Saturday 22 October 2022

വിരാടപർവ്വം അദ്ധ്യായം 37 മുതൽ 72 വരെ

ഗോഹരണ ഉപപര്‍വ്വം തുടരുന്നു

37. ഉത്തരന്റെ യാത്ര - വൈശമ്പായനൻ പറഞ്ഞു: ജ്യേഷ്ഠന്‍ പറഞ്ഞ ഉടനെ സഹോദരിയായ ഉത്തര ബൃഹന്നളയുടെ അടുത്തേക്ക്‌ ബദ്ധപ്പെട്ടു നടന്നു. പൊന്മാല ചാര്‍ത്തി വേദിവിലഗ്ന മദ്ധ്യയായ ആ സമര്‍ത്ഥത്തി, പൊന്‍താമരപ്പൂവു പോലെ ശോഭിക്കുന്ന ശരീരകാന്തിയുള്ള ആ യശശ്വിനി, തമ്പീമണിയായ ആ ശുഭാംഗി, കാഞ്ചിയണിഞ്ഞു ശ്രീയെഴുന്ന മത്സ്യരാജ നന്ദിനി, വിശാലലോചന, നൃത്തശാലയിലേക്ക്‌ മഴക്കാറില്‍ പുതുമിന്നലെന്ന പോലെ പ്രവേശിച്ചു. തുമ്പിക്കരം പോലെയുള്ള തുടകള്‍ തമ്മില്‍ ചേര്‍ന്നിണങ്ങിയവളും, നല്ല ശോഭയുള്ള വെളുത്ത ദന്തങ്ങളുള്ളവളും, ഇടുങ്ങിയ അരക്കെട്ടുള്ളവളും, മനോജ്ഞമായ മാലയണിഞ്ഞവളുമായ ആ സുന്ദരി കൊമ്പന്റെ മുമ്പില്‍ പിടിയാനയെന്ന പോലെ ചെന്നെത്തി. രത്നം പോലെ ശോഭിക്കുന്ന ആ സുരസുന്ദരി! സുഭഗയായ ആ കീര്‍ത്തിമതി, വിരാടപുത്രി, നേരിട്ടു പാര്‍ത്ഥനെ പുകഴ്ത്തി. ചാരുവായ ഊരുക്കളോടു കൂടിയ, ആ സ്വര്‍ണ്ണ വര്‍ണ്ണം കലര്‍ന്ന കന്യകയെ കണ്ട്‌ അര്‍ജ്ജുനന്‍ ഇപ്രകാരം ആദരവോടെ പറഞ്ഞു: "എന്താണ്‌ ഈ സമയത്ത്‌ ഇങ്ങോട്ടു ബദ്ധപ്പെട്ടു വന്നത്‌? എടോ, സുമുഖീ! എന്താണീ സംഭ്രമം? കാമിനീ, എന്താണ്‌ നിന്റെ മുഖം ഇപ്രകാരം വാടിയിരിക്കുന്നത്‌? വേഗത്തില്‍ സംഗതി എന്തെന്ന് പറയുക".

വൈശമ്പായനൻ പറഞ്ഞു: രാജാവേ, ആ വിശാലാക്ഷിയായ രാജപുത്രിയെ ഒട്ടാകെ ഒന്ന് നോക്കി കണ്ട്‌ ചാരുഹാസത്തോടെ അര്‍ജ്ജുനന്‍ എന്തിനാണ്‌ ഇപ്പോള്‍ ബദ്ധപ്പെട്ടു വന്നത്‌ എന്ന് ചോദിച്ചു. ആ നരര്‍ഷഭനെ ആകെ ഒന്ന് നോക്കി ആ രാജപുത്രിയും പ്രണയം കലരുന്ന വിധം സഖീ മദ്ധൃത്തില്‍ വെച്ച്‌ ഇപ്രകാരം പറഞ്ഞു: "ബൃഹന്നളേ, നാട്ടിലെ പശുക്കളെ എല്ലാം കൗരവര്‍ ആട്ടിക്കൊണ്ടു പോകുന്നു. അവരെ വെല്ലുവാന്‍ എന്റെ ചേട്ടന്‍ വില്ലുമേന്തി പോവുകയാണ്‌. ചേട്ടന്റെ സാരഥി അടുത്ത കാലത്താണ്‌ മൃതിയടഞ്ഞത്‌. അവനെ പോലെ തേരു നടത്തുവാന്‍ പറ്റിയ ഒരാളേയും ചേട്ടന്ന് കിട്ടിയിട്ടില്ല. യുദ്ധത്തിന് ഒരുങ്ങി പുറപ്പെടുവാന്‍ ചേട്ടന്‍ നിൽക്കുകയാണ്‌. ബൃഹന്നളേ, നിനക്കു തേര്‍ നടത്തുവാനുള്ള ഹയജ്ഞാനമുണ്ടെന്ന് സൈരന്ധ്രി പറഞ്ഞ്‌ അറിഞ്ഞു. നീ മുമ്പ്‌ അര്‍ജ്ജുനന്റെ ഇഷ്ടസൂതനായി പാര്‍ത്തിരുന്നു പോലും! നിന്റെ സഹായം കൊണ്ട്‌ പാണ്ഡുപുത്രന്‍ ഭൂമി കീഴടക്കി പോലും! ആ നീ എന്റെ ചേട്ടന്ന് പറ്റിയ ഒരുസാരഥിയാവുക. കുരുക്കള്‍ പശുക്കളെ ദൂരേക്ക്‌ ആട്ടുന്നു. നീ അതു ചെയ്യണം. ചേട്ടന്റെ സാരഥിയാകണം. ഞാന്‍ പറഞ്ഞിട്ട്‌ നീ കേട്ടില്ലെങ്കില്‍, ഞാന്‍ ഇഷ്ടം കൊണ്ടു പറഞ്ഞിട്ടും നീ കേട്ടില്ലെങ്കില്‍, ഞാന്‍ എന്റെ പ്രാണന്‍ കളയും".

സുശ്രോണിയായ ആ തോഴി ഇപ്രകാരം പറഞ്ഞപ്പോള്‍ ആ പരന്തപനായ തേജസ്വി രാജപുത്ര സന്നിധിയിലേക്കു നടന്നു. മത്തഹസ്തീന്ദ്രനെ പോലെ ബദ്ധപ്പെട്ടു പായുന്ന ആ പുരുഷശ്രേഷ്ഠനെ വിശാലാക്ഷിയായ ആ യുവതി കുട്ടിയെ പിന്‍തുടരുന്ന പിടിയാന എന്ന പോലെ പിന്‍തുടര്‍ന്നു. ദൂരത്തു നിന്ന് തന്നെ ബൃഹന്നളയെ കണ്ട്‌ രാജപുത്രന്‍ പറഞ്ഞു: "നീ സൂതനായി നിൽക്കേ അര്‍ജ്ജുനന്‍ ഖാണ്ഡവം അഗ്നിക്കു നല്കിയെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഭൂമിയൊക്കെ കുന്തീ പുത്രനായ അര്‍ജ്ജുനന്‍ ജയിച്ചതും നിന്റെ സാരഥ്യ സാമര്‍ത്ഥ്യം കൊണ്ടാണെന്ന് കേള്‍ക്കുന്നു. പാര്‍ത്ഥരെ അറിയുന്നവളായ സൈരന്ധ്രി നിന്നെപ്പറ്റി പറഞ്ഞതു ഞങ്ങള്‍ കേട്ടു. എന്റെ അശ്വങ്ങളേയും ബൃഹന്നളേ, നീയൊന്ന് നടത്തൂ. ഗോധനം നേടുവാനായി കുരുക്കളോട്‌ എതിര്‍ക്കുമ്പോള്‍ നീ തന്നെയാകണം തേര്‍ തെളിക്കുവാന്‍. നീ പണ്ട്‌ അര്‍ജ്ജുനന്‍ ഇഷ്ടപ്പെട്ട സാരഥിയല്ലേ? നിന്റെ സഹായത്താല്‍ പാണ്ഡവന്‍ പാരിടം മുഴുവന്‍ ജയിച്ചില്ലേ?".

ഇപ്രകാരം ആ രാജകുമാരന്‍ പറഞ്ഞപ്പോള്‍ ബൃഹന്നള പറഞ്ഞു. പടത്തലയ്ക്കല്‍ സാരഥ്യം നിര്‍വ്വഹിക്കുവാനുള്ള കഴിവുണ്ടോ എനിക്ക്‌ ? പാട്ടോ, നല്ല ആട്ടമോ, കൊട്ടോ, പല മാതിരി സംഗീതമോ, വീണ വായനയോ മറ്റോ ഒക്കെ പടത്തലയ്ക്കല്‍ വെച്ച്‌ ഒരു മറിനോക്കാം എന്നല്ലാതെ മറ്റു വിദ്യകളൊക്കെ ദുര്‍ഘടം!

ഉത്തരന്‍ പറഞ്ഞു: ബൃഹന്നളേ, പാട്ടും കൊട്ടും ഒക്കെ ഇവിടെ വന്നിട്ടു മതി. നീ ഉടനെ തേരില്‍ കയറി കുതിരയെ നടത്തുക. യുദ്ധം കളിയല്ല, കേട്ടോ! എന്ന് ഉത്തരന്‍ ഗൗരവ ഭാവത്തില്‍ പറഞ്ഞു.

വൈശമ്പായനൻ പറഞ്ഞു: സര്‍വ്വജ്ഞനും അരിമര്‍ദ്ദനനുമായ അര്‍ജ്ജുനന്‍ വിനോദത്തിന് വേണ്ടി ആ ഉത്തരപ്പെണ്‍കുട്ടി കാണ്കെ പല രസങ്ങളും കാണിച്ചു. പിന്നെ, കവചമെടുത്തു മേൽപോട്ടു പൊക്കിയിട്ടു വശമില്ലാത്ത വിഡ്ഡിയെ പോലെ ആ കവചം മറിച്ചു കെട്ടി. ആ കവച ധാരണം കണ്ട്‌ വിപുലാക്ഷികളായ ബാലത്തരുണികള്‍ കുണുങ്ങി കുണുങ്ങി ചിരിച്ചു. കാര്യം മനസ്സിലാകാത്ത നാട്യത്തില്‍ പരുങ്ങുന്ന അവനെ കണ്ടു. അപ്പോള്‍ ഉത്തരന്‍ ബൃഹനന്നളയ്ക്ക്‌ നല്ല ഒരു ചട്ട കെട്ടിക്കൊടുത്തു ഇങ്ങനെയാണ്‌ ചട്ടകെട്ടുക, മനസ്സിലായോ? എന്ന് പറഞ്ഞു കൊടുത്തു. പിന്നെ, അവനും മിന്നിത്തിളങ്ങുന്ന ചട്ട ദേഹത്തിലണിഞ്ഞു. സിംഹദ്വജം ഉയര്‍ത്തിയതിന് ശേഷം ബൃഹന്നളയെ നോക്കി സാരഥിപ്പണിക്ക്‌ ഉത്തരന്‍ കല്പന നല്കി. ബൃഹന്നള രാജകല്പന ശിരസാ വഹിച്ച്‌ അദ്ദേഹത്തിന് വേണ്ട വിലയേറുന്ന വില്ലുകളും മിന്നുന്ന നാനാതരം ശരങ്ങളും വിനീതനായി താങ്ങിയെടുത്തു. അങ്ങനെ ബൃഹന്നളാ സാരഥി യാത്രയായി. അപ്പോള്‍ ഉത്തരയും മറ്റു പെണ്‍കിടാങ്ങളും നോക്കിച്ചിരിച്ച്‌ ഇപ്രകാരം പറഞ്ഞു: "ബൃഹന്നളേ, യുദ്ധത്തില്‍ ഭീഷ്മദ്രോണ മുഖ്യന്മാരായ കുരുവീരന്മാരെ ഒക്കെ വേഗത്തില്‍ ജയിച്ച്‌ ഒട്ടും താമസിക്കാതെ വരണം കേട്ടോ. പോരുമ്പോള്‍ ഒരു കാര്യം കൊണ്ടു വരണം. മുമ്പ്‌ പാഞ്ചാലി മൂലം കൗരവന്മാര്‍ക്ക്‌ കിട്ടിയ വിചിതവ്രും മൃദുലങ്ങളും മനോഹരങ്ങളുമായ പട്ടുകളും വിലയേറിയ നല്ല നല്ല ഭംഗിയേറിയ വസ്ത്രങ്ങളും പോരില്‍ ദ്രോണകൃപ ഭീഷ്മന്മാരെ ജയിച്ചു കൊണ്ടു വരണം". കൂട്ടം കൂടി നിന്ന് പറയുന്ന കന്യകമാരോട്‌ പാര്‍ത്ഥന്‍ മേഘഗംഭീരമായ ഘനസ്വരത്തില്‍ പറഞ്ഞു.

ബൃഹന്നള പറഞ്ഞു. ഉത്തരന്‍ യുദ്ധത്തില്‍ മഹാരഥന്മാരെ ജയിച്ചാല്‍ ഭംഗിയേറുന്ന ദിവ്യ വസ്ത്രങ്ങളൊക്കെ ഞാന്‍ കൊണ്ടു വരാം. തീര്‍ച്ചയാണ്‌ അക്കാര്യം!

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞ്‌ ബീഭത്സു ഹയങ്ങളെ പായിച്ചു. ആ ശൂരൻ നാനാ ധ്വജങ്ങളോടു കൂടി വിലസുന്ന കുരുക്കളുടെ നേരെ കുതിച്ചു. ബൃഹന്നളയോടു കൂടി മഹാഭുജനായ ഉത്തരന്‍ തേരിലേറുന്ന സമയത്ത്‌ പെണ്ണുങ്ങളും, പെണ്‍കിടാങ്ങളും, സാധുക്കളായ വിപ്രന്മാരും പ്രദക്ഷിണം വെച്ച്‌ ഇപ്രകാരം പറഞ്ഞു; വൃക്ഷേന്ദ്രനെ പോലെ നടക്കുന്നവനായ വിജയന്, ഖാണ്ഡവം ചുടുമ്പോളുണ്ടായ മംഗളം പോലെ ഇപ്പോള്‍ യുദ്ധത്തില്‍ കുരുക്കളെ ഒക്കെ ജയിച്ചു ബൃഹന്നളേ, നീ ഉത്തരനോടു കൂടി മംഗളം നേടിയാലും!

38. ഉത്തരാശ്വാസനം - ബൃഹന്നള ഉത്തരനെ ആശ്വസിപ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; നഗരം വിട്ടിറങ്ങിയതിന് ശേഷം ഒട്ടും കൂസല്‍ കൂടാതെ ഉത്തരന്‍ സൂതനോട്‌, കൗരവന്മാര്‍ പോയ ദിക്കിലേക്കു പോകുവാന്‍ കല്പിച്ചു. ഒന്നിച്ചു ജയമാശിക്കുന്ന കുരുവര്‍ഗ്ഗത്തെ ഒക്കെ മുടിച്ച്‌, ഞാന്‍ പശുക്കളേയും കൊണ്ട്‌ ഉടനെ പുരത്തിലേക്കു തിരിച്ചു വരുന്നതാണ്‌. ഇതു കേട്ട ഉടനെ പാണ്ഡവന്‍ ഹയങ്ങളെ ഓടിച്ചു വിട്ടു. ആ പുരുഷശ്രേഷ്ഠന്‍ വിടുന്ന പൊന്മാലകൾ അണിഞ്ഞ നല്ല കുതിരകള്‍ ഗതിവേഗത്താല്‍ ആകാശത്ത്‌ ഒരു രേഖപോലെ രഥമേന്തി പാഞ്ഞു. ഒട്ടുദൂരം ചെന്നപ്പോള്‍ ആ ശത്രുഘാതികള്‍, അര്‍ജ്ജുനനും മത്സ്യപുത്രനും, ബലമേറിയ കുരുസൈന്യങ്ങളെ കണ്ടു. ചുടുകാടിന് അടുത്തു വെച്ച്‌ കുരുക്കളെ കണ്ടെത്തി. ആ ശമീവൃക്ഷം കണ്ടു. അവിടെ വ്യൂഹം കെട്ടിയ സൈന്യത്തേയും കണ്ടു. അവരുടെ ആ വന്‍പടയാകട്ടെ കടല്‍ പോലെ ശോഭിച്ചു. വൃക്ഷങ്ങള്‍ പെരുകിയ കാട് ആകാശത്തില്‍ വളര്‍ന്നു പൊങ്ങിയ മാതിരി, പട കാരണം ധൂളി ആകാശത്തില്‍ പടര്‍ന്നു പൊങ്ങി കാണുമാറായി. എല്ലാവരുടേയും കാഴ്ച മങ്ങുന്ന വിധം ആകാശത്തിന്റെ അറ്റത്തോളം പൊടിപടലം പരന്നു.

ആന, തേര്‍, കുതിരക്കൂട്ടം ഇവ ചേര്‍ന്നതും, കര്‍ണ്ണന്‍, ദുര്യോധനന്‍, കൃപന്‍, ഭീഷ്മൻ, ദ്രോണൻ, അശ്വത്ഥാമാവ്‌ ഈ മഹാരഥന്മാര്‍ കാക്കുന്നുതുമായ സൈന്യങ്ങളെ കണ്ട്‌ രോമാഞ്ചപ്പെട്ട്‌ ഉഴറിക്കൊണ്ട്‌ ഉത്തരന്‍ പാര്‍ത്ഥനോടു പറഞ്ഞു.

ഉത്തരന്‍ പറഞ്ഞു: എടോ ബൃഹന്നളേ, എനിക്കു കുരുക്കളോട്‌ ഏൽക്കുവാന്‍ വയ്യാ! ഇതാ നോക്കൂ! എന്റെ ദേഹത്തില്‍ രോമാഞ്ചമുണ്ടാകുന്നു! ഈ വീരന്മാരൊക്കെ ചേര്‍ന്നു വന്നാല്‍ അവരോട് എതിര്‍ക്കുവാന്‍ സുരന്മാര്‍ക്കു പോലും സാദ്ധ്യമല്ല. കരകാണാത്ത അത്ര വിപുലമാണ്‌ കുരുസൈന്യം. എനിക്കു പൊരുതുവാനാവില്ല. വില്ലുയര്‍ത്തിയ ആ കുരുപ്പടയില്‍ കയറുവാന്‍ എനിക്കു മോഹമില്ല. ആന, തേര്‍, കുതിര, കാലാള്‍ എന്നിവ ചേര്‍ന്ന് കൊടികള്‍ ഉയര്‍ത്തി നിൽക്കുന്ന ശത്രുക്കളെ കണ്ടതോടു കൂടി എന്റെ മനസ്സില്‍ ഒരു പിടച്ചില്‌! ദ്രോണൻ, ഭീഷ്മൻ, കൃപന്‍, കര്‍ണ്ണന്‍, വിവിംശതി, വികര്‍ണ്ണന്‍, അശ്വത്ഥാമാവ്‌, ബാല്‍ഹീകന്‍, സോമദത്തൻ, രഥിശ്രേഷ്ഠനായ ദുര്യോധന രാജാവ്‌ ഇവരൊക്കെ മഹാ തേജസ്വികളായ ധനുര്‍ദ്ധരന്മാരും, യുദ്ധകോവിദന്മാരും ആണ്‌. പടകൂട്ടി ശസ്ത്രം ധരിച്ചു നിൽക്കുന്ന കുരുക്കളെ കണ്ടതോടു കൂടി ദേഹത്തിലൊക്കെ കോള്‍മയിര്‍ കോരിയിട്ടു! എന്ന് തന്നെയല്ല ഒരു തലചുറ്റ്‌. ഒരു ബോധക്കേടുംഎനിക്കു തോന്നുന്നു. എല്ലാ സൈന്യത്തോടും കൂടിയാണ്‌ അവര്‍ വന്നിരിക്കുന്നത്‌. എനിക്ക്‌ സേനകളില്ല. ഞാന്‍ ബാലനാണ്‌, മന്ദനാണ്‌, തനിച്ചാണ്‌. എങ്ങനെ അസ്ത്രജ്ഞന്മാരായ പലരോട്‌ ഈ ഞാന്‍ ഒറ്റയ്ക്കു നിന്ന് പൊരുതും? അയ്യോ! പൊരുതാന്‍ പോരാ ബൃഹന്നളേ, നീ രഥം വേഗം പിന്‍തിരിക്കുക!

ബൃഹന്നള പറഞ്ഞു; എടോ ഉത്തരാ! നീ ശത്രുക്കള്‍ പരിഹസിക്കുമാറ്‌ പേടിച്ച്‌ അവശനായല്ലോ. ശത്രുക്കള്‍ യുദ്ധമദ്ധ്യത്തില്‍ ഒരു കര്‍മ്മവും ചെയ്തിട്ടില്ലല്ലോ? നീ എന്നോട്‌ ഏറ്റു പറഞ്ഞതല്ലേ, എന്നെ ഉടനെ കുരുപാര്‍ശ്വത്തിൽ എത്തിക്കുക എന്ന്? ആ ഞാന്‍ അനേകം കൊടിയുള്ള ആ ഇടത്തില്‍ എത്തിക്കും. ഹേ മഹാഭുജാ! ശസ്ത്രമേന്തി ഇരയന്വേഷിക്കുന്നവരും, പാരില്‍ ആരോടും കൂസല്‍ കുടാതെ പൊരുതുന്നവരുമായ കൗരവന്മാരുടെ നടുവില്‍ ഞാന്‍ നിന്നെ കൊണ്ടെത്തിക്കും. സ്ത്രീകളോട്‌ എല്ലാം പറഞ്ഞുറപ്പിച്ച്‌ പുരുഷന്മാരോട്‌ പൗരുഷം പറഞ്ഞു പോന്നിട്ട്‌ ഇപ്പോള്‍ യുദ്ധം ചെയ്യാത്തതെന്താണു നീ? യുദ്ധത്തില്‍ ജയിച്ച്‌ പശുക്കളേയും കൊണ്ടു സ്വന്തം ഗൃഹത്തില്‍ തിരിച്ച്‌ എത്തിക്കുന്നില്ലെങ്കില്‍ നിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ പരിഹസിക്കും. അതു തീര്‍ച്ചയാണ്‌! സൈരന്ധ്രി പറഞ്ഞിട്ട്‌ ഞാൻ അറിഞ്ഞു, നിനക്ക് സാരഥ്യം അറിയാമെന്ന്‌. അങ്ങനെ ഞാന്‍ നിനക്കു സാരഥിയായി ഒരുങ്ങിപ്പോന്നു. ഇനി പശുക്കളെ ജയിച്ചു പിടിക്കാതെ ഞാന്‍ പുരത്തിലേക്കു മടങ്ങുകയില്ല. സൈരന്ധ്രി വാഴ്ത്തുക മാത്രമല്ല, ഭവാനും എന്നെ പ്രശംസിച്ചു കൂട്ടിക്കൊണ്ടു പോന്നു. ഇനി കുരുക്കളെ ജയിക്കാതെ മടങ്ങാനോ ഭാവം? സാദ്ധ്യമല്ല! കുറച്ചു ധൈര്യം പിടിച്ചു നിര്‍ത്തുക!

ഉത്തരന്‍ പറഞ്ഞു: മത്സ്യന്മാരുടെ മഹാധനം കൗരവന്മാര്‍ ഹരിക്കയാണെങ്കില്‍ ഹരിച്ചോട്ടെ! എന്നെ സ്ത്രീകളൊക്കെ പരിഹസിക്കുമെങ്കില്‍ അങ്ങനെ ആകട്ടെ! ബൃഹന്നളേ, ഞാന്‍ പറയുന്നതു കേള്‍ക്കൂ! എനിക്കു യുദ്ധമേ വേണ്ടാ! പൊയ്ക്കോട്ടെ പശുക്കളൊക്കെ. എന്റെ പട്ടണം ശൂന്യമാണ്‌. അവിടെ ആണുങ്ങളാരുമില്ല, ഞാന്‍ പോകുന്നു. എനിക്ക്‌ അച്ഛനെ പേടിയുണ്ട്‌. മടങ്ങുക!

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞു ഭയപ്പെട്ട്‌ ഉത്തരന്‍ രഥത്തില്‍ നിന്ന് തന്റെ പൊന്‍കടുക്കന്‍ കുണുങ്ങുമാറ് ഒരുചാട്ടം ചാടി ഓടിക്കളഞ്ഞു. മാനവും, ഗര്‍വ്വും, വില്ലും, അമ്പും ഒക്കെ കളഞ്ഞിട്ടാണ്‌ അവന്റെ ആ ഓട്ടം!

ബൃഹന്നള പറഞ്ഞു; ശൂരന്മാരായ ക്ഷത്രിയന്മാര്‍ക്കു ചേര്‍ന്നതല്ല ഈ പിന്‍തിരിഞ്ഞോട്ടം! വീരക്ഷത്രിയന്മാര്‍ക്ക്‌ ഉചിതമായത്‌ യുദ്ധത്തില്‍ മരണമാണ്‌. പേടിച്ചോടുകയല്ല

വൈശമ്പായനൻ പറഞ്ഞു: എന്ന് പറഞ്ഞ്‌ അര്‍ജ്ജുനന്‍ തേരുവിട്ട് കുതിച്ചു ചാടി അവന്റെ പിന്നാലെ പാഞ്ഞു മെടഞ്ഞു നീണ്ട മുടിയും, ശുഭ്രമായ വസ്ത്രവും ഉലച്ചു പായുന്ന അവനെ കണ്ട്‌, തിരിച്ചറിയാതെ, ചില യോധന്മാര്‍ ചിരിച്ചു. അങ്ങനെ ഓടുന്ന അവനെ കണ്ട്‌ കൗരവന്മാര്‍ പറഞ്ഞു:

ആരാണ്‌ ഈ വേഷപ്രച്ഛന്നനായ തേജസ്വി? ഭസ്മത്താല്‍ മൂടിയ അഗ്നി പോലെ ശോഭിക്കുന്നുവല്ലോ. ചിലതൊക്കെ സ്ത്രീയുടെ മട്ടും ചിലതൊക്കെ പുരുഷന്റെ മട്ടും. അര്‍ജ്ജുനന്റെ ഛായയുണ്ട്‌ ഇയാള്‍ക്ക്‌ . എന്നാൽ ഷണ്ഡന്റേതാണ്‌ വേഷം. അര്‍ജ്ജുനന്റേതു പോലെ അംഗങ്ങള്‍. അതേ കഴുത്ത്‌, അതേ തല, അതേ പരിഘബാഹുക്കള്‍, അതേ നര! ഇയാള്‍ ജിഷ്ണു തന്നെ! അന്യനല്ല! തീര്‍ച്ചയാണ്‌. അമര്‍ത്തൃരില്‍ ദേവരാജന്‍! മര്‍ത്തൃന്മാരില്‍ ധനഞ്ജയന്‍! തനിച്ച്‌ നമ്മളോട്‌ എതിരിടുവാന്‍ അര്‍ജ്ജുനനല്ലാതെ മറ്റാരുണ്ട്‌? കൂടെയുള്ള ഒരുത്തന്‍ മത്സ്യരാജാവിന്റെ പുത്രനാണ്‌! പട്ടണം ശൂന്യമായ സന്ദര്‍ഭത്തില്‍ അവന്‍ മാത്രമേ അവിടെ ഉണ്ടാകാനിടയുള്ളു. ഇയാള്‍ പൗരുഷം കൊണ്ട്‌ ഇറങ്ങിയതാവുകയില്ല. ബാല്യത്തിന്റെ വിവരക്കേടു കൊണ്ട്‌ ഇറങ്ങിയതാണ്‌. തീര്‍ച്ചയായും വേഷംമാറി ഒളിച്ചിരിക്കുന്ന അര്‍ജ്ജുനനെ സൂതനാക്കി പുറപ്പെട്ട്‌ ഉത്തരന്‍ പുരം വിട്ടതാണ്‌. അവന്‍ നമ്മെ കണ്ടപ്പോള്‍ പേടിച്ച്‌ ഓടുകയാണെന്ന് തോന്നുന്നു! അതാ നോക്കൂ! പേടിച്ച്‌ ഓടിപ്പോകുന്ന അവനെ അര്‍ജ്ജുനന്‍ പിന്‍തുടര്‍ന്ന് ഓടിച്ചെന്ന് ബലമായി പിടിക്കുന്നു!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ആ കുരുക്കള്‍ ഓരോരുത്തരും വിചാരിച്ചെങ്കിലും എന്തോ മേൽപ്പോട്ട് ഒന്നും തീര്‍ച്ചപ്പെടുത്തുവാന്‍ ആരും ശക്തരായില്ല. വേഷപ്രച്ഛന്നനായ അര്‍ജ്ജുനനെ കണ്ടിട്ട്‌ അവര്‍ മനസ്സില്‍ ഓരോന്ന് ഊഹിക്കുക മാത്രം ചെയ്തു. ഉത്തരന്‍ പാഞ്ഞു പോകുമ്പോള്‍ അര്‍ജ്ജുനന്‍ പിന്‍തുടര്‍ന്ന് നൂറടിയോളം ഓടി മുടിക്കെട്ടില്‍ എത്തിപ്പിടിച്ചു. പാര്‍ത്ഥന്‍ പിടിച്ചപ്പോള്‍ അവന്‍ ആര്‍ത്തനായി നിലവിളിച്ചു. പലമട്ടിലും വിരാടപുത്രന്‍ വിഷമിച്ചു പോയി.

ഉത്തരന്‍ പറഞ്ഞു: എടോ കല്യാണീ, സുന്ദരീ, ചാരുമദ്ധ്യേ, ബൃഹന്നളേ! ഞാന്‍ പറയുന്നതു കേള്‍ക്കൂ! തേരു വേഗം പിന്‍തിരിക്കൂ! ശുഭം വരണമെങ്കില്‍ ജീവന്‍ കൈവശമുണ്ടാകണ്ടേ?; ശുഭം വരട്ടെ നിനക്ക്‌ ! ഞാന്‍ നൂറുനിഷ്കം തങ്കപ്പൊന്ന് തരാം; ഉടനെ തരാം. പൊന്നു കെട്ടിച്ചു മിന്നുന്ന എട്ടു വൈഡൂര്യ രത്നപ്പതക്കം തരാം. ഇണങ്ങുന്ന അശ്വങ്ങളോടു കൂടിയതും പൊന്‍തണ്ടുള്ളതുമായ തേരുതരാം. പത്തു മത്തഗജങ്ങളെ തരാം. നീ എന്നെ ഒന്ന് വിട്ടു തരൂ! ബൃഹന്നളേ! ഞാന്‍ എന്റെ ഗൃഹത്തിലെത്തട്ടെ.

വൈശമ്പായനൻ പറഞ്ഞു: അവന്‍ ഇപ്രകാരം ബുദ്ധികെട്ട്‌ പലതും പറഞ്ഞു വിലപിക്കെ, അര്‍ജ്ജുനന്‍ ചിരിച്ചു കൊണ്ട്‌ അവനെ പിടിച്ച്‌ തേരിന്റെ അരികിലെത്തിച്ചു. പിന്നെ പേടിച്ചു വിറയ്ക്കുന്ന അവനോട്‌ അര്‍ജ്ജുനന്‍ പറഞ്ഞു: ശത്രുക്കളോടു പൊരുതാന്‍ വയ്യെങ്കില്‍ ശത്രുകര്‍ശനനായ നീ വരൂ! ഞാന്‍ വൈരികളോടു പൊരുതാം. നീ എന്റെ അശ്വത്തെ തെളിച്ചാല്‍ മതി. നീ തേര്‍ക്കൂട്ടത്തിന്റെ അണിയുടെ ഉള്ളിലേക്കു കയറിക്കൊള്ളുക. എന്റെ കയ്യൂക്കിന്റെ രക്ഷയില്‍ നിനക്കു കയറാം. അപ്രധൃഷ്യമായി അരിവീരന്മാര്‍ കാക്കുന്നുത് ആണെങ്കിലും നീ ഭയപ്പെടേണ്ട. ഒരിക്കലും നീ ഭയപ്പെടേണ്ടാ. ഹേ പരന്തപാ, നീ ക്ഷത്രിയനാണ്‌! ഹേ! പുരുഷവ്യാഘ്രാ! നീ എന്താണ്‌ ശത്രുമദ്ധ്യത്തില്‍ മാഴ്കുന്നത്‌? ഞാന്‍ കൗരവരുമായി പോരാടാം. നിന്റെ പശുക്കളെ പിടിക്കാം. ഹേ! നരശ്രേഷ്ഠാ! അപ്രധൃഷ്യവും ദുസ്സഹവുമായ തേരണിയുടെ ഉള്ളില്‍ കടന്ന് നീ സജ്ജനാവുക! ഞാന്‍ കുരുക്കളോട് എതിര്‍ക്കാം.

ഇപ്രകാരം പറഞ്ഞ്‌ ഒരിക്കലും പിന്‍തിരിയാത്ത പാര്‍ത്ഥന്‍ മുഹൂര്‍ത്തം കൊണ്ട്‌ മത്സ്യേന്ദ്ര പുത്രനായ ഉത്തരനെ ആശ്വസിപ്പിച്ചു. മനസ്സില്ലാതെ പേടിച്ചു വിറയ്ക്കുന്ന അവനെ അപ്പോള്‍ യുദ്ധം ചെയ്യുന്നതില്‍ ഉത്തമനായ പാര്‍ത്ഥന്‍ തേര്‍ത്തട്ടില്‍ പിടിച്ചു കയറ്റി.

39. അര്‍ജ്ജുന്രപശംസ - ദ്രോണൻ അര്‍ജ്ജുനനെ പ്രശംസിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ക്ലീബ വേഷധാരിയായ നരപുംഗവന്‍ ഉത്തരനോടു കൂടി രഥത്തില്‍ കയറി ശമീവൃക്ഷത്തിന് നേരെ ചെല്ലുന്നതു കണ്ടപ്പോള്‍ കൗരവസൈന്യത്തിലെ ഭീഷ്മദ്രോണാദികളായ രഥിപുംഗവന്മാര്‍ക്ക്‌ ധനഞ്ജയ ഭയം മൂലം മനസ്സു കിടിലം കൊണ്ടു. ഉത്സാഹം കെട്ട യോധന്മാരേയും അത്ഭുതകരമായ ദുശ്ശകുനങ്ങളേയും കണ്ടപ്പോള്‍ ശസ്ത്രധരന്മാരില്‍ മുഖ്യനായ ദ്രോണാചാരൃന്‍ ഇപ്രകാരം പറഞ്ഞു.

ദ്രോണൻ പറഞ്ഞു: നോക്കൂ, ഇതാ ചരല്‍പ്പൊടി വര്‍ഷിച്ച്‌ കൊടുങ്കാറ്റ്‌ രൂക്ഷമായി അടിക്കുന്നു! ചാമ്പല്‍ നിറം കലര്‍ന്ന് ഇരുട്ടു കൊണ്ട്‌ ആകാശം മൂടിയിരിക്കുന്നു. രൂക്ഷവര്‍ണ്ണമായി അത്ഭുത രൂപത്തില്‍ കാര്‍മേഘം കാണുന്നു. ശസ്ത്രങ്ങള്‍ പലതും ഉറയില്‍ നിന്ന് തനിയേ ഊരി വീഴുന്നു. സൂര്യന്‍ പ്രകാശിക്കുന്ന ദിക്കു നോക്കി നിന്ന് കൊണ്ട്‌ കുറുനരികള്‍ ദാരുണമായി ഓരിയിടുന്നു. കുതിരകള്‍ കണ്ണുനീര്‍ പൊഴിക്കുന്നു. ഉറച്ചു നില്‍ക്കുന്ന കൊടികള്‍ തനിയേ നിന്ന് തുള്ളുന്നു. ഇപ്രകാരമുള്ള രൂപഭേദങ്ങള്‍ ഇവിടെ കാണുന്നതു കൊണ്ട്‌ ഘോരമായ ഒരു യുദ്ധം ആസന്നമായെന്ന് നിശ്ചയിക്കണം. അതു കൊണ്ട്‌ എല്ലാവരും തയ്യാറായി നിന്ന് കൊള്ളുവിന്‍! സൈന്യവ്യുഹം നല്ലവണ്ണം നിലയുറപ്പിച്ച്‌ ആത്മരക്ഷയ്ക്കായി ഒരുങ്ങി നിന്ന് കൊള്ളുവിന്‍. യുദ്ധത്തില്‍ ആപത്ത് ഉണ്ടാകാതിരിക്കുവാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. ഗോധനത്തെ നല്ലവണ്ണം രക്ഷിക്കണം. അല്ലയോ ഗംഗാപുത്രാ! വാനരകേതുവും ഒരു മഹാവൃക്ഷത്തിന്റെ പേരുള്ളവനുമായ ( അര്‍ജ്ജുനം - നീര്‍മരുത് ) കിരീടിയാണ്‌ ഈ ക്ലീബവേഷധാരി എന്നതില്‍ എനിക്കു സംശയമില്ല. ഹേ ഗാംഗേയാ, മഹാധനുര്‍ദ്ധരനും സര്‍വ്വശസ്ത്രജ്ഞനും ഇന്ദ്രപുത്രനുമായ അര്‍ജ്ജുനനാണ്‌ ഈ അംഗനാ വേഷധാരി. സാക്ഷാല്‍ അര്‍ജ്ജുനന്‍ തന്നെയാണ്‌ നമ്മെ ജയിച്ച്‌ ഗോക്കളെ വിണ്ടു കൊണ്ടു പോകുവാന്‍ വന്നിരിക്കുന്നത്‌. മഹാവിക്രമിയായ സവ്യസാചി ഇതാ വരുന്നു! സുരാസുരന്മാര്‍ എല്ലാവരും കൂടി ഇടഞ്ഞാലും ഈ പരന്തപൻ എതിര്‍ക്കാതെ പിന്‍തിരിയുകയില്ല. കാടുകളില്‍ ചുറ്റിത്തിരിഞ്ഞ്‌ വളരെനാള്‍ ക്ലേശിച്ച ഈ ശൂരന്‍ ആ പകയോടു കൂടിയാണു വരുന്നത്‌. വാസവനാല്‍ ശിക്ഷിതനും യുദ്ധത്തില്‍ ഇന്ദ്രതുല്യനുമായ അര്‍ജ്ജുനന്‍ അമര്‍ഷവശനായി ഇടയുമ്പോള്‍ അവനോട്‌ എതിരിടുവാന്‍ ഞാന്‍ ഇവിടെ ആരേയും കാണുന്നില്ല. ഹിമവാനില്‍ വെച്ച്‌ കിരാത വേഷധാരിയായി വന്ന മഹാദേവനെ പോലും യുദ്ധത്തില്‍ അവന്‍ സന്തോഷിപ്പിച്ചതായി നാം കേട്ടിട്ടുണ്ടല്ലോ.

കര്‍ണ്ണന്‍ പറഞ്ഞു: ആചാര്യാ! എന്തിനാണ്‌ ഭവാന്‍ അര്‍ജ്ജുനനെപ്പറ്റി എന്നും ഈ വികത്ഥനം ചെയ്തു കൊണ്ടിരിക്കുന്നത്‌? എന്റേയും ദുര്യോധനന്റേയും പതിനാറില്‍ ഒരു അംശത്തിന് പോലും അവന്‍ ഒക്കുകയില്ല.

ദുര്യോധനന്‍ പറഞ്ഞു: എടോ രാധേയാ! ഇവന്‍ പാര്‍ത്ഥനാണെങ്കില്‍ നമുക്കു ഗുണായി. നമ്മുടെ കാര്യം പ്രയാസം കൂടാതെ സാധിച്ചു എന്ന് പറയാം. അറിഞ്ഞാല്‍ പന്ത്രണ്ടു സംവത്സരം വീണ്ടും അവര്‍ക്കു വനവാസം തീര്‍ച്ചപ്പെട്ടു! അഥവാ മറ്റൊരാൾ ആണെങ്കിലോ അവനെ കൂര്‍ത്തുമൂര്‍ത്ത അമ്പുകള്‍ തൂകി ഞാന്‍ ഭൂമിയില്‍ വീഴ്ത്തുകയും ചെയ്യും!

ഇപ്രകാരം ധാര്‍ത്തരാഷ്ട്രന്‍ പറയുമ്പോള്‍ ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, ദ്രൗണി എന്നിവര്‍ ദുര്യോധനനെ പ്രശംസിച്ചു.

40. അര്‍ജ്ജുനാസ്ത്രകഥനം - ശമീവ്യക്ഷത്തില്‍ നിന്ന് അസ്ത്രം ഇറക്കുവാന്‍ ഉത്തരനോട്‌ അര്‍ജ്ജുനന്‍ പറയുന്നു - വൈശമ്പായനൻ പറഞ്ഞു: ആ ശമീവൃക്ഷത്തിന്റെ സമീപത്ത് എത്തിയപ്പോള്‍ അര്‍ജ്ജുനന്‍ ഉത്തരനോടു പറഞ്ഞു. ഏതായാലും ഉത്തരന്‍ യുദ്ധത്തിനു സമര്‍ത്ഥനല്ലെന്ന്‌ അര്‍ജ്ജുനന്‍ മനസ്സിലാക്കി. അവനെ ഇനി മറ്റു പ്രകാരത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് അര്‍ജ്ജുനന്‍ വിചാരിച്ചു; "എടോ, ഉത്തരാ, നീ എന്തു വിചാരിക്കുന്നു? നിന്റെ വില്ലുകളൊന്നും എന്റെ ശക്തി താങ്ങുവാന്‍ പോരാ. അവ കൊണ്ട്‌ ശത്രുക്കളെ ജയിക്കുവാന്‍ പറ്റുകയില്ല. നീ ഈ ശമീവൃക്ഷത്തില്‍ കയറുക. അവിടെ പാണ്ഡവന്മാരുടെ വില്ലുകള്‍ വെച്ചിട്ടുണ്ട്‌. യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍, എന്നിവരുടെ എല്ലാം വില്ലുകള്‍ അതിന്റെ മുകളില്‍ വെച്ചിട്ടുണ്ട്‌. വില്ലുകള്‍ മാത്രമല്ല, ധ്വജങ്ങളും ശരങ്ങളും ശൂരന്മാരുടെ നല്ല കവചങ്ങളുമുണ്ട്‌. അതില്‍ വിജയന്റെ വീര്യം കൂടിയ ഗാണ്ഡീവവുമുണ്ട്‌. നൂറായിരം വില്ലുകള്‍ക്ക്‌ എതിരായിട്ടുള്ള ആ ഒരോ ഒരു വില്ല്‌ രാഷ്ട്രവിവര്‍ദ്ധനമാണ്‌. അത്‌ ആയാസങ്ങളെ സഹിക്കുന്നതും പനപോലെ മഹത്തരവുമാണ്‌. എല്ലാ ആയുധങ്ങളും ചേർന്നാലും അതിനോടു കിട നിൽക്കുകയില്ല. ശത്രുക്കള്‍ക്ക്‌ ആ വില്ലുപോലെ നാശകാരിയായി മറ്റൊന്നില്ല. ദിവ്യവും, ശ്ലക്ഷ്ണവും, ആയതവും, അവ്രണവും, സുവര്‍ണ്ണകൃതവും, ദാരുണവും, ചാരുദര്‍ശനവുമായ ആ വില്ല്! ഏതു മഹത്തരമായ ഭാരവും താങ്ങുന്നതാണ്‌. അതുപോലെ തന്നെ സുദൃഢവും ബലവത്തരവുമാണ്‌ പാണ്ഡവന്മാരുടെ ഏത്‌ ആയുധവും.

41. അസ്ത്രാവരോപണം - ഉത്തരന്‍ ശമീവ്യക്ഷത്തില്‍ നിന്ന് ദിവ്യാസ്ത്രങ്ങള്‍ ഇറക്കുന്നു - ഉത്തരന്‍ പറഞ്ഞു: ബൃഹന്നളേ, ഈ മരത്തില്‍ ഒരു ശവം തൂങ്ങിക്കിടന്നി രുന്നതായി കേട്ടിരുന്നു. അങ്ങനെയുള്ള മരത്തെ രാജകുമാരനായ ഞാന്‍ തൊടുന്നതു ശരിയല്ല. ഞാന്‍ ക്ഷത്രിയ വംശത്തില്‍ പിറന്നവനാണ്‌. ഇത്തരം അശുദ്ധ വസ്തുക്കളെ തൊടുവാന്‍ പാടില്ല. മന്ത്രജ്ഞനും മഹാനുമായ രാജപുത്രനാണ്‌ ഞാന്‍. ശുദ്ധനായ എന്നെക്കൊണ്ടു ശവം തൊടുവിച്ച്‌ ശവം ചുമക്കുന്ന പറയനെ പോലെ അശുദ്ധനാക്കി, വല്ലവരെക്കൊണ്ടും ആക്ഷേപം പറയിക്കുവാന്‍ എന്നെ പാത്രമാക്കി തീര്‍ക്കുന്നുതു ശരിയാണോ ബൃഹന്നളേ?

ബൃഹന്നള പറഞ്ഞു: ഹേ, രാജപുത്രാ! ഭവാന്‍ അപവാദിയാകുമെന്ന് ഭയപ്പെടേണ്ട. ഈ മരത്തില്‍ ശവം കാണുന്നില്ല. അതില്‍ വില്ലുകള്‍ ഇരിപ്പുണ്ടു താനും. അതു കൊണ്ട്‌ ഭവാന്റെ പരിപാവനത്വത്തിന് യാതൊരു കോട്ടവും തട്ടുകയില്ല. മനസ്വിയും കുലീനനും മത്സ്യരാജ പുത്രനുമായ ഭവാനെക്കൊണ്ടു ഞാന്‍ നിന്ദ്യകര്‍മ്മം ചെയ്യിക്കുമെന്ന് വിചാരിക്കാമോ?

വൈശമ്പായനന്‍ പറഞ്ഞു: പാര്‍ത്ഥന്‍ പറഞ്ഞ ഉടനെ കുണ്ഡലങ്ങള്‍ കുണുങ്ങുമാറ്‌ അവന്‍ തേരില്‍ നിന്ന് ചാടി. അവശനായ ഉത്തരന്‍ ശമീവ്യക്ഷത്തില്‍ പൊത്തിപ്പിടിച്ച്‌ കയറി. തേരില്‍ നിന്ന് കൊണ്ട്‌ ശത്രുജിത്തായ അര്‍ജ്ജുനന്‍ ആജ്ഞാപിച്ചു: വൃക്ഷാഗ്രത്തില്‍ നിന്ന് വേഗം വില്ലുകള്‍ ഇറക്കുക. അവ ചുറ്റിക്കെട്ടിയ പാശം ഉടനെ മാറ്റുക. ഉടനെ ഉത്തരന്‍ വില്ലുകള്‍ ഇലകള്‍ കൊണ്ടു മൂടി പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്നതായി കണ്ടു. ആ കെട്ടുകളെല്ലാം അവന്‍ അഴിച്ചു നീക്കി. ഇലകളും കെട്ടുകളും നീക്കിയപ്പോള്‍ ഗാണ്ഡീവത്തോടൊപ്പം വേറെ നാലു വില്ലുകളും കണ്ടു. അഴിക്കുന്ന സമയത്തു വില്ലില്‍ നിന്ന് അര്‍ക്കകാന്തി പുറപ്പെട്ടതായി അവന്‍ കണ്ടു. ഗ്രഹോദയത്തിൽ എന്നപോലെ ദിവ്യരശ്മികള്‍ പുറപ്പെട്ടു. ഈ ശോഭാ വിക്ഷേപം കണ്ടതോടു കൂടി ഉത്തരന്‍ രോമാഞ്ചപ്പെടുമാറു നടുങ്ങി പോയി. തിളങ്ങുന്നതായ ആ മാഹാത്മ്യമുള്ള വില്ലുകള്‍ സ്പര്‍ശിച്ച ശേഷം വിരാടപുത്രന്‍ പാര്‍ത്ഥനോട്‌ ഉദ്വേഗത്തോടെ പറഞ്ഞു.

