Friday, 9 September 2022

ആദിപർവ്വം അദ്ധ്യായം 193 മുതൽ 234 വരെ

വൈവാഹികപര്‍വ്വം

193. പുരോഹിത യുധിഷ്ഠിര സംവാദം - വൈശമ്പായനന്‍ പറഞ്ഞു: പിത്യവാക്യം കേട്ടു സന്തുഷ്ടനായ ധൃഷ്ടദ്യുമ്നന്‍ കൃഷ്ണാവരണം നടത്തിയ വീരന്റെ ചരിത്രം തന്റെ പിതാവിനോട്‌ പറഞ്ഞു.

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു: നീണ്ടു ചുവന്ന കണ്ണുകളോടു കൂടിയവനും, കൃഷ്ണാജിനം ചാര്‍ത്തിയവനും, ദേവരൂപനുമായ ആ യുവാവ്‌ നിസ്സംശയം ആ വില്ലെടുത്ത്‌ കുലയേറ്റി ലക്ഷ്യം ഭേദിച്ച്‌ ഭൂമിയില്‍ പതിപ്പിച്ചതു ഭവാന്‍ കണ്ടുവല്ലോ. എന്നിട്ട്‌ യാതൊരു കൂസലും കൂടാതെ അവന്‍ വിപ്രന്മാരുടെ അര്‍ച്ചനയേറ്റ്‌, ദേവമദ്ധ്യത്തില്‍ വജ്രപാണിയായ ഇന്ദ്രന്‍ എന്ന പോലെ ചുറ്റുന്നതും അങ്ങ്‌ കണ്ടുവല്ലോ. ആ വീരന്‍ ലക്ഷ്യം എയ്തു മുറിക്കുക കാരണം അമര്‍ഷം സഹിക്കാതെ ക്ഷത്രിയന്മാര്‍ കോപിച്ച്‌ അവന്റെ മുമ്പില്‍ ചാടിയെത്തിയ സമയം കൃഷ്ണ മാന്തോല്‍ കൈയിലെടുത്ത്‌ ആനയുടെ പിമ്പെ പിടിയെന്ന വിധം ആ വീരനെ അനുഗമിച്ചു. അമര്‍ഷം കൊണ്ട്‌ രാജാക്കന്മാര്‍ കയര്‍ത്ത്‌ എല്ലാവരും പാഞ്ഞടുത്തപ്പോള്‍ മറ്റൊരു മഹാവീരനായ മഹാകായന്‍ ഒരു മരവും പറിച്ചെടുത്ത്‌, എതിര്‍ത്ത രാജാക്കളെയൊക്കെ ഓടിച്ച്‌ അവര്‍ കാണ്കെ തന്നെ കൃഷ്ണയെ കൊണ്ടു പോയി. രാജാവേ, സകല രാജാക്കന്മാരും മിഴിച്ചുനില്ക്കെ ചന്ദ്രാര്‍ക്കന്മാര്‍ പോലെ പ്രകാശിക്കുന്ന ആ വീരന്മാര്‍ രണ്ടുപേരും കൂടി കൃഷ്ണയേയും കൊണ്ട്‌ ആ പുരിക്കു പുറത്തുള്ള കുംഭകാരാലയത്തില്‍ എത്തി. അഗ്നിയുടെ അര്‍ച്ചിസ്സു പോലെ അവരുടെ സമീപത്തിരിക്കുന്നത്‌ അവരുടെ അമ്മയാണെന്നു ഞാന്‍ വിചാരിക്കുന്നു. അപ്രകാരം തന്നെ വീരന്മാരായ ആ അഗ്നിതുല്യര്‍ക്ക്‌ ഒപ്പം ധന്യയായ അവള്‍ വാഴുന്നു. അവളുടെ കാല്ക്കല്‍ വണങ്ങുക എന്ന് അവര്‍ കൃഷ്ണയോട്‌ പറഞ്ഞു. അങ്ങനെ അവര്‍ കൃഷ്ണയെ ആ മഹതിയുടെ പക്കല്‍ ഏല്‍പിച്ച ശേഷംഭി ക്ഷയേല്ക്കുവാന്‍ പോയി. പിന്നെ അവര്‍ കൊണ്ടു വന്ന ഭിക്ഷ കൃഷ്ണ വാങ്ങിച്ചു. ആ ഭിക്ഷാദ്രവ്യം എടുത്ത്‌ ബലിയും ബ്രാഹ്മണദാനവും ചെയ്തു. പിന്നെ അവള്‍ ആ വൃദ്ധയ്ക്കും നല്കി. പിന്നെ ആ വീരന്മാരേയും ഊട്ടി. അവസാനം ശിഷ്ടമുള്ളത്‌ അവളും ഉണ്ടു. ആ വീരന്മാര്‍ അഞ്ചുപേരും കിടന്നുറങ്ങി. അപ്പോള്‍ അവരുടെ കാല്ക്കല്‍ കിടന്ന്‌ കൃഷ്ണയും ഉറങ്ങി. എല്ലാവരും നിലത്തു പുല്ലുവിരിച്ച്‌ അതിന്മേല്‍ അവരവരുടെ മാന്‍തോല്‍ വിരിച്ചാണ്‌ കിടന്നത്‌.

അവര്‍ കിടക്കുന്ന സമയത്ത്‌ കാളമേഘത്തിന്റെ ഗര്‍ജ്ജനം പോലെ ഓരോരോ കഥകള്‍ സംസാരിച്ചിരുന്നു. അവരുടെ സംഭാഷണം വൈശ്യന്മാരും, ശൂദ്രന്മാരും പറയുന്ന കാര്യമല്ലായിരുന്നു; ബ്രാഹ്മണരുടെ വിഷയവുമായിരുന്നില്ല അവരുടെ പ്രസംഗം. ആ മഹാന്മാര്‍ ക്ഷത്രിയർ ആണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. വീണ്ടും വീണ്ടും യുദ്ധങ്ങളുടെ കഥകളാണ്‌ പറഞ്ഞിരുന്നത്‌. നമ്മുടെ ആശ സമ്പൂര്‍ണ്ണമായിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു. എന്തു കൊണ്ടെന്നാല്‍ അന്ന്‌ ആ തീയില്‍ പാണ്ഡവന്മാര്‍ പെട്ടിട്ടില്ലെന്നാണ്‌ കേള്‍വി. വീര്യവാന്മാരായ ആ യുവാക്കന്മാര്‍ ലക്ഷ്യത്തില്‍ തന്നെയാണ്‌ നില്ക്കുന്നത്‌. ആ വീരന്‍ വില്ലില്‍ ഞാണു കെട്ടിയതും ലക്ഷ്യം ഭേദിച്ചതും അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞതുമെല്ലാം ഗൂഢമായി പറഞ്ഞതു കേട്ടപ്പോള്‍ അവര്‍ വേഷം മാറി വന്ന പാണ്ഡവന്മാരാണെന്ന്‌ എനിക്ക്‌ തോന്നി.

വൈശമ്പായനൻ പറഞ്ഞു: പുത്രന്റെ വാക്കു കേട്ട്‌ ദ്രുപദന്‍ പ്രീതനായി. പുരോഹിതനെ വിളിച്ച്‌ ഭവാന്‍ ഉടനെ പോയി പരമയോഗ്യരായ പാണ്ഡുപുത്രന്മാര്‍ തന്നെയാണോ അവര്‍ എന്ന് അറിഞ്ഞു വരൂ! എന്ന് പറഞ്ഞു വിട്ടു. രാജാവ്‌ പറഞ്ഞു വിട്ട പുരോഹിതന്‍ അവിടെച്ചെന്ന്‌ ആ വീരന്മാരുടെ പ്രവൃത്തികളെ പുകഴ്ത്തി പറഞ്ഞതിന് ശേഷം മുറയ്ക്ക്‌ അവരോട്‌ രാജനിയോഗത്തെ മെല്ലെ പറഞ്ഞു.

പുരോഹിതന്‍ പറഞ്ഞു: വരദനായ പാഞ്ചാല രാജാവ്‌ നിങ്ങളാരാണെന്ന്‌ അറിയുവാന്‍ ആഗ്രഹിക്കുന്നു. ലക്ഷ്യത്തെ ഭേദിച്ച ഈ വീരനെക്കണ്ട സമയത്ത്‌ അദ്ദേഹത്തിനുണ്ടായ ആനന്ദം സീമാതീതമായിരുന്നു. നിങ്ങള്‍ നിങ്ങളുടെ ജ്ഞാതിവംശക്രമങ്ങള്‍ എല്ലാം തുറന്നു പറഞ്ഞാലും! ശത്രുക്കളുടെ ശിരസ്സില്‍ നിങ്ങള്‍ കാലുവെക്കുവിന്‍. പാഞ്ചാല രാജാവിനും കൂട്ടുകാര്‍ക്കും എനിക്കും മഹത്തായ പ്രീതിയെ നിങ്ങള്‍ വര്‍ദ്ധിപ്പിച്ചാലും! പാഞ്ചാലരാജാവായ ദ്രുപദന് പ്രാണസഖാവായിരുന്നു പാണ്ഡുരാജാവ്‌. അദ്ദേഹത്തിന്റെ ആശ പാണ്ഡുവിന്റെ പുത്രനായി തന്റെ പുത്രിയെ നല്കുവാനായിരുന്നു. ഈ ആശ ദ്രുപദന്റെ ഹൃദയത്തില്‍ എത്രയോ മുമ്പെ അങ്കുരിച്ചതാണ്‌. എന്റെ പുത്രിയെ ധര്‍മ്മപ്രകാരം അര്‍ജ്ജുനന്‍ വേള്‍ക്കണം എന്ന് അദ്ദേഹം പറയാറുണ്ട്‌. ഇത്‌ യഥാര്‍ത്ഥമായി വന്നാല്‍ സുകൃതമായി; യശസ്സുമുണ്ടാകും.

വൈശമ്പായനൻ പറഞ്ഞു; എന്നു പറഞ്ഞ്‌ വിനയത്തോടെ നില്ക്കുന്ന പുരോഹിതനെ നോക്കി യുധിഷ്ഠിരന്‍ സമീപത്തു നില്ക്കുന്ന ഭീമനോട്‌ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭീമാ, അര്‍ഘ്യപാദ്യാദികള്‍ കൊണ്ട്‌ മാന്യനായ ഈ വിപ്രനെ പൂജിക്കുക. ഈ മാന്യന്‍ ദ്രുപദന്റെ ആചാര്യനാണെങ്കില്‍ ഇദ്ദേഹത്തെ സമ്ക്കരിക്കണം. ദ്രുപദന്റെ പുരോഹിതന്‍ നമുക്കും പുരോഹിതനാണ്‌. ഇദ്ദേഹത്തെ നാം ഏറ്റവും കൂടുതലായി പൂജിക്കണം.

വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മപുത്രന്റെ നിര്‍ദ്ദേശപ്രകാരം ഭീമന്‍ പുരോഹിതനെ പൂജിച്ചു. പൂജയേറ്റ്‌ വാഴുന്ന പുരോഹിതനോട്‌ സസന്തോഷം ധര്‍മ്മപുത്രന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു; പാഞ്ചാല രാജാവ്‌ മകളെ ധര്‍മ്മാനുസരണം തന്നെയാണ്‌ നല്കിയത്‌. കാമാനുസരണമല്ല. ശുല്ക്ക മുറയനുസരിച്ച്‌ ദ്രുപദന്‍ പുത്രീസ്വയംവരം നിശ്ചയിച്ചു. അതില്‍ കുലം, ഗോത്രം, ശീലം എന്നീ വകയൊന്നും നോക്കുവാനില്ലല്ലോ? ചാപം കുലച്ച്‌ ലക്ഷ്യം ഭേദിക്കുന്നവന് മകളെ കൊടുക്കാമെന്നുള്ളതല്ലേ നിശ്ചയം? അപ്രകാരം ഈ യോഗ്യന്മാര്‍ കൃഷ്ണയെ രാജാക്കന്മാര്‍ കാണ്കെ തന്നെ നേടി. എന്നാൽ പിന്നെയെന്തിന് സോമകവംശജനായ രാജാവ്‌ മാഴ്കുന്നു? അതിന്റെ കാര്യമില്ലല്ലോ? ദ്രുപദന്റെ മനോരഥമെല്ലാം സമ്പന്നമായി എന്നു പറയുക. എല്ലാ വിധത്തിലും ഞങ്ങള്‍ക്ക്‌ ചേര്‍ന്നവള്‍ തന്നെയാണ്‌ ഈ രാജകന്യക. ചെറിയ ഒരു ശക്തി മാത്രമുള്ള ഒരുത്തന് ആ വില്ല്‌ ഞാണേറ്റുവാന്‍ കഴിയുമെന്ന്‌ തോന്നുന്നുണ്ടോ? കൃതാസ്ത്രനല്ലാത്ത ഒരു ഹീനജന് ആ ലക്ഷ്യം ഭേദിക്കുവാന്‍ കഴിയുമോ? അതോര്‍ക്കുമ്പോള്‍ ഇനി മകളെപ്പറ്റി പാഞ്ചാലന് ഒട്ടുംവ്യസനിക്കേണ്ടതില്ല. അത്‌ അറുക്കുവാന്‍ മറ്റൊരുത്തനും സാധിക്കുകയില്ല.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മജന്‍ പറയുമ്പോള്‍ പാഞ്ചാലരാജാവിന്റെ അടുത്തു നിന്ന്‌ മറ്റൊരുത്തന്‍ അവിടെ എത്തി. രണ്ടാമതായി വന്ന ആ ദൂതന്‍ യുധിഷ്ഠിരാദികളെ ദ്രുപദന്റെ സന്ദേശപ്രകാരം ഭക്ഷണത്തിനുള്ള സമയമായി എന്നു പറഞ്ഞ്‌ രാജധാനിയിലേക്ക്‌ ക്ഷണിച്ചു.

194. യുധിഷ്ഠിരാദിപരീക്ഷണം - ദൂതന്‍ പറഞ്ഞു: വിവാഹം സംബന്ധിച്ച്‌ വരന്റെ പക്ഷത്തിൽ ഉള്ളവര്‍ക്കെല്ലാം സദ്യ തയ്യാര്‍ ചെയ്ത്‌ രാജാവ്‌ കാത്തുനില്ക്കുന്നു. ദ്രുപദ രാജാവ്‌ നിങ്ങളെ ക്ഷണിക്കുവാന്‍ എന്നെ അയച്ചിരിക്കുകയാണ്‌. കൃതാര്‍ത്ഥരായ നിങ്ങള്‍ കൃഷ്ണയോടു കൂടി പുറപ്പെട്ടാലും. ഒട്ടും താമസിക്കരുത്‌. പൊന്‍താമരപ്പൂക്കള്‍ പതിച്ച തേരുകള്‍ അഴകേറിയ അശ്വങ്ങളെ പൂട്ടി ഇതാ തയ്യാറായി നിൽക്കുന്നു. ഉടനെപുറപ്പെടുക.

വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ പുരോഹിതനെ അയച്ചതിന് ശേഷം കുന്തിയോടൊത്ത്‌ കൃഷ്ണയും പാണ്ഡവന്മാരും, തേരില്‍ കയറി പുറപ്പെട്ടു. പുരോഹിതന്‍ ധര്‍മ്മജന്റെ വാക്കുകള്‍ ദ്രുപദനെ അറിയിച്ച ശേഷം യജ്ഞസേനന്‍ കുരുകുമാരന്മാരെ അറിയുവാന്‍ ഒരു പരീക്ഷണമെന്ന നിലയില്‍ പല വസ്തുക്കളും ഒരുക്കി വെച്ചു.

ഫലങ്ങള്‍, നല്ല പൂമാലകള്‍, പലതരം ചര്‍മ്മങ്ങള്‍, പശുക്കള്‍, കയറുകള്‍, അജിനങ്ങള്‍, കൃഷിക്കു വേണ്ടുന്ന വസ്തുക്കള്‍, ക്രീഡോപകരണങ്ങള്‍ മുതലായവയൊക്കെ രാജാവ്‌ നിരക്കെ വെപ്പിച്ചു. സൂര്യന്നൊപ്പം പ്രകാശിക്കുന്ന മാര്‍ച്ചട്ടകള്‍, കയ്യുറകള്‍, തിളങ്ങുന്ന വലിയ കുതിരകള്‍, വലിയ വില്ലുകള്‍, വിശേഷപ്പെട്ട അമ്പുകള്‍, വേലുകള്‍, കുന്തങ്ങള്‍, വിഭൂഷണങ്ങള്‍, പ്രാസം, വെണ്‍മഴു, മുസൃണ്ഠി ഇങ്ങനെയുള്ള സംഗരവസ്തുക്കള്‍, വിശേഷപ്പെട്ട പലതരം ശയ്യാസനങ്ങള്‍, വിശിഷ്ടമായ അസംഖും വസ്ത്രങ്ങള്‍ എന്നിവയും നിരത്തിവെച്ചു.

പാഞ്ചാലിയുടെ കൈയും പിടിച്ച്‌ കുന്തി പാഞ്ചാലരാജാവിന്റെ അന്തഃപുരത്തിലേക്കു കടന്നു ചെന്നു. അന്തഃപുരസ്ത്രീകള്‍ ആദരവോടെ, കൗരവ്യരാജപത്നിയെ കണ്ട്‌, വന്ദിച്ചു സല്‍ക്കരിച്ചു.

സിംഹത്തിനൊക്കുന്ന നടയോടും, കാളയ്ക്കൊക്കുന്ന കഴുത്തോടും, തോലണിഞ്ഞും, ഇടത്തു തോള്‍ മൂടിയ ഭുജഗ്രേന്ദ ഭോഗ ബാഹുക്കളോടും കൂടിയ ആ വീരന്മാര്‍ വരുന്നതു കണ്ട്‌ രാജാവും, മന്ത്രിമാരും, രാജപുത്രന്മാരും, സുഹൃദ് ജനങ്ങളും, ഭൃത്യജനങ്ങളും, മാത്രമല്ല ആ രാജധാനിയില്‍ എല്ലാവരും, വര്‍ദ്ധിച്ച സന്തോഷത്തോടെ നിന്നു.

ആ വീരന്മാര്‍ വന്ന്‌ പരമാസനങ്ങളില്‍ ശങ്ക കൂടാതെ വയഃക്രമം പോലെ, ചവിട്ടു പീഠം ചവിട്ടി. യാതൊരു ആശ്ചര്യവികാരവും കൂടാതെ ഇരുന്നു. (ക്ഷത്രിയന്മാരല്ലാത്ത മറ്റേത്‌ ജാതിക്കാരും അങ്ങനെ സങ്കോചമില്ലാതെ രാജസമക്ഷം ഇരിക്കുന്നതല്ല. അതു കൊണ്ട്‌ അവരെ മനസ്സിലാക്കുവാന്‍ ആ പെരുമാറ്റം ഉപകരിച്ചു ). സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മ്മിച്ച രത്നപാത്രങ്ങളില്‍ രാജോചിതമായ ഭോജ്യങ്ങള്‍, നല്ലപോലെ മോടിയില്‍ വസ്ത്രധാരണം ചെയ്ത ദാസദാസീജനങ്ങള്‍ നന്ദിയോടെ പാണ്ഡവന്മാരുടെ മുമ്പില്‍ വിളമ്പി. മഹാന്മാരായ ആ രാജപുത്രന്മാര്‍ സുഖമായി ഊണു കഴിച്ചു. ഊണു കഴിഞ്ഞതിന് ശേഷം ആ പുരുഷപ്രവീരന്മാര്‍ വേണ്ടപോലെ തൃപ്തരായി. അവിടെ ഒരുക്കി പ്രദര്‍ശിപ്പിച്ചിരുന്ന നാനാവസ്തുക്കള്‍ നോക്കി നോക്കി ഒടുവില്‍ യുദ്ധോപകരണങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്കു ചെന്നു.

അതു കണ്ടതോടു കൂടി ദ്രുപദന്റെ സംശയമെല്ലാം നീങ്ങി. രാജപുത്രനായ ധൃഷ്ടുദ്യുമ്നനോടും മന്ത്രിപ്രവരന്മാരോടും കൂടിയ രാജാവ്‌ അടുത്തു നിന്ന്‌, സസന്തോഷം ചിന്തിച്ചു. ഇവര്‍ കൗന്തേയര്‍ തന്നെ എന്ന്. അവര്‍ പാണ്ഡവരാണെന്നുള്ള നിശ്ചയത്തോടു കൂടി അവരെ സമീപിച്ചു പൂജിച്ചു.

195. ദ്വൈപായനഗമനം - വൈശമ്പായനൻ പറഞ്ഞു : മഹാത്മാവായ പാഞ്ചാല രാജാവ്‌ ബ്രാഹ്മണോചിതമായ സല്‍ക്കാരങ്ങള്‍ ചെയ്ത്‌ രാജപുത്രനായ യുധിഷ്ഠിരനെ സന്തോഷിപ്പിച്ചിരിക്കെ രാജാവ്‌ യുധിഷ്ഠിരനോട്‌ പറഞ്ഞു.

ദ്രുപദന്‍ പറഞ്ഞു: ഹേ! മാന്യരേ, നിങ്ങള്‍ ക്ഷത്രിയരോ വിപ്രരോ ആരാണ്‌? വിശിഷ്ടരായ വൈശ്യരാണോ? ഗുണമേറുന്ന ശുദ്രരാണോ? വിപ്രന്മാരുടെ വേഷത്തില്‍ സഞ്ചരിക്കുന്ന നിങ്ങള്‍ ആരാണെന്ന്‌ അറിയണം! കൃഷ്ണാസ്വയംവരം കാണുവാന്‍ വന്ന ദേവന്മാരാണോ? ഭവാന്‍ സത്യം പറയണം. ഞങ്ങള്‍ ആകെ കൂടി സംശയത്തിലായിരിക്കുന്നു. സംശയം തീര്‍ത്ത്‌ ഞങ്ങള്‍ക്കു സന്തോഷം വര്‍ദ്ധിപ്പിക്കുകയില്ലേ? ഞങ്ങള്‍ക്കു ലഭിച്ച ഈ മഹാഭാഗ്യം മംഗളമായി ഭവിക്കുകയില്ലേ? അങ്ങ്‌ സത്യം തുറന്നു പറയണം. മന്നവന്മാരുടെ മുമ്പില്‍ സത്യമേ വിളങ്ങു. ഇഷ്ടാപൂര്‍ത്തം കൊണ്ടും പുണ്യകര്‍മ്മം നശിക്കുമെന്നിരുന്നാലും അസത്യം പറഞ്ഞുകൂടാ. ഹേ, ദേവതുല്യാ! ഭവാന്‍പറയുന്ന വാക്കു കേട്ടിട്ടു വേണം വര്‍ണ്ണമര്യാദ അനുസരിച്ച്‌ വിവാഹ കാര്യങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഒരുക്കുവാൻ.

ഇഷ്ടം ( യാഗാദി ) ആപൂര്‍ത്തം ( കുളം, കിണറ്‌ മുതലായവയുണ്ടാക്കല്‍ ) എന്നീ പുണ്യകര്‍മ്മം.

യുധിഷ്ഠിരന്‍ പറഞ്ഞു: വേണ്ടാ, ഭവാന്‍ പ്രസാഭിക്കുക! ഭവാന്റെ ഇഷ്ടം പോലെ ഇവിടെ എല്ലാം സംഭവിച്ചു. അതില്‍ യാതൊരു സംശയവും വേണ്ട. ഞങ്ങള്‍ ക്ഷത്രിയന്മാരാണ്‌; പാണ്ഡുരാജ പുത്രന്മാരാണ്‌. ജ്യേഷ്ഠനായ യുധിഷ്ഠിരനാണ്‌ ഞാന്‍. ഇവര്‍ ഭീമാര്‍ജ്ജുനന്മാരാണ്‌. ഇവരാണല്ലോ ഭവാന്റെ പുത്രിയെ നൃപമദ്ധ്യത്തില്‍ ജയിച്ചത്‌. നകുലസഹദേവന്മാര്‍ കുന്തിയും കൃഷ്ണയും ഉള്ളിടത്ത്‌ നില്ക്കുന്നവരാണ്‌. മനഃഖേദം വേണ്ട, ഞങ്ങള്‍ ക്ഷത്രിയരാണ്‌ രാജര്‍ഷഭാ! പത്മം ഒരു പൊയ്കയില്‍ നിന്ന്‌ മറ്റൊരു പൊയ്കയിലേക്കു മാറി. ഭവാന്റെ മകള്‍ മഹത്തായ ഒരു വംശത്തില്‍ നിന്ന്‌ മഹത്തായ മറ്റൊരു വംശത്തിലേക്ക്‌ മാറി. ഞാന്‍ ഈ പറഞ്ഞത്‌ സത്യമാണ്‌. ഞങ്ങള്‍ക്ക്‌ ഭവാന്‍ ഗുരുവാണ്‌, ശ്രേഷ്ഠമായ ഒരു ആശ്രയവും അങ്ങു തന്നെയാണ്‌!

വൈശമ്പായനൻ പാഞ്ഞു: യുധിഷ്ഠിരന്റെ വാക്കു കേട്ടപ്പോള്‍ ദ്രുപദനുണ്ടായ ആനന്ദം സീമാതീതമായി. മറുപടി ഒന്നും പറയുവാന്‍ അദ്ദേഹം ശക്തനായില്ല. പ്രയത്നപ്പെട്ട്‌ ഹര്‍ഷമൊതുക്കി ആ പരന്തപന്‍ യുധിഷ്ഠിരനോടു മതിയായ മറുപടി പറഞ്ഞു. പാണ്ഡവന്മാര്‍ പുരം വിട്ടോടിയ കഥ ധര്‍മ്മവാനായ രാജാവു ചോദിച്ചു. ക്രമത്തില്‍ ആ കഥ അവന്‍ ദ്രുപദനോടു പറഞ്ഞു. ദ്രുപദന്‍ കുന്തീപുത്രന്റെ മൊഴി കേട്ടു ധൃതരാഷ്ട്ര രാജാവിനെ വളരെ നിന്ദിച്ചു. ധര്‍മ്മപുത്രനെ വാഗ്മിയായ ദ്രുപദന്‍ സമാശ്വസിപ്പിച്ചു. രാജ്യം നേടുവാന്‍ വേണ്ടതെല്ലാം ചെയ്യാമെന്നു പ്രതിജ്ഞയും ചെയ്തു. പിന്നെ കുന്തി, പാഞ്ചാലി, ഭീമന്‍, അര്‍ജ്ജുനന്‍, യമര്‍; ഇവരെല്ലാം ഭൂപന്‍ നിര്‍ദ്ദേശിച്ച മന്ദിരത്തില്‍ താമസമാക്കി. അവിടെ യാജ്ഞസേന മഹാരാജാവിന്റെ സല്‍ക്കാരങ്ങള്‍ ഏറ്റ്‌ അവര്‍ നിവസിച്ചു. ആശ്വസിച്ച ധര്‍മ്മജനോട്‌ പുത്രാന്വിതനായ രാജാവു പറഞ്ഞു.

ദ്രുപദന്‍ പറഞ്ഞു; ശുഭമായ അവസരത്തില്‍ മുറപ്രകാരം ഉടനെ പാണിഗ്രഹണം കഴിക്കട്ടെ! കുരുനന്ദനനായ അര്‍ജ്ജുനന്‍ കൃഷ്ണയെ പാണിഗ്രഹണം കഴിക്കണം. അതിന്‌ കുലാചാരമനുസരിച്ച്‌ ദേവപൂജ മുതലായ കര്‍മ്മങ്ങള്‍ ചെയ്യണം.

വൈശമ്പായനൻ പറഞ്ഞു: ദ്രുപദന്‍ പറഞ്ഞതു കേട്ട്‌ ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, എനിക്കും ഒരു വിവാഹം ആവശ്യമാണ്‌ ( ജ്യേഷ്ഠനായ യുധിഷ്ഠിരന്‍ വിവാഹം ചെയ്തിട്ടില്ലെന്നറിയിക്കാന്‍ പറഞ്ഞതാണ്‌ ).

ദ്രുപദന്‍ പറഞ്ഞു: എന്റെ പുത്രിയെ ഭവാന്‍ വിവാഹം ചെയ്താലും മതി. ആര് ഇവളെ വിവാഹം ചെയ്യുന്നുവോ അപ്രകാരമാകട്ടെ!

യുധിഷ്ഠിരന്‍ പറഞ്ഞു; ഞങ്ങള്‍ അഞ്ചുപേര്‍ക്കും ഒപ്പം ദ്രൗപദി പത്നിയാകും. അപ്രകാരമാണ്‌ എന്റെ അമ്മ മുമ്പെ പറഞ്ഞത്‌. ഞാനും വേട്ടിട്ടില്ല, ഭീമസേനനും വേട്ടിട്ടില്ല, അര്‍ജ്ജുനനും വേട്ടിട്ടില്ല. പാര്‍ത്ഥനാണല്ലോ ഭൂമിക്കു രത്നമായി വിളങ്ങുന്ന ദ്രൗപദിയെ നേടി വെച്ചത്‌. രത്നാനുഭവം ഈ ക്രമത്തിലാണെന്നാണ്‌ ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്‌. രാജാവേ, ഈ നിശ്ചയം ഉപേക്ഷിക്കുവാന്‍ ഞങ്ങള്‍ വിചാരിക്കുന്നില്ല. ഞങ്ങള്‍ക്ക്‌ അഞ്ചുപേര്‍ക്കും കൃഷ്ണ ധര്‍മ്മപ്രകാരം പത്നിയാകും. അഗ്നിസാക്ഷിയായി ഞങ്ങളുടെ എല്ലാവരുടേയും കരം അവള്‍ പിടിക്കണം.

ദ്രുപദന്‍ പറഞ്ഞു: ഒരുത്തന്ന്‌ പല പത്നികളുമാകാമെന്നു വിധിച്ചിട്ടുണ്ട്‌. എന്നാൽ ഒരുത്തിക്ക്‌ പല ഭര്‍ത്താക്കന്മാര്‍ ആകാമെന്ന്‌ ഒരിടത്തും വിധിച്ചിട്ടില്ല. ധര്‍മ്മവിത്തമനായ ഭവാന്‍ ലോകവേദ വിരുദ്ധമായ അധര്‍മ്മം ചെയ്യുവാനാണോ ഭാവം! കുന്തീകുമാരാ! അതു ചെയ്യരുത്‌; എന്താണിങ്ങനെ ഭവാനു ബുദ്ധി പിഴയ്ക്കുവാന്‍?

യുധിഷ്ഠിരന്‍ പറഞ്ഞു; ധര്‍മ്മത്തിന്റെ രൂപം അത്യന്തം രഹസ്യമാണ്‌. ഞാന്‍ അനൃതം പറയുകയില്ല. അധര്‍മ്മം ഞാന്‍ ചെയ്യുകയില്ല.. അങ്ങനെ വേണമെന്ന്‌ അമ്മ പറഞ്ഞു. എന്റെ മനസ്സും അതു തന്നെയാണ്‌. ഞാനീപ്പറഞ്ഞതു ശാശ്വതമായ ധര്‍മ്മം തന്നെയാണ്‌; ഭവാന്‍ ഈ നിശ്ചയം ധര്‍മ്മമായി ഉറപ്പിച്ചു പറഞ്ഞ വിധം ശങ്കകൂടാതെ പാണിഗ്രഹണ കര്‍മ്മം നടത്തുക. ഹേ, ക്ഷിതിവോത്തമാ! ഭവാന്‍ ലേശവും സംശയിക്കേണ്ട.

ദ്രുപദന്‍ പറഞ്ഞു: ഭവാനും കുന്തിയും എന്റെ പുത്രന്‍ ധൃഷ്ടദ്യുമ്നനും കൂടി, വേണ്ടതു പോലെ ചിന്തിച്ച്‌, ഐക്യകൺഠേന ഒരു തീരുമാനമെടുത്ത്‌ എന്നെ അറിയിക്കുക. നാളെ കാലത്തു വേണ്ടതു ചെയ്യാം.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ അവരെല്ലാവരും പറയുന്ന സമയത്ത്‌ അവിചാരിതമായി വേദവ്യാസന്‍ അവിടെ എഴുന്നള്ളി.

196. വ്യാസവാക്യം - വൈശമ്പായനൻ പറഞ്ഞു; പിന്നെഎല്ലാ പാണ്ഡവന്മാരും മഹാകീര്‍ത്തിമാനായ യജ്ഞസേനനും എതിരേറ്റ്‌ വ്യാസമഹര്‍ഷിയെ അഭിവാദ്യം ചെയ്തു. മഹര്‍ഷി പൂജ കൈക്കൊണ്ട്‌ കുശലം ചൊല്ലി സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുന്നു. കൃഷ്ണദ്വൈപായന മതം കൈക്കൊണ്ട്‌ എല്ലാവരും മഹാര്‍ഹമായ പീഠങ്ങളില്‍ ഇരുന്നു. അല്പസമയം മധുരമായ വാക്കുകള്‍ കൈമാറിയതിന് ശേഷം പാര്‍ഷതന്‍ വിനയപൂര്‍വ്വം മുനിയോടു ദ്രൗപദിയുടെ കാര്യം ചോദിച്ചു.

ദ്രുപദന്‍ പറഞ്ഞു: പലര്‍ക്കും കൂടി ഒരു ധര്‍മ്മപത്നി എന്ന ത്‌ സങ്കടകരമല്ലേ? ഇതിന്റെ കാര്യം ഭവാന്‍ ചിന്തിച്ചു പറഞ്ഞാലും!

വ്യാസന്‍ പറഞ്ഞു; ഈ ധര്‍മ്മം ലോകവേദവിരുദ്ധമാണ്‌. അത്യന്തം ഗഹനമായ ശാസ്ത്രസിദ്ധാന്തത്താല്‍ വഞ്ചിക്കപ്പെട്ടതുമാണ്‌. കുലാചാരത്തിനും ശാസ്ത്രനിയമത്തിനും നിരക്കാത്ത ഒരു പ്രമേയമാണ്‌ ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനെ സംബന്ധിച്ച്‌ നിങ്ങളുടെ ഓരോരുത്തന്റേയും അഭിപ്രായം. വ്യക്തമായി അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ദ്രുപദന്‍ പറഞ്ഞു: ലോകവിരുദ്ധവും വേദവിരുദ്ധവുമാണ്‌ ഇത്‌; അധര്‍മ്മവുമാണ്‌. ഇതാണ്‌ എന്റെ മതം. പലര്‍ക്കും കൂടി ഒരുവള്‍ പത്നിയാകുവാന്‍ പാടില്ല. യോഗ്യരാരും തന്നെ അങ്ങനെ ചെയ്തിട്ടില്ല. അതു കൊണ്ട്‌ പൂര്‍വ്വാചാരവും കാണുന്നില്ല. വിദ്വജ്ജനങ്ങള്‍ അധര്‍മ്മം ഒരിക്കലും ചെയ്യരുത്‌. അതു കൊണ്ട്‌ ഇതിന്നു ഞാന്‍ ഉത്സാഹിപ്പിക്കുകയില്ല. ഏറ്റവും സന്ദിഗ്ദ്ധമാണ്‌ ഈ കര്‍മ്മമെന്ന്‌ എനിക്കു തോന്നുന്നുണ്ട്‌.

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു: ജ്യേഷ്ഠന്‍ അനുജന്റെ ഭാര്യയോടു കൂടി എങ്ങനെ സംഗമിക്കും? ബ്രഹ്മര്‍ഷി സത്തമാ! അവന്‍ സദ് വൃത്തനായി എങ്ങനെ ഈ അധര്‍മ്മം ചെയ്യും ? ധര്‍മ്മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്‌. അതും നാം കാണുന്നില്ല. അധര്‍മ്മമോ ധര്‍മ്മമോ എന്നുറയ്ക്കുവാന്‍ പ്രയാസം തോന്നുന്നു. എന്നെപ്പോലുള്ളവര്‍ക്ക്‌ തന്മൂലം അതില്‍ ഒട്ടും ഉത്സാഹമില്ല; അഞ്ചു പേര്‍ക്ക്‌ കൃഷ്ണ എങ്ങനെ പത്നിയാകും?

യുധിഷ്ഠിരന്‍ പറഞ്ഞു; അനൃതം ഞാന്‍ പറയുകയില്ല. അധര്‍മ്മം ഞാന്‍ നിനയ്ക്കുകയില്ല. അതില്‍ ലേശവും അധര്‍മ്മമില്ലെന്ന്‌ എന്റെ മനസ്സാക്ഷി പറയുന്നു. പുരാണത്തില്‍ ഗൗതമവംശത്തില്‍പ്പെട്ട ജടിലയെപ്പറ്റി പറയുന്നുണ്ട്‌. ധര്‍മ്മിഷ്ഠയായ അവള്‍ ഏഴു മുനിമുഖ്യന്മാരെ സംഗമിച്ചു. അപ്രകാരം തന്നെ മുമ്പ്‌ മുനിജ എന സ്ത്രീ ഒരേ പേരുള്ളവരും തപസ്വികളും പ്രചേതസ്സുകള്‍ എന്നറിയപ്പെടുന്നവരുമായ പത്തു സോദരന്മാരോടു കൂടി സംഗമിച്ചു എന്നും പുരാണം പറയുന്നുണ്ട്‌. ഗുരുവചസ്സു ധര്‍മ്മ്യമാണെന്നു ധര്‍മ്മജ്ഞ സത്തമന്മാര്‍ പറയുന്നു. ഗുരുക്കളില്‍ വലിയ ഗുരു അമ്മയാണ്‌. അമ്മ പറഞ്ഞത്‌ ഭിക്ഷ കിട്ടിയത്‌ തുല്യമായി എല്ലാവരും കൂടി ഭുജിച്ചു കൊള്ളുവിന്‍ എന്നാണ്‌. അതു കൊണ്ട്‌ എന്റെ ഈ മതം വലിയ ധര്‍മ്മമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

കുന്തി പറഞ്ഞു: ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്‍ പറഞ്ഞതു ശരിയാണ്‌. യുധിഷ്ഠിരന്‍ ധര്‍മ്മം വിട്ടു നടക്കുകയില്ല. കഠിനമായ ഒരു അസത്യ ഭയം എന്നെ ബാധിച്ചിരിക്കുന്നു. അത്‌ എങ്ങനെ ഒഴിവാക്കും?

വ്യാസന്‍ പറഞ്ഞു: കുന്തീ, ഭവതി ഭാഗ്യവതിയാണ്‌. അസത്യം നിന്നെ സ്പര്‍ശിക്കുകയില്ല. നീ അനൃതത്തില്‍ നിന്നു വിട്ടൊഴിയും. ഇത്‌ ഒരു പ്രാചീനധര്‍മ്മമാണ്‌. ഞാന്‍ എല്ലാറ്റിനും മറുപടി തരാം. ഞാന്‍ എല്ലാവരുടേയും മുമ്പില്‍ വച്ച്‌ ഈ കാര്യം പറയുകയില്ല. എന്തു കൊണ്ട്‌ ഇത്‌ ശാശ്വതവും വിഹിതവുമായധര്‍മ്മമാണ്‌ എന്ന്, പാഞ്ചാല, നീ മാത്രം കേള്‍ക്കുക. ഇത്‌ യുധിഷ്ഠിരന്‍ പറഞ്ഞതു പോലെ നിസ്സംശയമായ ധര്‍മ്മമാണ്‌.

