്മാരും കണ്ടിട്ടുള്ളതാണ്. ജ്വാലാമാല ചുഴന്നു കൊണ്ട് ഞാന്‍ അംബരത്തില്‍ ചരിച്ചു. ഒരു ഭൂതത്തിനും എന്നെ ജയിക്കുവാന്‍ കഴിഞ്ഞില്ല. ഞാന്‍ അത്രയ്ക്ക് അപ്രതിമപ്രഭാവനായി വളര്‍ന്നു. ഞാന്‍ ആരെയും ഭയപ്പെടാതെ യഥേഷ്ടം സഞ്ച രിച്ചു. അങ്ങനെ മഹത്തായ ഐശ്വര്യം ഞാന്‍ തപസ്സുകൊണ്ടു നേടി. എന്നാല്‍ അതൊക്കെ എന്റെ കര്‍മ്മംകൊണ്ടു തന്നെ ഒഴിഞ്ഞു പോവുകയും ചെയ്തു. ഭഗവാനേ, ധൈര്യത്തെ ആശ്രയിച്ചു കൊണ്ടു വാഴുന്ന ഞാന്‍ കഴിഞ്ഞ ശ്രേയസ്സിനെ ഓര്‍ത്തു ദുഃഖിക്കുന്നില്ല. ഞാന്‍ മഹാത്മാവായ ഇന്ദ്രനോട് പണ്ടു പൊരുതുവാന്‍ നേരിട്ടു. എനിക്ക് ഭഗവാനായ ഹരിയെ, ശ്രീനാരായണനെ, പ്രത്യക്ഷമായി കാണുവാന്‍ കഴിഞ്ഞു. അനന്തന്‍, പുരുഷന്‍, ശുക്ളന്‍, വൈകുണ്ഠന്‍, വിഷ്ണു, ശാശ്വതന്‍, മുഞ്ജകേശന്‍, സര്‍വ്വഭൂതപിതാമഹന്‍ എന്നറിയപ്പെടുന്ന ഭഗവാനെ പ്രത്യക്ഷമായി കാണുവാന്‍ കഴിഞ്ഞു. അന്നു ഞാന്‍ ചെയ്ത തപസ്സിന്റെ അൽപമെങ്കിലും ബാക്കി നിൽപുണ്ടെന്നാണ് എന്റെ ഉറപ്പ്. ഭഗവാനേ, കര്‍മ്മത്തിന്റെ ഫലം ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഏതു വര്‍ണ്ണത്തിലാണ് മഹത്തായ, ഐശ്വര്യധാമമായ ബ്രഹ്മം നില്ക്കുന്നത്? പിന്നെ എങ്ങനെയാണ് ഉത്തമമായ ഐശ്വര്യത്തെ നിവര്‍ത്തിക്കുന്നത്? എന്തിനാലാണ് ഭൂതങ്ങള്‍ ജീവിക്കുന്നതും, മുറയ്ക്കു പ്രവര്‍ത്തിക്കുന്നതും? ശാശ്വതനായ ജീവന്‍ എന്തു ഫലം നേടിയിട്ടാണ് നില്ക്കുന്നത്? ആ ഫലം ലഭിക്കുവാന്‍ എന്തു കര്‍മ്മം ചെയ്യണം? എന്തറിവു നേടണം? അതിനെപ്പറ്റി അങ്ങു വിവരിച്ചുതരേണമേ!
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം വൃത്രന്‍ ചോദിച്ചപ്പോള്‍ മുനീന്ദ്രനായ ശുക്രന്‍ പറഞ്ഞ മറുപടി അല്ലയോ രാജേന്ദ്രാ, നീ അനനൃ ചിത്തനായി സഹോദരന്മാരോടു കൂടി ശ്രദ്ധിച്ചു കേള്‍ക്കുക.
അദ്ധ്യായം 280. വൃത്രഗീത -സനല്‍ക്കുമാരന്‍ വൃത്രന്ന് ജ്ഞാനം ഉപദേശിക്കുന്നു - ശുക്രന്‍ പറഞ്ഞു: ഭഗവാനും ദേവനുമായ ആ ബലശാലിയെ ഞാന്‍ നമസ്കരിക്കുന്നു. ആകാശവും ഭൂമിയും എന്ന പ്രപഞ്ചത്തെ തന്റെ കൈപ്പിടുത്തത്തില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്ന ആ ബലശാലിയെ ഞാന്‍ നമസ്കരിക്കുന്നു. ഹേ ദാനവസത്തമാ, അനന്തമായ സ്ഥാനം ആരുടെ മൂര്‍ദ്ധാവാണോ, ആ വിഷ്ണുവിന്റെ ഉത്തമമായ മാഹാത്മ്യം ഞാന്‍ പറയാം.
ഭീഷ്മൻ പറഞ്ഞു: അവര്‍ ഇപ്രകാരം പറഞ്ഞു കൊണ്ടു നില്ക്കുമ്പോള്‍ മഹാമുനിയും ധര്‍മ്മാത്മാവുമായ സനല്‍ക്കുമാരന്‍ അവരുടെ സംശയം തീര്‍ക്കുന്നതിനു വേണ്ടി അവിടേക്കെഴുന്നളളി. ഉടനെ അസുരേശ്വരനായ വൃത്രനും ശുക്ര മഹര്‍ഷിയും അദ്ദേഹത്തെ സ്വാഗതം ചെയ്തു പൂജിച്ചു. മഹാര്‍ഹമായ പീഠത്തില്‍ ആ മുനിപുംഗവന്‍ ഇരുന്നു. രാജാവേ, അങ്ങനെ ആ പരിപാവനമായ സന്ദര്‍ഭത്തില്‍ പ്രാജ്ഞനായ സനല്‍ക്കുമാര മഹര്‍ഷിയോട് ശുക്രന്‍ ഇപ്രകാരം പറഞ്ഞു; അല്ലയോ മഹര്‍ഷേ, ഈ ദൈത്യേന്ദ്രനോട് ഉത്തമമായ വിഷ്ണുമാഹാത്മ്യം പറഞ്ഞാലും. ഇതു കേട്ട് സനല്‍ക്കുമാരന്‍ ശ്രേഷ്ഠവും പൊരുള്‍ അടങ്ങിയതുമായ വിഷ്ണുമാഹാത്മൃം ധീമാനായ ദൈത്യേന്ദ്രനോട് ഇപ്രകാരം പറഞ്ഞു.
സനല്‍ക്കുമാരന്‍ പറഞ്ഞു: വിഷ്ണുവിന്റെ ഉത്തമമായ മാഹാത്മ്യം അല്ലയോ ദൈത്യാ കേട്ടാലും. വിഷ്ണുവില്‍ ജഗത്തു മുഴുവന്‍ നില്ക്കുന്നതായി ഹേ പരന്തപാ! ധരിച്ചാലും. അല്ലയോ മഹാബാഹോ, സമസ്ത ചരാചരങ്ങളും അടങ്ങുന്ന ഭൂതസഞ്ചയത്തെ സൃഷ്ടിക്കുന്നത് ഇവനാണ്. ഇവന്‍ തന്നെയാണ് അവയെയെല്ലാം യഥാകാലം സംഹരിക്കുന്നത്. എല്ലാ സൃഷ്ടിജാലവും പ്രളയത്തില്‍ അവനില്‍ ചെന്നു ലയിക്കുന്നു. പിന്നെ, എല്ലാം അവനില്‍ നിന്നു തന്നെ ഉത്ഭവിക്കുന്നു. അവനെ നേടുവാന്‍ വേദജ്ഞാനത്താലോ, തപസ്സാലോ, ബലിയാലോ ഹോമത്താലോ സാധിക്കുകയില്ല.
അവനെ പ്രാപിക്കുവാന്‍ ഇന്ദ്രിയനിഗ്രഹം കൊണ്ടേ സാധിക്കൂ. പുറത്തും അകത്തുമുള്ള കര്‍മ്മങ്ങളുടെ ഉള്ളില്‍ അധിവസിക്കുന്ന അവനെ ബുദ്ധിയാല്‍ തെളിയിക്കുന്നവന്‍ ഏവനോ, അവന്‍ ആനന്ദത്തെ പ്രാപിക്കുന്നു. സ്വര്‍ണ്ണപ്പണിക്കാരന്‍ അഗ്നിയിലിട്ടു സ്വര്‍ണ്ണം സ്ഫുടം ചെയ്യുന്ന മാതിരി തന്റെ ബുദ്ധിയില്‍ ആ പരാശക്തിയെ, തെളിയിക്കുന്നവന്‍ തീര്‍ച്ചയായും ആനന്ദത്തെ പ്രാപിക്കും.
താന്‍തന്നെ ചെയ്ത പലപാടുള്ള യത്നത്താല്‍ ജീവന്‍ വിശുദ്ധമാകും. അതിന്നു പല ജന്മങ്ങളില്‍ പല കര്‍മ്മങ്ങളും ചെയ്യേണ്ടി വരും. മഹായത്നം ചെയ്യുകയാണെങ്കില്‍ ഒരു ജന്മം കൊണ്ടു തന്നെ ശുദ്ധനായി മോക്ഷപ്രാപ്തിയുണ്ടാകും. കളിയില്‍പ്പറ്റിയ ചളിയും പൊടിയും തേച്ചുകഴുകിയാല്‍ പോകുന്നതു പോലെ വലിയ യത്നം ചെയ്താല്‍ അതു പോകും. അങ്ങനെയാണ് മഹായത്നം കൊണ്ട് പാപം നീക്കുന്നത്. പിന്നെ, എള്ള്, ഉഴുന്ന് എന്നിവയ്ക്ക് നൈസര്‍ഗ്ഗികമായുള്ള ഗന്ധം മുല്ലപ്പുവോ മറ്റോ കൂട്ടിച്ചേര്‍ത്താല്‍ അതിന്റെ ഗന്ധം അതിനോടു ചേര്‍ന്നുനില്ക്കും. എന്നാലും അതിന്റെ ശരിയായ ഗന്ധം വിടുകയില്ല. അങ്ങനെ സുക്ഷ്മദര്‍ശികള്‍ക്കു കാണുവാന്‍ കഴിയും. അതു പല പുഷ്പം കൊണ്ട് മണമുണ്ടാക്കിത്തീര്‍ത്താല്‍ വീണ്ടും സ്വന്തം ഗന്ധം വിടുകയും പൂവിന്റെ ഗന്ധം പ്രകടമായി പറ്റി നില്ക്കുകയും ചെയ്യും. ഇങ്ങനെ പലപല ജന്മങ്ങളെടുത്ത്, ഗുണങ്ങള്‍ ചേര്‍ത്ത് അഭ്യാസയത്നം കൊണ്ട് ദോഷം അകന്നു പോകും. കര്‍മ്മംകൊണ്ട് അനുരക്തങ്ങള്‍ വിരക്തങ്ങളായിത്തീരും ദാനവാ!
കര്‍മ്മമനുസരിച്ച് വന്നുചേരുന്ന വിശേഷങ്ങളേയും ഞാന്‍ പറയാം, അതും ഭവാന്‍ കേട്ടു കൊള്ളുക. ശരിക്ക് എന്തില്‍ നിന്നുണ്ടാകുന്നുവെന്നും, എന്തില്‍ നിന്നു സ്വീകരിക്കുന്നുവെന്നും പറയാം. എല്ലാം ഞാന്‍ യഥാക്രമം വിവരിക്കാം, നീ മനസ്സു വെച്ചു കേള്‍ക്കുക.
അനാദിനിധനനും, ശ്രീമാനും, ഹരിയും, ദേവനും, പ്രഭുവുമായ നാരായണനാണ് സകല ചരാചരങ്ങളുമടങ്ങിയ ഭൂതങ്ങളെ സൃഷ്ടിക്കുന്നവന്‍. അവന്‍ സര്‍വ്വഭൂതങ്ങളിലും ക്ഷരനും അക്ഷരനുമായി നിലകൊള്ളുന്നു. പതിനൊന്നു വികാരങ്ങളോടു കൂടിയ വികാരാത്മാവായി രശ്മിയാല്‍, ലോകത്തെ ഉള്‍ക്കൊള്ളുന്നു. അവന്റെ പാദങ്ങള്‍ ഭൂമിയും, മൂര്‍ദ്ധാവ് അനന്തമായ ദ്യോവുമാണ്. അവന്റെ കൈകള്‍ ദിക്കുകളാണ്. ചെവി ആകാശമാകുന്നു ദാനവേന്ദ്രാ അവന്റെ തേജസ്സ് സൂര്യനാകുന്നു. മനസ്സ് ചന്ദ്രനില്‍ നില്ക്കു ന്നു, ബുദ്ധി ജ്ഞാനത്തില്‍ നില്ക്കുന്നു, രസം നിത്യം അംഭസ്സില്‍ നില്ക്കുന്നു. ഭൂക്കള്‍ക്കിടയ്ക്കാണ് അസുരോത്തമാ, അവന്ന് ഗ്രഹങ്ങള്‍. അവന്റെ കണ്ണുകള്‍ക്കിടയ്ക്കാണ് നക്ഷത്ര ചക്രവും, കാലുകള്‍ക്കിടയ്ക്കാണ് ഭൂമിയും നില്ക്കുന്നത്. ആ നാരായണനില്‍ നിന്ന് ഉത്ഭവിച്ചതാണ് രജസ്സും, തമസ്സും, സത്വവും.
ആശ്രയങ്ങളുടെ ഫലം ആ നാരായണനാണ്. കര്‍മ്മഫലവും താതാ, അവന്‍ തന്നെയാണ്. അകര്‍മ്മഫലവും അവന്‍ തന്നെ. പരനായ അവ്യയനും അവന്‍ തന്നെ. അവന്റെ രോമങ്ങള്‍ ഛന്ദസ്സുകളാകുന്നു. അവന്റെ അക്ഷരം സരസ്വതിയാകുന്നു. ബഹ്വാശ്രയവും ബഹുമുഖവുമായ ധര്‍മ്മം ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു.
അവന്‍ ബ്രഹ്മമാണ്! അവന്‍ പരമമായ ധര്‍മ്മമാണ്! അവന്‍ തപമാണ്! സത്തും അസത്തും അവന്‍ തന്നെ. അവന്‍ ശ്രുതിയാകുന്നു. അവന്‍ വേദമാകുന്നു. അവന്‍ ബലിപാത്രമാകുന്നു. അവന്‍ പതിനാറ് ഋത്വിക്കുകളാകുന്നു. അവന്‍ ക്രതുവാകുന്നു. അവന്‍ ബ്രഹ്മമാകുന്നു. അവന്‍ വിഷ്ണുവാകുന്നു. അവന്‍ അശ്വിനി ദേവകളാകുന്നു. അവന്‍ പുരന്ദരനാകുന്നു. അവന്‍ മിത്രനാകുന്നു. അവന്‍ വരുണനാകുന്നു. അവന്‍ യമനാകുന്നു.. അവന്‍ കുബേരനാകുന്നു. വേറെ കാണുന്നവരും അവന്‍ തന്നെയാണെന്നറിയപ്പെടുന്നു. ആ ഒരു ദേവന്‍ ഈ ലോകമൊക്കെ പാട്ടിലാകുന്നു. നാനാത്മാവായ അവന്‍ തന്നെയാണ് ഏകാത്മാവായി ഏകത്വം പ്രാപിച്ചു കാണപ്പെടുന്നത്. ജീവിവിജ്ഞാനത്താല്‍ അവനെ കണ്ടു കഴിഞ്ഞാല്‍ പിന്നെ, അവന്‍ ബ്രഹ്മപ്രകാശമായിത്തീരുന്നു.
ഒരു സൃഷ്ടിസ്ഥിതിസംഹാരത്തിന്റെ കാലത്തിന് കല്പം എന്നു പേര് കൊടുത്തിരിക്കുന്നു. ആയിരം കോടി ജീവജാലങ്ങളാണ് ഒരു കല്ലത്തില്‍ സ്ഥിതി ചെയ്യുന്നത്. സ്ഥാവരങ്ങളും അത്ര തന്നെയുണ്ട്. ഒരു സൃഷ്ടി നടക്കുന്ന കാലയളവിനെ അനേകായിരം തടാകങ്ങളോട് ഉപമിക്കാം. എടോ ദൈത്യാ, സങ്കല്പിക്കുക. ഒരു യോജന വീതിയും, ഒരു ക്രോശം കുണ്ടും, അഞ്ഞൂറു യോജന നീളവും ഓരോ പൊയ്കയ്ക്കുമുണ്ടെന്നു കാണുക. ഒരു രോമത്തിന്റെ തുമ്പ് പൊയ്കയിലെ വെള്ളത്തില്‍ ദിവസത്തില്‍ ഒരു പ്രാവശ്യം വീതം മുക്കിയെടുത്താല്‍ ആ പൊയ്കയിലെ ജലം വറ്റിക്കുവാന്‍ എത്രത്തോളം കാലയളവു വേണമോ അത്ര ദിവസം കൂടിയതാണ് ഒരു സൃഷ്ടിയുടെ കാലയളവ്. ഒരു കൽപകാലം.
ഹേ ദാനവരാജാവേ, ഈ ജീവികള്‍ക്കെല്ലാം ആറു വര്‍ണ്ണങ്ങളുണ്ട്. ഈ ആറു വര്‍ണ്ണങ്ങളില്‍ ശുക്ലവര്‍ണ്ണം സര്‍ വ്വ ശ്രേഷ്ഠമാകുന്നു. അതു കേവലം നിര്‍മ്മലം മാത്രമല്ല. മറിച്ച് ശോകവും ഗ്ലാനിയും ഇല്ലാത്തതു മൂലം പ്രവൃത്തി മാര്‍ഗ്ഗത്തില്‍ നിന്നു തെറ്റി നില്ക്കുന്നതുമാണ്. പരിണാമത്തില്‍ മോക്ഷപ്രദവുമാണ്. ഹേ ദൈത്യേനദ്രാ! ജീവന്‍ ആയിരം യോനികളില്‍ ജന്മമെടുത്ത ശേഷം അവസാനം സിദ്ധിയെടുക്കുന്നു. വളരെ ഉത്തമങ്ങളായ ശാസ്ത്രങ്ങളുടെ ജ്ഞാനം ലഭിച്ച ശേഷം പ്രാണികളുടെ ഗതി വര്‍ണ്ണത്തിന്റെ ആധാരത്തില്‍ അവലംബിതമായിരിക്കുന്നു. വര്‍ണ്ണത്തിന്റെ ആധാരം വേറെ വേറെ കാലങ്ങളിലെ കര്‍മ്മങ്ങളില്‍ സ്ഥിതി ചെയ്യുന്നു. കാലം കാരണം പ്രാണികള്‍ക്കു ഗതി ലഭിക്കുകയും ചെയ്യുന്നു. ഹേ ദൈത്യേന്ദ്രാ! ജീവന്റെ ഗതി നിയമിതമാണ്. സോപാനാരോഹണ ക്രമത്തോടു കൂടി ഈ ലോകത്തില്‍ ലക്ഷം പ്രാവശ്യം ജീവന്‍ ഊര്‍ദ്ധ്വഗതി പ്രാപിക്കുന്നു. അതിന്നനുസൃതമായിത്തന്നെ അതിന്റെ സ്ഥിതിയും അധോഗതിയും മനസ്സിലാക്കണം. കൃഷ്ണവര്‍ണ്ണം സ്ഥാവരത്വപ്രഭമാക്കിയിട്ട് അതിന്റെ അധോഗതി തുടങ്ങുന്നു. ജീവനെ പതിന്നാലു വൃത്തികള്‍ കുമാര്‍ഗ്ഗഗാമികളാക്കി അനേക കൽപങ്ങള്‍ വരെ നരകത്തില്‍ താഴ്ത്തി നിര്‍ത്തുന്നു. ഇതു വിദ്വാന്മാരുടെ മതമാണ്. നൂറായിരം വര്‍ഷങ്ങള്‍ വരെ സ്ഥാവര യോനി രൂപം നരകത്തില്‍ വസിച്ച്, ജീവന്‍, തിര്യക് യോനി രൂപമെടുക്കുന്നു. ഈ യോനിയില്‍ ദീനനായി ചൂടു സഹിച്ചു കൊണ്ട് അനേക വര്‍ഷങ്ങള്‍ കഷ്ടം അനുഭവിക്കുന്നു. എപ്പോള്‍ ദൈവയോഗം കൊണ്ട് അവന്റെ പാപങ്ങളുടെ നാശം സംഭവിക്കുന്നുവോ, പൂര്‍വ്വകൃതമായ പുണ്യങ്ങളുടെ ഫലം ഉദിക്കുകയും ചെയ്യുന്നുവോ, അപ്പോള്‍ അവന്റെ മനസ്സില്‍ വിവേകത്തിന്റെ ഉദയമുണ്ടാകുന്നു. എപ്പോള്‍ ജീവനില്‍ സത്വഗുണം ഉണ്ടാകുന്നുവോ അപ്പോള്‍ അവന്‍ തന്റെ ബുദ്ധിയില്‍ നിന്നു തമോഗുണത്തെ ഉപേക്ഷിച്ച് ശ്രേയസ്സുണ്ടാകുന്നതിന് വേണ്ടിയുള്ള പ്രയത്നം ചെ യ്യുന്നു. അപ്പോള്‍ അവന്‍ രക്തവര്‍ണ്ണമുള്ളവനായിത്തീരുന്നു. ഈ സമയത്തു പോലും ജീവന് സത്വഗുണത്തെ പ്രാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജീവൻ ഈ ലോകത്തില്‍ തുടര്‍ച്ചയായി ജന്മമെടുക്കുകയും മരിക്കുകയും ചെയ്യുന്നു. ഈ സമയം അതു നീലവര്‍ണ്ണമായിത്തീരുന്നു. ജീവന്‍ ഈ മര്‍ത്ത്യലോകത്തില്‍ ഉടലെടുക്കുന്നു. ഇവിടെ മരിക്കുകയും ജീവിക്കുകയും ചെയ്ത് വിധിനിഷേധരൂപകര്‍മ്മങ്ങളുടെ ബന്ധനം മൂലം ദുഃഖമുള്ളവരായിത്തീരുന്നു. നൂറായിരംകൽപം വര്‍ഷം കൊണ്ട് പീതവര്‍ണ്ണത്തെ, ദേവത്വത്തെ സമ്പാദിക്കുന്നു. ഈ അവസ്ഥയില്‍ സഹസ്ര കൽപം വരെ താമസിച്ചു കൊണ്ട് അതിന് വീണ്ടും മനുഷ്യത്വം കിട്ടുന്നു. ആ മനുഷ്യന്‍ അപ്പോള്‍ ദേവത്വത്തെ പ്രാപിക്കുന്നു. പീതവര്‍ണ്ണത്തെ പ്രാപിച്ച് അവന്‍ ദേവരൂപത്തോടു കൂടി ക്രീഡ ചെയ്തു കൊണ്ടും ജീവന്‍ സഹസ്രകൽപം യാത്ര ചെയ്യുന്നു. ഇത്രയും കാലം അതു നരകത്തില്‍ കഴിയുന്നു. മുമ്പു ചെയ്ത കര്‍മ്മങ്ങളുടെ ഫലം അതനുഭവിക്കുകയും ചെയ്യുന്നു. അത് പത്തൊമ്പതിനായിരം യോനികളില്‍ ഭ്രമണം ചെയ്യുന്നു. അപ്പോള്‍ ആ സ്വര്‍ഗ്ഗരൂപി നരകത്തില്‍ നിന്ന്, അതായത്, ദേവയോനിയില്‍ നിന്നു ജീവന്‍ എടുക്കുന്നു. ഭിന്നങ്ങളായ വര്‍ണ്ണങ്ങള്‍ക്ക് അനുസൃതമായി ജീവന്നു ജന്മം കൊടുക്കുകയും ചെയുന്നു.
ജീവന്‍ ദേവത്വം സ്വീകരിച്ച് അനേക കൽപങ്ങള്‍ വരെ ദേവലോകത്തില്‍ വസിച്ചു കൊണ്ട് എല്ലായ്പോഴും വിഹരിച്ച് കഴിച്ചു കൂട്ടുന്നു. പുണ്യം ഭുജിച്ചു കൊണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ചു വീണ്ടും മനുഷ്യയോനിയില്‍ ജന്മമെടുക്കുന്നു. എന്നാല്‍ കാലം കൊണ്ട് പ്രേരിതമായിട്ട് അതു മനുഷ്യയോനിയില്‍ നിന്ന് വീണ്ടും ഭ്രഷ്ടമായിത്തീരുന്നു. അപ്പോള്‍ അതിന്റെ വര്‍ണ്ണം കറുത്തതാകുന്നു, അപ്പോള്‍ ഏറ്റവും നീചമായ യോനിയില്‍ അതു ജന്മമെടുക്കുകയും ചെയ്യുന്നു.
ഹേ അസുരേന്ദ്രാ! ഇപ്പോള്‍ ഞാന്‍ നിനക്ക് ഇതു പറഞ്ഞു തരുന്നു. ജീവന്ന് സിദ്ധി എപ്രകാരമാണ് കിട്ടുന്നത് എന്ന്. ഏതൊരു ജീവന്‍ മുമുക്ഷുവാണോ അത് സത്വഗുണമുള്ളതാണ്. എഴുന്നൂറ് വ്യൂഹങ്ങളെ ആശ്രയിച്ചു സത്വഗുണ പ്രധാനമായ ജീവന്‍ ആദ്യം രക്തവര്‍ണ്ണം എടുക്കുന്നു. പിന്നെ പീതവര്‍ണ്ണവും ഏറ്റവും അവസാനം ശുക്ലവര്‍ണ്ണവും എടുക്കുന്നു. ജീവന്‍ ക്രമത്തില്‍ അര്‍ച്ചനീയമായ ലോകങ്ങളില്‍ നിര്‍മ്മലവും, തേജോമയവുമായ മോക്ഷപദത്തെ തേടുന്നു. ആ പദത്തിന്നു താഴെയായി പൂജ്യമായ എട്ടു ലോകങ്ങളുണ്ട്. മുന്‍പറഞ്ഞ എട്ടും, മഹാത്മാക്കള്‍ക്ക് മനസ്സിന്റെ സൃഷ്ടിയായി അറിയുന്നു. മൂന്നു തരത്തിലുള്ള ബോധങ്ങളേയും (ജാഗ്രത, സ്വപ്നം, മരണം) അതിലംഘിച്ച് പരമമായ ശ്വേതാവസ്ഥയിലെത്തുന്നു.
ഹേ രാജാവേ! ശുക്ലവര്‍ണ്ണം ഏത് ഉത്കൃഷ്ടമായ ഗതിയെ പ്രാപിക്കുന്നുവോ, ആ ഗതി ജാഗ്രത്തും, സ്വപ്നവും, സുഷുപ്തിയുമായ അവസ്ഥകളേക്കാള്‍ ഉത്തമമാണ്. ശുക്ലവര്‍ണ്ണത്തിന് നാലാമത്തേതായ ശ്രേഷ്ഠമായ അവസ്ഥ ലഭിക്കുന്നു (വേദാന്തപ്രകാരം ആത്മാവ് ബ്രഹ്മത്തില്‍ ലയിക്കുന്ന അവസ്ഥ). യാതൊരു യോഗി യോഗത്തിന്റെ ഐശ്വരൃംകൊണ്ട് പ്രാപ്തമായ ദിവ്യഭോഗങ്ങളെ തൃജിക്കുന്നതിന്ന് അസമര്‍ത്ഥനാകുന്നുവോ, ആ യോഗി നൂറു കൽപങ്ങള്‍ വരെ അപ്രിയങ്ങളായ പ്രാരാബ്ധങ്ങള്‍ അനുഭവിക്കുന്നതിന് വേണ്ടി ഒരേ ശരീരങ്ങളില്‍ വസിക്കുന്നു. പിന്നെ യോഗബലം കൊണ്ട് മഹർ, ജനം, തപം, സത്യം, എന്നീ നാലു ലോകങ്ങളില്‍ പോകുന്നു. പിന്നെ ശുക്ലവര്‍ണ്ണമുള്ള ജീവന്‍ മറ്റു സിദ്ധികളെ പ്രാപിക്കുന്നു. ഈ നാലാമത്തെ അവസ്ഥ, സിദ്ധരഹിതനും രാഗാദിദോഷങ്ങള്‍ നഷ്ടപ്പെട്ടവനുമായ ജീവന് ലഭിക്കുന്നു.
യാതൊരു യോഗി യോഗത്തിന്റെ യഥേഷ്ടമായ പാലനം ചെയ്യാന്‍ കഴിവില്ലാത്തവനാണോ, അയാള്‍ യോഗഭ്രഷ്ടനായി പറയപ്പെടുന്നു. യോഗ്രഭഷ്ടനായ പുരുഷന്‍ നൂറു കൽപങ്ങള്‍ വരെ അവശേഷിച്ച പുണ്യഫലം അനുഭവിക്കുന്നതിനു വേണ്ടി സ്വര്‍ഗ്ഗത്തില്‍ താമസിക്കുന്നു. പുണൃഫലം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പിന്നെ മനുഷ്യജന്മം എടുക്കുകയും ചെയ്യുന്നു. എന്നാല്‍ പൂർവ്വജന്മത്തിന്റെ യോഗാഭ്യാസം മൂലം ഇത് ക്രമത്തില്‍ ഉത്തമോത്തമലോകങ്ങളില്‍ ചലിക്കുന്നു. യോഗിയായ പുരുഷന്‍ ഏഴു പ്രാവശ്യം ലോകങ്ങളില്‍ ചുറ്റിക്കറങ്ങുന്നു.
ഏതൊരു യോഗി, അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും, അങ്ങനെ ഏഴു തത്വങ്ങളുടെ ദുഃഖം ഇപ്രകാരം ശോകത്തിന്റെ ബീജമായി മനസ്സിലാക്കി ജ്ഞാനമാര്‍ഗ്ഗത്തില്‍ അവയ്ക്ക് നാശം വരുത്തിക്കൊണ്ട് ഈ ജീവലോകത്തില്‍ ശോകമോഹങ്ങളില്‍ നിന്നു മുക്തമായി നില കൊള്ളുന്നുവോ, ആ പുരുഷന്‍ പരിണാമരഹിതനായി മൂന്നു പ്രകാരത്തിലുള്ള പരിച്ഛേദങ്ങളില്‍ നിന്ന് ശൂന്യങ്ങളായ സ്ഥാനങ്ങളില്‍ പോകുന്നു. ഈ സ്ഥാനത്തെ വിഷ്ണുവിന്റേയും, മഹാദേവന്റേയും ബ്രഹ്മാവിന്റേയും, അനന്തന്റേയും, നരന്റേയും ചിത്തത്തിന്റേയും സര്‍വ്വവ്യാപിയായ, ചൈതന്യമായ പരബ്രഹ്മത്തിന്റെയുമായി പറയപ്പെടുന്നു. ഈ സംസാരം നഷ്ടമാകാന്‍ തുടങ്ങുമ്പോള്‍, ജ്ഞാനം വഴി സ്ഥൂലവും, സൂക്ഷ്മവും കാരണം ശരീരത്തിന്റെ ലയം പ്രാപിക്കുന്നു. പ്രജാ ജനനവും, ചേഷ്ടാശീലവും, ഇന്ദ്രിയങ്ങളും ബ്രഹ്മലോകത്തില്‍ നിന്ന് ഭിന്നപ്രകൃതി തുടങ്ങി എല്ലാം ബ്രഹ്മത്തിലും ലയിച്ചു ചേരുന്നു. പ്രളയത്തിന്റെ സമയത്ത് യാതൊരു ജീവന്‍ ദേവതയായി ഭവിക്കുന്നുവോ, ഏതൊരു ജീവന്‍ തന്റെ കര്‍മ്മങ്ങളുടെ പൂര്‍ണ്ണ രീതിയില്‍ ചേര്‍ന്ന് വസിക്കുകയും ചെയ്യുന്നില്ലയോ, അവര്‍ക്ക് ആ കൽപത്തിലും കൂടി ആ സ്ഥാനം തന്നെ ലഭിക്കുന്നു. ഈ ഗതി പ്രത്യേക കൽപത്തിന്റെ പ്രളയത്തിലും ഉത്ഥാനത്തിലും ഉണ്ടാകുന്നു. ഏതൊരു ജീവന്റെ കര്‍മ്മഫലങ്ങള്‍ പ്രളയകാലത്തില്‍ പൂരിതമാകുന്നുവോ, അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് മര്‍ത്ത്യലോകത്തില്‍ ജന്മമെടുക്കുന്നു. എന്തുകൊണ്ടെന്നാല്‍ അനേകം പ്രളയം ഉണ്ടായിട്ടു കൂടി കര്‍മ്മഫലങ്ങളുടെ നാശം തത്വജ്ഞാനം ഇല്ലാതെ സംഭവിക്കുന്നില്ല. ഏത് ജീവന്റെ രൂപവും, ബലവും സമാനങ്ങളാണോ, ആ ഉത്തമ ജീവനു കൂടി സിദ്ധലോകത്തില്‍ നിന്ന് ഭ്രഷ്ടമായി തന്റെ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ ഭുജിക്കുന്നു. പിന്നീട് ഊര്‍ദ്ധ്വലോകങ്ങളില്‍ പോവുകയും ചെയ്യുന്നു. ഈ പ്രകാരത്തിൽ ഒരു കൽപത്തില്‍ക്കൂടി ജീവന്‍ തുടര്‍ച്ചയായി ഉത്തമവും അധമവുമായ ഗതിയെ പ്രാപിക്കുന്നു.
ബ്രഹ്മവേത്താവായ പുരുഷന്‍ എത്രകാലം പ്രാരബ്ധകര്‍മ്മത്തെ ഭുജിക്കുന്നുവോ, അത്രകാലം അയാളുടെ ശരീരത്തില്‍ എല്ലാ പ്രജകളുടെയും, രണ്ട് നിര്‍മ്മല വിദ്യകളുടെയും വാസം ഉണ്ടാകുന്നു. എപ്പോള്‍ അവന്‍ ശോകത്തില്‍ നിന്ന് തന്റെ ചിത്തത്തെ ശുദ്ധമാക്കി സംയമനത്തെ ചെയ്യുന്നുവോ, അപ്പോള്‍ അവന്‍ പഞ്ചമഹാഭൂതരുപം ജഗത്തിനെ തന്റെ അഞ്ചിന്ദ്രിയങ്ങളുടെപോലെ മനസ്സിലാക്കുന്നു. ഏതൊരു ബ്രഹ്മജ്ഞനായ പുരുഷന്‍ ശുദ്ധമനസ്സോടെ പരമ പവിത്ര ഗതിയെ അറിയാന്‍ ആഗ്രഹിക്കുന്നുവോ, അവന് പരമശുദ്ധഗതി ലഭിക്കുന്നു. അവിടെ ബ്രഹ്മത്തിന്റെ സാക്ഷാത്കാരം സ്വീകരിച്ച് അത് അവിനാശിയായി സ്ഥാനത്തില്‍ പ്രവേശിക്കുന്നു. ആ സ്ഥാനം ബ്രഹ്മരൂപവും, സനാതനവും, ദുഷ്പ്രാപ്യവുമാണ്.
ഹേ ദൈത്യരാജാ! ഞാന്‍ നിങ്ങളോട് ഇപ്രകാരം നാരായണന്റെ മഹത്വത്തെപ്പറ്റി പറഞ്ഞു.
വൃത്രാസുരന്‍ പറഞ്ഞു: "ഭഗവാനേ, അങ്ങ് ഇപ്പോള്‍ എന്നോട് പറഞ്ഞു, ഈ ജഗത്ത് മനോമാത്രരൂപമുള്ളതാണ്. അതുകൊണ്ട് എനിക്ക് ഖേദമില്ല" എന്ന്. അങ്ങു പറഞ്ഞത് ശരിതന്നെ. അങ്ങയുടെ സംഭാഷണം കേട്ട് എന്റെ ദുഃഖം അകന്നു പോകുകയും ഞാന്‍ നിഷ്‌പാപനായിത്തീരുകയും ചെയ്തിരിക്കുന്നു. ഹേ മഹര്‍ഷേ! അനന്തനും മഹാകാന്തിമാനുമായ വിഷ്ണുവിന്റെ അമിത പരാക്രമിയായ ചക്രമാണ് ഇത്. ഇതിനെ ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നു. ഇതിന് ശാശ്വതസ്ഥാനത്തില്‍ നിന്നുള്ള സൃഷ്ടി, സ്ഥിതി, പ്രലയം, ഇവ സംഭവിക്കുന്നു. ഈ വിഷ്ണു മഹാത്മാവും. പുരുഷ ശ്രേഷ്ഠനുമാകുന്നു. മുഴുവന്‍ ജഗത്തും അദ്ദേഹത്തില്‍ സ്ഥിതി ചെയ്യുന്നു.
ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ വൃത്രാസുരന്‍ ശരീരത്യാഗം ചെയ്ത് തന്റെ ആത്മാവിനെ പരമാത്മാവില്‍ ലയിപ്പിച്ചു; പര്രബഹ്മത്തെ പ്രാപിക്കയും ചെയ്തു.
യുധിഷ്ഠിരന്‍ ചോദിച്ചു: ഹേ പിതാമഹാ! മുമ്പുതന്നെ സനത്കുമാരന്‍ വൃത്രാസുരന് ഏതൊരു വിഷ്ണുഭഗവാനെ സംബന്ധിച്ച് ഉപദേശം കൊടുത്തുവോ, ആ ജനാര്‍ദ്ദനനായ ഭഗവാന്‍ ഈ ശ്രീകൃഷ്ണന്‍ തന്നെയാണോ? അങ്ങ് എനിക്ക് ഇതു പറഞ്ഞുതന്നാലും.
ഭീഷ്മൻ പറഞ്ഞു; ഹേ ധര്‍മ്മരാജാവേ! ആറ് ഐശ്വ രൃങ്ങളോടു കൂടിയ മഹാദേവന്‍ തന്റെ തേജസ്സു കൊണ്ട് മൂല പ്രകൃതിയില്‍ സ്ഥിതി ചെയുന്നു. പരമാത്മാവ് അവിടെ വസിച്ച് തന്റെ ശക്തി കൊണ്ടു വിവിധ രൂപങ്ങളെ ധരിച്ച്, ഭാവങ്ങളുടെ രചനയെ ചെയ്യുന്നു. ഈ കേശവനെ, മൂലപ്രക്യതിയിൽ താമസിക്കുന്ന ചൈതന്യരൂപനായ പരമാത്മാവിന്റെ എട്ടില്‍ ഒരു ഭാഗം കൊണ്ട് ഉണ്ടായതായി മനസ്സിലാക്കണം. ഈ ഭഗവാനായ കേശവന്‍ തന്റെ എട്ടില്‍ ഒരംശം കൊണ്ട് മൂന്നു ലോകങ്ങളേയും സൃഷ്ടിച്ചു. സമ സ്യഷ്ടിയായതും, കാര്യാത്മകവുമായ ഈശ്വരന്‍ അവിനാശിയാണ്. എങ്കിലും കൽപാന്തത്തില്‍ അദ്ദേഹത്തിന്റെ സ്വരൂപം പരിവര്‍ത്തിതമായിത്തീരുന്നു.
ഈ ഭഗവാന്‍ കൃഷ്ണന്‍ വലിയ ബലവാനും, സമര്‍ത്ഥനുമാണ്. വിശ്വത്തിന്റെ പ്രളയം ഉണ്ടാകുമ്പോള്‍ ഇദ്ദേഹം ജലത്തില്‍ കിടക്കുന്നു. സനാതനലോകങ്ങളില്‍ ചുറ്റിക്കറങ്ങുന്ന വിശുദ്ധാത്മാക്കളുടേയും, ബ്രഹ്മാവിന്റേയും. ശിവാദികളുടെയും വിധാതാവാകുന്നു. ഈ അനന്തമായ പരമാത്മാവ്; സമസ്‌ത കാരണങ്ങളേയും തന്റെ സ്ഫൂര്‍ത്തിയെ കൊടുത്തിട്ടു പൂര്‍ണ്ണമാക്കുന്നു. ഇത് സദാ ഏകരൂപമായിട്ടു കൂടി മായോപാധികനായ ശ്രീകൃഷ്ണരൂപത്തോടു കൂടി ലോകങ്ങളില്‍ ഭ്രമണം ചെയ്യുന്നു. പക്ഷേ, ഇത് എല്ലാം ആയിട്ടും ഇത് നമ്മളുടെ നേരെയുള്ള ഉപാധി ധര്‍മ്മത്തോട് ബന്ധിക്കപ്പെട്ടതല്ല. ഇതാകട്ടെ എല്ലാറ്റിനെയും ധരിക്കുന്നു. അഹങ്കാരത്തിന്റെ വശത്തില്‍ വസിക്കാതെ, ജഗത്തിന്റെ സൃഷ്ടിയെ ചെയ്യുകയും ചെയ്യുന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ പരമാര്‍ത്ഥജ്ഞനായ പിതാമഹന്‍! എനിക്കു മനസ്സിലാകുന്നുണ്ട് വൃത്രാസുരന്‍ ആത്മാവിന്റെ ഉത്തമമായ ഗതിയെ മൂന്‍കൂട്ടി അറിഞ്ഞുവെന്ന്. ഇതുകൊണ്ടുതന്നെ അയാള്‍ സുഖിയായിത്തീര്‍ന്നു; ദുഃഖിച്ചതുമില്ല. ഏതൊരു ജീവന്‍ ശുക്ളവര്‍ണ്ണത്തോടു കൂടിയ ശുക്ളവംശത്തില്‍ ഉത്ഭവിച്ച് സാധ്യന്‍ എന്നു പേരായ ദേവതയായിത്തീര്‍ന്നുവോ, ഏതൊരു തിര്യക്കായ യോനി നരകത്തില്‍ നിന്ന് പുറംതള്ളപ്പെടുന്നുവോ, അതു വീണ്ടും ഈ ലോകത്തില്‍ ജന്മമെടുക്കുന്നില്ല. ഹേ രാജന്‍! ഏതൊരു ജീവന്‍ പീതവര്‍ണ്ണത്തോടു കൂടിയതാണോ,അല്ല രജോഗുണിയും തമോഗുണിയുമായി ഭവിക്കുന്നുവോ, രക്തവര്‍ണത്തോടു കൂടിയതുമാണോ, അതിന്റെ രജോഗുണവും തമോഗുണവും എപ്പോള്‍ സമമായിത്തീരുന്നുവോ, അപ്പോള്‍ അത് പ്രവൃത്തിയുടെ പ്രബലത കൊണ്ട് തിര്യക്കായ യോനിയെ പ്രാപിക്കുന്നു. ഞാന്‍ എന്റെ കാര്യങ്ങളെപ്പറ്റി എപ്പോള്‍ ചിന്തിക്കുന്നുവോ, അപ്പോള്‍ ഞാന്‍ എന്നെത്തന്നെ പീതവര്‍ണ്ണത്തില്‍ നിന്നു ഭ്രഷ്ടമാക്കുന്നു; അസുഖപ്രദവും സുഖ ദുഃഖങ്ങളില്‍ ആസക്തവുമായ കേവലമായ രജോഗുണ പ്രധാനമായ രക്തവര്‍ണ്ണത്തില്‍ വെക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മള്‍ നീലവര്‍ണ്ണത്തെയോ കറുത്തവര്‍ണ്ണത്തെയോ പ്രാപിക്കുക എന്ന് എനിക്കറിഞ്ഞുകൂടാ. ഏത് ഗതിയെ പ്രാപിക്കും എന്ന്.
ഭീഷ്മന്‍ പറഞ്ഞു: നിങ്ങളുടെ ജന്മം ശുദ്ധവംശത്തില്‍ ഭവിച്ചിരിക്കുന്നു. ഭവാന്‍ ഉത്തമനായ വ്രതധാരിയാണ്. അതു കൊണ്ട് ഭവാന്‍ ദേവതമാരുടെ ലോകത്തില്‍ വിഹരിച്ചു കൊണ്ട് വീണ്ടും മര്‍ത്ത്യലോകത്തില്‍ വരും. എത്രകാലം ഈ സൃഷ്ടി ഉണ്ടാകുമോ അത്രയുംകാലം ഭവാന്‍ ജഗത്തില്‍ വിഹരിച്ചാലും. കൂടാതെ സുഖത്തോടുകൂടി സ്വര്‍ഗ്ഗലോകത്തില്‍ പോവുകയും ദിവ്യസുഖങ്ങളെ ആസ്വദിക്കുകയും, സിദ്ധന്മാരില്‍ ചേരുകയും ചെയ്യുക. നിങ്ങള്‍ എല്ലാ ലോകത്തേയും വിമലമാക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതില്ല.
അദ്ധ്യായം 281. വൃത്രവധം - ഇന്ദ്രനും വൃത്രനും തമ്മില്‍ നടന്ന യുദ്ധം - യുധിഷ്ഠിരന്‍ പറഞ്ഞു: അമ്പോ! വമ്പനായ വൃത്രാസുരന്റെ ധര്‍മ്മിഷ്ഠത്വം പ്രശംസാര്‍ഹം തന്നെ! അവന്റെ ജ്ഞാനവും വിഷ്ണുഭക്തിയും അതുല്യം തന്നെ. തേജസ്സേറുന്ന വിഷ്ണുവിന്റെ പദം അല്ലയോ: താതാ, അറിയുവാന്‍ പ്രയാസമുള്ളതാണ്. അല്ലയോ രാജപുംഗവാ, അവന്‍ എങ്ങനെയാണ് ആ പദത്തെക്കുറിച്ചുള്ള ജ്ഞാനം സമ്പാദിച്ചത്? അങ്ങു പറഞ്ഞ ആ അച്യുതമായ, നാശമില്ലാത്ത, അതില്‍ ഞാന്‍ ശ്രദ്ധിക്കുന്നു. അവ്യക്തത്തെ കാണുവാന്‍ വിണ്ടും എനിക്ക് ബുദ്ധി ജനിച്ചിരിക്കുന്നു.
അല്ലയോ പുരൂഷര്‍ഷഭാ, ദേവേന്ദ്രന്‍ എങ്ങനെ വൃത്രനെ കൊന്നു? അവന്‍ വിഷ്ണുഭക്തനും, തത്വവേദിയും ധര്‍മ്മിഷ്ഠനും പരബ്രഹ്മത്തെ പ്രാപിച്ചവനുമായിരുന്നില്ലേ? എന്നിട്ടും അവനെ എന്തിനു കൊന്നു? എങ്ങനെ കൊന്നു? അല്ലയോ ഭരതര്‍ഷഭാ! ഞാന്‍ ചോദിച്ച ഈ സംശയത്തിന്ന് മറുപടി പറയുക!
ഹേ രാജശാര്‍ദ്ദൂലാ, ദേവേന്ദ്രന്‍ വൃത്രനെ കൊന്നത് ഏതു വിധത്തിലാണെന്ന്, യുദ്ധം നടന്നത് എങ്ങനെയാണെന്ന് അല്ലയോ പിതാമഹാ, വിവരിച്ചു പറഞ്ഞാലും. കേള്‍ക്കുന്നതിന് വലിയ ആഗ്രഹമുണ്ട്.
ഭീഷ്മൻ പറഞ്ഞു: പണ്ട് ഇന്ദ്രന്‍ തേരുമായി ദേവസമൂഹങ്ങളോടൊത്ത് വൃത്രന്റെ നേരെ യുദ്ധത്തിനു ചെന്നു. അപ്പോള്‍ വൃത്രന്‍ പര്‍വ്വതം പോലെ നില്ക്കുന്നതായി ഇന്ദ്രന്‍ കണ്ടു. വൃത്രന്റെ രൂപം ഭയങ്കരമായി കാണപ്പെട്ടു. അഞ്ഞൂറു യോജന പൊക്കവും മൂന്നു യോജന വിസ്മാരവുമായി നില്ക്കുന്ന അരിന്ധമനായ വൃത്രന്റെ രൂപത്തെ, ത്രൈലോക്യ ദുർജ്ജയമായ വൃത്രരൂപത്തെ അപ്രകാരം കണ്ടപ്പോള്‍ ദേവകളൊക്കെ പേടിച്ചു വിറച്ചു പോയി. അവര്‍ക്ക് ഒരു വിധത്തിലും ശാന്തി ലഭിച്ചില്ല. അവര്‍ പരക്കം പാഞ്ഞു തുടങ്ങി. വൃത്രന്റെ ആ മഹാരൂപം കണ്ടയുടനെ ഭയപ്പെട്ട ശക്രന് ഊര് സ്‌തംഭം ഉണ്ടായി. (ഊര് സ്‌തംഭം എന്നത് അരക്കെട്ടും തുടയും സ്തംഭിച്ചു മരവിച്ചു ചലിക്കുവാന്‍ വയ്യാതാക്കുന്ന ഒരു വാതരോഗമാണ്) എന്നാലും വാനവന്മാര്‍ വൃത്രനോട് യുദ്ധം തുടങ്ങി. ഉടനെ വലിയ നാദങ്ങളും വാദൃഘോഷങ്ങളും തുടങ്ങി. ശക്രന്‍ യുദ്ധസന്നദ്ധനായി നിൽക്കുന്നത് കണ്ടപ്പോള്‍ വൃത്രന് യാതൊരു കൂസലുമുണ്ടായില്ല. വെമ്പലോ, ഭയമോ, തോന്നിയില്ല.
മൂന്നു ലോകങ്ങളേയും വിറപ്പിക്കുന്ന ഘോരമായ യുദ്ധം സുരേന്ദ്രനായ ഇന്ദ്രനും, മഹാത്മാവായ വൃത്രനും തമ്മില്‍ നടന്നു. വാള്‍, വേല്‍, ശൂലം. തോമരം, മുള്‍ഗരം, പട്ടസ, മാത്രമല്ല പലതരം പാറകള്‍, വലിയ ശബ്ദമുണ്ടാക്കുന്ന വില്ലുകള്‍, പലതരം ആയുധങ്ങള്‍, കത്തിജ്ജ്വലിക്കുന്ന തീക്കൊള്ളികള്‍ എന്നിവ കൊണ്ടുള്ള യുദ്ധംമൂലം സർവ്വത്ര കിടിലം കൊണ്ടു.
ബ്രഹ്മാവ് മുതലായ ദേവവര്‍ഗ്ഗവും, മഹായോഗ്യരായ ഋഷിമാരും ആ യുദ്ധം കാണുവാന്‍ വന്നു ചേര്‍ന്നു. വിമാനത്തില്‍ക്കയറി സിദ്ധന്മാരും വന്നു ചേര്‍ന്നു. അങ്ങനെ തന്നെ വിമാനത്തില്‍ ഗന്ധര്‍വ്വന്മാരും, അപ്സരസ്ത്രീകളും എത്തി. ഉടനെ ധര്‍മ്മിഷ്ഠ സത്തമനായ വൃത്രന്‍ ആകാശമടയുമാറ് പെട്ടെന്ന് വലിയ പാറകള്‍ വര്‍ഷിച്ച് ദേവരാജാവിനെ മൂടി. ഉടനെ കോപിച്ച് ദേവസൈന്യങ്ങള്‍ ശരവൃഷ്ടി കൊണ്ട് വൃത്രന്‍ പ്രയോഗിച്ച ശിലാവര്‍ഷം അകറ്റി. അല്ലയോ കുരുശാര്‍ദ്ദൂലാ, മഹാമായയോടു കൂടിയവനും, മഹാബലനുമായ വൃത്രന്‍ മായായുദ്ധം കൊണ്ട് മഹേന്ദ്രനെ മോഹിപ്പിച്ചു. വൃത്രന്‍ പീഡിപ്പിച്ച ശക്രന് വലിയ ബോധക്കേട് ബാധിച്ചു. ഉടനെ വസിഷ്ഠന്‍ രഥാന്തരമെന്ന സാമഗാനം പാടി (ഒരു മന്ത്രം) അവന് ബോധം നൽകി.
വസിഷ്ഠന്‍ പറഞ്ഞു; അല്ലയോ ദേവേന്ദ്രാ, നീ ദേവന്മാരില്‍ വെച്ച് ശ്രേഷ്ഠന്‍ തന്നെയാണ്. ദൈത്യാസുരന്മാരെ സംഹരിക്കുന്ന മഹാബാഹോ, ത്രൈലോകൃ ശക്തിമാനായ ശക്രാ, നീ വിഷാദിക്കുകയാണോ? നീ ഒരിക്കലും വിഷാദിക്കുവാന്‍ അര്‍ഹനല്ല. ബ്രഹ്മാവും, വിഷ്ണുവും, ശിവനും, പ്രജാപതിയും, സോമനും, ഭഗവാന്‍ ദേവനും, എല്ലാ പരമര്‍ഷികളും ഇതാ നിന്നെ നോക്കുന്നു. നീ മറ്റേതോ ഒരുത്തനെപ്പോലെ ദുഃഖിക്കുകയാണോ? നീ ധീരനായി, ദൃഢചിത്തനായി, പോരില്‍ ശത്രുക്കളെ സംഹരിച്ചാലും. ലോകാചാര്യനായ ത്ര്യക്ഷന്‍, സര്‍വ്വലോകരും വണങ്ങുന്ന ശിവന്‍, ഭഗവാനായ ഭവന്‍, ഇതാ ഭവാനെ നോക്കുന്നു. നീ മോഹം വെടിഞ്ഞ് ധീരനായി പോരാടുക. ഇതാ ബൃഹസ്പതി മുതലായ ബ്രഹ്മര്‍ഷിമാരും, ഹേ ശക്രാ! ഭവാനെ, ദിവ്യസ്തോത്രങ്ങള്‍ കൊണ്ട് ഭവാന്റെ വിജയത്തിനു വേണ്ടി സ്‌തുതിക്കുന്നു.
ഭീഷ്മൻ പറഞ്ഞു: മഹാത്മാവായ വസിഷ്ഠന്‍ ഇപ്രകാരം ബോധം നൽകിയപ്പോള്‍ മഹാതേജസ്വിയായ ഇന്ദ്രന് വലിയ ബലമുണ്ടായി. ഉടനെ ബുദ്ധിയെടുത്ത് ഭഗവാനായ പാകശാസനന്‍ മഹത്തായ യോഗത്തെ ഏന്തി മായയെ അകറ്റി. അപ്പോള്‍ ശ്രീമാനായ അംഗിരസ്സും മറ്റു മുനിമാരും വൃത്രന്റെ വിക്രമം കണ്ട് ശിവന്റെ സമീപത്തെത്തി. ലോകഹിതത്തിന് വേണ്ടി വൃത്രനെ സംഹരിക്കുവാന്‍ ആവശ്യപ്പെട്ടു. ഉടനെ വിശ്വനാഥനായ ശിവന്റെ തേജസ്സ് ജ്വരമായി ദൈത്യാധിരാജനായ വൃത്രനില്‍ ചെന്നു കയറി. എല്ലാ ലോകരും പൂജിക്കുന്ന വിഷ്ണുഭഗവാനും ലോകരക്ഷയ്ക്കു വേണ്ടി ശക്രന്റെ വജ്രത്തില്‍ ചെന്നു കയറി. ഉടനെ ധീമാനായ ബൃഹസ്‌പതി ഇന്ദ്രന്റെ സമീപത്തു ചെന്നു. തേജസ്വികളായ മുനിമാരും വസിഷ്ഠനും ഒത്തു ചേര്‍ന്ന് വരദനും ലോകപൂജിതനുമായ ഇന്ദ്രനോട് മനസ്സു വച്ച് പറഞ്ഞു: ശക്രാ, ഉടനെ ഭവാന്‍ വൃത്രനെ കൊല്ലുക.
