Friday, 1 July 2022

ശാന്തിപര്‍വ്വം അദ്ധ്യായം 211 മുതൽ 240 വരെ

അദ്ധ്യായം 211. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - സംസാരചക്രവും ജീവാത്മാവും

212. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - സത്വ രജസ് തമോ ഗുണങ്ങള്‍

213. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - വിഷയാസക്തി വിടുവാനുള്ള ഉപദേശം 

214. വാര്‍ഷ്‌ണേയാദ്ധ്യാത്മകഥനം - ബ്രഹ്മചര്യവും വൈരാഗ്യവും  

215. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - ശാശ്വതമായ ബ്രഹ്മോപലബ്ധിക്ക്‌ യത്നിക്കുക  

216. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - സ്വപ്നവും അതിന്റെ ഉല്‍പ്പത്തിക്കുള്ള കാരണവും  

217. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധം  

218. പഞ്ചശിഖവാക്യം - സദസദ്ഭാവം  

219. പഞ്ചശിഖവാക്യം - പുനര്‍ജ്ജന്മവും മോക്ഷവും  

220. ദമപ്രശംസ  

221. അമൃതപ്രാശനികം  

222. ശക്രപ്രഹ്‌ളാദസംവാദം - കാലത്തിന്റെ മഹത്വത്തെ പ്രഹ്‌ളാദന്‍ ഇന്ദ്രനോട്‌ പറയുന്നു  

223. ബലിവാസവസംവാദം - ഇന്ദ്രന്റെ ആക്ഷേപ വാക്കുകള്‍ക്ക്‌ ബലിയുടെ മറുപടി 

224. ബലിവാസവസംവാദം - കാലത്തിന്റെ ശക്തി അനുല്ലംഘ്യമാണെന്ന്‌ ബലി ഇന്ദ്രനോട്‌ പറയുന്നു  

225. ശ്രീസന്നിധാനം- ഇന്ദ്രനും ലക്ഷ്മിയും തമ്മില്‍ നടന്ന സംഭാഷണം 

226. ശക്രനമുചിസംവാദം - ദുഃഖഹേതുവുണ്ടായിട്ടും ദുഃഖിക്കാത്ത നമുചിയോട്‌ ഇന്ദ്രന്‍ പറയുന്നത്‌  

227. ബലിവാസവസംവാദം - കാലത്തിന്റെ യോഗ്യതയെക്കുറിച്ച്‌ ഇന്ദ്രനോട്‌ ബലിയുടെ മറുപടി - 

228. ശ്രീവാസവസംവാദം -- ലക്ഷ്മിയും ഇന്ദ്രനും തമ്മിലുള്ള സംഭാഷണം 

229. ജൈഗീഷവ്യാസിത സംവാദം - ജൈഗീഷവ്യന്‍ അസിതന് സമത്വബുദ്ധി ഉപദേശിക്കുന്നു  

230. വാസുദേവോഗ്രസേനസംവാദം - നാരദനെപ്പറ്റി ശ്രീകൃഷ്ണനും ഉഗ്രസേനനും തമ്മില്‍ നടന്ന സംഭാഷണം 

231. ശുകാനുപ്രശ്നം - കാലസ്വരൂപവിവരണം  

232. ശുകാനുപ്രശ്‌നം - സൃഷ്ടിയുടെ ഉത്പത്തി ക്രമവും യുഗധര്‍മ്മങ്ങളും 

233. ശുകാനുപ്രശ്‌നം - ബ്രഹ്മപ്രളയവും മഹാപ്രളയവും 

234. ശുകാനുപ്രശ്‌നം - ബ്രാഹ്മണരുടെ കര്‍ത്തവ്യവും ദാനത്തിന്റെ മഹത്വവും  

235. ശുകാനുപ്രശ്‌നം - കാലമാകുന്ന മഹാനദി കടക്കുവാനുള്ള ഉപായം  

236. ശുകാനുപ്രശ്‌നം - ജ്ഞാനത്തില്‍നിന്ന്‌ മോക്ഷപ്രാപ്തി  

237. ശുകാനുപ്രശ്‌നം - ബുദ്ധിയുടെ പ്രാധാന്യം, പ്രാണികളുടെ ശ്രേഷ്ഠതയില്‍ താരതമ്യം 

238. ശുകാനുപ്രശ്‌നം - ഭൂതങ്ങളുടെ കര്‍മ്മതത്ത്വം  

239. ശുകാനുപ്രശ്‌നം - ജ്ഞാനത്തിന്റെ തത്ത്വം  

240. ശുകാനുപ്രശ്‌നം - യോഗംകൊണ്ട്‌ പരമാത്മപ്രാ പ്തി  

അദ്ധ്യായം 211. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - സംസാര ചക്രവും ജീവാത്മാവും - ഭീഷ്മൻ പറഞ്ഞു: ചരങ്ങളും അചരങ്ങളുമായ ഭൂതങ്ങള്‍ നാലു വകുപ്പില്‍ പെടുന്നു. അവ അവ്യക്തജനങ്ങളാണ്‌. അവ്യക്തനാശങ്ങളുമാണ്‌ അവ. വ്യക്താത്മകമായ മനസ്സ്‌ അവ്യക്തത്തിലെ ലക്ഷണം കണ്ടറിയണം. വലിയ ഒരു ആല്‍ അതിന്റെ സൂക്ഷ്മമായ കുരുവിന്റെ ഉള്ളില്‍ നിന്ന്‌ പുറപ്പെ ടുന്നതായി മനസ്സിലാകുന്നുണ്ടല്ലോ. അതുപോലെ വ്യക്തത്തില്‍ നിന്ന്‌ അവ്യക്തത്തെ അറിയണം. അചേതനമായ ഇരുമ്പ്‌ അയസ്‌ കാന്തത്തിലേക്ക്‌ എങ്ങനെ തിരിയുന്നുവോ, എങ്ങനെ ചേരാന്‍ ആഗ്രഹിക്കുന്നുവോ, എല്ലാറ്റിന്റേയും സ്വഭാവവും, ഹേതുഭാവങ്ങളും ഇത്തരത്തിൽ ആണെന്നറിയണം. ഈ അയസ്‌കാന്തം പോലെ വാസനയും താല്പര്യവും സ്വാഭാവികമായി ഓരോന്നില്‍ പ്രാണികള്‍ക്കുണ്ടാകുന്നു. അവയെല്ലാം പുതിയ ജീവിതത്തില്‍ ആത്മാവിനെ പ്രാപിക്കുന്നു. ആ മിത്ഥ്യാ സങ്കല്പങ്ങളും, അജ്ഞാനങ്ങളും അവരുടെ സ്വഭാവം പോലെ ആത്മാവുമായി കലര്‍ന്ന്‌ പുതിയ ജന്മത്തില്‍ അവ പ്രതിഫലിക്കുന്നു. 

അതു പോലെ തന്നെ ആത്മാവിന്റെ വാസനയും ആഗ്രഹവും ബ്രഹ്മത്തിലേക്കു തിരിയുന്നു. കാരണത്താല്‍ ചേഷ്ടാകൃത്തില്‍ അചേതനം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഭൂമി, ആകാശം, ഭൂതജാലങ്ങള്‍, മുനിമാര്‍, സുരാസുരന്മാര്‍, മറ്റു വസ്തുക്കള്‍ ഇവയൊന്നും ജീവന്‍ ഇല്ല എങ്കില്‍ ചിദാത്മാവില്‍ എത്തിച്ചേരുന്നതല്ല. അജ്ഞാനത്താലും, ഭ്രമത്താലും ബാധിക്കപ്പെട്ട അവയ്ക്ക്‌ ആത്മാവുമായി ബന്ധമില്ല. ആത്മാവ്‌ നിത്യമാണ്‌. അതിന്നു നാശമില്ല. അത്‌ എല്ലാ ജീവിയിലുമുണ്ട്‌. മനസ്സിന്‌ അതു ഹേതുവാണ്‌. അത്‌ ഗുണമില്ലാത്തതാണ്‌, നിര്‍ഗ്ഗുണനാണ്‌. നാം ഈ കാണുന്ന പ്രപഞ്ചത്തെപ്പറ്റി വേദങ്ങളില്‍ പറയുന്നത്‌ അത്‌ ഭ്രമം മൂലം മായ കൊണ്ട്‌ ഉണ്ടെന്നു തോന്നുന്നതാണെന്നാണ്‌. ജീവിയുടെ രൂപവും ഭാവവും അതിന്റെ കഴിഞ്ഞ കാലത്തെ ആഗ്രഹത്തിന് അനുസരിച്ചാണ്‌ വന്നു ചേരുക.

മുമ്പേ നിത്യവും, സര്‍വ്വഗതവും, മനോഹേതുവും, അലക്ഷണവും, കര്‍മ്മനിര്‍ദ്ദിഷ്ടങ്ങളാല്‍ അറിയപ്പെടാത്തതുമാണ്‌ പുരുഷന്‍. ഹേതുവാല്‍ മാത്രം കണ്ടെത്തേണ്ടതാണത്‌. അത്‌ കാരണത്തോടു കൂടിയതും, കാര്യസംഗ്രഹ കാരകവുമാകുന്നു. മഹത്തരമായ സംസാരചക്രം അനാദ്യന്തമായി അതു ചുറ്റിക്കൊണ്ടിരി ക്കുന്നു. അവ്യക്തവും, അനഭിവ്യക്തവുമായ അരങ്ങളോടു കൂടിയതും, വികാരവലയത്താല്‍ അങ്കിതവുമായി ക്ഷ്രേതജ്ഞന്‍ വസിക്കുന്ന ഈ സംസാരചക്രം സ്നിഗ്ദ്ധമായ അച്ചുതണ്ടില്‍ കിടന്ന്‌ എപ്പോഴും കറങ്ങുന്നു. സ്നിഗ്ദ്ധത്വം മുലം ഇരമ്പുന്ന ഈ ചക്രത്തില്‍ ലോകം കിടന്നു കറങ്ങുന്നു. സാരാംശം നഷ്ടപ്പെട്ട പിണ്ണാക്കു പോലെയുള്ള അജ്ഞാനത്തില്‍ നിന്നുണ്ടായ ഭോഗങ്ങളില്‍ തൃഷ്ണ കൊണ്ട്‌ അഹങ്കാര പരിഗ്രഹം കര്‍മ്മവത്താകുന്നു. കാര്യകാരണ യോഗത്തില്‍ അത്‌ ഹേതുവായി തീരുന്നു. കാരണം കാര്യത്തേയോ, കാര്യം കാരണത്തേയോ ഏൽക്കുന്നില്ല. കാര്യോപകരണത്തില്‍ ഹേതുവാകുന്നത്‌ കാലമാകുന്നു. 

പരസ്‌പര വികാര ഹേതു പ്രകൃതിയെ നശിപ്പിക്കുന്നു. അവ അന്യോന്യം പുരുഷാധിഷ്ഠിതങ്ങളായി എന്നും ഏൽക്കുന്നു. ഹേതു ബലത്തോടു കൂടിയവന്‍ രജസ്തമോമുക്തനായിരിക്കുന്ന ക്ഷേത്രജ്ഞനില്‍ കാറ്റില്‍ പൊടിപടലം പോലെ ചെന്നണയുന്നു. അവനില്‍ ഭാവങ്ങള്‍ ഒന്നും സ്പര്‍ശിക്കയില്ല. ആ മഹാത്മാവായ പുരുഷന്‍ ഭാവങ്ങളേയും സ്പര്‍ശിക്കയില്ല. രജസ്സുണ്ടായാലും ഇല്ലെങ്കിലും അത്‌ എപ്രകാരം വായുവിനെ ബാധിക്കാതിരിക്കുന്നുവോ, അപ്രകാരം സത്വക്ഷേത്രജ്ഞന്റെ ഉള്ളില്‍ ആ ഭാവങ്ങളൊന്നും ഏൽക്കുന്നതല്ല എന്ന്‌ ബുധന്മാര്‍ അറിയണം. അപ്രകാരം അഭ്യാസത്തോടു കൂടിയവന്‍ വീണ്ടും പ്രകൃതിയില്‍ പെടുന്നതല്ല. ശിഷ്യന്റെ സന്ദേഹം ഇങ്ങനെ ഭഗവാനായ ഋഷി നീക്കം ചെയ്തു. അപ്രകാരം ലക്ഷണജ്ഞന്മാര്‍ കാര്യങ്ങള്‍ കണ്ടറിയണം. തീയില്‍ ചുട്ട വിത്തുകള്‍ വീണ്ടും മുളയ്ക്കാതിരിക്കുന്ന മട്ടില്‍ ജ്ഞാനത്തിന്റെ അഗ്നിയില്‍ വെന്തുപോയ ക്ലേശങ്ങള്‍ വീണ്ടും ആത്മാവിനെ ബാധിക്കുകയില്ല.

അദ്ധ്യായം 212. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - സത്വ രജസ് തമോ ഗുണങ്ങള്‍ - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മമനുസരിച്ചു ജീവിക്കുന്ന ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക്‌ മറ്റു തത്ത്വങ്ങളൊന്നും രുചിക്കുകയില്ല. ജഞാനനിഷ്ഠന്മാര്‍ക്ക്‌ ജ്ഞാനം മാത്രമേ രുചിക്കുകയുള്ളു. വേദോക്തങ്ങള്‍ അറിഞ്ഞ്‌, അതില്‍ മുഴുകി ജീവിക്കുന്നവര്‍ വളരെ ദുര്‍ല്ലഭം. (പയോജന മഹത്ത്വത്താല്‍ ശീലിച്ച മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചു പറയുകയാണ്‌. സദാചാരമായതു കൊണ്ട്‌ ഈ മാര്‍ഗ്ഗം ഒരിക്കലും നിന്ദ്യമാകുന്നില്ല. ഇതാണ്‌ ബുദ്ധിപൂര്‍വ്വമായിട്ടുള്ളത്‌. ഇതിലേ ചരിക്കുവിന്‍ ഇതിലേ പോയാല്‍ സല്‍ഗതി കിട്ടും. ദേഹി, മോഹം, മൂലം, രജ സ്സ്‌, തമസ്സ്‌, ക്രോധം, ലോഭം ഇവയോടു കൂടിയവനായി എല്ലാ പരിഗ്രഹങ്ങളേയും ഏല്ക്കുന്നു. അതുകൊണ്ട്‌ ദേഹയാത്രയ്ക്കൊരുങ്ങുന്നവരാരും അശുദ്ധമായതു ചെയ്യരുത്‌. കര്‍മ്മത്താല്‍ വഴി വെക്കുന്നതായാല്‍ ശുഭലോകങ്ങള്‍ നേടാം. ലോഹക്കൂട്ടുള്ള സ്വര്‍ണ്ണം സ്വന്തമായ നിറം കാണിക്കാത്ത വിധം മറ്റു പക്വ കഷായാഖ്യമായ വിജ്ഞാനം തെളിയാതെ കാണും. കാമക്രോധങ്ങളോടു ചേര്‍ന്ന്‌ ലോഭത്തോടെ കര്‍മ്മം ചെയ്യുന്നവന്‍ ധര്‍മ്മ്യമായ മാര്‍ഗ്ഗം വെടിഞ്ഞു കൂട്ടത്തോടെ നശിച്ചു പോകുന്നു. അതുകൊണ്ട്‌ ശബ്ദാദികളായ വിഷയങ്ങളെ രാഗത്തോടു കൂടി ഏല്ക്കരുത്‌. അങ്ങനെ രാഗത്തോടെ സ്വീകരിച്ചാല്‍ അവ പരസ്പരം ചേര്‍ന്ന്‌ ക്രോധവും, ഹര്‍ഷവും, വിഷാദവും അതില്‍ നിന്നുണ്ടാകും. 

പഞ്ചഭൂതാത്മകമായ ദേഹം സത്വം, രാജസം താമസത്തോടെ ചേര്‍ന്നിരിക്കുമ്പോള്‍ ഇവന്‍ ആരെ വാഴ്ത്തും? ആരെ വിളിക്കും? ആരു ചെല്ലും? സ്പര്‍ശരൂപരസാദികളില്‍ ബാലിശന്മാരായ ആളുകള്‍ സംഗത്തെ ഏല്‍ക്കുന്നു. താന്‍ പാര്‍ത്ഥിവ ഗുണം ചേര്‍ന്നവനാണെന്ന്‌ വിജ്ഞാനത്താല്‍ അവന്‍ അറിയുന്നില്ല. മണ്ണു കൊണ്ടുണ്ടാക്കിയ വീട്‌ മണ്ണു കൊണ്ടു വീണ്ടും തേയ്ക്കുന്ന മാതിരി ഭക്ഷണം കഴിക്കുന്നതു കൊണ്ട്‌ പൃഥ്വിജാതമായ ഈ ദേഹം നശിക്കാതിരിക്കയാണ്‌. തേന്‍, എണ്ണ, പാല്‌, നെയ്യ്‌, മാംസങ്ങള്‍, ഉപ്പ്‌, ശര്‍ക്കര, ധാന്യങ്ങള്‍, ഫല മൂലങ്ങള്‍, ഇവ മണ്ണിന്റേയും വെള്ളത്തിന്റേയും (രണ്ടു ഭൂതങ്ങ ളുടെ) വികാരഭേദങ്ങളാണ്‌. കാട്ടില്‍ പാർക്കുന്നവൻ ഇവയില്‍ ഔത്സുക്യം കാണിക്കുന്ന മാതിരി, സ്വാദില്ലെങ്കിലും നാട്ടാഹാരം അവന്‍ ഭക്ഷണത്തിന്നെടുക്കുന്നു. അപ്രകാരം സംസാരമാകുന്ന കാട്ടില്‍ വസിക്കുന്നവന്‍ ശ്രമപ്പെട്ട്‌ രോഗാര്‍ത്തന്‍ ഔഷധം എന്ന പോലെ യാത്രയ്ക്ക്‌ ആഹാരമായി സ്വീകരിക്കുന്നു. സത്യം, ശൗചം, ആര്‍ജ്ജവം, ത്യാഗം, വര്‍ച്ചസ്സ്‌, വിക്രമം, ധൃതി, ക്ഷാന്തി, ബുദ്ധി, മനസ്സ്‌, തപം ഇവകൊണ്ട്‌ വിഷാദാത്മകമായ ഭാവങ്ങളൊക്കെ അറിഞ്ഞ്‌ ശമത്തെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ഒരിക്കലും ദുഃഖിക്കയില്ല. അതുകൊണ്ട്‌ ഇന്ദ്രിയങ്ങളെ അടക്കി ജീവി ക്കുക.

സത്വം, രജസ്സ്‌, തമസ്സ്‌ ഇവയില്‍ മോഹം കലര്‍ന്നവര്‍ അജ്ഞന്മാരാണ്‌. അവര്‍ ചക്രം കറങ്ങുന്ന മാതിരി കിടന്നു ചുറ്റും. അതുകൊണ്ട്‌ അജ്ഞാനദോഷങ്ങളെ നല്ല പോലെ സൂക്ഷിക്കുക. മഹാഭൂതേന്ദ്രിയ ഗുണങ്ങളും രജസ്സും, തമസ്സും, ത്രൈലോകൃവും സ്വേശ്വരമായ കര്‍മ്മവും അഹങ്കാരത്തില്‍ വര്‍ത്തിക്കുന്നു. തെറ്റാതെ ശരിക്ക്‌ ഋതുഭേദങ്ങളുടെ ഗുണം കാലംകാണിക്കുന്നതു മാതിരി ജീവിതോറും കര്‍മ്മപ്രവൃത്തകമായ അഹങ്കാരത്തെ കാണുക! മോഹിപ്പിക്കുന്ന തമസ്സിനെപ്പറ്റി ഓര്‍ക്കുക. അത്‌ ഇരുട്ടാണ്‌.കറുത്തതാണ്‌, അജ്ഞാന സംഭവമാണ്‌. സുഖദുഃഖക്കെട്ടുകളോടു കൂടിയ അത്‌ എല്ലാത്രിഗുണങ്ങളോടും ചേര്‍ന്നതാണ്‌. അത്‌ മോഹിപ്പിക്കുന്നതാണെന്ന്‌ ഓര്‍ക്കുക. സത്വത്തിന്റേയും, രജസ്സിന്റേയും, തമസ്സിന്റേയും പ്രസാദം ഹര്‍ഷവും പ്രീതിയും ജനിപ്പിക്കുന്നു. നിശ്ശങ്കത്വം, ധൃതി, സ്മൃതി ഇവ സത്വഗുണമാണ്‌. രാജസം, താമസം, കാമം, ക്രോധം, പ്രമാദം, ലോഭം, മോഹം, ഭയം, ക്ലമം, വിഷാദം, ശോകം, മാനം, ദര്‍പ്പം, അനാര്യത്വം ഇപ്പറഞ്ഞ ഗുണങ്ങളുടെ ഗുരുലഘുത്വം അറിഞ്ഞ്‌ തന്റെ നിലയെപ്പറ്റി ഓരോന്നിനോടും ചേര്‍ത്തു ചിന്തിച്ചു നോക്കുക. യുധിഷ്ഠിരന്‍ പറഞ്ഞു: മനസ്സു വിടുന്ന ദോഷം എന്താണ്‌? ധീ കൊണ്ട്‌ വിട്ടു പോകുന്ന ദോഷം ഏതാണ്‌? ഏതു വീണ്ടും വന്നു കൂടും? മോഹത്താല്‍ നിഷ്ഫലമായതേതാണ്‌? ഏതിന്റെ ബലാബലം ധീയാല്‍ ബുദ്ധി കൊണ്ട്‌ ബുധന്‍ ചിന്തിക്കണം? ഹേ താതാ! ഇതാണ്‌ എന്നിലുള്ള സംശയം! അങ്ങ്‌ അതു തീര്‍ത്തു തന്നാലും!

ഭീഷ്മൻ പറഞ്ഞു: മലം കലര്‍ന്ന ദോഷത്തെ പറിച്ചു നീക്കി ശുദ്ധാത്മാവ്‌ വിമുക്തനാകും! ഇരുമ്പു മഴു ഇരുമ്പിനെ മുറിക്കുന്ന മാതിരി തന്നെ വന്നു ചേര്‍ന്നതും അജ്ഞാനം കൊണ്ട്‌ ബാധിച്ചിട്ടുള്ളതുമായ ദേഹത്തെ അവന്‍ വെട്ടി നീക്കുന്നു. രാജസവും, താമസവുമായ ദോഷങ്ങള്‍ നീങ്ങിയാല്‍ കൃതാത്മാവ്‌ സഹജമായ ദോഷങ്ങളില്‍ നിന്നു വിമുക്തനാകും. ദേഹികള്‍ക്ക്‌ ആ ബീജമൊക്കെ സത്വമാണ്‌. ആത്മജഞന്നു തുല്യമാണ്‌. അതു കൊണ്ട്‌ ആത്മജ്ഞന്‍ രജസ്സും, തമസ്സും വര്‍ജ്ജിക്കണം. രജസ്സും തമസ്സും വിട്ട്‌ സത്വം നിര്‍മ്മലമാകും. അല്ലെങ്കില്‍ പണിപ്പെട്ട്‌ മന്ത്രം ജപിക്കുക. ആത്മസിദ്ധിക്ക്‌ അതു ഗുണംചെയ്യും. ശുദ്ധകര്‍മ്മം ചെയ്യുവാന്‍ അതു ഹേതുവാകും. രജസ്സു കൊണ്ട്‌ ധര്‍മ്മം ചേര്‍ന്ന കാര്യം കൂടി അങ്ങനെ നേടും. അര്‍ത്ഥത്തോടു ചേര്‍ന്നതും മറ്റു കാമങ്ങളോടു കൂടിയതും അപ്രകാരം നേടും. തമസ്സു കൊണ്ട്‌ ലോഭമുണ്ടാകും. ക്രോധജങ്ങളും ഏല്ക്കും. വിശ്വാസിയും ജ്ഞാനിയുമായ നരന്‍ എപ്പോഴും സത്വമായ സാത്വിക ഭാവം പുണ്ട്‌ നന്മ മാത്രം ചെയ്തു വിമലനും ശ്രീമാനുമായി വിളങ്ങും.

അദ്ധ്യായം 213. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - വിഷയാസക്തി വിടുവാനുള്ള ഉപദേശം - ഭീഷ്മൻ പറഞ്ഞു: രജസ്സു കൊണ്ട്‌ മോഹം ഉണ്ടാകുന്നു. തമസ്സു കൊണ്ട്‌ ക്രോധം, ലോഭം, ഭയം, ദര്‍പ്പം ഇവ ബാധിക്കുന്നു. ഇവ ഏവനില്‍ നിന്നു, വിട്ടു നില്ക്കുന്നുവോ, അവന്‍ സുഖിയാകുന്നു. ശുദ്ധാത്മാവാകുന്നു. പരനായ പരമാത്മാവിനെ, അക്ഷയനും അവ്യയയനുമായ ദേവനെ, വിഷ്ണുവും അവ്യക്ത സംസ്ഥാനനുമായ ദേവമുഖ്യനെ, വിഭുവിനെ, പ്രാപിക്കുന്നു. അവന്റെ മായയില്‍ ബന്ധിക്കപ്പെട്ടവന്‍ ബോധഹീനനായി ക്രോധത്തെ ദുഷിച്ചവനാകുന്നു. ക്രോധത്താല്‍ കാമവും, ലോഭവും, മോഹവും ബാധിച്ച്‌ നരന്‍ മാനഗര്‍വ്വു കൊണ്ട്‌ അഹങ്കാരിയായിത്തീരുന്നു. അഹങ്കാരത്തില്‍ നിന്നു പ്രവൃത്തിയും, (പവൃത്തിയാല്‍ സ്നേഹബന്ധവും സ്നേഹത്താല്‍ പിന്നെ ശോകവും സുഖദുഃഖക്രിയാരംഭം കൊണ്ട്‌ ജന്മമൃത്യു പ്രസക്തിയും ഉണ്ടാകുന്നു. ജന്മത്താല്‍ ശുക്ലശോണിത സംഭവമായി ഗര്‍ഭവാസം ലഭിക്കുന്നു. മലമൂത്രങ്ങളും ചോരയും കലര്‍ന്ന മട്ടില്‍ അവയോടിട ചേര്‍ന്ന സ്ഥാനത്തു വസിക്കുന്നു. തൃഷ്ണാര്‍ത്തന്‍ ആ സംസാരബന്ധത്തില്‍ പെട്ടതു മൂലം ഈ ജനനത്തിന്നു വിധേയനായി ഉഴലേണ്ടിവരുന്നു. 

ഈ സംസാര ബന്ധത്തിലാക്കുന്നവരാണ്‌ നാരികള്‍. പ്രകൃത്യാക്ഷേത്രമായവരാണ്‌ അവര്‍. പുരുഷന്മാര്‍ ക്ഷേത്രജ്ഞരുമാണ്‌. അതുകൊണ്ട്‌ വിശേഷിച്ചും വിദ്വാന്മാര്‍ നാരിമാരോട്‌ അധികമായി അടുക്കാറില്ല. വിദ്വാന്മാരെ പോലും മയക്കുന്ന ഘോരകൃത്യകളാണ്‌ സ്ത്രീകള്‍. രജസ്സില്‍ ആണ്ടതാണ്‌ അവരുടെ ദേഹം. ഇന്ദ്രിയങ്ങള്‍ക്കു ശാശ്വതിയാണ്‌ അവരുടെ മൂര്‍ത്തി. തൃഷ്ണയെന്നു പേരായ രാഗബീജത്താല്‍ ജന്തു സംഭവിക്കുന്നു. തന്റെ മെയ്യിലെ കൃമികളെ തന്റതല്ലെന്നു വെച്ച്‌ നീക്കാറുണ്ടല്ലേോ. അപ്രകാരം തന്നെ സംസാരത്തില്‍ കെട്ടിയിടുന്ന പുത്രന്മാരായ കൃമികളേയും തന്റേതല്ലെന്നു വെച്ചു തള്ളിക്കളയണം. ശുക്ലത്താലും രസത്താലും ദേഹത്തില്‍ ജീവികള്‍ ഉണ്ടാകും. സ്വഭാവാല്‍ കര്‍മ്മയോഗം കൊണ്ടുണ്ടാകുന്ന അവരെ ബുദ്ധിമാന്‍ മനസാ തള്ളിക്കളയണം. രജസ്സിന്റെ സ്ഥാനം തമസ്സിലാണ്‌. സത്വം നില്ക്കുന്നത്‌ രജസ്സിലുമാണ്‌. ജ്ഞാനം നില്ക്കുന്നത്‌ അവൃക്തത്തിലാണ്‌. ബുദ്ധി നില്ക്കുന്നത്‌ അഹങ്കാരത്തിലാണ്‌. ദേഹികള്‍ക്ക്‌ അതാണ്‌ ബീജം. ആ ബീജം തന്നെ വീണ്ടും ബിജമാകുന്നു. കാലം വന്നു ചേരുമ്പോള്‍ കര്‍മ്മം മൂലം സംസാരഭ്രമം ഏല്ക്കുന്നു. സ്വപ്നത്തില്‍ ദേഹമുള്ള മാതിരിയും ഉള്ളു കൊണ്ട്‌ കളിക്കുന്ന മാതിരിയുമാണ്‌ അത്‌. 

കര്‍മ്മഗര്‍ഭഗുണംകൊണ്ട്‌ ദേഹി ഗര്‍ഭത്തില്‍പ്പെട്ടത്‌ ഏല്ക്കുന്നു. ബീജമായ കര്‍മ്മം കൊണ്ട്‌ ഏതേത്‌ ഇന്ദ്രിയചോദനയോ ഉണ്ടാകുന്നു. അത്‌ അഹങ്കാരത്തില്‍ നിന്നു രാഗം ചേര്‍ന്ന മനസ്സാല്‍ ഉണ്ടാകുന്നു. ശബ്ദരാഗം മൂലം ഉള്ളുവെച്ചവന്ന്‌ ശ്രോത്രം ഉണ്ടാകുന്നു. അങ്ങനെ രൂപരാഗത്താല്‍ കണ്ണുണ്ടാകൂന്നു. ഗന്ധകാംക്ഷയാല്‍ ഘ്രാണേന്ദ്രിയമുണ്ടാകുന്നു. സ്പര്‍ശകാംക്ഷയാല്‍ ത്വക്കുണ്ടാകുന്നു. ഇവയുണ്ടാകുന്നത്‌ പ്രാണാപാനവായുക്കളോടു ചേര്‍ന്നാണ്‌. വ്യാനോദാനസമാന വായുക്കളും ചേര്‍ന്ന്‌ അങ്ങനെ അഞ്ചു വായുക്കളും ചേര്‍ന്നാണ്‌ ദേഹയാത്ര. കര്‍മ്മഭവമായ അംഗങ്ങളോടു ചേര്‍ന്ന ഉടലോടു കൂടി അവന്‍ ജനിക്കുന്നു. ആദിയും അവസാനവും മദ്ധ്യവും ദുഃഖം തന്നെ. ശരീരവും മനസ്സും ചേര്‍ന്നതാണ്‌ പുമാന്‍. ദുഃഖം ശരീരജന്യമാണ്‌. അത്‌ അഹങ്കാരത്താല്‍ വര്‍ദ്ധിക്കുന്നു. ത്യാഗം കൊണ്ട്‌ ദുഃഖം നശിച്ചു പോകുന്നു. ദുഃഖത്തിന്റെ അന്ത്യം അറിയുന്ന ജ്ഞാനി മോക്ഷം നേടും. ഇന്ദ്രിയങ്ങളുടെ ജന്മവും നാശവും കാമത്തില്‍ സ്ഥിതി ചെയ്യുന്നു. ബുദ്ധിമാന്‍ വേദമാകുന്ന ബുദ്ധി കൊണ്ട്‌ കാര്യം ഗ്രഹിച്ചു പ്രവര്‍ത്തിക്കണം. തൃഷ്ണയില്ലാത്തവനെ ജ്ഞാനേന്ദ്രിയത്തിന്റെ ഇന്ദ്രിയാര്‍ത്ഥങ്ങള്‍ അണയുകയില്ല. ജനനകാരണങ്ങളെ ഉപേക്ഷിക്കുന്ന ദേഹി പിന്നെ ജന്മമെടുക്കുന്നതല്ല.

അദ്ധ്യായം 214. വാര്‍ഷ്‌ണേയാദ്ധ്യാത്മകഥനം - ബ്രഹ്മചര്യവും വൈരാഗ്യവും - ഭീഷ്മൻ പറഞ്ഞു: അല്ലയോ രാജാവേ, ഇന്ദ്രിയങ്ങളെ അടക്കുവാനുള്ള ഉപായം ഞാന്‍ പറഞ്ഞു തരാം. ശരിക്ക്‌ ശാസ്ത്ര ദൃഷ്ടിയോടെ ശാസ്ത്രം അറിഞ്ഞു നടക്കുന്നതായാല്‍ ശ്രേഷ്ഠമായ സല്‍ഗതിയെ പ്രാപിക്കാം. പുരുഷന്‍ എല്ലാ ജീവികളിലും ശ്രേഷ്ഠനാണെന്നു പറയപ്പെടുന്നു. പുരുഷന്മാരില്‍ വെച്ച്‌ ശ്രേഷ്ഠര്‍ ബ്രാഹ്മണരാണ്‌. ബ്രാഹ്മണരില്‍ വെച്ച്‌ ശ്രേഷ്ഠര്‍ മന്ത്രജ്ഞന്മാരായ ദ്വിജേന്ദ്രന്മാരാണ്‌. സര്‍വ്വജ്ഞരും, സര്‍വ്വഭൂതാത്മഭൂതന്മാരും, സര്‍വ്വദര്‍ശികളും, വേദശാസ്ത്രജ്ഞരും, തത്ത്വാര്‍ത്ഥ വിജ്ഞന്മാരുമാണ്‌ ആ ബ്രാഹ്മണോത്തമന്മാര്‍. കണ്ണില്ലാത്തവന്‍ വഴിയില്‍ക്കിടന്ന്‌ ഉഴലുന്നതു പോലെയാണ്‌ അജ്ഞാനിയുടെ കഥ. ആ നിലയ്ക്കു ചിന്തിക്കുമ്പോള്‍ ജ്ഞാനികള്‍ എത്ര മേന്മയേറിയവരാണ്‌!

ധര്‍മ്മകാംക്ഷികള്‍ അതാതു ധര്‍മ്മത്തെ കാംക്ഷിക്കുന്നു. അവര്‍ക്ക്‌ ഈ ഗുണം ഇല്ലാതെ അര്‍ത്ഥ സാമാന്യം ഇല്ല. വാക്ക്‌, ദേഹം, ചിത്തം ഇവയുടെ ശുദ്ധി, ക്ഷമ, ധൃതി, സ്മൃതി ഈ ഗുണങ്ങളെ ധര്‍മ്മം തോറും ധര്‍മ്മജ്ഞന്മാര്‍ പറയാറുണ്ട്‌. ബ്രഹ്മത്തിന്റെ രൂപം തന്നെയാണ്‌ ബ്രഹ്മചര്യം. ധര്‍മ്മങ്ങളില്‍ വെച്ചു ശ്രേഷ്ഠമാണ്‌ അത്‌. അതുകൊണ്ട്‌ സല്‍ഗതി നേടും. ലിംഗസ്പര്‍ശമില്ലാതെ, ശബ്ദസ്പര്‍ശമില്ലാതെ ചെവിയാലുള്ള കേള്‍ക്കലാണത്‌; കണ്ണു കൊണ്ടുള്ള കാഴ്ചയാണത്‌. 

പാഴില്‍ പുറപ്പെടുന്ന വാക്കു വിട്ടൊഴിച്ച മനസ്സ്‌ ബുദ്ധി കൊണ്ട്‌ ഓര്‍ത്ത്‌ അകന്മഷമായ ബ്രഹ്മചര്യം ഉറയ്ക്കണം. നല്ലപോലെ ബ്രഹ്മചര്യം അനുഷ്ഠിച്ചവന്‍ ബ്രഹ്മലോകത്തു പ്രവേശിക്കും. മദ്ധ്യമന്‍ സ്വര്‍ഗ്ഗത്തിലെത്തും. താഴ്ന്ന മട്ടിലെങ്കിലും ബ്രഹ്മചര്യം അനുഷ്ഠിച്ചവന്‍ അടുത്ത ജന്മത്തില്‍ ബ്രാഹ്മണ ശ്രേഷ്ഠനായി ജനിക്കും. 

ബ്രഹ്മചര്യം ദുഷകരമായ ചര്യയാണ്‌. അത്‌ എങ്ങനെ വേണമെന്നു പറയാം. ദ്വിജന്‍ അതിനെത്തുടര്‍ന്ന്‌ രജസ്സിനെ അടുക്കി ജീവിക്കണം. പെണ്ണിന്റെ കൊതിപ്പിക്കുന്ന കഥ കേള്‍ക്കരുത്‌. പെണ്ണ്‌ നഗ്നയായിക്കണ്ടാല്‍ അങ്ങോട്ടു നോക്കരുത്‌. അവരെയെങ്ങാനും അങ്ങനെ കണ്ടുപോയാരു ദുര്‍ബലരായവരുടെ ഉള്ളില്‍ രജോഗുണം വളരും. മനസ്സില്‍ രാഗം ഉദിച്ചുപോയാല്‍ അതു നീങ്ങുന്നതിന്ന്‌ വ്രതമെടുക്കണം. മൂന്നു ദിവസം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കണം. വെള്ളത്തില്‍ മുങ്ങിക്കിടന്ന്‌ അഘമര്‍ഷണ മന്ത്രം ജപിക്കണം. എന്നാല്‍ ഉള്ളില്‍പ്പെട്ടു പോയ രജോദോഷം വെണ്ണീറായിപ്പോകും. അതാണ്‌ സന്തതമായ ജ്ഞാനം ഉള്‍ക്കൊള്ളുന്ന വിചക്ഷണന്‍ ചെയ്യേണ്ടത്‌. ദേഹബദ്ധനായ ആത്മാവിനെ ശമത്തിലും അമേദ്ധൃത്തിലും ബന്ധിച്ച്‌ ഇട്ടവനെപ്പോലെ കരുതണം. വാതം, പിത്തം, കഫം, രക്തം, തോല്‌, മാംസം, അസ്ഥി, ഞരമ്പുകള്‍, മജ്ജ, മെയ്യ്‌ ഇവ സിരാ മാര്‍ഗത്തിലൂടെ രസം മര്‍ത്ത്യര്‍ക്ക്‌ ചേര്‍ക്കുന്നു. 

പഞ്ചേന്ദ്രിയത്തിന്റെ ഗുണം ഗ്രഹിക്കുവാന്‍ പത്തു ഞരമ്പുകളുണ്ട്‌. അവ ചേര്‍ന്ന്‌ സൂക്ഷ്മമായ ഞരമ്പുകള്‍ അസംഖ്യമുണ്ട്‌. ഇപ്രകാരം ഈ രജസ്സ്‌ ഒഴുകുന്ന ഞരമ്പാകുന്ന നദികള്‍, ദേഹമാകുന്ന സമുദ്രത്തെ യഥാകാലം പുഴയെന്ന പോലെ നിറയ്ക്കുന്നു. കരളിന്റെ നടുവില്‍ ഒരു ഞരമ്പുണ്ട്‌. അതിനെ മനോവഹയെന്നു പറയു ന്നു. മര്‍ത്ത്യര്‍ക്ക്‌ ശരീരത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി വരു ന്താണ്‌ സങ്കല്പജമായ ശുക്ലം. അംഗമൊക്കെ തപിപ്പിക്കുമാറ്‌ അതില്‍പ്പറ്റി ഞരമ്പുകള്‍ തേജസ്സിന്റെ ഗുണം വഹിച്ച്‌ നയനങ്ങളില്‍ എത്തുന്നു. കടകോല്‍ കൊണ്ട്‌ കടയുന്ന പോലെ ശരീരത്തില്‍ നിന്ന്‌ കാമം ശുക്ലം ഉണ്ടാകുന്നു. സ്വപ്നത്തിലും മനസ്സ്‌ സങ്കല്പജമായ രജസ്സിനെ പറ്റുന്നു. മനോവഹ ദേഹത്തില്‍ നിന്ന്‌ സങ്കല്പജമായ ശുക്ലത്തെ പുറത്തു വിടുന്നു. മഹര്‍ഷിയായ അത്രി ഭഗവാന് ശുക്ല സംഭവത്തെപ്പറ്റി നല്ലപോലെ അറിവുണ്ട്‌. ത്രിബീജത്തിന്‌ ഇന്ദ്രനാണു ദേവന്‍. അതുകൊണ്ട്‌ ഇന്ദ്രിയം എന്ന പേരുണ്ടായി. ഭൂതസങ്കല്പകാരിയായ ശുക്ലത്തിന്റെ ഗതി കണ്ടവര്‍, രാഗം വിട്ട്‌ ഇന്ദ്രിയനിഗ്രഹം ചെയ്താല്‍ പിന്നെ ജനിക്കയില്ല. മോക്ഷ പ്രാപ്തിയുണ്ടാകും. മനോവഹം മനസ്സാല്‍ ഗുണ സാമൃത്തെ പ്രാപിച്ച്‌ ദേഹകര്‍മ്മപ്രാണമോക്ഷം ചെയ്യുന്നവന്‍ ഒടുവില്‍ മുക്തനാകും. ജ്ഞാനം മനസ്സില്‍ ഉണ്ടാകുന്നു. മഹത്തുക്കള്‍ക്ക്‌ മനസ്സും ജ്യോതിസ്സായി, വിരജസ്സായി, നിത്യമായി മന്ത്ര സിദ്ധമാകും. അതുകൊണ്ട്‌ അത്‌ അടക്കുവാന്‍ അനഘമായ ക്രിയ ചെയ്യണം. എന്നാല്‍ രജസ്സും തമസ്സും നീങ്ങി യഥേഷ്ടമായ ഗതിയെ പ്രാപിക്കും. ഒരുത്തന്‍ നേടുന്ന ജ്ഞാനം ജരയാല്‍ - കാലപ്പഴക്കത്താല്‍ - ദുര്‍ബ്ബലമായിത്തീരും. വിപക്വ ബുദ്ധി നേടുന്ന ജ്ഞാനം മനസ്സില്‍ ബലമായി കാലക്രമേണ വേരുറയ്ക്കും. ദുര്‍ഗ്ഗമായ മാര്‍ഗ്ഗം പോലെ ഗുണ ബന്ധം വിട്ടു പോന്നവന്‍ ദോഷങ്ങളെ നീക്കി അമൃതത്തെ പ്രാപിക്കും.

അദ്ധ്യായം 215. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - ശാശ്വതമായ ബ്രഹ്മോപലബ്ധിക്ക്‌ യത്നിക്കുക - ഭീഷ്മൻ പറഞ്ഞു:  അശുഭപരൃവസായിയായ പലതരം ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ താല്‍പര്യമുള്ള ജീവികള്‍ കഷ്ടപ്പെടുന്നു. അസക്തരായ മഹാത്മാക്കള്‍ പരസല്‍ഗതിയേല്ക്കുന്നു. ജന്മം, മൃത്യു, ജര, വ്യാധി, ദുഃഖം, മനഃക്ലേമം ഇവയെല്ലാം കണ്ട്‌ ബുദ്ധിമാന്‍ മോക്ഷത്തിന്ന്‌ യത്നിക്കുക. പ്രശസ്തമായ തന്റെ ഉടല്‍ കൊണ്ട്‌ അഹങ്കാരം വെടിഞ്ഞ്‌ മര്‍ത്ത്യന്‍ ശുദ്ധനാകണം. പ്രശാന്തന്‍ ജ്ഞാനിയായി, ഭിക്ഷുവായി, നിരീഹനായി സുഖത്തോടെ സഞ്ചരിക്കണം. അല്ലെങ്കില്‍ ഭൂതദയയാല്‍ മനസ്സ്‌ മറ്റുള്ളവരുമായി ഒട്ടിക്കാണുന്നുണ്ടെ ങ്കില്‍ ലോകമെല്ലാം കര്‍മ്മഫലമാണെന്നോര്‍ത്ത്‌ നിര്‍മ്മമത്വം പ്രാപിക്കണം. ശുഭകര്‍മ്മത്തേയോ, പാപകര്‍മ്മത്തേയോ അനുസരിച്ചു ഫലം ചെയ്യുന്നവന്‍ ഏല്ക്കും. വാക്കു കൊണ്ടും. ബുദ്ധി കൊണ്ടും, കര്‍മ്മം കൊണ്ടും, ശുഭകര്‍മ്മമേ ചെയ്യാവൂ. അഹിംസ, സത്യവചനം, എല്ലാവരിലും ആര്‍ജ്ജവം, ക്ഷമ, മാര്‍ഗ്ഗം തെറ്റാതിരിക്കല്‍, ഇവ ആര്‍ക്കുണ്ടോ, അവന്‍ അല്ലല്‍ വിട്ട്‌ സുഖിക്കും. അതു കൊണ്ട്‌ ബുദ്ധിയോടെ സര്‍വ്വജീവികളിലും മനസ്സു വെക്കണം. എല്ലാവരിലും ഈ പറഞ്ഞ മുഖ്യമായ ധര്‍മ്മം അനുഷ്ഠിക്കുന്നവന്‍ സുഖം നല്കുന്നു. ദുഃഖമെങ്ങനെ നീക്കുവാന്‍ കഴിയും എന്ന്‌ അറിയുന്ന സര്‍വ്വജ്ഞന്‍ സുഖിക്കും. അതു കൊണ്ട്‌ എല്ലാ ജീവികളിലും മനസ്സു വെക്കണം. കുറ്റം കാണരു ത്‌, ഒന്നും കാംക്ഷിക്കരുത്, അബദ്ധം കാണിക്കരുത്‌, ദുഷ്ടത ചിന്തിക്കരുത്‌. ഇങ്ങനെയായിട്ട്‌ സകലവിധത്തിലും യത്നിച്ചു ജ്ഞാനസമ്പാദനത്തില്‍ കരള്‍വെക്കണം. സഫലമായ വാക്കും പ്രയത്നവുംകൊണ്ട്‌ മനോജ്ഞമായ അതു നേടാം.

അഹിംസ്രനായി സത്യമായ വാക്കുകള്‍ തെറ്റു കൂടാതെ പറയുക. പാപം കൂടാതെ, പരുഷം കൂടാതെ, ക്രൂരതയില്ലാതെ, പൈശുനമല്ലാത്ത മൊഴി പറയണം. ഇപ്രകാരം അല്പം സംസാരിക്കാം. മനസ്സ്‌ പതറാതിരിക്കണം. വാക്കിലാണ്‌ സംസാരം നില്ക്കുന്നത്‌. രാഗം കൂടാതെ പറയുന്നതാണെങ്കില്‍ വൃദ്ധി കൊണ്ടാടുന്നു. മനസ്സാൽ താമസക്രിയ രജസ്സു കൊണ്ട്‌ കര്‍മ്മത്തില്‍ ചെന്നുപെടും. അവന്‍ ഈ ഉലകില്‍ കേണ് നരകത്തില്‍ പതിക്കും. അതുകൊണ്ട്‌ മനസ്സ്‌, വാക്ക്‌, ദേഹം ഇവ കൊണ്ട്‌ ധൈര്യത്തെ പ്രാപിക്കണം. ദുസ്യുക്കള്‍ ആത്മരക്ഷയ്ക്കായി കളവു മുതല്‍ എറിഞ്ഞു ളഞ്ഞ്‌ ഓടി രക്ഷപ്പെടുന്നതു പോലെ രജസ്സ്‌, തമസ്സ്‌ എന്ന ക്രിയകളെ വിട്ട്‌ സുഖമായ പദത്തെ സമീപിക്കുക. സര്‍വ്വസംഗവുമറ്റ നിരീഹന്‍, വിവിക്തചാരിയായവന്‍, ലഘുവായി ഭക്ഷിക്കുന്നവന്‍, തപസ്വി, നിയതേന്ദ്രിയന്‍, ക്ലേശം ജ്ഞാനത്താല്‍ ദഹിപ്പിച്ചവന്‍, പ്രയോഗപരന്‍, ആത്മവാന്‍ ഈ ഗുണങ്ങള്‍ ഉള്ളവന്‍ നിഷ്പ്രചാരമനസ്സോടെ സംശയം കൂടാതെ പരമാത്മാവില്‍ ചെന്നെത്തും. ധൃതിമാനും ആത്മവാനുമായവന്‍ നിസ്സംശയം ബുദ്ധി അടക്കണം. മനസ്സിനെ ബുദ്ധി കൊണ്ട്‌ ജയിക്കണം. വിഷയത്തെ മനസ്സു കൊണ്ട്‌ അടക്കണം.

ഇന്ദ്രിയങ്ങളെ ജയിച്ച്‌ മനസ്സിനെ തന്റെ അധീനത്തില്‍ വെച്ചവന്റെ ബുദ്ധി പ്രകാശിക്കും. അവര്‍ ഹര്‍ഷിച്ച്‌ ഈശ്വരനില്‍ ലയി ക്കും. ഇന്ദ്രിയ നിഗ്രഹം ചെയ്തു ഇന്ദ്രിയങ്ങളെ അടക്കുന്നവനില്‍ ബ്രഹ്മാവും പ്രസാദിച്ചു നില്‍ക്കും. സത്വരജസ്തമോഗുണങ്ങള്‍ നിശ്ശേഷം വിട്ടാല്‍ ബ്രഹ്മഭാവത്തെ പ്രാപിക്കും. തന്റെ യോഗപ്രഭാവം ആരും കൊട്ടിഗ്ഘോഷിക്കരുത്‌. അങ്ങനെയല്ലാതെ യോഗതന്ത്രം തുടങ്ങണം. യോഗാഭ്യാസി ഏതു ചെയ്താല്‍ തന്റെ വൃത്തിയൊക്കുമോ ആയത്‌ പ്രവര്‍ത്തിക്കണം. ധാന്യത്തരി, പകുതി വേവിച്ച ധാന്യം, പിണ്ണാക്ക്‌, ചീര, യവം, വറുത്തുപൊടിച്ച യവം, ഫലമൂലങ്ങള്‍, ഇവ മാറിമാറി ഭുജിക്കണം. ആഹാര നിയമം, ദേശകാലങ്ങള്‍ നോക്കി പരീക്ഷിച്ച്‌ അനുവര്‍ത്തിക്കണം. പ്രവൃത്തിയനുസരിച്ച്‌ ഭക്ഷിക്കുക.

തുടങ്ങിയതു മുടങ്ങരുത്‌; മെല്ലെ അഗ്നിപോലെ കത്തിക്കയറണം. വിജ്ഞാനം ചേര്‍ന്ന ജ്ഞാനം അജ്ഞാനത്താല്‍ അപകൃഷ്ടമാകും. ദുഷ്ടന്‍ ആത്മജ്ഞാനം നേടുന്നില്ല. എന്തെന്നാല്‍ ആത്മാവ്‌ മൂന്നു ശരീരാവസ്ഥകള്‍ക്കും അതീതമാണെങ്കിലും അങ്ങനെയല്ലെന്ന്‌ അവന്‍ കരുതുന്നു. അവയില്‍ അപവര്‍ഗ്ഗജ്ഞനായി രാഗദ്വേഷങ്ങള്‍ വിട്ടവന്‍ വിമുക്തനാകുന്നു. വയസ്സ്‌, ജര, മൃത്യു എന്നിവ ജയിച്ച്‌ അവന്‍ സനാതനമായി അക്ഷരമായി അവ്യയമായി അമൃതമായിരിക്കുന്ന ബ്രഹ്മത്തെ പ്രാപിക്കും.

അദ്ധ്യായം 216. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - സ്വപ്നവും അതിന്റെ ഉല്‍പ്പത്തിക്കുള്ള കാരണവും - ഭീഷ്മൻ പറഞ്ഞു: നിഷ്കന്മഷമായ ബ്രഹ്മചര്യം അനുഷ്ഠിക്കുവാന്‍ ആഗ്രഹിക്കുന്ന യോഗി സ്വപ്നത്തിന്റെ ദോഷം നല്ലപോലെ അറിഞ്ഞ്‌ എല്ലാ വിധേനയും നിദ്രയെ ഒഴിവാക്കണം. സ്വപ്നത്തില്‍ ദേഹി, രജസ്സും തമസ്സും കൂടിച്ചേര്‍ന്ന്‌ ദേഹി, മറ്റൊരു ശരീരമെടുത്ത മാതിരി നിസ്പൃഹനായി സഞ്ചരിക്കുന്നു. യോഗി എപ്പോഴും വിജ്ഞാനാഭ്യാസംകൊണ്ട്‌, വിജ്ഞാനാഭിനിവേശം മൂലം, ജിജ്ഞാസയ്ക്കപ്പുറമായി ആവര്‍ത്തനം മൂലം ഉണര്‍ന്നിരിക്കുന്നു. അതിനെ സംബന്ധിച്ച്‌ ഒരു ചോദ്യത്തിന്നവകാശമുണ്ട്‌. എന്തു കൊണ്ടാണ്‌ സ്വപ്നത്തില്‍ സാധാരണ പോലെ, വിഷയങ്ങൾ അനുഭവിക്കുന്ന മട്ടില്‍, ദേഹി ഇന്ദ്രിയങ്ങളില്‍ ലീനനായി, ദേഹമുള്ളവനെ പോലെ തന്നെ അനുഭവത്തില്‍ അറിയപ്പെടുന്നത്‌? സ്വപ്നത്തിലും ജാഗ്രത്തിലെന്നമട്ടില്‍ത്തന്നെയല്ലേ അനുഭൂതി? അതിനെന്താണു കാരണം? ശരീരം ഉള്ളവനെപ്പോലെ തന്നെ എല്ലാ വിഷയാദികളും അനുഭവിക്കുന്നില്ലെങ്കിലും ഉള്ള മാതിരിയാണല്ലോ തോന്നുന്നത്‌. എന്താണതിനു കാരണമെന്നതാണ്‌ ചിന്താവിഷയം.

ഈ ചോദ്യത്തിന്‌ ഉത്തരമായി യോഗികളില്‍ മഹാനായ ഹരി എന്നവന്‍ ചുരുക്കമായി അതിന്റെ കാരണം പറയുന്നുണ്ട്‌. ഹരിയുടെ ബുദ്ധിയില്‍ ഉടലെടുത്ത ആ അഭിപ്രായം എത്രയും യുക്തമാണെന്നും, ശരിയാണെന്നും യോഗീശ്വരന്മാര്‍ സമ്മതിച്ചിരിക്കുന്നു.

വിദ്വാന്മാര്‍ പറയുന്നു: ഇന്ദ്രിയങ്ങള്‍ ശാന്തമാകുമ്പോള്‍ ദേഹധാരികളെ സ്വപ്നാവസ്ഥയില്‍ കാണുന്നു. എന്നാല്‍ സമസ്ത്രേന്ദ്രിയങ്ങളും നിദ്രാഭിഭൂതമായി ഭവിക്കുമ്പോള്‍ക്കൂടി ജാഗ്രത്തും സാങ്കല്പികവും വികല്പാത്മകവുമായി മനസ്സു ലയിക്കുന്നില്ല. അപ്പോഴും സ്വപ്നം വരുന്നു. എല്ലാ ആളുകളും സ്വപ്നം വരുന്നതിന്റെ മുഖ്യകാരണം അറിയുന്നില്ല. എപ്രകാരം കാര്യസംബന്ധം ജാഗ്രത്തായ മനുഷ്യന്റെ സാങ്കല്പിക മനസ്സില്‍ നിന്ന്‌ ഉത്ഭവിക്കുന്നുവോ, അപ്രകാരം തന്നെ സ്വപ്നത്തിന്റെ ഭാവങ്ങളുടെ സംബന്ധം മനസ്സിന്റെ കൂടെയുണ്ട്‌. കര്‍മ്മങ്ങളോടും വാസനകളോടും കൂടി പുരുഷന്റെ ജന്മജന്മാന്തര ഭാവങ്ങളിലൂടെ ഉടലെടുത്ത സ്വപ്നാവസ്ഥയില്‍ അനുഭവം ഉണ്ടാകുന്നു. യാതൊരു വസ്തുവിന്റെ അനുഭവം മനസ്സില്‍ ഒരു പ്രാവശ്യം കൂടി ഉണ്ടാകുന്നുവോ അതു മനസ്സില്‍ കര്‍മ്മരഹിതമായി സ്ഥിതി ചെയ്യുന്നു. ആത്മാവ്‌ എല്ലാറ്റിന്റേയും ദര്‍ശനമാണ്‌. അതു കൊണ്ട്‌ അവയെ എല്ലാറ്റിനേയും ഗോപനം ചെയ്യപ്പെട്ട സ്ഥാനങ്ങളില്‍ നിന്നു വെളിയില്‍ കൊണ്ടു വരുന്നു. പൂര്‍വ്വജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസൃതമായി സത്വരജസ്തമോഗുണങ്ങളില്‍ നിന്ന്‌ ഏതു ഗുണത്തെ പ്രാപിക്കുന്നുവോ, ഏതു സമയത്ത്‌ ഏതു കര്‍മ്മങ്ങളിലൂടെ മനസ്സ്‌ സംസ്കരിക്കപ്പെടുകയും ചെയ്യുന്നുവോ, ആ സമയത്ത്‌ അതില്‍ സൂക്ഷ്മമായ ആകാരം ഭാവന പോലെ സ്വപ്നത്തില്‍ കാണുന്നു. ഇപ്രകാരം ഈ ആകാരങ്ങളുടെ ഉല്‍പത്തിക്കു ശേഷം സത്വരജസ്തമോഗുണങ്ങളില്‍ ഏതൊരു ഗുണം പൂര്‍വ്വകര്‍മ്മങ്ങള്‍ മൂലം സിദ്ധിച്ചു കഴിഞ്ഞുവോ, അതു മനസ്സില്‍ ഉദയം ചെയ്യുകയും സുഖദുഃഖങ്ങളോടു കൂടിയ സ്വരൂപം അന്തിമ പരിണാമത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. 

വാതം, പിത്തം, കഫം എന്നിവയില്‍ നിന്ന്‌ ഉത്ഭവിച്ച ആകാരം, യാതൊരു രജോഗുണം, തമോഗുണം, അതുപോലെ തന്നെ അജ്ഞാനം ഇവയ്ക്കു കാരണമായി ഭവിക്കുന്നുവോ, ആ ഗുണങ്ങളെ മനുഷ്യന്‌ തൃജിക്കുവാന്‍ കഴിയുന്നില്ല എന്നു വിദ്വാന്മാര്‍ പറയുന്നു. പ്രസന്നവും നിര്‍മ്മലവുമായ ഇന്ദ്രിയങ്ങളോടു കൂടെ സ്ഥിതി ചെയ്തു കൊണ്ട്‌ മനസ്സു ജാഗ്രത്തായ അവസ്ഥയില്‍ ഏതേതു കല്പനകളെ ചെയ്യുന്നുവോ അവ തന്നെ അതിനെ സ്വപ്നത്തില്‍ കാണിക്കുന്നു. ആ സമയത്ത്‌ ഇന്ദ്രിയങ്ങള്‍ തങ്ങളുടെ സ്വാഭാവികമായ ധര്‍മ്മങ്ങളില്‍ നിന്നും മുക്തങ്ങളായി ഭവിക്കുന്നു. അവ ഒരു പ്രകാരത്തിലുള്ള പ്രവൃത്തിയേയും ചെയ്യുന്നില്ല. ഉപാദാനം ആകുന്നതു മൂലം മനസ്സ്‌ എല്ലാ പ്രാണികളിലും നിര്‍വിഘ്നമായ രുപത്തോടു കൂടി വ്യാപിച്ചിരിക്കുന്നു. അത്‌ ആത്മാവിന്റെ പ്രഭാവം മൂലം ഇപ്രകാരമായിത്തീരുന്നു. അതു കൊണ്ട്‌ ആത്മാവിനെ അറിയണം. എന്തുകൊണ്ടെന്നാല്‍ സമസ്തസത്വവും അവയില്‍ നിന്ന്‌ ഉത്ഭവിച്ചിട്ടുള്ള വിഷയങ്ങളും ആത്മാവില്‍ ഉള്ളതായി ഭവിക്കുന്നു. 

സുഷുപ്ത്യവസ്ഥ യാതൊരു സ്വപ്നാവസ്ഥയുടെ മാര്‍ഗ്ഗമാണോ അതില്‍ മനുഷ്യന്റെ വ്യക്തമായ ശരീരം ലയത്തെ പ്രാപിക്കുന്നു. മനസ്സ്‌ ആ ശരീര വ്യാപിയായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. അത്‌ അവ്യക്തമാണ്‌. അധിഷ്ഠാനരുപത്തില്‍ സത്തും അസത്തുമായ പദാര്‍ത്ഥം ശോഭിക്കുന്നു. ആത്മാവില്‍ പ്രവേശിച്ച മനസ്സ്‌ എല്ലാ പദാര്‍ത്ഥങ്ങളുടേയും ആത്മാവായ രൂപം അഹങ്കാരത്തില്‍ വസിക്കുന്നു. എങ്കിലും, വിദ്വാന്മാര്‍ മനസ്സിനെ സാംസാരിക പദാര്‍ത്ഥങ്ങളേക്കാള്‍, അഹങ്കാരത്തേക്കാള്‍, ഉത്തമമായി കരുതുന്നു. യാതൊരു യോഗജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, മോക്ഷം ഇവയില്‍ നിന്ന്‌ ഏതെങ്കിലും ഒരു ഉത്തമ ഗുണത്തെ പ്രാപിക്കുന്നതിനു വേണ്ടി മനസ്സില്‍ വിചാരിക്കുന്നുവോ, ആ യോഗിയുടെ മനസ്സ്‌ പരിശുദ്ധമായി കണക്കാക്കണം. ശുദ്ധമായ മനസ്സില്‍ അല്ലെങ്കില്‍ ആത്മാവില്‍, ആകാശം തുടങ്ങിയ എല്ലാ വസ്തുക്കളും ഉണ്ട്‌. ഇപ്രകാരമുള്ള വിഷയം മുതലായവയെ നോക്കുന്നത്‌ ഒരു തരത്തിലുള്ള തപസ്സാണ്‌. ഈ തപസ്സുകൊണ്ടു മനസ്സ്‌ സൂര്യനെ പ്പോലെ അജ്ഞാനാന്ധകാരത്തെ അകറ്റിനിര്‍ത്തുന്നു. ദേവത, തപസ്സ്‌, അഗ്നിഹോത്രം തുടങ്ങിയ വേദോക്തമായ കര്‍മ്മം ചെയ്യുന്നു. അസുരന്‍ തപസ്സിന്റെ നാശത്തെ ചെയ്യുന്ന ദര്‍പ്പം തുടങ്ങിയ തമസ്സിന്റെ ഉപാസനയെ ചെയ്യുന്നു. അതുകൊണ്ട്‌ രജോഗുണിയായ ദേവതയും തമോഗുണിയായ അസുരനും ജ്ഞാനസ്വരൂപമായ ബ്രഹ്മത്തെ പ്രാപിക്കുന്നില്ല. സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ ദേവാസുരന്മാരുടെ ഗുണങ്ങളാണ്‌. ഇവയില്‍ സത്വഗുണം ദേവതമാരുടേയും രജോഗുണവും തമോഗുണവും അസുരന്മാരുടേയും ആണ്‌. യാതൊരു ശുദ്ധാന്തഃകരണത്തോടു കൂടിയ പുരുഷന്‍ സാത്വികഭാവങ്ങളേക്കാള്‍ ഉല്‍കൃഷ്ടവും ഉത്തമജ്ഞാനസ്വരൂപവും അമൃതവും സ്വയംപ്രകാശവും സര്‍വ്വവ്യാപിയുമായി ബ്രഹ്മത്തെ അറിയുന്നുവോ, അവന്‍ പരമഗതിയെ പ്രാപിക്കുന്നു. തത്ത്വദര്‍ശിയായ പുരുഷന്‍ ബുദ്ധിയോടും മുക്തിയോടും കൂടെ ഇതെല്ലാം പറയാന്‍ ശക്തനാകുന്നു. ഇന്ദ്രിയത്തേയും മനസ്സിനേയും ബാഹ്യവിഷയങ്ങളില്‍ നിന്ന്‌ നിയന്ത്രിച്ച്‌, ആത്മാവില്‍ ലയിപ്പിച്ച്‌, ബ്രഹ്മജ്ഞാനം പ്രാപിക്കാന്‍ അവന്‍ ശക്തനാകുന്നു.