42. ഉത്തരവാക്യം - ഉത്തരന്റെ അസ്ത്രദര്‍ശനം - ഉത്തരന്‍ പറഞ്ഞു: നൂറു സുവര്‍ണ്ണ ബിന്ദുക്കള്‍ പതിച്ചിട്ടുള്ളതും, ഉറപ്പുള്ള അറ്റങ്ങളോടു കൂടിയതും, ശോഭിക്കുന്നുതുമായ ഈ മുഖ്യമായ കാര്‍മ്മുകം ആരുടേതാണ്‌? പൊന്നിന്‍കമാനനിരപുറത്ത്‌ അഴകോടെ പതിച്ചതും നല്ല വക്കും പിടിയും ചേര്‍ന്നതുമായ മുഖ്യമായ കാര്‍മ്മുകം ആരുടേതാണ്‌? തങ്കപ്പൊന്നു കൊണ്ട്‌ ഇന്ദ്രഗോപത്തുമ്പിയുടെ ആകൃതിയില്‍ പുറത്തു ഭംഗിപ്പെടുത്തി ചിത്രീകരിച്ചു ശോഭിച്ചു കാണുന്ന മുഖ്യമായ വില്ല്‌ ആരുടേതാണ്‌? മൂന്ന് പൊന്മയമായ സൂര്യന്മാരെ ചിത്രീകരിച്ചു ഭംഗിയില്‍ ശോഭിക്കുന്നതും, തേജസ്സു കൊണ്ടു ജലിക്കുന്നുതുമായ മുഖ്യമായ വില്ല്‌ ആരുടേതാണ്‌? പൊന്ന് കൊണ്ടു പണിത ചിത്രശലഭം പതിച്ചതും, സ്വര്‍ണ്ണരമ്യങ്ങളായ കെട്ടുകൾ ഉള്ളതുമായ മുഖൃമായ കാര്‍മ്മുകം ആരുടേതാണ്‌? രോമം മുറിക്കുന്ന "ആയിരം നാരാചം" ആരുടേതാണ്‌? ചുറ്റും കളധൗതാഗ്രമായി സ്വര്‍ണ്ണനിര്‍മ്മിതമായ ആവനാഴിയില്‍ കഴുകച്ചിറകു വെച്ച വിപാഠങ്ങള്‍ ( ഒരുതരം അമ്പ് ) ആരുടേതാണ്‌? സമങ്ങള്‍ മഞ്ഞനിറം ആയിരിക്കുന്ന ഇരുമ്പു വിശിഖങ്ങളും, പഞ്ചശാര്‍ദ്ദൂല ചിഹ്നത്തോടെയുള്ള അസിതമായ വില്ലും ആരുടേതാണ്‌? പന്നിച്ചെവിയനായ പത്തുബാണം ഏന്തിയിരിക്കുന്നതും, ചന്ദ്രബിംബാര്‍ദ്ധ രൂപത്തില്‍ പൃഥുദീര്‍ഘങ്ങളായതും ആരുടെ വില്ലാണ്‌? ചുടുചോര കുടിക്കുന്ന "എഴുനൂറു നാരാച" ആരുടേതാണ്‌? ആരുടേതാണ്‌ മുന്‍ഭാഗം ശുകത്തിന്റെ പക്ഷത്തിന്റെ നിറമുള്ളതും, മറ്റേഭാഗം ഇരുമ്പായി പൊന്ന് കൊണ്ടു കെട്ടി തേച്ച്‌ മൂര്‍ച്ച വെപ്പിച്ചിട്ടുള്ളതുമായ ശരങ്ങള്‍? ഭാരം താങ്ങുന്നതും, ശത്രുക്കള്‍ക്കു ഭയജനകമായതും, പുഷ്ഠത്തില്‍ തവളയുടെ ആകൃതിയുള്ളതും, തവളമുഖത്തോടു കൂടിയതുമായ ഈ ദിവ്യമായ ഖള്‍ഗം ആരുടേതാണ്‌? സ്വര്‍ണ്ണപ്പിടിയുള്ളതും, പുലിത്തോലു കൊണ്ടുള്ള വലിയ ഉറയുള്ളതുമായ ഈ മണിസായകം ആരുടേതാണ്‌? ദിവ്യവും, അതൃന്ത നിര്‍മ്മലവുമായ ഈ പൊന്‍പിടിയുള്ള വാള്‍ ആരുടേതാണ്‌? കാളയുടെ തോലു കൊണ്ട്‌ ഉറയിട്ടിട്ടുള്ള വാള്‍ ആരുടേതാണ്‌? അധൃഷ്യമായ പൊന്‍പിടിയുള്ളതും, നിഷധരാജ്യത്ത് ഉണ്ടാക്കിയതും, ഭാരസാധകവും, ഹേമവിഗ്രഹവും, ആട്ടിന്‍തോലുറ ഉള്ളതുമായ വാള്‍ ആരുടേതാണ്‌? വലുപ്പവും, ഭംഗിയുമുള്ളതും, ആകാശത്തിന്റെ നിറത്തില്‍ ഊട്ടിയിട്ടുള്ളതും, സൂര്യകാന്തിയുള്ള പൊന്നുറയില്‍ ഇട്ടിരിക്കുന്നുതുമായ സായകം ആരുടെയാണ്‌? ഈ ഖള്‍ഗം കനമുള്ളതും ഊട്ടിയതും കേടില്ലാത്തതും ആണ്‌. അസിതമായതും, പൊന്‍പുള്ളികള്‍ അണിഞ്ഞതുമാണ്‌. പാമ്പിനെ പോലുള്ളതും പരകായം പിളര്‍ക്കുന്നതും, വലിയ ഭാരം താങ്ങുന്നതും, ദിവ്യവും ശത്രുക്കള്‍ക്കു ഭയജനകവുമാണ്‌. ഇങ്ങനെയുള്ള ഈ ഖള്‍ഗം ആരുടേതാണ്‌? ഈ ചോദിച്ച വിധം ക്രമപ്രകാരം ആരുടേതാണെന്ന് ബൃഹന്നളേ, നീ പറഞ്ഞു തരിക!

43. ആയുധവര്‍ണ്ണനം - ബൃഹന്നള പറഞ്ഞു: ശത്രുസേനാ ഹാരിയായതും ആദ്യം എന്നോടു ചോദിച്ചതുമായ വില്ല്‌ അര്‍ജ്ജുനന്റെ വിശ്വവിശ്രുതമായ ഗാണ്ഡീവമാണ്‌. സര്‍വ്വ ആയുധങ്ങള്‍ക്കും എതിരായതും ഭംഗിയില്‍ പൊന്ന് കെട്ടിച്ചതുമാണത്‌. ഇതാണ്‌ പാര്‍ത്ഥന്റെ പരമാത്ഭുതമായ ഗാണ്ഡീവം. നൂറായിരത്തിന് എതിരായ ഇത്‌ രാഷ്ട്ര വിവര്‍ദ്ധനമാണ്‌. അര്‍ജ്ജുനന്‍ ഈ വില്ലു കൊണ്ടാണ്‌ ദേവന്മാരേയും മാനുഷന്മാരേയും പോരില്‍ വെല്ലുന്നത്‌. പലവര്‍ണ്ണം കൊണ്ടു വിചിത്രവും ശ്ലക്ഷ്‌ണവും കേടില്ലാതെ നീണ്ടതും ദേവദാനവ ഗന്ധര്‍വ്വന്മാര്‍ വളരെ സംവത്സരം പൂജിച്ചിരുന്നതും ആണിത്‌. ഈ കാര്‍മ്മുകം ആയിരം സംവത്സരം ബ്രഹ്മദേവന്‍ ധരിച്ചു. പിന്നെ പ്രജാപതി ധരിച്ചു. പിന്നെ ശക്രന്‍ മുവായിരത്തി അഞ്ഞൂറ്റി എണ്‍പത്തഞ്ച്‌ സംവത്സരം ധരിച്ചു. സോമനാഥന്‍ അഞ്ഞൂറു വത്സരം, പിന്നെ അംബുനാഥന്‍ ഒരു നൂറു വത്സരം, ശ്വേതവാഹനനായ പാര്‍ത്ഥന്‍ അറുപത്തഞ്ചു വത്സരം. ഇങ്ങനെ വീര്യമുള്ളതും, മഹാദിവ്യവും, വില്ലുകളില്‍ മികച്ചതുമാണത്‌.

ദിവ്യമായ ഈ കാര്‍മ്മുകം പാര്‍ത്ഥന് വരുണന്റെ കയ്യില്‍ നിന്ന് ലഭിച്ചതാണ്‌. ദേവ മര്‍ത്ത്യാര്‍ച്ചിതമായ ഇത്‌ മഹാ ആകാരം വഹിക്കുന്നതാണ്‌. സുപാര്‍ശ്വമായി പൊന്‍പിടിയുള്ള വില്ല് ഭിമന്റെയാണ്‌. അതു കൊണ്ടാണ്‌ കിഴക്കന്‍ ദിക്കെല്ലാം ഭീമന്‍ ജയിച്ചത്‌. ഇന്ദ്രഗോപം അണിഞ്ഞ്‌ ഭംഗിയുള്ള വില്ല്‌ നീ കണ്ടില്ലേ? അത്‌ യുധിഷ്ഠിര രാജാവിന്റെ മുഖ്യ കാര്‍മ്മുകമാണ്‌. തെളിഞ്ഞ സുവര്‍ണ്ണ സൂര്യന്മാര്‍ മിന്നുന്നതും ജ്വലിക്കുന്നുതുമായ വില്ല്‌ സഹദേവന്റെയാണ്‌. കത്തിക്കു തുല്യം രോമം അറുക്കുന്ന വിധം മൂര്‍ച്ചയുള്ള സഹസ്ര ശരങ്ങള്‍ അര്‍ജ്ജുനന്റേതാണ്‌. ഉത്തരാ! അത്‌ വിഷോപമവുമാണ്‌. പോരില്‍ ജ്വലിക്കുന്ന ഇവ ഭൂരിവേഗം പതിക്കുന്നവയാണ്‌. വൈരിവ്യൂഹത്തില്‍ ആ വീരന്‍ കയറുമ്പോള്‍ ഈ ശരം ഒടുങ്ങുകയില്ല. ചന്ദ്രബിംബാര്‍ദ്ധ രൂപത്തില്‍ കൂര്‍ത്തു നീണ്ടു കനത്ത ഇവ ഭീമന്റെ ബാണങ്ങളാണ്‌. അവ വൈരി വര്‍ഗ്ഗത്തെ മുടിച്ചു കളയും. പൊന്നു കെട്ടിച്ചു മഞ്ഞളിച്ച്‌ ചാണയ്ക്കിട്ടു കടഞ്ഞ ഈ ശരങ്ങള്‍ നകുലന്റെയാണ്‌. പഞ്ചശാര്‍ദ്ദൂല ലക്ഷണം അതിനുണ്ട്‌. പടിഞ്ഞാറന്‍ ദിക്കു മുഴുവന്‍ നകുലന്‍ പോരില്‍ ജയിച്ചത്‌ ആ ശരം കൊണ്ടാണ്‌. ഭാസ്കരാകാരമായി ഉരുക്കു കൊണ്ടുണ്ടാക്കിയ ഈ ശരങ്ങള്‍ ചിത്രക്രിയയ്ക്കൊത്ത ധീമാനായ സഹദേവന്റെയാണ്‌. ചാണയ്ക്കു വെച്ച്‌ ഊട്ടി പൊന്നുകെട്ടി മൂന്ന് മൊട്ടുകളുള്ള ഈ സായകം രാജാവിന്റെയാണ്‌.

ഈ നീണ്ട ഖള്‍ഗം ശിലീപൃഷ്ഠവും ശിലീമുഖവുമായതും ദൃഢമായതും പോരില്‍ കനത്ത ഭാരം വഹിക്കുന്നതുമാണ്‌. ഇത്‌ അര്‍ജ്ജുനന്റെയാണ്‌. പുലിത്തോലുറയുള്ള വലിയ വാള്‍ ഭീമന്റെയാണ്‌. ദിവ്യവും ഭയങ്കര ഭാരം താങ്ങുന്നതുമായ ഈ ഖള്‍ഗം ശത്രുക്കള്‍ക്ക്‌ ഭയജനകമാണ്‌. പൊന്നിന്‍ പിടിയുള്ളതും നല്ല അലകുള്ളതും ചിത്രമായ ഉറയുള്ളതും ആയ ഉത്തമമായ വാള്‍ ധീമാനായ ധര്‍മ്മരാജന്റെ ആകുന്നു. ചിത്രയോധനമായ പഞ്ചനഖ കോശത്തിലിട്ട ഈ വാള്‍ നല്ല ഭാരം താങ്ങുന്നതും ദൃഢവുമാണ്‌. ഇത്‌ നകുലന്റെയാണ്‌. കാളത്തോലുറയില്‍ വെച്ചതും നീണ്ടതുമായ വാള്‍ സഹദേവന്റെയാണ്‌. സര്‍വ്വ ഭാരങ്ങളേയും വഹിക്കുന്നതും ഉറപ്പുള്ളതുമാണ്‌ ഈ ഖള്‍ഗം.

44. അര്‍ജ്ജുനപരിചയം - ഉത്തരന്‍ പറഞ്ഞു: മഹാത്മാക്കളും കര്‍മ്മങ്ങള്‍ ഉടനെ നടത്തുന്നവരുമായ പാര്‍ത്ഥന്മാരുടെ ഭംഗിയേറിയതും, പൊന്നണിഞ്ഞതുമായ ആയുധങ്ങള്‍ കാണുന്നുണ്ട്‌. എവിടെയാണ്‌ പാര്‍ത്ഥനായ അര്‍ജ്ജുനന്‍? കൗരവ്യനായ ധര്‍മ്മപുത്രന്‍ എവിടെയാണ്‌? സഹദേവനും, നകുലനും, ഭീമനും എവിടെയാണ്‌? എല്ലാവരും മഹാത്മാക്കളാണ്‌. എല്ലാവരും വൈരി വിനാശകന്മാരും ആണ്‌. രാജ്യം ചൂതില്‍ കളഞ്ഞിട്ട്‌ നാടു വിട്ടു പോയതിന് ശേഷം അവരെപ്പറ്റി ഒന്നും കേള്‍ക്കുന്നുമില്ല. പേരു കേട്ട പെണ്മണിയായ പാഞ്ചാലി എവിടെയാണ്‌? ചുതില്‍ തോറ്റ അവരോടു കൂടി കാട്ടില്‍ പോയ ആ ദ്രുപദരാജ പുത്രിയായ കൃഷ്ണ എവിടെയാണ്‌?

അര്‍ജ്ജുനന്‍ പറഞ്ഞു: ഞാനാണ്‌ അര്‍ജ്ജുനന്‍, സഭാസ്താരനാണ്‌ യുധിഷ്ഠിരന്‍, നിന്റെ അച്ഛന്റെ പാചകനായ വല്ലവനാണ്‌ ഭീമന്‍, അശ്വബന്ധനാണ്‌ നകുലന്‍, ഗോക്കളെ പാലിക്കുന്നുവനാണ്‌ സഹദേവന്‍, സൈരന്ധ്രിയാണ്‌ പാഞ്ചാലി. അവള്‍ മൂലമാണ്‌ കീചകന്‍ ചത്തത്‌.

ഉത്തരന്‍ അത്ഭുതത്തോടെ ചോദിച്ചു; പാര്‍ത്ഥന് പത്തു പേരുകളുണ്ടെന് ഞാന്‍ കേട്ടിട്ടുണ്ട്‌. എനിക്ക്‌ അത്‌ പറഞ്ഞു തന്നാല്‍ ഇതൊക്കെ ഞാന്‍ സമ്മതിക്കാം.

അര്‍ജ്ജുനന്‍ പറഞ്ഞു: പത്തു പേരുകളും ഞാന്‍ ശരിക്കുപറയാം. നീ മുമ്പു കേട്ടിട്ടുള്ളതാണല്ലോ ഉത്തരാ! കേള്‍ക്കുക. ഏകാഗ്രചിത്തനായി ശ്രദ്ധയോടു കൂടി കേള്‍ക്കണം: " അര്‍ജ്ജുനന്‍, വിജയന്‍, ജിഷ്ണു, കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, ഫല്‍ഗുനന്‍, കൃഷ്ണന്‍, സവ്യസാചി, ധനഞ്ജയനന്‍ ".

ഉത്തരന്‍ പറഞ്ഞു: എന്തുകൊണ്ടാണ്‌ നീ വിജയനായത്‌? എന്തു കൊണ്ടാണ്‌ കിരീടിയായത്‌? എങ്ങനെയാണ്‌ സവ്യസാചിയായത്‌? അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു, കൃഷ്ണന്‍, ബീഭത്സു, ധനഞ്ജയന്‍ ഈ പേരുകളും ഭവാന് എങ്ങനെ ലഭിച്ചു? ഇതിന്റെ യാഥാര്‍ത്ഥ്യം പറയുക. ഈ നാമങ്ങൾ ഉണ്ടാകുവാനുള്ള ഹേതുവൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്‌. അതൊക്കെ നീ പറഞ്ഞാല്‍ എല്ലാം ഞാന്‍ സമ്മതിക്കാം.

അര്‍ജ്ജുനന്‍ പറഞ്ഞു: നാടൊക്കെ ജയിച്ച്‌ ധാരാളം വിത്തം നേടി ധനമദ്ധ്യത്തില്‍ ഞാന്‍ നിൽക്കുകയാല്‍ ധനഞ്ജയനായി. പോരില്‍ ഗര്‍വ്വിഷ്ഠന്മാരോടേറ്റു പൊരുതുന്ന സമരത്തില്‍ ഞാന്‍ ജയിക്കാതെ പിന്മടങ്ങുകയില്ല. അതു കൊണ്ട്‌ ഞാന്‍ വിജയന്‍ എന്ന പേരില്‍ അറിയുവാന്‍ ഇടയായി. തേരില്‍ പൊന്നണി കോപ്പുകൾ അണിയുന്ന ശ്വേതാശ്വങ്ങളെ പൂട്ടിയാണ്‌ പോരിന് ഇറങ്ങുക. അതു കൊണ്ട്‌ ഞാന്‍ ശ്വേതവാഹനനായി. ഹേ, ഉത്തരാ, ഞാന്‍ ഫല്‍ഗുനീ നക്ഷത്രത്തില്‍ പകല്‍ ഹിമവല്‍ഗിരി പൃഷ്ഠത്തിലാണു പിറന്നത്‌. അതു കൊണ്ടാണ്‌ ഞാന്‍ ഫല്‍ഗുനനായത്‌. പണ്ട്‌ ഞാന്‍ ദൈത്യവരരുമായി പൊരുതുമ്പോള്‍ ഇന്ദ്രന്‍ എന്റെ ശിരസ്സില്‍ അര്‍ക്കാഭമായ കിരീടം അലങ്കരിച്ചു. അന്നു മുതല്‍ ഞാന്‍ കിരീടിയായി. ഞാന്‍ യുദ്ധത്തില്‍ ഒരിക്കലും ബീഭത്സമായ കാര്യം ചെയ്യുന്നതല്ല. അതു കൊണ്ട്‌ ദേവന്മാരും മര്‍ത്തൃരും എന്നെ ബീഭത്സു എന്ന് പറയുന്നു.

ഗാണ്ഡീവമെന്നു പറയുന്ന എന്റെ വില്ലു വലിക്കുവാൻ എനിക്ക്‌ ഇടത് കയ്യും വലത് കയ്യും ഒരു പോലെ സ്വാധീനമാണ്‌. അതിനാല്‍ എന്നെ ദേവന്മാരും മര്‍ത്ത്യന്മാരും സവ്യസാചി എന്ന് പറയുന്നു. നാലതിര്‍ത്തിയുള്ള ഊഴിയില്‍ എന്ന പോലെ നിറമുള്ളവരില്ല. ശുഭമായ കര്‍മ്മമേ ഞാന്‍ ചെയ്യുകയുള്ള. അതു കൊണ്ട്‌ ഇവന്‍ അര്‍ജ്ജുനനായി. ഞാന്‍ ദൂര്‍വ്വാരനാണ്‌, ദുരാധര്‍ഷനാണ്‌, ദമനനാണ്‌, ശക്രനന്ദനനാണ്‌. അതു കൊണ്ട്‌ ദേവന്മാരും മര്‍ത്തൃന്മാരും എന്നെ ജിഷ്ണു എന്ന് പറയുന്നു. കൃഷ്‌ണന്‍ എന്ന പത്താമത്തെ നാമം എനിക്ക്‌ അച്ഛനിട്ട പേരാണ്‌. കൃഷ്ണനെ പോലെ മനോഹരമായ നിറമുള്ളവന്‍ എന്നര്‍ത്ഥത്തില്‍ ബാലനായ എന്നില്‍ വാത്സല്യത്തോടെ ഇട്ടതാണ്‌ ആ നാമം.

വൈശമ്പായനൻ പറഞ്ഞു: ഉടനെ ഉത്തരന്‍ പാര്‍ത്ഥനെ അഭിവാദൃം ചെയ്തു; ഹേ ധനഞ്ജയ, ഞാന്‍ ഭൂമിഞ്ജയനാണ്‌! നാമം കൊണ്ടു പിന്നീട്‌ ഉത്തരനായതാണ്‌! ഭാഗ്യം! പാര്‍ത്ഥാ, ഭവാനെ കണ്ടത്‌ ഭാഗ്യം! ധനഞ്ജയാ, ഭവാനു സ്വാഗതം! ഗജരാജകരാകാരാ, ലോഹിതാക്ഷാ, മഹാഭുജാ!! അറിയാതെ ഞാന്‍ പറഞ്ഞ വാക്കുകള്‍ ഭവാന്‍ ക്ഷമിക്കണേ! ഭവാന്‍ പണ്ടേ ചിത്രമായ ദുഷ്കരക്രിയ ചെയ്യുകയാല്‍ എന്റെ ഭയം തീര്‍ന്ന് പോയി! ഞാന്‍ വളരെയധികം സന്തോഷത്തോടു കൂടിയവൻ ആയിരിക്കുന്നു.

45. അര്‍ജ്ജുനവാക്യം - അര്‍ജ്ജുന യുദ്ധാരംഭം - ഉത്തരന്‍ പറഞ്ഞു; ഹേ, വീരാ! നല്ല തേരില്‍ കയറി സൂതനായ എന്നോടു കൂടി നീ ഏതു സൈനൃത്തിലേക്കാണു പോകുന്നതെന്ന് പറയുക. ഞാന്‍ അവിടെ കൊണ്ട്‌ എത്തിക്കുന്നതാണ്‌.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, പുരുഷ വ്യാഘ്രാ! സന്തോഷം! നീ ഭയപ്പെടേണ്ട. പോരില്‍ നിന്റെ വൈരിസമൂഹത്തെ ഞാന്‍ ജയിക്കാം; നീ സ്വാസ്ഥ്യത്തോടെ ഇരിക്കുക. ഞാന്‍ വീരന്മാരായ ശത്രുക്കളുമായി ഏറ്റുമുട്ടി ഭൈരവമായ ക്രിയ ചെയ്യുന്നത്‌ നീ നോക്കിയിരുന്നാല്‍ മതി. ഈ ആയുധങ്ങളൊക്കെ നീ എന്റെ തേരില്‍ ഉടനെ കയറ്റുക. പൊന്നണിഞ്ഞ്‌ ഭംഗിയുള്ള ഈ വാളും എടുത്തു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്റെ വാക്കു കേട്ട്‌ ഉടനെ ഉത്തരന്‍ പാര്‍ത്ഥന്മാരുടെ ആയുധങ്ങളെല്ലാം എടുത്ത്‌ താഴത്ത്‌ ഇറങ്ങി വന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: കുരുക്കളുമായി ഞാന്‍ പൊരുതാം. നിന്റെ പശുക്കളെ അഭിമുഖീകരിക്കുകയും ചെയ്യാം. സങ്കല്പമാകുന്ന ദ്വാരങ്ങളോടു കൂടിയ നിലയും, ബാഹുക്കളാകുന്ന കോട്ട കമാനങ്ങളും, ത്രിദണ്ഡമാകുന്ന ആവനാഴിയും, ക്രോധകൃതമായി എരിയുന്ന ഞാണാകുന്ന കവണയും, ചക്രനിദ്ധ്വാനമാകുന്ന പ്രചണ്ഡവാദൃവും ഉള്ളതായ ഈ തേര്‍ത്തട്ട്‌ നിന്റെ ഭവനം തന്നെ, സുരക്ഷിതമായ ഗൃഹം തന്നെ, എന്ന് വിചാരിച്ച്‌ സുഖമായി ഇരുന്നു കൊള്ളുക! അങ്ങനെ വരുന്നതുമാണ്‌. ഗാണ്ഡീവം വില്ലെടുത്ത്‌ ഞാന്‍ പോരില്‍ കയറുന്നതായ രഥം ശത്രുക്കള്‍ക്കു ജയിക്കുവാന്‍ സാദ്ധ്യമല്ലാത്തതാണ്‌. അതു കൊണ്ട്‌ വിരാടപുത്രാ! നീ ഭയം ഉപേക്ഷിക്കുക.

ഉത്തരന്‍ പറഞ്ഞു: ഞാന്‍ ഇവരെ ഭയപ്പെടുന്നില്ല. നീ രണത്തില്‍ സ്ഥിതനാണല്ലൊ. പോരില്‍ കേശവനോടും, സാക്ഷാല്‍ ഇന്ദ്രനോടും ഭവാന്‍ സദൃശനാണ്‌. ഒരു കാര്യം ചിന്തിക്കുമ്പോള്‍ മാത്രം ഞാന്‍ ശങ്ക കൊണ്ടു പതറിപ്പോകുന്നു. മന്ദബുദ്ധിയായ എനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല. അതെന്താണെന്ന് പറയാം. ഇപ്രകാരം അംഗരൂപത്തോടു കൂടി ലക്ഷണം സൂചിപ്പിക്കുന്ന ഭവാന്‍ എന്തു കര്‍മ്മ വിപാകത്താലാണ്‌ ഇന്ന് ക്ലീബനായി തീര്‍ന്നത്‌? നിന്നെ ക്ലീബനായി ചുറ്റുന്ന ശിവനാണെന്നേ എനിക്കു ചിന്തിക്കുവാന്‍ കഴിയുന്നുള്ളു. അര്‍ദ്ധനാരീശ്വരനായ ശിവനാണെന്നേ തോന്നുന്നുള്ളു. ഗന്ധര്‍വ്വ രാജോപമനായ ഭവാന്‍ ഇന്ദ്രനാണെന്നും തോന്നിപ്പോകുന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: എന്റെ ജേഷ്ഠ്രഭ്രാതാവ്‌ കല്പിച്ച പ്രകാരം ഒരാണ്ടു കാലം ഞാന്‍ ഈ മഹാവ്രതം അനുഷ്ഠിക്കുകയാണ്‌. ഞാന്‍ പറഞ്ഞതു സത്യമാണ്‌. ഞാന്‍ ക്ലീബനല്ല. മഹാബാഹോ, ധര്‍മ്മവാനായ ഞാന്‍ പരതന്ത്രനാണ്‌. എന്റെ ആ വ്രതം കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ അതില്‍ നിന്ന് കയറിപ്പോന്നു. നൃപാത്മജാ! ഭവാന്‍ ഈ പരമാര്‍ത്ഥം അറിഞ്ഞാലും

ഉത്തരന്‍ പറഞ്ഞു: ഞാന്‍ അനുഗൃഹീതനായി. എന്റെ ശങ്ക പാഴായില്ല നരോത്തമാ! ഈ മാതിരി രൂപഗുണവും തേജസ്സും തികഞ്ഞവര്‍ ഒരിക്കലും ക്ലീബന്മാർ ആകാറില്ല. പോരിന് എനിക്ക്‌ തുണയുണ്ടായി. ഇനി സുരന്മാരോടു പോലും എതിര്‍ക്കാന്‍ എനിക്ക്‌ ഒരു ധൈര്യം തോന്നുന്നു. എന്റെ ഭയമൊക്കെ തീര്‍ന്നു. എന്താണ്‌ ഞാന്‍ ചെയ്യേണ്ടതെന് ആജ്ഞാപിച്ചാലും. വൈരികളുടെ തേരു തകര്‍ക്കുവാന്‍ ഞാന്‍ കുതിരകളെ നടത്താം. സാരഥ്യം ഞാന്‍ ഗുരുവില്‍ നിന്ന് പഠിച്ചിട്ടുണ്ട്‌. വാസുദേവന് ദാരുകന്‍ എന്ന പോലെയും, ശക്രന് മാതലി എന്ന പോലെയും ഞാന്‍ സാരഥ്യം ശീലിച്ചവനാണ്‌. നടന്ന കാലടിപ്പാട്‌ മണ്ണില്‍ കാണാത്ത വിധം പോകുന്ന ഈ വലത്തു പൂട്ടിയ ഹയം കൃഷ്ണന്റെ ഹയമായ സുഗ്രീവ സമാനനാണ്‌. ഇടത്തു പൂട്ടി ശോഭിക്കുന്ന ഉത്തമമായ ഹയം വേഗത്താല്‍ മേഘപുഷ്പ ഹയത്തോടു സമാനനാണ്‌. പൊന്‍കോപ്പണിഞ്ഞു പിന്‍ഭാഗത്ത്‌ ഇടത്തായി നിൽക്കുന്ന ഈ അശ്വം വേഗതയില്‍ ശൈഭൃ സദൃശമാണ്‌. നിയതവും ബലവത്തരവുമാണ്‌. വലത്ത്‌ പിന്‍പുറത്തായി പൂട്ടിയ ഈ ഹയം വലാഹകത്തിലും വേഗതയുള്ളതും, വീര്യം കൂടിയതുമാണ്‌. ഈ തേര്‍ വില്ലാളിയായ ഭവാനെ തന്നെ എടുക്കണം. ഈ തേരില്‍ തന്നെ കേറി പോരാടാന്‍ തക്കതായ ഒരാളാണ്‌ ഭവാന്‍!

വൈശമ്പായനൻ പറഞ്ഞു: ഉടനെ കൈകളില്‍ നിന്ന് വള എല്ലാം മാറ്റി അര്‍ജ്ജുനന്‍ ശുഭയും, ചിത്ര സമ്പൂര്‍ണ്ണവുമായ കോപ്പുകള്‍ അണിഞ്ഞു. കറുത്തു ചുരുണ്ട കേശം വെള്ള വസ്ത്രം കൊണ്ടു ചുറ്റി പിന്നെ കിഴക്കോട്ടു തിരിഞ്ഞ്‌ ശുചിയും ശുദ്ധമനസ്സുമായ അവന്‍ തേരിലിരുന്നു എല്ലാ അസ്ത്രങ്ങളെയും ധ്യാനിച്ചു. നൃപാത്മജനായ പാര്‍ത്ഥനോട്‌ അസ്ത്രങ്ങളൊക്കെയും ധ്യാനസമയത്തു പറഞ്ഞു: "അല്ലയോ ഉദാരമതേ, പാണ്ഡുനന്ദനാ! ഞങ്ങള്‍ അങ്ങയുടെ ഭൃത്യന്മാര്‍, ഇതാ സന്നദ്ധരായിരിക്കുന്നു". ഉടനെ പാര്‍ത്ഥന്‍ അവയെ വണങ്ങി കൈക്കൊണ്ടു സ്പര്‍ശിച്ച്‌, പറഞ്ഞു, മനസ്സില്‍ നിങ്ങളെല്ലാവരും സന്നിധാനം ചെയ്യുക എന്ന്. അര്‍ജ്ജുനന്‍ അസ്ത്രങ്ങള്‍ കൈ കൊണ്ട്‌ പ്രസന്നമുഖനായി, ഞാണു കെട്ടിയ ഗാണ്ഡീവം വില്ല്‌ ഒന്നുലച്ചു. അര്‍ജ്ജുനന്‍ വില്ലുലച്ചപ്പോള്‍ കഠിനമായ ഒരു ധ്വനിയുണ്ടായി. മഹാദ്രിയില്‍ അദ്രി കൊണ്ട്‌ അടിക്കുന്ന വിധം ശബ്ദം ജനങ്ങളെ കിടിലം കൊള്ളിച്ചു. ഭൂമിയില്‍ ഇടിമുഴങ്ങി. ദിക്കുകളിലെങ്ങും കാറ്റടിച്ചു. വലുതായ കൊള്ളിമീനുകള്‍ ചാടുകയും, ദിക്കുകള്‍ തെളിയാതാവുകയും ചെയ്തു. ആകാശത്തു പക്ഷികള്‍ പതറിപ്പറന്നു. വലിയ വൃക്ഷങ്ങള്‍ കുലുങ്ങി. കുരുക്കള്‍ ഇടിവെട്ടുന്ന വിധത്തിലുള്ള ശബ്ദം കേട്ടു. അര്‍ജ്ജുനന്‍ തന്റെ ഗാണ്ഡീവം ഒന്നുലച്ചപ്പോള്‍ ഇപ്രകാരമുള്ള പ്രകൃതിക്ഷോഭങ്ങൾ ഒക്കെ ഉണ്ടായി.

ഉത്തരന്‍ പറഞ്ഞു: ഹേ പാണ്ഡവേന്ദ്രാ ഞാന്‍ ഒന്നു ചോദിക്കട്ടെ. എനിക്കു വലുതായ ഒരു സംശയം കടന്ന് കൂടിയിരിക്കുന്നു. ഭവാന്‍ ഒറ്റയ്ക്ക്‌ എങ്ങനെ അനേകം രഥി വീരന്മാരെ വെല്ലും? അവരൊക്കെ സര്‍വ്വാസ്ത്ര പാരഗന്മാരും ആണല്ലോ! അല്ലയോ കൗന്തേയാ, ഭവാന്‍ നിസ്സഹായനാണ്‌. കുരുക്കളാകട്ടെ സഹായവാന്മാരാണ്‌. ആ ഒറ്റക്കാര്യം ചിന്തിക്കുമ്പോള്‍ ഞാന്‍ ഭവാന്റെ മുമ്പില്‍ ഭയാക്രാന്തനായി തീരുന്നു.

ഇതു കേട്ടപ്പോള്‍ അര്‍ജ്ജുനന്‍ പൊട്ടിച്ചിരിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ. വീരാ! ഉത്തരാ! ഭവാന്‍ ഭയപ്പെടേണ്ട. ഘോഷയാത്രയില്‍ ശക്തരായ ഗന്ധര്‍വ്വന്മാരോട് എതിര്‍ത്ത നാളില്‍ അന്ന് ആരാണ്‌ എന്നെ സഹായിച്ചത്‌? അപ്രകാരം ഖാണ്ഡവത്തില്‍ ദേവന്മാരും, ദൈത്യന്മാരും ചേര്‍ന്ന് ഭീഷണമായ സംഗരം നടത്തിയപ്പോള്‍ അന്ന് എനിക്ക്‌ ആരായിരുന്നു സഹായി? നിവാത കവചന്മാരോടും, ശക്തരായ പൗലോമരോടും ഞാന്‍ ഇന്ദ്രനു വേണ്ടി പൊരുതിയപ്പോള്‍ അന്ന് ആരാണെനിക്കു സഹായിയായത്‌? കൃഷ്ണാ സ്വയംവരത്തില്‍ പല മന്നവരോടും ഞാന്‍ എതിര്‍ത്തു പൊരുതിയപ്പോള്‍ അന്ന് ആരാണ്‌ എനിക്കു സഹായത്തിന് ഉണ്ടായിരുന്നത്‌? ആചാര്യനായ ദ്രോണൻ, ഇന്ദ്രന്‍, വൈശ്രവണന്‍, യമന്‍, വരുണന്‍, വഹി, കൃപന്‍, കൃഷ്ണന്‍, പിനാകി ഇവരെ സേവിച്ചവനായ ഞാന്‍ ഈ കൗവന്മാരോട്‌ ഏൽക്കുവാന്‍ മതിയാകയില്ലെന്നാണോ നീ വിചാരിക്കുന്നത്‌? എന്റെ തേരു നീ വേഗം നടത്തുക. ഫൃദയജ്വരം കളയുക.

46. ഉല്‍പാതം - വൈശമ്പായനൻ പറഞ്ഞു: വിരാടപുത്രനെ സമാശ്വസിപ്പിച്ച്‌ സൂതനാക്കി ശമീവൃക്ഷത്തെ വലം വെച്ച്‌ ആയുധങ്ങളൊക്കെ എടുത്ത്‌ അര്‍ജ്ജുനന്‍ പുറപ്പെട്ടു. മഹാരഥനായ ഉത്തരന്‍ സിംഹധ്വജം തേരില്‍ നിന്ന് പറിച്ച്‌ ശമീവൃക്ഷ മൂലത്തില്‍ വെച്ചു. പിന്നെ അര്‍ജ്ജുനന്‍ തേരില്‍ വിശ്വകര്‍മ്മാവിന്റെ ഭിവ്യമായ പൊന്മയവും സിംഹലാംഗുലവുമായ വാനരക്കൊടി ധ്യാനിച്ചു. ഉടനെ വാനരക്കൊടി കാഞ്ചനദ്ധ്വജത്തോടു കൂടി ദിവ്യവും മനോഹരവുമായ വിചിത്രാംഗത്തോടെ വന്‍തരം വേറെ കൊടിക്കൂറകളോടു കൂടെ ഉയര്‍ന്നു വന്നു. അഗ്നിപ്രസാദത്തെ സ്മരിച്ചപ്പോള്‍ ഭൂതങ്ങള്‍ ആ ദ്വജത്തില്‍ പ്രവേശിച്ചു. അങ്ങനെയുള്ള രഥത്തെ അര്‍ജ്ജുനന്‍ ഇറങ്ങി വലംവെച്ച്‌ വീണ്ടും അതില്‍ കയറി. ഉടുമ്പിൻ തോലുറ കൈകളിലിട്ട്‌, വില്ലെടുത്ത്‌, കപികേതനന്‍ രഥം വടക്കോട്ടു തിരിച്ചു. യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍ ആ മഹാബലന്‍ മഹാസ്വനമുള്ള മഹാശംഖമെടുത്ത്‌ ശത്രുക്കള്‍ക്കു രോമഹര്‍ഷം ഉണ്ടാക്കുമാറ്‌ ഊക്കോടെ ഊതി. ആ ശബ്ദം കേട്ട്‌ ഭയപ്പെട്ട്‌ കുതിരകള്‍ മുട്ടുകുത്തി വീണു. ഉത്തരന്‍ പേടിച്ചു വിറച്ച്‌ തേര്‍ത്തട്ടിലിരുന്നു. ഉടനെ കൗന്തേയന്‍ കടിഞ്ഞാണു പിടിച്ച്‌ കുതിരകളെ നിര്‍ത്തി. ഉത്തരനെ ആശ്ലേഷിച്ചു സമാശ്വസിപ്പിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ രാജപുത്രാ! നീ ഭയപ്പെടുകയാണോ? ഹേ പരന്തപാ, നീ ക്ഷത്രിയനാണ് എന്നോര്‍ക്കണം. പുരുഷശാര്‍ദ്ദൂലാ നീ വൈരിമദ്ധ്യത്തില്‍ എന്താണ്‌ ഇങ്ങനെ നടുങ്ങുന്നത്‌? നീ ശംഖനാദം കേട്ടിട്ടില്ലേ? ഭേരീരവങ്ങള്‍ കേട്ടിട്ടില്ലേ?പടക്കളത്തിന് നടുവില്‍ നിൽക്കുന്ന ആനകളുടെ ശബ്ദവുംകേട്ടിട്ടില്ലേ? അങ്ങനെയുള്ള നീ ശംഖിന്റെ ശബ്ദം കേട്ടു ഭയപ്പെട്ട് കേവലം പ്രാകൃതനെ പോലെ എന്താണു നടുങ്ങുന്നത്‌?

ഉത്തരന്‍ പറഞ്ഞു; ഞാന്‍ ശംഖനാദവും കേട്ടിട്ടുണ്ട്‌, ഭേരീനാദവും കേട്ടിട്ടുണ്ട്‌; പട നടുക്കു നിൽക്കുന്ന ആനകളുടെ ശബ്ദവും കേട്ടിട്ടുണ്ട്‌. എന്നാൽ ഇത്തരം ഭേരീനാദം ഞാന്‍ കേട്ടിട്ടില്ല. ഈ മാതിരി ധ്വജത്തിന്റെ രൂപവും ഞാന്‍ ഇതിന് മുമ്പു. കണ്ടിട്ടില്ല. ചെറുഞാണൊലിയും ഇത്തരത്തില്‍ കേട്ടിട്ടില്ല! ഈ ശംഖിന്റെ ശബ്ദത്താലും ചെറുഞാണൊലിയാലും ധ്വജഭൂതങ്ങളുടെ അമാനുഷ ശബ്ദത്താലും രഥചക്രങ്ങളുടെ ആരവത്താലും എന്റെ മനസ്സു മോഹിച്ചു പോകുന്നു! ദിക്കുകളൊക്കെ വട്ടം തിരിയുന്നതു പോലെ തോന്നുന്നു! ഹൃദയം പിടയുന്നതായി തോന്നുന്നു. ധ്വജത്താല്‍ മൂടി ദിക്കുകളൊന്നും എനിക്കു തെളിയുന്നില്ല.

അര്‍ജ്ജുനന്‍ പറഞ്ഞു: തേരില്‍ കരുതി നിന്ന് കാലു കൊണ്ട്‌ നന്നായി ഊന്നുക. കടിഞ്ഞാണ്‍ മുറുക്കി പിടിക്കുക! ഞാന്‍ വീണ്ടും ശംഖു വിളിക്കുകയാണ്‌?

വൈശമ്പായനൻ പറഞ്ഞു; അര്‍ജ്ജുനന്‍ വീണ്ടും ശംഖു വിളിച്ചു. പര്‍വ്വതം പിളരുന്ന വിധം ഭയങ്കരമായ ശബ്ദം അലതല്ലി. ശത്രുക്കള്‍ക്കു ദുഃഖവും മിത്രങ്ങള്‍ക്കു സന്തോഷവും ജനിപ്പിച്ചു ഗിരിഗര്‍ത്തവും, ദിക്കുകളും, പര്‍വ്വതങ്ങളും നടുങ്ങി. ഉത്തരന്‍ നടുക്കത്താല്‍ തേര്‍ത്തട്ടില്‍ ഇരുന്നു പോയി. ആ ശംഖ നിനാദത്താലും തേരുരുള്‍ ധ്വനിയാലും ഗാണ്ഡീവ ഘോഷം കൊണ്ടും പാര്‍ത്തട്ട്‌ ഒന്ന് വിറച്ചു പോയി. വീണ്ടും ധനഞ്ജയന്‍ ഉത്തരനെ ആശ്വസിപ്പിച്ചു.

ദ്രോണൻ പറഞ്ഞു: മേഘനാദം പോലെ രഥഘോഷം കേള്‍ക്കുകയാലും ഭൂകമ്പമുണ്ടാവുകയാലും ഇവന്‍ പാര്‍ത്ഥനല്ലാതെ മറ്റാരുമല്ലെന്ന് തീര്‍ച്ചപ്പെടുത്താം. ശസ്ത്രങ്ങള്‍ തെളിയുന്നില്ല. വാജികള്‍ നന്ദിക്കുന്നില്ല. കത്തിക്കുന്ന അഗ്നികള്‍ തെളിയുന്നുമില്ല. അത്‌ അമംഗളമാണ്‌. മൃഗങ്ങള്‍ സൂര്യനെ നോക്കി നിൽക്കുന്നു. ഇതു നമ്മള്‍ക്ക്‌ ആപല്‍ സൂചകമാണ്‌. കൊടികളിന്മേല്‍ കാക്കകള്‍ കയറിയിരിക്കുന്നു. ഇതും അമംഗളമാണ്‌. ശകുനങ്ങള്‍ ഇടത് ഭാഗത്തായി കാണുന്നത്‌ മഹാഭയം സൂചിപ്പിക്കുകയാണ്‌. സൈന്യമദ്ധ്യത്തില്‍ കുറുക്കന്‍ ഓരിയിട്ട്‌ ഓടുന്നു. ആട്ടാതെ തന്നെ അവ ഓടിപ്പോകുന്നു. ഇതു മഹാവിപത്തിനെ സൂചിപ്പിക്കുകയാണ്‌. നിങ്ങളുടെ ദേഹത്തില്‍ കോള്‍മയിര്‍ കോരിയിട്ടതായി കാണുന്നു. ഈ വകയൊക്കെ ക്ഷത്രിയന്മാര്‍ക്ക്‌ യുദ്ധത്തില്‍ മഹാനാശം കാണിക്കുന്ന ശകുനങ്ങളാണ്‌. ജ്യോതിസ്സുകള്‍ വിളങ്ങുന്നില്ല. മൃുഗപക്ഷികളൊക്കെ ഉഗ്രങ്ങളായി കാണുന്നു. ക്ഷത്രനാശനമായ ഉഗ്രോല്‍ പാതങ്ങള്‍ പലതും കാണുന്നു. വിശേഷിച്ചും നമ്മള്‍ക്കു ശകുനം കൊണ്ടു നാശമാണ്‌ കാണുന്നത്‌. ജ്വലിക്കുന്ന കൊള്ളിമീന്‍ എന്റെ സേനയെ ബാധിക്കുന്നതായി കാണുന്നു. ഹര്‍ഷം കൂടാതെ വാഹനങ്ങള്‍ (കുതിര, ആന മുതലായവ) കരയുന്നു. രാജാവേ, ഭവാന്റെ സൈന്യങ്ങളെ കഴുക്കള്‍ സേവിക്കുന്നു. അവ തീറ്റ കാത്തു ചുറ്റിപ്പറക്കുന്നു. പാര്‍ത്ഥബാണം കൊണ്ട്‌ ഉഴന്ന സൈന്യത്തെ കണ്ട്‌ നീ ദുഃഖിക്കുവാനാണ്‌ പോകുന്നത്‌, നമ്മുടെ പട പോരിന് ആശയില്ലാതെ മടങ്ങിയിരിക്കുന്നു. മുഖം വിളറി യോദ്ധാക്കളൊക്കെ ബുദ്ധികെട്ടു നിൽക്കുകയാണ്‌. പശുക്കളെ വിട്ട്‌ അസ്ത്രം കയ്യിലെടുത്ത്‌ വ്യൂഹം കെട്ടി നാം നിൽക്കുകയാണ്‌ ഇപ്പോള്‍ വേണ്ടത്‌.

47. ദുര്യോധനവാക്യം - വൈശമ്പായനൻ പറഞ്ഞു: അപ്പോള്‍ ദുര്യോധന രാജാവ്‌ പോര്‍ക്കളത്തില്‍ വെച്ച്‌ ഭീഷ്മനോടും രഥിവ്യാഘ്രനായ ദ്രോണനോടും തേരാളിയായ കൃപനോടും പറഞ്ഞു: ഞാന്‍ പറയുന്ന കാര്യം ഗുരുക്കളോടു രണ്ടു പേരോടും കര്‍ണ്ണനുമൊത്ത്‌ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. വീണ്ടും ഞാന്‍ പറയുകയാണ്‌. ഒരിക്കല്‍ പറഞ്ഞതു കൊണ്ട്‌ എനിക്കു മതിയാകുന്നില്ല. തോറ്റവർ പന്ത്രണ്ടു വത്സരം കാട്ടില്‍ പാര്‍ക്കണം. നാട്ടില്‍ അജ്ഞാത വാസവും ചെയ്യണം. ഇതാണ്‌ കരാറ്‌. അവര്‍ക്ക്‌ ഇപ്പോഴും പതിമൂന്നാമത്തെ ആണ്ടു തീര്‍ന്നിട്ടില്ല. അങ്ങനെയിരിക്കെ അജ്ഞാത വാസിയായ പാര്‍ത്ഥന്‍ നമ്മളോട്‌എതിരിട്ടിരിക്കയാണ്‌. അജ്ഞാതവാസം തീരുന്നതിനു മുമ്പ്‌ അര്‍ജ്ജുനന്‍ വന്നാല്‍ വീണ്ടും അവര്‍ പന്തീരാണ്ടു കാലം കാട്ടില്‍ പാര്‍ക്കണം. ലോഭം കൊണ്ട്‌ അവര്‍ ഈ കാര്യം കാണാഞ്ഞിട്ടോ അതോ നമ്മള്‍ക്കു പിഴ പറ്റിയിട്ടോ? ഇക്കാരൃത്തില്‍ ഏറ്റക്കുറച്ചില്‍ ഭീഷ്മൻ അറിയേണ്ടതാണ്‌. അര്‍ത്ഥം രണ്ടു വഴിക്കു പോയാല്‍ സംശയം എപ്പോഴും പറ്റും. മറ്റു വഴിക്കു കാര്യം ഒത്തത്‌ മറ്റു വഴിക്കു കലാശിക്കുകയും ചെയ്യും. സ്വാര്‍ത്ഥത്തില്‍ എല്ലാവരും മോഹിക്കും. ജനങ്ങള്‍ ധര്‍മ്മം കാണുകയും ചെയ്യും. പോരിന് ഊന്നിയ മത്സ്യന്മാര്‍ക്ക്‌ ഉത്തരം അന്വേഷിക്കുന്നതിന് ഇടയില്‍ അര്‍ജ്ജുനന്‍ വന്ന് ചാടിയെങ്കില്‍ അതില്‍ നമ്മള്‍ക്ക്‌ എന്തു പിഴയാണ്‌?

ത്രിഗര്‍ത്തന്മാര്‍ക്കു വേണ്ടി മത്സ്യന്മാരോടു പൊരുതുവാന്‍ നമ്മള്‍ വന്നതാണ്‌. മത്സ്യന്മാര്‍ ചെയ്ത ദോഷം നമ്മളോടും പറഞ്ഞു. പേടിപെട്ട അവര്‍ക്കായി നമ്മള്‍ ഏറ്റു പറയുകയും ചെയ്തു. അവര്‍ മുമ്പേ മത്സ്യന്മാരുടെ ഗോധനത്തെ ഹരിക്കണമെന്നും അത്‌ സപ്തമിദിനം അന്തിയാകുമ്പോ ഴാകണമെന്നും ആസൂത്രണം ചെയ്തു. അഷ്ടമി ദിവസം ആദിത്യന്‍ ഉദിക്കുമ്പോള്‍ നമ്മളും ഗോക്കളെ ഹരിക്കണമെന്ന് നിശ്ചയിച്ചു. മത്സ്യന്‍ പശുക്കളെ പിടിക്കുവാന്‍ ത്രിഗര്‍ത്തന്മാരെ പിന്തുടരുന്ന തക്കത്തിന് ഈ പശുക്കളെ ചെന്ന് നമ്മളും പിടിക്കണം എന്നാണല്ലോ നിശ്ചയിച്ചുറപ്പിച്ചത്‌. അവര്‍ ഗോഗ്രഹണം ചെയ്തുവോ? കേവലം തോറ്റു പോയതോ? നമ്മളെ ചതിച്ച്‌ മത്സ്യന്മാരുമായി സന്ധി ചെയ്തുവോ? അല്ലെങ്കില്‍ അവരെ വിട്ട്‌ മത്സ്യന്‍ നാട്ടുകാരോടു കൂടി ഭയങ്കര നിലയിലുള്ള സര്‍വ്വ സൈന്യങ്ങളോടും കൂടി രാവൊക്കെ നടന്ന്‌ നമ്മളോടു പോരിന് എത്തിയെന്നോ? അതില്‍ വെച്ച്‌ മഹാവീരനായ ഒരുത്തന്‍ മുമ്പില്‍ എത്തി നിൽക്കുകയാകാം. അല്ലെങ്കില്‍ നമ്മളോടു പൊരുതുവാനായി മത്സ്യന്‍ തന്നെ വന്നു എന്ന് വരാം. ഇത്‌ മത്സ്യേന്ദ്രനായാലും അര്‍ജ്ജുനന്‍ വന്നതായാലും ആരു വന്നാലും ശരി പൊരുതണമെന്നുള്ളത്‌ നമ്മള്‍ നിശ്ചയിച്ച കാര്യമാണ്‌. എന്നിട്ട്‌ ഈ നരസത്തമന്മാര്‍ എന്താണീ മാതിരി വിഷണ്ണരായി നിൽക്കുന്നത്‌? മഹാരഥന്മാരായ ഭിഷ്മനും ദ്രോണനും കൃപനും വികര്‍ണ്ണനും ദ്രോണപുത്രനും ഏല്ലാവരും സമയം സമാഗതമായപ്പോള്‍ സംശയിച്ചു നിൽക്കുകയാണോ? പോരില്‍ അല്ലാതെ മറ്റൊന്നിലുമല്ല ശ്രേയസ്സെന്ന് ഉള്ളില്‍ കരുതുവിന്‍! ഗോധനത്തെ ഹരിച്ചാല്‍ നമ്മോട്‌ ദേവരാജനോ, യമനോ വന്ന്‌ എതിര്‍ത്താല്‍ ഭയപ്പെട്ട്‌ ഗോധനത്തെ ഉപേക്ഷിച്ച്‌ ഹസ്തിനാപുരിയിലേക്കു മടങ്ങുമെന്നാണോ വീരന്മാര്‍ വിചാരിക്കുന്നത്‌? ഗഹന വനത്തില്‍ അമ്പുകളേറ്റു ചിന്നിച്ചിതറി വീഴേണ്ടി വന്നാലും പരാജയത്തോടെ ജീവിക്കുവാന്‍ നമ്മുടെ ഈ കാലാള്‍പ്പടയില്‍ ആര്‍ക്കാണ്‌ ആശയുണ്ടാവുക? അത്തരം ജീവിതം നമ്മുടെ അശ്വങ്ങള്‍ പോലും സ്വീകരിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു.

