അദ്ധ്യായം 1-9 ധൃതരാഷ്ട്രവിശോകകരണം
അദ്ധ്യായം 10. ധൃതരാഷ്ട്രനിര്‍ഗമനം
അദ്ധ്യായം 11. കൃപദ്രൗണിഭോജദര്‍ശനം
അദ്ധ്യായം 12. ആയസഭിമഭഞ്ജനം
അദ്ധ്യായം 13. ധൃതരാഷ്ട്രകോപവിമോചനം
അദ്ധ്യായം 14. ഗാന്ധാരീസാന്ത്വനം
അദ്ധ്യായം 15. പ്രഥാപുത്രദര്‍ശനം
അദ്ധ്യായം 16. ആയോധനദര്‍ശനം
അദ്ധ്യായം 17 - 24 . ഗാന്ധാരീവാക്യം
അദ്ധ്യായം 25. ഗാന്ധാരീശാപദാനം
അദ്ധ്യായം 26. ശേഷക്രിയ
അദ്ധ്യായം 27. കര്‍ണ്ണഗുഡ്ഃജത്വകഥനം
ജലപ്രദാനികപര്‍വ്വം
അദ്ധ്യായം 1. ധൃതരാഷ്ട്രവിശോകകരണം - ജനമേജയൻ പറഞ്ഞു: ഹേ വൈശമ്പായനാ! ദുര്യോധനനും സൈന്യങ്ങളൊക്കെയും ചത്തതിന്നു ശേഷം മഹാരാജാവായ ധൃതരാഷ്ട്രൻ ആ വൃത്താന്തം കേട്ട് എന്തുചെയ്തു? അപ്രകാരം തന്നെ ധീരനായ കൌരവ ന്യപന്‍, ധര്‍മ്മപുത്രന്‍, എന്താണ് ചെയ്തത്? പിന്നെ കൃപന്‍ മുതൽ പേരായ മൂന്നു പേരും എന്തു ചെയ്തു? അവിടെ നിന്ന് പിന്നെയുണ്ടായ കഥ പറഞ്ഞാലും. സഞ്ജയന്‍ എന്തു പറഞ്ഞു? അശ്വത്ഥാമാവിന്റെ അതിഭയങ്കരമായ കര്‍മ്മവും പരസ്പരം കൊടുത്ത ശാപവൃത്താന്തവുമൊക്കെ ഞാന്‍ കേട്ടു.
വൈശമ്പായനൻ പറഞ്ഞു: മക്കള്‍ നൂറുപേരും ചത്ത്, കൊമ്പുപോയ വൃക്ഷംപോലെ ശോകമുകനായി ധ്യാനം പൂണ്ടിരിക്കുന്ന ധൃതരാഷ്ട്രന്റെ അരികേ ചെന്നു മഹാപ്രാജ്ഞനായ സഞ്ജയന്‍ സവിനയം ഉണര്‍ത്തി.
സഞ്ജയന്‍ പറഞ്ഞു: ഹേ രാജേന്ദ്രാ! എന്താണ് ഭവാന്‍ കേഴുന്നത്? ഇനി ദുഃഖിച്ചിട്ട് ഒരു കാര്യവുമില്ല എല്ലാമെല്ലാം കഴിഞ്ഞു. ദുഃഖത്തില്‍ ആരേയും തുണ കിട്ടുകയില്ല. അക്ഷൗഹിണികള്‍ പതിനെട്ടും ചത്ത് അവസാനിച്ചു. ഈ ലോകം നിര്‍ജജനപ്രായമായി! ശൂന്യമായി! നാനാദിക്കില്‍നിന്നും നാനാ നാട്ടുകാരായ രാജാക്കള്‍ ഇവിടെ എത്തിയിരുന്നു. ഭവാന്റെ പുത്രനോടുകൂടി എല്ലാവരും നശിച്ചു! പിതാക്കള്‍, പുത്രന്മാര്‍, പൌത്രന്മാര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍, ഗുരുക്കള്‍, ഇവര്‍ക്കൊക്കെ ഇനി ഭവാന്‍ യഥാക്രമം ശേഷക്രിയ കഴിപ്പിക്കുക! അതാണ് ഇനി വേണ്ടത്!
സഞ്ജയന്‍ പറഞ്ഞതു കേട്ട് പുത്രന്മാരും അമാത്യന്മാരും സര്‍വ്വസുഹൃജ്ജനങ്ങളും നഷ്ടപ്പെട്ടവനായ ധൃതരാഷ്ട്രന്‍ പുത്രപൗത്രവധാര്‍ദ്ദിതനായി കാറ്റേറ്റ വൃക്ഷംപോലെ ഇരുന്ന ഇരുപ്പില്‍നിന്നും നിലത്തു വീണു. വീണു കിടന്ന് ഇപ്രകാരം വിലപിച്ചു.
ധൃതരാഷ്ട്രന്‍ വിലപിച്ചു: പുത്രന്മാര്‍ മരിച്ചവനും അമാതൃന്മാര്‍ മരിച്ചവനും സര്‍വ്വബന്ധുക്കള്‍ നശിച്ചവനുമായ ഞാന്‍ തീര്‍ച്ചയായും ഈ ലോകത്തില്‍ ഉഴലുകതന്നെ ചെയ്യും. ബന്ധുക്കളറ്റ എനിക്ക് ജീവിതംകൊണ്ടെന്തു കാര്യം? ചിറകറ്റ് വൃദ്ധനായി ക്ഷീണിച്ച പക്ഷിക്കു തുല്യനായി ഞാന്‍. ബന്ധുക്കള്‍ ചത്ത്, നാടും പോയി, കണ്ണുംകാണാതെ ഇരിക്കുന്ന ഞാന്‍ രശ്മി കെട്ട് സൂര്യനെപ്പോലെ ഇനി ശോഭിക്കുകയില്ല. സുഹൃത്തുക്കളുടെ വാക്ക് ഞാന്‍ അനുസരിച്ചില്ല. ഭാര്‍ഗ്ഗവനും, നാരദനും, കൃഷ്ണദ്വൈപായനനും, കൃഷ്ണനും സഭയില്‍ എന്നോട് ശ്രേയസ്കരമായ മൊഴികള്‍ പറഞ്ഞു : "രാജാവേ, വൈരം വേണ്ട! പുത്രനെ അടക്കുക!" ഈ വാക്ക് കേള്‍ക്കാത്ത ദൂര്‍മ്മതിയായ ഞാന്‍ കഠിനമായ ദുഃഖത്തിന്നു പാത്രമായി. ഭീഷ്മന്റെ ധാര്‍മ്മികമായ ഉപദേശം ഞാന്‍ കേട്ടില്ല. പിന്നെ, കേട്ടതെന്താണ്? വൃഷഭംപോലെ ആർക്കുന്ന ദുര്യോധനന്റേയും ദുശ്ശാസനന്റേയും കര്‍ണ്ണന്റേയും വധം! അതാണ് ഞാന്‍ കേട്ടത്. ദ്രോണനാകുന്ന സൂര്യന്റെ ഗ്രഹണമാണ് ഞാന്‍ കേട്ടത്. എന്റെ ഹൃദയം തകരുന്നു. ഹേ സഞ്ജയാ! മുഡനായ ഞാന്‍ ഇത്ര വലിയ പാപമെന്താണു ചെയ്തതെന്ന് ഓര്‍ക്കുന്നില്ല. ഇത്ര ഭയങ്കരമായ ഒരു ഫലം അനുഭവിക്കാന്‍ തക്കതായി, ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ വല്ല ദുഷ്കൃതവും ചെയ്തിരിക്കാം. അതു കൊണ്ടാകാം ദുഃഖം സംഭവിപ്പിക്കുന്ന ക്രിയകളില്‍ ദൈവം എന്നെ പെടുത്തിയത്. വാര്‍ദ്ധകൃദശയും, സര്‍വ്വബന്ധുനാശവും സുഹൃത്തുക്കളു ടേയും മിത്രങ്ങളുടേയും പ്രക്ഷയവുമെല്ലാം ഇപ്പോള്‍ ദൈവയോഗത്താലൊന്നിച്ച് എനിക്കു വന്നുചേര്‍ന്നു. എന്നെക്കാള്‍ ദുഃഖിതനായി ഏതു പുരുഷന്‍ ലോകത്തിലുണ്ട്? ഞാന്‍ ബ്രഹ്മലോക ദീര്‍ഘയാത്രയ്ക്കു തയ്യാറായി നില്ക്കുകയാണ്. വ്രതചര്യാനിഷ്ഠനായ എന്നെ പാണ്ഡവന്മാര്‍ വന്നു കാണട്ടെ.
ഇപ്രകാരം ഭയങ്കരമായി ശോകാര്‍ത്തനായി ധൃതരാഷ്ട്രന്‍ വിലപിക്കുമ്പോള്‍ സഞ്ജയന്‍ പറഞ്ഞു: “ഹേ രാജാവേ! ശോകം കളഞ്ഞാലും. വേദനിശ്ചയം നീ കേള്‍ക്കുന്നില്ലേ? വൃദ്ധര്‍ നാനാശാസ്ത്രാഗമങ്ങള്‍ പറഞ്ഞ് കേട്ടിട്ടില്ലേ? സൃഞ്ജയന്‍ പുത്ര ശോകാര്‍ത്തി പൂണ്ട അന്ന് ഋഷികള്‍ പറഞ്ഞ വാക്കുകളോര്‍ക്കുന്നില്ലേ? നിന്റെ. പുത്രന്‍ യൌവനത്തള്ളലോടെ നില്ക്കുമ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ വാക്കുകളൊന്നും നീ ചെവിക്കൊണ്ടില്ല. ഫലത്തില്‍ അത്യാഗ്രഹമുളള മഹാലുബ്ധനായ നീ നിന്റെ രക്ഷയ്ക്കുതകുന്ന മാര്‍ഗ്ഗം കൈക്കൊണ്ടില്ല. ഒരു വശം മാത്രം മൂര്‍ച്ചയുള്ള വാള്‍ പോലെ നിന്റെ ബുദ്ധി ഒരു വശത്തേക്കു മാത്രമേ ഉണ്ടായുള്ളു. എപ്പോഴും ദുര്‍വൃത്തന്മാരെത്തന്നെ നീ ഉപാസിച്ചു. ദുരാത്മാവായ കര്‍ണ്ണന്‍, ദുശ്ശാസനന്‍, ദുഷ്ടാത്മാവായ ശകുനി, ദുഷ്പ്രജനായ ചിത്രസേനന്‍, ശല്യന്‍ എന്നിവര്‍ മ്രന്തിയായുള്ള ദുര്യോധനന്‍ ലോകത്തിന്നു മുഴുവന്‍ ശല്യംചെയ്തു.
വൃദ്ധനായ ഭീഷ്മന്റേയും, ഗാന്ധാരിയുടേയും, വിദുരന്റേയും, ദ്രോണന്റേയും, കൃപന്റേയും, കൃഷ്ണന്റേയും, നാരദന്റേയും മറ്റു മുനീന്ദ്രന്മാരുടേയും, വ്യാസന്റേയും വചനം ലേശവും നിന്റെ പുത്രന്‍ കേട്ടില്ല. അല്പബുദ്ധിയും, അഹങ്കാരിയും, അലംഭാവമില്ലാത്തവനും, ക്രൂരനുമായ ദുര്‍മ്മര്‍ഷണനും, നിത്യതുഷ്ടിയില്ലാത്തവനും, വീര്യവാനുമായ നിന്റെ പുത്രന്റെ വാക്കു മാത്രം നീ കേട്ടു. പ്രാജഞന്മാരുടെ വാക്കു കേട്ടില്ല. ഭവാന്‍ അറിവുള്ളവനും ബുദ്ധിശാലിയും സത്യവാനുമാണല്ലോ. നിന്നെപ്പോലെ ബുദ്ധിയുള്ളവര്‍ ഇത്തരത്തിലൊന്നിലും മോഹിക്കയില്ലല്ലോ. നിത്യവും പോരെന്നു പറയുന്നവന്‍ ഒരു ധര്‍മ്മവും ചെയ്തില്ലല്ലോ. ക്ഷത്രിയരെ കൊന്നു മുടിച്ചു ശ്രതുക്കളുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതല്ലേ ഉണ്ടായത്? അങ്ങ് മദ്ധ്യസ്ഥനായി നിന്ന് വേണ്ടതൊന്നും പറഞ്ഞില്ല. വേണ്ട നേരത്ത് ഉചിതമായ കര്‍മ്മം ചെയ്യാതെ ഇപ്പോള്‍ ദുര്‍ദ്ധര്‍ഷനായ നീ ഉലപോലെ എന്തിന്ന് നെടുവീര്‍പ്പിടുന്നു? എന്തിന്ന്? മനുഷ്യന്‍ ആദ്യം തന്നെ ഉചിതമായ നിലയ്ക്കു നടക്കണം. കഴിഞ്ഞ കാര്യം ആലോചിച്ചു പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത്. രാജാവേ, ഭവാന്‍ പുത്രന്റെ സമുൃദ്ധിക്കു വേണ്ടി പ്രിയം ചെയ്യുവാന്‍ മുതിര്‍ന്നവനാണ്. അതിന്നു തക്കതു കിട്ടി. ഈ പശ്ചാത്താപമാണ് ഭവാന്‍ നേടിയത്. ഇനി മാഴ്കാതിരിക്കുക! കേവലം തേന്‍ കണ്ടു നടന്ന് കുണ്ടു നോക്കാത്ത മനുഷ്യന്‍ തേന്‍ കൊതിച്ച് മലയിടുക്കില്‍ വീണതു പോലെ മാഴ്കുന്നവന്‍ അര്‍ത്ഥം നേടുകയില്ല. ദുഃഖിക്കുന്നവന്‍ പ്രിയം നേടുകയില്ല. തണുപ്പിനെ നേരിടുവാന്‍ താന്‍ തന്നെ വസ്ത്രം കൊണ്ടു തീയുണ്ടാക്കി, അതു പുതയ്ക്കുന്നവന്‍ ദേഹം മുഴുവന്‍ വെന്തു ദുഃഖിക്കും, തീര്‍ച്ചയാണ്! അവന്‍ പണ്ഡിതനല്ല.
മക്കളോടു കൂടിയ ഭവാന്‍ വാക്കുകളാകുന്ന കാറ്റുകൊണ്ട് പാര്‍ത്ഥവഹ്നിയെ വീശിക്കത്തിച്ച് ലോഭമാകുന്ന നെയ്യൊഴിച്ച് ആളിക്കത്തിച്ചു. ആളിക്കത്തിയ ആ അഗ്നിയില്‍ നിന്റെ മക്കള്‍ ശലഭംപോലെ വീണു. ശരാഗ്നിയാല്‍ വെന്ത അവരെക്കുറിച്ച് ഇനി നീയെന്തിനു ദുഃഖിക്കുന്നു? കണ്ണുനിരോടുകൂടിയ മുഖത്തെയല്ലേ നീ വഹിക്കുന്നത്? ഇതു ശാസ്ത്രോക്തിക്കു വിരുദ്ധമാണ്. പണ്ഡിതന്മാര്‍ അതിനെ പുകഴ്ത്താറില്ല. ഇവ തീപ്പൊരിപോലെ മനുഷ്യനെ ദഹിപ്പിക്കും.
മഹാത്മാവായ സഞ്ജയന്‍ ഇപ്രകാരം ആശ്വസിപ്പിച്ചു. വിദുരന്‍ ധൃതരാഷ്ട്രനോട് ദുഃഖത്തെ ജയിക്കുവാനും ബുദ്ധികൊണ്ട് തന്നത്താന്‍ താങ്ങുവാനും വിണ്ടും ബുദ്ധിപൂര്‍വ്വം ഉപദേശിച്ചു.
അദ്ധ്യായം 2. ധൃതരാഷ്ട്രവിശോകകരണം - വൈശമ്പായനൻ പറഞ്ഞു; പിന്നെ, വിദുരന്‍ ധൃതരാഷ്ട്രന്ന് ആഹ്ളാദം നല്കത്തക്ക വിധം അമൃതമയമായ വാക്കുകള്‍ പറഞ്ഞു. അതു കേട്ടാലും.
വിദുരന്‍ പറഞ്ഞു: “ഹേ രാജാവേ! എന്താണ് കിടക്കുന്നത്? എഴുന്നേല്‍ക്കു! തന്നത്താന്‍ താങ്ങു! എല്ലാ സത്വങ്ങള്‍ക്കും ഇതു തന്നെയാണ് പരയായ ഗതി! ക്ഷയമാകുന്ന അന്ത്യത്തോടുകൂടിയതാണ് സര്‍വ്വതും. ഏത് ഉന്നതിയും പതനത്തിലേ അവസാനിക്കൂ. സംയോഗങ്ങളെല്ലാം വിരഹത്തിലേ അവസാനിക്കൂ. ജീവിതം മരണത്തിലേ അവസാനിക്കൂ! ഹേ ഭാരതാ! ശുരനേയും ഭീരുവേയും യമന്‍ അവസാനിപ്പിക്കും. എന്നുവെച്ച് ക്ഷത്രിയന്മാര്‍ പൊരുതാതിരിക്കുന്നില്ല. യുദ്ധംചെയ്തില്ലെങ്കിലും ചാകും! യുദ്ധംചെയ്താലും ജീവിക്കും.
കാലം വന്നാല്‍ അതിനെ കടക്കുവാന്‍ ആര്‍ക്കും കഴികയില്ല രാജാവേ! ജീവികള്‍ അഭാവാദികളാണ്. ജനിക്കുന്നതിന് മുമ്പ് അവയെപ്പറ്റി അറിയുന്നില്ല. അവ ഭാവമദ്ധ്യങ്ങളാകുന്നു. ഇടയ്ക്കുവെച്ചു മാത്രം അറിയപ്പെടുന്നു. പിന്നെ, അവ ഭാവാന്തങ്ങളായിത്തന്നെ തീരുന്നു. അവ ഇല്ലാതായിത്തീരുന്നു. അതില്‍ എന്തിന്നു സന്തപിക്കുന്നു? അത് അവയുടെ സ്വഭാവമാണ്. ദുഃഖിച്ചാല്‍ മരിച്ചവന്റെ പിന്നാലെ പോകാന്‍ കഴികയില്ല. ദുഃഖിച്ചാല്‍ മരിക്കാമെന്നും വിചാരിക്കേണ്ട. അതിന്നു കാലം തന്നെ വരണം. പിന്നെ, എന്തിന്നു നീ കരയുന്നു? പലമാതിരി ഭൂതങ്ങളുണ്ടല്ലേോ. എല്ലാറ്റിനേയും കാലം നശിപ്പിക്കുന്നു. കാലത്തിന്ന് ഇഷ്ടനായിട്ട് ഒരാളും ഇല്ല. കാലത്തിന് ദ്വേഷ്യനായിട്ടും ഒരാളും ഇല്ല. കാറ്റ് പുല്ലുകളുടെ തലയൊക്കെ അടിച്ചു തിരിപ്പിക്കുന്നതുപോലെ ഭൂതങ്ങളൊക്കെ കാലത്തിന്റെ വശത്തിലായിത്തീരുന്നു. ഒന്നിച്ചു യാത്രയായിപ്പോകുന്നവരില്‍ കാലം വന്നേറ്റവന്‍ മുമ്പിലെത്തുന്നു. അതിലെന്തിന്ന് ആവലാതിപ്പെടുന്നു?
നാം മുമ്പു കാണാത്തവരായിരുന്നു. അവര്‍ പിന്നെ വന്നു ചേര്‍ന്നു. പിന്നെ, കാണാതായി. അങ്ങയ്ക്ക് അവിടമില്ല. ഇവിടം അവര്‍ക്കുമില്ല. അതിലെന്തിന്നു ദുഃഖിക്കുന്നു? പിന്നെ, എന്തിനു മാഴ്കുന്നു? ചത്താല്‍ സ്വര്‍ഗ്ഗംനേടും; കൊന്നാല്‍ കീര്‍ത്തി നേടും. രണ്ടും നമ്മള്‍ക്കു വളരെ ഗുണമുള്ളതാണ്. പോരില്‍ യാതൊരു നിഷ്ഫലത്വവുമില്ല. ഇന്ദ്രന്‍ അവര്‍ക്ക് ആഗ്രഹങ്ങള്‍ ചുരത്തിക്കൊടുക്കുന്ന ലോകങ്ങള്‍ നല്കും. അവര്‍ ഇന്ദ്രാതിഥികളായി ഭവിക്കും. യജ്ഞത്താലും വലിയ ദക്ഷിണയാലും തപസ്സാലും വിദ്യയാലും ശൂരന്മാര്‍ പോരില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ നേടുന്ന ആ മാന്യസ്ഥാനം നേടുകയില്ല. ശൂരദേഹാഗ്നിയില്‍ അവര്‍ ശരാഹുതി ഹോമിച്ചു. ഇപ്രകാരം ഉത്തമമായ സ്വര്‍ഗ്ഗ മാര്‍ഗ്ഗം ഞാന്‍ പറയാം രാജാവേ!
ക്ഷത്രിയന് രണത്തേക്കാള്‍ മേലെയായി മറ്റൊന്നുമില്ല. ആ ക്ഷത്രിയര്‍ മഹാത്മാക്കളും ശുരന്മാരും പോരില്‍ വിളങ്ങുന്നവരുമാണ്. അവര്‍ പരമമായ ആശിസ്സു നേടി. അവരാരും ശോച്യരല്ല. അവരെപ്പറ്റി ദുഃഖിക്കേണ്ട കാര്യമില്ല. ഹേ രാജാവേ, നീ നിന്നെത്തന്നെ ആശ്വസിപ്പിക്കുക. ദുഃഖിക്കാതിരിക്കുക. ഇപ്പോള്‍ നീ ശോകാര്‍ത്തനായി കൃത്യം കൈവിടാതിരിക്കുകയാണ് വേണ്ടത്. മാതാപിതൃസഹ്രസ്സങ്ങള്‍, പുത്രദാരശതങ്ങള്‍ ഇവരൊക്കെ സംസാരയാത്രയിലുണ്ടായിട്ടുണ്ട്. അവര്‍ ആര്‍ക്കു വേണ്ടി? നാം ആര്‍ക്കുവേണ്ടി? ചിന്തിക്കുക! മൂഢന് ശോകസ്ഥാനങ്ങള്‍ ആയിരക്കണക്കിന്ന് ദിനം തോറുമുണ്ടാകും. ഭയസ്ഥാനങ്ങളും ആയിരക്കണക്കിന്നുണ്ടാകും. എന്നാല്‍ പണ്ഡിതന്ന് അതു ബാധിക്കുകയില്ല.
കാലത്തിന്ന് ഇഷ്ടനായി ആരുമില്ല. കാലത്തിന്ന് ദ്വേഷ്യനായും ആരുമില്ല. കാലം ഒരിടത്തും മദ്ധ്യത്തില്‍ തങ്ങി നില്ക്കുകയില്ല. കാലം എല്ലാറ്റിനേയും തകര്‍ക്കും. കാലം ഭൂതൗഘത്തെ വേവിക്കും. കാലം പ്രജാവ്രജത്തെ ജയിക്കുന്നു. കാലം ഉറങ്ങിക്കിടക്കുന്നവരില്‍ ഉണരുന്നു. കാലം ദുരതിക്രമമാണ്. യൗവനം, രൂപം, ജീവിതം, ദവ്യസഞ്ചയം, ആരോഗ്യം, പ്രിയസംവാസം ഇവയൊക്കെ അനിത്യമാണ്. ഇവയിലൊന്നും ബുധന്മാര്‍ കൊതിക്കുകയില്ല.
നാടടച്ചു വന്നുചേര്‍ന്ന ദുഃഖത്തില്‍ നീ എന്തിനു തനിച്ചിരുന്നു മാഴ്കുന്നു? ആ ദുഃഖവും നശിക്കാം. നാശത്തിന്നു നാശം സംഭവിക്കും. കാലത്തെ ഒഴിഞ്ഞുമാറുവാന്‍ സാദ്ധ്യമല്ലല്ലോ? ദുഃഖിക്കാതെ അതിന്നുവേണ്ടി പ്രതിവിധി ചെയ്യുക. വിക്രമങ്ങള്‍ ചെയ്തു കൊണ്ട് വിക്രമം കണ്ടു കൊണ്ടിരിക്കുകയാണെങ്കില്‍ ദുഃഖത്തെപ്പറ്റി ഓര്‍ക്കാതിരിക്കും. അതു ദുഃഖത്തിനുള്ള ഒരു ചികിത്സയാണ്. ദുഃഖത്തെ ഓര്‍ത്തുകൊണ്ടിരിക്കുകയാണെങ്കില്‍ അതു ശമിക്കുകയില്ല. നേരെമറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുക. അനിഷ്ടങ്ങള്‍ വരുമ്പോഴും തന്റെ ഇഷ്ടവസ്തുക്കള്‍ നശിക്കുമ്പോഴും അല്പബുദ്ധികളായ മനുഷ്യര്‍ ഇരുന്നു ദുഃഖിക്കുന്നു. നിനക്ക് അർത്ഥമില്ല, ധര്‍മ്മമില്ല, സുഖമില്ല. പിന്നെ എന്തിനു ദുഃഖം വേണം? ഇതുകൊണ്ട് കാര്യം വിടാതെയാവുന്നില്ല. ത്രിവര്‍ഗ്ഗങ്ങളാല്‍ ക്ഷയവും സംഭവിക്കും. വേറെ വേറെ ധനാവസ്ഥ വിശേഷിച്ചും നേടി മനുഷ്യര്‍ സന്തോഷിക്കാതെ സംതൃപ്തനാകാതെ മോഹിക്കുന്നു. എന്നാല്‍ പണ്ഡിതനായവന്‍ സംതൃപ്തനാകുന്നു. ദുഃഖത്തെ നാം ജയിക്കണം. എങ്ങനെ ജയിക്കും? പ്രജ്ഞകൊണ്ട് മനസ്സു ദുഃഖത്തെ ജയിക്കണം! ഔഷധം കൊണ്ടു ശരീരത്തെ ജയിക്കണം. അതാണല്ലോ ജ്ഞാനത്തിന്റെ സാമര്‍ത്ഥ്യം! നാം ബാലരെപ്പോലെയാകരുത്. മനുഷ്യന്റെ പൂര്‍വ്വകര്‍മ്മം മനുഷ്യനെ വിട്ടുപിരിയുകയില്ല. കിടക്കുമ്പോള്‍ അതു കിടക്കും. നില്ക്കുമ്പോള്‍ കുടെനില്ക്കും. ഓടുമ്പോള്‍ അതു പിന്തുടര്‍ന്നോടും. പൂര്‍വ്വകര്‍മ്മം മനുഷ്യനെ ഒരിക്കലും വിട്ടുപിരിയുകയില്ല. ഏതേതവസ്ഥയില്‍ ഏതേതു ശുഭാശുഭങ്ങള്‍ മനുഷ്യന്‍ ചെയ്യുന്നുവോ അതാതവസ്ഥയില്‍ അതാതിന്റെ ഫലം മനുഷ്യന്‍ ഏല്ക്കുന്നു. ഏതേതു ചെയ്യാന്‍ ഏതേതു കാര്യം ഏതേതാള്‍ നടത്തുന്നു, അതാതു ശരീരത്താല്‍ ആ കര്‍മ്മത്തിന്റെ ഫലം ആയവന്‍ നേടുന്നു. ആത്മാവിന്നു മിത്രം ആത്മാവാണ്. ആത്മാവിന്നു വൈരിയും ആത്മാവാണ്. ആത്മാവിന്റെ കൃതങ്ങള്‍ക്കും അപകൃതങ്ങള്‍ക്കും സാക്ഷി ആത്മാവാണ്. ശുഭ കര്‍മ്മംകൊണ്ടു സൗഖ്യവും അശുഭകര്‍മ്മം കൊണ്ടു ദുഃഖവും നേടുന്നു. സര്‍വ്വത്ര ചെയ്തതേ നേടു. ചെയ്യാത്തതൊന്നും നേടുകയുമില്ല. ജഞാനത്തിന്നു വിരുദ്ധമായി, പാപം പെരുക്കുന്ന പ്രവൃത്തിയില്‍ മനസ്സുവെച്ച് മൂലത്തെ മുടിച്ചുകളയുന്നതില്‍ ഭവാദൃശന്മാരായ ബുദ്ധിമാന്മാരാരും പ്രവേശിക്കുകയില്ല!
അദ്ധ്യായം 3. ധൃതരാഷ്ട്രവിശോകകരണം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേപ്രാജ്ഞാ! സുഭാഷിതങ്ങള്‍കൊണ്ട് എന്റെ ദുഃഖം ഒഴിഞ്ഞു പോയി. വീണ്ടും തത്ത്വ വാക്യങ്ങള്‍ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനിഷ്ടപ്രാപ്തിയാലും, ഇഷ്ടനാശത്താലും അതുപോലെ വന്നുചേരുന്ന മനോദുഃഖത്തെ എങ്ങനെ പണ്ഡിതന്മാര്‍ ഒഴിക്കുന്നു?”
വിദുരന്‍ പറഞ്ഞു: ഏതേതു കാര്യം കൊണ്ട് സുഖവും ദുഃഖവും മനസ്സുവിട്ടൊഴിയുന്നുവോ അതാതു കാര്യത്തില്‍ മനസ്സടക്കി പണ്ഡിതന്മാര്‍ ശാന്തി കൈക്കൊള്ളുന്നു. ഹേ രാജാവേ! ഓര്‍ത്തു നോക്കുകയാണെങ്കില്‍ ഒന്നും ശാശ്വതമല്ല. ഈ ലോകം വെറും വാഴത്തടി പോലെയാണ്. കാതലില്ലാത്തതാണ്. ജ്ഞാനികളും മുഡന്മാരും ദരിദ്രരും ധനവാന്മാരുമെല്ലാം യാതൊരു വ്യത്യാസവുംകൂടാതെ എല്ലാവരും ചുടലയില്‍ച്ചെന്നാല്‍ അല്ലല്‍ വിട്ട് സുഖമായി ഉറങ്ങും, യാതൊരു ദുഃഖവും അവര്‍ക്കില്ല.
മാംസം പോയി ഞരമ്പും കെട്ട് എല്ലു മാത്രമായി ശേഷിച്ച അവര്‍ക്ക് എന്തു വിശേഷമാണ് മറ്റുള്ളവര്‍ കാണുന്നത്? ജീവിച്ചിരിക്കുന്നവരുടെ കുലത്തിന്റെ യോഗ്യത, സൗന്ദര്യം, മറ്റു ബിരുദങ്ങള്‍ ഇവയൊക്കെ വേര്‍തിരിച്ചറിയുന്നതിന്ന് എന്തിനാണ് ബുദ്ധിമോഹിച്ച ജനങ്ങള്‍ തുനിയുന്നത്? അതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? ഒരു കാതലും അതിലില്ല.