അദ്ധ്യായം 217. വാര്‍ഷ്ണേയാദ്ധ്യാത്മകഥനം - പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധം - ഭീഷ്മൻ പറഞ്ഞു: ചതുഷ്ടയത്തെപ്പറ്റി അറിയാത്തവന്‍ പരബ്രഹ്മത്തെപ്പറ്റിയും അറിയാത്തവനാണ്‌. ചതുഷ്ടയം എന്നു പറയുന്നത്‌ സ്വപ്നം, മയക്കം, സഗുണനിര്‍ഗ്ഗുണബ്രഹ്മം, വൃക്താവ്യക്തം (ശരീരവും, ആത്മാവും) ഇവയാണ്‌. വ്യക്തമായത്‌ ശരീരമാണ്‌. വൃക്തങ്ങളായ ദേഹങ്ങള്‍ മരണത്തിന്‌ ഇടയാക്കുന്നതാണ്‌. അതുകൊണ്ട്‌ ശരീരം എന്നു പറയുന്നു. നാരദമഹര്‍ഷി പ്രവൃത്തിയുടെ ധര്‍മ്മമെന്തെന്നു പറഞ്ഞിട്ടുണ്ട്‌. എല്ലാ ചരാചരവസ്തുക്കളും ചേര്‍ന്ന അഖില ലോകവും സമസ്തസൃഷ്ടിജാലങ്ങളും പ്രവൃത്തിയെ ആശ്രയിക്കുന്നു, അവലംബിക്കുന്നു. നിവൃത്തിയുടെ ധര്‍മ്മം വീണ്ടും അവയെ പുനരാവൃത്തിയില്ലാത്ത ബ്രഹ്മത്തിലേക്കു നയിക്കുക എന്നതാണ്‌. അവ്യക്തവും ശാശ്വതവുമാണ്‌ ബ്രഹ്മം.

പ്രവൃത്തിയുടെ ലക്ഷണമെന്തെന്ന്‌ ബ്രഹ്മാവ്‌ പറഞ്ഞിട്ടുണ്ട്‌. പ്രവ്യത്തിയെന്നത്‌ വീണ്ടും വീണ്ടും ജന്മമെടുപ്പിച്ചു കൊണ്ടിരിക്കും. നിവൃത്തിയെന്നതു നേരെമറിച്ച്‌ പരയായ ഗതിയിലെത്തിക്കും. അതായത്‌ പുനരാവൃത്തിയില്ലാത്ത, ശാശ്വതമായ ബ്രഹ്മത്തില്‍ ആത്മാവിനെ എത്തിക്കും. അതാണ്‌ സാക്ഷാല്‍ മോക്ഷമെന്നു പറയുന്നത്‌. സത്തും അസത്തും എന്തെന്ന്‌, അവയുടെ ശരിയായ സ്വഭാവമെന്തെന്ന്‌, കൃത്യമായി തിരിച്ചറിയുവാന്‍ ആഗ്രഹിക്കുന്ന യോഗി, എപ്പോഴും നിവൃത്തിയില്‍ത്തന്നെ മനസ്സുവെക്കുന്ന യോഗി, ആ പരമമായ പദത്തിലെത്തിച്ചേരുന്നു. ഈ പരമപദം നേടുന്നതിന്ന്‌ ആഗ്രഹിക്കുന്നവന്‍ അവ്യക്തത്തേയും, പുരുഷനേയും അറിയേണ്ടതാണ്‌. ആ പരമസ്ഥാനം അവ്യക്തത്തില്‍ നിന്നും പുരുഷനില്‍ നിന്നും ഭിന്നമാണ്‌. ആ രണ്ടിനേയും കവിഞ്ഞു നിൽക്കുന്നതുമാണ്‌. അവയില്‍ നിന്ന്‌ അതീതമാണ്‌, എല്ലാ ജീവികളില്‍ നിന്നും ഭിന്നമായി ഉയര്‍ന്നതാണ്‌. അതു ബുദ്ധി കൊണ്ടു മാത്രം ഗ്രഹിക്കുവാന്‍ കഴിയുന്നു. പ്രകൃതിയും പുരുഷനും, രണ്ടും ആദിയും അന്തവും ഇല്ലാത്തതാകുന്നു. അവ രണ്ടിന്നും ലിംഗഭേദവുമില്ല. അവ വിചക്ഷണന്‍ മാത്രം ദര്‍ശിക്കുന്നു. രണ്ടും നാശമില്ലാത്തതും നിത്യവുമാകുന്നു. എല്ലാറ്റിലും ഉപരിയായി ജീവികളില്‍ വര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ രണ്ടു പേരും ഒരു പോലെയാണ്‌. എന്നാല്‍ അവ രണ്ടും ഭിന്നവുമാണ്‌. പ്രകൃതി സത്വരജസ്തമോഗുണങ്ങളോടു ചേര്‍ന്നതാണ്‌. അതും സൃഷ്ടിപരകാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. ശരിയായ ക്ഷ്രേതജ്ഞന്റെ (പുരുഷന്‍ അഥവാ ആത്മാവ്) രൂപം വ്യത്യസ്തമാണ്‌. പ്രകൃതി പുരുഷനില്‍ നില്ക്കുന്നു. എന്നാല്‍ പ്രകൃതിക്ക്‌ പുരുഷന്‍ അധീനനല്ല. സാധാരണ സ്വഭാവത്തില്‍ അവന്‍ കവിഞ്ഞ്‌, അതീതനായി നില്ക്കുന്നു. പുരുഷനും പരമാത്മാവും - അവ രണ്ടും അജേഞയമാണ്‌. അതുകൊണ്ട്‌ അവയുടെ രൂപം കണ്ടെത്തുവാന്‍ കഴിയുകയില്ല. അവ രണ്ടും എല്ലാറ്റില്‍ നിന്നും അതീതമാണെന്ന്‌ കരുതുന്നു.

ഒരുത്തന്‍ അവന്റെ തലയില്‍ മൂന്നു ചുറ്റായി തലപ്പാവ്‌ ചുറ്റിയാല്‍ അവന്റെ രുപത്തിന്ന്‌ മാറ്റം വന്നതായി തോന്നുന്നു. പ്രത്യക്ഷത്തില്‍ അവനെ അവനാണെന്ന്‌ അറിയാതാകുന്നു. അതു പോലെ സത്വരജസ്തമോഗുണങ്ങളാല്‍ ആവൃതനായ ആത്മാവിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇപ്രകാരം ആച്ഛാദനം ചെയ്യപ്പെട്ടാലും ആ ആവരണങ്ങള്‍ മൂലം ആത്മാവ്‌ ആത്മാവല്ലാതാകുന്നില്ല.

അതുകൊണ്ട്‌ ഈ നാലു കാര്യങ്ങളും, നാലും കാര്യങ്ങളാല്‍ ആച്ഛാദിതമായാലും അവയെ ശരിയായും ഗ്രഹിക്കണം, പ്രകൃതിയും പുരുഷനും തമ്മിലുള്ള ഛായാ സാമ്യം, അവ തമ്മിലുള്ള സ്വഭാവ വ്യത്യാസം, പ്രകൃതിയും ഈശ്വരനും തമ്മിലുള്ള രൂപസാമ്യം, അവ രണ്ടും തമ്മിലുള്ള അന്തരം ഇവ നാലുമാണ്‌ ആദ്ധ്യാത്മികമായി അറിയേണ്ടത്‌. ഇവ ശരിക്കും അറിയുന്നവന്‍ ഒരിക്കലും കാര്യത്തിന്റെ ശരിയായ ബോധമില്ലാത്തവനെന്ന ആക്ഷേപത്തിന് അര്‍ഹനാവുകയില്ല. പരമമായ ഗതിയെ ആഗ്രഹിക്കുന്നവന്‍ മനസ്സ്‌ ശുദ്ധമാക്കണം, ആത്മസംയമനം നേടണം, മനസ്സും ശരീരവും അടക്കണം, യോഗത്തില്‍ ഏര്‍പ്പെടണം, ഫലകാംക്ഷ പാടില്ല. ശരീരം കൊണ്ടും, ഇന്ദ്രിയം കൊണ്ടും ഉഗ്രമായ തപംചെയ്യണം. നിഷ്കന്മഷമായിരിക്കണം തപസ്സ്‌. ഈ മൂന്നു ലോകങ്ങളും നമ്മുടെ ഉള്ളില്‍ വിളങ്ങുന്ന തപസ്സിനാല്‍വ്യാപ്ത മാണ്‌.

സൂര്യനും ചന്ദ്രനും വാനില്‍ ശോഭിക്കുന്നത്‌ തപസ്സു കൊണ്ടാണ്‌. വ്യക്തമായി തപസ്സിന്റെ ജ്ഞാനം ലോകത്തില്‍ വെളിവായി വരും. ലോകത്തില്‍ പ്രസിദ്ധി തപസ്സു കൊണ്ടുണ്ടാകും. ശരിയായ തപസ്സ്‌ എന്താണ്‌? രജസ്സും തമസ്സും അകറ്റുന്ന ഉല്‍കൃഷ്ടമായ പ്രവൃത്തിയാണ്‌ തപസ്സ്‌. ബ്രഹ്മചര്യത്തോടെ അഹിംസകനായി ജീവിക്കുക എന്നതാണ്‌ ശാരീരികമായ തപസ്സ്‌. വാക്കും മനസ്സും ദോഷങ്ങളില്‍ നിന്നു പിന്‍തിരിച്ച്‌ അടക്കുക എന്നത്‌ മാനസമായ തപസ്സാണ്‌. അക്കാലത്ത്‌ വിശിഷ്ടന്മാരായ ദ്വിജന്മാരില്‍ നിന്ന്‌ അന്നം വാങ്ങി കഴിക്കുന്നത്‌ ശ്രേഷ്ടമാകുന്നു. ആഹാരം നിയമിച്ച്‌ കഴിക്കുകയാണെങ്കില്‍ രാജസമായ പാപം വിട്ടു പോകും. അങ്ങനെ വ്രതചര്യയില്‍ ജീവിക്കുന്നവന്റെ കരണങ്ങള്‍ വിഷയങ്ങളില്‍ വെറുപ്പുള്ളതായിത്തീരും. അങ്ങനെയായാല്‍ അവന്റെ ജീവന്‍ നിലനില്ക്കുന്നതിന്ന്‌ ആവശ്യമായ ഭക്ഷണമേ അവന്‍ സ്വീകരിക്കയുള്ളു. ബലം ഉള്ളില്‍ വായ്ക്കുമ്പോള്‍, ജ്ഞാനം സമ്പാദിക്കുമ്പോള്‍, മനസ്സു കൊണ്ട്‌ പതുക്കെ യോഗത്തില്‍ പ്രവേശിക്കണം. 

ഇപ്രകാരം യോഗം പ്രാപിച്ച മനസ്സാല്‍ ജ്ഞാനം സമ്പന്നമാകും. രജസ്സിനെ വര്‍ജ്ജിച്ച്‌ ദേഹവാനായി ശബ്ദത്തെപ്പോലെ ചരിച്ച്‌, കാര്യത്തില്‍ അവ്യാഹതമതിയായി വൈരാഗ്യം മൂലം പ്രകൃതിയില്‍ നില്ക്കുന്നു. ദേഹം മുതല്‍ അപ്രമത്തനായി വര്‍ത്തിക്കുന്ന അവന്‍ ദേഹനാശത്തോടെ മുക്തിയെ പ്രാപിക്കും. ജീവികളുടെ ജനനമരണങ്ങള്‍ എപ്പോഴും അവയുടെ അവിദ്യയുടെ ഫലമായി സംജാതമാകുന്നതാണ്‌. ബ്രഹ്മത്തെപ്പറ്റിയുള്ള ജ്ഞാനം മനസ്സില്‍ ഉദിച്ചു കഴിഞ്ഞാല്‍ അവനെ പ്രാപഞ്ചിക ജീവിതത്തിലുള്ള ആഗ്രഹം പിന്‍തുടരുകയില്ല. സത്യത്തിന്ന്‌ വിപരീതമായത്‌ സ്വീകരിക്കുന്നവര്‍, അതായത്‌ ഞാന്‍ എന്ന സ്വാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍, വീണ്ടും സംസാരമാകുന്ന ജനനമരണ ബന്ധത്തില്‍ മുഴുകുന്നു. അവര്‍ അത്‌ തൃപ്തികരമായി കണക്കാക്കുന്നു. സഹനശക്തി കൊണ്ട്‌ തന്റെ ശരീരം രക്ഷിക്കുകയും, പുറമെ ആകര്‍ഷിക്കുന്ന എല്ലാ വസ്തുക്കളില്‍ നിന്നും മനസ്സ്‌ അറിവിന്റെ സഹായത്താല്‍ പിന്‍തിരിക്കുകയും, തങ്ങളെത്തന്നെ ഇന്ദ്രിയജ്ഞാനങ്ങളില്‍ നിന്നും ലോകത്തില്‍ നിന്നും പിന്‍തിരിക്കുകയും ചെയ്യുകയാല്‍ ചില യോഗികള്‍ ഇന്ദ്രിയങ്ങളെ അവയുടെ സുക്ഷ്മത്വം മൂലം ആരാധിക്കുന്നു. യോഗികളില്‍ ചിലര്‍, യോഗംകൊണ്ടു മനഃശുദ്ധി സമ്പാദിച്ച ചിലര്‍, വേദത്തില്‍ പറഞ്ഞ പ്രകാരം പരമാത്മാവിനെ പ്രാപിക്കുവാന്‍ അതില്‍ പ്രതിപാദിച്ച പ്രകാരം അവ ഗ്രഹിച്ച്‌ അനുവര്‍ത്തിക്കുകയും, ആ പരാശക്തിയെ അവലംബിക്കുകയും ചെയ്യുന്നു; മറ്റൊന്നിലും അവലംബിക്കുന്നില്ല. ഗീതാവചനത്തെ ആശ്രയിച്ച്‌ മനസ്സിനേക്കാള്‍ ശ്രേഷ്ഠം ബുദ്ധിയെന്നും, ബുദ്ധിയെക്കാള്‍ ശ്രേഷ്ഠം ആത്മാവെന്നും, ആത്മാവേക്കാള്‍ ശ്രേഷ്ഠം വൃക്തമെന്നും, വ്യക്തത്തേക്കാള്‍ ശ്രേഷ്ഠം അവ്യക്തമെന്നും, അവ്യക്തത്തേക്കാള്‍ ശ്രേഷ്ഠം പുരുഷനെന്നും (ബഹ്മം) അവര്‍ മനസ്സിലാക്കി ആ പുരുഷനെ പ്രാപിക്കുവാന്‍ ശ്രമിക്കുന്നു. പുരുഷനേക്കാള്‍ പരമായി മറ്റൊന്നുമില്ലെന്ന്‌ അവര്‍ വിശ്വസിക്കുന്നു.

ചിലര്‍ ബ്രഹ്മത്തെ വിഗ്രഹങ്ങളില്‍ ആരാധിക്കുന്നു. ചിലര്‍ ബ്രഹ്മത്തെ ഗുണങ്ങളില്‍ കണ്ട്‌ ആരാധിക്കുന്നു. ചിലര്‍ നശി ക്കാത്ത തേജസ്സായി അതിനെ കണ്ട്‌ ആരാധിക്കുന്നു. മറ്റു ചിലര്‍ അവരുടെ പാപങ്ങള്‍ തപസ്സാല്‍ ദഹിപ്പിച്ച്‌ അവസാനം ബ്രഹ്മത്തെ പ്രാപിക്കുന്നു. എല്ലാ മഹാത്മാക്കളും അവസാനം മോക്ഷത്തെ പ്രാപിക്കുന്നു. അവര്‍ക്കുള്ള സൂക്ഷ്മമായ വ്യത്യാസം ശാസ്ത്രദൃഷ്ടി കൊണ്ട്‌ അറിയണം. അവര്‍ ആരാധിക്കുന്ന ധര്‍മ്മത്തിന്റെ ഗുണഭാവങ്ങളെ മനസ്സിലാക്കുകയും വേണം. ശരീരത്തെ ആശ്രയിക്കുക എന്നതില്‍ ഉപരിയായി ഉയര്‍ച്ച പ്രാപിച്ച യോഗികള്‍, ലൗകികമായ എല്ലാ ബന്ധങ്ങളേയും തൃജിച്ച യോഗികള്‍ യോഗത്തില്‍ത്തന്നെ മനസ്സ്‌ ലയിച്ച മഹാത്മാക്കള്‍ മറ്റൊരു നിലയില്‍ പൂര്‍ണ്ണരായി അവ്യയഭാവത്തെ പ്രാപിച്ചിരിക്കുന്നതായി അറിയണം. ബ്രഹ്മമായി പരിണമിച്ചതായി കണക്കാക്കണം. ആരുടെ ഹൃദയം ജ്ഞാനത്തിന്റെ സമ്പാ നത്തില്‍ത്തന്നെ മുഴുകിയിരിക്കുന്നുവോ, അവര്‍ മൃത്യുവില്‍ നിന്നു വിട്ടവരായി അറിയണം. തുടര്‍ച്ചയായി എല്ലാ ബന്ധങ്ങ.ളേയും വലിച്ചെറിയുകയാല്‍ അവര്‍ ബ്രഹ്മ പ്രകൃതിയോട്‌ അടു ക്കുകയും അവസാനം ആ ബ്രഹ്മത്തില്‍ ചെന്നു ലയിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഏകായനമായ ധര്‍മ്മത്തെ വേദജ്ഞന്മാര്‍ പുകഴ്ത്തിപ്പറയുന്നു. ജഞാനം പോലെ ഇപ്രകാരം ഉപാസിക്കുന്നവര്‍ പരയായ സല്‍ഗതിയെ നേടുന്നതാണ്‌. കലക്കം വിട്ട ജ്ഞാനം ആര്‍ക്ക്‌ ഉറച്ച മട്ടില്‍ ലഭിക്കുന്നുവോ, അവര്‍ പരലോകത്തെ നേടുന്നു. യഥാബലം മുക്തരുമാകുന്നു. ഭഗവാനും, അവ്യയനും, ദിവ്യനുമായ വിഷ്ണുവെ ഭാവം കണ്ട്‌ ശുദ്ധരായ നിരീഹന്മാര്‍, ജ്ഞാനത്താല്‍ തര്‍പ്പിക്കപ്പെട്ടവരുമായി പരിശുദ്ധാത്മാക്കള്‍ പ്രാപിക്കുന്നു. ഹരിയെ തന്നിലായി കണ്ടവരായ അവ്യയര്‍ ഒരിക്കലും സംസാരബന്ധത്തിലേക്കു വീണ്ടും തിരിച്ചു വരികയില്ല. അവര്‍ അക്ഷരവും, അവ്യയവുമായ സ്ഥാനത്തെത്തി സുഖിക്കുന്നതാണ്‌. 

ഈലോകസംബന്ധമായ ജ്ഞാനം ഇത്രമാത്രം ആകുന്നു. ലോകം യഥാര്‍ത്ഥത്തില്‍ നില നില്ക്കുന്നതായി മായയില്‍പ്പെട്ടവര്‍ കരുതുന്നു. മായയില്‍പ്പെടാത്ത തത്ത്വജ്ഞന്മാര്‍ ഇത്‌ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല എന്നും പറയുന്നു. വെറും ഒരു സ്വപ്നപ്രായമെന്ന്‌ അവര്‍ കരുതുന്നു. തൃഷ്ണയില്‍പ്പെട്ടവര്‍ക്ക്‌ ജഗത്ത്‌ ചക്രത്തില്‍ കറങ്ങുന്ന മാതിരിയാണ്‌. താമരയുടെ തണ്ടില്‍ നൂല്‍ നില്ക്കുന്ന മാതിരി തൃഷ്ണയാകുന്ന നൂല്‍ അനാദ്യന്തമായി ദേഹത്തില്‍ എപ്പോഴും മായാബദ്ധര്‍ക്കു നില്ക്കുന്നു. വസ്ത്രത്തില്‍ തുന്നല്‍ക്കാരന്‍ നൂലു സൂചി കൊണ്ടു കോര്‍ക്കുന്നതു പോലെ സംസാരമാകുന്ന നൂലിനെ തൃഷ്ണയാകുന്ന സൂചി കൊണ്ട്‌ സര്‍വ്വത്ര കോര്‍ത്തിരിക്കുകയാണ്‌. വികാരത്തേയും, പ്രകൃതിയേയും, നിത്യനായ പുരുഷനേയും, ശരിക്ക്‌ ആര് അറിയുന്നുവോ, അവന്‍ തൃഷ്ണ വിട്ടൊഴിഞ്ഞവനാകും. അവന്‍ മോക്ഷത്തെ പ്രാപിക്കും. നാരായണ ഋഷി, ജഗത്തിന്റെ രക്ഷാവലംബമായ ഭഗവാന്‍, ഭൂതാനുകമ്പയാല്‍ പ്രകാശമായ അമൃതത്തെ ഇപ്രകാരം പ്രസ്താവിച്ചു.

അദ്ധ്യായം 218. പഞ്ചശിഖവാക്യം - സദസദ്ഭാവം - യുധിഷ്ഠിരന്‍ ചോദിച്ചു: ഹേ പിതാമഹാ, മോക്ഷത്തിന്റെ തത്ത്വത്തെ അറിയുന്ന മിഥിലാധിപതി സകല ഐശ്വര്യത്തേയും തൃജിച്ച്‌ എപ്രകാരം മുക്തനായി?

ഭീഷ്മൻ പറഞ്ഞു: പൂര്‍വ്വകാലത്ത്‌ മിഥിലാപുരിയിലെ ജനകന്റെ വംശത്തില്‍ ജനദേവന്‍ എന്നു പേരായ ഒരു രാജാവ്‌ ഉണ്ടായിരുന്നു. ദേഹപാതത്തിനു ശേഷം ബ്രഹ്മപ്രാപ്തിക്കു വേണ്ട ചിന്തയില്‍ മുഴുകി, എല്ലായ്പോഴും അതിന് അനുകുലമായ ധര്‍മ്മാചരണത്തെ ചെയ്തു കൊണ്ടു, അദ്ദേഹം കഴിഞ്ഞു വന്നു. അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ എല്ലായ്പോഴും നൂറ്‌ ആചാര്യന്മാര്‍ താമസിച്ചിരുന്നു. അവര്‍ ആശ്രമധര്‍മ്മസ്ഥനായ രാജാവിന് ഉപദേശം കൊടുക്കുകയും ചെയ്തിരുന്നു. ആ ആചാര്യന്മാരില്‍ അന്യോന്യം ശാസ്ത്രാര്‍ത്ഥം കൂടി ചര്‍ച്ച ചെയ്തിരുന്നു. ശാസ്ത്രാര്‍ത്ഥത്തിന്റെ വിഷയം ഉണ്ടായിരുന്നു. ശരീരം നശിച്ച ശേഷം എല്ലാറ്റിന്റേയും നാശം സംഭവിക്കുന്നു. അഥവാ മരണത്തിന് ശേഷം പുനര്‍ജ്ജന്മം എടുക്കുന്നു. ആത്മാവിന്റെ സ്വരൂപമെന്താണ്‌? പക്ഷേ, ജനദേവരാജാവിന് ആ ആചാര്യന്മാരുടെ ശാസ്ത്രാര്‍ത്ഥത്തില്‍ സന്തോഷം ഉണ്ടായിരുന്നില്ല.

ഒരു ദിവസം കപിലനന്ദനനായ പഞ്ചശിഖന്‍ എന്നു പേരായ ഒരു മഹര്‍ഷി മിഥിലാപുരിയില്‍ ചെന്നു. പഞ്ചശിഖന്‍ മോക്ഷധര്‍മ്മത്തെ പൂര്‍ണ്ണമായും അറിയുന്നവനായിരുന്നു. അദ്ദേഹം സുഖദുഃഖങ്ങളില്‍ നിന്നു മുക്തനായിരുന്നു. അദ്ദേഹത്തിന്നു ധര്‍മ്മത്തില്‍ യാതൊരു വിധ സംശയവും ഉണ്ടായിരുന്നില്ല. പണ്ഡിതന്മാര്‍ അദ്ദേഹത്തെ ഋഷിശ്രേഷ്ഠനായി കണക്കാക്കി. മനുഷ്യരില്‍ സ്വാഭാവികമായി ഏതൊരു പ്രവൃത്തികള്‍ ഉണ്ടോ, അവയൊന്നും ഈ മഹര്‍ഷിയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ആഗ്രഹിച്ച ദിക്കില്‍ താമസിക്കുകയും, ദുര്‍ല്ലഭമായ ഉപദേശം ജനങ്ങള്‍ക്കു കൊടുക്കുകയും ചെയ്തു. ജനങ്ങള്‍ സാംഖൃശാസ്ത്രവാദിയും പണ്ഡിതനുമായ കപിലനെ പ്രജാപതിയും പരമര്‍ഷിയുമായി കരുതി. അവര്‍ അദ്ദേഹത്തെ പഞ്ചശിഖന്റെ രൂപത്തില്‍ ഭ്രമണം ചെയ്തിരുന്നു. ആസുരി എന്ന ഋഷിക്ക്‌ പഞ്ചശിഖന്‍ പ്രധാന ശിഷ്യനായിരുന്നു. പഞ്ചശിഖന്‍ ചിരഞ്ജീവിയായി വിളിക്കപ്പെടുന്നു. അദ്ദേഹം ഒരിക്കല്‍ മാനസികയജ്ഞം ചെയ്തു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ മാനസികയജ്ഞം ആയിരം കൊല്ലങ്ങള്‍ ധ്യാനിക്കുന്നതായിരുന്നു. അവന്‍ വളരെ ദൃഡമായ മനസ്സോടു കൂടിയവനായിരുന്നു. അവന് ബ്രഹ്മപ്രാപ്തി നേടുവാന്‍ യജ്ഞത്തിന്റെയും വിധിയുടെയും പാലനം ശാസ്ത്രോക്തമായ വിധാനത്തിലൂടെ ചെയ്തിരുന്നു. ആത്മാവ്‌, അന്നമയം, പ്രാണമയം തുടങ്ങി അഞ്ചു കോശങ്ങളാല്‍ ആവരണംചെയ്യപ്പെട്ടിരിക്കുന്നു. ആ കോശങ്ങളെ അവര്‍ അറിഞ്ഞിരുന്നു.ബ്രഹ്മോപാസനാ സംബന്ധിയായ പഞ്ചകര്‍മ്മങ്ങളില്‍ അവന്‍ നിരതനായിരുന്നു, അവന്‍ ശമദമാദികളായ പഞ്ചഗുണങ്ങളോടു കൂടിയവനായിരുന്നു. അതു കൊണ്ടു തന്നെ അവന്‍ പഞ്ചശിഖനെന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നു.

പഞ്ചശിഖന്‍ ഒരു ദിവസം സാംഖൃമതവാദികളായ മുനിമാരുടെ അടുക്കല്‍ പോയി, അവരോട്‌ പരമാര്‍ത്ഥ പ്രാപ്തിയുടെ വിഷയത്തില്‍ ചോദ്യം ചോദിച്ചു. ഒരിക്കല്‍ പഞ്ചശിഖന്റെ ഗുരുവായ ആസുരി കൂടി ഇതേ പ്രശ്‌നം തന്റെ ഗുരുവിനോടു ചോദി ച്ചു. ഗുരുവിന്റെ ഉപദേശം കൊണ്ടും തന്റെ തപോബലം കൊണ്ടും ആസുരി ശരീരത്തിന്റെയും ആത്മാവിന്റെയും സംബന്ധത്തെ മനസ്സിലാക്കി അദ്ദേഹം ദിവ്യദൃഷ്ടിയെ പ്രാപിച്ചു. ഒരു ദിവസം ഋഷി മണ്ഡലത്തില്‍ ആസുരി ഏകാക്ഷര രൂപവും അവിനാശിയുമായ ബ്രഹ്മത്തിന്റെ വര്‍ണ്ണനയെ കൊടുത്തിരുന്നു. ആസുരിക്ക്‌ പഞ്ചശിഖന്‍ ശിഷ്യനായി. പഞ്ചശിഖനെ കപില എന്നു പേരായ ഒരു ബ്രാഫ്മണിയാണ്‌ മുല കൊടുത്തു വളര്‍ത്തിയത്‌. ആ ബ്രാഹ്മണി ആസുരി മഹര്‍ഷിയുടെ ഭാര്യയായിരുന്നു. ഇതു കൊണ്ട്‌ പഞ്ചശിഖനെ ജനങ്ങള്‍ കപിലാനന്ദന്‍ എന്നു വിളിച്ചു വന്നു. പഞ്ചശിഖന് ബ്രഹ്മത്തില്‍ പൂര്‍ണ്ണമായ ശ്രദ്ധയുണ്ടായിരുന്നു. കപിലേയന്റെ ഈ വൃത്താന്തം ഹേ ധര്‍മ്മരാജാവേ, മാര്‍ക്കണ്ഡേയമുനി എന്നെ കേള്‍പ്പിച്ചു തന്നു. സര്‍വ്വധര്‍മ്മജ്ഞനും അപ്രകാരം ധര്‍മ്മാത്മാവുമായ പഞ്ചശിഖന്‍ ജനകന്റെ അടുക്കലേക്കു പോയി. അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന്‌ അറിയിച്ചു. ജനകന് സകല ആചാര്യന്മാരിലും തുല്യമായ ബഹുമാനമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം ജനക രാജാവിന്ന്‌ ഉത്തമമായ ജ്ഞാനം കൊടുക്കുകയും, എല്ലാ ആചാര്യന്മാരേയും യുക്തിയുക്തമായ വാഗ്വിലാസം കൊണ്ടു മോഹിപ്പിക്കുകയും ചെയ്തു. കാപിലേയമുനിയില്‍ നിന്ന്‌ ജ്ഞാനോപദേശം കേട്ട്‌ ജനകരാജാവ്‌ അദ്ദേഹത്തില്‍ പ്രസാദിച്ച്‌ മറ്റ്‌ എല്ലാ ആചാര്യന്മാരേയും വിട്ട്‌ അദ്ദേഹത്തെത്തന്നെ അനുയായിയാക്കി. അങ്ങനെ അദ്ദേഹം ജഞാനോപദേശത്തിന്ന്‌ എല്ലാ പ്രകാരത്തിലും അധികാരിയും അഭിവാദന ശീലനുമായ ജനകരാജാവിന്ന്‌ മോക്ഷ ധര്‍മ്മങ്ങള്‍ (സാംഖ്യശാസ്ത്രാനുസൃതമായി) ഉപദേശിച്ചു. പിന്നീട്‌ ജന്മമെടുക്കുന്നത്‌ വലിയ ശോകപൂര്‍ണ്ണമായ കാര്യമാണ്‌. എന്തു കൊണ്ടെന്നാല്‍, യജ്ഞം, യാഗം തുടങ്ങിയ കര്‍മ്മങ്ങളുടെ ഫലം നശിക്കുന്നതാകുന്നു; അതു കൊണ്ട്‌ ശോകത്തിന്ന്‌ ഇവ കാരണങ്ങളാണ്‌; അതു മനസ്സിലാക്കി ഇവയെ ഉപേക്ഷിക്കുന്നതിന്ന്‌ പഞ്ചശിഖന്‍ രാജാവിനെ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു:  ഈ ജഗത്തുമുതല്‍ബ്രഹ്മലോകം വരെ സമസ്തലോകവും നാശത്തിന്നു വിധേയമാണ്‌, ദുഃഖത്തിന്നു കാരണവുമാണ്‌. അതു കൊണ്ട്‌ ഈ ലോകത്തെ മുഴുവനും പ്രാപിക്കുന്നതിന്നുള്ള ആഗ്രഹത്തെ തൃജിച്ചു കൊള്ളണം. ഏതൊരു ഫലപ്രാപ്തിക്കു വേണ്ടി ജനങ്ങള്‍ ധര്‍മ്മം ആചരിക്കുന്നുവോ, ഏതൊന്നിന്നു വേണ്ടി പുണൃഫലത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്യുന്നുവോ, അത്‌ ഇപ്രകാരമല്ല എന്ന്‌ അറിയണം. എന്തുകൊണ്ടെന്നാല്‍, അത്‌ നാശമുള്ളതും, ചഞ്ചലവും അനിശ്ചിതവുമാണ്‌. നാസ്തികന്മാര്‍ പറയുന്നു: പ്രത്യക്ഷമായി ദേഹത്തിന്നു നാശമുള്ളതായി കാണുന്നു. അതു കൊണ്ടു തന്നെ ദേഹത്തില്‍ നിന്ന്‌ ആത്മാവിനെ ഭിന്നമായ പദാര്‍ത്ഥമായി കണക്കാക്കുന്നവരായ ശാസ്ത്രത്തിന്റെ അനുയായികള്‍ തോല്പിക്കപ്പെടുന്നു, ഏന്ന്‌. അവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌. ആത്മാവിന്റെ അഭാവമാണ്‌ മൃത്യു. ശരീരത്തിന്ന്‌ ക്ലേശമുണ്ടാകല്‍, വാര്‍ദ്ധക്യമുണ്ടാകല്‍, രോഗമുണ്ടാകല്‍ തുടങ്ങിയ ശാരീരികമായ ദശാവിശേഷങ്ങള്‍, മാറ്റങ്ങള്‍ കൂടി, മൃത്യുവിന്നു സമാനമാണ്‌. പക്ഷേ, ഈ ലോക ത്തില്‍ ഏതൊരു വസ്തു ഇല്ലയോ അതിന്റേയും കൂടി അസ്തിത്വം പറയുകയാണെങ്കില്‍ രാജാവ്‌ ജരാനരയില്ലാത്ത അമരനാണെന്നു പറയേണ്ടി വരും. അത്‌ സത്യമല്ല. ഏതൊരു വസ്തുവിന്ന്‌ അസ്തിത്വം ഉണ്ടോ ഇല്ലയോ, ഏതൊരു വസ്തു വിന്റെ അസ്തിത്വം അതില്ലാതെ കണക്കാക്കപ്പെടുകയും ചെയ്യുന്നുവോ, എങ്ങനെയാണ്‌ അതേപ്പറ്റി മനുഷ്യന്‍ ഒരു തീരുമാനത്തിലെത്തേണ്ടത്‌. 

പ്രത്യക്ഷ പ്രമാണമാണ്‌ അനുമാനവും ശാസ്ത്ര പ്രമാണത്തിന്റെ മൂലവും. പ്രത്യക്ഷ പ്രമാണം കൊണ്ട്‌ ശാസ്ത്ര പ്രമാണങ്ങളെ ഖണ്ഡിക്കാവുന്നതാണ്‌. എന്നാല്‍ അനുമാന പ്രമാണമാകട്ടെ കാര്യമായി ഒന്നും സാധിക്കുന്നില്ല തന്നെ. ദേഹത്തില്‍ നിന്ന്‌ ഭിന്നമായി സ്വത്രത്രമായ ആത്മാവ്‌ ഇല്ല. അനുമാന പ്രമാണത്തിലൂടെ പ്രവൃത്തി ചെയ്യുന്നത്‌ വ്യര്‍ത്ഥമാണ്‌. വിത്തില്‍ പത്രം, പുഷ്പം, ഫലം, നെയ്യ് ഇവ ഉണ്ടാകുന്നതിനുള്ള ശക്തി ഉണ്ട്‌. പുല്ലും വെള്ളവും പശു സ്വീകരിക്കുന്നു; അതില്‍ നിന്നു തന്നെ പാല്‍, നെയ്യ്‌ തുടങ്ങിയവ ലഭിക്കുന്നു. ഇവ അതിന്റെ മൂലകാരണമായ രൂപത്തില്‍ നിന്നു ഭിന്നമാകുന്നു. വൃത്യസ്ത ഭാവത്തിലുള്ള വസ്തുക്കള്‍ ജലത്തില്‍ ദോലനം ചെയ്താൽ അവ മൂലകാരണത്തില്‍ നിന്നു ഭിന്നമായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതു പോലെ തന്നെ വീര്യത്തില്‍ നിന്ന്‌ ശരീരം, മനസ്സ്‌, ബുദ്ധി, അഹങ്കാരം എന്നിവയോടു കൂടിയ അതിന്റെ ഗുണങ്ങളെ ഉണ്ടാക്കുന്നു. സൂര്യകാന്തക്കല്ല്‌ എപ്പോള്‍ സൂര്യന്റെ കിരണങ്ങളെ സ്പര്‍ശിക്കുന്നുവോ അപ്പോള്‍ അതിനു കൂടി അഗ്നി ഉണ്ടാകുന്നു. ഏതെങ്കിലും ഒരു ഖനിജവസ്തു അഗ്നിയില്‍ തപിപ്പിക്കപ്പെട്ടാല്‍ ജലസ്പര്‍ശം ഉണ്ടാകുന്നു. അതു ജലത്തെ പുറം തള്ളുന്നു. ഇതുപോലെ ജഡം, ശരീരം, മനസ്സ്‌, സ്മൃതി എന്നീ ഗുണങ്ങളുടെ ഉള്‍പ്പത്തി വിഷയത്തില്‍ കൂടിയാണ്‌ എന്നു മനസ്സിലാക്കണം. എപ്രകാരം കാന്തക്കല്ല്‌ ലോഹങ്ങളെ അതിന്റെ അടുക്കലേക്ക്‌ ആകര്‍ഷിക്കുന്നുവോ അപ്രകാരംതന്നെ ഇന്ദ്രിയങ്ങളുടെ ദമനം മനസ്സു വഴി നടത്തുന്നു. നാസ്തികന്മാരുടെ ഈ യുക്തികള്‍ മിഥ്യകളാണ്‌. എന്തുകൊണ്ടെന്നാല്‍ ചൈതന്യത്തിന്റെ അഭാവത്തില്‍ ശരീരം നിശ്ചേഷ്ടമായി ഭവിക്കുന്നു. മൃത്യുകാലത്തില്‍ ശരീരത്തിന്റെ കൂടെ ചൈതന്യത്തിന്നു നാശം സംഭവിക്കുന്നില്ല. അതുകൊണ്ട്‌ ഈ കാര്യം മനസ്സിലാക്കണം. ശരീരം ആത്മരൂപമല്ല. ശരീരത്തെ സചേഷ്ടമാക്കുന്ന ആത്മാവ്‌ ശരീരത്തില്‍ നിന്നു ഭിന്നമായ ഒരു പദാര്‍ത്ഥമാണ്‌. ശരീരവും ആത്മാവും ഒരു പദാര്‍ത്ഥമാണെങ്കില്‍ ഒരേ സമയം രണ്ടിന്റെയും അഭാവം സംഭവിക്കുമായിരുന്നു. എന്നാല്‍ അപ്രകാരം സംഭവിക്കാതെ മൃത്യുവിനു ശേഷം മനുഷ്യന്റെ മൃതശരീരം എത്രയോ നേരം വേര്‍തിരിഞ്ഞു കിടക്കുന്നതായി കാണപ്പെടുന്നു. എന്നാല്‍ ആ ചൈതന്യ പദാര്‍ത്ഥം കാണപ്പെടുന്നില്ല. നാസ്തികന്മാരുടെ മതം ഖണ്ഡിക്കുന്നതിന്ന്‌ ഇത്‌ ഒരു യുക്തിയാണ്‌. അവരുടെ മതമനുസരിച്ച്‌ കര്‍മ്മം നഷ്ടമാകുന്നു. ഈ കാരണങ്ങളെ കൊണ്ടു ജഡം ശരീരത്തിന്റെ സിദ്ധിയാണ്‌ എന്നു വരുന്നു. അജഡമായ - അമൂര്‍ത്തമായ - ആത്മാവിന്റെയും മൂര്‍ത്തമായ ജഡത്തിന്റെയും ഏകത്വം മനസ്സിലാക്കാന്‍ പറ്റാത്തതാണ്‌ (അതു തെറ്റാണ്‌).

ഇനി ബൗദ്ധമതം കേട്ടാലും: അതില്‍ ഇങ്ങനെ പറയുന്നു. അജ്ഞാനം, കര്‍മ്മവാസന, ലോഭം, മോഹം തുടങ്ങിയ ദോഷങ്ങള്‍ കാരണമാണ്‌ പുനര്‍ജ്ജന്മം ഉണ്ടാകുന്നത്‌ എന്നാണ്‌. അവര്‍ പറയുന്നു. അവിദ്യ ക്ഷേത്രമാണ്‌ (ആത്മാവ്‌). ഏപ്രകാരം ഭൂമിയില്‍ ബീജം മുളയ്ക്കുന്നുവോ അതുപോലെ കര്‍മ്മവും ക്ഷ്രേതത്തില്‍ മുളയ്ക്കുന്ന ബീജമാണ്‌. ബീജത്തെ ക്ഷേത്രത്തില്‍ മുളപ്പിക്കുന്നത്‌ ജലമാണ്‌ (ആഗ്രഹം). എത്രകാലം ഇന്ദ്രിയഗോചരമല്ലാത്ത അവിദ്യ ശരീരത്തില്‍ സ്ഥിതി ചെയ്യുന്നു?. ഒരു ശരീരം നശിച്ചാല്‍ മറ്റൊന്ന്‌ അതില്‍നിന്നും ഉണ്ടാകും. ജ്ഞാനമാകുന്ന തീയില്‍ അവിദ്യ നശിക്കുന്നതു വരെ ഈ പ്രക്രിയ തുടരും. ജ്ഞാനം (അസ്തിത്വം) ഇല്ലാതാക്കി വ്യക്തി നിര്‍വ്വാണമടയുന്നു. അപ്പോള്‍ ദേഹത്തിന്ന്‌ നാശം സംഭവിക്കുന്നു. ഇതിനെ തന്നെയാണു ബൗദ്ധജനങ്ങള്‍ നിര്‍വ്വാണം എന്ന്‌ പറയുന്നത്‌.

ഈ മതം ശരിയല്ല. എന്തു കൊണ്ടെന്നാല്‍ ഏതെങ്കിലും പ്രാണിക്ക്‌ ഇപ്രകാരം ജന്മം ഉണ്ടായതായി കണക്കാക്കിയാല്‍, അത്‌ പുണ്യപാപങ്ങള്‍ കാരണം സ്വരൂപസങ്കല്പങ്ങളില്‍ നിന്ന്‌ ഭിന്നമാണെങ്കില്‍, ആ പ്രാണിക്ക്‌ അതിന്റെ പൂര്‍വ്വജന്മത്തിന് സാദൃശ്യം ഉണ്ട്‌ എന്നു എങ്ങനെ പറയുവാന്‍ കഴിയും? അതുകൊണ്ട്‌  ഇതില്‍ നിന്ന്‌ പ്രാണികള്‍ക്കു പുനര്‍ജന്മത്തില്‍ സാദൃശ്യം ഇല്ല എന്നതു തന്നെയാണ്‌ അനുമാനിക്കാവുന്നത്‌. മാത്രമല്ല, പുനര്‍ജ്ജന്മം കിട്ടിയവന്‍ കഴിഞ്ഞ ജന്മത്തിലുണ്ടായവനില്‍ നിന്ന്‌ വൃത്യസ്തനാണെങ്കില്‍, അവനു ദാനങ്ങളും സല്‍ക്കര്‍മ്മങ്ങളും ചെയ്യുവാനും ജ്ഞാനം സമ്പാദിക്കുവാനും എങ്ങനെ താല്പരൃമുണ്ടാകും? എന്തെന്നാല്‍, അവന്‍ ചെയ്യുന്നതെല്ലാം ഏതോ കാലത്ത്‌ ഉണ്ടായിരുന്ന വേറൊരുത്തനു വേണ്ടിയുള്ളതാകുകയില്ലേ? ഈ സിദ്ധാന്തമനുസരിച്ച്‌ ഒരു ആത്മാവ്‌ ധര്‍മ്മം ചെയ്യും; അതിന്റെ ഫലം മറ്റൊന്ന്‌ അനുഭവിക്കും; പൂര്‍വ്വജന്മത്തില്‍ ഒരാള്‍ ചെയ്ത ഒരു ദുഷ്കര്‍മ്മത്തില്‍ നിന്ന്‌ ഈ ജന്മത്തില്‍ മറ്റൊരു പ്രാണിയെ ദുഃഖിയായി കാണപ്പെടും; മറിച്ചും. ഈ ലോകത്തില്‍ കാണപ്പപെടുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി കാണപ്പെടാത്ത കാരൃങ്ങള്‍ ഈഹിച്ചെടുക്കാവുന്നതാണ്‌. വ്യത്യസ്തമായ പ്രജ്ഞ. വിഭിന്നമായ ചേതന, ജന്മങ്ങളോരോന്നിലും ഉണ്ടാകുമെന്ന്‌ ഇവര്‍ സിദ്ധാന്തിക്കുന്നു. ഇങ്ങനെ വിഭിന്നങ്ങളും വ്യത്യസ്തങ്ങളുമായ ചേതനകള്‍ വിവിധ ജന്മങ്ങളില്‍ ഉണ്ടാകുമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അത്‌ വൈരുദ്ധ്യാത്മകവുമാണ്‌. എന്തെന്നാല്‍, പൂര്‍വ്വജന്മത്തെ സംബന്ധിച്ച വിജ്ഞാനം ശരീരം നശിക്കുന്ന സമയം വരെ നിലനില്ക്കുന്നു. പ്രജ്ഞ ക്ഷണികമാണ്‌; ശാശ്വതമല്ല; ശരീരം നശിക്കുന്നതു വരെ മാത്രം അതു നിലനില്ക്കും. അത്‌ മറ്റൊന്നിന്റെ ഉത്പത്തിക്ക്‌ കാരണമായി ഭവിക്കുന്നില്ല. ആദ്യത്തെ വിജ്ഞാനത്തിന്റെ നാശത്തെ രണ്ടാമത്തെ വിജ്ഞാനത്തിന്റെ ഉത്പത്തിക്ക്‌ കാരണമായി കണക്കാക്കിയാല്‍ ഒരു മൃതശരീരത്തില്‍ നിന്ന്‌ മറ്റേ ശരീരത്തിന്റെ ഉത്പത്തി കൂടി ഉണ്ടാവുന്നതായി കണക്കാക്കേണ്ടി വരും. അവരുടെ നിര്‍വ്വാണ സിദ്ധാന്തത്തിന് മറ്റൊരു ദോഷംകൂടിയുണ്ട്‌. അതായത്‌ ആ സിദ്ധാന്തപ്രകാരം നിര്‍വ്വാണം (നാശം) ഋതുക്കള്‍ പോലെ, കൊല്ലങ്ങള്‍, മാസങ്ങള്‍, യുഗം, ചൂട്‌, തണുപ്പ്‌ എന്നിവ പോലെയോ അല്ലെങ്കില്‍ ഇഷ്ടാനിഷ്ടപദാര്‍ത്ഥങ്ങള്‍ പോലെയോ എന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമായി വരും. ഈ ദോഷത്തെ മറികടക്കാന്‍ അവര്‍ പറയുന്ന വാദം ഇതാണ്‌: സ്ഥിരമായി ആത്മാവുണ്ട്‌; അതില്‍ വേറെ വേറെ പ്രജ്ഞ വന്നുചേരുന്നു, എന്ന്‌. ഈ വാദവും വൈരുദ്ധ്യാത്മകമാണ്‌; എന്തെന്നാല്‍ ഈ സിദ്ധാന്തപ്രകാരം സ്ഥിരമായ ആത്മാവും ജരാനരകളും മരണവും കാരണം ക്ഷീണിച്ചു നശിച്ചു പോകും എന്നു വരുന്നു - താങ്ങു നശിച്ചാല്‍ വീടു വീഴുന്നതു പോലെ, ജ്ഞാനം, ഇന്ദ്രിയങ്ങള്‍, മനസ്സ്‌, വായു, രക്തം, മാംസം, ഇവയെല്ലാം നശിക്കുകയും മൂലധാതുവില്‍ ലയിക്കുകയും ചെയ്യും. അതല്ല, അനന്തമായ ഒരു ആത്മാവാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍, അതിലും അര്‍ത്ഥമില്ല; എന്തെന്നാല്‍ ദാനധര്‍മ്മത്തിന്റെ ഫലം അതിനു ലഭിക്കുകയില്ല. അപ്പോള്‍ വേദവാക്യവും ലോകവ്യവഹാരവും നിഷ്ഫലമായി ഭവിക്കും എന്തെന്നാല്‍ ബുദ്ധിയും പ്രജ്ഞയും ആത്മാവില്‍ നിന്നും വിമുക്തമായതു കൊണ്ട്‌ സല്‍ക്കര്‍മ്മങ്ങളുടേയും വേദാദ്ധ്യയനത്തിന്റേയും ഫലം ആര്‍ക്കും കിട്ടാതെ പോകുന്നു. ഇത്തരം ഊഹങ്ങള്‍ സ്വാഭാവികമായും പൊന്തി വരുന്നു. ഏതാണ്‌ ശരിയെന്ന്‌ അറിയില്ല. ഓരോരുത്തരും ഓരോ രീതി ചിന്തിച്ചു പിന്‍തുടരുന്നു. അങ്ങനെ എല്ലാവരും കഷ്ടത്തിലാവുന്നു; അങ്ങനെ സദുദ്യമത്താലും ചീത്ത ഉദ്യമത്താലും ഇത്തരം സിദ്ധാന്തങ്ങള്‍ മനുഷ്യനെ നേരായ മാര്‍ഗ്ഗത്തിലെത്തിക്കയില്ല. ഏതു പ്രകാരത്തില്‍ ആനക്കാരന്‍ ആനയെ സന്മാര്‍ഗ്ഗത്തില്‍ നയിക്കുന്നുവോ, അതു പോലെ തന്നെ വേദവും മനുഷ്യനെ സന്മാര്‍ഗത്തിലേക്കു നയിക്കുന്നു. അനേകം ശുഷ്കമായ ജ്ഞാനമുള്ളവര്‍ മനസ്സിനെ സുഖിപ്പിക്കുന്ന അനേകം പദാര്‍ത്ഥങ്ങളെ മോഹിക്കുന്നു. എന്നാല്‍ അവര്‍ക്ക്‌ ആ പദാര്‍ത്ഥങ്ങളില്‍ നിന്ന്‌ ദുഃഖമാണ്‌ ഉണ്ടാകുന്നത്‌. അതു മാത്രമല്ല ഈ ജനങ്ങള്‍ പരാധീനന്മാരായി സുഖപ്രാപ്തി കൂടാതെ മരിച്ചു പോകുന്നു. നിശ്ചയമായും നാശമുണ്ടാകുന്ന ശരീരത്തേയും, അനിശ്ചിതമായ ജീവനേയും ധരിക്കുന്ന പുരുഷന് തന്റെ ശരീരത്തില്‍ നിന്ന്‌ ഭിന്നമായ ഭാര്യാപുത്രാദികളില്‍ നിന്നു എന്തു പ്രയോജനമുണ്ട്‌? യാതൊരു പ്രയോജനവുമില്ല. ഏതൊരു പുരുഷന്‍ ക്ഷണത്തില്‍ ഇവയെല്ലാം ഉപേക്ഷിച്ച്‌ പൊയ്ക്കളയുന്നുവോ, അവനെ മരണത്തിന് ശേഷം പുനര്‍ജ്ജന്മം പിടി കൂടുന്നില്ല. പൃഥ്വി, ആകാശം, ജലം, അഗ്നി, വായു എന്നിവ എല്ലായ്‌പോഴും ശരീരത്തിന്റെ രക്ഷയെ ചെയ്യുന്നു. യാതൊരു കൂട്ടര്‍ ഇപ്രകാരമുള്ള ശരീരത്തെ സ്നേഹിക്കും? വാസ്തവത്തില്‍ നാശവാനായ ശരീരത്തില്‍ യാതൊരു തരത്തിലുള്ള ആനന്ദവും കാണുന്നില്ല.

കപടരഹിതമായ പരമ കല്യാണകാരിയായ ആത്മജ്ഞാനം ഉണ്ടാക്കുന്ന ഈ വചനങ്ങള്‍ കേട്ടു കൊണ്ട്‌ ജനകരാജാവ്‌ വളരെ അത്ഭുതപ്പെട്ടു. അദ്ദേഹം വീണ്ടും ഒന്ന്‌ ചോദിക്കുവാന്‍ ഒരുങ്ങി.

അദ്ധ്യായം 219. പഞ്ചശിഖവാക്യം - പുനര്‍ജ്ജന്മവും മോക്ഷവും - ഭീഷ്മൻ പറഞ്ഞു: ഹേ ധര്‍മ്മരാജാവേ! പഞ്ചശിഖന്‍ ജനദേവ രാജാവിന്‌ ഈ ഉപദേശം കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു.

ജനകന്‍ പറഞ്ഞു: മരണത്തിന് ശേഷം പ്രാണികള്‍ക്കു ജ്ഞാനമില്ലെങ്കില്‍ ജ്ഞാനവും അജ്ഞാനവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? ജ്ഞാനത്താല്‍ എന്തു നേടുന്നു? അജ്ഞാനത്താല്‍ എന്തു നഷ്ടപ്പെടുന്നു? ഹേ ദ്വിജശ്രേഷ്ഠാ! മോക്ഷത്തിന്റെ സ്വരൂപം ഇതാണെങ്കില്‍, ധര്‍മ്മം, കര്‍മ്മം, യമം, നിയമം, എന്നിവയുടെ ഫലം നശിക്കുന്നു. ശ്രദ്ധ, അശ്രദ്ധ എന്നാല്‍ എന്താണ്‌ ? മോക്ഷം എന്നത്‌ ഇന്ദ്രിയസുഖം നല്‍കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നുമുള്ള മോചനമാണെങ്കില്‍ മനുഷ്യന്‍ എന്തിനു കര്‍മ്മം ചെയ്യുന്നു?. ഈ വിഷയത്തില്‍ എന്താണോ നിശ്ചിതമായ മതം, അത്‌ അങ്ങ്‌ പറഞ്ഞു തന്നാലും.

ഭീഷ്മൻ പറഞ്ഞു:  രാജാവിനെ അന്ധകാരാച്ഛാദിതമായ മട്ടില്‍, ശ്രമത്തില്‍ നിമഗ്നനായ രോഗിയെപ്പോലെ കണ്ടിട്ട്‌ പഞ്ചശിഖന്‍ വീണ്ടും തന്റെ വാക്കുകളെ ശാന്തമാക്കി പറഞ്ഞു:

രാജാവേ, മോക്ഷത്തിന് നാശമില്ല. മോക്ഷത്തിന്‌ അസ്തിത്വം പോലുമില്ല. അത്‌ മറ്റൊരു രീതിയിലുള്ള അസ്തിത്വവുമല്ല. നമുക്ക്‌ ഈ സമാഹാരം കേവലം ശരീരത്തിന്റേയും ഇന്ദ്രിയത്തിന്റേയും മനസ്സിന്റേയും സഞ്ചയമായി കാണപ്പെടുന്നു. ഇവയ്ക്കെല്ലാറ്റിനും വേറെ വേറെ അസ്തിത്വമുണ്ട്‌. എങ്കിലും ഇവ അന്യോന്യം ആശ്രയിച്ച്‌ കര്‍മ്മത്തെ ചെയ്യുന്നു. അഞ്ചു ധാതുക്കളില്‍ നിന്ന്‌ ഈ ശരീരം ഉത്ഭവിച്ചിരിക്കുന്നു. ശരീരത്തിന്റെ സംഘടനയില്‍ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി ഇങ്ങനെ അഞ്ചു ഭൂതങ്ങള്‍ സ്വാഭാവികമായി ഒരിടത്തു ചേരുന്നു. യഥാസമയം സ്വാഭാവികമായും ഇവ അഞ്ചും വേറെ വേറെയും സ്ഥിതിചെയ്യുന്നു. ആകാശം, വായു, തേജസ്സ്‌, ജലം, പൃഥ്വി ഇവ ഒന്നിച്ചു ചേര്‍ന്ന്‌ ശരീരം ഉണ്ടാക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ശരീരം ഏതെങ്കിലും വേറിട്ടുള്ള തത്ത്വമൊന്നുമല്ല. ജ്ഞാനം, ജാരാഗ്നി, പ്രാണവായു എന്നിവയുണ്ട്‌. അതു തന്നെയാണ്‌ പ്രമാണം എന്നു പറയപ്പെടുന്നത്‌. അതു തന്നെയാണ്‌ വായു. ഇവ മൂന്നുമാണ്‌ കര്‍മ്മത്തിന്റെ സംഗ്രഹമായി പറയപ്പെടുന്നത്‌. ഇന്ദ്രിയങ്ങള്‍ അവയുടെ ശബ്ദസ്പര്‍ശാദി വിഷയങ്ങളും ഈ വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന വൃത്തികളും-ചേതന, മനസ്സ്‌, പഞ്ചപ്രാണം, വായു, ജഠരാഗ്നിയില്‍ നിന്ന്‌ ഉത്ഭവിച്ച രസം, ധാതു ഇവയുടെ ഉല്‍പ്പത്തി, മുമ്പു പറഞ്ഞ മൂന്നു പദാര്‍ത്ഥങ്ങളില്‍ നിന്നാണ്‌. അതായത്‌ ജ്ഞാനം, വായു, ജഠരാഗ്നി ഇവയില്‍നിന്നുണ്ടായതാണ്‌.

ശ്രവണം, സ്പര്‍ശം, രൂപം, രസം, ഗന്ധം, ഇന്ദ്രിയങ്ങളുടെ വിഷയങ്ങളായ ഇവയും തങ്ങളുടെ ഗുണങ്ങളും മനസ്സില്‍ നിന്ന്‌ ഉണ്ടായതാണ്‌. ഈ മനസ്സു തന്നെയാണ്‌ ഇവ എല്ലാറ്റിന്റേയും കാരണം. മനസ്സ്‌ ചേതനമായ ആത്മാവിന്റെ പ്രതിബിംബമാണ്‌. മനസ്സിന്‌ മൂന്നവസ്ഥകളുണ്ട്‌. സുഖം, ദുഃഖം, സുഖദുഃഖങ്ങളുടെ അഭാവം ഇവയാണ്‌. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം, രൂപാശ്രിതം ഇവ ദ്രവ്യങ്ങളാണ്‌. ഈ ആറു ഗുണങ്ങളും മരണം വരെ ജ്ഞാനസിദ്ധി ഉണ്ടാക്കുന്നവയാണ്‌. ബ്രഹ്മപ്രാപ്തിക്കു വേണ്ടിയുള്ള കര്‍മ്മം, സന്ന്യാസം, സമസ്ത അര്‍ത്ഥങ്ങളുടേയും നിര്‍ണ്ണയം ഇവയുടെ എല്ലാറ്റിന്റേയും ആശ്രയം ഇന്ദ്രിയങ്ങളാണ്‌. ജ്ഞാനികള്‍ പറയുന്നു സത്യനിര്‍ണ്ണയം തന്നെ ജീവന്റെ പ്രധാന ഫലമാണ്‌ എന്ന്‌. അതു തന്നെയാണ്‌ മോക്ഷത്തിന്റെ ബീജരൂപം, അല്ലെങ്കില്‍ മൂലരൂപം. ബുദ്ധി മോക്ഷത്തെ അല്ലെ ങ്കില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നതിന് സഹായിക്കുന്നു. യാതൊരു പുരുഷന്‍ ഈ നശ്യമായ ശരീരത്തേയും ഇന്ദ്രിയങ്ങളുടെ വിഷയങ്ങളേയും ആത്മാവായി കാണുന്നുവോ, ആ മിഥ്യയായ ജ്ഞാനത്തോടു കൂടിയ പുരുഷന്റെ ദുഃഖത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയുകയില്ല. എന്നാല്‍, സാംസാരിക വിഷയങ്ങളെ അനാത്മമായി കണക്കാക്കി അവയെ തൃജിക്കുന്ന മനുഷ്യര്‍ ഒരിക്കലും ദുഃഖമുള്ളവരാകുന്നില്ല. എന്തുകൊണ്ടെന്നാല്‍, ദുഃഖത്തിന്റെ അധിഷ്ഠാനമാകട്ടെ ഇത്തരത്തിലുള്ള ജനങ്ങളുടെ കൂടെ നില്ക്കുന്നില്ല. ഇപ്പോള്‍ ഞാനിതാ, നിങ്ങള്‍ക്ക്‌ മോക്ഷത്തിന്റെ പ്രാപ്തിക്കു വേണ്ടിയുള്ള സാംഖ്യശാസ്ത്രം എന്നു പേരായ സര്‍വ്വശ്രേഷ്ഠ ശാസ്ത്രത്തിന്റെ സിദ്ധാന്തം പറഞ്ഞു തരുന്നു, കേള്‍ക്കുക.