ഇങ്ങനെ ദുര്യോധനന്‍ പറയുന്നതു കേട്ട്‌ രാധേയന്‍ പറഞ്ഞു: ഈ യുദ്ധത്തില്‍ ദ്രോണാചാര്യന് വൈമുഖ്യമുണ്ടെങ്കില്‍ അദ്ദേഹം പിന്നണിയിലേക്കു പൊയ്ക്കൊള്ളട്ടെ! നമുക്ക്‌ നീതി നടത്താതിരിക്കുവാന്‍ വയ്യ! അവരുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ നാം ഭയപ്പെടണം! നമ്മുടെ ശത്രുവായ അര്‍ജ്ജുനനില്‍ ഏറെ പ്രീതിയുള്ളവനായ ഒരുത്തനോട്‌ ആലോചിച്ച്‌ നമ്മുടെ കാര്യംനടത്തുവന്‍ ഒരുക്കിയാല്‍ അപകടമാകും. അര്‍ജ്ജുനനോട്‌ അദ്ദേഹത്തിനുള്ള പ്രീതി കൊണ്ട്‌ നമ്മെ തേജോവധം ചെയ്തു കാണിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹം. അതാണ്‌ അര്‍ജ്ജുനന്‍ വന്നു കണ്ടപ്പോള്‍ വാഴ്ത്തുവാന്‍ കാരണം. സൈന്യം ഭഞ്ജിച്ചു പോകാത്ത മട്ടില്‍ നീതി നടത്തണം. അശ്വശബ്ദം കേട്ടയുടനെ സൈന്യങ്ങളെ ഒക്കെ കൂടിയൊന്ന്‌ ഇളക്കി മറിക്കുകയാണ്‌ ദ്രോണൻ ചെയ്യുന്നത്‌. നാഥനില്ലാത്ത നമ്മുടെ സൈന്യം ഈ വേനല്‍ക്കാലത്ത്‌ ശത്രുവിന്റെ അധീനത്തില്‍ പെട്ടു പതറിപ്പോകാത്ത മട്ടില്‍ നീതി നടത്തണം. ആചാരൃന് വിശേഷിച്ചും പാണ്ഡുപുത്രന്മാരില്‍ ഇഷ്ടമുണ്ട്‌. ആ സ്വാര്‍ത്ഥപരന്മാരുടെ കാര്യങ്ങള്‍ എപ്പോഴും എടുത്തു പുകഴ്ത്തിപ്പറയും. കുതിര ചിലയ്ക്കുന്ന ശബ്ദം കേട്ടിട്ട്‌ പ്രശംസിക്കുവാന്‍ ആരെങ്കിലും ഒരുങ്ങുമോ? വാജികള്‍ നിൽക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ശബ്ദിക്കാറുണ്ട്‌. കാറ്റ്‌ എപ്പോഴും വീശാറുണ്ട്‌. ഇന്ദ്രന്‍ എന്നും വര്‍ഷിക്കാറുണ്ട്‌. ഇടിവെട്ടുന്ന ശബ്ദം നമ്മളൊക്കെ പലപ്പോഴും കേള്‍ക്കാറുണ്ട്‌. ഇതില്‍ അര്‍ജ്ജുനന്‍ എന്ത്‌ അത്ഭുതമാണു ചെയ്തത്‌? എന്താണ്‌ അവനെ ഇങ്ങനെ വാഴ്ത്തുവാന്‍? പാണ്ഡവന്മാരുടെ ശ്രേയസ്സില്‍ അഭിലാഷവും ഈ നമ്മളില്‍ വിദ്വേഷവും ആരോപിക്കുകയല്ലേ ഈ പ്രശംസയുടെ അര്‍ത്ഥം?

ഏതായാലും പ്രാജ്ഞന്മാരായ ആചാര്യന്മാര്‍ ഉപദേശം തരുവാന്‍ അര്‍ഹരാണെങ്കിലും അവര്‍ കാരുണികരും അഹിംസാ ദര്‍ശികളുമാകയാല്‍ അത്യാപത്തു കാലത്ത്‌ അവരോട്‌ നമുക്കു യാതൊന്നും ആലോചിക്കേണ്ടതില്ല. ആലോചിച്ചാല്‍ അബദ്ധമാകും. സഭകളിലും ഉദ്യാനങ്ങളിലും വിചിത്ര ഗേഹങ്ങളിലും വിചിത്രമായ കഥകള്‍ പറഞ്ഞ്‌ അങ്ങനെ ശോഭിക്കുന്നുവരാണ്‌ പണ്ഡിതന്മാര്‍. മഹാജനങ്ങളെ നാനാപ്രകാരേണ വിനോദിപ്പിച്ചു കൊണ്ടും പണ്ഡിതന്മാര്‍ ശോഭിക്കുന്നു. ഇന്ദ്രാസ്ത്രാപസന്ധാനങ്ങളില്‍ പണ്ഡിതന്മാര്‍ ശോഭിക്കുന്നു. പരന്മാരുടെ കുറ്റം കാണുന്നതിലും മനുഷ്യ ചരിതം ഗ്രഹിക്കുന്നതിലും ആന, തേര്‌, അശ്വം എന്നീ യാനങ്ങളുടേയും കഴുതകള്‍, ഒട്ടകങ്ങള്‍, ആടുകള്‍ എന്നിവയുടേയും കര്‍മ്മങ്ങളെ പറ്റിയുള്ള വിജ്ഞാനങ്ങള്‍ ഗ്രഹിക്കുന്നതിലും ഗോധനം, തെരുവുകള്‍, മുഖ്യ ദ്വാരമുഖങ്ങള്‍ എന്നിവയിലും വെച്ച്‌ പാചക വസ്തുക്കളുടെ കുറ്റവും കുറവും കാണുന്നതിലും പണ്ഡിതന്മാര്‍ ശോഭിക്കുന്നു. ശത്രുക്കളുടെ ഗുണത്തെ പുകഴ്ത്തുകയാണ്‌ പണ്ഡിതന്മാര്‍ ചെയ്യുന്നതെങ്കില്‍ അവരെ പിന്നോട്ടു തള്ളിവിടുവാന്‍ ഒട്ടും മടിക്കരുത്‌. ശത്രുക്കളെവധിക്കേണ്ടത്‌ ഏതു നീതിയാലാണോ, അതു നാം ഇപ്പോള്‍ ചെയ്തേ കഴിയൂ. ഗോക്കളെ സംരക്ഷിക്കുവാന്‍ ആള്‍ക്കാരെ നിര്‍ത്തി സൈന്യവ്യൂഹം ചമച്ച്‌ നാം ശത്രുക്കളോടു പൊരുതുവാന്‍ മടിക്കരുത്‌.

48. കര്‍ണ്ണന്റെ മേനി ചൊല്ലല്‍ - കര്‍ണ്ണന്‍ പറഞ്ഞു; ആയുഷ്മാന്മാരായ നിങ്ങളെല്ലാം ഭയപ്പെട്ട വിധം കാണുന്നു! യുദ്ധത്തിന് ആഗ്രഹമില്ലാതെ എല്ലാവരും നിലവിട്ടതു പോലെ അമ്പരന്നു നിൽക്കുകയാണ്‌! ഇപ്പോള്‍ രഥത്തില്‍ വന്ന യോഗൃന്‍ മത്സ്യരാജാവായാലും അര്‍ജ്ജുനനായാലും ഞാന്‍ അവനെ സമുദ്രത്തെ കരയെന്ന മാതിരി തടുത്തു നിര്‍ത്തും. എന്റെ വില്ലില്‍ നിന്ന് ഉതിരുന്ന കൂര്‍ത്തുമൂര്‍ത്ത അമ്പുകള്‍ സര്‍പ്പത്തെ പോലെ ചീറ്റിപ്പായും. ചെന്നാല്‍ പിന്നെ അത്‌ പിന്നോട്ടു വയ്ക്കുകയില്ല. പൊന്നുകെട്ടിച്ച്‌ മുനകൂര്‍ത്ത്‌ ഞാന്‍ ഊക്കില്‍ വിടുന്ന ശരങ്ങള്‍ പാറ്റകള്‍ മരത്തെയെന്ന പോലെ പാര്‍ത്ഥനെ മൂടട്ടെ! കടമുട്ടുവോളം ഞാണില്‍ വലിച്ച്‌ അമ്പുകള്‍ വിടുമ്പോള്‍ ഭേരീനാദം പോലെ തലഘോഷം കേള്‍ക്കാറാകും. എട്ടും അഞ്ചും വര്‍ഷം കരുതിപ്പാര്‍ത്ത അര്‍ജ്ജുനന്‍ ഈ യുദ്ധത്തില്‍ പ്രീതിയോടു കൂടി എന്റെ ദേഹത്തില്‍ പ്രഹരിക്കാതിരിക്കയില്ല. ഗുണവാനായ ബ്രാഹ്മണനെ പോലെ പൃഥാസുതന്‍ വ്രതാനന്തരമുള്ള സമ്മാനത്തിന് പാത്രമാകട്ടെ. ഞാന്‍ നല്കുന്ന ശരസഞ്ചയമാകുന്ന സമ്മാനം അവന്‍ ഏറ്റുവാങ്ങട്ടെ. വില്ലാളി വീരനായ അവന്‍ മൂന്നു ലോകത്തിലും കേള്‍വി കേട്ടവനാണ്‌. നരശ്രേഷ്ഠനായ പാര്‍ത്ഥനേക്കാള്‍ ഒട്ടും താഴാത്തവനാണ്‌ ഞാന്‍. അങ്ങും ഇങ്ങും വിട്ട ഗൃദ്ധ്റപക്ഷങ്ങളുള്ള സ്വര്‍ണ്ണമയമായ ശരങ്ങള്‍ കൊണ്ട്‌ ശലഭങ്ങളെ പോലെ ആകാശം മൂടുന്നതായി കാണാം. പണ്ട്‌ വാക്കാല്‍ ചൊല്ലി വെച്ചതും തീരാത്തതുമായ കടം പോരില്‍ അര്‍ജ്ജുനനെ കൊന്ന് ഇന്ന് ധാര്‍ത്തരാഷ്ട്രന് തീര്‍ത്തു കൊടുക്കും. എന്റെ വില്ലില്‍ നിന്ന് ഉതിര്‍ക്കുന്ന കൂര്‍ത്ത ശരങ്ങളുടെ നേരെ നിൽക്കുവാന്‍ ദേവാസുരഗണത്തില്‍ ആരുണ്ട്‌? ഇടയ്ക്ക്‌ അറുത്തു തകരുന്ന ദ്യഢപുംഗ ശരങ്ങളെ ശലഭങ്ങളുടെ മട്ടില്‍ ആകാശത്തു പറക്കുന്നതായി കാണാം. ഇന്ദ്രാശനി പോലെ തൊട്ടാല്‍ പൊള്ളുന്ന പാര്‍ത്ഥനെ തീക്കൊള്ളി കൊണ്ട്‌ ആനയെ എന്ന പോലെ ഞാന്‍ പീഡിപ്പിക്കുന്നതാണ്‌. രഥാതിരഥനായ ശൂരനും, സര്‍വ്വ അസ്ത്രജഞന്മാരില്‍ ഉത്തമനുമായ പാര്‍ത്ഥനെ, പാമ്പിനെ താര്‍ക്ഷ്യന്‍ എന്ന വിധം ഞാനിന്ന് തോല്‍പിച്ച ടക്കുന്നുതു കാണിച്ചു തരാം. അഗ്നിയെ പോലെ ദുര്‍ദ്ധര്‍ഷനും, വാള്‍, വേല്‍ , ശരമയമായ ഇന്ധനത്തോടു കൂടിയവനും, ശത്രുക്കളെ ദഹിപ്പിച്ച്‌ എരിയുന്നവനുമായ പാര്‍ത്ഥവഹ്നിയെ അശ്വവേഗമാകുന്ന കാറ്റോടും തേരിന്റെ ശബ്ദമാകുന്ന സ്തനിതത്തോടും കൂടി ശരവര്‍ഷം ചെയ്തു മുന്നേറുന്ന കാര്‍മേഘം പോലെ ഞാന്‍ കെടുത്തി വിടും. എന്റെ വില്ലില്‍ നിന്നുതിരുന്ന പാമ്പുകള്‍ പോലുള്ള അമ്പുകള്‍ പാര്‍ത്ഥന്റെ ശരീരത്തില്‍ പുറ്റില്‍ സര്‍പ്പങ്ങള്‍ കടക്കും പോലെ കടക്കും. കൂര്‍ത്തുമൂര്‍ത്ത ശരങ്ങളാല്‍ മൂടുന്ന പാര്‍ത്ഥനെ ഞാന്‍ കൊന്നു പൂത്തു നിൽക്കുന്ന മലയെന്ന പോലെ കാണിച്ചു തരാം. ഋഷിശ്രേഷ്ഠനായ ഭാര്‍ഗ്ഗവനില്‍ നിന്ന് ലഭിച്ച ശരത്തിന്റെ ശക്തിയാല്‍, ആ വീര്യത്താല്‍ തന്നെ, ഞാന്‍ ദേവേന്ദ്രനോടു പോലും പൊരുതും. അവന്റെ കൊടിമരത്തില്‍ വാഴുന്ന വാനരന്‍ എന്റെ കത്തിയമ്പേറ്റ്‌ ഘോരമായ ആര്‍ത്ത സ്വരത്തോടെ ഇന്ന് ഭൂമിയില്‍ വിഴുന്നതു കാണാം. ഞാന്‍ മര്‍ദ്ദിക്കുന്ന ശത്രുവിന്റെ കൊടിമേല്‍ വാഴുന്ന ഭൂതഗണങ്ങളും പത്തു ദിക്കിലേക്കും പാഞ്ഞു പോകുമ്പോഴുണ്ടാകുന്ന ശബ്ദം വാനില്‍ പരക്കുമ്പോള്‍ നിങ്ങള്‍ക്കു കേള്‍ക്കാം. ദുര്യോധനന് ഏറെ നാളായി ഉള്ളില്‍ അധിവസിക്കുന്ന ശല്യം ഇന്ന് ഞാന്‍ തേരില്‍ നിന്ന് അര്‍ജ്ജുനനെ വീഴ്ത്തുന്നതോടു കൂടി വേരോടെ പറിച്ചെടുക്കപ്പെടും. അശ്വങ്ങള്‍ ചത്തു തേരു പോയി പൗരുഷത്തോടെ നിൽക്കുന്ന അര്‍ജ്ജുനന്‍ പാമ്പിനെ പോലെ ഗത്യന്തരമില്ലാതെ നിന്ന് ചീറ്റുന്നത്‌ ഇന്ന് കൗരവര്‍ കാണട്ടെ! കുരുക്കളൊക്കെ ധനവുമായി പൊയ്ക്കൊള്ളട്ടെ! തേര്‍ത്തട്ടില്‍ പാര്‍ത്ത്‌ എന്റെ യുദ്ധം കണ്ടാലും കൊള്ളാം; ഇല്ലെങ്കിലും കൊള്ളാം.

49. കൃപന്റെ അഭിപ്രായം - കൃപന്‍ പറഞ്ഞു: എടോകര്‍ണ്ണാ! നിന്റെ ബുദ്ധി എപ്പോഴും യുദ്ധത്തില്‍ ക്രൂരമാണ്‌ എന്നതു ശരി തന്നെ. എന്നാൽ കാര്യത്തിന്റെ സ്വഭാവം നീ കാണുന്നില്ല. അതിന്റെ ഫലമെന്തുണ്ടാകുമെന്ന് നോക്കുന്നുമില്ല. ശാസ്ത്രത്തെപ്പറ്റി ഓര്‍ത്താല്‍ പല മായങ്ങളുമുണ്ട്‌. അതില്‍ പണ്ടുള്ള പണ്ഡിതന്മാര്‍ പറയുന്നു നാശകരമായിട്ടുള്ളതു യുദ്ധമാണെന്ന്‌. ദേശകാലങ്ങളെ നോക്കിയുള്ള യുദ്ധം വിജയമാകും. കാലം പിഴച്ചാല്‍ അതു കൊണ്ടു തന്നെ ഫലമില്ലാതാകും. ദേശവും കാലവും കണ്ടു പ്രവര്‍ത്തിക്കുന്നു വീര്യം കല്യാണപ്രദമായി ഭവിക്കും. കാര്യങ്ങളുടെ ആനുകൂല്യത്താല്‍ ഫലസിദ്ധി വിധിച്ചതാണ്‌. രഥം പണിത ആശാരിയുടെ പ്രശംസ കേട്ട്‌ പണ്ഡിതന്മാരായ യുദ്ധവീരന്മാരാരും ശക്തി പരിഗണിക്കാതെ യുദ്ധത്തിന് പോകാറില്ല. ആലോചിച്ചാല്‍ ഇപ്പോള്‍ നമ്മള്‍ക്കു പാര്‍ത്ഥനുമായി യുദ്ധം ചെയ്യുവാന്‍ പോകേണ്ട കാര്യമില്ല. തനിച്ചു തന്നെ കൗരവന്മാരുമായി ഏറ്റവനാണ്‌ അവന്‍. പരസഹായം കൂടാതെ തന്നെ വഹ്നിയെ തപിപ്പിച്ചവനാണ്‌ അര്‍ജ്ജുനന്‍. തനിയേ തന്നെ അഞ്ചുവര്‍ഷം ബ്രഹ്മചര്യം അനുഷ്ഠിച്ചവനാണ്‌ അര്‍ജ്ജനന്‍. തനിച്ചു തന്നെ സുഭദ്രയെ തേരിലേറ്റി കൃഷ്ണനെ പോലും കൂട്ടാക്കാതെ കൊണ്ടു പോന്നവനാണ്‌ അര്‍ജ്ജുനന്‍. കള്ള വേടവേഷം കെട്ടിയ ശിവനുമായി തനിച്ചു പോരാട്ടം നടത്തിയവനാണ്‌ അര്‍ജ്ജുനന്‍. ഈ കാട്ടില്‍ വെച്ചും ഹരിക്കപ്പെട്ട കൃഷ്ണയെ അവന്‍ വീണ്ടെടുത്തു. തനിച്ച്‌ അഞ്ചു വര്‍ഷം ഇന്ദ്രന്റെ അടുത്തു പോയി അസ്ത്രവിദ്യകളൊക്കെ പഠിച്ചു. തനിച്ച്‌ കുരുവിദ്വേഷിയെ ജയിച്ചു പുകള്‍ നേടി. താനേ ഗന്ധര്‍വ്വനായ ചിത്രസേനനെ ശത്രുമര്‍ദ്ദനനായ അവന്‍ ജയിച്ചു. പോരില്‍ ഊക്കോടു കൂടി ദുര്‍ജ്ജയമായ പടയില്‍ പ്രവേശിച്ച്‌ നിവാത കവചക്കൂട്ടത്തേയും കാലകേയാസുരൗഘത്തേയും ജയിച്ചു. ദേവകള്‍ക്കും അവദ്ധ്യനായ അവന്‍ പോരിലേറ്റ്‌ ഒക്കെയും വീഴ്ത്തി. ഇങ്ങനെ മഹാത്ഭുതങ്ങളൊക്കെ ചെയ്തവനാണ്‌ അര്‍ജ്ജുനന്‍. ഇങ്ങനെ പഠിപ്പും; പരിചയവും, ത്യാഗവും ക്ലേശവുമൊക്കെ അനുഭവിച്ച്‌ സല്‍ക്കീര്‍ത്തി നേടിയ മഹായോഗ്യനാണ്‌ അര്‍ജ്ജുനന്‍. ഇനി നിന്റെ കാരൃം ഞാനൊന് ചോദിക്കട്ടെ.

നീ ഒറ്റയ്ക്ക്‌ പണ്ട്‌ എന്തു കാര്യമൊക്കെ ചെയ്തിട്ടുണ്ട്‌? അവര്‍ക്ക്‌ രാജാക്കന്മാരെല്ലാം ഒറ്റയ്ക്കു പാട്ടില്‍ വന്ന വിധം നിനക്ക്‌ അധീനത്തിൽ ആയിട്ടുണ്ടോ? ഇന്ദ്രന്‍ പോലും പാര്‍ത്ഥനോടേറ്റു പൊരുതുവാന്‍ ശക്തനാവുകയില്ല. അങ്ങനെ ഉള്ളവനുമായി പൊരുതുവാന്‍ നോക്കുന്നുവന് തക്കതായ ചികിത്സയാണ്‌ നിശ്ചയിക്കേണ്ടത്‌ (തലയ്ക്ക്‌ ധാരയോ കുഴമ്പോ?)

ക്രുദ്ധനായ മഹാ വിഷസര്‍പ്പത്തിന്റെ ദംഷ്ട്ര ചൂണ്ടാണി വിരല്‍ കൊണ്ടു പറിക്കുവാനാണ്‌ നീ നോക്കുന്നത്‌. അല്ലെങ്കില്‍ തനിയെ കാട്ടില്‍ ചുറ്റുന്ന മത്തഗജത്തെ നീ തോട്ടി കൂടാതെ കയറി പുരത്തിലേക്കു പ്രവേശിക്കുവാന്‍ നിനയ്ക്കുകയാണ്‌. വസാമാംസങ്ങള്‍ ഹോമിച്ചു കത്തിക്കാളുന്ന അഗ്നിയില്‍ നെയ്യില്‍ മുഴുകി വല്ക്കലം ചുറ്റി നിന്ന് ആക്രമിക്കുവാനാണ്‌ നിന്റെ ഭാവം. കഴുത്തില്‍ കല്ലു കെട്ടി തന്നെത്താനെ കടല്‍ നീന്തുവാന്‍ ഒരുത്തന്‍ ചിന്തിക്കുകയാണെങ്കില്‍ അതിലെന്തു പൗരുഷമാണുള്ളത്‌? അസ്ത്രജഞനോട്‌ അസ്ര്രജ്ഞാന മില്ലാത്തവന്‍, ബലവാനോട്‌ ദുര്‍ബ്ബലന്‍, പൊരുതാനാൻ ആഗ്രഹിക്കുകയാണ്‌. ഹേ, കര്‍ണ്ണാ! അപ്രകാരമാണ്‌ ദുമ്മതിയായ നീ പാര്‍ത്ഥനോട്‌ ഏൽക്കുവാൻ ആഗ്രഹിക്കുന്നത്‌.

നമ്മള്‍ പതിമൂന്നു വര്‍ഷം വഞ്ചിച്ചയച്ച ഇവന്‍ കെട്ടു പൊട്ടിച്ചു പാഞ്ഞു വരുന്ന സിംഹത്തെ പോലെ, ഇനി നമ്മളെ ബാക്കി വെക്കുകയില്ല. കിണറ്റില്‍ തീ പോലെ ഒരേടത്ത്‌ ഗൂഢമായി വാഴുന്ന പാര്‍ത്ഥനെ അറിയാതെ ആക്രമിച്ച്‌ അത്യാപത്തില്‍ നാം പെട്ടു പോയി. യുദ്ധദുര്‍മ്മദനായ പാര്‍ത്ഥന്‍ വന്നാല്‍ ഒന്നിച്ചു നമ്മൾ എതിര്‍ക്കുകയാണു വേണ്ടത്‌. ശസ്ത്രങ്ങളൊക്കെ ഏന്തി അണിയായി സേനകള്‍ ഒരുങ്ങിക്കൊള്ളട്ടെ! ദ്രോണൻ, ദുര്യോധനന്‍, ഭീഷ്മൻ, ഭവാനും ദ്രൗണിയും എല്ലാവരും കൂടി പാര്‍ത്ഥനോട്‌ എതിര്‍ക്കുക. അല്ലാതെ കര്‍ണ്ണാ, നീ ഒറ്റയ്ക്ക്‌ സാഹസത്തില്‍ പ്രവേശിക്കരുത്‌. ഇന്ദ്രസമനും സന്നദ്ധനുമായി നിൽക്കുന്ന പാര്‍ത്ഥനോട്‌ നാം ആറു തേരാളികളൊന്നിച്ചു സന്നദ്ധരായി എതിര്‍ക്കണം. വ്യൂഹം കെട്ടിയ സൈന്യങ്ങളും സന്നാഹത്തോടു കൂടിയ വില്ലാളികളുമൊത്ത്‌ നമ്മള്‍, സന്നദ്ധരായ ദൈതൃന്മാര്‍ ഇന്ദ്രനോടെന്ന വിധം. അര്‍ജ്ജുനനോടു പൊരുതണം.

50. ദ്രൗണിവാക്യം- അശ്വത്ഥാമാവിന്റെ മറുപടി - അശ്വത്ഥാമാവു പറഞ്ഞു: നാം പശുക്കളെ പിടിച്ച്‌ അതിര്‍ത്തി കടന്നിട്ടേയില്ല. ഹസ്തിനാപുരത്തിൽ എത്തിയിട്ടുമില്ല. എന്നിട്ട്‌ കര്‍ണ്ണാ, നീ നിന്ന് മേനി പറയുന്നു. പല യുദ്ധങ്ങള്‍ ജയിച്ചിട്ട്‌ വളരെ സമ്പത്തു നേടിയാലും ശത്രു സൈന്യങ്ങളെ ജയിച്ചാലും ശൂരന്മാര്‍ ആത്മപ്രശംസ ചെയ്യാറില്ല. അഗ്നി എത്രയോ വസ്തുക്കളെ ചുട്ടു ചാമ്പലാക്കുന്നു! എന്നിട്ടും ആത്മപ്രശംസ ചെയ്യുന്നില്ല. മൗനമായിട്ടാണ്‌ അഗ്നി ദഹിപ്പിക്കുന്നത്‌. മൗനമായി തന്നെയാണ്‌ സൂര്യനും പ്രകാശിക്കുന്നത്‌. ഒന്നും മിണ്ടാതെ തന്നെ ഭൂമി ഈ ചരാചരങ്ങളെയൊക്കെ താങ്ങി നിൽക്കുന്നു. ബ്രഹ്മാവ്‌ നാലു ജാതിക്കും കര്‍മ്മങ്ങള്‍ വിധിച്ചിട്ടുണ്ട്‌. അവര്‍ എല്ലാവരും ദോഷ പറ്റാത്ത വിധം ധനം നേടണം. വേദവിത്തായ ബ്രാഹ്മണന്‍ യാഗം ചെയ്യിക്കുക, യാഗം ചെയ്യുക. വില്ലെടുക്കുന്ന ക്ഷത്രിയന്‍ യജിപ്പിക്കുകയാവാം, യാജനം പാടില്ല. വൈശ്യന്‍ ധനങ്ങള്‍ നേടി ബ്രാഹ്മണരെക്കൊണ്ട്‌ ക്രിയകള്‍ ചെയ്യിക്കണം. ശൂദ്രന്‍ എപ്പോഴും മൂന്നു ജാതിയേയും ശുശ്രൂഷിക്കണം. വഞ്ചനാ പ്രയോഗ വിധിയാല്‍ വേതസീവൃത്തി ( ** ) സ്വീകരിച്ച്‌ ശാസ്ത്രാനുസരണം ജീവിക്കുന്നവന്‍ ഭൂമി മുഴുവന്‍ ജയിച്ചാല്‍ പോലും ഗുരുക്കളെ പൂജിക്കുന്നു. ഗുരുക്കന്മാര്‍ വിഗുണന്മാരായാലും അവരെ പൂജിക്കുന്നു. എടോ കര്‍ണ്ണാ! ഭവാനും ദുര്യോധനനും എന്റെ വാക്കു കേള്‍ക്കുക! നിങ്ങള്‍ ചെയ്ത ഗുരുനിന്ദ ഞാന്‍ ഒരിക്കലും പൊറുക്കുന്നതല്ല. നിങ്ങള്‍ ധര്‍മ്മം വെടിഞ്ഞാണു സംസാരിച്ചത്‌.

** ആറ്റുവഞ്ചിയുടെ പ്രകൃതി, ശക്തിയുള്ള ഒഴുക്കില്‍ തലചായ്ച്ചു കൊടുക്കുകയും ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ തലപൊക്കുകയും ചെയ്യുന്ന പ്രകൃതി.

ചുതാട്ടം കൊണ്ടു നാടു തട്ടിയെടുത്ത ക്ഷത്രിയന്‍ എങ്ങനെ പ്രശംസാര്‍ഹനാകും? ഈ നൃശംസ കര്‍മ്മത്തില്‍ ഈ നിര്‍ല്ലജ്ജനായ ധാര്‍ത്തരാഷ്ട്രനല്ലാതെ മറ്റ്‌ ഏതൊരു ക്ഷത്രിയന്‍ സന്തോഷിക്കും? വേടനെ പോലെ വഞ്ചനയും ചതിയും കൊണ്ട്‌ ധനം നേടി യോഗ്യനായി ഞെളിഞ്ഞ്‌ മേനി പറയുവാന്‍ ലജ്ജയില്ലേ എടോ, കര്‍ണ്ണാ! നീ അര്‍ജ്ജുനനെ വെന്ന ദ്വന്ദ്വയുദ്ധം ഏതാണ്‌? മാദ്രേയരോടും, അപ്രകാരം ഏതു യുദ്ധത്തിലാണ്‌ ജയിച്ചത്‌? ധര്‍മ്മജനെ ജയിച്ചത്‌ ഏതു യുദ്ധത്തിലാണ്‌? ഭീമനെ ജയിച്ചത്‌ ഏതു യുദ്ധത്തിലാണ്‌? അവരുടെ മുതലൊക്കെ നേടിയത്‌ ഏതു യുദ്ധത്താലാണ്‌; പണ്ട്‌ ഏതു യുദ്ധത്തിലാണ്‌ ഇന്ദ്രപ്രസ്ഥം ജയിച്ചു പിടിച്ചത്‌? അപ്രകാരം കൃഷ്ണയേയും നീ ജയിച്ച യുദ്ധംഏതായിരുന്നു? നാണമില്ലാതെ വിജയത്തെക്കുറിച്ചു പ്രശംസിക്കുന്നു! എടോ ദുര്‍മ്മതേ, തീണ്ടാരിയായ ഒരു പെണ്ണിനെ ഒറ്റ വസ്ത്രവുമായി സഭയിലേക്കു ബലമായി എത്തിച്ച നീച ദുര്‍മ്മതികളല്ലേ നിങ്ങള്‍? നിങ്ങള്‍ വേരിന് കോടാലി വെച്ചു! ധര്‍മ്മമായ ചന്ദനമരത്തിന്റെ വേരിന്മേല്‍ നിങ്ങള്‍ കോടാലി വെച്ചു. എടോ, സൂതാ! അന്ന് വിദുരനെന്താണ്‌ നിങ്ങളോടു പറഞ്ഞത്‌? ഓര്‍ക്കുന്നുണ്ടോ? പല കാര്യങ്ങളിലും മനുഷ്യന്‍ യഥാശക്തി ക്ഷമിച്ചു എന്നു വന്നേക്കാം. ഊച്ച, ഉറുമ്പ്‌ മുതലായ സത്വങ്ങളില്‍ പോലും ക്ഷമ കണ്ടേക്കാം. എന്നാൽ പാഞ്ചാലിയുടെ പരിക്ലേശം പാണ്ഡവന്മാര്‍ ഒരിക്കലും ക്ഷമിക്കുകയില്ല! അര്‍ജ്ജുനന്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്‌ ധാര്‍ത്തരാഷ്ട്രന്മാരുടെ ക്ഷയത്തിനായിട്ടാണ്‌. നീപണ്ഡിതനായി നിന്ന് വാചകങ്ങൾ ഓരോന്നും അടിക്കുന്നു! വൈരാന്തം കണ്ടവനായ ജിഷ്ണു നിങ്ങളെയൊന്നും വെച്ചേക്കുകയില്ല. ദേവഗന്ധര്‍വ്വ ദനുജ രാക്ഷസ പടയോടു കൂടി എതിര്‍ക്കുവാന്‍ ചെന്നാലും തകര്‍ത്തു കളയും. പേടിച്ച്‌ എതിര്‍ക്കാതെ പിന്‍വാങ്ങുന്നവനല്ല കുന്തീപുത്രനായ ധനഞ്ജയന്‍. കോപിച്ച്‌ യുദ്ധത്തിന്നായി ഇവന്‍ ആരില്‍ ചെന്ന് പതിക്കുന്നുവോ, താര്‍ക്ഷ്യന്‍ വൃക്ഷത്തെ എന്ന പോലെ അവനെ വീഴ്ത്തിയേ പിന്മാറുകയുള്ളു! അവന്‍ വീര്യത്തില്‍ നിന്നേക്കാള്‍ മീതെയാണ്‌! പോരില്‍ ഇന്ദ്രതുല്യനാണ്‌! പോരില്‍ കൃഷ്ണസമനായ പാര്‍ത്ഥനെ ആരാണ്‌ ആദരിക്കാതിരിക്കുക? ദേവന്മാരുമായി ദിവ്യായുധങ്ങള്‍ കൊണ്ട്‌ എതിര്‍ക്കും! മാനുഷികമായ ആയുധങ്ങള്‍ കൊണ്ട്‌ മനുഷ്യരോടും എതിര്‍ക്കും! അസ്ത്രത്തെ അസ്ത്രത്താല്‍ വെല്ലുന്നതിനു ശക്തനായി അര്‍ജ്ജുനസമനായി ആരുണ്ട്‌? ധാര്‍മ്മികന്മാര്‍ പറയുന്നു, ഗുരുവിന് പുത്രസമനാണ്‌ ശിഷ്യന്‍ എന്ന്. ആ കാരണം കൊണ്ടും ദ്രോണര്‍ക്ക്‌ ഏറ്റവും പ്രിയനാണ്‌ അര്‍ജ്ജുനന്‍. നീ ചുതാട്ടം നടത്തിയ പോലെയും, ഇന്ദ്രപ്രസ്ഥം നേടിയ മട്ടിലും, കൃഷ്ണയെ സഭയില്‍ കേറ്റിയ മട്ടിലും പാര്‍ത്ഥനുമായി ധീരധീരം പൊരുതുക! ഇതാ, നിന്റെ യോഗ്യനായ അമ്മാവന്‍! പ്രാജ്ഞനും ധര്‍മ്മ വിചക്ഷണനുമായ അവന്‍, ഗാന്ധാരനായ ശകുനി, വഞ്ചകനായ ചൂതാട്ടക്കാരന്‍, യുദ്ധം ചെയ്യട്ടെ! അര്‍ജ്ജുനന്റെ ഗാണ്ഡീവത്തില്‍ നിന്ന്‌, വഞ്ചകനായ ചൂതാട്ടക്കാരന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന കൃതവും ദ്വാപരവുമായ ചുക്കിണികളല്ല പുറപ്പെടുക. ജ്വലിക്കുന്ന ചുട്ട ബാണങ്ങളാണ്‌ ഗാണ്ഡീവം വിടുക. കഴുച്ചിറകു വെച്ച ഗാണ്ഡീവോത്ഥമായ തീക്ഷ്ണ ശരോല്‍ക്കരങ്ങള്‍ ഉഗ്രങ്ങളാണ്‌. അവ കേവലം പര്‍വ്വതത്തില്‍ പോലും തടയുകയില്ല. അന്തകനോ, അഗ്നിയോ, മൃത്യുവോ, ബഡവാഗ്നിയോ പിടിപെട്ടാല്‍ വല്ലതും അവശേഷിച്ചു എന്നുവരാം. എന്നാൽ ക്രുദ്ധനായ അര്‍ജ്ജുനനുമായി ഏറ്റുമുട്ടിയാല്‍ അവന്‍ പിന്നെ ബാക്കി വെച്ചേക്കില്ല. അമ്മാമനോടു കൂടി സഭയില്‍ വെച്ചു ചൂതാടിയ മാതിരി തന്നെ യുദ്ധവും ചെയ്തു കൊള്ളുക. അമ്മാവന്റെ രക്ഷ വേണ്ടുവോളം ഉണ്ടല്ലോ, അതുമതി! യോധന്മാര്‍ പൊരുതിക്കൊള്ളട്ടെ; ധനഞ്ജയനോട്‌ ഞാന്‍ പൊരുതുകയില്ല. പശുക്കളെ തേടിയെത്തുന്ന മത്സ്യനോടു മാത്രം ഞങ്ങള്‍ പൊരുതാം.

51. ദ്രോണവാക്യം - ഭീഷ്മൻ പറഞ്ഞു. ശോഭനമായ കാര്യമാണ്‌ ദ്രൗണി കാണുന്നത്‌. കൃപന്‍ കാണുന്നതും ശോഭനമായ കാര്യമാണ്‌. എന്നാൽ കര്‍ണ്ണനാകട്ടെ ക്ഷ്രത ധര്‍മ്മത്താല്‍ കേവലം പോരിന് തന്നെ ഇച്ഛിക്കുകയാണ്‌. അറിവുള്ള പുരുഷന്മാരാരും ആചാര്യനെ കുറ്റം പറയരുത്‌. ദേശകാലങ്ങള്‍ നോക്കിയിട്ട്‌ യുദ്ധം ചെയ്യണമെന്നാണ്‌ എന്റെ മതം. ശസ്ത്രമേന്തിയ അര്‍ക്കാഭന്മാരായ അഞ്ചു വിദ്വാന്മാരായ വൈരികളുണ്ട്‌. അവര്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ ഉഴലാത്തവര്‍ ആരുണ്ട്‌? സ്വാര്‍ത്ഥത്തില്‍ ധര്‍മ്മജ്ഞന്മാര്‍ പോലും മോഹിക്കാറില്ലേ? ആ മോഹത്തിനിടയ്ക്ക്‌ വല്ലതും പറഞ്ഞാല്‍ അത്‌ അത്ര സാരമാക്കാനില്ല. തേജസ്സ് ഉയര്‍ത്തുവാന്‍ വേണ്ടി ഉള്ളതാണ്‌ കര്‍ണ്ണന്റെ വാക്കുകളെല്ലാം. ഗുരുപുത്രനായ ഭവാന്‍ അതൊക്കെ ക്ഷമിക്കേണ്ടതാണ്‌. വിരോധത്തിനുള്ള കാലമല്ല ഇത്‌. അര്‍ജ്ജുനന്‍ ഇതാ എതിര്‍ത്തു വരുന്നു. ഈ അവസരത്തില്‍ കര്‍ണ്ണന്റേയും ദുര്യോധനന്റേയും വാക്കുകള്‍ കൃപനും, ദ്രോണനും ക്ഷമിക്കയാണ് വേണ്ടത്‌. ഭവാന്മാരില്‍ കൃതാസ്ത്രത്വവും, ബ്രാഹ്മണ്യവും, ബ്രഹ്മാസ്ത്രവും ഒരുപോലെ പ്രതിഷ്ഠിതമാണ്‌. ഒരിടത്ത്‌ നാലു വേദങ്ങള്‍ മാത്രമേ കാണാറുള്ളു. മറ്റൊരിടത്ത്‌ ക്ഷാത്രം മാത്രമേ കാണാറുള്ളു. എന്നാൽ അതു രണ്ടും പൂര്‍ണ്ണമായി ഒരിടത്തു തന്നെ കേട്ടിട്ടില്ല. സപുത്രനായ ഭാരതാചാര്യനില്‍ ഒഴികെ മറ്റൊരിടത്തും അതു കാണുകയില്ല എന്നാണ്‌ എന്റെ അഭിപ്രായം. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ദ്രോണനെ പോലെ ജാമദഗ്ന്യ മഹര്‍ഷിക്കല്ലാതെ മറ്റാര്‍ക്ക്‌ അറിയാം? ബ്രഹ്മാസ്ത്രവും മറകളും മറ്റൊരേടത്തും ഒന്നിച്ചു ചേര്‍ന്ന് കാണുകയില്ല. ഗുരുപുത്രന്‍ പൊറുക്കണം. ഛിദ്രിക്കുവാന്‍ പറ്റിയ കാലമല്ല. അര്‍ജ്ജുനന്‍ ഇങ്ങെത്തി കഴിഞ്ഞാല്‍ നാമെല്ലാവരും കൂടി അവനോട് എതിര്‍ക്കണം. പണ്ഡിതന്മാര്‍ പറഞ്ഞു വരുന്നു ബലവൃസനത്തില്‍ ഏറ്റവും നാശകരമായത്‌ ഛിദ്രമാണെന്ന്‌. ബുധന്മാരുടെ അഭിപ്രായം ഛിദ്രം പോലെ നാശകരമായി മറ്റൊന്നുമില്ലെന്നാണ്‌.

അശ്വത്ഥാമാവു പറഞ്ഞു: ഞങ്ങളുടെ ന്യായം പുരുഷ വര്‍ഷഭനായ ഭവാന്‍ തള്ളിക്കളയരുത്‌. കള്ളച്ചൂത്‌ മുതലായ ദുഷ്കര്‍മ്മങ്ങളെ ഓര്‍ത്ത്‌ രോഷം വളരുകയാല്‍ ആചാരൃന്‍ അര്‍ജ്ജുനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചു പോയതാണ്‌. ശത്രുവിലായാലും ഗുണമുണ്ടെങ്കില്‍ അതു ഗണനീയമാണ്‌. ഗുരുവിലായാലും ദോഷമുണ്ടെങ്കില്‍ അതു പറയരുതാത്തതല്ല താനും. ശിഷ്യന്റെ കാര്യത്തില്‍ പുത്രന്റെ കാര്യത്തിലെന്ന പോലെ സര്‍വ്വഥാ ഹിതം പറയേണ്ടതല്ലേ? അതു തെറ്റല്ലല്ലോ.

ദുര്യോധനന്‍ പറഞ്ഞു: ആചാര്യന്‍ ക്ഷമിക്കണേ! ശമം ഉണ്ടാക്കുവാന്‍ വേണ്ടതെന്തെന് കല്പിച്ചാലും. ആചാര്യന്‍ കോപിച്ച്‌ ഇടയുകയാണെങ്കില്‍ ഉദ്ദേശിച്ച കാര്യം നശിച്ചതു തന്നെ.

വൈശമ്പായനന്‍ പറഞ്ഞു: ദുര്യോധനന്‍ ദ്രോണനെ ക്ഷമിപ്പിച്ചു. കര്‍ണ്ണന്‍, ഭീഷ്മൻ, കൃപന്‍ എന്നിവരൊക്കെ പറഞ്ഞപ്പോള്‍ ദ്രോണൻ അടങ്ങി.

ദ്രോണന്‍ പറഞ്ഞു: ശാന്തനവനായ ഭീഷ്മൻ പറഞ്ഞ വാക്കു കൊണ്ട്‌ ഞാന്‍ പ്രസന്നനായിരിക്കുന്നു. ഇനി നീതി നടത്തുകയാണ്‌ ഞാന്‍ ചെയ്യേണ്ടത്‌. പോരില്‍ ദുര്യോധനനോടു വ്യാമോഹം കൊണ്ടോ, സാഹസം കൊണ്ടോ പാര്‍ത്ഥന്‍ വന്ന് എതിര്‍ക്കാതി രിക്കത്തക്ക വിധം കാര്യങ്ങള്‍ ശരിയാക്കണം. ദുര്യോധനന്‍ വൈരിയുടെ കയ്യില്‍ പെടാതിരിക്കുകയും വേണം. വനവാസം അവസാനിക്കാതെ അര്‍ജ്ജുനന്‍ നേരിട്ട്‌ എത്തുകയില്ല. ഗോധനം കിട്ടാതെ അവന്‍ അടങ്ങുകയുമില്ല. എന്നാൽ ദുര്യോധനനോടു പാര്‍ത്ഥന്‍ ഏൽക്കാതിരിക്കത്തക്ക വിധം ചെയ്യേണ്ടതിലേക്കു നാം വഴി നോക്കണം. സൈന്യം പരാജിതമാകാതിരിക്കയും വേണം. വനവാസകാലം കഴിഞ്ഞിട്ടുണ്ടോ എന്ന് ഭീഷ്മൻ ശരിക്ക്‌ ഉത്തരം പറയണം. ദുര്യോധനനും ഈ കാര്യത്തെ കുറിച്ചു ചോദിച്ചുവല്ലോ.

52. ഭീഷ്മസൈന്യവ്യൂഹം - ഭീഷ്മൻ പറഞ്ഞു; കലകള്‍, കാഷ്ഠങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, ദിനങ്ങള്‍, അര്‍ദ്ധമാസങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഋതുക്കള്‍ എന്നിവ എല്ലാം ചേര്‍ന്നാണ്‌ സംവത്സരമുണ്ടാകുന്നത്‌. ഇങ്ങനെയുള്ള കാല വിഭാഗത്തോടു കൂടി കാലചക്രം പ്രവര്‍ത്തിക്കുന്നു. ജ്യോതിസ്സിന്റെ ഗതിയാലും, കാലത്തിന്റെ വായ്പിനാലും അയ്യഞ്ചു സംവത്സരം ചെല്ലുമ്പോള്‍ ഈ രണ്ട്‌ അധിമാസങ്ങള്‍ ഉണ്ടാകുന്നു. ഇപ്രകാരം അധിമാസങ്ങള്‍ അഞ്ചും, പന്ത്രണ്ടു രാത്രിയും പതിമൂന്നു വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുമെന്നുള്ളത്‌ ജ്യോതിര്‍ ഗണിതത്തില്‍ നിശ്ചയിക്കപ്പെട്ട കാര്യമാണ്‌. അത്‌ എനിക്ക്‌ ഉള്ളിലുണ്ട്‌. അങ്ങനെ കണക്കു കൂട്ടുമ്പോള്‍ പാണ്ഡവന്മാരുടെ പ്രതിജ്ഞാ കാലം ഇപ്പോള്‍ കഴിഞ്ഞിരിക്കണം. ഏറ്റതു പോലെ കാര്യം നടത്തി കഴിഞ്ഞിട്ടില്ലെങ്കില്‍ അര്‍ജ്ജുനന്‍ ഇന്ന് വെളിപ്പെടുക ഇല്ലായിരുന്നു. അതാണ്‌ അര്‍ജ്ജുനന്‍ നേരിട്ടിരിക്കുന്നത്‌. എല്ലാ പാണ്ഡവന്മാരും മഹാത്മാക്കളാണ്‌. എല്ലാവരും ധര്‍മ്മജ്ഞന്മാരാണ്‌. അവര്‍ക്കു നാഥന്‍ ധര്‍മ്മജനാണ്‌. പിന്നെ എങ്ങനെ പിഴ പറ്റുവാനാണ്‌? ലോഭമറ്റവരായ. പാണ്ഡവന്മാര്‍ അസാദ്ധ്യമായ ക്രിയചെയ്ത്‌ ഉപായം കൂടാതെ വെറുതെ രാജ്യം ഇച്ഛിക്കുകയില്ല. ദുഷ്കര കര്‍മ്മം ചെയ്യുവാന്‍ കെല്പുള്ള അലുപ്തരായ പാണ്ഡവന്മാര്‍ ഉപവാസം പിഴച്ച്‌ രാജ്യത്തെ ഇച്ഛിക്കുകയില്ല. അന്നേ തന്നെ വിക്രമം പ്രയോഗിക്കുവാന്‍ അവര്‍ വിചാരിച്ചിട്ടുമുണ്ട്‌. എന്നാൽ ധര്‍മ്മപാശത്താല്‍ ബന്ധിക്കപ്പെട്ടവരായ അവര്‍ ക്ഷത്രിയ വ്രതത്തില്‍ നിന്ന് ഇളകുക ഉണ്ടായില്ല. കാലം നോക്കി കാര്യം നടത്തുന്നതില്‍ അവര്‍ ജാഗരൂകരാണ്‌. അര്‍ജ്ജുനന്‍ അസത്യമാണു പ്രവര്‍ത്തിച്ചതെങ്കില്‍ പാണ്ഡവന്മാര്‍ വീണ്ടും പരാഭവം പ്രാപിക്കും. മരണത്തെ വരിക്കേണ്ടതായി വന്നാല്‍ പോലും അവരാരും അസത്യത്തില്‍ കയ്യിടുകയില്ല. കാലം നോക്കി കാര്യംന ടത്തുന്നതില്‍ നല്ല കണ്ണുള്ളവരാണ്‌ അവര്‍, പ്രാപ്തമായ കാലത്തില്‍ പ്രാപ്തമായതിനെ അവര്‍ ഉപേക്ഷിക്കുകയില്ല. വജ്രപാണി തന്നെ വന്ന് തടുത്താലും ആ മഹാവീരന്മാര്‍ പിന്‍മാറുകയില്ല. ഇനി മറ്റൊന്നും ആലോചിച്ചു നിൽക്കാതെ ഈ വരുന്ന സര്‍വ്വശസ്ത്രജ്ഞനോട് എതിര്‍ക്കുവാന്‍ തുടങ്ങണം. എന്നാൽ ലോകത്തില്‍ സജ്ജനങ്ങള്‍ അനുഷ്ഠിക്കുന്ന എല്ലാ മംഗള കര്‍മ്മങ്ങളും നിങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ അര്‍ത്ഥം നശിച്ചു പോകും. യുദ്ധം തുടങ്ങിയാല്‍ ജയാപജയങ്ങളെ കുറിച്ച്‌ അനിശ്ചിതത്വമായി യുദ്ധത്തില്‍ ജയവും തോല്‍വിയും ഉണ്ടാകും. നമുക്ക്‌ എന്താണ് ഉണ്ടാകുകയെന്ന് യുദ്ധത്തിന് മുമ്പു നിശ്ചയിച്ചു കൂടാ. നാം ഇവിടെ യുദ്ധോചിതമായ കര്‍മ്മമോ, ധര്‍മ്മസംഹിതമായ കര്‍മ്മമോ ഏതാണ്‌ മംഗളമായിട്ടുള്ളത് എങ്കില്‍ അതു ചെയ്യണം. "തീര്‍ച്ചയായും നാം ജയിക്കും", എന്ന് ആര്‍ക്കും പറയാവുന്നതല്ല. അതു കൊണ്ട്‌ ഇപ്പോള്‍ ഉചിതമായത്‌ ഉടനെ ചെയ്യുക. ധനഞ്ജയന്‍ വന്നടുത്തു.