മഹേശ്വരന്‍ പറഞ്ഞു: ഈ വൃത്രന്‍ മഹാനാണ് ശക്രാ! വലിയ ബലശാലിയാണ്. വിശ്വാത്മാവായ സര്‍വ്വഗനാണ്, മഹാമായനാണ്. ബഹുശ്രുതനാണ്. അതുകൊണ്ട് മൂന്നു ലോകത്തിലും അവനെ കൊല്ലുവാന്‍ ആരേയും ഞാന്‍ കാണുന്നില്ല. അവനെ നീ നിന്ദിക്കരുത്. നീ യോഗം കൈക്കൊണ്ട് അവനെ വധിക്കുക! അമരേശ്വരാ! ഇവന്‍ ബലത്തിനു വേണ്ടി തപസ്സു ചെയ്തവനാണ്. ബ്രഹ്മാവ് ഇവന് അറുപതിനായിരം വര്‍ഷമാണ് നല്കിയിരിക്കുന്ന വരം. മാത്രമല്ല, മഹത്വവും, മഹാമായത്വവും, മഹാബലത്വവും മുഖ്യമായ തേജസ്സും നല്കിയിട്ടുണ്ട്. വിബുധേശ്വരാ! നിന്നില്‍ എന്റെ തേജസ്സ് ഞാനിതാ സമര്‍പ്പിക്കുന്നു. വാസവാ, വൃഗ്രനായ വൃത്രനെ, ആ അസുരേന്രനെ, ഉടനെ വ്രജം കൊണ്ടു വധിക്കുക.
ശക്രന്‍ പറഞ്ഞു: ഭഗവാനേ, ഭവാന്റെ പ്രസാദത്താല്‍ ഈ ദുരാസദനായ ദൈത്യനെ വജ്രം കൊണ്ട് ഭവാന്‍ കാണ്‍കെ ഞാന്‍ വധിക്കുന്നുണ്ട് സുരര്‍ഷഭാ.
ഭീഷ്മൻ പറഞ്ഞു: ആ മഹാസുരനായ ദൈതൃന്, ആ ജ്വരം (മഹാദേവന്റെ തേജസ്സ്) വന്നു കയറിയപ്പോള്‍ ദേവകളും ഋഷീന്ദ്രന്മാരും ഹര്‍ഷം കൊണ്ടു ആര്‍പ്പുവിളിയും കരഘോഷവും മുഴക്കി. ഉടനെ ഭയങ്കരമായ മുഴക്കമുണ്ടാകുന്ന ഭേരിയും ശംഖവും മുഴക്കി. മൂരജം, ഡിംഡീമം എന്നിവ അസംഖ്യം ശബ്ദിപ്പിച്ചു. ഈ ശബ്ദകോലാഹലം പൊങ്ങിയപ്പോള്‍ അസുരന്മാര്‍ക്കെല്ലാം ഓര്‍മ്മക്കേടുണ്ടായി. അസുരന്മാരുടെ മായങ്ങള്‍ ഒന്നും ഫലിക്കാതായി. മായാനാശം സംഭവിച്ചു.
ഇപ്രകാരം ആവേശത്തോടെ ദേവന്മാരും മുനിമാരും ശക്രനേയും ശിവനേയും വാഴ്ത്തി വൃത്രവധത്തിന്നു പ്രേരണ നല്കി. മഹാത്മാവായ ശക്രന്‍ യുദ്ധസന്നദ്ധനായി തേരില്‍ നിൽക്കെ, മഹര്‍ഷിമാര്‍ പുകഴ്ത്തിക്കൊണ്ടിരിക്കെ, ഇന്ദ്രന്റെ രൂപം ദുര്‍ദശമായ വിധം ഉജ്ജ്വലിച്ചു.
അദ്ധ്യായം 282. ബ്രഹ്മഹത്യാവിഭാഗം -. വൃത്രനെ ഇന്ദ്രന്‍ വധിക്കുന്നു; ബ്രഹ്മഹത്യാപാപം ഉണ്ടാകുന്നു - ഭീഷ്മൻ പറഞ്ഞു: വൃത്രന്ന് ജ്വരം ബാധിച്ച ഉടനെ ദേഹത്തിലുണ്ടായ ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്ന് ഹേ മഹാരാജാവേ, ഭവാന്‍ കേട്ടാലും. വായ് വരള്‍ച്ച ഉണ്ടായി. വല്ലാത്ത ഉഗ്രത വായിലുണ്ടായി. ഏറ്റവും വിവര്‍ണ്ണനായി. ദേഹത്തില്‍ വിറയലുണ്ടായി. ശ്വാസം വലുതായി. തീവ്രമായ രോമാഞ്ചമുണ്ടായി. അവന്റെ വായിൽ നിന്ന് ഉഗ്രയായി അശിവാകൃതിയായ ശിവ (പെണ്‍കുറുക്കന്‍) പുറപ്പെട്ടു. മഹാഘോരരൂപത്തില്‍ പുറത്തു വന്ന അത് അവന്റെ സ്മൃതിയായിരുന്നു ഭാരതാ! അവന്റെ അരികിലായി ചുറ്റും തീക്കൊള്ളികള്‍ പാഞ്ഞുകേറുവാന്‍ നില്ക്കുന്ന പോലെ കാണപ്പെട്ടു. കഴു, കങ്കം, വലാകം എന്നിവ കൂട്ടംകൂടി ഘോരമായി ശബ്ദിച്ച് വൃത്രന്റെ മേല്‍ഭാഗത്തായി ചുറ്റിപ്പറന്നു.
അപ്പോള്‍ ആ തേരില്‍ക്കയറി യുദ്ധത്തില്‍ ദേവപോഷിതനായ ഇന്ദ്രന്‍ വ്രജം ഓങ്ങിപ്പിടിച്ച് ആ ദൈത്യനെ നോക്കി. ഉടനെ അമാനുഷമായ ഒരു നാദം ആ മഹാസുരന്‍ വിട്ടു. തീവ്രമായ ജ്വരം പിടിപെട്ട അവന്‍ ജൃംഭിച്ച് ഒരു കോട്ടുവായ് വിട്ടു. അവന്‍ അങ്ങനെ കോട്ടുവായ് വിടുന്ന തഞ്ചത്തില്‍ ഇന്ദ്രന്‍, വജ്രം അയച്ചു. കാലാഗ്നിതുല്യമായ ആ വ്രജം പാഞ്ഞുചെന്ന് ആ പെരുംകൂറ്റനായ വൃത്രനെ വീഴ്ത്തി. ഉടനെ വീണ്ടും എല്ലായിടത്തും ഘോരമായ നാദമുണ്ടായി. വൃത്രനെ കൊന്നതായിക്കണ്ട് വാനവർ സഹര്‍ഷം ആർപ്പുവിളിച്ചു. അങ്ങനെ വൃത്രനെ കൊന്ന് മഘവാന്‍ എന്നു പ്രസിദ്ധനായ ദാനവശത്രുവായ ഇന്ദ്രന്‍, വിഷ്ണു ഉള്‍ക്കൊണ്ട വജ്രത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്കു പോയി.
ഉടനെ അല്ലയോ കൗരവ്യ, വൃത്രന്റെ ദേഹത്തില്‍ നിന്ന് മഹാഘോരയായ ബ്രഹ്മഹത്യ എന്നവള്‍ ഇറങ്ങി വന്നു. മഹാഭയങ്കരിയായ ബ്രഹ്മഹത്യയുടെ രൂപംകണ്ടാല്‍ നടുങ്ങാത്തവരില്ല. രൗദ്രയും ലോകഭയങ്കരിയുമായ അവൾ കുരാളമായ ദൃംഷ്ടകള്‍ പുറത്തു കാണിച്ച് ഭീമയും വികൃതയും കൃഷ്ണപിംഗളയുമായ അവള്‍ മുടിചിന്നി ഘോരദുഷ്ടിയോടെ കപാലമാല കുലുക്കി, കൃതൃപോലെ ഭീഷണയായി ചോരയിറ്റിറ്റു വീഴുന്ന ചീരവൽക്കലങ്ങള്‍ പുററി അല്ലയോ രാജേന്ദ്രാ, വൃത്രനെവിടെയാണെന്ന് അന്വേഷിച്ച് വെളിക്കുവന്നു. ആ ഭയങ്കരി വൃത്രനെത്തിരഞ്ഞ് അവിടെ പാഞ്ഞു.
ഇതറിഞ്ഞ വൃത്രനാശനനായ ഇന്ദ്രന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി ഓടി. ലോകഹിതത്തിന്നായി ഇന്ദ്രന്‍ ഇറങ്ങി അവിടെ നിന്നു പോയി. ഓജസ്വിയായ ഇന്ദ്രന്‍ ഇറങ്ങുന്നതു കണ്ട അവള്‍ ഇന്ദ്രനെച്ചെന്നു പിടികൂടുവാന്‍ പാഞ്ഞു. ബ്രഹ്മഹത്യ തന്നെ പിടികുടുമെന്നറിഞ്ഞപ്പോള്‍ ഇന്ദ്രന്‍ ദൂരെയൊരിടത്ത് താമരപ്പൊയ്കയില്‍ ഒരു താമരത്തണ്ടില്‍ പോയൊളിച്ചു. അങ്ങനെ വളരെ വത്സരം ഇന്ദ്രന്‍ ഒളിച്ചിരുന്നു. ബ്രഹ്മഹത്യ ഇന്ദ്രനെ അന്വേഷിച്ചു പിന്തുടര്‍ന്നു പിടികൂടി. ഇന്ദ്രന്റെ തേജസ്സൊക്കെ ഉടനെ അസ്തമിച്ചു. അവളുടെ ബാധ തന്നില്‍ നിന്നൊഴിവാകുവാന്‍ ശക്രന്‍ യത്നം ചെയ്തു. ആ ബ്രഹ്മഹത്യയെ നീക്കം ചെയ്യുവാന്‍ പരിശ്രമിച്ചിട്ടും സുരേശ്വരന്‍ ശക്തനായില്ല. അവള്‍ എത്തിപ്പിടിച്ച്, തന്നില്‍ അധിവസിക്കെ ദേവേന്ദ്രന്‍ പിതാമഹന്റെ സമീപ ത്തെത്തി. ബ്രഹ്മാവിനെ കുമ്പിട്ട് നമസ്കരിച്ചു പൂജിച്ചു.
ബ്രഹ്മഹതൃ പിടികൂടിയ ശക്രനെ നോക്കിക്കൊണ്ട് ബ്രഹ്മാവ് അല്ലയോ ഭരതസത്തമാ, ചിന്തിച്ച് ആ ബ്രഹ്മഹത്യയോട് ഇപ്രകാരം മധുരമായ സ്വരത്തില്‍ സാന്ത്വം ചെയ്യുന്ന മാതിരി പറഞ്ഞു.
ബ്രഹ്മാവു പറഞ്ഞു: അല്ലയോ ഭാമിനീ, നീ ദേവേ നരനെ വിട്ടുപോവുക. നീ എനിക്ക് ഇഷ്ടമായ ആ കാര്യം ചെയ്യുക! നിനക്ക് മറ്റെന്താഗ്രഹമാണു സാധിക്കേണ്ടത്? ഭാമി നീ, പറയു! നിന്റെ ഇഷ്ടം ഞാന്‍ നടത്തിത്തരാം.
ബ്രഹ്മഹത്യ പറഞ്ഞു: ത്രിലോകപുജ്യനും ത്രൈലോകൃകാരിയുമായ ദേവന്‍ കനിഞ്ഞതില്‍ എനിക്കു വേണ്ടതെല്ലാം സാധിച്ചു കഴിഞ്ഞു എന്നു ഞാന്‍ വിചാരിക്കുന്നു. എനിക്കൊരു പാര്‍പ്പിടം അങ്ങു തന്നാലും. ലോകത്തെ രക്ഷിക്കുവാന്‍ അര്‍ത്ഥിക്കുന്ന ഭവാന്‍ ഈ മര്യാദ നിശ്ചയിച്ചതാണല്ലോ. അല്ലയോ ദേവാ, നീ ചെയ്തത് വലിയ ഒരു കാര്യമാണല്ലോ. ഭവാന്‍ പ്രസാദിച്ചാല്‍ അല്ലയോ സര്‍വ്വജ്ഞാ! സര്‍വ്വലോകേശ്വരാ, പ്രഭോ, ഞാന്‍ ശക്രനെ വിടാം. ഭവാന്‍ എനിക്കു പറ്റിയ ഒരു പാര്‍പ്പിടം തന്നാലും.
ഭീഷ്മൻ പറഞ്ഞു: അങ്ങനെയാകട്ടെ! നിനക്കു പാര്‍പ്പിടം തരാം എന്നു പിതാമഹന്‍ ബ്രഹ്മഹത്യയോടു പറഞ്ഞു. ഉപായത്താർ ബ്രഹ്മാവ് ശക്രനെ ബ്രഹ്മഹത്യയില്‍ നിന്ന് ഒഴിവാക്കി. ഉടനെ ബ്രഹ്മാവ് പാവകനെ ചിന്തിച്ചു. പാവകന്‍ ക്ഷണത്തില്‍ ബ്രഹ്മാവിന്റെ മുമ്പിലെത്തി കൈകൂപ്പി ഇപ്രകാരം പറഞ്ഞു: ഭഗവാനേ, ദേവാ, ഞാന്‍ അങ്ങയുടെ അരികത്ത് ഇതാ എത്തിയിരിക്കുന്നു! ദേവാ, ഞാന്‍ എന്തു ചെയ്യണമെന്ന് അങ്ങ് ആജ്ഞാപിച്ചാലും!
ബ്രഹ്മാവു പറഞ്ഞു: അല്ലയോ പാവകാ, ഞാന്‍ ശക്രനെ ബ്രഹ്മഹത്യയില്‍ നിന്ന് ഒഴിവാക്കാന്‍ ഉറച്ചു. അതിന് വേണ്ടി ബ്രഹ്മഹത്യയെ നാലായി പങ്കിടുവാന്‍ വിച്ചാരിക്കുന്നു. ബഹ്മഹത്യയുടെ നാലിലൊരുഭാഗം ഭവാന്‍ ഏറ്റു കൊള്ളുക.
അഗ്നി പറഞ്ഞു: ഭഗവാനേ, എനിക്ക് മുക്തിക്ക് എന്നാണ് അന്തം? ബ്രഹ്മാവേ, അങ്ങ് ചിന്തിക്കുക. പ്രഭോ, ലോക പൂജിതാ! തത്വമായി ഇത് അറിയുവാന്‍ എനിക്കാഗ്രഹമുണ്ട്.
ബ്രഹ്മാവു പറഞ്ഞു; അല്ലയോ വഹ്‌നേ, ജലിക്കുന്ന ഭവാനെ ബീജൗഷധികള്‍കൊണ്ട് യജിക്കാതെ തമോവൃതനായി ഏതെങ്കിലും മര്‍ത്ത്യന്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവനില്‍ ഇവള്‍ ചെല്ലുന്നതാണ്. അവള്‍ അവിടെ പാര്‍ക്കുന്നതുമാണ്. ബ്രഹ്മഹത്യയെ ഏറ്റെടുത്തതു കൊണ്ട് നീ ഒരിക്കലും വ്യസനിക്കേണ്ടതില്ല. ഹവൃവാഹാ!
ഇപ്രകാരം പിതാമഹന്‍ പറഞ്ഞതുകേട്ട് ആ ഹവ്യകവ്യഭുക്ക്, പിതാമഹന്‍ പറഞ്ഞതിനെ സമ്മതിച്ച് ആജ്ഞ കൈക്കൊണ്ട് പിതാമഹന്റെ വാക്കുപോലെ അഗ്നി ഭഗവാന്‍, ചെയ്തു. പിന്നെ പിതാമഹന്‍ വൃക്ഷങ്ങളേയും, ഔഷധികളേയും (ചെടികളേയും) തൃണങ്ങളേയും വിളിച്ച് ഇക്കാര്യത്തെ പറയുവാന്‍ തുടങ്ങി. പിതാമഹന്‍ പറഞ്ഞതു കേട്ട് വൃക്ഷൗഷധിതൃണജാലം വഹ്നിയെപ്പോലെ തന്നെ നടുങ്ങിപ്പോയി. ഇപ്രകാരം ബ്രഹ്മാവിനോട് പറഞ്ഞു.
വൃക്ഷൗഷധിതൃണക്കൂട്ടം പറഞ്ഞു; ഞങ്ങള്‍ക്ക് ഈ ബ്രഹ്മഹതൃക്ക് എന്നാണ് ഒരു അന്തം? പിതാമഹാ! ഞങ്ങള്‍ ദൈവഹതരായ കൂട്ടരാണ്. ഞങ്ങളെ ബ്രഹ്മഹതൃ കൂടി ബാധിച്ചാല്‍ പിന്നെ എന്താകും ഗതി? ഞങ്ങള്‍ വളരെ ക്ലേശങ്ങള്‍ ഇപ്പോള്‍ത്തന്നെ ഏല്‍ക്കുന്നുണ്ട്. അഗ്നി, മഞ്ഞ്, മഴ, കാറ്റ് ഇവയുടെയൊക്കെ ബാധ, ഇവയൊക്കെ ഏറ്റു പോരുന്നു. പോരെങ്കില്‍ വെട്ടലും കീറലും - അതും ഏല്ക്കുന്നുണ്ട്. ഭവാന്‍ കൽപിച്ചാല്‍ അത് ആവുകയില്ലെന്ന് ഞങ്ങള്‍ പറയുകയില്ല. ഏറ്റുവാങ്ങാംത്രിലോകനാഥാ! ഞങ്ങളെ ആത്മഹത്യയില്‍ നിന്ന് മോചിപ്പിക്കുവാന്‍ ഭവാന്‍ നോക്കണേ!
ബ്രഹ്മാവ് പറഞ്ഞു: വെട്ടലും കീറലും പാടില്ലാത്ത പര്‍വ്വകാലത്ത് നിങ്ങളില്‍ പ്രവേശിച്ച് ഏതു മനുഷ്യനാണ് മോഹത്താല്‍ അതു ചെയ്യുന്നത്, അപ്പോള്‍ ബ്രഹ്മഹത്യ നിങ്ങളെ വിട്ട് അവനില്‍ പ്രവേശിച്ചു കൊള്ളും.
ഭീഷ്മന്‍ പറഞ്ഞു: മഹാത്മാവായ പിതാമഹന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ വൃക്ഷങ്ങളും, ഔഷധികളും. തൃണങ്ങളും ബ്രഹ്മാവിനെ പൂജിച്ചു വന്നപാടു തന്നെ മടങ്ങിപ്പോയി. പിന്നെ അപ്സരസ്ത്രീകളെ വിളിച്ച് പിതാമഹന്‍ മധുരമായി സാന്ത്വം ചെയ്യുന്ന മട്ടില്‍ മൃദുവായ വാക്കില്‍ പറഞ്ഞു ഭാരതാ! അല്ലയോ സ്ത്രീകളെ, ഈ ബ്രഹ്മഹത്യയെന്നവള്‍ ശക്രനെ വിട്ട് വന്നവളാണ്. ഇവളെ നാലായി പങ്കുവെച്ചതില്‍ ഒരു ഭാഗം എന്റെ ചൊല്ലു സ്വീകരിച്ചു നിങ്ങള്‍ വാങ്ങണം.
അപ്സരസ്ത്രീകള്‍ പറഞ്ഞു: ദേവേശാ, അങ്ങയുടെ കല്പനപ്രകാരം ബ്രഹ്മഹത്യയെ ഞങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. പിതാമഹാ, അവളെ തക്കസമയത്ത് ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുന്ന കാര്യം അങ്ങു പരിഗണിക്കണേ!
ബ്രഹ്മാവു പറഞ്ഞു: ഏതൊരു പുരുഷനാണോ തീണ്ടാര്‍ന്നിരിക്കുന്ന സ്ത്രീകളില്‍ സംഭോഗം ചെയ്യുന്നത്, അവനില്‍ ബ്രഹ്മഹത്യ ചെന്നു പറ്റും. നിങ്ങള്‍ ദുഃഖിക്കേണ്ടാ പെണ്ണുങ്ങളെ.
ഭീഷ്മൻ പറഞ്ഞു: ഇതുകേട്ടപ്പോള്‍ അപ്സരസ്ത്രീകളുടെ ഉള്ളു കുളിര്‍ത്തു. അവര്‍ സന്തോഷിച്ചു ചിരിച്ചു പറഞ്ഞു; ആവാം, ഞങ്ങള്‍ അവളെ ഇപ്പോള്‍ ഏറ്റുകൊള്ളാം എന്നു അവര്‍ എല്ലാവരും സസന്തോഷം സമ്മതിച്ച് സ്വന്തം സ്ഥാനത്ത് ചെന്നു കൂടി. കൂട്ടം കൂടി കളിച്ചു രസിച്ചു.
പിന്നെ ത്രിലോക കര്‍ത്താവായ ദേവന്‍, തപോനിധിയായ ബ്രഹ്മാവ് ഉടനെ വെള്ളത്തെ മനസ്സിലോര്‍ത്തു. ബ്രഹ്മാവ് ചിന്തിച്ചു മാത്രയില്‍ വെള്ളം മുമ്പിലെത്തിക്കഴിഞ്ഞു. ഒന്നിച്ചു ചേര്‍ന്ന് ആ ജലം രൂപം കൈക്കൊണ്ട് തൊഴുത് ബ്രഹ്മാവിനോട് പറഞ്ഞു.
ജലം പറഞ്ഞു; അല്ലയോ അരിന്ദമാ! ദേവാ, ഞാന്‍ ഇതാ എത്തിയിരിക്കുന്നു. അങ്ങയുടെ ആജ്ഞ എന്തോ, അത് ചെയ്യുവാന്‍ ഞാന്‍ സന്നദ്ധനായിരിക്കുന്നു.; കൽപിച്ചാലും.
ബ്രഹ്മാവു പറഞ്ഞു: വൃത്രനില്‍ നിന്ന് ഇന്ദ്രനിൽ വന്നേറ്റ ഇവള്‍, ഈ നില്ക്കുന്ന ബ്രഹ്മഹത്യ ഭയങ്കരിയാണ്. ഈ ബ്രഹ്മഹത്യയില്‍ നാലില്‍ ഒരു ഭാഗം നീ കൈ ക്കൊള്ളണം.
ജലം പറഞ്ഞു: അങ്ങു കൽപിച്ച പ്രകാരം ഞാന്‍ ഇതാ കൈക്കൊള്ളുന്നു. പ്രഭോ, എനിക്ക് ദിര്‍ഘകാലം എത്തുന്നതിന് മുമ്പ് ഇവളെ എന്നില്‍ നിന്ന് ഒഴിവാക്കിത്തരണേ! സര്‍വ്വലോകത്തിന്നും ഉറ്റ ഒരുഗതി അങ്ങയാണല്ലോ ലോകേശാ! ഈ കാര്യത്തില്‍നിന്ന് എന്നെ കനി ഞ്ഞു രക്ഷപ്പെടുത്തുവാന്‍ മറ്റാരുണ്ട്? ബ്രഹ്മാവ് പറഞ്ഞു: അൽപമല്ലേ, സാരമില്ല എന്നു വിചാരിച്ച് ബോധമില്ലാത്ത ഏതൊരു മര്‍ത്ത്യനാണോ കഫം, മൂത്രം, മലം എന്നിവ നിന്നില്‍ (ജലത്തില്‍) മോചിപ്പിക്കുന്നത്, അവനില്‍ ഇവള്‍ പ്രവേശിക്കും. അശ്രീകരനായ അവനില്‍ച്ചെന്ന് ബ്രഹ്മഹത്യ വസിച്ചുകൊള്ളും. അപ്പോള്‍ നീ അവളില്‍നിന്ന് മോചിക്കും. ഞാന്‍ ഇപ്പറഞ്ഞത് സത്യമാണ്.
ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ, പിന്നെ ദേവേന്ദ്രനെ വിട്ട് ബ്രഹ്മഹത്യ ബ്രഹ്മാവു നല്കിയ ഇരിപ്പിടത്തിലേക്ക് ബ്രഹ്മകല്പന പ്രകാരം പോയി. ഇങ്ങനെ ബ്രഹ്മഹത്യയില്‍നിന്ന് വിമുക്തനായ ഇന്ദ്രന്‍, ബ്രഹ്മഹത്യ പോയപ്പോള്‍ രാജാവേ, ബ്രഹ്മാവിന്റെ അനുവാദം വാങ്ങി അശ്വമേധം കഴിച്ചു. അങ്ങനെ ബ്രഹ്മഹത്യാ പാപം നീങ്ങിയ ഇന്ദ്രന്‍ അശ്വമേധം കൊണ്ട് വളരെ ശുദ്ധനായിത്തീര്‍ന്നു എന്നു കേള്‍ക്കുന്നു.
ശ്രീ നേടി, വളരെ ശത്രുക്കളെ വധിച്ച് അതിരറ്റ ഹര്‍ഷം രാജാവേ! ഇന്ദ്രന്‍ നേടി! അല്ലയോ പൃഥാസുതാ, വൃത്രന്റെ രക്തത്തില്‍ നിന്ന് ശിഖണ്ഡങ്ങള്‍ ഉണ്ടായി പറന്നു. തപസ്സും, ദീക്ഷയും ഉള്ളവരായ ബ്രാഹ്മണര്‍ക്ക് അവ അഭക്ഷ്യങ്ങളാണ്.
അല്ലയോ രാജാവേ, ഭവാന്‍ എല്ലായ്പോഴും ദ്വിജന്മാരുടെ ഇഷ്ടം അറിഞ്ഞ് ചെയ്താലും. കുരുദ്വഹാ, ബ്രാഹ്മണര്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന ദേവനമാരാണ്.
ഹേ കൗരവ്യാ, ശക്രന്‍ ഇപ്രകാരം സൂക്ഷ്മ ബുദ്ധി കൊ ണ്ട് ഉപായത്താല്‍ വൃത്ര മഹാസുരനെ വധിച്ചു. അപ്രകാരം നീയും ഭൂമിയിലുള്ളശത്രുക്കളെ നശിപ്പിച്ച് ദേവനായ ശതക്രതുവിനെപ്പോലെ അപരാജിതനായി ശോഭിക്കും.
ദിവ്യമായ ഈ ശക്ര കഥ പര്‍വ്വങ്ങള്‍ തോറും വിപ്രന്മാരുടെ മദ്ധ്യത്തില്‍ വെച്ച് ആര് ചൊല്ലുന്നുവോ, അവരുടെ പാപമൊക്കെ നശിക്കും. ഇപ്രകാരം വൃത്രന്റെ നേരെ ശക്രന്‍ പരമാത്ഭൂതമായ കര്‍മ്മം ചെയ്തു. അത് ഞാന്‍ നിന്നോടു വിസ്തരിച്ചു പറഞ്ഞു. ഉണ്ണീ, ഇനി എന്താണു കേള്‍ക്കേണ്ടത്?
അദ്ധ്യായം 283. ജ്വരോത്പത്തി - രുദ്രരോഷത്തില്‍ നിന്ന് ജ്വരം ഉത്ഭവിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ, മഹാ പ്രാജ്ഞനായ പിതാമഹാ, സര്‍വ്വശാസ്ത്രവിചക്ഷണാ, വൃത്രവധത്തെക്കുറിച്ച് ഒരു കാര്യം ചോദിച്ചറിയേണ്ടതായിട്ടുണ്ട്. ജ്വരമോഹിതനായ വൃത്രനെ ഇന്ദ്രന്‍ വജ്രം കൊണ്ട് വധിച്ചു എന്നാണല്ലോ ജനാധിപാ, അങ്ങു പറഞ്ഞത്. എവിടെ നിന്നാണ് മഹാപ്രാജ്ഞാ ഈ ജ്വരം ഉണ്ടായത്? പ്രഭോ, ജ്വരത്തിന്റെ ഉത്പത്തി നന്നായി കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. സന്മതെ! പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: രാജാവേ, ജ്വരത്തിന്റെ ഉത്പത്തി ലോകവിശ്രുതമാണ്. അതു ഞാന്‍ പറയാം, കേള്‍ക്കുക. അല്ലയോ ഭാരതാ, അതിന്റെ വിസ്തരിച്ച രൂപവും എപ്രകാരമാണെന്ന് ഞാന്‍ പറഞ്ഞു കേള്‍പ്പിക്കാം.
പണ്ടേതന്നെ മേരുശൃംഗം ത്രൈലോകൃപുജിതമാണു രാജാവേ! അതില്‍ ഒരു കൊടുമുടി സാവിത്രം എന്നറിയപ്പെടുന്നുണ്ട്. സര്‍വ്വരത്ന വിഭൂഷിതമായി, അപ്രമേയമായി, അനാധൃഷ്യമായി, ലോകത്തില്‍ ആര്‍ക്കും പ്രവേശിക്കാന്‍ വയ്യാത്തതായി അത് ശോഭിച്ചു. അവിടെ സ്വര്‍ണ്ണധാതുക്കള്‍ വിളങ്ങുന്ന ഗിരിതടത്തില്‍ മഹാദേവന്‍ മെത്തയില്‍ കിടക്കുന്ന വിധം ശോഭയോടെ വസിച്ചു. ഹിമവാന്റെ പുത്രിയായ ദേവി ദേവന്റെ അരികില്‍ത്തന്നെ വസിച്ചു.
ഇങ്ങനെ വസിക്കുന്ന ദേവനെ, മഹാത്മാക്കളായ ദേവന്മാരും വസുക്കളും, വൈദ്യേന്ദ്രന്മാരായ അശ്വിനീദേവകളും ഗുഹൃകന്മാരോടു കൂടെ യക്ഷന്മാരുടെ നാഥനായി കൈലാസം വാഴുന്ന വൈശ്രവണ രാജാവും മഹാത്മാവാ യ മഹേശ്വരനെ, സേവിച്ചു ശുക്രനെന്ന മുനിമുഖ്യനും സനല്‍ക്കുമാരന്‍ തുടങ്ങിയ മുനിമുഖ്യന്മാരും അംഗിരസ്സ് തുടങ്ങിയ മുഖ്യന്മാരും മറ്റു ദേവര്‍ഷി പ്രമുഖന്മാരും ഗന്ധര്‍വ്വന്മാരും വിശ്വാവസു, നാരദന്‍, പര്‍വ്വതന്‍, എന്നിവരും വളരെയേറെ അപ്സരസ്ത്രീഗണങ്ങളും അവിടെ ഒത്തുകൂടി മഹേശ്വരനെ സേവിച്ചു.
സുഖമായി പുണ്യഗന്ധം വഹിച്ച് കാററുവീശി. പലവിധം ഗന്ധം ശുചിയായി പരന്നു. എല്ലാ ഋതുക്കളിലും പൂക്കുന്ന പുഷ്പങ്ങള്‍ വഹിച്ചു മരങ്ങളും വിദ്യാധരന്മാരും സിദ്ധന്മാരും താപസേന്ദ്രന്മാരും ചേര്‍ന്ന് മഹാദേവനായ പശുപതിയെ സേവിച്ചു.
നാനാരൂപമെടുത്ത ഭൂതങ്ങളും ബലവാന്മാരായ പിശാപുക്കളും മഹാരൗദ്രന്മാരായ നിശാചരന്മാരും പല രൂപവും കൈക്കൊണ്ട് സസന്തോഷം പലതരം ആയുധങ്ങളുമെടുത്ത് ദേവനെ അകമ്പടി സേവിച്ച് അഗ്നിതുല്യന്മാരായി ശോഭിച്ചു. നന്ദി, അവിടെ ദേവന്റെ ഇഷ്ടത്തിന്ന് എപ്പോഴും സന്നദ്ധനായി നില്ക്കുന്ന നന്ദി, ജ്വലിക്കുന്ന ശൂലവുമേന്തി സ്വതേജസ്സു കൊണ്ട് വിളങ്ങി. നദികളില്‍ വെച്ചു ശ്രേഷ്ഠയായ ഗംഗ, രൂപം കൈക്കൊണ്ട് ദേവനെ ഉപാസിച്ചു. കുരുനന്ദനാ! അപ്രകാരം അവിടെ ദേവര്‍ഷി ഗണപുജിതനായ ദേവന്‍, ദേവസേവ്യനായ മഹാദേവന്‍, തേജസ്സുകളുടെ ധാമമായി വിളങ്ങി.
അങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോള്‍ ദക്ഷന്‍ എന്ന പ്രജാപതി മുമ്പേ പറഞ്ഞ വിധാനത്താല്‍ യജിക്കുവാന്‍ തുടങ്ങി. അവന്റെ ആ യാഗത്തില്‍ ഇന്ദ്രാദികളായ ദേവന്മാര്‍ ഒത്തു ചേരുവാന്‍ ഉദ്ദേശിച്ചു.
അങ്ങനെ ആ മഹാത്മാക്കള്‍ അഗ്നിക്കും അര്‍ക്കന്നും തുല്യമായി ശോഭിക്കുന്ന വിമാനത്തില്‍ക്കയറി ഗംഗാദ്വാരത്തില്‍ ദേവാനുമതരായി പ്രവേശിച്ചു എന്നു കേള്‍ക്കുന്നു. ദേവന്മാര്‍ പോകുന്നതു കണ്ട് അപ്പോള്‍ സാദ്ധ്വിയായ പാര്‍വ്വതി, പതിയും ദേവനുമായ പശുപതിയോടു പറഞ്ഞു: ഭഗവാനേ, എവിടേയ്ക്കാണ് ഇന്ദ്രാദികളായ ഈ ദേവന്മാര്‍ പോകുന്നത്? അല്ലയോ തത്വജ്ഞാ! തത്വമായി പറഞ്ഞാലും. വളരെയേറെ സംശയം എനിക്കുണ്ട്.
മഹേശ്വരന്‍ പറഞ്ഞു: മഹാഭാഗനായി, ഉത്തമനായി ദക്ഷന്‍ എന്നു പേരായ പ്രജാപതിയുണ്ടല്ലോ. അവന്‍ അശ്വമേധം ചെയ്യുന്നുണ്ട്. അതില്‍ പങ്കു കൊള്ളുവാന്‍ ദേവകള്‍ അവിടേക്കു പോവുകയാണ്.
ഉമ പറഞ്ഞു: അല്ലയോ മഹാദേവാ, ഭവാന്‍ എന്താണ് ഈ യജ്ഞത്തിലേക്കു പോകാത്തത്? എന്തു തടസ്സം വന്നു പെട്ടു? എന്താണ് അങ്ങു പോകാത്തത് എന്നുള്ള സംഗതി പറയുമോ?
മഹേശ്വരന്‍ പറഞ്ഞു; അല്ലയോ മഹാഭാഗേ, ഇത് ആദ്യം തുടര്‍ന്നത് ദേവകളാണ്. എല്ലാ യജ്ഞത്തിലും എനിക്ക് ഭാഗം വിധിച്ചില്ല. എല്ലാ ഉപായവും ഞാനെടുത്തു. ആ മാര്‍ഗത്തില്‍ അവര്‍ ശരിപ്പെട്ടില്ല വരവര്‍ണ്ണിനീ. ധര്‍മ്മപ്രകാരം ദേവകള്‍ എനിക്ക് യജ്ഞഭാഗം തരുന്നില്ല.
ഉമ പറഞ്ഞു: ഭഗവാനേ, അങ്ങ് ജീവികളില്‍ ഗുണങ്ങള്‍ കൊണ്ട് പ്രഭാവങ്ങള്‍ തികഞ്ഞവനാണ്. തേജസ്സുകൊണ്ടും ജയശ്രീകൊണ്ടും അങ്ങ് അജയ്യനും അധൃഷ്യനുമാണല്ലോ. അല്ലയോ മഹാഭാഗാ, അങ്ങയുടെ ഈ ഭാഗധേയം നിമിത്തം എനിക്കു വലിയ ദുഃഖം തോന്നുന്നു. എന്റെ ദേഹം വിറയ്ക്കുന്നു അനഘാശയാ!
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ദേവി പശുപതിയായ ഭര്‍ത്താവിനോടു പറഞ്ഞു: മിണ്ടാതെയിരുന്നു. രാജാവേ, ദേവിയുടെ ഹൃദയം ഉരുകി. അപ്പോള്‍ ദേവിയുടെ ഹൃദയത്തിലുള്ള ആഗ്രഹമറിഞ്ഞ് മഹേശ്വരന്‍ നന്ദിയെ വിളിച്ച് "നീ ഇവിടെ നിന്നുകൊള്ളുക" എന്ന് ആജ്ഞാപിച്ചു. പിന്നെ യോഗബലം പൂണ്ട സര്‍വ്വയോഗേശ്വരനായ ഈശ്വരന്‍ ഘോരന്മാരായ അനുചരന്മാരോടു കൂടി, ദേവദേവനും തേജസ്വിയുമായ പിനാകി, പെട്ടെന്ന് ആ യാഗത്തെ മുടക്കി.
ചിലര്‍ ഒത്തുചേര്‍ന്ന് അലറി. ചിലര്‍ പൊട്ടിച്ചിരിച്ച് ആര്‍ത്തു. വേറെ ചിലര്‍ യാഗശാലയില്‍ക്കയറി ഹോമകുണ്ഡത്തില്‍ ചോരചൊരിഞ്ഞു. ചിലര്‍ യൂപം പറിച്ചിട്ടു. വികൃതാനന്മാരായ ചിലര്‍ അവിടെ പാഞ്ഞു ചുറ്റിനടന്നു. അവിടെ യാഗത്തിലെ പരിപാരകന്മാരെ ചിലര്‍ വായ തുറന്നു കടിച്ചു വലിച്ചു. സര്‍വ്വദിക്കിലും പാഞ്ഞ് കണ്ടവരെയൊക്കെ പിടിച്ചു കൊല്ലാന്‍ തുടങ്ങിയപ്പോള്‍ ആ യജ്ഞം ഉടനെ രാജാവേ, ഒരു മാനിന്റെ രൂപമെടുത്ത് ആകാശത്തേക്ക് പൊങ്ങി. ആ യജ്ഞം ഇങ്ങനെ മൃഗരൂപം കൈക്കൊണ്ട് പായുന്നതു കണ്ടപ്പോള്‍ മഹാദേവന്‍ വില്ലെടുത്ത് അതില്‍ അമ്പു തൊടുത്ത് മാനിന്റെ പിന്നാലെ പാഞ്ഞു. അപ്പോള്‍ അമിത തേജസ്സായ ആ സുരാധിപന്റെ ക്രോധം മൂലം നെറ്റിയില്‍ ഘോരമായി വിയര്‍പ്പുതുള്ളികള്‍ ഉയര്‍ന്നു. ആ വിയര്‍പ്പിന്റെ തുള്ളികള്‍ താഴെ വീണ മാത്രയില്‍ കാലാനലോപമനായ അസി അതില്‍ നിന്നുയര്‍ന്നു. ആ അസി പുരുഷരുപം കൈക്കൊണ്ടു. അല്ലയോ പുരുഷര്‍ഷഭാ, ഏറ്റവും കുറിയവനും ചോരക്കണ്ണനും ഹരിശ്മശ്രുവും ഭയങ്കരനും ഊര്‍ദ്ധ്വകേശനും രോമശാംഗനും ഭയങ്കരമായ നിറത്തോടു കൂടിയവനും രക്തവസ്ത്രാഡ്യനുമായ ആ പുരുഷന്‍ ആ യജ്ഞശാലയില്‍ കടന്ന് സര്‍വ്വതും കാട് അഗ്നിയെന്ന പോലെ ചുട്ടു ദഹിപ്പിച്ചു. എല്ലായിടത്തും, വാനവരെ കണ്ട ദിക്കിലൊക്കെ, പാഞ്ഞുചെന്നു. മുനിമാരെയും വിട്ടില്ല. സര്‍വ്വ ദേവന്‍മാരും ഭൂയപ്പെട്ടു വിറച്ച് പത്തു ദിക്കിലും പ്രാണനും കൊ ണ്ട് ഓടിക്കളഞ്ഞു. ആ മഹാപരാക്രമിയായ പുരുഷന്‍ അവി ടെ ചുറ്റുന്ന സമയത്ത് രാജാവേ, ഭൂമിയാകെ ഒന്നിളകി ഭയങ്കരമായ ഭൂകമ്പമുണ്ടായി. ഹാ ഹാ! എന്ന നിലവിളി ലോകത്തിലെല്ലാം മുഴങ്ങി. ഇതു കണ്ട് പ്രഭുലായ പിതാമഹന്‍ മഹാദേവനോടു പറഞ്ഞു.
ബ്രഹ്മാവ് പറഞ്ഞു: പ്രഭോ, അങ്ങയ്ക്ക് എല്ലാ ദേവന്മാരും ഭാഗം നല്കുന്നതാണ്. ഭവാന്‍ ഈ ക്രോധം അടക്കിയാലും! ഭവാന്‍ സര്‍വ്വ ദേവേശ്വരനാണ്. ഈ എല്ലാ ദേവതകളും മുനിമാരും ഹേ പരന്തപാ! ഭവാന്റെ ക്രോധത്താല്‍, അല്ലയോ മഹാദേവാ, ശമം പ്രാപിക്കാത്ത മട്ടായിരിക്കുന്നു. അങ്ങയുടെ വിയര്‍പ്പില്‍ നിന്നുത്ഭവിച്ച ഈ പുരുഷന്‍ അല്ലയോ വിബുധോത്തമാ, ജ്വരം എന്ന പേരില്‍ ലോകം തോറും സഞ്ചരിക്കും. ഇവന്‍ ഒറ്റമൂര്‍ത്തിയായി നില്‍ക്കുമ്പോള്‍ ഇവന്റെ തേജസ്സിനെ താങ്ങുവാനുള്ള ശക്തി തികച്ചും ഭൂമിക്കില്ല, അതുകൊണ്ട് ഇവനെ പലതാക്കി ഭാഗിക്കണം.
ഇപ്രകാരം ബ്രഹ്മാവ് പറഞ്ഞപ്പോള്‍ മഹാദേവന്‍ അവനെ ഭാഗമാക്കി കൽപിച്ചു. ഓജസ്വിയായ ഭഗവാന്‍ ബ്രഹ്മാവിനോട് ഏറ്റുപറഞ്ഞു. പിനാകി സന്തോഷിച്ചു ചിരിച്ചു. യാഗത്തില്‍ ഭാഗവും സ്വീകരിച്ചു.
പിന്നെ ജ്വരത്തെ സര്‍വ്വധര്‍മ്മജ്ഞനായ ദേവന്‍ പലതാക്കി വിട്ടു. സര്‍വ്വഭൂതോപശാന്തിക്കായി ധര്‍മ്മജാ, അതും കേട്ടുകൊള്ളുക.
ആ ജ്വരം ആനകളില്‍ തലച്ചൂടാക്കി വെച്ചു. മലകളില്‍ അതു കന്മദമാക്കി. വെള്ളങ്ങയ്ക്ക് ചണ്ടിയാക്കി. പാമ്പുകള്‍ക്ക് ഉറ ഊരലാക്കി. പശുക്കളില്‍ അത് കുളമ്പുകേടാക്കി. ഭൂമിക്ക് അത് ഊഷര (നിഷ്ഫലത്വ) മാക്കി. മൃഗങ്ങള്‍ക്ക് ദൃഷ്ടിക്കുള്ള തടസ്സമാക്കി. കുതിരകള്‍ക്ക് ആ ജ്വരം "ഗളഗ്രന്ഥി"യാക്കി. മയിലുകള്‍ക്ക് പീലി കൊഴിച്ചിലാക്കി. കുയിലിന്ന് കണ്ണില്‍ കേടാക്കി. അങ്ങനെ മഹാത്മാവിനാല്‍ പറയപ്പെട്ട ജ്വരം ചെമ്മരിയാടുകള്‍ക്ക് ചിത്ത ഭേദങ്ങളാക്കിത്തീര്‍ത്തു എന്നും നാം കേള്‍ക്കുന്നു. കിളികള്‍ക്കെല്ലാം എക്കിട്ടം എന്ന പേരില്‍ ആ ജ്വരം അറിയപ്പെടുന്നു. ശാര്‍ദ്ദൂലങ്ങള്‍ക്കു തളര്‍ച്ചയാണ് ആ ജ്വരം. മനുഷ്യജാതിയിൽ ഇത് ജ്വരം തന്നെയാണ് ഭാരതാ! മരണത്തിലും പിറവിയിലും ഇടയ്ക്കും മനുഷ്യന്‍ ഈ മഹേശ്വര തേജസ്സായ ജ്വരം ഏല്ക്കും. അവന്‍ മഹാഭയങ്കരന്‍ തന്നെയാണ്.
വന്ദ്യനും, മാന്യനും, സര്‍വ്വപ്രാണികള്‍ക്കും ഈശ്വരനുമായ വൃത്രനെ ഈ ജ്വരം വന്നാക്രമിച്ചു. ധര്‍മ്മിഷ്ഠ സത്തമനായ വൃത്രന്‍ ഉടനെ ജൃംഭിച്ചു. (കോട്ടുവായ ഇട്ടു.) ആ സന്ദര്‍ഭത്തില്‍ ശക്രന്‍ അവന്റെ നേരെ വജ്രം വിട്ടു. വജ്രം ചെന്ന് വൃത്രന്റെ ദേഹത്തില്‍ക്കയറി കീറി ഭാരതാ! അങ്ങനെ വജ്രം കയറി കീറിയ മഹായോഗിയായ മഹാസുരന്‍ തേജസ്സേറിയ വിഷ്ണുവിന്റെ പരമമായ സ്ഥാനത്തെത്തി. അവന്‍ വിഷ്ണുഭക്തിമൂലം ലോകമൊക്കെ വ്യാപിച്ചു. അതു കൊണ്ട് യുദ്ധത്തില്‍ വധിക്കപ്പെട്ട വൃത്രന്‍ വിഷ്ണുവിന്റെ സ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു.
ഇങ്ങനെയാണ് വൃത്രനെ ബാധിച്ച വലിയ ജ്വരത്തി ന്റെ വിസ്തരിച്ച ചരിത്രം. അത് ഞാന്‍ നിന്നോടു പറഞ്ഞു. ഉണ്ണി, യുധിഷ്ഠിരാ, ഇനി എന്താണ് എന്നില്‍ നിന്ന് അറിയേണ്ടത്!
ഈ ജ്വരോത്പത്തി സന്തോഷചിത്തനായി മനസ്സി രുത്തി വായിച്ചു പഠിക്കുന്ന നരന്‍ രോഗങ്ങളില്‍ നിന്ന് വിമുക്തനായി, സുഖിയായി, മോദത്തോടെ സര്‍വ്വ അഭീഷ്ടവും നേടുന്നതാകുന്നു.
അദ്ധ്യായം 284. ദക്ഷയജ്ഞവിനാശനം - ദേവിയുടെ ദുഃഖം ശമിപ്പിക്കുവാന്‍ രുദ്രന്‍ ദക്ഷയാഗം മുടിക്കുന്നു -ജനമേജയന്‍ പറഞ്ഞു: പ്രജാപതിയായ ദക്ഷന്റെ അശ്വമേധയാഗം എന്തുകൊണ്ടാണ് വൈവസ്വത മന്വന്തരത്തില്‍ നശിപ്പിക്കപ്പെട്ടത്? ദേവിയുടെ കോപവും ദുഃഖവും കാരണം സര്‍വ്വാത്മകനായ ശിവന്‍ ക്രുദ്ധനായി. ദക്ഷന്‍ പിന്നെ അവന്റെ പ്രസാദത്തോടെ എങ്ങനെയാണ് യജ്ഞം സാധിച്ചത്? അത് അറിയുവാന്‍ മോഹമുണ്ട്. അല്ലയോ ബ്രാഹ്മണാ, അങ്ങ് എല്ലാം ശരിക്കു പറഞ്ഞു തന്നാലും.
വൈശമ്പായനൻ പറഞ്ഞു: പണ്ട് ഹിമാദ്രിയുടെ പൃഷ്ഠത്തില്‍ വെച്ച് ദക്ഷന്‍ യജ്ഞം നടത്തി. ഋഷിമാരും സിദ്ധന്മാരും ചേര്‍ന്ന ശുദ്ധമായ ഗംഗാദ്വാരത്തില്‍ വച്ചാണ് യജ്ഞം നടത്തിയത്. അപ്സരസ്സുകളും, ഗന്ധര്‍വ്വന്മാരും, വൃക്ഷങ്ങളും വളളികളുമുള്ള ആ ദിക്കില്‍ ചെന്നു കൂടി. ഋഷി സംഘങ്ങള്‍ ധര്‍മ്മഭൃത്തായ ദക്ഷനു ചുറ്റും കൂടി. മന്നിലും ആകാശത്തും സ്വര്‍ഗ്ഗത്തിലും അധിവസിക്കുന്നവരെല്ലാം ദക്ഷനെ കൈകൂപ്പി ഉപാസിച്ചു.
ദേവന്മാരും. ദാനവന്‍ന്മാരും, ഗന്ധര്‍വ്വന്മാരും, പിശാചുക്കളും, അഹികളും, നിശാചരന്മാരും, ഗന്ധര്‍വ്വരും, ഹാഹാ, ഹൂഹു എന്നിവരും, തുംബുരുവും, നാരദനും, വിശ്വാവസുവും, വിശ്വസേനനും, ഗന്ധര്‍വ്വാപ്സരസ്സുകളും, ആദിത്യന്മാരും, വസുക്കളും, രുദ്രന്മാരും, മരുത്തുക്കളും, സാധ്യഗണങ്ങളും ഇവരൊക്കെ ഇന്ദ്രനോടു കൂടി എത്തി. എല്ലാവരും യജ്ഞത്തെ മോടി പിടിപ്പിക്കുവാന്‍ എത്തിയവരാണ്.
ഊഷ്മപന്മാരും, സോമപന്മാരും, ധുമപന്മാരും, ആജ്യപന്മാരും, ഋഷിമാരും എന്നിവരെല്ലാം ബ്രഹ്മാവിന്റെ കൂടെ വന്നു ചേര്‍ന്നു. അതു പോലെ തന്നെ പിതൃക്കളും വന്നു ചേര്‍ ന്നു. ഇവരും മറ്റു പലരും ചതുര്‍വ്വിധമായ ഭൂതഗ്രാമങ്ങളും, ജരായുജങ്ങളും, അണ്ഡജങ്ങളും, സ്വേദജങ്ങളും ഉത്ഭിജങ്ങളും വന്നു ചേര്‍ന്നു. പത്നീസമേതം ക്ഷണിക്കപ്പെട്ട ദേവന്മാരും അവരുടെ ആഗമനങ്ങളില്‍ കത്തുന്ന അഗ്നികള്‍ പോലെ വിമാനങ്ങളില്‍ ശോഭിച്ചു.
ഇവരെയൊക്കെ കണ്ടു കോപിച്ച് ദധീചി മഹര്‍ഷി പറഞ്ഞു: രുദ്രനെ പൂജിക്കാത്ത ഈ യജ്ഞം ഒരു യജ്ഞമല്ല. ഒരു ധര്‍മ്മകാര്യവുമല്ല. വധത്തിന്നും ബന്ധനത്തിനും നിങ്ങള്‍ വഴി തുറന്നിട്ടിരിക്കുന്നു. കാലക്കേടിന്റെ വലുപ്പം തന്നെ. നിങ്ങള്‍ മോഹത്തില്‍ പെട്ടിരിക്കുന്നു. നിങ്ങളുടെ തലയ്ക്കു മുകളില്‍ ഇതാ ആപത്തു വന്നു കൂടിയിരിക്കുന്നു. നാശമടുത്ത നിങ്ങള്‍ അതു കാണുന്നില്ല. ഈ മഹായാഗത്തിനു മഹാഘോരമായ ആപത്താണ് വന്നിരിക്കുന്നത്, എന്നു പറ ഞ്ഞ് ആ ഋഷിവര്യന്‍ ധ്യാനത്തില്‍ മുഴുകി. ആ മുനി ധ്യാനത്തില്‍ കൈലാസത്തില്‍ മഹേശ്വരനേയും ദേവിയേയും ദര്‍ശിച്ചു. വരദയായ ദേവിയുടെ സമീപത്തു നില്ക്കുന്ന മഹാശയനായ നാരദനേയും കണ്ടു. ഭാവി എന്തെന്നറിഞ്ഞ് ഋഷി അവരെക്കണ്ടു സന്തോഷിച്ചു. വരാന്‍ പോകുന്ന സംഭവത്തെ മനസ്സില്‍ ഉറപ്പിച്ചു. അവര്‍ എല്ലാവരും ഒറ്റക്കെട്ടായി ഏക മന്ത്രനായ ഈശ്വരനെ ക്ഷണിക്കായ്ക കൊണ്ട് അവിടെ നില്ക്കുന്നത് ഉചിതമല്ലെന്നു കണ്ട് ഋഷി അവിടെ നിന്നു മാറി ഇപ്രകാരം വിളിച്ചു പറഞ്ഞു:
അപൂജ്യപൂജനത്താലും പൂജ്യാപൂജനയാലുമേ
മനുഷ്യഘാതോപമമാം പാപമേല്ക്കുന്ന മാനവന്‍.
പുജിക്കുവാന്‍ അര്‍ഹതതയില്ലാത്തവരെ പൂജിക്കുകയും പുജിക്കുവാന്‍ അര്‍ഹതയുള്ളവരെ പൂജിക്കാതിരിക്കുകയും ചെയ്യുകയാല്‍ മനുഷ്യഘാതോപമമായ പാപമാണ് മാനവന്‍ ഏല്ക്കുന്നത്. ഞാന്‍ ഒരിക്കലും നുണപറഞ്ഞിട്ടില്ല. ഇനി പറയുവാനും വിചാരിക്കുന്നില്ല. ഞാന്‍ ഈ ദേവതകളുടെയും ഋഷിമാരുടെയും സന്നിധിയില്‍ സത്യം പറയു ന്നു. പശുപതിയും സൃഷ്ടാവുമായ ജഗദീശന്‍ ഇപ്പോള്‍ ഈ യജ്ഞത്തില്‍ വന്നെത്തും. നിങ്ങള്‍ക്കു കാണാം. ഏവര്‍ക്കും ഈശനും യജ്ഞത്തിലെ അഗ്രഭോക്താവുമായ അവനെ നിങ്ങള്‍ക്കു കാണാം.
ദക്ഷന്‍ പറഞ്ഞു: നമുക്ക് വളരെ രുദ്രന്മാര്‍ ഇവിടെയുണ്ട്. അവരൊക്കെ ശൂലം ധരിച്ച കപര്‍ദ്ദികള്‍ തന്നെയാണ്. പതിനൊന്നു പേരുണ്ട് അവര്‍. അവരെ കൂടാതെ വേറെ ഒരു രുദ്രനുള്ളതായി ഞാന്‍ അറിയുകയില്ല.
ദധീചി പറഞ്ഞു; ഇവനെ ക്ഷണിക്കാതിരിക്കുന്നത് എല്ലാവരും അറിഞ്ഞ ഒരു ഗൂഢാലോചനയാണ്. ഇവിടെ രിക്കുന്നവരാരും തന്നെ ശംഭുവിനേക്കാള്‍ യോഗ്യതയുള്ളവരല്ല. ഈ നിലയ്ക്കു ദക്ഷന്റെ ഈ മഹായജ്ഞം നശിക്കുവാന്‍ പോകുന്നു! കരുതിക്കൊള്ളുക!
ദക്ഷന്‍ പറഞ്ഞു: മഖത്തിന്റെ നാഥയി വിധി പ്രകാരമുള്ള മന്തത്തോടു കൂടി സുവര്‍ണ്ണപാത്രത്തില്‍ എല്ലാ ഹവിസ്സും അതുല്യനായ മഹാവിഷ്ണുവിന്നായി ഇതാ ഭാഗമായി സമര്‍പ്പിക്കുന്നു. അദ്ദേഹം പ്രഭുവും വിഭുവും സ്വാഹവനീയനുമാകുന്നു.