മുമുക്ഷുക്കള്‍ക്കായി സദാ അനുഷ്ഠിക്കേണ്ട കര്‍മ്മം ഇതു തന്നെയാണ്‌; അവര്‍ കര്‍മ്മത്തേയും വൈഭവത്തേയും ഉപേക്ഷിക്കണം. ഏതൊരുത്തന്‍ ഇവയെ ഉപേക്ഷിക്കുന്നില്ലയോ, ഇവയെ തൃജിക്കാതെ തന്നെ നമുക്ക്‌ സുഖത്തോടും ശാന്തിയോടും കൂടി വസിക്കാം എന്ന്‌ ആലോചിക്കുകയും ചെയ്യുന്നുവോ, അവന് അവിദ്യാ രൂപമായ ദുഃഖദായിയായ ക്ലേശങ്ങളെ സഹിക്കേണ്ടി വരുന്നു. ദ്രവ്യത്തെ ഉപേക്ഷിക്കുന്നതും, സംഗ്രഹ പ്രവര്‍ത്തിയുടെ നാശത്തിന് വേണ്ടിയുള്ളതുമായ യജ്ഞാദി വൈദിക കര്‍മ്മങ്ങളുണ്ട്‌. ഭോഗം ഉപേക്ഷിക്കുന്നതിനു വേണ്ടിയുള്ള വ്രതമുണ്ട്‌. സുഖം ഉപേക്ഷിക്കുന്നതിനു വേണ്ടിയുള്ള തപസ്സുണ്ട്‌. എല്ലാ ത്യാഗത്തിനും വേണ്ടി യോഗമുണ്ട്‌. സര്‍വ്വത്യാഗം തന്നെയാണ്‌ സര്‍വ്വോത്തമമായ ത്യാഗം. ദുഃഖനാശത്തിന് വേണ്ടി സര്‍വ്വ പ്രകാരത്തിലുള്ള ഭേദങ്ങള്‍ ഇല്ലാത്ത ത്യാഗരൂപമായ ഭോഗത്തിന്റെ മാര്‍ഗ്ഗം നിനക്കു വേണ്ടി ഞാന്‍ പറഞ്ഞു തരാം. ഏതൊരുത്തന്‍ ഈ മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്നുവോ, അവന്‍ സമസ്ത ദുഃഖങ്ങളേയും ഇല്ലായ്മ ചെയ്യുന്നതിന്‌ കഴിവുള്ളവനായി തീരുന്നു. ഏതൊരുത്തന്‍ ഈ മാര്‍ഗ്ഗത്തില്‍ നിന്നു വ്യതിചലിക്കുന്നുവോ, അവന് ദുഃഖവും ശോകവും സഹിക്കേണ്ടി വരുന്നു. ആദ്യമായി അഞ്ചു ജ്ഞാനേന്ദ്രിയങ്ങളുടേയും ആറാമത്തെ മനസ്സിന്റെ കാര്യവും പറയാം.

അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും ആറാമത്തെ പ്രാണനും ചിത്തത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു? രണ്ടു കൈകളും കര്‍മ്മേന്ദ്രിയങ്ങളാണ്‌. ഗതീന്ദ്രിയം, ലിംഗജനനേന്ദ്രിയം, ആനന്ദേന്ദ്രിയം,   മലവിസര്‍ജ്ജനത്തിന് വേണ്ടി ഗുഹ്യേന്ദ്രിയം, ശബ്ദവിശേഷോച്ചാരണത്തിന് വേണ്ടി വാഗിന്ദ്രിയം എന്നിവയുണ്ട്‌. ഈ അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുടേയും കൂടെ ആറാമത്തേതായി മനസ്സും ഉണ്ട്‌. ഇപ്രകാരം അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും മനസ്സും ഉള്‍പ്പെടെ പതിനൊന്ന്‌ ഇന്ദ്രിയങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ പതിനൊന്ന്‌ ഇന്ദ്രിയങ്ങളെ അറിഞ്ഞു കൊണ്ട്‌ ബുദ്ധിയുടെ കൂടെ വിചാരത്തെ ചെയ്തു കൊണ്ട്‌ മനസ്സിനെ ത്യജിക്കണം. ശ്രോത്രേന്ദ്രിയം ശബ്ദവിഷയമാണ്‌. ചിത്തം ശ്രോതാവും ശ്രവണം ക്രിയയുമാകുന്നു. വിഷയത്തിലും ശ്രോതാവിലും മൂന്ന്‌ ഉപയോഗികളുണ്ട്‌. ഇപ്രകാരം തന്നെ സ്പര്‍ശം. രൂപം, രസം, ഗന്ധം ഇവയില്‍ക്കൂടി മുമ്മൂന്നിന്റെ ആവശ്യകത ഉണ്ട്‌. ഇപ്രകാരം പതിനഞ്ചു ഗുണങ്ങള്‍ മുന്‍പറഞ്ഞ പലതരം ഇന്ദ്രിയജ്ഞാനത്തിന്ന്‌ ആവശ്യമാണ്‌. ഇവ ശബ്ദം തുടങ്ങിയ തന്മാത്രകളുടെ ജ്ഞാനത്തിന് വേണ്ടിയുള്ള ഉപയോഗികളാണ്‌. ഇവയുടെ അനുഭവങ്ങളിലൂടെ സ്ഥൂലേന്ദ്രിയങ്ങൾ ധര്‍മ്മവും ധര്‍മ്മത്തില്‍ സംലഗ്നമായ മനസ്സും ക്രമത്തില്‍ ജീവന്റെ സമീപം വരുന്നു. മനസ്സിന്റെ വിഷയങ്ങളായ രൂപികള്‍ മൂന്നു ഗുണങ്ങളാണ്‌. സാത്വികം, രജസ്സ്‌, തമസ്സ്‌ എന്നിവ ഈ മൂന്നു ഗുണങ്ങളോടു കൂടെ പ്രഹര്‍ഷം തുടങ്ങിയ മൂന്നു വൃത്തികളില്‍ നിന്നു യുക്തമായ മൂന്നു പ്രകാരത്തിലുള്ള അനുഭവം ഉണ്ടാകുന്നു. ഇഷ്ടവസ്തു കേള്‍ക്കുന്നതു കൊണ്ട്‌ ഹര്‍ഷം, ഇഷ്ടവസ്തു കാണുന്നതു കൊണ്ട്‌ പ്രീതി, ഇഷ്ടവസ്തു ലഭിക്കുന്നതുകൊണ്ട്‌ ആനന്ദം, ഇഷ്ടവസ്തുവുമായുള്ള സമാഗമം കൊണ്ട്‌ സുഖവും മനഃശാന്തിയും- ഇവയെല്ലാം വൈരാഗ്യം വഴി ഇഷ്ടപദാര്‍ത്ഥങ്ങളുടെ പ്രാപ്തിയില്‍ നിന്നു ഉടലെടുക്കുന്നുവെങ്കില്‍ ഇതിനെ സത്വഗുണത്തിന്റെ ലക്ഷണമായി ധരിച്ചുകൊള്ളണം. അസന്തോഷം, പരിതാപം, ശോകം, ലോഭം, ക്ഷോഭം എന്നിവ രജോഗുണത്തിന്റെ ലക്ഷണങ്ങളാണ്‌. ഇവ കാരണം കൂടാതെതന്നെ തന്നില്‍ ഉണ്ടാകുന്നു. അവിവേകം, മോഹം, പ്രമാദം, സ്വപ്നം, ആലസ്യം ഇവ ഏതെങ്കിലും രീതിയില്‍ ഉത്ഭവിക്കുന്നുവെങ്കില്‍ അതു തമോഗുണത്തിന്റെ ലക്ഷണങ്ങളാണ്‌. ശരീരത്തില്‍ അഥവാ മനസ്സില്‍ എപ്പോള്‍ മോഹവും പ്രീതിയുക്തമായ ഭാവവും അറിയുന്നുവോ. അപ്പോള്‍ അത്‌ സത്വഗുണഭാവോദയമാണെന്ന്‌ മനസ്സിലാക്കണം. എപ്പോള്‍ മനസ്സില്‍ അസന്തോഷവും, അപ്രീതിയും ഉണ്ടാക്കുന്ന ഭാവമുണ്ടോ, അപ്പോള്‍ മനസ്സിലാക്കണം, രജോഗുണപ്രവൃത്തി ഉണ്ട്‌ എന്ന്‌. എപ്പോള്‍ ശരീരത്തില്‍ അഥവാ മനസ്സില്‍ മോഹം ഉണ്ടാകുന്നുവോ, ചിന്തിച്ചിട്ടു കൂടി തര്‍ക്കമായ പ്രവൃത്തി ചെയ്യുന്നില്ലയോ, കുറച്ചു കൂടി വിചാരം മനസ്സില്‍ വരുന്നില്ലയോ, അപ്പോള്‍ മനസ്സിലാക്കണം. തമോഗുണത്തിന്റെ ഉദയം ഉണ്ട്‌ എന്ന്‌. ശ്രോത്രേന്ദ്രിയം ആകാശത്തിന്റെ ആശ്രിതനാണ്‌. എന്തുകൊണ്ടെന്നാല്‍, അതു തന്നെത്താന്‍ ആകാശ രൂപമാണ്‌. ശ്രോത്രം ആകാശത്തിന്റെ ആശ്രയരൂപമാണ്‌. എപ്പോള്‍ ശബ്ദവിജ്ഞാനം ഇളക്കപ്പെടുന്നുവോ, അപ്പോള്‍ ശബ്ദത്തിന്റേയും ആകാശത്തിന്റേയും ജ്ഞാനം ഉണ്ടാകുന്നില്ല. എന്നാല്‍, ശബ്ദത്തിന്റെ ജ്ഞാനം ഉണ്ടാകുമ്പോള്‍- ശ്രോത്രവും ആകാശവും- രണ്ടിന്റേയും ജ്ഞാനം ഉണ്ടാകുന്നു. ഇപ്രകാരം തന്നെ ത്വക്ക്‌, ചക്ഷുസ്സ്‌, ജിഹ്വ, നാസിക ഇവയുടെ വിഷയത്തിലും മനസ്സിലാക്കണം. സ്പര്‍ശം, രൂപം, രസം, ഗന്ധം ഇവയെല്ലാം മനസ്സിന്റെ വിഷയങ്ങളാണ്‌. എന്തുകൊണ്ടെന്നാല്‍, അവ മനസ്സാകുന്ന രൂപം തന്നെയാണ്‌. തങ്ങളുടെ വിഷയങ്ങളിലുള്ള അഞ്ചിന്ദ്രിയങ്ങളുടെ അഞ്ചു ജഞാനേന്ദ്രിയങ്ങളും ഒരു പ്രദേശത്ത്‌ വസിക്കുന്നു. ഇവ പത്തിന്റേയും സംയോഗം കൊണ്ട്‌ പതിനൊന്നാമത്തെ രൂപത്തില്‍ മനസ്സ്‌ വസിക്കുന്നു. മനസ്സില്‍ പ്രന്തണ്ടാമത്തേതായി ബുദ്ധി വസിക്കുകയും ചെയ്യുന്നു. ഇവ പ്രന്തണ്ടും ഒരു സ്ഥാനത്തു സ്ഥിതി ചെയ്യുന്നില്ല എന്നു പറയുകയാണെങ്കില്‍ അതു മരണത്തില്‍ അവസാനിക്കും- സ്വപ്നമില്ലാത്ത നിദ്രപോലെ. എന്നാല്‍, ഇപ്രകാരം സംഭവിക്കുന്നില്ല.

അതുകൊണ്ട്‌ ഇവ പ്രന്തണ്ടും ഒരിടത്തു വസിക്കുന്നു എന്നത്‌ ശരിയാണ്‌. പക്ഷേ, ഇവ ആത്മാവില്‍ നിന്നു വേറിട്ടു നിലകൊള്ളു ന്നു. ഈ പ്രന്തണ്ടെണ്ണവും ആത്മാവോടു കൂടി നിലനില്‍ക്കുന്നു എന്ന്‌ സാമാന്യമായി പറയപ്പെടുന്നു- സാമാനൃജനങ്ങള്‍ക്കു മനസ്സിലാക്കാനായി അങ്ങനെ പറയുന്നു എന്നേ ഉള്ളു. സ്വപ്ന ദൃഷ്ടനായ പുരുഷന്‍ ഇന്ദ്രിയങ്ങളുടെ പുര്‍വ്വവാസനയ്ക്ക് അനുസൃതമായി തന്റെ ഇന്ദ്രിയങ്ങളെ അവയുടെ സൂക്ഷ്മ രൂപങ്ങളില്‍ കാണുന്നു. സത്വരജസ്തമോഗുണങ്ങള്‍ അവനിലുള്ളതു കൊണ്ട് തന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ അവയുടെ കൂടെ അസ്തിത്വം ഉണ്ടെന്നു കണക്കാക്കുന്നു. ജാഗ്രത്തായ അവസ്ഥ പോലെ അവന്‍ സകങ്കല്പാത്മകമായ ശരീരം കൊണ്ട്‌ ക്രിയ ചെയ്യുന്നു.

അതു കുറച്ചുകാലം കൊണ്ട്‌ നശിക്കുകയും ചെയ്യുന്നു. യാതൊന്ന്‌ ചലിക്കുകയും തമോഗുണം കൊണ്ട്‌ ചിത്തത്തില്‍ ഉത്പത്തി ഉണ്ടാകുകയും ചെയ്യുന്നുവോ, അതിനെ വിദ്വാന്മാര്‍ തമോഗുണികളായി പറയുന്നു. ഇത്‌ സ്ഥൂലശരീരത്തില്‍ നിന്നുണ്ടായതാണ്‌. യാതൊന്നിന്റെ വര്‍ണ്ണന വേദങ്ങളില്‍ ചെയ്തിട്ടുണ്ടോ, അങ്ങനെയുള്ള സുഖമാണ്‌ മോക്ഷസുഖം. അതില്‍ ദുഃഖത്തിന്റെ അംശം ലേശം പോലുമില്ല. എപ്രകാരം ഗുണങ്ങള്‍ സുക്ഷുപ്താവസ്ഥയില്‍ ഇരിക്കുന്നുവോ, അപ്രകാരം തന്നെ ഗുണങ്ങള്‍ മോക്ഷത്തിലും ഇരിക്കുന്നു. കര്‍മ്മത്തില്‍ നിന്നല്ല ഇതിലും ഉല്‍പത്തി. അവിദ്യാക്രാന്തരായ പുരുഷന്മാരില്‍ ഈ ഗുണങ്ങള്‍ ദൃഡതയോടെ സംലഗ്നമായി വര്‍ത്തിക്കുന്നു. എന്നാല്‍ അവിദ്യയില്‍ നിന്ന്‌ അകന്നു നില്‍ക്കുന്ന ജ്ഞാനിയായ പുരുഷന്റെ കൂടെ ഈ ഗുണങ്ങള്‍ വസിക്കുന്നില്ല.

മുമ്പു പ്രസ്താവിച്ചതായ പഞ്ചമഹാഭൂതങ്ങളുടെ സമൂഹത്തെ അദ്ധ്യാത്മശാസ്ത്രികള്‍ ക്ഷ്രേതം എന്നു പറയുന്നു. മാനസിക ഭാവത്തെ ക്ഷേത്രജ്ഞന്‍ എന്നും പറയപ്പെടുന്നു. ഇപ്രകാരത്തില്‍ സമസ്തപ്രാണികളും അനാദികാലം മുതല്‍ അവിദ്യ കാരണം കര്‍മ്മാധീനമാക്കി തന്റെ കാര്യത്തില്‍ സംലഗ്നമായി വര്‍ത്തിക്കുന്നു. ഇപ്രകാരമുള്ള ദശയില്‍ എന്തിന്റേയും നാശം കണക്കാക്കപ്പെടുന്നു. ശാശ്വതമായ ആത്മാവിന്‌ നാശം സംഭവിക്കുന്നില്ല. എപ്രകാരം ക്ഷുദ്ര നദികള്‍ വലിയ നദികളില്‍ പ്രവേശിച്ച്‌ തങ്ങളുടെ പേരും രൂപവും നശിപ്പിക്കുന്നുവോ, അപ്രകാരം തന്നെ പ്രാണികള്‍ക്കും മോക്ഷം സംഭവിക്കുന്നു. അത്‌ എല്ലാവരുടേയും ഉത്പത്തിസ്ഥാനമായ പരമാത്മാവിന്റെ നേരെ പോവുകയും അതില്‍ ലയിച്ച്‌ വീണ്ടും ജന്മം എടുക്കാതിരിക്കുകയും ചെയ്യുന്നു.

മരണത്തിന് ശേഷം ഗുണങ്ങളുള്ള ജീവന്‍ നിര്‍ഗ്ഗുണമായ പരമാത്മാവില്‍ ലയിക്കുമ്പോള്‍ ഗുണങ്ങളെല്ലാം ഇല്ലാതാകുന്നു; അങ്ങനെ അതിന്റെ വ്യക്തിത്വവും ഇല്ലാതാകുന്നതു കൊണ്ട്‌ വേര്‍തിരിച്ച്‌ അറിയാതാകുന്നു. അപ്രകാരം മോക്ഷത്തില്‍ ബുദ്ധിയുറച്ചവന്‍, ശ്രദ്ധയോടെ ആത്മാവിനെ അന്വേഷിക്കുന്നവന്‍, അനിഷ്ട കര്‍മ്മഫലങ്ങളില്‍ ലിപ്തനാകുന്നതല്ല. എപ്രകാരം വെള്ളം കൊണ്ടു നനയ്ക്കപ്പെട്ട താമരയില നനയായിരിക്കുന്നുവോ, അപ്രകാരം തന്നെ, സംസാരിക ബന്ധങ്ങളെ ഉപേക്ഷിച്ച്‌ എപ്പോള്‍ ജീവന്‍ സുഖദുഃഖങ്ങളെ തൃജിക്കുന്നുവോ, അപ്പോള്‍ അതില്‍ ഊര്‍ദ്ധ്വഗതി ഉണ്ടാകുന്നു. ഏതൊരു മനുഷ്യന്‍ തന്റെ കുട്ടികള്‍ മുതലായ മമതയില്‍ ഭ്രമിക്കുന്നില്ലയോ, യജ്ഞാദി കര്‍മ്മങ്ങളില്‍ തല്‍പ്പരനാകുന്നുവോ, ആ പുരുഷന്‍ എപ്പോള്‍ സുഖദുഃഖങ്ങളെ ഉപേക്ഷിക്കുന്നുവോ, സമസ്താസക്തികളുടെയും മറുകര കടക്കുന്നവോ, അവന്‍ പരമപദം പ്രാപിച്ച്‌ അതില്‍ ലയിക്കുന്നു. ശ്രുതികളുടെ യഥാര്‍ത്ഥഭാവം ആര് മനസ്സിലാക്കുന്നുവോ ശാസ്ത്രോക്തമായ മാംഗലികമായ സാധനങ്ങളെ ആര് സാധനം ചെയ്യുന്നുവോ, അവന്‍ ജര, മൃത്യു തുടങ്ങിയവയുടെ ഭയത്തില്‍ നിന്ന്‌ മുക്തനായി സുഖമായി ഉറങ്ങുന്നു.

എപ്പോള്‍ പാപപുണ്യജന്മ സുഖദുഃഖങ്ങള്‍ നഷ്ടമാകുന്നുവോ അപ്പോള്‍ യാതൊരു വസ്തുവിലും ആസക്തി ഉണ്ടാകുന്നില്ല. ആ സമയത്ത്‌ ആ പുരുഷന് സഗുണ ബ്രഹ്മത്തില്‍ അനുരാഗം ഉണ്ടാകുന്നു; ബുദ്ധിവഴി അവന് നിര്‍ഗ്ഗുണ ബ്രഹ്മത്തിന്റെ രഹസ്യം അറിയാന്‍ കഴിയുകയും ചെയ്യുന്നു. പട്ടുനൂല്‍പ്പുഴു അതിന്റെ നൂലു കൊണ്ട്‌ ഉണ്ടാക്കിയ ഗൃഹത്തില്‍ എപ്രകാരം താമസിക്കുന്നുവോ, അപ്രകാരം തന്നെ ജീവനും കൂടി അവിദ്യ കൊണ്ട്‌ അധോഗതി സംഭവിച്ചു വസിക്കുന്നു. പട്ടുനൂല്‍പ്പുഴു തന്നെ പൊതിഞ്ഞിരിക്കുന്ന നൂല്‍ പൊട്ടിച്ചു പുറത്തുവരുന്ന പോലെ ജീവനും തന്റെ കര്‍മ്മനിര്‍മ്മിതമായ ശരീരം, സ്വരൂപിയായ ഗൃഹത്തെ, ഉപേക്ഷിക്കുന്നു. എപ്രകാരം "രുരു" മൃഗം മിണ്ടാതെ തന്നെ ജീര്‍ണ്ണുമായ കൊമ്പിനെ ഉപേക്ഷിക്കുന്നുവോ എപ്രകാരം സര്‍പ്പം മിണ്ടാതെ തന്റെ ഉറ ഉപേക്ഷിച്ചു സുഖിക്കുന്നുവോ, അപ്രകാരം തന്നെ ജീവനും സംസാരത്തെ ഉപേക്ഷിച്ചു ദുഃഖത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറുന്നു. ആസക്തിയില്ലാത്ത പക്ഷി ജലത്തില്‍ മുങ്ങിപ്പോയ വ്യക്ഷത്തെ ഉപേക്ഷിച്ച്‌ പറന്നുപോകുന്ന മാതിരി തന്നെ സാംസാരിക സുഖാസക്തി തൃജിക്കുന്നവന്‍ സുഖദുഃഖങ്ങള്‍ വിട്ടു പരമമായ പദത്തില്‍ എത്തിച്ചേരുന്നു.

ഭീഷ്മന്‍ പറഞ്ഞു: ഇപ്രകാരം ജ്ഞാനം ലഭിച്ച ജനകരാജാവ്‌ ഒരു ദിവസം തന്റെ നഗരം തന്റെ കണ്‍മുമ്പില്‍ കത്തി ദഹിക്കുന്നതു കണ്ടിട്ടു പറഞ്ഞു:  ഈ മിഥിലാപുരിയില്‍ എനിക്ക്‌ ഒന്നും കത്തിനശിക്കുവാനില്ല. ജനകരാജാവ്‌ പഞ്ചശിഖാചാര്യന്റെ മതമനുസരിച്ച്‌ മോക്ഷജ്ഞാനസംബന്ധമായ ഉപദേശം കേട്ട്‌ ശോകവും ചിന്തയും ഉപേക്ഷിക്കുകയും, പരമമായ സുഖത്തെ പ്രാപിക്കുകയും ചെയ്തു.

ഹേരാജാവേ, മോക്ഷജ്ഞാനസംബന്ധമായ ഈ അദ്ധ്യായം ഏതൊരുത്തര്‍ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവോ, അവര്‍ അപ്രകാരം തന്നെ മോക്ഷത്തെ പ്രാപിക്കുന്നു. എപ്രകാരം മിഥിലാധിപതി പഞ്ചശിഖന്റെ സമാഗമം കൊണ്ട്‌ മോക്ഷത്തെ പ്രാപിച്ചുവോ അപ്രകാരം ഈ അദ്ധ്യായം പഠിക്കുന്നവന് ഒരിക്കലും ദുഃഖം ഉണ്ടാവുകയില്ല. സംസാരബന്ധത്തില്‍ നിന്നു വിട്ട്‌ അവന്‍ മോക്ഷം പ്രാപിക്കും.

അദ്ധ്യായം 220. ദമപ്രശംസ -- യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, എന്തു ചെയ്താല്‍ സുഖം ലഭിക്കും?എങ്ങനെയായാല്‍ ദുഃഖം ബാധിക്കും? എന്തായാല്‍ നിര്‍ഭയനായി സിദ്ധനായി പാരില്‍ ചുറ്റും?

ഭീഷ്മൻ പറഞ്ഞു: ദമത്തെയാണ്‌ വൃദ്ധന്മാര്‍ പുകഴ്ത്തുന്നത്‌. ശ്രുതികളില്‍ ഇതിനെപ്പറ്റി പുകഴ്ത്തുന്നുണ്ട്‌. എല്ലാ ജാതിക്കാര്‍ക്കും ദമം ആവശ്യമാണ്‌, ബ്രാഹ്മണന് വിശേഷിച്ചും. ദമം കൈവിടരുത്‌. ഈ ക്രിയാസിദ്ധി മനസ്സടക്കാത്തവന്‍ ഒരിക്കലും സിദ്ധിക്കുന്നതല്ല. ക്രിയ, സത്യം, തപസ്സ്‌, ഇവയെല്ലാം ദമത്തില്‍ (മനസ്സിന്റെ അടക്കത്തില്‍) നില്ക്കുന്നതാണ്‌. ദമം തേജസ്സിനെ വര്‍ദ്ധിപ്പിക്കും. ദമം പവിത്രമാണ്‌. പാപം നശിച്ച്‌ നിര്‍ഭയനായി ദാന്തനായിരിക്കുന്ന പുരുഷന്ന്‌ മഹത്തായ പദത്തില്‍ എത്തുവാന്‍ കഴിയും. ദാന്തന്‍ സുഖത്തോടെ ശാന്തചിത്തനായി ഉറ ങ്ങും. സുഖത്തോടെ എഴുന്നേല്ക്കുകയും ചെയ്യും. തേജസ്സു ലഭിക്കുന്നത്‌ ദമം മൂലമാണ്‌. തീക്ഷ്ണനായവന്ന്‌ തേജസ്സ്‌ ലഭിക്കുകയില്ല. തന്റെ മിത്രങ്ങളൊക്കെ തന്നെ വിട്ടു പിരിയുന്നതായി അവന് അനുഭവപ്പെടും. ക്രവ്യാദങ്ങളെ ജീവികള്‍ എന്നപോലെ അദാന്തന്മാരെ ജനങ്ങള്‍ ഭയപ്പെടും. അങ്ങനെയുള്ളവരോട്‌ ഇടയുന്നതിന് വേണ്ടിയാണ്‌ ബ്രഹ്മാവ്‌ രാജാവിനെ സൃഷ്ടിച്ചത്‌.

എല്ലാ ആശ്രമങ്ങളിലും ദമം വിശിഷ്ടമാകുന്നു. അവര്‍ക്കു ലഭിക്കുന്ന കര്‍മ്മഫലം അതുപോലെ തന്നെ അത്യുല്‍കൃഷ്ടമായിരിക്കും.

ദമം തികഞ്ഞവരുടെ ലക്ഷണമെന്തെന്നു പറയാം. കൃപണത കാണിക്കാതിരിക്കുക, കോപിക്കാതിരിക്കുക, സന്തോഷം, ശ്രദ്ധ, അക്രോധം, ആര്‍ജ്ജവം, നിത്യവും ആക്ഷേപം പുലമ്പാതിരിക്കുക, ഡംഭമില്ലായ്ക, ഗുരുപൂജ, അസൂയയില്ലായ്മ, എല്ലാവരിലും ദയ, വൈരാഗുമില്ലായ്മ ജനാപവാദമില്ലഠയ്മ, കളവു പറയാതിരിക്കല്‍ സ്തുതിയിലും നിന്ദയിലും ഇഷ്ദമില്ലാതിരിക്കല്‍ ഇവയാകുന്നു. സാധുകാമനായ അവന്‍ ഒരിക്കലും വികാരങ്ങള്‍ക്ക്‌ അധീനനാവുകയില്ല. പിണക്കാത്തവനും നല്ല ഉപചാരത്തോടു കൂടിയവനും നിന്ദയിലും സ്തുതിയിലും തുല്യഭാവമുള്ളവനും സുവ്യത്തനും, സുശീലനും, പ്രസന്നാത്മാവും, ആത്മവാനും, പ്രഭുവുമായി ലോകരുടെ പൂജയേറ്റു മരിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിലെത്തും. ദുര്‍ഗ്ഗമമായ മാര്‍ഗ്ഗം കടക്കുന്നവന്‍ സുഖിയായി രസിക്കുന്നതാണ്‌.

സര്‍വ്വഭൂതങ്ങള്‍ക്കും ഹിതം ചെയ്യുന്നവന്‍, ഉദ്യുക്തനായവന്‍, ജനദ്വേഷം വിട്ടു നില്ക്കുന്നവന്‍, വലിയ കയം പോലെ അക്ഷോഭ്യനായവന്‍, പ്രജ്ഞാതൃപ്തനായി തെളിഞ്ഞ മനസ്സുള്ളവനാകും. അവന്‍ ആരേയും പേടിക്കുകയില്ല. ആരേയും പേടിപ്പിക്കയുമില്ല. എല്ലാവര്‍ക്കും വന്ദ്യനായിരിക്കും. ബുദ്ധിശാലിയായ ദാന്തന്‍. അവന്‍ വലിയ അര്‍ത്ഥലബ്ധിയില്‍ ഹര്‍ഷിക്കുകയില്ല. വ്യസനത്തില്‍ ദുഃഖിക്കുകയുമില്ല. പരിണതപ്രജ്ഞനായി ദാന്തനായിരിക്കുന്നവന്‍ ശ്രേഷ്ഠനായ ദ്വിജനാകുന്നു. കര്‍മ്മങ്ങളാല്‍ ശ്രുതപ്രാജ്ഞനും, സദാചാരമെഴുന്നവനും, ശുചിയായവനും എല്ലായ്പോഴും ദമം പൂണ്ടവനുമായ പുരുഷന്‍ മഹത്തായ ഫലത്തെ പ്രാപിക്കും. അനസൂയ, ക്ഷമ, ശമം, സന്തോഷം, പ്രിയ വാദിത, സത്യം, അനായാസമായ ദാനം ഇവയൊക്കെ ദാന്തന്റെ സ്വഭാവമാണ്‌. ഈ ജീവിതക്രമം ഒരിക്കലും ദുഷ്ടനില്‍ കാണുകയില്ല. കാമം, ക്രോധം, ലോഭം, അന്യരോട്‌ ഈര്‍ഷ്യ, വികത്ഥനം, കാമക്രോധങ്ങള്‍ ഇവയെ വെന്ന ബ്രഹ്മചാരിയായ ജിതേന്ദ്രിയന്‍, കടുത്ത തപസ്സില്‍ ഏര്‍പ്പെട്ട്‌ സംശിത വ്രതനായ ബ്രാഹ്മണന്‍ നിരപായനെപ്പോലെ കാലത്തെ കാത്ത്‌ എങ്ങും ആത്മവാനായി ചുറ്റുന്നതാണ്‌.

അദ്ധ്യായം 221. അമൃതപ്രാശനികം - യുധിഷ്ഠിരന്‍ പറഞ്ഞു: വ്രതമെടുത്ത ബ്രാഹ്മണര്‍ ഹവിസ്സ്‌ ഉണ്ണുന്നില്ലേ? മൂന്നു വര്‍ണ്ണത്തില്‍പ്പെട്ടവരും ബലിയര്‍പ്പിക്കുന്നുണ്ട്‌. ബലിയര്‍പ്പിച്ച ശേഷമുള്ള ഹവിസ്സ്‌ കഴിക്കുന്നു. അതില്‍ ബ്രാഹ്മണന് പറ്റിയ അന്നമേതാണ്‌?

ഭീഷ്മൻ പറഞ്ഞു: വേദോക്തമായ വ്രതം അനുസരിക്കാതെ കാമചാരികളായി നിഷേധിക്കപ്പെട്ട അന്നം കഴിക്കുന്നവര്‍ പതിതന്മാരാണെന്നു കണക്കാക്കണം. വേദോക്തപ്രകാരം കഴിക്കുന്നവരില്‍ വ്രതമില്ലാത്തവരും പതിതര്‍ തന്നെ.

യുധിഷ്ഠിരന്‍ പറഞ്ഞു: ഉപവാസം, തപസ്സ്‌ എന്നു മറ്റുള്ള വര്‍ പറയുന്നത്‌ തപമാകുന്നുണ്ടോ? അതോ വേറെ ഏതെങ്കിലുമാണോ തപം?

ഭീഷ്മൻ പറഞ്ഞു: മാസംതോറും, പക്ഷംതോറും ഉപവസിക്കുന്നതിനെ ചിലര്‍ തപസ്സാണെന്നു പറയുന്നുണ്ട്‌. എന്റെ അഭിപ്രായത്തില്‍ അത്‌ ആത്മജ്ഞാനത്തിന് തടസ്സം ചെയ്യും. അത്‌ തപസ്സല്ല, ത്യാഗവും നമസ്‌കാരവുമാണ്‌ ഉത്തമമായ തപസ്സ്. ഇതെപ്പോഴും ചെയ്യുന്നവന്‍ ബ്രഹ്മചാരിയും എന്നും ഉപവസിക്കുന്നവനുമായി കണക്കാക്കപ്പെടുന്നു. വിപ്രന്‍ എപ്പോഴും മുനിവ്യത്തി സ്വീകരിക്കണം. ദൈവതമാകണം, നിദ്ര വിടണം, മാംസം ഭക്ഷിക്കരുത്‌, എന്നും പവിത്രനാകണം. അമൃതാശിയാകണം, ദേവതാതിഥി പൂജകനാകണം, വിഘസാശിയാകണം, അതിഥിവ്രതനാകണം, ദൈവത്തേയും ദ്വിജരേയും പൂജിക്കുന്നതില്‍ ശ്രദ്ധാലുവാകണം.

യുധിഷ്ഠിരന്‍ പറഞ്ഞു:  സദോപവാസിയാവുക, ബ്രഹ്മചാരിയാവുക, വിഘസാശിയാവുക, അതിഥിവ്രതനാവുക എന്നൊക്കെപ്പറഞ്ഞുവല്ലോ. അവ ഒന്നുകൂടി വിസ്തരിച്ചാല്‍ക്കൊള്ളാം.

ഭീഷ്മൻ പറഞ്ഞു: കാലത്തും വൈകുന്നേരവും മാത്രം ഉണ്ണുക. അവന്‍ സദോപവാസിയാണെന്നു പറയാം. ഇടയ്ക്കിടയ്ക്കു തോന്നുമ്പോഴൊക്കെ തിന്നുന്നവന്‍ ഒരിക്കലും ഉപവാസിയാകയില്ല.ഋതുകാലം കഴിഞ്ഞ ഉടനെ ഭാര്യയെ പ്രാപിക്കുന്നവനായ ബ്രാഹ്മണനെ ബ്രഹ്മചാരിയെന്നു പറയാം. തോന്നുമ്പോഴൊക്കെ ഭോഗതൃഷ്ണയോടെ ഭാര്യയെ സമീപിക്കുന്നവന്‍ ബ്രഹ്മചാരിയല്ല. മാംസാഹാരം കഴിക്കാത്തവന്‍ വൃഥാ മാംസം തിന്നുന്നത്‌ പാപമാണ്‌. ദാനം ചെയ്യുന്നവനും, പകല്‍ ഉറങ്ങാത്തവുനും, ശുചിയായവനും, ഭൃത്യാദികള്‍ക്കു നല്കിയതിനു ശേഷം മാത്രം ഉണ്ണുന്നവനും, അമൃതം ഭക്ഷിക്കുന്നവന് തുല്യനാണ്‌. അവര്‍ ഉണ്ണാതെ ദ്വിജന്‍ ഉണ്ണുകയില്ലെങ്കില്‍ അഭോജനം കൊണ്ട്‌ ലഭിക്കുന്ന സ്വര്‍ഗ്ഗം അവന്‍ നേടും. പിതൃക്കള്‍ക്കും, ദേവകള്‍ക്കും, ഭൃത്യര്‍ക്കും, അതിഥികള്‍ക്കും കൊടുത്തതിന് ശേഷം ഭക്ഷിക്കുന്നവന്‍ വിഘസാശനന്‍ ആണെന്നു പറയുന്നു. അവര്‍ക്ക്‌ അനന്തമായ ലോകം ലഭിക്കും. ഗൃഹത്തില്‍ ബ്രഹ്മാവിനോടു കൂടെ അപ്സരസ്ത്രീകളാല്‍ സേവിതനായി വാനവരോടൊപ്പം സുഖിക്കും. പിതൃദേവതകള്‍ക്ക്‌ അര്‍ച്ചിച്ച്‌ ഭൂജിക്കുന്നവന്‍ പുത്രപൗത്രന്മാരോടു കൂടി ക്രീഡിക്കുന്നതും, പിന്നെ പരമമായ ഗതി പ്രാപിക്കുന്നതുമാണ്‌.

അദ്ധ്യായം 222. ശക്രപ്രഹ്‌ളാദസംവാദം - കാലത്തിന്റെ മഹത്വത്തെ പ്രഹ്‌ളാദന്‍ ഇന്ദ്രനോട്‌ പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു; ഈ ലോകത്തില്‍ ശുഭമായ കര്‍മ്മവും അശുഭമായ കര്‍മ്മവും ചെയ്യുന്നതിന്റെ ഫലം പുരുഷന് സിദ്ധിക്കുന്നുണ്ടെന്നു പറയുന്നുണ്ടല്ലോ. അതിന്റെ കര്‍ത്താവ്‌ പുരുഷനാണോ അതോ വേറെയാണോ എന്നു സംശയം തോന്നുന്നു. ഇത്‌ തത്ത്വം പോലെ പറഞ്ഞു തന്നാലും.. പിതാമഹാ, അത്‌ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭീഷ്മൻ പറഞ്ഞു:  അല്ലയോ യുധിഷ്ഠിരാ! ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ പ്രഹ്ലാദനും ഇന്ദ്രനും തമ്മില്‍ നടന്ന ഒരു സംവാദമാണ്‌.

അസക്തനായി പാപം തീര്‍ന്നവനും, കുലീനനായ ശ്രുതശാലിയും, അസ്തബ്ധനും, അഹങ്കാരമില്ലാത്തവനും, സത്വസ്ഥനും, സമയസ്ഥനും, സ്തുതിയിലും നിന്ദയിലും സമഭാവമുള്ളവനും, ശാന്തനും, ശൂന്യഗേഹനിവാസിയും ചരാചരത്തിന്നെല്ലാം ഉള്ള ഉത്സവനാശങ്ങള്‍ അറിയുന്നവനും, ക്രോധഹര്‍ഷങ്ങള്‍ വിട്ടവനും, പ്രിയത്തിലും അപ്രിയത്തിലും സ്വര്‍ണ്ണത്തിലും മണ്‍കട്ടയിലും രണ്ടിലും തുല്യം ദര്‍ശിക്കുന്നവനും, ആത്മനിഃശ്രേയ സജ്ഞാനധീരനും ദൃഢചിത്തനും എല്ലാ പരാവരങ്ങളേയും കണ്ടവനും, സര്‍വ്വജ്ഞനും, സമദര്‍ശിയും, സംയതേന്ദ്രിയനുമായി വാഴുന്ന പ്രഫ്ലാദദൈത്യനെ ദേവാധിരാജാവായ ഇന്ദ്രന്‍ ചെന്നു കണ്ട്‌, അവന്റെ പ്രജ്ഞയെന്തെന്നറിയുവാന്‍ ഇപ്രകാരം ചോദിച്ചു.

ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ രാജാവേ, ലോകത്തില്‍ ഏതേത്‌ ഗുണം കൊണ്ട്‌ ഒരുത്തന്‍ ജനസമ്മതനാകും? ആ ഗുണങ്ങളൊക്കെ അങ്ങയില്‍ ഉണ്ടെന്നു ഞാന്‍ കാണുന്നു. ആ ഗുണം ഒന്നും അങ്ങയെ വിട്ടു പോയിട്ടില്ല. പിന്നെ നിന്നില്‍ ബാലന്മാരു ടെ മാതിരി ദുര്‍ബ്ബലമായ ബുദ്ധി കാണാന്‍ എന്താണ്‌ അവകാശം? ഭവാന്‍ ആത്മാവിനെ അറിഞ്ഞവനാണ്‌. അങ്ങനെയുള്ള ഭവാന്‍ ശ്രേയസ്സെന്ന്‌ വിചാരിക്കുന്നത്‌ എന്തിനെയാണ്‌? ഭവാന്‍ സ്ഥാന ഭ്രഷ്ടനാണ്‌. ഇപ്പോള്‍ ഭവാന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ശത്രുവിന്റെ പിടിയില്‍ ഭവാന്‍ കുടുങ്ങിയിരിക്കയാണല്ലേ. എടോ പ്രഫ്ലാദാ, നീ ശ്രീയെല്ലാം വിട്ടവനാണ്‌. ഇതില്‍പ്പരം ഒരു രാജാവിന്ന്‌ എന്ത്‌ അധഃപതനമാണ്‌ ബാധിക്കേണ്ടത്‌! എന്നിട്ടും നീ ദുഃഖിക്കുന്നില്ല! ദുഃഖിക്കേണ്ട സമയത്ത്‌ ദുഃഖിക്കാതിരിക്കുന്നതാണ്‌ ബാലന്റെ മാതിരി ബുദ്ധിഹീനതയെന്ന്‌ ഞാന്‍ പറഞ്ഞത്‌. ദൈത്യന്മാരുടെ പ്രജ്ഞ നീ സ്വീകരിച്ചതു കൊണ്ടോ അസാമാന്യമായ ധീരത കൊണ്ടോ എന്തു കൊണ്ടാണ്‌ നീ കുസലില്ലാത്തവനായിരിക്കുന്നത്‌? നീ നിന്നെ ബാധിച്ച ആപത്തിനെ കാണുന്നില്ല? ചിന്തിക്കുന്നില്ലേ?

ഇപ്രകാരം ഇന്ദ്രന്‍ ചോദിച്ചപ്പോള്‍ ധീമാനായ പ്രഹ്ലാദന്‍ ഉറച്ച ബുദ്ധിയോടു കൂടി തന്റെ മഹത്തായ പ്രജ്ഞ വെളിവാക്കു മാറ്‌ മൃദുവായ വാക്കോടെ ഇപ്രകാരം പറഞ്ഞു.

പ്രഹ്ലാദന്‍ പറഞ്ഞു; ജീവികളുടെ പ്രവൃത്തി നിവൃത്തികളെക്കുറിച്ച്‌, ഉല്പത്തി നാശങ്ങളെക്കുറിച്ച്‌, ശരിയായ ജ്ഞാനം ഇല്ലാത്തവന്‍ അവന്റെ ബുദ്ധിലാഘവം കൊണ്ട്‌ സ്തബ്ധനാകും; ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചുപോകും! അത്‌ ശരിയായി അറിഞ്ഞവന്‍ അതില്‍ സ്തംഭിക്കുവാന്‍ പോകുന്നില്ല. സ്വഭാവത്താല്‍ പ്രവര്‍ത്തിക്കുകയും അതു പോലെ തന്നെ നിവര്‍ത്തിക്കുകയും ചെയ്യും. ഉണ്ടാകുന്നതൊക്കെ നശിക്കുന്നതാണ്‌. അതില്‍ പുരുഷാർത്ഥം സ്ഥിതിചെയ്യുന്നില്ല. പുരുഷാര്‍തഥം ഇല്ലെന്നു വന്നാല്‍ ചെയ്യിക്കുന്നവനായി ഒരാള്‍ ഇല്ലാതാകുന്നു. താനേ ചെയ്യാത്തവന്ന്‌ മാനവും ഉണ്ടാകുന്നതല്ല. നല്ലതാകട്ടെ, ചീത്തയാകട്ടെ ചെയ്തവന്‍ താനാണെന്നു വിചാരിക്കുകയാണെങ്കില്‍ അവന് പ്രജഞാദോഷം ബാധിച്ചിട്ടുണ്ടെന്നു വിചാരിക്കണം. അയാള്‍ അജ്ഞനാണെന്നാണ്‌ എന്റെ അഭി പ്രായം.

എടോ ശക്രാ, ഈ പ്രവര്‍ത്തിയുടെയെല്ലാം കര്‍ത്താവ്‌ പരമപുരുഷനാണെന്നു ചിന്തിക്കുക. എന്നാല്‍ നന്മ ഭവിക്കും. അവന്റെ പ്രയത്നം ഫലിക്കുകയും ചെയ്യും. ഒരിക്കലും പരാജയപ്പെടുകയുമില്ല. ഇഷ്ടകാര്യം സാധിക്കുവാനും, അനിഷ്ടകാര്യം ഇല്ലാതാക്കുവാനും മനുഷ്യന്‍ യത്നിച്ചു വിജയിക്കുന്നതു കാണുന്നുണ്ട്‌. ചിലര്‍ക്കു പുരഷപ്രയത്നം കൂടാതെ തന്നെ ഇഷ്ടകാര്യസിദ്ധിയും, അനിഷ്ടകാര്യനാശവും വന്നു ചേരുന്നതായി കാണുന്നുണ്ട്‌. ചിലര്‍ അസാധാരണ രൂപഭാവങ്ങളോട് കൂടിയവരായി കാണുന്നു. ചിലര്‍ അസാമാന്യ ബുദ്ധിശാലികളായി കാണു ന്നു. വിരൂപന്മാരും, ബുദ്ധിഹീനന്മാരുമായവര്‍ ധാരാളം ധനം നേടുന്നതായും നാം കാണുന്നുണ്ട്‌. ഇങ്ങനെ ഒരു പുരുഷനില്‍ പല ഗുണങ്ങളും, പല ദോഷങ്ങളും വന്നു ചേരുന്നതായി നാം കാണുന്നുണ്ട്‌. അത്‌ സ്വാഭാവികമായി കാണുന്നതാണ്‌. അതൊക്കെ തന്റെ യോഗ്യത കൊണ്ട്‌ താനുണ്ടാക്കിയതാണെന്ന്‌ അഭിമാനിക്കാമോ? താന്‍ യോഗ്യനാണെന്ന്‌ അഭിമാനിക്കുന്നതും, തന്റെ യോഗ്യത കൊണ്ടാണെന്നു ഭാവിക്കുന്നതും, മഹാവിഡ്ഡിത്തമാണ്‌. എല്ലാം പ്രകൃതിയുടെ ഒഴുക്കില്‍ വന്നു ചേരുന്നതാണ്‌. എന്നില്‍ ഉറപ്പ്‌ നല്ല പോലെയുണ്ട്‌. അല്ലെങ്കില്‍ എനിക്ക്‌ എന്റെ ഈ നിലയും പ്രജ്ഞയും എന്നിലുണ്ടാവുകയില്ല. അതൊക്കെ നൈസര്‍ഗികമെന്നല്ലാതെ എന്റെ മിടുക്കു കൊണ്ടാണെന്നുള്ള തോന്നല്‍ എന്നിലില്ല. ഈ ലോകത്തിലെ ശുഭങ്ങളും, അശുഭ ങ്ങളുമൊക്കെ കര്‍മ്മത്തിന്റെ ഫലങ്ങളാണ്‌. എല്ലാം കര്‍മ്മവിഷയം മാത്രമാണ്‌. ഞാന്‍ അതിന്റെ കാര്യമെങ്ങനെയാണെന്നു പറയാം. ഭവാന്‍ കേള്‍ക്കുക.

ചോറു കാണുമ്പോള്‍ കാക്കയ്ക്കറിയാം, അത്‌ എന്തു വസ്തുവാണെന്ന്‌. അവ കൂട്ടുകാരെ വിളിച്ചു വരുത്തുന്നു; അതു പോയി കൊത്തുന്നു. അങ്ങനെ കര്‍മ്മങ്ങളൊക്കെ അതിന്റെ സ്വഭാവത്തെ കാണിക്കുന്നു എന്നതാണ്‌ അതിന്റെ ലക്ഷണം. പ്രകൃതിയുടെ വികാരം മാത്രം അറിയുകയും, പ്രകൃതിയെ, അജയ്യശക്തിയെ, അറിയാതിരിക്കുകയും ചെയ്യുന്നവന്‍ അവന്റെ അജ്ഞത മൂലം വിഷമിക്കുന്നു; അമ്പരക്കുന്നു. പ്രകൃതിയും അതിന്റെ സ്വഭാവവും തമ്മിലുള്ളു വൃത്യാസം നല്ല പോലെ ഗ്രഹിച്ചവന്‍ ഒരിക്കലും വിഡ്ഡിയാവുകയില്ല. അവന്‍ അതില്‍ അമ്പരന്നു വിഷമിക്കുന്നതല്ല. ലോകത്തിലുള്ള വസ്തുവിന്നെല്ലാം അതാതിന്റേതായ ഒരു സ്വഭാവമുണ്ട്‌. അവയുടെ സ്വഭാവവും, ഭാവിഭാവങ്ങളും ശരിയായി ധരിച്ചാല്‍പ്പിന്നെ ദര്‍പ്പവും, മാനവും, ബോധവും ഉണ്ടെന്ന്‌ അഭിമാനിക്കുന്ന പുരുഷനെക്കൊണ്ട്‌ എന്തു ചെയ്യുവാന്‍ കഴിയും?

എടോ ഇന്ദ്രാ! ഞാന്‍ ധര്‍മ്മവിധികളൊക്കെ ശരിക്കും അറിയുന്നുണ്ട്‌. ഭൂതങ്ങളുടെ അസ്ഥിരമായ സ്വഭാവത്തെയും ഞാന്‍ അറിയുന്നുണ്ട്‌. അതുകൊണ്ട്‌ ഞാന്‍ അതില്‍ ദുഃഖിക്കുന്നില്ല. ഈ കാണുന്നതെല്ലാം നാശമുള്ളതാണ്‌. നിര്‍മ്മമനായി, നിരഹങ്കാരനായി, നിരീഹനായി, ബന്ധമറ്റവനായി, സ്വസ്ഥനായി, സര്‍വ്വത്തേയും ഉപേക്ഷിച്ച്‌ അതില്‍ യാതൊരു വിഷമവും, നിരാശയും, ദുഃഖവും കൂടാതെ ജീവികളുടെ ഉത്ഭവത്തേയും, ക്ഷയത്തേയും ഞാന്‍ നോക്കിക്കാണുകയാണ്‌. പ്രകൃതിയോടോ, അതിന്റെ വികാരങ്ങളോടോ എനിക്കു യാതൊരു താല്പര്യമോ വിദ്വേഷമോ ഇല്ല. പ്രജഞനേടി ദാന്തനായി ആഗ്രഹങ്ങള്‍വിട്ട വിതൃപ്തനായ ഒരുവനില്‍ ലോകവിദ്യാജ്ഞാനംമൂലം യാതൊരായാസവും ഹേ ശക്രാ, തോന്നുകയില്ല. എനിക്കു ശത്രുവായി ആരേയും ഞാന്‍ കാണുന്നില്ല. എന്റെ എന്ന മമതയുള്ളവനായും ഞാന്‍ ആരേയും കാണുന്നില്ല. മേലും; കീഴും, വിലങ്ങും ഒരി ടത്തും ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല വാസവാ! എനിക്ക്‌ ഒരു കാലത്തും സ്വര്‍ഗ്ഗമാകട്ടെ, ഈ ലോക സുഖമാകട്ടെ, ചക്രവര്‍ത്തിത്വമാകട്ടെ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക്‌ അതില്‍ യാതൊരു താല്‍പര്യവുമില്ല. ആത്മാവിനെപ്പറ്റി അറിയുന്നതിലും എനിക്കു വലിയ ഒരു സന്തോഷം തോന്നുന്നില്ല എന്നാല്‍ ആത്മാവ്‌ എല്ലാറ്റില്‍ നിന്നും വിട്ടു നില്ക്കുന്നതാകയാല്‍, അഭിമാനിക്കുവാന്‍ ഒന്നും ഞാന്‍ കാണുന്നില്ല;  അതുകൊണ്ട് എനിക്ക്‌ കാമം എന്ന ഒന്ന്‌ ഇല്ലതന്നെ! ശക്രന്‍ പറഞ്ഞു: ഈ പ്രജ്ഞ എങ്ങനെ നേടുവാന്‍ കഴിയും? എന്തിനാല്‍ അത്ര മഹത്തായ ശാന്തി ലഭിക്കും? ഞാന്‍ അങ്ങയോട്‌ അപേക്ഷിക്കുന്നു. പറഞ്ഞുതന്നാലും.

പ്രഹ്ലാദന്‍ പറഞ്ഞു:  ആര്‍ജ്ജവം കൊണ്ടു പ്രമാദമില്ലാത്തവനും, പ്രസാദത്താലും, ആത്മവിദ്യയാലും, വൃദ്ധശുശ്രൂഷയാലും താന്‍ മഹത്ത്വത്തെ പ്രാപിക്കുന്നതാണ്‌ ഇന്ദ്രാ! സ്വഭാവത്താല്‍, പ്രകൃതിയാല്‍ത്തന്നെ, പ്രജ്ഞ ലഭിക്കും. സ്വഭാവത്താല്‍ത്തന്നെ ശാന്തിയും ലഭിക്കും. അങ്ങ്‌ കാണുന്നതൊക്കെ സ്വഭാവത്താല്‍ ഉണ്ടാകുന്നതാണ്‌. അതില്‍നിന്ന്‌ ഒന്നും വിട്ടുനി ല്ക്കുന്നില്ല.

ഇപ്രകാരം ദൈതേൃശ്വരനായ പ്രഹ്ലാദന്‍ പറഞ്ഞപ്പോള്‍ ശക്രന്‍ അത്ഭുതപ്പെട്ടു പോയി. ശക്രന്‍ അവന്റെ വാക്കുകളെ പ്രശംസിച്ചു. ദൈത്യേന്ദ്രനെ ഉടനെ പൂജിച്ച്‌ ത്രൈലോക്യനാഥനായ ഇന്ദ്രന്‍, അസുരേന്ദ്രനോടു യാത്രപറഞ്ഞ്‌, തന്റെ ഗൃഹത്തിലേക്കു പോയി.

അദ്ധ്യായം 223. ബലിവാസവസംവാദം - ഇന്ദ്രന്റെ ആക്ഷേപ വാക്കുകള്‍ക്ക്‌ ബലിയുടെ മറുപടി - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ പിതാമഹാ, ശ്രീ നശിച്ചവനായ രാജാവ്‌, കാലത്തിന്റെ കനത്ത പ്രഹരമേറ്റ്‌ തകര്‍ന്നവനായ രാജാവ്‌, എന്ത്‌ ബുദ്ധി സ്വീകരിച്ച്‌ ഈ ഭൂമിയില്‍ വര്‍ത്തിക്കണം? അങ്ങു പറഞ്ഞു തന്നാലും!

ഭീഷ്മന്‍ പറഞ്ഞു; ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. ഇന്ദ്രനും വൈരോചനനായ മഹാബലിയും തമ്മില്‍ നടന്ന സംഭാഷണമാണ്‌ വിഷയം. സര്‍വ്വ അസുരന്മാരേയും ജയിച്ച്‌ ദേവേന്ദ്രന്‍, "മഹാബലി എവിടെപ്പോയി?" എന്ന്‌ അന്വേഷിച്ചു. കണ്ടെത്തിയില്ല. ഉടനെ ബ്രഹ്മാവിന്റെ അടുത്തു ചെന്നു ചോദിച്ചു.

ശക്രൻ പറഞ്ഞു: പിതാമഹാ, മഹാബലി എന്ന ദൈത്യയന്‍ എവിടെപ്പോയി? ബ്രഹ്മാവേ, എത്ര വാരിക്കോരി കൊടുത്തിട്ടും ഒടുങ്ങാത്ത ധനം ആര്‍ക്കുണ്ടായിരുന്നുവോ, ആ ബലിയെ ഇപ്പോള്‍ ഞാന്‍ അന്വേഷിച്ചിട്ടും കാണുന്നില്ല. അവന്‍ എവിടെപ്പോയെന്ന്‌ എന്നോടു പറഞ്ഞാലും. അവന്‍ വായുവായിരുന്നു, വരുണനായിരുന്നു, അര്‍ക്കനായിരുന്നു, ശശിയായിരുന്നു, ജഗത്തിനെ തപിപ്പിക്കുന്ന അഗ്നിയായിരുന്നു, ജലമായിരുന്നു. അത്രയും ശ്രേഷ്ഠനായ ആ മഹാബലി എവിടെപ്പോയൊളിച്ചു? പിതാമഹാ, അവനെവിടെയാണെന്നു പറഞ്ഞുതരണേ! ദിക്കുകളെയെല്ലാം  പ്രകാശിപ്പിച്ചു കൊണ്ടിരുന്ന അവന്‍ അസ്തമിച്ചു. അവന്‍ കാലം പോലെ യാതൊരു മുടക്കവും കൂടാതെ വര്‍ഷിച്ചിരുന്നു. പ്രജകള്‍ എന്ത്‌ ആഗ്രഹിക്കുന്നുവോ, അതൊക്കെ യഥേഷ്ടം വര്‍ഷിച്ചു കൊടുത്തിരുന്ന ആ പ്രതാപി എവിടെപ്പോയി ഇപ്പോള്‍? അവന്‍ എവിടെപ്പോയെന്ന്‌ പിതാമഹാ, പറഞ്ഞുതരണേ!

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ മഘവന്‍, പ്രതാപിയായ ഇന്ദ്രാ! അവനെ നിന്ദിച്ചു കൊണ്ട്‌ നീ ഈ പറയുന്നത്‌ നിനക്ക്‌ ഒട്ടും ഭൂഷണമല്ല. ബലിയെ കൊല്ലുവാന്‍ നീ ആഗ്രഹിക്കുന്നത്‌ നന്നല്ല. ഒരുത്തന്‍ അറിയുവാന്‍ വേണ്ടി ചോദിക്കുമ്പോള്‍ അറിവുളളുവന്‍ പറഞ്ഞു കൊടുക്കേണ്ടതാണ്‌. വ്യാജം പറയുന്നത്‌ ശരിയല്ലല്ലോ. അതുകൊണ്ട്‌ ഞാന്‍ പറഞ്ഞു തരാം. അല്ലയോ ശചീപതേ, അവന്‍ ഒട്ടകത്തിന്റേയോ, കാളയുടേയോ, കുതിരയുടേയോ വര്‍ഗ്ഗത്തില്‍ വലിയ ഒരു ജീവിയായി ഇപ്പോള്‍ ജന്മമെടുത്തിരിക്കയാണ്‌. അങ്ങനെ അവന്‍ ഒരു ശൂന്യമായ ഗൃഹത്തിനുള്ളില്‍ നില്ക്കുന്നുണ്ട്‌.

ശക്രന്‍ പറഞ്ഞു: പിതാമഹാ, ഞാന്‍ ഇപ്പോള്‍ അവനെ കണ്ടു പിടിക്കുവാന്‍ പുറപ്പെടുകയാണ്‌. അങ്ങനെ ഒരു ശൂനൃഗൃഹത്തില്‍ അവനെ കണ്ടെത്തിയാല്‍ ഞാന്‍ അവനെ കൊല്ലണമെന്നാണ്‌ വിചാരിക്കുന്നത്‌? എങ്ങനെ വേണം? കൊല്ലാതിരിക്കണമോ? അങ്ങു പറയൂ, ഞാന്‍ എന്തു ചെയ്യണമെന്ന്‌?

ബ്രഹ്മാവ്‌ പറഞ്ഞു: എടോ ശക്രാ, അവനെ നീ കണ്ടെത്തിയാല്‍ കൊല്ലരുത്‌. അവന്‍ കൊല്ലേണ്ടവനല്ല. നീ അവനോട്‌ ന്യായമായ കാര്യങ്ങള്‍ ചോദിച്ച്‌ അറിയുക. ഹേ വാസവാ! നീ ഇഷ്ടം പോലെ അവനുമായി സംസാരിച്ചു കൊള്ളുക!

ഭീഷ്മൻ പറഞ്ഞു; ഇപ്രകാരം ബ്രഹ്മാവ്‌ പറഞ്ഞപ്പോള്‍, മഹേന്ദ്ര ഐരാവതം എന്ന തന്റെ ആനയുടെ പുറത്തു കയറി ശ്രീമാനായി ഭൂമിയില്‍ സഞ്ചരിച്ചു. അങ്ങനെ പലയിടത്തും അന്വേഷിച്ചു കൊണ്ടിരിക്കെ ബ്രഹ്മാവ്‌ പറഞ്ഞ മാതിരി ഒരു ശൂന്യ മായ ഗൃഹത്തില്‍ വെച്ചു കഴുതയുടെ രൂപത്തില്‍ നില്ക്കുന്ന ബലി എന്ന ദൈത്യനെ കണ്ടെത്തി.

ശക്രന്‍ പറഞ്ഞു; എടോ ദാനവാ, കൊള്ളാം. നീ ഇപ്പോള്‍ കഴുതയായി ജനിച്ച്‌ ഉമി തിന്നുകയാണ്‌! നിനക്ക്‌ പറ്റിയ ഈ നീച ജന്മത്തില്‍ നീ ദുഃഖിക്കുന്നുണ്ടോ, അതോ സുഖിക്കുന്നുണ്ടോ? ഞാന്‍ മുമ്പ്‌ കാണാത്ത ഒരു കാഴ്ചയാണീക്കാണുന്നത്‌! അമ്പോ! എന്തായിരുന്നു നിന്റെ പ്രതാപം! ഇപ്പോഴോ, ശത്രുവിന്റെ അധീനത്തില്‍ നീ പെട്ടു പോയിരിക്കുന്നു. നിന്റെ ശ്രീയൊക്കെ എവിടെ? മിത്രങ്ങളെവിടെ? വിര്യവും പരാക്രമവുമൊക്കെ എവിടെപ്പോയി? നീ വളരെ വാഹനങ്ങളോടു കൂടി നിന്റെ ജഞാതികളായ അനേകം ദൈത്യന്മാരോടു കൂടി ചേര്‍ന്ന്‌ ലോകത്തെയൊക്കെ തപിപ്പിച്ചു കൊണ്ട്‌ ഈ ദേവേന്ദ്രനായ എന്നെ ലേശവും കൂസാതെ ലോകം മുഴുവന്‍ ചുറ്റി നടന്നവനല്ലേ? നീ അഗ്രസ്ഥാനത്തു നിന്നു സകല ദൈത്യന്മാരേയും നിന്റെ ചൊല്പടിക്കൊത്ത്‌ നയിച്ചു. നീ ഐശ്വര്യ പ്രതാപിയായി വിളങ്ങുന്ന കാലത്ത്‌ എന്തായിരുന്നു കഥ! ഭൂമി ഉഴാതെ തന്നെ വിളവു തന്നു! അത്ഭുതം! ആ നീ ഇപ്പോള്‍ ഈ നിലയിലെത്തി! എടോ ദൈത്യാ! നിനക്കു വന്നു ചേര്‍ന്ന ഈ അധോഗതിയില്‍ നീ വ്യസനിക്കുന്നുണ്ടോ? അതോ ഇല്ലെന്നുണ്ടോ? നീ കിഴക്കേകടലിന്റെ തീരത്ത്‌ അത്യുജ്ജ്വലനായി ശ്രേയസ്സോടെ ശോഭിച്ചിരുന്ന ആ കാലത്തെപ്പറ്റി നീ ചിന്തിക്കുന്നുണ്ടോ? നീ അന്നു നിന്റെ ജഞാതികള്‍ക്കൊക്കെ പൊന്നും പണവും വാരിക്കോരി കൊടുത്തിരുന്ന ആ കാലത്ത്‌ നിന്റെ മനസ്സ്‌ എങ്ങനെയായിരുന്നു? അന്നു നിന്റെ മുമ്പില്‍ ആയിരം സുന്ദരീമണികളായ ദേവസ്ത്രീകളാണ്‌ നൃത്തം ചെയ്തിരുന്നത്‌. വളരെ വര്‍ഷങ്ങള്‍ അത്യുജ്ജ്വലമായ ശ്രീയോടു കൂടി നീ വിഹരിച്ചു. ആ പെണ്ണുങ്ങളൊക്കെ പൊല്‍ത്താമര പൂലയണിഞ്ഞവരും പൊന്‍നിറം പൂണ്ടവരുമായിരുന്നു. അന്നത്തെ നിന്റെ പ്രതാപവും ഇന്നത്തെ നിന്റെ നിലയും എങ്ങനെയിരിക്കുന്നു ദാനവേശ്വരാ!