ദുര്യോധനന്‍ പറഞ്ഞു: പിതാമഹാ, ഞാന്‍ പാണ്ഡവര്‍ക്കു രാജ്യം കൊടുക്കുകയില്ല! അതു കൊണ്ട്‌ യുദ്ധ മര്യാദയ്ക്കു വേണ്ടതൊക്കെ നടത്തുക!

ഭീഷ്മൻ പറഞ്ഞു: ഇപ്പോള്‍ ഇതിന് എനിക്കു തോന്നുന്ന ബുദ്ധി ഞാന്‍ പറയാം. ബോദ്ധ്യമാണെങ്കില്‍ നീ കേട്ടു കൊള്ളുക. എന്തായാലും ഞാന്‍ ശ്രേയസ്സു പറയാം. അതിന്നേ എനിക്കു തോന്നുന്നുള്ളു. ഇപ്പോള്‍ ഇവിടെയുള്ള ബലത്തില്‍ നാലില്‍ ഒരുഭാഗം പകുത്തു പുരിയിലേക്കു പോകട്ടെ. പശുക്കളേയും കൊണ്ടു പിന്നെ നാലിലൊരു ഭാഗം സൈന്യവും പോകട്ടെ. ഞങ്ങള്‍ പകുതി പടയുമായി പാര്‍ത്ഥനോടു പൊരുതി നിൽക്കാം. പിന്നെ എത്തുന്ന മത്സ്യനേയും, വജ്രിയെ പോലും ഞാന്‍ തന്നെ ആഴിയെ കരയെന്ന പോലെ തടുത്തു കൊള്ളാം..

വൈശമ്പായനൻ പറഞ്ഞു: മഹാഭാഗനായ ഭീഷ്മൻ പറഞ്ഞത്‌ അവര്‍ക്കൊക്കെ ബോധിച്ചു. കൗരവന്മാര്‍ക്കു വേണ്ടുന്നതൊക്കെ അത്തരത്തില്‍ രാജാവ്‌ ചെയ്തു. ദുര്യോധനനെ ഭീഷ്മൻ ഗോധനത്തോടൊപ്പം യാത്രയാക്കി. സൈന്യമുഖ്യന്മാരെ നിര്‍ത്തി വ്യൂഹം കെട്ടുവാന്‍ തുടങ്ങി.

ഭീഷ്മൻ പറഞ്ഞു: നടുക്ക്‌ ദ്രോണൻ നിൽക്കണം. ഇടത്തു ഭാഗത്ത്‌ അശ്വത്ഥാമാവു നില്ക്കണം. ശാരദ്വതനായ കൃപന്‍ വലത്തു ഭാഗം കാക്കണം. കവചം ധരിച്ച കര്‍ണ്ണന്‍ മുമ്പില്‍ നിൽക്കട്ടെ. ഞാന്‍ എല്ലാ സൈന്യത്തിനും പിന്നില്‍ കാത്തു നിൽക്കുന്നുണ്ട്‌.

53. ഗോക്കളെ വിടുവിക്കുന്നു - വൈശമ്പായനൻപറഞ്ഞു; കുരുക്കള്‍ ഇപ്രകാരം സൈന്യവ്യൂഹം ചമച്ചു കഴിഞ്ഞയുടനെ അര്‍ജ്ജുനന്‍ രഥഘോഷം മുഴക്കി അടുത്തെത്തി. അര്‍ജ്ജുനന്റെ ധ്വജാഗ്രം അവര്‍ കണ്ടു. ഗാണ്ഡീവത്തിന്റെ കടുത്ത ശബ്ദവും കേട്ടു. അര്‍ജ്ജുനന്‍ വന്നടുത്തതു കണ്ട്‌ ദ്രോണൻ ഇപ്രകാരം പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഇതാ, പാര്‍ത്ഥന്റെ കൊടി ദൂരത്തു നിന്ന് തന്നെ കാണുന്നു. ഇതാ, തേരിന്റെ ശബ്ദം കേള്‍ക്കുന്നു. വാനരം ശബ്ദിക്കുന്നു. ഇതാ, രഥത്തില്‍ നിന്ന് രഥിപ്രവരനായ അവന്‍ ഇടിവെട്ടുന്ന പോലെ ഗാണ്ഡീവത്തെയിട്ടു വലിക്കുന്നു. ഇതാ, ഒപ്പം രണ്ട്‌ അമ്പുകള്‍ എന്റെ പാദത്തില്‍ വന്ന് വീണു. ഇതാ, വേറെ രണ്ടു ശരങ്ങള്‍ എന്റെ ചെവി തൊട്ടു കടന്ന് പോയി. വനവാസം നിര്‍വ്വഹിച്ചും ദിവ്യകര്‍മ്മം നടത്തിയും പാര്‍ത്ഥന്‍ എന്നെ അഭിവാദ്യം ചെയ്യുകയാണ്‌. ചെകിട്ടില്‍ വന്ന് പറയുകയുമാണ്‌. ഏറെ നാളായി നമ്മള്‍ അവനെ കണ്ടിട്ട്‌. അവന്‍ ബുദ്ധിമാനും ബാന്ധവ പ്രിയനുമാണ്‌. ശ്രീ കൊണ്ട്‌ ഏറ്റവും ജ്വലിക്കുന്നവനാണ്‌. അങ്ങനെയുള്ള പ്രിയശിഷ്യനാണ്‌ പാണ്ഡുപുത്രനായ ധനഞ്ജയന്‍. രഥം, ശരം, കയ്യുറ, ആവനാഴി, ശംഖം, പതാക, കവചം, കിരീടം, വാള്‍, വില്ല്‌ ഇതെല്ലാമുള്ള പാര്‍ത്ഥന്‍ ആജ്യാഹുതി ചെയ്ത അഗിക്കു തുല്യം പ്രശോഭിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: പോരില്‍ നിൽക്കുന്ന കൗരവന്മാരെ നോക്കി അര്‍ജ്ജുനന്‍ മത്സ്യപുത്രനോട്‌ കാലോചിതമായ വാക്കുകള്‍ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ സാരഥേ, സൈന്യത്തിലേക്ക്‌ ഞാന്‍ ഒരു അമ്പു വിടാം. അത്‌ എത്തുന്ന സ്ഥലത്തു കൊണ്ടു പോയി രഥം നിര്‍ത്തുക. ഞാന്‍ ആ സൈന്യത്തില്‍ കുരുകുലാധമനുണ്ടോ എന്നൊന്ന് നോക്കട്ടെ. മറ്റാരേയും നോക്കാതെ ആ മാനി എവിടെയാണെന്ന് നോക്കി കണ്ട്‌ അവന്റെ മേല്‍ ഞാന്‍ ചാടിവീഴും. എന്നാൽ സര്‍വ്വരും തോറ്റതു തന്നെ. ഹേ, ഉത്തരാ, നോക്കൂ! അതാ, നിൽക്കുന്നു ദ്രോണാചാര്യന്‍. അതിന് അപ്പുറത്തായി ദ്രോണപുത്രനായ അശ്വത്ഥാമാവ്‌ നിൽക്കുന്നു. ഭീഷ്മൻ, കൃപന്‍, കര്‍ണ്ണന്‍ എന്നീ വില്ലാളി ശേഷ്ഠരോടു കൂടി നിൽക്കുന്നു. എന്നാൽ രാജാവിനെ ഇക്കൂട്ടത്തില്‍ കാണുന്നില്ലല്ലോ. അവന്‍ പശുക്കളേയും കൊണ്ടു പോയിരിക്കും. ജീവനില്‍ കൊതി കാരണം വലത്തു വശത്തു കൂടി നടന്നിട്ടുണ്ടാവണമെന്നാണ്‌ എന്റെ അഭിപ്രായം. ഈ തേര്‍ക്കൂട്ടമൊക്കെ വിട്ട്‌ ദുര്യോധനൻ ഉള്ളേടത്തു ചെല്ലുക. ഉത്തരാ! ഞാന്‍ അവിടെ വെച്ച്‌ ദുര്യോധനനോടു പൊരുതിക്കൊള്ളാം. അവനില്ലാതെ യുദ്ധത്തിന് എരയില്ല. അവനെ ഞാന്‍ ജയിച്ച്‌ വിണ്ടും പശുക്കളെ കൊണ്ടു പോരുന്നതാണ്.

വൈശമ്പായനൻ പറഞ്ഞു; അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഉത്തരന്‍ വളരെ പ്രയാസപ്പെട്ട്‌ കുതിരകളെ കടിഞ്ഞാണ്‍ പിടിച്ചു നിയന്ത്രിച്ച്‌ ദുര്യോധനന്‍ പോയ വഴിനോക്കി തിരിച്ചടിച്ചു. പാര്‍ത്ഥന്‍ ദുര്യോധനന്‍ പോയ വഴിക്കാണു പോയതെന് മനസ്സിലാക്കി കൃപന്‍ ഇപ്രകാരം പറഞ്ഞു: "രാജാവില്ലാതെ ഇവിടെ നിൽക്കുവാന്‍ ഫല്‍ഗുനന്‍ ഇച്ഛിക്കുന്നില്ല. നമ്മള്‍ ഉടനെ അവന്റെ പിന്നിലെത്തണം. ഏറ്റവും ക്രോധിച്ചിരിക്കുന്നു ഇവനോട്‌ ആരും ഒറ്റയ്ക്കു പൊരുതുന്നതല്ല. ദേവേന്ദ്രനോ ദേവകീ പുത്രനായ കൃഷ്ണനോ അല്ലാതെ അര്‍ജ്ജുനനോട്‌ എതിര്‍ക്കുവാന്‍ കെല്പുള്ളവരൊന്നും ഭൂമിയിലില്ല. പിന്നെ വേണമെങ്കില്‍ ദ്രോണാചാര്യന്‍ പുത്രനോടു കൂടി ഒന്ന് തടുക്കുവാന്‍ ശ്രമിച്ചാല്‍ പറ്റിയേക്കും. ഗോധനങ്ങള്‍ അത്ര വലിയ കാര്യമല്ല. അസംഖ്യമായ ധനജാലവും വലിയ കാര്യമല്ല. ഇപ്പോഴത്തെ ആപത്തിനെപ്പറ്റി ചിന്തിക്കുമ്പോള്‍ പാര്‍ത്ഥനാകുന്ന സമുദ്രത്തില്‍ ദുര്യോധനനാകുന്ന തോണി ഇപ്പോള്‍ മുങ്ങും!".

അപ്രകാരം തന്നെ ബീഭത്സു ദുര്യോധനനെ പേര്‍ വിളിച്ചു പറഞ്ഞ്‌, ശലഭം പോലെ ശരങ്ങള്‍ സൈന്യത്തില്‍ വര്‍ഷിച്ചു. പാര്‍ത്ഥന്‍ എയ്യുന്ന ബാണങ്ങള്‍ ചിന്നിക്കയറി. ദുര്യോധന സേനകള്‍ക്ക്‌ അമ്പുകളാല്‍ ആകാശവും ഭൂമിയും തിരിച്ചറിയാതായി. വീഴുന്നവര്‍ക്കു പിന്തിരിഞ്ഞോടുവാനും കഴിഞ്ഞില്ല. പാര്‍ത്ഥന്റെ കൈവേഗം കണ്ട്‌ ബുദ്ധിയാല്‍ പൂജിച്ച്‌ ചിലര്‍ നിന്ന് പോയി. അരികള്‍ക്കു രോമാഞ്ചമുണ്ടാകുമാറ്‌ അര്‍ജ്ജുനന്‍ ശംഖ്‌ ഊതി. ഇടിവെട്ടും പോലെ വമ്പിച്ച വില്ലുവച്ച്‌ ധ്വജഭൂതങ്ങളെ വിട്ടു. അവന്റെ ശംഖനാദത്താലും, തേരോടുന്ന ധ്വനിയാലും, ഗാണ്ഡീവത്തിന്റെ ഘോഷണത്താലും ഭൂമണ്ഡലം കുലുങ്ങി. ധ്വജത്തില്‍ വാഴുന്ന ദിവ്യഭൂത കോലാഹലത്താല്‍ ഭയപ്പെട്ടു വാല്‍ പൊക്കി മെയ് കുടഞ്ഞ്‌ അമറിക്കൊണ്ട്‌ ചുറ്റും നോക്കി നിന്ന്‌, തെക്കോട്ടു നോക്കി ഉടനെ പശുക്കളൊക്കെ ഓടി പോയി.

54. കര്‍ണ്ണന്റെ ഓട്ടം - വൈശമ്പായനൻ പറഞ്ഞു; ഇങ്ങനെ ശത്രു സൈന്യത്തെ അടിച്ചു തകര്‍ത്ത്‌ പശുക്കളെ അവയുടെ സ്ഥാനത്തേക്ക്‌ ഓടിക്കുകയും ചെയ്ത്‌ കൃതാര്‍ത്ഥനായി തീര്‍ന്ന അര്‍ജ്ജുനന്‍ ദുര്യോധനന് അഭിമുഖമായി നിന്ന് യുദ്ധം തുടങ്ങി. അപ്പോഴേക്കും കൗരവയോധന്മാര്‍ അവിടെ എത്തി. ധ്വജബഹുലമായി അണിനിരന്നു വരുന്ന പെരുമ്പടയെ അര്‍ജ്ജുനന്‍ കണ്ടു.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ സാരഥേ. നീ ഇപ്പോള്‍ വെള്ളക്കുതിരകളെ ആ കുരുസിംഹങ്ങളുടെ നേരെ അതിവേഗത്തില്‍ വിടുക. ദുര്‍ബുദ്ധിയായ കര്‍ണ്ണന്‍ എന്നോടു യുദ്ധത്തിന് ആനയോട്‌ ആന എന്ന വിധം കാംക്ഷിക്കുന്നുണ്ട്‌. ദുര്യോധനന് ആശ്രയം അവനാണ്‌. ഹേ രാജപുത്ര! ഗര്‍വ്വിയായ അവന്റെ നേരെ നീ ശ്വേതാശ്വങ്ങളെ വിടുക.

അര്‍ജ്ജുനന്‍ പറഞ്ഞ ഉടനെ പൊന്‍കോപ്പണിഞ്ഞ മഹാഹയങ്ങളെ വിരാട പുത്രന്‍ അടിച്ചു പായിച്ചു. തേര്‍പ്പടയുടെ ഉള്ളില്‍ കൂടെ അണി ഭേദിച്ച്‌ ഉത്തരന്‍ പാര്‍ത്ഥനെ യുദ്ധമദ്ധ്യത്തിൽ എത്തിച്ചു. കര്‍ണ്ണന്റെ നേരെ അര്‍ജ്ജുനന്റെ വരവു കണ്ട്‌ ജയന്‍, ശത്രുസഹന്‍, ചിത്രസേനന്‍, സംഗ്രാമജിത്ത്‌ എന്നീ മഹാരഥന്മാര്‍ കര്‍ണ്ണന്റെ രക്ഷയ്ക്കായി തടുത്തെതിര്‍ത്തു. കൗരവന്മാരുടെ ആ തേര്‍ക്കൂട്ടത്തെ വനത്തെ അഗ്നിയെന്ന പോലെ ശരാസനാര്‍ച്ചിസ്സായ അവന്‍ ദഹിപ്പിച്ചു തുടങ്ങി. ആ ഭയങ്കരമായ യുദ്ധത്തിനിടയ്ക്ക്‌ അതിരഥനായ വികര്‍ണ്ണന്‍ അര്‍ജ്ജുനനോട്‌ ഇടഞ്ഞു വന്നു. ഭീമമായി ശരവര്‍ഷം ചൊരിഞ്ഞു പൊരുതിയിട്ടും ഭീമാനുജനായ അര്‍ജ്ജുനന്റെ ബാണത്താല്‍ ധ്വജം മുറിഞ്ഞ്‌ വികര്‍ണ്ണന്‍ പിന്തിരിഞ്ഞു. പിന്നെ "ശത്രുന്തപന്‍" എതിര്‍ത്തു വന്നു.

ശത്രുക്കളില്‍ ബാധ തുടര്‍ന്ന് അര്‍ജ്ജുനന്‍ അമാനുഷമായ അത്ഭുത കര്‍മ്മങ്ങള്‍ കാണിക്കുമ്പോള്‍ ഒട്ടും സഹിക്കാതെ ശത്രുന്തപന്‍ പാര്‍ത്ഥന്റെ നേരെ ശരവര്‍ഷം ചൊരിഞ്ഞു. ആ രാജവീരന്‍ ദൃഢമായി എയ്തപ്പോള്‍ കുരുപ്രവീരന്മാരുടെ പടയില്‍ കടന്ന് പാര്‍ത്ഥന്‍ അഞ്ച്‌ അമ്പ്‌ ശത്രുന്തപനില്‍ പ്രയോഗിച്ചു. അവന്റെ സൂതനില്‍ പത്തെണ്ണത്തെയും അയച്ചു. അവന്‍ ചട്ട പിളര്‍ന്ന് കേറുന്നതായ പാര്‍ത്ഥന്റെ ശരമേറ്റു മരം മുറിച്ചു തള്ളിയ പോലെ ഭൂമിയില്‍ മരിച്ചു വീണു. പ്രവീരനായ ആ നരര്‍ഷഭന്‍ മര്‍ദ്ദിച്ച വീരനരര്‍ഷഭന്മാര്‍ പ്രഭാതത്തിലണയുന്ന കാറ്റില്‍ കാട്ടുമരങ്ങള്‍ എന്ന പോലെ വിറച്ചു വേഷം മറഞ്ഞ നരപ്രവീരന്‍ പാര്‍ത്ഥന്റെ ശരമേറ്റു മരിച്ചു വീണു. ഇന്ദ്രതുല്യരായ വസുപ്രവരന്മാര്‍, അര്‍ജ്ജുനന്‍ പോരില്‍ പിന്മടക്കിയവര്‍ സുവര്‍ണ്ണം അലങ്കരിച്ച ആയസമായ ചട്ടയിട്ടവര്‍, അവരെല്ലാം ഹിമാലയത്തിലെ പ്രൗഢഗജങ്ങള്‍ പോലെ ശോഭിച്ചവരാണ്‌. അവരെയൊക്കെ ഗാണ്ഡീവി മുടിച്ചു കളഞ്ഞു. പാര്‍ത്ഥന്‍ രണത്തില്‍ പത്തു ദിക്കിലും ചുറ്റി, കാട്ടില്‍ വേനല്‍ക്കാലത്ത്‌ അഗ്നി എന്ന പോലെ.

വസന്തകാലത്തു കൊഴിഞ്ഞ ഇലകള്‍ പറപ്പിക്കുന്ന കാറ്റുപോലെ ശത്രുക്കളെ വീഴ്ത്തി വിടുന്ന കിരീടി രഥത്തില്‍ അവിടെയെങ്ങും ചുറ്റിപ്പറന്നു. ആ അ ദീനസത്വനായ പാര്‍ത്ഥന്‍ സംഗ്രാമജിത്തെന്ന പേരുള്ള കര്‍ണ്ണ സഹോദരന്റെ തേരില്‍ പൂട്ടിയ ചുവന്ന നിറമുള്ള കുതിരകളെ കൊന്നു. സംഗ്രാമജിത്തിന്റെ ശിരസ്സ്‌ ഒരു ശരം കൊണ്ട്‌ അറുത്തു വീഴ്ത്തി. തന്റെ സഹോദരനെ കൊന്നതു കണ്ടപ്പോള്‍ കര്‍ണ്ണന്‍, വീര്യങ്ങള്‍ പുകഴ്ത്തി പറയുന്ന സൂതപുത്രന്‍, കൊമ്പുകള്‍ പൊക്കിയ ഗജത്തെ പോലെയും, വ്യാഘ്രത്തോടു വൃഷഭമെന്ന പോലെയും പാഞ്ഞേറ്റു. കര്‍ണ്ണന്‍ ഉടനെ അര്‍ജ്ജുനന്റെ നേരെ പന്ത്രണ്ടു ബാണങ്ങള്‍ വലിച്ചു വിട്ടു. അവ കുതിരകളുടെ ദേഹത്തിലും തറച്ചു. വിരാട പുത്രന്റെ കരത്തിലും തറച്ചു. പാഞ്ഞെത്തുന്ന കര്‍ണ്ണന്റെ നേരെ ഊക്കോടു കൂടി വേഗത്തില്‍ നേരിട്ടു. പക്ഷം വിടര്‍ത്തി ഗരുഡന്‍ മഹാസര്‍പ്പത്തിന്റെ നേരെ ചെല്ലുന്ന വിധത്തില്‍ പാഞ്ഞ്‌ എതിര്‍ത്തു. വില്ലാളി വീരന്മാരും, മഹാരഥന്മാരും, അരിമര്‍ദ്ദനന്മാരുമായ കൗരവന്മാര്‍ കര്‍ണ്ണാര്‍ജ്ജുനന്മാരുടെ യുദ്ധം കണ്ട്‌ അത്ഭുതത്തോടെ നിന്നു. ആ പാണ്ഡവന്‍, കോപത്തോടു കൂടി തന്നെ ദ്രോഹിച്ച കര്‍ണ്ണനെ ഹര്‍ഷത്തോടെ നോക്കി. ക്ഷണത്തില്‍ അവന്‍ വാജികളേയും, സൂതനേയും, തേരിനേയും എല്ലാം മൂടുമാറ്‌ ശരങ്ങള്‍ വര്‍ഷിച്ചു. അപ്പോള്‍ ശരത്താല്‍ രഥങ്ങള്‍, ആന, കാലാള്‍ എന്നിവ ചേര്‍ന്ന കുരുസൈന്യം ആര്‍ത്തു. കിരീടി ചൊരിയുന്ന ശരജാലം ഏറ്റു ഭീഷ്മാദികളുടെ രഥങ്ങളും, അശ്വജാലവും മറഞ്ഞു. ആ വീരനായ കര്‍ണ്ണന്‍ ഫല്‍ഗുനനെയ്തു വിട്ട ശരങ്ങള്‍ അമ്പെയ്തു തകര്‍ത്തു നിന്നു. വില്ലും, കരത്തില്‍ ശരവും പിടിച്ച്‌ കര്‍ണ്ണന്‍ സ്ഫുലിംഗാഗ്നി പോലെ ശോഭിച്ചു.

പിന്നെ തലതാല ശബ്ദമുണ്ടായി. ശംഖിനോടു ചേര്‍ന്നു ഭേരിയുടേയും പണവത്തിന്റേയും പ്രണാദം ഉണ്ടായി. ക്ഷ്വേളാരവവും, ഞാണൊലിയും, ഭേരീരവവും, കുരുക്കളുടെ കയ്യടിയും അപ്പോള്‍ കര്‍ണ്ണനെ പ്രോത്സാഹിപ്പിക്കുമാറു മുഴങ്ങി.

വാലുയര്‍ത്തി കൊടിപോലെ ആക്കി ധ്വജത്തില്‍ ഭീഷണമായ ആകാരത്തോടു കൂടി യ കീശധ്വജനായ ഗാണ്ഡീവിയെ, ചാപസ്തനിതം പുലര്‍ത്തുന്നവനായ പാര്‍ത്ഥനെ, നോക്കി കര്‍ണ്ണന്‍ ആര്‍ത്തു!

അശ്വങ്ങള്‍, തേര്‌, സൂതന്‍ ഇവയോടൊത്തു ശോഭിക്കുന്ന കര്‍ണ്ണനെ അത്യാര്‍ത്തി വളര്‍ത്തുമാറ്‌ കിരീടി പിതാമഹ ദ്രോണകൃപന്മാരുടെ സമീപത്തു വച്ചു പ്രഹരിച്ചു. വൈകര്‍ത്തനനായ കര്‍ണ്ണന്‍ പാര്‍ത്ഥനിലും വളരെ ശരങ്ങള്‍ കാറുപോലെ വര്‍ഷിച്ചു. ആ കര്‍ണ്ണനെ പാര്‍ത്ഥനും അപ്രകാരം തന്നെ തീക്ഷ്ണമായ ശരങ്ങള്‍ കൊണ്ടു മൂടി. ഘോരമായ മഹാസ്ത്ര യുദ്ധത്തില്‍ കൂര്‍ത്തുമൂര്‍ത്ത ബാണങ്ങള്‍ ചൊരിയുന്ന കര്‍ണ്ണാര്‍ജ്ജുനന്മാരെ തേരിലിരുന്ന്‌, കാറിന്നിടയ്ക്കു വിളങ്ങുന്ന സൂര്യചന്ദ്രന്മാര്‍ എന്ന പോലെ ലോകര്‍ ദര്‍ശിച്ചു.

കൈവേഗമേറുന്ന കര്‍ണ്ണന്‍ പാര്‍ത്ഥന്റെ അശ്വങ്ങളില്‍ ഉഗ്രമായ ബാണം പ്രയോഗിച്ചു. ചൊടിച്ച്‌ സൂതനിലും മൂന്ന് ശരം പ്രയോഗിച്ചു. കൊടിയിന്മേല്‍ മൂന്നെണ്ണവും എയ്തു. ശരം കൊണ്ടു രണത്തില്‍ ശത്രുമര്‍ദ്ദനനായ കര്‍ണ്ണന്‍, ഇപ്രകാരം പ്രയോഗിച്ചപ്പോള്‍ ഉണര്‍ത്തി വിട്ട സിംഹത്തെ പോലെ ഗാണ്ഡീവ ധനന്വാവായ കുരുപ്രവീരന്‍, ജിഷ്ണു, കര്‍ണ്ണന്റെ മേല്‍ ശരങ്ങള്‍ ചൊരിഞ്ഞു. ശരവര്‍ഷാഹതനായ ആ മഹാത്മാവ്‌, അമാനുഷമായ കയ്യുകള്‍ പിന്നെ ആരംഭിച്ചു.

ശരങ്ങളാല്‍ കര്‍ണ്ണന്റെ രഥത്തെ ഭാനുരശ്മികളാല്‍ ജഗത്തു മൂടുന്ന പോലെ മൂടി. ആവനാഴിയില്‍ നിന്ന് ഭല്ലങ്ങള്‍ എടുത്ത്‌ പാര്‍ത്ഥന്‍ കര്‍ണ്ണം വരെ ആഞ്ഞു വലിച്ച്‌ കര്‍ണ്ണന്റെ ഗാത്രത്തിലേക്കു വിട്ടു. അര്‍ജ്ജുനന്റെ ആ കടന്ന കൈപ്രയോഗം അവന്റെ തുട, ശിരസ്സ്‌, നെറ്റി, കഴുത്ത്‌ മുതലായ അംഗങ്ങളില്‍ ഏറ്റു. ഗാണ്ഡീവത്തില്‍ നിന്ന് പുറപ്പെട്ട ഇടിത്തീ പോലുള്ള ശരഗണങ്ങളേറ്റ്‌ ആനയാല്‍ പരാജിതനാക്കപ്പെട്ട ആനയെ പോലെ പടത്തല സ്ഥാനം വെടിഞ്ഞ്‌, പാര്‍ത്ഥാസ്ത്രത്താല്‍ സഹിക്ക വയ്യാതെ, ചുട്ടുനീറുന്ന ശരീരത്തോടെ, കര്‍ണ്ണന്‍ ഓടിക്കളഞ്ഞു.

55. അര്‍ജ്ജുന കൃപസംഗ്രാമം - വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്‍ ഓടി പോയതിന് ശേഷം തങ്ങളുടെ സൈനൃത്തോടു കൂടി ദുര്യോധനാദികള്‍ പാര്‍ത്ഥനോട്‌ അമ്പെയ്ത്‌ എതിര്‍ത്ത്‌ വ്യൂഹം കെട്ടി. പല പ്രാവശ്യം അമ്പെയ്യുന്ന സേനകളുടെ ശക്തി അര്‍ജ്ജുനന്‍ സമുദ്രത്തെ കരയെന്നപോലെ താങ്ങി. പിന്നെ ശ്വേതവാഹനനും ബീഭത്സുവുമായ കൗന്തേയന്‍ ചിരിച്ചു ദിവ്യാസ്ത്രത്തെ പ്രയോഗിച്ച്‌ അടുത്തു. സൂര്യന്‍ രശ്മികളെ കൊണ്ടെന്ന വിധം ഗാണ്ഡീവം വിട്ട അമ്പുകളാല്‍ ധനഞ്ജയന്‍ ദിക്കുകളെല്ലാം മൂടി. തേര്‌, ആന, അശ്വം, ആള്‍ക്കാര്‍, അവരുടെ ചട്ടകള്‍ ഇവയില്‍ ഒന്നിലെങ്കിലും അമ്പേറ്റ്‌ അറാതെ രണ്ടംഗുലം സ്ഥലമെങ്കിലും ഒഴിച്ചിട്ടില്ല. പാര്‍ത്ഥന്റെ ദിവ്യാസ്ത്ര പ്രയോഗത്താലും ഉത്തരന്റെ ഹയങ്ങളില്‍ ശിക്ഷാ സാമര്‍ത്ഥൃത്താലും അസ്ത്രങ്ങളുടെ പ്രയോഗത്താലും ജനങ്ങള്‍ അത്ഭുതപ്പെട്ടു. പാര്‍ത്ഥന്റെ വീര്യവും വേഗവും കണ്ട്‌ ഏവരും പൂജിച്ചു.

കാലാഗ്നിയെ പോലെ ലോകം ദഹിപ്പിക്കുന്ന പാര്‍ത്ഥനെ ജ്വലിക്കുന്ന അഗ്നിയെ എന്ന പോലെ നോക്കുവാന്‍ വൈരികള്‍ക്കു സാദ്ധ്യമായില്ല. പാര്‍ത്ഥന്റെ ബാണം ചെന്നേറ്റ വൈരികള്‍ മലയില്‍ സുര്യകിരണം തട്ടുന്ന മഴക്കാറുകള്‍ പോലെ ഏറ്റവും ശോഭിച്ചു. ശുഭപുഷ്പങ്ങളാല്‍ മൂടുന്ന മലയിലെ അശോകക്കാടു പോലെ പാര്‍ത്ഥ ബാണങ്ങള്‍ ഏറ്റ സൈന്യം ശോഭിച്ചു. അര്‍ജ്ജുനാസ്ത്രം കൊണ്ട്‌ അറ്റു വാടുന്ന മാല്യങ്ങളും സുമങ്ങളും കുടയും കൊടിയുമൊക്കെ മാരുതന്‍ ആകാശത്തില്‍ പറപ്പിച്ചു. അവ പത്തു ദിക്കിലേക്കും പാഞ്ഞു. അവ പറക്കുന്നതു കണ്ടാല്‍ തന്റെ പക്ഷത്തിലുള്ളവര്‍ക്കു ഭയങ്കര നാശം സംഭവിച്ചിരിക്കുന്നുവെന്നും ഇനി ഇവിടെ നിന്നാല്‍ രക്ഷയില്ലെന്നും വിചാരിച്ചു പേടിച്ചു പറന്നു പോവുകയാണെന്ന് തോന്നിപ്പോകും. പാര്‍ത്ഥന്‍ കണ്ടിച്ച നുകവും കൊണ്ട്‌ കുതിരകള്‍ തേര്‍ വിട്ടു പാഞ്ഞു.

ചെവി, കക്ഷം, കൊമ്പ്‌, ചുണ്ടിന്റെ അകം എന്നീ മര്‍മ്മസ്ഥാനങ്ങളില്‍ ശരംവിട്ട്‌ അവന്‍ ഗജങ്ങളെ വീഴ്ത്തി. കുരുസൈന്യത്തില്‍ ചത്തു വീണ ഗജങ്ങളാല്‍ ക്ഷണം കൊണ്ടു ഭൂമി, മേഘങ്ങളാല്‍ ആകാശമെന്ന പോലെ മൂടി. ചരാചര ജഗത്തു മുഴുവന്‍ പ്രളയം വരുമ്പോള്‍ കാലക്ഷയത്തില്‍ , എല്ലാമിട്ട്‌ തീക്ഷ്ണശിഖനായ ശിഖി ചുടുന്നതു പോലെ പാര്‍ത്ഥന്‍ പോരില്‍ രിപുക്കളെ ചുട്ടു. പിന്നെ സര്‍വ്വാസ്ത്ര തേജസ്സിനാലും, ചെറു ഞാണൊലിയാലും, ധ്വജത്തില്‍ വാഴുന്ന ദിവ്യഭൂത ഘോഷത്താലും. വാനരന്‍ വിടുന്ന ഘോരതരമായ ആരവത്താലും പാര്‍ത്ഥന്റെ ശംഖദ്ധ്വനിയാലും ദുര്യോധനന്റെ ഭടന്മാരില്‍ ബലവാനായ ആ വൈരിമര്‍ദ്ദനന്‍ ഭയം ജനിപ്പിച്ചു. ശത്രുക്കളുടെ തേരിന്റെ ശക്തി ആദ്യമായി ഭൂമിയില്‍ പതിച്ചു. അവന്‍ പിന്നീട്‌ അല്പം പിന്‍വാങ്ങി, സാഹസത്തോടെ ഖഗങ്ങളാല്‍ എന്ന വിധം തൂകുന്ന തീക്ഷ്ണ ശരങ്ങളാല്‍ കയറി. രക്തം കുടിക്കുന്ന ബാണങ്ങളാല്‍ അര്‍ജ്ജുനന്‍ ആകാശം മൂടി. പാത്രത്തില്‍ തിഗ്മാംശുവായ സൂര്യന്റെ രശ്മികള്‍ ഏൽക്കുന്ന വിധം, അസംഖ്യം അമ്പു ചിതറി ദിക്കൊക്കെ അടച്ചു. ഒരിക്കലേ പറ്റൂ വൈരികള്‍ക്കു തേരോടടുക്കുവാന്‍. പിന്നെ അവന്‍ ബാക്കിയില്ല. അശ്വം ഓടുന്ന തേരില്‍ നിന്ന് അവന്‍ വീണതു തന്നെ. ശത്രു ദേഹങ്ങളില്‍ പാര്‍ത്ഥബാണം കയറുന്ന മാതിരി തന്നെ ശത്രുപ്പടയില്‍ പാര്‍ത്ഥരഥം തങ്ങാതെ കയറും. അവന്‍ ആ ശത്രുസൈന്യത്തെ, ഊക്കോടെ കടലില്‍ കളിയാടുന്ന അനന്ത സര്‍പ്പത്തെ പോലെ ഒന്നിട്ടിളക്കി.

അപ്പോഴും ഏറ്റവും ദ്രുതമായി എയ്തു കൊണ്ടിരിക്കുന്ന പാര്‍ത്ഥന്റെ ചെറുഞാണൊലി പണ്ടു കേള്‍ക്കാത്ത വിധം ജീവികള്‍ക്കൊക്കെ കേള്‍ക്കുവാന്‍ കഴിഞ്ഞു. ദേഹത്തില്‍ സര്‍വ്വത്ര അമ്പേറ്റ ആനകള്‍ യുദ്ധക്കളത്തില്‍ രശ്മി തട്ടിച്ചു വന്ന കാറുകളെ പോലെ കാണുമാറായി. രണ്ടുകൈ കൊണ്ടും എയ്ത്‌ എല്ലായിടത്തും ചുറ്റുന്ന അവന്റെ വില്ല്‌ ആ പോരില്‍ എപ്പോഴും വട്ടത്തില്‍ നിൽക്കുന്നതായി തന്നെ കണ്ടു. നിറമില്ലാത്ത വസ്തുവില്‍ ദൃഷ്ടി പതിയുകയില്ലല്ലോ. അതുപോലെ ലാക്കിലല്ലാതെ ഗാണ്ഡീവി വിട്ട അമ്പുകള്‍ പതിക്കുകയില്ല. കാട്ടില്‍ ധാരാളം ആനകള്‍ ഒപ്പം നടന്ന് പോയ പോലെ കിരീടിയുടെ രഥം പോയ മാര്‍ഗ്ഗം തിരിച്ചറിയാമായിരുന്നു.

പാര്‍ത്ഥന്‍ ജയം നല്‍കുവാനായി സര്‍വ്വദേവകളോടും കൂടി ഇന്ദ്രന്‍ ഇവിടെയെത്തി. നമ്മളെ കൊല്ലുന്നു എന്ന് പാര്‍ത്ഥനാല്‍ കൊല്ലപ്പെടുന്ന വൈരികള്‍ ഓര്‍ത്തു. ധാരാളം ശത്രുക്കളെ കൊല്ലുന്ന പാര്‍ത്ഥനെ കാണികള്‍ കണ്ടു: കാലന്‍ അര്‍ജ്ജുനനായി വന്ന് എല്ലാവരേയും സംഹരിക്കുകയാണെന്നും. ഓര്‍ത്തു പോയി.

പാര്‍ത്ഥന്‍ കൊന്ന കുരുശരീരങ്ങള്‍, പാര്‍ത്ഥന്‍ കൊന്ന മാതിരി തന്നെ വീണു കിടക്കുന്നതു കണ്ടാല്‍ പാര്‍ത്ഥ കര്‍മ്മാനു ശാസനം നിര്‍വ്വഹിച്ചിട്ടാണെന്ന് തോന്നും. നെല്ലു കൊയ്യുന്ന മാതിരി ശത്രുക്കളുടെ തല കൊയ്ത്‌ അവന്‍ കയറി. കൗരവന്മാരുടെ വീര്യമൊക്കെ അര്‍ജ്ജുന ഭീതി മൂലം നശിച്ചു പോയി. അര്‍ജ്ജുനക്കാറ്റിലറ്റ അര്‍ജ്ജുന ശത്രുക്കളാകുന്ന വനങ്ങള്‍ രക്തധാരയാല്‍ ധരിത്രിയെ രക്തവര്‍ണ്ണമാക്കി.

ചോരപറ്റി പുരണ്ടതും കാറ്റിലെത്തുന്നതുമായ ധൂളിയാല്‍ ആദിതൃന്റെ കിരണവും ഏറ്റവും ചുവന്ന നിറമായി. ആദിത്യനോടു കൂടിയ ആകാശം അന്തി നേരത്തെന്ന പോലെ രക്തവര്‍ണ്ണമായി. അര്‍ക്കന്‍ അസ്തമിച്ചതിന്റെ ശേഷം തിരിച്ചു വന്ന് എന്നു വരാം. എന്നാൽ പാര്‍ത്ഥന്‍ ഒരിക്കലും ഒന്നിലൂന്നിയാല്‍ പിന്നെ മടങ്ങുക എന്നതുണ്ടാവില്ല.

പൗരുഷം കാട്ടുന്ന ധന്വി മുഖ്യരെയൊക്കെ ശൂരനും അചിന്ത്യാത്മാവുമായ അവന്‍ ദിവ്യാസ്ത്രം കൊണ്ട്‌ എതിര്‍ത്തു. എഴുപതും മൂന്നും കത്തിയമ്പുകള്‍ ദ്രോണനില്‍ പ്രയോഗിച്ചു. ദുസ്സഹനില്‍ പത്തു ശരങ്ങള്‍, എട്ടു ശരങ്ങള്‍ അശ്വത്ഥാമാവിലും വിട്ടു. പന്ത്രണ്ടു ശരങ്ങള്‍ ദുശ്ശാസനനിലും പിന്നെ മൂന്ന് ശരങ്ങള്‍ കൃപനിലും പ്രയോഗിച്ചു. ഭീഷ്മരില്‍ അറുപതും ദുര്യോധനനില്‍ നൂറും ശരങ്ങള്‍ എയ്തു. കര്‍ണ്ണനെ കര്‍ണ്ണത്തില്‍ കര്‍ണ്ണി കൊണ്ടെയ്തു തേരും, കുതിരയും, സൂതനും പോയ വില്ലാളി വീരനായ കര്‍ണ്ണനെ വിണ്ടും പീഡിപ്പിച്ചു. ആ സൈന്യത്തെയൊക്കെ ചിന്നിയതിനു ശേഷവും അര്‍ജ്ജുനന്‍ യുദ്ധത്തിന് തന്നെ തയ്യാറായി നിൽക്കുന്നതു കണ്ടപ്പോള്‍ അഭിപ്രായം അറിയുവാനായി ഉത്തരന്‍ പാര്‍ത്ഥനോടു ചോദിച്ചു.

ഉത്തരന്‍ പറഞ്ഞു: ജിഷ്ണോ! മഹത്തായ ഈ രഥത്തില്‍ കയറി സൂതനായ എന്നോടു കൂടി ഭവാന്‍ ഏതു സൈന്യത്തിലേക്കു ചെല്ലണമെന്നാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ പറഞ്ഞാലും. ഞാന്‍ അങ്ങോട്ടു രഥം തെളിക്കാം.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ ഉത്തരാ, ഭവാന്‍ ചുവന്ന നിറത്തിലുള്ള കുതിരയെ കെട്ടിയതും വ്യാഘ്രചര്‍മ്മം കൊണ്ടു പൊതിഞ്ഞതുമായ രഥം കാണുന്നില്ലേ, നീലക്കൊടിക്കൂറ തേരില്‍ പറക്കുന്നതും കാണുന്നില്ലേ? അത്‌ കൃപന്റെ തേരാണ്‌. നീ എന്നെ അങ്ങോട്ട്‌ എത്തിക്കുക. ദൃഢധന്വാവായ അദ്ദേഹത്തില്‍ ഞാന്‍ എന്റെ തീക്ഷ്ണാസ്ത്ര വൈഭവം കാട്ടിക്കൊടുക്കും. കൊടിയില്‍ ശുഭമായ പൊന്നിന്‍ കിണ്ടിയോടു കൂടിയവനായ അദ്ദേഹമാണ്‌ ആചാര്യനായ ദ്രോണൻ. സര്‍വ്വ അസ്ത്രജ്ഞന്മാര്‍ക്കും, എനിക്കും എന്നും അദ്ദേഹം മാന്യനാണ്‌. പ്രസന്നനായ ആ വീരനെ നീ വലംവെച്ച്‌ ഗമിക്കുക. അങ്ങോട്ട്‌ ചെല്ലുക. തേരില്‍ നിന്ന് ഇറങ്ങുക. ഇതു ശാശ്വതമായ ധര്‍മ്മമാണ്‌. അദ്ദേഹം സര്‍വ്വ അസ്ത്രജ്ഞന്മാരിലും ഉത്തമനാണ്‌. ദ്രോണന്‍ ഇന് ആദ്യം എന്റെ ദേഹത്തില്‍ എയ്യണം. പിന്നെ മാത്രമേ ഞാന്‍ അങ്ങോട്ട്‌ എയ്യുകയുള്ളു. അദ്ദേഹത്തെ കോപിപ്പിക്കുവാന്‍ പാടില്ല. കൊടിയില്‍ വില്ലടയാളമുള്ള അശ്വത്ഥാമാവാണ്‌ അടുത്തു നിൽക്കുന്നത്‌. അവന്‍ ആചാര്യ പുത്രനും ഏറ്റവും യോഗ്യനായ മഹാരഥനുമാണ്‌. അവന്റെ തേരിന് മുമ്പില്‍ ചെന്നാല്‍ വീണ്ടും ഒന്ന് പിന്നോട്ടു വിനയ പൂര്‍വ്വം ഒഴിയണം. എനിക്ക്‌ എന്നും അവന്‍ മാന്യനാണ്‌; എല്ലാ അസ്ത്രജ്ഞന്മാര്‍ക്കും അപ്രകാരം തന്നെയാണ്‌.

ഇതാ മറ്റൊരു മാന്യന്‍! തേര്‍പ്പടയ്ക്കുള്ളില്‍ പൊന്നണിഞ്ഞ ചട്ടയിട്ടവനും, പൊരുതാവുന്ന മൂന്നു പങ്കു പടയോടും കൂടി നിൽക്കുന്നു. പൊന്നിന്‍ കൊടിമരത്തിന്മേല്‍ മിന്നുന്ന പാമ്പുള്ളവനും, ധീമാനുമായ സുയോധന രാജാവാണത്‌. അവന്റെ നേര്‍ക്ക്‌ വീരനായ നീ ശത്രുക്കളുടെ തേരുകള്‍ ജയിച്ച തേരിനെ വിടണം. രാജാവായ ഇവന്‍ പ്രമാഥിയും സമരോദ്ധതനുമാണ്‌. ദ്രോണന്റെ ശിഷ്യന്മാരില്‍ , ശീഘ്രാസ്ത്രജ്ഞന്മാരില്‍ ഇവന്‍ മുമ്പനാണ്‌. ഇവനും ഞാന്‍ എന്റെ ശീഘ്രാസ്ത്ര പാടവം കാട്ടിക്കൊടുക്കും.

ധ്വജാഗ്രത്തില്‍ ഭംഗിയേറിയ ആനച്ചങ്ങല ഉള്ളവനായ മറ്റേ മാന്യന്‍ വൈകര്‍ത്തനനായ കര്‍ണ്ണനാണ്‌. മുമ്പേ ഇവനെ ഭവാന്‍ കണ്ടതാണല്ലോ. ദുഷ്ടബുദ്ധിയായ ആ രാധേയന്റെ സമീപത്ത്‌ നീ സന്നദ്ധനാകണം. പോരില്‍ അവന്‍ എന്നോടു മത്സരിക്കുന്നവനാണ്‌.

നീലക്കൊടിക്കൂറയാടുന്ന പഞ്ചനക്ഷത്ര ധ്വജത്തോടു കൂടിയവനും കയ്യുറയിട്ടവനും വില്ലുമേന്തി താരാര്‍ക്ക ചിത്രങ്ങളുള്ള വലിയ ധ്വജം തേരിലുള്ളവനും, തേരില്‍ ഇരിക്കുന്നുവനും തലയ്ക്കു മുകളില്‍ വെണ്‍കൊറ്റക്കുട ചൂടിയവനും നാനാധ്വജ പതാകാഢ്യനും, സേനാരഥനിരയ്ക്കു മുകളില്‍ മേഘമാലയ്ക്കു മുമ്പില്‍ സൂര്യനെ പോലെ മുന്നിട്ടു നിൽക്കുന്നുവനും, പൊന്‍തിങ്കള്‍ നിറമുള്ള ചട്ടയിട്ട്‌ കാണുന്നവനും, പൊന്‍തലപ്പാവു വെച്ചവനും, എന്റെ മനസ്സിനെ സദാ തപിപ്പിക്കുന്നുവനും എതിര്‍ക്കേണ്ടി വരുന്നുവല്ലോ എന്ന വിചാരംമൂലം എപ്പോഴും ദുഃഖിക്കുന്നവനുമായ ധീമാനെ നീ കാണുന്നില്ലേ? അദ്ദേഹമാണ്‌ ഞങ്ങളുടെ പിതാമഹന്‍. ശാന്തനവനായ ഭീഷ്മനാണ്‌ ആ തേജസ്വരൂപി. രാജശ്രീ വളര്‍ന്ന അദ്ദേഹം ദുര്യോധനന്റെ ഭാഗത്തു നിൽക്കുന്നവനാണ്‌.

പിന്നെ അദ്ദേഹത്തിന്റെ മുമ്പിലാണ്‌ പോകേണ്ടത്‌. അപ്പോള്‍ എനിക്കു വിഘ്നം ഉണ്ടാകരുത്‌. ഇദ്ദേഹവുമായി പൊരുതുമ്പോള്‍ നീ നോക്കി തേര്‍ നടത്തണം.

എല്ലാം കേട്ടതിന് ശേഷം വിരാടപുത്രന്‍ കൂസാതെ സവ്യസാചിയെ, ഉടനെ നൃപന്‍ നിൽക്കുന്നിടത്തേക്ക്‌ എത്തിച്ചു.

56. ദേവാഗമനം- ദേവന്മാര്‍ യുദ്ധം കാണുവാന്‍ എത്തുന്നു - വൈശമ്പായനൻ പറഞ്ഞു; വില്ലാളികളായ കൗരവന്മാരുടെ സൈന്യങ്ങള്‍ വേനലിന്റെ അവസാനത്തില്‍ കാലവര്‍ഷക്കാറ്റില്‍ പറന്നു കയറുന്ന കാര്‍മേഘം പോലെ കാണുമാറായി. ശസ്ത്രധാരികളായ മഹാരഥന്മാര്‍ കയറുന്ന കുതിരപ്പട ഒത്തു നിന്നു. തോമരം, അങ്കുശം, നുന്നം, ഉഗ്രമായ മറ്റ്‌ ആയുധങ്ങള്‍ ഇവയൊക്കെ ധരിച്ച്‌ യോദ്ധാക്കള്‍ കയറിയ ഗജരാജികള്‍ ശോഭിച്ചു. അര്‍ജ്ജുനനും കൗരവ ശ്രേഷ്ഠന്മാരുമായുള്ള ഈ യുദ്ധം കാണുവാന്‍ ദേവേന്ദ്രന്‍ ദേവന്മാരോടു കൂടി വിമാനത്തില്‍ കയറി ആകാശത്തു വന്ന് നിന്നു. വിശ്വദേവാശ്ചി മരുത്തുക്കളോടും ദേവഗന്ധര്‍വ്വ യക്ഷാഹികളോടും ചേര്‍ന്ന് വ്യോമണ്ഡലം കാറില്ലാതെ തെളിഞ്ഞു വിളങ്ങുന്ന ഗ്രഹമണ്ഡലങ്ങള്‍ പോലെ ശോഭിച്ചു. മര്‍ത്ത്യരില്‍ പെരുമാറുന്ന അസ്ത്രശക്തിയും കൃപനും അര്‍ജ്ജുനനും തമ്മില്‍ നേരിട്ടു ചെയ്യുന്ന ഭീഷണമായ യുദ്ധവും കാണുവാന്‍ വെവ്വേറെ വിമാനത്തില്‍ വാനവന്മാരെത്തി.