ദേവി പറഞ്ഞു: "ഈ യാഗത്തില്‍ ഒരു ഭാഗം പകുതിയോ മുന്നില്‍ ഒരു ഭാഗമോ എന്റെ മഹാനായ ഭര്‍ത്താവി നൂ ലഭിക്കുന്നതിനു ഞാന്‍ എന്തു പുണൃകര്‍മ്മമാണു ചെയ്യേണ്ടത്! എന്തു ദാനം ചെയ്യുണം? എന്തു വ്രതം ആചരിക്കണം? എന്തു തപസ്സു ചെയ്യണം?". ഇപ്രകാരം ക്ഷോഭത്തോടെ പറയുന്ന തന്റെ പത്നിയോട് ഹൃഷ്ടരുപനായ ഭഗവാന്‍ ഇപ്രകാരം പറഞ്ഞു: "അല്ലയോ കുൃശാംഗീ, നീ എന്നെ അറിയുന്നില്ലേ, ഇത് യജേഞശ്വരന് ചേര്‍ന്ന വാക്കാണോ? അല്ലയോ ദീര്‍ഘാപാംഗീ, ഞാന്‍ എല്ലാം അറിയുന്നുണ്ട്. ധ്യാനമില്ലാത്തവരായ മൂഢന്മാര്‍ എന്റെ യാഥാര്‍ത്ഥ്യം അറിയുന്നില്ല. നീയും വിമോഹിതയായോ? ഈ ദേവന്മാരും ഇന്ദ്രനടക്കമുള്ള മൂന്നു ലോകത്തിലുള്ളവരും മുഴുവന്‍ വിമൂഢരായിരിക്കുന്നു. സംശിതാത്മാക്കളെല്ലാം മഖത്തില്‍ നമ്മെ വാഴ്ത്തും. സാമവേദം ചൊല്ലുന്നവര്‍ "രഥംതരം" പാടും. ബ്രഹ്മജ്ഞരായ വിപ്രന്മാര്‍ നമ്മെ യജിക്കുന്നു. അദ്ധ്വര്യുക്കള്‍ നമുക്കു വേദത്തിലെ ഭാഗത്തെ നിവേദിക്കുന്നു".
ദേവി പറഞ്ഞു: "സാധാരണക്കാരായ പുരുഷന്മാര്‍, പ്രാകൃതന്മാര്‍, തങ്ങളുടെ സ്ത്രീകളുടെ മുമ്പില്‍വച്ച് വാഴ്ത്തുകയും തന്നത്താന്‍ ഗര്‍വ്വ് നടിക്കുകയും ചെയ്യും. അത് പതിവാണ്. ഇതില്‍ യാതൊരു സംശയവുമില്ല".
ഭഗവാന്‍ പറഞ്ഞു: എല്ലാ ദേവിമാരില്‍ വച്ചും ഈശ്വരിയായ ദേവീ, ഞാന്‍ ഒരിക്കലും പൊങ്ങച്ചം പറയുകയില്ല. അല്ലയോ കൃശോദരീ, നീ എന്നെ മനസ്സിലാക്കൂ! യാഗത്തിന് വേണ്ടി ഞാന്‍ ഇപ്പോള്‍ത്തന്നെ ഒരു സൃഷ്ടി നടത്തിയേക്കാം. നോക്കു! വരവര്‍ണ്ണിനീ, നോക്കൂ!
ഇപ്രകാരം പ്രാണപ്രിയയായ ഉമയോടു പറഞ്ഞ് ഉഗ്രമായ ഒരു ഭൂതത്തെ വായില്‍നിന്നു സൃഷ്ടിച്ചു. അതിനെ കണ്ടാൽ രോമാഞ്ചപ്പെട്ടുപോകും.
ജ്വാലാമാലകളാല്‍ ആകുലമായി അനേകം കൈകളോടു കൂടി, എല്ലാകൈകളിലും ആയുധത്തോടുകൂടി, ഒരു മഹാസത്വം ഉടനെ മഹാദേവന്റെ മുമ്പില്‍ തൊഴുതു നിന്ന് "അങ്ങ് എന്തു കല്പിക്കുന്നു. ഈയുള്ളവന്‍ ഇതാ സന്നദ്ധനായി നില്ക്കുന്നു "എന്നു പറഞ്ഞു. അവനോട് മഹേശ്വരന്‍ പറഞ്ഞു: ദക്ഷന്റെ യജ്ഞം നശിപ്പിക്കുക! കളിയായി വായില്‍ നിന്നു പുറത്തു ചാടിയ ആ സിംഹത്താല്‍ ദേവിയുടെ ദുഃഖം ശമിപ്പിക്കുവാന്‍, ദക്ഷന്റെ യജ്ഞം മുടക്കുവാന്‍ പുറപ്പെട്ടു. ദേവിയുടെ കോപത്തില്‍നിന്ന് മഹാഭീമയും മഹേശ്വരിയുമായ മഹാകാളിയും ഉണ്ടായി. അവളുടെ ക്രീഡയ്ക്കു സാക്ഷിയായി കൂട്ടുകാരോടും കൂടി അവന്റെ കുടെ പോയി. ദേവന്റെ സമ്മതം വാങ്ങി തല കുമ്പിട്ടു നമിച്ച് പുറപ്പെട്ടു. അവന്‍ ഭഗവാന്റെ ക്രോധം രൂപമെടുത്തവനാണ്. ശിവന്റെ രൂപത്തോടു തുല്യനാണ്. അനന്തബലവീര്യനും, അനന്തബലപൌരുഷനും, ദേവിയുടെ കോപംകെടുത്തുവാന്‍ പിറന്നവനുമായ വീരഭദ്രനാണ്.
അവന്‍ ഉടനെ തന്റെ ദേഹത്തിലെ ഓരോ രോമകൂപങ്ങളില്‍ നിന്നും രൗമ്യര്‍ എന്ന സൈനൃഗണങ്ങളെ സൃഷ്ടിച്ചു. അവര്‍ രുദ്രാഭന്മാരായ രൗദ്രന്മാരാണ്. രുദ്രനെപ്പോലെ വീരപരാക്രമങ്ങളുള്ളവരുമാണ്. അവര്‍ എല്ലാവരും കൂടി ദക്ഷന്റെ യാഗശാലയിലേക്കു പാഞ്ഞുകയറി. ദക്ഷയാഗം മുടക്കുവാന്‍ ചെന്ന അവര്‍ നുറും ആയിരവും പതിനായിരവുമായി കാണപ്പെട്ടു. എല്ലാവരും ഭീമരൂപന്മാരും മഹാകായന്മാരുമായിരുന്നു. അവരെല്ലാവരും അട്ടഹസിച്ച് കിലുകിലാശബ്ദം കൊണ്ട് ആകാശം നിറച്ചു. ആ മഹാശബ്ദം കേട്ട് ദേവകള്‍ കിടുകിടാ വിറച്ചു. പര്‍വ്വതങ്ങള്‍ തകര്‍ന്നു വീണു. ഭുമി പ്രകമ്പിച്ചു. കൊടുങ്കാറ്റിളകി. കടല്‍ കലങ്ങി മറിഞ്ഞു. അഗ്നിജ്വലിച്ചില്ല. സുരൃന്‍ പ്രകാശിച്ചില്ല. ഗ്രഹങ്ങള്‍ തെളിഞ്ഞില്ല. നക്ഷത്രങ്ങളും ചന്ദ്രനും ശോഭിച്ചില്ല. ഋഷികളും ദേവകളും മര്‍ത്തൃരും ആകുലരായി. ഇങ്ങനെ ഇരുളടഞ്ഞ സമയത്ത് എന്താണ് ദക്ഷശാലയില്‍ നടക്കുന്നത്. അവര്‍ പാഞ്ഞു ചെന്നു നിന്ദയോടെ സകലവും ചൂടുന്നു, പ്രഹരിക്കുന്നു. ചില ഘോരന്മാര്‍ പാഞ്ഞ് യൂപയഷ്ടികള്‍ പറിക്കുന്നു. ചിലര്‍ ഇടിക്കുന്നു, ചവിട്ടുന്നു. വായുവേഗന്മാരും മനോജവന്മാരുമായ അവര്‍ യാഗശാലയിലുള്ളവരെ പിടിച്ച് എറിയുകയും അടിച്ചും ചവിട്ടിയും എല്ലു തകര്‍ക്കുകയും ചെയ്യുന്നു. ചിലര്‍ യജ്ഞപാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്നു. ചിലര്‍ ദിവ്യഭൂഷണങ്ങള്‍ ചവിട്ടി മെതിക്കുന്നു. ആസകലം തകര്‍ന്നു ചിന്നി. ആകാശത്തില്‍ നക്ഷത്രങ്ങള്‍ പോലെ തകര്‍ന്ന പാത്രങ്ങളുടെയും ആഭരണങ്ങളുടെയും കഷണങ്ങള്‍ ചിന്നി. ദിവ്യങ്ങളായ അന്നപാനങ്ങള്‍ കുന്നു പോലെ കൂട്ടിയിട്ടിരുന്നത് എന്തു പാടായി! ചോറും കറികളും വാരി വിതറി. സാമ്പാറും പായസവും പുഴയായി ഒഴുകി. നെയ്യും പായസവും ചേര്‍ന്ന് ഒഴുകുന്ന നിലത്തു ചാടിത്തകര്‍ത്ത് ചളിപ്രായമായി. തയിരിന്റെ വെള്ളത്തോടും കല്‍ക്കണ്ടത്തിന്റെ തരിമണ്ണുകളോടും ഷഡ് രസത്തോടും കൂടി ശര്‍ക്കരത്തോടുകളിലൂടെ സാമ്പാര്‍പായസപ്പുഴ ഭംഗിയായി പ്രവഹിച്ചു. വലിയതും ചെറിയതുമായ പലതരം മാംസം വെച്ചതും പൊരിച്ചതും പലമാതിരി ഭക്ഷ്യങ്ങളും ദിവ്യങ്ങ ളായ പാനകങ്ങളും (കുടിസാധനങ്ങളും) വലിച്ചു കുടിക്കുവാനുള്ള പാനീയങ്ങളും നുണഞ്ഞിറക്കാനുള്ള മധുരപലഹാരങ്ങളും വന്നുകയറിയ പലതരം വികൃതമുഖന്മാര്‍ തിന്നും കുടിച്ചും ബാക്കിയുള്ളത് എറിഞ്ഞും അവിടെ മഹാ ബഹളമുണ്ടാക്കി. രുദ്രന്റെ കോപം മൂലം പെരുംകൂറ്റന്മാരും, കാലാഗ്നി പോലെയുളളവരുമായ സൈന്യങ്ങള്‍ ദേവസൈനൃത്തെ ക്ഷോഭിപ്പിച്ചു. ചുറ്റും വളഞ്ഞ് അവരെ ഭയപ്പെടുത്തി. അവര്‍ എന്തൊക്കെയാണ് കാണിക്കുന്നതെന്നോ! പല മാതിരി നൃത്തംവെച്ചു കളിക്കുന്നു. സ്വര്‍ഗ്ഗസുന്ദരികളെ പിടിച്ചു വലിക്കുന്നു. വാനവന്മാരെല്ലാം ഒരുങ്ങി കാക്കുന്നുണ്ടെങ്കിലും അവര്‍ കൂസുന്നില്ല.
അങ്ങനെ ആ രുദ്രകര്‍മ്മാവ് ആ യജ്ഞവും യജ്ഞശാലയുമൊക്കെ ചുട്ടു വെണ്ണീറാക്കി. അങ്ങനെ തകര്‍ത്തു നിന്ന് ഭൈരവാരവം പുറപ്പെടുവിച്ചു. അട്ടഹാസം കൊണ്ട് സര്‍വ്വരും ഞെട്ടി വിറച്ചു പോയി. ഉടനെ അവര്‍ മാനിന്റെ രൂപമെടുത്തു നില്ക്കുന്ന യജ്ഞത്തിനെ പിടിച്ച് അതിന്റെ തല വെട്ടി എറിഞ്ഞ് അലറി.
ഉടനെ ബ്രഹ്മാദികളായ ദേവന്മാരും, പ്രജാപതിയായ ദക്ഷനും എല്ലാവരും കൈകൂപ്പി നിന്ന് അല്ലയോ ദേവാ, അങ്ങ് ആരാണ്? എന്നു ചോദിച്ചു.
വീരഭദ്രന്‍ പറഞ്ഞു; "ഞാന്‍ രുദ്രനല്ല. ദേവനല്ല. യാഗശാലയില്‍ ഈണുകഴിക്കുവാന്‍ വന്നവനല്ല! ദേവിയുടെ ദുഃഖം മൂലം സര്‍വ്വാത്മകനായ പ്രഭു ക്രുദ്ധനായിരിക്കുന്നു. ഞാന്‍ വിപ്രന്മാരെ കാണുവാന്‍ വന്നതല്ല. യാഗത്തിലെ കൗതുകം കാണുവാന്‍ വന്നതുമല്ല. ഞാന്‍ വന്നത് എന്തിനാണെന്നറിയാമോ? നിന്റെ യജ്ഞം മുടിക്കുവാന്‍, തകര്‍ക്കുവാന്‍, വന്നവനാണ് ഞാന്‍. മനസ്സിലായോ? ഞാന്‍ വീരഭദ്രനാണ്!" രുദ്രകോപത്തില്‍ നിന്നുണ്ടായവനാണ്. എന്റെ അടുത്തു നില്ക്കുന്ന ഇവളോ ഭദ്രകാളിയാണ്. ദേവിയുടെ കോപത്തില്‍ നിന്നുത്ഭവിച്ചവളാണ്.
ദേവദേവനായ ശിവന്‍ . പറഞ്ഞു വിട്ട പ്രകാരം ഞങ്ങള്‍ ഇവിടെ ഈ യജ്ഞത്തിലേക്കു വന്നതാണ്. എടോ വിപ്രന്മാരേ, നിങ്ങള്‍ ദേവദേവനായ ഉമേശനെ ശരണം പ്രാപി ക്കുക. മറ്റു ദേവന്റെ വരത്തേക്കാള്‍ മെച്ചം ഈ മഹാദേവന്റെ ക്രോധമാണ്.
ഇപ്രകാരം വീരഭദ്രന്‍ പറഞ്ഞതുകേട്ട് ധര്‍മ്മിഷ്ഠ സത്തമനായ ദക്ഷന്‍ സ്തോത്രം കൊണ്ടു സന്തോഷിപ്പിച്ച് മഹേശ്വരനെ നമിച്ചു.
ദക്ഷന്‍ പറഞ്ഞു: അവ്യയനും നിത്യനും, ധ്രൂവനുമായ ഈശാനദേവനെ ഞാന്‍ ഭജിക്കുന്നു. മഹാദേവനും, മഹാത്മാവും വിശ്വത്തിനും ലോകത്തിനും ഈശ്വരനുമായ ദേവനെ ഞാന്‍ ഭജിക്കുന്നു.
ദക്ഷപ്രജാപതി മനസ്സു വെച്ച് ദിവ്യമായ മഖങ്ങളില്‍ എല്ലാ ദേവന്മാരെയും വിളിച്ചു. തപസ്വികളായ മുനിമാരെയും വിളിച്ചു. എന്നാല്‍ വിശ്വകര്‍മ്മാവും മഹേശ്വരനുമായ ദേവനെ ക്ഷണിച്ചില്ല. അതില്‍ ദേവിക്കു കോപമുണ്ടായി. തന്റെ ഗണങ്ങളെ വിട്ടയച്ച് യജ്ഞവാടം കുത്തിപ്പിളര്‍ന്നു. ദ്വിജന്മാര്‍ ഭയപ്പെട്ടു പാഞ്ഞുപോയി. രൗദ്രദീപ്തനായ മഹാത്മാവ് താരാവര്‍ഗ്ഗത്തിലെത്തി. ശൂലം ഏറ്റ് ഉള്‍ത്തടം കീറി ഭൃത്യ വര്‍ഗ്ഗങ്ങള്‍ വിലപിച്ചു. പറിച്ചെടുത്ത യൂപങ്ങള്‍ പാരിഷദന്മാർ അങ്ങുമിങ്ങും വലിച്ചെറിഞ്ഞു. ഉടനെ മാംസം കൊതിച്ച് ഗൃദ്ധ്രങ്ങള്‍ പൊങ്ങുകയും വന്നു വീഴുകയും ചെയ്തു. കൊടുങ്കാറ്റിളകി. കുറുക്കന്മാര്‍ കൂട്ടം കൂടി ഓരിയിട്ടു. യക്ഷന്മാരും, ഗന്ധര്‍വ്വന്മാരും, സിദ്ധന്മാരും, പിശാചുക്കളും, സര്‍പ്പങ്ങളും, രാക്ഷസന്മാരും, പ്രാണാപാനങ്ങളെ യത്നിച്ച് വക്ത്രസ്ഥാനാല്‍ തടഞ്ഞു. ഈ സന്ദര്‍ഭത്തില്‍ കാഴ്ചകളൊക്കെ നോക്കിക്കണ്ട്, ശത്രുഘ്നനും ബഹുലോചനനുമായ ദേവദേവേശന്‍ ഉടനെ അഗ്നികുണ്ഡത്തില്‍ നിന്ന് ഉയര്‍ന്നു വന്നു. ആയിരം സൂര്യനുദിച്ച പോലെ മഹാശോഭ വീശി, സംവര്‍ത്തകാഗ്നി തുല്യനായി ശോഭിച്ചു. ദേവന്‍ പുഞ്ചിരി തൂകി ദക്ഷനോടു പറഞ്ഞു: "പറയു! ഞാന്‍ എന്തു ചെയ്യ ണം?".
മഖത്തിന്റെ സംഭവം ദേവകളുടെ ഗുരു പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ആ ദേവനോടു കൈകൂപ്പി ദക്ഷപ്രജാപതി ഭയത്തോടും ശങ്കയോടും വിറയലോടും കൂടി കണ്ണുനീരൊഴുകുന്ന മുഖത്തോടും കൂടി ഇപ്രകാരം പറഞ്ഞു.
ദക്ഷന്‍ പറഞ്ഞു: ഭഗവാനേ, അങ്ങ് എന്നില്‍ പ്രസാദിക്കുകയാണെങ്കില്‍, ഞാന്‍ അങ്ങയുടെ പ്രിയനാണെങ്കില്‍, ഞാന്‍ അനുഗ്രാഹ്യനാണെങ്കില്‍, അങ്ങ് വരദനാണെങ്കില്‍ അങ്ങ് അനുഗ്രഹിക്കണേ!
ചുട്ടും, തിന്നും, കുടിച്ചും, ഉണ്ടും നശിപ്പിച്ചതെല്ലാം, പൊട്ടിച്ചെറിഞ്ഞതും, ചവിട്ടിയുടച്ചുതും, വലിച്ചെറിഞ്ഞു നശിപ്പിച്ചതുമെല്ലാം ഭഗവാനേ, വളരെക്കാലം പ്രയത്നിച്ചു സമ്പാദിച്ചതാണ്. അവ കേവലം പാഴിലാക്കാതിരിക്കാന്‍ ആനുഗ്രഹിക്കണേ! ഞാന്‍ ഈ വരമാണു വരിക്കുന്നത്. "അങ്ങനെയാകട്ടെ" എന്ന് ഭഗനേത്രഹരനായ ഹരന്‍ പറഞ്ഞു. ധര്‍മ്മാദ്ധൃക്ഷനും, വിരൂപാക്ഷനും, ത്ര്യക്ഷനും, ദേവനും, പ്രജകളുടെ പതിയും, ഭവനുമായ ദേവന്‍ നല്കുന്ന വരം വാങ്ങി മുട്ടുകുത്തി നിന്ന് ദക്ഷന്‍ ആയിരത്തെട്ടുനാമത്താല്‍ വൃഷകേതുവെ സ്മുതിച്ചു.
അദ്ധ്യായം 285. ദക്ഷൻ ചൊല്ലിയ ശിവസഹസ്രനാമസ്തോത്രം
യുധിഷ്ഠിരന്‍ പറഞ്ഞു: ഏതേതു പേരിനാല്‍ ദക്ഷന്‍ പുകഴ്ത്തീ ദേവദേവനെ? ചൊന്നാലും താത, കേട്ടീടാന്‍ ആശയുണ്ടനഘാശയ!
ഭീഷ്മൻ പറഞ്ഞു: അത്ഭുതക്രിയനായ് ഗൂഢവ്രതനാമീശ്വരനുടെ ഗുഹൃപ്രകാശങ്ങള്‍ കേള്‍ക്ക പുണ്യനാമങ്ങള്‍ ഭാരത!
ശിവസഹസ്രനാമസ്തോത്രം
1) നമസ്തേ ദേവദേവേശ, ദേവാരിബലസൂദന, ദേവേന്ദ്ര ബലവിഷ്ടംഭ, ദേവദാനവപുജിത!
2) സഹസ്രാക്ഷ, വിരൂപാക്ഷ, ത്രൃക്ഷ, യക്ഷാധിപപ്രിയ എങ്ങും കൈകാലുള്ള ദേവയെങ്ങും മൂര്‍ദ്ധേക്ഷണാനന!
3) ലോകമെങ്ങും ശ്രോത്രവാനേ, എങ്ങും വ്യാപിച്ചു നില്‍പ്പു നീ ശങ്കുകര്‍ണ്ണ, മഹാവര്‍ണ്ണ, കുംഭകര്‍ണ്ണാര്‍ണ്ണവാലയ!
4) ഗജേന്ദ്രകര്‍ണ്ണ ഗോകര്‍ണ്ണ പ്രാണികര്‍ണ്ണ തൊഴുന്നു ഞാന്‍ . ശതോദര, ശതാവര്‍ത്ത ശതജിഹ്വ, തൊഴുന്നു ഞാന്‍.
5) പാടുന്നു നിന്നെഗ്ഗായത്ര രര്‍ക്കരര്‍ച്ചിപ്പിതര്‍ക്കനെ ബ്രഹ്മാവാം നിന്നെ മേല്‍വാനായ് ശതക്രതുവെയോര്‍പ്പതാം.
6) നിന്‍മൂര്‍ത്തിയില്‍ മഹാമൂര്‍ത്തേ, സമുദ്രാംബരസന്നിഭ, തൊഴുത്തിന്നുളളില്‍ ഗോക്കള്‍പോല്‍ നിന്നില്‍ നില്ക്കുന്നു ദേവകള്‍.
7) കാണുന്നു നിന്റെ ദേഹത്തില്‍ സോമവഹ്‌നി ജലേശരെ ആദിത്യന്‍ വിഷ്ണുബ്രഹ്മാവു വ്യാഴനെന്നിവരേയുമേ
8) കാരണം കാരൃവും പിന്നെ കരണം ക്രിയയും ഭവാന്‍, അസത്തുസത്തുക്കള്‍ക്കുള്ള പ്രഭവക്ഷയവും ഭവാന്‍
9) തൊഴാം ഭവന്നു ശര്‍വൃന്നു രുദ്രന്നു വരദന്നു ഞാന്‍ തൊഴാം പശുപതിക്കായ് ഞാന്‍ അന്ധകാരിക്കു കൈതൊഴൊം.
10) ത്രിജടന്നു ത്രിശീര്‍ഷന്നു ത്രിശൂലപരഹസ്തന്നു ത്ര്യംബകന്നു ത്രിനേത്രന്നു ത്രിപുരാരിക്കു കൈതൊഴാം
11) കൂപ്പാം ചണ്ഡന്നു കുണ്ഡന്നു മണ്ഡന്നണ്ഡധരന്നുമേ ദണ്ഡിക്കു സര്‍വ്വകര്‍ണ്ണന്നു ദണ്ഡിമുണ്ഡന്നു കൈതൊഴാം.
12) ഉര്‍ദ്ധ്വ കേശോര്‍ദ്ധ്വദംഷ്ട്രന്നു ശുക്ളന്നവതതന്നുമേ വിലോഹിതന്നു ധൂമ്രന്നു നീലഗ്രീവന്നു കൂപ്പിടാം.
13) കുപ്പാമപ്രതിരൂപന്നു വിരൂപന്നു ശിവന്നുമേ സൂര്യന്നു, സൂര്യമാലന്നു, സൂര്യധ്വജപതാകനും.
14) തൊഴാം പ്രമഥനാഥന്നു വൃഷസ്കന്ധന്നു ധന്വനും ശത്രുന്ദമന്നു ദണ്ഡന്നും പര്‍ണ്ണചീരപടന്നുമേ.
15) കൂപ്പാം ഹിരണൃഗര്‍ഭന്നു ഹിരണ്യകവചന്നുമേ ഹിരണൃകൃതചുഢന്നും ഹിരണ്യപതിയെത്തൊഴാം.
16) തൊഴാം സ്മുതന്നു സ്തുത്യന്നു സ്തൂയമാനന്നു കൈതൊഴോം സര്‍വ്വന്നു, സര്‍വ്വഭക്ഷന്നു സര്‍വ്വഭൂതാന്തരാത്മനും.
17) തൊഴാം ഹോതന്നു മന്ത്രന്നു ശുക്ളധ്വജപതാകനും തൊഴാം നാഭന്നു നാഭ്യന്നു തൊഴാം കടകടന്നു ഞാന്‍.
18) തൊഴാം ഞാന്‍ കൃശനാശന്നും കൃശാംഗന്നും കൃശന്നുമേ സംഹൃഷ്ടനായ ദേവന്നു തൊഴാം കിലികലന്നു ഞാന്‍.
19) കൈതൊഴാം ശയമാനന്നു ശയിതന്നുത്ഥിതന്നു ഞാന്‍ സ്ഥിതന്നും ധവമാനന്നും മുണ്ഡന്നും ജടിലന്നുമേ.
20) തൊഴാം നര്‍ത്തനശീലന്നു മുഖവാദിത്രവാദനും നന്ദ്യോപഹാരലുബ്ധന്നു ഗീതവാദിത്രശീലനും.
21) തൊഴാം ജ്യേഷ്ഠന്നു ശ്രേഷ്ഠന്നു ബലപ്രമഥനന്നുമേ കാലനാഥന്നു കല്പന്നു ക്ഷയന്നുപക്ഷയന്നുമേ.
22) ഭീമദുന്ദുഭിഹാസന്നു ഭീമവ്രതധരന്നുമേ ഉഗ്രന്നു കൈതൊഴാം നിത്യം ദശബാഹുവിനായ് തൊഴാം.
23) കൂപ്പാം കപാലഹസ്തന്നു ചിതാഭസ്മപ്രിയന്നു ഞാന്‍ വിഭീഷണന്നു ഭീഷ്മന്നു ഭീമവ്രതധരന്നുമേ.
24) കൂപ്പാം വികൃതഹസ്തന്നു ഖള്‍ഗജിഹ്വന്നു ദംഷ്ട്രനും പക്വാമ മാംസലുബ്ധന്നു തുംബീവീണാപ്രിയന്നു ഞാന്‍.
25) തൊഴാം വൃക്ഷന്നു വൃഷ്യന്നു ഗോവൃഷന്നു വൃഷന്നു ഞാന്‍ കടം കടന്നു ദണ്ഡന്നു തൊഴാം പചപചന്നു ഞാന്‍.
26) തൊഴാം സര്‍വ്വവരിഷ്ഠന്നു വരന്നു വരദന്നു ഞാന്‍ വരമാല്യഗന്ധവസ്ത്രന്നു വരാതിവരദേ, തൊഴാം.
27) കൂപ്പാം രക്തവിരക്തന്നു ഭാവനന്നക്ഷമാലനും സംഭിന്നന്നു വിഭിന്നന്നു ഛായയ്ക്കും തപനന്നുമേ.
28) അഘോരഘോരരുപന്നു ഘോരഘോരതരന്നുമേ തൊഴാം ശിവന്നു ശാന്തന്നു തൊഴാം ശാന്തതപന്നു ഞാന്‍.
29) ഏകപാത് ബഹുനേത്രന്നു ഏകശീര്‍ഷന്നു ഞാന്‍ തൊഴാം ക്ഷുദ്രന്നും ക്ഷുദ്രജീവന്നും സംവിഭാഗ്രപപ്രിയന്നുമേ.
30) പഞ്ചാലന്നു സിതാംഗന്നു തൊഴാം ശമശമന്നു ഞാന്‍ തൊഴാം ചണ്ഡികഘണ്ടന്നു ഘണ്ടനും ഘണ്ടഘണ്ടനും.
31) സഹ്രസ്രാദ്ധ്മാത ഘണ്ടന്നും ഘണ്ടാമാലാപ്രിയന്നുമേ പ്രാണഘണ്ടന്നു ഗന്ധന്നു തൊഴാം കളകളന്നുമേ.
32) ഹും ഹും ഹുങ്കാരപാരന്നു ഹും ഹുങ്കാരപ്രിയന്നുമേ തൊഴാം ശമശമേ നിത്യം ഗിരിവ്ൃക്ഷാലയന്നു ഞാന്‍.
33) ഗര്‍ഭമാസസൃഗാലന്നു താരകന്നു തരന്നുമേ തൊഴാം യജിക്കും യജഞന്നും ഹുതന്നും പ്രഹുതന്നുമേ.
34) യജ്ഞവാഹന്നു ദാന്തന്നു തപ്യന്നും തപനന്നുമേ തൊഴാം തടന്നും താട്യന്നും തടങ്ങള്‍ പതിയെത്തൊഴാം.
35) അന്നദന്നു തൊഴാമന്ന പതിക്കിങ്ങന്നഭുക്കിനും സഹസ്രശീര്‍ഷന്നു തൊഴാം സഹസ്രചരണന്നുമേ.
36) സഹസ്രോദ്യതശൂരന്നു സഹസ്രനയനന്നുമേ തൊഴാം ബാലാര്‍ക്കവര്‍ണ്ണന്നു ബാലരൂപധരന്നുമേ.
37) ബാലാനുചരഗോപ്തന്നും ബാലക്രീഡനകന്നുമേ തൊഴാം വൃദ്ധന്നു ലുബ്ധന്നു ക്ഷുബ്ധന്നും ക്ഷോഭണന്നുമേ.
38) തരംഗാംഗിതകേശന്നു മുഞ്ജകേശന്നു കൂപ്പിടാം ഷള്‍ക്കര്‍മ്മതുഷ്ടന്നു തൊഴാം ത്രികര്‍മ്മനിരതന്നുമേ.
39) വര്‍ണ്ണാശ്രമങ്ങള്‍ക്കു പൃഥക്കര്‍മ്മനിവര്‍ത്തകന്നുമേ തൊഴാം ഘോഷ്യന്നു ഘോഷന്നു തൊഴാം കളകളന്നുമേ..
40) ശ്വേത പിംഗളനേത്രന്നു കൃഷ്ണരക്തേക്ഷണന്നുമേ പ്രാണഭഗ്നന്നു ദണ്ഡന്നും സ്ഫോടനന്നും കൃശന്നുമേ.
41) ധര്‍മ്മകാമാര്‍ത്ഥമോക്ഷങ്ങള്‍ കഥനീയകഥന്നുമേ. സാംഖൃന്നു സാംഖൃമുഖ്യന്നു സാംഖ്യയോഗപ്രവൃത്തനും.
42) തൊഴാം രഥ്യവിരഥ്യന്നും ചതുഷ്പഥരഥന്നുമേ കൃഷ്ണാജിനോത്തരീയന്നും വ്യാളയജേഞാപവീതനും.
43) ഈശാന, വംജ്ര സംഘാത, ഹരികേശ നമിപ്പു ഞാന്‍ ത്ര്യംബകാഞ്ചികനാഥന്നു വ്യക്താവ്യക്ത, തൊഴുന്നു ഞാന്‍.
44) കാമ, കാമദ, കാമഘ്ന, തൃപ്താതൃപ്ത വിചാരിയേ സര്‍വ്വ, സര്‍വ്വദ, സര്‍വ്വഘ്ന സംന്ധ്യാരാഗ, നമിപ്പു ഞാന്‍.
45) മഹാബല, മഹാബാഹോ, മഹാസത്വ, മഹാദ്യുതേ! മഹാമേഘചയപ്രഖ്യ, മഹാകാള, നമിപ്പു ഞാന്‍.
46) സ്ഥൂലജീര്‍ണ്ണാംഗജടിയേ വല്ക്കലാജിനധാരിയേ ദീപ്തസൂര്യാഗ്നിജടിലേ വല്ക്കലാജിനവാസിയേ.
47) സഹസ്രസൂര്യപ്രതിമ തപോനിത്യ, തൊഴുന്നു ഞാന്‍, ഉന്മാദന, ശതാവര്‍ത്ത ഗംഗാതോയാര്‍ദ്ര മൂര്‍ദ്ധജ।!
48) ചന്ദ്രാവര്‍ത്ത യുഗാവര്‍ത്ത മേഘാവര്‍ത്ത തൊഴുന്നു ഞാന്‍, നീയന്ന; മന്നഭോക്താവന്നദനങ്ങന്നഭുക്കു താന്‍.
49) അന്നസ്രഷ്ടാവു പക്താവു പക്വഭുക് പവനാനിലന്‍ ജരായുജാണ്ഡജസ്വേദജോത്ഭിജ്ജങ്ങളുമങ്ങനെ.
50) നീതന്നെ ദേവദേവേശ ഭൂതഗ്രാമം ചതുര്‍വ്വിധം നീയേ ചരാചരസ്രഷ്ടാ പതിഹര്‍ത്താവുമങ്ങനെ.
51) പറയുന്നു ബ്രഹ്മവിജ്ഞര്‍ ബ്രഹ്മമായ് ബ്രഹ്മവിത്തമ മനസ്സില്‍ പരയാം യോനി ഖം വായു ജ്യോതിഷാംനിധി
52) ഋക് സാമങ്ങളുമോങ്കാരം നീയെന്നാര്‍ ബ്രഹ്മവാദികള്‍ ഹായി ഹായി ഹുവാ ഹായി: ഹുവാ ഹോയി പലേകുറി.
53) സുരശ്രേഷ്ഠ, സ്തുതിക്കുന്നു നിന്നെസ്സാമഗവൈദികര്‍ യജുര്‍മ്മയന്‍ ഋക് മയന്‍ നീ യാഹുതീമയനങ്ങനെ.
54) സ്മുതനത്രേ ശ്രുതികളാല്‍ വേദോപനിഷദങ്ങളാല്‍, ബ്രഹ്മക്ഷത്രിയവൈശ്യന്മാര്‍ ശൂദ്രന്‍ താഴ്ന്നുള്ള ജാതികള്‍.
55) മേഘസംഘങ്ങള്‍ നീയല്ലോ ഇടി, മിന്നല്‍, ഇരമ്പലും വത്സരം നീ ഋതുക്കള്‍ നീ മാസം മാസാര്‍ദ്ധവും ഭവാന്‍.
56) യുഗം നിമേഷം നീ കാഷ്ഠ നക്ഷത്രങ്ങള്‍ ഗ്രഹം കല വൃക്ഷങ്ങള്‍ക്കു കകുത്തും നീ ശൃംഗങ്ങള്‍ മലകള്‍ക്കു നീ.
57) വ്യാഘ്രം മൃഗേ, ഖഗേതാര്‍ക്ഷ്യന്‍ നാഗങ്ങളിലനന്തനാം ക്ഷീരാബ്ധിനീയാഴികളില്‍ വില്ല് യന്ത്രങ്ങളില്‍ ഭവാന്‍.
58) ശാസ്ത്ര ജാലത്തില്‍ വജ്രം നീ സത്യമത്രേ വ്രതങ്ങളില്‍ നീതാന്‍ ദ്വേഷം പിന്നെയിച്ഛ രാഗം മോഹം ക്ഷമാക്ഷമ.
59) വ്യവസായം ധൃതീ ലോഭം കാമം ക്രോധം ജയാജയം ഗദിനീ ശരിനീ ചാപി യേവം ഖട്വാംഗി ത്ധര്‍ത്ധരി.
60) ഛേത്താ ഭേത്താ പ്രഹര്‍ത്താ നീ നേതാ മന്താ പിതാമതന്‍ ദശലക്ഷണമൊത്തോന്‍ നീ ധര്‍മ്മമങ്ങര്‍ത്ഥകാമവും.
61) ഗംഗാ സമുദ്രങ്ങള്‍ സരിത് പല്വലങ്ങള്‍ സരിത്തുകള്‍ ലതാവല്ലി ഔഷധിതൃണം പശുക്കള്‍ മൃഗപക്ഷികള്‍
62) ദ്രവ്യകര്‍മ്മസമാരംഭന്‍ കാലപുഷ്പഫലപ്രദന്‍ വേദങ്ങള്‍ക്കാദിയന്തം നീ ഗായത്ര്യോങ്കാരവും ഭവാന്‍.
63) ഹരിതന്‍ രോഹിതന്‍ നീലന്‍ കൃഷ്ണന്‍ രക്തനഥാരുണന്‍ ക്രദു പിന്നെക്കപിലനും കപോതന്‍ പിന്നെ മേചകന്‍.
64) അവര്‍ണ്ണന്‍ നീ സുവര്‍ണ്ണന്‍ നീ വര്‍ണ്ണകാരനനൌപമന്‍ സുവര്‍ണ്ണനാമാവതുപോല്‍ സുവര്‍ണ്ണപ്രിയനും ഭവാന്‍.
65) ഇന്ദ്രന്‍ യമന്‍ നീ വരദന്‍ ധനദന്‍ നീയിഹാനലന്‍ ഉപപ്ളവന്‍ ചിത്രഭാനു സ്വര്‍ഭാനുവഥ ഭാനു നീ.
66) ഹോത്രം ഹോതാവു ഹോമ്യം നീ ഹുതമമ്മട്ടു നീ പ്രഭു ത്രിസൌപര്‍ണ്ണം ബ്രഹ്മയജുസ്സുക്കള്‍ക്കു ശതരുദ്രിയം.
67) പവിത്രങ്ങള്‍ക്കും പവിത്രം മംഗളങ്ങള്‍ക്കു മംഗളം ഗിരികന്‍ ഹിണ്ഡുകന്‍ വൃക്ഷം ജീവന്‍ പുല്‍ഗ്ഗളനങ്ങനെ.
68) പ്രാണന്‍ സത്വം രജസ്സും നീ; തമസ്സഗ്രമതില്‍പ്പരം; പ്രാണാപാനന്‍ സമാനന്‍ നീ; ഉദാനന്‍ വ്യാനനങ്ങനെ.
69) ഉന്മേഷം നീ നിമേഷം നീ ക്ഷുതം ഋഭിതമങ്ങനെ ലോഹിതാന്തര്‍ഗ്ഗതാദൃഷ്ടി മഹാവക്ത്രന്‍ മഹോദരന്‍:
70) സൂചിരോമന്‍ ഹരിശ്മശ്രു ഊര്‍ദ്ധകേശന്‍ ചലാചലന്‍ ഗീതവാദിത്രതത്ത്വജ്ഞന്‍ ഗീതവാദനകപ്രിയന്‍
71) മത്സ്യന്‍ ജലചരന്‍ ജാള്യാ കളകേളി കളന്‍ കലി അകാലമതികാലം നീ ദുഷ്ക്കാലം കാമമങ്ങനെ.
72) മൃത്യുക്ഷരന്‍ കൃത്യവും നീ പക്ഷപക്ഷക്ഷയങ്കരന്‍ മേഘകാളന്‍ മഹാദംഷ്ട്രന്‍ സംവൃത്തകവലാഹകന്‍.
73) ഘണ്ടാഘണ്ടന്‍ ഘടീഘണ്ടി ചരുചേളി മിളീമിളി ബ്രഹ്മകായികമഗ്ന്യോഘേ ദണ്ഡി മുണ്ഡന്‍ ത്രിദണ്ഡധ്യക്
74) ചതുർയുഗം ചതുര്‍വ്വേദം ചതുര്‍ഹോത്രപ്രവൃത്തകന്‍ ചാതുരാശ്രമ്യനേതാവു ചാതുര്‍വ്വര്‍ണ്യകരന്‍ പരം.
75) എന്നുമക്ഷപ്രിയന്‍ ധൂര്‍ത്തന്‍ ഗണാദ്ധ്യക്ഷന്‍ ഗണാധിപന്‍ രക്തമാല്യാംബരധരന്‍ ഗിരീശന്‍ ഗിരികപ്രിയന്‍.
76) ശില്പികന്‍ ശില്പിക ശ്രേഷ്ഠന്‍ സര്‍വ്വശില്പ പ്രവര്‍ത്തകന്‍; ഭഗനേത്രാങ്കുശന്‍ ചണ്ഡന്‍; പൂഷദന്തവിനാശനന്‍.
77) സ്വാഹ സ്വധ വഷള്‍ക്കാരം നമസ്‌കാരം നമോനമഃ ഗൂഢവ്രതന്‍ ഗുഹ്യതപന്‍ താരകൻ താരകാമയന്‍.
78) ധാതാവിധാതാസന്ധാതാ വിധാതാ ധരണാധരന്‍ ബ്രഹ്മാവു നീ തപം സത്യം ബ്രഹ്മചര്യമഥാര്‍ജ്ജവം.
79) ഭൂതാത്മാ ഭൂതകൃത് ഭൂതന്‍ ഭൂതഭവ്യഭവോത്ഭവന്‍ ഭുര്‍ഭുവസ്വരിതന്‍ പിന്നെ ധ്രുവന്‍ ദാന്തന്‍ മഹേശ്വരന്‍
80) ദീക്ഷിതാദിക്ഷിതന്‍ ക്ഷാന്തന്‍ ദുര്‍ദ്ദാന്തന്‍ ദാന്തനാശനന്‍ ചന്ദ്രാവര്‍ത്തന്‍ യുഗാവര്‍ത്തന്‍ സംവര്‍ത്തന്‍ സംപ്രവര്‍ത്തകന്‍.
81) കാമന്‍ ബിന്ദുവണുസ്ഥൂലന്‍ കര്‍ണ്ണികാരസ്രജപ്രിയന്‍ നന്ദീമുഖന്‍ ഭീമമുഖന്‍ സുമുഖന്‍ ദുര്‍മ്മുഖാമുഖന്‍.
82) ചതുര്‍മ്മുഖന്‍ ബഹുമുഖൻ റണൗഘാഗ്നിമുഖന്‍ പരം ഹിരണൃഗര്‍ഭന്‍ ശകുനി മഹോരഗപതീ വിരാള്‍.
83) അധര്‍മ്മഹാ, മഹാപാര്‍ശ്വന്‍ ചണ്ഡധാരന്‍ ഗണാധിപന്‍ ഗോനര്‍ദ്ദന്‍ ഗോപ്രതാരന്‍ നീ ഗോവൃഷേശ്വരവാഹനന്‍.
84) ത്രൈലോക്യഗോപ്താ ഗോവിന്ദന്‍ ഗോമാര്‍ഗ്ഗം മാര്‍ഗ്ഗമങ്ങനെ ശ്രേഷ്ഠന്‍ സ്ഥിരന്‍ സ്ഥാണു പിന്നെ നിഷ്കമ്പന്‍ കമ്പനങ്ങനെ.
85) ദുര്‍വ്വാരണന്‍ ദുര്‍വ്വിഷഹന്‍ ദുസ്സഹന്‍ ദുരതിക്രമന്‍ ദുര്‍ദ്ധര്‍ഷന്‍ ദുഷ്പ്രകമ്പന്‍ നീ ദുര്‍വ്വിഷന്‍ ദുര്‍ജ്ജയന്‍ ജയന്‍.
86) ശശന്‍ ശശാങ്കന്‍ ശമനന്‍ ശീതോഷ്ണ ക്ഷുള്‍ജ്വരാദിധ്യക് ആധിവ്യാധികള്‍ നീ പിന്നെ വ്യാധിഹാ വ്യാധിയങ്ങനെ.
87) എന്റെ യജ്ഞമൃഗവ്യാധന്‍ വ്യാധികള്‍ക്കാഗമം ഗമം ശിഖണ്ഡി പുണ്ഡരീകാക്ഷന്‍ പുണ്ഡരീകവനാലയന്‍.
88) ദണ്ഡധാരന്‍ ത്ര്യംബകന്‍ നീ ഉഗ്രദന്‍ താണ്ഡനാശനന്‍ വിഷാഗ്രപാത് സുരശ്രേഷ്ഠന്‍ സോമപന്‍ നീ മരുത്പതി.
89) അമൃതന്‍ നീ ജഗന്നാഥ, ദേവദേവഗണേശ്വരന്‍; വിഷാഗ്നിപന്‍ മൃത്യുപന്‍ നീ; ക്ഷീരപന്‍ സോമപന്‍ ഭവാന്‍; മഥുശ്ച്യതാഗ്രപന്‍ നീയേ നീ തന്നെ തുഷിതാജ്യപന്‍.
90) ഹിരണ്യരേതന്‍ പുരുഷന്‍ ഭവാന്‍ താന്‍; പെണ്ണാണുമാണങ്ങു നപുംസകം ഭവാന്‍; ബാലന്‍ യുവാസ്ഥവിരന്‍ ജീര്‍ണ്ണദംഷ്ട്രന്‍ നാഗേന്ദ്രന്‍ ശക്രന്‍ വിശ്വകൃത് വിശ്വഹര്‍ത്താ.
91) വിശ്വകൃത്ത് ഭവാന്‍ വിശ്വകൃത്തുക്കളില്‍ വരേണ്യനാം വിശ്വവാഹന്‍ വിശ്വരൂപന്‍ തേജസ്വി വിശ്വതോമുഖന്‍.
92) നിന്‍കണ്ണ് ചന്ദ്രാദിത്യന്മാര്‍ കരളല്ലോ പിതാമഹന്‍ മഹോദധീ സരസ്വതീ വാക്ബലമനലാനിലന്‍.
93) അഹോരാത്രം നിമേഷോന്മേഷകര്‍മ്മാവായിടുന്നു നീ; ബ്രഹ്മാവില്ലില്ല ഗോവിന്ദന്‍ പൌരരില്ലില്ല ഋഷീശ്വരര്‍.
94) ശരിയായ് ശരിയായ് നിന്റെ മാഹാത്മ്യമറിവാന്‍ ശിവ! നിന്‍ സൂക്ഷ്മമൂര്‍ത്തികള്‍ നമുക്കിന്നു കാഴ്ചയിലായ് വരാ.
അല്ലയോ മഹേശ്വരാ, അച്ഛന്‍ മകനെ എന്ന പോലെ എന്നെ രക്ഷിച്ചാലും. ഞാന്‍ അങ്ങയാല്‍ രക്ഷിക്കപ്പെടേണ്ടവനാണ്. ഞാന്‍ ഇതാ കൈകുപ്പുന്നു. അനഘാശയാ, രക്ഷിച്ചാലും. അല്ലയോ ഭക്താനുകമ്പിയായ ഭഗവാനേ, ഞാന്‍ എപ്പോഴും അങ്ങയില്‍ ഭക്തിയുള്ളവനാണ്. അനേക സഹസ്രം പുരുഷന്മാരെ മൂടി ദുര്‍ദ്യശനായി നില്ക്കുന്ന ദേവാ, കടലില്‍ നില്‍ക്കുന്ന എന്നെ ഭവാന്‍ രക്ഷിക്കണേ!
നിദ്ര വെടിഞ്ഞവരും ശ്വാസം ജയിച്ചവരും സത്വത്തില്‍ ആണ്ടവരും ജിതേന്ദ്രിയന്മാരുമായ യോഗീന്ദ്രന്മാര്‍ കാണുന്ന ജ്യോതിസ്സായ, ആ യോഗാത്മാവായ, അങ്ങയെ ഇതാ നമസ്കരിക്കുന്നു. ജടിലനും ദണ്ഡിയും ലംബോദരശരീരനും കമണ്ഡലുനിഷംഗനുമായി വിളങ്ങുന്ന ബ്രഹ്മാവിനെ ഞാന്‍ ഇതാ തൊഴുന്നു. സര്‍വ്വഭൂതങ്ങളേയും വിഴുങ്ങി പ്രളയ കാലത്ത് വെള്ളത്തില്‍ പള്ളികൊള്ളുന്ന ദേവാ, ജലശായിയായ അങ്ങയെ ഞാന്‍ ആശ്രയിക്കുന്നു.
രാഹുവിന്റെ വായില്‍ പ്രവേശിച്ച് രാവില്‍ സോമനെ കുടിക്കുന്നവനും രാഹുവായി സൂര്യനെ വിഴുങ്ങുന്നവനുമായ ദേവാ, ഭവാന്‍ എന്നെ രക്ഷിക്കണേ! യഥാഭാഗം ഗര്‍ഭമായി നിന്നു സേവിക്കുന്നത് ഏവരാണോ അവര്‍ക്ക് ഇതാ നമസ്കാരം. സ്വാഹസ്വധ നേടി രസിച്ചാലും. ദേഹികളുടെ ദേഹങ്ങള്‍ തോറും അംഗുഷ്ഠാംഗരായി വസിക്കുന്ന പുരുഷന്മാര്‍ ഏവരാണോ അവര്‍ എന്നെ എന്നും രക്ഷിക്കട്ടെ! എനിക്ക് ഐശ്വര്യംനല്‍കട്ടെ! ശോഭിക്കാത്തവനായി ദേഹികളെ ശോഭിപ്പിക്കുന്നവരായി ആരുണ്ടോ ഹര്‍ഷിക്കാത്ത അവര്‍ ഹര്‍ഷിപ്പിക്കുന്നു. അവര്‍ക്കായി ഞാന്‍ ഇതാ എപ്പോഴും കൈകൂപ്പുന്നു.
പുഴകളിലും സമുദ്രങ്ങളിലും പര്‍വ്വതങ്ങളിലും പാതാളത്തിലും ആരോ, തൊഴുത്തിലും വൃക്ഷമൂലത്തിലും, കാന്താരാന്തരാളങ്ങളിലും, നാലും കൂടിയ പെരുവഴിയിലും, രാജവീഥിയിലും, ചത്വരങ്ങളിലും, തടങ്ങളിലും, ഗജാശ്വാലയങ്ങളിലും, ജീര്‍ണ്ണോദ്യാനങ്ങളിലും, പഞ്ചഭൂതങ്ങളിലും, ദിക്കുകളിലും, വിദിക്കുകളിലും, ചന്ദ്രാര്‍ക്കന്മാരിലും ആര് വാഴുന്നു, ചന്ദ്രാര്‍ക്കന്മാരുടെ രശ്മികളിലും രസാതലത്തിലും പരലോകത്തിലും ആര് വാഴുന്നു, അവരെയെല്ലാം ഇതാ ഞാന്‍ നമസ്‌കരിക്കുന്നു. അവരെയെല്ലാം എന്നെന്നും നമസ്കരിക്കാം. സംഖ്യ, പ്രമാണം, രൂപം എന്നിവ കൊണ്ടൊന്നും പരിഗണിക്കുവാന്‍ കഴിയാത്തവരായ അസംഖ്യേയ ഗുണന്മാരായ രുദ്രന്മാര്‍ക്ക് എന്റെ നമസ്കാരം.
സര്‍വ്വഭൂതകരനും, സര്‍വ്വഭൂതേശനും, ഹരനുമായ ഭവാന്‍ സര്‍വ്വാന്തര്യാമിയാണല്ലോ. അതു കൊണ്ടാണ്, അതില്‍ നിന്നു വേറേയല്ലാത്തത് കൊണ്ടാണ്, ഞാന്‍ അങ്ങയെ യാഗത്തിന്ന് ക്ഷണിക്കാതിരുന്നത്. ഭൂരിദക്ഷിണ കൊണ്ടു ഞാന്‍ യജിക്കുന്നത് അങ്ങയെയാണല്ലോ. സര്‍വ്വ കര്‍ത്താവാണല്ലോ ഭവാന്‍. അതു കൊണ്ടാണ് ഞാന്‍ അങ്ങയെ പ്രത്യേകം ക്ഷണിക്കാതിരുന്നത്. അല്ലെങ്കില്‍ ദേവാ, നിന്റെ സൂക്ഷ്മമായ മായയില്‍ ഞാന്‍ മുങ്ങിപ്പോയി, മോഹത്തില്‍ പെട്ടുപോയി. ഈ കാരണത്താലുമാകാം ഞാന്‍ നിന്നെ ക്ഷണിക്കാതിരുന്നത്. അങ്ങു തന്നെയാണല്ലോ അതിന്ന് കര്‍ത്താവ്.
അല്ലയോ ഭവാ, ഭവാന്‍ എന്നില്‍ പ്രസാദിക്കണേ, എന്റെ യജ്ഞഭാഗം അങ്ങ് കൈക്കൊള്ളണമേ! എന്റെ കരള്‍ അങ്ങയില്‍ അര്‍പ്പിച്ചിരിക്കുന്നു. ദേവാ, എന്റെ ധീയും അങ്ങയിലാണ്. എന്റെ മനസ്സും അങ്ങയിലാണ്.
ഇപ്രകാരം മഫഹേശ്വരനെ സ്തുതിച്ച് പ്രജാപതി വിരമിച്ചു. ഭഗവാന്‍ സ്തൂതിയില്‍ പ്രസാദിച്ച് ദക്ഷനോട് ഇപ്രകാരം പറഞ്ഞു.
ശങ്കരന്‍ പറഞ്ഞും: അല്ലയോ സുവ്രതനായ ദക്ഷാ! ഞാന്‍ നിന്റെ ഈ സ്തവത്തില്‍ സന്തോഷിക്കുന്നു. എന്തിന്നധികം പറയുന്നു. നീ എന്റെ അരികില്‍ വന്നു ചേരും. അല്ലയോ ദക്ഷാ! പ്രജാപതേ, നിനക്ക് ഇതിന്റെ ഫലം ലഭി ക്കും. എന്റെ പ്രസാദം നിനക്കുണ്ട്.
പിന്നേയും അവനോടു ലോകര്‍ക്ക് അധിപനായ ദേവന്‍ വാക്യജ്ഞനായ, വാകൃസമ്മതനായ ഭഗവാന്‍ ആശ്വാസകരമായ വാക്യം ഇപ്രകാരം പറഞ്ഞു.
"ദക്ഷാ! ദക്ഷാ! ഈ വിഘ്നം മൂലം നീ ദുഃഖിക്കരുത്. നിന്റെ യജ്ഞം ഞാന്‍ മുടിക്കുമെന്നുളളത് പണ്ടേ തന്നെ കേട്ടിട്ടുണ്ട്. ഞാന്‍ വീണ്ടും ഭവാന് വരം നല്കാം. അത് ഹേ സുവ്രതാ! ഭവാന്‍ ഏറ്റാലും. നീ പ്രസന്നമുഖനായി മനസ്സുവെച്ച് കേള്‍ക്കുക.
ഷഡംഗവേദത്താലും, സാംഖ്യയോഗത്താലും, യോഗത്താലും ഉടലെടുത്ത് ഉടനെ ദേവദാനവന്മാര്‍ക്കു സാധിക്കാത്ത ദുശ്ചരമായ തപസ്സ് ഞാന്‍ ചെയ്തു. അപൂർവ്വവും, സര്‍വ്വതോഭദ്രവും, വിശ്വതോമുഖവും, ദശാര്‍ദ്ധാഢ്യവും, നിഗൂഢവുമായ തപസ്സ് അനേക വര്‍ഷം ചെയ്തു. മൂഢന്മാര്‍ അതിനെ നിന്ദിച്ചു. ആ വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്കൊക്കാത്തത് ചിലേടത്ത് ഒത്തും, അന്തമറ്റ ഉറപ്പോടൊത്ത ഇത് സത്യാശ്രമമായ വ്രതമാണ്. അങ്ങനെയല്ലയോ ദക്ഷാ, പാശുപതം മുമ്പേ തന്നെ ഞാന്‍ നേടിയത്. ഞാന്‍ നേടിയ അതിന് ഏറ്റവും ശുഭമായ ഫലവുമുണ്ട്. ആ ഫലത്തിന്റെ ഭാഗവും അല്ലയോ ദക്ഷ, ഞാന്‍ നിനക്കു നല്കിയനുഗ്രഹിക്കുന്നു. നീ ഒട്ടും ദുഃഖിക്കേണ്ടതില്ല.