നീ ചൂടിയിരുന്ന വെണ്‍കൊറ്റക്കുട എത്ര മാഹാത്മ്യമേറിയതായിരുന്നു! സ്വര്‍ണ്ണരത്നമയമല്ലേ ആയിരുന്നത്‌? നര്‍ത്തകന്മാരായ ഗന്ധര്‍വ്വന്മാര്‍ എഴുപതിനായിരമുണ്ടായിരുന്നു. യജ്ഞം ചെയ്യുന്ന നിന്റെ മഹായൂപം സ്വര്‍ണ്ണമായിരുന്നു. ആ യജ്ഞത്തില്‍ വെച്ച്‌ പതിനായിരം പശുക്കളെ നീ ദാനംചെയ്തു. പിന്നേയും ആയിരം നല്കി. അന്ന്‌ നിന്റെ പ്രതാപം എങ്ങനെയായിരുന്നു? നീ യജമാനത്വം വഹിച്ച്‌ ഭൂമി മുഴുവന്‍ ശമ്യാക്ഷേപ വിധി പ്രകാരം പ്രദക്ഷിണം വെച്ച്‌, ദേവയജ്ഞം നടത്തി. എടോ ദൈത്യാ! അന്നു നിന്റെ മനസ്സ്‌ എങ്ങനെയായിരുന്നു? നിന്റെ മനസ്സില്‍ എത്രത്തോളം നീ ഊറ്റം കൊണ്ടിരുന്നു? ഇന്നു നിന്റെ ആ പൊന്‍കിണ്ടിയൊന്നും കാണുന്നില്ല! നിന്റെ ശ്വേതാതപത്രവും കാണുന്നില്ല! നിന്റെ വെണ്‍ചാമരവും കാണുന്നില്ല! ബ്രഹ്മാവ്‌ നലകിയ ആ മാലയെവിടെപ്പോയി? എടോ സുരാധിപാ! അവയൊക്കെയെവിടെ?

ബലി പറഞ്ഞു; കൊള്ളാം! എടോ വാസവാ നീ ഇപ്പോള്‍ എന്റെ പൊന്‍കിണ്ടി കാണുന്നില്ല! വെണ്‍കൊെറ്റക്കുട കാണുന്നില്ല! വെണ്‍ചാമരം കാണുന്നില്ല! ബ്രഹ്മാവു തന്ന എന്റെ മാലയും കാണുന്നില്ല! ഗുഹയില്‍ വന്നു പെട്ട എന്റെ രത്നങ്ങളെയാണ്‌ നീ അന്വേഷിക്കുന്നത്‌! എനിക്ക്‌ കാലം വരുമ്പോള്‍ അന്ന്‌ നീ അതൊക്കെ കാണും! എടോ ഇന്ദ്രാ, ഇത്‌ ഒട്ടും നിന്റെ പദവിക്ക്‌ ഒത്തതല്ല! നിന്റെ യശസ്സിന്നും, നിന്റെ കുലത്തിന്നും ചേര്‍ന്നതല്ല ഈ ചോദ്യം! നീ ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ സമൃദ്ധിയോടെ വിളങ്ങുന്നു! സമൃദ്ധി നശിച്ചുവനായ എന്നെ നീ കളിയാക്കുന്നു. നിന്ദാസ്തുതി ചെയ്യുന്നു! നീ പറഞ്ഞതിന്റെ പൊരുളൊക്കെ ഞാന്‍ അറിയുന്നുണ്ട്‌ വാസവാ। ശരിക്കും ബോധമുള്ളവരാരും ഇങ്ങനെ അഹങ്കരിക്കുകയില്ല. പ്രജ്ഞയുള്ള ജ്ഞാനത്യപ്തന്മാര്‍, ജ്ഞാനികളും ക്ഷാന്തരും മനീഷികളുമായ യോഗ്യന്മാര്‍ ആരും ദുഃഖത്തില്‍ ദുഃഖിക്കയില്ല. സമൃദ്ധിയില്‍ ഹര്‍ഷിക്കുകയുമില്ല! ഹേ, പുരന്ദരാ! ദേവാധിരാജനായ നീ വെറും നാടന്മാരെപ്പോലെ നിന്ദിച്ചു സംസാരിക്കുന്നു! നീ എന്നെപ്പോലെ ഇന്നത്തെ നിലയിലായാല്‍ അന്ന്‌ നീ ഇത്തരം നിന്ദാ വാക്കുകള്‍ പറയുകയില്ലെന്ന്‌ മനസ്സിലാക്കൂ!

അദ്ധ്യായം 224. ബലിവാസവസംവാദം - കാലത്തിന്റെ ശക്തി അനുല്ലംഘ്യമാണെന്ന്‌ ബലി ഇന്ദ്രനോട്‌ പറയുന്നു - ഭീഷ്മൻ പറഞ്ഞു; മഹാബലിയുടെ വാക്കു കേട്ട്‌ ഇന്ദ്രന്‍ മെല്ലെ പുഞ്ചിരി തൂകി. പിന്നെ സര്‍പ്പത്തെപ്പോലെ ചീറ്റുന്ന ബലിയോട് ഒന്നുകൂടി വിശദമായി അറിയുവാന്‍ ആഗ്രഹിച്ച്‌ വീണ്ടും ഇപ്ര കാരം ചോദിച്ചു.

ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ ദാനവാ, അനേകം വാഹനങ്ങളോടും അനേകം ജ്ഞാതിജനങ്ങളോടും കൂടെ ഈ നമ്മെ അവഗണിച്ച്‌, കൂസല്‍ വെടിഞ്ഞ്‌ ലോകം മുഴുവന്‍ തപിപ്പിച്ചു കൊണ്ട്‌ നീ അന്ന്‌ പ്രതാപം കാണിച്ച്‌ ലോകം പ്രദക്ഷിണം വെച്ചില്ലേ? ഇപ്പോള്‍ നിനക്കു പെട്ട ഈ കഷ്ടമായ നിലകണ്ട്‌ എടോ ബലീ, ജഞാതികളും മിത്രങ്ങളുമൊക്കെ വിട്ടൊഴിഞ്ഞ നീ ദുഃഖിക്കുന്നുണ്ടോ? അതോ ഇല്ലയോ? പണ്ടു വലിയ സന്തോഷത്തോടെ, നിന്റെ കീഴില്‍ നിന്ന ലോകത്തിന്റെ സ്തുതിയെല്ലാം കേട്ടു കൊണ്ടിരുന്ന നീ, ഈ ബഹിഷ്കരണത്തിന്റെ അവമാനം ഏറ്റിട്ട്‌ ദുഃഖിക്കുന്നുണ്ടോ? അതോ ഇല്ലയോ?

ബലി പറഞ്ഞു: കാലമാറ്റത്തിന്റെ ധര്‍മ്മം അതു പ്രവര്‍ത്തിച്ചു. നിത്യമായി ഒന്നും നിലനില്ക്കുന്നതല്ലെന്ന്‌, കാലമാറ്റത്തിന്റെ ധര്‍മ്മം അതാണെന്ന്‌, ഞാന്‍ ശരിക്ക്‌ കണ്ടറിഞ്ഞിരിക്കുന്നു. ഈ കാണുന്ന വസ്തുക്കളെല്ലാം നാശമുള്ളതാണെന്ന്‌ ഞാന്‍ കണ്ടിരിക്കുന്നു. ഹേ, ശക്രാ, അതുകൊണ്ട്‌ ഞാന്‍ അതില്‍ ദുഃഖിക്കുന്നില്ല. അല്ലയോ സുരാധിപാ, ജീവികള്‍ക്കുള്ള ഈ ദോഷങ്ങള്‍ക്ക്‌ എല്ലാറ്റിന്നും അവസാനമുണ്ട്‌. നാശമുണ്ട്‌. അതുകൊണ്ട്‌ ശക്രാ, ഞാന്‍ അതില്‍ ദുഃഖിക്കുന്നില്ല. എനിക്കു സംഭവിച്ച അപകര്‍ഷം ഞാന്‍ വരുത്തിക്കൂട്ടിയതല്ല. എന്റെ കുറ്റം കൊണ്ട്‌ വന്നു ചേര്‍ന്നതല്ല. ഞാനും ആ കാലമാറ്റത്തിന്റെ ധര്‍മ്മത്തിന്നു വിധേയനാണ്‌. അതീതനല്ല. ജന്മമെടുക്കുമ്പോള്‍ ദേഹവും ജീവനും ഒപ്പം ജനിക്കുന്നു രണ്ടും ഒപ്പം വളരുന്നു. രണ്ടും ഒപ്പം നശിക്കുന്നു. ഇന്നു ഞാന്‍ ഈ നിലയിലായി അതുകൊണ്ട്‌ ഞാന്‍ അവശനായി അമ്പരന്നു പോകുന്നില്ല. കാലത്തിന്റെ മാറ്റത്തില്‍ എന്തു സംഭവിക്കുമെന്ന്‌ അറിയുന്നവന്‍ പിന്നെ ദുഃഖമെവിടെയാണ്‌? ജീവികള്‍ക്കെല്ലാം അന്ത്യമുണ്ട്‌. പുഴകള്‍ക്ക്‌ അവസാനം സമുദ്രത്തിലാണ്‌. എടോ വജ്രധാരകാ, അതു നല്ലപോലെ അറിഞ്ഞവന്‍ മോഹിക്കുകയില്ല. അത്‌ അപ്രകാരം അറിയാത്തവരായ രാജമോഹബദ്ധരായ ജനങ്ങള്‍ അജ്ഞാനതിമിരാന്ധരായി കഷ്ടപ്പെട്ട്‌ ഉഴലുകയാണ്‌.

ജ്ഞാനം സിദ്ധിച്ച പുരുഷന്‍ അഘം നീങ്ങിയവനാകും. അഘം നിങ്ങിയവന്‍ സത്വവാനാകും. സത്വഗുണം മനസ്സില്‍ വന്നു ചേര്‍ന്നാല്‍ അവന്‍ തെളിഞ്ഞ ശുദ്ധിയോടു കൂടിയവനാകും. ആ ജ്ഞാനം ലഭിക്കാതെ തമസ്സില്‍ മുഴികിക്കിടക്കുന്നവന്‍ വീണ്ടും വീണ്ടും ജനിക്കും. ഓരോ അര്‍ത്ഥത്തിലും പ്രചോദിതരായ കൃപണന്മാര്‍ അതാതര്‍ത്ഥത്തില്‍ ഉള്ളു തപിക്കുന്നവരാകും. അര്‍ത്ഥലാഭം അനര്‍ത്ഥമാണ്‌. ജീവിതവും മരണവും പോലെ തന്നെയാണ്‌ സുഖവും ദുഃഖവും. അതുകൊണ്ട്‌ അവയില്‍ ഞാന്‍ ദ്വേഷിക്കുകയോ കൊതിക്കുകയോ ചെയ്യുകയില്ല.

ഒരുത്തന്‍ മറ്റൊരുത്തനെ കൊല്ലുമ്പോള്‍ അവന്‍ മറ്റൊരുത്തന്റെ ശരീരത്തെയാണ്‌ ഹനിക്കുന്നത്‌. അവന്‍ വിചാരിക്കുന്നു താനാണു മറ്റവനെ കൊന്നതെന്ന്‌. അവനും വധിക്കപ്പെടുന്നു. വധിക്കുന്നവനാകട്ടെ, വധിക്കപ്പെടുന്നവനാകട്ടെ സത്യം അറിയുന്നില്ല; ആരാണ്‌ കൊന്നത്‌; ആരാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.

കുന്നിനെപ്പോലും കീഴടക്കി ഒരുത്തന്‍ തന്റെ പൌരുഷം കാട്ടുന്നു. അവന്‍ വിചാരിക്കുന്നു താനാണ്‌ അതു ചെയ്തതെന്ന്‌. എന്നാല്‍ അവനല്ല അതു ചെയ്തത്‌. അതു ചെയ്തവന്‍ മറ്റൊരാളാണ്‌. ആ അവനാണ്‌ അതിന്റെ കര്‍ത്താവ്‌. ലോകത്തിന്നു നാശവും ഉല്പത്തിയും ചെയ്തു കൊണ്ടിരിക്കുന്ന, രണ്ടും ചെയ്തു കൊണ്ടിരിക്കുന്ന, ഒരു ശക്തിയുടെ പ്രവര്‍ത്തനം അനവരതം നടക്കുന്നുണ്ട്‌. ആ രണ്ടു പ്രവര്‍ത്തനവും ഒരാള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ആ പ്രകൃതി ശക്തിയാണ്‌ അതു ചെയ്യു ന്നതും ചെയ്യിപ്പിക്കുന്നതും; അല്ലാതെ ഞാനോ നീയോ അല്ല. അതിന്റെ കര്‍ത്താവ്‌ നമ്മില്‍നിന്നന്യമായ മറ്റൊന്നാണ്‌. നമ്മെ ഈ ലോകത്തിലേക്കു പ്രത്യക്ഷപ്പെടുത്തിയ ആ കൈയുടെ പണിയാണതെല്ലാം.

ഭൂമി, തേജസ്സ്‌, ജലം, വായു, ആകാശം എന്നിവയാണ്‌ പഞ്ചഭൂതങ്ങള്‍. ഈ പഞ്ചഭൂതങ്ങളാണ്‌ ജീവികള്‍ക്കുള്ള ജീവന്റെ മൂലഹേതുക്കള്‍. അതില്‍ നിന്നാണ്‌ ജീവി ഉത്ഭവിക്കുന്നത്‌. എല്ലാവരുടേയും കഥ അതായിരിക്കെ അതിനെക്കുറിച്ച്‌ എന്തിനു നാം ആവലാതിപ്പെടുന്നു? ഇതു ശരിക്കും ധരിച്ചവനായ ഞാന്‍ പിന്നെ വിഷാദിക്കുമോ? വളരെ അറിവുള്ളവനും. അല്പം അറിവുള്ളവനും, മഹാബലവാനും, ബലഹീനനും, സുന്ദരനും, വിരൂപനും, സുഭഗനും, ദുര്‍ഭഗനും ഒന്നും കാലത്തിന്നു വ്യത്യാസമില്ല. സകലരേയും കാലം ആക്രമിച്ച്‌ അവസാനിപ്പിക്കും. മഹാഗംഭീരനാണ്‌ അവന്‍; മഹാശക്തനാണ്‌ ആ കാലമെന്നവന്‍. അവന്‍ തന്റെ ശക്തമായ കൈകൊണ്ട്‌ സകലത്തേയും, അഗാധതയിലേക്കു പിടിച്ചു മുക്കിക്കളയുന്നു. അവന്റെ കരത്തിന്റെ പിടിയിലാണ്‌ ഞാനുമെന്നിരിക്കെ എന്റെ ശ്രേയസ്സിനെ മുക്കിക്കളഞ്ഞത്‌ ആ സര്‍വ്വശക്തനായ കാലമാണെന്നറിഞ്ഞിരിക്കെ ഞാന്‍ ദുഃഖിക്കുമോ?

കത്തിക്കരിഞ്ഞതേ കരിഞ്ഞതാകു. ചത്തതേ ചത്തതാകു. മുമ്പെ നഷ്ടപ്പെട്ടതേ നഷ്ടമാവൂ. പോയത്‌ പോയതുതന്നെ. നേടിയതേ നേട്ടമാകു! കാലം ഒരു കടലു പോലെയാണ്‌. അതില്‍ ദ്വീപൊന്നുമില്ല. അതിന്റെ മറുകര എവിടെയാണ്‌? അതിന്റെ അറ്റം കാണാന്‍ സാദ്ധ്യമല്ല. എത്ര അഗാധമായി ചിന്തിച്ചിട്ടും ഈ അനുസ്യൂതമായ പ്രവാഹത്തിന്റെ അറ്റം, വിധിയുടെ ദിവ്യമായ സൃഷ്ടിസ്ഥിതി സംഹാരാത്മകമായ കാലപ്രവാഹത്തിന്റെ അന്തം, ഞാന്‍ കാണുന്നില്ല. കാലം സകല വസ്തുക്കളേയും നശിപ്പിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നില്ലെങ്കില്‍ എടോ ശചീപതേ, എന്നില്‍ ഒരുപക്ഷേ, ഹര്‍ഷവും അഹങ്കാരവും ക്രോധവും ഒക്കെ തലപൊക്കുമായിരുന്നു. ഇപ്പോള്‍ വിജനമായ ഒരു സ്ഥലത്ത്‌ ഉമിയും തിന്ന്‌ ഉഴലുന്ന എന്നെ, കഴുതയായി നില്‍ക്കുന്ന എന്നെ, മണത്തറിഞ്ഞ്‌ ഇവിടെയെത്തി നിന്ദിക്കുകയാണ്‌ നീ. നീ ഇപ്പോള്‍ എന്റെ ദയനീയാവസ്ഥ കണ്ട്‌ ഹര്‍ഷിക്കുന്നു! വേണമെങ്കില്‍ ഞാന്‍ പല രൂപത്തേയും എടുക്കാം. ആ ഘോരമായ രൂപം കണ്ടാല്‍ നീ ഭയപ്പെട്ട്‌ ഓടിക്കളയും. എല്ലാം തന്നിലേക്കു വലിക്കുന്നതും, എല്ലാം നല്‍കുന്നതും കാലമാണ്‌. എല്ലാം ചെയ്യുന്നത്‌ കാലമാണ്‌. എടോ ശക്രാ, അതു നീ ധരിക്കൂ! പൗരുഷം കാണിക്കേണ്ടാ. എടോ പുരന്ദരാ, ഞാന്‍ കോപിച്ച്‌ ഒന്നു നോക്കിയാല്‍ ഈ മൂന്നു ലോകവും നടുങ്ങുന്ന ഒരു കാലമുണ്ടായിരു ന്നു. ഞാന്‍ ലോകത്തിന്റെ ശാശ്വതമായ ധര്‍മ്മമെല്ലാം അറിയുന്നുണ്ട്‌. അതു നീയും അറിയണം. ശാശ്വതമായ ധര്‍മ്മം നീ അറിയേണ്ടതാണ്‌. തന്നത്താന്‍ യോഗ്യനാണെന്നു ഗര്‍വ്വിച്ചു പോകരു ത്‌. ഉത്ഭവവും അന്തസ്സും തന്നിലല്ല ഇരിക്കുന്നത്‌. നിന്റെ മനസ്സ്‌ വെറും കുട്ടിയുടെ മാതിരി തന്നെ! ഇന്നും പണ്ടത്തെ മട്ടുത ന്നെ! അല്ലയോ മഘവാവേ, എല്ലാം നോക്കിക്കാണുക! ഉറച്ച ഒരു ബുദ്ധി നിന്നിലുണ്ടാകട്ടെ!

പിതൃക്കളും ദൈവങ്ങളും മനുഷ്യരും ഗന്ധര്‍വന്മാരും ഉരഗങ്ങളും രാക്ഷസന്മാരും എല്ലാം എന്റെ കല്പനയ്ക്കു കീഴില്‍ നിന്നിരുന്നു. അന്ന്‌ അതു ഹേ വാസവാ, നിനക്കു ബോദ്ധ്യപ്പെട്ട കാര്യമല്ലേ? ബുദ്ധിമാത്സര്യ മോഹിതരായ ജനങ്ങള്‍ വൈരോചനനായ ബലി ഏതു ദിക്കില്‍ നില്ക്കുന്നുവോ ആ ദിക്കിനെ ഞങ്ങള്‍ ഇതാ കൈകൂപ്പുന്നു എന്നു പറഞ്ഞ്‌ എന്നെ ആദരിച്ചു സ്തുതിച്ച്‌ കൈകൂപ്പിയിരുന്നതു നീ കണ്ടതല്ലേ? അതോര്‍ത്തു ഞാന്‍ ഇന്നു ദുഃഖിക്കുന്നില്ല. ആ കഴിഞ്ഞ കാലത്തിന്റെ യോഗ്യത നഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നില്ല മഹീപതേ! ഇപ്രകാരം ദൃഢമാണ്‌ എന്റെ ബുദ്ധി. ഞാന്‍ ആ ശാസ്താവിന്റെ പാട്ടില്‍ അദ്ദേഹത്തിന്റെ കല്പനയ്ക്കു വിധേയനായി നില്ക്കുകയാണ്‌.

ഉയര്‍ന്ന കുലത്തില്‍ ജനിച്ചവനും, സുന്ദരാകൃതിയും, വലിയ പ്രതാപവാനുമായ പുരുഷന്‍ തന്റെ സകല സുഹൃത്തുക്കളോടും അമാത്യന്മാരോടും കൂടി കാരാഗൃഹത്തില്‍ കിടന്നു ദുഃഖിക്കുന്നത്‌ നാം കാണുന്നു. അതു കാലത്തിന്റെ പണിയാണ്‌. അത്‌ അങ്ങനെ ഭവിക്കുവാനാണ്‌ വിധിയുടെ നിശ്ചയം.

അതുപോലെ ദുഷ്കുലത്തില്‍ ജനിച്ചവനും ദുര്‍ജ്ജാതനും മഹാമൂഡനുമായ മനുഷ്യന്‍ സുഖമായി അമാത്യന്മാരോടു കൂടി ജീവിക്കുന്നു. അതും അങ്ങനെ വരേണ്ടത്‌ വന്നതാണെന്നറിയണം. അതു പോലെ തന്നെ കല്യാണിയായ, സുന്ദരിയായ സ്ത്രീ നിര്‍ഭാഗ്യവതിയായി, ദുര്‍ഭഗയായി വസിക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌. അതും വിധിയുടെ, കാലത്തിന്റെ, കല്പനയാണ്‌. ലക്ഷണം കെട്ട വിരൂപ സുഭഗയായി ജീവിക്കുന്നതും നാം കാണുന്നുണ്ട്‌. എടോ ശക്രാ, ഇന്ദ്രാ. ഇതു നീയോ ഞാനോ വരുത്തിയതല്ല. നീ ഇങ്ങനെ ഇപ്പോള്‍ പ്രതാപിയായതും ഞാന്‍ ഇങ്ങനെ താണുപോയതും നീയോ ഞാനോ വരുത്തിക്കൂട്ടിയതല്ല. നമ്മുടെ യോഗ്യതായോഗ്യതകള്‍ കൊണ്ടു വന്നതല്ല. ശതക്രതോ, എന്റെ ഈ നിലയ്ക്കു ഉത്തരവാദി ഞാനല്ല. സമൃദ്ധിയും അസമൃദ്ധിയും മാറിമാറി  വന്നുകൊണ്ടിരിക്കുന്നു. എന്റെ മുമ്പില്‍ ദേവേന്ദ്രനായി നില്ക്കുന്ന നിന്നെ യോഗ്യനായി ഞാന്‍ കാണുന്നു. നീ ശ്രീമാനായി, ദ്യുതിമാനായി, എന്റെ നേരെ നിന്നു ഗര്‍ജജിക്കുന്നു! കാലം നിന്നെ അത്തരത്തിലാക്കിയില്ലെങ്കില്‍ നീ എന്നെക്കാള്‍ മേലെയായി നിൽക്കുമോ? നീ വജ്രം കൈയിലേന്തി നിന്നാലും നിന്നെ ഞാന്‍ ഒറ്റ ഇടിക്കു തകര്‍ത്തു കളഞ്ഞേനെ. ഇപ്പോള്‍ എനിക്കു വിക്രമത്തിന്റെ കാലമല്ല; ശാന്തിയുടെ കാലമാണ്‌. കാലം പിടിച്ചു നിര്‍ത്തുന്നു. പചിക്കുന്നതും കാലം തന്നെയാണ്‌. എനിക്കു കാലം സമാഗതമായെങ്കില്‍ ദാനവേശ്വര പൂജ്യനായി ഗര്‍ജ്ജിച്ച്‌ പ്രതാപിക്കുന്നവനായി വേറെ ആരെയെങ്കിലും കാണുവാന്‍ പറ്റുമോ? മഹാന്മാരായ നിങ്ങള്‍ പ്രന്തണ്ടാദിത്യന്മാരാണല്ലോ. ആ നിങ്ങളുടെയെല്ലാവരുടെയും ആകെക്കൂടിയ തേജസ്സ്‌ ഞാന്‍ ഒറ്റയ്ക്കു ധരിച്ചവനാണ്‌. ഈ അംഭസ്സുകളൊക്കെ ഞാന്‍ വഹി ച്ചു. എന്നിട്ട്‌ എടോ ഇന്ദ്രാ ഞാന്‍ ലോകത്തിലൊക്കെ മഴ പൊഴിച്ചു. മുന്നു ലോകവും ഞാന്‍ ഏകന്‍ തപിപ്പിക്കുകയും പ്രശോഭിപ്പിക്കുകയും ചെയ്തു. രക്ഷിക്കുന്നതിന്നും, നശിപ്പിക്കുന്നതിന്നും, കൊടുക്കുന്നതിനും എടുക്കുന്നതിന്നും ഞാന്‍ പ്രഭുവായിരുന്നു. നിയമിക്കുന്നതിന്നും സംയമിക്കുന്നതിന്നും ഞാന്‍ ഉലകില്‍ പ്രഭുവും ഈശ്വരനുമായിരുന്നു. ആ പ്രഭുത്വം എനിക്ക്‌ ഇപ്പോള്‍ ഒഴിവായിരിക്കുന്നു. കാലത്തിന്റെ സൈന്യത്തില്‍ ആണ്ടുപോയ എനിക്ക്‌ ഒന്നും തോന്നാത്തമട്ടായി.

എന്നെ അങ്ങനെ ആക്കിത്തീര്‍ത്തത്‌ ഞാനല്ല, നീയുമല്ല, മറ്റാരുമല്ല വാസവാ! കാലം എല്ലാറ്റിനേയും നശിപ്പിക്കുന്നു. മാറി മാറി ലോകര്‍ ഐശ്വര്യം യദ്യച്ഛയാ ഭുജിക്കുകയാണ്‌ ഇന്ദ്രാ! വേദജ്ഞന്മാരായ മഹാന്മാര്‍ പറയുന്നു കാലം എന്നതു ബ്രഹ്മാവാണെന്ന്‌. പക്ഷങ്ങളും മാസങ്ങളും കാലത്തിന്റെ (ആയുസ്സിന്റെ) ദേഹമാണ്‌. അഹോരാത്രങ്ങളാകുന്ന വസ്ത്രങ്ങളാല്‍ ആച്ഛാദിതമായിരിക്കുന്നു. ആറ്‌ ഋതുക്കള്‍ അവന്റെ ഇന്ദ്രിയങ്ങളാണ്‌. സംവത്സരം എന്നത്‌ അവന്റെ മുഖമാണ്‌. മഹാപ്രാജ്ഞന്മാരായ ചിലര്‍ അവരുടെ ബുദ്ധിയില്‍ കാലം ബ്രഹ്മതുല്യമായി, അഖിലവിശ്വത്തേയും ഉള്‍ക്കൊള്ളുന്നതായിക്കാണുന്നു. ഇതൊക്കെ ഞാന്‍ എന്റെ ചിന്തയില്‍ അഞ്ചുവിധത്തില്‍ അഞ്ചായിക്കാണുന്നു. ബ്രഹ്മം ഗംഭീരമാണ്‌, ഗഹനമാണ്‌,. മഹാസമുദ്രം പോലെ ആദ്യന്തഹീനമാണെന്നു പറയാം. അക്ഷരം (നാശമില്ലാത്തതാണ്‌) ക്ഷരവുമാണ്‌. അലിംഗമായ താന്‍ ലിംഗങ്ങളെ പ്രാപിക്കുമ്പോള്‍ സലിംഗമാകുന്നു. ഇതിനെ തത്ത്വദര്‍ശികള്‍ ധ്രുവമായിക്കാണുന്നു. ജീവികളുടെ മാറ്റത്തെ ഭഗവാന്‍ ഇങ്ങനെയാണ്‌ ചെയ്യുന്നത്‌.

എല്ലാ ഭൂതങ്ങള്‍ക്കും കാലഗതിയില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ട്‌. ഭവാനും അതില്‍പ്പെടുകയില്ലെന്ന്‌ വിചാരിക്കുന്നുണ്ടോ? അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ഭവാന്‍ എവിടേക്ക്‌ ഓടിപ്പോകും? ഓടിയാലൊന്നും ഒഴിഞ്ഞു പോവുകയില്ല. അതിനെ വിടാന്‍ ഭവാനു പറ്റുകയില്ല. നിന്നാലും അത്‌ വിട്ടുപിരിയുകയില്ല. അത്‌ അഞ്ചുവിധമാണ്‌. ഇന്ദ്രിയങ്ങളാല്‍ അറിയുവാന്‍ കഴിയാത്തതാണ്‌. ഇത്‌ അഗ്നിയാണെന്ന്‌ ചിലര്‍ പറയുന്നു. ചിലര്‍ പ്രജാപതിയാണെന്നു പറയുന്നു. ഋതു, പക്ഷം, മാസം, ദിവസം, ക്ഷണം, പൂര്‍വ്വാഹ്നം, മദ്ധ്യാഹ്നം,.അപരാഹ്നനം, എന്നൊക്കെ ചിലര്‍ അതിനെ പറയുന്നു. മുഹൂര്‍ത്തമായും ഇങ്ങനെ ഒന്നിനെ പല പേരുകളാല്‍ പറയുന്നു. എല്ലാം കാലമെന്ന ഒന്നു മാത്രമാണ്‌. അതിന്റെ പാട്ടിലാണ്‌ ഈ പറഞ്ഞതെല്ലാം.

അനേകായിരം ഇന്ദ്രന്മാരുണ്ടായി അസ്തമിച്ചു. എത്ര ബലവീര്യശാലികളായിരുന്നു അവരെല്ലാം! നീ അത്തരത്തില്‍പ്പെട്ട ഒരുത്തന്‍ മാത്രമാണ്‌ ശചീപതേ! എടോ ശക്രാ, ശക്തി ബലോന്മത്തനായി, ഇന്ദ്രനായി വിളങ്ങുന്ന നിന്നെയും കാലം വന്നാല്‍ കാലന്‍ കെടുത്തിക്കളയും. നീയും കാലത്തിന്റെ അജയ്യമായ കരത്താല്‍ തുടച്ചു നീക്കപ്പെടും! എല്ലാ വസ്തുക്കളേയും തുടച്ചു നീക്കും. എല്ലാം കാലം തന്നില്‍ ലയിപ്പിക്കും! എടോ ഇന്ദ്രാ, അതുകൊണ്ട്‌ നീ വമ്പു കാണിക്കേണ്ട. ഈറ്റം കൊള്ളേണ്ട. ആത്മപ്രശംസ നിര്‍ത്തുക! നീ സ്ഥൈര്യം അവലംബിക്കുക. കാലത്തിനെ പിടിച്ചു മാറ്റുവാനുള്ള കഴിവ്‌ എനിക്കില്ല, അങ്ങയ്ക്കുമില്ല, പണ്ടുള്ളവര്‍ക്കുമില്ല. ഈ മുഖ്യമായ രാജ്യശ്രീയെ നീ നേടി. ആ രാജ്യശ്രീയെന്നവളെ തനിക്ക്‌ എന്നെന്നേക്കുമായി കിട്ടിക്കഴിഞ്ഞുവെന്നു നീ വിചാരിക്കുന്നു. അവള്‍ വെറുതെ ഒരിടത്തു സ്ഥിരമായി ഏറെക്കാലം നില്ക്കുന്നവളല്ല. നിന്നിലെന്നപോലെ കഴിഞ്ഞുപോയ ആയിരം ഇന്ദ്രന്മാരില്‍ അവള്‍ മാറിമാറി നിന്നവളാണ്‌. ആ ലോലയായ രാജ്യശ്രീ ഒരുകാലത്ത്‌ എടോ സുരാധിപാ! എന്നെ ആശ്രയിച്ചു. എന്നെ വിട്ടുപിരിഞ്ഞ അവള്‍ ഇപ്പോള്‍ നിന്നെ ആശ്രയിച്ചു. ഇനി നീ ഇപ്രകാരം പരപരിഹാസത്തിനൊരുങ്ങരുത്‌. നീ ശാന്തി ഉള്‍ക്കൊള്ളുക. അഹങ്കാരം കൈവിടുക. നിന്നെയും ഇപ്രകാരം രാജ്യശ്രീ അറിഞ്ഞുകഴി ഞ്ഞാല്‍ അവള്‍ നിന്നെ വിട്ട്‌ മറ്റൊരുത്തനെ പ്രാപിക്കും.

അദ്ധ്യായം 225. ശ്രീസന്നിധാനം- ഇന്ദ്രനും ലക്ഷ്മിയും തമ്മില്‍ നടന്ന സംഭാഷണം - ഭീഷ്മൻ പറഞ്ഞു: അപ്പോള്‍ മഹാത്മാവായ മഹാബലിയുടെ ദേഹത്തില്‍ നിന്ന്‌ സ്വന്തം രൂപത്തില്‍ പുറത്തിറങ്ങുന്ന ശ്രീദേവിയെ ശതക്രതുവായ ഇന്ദ്രന്‍ കണ്ടു. പ്രഭാപൂര്‍ണ്ണമായ ഉടലോടെ ശ്രീദേവിയെ കണ്ടപ്പോള്‍ വിസ്മയം കൊണ്ട്‌ വിടര്‍ന്ന കണ്ണുകളോടെ ഇന്ദ്രന്‍ ബലിയോടു ചോദിച്ചു.

ശക്രന്‍ പറഞ്ഞു: എടോ മഹാബലി, നിന്നില്‍ നിന്നു പുറത്തിറങ്ങി നില്ക്കുന്ന ഈ സുന്ദരി ഏതാണ്‌? നീണ്ട തലമുടിയോടും, ശോഭയേറിയ തോള്‍ വളയോടും കൂടി സ്വന്തം തേജസ്സാല്‍ ജ്വലിക്കുന്ന ഇവള്‍ ഏതാണ്‌?

ബലി പറഞ്ഞു: ഇവള്‍ അസുരസുന്ദരിയാണോ, അപ്സര സ്ത്രീയാണോ,, മാനുഷനാരിയാണോ? നീ തന്നെ അവളോടു ചോദിക്കൂ. അറിയേണ്ടതല്ലെങ്കില്‍ വേണ്ട. ഇഷ്ടമെന്തെന്നു വെച്ചാല്‍ അപ്രകാരം ചെയ്യുക.

ശക്രന്‍ പറഞ്ഞു:  ബലിയെവിട്ട്‌ പുറത്തിറങ്ങി നില്ക്കുന്ന സുന്ദരീ, നീ ആരാണ്‌? നീണ്ട നീലത്തലമുടിയോടു കൂടിയ നീ ആരാണ്‌? ആരാണെന്നറിയുവാന്‍ ആഗ്രഹിക്കുന്ന എന്നോട്‌ ഹേ, ശുചിസ്മിതേ, നിന്റെ പേരെന്തെന്നു പറഞ്ഞാലും! മായാവിലാസം പോലെ നില്ക്കുന്ന നീ, സ്വതേജസ്സു കൊണ്ടു ജലിക്കുന്ന നീ, ദൈത്യനെ വിട്ട്‌ ഇങ്ങു വന്നണഞ്ഞ സുന്ദരീ, നീ ആരാണ്‌? ചോദിക്കുന്ന എന്നോട്‌ ആരെന്നു പറഞ്ഞാലും.

ശ്രീ പറഞ്ഞു: വിരോചനന്‍ എന്നെ അറിഞ്ഞിട്ടില്ല. അവന്റെ പുത്രനായ ബലിയും എന്നെ അറിഞ്ഞിട്ടില്ല. എന്നാല്‍ ജ്ഞാനികള്‍ എന്നെ ദുസ്സഹ (താങ്ങാനാകത്തവള്‍) യെന്ന്‌ വിളിക്കുന്നു. ചിലര്‍ എന്നെ വിധിത്സ (കര്‍മ്മാസക്തി) യെന്നു വിളിക്കുന്നു (സ മൃദ്ധി വന്നു ചേരുന്നത്‌ കര്‍മ്മം കൊണ്ടാണല്ലോ.) എനിക്ക്‌ വേറെയും പല പേരുകളുണ്ട്‌. ഭൂതിയെന്നും, ലക്ഷ്മിയെന്നും, ശ്രീയെന്നും എന്നെ പലരും വിളിക്കുന്നുണ്ട്‌. വാസവാ! നീയും എന്നെ അറിയുന്നില്ല. എടോ ശക്രാ, മറ്റു വാനവന്മാരും എന്നെ ശരിയായി അറിയുന്നില്ല.

ശക്രന്‍ പറഞ്ഞു: അല്ലയോ ദുസ്സഹേ, നീ എനിക്കു വേണ്ടിയോ, അഥവാ ബലിയുടെ ആവശ്യ പ്രകാരമോ അവനെ വിട്ടിറങ്ങിയതെന്ന് അറിഞ്ഞാല്‍ കൊള്ളാം. നീ അവനോടു കൂടെ വളരെ നാള്‍ വാണവളല്ലേ?

ശ്രീ പറഞ്ഞു: സൃഷ്ടി കര്‍ത്താവോ, വിധാതാവോ, ആരും തന്നെ എന്നെ ഒന്നും ചെയ്യുകയില്ല. കാലമാണ്‌ എന്നെ ഒരിടത്തു നിന്ന്‌ മറ്റൊരിടത്തേക്കു മാറ്റുന്നത്‌. ഭവാന്‍ ബലിയെ നിന്ദിക്കരുത്‌.

ശക്രന്‍ പറഞ്ഞു: എന്തു കാരണത്താലാണ്‌ അല്ലയോ ശിരോഭൂഷണാലംകൃതയായ സുന്ദരീ, നീ ബലിയെ വിട്ടത്‌? പിന്നെ നീയെന്തിന്ന്‌ എന്നെ സമീപിക്കുന്നു? ശുചിസ്മിതേ, പറ ഞ്ഞാലും.

ശ്രീ പറഞ്ഞു: അല്ലയോ ശക്രാ, ഞാന്‍ സത്യത്തില്‍ അധിവസിക്കുന്നു. ദാനത്തിലും, തപസ്സിലും, വ്രതത്തിലും അധിവസിക്കുന്നു. പരാക്രമത്തിലും, ധര്‍മ്മത്തിലും അധിവസിക്കുന്നു, ഈ പറഞ്ഞതില്‍ ഒന്നില്‍ നിന്ന്‌ ബലി ഒഴിവായി. മുമ്പേ ബ്രഹ്മണ്യനായി, സത്യവാദിയായി, ജിതേന്ദ്രിയനായി വാണ ബലി, പിന്നെ ബ്രാഹ്മണരില്‍ അസൂയാലുവായി. എച്ചിലായ കൈയാല്‍ നെയ്യ്‌ സ്പര്‍ശിച്ചു. എപ്പോഴും യജ്ഞങ്ങള്‍ ചെയ്തു കൊണ്ടിരുന്ന ബലി ലോകരോട്‌ പിന്നെ എന്നെത്തന്നെ യജിക്കുവിന്‍ എന്ന്‌ ആജ്ഞാപിച്ചു. അങ്ങനെ അവന്‍ കാലപീഡിതനായി, മൂഢാത്മാവായിത്തീര്‍ന്നപ്പോള്‍ ഞാന്‍ അവനെ വിട്ടുപോന്നു. അങ്ങനെ അവനെ വിട്ടുപോന്ന്‌ ഞാന്‍ എടോ വാസവാ! നിന്നില്‍ വാഴുവാന്‍ പോവുകയാണ്‌. തപസ്സാലും, വിക്രമത്താലും തെറ്റാതെ ദുസ്സഹയമായ എന്നെ നീ വഹിക്കണം.

ശക്രന്‍ പറഞ്ഞു: അല്ലയോ കമലാലയേ, ലക്ഷ്മീ, ദേവന്മാരിലും, അസുരന്മാരിലും, എല്ലാ ഭൂതഗണങ്ങളിലും നിന്നെ ഒറ്റയ്ക്കു താങ്ങുവാന്‍ പോന്നവനായി ഒരുത്തനേയും ഞാന്‍ കാണുന്നില്ല.

ശ്രീ പറഞ്ഞു: ദേവനില്ല. ഗന്ധര്‍വ്വനില്ല, ദൈത്യനില്ല, രാക്ഷസനുമില്ല, എന്നെ തനിച്ചു താങ്ങുവാന്‍ ശക്തിയുള്ളവര്‍ ആരുമില്ല പുരന്ദരാ!

ശക്രന്‍ പറഞ്ഞു:  ശുഭേ, ഞാന്‍ ഒന്നു ചോദിക്കട്ടെ! നീ നിത്യവും എന്നില്‍ നില്ക്കുന്നത്‌ എങ്ങനെയാണ്‌? നീ പറയുന്നതു പോലെ ഞാന്‍ ചെയ്യാം. നേര് എന്നോട്‌ പറയണമെന്നപേക്ഷി ക്കുന്നു.

ശ്രീ പറഞ്ഞു: അല്ലയോ ദേവേന്ദ്രാ, ഞാന്‍ നിന്നില്‍ സദാകാലവും നില്ക്കുന്നത്‌ എങ്ങനെയെന്ന്‌ പറയാം, കേള്‍ക്കുക. വേദത്തില്‍ക്കണ്ട വിധിയില്ല, അതു പ്രകാരം എന്നെ നാലായി വിഭജിക്കുക.

ശക്രന്‍ പറഞ്ഞു: അല്ലയോ ലക്ഷ്മീ, ഞാന്‍ നിന്നെ യഥാശക്തി യഥാബലം വഹിച്ചു കൊള്ളാം. അല്ലയോ ശ്രീദേവീ, എനിക്കു നിന്നില്‍ നിന്ന്‌ അതിക്രമം ഏല്ക്കരുത്‌. മാനുഷരില്‍ ഭൂതി താങ്ങുന്നവള്‍ ഭൂമിയാണല്ലൊ. ഭുതധാരിണിയായ ആ ഭൂമി നിന്റെ പാദം (നാലില്‍ ഒരു ഭാഗം) താങ്ങട്ടെ! അവള്‍ക്ക്‌ അതി ന്നുള്ള കഴിവുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു.

ശ്രീ പറഞ്ഞു: എടോ ശക്രാ, എന്നാല്‍ ഇതാ എന്റെ പാദം ഭൂമിയില്‍ ഉറപ്പിച്ചു വെക്കുന്നു. ഇനി എന്റെ രണ്ടാമത്തെ പാദം അങ്ങ്‌ ഉറപ്പിക്കണം.

ശക്രന്‍ പറഞ്ഞു: ദേവീ, വെള്ളമാണല്ലൊ മാനുഷരില്‍ ദ്രവിക്കുന്ന പരിചാരികം. അത്‌ നിന്റെ പാദം താങ്ങട്ടെ! ജലത്തിന് അതിനുള്ള കെല്‍പ്പുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

ശ്രീ പറഞ്ഞു: ഇതാ ഞാന്‍ അങ്ങ്‌ പറഞ്ഞതുപോലെ എന്റെ പാദം വാരിയില്‍ വെക്കുന്നു. അത്‌ വാരിയില്‍ ഉറച്ചുകഴിഞ്ഞു. എടോ ശക്രാ, എന്റെ മുന്നാമത്തെ പാദം അങ്ങയില്‍ ഭവാന്‍ ഉറപ്പിക്കണം.

ശക്രന്‍ പറഞ്ഞു: ആരില്‍ വേദങ്ങള്‍ നില്ക്കുന്നുവോ, ആരില്‍ യജ്ഞങ്ങള്‍ നില്ക്കുന്നുവോ, ആരില്‍ ദേവകള്‍ നില്ക്കുന്നുവോ, ആ അഗ്നിയില്‍ നീ മൂന്നാമത്തെ പാദം വെക്കുക. അഗ്നിക്ക്‌ നിന്റെ പാദം താങ്ങുവാനുള്ള കെല്‍പ്പുണ്ട്‌.

ശ്രീ പറഞ്ഞു: ശരി! എന്നാല്‍ എന്റെ മുന്നാമത്തെ പാദം അഗ്നിയില്‍ വെക്കുന്നു. അത്‌ അഗ്നിയില്‍ ഉറച്ചു. ശക്രാ, എന്റെ നാലാമത്തെ പാദം ഭവാനില്‍ വെക്കട്ടെ! അത്‌ അങ്ങ്‌ ഉറപ്പോടെ താങ്ങുക.

ശക്രന്‍ പറഞ്ഞു: നരരില്‍ ആരോ സത്തുക്കള്‍, ബ്രഹ്മണൃരും ഋതവാദികളും ആരോ, അവര്‍ നിന്റെ പാദം താങ്ങട്ടെ! സജ്ജനങ്ങള്‍ അത്‌ താങ്ങുവാന്‍ കെല്‍പ്പുള്ളവരാണ്‌.

ശ്രീ പറഞ്ഞു: ഇതാ എന്റെ പാദം ഞാന്‍ സജ്ജനങ്ങളില്‍ വെക്കുന്നു. അത്‌ സജ്ജനങ്ങളില്‍ ഉറച്ചിരിക്കുന്നു. ഇങ്ങനെ എന്റെ നാലു പാദങ്ങളും ഭൂതങ്ങളില്‍ ഉറപ്പിച്ചു കഴിഞ്ഞ എന്നെ ഭവാന്‍ വഹിച്ചാലും.

ശക്രന്‍ പറഞ്ഞു; അല്ലയോ ശ്രീദേവീ, ഞാന്‍ ഭൂതങ്ങളില്‍ നിന്നെ സമര്‍പ്പിച്ചിരിക്കുന്നു. സതിയായ നിന്നെ ആര് ദ്രോഹിക്കുന്നുവോ, അവരെ ഞാന്‍ ശിക്ഷിക്കും. എല്ലാവരും എന്റെ കല്പന ശ്രവിക്കുവിന്‍.

പിന്നെ ശ്രീ കൈവെടിഞ്ഞ ദൈത്യരാജാവായ ബലി പറഞ്ഞു: ഇപ്പോള്‍ സുര്യന്‍ കിഴക്കു ദിക്കിലും, അത്ര തന്നെ തെക്കു ദിക്കിലും, അത്ര തന്നെ പടിഞ്ഞാറും, അത്ര തന്നെ വടക്കും പ്രകാശിക്കുന്നു. സുര്യന്‍ എല്ലാ ദിക്കുകളില്‍ നിന്നും തന്നെ പിന്‍വലിച്ചു എന്ന്‌ മദ്ധ്യാഹ്നപ്രദേശത്തുമാത്രം ( ബ്രഹ്മലോകത്തു മാത്രം, സുമേരുമദ്ധ്യത്തില്‍ ) പ്രശോഭിക്കുമോ, അന്ന്‌ വീണ്ടും ദേവന്മാരും, അസുരന്മാരും തമ്മില്‍ ഘോരമായ ഒരു യുദ്ധം നടക്കും. അന്ന്‌ ആ യുദ്ധത്തില്‍ ഞാന്‍ നിങ്ങളെയെല്ലാം പരാജിതരാക്കും; എല്ലാറ്റിനേയും തോല്പിക്കും. സുര്യന്‍ എന്ന്‌ എല്ലാ ദിക്കില്‍ നിന്നും പിന്‍വാങ്ങി ബ്രഹ്മസ്ഥാനത്ത്‌ മാത്രമായി ഒരിടത്ത്‌ ഉറച്ചു നിന്ന്‌ പ്രകാശിക്കുന്നുവോ, അന്ന്‌ ദേവന്മാരും അസുരന്മാരും തമ്മില്‍ നടക്കുന്ന ആ യുദ്ധത്തില്‍ എടോ ശക്രാ, ഞാന്‍ തീര്‍ച്ചയായും നിങ്ങളെയൊക്കെ പരാജയപ്പെടുത്തുന്നതാണ്‌. ( ഇപ്പോഴത്തെ വൈവസ്വത മന്വന്തരം കഴിഞ്ഞ്‌ അപ്പോള്‍ സാവര്‍ണ്ണിക മന്വന്തരം തുടങ്ങുമെന്നും, സൂര്യന്‍ സുമേരുവിന്റെ ഉപരിഭാഗത്ത്‌ ഉറച്ചു നിന്ന്‌ ശോഭിക്കുമെന്നും, മറ്റു ദിക്കുകളൊക്കെ ഇരുട്ടില്‍പ്പെടുമെന്നും പുരാണങ്ങളില്‍ പറയുന്നു. ആ കാലം വരു മ്പോള്‍ ദേവാസുരയുദ്ധം നടക്കുന്നതാണെന്നും പറയുന്നു. )

ശക്രന്‍ പറഞ്ഞു: എടോ മഹാബലി, നിന്നെ കൊല്ലരുതെന്ന്‌ ബ്രഹ്മാവ്‌ എന്നോട്‌ കല്പിച്ചു. അതു കൊണ്ട്‌ ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല. അല്ലെങ്കില്‍ എന്റെ കൈയിലുള്ള ഈ ച്രകായുധം കൊണ്ട്‌ നിന്റെ ശിരസ്സില്‍ ഞാന്‍ പ്രഹരിച്ചേനെ. എടോ ദൈത്യേന്ദ്രാ, നീ യഥേഷ്ടം പൊയ്ക്കൊളളുക. മഹാസു രാ, നിനക്ക്‌ സ്വസ്തി ഭവിക്കട്ടെ! സൂര്യന്‍ നീ പറഞ്ഞ പ്രകാരം ആകാശമദ്ധ്യത്തില്‍ നിശ്ചലനായി ഉറച്ചു നിന്ന്‌ സദാകാലവും ശോഭിക്കുന്നതല്ല. അതിന്ന്‌ ബ്രഹ്മാവ്‌ മുമ്പെ തന്നെ നിശ്ചയം ചെയ്തിട്ടുണ്ട്‌. ആ നിശ്ചയപ്രകാരം സൂര്യന്‍ പ്രജകളെ തപിപ്പി ക്കുന്നതിന്ന്‌ ചുറ്റിക്കൊണ്ടിരിക്കും. ശീതോഷ്ണങ്ങള്‍ നല്കുന്ന ഋതുക്കളെ ഉണ്ടാക്കിക്കൊണ്ട്‌ ആറുമാസം ദക്ഷിണായനവും, ആറുമാസം ഉത്തരായനവുമായി എല്ലാ ജീവികള്‍ക്കും വേണ്ടി സഞ്ചരിക്കും.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ദേവേന്ദ്രൻ പറഞ്ഞപ്പോള്‍ അല്ലയോ യുധിഷ്ഠിരാ, ബലി തെക്കോട്ടു പോയി, പുരന്ദരന്‍ കിഴക്കോട്ടും പോയി. അഹങ്കാരമില്ലാത്തവനായ ബലി ഇപ്രകാരം പറഞ്ഞതു കേട്ട്‌ സഹ്രസാക്ഷന്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു പോയി. 

അദ്ധ്യായം 226. ശക്രനമുചിസംവാദം - ദുഃഖഹേതുവുണ്ടായിട്ടും ദുഃഖിക്കാത്ത നമുചിയോട്‌ ഇന്ദ്രന്‍ പറയുന്നത്‌ - ഭീഷ്മൻ പറഞ്ഞു: എടോ യുധിഷ്ഠിരാ, ശ്രീ കൈവെടിഞ്ഞവന്‍ എങ്ങനെ ജീവിക്കണമെന്നതിന് ഉദാഹരണമായി വേറെയും ഒരു പഴങ്കഥ നടപ്പുണ്ട്‌. ദേവേന്ദ്രനും നമുചിയും തമ്മില്‍ നടന്ന സംഭാഷണമാണ്‌ ആ കഥ. ശ്രീ കൈവെടിഞ്ഞിരിക്കെ, കടല്‍ പോലെ ഏറ്റവും അക്ഷേഭൃനായി, ശാന്തനായി ഭൂതോത്ഭവ ക്ഷയങ്ങളോടു കുടിയ കാലസ്വഭാവത്തെ അറിഞ്ഞവനായ നമുചിയോട്‌ പുരന്ദരന്‍ ചോദിച്ചു.

ശക്രന്‍ പറഞ്ഞു: എടോ നമുചീ, നീ സ്ഥാന്രഭഷ്ടനായി ശത്രുവിന്റെ പിടിയില്‍ കുടുങ്ങിയവനായി ശ്രീയും കൈവിട്ടവനായിരിക്കുന്നു. നീ ഇതില്‍ ദുഃഖിക്കുന്നുണ്ടോ? ഇല്ലയോ?

നമുചി പറഞ്ഞു: എടോ ഇന്ദ്രാ, സഹിക്കാനാവാത്ത ദുഃഖം ബാധിച്ചാല്‍ ശരീരം തപ്തമാകും. ശരീരം ക്ഷീണിച്ച്‌ അവശമാകുമ്പോള്‍ ശത്രുക്കള്‍ക്ക്‌ സന്തോഷമുണ്ടാകും. ശോകത്തില്‍ ആരേയും സഹായികളായി ലഭിക്കയില്ല. അതു കൊണ്ട്‌ ഇന്ദ്രാ, ഞാന്‍ ദുഃഖിക്കുകയില്ല. ഈ കാണുന്നതെല്ലാം നശിക്കുന്നതാണ്‌. സന്താപം വന്നു പെട്ടാല്‍ രുപ സൗന്ദര്യം കെട്ടു പോകും.

സന്താപത്താല്‍ ഐശ്വര്യം നശിക്കും. സന്താപത്താല്‍ ആയുസ്സും ധര്‍മ്മവും കെട്ടു പോകും. സുരനായകാ, ബുദ്ധിക്ഷയം കൊണ്ടുണ്ടാകുന്ന ആ ദുഃഖത്തെയടക്കി ഹൃദ്യമായ മംഗളത്തെ അറിവുള്ളവന്‍ ധ്യാനിക്കേണ്ടതാണ്‌. എപ്പോളെപ്പോള്‍ പുരുഷന്‍ മംഗളത്തില്‍ കരള്‍ വെക്കുന്നുവോ, അപ്പോളപ്പോള്‍ സര്‍വ്വ അര്‍ത്ഥവും നിസ്സംശയം ലഭിക്കും. ശാസ്താവ്‌ ഒന്നേയുള്ളൂ. രണ്ടാമത്‌ ഒരു ശാസ്താവില്ല. അദ്ദേഹത്തിന്റെ കല്പന ഗര്‍ഭസ്ഥ ശിശുവില്‍ വെയ്ക്കപ്പെടുന്നു. ആ ശാസ്താവിന്റെ നിശ്ചയ പ്രകാരം ജലം കീഴോട്ട്‌ ഒഴുകുന്ന മാതിരി ഞാന്‍ അദ്ദേഹത്തിന്റെ നിശ്ചയത്തിന്നു വിധേയനായി വര്‍ത്തിക്കുന്നു. ഭാവവും അഭാവവും അറിഞ്ഞ്‌ അതില്‍ ഒടുവിലത്തേത്‌ ആദ്യത്തേക്കാള്‍ ഉയര്‍ന്നതാണെനറിഞ്ഞ്‌ അതിന്റെ ലബ്ധിക്കു വേണ്ടി ഞാന്‍ ശ്രമിക്കുന്നില്ല. നന്മയുടെ മാര്‍ഗ്ഗത്തിലൂടെ തിരിഞ്ഞാല്‍ അതും ചെയ്യും. അതിന്നെതിരായി തിരിഞ്ഞാല്‍ അതും ഞാന്‍ ചെയ്യും. അതിന്നെതിരായി തിരിഞ്ഞാല്‍ അതും ചെയ്യും. എന്താണ്‌ ശാസ്താവിന്റെ നിശ്ചയമെന്നാല്‍ അതു ചെയ്യും. ശാസ്താവ്‌ എന്തു ലഭിക്കുവാനാണ്‌ നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ അതേ ലഭിക്കൂ. ആ വിധിയുടെ നിശ്ചയമെന്തോ അതു നടക്കും. എന്ത്‌ എങ്ങനെ വരണമെന്നാണ്‌ വിചാരിച്ചിട്ടുള്ളത്‌ അതേ നടക്കൂ. ധാതാവ്‌ വീണ്ടും ഏതേതിടത്തു ഗര്‍ഭത്തിലാക്കുന്നുവോ അതാതിടത്തു വാഴും. അത്‌ പറ്റില്ലെന്നു പറയുവാന്‍ ആര്‍ക്കും ആവുകയില്ല. ഇന്നത്തെ ഈ നില എനിക്കു വന്നു പെട്ടു. അത്‌ ധാതാവ്‌ നിശ്ചയിച്ച നിലയാണ്‌. അതെനിക്ക്‌ അനുഭവിക്കാന്‍ മുമ്പേ ധാതാവ്‌ നിശ്ചയിച്ചതാണ്‌. ഈ സംഗതി മനസ്സിലാക്കിയാല്‍ പിന്നെ അവനൊരിക്കലും അബദ്ധത്തിലാവുകയില്ല. കാലത്തിന്റെ ഗതിയാല്‍ അടിയേമ്ക്കുന്നവര്‍ക്ക്‌ വേറെ ഒരു എതിരാളിയുമില്ല. ഞാന്‍ ഇതൊക്കെ ചെയ്യുന്നവനാണ്‌, ദ്വേഷിക്കുന്നവനാണ്‌, എന്നു ചിന്തിക്കുന്നത്‌ ദുഃഖമുണ്ടാക്കുകയേയുള്ളൂ. ബുദ്ധിയുള്ളവന്‍ ഒരിക്കലും താനാണിതിന്റെ കര്‍ത്താവെന്ന്‌ അഭിമാനിക്കുകയില്ല. എന്തു ദുഃഖം സംഭവിച്ചാലും അതൊക്കെ വിധിയുടെ പ്രവര്‍ത്തനമാണെന്നേ കരുതേണ്ടതുള്ളൂ. പക്ഷേ, ബോധമില്ലാത്തവര്‍ കരുതുന്നത്‌ അങ്ങനെയല്ല. അവര്‍ വിചാരി ക്കുന്നത്‌ തന്റെ പ്രവൃത്തി കൊണ്ടാണ്‌ അതുണ്ടായതെന്നും അങ്ങനെയാണ്‌ ദുഃഖം ബാധിച്ചതെന്നുമാണ്‌. മനുഷ്യന്‍ വിധി യുടെ കൈയില്‍ ഒരു കളിപ്പാവയാണെന്ന്‌ മനസ്സിലാക്കാഞ്ഞതു കൊണ്ടാണ്‌ ദുഃഖിക്കുന്നത്‌.

ഋഷീന്ദ്രന്മാര്‍ക്കും, ദേവന്മാര്‍ക്കും, മഹാസുരന്മാര്‍ക്കും, ത്രൈവിദ്യരായ വൃദ്ധന്മാര്‍ക്കും, വനത്തില്‍ വസിക്കുന്ന മുനീന്ദ്രന്മാര്‍ക്കും ഇവര്‍ക്കെല്ലാം ആപത്ത്‌ വന്നു കൂടും. അതില്‍ നിന്ന്‌ ആരും ഒഴിവാകുകയില്ലു. പരാവരജ്ഞനായ പുരുഷന്‍ ഒന്നിലും ഭ്രമിക്കുകയില്ല.

പണ്ഡിതനായ പുരുഷന്‍ ക്രോധിക്കുകയില്ല. കൈയേറ്റത്തിന്നു ചെല്ലുകയില്ല. മനസ്സു തളരുകയില്ല. ഹര്‍ഷം കൊള്ളുകയില്ല. വലിയ ആപത്തിലായല്ലോ എന്നു ദുഃഖിക്കുകയില്ല. ഹിമാലയത്തിന്നു തുല്യമായ ധൈര്യത്തോടെ നിശ്ചലനായി കുലുങ്ങാതെ നില്ക്കും.

ആരെ അര്‍ത്ഥസമൃദ്ധി മയക്കാതിരിക്കുന്നുവോ, അവനെ വിപത്തിന്നും മയക്കുവാന്‍ കഴിയുകയില്ല. സുഖവും ദുഃഖവും ഒരേ വിധത്തില്‍ കാണുന്നവനും ഒന്നിലും ചായാതിരിക്കുന്നവനുമായ ശരിയായ ഭാരവാഹിയായ നരന്‍ തനിക്ക്‌ ഏതേതവസ്ഥ വന്നുചേരുന്നുവോ അതാതവസ്ഥയില്‍ അല്ലല്‍ കൂടാതെ രമിക്കുകയാണ്‌ വേണ്ടത്‌. ധീമാന്മാര്‍ ഇത്തരത്തില്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും സന്താപത്തെ അകറ്റി വര്‍ത്തിക്കുന്നു. പണ്ഡിതന്മാര്‍ ചേര്‍ന്ന സദസ്സ്‌ ശ്രുതി സ്മൃതികളെ ഭയംകൂടാതെ അവഹേളിക്കുകയാണെങ്കില്‍ അതിനെ പണ്ഡിത പരിഷത്തെന്നു പറഞ്ഞുകൂടാ. ധര്‍മ്മതത്ത്വങ്ങളെ കൈക്കൊണ്ട്‌ അതിനെ ആദരി ക്കുന്ന പുരുഷനാണ്‌ ധുരന്ധരനായ പുമാന്‍.