വിചിത്രമായിരുന്നു ദേവന്മാരുടെ വിമാനങ്ങള്‍. നൂറുലക്ഷം സ്വര്‍ണ്ണമയത്തൂണുകളും വെവ്വേറെ രത്നമണിത്തൂണുകളും ചേര്‍ന്ന് ഭംഗിയില്‍ ശോഭിക്കുന്ന ആകാശ സഞ്ചാരിയായ സൗധത്തില്‍ ദേവന്മാര്‍ കയറി നിന്നു. ഇന്ദ്രന്റെ ആ കാമഗമായ വിമാനം സര്‍വ്വവിധ ദിവ്യരത്നങ്ങളും അണിഞ്ഞതും യഥേഷ്ടം ആകാശത്തില്‍ സഞ്ചരിക്കുന്നതുമാണ്‌. ഇന്ദ്രനോടു കൂടെ മുപ്പത്തിമൂന്നു ദേവന്മാരും ആ വിമാന സൗധത്തില്‍ ഉണ്ടായിരുന്നു. പിന്നെ മഹാത്മാക്കളായ വേറെയും ദിവ്യന്മാര്‍ അതില്‍ സന്നിഹിതരായിരുന്നു. ഗന്ധര്‍വ്വന്മാര്‍, രക്ഷസ്സുകള്‍, നാഗങ്ങള്‍, പിതൃക്കള്‍, മഹര്‍ഷികള്‍, രാജാവായ വസുമനസ്സ്‌, ബലവാനായ സുപ്രതര്‍ദ്ദനന്‍, അഷ്ടകന്‍, ശിബി, യയാതി, നഹുഷന്‍, ഗയന്‍, മനു, പുരു, രഘു, ഭാനു, കൃശാശ്വന്‍, സഗരന്‍, നളന്‍ ഇവരൊക്കെ ഇന്ദ്രന്റെ വിമാനത്തില്‍ സുപ്രഭന്മാരായി വിളങ്ങി. ഈശാനന്‍, വരുണന്‍, സോമന്‍, വഹ്നി, പ്രജാപതി, ധാതാവ്‌, വിധാതാവ്‌, കുബേരന്‍, യമന്‍, അലംബുശന്‍, ഉഗ്രസേനന്‍ തുടങ്ങിയ ഗന്ധര്‍വന്മാര്‍, തുംബുരു എന്നിവരുടെ വിമാനങ്ങള്‍ എല്ലാം ഈ യുദ്ധം കാണുവാന്‍ തന്നെ അംബരത്തില്‍ വന്ന് തിളങ്ങി.

എല്ലാ ദേവന്മാരും എല്ലാ സിദ്ധന്മാരും മുനീന്ദ്രന്മാരും അവിടെ പാര്‍ത്ഥനും കൗരവരും തമ്മില്‍ നടക്കുന്ന യുദ്ധം കാണുവാന്‍ അംബരത്തില്‍ വന്നുചേര്‍ന്നു. ദിവ്യമാല്യങ്ങളുടെ പുണ്യമായ സൗരഭ്യം വസന്തകാലത്ത്‌ വനങ്ങളില്‍ നിന്നെന്ന പോലെ അവിടെയെങ്ങും പരന്നു. വാനവന്മാര്‍ ചാര്‍ത്തുന്ന രത്നങ്ങള്‍, ചിത്രങ്ങള്‍, നല്ല വസ്ത്രങ്ങള്‍, മാല, വെണ്‍ചാമരങ്ങള്‍ എന്നിവയും അവിടെ തിളങ്ങി കാണുമാറായി.

ഭൂമിയില്‍ നിന്നുയരുന്ന ധൂളി നിൽക്കുകയും രശ്മികള്‍ വ്യാപിക്കുകയും ചെയ്തു. ദിവ്യമായ ഗന്ധം വഹിച്ച്‌ മന്ദമാരുതന്‍ യോധന്മാരുടെ അംഗങ്ങളെ തലോടി. നല്ലപോലെ ശോഭിക്കുന്ന ആകാശഭാഗം വിചിത്രമായ വിധം അലങ്കരിക്കപ്പെട്ടതും ദേവന്മാര്‍ വരുന്നതും നിൽക്കുന്നതും നാനാരത്നം തെളിഞ്ഞ വിചിത്രമായ ദേവവിമാനങ്ങള്‍ ശോഭിച്ചു നിൽക്കുന്നതുമായിരുന്നു. അവിടെ സുരന്മാരാല്‍ ആവൃതനായി തേജസ്വിയായ വാജ്രി പത്മോല്പലം കോര്‍ത്ത മാല ചാര്‍ത്തി പലരുമായി പൊരുതുന്ന തന്റെ പുത്രനെ എത്ര കണ്ടിട്ടും മതിയാകാതെ ഹര്‍ഷത്തോടെ നോക്കി നിന്നു.

57. കൃപാചാര്യന്റെ പിന്മാറ്റം- വൈശമ്പായനൻ പറഞ്ഞു; അണിയായി നിരന്ന ആ കുരുസൈന്യത്തെ കണ്ട്‌ അര്‍ജ്ജുനന്‍ ഉത്തരനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: എടോ ഉത്തരാ, സ്വര്‍ണ്ണം കൊണ്ട്‌ ഒരു വേദി കൊടിയില്‍ കാണുന്നുണ്ടല്ലോ. അതിനെ വലംവെച്ചു പോവുക. അവിടെ ശാരദ്വതനായ കൃപന്‍ നിൽക്കുന്നുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: ധനഞ്ജയന്‍ പറഞ്ഞതു കേട്ട വേഗത്തില്‍ വിരാടപുത്രന്‍ പൊന്നണിഞ്ഞ വെള്ളിക്കൊക്കുന്നു വെള്ളക്കുതിരകളെ താഡിച്ച്‌ ക്രമത്തിലൊക്കെ കൂട്ടിച്ചേര്‍ത്തു. ഉത്തമമായ വേഗത്തില്‍ തിങ്കള്‍ പോലെ ശോഭിക്കുന്നതും ചൊടിയുള്ളതുമായ ആ ഹയങ്ങളെ തെളിച്ച്‌ കുരു സൈനൃത്തിന്റെ അടുത്തെത്തി അശ്വപടുവായ ഉത്തരന്‍ വീണ്ടും ആ വായുവേഗമായ കുതിരകളെ തിരിച്ചു. പിന്നെ വലം ചുറ്റിച്ചും, ഇടം ചുറ്റിച്ചും യാത്രാതത്വജ്ഞനായ ഉത്തരന്‍ കൗരവന്മാരെ മയക്കി. പിന്നെ കൃപന്റെ നേരെ ചെന്ന് കൂസല്‍ കൂടാതെ വിരാടപുത്രന്‍ വലംവെച്ചു ചുറ്റി മുമ്പില്‍ കൊണ്ടു വന്ന് അശ്വങ്ങളള നിര്‍ത്തി. മുഴക്കമേറിയ ദേവദത്തമെന്ന ശംഖം അപ്പോള്‍ അര്‍ജ്ജുനന്‍ തന്റെ പേരു വിളിച്ചു പറയുന്ന മട്ടില്‍ ശക്തിയായി ഊതി. പോരില്‍ ജിഷ്ണു ഊതിയ ശംഖത്തിന്റെ ശബ്ദം പര്‍വ്വതം പിളരുന്ന വിധം ഏറ്റവും ഗംഭീരമായി അലച്ചു. കൗരവന്മാര്‍ ആ ശംഖിനെ സൈന്യത്തോടൊത്തു പൂജിച്ചു. ഇത്ര ഭയങ്കരമായ ശക്തിയോടെ ഊതിയിട്ടും ആ ശംഖ്‌ പൊളിയാത്തതാണത്രേ പൂജിക്കുവാന്‍ കാരണം! വാനില്‍ വിങ്ങിപ്പരന്ന ശബ്ദം പിന്നെ തിരിച്ചു വന്ന്‌ വീണ്ടും ഭൂമിയില്‍ അലച്ചു. ഇന്ദ്രന്‍ അദ്രിമേല്‍ വജ്രം വീഴ്ത്തുന്ന വിധം ആ പ്രതിധ്വനി വന്നലച്ചു.

ഇതിന്നിടയില്‍ പരമദുര്‍ജ്ജയനായ കൃപന്‍ അര്‍ജ്ജുനന്റെ നേരെ ആ ശബ്ദത്തെ പൊറുക്കാതെ ചൊടിച്ച്‌ പോരിന് ഉന്നിക്കൊണ്ടു ചാടി. ഉടനെ വീത്യവാനായ കൃപന്‍ തന്റെ ശംഖെടുത്ത്‌ഏറ്റവും ശക്തിയായി വിളിച്ചു. ഗര്‍ജ്ജനം കൊണ്ട്‌ ആ മഹാരഥന്‍ മൂന്നു ലോകവും വിറപ്പിച്ചു. ആ മഹാരഥന്‍ തന്നെ വലിയ വില്ലു കയ്യിലെടുത്ത്‌ ചെറുഞാണൊലി കൂട്ടി. സൂരൃശ്രീയുള്ള ആ രഥങ്ങള്‍ ബലമായി പോരിന് ഉന്നി. ശരല്‍ക്കാലത്തെ മേഘങ്ങള്‍ പോലെ അവ നിന്ന് ശോഭിച്ചു. പിന്നെ ശാരദ്വതന്‍ ശത്രുഘാതിയായ പാര്‍ത്ഥനെ പത്തുശരങ്ങള്‍ കൊണ്ട്‌ മര്‍മ്മം പിളര്‍ക്കുമാറ്‌ പ്രയോഗിച്ചു; ഉടനെ പാര്‍ത്ഥന്‍ പോരില്‍ പുകഴ്ത്തുന്ന ഗാണ്ഡീവമെന്ന പരമായുധമെടുത്തു വലിച്ച്‌ ധാരാളം മര്‍മ്മഭേദകമായ ശരങ്ങള്‍ പ്രയോഗിച്ചു. കൃപന്റെ ചോര കുടിക്കുവാന്‍ പാര്‍ത്ഥന്‍ വിട്ട ശരങ്ങള്‍ വന്നെത്തുന്നതിന് മുമ്പായി അറുത്തു വീഴ്ത്തി. അപ്പോള്‍ വിചിത്ര കര്‍മ്മങ്ങള്‍ കാണിക്കുന്നുവനായ അര്‍ജ്ജുനന്‍ ചൊടിച്ച്‌. അമ്പെയ്തു പത്തു ദിക്കും മൂടി. ഒരേ നിഴല്‍ പ്രായമാക്കിത്തീര്‍ത്തു ആ പ്രഭ ആകാശം മുഴുവന്‍. അമേയാത്മാവായ പാര്‍ത്ഥന്‍ കൃപനെ അമ്പു കൊണ്ടു മൂടി. അവന്‍ അമ്പേറ്റു കോപിച്ച്‌ തീ പോലുള്ള ശരങ്ങളെ ഓജസ്സേറിയ പാര്‍ത്ഥനില്‍ പതിനായിരം എണ്ണം വര്‍ഷിച്ചു. കൃപന്‍ മഹാത്മാവിനെ അര്‍ദ്ദിപ്പിച്ച്‌ യുദ്ധത്തില്‍ ആര്‍ത്തു. ഉടനെ വീരനായ കൃപന്‍ പൊന്നുകെട്ടിച്ച പത്തു ശരങ്ങള്‍ കൊണ്ട്‌ പാര്‍ത്ഥനെ എയ്തു. ഗാണ്ഡീവം തൂകുന്ന നാലു ശരം കൊണ്ട്‌ അവന്റെ വാജികള്‍ നാലിനേയും പിളര്‍ന്നു. ജ്വലിക്കുന്ന സര്‍പ്പം പോലുള്ള ബാണമേറ്റ്‌ കുതിരകള്‍ എല്ലാം ഒന്നിച്ചുചാടി. കൃപന്‍ വല്ലാതെ അമ്പരന്ന് ഇളകി പോയി. നിലവിട്ട കൃപനെ കണ്ടിട്ട്‌ ശത്രുഘാതിയായ ആ കുരുനന്ദനന്‍ എയ്യുകയുണ്ടായില്ല. അപ്പോഴത്തെ ഗൗരവം അവന്‍ മനസ്സിലാക്കി. വീണ്ടും നിലയ്ക്കിരുന്നു ഗൗതമന്‍ സവ്യസാചിയില്‍ കഴുച്ചിറകു വെച്ച പത്തമ്പ്‌ പെട്ടെന്ന് എയ്തു. ഉടനെ അവന്റെ വില്ലിനെ മൂര്‍ച്ചയുള്ള കത്തിയമ്പു കൊണ്ട്‌ അര്‍ജ്ജുനന്‍ അറുത്തു കളഞ്ഞു. പിന്നെ കയ്യുറയും വേറെ ഒരു ശരം കൊണ്ടു മുറിച്ചു. മര്‍മ്മം പിളര്‍ക്കുന്ന നിശിതമായ ശരംവിട്ട്‌ ചട്ടയും പൊട്ടിച്ചു വിട്ടു. കൃപന്റെ ദേഹത്തിന് പീഡ ബാധിച്ചു. ചട്ട പോയ അവന്റെ ശരീരം ഉറയൂരിയ പാമ്പിന്റെ ദേഹം പോലെ ശോഭിച്ചു.

പാര്‍ത്ഥന്‍ വില്ലു മുറിച്ചപ്പോള്‍ വേറെ വില്ലെടുത്ത്‌ ഗൗതമന്‍ ഞാണു കെട്ടിയത്‌ കാണികളെ അത്ഭുതപ്പെടുത്തി. ഞാണു കെട്ടിയ ആ വില്ലും പാര്‍ത്ഥന്‍ മറ്റൊരു അമ്പു കൊണ്ടു മുറിച്ചു. ഇങ്ങനെ പലവട്ടം കൃപാചാര്യന്റെ വില്ലുകള്‍ കൈവേഗം കാട്ടുമാറ്‌ ശത്രുനാശനനായ പാര്‍ത്ഥന്‍ മുറിച്ചു തള്ളി. രഥശക്തിയെടുത്ത്‌, വില്ലറ്റവനായ ആ പ്രതാപവാൻ ജ്വലിക്കുന്നു ഇടിത്തീ പോലുള്ള വേല്‍ പാര്‍ത്ഥന്റെ നേരെ വിട്ടു. പൊന്നണിഞ്ഞ ആ വേല്‍ വന്നടുക്കുന്ന സമയത്ത്‌ അര്‍ജ്ജുനന്‍ ആകാശത്തു വെച്ചു തന്നെ പത്ത്‌ അമ്പുകള്‍ വിട്ട്‌ കൊള്ളിമീന്‍ പോലെ മുറിച്ചു ചിതറി. ബുദ്ധിമാനായ അര്‍ജ്ജുനന്‍ മുറിച്ചിട്ട ആ വേല്‍ പത്തു കഷണമായി ചിതറി. കത്തിയമ്പുകള്‍ ഏറ്റപ്പോള്‍ കൃപന്‍ വില്ലു കുലച്ചു. ഉടനെ പാര്‍ത്ഥനെ പത്ത്‌ അമ്പ്‌ എയ്തു ഭേദിച്ചു. ഉടനെ തേജസ്വിയായ പാര്‍ത്ഥന്‍ തീ പോലുള്ള കൂര്‍ത്ത വിശിഖങ്ങളെ പതിമൂന്നെണ്ണം, കോപത്തോടെ എയ്ത്‌ അവന്റെ നുകം ഒരു ബാണത്താലും, നാലു കുതിരകളെ നാലു ബാണത്താലും, ആറാമത്തെ ശരത്താല്‍ സൂതന്റെ കഴുത്തിനേയും അറുത്തു വിട്ടു. മുന്നമ്പിനാല്‍ ത്രിവേണുവും രണ്ട്‌ അമ്പു കൊണ്ട്‌ അക്ഷവും (അച്ചുതണ്ട്‌), പന്ത്രണ്ടാമത്തെ കത്തിയമ്പു കൊണ്ട്‌ ധ്വജത്തേയും മുറിച്ചു. പിന്നെ പതിമൂന്നാമത്‌ വജ്രാശനി പോലുള്ള ബാണം ചിരിച്ചു കൊണ്ട്‌ ഇന്ദ്രാഭനായ പാര്‍ത്ഥന്‍ കൃപന്റെ മാറിടത്തില്‍ എയ്തു.

വില്ലും, തേരും, കുതിരയും, സൂതനും പോയ കൃപന്‍ ഉടനെ ഗദയും കയ്യിലെടുത്തു ചാടി, ഊക്കോടെ ആ ഗദയെടുത്ത്‌ വീശിയടിച്ചു. കൃപന്‍ വിട്ടതായ ആ കനം കൂടിയ ഭംഗിയുള്ള ഗദ അര്‍ജ്ജുനന്‍ തൂകുന്ന ശരങ്ങളേറ്റ്‌ തിരിച്ചു തന്നെ അടിച്ചു. വാശി കൂടിയ കൃപനെ കാക്കുവാനായി യോദ്ധാക്കള്‍ പാര്‍ത്ഥനില്‍ ചുറ്റും പോരില്‍ ശരവര്‍ഷം ചൊരിഞ്ഞു. ഉടനെ വിരാടപുത്രന്‍ അശ്വങ്ങളെ ഇടം തിരിച്ചു. യമകം ചുറ്റി (ഇടത്തോട്ടു തിരിഞ്ഞ്‌ വട്ടം ചുറ്റി) യോധന്മാരെ തടഞ്ഞു. അപ്പോള്‍ കൗരവഭടന്മാര്‍ തേരു പോയ കൃപനെ പിടിച്ച്‌ കൗന്തേയനായ അര്‍ജ്ജുനന്റെ മുമ്പില്‍ നിന്ന് മാറ്റി.

58. ദ്രോണാചാര്യന്റെ പിന്മാറ്റം - വൈശമ്പായനൻ പറഞ്ഞു. കൃപന്‍ പിന്മാറിയപ്പോള്‍ ദ്രോണൻ വില്ലും, അമ്പും എടുത്ത്‌, ചുവന്ന കുതിരകളെ കെട്ടിയ തേരില്‍ അര്‍ജ്ജുനന്റെ നേരെ പാഞ്ഞടുത്തു. സ്വര്‍ണ്ണരഥനായ ഗുരു എത്തുന്നതു കണ്ട ഉടനെ അര്‍ജ്ജുനന്‍ ഉത്തരനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു; എടോ സാരഥേ, നീ ദ്രോണന്റെ സൈന്യത്തില്‍ എന്നെ കൊണ്ടെത്തിക്കുക. അതാ നോക്കൂ! പൊന്മയിയായ വേദി, ധ്വജത്തില്‍ കാണുന്നതു നോക്കൂ! കൊടിക്കൂറകളോടു കൂടി ദണ്ഡത്തിന്മേല്‍ ഉയര്‍ന്ന് ശോഭിക്കുന്നു. ശബ്ദിക്കുന്ന മനോഹാരികളായ ചുവന്ന അശ്വങ്ങളെ കാണുന്നില്ലേ, മിനുത്ത പവിഴം മാതിരി നന്നായി മുഖംചുവന്ന കുതിരകള്‍! നല്ലപോലെ ശീലിച്ച കുതിരകളെ തേര്‍ത്തട്ടില്‍ പൂട്ടി നിൽക്കുന്നു. ആ ദീര്‍ഘബാഹുവും, മഹാശക്തനും, ബലരൂപങ്ങളോടു ചേര്‍ന്നവനും; ലോകത്തില്‍ മഹാനായ വിക്രമിയും ആണ്‌ ആ പ്രതാപവാനായ ഭരദ്വാജന്‍. ബുദ്ധിയില്‍ ശുക്രസദൃശനും, നീതിയില്‍ ഗുരുതുല്യനും, നാലു വേദങ്ങളും അപ്രകാരം ബ്രഹ്മചര്യവും സ്വീകരിച്ചവനും, സംഹാരക്ഷമമായ ദിവ്യാസ്ത്രങ്ങളൊക്കെയും, ധനുര്‍വ്വേദം മുഴുവനും, ഒന്നിച്ചു ഗ്രഹിച്ചവനും, ക്ഷമ, സത്യം, ദമം, ആനുശംസ്യം, ഋജുത്വം ഇവയും മറ്റു പല ഗുണങ്ങളും ചേര്‍ന്നവനുമാണ്‌ ആ ദ്വിജന്‍. ആ മഹാഭാഗനോടു പൊരുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ആചാര്യന്റെ പാര്‍ശ്വത്തിലേക്ക്‌ എന്നെ എത്തിച്ചാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞ വാക്കു കേട്ട്‌ ഉത്തരന്‍ ദ്രോണന്റെ തേരിന്റെ നേര്‍ക്ക്‌ സ്വര്‍ണ്ണാലംകൃതമായ അശ്വങ്ങളെ ആട്ടിത്തെളിച്ചു. വേഗത്തിൽ എത്തുന്ന ആ രഥശ്രേഷ്ഠനായ പാണ്ഡുപുത്രനെ കണ്ട്‌ ദ്രോണന്‍ മത്തേഭം മത്തേഭത്തെയെന്ന വിധം എതിര്‍ത്തു. പിന്നെ ഭേരീ ശതങ്ങളുടെ രവത്തോടു ചേര്‍ന്ന് ശംഖു വിളിച്ചു. അപ്പോള്‍ സൈന്യം കടല്‍ പോലെയിളകി. ശോണാശ്വങ്ങളെ ശക്തമായ ഹംസവര്‍ണ്ണ ഹയങ്ങളുമായി കലര്‍ന്ന് പോരില്‍ കണ്ടപ്പോള്‍ കാണികള്‍ അത്ഭുതപ്പെട്ടു പോയി. പടത്തലയ്ക്കല്‍ വീരന്മാരായ അവര്‍ തേരുകളില്‍ സംഘട്ടനം തുടര്‍ന്നപ്പോള്‍ തോറ്റു പിന്മാറാത്തവരും പഠിച്ചവരും, മനസ്വികളുമായ ആ ഗുരുശിഷ്യന്മാര്‍, ദ്രോണാര്‍ജ്ജുനന്മാര്‍, യുദ്ധം തുടര്‍ന്നപ്പോള്‍, അവരെ രണ്ടു പേരേയും കണ്ടു കൊണ്ട്‌ കൗരവപ്പട കിടിലം കൊണ്ടു. ശ്വേതവാഹനനായ പാര്‍ത്ഥന്‍ ഹര്‍ഷത്തോടെ ചിരിച്ചു കൊണ്ട്‌ ദ്രോണന്റെ തേരിനോടടുത്ത്‌ തന്റെ തേരിനെ അണച്ച്‌ ഇപ്രകാരം മധുരവും, സാമവുമായ വാക്കുകളാല്‍ അഭിവാദ്യം ചെയ്തു; ഗുരോ, വന്ദനം! ഞങ്ങള്‍ വനവാസം കഴിഞ്ഞ്‌ പകവീട്ടുവാന്‍ ആഗ്രഹിക്കുകയാണ്‌. സമരദുര്‍ജ്ജയാ! ഭവാന് എന്നില്‍ തിരുവുള്ളക്കേടുണ്ടാകരുതേ!! ഭവാന്‍ ഇങ്ങോട്ട് എയ്തതില്‍ പ്പിന്നെ ഞാന്‍ അങ്ങോട്ട് എയ്യുന്നതാണ്‌. അതാണ്‌ എന്റെ മോഹം. പുണ്യാത്മാവേ, ഭവാന്‍ എന്റെ ആഗ്രഹം നടത്തിയാലും.

അര്‍ജ്ജുനന്റെ വാക്കു കേട്ടപ്പോള്‍ ദ്രോണന്‍ ഇരുപതില്‍ പരം അമ്പുകള്‍ അര്‍ജ്ജുനന്റെ നേരെ പ്രയോഗിച്ചു. അവയെത്തുന്നതിന് മുമ്പു തന്നെ കൈവേഗത്തോടെ അര്‍ജ്ജുനന്‍ അറുത്തു. ഉടനെ സഹസ്രം ശരങ്ങള്‍ കൊണ്ട്‌ പാര്‍ത്ഥന്റെ തേരുനിറച്ച്‌ ശീഘ്രാസ്ത്രം കാട്ടുന്ന വിധം കഴുച്ചിറകു വെച്ച ശരങ്ങള്‍ കൊണ്ട്‌ ശ്വേതാശ്വങ്ങളുടെ നേരെ പാര്‍ത്ഥന്‍ കോപിക്കുന്ന വിധം എയ്തു വിട്ടു. ഇങ്ങനെ സംഗരത്തില്‍ തീക്ഷ്ണ ബാണങ്ങളെ ഒപ്പം ചൊരിഞ്ഞ്‌ ദ്രോണനും അര്‍ജ്ജുനനും തമ്മില്‍ പോരാട്ടം തുടര്‍ന്നു.

രണ്ടുപേരും പേരു കേട്ടവരും, വായുവേഗമുള്ളവരും, ദിവ്യാസ്ത്രജ്ഞന്മാരും തേജസ്വികളുമാണ്‌. അവര്‍ ശരജാലങ്ങള്‍ കൂട്ടി നരേന്ദ്രന്മാരെ മോഹിപ്പിച്ചു. അവിടെ കൂടി നിൽക്കുന്ന യോധന്മാരെല്ലാം അത്ഭുതപ്പെട്ടു പോയി. അവര്‍ അമ്പെയ്യുന്നതു കണ്ട്‌ ഭേഷ്‌! ഭേഷ്‌ എന്ന് വാഴ്ത്തി! പാര്‍ത്ഥനല്ലാതെ ആരുണ്ട്‌ ദ്രോണരോട്‌ യുദ്ധത്തില്‍ പൊരുതുവാനായിട്ട്‌? ഈ ക്ഷത്രധര്‍മ്മം രൗദ്രമാണ്‌! ഗുരുനാഥനോടു തന്നെ ശിഷ്യന്‍ പൊരുതേണ്ടി വന്നിരിക്കുന്നു! ഇപ്രകാരം യുദ്ധം കണ്ടു നിൽക്കുന്നുവര്‍ പറഞ്ഞു.

വീരന്മാരായ ആ ഗുരുശിഷ്യന്മാര്‍ കോപിച്ചു തമ്മില്‍ ഇടഞ്ഞു. അപരാജിതന്മാരായ അവര്‍ അന്യോന്യമേറ്റ്‌ അമ്പെയ്തു മൂടി. പൊന്നു കെട്ടിച്ച വലിയ വില്ല്‌ സുദുസ്സഹമായി ഉലച്ച്‌ ഭാരദ്വാജന്‍ ക്രോധത്തോടു കൂടി ഉടനെ പാര്‍ത്ഥനില്‍ എയ്തു.

അര്‍ജ്ജുനന്റെ രഥം നോക്കി ശരജാലം ചൊരിഞ്ഞ്‌ കടഞ്ഞു മിന്നുന്ന ശരങ്ങളാല്‍ സൂര്യന്റെ രശ്മികളെ മൂടി. പാര്‍ത്ഥന്‍ എയ്യുന്ന മഹാവേഗത്തോടു കൂടിയ തീക്ഷ്ണമായ ശരങ്ങള്‍ കൊണ്ട്‌, കാറ്‌ മഴയാല്‍ മലയെ എന്ന പോലെ ദ്രോണനെ വേധിച്ചു. അപ്രകാരം തന്നെ ശത്രുഘ്നവും ഭാരസാധനവുമായ ദിവ്യമായ ഗാണ്ഡീവമെടുത്തു പൊന്നുകെട്ടിച്ച വിവിധ ശരങ്ങള്‍ വര്‍ഷിച്ചു. ഭാരദ്വാജന്റെ വിശിഖവര്‍ഷം പോക്കി. വീര്യവാനായ അര്‍ജ്ജുനന്‍ ഇതു ചെയ്തതു കണ്ടപ്പോള്‍ അത്ഭുതം പരന്നു. തേരില്‍ ചരിക്കുന്ന ആ പാര്‍ത്ഥന്‍ ഒപ്പം എല്ലാ ദിക്കിലും ചുറ്റും അസ്ത്രങ്ങള്‍ വര്‍ഷിക്കുന്നതായി കാണപ്പെട്ടു. നേരേ നിഴലു വിരിച്ച പോലെ അംബരത്തില്‍ ശരം തൂകുകയാല്‍ മഞ്ഞു കൊണ്ട്‌ മൂടിയ മട്ടില്‍ ദ്രോണനെ കാണാതായി. ബാണങ്ങള്‍ കൊണ്ടു മൂടുകയാല്‍ അവന്റെ ആകൃതി മങ്ങി ചുറ്റും ജ്വലിച്ചു കാണുന്ന പര്‍വ്വതം പോലെയായി. പാര്‍ത്ഥബാണങ്ങളാല്‍ തന്റെ രഥം മൂടിക്കാണുകയാല്‍ , ഇടി പോലെ മുഴങ്ങുന്ന തന്റെ വില്ലിട്ടുലച്ച്‌ ചുറ്റിക്കുന്ന തീക്കൊള്ളി പോലെ ഘോരമായി വില്ലിനെ കര്‍ഷിച്ചു. ആ ബാണങ്ങളെയൊക്കെ പോരില്‍ തെളിഞ്ഞവനായ ദ്രോണൻ അറുത്തു. മുളംകൂട്‌ (പട്ടിലു) കത്തുമ്പോലെ മഹാധ്വനിയുണ്ടായി. ചിത്രചാപത്തില്‍ നിന്നൂര്‍ന്നതും പൊന്നു കെട്ടിച്ചതുമായ ശരങ്ങളാല്‍ വീരന്‍ പത്തുദിക്കും മൂടി ആദിത്യന്റെ രശ്മിയും മറച്ചു. ഉടനെ പൊന്നുകെട്ടിച്ച ശരോല്‍ ക്കരങ്ങള്‍ കൂട്ടം കൂട്ടമായി ആകാശത്തില്‍ പതറുന്നതായി കണ്ടു. ദ്രോണന്റെ വില്ലില്‍ നിന്ന് കട തൊട്ട് എത്തുന്ന അമ്പുകള്‍ ആകാശത്തില്‍ നീളെ തൊട്ടു തൊട്ടു സഞ്ചരിക്കുകയാല്‍ ഒറ്റ ദീര്‍ഘബാണം പോലെ കാണികള്‍ക്കു തോന്നി.

ഇങ്ങനെ പൊന്നണിഞ്ഞ മഹാബാണങ്ങള്‍ തൂകുന്ന മഹാവീരന്മാരായ അവര്‍ കൊള്ളിമീന്‍ കൊണ്ടു നിറയുന്ന മട്ടില്‍ ആകാശത്തെ പ്രശോഭിപ്പിച്ചു. അവരുടെ മയില്‍ കങ്കച്ചിറകേന്തിയ അമ്പുകള്‍ വാനില്‍ പറക്കുന്ന അന്നപ്പിടക്കൂട്ടം പോലെ ശോഭിച്ചു. മഹാന്മാരായ ദ്രോണപാര്‍ത്ഥന്മാര്‍ തമ്മില്‍ ക്രോധിച്ചു ചെയ്യുന്ന സംഗരം വൃത്രനും വാസവനും തമ്മിലെന്ന പോലെ ഘോരമായി. എതിര്‍ത്ത്‌ ആനകള്‍ തമ്മില്‍ ദന്തത്താല്‍ കുത്തും പോലെ അവര്‍ തമ്മില്‍ നന്നായി ശരം വലിച്ച്‌ അന്യോന്യം പ്രഹരിച്ചു. ചൊടിച്ച്‌ പോരില്‍ വിലസുന്ന അവര്‍ യുദ്ധത്തില്‍ ഓരോ ദിവ്യാസ്ത്ര പ്രയോഗം തുടങ്ങി. ആചാര്യപ്രവരന്‍ വിട്ട മൂര്‍ച്ചയേറിയ ശരങ്ങളെ കൂര്‍ത്ത ബാണങ്ങള്‍ എയ്തു മുറിച്ചു ആകാശമാകെ മൂടി. ഹനിക്കുവാന്‍ ഊക്കോടെ എത്തുന്ന നരവ്യാഘ്രനായ കിരീടിയെ ആചാര്യ പ്രവരനായ ദ്രോണൻ പോരില്‍ കൂര്‍ത്തു മൂര്‍ത്ത അമ്പെയ്ത്‌ പാര്‍ത്ഥനുമായി ക്രീഡിക്കുമ്പോള്‍, ആ ബഹളമായ പോരില്‍ ദിവ്യാസ്ത്രം തൂകി. അസ്ത്രം അസ്ത്രം കൊണ്ടു തടുത്ത്‌ അര്‍ജ്ജുനനോട്‌ ഏറ്റു ക്രൂരന്മാരായ ആ നൃസിംഹന്മാര്‍ തമ്മില്‍ , ആകാശത്തു വെച്ച്‌ പരസ്പരം ക്രോധിച്ച്‌, ദേവാസുരന്മാര്‍ തമ്മില്‍ നടന്നതു പോലെ, ഭയങ്കരമായിരുന്നു യുദ്ധം.

ഐന്ദ്രം, വായവ്യം, ആഗ്നേയം, എന്നീ അസ്ത്രം ദ്രോണൻ വിടുന്ന മാത്രയ്ക്കു തന്നെ അര്‍ജ്ജുനന്‍ അസ്ത്രം കൊണ്ടു ഗ്രസിച്ചു. ഇപ്രകാരം തീക്ഷ്ണാസ്ത്രങ്ങള്‍ ചൊരിഞ്ഞ വില്ലാളി വീരന്മാര്‍ ആകാശം ശരവൃഷ്ടി കൊണ്ട്‌ ഒരേ നിഴല്‍ പ്രായമാക്കി തീര്‍ത്തു. അതില്‍ അര്‍ജ്ജുനാസ്ത്രം ശരീരികളില്‍ പതിക്കുന്ന ശബ്ദം വജ്രം ഗിരിയില്‍ എന്ന വിധം കേള്‍ക്കുമാറായി. ആന, തേര്‍, കുതിരക്കൂട്ടം എന്നിവ ചോരയിലാറാടി പൂത്തു നില്‍ക്കുന്ന മുരുക്കു പോലെ കാണുമാറായി. കേയൂരമണിഞ്ഞ ബാഹുക്കളും, ചിത്രരൂപങ്ങളായ രഥങ്ങളും, പൊന്നണിഞ്ഞ ചട്ടകളും, ധ്വജങ്ങളും അറ്റു വീണു. പാര്‍ത്ഥബാണാര്‍ത്തരായി ചത്തു വീഴുന്ന യോദ്ധാക്കള്‍ അസംഖ്യം ദ്രോണാര്‍ജ്ജുന മഹാരണത്തില്‍ ചിന്നി. ആ വീരന്മാര്‍ ഭാരമുള്ള വില്ലുലച്ചു വലിച്ച്‌ ബാണങ്ങള്‍ എയ്ത്‌ അംഗം മൂടി പരസ്പരം കീറി. അവര്‍ തമ്മിലുണ്ടായ സംഗരം മഹാബഹളമായി. ദ്രോണനും പാര്‍ത്ഥനും തമ്മില്‍, ബലിയും വാമനനും തമ്മിലെന്ന പോലെ ഘോരമായി പോരാടി.

പിന്നെ നന്നായി വലിച്ച്‌ കൂര്‍ത്തു മൂര്‍ത്ത ശരങ്ങളാല്‍ എയ്തു. പ്രാണന്‍ പണയമായ യുദ്ധച്ചൂതില്‍ അവരുടെ ദേഹം കീറി മുറിഞ്ഞു. അപ്പോള്‍ വാനില്‍ നിന്ന് ദ്രോണനെ വാഴ്ത്തുന്ന ആരവം പൊങ്ങി: പാര്‍ത്ഥനോട്‌ ഏൽക്കുന്ന ഈ സമരത്തില്‍ അസാദ്ധ്യകര്‍മ്മം ദ്രോണൻ ചെയ്യുന്നു! മഹാവീര്യനും, ശത്രുഘാതിയും ദൃഢമുഷ്ടിയും ദുരാസദനും സര്‍വ്വ ദേവാസുരന്മാരെ ജയിച്ച രഥിയുമായ അര്‍ജ്ജുനനെയിട്ട്‌ ഉലയ്ക്കുന്നു!

ശിക്ഷയില്‍ പരുങ്ങാതിരിക്കുക, കൈവേഗം കാട്ടുക, ദൂരമെയ്തു വിടുക ഈ വക ഗുണങ്ങള്‍ അര്‍ജ്ജുനനില്‍ മികച്ചു കണ്ടപ്പോള്‍ ദ്രോണന് അത്ഭുതമുണ്ടായി. ഗാണ്ഡീവമുയര്‍ത്തി, അമര്‍ഷണനായ പാര്‍ത്ഥന്‍ രണ്ടുകൈ കൊണ്ടും ഊക്കോടെ വലിച്ചു വിട്ടു. ഇയ്യാമ്പാറ്റകള്‍ പോലെ എത്തുന്ന, അവന്‍ വിടുന്ന ശരങ്ങള്‍ കണ്ട്‌, എല്ലാവരും വിസ്മയിച്ച്‌ ഭേഷ്‌, ഭേഷ്‌ എന്ന് പുകഴ്ത്തി. അവന്‍ തൂകുന്ന അമ്പിനിടയ്ക്കു കാറ്റിന് പോലും സഞ്ചരിക്കുവാന്‍ പറ്റാതായി. അത്ര വേഗത്തില്‍ അമ്പുകള്‍ തൊടുത്ത്‌ എയ്തു വിട്ടു. പാര്‍ത്ഥന്‍ ശരങ്ങള്‍ എടുത്തു തൊടുക്കുമ്പോള്‍ അതിന് ഒരു ഇട കാണുവാന്‍ കഴിയാതായി.

ഇപ്രകാരം ഘോരമായ ശീഘ്രാസ്ത്രപ്പോരു നടക്കുമ്പോള്‍ ശീഘ്രത്തിലും ശീഘ്രമായി പാര്‍ത്ഥന്‍ അമ്പുകള്‍ വര്‍ഷിച്ചു. അപ്പോള്‍ നൂറായിരം ശരോല്‍ക്കരം ദ്രോണന്റെ തേരിന് നേര്‍ക്കായി ഒപ്പം ചെന്ന് പതിച്ചു. ഗാണ്ഡീവി വിട്ട അമ്പുകള്‍ കൊണ്ട്‌ ദ്രോണൻ മൂടപ്പെടുമ്പോള്‍ സൈന്യങ്ങളൊക്കെ ഹാ! ഹാ! എന്നു വിലപിച്ചു പോയി. പാണ്ഡവന്റെ അസ്ത്രവേഗം കണ്ട്‌ വാസവന്‍ മാനിച്ചു. അവിടെ കൂടിയ ഗന്ധര്‍വ്വന്മാരും അപ്സരസ്സുകളും ആഹ്ളാദിച്ചു.

ഇങ്ങനെ പോരാട്ടം നടക്കുമ്പോള്‍ രഥിപുംഗവനും ആചാര്യ പുത്രനുമായ ദ്രൗണി വളരെ തേരുകളും കൊണ്ട്‌ പാര്‍ത്ഥനെ വളഞ്ഞു. അശ്വത്ഥാമാവ്‌ മഹിമയേറിയ പാര്‍ത്ഥന്റെ കര്‍മ്മവൈഭവം മനസ്സു കൊണ്ടു പൂജിക്കുകയും പ്രവൃത്തി കൊണ്ട്‌ കോപിക്കുകയും ചെയ്തടുത്തു. അവന്‍ കോപം കലര്‍ന്ന് പാര്‍ത്ഥനോടു സംഗരത്തില്‍ ഏറ്റു. മഴ പെയ്യുന്ന കാറു പോലെ അശ്വത്ഥാമാവ്‌ ശരവര്‍ഷം ചൊരിഞ്ഞു.ദ്രൗണി നിൽക്കുന്നുിടത്ത്‌ അശ്വങ്ങളെ ഒന്ന് തിരിച്ച്‌ ഉടനെ പാര്‍ത്ഥന്‍ ദ്രോണര്‍ക്ക്‌ ഒഴിയുവാന്‍ വഴിയുണ്ടാക്കി കൊടുത്തു. ഉടനെ ദ്രോണൻ കുതിച്ചു പായുന്ന ഹയങ്ങളെ താന്‍ കണ്ട പഴുതില്‍ കൂടി ഓടിച്ചു. ശൂരനായ ദ്രോണൻ ദേഹം മുഴുവന്‍ അമ്പേറ്റു മുറിഞ്ഞ്‌, ചട്ട മുറിഞ്ഞ്‌, കൊടിയറ്റ്‌ രംഗത്തില്‍ നിന്ന് പിന്മാറി.

59. അശ്വത്ഥാമാവും അര്‍ജ്ജുനനും തമ്മിലുള്ള യുദ്ധം - വൈശമ്പായനൻ പറഞ്ഞു: പിന്നെ അശ്വത്ഥാമാവ്‌ അര്‍ജ്ജുനനോടു പോരില്‍ ഏറ്റു. കൊടുങ്കാറ്റുപോലെ ശക്തനായ അവനുമായി ദ്രൗണി മത്സരിച്ചു. മേഘം പോലെ ഉഗ്രമായ ശരവര്‍ഷം ചൊരിഞ്ഞ്‌ അടുക്കുമ്പോള്‍ ദേവാസുര യുദ്ധം പോലെ ഭയാനകമായ യുദ്ധം നടന്നു. വൃത്ര ശക്രന്മാര്‍ പോലെ ശരജാലം ചൊരിഞ്ഞു. അപ്പോള്‍ ആദിത്യനെ കാണാതായി. കാറ്റ്‌ അനങ്ങാതായി. ആകാശം ശരജാലം കൊണ്ടു തിങ്ങി നിഴല്‍ പ്രായമായി. പോരാളി വീരന്മാര്‍ പൊരുതുന്ന സമയം ചടചടാരവം പുറപ്പെട്ടു. മുളങ്കാട്ടില്‍ തീ പിടിച്ച പോലെ പൊട്ടിത്തെറി ശബ്ദം മുഴങ്ങി. അവന്റെ അശ്വങ്ങളെ അര്‍ജ്ജുനന്‍ അല്പ പ്രാണങ്ങളാക്കി. മോഹിച്ചു പോയ അശ്വങ്ങള്‍ക്കു ദിക്കുകള്‍ അറിയാതായി. ഉടനെ ദ്രൗണി ചുറ്റിത്തിരിയുന്ന അര്‍ജ്ജുനന്റെ വില്ലിന്റെ ഞാണ്‌ തക്കം നോക്കി അറുത്തു വിട്ടു. അമാനുഷമായി അവന്‍ ചെയ്ത പണിയെ വാനവന്മാര്‍ വാഴ്ത്തി. ദ്രോണൻ, ഭീഷ്മൻ, കൃപന്‍, കര്‍ണ്ണന്‍ ഈ മഹാരഥന്മാരെല്ലാം അശ്വത്ഥാമാവിന്റെ അസാമാന്യ കര്‍മ്മവൈഭവത്തില്‍ കയ്യടിച്ചു പ്രശംസിച്ചു. പിന്നേയും ദ്രൗണി വില്ലുവലിച്ച്‌ വീരനായ അര്‍ജ്ജുനനെ കങ്കപത്രങ്ങളാല്‍ എയ്തു. അപ്പോള്‍ മഹാബാഹുവായ പാര്‍ത്ഥന്‍ ഉച്ചത്തില്‍ ചിരിച്ചു. പുതുതായ ഞാണ്‍ ഗാണ്ഡീവത്തില്‍ ശക്തിയായി ബന്ധിച്ചു. അര്‍ദ്ധചന്ദ്രം തിരിഞ്ഞു പിന്നെ പാര്‍ത്ഥന്‍ മത്തഹസ്തിയോട് ഏറ്റ മത്തഹസ്തിയെ പോലെ അണഞ്ഞു. പിന്നെ പോര്‍ത്തട്ടില്‍ മുഖ്യന്മാരായ ആ വീരന്മാര്‍ തമ്മില്‍ തുമുലമായ പോരാട്ടം നടന്നു. രോമഹര്‍ഷണമായിരുന്നു ഇരുവരുടേയും ഏറ്റുമുട്ടല്‍ ! ആ വീരന്മാരെ എല്ലാ കുരുക്കളും വിസ്മയത്തോടെ നോക്കി. അവര്‍ ഗജങ്ങളെ പോലെ തമ്മില്‍ ഏറ്റു പൊരുതുകയാണ്‌. അന്യോന്യം എയ്ത ആ വീരന്മാര്‍, പുരുഷര്‍ഷഭന്മാര്‍, ജ്വലിക്കുന്നു വിഷവീര്യമുള്ള പാമ്പുകള്‍ പോലുള്ള അമ്പു കൊണ്ട്‌ പരസ്പരം പൊരുതി. പാര്‍ത്ഥന്റെ അമ്പ്‌ ആവനാഴിയില്‍ ഒടുങ്ങുകയില്ല. അതു കൊണ്ട്‌ അചലം പോലെ ശൂരനായ അര്‍ജ്ജുനന്‍ ഉറച്ചു നിന്നു. അശ്വത്ഥാമാവിന് പോരില്‍ ക്ഷിപ്രം എയ്യുന്ന അമ്പുകള്‍ എയ്തു കൊണ്ടിരിക്കെ ഒടുങ്ങി പോയി. അതില്‍ അര്‍ജ്ജുനന്‍ മെച്ചം നേടി. അപ്പോള്‍ കര്‍ണ്ണന്‍ തന്റെ മഹാചാപം ഊക്കോടെയിട്ടു വലിച്ച്‌ ചെറുഞാണൊലി ഇട്ടപ്പോള്‍ ഹാ! ഹാ! എന്നുള്ള ആര്‍പ്പ്‌ പുറപ്പെട്ടു. ഉടനെ അര്‍ജ്ജുനന്‍ ചെറുഞാണൊലി കേള്‍ക്കുന്ന ദിക്കിലേക്കു കണ്ണുതിരിച്ചു. അവിടെ കര്‍ണ്ണനെ കണ്ടപ്പോള്‍ കോപം വളരെ വര്‍ദ്ധിച്ചു. കോപവ്യാകുലനായി കര്‍ണ്ണനെ കൊല ചെയ്യുവാന്‍ കണ്ണുരുട്ടി മിഴിച്ച്‌ കുരുപുംഗവനായ അര്‍ജ്ജുനന്‍ ഒന്നു നോക്കി. പാര്‍ത്ഥന്‍ ഒന്ന് തിരിഞ്ഞ സമയത്ത്‌ വളരെ സായകങ്ങള്‍ ദ്രോണപുത്രന് ക്ഷണത്തില്‍ ആള്‍ക്കാര്‍ എത്തിച്ചു കൊടുത്തു. ദ്രോണപുത്രനെ വിട്ട്‌ മഹാബാഹുവായ ധനഞ്ജയന്‍ ഊക്കോടു കൂടെ കര്‍ണ്ണന്‍ നിൽക്കുന്നേടത്തേക്കു നോക്കി കുതിച്ചു. അവന്റെ അടുത്തെത്തി കോപം കൊണ്ട്‌ രക്താക്ഷനായി പാര്‍ത്ഥന്‍ അവനോട്‌ ദ്വന്ദ്വയുദ്ധം ചെയ്യുവാന്‍ ഇച്ഛിച്ചു കൊണ്ടു പറഞ്ഞു.

60. കര്‍ണ്ണന്റെ പിന്മാറ്റം - അര്‍ജ്ജുനന്‍ പറഞ്ഞു; എടോ കര്‍ണ്ണാ, നീ സഭയില്‍ വികത്ഥനം ചെയ്യുകയുണ്ടായില്ലേ, ഞാന്‍ പോരില്‍ എതിരില്ലാത്തവനാണെന്ന്‌? അത്‌ ഇന്ന് ഒന്ന് കണ്ടറിയണം! എടോ കര്‍ണ്ണാ! ആ നീ ഇന്ന് എന്നോട്‌ ഒന്ന് പൊരുതി നോക്കൂ! അപ്പോള്‍ കാണാം നിന്റെ ശക്തി എത്രത്തോളമുണ്ടെന്ന്‌. അന്യനെ നിന്ദിക്കുവാന്‍ എന്നിട്ടാകാം.

നീ ധര്‍മ്മം കൈവിട്ട രൂക്ഷമായ വാക്കു പറഞ്ഞില്ലേ? നിന്റെ ഈ ദുര്‍മ്മോഹം നിശ്ചയമായും ഏറ്റവും ദുസ്സാദ്ധ്യമായതാണ്‌. എടോ, രാധേയാ! എന്നോട്‌ എതിര്‍ക്കുന്നതിന് മുമ്പ്‌ നീ പറഞ്ഞ പ്രകാരം ഇന്ന് ഈ കുരുമദ്ധ്യത്തില്‍ വെച്ചു ചെയ്യുക!

പാഞ്ചാലിയെ സഭയില്‍ വെച്ച്‌ ആ ദുഷ്ടന്മാര്‍ ആക്രമിച്ചപ്പോള്‍ സന്തോഷത്തോടെ നീ കണ്ടു നിന്നതിന്റെ ഫലം ഇപ്പോള്‍ തന്നെ നിനക്കു തന്നേക്കാം. ധര്‍മ്മപാശത്തിന്റെ കെട്ടില്‍ പെട്ടു പോകയാല്‍ അന്ന് ഞാന്‍ അതൊക്കെ സഹിക്കേണ്ടി വന്നു. ആ കോപത്തിന്റെ ഫലം ഞാന്‍ അനുഭവിപ്പിച്ചേ വിടൂ! നിന്നെ തുലച്ചു വിടുന്നത്‌ നീ നോക്കിക്കൊള്ളുക! കാട്ടില്‍ പന്തീരാണ്ടു കാലം പൊറുത്തതിന് ഹേ, ദുര്‍മ്മതേ, ഇന്ന് ആ കോപത്തിന്റെ ഫലം നീ ഉടനെ കൈക്കൊള്ളും. ഹേ, കര്‍ണ്ണാ, വരൂ! രണത്തില്‍ നീ എന്നോട്‌ എതിരിടൂ! സൈന്യത്തോടൊത്ത്‌ കൗരവന്മാരൊക്കെ കണ്ടു നിൽക്കട്ടെ!

കര്‍ണ്ണന്‍ പറഞ്ഞു: എടോ അര്‍ജ്ജുനാ, വാക്കു കൊണ്ട്‌ വലിയ വാചകമടിക്കാതെ കര്‍മ്മം കൊണ്ട്‌ വല്ലതും കഴിയുമെകില്‍ ചെയ്യൂ! നിന്റെ വാക്ക്‌ കര്‍മ്മത്തിനേക്കാള്‍ അധികം പ്രസിദ്ധി സമ്പാദിച്ചതാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്‌. നീ മുമ്പ്‌ എല്ലാം സഹിച്ചുവെന്ന് പറഞ്ഞുവല്ലോ. നിന്നെക്കൊണ്ട്‌ ആവാത്തതു കൊണ്ടു തന്നെയല്ലേ പൊറുക്കേണ്ടി വന്നത്‌? ധര്‍മ്മപാശക്കെട്ടില്‍ പെട്ടിട്ട്‌ അന്ന് അതൊക്കെ സഹിച്ചു എന്ന് നീ പറഞ്ഞുവല്ലോ. ആ കെട്ട്‌ ഇന്ന് നീങ്ങിയോ? അതു നീങ്ങിയിട്ടില്ല! നീങ്ങിയെന്നായിരിക്കും വിചാരിക്കുന്നത്‌! നീ പറഞ്ഞ പ്രകാരം വനവാസം അവസാനിപ്പിച്ചെങ്കില്‍ അത്‌ ധര്‍മ്മാര്‍ത്ഥജ്ഞന്മാര്‍ക്ക്‌ അറിയുവാന്‍ കഴിഞ്ഞിട്ടില്ല. അതിന് മുമ്പ്‌ നീ എന്നോട്‌ എതിര്‍ക്കുവാന്‍ വന്നിരിക്കുന്നു. ഏതായാലും നിനക്കു വേണ്ടി ശക്രന്‍ തന്നെ വന്നു പൊരുതിയാലും നിന്നോടു പോരാടുന്ന എനിക്ക്‌ യാതൊരു വൃഥയും വരുത്തുവാന്‍ കഴിയുകയില്ല. എന്നെ വെല്ലാമെന്നുള്ള വ്യാമോഹം കളഞ്ഞേക്കൂ! എന്നോട്‌ ഏറ്റുമുട്ടുമ്പോള്‍ കാണാം എന്റെ ബലം.