മര്‍ത്ത്യരുടെ ദേഹങ്ങള്‍ ഗൃഹങ്ങള്‍പോലെയാണെന്നാണ് വിദ്വാന്മാര്‍ പറയുന്നത്. കാലം വരുമ്പോള്‍ വീടു വിട്ടു പോകുന്നതു പോലെ ദേഹം വിട്ട് ആത്മാവും പോകുന്നു. എന്നാല്‍ അതില്‍ സത്യം മാത്രമാണ് ശാശ്വതമായിട്ടുളളത്. വസ്ത്രം പഴയതാകുമ്പോള്‍ അതുപേക്ഷിക്കുന്നു. ചിലര്‍ പുതിയതും ഉപേക്ഷിക്കുന്നു. പകരം മറ്റൊന്നെടുത്ത് ഉടുക്കുന്നു. അതുപോലെ തന്നെയാണ് ദേഹി ദേഹത്തെ ഉപേക്ഷിക്കുകയും മറ്റൊരു ദേഹത്തെ സ്വീകരിക്കുകയും ചെയ്യുന്നത്.
ഹേ വൈചിത്ര്യവീര്യരാജാവേ, ജീവികള്‍ തങ്ങള്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലമായി സുഖമോ ദുഃഖമോ അനുഭവിക്കുന്നു. കര്‍മ്മാല്‍ ജീവികള്‍ക്ക് ഹേ ഭാരതാ, സ്വര്‍ഗ്ഗമോ, സുഖമോ, ദുഃഖമോ വന്നുചേരും, ആ ഭാരം, സുഖത്തിന്റെയോ, ദുഃഖത്തിന്റെയോ ഭാരം, ഏറ്റവും സ്വതന്ത്രനായാലും അതന്ത്രനായാലും ചുമക്കാതെ കഴികയില്ല.
കുശവന്‍ ചക്രത്തില്‍ കയറ്റി വെക്കുമ്പോള്‍ മണ്‍പാത്രം ഉടയുന്ന മട്ടിലാണ് ജീവികളുടെ ശരീരത്തിന്റെ കഥയും. കുറച്ചു പണി കഴിയുന്നതിന്നു മുമ്പു തന്നെ ഉടഞ്ഞെന്നുവരാം. പണിതീര്‍ന്ന ഉടനെ ഉടഞ്ഞെന്നും വരാം. മണ്ണു മുറിക്കുമ്പോള്‍ ഉടയാം; കേറ്റിവെക്കുമ്പോള്‍ ഉടയാം. ഇറക്കിവെക്കുമ്പോള്‍ ഉടയാം. നനയ്ക്കുമ്പോള്‍ ഉടയാം. ഉണക്കാന്‍ വെക്കുമ്പോള്‍ ഉടയാം. ചുളയില്‍ വെക്കുമ്പോള്‍ ഉടയാം. ചുട്ടെടുക്കുമ്പോള്‍ ഉടയാം. പൊക്കുമ്പോൾ ഉടയാം. ഉപയോഗിക്കുന്ന സമയത്തും ഉടയാം. ഇങ്ങനെയാണ് ദേഹികളുടെ ദേഹത്തിന്റെ സ്ഥിതിയും.
ഗര്‍ഭത്തില്‍ വെച്ചോ, പ്രസവിച്ചിട്ടോ, ഒരുദിവസം കഴിയുമ്പോഴോ, പകുതി മാസം ചെന്നിട്ടോ, ഒരു മാസം കഴിഞ്ഞിട്ടോ, ഒരു വയസ്സു തികഞ്ഞിട്ടോ, രണ്ടു വയസ്സാകുമ്പോഴോ പ്രജ മരിക്കാം. യുവാവാകുമ്പോഴോ, മദ്ധ്യപ്രായത്തിലോ, വൃദ്ധനായോ മര്‍ത്ത്യന്‍ മരിക്കാം. മുന്‍ജന്മഫലമായി ജീവികള്‍ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയുന്നു. എല്ലാം കര്‍മ്മഫലംകൊണ്ടു സിദ്ധമായതാണ് ലോകം. അതില്‍ നീ അനുതപിച്ചിട്ടെന്തു കാര്യം?
വെള്ളത്തില്‍ കളിയായി നീന്തിക്കടക്കുന്നവന്‍ രാജാവേ, പൊങ്ങുകയും മുങ്ങുകയും ചെയ്യുന്നു. അതുപോലെയാണ് രാജാവേ, സത്വത്തിന്റെയെല്ലാം നില. ഇങ്ങനെ സംസാരമാകുന്ന സാഗരത്തില്‍ മുങ്ങിയും പൊങ്ങിയുമിരിക്കെ, കര്‍മ്മപാശത്തിന്റെ കെട്ട് അറ്റു പോകുന്നു. അല്പബുദ്ധികള്‍ ക്ലേശിക്കുന്നു. സത്വസ്ഥന്മാരായ പ്രാജ്ഞന്മാര്‍ സംസാരഗതിയെപ്പറ്റി ചിന്തിക്കുന്നു. ഭൂതസംഗമതത്ത്വങ്ങളെ അറിയുന്നു. അങ്ങനെയുള്ള മഹാശയന്മാര്‍ പരമമായ സല്‍ഗതിയെ പ്രാപിക്കുന്നു.
അദ്ധ്യായം 4. ധൃതരാഷ്ട്രവിശോകകരണം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ വാഗ്മിപ്രവരാ, സംസാരസാഗരത്തിന്റെ അഗാധതയെപ്പറ്റി എന്താണു പറയുവാനുള്ളത്! അതു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഞാന്‍ ചോദിക്കുന്നു. യഥാര്‍ത്ഥമായി തത്ത്വമായി അത് എനിക്കു പറഞ്ഞുതരു.
വിദുരന്‍ പറഞ്ഞു: ജന്മംമുതല്‍ ജീവികളുടെ ക്രിയയൊക്കെ എനിക്ക് അറിയാം. ആദ്യമായി ഗര്‍ഭത്തില്‍ ഒട്ടുനാള്‍ പാര്‍ക്കുന്നു. പിന്നെ അഞ്ചാംമാസമായാല്‍ അവന്റെ പാര്‍പ്പ് ഉറച്ചു. പിന്നെ അവന്‍ സര്‍വ്വാംഗ പൂര്‍ണ്ണമായ ഗര്‍ഭമാകുന്നു. മാംസവും ചോരയും ചേര്‍ന്ന അമേദ്ധ്യപ്രദേശത്തു വാഴുന്നു. പിന്നെ വായു വേഗത്താല്‍ മേലായിരുന്ന തല കീഴായി യോനീ ദ്വാരത്തിലെത്തി പല ക്ലേശങ്ങള്‍ ഏല്ക്കുന്നു. യോനി സംപീഡനത്താല്‍ തന്റെ പൂര്‍വ്വജന്മങ്ങള്‍ കാത്ത് അവന്‍ അവിടം വിട്ട് സംസാരത്തിലിറങ്ങുന്നു. അപ്പോള്‍ വേറെ ഉപദ്രവങ്ങള്‍ കാണും. ഗ്രഹങ്ങള്‍ അവനെ നായ്ക്കള്‍ മാംസത്തിനെന്ന വിധം ചൂഴും. പിന്നെ ഓരോരോ വ്യാധികള്‍ അവനെ ബാധിക്കും. സ്വകര്‍മ്മ ബദ്ധനായി ജീവിക്കുന്ന അവനെ പീഡിപ്പിക്കും..ഇന്ദ്രിയമാകുന്ന കയറിന്റെ കെട്ടേറ്റ് സംഗത്തിന്റെ സ്വാദ് അനുഭവിച്ചിരിക്കുമ്പോള്‍ പലമാതിരി വ്യസനങ്ങളും സംഭവിക്കും. അവയുടെ ബാധകൊണ്ടു വീണ്ടും അവന്‍ തൃപ്തിനേടാതെയാകും. അപ്പോള്‍ നന്മ തിന്മകള്‍ ചെയ്യുന്നതായാലും കാര്യം അറിയുകയില്ല. അപ്രകാരം കാക്കുന്ന ധ്യാനനിഷ്ഠിതര്‍ അറിയാതെ യമലോകവും പൂകും. യമദുതര്‍ വലിച്ചിഴച്ചു മൃത്യുവില്‍ എത്തിക്കും. ഏവയില്‍ ഇഷ്ടാനിഷ്ടങ്ങള്‍ നില്ക്കുന്നുവോ, അവയില്‍ ആത്മാവിനെ ബന്ധിക്കുന്നത് സഹിക്കും. ഇപ്രകാരം ലോകം ഏറ്റവും വഞ്ചിതമാണ്. ലോഭത്താല്‍ വിവശീകൃതമാണ്. ലോഭക്രോധഭയോന്മത്തന്‍ ആത്മാവിനെ അറിയുന്നില്ല. കുലീനത്വത്തില്‍ രമിച്ചും ദുഷ്കുലീനരെ നിന്ദിച്ചും ധനദര്‍പ്പത്തള്ളലോടെ ദരിദ്രരെ ഭര്‍ത്സിക്കും. മറ്റുള്ളവരെ മൂര്‍ഖരെന്നു പറയും, തന്നെപ്പറ്റി ചിന്തിക്കയുമില്ല. തന്റെ കുറ്റം കാണുകയില്ല. മറ്റുള്ളവരുടെ കുറ്റം പ്രസംഗിക്കും. ഇങ്ങനെ പ്രാജ്ഞരും മൂര്‍ഖന്മാരും ധനവാനും ദരിദ്രനും കുലീനരും മാനികളും മാനം കെട്ടവരുമൊക്കെ ചുടലയില്‍ ചെന്നുകഴിഞ്ഞാല്‍ അല്ലല്‍ വിട്ട് ഉറക്കമാകും. മാംസം പോയി ഞരമ്പും കെട്ട് എല്ലു പൊന്തിനില്ക്കുന്ന ശരീരത്താല്‍ അവര്‍ക്ക് എന്തു വിശേഷത്തെയാണ് മറ്റുളളവര്‍ കാണുക. കുല രൂപവിശേഷങ്ങള്‍ വേര്‍തിരിച്ചറിയാത്തവിധം ഒക്കെ സമമായി നിരത്തി ധരിത്രിയില്‍ കിടക്കും. എന്തിന്നു വിവരംകെട്ടവര്‍ തമ്മില്‍ പ്രലോഭിക്കപ്പെടുന്നു.
പ്രത്യക്ഷമായോ പരോക്ഷമായോ ഇപ്രകാരം ഈ ശ്രുതി കേള്‍ക്കുന്നവന്‍, അനിത്യമായ ജീവലോകത്തില്‍ ധര്‍മ്മത്തെ കാത്ത് ജന്മം മുതല്ക്കു നില്ക്കുന്നവന്‍, പരസല്‍ഗതി നേടുന്നു. ഇപ്രകാരം എല്ലാമറിഞ്ഞ് തത്ത്വങ്ങളെ അനുവര്‍ത്തിക്കുന്നവന്‍ എല്ലാ മാര്‍ഗ്ഗങ്ങളില്‍നിന്നും മോചനം സിദ്ധിക്കുന്നവനാകും.
അദ്ധ്യായം 5. ധൃതരാഷ്ട്രവിശോകകരണം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇത് ധര്‍മ്മഗഹനമായി എന്റെ ബുദ്ധിക്കു തോന്നുന്നു ഈ ധര്‍മ്മമാര്‍ഗ്ഗം വിസ്തരിച്ചു പറയുക.
വിദുരന്‍ പറഞ്ഞു: ഞാന്‍ സ്വയംഭുവിനെ കുപ്പി അങ്ങയോട് മഹര്‍ഷികള്‍ സംസാരഗഹനം പറയുന്ന വിധത്തില്‍ വിശദമായി പറയാം. മഹാസംസാര മദ്ധ്യത്തില്‍ വര്‍ത്തിക്കുന്ന ഒരു ഭൂസുരന്‍ ക്രവ്യാദങ്ങള്‍ നിറഞ്ഞ മഹാദുര്‍ഗ്ഗമമായ ഒരു കാട്ടിലെത്തി. ഘോരമായ ശബ്ദത്തോടെ സിംഹവ്യാഘ്രഗജാദികള്‍ ചുറ്റും വന്നു നിന്നാല്‍ പേടിക്കാതിരിക്കയില്ലല്ലേോ. അതു കണ്ട് അവന്റെ ഹൃദയം ഏറ്റവും ഉദ്വേഗം കൊണ്ട് രോമാഞ്ചംകൊണ്ട്; വികാരാധീനനായി അങ്ങുമിങ്ങും പാഞ്ഞ് ഉഴന്ന് ആ വനത്തില്‍ അവന്‍ സഞ്ചരിക്കുമ്പോള്‍, എവിടെയാണ് അവന്നു ശരണം? എവിടെയാണു രക്ഷ? ചുറ്റും നോക്കി. അവന്‍ ഭയപ്പെട്ട് പഴുതുനോക്കി പാഞ്ഞു. അവന്‍ അവയുമായി അകന്നു പോകുന്നില്ല; ദൂരെ എത്തുന്നുമില്ല. പിന്നെ കുറെ ഓടിയപ്പോള്‍ വലകള്‍ കെട്ടിയ ഒരു കാട്ടില്‍ ചെന്നു. മഹാഘോരയായ ഒരു സ്ത്രീ കൈകള്‍ കൊണ്ടു വളച്ചതായ ഒരു കാട്. അതില്‍ അഞ്ചു തലയുള്ള നാഗങ്ങള്‍ മല പോലെ ഉയര്‍ന്നു നിൽക്കുന്നു. മാനം മുട്ടി നില്ക്കുന്ന, ഭീഷണമായ ആ കാട്ടില്‍ ചെന്നുചേര്‍ന്നു. ആ ഭയങ്കരമായ കാട്ടില്‍ പുല്ലു കൊണ്ട് മൂടിയ ഒരു കിണര്‍ ഉണ്ടായിരുന്നു. വളളികള്‍ മീതെ പടര്‍ന്നിരുന്നു. ആ ബ്രാഹ്മണന്‍ ഓടിപ്പോകുമ്പോള്‍ അറിയാതെ ആ കിണറ്റില്‍ ചെന്നു വീണു. അടിയില്‍ വെളളമുണ്ടായിരുന്നു. അവന്‍ വീഴുമ്പോള്‍ തുങ്ങിനിന്ന വള്ളിയില്‍ കുടുങ്ങി ഞാന്നു; ഞെട്ടില്‍ ചക്ക തുങ്ങിക്കിടക്കും പോലെ തുങ്ങിനിന്നു. തല കീഴും, കാട് മേലേയുമായി തുങ്ങിക്കിടന്നു. ആ കിണറ്റില്‍ അയാള്‍ക്ക് വേറേയും ഉപദ്രവമുണ്ടായി. ഒരു വലിയ സര്‍പ്പം ആ കിണറ്റില്‍ കിടക്കുന്നതായി കണ്ടു. കിണറിന്റെ ചുറ്റുമായി ഭയങ്കരനായ ഒരു കൊമ്പനെ കണ്ടു. ആറു മുഖവും പ്രന്തണ്ടു കാലും ഉണ്ട് അതിന്ന്. നല്ല നീലനിറം! ആ കിണറിന്റെ അരികെ ഭയങ്കരമായ ഒരു വൃക്ഷം നില്‍പ്പുണ്ട്. അതിന്റെ കൊമ്പില്‍ തേന്‍ ഉണ്ടാക്കുന്ന കടന്നല്‍ക്കൂടുകള്‍ ഉണ്ട്. ആ കൂടുകളില്‍നിന്ന് എപ്പോഴും തേന്‍ ഒലിച്ചുവീഴുന്നു. ആ തേന്‍ധാര വളളിയില്‍ തലകീഴായി കിടക്കുന്ന മനുഷ്യന്‍ നാവു നീട്ടി നക്കിക്കുടിക്കുന്നു. സങ്കടത്തിലാണ് അവന്റെ കിടപ്പെങ്കിലും, തേന്‍ എത്ര കുടിച്ചിട്ടും അവന്റെ ദാഹം ശമിക്കുന്നില്ല. അവന്‍ തൃപ്തിവരാതെ വീണ്ടും വീണ്ടും അശിക്കുന്നു. ഈ ദുര്‍ഘടാവസ്ഥയിലും അവന്നു ജീവിതത്തില്‍ വെറുപ്പുണ്ടായില്ല രാജാവേ! അതിനാലാണല്ലോ മനുഷ്യന്ന് ജീവിതാശകള്‍ നില്ക്കുന്നത്.
ആ വൃക്ഷത്തെ ഒരു മൂഷികന്‍ തുരക്കുന്നു. വ്യാളങ്ങള്‍, വന ദുര്‍ഗ്ഗത്തില്‍ ഉഗ്രയായ നാരി, കിണറ്റിന്നടിയില്‍ സര്‍പ്പം, വക്കത്ത് ആന, ഇങ്ങനെ. അഞ്ചാമത് മൂഷികന്‍ കരണ്ടു വീഴ്ത്തുമെന്നുള്ള ഭയം, മധുലോഭത്താല്‍ കടന്നലില്‍ നിന്നുള്ള ഭയം - ഇങ്ങനെ അവയൊക്കെ ഭയപ്പെടുന്ന അവന്‍ ജീവിതത്തിലുള്ള ആശ വെടിയുന്നില്ല.
ഇപ്രകാരമാണ് സംസാരാബ്ധിയില്‍ വലിച്ചെറിയപ്പെട്ടവനായ ആ മനുഷ്യന്റെ അവസ്ഥ. ജീവിതാശയില്‍ അല്പവും നിര്‍വ്വേദം അവന്ന് അണയുന്നില്ല.
അദ്ധ്യായം 6. ധൃതരാഷ്ട്രവിശോകകരണം - ധൃതരാഷ്ര്ടന്‍ പറഞ്ഞു: ഹാ! കഷ്ടം! മഹാദുഃഖം തന്നെ അവന്റെ ജീവിതം! രതി അയാള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു? തുഷ്ടി എങ്ങനെയുണ്ടാകുന്നു? ധര്‍മ്മസങ്കടത്തോടെ അയാള്‍ വാഴുന്ന ദേശം എവിടെയാണ്? ആ മനുഷ്യന്‍ ഈ നിലയിലുളള മഹാഭയത്തില്‍നിന്നും എങ്ങനെ രക്ഷപ്പെടും എന്ന് എന്നോടു പറഞ്ഞാലും. അപ്പോള്‍ ഞാന്‍ എന്തു വേണമെങ്കിലും ചെയ്യാം. അവനോട് എനിക്കു കൃപ തോന്നുന്നു. അവനെ കയറ്റി വിടുവാന്‍ തോന്നുന്നു.
വിദുരന്‍ പറഞ്ഞു: മോക്ഷജഞന്മാര്‍ പറയുന്ന ഉപദാനമാണിത്. പരലോകത്തില്‍ ഇതുകൊണ്ട് സുകൃതം പ്രാപിക്കുന്നു. ആ പെരുംകാട് എന്നു പറയുന്നത് മഹാസംസാരമാണ്. ദുര്‍ഗ്ഗമമായ ആ വനം സംസാരത്തിന്റെ ഏറ്റവും ഗഹനമാണ്. നിന്നോടു പറഞ്ഞ വ്യാളങ്ങള്‍ വ്യാധികളാണ്. വലിയ ദേഹമുള്ളതായി നില്ക്കുന്ന പെണ്ണിനെ വര്‍ണ്ണവും രൂപവും നശിപ്പിക്കുന്ന ജരയെന്നു വിദ്വാന്മാര്‍ പറയുന്നു. ആ കൂപം എന്നു പറയുന്നത് ദേഹികള്‍ക്കുള്ള ദേഹമാണ്. അതിന്റെ ചുവടെ പാര്‍ക്കുന്ന സര്‍പ്പം സർവഭൂതാന്തകനായ കാലനാണ്. ആ കിണറ്റില്‍ തൂങ്ങിനില്ക്കുന്ന വളളിയിലാണല്ലോ അവന്‍ പിടിച്ചിട്ടുളളത്. ആ വള്ളി എന്നത് ജീവികള്‍ക്കുള്ള ജീവിതാശയാണ്. കിണറിന്റെ വക്കത്തുള്ള വൃക്ഷത്തെ ചുറ്റുന്ന ആറു മുഖമുളള ആന എന്നത് സംവത്സരമാണ്. മുഖം ആറ് എന്നത് ആറു ഋതുക്കളും, കാല് പന്ത്രണ്ട് എന്നത് മാസങ്ങളുമാണ്. വൃക്ഷത്തെ അറുക്കുന്ന എലിയും പാമ്പും രാപ്പകലുകളാണ്. അതിലുളള വണ്ടുകളെ കാമങ്ങള്‍ എന്നു പറയുന്നു. അവിടെ ഒലിക്കുന്ന മധുധാരയില്ലേ അത് മനുഷ്യര്‍ ആഴുന്ന കാമരസമാണെന്ന് നീ വിചാരിക്കൂ! ഇപ്രകാരം സംസാരചക്രം തിരിയുന്നു. അത് ബുധന്മാര്‍ അറിയുന്നു. അതുകൊണ്ട് അത് അറിയുന്ന ബുധന്മാര്‍ സംസാരചക്രത്തിന്റെ കയര്‍ ഖണ്ഡിക്കുന്നു.
അദ്ധ്യായം 7. ധൃതരാഷ്ട്രവിശോകകരണം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ വിദുരാ! തത്ത്വം കാണുന്ന നിന്റെ ആഖ്യാനം ഉത്തമംതന്നെ! നിന്റെ വാക്യാമൃതം കേള്‍ക്കുവാന്‍ എനിക്കു രസം തോന്നുന്നു.
വിദുരന്‍ പറഞ്ഞും: വീണ്ടും ഈ വഴിക്ക് ഇതിനെക്കുറിച്ച് കുറേക്കൂടി വിസ്തരിച്ചു പറയാം. ഇതു കേട്ട് വിചക്ഷണന്മാരായവര്‍ സംസാരമുക്തരാകും.
ഹേ രാജാവേ, തീര്‍ത്ഥയാത്ര കഴിക്കുന്ന പുരുഷന്‍ ഇടയ്ക്കിടയ്ക്കു തളര്‍ന്ന് ഇടയ്ക്കിടയ്ക്കു പാര്‍ക്കുന്നതു പോലെ സംസാരമാറ്റത്തില്‍ ഗര്‍ഭസ്ഥാനത്ത് ദുര്‍ബുധന്മാര്‍ പാര്‍ക്കുന്നു. പണ്ഡിതന്മാര്‍ മുക്തരാകുന്നു. അതുകൊണ്ട് ഇതിനെ ശാസ്ത്ര പണ്ഡിതന്മാര്‍ അധ്വാവ് എന്നു പറയുന്നു. സംസാരഗഹനത്തെ മനീഷികള്‍ വനം എന്നു പറയുന്നു. ഇതാണ് ഉലകില്‍ മര്‍ത്ത്യര്‍ക്കുള്ള ചുറ്റല്‍. മനുഷ്യര്‍ക്കുണ്ടാകുന്ന ശാരീരികമായും മാനസികമായുമുള്ള ദൃശ്യാദൃശ്യവ്യാധികളെ വ്യാളങ്ങളായി ബുധന്മാര്‍ പറയുന്നു. അവയാല്‍ ക്ലിഷ്ടരായി നിത്യവും തടുക്കപ്പെട്ടു കഴിയുന്നു. അബുദ്ധികള്‍ സ്വകര്‍മ്മത്തെ വ്യാളങ്ങള്‍മൂലം വെറുക്കുന്നില്ല. എന്നാലും പുരുഷന്‍ വ്യാധികളുമായി വേറിടും. പിന്നെ അവനെ രൂപംപോക്കുന്ന ജര വ്യാപിക്കും. ശബ്ദം, രൂപം, രസം, സ്പര്‍ശം, ഗന്ധം ഇവകൊണ്ട് ചുറ്റും പിടികിട്ടാതെ വലിയ ചളിയില്‍ ആഴുമ്പോള്‍ സംവത്സരം, ജൂതു,മാസം, പക്ഷം, രാവ്, പകല്‍ ഇവകള്‍ ഇവന്റെ രൂപവും, ആയുസ്സും ഉപയോഗപ്പെടുത്തുന്നു. ഇവ കാലന്റെ നിധികളാണ്. ഇവയെപ്പറ്റി ദുര്‍ബുദ്ധികള്‍ ചിന്തിക്കയില്ല. വിധികര്‍മ്മം കൊണ്ട് കുറിച്ചവ ഭൂതങ്ങളെന്നു പറയുന്നു. ജീവികള്‍ക്കു രഥം ദേഹമാണ്. സൂതന്‍ സത്വമാണ്. ഹയങ്ങളാണ് ഇന്ദ്രിയങ്ങള്‍, ബുദ്ധിയും കര്‍മ്മവും കടിഞ്ഞാണുകളാണ്. പായുന്ന വാജികള്‍ക്കുള്ള വേഗത്തോടൊപ്പം പായുന്നവന്‍, സംസാരചക്രത്തിന്റെ ചക്രം പോലെ ചുറ്റും അവയെ ബുദ്ധിയില്‍ അടക്കുന്നവന്‍, തിരിയുകയില്ല. സംസാരത്തില്‍ ഭ്രമിക്കുന്നവര്‍ക്ക് ദുഃഖം ഉണ്ടാകുന്നു. അതുകൊണ്ട് ഈ തിരിച്ചലില്‍നിന്ന് മുക്തനാകുവാന്‍ ബുധന്‍ യത്നം ചെയ്യണം. ഉപേക്ഷ വിചാരിക്കരുത്. ഉപേക്ഷ വിചാരിച്ചാല്‍ അതു നുറുകമ്പായി വര്‍ദ്ധിക്കും. യതേന്ദ്രിയനായ നരന്‍ ക്രോധലോപങ്ങള്‍ അറ്റവനായി, സത്യവാദിയായി, സന്തോഷിച്ച് ശാന്തി പ്രാപിക്കും. ഇതാണത്രേ യാമ്യ രഥം. മോഹിക്കുന്നവര്‍ ദുര്‍ബുദ്ധികളാണ്. നീ നേടിയപോലെ അത് അവന്‍ നേടും. രാജാവേ! രാജ്യനാശം, സുഹൃത്നാശം, ആത്മജനാശം എന്നിവ. തൃഷ്ണയുളളവര്‍ക്കുള്ളതാണ് ഈ ദുഃഖവും.
ദുഃഖങ്ങള്‍ക്കു തക്കതായ മരുന്നു പ്രയോഗിക്കണം. സംയതാശയനായി നരന്‍ ജ്ഞാന മഹൗഷധം സേവിച്ച് ദുഃഖവ്യാധി അറുക്കണം. വിക്രമം, അര്‍ത്ഥം, മിത്രം, സുഹൃജ്ജനം ഇവയൊന്നും സ്ഥിരസംയമമാര്‍ന്ന ആത്മാവിനെപ്പോലെ അല്ലല്‍ തീര്‍ക്കുവാന്‍ സമര്‍ത്ഥങ്ങളാകുന്നില്ല. അതുകൊണ്ട് മൈത്രി പൂണ്ട് ശീലത്തെ ഉള്‍ക്കൊണ്ടാലും. ദമം, ത്യാഗം, അപ്രമാദം ഈ മൂന്നും ബ്രഹ്മവാജികളാണ്. ശീലമാകുന്ന രശ്മികള്‍ കൈ ക്കൊണ്ട് ചിത്തമാകുന്ന തേരില്‍ ഇരിക്കുന്നവന്‍ മൃത്യുഭയം വിട്ട് ബ്രഹ്മലോകത്തെത്തും. സര്‍വ ഭൂതങ്ങള്‍ക്കും ആരാണ്
അഭയം നല്കുന്നത്. ആ പരമമായ സ്ഥാനത്തെ, വിഷ്ണുപദത്തെ, ആത്മാവ് പ്രാപിക്കും. ആയിരം യാഗംചെയ്താലും, ആയിരം ഉപവാസം എടുത്താലും കിട്ടുന്ന ഫലത്തേക്കാള്‍ മെച്ചപ്പെട്ട ഫലമാണ് അത്.
ജീവികള്‍ക്കു തന്നേക്കാള്‍ ഇഷ്ടപ്പെട്ടതെന്താണ്? ഒന്നും തന്നെയില്ല. എല്ലാ ജീവിക്കും അനിഷ്ടമായത് മരണംതന്നെയാണ്. അതുകൊണ്ട് മനുഷ്യന്‍ ഒരു ജീവിയേയും കൊല്ലരുത്. അവരില്‍ കരുണയുളളവനാകണം. അവനാണ് ബുദ്ധിമാന്‍. നാനാ മോഹം കലര്‍ന്നവരും, ബുദ്ധിയാകുന്ന ജാലത്താല്‍ സമാവൃതന്മാരുമായ സൂക്ഷ്മം കാണാത്ത നരര്‍ ഈ ലോകത്തില്‍ കിടന്നുഴലുന്നു. സൂക്ഷ്മ ദൃഷ്ടികള്‍ ധീരന്മാരായി ബ്രഹ്മസാത്മൃത്തെ പ്രാപിക്കുകയും ചെയ്യുന്നു.