ബുദ്ധിമാന്‍ പ്രാജ്ഞന്മാരുടെ കര്‍മ്മങ്ങള്‍ പരീക്ഷിച്ചറി ഞ്ഞു നന്മയെ കൈക്കൊള്ളുന്നതാണ്‌. പ്രാജഞന്‍ ഒരിക്കലും അന്ധകാരത്തില്‍ കുടുങ്ങുകയില്ല. മോഹം വരുമ്പോള്‍ മോഹിക്കാതെ ഒഴിഞ്ഞു മാറും. ഗൌതമന്‍ സ്ഥാനഭ്രംശം മൂലം മോഹത്തിലാണ്ടു പോയില്ല. വൃദ്ധനായ അദ്ദേഹം അത്ര വലിയ ആപത്തില്‍പ്പെട്ടിട്ടും മോഹത്തിന്നു വശംവദനായില്ല. തമസ്സിലാണ്ടു പോയില്ല. (ഇത്‌ കടുത്ത ഒരു തമാശയാണ്‌. നമുചി ഇന്ദ്രനെ കളിയാക്കുകയാണ്‌. ഇന്ദ്രന്‍ കോഴിയായി കൂകി. പ്രഭാതമായെന്നു വിചാരിച്ച്‌ ഗൗതമ മഹര്‍ഷി കുളിക്കാന്‍ പോയി. ആ തക്കത്തിന്ന്‌ ഇന്ദ്രന്‍ ആശ്രമത്തില്‍ കടന്ന്‌ ഗൌതമന്റെ ഭാര്യയായ അഹല്യയെ പ്രലോഭിപ്പിച്ചു പിടികൂടി. കുളി കഴിഞ്ഞു വന്ന മുനി അതു ഗ്രഹിച്ച്‌ ഭാര്യയായ അഹല്യ കല്ലായിപ്പോകട്ടെ! എന്നു ശപിച്ചു. അങ്ങനെ അവള്‍ കല്ലായി മാറി. തന്മൂലം ഗൌതമന്‍ വളരെക്കാലം ഭാര്യയില്ലാതെ ജീവിച്ചു, എങ്കിലും മഹര്‍ഷി മനസ്സില്‍ ദുഃഖത്തിന്ന്‌ ഇടം കൊടുത്തില്ല. നമുചി ഈ വാക്കുകള്‍ കൊണ്ട്‌ ഗൗതമനെ പുകഴ്ത്തുന്നതായും ഇന്ദ്രനെ ആക്ഷേപിക്കുന്നതായും വെളിവാക്കുന്നു ).  മന്ത്രശക്തിയാലോ, പ്രജ്ഞയാലോ, പൗരുഷത്താലോ, ശീലത്താലോ, വൃത്തത്താലോ, അര്‍ത്ഥസമൃദ്ധിയാലോ, വിധി നിശ്ചയിക്കാത്തതൊന്നും മര്‍ത്ത്യന് ലഭിക്കുകയില്ല. വിധിച്ചതു മാത്രമേ ലഭിക്കൂ. വിധി അനുവദിക്കാത്തതു കിട്ടുമെന്ന്‌ വിചാരിക്കുന്നുണ്ടോ? കിട്ടാത്ത വസ്തുവില്‍ എന്തിന്ന്‌ ആവലാതിപ്പെടുന്നു? കൈയില്‍ കിട്ടാത്ത കാര്യത്തില്‍ ദുഃഖിക്കുന്നത്‌ ബുദ്ധി ശൂന്യതയാണ്‌. ഞാന്‍ ജനിക്കുന്നതിന് മുമ്പേ തന്നെ എന്റെ കാര്യം വിധിയുടെ കൈയിലായിരുന്നു. അദ്ദേഹം പിന്നെ, ഞാനെന്തു ചെയ്യണമെന്ന്‌ നിശ്ചയിച്ചിരിക്കുന്നു. എന്തൊക്കെ സുഖദുഃ ഖങ്ങള്‍ അനുഭവിക്കണമെന്നും നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ എന്റെ ഓഹരി ഞാന്‍ നിര്‍വ്വഹിച്ചിരിക്കേണ്ട കാര്യം അദ്ദേഹം നിശ്ചയിച്ച പോലെ പൂരിപ്പിക്കുകയാണ്‌. പിന്നെ, മരണത്തിന്ന്‌ എന്റെ നേരെ എന്തു കാട്ടുവാന്‍ കഴിയും? എനിക്കെന്തു ലഭിക്കാന്‍ വെച്ചിട്ടുണ്ടോ, അതെനിക്കു ലഭിക്കും. കിട്ടാനുള്ളതേ കിട്ടുകയുള്ളൂ. ചെല്ലാന്‍ വെച്ചതിലേ ചെല്ലൂ. നേടാനുള്ളതേ നേടു! സങ്കടമായാലും സുഖമായാലും. ഇതെല്ലാം അറിഞ്ഞ്‌ അജ്ഞാനത്തില്‍ മുഴുകാത്ത മനുഷ്യന്‍ സുഖദുഃഖങ്ങളെ ജയിച്ച കുശലിയാണ്‌. അവനാണ്‌ സര്‍വ്വധനത്തോടും കൂടിയ നരന്‍.

അദ്ധ്യായം 227. ബലിവാസവസംവാദം - കാലത്തിന്റെ യോഗ്യതയെക്കുറിച്ച്‌ ഇന്ദ്രനോട്‌ ബലിയുടെ മറുപടി - യുധിഷ്ഠിരന്‍ പറഞ്ഞു: ഭയങ്കരമായ ആപത്തില്‍ മുങ്ങിയവന് ശ്രേയസ്സായിട്ടുള്ളതെന്താണ്‌ പിതാമഹാ? ബന്ധുക്കളൊക്കെ നഷ്ടപ്പെട്ട്, രാജ്യം നഷ്ടപ്പെട്ട്‌ കഷ്ടത്തിലായ രാജാവിന്നെന്താണ്‌ പിന്നെ ഒരു ജീവിതഗതിയുള്ളത്‌? അവന്‍ പിന്നെ എന്തുചെയ്യണം? എങ്ങനെ ജീവിക്കണം? ഞങ്ങള്‍ക്ക്‌ ഈ ലോകത്ത്‌ അങ്ങയല്ലാതെ ഉപദേഷ്ടാവായി മറ്റാരുണ്ട്‌? പിതാമഹാ, ഞങ്ങള്‍ അങ്ങയോട്‌ ചോദിക്കുകയാണ്‌. അതിന് ശരിയായ മറുപടി എന്തെന്ന്‌ കേള്‍ക്കാനാഗ്രഹിക്കുന്നു.

ഭീഷ്മൻ പറഞ്ഞു:  പുത്രന്മാരും ഭാര്യയും സുഖവും ധനവും നഷ്ടപ്പെട്ട്‌, ദുഃഖത്തില്‍പ്പെട്ടവന്ന്‌ ധൃതി (ധൈര്യം) യാണ്‌ ശ്രേയസ്കരമായിട്ടുള്ളത്‌. എപ്പോഴും ധൈര്യത്തോടു കൂടിയിരിക്കുന്നവന്റെ ദേഹത്തിന്ന്‌ ഉടവു സംഭവിക്കുന്നതല്ല. ശോകമില്ലായ്മ സുഖം നല്‍കുന്നതാണ്‌. ഉത്തമമായ ആരോഗ്യവും നല്കും. ദേഹത്തിന് ആരോഗ്യമുണ്ടെങ്കില്‍ അവന്‍ വീണ്ടും ശ്രീമാനാകും. ഏതൊരു പുമാന്‍ പ്രാജ്ഞനാണെങ്കില്‍, സാത്വികനാണെങ്കില്‍ അവന് ഐശ്വര്യവും ധൈര്യവും നല്ല കര്‍മ്മവും വ്യവസായവും ഉണ്ടാകും. അതിന് ഉദാഹരണമായി ഈ പഴങ്കഥ പറയാറുണ്ട്‌. പിന്നെയും ബലിയും ഇന്ദ്രനും തമ്മില്‍ നടന്ന സംഭാഷണമാണ്‌ കഥാവിഷയം.

അല്ലയോ യുധിഷ്ഠിരാ, പണ്ട്‌ ദേവന്മാരും അസുരന്മാരും തമ്മില്‍ നടന്ന മഹായുദ്ധത്തില്‍ ദൈത്യന്മാരും ദാനവന്മാരും ചത്തൊടുങ്ങിയ കാലത്ത്‌, വിഷ്ണു മൂന്നു ലോകത്തേയും ആക്രമിച്ച കാലത്ത്‌, ശക്രന്‍ ദേവേന്ദ്രനായ കാലത്ത്‌, യജ്ഞം ദേവന്മാര്‍ക്ക്‌ ലഭിച്ച കാലത്ത്‌, ചാതുര്‍ വർണ്യങ്ങള്‍ സ്ഥിരപ്പെട്ട കാലത്ത്‌, മൂന്നു ലോകവും സമൃദ്ധമായ കാലത്ത്‌, ബ്രഹ്മാവ്‌ പ്രീതനായ കാലത്ത്‌, വസുക്കളും, രുദ്രന്മാരും, അശ്ചിനീദേവന്മാരും, സുരന്മാരും, ദേവര്‍ഷികളും, സിദ്ധന്മാരും, ഗന്ധര്‍വ്വന്മാരും, പന്നഗങ്ങളും ചേര്‍ന്ന അകമ്പടിയോടു കൂടി പ്രഭുവും ശക്രനുമായ ദേവനായകന്‍ ശ്രീയോടെ പ്രശോഭിക്കുന്ന നാല്ക്കൊമ്പനാനയായ ഐരാവതത്തിന്റെ പുറത്തു കയറി മൂന്നു ലോകവും കാണത്തക്കവിധം ആഡംബരത്തോടെ ഒരു ഘോഷയാത്ര പുറപ്പെടുകയുണ്ടായി. അങ്ങനെ ആ യാത്ര കടല്‍ത്തീരത്തണഞ്ഞപ്പോള്‍ ഒരു കുന്നിന്റെ ഉള്ളില്‍ ഒരു ഗുഹയില്‍ വൈരോചനനായ ബലി നില്ക്കുന്നതായിക്കണ്ട്‌, ഇന്ദ്രന്‍ അവന്റെ നേരെ ചെന്നു. ഐരാവതത്തിന്റെ പുറത്തു കയറി ദേവന്മാരാല്‍ ചുറ്റപ്പെട്ട് യാത്ര ചെയ്യുന്ന സുരനാഥനായ ഇന്ദ്രനെക്കണ്ടപ്പോള്‍ ബലി ദുഃഖിക്കുകയാകട്ടെ നടുങ്ങുകയാകട്ടെ ചെയ്തില്ല.

ബലി നിര്‍വ്വികാരനായി നിര്‍ഭയനായി നില്ക്കുന്നതു കണ്ടപ്പോള്‍ ആ ഉത്തമഗജത്തിന്റെ പുറത്തിരിക്കുന്ന പ്രതാപവാനായ ശതക്രതു ഇപ്രകാരം ബലിയോട്‌ ചോദിച്ചു.

ശക്രന്‍ പറഞ്ഞു:  എടോ ദൈത്യാ, നീ എന്നെക്കണ്ടിട്ട്‌ യാതൊരു കൂസലും കൂടാതെ നില്ക്കുവാന്‍ എന്താണ്‌ കാരണം? ധൈര്യം കൊണ്ടാണോ? വൃദ്ധസേവാജ്ഞാനം കൊണ്ടാണോ? നിന്റെ തപശ്ശക്തി കൊണ്ടാണോ? എന്തു കാരണം കൊണ്ടാണ്‌? എനിക്കറിയുവാന്‍ കഴിയുന്നില്ല. നീ ശത്രുവിന്റെ പാട്ടിലായവനാണ്‌. നീ നിന്റെ തലസ്ഥാന നഗരിയൊക്കെ വിട്ടു പോന്നവനാണ്‌. എടോ വിരോചനപുത്രാ! നീ എന്തുനിലയ്ക്കാണ്‌ എന്നെക്കണ്ടിട്ട്‌ കൂസാതെയും ദുഃഖിക്കാതെയും നില്ക്കുന്നത്‌? ദുഃഖിക്കേണ്ട സമയത്ത്‌ നീ ദുഃഖിക്കുന്നില്ല! നീ നിന്റെ ജാതിയില്‍ ഏറ്റവും വലിയ യോഗ്യനായിരന്നു. നീ അനുഭവിക്കാത്ത മഹാ സുഖങ്ങളില്ല. അങ്ങനെയുള്ള നിന്റെ രാജ്യവും പോയി, സൈന്യവും പോയി, ബലവും പോയി. എന്നിട്ടും നീ കുസാതെ ഈയുള്ളവന്റെ മുമ്പില്‍ തല നിവര്‍ത്തി, മാഴ്കാതെ നില്ക്കുന്നു. എന്താണിതിന്ന്‌ കാരണം? പറയൂ! പിതൃപൈതാമഹമായ സാമ്രാജ്യം ഭരിച്ച്‌, മഹത്തായ ഐശ്വര്യം ഭുജിച്ച്‌, വാണിരുന്ന നീ ഇപ്പോള്‍ എന്തേ ഈ എന്നെക്കണ്ടിട്ട്‌ ദുഃഖിക്കാത്തത്‌? ചുറ്റും വരുണ പാശത്തിന്റെ കെട്ട്‌ നിന്നെ കുടുക്കിലാക്കി. എന്റെ വജ്രത്തിന്റെ പീഡയും നീ സഹിച്ചു, നിന്റെ, ഭാര്യയും അപഹരിക്കപ്പെട്ടു, ധനവും നഷ്ടപ്പെട്ടു. ഇനി ഇതിലപ്പുറം എന്തു വേണം? എന്നിട്ടും നീ ദുഃഖിക്കുന്നില്ല! ശ്രീ പോയവനും, വിഭവം നശിച്ചവനുമായ നീ എന്താണ്‌ ദുഃഖിക്കാതിരിക്കുന്നത്‌? ദുഷ്കൃതം തന്നെ! മൂന്നു ലോകവും നേടിയിട്ട്‌ അതൊക്കെ നഷ്ടപ്പെട്ടപ്പോള്‍ പിന്നെ ജീവിക്കുന്നവരുണ്ടോ? മറ്റൊരുത്തനാണെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു! ഇപ്രകാരം പലതും, കുത്തിത്തുളയ്ക്കുമാറുള്ള വാക്ക്‌ ഇന്ദ്രന്‍ പറഞ്ഞത്‌ അക്ഷോഭ്യനായി കേട്ട്‌ യാതൊരു കൂസലും കൂടാതെ വൈരോചനനായ ബലി ഇന്ദ്രനോടു പറഞ്ഞു.

ബലി പറഞ്ഞു: എടോ പുരന്ദരാ! ആപത്തുകള്‍ എന്നെ പിടിച്ചടക്കി. ഞാന്‍ ആപത്തില്‍പ്പെട്ട ഈ സന്ദര്‍ഭത്തില്‍ എന്താണ്‌ നീ ഇങ്ങനെ മേനി പറയുന്നത്‌? വജ്രം കൈയിലേന്തി മഹാപ്രതാപിയായിട്ടാണ്‌ ഇപ്പോഴത്തെ നിന്റെ നിലയെന്നു ഞാന്‍ കാണുന്നുണ്ട്‌. നിന്നെ എനിക്കു നല്ലപോലെ അറിയാം. നീ മുമ്പേ അശക്തനായിരുന്നു. പിന്നെ നീ പണിപ്പെട്ട ശക്തനായിത്തീര്‍ന്നു! ഈ സന്ദര്‍ഭത്തില്‍ നീയല്ലാതെ ഇത്തരം ക്രൂരമായ വാക്ക്‌ മറ്റാരെങ്കിലും പറയുമോ?

തന്റെ കൈയിലകപ്പെട്ട വീരനായ ശത്രുവിനോട്‌, ശക്തനായവന്‍ കരുണ കാണിക്കേണ്ടതാണ്‌. അതാണ്‌ പുരുഷന്റെ ധര്‍മ്മം, അതാണ്‌ പുരുഷന്റെ ലക്ഷണം, അവനാണ്‌ പുരുഷന്‍. യുദ്ധം എന്നു പറയുന്നത്‌ ഒരു ചൂതാട്ടമാണ്‌. അതില്‍ രണ്ടുപേരും ജയിക്കുകയില്ല. അതില്‍ ഒരുത്തന്‍ ജയിക്കും, മറ്റേവന്‍ തോല്ക്കും. ആര് ജയിക്കും, ആര് തോല്ക്കുമെന്നൊന്നും ഒരുറപ്പും ആര്‍ക്കും പറയുവാന്‍ വയ്യാ. വിജയം ആരെയാണ്‌ അനുഗ്രഹിക്കുവാന്‍ പോകുന്നതെന്ന്‌ ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയുകയില്ല. അങ്ങനെയിരിക്കെ പരാജിതനെ പുച്ഛിക്കുന്ന ഈ സ്വഭാവം ഒരിക്കലും നിനക്കു ചേര്‍ന്നതല്ല ദേവരാജാവേ! നീ യുദ്ധത്തില്‍ ജയിച്ചു. സര്‍വ്വഭൂതേശ്വരനായ ഞാന്‍ തോല്‍ക്കുകയും ചെയ്തു.

എന്റെ കുറ്റംകൊണ്ടല്ല തോറ്റത്‌. ഞാന്‍ ചെയ്തതല്ല അത്‌. നീ ജയിച്ചതും അതു പോലെ തന്നെ! നിന്റെ ബുദ്ധി കൊണ്ടാണ്‌ ജയിച്ചതെന്നും വിചാരിക്കേണ്ടാ. നീ ഇപ്പോള്‍ ഈ നിലയിലായതും, ഞാന്‍ ഈ നിലയിലായതും, രണ്ടും നമ്മുടെ യോഗ്യത കൊണ്ടല്ല. ഞാന്‍ വിഡ്ഡിത്തം ചെയ്തിട്ടാണ്‌ തോറ്റുപോയത് എന്നായിരിക്കും നിന്റെ വിചാരം. ആ വിചാരത്തോടെ നീ എന്നെ നിന്ദിക്കുന്നതു ശരിയല്ല. സുഖവും ദുഃഖവും മാറിമാറി പുരുഷന് വന്നുചേരും. ആ കാലമാറ്റം കൊണ്ട്‌ നീ ശക്തനായതാണ്‌. നിന്റെ കര്‍മ്മം കൊണ്ടു ശക്തനായതാണെന്നു കരുതരുത്‌. ഇന്നത്തെ നിന്റെ ഈ പ്രതാപം ഒരുകാലത്ത്‌ എനിക്കുമുണ്ടായിരുന്നു. അന്ന്‌ നീ എന്റെ ഇന്നത്തെ നിലയിലുമായിരുന്നു. ഇനി അതിന്നുള്ള കാലം വരുമ്പോള്‍ കാലം എന്നെ ത്രിലോക നാഥനാക്കും. ആ കാലം തന്നെയാണ്‌ നിന്നെയും ഈ നിലയിലാക്കിയത്‌. ആ കാലം നിന്നെ എന്റെ ഈ നിലയിലേക്കും കൊണ്ടു വന്നെത്തി ക്കും. അതുകൊണ്ടു ഞാന്‍ നിന്റെ മട്ടിലും അല്ല, നീ എന്റെ മട്ടിലും ആവുന്നില്ല.

മാതാപിതാക്കന്മാരെ ശുശ്രൂഷിക്കുന്നതു കൊണ്ടോ, ദൈവങ്ങളെ പൂജിക്കുന്നതു കൊണ്ടോ, മറ്റു നല്ല പ്രവൃത്തികള്‍ കൊണ്ടോ, അല്ല പുരുഷന്‍ സുഖനിലയില്‍ എത്തുന്നത്‌. വിദ്യകൊണ്ടല്ല, തപസ്സുകൊണ്ടല്ല, ദാനംകൊണ്ടല്ല, മിത്രങ്ങളും ബന്ധുക്കളും രക്ഷിച്ചത് കൊണ്ടല്ല പുരുഷന്‍ ഉല്‍ക്കര്‍ഷത്തെ പ്രാപിക്കുന്നത്‌. മുന്‍പറഞ്ഞവ കൊണ്ടാണെന്ന്‌ കരുതുന്നത്‌ വെറുതെയാണ്‌. കാലത്താല്‍ പീഡിപ്പിക്കപ്പെട്ട മർത്ത്യനെ രക്ഷിക്കുവാനുള്ള കഴിവ്‌ ആര്‍ക്കുമില്ല. വരാനുള്ള അനര്‍ത്ഥം വന്നേ തീരു. അതിനെ നുറു വിഘ്നങ്ങളാലും തടുക്കുവാന്‍ കഴിയുകയില്ല. ബുദ്ധികൊണ്ടും, ബലംകൊണ്ടും യാതൊരു പ്രയോജനവും ഇക്കാര്യത്തില്‍ ഇല്ല. കാലത്തിന്റെ അപ്രതിഹതമായ ഗതിയില്‍, പ്രഹരിച്ച്‌ വീഴ്ത്തുന്നവനെ ഉയര്‍ത്തുവാന്‍ ഒരുത്തന്നും കഴിയു കയില്ല. എടോ ശക്രാ, ഞാനാണ്‌ ഇതിന്റെയൊക്കെ കര്‍ത്താവ്‌ എന്നുള്ള ഭാവമുണ്ടല്ലോ, അതാണ്‌ എല്ലാ ദുഃഖത്തിന്നും മൂലകാരണം. താനാണ്‌ ചെയ്തതെന്ന് അഭിമാനിക്കുന്നവനാണ്‌ ചെയ്തതെങ്കില്‍ അവനല്ല അത്‌ ചെയ്യുന്നവന്‍. അവനെക്കൊണ്ട്‌ ചെയ്യിക്കുന്ന ഒരു പ്രവര്‍ത്തകന്‍ വേറെയുണ്ട്‌. അവനാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നവന്‍. ആ മഹാശക്തന്‍ ആര്‍ക്കും വിധേയനല്ല., എല്ലാറ്റിന്നും ഉപരിയാണ്‌. കാലത്തിന്റെ സഹായത്താല്‍ ഞാന്‍ നിന്നെ ജയിച്ചു. ഇപ്പോള്‍ കാലത്തിന്റെ സഹായത്താല്‍ നീ എന്നെയും ജയിച്ചു. കാലം മാറിക്കൊണ്ടിരിക്കും. കാലം എല്ലാറ്റിനേയും മാറ്റിക്കൊണ്ടിരിക്കുന്നു. കാലം ലോകത്തെ ചുറ്റിക്കൊണ്ടിരിക്കുന്നു. കാലം എല്ലാ ജീവികളേയും നശിപ്പിച്ചു കൊണ്ട്‌ ചുറ്റുന്നു.

എടോ ഇന്ദ്രാ, നീ നിന്റെ പ്രാകൃത ബുദ്ധികൊണ്ട്‌ പ്രളയത്തെ കാണുന്നില്ല. സ്വകര്‍മ്മത്താല്‍ ശ്രേഷ്ഠനായ നിന്നെ, അങ്ങനെയുള്ള ധാരണയോടെ പ്രാകൃതന്മാരായ ചിലര്‍, പ്രശംസിക്കുന്നുണ്ട്‌. ലോകത്തിന്റെ പ്രകൃതി ശരിയായി അറിയുന്ന ഞാന്‍, കാലത്താല്‍ ആഹതനായ ഞാന്‍, എങ്ങനെ ദുഃഖിക്കും?

എങ്ങനെ ഇരുട്ടിലാഴും? എങ്ങനെ ഉഴലും? ഏതൊരാളും, ഏതു തരക്കാരനും നിത്യവും കാലത്താല്‍ ആക്രമിക്കപ്പെട്ടവനാണ്‌. വ്യസനിച്ചാല്‍ ഓട്ടത്തോണി പോലെ അവന്‍ കടലില്‍ താണു പോകും.

എടോ ശക്രാ, ഞാനും, നീയും, മേലില്‍ ഉണ്ടാകാന്‍ പോകുന്ന സുരനായകന്മാരും, പലേ ശക്രന്മാര്‍ പോയ വഴിയേ എല്ലാവരും പോകുമെന്ന്‌ നീ ധരിക്കുക. ഇപ്പോള്‍ ദുര്‍ദ്ധര്‍ഷനായി മഹത്തായ ശ്രീയോടെ ഉജ്ജലിക്കുന്നവനായ നിന്നെയും എന്നെപ്പോലെ കാലം പാകമായി വരുമ്പോള്‍ കാലം തന്നെ കാലഹരണപ്പെടുത്തും. യുഗം തോറും ദേവകളില്‍ ഇന്ദ്രന്മാരുണ്ടാകും. അങ്ങനെ അനവധി ഇന്ദ്രന്മാര്‍ ഉണ്ടാവുകയും, തിരോഭവിക്കുകയും ചെയ്യും. അങ്ങനെ അനവധി ഇന്ദ്രന്മാരുടെ കഥ അവസാനിച്ചിട്ടുണ്ട്‌; കാലം അവസാനിപ്പിച്ചിട്ടുണ്ട്‌. കാലം ദുരതിക്രമമാണ്‌. മുറിഞ്ഞു കടക്കുവാന്‍ വയ്യാത്തതാണ്‌. ഇപ്പോള്‍ ഉന്നത പദവിയിലെത്തിയ നീ നിന്നെപ്പറ്റി ഊറ്റം കൊള്ളുന്നു. സര്‍വ്വജീവജാലങ്ങളേയും സൃഷ്ടിച്ച (ബഹ്മാവിനെപ്പോലെ യോഗ്യനാണെന്ന്‌ നീ അഭിമാനം കൊള്ളുന്നു. ഇളക്കം കൂടാത്തതല്ല ഈ സ്ഥാനം. നിത്യമായി നിലനിൽക്കുന്നതുമല്ല ഈ സ്ഥാനം. ഈ സ്ഥാനം എനിക്ക്‌ സ്ഥിരമായി സിദ്ധിച്ചിരിക്കുന്നു എന്ന്‌ മൂഢാത്മാവായ നീ അജ്ഞാനത്തിന്റെ ശക്തികൊണ്ട്‌ അഭിമാനിച്ച്‌ അഹങ്കരിക്കുന്നു. വിശ്വസിക്കുവാന്‍ വയ്യാത്തതു വിശ്വസിക്കുന്നത്‌ മൂഢന്റെ ലക്ഷണമാണ്‌. കാലത്തിന്റെ പിടിയില്‍പ്പെട്ടു കിടക്കുന്ന ആത്മാക്കളുടെയെല്ലാം കഥ ഇതാണ്‌.

എടോ ശക്രാ, രാജലക്ഷ്മി എനിക്ക്‌ എന്നന്നേക്കുമായി ലഭിച്ചു എന്നു നീ വിചാരിക്കുകയാണ്‌. അങ്ങനെ നീ വിചാരിക്കുന്നത്‌ നിന്റെ മൗഢ്യം കൊണ്ടാണ്‌. അവള്‍ നിനക്കും, നമ്മള്‍ക്കും, മറ്റാര്‍ക്കും സ്ഥിരമല്ല. പലരേയും കടന്നു പോന്നിട്ടാണ്‌ അവള്‍ എന്നില്‍ വന്നത്‌. എന്നെ വിട്ട്‌ അവള്‍ നിന്നിലും വന്നു ചേര്‍ന്നു. കുറേക്കാലം നിന്നില്‍ അധിവസിച്ചാല്‍ പിന്നെ അവള്‍ നിന്നെയും വിടും. എടോ വാസവാ, അവള്‍ വഴിക്കിണറിന്നടുത്ത കല്‍ത്തൊട്ടിയെ വിട്ടുപോകുന്ന പശുവിനെപ്പോലെ, നിന്നെയും വിട്ടുപോയി അന്യനെ പ്രാപിക്കും. എണ്ണുവാന്‍ കഴിയാത്തവിധം അത്രയധികം രാജാക്കന്മാര്‍ തിരോധാനം ചെയ്തു. എടോ പുരന്ദരാ, ഇനി നിന്റെ ശേഷവും ഭാവിയില്‍ എത്രയോ ഇന്ദ്രന്മാര്‍ ഉണ്ടാകാനിരിക്കുന്നു. വ്യക്ഷരത്നൗഷധിയോടും, സത്വാരണ്യാകാരത്തോടും കൂടി ഈ പാരിടം പണ്ട്‌ ഭുജിച്ചവരെയൊന്നും ഇപ്പോള്‍ കാണുന്നില്ല. പൃഥു, ഐളന്‍, മയന്‍, ഭാമന്‍, നരകന്‍, ശംബരന്‍, ഹയ്യഗ്രീവന്‍, പുലോമാവ്‌, അമിതധ്വജനായ സ്വര്‍ഭാനു, പ്രഹ്ലാദന്‍, നമുചി, ദക്ഷന്‍, വിപ്രചിത്തി, വിരോചനന്‍, ഹ്രീനിഷേവന്‍, സുഹോത്രൻ, ഭൂരിഹന്‍, പുഷ്പവാന്‍, വൃഷന്‍, സത്രേപ്സു, വൃഷഭന്‍, ബാഹു, കപിലാശ്വന്‍, വിരൂപകന്‍, ബാണന്‍, കാര്‍ത്തസ്വരന്‍, വഹ്നി, നൈര്യതന്‍, വിശ്വദ്രംഷ്ട്രന്‍, സങ്കോചന്‍, ഹരീതാക്ഷന്‍, വരാഹാശ്വേന്‍, രുചിപ്രവന്‍, വിശ്വജിത്ത്‌, പ്രതിരൂപന്‍, വൃഷാണ്ഡന്‍, വിഷ്കരന്‍, മധു, ഹിരണ്യകശിപു, കൈടഭന്‍, മാത്രമല്ല ദൈതേയന്മാരും, ദാനവന്മാരും, നൈരൃതരും, മറ്റുള്ളവരുമായി പല മഹാശക്തന്മാരായ പൂര്‍വ്വികന്മാരും, പൂര്‍വ്വികന്മാര്‍ക്കും പൂര്‍വ്വികന്മാരുമായി അനവധി പൂര്‍വ്വദൈത്യേന്ദ്രമാര്‍ പാരിടം വിട്ടുപോയി. ഇവരെല്ലാം കാലത്താല്‍ തകര്‍ക്കപ്പെട്ടവരാണ്‌. കാലം തന്നെ ബലവത്തരം! കാലത്തേക്കാള്‍ ശക്തിയേറിയത്‌ ഒന്നും ഇല്ല. എല്ലാവരും "ക്രതുശതം" (നൂറു യാഗം) ചെയ്തവരാണ്‌. നീ മാത്രമല്ല ശതക്രതു. എല്ലാവരും ധര്‍മ്മപാരഗരാണ്‌. എല്ലാവരും എപ്പോഴും സത്രങ്ങള്‍ കഴിക്കുന്നവരുമാണ്‌. എല്ലാവരും വ്യോമചരന്മാരാണ്‌. എല്ലാവരും നേരെനിന്ന്‌ പൊരുതുന്നവരുമാണ്‌. ഈ പറഞ്ഞ എല്ലാവരും പരിഘബാഹുക്കളാണ്‌. എല്ലാവരും നല്ല ദേഹപുഷ്ടിയുള്ളവരാണ്‌. എല്ലാവരും മായാശതാഡ്യന്മാരാണ്‌. എല്ലാവരും ഇഷ്ടംപോലെ രൂപംമാറുവാന്‍ കഴിവുള്ളവരാണ്‌. എല്ലാവരും പോരില്‍ ഏറ്റാല്‍ തോറ്റതായി കേള്‍ക്കാത്തവരുമാണ്‌. എല്ലാവരും സത്യവ്രതന്മാരാണ്‌. എല്ലാവരും ഇഷ്ടംപോലെ വിഹരിക്കുന്നവരുമാണ്‌. എല്ലാവരും ദേവവ്രതപരന്മാരാണ്‌ എല്ലാവരും ബഹുശ്രുതന്മാരാണ്‌. എല്ലാവരും സമ്മതന്മാരും ഐശ്വര്യവാന്മാരുമായ മഹീശന്മാരുമാണ്‌. ആ മഹാന്മാര്‍ക്കാര്‍ക്കും മുമ്പെ ഐശ്വര്യത്തില്‍ വലിയ മദം ഏറ്റിട്ടില്ല. എല്ലാവരും യഥാര്‍ത്ഥമായ ദാതാക്കളും മത്സരം വിട്ടവരുമാണ്‌. എല്ലാവരും എല്ലാ ജീവികളിലും അതാതു ധര്‍മ്മം പുലര്‍ത്തുന്നവരുമാണ്‌. എല്ലാവരും ദാക്ഷായണിയുടെ പുത്രരാണ്‌. പ്രജാപത്യരും, മഹാബലരുമാണ്‌. ജലിക്കുന്ന പ്രതാപാഡ്യന്മാരാണ്‌. ഇവരെല്ലാം കാലത്താല്‍ അപഹരിക്കപ്പെട്ടു.

എടോ ശക്രാ, നീ ഈ ഭൂമി ഭുജിച്ച്‌ വിടുന്ന ഒരു കാലമുണ്ടാകും. അപ്പോള്‍ നിന്റെ ആത്മാവില്‍ ഭയങ്കരമായ ശോകം ഉണ്ടാകും. അന്നു നീ ആ ശോകം താങ്ങുവാന്‍ കഴിയാതെ കുഴങ്ങും. നീ കാമഭോഗേച്ഛ ഉപേജഷിക്കുക. ഈ ഐശ്വര്യ മദവും വിട്ടുകളയുക! എന്നാല്‍ സ്വരാജ്യം നഷ്ടപ്പെടുന്ന കാലത്ത്‌ അന്നുണ്ടാകുന്ന ദുഃഖം നിനക്ക്‌ സഹിക്കുവാന്‍ കഴിയും. മാലില്‍ ദുഃഖിക്കാതിരിക്കുക. ഹര്‍ഷത്തില്‍ നീ ഹര്‍ഷിക്കാതിരിക്കുക.

ഹേ ശക്രാ! നീ അതീതത്തേയും അനാഗതത്തേയും വിട്ട്‌, പ്രത്യുത്പന്നത്തില്‍ നില്ക്കുക! കഴിഞ്ഞ കാലത്തേയും ഭാവികാലത്തേയും ചിന്തിക്കാതെ വര്‍ത്തമാന കാലത്തില്‍ നീ സംതൃപ്ത നായി, വര്‍ത്തമാന കാലത്തില്‍ പ്രസന്നനായി നില്ക്കുക. എപ്പോഴും ധര്‍മ്മ്രശദ്ധയോടെ ഇരുന്ന എന്നിലും കാലം ഉറങ്ങാതെ വന്നണഞ്ഞു. ഹേ ഇന്ദ്രാ! ആ കാലം നിന്നിലും വേഗം വന്നണയും. എന്നെ ഭയപ്പെടുത്തുന്ന വിധം നീ എന്നെ വാക്കു കൊണ്ടു കുത്തുകയാണോ? കാലം എന്നെ ബന്ധിച്ചപ്പോള്‍ നീ യോഗ്യനായി! കാലം ആദ്യം എന്റെ നേര്‍ക്ക്‌ പാഞ്ഞുവന്നു. ഇനി നിന്റെ നേര്‍ക്കും പാഞ്ഞെത്തും. ഞാന്‍ മുമ്പെ കാലത്തിന്റെ അടി ഏറ്റു. അതുകണ്ട്‌ നീ അഹങ്കാരംപൂണ്ട്‌ ഗര്‍ജ്ജിക്കുന്നു. ഈ ലോകത്തില്‍ ഒറ്റ വ്യക്തിയും ഉണ്ടായിരുന്നില്ല യുദ്ധത്തില്‍ എന്നോട്‌ ചുണച്ചേല്ക്കുവാന്‍ കഴിവുള്ളവന്‍. ബലവാനായ കാലം എന്റെ നേര്‍ക്കെത്തി. അതുകൊണ്ടാണ്‌ വാസവാ, നീ നില്ക്കുന്നത്‌. ആ നൂറായിരം ദിവ്യസംവത്സരങ്ങള്‍ പറന്നു പൊയ്ക്കളയും. അങ്ങനെ നിന്റെ കാലവും അവസാനിക്കും.

മഹാശക്തനായിരുന്ന എന്റെ ദേഹമൊക്കെ ക്ഷീണിച്ചു. ഞാന്‍ ഇന്ദ്രപദവിയില്‍ നിന്നു ഭ്രഷ്ടനായി; നീയോ, ഇപ്പോള്‍ ഇന്ദ്രപദവിയെ പ്രാപിക്കുകയും ചെയ്തു. വിചിത്രമായ ജീവലോകത്തില്‍ കാലത്തിന്റെ മാറ്റത്തില്‍ എന്തു സംഭവിച്ചു? നീ മറ്റുള്ളവരുടെ പൂജയ്ക്ക്‌ പാത്രമായിരിക്കുന്നു. നീ എന്തു ചെയ്തിട്ടാണ്‌ ഇന്ദ്രനായത്‌? ഞാന്‍ എന്തു ചെയ്തിട്ടാണ്‌ ആ പദവിയില്‍ നിന്നു വിട്ടുപോയത്‌? കാലമാണ്‌ കര്‍ത്താവും വികര്‍ത്താവും. കാലമാണ്‌ സഷ്ടാവും സംഹര്‍ത്താവും. മറ്റൊരു കാരണവും അതിലില്ല.

നാശം, വിനാശം, ഐശ്വര്യം, സുഖം, ദുഃഖം ഇവയൊക്കെ വിദ്വാന്മാര്‍ക്കും ഏല്ക്കും. എന്നാല്‍ അവര്‍ അതില്‍ ഹര്‍ഷിക്കുകയോ നടുങ്ങുകയോ ചെയ്യുകയില്ല. എടോ ഇന്ദ്രാ, നീ എന്നെ അറിയും; ഞാന്‍ നിന്നെയും കാണുന്നുണ്ട്‌. എന്നോട്‌ ഈ മേനി പറയുവാനുള്ള യോഗൃത എന്തുണ്ട്‌ നിന്നില്‍? കാലത്തിന്റെ പണിയല്ലാതെ മറ്റെന്തുണ്ട്‌? നിനക്ക്‌ ലജ്ജയില്ലേ എന്റെ മുമ്പില്‍ നിന്നു ഞെളിയുവാന്‍!

കഴിഞ്ഞകാലത്തെ എന്റെ പൌരുഷം നീതന്നെ മുന്‌ കണ്ട റിയുന്നതല്ലേ? പോരില്‍ എന്റെ പരാക്രമത്തിന്ന്‌ അതു പോരേ ദൃഷ്ടാന്തം? എടോ ശചീപതേ! അന്ന്‌ ഞാന്‍ ജയിച്ചവരല്ലേ, ആദിതൃന്മാരും രുദ്രന്മാരും വസുക്കളും സാദ്ധ്യന്മാരും മരുത്തുക്കളും എല്ലാം? നീ കണ്ടതല്ലേ അന്ന്‌ എന്നോടേറ്റ ദേവന്മാരെയൊക്കെ ഞാന്‍ പോരില്‍ പിന്മടക്കിയത്‌? കാട്ടുജന്തുക്കളും കാടും കൂടുന്ന മലകള്‍ വിട്ട്‌ ഞാന്‍ പറിച്ചെടുത്ത പര്‍വ്വത ശ്യംഗയഷ്ടി കൊണ്ട്‌ ടം, ടം എന്നു ശബ്ദിക്കുമാറ്‌ നിന്റെ തലയ്ക്ക്‌ ഞാന്‍ അന്ന്‌ അടിച്ചതു നീ ഓര്‍ക്കുന്നുണ്ടോ? ആ കാലം കടന്നുപോയി. ഞാന്‍ ഇപ്പോള്‍ എന്തുചെയ്യണം? എനിക്കെന്തു ചെയ്യാന്‍ കഴിയും! കാലം ദുരതിക്രമം തന്നെ! നിന്റെ ആ വജ്രായുധത്തോടു കൂടി നിന്നെ ഒരൊറ്റയിടിക്കു പൊടിയാക്കാന്‍ പോന്നവനാണ്‌ ഞാന്‍. എന്നാല്‍ എനിക്ക്‌ ഇപ്പോള്‍ വിക്രമിക്കേണ്ട കാലമല്ല. ക്ഷമിക്കേണ്ട കാലമാണ്‌. എടോ ശക്രാ; അതുകൊണ്ട്‌ ഞാന്‍ പൊറുക്കുകയാണ്‌. ഞാന്‍ നിന്നെക്കാള്‍ എത്രയോ അമര്‍ഷമുള്ളവനാണ്‌.

കാലവഹ്നിപരീതനായി കാലപാകത്തില്‍ ഞാന്‍ പെട്ടിരിക്കയാണ്‌. കാലപാശത്താല്‍ ഞാന്‍ കെട്ടപ്പെട്ടിരിക്കുന്നു. അങ്ങനെ കാലത്താല്‍ ബന്ധിക്കപ്പെട്ട എന്നെ നോക്കി നീ പരിഹസിക്കയാണ്‌. ഈ ശ്യാമനായ പുരുഷന്‍, കാലപുരുഷന്‍, ലോകര്‍ക്ക്‌ ദുരതിക്രമനാണ്‌. രൗദ്രനാണ്‌. അവന്‍ പശുവിനെ കയറിനാലെന്ന പോലെ, എന്നെ ബന്ധിച്ചിരിക്കുന്നു. ലാഭം, അലാഭം, സുഖം, ദുഃഖം, കാമം, ക്രോധം, ഭവം, അഭവം, വധം, ബന്ധം, മോക്ഷം എന്നു തന്നെയല്ല സകലതും കാലം മൂലം ലഭിക്കുന്നതാണ്‌. ഞാന്‍ ചെയ്യുന്നില്ല, നീയും ചെയ്യുന്നില്ല. പിന്നെ ആരാണു ചെയ്യുന്നത്‌? മറ്റാരുമല്ല, ആ പ്രഭുവാണ്‌ എപ്പോഴും ചെയ്യുന്നവന്‍. ആ കാലം എന്നെ പചിപ്പിച്ചു. പഴുപ്പിച്ചു. മരത്തില്‍ കായ്കള്‍ പഴു ക്കുന്നതു പോലെ അതിന്നു കാലമായപ്പോള്‍ കാലം എന്നെ പക്വമാക്കിത്തീര്‍ത്തു. എന്തുചെയ്യും. പുരുഷനെ കാലം സൗഖ്യപ്പെടുത്തുമോ? കാലം അത്‌ വേണ്ട മാതിരി ചെയ്യും. അപ്പോള്‍ കാലം അവനെ ദുഃഖത്തിലാഴ്ത്തും.

കാലത്തിന്റെ കഴിവുകളെപ്പറ്റി അറിഞ്ഞവന്‍ കാലത്തിന്റെ അടിയേറ്റാലും ശോചിക്കുവാന്‍ അര്‍ഹനാകുന്നില്ല. അതു കൊണ്ട്‌ ഹേ ശക്രാ! ഞാന്‍ ദുഃഖിക്കുന്നില്ല. ശോകത്തില്‍ ആരും തുണയുണ്ടാവുകയില്ല. വ്യസനിക്കുന്നവനെപ്പറ്റി വ്യസനം വൃസനിക്കുന്നതല്ല. വ്യസനിക്കുന്നതു കൊണ്ടെന്തു കാര്യം? വൃസനം നീങ്ങുമോ? വൃസനത്തെ നീക്കുവാന്‍ വ്യസനം സമര്‍ത്ഥമല്ലാത്തതു കൊണ്ടാണ്‌ ഞാന്‍ വൃസനിക്കാത്തത്‌.

ബലി പറഞ്ഞ വാക്കുകേട്ട്‌ സഹ്രസാക്ഷനും ശതക്രതുവു മായ പാകശാസനന്‍ കോപമടക്കി, ബലിയോട് ഇപ്രകാരം പറഞ്ഞു; "വജ്രമോങ്ങുന്ന എന്റെ ഈ കരവും വരുണന്റെ പാശവും കണ്ടിട്ടും ആരുടെ ബുദ്ധി നടുങ്ങുന്നില്ല, സംഹരിക്കുന്ന മൃത്യുവെപ്പോലും ആര് ഭയപ്പെടുന്നില്ല, ആ നിന്റെ ബുദ്ധിതത്ത്വം കണ്ടു. ദൃഡമായതു തന്നെ! അല്ലയോ സത്യപരാക്രമാ, നിന്റെ ധീരത സ്തുത്യര്‍ഹം തന്നെ! ലോകത്തിന്റെ ഗതി കണ്ടവനായ ഏതൊരുവനാണ്‌ അര്‍ത്ഥത്തിലും ശരീരത്തിലും വിശ്വാസത്തോടു കൂടിയിരിക്കുക? ഈ പ്രപഞ്ചം ശാശ്വതമാണെന്നുള്ള വിശ്വാസം എനിക്കില്ല. ഞാനും നിന്നെപ്പോലെ ജഗത്തിന്റെ അസ്ഥിരതയില്‍ വിശ്വസിക്കുന്നു. ഈ വിശ്വം കാലത്തിന്റെ അഗ്നിയില്‍ എരിഞ്ഞു കൊണ്ടിരിക്കുകയാണ്‌. കത്തിനശിച്ചു കൊണ്ടിരിക്കുകയാണ്‌. ഭയങ്കരമായ തീക്കുണ്ഡത്തിലാണ്‌ ദഹിച്ചു കൊണ്ടിരിക്കുന്നതെങ്കിലും അത്‌ ബാഹ്യദൃഷ്ടിക്കു വിഷയമല്ല, അത്‌ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നു. അത്‌ അനന്തമായ ഒരു ജ്വലനമാണുതാനും. കാലാഗ്നിയുടെ സ്പര്‍ശനമേറ്റ ഒരുത്തന്നും രക്ഷയില്ല. ചെറിയതെന്നോ, വലിയതെന്നോ വൃത്യാസമില്ലാതെ ഭൂുതജാലങ്ങളൊക്കെ ആ അഗ്നിയില്‍ ദഹിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്ന്‌ വേറെ ഒരു യജമാനനില്ല, മേലാളില്ല. കാലം എപ്പോഴും ശ്രദ്ധാലുവാണ്‌. കാലം എപ്പോഴും എല്ലാ വസ്തുക്കളേയും തന്നില്‍ പാകം ചെയ്തു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഭരണത്തില്‍പ്പെട്ടവന്‍, കാലത്തിന്റെ പിടിയിൽ നിന്നു വിമുക്തനാവുകയില്ല. ജീവജാലങ്ങള്‍ കാലത്തെപ്പറ്റി ചിന്തിക്കാതെ ഓരോരോവിധ കാര്യങ്ങളില്‍ പ്രമത്തന്മാരായി ഉഴലുമ്പോള്‍, കാലം ശ്രദ്ധയോടെ അവരുടെ പിന്നില്‍ വിടാതെ അവരെ പിടികൂടി വീഴ്ത്തുവാന്‍ നിശ്ചയിക്കപ്പെട്ട സമയം നോക്കി പിന്‍തുടരുന്നു. എത്രതന്നെ പ്രയത്നിച്ചിട്ടും കാലത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ടവരെയാരെയും ലോകത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അത്‌ പണ്ടേയുള്ളതാണ്‌, ശാശ്വതമായ ധര്‍മ്മമാണ്‌. ജീവികളിലൊന്നിലും പക്ഷഭേദമില്ലാതെ സമഭാവത്തോടു കൂടിയതാണ്‌. അതിനെ തട്ടിനീക്കാന്‍ സാദ്ധ്യമല്ല. അതിന്റെ ഗതിക്ക്‌ യാതൊരു തടസ്സവുമില്ല!

ഭീകരനായ ഒരു ഉത്തമര്‍ണ്ണന്‍ അധമര്‍ണ്ണന് കൊടുത്ത പണത്തിന് പലിശ കണക്കു കൂട്ടുന്നതു പോലെ കാലപുരുഷന്‍ കല; കാഷ്ഠ, ലവം, ക്ഷണം, രാവ്‌, പകല്‍, മാസം, ഇവയൊക്കെ കൂട്ടിച്ചേര്‍ത്ത്‌ വലിയ ഒരു സംഖ്യയുണ്ടാക്കുന്നു. ചെറിയ അംശങ്ങള്‍ കൂട്ടി നീണ്ട ഒരു ആയുസ്സിനെ ഉണ്ടാക്കുന്നു. അങ്ങനെയുള്ള കാലത്തിന്റെ ഒഴുക്കില്‍, പുഴവക്കത്തെ മരത്തെ പുഴയുടെ ഒഴുക്ക്‌ വേരോടെ പിഴുതു മറിച്ചിട്ട്‌ ആ ഒഴുക്കില്‍ കൊണ്ടു പോകുന്നതു പോലെ, ജീവികളെ കാലം വീഴ്ത്തി കുതിച്ചു പാഞ്ഞു പോകുന്നു.  "ഇന്നു ഞാന്‍ ഈ സംഗതി പ്രവര്‍ത്തിക്കും, നാളെ ഞാന്‍ മറ്റേക്കാര്യം ചെയ്യും" എന്നു പറഞ്ഞിരിക്കെ നദി കൊണ്ടു പോകുന്ന മരത്തടിയെന്നപോലെ, അവനേയും കൊണ്ട്‌ കാലം പ്രവഹിക്കുന്നു.  "ഞാന്‍ ഇത്തിരി മുമ്പു കണ്ട അവന്‍ ചത്തുപോയി, ഇപ്പോള്‍ വരാമെന്നു പറഞ്ഞ്‌ ഇറങ്ങിയ അവന്‍ മരിച്ചു" എന്ന്‌ കാലം അപഹരിച്ചവരെപ്പറ്റിയുള്ള പ്രലാപം ഇവിടെ കേള്‍ക്കു ന്നു. 

അര്‍ത്ഥം നശിക്കുന്നു, ഭോഗങ്ങള്‍ നശിക്കുന്നു, പദവികള്‍ നശിക്കുന്നു, ഐശ്വര്യം നശിക്കുന്നു. ഇവ മാത്രമാണോ, ജീവികളുടെ ജീവനെക്കൂടി കാലം കൊണ്ടു പോകുന്നു. ഉയര്‍ച്ചയ്ക്ക്‌ താഴ്ചയാണ്‌ ഒടുവില്‍ ഉണ്ടാവുക. ഭാവത്തിന്ന്‌ അഭാവവും. ഉള്ളതായി കാണുന്നതെല്ലാം ഇല്ലാതാകും! ഭാവങ്ങള്‍ മറ്റൊരു രൂപത്തില്‍ അഭാവങ്ങളായി തീരും. എല്ലാം പരിണാമ വിധേയവും അസ്ഥിരവുമാണ്‌. അങ്ങനെയുള്ള ഒരു ബോധം ലഭിക്കുവാന്‍ വിഷമമുണ്ട്‌. യഥാര്‍ത്ഥമായ ലോകതത്ത്വം കണ്ട്‌ കാലമാറ്റത്തില്‍ ഇളകാതെ ഉറച്ചിരിക്കുന്ന നിന്റെ ബുദ്ധി വൃഥയേല്‍ക്കാത്തതാണ്‌. നീ എങ്ങനെയുള്ളവനായിരുന്നു പണ്ട്‌ എന്നു നീ നിന്റെ മനസ്സില്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? ഇന്നത്തെ എന്റെ നിലയായിരുന്നില്ലേ അന്നു നീ! ബലവാനായ കാലത്തിന്റെ ശക്തിമത്തായ തിരിച്ചലിന്റെ ആഘാതമേറ്റ്‌ ലോകം പ്രകമ്പിച്ചു കൊണ്ടിരിക്കെ, അതില്‍ പെട്ടവനായ നീ എന്തേ മൂപ്പിളമ ചിന്തിക്കാത്തത്‌? ഈര്‍ഷ്യ, അഭിമാനം, ലോഭം, കാമം, ക്രോധം, ഭയം, സ്പൃഹ, മോഹം ഇവയുടെ തള്ളലേറ്റ ലോകം മയങ്ങിപ്പോകുന്നു. ഭവാനാണെങ്കില്‍ ഭാവതത്വങ്ങള്‍ അറിയുന്നവനും വിദ്വാനും ജ്ഞാനതപോയൂതനുമാണ്‌.

ശക്രന്‍ പറഞ്ഞു:  അല്ലയോ ബലീ, ഭവാന്‍ കരതലാമലകം പോലെ കാലത്തെ പ്രത്യക്ഷമായി കാണുന്നു. ഭവാന്‍ കാലചരിത്ര തത്ത്വജ്ഞനും, സര്‍വ്വ ശാസ്ത്ര വിചക്ഷണനും, അറിയുന്നവര്‍ക്കെല്ലാം ആഗ്രഹിക്കത്തക്കവനും, കൃതാത്മാവുമാണ്‌. അല്ലയോ ബലീ, ഈ ലോകമെങ്ങും ചുറ്റിത്തിരിഞ്ഞ ഞാന്‍ നിന്നോടു തുല്യനായി ബുദ്ധിമാനായ ഒരു ഉപദേഷ്ടാവിനെ കണ്ടെത്തിയില്ല. നീ ഒരാള്‍ മാത്രമാണ്‌ ബുദ്ധിയാല്‍ എന്നെ ഉപദേശിച്ചത്‌. നീ സര്‍വ്വമുക്തനായി വിഹരിക്കുന്നു. നീ ഒന്നിലും തങ്ങിനില്ക്കുന്നില്ല. വിജിതേന്ദ്രിയനായി നിന്നെ രജസ്സും തമസ്സും സ്പര്‍ശിക്കുന്നില്ല. ഭവാന്‍ പ്രീതിയും സന്താപവും വിട്ടതായ ആത്മാവോടു കൂടിയവനായിരിക്കുന്നു! സര്‍വ്വവേദസുഹൃത്തും, നിര്‍വൈരനും, ശാന്തചിത്തനുമായ ഭവാനെ കണ്ടിട്ട്‌ എനിക്ക്‌ ഭവാനില്‍ കനിവുണ്ടായിരിക്കുന്നു. ഇപ്രകാരമുള്ള ഒരു ബുദ്ധിമാനെ, ബന്ധനസ്ഥനായ മഹാനെ, ഞാന്‍ വധിക്കുന്നതല്ല. ആനൃശംസ്യമാണ്‌ ഏറ്റവും വലിയ ധര്‍മ്മം. ഈ നിലയില്‍ നില്ക്കുന്ന നിന്നില്‍ എനിക്ക്‌ അപാരമായ കരുണയുണ്ട്‌. കാലത്തിന്റെ മാറ്റത്തില്‍ വരുണന്റെ പാശം അങ്ങയെ വിട്ടുപോകും. പ്രജകള്‍ തെറ്റി നടക്കുന്ന കാലം വരുമ്പോള്‍ അങ്ങ്‌ സ്വതന്ത്രനാകും. അല്ലയോ മഹാത്മാവായ അസുരാ! അങ്ങയ്ക്കു സ്വസ്തി ഭവിക്കട്ടെ!

മരുമകള്‍ വൃദ്ധയായ അമ്മായിഅമ്മയെക്കൊണ്ടു പണിയെടുപ്പിച്ചു സുഖിക്കുന്നതെപ്പോഴോ, മകന്‍ അച്ഛനെ വേലയ്ക്കയച്ചു പണിയെടുപ്പിച്ചു സുഖിക്കുന്നതെപ്പോഴോ, ശൂദ്രന്‍ ബ്രാഹ്മണരെക്കൊണ്ടു പാദം കഴുകിക്കുന്നത്‌ എപ്പോഴോ, ഭയം കൂടാതെ ബ്രാഹ്മണ സ്ത്രീയെ ശൂദ്രന്‍ വേള്‍ക്കുന്നത്‌ എപ്പോഴോ, പുരുഷന്‍ വിലക്കപ്പെട്ട, പാടില്ലാത്ത, യോനികളില്‍ സംഗം ചെയ്യുന്നത്‌ ഏതു കാലത്തോ, ഓട്ടു പാത്രങ്ങളില്‍ മറ്റു ചീത്ത ലോഹപ്പാത്രങ്ങള്‍ ബലവാന്‍ കൂട്ടിക്കലര്‍ത്തുന്നത്‌ ഏതു കാലത്തോ, ചാതുര്‍വർണ്യത്തിന്റെ വര്‍ണ്ണനിശ്ചയങ്ങള്‍ തെറ്റി നടക്കുന്നത്‌ ഏതു കാലത്തോ, അപ്പോഴൊക്കെ ഓരോന്നോരോന്നായി, ഹേ മഹാബലീ, ഭവാനെ കെട്ടിയിരിക്കുന്ന വരുണപാശം വിട്ടുവിട്ടുപോകും. അങ്ങനെ എല്ലാ കെട്ടുകളും അറ്റുപോകും. അങ്ങനെ ലോകം അധഃപതിക്കുമ്പോള്‍ അങ്ങു സര്‍വ്വസ്വതന്ത്രനായി ഉയരും. ഭവാന്‍ ഈയുള്ളവനെ ഭയപ്പെടേണ്ടതില്ല. സമയം കാത്തിരുന്നാലും. ബാധകൂടാതെ സുഖമായി ഭവാന്‍ സ്വസ്ഥചിത്തനായി, നിരാമയനായി വാണാലും!

ഇപ്രകാരം പറഞ്ഞ്‌ ഭഗവാനായ ശതക്രതു ഐരാവതത്തിന്റെ പുറത്തിരുന്നു യാത്ര തുടര്‍ന്നു. എല്ലാ അസുരന്മാരേയും ജയിച്ച്‌ ദേവേന്ദ്രൻ ഏകച്ഛത്രാധിപതിയായി ഹര്‍ഷത്തോടെ രസിച്ചു.

മുനീന്ദ്രന്മാര്‍ ഉടനെ സകല സ്ഥാവരജംഗമങ്ങളുടെയും നാഥനായ ശക്രനെ വേദവാക്യങ്ങള്‍ ഉച്ഛരിച്ചു സ്തുതിച്ചു. അഗ്നി അദ്ധ്വത്തില്‍ അവര്‍ അര്‍പ്പിച്ച ഹവൃത്തെ ഏറ്റ്‌ ദേവാധിരാജന്‍ അമൃതത്തെ വര്‍ഷിച്ചു.

ദ്വിജേന്ദ്രന്മാരുടെ സത്രത്തില്‍ വെച്ചു പ്രകീര്‍ത്തിക്കപ്പെട്ടവനും ദുഃഖങ്ങള്‍ വിട്ട്‌ ശോഭിക്കുന്നവനും, ശാന്തചിത്തനും, മുദിതനുമായ വാസവന്‍ ഹൃദയത്തില്‍ തിങ്ങിയ സന്തോഷത്തോടെ സ്വര്‍ഗ്ഗലോകത്തിലെത്തി സുഖമായി വസിച്ചു. 

അദ്ധ്യായം 228. ശ്രീവാസവസംവാദം -- ലക്ഷ്മിയും ഇന്ദ്രനും തമ്മിലുള്ള സംഭാഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, അഭിവൃദ്ധിപ്പെട്ടു വരുന്ന പുരുഷന്റെയും ശ്രേയസ്സു നശിച്ച പുരുഷന്റെയും രൂപം ഏതുവിധത്തിലാണ്‌. അതൊന്നു വിസ്തരിച്ചു പറഞ്ഞുതരണേ!

ഭീഷ്മൻ പറഞ്ഞു: മനുഷ്യന് മനസ്സാണ്‌ പ്രധാനം. അതിനെ, ആശ്രയിച്ചിരിക്കും മനുഷ്യന്റെ ശ്രേയസ്സും അധോഗതിയും. അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ! വളരുന്നവനും വളര്‍ച്ച കൊടുക്കുന്നവനുമുള്ള പൂര്‍വ്വരൂപമെന്തെന്നു മനസ്സു വെളിപ്പെടുത്തും. മനുഷ്യന്റെ പൂര്‍വ്വരൂപങ്ങള്‍ മനസ്സു പറയും. മനസ്സു കെട്ടവന്റെ ശ്രേയസ്സും കെട്ടുപോകും. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ശ്രീദേവിയും ഇന്ദ്രനുമായി നടന്ന സംഭാഷണമാണ്‌. ഹേ യുധിഷ്ഠിരാ, ആ കഥ ഞാന്‍ പറയാം. നീ ശ്രദ്ധയോടെ അതു കേള്‍ക്കൂ. തപസ്സിന്റെ സമൃദ്ധിമൂലം ശ്രേയസ്കരമായിത്തീര്‍ന്ന ഇഹലോകവും പരലോകവും കണ്ടു സന്തോഷത്തോടെ ബ്രഹ്മലോകത്തു വാഴുന്ന മഹര്‍ഷികളോടു കൂടി നാരദന്‍ പുറപ്പെട്ടു. ബ്രഹ്മതുല്യമായ തേജസ്സോടുകൂടിയവനും, പാപം നശിച്ചവനും, തപോനിധിയുമായ നാരദമഹര്‍ഷി മൂന്നു ലോകവും ചുറ്റിക്കാണുവാനാണു പുറപ്പെട്ടത്‌. അങ്ങനെ. ഒരു സുപ്രഭാതത്തില്‍ ശുദ്ധജലത്തില്‍ കുളിച്ച്‌ ധ്രുവദ്വാരത്ത്‌ ഗംഗാതീരത്തില്‍ വന്നിറങ്ങി. ഈ സന്ദര്‍ഭത്തില്‍ ദേവര്‍ഷി ഗണങ്ങളോടു കൂടി സഹസ്രാക്ഷനായ വജ്‌രി, ശംബരനാശനനായ പാകശാസനന്‍, ഗംഗാതീരത്തിരിക്കുന്നതായി നാരദന്‍ കണ്ടു. അവര്‍ സസത്തോഷം ഒന്നിച്ച്‌ അവിടെ കുളിച്ചു ജപിച്ച്‌ ആ മണല്‍ത്തിട്ടിലിരുന്ന്‌ ഓരോ പുണ്യകഥകള്‍ പറഞ്ഞ്‌ ഉല്ലസിച്ചു. ദേവര്‍ഷി പ്രോക്തങ്ങളായ സല്‍ക്കഥകളും, മറ്റു പല മഹര്‍ഷിമാരുടെ കഥയും പുര്‍വ്വചരിത്രങ്ങളോടു കൂടി ആ പുണ്യാത്മാക്കള്‍ പറഞ്ഞിരിക്കെ, ചെങ്കതിരുകള്‍ ചിന്നി ഉദിച്ചുവരുന്ന പൂര്‍ണ്ണമണ്ഡലത്തോടു കൂടിയ ആദിത്യനെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റ്‌ സൂര്യനെ നമസ്കരിച്ചു. ഉദിച്ചുയരുന്ന അര്‍ക്കന്റെ സമീപത്തായി മറ്റൊരു അര്‍ക്കനെപ്പോലെ തേജോരുപമായ മറ്റൊരു രൂപം അഗ്നിപ്രഭമായി പ്രത്യക്ഷപ്പെട്ടു. ആ തേജോരൂപം മന്ദം മന്ദം നീങ്ങി, ആ പുണ്യാത്മാക്കളുടെ ഉപരിഭാഗത്തായി വരുന്നതു കണ്ടു.

മൂന്നു ലോകത്തെയും തേജസ്സില്‍ മുക്കുന്ന വിധം. ആ തേജോമണ്ഡലം, സുവര്‍ണ്ണാര്‍ക്കനെപ്പോലെ ആകാശത്തു നിന്നു! ആ തേജോമണ്ഡലത്തില്‍ സുന്ദരികളായ അപ്സരസ്ത്രീകള്‍ക്കു മുമ്പിലായി സൂര്യപ്രഭപോലെ കാന്തി വീശുന്ന ഭൃഗത്ത്‌ ഭാനു തുല്യയായ ദേവിയെ, മുത്തുമാല പോലെ നക്ഷത്രമാലകള്‍ അണിഞ്ഞവളുമായ പത്മാലയയായ ലക്ഷ്മീദേവിയെ, പത്മത്തില്‍ ഇരിക്കുന്ന മട്ടില്‍ ദര്‍ശിച്ചു. ആ മനോഹരി ആ പത്മവിമാനത്തില്‍ നിന്നിറങ്ങി നാരദ മഹര്‍ഷിയുടെയും സുരേന്ദ്രന്റെയും സമീപത്തേക്കെത്തി. ഉടനെ നാരദമുനിയോടു കൂടി വാസവന്‍ അവളെ എതിരേറ്റു. താന്‍ ആരാണെന്നു പറഞ്ഞു കൊണ്ട്‌ അവളെ പ്രശസ്തമായ വിധം ആ സര്‍വ്വജ്ഞന്‍ പൂജിച്ചു കൈകൂപ്പി. ഹേ യുധിഷ്ഠിരാ, വാസവന്‍ അവളുടെ മുമ്പില്‍ ശിരസ്സു കുനിച്ച്‌ തൊഴുകൈയോടെ നിന്ന്‌ ഇപ്രകാരം പറഞ്ഞു.