അര്‍ജ്ജുനന്‍ പറഞ്ഞു: നിന്റെ ബലം ഇപ്പോള്‍ തന്നെയല്ലേ ഞാന്‍ കണ്ടത്‌; എന്നോട്‌ എതിര്‍ത്തു നിൽക്കുവാന്‍ വയ്യാതെ പ്രാണനും കൊണ്ട്‌ ഇപ്പോള്‍ തന്നെ ഓടി പോയവനല്ലേ നീ? ഇങ്ങനെ ഓടുന്നതു കൊണ്ടാണ്‌ ഉപ്പോഴും നീ ജീവിച്ചിരിക്കുന്നത്‌. നിന്റെ അനുജനെ ഞാന്‍ കൊന്നു. ഭ്രാതാവിനെ കൊന്നതു കണ്ടിട്ടും ചുണയില്ലാതെ ഓടി പോയ മറ്റൊരു പുരുഷനേയും ഞാന്‍ കേട്ടിട്ടില്ല. എന്നിട്ട്‌ വിണ്ടും വന്ന് ഞെളിഞ്ഞു നിന്ന് വീമ്പിളക്കാന്‍ നാണമില്ലല്ലോ.

വൈശമ്പായനൻ പറഞ്ഞു: തോല്മ പറ്റാത്തവനായ അര്‍ജ്ജുനന്‍ ഇപ്രകാരം കര്‍ണ്ണനോടു പറഞ്ഞ്‌ മെയ്ച്ചട്ട പിളരുമാറ്‌ ബാണങ്ങള്‍ തൂകുവാന്‍ തുടങ്ങി. കര്‍ണ്ണന്‍ ആ ശരങ്ങളൊക്കെ സന്തോഷത്തോടെ ഏറ്റു. ധാരാളം ശരങ്ങള്‍ കാര്‍മേഘം, വര്‍ഷം ചൊരിയുന്ന മാതിരി ചൊരിഞ്ഞു. ഘോരരൂപങ്ങളായ ശരൗഘങ്ങള്‍ ചുറ്റും വന്നുയര്‍ന്നു. അര്‍ജ്ജുനന്റെ അശ്വങ്ങളിലും കൈകളിലും കയ്യുറകളിലും ശരങ്ങള്‍ തറച്ചു. ഉടനെ അര്‍ജ്ജുനന്‍ ചുണച്ച്‌ കര്‍ണ്ണന്റെ ആവനാഴിയുടെ കെട്ടിനെ കൂര്‍ത്തുമൂര്‍ത്ത ശരങ്ങള്‍ എയ്ത്‌ പൊട്ടിച്ചു. ചെറുതുണിയില്‍ നിന്ന് വേറെഅമ്പെടുത്ത്‌ കര്‍ണ്ണന്‍ ഉടനെ പാര്‍ത്ഥന്റെ കൈയ്ക്കു പ്രയോഗിച്ചു. മുഷ്ടിയുടെ പിടി അപ്പോള്‍ അഴഞ്ഞു. ഉടനെ മഹാബാഹുവായ പാര്‍ത്ഥന്‍ കര്‍ണ്ണന്റെ വില്ല്‌ അറുത്തു. ഉടനെ കര്‍ണ്ണന്‍ ഒരുവേല്‍ അര്‍ജ്ജുനന്റെ നേരെ വിട്ടു. അത്‌ അര്‍ജ്ജുനന്‍ ആകാശത്തു വെച്ചു തന്നെ ശരം പ്രയോഗിച്ച്‌ തകര്‍ത്തു കളഞ്ഞു.

അപ്പോഴേക്കും കര്‍ണ്ണനെ തുണയ്ക്കുവാന്‍ വളരെപ്പേര്‍ എത്തി. ഗാണ്ഡീവം തൂകുന്ന അമ്പു കൊണ്ട്‌ കര്‍ണ്ണസഹായികളെ ഒക്കെ കാലപുരിയിലേക്ക് അയച്ചു.

കര്‍ണ്ണംവരെ വലിച്ച്‌ താങ്ങിവിടുന്ന തീക്ഷ്ണമായ ശരം കൊണ്ട്‌ അര്‍ജ്ജുനന്‍ കര്‍ണ്ണന്റെ അശ്വങ്ങളെ എയ്തു. ശരം കൊണ്ട മാത്രയില്‍ അവ വീണു. പിന്നെ ജ്വലിക്കുന്ന ശക്തമായ മറ്റൊരു ശരത്താല്‍ കര്‍ണ്ണന്റെ മാറുനോക്കി വീര്യവാനായ ബീഭത്സു എയ്തു. അവന്റെ ചട്ട കീറി ദേഹത്തില്‍ തട്ടിയ ശരംകൊണ്ട്‌ അവന്‍ മോഹാലസ്യപ്പെട്ട മട്ടിലായി. ഒന്നും അറിയാതായി. വേദനയോടു കൂടി പോര്‍ക്കളം വിട്ട കര്‍ണ്ണന്‍ വടക്കോട്ട്‌ ഓടി. അപ്പോള്‍ അര്‍ജ്ജുനനും വിരാടപുത്രനും പൊട്ടിച്ചിരിച്ചു.

61. അര്‍ജ്ജുന ദുശ്ശാസനാദി യുദ്ധം - വൈശമ്പായനൻപറഞ്ഞു: കര്‍ണ്ണനെ ജയിച്ചതിന് ശേഷം അര്‍ജ്ജുനന്‍ ഉത്തരനോടു പറഞ്ഞു: എടോ ഉത്തരാ, ഇനി നീ ആ പൊന്മയമായ പന കാണുന്ന സൈനൃത്തിലേക്ക്‌ എന്നെ എത്തിക്കുക. അവിടെ തേരില്‍ എന്റെ പിതാമഹനായ ഭീഷ്മൻ, ശാന്തനവന്‍, സുരസന്നിഭനായ ആ മഹാത്മാവ്‌ ഞാനുമായി പൊരുതുവാന്‍ കാത്തു നിൽക്കുകയാണ്‌.

അമ്പേറ്റ്‌ ഉഴന്നവനായ ഉത്തരന്‍ ആന, തേര്‍, കുതിരക്കൂട്ടം എന്നിവയോടു കൂടിയ വലിയ സൈന്യത്തെ കണ്ട്‌ പാര്‍ത്ഥനോടു: പറഞ്ഞു: എടോ വീരാ, എനിക്ക്‌ നിന്റെ ഹയങ്ങളെ നടത്തുവാന്‍ വയ്യാതായിരിക്കുന്നു. എന്റെ പ്രാണന്‍ തളരുന്നു. മനസ്സു മയങ്ങുന്നു. ഭവാനും കുരുക്കളായ മഹാരഥന്മാരും കാണിക്കുന്ന ദിവ്യാസ്ത്ര പ്രഭാവം മൂലം പത്തു ദിക്കുകളും എനിക്ക്‌, ഇപ്പോള്‍ വട്ടം കറങ്ങുന്ന പോലെയാണ്‌. ചോരക്കൊഴുപ്പുള്ള സാദികളുടെ ഗന്ധം ശ്വസിച്ച്‌ എന്റെ തല ചുറ്റിപ്പോകുന്നു. ഭവാന്റെ സന്നിധിയില്‍ വെച്ചു തന്നെ മനസ്സു രണ്ടായി തിരിഞ്ഞിരിക്കുന്നു. ഞാന്‍ ഒരു യുദ്ധത്തിലും വീരന്മാരുടെ ഇപ്രകാരമുള്ള ഒരു സംഘട്ടനം കണ്ടിട്ടില്ല. ഗദാഘാതത്താലും, ഉഗ്രമായ ശംഖനാദത്താലും, ശൂരന്മാരുടെ സിംഹനാദത്താലും ഗജങ്ങളുടെ ചിന്നംവിളി കൊണ്ടും, ഇടിവെട്ടും പോലെയുള്ള ഗാണ്ഡീവ ധ്വനിയാലും, ഹേ വീരാ, എന്റെ ശ്രുതിയും സ്മൃതിയും നശിച്ചു മങ്ങുകയാണ്‌. തീക്കൊള്ളി ചുറ്റിക്കുന്ന വിധം ഗാണ്ഡീവം എപ്പോഴും വട്ടത്തില്‍ വിക്ഷേപം ചെയ്തു വര്‍ഷിക്കുക കാരണം ഹേ വീരാ, എന്റെ കണ്ണ്‌ ഉറയ്ക്കുന്നുില്ല. എന്റെ ഹൃദയം തകരുന്നു. പോരില്‍ ക്രുദ്ധനായ പിനാക പാണിക്കു തുല്യമായ നിന്റെ ഉഗ്രമായ രൂപവും പ്രയോഗിക്കുന്ന കൈകളും കണ്ട്‌ എനിക്കു ഭയമാകുന്നു. അമ്പെടുത്തു തൊടുത്തു വിടുന്ന ഭവാനെ ഞാന്‍ കാണുന്നുണ്ടെങ്കിലും, കാണുന്നില്ല! എന്റെ ചൈതന്യം കെട്ടു പോയതു കൊണ്ട്‌ കണ്ണുറയ്ക്കുന്നില്ല. പ്രാണന്‍ തളര്‍ന്നു പോകുന്നു. ഭൂമി വട്ടം ചുറ്റിക്കറങ്ങുന്നു. ചമ്മട്ടിയും കടിഞ്ഞാണും പിടിക്കുവാന്‍ കഴിയാതായിരിക്കുന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ രാജപുത്രാ! ഭവാന്‍ പേടിക്കരുത്‌. ഉള്ളുറപ്പിക്കൂ! നരപുംഗവനായ ഭവാനും പോരില്‍ അത്ഭുത കര്‍മ്മങ്ങള്‍ പലതും ചെയ്തില്ലേ? മത്സ്യവംശജനായ രാജപുത്രനല്ലേ ഭവാന്‍? ഒട്ടും ഭയപ്പെടേണ്ട. ശുഭം ഭവിക്കും. ശത്രുഘാതിയും കുലദീപവുമായ ഭവാന്‍ ഇപ്രകാരം പറയരുത്‌! മോശം! ധൈര്യത്തോടു കൂടി പൊരുതാം എന്റെ രഥത്തില്‍ . രാജപുത്രാ! ശത്രുനാശനനായ നീ ഞാന്‍ പൊരുതുമ്പോള്‍ ഹയത്തെ നടത്തുക!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വിരാട പുത്രനോടു പറഞ്ഞ്‌ മഹാബാഹുവും നരോത്തമനും മഹാരഥനുമായ അര്‍ജ്ജുനന്‍ വീണ്ടും ഉതതനാടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു ഭീഷ്മന്റെ ഈ പടയുടെ മുമ്പില്‍ നീ എന്നെ എത്തിക്കുക. ആ മഹാരഥന്റെ വില്ലും ഞാണും ഞാന്‍ സംഗരത്തില്‍ അറുക്കുന്നുണ്ട്‌. ഈ യുദ്ധത്തില്‍ ദിവ്യാസ്ത്രം ചിത്രമായി എയ്യുന്ന എന്നെ നീ കണ്ടുകൊള്ളുക. ആകാശത്ത്‌ മേഘത്തില്‍ നിന്ന് മിന്നല്‍ വീശുന്നതു പോലെ അതു നിനക്കു കാണാം. പൊന്‍കെട്ടുള്ള എന്റെ ഗാണ്ഡീവം ഞാന്‍ ഇടതും വലതുമായ കൈകളില്‍ ഏതു കൊണ്ടാണ്‌ എയ്യുന്നതെന്ന് ശത്രുക്കള്‍ക്കു തിരിച്ചറിയാന്‍ വയ്യാത്ത വിധമായിരിക്കും ഇനി നടത്തുവാന്‍ പോകുന്ന സംഗരം. ഏതു കൊണ്ടാണെന്ന് ശത്രുക്കള്‍ തിരിച്ചറിയാതെ സംഭ്രമിക്കും.

ചോരയാകുന്ന ജലവും, തേരുകളാകുന്ന ചുഴികളും, ആനകളാകുന്ന മുതലകളും ഒത്തു ചേര്‍ന്ന് പരലോകത്തേക്കു പ്രവഹിക്കുന്ന ദുര്‍ഘടമായ ഒരു നദി ഇന്ന് ഞാന്‍ ഇവിടെ ഉണ്ടാക്കും! കൈ, കാല്‌, തല, പുറം, കൈത്തണ്ട്‌ ഇവ ചേര്‍ന്ന് നിരന്തരം ഞാന്‍ കൗരവക്കാട്‌ കൂര്‍ത്തു മൂര്‍ത്ത ശരങ്ങളാല്‍ അറുത്തു തള്ളും. വില്ലെടുത്ത്‌ ഇന്ന് ഒറ്റയ്ക്കു കൗരവപ്പടയെ ജയിക്കുവാന്‍ എനിക്ക്‌ കാട്ടുതീയിനെ എന്നപോലെ പല മാര്‍ഗ്ഗങ്ങളും ഉണ്ടാകും. ഞാന്‍ സൈന്യത്തെ ചക്രം പോലെയിട്ടു ചുറ്റിക്കുന്നതു നീ കണ്ടുകൊള്ളുക! ഇക്ഷ്വസ്ത്രാഭ്യാസം നിനക്കു ഞാന്‍ ഉടനെ കാട്ടിത്തരാം. നീ സമത്തിലും വിഷമത്തിലും തേരില്‍ പരുങ്ങാതെ ധീരമായി നിന്ന് കൊള്ളുക. ആകാശം മൂടി നിൽക്കുന്ന പര്‍വ്വതമായാലും ഞാന്‍ അമ്പെയ്തു തകര്‍ത്തു കളയും. ഇന്ദ്രന്റെ കല്പന പ്രകാരം ഞാന്‍ പൗലോമ കാലകേയൗഘത്തെ നൂറും ആയിരവും എണ്ണത്തെ ഒപ്പം രണത്തില്‍ മുടിച്ചിട്ടുണ്ട്‌. എന്റെ ഞാണ്‍പിടുത്തം ശക്രനോടും, കൈവേഗം ബ്രഹ്മനോടും തുല്യമാണ്‌. വിചിത്രവും ബഹളവുമായ പോരില്‍ ഞാന്‍ പ്രജാപതിയോടു തുല്യരാണ്‌. ഞാന്‍ കടലിന്റെ അക്കരെ ചെന്ന് ഹിരണൃപുര വാസികളായ ദൈതൃന്മാരെ, മഹാരഥന്മാരും വില്ലാളികളുമായ അറുപതിനായിരം പേരെ, ജയിച്ചു. കൊടുങ്കാറ്റില്‍ പഞ്ഞി പറപ്പിക്കുന്ന മാതിരി കുരുക്കളുടെ സൈന്യത്തെ വീഴ്ത്തുന്നതു കാണിച്ചു തരാം. കൊടിയാകുന്ന വന്മരവും കാലാളുകളാകുന്ന പുല്ലിന്‍ കൂട്ടവും മഹാരഥന്മാരാകുന്ന സിംഹങ്ങളും നിറഞ്ഞ കൗരവസേനയാകുന്ന മഹാവനം ഞാന്‍ അസ്ത്രമാകുന്ന അഗ്നിയാല്‍ ചുട്ടു ദഹിപ്പിച്ചു കളയും. തേര്‍ത്തട്ടില്‍ നിന്ന് ഞാന്‍ അവരെ ശക്തമായ ശരങ്ങളാല്‍, സകലത്തിനെയും, പോരിനൊരുങ്ങി നിൽക്കുന്നവരെ ഒക്കെയും, ദൈത്യന്മാരെ ശക്രന്‍ എന്ന മാതിരി ഒറ്റയ്ക്കു വീഴ്ത്തുന്നതാണ്‌. ദിവ്യമായ പല അസ്ത്രങ്ങളും എന്റെ കൈവശമുണ്ട്‌. ഞാന്‍ രൗദ്രം രുദ്രനോടും, വാരുണം വരുണനോടും, ആഗ്നേയം അഗ്നിയോടും വായവ്യം വായുവിനോടും വാങ്ങി വെച്ചിട്ടുണ്ട്‌. വജ്രാദികളായ സകല ആയുധങ്ങളും ഇന്ദ്രനോടും വാങ്ങിച്ചിട്ടുണ്ട്‌. ന്യസിംഹന്മാര്‍ പാലിക്കുന്ന ക്രൂരമായ ധാര്‍ത്തരാഷ്ട്രക്കാടിനെ ഞാന്‍ പറ്റേ പറിച്ചു നീക്കും. എടോ വിരാടപുത്രാ! നീ ഇക്കാര്യത്തില്‍ ഒട്ടും ശങ്കിക്കയേ വേണ്ട. ഭയപ്പെടേണ്ട.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം സവൃസാചി ആശ്വസിപ്പിച്ചപ്പോള്‍ ഉത്തരന്‍, ഭീഷ്മൻ കാക്കുന്ന ഭീമമായ രഥക്കൂട്ടത്തില്‍ ചെന്നു കയറി. കുരുക്കളെ ജയിക്കുവാന്‍ ആ മഹാബാഹു ചെന്ന് നേരിട്ടപ്പോള്‍ ക്രൂരകര്‍മ്മാവായ ഭീഷ്മൻ കൂസല്‍ കൂടാതെ തന്നെ എതിര്‍ത്തു. ജിഷ്ണു തിരിഞ്ഞ്‌ അവന്റെ ധ്വജം ചോടോടെ അറുത്തു. തലയ്ക്കു പൊന്നണിഞ്ഞ അമ്പ്‌ എയ്തതു മൂലം അതു താഴെ വീണു. വിചിത്ര മാല്യാഭരണന്മാരും, ധീരന്മാരും, അഭ്യാസമുള്ളവരും, ബലവാന്മാരുമായ നാലു പേര്‍ ആ ഭീമചാപനോട് എതിര്‍ത്തു. ദുശ്ശാസനന്‍, വികര്‍ണ്ണന്‍, ദുസ്സഹന്‍, വിവിംശതി ഈ നാലു മഹാരഥന്മാര്‍ ആ ഭീമചാപനായ പാര്‍ത്ഥന്റെ ചുറ്റും വന്ന് വളഞ്ഞു. വീര്യവാനായ ദുര്യോധനന്‍ ഉത്തരനില്‍ കത്തിയമ്പെയ്തു. രണ്ടാമതൊന്ന് ദൃഢമായി പാര്‍ത്ഥന്റെ മാറത്തേക്കും വിട്ടു. പാര്‍ത്ഥന്‍ തിരിഞ്ഞ്‌ അവന്റെ പൊന്നു കെട്ടിച്ച വില്ലിനെ കഴുച്ചിറകു വെച്ച തീക്ഷ്ണബാണം കൊണ്ടു മുറിച്ചു. പിന്നീട്‌ അഞ്ചമ്പുകള്‍ അവന്റെ മാറത്തേക്കും വിട്ടു. പാര്‍ത്ഥ ബാണാര്‍ത്തനായി പോര്‍ വെടിഞ്ഞ്‌ അവന്‍ പാഞ്ഞ്‌ ഓടിക്കളഞ്ഞു. വികര്‍ണ്ണന്‍ അപ്പോള്‍ ഗൃദ്ധ്റപത്രം വെച്ച തീക്ഷ്ണ ശരങ്ങളാല്‍ ശത്രുജിത്തായ അര്‍ജ്ജുനനെ ആഞ്ഞെയ്തു. പാര്‍ത്ഥന്‍ അപ്പോള്‍ അവനേയും കൂര്‍ത്ത ശരം കൊണ്ടു നെറ്റിക്ക്‌ ഒന്ന് പ്രഹരിച്ചു. അതേറ്റ ഉടനെ അവന്‍ തേര്‍ത്തട്ടില്‍ വീണു. ഉടനെ വിവിംശതിയോടു കൂടി ദുസ്സഹന്‍ ഓടി ചെന്ന്‌, ഭ്രാതാവിനെ കാക്കുവാനായി തീക്ഷ്ണമായ ബാണങ്ങള്‍ തൂകി. ആ രണ്ടു പേരെയും പാര്‍ത്ഥന്‍ ഗൃദ്ധ്റപത്ര ശരങ്ങളെയ്ത്‌ അവ്യഗ്രനായി അവരുടെ അശ്വങ്ങളേയും കൊന്നു. അശ്വങ്ങള്‍ ചത്ത്‌ അംഗം മുറിഞ്ഞ ധൃതരാഷ്ട്ര പുത്രനെ മറ്റുള്ളവര്‍ പിടിച്ചു തേരില്‍ കയറ്റി കൊണ്ടു പോയി. തോല്‍വി പറ്റാത്ത അര്‍ജ്ജുനന്‍ എല്ലായിടവും പാഞ്ഞു കയറി. കിരീടമാലിയായ ബീഭത്സു, വിജയിയായ മഹാബലന്‍, ചെല്ലാത്ത ഒരു സ്ഥലവും യുദ്ധക്കളത്തിൽ ഉണ്ടായില്ല.

62. അര്‍ജ്ജുനനുമായുള്ള സങ്കുലയുദ്ധം - വൈശമ്പായനന്‍ പറഞ്ഞു; പിന്നെ, കുരുക്കളില്‍ മഹാരഥന്മാരായ എല്ലാവരും കൂടി ചേര്‍ന്ന്‌, അര്‍ജ്ജുനന്റെ നേരെ പൊരുതി. ശരജാലങ്ങളെ കൊണ്ട്‌ ആ മഹാരഥന്മാരെ ഒക്കെ മഞ്ഞാല്‍ മലകളെയെന്ന വിധം ആ മഹാത്മാവു മൂടി. ഗജങ്ങളുടെ ശബ്ദങ്ങളും, അശ്വങ്ങളുടെ ആരവവും ഭേരീശംഖങ്ങളുടെ ധ്വനിയും ചേര്‍ന്ന്‌ ഘോഷം മുഴങ്ങി. നരന്മാരുടേയും അശ്വങ്ങളുടേയും ദേഹങ്ങള്‍ തുളച്ചു പാഞ്ഞ്‌, ലോഹച്ചട്ടകള്‍ കീറി പാര്‍ത്ഥന്റെ ശരജാലങ്ങള്‍ അസംഖ്യം മറുപുറം കടന്നു. പോരില്‍ തുരുതുരെ ബാണം തൂകി അര്‍ജ്ജുനന്‍ ശോഭിച്ചു. ഉച്ചയ്ക്ക്‌ രശ്മി ചിതറുന്ന ശരല്‍ക്കാല സൂര്യനെ പോലെ ശരങ്ങള്‍ ചിതറി അര്‍ജ്ജുനന്‍ വിളങ്ങി. രഥം വിട്ടു രഥികള്‍ ഭയപ്പെട്ടു പാഞ്ഞു. അശ്വത്തെ വിട്ട്‌ അശ്വഭടന്മാരും അണികള്‍ വിട്ടു പദാതികളും പാഞ്ഞു. ചെമ്പും ഇരുമ്പും വെള്ളിയുമായുള്ള മഹാന്മാരുടെ ചട്ടകള്‍ അമ്പു കൊണ്ടു തകര്‍ക്കുന്നതിന്റെ ഉൽക്കടമായ ശബ്ദം ചടചടാ മുഴങ്ങി. മൃതമായ ദേഹങ്ങള്‍ കൊണ്ട്‌ പോര്‍ക്കളം മൂടി. ഗജങ്ങളും, അശ്വങ്ങളും, സാദികളും ആരോഹകന്മാരും ഒക്കെ അമ്പു കൊണ്ടു ചത്തു മലച്ച്‌ യുദ്ധക്കളം മൂടി. തേര്‍ത്തട്ടു വിട്ട്‌ വീണവരെ കൊണ്ട്‌ പാര്‍ത്തട്ടു മൂടി. പോര്‍ക്കളത്തില്‍ ചാപവുമേന്തി അര്‍ജ്ജുനന്‍ തുള്ളുന്ന മട്ടില്‍ കാണപ്പെട്ടു. ഇടിവെട്ടുന്ന പോലുള്ള ഗാണ്ഡീവ ധ്വനി കേള്‍ക്കുകയാല്‍ പേടിച്ച്‌ പോര്‍ക്കളം വിട്ടു സൈന്യമൊക്കെ പരക്കം പാഞ്ഞ്‌ ഓടിക്കളഞ്ഞു. തലപ്പാവും കുണ്ഡലവും പൊന്മാലയും അണിഞ്ഞ ശിരസ്സുകള്‍ കൊണ്ടു പടനിലം നിറഞ്ഞു. അമ്പേറ്റ്‌ അറ്റ ദേഹങ്ങള്‍, വില്ലെടുത്ത കൈകള്‍ എന്നിവ ആഭരണത്തോടു കൂടെ ചിന്നി ഭൂതലം ശോഭിച്ചു! ശരങ്ങളാല്‍ അറുക്കപ്പെട്ട്‌ അറ്റുവിഴുന്ന ശിരസ്സുകള്‍ ആകാശത്തു നിന്ന് പതിക്കുന്ന ശിലാവര്‍ഷം പോലെ കാണപ്പെട്ടു. രൗദ്രമായ ആത്മരൂപത്തെ കാട്ടി ആ രൗദ്രവിക്രമന്‍, പതിമൂന്നു വര്‍ഷം മറവില്‍ പാര്‍ത്ത ആ ഫല്‍ഗുനന്‍, കുരുക്കളില്‍ വെച്ച്‌ മഹാവീരനായ പാണ്ഡവന്‍ ക്രോധാഗ്നി വര്‍ഷിച്ചു.

സൈന്യത്തെ ചുടുന്നതില്‍ അര്‍ജ്ജുനന്റെ വിക്രമം കണ്ട്‌, ധാര്‍ത്തരാഷ്ട്രന്‍ കാണ്കെ തന്നെ യോധന്മാരൊക്കെ നിത്യശാന്തിയെ പ്രാപിച്ചു. ഭയപ്പെടുത്തി സൈന്യത്തേയും രഥി വീരന്മാരേയും ഒക്കെ ഓടിക്കുകയും ചെയ്തു. വിജയിയായ ഫല്‍ഗുനന്‍ യുദ്ധക്കളത്തില്‍ ചുറ്റി സഞ്ചരിച്ചു. പ്രളയകാലത്തെ യമനെ പോലെ തിരതല്ലുന്ന രക്തനദിയെ ഒഴുക്കി. അസ്ഥികളാകുന്ന ചണ്ടിക്കൂട്ടത്തോടും ശരചാപങ്ങളാകുന്ന ചങ്ങാടത്തോടും കേശമാകുന്ന പായലുകളോടും തലപ്പാവും ചട്ടയുമാകുന്ന ഗജകൂര്‍മ്മ ദ്വിപങ്ങളോടും കൊഴുപ്പും മേദസ്സും ചേര്‍ന്ന പ്രവാഹം ഭയമുണ്ടാക്കുന്ന വിധത്തില്‍ രൗദ്രമായ രൂപത്തോടു കൂടി ക്രൂരശ്വാപദങ്ങള്‍ക്കു പ്രിയങ്കരമായ വിധം ഒഴുക്കി. തീക്ഷ്ണ ശസ്ത്രങ്ങളാകുന്ന ഗ്രാഹങ്ങളോടും, മുത്തുമാലകളാകുന്ന തിരമാലകളോടും ഭൂഷണജാലങ്ങളാകുന്ന ബുല്‍ബുദങ്ങളോടും ശരജാലങ്ങളാകുന്ന ചുഴികളോടും നാഗങ്ങളാകുന്ന മുതലകളോടും മഹാരഥങ്ങളാകുന്ന തുരുത്തുകളോടും ശംഖഭേരീരവമാകുന്ന രവത്തോടു കൂടിയതും ക്രവ്യാദങ്ങള്‍ക്കു സേവ്യവും, ദുസ്തരവുമായ ആ രക്തനദിയെ പ്രളയകാലത്തു യമനാല്‍ നിര്‍മ്മിക്കപ്പെട്ട മരണപ്പുഴയോ എന്ന് തോന്നിക്കുന്ന വിധം അര്‍ജ്ജുനന്‍ ഒഴുക്കി. സവൃസാചി അമ്പെടുക്കുമ്പോഴും തെടുക്കുമ്പോഴും ഗാണ്ഡീവം ഉലയ്ക്കുമ്പോഴും അമ്പെയ്യുമ്പോഴും അതിനിടയില്‍ ഒരു ഇടയും ആരും കണ്ടില്ല.

63. അര്‍ജ്ജ്ജുനനുമായുള്ള സങ്കുലയുദ്ധം - വൈശമ്പായനന്‍ പറഞ്ഞു: പിന്നെ, ദുര്യോധനന്‍, കര്‍ണ്ണന്‍, ദുശ്ശാസനന്‍. വിവിംശതി, പുത്രനോടു കൂടി ദ്രോണൻ, തേരാളി പ്രവരനായ കൃപന്‍ ഇവരെല്ലാവരും കൂടി ധനഞ്ജയനെ വധിക്കുവാനായി ഒത്തു കൂടി. അവരെല്ലാവരും അവരവരുടെ ശക്തിയേറിയ വില്ലുലച്ച്‌ ആര്‍ത്തു വളഞ്ഞു. കൊടിയാടുന്ന ആദിതൃ ശ്രീയുള്ള രഥത്താല്‍ വാനരധ്വജനായ അര്‍ജ്ജുനന്‍ അവരോടെല്ലാം ഏറ്റ്‌ എതിര്‍ത്തു. ഉടനെ രഥിശ്രേഷ്ഠനായ കൃപന്‍, ദ്രോണന്‍, കര്‍ണ്ണന്‍ എന്നിവരെല്ലാം ഒപ്പം വീരൃവാനായ അര്‍ജ്ജുനനെ വളഞ്ഞു മഴക്കാറെന്ന പോലെ ശരവര്‍ഷം കൂട്ടമായി എയ്ത്‌, ധനഞ്ജയനെ വീഴ്ത്തുവാന്‍ തന്നെ കരുതി ഒരുങ്ങി നിന്നു. രോമം പിളര്‍ക്കുന്ന ബാണങ്ങളെ അസംഖ്യം അസംഖ്യം എയ്ത്‌ ഒതുങ്ങി ഇളകാതാക്കുന്ന വിധം ശരങ്ങളെക്കൊണ്ട്‌ അവര്‍ പാര്‍ത്ഥനെ ഇളകാത്ത മട്ടിലാക്കി. ദിവ്യാസ്ത്രങ്ങളേയും അവര്‍ അപ്രകാരം സകല കഴിവുകളും വെച്ചു പ്രയോഗിച്ചു. അവന് രണ്ടംഗുലം പോലും അമ്പേൽക്കാതെ യുണ്ടായില്ല. ഉടനെ അര്‍ജ്ജുനന്‍ ചിരിച്ച്‌ ഐന്ദ്രാസ്ത്രത്തെ എടുത്ത്‌ ആദിത്യ തേജസ്സു ചേര്‍ന്ന ഗാണ്ഡീവത്തില്‍ തൊടുത്തു. ശരാംശു തൂകുന്നവനും, അര്‍ക്കാഭനുമായ പാര്‍ത്ഥന്‍ പോരില്‍ കയറി. കിരീടമാലിയായ കൗന്തേയന്‍ കുരുക്കളെ ഒക്കെ മൂടി, വായുവില്‍ മിന്നലും ശൈലത്തില്‍ തീയും പോലെ പൊതിഞ്ഞു. ഗാണ്ഡീവം ഇന്ദ്രചാപം പോലെ വളഞ്ഞു തന്നെ എപ്പോഴും കാണപ്പെട്ടു. മഴ പെയ്യുന്ന ആകാശത്തില്‍ മിന്നല്‍ മിന്നിത്തെളിഞ്ഞ്‌ പത്തുദിക്കും. ഭൂമിയും മിന്നിക്കുന്ന വിധം, പത്തുദിക്കും മിന്നുമാറ്‌ ഗാണ്ഡീവം ചിന്നിമിന്നി! ആന, തേര്‌, കുതിരക്കൂട്ടം എന്നിവയൊക്കെ മോഹത്തില്‍ പെട്ടു പോയി. സംഭ്രമം മൂലം ബോധമില്ലാത്ത മട്ടായി. യോധന്മാരൊക്കെ ശാന്തരായി. മനസ്സു പിടിച്ചു നിര്‍ത്താന്‍ കഴിയാത്തവരായി. എല്ലാവരും ചൈതന്യം കെട്ട്‌ യുദ്ധത്തില്‍ നിന്ന് പിന്‍തിരിഞ്ഞു. ഇപ്രകാരം ആ സൈന്യമൊക്കെ സ്വജീവിതത്തിലുള്ള ആശയൊക്കെ കെട്ട്‌ കണ്ട ദിക്കിലേക്കൊക്കെ പാഞ്ഞു പോയി.

64. ഭീഷ്മന്റെ പിന്മാറ്റം - വൈശമ്പായനൻ പറഞ്ഞു: പിന്നെ, ഭാരതന്മാര്‍ക്കു പിതാമഹനും ശന്തനു പുത്രനുമായ ഭീഷ്മൻ, പാര്‍ത്ഥന്‍ യോധന്മാരെ സംഹരിച്ചു കൊണ്ടിരിക്കെ, പാഞ്ഞേറ്റു. പൊന്നു കെട്ടിച്ച നല്ല വില്ലു കയ്യിലെടുത്ത്‌ മര്‍മ്മം പിളര്‍ന്ന് മര്‍ദ്ദിക്കുന്ന തീക്ഷ്ണമായ ബാണങ്ങളെ എടുത്തു വിളങ്ങുന്ന ഭീഷ്മൻ, തലയ്ക്കു മുകളില്‍ ശോഭിക്കുന്ന വെണ്‍കൊറ്റക്കുടയോടു കൂടി, തലയ്ക്കു മുകളില്‍ പ്രഭാതത്തില്‍ രശ്മി തൂകുന്ന ഉദയസൂര്യന്‍ നിൽക്കുന്ന ഗിരി എന്ന പോലെ ശോഭിച്ചു! ധാര്‍ത്തരാഷ്ട്രന്‍ പ്രസാദിക്കുമാറ്‌ ശംഖു വിളിച്ചു വലം വെച്ച്‌ ഏറ്റ്‌ ഗാംഗേയന്‍ സവൃസാചിയെ തടഞ്ഞു. അവന്‍ എതിര്‍ക്കുവാനായി വരുന്നതു കണ്ടപ്പോള്‍ വൈരിവിനാശനനായ പാര്‍ത്ഥന്‍ ഹര്‍ഷിച്ചും കൊണ്ട്‌ മേഘത്തെ മല എന്ന പോലെ കൈക്കൊണ്ടു. ഭീഷ്മൻ ഉടനെ പാര്‍ത്ഥന്റെ കൊടിമേല്‍ എട്ടമ്പ്‌ എടുത്തു പ്രയോഗിച്ചു. ചീറ്റുന്ന പാമ്പു പോലുള്ള അവയെ ബലമായി തറച്ചു. പാണ്ഡുപുത്രന്റെ ധ്വജത്തില്‍ ചെന്ന് ആ ബാണങ്ങളൊക്കെ ധ്വജത്തില്‍ ജ്വലിക്കുന്ന കപിയുടെ മേലും ഭൂതഗണത്തിന്മേലും പതിച്ചു. മൂര്‍ച്ചയേറിയ കത്തിയമ്പെടുത്ത്‌ പാണ്ഡവന്‍ ഭീഷ്മന്റെ കുട ഖണ്ഡിച്ചു. അത്‌ ഭൂമിയില്‍ വീഴുകയും ചെയ്തു. അവന്റെ കൊടിയും പാര്‍ത്ഥന്‍ ശരങ്ങളാല്‍ എയ്തു. വേഗം രഥാശ്വങ്ങളെയും പിന്‍പുറത്തുള്ള സൂതനേയും എയ്തു. പാര്‍ത്ഥന്റെ ശരിയായ തത്വം ഗ്രഹിക്കുന്നവനാണ്‌ ഭീഷ്മനെങ്കിലും അവന്റെ ഈ സാഹസം സഹിക്കാതെ ധനഞ്ജയനില്‍ മഹാ ദിവ്യാസ്ത്രങ്ങളെ തൂകി. അപ്രകാരം തന്നെ പാര്‍ത്ഥനും ഭീഷ്മനെ ദിവ്യാസ്ത്രങ്ങളെടുത്ത്‌ മേഘത്തെ മലയെന്ന പോലെ തടഞ്ഞു. ബലിയും ശക്രനും തമ്മില്‍ എന്ന പോലെ അര്‍ജ്ജുനനും ഭീഷ്മനും തമ്മില്‍ രോമാഞ്ചമഞ്ചുന്ന വിധം ഉല്‍ക്കടമായ പോരാട്ടം നടന്നു. കൗരവന്മാരും യോദ്ധാക്കളും സൈന്യങ്ങളും ഒക്കെ നോക്കിക്കൊണ്ടു നിന്നു. ഭീഷ്മാര്‍ജ്ജുന രണത്തില്‍ കത്തിയമ്പുകള്‍ ആകാശത്ത്‌ ഖദ്യോതം പോലെ മിന്നിപ്പറന്നു. അര്‍ജ്ജുനന്‍ രണ്ടുകൈ കൊണ്ടും അമ്പു തൂകുന്ന ഗാണ്ഡീവം വട്ടം ചുറ്റിക്കുന്ന അഗ്നിചക്രം പോലെ ശോഭിച്ചു. ഉടനെ കൂര്‍ത്തുമൂര്‍ത്ത ശരങ്ങള്‍ കൊണ്ട്‌, അര്‍ജ്ജുനന്‍ ഭീഷ്മനെ ജലധാരകളാല്‍ ശൈലത്തെ മൂടുന്ന മേഘം പോലെ മൂടി. കോളിളക്കം പോലെ എത്തുന്ന ഘോരമായ ശരവൃഷ്ടിയെ അമ്പുകള്‍ എയ്ത്‌ ഉടച്ച്‌ ഭീഷ്മൻ പാണ്ഡുപുത്രനെ തടുത്തു. അപ്പോള്‍ ആ ശരജാലങ്ങള്‍ ശകലങ്ങളായി അറ്ററ്റ്‌ പാര്‍ത്ഥന്റെ തേര്‍ത്തട്ടിലേക്കു തന്നെ തകർന്നു വീണു.

പിന്നേയും കടയ്ക്കു പൊന്നു കെട്ടിച്ച ശരങ്ങളുടെ നിര പാര്‍ത്ഥന്റെ തേരില്‍ നിന്ന് ഇയ്യാംപാറ്റകള്‍ പോലെ വരുന്ന സമയത്ത്‌ കൂര്‍ത്തു മൂര്‍ത്ത ശരംതൂകി ഭീഷ്മൻ അനവരതം തകര്‍ത്തു നിന്നു. അപ്പോള്‍ കുരുക്കളെല്ലാം ഭേഷ്‌! ഭേഷ്‌ എന്ന് ഉച്ചത്തില്‍ ആര്‍ത്തു. അസാദ്ധ്യ കര്‍മ്മം ഭീഷ്മൻ ചെയ്തു! യുവാവും ബലവാനും ദക്ഷനും ദ്രുതകര്‍മ്മിയുമായ പാര്‍ത്ഥന്റെ ഊക്കു തടുക്കുവാന്‍ ഭീഷ്മനല്ലാതെ മറ്റാരുണ്ട്‌? ശാന്തനവനായ ഭീഷ്മനും, ദേവകീ സുതനായ കൃഷ്ണനും, ശക്തനും ആചാര്യവരനുമായ ദ്രോണനുമൊഴികെ മറ്റാരുണ്ട്‌? എല്ലാവരുടേയും കണ്ണ്‌ ആ മഹാരഥന്മാര്‍ മങ്ങിച്ചിരിക്കുന്നു! എന്ന് കണ്ടു നിൽക്കുന്നവരൊക്കെ പ്രശംസിച്ചു.

പ്രാജാപത്യം, ഐന്ദ്രം, ആഗ്നേയം, രൗദ്രം, കൗബേരം, വാരുണം, യാമ്യം, വായവ്യം ഈ വക ദിവ്യ സായകങ്ങളെ പ്രയോഗിച്ച്‌ ആ മഹാത്മാക്കള്‍ സംഗരത്തില്‍ സഞ്ചരിച്ചു. അവരെ കണ്ട്‌ ജീവികളൊക്കെ അത്ഭുതപ്പെട്ടു. നന്ന്‌ പാര്‍ത്ഥാ! മഹാബാഹോ, ഭേഷ്‌! ഭേഷ്‌! നന്ന്‌, ഹേ! ഭീഷ്മാ, നന്ന്‌ എന്ന് പലയിടങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഉയര്‍ന്നു. ഈ കാട്ടുന്ന വിധം മഹത്തരമായ കര്‍മ്മം മര്‍ത്ത്യസാദ്ധ്യമല്ല! ദീഷ്മാര്‍ജ്ജുനന്മാര്‍ക്കു ചേര്‍ന്നതായ മഹാസ്‌ത്ര പ്രക്രമക്രമം അത്ഭുതം തന്നെ!

വൈശമ്പായനൻ പറഞ്ഞു: സര്‍വ്വാസ്ത്രജ്ഞന്മാരായ അവരുടെ ദിവ്യാസ്ത്രങ്ങള്‍ കൊണ്ടുള്ള യുദ്ധം കുറെ നേരം നടന്നു. അതിനു ശേഷം ശരജാലങ്ങള്‍ കൊണ്ടുള്ള യുദ്ധം തുടര്‍ന്നു. ഉടനെ പാര്‍ത്ഥന്‍ തിരിഞ്ഞു കത്തിയമ്പെടുത്തു പ്രയോഗിച്ചു തുടങ്ങി. ഭിഷ്മന്റെ പൊന്നു കെട്ടിച്ച വില്ല്‌ പെട്ടെന്ന് അര്‍ജ്ജുനന്‍ മുറിച്ചു. കണ്ണടച്ചു മിഴിക്കുന്നതിന് മുമ്പായി ഭീഷ്മൻ വേറെയൊരു വില്ലെടുത്തു കുലയേറ്റി. ചൊടിച്ച്‌ അനേകം ബാണങ്ങള്‍ പാര്‍ത്ഥനില്‍ പ്രയോഗിച്ചു. അര്‍ജ്ജുനന്‍ തീക്ഷ്ണമായ ബാണങ്ങള്‍ ഭീഷ്മനിലും പ്രയോഗിച്ചു. ഭീഷ്മൻ പാണ്ഡവനിലും അപ്രകാരം തന്നെ പ്രയോഗിച്ചു. ദിവ്യാസ്ത്ര വേദികളായ അവര്‍ തീക്ഷ്ണാസ്ത്രം ചൊരിയുന്ന സമയത്ത്‌ ചെറ്റും ഭയം ആ മഹാന്മാരില്‍ കണ്ടില്ല. ഉടനെ ശരജാലം കൊണ്ടു പത്തുദിക്കും മൂടി. കിരീടധാരിയായ പാര്‍ത്ഥന്‍ ഭീഷ്മരിലും മേലെയായി. ഭീഷ്മൻ പാര്‍ത്ഥനിലും മേലെയായി, ഇങ്ങനെ അവര്‍ രണ്ടുപേരും ആ യുദ്ധത്തില്‍ അത്യാശ്ചര്യം ജനിപ്പിച്ചു.

പാര്‍ത്ഥന്‍ ശൂരനായ ഭീഷ്മന്റെ തേരിലെ കാവല്‍ക്കാരെ കൊന്നു. ഹേ ജനമേജയാ! ആ ഭയങ്കരമായ പോരാട്ടത്തിൽ എത്രയോ അനവധി യോദ്ധാക്കള്‍ മരിച്ചു! പര്‍ത്ഥന്റെ തേരിനു ചുറ്റും യോദ്ധാക്കള്‍ ചത്തു നിലംമൂടി കിടന്നു. ഗാണ്ഡീവം വിടുന്ന ശരങ്ങള്‍ ശത്രുനാശോദ്യമത്തോടു കൂടി കടമുട്ടിക്കൊണ്ട്‌ ശീലത്തില്‍ പാഞ്ഞു. ശ്വേതാശ്വന്‍ വിടുന്ന ശരങ്ങള്‍, പൊന്നിന്‍ ചിറകു വെച്ചവയും തേരില്‍ നിന്ന് ഉയരുന്നവയുമായ ശരങ്ങള്‍, ആകാശത്തില്‍ അരയന്നങ്ങളുടെ അണികള്‍ പോലെ കാണപ്പെട്ടു. അവന്‍ ബഹളമായി. എയ്തു വിടുന്ന ദിവ്യാസ്ത്രനിരകള്‍ അംബരത്തില്‍ നിന്ന് കൊണ്ട്‌ ഇന്ദ്രാദികളായ സുരന്മാരൊക്കെ കണ്ടു നിന്നു. അതൃത്ഭുതവും ചിത്രവുമായ ശരപ്രയോഗം കണ്ടുനിന്ന് ഗന്ധര്‍വ്വ സത്തമനായ ചിത്രസേനന്‍ ദേവേന്ദ്രനോടു പറഞ്ഞു: "നോക്കൂ! പാര്‍ത്ഥന്‍ വിടുന്നതും തമ്മില്‍ തൊട്ടു തൊട്ടു പോകുന്നതുമായ ശരങ്ങള്‍! ഇത്‌ ആശ്ചര്യം തന്നെ! ജിഷ്ണുവിന്റെ ദിവ്യാസ്ത്ര പ്രൗഢ കൗശലം ആശ്ചര്യം തന്നെ! മനുഷ്യര്‍ ഇപ്രകാരം ചെയ്യുവാന്‍ ശക്തരല്ല. അവരിലൊന്നും ഇത്തരം പ്രയോഗചാതുര്യം കാണുകയില്ല. മഹാസ്ത്രരായ പൗരവരുടെ ഈ യുദ്ധം പരമാത്ഭുതം തന്നെ! അമ്പ്‌ എടുക്കുമ്പോഴും തൊടുക്കുമ്പോഴും ഗാണ്ഡീവം വില്ല്‌ ഉലയ്ക്കുമ്പോഴും എയ്യുമ്പോഴും അവന് അതില്‍ യാതൊരു ഇടയും കാണുക ഉണ്ടായില്ല. ഉച്ചയ്ക്ക്‌ വാനില്‍ തപിപ്പിക്കുന്ന സുര്യനെ എന്ന പോലെ ആ പാണ്ഡവനെ നോക്കുവാന്‍ സൈന്യത്തില്‍ ആര്‍ക്കും തന്നെ സാദ്ധ്യമായില്ല. ഗാംഗേയനായ ഭീഷ്മനേയും അപ്രകാരം തന്നെ നോക്കുവാന്‍ ആരും ആളായില്ല. രണ്ടുപേരും വിശ്രുത കര്‍മ്മാക്കളാണ്‌. രണ്ടുപേരും ഉഗ്രവിക്രമികളുമാണ്‌. രണ്ടുപേരും തുല്യകര്‍മ്മാക്കളാണ്‌. രണ്ടുപേരും പോരില്‍ ദുര്‍ജ്ജയരുമാണ്‌.

ഇപ്രകാരം അവന്‍ പറഞ്ഞപ്പോള്‍ ഇന്ദ്രന്‍ ഭീഷ്മാര്‍ജ്ജുന രണത്തെ പൂജിക്കുകയും ദിവ്യമായ പുഷ്പം വര്‍ഷിക്കുകയും ചെയ്തു.

ഈ സമയത്ത്‌ പൊരുതിക്കൊണ്ടു നിൽക്കുന്ന അര്‍ജ്ജുനന്റെ ഇടത്തേ പള്ളയ്ക്ക്‌ ഭീഷ്മൻ ആഞ്ഞ്‌ അമ്പെയ്തു. ഉടനെ ചിരിച്ച്‌ അര്‍ജ്ജുനന്‍ ഗൃദ്ധ്റപത്ര ശരത്താല്‍ അര്‍ക്ക പ്രഭാവനായ ഭീഷ്മന്റെ വില്ലു മുറിച്ചു. പിന്നെ ഭീഷ്മന്റെ മാര്‍ത്തട്ടില്‍ പത്തു ശരങ്ങള്‍ കിണഞ്ഞു പോരാടുമ്പോള്‍, കുന്തീപുത്രനായ ധനഞ്ജയന്‍ ആഞ്ഞു വലിച്ചു വിട്ടു. പെട്ടെന്ന് സഹിക്ക വയ്യാത്ത അവശതയാല്‍ ആ മഹാബാഹു രഥത്തിന്റെ കൂബരത്തിന്മേല്‍ പിടിച്ചു വീഴാതെ നിന്നു. അല്പസമയം ആ ഗംഗാപുത്രന്‍ നിന്ന നിലയില്‍ തന്നെ നിന്നു. ബോധംകെട്ടു പോയ ആ ധീരയോദ്ധാവിനെ സാരഥി, ഉപദേശമുറ അനുസരിച്ച്‌, അവിടെ നിന്ന് കൊണ്ടു പോയി

65. പടക്കളത്തില്‍ നിന്ന് ദുര്യോധനന്റെ ഓട്ടം - വൈശമ്പായനൻ പറഞ്ഞു: ഭീഷ്മൻ പടക്കളം വിട്ടു പാഞ്ഞു പോയപ്പോള്‍ ധൃതരാഷ്ട്ര പുത്രനായ ദുര്യോധന രാജാവ്‌ പതാക വിട്ട്‌ അര്‍ജ്ജുനന്റെ നേരെ പാഞ്ഞടുത്ത്‌ അലറി. ദുര്യോധനന്‍ വിരോധിയായ ധനഞ്ജയനില്‍ കര്‍ണ്ണം വരെ വില്ല് ആഞ്ഞു വലിച്ച്‌ ഒരു ഭല്ലം നെറ്റിത്തടത്തിന്റെ നേരേ വിട്ടു. ഊക്കില്‍ വലിച്ചുവിട്ട ആ പൊന്നണിഞ്ഞ ബാണം തറച്ചു പ്രശസ്തകര്‍മ്മാവായ അര്‍ജ്ജുനന്‍ ഒറ്റ ശൃംഗത്തോടു കൂടിയ പര്‍വ്വതം പോലെ ശോഭിച്ചു. അമ്പേറ്റു കീറുന്ന അവന്റെ നെറ്റിത്തടം പിളര്‍ന്ന് ചുടുരക്തം ചാടി. ആ സുവര്‍ണ്ണ പുംഖം നെറ്റിയില്‍ ഭംഗിയോടെ ശോഭിച്ചു. ദുര്യോധനന്‍ ഇത്തരത്തില്‍ കടന്ന ഒരു എയ്ത്ത്‌ എയ്തപ്പോള്‍ തരസ്വിയായ അര്‍ജ്ജുനന്‍ വിഷാഗ്നികള്‍ക്കൊത്ത ശരങ്ങള്‍ എടുത്തു നൃപന്റെ നേരെ വിട്ടു. അങ്ങനെ ദുര്യോധനനെ പാര്‍ത്ഥനും, പാര്‍ത്ഥനെ ദുര്യോധനനും പരസ്പരം എതിര്‍ത്തു. ആ ആജമീഡന്മാര്‍ ഇങ്ങനെ മത്സരിക്കുമ്പോള്‍ മലപോലെയുള്ള ഒരു മത്തഗജത്തിന്റെ പുറത്തു കയറി വികര്‍ണ്ണന്‍ രഥങ്ങളോടും, ഗജപാദരക്ഷകരോടും കൂടി വന്ന് കുന്തീസൂതനോട്‌ എതിര്‍ത്തു.