വൈശമ്പായനൻ പറഞ്ഞു; ഉടനെ ഏതിനും ശക്തനായ വ്യാസഭഗവാന്‍ എഴുന്നേറ്റു. നൃപന്റെ കൈപിടിച്ച്‌ ഗൃഹാന്തര്‍ ഭാഗത്മേക്കു കടന്നു. പാണ്ഡവന്മാരും കുന്തിയും ധൃഷ്ടദ്യുമ്നനും ഇരുന്നിടത്തു തന്നെ വ്യാസനേയും ദ്രുപദനേയും പ്രതീക്ഷിച്ച്‌ ഇരുന്നു. പിന്നെ ദ്വൈപായന മഹര്‍ഷി ദ്രുപദ രാജാവിനോട്‌ അനേകം പേര്‍ക്കു കൂടി ഒരു പത്നീത്വം ധര്‍മ്മമാണോ എന്നുള്ളതിനെപ്പറ്റി പറയുവാനൊരുങ്ങി.

197. പഞ്ചേന്ദ്രോപാഖ്യാനം - വ്യാസന്‍ കഥ തുടര്‍ന്നു; പണ്ട്‌ നൈമിഷാരണ്യത്തില്‍ ദേവന്മാരെല്ലാവരും ചേര്‍ന്ന്‌ ഒരു സത്രം നടത്തുകയുണ്ടായി. അന്നു യാഗമൃഗവധം ചെയ്തത്‌ സൂരൃപുത്രനായ യമനാണ്‌. യമന്‍ യാഗത്തില്‍ ദീക്ഷയെടുത്തതു കൊണ്ട്‌ മര്‍ത്ത്യലോകത്ത്‌ അക്കാലത്ത്‌ ആരെയും മരിപ്പിക്കുകയുണ്ടായില്ല. യമന്‍ മനുഷ്യരെ കൊല്ലാതായപ്പോള്‍ ജനങ്ങള്‍ വര്‍ദ്ധിച്ചു വന്നു. സോമന്‍, ശക്രന്‍, വരുണന്‍, കുബേരന്‍, സാദ്ധ്യന്മാര്‍, രുദ്രന്മാര്‍, വസുക്കള്‍, അശ്വിനീദേവകള്‍ എന്നിവരെല്ലാം ചേര്‍ന്ന്‌ ലോകത്തിന്റെ സൃഷ്ടികര്‍ത്താവും, പ്രജേശ്വരനുമായ ബ്രഹ്മാവിന്റെ അടുത്തു ചെന്നു സങ്കടമുണര്‍ത്തിച്ചു.

ദേവകള്‍ പറഞ്ഞു: വിധാതാവേ, ഞങ്ങള്‍ ഭയത്താല്‍ ഉദ്വേഗത്തോടെ ഭവാനെ ശരണം പ്രാപിക്കുന്നു. യമന്‍ മര്‍ത്ത്യരെ സംഹരിക്കാത്തത് മൂലം അവര്‍ പെരുകിക്കൊണ്ടിരിക്കുന്നു.

പിതാമഹന്‍ പറഞ്ഞു; ഹേ, മാന്യരേ, നിങ്ങള്‍ക്ക്‌ മര്‍ത്ത്യരില്‍ ഭയമോ? എന്തിന് ഭയപ്പെടുന്നു? നിങ്ങള്‍ ദേവന്മാരല്ലേ? നിങ്ങള്‍ക്ക്‌ ഒരിടത്തു നിന്നും മര്‍ത്തൃരില്‍ നിന്നു ഭയം വരികയില്ല. യാതൊരു വിപത്തും അവര്‍ ചെയ്യുകയില്ല.

ദേവകള്‍ പറഞ്ഞു: മര്‍ത്ത്യന്മാരും അമര്‍ത്തൃന്മാരുമായി ഞങ്ങള്‍ യാതൊരു വ്യത്യാസവും കാണുന്നില്ല. മരണമില്ലാത്തതു കൊണ്ട്‌ മര്‍ത്ത്യര്‍ അമര്‍ത്ത്യരായില്ലേ? ഞങ്ങള്‍ക്ക്‌ അവരില്‍ നിന്ന്‌ പ്രത്യേകതകളൊന്നും കാണാതായപ്പോള്‍ ഞങ്ങള്‍ക്ക്‌ ഭയമായി. അങ്ങനെ തുല്യത വരുത്തുവാന്‍ പാടുണ്ടോ? അത്‌ അരുത്‌ എന്ന് അപേക്ഷിക്കുവാന്‍ ഞങ്ങള്‍ വന്നതാണ്‌.

ഭഗവാന്‍ പറഞ്ഞു; വൈവസ്വതന്‍ സത്ര കര്‍മ്മസ്ഥനാണല്ലോ. അതു കൊണ്ടാണ്‌ മനുഷ്യര്‍ മരിക്കാത്തത്‌. യജ്ഞകര്‍മ്മം കഴിഞ്ഞ്‌ അവന്‍ സ്വകര്‍മ്മത്തില്‍ സജ്ജനായാല്‍ മുമ്പത്തെപ്പോലെ തന്നെ അവര്‍ക്ക്‌ അന്ധകാരം ബാധിക്കും. യമന്റെ ശരീരം യോഗബലം കൊണ്ട്‌ വളര്‍ന്നു രണ്ടായിപ്പിരിഞ്ഞ്‌ നിങ്ങളുടെ വീര്യത്തോടെ ഒന്ന്‌ ഉയര്‍ന്നാല്‍ അവര്‍ക്ക്‌ അന്തകന്‍ മൂലമുള്ള അന്തം ഉണ്ടാകും; ദേവതാസാമ്യം തീരും. മര്‍ത്ത്യരില്‍ അപ്പോള്‍ വീര്യം ഇപ്രകാരം ഉണ്ടാകുകയില്ല.

വ്യാസന്‍ കഥ തുടര്‍ന്നു. ബ്രഹ്മാവ്‌ പറഞ്ഞ വാക്കു കേട്ട്‌ സുരന്മാര്‍ യജ്ഞസ്ഥലത്തേക്ക്‌ ചെന്നു. മഹാശയന്മാരായ അവര്‍ എല്ലാവരും ചേര്‍ന്നിരിക്കുന്ന സമയത്ത്‌ ഗംഗാജലത്തില്‍ മനോജ്ഞമായ ഒരു താമരപ്പൂവ്‌ കണ്ടു. ആ താമര കണ്ട്‌ അവര്‍ ആശ്ചര്യപ്പെട്ടു. ധീരനായ ദേവേന്ദ്രന്‍ ആ താമരയുടെ സമീപത്തേക്കു ചെന്നു. അപ്പോള്‍ ഗംഗയുടെ ഉത്പത്തി സ്ഥാനത്തില്‍, അതിതേജസ്വിനിയായ ഒരു സ്ത്രീ നില്ക്കുന്നതായി കണ്ടു. ആ സ്ത്രീ വെള്ളമെടുക്കുവാനായി ഗംഗയില്‍ ഇറങ്ങിച്ചെന്നു. അവളുടെ കണ്ണില്‍ നിന്നും ഇറ്റ്‌ ജലത്തില്‍ വീണ ബാഷ്പബിന്ദു തല്‍ക്ഷണം ഒരു പൊന്‍താമരയായി തീര്‍ന്നു. ആശ്ചരൃകരമായ ആ കാഴ്ച കണ്ട്‌ ദേവേന്ദ്രന്‍ അവളുടെ സമീപത്തു ചെന്ന്‌ ഇങ്ങനെ ചോദിച്ചു.

ദേവേന്ദ്രന്‍ പറഞ്ഞു: ശ്രീമതി, ഭവതി ആരാണ്‌? എന്താണ്‌ കരയുവാന്‍ കാരണം? സത്യം പറയുക! കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌.

സ്ത്രീ പറഞ്ഞു: ഹേ, ശക്ര! ഞാന്‍ മന്ദഭാഗ്യയായ ഒരു സ്ത്രീയാണ്‌. ഞാന്‍ കരയുവാനുണ്ടായ കാരണം എന്താണെന്ന്‌ ഭവാന് അറിയാറാകും. ഭവാന്‍ വരൂ! ഞാന്‍ മുമ്പില്‍ നടക്കാം. കരയാനുള്ള കാരണം പിന്നെ ഭവാനു കണ്ടറിയാം.

വ്യാസന്‍ പറഞ്ഞു: അവളെ പിന്തുടര്‍ന്ന്‌ ഇന്ദ്രന്‍ നടന്നു. അപ്പോള്‍ പര്‍വ്വതത്തിന്റെ മുകളില്‍ യോഗ്യനായ ഒരു യുവാവ്‌ സിംഹാസനത്തിലിരുന്ന്‌ ഒരു യുവതിയോടു കൂടി ചുതുകളിയിൽ ഏര്‍പ്പെട്ടിരിക്കുന്നതായി ഇന്ദ്രന്‍ കണ്ടു. ചൂതുകളിയില്‍ തന്നെ മനസ്സിരുത്തി മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പുരുഷനെ നോക്കി അല്പം ഈര്‍ഷ്യയോടെ ഇന്ദ്രന്‍, എടോ വിദ്വാനെ, ഈ ലോകമെല്ലാം എനിക്ക് അധീനമാണെന്നു നീ അറിയുമോ? എന്നു പറഞ്ഞു. ഇന്ദ്രന്റെ വാക്കുകേട്ട്‌ ദേവന്‍ ചിരിച്ചു കൊണ്ട്‌ മെല്ലെ തല ഉയര്‍ത്തി ഒന്നു നോക്കി. വീണ്ടും ഒന്നു ദൃഢമായി നോക്കിയപ്പോള്‍ പേടിച്ച്‌ ഇന്ദ്രന്‍ ഓടുവാന്‍ ഭാവിച്ചു. എന്നാൽ ദേവന്റെ നോട്ടത്താല്‍ ഇന്ദ്രന്‍ സ്തംഭിച്ച്‌ ഒരു കുറ്റി പോലെ നിശ്ചേഷ്ടനായി നിന്നു. ആ ദേവന്‍ വീണ്ടും ചൂതുകളി തുടര്‍ന്നു. ചൂതുകളി നിര്‍ത്തി എഴുന്നേറ്റ ദേവന്‍ അവിടെ കരഞ്ഞു കൊണ്ടു നില്ക്കുന്ന ആ സ്ത്രീയോട്‌ പറഞ്ഞു.

ദേവന്‍ പറഞ്ഞു: ഞാന്‍ ഇരിക്കുന്നിടത്തേക്ക്‌ അവനെ കൊണ്ടു വരു! മേലാല്‍ ഇങ്ങനെയുള്ള ഗര്‍വ്വ്‌ അവനുണ്ടാകരുത്‌.

വ്യാസന്‍ പറഞ്ഞു: ആ സ്ത്രീ ചെന്ന്‌ തൊട്ട ഉടനെ ഇന്ദ്രന്‍ സര്‍വ്വ അംഗങ്ങളും തളര്‍ന്ന്‌ ഭൂമിയില്‍ വീണു. അപ്പോള്‍ ഉഗ്രനായ ആ ദേവന്‍ ഇന്ദ്രനെ നോക്കി പറഞ്ഞു.

ദേവന്‍ പറഞ്ഞു: എടോ ഇന്ദ്രാ! ഇനി നീ ഒരിക്കലും ഇങ്ങനെ അഹങ്കരിക്കരുത്‌. നിനക്ക്‌ അളവറ്റ ശക്തിയും മനോബലവുമുണ്ടല്ലേോ. ബിലദ്വാരത്തിലേക്കു കടക്കുന്നതിന് തടസ്സമായി നില്ക്കുന്ന കവാടം മാറ്റി ഗുഹയിലേക്കു ചെല്ലുക. അവിടെ നിന്നെപ്പോലെ സൂര്യപ്രകാശന്മാരായ ചിലരുണ്ട്‌.

വ്യാസന്‍ പറഞ്ഞു: ദേവന്റെ ആജ്ഞകേട്ട്‌ ഇന്ദ്രന്‍ അപ്രകാരം ചെയ്തു; ഗുഹാദ്വാരം തുറന്നു. അപ്പോള്‍ തന്നെപ്പോലെ നാലുപേര്‍ ആ ഗുഹയില്‍ ഇരിക്കുന്നു! ഇവരുടെ ഗതി തന്നെയായോ തനിക്കും എന്ന് ശക്രന്‍ ചിന്തിച്ച്‌ ദുഃഖിച്ചു. അനന്തരം പരമേശ്വരന്‍ കോപിച്ച്‌ കണ്ണുരുട്ടി ഇന്ദ്രനോട്‌ പറഞ്ഞു.

പരമേശ്വരന്‍ പറഞ്ഞു: എടോ ഇന്ദ്രാ, നീ വേഗം ഗുഹയുടെ ഉള്ളിലേക്ക്‌ കടക്കുക! മൗഢ്യത്താല്‍ നീ എന്നെ നിന്ദിച്ച്‌ പറഞ്ഞില്ലേ?

വ്യാസന്‍ പറഞ്ഞു; ഇപ്രകാരം മഹേശ്വരന്‍ കല്പിച്ചപ്പോള്‍ ഇന്ദ്രന്‍ പേടിച്ചു വിറച്ചു. തളര്‍ന്ന ശരീരത്തോടെ പർവ്വതാഗ്രത്തില്‍ ആലില കാറ്റില്‍ ഇളകുന്നതു പോലെ വിറച്ച്‌, കൈകൂപ്പി, വൃഷവാഹനന്റെ മുമ്പില്‍ നിന്ന്‌ പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ദേവ, ബഹുരൂപനായ ഭവാന്‍ തന്നെയാണ്‌ സകല ലോകത്തിന്റെയും ഏകനാഥന്‍. ഭൂതനാഥാ, പ്രസാദിച്ചാലും.

വ്യാസന്‍ പറഞ്ഞു: ഉടനെ ചിരിച്ചു കൊണ്ട്‌ ഉഗ്രതേജസ്വിയായ മഹേശ്വരന്‍ ദേവേന്ദ്രനോട്‌ ഇപ്രകാരം പറഞ്ഞു.

മഹേശ്വരന്‍ പറഞ്ഞു: ഇത്തരം സ്വഭാവമുള്ളവര്‍ക്ക്‌ എന്നില്‍ നിന്ന്‌ അനുഗ്രഹം കിട്ടുകയെന്നതു സാദ്ധ്യമല്ല. നിന്റെ കൂട്ടുകാര്‍ തന്നെയാണ്‌ ഇവരും. വേഗം ഗുഹയില്‍ കടന്നു കിടന്നു കൊള്ളുക. മുമ്പ്‌ നിന്നെപ്പോലെ അഹങ്കാരം മൂലം വന്നവരാണ്‌ ഇവര്‍. ഈ അനുഭവം അവര്‍ക്കുമുണ്ടായി. നീയും പോകൂ ഗുഹയിലേക്ക്‌.

വ്യാസന്‍ പറഞ്ഞു: എന്നു പറഞ്ഞതിന് ശേഷം മഹേശ്വരന്‍ ഗുഹയിലേക്കു നോക്കി പറഞ്ഞു.

മഹേശ്വരന്‍ പറഞ്ഞു: ഹേ ഇന്ദ്രന്മാരേ, എന്റെ കോപത്തിന്റെ ഫലമെന്ന പോലെ നിങ്ങള്‍ക്ക്‌ എന്റെ അനുഗ്രഹവും ലഭിക്കും. നിങ്ങള്‍ എല്ലാവരും ഭൂമിയില്‍ മര്‍ത്തൃരായി ജനിക്കണം. അവിടെ നിങ്ങള്‍ ദുസ്സാദ്ധ്യമായ പല കര്‍മ്മങ്ങള്‍ ചെയ്ത്‌, അസംഖ്യം മര്‍ത്തൃന്മാരെ കൊന്ന്‌, ഒടുവില്‍ സത്കര്‍മ്മത്തിന്റെ ഫലമായി വീണ്ടും സ്വര്‍ഗ്ഗലോകത്തു തിരിച്ചെത്തും. ഞാന്‍ ഇപ്പോള്‍പറഞ്ഞതു നിങ്ങള്‍ ചെയ്യണം. പിന്നെ പല കാര്യങ്ങളും.

പൂര്‍വ്വേന്ദ്രന്മാര്‍ പറഞ്ഞു: ഞങ്ങള്‍ മര്‍ത്ത്യലോകത്തിലേക്കു പൊയ്ക്കൊള്ളാം. അവിടെ പ്രയത്നിച്ചാല്‍ ദുസ്സാദ്ധ്യമായ മോക്ഷം നേടാമല്ലോ; ഞങ്ങളുടെ പിതാക്കള്‍ ധര്‍മ്മനും, വായുവും, ഇന്ദ്രനും, അശ്വിനികളും ആകണം; ഞങ്ങളുടെ മാതാവില്‍ ഗര്‍ഭോത്പാദനം നടത്തുന്നവര്‍ ദിവ്യാസ്ത്രത്താല്‍ മര്‍ത്ത്യരുമായി പോരാടി വേണ്ടപോലെ ധര്‍മ്മാനുഷ്ഠാനം ചെയ്ത്‌ ദേവലോകത്തില്‍ വീണ്ടും എത്താം.

വ്യാസന്‍ തുടര്‍ന്നു: ഇപ്രകാരം പൂര്‍വ്വേന്ദ്രന്മാര്‍ പറയുന്നതു വജ്രപാണിയായ ഇന്ദ്രന്‍ കേട്ടു നിന്നു. മഹാദേവന്റെ വാക്കുകേട്ട ദേവേന്ദ്രന്‍ ഇപ്രകാരം പറഞ്ഞു.

ദേവേന്ദ്രന്‍ പറഞ്ഞു: ഭഗാവനേ! ഞാന്‍ എന്റെ വീര്യംകൊണ്ട്‌ എന്റെ സന്താനമായി അഞ്ചാമതൊരു പുരുഷനെ പ്രദാനംചെയ്യാം.

വ്യാസന്‍ പറഞ്ഞു: വിശ്ചഭുക്ക്‌, ഭൂതധാമാവ്‌, അപ്രകാരം തന്നെ വീരനായ ശിബി, ശാന്തി, തേജസ്വി, ഇവരഞ്ചു പേരായിരുന്നു ആ ഇന്ദ്രന്മാര്‍. ഉഗ്രചാപനായ ഭഗവാന്‍ പറഞ്ഞതു പോലെ തന്നെ ദയാപൂര്‍വ്വം അവര്‍ക്ക്‌ എല്ലാ അഭീഷ്ടങ്ങളും നല്കി. മര്‍ത്ത്യരാകുമ്പോള്‍ അവര്‍ക്ക്‌ ഭാര്യയാകുവാന്‍ ശ്രീദേവിയെ ഭാര്യയായും കല്പിച്ചു. അനന്തരം പരമശിവന്‍ ആ ഇന്ദ്രന്മാരോടു കൂടി അപ്രമേയ പ്രഭാവനായ ശ്രീനാരായണന്റെ അടുത്തേക്കു ചെന്നു. അനന്തനും, വ്യക്തനും, അജനും, പുരാണനും, സനാതനനുമായ വിഷ്ണുവിനെ കണ്ട്‌ താല്ക്കാലികാവസ്ഥകള്‍ എല്ലാം വിവരിച്ച്‌, അനന്തര കര്‍മ്മങ്ങളെപ്പറ്റി ചര്‍ച്ച നടത്തി. വിഷ്ണുവും അവരുടെ അഭിപ്രായം സമ്മതിച്ചു. അനന്തരം എല്ലാവരും ഭൂമിയില്‍ ജാതരായി. കറുപ്പും വെളുപ്പുമായി രണ്ടു രൂപത്തില്‍ മുകുന്ദന്‍ ഭൂമിയില്‍ ജനിച്ചു. നാരായണന്‍ തന്റെ ദേഹത്തില്‍ നിന്ന്‌ രണ്ടു രോമങ്ങള്‍ വലിച്ചെടുത്തു ഭൂമിയിലേക്ക്‌ ഇട്ടു. അതില്‍ വെളുത്ത രോമം യദുവംശത്തിലെ രോഹിണിയിലും, കറുത്ത രോമം ദേവകിയിലും പ്രവേശിച്ചു. വെള്ളരോമം ബലരാമനായും, കറുത്തരോമം കൊണ്ടല്‍ക്കാര്‍വര്‍ണ്ണനായ കൃഷ്ണനായും ജന്മമെടുത്തു. അങ്ങനെ ശക്രാകാരന്മാരായി പർവ്വതഗുഹയില്‍ പാര്‍ത്തിരുന്ന അഞ്ചുപേരും ഇന്ന്‌ ഇവിടെ കാണുന്ന പാണ്ഡവന്മാരായി പിറന്നു. ഇന്ദ്രാംശമാണ്‌ പാണ്ഡവനായ സവ്യസാചി. ഇങ്ങനെ മുമ്പെ ഇന്ദ്രന്മാരായിരുന്നവര്‍ തന്നെയാണ്‌ പാണ്ഡവന്മാരായി പിറന്നത്‌. ഇവര്‍ക്കായി സാക്ഷാല്‍ ദേവദേവന്‍ കൊടുത്ത ലക്ഷ്മീദേവിയാണ്‌ പാഞ്ചാലി. അല്ലാതെയുണ്ടോ ഒരു സുന്ദരി വേദിമദ്ധ്യത്തില്‍ നിന്ന്‌ മന്നില്‍ യജ്ഞത്തില്‍, ദൈവയോഗം കൂടാതെ, ഉണ്ടാകുന്നു? സൂര്യനെപ്പോലെ പ്രകാശവും, ചന്ദ്രനെപ്പോലെ ആഹ്ളാദകത്വവും ഇവളുടെ ദേഹത്തിനുണ്ട്‌. അത്യുത്കൃഷ്ടമായ സുഗന്ധമാണെങ്കില്‍ ഒരു യോജന ദൂരം വീശുന്നു. ഹേ, ദ്രുപദാ, ഞാന്‍ ഭവാന് പ്രീതിപൂര്‍വ്വം, ആശ്ചര്യം ജനിക്കത്തക്ക വിധം, ദിവൃചക്ഷുസ്സ്‌ വരമായി തരാം. അത്യന്തം പ്രകാശിക്കുന്നവയും പരിപാവനങ്ങളുമായ പൂര്‍വ്വ ശരീരങ്ങളുമായി നില്ക്കുന്ന പാണ്ഡവന്മാരെ നോക്കിക്കാണുക. ഹേ, രാജാവേ, നോക്കിക്കാണു!

വൈശമ്പായനൻ പറഞ്ഞു: ഉത്കൃഷ്ടവും ഉദാരവുമായ കര്‍മ്മങ്ങളെ ചെയ്യുന്നവനും ശുദ്ധാന്തഃക്കരണനും ബ്രഹ്മജ്ഞാനിയുമായ വ്യാസഭഗവാന്‍ തനിക്കുള്ള തപോവൈഭവം കൊണ്ട്‌ ദ്രുപദനു ദിവൃദൃഷ്ടി നല്കി. രാജാവ്‌ ഉടനെ ദിവ്യചക്ഷുസ്സു കൊണ്ട്‌ പൂര്‍വ്വ ശരീരങ്ങളോടു കൂടി നില്ക്കുന്നവരായിട്ടാണ്‌ പാണ്ഡുപുത്രന്മാരെ കണ്ടത്‌.

ദിവ്യന്മാരായി, പൊന്‍കിരീടം ധരിച്ച്‌, സൂര്യാഭരായി, ശക്രരൂപത്തില്‍ നാനാഭൂഷണങ്ങള്‍ കൊണ്ടും മനോഹരാകാരന്മാരായി, വിരിഞ്ഞ മാര്‍ത്തട്ടോടും, താലപ്രായമായ ഔന്നതൃത്തോടും ശോഭിക്കുന്നവരായി, പഞ്ചേന്ദ്രന്മാരെ ദ്രുപദന്‍ കണ്ടു. ദിവ്യാസ്ത്രങ്ങള്‍, ദിവൃമായ സുഗന്ധം, ദിവ്യമായ പുഷ്പം എന്നിവ ചേര്‍ന്നു ശോഭിക്കുന്നവരും സാക്ഷാല്‍ ത്രൃക്ഷ വസു രുദ്ര കല്പന്മാരും വളരെ ഗുണങ്ങളോടു ചേര്‍ന്നവരുമായ പൂര്‍വ്വേന്ദ്രന്മാരായ അവരെ ദ്രുപദന്‍ കണ്ടു. ദേവേന്ദ്രജനായ പാര്‍ത്ഥനേയും, വിശേഷാല്‍ പ്രീതിപ്പെട്ട ദ്രുപദന്‍ വിസ്മയത്തോടെ നോക്കി. മഹത്തായ ദിവ്യമായ പ്രഭാവത്താല്‍ ആ നാരിയെ ദിവ്യമായ രൂപത്തോടെ സാക്ഷാല്‍ അഗ്നിക്കു തുല്യമായ തേജസ്സോടെ, ആ യോഗ്യന്മാര്‍ക്കു യോജിച്ച പത്നിഭാഗത്തായി ദ്രുപദരാജാവ്‌ കണ്ട്‌ അത്ഭുതപ്പെട്ടു. ഈ അത്യാശ്ചര്യം വ്യാസാനുഗ്രഹം കൊണ്ടു കണ്ടപ്പോള്‍ ഭക്തിയോടു കൂടി ദ്രുപദന്‍ മഹര്‍ഷിയുടെ പാദങ്ങള്‍ കൂപ്പി പ്രസാദത്തോടെ പറഞ്ഞു. മഹര്‍ഷേ! ഭവാന്റെ മഹത്വത്തില്‍ ഇതൊരു ആശ്ചര്യമല്ലല്ലോ എന്ന്.

വ്യാസന്‍ കഥ തുടര്‍ന്നു: പണ്ട്‌ തപോവനത്തില്‍ പാര്‍ത്തിരുന്ന ഒരു താപസന് ഒരു കന്യകയുണ്ടായിരുന്നു. അതിസുന്ദരി ആയിരുന്നിട്ടും അവള്‍ക്ക്‌ ഒത്ത ഒരു ഭര്‍ത്താവിനെ ലഭിച്ചില്ല. അവൾ ഉഗ്രമായ തപസ്സു കൊണ്ട്‌ രുദ്രനെ പ്രീതനാക്കി. ശിവന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞു.

ശിവന്‍ പറഞ്ഞു: ഞാന്‍ നിന്റെ തപസ്സില്‍ പ്രീതനായിരിക്കുന്നു. കന്യകേ, ഇഷ്ടമുള്ള വരം വാങ്ങിക്കൊള്ളുക!

വ്യാസന്‍ പറഞ്ഞു: അതുകേട്ട്‌ ആ കന്യക ഗുണവാനായ പതിയെ തന്നാലും എന്ന് അഞ്ചു പ്രാവശ്യം പറഞ്ഞു. ശിവന്‍ അവള്‍ പറഞ്ഞ പ്രകാരം വരം നല്കി.

ശിവന്‍ പഞ്ഞു: നിനക്ക്‌ അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടാകട്ടെ!

വ്യാസന്‍ പറഞ്ഞു: ഈശനെ പ്രസാദിപ്പിച്ച്‌ അവള്‍ വീണ്ടും പറഞ്ഞു.

കന്യക പറഞ്ഞു; ഗുണവാനായ ഒരു ഭര്‍ത്താവേ എനിക്കു വേണ്ടു മഹേശ്വര!

വ്യാസന്‍ പറഞ്ഞു: ഇതുകേട്ട്‌ പ്രീതനായി മഫഹേശ്വരൻ അവളോട്‌ വീണ്ടും മധുരമായി പറഞ്ഞു.

ശിവന്‍ പറഞ്ഞു: ഭദ്രേ! എന്നോടു നീ അഞ്ചു പ്രാവശ്യം "ഭര്‍ത്താരം ദേഹി" ( ഭര്‍ത്താവിനെ തരു ) എന്ന് ആവര്‍ത്തിച്ച്‌ അഭൃര്‍ത്ഥിച്ചുവല്ലോ; അത്‌ അങ്ങനെ തന്നെ വരും. ഭദ്രേ! നിനക്കു ശുഭമായി വരും. ജന്മാന്തരത്തില്‍ നിനക്ക്‌ ഇപ്രകാരം ഭവിക്കും

വ്യാസന്‍ പറഞ്ഞു: ഹേ, ദ്രുപദരാജാവേ, ഈ ദിവൃകന്യക തന്നെയാണ്‌ നിന്റെ പുത്രിയായി പിറന്നത്‌. അവള്‍ അഞ്ചുപേര്‍ക്ക്‌ ഭാര്യയാകുവാന്‍ വിധിക്കപ്പെട്ടവളാണ്‌. കൃഷ്ണ നല്ലവളാണ്‌. ആ ഋഷികനൃക കഠിനമായ തപസ്സു ചെയ്ത്‌ സ്വര്‍ഗ്ഗശ്രീയായും പിന്നീട് അങ്ങയുടെ മകളായും മഹായാഗത്തിൽ ജനിച്ചു. പാണ്ഡവര്‍ക്കായി യജ്ഞത്തില്‍ ജാതയായ അവള്‍ ഘോരമായ തപസ്സു ചെയ്തിട്ടാണ്‌ നിന്റെ നന്ദിനിയായി ജനിച്ചത്‌. ഈ ദേവി, ദേവകാര്യം നിര്‍വ്വഹിക്കുവാന്‍ അയയ്ക്കപ്പെട്ടവളാണ്‌; കര്‍മ്മയോഗത്താല്‍ ഇവര്‍ അഞ്ചു പേര്‍ക്കും ഭാര്യയാകുന്നു. ഈ പരമാര്‍ത്ഥം ഗ്രഹിച്ച്‌ അഭീഷ്ടം ഭവാന്‍ ചെയ്താലും.

198. ദ്രൗപദീ വിവാഹം - ദ്രുപദന്‍ ഇതു കേട്ടു വ്യാസനോട് പറഞ്ഞു: മഹര്‍ഷേ, ഭവാന്റെ വാക്കു കേട്ടപ്പോള്‍ എനിക്കു വിധിയുടെ ഹിതം മനസ്സിലായി. എന്റെ സംശയമെല്ലാം നീങ്ങി. വിധിയുടെ കെട്ട്‌ പൊട്ടിക്കുവാന്‍ സാദ്ധ്യമല്ല. ഭവാന്റെ അഭിപ്രായം യുക്തമാണ്‌. സ്വകര്‍മ്മം കൊണ്ട്‌ ദൈവഹിതം മറ്റൊരു വഴിക്ക് ആക്കുവാന്‍ ഒരാൾക്കും സാധിക്കുന്നതല്ല. ഒരു വരനെ കിട്ടുവാന്‍ യത്നം ചെയ്തിട്ട്‌ അതിന്റെ കലാശം അനേകം പേരായി; ഭാവി കണ്ട മഹേശ്വരന്‍, അവള്‍ അഞ്ചു വട്ടം ഭര്‍ത്താവിനെ ചോദിച്ചപ്പോള്‍ അഞ്ചു ഭര്‍ത്താക്കന്മാരെ നല്കി. രുദ്രന്‍ കല്‍പിച്ചതില്‍ ധര്‍മ്മമായാലും അധര്‍മ്മമായാലും അതില്‍ ഒരു അപരാധവും ഇല്ല. അപ്രകാരം തന്നെ പാണിഗ്രഹണം നടക്കട്ടെ. അഞ്ചു പേരും കൃഷ്ണയുടെ കരം ഗ്രഹിക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: പിന്നെ ഭഗവാന്‍ വ്യാസന്‍ ധര്‍മ്മജനോടു പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: ഇന്ന്‌ പുണ്യമായ ദിനമാണ്‌. ഇന്ന്‌ ചന്ദ്രന് പൗാഷ്യയോഗമുണ്ട്‌. നീ ഇന്ന്‌ ആദ്യമായി കൃഷ്ണയെ പാണിഗ്രഹണം ചെയ്യുക.

വൈശമ്പായനൻ പറഞ്ഞു: യജ്ഞസേനന്‍ തന്റെ പുത്രനോടു കൂടി വിവാഹത്തിന് വേണ്ടതെല്ലാം ഒരുക്കി കുളി കഴിഞ്ഞ്‌ സര്‍വ്വാഭരണ ഭൂഷിതയായി കൃഷ്ണയെ വിവാഹ മണ്ഡപത്തില്‍ കൊണ്ടു വന്നു. രാജാവിന്റെ സുഹൃത്തുക്കളും മന്ത്രിമാരും വന്നു. വിപ്രന്മാരും പൗരന്മാരും വന്നു കൂടി. വിവാഹം കാണുവാന്‍ ആനന്ദത്തോടെ പല മാന്യന്മാരും എത്തി. എല്ലായിടവും അലങ്കരിക്കപ്പെട്ടിരുന്നു. സൈന്യങ്ങള്‍ നിരന്നു. വിവാഹമണ്ഡപം താരകോജ്ജ്വലമായ ആകാശം പോലെ ശോഭിച്ചു. പാണ്ഡവന്മാര്‍ വിഭൂഷണങ്ങള്‍, കുണ്ഡലങ്ങള്‍ എന്നിവ അണിഞ്ഞു. വിശേഷ വസ്ത്രങ്ങള്‍ ധരിച്ച്‌, ചന്ദനം പൂശി, മംഗല്യ വിധാനങ്ങളോടെ അഗ്നിതുല്യനായ ധൗമ്യപുരോഹിതനോടു കൂടി തൊഴുത്തില്‍ നിന്ന്‌ കാളക്കൂറ്റന്മാര്‍ കടക്കും പോലെ കടന്ന്‌ രംഗത്തിലെത്തി. അഗ്നി കൂട്ടി ആഹുതി ചെയ്തു. യുധിഷ്ഠിരനെ കൊണ്ട്‌ മന്ത്രവിധിയോടു കൂടി കൃഷ്ണയുടെ പാണിഗ്രഹണം ചെയ്യിച്ചു. അഗ്നിയെ വിധിയാം വണ്ണം അവരെക്കൊണ്ട്‌ വലം വെപ്പിച്ചു. പിന്നീട്‌ അനുവാദത്തോടെ ധൗമ്യന്‍ അവരെ രാജഗൃഹത്തിലേക്കു വിട്ടു. അന്നത്തെ വിവാഹം കഴിഞ്ഞു. ഇങ്ങനെ ദിനം തോറും ഓരോരുത്തനെ കൊണ്ടു ധൗമൃപുരോഹിതന്‍ ദ്രൗപദീ പാണിഗ്രഹണം ക്രമപ്രകാരം നടത്തിച്ചു.

ആ വിവാഹത്തെപ്പറ്റി ദേവര്‍ഷിമാര്‍ അതീതമാനുഷമായ ഈ മഹാത്ഭുതം പറഞ്ഞത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. മഹാനുഭാവയായ ആ സുന്ദരി ദിനംതോറും, ഓരോ വിവാഹ രാത്രിക്കു ശേഷവും, കന്യകയായി!

വിവാഹാനന്തരം ദ്രുപദന്‍ ധാരാളം ധനം ആ മഹാരഥന്മാര്‍ക്കു നല്കി.

പൊന്‍കടിഞ്ഞാണിട്ട്‌ അലങ്കരിച്ച നാല് ഹയങ്ങളെ പൂട്ടിയ നൂറ്‌ രഥങ്ങള്‍ വീതവും, പര്‍വ്വതം പോലെ വലുപ്പമുള്ള ആനകള്‍ നൂറു വിതവും നല്കി. അവ പൊന്‍ശ്യംഗം ചേര്‍ന്ന നീലമലകള്‍ പോലെ ശോഭിച്ചു. വിശിഷ്ടാഭരണങ്ങൾ അണിഞ്ഞ നൂറ്‌ ദാസികളെ വീതവും ചന്ദ്രവംശജനായ പാഞ്ചാല രാജാവ്‌ അഗ്നിയെ സാക്ഷിയാക്കി അവര്‍ക്കു നല്കി. അപ്രകാരം തന്നെ വസ്ത്ര വിഭൂഷണങ്ങളും മഹാനുഭാവനായ ആ മഹീന്ദ്രന്‍ നല്കി.

വിവാഹാനന്തരം പാണ്ഡവന്മാര്‍ വിശിഷ്ട രത്നങ്ങളും ശ്രീദേവിക്കു തുല്യയായ ദ്രൗപദിയേയും നേടി ഇന്ദ്രതുല്യരായി പാഞ്ചാലപുരത്തില്‍ സസന്തോഷം വാണു.

199. കൃഷ്ണന്റെ സമ്മാനദാനം - വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം വിവാഹം കഴിഞ്ഞ ശേഷം ദ്രുപദാലയത്തില്‍ അവര്‍, പുണ്യവാന്മാര്‍ സ്വര്‍ഗ്ഗത്തിലെന്ന വിധം, സുഖമായി ദിനങ്ങള്‍ കഴിച്ചു. പാണ്ഡവന്മാരോടു കൂടി പാര്‍ക്കുന്ന ദ്രുപദന് അന്നു ദേവന്മാരെ കൂടി ഭയമില്ലാതെയായി. കുന്തിയുടെ അരികില്‍ ചെന്ന്‌ മഹാനായ ദ്രുപദന്റെ അന്തഃപുരസ്‌ത്രീകള്‍ പേര് പറഞ്ഞു പാദത്തില്‍ കൂപ്പി. കൃഷ്ണ ചുവന്ന പട്ടുടുത്ത്‌ കൗതുകമായ വേഷത്തോടെ ശ്വശ്രുവിന്റെ പാദങ്ങളില്‍ കുമ്പിട്ട്‌ കൈകള്‍ കൂപ്പി നിന്നു. രൂപലക്ഷണം ചേര്‍ന്നു ശീലാചാരത്തോടെ നില്ക്കുന്ന സ്നുഷയായ കൃഷ്ണയ്ക്ക്‌ പൃഥ ആശിസ്സു നല്കി.

കുന്തി പറഞ്ഞു; ഇന്ദ്രന്‍ ഇന്ദ്രാണിയോടു ചേര്‍ന്ന പോലെയും, അഗ്നിക്ക്‌ സ്വാഹ പോലെയും, സോമന് രോഹിണി പോലെയും, നളന്ന്‌ ഭൈമി പോലെയും, വൈശ്രവണന് ഭദ്ര എന്ന പോലെയും, വസിഷ്ഠന് അരുന്ധതി പോലെയും, ലക്ഷ്മി വിഷ്ണുവിനെന്ന പോലെയും നീ ഭര്‍ത്താക്കന്മാര്‍ക്ക്‌ ഇണങ്ങുക! ഭദ്രേ, നീ ആയുഷ്മാന്മാരായ വീരസന്താനങ്ങള്‍ക്കു മാതാവായി ഐശ്വരൃ സുഖാനുഭവങ്ങള്‍ തികഞ്ഞ്‌ സാധുശീലയും, സഹധര്‍മ്മിണിയുമായി വാഴുക. ഗൃഹത്തില്‍ വന്നുചേരുന്ന പാണ്ഡവന്മാര്‍ക്കും, സാധുക്കള്‍ക്കും, വൃദ്ധന്മാര്‍ക്കും, ബാലന്മാര്‍ക്കും, ഗുരുക്കള്‍ക്കും നീ സസ്നേഹം പൂജിക്കുന്നതില്‍, ബദ്ധശ്രദ്ധയായി അനേകം വര്‍ഷങ്ങള്‍ വാഴുക. കുരുജാംഗലരാജ്യം, പുരം എന്നിവയില്‍ ധര്‍മ്മജേഞ! നൃപനോടൊപ്പം നീ പട്ട മഹിഷിയായി അഭിഷേകം ഏൽക്കട്ടെ! മഹാബലന്മാരായ കാന്തന്മാര്‍ വീര്യത്താല്‍ ഭൂമിയെല്ലാം ജയിക്കും. അനന്തരം നടത്തപ്പെടുന്ന അശ്വമേധ യാഗത്തില്‍ ആ ഭൂമിയെല്ലാം നീ ദാനം ചെയ്യുമാറാകട്ടെ!