ശക്രന്‍ പറഞ്ഞു: അല്ലയോ സുന്ദരീ, ശുചിസ്മിതേ, ഭവതി ആരാണ്‌? ഇവിടെ എന്തു കാര്യത്തിന്നായി വന്നു? ഹേ സുഭ്രു, ഭവതി എവിടെനിന്നു വരുന്നു? എങ്ങോട്ടാണു പോകുന്നത്‌? ശുഭേ, പറഞ്ഞാലും.

ശ്രീ പറഞ്ഞു: പുണ്യമുള്ളതായ ഈ മുന്നു ലോകത്തിലെ സര്‍വ്വചരാചരങ്ങളും എന്റെ കടാക്ഷലബ്ധിക്കു വേണ്ടി കിണഞ്ഞ്‌ യത്നിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ലോകരൊക്കെ കൊതിക്കുന്ന ഞാന്‍ സൂര്യാംശു പോലെ സംഫുല്ലമായ താമരയില്‍ പിറന്നവളാണ്‌. എല്ലാവര്‍ക്കും ഭൂതി നല്‍കുന്ന ശ്രീയാണ്‌ ഞാന്‍. പത്മമാലിനിയായ പത്മയാണ്‌. ലക്ഷ്മിയാണ്‌ ഞാന്‍. ഞാന്‍ ഭൂതിയാണ്‌. വലസുദനാ! ശ്രദ്ധ, മേധ, സ്ഥിതി, വിജിതി, സന്നതി, ധൃതി, സിദ്ധി എന്നീ പേരിനാല്‍ അറിയപ്പെടുന്നവള്‍ ഞാനാണ്‌. ഐശ്വര്യം എന്നതും ഞാന്‍ തന്നെയാണ്‌. ഞാന്‍ സ്വാഹയാണ്‌, സ്വധയാണ്‌ ഞാന്‍, ഞാന്‍ സന്നതിയാണ്‌, ഞാന്‍ നിയതിയാണ്‌, ഞാന്‍ സ്മൃതിയാണ്‌ ഇന്ദ്രാ! വിജയികളായ രാജാക്കന്മാരുടെ സേനാഗ്രത്തിലും ധ്വജത്തിലും, ധര്‍മ്മിഷ്ഠരുടെ ഗൃഹത്തിലും, അവരുടെ നാട്ടിലും, അവരുടെ നഗരത്തിലും, രാജാവിലും, എല്ലായ്പോഴും ഹേ വലസുദനാ, ഞാന്‍ അധിവസിക്കുന്നു. ധര്‍മ്മനിത്യനും, മഹാബുദ്ധിയും, ബ്രഹ്മണ്യനും; സത്യഭാഷണനും, പ്രശിതനും, ദാനശീലനും ആയവരിലെല്ലാം ഞാന്‍ എപ്പോഴും അധിവസിക്കുന്നു. സത്യധര്‍മ്മനിബദ്ധയായ ഞാന്‍ മുമ്പ്‌ അസുരരില്‍ പാര്‍ത്തു. അവരില്‍ വൈപരീത്യം കണ്ടപ്പോള്‍ ഞാന്‍ നിന്നില്‍ വാഴുവാനാണ്‌ ഇപ്പോള്‍ ഇച്ഛിക്കുന്നത്‌.

ശക്രന്‍ പറഞ്ഞു: ഇങ്ങനെയുള്ള ദൈത്യന്മാരിലാണ്‌ വരാനനേ, നീ വാണത്‌. പിന്നെ എന്തുകൊണ്ടാണ്‌ അവരെ കൈവിട്ടത്‌? അല്ലയോ സുന്ദരീ, പറഞ്ഞാലും.

ശ്രീ പറഞ്ഞു: ഞാന്‍ വാണ ദൈത്യന്മാരുടെ നില വളരെ ശ്രേഷ്ഠമായിരുന്നു: സ്വധര്‍മ്മപരന്മാരായവരിലും, ധൈര്യം വിടാത്തവരിലും, സ്വര്‍ഗ്ഗമാര്‍ഗ്ഗാഭീഷ്ടങ്ങളായ സത്വഗുണങ്ങളിലും ഞാന്‍ തല്പരയാണ്‌. ദാനം, അദ്ധ്യയനം, യജ്ഞം, പിതൃദൈവത പൂജനം, ഗുരുപാന്ഥാര്‍ച്ചന ഇവയൊക്കെ അവരില്‍ നിത്യവും നടന്നു. അവര്‍ ഗൃഹം അടിച്ചുതളിച്ചു വെടിപ്പാക്കി വെക്കും. സ്ത്രീകളില്‍ ആത്മനിയന്ത്രണം ഉള്ളവരായിരുന്നു. അഗ്നിയെ ഹോമിക്കുന്നവരായിരുന്നു. ഗുരുജനങ്ങളെ ശുശ്രൂഷിക്കുന്നവരായിരുന്നു. ദാനശീലരായിരുന്നു. നേരു പറയുന്നവരും ബ്രാഹ്മണ പ്രിയരുമായിരുന്നു. ശ്രദ്ധയുള്ളവരും, ക്രോധം ജയിച്ചവരും, ദാതാക്കളും അസൂയയില്ലാത്തവരും, ഈര്‍ഷ്യ വിട്ടവരും, തങ്ങളുടെ പുത്രന്മാരേയും ഭാര്യയേയും അമാത്യന്മാരേയും പോറ്റുന്നവരുമായിരുന്നു. പരസ്പരം വിദ്വേഷമില്ലാത്തവരും, കണ്ടതൊക്കെ കിട്ടുവാന്‍ കൊതിക്കാത്തവരുമായിരുന്നു. ധീരന്മാരും പരന്മാരുടെ ഐശ്വര്യത്തെ പ്രകീര്‍ത്തിക്കുന്നവരും ഹൃദയവ്യഥ വിട്ടവരുമായിരുന്നു. കൊടുക്കുന്നവരും, നേടുന്നവരുമായ ആര്യന്മാരായിരുന്നു. ദുഃഖവേദികളായിരുന്നു. അവരുടെ ഭൃത്യന്മാരും സചിവന്മാരും സന്തുഷ്ടരായിരുന്നു. കൃതജ്ഞരായിരുന്നു. പ്രിയം പറയുന്നവരുമായിരുന്നു. അര്‍ഹിക്കുന്ന മാനവും അര്‍ത്ഥവും നേടുന്നവരും ഹ്രീമാന്മാരും യതവ്രതന്മാരുമായിരുന്നു. അവര്‍ നിതൃവും വാവില്‍ കുളിച്ച്‌ ചാരു ഭൂഷണങ്ങളണിഞ്ഞ്‌ ഉപവാസത്തോടെ പ്രസന്നചിത്തരായി വിളങ്ങിയ ബ്രഹ്മവാദികളായിരുന്നു.

അവര്‍ സുര്യോദയത്തിന് മുമ്പെ ഉണരുന്നവരും, പുലര്‍ച്ചയ്ക്കു കിടന്നുറങ്ങാത്തവരുമായിരുന്നു. പ്രഭാതത്തില്‍ ഉണര്‍ന്ന്‌ നെയ്യു നോക്കുന്നവരും, ശുദ്ധാത്മാക്കളും, ബ്രാഹ്മണപ്രിയരുമായിരുന്നു. മംഗലദ്രവ്യം കാണുകയും ബ്രാഹ്മണേന്ദ്രരെ പുജിക്കുകയും ചെയ്തിരുന്നു. അവര്‍ എപ്പോഴും ധര്‍മ്മം ചെയ്യുന്നവരും, എപ്പോഴും ദാനം വാങ്ങാത്തവരുമായിരുന്നു. പാതിരാത്രി മാത്രം ഉറങ്ങുന്നവരും, പകല്‍ ഒട്ടും ഉറങ്ങാത്തവരുമാണ്‌. ദരിദ്രന്മാര്‍ക്കും, അനാഥര്‍ക്കും, വൃദ്ധന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ദുര്‍ബ്ബലന്മാര്‍ക്കും, ആതുരന്മാര്‍ക്കും കൈയിലുള്ളത്‌ പങ്കുവെച്ചു കൊടുക്കുന്ന ദയാലുക്കളുമായിരുന്നു.

ഭയപ്പെട്ടവനേയും, വിഷണ്ണനേയും, ഉദ്വിഗ്നനേയും, ജയാര്‍ത്തനേയും, വ്യാധിതനേയും, കൃശനേയും, ധനമപഹരിക്കപ്പെട്ടവനേയും, വ്യസനാക്രാന്തനേയും ഇങ്ങനെയുള്ളവരെയെല്ലാം ആശ്വാസവാക്കുകള്‍ പറഞ്ഞു സമാശ്വസിപ്പിക്കുന്നവരുമായിരുന്നു. അവര്‍ ധര്‍മ്മത്തെ നോക്കുന്നവരും, പരസ്പരം ഹിംസിക്കാത്തവരുമായിരുന്നു. ഗുരുജനങ്ങളും വൃദ്ധന്മാരും പറയുന്നതിനെ കേട്ട്‌ അനുസരിക്കുന്നവരുമായിരുന്നു. അവര്‍ ശരിക്ക്‌ ഗുരുജനങ്ങളേയും, ദേവന്മാരേയും, അതിഥികളേയും പുജിച്ചിരുന്നു. നിത്യവും, സത്യത്തിലും, തപസ്സിലും, മനസ്സുവെച്ചു ജീവിക്കുന്നവരും, കൊടുത്തതിന്റെ ശേഷം മാത്രം അനുഭവിക്കുന്നവരുമായിരുന്നു. തനിച്ചിരുന്ന്‌ നല്ല വസ്തുക്കള്‍ ഭക്ഷിക്കുകയില്ല. പരസ്ത്രീകളുമായി ഇടപെടുകയില്ല. തന്നിലെന്ന മാതിരി സര്‍വ്വ ജീവികളിലും കൃപ കാണിക്കും. ആകാശത്തും, പശുവിലും, വാവിലും ഇന്ദ്രിയത്തെ വിടുന്നവരായിരുന്നില്ല. അതിനു വിചാരിക്കുക കൂടി ചെയ്തിരുന്നില്ല. നിത്യവും ദാനം, ദാക്ഷ്യം, ആര്‍ജ്ജവം, ഉത്സാഹം, അനഹങ്കാരം, സൌഹ്യദം, ക്ഷമ, സത്യം, ദാനം, തപം, ശൗചം, കാരുണ്യം, ഇവയുള്ളവരും, നിഷ്ഠുരമായ വാക്കു പറയാത്തവരും, മിത്രങ്ങളെ ദ്രോഹിക്കായ്ക - ഇവയൊക്കെ പ്രഭോ, അവരിലുണ്ടായിരുന്നു! ഉറക്കം, മടി, സംതൃപ്തി, നോക്കായ്ക, അനസൂയ, വിഷാദം, ആശ, അരതി ഇവയൊന്നും അവരില്‍ ഏല്ക്കുകയില്ലായിരുന്നു.

ഇപ്രകാരം ഗുണവാന്മാരായിരുന്നു ദാനവന്മാര്‍. അവരില്‍ ഞാന്‍ അധിവസിച്ചു. അങ്ങനെ അവരില്‍ വാണ്‌ പ്രജാസൃഷ്ടി നടത്തി. അനവധി യുഗങ്ങള്‍ ഞാന്‍ അവരോടു കൂടി വസിച്ചു. പിന്നെ കാലം മാറിയപ്പോള്‍ അവര്‍ക്ക്‌ ഗുണങ്ങളൊക്കെ വിട്ടു മാറുന്നതായി കണ്ടു. അവര്‍ കാമക്രോധവശന്മാരായി. അവരില്‍ ധര്‍മ്മം വിട്ടുപോയതായി ഞാന്‍ കണ്ടു. 

സഭയില്‍ ഇരുന്നു വൃദ്ധന്മാരും, സത്തുക്കളുമായവര്‍ നല്ല കാര്യങ്ങള്‍ ഉപദേശിക്കുമ്പോള്‍ അവരെ പരിഹസിക്കുവാന്‍ തുടങ്ങി. "ടുകിഴവന്റെ വാക്കുകേട്ടോ" എന്നും മറ്റും പറയുവാന്‍ തുടങ്ങി. ഗുണവാന്മാരോടും, വ്യദ്ധജ്ഞാനികളോടും അവര്‍ അസൂയാലുക്കളായി പരിഹസിച്ച്‌ അവമാനിക്കുവാന്‍ തുടങ്ങി. സദ്വൃത്തന്മാരായ വൃദ്ധന്മാര്‍ വരുമ്പോള്‍ ബഹുമാനം കാണിക്കാതെ ഇരുന്ന ഇരുപ്പില്‍ത്തന്നെ ഇരുന്നു മുമ്പത്തെ മാതിരി എഴുന്നേറ്റ്‌ അഭിവാദ്യം ചെയ്ത്‌ അര്‍ച്ചിക്കാതെയായി. "ഈ വയസ്സന്മാര്‍ക്ക്‌ ഒന്നും അറിയില്ല", "കുഴിച്ചാടി" ക്കു വെക്കേണ്ട കൂട്ടര്‍ എന്നൊക്കെ പറയുവാന്‍ തുടങ്ങി. അച്ഛന്‍ ജീവിച്ചിരിക്കെത്തന്നെ മകന്‍ കാരണവരും പ്രഭുവുമായി. ഭൃതൃരല്ലാത്തവര്‍ ഭൃത്യഭാവം നടിച്ച്‌ നാണം കൂടാതെ പുകഴ്ത്തുവാന്‍ തുടങ്ങി. ഇപ്രകാരം നിത്യകര്‍മ്മങ്ങളാല്‍ ധര്‍മ്മം വിട്ടു പോയപ്പോള്‍ വലിയ അര്‍ത്ഥം നേടുവാന്‍ അത്യാഗ്രഹം കടന്നു കൂടി. ശങ്ക കൂടാതെ ഉച്ചത്തില്‍ പറയുവാന്‍ തുടങ്ങി. രാത്രിയില്‍ അല്പമായേ വിളക്കു കത്തിക്കാറുള്ളൂ എന്നായി. മക്കള്‍ അച്ഛന്മാരെ ശാസിക്കുവാന്‍ തുടങ്ങി. "അച്ഛാ, നീ സൂക്ഷിച്ച്‌ എന്നോടു പറഞ്ഞോ!" എന്നും മറ്റും പറ യുവാന്‍ തുടങ്ങി. ഭാര്യ ഭര്‍ത്താവിനെ ശാസിക്കുവാനും, കവിഞ്ഞു നില്ക്കുവാനും തുടങ്ങി. "എടോ ഭര്‍ത്താവേ, നീ ഞാന്‍ പറഞ്ഞ മാതിരി കേട്ടോ! അതാണ്‌ നിനക്കു നല്ലത്‌" എന്നും മറ്റും പറയുവാന്‍ തുടങ്ങി. അങ്ങനെ അമ്മയേയും, അച്ഛനേയും, വൃദ്ധരേയും, ഗുരുക്കന്മാരേയും, പാന്ഥന്മാരേയും, ആചാര്യന്മാരേയും, ഗുരുത്വമോര്‍ത്ത്‌ ആദരിക്കുകയില്ലെന്നു വന്നു. അവരുടെ ആശ്രയമൊന്നും ഞങ്ങള്‍ക്കു വേണ്ടെന്നു സന്താനങ്ങള്‍ പറഞ്ഞു തുടങ്ങി. മക്കളെ മാതാപിതാക്കന്മാര്‍ നോക്കാതെയായി. കുട്ടികള്‍ ജനിച്ച ഉടനെ ഉപേക്ഷിക്കുവാന്‍ തുടങ്ങി.

ആര്‍ക്കും ഭിക്ഷ കൊടുക്കാതേയും, ബലികള്‍ ദൈവങ്ങള്‍ക്കു നല്കാതേയും, തങ്ങളുടെ ഇഷ്ടം വലുതായി കണക്കാക്കി തിന്നുവാന്‍ തുടങ്ങി. അവരുടെ വെപ്പുകാരായ അടുക്കളപ്പണിക്കാര്‍ വൃത്തിയായി ശുദ്ധമായ ആഹാരം ഉണ്ടാക്കാതായി. മനസ്സ് കൊണ്ടും, വാക്കു കൊണ്ടും, കര്‍മ്മം കൊണ്ടും ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടി വെക്കുവാന്‍ നോക്കാതായി. ധാന്യങ്ങളൊക്കെ അവിടവിടെ ചിന്നിക്കിടക്കുകയും, എലിയും, കാക്കയും മറ്റും തിന്നുവാന്‍ തുടങ്ങുകയുമായി. പാല്‍ അടയ്ക്കാതെ വെക്കുകയും, എച്ചില്‍ക്കൈയാല്‍ നെയ്യ്‌ തൊടുകയും ചെയ്തു തുടങ്ങി. തൂമ്പ (കൂന്താലി), അരിവാള്‍, കുട്ട, പാത്രങ്ങള്‍ ഇവയൊക്കെ അങ്ങുമിങ്ങും ചിന്നിയിടുകയായി (അടക്കവും ചിട്ടയുമില്ലാതെ വല്ലയിടത്ത്‌ ഇടുകയായി).  മതിലും പുരയും കേടുവന്നാല്‍ നന്നാക്കാതെയായി. പശുക്കളെ ഒരിടത്ത്‌ കെട്ടിയിട്ടാല്‍ പിന്നെ അവയ്ക്കു പുല്ലും വെള്ളവും കൊടുക്കുന്നതില്‍ ശ്രദ്ധിക്കാതെയായി. കിടാങ്ങള്‍ നോക്കിനില്ക്കുമ്പേള്‍ ഒറ്റയ്ക്കിരുന്നു മധുരദ്രവ്യങ്ങളും മറ്റ്‌ ഭക്ഷ്യങ്ങളും തിന്നുവാന്‍ തുടങ്ങി. ഭൃത്യന്മാര്‍ക്ക്‌ നല്ലതൊന്നും കൊടുക്കാതെയായി. ഇങ്ങനെ ദാനവന്മാര്‍ തങ്ങളുടെ രസത്തിന് മാത്രമായി തയ്യാറാക്കിച്ചു ആര്‍ക്കും കൊടുക്കാതെ ഭക്ഷിക്കുവാന്‍ തുടങ്ങി. വെറുതെ രസത്തിനായി മാംസം ഭക്ഷിക്കുവാന്‍ തുടങ്ങി.

സൂര്യനുദിച്ച്‌ രശ്മി ദേഹത്തിലേറ്റാലും കിടക്കയില്‍ കിടന്നുറങ്ങുകയായി. പ്രഭാതത്തെ രാവാക്കി എല്ലാവരും ഉറങ്ങുകയായി. വീടുതോറും കലഹം തുടങ്ങി. അനാര്യന്മാര്‍, ആര്യമാര്‍ വസിക്കുന്നിടത്തു ചെന്ന്‌ ശുശ്രൂഷിക്കാതെയായി. ആശ്രമസ്ഥന്മാരെ വിധര്‍മ്മികള്‍ ദ്വേഷിക്കുവാന്‍ തുടങ്ങി. സങ്കരങ്ങള്‍ നടപ്പായി. മിശ്രവിവാഹങ്ങള്‍ തുടങ്ങി. ശുചിയും നെറിവും വിട്ടു. വേദജ്ഞന്മാരായ ബ്രാഹ്മണരും, വേദം പഠിക്കാത്ത ബ്രാഹ്മണരും തമ്മില്‍ വ്യത്യാസമില്ലാതെയായി. ഹാരങ്ങള്‍, ആഭരണങ്ങള്‍, വേഷം, നടപ്പ്‌, നില, നോട്ടം ഇങ്ങനെ ദാസിമാര്‍ ദുര്‍ജ്ജനങ്ങളുടെ നടപടി സ്വീകരിക്കുകയായി. സ്ത്രീകള്‍ പുരുഷ വേഷത്തില്‍ നടന്ന്‌ പുരുഷന്മാരുമായി രതിക്രീഡാ വിഹാരങ്ങള്‍ തുടങ്ങി. പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി അകത്തു കടന്നുകൂടി സ്ത്രീകളുമായി രതിക്രീഡയിലേര്‍പ്പെട്ട്‌ രസിക്കുവാന്‍ തുട ങ്ങി. പ്രഭുത്വമുളളവര്‍ അറിഞ്ഞു കൊടുത്ത ധനവും കണക്കു പറഞ്ഞ്‌ മടക്കി വാങ്ങുവാന്‍ തുടങ്ങി. ദൈവത്തെ വിളിച്ച്‌ കരയുമ്പോള്‍ എവിടെ ദൈവം? അവനെയൊന്നു കണ്ടു കിട്ടാന്‍ എന്നു പറയുവാന്‍ തുടങ്ങി. അര്‍ത്ഥമുള്ള മിത്രത്തോട്‌ അര്‍ത്ഥം ചോദിച്ചാലും ഒരു രോമത്തോളം പോലും കൊടുക്കാതായി. പരദ്രവ്യം കൈക്കലാക്കുന്നതില്‍ തല്‍പരന്മാരായ കച്ചവടക്കാര്‍, ശൂദ്രര്‍ ഇവരൊക്കെ ആഢ്യന്മാരുടെ വേഷത്തില്‍ കാണുവാന്‍ തുടങ്ങി. വ്രതമൊന്നും എടുക്കാതെ വേദം ചൊല്ലുവാന്‍ തുടങ്ങി. ചിലര്‍ വെറുതെ വല്ലവരേയും ബോധിപ്പിക്കുവാന്‍ വ്രതമെടുത്ത്‌ ആരും കാണാതെ മദ്യപിച്ചു നടക്കുന്നവരായി. ഗുരുവിനെ ശിഷ്യന്മാര്‍ ശുശ്രൂഷിക്കാതേയും അനുസരിക്കാതെയുമായി. ഗുരുനാഥന്മാര്‍ ശിഷ്യന്മാരുടെ തോളില്‍ കൈവെച്ച്‌ തോഴന്മാരായി നടക്കുകയായി.

ഉത്സാഹം തീര്‍ന്ന മാതിരി വൃദ്ധരായ അച്ഛനമ്മമാര്‍ തളര്‍ന്ന്‌, അസ്വതന്ത്രരായി മക്കളോട്‌ ചോറിന് ഇരക്കുകയായി. വേദജ്ഞരായ പ്രാജ്ഞന്മാര്‍, അബ്ധി ഗംഭീരന്മാരായ മഹാവിദ്വാന്മാര്‍ കൃഷിപ്പണിക്കു പോകുവാന്‍ തുടങ്ങി. മൂര്‍ഖന്മാരായ ആളുകള്‍ ചാത്തമുണ്ണുവാന്‍ തുടങ്ങി. പുലര്‍ച്ച തോറും സുപ്രശ്നം, കല്പനം, പ്രേഷണക്രിയ എന്നിവയ്ക്ക്‌ ശിഷ്യരെ വിടാതെ ഗുരുക്കന്മാര്‍ തന്നെ പറയുവാന്‍ തുടങ്ങി. അമ്മായിയമ്മയുടേയും അമ്മാനപ്പന്റെയും മുമ്പില്‍ വെച്ച്‌ മരുമകള്‍ ഭൃത്യരെ ശാസിക്കുവാനും ശകാരിക്കുവാനും തുടങ്ങി. അതുപോലെ അവരുടെ മുമ്പില്‍ വെച്ച്‌ ഭര്‍ത്താവിനെ ശാസിക്കുവാനും അധിക്ഷേപിക്കുവാനും മരുമകള്‍ക്ക്‌ മടി വിട്ടു. മകന്റെ വിത്തം യത്നത്തോടെ അച്ഛന്‍ സംരക്ഷിക്കുവാന്‍ തുടങ്ങി. വാശിയോടെ ഭാഗം ചെയ്തു കിട്ടുവാനും, ദുഃഖിച്ചു പാര്‍ക്കുവാനും തുടങ്ങി. തീ പിടിച്ചോ, കള്ളന്മാര്‍ കട്ടോ, രാജാവ്‌ പിടിച്ചടക്കിയോ, ധനം നഷ്ടപ്പെടുന്നതു കാണുമ്പോള്‍ സ്നേഹഭാവത്തില്‍ നില്ക്കുന്നവര്‍ പോലും പരിഹസിക്കുകയായി. ഇങ്ങനെ കൃതഘ്നന്മാരും, നാസ്തികന്മാരും, ഖലന്മാരും, ഗുരുവിന്റെ ഭാര്യയെ രഹസ്യമായി പ്രാപിക്കുന്നവരും, അഭക്ഷ്യ ഭക്ഷണരതന്മാരും, മര്യാദ കെട്ടവരും, പ്രകാശം നശിച്ചവരുമായി ആചാര്യ മര്യാദകള്‍ വിട്ട കൂട്ടരായ ദാനവന്മാരില്‍ ഹേ ദേവേന്ദ്രാ, ഞാന്‍ പാര്‍ക്കുകയില്ലെന്ന്‌ തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ട്‌ ഹേ ശചീപതേ, ഭവാന്‍ എന്നെ സസന്തോഷം സ്വീകരിച്ചാലും! അല്ലയോ ഇന്ദ്രാ! നീ എന്നെ പൂജിക്കുന്നതായാല്‍ ഞാന്‍ നിന്നെ വാനവന്മാരുടെ അഗ്രത്തില്‍ ഇരുത്തും. ഞാനും എന്റെ സഖികളായ എട്ടു പേരും ഒന്നിച്ച്‌ ദൈത്യരെ വിട്ട്‌ അങ്ങയുടെ അടുത്തേക്കു പോന്നു. നോക്കൂ! ഏഴു ദേവികളും എട്ടാമത്തേവളായ ജയവും കൂടിയാണ്‌ വന്നിരിക്കുന്നത്‌. ആശ, ശ്രദ്ധ, ക്ഷാന്തി, ധൃതി, വിജിതി, സന്നതി, ക്ഷമ ഇവരാണീ നില്ക്കുന്നത്‌. ഇവരുടെ മുമ്പിലായി എട്ടാമതായി വൃത്തിയും നില്ക്കുന്നുണ്ട്‌. പാകശാസനാ! ഇവരും ഞാനും ഒന്നിച്ചാണ്‌ നിങ്ങളുടെ ദിക്കിലേക്കു ദൈത്യന്മാരെ വിട്ടു പോന്നത്‌.  ധര്‍മ്മനിഷ്ഠാസക്തന്മാരായ വാനോരോടു കൂടി അധിവസിക്കാം, എന്നു പറയുന്ന ദേവിയെ പ്രീതിയോടെ ദേവര്‍ഷിയായ നാരദനും, വൃത്രഹന്താവായ ശക്രനും അഭിനന്ദിച്ചു.

ഉടനെ അഗ്നിസഖാവായ വായു ദേവഗൃഹത്തില്‍ വീശി. ഇഷ്ടമായ ഗന്ധത്തെപ്പരത്തി. വായു ദേഹത്തില്‍ രോമാഞ്ചം കൊള്ളിക്കുമാറ്‌ അവരെ തലോടി. സര്‍വ്വേന്ദിയങ്ങളെയും സുഖത്തിലാഴ്ത്തി ശുദ്ധരായ വാനവർ ശുദ്ധമായ പ്രദേശത്തില്‍ നിന്ന് ലക്ഷ്മിയോടു കൂടി എഴുന്നള്ളുന്ന ദേവേന്ദ്രനെ എല്ലാ ദേവന്മാരും എതിരേല്ക്കുവാന്‍ നിന്നു.

ഉടനെ സഹസ്രാക്ഷനായ ഇന്ദ്രന്‍ ആയിരം കണ്ണും തുറന്ന്‌ ദേവന്മാരെ നോക്കി. സ്വര്‍ഗ്ഗത്തില്‍ ശ്രീദേവിയോടും ദേവര്‍ഷിയോടും കൂടി ഇന്ദ്രൻ അണഞ്ഞു. സുരന്മാരാല്‍ പുജിതനായ ഇന്ദ്രന്‍ ലക്ഷ്മിയോടു കൂടി ഹരൃശ്വരഥത്തില്‍ക്കയറി സുരന്മാ രുടെ സഭയിലേക്കു പ്രവേശിച്ചു. ദേവന്മാര്‍ അവരെ ആദരപൂര്‍വ്വം സ്വാഗതംചെയ്തു. വജ്രധരനായ ഇന്ദ്രനും ശ്രീദേവിക്കുമുള്ള മനോരഥമെന്തെന്ന്‌ നാരദന്‍ അറിഞ്ഞു. ശിവയുടെ ആഗമനത്തെ ധൃഷ്ടപൌരുഷനായ അദ്ദേഹം ആശംസിച്ചു.

അപ്പോള്‍ ആകാശത്തു നിന്ന്‌ അമൃതു വര്‍ഷിച്ചു. പിതാമഹന്റെ ആലയത്തില്‍ (ബ്രഹ്മലോകത്ത്‌) അടിക്കാതെ തന്നെ പെരുമ്പറ മുഴങ്ങി. ദിക്കുകളൊക്കെ തെളിയുകയും പ്രകാശിക്കുകയും ചെയ്തു. ഋതുക്കള്‍ അനുസരിച്ച്‌ ഇന്ദ്രന്‍ മഴ പൊഴിച്ചു. ആരും തന്നെ സ്വന്തമായ മാര്‍ഗ്ഗത്തില്‍ നിന്നു വൃതിചലിച്ചില്ല. അനേകം രത്നങ്ങളുടെ ആകാരമായ ഭൂമി മഹാഘോഷത്താല്‍ മുഴങ്ങി. ഇന്ദ്രന്റെ ദിഗ് ജയത്തില്‍ സന്തോഷിച്ചു. ക്രിയയ്ക്കു തുല്യം മനസ്സു വെച്ച്‌ ശുഭമായ പുണ്യപഥത്തില്‍ നില്ക്കുന്ന മര്‍ത്ത്യരും വിളങ്ങി; മനുഷ്യരും, ദേവന്മാരും, യക്ഷികളും കിന്നരന്മാരും സന്തോഷിക്കുകയും സമൃദ്ധിയില്‍ മുഴുകുകയും ചെയ്തു. അകാലത്തില്‍ കാറ്റേറ്റ മരങ്ങളില്‍ നിന്ന്‌ പൂക്കള്‍ കൊഴിഞ്ഞില്ല, ഫലങ്ങള്‍ കൊഴിഞ്ഞില്ല. രസമായി ഇഷ്ടം പോലെ പശുക്കള്‍ പാല്‍ ചുരത്തിത്തരുന്നു. ഒരാളും കടുത്ത വാക്കുകള്‍ പറയാതായി. സമൃദ്ധിയെ കാമിക്കുന്നവര്‍, ഇന്ദ്രനും ദേവന്മാര്‍ക്കും ഐശ്വര്യദേവത അനുഗ്രഹിച്ചത്‌, അതുപോലെ ദ്വിജേന്ദ്രന്മാരുടെ മുമ്പില്‍ പാരായണം ചെയ്താല്‍, ശ്രേയസ്സുകള്‍ ആഗ്രഹിക്കുന്ന വിധം വന്നു ചേരും. അല്ലയോ കുരുശ്രേഷ്ഠാ, ഭവാന്‍ ദൈത്യന്മാരുടെ വൃദ്ധിക്ഷയത്തിന്റെ കഥ കേട്ടുവല്ലേോ. ഈ കഥ രാജാക്കന്മാര്‍ക്ക്‌ വലിയ ഒരു പാഠമാണ്‌. അതു ഞാന്‍ മുറയ്ക്കു പറഞ്ഞു; അതിനെ മനസ്സിലാക്കി പരീക്ഷിച്ച്‌ തത്ത്വത്തെ ഗ്രഹിക്കുക.

അദ്ധ്യായം 229. ജൈഗീഷവ്യാസിത സംവാദം - ജൈഗീഷവ്യന്‍ അസിതന് സമത്വബുദ്ധി ഉപദേശിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ഏതു വിധത്തിലുള്ള ആചാരവും വിദ്യയും വിക്രമങ്ങളും ചേര്‍ന്നവനാണ്‌ പ്രകൃതി നിയമങ്ങള്‍ക്കതീതനായി നില്ക്കുന്ന ധ്രുവമായ ബ്രഹ്മസ്ഥാനത്തെ പ്രാപിക്കുക?

ഭീഷ്മൻ പറഞ്ഞു: മോക്ഷകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ സജ്ജനായി, ലഘുവായി ആഹാരം കഴിച്ച്‌ ജിതേന്ദ്രയനായി, ജീവിക്കുന്നവന്‍ പ്രകൃതി നിയമാതീതമായി ധ്രുവമായിരിക്കുന്ന ബ്രഹ്മസ്ഥാനത്തെ പ്രാപിക്കുന്നതാണ്‌. അതിന് ഉദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്‌. ജൈഗീഷവ്യനും അസിതനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ കഥാവിഷയം. ക്രോധവും ഹര്‍ഷവും വിട്ടവനും പ്രാജ്ഞ നും ധര്‍മ്മജ്ഞനുമായ ജൈഗീഷവൃനോട്‌ അസിതനായ ദേവലന്‍ ഇപ്രകാരം പറഞ്ഞു.

ദേവലന്‍ പറഞ്ഞു: വന്ദിക്കുമ്പോള്‍ അങ്ങ്‌ സന്തോഷിക്കുന്നില്ല. നിന്ദിച്ചാല്‍ അങ്ങ്‌ ക്രോധിക്കുകയുമില്ല. ഇതെന്തു പ്രജ്ഞയാണ്‌? ഇത്‌ അങ്ങ്‌ എവിടുന്നു പഠിച്ച വിദ്യയാണ്‌? ഇതിന്നെന്താണ്‌ ആസ്പദം? എന്താണിതിന്റെ അര്‍ത്ഥമെന്ന്‌ തിരിയുന്നില്ലല്ലോ.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ചോദിച്ചപ്പോള്‍ ആ മഹാതപോനിധി വലിയ സാരമടങ്ങുന്നതും ശുദ്ധവും നിസ്സുംശയവുമായ വാക്യം പറഞ്ഞു.

ജൈഗീഷവ്യന്‍ പറഞ്ഞു: പുണ്യവാന്മാര്‍ക്കുള്ള ഗതിയെന്താണെന്നും, അവരുടെ നിലയെന്താകുമെന്നും, എങ്ങനെ ശാന്തി ലഭിക്കുമെന്നുമുള്ളത്‌ മഹത്തായ കാര്യമാണ്‌. അതു ഞാന്‍ നിനക്കുപദേശിക്കാം. അല്ലയോ ഋഷിസത്തമാ, നീ അതു മനസ്സിരുത്തി കേള്‍ക്കുക. 

നിന്ദിക്കുന്നവരിലും പുകഴ്ത്തുന്നവരിലും നീ തുല്യനായി നില്ക്കണം. വാക്കു തെറ്റിച്ച്‌ കര്‍മ്മം മറച്ചു പിടിക്കുന്നവരോട്‌ വിദ്വേഷം കാണിക്കരുത്‌. അഹിതങ്ങളും ആക്ഷേപങ്ങളും പറഞ്ഞ്‌ ശകാരിക്കുന്നവനോടും അഹിതവും ആക്ഷേപവും പറയരുത്‌. അടിച്ചവനെ അങ്ങോട്ടടിക്കുവാനും ബുദ്ധിമാന്മാര്‍ തുനിയുകയില്ല. ഞാന്‍ പ്രതീക്ഷിച്ചതൊന്നും എനിക്കു കിട്ടിയില്ലല്ലോ, എന്ന്‌ ബുദ്ധിമാന്‍ ആവലാതിപ്പെടുകയില്ല. കാലപ്രാപ്തങ്ങളെപ്പറ്റി ദുഃഖിക്കാതെ ഏല്ക്കും. എ നിക്ക്‌ ഇങ്ങനെ ഒരാപത്ത്‌ വന്നില്ലേ? എന്നു പറഞ്ഞ്‌ കരഞ്ഞു കണ്ണുനീര്‍ പൊഴിക്കയില്ല, കഴിഞ്ഞ സംഭവങ്ങളെയോര്‍ത്ത്‌ വിലപിക്കുകയില്ല. പ്രതിജ്ഞ ചെയ്യുകയുമില്ല. ഞാന്‍ അവനെ സംഹരിച്ചു കളയും, സത്യമാണ്‌ എന്നൊന്നും ശപഥം ചെയ്യുകയില്ല. ഇഷ്ടം പോലെ പ്രശംസ ലഭിച്ചാലും ശക്തിമാന്മാരും കര്‍ത്തവ്യ നിഷ്ഠന്മാരുമായ പുരുഷന്മാര്‍ അര്‍ത്ഥത്തില്‍ തക്കവിധം പ്രവര്‍ത്തിച്ചു കൊള്ളും. വിദ്യ കൊണ്ട്‌. പരിപക്വമതികളായ മഹാശയന്മാര്‍, മഹാപ്രാജ്ഞരായ ധീമാന്മാര്‍, ക്രോധത്തേയും ഇന്ദ്രിയങ്ങളേയും ജയിക്കുന്നു. അവര്‍ മനസ്സു കൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മം കൊണ്ടും ഒരിടത്തും ദ്രോഹം ചെയ്യുന്നതല്ല. ഈര്‍ഷ്യ വെടിഞ്ഞ അവര്‍ അന്യോന്യം ഒരിക്കലും ഹിംസിക്കുകയില്ല. ധീരന്മാര്‍ ഒരിക്കലും ഉള്‍ത്താപത്തിന് അധീനരാവുകയില്ല. പരശ്രീയില്‍ അസുയാലുക്കളായി വ്യസനിക്കുന്നതുമല്ല. പരനെപ്പറ്റി നിന്ദിച്ചു പറയുകയില്ല. പരന്റെ ഗുണത്തെപ്പറ്റി ഏറെ പുകഴ്ത്തുകയുമില്ല. ആര്‌ നിന്ദിച്ചാലും ആരു സ്തുതിച്ചാലും അതുകൊണ്ട്‌ മനസ്സിന്നു ചാഞ്ചാട്ടമുണ്ടാവുകയില്ല. എല്ലാം കൊണ്ടും പ്രശാന്തന്മാരായവര്‍, സര്‍വ്വഹിതോദ്യതന്മാരായ മഹാശയന്മാര്‍ ഒരിക്കലും ക്രോധിക്കുകയില്ല, രസിക്കുകയില്ല, ദ്രോഹിക്കുകയുമില്ല. ഹൃദയഗ്രന്ഥി വിട്ടു സുഖമായി സഞ്ചരിക്കും. അവര്‍ക്കു ബാന്ധവന്മാരില്ല. അവര്‍ അന്യര്‍ക്കു ബന്ധുക്കളുമല്ല. അവര്‍ക്ക്‌ ശത്രുക്കളില്ല. അവര്‍ അന്യനമാര്‍ക്ക്‌ ശത്രുക്കളുമല്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ എന്നും സുഖമായി ജീവിക്കും. ധര്‍മ്മാനുസരണം ജീവിക്കുന്ന അവര്‍ ധര്‍മ്മജ്ഞന്‍ന്മാരാണ്‌. ദ്വിജോത്തമാ! ഈ മാര്‍ഗ്ഗം വിട്ടു നില്ക്കുന്നവര്‍ ഹര്‍ഷവും ഉദ്വേഗവുമേല്ക്കും. ആ നിലയിലാണ്‌ ഞാന്‍ നില്ക്കുന്നത്‌. അതില്‍ ആര്‌ അസൂയപ്പെട്ടാലും എന്തുണ്ട്‌? നിന്ദിച്ചാലും സ്തുതിച്ചാലും എന്തിന്നു ഞാന്‍ ദുഃഖിക്കുന്നു? സന്തോഷിക്കുന്നു? 

മാനവന്‍ എന്തെന്ത്‌ ഇച്ഛിക്കുന്നുവോ അതിനാല്‍ അവര്‍ അതാതില്‍ ചെല്ലട്ടെ! നിന്ദിച്ചാലെന്ത്‌? സ്തുതിച്ചാലെന്ത്‌? അതുകൊണ്ട്‌ എനിക്ക്‌ ഏറ്റക്കുറവൊന്നും സംഭവിക്കുവാന്‍ പോകുന്നില്ല. അവമാനത്തില്‍ ബുധനമാര്‍ അമൃതു പോലെ ഇഷ്ടപ്പെടും. വിചക്ഷണന്മാര്‍ പ്രശംസയെ വിഷം പോലെ വെറുക്കുന്നു. 

നിന്ദയേറ്റാല്‍ സുഖമായി ഇഹത്തിലും പരത്തിലും ഭയം കൂടാതെ വാഴാം. സര്‍വ്വദോഷങ്ങളും വിട്ടൊഴിയാം. അവമാനിക്കുന്നവന്‍ ബദ്ധനാകുന്നു. പരയായ ഗതി ആഗ്രഹിക്കുന്ന മഹര്‍ഷികള്‍ ഈ  വ്രതത്തെയെടുത്ത്‌ സുഖത്തെ പ്രാപിക്കുന്നു. എല്ലാ യജ്ഞങ്ങളും എല്ലായിടത്തും ജിതേന്ദ്രിയന്മാര്‍ കൂട്ടിച്ചേര്‍ത്തു പ്രകൃതിക്കും ഉപരിയായി, സ്ഥിരമായി വിളങ്ങുന്ന ബ്രഹ്മസ്ഥാനത്തെ പ്രാപിക്കുന്നതാണ്‌. ദേവന്മാരും, ഗന്ധര്‍വ്വന്മാരും, മനുജന്മാരും, പിശാചുക്കളും, ആശരന്മാരും ആരും തന്നെ പരമമായ ഗതി പ്രാപിച്ചവന്റെ പദത്തെ പിന്‍തുടരുന്നതല്ല.

അദ്ധ്യായം 230. വാസുദേവോഗ്രസേനസംവാദം - നാരദനെപ്പറ്റി ശ്രീകൃഷ്ണനും ഉഗ്രസേനനും തമ്മില്‍ നടന്ന സംഭാഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, സര്‍വ്വലോകര്‍ക്കും പ്രിയങ്കരനും, എല്ലാ ജീവികളാലും പ്രശംസിക്കുന്നവനും, എല്ലാ ഗുണങ്ങളും തികഞ്ഞവനുമായി ഈ മന്നില്‍ ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ പറയണേ!

ഭീഷ്മൻ പറഞ്ഞു: നീ ചോദിച്ച കാര്യത്തില്‍ ഹേ ഭരതര്‍ഷഭാ, ഞാന്‍ നിന്നോടു നാരദനെപ്പറ്റി ഉഗ്രസേനനും കൃഷ്ണനും തമ്മിലുണ്ടായ സംഭാഷണം പറയാം. അതു നീ കേട്ടാലും. 

ഉഗ്രസേനന്‍ പറഞ്ഞു: ജനങ്ങളൊക്കെ നാരദനെപ്പറ്റി കീര്‍ത്തിക്കുന്നു. അവന്‍ ഗുണങ്ങള്‍ തികഞ്ഞവനാണെന്നാണ്‌ എന്റെ അഭിപ്രായം. അതിനെപ്പറ്റി ഭവാന്റെ അഭിപ്രായമെന്താണ്‌? അവന്റെ ഗുണത്തെപ്പറ്റി അറിയുന്ന വിധം പറഞ്ഞാലും! 

വാസുദേവന്‍ പറഞ്ഞു: യദുരാജൃത്തിന്റെ നാഥാ, ഞാന്‍ കണ്ടതു പറയാം: രാജാവേ, അങ്ങ്‌ കേള്‍ക്കുക. ചുരുക്കത്തില്‍ നാരദന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നു പറയാം. ചാരിത്രാഹങ്കാരമെന്നു പറയുന്നത്‌ അവന്ന്‌ ഇല്ല. ദേഹപാതനമില്ല. നല്ലവണ്ണം പഠിച്ചവനും, സകല ശാസ്ത്രങ്ങളും അറിഞ്ഞവനും, സ്വഭാവത്തില്‍ നല്ലവനും പരിശുദ്ധനുമാണ്‌. അതു കൊണ്ടാണ്‌ ജനങ്ങള്‍ അവനെ പൂജിക്കുന്നത്‌. നാരദന് ചാപല്യമൊന്നുമില്ല. അരതി, ക്രോധം, ഭീതി എന്നിവയൊന്നുമില്ല. ദീര്‍ഘസൂത്രനല്ല, ശൂരനാണു താനും. അതു കൊണ്ടാണ്‌ ജനങ്ങള്‍ അവനെ ആദരിച്ചു പൂജിക്കുന്നത്‌. ഒരു വാക്കു പറഞ്ഞാല്‍ അത്‌ കാമലോഭങ്ങള്‍ മൂലം തെറ്റിക്കു കയില്ല, അതു കൊണ്ടാണ്‌ നാരദനെ എല്ലാവരും പൂജിക്കുന്നത്‌. 

അദ്ധ്യാത്മ വിധി തത്വങ്ങള്‍ അറിയുന്നവനാണ്‌, ക്ഷാന്തനാണ്‌, ജിതേന്ദ്രിയനാണ്‌, സത്യവാനാണ്‌. സത്യമേ പറയൂ! അതു കൊണ്ടാണ്‌ നാരദന്‍ എങ്ങും ആരാധിക്കപ്പെടുന്നത്‌. യശസ്സ്‌, തേജസ്സ്‌, ബുദ്ധി, ജ്ഞാനം, വിനയം, ഉത്ഭവം, തപസ്സ്‌, എന്നിവയാലെല്ലാം അദ്ദേഹം വൃദ്ധനാണ്‌. അതു കൊണ്ടാണ്‌ അവന്‍ എങ്ങും ആരാധിക്കപ്പെടുന്നത്‌. അദ്ദേഹം സുശീലനും, സുഖസംവേശനും, ആദരവോടു കൂടിയവനും, ശുചിയും, സുവാക്യനും, ഈര്‍ഷ്യയില്ലാത്തവനുമാണ്‌. അതു കൊണ്ടാണ്‌ നാരദനെ എല്ലാവരും പൂജിക്കുന്നത്‌. 

വലീയ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവനാണ്‌. അതുകൊണ്ട്‌ അവനില്‍ പാപമില്ല. നരന്മാര്‍ക്ക്‌ ആപത്തു പറ്റുമ്പോള്‍ അവന്‍ ചിരിക്കുകയില്ല, സന്തോഷിക്കുകയില്ല. അതുകൊണ്ട്‌ പൂജ്യനായി അദ്ദേഹം പ്രശോഭിക്കുന്നു. 

വേദശ്രുതിയാലും, ആഖ്യാനങ്ങളാലും അര്‍ത്ഥത്തിന്റെ വിജയത്തെ ചിന്തിക്കുന്നവനാണ്‌ നാരദന്‍. തിതിക്ഷുവാണ്‌. നിന്ദിക്കുകയെന്നത്‌ അദ്ദേഹത്തിനില്ല. അതു കൊണ്ടാണ്‌ നാരദന്‍ പൂജിക്കപ്പെടുന്നുത്‌. 

സമത്വംമൂലം ഇഷ്ടനില്ല, ഒന്നു കൊണ്ടും അനിഷ്ടനുമില്ല. മനസ്സിന്ന്‌ അനുകൂലമായതേ പറയൂ. നാരദനെ എല്ലാവരും ഇഷ്ടപ്പെടുന്നു. ബഹുശ്രുതനും വാഗ്മിയും, വിദ്വാനും, ശാഠ്യമില്ലാത്തവനും, അലസതയില്ലാത്തവനും, ദൈന്യം, ലോഭം, ക്രോധം ഇവയില്ലാത്തവനുമാണ്‌ നാരദന്‍. അതുകൊണ്ട്‌ അവനെ എല്ലാവരും ബഹുമാനിച്ചു പൂജിക്കുന്നു. വിത്തം, കാമം, ഇവയില്‍ നാഥനായ ഇവന് ഒരു വൈരവും അവയോടില്ല.. താമരയിലയിലെ ജലം പോലെ എല്ലാ ഐശ്വര്യവും തന്നില്‍ നില്ക്കുന്നു. എന്നാല്‍ ഒന്നിനോടും സംഗമേല്ക്കുന്നില്ല. എല്ലാ ദോഷങ്ങളും നീങ്ങിയവനാണ്‌ നാരദന്‍. അതുകൊണ്ട്‌ അദ്ദേഹത്തെ ജനങ്ങള്‍ പുജിക്കുകയും ആരാധിക്കുകയും ചെയുന്നു. 

അനിന്ദ്യാത്മാവാണ്‌, ഉറച്ച കൂറുള്ളവനാണ്‌, ശ്രുതവാനാണ്‌, ആനൃശംസ്യനാണ്‌, സമ്മോഹദോഷങ്ങള്‍ അറ്റവനാണ്‌. അതുകൊണ്ട്‌ അവന്‍ എവിടെയും പൂജിക്കപ്പെടുന്നു. എല്ലാ സംഗങ്ങളും വിട്ടവനും, എല്ലാറ്റിലും സക്തനെപ്പോലെ നില്ക്കുന്നവനുമാണ്‌. അവന്‍ സംശയം വിട്ടവനും, വാഗ്മിയുമാണ്‌. തന്മൂലം അവന്‍ എല്ലാവരാലും പൂജിക്കപ്പെടുന്നു. അദ്ദേഹത്തിന്ന്‌ കാമാര്‍ത്ഥ ചിന്തയില്ല, ആത്മപ്രശംസയില്ല. ഈര്‍ഷ്യയില്ലാത്തവനും, മൃദുവായി സംസാരിക്കുന്നവനുമാണ്‌ അവന്‍. അതുകൊണ്ട്‌ അവന്‍ എല്ലാവരാലും പൂജിക്കപ്പെടുന്നു. നിന്ദിക്കാതെ ലോകത്തില്‍ പലരുടേയും ഹൃദയം മനസ്സിലാക്കും, സംസര്‍ഗ്ഗത്തിലും, വിദ്യയിലും കുശലനായ അവന്‍ എല്ലാവരാലും പൂജിക്കപ്പെടുന്നു. ഒരു ശാസ്ത്രത്തേയും നിന്ദിക്കയില്ല. സ്വനയത്താല്‍ കാലം കഴിക്കും. ആത്മനിയന്ത്രണത്തോടെ ജീവിക്കുന്ന അവന്‍ പൂജിക്കപ്പെടുന്നു. 

പ്രജ്ഞയോടെ പരിശ്രമം ചെയ്യുന്നവനും, സമാധിയില്‍ അലംഭാവമില്ലാത്തവനും, അപ്രമത്തനും, നിത്യയോഗിയുമാണ്‌ അവന്‍. അതുകൊണ്ട്‌ അവന്‍ എല്ലാവരാലും പൂജിക്കപ്പെടുന്നു. നാണം വിട്ട്‌ അവന്‍ നന്മയ്ക്കു വേണ്ടി അന്യന്മാര്‍ പറഞ്ഞു വിട്ടാല്‍ അതു ചെയ്യും. അന്യരുടെ രഹസ്യം പുറത്തു വിടുകയില്ല. . അതുകൊണ്ട്‌ ജനങ്ങള്‍ നാരദനെ സ്തുതിക്കുന്നു, ആരാധിക്കുന്നു. 

അര്‍ത്ഥലാഭത്തില്‍ നാരദന്‍ ഹര്‍ഷിക്കയില്ല, ഒന്നും കിട്ടിയില്ലെങ്കില്‍ ദുഃഖിക്കുകയുമില്ല. സ്ഥിരബുദ്ധിയും, അസക്താത്മാവുമാണ്‌ അവന്‍. അതുകൊണ്ട്‌ അവനെ എല്ലാവരും  ബഹുമാനിക്കുന്നു. എല്ലാ ഗുണങ്ങളും തികഞ്ഞവനും, ശുദ്ധനും, ദക്ഷനും, ആമയഹീനനുമായ അവനെ, കാലത്തിന്റെ പ്രിയം  അറിയുന്നവനുമായ അവനെ, ആര് പ്രിയനായിക്കരുതുകയില്ലാ? 

അദ്ധ്യായം 231. ശുകാനുപ്രശ്നം - കാലസ്വരൂപവിവരണം - യുധിഷ്ഠിരന്‍. പറഞ്ഞു: സര്‍വ്വഭൂതങ്ങള്‍ക്കുമുള്ള ആദിയും അന്തവും, ജ്ഞാനം, കര്‍മ്മം, കാലം, ആയുസ്സ്‌ എന്നിവയും ഓരോ യുഗങ്ങളിലും എങ്ങനെയിരിക്കുമെന്നത്‌ അറിയുവാന്‍ അല്ലയോ പിതാമഹാ, എനിക്ക്‌ ആഗ്രഹമുണ്ട്‌. ലോകതത്വങ്ങള്‍ മുഴുവനും, ഭൂതങ്ങളുടെ ഗതിയും, ആഗതിയും, സൃഷ്ടിയും, പ്രളയവും ഇവയെല്ലാം എന്തില്‍ നിന്നാണ്‌ ഉണ്ടായത്‌? ഞങ്ങള്‍ അങ്ങയ്ക്ക്‌ അനുഗ്രാഹ്യന്മാർ ആണെങ്കില്‍ ഞാന്‍ ഈ ചോദിക്കുന്ന കാര്യങ്ങളില്‍ വേണ്ടത്‌ പറഞ്ഞു തന്നാലും. മുമ്പേ ഭരദ്വാജ മുനിയോടു ഭൃഗു മഹര്‍ഷി പറഞ്ഞ ഈ കാര്യം ഉത്തമമായതാണ്‌. ഏറ്റവും ധര്‍മ്മിഷ്ഠവും, ദിവ്യ സംസ്ഥാന സംസ്ഥിതവുമായി ഉണ്ടായ ആ ഭാഷണം ഞാന്‍ അങ്ങയില്‍നിന്ന്‌ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. അത്‌ അങ്ങ്‌ പറഞ്ഞുതരണേ!

ഭീഷ്മൻ പറഞ്ഞു: അതിനെപ്പറ്റിയുള്ള ആ പഴങ്കഥ ഞാന്‍ നിന്നോടു പറയാം. അതു ഭഗവാന്‍ വ്യാസന്‍ തന്റെ പുത്രന്‍ ചോദിച്ചപ്പോള്‍ പറഞ്ഞതാണ്‌. അംഗങ്ങളോടു കൂടിയ ഉപനിഷത്തും, വേദങ്ങളുമൊക്കെ പഠിച്ചതിന് ശേഷം നൈഷ്ഠികകര്‍മ്മം ഇച്ഛിച്ച്‌, ധര്‍മ്മ സാമര്‍ത്ഥ്യ ദ്യക്കായ വ്യാസപുത്രന്‍, ശുകന്‍, പിതാവായ കൃഷ്ണദ്വൈപായനനോട്‌ ധര്‍മ്മശങ്ക തീര്‍ക്കുന്നതിന് വേണ്ടി ഈ സംശയം ചോദിച്ചു. 

ശുകന്‍ പറഞ്ഞു: കാലജ്ഞാനം കൊണ്ട്‌ ഉറയ്ക്കുന്നതായ ഭൂതജാലത്തിലെ കര്‍ത്താവിനെപ്പറ്റി അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ ബ്രാഹ്മണന്‍ ചെയ്യേണ്ടതായ കര്‍ത്തവ്യമെന്താണ്‌. അങ്ങു പറഞ്ഞു തരണേ! 

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ചോദിച്ച തന്റെ പുത്ര നായ ശുകനോട്‌, സര്‍വ്വജ്ഞനും, ഭൂതഭാവിജ്ഞനും, സര്‍വ്വ ധര്‍മ്മജ്ഞനുമായ വ്യാസന്‍ ഇപ്രകാരം പറഞ്ഞു. 

വ്യാസന്‍ പറഞ്ഞു; എടോ ശുകാ, ആദിയും അന്തവുമില്ലാത്തതും, ജനിക്കാത്തതായും, ദിവ്യമായും, ജരയില്ലാത്തതായും, സ്ഥിരമായി നില്ക്കുന്ന, നാശമില്ലാത്ത, അതര്‍ക്ക്യവും അജേഞയവുമായ ബ്രഹ്മം ആദ്യമായി നില്ക്കുന്നു. 

പതിനഞ്ചു പ്രാവശ്യം ഇമവെട്ടുന്ന സമയമാണ്‌ കാഷ്ഠ. മുപ്പതു കാഷ്ഠ കൂടുന്ന സമയമാണ്‌ ഒരു കല. മുപ്പതു കലയും, ഒരു കലയുടെ പത്തില്‍ ഒരംശവും കൂടിച്ചേര്‍ന്നാല്‍ ഒരു മുഹൂര്‍ത്തമാകുന്നു. മുപ്പത്‌ മുഹൂര്‍ത്തം കൂടുന്നതാണ്‌ ഒരു അഹോരാത്രം. അങ്ങനെയുള്ള മുപ്പത് അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മാസം. അങ്ങനെ പന്ത്രണ്ടു മാസം ചേരുമ്പോള്‍ ഒരു വത്സരമാകുന്നു. ഒരു സംവത്സരത്തില്‍ സൂര്യന്റെ അയനത്തെ അടിസ്ഥാനമാക്കി രണ്ടയനങ്ങളുണ്ട്‌. ഉത്തരായനവും ദക്ഷിണായനവും. സൂര്യന്‍ ദിനരാത്രങ്ങള്‍ ഈ ഭൂലോകത്തിന്ന്‌ ഉണ്ടാക്കുന്നു. രാത്രി എല്ലാ ജീവികള്‍ക്കും ഉറങ്ങുന്നതിന്നും, പകല്‍ എല്ലാ ജീവികള്‍ക്കും പ്രവര്‍ത്തിക്കുന്നതിന്നുമാണ്‌. മനുഷ്യരുടെ ഒരു മാസം പിതൃക്കള്‍ക്ക്‌ ഒരു അഹോരാത്രമാണ്‌. എങ്ങനെയെന്നാല്‍ വെളുത്തപക്ഷം പിതൃക്കള്‍ക്ക്‌ പ്രവൃത്തിക്കുന്നതിന്നുള്ള പകലും, കറുത്തപക്ഷം പിതൃക്കള്‍ക്ക്‌ ഉറങ്ങുന്നതിനുള്ള രാത്രിയുമാണ്‌. ദേവന്മാര്‍ക്ക്‌ ഒരു രാപ്പകല്‍ മനുഷ്യരുടെ ഒരു വര്‍ഷത്തിന്നു തുല്യമാണ്‌. എങ്ങനെയെന്നാല്‍ സൂര്യന്റെ ഉത്തരായനമായ ആറു മാസം ദേവന്മാരുടെ പകലും, ദക്ഷിണായനമായ ആറു മാസം അവരുടെ രാത്രിയുമാണ്‌. മനുഷ്യ ലോകത്തിലെ രാപ്പകലിനെപ്പറ്റി ആദ്യം പറഞ്ഞുവല്ലോ. 

ഇനി ബ്രഹ്മാവിന്റെ രാപ്പകലിനേയും സംവത്സരത്തിനേയും പറ്റി പറയാം. കണക്കു പ്രകാരം അവയുടെ സാഖ്യാക്രമങ്ങളേയും ഞാന്‍ പറയാം. കൃത ത്രേത ദ്വാപര കലിയുഗങ്ങളായാണ്‌ അതിനെ അറിയുന്നത്‌. നാലായിരം ദേവവര്‍ഷം ചേര്‍ന്നതാണ്‌ ഒരു കൃതയുഗം. അതാണ്‌ ആദ്യത്തെ യുഗം. ആ യുഗത്തിന്റെ പ്രഭാതത്തിന് തന്നെ നാനൂറു വര്‍ഷം വേണം. അസ്തമയവും നാനൂറു വര്‍ഷമാണ്‌. (അതിന്റെ ആകെ സംഖ്യ അപ്പോള്‍ നാലായിരത്തി എണ്ണൂറ്‌ ദേവവര്‍ഷമാകും)

മറ്റു യുഗങ്ങളെ സംബന്ധിച്ചിടത്തോളം മുമ്പിലുള്ള. യുഗത്തിന്റെ കാല്‍ഭാഗം കുറവാണ്‌. അപ്പോള്‍ ത്രേതായുഗത്തിന് മൂവായിരം ദേവവര്‍ഷവും, അതിന്റെ ഉദയാസ്തമനങ്ങള്‍ മുന്നൂറു വീതം ദേവവര്‍ഷവുമാണ്‌. ദ്വാപരയുഗത്തിന്റെ കാലം രണ്ടായിരം ദേവവര്‍ഷമാണ്‌. അതിന്റെ ഉദയകാലം ഇരുന്നൂറു ദേവവര്‍ഷവും, അസ്തമയം ഇരുനൂറു ദേവവര്‍ഷവും കൂടി ആകെ രണ്ടായിരത്തിനാനുറ്‌ ദേവവര്‍ഷമാണ്‌. കലിയുടെ കാലം ആയിരം ദേവവര്‍ഷമാണ്‌. അതിന്റെ ഉദയാസ്തമയങ്ങള്‍ നൂറ്‌ ദേവവര്‍ഷങ്ങളാണ്‌. (മനുസ്മൃതിയില്‍ 1-ാം അദ്ധ്യായത്തില്‍ ഇത്‌ വിവരിച്ചു പറഞ്ഞിട്ടുണ്ടു എന്നെന്നും ശാശ്വതമായി ഇവ നില്ക്കുന്നു, ഇവയെ ലോകങ്ങള്‍ വഹിക്കുന്നു. ബ്രഹ്മജ്ഞന്മാര്‍ക്ക്‌ ഇവ അറിയാം. ബ്രഹ്മം പോലെ ഇതും ശാശ്വതമാണ്‌. കൃതയുഗത്തില്‍ എല്ലാ ധര്‍മ്മങ്ങളും പൂര്‍ണ്ണമായും സത്യത്തോട്‌ ചേര്‍ന്നു നില്ക്കുന്നു. അധര്‍മ്മം എന്നത്‌ അന്നില്ല. മറ്റുള്ളതില്‍ ധര്‍മ്മം നാലിലൊന്നു കുറഞ്ഞു കുറഞ്ഞു വരും. കളവും ചതിയും മായയുമായി അധര്‍മ്മം വര്‍ദ്ധിച്ചുവരും. 

രോഗമില്ലാത്തവരായി, വിചാരിച്ച കാര്യം സാധിക്കുന്നവരായി നാനൂറു വര്‍ഷം ജീവിക്കുന്നവരായിരിക്കും കൃതയുഗത്തില്‍. ദ്വാപരത്തില്‍ കാല്‍ഭാഗം ആയുസ്സ്‌ കുറയും. വേദവാദം യുഗം തോറും ചുരുങ്ങിച്ചുരുങ്ങി വരും എന്നു ഞാന്‍ കേട്ടി ട്ടുണ്ട്‌. ആയുസ്സ്‌, ആശിസ്സ്, വേദത്തിന്റെ ഫലം ഇവയുടെയെല്ലാം കഥയും ഇപ്രകാരം തന്നെയാണ്‌. കൃതയിലും, ത്രേതയിലും, ദ്വാപരത്തിലും ധര്‍മ്മം വേറെവേറെയാണ്‌. യുഗത്തി ന്റെ ഹ്രാസം പോലെ കലിയിലും മനുഷ്യര്‍ക്ക്‌ ധര്‍മ്മം ചുരുങ്ങി വരും. 