ഇപ്രകാരം അനുഗ്രഹംനല്കി ദേവിയോടു കൂടി ഭഗ വാന്‍ അവിടെത്തന്നെ മറഞ്ഞു. ദക്ഷന്‍ ചൊല്ലിയ ഈ സ്തോത്രം ചൊല്ലുന്നവനും കേള്‍ക്കുന്നവനും അശുഭം പിന്നെ ബാധിക്കുകയില്ല. എന്നു തന്നെയല്ല ദീര്‍ഘായുസ്സും ലഭിക്കും.
ശിവന്‍ എല്ലാ സുരന്മാരേക്കാള്‍ ശ്രേഷ്ഠനായ വിധം, ഈ സ്തവം എല്ലാ സ്തവത്തിലും വെച്ച് ശ്രേഷ്ഠമാണെന്നു ബ്രഹ്മാവു തന്നെ സമ്മതിച്ചിരിക്കുന്നു.
യശസ്സ്, രാജ്യം, സുഖം, ഐശ്വര്യം, കാമം, അര്‍ത്ഥം, ധനം, ഇവ കാംക്ഷിക്കുന്നവര്‍ ഭക്തിയോടു കൂടി കേള്‍ക്കേണ്ടതായ സ്തോത്രമാണിത്. യത്നത്തോടെ വിദ്യാര്‍ത്ഥികളും ഇതു പഠിക്കണം. രോഗാര്‍ത്തനും ദുഃഖിതനും ദീനനും ചോരന്മാരുടെ പിടിയില്‍പ്പെട്ടവനും, ഭയാര്‍ദ്ദിതനും രാജകാര്യാ ക്രാന്തനായവനും, ആ വലിയ ഭയങ്ങളില്‍ നിന്ന് വിമുക്തനാകും. ഈ ദേഹത്താല്‍ തന്നെ ഗണങ്ങള്‍ക്ക് സാമ്യവും ലഭിക്കും. തേജസ്സും യശസ്സും നേടി നിര്‍മ്മലനായി ഭവിക്കും. രാക്ഷസന്മാരും പിശാചുക്കളും ഭൂതഗണങ്ങളും വിനായകന്മാരും ഈ സ്തോത്രം ചൊല്ലുന്നവന്റെ ഗൃഹത്തില്‍ യാതൊരു വിഘ്നവും വരുത്തുന്നതല്ല.
ഈ സ്തോത്രം ഏതു ഭക്തബ്രഹ്മചാരിണിയായ സ്ത്രീ കേള്‍ക്കുന്നുവോ അവള്‍ സ്വഗൃഹത്തിലും ഭര്‍ത്തൃഗൃഹത്തി ലും ദൈവതം പോലെ പൂജ്യയായി വിളങ്ങും. ഈ സ്തോത്രം എല്ലാം കേള്‍ക്കുന്നവനും സശ്രദ്ധം ചൊല്ലുന്നവനും വീണ്ടും ഏറ്റവും സര്‍വ്വകര്‍മ്മസിദ്ധിയുണ്ടാകും, തീര്‍ച്ചയാണ്. മനസ്സുകൊണ്ടെന്തു ചിന്തിക്കുന്നുവോ, വാക്കാല്‍ എന്തു പറയുന്നുവോ, അതൊക്കെ അവന് ഈ സ്തവം ചൊല്ലുകയാല്‍ ലഭിക്കും.
ദേവനും, ദേവിക്കും, ഗുഹനും, നന്ദീശ്വരനും ദമത്താലും, നിയമത്താലും, നന്നായി ബലി കൊടുത്ത് പിന്നെ നാമങ്ങളെ യഥാക്രമം ഏറ്റുവാങ്ങണം. അങ്ങനെ ചെയ്താല്‍ ചെയ്യുന്ന പുരുഷന്‍ ഇഷ്ടാര്‍ത്ഥങ്ങള്‍, കാമഭോഗങ്ങള്‍, നേടുന്നതാണ്. അവന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം പ്രാപിക്കും. പിന്നെ തിര്യക്കായി ജനിക്കയില്ല. ഇപ്രകാരമാണ് പരാശരസുതനും പ്രഭുവുമായ വ്യാസഭഗവാന്‍ പറഞ്ഞിട്ടുള്ളത്.
അദ്ധ്യായം 286. പാഞ്ചഭൗതികം - അദ്ധ്യാത്മജ്ഞാനവും അതിന്റെ ഫലവും - യുധിഷ്ഠിരന്‍ പറഞ്ഞു: ഇഹത്തില്‍ അദ്ധ്യാത്മമെന്ന് പുരുഷന്ന് എന്തോ ഒന്നുണ്ടല്ലോ, ആ അദ്ധ്യാത്മം എന്തില്‍ നിന്നാണ് ഉദിച്ചത്? അതിനെപ്പറ്റി പറഞ്ഞു തരണേ പിതാമഹാ!
ഭീഷ്മന്‍ പറഞ്ഞു: ആത്മാവിറനെ പറ്റിയുള്ള ശാസ്ത്രത്തിന്റെ സഹായത്തോടെ ഒരുത്തന് സകലതും അറിയുവാന്‍ കഴിയും. എല്ലാ ജ്ഞാനത്തിലും ശ്രേഷ്ഠമായി നില്ക്കുന്നതാണ് അദ്ധ്യാത്മം. ഞാന്‍ എന്റെ ബുദ്ധിയുടെ കഴിവു പോലെ ആ അദ്ധ്യാത്മത്തെപ്പറ്റി പറഞ്ഞു തരാം. നീ ചോദിച്ച ചോദൃത്തിനുത്തരം ഉണ്ണീ, മനസ്സിരുത്തി കേള്‍ക്കുക. ഭൂമി, കാറ്റ്, ആകാശം, ജലം, തേജസ്സ്, ഇവയഞ്ചുമാണ് മഹാഭൂതങ്ങള്‍. ഈ അഞ്ചു മഹാഭൂതങ്ങള്‍, എല്ലാ ഭൂതങ്ങള്‍ക്കും ഉത്ഭവത്തിനും നാശത്തിനും കാരണമായി നില്ക്കുന്നു. അല്ലയോ ഭരതര്‍ഷഭാ, അവയുടെ ഗുണസംഘാതമാണു ശരീരം. ആ ഗുണങ്ങള്‍ അവയുടെ ചേര്‍ച്ച മൂലം അവ വീണ്ടും വീണ്ടും തുടര്‍ന്ന് നിലനില്ക്കുകയും തുടര്‍ന്ന് മൂലത്തില്‍ ലയിക്കുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്നു. സൃഷ്ടിച്ചു വിട്ട ആ ഭൂതങ്ങള്‍ വീണ്ടും മഹാഭൂതങ്ങളില്‍ ചേരുന്നു. സമുദ്രത്തില്‍ തിരമാല പൊങ്ങുകയും അത് സമുദ്രജലത്തില്‍ ലയിക്കുകയും വീണ്ടും തിരമാല പൊങ്ങുകയും ലയിക്കുകയും ചെയുന്നതു പോലെ, . മഹാഭൂതങ്ങളില്‍ നിന്ന് ജീവജാലങ്ങള്‍ (ഭൂതങ്ങള്‍) ജനിക്കുകയും അവ മഹാഭൂതങ്ങളില്‍ ലയിക്കുകയും വീണ്ടും ഉണ്ടാവുകയും ലയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഒരു ആമ അതിന്റെ അംഗങ്ങളെ പുറത്തേക്കു കാണിക്കുകയും ഉള്ളിലേക്കു വലിക്കുകയും ചെയ്യുന്നതു പോലെ ലഘുഭൂതങ്ങള്‍ പുറത്തു കാണുകയും മഹാഭൂതത്തില്‍ ഒളിക്കുകയും ചെയ്യുന്നു. ഇതാണ് ഭൂതസഞ്ചയത്തിന്റെ നില.
അഞ്ചു ഭൂതത്തിന്റെയും ഗുണം പറയാം: ആകാശത്താല്‍ ശബ്ദമുണ്ടാകുന്നു, കേള്‍ക്കുന്നു. ഭൂമിയുടെ ഗുണം കൂട്ടുകൂട്ടലാണ്. കാറ്റിന്റെ ഗുണം പ്രാണന്‍ നല്കലാണ്. ജലത്തിന്റെ ഗുണം രസം നല്കലാണ്. തേജസ്സിന്റെ ഗുണം സ്വരൂപം കാണിക്കലാണ്. ഇങ്ങനെയാണ് സര്‍വ്വചരാചര ങ്ങളിലും അവയുടെ ഗുണം വര്‍ത്തിക്കുന്നത്.
പ്രളയത്തില്‍ സര്‍വ്വവും മഹാഭൂതത്തില്‍ ലയിക്കും. വീ ണ്ടും അതില്‍ നിന്ന് ജനിക്കും. ഭൂതക്യത് മഹാഭൂതം അഞ്ചും ഭൂതങ്ങള്‍ തോറും ഏതില്‍ ഏതു വിഷയം കാണുന്നുവോ അതു പ്രകാരമാണ് കൽപിച്ചത്. ശബ്ദം, ശ്രോത്രം, സുഷിരം ഇവ ആകാശ സംഭവമാണ്. രസം, സ്‌നേഹം, ജിഹ്വ ഇവ ജലത്തിന്നുള്ള ഗുണങ്ങളാണ്. രൂപം, കണ്ണ്, വിപാകം ഇവ മൂന്നും തേജസ്സിന്റെ ഗുണമാണ്. ഗന്ധം, ഘ്രാണം, ദേഹം, ഇവ ഭൂമിയുടെ ഗുണങ്ങളാണ്. പ്രാണന്‍, സ്പര്‍ശം, ചേഷ്ട ഇവ മൂന്നും വായുവിന്റെ ഗുണങ്ങളാണ്.
ഇങ്ങനെ പഞ്ചഭൂതങ്ങളുടെ ഗുണങ്ങള്‍ ഞാന്‍ വ്യക്തമാക്കി രാജാവേ! കാലം, രജസ്സ്, തമസ്സ്, സത്വം, കര്‍മ്മബുദ്ധി ആറാമതായി മനസ്സും ഈശ്വരന്‍ കൽപിച്ചു. പാദത്തിന് മേലെ, ശിരസ്സിനു താഴെ, നാം എന്തു കാണുന്നുവോ അതിന് രണ്ടിനും ഇടയ്ക്കാണ് ബുദ്ധി എന്നതിന്റെ നിൽപ്. മനുഷ്യന് അഞ്ചിന്ദ്രിയങ്ങള്‍, മനസ്സ് ആറാമത്തെ ഇന്ദ്രിയമാണ്. ഏഴാമത്തേത് ബുദ്ധി. എട്ടാമത്തേതായി ഒന്നുണ്ട്. അതാണ് ക്ഷേത്രജ്ഞന്‍ (ആത്മാവ്).
അഞ്ചിന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന അവയുടെ കര്‍ത്താവും ഓരോ ഇന്ദ്രിയത്തിന്റെയും വ്യാപാരങ്ങളില്‍ മനസ്സു വെച്ച് അവയെ ഗ്രഹിക്കുന്നു. സത്വം, രജസ്സ്, തമസ്സ് ഇവ ഇന്ദ്രിയങ്ങള്‍ക്കധീനമായി അവയ്ക്കു രൂപം നല്കുവാനും രക്ഷയ്ക്കും നില്ക്കുന്നു.
കണ്ണുകൊണ്ടു കാണുന്നു. മനസ്സ് സംശയിക്കുന്നു. കാര്യം ചിന്തിച്ചുറപ്പിക്കുന്നതിനാണ് ബുദ്ധി. ക്ഷേത്രജ്ഞന്‍ സാക്ഷിയാണ്. ഒന്നിലും ചേരാതെ നില്ക്കുന്നു.ഘ്രാണിക്കുന്നതിനാണ് മൂക്ക്, നാവ് രസമറിയുന്നതിനാണ്. സ്പർശ സ്പർശി സ്പർശനമായ ബുദ്ധി വീണ്ടും മാറുന്നു. ഇത് ഒന്നിന്നാഗ്രഹിച്ചാല്‍ അതു മനസ്സായി മാറും. ഈ അധിഷ്ഠാനങ്ങള്‍ ബുദ്ധിക്കു വെവ്വേറെ അങ്ങനെ അഞ്ചുണ്ട്. ഇന്ദ്രിയങ്ങള്‍ ദുഷിച്ചാല്‍ ബുദ്ധിയും ദുഷിക്കും. പുരുഷനിലുള്ള ബുദ്ധി മൂന്നു ഭാവത്തിലുമെത്തും. ചിലപ്പോള്‍ പ്രീതിപ്പെടും. പിലപ്പോള്‍ ശോകം വന്നുപെടും. ചിലപ്പോള്‍ രണ്ടുംപെടാതെ സുഖദുഃഖങ്ങളില്ലാതെ നില്ക്കും; ഭാവാത്മികത ഈ മൂന്ന് ഭാവത്തിലും ചേരുന്നതാണ്. പുഴകളുടെയൊക്കെ നാഥനായ സമുദ്രം തിരയടിച്ച് തന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്നു കരയെ തകര്‍ക്കുന്ന മട്ടില്‍ ഇത്തരം ഭാവങ്ങളോടു കൂടിയ ബുദ്ധി മനസ്സില്‍ ഭാവങ്ങളുണ്ടാക്കും. ഹര്‍ഷം, പ്രീതി, ആനന്ദം, സുഖം, ചിത്ത പ്രശാന്തി, ഇവ പുരുഷന്ന് ഒരു മട്ടില്‍ ഉണ്ടായി വരും. ഇതു സാത്വികഗുണമാണ്. പരിദാഹം, ശോകം, സന്താപം, മൂര്‍ത്തി, അക്ഷമ ഈ രജോഭാവങ്ങള്‍ ചില ഹേതുക്കള്‍ കൊണ്ടു കാണുമാറാകും. അവിദ്യ, രാഗം, മോഹം, പ്രമാദം, സ്തംഭനം, ഭയം, സമൃദ്ധിയില്ലായ്മ, ദൈന്യം, പ്രമാദം, സ്വപ്നതന്ത്രികള്‍ ഇവയുണ്ടാകും; ഇതു തമോഗുണമാണ്. പ്രീതിയോടു കൂടി എന്ത് ദേഹത്തിലും മനസ്സിലും ഉണ്ടാകുന്നുവോ അത് സാത്വിക ഭാവമാകുന്നു എന്നറിയണം. ദുഃഖം ഉണ്ടാക്കുന്നത് എന്തുണ്ടോ തനിക്ക് അപ്രീതിക്ക് കാരണമായ അത് രജസ്സാണെന്നു ധരിക്കണം. തെറ്റായ മോഹത്തോടു കൂടി എന്ത് ദേഹത്തിലും മനസ്സിലുമുണ്ടോ അപ്രതര്‍ക്കവും അവിജേഞയവുമായ അതു തമസ്സാണെന്നു ധരിക്കണം. ഈ പറഞ്ഞതെല്ലാം ബുദ്ധിഗതമായാല്‍, ഏതുവരെ പറഞ്ഞുവോ അതൊക്കെ ശരിക്കും അറിഞ്ഞാല്‍ അവന്‍ ബുദ്ധനായി. അതാണു ബുദ്ധനായവന്റെ ലക്ഷണം.
സത്വത്തിനും ക്ഷേത്രജ്ഞനും തമ്മില്‍ സൂക്ഷ്മമായ അന്തരമുണ്ടെന്ന് നീ മനസ്സിലാക്കുക. അതില്‍ സത്വം ഗുണത്തെ സൃഷ്ടിക്കും. മറ്റേത് (ക്ഷേത്രജ്ഞന്‍) ഗുണത്തെ സൃഷ്ടിക്കുകയില്ല. ഇതാണ് അവ തമ്മിലുള്ള അന്തരം. അവ തമ്മില്‍ അന്തരമുണ്ടെങ്കിലും അവ ഒന്നായേ നില്ക്കുകയുള്ളൂ. മത്സ്യവും ജലവും ഒന്നല്ല, എന്നാല്‍ അവ ഒന്നായിച്ചേര്‍ന്നു നില്ക്കുന്നു. അതുപോലെ ഗുണങ്ങള്‍ ആത്മാവെ കാണുന്നില്ല. ആത്മാവ് ഗുണങ്ങളെ കാണുകയും ചെയ്യും.
ജ്ഞാനമില്ലാത്തവര്‍ വിചാരിക്കുന്നത് ആത്മാവ് ഗുണങ്ങളോട് കൂടിയവനായി നില്ക്കുന്നു എന്നാണ്. എന്നാല്‍ അതല്ല പരമാര്‍ത്ഥം. ആത്മാവ് സത്യത്തില്‍ യാതൊന്നിലും പ്രവേശിക്കാതെ, ഒന്നിനോടും ചേരാതെ നില്ക്കുന്ന ഒരു സാക്ഷി മാത്രമാണ്. സത്വത്തിന്നും ആശ്രയമായ ഗുണചൈതന്യമില്ല. ജീവന്‍ എന്നത് ഗുണസംഘാതം കൊണ്ട് ഉണ്ടാകുന്നതാണ്. മറ്റുള്ളതു കാരണമായി സത്വത്തെ ഉണ്ടാക്കി ദേഹത്തില്‍ വര്‍ത്തിക്കുന്നു. ആര്‍ക്കും ഗുണങ്ങളെ അവയുടെ ശരിയായ ഭാവത്തില്‍ ഗ്രഹിക്കുവാന്‍ കഴിയുകയില്ല. ആത്മാവ് അതിനെ നോക്കിക്കാണുക മാത്രം ചെയ്യുന്നു; ഒരു സാക്ഷിയെപ്പോലെ മാത്രം. സത്വവും ആത്മാവും തമ്മി ലുള്ള ബന്ധം നിത്യമായിട്ടുള്ളതാണ്. ഉള്ളില്‍ വസിക്കുന്ന സത്വം എല്ലാറ്റിനെയും ഇന്ദ്രിയങ്ങള്‍ വഴി ഗ്രഹിക്കുന്നു. അവ അചേതനവും ദുര്‍ഗ്രാഹ്യവുമാണ്. ശരിക്ക് ഇന്ദ്രിയങ്ങള്‍ ദീപം പോലെയാണ്. ദീപം വെളിച്ചം പരത്തി അന്യവസ്തുക്കള്‍ കാണുവാന്‍ സഹായിക്കുന്നു. ഇതാണ് ഇന്ദ്രിയങ്ങളുടേയും, സത്വത്തിന്റേയും, ആത്മാവിന്റേയും നില. ഇതു മനസ്സി ലാക്കി മനുഷ്യന്‍ സുഖത്തിനോ ദുഃഖത്തിനോ വശംവദനാകാതെ ശാന്തനായി ജീവിക്കുക. അങ്ങനെയുള്ളവന്‍ അഹങ്കാരത്തില്‍ നിന്നു വിട്ട് ഉയര്‍ന്നു നില്ക്കുന്നവനാണെന്നു കണക്കാക്കാം. സ്വഭാവസിദ്ധി ഈ ഗുണങ്ങളെയെല്ലാം ചമയ്ക്കുന്നു. ഒരു എട്ടുകാലി സ്വന്തം പ്രകൃതിവശാല്‍ സ്വന്തം നൂലു കൊണ്ട് വലകെട്ടുന്നു. ഇപ്രകാരം മനുഷ്യന്റെ ഇന്ദ്രിയ ഗുണങ്ങളെ ചിലന്തിവലയോട് ഉപമിക്കാം. അതിനെ നശിപ്പിച്ചാല്‍ പിന്നെ അതിന് നിലനിൽപില്ല. ഉള്ളപ്പോള്‍ കാണാന്‍ കഴിയുകയും ചെയ്യും.
പ്രത്യക്ഷത്തെ നോക്കി പരോക്ഷത്തെ അനുമാനിക്കാം. ചിലര്‍ ഇതിനെ നിവൃത്തിയെന്നു പറയുന്നു. തന്റെ ഉള്ളിലുള്ള ഈ കെട്ട് അഴിച്ചാല്‍, ബുദ്ധിചിന്താമയമായ ഈ ഉറച്ച കെട്ടഴിച്ചാല്‍, ദുഃഖമൊക്കെ നീങ്ങി, ശങ്കയെല്ലാം നീങ്ങി, അവന്‍ സുഖം നേടുന്നതാണ്. അടിവിട്ടവര്‍ മോഹപ്പുഴയില്‍ വീണുഴലും. നിലകാണാതെ ഏതുവിധം ഉഴലുമോ അതേ വിധമാണ് ബുദ്ധിയോഗം. വിദ്വാന്മാര്‍ ഉഴലുകയില്ല. അവര്‍ വെള്ളത്തിന്റെ മറുകര നീന്തിക്കടക്കും. അദ്ധ്യാത്മവിജ്ഞരായ ധീരന്മാര്‍ക്ക് സംസാരസമുദ്രം കടക്കുവാനുള്ള തോണി ജ്ഞാനമാകുന്നു.
ധാര്‍മ്മികരെപ്പറ്റി പറയുകയാണെങ്കില്‍ അവരില്‍ ആരും തന്നെ തന്നെപ്പോലെയുള്ള മറ്റൊരാളേക്കാള്‍ ഉപരിയായ ഒരന്ത്യത്തിലെത്തുകയില്ല. തീര്‍ച്ചയായും ധാര്‍മ്മികന്മാരുടെയെല്ലാം മാര്‍ഗ്ഗം ഒന്നുതന്നെയാണ്.
ജ്ഞാനികളെപ്പറ്റി പറയുകയാണെങ്കില്‍ അവര്‍ ജ്ഞാനം സമ്പാദിക്കുന്നതിനു മുമ്പ് അജ്ഞാനത്താല്‍ ചെയ്തു പോയ കര്‍മ്മങ്ങളേയും, ജ്ഞാനം സമ്പാദിച്ചതിന്നു ശേഷം ചെയ്തു പോയ നീതി വൈകല്യമായ കര്‍മ്മങ്ങളേയും, ഇങ്ങനെ രണ്ടു വിധം പാപങ്ങളേയും അവന്റെ ജ്ഞാനം ആത്മാവില്‍ വെച്ചു നശിപ്പിച്ചുകളയുന്നു. എന്നു തന്നെയല്ല ജ്ഞാനം നേടിക്കഴിഞ്ഞാല്‍ ആ പുണ്യാത്മാവ് താന്‍ മുമ്പെ ചെയ്തു വന്നിരുന്ന അന്യായവും അധര്‍മ്മവുമായ കര്‍മ്മങ്ങളുടെ ദോഷം ഗ്രഹിച്ച് അതില്‍ നിന്നു തീര്‍ച്ചയായും വിരമിക്കുന്നതാണ്. എന്നുമാത്രമല്ല ഇന്ദ്രിയങ്ങളുടെ പ്രേരണയനുസരിച്ച് അന്യന്മാര്‍ ചെയുന്ന ദുഷ്കര്‍മ്മങ്ങളില്‍ നിന്ന് അവരെ തടയുകയും ചെയ്യും.
അദ്ധ്യായം 287. സമംഗനാരദസാംവാദം - തന്റെ ശോകഹീനാവസ്ഥയെ സമംഗന്‍ നാരദനോടു പറയുന്നു -യുധിഷ്ഠിരന്‍ പറഞ്ഞു; മനുഷ്യര്‍ എപ്പോഴും ദുഃഖത്തേയും മരണത്തേയും ഭയപ്പെടുന്നു. ഇവ രണ്ടും നമുക്കു വന്നു ചേരാതെ, അവയെ തടുത്ത് അവയില്‍ നിന്നൊഴിഞ്ഞു ജീവിക്കുവാന്‍ വല്ല മാര്‍ഗവുമുണ്ടോ പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: നിന്റെ ഈ ചോദ്യത്തിന് ഉദാഹരണമായി ഒരു പഴങ്കഥ നടപ്പുണ്ട്. അതു നാരദനും സമംഗനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്. അതു ഞാന്‍ പഠയാം, കേള്‍ക്കുക.
നാരദന്‍ പറഞ്ഞു: എടോ സമംഗാ, എല്ലാവരും പൂജ്യന്മാരെ കാണുമ്പോള്‍, കൈകുപ്പി അഭിവാദ്യം ചെയ്യുമ്പോള്‍ നീ നിന്റെ ദേഹം കൊണ്ടു നിന്റെ നെഞ്ചു ഭൂമിയില്‍ മുട്ടുമാറ് രണ്ടു കൈ കൊണ്ടും നീന്തുന്ന മാതിരിയാണ് നമസ്കരിക്കുന്നത്. നീ സംസാരസാഗരം കടക്കുവാന്‍ സ്വന്തം കൈതന്നെ ഉപയോഗപ്പെടുത്തുന്ന വിധം സ്വാശ്രയശീലനായിക്കാണുന്നു. നീ നിത്യവും സന്തുഷ്ടനും ശോകം വിട്ടവനുമായി കാണപ്പെടുന്നു. നിനക്ക് ഇവിടെ ഭയമോ വിഷമമോ അഅൽപവും കാണപ്പെടുന്നില്ല. നിത്യതൃപ്തനെപ്പോലെ, സ്വസ്ഥനായി ബാലനെപ്പോലെ, ലീലാലോലനായ ബാലനെപ്പോലെ, കാണപ്പെടുന്നുവല്ലോ?
സമംഗന്‍ പറഞ്ഞു: അല്ലയോ മാനദാ, ഞാന്‍ ഭൂതത്തേയും ഭാവിയേയും പറ്റി ശരിയായി അറിയുന്നുണ്ട്. അതിന്റെ സത്യാവസ്ഥയൊക്കെ, തത്വമൊക്കെ എനിക്കറിയാം. അതുകൊണ്ട് ഞാന്‍ ഒരിക്കലും. ദുഃഖത്തിനു പാത്രമാവുകയില്ല. ഒരിക്കലും ഞാന്‍ ദുഃഖിക്കുകയില്ല. ഈ ലോകത്തില്‍ പണ്ടുണ്ടായതൊന്നും നിലനിന്നു കാണുന്നില്ല. ഇപ്പോള്‍ ഉള്ളതും അതു പോലെ തന്നെ നശിച്ചു കൊണ്ടിരിക്കുന്നു. ഭാവിയില്‍ ഉണ്ടാകുന്നതും നശിക്കും. ഇതാണ് 'അസത്' എന്നതിന്റെ ലക്ഷണം. നശ്വരമായതാണ് ലോകത്തില്‍ കാണപ്പെടുന്നതെല്ലാം. ഇങ്ങനെയാകയാല്‍ നമ്മുടെ സുഖങ്ങളൊക്കെ അസത്തിനെ (നശ്വരത്തെ) ആശ്രയിച്ചാണെങ്കില്‍ നമുക്ക് ഒരിക്കലും ശാശ്വതമായ സുഖം ലഭിക്കുകയില്ല. ഇതാണ് സത്യാവസ്ഥ.
ഈ ലോകത്തില്‍ കര്‍മ്മങ്ങളുടെ ആരംഭത്തേയും അവയുടെ ഫലാഗമത്തേയുംപറ്റി ഞാന്‍ ശരിക്കും അറിയുന്നുണ്ട്. എത്ര വിചിത്രമാണ് കര്‍മ്മങ്ങളുടെ ഫലങ്ങള്‍. ഇവ കണ്ടിട്ട് ഞാന്‍ ദുഃഖാര്‍ത്തനാകുന്നില്ല. എല്ലാ കര്‍മ്മങ്ങളും ദുഃഖത്തിന് വേണ്ടിയാണ് വന്നു ചേരുന്നത്. കര്‍മ്മത്തിന്റെ ഫലങ്ങളും ദുഃഖത്തിന് വേണ്ടി തന്നെ. അതു കൊണ്ട്, കര്‍മ്മഫലത്തെ കാംക്ഷിക്കാതെ കര്‍മ്മം ചെയ്യുക.
അല്ലയോ നാരദാ! നോക്കൂ, അജ്ഞാനികളും, നിരാധാരരും, ധനികരും, അന്ധനമാരും, വിഡ്ഡികളും, കിറുക്കന്മാരും അവരെപ്പോലെ നമ്മളും ജീവിക്കുന്നു. ഇവരൊക്കെ കര്‍മ്മഫലത്താലാണ്, കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പുണ്യപാപകര്‍മ്മങ്ങളുടെ ഫലമായിട്ടാണ്, ഇത്തരത്തിലുള്ള, പല തരത്തിലുള്ള, ജീവിതം കൈക്കൊണ്ടത്. ദേവന്മാര്‍ പോലും അനാമയരായി വര്‍ത്തിക്കുന്നത് അവരുടെ പൂര്‍വ്വ കര്‍മ്മഫലം നിമിത്തമാണ്. ശക്തരും, അശക്തരും, എല്ലാവരും അതാതു നിലയില്‍ വര്‍ത്തിക്കുന്നത് അവരുടെ പൂര്‍വ്വാര്‍ജ്ജിത കര്‍മ്മങ്ങളുടെ ഫലംകൊണ്ടാണ്. അതുകൊണ്ട് നിങ്ങള്‍ ഞങ്ങളെ ബഹുമാനിക്കേണ്ടതാണ്. ലക്ഷപ്രഭുക്കന്മാരും ആയിരക്കാരും ജീവിക്കുന്നു. അവര്‍ ദുഃഖങ്ങളെ അടക്കാന്‍ കഴിയാത്തവരായി കഴിഞ്ഞുകൂടുന്നു. നോക്കൂ, അവരും ജീവിക്കുന്നു. നമ്മളും ജീവിക്കുന്നു. നാം ദുഃഖത്തിന് വഴി തുറന്നു കൊടുക്കാത്ത വിധം അല്ലയോ നാരദാ, എന്തു തരത്തിലുള്ള ജീവിത ക്രമമാണ് സ്വീകരിക്കേണ്ടത്. എല്ലാ സന്തോഷങ്ങളും എല്ലാ ദുഃഖങ്ങളും കൃതാന്തവശ്യങ്ങളായി തുടരുകയാണെങ്കില്‍ അവയെ അതുമൂലം നമുക്ക് എതിര്‍ക്കുവാന്‍ പറ്റുകയില്ല. പ്രജ്ഞയുടെ മൂലമായി നില്ക്കുന്നത് തങ്ങളുടെ ഇന്ദ്രിയൗഘങ്ങള്‍ തെറ്റായ മാര്‍ഗ്ഗത്തെ വിട്ടു നില്ക്കുക എന്നതാണ് എന്ന് ജ്ഞാനികള്‍ പറയുന്നു. ഇന്ദ്രിയങ്ങള്‍ മോഹിക്കുകയും ശോചിക്കുകയും ചെയ്യുന്നു. മൂഢേന്ദ്രിയനായവന് പ്രജ്ഞ ഒട്ടും ലഭിക്കുകയില്ല. തെറ്റായ വിശ്വാസത്തോടെ നില്ക്കുന്ന ഇന്ദ്രിയത്തോടു ചേര്‍ന്നവന് ഒരിക്കലും സന്മാര്‍ഗ്ഗ ബോധം ഉണ്ടാവുകയില്ല. മൂഢനായവന് ദര്‍പ്പം എന്നതാണ് മോഹമെന്നു പറയുന്നത്. മൂഢന്‍ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടത് തന്നെ. ഒരു കാര്യം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ദുഃഖം എല്ലായ്പോഴും ആരിലും നിത്യമായി നില്ക്കുകയില്ല. അതു പോലെ തന്നെ സുഖവും എപ്പോഴും വന്നു ചേരുകയില്ല. അതു കൊണ്ട് ആരും അവരവര്‍ക്കു താല്കാലികമായി വന്നു കൂടുന്ന ക്ഷേമത്തില്‍ ഊറ്റം കൊള്ളരുത്. "എനിക്കു പരമാനന്ദമാണ്" എന്നു പറയുന്ന ചിലരുണ്ട്. "എന്നെപ്പോലെ ഭാഗ്യഹീനരുണ്ടോ?" എന്നു വിലപിക്കുന്നവരുമുണ്ട്. ഈ സുഖവും ദുഃഖവും വന്നും പോയുമി രിക്കുകയാണ്. ബുദ്ധിമാന്മാര്‍ അതില്‍ (മനസ്സിന്റെ രൂപാന്തരത്തില്‍) ആവലാതിപ്പെടുകയില്ല. ലോകജീവിതം അതിന്റെ സകല മാറ്റത്തിനും വിധേയമായി ദുഃഖപൂര്‍ണ്ണമായി നില്ക്കുമ്പോള്‍ എന്നെപ്പോലെയുള്ളവന്‍ അതിനെ എങ്ങനെ കൈക്കൊള്ളും. അങ്ങനെയുള്ള ഒരുത്തന്‍ കാമ്യമായി സുഖാനൂഭവങ്ങളെ കണക്കാക്കുകയില്ല. വന്നുപെട്ട ദുഃഖത്തിനെ പറ്റിയും ചിന്തിക്കുകയില്ല. സ്വാശ്രയശീലനായി ജീവിക്കുന്നവന്‍ അന്യന്റെ ഐശ്വര്യത്തെ കൊതിക്കുകയില്ല. ലഭിക്കാത്ത ഐശ്വര്യത്തെപ്പറ്റി ചിന്തിക്കുകയില്ല, ധാരാളം ധനം തന്റെ കൈയില്‍ വന്നു ചേര്‍ന്നാലും അതില്‍ സന്തോഷിക്കുകയില്ല. അപ്രകാരം തന്നെ ധനം നഷ്ടപ്പെട്ടാല്‍ അതില്‍ ദുഃഖിക്കുകയുമില്ല.
സ്നേഹിതന്മാരോ, ധനമോ, ഉന്നതമായ കുലമോ, വേദജ്ഞാനമോ, ശക്തിയോ ഇപ്പറഞ്ഞതില്‍ ഒന്നിനും തന്നെ ഒരു മർത്ത്യനെ, പരലോകത്തില്‍ അനുഭവിക്കുന്ന ദുഃഖത്തില്‍ നിന്നും കരകയറ്റുവാന്‍ സാധിക്കുകയില്ല. സ്വന്തം ശീലത്തിന്റെ മേന്മ മാത്രമേ അവനെ ശാന്തിയിലേക്ക് എത്തിക്കുകയുള്ളു. ജ്ഞാനം യോഗിക്കല്ലാതെ ലഭിക്കുകയില്ല. യോഗം കൂടാതെ സുഖവും ലഭിക്കുകയില്ല. സുഖത്തിന്റെ കാരണമായി നില്ക്കുന്നത് ധൃതിയും ദുഃഖ ത്യാഗവുമാകുന്നു. ഇവ രണ്ടും മാത്രമാകുന്നു സുഖോദയമായിട്ടുള്ളത്. പ്രിയം കൊണ്ട് ഹര്‍ഷം ജനിക്കും. ഹര്‍ഷം കൊണ്ട് ഗര്‍വ്വ് വളരും. ഗര്‍വ്വ് വന്നു കൂടിയാല്‍ അവന്‍ നരകത്തിലേക്കു പോകുവാന്‍ അര്‍ഹനായിത്തീരും. അതു കൊണ്ട് അവയെയെല്ലാം ഞാന്‍ ഒന്നാകെ ഉപേക്ഷിച്ചു.
ദുഃഖം, ഭയം, അഹങ്കാരം എന്നിവ സുഖദുഃഖ ഭ്രമങ്ങളെ ഉണ്ടാക്കുന്നു. ലോകത്തില്‍ ഞാനൊരു സാക്ഷിയെപ്പോലെ ഈ ദേഹത്തിന്റെ ചേഷ്ടയാല്‍, ഞാന്‍ തന്നെത്താന്‍ കാണുന്നു. അര്‍ത്ഥം, കര്‍മ്മം എന്നിവയെ ഉപേക്ഷിച്ച്, ശോകം പോയി ദുഃഖങ്ങളൊക്കെ ശമിച്ചിരിക്കുന്ന ഞാന്‍ തൃഷ്ണാമോഹങ്ങളെ തള്ളിയിട്ട് ഈ ലോകത്ത് സഞ്ചരിക്കുകയാണ്.
മരണം, അധര്‍മ്മം, ലോഭം ഇവ കാരണമായിട്ടാണ് എല്ലായിടത്തും ഭയം കാണുന്നത്. ആ കാരണത്താല്‍ അവയെ എല്ലാറ്റിനേയും ഞാന്‍ തള്ളിക്കളയുന്നു. അവയെ ഒരു സാക്ഷിയുടെ മട്ടില്‍ ഒന്നിലും ചേരാതെ ഞാന്‍ നോക്കിക്കാണുന്നു. എന്തു കൊണ്ടെന്നാല്‍, എനിക്ക് ഒരു ദേഹമുണ്ട്. അതിന് ജീവനുമുണ്ട്. തന്മൂലം ചലിക്കുവാനും എനിക്കു കഴിയും. എന്നാലും, ഞാന്‍ ഒരു സാക്ഷിയുടെ മട്ടില്‍ മാത്രം നില്ക്കുന്നു.
ധനവും സുഖവും ഉപേക്ഷിച്ച്, ദാഹവും മോഹവും വിട്ട്, ഞാന്‍ ഭൂമിയില്‍ ചുറ്റുന്നു. ദുഃഖത്തില്‍ നിന്നും എല്ലാ വിധ അല്ലലുകളില്‍ നിന്നും വിട്ട് അമൃതപാനം ചെയ്തവനെപ്പോലെ, ഇഹത്തിലും പരത്തിലും നിര്‍ഭയനായി മരണത്തേയോ, അധര്‍മ്മത്തേയോ, ലോഭത്തേയോ പറ്റി ദുഃഖിക്കുകയില്ല.
അല്ലയോ ബ്രാഹ്മണാ! ഞാന്‍ ഈ ജ്ഞാനം സമ്പാദിച്ചിരിക്കുന്നു. അതിന് കാരണം എന്റെ കഠിനമായ തപസ്സും സേവനവുമാണ്. അതുകൊണ്ട് നാരദാ, എത്ര കനത്ത ശോകം വന്ന് അടിച്ചു കയറിയാലും അത് എന്നെ ബാധിക്കുന്നതല്ല.
അദ്ധ്യായം 288. ശ്രേയോവാചികം - നാരദന്‍ ഗാലവന്ന് ശ്രേയസ്സിനെക്കുറിച്ച് നല്കുന്ന ഉപദേശം - യുധിഷ്ഠിരന്‍ പറഞ്ഞു: ശാസ്ത്രതത്വം ഗ്രഹിക്കാത്തവനും, എന്നും ശങ്കിക്കുന്നവനും, പരിശ്രമത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുന്നവനും എന്താണ് ശ്രേയസ്സ്കരമായിട്ടുള്ളതെന്ന് പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ! നീ പറഞ്ഞ തരക്കാര്‍ക്ക് ശ്രേയസ്സിന്നുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു വരാം. ഗുരുജനങ്ങളെ ബഹുമാനിക്കുക, പൂജിക്കുക, വൃദ്ധന്മാരെ സേവിക്കുക, ശാസ്ത്രം ചൊല്ലിക്കേള്‍ക്കുക, വേദേതിഹാസാദികള്‍ അറിവുള്ളവര്‍ പാരായണം ചെയുന്നത് ഭക്തിപൂര്‍വ്വം കേള്‍ക്കുക, ഇവയാണ് കൂടസ്ഥമായ (മുകളില്‍ സ്ഥിതി ചെയ്യുന്ന) ശ്രേയസ്സ് ലഭിക്കുന്നതിന്നുള്ള മാര്‍ഗ്ഗം. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അതു ഗാലവനും നാരദനും തമ്മിലുള്ള സംഭാഷണമാണ്.
മോഹക്ലമം തീര്‍ന്ന ജ്ഞാനത്യപ്തനും, ജിതേന്ദ്രിയനും, യതാത്മാവും ബ്രാഹ്മണോത്തമനുമായ നാരദനോട് ഗാലവന്‍ ഇപ്രകാരം ചോദിച്ചു.
ഗാലവന്‍ പറഞ്ഞു: ഏതൊക്കെ ഗുണങ്ങളുണ്ടായാല്‍ ഒരു പുരുഷന്‍ ജനപ്രീതി നേടി മാനിക്കപ്പെടുമോ, അങ്ങയില്‍ ആ ഗുണങ്ങളെല്ലാം, ഒഴിക്കാന്‍ വയ്യാത്ത സകല ഗുണങ്ങളും, ഞാന്‍ സ്ഥിരമായി കാണുന്നു. അങ്ങ് പ്രമാദങ്ങള്‍ വിട്ടവനാണ്. അജ്ഞാനം വിട്ടവനാണ്. അജ്ഞാനത്താല്‍ ബന്ധപ്പെട്ട ഞങ്ങളുടെ ഹൃദയത്തിലുള്ള സംശയങ്ങളെ അങ്ങ് നീക്കിത്തരേണമേ! ഞങ്ങള്‍ ലോകതത്വം ഗ്രഹിക്കാത്ത മൂഢരാണ്. അങ്ങയോ മൗഢ്യം വിട്ടവനുമാണ്. ഞങ്ങളെന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ. എന്തു കൊണ്ടെന്നാല്‍ വേദങ്ങള്‍ പറയുന്നു, ജ്ഞാനം സമ്പാദിക്കുവാന്‍ താല്‍പര്യം വളര്‍ത്തണമെന്ന്. അതേ സമയം തന്നെ കര്‍മ്മത്തില്‍ ഉത്സുകരാകണമെന്നും. ഇതിലേതാണ് ഞങ്ങള്‍ സ്വീകരിക്കേണ്ടത്. രണ്ടും തെറ്റാണോ, രണ്ടും ശരിയാണോ? ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് അങ്ങ് ഉറപ്പിച്ചുപറഞ്ഞു തന്നാലും.
അല്ലയോ മഹര്‍ഷേ, ആശ്രമങ്ങള്‍ വേറെ ആചാരങ്ങളും കാണിച്ചു തരുന്നുണ്ട്. എല്ലാ ശാസ്ത്രജ്ഞന്മാരും ഒരേതരത്തില്‍ പറയുന്നു, "ഇതാണ് ശ്രേയസ്സ്കരം! ഇതാണ് ശ്രേയസ്സ്കരം!" എന്ന്. എല്ലാവരും ബോധവാന്മാരായി ഉറപ്പിച്ചു പറയുന്നു. ശാപങ്ങള്‍ പുകഴ്ത്തുമാറ് ശാസ്ത്രത്തില്‍ അവര്‍ സന്തുഷ്ടരാണ്. പലതിലും പലമട്ടില്‍ പറഞ്ഞിരിക്കുന്നതു കൊണ്ട് ഞങ്ങള്‍ കുഴങ്ങുകയും ശ്രേയസ്സു നേടുന്നതില്‍ അപ്രാപ്തരാവുകയും ചെയ്തിരിക്കുന്നു. ശാസ്ത്രം ഒന്നേ ഉള്ളുവെങ്കില്‍ അപ്പോള്‍ അതായിരിക്കും ശ്രേയസ്സ്. പല ശാസ്ത്രങ്ങള്‍ മൂലം ശ്രേയസ്സ് ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ശ്രേയസ്സ്, അവ്യക്തമായിരിക്കുന്നു; മൂടപ്പെട്ടിരിക്കുന്നു. അല്ലയോ ഭഗവാനേ, അങ്ങ് ഈ ശിഷ്യന് ഇതിനെക്കുറിച്ച് വേണ്ടതു പറഞ്ഞുതരണേ:
നാരദന്‍ പറഞ്ഞു: അല്ലയോ ഉണ്ണീ, ഗാലവാ, നാലാശ്രമങ്ങള്‍ വേറെവേറെ സങ്കല്പിച്ചിട്ടുണ്ട്. അവയെയെല്ലാം ആശ്രയിച്ച് നോക്കി ഗ്രഹിക്കുക. ഓരോ ആശ്രമത്തിന്നും ഓരോ മാര്‍ഗ്ഗമാണ്. അതാതു മാര്‍ഗ്ഗം ആശ്രയിച്ച് അതാത് ആശ്രമികള്‍ പലമട്ടിലുള്ള ഗുണത്തെ ഉദ്ദേശിച്ച് വേറെ വേറെ ജീവിതമാര്‍ഗ്ഗം അവലംബിക്കുന്നത് നീ കാണുന്നില്ലേ? ആശ്രമങ്ങളില്‍ ശരിയായ മാര്‍ഗ്ഗം കാണാത്തവര്‍ സംശയം കൂടാതെയുള്ള അഭീഷ്ടത്തില്‍ ചെന്നെത്തുകയില്ല. അങ്ങനെ സംശയം തീര്‍ന്നത് യാതൊന്നോ, അതാണ് ഏറ്റവും ശ്രേയസ്‌കരവുമായത്. മിത്രങ്ങളെ അനുഗ്രഹിക്കുക, അതുപോലെ ശത്രുക്കളെ നിഗ്രഹിക്കുക.
മനീഷികള്‍ പറയുന്നു, ത്രിവര്‍ഗ്ഗത്തെ ആശ്രയിക്കുന്നതു ശ്രേയസ്സാണെന്ന്. പാപകര്‍മ്മം വിട്ടൊഴിക്കുക, എപ്പോഴും പുണ്യം ശീലിക്കുക, സത്തുക്കളുമായി ഇടപെടുക ഇവ ശ്രേയസ്സു വര്‍ദ്ധിപ്പിക്കും. അതില്‍ സംശയിക്കാനില്ല.
എല്ലാവരിലും മൃദുവായി പെരുമാറുക, വ്യവഹാരത്തില്‍ നേരുപുലര്‍ത്തുക, നല്ല വാക്കു സംസാരിക്കുക ഇത് മനുഷ്യന് ശ്രേയസ്സു വര്‍ദ്ധിപ്പിക്കുമെന്നു നിസ്സംശയം ജ്ഞാനി കള്‍ പറയുന്നു.
പിതൃക്കള്‍ക്കും ദേവകള്‍ക്കും അതിഥികള്‍ക്കും പങ്കി ട്ടു നല്കുക, ഭൃത്യന്മാരെ ഉപേക്ഷിക്കാതെ അവരില്‍ കരുണയോടെ പെരുമാറുക. ഇവ തീര്‍ച്ചയായും ശ്രേയസ്സുണ്ടാക്കും.
സത്യം പറയുന്നതു ശ്രേയസ്സാണ്. സുദുഷ്കരമായ സത്യജ്ഞാനം ശ്രേയസ്സാണ്. ഏറ്റവും ഭൂതഹിതമായിട്ടുള്ളത് എന്തോ അത് സതൃം പറയുക എന്നതാണ്. അഹങ്കാരം മനസ്സില്‍ നിന്നു കളയുക, പ്രമാദം മനസ്സില്‍ നിന്നകറ്റുക, തന്നത്താന്‍ തൃപ്തനായി സന്തോഷിക്കുക. ഇത് ഏറ്റവും കൂടസ്ഥമായ ശ്രേയസ്സാകുന്നു.
നിയമാനുസരണം വേദവും വേദാംഗവും അഭ്യസിക്കുക, ജ്ഞാനാര്‍ത്ഥങ്ങള്‍ അറിയുവാന്‍ ആഗ്രഹമുണ്ടാവുക ഇവ നിശ്ചയമായും ശ്രേയസ്കരമാകുന്നു.
ശബ്ദം മധുരമുള്ളതാണെന്നുവെച്ച് എപ്പോഴും അതിനെ ആസ്വദിക്കരുത്. രൂപം മനസ്സിനെ ആകര്‍ഷിക്കും, അതില്‍ ഭ്രമിക്കാതിരിക്കുക. മധുരവും രുചിയുമുള്ള വസ്മുക്കള്‍ എപ്പോഴും അനുഭവിക്കുന്നതില്‍ തല്‍പരനാകാതിരിക്കുക. സുഖസ്പര്‍ശാലിംഗനചുംബനാദികളില്‍ ആസക്തനാകാതിരിക്കുക. ഇവയില്‍ ശ്രേയസ്സിനെ ആഗ്രഹിക്കുന്നവന്‍ അതിരു കടന്ന മട്ടില്‍ ആനന്ദത്തിനു വേണ്ടി ലയിക്കാതിരിക്കണം. ഒരിക്കലും ശ്രേയസ്സിനെ കാംക്ഷിക്കുന്നവന്‍ ഇവയില്‍ അതി സേവ ചെയ്യരുത്. "രാത്രിഞ്ചര"നാകാതിരിക്കണം, രാത്രിയാത്ര പാടില്ല. പകല്‍ കിടന്നുറങ്ങരുത്. മടി വിടണം. ഏഷണിയില്‍ പ്രിയം കാണിക്കരുത്. ഡംഭം പാടില്ല. അതിയോഗവും അയോഗവും പാടില്ല. അതായത്, അധികമായി സുഖത്തില്‍ മുഴുകുകയോ, പരിപൂര്‍ണ്ണമായി അതിനെ ഒഴിവാക്കുകയോ പാടില്ല. ഇങ്ങനെയാണ് ശ്രേയസ്സിനെ കാംക്ഷിക്കുന്നവന്‍ ചെയ്യേണ്ടത്.
അനൃന്മാരെ നിന്ദിച്ചും പുച്ഛിച്ചും പറഞ്ഞ് താന്‍ യോഗ്യനാകാന്‍ വിചാരിക്കരുത്. തന്റെ ഗുണം കൊണ്ട് മറ്റുള്ളവരേക്കാള്‍ മേലെയാകാന്‍ പരിശ്രമിക്കണം. (ദോഷം കൊണ്ടാകരുത്).
മിക്കവരും യാതൊരു ഗുണവും തങ്ങളില്‍ ഇല്ലാത്തവര്‍ ആത്മാഭിമാനികളായി, "മേനിക്കണ്ടപ്പന്മാ"രായി കാണുന്നു. ഈ ഗുണക്ഷയം മൂലം അത്തരക്കാര്‍ ഗുണവാന്മാരെ ഓരോ ദോഷങ്ങള്‍ പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യും. മഹാന്മാരേക്കാള്‍ അധികമായി അവര്‍ വമ്പന്മാരാണെന്നു നടിക്കും, പറഞ്ഞില്ലെങ്കിലും! തന്റെ മാനത്തില്‍ ഗര്‍വ്വിതനായവന്‍ താന്‍ ഗുണാഢ്യനാണെന്നു ഭാവിക്കും.
ആരെയും നിന്ദിക്കാതെ, തന്റെ യോഗ്യതയെപ്പറ്റി താന്‍ പ്രശംസിക്കാതെ, വലിയ കീര്‍ത്തി ഗുണസമ്പന്നന്മാരായ വിദ്വാന്മാര്‍ നേടുന്നു. പുവിന്റെ മണം നേടിയ ശുദ്ധമായ മാരുതന്‍ മൗനമായിട്ടാണ് എങ്ങും മണംപരത്തി വീശുന്നത്. അപ്രകാരം തന്റെ യോഗ്യതകളെ ആരോടും പ്രസംഗിക്കാതെയും ഒന്നും മിണ്ടാതെയുമാണ് സൂര്യന്‍ ആകാശത്തു ശോഭിക്കുന്നത്. അപ്രകാരം തന്നെ ഗുണമുള്ള മറ്റു പലതും മേധവിട്ട് കേവലം മനസ്സു കൊണ്ട് ജ്വലിക്കുന്നു. എന്നാല്‍ അവര്‍ ലോകത്തില്‍ പ്രസംഗിച്ചു നടക്കാറില്ല. മൂഢന്‍ ലോകത്തില്‍ ഒരിക്കലും വെറും ആത്മപ്രശംസ കൊണ്ടു ശോഭിക്കുകയില്ല. മടയില്‍ കൊണ്ടു പോയി അടച്ചാലും ശരിയായ ജ്ഞാനംസമ്പാദിച്ചു മഹാശയന്‍ പ്രകാശിക്കുകതന്നെ ചെ യ്യും.
അസത്യമായ വാക്ക് സര്‍വ്വശക്തിയുമിട്ട് ഉച്ചത്തില്‍ അലറി പറഞ്ഞാലും അതു കൊണ്ട് യാതൊരു ഫലവുമില്ല. അത് ഉടനേ തന്നെ നിഷ്ഫലമായിപ്പോകും. നശിച്ചു പോകും. സത്യമായ നല്ല വാക്ക് പതുക്കെ പറഞ്ഞാലും ലോകത്തില്‍ അത് നശിക്കാതെ ശോഭിക്കും.
ഗര്‍വ്വു വര്‍ദ്ധിച്ചിട്ടുള്ള മൂഢന്മാരുടെ അതിവാക്കുകള്‍ നിസ്സാരമാണെന്നു കാണുന്നു. അവരുടെ ഹൃദയത്തിന്റെ അഹങ്കാരവും ഗര്‍വ്വും ചേര്‍ന്ന രൂപം, സൂര്യന്‍ തന്റെ രശ്മി കൊണ്ട് തന്റെ ഉഗ്രഭാവം കാണിക്കുന്ന മട്ടില്‍, അവര്‍ കാണിക്കുകയാണ്.
അതുകൊണ്ട് മനുഷ്യന്‍ പലമട്ടിലും പ്രജ്ഞ സമ്പാദിക്കണം. ജീവികള്‍ക്ക് ഏറ്റവും വലിയ ലാഭം പ്രജ്ഞാലാഭമാണ്.
ചോദിക്കാതെ ആരോടും ഒന്നും പറയരുത്. അന്യായമായി സംസാരിച്ചാല്‍ അതിന് മറുപടി പറയുകയുമരുത്. മേധാവിയാണെങ്കിലും, അറിവുള്ളവനാണെങ്കിലും, അവന്‍ മൂഢന്റെ മട്ടില്‍ ഇരിക്കണം.
തന്റെ ധര്‍മ്മം പാലിക്കുന്ന ധര്‍മ്മിഷ്ഠന്മാരായ അത്യദാരന്മാരോടു കൂടിയേ പാര്‍ക്കാവു. ധര്‍മ്മനിതൃരായ സജ്ജനങ്ങളോടു കൂടിയേ വസിക്കാവൂ. നാലു ജാതിക്കാരുടേയും, ധര്‍മ്മം കൂടിക്കലര്‍ന്ന് വര്‍ണ്ണസങ്കരം കാണുന്ന ദിക്കില്‍ ഒരിക്കലും ശ്രേയസ്സിനെ കാംക്ഷിക്കുന്നവന്‍ പാര്‍ക്കരുത്. പ്രയത്നം കൊണ്ട് ജീവിക്കുന്നവന്റെ അടുത്തും, കിട്ടിയതു കൊണ്ടു കഴിയുന്നവന്റെ അടുത്തും വസിക്കാം. പുണ്യവാന്മാരോടു കൂടെ വസിച്ചാല്‍ പുണ്യമേല്ക്കും. പാപികളോടു കൂടി വസിച്ചാല്‍ പാപിയാകും.
വെള്ളം, തീയ്, ചന്ദ്രകിരണം ഇവ ദേഹത്തില്‍ തട്ടിയാല്‍, അറിയുന്ന മട്ടില്‍ പുണ്യവും പാപവും തട്ടിയാല്‍.. ഉടനെ ഞാന്‍ അത് അറിയും.
സ്വാദോ ഗന്ധമോ ഒന്നും നോക്കാതെ വിഷയം മാത്രം നോക്കി വിഘസാശികള്‍ ഭക്ഷിക്കുന്നു. അത്തരക്കാര്‍ ഭക്ഷിക്കുന്നത് അവരുടെ ജീവസന്ധാരണത്തിനു മാത്രമാണ്. അല്ലാതെ ഇന്ദ്രിയതൃപ്തിക്കു വേണ്ടിയോ സുഖാനുഭവത്തിനു വേണ്ടിയോ അല്ല.