മന്നില്‍ ഗുണമേറിയ രത്നങ്ങളെയെല്ലാം, ഇന്നുള്ളവയെല്ലാം, ഹേ, കല്യാണി, കൈവശത്തിലാക്കി നൂറ്റാണ്ടു കാലം സുഖമായി ജീവിക്കുക!

ഹേ, ക്ഷൗമവാസിനീ! വിവാഹോചിതമായ വസ്‌ത്രം ധരിച്ച വിധം തന്നെ സന്താനമുണ്ടായി കണ്ടിട്ട്‌ വീണ്ടും സന്തോഷിക്കും.

വൈശമ്പായനൻ പറഞ്ഞു: വേളിക ഴിഞ്ഞ പാണ്ഡവന്മാര്‍ക്ക്‌ കേശവന്‍ വൈഡൂര്യം പതിച്ച വിചിത്രങ്ങളായ സ്വര്‍ണ്ണഭൂഷണങ്ങള്‍ അയച്ചു കൊടുത്തു. നാനാദേശത്തു നിന്നും വരുത്തിയ മഹാര്‍ഹങ്ങളായ വസ്ത്രങ്ങളും, കരിമ്പടങ്ങളും, പുതപ്പുകളും, തോലുകളും, പല മെത്തകളും, നാനാനിലയിലുള്ള ആസനങ്ങളും, വൈഡൂര്യം, മരതകം മുതലായവ പതിച്ച സുന്ദരമായ മെത്തകളും, കട്ടിലുകളും മാധവന്‍ അയച്ചു കൊടുത്തു. രൂപം, യൗവനം, ദാക്ഷിണ്യം ഇവ ചേര്‍ന്നവരും, നാനാദേശത്തു നിന്ന്‌ വന്നവരും, അലങ്കാരങ്ങള്‍ ധരിച്ചവരുമായ ദാസീഗണങ്ങളേയും, ഇണങ്ങിയ നല്ല ആനകളേയും, നല്ല കുതിരകളേയും, നല്ല തേരുകളേയും, ശുഭ്രവസ്ത്രരായ ദാസന്മാരേയും കൃഷ്ണന്‍ പാണ്ഡവന്മാര്‍ക്ക്‌ അയച്ചു കൊടുത്തു. നിരനിരയായി കെട്ടിയ കോടിക്കണക്കിന് സ്വര്‍ണ്ണക്കട്ടികളും മധുസൂദനന്‍ അയച്ചു കൊടുത്തു. ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ അളവില്ലാത്ത ആ ധനമെല്ലാം ഏറ്റുവാങ്ങി; ഹരി പ്രീതി കണ്ടു വളരെ അധികം സന്തോഷം അദ്ദേഹത്തിന് ഹൃദയത്തില്‍ ഉണ്ടായി.

വിദുരാഗമരാജ്യലഭ്യപര്‍വ്വം

200. ദുര്യോധനവാക്യം - വൈശമ്പായനൻ പറഞ്ഞു:ആപ്തന്മാരായ ചാരന്മാര്‍ ചെന്ന്‌ ദുര്യോധനനെ അറിയിച്ചു. പാഞ്ചാലിയെ നേടിയത്‌ പാണ്ഡവന്മാരാണെന്ന്‌.

ചാരന്മാര്‍ പറഞ്ഞു: ആ വില്ലു കുലയേറ്റി ലക്ഷ്യം അറുത്തു ജയം നേടിയത്‌ മഹാബാഹുവും ധനുര്‍ദ്ധരനുമായ അര്‍ജ്ജുനനാണ്‌. മദ്രേശനായ ശല്യനെ പൊക്കി ഊക്കോടെ വീഴ്ത്തിയതും, മരം പറിച്ച്‌ ശത്രുക്കളെ പേടിപ്പെടുത്തിയതും, അല്പവും ഭയം കൂടാതെ പൊരുതിയതുമായ വീര്യവാൻ അരിവര്‍ഗ്ഗ വിമര്‍ദ്ദനനായ ഭീമനാണ്‌. ദുര്യോധനന്റെ അനുജന്മാരുമായി നേരിട്ടു പൊരുതി നിന്നവര്‍ സാധുവൃത്തന്മാരും അമേയബല പൗരുഷന്മാരുമായ യമന്മാരാണ്‌. പോരില്‍ ദുര്യോധനനോടു നേരിട്ട ആ മഹാരഥന്‍ ബുദ്ധിവര്‍ദ്ധനനും ഭാഗ്യവാനുമായ പാണ്ഡവ ശ്രേഷ്ഠനല്ലാതെ മറ്റാരുമല്ല.

വൈശമ്പായനൻ പറഞ്ഞു: ചാരന്മാര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ രാജാക്കന്മാരെല്ലാം അമ്പരന്നു. ബ്രഹ്മരുപധരന്മാരും, വൃഷഭേക്ഷണന്മാരുമായ അവര്‍ പാണ്ഡവന്മാർ ആണ് എന്നറിഞ്ഞപ്പോള്‍ അവര്‍ക്കുണ്ടായ വിസ്മയം അളവറ്റതായിരുന്നു. മക്കളോടൊത്തു കുന്തി അരക്കില്ലത്തില്‍ കിടന്നു വെന്തു വെണ്ണീറായെന്നാണു കേള്‍വി. നാട്ടുകാര്‍ക്കും സകല ബ്രാഹ്മണര്‍ക്കും അങ്ങനെയാണറിവ്‌. രാജാക്കന്മാര്‍ ചിന്തിച്ചു: മരിച്ചു പോയവര്‍, പുലകുളിയും അടിയന്തിരാദികളുമൊക്കെ കഴിഞ്ഞതിന് ശേഷം വീണ്ടും ജനിച്ചുവന്നോ! കേട്ടവര്‍ കേട്ടവര്‍ ഭീഷ്മനേയും ധൃതരാഷ്ട്രനേയും നിന്ദിച്ചു. പുരോചനന്‍ ചെയ്തു വെച്ച പണി കാരണം, ധാര്‍മ്മികന്മാരും, സുശീലന്മാരും, മാതൃഹിതകാംക്ഷികളുമായ പാണ്ഡവന്മാരെ ആ പടുവൃദ്ധന്മാര്‍ ആട്ടി ഓടിച്ചില്ലേ എന്നു പറയുവാന്‍ തുടങ്ങി.

സ്വയംവരത്തിന് ശേഷം, രാജാക്കളൊക്കെ പാണ്ഡവന്മാരാണ്‌ കൃഷ്ണയെ വരിച്ചതെന്നറിഞ്ഞ്‌ താന്താങ്ങളുടെ പുരിയില്‍ ചെന്നെത്തി. ദുര്യോധന രാജാവു ഭ്രാതാക്കളോടും, അശ്വത്ഥാമാവ്‌, കര്‍ണ്ണന്‍, കൃപന്‍, മാതുലനായ ശകുനി മുതലായവരോടും കൂടി തിരിച്ചു. ദുശ്ശാസനൻ ലജ്ജയോട് കൂടി ദുര്യോധനനോട് പറഞ്ഞു.

ദുശ്ശാസനൻ പറഞ്ഞു : അവന്‍ ബ്രാഹ്മണരൂപത്തിലല്ല വന്നതെങ്കില്‍ കൃഷ്ണയെ നേടാന്‍ കഴിയുകയില്ലായിരുന്നു. അവന്‍ അര്‍ജ്ജുനനാണെന്ന വാസ്തവം ആരും അറിഞ്ഞില്ല. നമ്മുടെ വീര്യം നിസ്സാരം തന്നെ! പാണ്ഡവന്മാര്‍ ജീവിക്കുന്നു! ദൈവം തന്നെ വലിയത്‌! പൗരുഷം നിഷ്ഫലം തന്നെ!

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞിട്ട്‌ അവര്‍ പുരോചനന്റെ ബുദ്ധിശൂന്യതയെ നിന്ദിച്ച്‌ ഹസ്തിനാപുരിയില്‍ എത്തി. അവരുടെ സങ്കല്പമൊക്കെ തകര്‍ന്നു! പാര്‍ത്ഥന്മാരില്‍ അവര്‍ക്കു ഭയവും വര്‍ദ്ധിച്ചു. വീരന്മാരായ പാണ്ഡവന്മാര്‍ തീയില്‍ നിന്നു രക്ഷപ്പെട്ടു; എന്നു മാത്രമല്ല, മഹാനായ ദ്രുപദന്റെ ബന്ധുത്വവും നേടി. പ്രതാപശാലിയായ ധൃഷ്ടദ്യുമ്നനേയും ദ്രുപദന്റെ യുദ്ധവീരന്മാരായ പുത്രന്മാരേയും ( ശിഖണ്ഡി മുതലായവരേയും ) യുദ്ധോദ്യുതരായ പാഞ്ചാലന്മാരേയും മറ്റും നേടി. ബന്ധുക്കളായി പാണ്ഡവന്മാര്‍ക്ക്‌ ഇങ്ങനെ പലതും ലഭിച്ചതു വിചാരിച്ചു വ്യസനിച്ച്‌ ദുര്യോധനന്‍ മുതല്‍ പേര്‍ ഹസ്തിനാപുരിയില്‍ ചെന്നെത്തി. പാണ്ഡവന്മാര്‍ ദ്രൗപദിയെ വിവാഹം ചെയ്തതും, ദുര്യോധനാദികള്‍ അഹങ്കാരം നശിച്ച്‌ നാണം കെട്ട് ഹസ്തിനാപുരിയില്‍ വന്നതും അറിഞ്ഞ വിദുരന് സീമാതീതമായ ആനന്ദമുണ്ടായി. വിദുരന്‍ ആനന്ദാത്ഭുതങ്ങളോടെ ധൃതരാഷ്ട്രന്റെ അരികെച്ചെന്നു പറഞ്ഞു.

വിദുരന്‍ പറഞ്ഞു : ഭാഗ്യം രാജാവേ, കുരുകുലം വര്‍ദ്ധിക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: വൈചിത്രൃവീര്യനായ ധൃതരാഷ്ട്രന്‍ വിദുരന്റെ മൊഴി കേട്ടപ്പോള്‍ ആനന്ദത്തോടെപറഞ്ഞു; "ഭാഗ്യം! ഭാഗ്യം! നന്നായി! നന്നായി! വിദുരാ!", എന്ന്. തന്റെ മൂത്ത പുത്രനായ ദുര്യോധനനാണ്‌ കൃഷ്ണയെ വേട്ടതെന്നാണ്‌ അന്ധനായ ആ രാജാവു ധരിച്ചത്‌. ഉടനെ തന്നെ കൃഷ്ണയ്ക്ക്‌ പല വിശേഷപ്പെട്ട ഭൂഷണജാലങ്ങള്‍ കൊണ്ടു വരുവാനും ദുര്യോധനനെ വിളിച്ച്‌ കൃഷ്ണയെ തന്റെ അരികിലേക്കു കൊണ്ടു വരുവാനും കല്പിച്ചു. ധൃതരാഷ്ട്രൻ തെറ്റിദ്ധരിച്ചതായി അറിഞ്ഞ വിദുരന്‍ പറഞ്ഞു, "കൃഷ്ണ പാണ്ഡവന്മാരെയാണു വേട്ടത്‌", എന്ന്. ആ വീരന്മാര്‍ കുശലികളായി പാഞ്ചാല രാജാവിനാല്‍ സല്‍ക്കൃതരായി വര്‍ത്തിക്കുന്നു. സ്വയംവരം മൂലം പുതിയ ചാര്‍ച്ചക്കാരായി പല വീരന്മാരും പാണ്ഡവരുമായി ചേര്‍ന്നിരിക്കുന്നു എന്നും മറ്റും വിദുരന്‍ പറഞ്ഞു.. ഇതു കേട്ടപ്പോള്‍ ധൃതരാഷ്ട്രന്റെ മുഖം വിളറി. തന്റെ സങ്കല്പമൊക്കെ തകര്‍ന്നു. എന്നാൽ ബലമായി എല്ലാ വികാരവും ആകാരവും മറച്ചു വെച്ച്‌ പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നന്നായി! നന്നായി! വിദുരാ! പാര്‍ത്ഥന്മാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നന്നായി വിദുരാ! സാധുവായ കുന്തിക്കു ബന്ധുവായി അനേകം ബന്ധുക്കളുള്ള ദ്രുപദനെ കിട്ടിയത്‌ ഈ നമുക്കും നല്ലതു തന്നെ! ദ്രുപദനാണെങ്കില്‍ മത്സ്യകാന്വയസംഭവന്‍! വ്രതവിദ്യാ തപോവൃദ്ധന്‍! പാര്‍ത്ഥിവന്മാര്‍ക്ക്‌ ഏറ്റവും സമ്മതന്‍! അവന്റെ പുത്രപൗത്രന്മാരാണെങ്കിൽ എല്ലാവരും ചരിത്രവ്രതന്മാര്‍. ഏതു ബന്ധുവിനേക്കാളും നമുക്കു മാന്യര്‍! നല്ല കാര്യമായി! കുശലത്തോടെ എന്റെ കുട്ടികള്‍ മിത്രവാന്മാരാകയാല്‍, അവര്‍ സമ്പന്നരല്ലെങ്കിലും ഏതു രാജാവും അവരെ ആരാധിക്കാതിരിക്കയില്ല. അനേകം ബന്ധുക്കളുള്ള ദ്രുപദ രാജാവിനെ ബന്ധുവായി കിട്ടിയാല്‍ ഐശ്വര്യം നശിച്ച ഏതു മന്നവനാണ്‌ സര്‍വ്വ ഐശ്വര്യങ്ങളിലും ആഗ്രഹമുള്ളവനായി ഭവിക്കാതിരിക്കുക? സകലരും ആഗ്രഹിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന രാജാവിനോട്‌ വിദുരന്‍ വീണ്ടും പറഞ്ഞു.

വിദുരന്‍ പറഞ്ഞു: അങ്ങയ്ക്ക്‌ ഈ ബുദ്ധി നൂറു വത്സരം ഇങ്ങനെ തന്നെ നിലനില്ക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞു വിദുരന്‍ തന്റെ ഗൃഹത്തിലേക്കു പോയി. വിദുരന്‍ പോയ തിന് ശേഷം ദുര്യോധനനും രാധേയനായ കര്‍ണ്ണനും കൂടി ധൃതരാഷ്ട്രന്റെ അടുത്തു ചെന്ന്‌ ഇപ്രകാരം പറഞ്ഞു.

ദുര്യോധനനും കര്‍ണ്ണനും പറഞ്ഞു: രാജാവേ, വിദുരന്‍ അടുത്തുള്ളപ്പോള്‍ കുറ്റം പറയുക സാദ്ധ്യമല്ല. ഇവിടെ ഇപ്പോള്‍ ആരുമില്ലെന്നറിഞ്ഞു പറയുകയാണ്‌. എന്തിനാണ്‌ ഭവാന്റെ പുറപ്പാട്‌? ശത്രുക്കളുടെ അഭിവൃദ്ധി സ്വന്തം അഭിവൃദ്ധി ആണെന്നാണോ ഭവാന്‍ വിചാരിക്കുന്നത്‌? ക്ഷത്താവിന്റെ അരികെ വെച്ച്‌ അവരെ വാഴ്ത്തുന്നതെന്താണ്‌? നിര്‍ദ്ദോഷിയായ രാജാവേ, ഭവാന്‍ ഒന്നു ചെയ്യേണ്ട സമയത്ത്‌ മറ്റൊന്നു ചെയ്യുന്നതെന്താണ്‌? അവരുടെ ഉയര്‍ന്നു വരുന്ന ബലം കെടുത്താനല്ലേ നാം ശ്രമിക്കേണ്ടത്‌? പുത്രമിത്രാദികളടക്കം നമ്മളെ അവര്‍ വിഴുങ്ങാതിരിക്കത്തക്ക വിധം കാലോചിതമായി എന്താണു ചെയ്യേണ്ടതെന്ന്‌ചിന്തിച്ചു കൊണ്ടിരിക്കയാണ്‌ ഞങ്ങള്‍.

201. ദുര്യോധനവാകൃം - വൈശമ്പായനൻ പറഞ്ഞു: ദുര്യോധനനും കര്‍ണ്ണനും ഇപ്രകാരം പറഞ്ഞു നിര്‍ത്തിയപ്പോള്‍ ധൃതരാഷ്ട്രന്‍ പുത്രനോടും രാധേയനോടും പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതു പോലെ തന്നെയാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. വിദുരന്റെ അടുത്തു വച്ച്‌ ശരിയായ വേഷം കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ടാണ്‌ ഞാന്‍ അവരുടെ ഗുണം പുകഴ്ത്തിപ്പറയുന്നത്‌. നമ്മുടെ ഇംഗിതമെന്തെന്ന്‌ വിദുരന്‍ അറിയരുത്‌. ഞാന്‍ എന്തു ചെയ്യണമെന്നു പറയു. എന്താണ്‌ ഉചിതമെന്നു നീ പറയൂ, സുയോധനാ! കാലോചിതമായി എന്തു ചെയ്യണമെന്ന്‌, രാധേയാ! നീയും പറയൂ!

ദുര്യോധനന്‍ പറഞ്ഞു; ഞാന്‍ ഒരു കൗശലം കണ്ടിട്ടുണ്ട്‌. വളരെ രഹസ്യമായി വിശ്വസ്തരായ ബ്രാഹ്മണരെ അയച്ച്‌ ഏഷണിയുണ്ടാക്കി കൗന്തേയരേയും മാദ്രേയരേയും തമ്മില്‍ തെറ്റിക്കണം. അല്ലെങ്കില്‍ ധാരാളം ധനം നല്കി ദ്രുപദനേയും മക്കളേയും മന്ത്രിമുഖ്യരേയും വശത്താക്കണം. ആ രാജാവ്‌ ധര്‍മ്മപുത്രനെ ഉപേക്ഷിക്കാന്‍ തക്കവിധം ആ രാജാവിനെ ഉപദേശിക്കാന്‍ ആളെ വിടണം. അല്ലെങ്കില്‍ പാണ്ഡവന്മാരെ അവിടെ തന്നെ പാര്‍പ്പിക്കാന്‍ ഉദ്യമിക്കണം. അവര്‍ക്ക്‌ ഇവിടെ വന്നാല്‍ ദോഷം പറ്റുമെന്നു ബോദ്ധ്യമാക്കണം. പാണ്ഡവന്മാരുടെ ഇവിടത്തെ താമസം ആപത്കരമാണെന്ന്‌ പാഞ്ചാലനെ ധരിപ്പിക്കണം. അവിടെ തന്നെ പാര്‍ക്കുവാന്‍ പാണ്ഡവര്‍ക്കു തോന്നണം. അല്ലെങ്കില്‍ കുശലന്മാരായവരെ കൊണ്ട്‌ ഭീമസേനനെ ചതിച്ചു കൊല്ലിക്കണം. അവനാണ്‌ അവരില്‍ വെച്ച്‌ അധികം ബലമുള്ളവ൯. അവന്‍ മൂലമാണ്‌ പണ്ടു തന്നെ നമ്മെ യുധിഷ്ഠിരന്‍ വക വെക്കാതിരുന്നത്‌. തീക്ഷ്ണനും ശൂരനുമായ അവനാണ്‌ അവര്‍ക്ക്‌ ഏകാവലംബം. അവന്‍ ചത്താല്‍ പിന്നെ പാണ്ഡവന്മാര്‍ രാജ്യം നേടുവാന്‍ ഉദ്യമിക്കുകയില്ല. അവരുടെ ഓജസ്സ് ഒക്കെ പോകും. അവനാണവര്‍ക്ക്‌ ആശ്രയം. ഭീമന്‍ പിന്‍തുണയുള്ള അര്‍ജ്ജുനനെ ജയിക്കുക വിഷമമാണ്‌! അവന്‍ പോയാല്‍ കര്‍ണ്ണന്റെ നാലിലൊന്നില്ല അര്‍ജ്ജുനന്‍! ഭീമന്‍ പോയാല്‍ പാണ്ഡവന്മാര്‍ അശക്തരാകും; നാം ബലവാന്മാരാണെന്നു വിചാരിച്ച്‌, ഇടയുവാന്‍ ഉദ്യമിക്കുകയില്ല. പാണ്ഡവന്മാര്‍ ഇവിടെ വന്നു നമ്മുടെ കല്പനയ്ക്കു കീഴ്വഴങ്ങി വാഴുന്ന തക്കത്തില്‍ അവരെ ചതിച്ചു കൊല്ലുവാന്‍ നമുക്കു കഴിയും.

പിന്നെ ഒരു സൂത്രമുണ്ട്‌. സുന്ദരിമാരായ സ്ത്രീകളെ അയച്ച്‌ പാണ്ഡുപുത്രരെ മയക്കണം. അപ്പോള്‍ കൃഷ്ണയ്ക്ക്‌ അവരോടു വിരക്തിയുണ്ടാകും. ഹേ, കര്‍ണ്ണാ, ദൂതന്മാരെ അയച്ച്‌ അവരെ വരുത്തുക ( പാണ്ഡവരെ ). പിന്നെ, വിശ്വസ്തരെ കൊണ്ട്‌ അവരെ കൊല്ലിക്കണം. ഇങ്ങനെ പല വഴിക്കും വിശ്വസ്തരെ കൊണ്ട്‌ അവര്‍ക്കു ക്ഷയമുണ്ടാക്കണം. ഈ ഉപായങ്ങളില്‍ ദോഷമറ്റത്‌ ഏതാണെന്നു ചിന്തിച്ചുറച്ച്‌ അതു ചെയ്യണം. അതിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. ഇനി വൈകിക്കൂടാ.

ദ്രുപദ രാജാവുമായി നല്ല പോലെ ഇണങ്ങുന്നതിന് മുമ്പു തന്നെ ഇതൊക്കെ. ചെയ്യണം. സ്നേഹം ഉറച്ചു കഴിഞ്ഞാല്‍ പിന്നെ ഇതൊക്കെ ദുര്‍ഘടമാകും. അവരെ കൊല്ലുവാന്‍ ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗം സ്വീകരിക്കുക. ഇതാണ്‌ എന്റെ അഭിപ്രായം. നല്ലതോ ചീത്തയോ എന്നുള്ളത്‌, കര്‍ണ്ണാ! നീ ചിന്തിച്ചു പറയുക!

202. ധ്യതരാഷ്ട്ര മന്ത്രണം - വൈശമ്പായനൻ പറഞ്ഞു; കര്‍ണ്ണന്‍ ദുര്യോധനന്റെ അഭിപ്രായം കേട്ടു പറഞ്ഞു.

കര്‍ണ്ണന്‍ പറഞ്ഞു; ഹേ, ദുര്യോധന! ഭവാന്റെ ബുദ്ധി ശരിക്കല്ല പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം. ഉപായം കൊണ്ടൊന്നും കുരുദ്വഹന്മാരായ പാണ്ഡവന്മാരെ പാട്ടിലാക്കാമെന്നു കരുതുകയേ വേണ്ടാ. പാണ്ഡവന്മാര്‍ അങ്ങയുടെ സമീപത്തു ജീവിക്കുമ്പോള്‍ വളരെ സൂക്ഷ്മമായ ഉപായങ്ങള്‍ പലതും ഭവാന്‍ പ്രയോഗിച്ചു നോക്കിയില്ലേ? അതു കൊണ്ടൊന്നും അന്ന്‌ അവരെ വധിക്കുവാന്‍ ഭവാനു കഴിഞ്ഞില്ലല്ലോ. ഭവാന്റെ അരികെ തന്നെയല്ലേ അവര്‍ വസിച്ചിരുന്നത്‌? ചിറകു മുളയ്ക്കാത്ത പക്ഷികളെ പോലെ കേവലം ബാലന്മാരായിരുന്ന കാലത്തു പോലും അവരെ ഉപായത്തില്‍ വധിക്കുവാന്‍ ഭവാനു പറ്റിയില്ല. ഇപ്പോള്‍ അവര്‍ക്കു വേണ്ട പോലെ സഹായികളായി. അന്യനാട്ടിലാണ്‌ അവര്‍ പാര്‍ക്കുന്നതും! അവര്‍ക്കു മുമ്പത്തേക്കാള്‍ ശ്രേയസ്സു വര്‍ദ്ധിക്കുകയും ചെയ്തു. ഇപ്പോള്‍ ഉപായമൊന്നും അവരോടു നടക്കുമെന്നു മോഹിക്കേണ്ടാ. ആപത്തില്‍ പെടുത്താനും പറ്റുകയില്ല. അവര്‍ നല്ല കെല്‍പ്പുള്ളവരും പിതൃപൈതാമഹമായ അവകാശങ്ങളെ ആഗ്രഹിക്കുന്നവരുമാണ്‌. അവര്‍ തമ്മില്‍ ഭേദിക്കുക എന്നതും അവരോടു ഫലിക്കുകയില്ല. ഒരേ ഒരു ഭാര്യയില്‍ രതന്മാരായിരിക്കുന്ന അവര്‍ എങ്ങനെ തമ്മില്‍ പിണങ്ങും? കൃഷ്ണയെ അവരില്‍ നിന്നു പിണക്കി മാറ്റാനും സാധിക്കുകയില്ല. ക്ഷീണിച്ച്‌ മലിന വേഷം ധരിച്ചു വന്നവരെയാണ്‌ അവള്‍ വരിച്ചത്‌. കെല്പു വന്നപ്പോള്‍ അതിന് അനുസരിച്ചു വേഷഭൂഷാദികളോടു കൂടിയ അവരെ അവള്‍ വിട്ടു കളയുമോ?ഏതു സ്ത്രീക്കും ഇഷ്ടമുള്ള കാരൃമാണ്‌ പല പുരുഷന്മാരും വരന്മാരായി ലഭിക്കുക എന്നത്‌; അത്‌ അവള്‍ക്കു ലഭിച്ചിരിക്കുന്നു. അതു കൊണ്ട്‌ പിന്നെ എങ്ങനെയാണ്‌. അവരില്‍ നിന്ന്‌ അവള്‍ പിന്മാറുക? കൃഷ്ണയെ ഭേദിപ്പിക്കേണ്ട കാരൃത്തിന് ശ്രമിക്കേണ്ടാ. ദ്രുപദന്റെ കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം ധര്‍മ്മശീലനാണ്‌; അര്‍ത്ഥകാമുകനല്ല. രാജ്യം കൊടുത്താല്‍ പോലും അദ്ദേഹം പാണ്ഡവരെ വിടുകയില്ല. അദ്ദേഹത്തിന്റെ പുത്രനാണെങ്കില്‍ പാണ്ഡവരോട്‌ കൂറുള്ളവനുമാണ്‌. അതുകൊണ്ട്‌ അവരില്‍ ഭവാന്‍ വിചാരിക്കുന്ന ഉപായങ്ങളൊന്നും വിലപ്പോവുകയില്ല. ഇനി നമ്മള്‍ക്ക്‌ ഒന്നു മാത്രമേ ചെയ്യേണ്ടതുള്ളു. അവര്‍ വേരൂന്നി വളരുന്നതിന് മുമ്പേ അവരെ പ്രഹരിക്കണം, നശിപ്പിക്കണം. ഹേ, ദുര്യോധനാ! ഞാനീപ്പറഞ്ഞത്‌ ഭവാനു രുചിക്കണം. നാം കൂട്ടു കൂടുമ്പോള്‍ പാഞ്ചാലന്റെ പങ്കു തുച്ഛമാണ്‌. ഇനി ഒട്ടും താമസിക്കുവാന്‍ പാടില്ല. താമസിച്ചാല്‍ എല്ലാം അബദ്ധത്തിലാകും. വിചിത്രമായ വാഹനഗണം, മിത്രങ്ങള്‍, ബലം എന്നിവ അവര്‍ സ്വരൂപിക്കുന്നതിന് മുമ്പു തന്നെ അവരെ ആക്രമിക്കണം.

വീരവാന്മാരായ മക്കളോടു കൂടി വീരനായ പാഞ്ചാലന്‍ ഉദ്യമിക്കുന്നതിന് മുമ്പേ ചെന്നു വിക്രമിക്കുക. ബലഭ്രദനുമായി കൃഷ്ണന്‍ യാദവപ്പടയോടു കൂടി പാണ്ഡവന്മാരെ സഹായിക്കുവാനെത്തും. അതിനു മുമ്പേ കടന്നു കാച്ചണം. ധനങ്ങളും ഭോഗങ്ങളും എന്നല്ല, സര്‍വ്വരാജ്യവും പാണ്ഡവന്മാര്‍ക്കായി ഉപേക്ഷിക്കുവാനും കൃഷ്ണന്‍ സന്നദ്ധനാകും. വിക്രമം കൊണ്ടു തന്നെയാണ്‌ മഹാനായ ഭരതന്‍ ഭൂമി മുഴുവന്‍ നേടിയത്‌. ഇന്ദ്രന്‍ വിക്രമം കൊണ്ട്‌ മൂന്നുലോകവും അടക്കി. ക്ഷത്രിയന്മാര്‍ക്കു വിക്രമമാണ്‌ ശസ്‌ത്രം. ശൂരന്മാര്‍ക്കു സ്വധര്‍മ്മമാണ്‌ വിക്രമം. അതുകൊണ്ട്‌ രാജാവേ, നാം ചതുരംഗപ്പടയോടു കൂടി ചെന്ന്‌ പാഞ്ചാലനെ മര്‍ദ്ദിച്ച്‌ പാര്‍ത്ഥന്മാരെ വേഗത്തില്‍ പിടിച്ചു കെട്ടീട്ടു കൊണ്ടു പോരണം. നല്ലവാക്കു പറഞ്ഞോ, വല്ലതും കൊടുത്തോ പാണ്ഡവന്മാരെ സ്വാധീനിക്കുവാന്‍ വിചാരിക്കുന്നതു വിഡ്ഡിത്തമാണ്‌. രാജാവേ, പരാക്രമം കൊണ്ട്‌ അവരെ ജയിച്ചു ഭൂമിയുടെ ഈശനായി ഭവാന്‍ വിരാജിച്ചാലും. ഇതല്ലാതെ മറ്റുപായങ്ങളൊന്നും കാര്യസാദ്ധ്യത്തിനു ഞാന്‍ കാണുന്നില്ല.

വൈശമ്പായനൻ പറഞ്ഞു: സൂതപുത്രന്റെ വാക്കുകേട്ട്‌ പ്രതാപവാനായ ധൃതരാഷ്ട്രന്‍ വളരെയധികം ബഹുമാനത്തോടെ ഇപ്രകാരം മറുപടി പറഞ്ഞു.

ധൃതരാഷ്ട്രൻ പറഞ്ഞു: ഇത്‌ ശസ്ത്രാസ്ത്രപടുവും, വിദഗ്ദ്ധനും, വിക്രമിയുമായ ഭവാനു ചേര്‍ന്ന വാക്കുകള്‍ തന്നെ. ഇനി ഭീഷ്മനും, വിദുരനും, ദ്രോണനും, നിങ്ങളും കൂടി ചേര്‍ന്ന്‌ നമ്മള്‍ക്കു സുഗമമായ മാര്‍ഗ്ഗമേതെന്നു ചിന്തിക്കുവിന്‍.

വൈശമ്പായനൻ പറഞ്ഞു: ജനമേജയ രാജാവേ, പിന്നെ ആ മന്ത്രിവരന്മാരെ വിളിച്ചു വരുത്തി മഹാകീര്‍ത്തിമാനായ ധൃതരാഷ്ട്രന്‍ ഗൂഢാലോചന ചെയ്തു.

203. ഭീഷ്മവാക്യം - ഭീഷ്മൻ പറഞ്ഞു: പാണ്ഡവന്മാരുമായി കലഹിക്കുന്ന കാര്യം എനിക്ക്‌ ഒട്ടും രുചിക്കുന്നില്ല. തീര്‍ച്ചയായും എനിക്കു ധൃതരാഷ്ട്രനെപ്പോലെ തന്നെയാണ്‌ പാണ്ഡുവും. ഗാന്ധാരിയുടെ പുത്രന്മാരെപ്പോലെ തന്നെയാണ്‌ എനിക്കു കുന്തീനന്ദനന്മാരും. എനിക്ക്‌ എന്ന വിധം തന്നെ അവര്‍ രാജാവായ അങ്ങയ്ക്കും പാലിക്കുവാന്‍ അര്‍ഹരാണ്‌. എനിക്കും ഭവാനുമെന്ന വണ്ണം തന്നെയാണ്‌ ദുര്യോധനനും മറ്റുള്ളവര്‍ക്കും. കാര്യമിങ്ങനെയിരിക്കെ ആ വീരന്മാരുമായി കലഹിക്കുന്നതു ശരിയല്ല. അവരുമായി സന്ധി ചെയ്ത്‌ പകുതി രാജ്യം അങ്ങ്‌ അവര്‍ക്കു കൊടുത്തേക്കൂ! കൗരവന്മാര്‍ക്കും അവര്‍ക്കുമൊക്കെ പിതാമഹന്മാരായിരുന്നവര്‍ ഭരിച്ചിരുന്ന നാടാണിത്‌.

ദുര്യോധനാ ഈ രാജ്യം നിന്റെ അച്ഛന്റെ സ്വത്താണെന്നാണല്ലോ നീ വിചാരിക്കുന്നത്‌? അതുപോലെ തന്നെയാണ്‌ പാണ്ഡുവിന്റെ മക്കളും കരുതുന്നത്‌. കീര്‍ത്തിമാന്മാരായ പാണ്ഡവന്മാര്‍ക്ക്‌ ഈ രാജ്യം കിട്ടാതിരിക്കുക ആണെങ്കില്‍ പിന്നെ, നിനക്ക്‌ എങ്ങനെ കിട്ടും? മറ്റു ഭരതന്മാര്‍ക്ക്‌ എങ്ങനെ കിട്ടും? ധര്‍മ്മത്താലാണ്‌ നീ രാജ്യം നേടിയതെന്നു പറയുകയാണെങ്കില്‍ അവരും അതിനു മുമ്പു തന്നെ ഈ രാജ്യം നേടിയിട്ടുണ്ട്‌ എന്നാണ്‌ എന്റെ അഭിപ്രായം. പാണ്ഡവന്മാര്‍ക്കു പകുതി രാജ്യം കൊടുക്കണം. അതു സന്തോഷത്തോടെ തന്നെ വേണം! അതാണ്‌ പുരുഷവ്യാഘ്ര! സകലലോകര്‍ക്കും ഇഷ്ടം! അതല്ലാതെ മറ്റൊന്നു ചെയ്താല്‍ അത്‌ എനിക്കു ഹിതമാവുകയില്ല. അങ്ങയ്ക്കു ദുഷ്കീര്‍ത്തി വന്നു ചേരുകയും ചെയ്യും. അതില്‍ ഒട്ടും സംശയിക്കേണ്ട. ഭവാന്‍ കീര്‍ത്തി രക്ഷിച്ചുകൊള്ളുക! കീര്‍ത്തിയാണ്‌ വലിയ ബലം. കീര്‍ത്തി കെട്ട പുരുഷന്റെ ജീവിതം നിഷ്പ്രയോജനമാണെന്നു മഹാന്മാര്‍ പറയുന്നു.

അല്ലയോ, ഗാന്ധാരീ പുത്രാ! ഏതു കാലത്തോളം മനുഷ്യനു കീര്‍ത്തി കെടുന്നില്ലയോ അന്നു വരെ അവന്‍ ജിവിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതം സത്കീര്‍ത്തിയുടെ നാശം വരെയാണ്‌. കീര്‍ത്തി നശിക്കുന്നതോടൊപ്പം മനുഷ്യനും നശിക്കുന്നു.

അല്ലയോ, ധൃതരാഷ്ട്രാ! കുരുവംശത്തിന് ചേര്‍ന്ന ധര്‍മ്മം നോക്കി ഭവാനും നടക്കുക. തന്റെ പൂര്‍വ്വന്മാര്‍ക്ക്‌ അനുരൂപമായ വിധം തന്നെ നടക്കുക. ഭാഗ്യത്താല്‍ പാര്‍ത്ഥന്മാര്‍ ജീവിക്കുന്നു. ഭാഗ്യത്താല്‍ കുന്തിയും ജീവിക്കുന്നു. ഭാഗ്യത്താല്‍ പുരോചനന്‍ ആഗ്രഹം സാധിക്കാതെ ചത്തു പോയി.

അല്ലയോ, ഗാന്ധാരീ പുത്രാ! കുന്തി അരക്കില്ലത്തില്‍ വെന്തെരിഞ്ഞു മരിച്ചു എന്നു കേട്ടതു മുതല്‍ ലോകത്തില്‍ ഒരു മനുഷ്യന്റേയും മുഖത്തു നോക്കുവാന്‍ ഞാന്‍ ശക്തനായില്ല. കുന്തി അങ്ങനെ അഗ്നിയില്‍ പെട്ടു മരിച്ചു എന്ന് നാട്ടുകാര്‍ കേട്ടാല്‍ ആരെയാണ്‌ കുറ്റം പറയുകയെന്ന്‌ അങ്ങയ്ക്കറിയാമോ? മഹാപാപിയായ പുരോചനനാണ്‌ പാണ്ഡവരേയും കുന്തിയേയും ദഹിപ്പിച്ചത്‌ എന്നു വന്നാലും അവന്റെ മേല്‍ ആരാണ്‌ കുറ്റം ചുമത്തുക? ഭവാന്‍ ചിന്തിക്കുന്നുണ്ടോ? ഹേ, പുരുഷവ്യാഘ്ര! അത്‌ അങ്ങയുടെ കുറ്റമാണെന്നല്ലേ ജനങ്ങള്‍ പറയൂ! അതു കൊണ്ട്‌ പാണ്ഡവന്മാര്‍ തീയില്‍ ദഹിക്കാതെ ജീവിക്കുന്നത്‌ ഭവാന്റെ കുറ്റത്തെ ഇല്ലായ്മ ചെയ്തുകയല്ലേ ചെയ്യുന്നത്‌? സമ്മതിക്കൂ മഹാരാജാവ! പാണ്ഡവന്മാരെ വരുത്തുക! അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ജന്മാവകാശമായ സ്വത്തു ഹരിക്കുവാന്‍ വജ്രപാണിയായ ഇന്ദ്രനു കൂടി യും സാദ്ധ്യമാവുകയില്ല. അവര്‍ ധര്‍മ്മത്തില്‍ നില്ക്കുന്നവരും, ഐകമതൃത്തോടെ കഴിയുന്നവരുമാണ്‌. തുല്യമായ ഭാഗത്തിന്‌ അവര്‍ അവകാശികളാണ്‌. അങ്ങനെയുള്ള അവര്‍ ഇപ്പോള്‍ നിരസിക്കപ്പെടിരിക്കുന്നു!

ഭവാന്‍ ധര്‍മ്മം ചെയ്യുന്നതായാല്‍, എന്റെ പ്രിയം നടത്തുവാന്‍ ഭവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍, ക്ഷേമം നോക്കുന്നുണ്ടെങ്കില്‍, ആ പാര്‍ത്ഥന്മാര്‍ക്ക്‌ ഭവാന്‍ പകുതി രാജ്യം കൊടുക്കണം.