അദ്ധ്യായം 8. ധൃതരാഷ്ട്രവിശോകകരണം - വൈശമ്പായനൻ പറഞ്ഞു: വിദുരന്റെ വാക്കു കേട്ട് കുരുസത്തമന്‍ പുത്രശോക തപ്തനായി മൂര്‍ച്ഛിച്ച് ഈഴിയില്‍ വീണു. ബോധം കെട്ടു വീണ ധൃതരാഷ്ട്രനെക്കണ്ട് ബാന്ധവന്മാര്‍, കൃഷ്ണദ്വൈപായനന്‍, വിദുരന്‍, സഞ്ജയന്‍, മറ്റു മിത്രങ്ങള്‍ എന്നിവരും മറ്റു സമ്മതന്മാരും കുളുര്‍ വെള്ളം തളിച്ച് താലവൃന്തം കൊണ്ടു വീശി ദേഹം തലോടി. വളരെനേരം ആശ്വസിപ്പിച്ച് വളരെനേരം കഴിഞ്ഞപ്പോള്‍
ബോധം വീണു. ബോധം വീണപ്പോള്‍ വീണ്ടും വിലപിക്കുവാന്‍ തുടങ്ങി. മോശം! മനുഷ്യജന്മം മോശംതന്നെ! മാനുഷജന്മത്തില്‍ പരിഗ്രഹം മോശംതന്നെ! അതുകൊണ്ടാണല്ലോ വീണ്ടും ദുഃഖങ്ങള്‍ സംഭവിക്കുന്നത്, പുത്രനാശം, ദ്രവ്യനാശം, ജഞാതിസംബന്ധിനാശം ഇവയില്‍ വിഷാഗ്നിസദൃശമായ വലിയ ദുഃഖം ഏല്ക്കുന്നു. അതിനാല്‍ ഉടല്‍ വേവുകയും പ്രജ്ഞ നശിക്കുകയും ചെയ്യുന്നു. അതേറ്റ പുരുഷന്‍ മരണത്തേയും സ്വീകരിക്കുന്നു. എനിക്കു ഭാഗ്യക്ഷയത്താല്‍ ആ തീവ്രവ്യസനം വന്നു. പ്രാണന്‍ കളഞ്ഞാലല്ലാതെ ഇതിന്ന് ഒരു അന്തവും കാണുന്നില്ല. ഹേ ദ്വിജസത്തമാ, ഞാന്‍ അതിന്നു തയ്യാറാണ്. എന്ന് ബ്രഹ്മജ്ഞനായ അച്ഛനോടു പറഞ്ഞ് ധൃതരാഷ്ട്രന്‍ മുഡനായി ഏറ്റവും സങ്കടപ്പെട്ട് മനംപുണ്ടിരുന്നു. അവന്റെ വാക്കു കേട്ട് കൃഷ്ണദ്വൈപായനന്‍ പുത്രശോകത്താല്‍ താപംപുണ്ട പുത്രനോട് ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ഹേ മഹാബാഹുവായ ധൃതരാഷ്ട്രാ! നിന്നോടു ഞാന്‍ പറയുന്നത് നീ കേള്‍ക്കുക! അങ്ങ് മേധാവിയും ശ്രുതവാനും ധര്‍മ്മാര്‍ത്ഥകുശലനുമാണ്. അറിയേണ്ടതൊക്കെ നിനക്കറിയാം. തത്വങ്ങളുടെ നിതൃത്വം അറിഞ്ഞവനാണല്ലോ നീ. ഈ ലോകം അധ്രുവമാണ്. നശിക്കുന്നതാണ്. എന്നിരിക്കെ, ജീവിച്ചാലും മരിച്ചാലും എന്തിനു മാഴ്കുന്നു? രാജാവേ! നിന്റെ വൈരത്തിന്റെ സമുത്ഭവം പ്രത്യക്ഷമാണ്! നിന്റെ പുത്രനെ ഹേതുവാക്കി കാലയോഗം ചമച്ചതാണ് കുരുക്കള്‍ക്കുണ്ടായ ഈ നാശം. അതു നിശ്ചയമാണെന്നിരിക്കെ പരസല്‍ഗതിയാണ്ട ആ ശൂരന്മാരെ ചിന്തിച്ച് എന്തിന്നു കേഴുന്നു? അത് മഹാശയനായ വിദുരന്‍ അറിഞ്ഞ് എല്ലാ വിധത്തിലും ശമത്തിന്നു വേണ്ടി പ്രയത്നിച്ചു. ദൈവം കല്പിച്ച മാര്‍ഗ്ഗം തടുക്കുവാന്‍ ഒരു ജീവിക്കും യമം എത്ര തന്നെ യത്നിച്ചാലും സാദ്ധ്യമല്ല എന്നാണെന്റെ അഭിപ്രായം. ഞാന്‍ പ്രത്യക്ഷമായി കേട്ട കാര്യം നിന്നോടു പറയാം. നിന്റെ മനസ്സിനെ ഇനിയെങ്കിലും ഉറപ്പിക്കണം.
മുമ്പ് ഞാന്‍ ഇന്ദ്രസഭയിലേക്കു പോയി. അപ്പോള്‍ അവിടെ വന്നുകൂടിയ ദേവന്മാരെ ഞാന്‍ കണ്ടു; നാരദന്‍ മുതലായ ദേവര്‍ഷിമാരേയും കണ്ടു. അവിടെ ഭൂമിയേയും ഞാന്‍ കണ്ടു. കാര്യത്തിന്നു വേണ്ടി ഭൂമിദേവി ദേവകളുടെ മുമ്പില്‍ വന്നതായിരുന്നു. ഒത്തുകൂടുന്ന ദേവകളോട് അവള്‍ ചെന്നു പറഞ്ഞു: എന്റെ കാര്യം ബ്രഹ്മഗൃഹത്തില്‍വെച്ച് അന്നു നിങ്ങള്‍ ഏറ്റിരിക്കുന്നത് ഹേ മഹാഭാഗരേ, നിര്‍വൃഹിക്കുവിന്‍! അവള്‍ പറഞ്ഞ വാക്കു കേട്ട് വിശ്വനമസ്കൃതനായ വിഷ്ണു ദേവസദസ്സില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: ധൃതരാഷ്ട്രന്റെ നൂറു മക്കളില്‍ ജ്യേഷ്ഠനായ ദുര്യോധനന്‍ എന്നൊരുത്തനില്ലേ. അവന്‍ നിന്റെ കാര്യം ക്ഷണത്തില്‍ ശരിപ്പെടുത്തിത്തരും. ആ രാജാവിനെ നീ നേടി കൃതകൃത്യയാകും. അവന്നുവേണ്ടി കുരുക്ഷ്രേതത്തിലെത്തിയ രാജാക്കള്‍ ദൃഡമായ ശസ്ത്രങ്ങള്‍കൊണ്ട് തമ്മില്‍ കൊല്ലും. ദേവീ നീ പിന്നെ പോരില്‍ ഭാരക്ഷയം അറിയും ശോഭനേ! നീ സ്വസ്ഥാനത്തിലെത്തി ഭാരം താങ്ങിക്കൊളളുക! ഇങ്ങനെ വിഷ്ണു പറഞ്ഞത് ഞാന്‍ കേട്ടതാണ്. ഹേ രാജാവേ, നിന്റെ ഈ പുത്രന്‍ ലോകത്തെ സംഹരിക്കുവാന്‍ കലിയുടെ അംശമായി ഗാന്ധാരിയുടെ ജഠരത്തില്‍ ജന്മമെടുത്തു. അമര്‍ഷിയും ചപലനും ക്രോധനനും ദുഷ്പ്രസാദനനുമായ അവനും സഹജന്മാരും ദൈവയോഗത്താല്‍ പിറന്നവരാണ്. അമ്മാവനായ ശകുനിയും ഏറ്റവും സഖിയായ കര്‍ണ്ണനും മറ്റു രാജാക്കളും നാശത്തിനായി മന്നിലൊത്തു പിറന്നവരാണ്.
രാജാവ് ഏതു മട്ടാകുമോ ആ മട്ടിലായിത്തീരും പ്രജകളും. സ്വാമി അധാര്‍മ്മികനായാല്‍ അധര്‍മ്മവും ധര്‍മ്മമായിത്തീരും. സ്വാമിയുടെ ഗുണദോഷങ്ങള്‍ ഭൃത്യരിലും പകരും.
ദുഷ്ടനായ രാജാവു കാരണം നിന്റെ പുത്രന്മാരൊക്കെ ചത്തു. മഹാബാഹോ! ഇക്കാര്യം തത്ത്വവിത്തായ നാരദനറിവുള്ളതാണ്. നിന്റെ മക്കള്‍ ഹേ രാജാവേ, ആത്മാപരാധംകൊണ്ടു നശിച്ചതാണ്. അവരെപ്പറ്റി മാഴ്കരുത്. ശോകത്തിന്നു കാരണമില്ല. നിന്നില്‍ അല്‍പവും ഒരു തെറ്റും പാണ്ഡവന്മാര്‍ ചെയ്തിട്ടില്ല. നിന്റെ ഊഴിമുടിച്ച സന്താനങ്ങള്‍ ദുരാത്മാക്കളുമായിരുന്നു. നാരദന്‍ മുമ്പേ തന്നെ അങ്ങയ്ക്കു ഭദ്രം തന്നു. അന്ന് ധര്‍മ്മപുത്രന്റെ സഭയില്‍ രാജസുയത്തില്‍ നാരദന്‍ പറഞ്ഞു: “ഹേ യുധിഷ്ഠിരാ! പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ എതിര്‍ത്തേറ്റ് പരസ്പരം ഇല്ലാതെയാകും. കൗന്തേയാ! നീ ചെയ്യേണ്ടത് ചെയ്യുക!
നാരദന്റെ വാക്കുകേട്ട് അപ്പോള്‍ത്തന്നെ പാണ്ഡവര്‍ മാഴ്കി. ദേവന്മാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം ഞാന്‍ നിന്നോടു പറഞ്ഞു. എന്തിനാണു പറഞ്ഞതെന്നറിയാമോ? ശോകം ശമിക്കുവാനും പ്രാണനില്‍ ദയയുണ്ടാകുവാനും. ഈ ദൈവകല്‍പിതമറിഞ്ഞ് പാണ്ഡവന്മാരില്‍ സ്നേഹവുമറിഞ്ഞ് രാജസുയത്തില്‍ ഈ രഹസ്യം ഞാന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മപുത്രന്‍, കുരുക്കള്‍ പൊരുതാതിരിക്കുവാന്‍ യത്നിച്ചു. ദൈവം ദുരതിക്രമം തന്നെ! കൃതാന്തന്റെ വിധി അതിക്രമിക്കുവാന്‍ സാദ്ധ്യമല്ല. ചരാചരജഗത്തില്‍ ഒരു ജീവിക്കും അതു സാധിക്കുകയില്ല! ഭവാന്‍ ധര്‍മ്മിഷ്ഠനും ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനുമാണല്ലോ. പ്രാണികള്‍ക്കുള്ള ഗതാഗതമറിഞ്ഞ ഭവാന്‍ മോഹിക്കയാണോ? വീണ്ടും ശോകംകൊണ്ടു പാപത്തില്‍ മുങ്ങി മോഹിക്കുന്ന അങ്ങയെ അറിഞ്ഞാല്‍ ധര്‍മ്മജന്‍ പ്രാണനേയും ഉപേക്ഷിക്കും. തിര്യക്കുകളില്‍ കനിവുളളവനും ധീരനുമായ അവന്‍ നിന്റെ പേരില്‍ കനിയാതാവുക എന്നത് എങ്ങനെയുണ്ടാകും? എന്റെ ആജ്ഞയാലും വിധിയെ മാറ്റിവെക്കുവാന്‍ വയ്യാത്തതിനാലും പാണ്ഡവരോടു കാരുണ്യംകൊണ്ടും നീ പ്രാണധാരണം ചെയ്യണം. ഇപ്രകാരമിരുന്നാല്‍ ലോകത്തില്‍ നിന്റെ കീര്‍ത്തി വര്‍ദ്ധിക്കും. ധര്‍മ്മാര്‍ത്ഥം വലുതാണ് താതാ! തപസ്സും ചിരാല്‍ ലഭിക്കും. പുത്രശോകം നിമിത്തം കത്തിക്കാളുന്ന അഗ്നിയെ പ്രജ്ഞയാകുന്ന ജലംകൊണ്ട് എപ്പോഴും കെടുത്തിക്കൊള്ളുക!
തേജസ്വിയായ വ്യാസന്റെ വാക്കു കേട്ട് മുഹൂര്‍ത്തം ചിന്തിച്ചതിന്നുശേഷം ധൃതരാഷ്ട്രന്‍ പറഞ്ഞു; മഹത്തായ ശോകജാ ലം കൊണ്ട് ഞാന്‍ ഓടിക്കപ്പെട്ടവനായിരിക്കുന്നു. ഞാന്‍ ആത്മാവിനെപ്പോലും ശോകമോഹംകൊണ്ട് അറിയുന്നില്ല. നീ പറഞ്ഞ ദൈവയോഗഭവമായ വാക്കു കേട്ട് ഞാന്‍ പ്രാണങ്ങളെ ധരിക്കുവാന്‍ വിചാരിക്കുന്നു. ഞാന്‍ മാഴ്കുവാന്‍ വിചാരിക്കുന്നില്ല. സത്യവതീസുതനായ വ്യാസന്‍ ധുൃതരാഷ്ട്രന്റെ വാക്കുകേട്ട് അവിടെത്തന്നെ അന്തര്‍ദ്ധാനംചെയ്തു.
അദ്ധ്യായം 9. ധൃതരാഷ്ട്രവിശോകകരണം - ജനമേജയൻ പറഞ്ഞു: ഭഗവാന്‍ വ്യാസന്‍ പോയതിന്നുശേഷം ധൃതരാഷ്ട്ര മഹാരാജാവ്, ഹേ വിപ്രർഷേ! എന്താണു ചെയ്തതെന്ന് പറഞ്ഞാലും! അപ്രകാരംതന്നെ കൗരവരാജാവായ ധര്‍മ്മചുത്രന്‍ എന്താണു ചെയ്തത്? കൃപന്‍ മുതലായ മുവ്വരും എന്തു ചെയ്തു? പിന്നെയുള്ള കഥ പറഞ്ഞാലും!
വൈശമ്പായനൻ കഥ തുടര്‍ന്നു; ദുര്യോധനനും സൈന്യങ്ങളും ചത്തതിന്നുശേഷം സഞ്ജയന്‍ ധൃതരാഷ്ട്രന്റെ സമീപത്ത് പ്രജ്ഞകെട്ടവിധം ചെന്നു.
സഞ്ജയന്‍ പറഞ്ഞു: നാനാ നാട്ടില്‍നിന്നും വന്ന് ഒത്തു ചേര്‍ന്ന, നാനാ നാട്ടിന്റേയും അധീശ്വരന്മാര്‍ ഹേ രാജാവേ നിന്റെ മക്കളോടുകൂടി എല്ലാവരും കാലപുരിയില്‍ ചെന്നു ചേര്‍ന്നു. എപ്പോഴും അങ്ങു ചെന്ന് ഇരന്നിട്ടും ഞങ്ങള്‍ പറഞ്ഞത് നിന്റെ പുത്രന്മാര്‍ ചെവിക്കൊണ്ടില്ല. വൈരാന്തം ചെയ്യുവാന്‍ മോഹിച്ച് ഭൂമിയൊക്കെ മുടിച്ചു. മക്കള്‍, മക്കളുടെ മക്കള്‍, പിതാക്കള്‍ - ഇവരുടെ പ്രേതകാര്യം ക്രമപ്രകാരം ഹേ രാജാവേ! ചെയ്യിച്ചാലും.
വൈശമ്പായനൻ പറഞ്ഞു: സഞ്ജയന്‍ പറഞ്ഞ ഘോരമായ മൊഴികേട്ട് രാജാവ് ചത്തവിധം നിശ്ചേഷ്ടനായി ഭൂമിയില്‍ പതിച്ചു. ഭൂമിയില്‍ വീണു കിടക്കുന്ന രാജാവിന്റെ അടുത്തിരുന്ന് സര്‍വധര്‍മ്മജ്ഞനായ വിദുരന്‍ ഇപ്രകാരം പറഞ്ഞു: ഹേ ഭരതര്‍ഷഭാ! എന്താണു ഭവാന്‍ കിടക്കുന്നത്? എഴുന്നേല്‍ക്കുക! മാഴ്കരുത്. എല്ലാ സത്വങ്ങളുടേയും പരമമായ ഗതിയാണ് ഇത്. ഭൂതങ്ങള്‍ അഭാവാദ്യങ്ങളും, ഭാവമദ്ധ്യങ്ങളും, അഭാവാന്ത്യങ്ങളുമാണ്. അതു കൊണ്ട് എന്തിനാണ് ഭവാന്‍ ആവലാരതിപ്പെടുന്നത്? ദുഃഖിച്ചാല്‍ ചത്തവന്റെ പിമ്പെ എത്തുവാന്‍ സാധിക്കയില്ല. ദുഃഖിച്ചതു കൊണ്ട് മരിക്കാനും സാധിക്കയില്ല. ഇപ്രകാരം സാംസിദ്ധികമാണ് ലോകം. പിന്നെ എന്താണ് ഭവാന്‍ മാഴ്കുന്നത്? യുദ്ധം ചെയ്തില്ലെങ്കിലും ചാവും, യുദ്ധം ചെയ്താലും ജീവിക്കും?
കാലം വന്നാല്‍ അതിനെ കടക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. പലമാതിരി ഭൂതങ്ങളെയൊക്കെ കാലം നശിപ്പിക്കുന്നു. കാലത്തിന്ന് ഇഷ്ടനില്ല, കാലത്തിന്ന് ദ്വേഷ്യനുമില്ല. കാറ്റ് പുല്‍ത്തലയൊക്കെ സംവര്‍ത്തിപ്പിക്കുന്നവിധം ഭൂതങ്ങള്‍ കാലത്തിന്റെ വശത്തില്‍പെട്ടുപോകുന്നു.
ഒന്നിച്ചു യാത്രയായിപ്പോകുന്നവരില്‍ കാലം വന്നവര്‍ മുമ്പിലെത്തുന്നു. അതില്‍ ആവലാതിപ്പെടുന്നതെന്തിന്?
പോരില്‍ മരിച്ചുപോയ അവരെപ്പറ്റി മാഴ്കുകയാണോ? ആ യോഗ്യരൊക്കെ സ്വര്‍ഗ്ഗം പൂകിക്കഴിഞ്ഞു. യജ്ഞത്താലും, തപസ്സാലും, ദക്ഷിണയാലും, വിദ്യയാലും സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍, പോരില്‍ മരിച്ചവരെത്തുന്നവിധം അത്ര എളുപ്പത്തില്‍ സാധിക്കയില്ല. അവര്‍ എല്ലാവരും ശൂരരാണ്. എല്ലാവരും ധീരമായി പോരാടിയാണു മരിച്ചത്. അതില്‍ ആവലാതിപ്പെടാനെന്താണ്? ശൂരദേഹാഗ്നിയില്‍ അവര്‍ വിശിഖാഹുതി ഹോമിച്ചു സഹിച്ച് സ്വശരീരം ഹോമിച്ചു. ഇപ്രകാരം ഉത്തമമായ സ്വര്‍ഗ്ഗമാര്‍ഗ്ഗം ഞാന്‍ പറയുന്നു. ക്ഷത്രിയന് രണത്തേക്കാള്‍ മേലെ ഒന്നുമില്ല. മഹാത്മാക്കളായ ആ ക്ഷത്രിയര്‍, പോരില്‍ ശോഭിക്കുന്ന അവര്‍, പരമമായ ആശിസ്സിനെ നേടി. അവര്‍ ആരും ശോച്യരല്ല. ഹേ രാജാവേ തന്നെ താന്‍തന്നെ ആശ്വസിപ്പിക്കുക! ദുഃഖിക്കാതിരിക്കുക! ഇപ്പോള്‍ ശോകാര്‍ത്തനായി കൃത്യങ്ങള്‍ കൈവിടാതിരിക്കുക?
അദ്ധ്യായം 10. ധൃതരാഷ്ട്രനിര്‍ഗമനം - വൈശമ്പായനൻ പറഞ്ഞു: വിദുരന്റെ വാക്കു കേട്ട് ധൃതരാഷ്ട്രന്‍ പറഞ്ഞു: വാഹനം വേഗം പൂട്ടുക. ഗാന്ധാരിയേയും, ഭാരതസ്ത്രീകളേയും, കുന്തിയുടെ കൂടെ താമസിക്കുന്ന മറ്റു സ്ത്രീകളേയും വേഗം വരുത്തുക.
ധര്‍മ്മജ്ഞനായ വിദുരനോട് ഇങ്ങനെ കല്‍പിച്ചതിന്നു ശേഷം രാജാവ് ദുഃഖത്താല്‍ ജ്ഞാനംകെട്ട് നിഷ്പ്രഭനായി വാഹനത്തില്‍ കയറി. പുത്രശോകാര്‍ത്തയായ ഗാന്ധാരി ഭര്‍ത്താവിന്റെ വാക്കു കേട്ട ഉടനെ കുന്തിയോടും മറ്റു സ്ത്രീകളോടും കൂടി രാജസന്നിധിയിലേക്ക് ഓടി. രാജാവിനെ ചെന്നുകണ്ട് ഏറ്റവും ശോകത്തോടു കൂടിയ അവര്‍ തമ്മില്‍ കെട്ടിപ്പിടിച്ച് ഒത്തുചേര്‍ന്ന് മുറവിളികൂട്ടി. വിദുരന്‍ അവരെ അതിലും ആര്‍ത്തനായി സമാശ്വസിപ്പിച്ചു. കണ്ണുനീര്‍ വാര്‍ക്കുന്ന ആ സ്ത്രീകളെ അന്തഃപുരത്തില്‍ നിന്ന് രഥത്തില്‍ക്കയറ്റി കൊണ്ടുപോന്നു. ഉടനെ കുരുഗേഹങ്ങള്‍ തോറും ഹൃദയമലിയിക്കുന്ന വിധം ആര്‍ത്തനാദമുണ്ടായി. ആ പുരം ആബാലവൃദ്ധം നിലവിളിക്കുകയാല്‍ ശോക കര്‍ശിതമായിത്തീര്‍ന്നു.
ആകാശത്തു നിന്നു നോക്കുന്ന ദേവന്മാര്‍ പോലും കാണാതിരുന്ന അഴകുറ്റ നാരികള്‍ വെറും ജനങ്ങള്‍ക്ക് കാണാവുന്ന വിധത്തിലായി. ഭര്‍ത്തൃവിഹീനകളായ അവര്‍ മുടിയഴിച്ചു ചിന്നി ഭൂഷണങ്ങള്‍ ഉപേക്ഷിച്ച് ഒറ്റ വസ്ത്രം ധരിച്ച് അനാഥകളെപ്പോലെ ഓടി. വെണ്‍കുന്നുപോലെയുള്ള സൗധങ്ങള്‍ വിട്ട് അവര്‍ ഇറങ്ങി. ശിലാഗര്‍ഭത്തില്‍ നിന്ന് യൂഥപന്‍ചത്ത മാന്‍പേടപോലെ അപ്പോള്‍ വന്നുകൂടുന്ന അസംഖ്യം നാരികള്‍ പൈക്കിടാങ്ങളുടെ കൂട്ടം പോലെ മുറ്റത്ത് ഓടി. പുത്രന്മാരേയും, (ഭാതാവിനേയും, പിതാവിനേയും കൈകള്‍ പൊക്കി വിളിച്ചാര്‍ത്തും കൊണ്ട് അവര്‍ ലോകസംക്ഷയം കാട്ടുന്ന വിധത്തില്‍ അങ്ങുമിങ്ങും വിലപിച്ചു കരഞ്ഞ് പാഞ്ഞു. ശോകത്താല്‍ പ്രജ്ഞകെട്ട അവര്‍ ചെയ്യേണ്ടത് എന്താണെന്ന് അറിയാത്തവരായിത്തീര്‍ന്നു.
പണ്ട് തോഴികളുടെ മുമ്പില്‍ക്കൂടി നാണം കുണുങ്ങിയിരുന്ന നാരികള്‍, ശ്വശുരശ്വശ്രുക്കളുടെ മുമ്പില്‍ ലജ്ജവിട്ട് ഒറ്റവസ്ത്രവുമായി എത്തി. ചെറിയ ദുഃഖങ്ങളില്‍ തമ്മില്‍ ആശ്വസിപ്പിച്ചിരുന്ന അവര്‍ ശോകവിഹ്വലമാരായി അന്യോന്യം നോക്കി. വിലപിക്കുന്ന അസംഖ്യം സ്ത്രീകളാല്‍ ചുഴലപ്പെട്ട് രാജാവ് ദുഃഖിച്ചു പുരം വിട്ട് പോര്‍ക്കളത്തിലേക്കു പോകുവന്‍ ഇറങ്ങി. വാണിഭക്കാര്‍, ശില്പികള്‍, വൈശ്യര്‍, കര്‍മ്മോപജീവികള്‍ എന്നിവരും എല്ലാം രാജാവിന്റെ കൂടെ പുരംവിട്ട് പുറപ്പെട്ടു. കുരുക്ഷയത്തില്‍ ആര്‍ത്തിപ്പെട്ട് ആര്‍ക്കുന്ന അവരുടെ മഹാനാദം വിശ്വം നടുങ്ങുന്ന വിധം പൊങ്ങി. കുരുസ്ത്രീകളുടെ ഹൃദയം ദ്രവിപ്പിക്കുന്ന കൂട്ടത്തോടെയുളള നിലവിളി കേട്ട് സകല ജീവജാലങ്ങളും പരിഭ്രമിച്ചു. പ്രളയത്തില്‍ സര്‍വ ഭൂതങ്ങളും ദഹിക്കുമ്പോഴുണ്ടാകുന്ന ആര്‍ത്താലാപമാണെന്നു ധരിച്ചുപോയി. കൂറ് ഏറുന്ന പൗരരെല്ലാം കുരുക്ഷയത്തില്‍ ഉദ്ധിഗ്നരായി ആക്രോശിച്ചു.
അദ്ധ്യായം 11. കൃപദ്രൗണിഭോജദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: ഒരു ക്രോശം വഴി പോന്നപ്പോള്‍ അവര്‍, ആ മൂന്ന് രഥീന്ദ്രന്മാരും കൃപനും, ദ്രൗണിയും, കൃതവര്‍മ്മാവും ധൃതരാഷ്ട്ര രാജാവിനേയും കൂട്ടരേയും കണ്ടുമുട്ടി. അവര്‍ രാജാവിന്റെ അടുത്തുചെന്നു നെടുവീര്‍പ്പിട്ട്, തൊണ്ടയിടറി കരഞ്ഞു കൊണ്ടു പറഞ്ഞു:മഹാരാജാവേ, ഭവാന്റെ പുത്രന്‍ ദുഷ്കരമായ ക്രിയ ചെയ്ത് കൂട്ടുകാരുമൊന്നിച്ച് ഇന്ദ്രലോകം (പാപിച്ചു. ദുര്യോധനന്റെ സൈന്യത്തില്‍ ഈ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം ശേഷിച്ചു. അങ്ങയുടെ സൈന്യം മുഴുവന്‍ മുടിഞ്ഞു, എന്ന് രാജാവിനോടു പറഞ്ഞ ശേഷം കൃപന്‍ പു(തശോകാര്‍ത്തയായ ഗാന്ധാരിയോടും ഇപ്രകാരം പറഞ്ഞു: ഭവതിയുടെ മക്കള്‍ ശ്രതുക്കളോട് നിര്‍ഭയം പൊരുതി അവരെ മുടിച്ച് വീരകര്‍മ്മങ്ങള്‍ ചെയ്ത് ചരമമടഞ്ഞു. അവര്‍ വീരസ്വര്‍ഗ്ഗം പ്രാപിച്ചു. അവര്‍ ശസ്ത്രജിതന്മാര്‍ക്കുള്ള സ്വച്ഛലോകങ്ങള്‍ പൂകി, പ്രകാശമായ മെയ്യ് സ്വീകരിച്ച് സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയാണ്. പൊരുതുമ്പോള്‍ ശൂരന്മാരില്‍ ഒരുത്തനും പിന്തിരിയുകയുണ്ടായില്ല. ശസ്ത്രം കൊണ്ട് മരിക്കുകയല്ലാതെ ഒരുത്തനും ശത്രുവിന്റെ മുമ്പില്‍ തലകുനിച്ചില്ല; കൈകൂപ്പിയില്ല. ക്ഷത്രിയന്ന് പൂര്‍വ്വികര്‍ പറയുന്ന സല്‍ഗതി ശസ്ത്രം കൊണ്ടുളള മൃതിയാണ്. അതുകൊണ്ട് ഭവതി മാഴ്കരുത്. അവരുടെ ശ്രതുക്കളായ പാണ്ഡവരും പുഷ്ടി പ്രാപിച്ചില്ല. അശ്വത്ഥാമാവ് തുടങ്ങിയ ഞങ്ങള്‍ ചെയ്തതെന്താണെന്നു ഭവതി കേള്‍ക്കുക. നിന്റെ പുത്രനെ ഭീമന്‍ അധര്‍മ്മമായി കൊന്നതു കേട്ട ഉടനെ ഉറങ്ങിക്കൊണ്ടിരുന്ന പാണ്ഡവന്മാരുടെ ശിബിരത്തില്‍ കയറിച്ചെന്ന് ധൃഷ്ടദ്യുമ്നാദികളായ പാഞ്ചാലന്മാരേയും,ദ്രുപദാത്മജന്മാരേയും, ദ്രാപദീപുത്രന്മാരേയുമൊക്കെ വെട്ടിക്കൊന്നു. പുത്രന്മാരുടെ ശത്രുഗണത്തെ അങ്ങനെ ഞങ്ങള്‍ കൊന്നൊടുക്കി. ഞങ്ങള്‍ മുന്നുപേര്‍ യുദ്ധത്തില്‍ നില്ക്കാനാകാതെ ഓടുകയാണ്. ശുരന്മാരും, മഹേഷ്ഖാസന്മാരുമായ അവര്‍ ഒപ്പം എത്തും; പകവീട്ടാനെത്തും. മക്കളെ കൊന്നതറിഞ്ഞ് ആ പ്രമത്തരായ പുരുഷര്‍ഷഭന്മാര്‍ പിന്നാലെ വരുന്നുണ്ടാകും. ഇനി നില്ക്കാന്‍ നോക്കുന്നില്ല. ഞങ്ങള്‍ പോകട്ടെ!
രാജ്ഞീ, സമ്മതംതന്നാലും! ദുഃഖത്തില്‍ കരള്‍ വെക്കരുത്. രാജാവേ ഞങ്ങള്‍ പോകുന്നു. ദുഃഖിക്കാതിരിക്കുക! ക്ഷത്രധര്‍മ്മം പ്രത്യക്ഷമായി നിങ്ങള്‍ കണ്ടുകൊളളുവിന്‍,' എന്നു രാജാവിനോടു പറഞ്ഞു വലംവെച്ച് അവര്‍ മൂന്നുപേരും പാണ്ഡുപുത്രന്മാരെ ഭയന്ന് ഗംഗ നോക്കി ഹയങ്ങളെ വിട്ടു. രാജാവേ! പിന്‍വാങ്ങിയൊഴിഞ്ഞ് തമ്മിലൊത്ത് ഉദ്വിഗനരായ അവര്‍ മുന്നുപേരും മുന്നുവഴിക്കു പോയി.
കൃപന്‍ ഹസ്തിനാപുരിയിലേക്കു പോയി. ഹാര്‍ദ്ദികൃന്‍ സ്വന്തം രാജ്യത്തേക്ക് പോയി. ദ്രൗണി വ്യാസാശ്രമത്തിലേക്കും പോയി. ഇപ്രകാരം പരസ്പരം നോക്കിക്കണ്ട് ആ വീരന്മാര്‍ പോയി. ഇങ്ങനെ പ്രഭാതത്തിന്നു മുമ്പായി മൂന്നുപേരും രാജാവിനെ ചെന്നുകണ്ട് സ്വേച്ഛപോലെ ഒഴിഞ്ഞുപോയി. ഇതിനു ശേഷമാണ് പാണ്ഡവന്മാര്‍ അശ്വത്ഥാമാവിനെ കണ്ടുപിടിച്ച് അവനെ തോല്‍പ്പിച്ചത്!
അദ്ധ്യായം 12. ആയസഭിമഭഞ്ജനം - വൈശമ്പായനൻ പറഞ്ഞു: “ആ സൈന്യങ്ങളൊക്കെ നശിച്ചതിന്നു ശേഷം ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ കേട്ടു, ഹസ്തിനപുരം വിട്ട് വൃദ്ധനായ അച്ഛന്‍ വരുന്നുണ്ടെന്ന്. പുത്രശോകാര്‍ത്തനായ ധര്‍മ്മപുത്രന്‍ പുത്രശോകത്തിലാണ്ടു മാഴ്കുന്ന രാജാവിനെ അനുജന്മാരോടുകൂടി എതിരേറ്റു.
ധര്‍മ്മരാജാവിന്റെ പിന്‍തുണയ്ക്കായി മഹാത്മാവായ കേശവനും അപ്രകാരം യുയുധാനനും, യുയുത്സുവും അവന്റെ പിന്നിലായി ദുഃഖാര്‍ത്തയായി ശോകകര്‍ശിതയായ പാര്‍ഷ തിയും അവിടെക്കൂടിയ പാഞ്ചാലസ്ത്രീകളോടും കൂടെ പോയി.