തന്നെ ക്ഷണിച്ചു വരുത്തി സല്‍ക്കരിക്കാതെ തന്റെ അടുത്തു വന്ന് ചോദ്യങ്ങള്‍ ചോദിച്ച് ജ്ഞാനം സമ്പാദിക്കുവാന്‍ വരുന്നവനോട് ബ്രാഹ്മണന്‍ ധര്‍മ്മോപദേശം ചെയ്യുന്നത് എവിടെയാണോ ആ ദേശം പാര്‍ക്കുവാന്‍ പറ്റുന്നതല്ലെന്നു ധരിച്ച് ബുദ്ധിമാന്‍ അവിടം വിട്ടു പോകണം.
ഗുരുശിഷ്യക്രമം നന്നായി എവിടെ നടക്കുന്നുവോ, ശാസ്ത്രസമ്പന്നമായ ഇടം എവിടെയോ, അങ്ങനെയുള്ള സജ്ജനങ്ങള്‍ വസിക്കുന്ന സ്ഥലം ആരെങ്കിലും വിട്ട് ഓടി പ്പോകുമോ?
പൂജയെ അര്‍ഹിക്കുന്ന വിദ്വാന്മാര്‍ക്ക് പൂജ നല്കുന്ന ദിക്കില്‍ അധിവസിക്കാം. എന്നാല്‍ അവരെ അധിക്ഷേപിക്കുന്ന ബോധഹീനന്മാര്‍ നിറഞ്ഞ നാട്ടില്‍, ആത്മപൂജാര്‍ത്ഥികള്‍ നിറഞ്ഞ നാട്ടില്‍, താമസിച്ചുപോകരുത്. ഏത് വിദ്വാന്‍ ഇത്തരം ദിക്കില്‍ വസിക്കുവാന്‍ ആഗ്രഹിക്കും? ധര്‍മ്മത്തിന്റെ സേതുക്കള്‍ ലുബ്ധന്മാര്‍ എവിടെയിളക്കുന്നുവോ കത്തുന്ന വസ്ത്രത്തിന്റെ തല വലിച്ചെറിയുന്നത് പോലെ ആ ദിക്കുപേക്ഷിച്ച് ഏത് വിദ്വാന്‍ പോവുകയില്ലാ? മത്സരം കൂടാതെ, ശങ്ക കൂടാതെ, എവിടെ ധര്‍മ്മം നടത്തുന്നുവോ, അവിടെച്ചെന്ന് പുണൃശീലരായ ജനങ്ങളുടെ കൂടെ വസിക്കണം.
അര്‍ത്ഥത്തിനു വേണ്ടി ധര്‍മ്മംചെയ്യുന്ന മര്‍ത്ത്യര്‍ എവിടെയുണ്ടോ, അവിടെ പാര്‍ക്കരുത്. അവര്‍ പാപികളാണെന്നു ധരിക്കുക.
പാപകര്‍മ്മംചെയ്തു ജീവിക്കുവാന്‍ ഇച്ഛിക്കുന്നവര്‍ എവിടെയുണ്ടോ, പാമ്പു വസിക്കുന്ന വീടുവിട്ട് ഓടുന്നതു പോലെ, ആ പാപികള്‍ വസിക്കുന്ന സ്ഥലം വിട്ടു പോകണം.
ഏതു കര്‍മ്മം ചെയ്തിട്ടാണ് മൂഢന്‍ പശ്ചാത്തപിക്കുന്നത്, ആ കര്‍മ്മം ആദ്യമേ തന്നെ അറിഞ്ഞു ചെയ്യാതിരിക്കണം. ആത്മാവിന് നന്മ ഇച്ഛിക്കുന്നവന്‍ അത് ചെയ്യാതിരിക്കണം.
രാജാവും രാജപുരുഷന്മാരും മറ്റും ഒപ്പം എവിടെയിരുന്നു ഭക്ഷണം കഴിക്കുന്നുവോ, തന്റെ കുടുംബാദികള്‍ക്ക് ആദ്യം കൊടുക്കാതെ ആര് ഭക്ഷിക്കുന്നുവോ, അങ്ങനെയുള്ള രാജാവും മന്ത്രിമാരുമുള്ള രാജ്യം നല്ലവര്‍ക്കു വസിക്കുവാന്‍ പറ്റുകയില്ല. സജ്ജനങ്ങള്‍ ഉടനെ ആ സ്ഥലംവിടണം.
ആദ്യം ശ്രോത്രിയന്മാര്‍ക്കു ഭക്ഷണം നല്കി, പിന്നെ താന്‍ ഉണ്ണുന്ന മാന്യരായ ധര്‍മ്മിഷ്ഠന്മാര്‍, സനാതനന്മാര്‍, യാജനാദ്ധ്യാപനാസക്തര്‍ എവിടെ വസിക്കുന്നുവോ, ആ നാട്ടില്‍ വസിക്കാം.
"സ്വാഹാ, സ്വധാ, വഷള്‍ക്കാരങ്ങള്‍" നന്മയോടെ എവിടെ എന്നു നടക്കുന്നു, അവിടെ നിശ്ശങ്കം വസിക്കാം.
കൊറ്റിന്നു വഴിയില്ലാതെ അശുചികളായ ബ്രാഹ്മണര്‍ യാചിക്കുവാന്‍ നടക്കുന്നതായി വല്ലേടത്തും കണ്ടാല്‍, വിഷം പറ്റിയ മാംസം ഉപേക്ഷിക്കുന്നതു പോലെ, ആ നാട് ഉപേക്ഷിച്ച് പൊയ്ക്കൊള്ളണം. ബുദ്ധിയുള്ള നല്ലവരാരും അവിടെ വസിക്കുകയില്ല.
യാചിക്കാതെ സന്തോഷത്തോടെ കണ്ടറിഞ്ഞ് ദാനം ചെയ്യുന്ന സജ്ജനങ്ങള്‍, സ്വസ്ഥരും കൃതകൃത്യരുമായ ജനങ്ങള്‍, എവിടെയുണ്ടോ അവിടെ ആത്മവാന്‍ പാര്‍ത്തു കൊള്ളുക.
അവിനീതരെ ശിക്ഷിക്കുകയും വിനീതന്മാരെ പൂജിക്കുകയും ചെയ്യുന്ന നാടേതോ, അവിടെ സജ്ജനങ്ങള്‍ക്ക് പുണ്യവാന്മാരായ ജനങ്ങളോടു കൂടി പാര്‍ക്കാം.
ദാന്തന്മാര്‍ ദുര്‍ന്നിമിത്തങ്ങള്‍ ഏല്ക്കുമ്പോള്‍, സത്തര്‍ ദൂര്‍വൃത്തി ചെയ്യുമ്പോള്‍, ലുബ്ധന്മാര്‍ ദുര്‍വ്വിനയം കൊള്ളുമ്പോള്‍, മഹത്തായ ദണ്ഡം ധരിച്ച് എവിടെ ധര്‍മ്മനിത്യനായ രാജാവ് ധര്‍മ്മമായി നാടു കാക്കുന്നുവോ, അവിടെ കാമങ്ങളുടെ ഈശനായവന്‍ കാമങ്ങളെയെല്ലാംവിട്ട് സംശയം കൂടാതെ വാഴാം.
രാജാവ് ഏത് ശീലക്കാരനാണോ നാട്ടുകാരും അപ്രകാരമാകും. ശ്രേയസ്സടുത്താല്‍ ഉടനെ ശ്രേയസ്സോടു കൂടി ഇണങ്ങും. ഇങ്ങനെ ശ്രേയസ്സിനെപ്പറ്റി ചോദിച്ച നിന്നോട് ശ്രേയസ്സെന്തെന്നു പറഞ്ഞു തന്നു. പ്രധാനമായ വിധം ആത്മശ്രേയസ്സിനെപ്പറ്റി സമഗ്രമായി പറയുവാന്‍ കഴിയുകയില്ല. ഇപ്രകാരമൊക്കെ മനസ്സു വെച്ച് പ്രവര്‍ത്തിക്കുന്നതായാല്‍ തപസ്സു കൊണ്ട് ശ്രേയസ്സ് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും; അതില്‍ യാതൊരു സംശയവുമില്ല.
അദ്ധ്യായം 289. സഗരാരിഷ്ടനേമീസംവാദം - വൈരാഗ്യമോക്ഷ വിഷയങ്ങള്‍ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, എന്നെപ്പോലെയുള്ള ഒരു രാജാവ് എങ്ങനെ പാരിടം സംരക്ഷിച്ചു ഭരിക്കും? ഏതു ഗുണം സ്വീകരിച്ചാലാണ് സംഗപാശം ഒഴിഞ്ഞു പോവുക?
ഭീഷ്മൻ പറഞ്ഞു: ഇതിനെപ്പറ്റി നിന്നോട് ഒരു പഴങ്കഥ വര്‍ണ്ണിച്ചു പറയാം. പണ്ട് സഗരന്‍ ചോദിച്ചപ്പോള്‍ അരിഷ്ടനേമി പറഞ്ഞതാണ് ആ കഥ.
സഗരന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, എന്താണ് ശ്രേഷ്ഠമായ ശ്രേയസ്സ്? എന്തു ചെയ്താലാണ് സുഖം ലഭിക്കുക? എന്തുകൊണ്ട് ദുഃഖിക്കാത്തതും ക്ഷോഭിക്കാത്തതുമായ ഒരു നില ലഭിക്കും? അത് അറിഞ്ഞാല്‍ കൊള്ളാം. അങ്ങു പറഞ്ഞുതരണേ.
ഭീഷ്മൻ പറഞ്ഞു: സഗരന്റെ ചോദ്യം കേട്ട് സര്‍വ്വ ശാസ്ത്രജ്ഞ സത്തമനും താര്‍ക്ഷ്യ വംശജനുമായ അരിഷ്ടനേമി മുഖ്യസമ്പത്ത് (ഉപദേശയോഗ്യതാശ്രീ) അറിഞ്ഞു കൊണ്ട് ഇപ്രകാരം പറഞ്ഞു; പാരില്‍ മോക്ഷസുഖം ഏതാണ് എന്നത് മൂഢന് അറിഞ്ഞുകൂടാ. പശുക്കളും പുത്രന്മാരും ധാരാളം വര്‍ദ്ധിപ്പിച്ച് അവയില്‍ താൽപര്യത്തോടു കൂടിയവനും, ധനധാന്യ സമൃദ്ധിയുള്ളവനും, മൂഢാത്മാവുമായ മനുഷ്യന്‍ ഒരിക്കലും മോക്ഷസുഖത്തെപ്പറ്റി അറിയുകയില്ല. അശാന്താത്മാവും സക്തബുദ്ധിയും ആയവനെ ചികിത്സിച്ചിട്ടു കാര്യമില്ല. സ്നേഹ പാശത്തിന്റെ കെട്ടില്‍പ്പെട്ടു കിടക്കുന്നവന്‍ ഒരിക്കലും മോക്ഷത്തിന്നര്‍ഹനാകുന്നില്ല.
സ്നേഹപാശങ്ങള്‍ എന്നതെന്താണെന്ന് ഞാന്‍ നിനക്കു പറഞ്ഞുതരാം. അതു നീ മനസ്സിരുത്തി കേള്‍ക്കുക. ശ്രദ്ധിച്ച് ചെവികൊടുത്തു കേള്‍ക്കുക.
കാലേ വിവാഹിതനായി മക്കളെ ജനിപ്പിച്ച് യുവാക്കളാകുമ്പോള്‍ അവരെ വിവാഹം കഴിപ്പിച്ച് ജീവിതോപായങ്ങള്‍ക്കു പ്രാപ്തരാക്കിയതിന് ശേഷം അവരെ യഥാസുഖം വിട്ടുപോവുക. വൃദ്ധയായി മക്കളുണ്ടായ, പുത്രവത്സലയായ ഭാര്യയെ അറിഞ്ഞ് കാലേതന്നെ മോക്ഷപ്രാപ്തിക്ക് വേണ്ടി വിട്ടുകളയുക. മക്കളുണ്ടായാലും ഇല്ലെങ്കിലും യഥാസുഖം വിട്ടുകളയണം. യഥാവിധി ഇന്ദ്രിയം കൊണ്ട് ഇന്ദ്രിയാര്‍ത്ഥം ഏറ്റ് അവയിലുള്ള കൌതുകം തീര്‍ത്ത് യഥാസുഖം വിട്ടു പോവുക. സമ്പത്ത് വന്നു കയറുന്തോറും അവയില്‍ ആസക്തി വര്‍ദ്ധിക്കാതെ സമചിത്തത പാലിക്കുക.
ഇങ്ങനെ ചുരുക്കി അൽപം മാത്രം ഞാന്‍ നിന്നോടു പറഞ്ഞു. മോക്ഷകാര്യം ഞാന്‍ വിസ്തരിച്ചു വീണ്ടും പറയാം, കേൾക്കുക. സ്നേഹബന്ധങ്ങളില്‍ നിന്നു വിമുക്തരായി, ഭയം വിട്ടവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മാത്രമാണ് പാരില്‍ സുഖമായി ചരിക്കുന്നത്. സുഖത്തില്‍ ആസക്തരായി എന്റെ ധനം, എന്റെ ഭാര്യ, എന്റെ മക്കള്‍ എന്നീ സക്തഭാവം ഉള്ളവരായ നരര്‍ ആ സ്നേഹബന്ധത്തില്‍ പെട്ടു നശിക്കുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. തനിക്കും തന്റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടി സ്വാര്‍ത്ഥിയായി ധനതൃഷ്ണയോടെ സമ്പാദിക്കുന്നവരെല്ലാം നശിക്കുന്നത് കാണുന്നു. അതുപോലെ, മനുഷ്യരെപ്പോലെ ആഹാരം ശേഖരിക്കുന്ന ഉറുമ്പും ചില പുഴുക്കളും മറ്റുമുണ്ട്. അവയുടെയും കഥ നാം കാണുന്നില്ലേ? സഞ്ചരിക്കുന്നതിനിടയില്‍ അവ കൊല്ലപ്പെടുന്നു. ഇതില്‍ നിന്ന് അറിയേണ്ടത് അസക്തനമാരാണ് പാരില്‍ സുഖികള്‍ എന്നാണ്. സക്തന്മാരൊക്കെ നശിക്കുവാന്‍ തന്നെ എപ്പോഴും പാത്രങ്ങളാണ്. അവര്‍ നശിക്കുക തന്നെ ചെയ്യും.
ഭവാന്‍ മോക്ഷത്തെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കില്‍ സ്വന്തം പുത്രഭാര്യാദികളെ കുറിച്ചുള്ള ചിന്ത വിട്ടേക്കൂ. രണ്ടുംകൂടി ശരിപ്പെടുകയില്ല. ഞാന്‍ വിട്ടൊഴിഞ്ഞാല്‍ പിന്നെ എന്റെ ഭാര്യയുടെ കഥയെന്താകും? എന്റെ മോനെ പിന്നെ ആരു നോക്കും? ഇങ്ങനെയുള്ള കുടുംബ സ്നേഹം വര്‍ദ്ധിച്ചാല്‍ പിന്നെ അവന് മോക്ഷമെവിടെ?
ഒരു ജീവി ജനിക്കുന്നത് താനെയാണ്. ജനിക്കുമ്പോള്‍ ഭൂമിയില്‍ സംഘടിച്ചിട്ടല്ല എത്തുന്നത്. ഓരോ ജീവിയും വളരുന്നത് ഒറ്റയ്ക്കാണ്. സുഖം വന്നു കയറുന്നതും, ദുഃഖം വന്നു കയറുന്നതും ഒറ്റയ്ക്കു തന്നെയാണ് (അവര്‍ കൂട്ടുകാരുണ്ടോ എന്ന് അന്വേഷിക്കാറില്ല.) മരണവും ഒറ്റയ്ക്കു തന്നെയാണ്. ഓരോരുത്തനും മരിക്കുന്നത് അവരവരുടെ ഒറ്റയ്ക്കുള്ള മരണമാണ്.
ഈണും ഉടുപ്പും എന്നിവയെല്ലാം അച്ഛനമ്മമാരോ, താനോ സമ്പാദിച്ചത് കൊണ്ടു നടക്കുന്നു. എല്ലാം സ്വന്തം പ്രവൃത്തി കൊണ്ടനുഭവിക്കുന്നു. അന്യജന്മഫലം കൊണ്ടല്ലാതെ ഒന്നുമില്ല.
ധാതാവ് ഇര കൽപിച്ച എല്ലാ ജീവികളും, ഭൂമിയില്‍ ലോകത്തില്‍ ചുറ്റുന്ന എല്ലാം, സ്വന്തം കര്‍മ്മത്തിന്റെ രക്ഷയില്‍ തന്നെയാണ്, കര്‍മ്മഫലം തന്നെയാണ്.
മനുഷ്യന്‍ ഒരു മണ്ണാങ്കട്ടയാണ്. ഒരുപിടി കളിമണ്ണ്! അങ്ങനെയുള്ള മനുഷ്യന്‍ എന്തിനീ മട്ടില്‍ പരതന്ത്രനായി, അസ്വതന്ത്രനായി, മറ്റുള്ളവരുടെ ചൊല്പടിക്കു വശംവദനായി എല്ലായ്പോഴും നില്ക്കുന്നു? എന്തിന്ന്? എന്ത് ശാശ്വതമായ ഗുണമാണ് അതുകൊണ്ടു കിട്ടാന്‍ പോകുന്നത്? .
ദൃഢാത്മാവായ മനുഷ്യന്‍ എന്തു വിഗേഷബുദ്ധിയെ ആശ്രയിച്ചാണ് തന്റെ ദായാദികളെ ഇങ്ങനെ പോറ്റി രക്ഷിക്കുന്നത്? നീ നോക്കി നില്ക്കെ മരണം വന്നു പിടികൂടി അവരെ കൊണ്ടു പോകുന്നു. നിനക്കു കഴിയുന്ന യത്നം ചെയ്താലും, മൃത്യുവിന്റെ പിടിയില്‍ നിന്ന് അവരെ രക്ഷ പ്പെടുത്തുവാന്‍ കഴിയുമോ? ഈ ഒറ്റ ഉദാഹരണത്തില്‍ നിന്ന് നീ നിന്റെ കഴിവിനെപ്പറ്റി അറിയേണ്ടതാണ്. ചിന്തിക്കേണ്ടതാണ്. നിന്റെ ഭാര്യാസന്താനങ്ങളുടെ ജീവിതകാലം മുഴുവന്‍, നീ അവരെ തീറ്റിപ്പോറ്റുന്ന പരിപാടി നടക്കുന്നതിന് ഇടയ്ക്ക് വെച്ച് മൃത്യു നിന്നെയും കൊണ്ടു നടക്കും. നീ അങ്ങാന അവരെ വിട്ടുപിരിയേണ്ടതായും വന്നുകൂടും. നിന്റെ പരിപാടി പൂര്‍ണ്ണമാക്കുവാന്‍ യമന്‍ സമ്മതിക്കയില്ല.
നിന്റെ പ്രിയപ്പെട്ട ഭാര്യയും മക്കളുമുണ്ടല്ലോ? അവരെയാണ് ചിലപ്പോള്‍ ആദ്യം മൃത്യു കൊണ്ടു പോവുക. അവരെത്തുന്ന സ്ഥലത്ത് അവരുടെ ക്ഷേമമെന്ത് എന്ന് നീ അറിയുന്നുണ്ടോ? അവര്‍ സുഖിക്കുന്നുണ്ടോ? ദുഃഖിക്കുന്നുണ്ടോ എന്നു വല്ലതും നീ അറിയുന്നുണ്ടോ?. നീ ചത്താലും, നീ ജീവിച്ചാലും അതു വലിയ ഒരു പ്രശ്നമൊന്നുമല്ല. നിന്റെ ആളുകളൊക്കെ നിന്നെ വിട്ടുപോകും. അതുകൊണ്ട് സ്വന്തം കര്‍മ്മം, ചെയ്യേണ്ട കര്‍മ്മം, എന്താണെന്ന് ശരിക്കു മനസ്സിലാക്കി ആത്മഹിതമറിഞ്ഞ് അതു ചെയ്യണം. ചെയ്തേ പറ്റൂ!. നിന്റെ മരിച്ചു പോയ ബന്ധുജനങ്ങള്‍, സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ എവിടെയാണെന്ന് നീ അറിയുകയില്ല. അവരുടെ പോരായ്മകള്‍ വല്ലതുമുണ്ടെങ്കില്‍ അതു നികത്തിക്കൊടുക്കുവാന്‍ നിനക്കു കഴിയുകയില്ല. ഇതില്‍ നിന്നു നീ നിന്റെ കഥയും ഗ്രഹിക്കണം. നീ മരിച്ചുപോയാല്‍ നിന്റെ ഭാര്യയും മക്കളും യാതൊരു സഹായവും നിനക്കു വേണ്ടി ചെയ്യുവാന്‍ കഴിയുന്നവരാകയില്ല എന്നതാണ് പരമാര്‍ത്ഥ തത്വം. അതു നീ അറിയണം. അതുകൊണ്ട് എന്റെ ഭാര്യ, എന്റെ മക്കള്‍ എന്നുള്ള ആസക്തി ഒന്നു കുറച്ചേ പറ്റു. അതുകൊണ്ട് നീ എന്തു ചെയ്യണം? സ്വന്തം ആത്മാവിന്നുള്ള രക്ഷ നോക്കണം! അല്ലാത്തപക്ഷം പ്രതിഫലമില്ലാത്ത കഷ്ടപ്പാടു മാത്രം താങ്ങി ഇഹത്തിലും പരത്തിലും കുഴങ്ങും.
അതുകൊണ്ട് ഈ തത്വം ഗ്രഹിച്ച് ഈ ലോകത്തി ലുള്ളവര്‍ നമുക്കു ബന്ധപ്പെട്ടവരല്ലെന്ന് അറിയുക. ആര് ആര്‍ക്ക് ആര്? ആരും ആര്‍ക്കും ആരുമല്ല!
നീ നിന്റെ മോക്ഷ കാരൃത്തില്‍ ശ്രദ്ധിക്കുക. വീണ്ടും നീ കേട്ടു ധരിക്കൂ! ഞാന്‍ പറയാം. വിശപ്പ്, ദാഹം, മുതലായ ഭാവങ്ങളെ ജയിച്ച ആത്മാവോട് കൂടിയവന്‍ ആരോ, അതുപോലെ ക്രോധം, ലോഭം, മോഹം എന്നിവയെ ജയിച്ചവന്‍ ഏവനോ, ആ തത്വവാന്‍ മുക്തനാണെന്നു ധരിക്കുക.
ചൂതുകളി, മദ്യപാനം, പെണ്ണുപിടുത്തം, നായാട്ട് ഇവയില്‍ മോഹത്താല്‍ പ്രമത്തനാകാത്തവന്‍ ആരോ, അവന്‍ എപ്പോഴും മുക്തനാണ്.
പകലും രാത്രിയും ഇടവിടാതെ എപ്പോഴും തീറ്റയില്‍ കൊതിവെച്ച്, എപ്പോഴും അതിന് വേണ്ടി ഉഴലുന്നവന്‍ ആരാണോ, അവന്‍ ദോഷബുദ്ധിയാണ്.
സ്ത്രീ പ്രസവിച്ചുണ്ടായവനാണ് താന്‍ എന്ന പരമാര്‍ത്ഥം എപ്പോഴും മനസ്സില്‍ കണ്ടവനായ യോഗി ശരിക്കും മുക്തനാകുന്നു.
ജന്മവും നാശവും, ഭൂതങ്ങളുടെ ചേഷ്ടയും ഇവയൊക്കെ പാരില്‍ ശരിക്കും അറിയുന്നവന്‍ ആരോ, അവന്‍ ശരിക്കും മുക്തനാകുന്നു.
തനിക്കുവേണ്ടി ആയിരം ചാക്ക് അരി അയച്ചാലും അതില്‍നിന്ന് തന്റെ അന്നത്തെ ആഹാരത്തിന്നുള്ള ഒരു പിടി അരി മാത്രം സ്വീകരിക്കുന്നവനും (മറ്റുള്ളതെല്ലാം ഉപേക്ഷിച്ചു വിടുന്നവന്‍) തനിക്കു വസിക്കുവാന്‍ മണിമാളിക ദാനംചെയ്താലും, മുളകൊണ്ടോ ഓട കൊണ്ടോ, കെട്ടിയ പര്‍ണ്ണശാല മാത്രം സ്വീകരിക്കുന്നവനും ആരോ, അവന്‍ ശരിക്കും മുക്തനാകുന്നു.
ലോകം മുഴുവന്‍ മൃത്യുവിനാല്‍ ബാധിക്കപ്പെട്ടതായും, രോഗത്താല്‍ പീഡിതമായും, ദാരിദ്രൃത്താല്‍ ആക്രമിക്കപ്പെട്ട് കേഴുന്നവനായും ആരു കാണുന്നുവോ, അവന്‍ തീര്‍ച്ചയായും മുക്തനാണ്.
ലോകത്തിന്റെ ഗതികാണുന്നവന്‍ തുഷ്ടനാണ്. കാണാത്തവന്‍ ഹതനാണ്. ലോകത്തില്‍ അൽപം കൊണ്ടു സന്തോഷിക്കുന്നവന്‍ ആരോ, അവന്‍ മുക്തനാണ്.
അഗ്നിയും സോമനും പ്രകാശത്തിന്റെ രൂപാന്തരങ്ങളാണ്. അവ വേറെയല്ലെന്നും ഒന്നുതന്നെ ആണെന്നും ഏവന്‍ അറിയുന്നുവോ, ഭൂതകാലത്തിന്റേയോ വര്‍ത്തമാന കാലത്തിന്റേയോ ആക്രമണം ബാധിക്കാതെ ഏവന്‍ നിര്‍മ്മമനായും ശാന്തനായും വര്‍ത്തിക്കുന്നുവോ, അവന്‍ മുക്തനാകുന്നു.
വിശേഷപ്പെട്ട കട്ടിലും മൃദുവായ മെത്തയും വെറും നിലവും ഏതൊരു ദേഹിക്ക് തുല്യമായി തോന്നുന്നുവോ, നല്ല നെല്ലരിച്ചോറും പുളിച്ച പഴഞ്ചോറും ഏവന് തുല്യ മായി തോന്നുന്നുവോ, അവന്‍ മുക്തനാകുന്നു. (എന്തു കിട്ടിയാലും അതില്‍ താല്‍പര്യമില്ലാതെ കര്‍മ്മത്തിന് വേണ്ടി ദേഹം, നിലനിര്‍ത്തുന്നവന്‍ മുക്തനാകുന്നു.) ഉടുക്കുന്നതിനു പട്ടുവസ്ത്രമോ, ദര്‍ഭപ്പുല്‍വസ്ത്രമോ, മരത്തോലോ, കൗശേയമോ പ്രട്ട്), ആടിന്‍തോലോ, ഏത് ആരാണ് തുല്യമായി കരുതുന്നത്, അവന്‍ തീര്‍ച്ചയായും മുക്തനാണ്.
ലോകം പഞ്ചഭൂതോത്ഭവമാണെന്ന് ആരു കാണുന്നുവോ, അങ്ങനെ കണ്ട് അതനുസരിച്ചു നില്ക്കുന്നവന്‍ ഏവനോ, അവന്‍ മുക്തനാണ്.
ആര്‍ക്കാണോ സുഖവും ദുഃഖവും തുല്യമായിട്ടുള്ളത്, ലാഭവും അലാഭവും തുല്യമായിട്ടുള്ളത്, ജയവും തോല്‍വിയും തുല്യമായിട്ടുള്ളത്, ഇച്ഛയും ദ്വേഷവും തുല്യമായി ട്ടുള്ളത്, ഭയവും ഉദ്വേഗവും തുല്യമായിട്ടുളളത്, അവന്‍ മുക്തനാണ്.
ദേഹം എന്നത് ഒരു വിശിഷ്ട വസ്തുവല്ല. രക്തം, മൂത്രം, മലം, മറ്റു ദോഷജാലങ്ങള്‍ ഇവയുടെ ഒരു സംഘാതമാണ്. അവകൊണ്ട് ദോഷപ്രായമാണ് ദേഹം എന്നു കാണുന്നവന്‍ തീര്‍ച്ചയായും മുക്തനാകുന്നു.
ചുളിയും, നരയും, മെലിച്ചിലും, വിളര്‍ച്ചയും, കൂനും ജരയാല്‍ കാണുന്നവന്‍ ഏവനോ അവന്‍ മുക്തനാകുന്നു.
പുരുഷത്വത്തിന്റെ നാശം, കാലത്താല്‍ കാമന്നുള്ള കലാശം, ബാധിര്യം, പ്രാണമാന്ദ്യം ഇവ കണ്ടറിയുന്നവന്‍ ഏവനോ, അവന്‍ മുക്തനാകുന്നു.
ഋഷിമാരും മറ്റു ലോകരും ദൈത്യന്മാരും ഈ ലോകം വിട്ടു പരലോകം പ്രാപിച്ചു എന്ന വസ്മുത ശരിക്കും ധരിച്ചവന്‍ മുക്തനാകും.
ഓരോരോ വിധത്തില്‍ മഹത്വം നേടിയ സമര്‍ത്ഥന്മാരായ അസംഖ്യം മന്നവേന്ദ്രന്മാര്‍ ഈ ലോകം വിട്ടു പോയി എന്ന് ആരറിയുന്നുവോ, അവന്‍ മുക്തനാകും.
പാരില്‍ അര്‍ത്ഥം ദൂര്‍ല്ലഭമായും, ക്ലേശം സുലഭമായും, കുടുംബാര്‍ത്ഥമായി സങ്കടങ്ങള്‍ നടമാടുന്നതായും ആര് കാണുന്നുവോ അവന്‍ മുക്തനാകും.
സന്താനങ്ങളുടെ ഗുണമില്ലായ്മയും ജനങ്ങളുടെ വിഗുണതയും പ്രായേണ ലോകത്തില്‍ ആര് ശരിക്കും കാണുന്നുവോ, ആവന്‍ മോക്ഷത്തെ മാനിക്കാതിരിക്കയില്ല! ശാസ്ത്രലോകങ്ങളാല്‍ പ്രബുദ്ധനായി എല്ലാം ഏവന്‍ കാണുന്നുവോ, മനുഷ്യത്വത്തിന്റെ നിസ്സാരതയും ഏവന്‍ കാണുന്നുവോ, അവന്‍ മുക്തനാകുന്നു.
എന്റെ ഈ വാക്കുകേട്ട് മുക്തനെപ്പോലെ നീ ചരി ക്കുക. ഗാര്‍ഹസ്ഥൃത്തിലോ മോക്ഷത്തിലോ ഏതിലാണ് നീ ബുദ്ധിവെക്കുന്നതെങ്കില്‍ അതില്‍ ആകാം.
അവന്റെ ആ വാക്കു നന്നായികേട്ട് ആ രാജാവ് മോക്ഷത്തിന്റെ ഗുണം കൈക്കൊണ്ട് തന്റെ നാട്ടുകാരെ നന്നായി പരിപാലിച്ചു.
അദ്ധ്യായം 290. ഭവഭാര്‍ഗ്ഗവസമാഗമം -ഉശനസ്സിനു ശുക്രന്‍ എന്ന പേരുണ്ടായത് - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ താതാ, എന്റെ ഹൃദയത്തില്‍ ഒരു കൌതുകം നില്ക്കുന്നുണ്ട്. അത് ഭവാന്‍ പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കു മോഹമുണ്ട്. കുരുപിതാമഹാ! ദേവര്‍ഷിയായ ഉശനസ്സ്, കാവ്യന്‍ എന്നറിയപ്പെടുന്ന മഹാമതി അസുരന്മാര്‍ക്ക് ഇഷ്ടം ചെയ്യുന്നവനാണല്ലോ. അവന്‍ എന്തുകൊണ്ടാണ് സുരന്മാര്‍ക്ക് അപ്രിയകൃത്തായത്? ഓജസ്വികളായ അവര്‍ക്ക് തേജസ്സ് വളരെ വര്‍ദ്ധിക്കുവാന്‍ കാരണമെന്താണ്? സുരന്മാരുമായി വലിയ വൈരമുളളവരാണല്ലോ ദാനവന്മാര്‍? ഉശനസ്സ് ശുക്രത്വം ഏറ്റിട്ട് എങ്ങനെ ദേവാഭനായി? അവന്‍ പിന്നെ എങ്ങനെ സമൃദ്ധിയുള്ളവനായി? എല്ലാം അങ്ങു പറഞ്ഞുതരണേ! ആ തേജസ്വിയായ ശുക്രന്‍ എന്താണ് നഭോമദ്ധ്യത്തിലൂടെ സഞ്ചരിക്കാത്തത്? പിതാമഹാ, ഇതൊക്കെ അങ്ങയില്‍നിന്നു കേട്ടറിയുവാന്‍ ഒരു ആശയുണ്ട്. അങ്ങ് പറഞ്ഞുതരണേ!
ഭീഷ്മൻ പറഞ്ഞു: രാജാവേ, എല്ലാം ഞാന്‍ പറയാം. ഭവാന്‍ മനസ്സുവെച്ചു കേള്‍ക്കുക. ശരിയായവിധം എല്ലാം മതിക്കൊത്ത വണ്ണം പണ്ട് ഞാന്‍ കേട്ട വിധം സന്മതേ, പറയാം.
ഈ ശുക്രമഹര്‍ഷി ഭാര്‍ഗ്ഗവ വംശജനാണ്. മാന്യനും ദൃഢവ്രതനുമാണ്. സുരന്മാര്‍ക്ക് അപ്രിയം ചെയ്യുന്നവനായി. അതിന്നു തക്ക കാരണമുണ്ടായി.
യക്ഷന്മാര്‍ക്കും രാക്ഷസനമാര്‍ക്കും ഈശ്വരനായ കുബേരന്‍ ഇന്ദ്രന്റെ ഖജനാവു സൂക്ഷിപ്പുകാരനായിരുന്നു. ലോകത്തിന് നാഥനായ അവന്‍ ഭണ്ഡാരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു.
ഒരുദിവസം യോഗസിദ്ധനായ മഹാമുനി കുബേരന്റെ ആത്മാവില്‍ യോഗസിദ്ധിയാല്‍ കടന്നു കൂടി ധനേശ്വരനെ തടഞ്ഞു നിര്‍ത്തി, ധനേശ്വരന്റെ പക്കലുള്ള ധനമൊക്കെ തന്നിലേക്കാക്കി. എല്ലാം നേടി. തന്റെ ധനമൊക്കെ അപഹരിക്കപ്പെട്ടതായി കുബേരന്‍ അറിഞ്ഞപ്പോള്‍ അവന് പൊറുതി കിട്ടാതായി. അവന്‍ സുഖമൊക്കെ വിട്ട് ദുഃഖിതനായി. അവന്‍ ഉദ്വിഗ്നനായി ഇന്ദ്രനെ സേവിച്ചു. ഉടനെ ഇന്ദ്രന്‍ ബഹുരൂപനും തപസ്വിയുമായ ശിവനോട് ദേവനന്‍മാരുടെ ഭണ്ഡാരം അപഹരിക്കപ്പെട്ട വാര്‍ത്ത ഉണര്‍ത്തിച്ചു.
കുബേരന്‍ ശിവനോടു പറഞ്ഞു: "യോഗാത്മാവായ ഉശനസ്സ് എന്നെ തടഞ്ഞു നിര്‍ത്തി. എന്റെ കൈവശമുള്ള ധനമെല്ലാം യോഗത്താല്‍ കൈയിലാക്കി. തപസ്വിയായ അവന്‍ പൊയ്ക്കളഞ്ഞു".
ഇതു കേട്ടപ്പോള്‍ മഫേശ്വരന്നു കോപമുണ്ടായി. മഹായോഗിയായ മഹേശ്വരന്‍ കണ്ണും ചുവത്തി ശൂലവും കൈയിലേന്തി നിന്നു. "ആ ഉശനസ്സെവിടെ? അവന്‍ എവിടെപ്പോയി? എവിടെ അവന്‍?" എന്ന് ആയുധവുമെടുത്ത് ഉശനസ്സിനെ തിരഞ്ഞു. ഉടനെ ഉശനസ്സ് തന്റെ മോഹമൊക്കെ ദുരെയെറിഞ്ഞു കളഞ്ഞു. മഹാത്മാവായ മഹായോഗിയുടെ ക്രോധം കണ്ടതോടു കൂടി ഉശനസ്സിന്റെ മനസ്സ് കിടിലം കൊണ്ടു. ഒരു നിമിഷത്തിനുള്ളില്‍ ഭൂതവും ഭാവിയും സ്ഥിതിയുമൊക്കെ അറിഞ്ഞു. രക്ഷയില്ലെന്നു മനസ്സിലാക്കി.
ഉടനെ ഉഗ്രതപസ്സോടെ ഉശനസ്സ് മഹേശനെ ധ്യാനിച്ചു. അപ്പോള്‍ യോഗദൃഷ്ടിയാല്‍ ഉശനസ്സ് താന്‍ ശിവന്റെ ശൂലാഗ്രത്തില്‍ കുത്തി കോര്‍ക്കപ്പെട്ട നിലയില്‍ കണ്ടു. വിജ്ഞാനരൂപനും മഹാതപസ്വിയുമായ ശുക്രനെ സംഹരിക്കരുതെന്ന് ശിവന് തോന്നി. അത്രമാത്രം തപച്ഛക്തിയും ജ്ഞാനവും നേടിയവര്‍ ദുര്‍ലഭമാണ്. തന്മൂലം അവനില്‍ അലിവോടെ വില്ലാളിയായ മഹേശ്വരന്‍ തന്റെ ശൂലത്തില്‍ തറച്ച മട്ടില്‍ ഉശനസ്സിനെ കണ്ടപ്പോള്‍ ശൂലം കൈകൊണ്ടു പിടിച്ചു ബലമായി വളച്ചു. താന്‍ ശൂലത്തെ വളച്ച് അതു വില്ലാക്കി. അന്നുമുതല്‍ "പാണിനാ അനാമയത്" എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ടു വളയ്ക്കുകയാല്‍ "പിനാകം" എന്ന പേരില്‍ ശിവന്റെ ആ വില്ലു പ്രസിദ്ധമായി. അങ്ങനെ മഹാദേവന്‍ പിനാകം എന്ന ഉഗ്രായുധം ഉണ്ടാക്കി. ശൂലം പിടിച്ചു വളച്ചപ്പോള്‍ ഉശനസ്സ് ശൂലത്തില്‍ നിന്ന് ചെറിയ രൂപത്തില്‍ ശിവന്റെ ഉള്ളംകൈയിലായി. ശംഭു അവനെ എടുത്ത് തന്റെ വായ തുറന്ന് വായിലേക്ക് മെല്ലെ കൈകൊണ്ട് എറിഞ്ഞു. പ്രഭുവായ ഉശനസ്സ് ശിവന്റെ ഉദരത്തിലേക്ക് ഇറങ്ങിപ്പോയി. അങ്ങനെ ശിവന്റെ ഉദരത്തില്‍ ഉശനസ്സു ചുറ്റിനടന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു: ആ ധീമാനായ മഹാദേവന്റെ കുക്ഷിയില്‍ അല്ലയോ രാജാവേ, എന്തിനാണ് ഉശനസ്സു ചുറ്റിയത്? മഹാദ്യുതിയായ അവന്‍ അവിടെ ചുറ്റിനടന്ന് എന്തു ചെയ്തു?"
ഭീഷ്മൻ പറഞ്ഞു: പറയാം. പണ്ട് ഈ സംഭവം നടന്നയുടനെ ശിവന്‍ തപസ്സിന് പോയി. ജലഗര്‍ഭത്തില്‍ സ്ഥാണുവായി അനേകായിരം വര്‍ഷം ശിവന്‍ തപസ്സില്‍ ലയിച്ചു നിന്നു. ആ വലിയ, ദുസ്സാദ്ധ്യമായ തപസ്സ് നിര്‍വിഘ്നം നിര്‍വ്വഹിച്ച് ആ കയത്തില്‍ നിന്നു ശിവന്‍ പുറത്തു വന്നു. ആ സന്ദര്‍ഭത്തില്‍ ദേവദേവനായ ശംഭുവെ ബ്രഹ്മാവു ചെന്നു കണ്ടു. അവൃയയനായ വിരിഞ്ചന്‍ ശിവന്റെ തപോവൃദ്ധിയെപ്പറ്റി അന്വേഷിച്ചു കുശലം ചോദിച്ചു. "തപസ്സ് നന്നായി സാധിച്ചു" എന്ന് വൃഷധ്വജന്‍ മറുപടി പറഞ്ഞു. തപോയോഗത്താല്‍ വൃദ്ധി മഹാമതിയും അചിന്ത്യാത്മാവും സത്യധര്‍മ്മരതനുമായ ശങ്കരന്‍ സദാ ദര്‍ശിച്ചു. ശിവന്‍ തപസ്സു ചെയ്യുന്ന കാലമത്രയും ശിവന്റെ ഉദരത്തിലിരുന്ന് ഉശനസ്സും തപസ്സു ചെയ്തു. ആ തപസ്സിന്റെ വര്‍ദ്ധിച്ച ധനവും കുബേരനില്‍ നിന്ന് ആകര്‍ഷിച്ച ധനവും കൂടി ഉശനസ്സും മഹത്തായ തേജസ്സ്, മൂന്നു ലോകത്തിലും വ്യാപിക്കുന്ന തേജസ്സ്, നേടി. മഹത്തായ ഓജസ്സും നേടിയതായി മഹേശ്വരന്‍ ദര്‍ശിച്ചു.
പിന്നെ യോഗാത്മാവായ പിനാകി ധ്യാനയോഗത്തില്‍ നിമഗ്നനായി. ഉശനസ്സ് ഉദ്ധിഗ്നനായി ഉദരത്തില്‍ത്തനെ ഒളിച്ചിരുന്നു. അവിടെയിരുന്ന് ഉശനസ്സ് ദേവദേവനായ ശംഭുവിനെ സ്തുതിച്ചു.
ഉശനസ്സ് പറഞ്ഞു: "എന്നില്‍ വീണ്ടും പ്രസാദിച്ചാലും, അരിന്ദമാ! ശംഭോ, എന്നെ ഉദരത്തില്‍ നിന്നു വിമുക്തമാക്കേണമേ!", എന്നായിരുന്നു ഉശനസ്സിന്റെ പ്രാര്‍ത്ഥന.
ഉശനസ്സിന്റെ പ്രാര്‍ത്ഥന ശങ്കരന്‍ കേട്ടു. ഈശ്വരന്‍ അവനോടു പറഞ്ഞു: എടോ ഉശനസ്സേ, നീ ശിശ്നം (ലിംഗം) വഴിക്കു പുറത്തു പൊയ്ക്കൊള്ളുക!
ഉശനസ്സ് മഹാദേവന്റെ ഉദരത്തില്‍ ചുറ്റിനടന്നു. സകല സ്രോതസ്സുകളും അടച്ച് ദേവദേവന്‍ ധ്യാനനിമഗ്നനായിരിക്കയാണ്. ഉശനസ്സ് പുറത്തു പോകാന്‍ ദ്വാരമൊന്നും കണ്ടില്ല. ശിവന്റെ തേജസ്സില്‍ ഉശനസ്സ് വെന്തുനീറി അങ്ങുമിങ്ങും നടന്നു നോക്കി. ശിശ്നത്തിന്റെ (ഉല്‍പാദനേന്ദ്രിയത്തിന്റെ) ദ്വാരം കണ്ടെത്തി. ആ വഴിക്ക് അവന്‍ പുറത്തു വന്നു. അതുകൊണ്ട് അവന്ന് ശുക്രത്വം ലഭിച്ചു. ഈ കാരണം കൊണ്ട് അവന്‍ അംബരത്തിന്റെ നടുവില്‍ക്കുടെ പോകാറില്ല. ശിശ്നദ്വാരംവഴി പുറത്തുവന്ന അവന്‍ തേജസ്സാല്‍ ജ്വലിക്കുന്നതു കണ്ട് ഭഗവാന്‍ രോഷാകുലനായി ശൂലം ഓങ്ങി നിന്നു. ഉടനെ കോപിച്ചു നില്ക്കുന്ന പശുപതിയാകുന്ന പതിയെ പാര്‍വ്വതി ദേവി ഓടിച്ചെന്നു തടുത്തു. ശിവനെ ദേവി തടഞ്ഞപ്പോള്‍ അവന്‍ ശിവന്റെ പുത്രത്വം സ്വീകരിച്ചു.
ദേവി പറഞ്ഞു: അല്ലയോ നാഥാ, ഇവനെ അങ്ങു കൊല്ലരുത്. ഇവന്‍ എന്റെ പുത്രനായിത്തീര്‍ന്നിരിക്കുന്നു. ദേവന്റെ ഉദരത്തില്‍ നിന്നു വിട്ടു പോന്നവരാരും അഘം ഏല്‍ക്കുന്നതല്ല. ശിശ്നദ്വാരത്തിലൂടെ ശുക്ലം എന്ന മട്ടില്‍ വിട്ടു പോന്നവനായതുകൊണ്ട് ഉശനസ്സ് ശുക്ത്വം (ശുക്രത്വം) പ്രാപിച്ച് ശുക്രനായി.
ഉടനെ ദേവിയില്‍ പ്രസാദിച്ചു ഭവന്‍ പുഞ്ചിരിതൂകി ഇപ്രകാരം പറഞ്ഞു: ഇവന്‍ ഇഷ്ടംപോലെ പൊയ്ക്കൊള്ളട്ടെ! ഇപ്രകാരം മഹാദേവന്‍ വീണ്ടും പറഞ്ഞു. ഉടനെ ധീമാനായ ശുക്രന്‍ വരദയായ ദേവിയേയും ദേവനേയും കൈകൂപ്പി നമസ്കരിച്ചു ഇഷ്ടമുള്ള വഴിക്കു പോയി.
അല്ലയോ ഭരതശ്രേഷ്ഠാ, മഹാത്മാവായ ഭാര്‍ഗ്ഗവന്റെ മഹത്തായ ചരിത്രം ഇപ്രകാരമാണ്. ഉണ്ണീ, ഞാന്‍ അത് നീ ചോദിച്ചതനുസരിച്ചു പറഞ്ഞു.
അദ്ധ്യായം 291. പരാശരഗീത - കല്യാണ പ്രാപ്തിക്കുള്ള ഉപായം പരാശരമഹര്‍ഷി ജനകനോട് പറയുന്നു - യുധിഷ്ഠി രന്‍ പറഞ്ഞു: അല്ലയോ മഹാബാഹോ, ഇതിനും അപ്പുറമായി എന്താണ് ശ്രേയസ്സ്? അത് എന്നോടു പറഞ്ഞാലും. പിതാമഹാ, അങ്ങയുടെ വാക്കില്‍ എനിക്കു അമൃതിലെന്ന പോലെ, അനുഭവിച്ചിട്ടും തൃപ്തി വരുന്നില്ല! അല്ലയോ പുരുഷസത്തമാ, എന്തു കര്‍മ്മം ചെയ്താല്‍ പുരുഷന് ഇഹത്തിലും പരത്തിലും ശ്രേയസ്സു ലഭിക്കും? അതു പറഞ്ഞു തന്നാലും!
ഭീഷ്മൻ പറഞ്ഞു: ഇക്കാര്യത്തില്‍ ഞാന്‍ നിന്നോടു ഒരു സംഗതി പറഞ്ഞു കേള്‍പ്പിക്കാം. പണ്ട് മഹാശയനായ, കീര്‍ത്തിമാനായ, പരാശരമഹര്‍ഷിയോട് ജനകരാജാവു ചോദിച്ച ചോദ്യമാണ് വിഷയം. ഇപ്രകാരമാണ് ജനകന്‍ ചോദിച്ചത്: എന്താണ് ഇഹത്തിലും പരത്തിലും എല്ലാവര്‍ക്കും ശ്രേയസ്സായിട്ടുള്ളത്? എന്താണു മനുഷ്യന്‍ കൈക്കൊള്ളേണ്ടത്? അത് അങ്ങ് പറഞ്ഞു തരണേ! ഈ ചോദ്യം കേട്ട് പരാശരമഹര്‍ഷി, ധര്‍മ്മക്രമമറിഞ്ഞ മഹാശയന്‍, രാജാവിന്റെ അനുഗ്രഹം പാര്‍ത്ത് ഇപ്രകാരം പറഞ്ഞു.
പരാശരന്‍ പറഞ്ഞു: ശ്രേയസ്സ് എന്തെന്നു പറയാം: ധര്‍മ്മം ചെയ്യുക! ധര്‍മ്മം ചെയ്യിപ്പിക്കുക! ഇതിലപ്പുറമായി മറ്റൊന്നും ഇഹത്തിലും പരത്തിലും ഇല്ലെന്നാണ് ജ്ഞാനികള്‍ പറയുന്നത്.
ധര്‍മ്മം ചെയ്യുന്നവന്‍, ധര്‍മ്മാസക്തനായ നരന്‍, സ്വര്‍ഗ്ഗലോകത്തു പൂജ്യനായി ശോഭിക്കും. ദേഹികള്‍ക്കുള്ള സകല കര്‍മ്മവിധിയും ധര്‍മ്മാത്മകമാണ് നൃപോത്തമാ! ഓരോ ആശ്രമസ്ഥരും ധര്‍മ്മനിരതരായി അവരവരുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. നാലു മട്ടില്‍ യാത്ര ഓരോ വര്‍ണ്ണങ്ങള്‍ക്കും വിധിച്ചിട്ടുണ്ട്. മനുഷ്യന്‍ എവിടെ നിന്നാലും അവന്‍ സ്വന്തം കര്‍മ്മത്താല്‍ ജീവിക്കുന്നു. അവന്‍ പുണ്യപാപമയമായ കര്‍മ്മം പല മട്ടിലും സേവിക്കുന്നു. പിന്നെ പഞ്ചഭൂതത്തില്‍ ലയിച്ചാല്‍ പലമട്ടില്‍ പോകുന്നു. വെളുത്തീയം കൊണ്ടുണ്ടാക്കിയ പാത്രം സ്വര്‍ണ്ണത്തില്‍ മുക്കുമ്പോള്‍ സ്വര്‍ണ്ണ നിറം വരുന്നതു പോലെ മുന്‍ കര്‍മ്മത്തിന്റെ അധീനത്തില്‍ നില്ക്കുന്നവനായ ജീവി, ആ കര്‍മ്മഫലം നേടുന്നു. വിത്തില്ലാതെ ഒരു ധാന്യവും, വൃക്ഷവും ഉണ്ടാവുകയില്ല. പ്രവര്‍ത്തിക്കാതെ സുഖവും സിദ്ധിക്കുകയില്ല. ദേഹം നശിക്കുന്ന മനുഷ്യന് മുജ്ജന്മസുകൃതം മൂലം സുഖം ലഭിക്കും. കഴിഞ്ഞ ജന്മഫലമാണ് പുരുഷന്‍ അനുഭവിക്കുന്നതെന്ന് അവിശ്വാസി നിഷേധിക്കുന്നു. സ്വഭാവ സംസിദ്ധരാണ് ദേവന്മാരും ഗന്ധര്‍വ്വന്മാരും ദാനവരും. ചത്താല്‍ താന്‍ ചെയ്ത കര്‍മ്മം കൂടെയെത്തുമെന്നതിന് തെളിവൊന്നുമില്ല. അങ്ങനെ നരന്‍ ഒരിക്കലും ജീവിച്ചിരിക്കുമ്പോള്‍ ചിന്തിക്കുകയില്ല. അവര്‍ അവരുടെ കര്‍മ്മഫലം നാലു തരത്തിലാണ് അനുഭവിക്കുക എന്നറിയുന്നില്ല. വേദങ്ങളും മറ്റും മനുഷ്യന്റെ പ്രവര്‍ത്തന രീതിയെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതാണ്. അതു പോലെ മനശ്ശാന്തിക്കു വേണ്ടിയും. അവിശ്വാസികളുടെ ഈ വാദം ശരിയല്ല; അതു ജ്ഞാനികളുടെ അഭിപ്രായമല്ല.
ഏതുവിധം കര്‍മ്മമാണോ മര്‍ത്ത്യന്‍ ചെയുന്നത്, അത് അതേവിധം തന്നെ തന്നിലും വന്ന് അനുഭവിക്കുന്നു. നിരന്തരം ഇങ്ങനെ മിശ്രമായ കര്‍മ്മം നരന്‍ നേടുന്നു! ഈ കര്‍മ്മപഥത്തില്‍ ശുഭവും പാപവുമുണ്ട്. അതും ശരിക്കും അനുഭവിക്കും. ചിലപ്പോള്‍ സുകൃതം, കൂടസ്ഥം (ശാശ്വതം) പോലെ നില്ക്കും. സംസാരത്തിലാണ്ടവന്ന് ദുഃഖം വിട്ടൊഴിയുന്നതു വരെ നില്ക്കും.
ദുഃഖക്ഷയമാണ് സുകൃതം. അതു കര്‍മ്മം ചെയ്ത് ഉടനെ നേടാം. സുകൃതക്ഷയം വന്നാല്‍ അതു പാപമാണെന്നു ധരിക്കണം രാജാവേ! ദമം, ക്ഷമ, ധൃതി, രുചി, സന്തോഷം, സത്യവാദിത, ഹ്രീ, അഹിംസ, വ്യസനിത, ദാക്ഷ്യം ഇവയെല്ലാം സുഖലബ്ധിക്കു ഹേതുവാണെന്ന് ഓര്‍ക്കണം. ഇവയില്ലാത്തവന്ന് എവിടെയാണ് സുഖം?
ജീവി പാപത്തിലും പുണ്യത്തിലും നിയതനായിത്തീരും. നിത്യവും മനസ്സമാധിക്ക് വിചക്ഷണന്‍ യത്നിക്കണം. അവന്‍ മറ്റൊരാളുടെ വക പുണ്യവും പാപവും ഏല്ക്കുകയില്ല. എപ്രകാരമാണോ താന്‍ കര്‍മ്മം ചെയ്യുന്നത്, അപ്രകാരമായിരിക്കും തനിക്കു വരാന്‍ പോകുന്ന അനുഭവവും. സുഖദുഃഖങ്ങളേറ്റ് പുരുഷന്‍ അന്യമായ വഴിക്കു പോകുന്നു. അന്യനുമായി കൂടിച്ചേര്‍ന്ന് നരന്‍ പരനില്‍ അസൂയ മൂലം ഒന്നും താനേ ചെയ്തു പോകരുത്. വര്‍ദ്ധിച്ച അസൂയ ഒരുത്തനില്‍ കടന്നു കൂടിയാല്‍ അവന്‍ അതുമൂലം അപഹാസ്യനായിത്തീരും.
ഭീരുവായ രാജാവ്, കിട്ടിയതൊക്കെ തിന്നുന്ന ബ്രാഹ്മണന്‍, ഒന്നിലും താല്‍പര്യമില്ലാത്തവനായ വൈശ്യന്‍, മടിയനായ ഹീനജാതിക്കാരന്‍, ദുശ്ശീലനായ വിദ്വാന്‍, വൃത്തിഹീനനായ കുലീനന്‍, സത്യം വെടിഞ്ഞ ബ്രാഹ്മണന്‍, സുന്ദരിയായ ദുഷ്ടസ്ത്രീ, രാഗിയായ യോഗി, തനിക്കു വേണ്ടി മാത്രം വച്ചു തിന്നുന്നവന്‍, മൂര്‍ഖനായ പ്രാസംഗികന്‍, രാജാവില്ലാത്ത രാജ്യം - ഈ പറഞ്ഞതൊക്കെ ശോച്യമായ കാര്യങ്ങളാണ് രാജാവേ! പ്രജകളെ സ്നേഹിക്കാത്ത ദുര്യോഗിയും ശോച്യന്‍ തന്നെയാകുന്നു.