204. ദ്രോണവാക്യം - ദ്രോണൻ പറഞ്ഞു: അല്ലയോ, ധൃതരാഷ്ട്രാ! കാര്യത്തെപ്പറ്റി ചിന്തിച്ചു തീരുമാനമെടുക്കൂ. ബന്ധുജനങ്ങള്‍ ധര്‍മ്മത്തിനും അര്‍ത്ഥത്തിനും കീര്‍ത്തിക്കും നിരക്കാത്ത ഉപദേശം നടത്തരുതെന്നാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌. മഹാനായ ഭീഷ്മൻ പറഞ്ഞ അതേ അഭിപ്രായം തന്നെയാണ്‌ എനിക്കുമുള്ളതെന്ന്‌ ഞാന്‍ മഹാശയന്മാരായ നിങ്ങളെ അറിയിച്ചു കൊള്ളുന്നു. രാജ്യം രണ്ടായി ഭാഗിക്കുക. പകുതി പാണ്ഡവര്‍ക്കു കൊടുക്കുക. ഇതാണു ശാശ്വതമായ ധര്‍മ്മം.

അതു കൊണ്ട്‌ പ്രിയമായി സംസാരിക്കുവാന്‍ സാമര്‍ത്ഥ്യമുള്ള ഒരുത്തനെ ദ്രുപദ രാജാവിന്റെ സന്നിധിയിലേക്കു പറഞ്ഞയയ്ക്കുക! അവര്‍ക്കു വേണ്ടി വളരെ രത്നാദികളായ ഉപഹാരങ്ങളും കൊടുത്തയയ്ക്കണം. ബന്ധുമര്യാദ അനുസരിച്ച്‌ ദ്രുപദന് നല്കുവാന്‍ വളരെ ധനവും കൊടുത്തു വിടണം. അവിടെ ചെന്ന്‌ അയാള്‍ ദ്രുപദനോടു ഭംഗിയായി ഇങ്ങനെ സംസാരിക്കണം: "ഭവാനെ ബന്ധുവായി ലഭിച്ചതില്‍ ഞങ്ങള്‍ ഉല്ക്കര്‍ഷത്തെ പ്രാപിച്ചിരിക്കുന്നു. ഞാനും എന്റെ പുത്രനായ ദുര്യോധനനും അതില്‍ അഭിമാനം കൊള്ളുന്നു. അങ്ങയും അങ്ങയുടെ പുത്രനായ ധൃഷ്ടദ്യുമ്നനും ഞങ്ങളുമായുള്ള ബന്ധത്തില്‍ അപ്രകാരം അഭിമാനവും ഹര്‍ഷവും കൊള്ളുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു", എന്നു ചാതുര്യത്തോടെ പറയണം. പിന്നെ പാണ്ഡവന്മാരെ കണ്ട്‌ അവരെ ആശ്വസിപ്പിച്ചു സന്തോഷിപ്പിക്കണം. പിന്നെ, ദ്രൗപദിയുടെ അരികില്‍ ചെന്നു സ്വര്‍ണ്ണാഭരണങ്ങളും പട്ടുവസ്‌ത്രങ്ങളും പാരിതോഷികമായി കൊടുത്തു പറയണം: "ധൃതരാഷ്ട്ര മഹാരാജാവ്‌ സ്നുഷയ്ക്കു വേണ്ടി കൊടുത്തയച്ച ഭൂഷണങ്ങളും അലങ്കാരങ്ങളും സ്വീകരിച്ചാലും. തന്റെ പ്രിയവധുവിന് രാജാവു മംഗളമാശംസിക്കുന്നു", എന്നു ഭവാന്റെ വാക്കില്‍ പറയണം. പിന്നെ, ഇവിടെ നിന്നു കൊണ്ടു പോകുന്ന ഉപഹാരങ്ങള്‍ ദ്രുപദ പുത്രന്മാര്‍ക്കും പാണ്ഡവന്മാര്‍ക്കും കുന്തിക്കും, ഓരോരുത്തര്‍ക്കും യോജിക്കുന്ന വിധത്തില്‍ കൊടുത്ത്‌, ഭവാന്റെ വാക്കില്‍ കുശലം പറയണം.

പിന്നെ പാണ്ഡവന്മാരോടു കൂടി ദ്രുപദന്‍ ഇരിക്കുന്ന സദസ്സില്‍ ചെന്ന്‌, ഭവാന്റെ വാക്കില്‍ സമാധാനപ്പെടുത്തുമാറു പറയണം. അങ്ങനെ ദ്രുപദനുമൊത്ത്‌ ഇരിക്കുന്ന സമയത്ത്‌ പാണ്ഡവന്മാര്‍ ഹസ്തിനാപുരിയിലേക്കു മടങ്ങിപ്പോകേണ്ട കാര്യത്തെപ്പറ്റി സംസാരിക്കണം. ഇങ്ങനെയൊക്കെ സന്തോഷങ്ങള്‍ പറഞ്ഞ്‌ അവര്‍ സമ്മതിക്കുകയാണെങ്കില്‍ ഉടനെ മടങ്ങിയെത്തണം. പിന്നീട്‌ നല്ല സേനകളെ ചമയിച്ച്‌ ദുശ്ലാസനനെയും വികര്‍ണ്ണനെയും കൂടെ അയച്ച്‌ അവരെ ബഹുമാനപൂര്‍വ്വം ഇങ്ങോട്ടു കൊണ്ടു പോരണം. പിന്നെ പാണ്ഡവ ശ്രേഷ്ഠന്മാരെ വേണ്ട പോലെ സല്ക്കരിക്കണം. അങ്ങനെ ചെയ്താല്‍ ബഹുജനങ്ങള്‍ക്കു വലിയ സന്തോഷമാകും. അവര്‍ വാഴുന്നതില്‍ മഹാജനങ്ങള്‍ സന്തോഷിക്കും. ഭവാനോട്‌ പാണ്ഡു എങ്ങനെയോ അങ്ങനെ അവര്‍ പെരുമാറും. ഇതാണ്‌ മഹാരാജാവേ, ഭവാന്റെ പുത്രന്മാര്‍ക്കും അവര്‍ക്കും യുക്തമായ കാര്യം. ഈ നില സ്വീകരിച്ചാല്‍ അത്‌ എല്ലാവര്‍ക്കും ശ്രേയസ്സിനു നിദാനമാകും എന്നുള്ള ഭീഷ്മന്റെ അഭിപ്രായം തന്നെയാണ്‌ എനിക്കുള്ളത്‌.

കര്‍ണ്ണന്‍ പറഞ്ഞു: അര്‍ത്ഥവും മാനവും കൊടുത്ത്‌ കുടുബാംഗമായി പാര്‍പ്പിച്ചിരിക്കുന്ന ഈ ഭീഷ്മദ്രോണന്മാരോട്‌ അങ്ങയുടെ ശ്രേയസ്സിന്റെ കാര്യത്തെപ്പറ്റി ആലോചിക്കുന്നത് ശരിയല്ല. അങ്ങനെ ചിന്തിക്കുന്നത്‌ വലിയ ഒരു അത്ഭുതമാണ്‌. ദുഷ്ടമായ മനസ്സും, ഗൂഢമായ ബുദ്ധിയും, പുറമേക്കു നന്മയ്ക്കാണെന്നുള്ള ഭാവവും! ഇവ കൊണ്ടു നടക്കുന്ന പുള്ളികള്‍ക്ക്‌ എങ്ങനെയാണ്‌ വിശ്വസ്തന്മാരായ പ്രഭുക്കന്മാര്‍ക്കു നന്മ ചെയ്യാന്‍ കഴിയുക? മിത്രദ്രോഹത്തിനാണ് വാസന. മോഹം ശത്രുവിന് നന്മ ചെയ്യണമെന്നാണ്‌. നാട്യം നേരെ മറിച്ചും! ഈ മാതിരി മനുഷ്യര്‍ തങ്ങളുടെ സ്വാമികള്‍ക്ക്‌ ഏതു കാലത്താണ്‌ നന്മ ചെയ്യുക? കാര്യത്തിന് കുഴപ്പം ബാധിക്കുമ്പോള്‍ നന്മതിന്മകള്‍ക്കു മിത്രങ്ങളെ കാരണക്കാരാക്കരുത്‌. ബന്ധു ഗുണവാനോ ദോഷവാനോ ആകട്ടെ. ആരു തന്നെയായാലും കാര്യക്കുഴപ്പം നേരിടുന്ന സന്ദര്‍ഭത്തില്‍ നന്മയോ തിന്മയോ ചെയ്യുവാന്‍ അവനെക്കൊണ്ടു കഴിയുകയില്ല. ഏതൊരുവനും സുഖവും ദുഃഖവും വന്നു കൂടുന്നത്‌ വിധികല്പന പോലെയാണ്‌. ബുദ്ധിമാനും, ബുദ്ധികെട്ടവനും, ബാലനും വൃദ്ധനും സഹായമുള്ളവനും സഹായമില്ലാത്തവനും എന്നു വേണ്ട ഏതു തരക്കാരും വിധി വിഹിതം ഒരു പോലെ അനുഭവിക്കും.

പണ്ട്‌ മഗധരാജാക്കന്മാരുടെ മഹത്വമേറിയ വംശത്തില്‍ അംബുവീചന്‍ എന്നു പേരായി പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്‌. ഇന്ദ്രിയങ്ങളൊന്നുമില്ലാതിരുന്ന അദ്ദേഹം വെറുതെ വായു ശ്വസിച്ചങ്ങനെ ജീവിക്കുകയായിരുന്നു. യാതൊരു ചിന്താശക്തിയും കെല്പും അയാള്‍ക്കുണ്ടായിരുന്നില്ല. എല്ലാ കാര്യവും മന്ത്രി പറയുമ്പോലെയാണ്‌ നടന്നിരുന്നത്‌. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന മഹാകര്‍ണ്ണി അന്ന്‌ ഏകേശ്വരനായി വാണു. തനിക്കാണു ബലം എന്നു കണ്ട്‌ രാജാവിന്‌, അനുഭവിക്കാനുള്ള സ്ത്രീകള്‍, രത്നം, സമ്പത്ത്‌ എന്നു വേണ്ട, എല്ലാ വിഭവങ്ങളും സ്വയമേവ അനുഭവിക്കാന്‍ തുടങ്ങി. എല്ലാം കൈയിലാക്കി ആ ലോഭി നല്ല ധനവാനായിത്തീര്‍ന്നു. അതൊക്കെ കൈയിലായപ്പോള്‍ ആ ലുബ്ധന് ലോഭം വര്‍ദ്ധിച്ചു വന്നു. അപ്രകാരം തന്നെ പിന്നെ രാജ്യവും തട്ടിയെടുക്കാനായി മോഹം. ഇന്ദ്രിയങ്ങളൊന്നുമില്ലാതെ ഉച്ഛ്വസിച്ചു ജീവിക്കുന്ന ആ രാജാവിന്റെ രാജ്യം നേടുവാന്‍ പ്രയത്നിച്ചു നോക്കി. എന്നിട്ടും അവന് അതു ലഭിച്ചില്ല. എന്താണ്‌ ഇതിന്റെ അര്‍ത്ഥം? ആ രാജാവിനാണ്‌ വിധി രാജ്യം വിധിച്ചിട്ടുള്ളത്‌! രാജാവേ, വിധി കല്പിച്ചിട്ടുണ്ടെങ്കില്‍ അങ്ങയ്ക്കും രാജ്യം ലഭിക്കും. എല്ലാവരും നോക്കിനില്ക്കെ തന്നെ അതു സിദ്ധിക്കും. വിധിവിഹിതം വേറെയാണെങ്കില്‍ മോഹം കൊണ്ടു യാതൊരു ഫലവും ഇല്ല. ഇപ്രകാരം ചിന്തിച്ച്‌ മന്ത്രിമാരുടെ മന്ത്രത്തിന്റെ നന്മതിന്മകള്‍ രാജാവു ഗ്രഹിക്കണം. മന്ത്രിമാരില്‍ ദുഷ്ടന്മാരും അദുഷ്ടന്മാരുമുണ്ടാകും. അവരുടെ വാക്കു നല്ലപോലെ കേട്ടതിന് ശേഷം നന്മതിന്മകള്‍ അറിഞ്ഞു വേണം കാര്യത്തില്‍ പ്രവേശിക്കുവാന്‍.

ദ്രോണൻ പറഞ്ഞു: ഹേ, ദുഷ്ടാ! നീചാ! നീ എന്താണ്‌ ഈ പറഞ്ഞത്‌? നിന്റെ ഭാവദോഷം കൊണ്ടാണ്‌ നീ ഇപ്രകാരംപറഞ്ഞത്‌. നീ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കു നന്നായി മനസ്സിലായി. നീ പാണ്ഡവന്മാരില്‍ ദോഷം ഘോഷിക്കുകയല്ലേ? ഞാന്‍ കുരുവംശത്തിന്റെ അഭിവൃദ്ധിക്കു വേണ്ട ഗുണമാണു പറഞ്ഞത്‌. കര്‍ണ്ണാ! നീ അതും ദോഷമായി കരുതുന്നു! നിനക്കു ഹിതമായി തോന്നുന്നത്‌ പറയൂ! ഞാന്‍ കേള്‍ക്കട്ടെ! ഞാന്‍ പറയുന്നതു വിട്ട രാജാവു മറ്റൊന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഏറെത്താമസിയാതെ കുരുക്കള്‍ മുടിഞ്ഞുപോകും, സംശയമില്ല!

205. വിദുരവാക്യം - വിദുരന്‍ പറഞ്ഞു: രാജാവേ, തീര്‍ച്ചയായും നിന്റെ ബന്ധുജനങ്ങള്‍ നിന്നോടു ശ്രേയസ്സു പറഞ്ഞു തരേണ്ടതാണ്‌. നന്മ പറഞ്ഞാല്‍ കേള്‍ക്കാത്തവനോട്‌ പറഞ്ഞിട്ടെന്തു കാര്യം? മഹാശയനായ ഭീഷ്മൻ നിന്നോട്‌ നല്ല കാര്യമാണു പറഞ്ഞത്‌. ഹിതമായും പ്രിയമായും നന്മ പറഞ്ഞു തന്നു, എന്നാൽ നീ അതു കൈക്കൊള്ളുന്നില്ല! ഉണ്ടോ? എന്താ മിണ്ടാത്തത്‌? അപ്രകാരം തന്നെ ദ്രോണനും ഹിതമായ വാക്കുകള്‍ നിന്നോടു പറഞ്ഞു. അതും നീ ചെവിക്കൊള്ളുന്നില്ല. നിന്റെ മുഖത്തിന് ഒരു വെളിവും കണ്ടില്ല. രാധാസുതനായ കര്‍ണ്ണന്‌ അവര്‍ പറഞ്ഞതു നല്ലതായി തോന്നുന്നില്ല. ഞാന്‍ ആലോചിക്കുമ്പോള്‍ അവന്‍ നിന്റെ ഗുണം കാംക്ഷിക്കുന്ന മിത്രമായി എനിക്കു തോന്നുന്നില്ല. ഈ ഭീഷ്മനെപ്പോലെയും ദ്രോണനെപ്പോലെയും ബുദ്ധിമാന്മാരായി ആരുണ്ട്‌? ഭീഷ്മനെപ്പോലെ വയസ്സു കൊണ്ടും ബുദ്ധി കൊണ്ടും പഴക്കം കൊണ്ടും അറിവു കൊണ്ടും ആരുണ്ട്‌, അദ്ദേഹത്തിലും മേലേ, നിനക്കു ഹിതം പറഞ്ഞു തരുവാന്‍?സത്യത്തിലും ധര്‍മ്മത്തിലും താഴാതെ നില്ക്കുന്നവന്‍! ദാശരഥിയായ ശ്രീരാമനേക്കാളും ഗയനേക്കാളും ദൃഢചിത്തരായ പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ടോ? അവരേക്കാള്‍ ഒട്ടും ശ്രേയസ്സു കുറയാത്തവരാണിവര്‍. ഭീഷ്മനും ദ്രോണനും സത്യനിഷ്ഠന്മാരും മഹാന്മാരുമാണ്‌. അവര്‍ നിന്നില്‍ ഇന്നേവരെ യാതൊരു തെറ്റും ചെയ്തിട്ടില്ല. അപ്രകാരം തന്നെ അവരോട്‌ ഒരിക്കലും കുറ്റം ചെയ്യാത്തവനായ നിന്നിലും അവര്‍ ശ്രേയസ്സ്‌ ആഗ്രഹിക്കുന്നില്ലെന്നു വിചാരിക്കുകയാണോ? മഹാരാജാവേ, ബുദ്ധിയില്‍ മുന്തി നില്ക്കുന്ന ഈ നരശ്രേഷ്ഠന്മാര്‍ ഭവാനോട്‌ ചതിപ്പണി ചെയ്യുകയാണെന്നു വിചാരിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇവര്‍ പക്ഷപാതം കാണിക്കുകയില്ല. ധര്‍മ്മജ്ഞന്മാര്‍ ഒരിക്കലും അര്‍ത്ഥത്തിന്റെ കാര്യത്തില്‍ പക്ഷം കാണിച്ചു സംസാരിക്കുകയില്ല.

എന്റെ അഭിപ്രായം ഞാന്‍ തുറന്നുപറയാം. അതു ഭവാന് ശ്രേയസ്സിനാണ്‌. അല്ലയോ ഭാരതശ്രേഷ്ഠാ! ദുര്യോധനാദികള്‍ ഭവാന് എങ്ങനെ പുത്രന്മാരോ, അപ്രകാരം തന്നെ പാണ്ഡവന്മാരും അങ്ങയ്ക്കു പുത്രന്മാരാണ്‌. അതില്‍ യാതൊരു സംശയവും വേണ്ടാ. അവര്‍ക്ക്‌ അഹിതമായി കാര്യം അറിയാതെ മന്ത്രിക്കുന്നവരായ ഭവാന്റെ മന്ത്രിമാര്‍ ഒട്ടും ശ്രേയസ്സിനെ കാണുന്നവരല്ല. രാജാവേ, ഭവാന്റെ മക്കളില്‍ ഭവാന്‍ വിശേഷം കരുതുന്നുണ്ടെങ്കില്‍ ഭവാന്റെ ഉള്ളറിഞ്ഞിട്ടുള്ള മന്ത്രിമാര്‍ അതിന് അനുകൂലിച്ചു സംസാരിക്കുന്നു എങ്കില്‍ അവര്‍ ഭവാന്റെ ശ്രേയസ്സിന് വേണ്ടി കരുതുന്നവരല്ല. മഹാ ദ്യുതികളായ മഹാത്മാക്കള്‍ തുറന്നു പറയാത്തത്‌ ഭവാന്റെ ഹിതം മറ്റൊന്നാണെന്ന്‌ അറിയുന്നതു കൊണ്ടാണ്‌.

പാണ്ഡവന്മാര്‍ അജയ്യരാണെന്ന്‌ ഇപ്പോള്‍ ഭീഷ്മനും ദ്രോണനും നമ്മളോടു പറഞ്ഞു. അതു തികച്ചും ശരിയാണെന്നു ഭവാന്‍ നല്ലപോലെ ധരിച്ചോളു. ആ പാണ്ഡവരുടെ ഗുണം അങ്ങയ്ക്കു ഗുണമാക്കി മാറ്റുകയാണു വേണ്ടത്‌. അവര്‍ കോപിച്ചാല്‍ ഭവാന് സര്‍വ്വനാശവും ഭവിക്കും. ധീമാനായ സവ്യസാചി വീരനാണ്‌. അവനെ ജയിക്കുവാന്‍ സാക്ഷാല്‍ ശക്രനു പോലുംസാധിക്കയില്ല! ഭീമസേനനാണെങ്കില്‍ പതിനായിരം ആനയുടെ ബലമുള്ള ഭീമപരാക്രമനാണ്‌. വാനവന്മാര്‍ക്കു പോലും അവനെ വെല്ലാന്‍ കഴിയുമോ? യുദ്ധദക്ഷിണരായ യമന്മാര്‍ യമപുത്രോപമന്മാരാണ്‌. ജീവനില്‍ കൊതിയുള്ളവര്‍ക്ക്‌ അവരെ വെല്ലുവാന്‍ കഴിയുകയില്ല. ധൈര്യം, കാരുണ്യം, ക്ഷമ, സത്യം, പരാക്രമം എന്നീ ഗുണങ്ങള്‍ ചേര്‍ന്നു വിളങ്ങുന്ന ധര്‍മ്മജനെ എങ്ങനെ ആര്‍ക്കു ജയിക്കുവാന്‍ കഴിയും ? ഇപ്രകാരം അജയ്യ പ്രതാപന്മാരായ ഇവര്‍ക്കു സഹായത്തിന് രാമനുണ്ട്‌; മന്ത്രിയായി മാധവനുണ്ട്‌; സഹായിക്കുവാന്‍ സാത്യകിയുണ്ട്‌. പിന്നെ അവര്‍ക്കു ജയിക്കുവാന്‍ സാദ്ധ്യമല്ലാത്തത് എന്തുണ്ട്‌? ശ്വശുരനാണെങ്കില്‍ ദ്രുപദന്‍; അളിയന്മാരാണെങ്കില്‍ ധൃഷ്ടദ്യുമ്നന്‍ മുതലായ വീരന്മാര്‍. അജയ്യരാണ്‌ അവരെന്നു മനസ്സിലാക്കി മുമ്പേ തന്നെ അവരുടെ പൈതൃകാവകാശത്തേയും മനസ്സിലാക്കി ധര്‍മ്മാനുസരണം വേണ്ടതു ചെയ്യുക. അങ്ങയുടെ നിര്‍ദ്ദേശപ്രകാരമോ അല്ലാതെയോ പുരോചനന്‍ ഉണ്ടാക്കി വെച്ച വലിയ ദുഷ്കീര്‍ത്തി പാണ്ഡവാനുഗ്രഹം കൊണ്ട്‌ കഴുകിക്കളഞ്ഞാലും! അവര്‍ക്ക്‌ അനുഗ്രഹം ചെയ്യുകയാണെങ്കില്‍ അത്‌ സ്വന്തം കുലത്തിന് ജീവന്‍ നല്കുന്ന ധര്‍മ്മമാണ്‌! ക്ഷത്രിയര്‍ക്കും അത്‌ അഭിവൃദ്ധികരമാണ്‌. മുമ്പേ തന്നെ ദ്രുപദ രാജാവിനോട്‌ കൗരവര്‍ അപരാധം ചെയ്തിട്ടുണ്ട്‌. ഇപ്പോള്‍ അവനെ പാട്ടില്‍ വെയ്ക്കുവാന്‍ സിദ്ധിച്ച സന്ദര്‍ഭം പാഴാക്കുന്നത്‌ ബുദ്ധിശൂന്യതയാണ്‌. നമുക്ക്‌ അഭിവൃദ്ധിക്കു പറ്റിയ സന്ദര്‍ഭം കളയാതിരിക്കൂ! ബലവാന്മാരായ പാണ്ഡവന്മാരോടു കൂടി കൃഷ്ണന്‍ നില്ക്കും; കൃഷ്ണനുള്ള ഭാഗത്തു വളരെ മഹാന്മാര്‍ നില്ക്കും; കൃഷ്ണന്‍ ഏതു ഭാഗത്തു നില്ക്കുന്നുവോ അവിടെ ജയവുമുണ്ടാകും. സാമം കൊണ്ടു സാധിക്കാത്ത കാരൃം ഏതു കഴുവേറിയാണ്‌ വിഗ്രഹം ( പോരാട്ടം ) കൊണ്ടു നേടുവാന്‍ ഉദ്യമിക്കുക?

പാര്‍ത്ഥന്മാര്‍ ജീവിച്ചിരിക്കുന്നു എന്ന് എല്ലാ ജനങ്ങളും കേട്ടിരിക്കുന്നു. അവരെ ഒരു കണ്ണു കാണുവാന്‍ ആവേശത്തോടെ ജനതതി കാത്തുനില്ക്കുന്നു. അതു കൊണ്ട്‌ ഇനി അവരോട്‌ ഇടയാതെ അവര്‍ക്കു പ്രിയം ചെയ്യുവാന്‍ ഉദ്യമിക്കൂ രാജാവേ! ദുര്യോധനനും കര്‍ണ്ണനും ശകുനിയും അധര്‍മ്മിഷ്ഠരും ദുര്‍ബുദ്ധികളും മൂഢാത്മാക്കളുമാണ്‌. അവരുടെ വാക്കു കേട്ടാല്‍ ഭവാന്‍ ആപത്തിലാകും. രാജാവേ; ഗുണവാനായ ഭവാനോട്‌ പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട്‌, ദുര്യോധനന്റെ തെറ്റു കൊണ്ട്‌ ഈ നാടൊക്കെ മുടിയുമെന്ന്‌.

206. വിദുര ദ്രുപദ സംവാദം - ധൃതരാഷ്ട്രന്‍ പറഞ്ഞു: വിദ്വാന്മാരായ ഭീഷ്മദ്രോണന്മാരും ഭവാനും പറയുന്നത്‌ എനിക്കു ഹിതമാണെന്നു ബോദ്ധ്യമായിരിക്കുന്നു. ആ വീരന്മാരായ കൗന്തേയന്മാര്‍ പാണ്ഡുവിന് എപ്രകാരമാണോ അപ്രകാരം തന്നെ ധര്‍മ്മത്താല്‍ എനിക്കും മക്കളാണ്‌. അതു തീര്‍ച്ചയാണ്‌. എന്റെ മക്കള്‍ക്ക്‌ എപ്രകാരം ഈ രാജ്യം അവകാശപ്പെടുമോ അതുപോലെ തന്നെ പാണ്ഡവന്മാര്‍ക്കും അവകാശപ്പെട്ടത് തന്നെ, സംശയമില്ല.

ക്ഷത്താവേ, ഉടനെ പോയി അവരെ സല്‍ക്കരിച്ചു കൂട്ടിക്കൊണ്ടു വരിക; അമ്മയോടും കൃഷ്ണയോടും കൂടി അവരെ ഇങ്ങോട്ടു കൊണ്ടു വരിക!

ഭാഗൃത്താല്‍ പാണ്ഡവന്മാര്‍ ജീവിക്കുന്നു! ഭാഗ്യത്താല്‍ കുന്തിയും ജീവിക്കുന്നു! ഭാഗ്യത്താല്‍ യോഗ്യരായ മഹാരഥന്മാര്‍ ദ്രൗപദിയെ നേടി! ഭാഗ്യത്താല്‍ അവരെല്ലാവരും ഉത്കര്‍ഷവാന്മാരായി! ആ പുരോചനന്‍ വെന്തതും ഭാഗൃത്താല്‍ തന്നെ! തേജസ്വിയായ വിദുരാ, ഭവാന്‍ എന്റെ മഹത്തായ ദുഃഖത്തെ അകറ്റി! അതും ഭാഗ്യം കൊണ്ടു തന്നെയാണ്‌!

വൈശമ്പായനൻ പറഞ്ഞു: ജനമേജയ രാജാവേ, പിന്നെ വിദുരന്‍ ധൃതരാഷ്ട്രന്റെ ആജ്ഞപ്രകാരം പാഞ്ചാല രാജ്യത്തു പോയി യജ്ഞസേനനും പാണ്ഡവരും മേവുന്ന രാജധാനിയിലെത്തി. ദ്രൗപദിക്കും, പാണ്ഡവര്‍ക്കും യജ്ഞസേനന്നും പലമാതിരി രത്നഔഘങ്ങളും, ധനവും കൊണ്ട്‌ പാഞ്ചാലത്തിലെത്തിയ വിദുരന്‍ ന്യായപ്രകാരം ദ്രുപദനെ ചെന്നു കണ്ടു വന്ദിച്ചു. അദ്ദേഹവും വിദുരനെ യഥാവിധി സ്വീകരിച്ചു. മര്യാദപോലെ തമ്മില്‍ കുശലപ്രശ്നം ചെയ്തു. പിന്നെ പാണ്ഡുപുത്രന്മാരേയും അവിടെ അതിഥിയായി വന്ന കൃഷ്ണനേയും കണ്ടു. സ്നേഹത്തോടു കൂടി അവരെ പുണര്‍ന്ന്‌ അനാമയം ചോദിച്ചു.

അവര്‍ ചെയ്യുന്ന പൂജയേറ്റ്‌ ആ ബുദ്ധിമാന്‍ ധൃതരാഷ്ട്രന്‍ പറഞ്ഞ വിധം സസ്നേഹം കുശലം ചോദിക്കുകയും പലമാതിരി രത്നങ്ങളും, വസുജാലവും പാണ്ഡവന്മാര്‍ക്കും, കുന്തിക്കും, പാര്‍ഷതിക്കും നല്കുകകയും ചെയ്തു. ദ്രുപദന്റെ സൂതന്മാര്‍ക്കും കുരുക്കള്‍ പറഞ്ഞയച്ച പ്രകാരം സമ്മാനങ്ങള്‍ നല്കി. പിന്നെ പാണ്ഡവന്മാരും കൃഷ്ണനും കേള്‍ക്കെ അവരുടെ സന്നിധിയില്‍ വെച്ച്‌ ദ്രുപദനോടു വിദുരന്‍ പറഞ്ഞു.

വിദുരന്‍ പറഞ്ഞു: രാജാവേ, അങ്ങ്‌ മന്ത്രിമാരോടും മക്കളോടും ചേര്‍ന്നിരുന്നു കേട്ടാലും. ധൃതരാഷ്ട്ര രാജാവ്‌ തന്റെ മക്കളോടും മന്ത്രിമാരോടും ബന്ധുജനങ്ങളോടും കൂടി വളരെ സന്തുഷ്ടനായി. ഈയുള്ളവന്‍ വഴി കുശലപ്രശ്നം ചെയ്തിരിക്കുന്നു. ഈ പുതിയ ബന്ധം മൂലം നാം അത്യധികം സന്തോഷിക്കുന്നു. കൗരവരോടു കൂടി ഭീഷ്മനും മഹാപ്രാജ്ഞനായ ഭവാനോടു കുശലം ചോദിക്കുന്നു. ഹേ, പാഞ്ചാല്യ, ഭവാന്റെ ബന്ധുവായിത്തീര്‍ന്ന ധൃതരാഷ്ട്ര മഹാരാജാവും മറ്റു കുരുവീരന്മാരും പ്രത്യേകം കൃതാര്‍ത്ഥരായെന്ന് ഓര്‍ക്കുന്നു. പാഞ്ചാല രാജാവേ, ഭവാനോടുള്ള ബന്ധുത്വം കൊണ്ട്‌ അവര്‍ക്കുള്ള സന്തോഷം രാജ്യലാഭം കൊണ്ടുപോയാലും സിദ്ധമാകയില്ല. ഈ പരമാര്‍ത്ഥമറിഞ്ഞ്‌ ഭവാന്‍ പാണ്ഡുപുത്രന്മാരെ ഉടനെ യാത്രയയയ്ക്കണം. പാണ്ഡവന്മാരെ കാണുവാന്‍ കൗരവന്മാര്‍ക്കു വലിയ ആഗ്രഹമുണ്ട്‌. വളരെ നാളായി വേര്‍പിരിഞ്ഞു നിന്ന ഈ നരശ്രേഷ്ഠന്മാര്‍ക്കും പുരം കാണുവാന്‍ താല്‍പര്യമുണ്ട്‌. അപ്രകാരം തന്നെ കുന്തിക്കും ആഗ്രഹമുണ്ടാകും. അങ്ങയുടെ പുത്രിയായ കൃഷ്ണയെ കാണുവാനും കൗരവന്മാരുടെ അന്തഃപുരസ്ത്രീകളെല്ലാം കാത്തു നില്ക്കുന്നു! അപ്രകാരം തന്നെ പൗരന്മാരും നാട്ടുകാരും കാണുവാന്‍ കൊതിച്ചു നില്ക്കുന്നു. അതു കൊണ്ട്‌ ഭവാന്‍ താമസിക്കാതെ ഭാരൃയോടൊത്തു യാത്ര പുറപ്പെടുവാന്‍ പാണ്ഡവന്മാര്‍ക്ക്‌ സമ്മതം നല്കിയാലും. അതിനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. പാണ്ഡവന്മാരെ ഭവാന്‍ എന്റെ കൂടെ അയയ്ക്കുകയാണെങ്കില്‍ ധൃതരാഷ്ട്രന്റെ പാര്‍ശ്വത്തിലേക്ക്‌ ഉടനെ ഞാന്‍ ദൂതനെ അയയ്ക്കുന്നതാണ്‌. കുന്തിയോടും കൃഷ്ണയോടും കൂടി പാണ്ഡവന്മാര്‍ ഇതാ പുറപ്പെട്ടു കഴിഞ്ഞു എന്ന സന്ദേശം അതിവേഗത്തില്‍ എത്തിക്കാം.

207. പുരനിര്‍മ്മാണം - ദ്രുപദന്‍ പറഞ്ഞു; മഹാപണ്ഡിതനായ വിദുര! ഭവാന്‍ പറഞ്ഞതു സത്യമാണ്‌. ഈ ബന്ധുത്വം കൊണ്ട്‌ എനിക്കും വലിയ ആനന്ദം ഹൃദയത്തിലുണ്ട്‌! പക്ഷേ, ഇന്ന്‌ അതു ഞാനായിട്ടു പറയുന്നതു ഭംഗിയല്ല. കുന്തീപുത്രനായ യുധിഷ്ഠിരന്‍ എപ്പോള്‍ വിചാരിക്കുന്നുവോ, ഭീമാര്‍ജ്ജുനന്മാരും, യമന്മാരും എപ്പോള്‍ വിചാരിക്കുന്നുവോ, അപ്പോള്‍ അവര്‍ക്കു പോകാം. രാമകൃഷ്ണന്മാര്‍ എപ്പോള്‍ തീര്‍ച്ചപ്പെടുത്തുന്നുവോ, അപ്പോള്‍ അവര്‍ പോകുന്നതിലും ഞാന്‍ തൃപ്തനാണ്‌. പുരുഷവ്യാഘ്രരായ രാമകൃഷ്ണന്മാര്‍ എപ്പോഴും അവരുടെ ഹിതത്തിന് വേണ്ടി സന്നദ്ധരായിരിക്കയാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ഈ പറഞ്ഞ ഞങ്ങളെല്ലാം അങ്ങയ്ക്ക്‌ വിധേയന്മാരാണ്‌. അങ്ങു സസന്തോഷം ഞങ്ങളോടു പറയും പ്രകാരം ഞങ്ങള്‍ ചെയ്തു കൊള്ളാം.

ഉടനെ കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു: ഹസ്തിനാപുരത്തേക്കു പോകുന്ന കാര്യം എനിക്കു സമ്മതമാണ്‌. കര്‍മ്മമാര്‍ഗ്ഗങ്ങള്‍ വിശദമായി അറിയുന്ന സര്‍വ്വധര്‍മ്മജ്ഞനായ ദ്രുപദന്റെ അഭിപ്രായമെന്താണ്‌?

ദ്രുപദന്‍ പറഞ്ഞു: ദാശാര്‍ഹനായ പുരുഷോത്തമൻ എന്തു വിചാരിക്കുന്നുവോ കാലോചിതമായ ആ ആലോചനയില്‍ എനിക്കും സമ്മതമാണ്‌. യോഗ്യരായ പാര്‍ത്ഥന്മാര്‍ എനിക്ക്‌ എങ്ങനെയാണോ അങ്ങനെ തന്നെയാണല്ലോ വാസുദേവനും. മഫാപുരുഷനായ ഈ ശ്രീകൃഷ്ണന്‍ ഈ പാണ്ഡവരുടെ ശ്രേയസ്സിനെപ്പറ്റി എത്രമേല്‍ ഗാഢമായി കരുതുന്നുണ്ടോ അത്രമേല്‍ കാര്യമായി ധര്‍മ്മജന്‍ കരുതുന്നില്ലെന്നാണ്‌ എന്റെ അഭിപ്രായം.

വൈശമ്പായനൻ പറഞ്ഞു: ദ്രുപദന്‍ സമ്മതിച്ചു പറഞ്ഞ ഉടനെ പാണ്ഡവന്മാരും കൃഷ്ണനും വിദുരനും പാഞ്ചാലിയോടും കുന്തിയോടും കൂടി സസന്തോഷം ഹസ്തിനാപുരിയിലേക്കു പുറപ്പെട്ടു. അവര്‍ വരുന്നതായറിഞ്ഞ്‌ ധൃതരാഷ്ട്ര രാജാവ്‌ കൗരവന്മാരെ അയച്ചു പാണ്ഡവരെ എതിരേല്ക്കുവാന്‍ ആജ്ഞാപിച്ചു. വലിയ വില്ലാളിയായ വികര്‍ണ്ണനേയും ചിത്രസേനനേയും വില്ലാളികളില്‍ ശ്രേഷ്ഠനായ ദ്രോണനേയും കൃപനേയുമാണ്‌ എതിരേല്പിന് അയച്ചത്‌. വീരന്മാരും തേജസ്വികളും മഹാശക്തരുമായ അവരാല്‍ ചുറ്റപ്പെട്ട്‌ പാണ്ഡവന്മാര്‍ ഹസ്തിനാപുരിയുടെ അന്തര്‍ഭാഗത്തേക്കു സാവധാനം പ്രവേശിച്ചു.

കൗതൂഹലത്താല്‍ നഗരം കാഴ്ചക്കാരാല്‍ ഉജ്ജ്വച്ചു. അവിടെ പാണ്ഡവര്‍ ശോകവും ക്ലേശവും വിട്ട വിധം വിളങ്ങി. തങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള പൗരന്മാര്‍ ഉറക്കെയും പതുക്കെയും സസന്തോഷം പറയുന്ന വാക്കുകള്‍ കേട്ടു. സന്തോഷകരമായ ആ വാക്കുകള്‍ ഇപ്രകാരം മുഴങ്ങി.

പൗരന്മാര്‍ പറഞ്ഞു; ഇതാ നോക്കു! ധര്‍മ്മജ്ഞനായ ആ പുരുഷപുംഗവന്‍ വരുന്നു! സ്വന്തം അച്ഛനെപ്പോലെ ധര്‍മ്മത്താല്‍ നമ്മെ സംരക്ഷിച്ചു വരുന്ന യുധിഷ്ഠിരന്‍ വരുന്നതു നോക്കൂ! സകല ജനങ്ങള്‍ക്കും പ്രിയനായ പാണ്ഡുരാജാവ്‌ കാട്ടില്‍ വേട്ടയാടാന്‍ പോയിട്ട്‌ എത്ര നാളായി! അദ്ദേഹം ഇതാ മടങ്ങി വരുന്നുവെന്ന്‌ യുധിഷ്ഠിരനെ കണ്ടാല്‍ തോന്നുന്നു. നമ്മള്‍ക്കു വീണ്ടും പ്രിയം ചെയ്യുന്നതിനാണ്‌ മടങ്ങിയെത്തുന്നത്‌. അതിന് യാതൊരു സംശയവുമില്ല. നമ്മള്‍ക്ക്‌ ഇപ്പോള്‍ തന്നെ ആ മാന്യന്റെ വരവു കൊണ്ടു തന്നെ പ്രിയം ചെയ്തു കഴിഞ്ഞു. നമ്മുടെ വീരന്മാരായ പാണ്ഡവന്മാര്‍ തിരിച്ചു വന്നു കഴിഞ്ഞു. ദൈവം നമുക്ക്‌ ഇതിലും വലിയ ഒരു പ്രിയമെന്താണു ചെയ്യേണ്ടത്‌? ദാനം, ഹോമം, തപം ഇവ നാം ചെയ്തതിന്റെയെല്ലാം ആ പുണ്യം കൊണ്ട്‌ പാണ്ഡുപുത്രന്മാര്‍ നുറു സംവത്സരം ഇവിടെ വാഴുമാറാകട്ടെ!