ഹേ ഭരതസത്തമാ! ധര്‍മ്മപുത്രന്‍ ഗംഗാതീരത്തേക്കടുക്കുമ്പോള്‍ ധൃതരാഷ്ട്രനും സ്ത്രീജനങ്ങളും ഗംഗാതീരത്തെത്തി. അവര്‍ ഞാറപ്പക്ഷികളെപ്പോലെ വിലപിക്കുന്ന ശബ്ദം ഗംഗാതീരത്തെ ശബ്ദമയമാക്കി. കൈപൊക്കി ദുഃഖാര്‍ത്തരായി ഓരോ ഇഷ്ടാനിഷ്ടങ്ങളെ എണ്ണിപ്പെറുക്കി വിലപിക്കുന്ന അസംഖ്യം സ്ത്രീകളുടെ മുമ്പിലെത്തി ധര്‍മ്മപുത്രന്‍ നിന്നു. രാജാവിന്നു ധര്‍മ്മജ്ഞത്വം എവിടെയുണ്ട്? സത്യാനൃശംസതയെവിടെ? പിതാക്കന്മാരേയും ഭ്രാതാക്കളേയും ഗുരുക്കന്മാരേയും തന്റെ
ജ്യേഷ്ഠന്മാരേയുമൊക്കെ വധിക്കയും, ഭീഷ്മരേയും ദ്രോണരേയും ജയദ്രഥനേയും ഒക്കെ കൊല്ലുകയും, ചെയ്തിട്ട് ഹേ വീരാ! നിന്റെ ഹൃദയം എങ്ങനെയായി? ഇവരൊക്കെ നശിച്ചിട്ടു നിനക്കു രാജ്യം എന്തിന്? സൌഭദ്രനേയും ദ്രാപദിപുത്രന്മാരേയുമൊക്കെ കാണാതെ നിനക്ക് രാജ്യമെന്തിന്?
ഇങ്ങനെ കുരരികളെപ്പോലെ ആര്‍ത്ത് കരയുന്ന സ്ത്രീകളുടെ മദ്ധ്യത്തിലൂടെ നടന്ന് യുധിഷ്ഠിരന്‍ വലിയച്ഛന്റെ അരികില്‍ ചെന്നു പേര്‍ പറഞ്ഞു വന്ദിച്ചു. ആ പാണ്ഡവന്മാരൊക്കെ പേര്‍ പറഞ്ഞു വലിയച്ഛനെ വന്ദിച്ചു. തന്റെ മക്കളെയൊക്കെ മുടിച്ച ധര്‍മ്മജനെ പുത്രവധം മൂലം ദുഃഖിക്കുന്ന അച്ഛന്‍ അപ്രീതനായി പുല്കി തഴുകി, ധര്‍മ്മപുത്രനെ സമാശ്വസിപ്പിച്ചു. എരിയുന്ന അഗ്നിസദൃശമായ ദുഷ്ടത ഹൃദയത്തിലുള്ള അവന്‍ ഭീമന്‍ എവിടെ? എന്നു ചോദിച്ചു. അവന്റെ ആ കോപാഗ്നിയുടെ കാറ്റേറ്റ് ഭീമനാകുന്ന കൊടുംകാട് ചുട്ടുകളയുമോ എന്നു തോന്നിപ്പോയി. അവന്റെ ഭീമനിലുഉള അശുഭസങ്കല്പം മനസ്സിലാക്കി കേശവന്‍ കൈ കൊണ്ട് ഭീമനെ തട്ടിമാറ്റി ആയസഭീമനെ മുന്നോട്ടു നീക്കി. മുമ്പെ തന്നെ കാര്യത്തിന്റെ ഗൌരവം കണ്ടറിഞ്ഞ ബുദ്ധിമാനായ കേശവന്‍ തക്കതായ കൌശലം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ധൃതരാഷ്ട്രന്‍ കൈ കൊണ്ട് ആ കാരിരുമ്പുഭീമനെ കഠിനമായി അമര്‍ത്തി പുല്‍കിയുടച്ചു. പതിനായിരം ആനയുടെ ശക്തിയുള്ളവനായ ആ മഹാശക്തന്‍, ഭീമനാണെന്നു വിചാരിച്ച് ആ കാരിരുമ്പു പ്രതിമയെ ബലമായി അമര്‍ത്തി ഉടച്ചപ്പോൾ തന്റെ മാറുപൊട്ടി രാജാവ് മുഖംകൊണ്ട് ചോര കക്കി. ചോര മെയ്യിലണിഞ്ഞ ധൃതരാഷ്ട്രന്‍ മേല്‍ക്കൊമ്പുകള്‍ പൂത്ത പാരിജാത വൃക്ഷം പോലെ നിലത്തുവീണു. ഉടനെ വിദ്വാനായ സഞ്ജയന്‍ അവനെ താങ്ങി. ഇപകാരം ചെയ്യരുതായിരുന്നു. രാജാവു ചെയ്തത് കഷ്ടമായി! എന്നു രാജാവിനെ സഞ്ജയന്‍ സാന്ത്വനം ചെയ്തു. കോപം വെടിഞ്ഞതിന്നു ശേഷം ആ മഹാശയന്‍ ശോകത്തോടെ അയ്യോ ഭീമാ! എന്നു നിലവിളിച്ചു.
കോപം പോയി ഭീമനെ ഹിംസിച്ചതില്‍ ദുഃഖിക്കുകയാണു ധൃതരാഷ്ട്രനെന്നറിഞ്ഞപ്പോള്‍ പുരുഷോത്തമനായ കേശവന്‍ ഇങ്ങനെ പറഞ്ഞു: ദുഃഖിക്കേണ്ടതില്ല ധൃതരാഷ്ട്രാ! നീ കൊന്നത് ഭീമനെയല്ല. ഇരുമ്പുവിഗ്രഹമാണ് നീ വീഴ്ത്തിയത്. രാജാവേ! ഭവാന്‍ കോപാവിഷ്ടനാണെന്നറിഞ്ഞ് മൃത്യുദംഷ്ട്രയിലകപ്പെട്ട ഭീമനെ ഞാന്‍ മാറ്റി. ഹേ രാജശാര്‍ദ്ദുലാ! നിന്നോടു തുല്യം ശക്തിയുള്ളവരാരും ഇല്ല. നിന്റെ കൈകൊണ്ടുള്ള പിടുത്തം ആര്‍ക്ക് വിടുവിക്കുവാന്‍ സാധിക്കും? അന്തകന്റെ പിടുത്തത്തില്‍പ്പെട്ട ഒരുത്തന്ന് രക്ഷകിട്ടാത്തവിധം നിന്റെ കൈകള്‍ക്കിടയില്‍പ്പെട്ട ഒരുത്തനും പിന്നെ ജീവിക്കുകയില്ലു. ഹേ കൗരവ്യാ, അതുകൊണ്ടു നിന്റെ മകന്‍ ഉണ്ടാക്കിയ ഇരുമ്പുഭീമനെ ഞാന്‍ നിന്റെ മുമ്പില്‍ കൊണ്ടുവരുത്തിവെച്ചതാണ്. പുത്രശോകം കൊണ്ട് ഉള്‍ത്താപം പൂണ്ട നിനക്ക് പ്രതികാരം ചെയ്യാനുള്ള പാപബുദ്ധിയുണ്ടായിരുന്നു. ഹേ രാജേന്ദ്രാ, നീ അതു കൊണ്ടാണ് ഭീമനെ കൊല്ലുവാന്‍ വിചാരിച്ചത്. രാജാവേ! അങ്ങയ്ക്ക് ഇതു ചേര്‍ന്നതല്ല. ഭീമനെ കൊല്ലുക എന്നതും അങ്ങേയ്ക്കു ഒട്ടും ചേര്‍ന്നതല്ല! നിന്റെ മരിച്ച മക്കള്‍, ഇനി ജീവിക്കുകയില്ല. ഭവാന്റെ മക്കളെ കൊല്ലുന്നതില്‍ ഭീമന്‍ ഒരു നിമിത്തം മാത്രമായിരുന്നു. അതുകൊണ്ട് ശമം ഇച്ഛിക്കുന്ന ഞങ്ങള്‍ ചെയ്യുന്നതൊക്കെ അങ്ങുന്നു സമ്മതിക്കുക. ശോകത്തില്‍ മനസ്സുവെക്കരുത്.
അദ്ധ്യായം 13. ധൃതരാഷ്ട്രകോപവിമോചനം - വൈശമ്പായനൻ പറഞ്ഞു: ഉടനെ പരിചാരകന്മാര്‍ രാജാവിന്റെ മുമ്പില്‍ ശുദ്ധി കര്‍മ്മം ചെയ്യുവാന്‍ എത്തി. ശുദ്ധികര്‍മ്മം കഴിഞ്ഞതിന്നു ശേഷം വീണ്ടും മധുസുദനന്‍ അവനോടു പറഞ്ഞു: രാജാവേ, ഭവാന്‍ വേദം പഠിച്ചവനല്ലേ? പല ശാസ്ത്രങ്ങള്‍ കേട്ടു പഠിച്ചവനുമാണല്ലൊ. പല പുരാണങ്ങളും, രാജധര്‍മ്മവും (ഗഹിച്ചവനല്ലേ? ഇപ്രകാരം അറിവുള്ളവനും, വിശേഷജ്ഞാനമുള്ളവനും, ബലാബലവിചക്ഷണനുമായ ഭവാന്‍ സ്വന്തം കുറ്റംകൊണ്ട് എന്തിനാണ് ഇങ്ങനെ കോപിക്കുന്നത്? ഹേ ഭാരതാ! ഞാന്‍ നിന്നോടു പറഞ്ഞു. ഭീഷ്മനും, ദ്രോണനും പറഞ്ഞു. വിദുരനും സഞ്ജയനും പറഞ്ഞു. ഭവാന്‍ അത് അനുസരിച്ചുവോ? ഞങ്ങള്‍ തടുത്തു. പാണ്ഡവരുടെ ബലവീര്യാധികൃത്തെ നീ കണ്ടിട്ടും
പിന്മാറിയോ? സ്ഥിരപ്രജ്ഞനായ ഏതു നൃപന്‍ ദേശകാലങ്ങളെ കണ്ടു ദോഷങ്ങള്‍ മനസ്സിലാക്കി വേണ്ടത് യഥാകാലം ചെയ്യുന്നുവോ, അവന്‍ ശ്രേയസ്സു നേടും. ശ്രേയസ്സിനെച്ചൊല്ലി ഹിതാഹിതം കൈക്കൊള്ളാതെ അനയത്തില്‍ നില്ക്കുന്നവന്‍ നിശ്ചയമായും ആപത്തില്‍പ്പെട്ട് ദുഃഖിക്കും. കുറ്റം തന്നിലാണെന്നു രാജാവേ, ഭവാന്‍ ചിന്തിച്ചുകാണുക! രാജാവേ, ഭവാന്‍ വിധേയാത്മാവായി ദുര്യോധനന്റെ വശത്തിലായി. സ്വന്തം കുറ്റം
കൊണ്ട് ആപത്തില്‍പ്പെട്ട ഭവാന്‍ ഭീമനെ കൊല്ലാന്‍ നോക്കുന്നതെന്താണ്? സ്വന്തം കുറ്റത്തെ ചിന്തിച്ചു കോപം അടക്കുക! ഭവാന്റെ ക്ഷുദ്രനായ പുത്രന്‍ സ്പര്‍ദ്ധമൂലം പാഞ്ചാലിയെ സഭയില്‍ കയറ്റി. പകവീട്ടാന്‍ ഉന്നുന്ന ഭീമനാല്‍ അവന്‍ കൊല്ലപ്പെട്ടു. സ്വന്തം അക്രമത്തേയും, ദുരാത്മാവായ മകന്റെ അക്രമത്തേയും ചിന്തിച്ചുനോക്കൂ. യാതൊരു കുറ്റവും കൂടാതെയല്ലേ നീ പാണ്ഡവരെ വെടിഞ്ഞത്?
ഇപ്രകാരം സത്യമായ കാര്യങ്ങള്‍ കൃഷ്ണന്‍ പറഞ്ഞപ്പോള്‍ ധൃതരാഷ്ട്രന്‍ ദേവകീ പുത്രനോടു പറഞ്ഞു: മാധവാ, നീ പറഞ്ഞത് ശരിയാണ്. ധര്‍മ്മാത്മാവേ, പുത്രസ്നേഹം എന്നെ ധൈര്യത്തില്‍നിന്ന് ഇളക്കി. കൃഷ്ണാ! നിന്റെ രക്ഷയാല്‍ ഭീമന്‍ എന്റെ കൈയില്‍പ്പെട്ടില്ല. ഭാഗ്യം തന്നെ! ഇപ്പോള്‍ ആ കോപം ശമിക്കുകയും ജ്വരം മാറുകയും ചെയ്തിരിക്കുന്നു. ഞാന്‍ ഏകാഗ്രനായിരിക്കുന്നു. ഞാന്‍ മദ്ധ്യപാണ്ഡവവീരനായി അവനെ വീണ്ടും പുല്‍കുവാന്‍ ഇച്ഛിക്കുന്നു. മന്നവനായ സുയോധനന്‍ മരിച്ചപ്പോള്‍, മക്കളൊക്കെ ചത്തൊടുങ്ങിയപ്പോള്‍ എന്റെ ധര്‍മ്മവും പ്രീതിയും പാണ്ഡവരില്‍ നില്‍ക്കുകയാണ്. പിന്നീട് അവന്‍ ഭീമനേയും അര്‍ജ്ജുനനേയും, നകുലനേയും, സഹദേവനേയും ഗാഡമായി പുണര്‍ന്നു കരഞ്ഞ് ആ ശക്തന്മാര്‍ക്ക് ആശ്വാസം തോന്നിക്കുന്ന വിധം ശുഭം പറഞ്ഞു.
അദ്ധ്യായം 14. ഗാന്ധാരീസാന്ത്വനം - വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്റെ അനുവാദത്തോടു കൂടി പിന്നെ ആ കുരുപുംഗവരായ ഭ്രാതാക്കള്‍ എല്ലാവരും കേശവനോടു കൂടി ഗാന്ധാരീ പാര്‍ശ്വത്തിലേക്കു നടന്നു.
മാന്യയായ ഗാന്ധാരി ഹതാരിയായ ധര്‍മ്മരാജാവിനെ ശപിക്കുവാന്‍ മനസ്സില്‍ ഉദ്ദേശിച്ചു. അവള്‍ക്ക് പാണ്ഡവന്മാരിലുള്ള ദുഷ്ടഭാവത്തെ ദിവൃചക്ഷുസ്സു കൊണ്ട് മുന്‍കൂട്ടിത്തന്നെ അറിഞ്ഞ് സത്യവതീപുത്രനായ വ്യാസമഹര്‍ഷി, മനോജവനായ ആദിവ്യന്‍, അവിടെ സുകൃതത്താല്‍ എത്തി. സര്‍വജീവമനോഭാവം അവളില്‍ ഉണര്‍ത്തി. തന്റെ സ്നുഷയോട് ആ തപോനിധി പറഞ്ഞു: ഹേ ഗാന്ധാരീ! നീ കോപിച്ച് അക്രമമൊന്നും ചെയ്യരുത്. പാണ്ഡുപുത്രരില്‍ നീ പൊറുക്കുക. നീ അടങ്ങുക. എന്റെ വാക്കു നീ കേള്‍ക്കൂ! ജയാര്‍ത്ഥിയായ നിന്റെ പുത്രന്‍ പതിനെട്ടു ദിവസം മുമ്പ് നിന്നോടു പറഞ്ഞില്ലേ, അമ്മേ ശ്രത്രുക്കളോട് ഏല്ക്കുവാന്‍ പോകുന്ന എന്നെ അനുഗ്രഹിക്കൂ! അവന്‍ യഥാകാലം ജയം കാംക്ഷിച്ച്, നിന്നോടു പറഞ്ഞപ്പോഴൊക്കെ നീ എന്താണ് പറഞ്ഞത്? ധര്‍മ്മം എവിടെയുണ്ടോ, അവിടെ ജയമുണ്ട് എന്നല്ലേ? ഗാന്ധാരീ, നീ അന്നു പറഞ്ഞ വാക്കുകള്‍ പാഴായതായി ഞാന്‍ സ്മരിക്കുന്നില്ല. അപ്രകാരം സുശക്തമായ ധ്യാനത്തോടുകുടിയവളാണ് നീ. ബഹളമായ പോരില്‍ പ്രാണരക്ഷ വളരെ സംശയപ്പെട്ട നിലയിലാണ് പാണ്ഡവര്‍ രാജ്യം നേടിയത്. ധര്‍മ്മാധിക്യം അവരിലാണ്. മുമ്പ് ക്ഷമാശീലയായിരുന്ന നീ ഇപ്പോള്‍ എന്തുകൊണ്ട് ക്ഷമിക്കുന്നില്ല? ധര്‍മ്മജേഞ, നീ അധര്‍മ്മം വിടു, ധര്‍മ്മമെവിടെ അവിടെ ജയമുണ്ടാകും.
സ്വന്തം ധര്‍മ്മം വിചാരിക്കുക! ആ വാക്കു ചിന്തിച്ചും ഹേ മനസ്വി നീ, കോപമടക്കുക! ഗാന്ധാരീ, സത്യവാദിനീ, ഇതൊക്കെ നീ അടക്കുക!
ഗാന്ധാരി പറഞ്ഞു: “ഞാന്‍ അസുയപ്പെടുന്നില്ല ഭഗവാനേ! ഞാന്‍ ഇവരില്‍ ക്ഷയവും ചിന്തിക്കുന്നില്ല. പുത്രശോകത്തിന്റെ ശക്തിയാല്‍ എന്റെ മനസ്സ് ഉഴലുകയാണ്. കുന്തിക്കെന്നപോലെതന്നെ എനിക്കും ഇവര്‍ പാല്യരാണ്. ഇവര്‍ എന്നാല്‍ എന്നവിധം ധൃതരാഷ്ട്രനാലും രക്ഷ്യരാണല്ലോ. ദുര്യോധനന്റെ കുറ്റം കൊണ്ടും, ശകുനിയുടെ തെറ്റു കൊണ്ടും, കര്‍ണ്ണന്റേയും ദുശ്ലാസനന്റേയും അനീതി കൊണ്ടും, കുരുക്കളുടെ കുലം ക്ഷയിച്ചു. അര്‍ജ്ജുനന്‍ ഇതില്‍ പിഴച്ചില്ല, ഭീമസേനനും പിഴച്ചില്ല, സഹദേവനും നകുലനും പിഴച്ചില്ല. യുധിഷ്ഠിരന്‍ ഒട്ടും പിഴച്ചില്ല. കൌരവർ മാനമായി പരസ്പരം പൊരുതി, മറ്റുളളവരോടൊപ്പം മരിച്ചു. അതിലെനിക്കു പ്രിയക്കേടില്ല. എന്നാല്‍ ഭീമന്‍, മാധവന്‍ കണ്ടുനില്‌ക്കെ, ദുര്യോധനനെ ഗദായുദ്ധത്തിന്നു വിളിച്ചു. ദുര്യോധനന്ന് തന്നെക്കാള്‍ അഭ്യാസം ഏറിയതായി ഭീമന്‍ കണ്ടു. പലമട്ടില്‍ ചരിച്ചുകൊണ്ടിരിക്കെ അവന്‍ നാഭിക്കുകീഴെ അടിച്ചു. അത് എന്റെ കോപം വളര്‍ത്താതിരിക്കുമോ? മഹാന്മാരായ ധര്‍മ്മജ്ഞന്മാര്‍ നിശ്ചയിച്ച യുദ്ധധര്‍മ്മത്തെ ശുരന്മാര്‍, ജീവനില്‍ കൊതിച്ചിട്ടാണെങ്കിലും ഉപേക്ഷിക്കാറുണ്ടോ?
അദ്ധ്യായം 15. പ്രഥാപുത്രദര്‍ശനം - ഗാന്ധാരിയോട ഭീമന്റെ ക്ഷമായാചനം - കുന്തി പുത്രന്മാരെ കാണുന്നു -
വൈശമ്പായനൻ പറഞ്ഞു: അവള്‍ പറഞ്ഞ വാക്കുകേട്ട് ഭീമന്‍ ഭയപ്പെട്ടവിധം ഗാന്ധാരിയോട് അനുനയത്തോടെ ഉത്തരം പറഞ്ഞു: അമ്മേ, അധര്‍മ്മമോ ധര്‍മ്മമോ എന്നു ചിന്തിക്കാതെ ഭയപ്പെട്ടവനായ ഞാന്‍ ചെയ്തുപോയി. ആത്മരക്ഷയ്ക്കു വേണ്ടി ജീവനില്‍ കൊതിച്ചു ചെയ്തതാണ്. ഭവതി അതുകൊണ്ട്
എന്നില്‍ ക്ഷമിക്കണേ! ധര്‍മ്മാനുസരണമല്ല ശക്തനായ ഭവതിയുടെ പുത്രനെ ഞാന്‍ വീഴ്ത്തിയത്. അവനെ കൊല്ലുവാന്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടു ഞാന്‍ വിഷമത്തിലായി. അധര്‍മ്മത്താലാണ് അവന്‍ മുമ്പ് ധര്‍മ്മജനെ ജയിച്ചത്. ചതിച്ചിട്ടാണ്! അതോര്‍ത്തപ്പോള്‍ എനിക്ക് വിഷമമുണ്ടായി. ഗദായുദ്ധത്തില്‍ വീര്യവാനായ ഈ ഒരാള്‍ മാത്രമാണ് ബാക്കിയായത്. എന്നെക്കൊന്നാല്‍ ഈ നാടുമുഴുവന്‍ അവന്‍ നേടും. അതോര്‍ത്ത് ഞാന്‍ വിഷമത്തിലായി. തീണ്ടാരിയായി ഒറ്റ വസ്ത്രം ഉടുത്തിരിക്കുന്ന പാഞ്ചാലപുത്രിയെ സഭയില്‍ കയറ്റി പറഞ്ഞതൊക്കെ അമ്മയ്ക്ക് അറിവുളളതല്ലേ? ദുര്യോധനനെ ജയിക്കാതെ ആഴിചൂഴുന്ന ഈ ഊഴിയെ ഭുജിക്കുവാന്‍ ഞങ്ങള്‍ക്കു സാധിക്കയില്ല. അതുകൊണ്ടു ഞാന്‍ അങ്ങനെ ചെയ്തുപോയി. ഞങ്ങള്‍ക്ക് അപ്രകാരമുള്ള അപ്രിയം ഭവതിയുടെ പുത്രന്‍ പ്രവര്‍ത്തിച്ചു. ദ്രൗപദിക്ക് സദസ്സില്‍വെച്ച് അവന്‍ തന്റെ ഇടത്തെ തുട കാട്ടിക്കൊടുത്തില്ലേ! അന്നേ ഞങ്ങള്‍ക്ക് അവന്‍ വദ്ധ്യനാണ്. അമ്മേ! ഭവതിയുടെ ദുഷ്ടബുദ്ധിയായ പുത്രനെ അന്നു വധിക്കേണ്ടതായിരുന്നു. ധര്‍മ്മരാജാവിന്റെ ആജ്ഞപ്രകാരം കരാറനുസരിച്ചു നിന്നതാണ്. ഭവതിയുടെ പുത്രന്‍ മഹാവൈരം ഈതിപ്പെരുക്കി ആളിക്കത്തിച്ചു. രാജ്ഞീ! കാട്ടില്‍ ഞങ്ങളെ വളരെക്കാലം ക്ലേശിപ്പിച്ചു. അതുകൊണ്ടമ്മേ, ഞാനതു ചെയ്തതാണ്! ദുര്യോധനനെ യുദ്ധത്തില്‍ കൊന്ന്, വൈരത്തിന്റെ മറുകര ഞങ്ങള്‍ കയറി. യുധിഷ്ഠിരന്‍ രാജ്യംനേടി. ഞങ്ങളുടെ കോപദുഃഖങ്ങളും അവസാനിച്ചു.
ഗാന്ധാരി പറഞ്ഞു: ഹേ ഭീമാ! ഉണ്ണീ! എന്റെ പുത്രനെ നീ പുകഴ്ത്തുകയാണ്. നീ വധിച്ചത് അവന്ന് വധമല്ല! നീ പറഞ്ഞ വിധമൊക്കെ അവന്‍ ചെയ്തത് ശരിയാണ്. പക്ഷേ, നകുലന്റെ അശ്വങ്ങളെ വൃഷസേനന്‍ കൊന്നപ്പോള്‍ യുദ്ധക്കളത്തില്‍വെച്ച് ദുശ്ശാസനന്റെ രക്തം നീ കുടിച്ചില്ലേ? സത്തുക്കള്‍ ഗര്‍ഹിക്കുന്ന ഘോരമായ പ്രവൃത്തി നീ ചെയ്തില്ലേ? ദുര്‍ജ്ജനങ്ങള്‍ക്ക് ചേര്‍ന്ന ക്രുരകര്‍മ്മമാണ് നീ ചെയ്തത്. അതു യുക്തമായില്ല. ചെയ്യരുതാത്തതായിരുന്നു വൃകോദര.
ഭീമന്‍ പറഞ്ഞു; അന്യന്റെ ചോര കുടിക്കാന്‍ പാടില്ല, തന്റെ ഒട്ടും തന്നെ പാടില്ലാത്തതാണ്. ഭ്രാതാവ് ആത്മതുല്യനാണ്. അപ്പോള്‍പ്പിന്നെ പറയേണ്ടതില്ലല്ലോ. താനും സഹോദരനും തമ്മില്‍ ലേശവും ഭേദമില്ല. അമ്മേ, അവന്റെ രക്തം ചുണ്ടും പല്ലും വിട്ട് ഇറങ്ങിയില്ല. അമ്മേ! ദുഃഖിക്കരുത്. യമന്ന് അതറിയാം. എന്റെ കൈ ചോരപുരണ്ടു. നകുലന്റെ അശ്വങ്ങളെ വൃഷസേനന്‍ കൊന്നതു കണ്ട് പ്രഹൃഷ്ടരായ സോദരന്മാരെ ഞാന്‍ ഭയപ്പെടുത്തി. ചൂതില്‍ ദ്രൗപദിയുടെ മുടി ചുറ്റിപ്പിടിച്ചപ്പോള്‍ ചൊടിച്ച് ഞാന്‍ പറഞ്ഞ വാക്ക് എന്റെ ഉളളിലുണ്ടായിരുന്നു. അതു പാലിച്ചില്ലെങ്കില്‍ വളരെ വര്‍ഷങ്ങള്‍ ഞാന്‍ ക്ഷത്രധര്‍മ്മ്രഭഷ്ടനായി തീരുമായിരുന്നു. അതുകൊണ്ട് ഞാന്‍ അങ്ങനെചെയ്തു. അമ്മേ, ഗാന്ധാരീ, ഭവതി എന്നെ ദോഷത്താല്‍ പരിശങ്കിക്കരുതേ! അന്ന് പുത്രരെ അടക്കാതെ ഇന്ന് എന്തിന്നു ഞങ്ങളില്‍ ദോഷം ശങ്കിക്കുന്നു?
ഗാന്ധാരി പറഞ്ഞു: വൃദ്ധന്റെ നൂറു പുത്രന്മാരെക്കൊന്ന നീ അപരാജിതനാണ്. എന്നാല്‍ അവരില്‍ കുറ്റം കുറഞ്ഞ ഒരുത്തനെ ശേഷിപ്പിക്കാഞ്ഞത് എന്തേ? രാജ്യം പോയ വൃദ്ധരായ ഞങ്ങള്‍ക്ക് ഒരു ഈന്നുവടിയായി ഒരു സന്തതിയെ ഈ അന്ധദ്വയത്തിന്ന് എന്തേ വിട്ടുതരാഞ്ഞത്? ഒന്നിനെയെങ്കിലും ഞങ്ങള്‍ക്കായി നീ ബാക്കി വെച്ചെങ്കില്‍ ഇന്ന് നിന്നോട്, മക്കളെക്കൊന്ന നിന്നോട്, ദുഃഖം കൊളളുമായിരുന്നില്ല. മോനേ! നീ അങ്ങനെ ഒരു ധര്‍മ്മം ഈ ഞങ്ങള്‍ക്കു ചെയ്തില്ലല്ലോ.
വൈശമ്പായനൻ പറഞ്ഞു; എന്നു പറഞ്ഞ് ഗാന്ധാരി ധര്‍മ്മപുത്രനെവിടെ? എന്നു ചോദിച്ചു. അവള്‍ കോപംകൊണ്ടു വിറച്ചിരുന്നു. പുത്രപൌത്രവധത്താല്‍ ആര്‍ത്തയായിരുന്നു. അവളുടെ അടുത്ത് ധര്‍മ്മപുത്രന്‍ വിറച്ച് തൊഴുതു നിന്ന്, മൃദുവായി മധുരമായ വാക്കുകള്‍ പറഞ്ഞു: ദേവീ, ഭവതിയുടെ പുത്രന്മാരെ കൊന്ന നൃശംസനായ യുധിഷ്ഠിരന്‍ അതാ മുന്നില്‍ നില്ക്കുന്നു! ശാപത്തിന്നു യോഗ്യനാണു ഞാന്‍. ലോകം മുടിക്കുവാന്‍ തീര്‍ന്ന മഹാപാപിയാണു ഞാന്‍. എന്നെ ഭവതി ശപിക്കൂ! എനിക്കു ജീവനും വേണ്ട, രാജ്യവും വേണ്ട, ധനവും വേണ്ട! സുഹൃത്തുക്കളെ കൊന്ന സുഹൃദ്രോഹിയും, ജളനുമാണ് ഞാന്‍! എന്നു പറഞ്ഞു ഭീതനായി അടുത്തു വന്ന അവനോട് ഒന്നും പറയാതെ നിന്ന് ഗാന്ധാരി നെടുവീര്‍പ്പിട്ടു. വീണ്ടും വീണ്ടും നെടുവീര്‍പ്പിട്ടു. കുനിഞ്ഞ് യുധിഷ്ഠിരന്‍ ഗാന്ധാരിയുടെ കാലടികളില്‍ വീഴുവാന്‍ മുതിരുമ്പോള്‍ ദീര്‍ഘദര്‍ശിനിയും, ധര്‍മ്മജ്ഞയുമായ ഗാന്ധാരി യുധിഷ്ഠിരന്റെ വിരല്‍ത്തുമ്പുകള്‍ പട്ടുവസ്ത്രത്തിന്നിടയിലൂടെ കണ്ടു. ഗാന്ധാരിയുടെ നോട്ടത്താല്‍ യുധിഷ്ഠിരന്റെ ആ നഖങ്ങള്‍ വെന്തുപോയിരിക്കുന്നു. നല്ല നഖങ്ങള്‍ ഉണ്ടായിരുന്ന രാജാവ് കുനഖിയായിരിക്കുന്നു. അതുകണ്ട് അര്‍ജ്ജുനന്‍ വാസുദേവന്റെ പിന്‍പുറത്തേക്കു മാറി.