അദ്ധ്യായം 292. പരാശരഗീത - കര്‍മ്മങ്ങളുടെ അനിവാര്യതയും പുണ്യകര്‍മ്മത്താലുണ്ടാകുന്ന ലാഭവും - പരാശരന്‍ പറഞ്ഞു: ഇന്ദ്രിയാര്‍ത്ഥങ്ങളാകുന്ന കുതിരകളെ പൂട്ടിക്കെട്ടിയ മനോരഥമാകുന്ന രഥത്തില്‍ കയറിയിരുന്ന് ജ്ഞാനമാകുന്ന കടിഞ്ഞാണ്‍ പിടിച്ചു ജീവിതയാത്ര നിര്‍വ്വഹിക്കു ന്നവനാണ് ബുദ്ധിമാന്‍. കൊറ്റിനു വഴിയില്ലാത്തവന് ഉന്നതന്മാരുമായി സേവ വിരോധമില്ല. ആ സേവ എങ്ങനെയുള്ളതായിരിക്കണമെന്നു ഗുരുമുഖത്തു നിന്നു ഗ്രഹിക്കണം. വിപ്രനില്‍ നിന്നു മനസ്സിലാക്കണം. അല്ലാതെ തുല്യനില്‍ നിന്നായിരിക്കരുത്. വളരെ ദുര്‍ല്ലഭമായ ഒരു അനുഗ്രഹമാണ് മനുഷ്യജന്മം കിട്ടുക എന്നുള്ളത്. അതു നേടിയതിന് ശേഷം അല്ലയോ രാജാവേ, അതു പ്രയോജനമില്ലാതാക്കിക്കളയരുത്. പുണ്യകര്‍മ്മം ചെയ്ത് നരന്‍ അതിനെ വളര്‍ത്തുവാന്‍ പരിശ്രമിക്കണം. ആറു വ്യത്യസ്തമായ വര്‍ണ്ണങ്ങള്‍ ജീവന്‍ പല കാലങ്ങളിലായി നേടുന്നു. ജാതി (വര്‍ണ്ണം) വിട്ടു ഭ്രഷ്ടനായവന്‍ സമ്മാനോചിതനായിത്തീരുകയില്ല. സല്ക്കാരം ഏറ്റു കഴിഞ്ഞാല്‍ ദുഃഖം ഏല്ക്കുന്നു. അത് രാജസമായ കര്‍മ്മമാണ്. രാജസമായ കര്‍മ്മം കലര്‍ന്ന കര്‍മ്മം, അതു കൊണ്ടു തടയേണ്ടതാണ്.
പുണ്യകര്‍മ്മത്തിന്റെ ഫലമായി നരന്‍ വര്‍ണ്ണോല്‍ക്കര്‍ഷം നേടുന്നു. സുദുര്‍ല്ലഭമായ ആ വര്‍ണ്ണം ഏല്‍ക്കാതിരുന്നാല്‍ പാപകര്‍മ്മം കൊണ്ടു കെട്ടുപോകും. അജ്ഞാനം കൊണ്ടു ചെയ്തുപോയ പാപം തപസ്സു കൊണ്ടു നശിപ്പിക്കണം. താന്‍ ചെയ്ത പാപമേ തനിക്കു പാപകര്‍മ്മമായി തീരുകയുള്ളു. അതുകൊണ്ട് ദുഃഖമാകുന്ന ഫലത്തെ ഉണ്ടാക്കുന്ന പാപമായ കര്‍മ്മങ്ങള്‍ നിങ്ങള്‍ ചെയ്യരുത്.
മഹത്തായ ഒരു ഫലം സിദ്ധിക്കുവാന്‍ കുറച്ചു പാപം ചെയ്യണമെന്നു വന്നാലും അതു ചെയ്യരുത്. മേധാവിയും, ശുദ്ധനും, കുശലിയുമായവന്‍ ഒരിക്കലും പാപത്തില്‍ മനസ്സു വെക്കരുത്. പാപകര്‍മ്മം കഷ്ടമാണെന്നു ഞാന്‍ കാണുന്നു. മനുഷ്യന്‍ ധാര്‍മികമായ കര്‍മ്മങ്ങള്‍ ചെയ്ത് ഉയര്‍ന്ന ഒരു നിലയെ പ്രാപിക്കണം. അങ്ങനെ നല്ല ഒരു പേരു സമ്പാദിക്കുവാന്‍ വളരെ വിഷമമുണ്ട്. ഒരു മനുഷ്യന്‍ പാപം നിരന്തരം ചെയ്യുന്നത് മൂലം അവന്‍ അവനെത്തന്നെ നശിപ്പിക്കുകയാണ്. ആത്മഹത്യാതുല്യമാണത്. അവന്‍ മരണാനന്തരം നരകത്തിലോ അഥവാ ഹീനജാതിയിലോ ചെന്നുകൂടും. എല്ലാ പാപകര്‍മ്മങ്ങളും അറിഞ്ഞോ, അറിയാതെയോ ചെയ്തതായാലും, അജ്ഞാനം കൊണ്ടു ചെയ്തതായാലും ആ പാപത്തെ തപസ്സുകൊണ്ടു ദഹിപ്പിച്ചുകളയാം. അറിഞ്ഞുകൊണ്ടു ചെയ്യുന്ന പാപകര്‍മ്മം മഹാദുഃഖങ്ങളെ ജനിപ്പിക്കും. അതു കൊണ്ട് ആരും പാപം ചെയ്യരുത്. എന്തുകൊണ്ടെന്നാല്‍ അതിന്റെ ഫലം ദുഃഖം മാത്രമാണ്.
ബുദ്ധിമാനായ പുരുഷന്‍ ഒരിക്കലും പാപസ്വഭാവമുള്ള കര്‍മ്മം, അതു വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുമെന്നു വെച്ചാലും, ചെയ്യുവാന്‍ പാടില്ല. എങ്ങനെയെന്നു വെച്ചാല്‍ ഒരു പരിശുദ്ധാത്മാവ് ചണ്ഡാലനുമായി സംസര്‍ഗം ചെയ്യുവാന്‍ പാടില്ലാത്തത് പോലെയാണത്. പാപത്തിന്റെ ഫലം എത്ര കഷ്ടമാണ്! പാപം വഴിയായി പാപകര്‍മ്മിയുടെ ദൃഷ്ടി എപ്പോഴും വിപരീതമായേ കാണൂ. അവന്‍ അവന്റെ ദേഹത്തേയും ഇന്ദ്രിയങ്ങളേയുമൊക്കെ ആത്മാവിനോടു ചേര്‍ത്തു ദുഷിപ്പിക്കും. ആ വിഡ്ഡിയായ മനുഷ്യന്‍ അവനെ പാപത്തില്‍ നിന്നു കയറ്റുന്നതില്‍ അപ്രാപ്തനായിരിക്കും. ത്യാഗബുദ്ധി വരികയില്ല. അങ്ങനെയുള്ള സ്വാര്‍ത്ഥി ഈ ലോകം വിട്ടാല്‍ വലിയ ദുഃഖത്തിനു പാത്രമാകും. നിറമില്ലാത്ത ഒരു വസ്ത്രം അഴുക്കായാല്‍ അലക്കി വെളുപ്പിക്കാം. എന്നാല്‍ കറുത്ത വസ്ത്രം എങ്ങനെയാണ് കഴുകിയാല്‍ വെളുക്കുക? അതിന്റെ നിറം എങ്ങനെ ശുദ്ധമാകും? അതുപോലെയാണ്. പാപിയുടെ കാര്യം. കറുപ്പിച്ച വസ്ത്രം വെളുക്കുകയില്ല. ഇങ്ങനെയാണ് രാജാവേ, പാപിയുടെ നില.
അറിഞ്ഞു കൊണ്ടും പാപം ചെയ്ത പുള്ളി ശരിക്ക് ധര്‍മ്മനിശ്ചയപ്രകാരം പ്രായശ്ചിത്തം ആ പാപനിര്‍മ്മാര്‍ജ്ജനത്തിനു ചെയ്യണം. എന്നാല്‍ പാപപുണ്യഫലങ്ങള്‍ അതാതിന്റെ തോതനുസരിച്ചു വെവ്വേറെ അനുഭവിക്കും. അറിഞ്ഞു ചെയ്യുന്ന പാപത്തിന് പ്രായശ്ചിത്തമില്ല. ഫലം അനുഭവിച്ചേ തീരു!
ബ്രഹ്മജ്ഞാനികള്‍ വേദനിശ്ചയപ്രകാരം പറയുന്നത് അറിയാതെ ചെയ്ത സകല പാപവും സല്‍ക്കര്‍മ്മം കൊണ്ട് പരിഹരിക്കാമെന്നാണ്. എന്നാല്‍ നേരേ മറിച്ച് അറിഞ്ഞു ചെയ്ത പാപം ഒരു വിധത്തിലും പരിഹരിക്കുവാന്‍ കഴിയുകയില്ല എന്നുമാണ്. ഒരു വിധം പ്രായശ്ചിത്തവും അതിന്ന് പര്യാപ്തമാവുകയില്ല. വേദജ്ഞന്മാരും, വേദവും, ബ്രാഹ്മണരും, ഈ അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ പാപകര്‍മ്മമായാലും പുണ്യകര്‍മ്മമായാലും അത് അറിഞ്ഞായാലും അറിയാതെയായാലും ചെയ്തു പോയാല്‍ അതിന്റെ ഫലം നല്ലതും ചീത്തയും യഥായോഗ്യം അനുഭവിക്കാതെ വെറുതെ പോവുകയില്ല. ഇതാണ് എന്റെ വിശ്വാസം.
അറിഞ്ഞുകൊണ്ടു ചെയ്യുന്ന വലിയ പാപത്തിന്നും ചെറിയ പാപത്തിനും അവയുടെ തോതനുസരിച്ചു പല മട്ടിലിരിക്കും ഫലം. അത് അനുഭവിക്കുക തന്നെ ചെയ്യും.
സംശയിച്ചോ, അന്യായനിലയിലോ എന്തൊക്കെ കര്‍മ്മങ്ങളാണ് ഋഷിമാരും ദേവന്‍മാരും ചെയ്തിട്ടുള്ളത്. നിത്യവും ഉഗ്രമായ കര്‍മ്മങ്ങള്‍ അറിയാതെ ചെയ്താല്‍, അതിന്നു തക്കതായ ഉഗ്രകര്‍മ്മം കൊണ്ടു പരിഹാരം ചെയ്താല്‍ അൽപഫലമായി ചുരുങ്ങുന്നതാണ്. എന്നാല്‍ ധാര്‍മ്മികരായ പുരുഷന്മാരും, ദേവന്മാരും ബ്രാഹ്മണരും ഉഗ്രകര്‍മ്മം ചെയ്തിട്ടുണ്ട്. (വിശ്വാമിത്രന്‍ വസിഷ്ഠന്റെ നൂറു മക്കളെ കൊന്നു). എനി ക്കും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്നു ചിന്തിക്കരുത്, നിന്ദിക്കയുമരുത്. മനസ്സുകൊണ്ടു ചിന്തിച്ച് തന്റെ കഴിവു പോലെ കാര്യം ഗ്രഹിച്ച് ശുഭമായ കര്‍മം ആര് ചെയ്യുന്നുവോ, അവന്‍ നന്മകള്‍ കാണും. പുത്തന്‍ മണ്‍ചട്ടിയില്‍ വെള്ളം ഒഴിച്ചു വെച്ചാല്‍ അതു കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകുന്നു; മയങ്ങിയ ചട്ടിയില്‍ കുറയാതിരിക്കുന്നു. വെള്ളം ഉള്ളതില്‍ പിന്നെയും വെള്ളം കൊള്ളുന്നു. പാത്രത്തിലെ വെള്ളത്തില്‍ വീണ്ടും വെള്ളം ഒഴിച്ചാല്‍ ചേരുന്നു. അതുപോലെയാണ് വൃദ്ധനില്‍ വൃദ്ധി ചേരുന്നത്. ഇപ്രകാരമാണ് ഭാരതാ, ബുദ്ധിപൂര്‍വ്വമായ കര്‍മ്മങ്ങള്‍. സമങ്ങളായവ തന്നെയാണ് കൂടുതല്‍ പുണ്യങ്ങളായവ.
ബുദ്ധിപൂര്‍വ്വം. ചിന്തിക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കു ഫലമില്ല. ചിന്തിച്ചു ശരിയായവിധം ചെയ്യുന്ന കര്‍മ്മം പുഷ്ടിപ്പെടുകയും ചെയ്യും എന്ന് പാത്രത്തിലെ ജലം കാണിച്ചു തരുന്നു.
രാജാവാണെങ്കില്‍ അവന്റെ ശത്രുക്കളെ കൂട്ടത്തോടെ കൊന്നു കളയണം. നല്ലപോലെ പ്രജകളെ പരിപാലിക്കുകയും വേണം. പിന്നെ രാജാവ് ഓരോവിധം യജ്ഞങ്ങള്‍ ചെയ്ത് അഗ്നിയെ ഹോമിച്ചു തൃപ്തിപ്പെടുത്തണം. പിന്നെ വനത്തില്‍ പോകണം. അവിടെ വാനപ്രസ്ഥാശ്രമിയായി വര്‍ത്തിക്കണം. തന്റെ മരണം മദ്ധ്യത്തിലോ, അന്ത്യത്തിലോ എന്നു പറയുവാന്‍ പറ്റുകയില്ലല്ലോ!
ദമത്തോടുകൂടി ധര്‍മ്മശീലനായ പുരുഷന്‍ തന്റെ മാതിരി തന്നെയാണ് സകല ഭൂതജാലങ്ങളുമെന്നു കാണണം. സമദര്‍ശിയാകണം. ശ്രേഷ്ഠന്മാരെ ശക്തിപോലെ പൂജിക്കണം. സത്യപരായണനായി, സല്‍ക്കര്‍മ്മിയായി ജീവിക്കുന്നവന്, തീര്‍ച്ചയായും മോക്ഷലബ്ധിയുണ്ടാകും. ശാശ്വതമായ സുഖം ലഭിക്കും.
അദ്ധ്യായം 293. പരാശരഗീത -- ധര്‍മ്മോപാര്‍ജ്ജിതമായ ധനത്തിന്റെ ശ്രേഷ്ഠത - പരാശരന്‍ പറഞ്ഞു: ഈ ലോകത്തില്‍ ആരും മറ്റൊരുത്തന്നു നന്മ ചെയ്യുന്നതായി കാണുന്നില്ല. ആരും ഒരുത്തനും ഒരു സംഭാവനയും ചെയ്യുന്നതായി കാണുന്നില്ല. ഗൗരവം നഷ്ടപ്പെട്ടു സ്നേഹം അറ്റുപോയാല്‍ മനുഷ്യന്‍ സ്വന്തം അച്ചനമ്മമാരേയും സഹോദരാദികളേയും ദൂരെ ഉപേക്ഷിച്ചു കളയുന്നു. പിന്നെ അതില്‍ക്കുറഞ്ഞ ബന്ധമുള്ള ബന്ധുക്കളുടെ കഥ പറയേണ്ടതുണ്ടോ? ഒരു മാന്യന്‍ മറ്റൊരു മാനൃനു നല്കുന്ന സമ്മാനം ശ്രേഷ്ഠമായ കാര്യമായി കരുതണം; അതുപോലെ ഒരു മാന്യന്‍ മറ്റൊരു മാനൃന്റെ കൈയില്‍ നിന്നു സ്വീകരിക്കുന്ന സമ്മാനവും ശ്രേഷ്ഠം തന്നെയാണ്. അതില്‍ക്കൂടുതല്‍ പുണ്യമുള്ള ദാനം ബ്രാഹ്മണനു നല്കുന്ന ദാനമാണ്. ന്യായത്താല്‍ നേടിയതും ന്യായത്താല്‍ വര്‍ദ്ധിച്ചതുമായ ധനം ധര്‍മ്മത്തിന്നു വേണ്ടി പണിപ്പെട്ടും സംരക്ഷിക്കണം. അതു തീര്‍ച്ചയായും ചെയ്യേണ്ടതാണ്.
ധര്‍മ്മം കാംക്ഷിക്കുന്നവന്‍, ധാര്‍മ്മികനായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍, ഒരിക്കലും ക്രൂരകര്‍മ്മം ചെയ്തു ധനം സമ്പാദിക്കുവാന്‍ വിചാരിക്കരുത്. ശക്തി നോക്കി കാര്യം നടത്തണം. അല്ലാതെ ധനാഭിവൃദ്ധിയില്‍ മാത്രം ദൃഷ്ടി വെക്കരുത്.
ശുദ്ധനായവന്‍ തണുത്ത വെള്ളമോ തിളപ്പിച്ച വെള്ളമോ വിശന്നു വരുന്നവന്ന് ഏതാണ് ആദ്യം തൃപ്തിയെങ്കില്‍ അതു നല്കണം. അതു ഫലസമൃദ്ധിയാണു ചെയ്യുക. കായ, കിഴങ്ങ്, മുതലായവ മുനിമാര്‍ക്കു നല്കി അവരെ പ്രീതിപ്പെടുത്തിയാണ് മഹാത്മാവായ രന്തിദേവന്‍ ലോകത്തിൽ പ്രസിദ്ധനായത്. ആ രാജാവ് മാഠരന്‍ എന്ന ഋഷിയെ ഇലകളും പഴങ്ങളും നല്കി തൃപ്തനാക്കി. അതുമൂലം ശൈബനായ രാജാവും സ്ഥാനത്തെ നേടി.
മനുഷ്യന്‍ ജനിക്കുമ്പോള്‍ത്തന്നെ പില കടപ്പാടോടു കൂടിയാണ് ഭൂമിയില്‍ വരുന്നത്. അതു ദേവന്മാരോടും, അതിഥികളോടും, ഭൃത്യരോടും, പിതൃക്കളോടും, തന്നോടുമുള്ള കടപ്പാടാണ്. അതുകൊണ്ട് ആ കടപ്പാടും നാം തീര്‍ക്കേണ്ടതുണ്ട്.
സ്വാദ്ധ്യായത്താല്‍ മുനീന്ദ്രര്‍ക്കും, യജ്ഞത്താല്‍ ദേവകള്‍ക്കും, ശ്രാദ്ധത്താല്‍ പിതൃക്കള്‍ക്കും, പൂജയാല്‍ മനുഷ്യനും, വാക്കുകൊണ്ടും വിശിഷ്ടമായ ഭോജ്യത്താലും പരിപാലനത്താലും തനിക്കും ഭൃത്യര്‍ക്കും വേണ്ട കര്‍മ്മം ചെയ്യുവാന്‍ ആദ്യം തന്നെ നോക്കണം. യത്നത്താല്‍ ധനമില്ലാത്തവരും സിദ്ധരായിട്ടുണ്ടല്ലോ? മഹര്‍ഷിമാര്‍ ധനമുണ്ടായിട്ടല്ല സിദ്ധി നേടിയത്. അവര്‍ അഗ്നിയെ അര്‍ച്ചിച്ചിട്ടാണ്. ഋചീകന്റെ പുത്രന്‍ വിശ്വാമിത്രന്റെ പുത്രനായി. അത് ഋക്ക് കൊണ്ട് യജ്ഞഭാക്കുകളായ സുരമുഖ്യരെ വാഴ്ത്തിയതു മൂലമാണ്. മഹാബാഹോ, ദേവദേവനായ ശംഭുവിന്റെ പ്രസാദം മൂലം ഉശനസ്സ് ശുക്രനായി. അവന്‍ കീര്‍ത്തിമാനായി വാനില്‍ ദേവിയെ വാഴ്ത്തിപ്പാടി മോദിക്കുന്നു. അസിതനും, ദേവലനും, പര്‍വ്വതനും, കാക്ഷീവാനും, ജാമദഗ്ന്യനായ രാമനും, ആത്മവാനായ താണ്ഡ്യനും, ജമദഗ്നിയും, വസിഷ്ഠനും, വിശ്വാമിത്രനും, അത്രിയും, ഭരദ്വാജനും, ഹരിശ്മശ്രുവും, കുണ്ഡധാരനും, ശ്രുതശ്രവനും, ഈ മഹര്‍ഷിമാരെല്ലാം ആത്മവീര്യത്തോടെ വിഷ്ണുവെ ശ്രദ്ധാപൂര്‍വ്വം വാഴ്ത്തി. അങ്ങനെ ആ ധീമാനായ ഭഗവാന്റെ പ്രസാദത്താല്‍, തപസ്സാല്‍, അവര്‍ സിദ്ധി നേടി. സത്തായ വിഷ്ണുവിനെ വാഴ്ത്തി അനര്‍ഹന്മാര്‍ പോലും അര്‍ഹരായിത്തീര്‍ന്നു. ഗര്‍ഹ്യമായ കര്‍മ്മം ചെയ്ത് ആരും വൃദ്ധി കാംക്ഷിക്കരുത്. അധര്‍മ്മലബ്ധമായ അര്‍ത്ഥം അസത്യമാണ്. വിഗര്‍ഹിതമാണ് അസത്യം. പാരില്‍ ശാശ്വതമായ ധര്‍മ്മത്തെ അര്‍ത്ഥത്തിന് വേണ്ടി മനുഷ്യന്‍ ഉപേക്ഷിക്കരുത്. അഗ്നിയില്‍ അര്‍ച്ചന ചെയ്യുന്നവന്‍ പുണ്യാത്മാവാണ്. അവന്‍ ഉത്തമനാണ്. രാജേന്ദ്ര, ദേവകള്‍ ഈ മുന്ന് അഗ്നികളിലാണ് പുലരുന്നത്. അവരെ അഗ്നിയില്‍ ഹോമാദികള്‍ കൊണ്ടു പ്രീതിപ്പെടുത്തുന്നവന്‍ ധര്‍മ്മാത്മാവായി വിളങ്ങും. എല്ലാ വേദങ്ങളും മഹാരാജേന്ദ്രാ, ഈ മൂന്ന് അഗ്നികളിലുമാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണ, ഗാര്‍ഹപത്യ, ആഹവനീയ എന്നിവയാണ് ആ മൂന്ന് അഗ്നികള്‍. ആഹിതാഗ്നിദ്വിജന്‍ കര്‍മ്മത്തില്‍ പൂര്‍ണ്ണനാകുന്നു! അനാഹിതാഗ്നിയായ ദ്വിജന്റെ അഗ്നിഹോത്രം നിഷ്ക്രിയമാവുകയില്ല. ഉടനെ അഗ്നിഹോത്രം, നിറുത്തല്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് അതു സംരക്ഷിക്കുകയാണ്. കുറച്ചു സമയം ഒഴിച്ചു നിര്‍ത്താം. അഗ്നി ആത്മാവാണ്. അഗ്നി അമ്മയാണ്., അഗ്നി ജനിപ്പിച്ച പിതാവാണ്, അഗ്നി ഗുരുവാണ്. രാജാവേ, നാം നന്മയോടെ പരിചരിക്കേണ്ടവരെല്ലാം അഗ്നിസന്നിഭരാണ്.
അഭിമാനംകളഞ്ഞും വൃദ്ധരെ സേവ ചെയ്യണം. കാമക്രോധങ്ങള്‍ വെടിഞ്ഞവരും, ജ്ഞാനികളും, എല്ലാ ജീവികളിലും കരുണയുള്ളവരും, ഒരു ജീവിക്കും ദുഃഖമുണ്ടാക്കാത്തവരുമായ ശരിയായ മാന്യജനങ്ങളെ പൂജിക്കണം. അതു ശ്രേയസ്സുണ്ടാക്കും.
അദ്ധ്യായം 294. പരാശരഗീത - ശുദ്രന്റെ സേവാവൃത്തിയുടെ പ്രാധാന്യം - പരാശരന്‍ പറഞ്ഞു: ഹീനനായ ശൂദ്രന്‍ മറ്റു ഉയര്‍ന്ന മൂന്നു ജാതിക്കാരില്‍ നിന്നും ഉപജീവന മാര്‍ഗ്ഗം സ്വീകരിക്കുന്നത് ഉത്തമമായ ധര്‍മ്മമാണ്. നന്ദിയോടെ അതു സമ്പാദിച്ചാല്‍ അവനെ അതു ധര്‍മ്മിഷ്ഠനാക്കും. പിതാക്കന്മാര്‍ മുഖേനയും, പിതാമഹന്മാര്‍ മുഖേനയും ഒരുദ്യോഗവും ഇല്ലാത്ത ശൂദ്രന്‍ വേറെ ഉദ്യോഗമൊന്നും ആരാഞ്ഞു നടക്കേണ്ടതില്ല. അവന്‍ ബ്രാഹ്മണക്ഷത്രിയ വൈശ്യന്മാരായ മേല്‍ജാതിക്കാരെ മാത്രം ശുശ്രൂഷിച്ചാല്‍ മതി. സജ്ജനങ്ങളുമായേ ധര്‍മ്മദര്‍ശിയായ ശൂദ്രന്‍ അടുക്കാവു. അത് അവനെ ശോഭിപ്പിക്കും. ദുഷ്ടന്മാരോട് ഒരു പ്രകാരത്തിലും ചേരുവാന്‍ വിചാരിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഉദയാദ്രിയിലുള്ള വസ്തു സംസര്‍ഗ്ഗം കൊണ്ടു വിളങ്ങും. അതു പോലെ ഹീനവര്‍ണ്ണനായാലും അവനും, ഉന്നതനമാരുമായുള്ള സംസര്‍ഗ്ഗം കൊണ്ടു ശോഭിക്കും. ആകാശം ഏതു വര്‍ണ്ണം കൊണ്ടു ശുഭ്രമാകുമോ, ആ വര്‍ണ്ണം മറ്റുള്ളതിനേയും ശുഭ്രമാക്കും. അതു പോലെയാണ് സംസര്‍ഗ്ഗത്തിന്റെ ഗുണം പകരുന്നതെന്ന് ധരിക്കണം. ഗുണത്തില്‍ രഞ്ജിക്കണം. എന്നാല്‍ ദോഷത്തില്‍ ഒരിക്കലും ലയിക്കരുത്. മര്‍ത്ത്യര്‍ക്ക് ജീവിതം ചഞ്ചലമാണ്; അനിത്യമാണ് എന്നു ധരിക്കണം. സുഖത്തിലോ ദുഃഖത്തിലോ നില്ക്കുന്ന ബുധന്‍ ശുഭങ്ങളെ വര്‍ദ്ധിപ്പിക്കുന്നതായാല്‍ അവനാണ് തന്ത്രജ്ഞന്‍.
ധര്‍മ്മം വിട്ട കര്‍മ്മം, അത് എത്ര മഹത്തായ ഫലം നല്കുന്നതായാലും മേധാവി, ബുദ്ധിമാന്‍ അത് ഒരിക്കലും ശീലിക്കരുത്. അത് ഒരിക്കലും ഹിതമായിട്ടുള്ളതല്ല. ആയിരം ഗോക്കളെ അപഹരിച്ച് ദാനം ചെയ്യുന്ന രാജാവ് ദാനം ചെയ്തവന്‍ എന്ന ഒരു വെറും പേരു മാത്രം സമ്പാദിക്കുന്നു. എന്നാല്‍ അവന്‍ തസ്കരനാണെന്ന് ജനങ്ങള്‍ പറയും. അവന് കക്കുന്ന കള്ളന് ലഭിക്കുന്ന. പാപം ലഭിക്കുകയും ചെയ്യും.
സ്വയംഭൂവ് ആദ്യമേ തന്നെ ലോകപൂജിതനായ ധാതാവിനെ സൃഷ്ടിച്ചു. ധാതാവ് ലോകത്തിനു താങ്ങലായ ഒരു പുത്രനെ സൃഷ്ടിച്ചു. അവനെ പൂജിച്ച് വൈശ്യര്‍ വൃത്തിക്കാവശ്യമായ സ്വത്ത് വര്‍ദ്ധിപ്പിക്കണം. നൃപന്മാര്‍ അതു സംരക്ഷിക്കണം. ദ്വിജന്മാര്‍ ആ സ്വത്തു കൊണ്ട് ഉപജീവി ക്കണം.
ശൂദ്രരെ സംബന്ധിച്ചിടത്തോളം അവര്‍ അവരുടെ ശുശ്രൂഷാ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടണം. യാഗത്തിനുള്ള വസ്തുക്കള്‍ സത്യസന്ധമായും വിനയപൂർവ്വമായും കൊണ്ടു വന്നെത്തിക്കുക. മറ്റ് ഉപകരണങ്ങള്‍, യാഗങ്ങള്‍ക്ക് വേണ്ടതു കൊണ്ടു വന്നെത്തിക്കുക, യാഗശാല അടിച്ചു തളിച്ചു വൃത്തിയാക്കുക, ബലിപീഠങ്ങള്‍ കഴുകുക ഇങ്ങനെ യാഗസ്ഥാനങ്ങളൊക്കെ ശുചിയാക്കി വെയ്ക്കേണ്ടത് ശൂദ്രന്റെ കര്‍മ്മമാണ്. അങ്ങനെ ചെയ്യുന്ന ശൂദ്രന്റെ ധര്‍മ്മം പോഷിക്കും.
ധര്‍മ്മം നശിക്കാതിരുന്നാല്‍ നാട്ടുകാരും സുഖിക്കും. അവര്‍ സുഖികളായിരുന്നാല്‍ വാനില്‍ ദേവന്മാരും സന്തോഷിക്കും. അതുകൊണ്ട് നാടു പാലിക്കുന്ന രാജാവ് തന്റെ ധര്‍മ്മം കൊണ്ടു തന്നെ പൂജ്യനാകുന്നു. വേദോച്ചാരണം ചെയ്യുന്ന ബ്രാഹ്മണനും, ധനം നേടുന്നവനായ വൈശ്യനും, നിയതേന്ദ്രിയനായി എന്നും ശുശ്രൂഷിക്കുന്ന ശൂദ്രനും ആ വിധത്തില്‍ അവരുടെ കര്‍ത്തവ്യം ചെയ്യാതിരുന്നാല്‍, സ്വധര്‍മ്മം വിട്ട് നിലയിടിഞ്ഞു താഴ്ന്നു പോകും. ന്യായത്താല്‍ സമ്പാദിച്ചു നൽകുന്ന ചെറുനാണ്യമായ കവിടി (കാകിണി) പോലും പ്രാണസന്താപത്തോടെ നല്കുമ്പോള്‍, മഹത്തായ ഫലം അതുകൊണ്ടും ലഭിക്കും. പിന്നെ അങ്ങനെ നല്കുന്ന മഹത്തായ ധനത്തിന്റെ കഥ പറയേണ്ടതില്ലല്ലോ? ബ്രാഹ്മണര്‍ക്ക് സല്‍ക്കരിച്ചു നല്കുന്നവന്‍, ഏതുവിധത്തിലും എപ്പോഴും ശ്ളാഘ്യമായ ഫലം നേടും. താന്‍ ദാനം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്, ആവശ്യപ്പെടാത്ത സന്ദര്‍ഭത്തില്‍, നേരിട്ടു ചെന്നു നല്കിയാല്‍ അതിന്നു മഹത്തായ ഫലം ലഭിക്കും. ചോദിച്ചിട്ടാണ് നല്‍കുന്നതെങ്കില്‍ അതിന്റെ ഫലം മാദ്ധ്യമമാണ് എന്നു വിദ്വാന്മാര്‍ പറയുന്നു.
നിന്ദിച്ചോ ശ്രദ്ധ കൂടാതെയോ നീ കൊണ്ടുപോയി തിന്ന് എന്നും മറ്റും പറഞ്ഞു വലിച്ചെറിഞ്ഞു കൊടുക്കുന്ന ദാനത്തിന്നു യാതൊരു ഫലവുമില്ല. അത് അധമമായ ദാനമാണെന്ന് മഹര്‍ഷിമാര്‍ പറയുന്നു. പലമട്ടില്‍ കടക്കുകയും മുങ്ങുകയും ചെയ്യുന്ന മര്‍ത്ത്യന്‍, ആശ്രയം വിട്ടു പോകത്തക്കവിധം പ്രയത്നിക്കണം. |
വിപ്രന്‍ ദമത്താല്‍ ശോഭിക്കുന്നു. ക്ഷത്രിയന്‍ വിജയത്താല്‍ ശോഭിക്കുന്നു. വൈശ്യന്‍ ധനത്താല്‍ ശോഭിക്കുന്നു. ദാക്ഷ്യത്താല്‍ ശൂദ്രന്‍ എപ്പോഴും ശോഭിക്കുന്നു.
അദ്ധ്യായം 295. പരാശരഗീത -- ധര്‍മ്മദ്വേഷികളായ അസുരന്മാരെ ശിവന്‍ സംഹരിക്കുന്നു - പരാശരന്‍ പറഞ്ഞു: പ്രതിഗ്രഹം കിട്ടിയത് (ദാനം വാങ്ങിയത്) വിപ്രനിലും, പോരില്‍ ജയിച്ചു നേടിയത് രാജാവിലും, ന്യായമായ മാര്‍ഗ്ഗത്തില്‍ സമ്പാദിച്ചത് വൈശ്യനിലും, ശുശ്രൂഷ കൊണ്ടു നേടിയത് ശൂദ്രനിലും, അവ സ്വല്പമായാലും ശ്രേഷ്ഠമാണ്. ധര്‍മ്മത്തിന്റെ ഫലം മഹത്താണ്. എന്നും ശൂദ്രന്‍ മൂന്നു ജാതിക്കാരിലും ശുശ്രൂഷ ചെയ്യേണ്ടവനാണ്. ക്ഷത്രധര്‍മ്മമോ വൈശ്യധര്‍മ്മമോ കൊറ്റിനു വേണ്ടി സ്വീകരിക്കേണ്ടതായ ഗതികേട് ബ്രാഹ്മണന്നു വന്നു കൂടിയാല്‍ അതു സ്വീകരിച്ച ബ്രാഹ്മണന്‍ പതിതനാവുകയില്ല. അതുകൊണ്ടു ദോഷം കല്പിച്ചു കൂടാ. ഉപജീവനത്തിന്നാണല്ലോ എന്നു സമാശ്വസിക്കാം. എന്നാല്‍ ബ്രാഹ്മണന്‍ ശൂദ്രന്റെ ധര്‍മ്മമാണു സ്വീകരിക്കുന്നതെങ്കില്‍ ആ ബ്രാഹ്മണന്‍ പതിതനാകും. അതു തീര്‍ച്ചയാണ്.
ശൂദ്രനും കൊറ്റിന്നു വഴിയില്ലെന്നു വന്നാല്‍ വൈശ്യവൃത്തി സ്വീകരിക്കാം. കച്ചവടക്കാരനാകാം. പശുക്കളെ മേയ്ക്കാം. പാലും മോരും കച്ചവടം ചെയ്യാം. നാടകം പഠിച്ച് അരങ്ങേറ്റം നടത്താം. ഓരോ കോലംകെട്ടി നടക്കാം. അവ കൊണ്ട് ഉപജീവിക്കാം.
മദ്യം, മാംസം ഇവ എല്ലാവരും ഉപേക്ഷിക്കേണ്ടതാണ്. അവകൊണ്ട് ഉപജീവനമാര്‍ഗ്ഗം സ്വീകരിക്കരുത്. തോലു വില്പനയും ഇരുമ്പു വില്ലനയും കൊള്ളാവുന്ന പണിയല്ല. ഈ വക ചെയ്യാം, ആര്‍ക്ക്? പാരമ്പര്യമായി ചെയ്യാറുള്ളവര്‍ക്ക് ആ തൊഴില്‍ നിഷിദ്ധമല്ല, കുലവൃത്തി ചെയ്യാം. എന്നാല്‍ ഈ മദ്യവിക്രയാദികള്‍ ചെയ്യാറുള്ള കുലത്തൊഴുത്തിലായാലും അത് ഉപേക്ഷിക്കുകയാണെങ്കില്‍ അത് ശ്രേയസ്കരമായ ധര്‍മ്മമാണെന്നാണ് ശ്രുതി ഘോഷിക്കുന്നത്.
സിദ്ധനായ നല്ല മനുഷ്യന്‍ പാരില്‍ പാപം ചെയ്യുന്നതായാല്‍ അവന്‍ അത് മദം മൂലം ചെയ്യുന്നതാണ്. അത് ഒരിക്കലും പാടില്ലെന്നാണു പറയുന്നത്. പുരാണത്തിലും പറഞ്ഞു കേള്‍ക്കുന്നു. നിന്ദ മൂലം, ധിക്കാരം മൂലം, ശിക്ഷിച്ച ലോകരെ ദാന്തരും ധര്‍മ്മപരരും ന്യായധര്‍മ്മസ്ഥരുമായി കാണപ്പെടുന്നു. ധര്‍മ്മത്തില്‍ത്തന്നെ എപ്പോഴും തൃഷ്ണയുള്ളവനാകണം. അതാണ് ശ്രേഷ്ഠമായത്. ധര്‍മ്മവൃദ്ധന്മാര്‍ ഭൂമിയില്‍ ഗുണങ്ങളെ മാത്രം സേവിക്കുന്നു. ആ ധര്‍മ്മത്തെ അല്ലയോ താതാ, ദൈത്യന്മാര്‍ പൊറുത്തില്ല. വര്‍ദ്ധിച്ചു വരുന്ന അവരുടെ കൂടെ ലോകരും ചേര്‍ന്നു. ആ ലോകര്‍ക്ക് ഉടനെ ധര്‍മ്മവിനാശനമായ ഗര്‍വ്വ് വന്നുദിച്ചു. ഗര്‍വ്വ് കൊണ്ടു മാനവും അതില്‍നിന്നു പിന്നെ ക്രോധവുമുണ്ടായി. പിന്നെ ക്രോധം ബാധിച്ചു അവര്‍ക്ക് വൃത്തവും ലജ്ജയും വിട്ടുപോയി. അവരുടെ ഹ്രീയും നശിച്ചു. ഹ്രീ നശിച്ചപ്പോള്‍ മോഹം ഉണ്ടായി. പിന്നെ അവര്‍ മോഹാക്രാന്തരായി പണ്ടത്തെ മട്ടില്‍ കാണാതായി. തമ്മില്‍ത്തിരക്കി മര്‍ദ്ദിച്ച് സുഖംപോലെ അവര്‍ ദണ്ഡം വളര്‍ത്തി. ആ ധിക്കായ ദണ്ഡം കാരണം കൂടാതെ അവര്‍ ദേവകളില്‍ പ്രയോഗിച്ചു. അവര്‍ വിപ്രരെ അവമാനിച്ചു.
അക്കാലത്തുതന്നെ ധീരരായ ദേവന്മാര്‍ ദേവേശ്വരനായ മഹേശനെ, ബഹുരൂപനായ ഗുണാഢ്യനെ ശരണം പ്രാപിച്ചു. മഹേശ്വരന്‍ വാനില്‍ നില്ക്കുന്ന ത്രിപുരന്മാരുടെ മൂന്നു പുരവും വീഴ്ത്തിയവനാണ്. ദേവപോഷിതമായ തേജസ്സോടു കൂടിയ ഒരു ഒറ്റ വിശിഖം കൊണ്ടാണ് മുമ്പെ ത്രിപുരം വീഴ്ത്തിയത്. അവരുടെ അധിപതിയും, ഭീമനും, ഭീമപരാ ക്രമനും ദേവഭീതിദനുമായ അവനെ ശൂലപാണി വധിച്ചു. അവന്‍ ചത്തപ്പോള്‍ വാനവർ അവരുടെ നിലയിലായി. ദേവന്മാരും സമാശ്വസിച്ചു. ശാസ്ത്രാദികളോക്കെ അവരില്‍ വന്നുദിച്ചു. വിണ്ണില്‍ ദേവന്മാര്‍ക്ക് അധിപതിയായി ശക്രനെ അഭിഷേചിച്ചു. സപ്പര്‍ഷിമാര്‍ നരര്‍ക്കും ദണ്ഡദാരണമേര്‍പ്പെടുത്തി. സപ്തര്‍ഷികള്‍ക്ക് മേലെയായി, വിപൃഥുരാജാവ്, വെവ്വേറെ മണ്ഡലം തോറും ക്ഷത്രിയ രാജാക്കന്മാരും, മഹാകുലോൽപ്പന്നരും, വൃദ്ധരും, പൂർവ്വന്മാർക്കും പൂർവ്വരായവരും ഭാവാഭാസുരമായ ഹൃദയം വിട്ടു പോകുവാൻ ഇടയായില്ല.
അതുകൊണ്ട് ആ തുടര്‍ന്ന ഭാവത്താല്‍ രാജാക്കന്മാര്‍ ആസുരമായ കര്‍മ്മങ്ങള്‍ചെയ്തു. ആ ഭീമവിക്രമന്മാര്‍ അവകളില്‍ത്തന്നെ ഉറപ്പിച്ചു നിന്നു. അത് ഇപ്പോഴും ബാലിശരായ ചില നരന്മാര്‍ തുടരുന്നു. അതുകൊണ്ട് ശാസ്ത്രത്താല്‍ ചിന്തിച്ച് നിന്നോടു പറയുന്നു രാജാവേ, സംസിദ്ധത്തെ സ്വീകരിക്കണം. ഹിംസാകര്‍മ്മം തൃജിക്കണം. സങ്കരദ്രവ്യം നേടുവാന്‍ വിചക്ഷണന്‍ വിചാരിക്കരുത്. ധര്‍മ്മത്തിന് ഉതകാത്തതൊന്നും ന്യായമാവുകയില്ല,. കല്യാണമാവുകയുമില്ല. നീ ഇപ്രകാരം ദാന്തനായ ക്ഷത്രിയനാണ്; ബന്ധുപ്രിയനാണ്; പ്രജകളേയും ഭൃത്യരേയും ആത്മജന്മാരേയും സ്വധര്‍മ്മത്താല്‍ ഭരിച്ചാലും.
ഇഷ്ടവും അനിഷ്ടവും ബാധിക്കുമ്പോള്‍ അതിന് അനുസരിച്ച് വൈരവും സൌഹാര്‍ദ്ദവും അനേകായിരം ജാതിക്കാര്‍ക്ക് വളരെ വന്നുപെടുന്നു. ഗുണങ്ങളില്‍ മനസ്സു രഞ്ജിക്കുക. ദോഷത്തില്‍ മനസ്സു രഞ്ജിക്കരുത്. നിര്‍ഗുണനായ ദുഷ്ടനും തന്റെ ഗുണം പ്രശംസിക്കപ്പെട്ടാല്‍ സന്തോഷിക്കും. മനുഷ്യരില്‍ രാജാവേ, ധര്‍മ്മവും അധര്‍മ്മവും നടക്കുന്നതാണ്. മനുഷ്യരല്ലാത്തവരില്‍ അതു നടക്കുകയില്ല.
ധര്‍മ്മശീലനായ നരന്‍, വിദ്വാനും, ഭക്ഷണം വേണ്ടവനും, അല്ലാത്തവനുമായ ആത്മഭൂതന്‍ ഭൂതഹിംസ കൂടാതെ എങ്ങും ചരിക്കണം. അവന്ന് ഹൃദയവേദനയുണ്ടാക്കാത്തത് എപ്പോള്‍ ഉണ്ടാകുന്നുവോ, അപ്പോള്‍ അനൃതം ഉണ്ടാവുകയില്ല. കല്യാണം ഉണ്ടാവുകയുംചെയ്യും.
അദ്ധ്യായം 296. പരാശരഗീത - വിഷയലോലുപന്മാരുടെ അധഃപതനം - പരാശരന്‍ പറഞ്ഞു: അല്ലയോ താതാ, ഗൃഹസ്ഥന് വേണ്ടതായ ധര്‍മ്മനിശ്ചയം ഞാന്‍ പറഞ്ഞു കഴി ഞ്ഞു. ഇനി തപോനിശ്ചയങ്ങളെപ്പറ്റിയും ഞാന്‍ പറയാം. നീ അത് മനസ്സുവച്ചു കേള്‍ക്കുക.
ഗൃഹസ്ഥന് മിക്കതിലും മമത്വം ഉണ്ടാകും. അതിന് കാരണം രജോഗുണവും, തമോഗുണവുമായ ഭാവം കൊണ്ട് സംഗം ഉണ്ടാകുന്നു എന്നതാണ് നരോത്തമാ!
ഗൃഹത്തില്‍ ആശ്രയിച്ച്, പറ്റി നില്ക്കുന്ന പലതുമുണ്ട്. പശുക്കള്‍, വയലുകള്‍, ധനങ്ങള്‍, ഭാര്യ, മക്കള്‍, ഭൃത്യന്മാര്‍ ഇവയൊക്കെയാണ് അവ. വേറെയും മാനുഷികമായി പലതുമുണ്ട്. ഇങ്ങനെ എന്നും പ്രവര്‍ത്തിച്ച്, നോക്കി, നിൽക്കുന്നവന് അവയില്‍ മമത്വം ഉണ്ടാകും. അവയുടെ അനിത്യത്വത്തെ നോക്കാതെ രാഗദ്വേഷങ്ങള്‍ വളരും.
രാഗദ്വേഷങ്ങള്‍ വര്‍ദ്ധിച്ചവരും, ദ്രവ്യത്താല്‍ വശീകരിക്കപ്പെട്ടവരുമായ മനുഷ്യരില്‍ രതി എന്ന വികാരം മോഹം മൂലം വന്നു കേറുന്നു. "ഞാന്‍ കൃതാര്‍ത്ഥനാണ്, ഞാന്‍ ഭോഗങ്ങള്‍ അനുഭവിക്കും", എന്ന് രതിതല്പരന്മാര്‍ വിചാരിക്കുന്നു. അവര്‍ രതികാരണം ഗ്രാമ്യസൗഖ്യം മാത്രമേ കാണുന്നുള്ളു. അതിനും അപ്പുറമായി മറ്റു ലാഭമൊന്നും അവര്‍ കാണുന്നില്ല. ലോഭത്താല്‍ ആക്രമിക്കപ്പെട്ട ആത്മാവോടു കൂടിയവന്‍ പിന്നെ സംഗത്താല്‍ ജനങ്ങളെ വര്‍ദ്ധിപ്പിക്കും. ആ ജനത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി ധനസമ്പാദനത്തിനൊരുങ്ങും. അറിഞ്ഞു കൊണ്ടു തന്നെ മനുഷ്യന്‍ അര്‍ത്ഥത്തിന് വേണ്ടി തെറ്റായ മാര്‍ഗ്ഗം, ചെയ്യരുതാത്ത മാര്‍ഗ്ഗം, അവന്‍ സ്വീകരിക്കും. ബാലന്മാരില്‍ സ്‌നേഹാകുലനായി അവന്‍ ഉടനെ, ഉള്‍ത്താപം ഏല്ക്കും.
പിന്നെ മാനംകൊണ്ട് തനിക്കു തോല്‍മ ബാധിക്കാതിരിക്കുവാന്‍ ശ്രമിക്കും. ഭോഗിയാകുവാനുള്ള മാര്‍ഗ്ഗമെന്തെന്ന് ആരായും. അങ്ങനെ അവന്‍ അതു ചെയ്തു നശിക്കും. അതുകൊണ്ട് ജ്ഞാനികളും, ശാശ്വത ബ്രഹ്മചാരികളുമായവര്‍, ശുഭകര്‍മ്മാര്‍ത്ഥികളായി, മുന്‍പറഞ്ഞ ഭോഗതൃഷ്ണ വിട്ടൊഴിച്ചാല്‍ സുഖിക്കും.
സ്നേഹനാശം മൂലം, ഗൃഹനാശം മൂലം, രാജാവേ, ആധിയും, വ്യാധിയും, പ്രതാപവും മറ്റും കാരണമായും, മിക്കവാറും, നിര്‍വ്വേദത്തെ പ്രാപിക്കും. നിര്‍വ്വേദം കൊണ്ട് ആത്മബോധം ഉദിക്കും, ബോധത്താല്‍ ശാസ്ത്രദർശനം ഉണ്ടാകും, ശാസ്ത്രാര്‍ത്ഥ ദര്‍ശനത്താല്‍ രാജാവേ, തപസ്സിനെ കാണും.
ആലോചിച്ചറിയുന്ന മനുഷ്യര്‍ വളരെ ചുരുക്കമാണ് രാജാവേ! ഏറ്റവും പ്രിയപ്പെട്ട സുഖം നശിച്ചവന്‍ തപസ്സിന് ഉദൃമിക്കും. തപസ്സ് എല്ലാവര്‍ക്കും ചെയ്യാം. ഹീനന് പോലും തപസ്സു ചെയ്യാന്‍ വിധിക്കുന്നുണ്ട്. ജിതേന്ദ്രിയനായ ദാന്തന്ന് സ്വര്‍ഗ്ഗമാര്‍ഗ്ഗം തുറന്നിട്ടിരിക്കും.
പ്രജാപതിയായ പ്രഭു മുമ്പെ പ്രജകളെ സൃഷ്ടിച്ചത് തപസ്സിന്റെ മാഹാത്മ്യം കൊണ്ടാണ്. ഓരോരോയിടത്തു വ്രതപരന്മാര്‍ വ്രതം എടുത്തിട്ടാണ് രാജാവേ, മഹത്തായ കാര്യം നേടിയത്. ആദിതൃ വസുരുദ്രന്മാരും, അപ്രകാരം അശ്വിമാരുതന്മാരും, വിശ്വേദേവകളും, പിതൃക്കളും, യക്ഷ രാക്ഷസ ഗന്ധര്‍വ്വന്മാരും, സിദ്ധന്മാരും, മറ്റു ദേവന്മാരും, മറ്റുള്ളവരും ആകാശത്തില്‍ വാഴുന്നത് തപസ്സുകൊണ്ട് സംസിദ്ധരായിട്ടാണ്. മുമ്പേ ബ്രഹ്മാവിന്റെ തപസ്സിന്റെ ശക്തികൊണ്ട് ബ്രഹ്മാവ് ബ്രാഹ്മണോത്തമന്മാരെ സൃ ഷ്ടിച്ചു. അവരും ഭാവനം ചെയ്ത് മന്നിലും വിണ്ണിലും സഞ്ചരിക്കുന്നു.
മര്‍ത്ത്യലോകത്ത് മന്നവന്മാരും, മറ്റുള്ള ഗൃഹസ്ഥന്മാരും വലിയ കുലത്തില്‍ കാണപ്പെടുന്നു. അതു മുഴുവന്‍ അവരുടെ തപസ്സിന്റെ ഫലമാണ്.
നല്ല മനോഹരമായ പട്ടുവസ്ത്രങ്ങള്‍, നല്ല ആഭരണങ്ങള്‍, വാഹനങ്ങള്‍, ആസനങ്ങള്‍, മെത്തകള്‍, യാനങ്ങള്‍ ഇവയൊക്കെ മനുഷ്യന്‍ ഈ ജന്മത്തില്‍ നേടുന്നുണ്ടെങ്കില്‍ അതുമുഴുവന്‍ അവന്‍ അതീത ജന്മങ്ങളില്‍ ചെയ്ത തപ സ്സിന്റെ ഫലമാണെന്നു ധരിക്കണം.
മനസ്സിനിണങ്ങിയ സുശീലകളായ പെണ്ണുങ്ങള്‍, അഴകൊഴുകുന്ന ശരീരമുള്ളവര്‍, മേടയില്‍ കയറി അവരുമായി സുഖമായി വസിക്കുന്നതും എല്ലാം തപഫലമാണ്. വിശിഷ്ടങ്ങളായ ശയനങ്ങളും, പലതരം ഹൃദ്യമായ ഭോജ്യങ്ങളും, പലതരം അഭീഷ്ടങ്ങളും, ശുഭമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം ഉണ്ടായി വരും. അല്ലയോ പരന്തപാ, തപസ്സു കൊണ്ടു സിദ്ധിക്കാത്തതായി ഒന്നും ഈ മൂന്നുലോകത്തിലും ഇല്ല. അത് നിശ്ചയമാണെന്ന് ധരിക്കു! ഉപഭോഗത്താല്‍ ക്ഷയിക്കാത്ത കര്‍മ്മം ചെയ്തവര്‍ക്ക് അതിന്റെ ഫലം സിദ്ധിക്കും.
സുഖിയായാലും ദുഃഖിയായാലും മര്‍ത്ത്യന്‍ ലോഭം ഉപേക്ഷിക്കണം. ശാസ്ത്രം നോക്കിയും, മനസ്സുകൊണ്ടും, ബുദ്ധികൊണ്ടും ലോഭം കളയണം നൃപോത്തമാ!
അസന്തോഷം സുഖത്തെ നശിപ്പിക്കും. ലോഭത്താല്‍ ഇന്ദ്രിയങ്ങള്‍ക്കു ഭ്രമം ഉണ്ടാകും. നരന്ന് അതില്‍ പ്രജ്ഞ കെട്ടുപോകും. ശീലിക്കാത്ത വിദ്യ എന്ന പോലെ പ്രജ്ഞ കെട്ടു പോകും. പ്രജ്ഞകെട്ട മനുഷ്യന്‍ ന്യായം കാണാന്‍ കഴിയാത്തവനാകും. അതുകൊണ്ട് എന്തു ചെയ്യുണമെന്നറിയാമോ? സുഖക്ഷയം വന്നാല്‍ പുരുഷന്‍ ഉഗ്രമായ തപസ്സില്‍ ഏര്‍പ്പെടണം.
നമുക്ക് ഏതാണോ ഇഷ്ടം, അതാണ് സുഖം. ഏതാണോ ദ്വിഷ്ടം അതാണ് ദുഃഖം. ചെയ്തതും ചെയ്യാനുള്ളതുമായ തപസ്സിന്റെ ഫലത്തെപ്പോലെ അതിനെ കാണുക. നിത്യവും ഭദ്രങ്ങള്‍ കാണുകയും അതു വിഷയങ്ങള്‍ ഏൽക്കുകയും ചെയ്യുന്നു. നിഷ്കന്മഷമായ തപസ്സില്‍ മുഴുകിയവര്‍ പ്രാകാശ്യം പ്രാപിക്കുന്നു.
ലൌകികമായ സുഖങ്ങള്‍ കാംക്ഷിച്ച് പ്രയത്നിക്കുന്നവന്‍ ഭൂമിയിലെ സുഖങ്ങളോട് പ്രേമം കാണിക്കുകയാല്‍ അവന്ന് സാത്വികമായ മുന്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കാതെ പോവുകയും ഭൗതികമായ സുഖത്തെ കൊതിച്ച് അനിഷ്ടം, അവമാനം, പലമാതിരി ദുഃഖങ്ങള്‍ എന്നിവയെ നേടുകയും ചെയ്യുന്നു. ധര്‍മ്മം, തപസ്സ്, ദാനം എന്നിവയില്‍ ഇത്തരക്കാര്‍ക്കു വിപരീതമായ ഒരു മനോഭാവം ഉണ്ടാകും. അങ്ങനെ അവന്‍ പാതകങ്ങള്‍ ചെയ്യും. അതിന്റെ ഫലമായി അവന്‍ നരകത്തില്‍ ചെന്നുചേരും.