പാഞ്ഞുവരുന്നതായ ആ ദന്തിയെ മസ്തകങ്ങളുടെ ഇടയില്‍ നോക്കി ധനഞ്ജയന്‍ കര്‍ണ്ണം വരെ വലിച്ച്‌ നല്ലതായ ഒരു ഇരുമ്പു ബാണം ഊക്കില്‍ എയ്തു. പാര്‍ത്ഥന്‍ വലിച്ചെയ്ത ഗൃദ്ധ്റപത്രബാണം ആ ആനയുടെ മസ്തകത്തില്‍ കടയോളം ആണ്ടു പോയി. ഇന്ദ്രന്‍ പ്രയോഗിച്ച വജ്രം അദ്രിയെക്കീറി പ്രവേശിക്കുന്ന മാതിരി കാണികള്‍ക്ക്‌ അത്ഭുതമുണ്ടാക്കി. അമ്പേറ്റ്‌ അമ്പിയ കൊമ്പന്‍ അപ്പോള്‍ ഉള്ളം പിടയുന്ന വിധം വിറച്ച്‌, ഭൂമിയില്‍ തളര്‍ന്ന്‌, വജ്രമേറ്റ പര്‍വ്വതശൃംഗം പോലെ വീണു. ഗജേന്ദ്രന്‍ ഭൂമിയില്‍ വീണപ്പോള്‍ താഴെച്ചാടി ഉഴറുന്ന വികര്‍ണ്ണന്‍ എണ്ണൂറടിപ്പാട്‌ പിന്നോക്കം ഓടി വിവിംശതിയുടെ തേരില്‍ ചാടിക്കയറി. കുന്നു പോലുള്ള ആ ദന്തിയെ വജ്രമൊത്ത വലിയൊരു അമ്പു കൊണ്ടു വലിച്ചു നീക്കി. മറ്റൊരമ്പു കൊണ്ട്‌ ദുര്യോധനന്റെ മാറിടം കീറുകയും ചെയ്തു. ആ ആനയും ആ രാജാവും ഒപ്പം പിന്മടങ്ങി. വികര്‍ണ്ണനും കൂട്ടരും ഓടിപ്പോവുകയും ചെയ്തു. പിന്നെ അവിടെയുണ്ടായ ഓാട്ടം അത്ഭുതമായിരുന്നു. ഗാണ്ഡീവത്തില്‍ നിന്ന് പുറപ്പെടുന്ന ശരങ്ങള്‍ ഏറ്റു യോദ്ധാക്കൾ കണ്ട ദിക്കിലേക്ക്‌ ഓടി പോയി.

പാര്‍ത്ഥന്‍ ആനയെ കൊല ചെയ്തതു കാണുകയാലും യോദ്ധാക്കളൊക്കെ പാഞ്ഞു പോയതു കണ്ടും കുരുപ്രവീരനായ ദുര്യോധനന്‍ പാര്‍ത്ഥബാധ ഏൽക്കാത്ത ദിക്കുനോക്കി രക്ഷപ്പെട്ടു. ആ കുരുവീരന്‍ യുദ്ധത്തില്‍ പരാജിതനായി രക്തമൊലിച്ച്‌ പലായനം ചെയ്യുമ്പോള്‍ അരിവീര ഘാതിയായ കിരീടി കൈകൊട്ടി പോരിന് വിളിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ! ദുര്യോധനാ! നില്‍ക്കൂ! നില്‍ക്കൂ! ഒന്ന് പറഞ്ഞോട്ടെ! നല്ല കീര്‍ത്തിയും, യശസ്സുമൊക്കെ വിട്ട്‌ നീ പടക്കളത്തില്‍ നിന്ന് ഓടുകയാണോ?? നിന്റെ ഭേരിയുടെ ശബ്ദമൊക്കെ എവിടെ പോയി? ഞാന്‍ യുധിഷ്ഠിരന്റെ ദാസനും, കൗന്തേയരില്‍ മൂന്നാമത്തേവനുമാണ്‌. എന്നെ ഭവാന്‍ അറിഞ്ഞുവോ? നീ മൂലം രാജ്യം വിട്ടു പോകേണ്ടി വന്ന യുധിഷ്ഠിരന് വേണ്ടി, ഭവാന്‍ ഇതാ! ഇങ്ങോട്ടൊന് മുഖം തിരിക്കൂ! രാജവൃത്തി ഭവാന് അറിഞ്ഞു കൂടേ? എടോ ദുര്യോധനാ! നിനക്ക്‌ ആരാണ്‌ ഈ പേരു നല്കിയത്‌? പാഴിലായല്ലോ നിനക്ക്‌ ഈ പേരിട്ടത്‌! യുദ്ധക്കളത്തില്‍ നിന്ന് പേടിച്ചോടുന്ന നിന്നില്‍ ദുര്യോധനത്വമൊന്നും കാണുന്നില്ലല്ലോ! ഭവാന്റെ വിജയവാദൃ ഘോഷമൊക്കെ എവിടെ? മുന്‍പിലും പിന്‍പിലും രക്ഷകന്മാരേയും കാണാനില്ലല്ലോ! ഇനി ജീവനില്‍ കൊതിയോടെ യുദ്ധഭൂമിയില്‍ നിന്ന് പാഞ്ഞോടിയാലേ പാണ്ഡവനില്‍ നിന്ന് ഭവാനു രക്ഷകിട്ടുകയുള്ളു. ഓടിക്കോ! തിരിഞ്ഞു നോക്കാതെ ഓടിക്കോ!

66. എല്ലാ കൗരവന്മാരുടേയും തിരിഞ്ഞോട്ടം - വൈശമ്പായനന്‍ പറഞ്ഞു; മഹാശയനായ പാര്‍ത്ഥന്‍ ഇപ്രകാരം വിളിച്ചപ്പോള്‍ ദുര്യോധനന്‍ അങ്കുശം കൊണ്ടു ഗജം എന്ന പോലെ വാക്കാകുന്ന അങ്കുശമേറ്റ്‌ തിരിഞ്ഞു നിന്നു. അവന്‍ അര്‍ജ്ജുനന്റെ പരിഹാസം പൊറുക്കാന്‍ കഴിഞ്ഞില്ല. ശക്തിമാനായ അവന്‍ രഥവുമായി തിരിച്ചു ചെന്നു. കാലു കൊണ്ടു ചവിട്ടേറ്റ സര്‍പ്പത്തെ പോലെ ചീറിക്കുതിച്ചടുത്തു. അവന്‍ വീണ്ടും തിരിച്ചു ചെല്ലുന്നതു കണ്ടപ്പോള്‍, അമ്പേറ്റു വിവശനായിരുന്നു എങ്കിലും മണിമാലയണിഞ്ഞ കര്‍ണ്ണനും സധൈര്യം തിരിച്ചു ചെന്നു. ദുര്യോധനന്റെ പിറകെ ഭീഷ്മനും പൊന്‍ചട്ടയിട്ട ഉശിരോടു കൂടി അടുത്തു. ദ്രോണനും, കൃപനും, വിവിംശതിയും, ദുശ്ശാസനനും തിരിച്ചു ചെന്നു. ആ സൈന്യങ്ങളൊക്കെ തിരിച്ചു വീണ്ടുംവര്‍ദ്ധിച്ച ഒഴുക്കുപോലെ എതിര്‍ക്കുവാനായി വന്നത്‌ അര്‍ജ്ജുനന്‍ കണ്ടു. വന്നുചേരുന്ന മേഘത്തെ കുതിരവനെന്ന പോലെ ധനഞ്ജയന്‍ തപിപ്പിച്ചു കൊണ്ട്‌ അടുത്തു. അപ്പോള്‍ എല്ലാ വീരന്മാരും വിജയന്റെ ചുറ്റുമായി വളഞ്ഞു. ദിവ്യാസ്ത്ര ഗണങ്ങളാല്‍ പര്‍വ്വതത്തില്‍ മേഘങ്ങള്‍ എന്ന പോലെ പാര്‍ത്ഥനില്‍ ശരങ്ങളെക്കൊണ്ടു വര്‍ഷം തുടങ്ങി. ആ കൗരവന്മാര്‍ ചൊരിയുന്ന അസ്ത്രമൊക്കെ ഗാണ്ഡീവി അസ്ത്രങ്ങളെ കൊണ്ടു തന്നെ പോക്കി വിട്ടു. പരവീരഘാതിയായ അര്‍ജ്ജുനന്‍ അസഹ്യമായ സമ്മോഹനാസ്ത്രമെടുത്ത്‌ എയ്തു. ഉടനെ മൂര്‍ച്ചയുള്ള ശരങ്ങള്‍ വിട്ടു ദിക്കുകളൊക്കെ ആ വീരന്‍ അടച്ചു. ശക്തനായ അവന്‍ ഗാണ്ഡീവ ചാപ ദ്ധ്വനിയാല്‍ ശത്രുക്കള്‍ക്കു വൃഥയുണ്ടാക്കി. പിന്നെ കടുത്ത ധ്വനിയുള്ള ശംഖ്‌ എടുത്തു വളരെ ഉച്ചത്തില്‍ പത്തുദിക്കും മുഴങ്ങുമാറ്‌ ഊതി. ആകാശത്തിലും, ഭൂമിയിലും അതിന്റെ ധ്വനി മുഴങ്ങി. ആ ഭയങ്കരമായ ശംഖധ്വനി കേട്ടപ്പോള്‍ സകല കൗരവ വീരന്മാരും മോഹിച്ചു പോയി. സകല വീരന്മാരുടേയും കൈകളില്‍ നിന്ന് വില്ലുകള്‍ വീണു പോയി. ബോധമില്ലാതെ എല്ലാവരും മങ്ങിമയങ്ങി നില്പായി. ഒരെണ്ണത്തിനെങ്കിലും ബോധമുണ്ടായില്ല. ഇങ്ങനെ എല്ലാ യോദ്ധാക്കളും മോഹിച്ചു നിൽക്കുന്നതു കണ്ടപ്പോള്‍ പാര്‍ത്ഥന്‍ ഉത്തരയുടെ വാക്ക്‌ ഓര്‍മ്മിച്ചു; നല്ല മൃദുവായ വിലപിടിച്ച വസ്ത്രങ്ങള്‍ കൗരവരെ ജയിച്ചു കൊണ്ടു വരണം എന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിച്ചു. വിരാടപുത്രനോടു തേരില്‍ നിന്നിറങ്ങുവാന്‍ പറഞ്ഞു. എടോ ഉത്തരാ, ഈ കൗരവന്മാര്‍ എല്ലാവരും മോഹിച്ചിരിക്കയാണ്‌. നീഅവരുടെ ദിവ്യമായ വസ്ത്രങ്ങളൊക്കെ അഴിച്ചെടുക്കണം. ആചാര്യനായ ശാരദ്വതന്റെ ശുഭമായ വസ്ത്രവും, കര്‍ണ്ണന്റെ മഞ്ഞ നിറത്തിലുള്ള മനോജ്ഞവസ്ത്രവും, ദുര്യോധനന്റേയും ദ്രൗണിയുടേയും നിലപ്പട്ടുവസ്ത്രവും നീ അഴിച്ചെടുത്തു കൊള്ളുക. ഭീഷ്മന്‍ ബോധം മറിയുകയില്ല. അദ്ദേഹത്തിന് ബോധം ഇപ്പോഴും ഉണ്ടായിരിക്കും. ദിവ്യാസ്ത്രത്തെ കുറിച്ചുള്ള ജ്ഞാനം അദ്ദേഹത്തിന് ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ രഥത്തെ ഇടത്തു വെച്ചു വേണം നീ പോകുവാന്‍. ഇപ്രകാരം നീ മനസ്സില്‍ കരുതി പോയി ഞാന്‍ പറഞ്ഞതു പോലെ ചെയ്യുക.

അര്‍ജ്ജുനന്‍ പറഞ്ഞ ഉടനെ വീരനായ വിരാടപുത്രന്‍ കടിഞ്ഞാണു വിട്ട്‌ താഴോട്ടു ചാടിയിറങ്ങി മഹാരഥന്മാരുടെ ഭംഗിയേറിയ പൊന്‍കസവു വെച്ച വസ്ത്രങ്ങളൊക്കെ ഓരോന്നോരോന്നായി അഴിച്ചെടുത്ത്‌ ക്ഷണത്തില്‍ വിണ്ടും തേര്‍ത്തടത്തിലെത്തി. പിന്നെ പൊന്നണിഞ്ഞ ഹയങ്ങളെ വീണ്ടും വിട്ടു. ആ ശ്വേതവാഹങ്ങള്‍ രഥിപ്രവീരന്മാരുടെ മദ്ധൃത്തില്‍ നിന്ന് പാര്‍ത്ഥനേയും കൊണ്ടു നടന്നു. അങ്ങനെ പോകുന്ന ആ നരവീരനില്‍ ശക്തനായ ഭീഷ്മൻ ശരങ്ങള്‍ തൂകി; ഭീഷ്മന്റെ കുതിരകളെ അര്‍ജ്ജുനന്‍ കൊന്ന് പത്തുശരങ്ങള്‍ പിന്നേയും എയ്തു. പാര്‍ത്ഥന്‍ വേഗത്തില്‍ ഭിഷ്മനെ വിട്ട്‌, യന്താവായ ദുര്യോധനനേയും വിട്ട്‌, തേര്‍ക്കൂട്ടത്തേയും വിട്ട്‌ അകലെ ചെന്ന് നിന്ന് മേഘം പിളര്‍ന്ന ഭാനുമാനെ പോലെ സകലരേയും പരാജിതനാക്കി പ്രശോഭിച്ചു. തന്റേടം വന്ന കുരുക്കള്‍ ഇന്ദ്രാഭനായ പാര്‍ത്ഥനെ കണ്ടു യുദ്ധം ഒക്കെ നിര്‍ത്തി അര്‍ജ്ജുനന്‍ നിൽക്കുന്നതു കണ്ടപ്പോള്‍ ദുര്യോധനന്‍ പറഞ്ഞു: "എന്താണ്‌ അവന്‍ നിങ്ങളെയൊക്കെ വിട്ടു പോയത്‌? അവനെ വിടരുത്‌. കേറി ആക്രമിക്കുവിന്‍!".

ദുര്യോധനന്റെ വീരവാദം കേട്ടു ചിരിച്ച്‌ ഭീഷ്മൻ പറഞ്ഞു: എടോ ദുര്യോധനാ, നിന്റെ ബുദ്ധിയും വീര്യവുമൊക്കെ എവിടെയായിരുന്നു? നിങ്ങള്‍ ഇവിടെ മയങ്ങി നിൽക്കുക ആയിരുന്നുവല്ലോ! അമ്പും വില്ലുമില്ലാതെ യുദ്ധക്കളത്തില്‍ നിന്നിരുന്ന നിങ്ങളെ എന്തേ അവന്‍ കൊല്ലാഞ്ഞതെന് മനസ്സിലായോ? ധര്‍മ്മിഷ്ഠനായ ബീഭത്സു നൃശംസമായ കര്‍മ്മം ഒരിക്കലും ചെയ്യുകയില്ല. പാപകര്‍മ്മത്തില്‍ അവന്റെ മനസ്സു ചെല്ലുകയില്ല. മൂന്നുലോകം സിദ്ധിച്ചാലും പാര്‍ത്ഥന്‍ സ്വധര്‍മ്മം ഉപേക്ഷിക്കുകയില്ല. അതുകൊണ്ടാണ്‌ ബോധം വെടിഞ്ഞ്‌ അമ്പും വില്ലും കൈവിട്ട്‌ നിശ്ചേഷ്ടരായി നിൽക്കുന്ന നമ്മെ അവന്‍ കൊല്ലാതെ വിട്ടത്‌. മനസ്സിലായോ? ഇനി നാം ഇവിടെ നിൽക്കേണ്ട. വേഗം സ്വഗ്യഹത്തിലേക്കു മടങ്ങിപ്പോകുന്നതാണു നല്ലത്‌. പാര്‍ത്ഥന്‍ പശുക്കളേയും ജയിച്ച്‌ പിടിച്ചു കൊണ്ടു പൊയ്ക്കൊള്ളട്ടെ! ഉണ്ണീ, മോഹംകൊണ്ട്‌ അര്‍ത്ഥനാശം വരുത്തേണ്ട. അതു കൊണ്ട്‌ കഴിയുന്നവേഗം സ്ഥലം വിടുന്നതാണ്‌ ഏറ്റവും നല്ല കാര്യം!

വൈശമ്പായനൻ പറഞ്ഞു: പിതാമഹന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ദുര്യോധനന്‍ എല്ലാം കേട്ട്‌, യുദ്ധത്തിലുള്ള ആശയൊക്കെ കൈവിട്ട്‌ അമര്‍ഷിയായി നെടുവീര്‍പ്പിട്ടു മിണ്ടാതെയിരുന്നു. എല്ലാവരും ഭീഷ്മന്റെ ഹിതോക്തി കേട്ടും ധനഞ്ജയനാകുന്ന അഗ്നി എരിയുന്നതു കണ്ടും ദുര്യോധനന്റെ രക്ഷയ്ക്കു വേണ്ടി തിരിച്ചു പോകുവാന്‍ തന്നെ തീരുമാനിച്ചു. യാത്രയ്ക്ക്‌ ഒരുങ്ങുന്ന കുരുവീരന്മാരെ കണ്ടു ധനഞ്ജയന്‍ രസമായി ചിരിച്ച്‌ ഒന്നും പറയാതെ ഭാവം കൊണ്ട്‌ അനുനയം ചെയ്തു. അനുനയം ചെയ്ത്‌ ഇപ്രകാരമാണ്‌ യാത്രയയച്ചത്‌. മുത്തച്ഛനായ ഭീഷ്മനേയും, ആചാര്യനായ ദ്രോണനേയും ശിരസ്സു കുനിച്ചു വന്ദിച്ചു. ആചാര്യ പുത്രന്‍, കൃപന്‍, കൗരവാഗ്ര്യന്മാര്‍ ഇവരെ അമ്പു കൊണ്ട്‌ അഭിവാദ്യം ചെയ്തു. ദുര്യോധനനോടു ചെയ്ത അഭിവാദ്യം അവന്റെ മണിരത്ന വിചിത്രമായ കിരീടം അമ്പെയ്തു തകര്‍ത്തു വീഴ്ത്തിക്കൊണ്ടാണ്‌. ഇങ്ങനെ ആ മാന്യന്മാരോടൊക്കെ യാത്രപറഞ്ഞ്‌ ഗാണ്ഡീവഘോഷം ഭുവനത്തില്‍ മുഴക്കി ദേവദത്തമെന്ന ശംഖു വിളിച്ച്‌ ശത്രുക്കളുടെ ഉള്ളുപിളര്‍ന്ന് അങ്ങനെ പാര്‍ത്ഥന്‍ മടങ്ങുവാന്‍ ഭാവിച്ചു. പൊന്മാല തൂങ്ങുന്ന കൊടിയുമായി വീണ്ടും ശത്രുക്കളെ ജയിച്ചു വിളങ്ങുന്ന പാര്‍ത്ഥന്‍ അപ്പോള്‍ കുരുക്കള്‍ മടങ്ങി പോകുന്നതു കണ്ട്‌ പ്രഹൃഷ്ടനായി ഉത്തരനോടു പറഞ്ഞു: "ഉത്തരാ, നീ അശ്വങ്ങളെ തിരിക്കുക. പശുക്കളെയൊക്കെ ആട്ടി പുരിയിലേക്കു പോകുക! ശത്രുക്കളൊക്കെ മടങ്ങി പോയി".

ദേവന്മാര്‍ ആ കൗരവപാര്‍ത്ഥയുദ്ധം അതൃത്ഭുതത്തോടെ കണ്ടു രസിച്ച്‌, പാര്‍ത്ഥന്റെ കര്‍മ്മങ്ങളെ തന്നെ ചിന്തിച്ച്‌, അഭിനന്ദിച്ച്‌ സ്വഗ്യഹങ്ങളിലേക്കു തിരിച്ചു.

67. ഉത്തരന്റെ ആഗമനം - വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ കുരുക്കളെയൊക്കെ പോരില്‍ ജയിച്ചതിന് ശേഷം വിരാടന്റെ ചിതറിയോടിയ ഗോക്കളെയൊക്കെ ആട്ടിത്തെളിച്ച്‌ ഒന്നിച്ചു ചേര്‍ത്തു. ധാര്‍ത്തരാഷ്ട്രന്മാർ ഒക്കെ തോറ്റു പിന്മാറിയപ്പോള്‍ കാട്ടില്‍ പോയി പ്രാണരക്ഷാര്‍ത്ഥം ഒളിച്ചിരുന്ന കൗരവ സൈനികന്മാര്‍ പതുക്കെ പുറത്തു വന്നു. പേടിച്ചു വിറച്ച്‌ അവരൊക്കെ ഒരിടത്ത്‌ ഒത്തു കൂടി. അങ്ങനെ ഇരിക്കുമ്പോള്‍ പെട്ടെന്ന്‌ അര്‍ജ്ജുനനെ കണ്ടതോടു കൂടി അവര്‍ പൈദാഹത്താല്‍ അവശരായി അര്‍ജ്ജുനന്റെ നേരെ കൈകൂപ്പിക്കൊണ്ടു പറഞ്ഞു: "പാര്‍ത്ഥാ, ഞങ്ങള്‍ ഭവാന്റെ കിങ്കരന്മാരാണ്‌. രക്ഷിക്കണേ!"

അര്‍ജ്ജുനന്‍ പറഞ്ഞു: സ്വസ്തി! നിങ്ങള്‍ പൊയ്ക്കൊള്ളുവിന്‍. മംഗളം ഭവിക്കട്ടെ! ലേശവും ഭയപ്പെടേണ്ട. ആര്‍ത്തന്മാരെ ഞാന്‍ വധിക്കുകയില്ല. നിങ്ങള്‍ക്ക്‌ ഞാന്‍ യാതൊരു ഉപദ്രവവുംചെയ്യുകയില്ല.

വൈശമ്പായനൻ പറഞ്ഞു; അവന്റെ ആശ്വാസ വാക്യംകേട്ട്‌ ആ പടയാളികളൊക്കെ ഒന്നിച്ച്‌ അര്‍ജ്ജുനനെ ആശംസിച്ചു: "ഭവാന് ദീര്‍ഘായുസ്സും കീര്‍ത്തിയും ഉണ്ടാകട്ടെ!"

ശത്രുക്കളെ ജയിച്ചു തിരിച്ചു പോരുന്ന മത്തഗജത്തെ പോലെ ശോഭിക്കുന്ന വിജയനോട്‌, വിരാട രാജ്യത്തേക്കു പോകുന്ന വഴിക്കു വെച്ച്‌ എതിര്‍ക്കുവാന്‍ കൗരവന്മാര്‍ക്കു കഴിവുണ്ടായില്ല. മേഘം പോലെ ദ്രുതഗതിയില്‍ പോകുന്ന വിരാടപുത്രനെ അര്‍ജ്ജുനന്‍ സസ്നേഹം പുല്കി ഇപ്രകാരം പറഞ്ഞു; "എടോ ഉത്തരാ, നിന്റെ അച്ഛന്റെ പാര്‍ശ്വത്തില്‍ പാണ്ഡവന്മാരൊക്കെ പാര്‍ക്കുന്നത്‌ നിനക്കറിവുണ്ടല്ലോ. പുരത്തില്‍ ചെന്നെത്തിയാല്‍ ആ രഹസ്യമൊന്നും വെളിവാക്കരുത്‌. അദ്ദേഹം പെട്ടെന്നറിഞ്ഞാല്‍ അമ്പരന്ന് ഭയപ്പെട്ടു മരിച്ചു പോകും. അതു കൊണ്ട്‌ നീ പറയേണ്ടതെന്തെന് ഞാന്‍ പറഞ്ഞുതരാം: അച്ഛാ! ഞാന്‍ കൗരവന്മാരെയൊക്കെ ജയിച്ച്‌ സൈന്യങ്ങളെയൊക്കെ ഓടിച്ച്‌ ഗോധനത്തെയൊക്കെ വീണ്ടെടുത്തു". ഇപ്രകാരം പറഞ്ഞാല്‍ മതി.

ഉത്തരന്‍ പറഞ്ഞു; ഭവാന്‍ സാധിച്ച കാര്യം അസാദ്ധ്യമാണ്‌. ഇപ്രകാരം ചെയ്യുവാനോ പറയുവാനോ ഉള്ള കെല്പ് എനിക്കില്ല. എന്നാൽ ഒരു കാര്യം ചെയ്യാം. ഭവാന്‍ എന്നോടു പറയുന്നതു വരെ ഭവാനെ വെളിപ്പെടുത്താതിരിക്കാം.

വൈശമ്പായനൻ പറഞ്ഞു: ശത്രുക്കളെ ജയിച്ച്‌ ഗോധനമെല്ലാം വീണ്ടെടുത്ത്‌ ശ്മശാനത്തിലെത്തി ശമീവൃക്ഷത്തിന്റെ സമീപത്തു ചെന്ന് വിശ്രമിച്ചു. യുദ്ധത്തില്‍ ധാരാളം മുറിവുകള്‍ ആ വീരന്റെ ദേഹത്തില്‍ പറ്റിയിരുന്നു. ആ സമയത്ത്‌ അഗ്നിപ്രഭനായ കപീന്ദ്രനും. ഭൂതങ്ങളും ആകാശത്തില്‍ മറഞ്ഞു. അപ്രകാരം തന്നെ ആ മായാവിലാസവും അസ്തമിച്ചു. വീണ്ടും അവിടെ വെച്ചിരുന്ന സിംഹധ്വജമെടുത്ത്‌ രഥത്തില്‍ ഉറപ്പിച്ചു. പോരില്‍ ജയം നേടിത്തന്ന വില്ലും ആ കുരുശ്രേഷ്ഠന്മാരുടെ അമ്പുകളും ആവനാഴിയും ആ വൃക്ഷത്തില്‍ തന്നെ സ്ഥാപിച്ച്‌ സത്തോഷത്തോടെ അര്‍ജ്ജുനന്‍ സാരഥ്യം വീണ്ടും സ്വീകരിച്ചു. അങ്ങനെ ഉത്തരന്‍ തന്റെ പുരിയില്‍ മടങ്ങിയെത്തി. ഇങ്ങനെ പാര്‍ത്ഥന്‍ ആര്യമായ കര്‍മ്മം ചെയ്ത്‌ ശത്രുക്കളെ കൊന്ന് മടങ്ങിയശേഷം മുടി വീണ്ടും മെടഞ്ഞുകെട്ടി ഉത്തരന്റെ തേരില്‍ ബൃഹന്നളയായി കടിഞ്ഞാണ്‍ പിടിച്ച്‌ ഇരുന്നു. മാനൃനായ അര്‍ജ്ജുനന്‍ സൂതനായി തന്നെ മടങ്ങിയെത്തി.

വൈശമ്പായനൻ പറഞ്ഞു: തോറ്റു മടങ്ങിയ കൗരവന്മാരൊക്കെ ദൈന്യഭാവത്തോടു കൂടി ഹസ്തിനാപുരിയിലെത്തി. വഴിക്കു വെച്ച്‌ അര്‍ജ്ജുനന്‍ ഉത്തരനോടു പറഞ്ഞു: "എടോ രാജപുത്രാ, നിന്റെ ഗോക്കളൊക്കെ വരുന്നതു കണ്ടോ? വീരന്മാരായ ഗോപാലന്മാര്‍ അവരെ ചുറ്റും നിന്ന് ആട്ടിത്തെളിച്ചു വരുന്നതു നോക്കു! നമ്മള്‍ വിരാട നഗരത്തിലേക്ക്‌ അപരാഹ്നത്തിൽ എത്തിയാല്‍ മതി. കുതിരകളെ അഴിച്ച്‌ വെള്ളം കാട്ടി തുടച്ച്‌ അവയ്ക്ക്‌ ആശ്വാസം നല്കിയതിന് ശേഷം പോകാം. നീ ഗോപാലന്മാരെ ചൊല്ലി വിടുക! അവര്‍ വേഗം പോകട്ടെ! വിജയവാര്‍ത്ത അവര്‍ പോയി അറിയിക്കട്ടെ! വിജയ ഘോഷവും നടത്തട്ടെ!

വൈശമ്പായനൻ പ്രറഞ്ഞു; ഉടനെ തന്നെ ഉത്തരന്‍, പാര്‍ത്ഥന്റെ വാക്കനുസരിച്ച്‌ അപ്പോള്‍ തന്നെ ദൂതന്മാരെ ചൊല്ലി വിട്ടു; നിങ്ങള്‍ പോയി രാജാവിനോട്‌ ഉണര്‍ത്തുക! നമ്മള്‍ ജയിച്ചിരിക്കുന്നു! ശത്രുക്കളൊക്കെ ഓടി പോയി! പശുക്കളൊക്കെ പോന്നു! ഇപ്രകാരം ആ പാണ്ഡവനും മത്സ്യവീരനും ദൂതന്മാരെ വിട്ട്‌ ശമീവ്യക്ഷച്ചുവട്ടില്‍ രണ്ടാമതും ചെന്ന് ആ ജയപ്രഹൃഷ്ടര്‍ വെച്ച കോപ്പുകളൊക്കെ വീണ്ടുമെടുത്ത്‌ അതില്‍ കയറ്റി. ശത്രു പടകളൊക്കെ ജയിച്ച്‌ പശുക്കളെയൊക്കെ കൗരവരില്‍ നിന്ന് വീണ്ടെടുത്ത്‌ ബൃഹന്നളാ സൂതനോടു കൂടി വിരാടപുത്രന്‍ നഗരത്തില്‍ പ്രവേശിച്ചു..

68. വിരാടനും ഉത്തരനുമായുള്ള സംഭാഷണം - വൈശമ്പായനൻ പറഞ്ഞു: ഗോധനം അപഹരിച്ച ത്രിഗര്‍ത്തന്മാരെ യുദ്ധത്തില്‍ ജയിച്ച്‌ സൈന്യങ്ങളോടു കൂടെ പശുക്കളെയൊക്കെ ആട്ടിത്തെളിച്ച്‌ ശ്രീമാനായി വിരാട രാജാവ്‌ നാലു പാണ്ഡവന്മാരോടും കൂടി നഗരത്തില്‍ സസന്തോഷം തിരിച്ചെത്തി. ഇഷ്ടജനങ്ങള്‍ക്ക് ഒക്കെ സന്തോഷമുണ്ടാക്കി പീഠത്തില്‍ വാഴുന്ന വിരാടനെ ശത്രുഘാതികളോടു കൂടി പാര്‍ത്ഥന്മാര്‍ ഉപാസിച്ചു. നാട്ടുകാരും ബ്രാഹ്മണരോടു കൂടി രാജാവിനെ ചെന്ന് കണ്ട്‌ അഭിനന്ദിച്ചു. സൈന്യത്തോടു കൂടി മഹാജനങ്ങളുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച്‌ ജനങ്ങളുടെ സന്തോഷത്തില്‍ രാജാവ്‌ അഭിനന്ദിച്ചു. ഉത്തരനെ കാണായ്കയാല്‍ അന്വേഷിച്ചു. അനന്തരം വിപ്രേന്ദ്രന്മാരേയും നാട്ടുകാരേയും ഉത്തരനെ അന്വേഷിക്കുവാനായി വിട്ടു. അപ്പോള്‍ അന്തഃപുരത്തിലെ സ്ത്രീകളും പെണ്‍കിടാങ്ങളും അവന്റെ വൃത്താന്തം രാജാവിനെ അറിയിച്ചു.

കൗരവന്മാര്‍ വന്ന് നമ്മുടെ ഗോധനത്തെ ആക്രമിച്ചു. അവരെ ജയിക്കുവാന്‍ വാശിയോടു കൂടി തനിച്ച്‌ പൃഥ്വിഞ്ജയന്‍ സാഹസത്തോടെ ബൃഹന്നളയോടു കൂടി പോയിരിക്കയാണ്‌. അവന്‍ ഭീഷ്മനേയും, കൃപനേയും, കര്‍ണ്ണനേയും, സുയോധനനേയും, ദ്രോണനേയും, ദ്രൗണിയേയും ഇങ്ങനെ ആറ്‌ മഹാന്മാരേയും ജയിക്കുവാന്‍ പോയിരിക്കയാണ്‌.

വൈശമ്പായനൻ പറഞ്ഞു: വിരാട രാജാവ്‌ ഇതു കേട്ടപ്പോള്‍ വളരെയധികം സന്തോഷിച്ചു. മകന്‍ തനിച്ചാണു പോയതെന്ന് കേട്ട അഭിമാനത്തോടെ മന്ത്രിമാരോടു പറഞ്ഞു: തീര്‍ച്ചയായും കൗരവന്മാരും മറ്റുള്ള നരനാഥന്മാരും ത്രിഗർത്തൻ തോറ്റതായി കേട്ടാല്‍ പിന്നെ യുദ്ധത്തിന് നിൽക്കുകയില്ല, എന്നാൽ ഇനി താമസിക്കേണ്ട. നമ്മുടെ വലിയ സൈന്യത്തോടു കൂടി ഭടന്മാരൊക്കെ പോകട്ടെ. ത്രിഗര്‍ത്തന്മാരുമായി യുദ്ധം ചെയ്ത്‌ പരുക്കു പറ്റാത്തവരെല്ലാം അവന്റെ രക്ഷയ്ക്കായി ഉടനെ പോകട്ടെ. അശ്വങ്ങളും, ആനകളും, രഥങ്ങളും, കാലാള്‍പ്പടയും ക്ഷണത്തില്‍ പുത്രന്റെ രക്ഷയ്ക്ക്‌ സകല ആയുധങ്ങളോടും കൂടി രാജാവ്‌ അയച്ചു. ഇങ്ങനെ ചതുരംഗ സൈനൃങ്ങളെ ഒക്കെ അയച്ചതിന് ശേഷം അവന്‍ തന്നെത്താനെ ഇരുന്നു പറഞ്ഞു: "ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ, ആരറിയുന്നു? നപുംസകത്തെ സൂതനാക്കി പോയ എന്റെ പുത്രന്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല! തീര്‍ച്ച!"

വൈശമ്പായനൻ തുടര്‍ന്നു: വിരാട രാജാവ്‌ സന്താപത്തോടെ ഇപ്രകാരം പറഞ്ഞതു കേട്ട്‌ ധര്‍മ്മരാജാവ്‌ ചിരിച്ചു പറഞ്ഞു. ബൃഹന്നളയാണ്‌ അവന്റെ സാരഥിയെങ്കില്‍ ഭവാന്റെ പശുക്കളെ നേടിയേ പോരു! ശത്രുക്കള്‍ക്കു കൊണ്ടു പോകാന്‍ കഴിയുകയില്ല. എല്ലാ മന്നവന്മാരേയും കുരുവീരന്മാരേയും സിദ്ധന്മാരേയും ദേവന്മാരേയും യക്ഷന്മാരേയും ജയിക്കുവാന്‍ മതിയായവനാകും; ആ സൂതനോടു കൂടിയാണ്‌ ഭവാന്റെ പുത്രന്‍ പോയ തെങ്കില്‍!

വൈശമ്പായനൻ തുടര്‍ന്നു: ഉടനെ തന്നെ ഉത്തരന്‍. പറഞ്ഞു വിട്ട ദൂതന്മാര്‍ വിരാടന ഗരത്തിലെത്തി, വിജയവാര്‍ത്ത ആറിയിച്ചു: കുരുക്കളൊക്കെ തോറ്റ്‌ ഓടിക്കളഞ്ഞു! ഉത്തരന്‍ വിജയിയായി മടങ്ങിവരുന്നു. പശുക്കളെയൊക്കെ വീണ്ടെടുത്തു. ബൃഹന്നളയോടൊപ്പം മടങ്ങി എത്താറായി.

യുധിഷ്ഠിരന്‍ പറഞ്ഞു; ഭാഗ്യം! പശുക്കളെയൊക്കെ നേടി! കുരുക്കള്‍ ഒക്കെ പാഞ്ഞു പോയി! നിന്റെ മകന്‍ കൗരവന്മാരെ ജയിച്ചത്‌ എനിക്ക്‌ ഒരു അത്ഭുതമായി തോന്നുന്നില്ല. ബൃഹന്നളയെ സൂതനാക്കി പോയവന്‍ ജയിക്കാതെ മടങ്ങുകയില്ല, തീര്‍ച്ചയാണ്‌!

വൈശമ്പായനൻ പറഞ്ഞു: ഈ സന്ദേശം കേട്ടപ്പോള്‍ രോമാഞ്ചമണിഞ്ഞ വിരാടന്‍ അഭിമാനത്തോടും സന്തോഷത്തോടും കൂടി ഭൃത്യന്മാര്‍ക്ക്‌ വസ്ത്രങ്ങള്‍ നല്കി സന്തോഷിപ്പിച്ചതിന് ശേഷം മന്ത്രിയോടു പറഞ്ഞു: എടോ അമാത്യാ, രാജവീഥികളില്‍ കൊടി നാട്ടിക്കുക. ദേവാലയങ്ങളിലൊക്കെ പുഷ്പാരാധന കഴിക്കുക. കുമാരന്മാരും; യോധമുഖ്യന്മാരും, മോടിയോടെ വേശ്യമാരോടു കൂടി, എല്ലാ വാദ്യങ്ങളോടും കൂടി, പുത്രനെ എതിരേല്‍ക്കണം. ആനപ്പുറത്തു കയറി ഒരാള്‍ മണികൊട്ടി നാലും കൂടിയ വഴികളിലൊക്കെ ചെന്ന് വിജയത്തെ പുകഴ്ത്തി അറിയിക്കണം. ശൃംഗാര മോടിയോടു കൂടിയ വേഷത്തോടെ ഉണ്ണിയെ എതിരേല്‍ക്കുകയും വേണം.

വൈശമ്പായനൻ തുടര്‍ന്നു: ഇപ്രകാരം രാജാവു പറഞ്ഞപ്പോള്‍ മംഗല്യ സൂചകമായ എട്ടു പദാര്‍ത്ഥങ്ങളോടും കൂടി ഭേരീ ശംഖാരവങ്ങള്‍ മുഴക്കി പുരത്തില്‍ നിന്ന് വിരാടപുത്രനെ എതിരേല്‍ക്കുന്നതിനായി ശുഭ്രമായ വേഷഭൂഷകളോടു കൂടി തന്വഅംഗിമാരും മറ്റുള്ളവരും ചെന്നു.

വൈശമ്പായനൻ തുടര്‍ന്നു; കന്യകമാരേയും വേശ്യമാരേയുമൊക്കെ മോടികൂട്ടി അയച്ചതിന് ശേഷം മഹാപ്രാജ്ഞനായ മത്സ്യരാജാവ്‌ ഹര്‍ഷത്തോടെ ഇപ്രകാരം പറഞ്ഞു: "എടോ സൈരന്ധ്രി, അക്ഷങ്ങള്‍ കൊണ്ടു വരൂ! കങ്കാ! നമുക്ക്‌ നന്നായി ഒന്ന് കളിക്കണം. ചൂതാട്ടം നന്നായി ഒന്ന് നടത്തണം. ഇപ്രകാരം പറഞ്ഞ രാജാവിനോട്‌ യുധിഷ്ഠിരന്‍ പറഞ്ഞു: "അതിരറ്റു ഹര്‍ഷിക്കുന്ന ചൂതാട്ടക്കാരനുമായി ചൂതാടരുത്‌ എന്നാണ്‌ വിദ്വാന്മാരുടെ അഭിപ്രായം. മോദിക്കുന്ന ഭവാനുമായി ചൂതാടാന്‍ എനിക്കിഷ്ടമില്ല. എങ്കിലും ഭവാന്‍ ഇഷ്ടമാണെങ്കില്‍ ഞാന്‍ ചെയ്യാം".

വിരാടന്‍ പറഞ്ഞു: പശുക്കളും പൊന്നും പെണ്ണും എന്നു വേണ്ട മറ്റു വിത്തങ്ങളൊന്നും തന്നെ അങ്ങയുമായി ചൂതാടുന്നതിനു തുല്യം എനിക്ക്‌ ആനന്ദം തരുന്നില്ല. എല്ലാറ്റിലും വെച്ചു താല്പര്യം തോന്നുന്നത്‌ ഭവാനുമായുള്ള ചൂതാട്ടമാണ്‌.

കങ്കന്‍ പറഞ്ഞു രാജാവേ, ദോഷഭൂയിഷ്ഠമായ ഈ ചൂതാട്ടം എന്തിനാണ്‌? ചുതില്‍ പല ദോഷങ്ങളുമുണ്ട്‌. അതു കൊണ്ട്‌ അത്‌ ഒഴിവാക്കുകയാണ്‌ ഉത്തമം. പാണ്ഡുപുത്രനായ യുധിഷ്ഠിരനെ ഭവാന്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകാം. പരിപുഷ്ടമായ അവന്റെ രാജ്യത്തേയും ദേവാഭന്മാരായ അവന്റെ ഭ്രാതാക്കളേയും ഭവാന്‍ കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കും. എല്ലാം അവന്‍ ചൂതാട്ടം കൊണ്ടു നശിപ്പിച്ചു. അതു ചിന്തിക്കുമ്പോള്‍ ചൂതാട്ടത്തില്‍ ഒരു താല്പര്യവുമില്ല. എങ്കിലും ഭവാനു വേണമെങ്കില്‍ കളിക്കാം.

വൈശമ്പായനൻ പറഞ്ഞു: മത്സ്യന്‍ നിര്‍ബ്ബന്ധിക്കുക കാരണം കങ്കന്‍ കളിയിൽ ഏര്‍പ്പെട്ടു. കളിച്ചു കൊണ്ടിരിക്കുന്ന തിനിടയില്‍ രാജാവ്‌ പാണ്ഡുപുത്രനോടു പറഞ്ഞു; "എടോ കങ്കാ! ഇത വ്രീരന്മാരായ കുരുക്കളെയൊക്കെ എന്റെ പുത്രന്‍ ജയിച്ചില്ലേ! മിടുക്കന്‍ തന്നെ". ഇതുകേട്ട്‌ മഹാത്മാവായ യുധിഷ്ഠിരന്‍ പറഞ്ഞു: "ബൃഹന്നള സൂതനായവന് പോരില്‍ എന്താണു ലഭിക്കാത്തത്‌?". ഈ ബൃഹന്നളാ പ്രശംസ മത്സ്യരാജാവിന് ഒട്ടും പിടിച്ചില്ല. രാജാവിന് കോപം വന്നു; "എടോ ബ്രാഹ്മണാധമാ! നീ എന്റെ പുത്രനോടൊപ്പം ഷണ്ഡനെ സ്തുതിക്കുകയാണോ? പറയേണ്ടതും പറയേണ്ടാത്തതും മനസ്സിലാക്കാതെ നീ എന്നെ നിന്ദിക്കുകയാണ്‌. ഭീഷ്മദ്രോണാദ്യന്മാരെ അവന്‍ ജയിക്കാതിരിക്കുമോ! എടോ വിപ്രാ! നീ ഇഷ്ടനാണെന്ന് വിചാരിച്ച്‌ ഈ കുറ്റം ഞാന്‍ ഇപ്പോള്‍ ക്ഷമിക്കാം. ജീവിക്കുവാന്‍ നിനക്കു മോഹമുണ്ടെങ്കില്‍ ഇനി മേലാല്‍ ഇപ്രകാരം മിണ്ടിപ്പോകരുത്‌".

യുധിഷ്ഠിരന്‍ പറഞ്ഞു: ദ്രോണൻ, ഭീഷ്മൻ, കര്‍ണ്ണന്‍, ദ്രൗണി, കൃപന്‍, ദുര്യോധനന്‍, മറ്റു മഹാരഥന്മാര്‍, മാത്രമല്ല, മരുത്ഗണം ചുഴന്ന് സാക്ഷാല്‍ ദേവേന്ദ്ര സന്നിഭരായ ആരായാലും അവരെയൊക്കെ എതിര്‍ക്കുവാന്‍ ബൃഹന്നളയ്ക്കല്പാതെ മറ്റാര്‍ക്കാണ്‌ കഴിയുക? അവന്‍ യുദ്ധം ചെയ്യുന്നതു കണ്ടാല്‍ സന്തോഷം തോന്നാത്തവര്‍ ആരും ഉണ്ടായിരിക്കയില്ല. പോരില്‍ അവന്‍ സുരാസുരന്മാരെ ഒക്കെ വെന്നവനാണ്‌. അപ്രകാരമുള്ളവന്‍ സഹായിച്ചാല്‍ എങ്ങനെ ജയിക്കാതിരിക്കും?

വിരാടന്‍ പറഞ്ഞു: പലവട്ടമായി നീ അധികപ്രസംഗം പറയുന്നു. നീ വാക്ക്‌ അടക്കുന്നില്ല. ശാസിക്കുവാന്‍ ആളില്ലെങ്കില്‍ ഒരാളും ധര്‍മ്മം ചെയ്യുകയില്ല.

വൈശമ്പായനൻ പറഞ്ഞു; ഇനി ഇങ്ങനെ പറയുമോ? എന്ന് രാജാവ്‌ ക്രോധത്തോടെ പറഞ്ഞ്‌ അക്ഷം കയ്യിലെടുത്ത്‌ യുധിഷ്ഠിരന്റെ മുഖത്ത്‌ ഒരു ഏറു കൊടുത്തു. ആ ഏറ്‌ ശക്തിയായി ഏറ്റപ്പോള്‍ യുധിഷ്ഠിരന്റെ മൂക്കില്‍ നിന്ന് രക്തം പ്രവഹിച്ചു. യുധിഷ്ഠിരന്‍ ആ രക്തം നിലത്തു വീഴാതെ കൈകളില്‍ എടുത്തു. അരികെ നിൽക്കുന്നു ദ്രൗപദിയെ നോക്കി. ഭര്‍ത്താവിന്റെ ഭാവം അറിഞ്ഞ്‌. അവള്‍ പൊന്‍കിണ്ണത്തില്‍ വെള്ളവുമായി ചെന്നു. മൂക്കില്‍ നിന്ന് ഒഴുകുന്ന രക്തം ജലപാത്രത്തില്‍ വാങ്ങി. ഈ സമയത്ത്‌ ഉത്തരന്‍ നാട്ടുകാര്‍ അര്‍പ്പിച്ച പുണ്യഗന്ധ വര്‍ഷങ്ങളേറ്റ്‌ നഗരത്തിലെത്തി. പൗരന്മാരും ജാനപദന്മാരും പൂജിക്കുന്നതും സ്വീകരിച്ച്‌ ശ്രീമാനായി സന്തോഷിച്ച്‌ ഭവനദ്വാരത്തിൽ എത്തി പിതാവിനെ അറിയിച്ചു. കാവല്‍ക്കാര്‍ ഉടനെ ചെന്ന് വിരാടനോട്‌ പുത്രന്റെ ആഗമനത്തെ ഉണര്‍ത്തിച്ചു: "ബൃഹന്നളയോടു കൂടി ഇതാ രാജപുത്രന്‍ എത്തിയിരിക്കുന്നു!".

മത്സ്യരാജാവ്‌ സന്തോഷത്തോടെ ക്ഷത്താവിനോട്‌ ( ദ്വാരപാലകനോട്‌ ) പറഞ്ഞു: "വേഗം രണ്ടാളും വരട്ടെ! ഞാന്‍ അവരെ കാണുവാന്‍ കാത്തിരിക്കുകയാണ്‌!".

ക്ഷത്താവിനോട്‌ ആ കുരുശ്രേഷ്ഠന്‍ മെല്ലെ ചെവിയില്‍ പറഞ്ഞു; ഉത്തരന്‍ വന്നാല്‍ മതി ബൃഹന്നള ഇപ്പോള്‍ കടക്കേണ്ട എന്ന് പറയുക. അവന് ഒരു വ്രതമുണ്ട്‌. എന്റെ ദേഹത്തില്‍ വല്ല പരുക്കുമുണ്ടാക്കി രക്തം ചാടുന്നതു കണ്ടാല്‍, ആ വ്രണം ഉണ്ടാക്കി രക്തം ചാടിച്ചവനാരോ അവന്‍ പിന്നെ യുദ്ധഭൂമിയിലല്ലാതെ ജീവിക്കുവാന്‍ പോകുന്നില്ല. എന്നെ ചോരയോടു കൂടി കണ്ടാല്‍ ക്രുദ്ധനായ അവന്‍ സഹിക്കുന്നതല്ല. സൈന്യത്തോടും വാഹനങ്ങളോടും മന്ത്രിയോടും കൂടിയ രാജാവിനെ അവന്‍ വധിച്ചേക്കും!