പിന്നീട്, തന്റെ മുമ്പില്‍ വന്ന പാണ്ഡവന്മാരെ ഗാന്ധാരി കോപം വിട്ട്, അമ്മ എന്നപോലെ ആശ്വസിപ്പിച്ചു. ഗാന്ധാരി പറഞ്ഞതനുസരിച്ച് അവര്‍ പിന്നെ ഒന്നിച്ചു കുന്തിയെ ചെന്നു കണ്ടു. വളരെക്കാലം പുത്രരെ കാണാതിരുന്ന അവള്‍, പുത്രരെ കാണുവാന്‍ കൊതിച്ചിരുന്ന അവള്‍, വസ്ത്രംകൊണ്ടു മുഖം മറച്ച് കണ്ണു നീരൊഴുക്കി. ഇതു കണ്ട പുത്രന്മാരും കണ്ണുനീര്‍ വര്‍ഷിച്ചു. പല ശസ്ത്രക്ഷതന്മാരായ അവരെ അവള്‍ കണ്ടു. അവള്‍ മക്കളെ വെവ്വേറെ വീണ്ടും വീണ്ടും തലോടി. മക്കള്‍ മരിച്ച കൃഷ്ണയെ കണ്ട് അവള്‍ അനുശോചിച്ചു. നിലത്തു വീണു കരയുന്ന കൃഷ്ണയെ അവള്‍ കണ്ടു. ദ്രൗപദി വിലപിച്ചു: ആര്യേ! നിന്റെ പൗത്രന്മാര്‍ അഭിമന്യുവിനോടുകൂടി എവിടെപ്പോയി? ചിരകാലമായി വേര്‍പെട്ടിരിക്കുന്ന അച്ഛമ്മയെ അവര്‍ കൈകുപ്പുന്നില്ലല്ലേോ? മക്കളേ, നിങ്ങള്‍ എവിടെപ്പോയി? നിങ്ങളുടെ അച്ഛമ്മ ഇതാ നിങ്ങളെ കാണുവാന്‍ വന്നു നില്ക്കുന്നു! നിങ്ങള്‍ എവിടെ? അഭിമന്യുവിനോടൊപ്പം നിങ്ങളും പോയോ? മക്കളില്ലാത്ത എനിക്ക് രാജ്യം കൊണ്ട് എന്തു കാര്യം?
അവളുടെ വിലാപം കേട്ടു തേങ്ങിക്കരഞ്ഞ് കുന്തി അവളെ ആശ്വസിപ്പിച്ചു. അവള്‍ ആ പൃഥുലാക്ഷിയെ എഴുന്നേല്‍പിച്ചു. അപ്രകാരം കരയുന്ന മക്കളോടുകൂടി കുന്തി ഗാന്ധാരിയുടെ മുമ്പില്‍ ചെന്നു. ഗാന്ധാരിയും കൂടി വന്ന്, ദുഃഖിച്ചു വിലപിക്കുന്ന ദ്രൗപദിയുടെ അരികിലിരുന്നു സമാശ്വസിപ്പിച്ചു: മകളേ ദ്രൗപദി, കരയാതിരിക്കു. നീ എന്നെ ഒന്നു നോക്കൂ! നൂറു മക്കളും മരിച്ചു ദുഃഖിക്കുന്ന എന്നെ നീ കാണുന്നുണ്ടോ? ഈ ലോകനാശം അലംഘനീയമായ കാലത്തിന്റെ പ്രേരണയാല്‍ വന്നതാണ്; തീര്‍ച്ചയാണ്. വരാനുള്ളതു വന്നു! വിദുരന്‍ പറഞ്ഞ ആ മൊഴി ഇപ്പോള്‍ ഓര്‍ത്തു! ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നു. കൃഷ്ണന്റെ ദൗത്യത്തെ ധിക്കരിച്ച അന്ന് ആ ധീമാന്‍ പറഞ്ഞില്ലേ? അതെല്ലാം വന്നു കൂടി. തടുക്കാനാവാത്ത കാര്യത്തില്‍, വിശേഷിച്ചും കഴിഞ്ഞതില്‍ ശോചിക്കരുത്. പോരില്‍ മരിച്ച അവര്‍ ഒരിക്കലും ശോച്യരല്ല. നിന്റെ മട്ടിലായ എന്നെ ആശ്വസിപ്പിക്കുവാനാരുണ്ട്? മകളേ, എന്റെ കുറ്റത്താല്‍തന്നെയാണ് ശ്രേഷ്ഠമായ ഈ കുലം മുഴുവന്‍ മുടിഞ്ഞു പോയത്
സ്ത്രീവിലാപപര്‍വ്വം
അദ്ധ്യായം 16. ആയോധനദര്‍ശനം - സ്ത്രീകളുടെ യുദ്ധഭൂമി ദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ഗാന്ധാരി കുരുക്കളുടെ യുദ്ധക്കളം ദൂരെനിന്നു ദിവ്യദൃഷ്ടികൊണ്ടു നോക്കിക്കണ്ടു. ഉഗ്രതപസ്വിനിയും പതിവ്രതയും മഹാഭാഗയും സഹധര്‍മ്മചാരിണിയും സത്യവാദിനിയുമായ ഗാന്ധാരി പുണ്യകര്‍മ്മാവായ കൃഷ്ണദ്വൈപായനന്റെ അനുഗ്രഹത്താല്‍ ദിവ്യജഞാനബലമുള്ളവളായി അവിടെ നിന്നു തന്നെ പോര്‍ക്കളം ദര്‍ശിച്ചു. അതുകണ്ട് ദിവ്യജ്ഞാനബലംപുണ്ട അവള്‍ വിലപിച്ചു. അരികെ നിന്നു കാണും പോലെ ബുദ്ധിമതിയായ അവള്‍ വീരന്മാരുടെ പോര്‍ക്കളം കണ്ട് അത്ഭുതപ്പെട്ട്, രോമാഞ്ചംകൊണ്ടു വിറച്ചു!
അസ്ഥികേശങ്ങള്‍ ചിതറി ചോര ചാടി നനഞ്ഞ് അനേകായിരം ദേഹങ്ങള്‍ അവിടെ ചുറ്റും ചിന്നിക്കിടക്കുന്നു. ഗജങ്ങളുടേയും അശ്വങ്ങളുടേയും യോദ്ധാക്കളുടേയും ചോരയില്‍ മുഴുകി തലയറ്റ ഉടലുകള്‍, ഉടലറ്റ തലകള്‍ എന്നിവ ചിന്നിക്കിടക്കുന്നു. ഗജങ്ങളുടേയും അശ്വങ്ങളുടേയും പുരുഷരുടേയും സ്ത്രീകളുടേയും ആര്‍ത്തസ്വരത്തോടൊപ്പം കുറുക്കന്‍, കൊക്ക്, കാട്ടുകാക്ക, കങ്കം, കഴു ഇവയുടെ ശബ്ദവും ചേര്‍ന്നു ഭയങ്കരമായ ഇരമ്പം മുഴങ്ങുന്നു. കുറുക്കന്‍, ചെന്നായ, കഴുകന്‍ എന്നിവയുടേയും നിനദം പൊങ്ങുന്നു.
പിന്നെ വ്യാസന്റെ അനുവാദത്തോടെ ധൃതരാഷ്ട്ര രാജാവും, യുധിഷ്ഠിരന്‍ തുടങ്ങിയ പാണ്ഡവന്മാരും, കൃഷ്ണനേയും ധൃതരാഷ്ട്രനേയും മുന്നില്‍ നടത്തി കുരുസ്ത്രീകളോടും കൂടി പോര്‍ക്കളത്തിലേക്കു യാത്രയായി. ഭര്‍ത്താക്കന്മാര്‍ മരിച്ചുപോയ ആ സ്ത്രീകള്‍ കുരുക്ഷ്രേതത്തിലെത്തി. മരിച്ചു കിടക്കുന്ന ഭര്‍ത്താക്കന്മാരേയും പുത്രന്മാരേയും ഭ്രാതാക്കളേയും പിതാക്കളേയും കണ്ടു. മാംസം തിന്നുന്ന കഴുകന്‍, കാക്ക, കുറുക്കന്മാര്‍, ചെന്നായ്ക്കള്‍ എന്നിവ കൊത്തിയും കടിച്ചും ചീന്തിയും തിന്നുകയും, നാനാഭൂതങ്ങളും പിശാചുക്കളും നിശാചരന്മാരും ആര്‍ത്തു തിമിര്‍ത്ത് കുത്താടുകയും, സംഹാര നൃത്തം ചെയ്യുന്ന രുദ്രന്റെ ക്രീഡാരംഗം പോലുള്ള വധസ്ഥലം കണ്ട് നാരിമാര്‍ നെഞ്ചിലടിച്ച് ആര്‍ത്ത് മഹാര്‍ഹമായ തേരുകളില്‍ നിന്നു താഴെ വീണു. മുമ്പെങ്ങും കാണാത്ത ഈ ഘോരമായ കാഴ്ച കണ്ട് ഭാരതസ്ത്രീകള്‍ ദേഹം തമ്മിലിടറി മറിഞ്ഞു. മറ്റു ചിലര്‍ നിലത്തു വീണു. ചിലര്‍ തളര്‍ന്നു, ചിലര്‍ ബോധരഹിതരായി, ചിലര്‍ നിശ്ചേതനകളായി.
പാഞ്ചാലകൌരവസ്ത്രീകളുടെ കഥ ഏറ്റവും ദയനീയമായി. ദുഃഖം കൊണ്ട് ഉള്ളു കെട്ട് ആര്‍ത്താരവത്തോടെ കൃഷ്ണനെ വിളിച്ച് ധര്‍മ്മജ്ഞയായ ഗാന്ധാരി നിലവിളിച്ചു പറഞ്ഞു: കൃഷ്ണാ! ഭര്‍ത്താക്കന്മാര്‍ മരിച്ച എന്റെ സ്നുഷകളെ നീ കാണുന്നില്ലേ, മാധവാ! അവര്‍ മുടിചിന്നി കുരരികള്‍പോലെ ആക്കുന്നു. അവര്‍ ഒത്തുചേര്‍ന്ന് ആ ഭരതശ്രേഷ്ഠന്മാരെ സ്മരിച്ച് ഒന്നിച്ച് പുത്രന്മാരുടേയും പതികളുടേയും ഭ്രാതാക്കന്മാരുടേയും പിതാക്കളുടേയും അടുത്തു ചെന്നു കേഴുന്നതു കാണുന്നില്ലേ? ഇതാ അങ്ങോട്ടു നോക്കൂ! മക്കള്‍ ചത്ത അമ്മമാര്‍, വീരര്‍ മരിച്ച വീരപത്നിമാര്‍, അവിടവിടെ ചേര്‍ന്നുനിന്നു വിലപിച്ച് ആർക്കുന്നു.
ദ്രോണ്രദുപദമദ്രേശന്മാരും ഭീഷ്മകര്‍ണ്ണസൌഭദ്രന്മാരും അന്ത്യവിശ്രമം കൊളളുന്നു. നീ ഇത് കാണുന്നുണ്ടോ വമ്പന്മാരുടെ പൊന്‍ചട്ടകളും ദിവ്യരത്നങ്ങളും അംഗദങ്ങളും ഹസ്തകേയൂരങ്ങളും മാലകളും ചിന്നിക്കിടക്കുന്നു. വീരന്മാര്‍ വിട്ട വേല്‍കളും വെണ്മഴുകളും ഖഡ്ഗങ്ങളും പലതരം തീക്ഷ്ണ ബാണങ്ങളും വില്ലുകളും ചിതറിക്കിടക്കുന്നു. ചിലേടത്ത് പല ക്രവ്യാദവര്‍ഗ്ഗങ്ങളും കൂട്ടം കൂടി നില്ക്കുന്നു, കളിക്കുന്നു, കൂത്താടുന്നു. ഹേ വിരാ! നീ പോര്‍ക്കളം കാണുന്നില്ലേ? ഹേ ജനാര്‍ദ്ദനാ! ഈ കാഴ്ച കണ്ട് ശോകം കൊണ്ടു ഞാന്‍ വേവുന്നു! പാഞ്ചാല കൌരവരുടെ നാശം കണ്ട് പഞ്ചഭൂതങ്ങളുടെ വധം പോലെ ഞാന്‍ ചിന്തിക്കുന്നു. അസംഖ്യം കഴുകന്മാര്‍ മുടിക്കെട്ടില്‍ നഖമൂന്നി മാംസം കൊത്തിവിഴുങ്ങുന്നു. ജയദ്രഥന്റെയും കര്‍ണ്ണന്റെയും ഭീഷ്മന്റെയും ദ്രോണന്റെയും അഭിമന്യുവിന്റെയും ഒക്കെ നാശത്തെക്കുറിച്ച് ആരു ചിന്തിക്കുന്നു! അവദ്ധ്യരായ ഇവരെയൊക്കെ കൊന്നതായി ഞാന്‍ കണ്ടു. മധുസൂദന! കഴുക്കളും, കങ്കങ്ങളും, കുറുക്കന്മാരും, കുറുനരികളുമല്ലേ ഇപ്പോള്‍ അവരെ പിടികൂടുന്നത്? അമര്‍ഷത്തിന്നു കീഴ്പെട്ട ദുര്യോധന വശസ്ഥരായ നരവ്യാഘ്രർ കെട്ടുപോയ അഗ്നിപോലെ ദയനീയരായി, ശാന്തമായി കിടക്കുന്നു. ഇവരൊക്കെ മൃദുവായ മെത്തയില്‍ ശയിക്കേണ്ടവരല്ലേ? വിപത്തിലെത്തി വീണ ഇവര്‍ തുറന്ന നിലത്ത് വെറും മണ്ണിലല്ലേ കിടക്കുന്നത്!
എന്നും പ്രഭാതത്തില്‍ വന്ദികളുടെ (പ്രശംസാഗാനം കേള്‍ക്കാറുള്ള ഇവര്‍ ഇപ്പോള്‍ ശിവകളുടെ (പെണ്‍കുറുക്കന്‍) അശിവമായ ഘോരാരാവം കേള്‍ക്കുകയാവാം. അകിലും ചന്ദനവും പൂശി പണ്ട് മൃദുലമായ മെത്തയില്‍ ശയിച്ചിരുന്ന പുകഴ്‌ന്ന വീരാഗ്രണികള്‍ പൊടിമണ്ണില്‍ കിടക്കുന്നു. അവരുടെ മണിഭൂഷണങ്ങള്‍ കുറുക്കിന്‍, കഴു, കാക്ക എന്നീ അശിവോഗ്രജീവികള്‍ ചിന്നിച്ചിതറുന്നു. അവ വീണ്ടും ശബ്ദിക്കുന്നു. തീക്ഷ്ണമായ ബാണങ്ങള്‍, ഈട്ടിത്തേച്ച വാളുകള്‍, ഗദകള്‍ എന്നിവയുമായിക്കിടക്കുന്ന യുദ്ധാഭിമാനികളായ വീരന്മാര്‍, ജീവിക്കുന്നവരെപ്പോലെ കൈയിലേന്തിക്കാണുന്നു!
കൃഷ്ണാ, രൂപവര്‍ണ്ണം ചേര്‍ന്ന ചിലര്‍ ക്രവ്യാദങ്ങളാല്‍ ചുറ്റപ്പെട്ട് രക്തത്തില്‍ കാളകളെപ്പോലെ കിടക്കുന്നു. പ്രിയപ്പെട്ട ഭാര്യമാരെ പുല്കി മുഖം ചായ്ച്ചു കിടക്കുന്നതു പോലെ ഗദകളെ കെട്ടിപ്പിടിച്ച് മഹാബാഹുക്കളായ ശൂരന്മാര്‍ കിടക്കുന്നു. ചട്ടയിട്ട് വിമലായുധങ്ങള്‍ ധരിച്ച് ശൂരതയാര്‍ന്ന മുഖത്തോടെ കിടക്കുന്നതു കണ്ട് അവര്‍ ജീവിക്കുന്നുണ്ടെന്നു ധരിച്ച് മാംസഭോജികളൊന്നും ഭയപ്പെട്ട് അടുക്കുന്നില്ല. ജനാര്‍ദ്ദനാ! ക്രവ്യാദങ്ങള്‍ ഇഴയ്ക്കുന്ന വമ്പന്മാരായ മറ്റുപേരുടെ വിചിത്രമായ പൊന്മാലകള്‍ ചുറ്റും ചിന്നിക്കിടക്കുന്നു. ഭയങ്കരന്മാരായ കുറുക്കന്മാര്‍ മരിച്ച മഹാന്മാരുടെ കഴുത്തിലെ ഹാരങ്ങള്‍ കടിച്ച് ഉതിര്‍ക്കുന്നു. വന്ദ്യജനങ്ങളുടെ സ്തുതിഗീതം കേട്ട് ഉണരുന്ന വീരന്മാരുടെ പ്രിയപ്പെട്ട ഭാര്യമാര്‍ ഇതാ മുറവിളികൂട്ടുന്നു. കൃപണം! ദാരുണം! ഹേ വൃഷ്ണി ശാര്‍ദ്ദൂലാ! എത്രയോ അസംഖ്യം ശോകാര്‍ത്തമാരായ നാരികള്‍! ചെന്താമരനിരപോലെ ഭംഗിയില്‍ നിരന്നു വിളങ്ങുന്ന, വാടിത്തര്‍ന്ന, ഈ നാരികളുടെ മുഖങ്ങള്‍ നോക്കൂ. ആദിത്യന്റെ നിറമായും സ്വര്‍ണ്ണത്തിന്റെ നിറമായും ശോഭിക്കുന്ന ആ കുരുസ്ത്രീകളുടെ മുഖങ്ങള്‍ രോഷംകൊണ്ടും രോദനംകൊണ്ടും രക്താഭമായിരിക്കുന്നു. ഇവര്‍ തമ്മില്‍ എന്താണ് പറയുന്നതെന്ന് ആര്‍ത്താലാപം കൊണ്ട് അറിയുന്നില്ല.
ഇവര്‍ നെടുവീർപ്പിട്ട് നിലവിളിച്ചു വീണ്ടും ദുഃഖംകൊണ്ട് ഇളകി ജീവന്‍ വെടിയുന്നു. മൃതദേഹം കണ്ടു പലരും ആര്‍ക്കുന്നു. വിലപിക്കുന്നു. മൃദുപാണികളായ നാരിമാര്‍ കൈകൊണ്ടു തലയ്ക്കടിക്കുന്നു. വീണു കൂടിക്കിടക്കുന്ന തല, ദേഹം കൈകള്‍ ഇവ കൂട്ടിമുട്ടി മന്നിടം ചിന്നി ശോഭിക്കുന്നു. തലയില്ലാത്ത ഉടലുകളും ഉടലില്ലാത്ത തലകളും കണ്ട്, ഘോരമായി ഹൃദയത്തില്‍ അടക്കുവാന്‍ വയ്യാത്ത ഖേദം കൊണ്ട് ബോധം കെട്ടു വീഴുന്നു. വീണുകിടക്കുന്ന തലയെടുത്തു ദേഹത്തോടു ചേര്‍ത്തു വെച്ചു നോക്കി മനസ്സു കെട്ട് ഇത് ഇവന്റെയല്ല എന്നു പറഞ്ഞു വേറെ അമ്പേറ്റ് മുറിഞ്ഞു തെറിച്ചു കിടക്കുന്ന ദേഹവും കൈകളും കാലുകളുമെടുത്തു ചേര്‍ത്തുവെച്ചു നോക്കി ഇണ്ടലോടെ വീണ്ടും വീണ്ടും ചില നാരിമാര്‍ ബോധംകെട്ടു വീഴുന്നു. മൃഗപക്ഷികള്‍ അടര്‍ത്തിത്തിന്ന മൂര്‍ദ്ധാക്കളോടുകുടിയ ഭര്‍ത്താക്കന്മാരെ ചില നാരികള്‍ തിരിച്ചറിയുന്നില്ല. മധുസൂദനാ! ചിലര്‍ തലയ്ക്കു കൈകൊണ്ടു തല്ലുന്നു. ശത്രുക്കള്‍ കൊന്നുവീഴ്ത്തിയ പിതൃഭ്രാതൃപുത്രപതികളെക്കണ്ട് ചിലര്‍ തങ്ങളുടെ ദേഹത്തില്‍ അടിക്കുന്നു. വാള്‍ പിടിച്ച് അറ്റുകിടക്കുന്ന കൈകളാലും കുണ്ഡലമണിഞ്ഞ ശിരസ്സുകളാലും മാംസച്ചോര കുഴഞ്ഞു മറിഞ്ഞ് നിറഞ്ഞു കാണുന്ന ഭൂമിയില്‍ സഞ്ചരിക്കുവാന്‍ വയ്യാത്ത വിധം അവര്‍ വിഷമിക്കുന്നു. മുമ്പ് ദുഃഖിക്കാതിരുന്ന മാന്യകളായ നാരികള്‍ ദുഃഖിച്ച്, പിതൃഭ്രാതൃസുതന്മാരാല്‍ ചിതറപ്പെട്ട ഭൂമിയില്‍ പാഞ്ഞുകയറുന്നു.
മാധവാ! പൈക്കിടാങ്ങളുടെ കൂട്ടംപോലെ സുകേശിനികളായ ധൃതരാഷ്ട്രസ്നുഷകളെ നീ കാണുക! എനിക്ക് ഇതില്‍പ്പരമായ ദുഃഖം എന്താണ്? കേശവാ, നിനക്ക് എന്തു തോന്നുന്നു? കുനിഞ്ഞും, പൊങ്ങിയും, അവര്‍ കാണിക്കുന്ന ദുഃഖ ചേഷ്ടിതങ്ങള്‍ നോക്കു. കഴിഞ്ഞ ജന്മങ്ങളില്‍ ഞാന്‍ നിശ്ചയമായും മഹാപാപങ്ങള്‍ ചെയ്തിരിക്കണം. പുത്രപൌത്രന്മാരും ഭ്രാതൃഗണങ്ങളും മരിച്ചു ചിതറിക്കിടക്കുന്നതല്ലേ കേശവാ, ഞാന്‍ കാണുന്നത്! എന്ന് ആര്‍ത്തയായി കേഴുന്ന അവള്‍ വധിക്കപ്പെട്ടു കിടക്കുന്ന പുത്രനെ കണ്ടു.
അദ്ധ്യായം 17. ഗാന്ധാരീവാക്യം - ദുര്യോധനദര്‍ശനം - വൈശമ്പായനന്‍ പറഞ്ഞു; ഗാന്ധാരി ദുര്യോധനനെ കണ്ട ഉടനെ കാട്ടില്‍ വെട്ടിവീഴ്ത്തിയ വാഴ പോലെ ബോധം കെട്ടു ഭുമിയില്‍ വീണു. അവള്‍ പിന്നെ ബോധംവീണപ്പോള്‍ ദുര്യോധനനെ വിളിച്ച് ആര്‍ത്തു കേണു. ചോരയില്‍ മുഴുകിക്കിടക്കുന്ന അവനെ നോക്കിയും, കെട്ടിപ്പിടിച്ചും അവള്‍ ഹൃദയം നൊന്ത് വിലപിച്ചു: അയ്യോ! അയ്യോ! മകനേ! എന്നു വിളിച്ച് ഹാരനിഷ്കാലംകൃതമായ മാറിടം ശോകസന്തപ്തമായ കണ്ണുനീരില്‍ മുഴുകി അടുത്തു നില്ക്കുന്ന ഹൃഷികേശനോട് അത്യാകുലയായി പറഞ്ഞു: ബന്ധുജനങ്ങളേ, രക്തസംബന്ധികളേ, എല്ലാം ഹനിക്കുവാന്‍ പോകുന്ന പോര്‍ അടുത്തപ്പോള്‍ കൃഷ്ണാ, എന്നോട് ഈ പുത്രന്‍ പറഞ്ഞു: അമ്മേ, ഈ ജ്ഞാതിയുദ്ധത്തില്‍ അമ്മ എനിക്കു വിജയം ആശംസിക്കണം. ഇതുകേട്ട് അവന്ന് വരാനിരിക്കുന്ന ദുഃഖത്തെപ്പറ്റി ചിന്തിച്ചറിഞ്ഞും കൊണ്ട് ഹേ പുരുഷവ്യാഘ്രാ! ഞാന്‍ പറഞ്ഞു:” ധര്‍മ്മം എവിടെയുണ്ടോ അവിടെ ജയം ഉണ്ടാകും. മകനേ, ധീരയോദ്ധാവായ നീ മോഹങ്ങള്‍ക്കു വശംവദനാകാതിരിക്കുകയാണെങ്കില്‍ ദേവന്മാരെപ്പോലെ ശസ്ത്രജിതന്മാര്‍ക്കു ലഭിക്കുന്ന എല്ലാ ലോകവും നീ നേടും, തീര്‍ച്ചയാണ്, എന്നു ഞാന്‍ ഈ കിടക്കുന്ന എന്റെ മകനോട് അന്നു പറഞ്ഞു. അവന്‍ അതു കേട്ടില്ല. കഷ്ടം! ബന്ധുക്കളൊക്കെ മരിച്ച്, നിരാലംഭനായ ധൃതരാഷ്ട്രനെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. പാവം! ധൃതരാഷ്ട്രന്‍! അമര്‍ഷിയും, യോധപ്രവരനും, കൃതാസ്ത്രനും, യുദ്ധ ദുര്‍മ്മദനുമായ എന്റെ ഉണ്ണി വീരശയ്യയില്‍ കിടക്കുന്നു! മാധവാ, നീ കാണുന്നില്ലേ?
ഇവന്‍ മൂര്‍ദ്ധാഭിഷിക്തര്‍ക്കും മുമ്പനായ പരന്തപനാണ്. അവനല്ലേ ഈ പൊടിമണ്ണില്‍ കിടക്കുന്നത്! തീര്‍ച്ചയായും ദുര്യോധനന്‍ വീരന്‍ തന്നെ! ദുസ്സാദ്ധ്യമായ ഗതി അവന്‍ നേടി. വീരശയ്യയില്‍ ധീരമായി പോരാടിയിട്ടാണല്ലോ വീണത്! പണ്ട് ഇവനെ വാരനാരികള്‍ രമിപ്പിച്ചു. ഇപ്പോള്‍ വീരശയ്യയില്‍ ഇവനെ രമിപ്പിക്കുന്നത് ആരാണ്? ശിവാകുലമാണ് (പെണ്‍കുറുക്കന്മാരാണ്). ഇവനെ പണ്ടു സേവിച്ച് മനീഷികള്‍ രമിപ്പിച്ചു. ഇപ്പോള്‍ ചത്തു താഴെ വീണുകിടക്കുന്ന ഇവനെ കഴുക്കളല്ലേ ഉപാസിക്കുന്നത്! ഇവനെ പണ്ടു സുന്ദരിമാരായ നാരിമാര്‍ വൃജനം കൊണ്ടു വീശി സേവിച്ചു. ഇപ്പോള്‍ ഇവനെ പക്ഷികള്‍ പക്ഷവ്യജനംകൊണ്ടല്ലേ സേവിക്കുന്നത്! മഹാബാഹുവും, സത്യവിക്രമനും, ബലവാനു മായ ഇവന്‍ ഭീമന്റെ ഗദാഘാതമേറ്റ്, സിംഹം അടിച്ചു കൊന്ന ആനയെപ്പോലെ രക്തത്തില്‍ മുഴുകി, ഗദയെ പുല്‍കിക്കിടക്കുന്ന കിടപ്പുനോക്കു. മാധവാ! പോരിന്നുമുമ്പില്‍ പതിനൊന്നക്ഷൗഹി ണി സൈന്യത്തെ വരുത്തിയ മഹാബാഹു നയവൈകല്യം മൂലം മരിച്ചു കിടക്കുന്നു! മഹേഷ്വാസനും, മഹാബലനുമായ ദുര്യോധനന്‍ സിംഹം വീഴ്‌ത്തിയ ശാര്‍ദ്ദൂലത്തെപ്പോലെയല്ലേ ഭീമനാല്‍ വധിക്കപ്പെട്ട് വീണുകിടക്കുന്നത്?
വിദുരനേയും, ശോഭ കെട്ടവനായ അച്ഛനേയും നിരസിച്ച ബാലന്‍ വൃദ്ധന്മാരെ അനുസരിക്കാതെ മൃത്യുവിന്റെ അധീനത്തിലായി. പതിമ്മൂന്നു സംവത്സരം ശത്രുബാധകൂടാതെ ഭൂമി മുഴുവന്‍ അധീനത്തില്‍ വെച്ച മഹാരാജാവ്, എന്റെ പുത്രന്‍, ഇതാ മണ്ണില്‍ ചത്തു വീണുകിടക്കുന്നു.
കൃഷ്ണാ! ദുര്യോധനന്‍ ഭരിച്ചിരുന്ന ഭൂമി എപ്രകാരമായിരുന്നു എന്ന് നോക്കുക. പശുക്കളാലും, അശ്വങ്ങളാലും, ആനകളാലും സമൃദ്ധമായ ഭൂമി! അതും ചിരമല്ല! അതെല്ലാം ഇനി അന്യന്‍ ഭരിക്കുന്നതായിത്തീര്‍ന്നു. വിത്തസമൃദ്ധിയില്ലാതെ ഇനി ഞാന്‍ ജീവിച്ചിട്ടെന്തുഫലം? പുത്രമരണം മൂലം എനിക്ക് വന്നു കൂടിയ കഷ്ടപ്പാട് നീ കാണുന്നുണ്ടോ? പോരില്‍ മരിച്ച ശുരന്മാരായ ഭര്‍ത്താക്കന്മാരെ അവരുടെ സ്ത്രീകള്‍ ഉപാസിക്കുകയാണ്. ദുര്യോധനന്റെ അങ്കത്തെ ആശ്രയിച്ചിരുന്ന പൊന്‍വേദിക്കൊത്ത ആ മനസ്വിനി, ലക്ഷമണന്റെ അമ്മ, മുടി ചിന്നി, വിലപിക്കുന്നതു നോക്കൂ! ഈ ധീരന്‍ മുമ്പ് ജീവിച്ചിരിക്കുമ്പോള്‍ സുഭുജനായ ദുര്യോധനന്റെ ഭുജം ആശ്രയിച്ച് ജീവിച്ചിരുന്ന അന്ന്, അവളുടെ നില എന്തായിരുന്നു! ഇതുകണ്ട്, മക്കളും പൗത്രന്മാരും പോരില്‍ വധിച്ചതു കണ്ടിട്ട് എന്റെ ഹൃദയം നൂറായി തകരുന്നില്ലല്ലോ. അവള്‍ ചോരയിലാറാടിക്കിടക്കുന്ന തന്റെ പുത്രനെ എടുത്ത് ഘ്രാണിക്കുന്നു. ദുര്യോധനനെ അവള്‍ കൈകൊണ്ട് തുടയ്ക്കുന്നു. അവള്‍ ഭര്‍ത്താവിനേയും, മകനേയുംകണ്ട് ശോചിക്കുന്നു. അപ്രകാരം നിന്ന്, പുത്രനെക്കണ്ട് അവള്‍ കൈകള്‍ കൊണ്ടു തലയിലടിച്ച്, വീരനായ കുരുരാജാവിന്റെ മാറില്‍ വീഴുന്നു. താമരപോലെ ശോഭിക്കുന്ന പുത്രന്റേയും, ഭര്‍ത്താവിന്റേയും മുഖം തുടച്ച് താമരപ്പുപോലെ മനോജ്ഞമായ മുഖത്തോടുകുടിയ ആ തപസ്വിനി വിലപിക്കുന്നത് കൃഷ്ണാ, നീ കാണുന്നില്ലേ? ശാസ്ത്രങ്ങളും ശ്രുതികളും സത്യമാണെങ്കിൽ ബാഹുവീര്യംകൊണ്ടു ക്ഷ്ത്രിയന്മാര്‍ നേടുന്ന ലോകങ്ങള്‍ നിശ്ചയമായും ഈ നൃപന്‍ നേടിയിരിക്കുന്നു.