സുഖം വന്നുചേര്‍ന്നാലും, ദുഃഖം വന്നുചേര്‍ന്നാലും, രാജാവേ, തന്റെ മനസ്സിന്റെ നിലവിട്ടു ചലിക്കാത്ത മര്‍ത്തൃന്‍ തീര്‍ച്ചയായും ശാസ്ത്രദൃഷ്ടിയുള്ളവൻ ആണെന്നു ധരിക്കുക. അമ്പേൽക്കുന്ന മട്ടില്‍ മാത്രമേ കരുതാവൂ സ്പര്‍ശത്തിലും ചേര്‍ച്ചയിലുമുള്ള രതിയെ. അതിന്റെ സ്വഭാവം ആസ്വദിക്കല്‍, നോക്കല്‍, ഘ്രാണിക്കല്‍, കേള്‍ക്കല്‍ ഇവയാണല്ലോ. ഇവയിലെ പ്രീതി അമ്പു കൊണ്ടതു പോലെ മാത്രം കരുതാം. അതിന്റെ ക്ഷയം, അതിന്റെ വിരഹം, മുതല്‍ ഇവന് തീവ്രമായ തലവേദനയുണ്ടാകുന്നു. അപണ്ഡിതന്മാരായ ബഹുജനങ്ങള്‍ ഒരിക്കലും മോക്ഷത്തെപ്പറ്റി വാഴ്ത്തുകയില്ല. അതുകൊണ്ട് മോക്ഷത്തിന്റെ മേന്മയ്ക്കു കുറവില്ല. അത്യുത്തമമായ സുഖം മോക്ഷമാകുന്നു.
ഇന്ദ്രിയ സുഖത്തില്‍ നിന്നും ഉണ്ടാകുന്ന ദുഃഖങ്ങള്‍ കാരണം ജ്ഞാനികളേവനും ഉപര്യുപരി മോക്ഷത്തിന്നായി ആഗ്രഹം ജനിക്കും. ധാര്‍മ്മികമായ കര്‍മ്മത്താല്‍ ഗൃഹസ്ഥാശ്രമിക്ക് അര്‍ത്ഥവും കാമവും ദോഷം ചെയ്കയില്ല. ഗൃഹസ്ഥന്മാര്‍ വിഷയങ്ങളെ പ്രയത്നം കൂടാതെ സേവിക്കട്ടെ. എന്നാല്‍ അവര്‍ പ്രയത്നിച്ച് സ്വധര്‍മ്മം സാധിക്കുകയും ചെയ്യട്ടെ എന്നാണ് എന്റെ അഭിപ്രായം.
മാനമുള്ളവരായ കുലീനന്മാര്‍ എന്നും ശാസ്ത്രാർത്ഥ ദര്‍ശികളാണ്. ക്രിയാധര്‍മ്മങ്ങളുമായി ബന്ധമില്ലാത്തവരായ സംവൃതാത്മാക്കള്‍ക്ക് ഒരിക്കലും ശാസ്ത്രാർത്ഥ ദര്‍ശികളാകാന്‍ കഴിയുകയില്ല. മായാബദ്ധനായ മര്‍ത്ത്യന്‍ മോഹത്താല്‍ ചെയ്യുന്ന, കര്‍മ്മങ്ങളെല്ലാം നശിച്ചു പോകുന്നു. അങ്ങനെയുള്ളവര്‍ക്ക് തപസ്സല്ലാതെ വേറെ ഗതിയൊന്നുമില്ല. എല്ലാ വിധത്തിലും ഗൃഹസ്ഥന്‍ ഒരു കര്‍മ്മനിരതനായിരിക്കണം. ദാക്ഷ്യത്താല്‍ ഹവ്യകവ്യാര്‍ത്ഥമായി, ഹോമത്തിനും ബലിക്കുമായി സ്വധര്‍മ്മം ചെയ്യുന്നവന്‍ രാജാവേ, കര്‍മ്മനിശ്ചയം ചെയ്യണം.
എല്ലാനദികളും നദങ്ങളും കടലില്‍ചെന്നു നില്ക്കുന്ന മാതിരി എല്ലാ ആശ്രമികളും ചെന്ന് ഗൃഹസ്ഥനില്‍ രക്ഷ പ്രാപിക്കുന്നു.
അദ്ധ്യായം 297. പരാശരഗീത - വര്‍ണ്ണവിശേഷങ്ങളുടെ ഉത്പത്തിരഹസ്യം - ജനകന്‍ പറഞ്ഞു: വര്‍ണ്ണങ്ങള്‍ക്കു വര്‍ണ്ണഭേദം കാണുന്നത് എന്തു കൊണ്ടാണു മഹര്‍ഷേ? അല്ലയോ വാഗ്മിസത്തമാ, അത് ഒന്നറിയുവാന്‍ എനിക്കു മോഹമുണ്ട്. ഈ ലോകത്തിലുള്ള ഒരുത്തന്റെ സന്തതി താന്‍ തന്നെയാണെന്നാണ് ശ്രുതി ഘോഷിക്കുന്നത്. ബ്രാഹ്മണന്നു പിറന്നവരൊക്കെ ബ്രാഹ്മണര്‍ തന്നെയല്ലേ? പിന്നെ എങ്ങനെ അവര്‍ മറ്റൊരു മട്ടിലാവുന്നു?
പരാശരന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഭവാന്‍ പറഞ്ഞതു ശരി തന്നെയാണ്. ഒരുത്തന്‍ ആരാല്‍ ജാതനായോ, ആ ആള്‍ തന്നെയാണ് അവന്‍. പിന്നെ എങ്ങനെ മറ്റൊരു മട്ടിലായെന്നുള്ളതു പറയാം. തപസ്സില്‍ കുറവു കാരണം ജാതിമാറ്റങ്ങള്‍ വന്നു ചേര്‍ന്നതാണെന്നു ധരിക്കണം. നല്ല കണ്ടത്തില്‍ നല്ല വിത്തു വിതച്ചാല്‍ മുള നന്നായി വരും. അതില്‍ ഏതെങ്കിലും ഒന്നിന് ദോഷം ബാധിച്ചാല്‍ അതിന്റെ ഫലത്തില്‍ കുറവു വന്നുചേരും. ധര്‍മ്മജ്ഞന്മാര്‍ പറയുന്നു, ബ്രഹ്മാവ് ലോകസൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖം, കൈ, തുട, കാല്‍ എന്നിവയിലാണ് വര്‍ണ്ണങ്ങള്‍ ഉത്ഭവിച്ചത്. ബ്രഹ്മാ വിന്റെ മുഖത്തു നിന്നു ജനിച്ചവരാണ് ബ്രാഹ്മണര്‍. ക്ഷത്രിയന്‍മാര്‍ ബാഹുക്കളില്‍ നിന്നു ജനിച്ചവരാണ്. ധനാഢ്യരായ വൈശ്യന്മാര്‍ ബ്രഹ്മാവിന്റെ തുടയില്‍ നിന്നുണ്ടായവരാണ്. ശൂദ്രന്മാര്‍ ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നു ജനിച്ചവരാണ്. നാലു വര്‍ണ്ണങ്ങളും ഇങ്ങനെ ഉത്ഭവിച്ചവരാണ്. ഈ നാലില്‍ നിന്നും പുറമെ നില്ക്കുന്നവരാണ് സങ്കര ജാതികള്‍. സങ്കരജാതികള്‍ പല തരത്തിലുമുണ്ട്. ക്ഷത്രിയാഥിരഥന്മാര്‍, അംബഷ്മന്മാര്‍, ഉഗ്രന്മാര്‍, വൈദേഹനമാര്‍, ശ്വപാകനന്മാര്‍, പുല്ക്കസന്മാര്‍, തേനന്മാര്‍, നിഷാദന്മാര്‍, സുതന്മാര്‍, മാഗധന്മാര്‍, അയോഗന്മാര്‍, വ്രാതൃന്മാര്‍, കരണന്മാര്‍, ചണ്ഡാലനമാര്‍ എന്നിവരൊക്കെ മുന്‍പറഞ്ഞ നാലു വര്‍ണ്ണങ്ങള്‍ തമ്മില്‍ കലര്‍ന്നുണ്ടായവരാണ്.
ജനകന്‍ പറഞ്ഞു: ബ്രഹ്മാവ് എന്നു പറയുന്ന ഒരാള്‍ക്ക് ഉണ്ടായവരാണല്ലോ ഈ പറഞ്ഞവരൊക്കെ? പിന്നെ അവരെ പല ഗോത്രങ്ങളായി കാണിച്ചത് ശരിയായോ? ഈ ലോകത്തില്‍ വളരെയധികം ഗോത്രങ്ങളില്ലേ മുനിസത്തമാ? ഈ പറഞ്ഞതില്‍ ഒരു പന്തികേടു തോന്നുന്നുവല്ലോ. വല്ലേടത്തു നിന്നും പൊട്ടിമുളച്ചതു പോലെ ഉണ്ടായ മുനിമാരുണ്ട്! അവരും ബ്രാഹ്മണരായി കണക്കാക്കുന്നു. ശുദ്ധയോനിജന്മാരുമുണ്ട്. വേറെ വിയോനിജരുമുണ്ട്.
പരാശരന്‍ പറഞ്ഞു: തപസ്വികളും ഭാവിതാത്മാക്കളുമായ ഋഷിമാരുടെ ജന്മത്തെപ്പറ്റി അത്ര കണക്കാക്കേണ്ടതില്ല. അവര്‍ താഴ്ന്ന ജാതിയിലാണ് ജനിച്ചതെന്നു വെച്ച് അവരുടെ ജന്മത്തെപ്പറ്റി പരിഗണിക്കേണ്ടതില്ല. അവര്‍ എപ്പോഴും ഉയര്‍ന്നവരാണ്. വല്ല ദിക്കിലും മുനിമാര്‍ പുത്രന്മാരെ സൃഷ്ടിക്കും! അത് അവരുടെ തപസ്സിന്റെ പ്രഭാവം കൊണ്ടാണ്. അവര്‍ക്കും ഋഷിഭാവം നല്കപ്പെടും. അവരും ബ്രാഹ്മണരാകുന്നു.
എന്റെ മുത്തച്ഛനായ വസിഷ്ഠന്‍, കാശ്യപന്‍, ഋശ്യശൃംഗന്‍, വേദന്‍, താണ്ഡ്യന്‍, കൃപന്‍, കാക്ഷീവാന്‍, കമഠന്‍, യവക്രീതന്‍, ദ്രോണൻ, മതംഗന്‍, ആയുസ്സ്, ദത്തന്‍, ദ്രുപദന്‍, മത്സ്യന്‍ ഇവരെല്ലാം അവരുടെ ദമം കൊണ്ടും തപസ്സിന്റെ ശക്തി മൂലവും അവരവരുടെ സ്ഥാനത്തു വന്നെത്തി. മൂലഗോത്രങ്ങള്‍ നാലു തരത്തിലാണുണ്ടായത്. അംഗിരസ്സും, കാശ്യപനും, ഭൃഗുവും, വസിഷ്ഠനും, പിന്നെ കര്‍മ്മം കൊണ്ടും, പ്രവൃത്തികൊണ്ടും, ആചാരംകൊണ്ടും മറ്റു ഗോത്രങ്ങള്‍ ഉണ്ടായതാണ്. തപസ്സുകൊണ്ടു പേരു കേട്ടവയാണ് അവ എന്ന് സജ്ജനങ്ങള്‍ പറയുന്നു.
ജനകന്‍ പറഞ്ഞു: ഭഗവാനേ, അങ്ങ് വര്‍ണ്ണങ്ങളുടെ വിശേഷധര്‍മ്മങ്ങളും, സാമാന്യധര്‍മ്മങ്ങളും പറഞ്ഞാലും. അങ്ങ് എല്ലാംഅറിയുന്ന സമര്‍ത്ഥനാണല്ലോ.
പരാശരന്‍ പറഞ്ഞു: പ്രതിഗ്രഹം വാങ്ങുക, യജിപ്പിക്കുക, വേദം പഠിപ്പിക്കുക ഇവയാണ് വിപ്രന്മാരുടെ വിശേഷധര്‍മ്മം. ക്ഷത്രിയന്റെ ഉത്തമമായ ധര്‍മ്മം സംരക്ഷണമാണ്. കൃഷി, പശുക്കളെ മേയ്ക്കല്‍, കച്ചവടം ഇവയാണ് വൈശ്യന്റെ വിശേഷധര്‍മ്മം. ദ്വിജന്മാരെ ശുശ്രൂഷിക്കുക എന്നതാണ് ശൂദ്രന്റെ കര്‍മ്മം, രാജാവേ! ഇങ്ങനെ വര്‍ണ്ണങ്ങളുടെ വിശേഷധര്‍മ്മം ഞാന്‍ പറഞ്ഞു. താതാ, ഇനി സാധാരണ ധര്‍മ്മം, ഞാന്‍ വിസ്തരിച്ചു പറയാം, ഭവാന്‍ കേള്‍ക്കുക.
അനൃശംസ്യ, അഹിംസ, അപ്രമാദം, പങ്കിട്ടുനല്കല്‍, ശ്രാദ്ധം, ആതിഥ്യം, സത്യം, അക്രോധം, സ്വന്തംഭാര്യയില്‍ മാത്രം തൃപ്തി, ഹൃദയദേഹശുദ്ധി, അനസൂയ, ആത്മജ്ഞാനം, തിതിക്ഷ ഈ പറഞ്ഞതെല്ലാം രാജാവേ, എല്ലാ വര്‍ണ്ണത്തിനും വേണ്ട സാമാന്യധര്‍മ്മമാണ്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ ഇവര്‍ മൂന്നും ദ്വിജാതികളാണ്. അവര്‍ക്കുള്ള ധര്‍മ്മാധികാരങ്ങളാണ് രാജാവേ! ഈ കര്‍മ്മത്തില്‍ നിന്നു വൃത്യാസപ്പെട്ട കര്‍മ്മത്തിനൊരുങ്ങുന്ന് ജാതിക്കാര്‍, അവരുടെ ധര്‍മ്മകര്‍മ്മവൃതിയാനം മൂലം നശിച്ചുപോകും. സ്വകർമ്മത്തില്‍ സജ്ജനങ്ങളെ സേവിച്ചാല്‍ ഉയരുന്നതാണ്. ശൂദ്രന്‍ ഒരിക്കലും സ്വകര്‍മ്മത്തില്‍ നിന്നു പതിക്കുവാന്‍ പാടില്ല എന്നതാണ് നിശ്ചയം. പതിച്ചാല്‍ അവന്‍ മുറയ്ക്ക് സംസ്കരണത്തിന് അര്‍ഹനാകുന്നതല്ല. വേദത്തില്‍ നിന്നു പുറപ്പെട്ട ധര്‍മ്മങ്ങള്‍ക്ക് അവന്‍ അര്‍ഹനല്ല. ശൂദ്രനും പതിമൂന്നു കൂട്ടം ധര്‍മ്മങ്ങള്‍ എല്ലാവരും സാമാന്യം അനുഷ്ഠിക്കേണ്ടതു ചെയ്യണം. അതില്‍ നിന്നു വിലക്കിയിട്ടില്ല. അല്ലയോ വിദേഹ രാജാവേ, ബ്രാഹ്മണര്‍ വേദത്തെ ഉദ്ധരിച്ചു പായുന്നു, ഒരു നല്ലവനായ ശൂദ്രനെ ബ്രാഹ്മണനെപ്പോലെ തന്നെ കരുതാമെന്ന്. നല്ലവനായി സ്വന്തം ധര്‍മ്മം പാലിക്കുന്ന ശൂദ്രന്‍ അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജന്മമെടുക്കുന്നതാണ്. ജഗല്‍പ്രധാനനാണല്ലോ വിഷ്ണു? ക്ഷത്രിയൻ വിഷ്ണുതേജസ്സാണ്. താഴ്‌ന്ന ജാതിയില്‍ പെട്ടവരായാലും അവരില്‍ സല്‍ഗുണങ്ങളാണ് ശീലിക്കപ്പെടുന്നതെങ്കില്‍ ദുര്‍ഗുണങ്ങള്‍ ഉപേക്ഷിക്കപ്പെടുകയുമാണെങ്കില്‍, കാമക്രോധാദികള്‍ ഉപേക്ഷിക്കപ്പെടുകയുമാണെങ്കില്‍, അവര്‍ മന്ത്രമൊന്നും കൂടാതെ തന്നെ പുഷ്ടികരമായ ക്രിയ കൊണ്ട് ഉന്നതിയെ പ്രാപിക്കും. മറ്റുള്ളവര്‍ എത്രത്തോളം സദ് വൃത്തത്തെ അവലംബിക്കുന്നുവോ, അത്രത്തോളം അവര്‍ സുഖത്തെ പ്രാപിക്കും. സന്തോഷത്തില്‍ മുഴുകും.
ജനകന്‍ പറഞ്ഞു: അല്ലയോ മഹര്‍ഷേ, മനുഷ്യന്‍ അവന്റെ കര്‍മ്മം തെറ്റിക്കുന്നതു കൊണ്ട് ജാതിയോ അതോ ധര്‍മ്മമോ ഏതാണ് ദോഷപ്പെടുന്നത്? പറഞ്ഞാലും!
പരാശന്‍ പറഞ്ഞു: രാജാവേ, നിസ്സംശയമായ കാര്യമാണിത്. രണ്ടും ദോഷപ്പെടും. കര്‍മ്മവും ജാതിയും ദോഷപ്പെടും. അതിലുള്ള വിശേഷം ഞാന്‍ പറയാം, കേള്‍ക്കുക. ജാതിയാലും, കര്‍മ്മത്താലും ദുഷ്ടനില്‍ കര്‍മ്മം ചേരുന്നതല്ല. ജാത്യാ ദുഷിച്ചാലും പാപം ചെയ്യാത്തവനാണ് പുരുഷന്‍. ജാതിപ്രധാനനായ പുരുഷന്‍ നീചകര്‍മ്മം ചെയ്താല്‍ അവനെ ആ കര്‍മ്മം ദുഷിപ്പിക്കുന്നു. അതുകൊണ്ട് കര്‍മ്മവും ദുഷിക്കുന്നു.
ജനകന്‍ പറഞ്ഞു: ഭൂമിയില്‍ ധര്‍മ്മ്യങ്ങളായ കര്‍മ്മ ങ്ങള്‍ എന്തൊക്കെയാണ് ഭൂതഹിംസ കൂടാതെ ചെയ്യുവാന്‍ കഴിയുന്നവ? അവ ഏതെന്നു പറഞ്ഞാലും.
പരാശന്‍ പറഞ്ഞു; അല്ലയോ മിത്രമേ, അങ്ങ് എന്നോടു ചോദിച്ചതിന്നുത്തരം ഞാന്‍ പറയാം, കേട്ടാലും. മർത്ത്യനെ എപ്പോഴും കാക്കുന്ന ഒരേയൊരു ധര്‍മ്മം അഹിംസയാണ്. ഗൃഹത്തില്‍ അഗ്നിയെ പോഷിച്ച് അര്‍ച്ചിക്കുക. എല്ലാ ലൗകികസുഖബന്ധങ്ങളും അറുത്തുമാറ്റുക. എന്നാല്‍ എല്ലാ ദുഃഖത്തില്‍ നിന്നും വിമുക്തനാകും. യോഗത്തില്‍ പതുക്കെ പതുക്കെ കാല്‍വച്ചു കയറുക. അവന്‍ ഉന്നതമായ നിലയില്‍ എത്തും. കാമം ഒഴിവാക്കുക. ഒതുങ്ങി വിനയത്തോടെ, ദാന്തനായി, സംശിതവ്രതനായി, ജീവിച്ചാല്‍ ഒടുവില്‍ അജര സ്ഥാനത്തെത്തി വിളങ്ങും.
വര്‍ണ്ണാശ്രമധര്‍മ്മങ്ങളെ നന്നായി അനുഷ്ഠിച്ച്, സത്യം പറഞ്ഞ്, ക്രൂരവും, അധര്‍മ്മവുമായ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച്, ജീവികളില്‍ കരുണയോടെ വര്‍ത്തിച്ചാല്‍ രാജാവേ, അങ്ങു സ്വര്‍ഗ്ഗം പ്രാപിക്കും. അതില്‍ സംശയം ഇല്ല. മറ്റു വിചാരമൊന്നും ആവശ്യമില്ല. വിഷാദിക്കേണ്ടതില്ല.
അദ്ധ്യായം 298. പരാശരഗീത - പലവിധം ധര്‍മ്മവും കര്‍ത്തവ്യങ്ങളും - പരാശന്‍ പറഞ്ഞു: പിതാവ്, സുഹൃത്തുക്കള്‍, ഗുരുനാഥന്‍, ഗുരുവിന്റെ ഭാരൃമാര്‍ ഇവരെ പൂജിച്ചില്ലെങ്കില്‍, അവരെ പൂജിക്കുന്നതു കൊണ്ടു കിട്ടുന്ന ഫലം ലഭിക്കുന്നതുമല്ല. ഗുരുജനങ്ങളില്‍ ഭക്തി ബഹുമാനം കാണിക്കാത്തവര്‍, അവര്‍ക്ക് അനുകൂലമായതു സംസാരിക്കാത്തവര്‍, അവരുടെ ക്ഷേമം അന്വേഷിക്കാത്തവര്‍, പെരുമാറ്റത്തില്‍ വിനയം കാണിക്കാത്തവര്‍ ഇങ്ങനെയുള്ളവര്‍ക്ക് ഭക്തികൊണ്ടുള്ള മെച്ചം എങ്ങനെ ലഭിക്കുവാനാണ്?
മര്‍ത്ത്യര്‍ക്കു പിതാവ് ദൈവതമാണ്. മാതാവിലും മീതെയായി പിതാവിനെ പറയുന്നു. എന്തുകൊണ്ടെന്നാല്‍ പിതാവ് ജ്ഞാനം നല്‍കുന്നു എന്നതാണതിന്നു കാരണം. ജിതേന്ദ്രിയന്മാരും അര്‍ത്ഥാഢ്യന്മാരുമായവര്‍ ജ്ഞാനം സമ്പാദി ക്കുന്നു.
പടക്കളത്തില്‍ ശരങ്ങളുടെ തീവിരിപ്പില്‍ ക്ഷതമേറ്റു ദഹിക്കുന്ന രാജപുത്രന്‍ സുരന്‍മാര്‍ക്ക് പോലും ലഭിക്കാത്ത ലോകത്തെ പ്രാപിക്കും. സ്വര്‍ഗ്ഗഫലം യഥാസുഖം അനുഭവിക്കുകയും ചെയ്യും.
തളര്‍ന്നവനും, ഭയപ്പെട്ടവനും, ശസ്ത്രങ്ങള്‍ കൈവിട്ടവനും, എന്നെ കൊല്ലല്ലേ എന്നു പറഞ്ഞു കരയുന്നവനും, തിരിഞ്ഞ് ഓടിപ്പോകുന്നവനും, സര്‍വ്വ ഉപകരണങ്ങളും വിട്ടവനും, ഉയര്‍ന്നു ചൊടിച്ച് ആക്രമിക്കാതെ ശങ്കിച്ചു നിൽക്കുന്നവനും, രോഗിയായവനും എന്റെ പ്രാണന്‍ എനിക്കു വിട്ടു തരണേ എന്നു യാചിക്കുന്നവനും ഇത്തരക്കാരെയും യുദ്ധത്തില്‍ കൊല്ലരുത് രാജാവേ! അതു പോലെ തന്നെ ബാലന്മാരേയും വൃദ്ധന്മാരേയും വധിക്കരുത്.
എല്ലാ വട്ടങ്ങളോടുംകൂടി ചുണയോടുകൂടി കടന്നാക്രമിക്കുന്ന സമന്മാരായ ശത്രുക്കളോട്, ക്ഷത്രിയാത്മജന്മാരോട്, രാജാവു നേരിടണം. തനിക്കു തുല്യനായവന്റെ കൈയില്‍ നിന്നും തന്നേക്കാള്‍ ശ്രേഷ്ഠനായവന്റെ കൈയില്‍ നിന്നും പോരില്‍ മൃതിയടയുന്നത് നന്മയാണ്. ശ്രേഷ്ഠമായ മരണമാണ്. തന്നെക്കാള്‍ താഴ്‌ന്നവന്‍, ഭീതര്‍, കൃപണര്‍ ഇവരുടെ കൈകൊണ്ട് മരണം ലഭിക്കുന്നത് ഒട്ടും ശ്രേയസ്‌കരമല്ല. പാപിയാലും, പാപം ചെയ്യുന്നവനാലും,, നീചനാലും മരണം സ്വയം ഏല്ക്കുന്നത് പാപമാണ്. അങ്ങനെ മരിച്ചവന് നരകമാണ് ഫലം! മരണം അടുത്തവനെ പടക്കളത്തില്‍ ആരും കാക്കുവാന്‍ നില്ക്കുകയില്ല രാജാവേ! അതു പോലെ മരണം അടുക്കാത്തവനെ, ആയുസ്സു തീരാത്തവനെ, ആര്‍ക്കും കൊല്ലാനും, പറ്റുകയില്ല. അന്യന്റെ ആയുസ്സു കൊണ്ട് തന്റെ ആയുസ്സു നേടുവാന്‍ ആഗ്രഹിക്കരുത്.
നാശം ഇച്ഛിക്കുന്ന ഗൃഹസ്ഥന്മാര്‍ക്ക്, ക്രിയാഢ്യന്മാ ര്‍ക്ക്, മരണം പുളിനങ്ങളില്‍ ശ്രേഷ്ഠമാണ്. ആയുസ്സറുമ്പോള്‍ മരണം കാരണം കൂടാതെ തന്നെ വന്നുചേരും; പഞ്ചഭൂതങ്ങളില്‍ ശരീരം ചെന്നുചേരും. അവനെ രക്ഷിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അപ്രകാരംതന്നെ ഒരാളുടെ ആയുസ്സ് ഒടുങ്ങിയിട്ടില്ലെങ്കില്‍ അവനെ കൊല്ലുവാന്‍ ഒരു വിധത്തിലും ഏതു ശക്തനും കഴിയുകയില്ല. ആയുസ്സൊടുങ്ങിയവന്‍ പെട്ടെന്നായിരിക്കും മരിക്കുക. അതു പോലെ തന്നെ ആത്മാവും ശരീരവും ചേരുന്ന ഒരു ഗൃഹം വിട്ട് മറ്റൊരു ഗൃഹത്തില്‍ പാന്ഥന്‍ എന്ന പോലെ, ഒരു ശരീരം വിട്ട് മറ്റൊരു ശരീരത്തെ ആത്മാവ് പ്രാപിക്കുന്നു. അതിന്നു മരണമല്ലാതെ വേറെ രണ്ടാമതൊരു വഴിയുമില്ല. ദേഹികള്‍ പിന്നെ പിതൃക്കളോടു ചേരുന്നു. ദേഹികള്‍ക്കു യുക്തമായ ദേഹം മോക്ഷഭൂതത്തില്‍ നില്ക്കുന്നതാകുന്നു. പുണ്യസ്ഥലത്തു വച്ച് മരിക്കുമ്പോള്‍ അവന്റെ ആത്മാവ് വീണ്ടും രുദ്രനായോ, പിശാചായോ ഭവിച്ച് ശിവപ്രസാദത്താല്‍ മോക്ഷം പ്രാപിക്കുന്നു.
ജ്ഞാനികള്‍, അദ്ധ്യാത്മജ്ഞാനമുള്ള യോഗികള്‍ പറയുന്നു. ശരീരം, അസ്ഥി, സ്മായു, സിരാജാലങ്ങള്‍ എന്നിവ ബീഭത്സമായ അമേദ്ധ്യത്തോടു ചേര്‍ന്ന്, ഭൂതങ്ങളും, ഇന്ദ്രിയങ്ങളും, ഗുണങ്ങളും ചേര്‍ന്ന് മിശ്രിതമായ ഒരു വസ്തുവാണെന്ന്. ഇവയെല്ലാം ചേര്‍ത്തു തൊലിയാകുന്ന ഒരു ചാക്കിലിട്ടു കെട്ടിയിരിക്കുകയാണ്.
അതിന്റെ ഉളളില്‍ ഇന്ദ്രിയജ്ഞാനം, ഇന്ദ്രിയം, ആഗ്രഹം എല്ലാം കിടപ്പുണ്ട്. എല്ലാറ്റിനും മീതെയായി എല്ലാം അടക്കിയ ഉറയായി തോലും. ത്വഗന്തമാണ് ദേഹം എന്ന് അദ്ധ്യാത്മ ചിന്തകന്മാരായ വിദ്വാന്മാർ പറയുന്നു. ഗുണങ്ങള്‍ വിട്ടതായ ശരീരം മര്‍ത്ത്യഭാവവും നാശഭാവവും അണഞ്ഞതാകുന്നു. ദേഹി വിട്ടാല്‍ പിന്നെ ദേഹം ചൈതന്യം കെട്ടു നിശ്ചേഷ്ടമാകുന്നു, ഭൂതജാലം പ്രകൃതിക്ക് ഒത്തമട്ടില്‍ പിന്നെ ഭൂമിയില്‍ ലയിക്കും. കര്‍മ്മയോഗം പോലെ, ആഗ്രഹം പോലെ, കൽപിതമായി ഓരോ ഇടങ്ങളില്‍ വീണ്ടും ജനി ക്കുന്നു. അങ്ങന ഈ ദേഹം വിദേഹരാജാവേ, അതാതു ഇടത്തില്‍ച്ചെന്നു നശിക്കുകയും ചെയ്യും. പിന്നെ ദേഹത്തിലെ പഞ്ചഭൂതങ്ങള്‍ മഹാഭൂതങ്ങളില്‍ വീണ്ടും ലയിക്കും. ദേഹം മണ്ണില്‍ കലരും. ഈ മാതിരി ഭാവം വീണ്ടും കാണുന്നു. കര്‍മ്മത്തിന്റെ വിസര്‍ഗ്ഗവും കാണുന്നു. പിന്നെ തെല്ലിട രാജാവേ, അവന്‍ ഉണ്ടാകുന്നില്ല. പിന്നെ അവനെ കാണാം. ഇങ്ങനെ ജനിച്ചും മരിച്ചും അവന്‍ ചുറ്റുന്നു. ആകാശത്തു വലിയ കാര്‍മേഘം ചുറ്റുന്നതു പോലെ ഭുതാത്മാവു ചുറ്റുന്നു. വീണ്ടും ദേഹം എടുത്ത് ഭൂമിയില്‍ വന്നു പിറക്കുന്നു രാജാവേ!
മനസ്സിനേക്കാള്‍ മേലെയാണ് ആത്മാവ്. ഇന്ദ്രിയങ്ങളെക്കാള്‍ മേലെയാണ് മനസ്സ്, നാനാഭൂതങ്ങളേക്കാള്‍ മേലെയാണ് ജംഗമങ്ങള്‍ രാജാവേ! ജംഗമങ്ങളില്‍ വെച്ചു രണ്ടു കാലുള്ളവര്‍ മേലെയാണ് രാജാവേ! രണ്ടു കാലുള്ളവരില്‍ വെച്ചു ശ്രേഷ്ഠര്‍ ബ്രാഹ്മണരാണ്. അങ്ങനെ ദ്വിജന്മാരിലും മേലെ അവരില്‍ പ്രജ്ഞയുള്ളവരാണ്. പ്രജ്ഞയുള്ളവരില്‍ ആത്മസംബുദ്ധര്‍ മേലെയാണ്. സംബുദ്ധരില്‍ അഭിമാനം വിട്ടവര്‍ മേലെയാണ്.
ജനിച്ചാല്‍ മരണം എല്ലാവരുടേയും പിന്നാലെ കൂടുന്നുണ്ടെന്ന് നിശ്ചയമായും അറിയണം. അന്തം വരുന്ന കര്‍മ്മങ്ങള്‍, ഗുണങ്ങള്‍ മൂലം (സത്വരജസ്തമോഗുണങ്ങള്‍ മൂലം) ജനങ്ങള്‍ ഏല്ക്കുന്നു. .
സൂര്യന്‍ ഉത്തരായണത്തിലേക്കു പ്രവേശിക്കുമ്പോള്‍ നല്ല നാളില്‍, നല്ല മുഹൂര്‍ത്തത്തില്‍, മരണത്തെ പ്രാപിക്കുന്നവന്‍ പുണ്യവാനാണ്. സകല പാപവും കഴുകിക്കളഞ്ഞവനും (ശുദ്ധാത്മാവായവന്‍), തന്റെ കര്‍ത്തവ്യം ഭംഗിയായി ശക്തി പോലെ നിര്‍വ്വഹിച്ചവനും, ആരേയും ദ്രോഹിക്കാതെയും വേദനിപ്പിക്കാതെയും ജീവിച്ചവനുമായ പുണ്യവാന്‍ മൃത്യുവെ സസന്തോഷം സ്വീകരിക്കുന്നു. വിഷം കഴിച്ചും, കെട്ടിത്തൂങ്ങിയും, തീയില്‍ച്ചാടിയും, കള്ളന്മാര്‍ ആക്രമിച്ചു കഴുത്തറത്തും, മൃഗങ്ങള്‍ ചാടിക്കടിച്ചു കീറിയും മരിക്കുന്ന പ്രാകൃത മരണം ശ്രേഷ്ഠമല്ല. പുണ്യവാന്മാരും ഇത്തരം പ്രാകൃത മൃത്യുവിനു പാത്രമാവുകയില്ല. പുണ്യവാന്മാര്‍ക്ക് ഊര്‍ദ്ധ്വം പിളര്‍ന്നാണ് ആത്മാവു പോവുക. സുര്യമണ്ഡലത്തില്‍ ചെന്ന് ബ്രഹ്മവുമായിച്ചേരും. മദ്ധ്യപുണ്യവാന്മാരുടെ ആത്മാവ് മദ്ധ്യദേശത്തിലും അധമന്‍ന്മാരുടെ ആത്മാവ് അധോലോകത്തിലുമെത്തും.
അല്ലയോ രാജാവേ, മനുഷ്യന്ന് ഒരേയൊരു ശത്രു മാത്രമേയുള്ളൂ. രണ്ടു ശത്രുവില്ല. അത് അജ്ഞാനം എന്നു പേരായ ഒന്നു മാത്രമാണ്. ആ ശത്രു വന്നുപെട്ട മനുഷ്യന്‍ അതിന്റെ പ്രേരണമൂലം എന്തൊക്കെ അക്രമങ്ങളാണ് ചെയ്യുന്നതെന്നോ! ഭയങ്കരമായ ഘോരദുഷ്കര്‍മ്മങ്ങളൊക്കെ ചെയ്യും.
അറിവിന് വേണ്ടി ശ്രുതിധര്‍മ്മത്തെ ഗ്രഹിച്ച് വൃദ്ധന്മാരെ സേവിച്ച് ആ ശത്രുവായ അജ്ഞാനത്തോടു പൊരുതണം. ആ ശത്രുവിനെ ജയിക്കാന്‍ അസാമാന്യമായ ക്ഷമയും സഹനശക്തിയും പരിശ്രമവും ആവശ്യമാകുന്നു. അല്ലയോ രാജപുത്രാ! അനേകമനേകം പ്രജ്ഞാശതങ്ങളാല്‍ മഥിച്ചെ ങ്കില്‍ മാത്രമേ അവന്‍ നശിക്കുകയുള്ളൂ.
പുരുഷന്‍ യോഗ്യതകള്‍ നേടുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അവന്‍ അതിന്ന് ആദ്യമായി വേദങ്ങള്‍ അഭ്യസിച്ച് ജ്ഞാനം സമ്പാദിക്കണം. പിന്നെ തപസ്സു ചെയ്ത് മനസ്സിനെ അധീനമാക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. പിന്നെ രണ്ടാമത്തെ ആശ്രമമായ ഗാര്‍ഹസ്ഥൃത്തിലേക്കു പ്രവേശി ക്കണം. അങ്ങനെ അര്‍ച്ചനങ്ങളും യജ്ഞങ്ങളും ചെയ്യണം. തന്റേതായ ഒരു വംശത്തെ സന്തതി മൂലം സ്ഥാപിക്കണം. പിന്നെ അവന്‍ വനത്തിലേക്കു പോകണം. വാനപ്രസ്ഥാശ്രമം സ്വീകരിക്കണം. ഇന്ദ്രിയങ്ങളെ അടക്കി തപോവൃത്തിയില്‍ കഴിയണം. അങ്ങനെ മോക്ഷം കാംക്ഷിച്ച് ഒടുവില്‍ മോക്ഷ ത്തെ പ്രാപിക്കാം. ഒരുത്തന്‍ തന്നെത്താന്‍ ഷണ്ഡനാകരുത്. എല്ലാവിധ ആനന്ദങ്ങളേയും: ഒഴിവാക്കിയാലും ആത്മസാദനം പാടില്ല.
മര്‍ത്ത്യനായി പിറക്കുക എന്നത് വലിയ ശോഭനമായ നേട്ടമാണ്. ചണ്ഡാലനായാലും തെറ്റില്ല. മര്‍ത്ത്യഭാവം ശോഭനമാണ്. ഇതാണ് മുഖ്യമായ ജന്മം. ഈ ജന്മം ഏറ്റു കഴിഞ്ഞാല്‍ ധരണീപതേ, ശുഭകര്‍മ്മങ്ങളാല്‍ അവന് ആത്മരക്ഷയ്ക്കുള്ള മാര്‍ഗ്ഗം വന്നുചേരും.
സ്‌നേഹംനിറഞ്ഞ ദൃഷ്ടിയോടെ നോക്കുന്നവനാരോ, ദീപത്തിന്റെ വെളിച്ചത്തില്‍ ജീവജാലങ്ങളെ എന്ന പോലെ അവന്‍ എല്ലാം കാണും. സാന്ത്വത്താലും അന്നദാനത്താലും പ്രിയവര്‍ത്തമാനത്താലും സമമായി സുഖത്തിലും ദുഃഖത്തിലും അവരോടും ഭേദം കൂടാതെ നില്ക്കുന്നവന്‍ പരലോകത്ത് ശോഭിക്കും. പുണ്യസ്ഥലത്തുപോയി ദാനം ചെയ്യുകയും തപസ്സു ചെയ്യുകയും ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക, മാത്രമല്ല സരസ്വതി, നൈമിഷം, പുഷ്കരം മുതലായ പുണ്യതീര്‍ത്ഥങ്ങളില്‍ പഞ്ചഭൂതാത്മകമായ ദേഹം മുക്കുകയും ചെയ്യണം. തന്റെ ഗൃഹത്തില്‍ക്കിടന്ന് ആര് മൃതിയടയുന്നുവോ അവര്‍ക്കു വേണ്ട ശേഷക്രിയാദികളൊക്കെ ചെയ്യണം. വിധിപ്രകാരം ചുടലക്കാട്ടില്‍ കൊണ്ടു പോയി ദഹിപ്പി ക്കണം. അങ്ങനെ എല്ലാവിധ കര്‍മ്മങ്ങളും വേണ്ട പോലെ നടത്തണം.
യാഗം, യജ്ഞം, യാജനം, പൃഷ്ടി, ദാനം, മറ്റു പുണ്യ കര്‍മ്മങ്ങളുടെ പ്രയോഗം, ശക്തിക്കു ചേര്‍ന്ന പിതൃകര്‍മ്മം എന്നിവയെല്ലാം വേണ്ടവിധം മര്‍ത്ത്യന്‍ സ്വാര്‍ത്ഥത്തിന്നായി നടത്തുന്നു.
രാജാവേ, ധര്‍മ്മശാസ്ത്രങ്ങള്‍, വേദങ്ങള്‍, ആറംഗങ്ങള്‍ ഇവയൊക്കെ . അക്ലിഷ്ടകാരിയായ മര്‍ത്ത്യന്ന് ശ്രേയസ്സ് നല്കുന്നതാണെന്നു വേദത്തില്‍ വിധിച്ചിട്ടുണ്ട്.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മതത്ത്വങ്ങള്‍ പണ്ട് വിദേഹരാജാവിനോട് അദ്ദേഹത്തിന്റെ ശ്രേയസ്സിന്നായി മഹാത്മാവായ മുനി ഉപദേശിച്ചു രാജാവേ!
അദ്ധ്യായം 299. പരാശരഗീത -: ജനകരാജാവിന്റെ പല ചോദ്യങ്ങള്‍ക്കും പരാശരന്റെ മറുപടി - ഭീഷ്മൻ പറഞ്ഞു: പിന്നെയും മഹാനായ മിഥിലാധിപന്‍, ജനകരാജാവ്, ധര്‍മ്മത്തിന്റെ മുഖ്യമായ നിശ്ചയത്തെക്കുറിച്ച് ചോദിച്ചു.
ജനകന്‍ പറഞ്ഞു: അല്ലയോ ദ്വിജാ, നന്മ എങ്ങനെ വന്നുചേരും? ജീവികള്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം ഏതാണ്? എന്തു ചെയ്താല്‍ ഒരിക്കലും നാശമണയുകയില്ല? എവിടെ ച്ചെന്നാല്‍ പിന്നെ തിരിച്ചു വരാന്‍ കഴിയുകയില്ല അത് അങ്ങു പറഞ്ഞുതന്നാലും!
പരാശരന്‍ പറഞ്ഞു: രാജാവേ, പറയാം. കേട്ടുകൊള്ളുക. ശ്രേയസ്സിന് മൂലമായിട്ടുള്ളത് അസംഗമാണ്. (വിഷയ ങ്ങളില്‍ നിന്ന് വിട്ടു നില്ക്കല്‍) ജ്ഞാനത്തിനു ഗതി, ശരിയായ മാര്‍ഗ്ഗം, ജ്ഞാനം തന്നെയാണ്. തപസ്സു ചെയ്താല്‍ ആ തപസ്സിന്റെ ഫലം ഒരിക്കലും നശിക്കുന്നതല്ല. വയലില്‍ വിതച്ച വിത്ത് നശിക്കയില്ല. സത്പാത്രത്തില്‍ നല്കിയ ദാനം ഒരിക്കലും നശിക്കയില്ല. അധര്‍മ്മത്തിന്റെ കയര്‍ അറുത്തു ധര്‍മ്മത്തില്‍ ആര് പ്രീതി കൊള്ളുന്നുവോ, ആര് അഭയം മറ്റുള്ളവര്‍ക്കു നല്‍കുന്നുവോ അവന്‍ സിദ്ധനായി പ്രശോഭിക്കും.
ആയിരം പശുക്കളേയും നൂറു കുതിരകളേയും അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുന്നവന്‍, എല്ലാ ജീവികള്‍ക്കും അഭയം നല്‍കുന്നവന്‍, ഒരു ജീവിക്കും ഉപദ്രവമേല്പിക്കാത്തവന്‍, ഇവര്‍ എപ്പോഴും ഭയം കൂടാതെ ജീവിക്കുമാറാകും. എല്ലാവിധം വിഷയ സുഖങ്ങളുടെ മദ്ധ്യത്തില്‍ ജീവിച്ചാലും അതില്‍ നിസ്സംഗനായി ബുദ്ധിമാന്‍ വര്‍ത്തിക്കുന്നു. അവന്‍ അവിടെ വാഴുന്നില്ല എന്ന നിലയിലാണ് വസിക്കുക. എന്നാല്‍ ദുര്‍ബുദ്ധിയായവന്‍ വിഷയങ്ങള്‍ ഇല്ലാത്തിടത്താണ് വസിക്കുന്നതെങ്കിലും അവന്‍ അതിന്റെ മദ്ധ്യത്തില്‍ വസിക്കുന്നവനെപ്പോലെ ജീവിക്കുന്നു. അവന്‍ സങ്കൽപത്തില്‍ വിഷയ സുഖം അനുഭവിച്ചു വാഴുന്നു.
പ്രാജ്ഞനില്‍ അധര്‍മ്മം പറ്റുകയില്ല. താമരയിലയില്‍ നീര്‍ നിന്നാലും ഇലയില്‍ പറ്റുകയില്ലല്ലോ. പാപം അജ്ഞനില്‍ വേഗത്തില്‍ അരക്കുകോലില്‍ എന്നവിധം ഒട്ടിപ്പിടി ക്കും. അധര്‍മ്മം അതിന്റെ കാരണക്കാരനായ കര്‍ത്താവിനെ വിട്ടു പോവുകയില്ല. കര്‍ത്താവ് അതിന് പറ്റിയ കാലം വരുമ്പോള്‍ അതിനെ ഏല്ക്കുന്നതാണ്. ആത്മപ്രത്യയദര്‍ശികള്‍ കൃതാത്മാവെ ഭേദിപ്പിക്കുകയില്ല. ബ്രഹ്മജ്ഞാനികളായ ശുദ്ധാത്മാക്കളെ അവരുടെ കര്‍മ്മഫലം ബാധിക്കുകയില്ല. ബുദ്ധിയും കര്‍മ്മേന്ദ്രിയവും മാര്‍ഗ്ഗമായി അത് അറിയുവാന്‍ പ്രമത്തന് കഴിയുകയില്ല. ശുഭാശുഭാസക്തി വഴി വലിയ ഭയം വന്നുപെടും. രാഗം വിട്ടവനും ക്രോധം വെടിഞ്ഞവനും എപ്പോഴും നന്നായി വരും. വിഷയത്തിൽ ഇരിക്കുന്നതായാലും അവന്‍ പാപത്താല്‍ പങ്കിലനാവുകയില്ല. പുഴയ്ക്കെതിരായി ഒരു ചിറ കെട്ടിയാല്‍ അത് പൊട്ടിപ്പോയില്ലെങ്കില്‍ ജലം നിറഞ്ഞു പൊങ്ങും. അപ്രകാരം മനുഷ്യന്‍ സുഖാനുഭൂതികള്‍ക്കു നേരെ കെട്ടുന്ന ധര്‍മ്മസേതു പൊട്ടിയില്ലെങ്കില്‍ പരിപുഷ്ടമാകുന്ന നന്മകള്‍ വര്‍ദ്ധിച്ചു വരും.
സൂര്യന്റെ തേജസ്സ് സൂര്യകാന്തിക്കല്ലില്‍ പ്രതിഫലിച്ചാല്‍ അത് അതിന്റെ സമാധിയില്‍ ശുദ്ധമാകുന്നു. അപ്രകാരം യോഗത്തില്‍ മുഴുകുന്നവന്‍ ബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ചവനാകുന്നു.
തിലാദികളില്‍ പുഷ്പം ചേര്‍ത്താല്‍ പുഷ്പത്തിന്റെ വാസന തിലാദികളില്‍ പകരും. സത്വഗുണ പ്രധാനികളുമായി കൂട്ടു കൂടിയാല്‍ ആ സത്വഗുണവും പകരും. ആ ഗുണത്തിന്റെ സംക്രമം അവ എത്രത്തോളം ചേര്‍ന്നിരിക്കുന്നുവോ അതിന് അനുസരിച്ച് ഏറ്റക്കുറവുണ്ടാകും.
സ്വര്‍ഗ്ഗത്തെ കാംക്ഷിക്കുന്ന നരന്‍ പ്രിയപ്പെട്ട ഭാരൃയേയും, ധനത്തേയും, പദവിയേയും, യാനവാഹനാദികളേയും, ലോകപൂജയേയും, എപ്പോള്‍ ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവനെ വിഷയസുഖങ്ങളെല്ലാം വിടുന്നു. വിഷയ പ്രസക്തനായ മനുഷ്യന്‍ ആത്മഹിതത്തെ ഒട്ടും ധരിക്കുന്നില്ല. അവന്‍ എപ്പോഴും ഭാവനയുള്ള മനസ്സു കൊണ്ട് മാംസത്തിനാല്‍ മത്സ്യം എന്ന പോലെ വിഷയസുഖത്താല്‍ ആകൃഷ്ടനാകും. രാജാവേ! മര്‍ത്ത്യരുടെ സംഘം തമ്മില്‍ ചേര്‍ന്ന് ഒരു ചങ്ങാടം വെള്ളത്തില്‍ പൊങ്ങി കിടക്കുന്നത് പോലെയാണ് നില്ക്കു ന്നത്. എല്ലാം ദുര്‍ബല വസ്തുക്കളുടെ സംഘാതമാണ്. വെള്ളത്തില്‍ മുങ്ങിപ്പോകുന്ന ഉണ്ണിപ്പിണ്ടി പോലെയോ, ഓട്ടത്തോണി പോലെയോ ആണ് മനുഷ്യന്റെ കഥ.
പുരുഷന്‍ എപ്പോഴാണ് മൃത്യുവിന്റെ തുറന്നു വച്ച വായില്‍പ്പെട്ടു പോകുന്നതെന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല. മരണം പുരുഷന്റെ ഒഴിവും അവസരവും കാത്തു നില്ക്കുകയില്ല. അവനവന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ കാലെ കരുതലോടെ ചെയ്തു കൊള്ളണം. മനുഷ്യന്റെ ജീവിതം തന്നെ മൃത്യുവിന്റെ വായിലാണ്. അവന്‍ പതുക്കെ വായ കൂട്ടിയാല്‍ അവന്റെ പണി തീര്‍ന്നു.
പരിശീലനം കൊണ്ട് വീടു വിട്ടു പോയ കുരുടന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തുന്ന മാതിരി യോഗം ചേര്‍ന്ന മനസ്സു കൊണ്ട് പ്രാജഞന്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നു. ജനിച്ചാല്‍ മരണമുണ്ടെന്നു പറയുന്നു. മരിച്ചാല്‍ ജനനമുണ്ടെന്നും പറയുന്നു. മോക്ഷധര്‍മത്തെപ്പറ്റി ഒന്നും ഗ്രഹിക്കാത്തവന്‍ ചക്രം ചൂറ്റുന്ന മാതിരി പ്രപഞ്ചത്തില്‍ (ജനനമരണമാകുന്ന സംസാര ചക്രത്തില്‍) കിടന്നു ചുറ്റിത്തിരിയും. യാതൊരു രക്ഷയും ലഭിക്കയില്ല.
ജ്ഞാനത്തിന്റെ മാര്‍ഗ്ഗത്തിലെത്തിയവന് ഈ ലോകത്തിലും പരലോകത്തിലും സുഖം ലഭിക്കും. വിസ്താരം ക്ലേശബഹുലമാണ്. സംക്ഷേപം സുഖസാധനവുമാകുന്നു. പലതിലേക്കും മനസ്സോടിയാല്‍ പിന്നെ സുഖം എവിടെ? സുഖം ശരിയായി അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ വളരെ ചുരുക്കമാണ്. മനസ്സിനെ ഒന്നില്‍ നിർത്തുക. അപ്പോള്‍ സുഖം ലഭിക്കും.
താമര തന്നില്‍പ്പറ്റുന്ന ചേറിനെ ദുരെ തള്ളുന്നു. അപ്രകാരം ആത്മാവ് മനസ്സിനെ ക്ഷണത്തില്‍ തള്ളുന്നു. മനസ്സ് ആദ്യമായി ആത്മാവിനെ യോഗത്തിലേക്ക് എത്തിക്കുന്നു. ഒടുക്കത്തേത് ആദ്യത്തേതുമായി ചേരുന്നു. ആത്മാവു യോഗത്തെ പ്രാപിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ ആത്മാവ് പരനാണെന്ന് അറിയും. പരമാര്‍ത്ഥമായി ഏർപ്പെടുമ്പോള്‍ സ്വന്തമായ കാര്യത്തെ ചിന്തിക്കുന്നവന്‍ ഇന്ദ്രിയാര്‍ത്ഥാസംഗം സംഭവിച്ചാല്‍ സ്വകാര്യത്തെ വിട്ടൊഴിയും. കീഴും വിലങ്ങുംപോയി സ്വര്‍ഗ്ഗത്തില്‍ത്തന്നെ പരമമായ. ഗതിവരും. പുണ്യം കൊണ്ട് ആത്മാവ് പ്രാജ്ഞനും അല്ലാത്തവനും ഏല്ക്കുന്നു.
ചുട്ടുപഴുത്ത മണ്‍പാത്രത്തില്‍ വെളളം വറ്റിപ്പോകുന്ന മാതിരി തപസ്സു കൊണ്ട് സന്തപ്തമായ ദേഹം വിഷയത്തെ വറ്റിച്ചു കളയും. വിഷയങ്ങളെ വറ്റിച്ചവന്‍ പിന്നെ അതിനെ ഭുജിക്കുകയില്ല. അത് തീര്‍ച്ചയാണ്. ഏതാത്മാവ് ഭോഗങ്ങളെ തള്ളുന്നുവോ, അവനാണ് ഭുജിക്കുന്നവന്‍. മഞ്ഞിന്റെ മൂടലില്‍ കിടക്കുന്നവനും, ശിശ്നത്തേയും, ഉദരത്തേയും പരിലാളിച്ച് പൂരിപ്പിക്കുന്നവനുമായ ആകുലാത്മാവ് കുരുടനെപ്പോലെ വഴി കാണുവാന്‍ കഴിയാത്തവനുമാണ്.
യഥാര്‍ത്ഥമായ ധനം, കടലില്‍ വണിക്ക് ഏല്ക്കുന്ന മാതിരി, മര്‍ത്ത്യസമുദ്രത്തില്‍ ജീവിക്ക് കര്‍മ്മജ്ഞാനം കൊണ്ടേ ഗതി ലഭിക്കു! അഹോരാത്ര രൂപമായ ലോകത്തില്‍, ജരയാകുന്ന രൂപത്തില്‍ ചരിക്കുന്നവന്‍ ജീവജാലങ്ങളെ മൃത്യു, കാറ്റിനെ പാമ്പ് എന്ന പോലെ, ഗ്രസിക്കുന്നു. താന്‍ ചെയ്തു വച്ച കര്‍മ്മങ്ങളുടെ ഫലം പുനര്‍ജജന്മത്തില്‍ ജീവി ഏല്ക്കു ന്നു. താന്‍ ചെയ്യാത്തതിന്റെ ഫലം പ്രിയമായാലും, അപ്രിയമായാലും ഒരാളും ഏല്ക്കുകയില്ലെന്നുള്ള കാര്യം തീര്‍ച്ചയാണ്. കിടക്കുന്നവന്‍, നടക്കുന്നവന്‍, നില്ക്കുന്നവന്‍, വിഷയങ്ങളില്‍ പ്രവേശിച്ചവന്‍, ഇങ്ങനെയുള്ളവരുടെ മേനിയിലും പുണ്യപാപങ്ങള്‍ ചെന്നു കയറും. ഒരുത്തന്‍ പുഴയുടെ മറുകരെ എത്തിക്കഴിഞ്ഞാല്‍ പിന്നെ നീന്തേണ്ടതില്ലല്ലൊ. അവന് പിന്നെ സമുദ്രത്തില്‍ വീഴ്ചയും ദുര്‍ല്ലഭമായി കാണുന്നുവല്ലൊ. വലിയ ഭാരം കേറ്റിയ തോണി വെള്ളത്തില്‍ കയറു കെട്ടി വലിക്കുന്ന മാതിരി മനസ്സിന്റെ പ്രേരണ കൊണ്ട് ദേഹത്തെ നടത്തുവാന്‍ ഉദ്യമിക്കുകയാണ്. സമുദ്രത്തിന്ന് ചുറ്റും പല പുഴകളും വന്നു ചേരുന്ന മാതിരി ആദ്യ പ്രകൃതിയെ യോഗത്താല്‍ സംശ്രയിക്കുന്നു. സ്നേഹപാശക്കെട്ട് പല മട്ടി ലും ഏറ്റ ഹൃദയമുള്ള മര്‍ത്ത്യര്‍, പ്രകൃതിസ്ഥന്മാര്‍, നീറ്റില്‍ മണ്‍പുര എന്ന പോലെ അമരുന്നു. ശരീരമാകുന്ന ഗൃഹത്തോടു കൂടിയവന്‍, ശുചിയായ തീര്‍ത്ഥത്തോടു കൂടിയ ദേഹവാന്, ബുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ നില്ക്കുന്നവന് സഖ്യം ഇഹത്തിലും പരത്തിലും ലഭിക്കും.