വൈശമ്പായനൻ പറഞ്ഞു: പിന്നെ പാണ്ഡവന്മാര്‍ ധൃതരാഷ്ട്രന്റേയും ഭീഷ്മന്റേയും പാദങ്ങളില്‍ ചെന്നു നമസ്കരിച്ചു! മറ്റു പൂുജ്യന്മാരെയും പൂജിച്ചു. എല്ലാ നാട്ടുകാരോടും കുശലം ചൊല്ലി. നാട്ടുകാരുടെ വന്ദനം സ്വീകരിച്ചു. ധൃതരാഷ്രടന്റെ ആജ്ഞ സ്വീകരിച്ച്‌ അവര്‍ ഓരോ മന്ദിരങ്ങളില്‍ പ്രവേശിച്ചു. അങ്ങനെ സുഖമായി അവര്‍ രാജധാനിയില്‍ താമസിച്ചു. കുറച്ചുനാള്‍ അവര്‍ അങ്ങനെ വിശ്രമിച്ചതിന് ശേഷം ആ ശക്തന്മാരെ ധൃതരാഷ്ട്രനും ഭീക്ഷ്മനും കൂടി അരികില്‍ വിളിച്ചു വരുത്തി പറഞ്ഞു.

ധൃതരാഷ്ട്രൻ പറഞ്ഞു: ഹേ, യുധിഷ്ഠിരാ, നീ സഹോദരന്മാരോടു കൂടി എന്റെ വാക്കു കേട്ട്‌ അനുസരിക്കുക! ഇനിയും നിങ്ങള്‍ തമ്മില്‍ ഛിദ്രമുണ്ടാകാന്‍ പാടില്ല. അതു കൊണ്ട്‌ നിങ്ങള്‍ ഖാണ്ഡവ പ്രസ്ഥത്തില്‍ പോയി വാണു കൊള്ളുക. തമ്മില്‍ പിണങ്ങാതെ സുഖമായി അവിടെ പാര്‍ക്കുക. നിങ്ങള്‍ അവിടെ പാര്‍ക്കുകയാണെങ്കില്‍ ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. രാജ്യത്തില്‍ പകുതി നിങ്ങള്‍ക്കു ഭാഗിച്ച്‌ ഇതാ, ഞാന്‍ തരുന്നു. ഇന്ദ്രന്‍ വാനവരെയെന്ന പോലെ പാര്‍ത്ഥന്‍ രക്ഷിച്ചു കൊണ്ടിരിക്കെ ക്ഷേമത്തിന് ഒരു കുറവും സംഭവിക്കുകയില്ല. നിങ്ങള്‍ക്കു ക്ഷേമമുണ്ടാകും.

വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്റെ വാക്കു കേട്ട്‌ അവര്‍ രാജാവിനെ കൈകൂപ്പി. ആ ഘോരകാന്താര മാര്‍ഗ്ഗത്തിലൂടെ പോയി. കൃതകൃത്യരായ പാണ്ഡവന്മാര്‍ അര്‍ദ്ധരാജ്യവും വാങ്ങി ഖാണ്ഡവ പ്രസ്ഥത്തില്‍ പ്രവേശിച്ചു. കൃഷ്ണനെ മുമ്പാക്കി അവര്‍ അവിടെ എത്തിയപ്പോള്‍ സ്വര്‍ഗ്ഗമെന്ന പോലെ ആ സ്ഥലം പ്രശോഭിച്ചു! പിന്നെ ആ സ്ഥലത്തു ശാന്തികര്‍മ്മം കഴിപ്പിച്ച്‌, കൃഷ്ണദ്വൈപായനോപദേശ പ്രകാരം, പട്ടണത്തിനുള്ള സ്ഥാനം അളവു കഴിപ്പിച്ചു. കടല്‍ പോലെ ആഴമുള്ള കിടങ്ങുകളും അംബരചുംബികളായ മതില്‍ക്കെട്ടുകളും നിര്‍മ്മിച്ചു. വെള്ളമേഘം പോലെയും, ചന്ദ്രപ്രഭ പോലെയും വിളങ്ങുന്ന ആ പുരം, നാഗങ്ങളുടെ ഭോഗവതി എന്ന പോലെ ശോഭിച്ചു.

ദ്വിപക്ഷമായി ഗരുഡാകാരമായ മാര്‍ഗ്ഗദ്വാരങ്ങളും, മണിമേടകളും, അഭ്രപ്രഭാ മന്ദിരങ്ങളും അവയ്ക്കു ചേര്‍ന്ന ഗോപുരങ്ങളും അഭേദ്യമായിരുന്നു. പലവിധത്തില്‍ ശക്തരായ രക്ഷകരോടു കൂടി ദ്വിജിഹ്വ നാഗങ്ങളെ പോലുള്ള ശക്തിജാലങ്ങളോടു കൂടി അഭ്യാസമേറിയ കാവല്ക്കാര്‍ ചേര്‍ന്ന്‌ അഴകുള്ളതും തീക്ഷ്ണവുമായ അങ്കുശം, മുള്‍ത്തടികള്‍, യന്ത്രങ്ങള്‍, ഇരുമ്പു ചക്രങ്ങള്‍ എന്നിവയോടും കൂടി ആ പുരം പ്രശോഭിച്ചു.

വീതിയുള്ള പാതകളോടെ ദേവതാബാധ കൂടാതെ പലമാതിരി ശുഭ്ര ഗൃഹങ്ങള്‍ നിരക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രലോകം പോലെ ഇന്ദ്രപപസ്ഥം പ്രശോഭിച്ചു. മിന്നല്‍പ്രഭ ചേര്‍ന്നു മിന്നുന്ന മേഘജാലം പോലെ രമ്യമായ ആ പ്രദേശത്ത്‌ കൗരവേന്ദ്രന്റെ മന്ദിരം വിളങ്ങി. പൂങ്കാവുകളോടു കൂടിയ ആ മന്ദിരം യക്ഷരാജാവിന്റെ ഗൃഹം പോലെ പ്രഭവീശി. സര്‍വ്വവേദ വിദഗ്ദ്ധന്മാരായ ബ്രാഹ്മണര്‍ അവിടെ എത്തി. സർവ്വഭാഷാ വിദഗ്ദ്ധന്മാരും അവിടെ പാര്‍പ്പുറപ്പിച്ചു. നാനാദേശത്തില്‍ നിന്നും ധനാര്‍ത്ഥികളായ വണിക്കുകള്‍ കച്ചവടത്തിനായി അവിടെ വന്നെത്തി. എല്ലാത്തരം ശില്പവിദ്യകളും പഠിച്ചിട്ടുള്ളവര്‍ അവിടെ വന്നു പാര്‍പ്പുറപ്പിച്ചു. നല്ല ഉദ്യാനങ്ങള്‍ നഗരത്തിന് ചുറ്റും വെച്ചു പിടിപ്പിച്ചു. തേന്മാവ്‌, അമ്പഴം, കടമ്പ്‌, അശോകം, ചമ്പകം, പുന്ന, നാഗപ്പൂ, നാരകം. ആഞ്ഞിലി, പിലാവ്‌, പയിന്‍, പന, പച്ചിലമരം, ഇലഞ്ഞി, കൈത മുതലായ മനോജ്ഞ വൃക്ഷങ്ങള്‍ പൂക്കള്‍ നിറഞ്ഞും കായ്കള്‍ തൂങ്ങിയും അവിടെ പ്രശോഭിച്ചിരുന്നു. നെല്ലി, പാച്ചോറ്റി, അങ്കോലം മുതലായ മരങ്ങള്‍ പൂക്കളണിഞ്ഞു നിന്നു. ഞാവല്‍, പാതിരി, തൊടുകാര, മുല്ല, കരവീരം, പാരിജാതം തുടങ്ങിയ ഓരോ വൃക്ഷലതാദികളും എന്നും പൂത്തും കായ്ച്ചും അനുഭവയോഗ്യമായി, പലതരം പക്ഷികള്‍ക്കും നിവാസ സ്ഥാനമായി ശോഭിച്ചു. മദിച്ചാടുന്ന മയിലുകളുടേയും കൂകുന്ന കുയിലുകളുടേയും ഘോഷങ്ങള്‍ മുഴങ്ങി. വെണ്മാടങ്ങളും, നാനാതരം വല്ലീഗൃഹങ്ങളും, ചിത്ര ശാലകളും, കൃത്രിമ ശൈലങ്ങളും, വെള്ളം നിറഞ്ഞു പ്രശോഭിക്കുന്ന തടാകങ്ങളും വിളങ്ങി. ആമ്പലും, താമരയും പൂമണം വീശുന്ന പൊയ്കകളും, അന്നം, കാരണ്ഡവം, ചക്രവാകം എന്നീ പക്ഷികളോടു ചേര്‍ന്ന്‌ വിലസുന്ന സുന്ദരമായ പുഷ്കരണികളും, വിസ്തൃതമായ ചിറകളും ഒക്കെച്ചേര്‍ന്ന്‌ ആ സ്ഥലം പാണ്ഡവന്മാര്‍ക്ക്‌ വളരെയധികം പ്രീതിയുളവാക്കി.

ഭീഷ്മനും ധൃതരാഷ്ട്രനും കൂടി ധര്‍മ്മപുത്രനെ ഇങ്ങോട്ടയച്ചത് മൂലം പാണ്ഡവര്‍ ഖാണ്ഡവ പ്രസ്ഥത്തില്‍ അധിവസിച്ചു.

ഇന്ദ്രസന്നിഭന്മാരായ ഈ അഞ്ചുപേരും വാണത് മൂലം, നാഗങ്ങളാല്‍ ഭോഗവതീ പുരി എന്ന പോലെ, ആ നഗരം ശോഭിച്ചു. അവരെ അവിടെ വാഴിച്ചതിണ് ശേഷം രാമനോടു കൂടി കൃഷ്ണന്‍ പാണ്ഡവന്മാരുടെ അനുജ്ഞ വാങ്ങി ദ്വാരകയിലേക്കു മടങ്ങി.

208. യുധിഷ്ഠിര നാരദ സംവാദം - ജനമേജയൻ പറഞ്ഞു: ഇപ്രകാരം ഇന്ദ്രപ്രസ്ഥത്തെ രാജ്യഭാരം ഏറ്റതിന് ശേഷം, ഹേ, തപോധന! ആ പാണ്ഡുപുത്രന്മാര്‍ എന്തു ചെയ്തു? എന്റെ പൂര്‍വ്വപിതാമഹന്മാര്‍ മഹാബലവാന്മാരായിരുന്നുവല്ലോ. അവരെ പത്നിയായ കൃഷ്ണ എങ്ങനെ അനുവര്‍ത്തിച്ചു? അവര്‍ക്ക്‌ അഞ്ചു പേര്‍ക്കും കൃഷ്ണ ഒരുവള്‍ മാത്രമാണല്ലോ ഭാര്യയായിരുന്നത്‌. തന്മൂലം അവര്‍ തമ്മില്‍ പിണങ്ങാതെ കഴിഞ്ഞതെങ്ങനെയാണ്‌? എല്ലാം വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്റെ അനുജ്ഞ പ്രകാരം പകുതി രാജ്യം നേടി പാഞ്ചാലിയോടു കൂടി പാണ്ഡവന്മാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ സുഖമായി വസിച്ചു. കൈവശം വന്ന രാജ്യത്തെ സത്യസന്ധനായ യുധിഷ്ഠിരന്‍ ധര്‍മ്മപ്രകാരം സോദരന്മാരോടു കൂടി പാലിച്ചു. ജിതവൈരികളായി ധീമാന്മാരായ അവര്‍ സത്യധര്‍മ്മങ്ങള്‍ വിടാതെ പരമാനന്ദത്തോടു കൂടി അവിടെ അധിവസിച്ചു. പൗരകാര്യങ്ങളൊക്കെ വേണ്ടവിധം നടത്തി. രാജാക്കന്മാര്‍ക്കു ചേര്‍ന്ന അധികാരത്തോടെ ഭരണം നടത്തി.

ആ മഹാത്മാക്കള്‍ ഇപ്രകാരം ഭരിച്ചു വരുന്ന കാലത്ത്‌ ഒരുദിവസം പാണ്ഡവന്മാര്‍ താന്താങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുമ്പോള്‍ നാരദമഹര്‍ഷി അവിടെ എഴുന്നള്ളി. അപ്രതീക്ഷിതമായി നാരദമഹര്‍ഷിയെ കണ്ടയുടനെ അവരഞ്ചു പേരും സിംഹാസനത്തില്‍ നിന്ന്‌ എഴുന്നേറ്റു കൈകൂപ്പി.

രമ്യമായ തന്റെ സിംഹാസനം യുധിഷ്ഠിരന്‍ മഹര്‍ഷിക്കു നല്കി. മുനി ഇരുന്നതിന് ശേഷം യുധിഷ്ഠിരന്‍ ദേവര്‍ഷിക്ക്‌ അര്‍ഘ്യം യഥാവിധി നല്കി. അതിന്റെ ശേഷം യുധിഷ്ഠിരന്‍ തന്റെ രാജ്യത്തെ അദ്ദേഹത്തിന് നിവേദിച്ചു.

ആ പൂജയേറ്റ്‌ നന്ദി കൈക്കൊണ്ട്‌ ആശീര്‍വ്വാദം ചെയ്ത്‌ മുനി അവരോട്‌ ഇരിക്കുവാന്‍ കല്‍പിച്ചു. മഹര്‍ഷിയുടെ സമ്മതത്തോടെ യുധിഷ്ഠിരന്‍ അരികിലിരുന്നു. ഭഗവാന്‍ അവിടെ എഴുന്നള്ളിയിരിക്കുന്ന വൃത്താന്തം കൃഷ്ണയെ അറിയിച്ചു. അതുകേട്ട ദ്രൗപദിയും ശുചിയായി ശ്രദ്ധയോടെ പാണ്ഡവരോടു കൂടി നാരദന്റെ സന്നിധിയില്‍ ചെന്നു. ദേവര്‍ഷിയുടെ തൃപ്പാദം ആ ധര്‍മ്മചാരിണി വന്ദിച്ച്‌ കൈകൂപ്പി വിനയത്തോടെ അവഗുണ്ഠനം ( മൂടുപടം ) കൊണ്ടു മറച്ചു നിന്നു. മഹാശയനായ മുനി അവളെ ആശീര്‍വദിച്ചു. അനന്തരം അവളോട്‌ അന്താഃപുരത്തിലേക്കു പൊയ്ക്കൊള്ളുവാന്‍ കല്‍പിച്ചു. കൃഷ്ണ പോയതിന് ശേഷം ധര്‍മ്മജാദികളോട്‌ ആ മഹര്‍ഷിപ്രവരന്‍ രഹസ്യമായി ഇപ്രകാരം പറഞ്ഞു.

നാരദന്‍ പറഞ്ഞു: നിങ്ങള്‍ക്കഞ്ചു പേര്‍ക്കും ധര്‍മ്മാചരണത്തിന്നുള്ള ഒരേയൊരു പത്നി കൃഷ്ണയാണല്ലോ. ഒരു വിധത്തിലും നിങ്ങള്‍ തമ്മില്‍ ഛിദ്രിക്കാത്ത വിധം വ്യവസ്ഥയോടെ ഒരു നീതി അനുസരിക്കണം. പണ്ട്‌ വളരെ ഐക്യത്തോടെ ജീവിച്ചിരുന്ന "സുന്ദോപസുന്ദരന്മാരെ"ന്ന സോദരന്മാര്‍ ത്രിലോകത്തില്‍ അവദ്ധ്യന്മരായി വാണു. ഒരേ ഒരു രാജ്യം, ഒരേ ഒരു ഭവനം, ഒരേ ശയ്യ, ഒരേ ആസനം. അങ്ങനെ ഏറ്റവും ഐകൃത്തോടും സ്നേഹത്തോടും കൂടിയാണ്‌ അവര്‍ ജീവിച്ചത്‌. എന്നാൽ തിലോത്തമ കാരണം അവര്‍ തമ്മില്‍ അടി കൂടി രണ്ടുപേരും ചത്തു. അതു ചിന്തിച്ച്‌ അന്യോന്യ പ്രീതിസാധനമായ സൗഹൃദം നിങ്ങള്‍ സംരക്ഷിക്കുവിന്‍. നിങ്ങള്‍ തമ്മില്‍ ഛിദ്രം ബാധിക്കാതെ ഹേ, യുധിഷ്ഠിരാ! കാത്തു കൊള്ളണം.

യുധിഷ്ഠിരന്‍ പറഞ്ഞു: മഹര്‍ഷേ, സുന്ദോപസുന്ദര്‍ ആരുടെ പുത്രരാണ്‌? അവര്‍ തമ്മില്‍ ഛിദ്രം വരുവാന്‍ കാരണമെന്താണ്‌? അപ്സരസ്സായ തിലോത്തമ എന്ന കന്യക ആരുടെ പുത്രിയാണ്‌? അവളില്‍ കാമം മൂലമാണല്ലോ അവര്‍ തമ്മില്‍ കൊന്നത്‌. അവളുടെ കഥയെന്താണ്‌? ഇതൊക്കെ ഉണ്ടായ വിധം വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞങ്ങള്‍ക്കു വളരെ ആഗ്രഹമുണ്ട്‌. ഭഗവാനേ, അളവറ്റ കൗതുകം തോന്നുന്നു. പറഞ്ഞാലും!

209. സുന്ദോപസുന്ദോപാഖ്യാനം - നാരദന്‍ പറഞ്ഞു: ഭ്രാക്കന്മാരോടു കൂടി യുധിഷ്ഠിരാ, ഭവാന്‍ കേട്ടു കൊള്ളുക. മുറയ്ക്ക്‌ ഞാന്‍ ആ പഴങ്കഥ വിസ്തരിച്ചു പറയാം.

പണ്ട്‌ അസുരനായ ഹിരണ്യക ശിപുവിന്റെ വംശത്തില്‍ നികുംഭന്‍ എന്നു പേരായ ഒരു ദൈത്യേന്ദ്രന്‍ ഉണ്ടായി. അവന്റെ മക്കളായി ഭീമവിക്രമന്മാരായ രണ്ട്‌ ക്രൂരബുദ്ധികള്‍ പിറന്നു. സുന്ദന്‍ എന്നും ഉപസുന്ദന്‍ എന്നുമായിരുന്നു ആ ഭ്രാതാക്കളുടെ പേര്‌.

ഒരേ കാര്യത്തിന് വേണ്ടി ഒരേ നിശ്ചയത്തോടെ സമസുഖദുഃഖന്മാരായി ഒന്നിച്ച്‌ അവര്‍ പാര്‍ത്തു. അവര്‍ പരസ്പര സ്നേഹത്തോടെ പിരിയാതെ വസിച്ചു. ഒന്നിച്ചല്ലാതെ അവര്‍ ഉണ്ണാറില്ല. ഒന്നിച്ചേ സല്ലപിക്കുകയുള്ളു. അവര്‍ പരസ്പരം സ്നേഹിതന്മാരും പരസ്പരം പ്രിയവാദികളുമായിത്തീര്‍ന്നു. ഏകശീലന്മാരും ഏകാചാരന്മാരുമായ അവര്‍ ഒരേയൊരാള്‍ തന്നെ രണ്ടു ശരീരമായി നില്ക്കുന്നതു പോലെ ജീവിച്ചു. ഒരേ കാരൃത്തിന് വേണ്ടി ജീവിക്കുന്ന അവര്‍ വളര്‍ന്നു വന്നു. ത്രൈലോക്യം കീഴടക്കണമെന്നായിരുന്നു അവരുടെ മോഹം. അവര്‍ അതിന് വേണ്ടി വ്രതമെടുത്ത്‌ വിന്ധ്യാദ്രിയില്‍ പോയി ഘോരമായ തപസ്സില്‍ ഏര്‍പ്പെട്ടു. വളരെക്കാലം തപസ്സു ചെയ്തു.

വിശപ്പും ദാഹവും സഹിച്ച്‌, ജടാവല്ക്കലങ്ങള്‍ ധരിച്ച്‌, ദേഹത്തില്‍ ചളിപുരണ്ട്‌, വായു മാത്രം ഭക്ഷിച്ച്‌, പാദാംഗുഷ്ഠത്തില്‍ മാത്രം നിന്ന്‌, സ്വശരീരം മുറിച്ചു ഹോമിച്ച്‌, കൈപൊക്കി, കണ്ണടയ്ക്കാതെ, വളരെക്കാലം വ്രതമവലംബിച്ച്‌ തപസ്സു ചെയ്തു നിന്നു.

അവരുടെ വളരെ നാളത്തെ കഠിനമായ തപസ്സിന്റെ ശക്തി കൊണ്ട്‌ ചുട്ടുപഴുത്ത വിന്ധ്യാശൈലം ധൂമം പുറത്തേക്കു വിട്ടു. അത്‌ ഒരു മഹാത്ഭുതമായി ജനങ്ങള്‍ കണ്ടു. അവര്‍ ചെയ്യുന്ന ഘോരമായ തപസ്സു കണ്ട്‌ ദേവകള്‍ പേടിച്ചു. തപോഭംഗം വരുത്തുവാൻ പല പ്രതിബന്ധ കര്‍മ്മങ്ങളും ചെയ്തു നോക്കി.

അസംഖ്യം ദിവൃരത്നങ്ങള്‍ മുമ്പില്‍ കൊണ്ടു വെച്ചും, സുന്ദരിമാരായ അനേകം സ്ത്രീകളെ അയച്ചും, പലമട്ടില്‍ പ്രലോഭിപ്പിച്ചു നോക്കി. അവര്‍ വ്രതത്തില്‍ നിന്ന്‌ പിന്മാറിയില്ല. കനകം കൊണ്ടും കാമിനിമാരെ കൊണ്ടും അവരുടെ വ്രതത്തിന് വിഘ്നമുണ്ടാക്കാന്‍ കഴിയാതായപ്പോള്‍ ദേവകള്‍ പലമാതിരി തന്ത്രങ്ങളും കാണിച്ചു. അവരുടെ സോദരിമാരെയും, മാതാവിനെയും, ബന്ധുക്കളേയും ശൂലത്തിന്മേല്‍, അവര്‍ കാണ്കെ, ഒരു ക്രൂര രാക്ഷസന്‍ വന്നു കയറ്റി. രക്ഷസ്സ്‌ ശൂലം കൊണ്ടു കുത്തിക്കീറി. അപ്പോള്‍ അവര്‍ കേശാഭരണങ്ങളും രത്നങ്ങളും അഴിച്ചു ചിന്നി രക്ഷിക്കണേ! ഞങ്ങളെ രക്ഷിക്കണേ! എന്നു നിലവിളിച്ചു. എന്നിട്ടും ആ മഹാവ്രതന്മാര്‍ വ്രതഭംഗം, ചെയ്തില്ല. രണ്ടു പേരില്‍ ഒരുത്തനെങ്കിലും ക്ഷോഭിക്കുകയോ ദുഃഖിക്കുകയോ ചെയ്യാത്തതു കണ്ട്‌ ആ സ്ത്രീജനങ്ങളും അവിടെ കണ്ട ഭൂതവും അപ്രത്യക്ഷമായി. മായാവിദൃകളൊന്നും അവരോടു ഫലിച്ചില്ല. ഒടുവില്‍ പിതാമഹന്‍ തന്നെ അവരുടെ മുമ്പില്‍ വന്നെത്തി ദൈത്യേന്ദ്രരോടു പറഞ്ഞു.

ബ്രഹ്മാവു പറഞ്ഞു: ഹേ, സുന്ദോപസുന്ദന്മാരേ, ഞാന്‍ നിങ്ങളുടെ തപസ്സില്‍ സംതൃപ്തനായിരിക്കുന്നു. എന്തു വരമാണ്‌ നിങ്ങള്‍ക്കു വേണ്ടത്‌? വരിച്ചാലും.

നാരദന്‍ പറഞ്ഞു: ബ്രഹ്മാവു പറഞ്ഞതു കേട്ട്‌ ആ ദൃഢവിക്രമികളായ ഭ്രാതാക്കള്‍ പിതാമഹന്റെ മുമ്പില്‍ കൈകൂപ്പി നിന്നു രണ്ടുപേരും ഏകാഭിപ്രായം അറിയിച്ചു.

സുന്ദോപസുന്ദന്മാര്‍ പറഞ്ഞു: ഹേ, പിതാമഹാ! ഞങ്ങളുടെ തപസ്സു കൊണ്ട്‌ ഭവാന്‍ പ്രീതനായി എന്നു ഞങ്ങള്‍ കരുതുന്നു. പ്രീതനായെങ്കില്‍ അവിടുന്ന്‌ ഞങ്ങള്‍ക്ക്‌ ഈ വരം നല്കണം: ഞങ്ങള്‍ക്കു സകല മായാവിദ്യകളും അസ്ത്രവിദ്യകളും പൂര്‍ണ്ണമായി അറിയുമാറാകണം. ഞങ്ങള്‍ ശക്തന്മാരായും കാമരൂപികളായും ( ഇഷ്ടരൂപം എടുക്കാന്‍ കഴിവുള്ളവര്‍ ) ഭവാന്റെ പ്രസാദത്താല്‍ അമരന്മാരായും ( മരണമില്ലാത്തവര്‍ ) ഭവിക്കണം.

ബ്രഹ്മാവു പറഞ്ഞു: അമരത്വം ഒഴികെ മറ്റെല്ലാം നിങ്ങള്‍ പറഞ്ഞ വിധം ഞാന്‍ നല്കും. മറ്റു കാര്യങ്ങളില്‍ നിങ്ങള്‍ അമരപ്രായന്മാരായി തീരുകയും ചെയ്യും. നിങ്ങള്‍ക്ക്‌ മൃത്യുവിന്ന്‌ ഒരുമാര്‍ഗ്ഗം വരിക്കണം. പ്രഭുത്വം നേടുവാന്‍ മാത്രമായി വലിയ തപം തുടങ്ങിയവരാണല്ലോ നിങ്ങള്‍. അതു കൊണ്ട്‌, അമരത്വം തരുവാന്‍ വയ്യ. ത്രൈലോക്യം കീഴടക്കാനാണല്ലോ നിങ്ങള്‍ തപിച്ചത്‌. അതു കൊണ്ട്‌, ദൈത്യന്മാരേ, നിങ്ങള്‍ക്ക്‌ അമരത്വം ഞാന്‍ തരുന്നതല്ല. അത്‌ ആവശ്യപ്പെടാന്‍ ന്യായവുമില്ല.

സുന്ദോപസുന്ദന്മാര്‍ പറഞ്ഞു: ത്രിലോകത്തിലുള്ള നാനാചരാചരങ്ങളില്‍ ഒന്നിനാലും ഞങ്ങള്‍ മരിക്കരുത്‌. ഞങ്ങള്‍ മരിക്കണമെങ്കില്‍ ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ കൊല്ലണം. മറ്റു വിധത്തില്‍ ചരാചരങ്ങളില്‍ ഒന്നില്‍ നിന്നും മരണം ഞങ്ങള്‍ക്കു സംവിക്കരുതെന്നു വരം തരണം.

ബ്രഹ്മാവു പറഞ്ഞു: നിങ്ങള്‍ അഭ്യര്‍ത്ഥിച്ചതു പോലെ തന്നെ വരും. ഞാന്‍ വരം തരുന്നു. നിങ്ങള്‍ അന്യോന്യമല്ലാതെ, മറ്റാര്‍ക്കും നിങ്ങളെ കൊല്ലുവാന്‍ കഴിയുകയില്ല.

നാരദന്‍ പറഞ്ഞു: ബ്രഹ്മാവ്‌ ഇപ്രകാരം അവര്‍ക്കു വരംനല്കി, തപസ്സില്‍ നിന്നു വിരമിപ്പിച്ച്‌ ബ്രഹ്മലോകത്തേക്കു പോയി. വരങ്ങള്‍ നേടി സന്തോഷത്തോടെ സര്‍വ്വലോകര്‍ക്കും അവദ്ധുന്മാരായി സ്വഗൃഹത്തിലേക്ക്‌ അവര്‍ മടങ്ങി. ഇഷ്ടംപോലെ വരങ്ങള്‍ വാങ്ങി വന്ന ധീരന്മാരായ അവരെ കണ്ട്‌ സുഹൃത്തുക്കളെല്ലാം അഭിനന്ദിച്ചു. ജടമാറ്റി പൊന്‍മുടി ചൂടി, നല്ല ആഭരണങ്ങളും, നല്ല വസ്ത്രങ്ങളും അണിഞ്ഞ്‌ കറുത്തപക്ഷത്തില്‍ പോലും, സര്‍വ്വജനങ്ങള്‍ക്കും ആഹ്ളാദം ജനിപ്പിക്കുമാറു നിലാവുണ്ടാക്കി, ചന്ദ്രോത്സവങ്ങള്‍ ആഘോഷിച്ച്‌ നിത്യപ്രമോദത്തോടെ ദൈതൃരും മിത്രങ്ങളും ഉല്ലസിക്കുവാന്‍ തുടങ്ങി. തിന്നുക! കുടിക്കുക! നല്കുക! രമിക്കുക! അനുഭവിക്കുക! പാടുക! ആടുക! ഇപ്രകാരമുള്ള ശബ്ദകോലാഹലങ്ങള്‍ അവരുടെഗൃഹത്തില്‍ മുഴങ്ങി. കൈകൊട്ടിയാര്‍ക്കുന്ന ഘോഷവും മറ്റ്‌ ആഹ്ളാദ പ്രകടനങ്ങളും കൊണ്ട്‌ ആ ദൈതൃപത്തനം മുഖരിതമായി. കാമരൂപികളായ ആ ദൈത്യന്മാര്‍ ഓരോ കളികള്‍ കൊണ്ട്‌ ആഹ്ളാദ ഭരിതരായി. അവര്‍ക്ക്‌ അനേക വര്‍ഷങ്ങള്‍ ഒറ്റദിവസമെന്ന പോലെ നീങ്ങി.

210. സുന്ദോപസുന്ദോപാഖ്യാനം (തുടര്‍ച്ച) - നാരദന്‍ കഥ തുടര്‍ന്നു: ഇങ്ങനെ ഉത്സവങ്ങള്‍ ആഘോഷിച്ച്‌ അവര്‍ മൂന്നു ലോകത്തേയും ജയിക്കുവാനുള്ള മാര്‍ഗ്ഗം തമ്മില്‍ ആലോചിച്ചുറപ്പിച്ച്‌ സൈന്യങ്ങളെ സജ്ജീകരിച്ചു. മിത്രങ്ങളും ദൈതൃരും വൃദ്ധരായ അമാതൃരും സമ്മതിച്ച പ്രകാരം മകം നക്ഷത്രത്തില്‍ രാത്രി സമയത്ത്‌ അവര്‍ പുറപ്പെട്ടു.

ഗദ, പട്ടസം, ശൂലം, ഉഗ്രമായ മുല്‍ഗരം മുതലായ ആയുധങ്ങള്‍ ധരിച്ച്‌ ചട്ടയിട്ട്‌ ദൈത്യേന്ദ്ര സൈന്യങ്ങളോടു കൂടി ഇറങ്ങി. മംഗള സ്തുതിഘോഷങ്ങളോടും, ചാരണന്മാരുടെ സ്തുതിഗീതങ്ങളോടും കൂടി രസമായി അവര്‍ യാത്ര പുറപ്പെട്ടു. ഉടനെ കാമഗരായ അവര്‍ ആകാശത്തേക്കു ചെന്നു. വാനവന്മാര്‍ വാഴുന്നേടത്തു ചെന്നു. ബ്രഹ്മാവിന്റെ വരം കൊണ്ട്‌ ശക്തന്മാരായ ആ യുദ്ധദുര്‍മ്മദന്മാര്‍ വന്നതറിഞ്ഞ്‌ ദേവകളെല്ലാം സ്വര്‍ഗ്ഗം വിട്ട്‌ സത്യലോകത്തേക്ക്‌ ഓടി, അവിടെ രക്ഷ പ്രാപിച്ചു. ഇന്ദ്രലോകം ജയിച്ച്‌ യക്ഷരക്ഷോഗണത്തെ കൊന്ന്‌ ഖേചര സമൂഹത്തേയും നശിപ്പിച്ച്‌ ഭൂമിക്കടിയിലേക്കു പോയി. അവിടെ നാഗലോകത്തെത്തി നാഗങ്ങളേയും ജയിച്ചു. പിന്നെ സമുദ്രത്തില്‍ ചെന്ന്‌ മ്ലേച്ഛവര്‍ഗ്ഗത്തെയൊക്കെ അടക്കി. ഉഗ്രശാസനരായ അവര്‍ പിന്നീട്‌ ഭൂമി മുഴുവന്‍ ജയിക്കുവാന്‍ പട കൂട്ടി. അവര്‍ ഇപ്രകാരം ഉഗ്രമായ കല്പന കൊടുത്തു.

സുന്ദോപസുന്ദന്മാര്‍ പറഞ്ഞു: യാഗത്താല്‍ രാജാക്കന്മാരും, ഹവ്യത്താല്‍ വിപ്രന്മാരും ദേവന്മാര്‍ക്ക്‌ തേജസ്സും ശ്രീയും വര്‍ദ്ധിപ്പിക്കുന്നു. ഇത്‌ അസുരദ്രോഹമാണ്‌. ഇങ്ങനെ അസുരദ്വേഷം ചെയ്യുന്നവരെ എല്ലാം നാം ഒത്തൊരുമിച്ചു നിന്നു വധിക്കാം.

നാരദന്‍ പറഞ്ഞു; അവര്‍ എല്ലാ ഭടന്മാരോടും ഇങ്ങനെ കല്പിച്ച്‌ കിഴക്കേ സമുദ്രത്തിന്റെ കരയില്‍ ക്രൂരമായ നിശ്ചയത്തോടെ ചെന്നു കയറി. യാഗം ചെയ്യുന്നവരും യാഗം ചെയ്യിക്കുന്നവരുമായ എല്ലാ വിപ്രരേയും ബലമായി ആക്രമിച്ചു കൊന്ന്‌ അവിടെ നിന്നു തിരിച്ചു. പിന്നെ മുനിമാരുടെ ആശ്രമങ്ങള്‍ തോറും കയറി. ഋഷിമാരുടെ ഹോമസാധനങ്ങളും മറ്റും അവരുടെ സൈന്യങ്ങള്‍ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു. മുനികള്‍ കോപിച്ചു ശപിച്ചെങ്കിലും അതൊന്നും ഫലിക്കുകയുണ്ടായില്ലു. ശാപം വര ശക്തിയാല്‍ നീങ്ങിപ്പോയി. അമ്പ്‌ പാറയിലെന്ന പോലെ ശാപം ഫലിക്കാതായപ്പോള്‍ നിയമം ഉപേക്ഷിച്ച്‌ ദ്വിജസത്തമന്മാര്‍ സ്ഥലം വിട്ട്‌ ഓടി. മന്നില്‍ തപസ്സിദ്ധരായി ദാന്തരായ ആ ശമശാലികള്‍, ഗരുഡഭയത്താല്‍ നാഗങ്ങളെന്ന വിധം, അവരെ ഭയപ്പെട്ട്‌ ഓടിക്കളഞ്ഞു. കലശങ്ങളും സ്രവങ്ങളുമെല്ലാം അടിച്ചു തകര്‍ത്തു. ആശ്രമം മുടിച്ചു ചിന്നി ലോകമൊക്കെ ശൂന്യമാക്കി; കാലന്‍ ആക്രമിച്ച പോലെ ലോകം മുടിച്ചു. അദൃശ്യരായ മുനികളെപ്പറ്റി അവര്‍ ചിന്തിച്ചു. അവരെ കൊല്ലുവാന്‍ വേണ്ടി വികൃതപ്പണികള്‍ എടുത്തു. മദം പൊട്ടുന്ന ആനകളുടെ രൂപം സ്വീകരിച്ച്‌ അവര്‍ ദുര്‍ഗ്ഗത്തില്‍ പോയി ഒളിച്ച ഋഷിമാരെ കൂടി കൊന്നു കളഞ്ഞു. സിംഹങ്ങളായും വ്യാഘ്രങ്ങളായും കാണാത്ത രൂപമെടുത്തും, ഓരോ ഉപായങ്ങളെടുത്തും ഋഷിമാരെ കൊന്നൊടുക്കി.

ദ്വിജന്മാരും നൃപന്മാരും നശിക്കുവാന്‍ തുടങ്ങിയപ്പോള്‍ യജ്ഞവും വേദാദ്ധ്യയനവുമില്ലാതായി. ഉത്സവങ്ങള്‍ ഇല്ലാതായി. സന്തോഷങ്ങളും സത്കർമ്മങ്ങളും ഇല്ലാതായ ഭൂലോകം നഷ്ടപ്രായമായി; "ഹാ! ഹാ! അയ്യോ!", എന്ന ശബ്ദം മുഴങ്ങി. വ്യാപാരങ്ങള്‍ ഇല്ലാതെ അങ്ങാടികള്‍ നശിച്ചു. ദേവകാര്യങ്ങള്‍ ഇല്ലാതായി. പുണ്യോദ്വാഹാദികളും, മംഗള കര്‍മ്മങ്ങളും ഒരിടത്തും നടക്കാതായി. കൃഷിരക്ഷയും, ഗോരക്ഷയും ഇല്ലാതായി. നഗരങ്ങളും ആശ്രമങ്ങളുമില്ലാതായി. അസ്ഥികളും കങ്കാളങ്ങളും സര്‍വ്വത്ര ചിന്നി ഭയങ്കരാകാരമായി തീര്‍ന്നു ഭൂമുഖം! പിതൃകര്‍മ്മങ്ങള്‍ നിന്നു. യാഗഹോമാദി ക്രിയകളൊന്നുമില്ലാതായി. ലോകമൊക്കെ ഭീഷണമായി; ദുര്‍ദ്ദര്‍ശനമായ സ്ഥിതിയിലായി. ചന്ദ്രാര്‍ക്കന്മാരും താരകങ്ങളും നക്ഷത്രഗ്രഹദേവകളും സുന്ദോപസുന്ദന്മാരുടെക്രൗര്യം കൊണ്ട്‌ വിവര്‍ണ്ണരായിത്തീര്‍ന്നു.

ഇങ്ങനെ ആ മഹാസുരന്മാര്‍ ക്രൂരകര്‍മ്മം കൊണ്ടു ദിക്കുകളെല്ലാം ജയിച്ചു. ശത്രുക്കളില്ലാത്ത നിലയിലെത്തിയ അവര്‍ കുരുക്ഷേത്രത്തില്‍ താമസമാക്കി.

211. സുന്ദോപസുന്ദോപാഖ്യാനം (തുടര്‍ച്ച) - നാരദന്‍ കഥ തുടര്‍ന്നു: പിന്നെ ദേവര്‍ഷി മുഖ്യന്മാരും മുനിമാരും ജഗത്രയത്തിന് വന്ന മഹാനാശം കണ്ട്‌ ആര്‍ത്തരായിത്തീര്‍ന്നു. ക്രോധം ജയിച്ചവരും, ജിതാത്മാക്കളും ജിതേന്ദ്രിയരുമായ മഹര്‍ഷിമാര്‍ ലോകത്തോടുള്ള കരുണ കൊണ്ട്‌ ലോകപിതാമഹന്റെ ഭവനത്തിലേക്കു ചെന്നു. ദുര്‍വ്വിചാരമുള്ളവര്‍ക്കു സത്യലോകത്തില്‍ ചെല്ലുവാന്‍ കഴിയുകയില്ലല്ലോ. അവിടെ ദേവന്മാരോടു കൂടി പിതാമഹന്‍ സിദ്ധബ്രഹ്മര്‍ഷി മദ്ധ്യത്തില്‍ ഇരിക്കുന്നു. അവിടെ സാക്ഷാല്‍ മഹേശ്വരനും, അഗ്നിയും, വായുദേവനും ചന്ദ്രനും അര്‍ക്കനും ഇന്ദ്രനും ബ്രഹ്മപുത്രരായ മുനീശ്വരന്മാരും കൂടിയിരുന്നു. വ്രതസ്ഥരായ ബാലഖില്യരും വാനപ്രസ്ഥരായ മരീചിപന്മാരും അജന്മാരും അവിമൂഢന്മാരും തേജസ്സേറുന്ന തപസ്വികളും മാത്രമല്ല, എല്ലാ മുനീശ്വരന്മാരും പിതാമഹനെ സേവിക്കുവാന്‍ എത്തിയിരിക്കുന്നു.