വൈശമ്പായനന്‍ പറഞ്ഞു: പിന്നെ ജ്യേഷ്ഠനായ പൃഥ്വിഞ്ജയന്‍ കടന്നു വന്ന് അച്ഛന്റെ പാദത്തില്‍ വന്ദിച്ചു. പിന്നെ കങ്കനേയും വന്ദിച്ചു. അപ്പോള്‍ ചോരയൊലിച്ച്‌ ക്ഷുബ്ധനായി, നിര്‍ദ്ദോഷിയായ കങ്കന്‍ സൈരന്ധ്രിയുടെ ശുശ്രൂഷയുമേറ്റ്‌ ഇരിക്കുന്നതു കണ്ടപ്പോള്‍ ഉത്തരന്‍ സംഭ്രമത്തോടെ അച്ഛനോടു ചോദിച്ചു; "ആരാണ്‌ ഇദ്ദേഹത്തെ അടിച്ചത്. ഈ കുറ്റം ചെയ്തവന്‍ ആരാണ്?"

വിരാടന്‍ പറഞ്ഞു: ഞാനാണ്‌ ഈ കുടിലനെ താഡിച്ചത്. ഇതു കൊണ്ടായില്ല. ഇതിലപ്പുറം കൊടുക്കേണ്ടതായിരുന്നു. ഞാന്‍ ശൂരനായ നിന്നെ പുകഴ്ത്തുമ്പോള്‍ ഇവന്‍ ആ ആണും പെണ്ണും കെട്ടവനെ പ്രശംസിക്കുന്നു. എനിക്ക്‌ അതു സഹിക്കുമോ?

ഉത്തരന്‍ പറഞ്ഞു; രാജാവേ, ഭവാന്‍ തെറ്റു ചെയ്തു പോയി! വേഗത്തില്‍ ഭവാന്‍ അദ്ദേഹത്തെ പ്രസാദിപ്പിക്കണം. ഘോരമായ ബ്രഹ്മവിഷം ഭവാനെ വേരോടെ നശിപ്പിച്ചുകളയും!

വൈശമ്പായനൻ പറഞ്ഞു: രാഷ്ട്രവര്‍ദ്ധനനായ വിരാടന്‍ പുത്രന്‍ പറഞ്ഞതു കേട്ടു. ചാമ്പല്‍ മൂടിയ അഗ്നിപോലെ ഇരിക്കുന്ന പാണ്ഡുപുത്രനെ അദ്ദേഹം ക്ഷമിപ്പിച്ചു. സാന്ത്വനം ചെയ്യുന്ന രാജാവിനോട്‌ യുധിഷ്ഠിരന്‍ പറഞ്ഞു: "രാജാവേ, ഞാന്‍ പൊറുക്കുന്നു. എനിക്ക്‌ ഒട്ടും കോപമില്ല. എന്റെ മൂക്കില്‍ നിന്ന് ഈ രക്തം ഭൂമിയില്‍ പതിച്ചെങ്കില്‍ രാഷ്ട്രത്തോടു കൂടി രാജാവേ, ഭവാന്‍ നശിച്ചേനെ. രാജാവേ, ഞാന്‍ ഭവാനെ ദുഷിക്കുകയില്ല. ദോഷമില്ലാത്തവനെ പിച്ചി ബലവാനായ പ്രഭുവിന്‌ നൃശംസത വന്നുകൂടും!".

വൈശമ്പായനൻ പറഞ്ഞു: ചോരയുടെ വരവു നിന്ന സമയത്ത്‌ ബൃഹന്നള പ്രവേശിച്ചു. വിരാടനേയും കങ്കനേയും വന്ദിച്ചു. യുദ്ധം ചെയ്തു മടങ്ങി വന്ന പുത്രനേയും ആ കൗരവനേയും സമാശ്വസിപ്പിച്ചതിന് ശേഷം അര്‍ജ്ജുനന്‍ കേട്ടു നിൽക്കെ തന്നെ തന്റെ പുത്രനെ മത്സ്യരാജാവ്‌ പ്രശംസിച്ചു: ഹേ കൈകേയീ നന്ദനാ! ഞാന്‍ പുത്രവാനായിരിക്കുന്നു. എനിക്ക്‌ നിന്നെ പോലെയുള്ള പുത്രന്മാര്‍ പിറന്നിട്ടില്ല; ഇനി പിറക്കുകയുമില്ല. ആയിരം ലാക്കില്‍ എയ്താലും ഒരു എയ്ത്തും പിഴയ്ക്കാത്തവനായ ആ കര്‍ണ്ണനോട്‌ ഉണ്ണി, നീ എങ്ങനെ സമരം ചെയ്തു? മനുഷ്യ ലോകത്തില്‍ എല്ലായിടത്തു നോക്കിയാലും കിടയറ്റവനാണ്‌ ഭീഷ്മൻ. അവനോട്‌ ഉണ്ണീ നീ എങ്ങനെ സമരം ചെയ്തു? വൃഷ്ണിവീരന്മാര്‍ക്കും, കൗരവന്മാര്‍ക്കും ആചാര്യനും, എല്ലാ ക്ഷത്രിയന്മാര്‍ക്കും ഗുരുവും, ബ്രാഹ്മണോത്തമനും, സര്‍വ്വശസ്ത്രജ്ഞന്മാര്‍ക്കും സമ്മതനുമാണ്‌ ദ്രോണൻ. അവനോട്‌ ഉണ്ണീ, നീ എങ്ങനെ സമരം ചെയ്തു? ആചാര്യ തനയനും, സര്‍വ്വ ശസ്ത്രജ്ഞന്മാര്‍ക്കും സമ്മതനുമാണ്‌ പ്രസിദ്ധനായ അശ്വത്ഥാമാവ്‌. അവനോട്‌ ഉണ്ണീ, നീ എങ്ങനെ സമരം ചെയ്തു? അമ്പെയ്ത്‌ പര്‍വ്വതം പോലും പിളര്‍ക്കുന്ന രാജനന്ദനനാണ്‌ ദുര്യോധനന്‍. അവനോട്‌ ഉണ്ണീ, നീ എങ്ങനെ സമരം ചെയ്തു? പോരില്‍ ഏറ്റാല്‍ സ്വത്തു പോയ വര്‍ത്തകനെ പോലെ ആർക്കുന്നുവനാണ്‌ കൃപന്‍. അവനോട്‌ ഉണ്ണീ, നീ എങ്ങനെ സമരം ചെയ്തു? എന്റെ ശത്രു ക്കളൊക്കെ തോറ്റമ്പി. കാറ്റ്‌ സുഖമായി, ശാന്തമായി വീശുന്നു! കുരുക്കള്‍ കയ്യിലാക്കിയ ധനം നീ തിരികെ പിടിച്ചു! നീ ഓടിച്ചപ്പോൾ, അവര്‍ യുദ്ധക്കളത്തില്‍ നിന്ന് ഓടുമ്പോള്‍, പുലി മാംസത്തെ എന്ന പോലെ നീ ഗോധനത്തെ കയ്യിലാക്കി.

69. വിരാടനും ഉത്തരനും തമ്മിലുള്ള സംഭാഷണം - ഉത്തരന്‍ പറഞ്ഞു: അച്ഛാ, അങ്ങു വിചാരിക്കുമ്പോലെ അല്ല കാര്യം! ആ ഗോക്കളെ വെന്നതു ഞാനല്ല. രിപുക്കളെ ആരേയും ഞാന്‍ വെന്നില്ല. ആ കര്‍മ്മങ്ങളൊക്കെ ചെയ്തത്‌ ഒരു ദേവകുമാരനാണ്‌! ഞാന്‍ കൗരവസൈന്യത്തെ കണ്ടു പേടിച്ച്‌ ഓടുകയായിരുന്നു. അപ്പോള്‍ എന്നെ തടുത്ത്‌ ആ ദേവകുമാരന്‍ ബലമായി പിടിച്ചു തേര്‍ത്തട്ടിലിരുത്തി. അവനാണ്‌ പശുക്കളെ നേടിയതും, കുരുക്കളെ ജയിച്ചതും. അതൊക്കെ ആ വീരന്‍ ചെയ്ത കര്‍മ്മങ്ങളാണ്‌; ഞാന്‍ ചെയ്തതല്ല, അവന്‍ എന്തൊക്കെ ചെയ്തു എന്ന് പറയാനാവില്ല. ദ്രോണൻ, കൃപന്‍, ദ്രൗണി മുതലായ ആറു മഹാരഥന്മാരേയും കര്‍ണ്ണനേയും ഭീഷ്മനേയും കൂടി ശരങ്ങള്‍ കൊണ്ടു പിന്തിരിപ്പിച്ചു കളഞ്ഞു. ദുര്യോധനനേയും ഗജേന്ദ്രാഭനായ വികര്‍ണ്ണനേയും തോല്പിച്ചു. പേടിച്ചു വിറയ്ക്കുന്നു രാജപുത്രനോട്‌ ഇപ്രകാരം പറഞ്ഞു: "എടോ ദുര്യോധനാ! നിനക്കു ഹസ്തിനപുരിയില്‍ പോലും രക്ഷ ഞാന്‍ കാണുന്നില്ല. സാമര്‍ത്ഥ്യമുണ്ടെങ്കില്‍ നീ ജീവന്‍ രക്ഷിച്ചു കൊള്ളുക! ഓടിയതു കൊണ്ടൊന്നും നീ വരുത്തി വച്ച ആപത്ത്‌ ഒഴിയുകയില്ല. പോരിന് ഏൽക്കുകയേ ഗതിയുള്ളൂ. ജയിച്ചാല്‍ ഭൂമി നേടാം. മരിച്ചാല്‍ സ്വര്‍ഗ്ഗം നേടാം". ഈ വാക്കുകേട്ട്‌ ദുര്യോധനന്‍ എന്ന ആ നരവ്യാഘ്രന്‍ എത്ര ശക്തമായ വജ്രം പോലെയുള്ള ശരം എയ്യുന്നവൻ ആണെങ്കിലും, മന്ത്രിമാരോടു കൂടിയവൻ ആണെങ്കിലും, ചീറ്റുന്ന പാമ്പിനെ പോലെ ശൂരനാണെങ്കിലും, ആ ദേവകുമാരന്റെ മുമ്പില്‍ പേടിച്ചു തുട വിറച്ചു തുള്ളി രോമാഞ്ചം പൂണ്ടു. അവന്റെ സിംഹതുല്യമായ സൈന്യത്തെ അമ്പു കൊണ്ടു മര്‍ദ്ദിച്ചു. സിംഹകായനായ ആ ദേവകുമാരന്‍ തേര്‍ക്കൂട്ടത്തെ ഒക്കെ തകര്‍ത്ത്‌, ധരിച്ചിരുന്ന വസ്ത്രം ഹരിക്കപ്പെട്ട ആ കുരുവീരന്മാരെ കണ്ടു ചിരിച്ചു. ആ വീരന്‍ ഒറ്റയ്ക്ക്‌ ആറു തേരാളിമാരേയും ജയിച്ചു. കാട്ടുജന്തുക്കളെ മദമേറിയ വ്യാഘ്രം എന്ന പോലെ ഓടിച്ചു കളഞ്ഞു.

വിരാടന്‍ പാത്തു: ആ വീരനായ ദേവപുത്രന്‍ എവിടെ? കീര്‍ത്തിമാനായ ആ മഹാബാഹു എവിടെ? കുരുക്കളില്‍ നിന്ന്‌ എന്റെ ഗോധനത്തെ നേടിയ ആ ശക്തനെ കണ്ടു പൂജിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നേയും എന്റെ ഗോധനത്തേയും രക്ഷിച്ച ആ ദേവകുമാരന്‍ എവിടെ പോയി?

ഉത്തരന്‍ പറഞ്ഞു: ആ മഹാബലനായ ദേവപുത്രന്‍ അവിടെ തന്നെ മറഞ്ഞു. നാളെയോ, മറ്റന്നാളോ അവന്‍ അങ്ങയുടെ മുമ്പില്‍ പ്രത്യക്ഷനാകും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പുകഴ്ത്തപ്പെട്ട വേഷപ്രച്ഛന്നനായ പാണ്ഡുപുത്രന്‍ സമീപത്തുണ്ടായിട്ടും സൈനൃനായകനായ വിരാട രാജാവ്‌ അറിയുകയുണ്ടായില്ല. പിന്നെ മഹാത്മാവായ വിരാടന്‍ സമ്മതിക്കുകയാല്‍ പാര്‍ത്ഥന്‍ വിരാടന്റെ മകള്‍ക്ക്‌ ആ വസ്ത്രങ്ങള്‍, യുദ്ധക്കളത്തില്‍ നിന്ന് നേടിയ വസ്ത്രങ്ങള്‍ നല്കി. വളരെ വിലപിടിച്ച കസവുകള്‍ പിടിപ്പിച്ച നൂതനങ്ങളും, വിവിധങ്ങളും, വിചിത്രങ്ങളുമായ ആ വസ്ത്രങ്ങള്‍ വാങ്ങിച്ച്‌ ആ ഭാമിനി ആനന്ദിച്ചു!

പിന്നെ മഹാത്മാവായ ഉത്തരനോട്‌ ആലോചിച്ച്‌, ധര്‍മ്മപുത്രന് വേണ്ടതൊക്കെ നടത്തിച്ചു. മത്സ്യരാജ പുത്രനോടു കൂടി അവര്‍ സന്തോഷിച്ചു.

വൈവാഹികപര്‍വ്വം

70. പാണ്ഡവന്മാര്‍ വെളിയില്‍ വരുന്നു - വെശമ്പായനന്‍ പറഞ്ഞു; പശുക്കളെ വീണ്ടെടുത്തതിന്റെ മൂന്നാം ദിവസം പാണ്ഡവന്മാര്‍ അഞ്ചുപേരും കുളി കഴിഞ്ഞു ശുഭ്രവസ്ത്രം ധരിച്ച്‌, യഥാകാലം വ്രതങ്ങളൊക്കെ അവസാനിപ്പിച്ച്‌ കൃതാര്‍ത്ഥതയോടെ, ഭൂഷണങ്ങളൊക്കെ അണിഞ്ഞ്‌ നടയില്‍ അലങ്കരിച്ച, പൊന്നണിഞ്ഞ മത്തേഭന്മാരെ പോലെ പ്രശോഭിച്ചു. ആ മഹാരഥന്മാര്‍ വിരാട സഭയിലേക്കു യുധിഷ്ഠിരനെ മുന്നില്‍ നടത്തി, ആ അഗ്നി സദൃശന്മാര്‍, സ്ഥാനങ്ങളില്‍ ചെന്ന് ഇരുന്നു. അവര്‍ ഇരിക്കുന്ന സമയത്ത്‌ വിരാട രാജാവ്‌ രാജ്യകാര്യങ്ങള്‍ നടത്തുവാന്‍ സഭയിലേക്ക്‌ ആഗതനായി. പഞ്ചാഗ്നികള്‍ പോലെ ഉജ്ജലിക്കുന്ന പാണ്ഡവന്മാരെ കണ്ടപ്പോള്‍ മുഹൂര്‍ത്ത സമയം ചിന്തിച്ചു രോഷാകുലനായി തീര്‍ന്നു. പിന്നെ മത്സ്യന്‍, മരുല്‍ ഗണത്താല്‍ ചുറ്റപ്പെട്ട്‌ ഇന്ദ്രനെ പോലെ ശോഭിക്കുന്നുവനും, ദേവപ്രഭാവനും, വിശിഷ്ടാസനത്തിൽ ഇരിക്കുന്നുവനുമായ കങ്കനോടു പറഞ്ഞു: "എടോ കങ്കാ, നിന്നെ ഞാന്‍ ചൂതുകളിയില്‍ സഭാസ്താരനായിട്ടല്ലേ സ്വീകരിച്ചത്‌? പിന്നെ എന്താണ്‌ ഇമ്മാതിരിയൊക്കെ ചമഞ്ഞൊരുങ്ങി വിശിഷ്ടാസനത്തില്‍ കയറി ഇരിക്കുന്നത്‌?".

വൈശമ്പായനൻ പറഞ്ഞു; വിരാടന്റെ വാക്കുകേട്ടപ്പോള്‍ അര്‍ജ്ജുനന്‍ നേരമ്പോക്കിന് വകയായി എന്ന സന്തോഷത്തോടെ പുഞ്ചിരി തൂകി ഇപ്രകാരം പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു; ഹേ രാജാവേ, ഇദ്ദേഹം ഇന്ദ്രന്റെ അര്‍ദ്ധാസനം സ്വികരിക്കുവാന്‍ പോലും അര്‍ഹനാണ്‌. അത്രയ്ക്കു ബ്രഹ്മണ്യനും, പണ്ഡിതനും, ത്യാഗിയും, യാഗശീലനും, ദൃഢവ്രതനുമാണ്‌. ധര്‍മ്മം മൂര്‍ത്തിയെടുത്തവൻ ആണ്‌; വീരന്മാരില്‍ വെച്ച്‌ വീരനാണ്‌! ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ബുദ്ധിശാലിയാണ്‌! തപസ്സിന് ഏകാവലംബം ഇവനാണ്‌! ചരാചരങ്ങള്‍ ചേര്‍ന്ന ഈ മൂന്നു ലോകത്തിലും ഇവന്‍ നാനാ അസ്ത്രങ്ങള്‍പ ഠിച്ചവരില്‍ അഗ്രഗണ്യനാണ്‌; മറ്റാര്‍ക്കും ഇത്രത്തോളം ജ്ഞാനം ലഭിച്ചിട്ടില്ല. അറിയുവാനും പോകുന്നില്ല. ഇദ്ദേഹത്തോടു തുല്യനായി ഒരു സുരന്‍ വാനവന്മാരില്‍ ഇല്ല, മര്‍ത്തൃന്മാരിലില്ല, രാക്ഷസന്മാരിലില്ല, ഗന്ധര്‍വ്വ മുഖ്യന്മാരിലും കിന്നരോരഗ മുഖ്യന്മാരിലും ഇല്ല! അതുല്യനായ ദീര്‍ഘദര്‍ശിയും, മഹാശക്തനും. പൗരജാനപദ പ്രിയനുമാണ്‌ ഈ മാന്യന്‍. പാണ്ഡവന്മാരില്‍ അതിരഥനും യജ്വാവും, ധര്‍മ്മപരനും വശിയുമാണ്‌! മഹര്‍ഷിമാര്‍ക്കു തുല്യനായ രാജര്‍ഷിയാണ്‌. വിശ്വവിശ്രുതനും, ബലവാനും, ധൃതിമാനും, ദക്ഷനും, സത്യവാദിയും, ജിതേന്ദ്രിയനുമാണ്‌! ധനസഞ്ചയ സമ്പത്തു കൊണ്ട്‌ ഇന്ദ്രനോടും വിത്തേശനോടും തുല്യനാണ്‌! മനുവിനെ പോലെ തേജസ്വിയും, ലോകരെ പരിപാലിക്കുന്നവനും ആണ്‌! പ്രജാനുഗ്രഹ കാരകനായ ഈ മഹാശക്തന്‍, ഈ പറഞ്ഞ പ്രകാരം വിളങ്ങുന്നവനാണ്‌! ഇദ്ദേഹത്തെ ഇനിയും അറിഞ്ഞില്ലെങ്കില്‍ പറയാം. ഇദ്ദേഹം കുരുക്കളില്‍ ശ്രേഷ്ഠനായ, ധര്‍മ്മരാജാവായ, യുധിഷ്ഠിരനാണ്‌! ലോകത്തില്‍ സര്‍വ്വത്ര ഉദയസൂര്യന്റെ പ്രകാശം പോലെ ഇദ്ദേഹത്തിന്റെ കീര്‍ത്തി പരന്നിരിക്കുന്നു! സൂര്യന്റെ അംശുക്കള്‍ പോലെ ഇദ്ദേഹത്തിന് ഉജ്ജ്വലമായ യശസ്സുകളുണ്ട്‌. ഇദ്ദേഹത്തിന്റെ തേജസ്സ്‌ ഉദയ സൂര്യന്റെ രശ്മി പോലെയാണ്‌. ഈ രാജാവിനെ ശക്തി കൂട്ടുന്ന പതിനായിരം ഗജങ്ങള്‍ കൗരവരാജ്യം ഭരിക്കുന്നാളില്‍ അകമ്പടി സേവിച്ചിരുന്നു. അപ്രകാരം പൊന്നണിഞ്ഞ മുപ്പതിനായിരം രഥങ്ങള്‍ അകമ്പടി സേവിച്ചിരുന്നു. അവയില്‍ നല്ല അശ്വങ്ങളെ പൂട്ടിയാണ്‌ പിന്തുടര്‍ന്നിരുന്നത്‌. ഇദ്ദേഹത്തെ കുണ്ഡലം ചാര്‍ത്തിക്കുവാന്‍ എണ്ണൂറു സൂതന്മാര്‍ തയ്യാറായി നിന്നിരുന്നു. മുനിമാര്‍ മാഗധന്മാരോടു കൂടി ഈ രാജാവിനെ വാഴ്ത്തിയിരുന്നു. കൗരവന്മാര്‍ കിങ്കരന്മാരെ പോലെ ഈ രാജാവിനെ സേവിച്ചു. എല്ലാ രാജാക്കന്മാരും ദേവകള്‍ വിത്തേശനെ എന്ന വിധം, ഇദ്ദേഹത്തെ സേവിച്ചിരുന്നു. ഇദ്ദേഹം എല്ലാ രാജാക്കളേയും കരദന്മാരാക്കി. വിവശരായ വൈശ്യന്മാരെ പോലെ സ്വവശത്തില്‍ അവരെ ആക്കിത്തീര്‍ത്തു. പതിനെണ്ണായിരം മാന്യരായ സ്നാതക ബ്രാഹ്മണേന്ദ്രന്മാരും വ്രതനിഷ്ഠയോടെ ജീവിക്കുന്ന ഈ നരേന്ദ്രനെ സേവിച്ചു.

ഇദ്ദേഹം വൃദ്ധന്മാരേയും, അനാഥരേയും, അന്ധരേയും, മുടന്തരേയും മക്കളെ പോലെ രക്ഷിച്ചു. നാട്ടുകാരെ ധര്‍മ്മൃമായി കാത്തു. ഈ മഹാന്‍ ധര്‍മ്മം, ദമം, ക്രോധം ഇവയിലൊക്കെ ജിതേന്ദ്രിയനാണ്‌. മഹാപ്രസാദത്താല്‍ ബ്രഹ്മണ്യനും, സത്യവാദിയുമായ നരേന്ദ്രനാണ്‌. ഈ രാജാവിന്റെ ആ വിധമുള്ള പ്രതാപത്താല്‍ സുയോധനന്‍ തപിക്കുന്നു. സുയോധനന്‍ എന്ന വിഭുവാകട്ടെ കര്‍ണ്ണസൗബലന്മാരോടു ചേര്‍ന്നവനാണ്‌. എന്നിട്ടും തപിക്കുകയാണ്‌ അവന്‍!

ഹേ രാജാവേ, ഈ മഹാശയന്റെ ഗുണങ്ങള്‍ കണക്കാക്കുവാന്‍ ഈയുള്ളവന്‍ അശക്തനാണ്‌. ക്രൂരത വിട്ട ധര്‍മ്മപരനായ പാണ്ഡവശ്രേഷ്ഠനാണ്‌ ഇദ്ദേഹം!

ഇപ്രകാരമുള്ള മഹാരാജാവ്‌, പാര്‍ത്ഥിവര്‍ഷഭനായ പാണ്ഡവന്‍, രാജാര്‍ഹമായ പീഠത്തിന് അര്‍ഹനല്ലെന്നാണോ വിരാട രാജാവേ, ഭവാന്‍ പറയുന്നത്‌?

71. ഉത്തരാ വിവാഹ പ്രസ്താവം - വിരാടന്‍ പറഞ്ഞു: ഇദ്ദേഹം യുധിഷ്ഠിരനാണെങ്കില്‍ തമ്പിയായ അര്‍ജ്ജുനന്‍ഏതാണ്‌? ബലിയായ ഭീമന്‍ ഏതാണ്‌? നകുലനും സഹദേവനും ഏതാണ്‌? കീര്‍ത്തിമതിയായ കൃഷ്ണയെവിടെ? ചൂതില്‍ തോറ്റ പാര്‍ത്ഥന്‍ എവിടെ പോയി എന്ന് അറിയുന്നില്ലല്ലോ!

അര്‍ജ്ജുനന്‍ പറഞ്ഞു; ഹേ രാജാവേ, ഭവാന്റെ വെപ്പുകാരനില്ലേ, വല്ലവന്‍! ഭീമശക്തി പരാക്രമനായ ഭീമന്‍! ഇവന്‍ ക്രോധവശന്മാരായവരെ ഒക്കെ കൊന്നു. പാഞ്ചാലിക്കു വേണ്ടി ദിവ്യമായ സൗഗന്ധികം കൊണ്ടു പോന്നവനാണ്‌! ദുഷ്ടനായ കീചകനെ കൊന്ന ഗന്ധര്‍വ്വന്‍ ഇവനല്ലാതെ മറ്റാരുമല്ല. അന്തഃപുരത്തില്‍ വ്യാഘ്രം, ഋക്ഷം, പന്നി ഇവയെ വധിച്ചിരുന്നത്‌ ഇവനാണ്‌. പിന്നെ ഭവാന്റെ അശ്വപാലകനായി നിന്നവന്‍ പരന്തപാഗ്രണിയായ നകുലനാണ്‌. ഗോക്കളുടെ നാഥനായി നിന്നവന്‍ മഹാരഥനായ സഹദേവനാണ്‌. ശൃംഗാരവേഷ ഭൂഷാഢ്യരും സുന്ദരന്മാരുമായ ഇവര്‍ കിര്‍ത്തിമാന്മാരാണ്‌. ഇവര്‍ ഓരോരുത്തരും ആയിരം മഹാരഥന്മാരോട്‌ എതിര്‍ക്കുവാന്‍ കെല്പുള്ളവരായ പുരുഷര്‍ഷഭന്മാരാണ്‌. താമരക്കണ്ണിയും ചാരുമദ്ധ്യയും, ശുചിസ്മിതയുമായ സൈരന്ധ്രി പാഞ്ചാലിയാണ്‌. ഇവള്‍ മൂലമാണ്‌ കീചകന്‍ ചത്തത്‌. മഹാരാജാവേ, ഞാനാണ്‌ അര്‍ജ്ജുനന്‍. ഭവാന്‍ തീര്‍ച്ചയായും എന്നെ കേട്ടിരിക്കും. ഭീമന്റെ അനുജനും, മാദ്രേയന്മാരുടെ പൂര്‍വ്വജനുമാണ്‌ ഞാന്‍. ഞങ്ങള്‍ സുഖമായി ഭവാന്റെ മന്ദിരത്തില്‍ പാര്‍ത്ത്‌, ഗര്‍ഭത്തില്‍ വസിക്കുന്നതു പോലെ, അജ്ഞാതവാസം നിര്‍വ്വഹിച്ചു!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ പാണ്ഡുപുത്രന്മാരെ ഒക്കെ രാജാവിന് വെളിപ്പെടുത്തി കൊടുത്തപ്പോള്‍ ഉത്തരന്‍ വീണ്ടും ആ പാണ്ഡുപുത്രന്മാരെ പിതാവിന് കാട്ടിക്കൊടുത്തു.

ഉത്തരന്‍ പറഞ്ഞു; തങ്കവര്‍ണ്ണത്തിനൊത്ത ദേഹമുള്ളവനും സിംഹതുല്യനുമായ ഈ മഹാന്‍, മൂക്കു നീണ്ടവനും വലിയ തുടുത്ത നേത്രങ്ങൾ ഉള്ളവനുമായ ഈ ധീമാനാണ്‌ കുരുരാജാവായ യുധിഷ്ഠിരന്‍! മത്തഗജേന്ദ്രഗാമിയും തങ്കം പോലെ ശുദ്ധിയുള്ള ഗൗരവര്‍ണ്ണത്തോടു കൂടിയവനും തടിച്ച തോളുള്ളവനും നീണ്ട കയ്യുള്ളവനുമായ ഇവനാണ്‌ വൃകോദരൻ. വേഗത്തില്‍ ഇദ്ദേഹത്തെ തിരിച്ചറിയാം. ഇവന്റെ അടുത്തിരിക്കുന്ന ഈ മഹാധനുര്‍ദ്ധരന്‍, ശ്യാമനായ യുവാവ്‌, ഗജരാജനെ പോലെ ശോഭിക്കുന്നുവന്‍, സിംഹത്തെ പോലെ ഉന്നതമായ തോളുള്ളവന്‍, ഗജരാജനെ പോലെ സഞ്ചരിക്കുന്നുവന്‍, പത്മാക്ഷന്‍, ഇവനാണ്‌ വീരാഗ്രണിയായ അര്‍ജ്ജുനന്‍! രാജാവിന്റെ അടുത്തിരിക്കുന്ന ഈ പുരുഷോത്തമന്മാര്‍ ദേവാധിപനോടും വിഷ്ണുവിനോടും തുല്യന്മാരാണ്‌. ഇവര്‍ക്കു തുല്യമായ ബലം, സൗശീല്യം, രൂപം എന്നീ ഗുണങ്ങള്‍ ഒപ്പം ചേര്‍ന്നു വിളങ്ങുന്ന പുരുഷന്മാര്‍ ഈ ലോകത്തില്‍ വേറെയില്ല. ഇവരുടെ അടുത്തായി കനകം പോലെ ഉത്തമമായ അംഗഭംഗിയോടു കൂടി മൂര്‍ത്തിമത്തായ പ്രഭ പോലെ നീലോല്പലത്തിന്റെ നിറമാര്‍ന്ന ഗൗരീദേവി പോലെ, ലക്ഷ്മീദേവിക്കു സദൃശയായി ശോഭിക്കുന്ന ഇവള്‍ സാക്ഷാല്‍ പാഞ്ചാലിയാണ്‌.

വൈശമ്പായനൻ പറഞ്ഞു: പഞ്ചപാണ്ഡവന്മാരെ രാജാവിന് ഇപ്രകാരം പരിചയപ്പെടുത്തി കൊടുത്തതിന് ശേഷംഉത്തരന്‍, അര്‍ജ്ജുനന്‍ ചെയ്ത വിക്രമങ്ങളെ കേള്‍പ്പിച്ചു.

ഉത്തരന്‍ പറഞ്ഞു: ഇദ്ദേഹം മാനുകളെ സിംഹം എന്ന പോലെ ശത്രുക്കളെ കൊല്ലുന്ന പരാക്രമിയാണ്‌. തേര്‍ക്കൂട്ടത്തില്‍ സഞ്ചരിച്ചു വലിയ തേരു നോക്കി വധിച്ചവനാണ്‌. ഇവന്‍ എയ്ത ഒറ്റയമ്പു തറച്ച്‌, പൊന്‍കോപ്പണിഞ്ഞ മഹാഗജം പോര്‍ക്കളത്തില്‍ കൊമ്പു കുത്തി ചത്തു വീണു. ഇവന്‍ പശുക്കളെ വീണ്ടെടുക്കുവാന്‍ പോരില്‍ കുരുക്കളെയൊക്കെ ജയിച്ചു! ഇവന്റെ ശംഖധ്വനി കേട്ടപ്പോള്‍ എന്റെ കര്‍ണ്ണങ്ങള്‍ അടഞ്ഞു പോയി!

വൈശമ്പായനന്‍ പറഞ്ഞു; ഉത്തരന്‍ പറഞ്ഞതു കേട്ടപ്പോള്‍ പ്രതാപവാനായ മത്സ്യരാജാവ്‌, യുധിഷ്ഠിരനെ അക്ഷം കൊണ്ട്‌ എറിഞ്ഞതോര്‍ത്ത്‌, ഉത്തരനോടു പറഞ്ഞു: "ഇപ്പോള്‍ വേണ്ടത്‌ പാണ്ഡവനെ പ്രസാദിപ്പിക്കുകയാണ്‌. ഉത്തരയെ അര്‍ജ്ജുനന് വിവാഹം ചെയ്തു കൊടുക്കാം; അദ്ദേഹത്തിന് ഇഷ്ടമാണെങ്കില്‍". .

ഉത്തരന്‍ പറഞ്ഞു: അവര്‍ ആര്യന്മാരും, പൂജ്യന്മാരും, മാന്യന്മാരുമാണ്‌. അച്ഛന്റെ അഭിപ്രായം ഞാന്‍ സമ്മതിക്കുന്നു. ഇപ്പോള്‍ തന്നെയാകാം വിവാഹം. യോഗ്യന്മാരും പൂജ്യന്മാരുമായ പാണ്ഡുപുത്രന്മാരെ നമ്മള്‍ പൂജിക്കുക.

വിരാടന്‍ പറഞ്ഞു: ഈ ഞാനും യുദ്ധത്തില്‍ ശത്രുക്കളുടെ പിടിയില്‍ പെട്ടു പോയി. എന്നെ അവരില്‍ നിന്ന് വേര്‍പെടുത്തി പശുക്കളെയൊക്കെ നേടിയത്‌ ഈ ഭീമസേനനാണ്‌. ഇവരുടെ കയ്യൂക്കു കൊണ്ട്‌ നമ്മള്‍ യുദ്ധത്തില്‍ ജയിച്ചു. അമാതൃന്മാരോടു കൂടി നാം ധര്‍മ്മപുത്രനെ പ്രസാദിപ്പിക്കുക! അനുജന്മാരോടു കൂടിയ ധര്‍മ്മപുത്രനെ പ്രസാദിപ്പിച്ചാല്‍ നമുക്കു ശുഭം ഭവിക്കും. അറിയാതെ വല്ല തെറ്റും നമ്മള്‍ പറഞ്ഞെങ്കില്‍ മഹാത്മാവായ പാണ്ഡവന്‍ അതൊക്കെ പൊറുക്കണം!

വൈശമ്പായനൻ പറഞ്ഞു; പിന്നീട്‌ വിരാടന്‍ പരിതുഷ്ടനായി. ആ രാജാവ്‌ തന്റെ രാജ്യം സൈന്യത്തോടും കോശത്തോടും പുരത്തോടും കൂടി യുധിഷ്ഠിരന്റെ പാദത്തില്‍ സമര്‍പ്പിച്ചു. പിന്നെ ആ പാണ്ഡവന്മാരോട്‌ അര്‍ജ്ജുനന്റെ മുമ്പില്‍ ചെന്നു നിന്ന് "ഭാഗ്യം! ഭാഗ്യം!", എന്ന് പറഞ്ഞു. പിന്നെ ധര്‍മ്മജനേയും മാദ്രേയന്മാരേയും മൂര്‍ദ്ധാവില്‍ ഘ്രാണിച്ച്‌ വീണ്ടും വീണ്ടും തഴുകി. എത്ര നോക്കിയിട്ടും മതിയാകാത്ത വിധം ആനന്ദത്തില്‍ മുഴുകി നിന്നു! വിരാടന്‍ സസന്തോഷം രാജാവായ യുധിഷ്ഠിരനോടു പറഞ്ഞു: "ഭാഗ്യം! നിങ്ങള്‍ അരണ്യം വിട്ടു വന്നതു ഭാഗ്യം തന്നെ! ദുഷ്ടന്മാര്‍ അറിയാതെ ഇവിടെ അജ്ഞാതരായി പാര്‍ത്തതും ഭാഗ്യം തന്നെ! ഈ രാജ്യവും ഇതിലുള്ളതു സകലതും പാര്‍ത്ഥനുള്ളതാണ്‌. അതൊക്കെ പാണ്ഡവന്മാര്‍ ഏറ്റുവാങ്ങണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സവ്യസാചിയായ ധനഞ്ജയന്‍ ഉത്തരയെ കൈക്കൊണ്ടാലും. പുരുഷ സത്തമനായ ഇവന്‍ ഇവള്‍ക്കു ചേര്‍ന്ന ഭര്‍ത്താവാണ്‌".

. ഇപ്രകാരം വിരാട രാജാവു പറഞ്ഞപ്പോള്‍ ധര്‍മ്മജന്‍ അര്‍ജ്ജുനനെ ഒന്നു നോക്കി. ജ്യേഷ്ഠന്‍ നോക്കിയതിന്റെ സാരം ഗ്രഹിച്ച്‌ അര്‍ജ്ജുനന്‍ മത്സൃ രാജാവിനോടു പറഞ്ഞു; "രാജാവേ, ഭവാന്റെ പുത്രിയെ ഞാന്‍ സ്വീകരിക്കാം. പക്ഷേ, ഭവാന്‍ പറഞ്ഞ നിലയിലല്ല. സ്നുഷയായി ഞാന്‍ സ്വീകരിക്കാം. മത്സ്യന്മാര്‍ക്കും പാണ്ഡവന്മാര്‍ക്കും തമ്മില്‍ ബന്ധുതയുണ്ടാകുന്നതു യുക്തമാണ്‌".

72. ഉത്തരാവിവാഹം - വിരാടന്‍ പറഞ്ഞു: ഹേ പാണ്ഡവശ്രേഷ്ഠാ, എന്റെ പുത്രിയെ ഞാന്‍ ഭവാനു നല്കി. എന്നാൽ ഭവാന്‍ എന്താണ്‌ അവളെ ഭാര്യയായി സ്വീകരിക്കുവാന്‍ തയ്യാറാകാത്തത്?

അര്‍ജ്ജുനന്‍ പറഞ്ഞു: രാജാവേ, ഞാന്‍ ഭവാന്റെ മകളെ കണ്ടു കൊണ്ട്‌ അന്തഃപുരത്തില്‍ പാര്‍ത്തു. പിതാവിനെ പോലെ ഒളിവിലും, വെളിവിലും വിശ്വാസത്തോടെ പെരുമാറി. പാട്ടു പാടി നൃത്തം അഭ്യസിപ്പിച്ച എന്നെ ആചാര്യനെ പോലെ പ്രിയത്തോടെ ബഹുമാനിക്കുന്നു. യൗവനം വന്നതിനു ശേഷം അവളോടു കൂടി ഒരു വര്‍ഷം ഞാന്‍ പാര്‍ത്തു, ഞാന്‍ അവളെ ഭാര്യയായി സ്വീകരിച്ചാല്‍ എന്നെക്കുറിച്ച്‌ ജനങ്ങള്‍ക്കു ദുശ്ശങ്കയുണ്ടാകും; അങ്ങയ്ക്കും ഉണ്ടാകും. അതു കൊണ്ട്‌ ഞാന്‍ അവളെ സ്നുഷയായി സ്വീകരിച്ചു കൊള്ളാം. ശുദ്ധനും, ദാന്തനും, ജിതേന്ദ്രിയനുമായി ഞാന്‍ ഉത്തരയെ ശുദ്ധിമതിയായിട്ടാണ്‌ വളര്‍ത്തിയിരിക്കുന്നത്‌. ആ കുമാരിയെ എന്റെ മകളും പുത്രന്റെ ഭാരൃയുമായി അംഗീകരിച്ചാലേ ശങ്ക നീങ്ങി കര്‍മ്മവിശുദ്ധി ഉണ്ടാകയുള്ളു. ഞാന്‍ ഉത്തരയെ ഭാര്യയാക്കിയാല്‍ ലോകം ആക്ഷേപ വാക്കുകള്‍ പുറപ്പെടുവിക്കും. അപവാദത്തില്‍ ഞാന്‍ ഭയപ്പെടുന്നവനാണ്‌. അതുകൊണ്ട്‌ ഭവാന്റെ പുത്രിയായ ഉത്തരയെ എന്റെ സ്നുഷയായി ഞാന്‍ സ്വീകരിക്കുന്നു. ശ്രീകൃഷ്ണന്റെ മരുമകന്‍, സാക്ഷാല്‍ സുരസൂതന് തുല്യന്‍, ചക്രപാണിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവന്‍, സര്‍വ്വ അസ്ത്രങ്ങളും അറിഞ്ഞവന്‍, മഹാബാഹുവായ അഭിമന്യു, എന്റെ പുത്രനാണ്‌. ഇവന്‍ ഭവാനു ചേര്‍ന്ന ജാമാതാവാകും! ഭവാന്റെ പുത്രിക്കു ചേര്‍ന്ന വല്ലഭനാകും!

വിരാടന്‍ പറഞ്ഞു; കുരുശ്രേഷ്ഠനായ പാണ്ഡവന് ഈ വാക്കുകള്‍ ചേര്‍ന്നതു തന്നെ! അറിവ്‌ ഏറിയവനും ധര്‍മ്മനിഷ്ഠനുമായ ഭവാന്‍ കാര്യം പറഞ്ഞതില്‍ അത്ഭുതമില്ല. ഹേ പാര്‍ത്ഥാ! ഇനി വേണ്ടത്‌ എന്താണെന്നു വച്ചാല്‍ അതു ഭവാന്‍ ചെയ്തു കൊള്ളുക. എന്റെ ആഗ്രഹങ്ങളെല്ലാം പാര്‍ത്ഥനുമായി ബന്ധപ്പെട്ടതിനാല്‍ പൂര്‍ണ്ണമായിരിക്കുന്നു!

വൈശമ്പായനൻ പാഞ്ഞു: ഇപ്രകാരം രാജാവ്‌ പറഞ്ഞപ്പോള്‍ യുധിഷ്ഠിര മഹാരാജാവ്‌ വിവാഹ ദിവസവും മുഹൂര്‍ത്തവും നിശ്ചയിച്ചു. മത്സൃന്മാരും പാര്‍ത്ഥന്മാരും തമ്മില്‍ നടക്കുവാന്‍ പോകുന്ന വിവാഹ ബന്ധത്തിനുള്ള മുഹൂര്‍ത്തം കുറിച്ചു. ഉടനെ സകല ബന്ധുക്കള്‍ക്കും, കൃഷ്ണനും കൗന്തേയന്‍ ദൂതന്മാരെ വിട്ടു. വിരാട രാജാവും അപ്രകാരം തന്നെ സര്‍വ്വ ബന്ധുക്കള്‍ക്കും ദൂതന്മാരെ വിട്ടു ക്ഷണിച്ചു. പതിമൂന്നാമത്തെ വത്സരം കഴിഞ്ഞതിന് ശേഷം പാണ്ഡവന്മാര്‍ വിരാടന്റെ ഉപപ്ലാവ്യമെന്ന നഗരത്തിലേക്കു താമസം മാറ്റി. അര്‍ജ്ജുനന്‍ അഭിമന്യുവിനേയും കൃഷ്ണനേയും വരുത്തി. ആനര്‍ത്ത രാജ്യത്തു നിന്ന് യാദവരേയും പാര്‍ത്ഥന്‍ ക്ഷണിച്ചു വരുത്തി. യുധിഷ്ഠിരനോടുള്ള പ്രീതിയാല്‍ ശൈബ്യനും, കാശിരാജാവും രണ്ട്‌ അക്ഷൗഹിണി സൈന്യത്തോടു കൂടി എത്തി. മഹാബലനായ യജ്ഞസേനനും, വീരന്മാരായ ദ്രൗപദീ സുതന്മാരും, മടങ്ങാത്തവനായ ശിഖണ്ഡിയും, ദുര്‍ദ്ധര്‍ഷനും സര്‍വ്വ ശസ്ത്രജ്ഞനുമായ ധൃഷ്ടദ്യുമ്നനും ഒരു അക്ഷൗഹിണി സൈന്യവുമായി വന്നു. സമസ്ത അക്ഷൗഹിണീശന്മാരും, യജ്വാക്കളും ബഹുദക്ഷിണരും വേദാദ്ധ്യയനം ചെയ്യുന്നവരും ശത്രുക്കളെ സംഹരിക്കുന്നുവരും ആയ ആ മഹാരഥന്മാര്‍ ബന്ധുസമേതം വന്നുചേര്‍ന്നതു കണ്ടപ്പോള്‍ ധര്‍മ്മജ്ഞസത്തമനായ മത്സ്യന്‍ ഭൃത്യന്മാരോടും, സേനകളോടും, വാഹനങ്ങളോടും കൂടി അവരെ എതിരേറ്റ്‌ സ്വാഗതം പറഞ്ഞു പൂജിച്ച്‌ യഥാവിധി സല്കരിച്ചു. അഭിമന്യുവിന് വിരാടന്‍ തന്റെ പുത്രിയെ നല്കുന്നതില്‍ അവരെല്ലാം സന്തോഷിച്ചു.

രാജാക്കളൊക്കെ വന്നു ചേര്‍ന്നതിന് ശേഷം അവിടെ വനമാലിയായ വാസുദേവനും ഹലായുധനും ഹാര്‍ദ്ദികൃന്‍ കൃതവര്‍മ്മാവും, യുയുധാനന്‍ എന്ന സാത്യകിയും, അനാധൃഷ്ടിയും, അക്രൂരനും, സാംബനും, നിശഠനും വേണ്ടുവോളം സൈന്യസന്നാഹങ്ങളോടും, മോടിയോടു കൂടിയ അകമ്പടിയോടും സുഭദ്രയോടും കൂടി അഭിമന്യുവിനേയും കൊണ്ടു പുറപ്പെട്ടു. ധാരാളം സംരക്ഷണത്തോടു കൂടി ഇന്ദ്രസേനാദ്യന്മാരായ സൂതന്മാരും അവരോടൊപ്പം വന്നു ചേര്‍ന്നു. ഒരാണ്ട്‌ വേര്‍പെട്ടു താമസിച്ചിരുന്ന സൂതന്മാരായ അവരുടെ ആഹ്ളാദം അനല്പമായിരുന്നു. പതിനായിരം ആനകളും, ഒരു ലക്ഷം കുതിരകളും, അര്‍ബ്ബുദം തേരുകളും നിഖര്‍വ്വം കാലാള്‍പ്പടയും, പല മഹാന്മാരായ വൃഷ്ണികളും അന്ധകന്മാരും ഓജസ്വികളായ ഭോജന്മാരും ദ്യുതിമാനും വൃഷ്ണി ശാര്‍ദ്ദൂലനുമായ കൃഷ്ണനെ പിന്തുടര്‍ന്നു.

യോഗ്യന്മാരായ പാണ്ഡവന്മാര്‍ക്ക്‌ മാധവന്‍ സമ്മാനങ്ങള്‍ നല്കി. സ്ത്രീകള്‍, വസ്ത്രങ്ങള്‍, രത്നങ്ങള്‍ എന്നിവയായിരുന്നു പാണ്ഡവന്മാര്‍ക്കു വെവ്വേറെ നല്കിയ സമ്മാനങ്ങള്‍. അങ്ങനെ മത്സ്യപാര്‍ത്ഥന്മാര്‍ തമ്മിലുള്ള വിവാഹം വളരെ മോടിയില്‍ വിധിപ്രകാരം നടന്നു. ശംഖ്‌, പെരുമ്പറ, ഗോമുഖാഡംബരങ്ങള്‍ എന്നിവയുടെ ശബ്ദം മത്സ്യഗൃഹത്തില്‍ മുഴങ്ങി. ചെറുതും വലുതുമായ പലതരം നല്ല മൃഗങ്ങളേയും പശുക്കളേയും കൊന്ന് പാകംചെയ്തു. സുരാ, മൈരേയം മുതലായ പല മാതിരി മദ്യങ്ങള്‍ വരുത്തിച്ചു. അങ്ങനെ സദ്യ വളരെ ഗംഭീരമായി. പാട്ടുകാരും, കഥാപ്രസംഗകന്മാരും, നടന്മാരും, സ്തുതിപാഠകന്മാരും, സൂതമാഗധ മുഖ്യന്മാരും അവരെ വാഴ്ത്തി പാടി. സുദേഷ്ണയെ മുമ്പിലാക്കി മത്സ്യപ്രവരകളായ സുന്ദരിമാര്‍ വിളങ്ങുന്ന കുണ്ഡലങ്ങൾ അണിഞ്ഞ്‌ എത്തി. നല്ല വര്‍ണ്ണമുള്ളവരും, അഴകുള്ളവരും, ചമഞ്ഞ്‌ ഒരുങ്ങിയവരുമായ ആ സ്ത്രീഗണങ്ങളെ എല്ലാം രൂപം കൊണ്ടും, യശസ്സു കൊണ്ടും, ശ്രീ കൊണ്ടും ദ്രൗപദി വിജയിച്ചു.

അലങ്കരിച്ച രാജകുമാരിയായ ഉത്തരയെ ഇന്ദ്രനന്ദിനിയെ എന്നപോലെ മുന്നില്‍ നടത്തി അവര്‍ എത്തി. ആ വിരാടപുത്രിയായ ശുഭാംഗിയെ കൂന്തീപുത്രനായ ധനഞ്ജയന്‍ സൗഭദ്രനായ തന്റെ പുത്രന്ന് വേണ്ടി സ്വീകരിച്ചു. അതില്‍ ഇന്ദ്രപദവി കൈക്കൊണ്ടവനായ യുധിഷ്ഠിര രാജാവ്‌ അവളെ സ്നുഷയായി സ്വീകരിച്ചു. കൃഷ്ണന്‍ എല്ലാറ്റിനും മുമ്പിലായി പ്രശോഭിച്ചു. അങ്ങനെ പാര്‍ത്ഥന്‍ അവളെ സ്വീകരിച്ചതിന് ശേഷം മഹാത്മാവായ സൗഭദ്രന്റെ വേളി ചടങ്ങു പ്രകാരം നിര്‍വ്വഹിച്ചു.

അപ്പോള്‍ തന്നെ ഏഴായിരം വായു വേഗമുള്ള കുതിരകളേയും ഇരുന്നൂറ്‌ ആനകളേയും ധാരാളം ധനവും അവിടെ വച്ചു നല്കി. വിപ്രന്മാരെ പൂജിച്ചു. അഗ്നിയില്‍ ഹോമിച്ചു. രാജ്യത്തേയും, സൈന്യത്തേയും, ഖജനാവിനേയും, ആത്മാവിനേയും വിരാട രാജാവ്‌ അവര്‍ക്കു സമര്‍പ്പിച്ചു.

വിവാഹം കഴിഞ്ഞ സമയം ധര്‍മ്മപുത്രനായ യുധിഷ്ഠിരന്‍ വാസുദേവന്‍ പാണ്ഡവന്മാര്‍ക്കു കാഴ്ചവെച്ച ധനങ്ങളെല്ലാം വിപ്രന്മാര്‍ക്കായി ദാനം ചെയ്തു. അനേകായിരം പശുക്കള്‍, വസ്ത്രങ്ങള്‍, പലമാതിരി രത്നങ്ങള്‍, വിശേഷപ്പെട്ട ഭൂഷണങ്ങള്‍, പലമാതിരി തേരുകള്‍, ഹൃദ്യങ്ങളായ ഭോജനങ്ങള്‍, പലമാതിരി പാനങ്ങള്‍ എന്നിവ നല്കി. ഉത്സവത്തിലെന്ന പോലെ അനുഭവിക്കുന്ന ഹൃഷ്ടപുഷ്ട ജനങ്ങളോടു കൂടിയ മത്സ്യരാജാവിന്റെ നഗരം പ്രശോഭിച്ചു!


No comments:

Post a Comment