അദ്ധ്യായം 18. ഗാന്ധാരീവാക്യം - ദുശ്ശാസനദര്‍ശനം - ഗാന്ധാരി പറഞ്ഞു; ഹേ മാധവാ! യുദ്ധത്തില്‍ ഭീമന്‍ ഗദ കൊണ്ട് അടിച്ചു കൊന്ന എന്റെ നൂറു മക്കള്‍ കിടക്കുന്ന കിടപ്പു നോക്കൂ! മരിച്ച മക്കളുടെ ഭാര്യമാര്‍, ബാലകളായ എന്റെ സ്നുഷകള്‍, ഓടിവന്നു മുടിയഴിച്ചു ചിന്നി വിലപിക്കുന്നു. ഈ കാഴ്ചയില്‍പ്പരം ദുഃഖം എന്താണു എനിക്കു വരാനുള്ളത്. ചെഞ്ചായം പുരട്ടി അലങ്കരിച്ച പാദങ്ങള്‍കൊണ്ട് മണിമേടകളില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ രക്താര്‍ദ്രമായ രണഭൂമിയിലല്ലേ ആപത്തില്‍പ്പെട്ട ഇവര്‍ ചവിട്ടുന്നത്. കുറുക്കന്‍, കാക്ക, കഴുകന്‍ എന്നിവയെ ആട്ടിയകറ്റി ശോകാര്‍ത്തരായ ഇവര്‍ മത്തുപിടിച്ചവരെപ്പോലെ ബോധഹീനകളായി അങ്ങുമിങ്ങും കാലിടറിപ്പായുന്നു. ഇതാ കൃശമദ്ധ്യയായ അനവദ്യാംഗി; ഇണ്ടല്‍പുണ്ട് ഘോരമായ ഈ വൈശസം കണ്ട് വീഴുന്നു. ലക്ഷ്മണന്റെ അമ്മയായ ആ രാജപുത്രിയെ, രാജപത്നിയെ കണ്ട് എന്റെ മനസ്സിന്ന് ഒരു ശാന്തിയും ലഭിക്കുന്നില്ല. ചിലര്‍ മൃതിയടഞ്ഞുകിടക്കുന്ന ഭ്രാതാക്കളെ കണ്ട്, ചിലര്‍ ഭര്‍ത്താക്കന്മാരെ കണ്ട്, ചിലര്‍ മക്കളെക്കണ്ട് കൈകള്‍പൊക്കി വിളിച്ചാര്‍ത്തു ചെല്ലുന്നത് നോക്കൂ! ബന്ധുക്കള്‍ മരിച്ച് വൃദ്ധവധുക്കള്‍ യുദ്ധഭൂമിയില്‍ച്ചെന്ന് സഹിക്കവയ്യാത്ത ദുഃഖംകൊണ്ട് മുറവിളി കൂട്ടുന്നത് നീ കാണുന്നുണ്ടോ കൃഷ്ണാ! തേര്‍ത്തട്ടിലും, ചത്തു കിടക്കുന്ന ആന, കുതിര എന്നിവയുടെ ദേഹത്തിലും തളര്‍ന്നു ബോധഹീനകളായി ഹേ, മഹാബലാ, അവര്‍ ചാരിനില്ക്കുന്നു. കഴുത്തില്‍നിന്നു മുറിച്ചുതളളിയ ചാരുകുണ്ഡലത്തോടു കൂടിയതും, ഉയര്‍ന്ന നാസികയുള്ളതുമായ ശിരസ്സെടുത്ത് മറ്റൊരുവള്‍ കേഴുന്നത് നീ കാണുന്നുണ്ടോ? മുജ്ജന്മത്തില്‍ ബുദ്ധിഹീനയായ ഞാനും, ഈ പെണ്‍കിടാങ്ങളും ചെയ്ത പാപം ചെറുതല്ല കേശവാ! ഞങ്ങള്‍ക്ക് ഇങ്ങനെ ഒരാപത്ത് ധര്‍മ്മരാജാവു പറ്റിച്ചില്ലേ! പുണ്യപാപകര്‍മ്മങ്ങള്‍ക്ക് ഒരിക്കലും നാശം സംഭവിക്കയില്ല യദൂത്തമാ! അഴകുള്ള വയറുള്ള കൃശോദരിമാര്‍, മനോഹരമായ കൊങ്കയുള്ളവര്‍, കുലീനമാരായ ലജ്ജാവനമ്രമുഖികള്‍, കരിംകുഴലിമാര്‍, നീലപക്ഷ്മകള്‍, ഹംസംപോലെ ഗല്‍ഗദമായി, മനോഹരമായി സംസാരിക്കുന്നവര്‍, ഇങ്ങനെ മനോജ്ഞകളായി ശോഭിക്കുന്ന ചെറുപ്പക്കാരികള്‍ ദുഃഖശോകവിമൂഢകളായി കരഞ്ഞ്, സാരസങ്ങളെപ്പോലെ കരഞ്ഞുവീഴുന്നത് ഹേ മാധവാ! കാണുന്നില്ലേ? ഹേ പുണ്ഡരീകാക്ഷാ, വിടര്‍ന്ന താമരപ്പൂക്കള്‍ പോലെ ശോഭിക്കുന്ന നാരിമാരുടെ കുറ്റമറ്റ മുഖങ്ങള്‍ ഉഷ്ണകിരണന്‍ തപിപ്പിക്കുന്നു. മത്തമാതംഗദര്‍പ്പം പൂണ്ട ഈര്‍ഷ്യയുള്ള എന്റെ സ്നുഷകളെ ഒന്നു നോക്കിക്കാണുവാന്‍ കഴിയാത്ത സാധാരണ ജനങ്ങള്‍ ഇതാ നോക്കിക്കാണുന്നു!
എന്റെ മക്കളുടെ ശതചന്ദ്രപ്പരിചകള്‍, സൂര്യകാന്തിധ്വജങ്ങള്‍, പൊന്നുംചട്ടകള്‍, സ്വര്‍ണ്ണപ്പതക്കങ്ങള്‍, മുടിച്ചാര്‍ത്തുകള്‍, ഇങ്ങനെയുളളവയെല്ലാം പടക്കളത്തില്‍ ചിന്നിച്ചിതറി കത്തുന്ന വിധം ശോഭിക്കുന്നു, ഗോവിന്ദാ!
അരിഘാതകനായ ദുശ്ശാസനന്‍, ശൂരനായ എന്റെ പുത്രന്‍, കിടക്കുന്ന കിടപ്പു കണ്ടോ? ഭീമന്‍ സര്‍വ്വാംഗവും ചോര കുടിച്ച് അടരില്‍ വീഴ്ത്തിയ വീരനെ നോക്കു! ചുതുകളി കൊണ്ടുണ്ടായ ക്ലേശങ്ങളെ ഓര്‍ത്തോര്‍ത്ത്, ദ്രൗപദിയുടെ പ്രേരണമൂലം ഭീമന്‍ അവനെ ഗദകൊണ്ട് അടിച്ചുവീഴ്ത്തി. കൃഷ്ണാ, അവന്‍ കിടക്കുന്ന കിടപ്പ് നീ കാണുന്നില്ലേ?
സഭയില്‍ ചൂതിനാല്‍ വെന്ന പാഞ്ചാലിയോട് അവന്‍ ഭ്രാതാവിന്റേയും, കര്‍ണ്ണന്റേയും പ്രിയത്തിന്നു വേണ്ടി സഹദേവന്‍, നകുലന്‍, അര്‍ജ്ജുനന്‍ എന്നിവരൊത്തുനില്ക്കെ പറഞ്ഞു: ഹേ പാഞ്ചാലീ, നീ ദാസ്യഭാര്യയാണ്, എന്റെ അന്തഃപ്പുരത്തിലേക്കു പോകൂ എന്ന്. അന്ന് ഉടനെ, കൃഷ്ണാ, ഞാന്‍ ദുര്യോധനനോട് പറഞ്ഞു: മകനേ, നീ മൃത്യുപാശത്തില്‍പ്പെടും, ശകുനിയെ നീ വിടുക. നിന്റെ അമ്മാവനായ ഈ ദുര്‍ബുദ്ധി കലഹപ്രിയനാണെന്നു നീ അറിയുക. ഇവനെ നീ തൃജിക്കുക. പാണ്ഡുപുത്രരുമായി വഴക്കടിക്കാതെ അവരുമായി ഇണങ്ങി നില്ക്കുക. ഹേ ദുര്‍ബുദ്ധേ, നീ കോപിയായ ഭീമസേനനെ അറിയുന്നില്ലേ? തോട്ടികൊണ്ട് ആനയെ എന്ന വിധം അവന്‍ വാക്ശരംകൊണ്ട് ഭീമനെ ജ്വലിപ്പിക്കുന്നു. ഞാനിങ്ങനെ കോപിച്ചു പറഞ്ഞിട്ടും എന്റെ മക്കള്‍ വാക്ശരങ്ങള്‍കൊണ്ട് അവര്‍, പാണ്ഡവരില്‍ കാളകളില്‍ സര്‍പ്പം എന്ന വിധം വിഷം വിടുകയാണുണ്ടായത്. ഇതാ ദുശ്ശാസനന്‍ കൈകള്‍ പരത്തി സിംഹം കൊന്നു വീഴ്ത്തിയ ആനയെപ്പോലെ കിടക്കുന്ന കിടപ്പുനോക്കൂ: കൃഷ്ണാ! ഭീമന്‍ ഏറ്റം അമര്‍ഷണനായി ഒട്ടേറെ രൌദ്രം അവനില്‍ ചെയ്തു! ഭീമന്‍ ക്രോധിച്ചു ദുശ്ശാസനന്റെ രക്തം കുടിച്ചില്ലേ കൃഷ്ണാ!
അദ്ധ്യായം 19. ഗാന്ധാരീവാക്യം - വികര്‍ണ്ണാദിദര്‍ശനം - ഗാന്ധാരി പറഞ്ഞു: ഹേ മാധവാ, എന്റെ പുത്രന്‍ പ്രാജഞസമ്മതനായ വികര്‍ണ്ണന്‍, ഭീമന്റെ പ്രഹരമേറ്റു ചത്ത് നൂറായി തകര്‍ന്ന് മണ്ണില്‍ ഇതാ കിടക്കുന്നു. ആനക്കൂട്ടത്തിന്റെ മദ്ധ്യത്തില്‍ മരിച്ചു കിടക്കുന്ന അവന്‍ കരിങ്കാര്‍ ചുഴലുന്ന ശരശ്ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു! ഇവന്റെ ഞാണ്‍ തഴമ്പുളള മഹാഭുജം, കൈയുറയിട്ട് മഹാഭുജം പണിപ്പെട്ട കഴുകന്മാര്‍ കൊത്തിക്കീറുന്നു. ഇവന്റെ ഭാര്യ പാവം, മാംസാര്‍ത്ഥികളായ ആ കഴുക്കളെ അട്ടി മാറ്റുന്നു. എന്നാലും ആ ബാലയുടെ ശ്രമം ഫലിക്കുന്നില്ല മാധവാ! യുവാവും ദേവതുല്യനും, പുരുഷശ്രേഷ്ഠനും, സുഘോചിതനും, സുഖാര്‍ഹനുമായ വികര്‍ണ്ണന്‍ എത്ര സുഖമായി ജീവിച്ചവനാണ് പുരുഷര്‍ഷഭാ! ഇപ്പോള്‍ അവന്‍ വെറും നിലത്തല്ലേ കൃഷ്ണാ, കിടക്കുന്നത്! പോരില്‍ കര്‍ണ്ണിനാളീകനാരാചങ്ങള്‍ കൊണ്ടു മര്‍മ്മം പിളര്‍ക്കപ്പെട്ട ആ ഭരതസത്തമനെ ഇപ്പോഴും ലക്ഷ്മി വിട്ടുപിരിയുന്നില്ല.
ശപഥം നിര്‍വ്വഹിക്കുവാന്‍ യുദ്ധവീരനായ മാരുതി അടിച്ചു വീഴ്ത്തിയ ദുര്‍മ്മുഖന്‍ ഇതാ ചത്തുകിടക്കുന്നു. ശത്രു നാശനനായ അവന്റെ മുഖം പകുതിയും ചെന്നായ്ക്കള്‍ തിന്നു. ആ പകുതി മുഖം സപ്തമിയിലെ അര്‍ദ്ധചന്ദ്രനെപ്പോലെ ശോഭിക്കുന്നു. രണശൂരനായ അവന്റെ അപ്രകാരമുള്ള മുഖം ഹേ കേശവാ!
നോക്കൂ! ശ്രതുക്കളെ കൊന്നു വീഴ്ത്തിയ അവന്‍ എന്തേ കൃഷ്ണാ, ഇങ്ങനെ മണ്ണുകപ്പുവാന്‍? പോരില്‍ ഇവനോട് നേരിട്ടു നില്‍ക്കുവാന്‍ ആരുണ്ട്? സ്വര്‍ഗ്ഗംപോലും വെല്ലുന്ന അവന്‍ ശത്രു ക്കളാല്‍ വീഴ്ത്തപ്പെടുകയോ!
അപ്പുറം മരിച്ചുകിടക്കുന്ന ധാര്‍ത്തരാഷ്ട്രനായ ചിത്രസേനനെ നോക്കുക. ചിത്രമാല്യാഭരണനായ അവനെക്കണ്ട് നാരികള്‍ ക്രവ്യാദങ്ങളോടൊന്നിച്ച് ചുറ്റും വളഞ്ഞിരുന്നു കരയുന്നു. സ്ത്രീകളുടെ കരയുന്ന ഘോഷവും കുറുക്കന്മാരുടെ ഓരിയിടലും വിചിത്രമായിരിക്കുന്നു. യുവവൃന്ദാരകനും സ്ത്രീജനസേവിതനുമായ വിവിംശതി ഇതാ മരിച്ചുകിടക്കുന്നു മാധവാ! അടരില്‍ പാണ്ഡവസൈന്യത്തില്‍ കടന്ന വീരനായ അവന്‍ സല്‍പ്പുമാനു ചേര്‍ന്നവിധം വീരശയനത്തില്‍ കിടക്കുകയാണ്. പുഞ്ചിരികൊണ്ട് മനോഹരമായ ചില്ലികളോടും നല്ല നാസികയോടുംകൂടിയ വിവിംശതിയുടെ ചന്ദ്രസന്നിഭമായ മുഖം ഇപ്പോഴും ശോഭിക്കുന്നു, കൃഷ്ണാ! നീ കാണുന്നില്ലേ? വസു വാസവനാരികള്‍ ഗന്ധര്‍വ്വരെ സേവിക്കുന്ന വിധത്തില്‍ ആരെ സേവിക്കുന്നു, ആരോടു കൂടി ദേവകന്യകമാര്‍ ക്രീഡിക്കുന്നു. വീരസൈന്യം മുടിക്കുന്ന ആ ശത്രുഘാതിയായ ദുസ്സഹന്‍ ദുസ്സഹന്‍ തന്നെയാണ്. ആര്‍ അവന്റെ പരാക്രമത്തെ സഹിക്കും? ആ വീരനായ ദുസ്സഹന്റെ ദേഹം അമ്പുതറച്ചു മുളച്ച്, പൂത്ത പൂക്കൊന്ന നിരന്ന മലപോലെ ശോഭിക്കുന്നു. പൊന്മാലയണിഞ്ഞും പൊന്‍ചട്ടയിട്ടും കിടക്കുന്ന ദുസ്സഹൻ മരിച്ചിട്ടും അഗ്നിയാൽ ശ്വേതശൈലം എന്ന പോലെ ശോഭിക്കുന്നു.
അദ്ധ്യായം 20. ഗാന്ധാരീവാക്യം - അഭിമന്യുദര്‍ശനം - ഗാന്ധാരി പറഞ്ഞു: കൃഷ്ണാ, മരിച്ചു കിടക്കുന്ന അഭിമന്യുവിനെ നീ കാണുന്നുണ്ടോ? അവന്റെ അച്ഛനോടും ഭവാനോടും അര്‍ദ്ധാധികം ഗുണവാനായ അഭിമന്യു, ദാശാര്‍ഹന്റെ ബലത്തിലും, ശൗര്യത്തിലും, ദൃപ്തനും, സിംഹാഭനും ഉല്ക്കടനുമായ വീരന്‍, എന്റെ പുത്രന്റെ ദുര്‍ഭേദ്യമായ സൈന്യവ്യൂഹത്തിന്റെ കെട്ടു പൊട്ടിച്ച മഹാബലന്‍, പരന്മാരുടെ അന്തകനായിത്തീര്‍ന്ന അതുല്യപ്രഭാവന്‍, ഇതാ മൃത്യുവിന്റെ വശത്തിലായി വീണുകിടക്കുന്നു. കൃഷ്ണാ, തേജസ്സേറിയ കാര്‍ഷ്ണിയുടെ ശോഭപോകുന്നില്ല. മരിച്ചാലും അഭിമന്യുവിന്റെ പ്രഭയ്ക്കു കുറവില്ല. ഇതാ വിരാടപുത്രി ആര്‍ത്തയായി വീരനായ പതിയെക്കണ്ട് മുറയിടുന്നു. ആ ബാലവീരനായ ഭര്‍ത്താവിനെ ചാരത്തു ചെന്നു കൈകൊണ്ടു തലോടുന്നതു കേശവാ, നീ കാണുന്നില്ലേ! അവന്റെ ശംഖു പോലെയുള്ള കണ്ഠം, വിടര്‍ന്ന താമര പോലെയുളള മുഖം, സൌഭദ്രന്റെ സുന്ദരമായ മുഖം, ആ മനസ്വിനി ഘ്രാണിക്കുന്നു. കാമ്യരൂപയായ അവള്‍, അവനെ മുമ്പെക്കാണുമ്പോള്‍ നാണിച്ചിരുന്ന അവള്‍, മാധ്വീക മദമത്തനായ അവനെ ഇതാ പുല്‍കുന്നു! അവന്റെ രക്തം പറ്റിയ പൊന്നണിഞ്ഞ ചട്ടയെ അഴിച്ചിട്ട് ദേഹത്തെ ഹേ വീരാ, അവള്‍ നോക്കുന്നു. ബാലയായ അവള്‍ അവനെ നോക്കി എന്താണു നിന്നോടു പറയുന്നത്? നീ കേള്‍ക്കുന്നുണ്ടോ അവളുടെ വിലാപം! ഹേ പങ്കജാക്ഷാ! നിന്റെ അക്ഷികള്‍ക്കു സദൃശമായ അക്ഷിയുള്ള ഇവന്‍ എങ്ങനെ കൊല്ലപ്പെട്ടു! ബലവീര്യങ്ങളാലും, തേജസ്സാലും നിന്നോടു തുല്യനല്ലേ ഇവന്‍? രൂപംകൊണ്ടും നിന്നോടു തുല്യനല്ലേ ഇവന്‍? കഷ്ടം! അവന്‍ ഇങ്ങനെ മരിച്ച് മണ്ണില്‍ കിടക്കുന്നത് ആര്‍ക്കു സഹിക്കുവാന്‍ കഴിയും?
കൃഷ്ണാ, ഉത്തര വിലപിച്ചു പറയുന്നതു നീ കേള്‍ക്കുന്നില്ലേ! മൃദുവായ മാന്തോല്‍മെത്തയില്‍ കിടന്നിരുന്ന സകുമാരാംഗനായ നിന്റെ ദേഹം ഇപ്പോള്‍ നോവുന്നുണ്ടോ? ആനത്തുമ്പിക്കയ് പോലുളള, ഞാണ്‍തഴമ്പുളള, കേയൂരമണിഞ്ഞ കൈകള്‍ പരത്തി കിടക്കുകയല്ലേ നീ! പല വ്യായാമങ്ങള്‍ ചെയ്തു തളര്‍ന്നുറങ്ങുകയാണോ? ആര്‍ത്തയായി കരയുന്ന എന്നോട് നീ എന്താണ് ഒന്നും മിണ്ടാത്തത്? നോക്കൂ! കണ്ണുതുറന്ന് ഒന്നു നോക്കു! ഞാന്‍ നിന്നോട് ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ! എന്താണ് നീ ഒന്നും മിണ്ടാത്തത്. നീ മുമ്പ് എന്നെ ദുരത്തു നിന്ന് കാണുമ്പോള്‍ത്തന്നെ ചിരിച്ചു പറയാറുണ്ടല്ലോ. ഇപ്പോള്‍ ദേവാഭന്മാരായ താതരേയും, അമ്മയേയും എന്നെയും വിട്ടു നീ എങ്ങോട്ടു പോകുന്നു?” ചോരയണിഞ്ഞ മുടി കൈകൊണ്ട് തൂത്തുമാടി, മുഖം മടിയില്‍വെച്ച് അവള്‍ പറയുന്നതു നീ കേള്‍ക്കുന്നില്ലേ? ജീവിച്ചിരിക്കുന്നവനോട് പറയുന്ന വിധം പറയുന്നതു നീ കേള്‍ക്കുന്നില്ലേ?
കേശവന്റെ ഭാഗിനേയനെ, ഗാണ്ഡീവിയുടെ പുത്രനെ, നിന്നെ, യുദ്ധത്തില്‍ എങ്ങനെ, ആര്, ഏതു മഹാരഥന്മാര്‍ വധിച്ചു? കൃപനേയും, കര്‍ണ്ണനേയും, സൈന്ധവനേയും, ദ്രോണനേയും, ദ്രൗണിയേയും ഞാന്‍ നിന്ദിക്കുന്നു! അവരെല്ലാവരും കൂടി ബാലനായ നിന്നെ വീഴ്ത്തിയതില്‍ ഞാന്‍ അവരെ അധിക്ഷേപിക്കുന്നു! എങ്ങനെ ആ മഹാരഥന്മാര്‍ക്ക് ഈ കുടംകൈ ചെയ്യുവാന്‍ മനസ്സുവന്നു? അവര്‍ എല്ലാവരുംകൂടി വളഞ്ഞു ബാലനായ നിന്നെ എന്റെ ദുഃഖം വളര്‍ത്താനല്ലെ വധിച്ചത്? പാണ്ഡവന്മാരും, പാഞ്ചാലന്മാരും കാണ്‍കെ ഹേ വീരാ! നാഥവാനായ നീ നാഥനില്ലാത്തോനെപ്പോലെ എങ്ങനെ ഹതനായി? പോരില്‍ വളരെപ്പേര്‍ കൂടി നിന്നെ കൊന്നതു കണ്ടിട്ട് നിന്റെ അച്ഛനായ പുരുഷ വ്യാഘ്രന്‍ എങ്ങനെ ജീവിക്കും! പല രാജ്യങ്ങള്‍ ലഭിക്കുമ്പോഴും, ശത്രുക്കള്‍ തോല്ക്കുമ്പോഴും നീയില്ലാതെ എങ്ങനെ പാര്‍ത്ഥര്‍ക്ക് സന്തോഷമുണ്ടാകും? ധര്‍മ്മം കൊണ്ടും ദമം കൊണ്ടും നിന്റെ ശസ്ത്രജിതമായ പദത്തെ ഈ ഞാനും പിന്‍തുടരുകയാണ്. അവിടെ നീ എന്നെ കാത്തിരിക്കുക. കാലം വരാതെ ചാകുവാന്‍ ആര്‍ക്കും പ്രയാസം തന്നെയാണ്. നിന്നെ പോരില്‍ കൊന്നതു കണ്ട് ഞാന്‍ ദുര്‍ഭാഗ്യവതിയായി ഇരിക്കുന്നു. ഹേ നരവ്യാഘ്രാ! മൃദുവായ പുഞ്ചിരിയാലും, മധുരമായ വാക്കാലും, പിതൃലോകത്തില്‍ എന്നോടെന്നപോലെ നീ ഏതൊരുത്തിയോടാണ് പറയുക?
സ്വര്‍ഗ്ഗത്തില്‍ ഭവാന്‍ അപ്സരസ്ത്രീകളുടെ ഹൃദയം കവരും, അഴകേറുന്ന രൂപംകൊണ്ടും, പുഞ്ചരി തൂകുന്ന വാക്കു കൊണ്ടും അവരുടെ ഹൃദയം ഇളക്കും. പുണ്യവാന്മാരുടെ പദത്തില്‍ച്ചെന്ന് അപ്സരസ്ത്രീകളോടു ചേര്‍ന്ന്, ഹേ സരഭ്രദാ! കേളിയാടുന്ന സമയത്ത് നീ എന്റെ സല്‍ക്രിയകളെെപ്പറ്റി ചിന്തിക്കണേ! അങ്ങയ്ക്ക് എന്നോടു കൂടെ അല്പകാലത്തെ സഹവാസമാണ് വിധി കല്‍പിച്ചത്. ആറുമാസത്തെ സഹവാസം മാത്രമല്ലേ നാം തമ്മിലുണ്ടായുള്ളു. ഏഴാംമാസത്തില്‍ ഹേ വീരാ! നീ മരിച്ചു.” എന്നു പറഞ്ഞ് നെഞ്ചിലടിച്ച് ആര്‍ത്തുകേഴുന്ന സങ്കല്പം തകര്‍ന്ന ഉത്തരയെ മത്സ്യരാജകുലസ്ത്രീകള്‍ പിടിച്ചകറ്റുന്നു. ആര്‍ത്തയായ ഉത്തരയെ പിടിച്ചുമാറ്റുന്നു. ദുഃഖിച്ചു മുറവിളികൂട്ടുന്ന സ്ത്രീകള്‍ പിന്നെ, വിരാടന്‍ മരിച്ചുകിടക്കുന്നതു കണ്ട് ആര്‍ത്ത് മുറവിളി കൂട്ടുന്നു. ദ്രോണാസ്ത്രമേറ്റ് അറ്റ് ചോര വാര്‍ന്ന വിരാടനെ കഴുകനും കാക്കയും കൊത്തി വിഴുങ്ങുന്നു. കുറുക്കന്‍ ഓരിയിടുന്നു! അസിതാക്ഷികളായ നാരിമാര്‍ ഈ പക്ഷിക്കൂട്ടം കൊത്തിത്തിന്നുന്ന വീരനായ വിരാടന്റെ ദേഹത്തില്‍നിന്നു പക്ഷികളെ മാറ്റുവാന്‍, വിവശരും ദുഃഖിതരുമായ സ്ത്രീകള്‍ അശക്തരായി കുഴങ്ങുന്നു. വെയില്‍കൊണ്ട് കേണു തളര്‍ന്ന വധുക്കളുടെ വാട്ടം തട്ടിയ മുഖങ്ങളുടെ ആകൃതി മാറിയിരിക്കുന്നു. മാധവാ! ഉത്തരന്‍, സൌഭദ്രന്‍, കാംബോജന്‍, ലക്ഷ്മണന്‍, സുദര്‍ശനന്‍, സുദക്ഷിണന്‍ എന്നീ ബാലന്മാര്‍ പോര്‍ക്കളത്തില്‍ ചത്തുകിടക്കുന്നത് നീ കാണുന്നില്ലേ മാധവാ?
അദ്ധ്യായം 21. ഗാന്ധാരീവാക്യം - കര്‍ണ്ണ ദര്‍ശനം - ഗാന്ധാരി പറഞ്ഞു: മഹേഷ്വാസനും മഹാബലനുമായ കര്‍ണ്ണന്‍ ഇതാ, കിടക്കുന്നു. പാര്‍ത്ഥന്റെ തേജസ്സില്‍ അവന്‍ പോരില്‍ അഗ്നിപോലെ കെട്ടുപോയി. ദേഹത്തില്‍ ചോരയൊഴുകി ദയനീയനായി ഇതാ, മരിച്ചുകിടന്നു. അമര്‍ഷിയും ദിര്‍ഘരോഷനും മഹേഷ്വാസനും മഹാബലനും ശുരനുമായ ഗാണ്ഡീവി അവനെ വീഴ്ത്തി!
മഹാരഥന്മാരായ എന്റെ മക്കള്‍, കൊമ്പന്മാര്‍ യൂഥപതിയെപ്പോലെ ഇവനെ മുന്‍നിര്‍ത്തി. പാണ്ഡവന്മാരില്‍ നിന്നുളള ഭയം മുലം പോരില്‍ അവനെ മുന്‍നിര്‍ത്തി പൊരുതി. രണാങ്കണത്തില്‍ ശാര്‍ദ്ദൂലത്തെ സിംഹം എന്ന പോലെ സവ്യസാചി രണാങ്കണത്തില്‍ ഈ വീരനെ കൊന്നു വീഴ്ത്തി. ഹേ പുരുഷവ്യാഘ്രാ! യുദ്ധത്തില്‍ മരിച്ച വീരനായ അവനെ മുടിയഴിച്ചിട്ട് അവന്റെ പത്നിമാര്‍ കേണു കൊണ്ട് ഉപാസിക്കുന്നത് നീ കാണുന്നുണ്ടോ? ഇവനെ ഭയപ്പെട്ട് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ പതിമ്മൂന്നു വര്‍ഷം ചിന്തിച്ചു ചിന്തിച്ച് ഉറക്കം വരാതെ കിടന്നു. ശ്രതുക്കള്‍ക്ക് അധൃഷ്യനും യുദ്ധത്തില്‍ ഇന്ദ്രതുല്യനും അര്‍ച്ചിഷ്മാനും പ്രളയാഗ്നിക്കു തുല്യനും, ഹിമാദ്രിപോലെ സ്ഥിരനുമായ ആ വീരന്‍ ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക് ഒരേ ആശ്രയമായിരുന്നു മാധവാ! അവനല്ലേ ഭൂമിയില്‍ കാറ്റേറ്റ തരുപോലെ കിടക്കുന്നത്!