അടുത്തു ചെന്ന്‌ പരമദുഃഖിതന്മാരായ ആ മുനിമാരെല്ലാവരും സുന്ദോപസുന്ദന്മാരുടെ കര്‍മ്മങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. അവരുടെ അപഹരണവും ചെയ്തതിന്റെ ക്രമഭേദവും ഒക്കെ ഒന്നും വിടാതെ വിരിഞ്ചനെ ഉണര്‍ത്തിച്ചു. പിന്നെ ദേവകളും സര്‍വ്വമഹര്‍ഷി കുലമുഖ്യന്മാരും ഇക്കാര്യത്തെപ്പറ്റി ബ്രഹ്മാവിനോടു കലശലായി നിര്‍ബ്ബന്ധ പൂര്‍വ്വം പറഞ്ഞു.

എല്ലാവരും പറഞ്ഞ വാക്കുകളെല്ലാം കേട്ട്‌ പിതാമഹന്‍ തെല്ലുനേരം വിചാരിച്ചിരുന്നു. അതിന്റെ ശേഷം നല്ലതായ ഒരുകാര്യം മനസ്സിലുറപ്പിച്ചു. ഒരു വിദ്യ സുന്ദോപസുന്ദന്മാരെ കൊല്ലുവാന്‍ വിധി കണ്ടുപിടിച്ചു. വിശ്വകര്‍മ്മാവിനെ വിളിച്ചുവരുത്തി. അതിരറ്റ ആത്മശക്തിയുള്ള ബ്രഹ്മാവിന്റെ വിളികേട്ട്‌ വിശ്വകര്‍മ്മാവ്‌ എത്തി. ബ്രഹ്മാവ്‌ ശില്പകുശലനായ വിശ്വകര്‍മ്മാവിനെ നോക്കി പറഞ്ഞു.

ബ്രഹ്മാവു പറഞ്ഞു: വിശ്വകര്‍മ്മാവേ, കാമപൂര്‍ത്തിക്കു വേണ്ടി ആരും ആഗ്രഹിക്കത്തക്ക യൗവനമദം തുളുമ്പുന്ന ഒരു പരമസുന്ദരിയെ ഉടനെ സൃഷ്ടിക്കണം.

നാരദന്‍ പറഞ്ഞു; വിശ്വകര്‍മ്മാവിന് കാര്യം മനസ്സിലായി. വിധിയെ കൈവണങ്ങി കല്പന ശിരസാ വഹിച്ച്‌, വീണ്ടും വീണ്ടും മനസ്സു വെച്ച്‌, ദിവ്യയായ ഒരു നാരിയെ നിര്‍മ്മിച്ചു. ത്രൈലോകൃത്തില്‍ ചരാചരാത്മകമായ സകല വസ്തുക്കളിലും കാണുന്ന സൗന്ദര്യാംശമൊക്കെ വിശ്വകര്‍മ്മാവ്‌ എടുത്തു. അനേക കോടി രത്നങ്ങളുമെടുത്ത്‌ അവയൊക്കെ യഥായോഗ്യം അവളുടെ ദേഹത്തിലിണക്കി. രത്നസംഘാതമയിയായി വിശ്വകര്‍മ്മാവ്‌ ഒരു വിശ്വമോഹിനിയെ സൃഷ്ടിച്ചു. അവളോടു തുല്യയായി മൂന്നു ലോകത്തിലും യാതൊരു സ്ത്രീയും കാണപ്പെട്ടില്ല. അവളുടെ മെയ്യില്‍ സൂക്ഷ്മമായിട്ടു പോലും അഴകിന് ഒരു ന്യൂനതയുണ്ടായില്ല. പ്രയത്നപ്പെട്ട്‌ വിശ്വകര്‍മ്മാവു സൃഷ്ടിച്ച ആ സൗന്ദര്യധാമത്തെ നോക്കുന്നവരുടെ കണ്ണ്‌ ശോഭാവിശേഷം കൊണ്ടു ലയിപ്പിക്കാത്തതായി ചെറിയ അംശം പോലുമുണ്ടായിരുന്നില്ല. പുതിയ ഒരു ശരീരമെടുത്ത ലക്ഷ്മിയെപ്പോലെ കാമരൂപിണിയായ അവള്‍ കണ്ടവരുടെയെല്ലാം കണ്ണും കരളും കവര്‍ന്നു. രത്നങ്ങളുടെയൊക്കെ തിലാംശങ്ങള്‍ ( സാരാംശങ്ങള്‍ ) തിലം തിലമായി ( അംശം അംശമായി ) കൂട്ടിച്ചേര്‍ത്തു ചമയ്ക്കുകയാല്‍ അവള്‍ക്ക്‌ പിതാമഹന്‍ തിലോത്തമ എന്നു പേരു നല്കി. തിലോത്തമ ബ്രഹ്മദേവനെ കുമ്പിട്ടു ചോദിച്ചു.

തിലോത്തമ പറഞ്ഞു: ഭൂതേശാ, ഞാന്‍ എന്തു ചെയ്യേണ്ടു? എന്നെ എന്തിനായി ഭവാന്‍ സൃഷ്ടിച്ചു? പറഞ്ഞാലും!

ബ്രഹ്മാവു പറഞ്ഞു: സുന്ദരിയായ തിലോത്തമേ, നീ സുന്ദോപസുന്ദന്മാരുടെ പാര്‍ശ്വത്തേക്കു ചെല്ലൂ. അതിമോഹനമായ കാന്തി കൊണ്ട്‌ അവരെ പ്രലോഭിപ്പിക്കുക. പ്രഥമദര്‍ശനത്തില്‍ തന്നെ നിന്റെ അംഗസൗന്ദര്യം അനുഭവിക്കുവാനുള്ള അത്യാഗ്രഹം അവര്‍ക്കു രണ്ടു പേര്‍ക്കും ഉണ്ടാകണം. അതു കാരണമായി അവര്‍ക്കു തമ്മില്‍ വൈരം ജനിക്കണം. അതിന് തക്കതായ കൗശലങ്ങള്‍ പ്രയോഗിക്കുക.

നാരദന്‍ പറഞ്ഞു: അപ്രകാരമാകാം എന്നു പറഞ്ഞ്‌ അവള്‍ കാര്യനിര്‍വ്വഹണത്തില്‍ ഉത്സുകയായി. പിതാമഹനെ നമസ്കരിച്ച്‌ ദേവമണ്ഡലത്തെ വലം വെച്ചു. കിഴക്കോട്ടു മുഖമായി ബ്രഹ്മാവും, തെക്കോട്ടു മുഖമായി മഹേശനും വടക്കോട്ടു മുഖമായി ദേവന്മാരും ചുറ്റും മുനീന്ദ്രന്മാരും നിന്നു. അവള്‍ പ്രദക്ഷിണം വെച്ച്‌ ചുറ്റിപ്പോരുന്ന സമയത്ത്‌ ഇന്ദ്രനും സ്ഥാണുവും മാത്രം ധൈര്യം അവലംബിച്ചിരുന്നു. അവരുടേയും മനസ്സ് കൗതുകത്തോടെ ഉഴന്നു പോയി. പാര്‍ശ്വത്തില്‍ അവള്‍ എത്തുമ്പോള്‍ കാണുവാന്‍ നോക്കുന്ന ശിവന് വലത്തു ഭാഗത്തായി പത്മാക്ഷമായി ഒരു മുഖം ജനിച്ചു. തലയുടെ പിന്നിലെത്തിയ സമയത്ത്‌ പിന്നില്‍ വേറെ ഒരു മുഖമുണ്ടായി. ഇടത്തെത്തിപ്പോള്‍ ഇടതത്തു ഭാഗത്തും ഒരു മുഖമുണ്ടായി. ഇങ്ങനെ മഹേശ്വരന് പിന്നിലും പാര്‍ശ്വം രണ്ടിലും മുന്‍ഭാഗത്തും ലോചനങ്ങള്‍ രക്താന്തമായിവിശാലമാകും വണ്ണം ഉയര്‍ന്നു വികസിച്ചു. അന്നു മുതല്‍ ദേവദേവനായ മഹേശ്വരന്‍ ചതുര്‍മ്മുഖനായി തീര്‍ന്നു. ഇന്ദ്രനാകട്ടെ ദേഹത്തിലൊക്കെ കണ്ണുകള്‍ മുളച്ചു വികസിച്ചു. അങ്ങനെ ആയിരം കണ്ണുകള്‍ മുളയ്ക്കുകയാല്‍ ഇന്ദ്രന്‍ സഹസ്രനേത്രനുമായി തീര്‍ന്നു. അപ്രകാരം തന്നെ വാനവന്മാര്‍ക്കും, ദിവ്യമാമുനികള്‍ക്കും തിലോത്തമ തിരിഞ്ഞേടം തിരിഞ്ഞ്‌, മുഖങ്ങളും തിരിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവളുടെ ലോലമായ മെയ്യില്‍ സകലരുടേയും ദൃഷ്ടികളെല്ലാം തറച്ചു. മഹാവിശിഷ്ടന്മാരായ. സകലരുടേയും ദൃഷ്ടികള്‍ അവളില്‍ പതിച്ചു. അതില്‍ പിതാമഹനായ ബ്രഹ്മദേവന്‍ മാത്രമേ ഒഴിവുണ്ടായുള്ളു. മറ്റു ള്ളവരുടെയെല്ലാം ഹൃദയസ്ഥൈര്യം വിട്ടു പോയി.

അവള്‍ പോകുന്നത് നോക്കി, ചന്തം കണ്ട്‌, ദേവന്മാരും മുനിമുഖ്യന്മാരും പറഞ്ഞു: കാര്യം സാധിച്ചു! സംശയമില്ല! തിലോത്തമ പോയതിന് ശേഷം ലോകപിതാമഹന്‍ സര്‍വ്വദേവന്മാരേയും ഋഷികളേയും പിരിച്ചയച്ചു.

212. സുന്ദോപസുന്ദോപാഖ്യാനം ( സമാപനം ) - നാരദന്‍ കഥ തുടര്‍ന്നു; ആ ദൈത്യവീരന്മാരായ സുന്ദോപസുന്ദന്മാര്‍ ഭൂമിയൊക്കെ ജയിച്ച്‌ ശത്രുക്കളെയൊക്കെ നശിപ്പിച്ച്‌, യാതൊരു വൃഥയുമില്ലാതെ, മൂന്നു ലോകത്തേയും കീഴടക്കി കൃതകൃത്യരായി ആനന്ദത്തോടെ ഇരുന്നു. ദേവഗന്ധര്‍വ്വയക്ഷന്മാരുടേയും നാഗപാര്‍ത്ഥിവ രാക്ഷസന്മാരുടേയും രത്നമെല്ലാം നേടി സന്തുഷ്ടരായി. അവരെ തടയുവാന്‍ ലോകത്തില്‍. ആരും ഇല്ലാതെയായപ്പോള്‍ ഉദ്യമങ്ങളൊക്കെ നിര്‍ത്തിവെച്ച്‌ അവര്‍ കളികളിലും വിനോദങ്ങളിലും ഏര്‍പ്പെട്ടു; ദേവസന്നിഭരായി ആനന്ദിച്ചു. സുന്ദരിമാർ; പുഷ്പങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഭക്ഷ്യങ്ങള്‍, ഭോജ്യങ്ങള്‍, പലതരം പാനീയങ്ങള്‍ ഇവ കൊണ്ട്‌ അവര്‍ പരമപ്രീതി നടി. അന്തഃപുരം, ഉദ്യാനം, പര്‍വ്വതം, വനം എന്നിവയില്‍ പ്രവേശിച്ച്‌ അവര്‍ ഉല്ലസിച്ചു. പിന്നീടൊരിക്കല്‍ വിന്ധ്യാദ്രിയില്‍ പോയി സമനിരപ്പായ

കൊടുമുടിയിൽ അവര്‍ പൂത്തുനില്‍ക്കുന്ന വൃക്ഷങ്ങള്‍ കണ്ട്‌ കൗതുകത്തോടെ വിഹരിച്ചു. ദിവ്യമായ കാമോപഭോഗങ്ങളൊക്കെ ചേര്‍ത്തു വിശിഷ്ടമായ ആസനത്തില്‍ നാരീജനങ്ങളോടു കൂടി ഉല്ലസിച്ചു. വാദ്യനൃത്തങ്ങളോടു കൂടി സുന്ദരികള്‍ പാട്ടുപാടി നൃത്തം ചെയ്ത് അവരെ ആനന്ദിപ്പിച്ചു. ആ മനോഹരികള്‍ പാട്ടുംസ്തുതികളും മ മായി ആനന്ദിച്ച്‌ അവരോട്‌ ഇണങ്ങി രസിച്ചു.

ഇങ്ങനെ അവര്‍ ആനന്ദമത്തരായിരുന്ന ഉല്ലാസകരമായ സന്ദര്‍ഭം നോക്കി കാനനത്തില്‍ പൂവറുത്ത്‌ തിലോത്തമ വിന്ധ്യാവനത്തില്‍ മന്ദം മന്ദം സഞ്ചരിച്ചു. ശൃംഗാര രസത്തോടെ കിഴിഞ്ഞിഴയുന്ന നേരിയ ഒരു ചുവന്ന വസ്ത്രവുമുടുത്ത്‌ പുഴവക്കില്‍ കര്‍ണ്ണികാരപ്പൂക്കള്‍ പെറുക്കിയെടുക്കുന്ന ഭാവത്തില്‍ മെല്ലെമെല്ലെ ദൈത്യവീരന്മാര്‍ ഇരിക്കുന്ന ഇടത്തില്‍ ചെന്നു. അവര്‍ മദ്യപാനം ചെയ്ത്‌ മദം കൊണ്ടു കടക്കണ്ണു ചുവന്ന്‌ ഇരിക്കുകയായിരുന്നു. ആ മനോഹരിയെ കണ്ട മാത്രയില്‍ അവര്‍ കാമപരവശരായി പീഠം വിട്ട്‌ ഇറങ്ങി അവള്‍ നില്ക്കുന്നിടത്തേക്ക്‌ ഓടിച്ചെന്നു. സുന്ദന്‍ ആ സുന്ദരാംഗിയുടെ വലംകൈ പിടിച്ചു. ഉപസുന്ദന്‍ ഇടംകൈ പിടിച്ചു. രണ്ടു പേരും കാമാന്ധരായി ഒപ്പം പ്രാര്‍ത്ഥിച്ചു.

നെഞ്ഞൂക്കു കൊണ്ടും ബ്രഹ്മാവിന്റെ വരം കൊണ്ടും ധനരത്നമദം കൊണ്ടും മദിച്ച അവര്‍ തമ്മില്‍ ക്രുദ്ധരായി ചില്ലിക്കൊടി വളച്ചു. മദകാമങ്ങള്‍ കൊണ്ട്‌ തമ്മില്‍ത്തമ്മില്‍ ഇങ്ങനെ പറഞ്ഞു: ഇവള്‍ എന്റ ഭാര്യയാണ്‌; അതു കൊണ്ട്‌ നിന്റെ ജേഷ്ഠത്തിയാണ്‌. ഇവള്‍ എന്റെ ഭാര്യയാണ്‌; അതു കൊണ്ട്‌ നിന്റെ അനുജത്തിയാണ്‌. ഇവള്‍ എന്റെയാണ്‌; ഇവള്‍ എന്റെയാണ്‌. ഇങ്ങനെ അവര്‍ രണ്ടുപേരും വാദിച്ചു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന്‌ സഹോദരസ്നേഹം പോലുമില്ലാതായ അവരുടെ ഹൃദയത്തില്‍ കോപം ജ്വലിച്ചു. അവളുടെ അഴകില്‍ മോഹിച്ച്‌, അവളെ ലഭിക്കുന്നതിന് രണ്ടുപേരും ഘോരമായ ഗദ കൈയിലെടുത്തു. അവളോടുണ്ടായ കാമത്താല്‍ ആ വലിയ ഗദയോങ്ങി ഞാന്‍ മുമ്പ്‌, ഞാന്‍ മുമ്പ്‌ എന്ന മട്ടില്‍ തമ്മില്‍ത്തമ്മില്‍ അടിച്ചു. ഗദകൊണ്ട്‌ അടിയേറ്റ്‌ രണ്ടുപേരും നിലത്തു വീണു; ചോരയില്‍ ആറാടി. രക്താംബരത്തില്‍ നിന്നു വീണ രണ്ട്‌ അര്‍ക്കന്മാരെപ്പോലെ ഭൂമിയില്‍ പതിച്ചു. ഉടനെ അവരോടു കൂടെ അവിടെ ഉണ്ടായിരുന്ന നാരിമാര്‍ നിലവിളിച്ച്‌ ഓടി. ദാനവവര്‍ഗ്ഗങ്ങളൊക്കെ ഭയപ്പെട്ടു. എല്ലാ ദൈതൃന്മാരും പേടിച്ചു വിറച്ച്‌ പാതാളത്തില്‍ പോയി ഒളിച്ചു.

ഉടനെ ദേവര്‍ഷി ഗണങ്ങളോടു കൂടി പിതാമഹന്‍ അടുത്തു ചെന്നു തിലോത്തമയെ മാനിച്ച്‌ അഭിനന്ദിച്ചു.

വിധാതാവ്‌ പറഞ്ഞു; തിലോത്തമേ, നിന്റെ സൗന്ദര്യാതിശയത്താല്‍ ലോകം രക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ നിന്നില്‍ പ്രസാദിക്കുന്നു. നീ വരം ആവശ്യപ്പെട്ടു കൊള്ളുക.

നാരദന്‍ പറഞ്ഞു അവള്‍ പിതാമഹന്റെ മുമ്പില്‍ വിനീതയായി ഒന്നും മിണ്ടാതെ നിന്നു. ബ്രഹ്‌മാവ്‌ അവളെ അനുഗ്രഹിച്ചു പറഞ്ഞു..

ബ്രഹ്മാവ്‌ പറഞ്ഞു: ഭവ്യെ! നീ ദിവ്യമായ സൂര്യലോകത്തില്‍ സഞ്ചരിക്കും. സൂരൃതുല്യമായ നിന്റെ അത്യുഗ്ര തേജസ്സു കൊണ്ട്‌ ഭവതിയെ ആരും നേരെ നോക്കി കാണുകയില്ല.

നാരദന്‍ തുടര്‍ന്നു: ഇങ്ങനെ സര്‍വ്വലോക പിതാമഹനായ വിധാതാവ്‌ അവള്‍ക്ക്‌ വരം നല്കിയതിന് ശേഷം മൂന്നു ലോകവും ഇന്ദ്രനെ ഏല്‍പിച്ച്‌ സത്യലോകത്തെത്തി.

എല്ലാ കാര്യത്തിലും ഒരേ നിലയ്ക്കു നിന്ന സഹോദരന്മാര്‍ രണ്ടുപേരും തിലോത്തമ എന്ന ഒരു നാരി മൂലം തമ്മിലടിച്ച്‌ കൊല ചെയ്യപ്പെട്ടു. അതു കൊണ്ട്‌, ഭാരത സത്തമന്മാരേ, നിങ്ങളോടുള്ള സ്നേഹം മൂലം ഞാന്‍ പറയുകയാണ്‌, ദ്രൗപദി മൂലം തമ്മില്‍ ഛിദ്രിക്കുവാന്‍ ഇടവരാത്ത വിധം ഒരു കാരൃം പറയുന്നു. നിങ്ങള്‍ക്ക്‌ കൂടി ജീവിക്കണം; അതാണ്‌ എന്റെ ഇഷ്ടം. നിങ്ങള്‍ക്ക്‌ മംഗളം ഭവിക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: ജനമേജയരാജാവേ, ഇപ്രകാരം നാരദമുനി പറഞ്ഞപ്പോള്‍ ആ ഉപദേശം അവര്‍ സ്വീകരിച്ചു. ദേവര്‍ഷിയായ നാരദന്റെ മുമ്പില്‍ വെച്ചു തന്നെ അവര്‍ തമ്മില്‍ ആലോചിച്ച്‌ ഒരു വ്യവസ്ഥ ചെയ്തു.

പാണ്ഡവന്മാര്‍ പറഞ്ഞു: ഒരു കൊല്ലം ഒരാളോടൊത്ത്‌കൃഷ്ണ സഹധര്‍മ്മിണിയായി വാഴുക. അങ്ങനെ ഒരുത്തനൊത്ത്‌ ഏകാന്തതയില്‍ ഇരിക്കുന്ന സമയത്ത്‌ കൃഷ്ണയെ മറ്റൊരാള്‍ കണ്ടുവെങ്കില്‍ കണ്ടവന്‍ പന്ത്രണ്ടു വര്‍ഷം പ്രഹ്മചാരിയായി കാട്ടില്‍ വസിക്കണം.

വൈശമ്പായനൻ പറഞ്ഞു; ധര്‍മ്മിഷ്ഠരായ പാണ്ഡവന്മാര്‍ ഈ നിയമം വൃവസ്ഥ ചെയ്ത്‌ പാലിക്കുവാന്‍ സത്യം ചെയ്തു. അതിന് ശേഷം പാണ്ഡവന്മാര്‍ ചെയ്ത പൂജ നന്ദിയോടെ കൈക്കൊണ്ട്‌ ആ മഹാമുനി യാത്ര പറഞ്ഞ്‌ ഇന്ദ്രപ്രസ്ഥം വിട്ടു പോയി. മുനിയുടെ ആഗമം നല്ല സമയത്തായിരുന്നു. നാരദന്‍ പറഞ്ഞ നിയമം അവര്‍ സമ്മതിച്ച്‌ നിശ്ചയം ചെയ്തതിനാല്‍ ആ ധര്‍മ്മചാരികള്‍ തമ്മില്‍ കലഹിച്ചില്ല.

അര്‍ജ്ജുനവനവാസപര്‍വ്വം

213. അര്‍ജ്ജുന തീര്‍ത്ഥയാത്ര - വൈശമ്പായനൻപറഞ്ഞു; ഇപ്രകാരം വ്യവസ്ഥ ചെയ്ത്‌ അവിടെ പാണ്ഡവന്മാര്‍ ശസ്ത്രപ്രതാപത്താല്‍ അന്യരാജാക്കന്മാരെ കീഴടക്കി പാര്‍ത്തു. ആ മര്‍ത്തൃസിംഹന്മാര്‍ക്ക്‌ എല്ലാവര്‍ക്കും തുല്യമായി, വശവര്‍ത്തിനിയായി, പാര്‍ത്ഥവല്ലഭയായ പാര്‍ഷതി നിന്നു. അവള്‍ അഞ്ചു പേരോടും അഞ്ചു പേര്‍ അവളോടും സസന്തോഷം ചേര്‍ന്ന്‌ ജീവിച്ചു. ആനകള്‍ പൊയ്കസ്ഥലിയിലെന്ന വിധം, അവര്‍ പാഞ്ചാലിയില്‍ സസന്തോഷം ക്രീഡിച്ചു. അവര്‍ ധര്‍മ്മത്തോടു കൂടി വാഴുന്ന കാലത്ത്‌ കുരുപ്രജകള്‍ കുറ്റം കൂടാതെ അഭിവൃദ്ധിയെ പ്രാപിച്ചു. ജനമേജയ രാജാവേ, ഇങ്ങനെ കുറെനാള്‍ ചെന്നപ്പോള്‍ ഒരുദിവസം ഒരു വിപ്രന്റെ മന്ദിരത്തില്‍ ചില കള്ളന്മാര്‍ കടന്ന്‌ പശുക്കളെ അപഹരിച്ചു കൊണ്ടു പോയി.

ഗോധനം കക്കുന്നതു കണ്ട്‌ ക്രോധത്തോടെ വിപ്രന്‍ ഖാണ്ഡവ പ്രസ്ഥത്തിലേക്ക്‌ ഓടിച്ചെന്നു മുറവിളി തുടങ്ങി, പാണ്ഡുപുത്രരെ അറിയിച്ചു.

ബ്രാഹ്മണന്‍ പറഞ്ഞു: സാധുക്കളായ ബ്രാഹ്മണരുടെ ഹോമ ദ്രവ്യങ്ങള്‍ കാക്കകള്‍ അപഹരിക്കുന്നു. വീരനായ കടുവയില്ലാത്ത തക്കത്തില്‍ അതിന്റെ ഗുഹയില്‍ കുറുക്കന്‍ കടന്നാക്രമിക്കുന്നു! ആറില്‍ ഒരംശം കരമായി വാങ്ങുകയും, തന്നവരെ രക്ഷിക്കാതിരിക്കുകയും ചെയ്യുന്ന രാജാവ്‌ സര്‍വ്വലോകരിലും വെച്ചു പാപിയാണെന്ന്‌ മഹാന്മാര്‍ പറയുന്നു! ബ്രഹ്മസ്വം കള്ളന്മാര്‍ മോഷ്ടിക്കുന്നു. ധര്‍മ്മലോപം, വരുത്തുമ്പോള്‍, ഞാന്‍ ഇങ്ങനെ വിലപിക്കുമ്പോള്‍, പാണ്ഡവരേ, ഭവാന്മാര്‍ എനിക്ക്‌ അഭയം തരണേ!

വൈശമ്പായനൻ പറഞ്ഞു: അടുത്തു ചെന്ന്‌ ഇപ്രകാരം നിലവിളിക്കുന്ന വിപ്രന്റെ വാക്കുകള്‍ ഒക്കെയും കുന്തീപുത്രനായ ധനഞ്ജയന്‍ കേട്ടു. കേട്ടയുടനെ ഭയപ്പെടേണ്ട എന്നു ബ്രാഹ്മണനോട്‌ വിളിച്ചു പറഞ്ഞു. പാര്‍ത്ഥന്‍ ഉടനെ ആയുധപ്പുരയിലേക്കോടി. ആ സമയത്ത്‌ പാഞ്ചാലിയും ധര്‍മ്മപുത്രനും ഒന്നിച്ച്‌ അവിടെ ഇരിക്കുകയായിരുന്നു. ആ മഹാശയന്മാരുടെ സകല ആയുധങ്ങളും ഇരിക്കുന്നത്‌ പാഞ്ചാലിയും ധര്‍മ്മജനും ഇരിക്കുന്ന ആ ഗൃഹത്തിലായിരുന്നു. ചെല്ലുവാനും പറയുവാനും സാധിക്കാത്ത മട്ടില്‍ പാണ്ഡവന്‍ കുഴങ്ങി. ബ്രാഹ്മണന്‍ നിന്നു വിലപിച്ച്‌ പഴി പറയുവാനും തുടങ്ങി. അങ്ങനെ അര്‍ജ്ജുനന്‍ ധര്‍മ്മസങ്കടത്തിലായി. അര്‍ജ്ജുനന്‍ വിഷമത്തില്‍ നിന്നു കൊണ്ടു തന്നെ ചിന്തിച്ചു: തപസ്വിയായ ബ്രാഹ്മണന്റെ ആ ഗോധനം അപഹരിക്കുമ്പോള്‍ അറിയിക്കേണ്ടത്‌ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണല്ലോ. വാതില്‍ക്കല്‍ വന്നു സങ്കടത്തോടെ കരഞ്ഞു പറയുമ്പോൾ ആ വിപ്രനെ ഉപേക്ഷിച്ചാല്‍ ആ രാജാവിന് അത്യധികമായ അധര്‍മ്മം വന്നു കൂടും. നൃപനെ ആദരിക്കാതെ രാജാവ്‌ സഭാര്യനായിരിക്കുന്ന അകത്തേക്കു കടന്നാലോ, അജാതശത്രുവായ രാജാവിന് ഞാന്‍ അനൃതം പ്രവര്‍ത്തിച്ചു എന്നും വന്നു കൂടും. രാജപാര്‍ശ്വത്തില്‍ ഞാന്‍ ചെന്നാല്‍ തീര്‍ച്ചയായും വനവാസം ഒത്തതു തന്നെ! എന്നാൽ ആ വലിയ അധര്‍മ്മം വരികയാണെങ്കില്‍ വരട്ടെ. കാട്ടില്‍ വച്ച്‌ ഞാന്‍ മരിക്കുകയാണെങ്കില്‍ മരിക്കട്ടെ! ആര്‍ത്തനായ വിപ്രനെ രക്ഷിക്കുക എന്നതാണ്‌ ക്ഷത്രിയന്റെ മഹത്തായ ധര്‍മ്മം. ദേഹം പോയാലും വിരോധമില്ല. ധര്‍മ്മം ഞാന്‍ രക്ഷിക്കും. ഇപ്രകാരം ചിന്തിച്ചുറച്ച്‌ കുന്തീപുത്രനായ ധനഞ്ജയന്‍ അകത്തു കടന്നു ചെന്ന്‌, രാജാവിനെ അറിയിച്ച്‌, വില്ലെടുത്ത് കൊണ്ടു വന്ന്‌ വിപ്രനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു; ബ്രാഹ്മണാ, വരൂ! വേഗം വരു! പരദ്രവ്യാപഹാരികളായ അവര്‍ ദൂരെ പോകുന്നതിന് മുമ്പേ അവരെ ചെന്ന്‌ ഏറ്റ്‌ എതിര്‍ക്കണം. കള്ളന്മാരുടെ പക്കല്‍ നിന്ന്‌ ഭവാന്റെ ധനം ഞാന്‍ വീണ്ടെടുത്തു തരാം.

വൈശമ്പായനൻ പറഞ്ഞു: കൊടി നാട്ടിയ തേരില്‍, മാര്‍ച്ചട്ടയിട്ട്‌ വില്ലെടുത്ത്‌ വീരനായ പാണ്ഡവന്‍ ചെന്നെതിര്‍ത്തു. അമ്പെയ്ത്‌ ചോരന്മാരെ ഓടിച്ച്‌ ബ്രഹ്മസ്വം വിടുവിച്ചു. ഇപ്രകാരം വിപ്രന് ഉപകാരം ചെയ്ത്‌ കീര്‍ത്തി സമ്പാദിച്ച്‌ പാണ്ഡവന്‍ ആ ഗോധനം ബ്രാഹ്മണന് തന്നെ നല്കി. രാജധാനിയില്‍ സവൃസാചി തിരിച്ചെത്തി. ജ്യേഷ്ഠന്മാരേയും മറ്റു ഗുരുജനങ്ങളേയും കൈകൂപ്പി. അഭിനന്ദനം സ്വീകരിച്ച്‌, ധര്‍മ്മജനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ജ്യേഷ്ഠാ! എനിക്ക്‌ വ്രതാനുഷ്ഠാനത്തിന് അനുവാദം തരണം. ആയുധപ്പുരയില്‍ വെച്ച്‌ അങ്ങയെ കാണുകയാല്‍ ഞാന്‍ ശപഥം തെറ്റിച്ചിരിക്കുന്നു. അതു കൊണ്ട്‌ ഞാന്‍ വനവാസത്തിന് പോവുകയാണ്‌. അതാണല്ലോ പൂര്‍വ്വ നിശ്ചയം!

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ ഇങ്ങനെ പറയുമെന്ന്‌ യുധിഷ്ഠിരന്‍ പ്രതീക്ഷിച്ചിരുന്നില്ല. അര്‍ജ്ജുനാ! നീ എന്താണ്‌ പറഞ്ഞത്‌? എന്നു ലജ്ജയോടും സങ്കടത്തോടും കൂടി യുധിഷ്ഠിരന്‍ അര്‍ജ്ജുനനോട്‌ ചോദിച്ചു. ദീനമാനസനായി അദ്ദേഹം അര്‍ജ്ജുനനോടു പറഞ്ഞു.

ധര്‍മ്മപുത്രന്‍ പറഞ്ഞു; എന്റെ വാക്കു കാര്യമായി കണക്കാക്കുന്നുണ്ടെങ്കില്‍ നീ കേള്‍ക്കുക. ഞാന്‍ ഇരിക്കുന്നിടത്തേക്ക്‌ നീ പ്രവേശിച്ചതില്‍ നീ എനിക്ക്‌ അപ്രിയം ചെയ്തു എന്നാണല്ലോ പറഞ്ഞത്‌. അതൊക്കെ ഞാന്‍ നമ്മതിച്ചിരിക്കുന്നു. എനിക്ക്‌ യാതൊരപ്രിയവുമില്ല. ജ്യേഷ്ഠന്‍ പത്നിയൊന്നിച്ച്‌ ഇരിക്കുന്നിടത്ത്‌ അനുജന്‍ അവിചാരിതമായി പ്രവേശിച്ചു പോയാല്‍ അതൊരു ദോഷമല്ല. അനുജന്‍ ഭാര്യയൊന്നിച്ച്‌ ഇരിക്കുന്നേടത്ത്‌ ജ്യേഷ്ഠന്‍ പ്രവേശിക്കുന്നത്‌ വലിയ തെറ്റാണ് താനും. അതുകൊണ്ട്‌ ഹേ! അര്‍ജ്ജുനാ, നീ എങ്ങും പോകേണ്ടാ. നീ ഞാന്‍ പറഞ്ഞതു കേള്‍ക്കുക. നിനക്ക്‌ ധര്‍മ്മനാശം വന്നിട്ടില്ല. നീ അക്രമവും ചെയ്തിട്ടില്ല.

അര്‍ജ്ജുനന്‍ പറഞ്ഞു: ഒരു വാക്കു പറഞ്ഞിട്ട്‌ അതിന്റെ അര്‍ത്ഥം മാറ്റി വ്യാഖ്യാനിച്ച്‌ ധര്‍മ്മം അനുഷ്ഠിക്കരുത്‌. ഒരിക്കലും കപടമായി ധര്‍മ്മം ചെയ്യരുത്‌ എന്നു ഭവാന്‍ തന്നെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അതു കൊണ്ട്‌ ഞാന്‍ ധര്‍മ്മം ഒരിക്കലും തെറ്റിക്കുകയില്ല. സത്യം എനിക്ക്‌ ആയുധമാണ്‌. ഞാന്‍ ഈ ആയുധം തൊട്ടു സത്യം ചെയ്യുന്നു.

വൈശമ്പായനൻ പറഞ്ഞു; അര്‍ജ്ജുനന്‍ ധര്‍മ്മപുത്രനെ പറഞ്ഞു സമ്മതിപ്പിച്ച്‌ വനചര്യാ വ്രതത്തോടു കൂടി വനത്തില്‍ പന്ത്രണ്ടു വര്‍ഷം വാഴുന്നതിനായി പുറപ്പെട്ടു.

214. ഉലൂപിസംഗമം - വൈശമ്പായനൻ പറഞ്ഞു; വീരനായ അര്‍ജ്ജുനന്‍ തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ടപ്പോള്‍ കൂടെ ദ്വിജന്മാരും പുറപ്പെട്ടു. വേദവേദാംഗ വിജ്ഞന്മാരും അദ്ധ്യാത്മ മാര്‍ഗ്ഗത്തില്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നവരും, ഭിക്ഷയേറ്റു ജീവിക്കുന്നവരും, പുരാണകഥാകഥന പടുക്കളുമായിരുന്നു ബ്രാഹ്മണര്‍. യതികളും, പടുക്കളും, വനവാസികളും, ദിവ്യാഖ്യാന പാരായണ പരന്മാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവരും മറ്റു പലരുമൊത്ത്‌ അര്‍ജ്ജുനന്‍, മൃദുല ശീലന്മാരായ ദേവന്മാരാല്‍ ചൂഴപ്പെട്ട ഇന്ദ്രനെന്ന പോലെ വിളങ്ങി.

രമണീയമായ ചിത്രകാനനങ്ങള്‍, മനോഹരമായ സരസ്സുകള്‍, നദികള്‍, ആഴികള്‍ ഇവയൊക്കെ കണ്ട്‌ ഓരോ ദേശങ്ങള്‍ ചുറ്റി, അങ്ങനെ ഓരോ പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ച്‌, സഞ്ചരിച്ച്‌ ഗംഗാതീരത്തിലെത്തി, അവിടെ വസിച്ചു. അവിടെ വെച്ചു നടന്ന വൃത്താന്തം ഹേ! ജനമേജയാ! ഞാന്‍ പറയാം. അവിടെ വെച്ചു പാര്‍ത്ഥന്‍ ചെയ്ത അത്ഭുതം കേള്‍ക്കുക:

ആ ബ്രാഹ്മണരോടു കൂടി അവിടെ വാഴുമ്പോള്‍ അഗ്നിഹോത്രം ചെയ്ത്‌ ബ്രാഹ്മണരും പാര്‍ത്ഥനൊന്നിച്ചു പാര്‍ത്തു; അഗ്നി ഉണ്ടാക്കി ജലിപ്പിച്ചതിന് ശേഷം ആഹുതി ചെയ്തു.

പുഷ്പോപഹാരം ചെയ്ത്‌ പുഴവക്കില്‍ നിരന്നു സ്നാനം ചെയ്യുന്ന സന്മാര്‍ഗ്ഗചാരികളും വിദ്വാന്മാരുമായ ഭൂസുരന്മാരാല്‍ അപ്പോള്‍ ഗംഗാദ്വാരം ഏറ്റവും ശോഭിച്ചു. അങ്ങനെ ഹോമങ്ങളും പുഷ്പാര്‍ച്ചനാദികളും ബഹളമായി നടന്നു കൊണ്ടിരിക്കെ അര്‍ജ്ജുനന്‍ സ്‌നാനത്തിനായി ഗംഗയിലേക്കിറങ്ങി. സ്നാനം ചെയ്ത്‌ പിതൃതര്‍പ്പണം കഴിഞ്ഞ്‌ ഔപാസന കര്‍മ്മം നടത്താന്‍ ആറ്റില്‍ നിന്നു കയറുന്ന സമയത്ത്‌ നാഗരാജാവിന്റെ പുത്രിയായ ഉലൂപി അര്‍ജ്ജുനനില്‍ കാമപരവശയായി അദ്ദേഹത്തെ കീഴോട്ട്‌ ജലാന്തര്‍ഭാഗത്തേക്ക് ആകര്‍ഷിച്ചു. വെള്ളത്തില്‍ വെച്ച്‌ അവള്‍ അര്‍ജ്ജുനനെ കാമിച്ചു. അവള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയി. ചെന്ന സ്ഥലത്ത്‌ അഗ്നി ജലിക്കുന്നതായി കണ്ടു. അതു ശ്ലാഘ്യനായ "കൗരവ്യന്‍" എന്ന നാഗരാജാവിന്റെ മന്ദിരമായിരുന്നു. ഔപാസനകര്‍മ്മം എന്ന അഗ്നികാര്യം അവിടെ വെച്ച്‌ അര്‍ജ്ജുനന്‍ നിര്‍വ്വഹിച്ചു. നിയമനിഷ്ഠനായ അര്‍ജ്ജുനന്റെ ആഹുതിയില്‍ അഗ്നി സംതൃപ്തനായി. അഗ്നികാര്യം കഴിഞ്ഞ ശേഷം അതിസുന്ദരിയായ ആ നാഗകനൃകയോടു മന്ദസ്മിത പൂര്‍വ്വം അര്‍ജ്ജുനന്‍ മന്ദമായി പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ ഭീരൂ, നീ എന്തു സാഹസമാണ്‌ ചെയ്തത്‌! സുന്ദരീ, ഈ നല്ല രാജ്യം ഏതാണ്‌? നീ ആരാണ്‌? ആരുടെ പുത്രിയാണ്‌?