കൃതയുഗത്തില്‍ തപസ്സിന്നാണ്‌ പ്രാധാന്യം. ത്രേതാ യുഗത്തില്‍ ജ്ഞാനത്തിനാണ്‌ പ്രാധാന്യം. ദ്വാപരത്തില്‍ യാഗത്തിന്നാണ്‌ പ്രാധാന്യം. കലിയില്‍ പ്രാധാന്യം ദാനത്തിനാണ്‌. കവികള്‍ ഇതൊക്കെ മനസ്സിലാക്കി പന്തീരായിരം ദേവവര്‍ഷം കൂടുന്നത്‌ ഒരു ദേവയുഗമാണെന്നു പറയുന്നു. അങ്ങനെയുള്ള ആയിരം ദേവയുഗം കൂടുമ്പോള്‍ ബ്രഹ്മാവിന്ന്‌ ഒരു പകല്‍ ആകുന്നു. (മനുസ്മൃതിയില്‍ 1-ാം അദ്ധ്യാ യത്തില്‍ പറഞ്ഞിട്ടുണ്ട്). അത്രത്തോളം തന്നെയാണ്‌ ബ്രഹ്മാവിന്റെ രാത്രിയും. 

ബ്രഹ്മാവിന്റെ ദിവസത്തിന്റെ ഉദയത്തില്‍ പ്രപഞ്ചം ജീവന്‍ എടുക്കുകയായി. പ്രളയ കാലത്ത്‌ ബ്രഹ്മാവിന് ഉറക്കമാണ്‌; യോഗനിദ്രയിലാണ്‌. ആ ഉറക്കംകഴിഞ്ഞാല്‍ ബ്രഹ്മാവ്‌ ഉണര്‍ന്നെഴുന്നേല്ക്കും. അങ്ങനെ ബ്രഹ്മാവ്‌ ആയിരം യുഗം നിദ്രയില്‍പ്പെട്ടു കിടക്കുകയും ചെയ്യും. ഇവയൊക്കെ ശരിക്ക്‌ അറിയുന്നവരെ മാത്രമേ രാവും പകലും അറിയുന്നവര്‍ എന്ന്‌ പറഞ്ഞു കൂടു. 

ബ്രഹ്മാവിന്റെ രാത്രി കഴിഞ്ഞാല്‍ ബ്രഹ്മാവ്‌ എഴുന്നേറ്റ്‌ വ്യക്താത്മകമായ മനസ്സോടെ മഹത് ഭൂതങ്ങളുടെ സൃഷ്ടിയില്‍ ഏര്‍പ്പെടുന്നു. 

അദ്ധ്യായം 232. ശുകാനുപ്രശ്‌നം - സൃഷ്ടിയുടെ ഉത്പത്തി ക്രമവും യുഗധര്‍മ്മങ്ങളും - വ്യാസന്‍ പറഞ്ഞു: ബ്രഹ്മ തേജോമയമായ ശുക്ലം പ്രപഞ്ചത്തിലെങ്ങും വ്യാപ്തമായി. ജഗത്ത്‌, ചരാചരങ്ങള്‍ രണ്ടും ചേര്‍ന്ന പ്രപഞ്ചം, എല്ലാം അതില്‍ അടങ്ങിയിരിക്കുന്നു. ബ്രഹ്മാവിന്റെ ദിവസം പ്രഭാതമായപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റ്‌ വിദ്യയുടെ സഹായത്തോടെ പ്രപഞ്ച സൃഷ്ടിയില്‍ ഏര്‍പ്പെട്ടു. ആദ്യമായി മഹത്തുണ്ടായി. ആ മഹത്ത്‌ അതിവേഗത്തില്‍ മാനസമായി രൂപാന്തരം പ്രാപിച്ചു. ആ മാനസമെന്നത്‌ വൃക്തത്തിന്റെ ആത്മാവാണ്‌. 

പ്രകാശരൂപം അപ്പോള്‍ എങ്ങും വ്യാപിച്ചു. മാനസം അവിദ്യയോടു ചേര്‍ന്ന്‌ ഏഴു മഹാഭൂതങ്ങളെ സൃഷ്ടിച്ചു. സൃഷ്ടിയില്‍ ഔത്സുക്യം പൂണ്ട മാനസം ദൂരെ ഗമിച്ച്‌ പലപാട്‌ എത്തി പ്രാര്‍ത്ഥനാ സംശയാത്മകമായി മുറയ്ക്കു സൃഷ്ടിക്കുവാനൊരുങ്ങി. ആദ്യമായി ആകാശം സൃഷ്ടിച്ചു. അത്‌ സൃഷ്ടി പ്രേരണ കൊണ്ട്‌ ആകാശത്തില്‍ സൃഷ്ടിയെ ചെയ്തു. അതിന് ശബ്ദഗുണം ലഭിച്ചു. വികാരം പൂണ്ട ആകാശത്തില്‍ നിന്ന്‌ എല്ലാവിധ ഗന്ധവും വഹിക്കുന്ന വായു ഉണ്ടായി. ബലവാനായ ആ വായുവിന്റെ ഗുണം സ്പര്‍ശമാണ്‌. വികാരിയായ വായുവില്‍ ഭാസിക്കുന്ന ജ്യോതിസ്സുണ്ടായി. ശുക്ലം രോചിഷ്ണുവായി പരിണമിച്ച്‌ രൂപം കൊണ്ടു. രൂപമെന്ന ഗുണം അതിനുണ്ടായി. വികാരിയായ ജ്യോതിസ്സില്‍ രസാത്മകമായ ജലം ഉണ്ടായി. ജലത്തില്‍ നിന്ന്‌ ഗന്ധത്തോടു കൂടി ഭൂമിയുണ്ടായി. ഇവയാണ്‌ പഞ്ചഭൂതങ്ങള്‍. ഇവയാണ്‌ ആദ്യത്തെ സൃഷ്ടി. എല്ലാറ്റിനും ഉത്തരോത്തരമായി പൂര്‍വ്വഗുണം കാണാം. ഓരോന്നിനും അവയുടെ പ്രത്യേക ഗുണം മാത്രമല്ല, തുടര്‍ന്നു വരുന്ന ഓരോ ഭൂതത്തിന്നും മുന്‍ പറഞ്ഞവയുടെ ഗുണങ്ങളുണ്ടാകും. ആകാശത്തിന് ശബ്ദം എന്ന ഗുണം മാത്രമാണുള്ളത്‌. പിന്നെ വരുന്ന വായുവിന്ന്‌ മുന്‍പറഞ്ഞ ആകാശത്തിന്റെ. ശബ്ദമെന്ന ഗുണവും സ്പര്‍ശമെന്ന ഗുണവുമുണ്ട്‌. വായുവില്‍ നിന്നു പിന്നെ അഗ്നി പുറപ്പെടുന്നു. അതിന്ന്‌ ശബ്ദം, സ്പര്‍ശം, രൂപം എന്നീ മൂന്നു ഗുണങ്ങള്‍ കാണാം. പിന്നെ വരുന്ന വെള്ളത്തിന്ന്‌ ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയുണ്ട്‌. ചിലര്‍ പറയുന്നു ജലത്തിന്ന്‌ ഗന്ധമുണ്ടെന്ന്‌. അതു ശരിയല്ല. ഭൂമിയുടെ ഗുണമാണ്‌ ഗന്ധം. ഗന്ധം സമ്പര്‍ക്കത്താല്‍ ജലത്തിലും വായുവിലും എത്തുന്നതാണ്‌. ഈ സപ്താത്മാക്കള്‍ വേറെ വേറെ നാനാ വീര്യങ്ങളോടു കുടിയവയാണെങ്കിലും പ്രജാസൃഷ്ടിക്ക്‌ ഒറ്റയ്ക്ക്‌ ഉതകുന്നതല്ല. അവ ഒന്നിച്ചു ചേര്‍ന്നേ പ്രജാസൃഷ്ടി നടക്കുകയുള്ളൂ. ഈ പറഞ്ഞ . മഹാത്മാക്കള്‍ അന്യോന്യാശ്രയത്തോടെ ശരീരമായി പരിണമിച്ച്‌ പുരുഷനായി രൂപം കൊള്ളുന്നു. ശരീരായണത്താല്‍ മൂര്‍ത്തമായി പതിനാറ്‌ അവയവങ്ങളുള്ള ദേഹം രൂപം കൊള്ളുന്നു. അതില്‍ മഹാഭൂതങ്ങള്‍ കര്‍മ്മത്തോടു കൂടി ഏല്ക്കുന്നു. അപ്പോള്‍ എല്ലാറ്റിന്റെയും സൃഷ്ടികര്‍ത്താവ്‌ മായയോടു കൂടി തന്നെത്താനെ വിഭജിക്കുന്നു. എല്ലാറ്റിനേയും ദര്‍ശിക്കുന്ന സൂക്ഷ്മ രൂപമായി പ്രവേശിക്കുന്നു. സര്‍വ്വഭൂതങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഇതിന്നായി തപം ചെയ്യുന്നു. ജീവികളുടെ ആദികര്‍ത്താവാണ്‌ പ്രജാപതി. അവന്‍ ഭൂതങ്ങളെ സ്ഥാവരജംഗമങ്ങളെ, സൃഷ്ടിക്കുന്നു. പിന്നെ ബ്രഹ്മാവ്‌ ദേവര്‍ഷിമാരേയും പിതൃക്കളേയും ദൈത്യരേയും സൃഷ്ടിക്കുന്നു. ലോകങ്ങളും സമുദ്രങ്ങളും പുഴകളും മരങ്ങളും നരന്മാരും കിന്നരന്മാരും രക്ഷസ്സുകളും ഗോക്കളും മൃഗങ്ങളും പക്ഷികളും ഇവയെല്ലാം ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെടുന്നു. സ്ഥാവരജംഗമങ്ങള്‍ വ്യയവും അവ്യയവുമാണ്‌. 

കഴിഞ്ഞ ജന്മത്തില്‍ അവയ്ക്ക്‌ ഏത്‌ കര്‍മ്മമാണോ നേടിയിട്ടുള്ളത്‌ വീണ്ടും വീണ്ടും സൃഷ്ടിയില്‍ അവ നേടുന്നു. ഹിംസ്രം, അഹിപ്രസം, മൃദു, ക്രൂരം, ധര്‍മ്മം, അധര്‍മ്മം, ഋതം, അനൃതം ഇങ്ങനെ അവരവരുടെ കര്‍മ്മഫലമായി ഭാവിയെ അവരവര്‍ കൈക്കലാക്കുന്നു. അവ തങ്ങള്‍ക്കു രുചിക്കുകയും ചെയ്യുന്നു. ഇന്ദ്രിയം, അര്‍ത്ഥം, ആകാരം, മഹാഭൂത നാനാത്വം, വിനിയോഗം ഇവയൊക്കെ ജീവികളില്‍ വൃത്യസ്തമായി കാണുന്നതെല്ലാം ധാതാവ്‌ വെച്ചതാണ്‌. ചിലര്‍ പറയുന്നു കര്‍മ്മങ്ങളൊക്കെ  പൌരുഷം കൊണ്ട് ഉണ്ടാക്കാവുന്നതാണെന്ന്‌. എല്ലാം വിധിഹിതമാണെന്ന്‌ മറ്റു വിപ്രന്മാരും. സ്വഭാവേന വരുന്നതാണെന്ന്‌ വേറെ ചിലരും പറയുന്നു. അവ മൂന്നും വേറെ വേറെ നില്ക്കുന്നതായി ചിലരും, അങ്ങനെയല്ലെന്നു മറ്റു ചിലരും പറയുന്നു. അത്‌ ഇത്തരത്തിലാണ്‌ എന്നും അങ്ങനെയല്ല എന്നും, രണ്ടല്ല, രണ്ടല്ലായ്കയില്ല എന്നും കര്‍മ്മസ്ഥര്‍ വിഷയത്തെപ്പറ്റി ചിന്തിച്ചു പറയുന്നു. സത്വസ്ഥര്‍ സമദര്‍ശികളാണ്‌, അവര്‍ പറയുന്നു വിധിയുടെ നിശ്ചയമാണ്‌ എല്ലാം എന്ന്‌. 

തപസ്സാണ്‌ എല്ലാ ജീവികള്‍ക്കും ഗുണത്തിന്ന്‌ അടി സ്ഥാനം. എല്ലാ നിശ്രേയസവും തപസ്സു കൊണ്ടും ലഭിക്കുന്നു. തപസ്സിന്റെ വേരുകള്‍ ശമവും ദമവുമാണ്‌. തപസ്സു കൊണ്ട്‌ നേടാന്‍ വയ്യാത്തതൊന്നുമില്ല. എന്ത്‌ ഇച്ഛിക്കുന്നുവോ, അതൊക്കെ നേടാം. പ്രപഞ്ചം സൃഷ്ടിച്ച ഭൂതത്തിന്റെ പദത്തെത്തന്നെ പ്രാപിക്കാം. ആ ഭൂതമായി അവന്‍ സര്‍വ്വഭൂതങ്ങളുടെ പ്രഭുവുമായിത്തീരും. തപസ്സു മൂലം ദേവന്മാരെ ഋഷികള്‍ എപ്പോഴും നിനയ്ക്കുന്നു. സ്വയംഭൂ ആദിയും അന്തവുമറ്റ വിദ്യാമൊഴികള്‍ സൃഷ്ടിച്ചു. ആദ്യം തന്നെ എല്ലാ പ്രവൃത്തിയും ദിവ്യയായ അതില്‍ പറഞ്ഞിട്ടുണ്ട്‌. 

ഋഷികളുടെ നാമങ്ങള്‍, വേദത്തില്‍പ്പെട്ട സൃഷ്ടികള്‍, നാനാമട്ടില്‍ ജീവികളുടെ കര്‍മ്മഭേദ പ്രവര്‍ത്തനം ഇവയെല്ലാം വേദശബ്ദം വഴിക്ക്‌ ആദ്യമേ തന്നെ ഈശ്വരനായ ബ്രഹ്മാവ്‌ തീര്‍ത്തു. ഋഷികളുടെ നാമങ്ങള്‍, വേദത്തില്‍പ്പെട്ട സൃഷ്ടികള്‍, ബ്രഹ്മാവിന്റെ നിശാന്തജാതരായവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി അജന്‍ നിര്‍മ്മിച്ചു. നാമഭേദങ്ങള്‍, തപസ്സ്‌, കര്‍മ്മം, യജ്ഞം, എന്നിവയെല്ലാം ലോകസിദ്ധിയാണ്‌. വേദത്തില്‍ പത്തു ക്രമമായി ആത്മസിദ്ധിയെ പറയുന്നുണ്ട്‌. വേദവാദത്തില്‍ വേദജ്ഞര്‍ പറഞ്ഞത്‌ അത്‌ ഏറ്റവും ഗഹനമാണെന്നാണ്‌. അവ യുക്തം പോലെ ഉപനിഷത്തുക്കളില്‍ വിശദീകരിച്ചിട്ടുണ്ട്‌. ദേഹിക്ക്‌ കര്‍മ്മജമായി ദ്വന്ദത്തോടു കൂടിയ ഭാവം പല വിധമാണ്‌. അത്‌ ആത്മവിജ്ഞാനം കൊണ്ട്‌ പുരുഷന്‍ ബലമായി വെടിയുന്നു. ശബ്ദബ്രഹ്മമെന്നും പരബ്രഫ്മമെന്നും ബ്രഹ്മം രണ്ടുവിധമുണ്ടെന്നറിയുക. ശബ്ദബ്രഹ്മത്തില്‍ ലയിച്ചവന്‍ പരബ്രഹ്മത്തിലെത്തും. ആലംഭയജ്ഞരാണ്‌ രാജാക്കന്മാര്‍. മൃഗങ്ങളെക്കൊന്ന്‌ ബലിയര്‍പ്പിക്കുകയാണ്‌ രാജാക്കന്‍മാരുടെ യജ്ഞം. വൈശ്യരുടെ യജ്ഞം കര്‍ഷക വൃത്തിയാണ്‌. മറ്റു മൂന്നു വര്‍ണ്ണങ്ങളേയും സേവിച്ച്‌ ജീവിക്കുക എന്നതാണ്‌ ശൂദ്രന്മാരുടെ യജ്ഞം. തപോവൃത്തിയും ഈശ്വരാരാധനയുമാണ്‌ ബ്രാഹ്മണരുടെ യജ്ഞം. കൃതയുഗത്തില്‍ ബലിയര്‍പ്പിക്കുന്നത്‌ കൂടിയേ കഴിയൂ എന്നില്ല. ത്രേതായുഗത്തില്‍ അത്‌ ആവശ്യമാണ്‌. ദ്വാപരയുഗത്തില്‍ യജ്ഞങ്ങള്‍ ക്ഷയിക്കും. കലിയിലും അതു തന്നെ ഗതി. കൃതയുഗത്തില്‍ മനുഷ്യര്‍ ബ്രഹ്മത്തെ ആരാധിക്കുന്നു. ഋക്ക്‌, യജുസ്സ്‌, സാമം എന്നിവയില്‍ നിര്‍ദ്ദേശിച്ച ബലികളും യോഗവും അനുസരിച്ച്‌ കര്‍മ്മങ്ങളനുഷ്ഠിക്കുന്നു. തപസ്സു ചെയ്യുന്നു. ത്രേതയില്‍ ശക്തന്മാര്‍ ഉണ്ടാകുന്നു. അവര്‍ ചരാചരങ്ങളെ കീഴടക്കുന്നു. സാമാനൃജനങ്ങള്‍ തപോവൃത്തി മുതലായ ദേവതാകാര്യങ്ങളില്‍ തൃപ്തി കുറഞ്ഞവരാകുമ്പോള്‍, ശക്തരായ രാജാക്കന്മാര്‍ അവരെ ശാസിച്ച്‌ സന്മാര്‍ഗത്തില്‍ നയിക്കുന്നു. ആ കാലഘട്ടത്തില്‍ വേദവും തപസ്സുമൊക്കെ വര്‍ണ്ണാശ്രമധര്‍മ്മങ്ങളൊക്കെ, നിലനില്ക്കുന്നത്‌ ഒരു നിശ്ചയത്തിന് വിധേയമായി ശാസനകൊണ്ടു മാത്രമാണ്‌. 

എന്നാല്‍ ആ നിശ്ചയത്തിന്നും നിയമത്തിന്നും അയവ്‌ ദ്വാപരത്തില്‍ വന്നു ചേരുന്നതു കൊണ്ട്‌ അവയെല്ലാം ആയുസ്സു കുറഞ്ഞ്‌ അധഃപതിച്ചു പോകുന്നു. കലിയില്‍ വേദങ്ങളൊക്കെ നശിച്ചു പോകുന്നു. ഉണ്ട്‌, ഇല്ല, എന്ന നിലയിലെത്തുന്നു. യജ്ഞാഢ്യന്മാരായ ബ്രാഹ്മണര്‍ ഉത്സാഹമില്ലാത്തവരും ക്ഷീണിച്ചവരും ധര്‍മ്മപീഡിതരുമായിത്തീരുന്നു. കൃതയുഗത്തില്‍ കാണുന്ന ധര്‍മ്മം ആത്മജഞരും തപസ്വികളും ശ്രുതവാന്മാരുമായ ബ്രാഹ്മണരില്‍ മാത്രം കാണാന്‍ കഴിയും. യുഗം തോറും ഏതു ധര്‍മ്മമാണോ, ആ ധര്‍മ്മവും വ്രതയോഗങ്ങളും മാത്രമേ വികാസം പ്രാപിക്കുകയുള്ളൂ. ഭൂതജാലങ്ങള്‍ മഴക്കാലത്തു മഴയേറ്റ്‌ സസ്യാദികള്‍ വളര്‍ന്ന്‌, ജംഗമ ങ്ങള്‍ പുഷ്ടിപ്പെടുന്ന മാതിരി പുതിയ ചില വസ്തുക്കള്‍ ഉണ്ടാകുന്നു. അതു പോലെ യുഗമാറ്റത്തില്‍ പല പുതിയ ധര്‍മ്മങ്ങളും ആചാരങ്ങളും ഓരോ യുഗത്തിലും ഉദയം കൊള്ളുന്നു. അങ്ങനെ ഋതുവിലെ മാറ്റം പോലെ പല രൂപവും പ്രാപിക്കുന്ന മാതിരി ബ്രഹ്മഹരാദികളിലും കാണപ്പെടുന്നു. അനാദ്യന്തമായ കാലത്തില്‍ ഇങ്ങനെ പലപല മാറ്റങ്ങള്‍ കാണപ്പെടുന്നു. ആദ്യം ഞാന്‍ നിന്നോട്‌ ഈ കാലത്തിന്റെ മാറ്റത്തെപ്പറ്റി പറഞ്ഞു. കാലം ലോകത്തെ സൃഷ്ടിക്കുന്നു. കാലം ലോകത്തെ മുടിക്കുന്നു. കാലം ലോകത്തെ നിലനിര്‍ത്തുന്നു. കാലം നിലനില്ക്കുന്നു. എല്ലാ ഭൂതജാലങ്ങളേയും യഥാസ്ഥാനം നിര്‍ത്തുകയും ചെയ്യുന്നു. എല്ലാറ്റിന്റെയും ധാതാവും വിധാതാവും കാലം തന്നെ. സ്വഭാവത്താല്‍ ദ്വന്ദയുക്തമായി കാലം നടക്കുന്നു. സൃഷ്ടികാലം, ക്രിയാവേദം, കര്‍ത്താവ്‌, ക്രിയ, ഫലം ഇവയ്വെപ്പറ്റിയെല്ലാം നീ ചോദിച്ചതനുസരിച്ച്‌ ഞാന്‍ നിന്നോടു പറഞ്ഞു. 

അദ്ധ്യായം 233. ശുകാനുപ്രശ്‌നം - ബ്രഹ്മപ്രളയവും മഹാപ്രളയവും - വ്യാസന്‍ പറഞ്ഞു: ബ്രഹ്മാവിന്റെ പകല്‍ തീരുകയും നിശ തുടങ്ങുകയും ചെയ്യുമ്പോള്‍ ബ്രഹ്മാവ്‌ എങ്ങനെയാണ്‌ സൃഷ്ടികളെയെല്ലാം തിരികെയെടുക്കുന്നതെന്നു പറയാം. ബ്രഹ്മാവ്‌ ആത്മാവില്‍ സൂക്ഷ്മമായി വിശ്വത്തെ ലയിപ്പിക്കുന്നു. തന്നില്‍ത്തന്നെ ലയിപ്പിക്കുന്നത്‌ എങ്ങനെയാണെന്നു പറയാം. 

പ്രളയത്തിനുള്ള സമയമെത്തിക്കഴിഞ്ഞാല്‍ പന്ത്രണ്ടു സൂര്യന്മാരും ഏഴുവിധം അഗ്നികളും കത്തിജ്ജ്വലിക്കുവാന്‍ തുടങ്ങും. പ്രപഞ്ചം മുഴുവന്‍ അഗ്നിമയമാകും. അഗ്നിജ്ജ്വാല വളര്‍ന്ന്‌ അഖില പ്രപഞ്ചവും ഒന്നായി ജ്വലിക്കും. എല്ലാ ചരാചരങ്ങളും അതില്‍ ഉടനെ ദഹിക്കും. എല്ലാം ഭൂഗോളത്തിന്റെ ആദ്യ രൂപത്തില്‍ ചേരും. എല്ലാ ചരാച രങ്ങളും അഗ്നിയില്‍ ദഹിച്ചു കഴിഞ്ഞാല്‍ സമസ്തവും അസ്മമിച്ചു കഴിഞ്ഞാല്‍, സര്‍വ്വചരാചരങ്ങളും വൃക്ഷലതാദികളുമെല്ലാം നശിക്കയാല്‍ നഗ്നമായി ഒരു ആമത്തോടു പോലെയായി ഭൂമിയെക്കാണും. അപ്പോള്‍ ഭൂമിയുടെ ഗന്ധമെന്ന ഗുണം ജലം സ്വീകരിക്കും. അപ്പോള്‍ ഗന്ധവും നശിച്ച ഭൂമി പ്രളയത്തിന്നൊരുങ്ങുന്നു. ഇരമ്പി തിരതല്ലി ഭൂമിയൊക്കെ വെള്ളത്തില്‍ മുങ്ങും. സര്‍വ്വത്ര വെള്ളം നിറയുമാറ്‌ തള്ളിക്കയറും, നില്ക്കും, ഒഴുകും. പിന്നെ വെള്ളത്തിന്റെ ഗുണം ജ്യോതിസ്സ്‌ (ചൂട്‌) ഏല്ക്കും. അപ്പോള്‍ ജലമെല്ലാം അഗ്നിയില്‍ ലയിക്കും. ആകാശമമദ്ധ്യത്തില്‍ നില്ക്കുന്ന സൂര്യനെ അഗ്നിജ്ജ്വാലകള്‍ മൂടും. സര്‍വ്വത്ര ആകാശം മുഴുവന്‍ അഗ്നിജ്ജ്വാലയില്‍ മുഴുകി നിറഞ്ഞ്‌ ആളിക്കത്തും. ഭയങ്കരമായ ആ അഗ്നിപ്രളയത്തില്‍ പ്രപഞ്ചം ജ്വലിക്കും. ആകാശം മുഴുവന്‍ ജ്വലിക്കും. പിന്നെ കാറ്റു വരും. കാറ്റ്‌ അഗ്നിയുടെ രൂപമെന്ന ഗുണം തന്നില്‍ ലയിപ്പിക്കും. അപ്പോള്‍ സകല ജ്യോതിസ്സും കെടും. കാറ്റു മാത്രമായിത്തീരും. ആ ഭയങ്കരമായ കാറ്റ്‌ വീശാന്‍ തുടങ്ങും. കാറ്റ്‌ ചീറി ശക്തിയായി അടിച്ചു കൊണ്ടിരിക്കും. കാറ്റ്‌ അതിന്റെ ഗുണമായ സ്വനത്തിനെ കൈക്കൊണ്ട്‌ ആകാശത്തില്‍ എല്ലായിടത്തും, പത്തു ദിക്കിലേക്കും, ചീറിയടിച്ചു സഞ്ചരിക്കും. പിന്നെ ആകാശം കാറ്റിന്റെ ഗുണമായ സ്പര്‍ശത്തെ കൈക്കൊള്ളും. അപ്പോള്‍ കാറ്റ്‌ താനെ അടങ്ങും. അപ്പോള്‍ ആകാശം ഭയങ്കരമായ ശബ്ദത്താല്‍ മുഴങ്ങും. കേള്‍ക്ക വയ്യാത്തതും പറഞ്ഞറിയിക്കാന്‍ വയ്യാത്തതുമായ ഭയങ്കര ശബ്ദത്താല്‍ സദാ സമയവും ആകാശം ശബ്ദത്താല്‍ മുഖരിതമായിരിക്കും. ശബ്ദം, രൂപം, രസം, ഗന്ധം എന്നിവയൊന്നുമില്ലാതെ അമൂര്‍ത്തമായി എല്ലായിടത്തും മുഴങ്ങിക്കൊണ്ട്‌ അപ്പോള്‍ ആകാശം നില്ക്കും. പിന്നെ ആകാശത്തിന്റെ ഗുണമായ ശബ്ദത്തെ അഭിവ്യക്തമായ മനസ്സ്‌ വിഴുങ്ങിക്കളയും. മനസ്സില്‍ വ്യക്തമാക്കിയതെല്ലാം അവ്യക്തമായ മനസ്സില്‍ ചെന്നുചേരും. മനസ്സ്‌ ആകാശത്തിന്റെ ഗുണത്തെ വിഴുങ്ങിക്കഴിയുമ്പോള്‍ അത്‌ അവ്യക്തമാകും. അതിനെ ബ്രഹ്മപ്രളയമെന്നു പറയുന്നു. അപ്പോള്‍ മനസ്സിന്റെ കാരകനായ ചന്ദ്രന്‍ മനസ്സിനെ അതിന്റെ ഗുണങ്ങളോടെ തന്നിലേക്ക്‌ ഉള്‍ക്കൊള്ളും. മഹാകാലം കൊണ്ട്‌ അവനെ സങ്കല്പം അധീനത്തിലാക്കും. മനസ്സ്‌ ഗ്രസിക്കുന്ന സങ്കല്പത്തെ ഉത്തമമായ ജ്ഞാനമെന്നു പറയുന്നു. കാലം ജ്ഞാനത്തെ ഗ്രസിക്കും. കാലത്തെ ബലം ഗ്രസിക്കും. പിന്നെ കാലം ബലത്തെ ഗ്രസിക്കും. അത്‌ വിദ്യയുടെ അധീനത്തിലാകും. അവന്‍ ആകാശഘോഷത്തെ തന്റെ ആത്മാവില്‍ അടക്കും. അത്‌ അവ്യക്തവും പരമവുമായ ബ്രഹ്മമാണ്‌. ശാശ്വതവും ഉത്തമവുമാണ്‌. ഇപ്രകാരം സമസ്തഭൂതങ്ങളും ബ്രഹ്മത്തില്‍ അടങ്ങും. 

എല്ലാം ഞാന്‍ ശരിയായി വിവരിച്ചു പറഞ്ഞു തന്നു. അത്തരത്തിലാണു പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍. മഹാത്മാക്കളായ യോഗികള്‍ കണ്ടവണ്ണം, അവര്‍ക്ക്‌ ബോദ്ധ്യമായവി ധം, ഞാന്‍ നിന്നോട്‌ പറഞ്ഞു. ഇങ്ങനെ അവ്യക്തമായ ബ്രഹ്മം വീണ്ടും സൃഷ്ടിക്കുക, പിന്നെ തന്നിലേക്ക്‌ മടക്കിയെടുക്കുക, പിന്നെയും സൃഷ്ടിക്കുക, പിന്നേയും പ്രതിസംഹരിക്കുക, ഇങ്ങനെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഈ മാതിരിയാണ്‌ ബ്രഹ്മാവിന് പകലിലെ സൃഷ്ടിയും രാത്രിയിലെ സംഹാരവും. ഓരോ പകലിന്നും രാവിന്നും ആയിരം യുഗങ്ങളാണ്‌ കാലയളവ്‌. 

അദ്ധ്യായം 234. ശുകാനുപ്രശ്‌നം - ബ്രാഹ്മണരുടെ കര്‍ത്തവ്യവും ദാനത്തിന്റെ മഹത്വവും - വ്യാസന്‍ പറഞ്ഞു; എല്ലാ ഭൂതജാലങ്ങളുടേയും സൃഷ്ടിയെപ്പറ്റി നീ എന്നോട്‌ ചോദിച്ചു. അതിന്റെ പൂര്‍ണ്ണമായ രൂപം ഞാന്‍ പറഞ്ഞു തന്നു. ഇനി ബ്രാഹ്മണന്റെ കര്‍ത്തവ്യത്തെപ്പറ്റി ഞാന്‍ പറയാം. അതു നീ കേള്‍ക്കുക. ജാതകര്‍മ്മം മുതല്‍ അവന്നുള്ള കര്‍മ്മങ്ങള്‍ ദക്ഷിണയോടു കൂടി സമാവര്‍ത്തനം വരെ വേദജ്ഞനായ ഗുരുവില്‍ ചെയ്യുക. ഗുരുശുശ്രൂഷ ചെയ്ത്‌ ഗുരുവിന്റെ അടുത്തു വസിച്ച്‌ വേദങ്ങളൊക്കെ പഠിച്ച്‌ ഗുരുവിന്റെ കടം തീര്‍ത്ത്‌ യജ്ഞവിത്തമന്മാര്‍ സമാവര്‍ത്തനം ചെയ്യുന്നു. അങ്ങനെ യുവാവായ ശിഷ്യന്‍ എല്ലാ ജ്ഞാനവും സമ്പാദിച്ച്‌ വീട്ടിലേക്കു മടങ്ങുന്നു. ഗുരുവിന്റെ സമ്മതം വാങ്ങി നാലാശ്രമങ്ങളില്‍ ഒന്ന്‌ വിധിപ്രകാരം അവന്‍ മരണം വരെ അനുഷ്ഠിക്കണം. വീട്ടില്‍ ചെന്നതിന്നു ശേഷം വിവാഹിതനായി ഭാര്യയോടു കൂടി ഗൃഹസ്ഥാശ്രമം സ്വീകരിച്ച്‌ സന്താനങ്ങളെ ജനിപ്പിച്ച്‌ അങ്ങനെ ലൗകികമായ ജീവിതം തുടരാം. അല്ലെങ്കില്‍ ബ്രഹ്മചര്യത്തില്‍ ജീവിക്കാം. അല്ലെങ്കില്‍ വനവാസിയായി ഗുരുജനങ്ങളുടെ, താപസികന്‍നമാരുടെ കൂടെ ജീവിക്കാം. അല്ലെങ്കില്‍ യോഗാഭ്യാസ മുറകള്‍ ശീലിച്ച്‌ യോഗിയായും കഴിയാം. ഗാര്‍ഹസ്ഥൃമാണ്‌ എല്ലാ ആശ്രമങ്ങള്‍ക്കും മൂലമായി നില്ക്കുന്നത്‌. ഒരു സംയമിയായ ഗൃഹസ്ഥന്‍, എല്ലാ ലൗകിക ബന്ധങ്ങളേയും ജയിച്ചവന്‍ സര്‍വ്വത്ര സിദ്ധനായി ഭവിക്കുന്നു. സന്താനം നേടിയ ബ്രാഹ്മണന്‍ ശ്രോത്രിയനും യജ്വാവുമായാല്‍ അവന്‍ മുന്നു കടവും വീട്ടിയവനായിത്തീരുന്നു. സന്താനം മൂലം പിതൃക്കളുടെ കടവും, വേദാദ്ധ്യയനംമുലം ഋഷിമാരുടെ കടവും, .യജ്ഞാദിബലികര്‍മ്മങ്ങള്‍ മൂലം ദേവന്മാരുടെ കടവും വീട്ടിയവനാകും (അതാണ്‌ മൂന്നു കടങ്ങള്‍). പിന്നെ അവന്‍ മറ്റൊരു പുണ്യതമമായ ആശ്രമത്തെ പരിശുദ്ധനായി സ്വീകരിക്കണം. ഭൂമിയില്‍ ഏറ്റവും പുണ്യമായി തോന്നുന്ന സ്ഥലം തെരഞ്ഞെടുത്ത്‌ അവിടെ താമസമാക്കണം. അവിടെ വസിച്ച്‌ അവരുടെ ഒരു പ്രശസ്തമായ നില കൈവരുത്തുവാനും കീര്‍ത്തി നേടുവാനും യത്നിക്കണം. വലുതായ തപസ്സ്‌, വലിയ ജ്ഞാനം (പല ശാസ്ത്രങ്ങളിലും ജ്ഞാനം) യജ്ഞാദികര്‍മ്മങ്ങള്‍, ദാനം ഇവ കൊണ്ടൊക്കെ കീര്‍ത്തിമാനാകാം. ഏതു കാലത്തോളം ഒരുത്തന്റെ കീര്‍ത്തി നിലനില്ക്കുന്നുവോ ആ കാലത്തോളം അവന് പുണ്യലോകങ്ങളില്‍ സ്ഥാനമുണ്ടായിരിക്കും. അനന്തകാലത്തോളം പുണ്യലോകങ്ങളില്‍ അനന്തകീര്‍ത്തിമാന് വസിക്കുവാന്‍ കഴിയും. വേദം പഠിപ്പിക്കുക, പഠിക്കുക, യജിപ്പിക്കുക, യജിക്കുക എന്നിവയാണ്‌ ബ്രാഹ്മണന്റെ ധര്‍മ്മം. അവന്‍ വെറുതെ പ്രതിഗ്രഹം വാങ്ങുകയോ, വെറുതെ അന്യന്മാര്‍ക്ക്‌ ദാനം ചെയ്യുകയോ ചെയ്യരുത്‌. യജ്ഞത്തില്‍ സഹായിയായി നിന്നിട്ടോ, തന്റെ ശിഷ്യന്റെ കൈയില്‍ നിന്നോ അഥവാ ഒരു കന്യകയുടെ വിവാഹത്തില്‍ പൌരോഹിത്യം വഹിച്ചിട്ടോ, ധാരാളം ധനം കിട്ടിയാല്‍ ആ ധനംകൊണ്ട്‌ യജിക്കുകയോ, സല്‍പ്പാത്രത്തില്‍ ദാനം ചെയ്യുകയോ ചെയ്യാം. താന്‍ തനിച്ച്‌ അത്‌ അനുഭവിക്കരുത്‌. ഗൃഹസ്ഥന് പ്രതിഗ്രഹത്തേക്കാള്‍ ശ്രേഷ്ഠമായ തീര്‍ത്ഥമായി വേറെയൊന്നുമില്ല. ഗൃഹസ്ഥാശ്രമിയായ ബ്രാഹ്മണന്ന്‌ ധനം സമ്പാദിക്കുവാനുള്ള മാര്‍ഗ്ഗം കുറവാണ്‌. അതുകൊണ്ട്‌ ദേവന്മാര്‍ക്ക്‌ ചെയ്യുന്ന യജ്ഞാദികര്‍മ്മങ്ങള്‍ക്കും, ഋഷികള്‍ക്കും, പിതൃക്കള്‍ക്കും, ഗുരുവിന്നും, വാര്‍ദ്ധക്യം ബാധിച്ചവര്‍ക്കും, രോഗബാധിതര്‍ക്കും, വിശക്കുന്നവര്‍ക്കും വേണ്ടി ദാനം വാങ്ങുന്നതില്‍ തെറ്റില്ല. ശത്രുക്കളെ ഭയന്ന്‌ ഒളിച്ചിരിക്കുന്നവര്‍ക്കും മുന്‍പറഞ്ഞ അവശര്‍ക്കും ഇഷ്ടം പോലെ ദ്രവൃദാനവും അന്നദാനവും ആകാം. കഴിവിനേക്കാള്‍ കൂടുതലായി അന്നം ദാനം ചെയ്യണം. 

അര്‍ഹന്മാരായ അനുരൂപന്മാര്‍ക്ക്‌ എന്തു ദാനവും വാങ്ങുന്നതിലും കൊടുക്കുന്നതിലും തെറ്റില്ല. സജ്ജനങ്ങള്‍ക്ക്‌ ഉച്ചൈശ്രവസ്സിനെ (ഇന്ദ്രന്റെ കുതിര) പോലും ദാനമായി വാങ്ങാം എന്ന്‌ നാട്ടില്‍ ഒരു ചൊല്ലുണ്ട്‌. ബ്രാഹ്മണനെ സമ്മതിപ്പിച്ച്‌ ബ്രാഹ്മണന്റെ പ്രാണരക്ഷയ്ക്കു വേണ്ടി തന്റെ പ്രാണനെ ബലികഴിച്ച്‌ മഹാവ്രതനായ "സത്യസന്ധന്‍" സ്വര്‍ഗ്ഗം പ്രാപിച്ചു. സാംകൃതിയുടെ പുത്രനായ രന്തിദേവന്‍ മഹാത്മാവായ വസിഷ്ഠന്ന്‌ ശീതോഷ്ണോദകം നല്കി സ്വര്‍ഗ്ഗത്തില്‍ പൂജയേറ്റു വസിക്കുന്നു. അത്രിയുടെ പുത്രനായ  ഇന്ദ്രദമനന്‍ എന്ന ധീമാനായ രാജാവ്‌ അര്‍ഹനായ ഒരു പുരുഷന് മഹത്തായ ധനം നല്കി. അനന്തമായ ലോകങ്ങള്‍ നേടി ഉശീനരന്റെ പുത്രനായ ശിബി തന്റെ ശരീരത്തേയും തന്റെ പുത്രനേയും ബ്രാഹ്മണര്‍ക്കായി നല്കി സ്വര്‍ഗ്ഗത്തെ നേടി. കാശിരാജാവായ പ്രതര്‍ദ്ദനന്‍ തന്റെ രണ്ടു കണ്ണുകളും വിപ്രന് ദാനം ചെയ്ത്‌ ഇഹത്തിലും പരത്തിലും നശിക്കാത്ത കീര്‍ത്തി നേടി. രാജാവായ ദേവാവൃധന്‍ രാഷ്ട്രത്തോടൊപ്പം ദിവ്യമായ പൊന്‍വില്ലുള്ള കുട യും ദാനം ചെയ്ത്‌ മഹത്തായ സ്വര്‍ഗ്ഗത്തെ നേടി. മഹാശക്തനും ആത്രേയനുമായ സാംകൃതി ശിഷ്യന്മാര്‍ക്ക്‌ നിര്‍ഗ്ഗുണ ബ്രഹ്മത്തെപ്പറ്റി ഉപദേശം നല്കി സ്വര്‍ഗ്ഗത്തെ നേടി. പ്രതാപവാനായ അംബരീഷന്‍ പതിനൊന്നര്‍ബ്ബുദം (ലക്ഷം പോലുള്ള ഒരു സംഖ്യ) പശുക്കളെ രാഷ്ട്രത്തോടൊപ്പം ബ്രാഹ്മണര്‍ക്കു ദാനംചെയ്ത്‌ സ്വര്‍ഗ്ഗം നേടി. സാവിത്രി തന്റെ കുണ്ഡലത്തേയും, ജനമേജയൻ . തന്റെ ശരീരത്തേയും, ബ്രാഹ്മണര്‍ക്കു വേണ്ടി തൃജിച്ച്‌ . മുഖ്യമായ ലോകങ്ങള്‍ പ്രാപിച്ചു. വിദര്‍ഭ രാജ പുത്രനായ യുവനാശ്വന്‍ പല രത്നങ്ങളും മഹത്തായ മന്ദിരവും ദാനം ചെയ്ത്‌ നല്ല പ്രിയപ്പെട്ട സുന്ദരിമാരേയും ദാനം ചെയ്തു സ്വര്‍ഗ്ഗലോകം പ്രാപിച്ചു. വിദേഹരാജാവായ നിമി തന്റെ രാജ്യം (ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്തു. ജമദഗ്നിയുടെ പുത്രനായ രാമന്‍ ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. ഗയന്‍ തന്റെ രാജ്യവും സകല പട്ടണങ്ങളും ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. മേഘങ്ങള്‍ വര്‍ഷിക്കാതിരുന്ന കാലത്ത്‌ ബ്രഹ്മതുല്യ പ്രഭാവനായ വസിഷ്ഠന്‍ കരുണയോടെ ഭൂതങ്ങളെ പ്രജാപതിയെന്ന പോലെ രക്ഷിച്ചു. കൃതാത്മാവും കരന്ധമന്റെ പുത്രനുമായ മരുത്തന്‍ അംഗിരസ്സിന്നു തന്റെ പുത്രിയെ നല്കി സ്വര്‍ഗ്ഗത്തെ നേടി. മഹാബുദ്ധിമാനായ ബ്രഹ്മദത്തന്‍ എന്നു പേരായ പാഞ്ചാല രാജാവ്‌ ശംഖം (വലിയൊരു സംഖ്യ) നിധി ബ്രാഹ്മണര്‍ക്ക്‌ നല്കി മഹാലോകങ്ങള്‍ നേടി. സഹസ്രജിത്ത്‌ എന്ന കീര്‍ത്തിമാനായ രാജര്‍ഷി തന്റെ ഇഷ്ടപ്പെട്ട ജീവനെ ബ്രാഹ്മണര്‍ക്കു വേണ്ടി കൈവെടിഞ്ഞ്‌ മുഖ്യമായ ലോകങ്ങള്‍ നേടി. ദ്യുതിമാന്‍ എന്നു കേള്‍വി കേട്ട പ്രതാപവാനായ സാല്വ രാജാവ്‌, ഋചീകന്ന്‌ തന്റെ രാജ്യം ദാനം ചെയ്തു മുഖ്യമായ ലോകം നേടി. പ്രഭുവായ ലോമപാദന്‍ എന്ന രാജര്‍ഷി തന്റെ പുത്രിയായ ശാന്തയെ ഋഷ്യശ്രുംഗന് നൽകി മഹത്തായ കാമങ്ങളെല്ലാം നേടി. രാജര്‍ഷിയായ മദിരാക്ഷന്‍ സുമദ്ധ്യമ എന്ന തന്റെ പുത്രിയെ ഹിരണ്യഹസ്തന് നല്കി ദേവന്മാര്‍ വാഴ്ത്തുന്ന മഹത്തായ ലോകത്തെ  പ്രാപിച്ചു. അതിതേജസ്വിയായ പ്രസേനജിത്ത്‌ എന്ന രാജര്‍ഷി കിടാങ്ങളോടു കൂടിയ ഒരു ലക്ഷം പശുക്കളെ സല്‍പ്പാത്രത്തില്‍ ദാനം ചെയ്തു മുഖ്യമായ ലോകങ്ങളെ നേടി. 

ഇവരും മറ്റുപല മഹാത്മാക്കളും ജിതേന്ദ്രിയരായി ദാനം, തപസ്സ്‌ എന്നിവയാല്‍ സ്വര്‍ഗ്ഗത്തെ പ്രാപിച്ചു. അവരുടെ കീര്‍ത്തി, ഭൂമി നില്ക്കുന്ന കാലത്തോളം നില്‍ക്കും. എന്തുകൊണ്ടെന്നാല്‍ അവര്‍ ദാനത്താലും യജ്ഞത്താലും സത്സന്താനലാഭത്താലും സ്വര്‍ഗ്ഗത്തെ നേടിയവരാണ്‌. 

അദ്ധ്യായം 235. ശുകാനുപ്രശ്‌നം - കാലമാകുന്ന മഹാനദി കടക്കുവാനുള്ള ഉപായം - വ്യാസന്‍ പറഞ്ഞു: വേദത്തില്‍: പറയുന്ന ത്രയീവിദ്യയും, വേദത്തിന്റെ അംഗങ്ങളും അറിയണം. ആ ജ്ഞാനം ഋക്ക്‌, സാമം, വര്‍ണ്ണം, അക്ഷരം, യജുസ്സ്‌, അഥര്‍വ്വണം എന്നിവയില്‍ അടങ്ങിയിരിക്കുന്നു. ദേവന്മാര്‍ അധിവസിക്കുന്നത്‌ ഷള്‍ക്കര്‍മ്മത്തിലാണ്‌. വേദം ഉച്ചരിക്കുന്നതില്‍ വിദഗ്ദ്ധന്‍മാരും, ആദ്ധ്യാത്മചിന്തയില്‍ വിചക്ഷണന്മാരും, സത്വവാന്മാരുമായ മഹാത്മാക്കള്‍ ഭൂതങ്ങളുടെ ഉല്‍പത്തിക്ഷയങ്ങളെപ്പറ്റി ശരിയായി അറിയുന്നു. അങ്ങനെയുള്ള ദ്വിജന്‍ ധര്‍മ്മം ശരിയായി അനുഷ്ഠിക്കുകയും, ശിഷ്ടന്മാരുടെ മട്ടില്‍ ക്രിയകള്‍ ചെയ്യുകയും, ഭൂതങ്ങളില്‍ അഹിംസാപരന്മാരായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ ഇച്ഛിക്കുകയും ചെയ്യുന്നു. സാത്വികാചാരം അനുഷ്‌ഠിക്കുന്ന ബ്രാഹ്മണന്‍ സജ്ജനസമ്പര്‍ക്കം കൊണ്ട്‌ വിജ്ഞാനം സമ്പാദിക്കുകയും, ശാസ്ത്രം പഠിച്ച്‌ വിചക്ഷണനാവുകയും, ശിഷ്ടനായി സ്വധര്‍മ്മത്താല്‍ കര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യും. ഷള്‍ക്കര്‍മ്മങ്ങളില്‍ നില്ക്കുന്ന അങ്ങനെയുള്ള ദ്വിജന്‍ പഞ്ചയജ്ഞങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. ധൈര്യമുള്ളവനും, പ്രമത്തതയില്ലാത്തവനും, ദാന്തനും, ധര്‍മ്മജ്ഞനും, ആത്മവാനുമായ ബ്രാഹ്മണന്‍ മദം, ഹര്‍ഷം, ക്രോധം, എന്നിവ വെടിഞ്ഞ്‌ കര്‍മ്മം ചെയ്താല്‍ അവന് ഒരിക്കലും അപകര്‍ഷം ബാധിക്കയില്ല. ദാനം, അദ്ധ്യയനം, യജ്ഞം, ഹ്രീ, തപസ്സ്‌, ആര്‍ജ്ജവം, ദമം ഇവ കൊണ്ട്‌ വന്നു ചേരുന്ന തേജസ്സ്‌ പാപത്തെ അകറ്റുന്നതാണ്‌. പാപം നശിച്ച ബുദ്ധിമാന്‍, ലഘുവായി ഭക്ഷണം കഴിച്ച്‌ ജിതേന്ദ്രിയനായി, കാമക്രോധങ്ങള്‍ ജയിച്ച്‌ തപോവൃത്തിയോടെ ബ്രഹ്മപദത്തെ പ്രാപിക്കുവാന്‍ യത്നിക്കണം. അഗ്നിയേയും, വിപ്രരേയും അര്‍ച്ചിക്കുക, ദേവന്മാരെ നമസ്ക്കരിക്കുക, ദുഷ്ടമായ വാക്ക്‌ പറയാതിരിക്കുക, അധര്‍മ്മമായ ഹിംസ ചെയ്യാതിരിക്കുക, ഇവ പണ്ടേ തന്നെ ബ്രാഹ്മണരില്‍ നടപ്പുള്ളതാണ്‌. ബ്രഹ്മാവ്‌ നിശ്ചയിച്ചതുമാണ്‌.  ജ്ഞാനാഗമത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ കര്‍മ്മസിദ്ധനാകും.

പഞ്ചേന്ദ്രിയങ്ങളാകുന്ന ജലം നിറഞ്ഞതും, ഘോരമായ ലോഭം കാരണമായി കടക്കാന്‍ വയ്യാത്തതും, കോപമാകുന്ന ചേറുള്ളതും അപ്രധൃഷ്യവുമായ നദിയെ ബുദ്ധിമാനായ പുരുഷന്‍ നീന്തിക്കയറുന്നു. 

എന്നും വളരെ വളരെ മോഹങ്ങളുണ്ടാക്കുന്ന കാലം വന്നു കയറുന്നത്‌ നോക്കിക്കാണണം. വിധി മഹത്തായി കണ്ടതും, ബലം കൊണ്ടു തടവറ്റതുമായ സ്വഭാവമാകുന്ന ഒഴുക്കേറ്റ്‌ ലോകം എപ്പോഴും മോഹിക്കുന്നു. മഹാകാലമാകുന്ന നദിയുടെ ജലം എന്നും വര്‍ഷച്ചുഴിയോടു ചേര്‍ന്നതാണ്‌. 

പക്ഷമാകുന്ന പാറപ്പുല്ലുകളും, മാസമാകുന്ന തിരയും, ഋതുക്കളാകുന്ന വേഗവും, നിമേഷോന്മേഷങ്ങളാകുന്ന (നിമിഷങ്ങളാകുന്ന, കണ്ണടയ്ക്കലും തുറക്കലുമാകുന്ന) നുരകളും ചേര്‍ന്ന അഹോരാത്രമാകുന്ന ജലത്തോടും, കാമങ്ങളാകുന്ന ഭയങ്കരന്മാരായ മുതലകള്‍ നീന്തിക്കളിക്കുന്നതും, വേദയജ്ഞാദികളായ കപ്പലുകള്‍ സഞ്ചരിക്കുന്നതും, ധര്‍മ്മമാകു ന്ന ദ്വീപോടു കൂടിയതും,  ജീവികള്‍ക്കുള്ള അര്‍ത്ഥകാമങ്ങളാല്‍ കലങ്ങി മറിഞ്ഞ ജലത്തോടു കൂടിയതും, സത്യവാക്ക്‌, മോക്ഷം എന്നീ തീരങ്ങളോടു കൂടിയതും, ഹിംസയാകുന്ന മഹാവൃക്ഷങ്ങള്‍ കടപുഴകി വീണ്‌ ഒഴുകുന്നതും, യുഗരഹ്രദങ്ങളാകുന്ന ഓഘത്തോടു (ഒഴുക്കോടു) കൂടിയതും, നടുവില്‍ ബ്രഹ്മം നില്ക്കുന്ന മട്ടുള്ള ഭവത്താല്‍ (സംസാരത്താല്‍) ബ്രഹ്മാവ്‌ സൃഷ്ടിച്ച ഭൂതങ്ങള്‍ ആ നദിയില്‍ (കാലമാകുന്ന നദിയില്‍) പെട്ട്‌ യമധര്‍മ്മരാജാവിന്റെ പുരിയിലേക്ക്‌ ഒഴുകുകയാണ്‌. ധീരനും ബുദ്ധിമാനുമായ പുരുഷന്‍, ബുദ്ധിയായ വഞ്ചി കൊണ്ട്‌ ആ ഘോരമായ പുഴയെ തുഴഞ്ഞ്‌ മറുകരയെത്തുന്നു. ബുദ്ധികെട്ട പുരുഷന്മാര്‍ തുഴഞ്ഞു കയറാന്‍ പറ്റാതെ അതില്‍ ഒഴുകിപ്പോവുകയല്ലാതെ എന്തു ചെയ്യും? പ്രാജ്ഞനായ പുരുഷന്‍ കയറും. ബുദ്ധികെട്ടവന്‍ കയറുകയില്ല എന്നതാണു കഥ. പ്രാജ്ഞന്‍ ദൂരെ നിന്നുകൊണ്ടു തന്നെ ഗുണദോഷങ്ങള്‍ കണ്ടു മനസ്സിലാക്കും. കണ്ടതിലെല്ലാം മോഹിക്കുന്ന ചപലന്‍, അൽപ ബുദ്ധിയായ പുരുഷന്‍, കാമാത്മാവ്‌ സംശയത്തിലാകുന്നു. അങ്ങനെയുള്ളവന്‍ സംസാരസാഗരം കടക്കുവാന്‍ പോകുന്നില്ല. ഇരിക്കുന്നവന്ന്‌ എങ്ങനെ ദൂരം പിന്നിടാന്‍ കഴിയും? മോഹത്തില്‍ മുഴുകിയവന്ന്‌, വഞ്ചിയില്ലാത്തവന്ന്‌, പുഴയെങ്ങനെ കടക്കാന്‍ കഴിയും? അവന്‍ മോഹതാപങ്ങളില്‍ കുടുങ്ങിക്കഴിയും. കാമമാകുന്ന ചീങ്കണ്ണി വന്ന്‌ പിടിച്ചവന്ന്‌ ജ്ഞാനം എങ്ങനെ തോണിയായിത്തീരുന്നു? അതുകൊണ്ട്‌ കര്‍മ്മഗുണം കൊണ്ടു പൊങ്ങുവാന്‍ തന്നെ പുരുഷന്‍ യത്നിക്കണം. പൊങ്ങുവാന്‍ ഉദ്ദേശിക്കുന്ന ദ്വിജന് ബ്രാഹ്മണത്വം പാലിക്കുക എന്നതാണ് പൊങ്ങല്‍. 

ശുദ്ധമായ കുലത്തില്‍ പിറന്നവന്‍, ത്രിസന്ദേഹന്‍ അതായത്‌ വേദം പഠിപ്പിക്കുക, യജ്ഞത്തില്‍ സഹായിയായി കര്‍മ്മങ്ങള്‍ ചെയ്യുക, ദക്ഷിണ വാങ്ങുക എന്നിവയില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറുകയും പഠനവും വ്രതവും ദാനവും ഇവ മൂന്നും കൈക്കൊള്ളുകയും ചെയ്യുക, അങ്ങനെയുള്ളവന് ആ മഹാനദിയില്‍ താഴാതെ പൊങ്ങി നടക്കുവാന്‍ കഴിയും. അങ്ങനെയുള്ള പുരുഷന്ന്‌ ആ സംസാരനദി ബുദ്ധിയുടെ തുഴ കൊണ്ടു കടക്കുവാന്‍ കഴിയും. സ്വഭാവശുദ്ധിയും, ആത്മസംയമനവും, ജ്ഞാനവും നേടിയവന് ഇഹത്തിലും പരത്തിലും ലഭിക്കേണ്ടതൊക്കെ സിദ്ധിക്കും. 

ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്ന ബ്രാഹ്മണന്‍, കോപവും അസൂയയും കൈവിടണം. അഞ്ചു കര്‍മ്മങ്ങളില്‍ ദേവന്മാരെ ആരാധിക്കണം. ഭൃത്യന്മാർക്കു പോലും കൊടുത്തിട്ടേ താന്‍ ഭക്ഷിക്കാവു. സദ്ധര്‍മ്മങ്ങളെ ചെയ്തു ശിഷ്ടന്മാരെപ്പോലെ ക്രിയകള്‍ ചെയ്യുക. ലോകത്തില്‍ പീഢ കൂടാതെ ശ്ലാഘ്യമായ കര്‍മ്മത്തിന്ന്‌ ഒരുങ്ങുക. ശ്രുതവിജ്ഞാനസമ്പന്നനായി, ശിഷ്ടാചാരനായി, വിചക്ഷണനായി, സ്വധര്‍മ്മം കൊണ്ട്‌ ക്രിയാവാനുമായിരിക്കുന്നവന്‍ കര്‍മ്മസങ്കരത്തില്‍ പെടുന്നതല്ല. ക്രിയ ശ്രദ്ധയോടെ ചെയ്യുന്ന ദാന്തനായവനും പ്രാജ്ഞനും, ഈര്‍ഷ്യയില്ലാത്തവനും, ധര്‍മ്മവും അധര്‍മ്മവും തിരിച്ചറിയുന്ന വിശേഷജ്ഞാനമുള്ളവനുമായ പുരുഷന്‍ ഏതു ദുര്‍ഘടത്തേയും തരണം ചെയ്യും. ധൈര്യമുള്ളവനും, അപ്രമത്തനും, ദാന്തനും, ധര്‍മ്മജ്ഞനും. ക്രോധം, ഇവ വിട്ടവനുമായ ബ്രാഹ്മണന്‍ ഒരിക്കലും താഴ്‌ന്നു പോവുകയില്ല. ഈ വൃത്തി പണ്ടേതന്നെ നടപ്പുള്ളതാണ്‌. ബ്രാഹ്മണന്നു ബ്രഹ്മാവ്‌ നിശ്ചയിച്ചതുമാണ്‌. ജ്ഞാനാഗമങ്ങളനുസരിച്ച്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ സര്‍വ്വസിദ്ധനാകുന്നു. സമര്‍ത്ഥനല്ലാത്തവന്‍, ബോധമില്ലാത്തവന്‍ ധര്‍മ്മം കാംക്ഷിച്ച്‌ അധര്‍മ്മം ചെയ്യും. അവന്‍ അധര്‍മ്മാകാരമായ ധര്‍മ്മത്തെ പുകഴ്‌ത്തിപ്പറയും. ധര്‍മ്മം തിരിച്ചറിയാത്ത വിഡ്ഡി ഞാന്‍ ഇതാ ധര്‍മ്മം ചെയ്യുന്നു എന്നു പറഞ്ഞ്‌ അധര്‍മ്മം ചെയ്യും. ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിയാത്തവന്‍ തെറ്റുകള്‍ ചെയ്ത്‌ സംസാരത്തില്‍ കിടന്നുലഞ്ഞ്‌ ജനന മരണങ്ങള്‍ക്കു പാത്രമായി ഉഴലുന്നു. 

അദ്ധ്യായം 236. ശുകാനുപ്രശ്‌നം - ജ്ഞാനത്തില്‍നിന്ന്‌ മോക്ഷപ്രാപ്തി -- വ്യാസന്‍ പറഞ്ഞു: മോക്ഷപ്രാപ്തിക്കാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ജ്ഞാനം സമ്പാദിക്കുക തന്നെ വേണം. ഒരു മനുഷ്യന്‍ ജന്മമെടുത്ത്‌ കാലത്തിന്റെ പ്രവാഹത്തില്‍ മുങ്ങിയും പൊങ്ങിയും കാലത്തിനൊപ്പം സഞ്ചരിച്ചു പോകുമ്പോള്‍ അവനെ ബ്രഹ്മത്തിലേക്ക്‌, മറുകരയ്ക്ക്‌ എത്തിക്കുന്നത്‌ ജ്ഞാനമാകുന്ന പ്ലവമാണ്‌, അറിവാകുന്ന തോണിയാണ്‌. പ്രജ്ഞയായ പ്ലവത്തില്‍ക്കയറിയ ധീരന്മാര്‍ അജ്ഞരേയും കാലപ്രവാഹത്തില്‍ നിന്ന്‌ പിടിച്ചുകയറ്റും. അജ്ഞനു തന്നെയോ മറ്റൊരുത്തനേയോ ആ ഒഴുക്കിനെതിരെ നിന്നു പിടിച്ച്‌ മറുകരയ്ക്കെത്തിക്കുവാന്‍ കഴികയില്ല. ജ്ഞാനിക്കു മാത്രമേ അവന്റെ ബുദ്ധിയായ പങ്കായം കൊണ്ടു തുഴഞ്ഞ്‌ എത്തിക്കുവാന്‍ കഴിയുകയുള്ളു. സ്വഭാവശുദ്ധി, ആത്മസംയമനം, സല്‍ക്കര്‍മ്മം എന്നിവയുള്ളവന്റെ മനസ്സ്‌ അവന്‍ വിചാരിച്ചമട്ടില്‍ അധീനമായി നില്ക്കും. അങ്ങനെയുള്ള ബുദ്ധിമാന്‍ തീര്‍ച്ചയായും ഇഹത്തിലും പരത്തിലും വിജയിയാകും. അവന്‍ പന്ത്രണ്ടു യോഗകാര്യങ്ങളില്‍ മനസ്സുവെയ്ക്കണം. മുഖ്യമായ ജ്ഞാനം കാംക്ഷിക്കുന്ന അവന്‍ ദേശം, കര്‍മ്മം, സക്തി, അര്‍ത്ഥം, ഉപായം, അപായം എന്നിവ കണ്ടറിഞ്ഞ്‌ നയനാഹാര സംഹാരങ്ങളാല്‍ ഉള്ളു കൊണ്ടു ധരിച്ച്‌ വാക്ക്‌, മനസ്സ്‌, ബുദ്ധി എന്നീ മൂന്നിനേയും ജയിക്കണം. ആത്മശാന്തി ഇച്ഛിക്കുന്നവന്‍ ജ്ഞാനം കൊണ്ട്‌ ആത്മാവിനെ ജയിക്കണം, അടക്കണം. ഇവ കാണുന്നവനാണെങ്കില്‍ ആ പുരുഷന്‍ ക്രൂരനായാലും, സര്‍വ്വ വേദജ്ഞനായാലും, വേദജ്ഞാനമില്ലാത്ത ദ്വിജനായാലും, ധര്‍മ്മിഷ്ഠനായ യജ്വാവായാലും, മഹാപാപിഷ്ഠനായാലും, പുരുഷവ്രാഘ്രനായാലും, ക്ലേശം ഏല്ക്കുന്നവനായാലും അവന്‍ മുന്‍ പറഞ്ഞ മട്ടില്‍ പ്രവര്‍ത്തിക്കുന്നതായാല്‍ ജരയും മൃത്യുവും ചേര്‍ന്ന ദുര്‍ഗ്ഗമായ മഹാസമുദ്രം തരണം ചെയ്യും. യോഗത്തെ പ്രാപിച്ചവന്‍ ജിജ്ഞാസുവായാലും ശബ്ദബ്രഹ്മത്തെ കടക്കുന്നതാണ്‌. യോഗത്താല്‍ ബ്രഹ്മപ്രാപ്തിയുടെ ഫലം എന്തെന്ന്‌ പ്രഖ്യാപിക്കാതെ ആത്മാവിനെക്കുറിച്ച്‌ അന്വേഷണം നടത്തുന്നവനായ യോഗി വേദത്തില്‍ പറഞ്ഞ കര്‍മ്മാനുഷ്ഠാനം ചെയ്യുന്നതിനേക്കാള്‍ ഉപരിയായ നിലയിലേക്ക്‌ ഉയരുന്നു. 