വൃഷസേനന്റെ അമ്മയെ, കര്‍ണ്ണന്റെ പത്‌നിയെ നീ നോക്കൂ, അവള്‍ ദയനീയമായി മുറയിട്ട് ഇതാ, വീണുകിടക്കുന്നു! ഹാ കര്‍ണ്ണാ! ആചാര്യന്റെ ശാപം നിനക്കു ഫലിച്ചു. നിന്റെ ചക്രം ധരിത്രി ഗ്രസിച്ചില്ലേ? അതുകൊണ്ടാണല്ലോ ധനഞ്ജയന്‍ ശത്രു മദ്ധ്യത്തില്‍ വെച്ച് നിന്റെ തല അമ്പെയ്ത് അറുത്തുതളളിയത്? ഹാ! കഷ്ടം! കര്‍ണ്ണനെക്കണ്ട് സുഷേണന്റെ മാതാവ് മോഹിച്ചു വീണുകിടക്കുന്ന കിടപ്പു കണ്ടുവോ? ഹാ കഷ്ടം! സ്വര്‍ണ്ണാലങ്കാരഭൂഷിതനായി ആ മഹാഭുജന്‍ ജീവിച്ചിരിക്കുന്നവനെപ്പോലെ തേജസ്സോടെ കിടക്കുന്നതുകണ്ട് സഹിക്കവയ്യാത്ത ദുഃഖത്താല്‍ അവള്‍ കേണു മോഹിച്ചുവീണു! കുറുക്കനും കഴുകനും ചെന്നായയും അവന്റെ ദേഹം മുക്കാല്‍ഭാഗവും തിന്നു തീര്‍ത്തിരിക്കുന്നു. എങ്കിലും അവന്‍ ഇപ്പോഴും കാഴ്ചയ്ക്ക് ആനന്ദപദനായി കൃഷ്ണചതുര്‍ദുശിയിലെ ചന്ദ്രനെപ്പോലെ വിളങ്ങുന്നു! പുത്രവധാര്‍ത്തയായ അവള്‍ വീണുരുണ്ട് നിലംവിട്ടെഴുന്നേറ്റ് കര്‍ണ്ണന്റെ മുഖത്തു ഘ്രാണിച്ച് വീണ്ടും വീണു വിലപിക്കുന്നതു നോക്കു കൃഷ്ണാ!
അദ്ധ്യായം 22. ഗാന്ധാരീവാക്യം - അവന്ത്യജയദ്രഥാദിദര്‍ശനം - ഗാന്ധാരി പറഞ്ഞു; ഭീമസേനന്‍ വീഴ്ത്തിയ ശുരനും അനവധി ബന്ധുക്കളുള്ളവനുമായ അവന്ത്യനെ അബന്ധുവെയെന്ന പോലെയല്ലേ കുറുക്കനും ചെന്നായയും കഴുകനും ചീന്തിത്തിന്നുന്നത്? എത്രയോ ശത്രുക്കളെ വെട്ടിവീഴത്തിയ അവനെയല്ലേ കുറുനരിയും കുഴുകനും ഓരോ ദിക്കിലേക്കു വലിച്ചിഴയ്ക്കുന്നത്. മാധവാ! കാലവിപര്യയം നോക്കൂ. ചോരയില്‍ക്കുളിച്ച് വീരശയ്യയില്‍ കിടക്കുന്ന ആ വീരന്‍ കുറുനരികളും, കുറുക്കുന്മാരും, കങ്കങ്ങളും, കഴുകന്മാരും വലിച്ചിഴയ്ക്കുന്നതു നോക്കൂ. നാരികള്‍ അവന്ത്യന്നു ചുറ്റുമിരുന്നു വിലപിച്ച് ഉപാസിക്കുന്നത് നോക്കൂ. മറ്റൊരിടത്തു വീരനായ ബാല്‍ഹീകന്‍ ശരമേറ്റു വീണുറങ്ങുന്ന പുലിയെപ്പോലെ കിടക്കുന്നു. മരിച്ചാലും അവന്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ വിളങ്ങുന്നു. പുത്രശോകം കൊണ്ട് തപ്തഹൃദയനായി സത്യം രക്ഷിക്കുവാന്‍ ഇന്ദ്രപുത്രന്‍ കൊന്നിട്ടവനാണ് ഈ ജയദ്രഥന്‍! അവന്റെ കിടപ്പ് നോക്കൂ. നിരന്നുനിന്ന പതിനൊന്നക്ഷൗഹിണി സൈന്യത്തെ പിളര്‍ന്നിട്ടാണ് സത്യവാനായ അര്‍ജ്ജുനന്‍ ജയദ്രഥനെ കൊന്നുവീഴ്ത്തിയത്. കേശവാ, നീ അവന്റെ കിടപ്പൊന്നു നോക്കു. സിന്ധുസൌവീരപതിയായ അവനെ, ദര്‍പ്പംപുണ്ട ആ മനസ്വിയെ, കൂറുള്ള ഭാര്യമാര്‍ ഇരുന്നു കാക്കുമ്പോഴും കുറുക്കനും ചെന്നായ്ക്കളും കടിച്ചുവലിക്കുന്നത് കൃഷ്ണാ, നീ കാണുന്നുണ്ടോ? ആ മാംസഭോജികളായ കുറുക്കനും കഴുകന്മാരും അവനെ കുണ്ടിലേക്ക് കടിച്ചു വലിച്ചിഴയ്ക്കുന്നു. കൃഷ്ണാ! കാംബോജയവനസ്ത്രീകള്‍ ആ സിന്ധുരാജാവിനെ, എല്ലാവരേയും സംരക്ഷിക്കുന്ന സവീരനാഥനെ കരഞ്ഞു കൊണ്ട് ഉപാസിക്കുന്നു. കേകയരോടൊത്ത് എന്ന് കൃഷ്ണയേയുംകൊണ്ട് അവന്‍ മടങ്ങിയോ, അന്ന് ഈ ജയദ്രഥന്‍ പാണ്ഡവര്‍ക്ക് വദ്ധ്യനാണ്. ദുശ്ശളയെന്ന കൊച്ചുപെങ്ങളെയോര്‍ത്ത് അവര്‍ അന്ന് വിട്ടയച്ചതാണ്. ഇന്നെന്താണ് കൃഷ്ണാ, അവളെ അവര്‍ മാനിക്കാതിരുന്നത്? എന്റെ ഏകപുത്രിയായ ദുശ്ശള കടുത്ത ദുഃഖംകൊണ്ടു വിലപിക്കുന്നു. ആത്മനാശത്തിന്നൊരുങ്ങുന്നു. പാര്‍ത്ഥരെ വിളിച്ച് ആക്രോശിക്കുന്നു. കൃഷ്ണാ! എനിക്കിതില്‍പ്പരം എന്തു ദുഃഖമാണ് വന്നുചേരേണ്ടത്? എന്റെ പൊന്നുമോള്‍ വിധവയായി! സ്നുഷകളെല്ലാം ഭര്‍ത്തൃഹീനകള്‍! അയ്യോ, കഷ്ടം! എന്റെ മകള്‍ ദുശ്ശള അവളുടെ ഭര്‍ത്താവിന്റെ തല കണ്ടു കിട്ടാതെ അങ്ങുമിങ്ങും പായുന്നത് നോക്കൂ. ശോകവും ഭയവും കൂടാതെ പുത്രകാംക്ഷികളായ പാര്‍ത്ഥന്മാരെയൊക്കെ തടുത്ത് മഹാസൈന്യങ്ങളെ മുടിച്ചു തിന്ന ശേഷമാണ് അവന്‍ മൃത്യുവിനധീനനായത്. മത്തേഭതുല്യനായ ആ ദുര്‍ജ്ജയ വീരനെ ചുഴന്ന് ചന്ദ്രാനനകളായ നാരികള്‍ കേഴുന്നത് നോക്കു കൃഷ്ണ!
അദ്ധ്യായം 23. ഗാന്ധാരീവാക്യം - ശല്യഭീഷ്മദ്രോണദര്‍ശനം - ഗാന്ധാരി പറഞ്ഞു: ഇതാ നകുലമാതുലനായ ശല്യന്‍ ധര്‍മ്മരാജനാല്‍ വധിക്കപ്പെട്ടു കിടക്കുന്നതു നോക്കു! ഹേ ജനാര്‍ദ്ദനാ! എല്ലാറ്റിലും നിന്നോടു മത്സരിക്കുന്ന ഒരു വീരനായിരുന്നു അവന്‍. കര്‍ണ്ണന്റെ സാരഥ്യമേറ്റ മഹാരഥനായ മദ്രരാജാവ് പാണ്ഡവരുടെ ജയത്തിന്നുവേണ്ടി കര്‍ണ്ണനെ തേജോവധം ചെയ്തു.
ഹാ! കഷ്ടം! ശല്യന്റെ തിങ്കള്‍ പോലെയുള്ള മുഖം, പത്മപത്രം പോലെയുളള കേടുപറ്റാത്ത കണ്ണുകള്‍, ഇതാ കാക്കകള്‍ കൊത്തിവലിക്കുന്നു. കൃഷ്ണാ, പൊന്‍നിറമാര്‍ന്ന അവന്റെ വായില്‍ തള്ളിനില്ക്കുന്ന നാവും പക്ഷികള്‍ കൊത്തി വിഴുങ്ങുന്നു! യുധിഷ്ഠിരന്‍ കൊന്നുവിട്ട നരാഗ്ര്യനായ മദ്രരാജാവിനെ നേരിയ വസ്ത്രം ധരിച്ച സുന്ദരികളായ മദ്രരാജകുലസ്ത്രീകള്‍ ചുറ്റുമിരുന്ന് വിളിച്ചാര്‍ത്തു വിലപിച്ച് ഉപാസിക്കുന്നു. പിടിയാനകള്‍ ചളിക്കുണ്ടില്‍പെട്ടുപോയ ആനയെ എന്ന വിധം ചുറ്റും കൂടി ആര്‍ത്തു വിളിച്ചു വിലപിക്കുന്നു. ശൈലംവാഴുന്ന ശ്രേഷ്ഠരാജാവായ ഭഗദത്തന്‍ ആനത്തോട്ടിയുമായി വീണുകിടക്കുന്നു! ചെന്നായ കടിച്ചുകീറിത്തിന്നുന്ന അവന്റെ അഴകെഴുന്ന മുടിയില്‍ പൊന്മാല മിന്നുന്നു. ശക്തനായ പാര്‍ത്ഥന്‍ രോമഹര്‍ഷണമായ യുദ്ധമാണ് അവനോടു നടത്തിയത്. ഇതാ! വീര്യശാര്യങ്ങളില്‍ പാരില്‍ കിടയില്ലാത്ത ഭീഷ്മനല്ലെ വീണുകിടക്കുന്നത്! സൂര്യനെപ്പോലെ കാന്തിമാനായ ഭീഷ്മനെ കൃഷ്ണാ, നീ കാണുന്നില്ലേ? കാലത്താല്‍ വീഴ്ത്തപ്പെട്ട അര്‍ക്കനെപ്പോലെ അവന്‍ ശോഭിക്കുന്നു! ആ സുര്യനിതാ അസ്തമിക്കുന്നു. കര്‍ണ്ണിനാളീകനാരാചനിരകൊണ്ടു തീര്‍ത്ത മെത്തയില്‍ ശരവണത്തില്‍ സ്കന്ദനെന്ന വിധം കിടക്കുന്നതു നോക്കുക. അര്‍ജ്ജുനന്‍ നല്‍കിയ മൂന്നു കൂരമ്പാകുന്ന തലയണയില്‍ ശിരസ്സ് ഉയര്‍ത്തിവെച്ചിരിക്കുന്നതു നോക്കുക. അച്ഛന്റെ ശാസ്യത്തില്‍ നില്ക്കുന്നവനും, ഊർദ്ധ്വരേതസ്സുമായ ആ കീര്‍ത്തിമാന്‍, നിസ്തുല്യനായ ശാന്തനവന്‍ കിടക്കുന്ന കിടപ്പുനോക്കു മാധവാ! ധര്‍മ്മാത്മാവും ധര്‍മ്മജ്ഞനും ഈശ്വരേച്ഛയാല്‍ അമരത്ത്യാഭനുമായ ഈ മര്‍ത്ത്യന്‍, അതുല്യനായ ധനുര്‍ദ്ധരന്‍ പ്രാണന്‍ വിടാതെ കിടക്കുകയാണ്. ഇത്ര പടുവായ ഒരു മഹാരഥനില്ല. ഇത്ര ജ്ഞാനമുള്ള വിദ്വാനില്ല. ഇത്ര മഹാനായ വിക്രമിയില്ല. അങ്ങനെയുള്ള ശാന്തനവന്‍, ഭീഷ്മൻ, അയ്യോ! അമ്പേറ്റു വീണുകിടക്കുന്നു! അങ്ങനെയുള്ള ശൂരന്‍, പാണ്ഡുപുത്രന്മാരോട് തന്റെ വധത്തിന്നുള്ള ഉപായം ആവശ്യപ്പെട്ടതു കൊണ്ട് ഉപദേശിച്ചു. നശിച്ച കുരുവംശത്തെ വീണ്ടും ഉദ്ധരിച്ച ഈ മഹാനായ ബുദ്ധിമാന്‍ കുരുക്കളോടൊത്തു പോരാടി തോറ്റുപോയല്ലോ! ഇനി കുരുക്കള്‍ ആരോടു ധര്‍മ്മം ചോദിച്ചറിയും? ഈ ദേവകല്പനായ ദേവ്രവതന്‍ സ്വര്‍ഗ്ഗസ്ഥനായാല്‍ പിന്നെ ആരുണ്ട്?
അര്‍ജ്ജുനന്നും സ്യാതൃകിക്കും ആചാര്യനും കൌാരവഗുരുവുമായ ദ്രോണൻ കുരുമദ്ധ്യത്തില്‍ വീണുകിടക്കുന്നതു നീ കാണുന്നില്ലേ കൃഷ്ണാ! ശക്രനും ഭാര്‍ഗ്ഗവനുമൊപ്പം അസ്ത്ര വേഗം നാലുവിധവും അറിയുന്ന ഗുരു അര്‍ജ്ജുനനോടു പ്രസാദിച്ചിട്ടല്ലേ അര്‍ജ്ജുനന്‍ ദുഷ്കരമായ ക്രിയ ചെയ്തത്. അവനും വീണു. അസ്ത്രങ്ങളൊന്നും അവനെ രക്ഷിച്ചില്ല. ജ്വാലകെട്ട അഗ്നിപോലെ കിടക്കുന്ന ഇവന്റെ കൈയില്‍ വില്‍പ്പിടുത്തം അയഞ്ഞിട്ടില്ല. ദ്രോണന്‍ മരിച്ചാലും ജീവിക്കുന്നവിധം ശോഭിക്കുന്നു! നാലു വേദങ്ങളും എല്ലാ ശാസ്ത്രങ്ങളും ആദിപ്രജാപതിയെപ്പോലെ ഈ ശൂരന്ന് ഒഴിയാത്തവയാണ്. വന്ദ്യന്മാര്‍ വന്ദിക്കുന്ന ഇവന്റെ വന്ദ്യമായ പാദങ്ങളെ കുറുക്കന്മാര്‍ കടിച്ചു വലിക്കുകയാണ്. ദ്രുപദപുത്രന്‍ കൊന്ന ദ്രോണനെ, കൃപി കൃപണമായി ദുഃഖംകൊണ്ട് ഉള്ളുകെട്ട് സേവിക്കുന്നു. നോക്കൂ! ആര്‍ത്തയായി അവള്‍ കേശമഴിച്ച് ചിന്നി, മരിച്ച ശസ്ത്രജ്ഞനെ ഉപാസിക്കുന്നു. ധൃഷ്ടദ്യുമ്നന്‍ ചട്ടയെയ്തു തകര്‍ത്ത ദ്രോണനെ ജടിലബ്രഹ്മചാരിണി സേവിക്കുന്നതു കാണുക! കൃപണയായി മാഴ്കുന്ന കൃപി പ്രേതക്രിയയ്ക്കു യത്നിക്കുകയാണ്. പോരില്‍ ചത്ത കാന്തന് സുകുമാരിയും, യശസ്വിനിയുമായ അവള്‍ തീകൂട്ടി വിധിപോലെ പട്ടടയാളിക്കുന്നു. ദ്രോണനെ വെച്ച് മുന്നു സാമങ്ങള്‍ സാമഗര്‍ പാടുന്നു.! ജടിലപ്രഹ്മചാരികള്‍ ചിതകുട്ടുന്നു. വേല്‍കള്‍, വില്ലുകള്‍, തേര്‍ക്കുടുകള്‍, പലതരം ശസ്ത്രങ്ങള്‍ ഇവ കൊണ്ടാണ് അവര്‍ ചുടല കൂട്ടിയിരിക്കുന്നത്. ഭൂരിതേജസ്സായ ദ്രോണനെ ചിതയില്‍ക്കയറ്റി ആശംസിക്കുകയും, കരയുകയും ചെയ്യുന്നു. അന്തസ്ഥസാമങ്ങള്‍ മൂന്നും മറ്റുളളവര്‍ അനുശാസിക്കുന്നു. തീയില്‍ തീയെന്നപോലെ ദ്രോണനെ ഹോമിക്കുന്നു! ഗംഗയ്ക്ക് അഭിമുഖമായി, ദ്രോണശിഷ്യരായ ദ്വിജന്മാര്‍ കൃപിയെ മുമ്പില്‍ നടത്തി, ചുടലയ്ക്കു വലംവെച്ചു പോകുന്നു.
അദ്ധ്യായം 24. ഗാന്ധാരീവാക്യം - ഭൂരിശ്രവസ്സ്, സോമദത്തന്‍, ശകുനി എന്നിവരെ കാണുന്നു - ഗാന്ധാരി പറഞ്ഞു: കൃഷ്ണാ, സാത്യകി വീഴ്ത്തിയ സൌമദത്തിയെ കണ്ടുവോ? അവനെ പല പക്ഷികള്‍കൂടി കൊത്തി വിഴുങ്ങുന്നു. പുത്രശോകത്താല്‍ തപ്തനായി സോമദത്തൻ സാത്യകിയെ ഗര്‍ഹിക്കുന്ന വിധം കാണപ്പെടുന്നു. ഇതാ ദുഃഖം നിറഞ്ഞ ഭൂരിശ്രവസ്സിന്റെ അമ്മ ഭര്‍ത്താവായ സോമദത്തനെ ആശ്വസിപ്പിക്കുന്നു.
ഹേ രാജാവേ, പ്രളയതുല്യമായി ഘോരമായ ഭാരതക്ഷയം, കുരുക്കളുടെ സംക്രന്ദനം നീ കാണുന്നില്ല. ഭാഗ്യം! വീരനായ യൂപധ്വജന്‍, അനേകം യാഗം ചെയ്തവന്‍ ചത്തു കിടക്കുന്നതും നീ കാണുന്നില്ല. ഭാഗ്യം! തിരക്കില്‍ സ്നുഷകളുടെ ഘോരമായ വിലാപവും ആഴിയില്‍ സാരസീഘോഷംപോലെ നി കേള്‍ക്കുന്നുമില്ല. രാജാവേ, ഒറ്റവസ്ത്രം ഉടുത്തവരും, കരിംകുന്തല്‍ ചിന്നിയവരുമായ നിന്റെ സ്നുഷകള്‍ ഭര്‍ത്താക്കന്മാരുടെ മൃതദേഹം കാണുവാന്‍ ഓടുന്നു. ചെന്നായ്ക്കള്‍ തിന്നുകൊണ്ടിരിക്കുന്ന ആ മൃതദേഹങ്ങള്‍ ഭാഗ്യം! നീ കാണുന്നുമില്ല. അര്‍ജ്ജുനന്‍ കൈയറുത്തിട്ടു വീഴ്ത്തിയ നരാഗ്ര്യനെ, പോരില്‍ കൊന്ന ശലനെ, യജ്ഞകേതുവിനെ, ദുഃഖിക്കുന്ന സ്നുഷകളെ ആരെയും നീ ഭാഗ്യത്താല്‍ കാണുന്നില്ല! ഭാഗ്യത്താല്‍ നീ സൗമദത്തിയായ യൂപദ്ധ്വന്റെ തേര്‍ത്തട്ടില്‍ മിന്നുന്ന പൊന്നിന്‍കുട ഇപ്പോള്‍ കാണുന്നില്ല! ഭൂരിശ്രവസ്സിന്റെ ഭാരൃമാര്‍ ചുറ്റും ചുഴന്നു ദുഃഖിച്ചു വിലപിക്കുന്നു. പലതും പറഞ്ഞു വിലപിച്ച് ഭര്‍ത്തൃശോകാര്‍ത്തമാരായ അവര്‍ നിലത്തുവിഴുന്നു. കേശവാ, എന്തു കാഴ്ചയാണിത്. ബീഭത്സു ഇത്ര മഹാബീഭത്സമായ ഈ കര്‍മ്മം എങ്ങനെ ചെയ്തു? പ്രമത്തനായ ശൂരയജ്വാവിന്റെ കൈയറുത്തില്ലേ? പിന്നെയല്ലേ സാത്യകി പാപകര്‍മ്മം ചെയ്തത്. പ്രായോപവിഷ്ടനായ സംശിതാത്മാവിനെയല്ലേ ഹനിച്ചത്? അധര്‍മ്മത്താല്‍ രണ്ടുപേര്‍ കൂടിയല്ലേ രാജാവേ, നിന്നെ കൊന്നുവീഴ്ത്തിയത്? ഇപ്രകാരം യുപധ്വജന്റെ ഭാര്യ, കൈപ്പിടിയിലൊതുങ്ങുന്നത്ര ഇടുങ്ങിയ അരക്കെട്ടുള്ള സുന്ദരിയായ ഭാര്യ വിലപിക്കുന്നത് കൃഷ്ണാ, നീ കേള്‍ക്കുന്നുണ്ടോ? അര്‍ജ്ജുനന്‍ വീഴ്ത്തിയ ഈ കൈ, ഹാ! അരഞ്ഞാണു പിടിച്ചഴിക്കുന്ന കൈയല്ലേ ഇത്? കുളുര്‍ക്കൊങ്കകള്‍ ഞെക്കുന്ന കയ്യല്ലേ ഇത്? തുടയും നാഭിയും കടിപ്രദേശവും തലോടുന്ന കയ്യല്ലേ ഇത്? ഉടുത്ത തുണിയുടെ കുത്തു പിടിച്ചഴിക്കുന്ന കയ്യല്ലേ ഇത്? ശത്രുക്കളെ സംഹരിക്കുന്ന കയ്യല്ലേ ഇത്? മിത്രങ്ങള്‍ക്ക് അഭയം നല്കുന്ന കയ്യല്ലേ ഇത്? ഗോസഹസ്രങ്ങളെ ദാനംചെയ്ത കയ്യല്ലേ ഇത്? ക്ഷ്ത്രിയന്മാരുടെ അന്നം വരുത്തുന്ന കയ്യല്ലേ ഇത്. ഹാ!
അര്‍ജ്ജുനന്‍ കൃഷ്ണന്റെ മുമ്പില്‍വെച്ച് പ്രമത്തനായി പരനോടു പൊരുതുന്ന സമയത്തല്ലേ ഇതു വീഴ്ത്തിയത്! സദസ്സില്‍ പ്രസംഗിക്കുമ്പോള്‍ ഹേ ജനാര്‍ദ്ദനാ, നീ എന്തുപറയും? അര്‍ജ്ജുനന്‍ തന്റെ മഹാകര്‍മ്മത്തെപ്പറ്റി പറയുമ്പോള്‍ ഈ അന്യായമായ കടുംകൈ പറയുകയില്ലല്ലോ? എന്നു വിലപിച്ചുവിലപിച്ച് എണ്ണിപ്പെറുക്കി മുറവിളികൂട്ടി അപേക്ഷിച്ച് ആ വരാംഗന മിണ്ടാതായി. അപ്പോള്‍ അവളുടെ സപത്നികള്‍ വിലാപം തുടങ്ങി.
ബലവാനും വിക്രമിയുമായ ശകുനിയെ നോക്കു! മരുമകനായ സഹദേവന്‍ കൊന്നുവീഴ്ത്തിയ അമ്മാവനാണ് ഈ വീണു കിടക്കുന്നത്. പണ്ട് പൊന്നിന്‍ തണ്ടുള്ള വെഞ്ചാമരത്തിന്റെ വീശലേറ്റവന്‍ ഇപ്പോള്‍ പക്ഷികളുടെ ചിറകടി കൊണ്ടുള്ള കാറ്റേറ്റാണു കിടക്കുന്നത്. ഇവന്‍ പല ചതിയും ചെയ്തവനാണ്. നൂറും ആയിരവും രൂപങ്ങള്‍ ഇവന്‍ കാണിച്ചിട്ടുണ്ട്. ആ മായാവിയുടെ മായകള്‍, പാണ്ഡവന്മാരുടെ തേജസ്സില്‍ വെന്തു വെണ്ണീറായിപ്പോയി. മായയാല്‍ ഈ ചതിയന്‍ ധര്‍മ്മപുത്രനെ ചതിച്ചു. സഭയില്‍വെച്ചു വലിയ രാജ്യമാണ് തട്ടിയെടുത്തത്. ജീവന്‍ പണയം വെച്ച കളിയില്‍ ഇപ്പോള്‍ ഇവന്‍ തോറ്റുപോയി. ഹേ കൃഷ്ണാ, ശകുനിയുടെ ചുറ്റും ശകുനി (പക്ഷി) വ്രജം കൂടിയിരിക്കുന്നു! എന്റെ മക്കളെ മുടിക്കുന്നതിന്നു വേണ്ടിയാണ് ഇവന്‍ ഈ ചൂതുകളി പഠിച്ചത്. ഇവന്‍ ഈ വലിയ വൈരം പാണ്ഡുപുത്രരുമായി ഉണ്ടാക്കി. അതിന്റെ ഫലമായി എന്റെ മക്കള്‍ കൂട്ടരോടൊത്തു മരിച്ചു. താനും മരിച്ചു. ശസ്ത്രംകൊണ്ട് എന്റെ മക്കള്‍ വെന്ന ലോകം എന്റെ മക്കള്‍ക്കെന്നപോലെ ഈ ദുഷ്ടനും ലഭിക്കും. ഈ കുടിലന്‍ പരലോകത്തുവെച്ചും സത്യസന്ധരായ എന്റെ മക്കളെ മധുസൂദനാ! തെറ്റിക്കയില്ലല്ലോ??
അദ്ധ്യായം 25. ഗാന്ധാരീശാപദാനം - ഗാന്ധാരി ശ്രീകൃഷ്ണനെ ശപിക്കുന്നു - ഗാന്ധാരി പറഞ്ഞു: ഹേ കൃഷ്ണാ! കമ്പിളി മെത്തയില്‍ കയറേണ്ടവനായ കാംബോജരാജാവിനെ നീ കാണുന്നുണ്ടോ? വൃഷസ്കന്ധനായ അവന്‍ ചത്തു മണ്ണില്‍ കിടക്കുന്നു. അവന്റെ ചോരപുരണ്ടതും, ചന്ദനം തേച്ചതുമായ കൈകള്‍ കണ്ടിട്ട് ഭാര്യ മുറവിളികൂട്ടുന്നത് നീ കേട്ടുവോ? മോതിരമണിഞ്ഞു പരിഘാഭങ്ങളായ ഈ കൈകള്‍, നല്ല കൈത്തലവും അംഗുലികളുമുള്ള ഈ കൈകള്‍, കണ്ടിട്ട് എന്റെ ഹൃദയം പൊരിയുന്നു. മുമ്പെ ഈ കൈകളുടെ ഇടയില്‍പ്പെട്ട എനിക്കു സംഭോഗത്തില്‍ തൃപ്തി വരാറില്ല; മതിയാകാറില്ല. നീയില്ലാതെ പ്രാണനാഥാ, ഞാന്‍ എന്ത് ഗതിയെ ആശ്രയിക്കേണ്ടു?” അനാഥരുടെ മട്ടില്‍ ബന്ധുവിഹീനരായ സ്ത്രീകള്‍ വിറച്ച്, വെയിലേറ്റു തളര്‍ന്ന്, മധുരമായ സ്വരത്തില്‍ വിലപിക്കുന്നു. വെയിലില്‍ വാടിയ ദേവവനിയിലെ പുമാലപോലെ തളര്‍ന്നാലും അവരുടെ ശോഭ വിടുന്നില്ല അരികെ കിടക്കുന്ന ശൂരനായ കലിംഗരാജാവിനെയും തോള്‍വളയിട്ട കൈകളോടുകുടിയ മഗധേശ്വരനായ ജയത്തസേനനേയും നോക്കു! മഗധേശ്വരനെ ചുഴന്നു കരഞ്ഞ്, മഗധസ്ത്രീകള്‍ വിലപിക്കുന്നു. ജനാര്‍ദ്ദനാ, സുസ്വരമാരും, സുദീര്‍ഘാക്ഷികളുമായ അവരുടെ ഹൃദയഹാരിയായ നാദം എന്റെ മനസ്സിനെ മയക്കുന്നു. സര്‍വ്വാഭരണങ്ങളും ചിന്നി, ശോകം മുത്ത്, കരഞ്ഞ്, മെത്തമേല്‍ക്കിടക്കാറുള്ള മാഗധനാരിമാര്‍ വെറും മണ്ണില്‍ക്കിടക്കുന്നതു നോക്കൂ! കോസലേശനായ ബൃഹത്ബലനെ ചുഴന്ന് അവന്റെ ഭാര്യമാരിരുന്നു വിലപിക്കുന്നു. അഭിമന്യു വലിച്ചെയ്ത അമ്പുകളെ കണ്ട് ആ നാരിമാര്‍ ദുഃഖത്തോടെ ഇരുന്നു മൂര്‍ച്ചിച്ചുവീഴുന്നു. ഈ നല്ല നാരിമാര്‍ വെയിലേറ്റും, ഉള്‍ത്താപം വളര്‍ന്നു, തളര്‍ന്ന മുഖങ്ങള്‍ വാടിയ താമരകള്‍പോലെ കാണപ്പെടുന്നു. മാധവാ, ദ്രോണന്‍ വധിച്ച ശൂരന്മാരായ ധൃഷ്ടദ്യുമ്ന പുത്രന്മാര്‍ എല്ലാവരും പൊന്മാലയണിഞ്ഞ് ശോഭിക്കുന്നു. തേരാകുന്ന അഗ്നികുണ്ഡലം, വില്ലാകുന്ന അര്‍ച്ചിസ്സ്, അമ്പും, വേലും, ഗദയുമാകുന്ന ഇന്ധനം ഇവയോടുകൂടിയ ദ്രോണനോടേറ്റു ശരാഗ്നിയില്‍ ശലഭങ്ങളായ കുമാരന്മാരാണിവര്‍. പൊന്‍ചട്ടയിട്ടവരും, താലധ്വജന്മാരുമായ പഞ്ചകേകയഭ്രാതാക്കള്‍ കത്തുന്ന പഞ്ചാഗ്നികള്‍ പോലെ ഇപ്പോഴും ഭാസിക്കുന്നു. ദ്രോണൻ പോരില്‍ വീഴ്ത്തിയ ദ്രുപദനെ നോക്കു മാധവാ! കാട്ടില്‍ സിംഹം കൊന്നുവിട്ട മത്തേഭംപോലെ അവന്‍ കിടക്കുകയാണ്. പാഞ്ചാലരാജാവിന്റെ നിര്‍മ്മലമായ വെണ്‍കൊറ്റക്കുട ഹേ പുണ്ഡരീകാക്ഷാ! ശരല്ക്കാലത്തെ തിങ്കള്‍പോലെ ശോഭിക്കുന്നു. വൃദ്ധനായ ദ്രുപദനെ ഭാര്യമാരും, സ്നുഷമാരും ചുഴന്നിരുന്നു വിലപിക്കുന്നു. അവര്‍ പാഞ്ചാലരാജാവിനെ ഹൃദയവ്യഥയോടുകൂടി ഇടംചുറ്റുന്നു. വില്ലാളിയായ ധൃഷ്ടകേതുവിനെ, ദ്രോണന്‍ കൊന്നചേദിരാജാവിനെപ്പറ്റി ദുഃഖിച്ചു നാരികള്‍ സമീപത്തിരുന്നു വിലപിക്കുന്നു, വിളിച്ചുകേഴുന്നു. കാറ്റേറ്റ മരംപോലെ അവന്‍ ദ്രോണാസ്ത്രമേറ്റ് വീണു കിടക്കുകയാണ്. ചേദിരാജാവായ, ശൂരനായ ധൃഷ്ടകേതു പല ശ്രതുക്കളേയും കൊന്നതിന് ശേഷമാണ് മൃതിയടഞ്ഞത്. ഖഗങ്ങള്‍ കൊത്തി വലിക്കുമ്പോള്‍ അവയെ തടുത്തിട്ട് ചേദിരാജാവിന്റെ സമീപത്തിരുന്നു ഭാര്യമാര്‍ കേഴുന്നു. അവന്റെ പുത്രനെ അങ്കത്തില്‍ എടുത്തുവെച്ച് നാരിമാര്‍ കേഴുന്നു. ഹൃഷീകേശാ, കേശകുണ്ഡലങ്ങളാല്‍ ശോഭിക്കുന്ന അവന്‍ കിടക്കുന്നത് നീ കാണുന്നില്ലേ? ഈ കിടക്കുന്ന സത്യവീരനായ ദാശാര്‍ഹജാത്മജനെ മടിയില്‍ കയറ്റിവെച്ചു നാരികള്‍ നെഞ്ചില്‍ അടിച്ചു കരയുന്നത് നോക്കൂ! കേശകുണ്ഡലങ്ങള്‍ ശോഭിക്കുന്ന ഇവന്റെ പുത്രനെ യുദ്ധത്തില്‍ ദ്രോണൻ വളരെ ശരങ്ങള്‍വിട്ട് അറുത്തിട്ടിരിക്കുന്നത് നോക്കു! ശ്രതുക്കളുമായി പൊരുതുമ്പോള്‍ പോരില്‍ നില്ക്കുന്ന വീരനായ അച്ഛനെ വിടാത്തതുപോലെ മരിച്ചുകിടക്കുമ്പോഴും പിരിയാതെതന്നെ കിടക്കുന്നത് നോക്കൂ! ഒരിക്കലും അച്ഛനെ വിട്ടുപിരിയാത്തവനാണ് ആ പുത്രന്‍. ഇപ്രകാരംതന്നെ എന്റെ പുത്രന്റെ പുത്രനായ ലക്ഷ്മണനും ദുര്യോധനനെ പിന്‍തുടര്‍ന്നു. ഹേ കൃഷ്ണാ, വിന്ദാനുവിന്ദന്മാരായ അവന്ത്യരും വീണുകിടക്കുന്നു. ശിശിരത്തിന്റെ അന്ത്യത്തില്‍ പൂത്ത സാലവൃക്ഷങ്ങള്‍ പോലെയാണ് അവര്‍ വീണുകിടക്കുന്നത്. പോരില്‍ വാളും വില്ലുമേന്തിയ, കാഞ്ചനത്തോള്‍വളയും, കയ്യുറയും ഇട്ട ജൂഷഭാക്ഷര്‍ കിടക്കുന്നത് നോക്കു! മാലയണിഞ്ഞാണ് അവര്‍ കിടക്കുന്നത്. കൃഷ്ണാ, നിന്നോടൊപ്പം അവദ്ധ്യരാണ് പാണ്ഡവരെല്ലാം. മുക്തന്മാരായ ഭീഷ്മനും, ദ്രോണനും, കൃപനും, ദുര്യോധനനും, ദ്രോണപുത്രനും, സൈന്ധവനും, സോമദത്തനും, വികര്‍ണ്ണനും, ഭോജനും ഒന്നും അവരെ കൊല്ലുവാന്‍ കഴിഞ്ഞില്ല. ശസ്ത്രശക്തി കൊണ്ട് ദേവന്മാരെപ്പോലും കൊല്ലുവാന്‍ കഴിയുന്ന നരര്‍ഷഭന്മാരാണിവര്‍, അവരൊക്കെ ചത്തു! കാലവിപര്യയം നോക്കു! ദൈവത്തിന്ന് ഒന്നും ഭാരമേറിയതായിട്ടില്ല. മാധവാ, ഈ ക്ഷത്രിയവീരരെ ക്ഷത്രിയമുഖ്യന്മാര്‍ കൊന്നു വീഴ്ത്തിയില്ലേ? ഹേ കൃഷ്ണാ, നീ കാര്യം ഒക്കാതെ എപ്പോള്‍ ഉപപ്ലാവ്യത്തിലേക്ക് മടങ്ങിപ്പോയോ, അന്നു കഴിഞ്ഞു എന്റെ മക്കളുടെ കഥ! അന്നേ ചത്തവരാണ് എന്റെ മക്കള്‍. ആ ശാന്തനവനും, ദ്രോണനും, പ്രാജ്ഞനായ വിദുരനും എന്നോടു പറഞ്ഞു; ഇനി നീ നിന്റെ മക്കളെ സ്നേഹിക്കരുത് എന്ന്. അവര്‍ കാണുന്ന കാഴ്ച ഒരിക്കലും പാഴായിപ്പോവുകയില്ല. വൈകാതെ എന്റെ മക്കളൊക്കെ ഭസ്മമായില്ലേ ജനാര്‍ദ്ദനാ!