ഉലൂപി പറഞ്ഞു: ഐരാവതകുലജാതനായ കൗരവ്യന്‍ എന്ന പന്നഗ രാജാവിന്റെ പുത്രിയാണ്‌ ഞാന്‍. ഉലൂപി എന്നാണ്‌ എന്റെ പേര്. ഞാന്‍ നാഗകന്യകയാണ്‌. ഞാന്‍ കുളിക്കുവാന്‍ പോയി; ആറ്റില്‍ ഇറങ്ങിയപ്പോള്‍ സര്‍വ്വാംഗ കോമളനായ ഭവാനെ കണ്ടു. കണ്ട മാത്രയില്‍ തന്നെ ഞാന്‍ കാമമോഹിതയായി. ഭവാന്‍ മൂലമായി കാമതാപം പൂണ്ടിരിക്കുന്ന ഈ കനൃകയെ സ്വന്തമാണെന്നു വിചാരിച്ച്‌, ആത്മദാനം കൊണ്ട്‌ ആനന്ദിപ്പിച്ചാലും.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ സമുഖി, എനിക്കു പന്ത്രണ്ടു വര്‍ഷമുണ്ട്‌ ബ്രഹ്മചര്യാവ്രതം. അത്‌ ധര്‍മ്മരാജാവായ എന്റെ ജ്യേഷ്ഠന്‍ വിധിച്ചതാണ്‌. എനിക്ക്‌ ഒന്നും ചെയ്യുവാന്‍ സ്വാതന്ത്ര്യമില്ലാത്തതിനാല്‍ സുന്ദരീ, ഞാന്‍ വൃസനിക്കുന്നു. ഹേ! നാഗാംഗനേ, നിന്റെ അഭീഷ്ടം ചെയ്യുവാന്‍ ഞാന്‍ ഇച്ഛിക്കുന്നുണ്ട്‌. അനൃതം ഞാന്‍ മുമ്പേ പറഞ്ഞിട്ടില്ല; ഒരിക്കലും പറയുന്നതുമല്ല. എനിക്ക്‌ അനൃതമാകരുത്‌; നിനക്ക്‌ പ്രിയമാവുകയും വേണം. ധര്‍മ്മത്തിന് കേടുതട്ടാതെ ഭവതി പറയുന്നതെന്തും ഞാന്‍ സ്വീകരിക്കാം.

ഉലൂപി പറഞ്ഞു: ഹേ! പാണ്ഡവാ, ഞാന്‍ ഭവാന്റെ ദേശസഞ്ചാരത്തിനുള്ള കാരണം അറിയുന്നുണ്ട്‌. ഭവാന്റെ ബ്രഹ്മചര്യത്തേയും, ഗുരുവിന്റെ ശാസ്യത്തേയും എന്താണെന്ന്‌ എനിക്കറിയാം. നിങ്ങളില്‍ ഒരാള്‍ പാഞ്ചാലിയുമൊത്തു വിജനത്തില്‍ ഇരിക്കുമ്പോള്‍ മറ്റു നാലു പേരില്‍ ഒരുത്തന്‍, അറിയാതെ ആണെങ്കില്‍ പോലും, അടുത്തു ചെന്നാല്‍ പന്ത്രണ്ടു വര്‍ഷം അന്നേ മുതല്‍ അവന്‍ വനവാസം ബ്രഹ്മചര്യത്തോടെ ചെയ്യണം എന്നാണ്‌ നിങ്ങളുടെ നിശ്ചയം എന്ന് എനിക്കറിയാം. എന്നാൽ അതു ദ്രൗപദി മൂലമുള്ള അന്യോന്യ പ്രവാസമാണ്‌. അത്‌ ധര്‍മ്മത്തിനും വെച്ചതാണല്ലേോ. ഇക്കാരൃത്തില്‍ അതു ബാധകമല്ല. ദീര്‍ഘ വിലോചനാ! ആര്‍ത്തത്രാണം ചെയ്യുക. എന്റെ പരിത്രാണനം കൊണ്ട്‌ ഭവാന്റെ ധര്‍മ്മത്തിന് ലോപം വരികയില്ല. ഈ ധര്‍മ്മത്തിന് സൂക്ഷ്മത്തില്‍ വല്ല തെറ്റും ഭവിക്കുന്നതായാല്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുവാന്‍ പര്യാപ്തമായി എന്ന നിലയ്ക്ക്‌ അതു ധര്‍മ്മമായി ഭവിക്കും. ഭക്തയായ എന്നെ രക്ഷിച്ചാലും! അതാണ്‌ സജ്ജനങ്ങളുടെ ധര്‍മ്മം. കര്‍മ്മ നിപുണനായ അര്‍ജ്ജുനാ, അങ്ങയെ ഞാന്‍ ആശ്രയിക്കുന്നു. എന്നെ രക്ഷിച്ചാലും! അങ്ങു രക്ഷിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ചാവും! എന്റെ പ്രാണനെ രക്ഷിച്ച്‌ മുഖ്യമായ ധര്‍മ്മം ഭവാന്‍ നടത്തുക! ഞാന്‍ ഭവാനെ ശരണം പ്രാപിക്കുന്നു. ദീനരും നാഥനില്ലാത്തവരുമായ ജനങ്ങളെ ഭവാന്‍ എന്നും സംരക്ഷിക്കുന്നവനാണല്ലോ. പൃഥാപുത്ര! ഞാന്‍ ഭവാനെ ശരണം പ്രാപിച്ചു കരയുന്നു. ഞാന്‍ അങ്ങയെ കാമിക്കുന്നു. ഭവാനോട്‌ അഭ്യര്‍ത്ഥിക്കുന്നു. ഭവാന്‍ എന്റെ ആഗ്രഹം സാധിപ്പിക്കണേ! ആത്മപ്രദാനം കൊണ്ട്‌ എന്നെ കാമസംതൃപ്തയാക്കണേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പന്നഗരാജപുത്രി പറഞ്ഞപ്പോള്‍ കുന്തീപുത്രന്‍ ധര്‍മ്മമാണ്‌ എന്നു വിചാരിച്ച്‌ അവളോടു പ്രാര്‍ത്ഥന നിറവേറ്റിത്തരാമെന്നു പറഞ്ഞു. പ്രതാപവാനായ പാര്‍ത്ഥന്‍ അന്നുരാത്രി മുഴുവന്‍ ആ നാഗാംഗനയോടു കൂടി പാര്‍ത്തു. അവളുമായി യഥാകാമം ക്രീഡിച്ചു. അവളില്‍ അന്ന്‌ ഉല്‍പാദിപ്പിച്ചവനാണ്‌ ഇരാവാൻ എന്ന വീരനും സുന്ദരനുമായ പുത്രന്‍. അവന്‍ മഹായോഗിയായി പിന്നീടു വളര്‍ന്നു വന്നു. വീണ്ടും അര്‍ജ്ജുനന്‍ ഉലൂപിയോടു കൂടി ഗംഗാദ്വാരത്തിലെത്തി. ഉലൂപി ഭര്‍ത്താവിനെ യാത്രയയച്ച്‌ സ്വമന്ദിരത്തിലേക്കു മടങ്ങിപ്പോന്നു. പോകുമ്പോള്‍ അവള്‍ പാര്‍ത്ഥന് വരം നല്കി.

ഉലൂപി പറഞ്ഞു; ജലചാരികളൊക്കെ ഭവാന്റെ അധീനത്തിലാകും. സകല ജലജീവികളേയും ഭവാനു ജയിക്കുവാന്‍ കഴിയും. അതില്‍ യാതൊരു സംശയവുമില്ല.

215. ചിത്രാംഗദാസംഗമം - വൈശമ്പായനൻ പറഞ്ഞു; അര്‍ജ്ജുനന്‍ ഗംഗാദ്വാരത്തിലെത്തി, നടന്ന കഥയൊക്കെ ബ്രാഹ്മണരെ ഉണര്‍ത്തിച്ചു. പിന്നെ ആ രാജപുത്രന്‍ ഹിമവൽ പാര്‍ശ്വത്തിലെത്തി, അഗസ്തൃവടം കയറി. പിന്നെ വസിഷ്ഠ ഗിരിയില്‍ പ്രവേശിച്ചു. പിന്നെ ഭൃഗുശ്യംഗത്തില്‍ ചെന്ന്‌ ആത്മശുദ്ധി വരുത്തി. അവിടെ സബ്രാഹ്മണര്‍ക്ക്‌ അനേകം ഗോക്കളും ഗൃഹങ്ങളും നല്കി. പിന്നെ ഹിരണ്യബിന്ദു തീര്‍ത്ഥത്തില്‍ ചെന്ന്‌ സ്നാനം ചെയ്തു. അവിടെയുള്ള പുണ്യായതനങ്ങള്‍ സന്ദര്‍ശിച്ചു. ബ്രാഹ്മണ ശ്രേഷ്ഠരോടു കൂടി ഇവയെല്ലാം സന്ദര്‍ശിച്ചതിന് ശേഷം ഹിമവൽ പർവ്വതത്തില്‍ നിന്നിറങ്ങി.

പിന്നെ കിഴക്കു ദിക്കിലേക്കു യാത്രയാരംഭിച്ചു. ക്രമത്തില്‍ ഓരോ തീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ച്‌ അര്‍ജ്ജുനന്‍ സഞ്ചരിച്ചു. ഉല്പലിനി എന്ന നദിയും നൈമിഷാരണ്യ പ്രദേശവും കണ്ടു. നന്ദ, അമരനന്ദ, കൗശികി, മഹാനദി, ഗയ, ഗംഗ എന്നീ തീര്‍ത്ഥങ്ങളും പുണ്യാശ്രമങ്ങളും കണ്ട്‌ ആത്മശുദ്ധി വരുത്തി. ബ്രാഹ്മണര്‍ക്കു ഗോക്കളെ ദാനം ചെയ്തു. അംഗം, വംഗം, കലിംഗം എന്നിവിടങ്ങളില്‍ പോയി തീര്‍ത്ഥങ്ങളിലും പുണ്യക്ഷ്രേതങ്ങളിലും പ്രവേശിച്ചു. വിധിപോലെ അതെല്ലാം കണ്ട്‌, ദാനങ്ങള്‍ നല്കി.

കലിംഗ രാജ്യത്തു ചെന്ന്‌ , അര്‍ജ്ജുനനെ അനുഗമിക്കുന്ന ദ്വിജന്മാര്‍ പാര്‍ത്ഥന്റെ സമ്മതത്തോടു കൂടി തിരിച്ചു പോന്നു. പിന്നെ കുന്തീപുത്രന്‍ അല്പം സഹായികളോടു കൂടി കടല്‍ തീരത്തെത്തി. പിന്നെ കലിംഗം വിട്ട്‌, പുണ്യസ്ഥലങ്ങളും രമൃഹര്‍മ്മൃയങ്ങളും കണ്ടു നടന്നു. മഹര്‍ഷികളിരിക്കുന്ന മഹേന്ദ്ര പർവ്വതത്തിലെത്തി. പിന്നെ, മെല്ലെ കടല്‍ക്കര വഴി, മണിപുരത്തില്‍ ചെന്ന്‌ അവിടെ തീര്‍ത്ഥവും പുണ്യക്ഷ്രേതവും കണ്ടു. മഹാവീരനും മഹാധര്‍മ്മിഷ്ഠനുമായ, മണിപുരം വാഴുന്ന ചിത്രാംഗദ രാജാവിനെ ചെന്നു കണ്ടു.

ആ രാജാവിന് ചിത്രാംഗദയെന്നു പേരായി ഒരു കന്യകയുണ്ട്‌. ആ പുരത്തില്‍ വെച്ച്‌ അര്‍ജ്ജുനന്‍ യദ്യച്ഛയാ അവളെ കണ്ടു. പരമസുന്ദരിയായ ചിത്രാംഗദയെ കണ്ട്‌ അര്‍ജ്ജുനന്‍ കാമിച്ചു. രാജാവിനെ കണ്ട്‌ അര്‍ജ്ജുനന്‍ അവ്യാജമായി തന്റെ ആഗ്രഹം അറിയിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: യോഗ്യക്ഷത്രിയനായ എനിക്ക്‌ ഭവാന്റെ പുത്രിയെ നല്കിയാലും!

വൈശമ്പായനൻ പറഞ്ഞു: ഈ അപേക്ഷ കേട്ട്‌ ചിത്രാംഗദ രാജാവ്‌ അര്‍ജ്ജുനനോടു ചോദിച്ചു.

ചിത്രാംഗദൻ പറഞ്ഞു: ഭവാന്‍ എവിടെ നിന്നു വരുന്നു? ആരാണ്‌? ആരുടെ പുത്രനാണ്‌?

അര്‍ജ്ജുനന്‍ മറുപടി പറഞ്ഞു: ഞാന്‍ പാണ്ഡുപുത്രനായ ധനഞ്ജയനാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ രാജാവ്‌ അര്‍ജ്ജുനനോടു സാന്ത്വപൂര്‍വ്വം പറഞ്ഞു.

ചിത്രാംഗദൻ പറഞ്ഞു: പ്രഭഞ്ജനന്‍ എന്നു പേരായി ഈ കുലത്തില്‍ ഒരു രാജാവുണ്ടായി. അപുത്രനായ ആ രാജാവ്‌ പുത്രനുണ്ടാകുവാന്‍ ശിവനെ തപസ്സു ചെയ്തു. അവന്റെ തപസ്സില്‍ മഹാദേവന്‍ പ്രസാദിച്ചു. അവന് കുലത്തില്‍ ഓരോ സന്തതിയുണ്ടാകുമെന്നു വരം നല്കി. അങ്ങനെ അന്നു മുതല്‍ എന്റെ പൂര്‍വ്വ പുരുഷന്മാര്‍ക്ക്‌ ഓരോ ആണ്‍കുട്ടികള്‍ മാത്രം ഉണ്ടായി. എന്നാൽ എനിക്ക്‌ കുലവര്‍ദ്ധിനിയായി ഈ ഒരു പെണ്‍കുട്ടിയാണുണ്ടായത്‌. ഇത്‌ പുത്രനാണ്‌, പുത്രിയല്ല എന്ന മട്ടിലാണ്‌ അവളെ ഞാന്‍ വളര്‍ത്തുന്നത്‌. ഇനി മേല്‍ പുത്രിയുടെ പുത്രനാകട്ടെ രാജാവ്‌. അതു കൊണ്ട്‌ ഹേ! ഭാരതാ, ഈ കന്യകയില്‍ ഭവാന്‍ ഒരു പുത്രനെ ഉല്‍പാദിപ്പിച്ചാലും. എന്റെ വംശവര്‍ദ്ധനവിന് ഇതു ശുല്ക്കമാകട്ടെ. ഈ ( മരുമക്കത്തായ ) നിശ്ചയത്തോടെ ഇവളെ ഭവാന്‍ സ്വീകരിച്ചാലും.

വൈശമ്പായനൻ പറഞ്ഞു: അപ്രകാരമാകാം എന്നു സമ്മതിച്ച്‌, അര്‍ജ്ജുനന്‍ ആ ചിത്രവാഹനന്റെ പുത്രിയെ വിവാഹം ചെയ്ത്‌ മൂന്നു കൊല്ലം അവിടെ താമസിച്ചു. പിന്നീട്‌ അവള്‍ ഒരു മകനെ പ്രസവിച്ചപ്പോള്‍ അര്‍ജ്ജുനന്‍ കാന്തയെ പുല്കി യാത്ര പറഞ്ഞു; രാജാവിനോടും യാത്ര പറഞ്ഞ്‌ വീണ്ടും തിര്‍ത്ഥങ്ങളില്‍ ചുറ്റി.

216. തീര്‍ത്ഥഗ്രാഹവിമോചനം - വൈശമ്പായനൻ പറഞ്ഞു; തെക്കന്‍ സമുദ്ര തീരത്തില്‍ മുനിമാര്‍ തീര്‍ത്ഥങ്ങളില്‍ സേവിക്കുന്ന സന്ദര്‍ഭത്തില്‍ അര്‍ജ്ജുനന്‍ അവരെ ചെന്നു കണ്ടു. അവിടെ താപസികന്മാര്‍ അഞ്ചു തീര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ചിരിക്കുന്നതായി കണ്ടു. അവിടെ വളരെക്കാലങ്ങള്‍ക്കു മുമ്പേ മുനിമാര്‍ പാര്‍ത്തിരുന്നുവെന്നു മനസ്സിലായി. അഗസ്തൃതീര്‍ത്ഥം, സൗഭദ്രം, പൗലോമം, കാരന്ധമം, സുപ്രസന്നം ഇവയാണ്‌ ആ അഞ്ചു തീര്‍ത്ഥങ്ങള്‍. ഭരദ്വാജന്റെ ആ തീര്‍ത്ഥങ്ങള്‍ഏറ്റവും പാപനാശനമാണ്‌. ഈ അഞ്ചു തീര്‍ത്ഥങ്ങളും അര്‍ജ്ജുനന്‍ കണ്ടു. വിവിക്തമായി അതു നോക്കിക്കണ്ടു. ഈ മനോഹരമായ തിര്‍ത്ഥങ്ങളെ താപസന്മാര്‍ വര്‍ജ്ജിക്കുന്നതിന്റെ കാരണമെന്തെന്നു മുനിമാരോടു കൈകുപ്പി നിന്ന്‌ അര്‍ജ്ജുനന്‍ ചോദിച്ചു.

താപസന്മാര്‍ പറഞ്ഞു: ഈ അഞ്ചു തീര്‍ത്ഥങ്ങളില്‍ അഞ്ചു മുതലകളുണ്ട്‌, അവ മുനിമാരെ പിടിച്ചു തിന്നുന്നു. അതു കൊണ്ടാണ്‌ അവയെ വര്‍ജ്ജിക്കുന്നത്‌.

വൈശമ്പായനൻ തുടര്‍ന്നു: ഈ വര്‍ത്തമാനം അറിഞ്ഞപ്പോള്‍ ആ മഹാബാഹു തീര്‍ത്ഥത്തിലേക്കു ചെന്ന്‌ അവയെല്ലാം നല്ലവണ്ണം നോക്കിക്കണ്ടു. മഹര്‍ഷിമാര്‍ തടുത്തു. അര്‍ജ്ജുനാ, പോകല്ലേ, ഇറങ്ങല്ലേ എന്നു പറഞ്ഞ്‌, സൗഭദ്രന്‍ എന്ന മുനിയുടെ പേരുള്ള തീര്‍ത്ഥത്തിലിറങ്ങുമ്പോള്‍ ഓടിവന്നു തടുത്തു. അര്‍ജ്ജുനന്‍ ആ വാക്കിനെ കൂട്ടാക്കാതെ തീര്‍ത്ഥത്തിലിറങ്ങി കുളിച്ചു. അങ്ങനെ ആ ശൂരന്‍ നില്ക്കുമ്പോള്‍ ഒരു ഉഗ്രനായ മുതല വന്ന്‌ അര്‍ജ്ജുനന്റെ കാലില്‍ പിടി കൂടി. പിടയുന്ന നക്രത്തെ അര്‍ജ്ജുനന്‍ ബലമായി പിടിച്ചു കരയിലേക്കു വലിച്ചു കയറ്റി. അര്‍ജ്ജുനന്റെ കരബലത്തെ താങ്ങുവാന്‍ നക്രത്തിന് കഴിഞ്ഞില്ല. യശസ്വിയായ അര്‍ജ്ജുനന്‍ വലിച്ചു കരയ്ക്കു കയറ്റിയ ഉടനെ ആ മുതല പെട്ടെന്നു രൂപം മാറി സുന്ദരിയായ ഒരു സ്ത്രീയായി. അവള്‍ മനോഹരമായ ഭൂഷണങ്ങളും വസ്ത്രങ്ങളും ചാര്‍ത്തി അര്‍ജ്ജുനന്റെ മുമ്പില്‍ വിളങ്ങി. ഭവൃശ്രീ കലര്‍ന്ന ഒരു നാരി ( ഇന്ദ്രജാലം പോലെ ) തന്റെ മുമ്പില്‍ നില്ക്കുന്നതു കണ്ട്‌ അര്‍ജ്ജുനന്‍ അത്ഭുതപ്പെട്ടു. അര്‍ജ്ജുനന്‍ പരമപ്രീതിയോടെ അവളോടുപറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞും അത്ഭുതം! ഹേ, കല്യാണീ, നീ ആരാണ്‌? എന്തു കൊണ്ടാണ്‌ നീ മുതലയായി തീര്‍ന്നത്‌? നീ മുമ്പ്‌ ഇപ്രകാരം സംഭവിക്കുവാന്‍ തക്ക എന്തു പാപം ചെയ്തു?

സ്ത്രീ പറഞ്ഞു: ഞാന്‍ ദേവാരണ്യത്തില്‍ വസിക്കുന്ന അപ്സരസ്സാണ്‌. കുബേരന്റെ ഇഷ്ടയാണ്‌. എന്റെ പേര്‍ വര്‍ഗ്ഗ എന്നാണ്‌. എനിക്കു സഖികളായി നാലു പേരുണ്ട്‌. അവര്‍ ശുഭാംഗിമാരും കാമചാരിണികളുമാണ്‌. ഒരു ദിവസം ഞാന്‍ അവരോടു കൂടി ലോകപാലകന്മാരുടെ ഗൃഹങ്ങളിലേക്കു പോവുകയായിരുന്നു. അങ്ങനെ പോകുമ്പോള്‍ കാട്ടില്‍ വെച്ചു തപസ്സു ചെയ്യുന്ന ഒരു വിപ്രനെ കണ്ടു. ഒറ്റയ്ക്കു സുന്ദരാകാരനായ അവനെ ഞങ്ങള്‍ കണ്ടപ്പോള്‍ ആ കാട്‌ മനോഹരമായി തോന്നി. സൂര്യന്‍ ഉദിച്ചു നില്ക്കുമ്പോലെ, ആ കാട്‌ അദ്ദേഹത്തിന്റെ തേജസ്സാല്‍ പ്രശോഭിക്കുന്നു! അതുല്യമായ തേജസ്സും നല്ല അഴകും കണ്ട ഞങ്ങള്‍ അദ്ദേഹത്തിന്റെ സമീപത്തു ചെന്നിറങ്ങി നിന്നു. ആ മുനിയുടെ തപസ്സിനു വിഘ്നം വരുത്തുവാനാണ്‌ ഞങ്ങള്‍ ശ്രമിച്ചത്‌. ഞാനും സൗരഭേയിയും സമീചിയും ബുല്‍ബുദയും ലതയും കൂടി അദ്ദേഹത്തിന്റെ സമീപത്ത്‌ ഒരുമിച്ചെത്തി. പാടിയും പുഞ്ചിരി തൂകിയും മുനീന്ദ്രനെ മയക്കുവാന്‍ വേണ്ട ശ്രമം ചെയ്തു. അദ്ദേഹം ഞങ്ങളില്‍ ലേശവും ആശ വെച്ചില്ല. ആ തപസ്സിൽ ഏര്‍പ്പെട്ടിരിക്കുന്ന അവന്റെ മനസ്സിന് യാതൊരു കുലുക്കവുമുണ്ടായില്ല. ഞങ്ങളെ ആ മുനി കോപത്തോടെ ശപിച്ചു, നിങ്ങള്‍ അഞ്ചുപേരും മുതലകളായി നൂറ്റാണ്ടുകാലം വാഴുക എന്ന്! 

217. അര്‍ജ്ജുനന്റെ തീര്‍ത്ഥയാത്ര - വര്‍ഗ്ഗകഥ തുടര്‍ന്നു: ഭാരതോത്തമാ! ഉടനെ ഞങ്ങള്‍ ഭയപ്പെട്ട്‌ ആ താപസമുഖ്യനെ കൈകൂപ്പി വിലപിച്ചു പറഞ്ഞു: രൂപയൗവനങ്ങള്‍ കൊണ്ട്‌ കന്ദര്‍പ്പദര്‍പ്പം കലര്‍ന്ന ഞങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഒരു അയുക്തം പ്രവര്‍ത്തിച്ചു പോയി. ഭവാന്‍ പൊറുക്കണേ, ക്ഷമിക്കണേ! സംശിതവ്രതനായ ഭവാനെ ഭ്രമിപ്പിക്കുവാന്‍ ശ്രമിച്ച ഞങ്ങള്‍ വധശിക്ഷയ്ക്കര്‍ഹരാണ്‌. അബലമാര്‍ അവദ്ധ്യമാണെന്നാണല്ലോ ധര്‍മ്മചാരികള്‍ പറയുന്നത്‌. അതോര്‍ത്ത്‌ ഭവാന്‍ ധര്‍മ്മം രക്ഷിച്ചാലും! ഞങ്ങളെ ഹിംസിക്കരുതേ!! സര്‍വ്വഭൂതങ്ങളിലും സ്നേഹമേറുന്നവനാണ്‌ വിപ്രന്‍ എന്നാണല്ലോ കേള്‍വി. പണ്ഡിതന്മാര്‍ അങ്ങനെ പറയുന്നു. മംഗളമായ ആ ചൊല്ല്‌ സത്യമാക്കേണമേ! ശരണം പ്രാപിക്കുന്നവരെ ശിഷ്ടന്മാര്‍ രക്ഷിക്കും. ഞങ്ങള്‍ക്കു ഭവാന്‍ മാത്രമാണ്‌ ശരണം! കുറ്റങ്ങളൊക്കെ പൊറുക്കേണമേ!

ഞങ്ങള്‍ ഇങ്ങനെ താണുകേണപേക്ഷിച്ചപ്പോള്‍ ധര്‍മ്മജ്ഞനും ശുഭകൃത്തുമായ ആ വിപ്രന്‍, സൂര്യനെപ്പോലെ തീക്ഷ്ണനാണെങ്കിലും ചന്ദ്രനെപ്പോലെ ശീതളനായ ആ താപസികന്‍, ഞങ്ങളില്‍ പ്രസാദിച്ചു. ആയിരം പതിനായിരം എന്നു പറഞ്ഞാല്‍ അനന്തം എന്നാണര്‍ത്ഥം. പക്ഷേ, ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഉദ്ദേശിച്ചത്‌ നൂറു കൊല്ലം എന്നാണ്‌ എന്നു പറഞ്ഞ്‌ ആ ബ്രാഹ്മണന്‍ ഇങ്ങനെ തുടര്‍ന്നു.

ബ്രാഹ്മണന്‍ പറഞ്ഞു: ഗ്രാഹങ്ങളായി പുരുഷന്മാരെ ഗ്രഹിക്കുന്ന സുന്ദരികളായ നിങ്ങളെ വെള്ളത്തില്‍ നിന്നു കയറ്റുവാന്‍ ഒരു മഹാവീരന്‍ എത്തും. അവന്‍ എന്നു കയറ്റുന്നുവോ അന്നു നിങ്ങള്‍ എല്ലാവരും സ്വന്തമായ. രൂപത്തെ പ്രാപിക്കും. നേരമ്പോക്കായിട്ടു പോലും ഞാന്‍ അനൃതം പറയുന്നവനല്ല. അന്നു മുതല്‍ ആ തീര്‍ത്ഥങ്ങളൊക്കെ നാരീ തീര്‍ത്ഥങ്ങള്‍ എന്നു പ്രസിദ്ധി പ്രാപിച്ച്‌ അറിയപ്പെടും. പുണ്യവും പാപവിമോചകവുമായി അവയെ ബുദ്ധിമാന്മാരും ധര്‍മ്മിഷ്ഠരും കരുതും.

വര്‍ഗ്ഗ പറഞ്ഞു: ഞങ്ങള്‍ ആ വിപ്രനെ കൈകൂപ്പി വലം വെച്ചു പോന്നു. വലിയ ദുഃഖത്തോടെ ഞങ്ങള്‍ പരസ്പരം ചിന്തിച്ചു; നാം എവിടെ ചെന്നു കൂടീട്ടു വേണം സ്വല്പദിനം കൊണ്ട്‌ പൂര്‍വ്വസ്വരൂപം തരുന്ന ആ നരനെ കാണുക? ഒട്ടുനേരം വിചാരിച്ചിരുന്നതിന്റെ ശേഷം ഞങ്ങള്‍ മഹാത്മാവായ നാരദ മഹര്‍ഷിയെ കണ്ടു കൈകൂപ്പി. ഞങ്ങള്‍ നാണിച്ച്‌ അദ്ദേഹത്തിന്റെ മുമ്പില്‍ തല കുനിച്ചു. അപ്പോള്‍ മുനി ഞങ്ങളുടെ ദുഃഖത്തിന്റെ കാരണമെന്തെന്നു ചോദിച്ചു. ഞങ്ങള്‍ നടന്ന സംഭവമെല്ലാം വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ടതിന് ശേഷം മുനി ഇപ്രകാരം മറുപടി പറഞ്ഞു.

നാരദന്‍ പറഞ്ഞു: തെക്കേക്കരയില്‍ പുണ്യങ്ങളും രമൃങ്ങളുമായ തീര്‍ത്ഥങ്ങളുണ്ട്‌. അവിടെ നിങ്ങള്‍ പോയി ചെന്നു കൂടുവിന്‍! അവിടെ വീരനായ പാണ്ഡുപുത്രന്‍, ധനഞ്ജയന്‍, എത്തും. അവന്‍ നിങ്ങളെ ദുഃഖത്തില്‍ നിന്നു നിസ്സംശയം മോചിപ്പിക്കും.

വര്‍ഗ്ഗ പറഞ്ഞു: ഇപ്രകാരം മുനി പറഞ്ഞത് കേട്ട്‌ ഞങ്ങള്‍ പോന്നു. അത്‌ ഇപ്പോള്‍ സത്യമായി വന്നു. എന്റെ തോഴിമാര്‍ നാലുപേര്‍ ആ ജലത്തില്‍ കിടക്കുന്നു. ഹേ, വീരാ! ശുഭകര്‍മ്മം ചെയ്താലും! അവര്‍ക്കും ശാപമോക്ഷം നല്കിയാലും!

വൈശമ്പായനൻ പറഞ്ഞു: ഉടനെ ധനഞ്ജയന്‍ അവരെ എല്ലാവരേയും നന്ദിയോടെ ആ ശാപത്തില്‍ നിന്നു മോചിപ്പിച്ചു. വെള്ളത്തില്‍ നിന്നു കയറി സ്വന്തം രൂപം എടുത്ത്‌ ആ അപ്സരസ്ത്രീകള്‍ മുമ്പത്തെ രൂപത്തില്‍ വിളങ്ങി. കര്‍മ്മകുശലനായ അര്‍ജ്ജുനന്‍ തീര്‍ത്ഥശുദ്ധി വരുത്തി അവര്‍ക്ക്‌ പോകുവാന്‍ അനുവാദം നല്കി! വീണ്ടും ചിത്രാംഗദയെ കാണുവാന്‍ മണിപുരത്തിലേക്കു മടങ്ങി. അവളില്‍ തനിക്കുണ്ടായ ബഭ്രുവാഹനന്‍ എന്ന പുത്രനെ കണ്ടു.

പാര്‍ത്ഥന്‍ ചിത്രവാഹനനോട്‌ പറഞ്ഞു: ചിത്രാംഗദയ്ക്കുള്ള ശുല്ക്കമായി ഇതാ പുത്രനായ ബഭ്രുവാഹനന്‍. ഇവനെ നല്കി ഞാന്‍ ഭവാന്റെ കടം വീട്ടിയിരിക്കുന്നു.

പിന്നെ ചിത്രാംഗദയോട്‌ പറഞ്ഞു: നീ ഇവിടെ പാര്‍ത്ത്‌ ബഭ്രുവാഹനനെ വളര്‍ത്തുക. പിന്നീട്‌ എന്റെ വാസസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തില്‍ വന്നു രമിക്കാം. കുന്തിപുത്രനായ ഭീമനും എന്റെ അനുജന്മാരും ഒക്കെ അവിടെയുണ്ട്‌. അവരേയും മറ്റു ബന്ധജനങ്ങളെയുമൊക്കെ അവിടെ വന്നു കാണാം. സകല ബന്ധുജനങ്ങളോടും കൂടി ഭവതി അവിടെ വന്നു സുഖമായി പാര്‍ക്കാനിടവരും. ധര്‍മ്മപുത്രനും ധര്‍മ്മിഷ്ഠനുമായ യുധിഷ്ഠിരന്‍ ഭൂമിയൊക്കെ ജയിച്ച്‌ രാജസൂയം കഴിക്കും. അന്ന്‌ ലോകത്തിലുള്ള രാജാക്കന്മാരൊക്കെ അവിടെ എത്തും. വളരെ വിശിഷ്ട രത്നങ്ങളുമായി നിന്റെ അച്ഛനും അവിടെ എത്തും. അന്ന്‌ അച്ഛനോടു കൂടി നീ വന്നു കൊള്ളുക! അന്ന്‌ രാജസൂയത്തില്‍ വെച്ച്‌ ഞാന്‍ പുത്രനെ കണ്ടു കൊള്ളാം. നീ ദുഃഖിക്കാതെ മകനെ സംരക്ഷിക്കുക. ലോകത്തില്‍ നില്ക്കുന്ന എന്റെ പ്രാണന്‍ ബഭ്രുവാഹനനാണ്‌. അതു കൊണ്ട്‌, വംശകരനായ ഈ പുത്രനെ നീ പാലിക്കുക. വീരനന്ദനനായ ഇവന്‍ ചിത്രവാഹനദായാദനും ധര്‍മ്മത്താല്‍ പൗരവനും ആണ്‌. പാണ്ഡവന്മാരുടെ ഇഷ്ടപുത്രനും കൂടിയായ ഇവനെ നീ പാലിക്കുക. വിരഹം കൊണ്ട്‌ നീ സന്തപിക്കരുത്‌.

വൈശമ്പായനൻ പറഞ്ഞു: ചിത്രാംഗദയോട്‌ ഇപ്രകാരം സാന്ത്വോക്തി ചൊല്ലി യാത്രപറഞ്ഞ്‌ അര്‍ജ്ജുനന്‍ ഗോകര്‍ണ്ണത്തിലെത്തി. സന്ദര്‍ശനം കൊണ്ടു തന്നെ മോക്ഷദമായ ക്ഷേത്രമാണ്‌ ഗോകര്‍ണ്ണം. ശിവന്റെ സ്ഥാനമാണവിടം. പാപികള്‍ക്കു പോലും മോക്ഷം ലഭിക്കുന്ന പുണ്യ സ്ഥലമാണ്‌ ഗോകര്‍ണ്ണം.

218. അര്‍ജ്ജുന ദ്വാരകാഗമനം - വൈശമ്പായനൻപറഞ്ഞു: പരാക്രമിയായ അര്‍ജ്ജുനന്‍ അവിടെ നിന്നു നടന്ന്‌ പടിഞ്ഞാറെ കടലോരങ്ങളിലൂടെ സഞ്ചരിച്ച്‌ അവിടെയുള്ള പുണ്യതീര്‍ത്ഥങ്ങളും, മഹാക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത്‌ ക്ഷേത്രങ്ങളില്‍ ആരാധന നടത്തി. അങ്ങനെ അവിടെ നിന്ന്‌ നടന്ന്‌ പ്രഭാസത്തില്‍ ചെന്നു ചേര്‍ന്നു. അര്‍ജ്ജുനന്‍ തീര്‍ത്ഥയാത്രയിൽ ആണെന്നും, പ്രഭാസത്തിൽ എത്തിയിരിക്കുന്നു എന്നുമുള്ള വൃത്താന്തം കൃഷ്ണന്റെ ചെവിയിലെത്തി.

ഉടനെ കൃഷ്ണന്‍ പുറപ്പെട്ട്‌ പ്രഭാസത്തിൽ ചെന്ന്‌ അര്‍ജ്ജുനനെ കണ്ടു. അവര്‍ തമ്മില്‍ കുശലപ്രശ്നം ചെയ്ത്‌ പരസ്പരം തഴുകി വനത്തില്‍ ഇരുന്നു. അവര്‍ നരനും നാരായണനുമാകുന്ന പൂര്‍വ്വര്‍ഷികളും മിത്രങ്ങളുമാണ്‌.

കൃഷ്ണന്‍ ചോദിച്ചു; അല്ലയോ അര്‍ജ്ജുനാ! നീ എന്താണ്‌ ഈ തീര്‍ത്ഥയാത്രയ്ക്ക് ഇറങ്ങിയത്‌?

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ എല്ലാ ചരിത്രങ്ങളും വിശദമായി കൃഷ്ണനോടു പറഞ്ഞു. അതുകേട്ട്‌ കൃഷ്ണന്‍, അങ്ങനെയോ, കൊള്ളാം എന്നു മറുപടി പറഞ്ഞു.

കൃഷ്ണാര്‍ജ്ജുനന്മാര്‍ പ്രഭാസത്തില്‍ യഥേഷ്ടം കുറച്ചു സമയം വിനോദിച്ചതിന് ശേഷം കുറച്ചു ദിവസം രൈവതകത്തില്‍ കൂടാമെന്നു പറഞ്ഞ്‌ രൈവതകത്തില്‍ ചെന്നു. കൃഷ്ണന്റെ കല്പന പ്രകാരം കൃഷ്ണന്റെ ആള്‍ക്കാര്‍ കാലേ. കൂട്ടി തന്നെ ആ പര്‍വ്വതത്തില്‍ താമസിക്കുന്നതിന് വേണ്ട സകല സൗകര്യവും സജ്ജീകരിച്ചിരുന്നു. ഇഷ്ടം പോലെയുള്ള ആഹാര പദാര്‍ത്ഥങ്ങളും തയ്യാറാക്കിയിരുന്നു. അര്‍ജ്ജുനന്‍ ആ സല്ക്കാരങ്ങളെല്ലാം സ്വീകരിച്ചും, അന്നപാനാദികള്‍ കഴിച്ചും, കൃഷ്ണനോടു കൂടിയിരുന്ന്‌ നടന്മാരുടേയും, നര്‍ത്തകന്മാരുടേയും കലാപ്രകടനങ്ങള്‍ കണ്ടു. അവരുടെ പ്രകടനങ്ങളില്‍ സന്തുഷ്ടനായ അര്‍ജ്ജുനന്‍ അവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്കി ബഹുമാനിച്ചു. യഥോചിതം അവരെ സല്ക്കരിച്ചതിന് ശേഷം മഹാവീരനായ പാണ്ഡവന്‍ അവിടെ വിരിച്ചു തയ്യാറാക്കിയ മഞ്ചത്തില്‍ കിടന്നു.