വിസ്താരം ക്ലേശബഹുലമാണ്. സംക്ഷേപം സുഖസാധനമാണ്. വിസ്താരമൊക്കെ അന്യാര്‍ത്ഥമാണ്. ത്യാഗമൊക്കെ ആത്മഹിതാര്‍ത്ഥവുമാകുന്നു. സങ്കല്പജമാണ് മിത്രവര്‍ഗ്ഗം. ജ്ഞാതികള്‍ കാരണാത്മകരാണ്. ഭാര്യ, പുത്രന്‍, ദാസർ ഇവരൊക്കെ തന്റെ അര്‍ത്ഥത്തെ ഭുജിക്കുന്നവര്‍ മാത്രം. അമ്മ, അച്ഛന്‍ എന്നുള്ളവര്‍ പോലും ആര്‍ക്കും തുണയായി വരികയില്ല. പരലോക യാത്രയില്‍ താന്‍ ഏകന്‍ തന്നെ. ദാനപഥ്യദനനായ ജീവന്‍ സ്വധര്‍മ്മ ഫലം ഏല്ക്കുന്നു. തന്റെ കര്‍മ്മഫലം താന്‍ തന്നെ ഭുജിക്കുന്നു. അമ്മ, അച്ഛന്‍, മകന്‍, . ഭ്രാതാവ്, ഭാര്യ, മിത്രജനങ്ങള്‍ ഇവരൊക്കെ "അഷ്ടാപദപദസ്ഥാന"ത്തില്‍ (സ്വര്‍ണ്ണുക്കട്ടിമേല്‍) വരച്ച സ്വര്‍ണ്ണ വരമാത്രം. ദക്ഷസൂത്രത്താല്‍ അവര്‍ കാണപ്പെടുന്നു.
മുമ്പെ ചെയ്ത എല്ലാ കര്‍മ്മങ്ങളും നല്ലതും ചീത്തയും ചെയ്തവനെത്തന്നെ ചെന്നേല്ക്കുന്നു. ഇപ്പോള്‍ മര്‍ത്ത്യന്‍ അനുഭവിക്കുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളൊക്കെ കഴിഞ്ഞ ജന്മങ്ങ ളില്‍ മര്‍ത്തൃന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലമല്ലാതെ മറ്റൊന്നുമല്ല. അടുത്തെത്തുന്ന കര്‍മ്മഫലം എന്തെന്നു ധരിച്ച് അന്തരാത്മാവ് ബുദ്ധിയെ അതിലേക്ക് വിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ ദുഃഖങ്ങളും തടയുവാന്‍ തന്മൂലം മനസ്സ് രമിക്കുന്നു.
ഉത്സാഹിച്ച് സഹായികളെ നേടുകയാണെങ്കില്‍ അവന്റെ പരിശ്രമങ്ങള്‍ താഴ്ന്നു പോകുന്നതല്ല. അദ്വൈതചിത്തനായി ധീരനും വിപത്തിനെ ചിന്തിക്കുന്നവനുമായ ശൂരനെ സൂര്യനെ രശ്മി എന്നപോലെ വിടുന്നതല്ല. ആസ്തിക വ്യവസായത്താല്‍, വിസ്മയോപായ ബുദ്ധിയാല്‍, അനിന്ദ്യാത്മാവ് തുടരുന്ന കാര്യമേതോ, അതിന് യാതൊരിടിവും ബാധിക്കുകയില്ല.
ധീരാത്മാവായ മനുഷ്യന്‍ വിശ്വാസത്തോടും, സ്ഥിരതയോടും നല്ല മാര്‍ഗ്ഗത്തില്‍ ചെയ്യുന്ന പ്രവൃത്തി അഹങ്കാരവും ദുരഭിമാനവുംവിട്ട് ചെയ്യുന്ന ബുദ്ധിപൂര്‍വ്വമായ പ്രവൃത്തി, ഒരിക്കലും നഷ്ടപ്പെട്ടു പോവുകയില്ല. മാതാവിന്റെ ഗര്‍ഭത്തില്‍ വസിക്കുന്ന കാലം മുതല്‍ ശരിക്കു മുമ്പു ചെയ്ത കര്‍മ്മങ്ങളുടെ ഫലം, നന്മയുടെയും തിന്മയുടെയും ഫലം അനുഭവിക്കും. മരണത്തെ തടുക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. നശിപ്പിക്കുന്ന കാലത്തിന്റെ സഹായത്തോടെ എല്ലാ ജീവജാലവും കാലത്താല്‍ വലിച്ചു കൊണ്ട് അന്ത്യത്തില്‍ കൊണ്ടു ചെന്നെത്തിക്കപ്പെടുന്നു. മരം അറുത്ത പൊടി കാറ്റ് അടിച്ച് പറപ്പിക്കുന്ന മാതിരി അടിച്ചു തൂവുന്നു.
നല്ലതും ചീത്തയുമായ തന്റെ പ്രവര്‍ത്തിയുടെ ഫലം, കഴിഞ്ഞ ജന്മത്തിലെ ഫലം, മര്‍ത്ത്യന്ന് ധനവും,. പശുക്കളും, സ്ത്രീകളും, സന്താനങ്ങളും, സ്ഥാനമാനങ്ങളും, വില പിടിച്ച മറ്റുവസ്മുക്കളും എല്ലാ നേട്ടങ്ങളും ഉണ്ടാക്കിത്തരുന്നു.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം മനീഷിയായ പരാശര മഹര്‍ഷിയുടെ ഉപദേശം പരമോദാരനായ ജനകമഹാരാജാവ് കേട്ട് രാജാവേ, വളരെ അധികം സന്തോഷമുള്ളവനായിത്തീര്‍ന്നു.
അദ്ധ്യായം 300. ഹംസഗീത - ഹംസരൂപം ധരിച്ച ബ്രഹ്മാവ് സാദ്ധ്യന്മാര്‍ക്ക് ഉപദേശം നല്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: സത്യം, ദമം, ക്ഷമ, പ്രജ്ഞ എന്നിവയെപ്പറ്റി പണ്ഡിതന്മാരായ ജനങ്ങള്‍ പുകഴ്ത്തിപ്പറയാറുണ്ട്. പിതാമഹാ, അങ്ങയ്ക്കും ഇതു ബോദ്ധ്യമാണോ? ഇതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?*
ഭീഷ്മൻ പറഞ്ഞു: ഇക്കാരൃത്തില്‍ ഞാന്‍ ഒരു പഴങ്കഥ നിന്നോട് വെളിവായി പറഞ്ഞു തരാം. അത് സാദ്ധ്യരും ഹംസവും തമ്മില്‍നടന്ന ഒരു സംവാദമാണ് യുധിഷ്ഠിരാ! നിത്യനും പ്രജാപതിയുമായ ബ്രഹ്മാവ് പണ്ട് സ്വര്‍ണ്ണഹംസത്തിന്റെ രൂപം ധരിച്ചു. മുന്നു ലോകത്തിലും ചുറ്റിപ്പറന്ന് ആ ഹംസം സാദ്ധ്യന്മാരുടെ മുന്നിലെത്തി.
സാദ്ധ്യന്മാര്‍ പറഞ്ഞു: അല്ലയോ വിഹംഗമേ, ഞങ്ങള്‍ ദേവന്മാരാണ്. സാദ്ധ്യന്മാർ എന്നറിയപ്പെടുന്നവരാണ്. ഞങ്ങള്‍ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ! മോക്ഷധര്‍മ്മം നീ ഞങ്ങള്‍ക്ക് പറഞ്ഞുതരുമോ? ഭവാന്‍ മോക്ഷ വിത്തമനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ പണ്ടേ അങ്ങയെപ്പറ്റി അല്ലയോ വിഹംഗമേ, കേട്ടിരിക്കുന്നു, അങ്ങ് മഹാജ്ഞാനിയാണെന്ന്. അങ്ങ് വാഗ്മിയാണെന്നും ഞങ്ങള്‍ അറിയു ന്നു. അല്ലയോ മഹാത്മാവേ, എല്ലാറ്റിലും വെച്ച് ശ്രേഷ്ഠമായതെന്താണ്? അങ്ങയുടെ മനസ്സ് എന്തിലാണ് രമിക്കുന്നത്? അല്ലയോ ഖഗേന്ദ്രാ. കാര്യങ്ങളില്‍ ശ്രേഷ്ഠമായ പ്രവൃത്തി എന്താണ്? എന്തു ചെയ്താലാണ് പുരുഷന്‍ എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും വിമുക്തനായി സുഖിക്കുക? ഖഗേന്ദ്രാ! എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞാലും.
ഹംസം പറഞ്ഞു: അല്ലയോ സുധാപാനം ചെയ്യുന്ന സുരന്മാരെ, ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍. തപം, ദമം, സത്യം, ആത്മാഭിഗുപ്തി ഇവയെ നിങ്ങള്‍ ആശ്രയിക്കുവിന്‍. ഹൃദയത്തില്‍ നിന്ന് എന്തിനോടുള്ള ബന്ധങ്ങളേയും അറുത്തു നീക്കുവിന്‍! അനുകൂല പ്രതികൂല ഭാവങ്ങളോട് തന്റെ മനോഭാവം നിയന്ത്രിച്ചു നിര്‍ത്തണം. മറ്റൊരുത്തന്റെ മര്‍മ്മം പിളര്‍ക്കുന്ന ക്രൂരമായ വാക്കുകള്‍ പ്രയോഗിക്കരുത്. ഹീനനായ മനുഷ്യന്റെ സല്‍ക്കാരങ്ങള്‍ വാങ്ങി അനുഭവിക്കരുത്. അന്യന് ഭയമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ആരോടും പ്രസംഗിക്കരുത്. ദുഷ്ടന്മാരുടെ മുമ്പില്‍ വേദവാകൃങ്ങള്‍ ഉപദേശിക്കുവാന്‍ തുടങ്ങരുത്. വാക്കാകുന്ന ശരം വായില്‍ നിന്ന് പുറപ്പെട്ട് ആരില്‍ ചെന്നു കൊള്ളുന്നുവോ, അവന്‍ രാവും പകലും കിടന്ന് ദുഃഖിക്കും. പരന്റെ മര്‍മ്മത്തിലല്ലാതെ ആ ശരം മറ്റൊരിടത്തും ചെന്നു കൊള്ളുകയുമില്ല. അതുകൊണ്ട് പണ്ഡിതന്മാരാരും അത് ആരിലും പ്രയോഗിച്ചു പോകരുത്. അതു പോലെയുള്ള മൂര്‍ച്ചയുള്ള ശരം കൊണ്ട് പരന്മാര്‍ നമ്മുടെ നേരെ ഒരു ആക്രമണം നടത്തിയാലോ നാം അത് പൊറുക്കുകയാണ് വേണ്ടത്. ആ ശത്രു ക്രോധിച്ച് നമ്മെയും കോപിപ്പിക്കാന്‍ ശ്രമിക്കും. അപ്പോള്‍ നാം എന്തു ചെയ്യുണം? അതിന്റെ പുഞ്ചിരി ഹര്‍ഷം കൊണ്ട് തടുക്കണം. അങ്ങോട്ടും ക്രൂരമായ വാക് ശരമോ മറ്റു ശരമോ പ്രയോഗിച്ചു പോകരുത്. അങ്ങനെ ഹര്‍ഷം കൊണ്ട് തടുക്കുന്നവന്‍ ശത്രുവിന്റെ സുകൃതം കൈയിലാക്കുന്നു.
ആക്ഷേപിച്ചു വിടുന്ന ശാപവും, തിരസ്‌കാരവും, അവിനയവും, പ്രാക്കുമൊക്കെയും ജ്വലിക്കുന്ന കോപവും ജയിക്കുന്നവനാരോ, ദുഷ്ടതയില്ലാത്തവനായ, അസൂയ വിട്ടവനായ അവന്‍, പ്രസന്നനായ പുരുഷന്‍, ശത്രു സമ്പാദിച്ച പൂര്‍വ്വ സുകൃതം വല്ലതുമുണ്ടെങ്കില്‍ അതൊക്കെ ആ ക്ഷമാവാനായ പുരുഷനില്‍ വന്നുചേരും.
ശകാരിച്ചാല്‍ ഞാന്‍ ഒന്നും അതിന്ന് എതിരു പറയുകയില്ല. തല്ലുകൊണ്ടാലും ഞാന്‍ എന്നും ക്ഷമിക്കും. ക്ഷമ യാണ് മനുഷ്യന്റെ ഗുണങ്ങളില്‍ ഏററവും പ്രധാനമായതെന്ന് ആര്യന്മാര്‍ പറയുന്നു. അതു പോലെ തന്നെ സതൃവും, ആര്‍ജ്ജവവും, അനൃശംസ്യവും മര്‍ത്ത്യന്‍ വിടരുത്.
വേദത്തിന്റെ കാതലാണ് സത്യം. സത്യത്തിന്റെ കാതലാണ് ദമം. ദമത്തിന്റെ കാതലാണ് മോക്ഷം. ഇത് സര്‍വ്വ ശാസ്ത്രങ്ങളും ഉല്‍ഘോഷിക്കുന്നു.
വേദത്തിന്‍ കാതലാം സത്യം സത്യത്തിന്‍ കാതലാം ദമം ദമത്തിന്‍ കാതലാം മോക്ഷം ഇതു ചിന്തിക്കു സര്‍വ്വരും!
വാക്കിന്റെ തള്ളിച്ചയെ തടുക്കുക, കരളിന്റെ തള്ളിച്ചയെ തടുക്കുക, ക്രോധത്തിന്റെ തള്ളിച്ചയെ തടുക്കുക, തൃഷ്ണയുടെ തള്ളിച്ചയെ തടുക്കുക, വിശപ്പിന്റെ തള്ളിച്ചയെ തടുക്കുക, ഉൽപാദനേന്ദ്രിയത്തിന്റെ തള്ളിച്ചയെ നിയന്ത്രിക്കുക. ഇങ്ങനെ വന്നു ചേരുന്ന വേഗങ്ങളെ (തള്ളിച്ചകളെ) ആര്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നുവോ, അവന്‍ മുനിയായി, അവന്‍ ബ്രാഹ്മണനായി എന്ന് ഞാന്‍ കാണുന്നു.
ക്രോധിക്കുന്നവരില്‍ ക്രോധിക്കാത്തവനാണ് യോഗ്യന്‍. ക്ഷമിക്കുന്നവന്‍ ക്ഷമകെട്ടവനേക്കാള്‍ മാന്യനാണ്. അമാനുഷരേക്കാള്‍ (മൃഗങ്ങള്‍) മാന്യരാണ് മാനുഷന്മാര്‍. അജ്ഞാനിയേക്കാള്‍ ജ്ഞാനിയാണ് ശ്രേഷ്ഠന്‍.
ഒരാള്‍ അധിക്ഷേപിച്ചു പറഞ്ഞാല്‍ ഒപ്പം അവനേയും അധിക്ഷേപിച്ചു പറയരുത്. ദുഃഖം ബാധിച്ചാലും കോപം തോന്നിയാലും ഉടനെ അതിനെ മനസ്സില്‍ അമര്‍ക്കണം; ക്ഷമിക്കണം. അങ്ങനെ ക്ഷമിക്കുന്നവന്‍ തന്നില്‍ കടുത്ത ശകാരം ചൊരിഞ്ഞവന്റെ പുണ്യമെല്ലാം ഏല്ക്കുന്നതാണ്.
അധികപ്രസംഗം, അധിക്ഷേപം കേട്ടാല്‍ അതിനുതക്ക മറുപടി പറയാതിരിക്കുക, പ്രശംസിച്ച് പ്രിയം പറഞ്ഞാല്‍ അതിലും നിര്‍മമനായി അതില്‍ മേനി കൊള്ളാതിരിക്കുക, രൂക്ഷമായി പറയുന്നത് കേട്ട് ക്ഷമിക്കുക, ഇടിച്ചാലും ചവിട്ടിയാലും പകരം ചെയ്യാതെ എല്ലാം സഹിക്കുക, ധൈര്യം കൈക്കൊള്ളുക, തന്നെ ദ്രോഹിക്കുന്നവന്നും ശുഭം ആശംസി ക്കുക, ഇങ്ങനെയുള്ളവര്‍ വല്ലവരും ഉണ്ടെങ്കില്‍ അവരുമായി സഹവസിക്കുവാന്‍ ദേവന്മാര്‍ പോലും കൊതിക്കും. പാപിയായ പുരുഷനില്‍ ക്ഷമിക്കണം. തന്നെക്കാള്‍ മേലെയുള്ളവനോടും തനിക്കു കിടയായവനോടും ക്ഷമിക്കണം. നിന്ദിച്ചും, അടിച്ചും, അധിക്ഷേപിച്ചു വിട്ട മനുഷ്യന്‍, എല്ലാം ക്ഷമിച്ച മനുഷ്യന്‍, മഹാസിദ്ധനായി കണക്കാക്കാം. അവന്‍ മോക്ഷം നേടും; ജീവിതസാഫല്യം അനുഭവിക്കും.
ഞാന്‍ ഒതുങ്ങി വിനയത്തോടെ ആര്യന്മാരെ സേവിക്കുന്നു. എനിക്കു വിശപ്പു വരുമ്പോഴും, കോപം വരുമ്പോഴും ഞാന്‍ അവയെ അമര്‍ക്കും. ഭീരുത്വം കൊണ്ട് ശരിയായ മാര്‍ഗ്ഗം വിട്ടു ഞാന്‍ പോവുകയില്ല. ഞാന്‍ ആരുടെ അടുത്തും മറ്റൊരുത്തന്റെ ഓദാര്യത്തിനു കൈനീട്ടി ചെല്ലുകയില്ല. വിഷയ തൃഷ്ണയോടെ അതിന്റെ പിന്നാലെ പോവുകയില്ല. എന്നെ ശപിച്ചാല്‍ ഞാന്‍ പകരം ശപിക്കുകയില്ല. ദമം അമൃതത്വത്തിന്നു ദ്വാരമാണെന്ന് ഞാന്‍ കാണുന്നു. ഞാന്‍ നിങ്ങളോട് പരമമായ ഒരു രഹസ്യം പറയാം: അതു മറ്റൊന്നുമല്ല, ബ്രഹ്മരഹസ്യമാണ്. മനുഷ്യത്വത്തേക്കാള്‍ മേലെയായി മറ്റൊന്നും ഇല്ല. എല്ലാറ്റിലും ശ്രേഷ്ഠമായ ശക്തി മര്‍ത്ത്യനില്‍ അധിവസിക്കുന്നു.
പാപങ്ങളില്‍ നിന്ന് മുക്തനായ ധീരപുരുഷന്‍ മേഘങ്ങള്‍ വിട്ട ചന്ദ്രന്‍ എന്ന പോലെ, വിരജസ്സായി കാലം വന്നു ചേരുമ്പോള്‍ ധൈര്യത്തോടെ പ്രകാശിക്കും.
എല്ലാവരാലും അര്‍ച്ചിക്കപ്പെടുന്നവനും, ലോകത്തിന്റെ സ്തംഭം പോലെ ഉയര്‍ന്ന് നിലകൊള്ളുന്നവനും, സുജാതനുമായ ഏതൊരാള്‍ ആരോടും നല്ലവാക്കു പറയുന്നുവോ, അവന്‍ ദേവന്മാരുടെ മിത്രമായി ഭവിക്കും. ഏതൊരുത്തനില്‍ സല്‍ഗുണം ഉപദേശിക്കുവാന്‍ ആരും എത്താതിരിക്കുന്നുവോ, അപ്രകാരം തന്റെ സമീപത്തെത്തുന്നവര്‍ക്ക് സാന്നിദ്ധൃംകൊണ്ട് നൈര്‍മ്മല്യം നല്കുന്നവന്‍ ആരോ, ആര്‍ക്കാണോ വാക്കും, മനസ്സും, ഗുപ്തമായി നല്ലനിലയില്‍ എപ്പോ ഴും നില്ക്കുന്നത്; അവന്‍ വേദവും, തപസ്സും, ത്യാഗവും എല്ലാം നേടുന്നതാണ്. എല്ലാ ഫലവും അവനില്‍ വസിക്കുന്നു.
നിന്ദിച്ചു പറഞ്ഞും, അലറിപ്പറഞ്ഞും മൂഢന്മാരെ ബുധന്മാര്‍ ഗര്‍ഹിക്കരുത്, അധിക്ഷേപിക്കരുത്. അന്യനെ പുകഴ്ത്തിപ്പറയുകയുമരുത്. എന്നാല്‍ ആത്മനിന്ദയും ചെയ്യരുത്.
അവമാനങ്ങളും അധിക്ഷേപങ്ങളും ഒരുത്തന്‍ തന്നില്‍ ചൊരിഞ്ഞാല്‍ അക്ഷോഭ്യനായി അതു കേട്ട് സന്തോഷിക്കണം. തൃപ്തി തന്നെ തന്റെ മുഖത്ത് കാണണം. അതൃപ്തി ഭാവിക്കരുത്. അമൃതപാനം പോലെ പണ്ഡിതന്‍ അവമാനത്തെ കൈക്കൊള്ളണം. അവമാനിക്കപ്പെട്ടവന്‍ സുഖമായി വാഴും. അവമാനിച്ചവന്‍ കെട്ടു പോവുകയും ചെയ്യും.
ക്രോധത്തോടെ യജിക്കുന്നതും, ക്രോധത്തോടെ ദക്ഷി ണ നല്കുന്നതും, ക്രോധത്തോടെ തപസ്സു ചെയ്യുന്നതും, ക്രോധത്തോടെ പരിശുദ്ധമായ അഗ്നിയില്‍ ഹോമിക്കുന്നതും എല്ലാം നിഷ്ഫലമാണ്. എല്ലാം യമന്‍ അപഹരിച്ചു കളയും.
മനുഷ്യന്റെ നാലു വാതിലുകള്‍ ഗുപ്തമായി വെക്കണം. ആ നാല് ദ്വാരങ്ങള്‍ ഏതൊക്കെയാണെന്ന് പറയാം. ഉപസ്ഥം (ഉല്‍പ്പാദനേന്ദ്രിയം), വയറ്, കൈയ്, വാക്ക് ഇവയാണ്. ഇവയെ ഗോപ്യമായി അടക്കി വെക്കുന്നവന്‍ ധര്‍മ്മജ്ഞനാണ്.
സത്യം, ദമം, ആര്‍ജ്ജവം, ആനൃശംസ്യം, തിതിക്ഷ, ധൃതി എന്നിവയെ പരിലാളിക്കുന്നവനും, സ്വാധ്യായനിത്യനും, പരരില്‍ കാംക്ഷയില്ലാതെ ഏകാന്തമായി വസിക്കുന്നവനു മായ പുരുഷന്‍ സ്വര്‍ഗ്ഗഗതിക്ക് അര്‍ഹനാകുന്നു.
ഈ പറഞ്ഞവയെല്ലാം പശുവിന്റെ കിടാവ് തള്ളയുടെ നാലു മുലകളും കുടിക്കുന്നതു പോലെ ഞാന്‍ അനുഭവിക്കു ന്നു. സത്യത്തെക്കാള്‍ പാവനമായി ഞാന്‍ മറ്റൊന്നും ഉള്‍ക്കൊള്ളുന്നില്ല.
ഞാന്‍ ദേവന്മാരുടെയും മനുഷ്യരുടെയും ഇടയില്‍ സഞ്ചരിക്കുന്നതായി പറയപ്പെടുന്നുണ്ടല്ലോ. സ്വര്‍ഗ്ഗത്തിന് കോണി സത്യമാണ്. കടല്‍ തരണം ചെയ്യുവാന്‍ തോണി പോലെയാണത്.
ഏതുവിധത്തില്‍ ആരെ ചേര്‍ന്നിരിക്കണമെന്നും, ഏതു വിധത്തില്‍ ആരെ ഭജിക്കണമെന്നും ഏതു മട്ടില്‍ മര്‍ത്ത്യന്‍ ഇച്ഛിക്കുന്നുവോ അപ്രകാരം മര്‍ത്ത്യനായിത്തീരും.
സജ്ജനത്തേയോ, അസത്തായവനേയോ, തപസ്വിയേയോ, കള്ളനേയോ, ആരേയാണോ നിങ്ങള്‍ ഭജിക്കുവാന്‍ വിചാരിക്കുന്നത്, നിങ്ങള്‍ വസ്ത്രം ചായത്തിന്റെ പാട്ടില്‍പ്പെട്ടാലെന്ന പോലെ, നിങ്ങള്‍ ഭജിക്കുന്നവരുടെ ചായം നിങ്ങളിലും വന്നുപെടും.
എല്ലായ്പോഴും ദേവന്മാര്‍ സജ്ജനങ്ങളുടെ സംവാദത്തെ, സ്തുതിയെ, ഏല്ക്കുന്നു. മനുഷ്യരുടെ വിഷയ സുഖാസക്തികളിലൊന്നും അവര്‍ പങ്കു കൊള്ളുന്നില്ല. അവയെ കാണുവാന്‍ ആഗ്രഹിക്കുന്നില്ല. സമത്വം ഇന്ദുവിന്നില്ല. കാറ്റിന്ലും മേലും കീഴുമില്ല. അങ്ങനെ മേലുകീഴ് വിട്ടവനാണ് ദര്‍ശിക്കുന്നവന്‍.
ഉള്ളില്‍ പരമപുരുഷന്‍ വര്‍ത്തിക്കുന്നുണ്ടെന്ന് ചിന്തി ക്കുകയും നല്ല മാര്‍ഗ്ഗത്തില്‍ നടക്കുകയും ചെയ്യുന്നവനില്‍ ദേവകള്‍ സന്തോഷിക്കുന്നു.
തങ്ങളുടെ ശിശ്നത്തേയും (ഉല്പാദനേന്ദ്രിയം) വയറിനേയും താലോലിച്ച് കഴിയുന്നതില്‍ ആസക്തന്മാരായ മനുഷ്യരേയും എപ്പോഴും പരുഷമായ വാക്കുകള്‍ പറഞ്ഞ് നിന്ദിക്കുന്നവരേയും, വഞ്ചനയും, ചതിയും ഉപജീവനമായി സ്വീകരിക്കുന്നവരേയും അകലെ നിന്നു കാണുമ്പോള്‍ തന്നെ ദേവന്മാര്‍ ഒഴിച്ചു വിടുന്നു. അവര്‍ എന്ത് പ്രായശ്ചിത്തകര്‍മ്മം തങ്ങള്‍ ചെയ്ത ദോഷം നീങ്ങുവാന്‍ ചെയ്താലും അങ്ങോട്ടു ദേവന്മാര്‍ തിരിഞ്ഞു നോക്കുകയില്ല. ദേവന്മാര്‍ക്ക് ദുരാത്മാക്കളോടു സന്തോഷമില്ല. കണ്ടതൊക്കെ വലിച്ചു വാരി തിന്നുന്ന കൂട്ടരോടും ദേവന്മാര്‍ക്കു പ്രീതിയില്ല. ദുഷ്കൃതങ്ങള്‍ ചെയ്യുന്നവരോടും പ്രിയമില്ല. സത്യവ്രതന്മാരായ കൃതജ്ഞര്‍, എവിടെയുണ്ടോ ധര്‍മ്മിഷ്ഠരായ ആ സജ്ജനങ്ങളില്‍ ദേവന്മാര്‍ അധിവസിക്കുന്നു.
ഒന്നും സംസാരിക്കാതിരിക്കുന്നതാണ് സംസാരിക്കുന്നതിനേക്കാള്‍ മെച്ചം. സത്യം പറയുക എന്നതാണ് മൌനത്തെക്കാള്‍ മെച്ചം. സത്യഭാഷിതത്തേക്കാള്‍ മെച്ചമാണ് ധര്‍മ്മം ചേര്‍നന സത്യഭാഷിതം.
സാദ്ധ്യര്‍ പറഞ്ഞു: ഈ ലോകം എന്തിനാല്‍ മൂടിയി രിക്കുന്നു? എന്തിനാല്‍. തെളിയാത്തതായിരിക്കുന്നു ഈ ലോകം? മിത്രങ്ങള്‍ എന്തുകാരണത്താല്‍ ത്യജിക്കുന്നു? എന്തിനാല്‍ സ്വര്‍ഗ്ഗം ലഭിക്കാതിരിക്കുന്നു?
ഹംസം പറഞ്ഞു: ലോകം അജ്ഞാനത്താല്‍ മൂടിയിരിക്കുന്നു! മാത്സര്യത്താല്‍ തെളിയാതിരിക്കയാണ്! ലോഭം മൂലമാണ് മിത്രങ്ങള്‍ തൃജിക്കുന്നത്! സംഗം മൂലമാണ് സ്വര്‍ഗ്ഗം ലഭിക്കാതിരിക്കുന്നത്.
സാദ്ധ്യര്‍ പറഞ്ഞു: ബ്രാഹ്മണരില്‍ ഒരേ ഒരുത്തന്‍ മാത്രം എല്ലായ്പോഴും സുഖത്തോടെ ഇരിക്കുന്നു. അവന്‍ ആരാണ്? ഏതൊരുത്തനാണ് ജനമദ്ധ്യത്തില്‍ മൗനവ്രതം സ്വീകരിച്ചു സുഖിക്കുന്നത്? ഏതൊരുത്തനാണ് ബ്രാഹ്മണരില്‍ ശക്തിഹീനനാണെങ്കിലും സശക്തനായി വിളങ്ങുന്നത്? ഏതൊരുത്തനാണ് ബ്രാഹ്മണരില്‍ വഴക്കടിക്കാതെ വര്‍ത്തിക്കുന്നത്? അങ്ങു പറഞ്ഞാലും.
ഹംസം പറഞ്ഞു: ബ്രാഹ്മണരില്‍ ബുദ്ധിയുള്ളവന്‍ ആരോ, അവന്‍ മാത്രമാണ് സുഖം അനുഭവിക്കുന്നത്. ബ്രാഹ്മണരില്‍ ബുദ്ധിമാനായവന്‍ ആരോ, അവന്‍ മാത്രമാണ് ബഹുജനമദ്ധ്യത്തില്‍ മൌനം ഭജിച്ചു സുഖത്തെ പ്രാപിക്കുന്നത്. ബ്രാഹ്മണരില്‍ ബുദ്ധിയുള്ളവന്‍ ആരോ അവന്‍ മാത്രമാണ് ദൂര്‍ബ്ബലനാണെങ്കിലും ബലവാനായി ശോഭിക്കുന്നത്. ബ്രാഹ്മണരില്‍ ആരാണോ ബുദ്ധിമാന്‍, പ്രാജ്ഞന്‍, അവന്‍ മാത്രമാണ് വഴക്കിടാതെ ജനമദ്ധ്യത്തില്‍ വിജയിയായി ജീവിക്കുന്നത്.
സാദ്ധ്യര്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക് എന്താണ് ദേവത്വം? ബ്രാഹ്മണര്‍ക്ക് എന്താണ് സാധുത്വം? ഇവര്‍ക്ക് അസാധുത്വം എന്താണ്? ഇവര്‍ക്ക് മനുഷ്യത്വം എന്താണ്?"
ഹംസം പറഞ്ഞു: ബ്രാഹ്മണര്‍ക്ക് ദേവത്വം സ്വാദ്ധ്യായമാണ്. ബ്രാഹ്മണര്‍ക്ക് വ്രതമാണ് സാധുത്വം! ബ്രാഹ്മണര്‍ക്ക് ശകാരമാണ് അസാധുത്വം! മൃത്യുവാണ് മാനുഷം (മനുഷത്വം).
ഭീഷ്മൻ പറഞ്ഞു: സാദ്ധ്യന്മാരും ഹംസവുമായി ചെയ്ത ശ്രേഷ്ഠമായ സംവാദം ഞാന്‍ പറഞ്ഞു തന്നു. കര്‍മ്മത്തിന്റെ ഉത്ഭവം ശരീരത്തില്‍ നിന്നാണ്, ജീവന്‍ (അസ്തിത്വം) ആണ് സത്യം.
അദ്ധ്യായം 301. യോഗവിധി - സാംഖ്യത്തിന്റെയും യോഗത്തിന്റെയും അന്തരം - യുധിഷ്ഠിരന്‍ പറഞ്ഞു : അല്ലയോ പിതാമഹാ, സാംഖ്യം യോഗം എന്നിവകളില്‍ എന്താണ് തമ്മില്‍ അന്തരം? അല്ലയോ ധര്‍മ്മജാ! അങ്ങയ്ക്ക് എല്ലാം അറിയാമല്ലോ കുരുസത്തമാ! പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: സാംഖ്യത്തെ സാംഖ്യര്‍ പുകഴ്ത്തുന്നു. യോഗത്തെ യോഗികളായ ദ്വിജാതികളും പുകഴ്ത്തുന്നു. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങളെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അവരവരുടെ മതം ശ്രേഷ്ഠമെന്നു വിളംബരം ചെയുന്നു.
യോഗികള്‍ ചോദിക്കുന്നു, ഈശ്വരവിശ്വാസം ഇല്ലെങ്കില്‍ പിന്നെ അവര്‍ക്ക് മോക്ഷം എവിടെ? അതിലാണ്, ദൈവവിശ്വാസത്തിലാണ്, യോഗത്തിന്റെ അടിസ്ഥാനം. ദൈവവിശ്വാസം ഇല്ലാത്തവന് മോക്ഷസിദ്ധിയില്ല എന്ന് അവര്‍ പറയുന്നു.
സാംഖ്യത്തില്‍ വിശ്വസിക്കുന്നവര്‍, എല്ലാ ഗതികളും കണ്ട്, വിഷയങ്ങളെ വെറുത്തവരായ സാംഖ്യന്മാര്‍, നല്ല ഉദാഹരണങ്ങളെ കാണിക്കുന്നു. ശരിയായ ജ്ഞാനം എല്ലാ ജീവികളുടെയും അന്ത്യം കണ്ടറിഞ്ഞു പറയുന്നു. ഈ ലോകത്തോടു ബന്ധപ്പെട്ട സകലതില്‍ നിന്നും വിട്ടൊഴിഞ്ഞ്, ഈ ദേഹവും വെടിഞ്ഞു കഴിഞ്ഞാല്‍ ദേഹി മോക്ഷത്ത പ്രാപിക്കുമെന്നാണ്. അല്ലാതെ മറ്റു പ്രകാരമാകാന്‍ വഴിയില്ലെന്നാണ്. വലിയ ജ്ഞാനികള്‍ സാംഖ്യദര്‍ശനമാണ് മോക്ഷമെന്നു പറയുന്നത്.
കാരണങ്ങള്‍, രണ്ട് അഭിപ്രായക്കാരുടെയും തുല്യമായി രണ്ടു ഭാഗത്തും കാണുന്നു. ആര്‍ക്ക് ഏതില്‍ താല്പര്യം തോന്നുന്നുവോ, അതിനെ അവര്‍ സ്വീകരിച്ചു പുകഴ്ത്തുന്നു. ഓരോരുത്തരുടെയും അഭിപ്രായം ഓരോരുത്തരും വെച്ചു പുലര്‍ത്തുന്നു.
എന്നാല്‍ രണ്ടു ഭാഗത്തും നല്ലവരായ വിജ്ഞാനികളുണ്ട്. അല്ലയോ രാജാവേ, ഭവാനെപ്പോലെയുള്ളവര്‍ ഏത് അഭിപ്രായവും സ്വാഗതം ചെയ്യും. ശിഷ്യന്മാരുടെ വാക്ക് ശിഷ്ടന്മാര്‍ മാനിക്കണമല്ലോ. യോഗസാംഖൃശാസ്ത്രങ്ങള്‍ പൂര്‍ണ്ണമാക്കുന്നതു പ്രത്യക്ഷ ഹേതുക്കളാണ്. അതായത്, പ്രത്യക്ഷം, ഹേതു ഇവ രണ്ടുമാണ് യോഗത്തിന്നും പ്രത്യക്ഷപ്രമാണത്തിനും സ്വീകാര്യം. സാംഖ്യത്തിനു ഹേതു (ശാസ്ത്രോക്തം) മാത്രമാണ്. ഈ പറയപ്പെട്ട രണ്ടു പ്രമാണങ്ങളും ഞാന്‍ സ്വീകരിക്കുന്നുണ്ട്. യുധിഷ്ഠിരാ! അവ രണ്ടും എനിക്ക് ബോദ്ധ്യമാണ്. ഉണ്ണീ, ഈ രണ്ടുമ തവും ശിഷ്ടസമ്മതമായ ജ്ഞാനമാണ് രാജാവേ! അത് ശാസ്ത്രാനുസരണം എത്തിച്ചാല്‍ പരമമായ സല്‍ഗതി നേടാം. രണ്ടിന്നും ശൗചം ഒപ്പം തന്നെയാണ്. ഭൂതകാരുണ്യത്താലും രണ്ടും തുല്യം തന്നെയാണ്. വ്രതധാരണവും രണ്ടിന്നും തുല്യമാണ്. എന്നാല്‍ രണ്ടിന്റെയും കാഴ്ച ഒപ്പമല്ല; വ്യത്യാസമുണ്ട്.
യുധിഷ്ഠിരന്‍ പറഞ്ഞു: വ്രതം, ശൗചം, ദയ, ഫലം ഈ പറഞ്ഞതൊക്കെ തുല്യമാണെങ്കില്‍ പിന്നെ കാഴ്ച എന്താണ് തുല്യമാകാതെ വന്നത്? അല്ലയോ പിതാമഹാ, അങ്ങു പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: യുധിഷ്ഠിരാ, അതു പറയാം. രാഗം, മോഹം, സ്നേഹം, കാമം, ക്രോധം ഇങ്ങനെയുള്ള അഞ്ചു ദോഷങ്ങളും ഭേദിച്ച് യോഗികള്‍ വെളിക്കുവരുന്നു. വലിയ മത്സ്യങ്ങള്‍ വലപൊട്ടിച്ച് വീണ്ടും ജലത്തില്‍ത്തന്നെ ചെല്ലുന്ന മാതിരി യോഗികള്‍ ആ പദത്തില്‍ അകല്മഷരായി എത്തുന്നു. കാമക്രോധാദികളായ വലകളാണു യോഗികള്‍ പൊട്ടിച്ച് , സാക്ഷാല്‍ മോക്ഷജലത്തില്‍ പ്രവേശിക്കുന്നത്. അല്ലെങ്കില്‍ വേറെ ഒരുദാഹരണം പറയാം. കാട്ടില്‍ വല പൊട്ടിച്ച് വലിയ മൃഗങ്ങള്‍ ശരിയായ വഴിക്ക് എത്തുന്നതു പോലെ ലൌകികമായ സര്‍വ്വബന്ധങ്ങളെയും പൊട്ടിച്ചു ചാടി യോഗി ശരിയായ മാര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു. രാജാവേ, ബലവാന്മാര്‍ ലോഭാദികളായ ബന്ധനങ്ങള്‍ പൊട്ടിച്ച് യോഗിമാരുടെ നിര്‍മ്മലവും ശുഭവുമായ മാര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ ദുര്‍ബലന്മാരായ മറ്റു ചില മൃഗങ്ങള്‍ വലയില്‍ക്കുടുങ്ങി നശിക്കുന്നത് നാം കാണുന്നുണ്ടല്ലോ. അത്തരത്തില്‍ യോഗബലം ഇല്ലാത്ത കൂട്ടര്‍ നശിക്കുന്നു.
അല്ലയോ കൌന്തേയാ, വേറെ ഒരു ഉദാഹരണം പറയാം, വലയില്‍പ്പെട്ട ബലഹീനരായ മത്സ്യങ്ങള്‍ കെട്ടുകളില്‍ കിടക്കുന്ന മാതിരി രാജാവേ, ദുര്‍ബ്ബലരായ യോഗിമാരും അതില്‍ കുടുങ്ങി ലാകിക ബന്ധങ്ങള്‍ക്കു പാത്രമായിത്തീരുന്നു. സൂക്ഷ്മമായ വലയില്‍പ്പെട്ട് പക്ഷികളും അതില്‍ കുടുങ്ങി ചാകുന്നു. എന്നാല്‍ ബലമുള്ളവ മാത്രം വല തകര്‍ത്തു രക്ഷപ്പെടുന്നു.
ഈ മാതിരിയാണ് യോഗികളുടെയും കഥ. കര്‍മ്മ ബന്ധംവിട്ട യോഗികളും ഇപ്രകാരം, അല്ലയോ പരന്തപാ, ദൂര്‍ബലന്മാര്‍ നശിക്കുകയും ബലവാന്‍ന്മാര്‍ കെട്ടുവിട്ട് കയറിപ്പോവുകയും ചെയ്യും. വേറെ ഒന്നു പറയാം: ചെറിയ തീയില്‍ വലിയ വിറകുമുട്ടി കൂട്ടിയാല്‍ അഗ്നിബലം കെട്ടുകെട്ട് പോകുന്നത് പോലെയാണ് ബലഹീനനായ യോഗിയുടേയും കഥ. ആ അഗ്നിതന്നെ ബലവാനായി വന്നാല്‍, അവന്‍ കാറ്റിനോടു കൂടിച്ചേര്‍ന്നാല്‍, ഭൂമണ്ഡലം മുഴുവന്‍ തന്നെ അവന്‍ ചുട്ടുകളയും. ഇപ്രകാരം തന്നെ ബലം നേടിയ യോഗി തേജസ്സു നേടി മഹാബലനായിക്കഴിഞ്ഞാല്‍ പ്രളയാര്‍ക്കനെപ്പോലെ ഈ ലോകമൊക്കെ വാട്ടി ശോഷിപ്പിച്ചുകളയും.
രാജാവേ, ദുര്‍ബലനായ മനുഷ്യന്‍ ഒഴുക്കില്‍പ്പെട്ട് ഒഴുകുന്ന മാതിരി ദുര്‍ബ്ബലനായ യോഗി അവശനായി വിഷയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടവനാകും. എന്നാല്‍, ആ പ്രവാഹത്തെത്തന്നെ ശക്തനായ കൊമ്പനാനയ്ക്ക് തടുക്കാന്‍ കഴി യും. അപ്രകാരം യോഗബലമുള്ളവന്‍ വിഷയങ്ങളെ തടുക്കും. എല്ലാ വസ്തുക്കളില്‍ നിന്നും സ്വതന്ത്രനായ യോഗി യോഗബലം കൊണ്ട് ഋഷികളായ പ്രജാപതികളിലും സുരന്മാരിലും ഭൂതജാലങ്ങളിലും ഈശ്വരനായി വര്‍ത്തിക്കുന്നു. യമനും, ക്രുദ്ധനായ അന്തകനും, ഭീമവിക്രമനായ മൃത്യു പോലും തേജസ്വിയായ യോഗിയോട് ഏല്ക്കുവാന്‍ ശക്തരല്ല രാജാവേ! യോഗബലം നേടിയ യോഗി ആയിരം ദേഹങ്ങളെ യോഗബലം കൊണ്ടു തന്നില്‍ നിന്ന് ഉണ്ടാക്കി അവയോടു കൂടി ഭൂമി ചുറ്റും. അവരില്‍ ചിലര്‍ വിഷയങ്ങള്‍ നേടി ഇന്ദ്രിയ സുഖാനുഭവങ്ങള്‍ക്ക് ശേഷം, വീണ്ടും തപസ്സില്‍ ലയിച്ച്, വീണ്ടും സൂര്യനെപ്പോലെ തേജസ്സിനേയും ബലത്തേയും അടക്കും.
ബലം നേടുകയും, ബന്ധനങ്ങള്‍ കെട്ടപ്പെടാതിരിക്കുകയും ചെയ്യുന്ന യോഗിക്ക് രാജാവേ, മഹത്തായ മോക്ഷസ്വാതന്ത്ര്യം ലഭിക്കും. അതില്‍ സംശയമില്ല എന്നു പറയുന്നു.
ഈ ബലങ്ങളൊക്കെ യോഗം കൊണ്ട് ലഭിക്കുന്നതാണ്. രാജാവേ! ദൃഷ്ടാന്തത്തിന് ചില സൂക്ഷ്മ കാര്യങ്ങള്‍ നിന്നോടു പറയാം.
ഞാന്‍ ഒന്നുകൂടി വിശദമാക്കാം. സൂക്ഷ്മമായ ദൃഷ്ടാന്തങ്ങളാണ് പറയുന്നത്. രാജാവേ, കേള്‍ക്കുക. സൂക്ഷ്മ ദൃഷ്ടാന്തം ആത്മാവിന്റെ ധാരണാ സമാധികളെപ്പറ്റി വിശദമാക്കാം. (ധാരണയെന്നത് ചൂറ്റിക്കറങ്ങുന്ന ആത്മാവിനെ ഒന്നില്‍ നിര്‍ത്തുക എന്നതാണ്. സമാധി എന്നത് പൂര്‍ണ്ണമായ മുഴുകലാണ്)
ഒരു പിഴയ്ക്കാത്ത വില്ലാളി ലക്ഷ്യത്തെ ശരിക്കു നോക്കി, ലക്ഷ്യത്തില്‍ എയ്യുന്നമാതിരി യോഗത്തില്‍ മനസ്സുവച്ച യോഗി ശരിക്ക് മോക്ഷത്തെ സംശയം കൂടാതെ പ്രാപിക്കും. എണ്ണനിറച്ച പാത്രം ചലിക്കാതെ, മനസ്സുവെച്ച്, ഒരുത്തന്‍ കോണി കയറുന്നതിലും മനസ്സു വെച്ച് എങ്ങനെ കയറുന്നുവോ, അപ്രകാരം യോഗത്തില്‍ ആത്മാവിനെ ഇളകാതാക്കി. അങ്ങനെ. രാജാവേ, നിര്‍മ്മലാത്മാവിനെ സൂര്യതുല്യം ദര്‍ശനനാക്കി തീര്‍ക്കും.
അല്ലയോ പാര്‍ത്ഥാ, ശ്രദ്ധയോടെ അമരക്കാരന്‍ തോണി കടലില്‍ കൊണ്ടു പോയി എങ്ങനെ തുറമുഖത്ത് എത്തിക്കുന്നുവോ, അപ്രകാരം ആത്മസമാധാനം യോഗത്താല്‍ തത്വജ്ഞന്‍ ഏറ്റ് ദുര്‍ഗ്ഗസ്ഥാനത്ത് ഈ ദേഹം വിട്ട് എത്തുന്നു. രാജാവേ, നല്ല കുതിരകളെ തേരില്‍പ്പൂട്ടി സമാഹിതനായ സൂതന്‍ വില്ലാളിയെ എപ്രകാരം വേണ്ട ദിക്കില്‍ എത്തിക്കുന്നുവോ, അപ്രകാരം രാജാവേ, ധാരണാതിസമാഹിതനായ യോഗി പരമമായ സ്ഥാനത്ത് ക്ഷണത്തില്‍ ലക്ഷ്യത്തില്‍ എയ്ത അമ്പു പോലെ ചെന്നെത്തും.
ആത്മാവിനെ ആത്മാവിലാക്കി യോഗി അചഞ്ചലനായി നില്ക്കും. പാപം നശിപ്പിച്ച് പരിശുദ്ധരായി അജരസ്ഥാനത്തു ചെന്നെത്തും. നാഭി, കണ്ഠം, മൗലി, കരള്‍, നെഞ്ച്, പാര്‍ശ്വങ്ങള്‍, കണ്ണ്, കാത്, മൂക്ക്, എന്നിവയിലെല്ലാം മഹാവ്രത സമാഹിതനായ, അമിതവിക്രമനായ, യോഗി സുക്ഷ്മാത്മാവിനെ ആത്മാവില്‍ നന്നായി ചേര്‍ക്കും രാജാവേ! അവന്‍ കുന്നുപോലെ വലുതായ ശുഭാശുഭകര്‍മ്മങ്ങളെ ചുട്ട് ഉത്തമമായ യോഗത്തെ പ്രാപിക്കും. വേണമെന്നു തോന്നുമ്പോള്‍ വിമുക്തനാകാം..
യുധിഷ്ഠിരന്‍ പറഞ്ഞു: എന്തെല്ലാം ആഹാരമാക്കി, എന്തെല്ലാം ജയിച്ച്, യോഗി ബലവാനായി വരും: അത് അങ്ങ് പറയണേ!
ഭീഷ്മന്‍ പറഞ്ഞു: ധാന്യകങ്ങളോ, പിണ്ണാക്കോ തിന്നു ശീലിച്ച്, അല്ലയോ ഭാരതാ, നെയ്യും വെണ്ണയും വര്‍ജ്ജിച്ച്, യോഗി ബലവാനായി ഭവിക്കും. പിന്നെ വളരെക്കാലം ധാന്യം പൊടിച്ചത് യാതൊരു രസവും ജലവും ചേര്‍ക്കാതെ തിന്ന് ജീവിക്കും. പിന്നെ വളരെക്കാലം അതുതന്നെ ദിവസത്തില്‍ ഒരു നേരം മാത്രം ആഹാരമാക്കി ജീവിക്കും. അങ്ങനെ ആത്മശുദ്ധിയോടെ യോഗബലവാനായി ജീവിക്കും. പിന്നെ ദിവസത്തിലൊരിക്കല്‍ വെള്ളം ചേര്‍ന്ന പാല്‍ മാത്രം ആഹാരമാക്കി കഴിയും. കുറെ നാള്‍ കഴിഞ്ഞാല്‍ പിന്നെ മാസത്തില്‍ ഒരു ദിവസം ഒരു നേരം ഈ വെള്ളം ചേര്‍ന്ന പാല്‍ മാത്രം ആഹാരമായി കഴിയും. പിന്നെ അതു തന്നെ മുമ്മൂന്നു മാസം കൂടുമ്പോഴാകും, ആറാറുമാസം കൂടുമ്പോഴേക്കും, പിന്നെ അത് കൊല്ലത്തില്‍ ഒരുപ്രാവശ്യം മാത്രമാകും. അങ്ങനെ യോഗി യോഗബലം മാത്രം ആശ്രയിച്ച് ജീവിക്കും.
പിന്നെ വിച്ഛേദം കൂടാതെ ഓരോ മാസം തികച്ച് ഉപവാസം ചെയ്തു ശുദ്ധനായി യോഗീന്ദ്രന്‍ ബലത്തെ പ്രാപിക്കും. കാമവും ക്രോധവും ജയിച്ച്, ശീതവും, ഉഷ്ണവും, വര്‍ഷവും,ഭയവും, നിദ്രയും, മടിയും എന്നിവയൊക്കെ ജയിച്ച്, മഹാത്മാക്കള്‍ സൂക്ഷ്മാത്മാവിനെ ദീപിപ്പിക്കുന്നു. മഹാപ്രാജ്ഞര്‍ ധ്യാനം, അദ്ധ്യയനം എന്നിവയാല്‍ വിരക്തരാകുന്നു. പണ്ഡിതന്മാരായ ബ്രാഹ്മണര്‍ക്കും ഈ മഹാമാര്‍ഗ്ഗം മഹാദുര്‍ഗ്ഗമാണ്. ഈ മാര്‍ഗ്ഗത്തിലൂടെ ഒരുത്തന്‍ ചെല്ലുമ്പോള്‍- ഭരതര്‍ഷഭാ, യുവാവായ മറ്റൊരുത്തന്‍ ഘോരമായ കാട്ടില്‍ പ്രവേശിച്ച്, വളരെ സര്‍പ്പങ്ങളും, സരീസൃപങ്ങളും ചേര്‍ന്നതും, വെള്ളമില്ലാത്തതും ദുര്‍ഗ്ഗമായതും, ഭക്ഷണം കിട്ടാത്തതുമായ കാട്ടില്‍ മഹാമരങ്ങള്‍ കാട്ടുതീയില്‍ കത്തിജ്ജ്വലിക്കുന്ന ഇടത്ത്, കള്ളന്മാര്‍ കൂടുന്ന പെരുവഴിയില്‍, ക്ഷേമത്തോടെ എത്തിയെന്നും വരാം. അപ്രകാരം യോഗ മാര്‍ഗ്ഗത്തെ പ്രാപിച്ച ഒരു വിപ്രന്‍ കടന്നു എന്നു വരാം. ക്ഷേമത്താല്‍ വഴി തീര്‍ത്തുവെങ്കില്‍ അത് മഹാദോഷമാണു താനും.
കൂര്‍ത്ത കത്തിമുനയില്‍ ഊന്നിനില്ക്കാം രാജാവേ! എന്നാല്‍ യോഗധാരണയില്‍ നില്‍ക്കുവാന്‍ അകൃതാത്മാ ക്കള്‍ക്കു കഴിയുകയില്ല. കേടുതട്ടുന്ന ധാരണകള്‍ ഉണ്ണീ, നല്ലവഴി കേറ്റുകയില്ല. നേതാവില്ലാത്ത കപ്പല്‍ നരന്മാരെ കടലിലിറക്കിയാല്‍ മറുകരെയെത്തിക്കാത്ത വിധം നിരാധാരമാക്കും.
അല്ലയോ കൗന്തേയാ, ധാരണകളില്‍ വിധിപ്രകാരം നില്ക്കുന്നതായാല്‍ ജന്മം, മൃത്യു, സുഖം, ദുഃഖം എന്നിവ യൊക്കെ അവന്‍ വിടുന്നതാണ്.
നാനാശാസ്ത്രോത്പന്നമായ ഇത് യോഗങ്ങളില്‍. ഉദാഹരിക്കപ്പെട്ടിരിക്കുന്നു. യോഗത്തിന്റെ കൃത്യം ശ്രേഷ്ഠമാണ്. അത് ബ്രാഹ്മണരില്‍ സുനിശ്ചിതമാണ്.
യോഗത്തിന്റെ - മഹത്തായ ഫലം ബ്രഹ്മമയമാകുന്നു. മഹാത്മാവേ, ഈശനായ ബ്രഹ്മാവ്, വരദനായ വിഷ്ണു, പിന്നെ ഭവന്‍, ധര്‍മ്മം, ഷണ്‍മുഖന്‍, ബ്രഹ്മപുത്രരായ മഹാനുഭാവന്മാര്‍, തമസ്സ്, കഷ്ടത, വലിയ രജസ്സ്, തപസ്സ്, വിശുദ്ധമായ സത്വം, പ്രധാനപ്പെട്ട പ്രകൃതി, വരുണപത്നിയായ സിദ്ധി, അശേഷമായ തേജസ്സ്, വലിയ ധൈര്യം, നക്ഷത്രങ്ങളോടു കൂടിയ ആകാശമണണ്ഡലം, ചന്ദ്രന്‍, വിശ്വേദേ ന്മാര്‍, പന്നഗന്മാര്‍, പിതൃക്കള്‍, എല്ലാ ശൈലങ്ങളും, എല്ലാ ഉഗ്രമായ കടലുകളും, എല്ലാ സരിത്തുക്കളും, വനങ്ങള്‍, നാഗങ്ങള്‍, യക്ഷഗണങ്ങള്‍, ദിക്കുകള്‍, ഗന്ധര്‍വ്വന്മാര്‍, പുരുഷന്മാര്‍, നാരിമാര്‍, ഇപ്പറഞ്ഞവരെയെല്ലാം കണ്ട് മഹാനായ മഹാത്മാവ്, യോഗി ഇണങ്ങുന്നതല്ല. എന്തു കൊണ്ടെന്നാല്‍ യോഗി ചിരം വിമുക്തനാകുന്നു.
രാജാവേ, ഞാന്‍ പറഞ്ഞതായ ഈ പ്രസംഗം വീര്യാഡ്യനായ ദേവന് ചേര്‍ന്നതാണ്. അത് സാക്ഷാല്‍ ബ്രഹ്മത്തെ കുറിച്ചുള്ളത് തന്നെയാണ്. യോഗി മര്‍ത്ത്യരെയെല്ലാം വിട്ട് നാരായണാത്മാവ് അരുളുന്ന മഹാത്മാവായി തീരുന്നു. മഹാത്മാവായ യോഗിക്ക് സകലവിധ സൃഷ്ടിക്കും കഴിവുണ്ടാകുന്നു.
No comments:
Post a Comment