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് അഴല്‍മുത്ത്, മൂര്‍ച്ഛിച്ച്, ഗാന്ധാരി വീണു! ദുഃഖധിക്യംമൂലം പ്രജ്ഞ നശിച്ചു; ധൈര്യവും കൈവിട്ടു. ഉടനെ കോപം കലര്‍ന്ന് പുത്രശോകാര്‍ത്തയായി അവള്‍ വൃഥിതേന്ദ്രിയയായി കൃഷ്ണനില്‍ കുറ്റം ചുമത്തി എഴുന്നേറ്റു.
ഗാന്ധാരി പറഞ്ഞു: ഹേ ജനാര്‍ദ്ദനാ! തമ്മില്‍ വഴക്കടിച്ച് പാണ്ഡവരും, കൌരവരും നശിച്ചു വെണ്ണീറായി ഹേ കൃഷ്ണാ, നീ എന്തുകൊണ്ടാണ് അവര്‍ വഴക്കടിക്കുമ്പോള്‍ അവരെ ഉപേക്ഷിച്ചത്? വളരെ കിങ്കരന്മാരുളളവനും, ശക്തനും, മഹാബലനും, രണ്ടിനും മതിയായവനും, ശ്രുതവാക്യജ്ഞനുമല്ലേ നീ? നീ കുരുക്ഷയംകണ്ട് ഉപേക്ഷ കാണിച്ചത് നിന്റെ ആഗ്രഹംകൊണ്ടാണ്. അതു നിനക്ക് ഇഷ്ടമായതുകൊണ്ടാണ്. മധുസൂദനാ, മഹാബാഹോ! അതുകൊണ്ട് നീ അതിന്റെ ഫലം അനുഭവിക്കട്ടെ! പതിശുശ്രൂഷകൊണ്ട് പതിവ്രതയായ ഞാന്‍ കുറച്ചു തപം ഏറ്റിട്ടുണ്ടെങ്കില്‍, ആ തപോബലത്താല്‍ ഹേ ച്ക്രഗദാധരാ, ഞാന്‍ നിന്നെ ശപിക്കുന്നു; തമ്മില്‍ കൊല്ലുന്ന കുരു പാണ്ഡവന്മാരെ ഭവാന്‍ ഉപേക്ഷിക്കുകയാല്‍ ഹേ ഗോവിന്ദാ, നീ ജ്ഞാതിവധം ചെയ്യട്ടെ! ഇന്നേക്കു മുപ്പത്താറാമത്തെ ആണ്ടു വരുമ്പോള്‍ ജ്ഞാതികളൊക്കെ കൊല്ലപ്പെട്ട്, അമാതൃന്മാരൊക്കെ കൊല്ലപ്പെട്, എല്ലാ പുത്രന്മാരും മരിച്ച്, കാട്ടില്‍പ്പോയി നീചമായ ഉപായത്താല്‍ നീയും നശിച്ചുപോകും. ഈ കാണുന്ന പ്രകാരം തന്നെ ജഞാതിബന്ധുജനങ്ങളൊക്കെ ചത്തതിന്നു ശേഷം നിങ്ങളുടെ സ്ത്രീകളൊക്കെ ഈ ഭാരതസ്ത്രീകളെ പ്പോലെ കിടന്ന് ദുഃഖിക്കുമാറാകട്ടെ?
വൈശമ്പായനൻ പറഞ്ഞു: ഗാന്ധാരിയുടെ ശാപം കേട്ട് പുഞ്ചിരിയോടെ കൃഷ്ണന്‍ പറഞ്ഞു: വൃഷ്ണിച്രകം മുടിക്കുന്നതിന്ന് ഞാനല്ലാതെ മറ്റൊരുത്തനുമില്ല. സുവ്രതേ! നീ ഈ പറഞ്ഞത് എനിക്കറിയാം. ഞാന്‍ അതു ചെയ്യുവാന്‍ നിശ്ചയിച്ചിട്ടുള്ളതു തന്നെയാണ്. അവര്‍ ദേവദൈത്യന്മാരാലോ, മറ്റു മര്‍ത്ത്യന്മാരാലോ അവദ്ധ്യരാണ്. യാദവന്മാര്‍ തമ്മില്‍തമ്മില്‍ ഏറ്റുതന്നെ നശിക്കും.
എന്നു ദാശാര്‍ഹന്‍ പറഞ്ഞതുകേട്ട് പാണ്ഡവന്മാര്‍ ത്രസിച്ചുപോയി. അവര്‍ ഏറ്റം ഉദ്വിഗ്നരായി. ജീവിതത്തിലുള്ള ആശ പോലും അവരില്‍ ഇല്ലാതായി.
ശ്രാദ്ധപര്‍വ്വം
അദ്ധ്യായം 26. ശേഷക്രിയ - ഭഗവാന്‍ പറഞ്ഞു: ഗാന്ധാരീ, എഴുന്നേല്‍ക്കു! എഴുന്നേല്‍ക്കു! ദുഃഖത്തില്‍ കരള്‍ വെക്കാതിരിക്കു. നിന്റെ കുറ്റംകൊണ്ടു തന്നെയാണ് കൗരവനാശം വന്നുചേര്‍ന്നത്. ദുരാത്മാവും ദുരഭിമാനിയുമായ പുത്രനെ, വൃദ്ധശാസന തെറ്റിച്ച നിഷ്ഠൂരനായ ദ്വേഷമൂര്‍ത്തിയെ, ദുര്യോധനനെ മുന്‍നിര്‍ത്തി ദുഷ്കൃതം ചെയ്യുന്നതു നന്നെന്ന് നീ ചിന്തിക്കുന്നു. അവന്‍ ചെയ്ത കുറ്റം നീ എന്താണ് എന്നില്‍ ആരോപിക്കുവാന്‍ വിചാരിച്ചത്? മൃതനെയോ, നഷ്ടനെയോ, പോയതിനെയോപ്പറ്റി മാഴ്കുന്നവന്‍ ദുഃഖത്താല്‍ പിന്നെയും ദുഃഖത്തിലാഴും. രണ്ടനര്‍ത്ഥങ്ങള്‍ അവന്നു നേരിടും.
വൈശമ്പായനൻ പറഞ്ഞു: വാസുദേവന്‍ പറഞ്ഞ ആ പുനരുക്തമായ അപ്രിയോക്തി കേട്ട് ശോകവ്യാകുലചിത്തയായി ഗാന്ധാരി അടങ്ങി. ധൃതരാഷ്ട്രനാകട്ടെ, അജ്ഞാനതിമിരം വന്ന് ധര്‍മ്മാത്മാവായ ധര്‍മ്മജനോട് ഇങ്ങനെ ചോദിച്ചു: “ഹേ പാണ്ഡവാ, ജീവിക്കുന്ന സൈന്യങ്ങളുടെ പരിണാമം നീ കാണുന്നു. എത്രപേര്‍ ചത്തു? എത്രപേര്‍ ബാക്കിയുണ്ട് ഈ യുദ്ധത്തില്‍? അവരുടെ സംഖ്യ നിനക്ക് അറിവുണ്ടെങ്കില്‍ പറയുക!
യുധിഷ്ഠിരന്‍ പറഞ്ഞു: “ഈ യുദ്ധത്തില്‍ ദശായുതം അയുതവും ഇരുപതിനായിരം കോടിയും അറുപത്തിയാറും ആളുകളാണ് ചത്തത്. കണ്ടുകിട്ടാത്ത വീരന്മാര്‍ പതിനായിരമുണ്ട്. പിന്നെ വേറെ ആയിരത്തിഅറുപത്തഞ്ചുമുണ്ട്.
ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ യുധിഷ്ഠിരാ! ആ നരോത്തമന്മാര്‍ ഏതു ഗതിയെയാണു പ്രാപിച്ചത്? മഹാബാഹോ, നീ സര്‍വ്വജ്ഞനല്ലേ, പറയു!
യുധിഷ്ഠിരന്‍ പറഞ്ഞു: സസന്തോഷം പോരില്‍ ശരീരാഹുതിചെയ്ത ആ വീരന്മാര്‍ ഇന്ദ്രലോകം പ്രാപിച്ചു. ഹര്‍ഷമില്ലാത്ത മനസ്സോടെ പോരാടി മരിച്ചവര്‍ ഗന്ധര്‍വ്വലോകം പ്രാപിച്ചു. ഭയങ്കരമായ പോരാട്ടത്തില്‍പ്പെട്ടും യാചിച്ചും പൃഷ്ഠംതിരിഞ്ഞും യുദ്ധത്തില്‍ ചത്തവര്‍ ഗുഹ്യകന്റെ അന്തികത്തിലെത്തി. പരന്മാരുടെ പീഡയേറ്റ് ആയുധമില്ലാതെ, പോരില്‍ നേരിട്ടുനിന്ന്, അസ്ത്രങ്ങളേറ്റു മരിച്ച ക്ഷത്രധര്‍മ്മപാരായണന്മാര്‍ തേജസ്വികളായി ബ്രഹ്മലോകം പ്രാപിച്ചു. പോരിന്നിടയില്‍ വല്ലപാടും മരിച്ചവര്‍ ഉത്തരകുരുരാജ്യത്തില്‍ എത്തിക്കഴിഞ്ഞു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: മകനേ! സിദ്ധനെപ്പോലെ നീ എങ്ങനെ ഇതു കണ്ടു? എന്നോടു പറയാന്‍ വിരോധമില്ലെങ്കില്‍ പറഞ്ഞാലും.
യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങയുടെ ആജ്ഞപ്രകാരം പണ്ട് കാട്ടില്‍ ഞാന്‍ സഞ്ചരിച്ചിരുന്നകാലത്ത് തീര്‍ത്ഥയാത്രയില്‍ ഈ അനുഗ്രഹം നേടി. ദേവര്‍ഷിയായ ലോമശനെ ഞാന്‍ കണ്ടു. അദ്ദേഹത്തില്‍നിന്ന് ജഞാനയോഗത്തില്‍ ദിവ്യചക്ഷുസ്സ് സമ്പാദിച്ചു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: ഈ കൂട്ടത്തില്‍ അനാഥരുണ്ട്, സനാഥമരുമുണ്ട്. അവരുടെ ദേഹങ്ങള്‍ വിധിപ്രകാരം ചുടുകയില്ലേ? കര്‍ത്താക്കളില്ലാത്തവര്‍ക്കും യജ്ഞം ചെയ്യാനാളില്ലാത്തവര്‍ക്കും സുപര്‍ണ്ണന്മാരും ഗൃധ്യങ്ങളും കൊത്തിവലിക്കുന്നവരും ക്രിയകൊണ്ട് പരലോക്ത്രാപ്തിയുണ്ടാകേണ്ടതല്ലേ, യുധിഷ്ഠിരാ?
വൈശമ്പായനൻ പറഞ്ഞു: എന്ന് മഹാപ്രാജ്ഞനായ യുധിഷ്ഠിരന്‍ ധൃതരാഷ്ട്രന്‍ പറഞ്ഞതു കേട്ട് സുധര്‍മ്മാവിനേയും.ധൌമൃനേയും സഞ്ജയനേയും ഭീമനേയും വിദുരനേയും യുയുത്സുവിനേയും ഇന്ദ്രസേനാദ്യരായ സുതന്മാരേയും ഭൃത്യന്മാരേയുമൊക്കെ വിളിച്ച് ആജ്ഞാപിച്ചു: ഇവര്‍ക്ക് നിങ്ങള്‍ അനേകം പ്രേതകാര്യങ്ങള്‍ ചെയ്യിക്കുവിന്‍. ശരീരങ്ങള്‍ നാഥനില്ലാതെ കിടന്നു നാശമാകാത്ത വിധം ചെയ്യുക!
ധര്‍മ്മരാജാവിന്റെ ആജഞയാല്‍ വിദുരനും സഞ്ജയനും സുധര്‍മ്മാവും ധൌമ്യനും ഇന്ദ്രസേനാദികളും കൂടി അകിലും ചന്ദനവും മറ്റ് ഉത്തമവ്യക്ഷങ്ങളും ഗവ്യങ്ങളും നെയ്യ്, എണ്ണ, ഗന്ധം, വീരാളിപ്പട്ട്, വസ്ത്രങ്ങള്‍ എന്നിവയും കൊണ്ടുവന്നു. വിലപ്പെട്ട വിറകിന്‍കെട്ടും തകര്‍ന്ന തേരുകളും നാനാവിധത്തിലുള്ള ആയുധങ്ങളുമെല്ലാം കൂട്ടി പണിപ്പെട്ട് ചിതയുണ്ടാക്കി. വിധിപ്രകാരം കര്‍മ്മങ്ങളോടുകൂടി അവൃഗ്രരായി ദഹിപ്പിച്ചു.
ദുര്യോധനനെ നുറു തമ്പിമാരോടൊപ്പം, ശല്യനെ, ശലനെ, ഭരിശ്രവസ്സിനെ, ജയ്രദ്രഥരാജാവിനെ, അഭിമന്യുവിനെ, ദാശ്ശാസിനിയെ, ലക്ഷ്മണനെ, ധൃഷ്ടകേതുവിനെ, ബൃഹന്തനെ, സോമദത്തനെ, സൃഞ്ജയസംഘത്തെ, ക്ഷേമധമ്പാവിനെ, വിരാടനെ, ദ്രുപദനെ, ശിഖണ്ഡിയെ, ധൃഷ്ടദ്യുമ്നനെ, യുധാമയ്യുവിനെ, ഉത്തമൌജസ്സിനെ, കൌാസല്യനെ, ദ്രരപദേയന്മാരെ, ശകുനിയെ, വൃഷകാചലരെ, ഭഗദത്തനെ, കര്‍ണ്ണനെ, കര്‍ണ്ണപുത്രന്മാരെ, കേകയരെ, ത്രിഗര്‍ത്തരഥീന്ദ്രന്മാരെ, ഘടോല്‍ക്കചനെ, ബകസോദരന്മാരെ, അലംബുഷനെ, ജലസന്ധനെ, മറ്റു നൂറുനൂറു മന്നവന്മാരെയും, നൂറും ആയിരവുമായ മറ്റുളളവരേയും നെയ്യൊഴിച്ച് ആളിക്കത്തുന്ന അഗ്നിയില്‍ ദഹിപ്പിച്ചു. ആ യോഗ്യന്മാര്‍ക്ക് പിതൃമേധങ്ങള്‍ അപ്രകാരം നടന്നു. സാമവേദങ്ങള്‍ പാടി, മറ്റുളളവര്‍ അവരെപ്പറ്റി മാഴ്കി.. ഋക് സാമനാദത്താലും കരളലിയിക്കുന്നവിധം സ്ത്രീകളുടെ വിലാപത്തിനാലും ഇടകലര്‍ന്ന ആ നാദം സര്‍വ ജീവികളേയും ആ നിശയില്‍ കശ്മലം കൊള്ളിച്ചു. പുകയില്ലാതെ എരിഞ്ഞാളുന്ന അഗ്നി ജലിച്ചു. ചെറുകാര്‍മൂടിത്തിളങ്ങുന്ന ഗ്രഹങ്ങളുടെ ഭംഗിയില്‍ ആ ചിതകള്‍ പ്രശോഭിച്ചു. നാനാദേശങ്ങളില്‍ നിന്നു വന്നു ചേര്‍ന്ന് യുദ്ധക്കളത്തില്‍വെച്ചു ജീവിതയാത്ര അവസാനിച്ച അനവധി യോദ്ധാക്കളേയും കൊണ്ടുവന്ന് പല പല കൂട്ടങ്ങളാക്കി, ചിതകൂട്ടി, നെയ്യൊഴിച്ച്, വളരെ വിറകുകൂട്ടി, അഗ്നികൊളുത്തി ദഹിപ്പിച്ചു. ധര്‍മ്മരാജാവിന്റെ കല്പനപ്രകാരം വിദുരന്‍ ശവദാഹകര്‍മ്മം യഥാവിധി നിര്‍വ്വഹിച്ചു. അനന്തരം കുരുരാജാവായ യുധിഷ്ഠിരന്‍ ധൃതരാഷ്ട്രനെ മുമ്പേ നടത്തി ഗംഗയിലേക്കു പോയി.
അദ്ധ്യായം 27. കര്‍ണ്ണഗുഡ്ഃജത്വകഥനം - കര്‍ണ്ണന്‍ തന്റെ മൂത്തപുത്രനാണെന്നുളള രഹസ്യം കുന്തി പാണ്ഡവന്മാരെ അറിയിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഹേ ജനമേജയാ! അവര്‍ ശുദ്ധവും പുണ്യവുമായ വെള്ളം ഒഴുകുന്ന ഗംഗയില്‍ ചെന്ന് ഒഴുക്കുള്ളതായ കയത്തിന്റെ ഉയര്‍ന്ന മണല്‍പ്പുറത്ത് എത്തി. ഉത്തരീയം, തലക്കെട്ട്, ആഭരണങ്ങള്‍ മുതലായവയൊക്കെ അഴിച്ചുവെച്ച്, പിതാക്കള്‍ക്കും സോദരന്മാര്‍ക്കും കാന്തന്മാര്‍ക്കും കുരുനാരികള്‍ വിലാപനാദത്തോടെ ഉദകക്രിയ ചെയ്തു. വീരപത്നികള്‍ വീരന്മാര്‍ക്ക് ഉദകക്രിയ ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് ധര്‍മ്മരാജാവും ഉദകക്രിയചെയ്തു. അപ്പോള്‍ ഗംഗ നല്ല ഉപതീര്‍ത്ഥത്തോടുകുടി ഈക്കില്‍ ഒഴുകി, മഹോദധിപോലെ കാണപ്പെട്ടു. ദുഃഖിതരായ വീരപത്നിമാരാല്‍ ഗംഗാതീരം വിളങ്ങി.
ഈ സമയത്തു പെട്ടെന്ന് ഇണ്ടല്‍മുഴുത്ത്, തേങ്ങിക്കരഞ്ഞു കൊണ്ട് വീരമാതാവായ കുന്തി മന്ദമായി മക്കളോടു പറഞ്ഞു: ആര്‍ ശൂരനും മഹേഷ്വാസനും രഥയുഥപയുഥപനുമായിരുന്നു, യുദ്ധത്തില്‍ അര്‍ജ്ജുനനാല്‍ കൊല്ലപ്പെട്ട, വീരലക്ഷണമൊത്ത ആരെ സൗതിരാധേയന്‍ എന്ന് നിങ്ങള്‍ ഓര്‍ക്കുന്നു, സൂര്യനെപ്പോലെ പ്രഭുവായി യുദ്ധക്കളത്തില്‍ ആര്‍ ശോഭിച്ചിരുന്നു, ദുര്യോധനബലം മുറ്റും വഹിച്ച് കൂട്ടത്തോടെ നിങ്ങളോട് ആര്‍ എതിര്‍ത്തു വിളങ്ങിയിരുന്നു, മന്നില്‍ വീര്യംകൊണ്ടു കിടയറ്റവനായി ആര്‍ ശോഭിച്ചു, ആ സത്യസന്ധനും പോരില്‍ പിന്തിരിയാത്ത ശുരനും പ്രാണന്‍ കളഞ്ഞും കീര്‍ത്തിവരിച്ചവനും അക്ലിഷ്ടകര്‍മ്മാവും നിങ്ങളുടെ ഭ്രാതാവുമായ കര്‍ണ്ണന്‍ ഹേ പാണ്ഡുപുത്രന്മാരെ, നിങ്ങള്‍ ശേഷക്രിയ ചെയ്യുവിന്‍! അവന്‍ നിങ്ങള്‍ക്ക് അഗ്രജനാണ്. എന്നില്‍ ആദിത്യന്നു പിറന്നവനാണ്. അവന്‍ കുണ്ഡലവും ചട്ടയുമായി പിറന്ന ശുരനും അര്‍ക്കസമപ്രഭനുമാണ്!
പാണ്ഡവന്മാരെല്ലാവരും അമ്മയുടെ ഈ വാക്കു കേട്ടു നടുങ്ങിപ്പോയി. ഞെട്ടലോടും, അപ്രിയത്തോടുംകൂടി അമ്മയുടെ വാക്കു കേട്ടു. കര്‍ണ്ണനെപ്പറ്റി ഓര്‍ത്ത് അവര്‍ വീണ്ടും ദുഃഖിതരായി. പിന്നെ ആ പുരുഷവ്യാഘ്രനായ യുധിഷ്ഠിരന്‍ പാമ്പിനെപ്പോലെ ചീറ്റിക്കൊണ്ട് അമ്മയോടു പറഞ്ഞു: ശരമാകുന്ന തിരമാലയും, ധ്വജമാകുന്ന ചുഴിയും, മഹാഭുജമാകുന്ന ഗ്രാഹവും ചേര്‍ന്നവനും, തലനാദം മുഴക്കുന്നവനുമായ ആ തേരാളിയാകുന്ന ഹ്രദം ഏതൊരുത്തനാണോ, ആര്‍ എയ്യുന്ന ദിക്കില്‍ അര്‍ജ്ജുനനൊഴികെ മറ്റാര്‍ക്കും നില്ക്കുവാന്‍ കഴിയാതിരുന്നുവോ, ദേവഗര്‍ഭനായ അവന്‍ ഭവതിക്കു സുര്യദേവനില്‍നിന്നു മുമ്പുണ്ടായ പുത്രനാണെന്നോ? ആരുടെ ബാഹുതാപത്താല്‍ ഞങ്ങളൊക്കെ തപിച്ചുവോ, വസ്ത്രം കൊണ്ട് തീയിനെ എന്ന പോലെ ഭവതി അവനെ എങ്ങനെ മറച്ചു? എന്തിനു മറച്ചു? ധാര്‍ത്തരാഷ്ട്രര്‍ നിത്യവും ആരുടെ ദോര്‍ബ്ബലത്തെ, ഞങ്ങള്‍ ഗാണ്ഡീവിയുടെ ദോര്‍ബ്ബലത്തെയെന്നപോലെ ഉപാസിച്ചുവോ, എല്ലാ തേരാളി മന്നോരുടേയും ബലം ആ കുന്തീപുത്രനായ കര്‍ണ്ണന്നല്ലാതെ മറ്റാര്‍ക്ക് ഏറ്റുവാന്‍ കഴിയും? ആ കര്‍ണ്ണന്‍ ഞങ്ങള്‍ക്ക് ജ്യേഷ്ഠ്രഭാതാവാണെന്നോ? സര്‍വ ശസ്ത്രധരോത്തമനായ അവന്‍ ഞങ്ങളുടെ വല്യേട്ടനാണെന്നോ? അത്ഭുതം! ആശ്ചര്യവീര്യവാനായ അവനെ അമ്മ ആദ്യം പെറ്റതാണെന്നോ?
അയ്യോ! അമ്മയുടെ മ്രന്തഗ്രഹണം മൂലം ഞങ്ങള്‍ തകര്‍ന്നു പോയല്ലോ! അമ്മേ, കര്‍ണ്ണനെ കൊല്ലുകയാല്‍ സബാന്ധവരായ ഞങ്ങള്‍ ആര്‍ത്തരായിരിക്കുന്നു! അഭിമന്യുവിനാശത്താലും, ദ്രൗപദേയവധത്താലും പാഞ്ചാലരുടെ നാശത്താലും, കുരുവംശക്ഷയത്താലും ഉണ്ടായ ദുഃഖം ഇപ്പോള്‍ നുറിരട്ടിച്ച് എനിക്കു തട്ടിയിരിക്കുന്നു. കര്‍ണ്ണനെപ്പറ്റി മാഴ്കി അഗ്നിയില്‍പ്പെട്ടവനെപ്പോലെ ഞാന്‍ വേവുന്നു. കര്‍ണ്ണന്‍ ഞങ്ങളുടെ സഹോദരനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കിട്ടുവാന്‍ വയ്യാത്തതായി ഇങ്ങ് ഒരെണ്ണവുമില്ലാതാകുമായിരുന്നു. ഘോരമായ ഈ കുരുകുലക്ഷയം വന്നുകൂടുകയും ഇല്ലായിരുന്നു. ഇപകാരം വിലപിച്ച് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ദുഃഖിച്ചാര്‍ത്ത് അവന്ന് ഉദകത്രിയ ചെയ്തു.
ഈ സംഭവം കണ്ടതോടുകൂടി പെട്ടെന്നു സ്ത്രീകളെല്ലാവരും സഹിക്കവയ്യാത്ത ദുഃഖത്താല്‍ പൊട്ടിക്കരഞ്ഞു! മുറവിളി കൂട്ടി. ധര്‍മ്മരാജാവ് ദുഃഖിച്ച് ആര്‍ത്തു വിലപിച്ച് സ്വന്തം ജേഷ്ഠനായ കര്‍ണ്ണന് ഉദകക്രിയ ചെയ്യുന്നതു കണ്ട് ഹൃദയം തകര്‍ന്ന് അവര്‍ വിലപിച്ചു. ഉടനെ തന്റെ കൂടെയിരുന്ന് ഉദകക്രിയ ചെയ്യുവാന്‍ യുധിഷ്ഠിരന്‍ കര്‍ണ്ണന്റെ ഭാര്യമാരെ വരുത്തി. ധീമാനായ കുരുരാജാവ് അവരോടൊത്ത് ഉദകക്രിയചെയ്ത് പ്രേതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചു. പാപികളായ ഞങ്ങള്‍ക്ക് അറിയാതിരുന്നതു കൊണ്ടാണ് ശ്രേഷ്ഠഭ്രാതാവായ കര്‍ണ്ണനെ കൊല്ലേണ്ടിവന്നത്.
അതുകൊണ്ട് സ്ത്രീകള്‍ക്ക് ഒരിക്കലും രഹസ്യം മനസ്സില്‍ കാത്തുസുക്ഷിക്കാന്‍ പറ്റാതിരിക്കട്ടെ എന്നു പറഞ്ഞ് ആ ധര്‍മ്മരാജാവ് നാനാചിന്തകളാല്‍ ആകുലേന്ദ്രിയനായി ഭ്രാതാക്കളുമൊന്നിച്ച് സ്നാനംചെയ്ത് ഗംഗാജലംവിട്ടു കയറി
No comments:
Post a Comment