ജീവന്‍ സ്ഥിതി ചെയ്യുന്ന ശ്രരീരം ഒരു ദിവ്യമായ രഥമാണ്‌. ധര്‍മ്മം ആ തേരിന്റെ ഉപ്സ്ഥമാണ്‌ (തട്ട്‌). ഹ്രീ (ലജ്ജ) അതിന്റെ വരുഥമാണ്‌ (മറവ്‌). ഉപായവും അപായവും അതിന്റെ കൂബരമാണ്‌. അപാനവായു അതിന്റെ അക്ഷമാണ്‌ (അച്ചുതണ്ട്‌). പ്രാണവായു അതിന്റെ നുകമാണ്‌. പ്രജ്ഞയും ആയുസ്സും അതിന്റെ അമിക്കയറാണ്‌. ശ്രദ്ധാചൈതന്യം അതിന്റെ ബന്ധുരമാണ്‌. നല്ല ശീലഗുണം അതിന്റെ നേമി (ടയറ്‌) ആകുന്നു. ദര്‍ശനം, ഘ്രാണം, ശ്രവണം എന്നീ നാലും അതിന്റെ കുതിരകളാണ്‌. ബുദ്ധി അതിന്റെ നാഭിയാണ്‌. തന്ത്രങ്ങള്‍ അതിന്റെ പ്രതോദമാണ്‌. വേദജ്ഞാനം അതിന്റെ സാരഥിയാണ്‌. ആത്മാവ്‌ (ക്ഷേത്ര ജ്ഞന്‍) ഉറച്ച്‌ അതിലിരിക്കുന്ന നായകനാണ്‌. ശ്രദ്ധയും ആത്മസംയമനവും അതിന്റെ മുമ്പെ നടക്കുന്ന അകമ്പടിക്കാരാണ്‌. ത്യാഗം ചേര്‍ന്നിരിക്കുന്ന കൂട്ടുകാരനായി പിന്നില്‍ നന്മ ചെയ്യുന്ന അകമ്പടിക്കാരനാണ്‌. പരിശുദ്ധി അതിന്റെ സഞ്ചാര മാര്‍ഗ്ഗമാണ്‌. ധ്യാനം അതിന്റെ ഗോചരമാണ്‌. ബ്രഹ്മാവുമായുള്ള ഐക്യമാണ്‌ യാത്രയുടെ ലക്ഷ്യസ്ഥാനം. ഇങ്ങനെയുള്ള ദിവ്യരഥത്തില്‍ യാത്ര ചെയ്ത്‌ ആ ജീവനിരിക്കുന്ന ദിവ്യരഥം ബ്രഹ്മലോകത്തെത്തി പ്രശോഭിക്കുന്നതാണ്‌. 

ഇപ്രകാരം എല്ലാവിധത്തിലും പൂട്ടി വിട്ടതായ രഥം അക്ഷരത്തില്‍ (നാശമില്ലായ്മയില്‍) എത്തുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ ആ പ്രാപ്യസ്ഥാനത്തില്‍ അതിവേഗത്തിലെത്തിച്ചേരാനുള്ള വിധി എന്തെന്ന്‌ ഞാന്‍ ഇനി പറയാം. ഒരു സമയത്ത്‌ ഒരേയൊരു വസ്തുവില്‍ മനസ്സ്‌ ഏകാഗ്രമായി നിറുത്തുന്നതിനെ ധാരണ എന്നു പറയുന്നു. യോഗി ഏഴു ധാരണകളുമെടുക്കുന്നു. ഒരു വസ്തുവില്‍ ഒരേ സമയത്ത്‌ മനസ്സിനെ നിറുത്തുക എന്നതാണു ധാരണ. പിന്നിലും പാര്‍ശ്വത്തിലും അടുത്തും അകലേയുമായി വേറെ ധാരണകളുണ്ട്‌. ക്രമപ്രകാരം ഭൂമി, വായു, ആകാശം, ജലം, ജ്യോതിസ്സ്‌, അഹങ്കാരബുദ്ധി ഇവയ്ക്കുള്ള ഐശ്വര്യം നേടും. പിന്നെ അവ്യക്തത്തിന്റെ ഐശ്വര്യവും ക്രമത്താല്‍ കൈവരും. ഇത്‌ യോഗത്തില്‍ ലയിക്കുന്നവന്റെ നിയമമാണ്‌. വേണ്ട പോലെ യോഗത്തില്‍ ലയിക്കുന്നവന്റെ അനുഭൂതിയനുസരിച്ച്‌ ക്രമത്തില്‍ പറയാം. അങ്ങനെ യോഗത്തില്‍ ലയിക്കുന്നവന്ന്‌, സ്വന്തം ആത്മാവിനെ നോക്കുന്നവന്ന്‌, ഉണ്ടാകുന്ന അനുഭൂതിയേയും പറയാം. ഗുരുവിന്റെ ഉപദേശമനുസരിച്ച്‌ നില്ക്കുന്ന യോഗി സ്ഥൂലശരീരം വിട്ട്‌ സൂക്ഷ്മമായി തന്റെ ആത്മാവിനെ കാണുന്നു. സൂക്ഷ്മമായി മഞ്ഞിന്റെ മൂടല്‍ ആകാശത്തു പരന്നമാതിരി, ദേഹത്തില്‍ നിന്നു വിമുക്തനാകുന്നവന്ന്‌ തന്റെ ആത്മാവിനെ കാണുവാന്‍ കഴിയും. ആ ധൂമത്തിന്റെ ഭാവം അടങ്ങുമ്പോള്‍ രണ്ടാമത്തെ രൂപത്തിന്റെ പ്രദര്‍ശനം സാധിക്കും. ആകാശത്ത്‌ ജലത്തിന്റെ രൂപം പോലെ അത്‌ ആത്മാവില്‍ കാണും. ജല രൂപം വിട്ടാല്‍ പിന്നെ ആത്മാവില്‍ അഗ്നിയുടെ രൂപം കാണും. അതും വിട്ടാല്‍ പിന്നെ തിളങ്ങുന്ന, കാച്ചിമിനുക്കിയ ആയുധം പോലെ തിളങ്ങുന്ന, വായു വെളിവായിക്കാണും. അവന്റെ രുപം മാറാമ്പല്‍ പോലെ തെളിഞ്ഞു കാണും. പിന്നെ, വെള്ള നിറമായി വായു രൂപത്തില്‍ അത്‌ കാണാവുന്നതാണ്‌. അപ്പോള്‍ ബ്രാഹ്മണന്റെ ആത്മാവ്‌ മഹത്തായ വെണ്മയും വായുവിന്റെ സൂക്ഷ്മതയും പ്രാപിക്കുന്നതായി പറയുന്നു. ഇനി, ഇത്തരം രൂപഭേദങ്ങള്‍ ഉണ്ടാക്കുന്ന ഫലജാലങ്ങളെ പ്രതിപാദിക്കാം. 

പാര്‍ത്ഥിവമായ ഐശ്വര്യം ചേര്‍ന്നവനായ യോഗിക്ക്‌ സൃഷ്ടി നടത്താനുള്ള കഴിവുണ്ടാകും. പ്രജാപത്യാഭനായ ആ അക്ഷോഭ്യൻ പ്രജാവ്രജത്തെ സൃഷ്ടിക്കും. വെറും പെരു വിരല്‍ത്തുമ്പാലോ, ഒറ്റക്കയ്യാലോ, കാലു കൊണ്ടോ, താനേ ഭൂമി കുലുക്കുവാന്‍, വായുവിന്റെ ഐശ്വര്യം നേടിയവന് കഴിയുമെന്ന്‌ ശ്രുതി പറയുന്നു. പിന്നെ ആകാശത്തെ ജയിച്ചവന്‍ ആകാശത്തില്‍ സാവര്‍ണ്യം കൊണ്ട്‌ തെളിയും, ഇഷ്ടം പോലെ മറവിലാകും. ജലത്തെ ജയിച്ചവന്‌ ജലാശയത്തെ അഗസ്ത്യനെപ്പോലെ കുടിക്കാന്‍ കഴിയും. തേജസ്സിനെ ജയിച്ചവന് തൈജസമായ രൂപം അത്യുഗ്രമായി വരും, കാണുകയില്ല. ആ രൂപം ആര്‍ക്കും നോക്കാന്‍ പോലും പറ്റില്ല. ആ തേജസ്സ്‌ ശമിച്ചതിന്നു ശേഷമേ കാണാന്‍ പറ്റൂ. പഞ്ചഭൂതങ്ങളുടെ ആത്മാവായ അഹങ്കാരത്തെ .ജയിച്ചവന്‍ സര്‍വ്വശക്തനാകും. അവന് നിര്‍ദ്ദോഷമായ പ്രതിഭ ഉദിക്കും. അപ്രകാരം വ്യക്താത്മാവിനെ വ്യക്തിത്വത്തോടെ അവന്‍ ഏല്ക്കും. . 

ലോകം എന്തില്‍നിന്നുത്ഭവിച്ചുവോ അതാണ്‌ വൃക്തമെന്ന പേരില്‍ അറിയപ്പെടുന്നത്‌. അതിലെ അവ്യക്തമായ വിദ്യയെപ്പറ്റി ഞാന്‍ വിശദീകരിക്കാം. ആദ്യം വ്യക്തമെന്ന്‌ സാംഖ്യയോഗം പറയുന്നത്‌ വിവരിക്കാം. യോഗത്തിലും, സാംഖ്യത്തിലും രണ്ടിലും ഇരുപത്തിയഞ്ചു തുല്യതത്ത്വങ്ങളുണ്ട്‌. അതിലുള്ള വിശേഷമെന്തെന്നു പറയാം. അത്‌ നീ കേട്ടുകൊള്ളുക. 

വ്യക്തമെന്നു പറഞ്ഞത്‌ ഉണ്ടാവുകയും, വളരുകയും, പഴകുകയും, നശിക്കുകയും ചെയ്യും. ഇവ നാലും വ്യക്തത്തിന്റെ ലക്ഷണമാണ്‌. ഇതിന്നു വിപരീതമായിക്കാണുന്നത്‌ അവ്യക്തമാണ്‌. വേദസിദ്ധാന്തങ്ങളില്‍ രണ്ടുവിധം ആത്മാവിനെപ്പറ്റി പറയുന്നു. ജീവാത്മാവ്‌ ചതുര്‍ലക്ഷണജമാണ്‌ - ആദ്യം പറഞ്ഞ നാലുഗുണങ്ങള്‍ (ലക്ഷണങ്ങള്‍), ഈ ലക്ഷണങ്ങള്‍ക്ക്‌ നാലു ലക്ഷ്യവുമുണ്ട്‌. ഇതിനെ (ജീവാത്മാവിനെ) വൃക്തമെന്നു പറയുന്നു. ഇത്‌ അവൃക്തത്തില്‍ നിന്നുമാണ്‌ ഉണ്ടാകുന്നത്‌. ഇത്‌ ചേതനവുമാണ്‌, അചേതനവുമാണെന്ന്‌ അറിയണം. സത്വം എന്നതും ക്ഷേത്രജ്ഞന്‍ എന്നതും, രണ്ടിനേയും ഞാന്‍ പറഞ്ഞു. രണ്ടാത്മാവും വിഷയങ്ങളില്‍ തമ്മില്‍ രഞ്ജിക്കുന്നു എന്ന്‌ വേദത്തില്‍ പറയുന്നു. സാംഖ്യന്മാരുടെ തത്ത്വപ്രകാരം ഇന്ദ്രിയാസക്തിയില്‍ നിന്ന്‌ വിമോചിതനാകണം മനുഷ്യന്‍. നിര്‍മ്മമന്‍, നിരഹങ്കാരന്‍, നിര്‍ദ്വന്ദ്വന്‍, ഛിന്നസംശയന്‍ - ഈ ഗുണത്തോടു കൂടിയ യോഗി ക്രോധിക്കയില്ല. ദ്വേഷം ഏല്ക്കുകയില്ല. പൊളി പറയുകയില്ല. ശകാരിച്ചാലും തല്ലിയാലും സ്‌നേഹിക്കും. അശുഭം പറയുകയില്ല.

നാക്ക്‌, കര്‍മ്മം, ചിത്തം എന്നിവയുടെ പാരുഷ്യം ഇവ മൂന്നും ഒഴിഞ്ഞവന്‍ സര്‍വ്വ ഭൂതത്തിലും തുല്യനാണ്‌. അവന്‍ ബ്രഹ്മത്തില്‍ ചെന്നെത്തുന്നതാണ്‌. ഭൂമിയില്‍ കഴിയുവാന്‍ വേണ്ടി നില്ക്കുവാന്‍ അവന്‍ ,ഇച്ഛിക്കയില്ല. അലുബ്ധന്‍, അവ്യയന്‍, ദാന്തന്‍, കാര്യമുള്ളവന്‍, അകാര്യവാന്‍, അനേകാഗ്രേന്ദ്രിയനല്ലാത്തവന്‍, അനാക്ഷിപ്തമനോരഥന്‍, സര്‍വ്വ ഭൂതസമന്‍, മൈത്രന്‍, പൊന്നിന്‍കട്ടയിലും മണ്‍കട്ടയിലും സമഭാവനയുള്ളവന്‍, പ്രിയത്തിലും  അപ്രിയത്തിലും തുല്യന്‍, ധീരന്‍, സ്തുതിനിന്ദകളില്‍ സമന്‍, കാമമൊന്നും കൊതിക്കാത്തവന്‍, ബ്രഹ്മചര്യത്തില്‍ ദൃഢമായ വ്രതത്തോടു കൂടിയവന്‍, സര്‍വ്വഭൂതാഹിംസ്രന്‍, ഇങ്ങനെയുള്ള സാംഖ്യന്‍ ബ്രഹ്മം പ്രാപിക്കുന്നു. എന്തു ഹേതുക്കളാല്‍, എന്തു യോഗത്താല്‍ മുക്തി ലഭിക്കും, എങ്ങനെ ലഭിക്കും എന്നുള്ളതും ഞാന്‍ പറയാം. യോഗൈശ്വര്യം സിദ്ധിച്ചവന്‍ സര്‍വ്വവും വിട്ട്‌ വിമുക്തനാകും. എല്ലാ ദ്വന്ദ്വഭാവവും വിട്ട്‌ അവന്‍ മുക്തനാകും. യോഗവും സാംഖ്യവും വ്യത്യസ്തമായി കരുതുന്നു; പക്ഷേ, രണ്ടും ഒന്നു തന്നെ. യോഗത്താലും സാംഖ്യത്താലും മനുഷ്യന്‍ നിര്‍ദ്വന്ദനായി ബ്രഹ്മാവസ്ഥയില്‍ നിസ്സംശയം എത്താവുന്നതാണ്‌.

അദ്ധ്യായം 237. ശുകാനുപ്രശ്‌നം - ബുദ്ധിയുടെ പ്രാധാന്യം, പ്രാണികളുടെ ശ്രേഷ്ഠതയില്‍ താരതമ്യം - വ്യാസന്‍ പറഞ്ഞു; സംസാരസമുദ്രത്തില്‍ മുങ്ങിപ്പൊങ്ങുന്ന നരന്‍ ആത്മശാന്തിമയമായ ജ്ഞാനപ്ലവത്തെ ധൈര്യത്തോടെ പിടിച്ചു കയറണം. ജ്ഞാനത്തെത്തന്നെ ആശ്രയിച്ചേ ഈ മഹാസമുദ്രത്തിന്റെ മറുകരയെത്തുവാന്‍ കഴിയു. 

ശുകന്‍ പറഞ്ഞു: എന്താണ്‌ ആ ജ്ഞാനം? രണ്ടും കയറിക്കടക്കുവാന്‍ എന്തു ചെയ്യണം? ധര്‍മ്മം പ്രവൃത്തി ചിഹ്നമാണോ? അതോ നിവൃത്തിയോ? അങ്ങ്‌ വ്യക്തമാക്കിയാലും! വ്യാസന്‍ പറഞ്ഞു: പ്രകൃതിയുടെ സ്വഭാവമല്ലാതെ ജീവന്ന്‌ മറ്റൊന്നും അവലംബമില്ലെന്നും, എല്ലാം ഉണ്ടാകുന്നതും, നിലനില്ക്കുന്നതും, മറ്റെന്തും സംഭവിക്കുന്നതും അതാത ന്റെ പ്രകൃതി സ്വഭാവമനുസരിച്ചു മാത്രമാണെന്നും, അതിനെ നിയന്ത്രിക്കുന്നതിന്നും നടത്തുന്നതിന്നും പ്രകൃതിക്കതീതമായി മറ്റൊരു ശക്തിയുമില്ലെന്നും വിശ്വസിക്കുന്നത് മൂഢത്വമാണ്‌. അതു ബുദ്ധിയില്ലായ്മ കൊണ്ടു പറയുന്നതാണ്‌. മനുഷ്യന്റെ പ്രജ്ഞ കൊണ്ടാണ്‌ എല്ലാം പോഷിക്കുന്നത്‌. വെറും പ്രകൃതി സ്വഭാവം കൊണ്ടാണെന്നു പറയുന്ന ലോകായത സിദ്ധാന്തവും ഒന്നുമില്ലെന്നു പറയുന്ന നാസ്തിക വാദവും ശരിയല്ല. സ്വഭാവം ഒന്നു കൊണ്ടു മാത്രം മനുഷ്യന്ന്‌ ഒന്നും നേടാന്‍ കഴിയുകയില്ല. ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചേ കഴിയു. നാം വീടു പണിയുന്നതും, കട്ടിലും കിടക്കയും ഉണ്ടാക്കുന്നതും, മറ്റ്‌ ഉപകരണങ്ങള്‍ ഉണ്ടാക്കി സുഖമായി വസിക്കുന്നതും, പ്രകൃതിയുണ്ടാക്കിത്തരുന്നതല്ല. നാം നമ്മുടെ ബുദ്ധി കൊണ്ട്‌ ജ്ഞാനം സമ്പാദിച്ചു ചെയ്യുന്നതാണ്‌. അവിടെ നാസ്തികന്മാരുടേയും, ലോകായതന്മാരുടേയും പ്രകൃതിവാദത്തിന്ന്‌ യാതൊരു പ്രസക്തിയുമില്ല. മനുഷ്യന്‍ പ്രജ്ഞ കൊണ്ട്‌ എന്തെല്ലാം ചെയ്യുന്നു. കൃഷിപ്പണി, ഗൃഹനിര്‍മ്മാണം, ഇരിപ്പിടം, ശയ്യ, വസ്ത്രം മുതലായവയുടെ നിര്‍മ്മാണം. ഇവയെല്ലാം പ്രജ്ഞയുള്ള പുരുഷന്റെ കര്‍മ്മങ്ങളാണ്‌. പ്രകൃതിയുടേയല്ല. ക്രീഡാഗാരങ്ങള്‍ നിര്‍മ്മിക്കുക, രോഗത്തിന് തക്ക മരുന്നുകള്‍ കണ്ടുപിടിക്കുക. ഇവയൊക്കെ പ്രജ്ഞയുള്ളവന്റെ കര്‍മ്മമാണ്‌. പുരുഷ പ്രയത്നമാണ്‌. പ്രകൃതിയുടെ സ്വഭാവമനുസരിച്ച്‌ ഉണ്ടാകുന്നതല്ല. പ്രജ്ഞ എന്തൊക്കെ ചെയുന്നു? ധനം സമ്പാദിക്കുന്നു. 'ശ്രേയസ്സു നല്കുന്നു. ബുദ്ധിമാന്മാരായ രാജാക്കന്മാര്‍ രാജ്യം പിടിച്ചടക്കി ഭരിക്കുന്നു. ജീവികളുടെ ഉച്ചനീചത്വവും ബുദ്ധിഗുണത്തെ അടിസ്ഥാനമാക്കി തന്നെയാണ്‌ കാണപ്പെടുന്നത്‌. വിദ്യയാല്‍ സൃഷ്ടികള്‍ നടത്തുന്നവര്‍ക്ക്‌ തുല്യരായി ആരുണ്ട്‌? എല്ലാറ്റിന്നും ആശ്രയം വിദ്യയാകുന്നു. പലേമട്ടിലുള്ള എല്ലാ ജീവികള്‍ക്കും നാലു വിധത്തിലാണ്‌ ജന്മം. ജരായുജങ്ങള്‍, അണ്ഡജങ്ങള്‍, ഉല്‍ഭിജ്ജങ്ങള്‍, സ്വേദജങ്ങള്‍ ഇങ്ങനെയാണ്‌ നാലുവിധം. അചരങ്ങളേക്കാള്‍ മേന്മ കുടിയത്‌ ചരങ്ങളാണ്‌. അതില്‍ വിശേഷബുദ്ധിയുള്ള നിന്റെ കാര്യം കുറേക്കൂടി മെച്ചപ്പെട്ടതാണല്ലോ. കാലുകള്‍ ധാരാളമുള്ള ജംഗമങ്ങള്‍ തന്നെ രണ്ടു വിധമുണ്ട്‌. വളരെ കാലുള്ളവയേക്കാള്‍ മെച്ചപ്പെട്ടത്‌ രണ്ടു കാലുള്ളവയാണ്‌. കാല്‌ രണ്ടുള്ളവയും രണ്ടു വിധമുണ്ട്‌. ഭൂമിയില്‍ സഞ്ചരിക്കുന്നവയും, ആകാശത്തില്‍ സഞ്ചരിക്കുന്നവയും. ഇതില്‍ ഭുമിയിലുള്ളവ മറ്റേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്‌. എന്തു കൊണ്ടെന്നാല്‍ അവ അന്നം ഭക്ഷിച്ചാണ്‌ ജീവിക്കുന്നത്‌. മന്നിലുള്ളവ തന്നെ മദ്ധ്യമം, ഉത്തമം എന്ന മട്ടില്‍ രണ്ടു തരമുണ്ട്‌. അതില്‍ മദ്ധ്യമങ്ങള്‍ ജാതിധര്‍മ്മം ധരിക്കുകയാല്‍ മറ്റേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്‌. മദ്ധ്യമങ്ങള്‍തന്നെ. രണ്ടുണ്ട്‌. ധര്‍മ്മം കണ്ടവയും കാണാത്തവയും. ധര്‍മ്മം കണ്ടവ കാര്യാകാര്യനിശ്ചയം മൂലം കാണാത്തവയേക്കാള്‍ മെച്ചപ്പെട്ടവയാണ്‌. ധര്‍മ്മം കണ്ടവയില്‍ത്തന്നെ രണ്ടുതരമുണ്ട്‌. വേദം കണ്ടവയും വേദം കാണാത്തവയും. വേദം കണ്ടവയാണ്‌ മെച്ചപ്പെട്ടത്‌. എന്തുകൊണ്ടെന്നാല്‍, വേദം അവരിലാണല്ലോ നില്ക്കുന്നത്‌. വേദം കണ്ടവയില്‍ത്തന്നെ രണ്ടുണ്ട്‌. ഒന്ന്‌ വേദം പഠിപ്പിക്കുന്നവയും, മറ്റേത്‌ വേദം പഠിപ്പിക്കാത്തവയും. ധര്‍മ്മം എല്ലാം ഗ്രഹിച്ചവരായതുകൊണ്ട്‌ വേദം പഠിപ്പിക്കുന്നവര്‍ കൂടുതല്‍ മെച്ചപ്പെട്ടവരാണ്‌. ധര്‍മ്മ ക്രിയാഫലങ്ങളോടു കൂടിയ വേദം കാണാത്തവ മെച്ചപ്പെട്ട കൂട്ടത്തിലല്ല. ധര്‍മ്മമയമായ വേദം വേദാദ്ധ്യാപകനില്‍നിന്നു പുറപ്പെട്ടതാണ്‌. 

ഇനി വേദം പഠിപ്പിക്കുന്നവര്‍ തന്നെ രണ്ടുതരമുണ്ട്‌. ആത്മജ്ഞവും അല്ലാത്തതും. ആത്മജ്ഞം എന്ന വകയാണ്‌ മെച്ചപ്പെട്ടത്‌. ജന്മാജന്മവിനിശ്ചയം അവരിലുണ്ട്‌. രണ്ടു ധര്‍മ്മങ്ങളും കണ്ടവന്‍ ആരാണോ, അവന്‍ സര്‍വ്വജ്ഞനും സര്‍വ്വവിത്തമനുമാണ്‌. ത്യാഗവാനും സത്യസങ്കല്പനും സത്യവാനും ശുചിയും ഈശ്വരനുമാണ്‌ അവന്‍ എന്നു ധരിക്കണം. ബ്രഹ്മജ്ഞാനാഡ്യനെ ദേവന്‍മാര്‍ ബ്രാഹ്മണനെന്നു വിളിക്കുന്നു. ശബ്ദബ്രഹ്മത്തില്‍, വേദോച്ചാരണത്തില്‍, ആണ്ടവനും, വരനിശ്ചയശാലിയുമായ അവനെ ബ്രാഹ്മണന്‍ എന്നു പറയുന്നു. അകത്തും പുറത്തും യജ്ഞാധിദേവനായി വിളങ്ങുന്ന ബ്രാഹ്മണനെ ദേവകളായിട്ടാണ്‌ ജ്ഞാനികള്‍ കാണുന്നത്‌. ആ. ജ്ഞാനികളിലാണ്‌, ആ ത്യാഗജീവിതം നയിക്കുന്ന മഹാത്മാക്കളിലാണ്‌, ഈ ജഗത്തിന്റെ നില തന്നെ. വിശ്വം മുഴുവന്‍ അവരില്‍ ഉള്‍ക്കൊള്ളുന്നു. അവരുടെ മാഹാത്മൃത്തിന്ന്‌ തുല്യമായി മറ്റൊന്നുമില്ല. ആദി, അന്തം, നിധനം, കര്‍മ്മം എന്നിവയൊക്കെ കടന്നു പോന്നവര്‍ നാലു തരം ഭൂതവര്‍ഗ്ഗത്തിന്റെയും ഈശ്വരന്മാരാണ്‌. അവര്‍ ബ്രഹ്മ തുല്യന്മാരാണ്‌.

അദ്ധ്യായം 238. ശുകാനുപ്രശ്‌നം - ഭൂതങ്ങളുടെ കര്‍മ്മതത്ത്വം - വ്യാസന്‍ പറഞ്ഞു: (ബ്രാഹ്മണന്ന്‌ വിധിച്ച മുമ്പുള്ളതായ ജീവിതവൃത്തി ഇപ്പറഞ്ഞതാണ്‌. കര്‍മ്മം ചെയ്യുന്നവനായ ജ്ഞാനിയേ സംസിദ്ധനാവുകയുള്ളൂ. ഇപ്രകാരം ചെയ്യാത്തവരില്‍ കര്‍മ്മസിദ്ധി ഉണ്ടാവുകയില്ല. കര്‍മ്മമാണോ സ്വഭാവം, അതോ ജ്ഞാനമാണോ സ്വഭാവം? ജ്ഞാനം മോക്ഷത്തിന്‌ കൂടിയേ കഴിയൂ. അതിനു കര്‍മ്മം വേണമല്ലോ. പുരുഷന്‍ ജ്ഞാനിയായാല്‍ അനുഷ്ഠിക്കേണ്ട വേദവിധി എന്തെന്നു യുക്തിയും തെളിവും കാട്ടി ഞാന്‍ പറയാം. അതു നീകേള്‍ക്കുക. കര്‍മ്മങ്ങളില്‍ പൗരുഷമാണ്‌ കാരണമെന്ന്‌ ചിലര്‍ പറയുന്നു. ചിലര്‍ വിധിയാലാണ്‌ കാര്യങ്ങള്‍ നടക്കുന്നതെന്നു പറയുന്നു. ചിലര്‍ പ്രകൃതിസ്വഭാവമനുസരിച്ച്‌ കാര്യം നടക്കുന്നതായിപ്പറയുന്നു. ചിലര്‍ പൌരുഷത്തേയും ദൈവത്തേയും പ്രകൃതിസ്വഭാവത്തേയും വെവ്വേറെ കാണുന്നത്‌ വിഡ്ഡിത്തമാണെന്ന്‌ വാദിക്കുന്നു. അത്‌ അങ്ങനെയാണ്‌! അങ്ങനെയല്ല! അതു രണ്ടും അല്ലായ്കയല്ല! അങ്ങനെ വരില്ല. ഇങ്ങനെ മനുഷ്യര്‍ ഓരോന്ന്‌ ഉപദേശിച്ച്‌ പറയുന്നു. തത്ത്വസ്ഥര്‍ സമദര്‍ശികളാണ്‌. ആ യോഗീശ്വരര്‍ പറയുന്നു ബ്രഹ്മമാണ്‌ എല്ലാറ്റിന്റെയും കാരണങ്ങള്‍ക്ക്‌ അടിസ്ഥാനം എന്ന്‌. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും കലിയുഗത്തിലും മര്‍ത്ത്യര്‍ ശങ്കയുള്ളവരാണ്‌. സത്വവാന്മാരും ശാന്തി കൈക്കൊണ്ടവരും തപസ്വികളും കൃതയുഗത്തിലാണ്‌. ഋക്‌, യജുസ്സ്‌, സാമം എന്നിവകളില്‍ ദ്വൈതം കാണാതെ, എല്ലാവരും കാമദ്വേഷാദികള്‍ വിട്ട്‌ കൃതയില്‍ തപോവൃത്തിയുള്ളവരായി ജീവിക്കുന്നു. തപോധര്‍മ്മങ്ങളോടു കൂടിയവരും തപോനിത്യന്മാരും സുസംയതന്മാരുമായ മഹാശയന്മാര്‍ മനസ്സില്‍ കരുതുന്നതെല്ലാം സാധിക്കുന്നു. എന്തൊരു ശക്തിയാണോ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്‌ അത്‌ തപസ്സു കൊണ്ട്‌ അവന്‍ നേടും. അവന്‍ അതായി പരിണമിച്ച്‌ സര്‍വ്വഭൂതപ്രഭുവായി ഭവിക്കുന്നു. വേദദര്‍ശികള്‍ വേദവാദത്തില്‍ ഗഹനമായി പറഞ്ഞ്‌, ആ തത്ത്വത്തെ, ബ്രഹ്മത്തെ, വ്യക്തമാക്കുന്നു. വേദാന്തത്തില്‍ പറഞ്ഞതിനെ കര്‍മ്മയോഗത്താല്‍ കാണാന്‍ കഴിയും. മൃഗവധം ചെയ്ത്‌ യജ്ഞം നടത്തുന്നവരാണ്‌ ക്ഷത്രിയന്മാര്‍. വൈശ്യന്മാര്‍ ഗര്‍വ്വിര്‍ യജ്ഞന്‍മാരാണ്‌. ശൂദ്രന്മാര്‍ മറ്റു വര്‍ണ്ണങ്ങളെ പരിചരിക്കുക എന്ന യജ്ഞം ചെയ്യുന്നവരാണ്‌. വിപ്രന്മാര്‍ ജപയജ്ഞന്‍ന്മാരാണ്‌. സ്വാദ്ധ്യായത്താല്‍ ദ്വിജന്‍ കാര്യം നിര്‍വ്വഹിച്ചവനാകുന്നു. വേറെ കര്‍മ്മം ചെ യ്താലും ചെയ്യാഞ്ഞാലും ബ്രാഹ്മണന്‍ എല്ലാവരുടേയും മിത്രമാണ്‌. ത്രേതായുഗത്തിന്റെ ആരംഭത്തില്‍ വേദങ്ങളും യജ്ഞങ്ങളും വര്‍ണ്ണാശ്രമധര്‍മ്മങ്ങളും പരിപൂര്‍ണ്ണമായി നില്ക്കുന്നു. ദ്വാപരയില്‍ അത്‌ ആയുസ്സിന്റെ ക്ഷയം പോലെ കുറയുന്നു. കലിയില്‍ വീണ്ടും കുറയും. കലിയുടെ അവസാനമാകുമ്പോള്‍ വേദം ഉണ്ടെന്നും ഇല്ലെന്നുമുള്ള നിലയാകും. അധര്‍മ്മത്തിന്റെ പീഢയേറ്റ്‌ സ്വധര്‍മ്മം നശിക്കും. പശുവി ന് പാല്‍ കുറയും. ഭൂമിക്ക്‌ വിളവു കുറയും. ജലത്തിന് ഗുണം കുറയും. ചെടികള്‍ക്ക്‌ ഓഷധവീര്യം കുറയും. എല്ലാറ്റിന്റെയും രസം ക്ഷയിക്കും. വേദം അധര്‍മ്മം കൊണ്ടു മൂടും. വേദത്തില്‍പ്പറഞ്ഞ ധര്‍മ്മാശ്രമങ്ങളും ക്ഷയിക്കും. സ്വധര്‍മ്മസ്ഥങ്ങളായ ചരങ്ങളും അചരങ്ങളും മാറും. മന്നില്‍ ഭൂതജാ ലങ്ങള്‍ വൃഷ്ടിയുടെ തഞ്ചംപോലെ പുഷ്ടിയെ പ്രാപിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വൃഷ്ടിയാലാണ്‌ എല്ലാ പദാര്‍ത്ഥവും ഭൂമിയില്‍ വളരുന്നത്‌. ഈ മാതിരി തന്നെ എല്ലാ യുഗത്തിലും വേദത്തിന്റെ അംഗങ്ങളും വളരുന്നു. നിസ്സംശയമായി കാലം രൂപത്തെ മാറ്റുന്നു. മറ്റു രൂപം കൈക്കൊള്ളുന്നു. ഇതിന്ന്‌ ഒരു ആദിയും അവസാനവുമില്ല. സമയം എല്ലാ ഭൂതങ്ങളെയും സൃഷ്ടിക്കുകയും, എല്ലാറ്റിനേയും വിഴുങ്ങുകയും ചെയ്യുന്നു. ഞാന്‍ അതിനെപ്പറ്റിയെല്ലാം നിന്നോടു പറഞ്ഞു. കാലമാണ്‌ എല്ലാ ജീവികളുടേയും സൃഷ്ടികര്‍ത്താവ്‌. കാലമാണ്‌ എല്ലാറ്റിനെയും വളര്‍ത്തുന്ന രക്ഷാകര്‍ത്താവ്‌. കാലം തന്നെയാണ്‌ എല്ലാറ്റിനെയും സംഹരിക്കുന്ന സംഹാര കര്‍ത്താവ്‌. അവസാനം കാലം തന്നെയാണ്‌ അവയുടെ നിയന്താവ്‌. എല്ലാറ്റിനെയും കാലം തന്നില്‍ അടക്കുന്നു. ദ്വന്ദ്വ സൃഷ്ടങ്ങളായ എല്ലാം തല്‍സ്വഭാവത്തോടെ കാലാനുസൃതം നടക്കുന്നു. സ്വര്‍ഗ്ഗം, കാലം, ശ്രുതി, ധൃതി, കര്‍ത്താവ്‌, കാര്യം, ക്രിയ, ഫലം എന്നിവയെപ്പറ്റിയെല്ലാം ഉണ്ണീ, നീ ചോദിച്ചത് അനുസരിച്ച്‌ ഞാന്‍ പറഞ്ഞു തന്നു. 

അദ്ധ്യായം 239. ശുകാനുപ്രശ്‌നം - ജ്ഞാനത്തിന്റെ തത്ത്വം ഭീഷ്മന്‍ പറഞ്ഞു: മഹര്‍ഷി പറഞ്ഞ വിധി കേട്ട്‌ ശുകന്‍ സന്തോഷിച്ചു. പിന്നെ മോക്ഷസിദ്ധിക്ക്‌ ചെയ്യേണ്ട പ്രധാനമായ കര്‍മ്മമെന്തെന്ന്‌ ചോദിച്ചു. 

ശ്രീശുകന്‍ പറഞ്ഞു: പ്രജ്ഞയുള്ളവനും ശ്രോത്രിയനും യജ്വാവും കൃതജ്ഞനും അനസൂയകനുമായവന്‍ എങ്ങനെ അജ്ഞാതവും, കാണാന്‍ കഴിയാത്തതുമായ ബ്രഹ്മത്തില്‍ ചെന്നെത്തും? ബ്രഹ്മചര്യം, തപസ്സ്‌, സത്യം, ത്യാഗം, മേധ ഇപ്പറഞ്ഞതില്‍ ഏതു കൊണ്ടാണ്‌ ബ്രഹ്മത്തെ പ്രാപിക്കുക? സാംഖൃത്താലോ, യോഗത്താലോ എങ്ങനെയാണെന്നറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങ്‌ പറഞ്ഞു തന്നാലും. എന്തുപായം കൊണ്ടാണ്‌ നേടുക എന്ന്‌ അങ്ങ്‌ തത്വമായി വിവരിച്ചു തരണേ! 

വ്യാസന്‍ പറഞ്ഞു: വിദ്യ (ജ്ഞാനം) തപസ്സ്‌, ഇന്ദ്രിയനിഗ്രഹം, സര്‍വ്വപരിത്യാഗം ഇവ നാലും കൂടാതെ ഒരാള്‍ക്കും സിദ്ധി നേടുവാന്‍ കഴിയുകയില്ല. മഹാഭൂതങ്ങളെല്ലാം - പൃഥ്വി, അപ്പ്‌, അഗ്നി, വായു, ആകാശം എന്നിവയെല്ലാം - ബ്രഹ്മാവിന്റെ ആദ്യ സൃഷ്ടികളാണ്‌. അവയെല്ലാം ലോകത്തിലെ ജീവികളുടെ ശരീരത്തില്‍ ചേര്‍ന്നിരിക്കുന്നു. ജീവികളുടെ ദേഹം മണ്ണില്‍ നിന്ന്‌ എടുത്തതാണ്‌. സ്നേഹം ജലത്തില്‍ നിന്നും, രണ്ടു കണ്ണുകള്‍ തേജസ്സില്‍ നിന്നും, പ്രാണനും അപാനനും മറ്റു വായുക്കളും വായുവില്‍ നിന്നും എടുത്തുണ്ടാക്കിയതാണ്‌. ആകാശം ദേഹത്തിലെ രന്ധ്രങ്ങളിലും (മൂക്കിന്റെയും ചെവിയുടേയും മറ്റു ദ്വാരങ്ങളില്‍) കാണുന്നു. ജീവികളുടെ പാദത്തില്‍ വിഷ്ണുവും, കൈകളില്‍ ശക്രനും നില്ക്കുന്നു. അഗ്നി കുക്ഷിയിലും ഏല്ക്കുന്നു (ഭക്ഷണം ദഹിപ്പിക്കുവാന്‍). ദിക്കുകള്‍ ശ്രോത്രത്തില്‍ ഏല്ക്കുന്നു. (ശബ്ദത്തിന്റെ കോണുകള്‍ അറിയുന്നു) നാവില്‍ സരസ്വതി നില്ക്കുന്നു. ചെവികള്‍, ത്വക്ക്‌, കണ്ണുകള്‍, നാവ്‌, മൂക്ക്‌ ഇവയാണ്‌ പഞ്ചേന്ദ്രിയങ്ങള്‍. ജ്ഞാനേന്ദ്രിയങ്ങള്‍ എന്നു പറയപ്പെടുന്ന ഇവ ആഹാരപ്രാപ്തിക്ക്‌ വേണ്ടവയാകുന്നു. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഇവ അഞ്ചും ഇന്ദ്രിയാര്‍ത്ഥങ്ങളാകുന്നു. ഇവയെ വേറെ നിത്യവും ഇന്ദ്രിയം വഴി കണ്ടു കൊള്ളുക. സുതന്‍ തനിക്ക്‌ അധീനമായ അശ്വങ്ങളെ വിടുന്നതു പോലെ മനസ്സ്‌ ഇന്ദ്രിയങ്ങളെ ഇഷ്ടമുള്ള വഴിക്ക്‌ വിടുന്നു. മനസ്സ്‌ എപ്പോഴും വിട്ടു പോകും. എന്നാല്‍ ഉള്ളില്‍ ഭൂതാത്മാവ്‌ നില്ക്കുന്നു. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ഈശനായി നില്ക്കുന്നത്‌ മനസ്സാണ്‌. മടക്കുവാനും അയയ്ക്കുവാനും എല്ലാം നാഥനായി നില്ക്കുന്നത്‌ മനസ്സാണ്‌. മനസ്സിന്റെ ഈശനായി നില്ക്കുന്നത്‌ ആത്മാവാണ്‌. ദേഹിയുടെ ദേഹത്തില്‍ ഇന്ദ്രിയങ്ങള്‍, വിഷയം, സ്വഭാവം, ചേതനം, മനസ്സ്‌, പ്രാണാപാനവായുക്കള്‍, ജീവന്‍ ഇവയെല്ലാം ഉണ്ട്‌. ജ്ഞാനത്തിന്റെ ഇരിപ്പിടമായ ദേഹത്തിന് നിലനില്പില്ല. അതുകൊണ്ട്‌ സത്വത്തിന്റെ, ജ്ഞാനത്തിന്റെ, ആശ്രയസ്ഥാനമല്ല ശരീരം. പ്രകൃതിക്ക്‌ മൂന്നു ഗുണങ്ങള്‍, സത്വരജസുമോഗുണങ്ങള്‍ ഉണ്ട്‌. അറിവിന്റെ ആസ്പദമായ അത്‌ അശബ്ദത്തിന്റെ രൂപത്തില്‍ നില്ക്കുന്നു. ആത്മാവും ജ്ഞാനത്തിന്ന്‌ ആശ്രയമല്ല. അറിവിനെ ഉണ്ടാക്കുന്നത്‌ ആഗ്രഹമാണ്‌. ആഗ്രഹം എന്തായാലും സത്വരജസുമോഗുണങ്ങളെ സൃഷ്ടിക്കു ന്നില്ല. പതിനേഴാമത്തേതായ ദേഹത്തില്‍ പതിനാറു ഗുണങ്ങളും ചേര്‍ന്ന്‌ മനസ്സു കൊണ്ട്‌, ബുധനായ പുരുഷന്‍ തന്നെ തന്നില്‍ത്തന്നെ കാണുന്നു. അതു കണ്ണു കൊണ്ടോ മറ്റ്‌ ഇന്ദ്രിയങ്ങളുടെ കൂട്ടു കൊണ്ടോ കാണുവാന്‍ കഴിയുന്നില്ല. പ്രദീപ്തമായ മനസ്സാല്‍ മഹാത്മാവ്‌ തെളിയും. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഇവയെല്ലാം വിട്ടത്‌, ഇവയുമായി ബന്ധമില്ലാത്തത്‌, ഇവ കൊണ്ട്‌ അറിയുവാന്‍ കഴിയാത്തത്‌ - അതാണ്‌ അവ്യയം. അതീന്ദ്രിയമായ അത്‌ ഉടലില്ലാത്തതാണ്‌. അതിനെ കാണാന്‍ കഴിയും. അവ്യക്തമായി മര്‍ത്ത്യദേഹങ്ങളിലെല്ലാം അത്‌ അധിവസിക്കുന്നു. അത്‌ ആര്‍ക്കു കാണാന്‍ കഴിയുന്നുവോ, അവന്‍ മരിച്ചാല്‍ ബ്രഹ്മമായി ഭവിക്കും. വിദ്യാഭിജാത്യമുള്ള വിപ്രനിലും പശുവിലും ആനയിലും നായിലും നായാടിയിലും വിദ്വാന്‍മാര്‍ തുല്യമായി, വൃത്യാസമില്ലാതെ സമഭാവനയോടെ വീക്ഷിക്കുന്നു. അവന്‍ സകല ചരാചരങ്ങളിലും, ജഗത്തിലൊക്കെയും, ഇവിടെയെല്ലായിടത്തും നിറഞ്ഞവനായി, മഹാനായി, ഒരു ആത്മാവുണ്ടെന്ന്‌ അറിയുന്നു. എല്ലാ ഭൂതത്തിലും ആത്മാവിനെ കാണുന്നതു പോലെ ആത്മാവില്‍ സര്‍വ്വഭൂതങ്ങളേയും എപ്പോള്‍ ഭൂതാത്മാവ്‌ കാണുന്നുവോ, അപ്പോള്‍ അവന്‍ ബ്രഹ്മമായിത്തീരുന്നു. ആത്മാവില്‍ ആത്മാവിനെ എത്രയ്ക്ക്‌ കാണുന്നുവോ, അത്രയ്ക്ക്‌ പരാത്മാവിലും അപ്രകാരം തന്നെയാണെന്ന്‌ കാണുന്നവന്‍ അമൃതത്വം നേടും. സംസാര വിമുക്തനാകും. വിഭുവും ഭൂതഹിതനും, സര്‍വ്വഭൂതാത്മാവുമായവന്റെ മാര്‍ഗത്തെ വാനവര്‍ പോലും മോഹിക്കുന്നു. ആകാശത്തില്‍ പക്ഷികള്‍ പറന്നു പോയ മാര്‍ഗ്ഗം ഏതെന്ന്‌ രേഖയായി നിന്ന്‌ കാണുകയില്ല. മത്സ്യങ്ങള്‍ ജലത്തില്‍ നീന്തിപ്പോയ മാര്‍ഗ്ഗവും പിന്നീട്‌ കാണാന്‍ കഴിയുകയില്ല. അതുപോലെ ജ്ഞാനികളുടെ മാര്‍ഗ്ഗവും കാണുവാന്‍ കഴിയാത്തതാണ്‌. കാലം ആത്മാവില്‍ എല്ലാ ഭൂതങ്ങളേയും പചിക്കുന്നു. കാലം ഏതില്‍ പാകം ഏല്ക്കുന്നുവോ, അത്‌ ആരും അറിയുന്നില്ല. അത്‌ മേലും കീഴും, ഇടയ്ക്കിടയ്ക്കും, നടുവിലും, എങ്ങും ഏതു ഭാഷയ്ക്കും കണ്ടു കിട്ടാന്‍ കഴിയാത്തതാണ്‌, .ഈ ലോകമൊക്കെയും അതിന്റെ അകത്താകുന്നു; പുറത്ത്‌ ഒന്നുമില്ല. ഞാണുവിട്ട അമ്പുപോലെ പാഞ്ഞാലും മനോവേഗത്തില്‍ സഞ്ചരിച്ചാലും കാരണത്തിന്റെ അന്ത്യത്തില്‍ എത്തുകയില്ല. അതു സൂക്ഷ്മത്തിലും സൂക്ഷ്മമാണ്‌. എന്നാല്‍ അതിലും വലിയതായി മറ്റൊന്നും ഇല്ലതാനും. എല്ലായിടത്തും കണ്ണും കാലും തലയും ചെവിയും അതിന്നുണ്ട്‌. അതു ലോകത്തിലെല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അത്‌ (ബ്രഹ്മം) അണുവേക്കാള്‍ അണുതരമാണ്‌. മഹത്തേക്കാള്‍ മഹത്തരമാണ്‌. അത്‌ എല്ലാറ്റിന്റെയും ഉള്ളില്‍ നിൽപുണ്ട്‌. എന്നാല്‍ അതിനെ ആര്‍ക്കും കാണാന്‍ പറ്റുകയില്ല. ആത്മാവിന്ന്‌ അക്ഷരം എന്നും ക്ഷരമെന്നും രണ്ടു നിലയുണ്ട്‌. ക്ഷരം എല്ലാ ജീവിയിലും നില്ക്കുന്നു. അമൃതമായി, ദിവ്യമായി നില്ക്കുന്നതാണ്‌ അക്ഷരം. എല്ലാ ചരാചരങ്ങളുടേയും നാഥനായ അദ്ദേഹം നവദ്വാരവാതിലുകള്‍ വെച്ച പുരത്തില്‍ നിയതനും, വശിയുമായി അധിവസിക്കുന്നു. നാശങ്ങള്‍ക്ക്‌ അതീതനായി നില്ക്കുന്ന ആത്മാവ്‌ നിലകൊള്ളുന്ന ദേഹങ്ങള്‍ക്ക്‌ ഹാനി സംഭവിക്കുന്നു. അതുകൊണ്ട്‌ മുക്തനായ ജ്ഞാനി അതിനെ അവ്യയനെന്നു പറയുന്നു. ജ്ഞാനിയായ പുരുഷന്‍ ആ പരമമായ പദം പ്രാപി ച്ച്‌ പ്രാണനും ജന്മവും ഉപേക്ഷിക്കുന്നു. 

അദ്ധ്യായം 240. ശുകാനുപ്രശ്‌നം - യോഗംകൊണ്ട്‌ പരമാത്മപ്രാ പ്തി - വ്യാസന്‍ പറഞ്ഞു: അല്ലയോ സല്‍പ്പുത്രാ, അറിയുവാന്‍ ആഗ്രഹിക്കുന്ന നിനക്ക്‌ തത്വം പോലെ സാംഖ്യജ്ഞാനം ശരിയായ വിധം ഞാന്‍ പറഞ്ഞു തന്നു. ഇനി യോഗതത്വങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞു തരാം. മനോബുദ്ധികളും ഇന്ദ്രിയങ്ങളും, സര്‍വ്വവും വ്യാപിക്കുന്ന ആത്മാവും തമ്മില്‍ ഒന്നാകുന്ന അതാണ്‌ ഉത്തമമായ ജ്ഞാനം. അത്‌ ദാന്തനായി, ശാന്തനായി വിളങ്ങുന്ന ആദ്ധ്യാത്മശീലകന്‍, ആത്മാരാമനും ശുദ്ധകര്‍മ്മാവുമായ വിദ്വാന്‍ അറിയുന്നു. കവീന്ദ്രന്മാര്‍ യോഗത്തിന്റെ അഞ്ചു ദോഷങ്ങളും, നീങ്ങിയ നില അറിയും. കാമം, ക്രോധം, ലോഭം, ഭയം, നിദ്ര ഇവയാണ്‌ അഞ്ചു ദോഷങ്ങള്‍. ക്രോധത്തെ ശമം കൊണ്ടു ജയിക്കണം. കാമത്തെ സങ്കൽപമില്ലായ്മ കൊണ്ട്‌ ജയിക്കണം. സത്വത്തെ സേവിച്ച്‌ നിദ്രയെ അകറ്റണം. ശിശ്‌നോദരങ്ങൾ (ഉപസ്തതൃഷ്ണയും ഭക്ഷണ തൃഷ്ണയും) ധൈര്യം കൊണ്ട്‌ ജയിക്കണം. കൈകാലുകള്‍ കണ്ണു കൊണ്ട്‌ കാത്തു രക്ഷിക്കുക, മനസ്സു കൊണ്ട്‌ കണ്ണും ചെവിയും രക്ഷിക്കുക. വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സിനെ കാക്കുക. അപ്രമാദം കൊണ്ട്‌ ഭയത്തെ തീര്‍ക്കുക, ജ്ഞാനികളുമായുള്ള സംസര്‍ഗ്ഗം കൊണ്ട്‌ ദംഭത്തെ ജയിക്കുക. ഇങ്ങനെ യോഗത്തിന്നു വിരോധികളായി നില്ക്കുന്ന ദോഷങ്ങളെ ജയിക്കണം. അതില്‍ ഒട്ടും ഇളവുണ്ടാകരുത്‌. ഹിംസാകരമായി മനസ്സിനു താപം ഉണ്ടാക്കുന്ന ദുഷ്ടമായ വാക്ക്‌ ഒഴിവാക്കണം. ബ്രഹ്മമാണ്‌ എല്ലാറ്റിന്റെയും തേജോമയമായ വിത്ത്‌ (ശുക്ലം). എല്ലാറ്റിന്റെയും രസം ഈ ശുക്ലം തന്നെ. അതുകൊണ്ട്‌ ഈ ഭൂതത്തിന്നുള്ള ഭൂതം കാണപ്പെട്ട ചരാചരങ്ങളാകുന്നു. ധ്യാനം, അദ്ധ്യയനം, ദാനം, സത്യം, ഹ്രീ , ആര്‍ജ്ജവം, ക്ഷമ, ശൗചം, ആചാരസംശുദ്ധി, ഇന്ദ്രിയങ്ങളുടെ നിഗ്രഹം ഇവ കൊണ്ട്‌ വര്‍ദ്ധിക്കുന്ന തേജസ്സ്‌ പാപത്തെയെല്ലാം നശിപ്പിക്കുന്നതാണ്‌. എല്ലാ അര്‍ത്ഥവും അവനില്‍ വന്നു ചേരും. വിജ്ഞാനവും വന്നുദിക്കും. ഭക്ഷണത്തിന്ന്‌ എന്തെങ്കിലും കിട്ടിയാല്‍ കഴിക്കുക, കിട്ടിയില്ലെങ്കില്‍ വികാരഭേദം ഇല്ലാതിരിക്കുക - ഇങ്ങനെയുള്ളവന്‍, എല്ലാറ്റിലും സമഭാവനയുള്ളവന്‍, പാപം അറ്റവനായ തേജസ്വി, ലഘുവായി ആഹാരം കഴിക്കുന്നവന്‍, ഇന്ദ്രിയങ്ങളെ ജയിച്ചവന്‍, കാമക്രോധങ്ങളെ ജയിച്ച്‌ ബ്രഹ്മപദത്തെ പ്രാപിക്കുവാന്‍ നോക്കണം. 

ചിത്തത്തേയും ഇന്ദ്രിയങ്ങളേയും ഏകാഗ്രസ്ഥിതിയിലാക്കി സമാഹിതനായി മനസ്സിനെ ആത്മാവില്‍ നിറുത്തുക. അത്‌ രാത്രിയുടെ ആദിയിലും രാത്രിയുടെ അവസാനത്തിലുമാണ്‌ ചെയ്യേണ്ടത്‌. പഞ്ചേന്ദ്രിയാത്മജീവിക്ക്‌ ഏത്‌ ഇന്ദ്രി യം വെറുതെ ഏല്ക്കുന്നുവോ, അപ്പോള്‍ എല്ലാം നാശത്തി ലാകും. തോല്‍ക്കുടത്തില്‍ ജലംനിറച്ച്‌ ഒരു തുളയില്‍ക്കൂടി അത്‌ വാര്‍ന്നു പോകുന്നതു പോലെ പ്രജ്ഞ പോകും. മുക്കുവന്‍ എപ്പോഴും പിടഞ്ഞു കൊണ്ടിരിക്കുന്ന മത്സ്യത്തെ അവന്റെ വലയില്‍ അമര്‍ത്തു പിടിക്കുന്നതു പോലെ മനസ്സിനെ അടക്കി തനിക്കധീനമാക്കണം. വലകീറി ചാടുന്ന മത്സ്യം പോലെയുള്ള മനസ്സിനെ പണിപ്പെട്ട്‌ അധീനമാക്കണം. മനസ്സടക്കിക്കഴിഞ്ഞാല്‍ ഉടനെ ചെവിയെ അടക്കാം. നോക്ക്‌, നാക്ക്‌, മൂക്ക്‌, ഇവയും യോഗം കൊണ്ട്‌ അടക്കണം. ഇങ്ങനെ യതി ഇന്ദ്രിയങ്ങളെ അടക്കി ഉള്ളില്‍ നിറുത്തണം. പഞ്ചേന്ദ്രിയങ്ങളെക്കൂടി യതി ഉള്ളില്‍ നിറുത്തണം. ഇവ ഉള്ളിലടങ്ങിയാല്‍ ആറാമതായി മനസ്സു ചേര്‍ന്ന്‌ അവയുടെ കൂടെ ഉള്ളില്‍ നിന്നാല്‍ നില നേടി പ്രസാദിക്കും. അപ്പോള്‍ ബ്രഹ്മം തെളിയും. പുകയറ്റ അഗ്നിയെപ്പോലെയും ദീപ്തനായ ആദിത്യനെപ്പോലെയും ബ്രഹ്മം വിളങ്ങും. വാനില്‍ മിന്നല്‍ എന്ന പോലെ ആത്മാവിനെ ആത്മാവില്‍ കാണാം. അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു. അത്‌ എല്ലായിടവും വ്യാപിച്ചിരിക്കയാല്‍ എല്ലായിടത്തും കാണാം. അത്‌ മനീഷികളും മഹാത്മാക്ക ളും ധൃതിമാന്മാരും മഹാപ്രാജ്ഞന്മാരും സര്‍വ്വഭൂത ഹിതോദൃതന്മാരുമായ ബ്രാഹ്മണര്‍ കാണുന്നു. 

ഇപ്രകാരം നിശ്ചയിക്കപ്പെട്ട കാലങ്ങളില്‍ ആചരിക്കുന്ന ശിത വ്രതന്മാര്‍ ഗൂഢമായി, ഏകമായി, നില്ക്കുന്ന അക്ഷരാത്മത്തെ പ്രാപിക്കും. മൌഡ്യം, മാറ്റം, ചുറ്റിമാറ്റം, (ഘാണിക്കല്‍, കേള്‍ക്കല്‍, കാണല്‍, അത്ഭുതങ്ങള്‍, രസം, സ്പർശം, ശീതം, ഉഷ്ണം ഇവയൊക്കെ കാറ്റു പോലെ ആയിത്തീരും. പ്രതിദാനം, ഉപസര്‍ഗ്ഗം, എന്നിവ യോഗം കൊണ്ട്‌ അടക്കി അവ നോക്കാതെ തത്വജ്ഞന്‍ ആത്മാവില്‍ത്തന്നെ ചെല്ലണം. നേരം തെറ്റാതെ മൂന്നു നേരവും നിത്യവും മുനി യോഗം ശീലിക്കണം. മലയുടെ ശൃംഗത്തിലോ ചൈതൃത്തിലോ മരക്കൊമ്പിലോ ഉള്ളറയിലോ ഇരുന്ന്‌ ഇന്ദ്രിയങ്ങളെയെല്ലാം സാമാനം എന്ന പോലെ അടക്കി ഏകാഗ്രമായി നിത്യവും ഓര്‍ക്കുക. യോഗത്താല്‍ ചിത്തത്തില്‍ വെറുപ്പു തോന്നരുത്‌. ഏതുപായം പ്രയോഗിച്ചാല്‍ ചലിക്കുന്ന മനസ്സ്‌ അടങ്ങുമോ അത്‌ മുക്തനായി പ്രയോഗിക്കുക. എന്നാല്‍ പിന്നെ ചലിക്കുന്നതല്ല.

ഏകാഗ്രചിത്തനായവന്‍ പാര്‍ക്കേണ്ട സ്ഥലം പറയാം. ജനങ്ങളില്ലാത്ത പര്‍വ്വതപ്രദേശത്തിലെ ഗുഹ, അല്ലെങ്കില്‍ ദേവാലയം, അല്ലെങ്കില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്‌ ഇവയില്‍ ഒന്നു തെരെഞ്ഞെടുക്കണം. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ കര്‍മ്മം കൊണ്ടോ മറ്റു ചുമതലകളിലൊന്നും ചെന്നു ചാടരുത്‌. എല്ലാം വിടണം. ആഹാരം അൽപമേ കഴിക്കാവു. കിട്ടിയാലും കിട്ടിയില്ലെങ്കിലും മനസ്സിലൊന്നും തോന്നരുത്‌. രണ്ടിലും സമത്വം തോന്നണം. ആരു പ്രശംസിച്ചാലും അതില്‍ മോദിക്കരുത്. ആര്‌ ആക്ഷേപിച്ചാലും കോപമോ താപമോ ഉണ്ടാകരുത്‌. ഇപ്പറഞ്ഞതില്‍ തുല്യഭാവനയുണ്ടായിരിക്കുക. ശുഭമോ അശുഭമോ ചിന്തിക്കരുത്‌. സര്‍വ്വഭൂതസമനായ വായു ഭഗവാനെപ്പോലെയിരിക്കണം. ഇപ്രകാരം സ്വസ്ഥാത്മാവായി സാധുവായി സര്‍വ്വത്ര സമദര്‍ശനനായി ഇരിക്കുന്ന യോഗി ആറു മാസം കൊണ്ടു ശബ്ദബ്രഹ്മം കടന്ന്‌ സാക്ഷാല്‍ ബ്രഹ്മത്തിലെത്തും. ജനങ്ങള്‍ ധനാര്‍ജ്ജനത്തില്‍ പെട്ട്‌ മോഹ നൈരാശ്യങ്ങള്‍ക്കു വശംവദരായി അലയുന്നതു കണ്ട്‌ ആ വക കാര്യങ്ങളില്‍ നിന്നു വിരമിച്ച്‌ പൊന്‍കട്ടയിലും മണ്‍കുട്ടയിലും തുല്യദര്‍ശനത്തോടെ പെരുമാറുക. ഈ മാര്‍ഗ്ഗത്തില്‍ താല്‍പര്യം (ധനാര്‍ജ്ജനത്തില്‍) കാണിക്കരുത്‌. അതില്‍ വെറുപ്പ്‌ വളര്‍ത്തിയെടുക്കണം. അതില്‍ മോഹിച്ചു പോകരുത്‌. താണ ജാതിയില്‍പ്പെട്ടവനും, ധര്‍മ്മം കാംക്ഷിക്കുന്ന സ്ത്രീയും ഈ വഴി ആശ്രയിക്കുകയാണെങ്കില്‍ സല്‍ഗതി നേടുന്നതാണ്‌. 

ഭീഷ്മൻ പറഞ്ഞു: ജനിക്കാത്തതും പുരാണമായതും സനാതനമായതും സുനിശ്ചിതമായതുമായ പദം ഇന്ദ്രിയ മാര്‍ഗ്ഗത്തിലൂടെ ലഭിക്കുന്നതാണ്‌. അണുവിനേക്കാള്‍ അണുവായും മഹത്തിനേക്കാള്‍ 'മഹത്തായുമിരിക്കുന്ന അതിനെ ആത്മവാന്‍ മുക്തമായ വഴിക്ക്‌ ദര്‍ശിക്കും. മഹാത്മാവായ മഹര്‍ഷി നന്മയില്‍ പറഞ്ഞ ഇത്‌ മനസ്സിലാക്കി ചിന്തിച്ചു കാണും. ഇത്‌ അറിഞ്ഞ്‌ അനുവര്‍ത്തിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കുന്നതാണ്‌. 


No comments:

Post a Comment