അങ്ങനെ ഉറങ്ങുവാന്‍ മെത്തയില്‍ കിടക്കുന്ന അവര്‍ പരസ്പരം സംസാരിക്കുവാന്‍ തുടങ്ങി. അര്‍ജ്ജുനന്‍ തന്റെ ഈ തീര്‍ത്ഥയാത്രയില്‍ കണ്ട തീര്‍ത്ഥങ്ങളെപ്പറ്റിയും, പര്‍വ്വതങ്ങളെപ്പറ്റിയും, നദികളെപ്പറ്റിയും വനങ്ങളെപ്പറ്റിയും അവിടെ കണ്ട അത്ഭുതകരമായ കാഴ്ചകളെപ്പറ്റിയും മറ്റുമുള്ള കഥകള്‍ കൃഷ്ണനോടു പറഞ്ഞു. അങ്ങനെ കഥകള്‍ പലതും പറഞ്ഞ്‌ സ്വര്‍ഗ്ഗസുഖം തോന്നിക്കുന്ന മെത്തയില്‍ കിടന്ന്‌ ഉറങ്ങിപ്പോയതറിഞ്ഞില്ല.

ശ്രവണസുഖം നല്കുന്ന മധുരമായ സംഗീതം, രമണീയമായ വീണാനാദം, മംഗളസ്തോത്രങ്ങള്‍ എന്നിവ കേട്ടു കൊണ്ട്‌ പ്രഭാതത്തില്‍ അര്‍ജ്ജുനന്‍ ഉണര്‍ന്നു. കൃഷ്ണനാൽ അഭിനന്ദിതനായ അര്‍ജ്ജുനന്‍ കാലേ തന്നെ നിതൃകര്‍മ്മങ്ങളെല്ലാം ചെയ്തു കഴിഞ്ഞതില്‍ പിന്നെ, പൊന്മയമായ തേരില്‍ കയറി കൃഷ്ണനുമൊന്നിച്ച്‌ ദ്വാരകയിലേക്കു പോയി. അര്‍ജ്ജുനനെ സ്വീകരിക്കുവാന്‍ അപ്പോള്‍ ദ്വാരക മുഴുവന്‍ മനോഹരമായി അലകരിച്ചിരിക്കുന്നത്‌ കണ്ടു. ദ്വാരകയിലെ ഭവനോദ്യാനങ്ങള്‍ പോലും അലങ്കരിക്കപ്പെട്ടിരുന്നു. ദ്വാരകാപുരിയിലെ ജനങ്ങള്‍ അര്‍ജ്ജുനനെ കാണുവാന്‍ ആശയോടു കൂടി കൂട്ടംകൂട്ടമായി പ്രധാനമാര്‍ഗ്ഗത്തിന്റെ ഇരുവശങ്ങളിലും തിങ്ങിക്കൂടി നിരന്നു. തട്ടിന്റെ മുകളില്‍ നിന്ന്‌ ജനാലകളില്‍ കൂടിയും ഗോപുരങ്ങളില്‍ കയറിയും വെണ്മാടത്തട്ടുകളില്‍ കയറിയും, സ്ത്രീകളും കുട്ടികളും മറ്റുമായ വൃഷ്ണികള്‍, ഭോജന്മാര്‍, അന്ധകന്മാര്‍ എന്നിങ്ങനെ പല സംഘത്തില്‍പ്പെട്ടവരും കൂട്ടം കൂട്ടമായി അര്‍ജ്ജുനനെ ബഹുമാനിക്കുവാനായി തിങ്ങി നിന്നു.

അര്‍ജ്ജുനന്‍ ഭോജന്മാരാലും വൃഷ്ണികളാലും അന്ധകന്മാരാലും മറ്റുള്ള എല്ലാവരാലും സല്‍ക്കരിക്കപ്പെട്ടു. അര്‍ജ്ജുനന്‍ തൊഴുകൈയോടെ അവരെ വന്ദിച്ചു. എല്ലാവരാലും അര്‍ജ്ജുനന്‍ അഭിനന്ദിക്കപ്പെട്ടു. അങ്ങനെ അര്‍ജ്ജുനന്‍ ദ്വാരകയില്‍ പ്രവേശിച്ചു.

അങ്ങനെ വീരനായ അര്‍ജ്ജുനന്‍ എല്ലായിടത്തും കൃഷ്ണന്റേയും മറ്റുള്ള വീരന്മാരുടേയും സല്‍ക്കാരമേറ്റ്‌ അഭിനന്ദിച്ചും സമവയസ്കരോട്‌ കൂട്ടു ചേര്‍ന്നും ഗാഢമായി ആലിംഗനം ചെയ്ത്‌ ഉല്ലസിച്ചും, അതിവിശിഷ്ടമായ രത്നങ്ങളും, സുഖകരമായ ഭക്ഷ്യങ്ങളും നിറഞ്ഞ ശ്രീകൃഷ്ണന്റെ ഭവനത്തില്‍ കൃഷ്ണനുമൊന്നിച്ച്‌ അനേകം നാള്‍ താമസിച്ചു.

സുഭദ്രാഹരണപര്‍വ്വം

219. യുധിഷ്ഠിരാനുജഞ - വൈശമ്പായനൻ പറഞ്ഞു: പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രൈവതക പര്‍വ്വതത്തില്‍ യാദവന്മാരുടെ വകയായി വലിയ ഒരു ഉത്സവം നടത്തപ്പെടുവാനായി ഒരുക്കങ്ങള്‍ തുടങ്ങി. ഉത്സവം പ്രമാണിച്ചു ഭൂസുരന്മാര്‍ക്ക്‌ അസംഖ്യം ദാനധര്‍മ്മാദികള്‍ ചെയ്തു. ജനമേജയ രാജാവേ, അവര്‍ രൈവതക പർവ്വതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അലങ്കരിച്ചു; പ്രാസാദപംക്തികള്‍ രത്നവിചിത്രങ്ങളായി ശോഭകൂട്ടി.

അവിടെ ഭംഗിയായി ദീപസ്തംഭങ്ങള്‍ നാട്ടി. അനവധി വാദക്കാര്‍ അവിടെ കൂടി. വാദ്യഘോഷങ്ങള്‍ കൊണ്ട്‌ അവിടം മുഖരിതമായി. യാദവകുമാരന്മാര്‍ അലങ്കരിച്ച്‌ പൊന്നണിഞ്ഞ വാഹനങ്ങളില്‍ കയറി, എങ്ങും പ്രകാശിച്ചു. പൗരന്മാര്‍ കാല്‍നടയായും, ഓരോ വാഹനങ്ങളില്‍ കയറിയും വന്നെത്തി. ഭാര്യമാരും അകമ്പടിയുമായി അവിടെ ധാരാളം പുരുഷാരം വന്നു കൂടി. മദ്യമദോന്മത്തനായ ബലഭദ്രരന്‍ രേവതീദേവിയോടു കൂടി ഗാനഗന്ധര്‍വവന്മാരുടെ മുമ്പിലായി സഞ്ചരിച്ചു. അപ്രകാരം യദുരാജാവായ ഉഗ്രസേനന്‍ ഗായകന്മാരുടെ സ്തുതി കേട്ട്‌ അവരുമൊത്ത്‌ അനവധി സ്ത്രീജനങ്ങളോടും കൂടി സഞ്ചരിച്ചു. അരിദുര്‍ജ്ജയന്മാരായ പ്രദ്യുമ്നനും, സാംബനും, മധുമത്തരായി ദിവ്യമാല്യങ്ങള്‍ ചാര്‍ത്തി, സുരോപമന്മാരായി അവിടെ വിഹരിച്ചു നടന്നു. അക്രൂരന്‍, സാരണന്‍, ഗദന്‍, ബഭ്രു, വിദൂരഥന്‍, നിശഠന്‍, ചാരുദേഷ്ണന്‍, വിപൃഥു, സത്യകന്‍, സാതൃകി, ഭംഗകാരന്‍, മഹാരവന്‍, ഹാര്‍ദ്ദിക്യന്‍, ഉദ്ധവന്‍ മുതലായ യദുവീരന്മാരും അവരുടെ സ്ത്രീജനങ്ങളുമായി വീണാവേണു മൃദംഗ ശംഖ പടഹ ധ്വാനാദികളോടു കൂടി രൈവതഗിരിയില്‍ നടക്കുന്ന മഹോത്സവത്തിലേക്ക്‌ വന്നു ചേര്‍ന്ന്‌ ഉത്സവത്തെ മോടി പിടിപ്പിച്ചു! ഉത്സവത്തില്‍ വന്നു ചേര്‍ന്ന്‌, പല വിധത്തില്‍ ആശ്ചര്യ കൗതുകങ്ങള്‍ വളര്‍ത്തുന്ന കൗതൂഹലവും ഉത്സവാനന്ദവും കണ്ടു കൊണ്ട്‌ അവിടെ പാര്‍ത്ഥനും വാസുദേവനും മന്ദം സഞ്ചരിച്ചു. ആ സമയത്ത്‌ ഒരിടത്ത്‌ മനോഹരമായി ചമഞ്ഞ്‌, തോഴിമാരുടെ ഇടയില്‍ നിൽക്കുന്ന സുഭദ്രയെ കണ്ടു. അവളെ കണ്ട ഉടനെ അര്‍ജ്ജുനന്റെ ഹൃദയത്തില്‍ മനോഭവന്‍ ഉണര്‍ന്നു. അര്‍ജ്ജുനന്‍ എന്തോ വിചാരത്തില്‍ മനസ്സുറപ്പിച്ചു നില്ക്കുന്നതായി കൃഷ്ണന്‍ കണ്ടു. കൃഷ്ണന്‍ അര്‍ജ്ജുനന്റെ ഭാവവ്യത്യാസം കണ്ട്‌ ഒരു പുഞ്ചിരിയോടെ അര്‍ജ്ജുനനോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: സന്യാസിയായ നിന്റെ മനസ്സ്‌ എന്താണ്‌ മന്മഥന്‍ ഇളക്കുന്ന തീര്‍ത്ഥാടനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്‌? അര്‍ജ്ജുനാ! പറയു; ഈ കന്യക എന്റെ അനുജത്തിയാണ്‌. സാരണന്റെ സഹോദരിയാണ്‌. നിനക്ക്‌ ഇവളില്‍ ആശയുണ്ടെങ്കില്‍ ഞാന്‍ അച്ഛനോട്‌ ഇക്കാര്യം പറയാം.

വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്‍ പുഞ്ചിരി തൂകി തന്നോടു പറഞ്ഞ വാക്കിന് മറുപടിയായി പാര്‍ത്ഥനും സസ്മിതം പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു; - വസുദേവരുടെ പുത്രിയും, കൃഷ്ണന്റെ പെങ്ങളും, സൗന്ദര്യം തികഞ്ഞവളുമായ ഈ കന്യക, ആരുടെ ഹൃദയത്തെയാണ്‌ മോഹിപ്പിക്കാതിരിക്കുക? അങ്ങയുടെ സോദരിയായ ഈ കനൃക എന്റെ വല്ലഭയായാൽ എനിക്ക്‌ എല്ലാ കല്യാണവും പരിപൂര്‍ണ്ണമാകും എന്നുള്ളതില്‍ സംശയമില്ല. സുഭദ്രയെ കിട്ടുവാനുള്ള ഉപായം എന്താണെന്ന്‌ എനിക്ക്‌ പറഞ്ഞു തരണം. ജനാര്‍ദ്ദന! ഒരു മനുഷ്യന് ചെയ്യാവുന്ന സകല യത്നവും ഞാന്‍ അതിന് വേണ്ടി ചെയ്യാം.

വാസുദേവന്‍ പറഞ്ഞു: രാജാക്കന്മാര്‍ക്കു വിധിച്ച മാര്‍ഗ്ഗം സ്വയംവരമാണ്‌. അത്‌ ഇവിടെ സ്വീകാര്യമല്ല. കാരണം, അതില്‍ ഉറപ്പിച്ചിരുന്നു കൂടല്ലോ? സ്ത്രീഹൃദയം പുരുഷന്റെ പാണ്ഡിത്യത്തേയോ ശൗര്യത്തേയോ മറ്റു ഗുണങ്ങളേയോ അറിഞ്ഞില്ലെന്നു വരാം. കാഴ്ചയില്‍ സുന്ദരനായി തോന്നുന്നവനെ അവള്‍ കാംക്ഷിക്കാം. ക്ഷത്രിയര്‍ക്ക്‌ ഹരണക്രിയയും പ്രസിദ്ധമായ മാര്‍ഗ്ഗമാണ്‌. കന്യകമാരെ വിവാഹം കഴിക്കുവാന്‍ അതു സ്വീകാരൃമായ ധര്‍മ്മമാണെന്ന്‌ ധര്‍മ്മജ്ഞന്മാര്‍ പറയുന്നുണ്ട്‌. അതുകൊണ്ട്‌ അര്‍ജ്ജുനാ, ഭവാന്‍ എന്റെ സഹോദരിയെ ബലമായി അപഹരിച്ചു കൊണ്ട്‌ പൊയ്ക്കൊള്ളുക. നീ അങ്ങനെ ചെയ്യുമെന്ന്‌ ആരും അറിയുകയില്ല ( സുഭദ്ര രോഹിണിയുടെ പുത്രിയാണ്‌. കൃഷ്ണനും സുഭകയും ഒരേ അച്ഛന്റെ മക്കളാണ്‌. അമ്മ വേറെയാണ്‌ ).

വൈശമ്പായനന്‍ പറഞ്ഞു: കൃഷ്ണാര്‍ജ്ജുനന്മാര്‍ ഇങ്ങനെ കാര്യം തീര്‍ച്ചപ്പെടുത്തി; വേഗത്തില്‍ പോകുവാന്‍ കഴിവുള്ളവരെ വിളിച്ച്‌ ഇന്ദ്രപ്രസ്ഥത്തില്‍ വാഴുന്ന ധര്‍മ്മപുത്രനെ വിവരം അറിയിച്ചു. ദൂതന്മാരില്‍ നിന്നു വിവരം അറിഞ്ഞ യുധിഷ്ഠിരന്‍ അതിന്‌ സമ്മതവും നല്കി.

220. ബലദേവക്രോധം - വൈശമ്പായനൻ പറഞ്ഞു: ഹേ, ജനമേജയാ! ധര്‍മ്മപുത്രനില്‍ നിന്ന്‌ അനുവാദം ലഭിച്ചതിന് ശേഷം ഭാരത കുലശ്രേഷ്ഠനായ ധനഞ്ജയന്‍, രൈവതകത്തില്‍ സുഭദ്ര എത്തിയിട്ടുണ്ട് എന്നറിഞ്ഞു. കൃഷ്ണന്റെ സമ്മതം വാങ്ങി അനന്തര കരണീയത്തെ കുറിച്ച്‌ സംസാരിച്ച്‌ ഉറപ്പിച്ചു. ശൈബ്യന്‍, സുഗ്രീവന്‍ എന്ന രണ്ടു കുതിരകളെ കെട്ടിയതും, മാലയുടെ മാതിരിയില്‍ കിങ്ങിണികള്‍ ചാര്‍ത്തിയതും, സകലവിധ ആയുധങ്ങള്‍ കയറ്റിയതും, മേഘഗര്‍ജ്ജനം പോലെ ശബ്ദം മുഴക്കുന്നതും, അഗ്നി പോലെ പ്രകാശിക്കുന്നതും, ശത്രുക്കള്‍ക്കു വിഷമം തോന്നിക്കുന്നതും, പൊന്മയമായി വിളങ്ങുന്നതുമായ തേരില്‍ കയറി അര്‍ജ്ജുനന്‍ പോയി. പുരുഷശ്രേഷ്ഠനായ അര്‍ജ്ജുനന്‍ ചട്ടയിട്ട്‌ ഖഡ്ഗം ധരിച്ച്‌ അമ്പുറയും കയ്യുറയും ധരിച്ച്‌, നായാട്ടിനാണെന്ന ഭാവത്തില്‍ യാത്ര തിരിച്ചു.

ആ സമയത്ത്‌ സുഭദ്ര പർവ്വതത്തേയും ധര്‍മ്മദൈവങ്ങളേയും വന്ദിച്ച്‌ ബ്രാഹ്മണരെ വണങ്ങി പര്‍വ്വതത്തെ പ്രദക്ഷിണം വെച്ച്‌ ദ്വാരകയിലേക്കു പോകുവാന്‍ ഭാവിക്കുകയായിരുന്നു. പെട്ടെന്ന്‌ അര്‍ജ്ജുനന്‍ അവളുടെ മുമ്പില്‍ ചെന്ന്‌ അവളെ ബലമായി പിടിച്ച്‌ തേരില്‍ക്കയറ്റി. വീരനായ അര്‍ജ്ജുനന്‍ പുഞ്ചിരി തൂകിക്കൊണ്ടിരുന്ന സുഭദ്രയെ കൈക്കൊണ്ട ശേഷം അതിവേഗമുള്ള തേര്‍ ഓടിച്ചു തന്റെ പുരിയെ ലക്ഷ്യമാക്കി പോയി.

സുഭദ്രയെ അര്‍ജ്ജുനന്‍ ബലമായി അപഹരിക്കുന്നതു കണ്ട സൈന്യങ്ങള്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു കൊണ്ട്‌ ദ്വാരകയിലേക്ക്‌ ഓടി. അര്‍ജ്ജുനന്‍ ചെയ്ത വിക്രമങ്ങളെ സഭാപാലനോട്‌ പറഞ്ഞു.

സൈനികര്‍ പറഞ്ഞതു കേട്ട്‌ സഭാദ്ധ്യക്ഷന്‍, സകലരും ഉടനെ തയ്യാറായിക്കൊള്ളുവിന്‍ എന്ന് അറിയിക്കുന്ന മഹാസ്വനമുണ്ടാക്കുന്ന പെരുമ്പറയടിച്ചു മുഴക്കി. പെരുമ്പറയുടെ ശബ്ദം കേട്ട്‌ ഉടനെ, തിന്നും കുടിച്ചും ഇരിക്കുന്ന വൃഷ്ണ്യന്ധക ഭോജന്മാരെല്ലാം പെട്ടെന്ന്‌ എല്ലാം നിര്‍ത്തി വെച്ച്‌ സഭയിലേക്ക്‌ ഓടിച്ചെന്നു. അവര്‍ വല്ലാതെ ക്ഷോഭിച്ചിരുന്നു. സഭാപാലന്‍ എല്ലാവരോടും സഭയില്‍ ഇരിക്കുവാന്‍ ആജ്ഞാപിച്ചു. അപ്പോള്‍ സ്വര്‍ണ്ണചിത്രപ്പണി കൊണ്ട്‌ അലങ്കരിച്ചതും മണിവിദ്രുമ ചിത്രങ്ങള്‍ ചേര്‍ന്നതുമായ സിംഹാസനങ്ങളില്‍ വൃഷ്ണിവീരന്മാര്‍, കത്തിജ്ജ്വലിക്കുന്ന അഗ്നികള്‍ പോലെ ശോഭിച്ചു. ദേവസദസ്സു പോലെ ആ യാദവസംഘം ആസനസ്ഥരായപ്പോള്‍ സഭാപാലന്‍ അര്‍ജ്ജുനന്റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിച്ചു. സഭാപാലന്‍ പറഞ്ഞതു കേട്ട്‌ ആ യാദവവീരന്മാര്‍ മദം കൊണ്ട്‌ കടക്കണ്ണു ചുവന്ന്‌ പാര്‍ത്ഥന്റെ ധിക്കാര പ്രവൃത്തിയില്‍ സഹിക്കാതെ അഹങ്കാരത്തോടെ ചാടിയെഴുന്നേറ്റു. അവര്‍ വിളിച്ചു പറഞ്ഞു: തേരില്‍ കുതിരകളെ പൂട്ടുവിന്‍! കുന്തമെടുക്കുവിന്‍! വലിയ വില്ലും മാര്‍ച്ചട്ടയും ധരിക്കുവിന്‍!

വൈശമ്പായനൻ പറഞ്ഞു: മറ്റു ചിലര്‍ സൂതന്മാരെ വിളിച്ച്‌ തേര്‍ തയ്യാറാക്കുവാന്‍ കല്പിച്ചു. വേറെ ചിലര്‍ പൊന്‍പരിവട്ട മണിഞ്ഞ കുതിരകളെ തനിയേ ഓടിച്ചു.

തേരും പടച്ചട്ടയും കൊടിയും കൊണ്ടു വരുന്നതു കണ്ട്‌ വീരന്മാര്‍ അട്ടഹാസം മുഴക്കി. അങ്ങനെ വലിയ ശബ്ദകോലാഹലവും തിരക്കുമുണ്ടായി.

വനമാലയണിഞ്ഞവനും, മധുപാനം കൊണ്ടു മത്തനും, കൈലാസ പര്‍വ്വതത്തിന്റെ കൊടുമുടി പോലെ ശുഭ്രവര്‍ണ്ണമായി ശോഭിക്കുന്നവനും, നീലാംബരം ധരിച്ചവനുമായ ബലരാമന്‍ഇപ്രകാരം പറഞ്ഞു.

ബലരാമന്‍ പറഞ്ഞു: ബുദ്ധിയില്ലാത്ത മണ്ടന്മാരേ, കൃഷ്ണന്‍ മിണ്ടാതിരിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ എന്താണീ ചെയുന്നത്‌! അവന്റെ അഭിപ്രായം അറിയാതെ നിങ്ങളുടെ ഈ ഗര്‍ജ്ജനം കൊണ്ടെന്തു കാര്യം? മഹാബുദ്ധിമാനായ കൃഷ്ണന്‍ അവന്റെ സ്വന്തം അഭിപ്രായമെന്താണെന്നു പറയട്ടെ! അവന്‍ പറയുന്നതെന്തോ അതു നിങ്ങള്‍ മടി വിട്ടു ചെയ്തുകൊള്ളുവിന്‍!

വൈശമ്പായനൻ പറഞ്ഞു: ഉടനെ സദസ്സ്‌ ശാന്തമായി. ബലരാമന്‍ പറഞ്ഞതു കാര്യമാണെന്നു തോന്നി എല്ലാവരും മിണ്ടാതിരുന്നു. പിന്നെ "കൊള്ളാം! നല്ലത്‌! നല്ലത്‌", എന്നു പറഞ്ഞ്‌ അവരവരുടെ ഇരിപ്പിടത്തിലിരുന്നു. കൃഷ്ണന്‍ അപ്പോഴും ഒന്നും മിണ്ടുന്നില്ല. ഉടനെ ബലരാമന്‍ ശത്രുസന്താപിയായി കൃഷ്ണനോടു പറഞ്ഞു.

ബലരാമന്‍ പറഞ്ഞു: ഹേ, കൃഷ്ണാ! നീ എന്താണ്‌ ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരിക്കുന്നത്‌ അച്യുതാ! ഞങ്ങള്‍എല്ലാവരും കുന്തിയുടെ പുത്രനെ സല്ക്കരിച്ചു. അതു നിനക്കു വേണ്ടിയാണ്‌. ഇത്തരം കൊള്ളരുതാത്തവനാണ്‌ നിന്റെ സുഹൃത്തെന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഇങ്ങനെ അവനെ ആദരിക്കുക ഇല്ലായിരുന്നു. ആ കഴുവേറി, കുടുംബത്തിന് കളങ്കമായ അവന്‍, ഇത്തരം സല്ക്കാരങ്ങള്‍ക്കു പാത്രമല്ല. ഭക്ഷണം കഴിഞ്ഞതിന് ശേഷം പാത്രം തല്ലിത്തകര്‍ക്കുന്ന കടുംകൈ ചെയ്യുവാന്‍ തറവാട്ടില്‍ പൊട്ടിമുളച്ച ഒറ്റ മനുഷ്യനും മുതിരുകയില്ല.

പുതിയ ബന്ധം ആഗ്രഹിക്കുന്നവനാണെങ്കില്‍ തന്നെ, നമ്മുടെ സല്‍ക്കാരത്തിന് പാത്രമായ ശേഷം, ഐശ്വര്യം ആഗ്രഹിക്കുന്നവൻ ആണെങ്കില്‍, ഇങ്ങനെയൊക്കെ ആലോചന കൂടാതെ പെട്ടെന്നു വല്ല പ്രവൃത്തിയും ചെയ്യുമോ? അവന്‍ നമ്മെയൊക്കെ അപമാനിച്ചു! കൃഷ്ണനെ ധിക്കരിച്ചു! അവന്‍ ബലാല്ക്കാരമായി സുഭദ്രയെ അപഹരിച്ചു. അതേ, അവന്‍ അവന്റെ മരണത്തിന് കാരണഭൂതയായ ദേവതയേയും കൊണ്ടു കടന്നു കളഞ്ഞു. സര്‍പ്പം ചവിട്ടേറ്റ്‌ അനങ്ങാതെ കിടക്കുമോ? അവന്‍ ഇപ്പോള്‍ എന്റെ ശിരസ്സിലല്ലേ ചവിട്ടിയത്‌ എന്താ കൃഷ്ണാ നീ മിണ്ടാതിരിക്കുന്നത്‌. ഇത്‌ ഈ ഞാന്‍ എങ്ങനെ സഹിക്കും? ഈ അര്‍ജ്ജുനന്റെ മര്യാദ കെട്ട പ്രവൃത്തി ഞാന്‍ പൊറുക്കുകയില്ല. ഞാന്‍ ഈ നിമിഷത്തില്‍ കൗരവന്മാരെ മുടിക്കും! ഒരൊറ്റ കൗരവനേയും ഞാന്‍ ഭൂമിയില്‍ ബാക്കി വച്ചേക്കുകയില്ല.

വൈശമ്പായനൻ പറഞ്ഞു: ഇടിനാദംപോലെയും, പെരുമ്പറയുടെ മുഴക്കംപോലെയും, ഇത്തരത്തില്‍ ഗര്‍ജ്ജിച്ച ബലരാമനെ ഭോജവൃഷ്ണ്യന്ധകന്മാരെല്ലാം "അങ്ങനെ തന്നെ! ഉടനെ വേണം!", എന്നു വിളിച്ചു പറഞ്ഞ്‌ അനുമോദിച്ചു.

ഹരണാഹരണപര്‍വ്വം

221. അര്‍ജ്ജുനവനവാസാവസാനം - വൈശമ്പായനൻപറഞ്ഞു: വൃഷ്ണിവീരന്മാര്‍ വീരവാദങ്ങള്‍ തുടങ്ങിയപ്പോള്‍ കൃഷ്ണന്‍ ധര്‍മ്മാര്‍ത്ഥ യുക്തമായ വാക്കുകള്‍ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഗുഡാകേശന്‍ നമ്മുടെ കുലത്തിന്‌ അപമാനമുണ്ടാക്കി വെച്ചു. എന്നുള്ളതാണല്ലോ ഏറ്റവും വലിയ ആരോപണം. ഞാന്‍ ചിന്തിച്ചു നോക്കുമ്പോള്‍ അവന്‍ നമ്മുടെ കുലത്തിന് യാതൊരു അപമാനവും വരുത്തിയിട്ടില്ല. നേരേ മറിച്ച്‌ നമ്മുടെ കുലത്തിന് ബഹുമാനം നല്കുകയാണുണ്ടായത്‌. ഞാന്‍ പറയാം. യാദവന്മാര്‍ അര്‍ത്ഥ ലുബ്ധന്മാരാണെന്ന്‌ പാര്‍ത്ഥന്‍ ചിന്തിക്കുന്നില്ല. ഒരു നിശ്ചയവും ഉണ്ടാക്കാത്ത സ്വയംവരത്തെ അര്‍ജ്ജുനന്‍ ആദരണീയമായി കണക്കാക്കുന്നില്ല. പിന്നെ, പശുവിനെ ദാനം വാങ്ങുന്നത് പോലെ ആരാണ്‌ കന്യകയെ പ്രതിഗ്രഹിക്കുക? സ്വന്തം സന്താനങ്ങളെ വിൽക്കുന്ന പുരുഷന്മാര്‍ ആരെങ്കിലുമുണ്ടോ ഭൂമിയില്‍ ? ഈ വക ദോഷങ്ങളെ ചിന്തിച്ചാണ്‌ പാര്‍ത്ഥന്‍ ഈ മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ്‌ എന്റെ അഭിപ്രായം. അതു കൊണ്ടാണ്‌ ക്ഷത്രിയധര്‍മ്മത്തെ പ്രമാണമാക്കി ഹരണത്തിന് അര്‍ജ്ജുനന്‍ ഒരുങ്ങിയത്‌. അതു കൊണ്ട്‌ യശസ്വിനിയായ സുഭദ്രയെ ബലമായി ഹരിച്ചത്‌ ഉചിതമായി എന്നാണ്‌ വിചാരിക്കേണ്ടത്‌. ഈ ബന്ധുത്വം ഈ നിലയ്ക്കു യോജിച്ചതാണ്‌. സുഭദ്രയാണെങ്കില്‍ കേള്‍വിപ്പെട്ടവള്‍; പാര്‍ത്ഥനാണെങ്കില്‍ ഇങ്ങനെയുള്ള ഒരു വീരനും! അതാണ്‌ ഹരിക്കുവാന്‍ തന്നെ കാരണം. പിന്നെ തറവാടിന്റെ കാര്യം ചിന്തിക്കുകയാണെങ്കില്‍ അര്‍ജ്ജുനന്‍ ഭരതവംശത്തില്‍ പിറന്നവനാണ്‌. ശാന്തനുവിന്റെ പേരക്കിടാവാണ്‌! അര്‍ജ്ജുനന്‍ വിശേഷിച്ചും അച്ഛന്‍ പെങ്ങളായ കുന്തിയുടെ പുത്രന്‍! ഈ നിലയ്ക്ക്‌ ഏതു യുവതിയാണ്‌ അര്‍ജ്ജുനനെ ആഗ്രഹിക്കാതിരിക്കുക?

ക്ഷമാശീലനായ ജ്യേഷ്ഠാ, പാര്‍ത്ഥനെ യുദ്ധത്തില്‍ നേരിട്ടു ജയിക്കുവാന്‍ പോന്ന ഒരു വീരനേയും ഞാന്‍ കാണുന്നില്ല. ഇന്ദ്രരുദ്ര ലോകങ്ങളില്‍ പോലും ആരേയും കണ്ടു കിട്ടുകയില്ല. വിരൂപാക്ഷനും മുക്കണ്ണനുമായ ഹരനൊഴികെ മറ്റാര്‍ക്കും അര്‍ജ്ജുനനെ തോല്പിക്കാന്‍ കഴിയുകയില്ല. അവന്‍ എന്റെ തേരും അശ്വങ്ങളുമാണ്‌ ഉപയോഗിക്കുന്നത്‌. പിന്നെ, യോദ്ധാവും ശീഘ്രാസ്‌ത്രനുമായ പാര്‍ത്ഥന് തുല്യനായി ലോകത്തില്‍ ആരുണ്ട്‌?

ഈ നിലയ്ക്ക്‌ ആ ധനഞ്ജയനെ സാന്ത്വപൂര്‍വ്വം പിന്തുടര്‍ന്നു ചെന്നു നന്ദിച്ചു പിന്തിരിപ്പിക്കുകയാണ്‌ വേണ്ടതെന്നാണ്‌ എന്റെ അഭിപ്രായം. പിന്നെ മറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ! പോരിന് ചെന്ന നമ്മളെ പോരില്‍ ജയിച്ച്‌ സ്വന്തം പുരത്തേക്കു ചെന്നാല്‍ നമ്മളുടെ കീര്‍ത്തി കെട്ടു പോകയില്ലേ? സമാധാനമാര്‍ഗ്ഗം സ്വീകരിക്കയാണെങ്കില്‍ തോല്‍വിയുടെ പ്രശ്നമുദിക്കുന്നില്ലല്ലോ!

വൈശമ്പായനൻ പറഞ്ഞു. കൃഷ്ണന്റെ ഈ വാക്കുകേട്ട്‌ അതു ശരിവച്ച്‌ അവര്‍ അങ്ങനെ തന്നെ ചെയ്തു.

വൃഷ്ണികള്‍ അര്‍ജ്ജുനനെ സാന്ത്വരൂപത്തില്‍ ദ്വാരകയിലേക്കു കൊണ്ടു പോന്നു. അവിടെ വച്ച്‌ അര്‍ജ്ജുനന്‍ സുഭദ്രയെ വിവാഹം ചെയ്തു. അദ്ദേഹം അവിടെ ഒരു വര്‍ഷത്തിലേറെക്കാലം വൃഷ്ണികുമാരന്മാരുടെ സല്‍ക്കാരങ്ങളേറ്റും വിനോദിച്ചും വാണു. പിന്നെ പന്ത്രണ്ടു വര്‍ഷം തികയാനുള്ള ബാക്കികാലം മുഴുവന്‍ അദ്ദേഹം പുഷ്കര തീര്‍ത്ഥത്തില്‍ വസിച്ചു.

പന്ത്രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ തിരിച്ച്‌ ഇന്ദ്ര പ്രസ്ഥത്തിലെത്തിയ അര്‍ജ്ജുനന്‍ വ്രതനിഷ്ഠനായി തന്നെ രാജാവിന്റെ മുമ്പില്‍ ചെന്നു വന്ദിച്ചു. പിന്നെ ബ്രാഹ്മണപൂജ ചെയ്ത്‌ അര്‍ജ്ജുനന്‍ പാഞ്ചാലിയുടെ സമീപം ചെന്നു. ആ സന്ദര്‍ഭത്തില്‍ ദ്രൗപദി പ്രണയ പരിഭവത്തോടെ പറഞ്ഞു.

പാഞ്ചാലി പറഞ്ഞു: അങ്ങ്‌ ആ യാദവകുമാരിയുടെ അടുത്തേക്കു തന്നെ പൊയ്ക്കോളൂ. ഭാരത്തിന്റെ കെട്ട്‌ എത്ര മുറുക്കിയതായാലും ആദ്യത്തെ കെട്ടിന് അയവു പറ്റും ( ഭാരസ്യ സുബന്ധസ്യ അപി പൂര്‍വ്വബന്ധഃ ശ്ലഥായതേ! ). ദ്വിതീയ പത്നി വരുമ്പോള്‍ പ്രഥമ പത്നിയിലുള്ള മതിപ്പ്‌ കുറയുമെന്നു സാരം.

വൈശമ്പായനൻ പറഞ്ഞു: പാഞ്ചാലി ഇങ്ങനെ പ്രണയം മൂലം പരിഭവവാക്കുകള്‍ പലതും പറഞ്ഞ്‌ വിലപിക്കെ അര്‍ജ്ജുനന്‍ അവളെ നല്ല വാക്കുകള്‍ പറഞ്ഞ്‌ സമാധാനിപ്പിച്ചു. വീണ്ടുംവീണ്ടും പറഞ്ഞ്‌, അവളെ ശാന്തയാക്കി ക്ഷമിപ്പിച്ചു.

ദ്രൗപദിയെ ഒരു വിധം സമാശ്വസിപ്പിച്ച ശേഷം അര്‍ജ്ജുനന്‍ ഉടനെ ദ്വാരകയില്‍ ചെന്ന്‌ ക്ഷണത്തില്‍ സുഭദ്രയെ ഇന്ദ്രപ്രസ്ഥത്തിലേക്കു യാത്രയാക്കി. ഒരു സാധാരണ ഗോപസ്ത്രീയുടെ വേഷത്തിലാണ്‌ സുഭദ്രയെ അര്‍ജ്ജുനന്‍ യാത്രയാക്കിയത്‌. ( കൃഷ്ണ, സഹോദരിക്കു ചേര്‍ന്ന അന്തസ്സേറിയ വേഷത്തിലാണ്‌ സുഭദ്ര അര്‍ജ്ജുനനുമൊത്തു വരുന്നതെങ്കില്‍ അവളാണ്‌ ഇനി പട്ടമഹിഷിയാവുക എന്ന ഒരു തോന്നല്‍ പ്രഥമദര്‍ശനത്തില്‍ പാഞ്ചാലിക്കുണ്ടായാലോ എന്ന ശങ്കയാൽ! ).

യശസ്വിനിയായ സുഭദ്ര ആ ഇടയപ്പെണ്ണിന്റെ വേഷത്തിലും നല്ല പോലെ ശോഭിച്ചു. സുന്ദരിയും, നീണ്ടു ചുവന്ന മിഴികളോടു കൂടിയവളും, വീരപത്നിയും, യശസ്വിനിയുമായ സുഭദ്ര അന്തഃപുരത്തില്‍ ചെന്ന്‌ ആദ്യമായി കുന്തീദേവിയുടെ പാദങ്ങളില്‍ നമസ്കരിച്ചു.

സര്‍വ്വാംഗസുന്ദരിയായ സുഭദ്രയെ കുന്തി നെറുകയില്‍ ചുംബിച്ചു സ്വീകരിച്ചു. സൗന്ദര്യസൗശീല്യാദികളില്‍ അതുല്യ കീര്‍ത്തിമതിയായ സുഭദ്രയെ ഏറ്റവും പ്രീതിയോടെ ആശീര്‍വദിച്ചു.

പൂര്‍ണ്ണചന്ദ്രനെ പോലെ വിളങ്ങുന്ന മുഖത്തോടു കൂടിയ സുഭദ്ര വേഗത്തില്‍ പാഞ്ചാലിയുടെ അടുത്തു ചെന്നു വന്ദിച്ച്‌ ഞാന്‍ അവിടുത്തെ ദാസിയാണ്‌ എന്നറിയിച്ചു. തന്റെ മുമ്പില്‍ നമസ്കരിച്ചു നില്ക്കുന്ന സോദരിയായ സുഭദ്രയെ പാഞ്ചാലി എഴുന്നേറ്റ്‌ ആലിംഗനം ചെയ്ത്‌ ആശീര്‍വദിച്ചു: "നിന്റെ ഭര്‍ത്താവ്‌ ശത്രുരഹിതനാകട്ടെ!", സന്തോഷത്തോടെ സുഭദ്രയും "അപ്രകാരം തന്നെ ഭവിക്കട്ടെ!", എന്ന് പാഞ്ചാലിയോടും പറഞ്ഞു.

അല്ലയോ ജനമേജയാ, മഹാരഥന്മാരായ ആ പാണ്ഡവന്മാര്‍ സന്തുഷ്ടചിത്തരായി. കുന്തിയുടെ ആനന്ദം അളവറ്റതായിരുന്നു.

അര്‍ജ്ജുനന്‍ സ്വന്തം നഗരമായ ഇന്ദ്രപപസ്ഥത്തില്‍ ചെന്ന വിവരം കൃഷ്ണന്‍ കേട്ടറിഞ്ഞു. ഉടനെ പരിശുദ്ധ ഹൃദയനായ അദ്ദേഹം ബലരാമനോടും, മഹാവീരന്മാരായ യാദവന്മാരോടും, വൃഷ്ണി വീരന്മാരോടും, സഹോദരന്മാരോടും, കുട്ടികളോടും, ഭടന്മാരോടും വലിയ ഒരു സൈന്യത്തോടും കൂടി ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നു.

ദാനകര്‍മ്മത്തില്‍ ശ്രേഷ്ഠനും ബുദ്ധിമാന്മാരില്‍ പ്രശസ്തനും മഹാകീര്‍ത്തിമാനും. വൃഷ്ണിവീരന്മാരുടെ സേനാനായകനും, ശത്രുക്കളെ അമര്‍ത്തുന്നവനുമായ അക്രൂരനും ഉടനെ എത്തി.

മഹാതേജസ്വിയായ അനാദൃഷ്ടിയും മഹാകീര്‍ത്തിമാനും സാക്ഷാല്‍ ബൃഹസ്പതിയുടെ ശിഷ്യനും, ബുദ്ധിശാലിയുമായ ഉദ്ധവനും, സത്യകനും, സാത്യകിയും, യാദവവീരനായ കൃതവര്‍മ്മാവും, പ്രദ്യുമ്നനും, സാംബനും, നിശനും, ശങ്കുവും, ചാരുദേഷ്ണനും, പരാക്രമശാലിയുമായ സ്ധില്ലിയും, വിപൃഥുവും, മഹാനായ സാരണനും, രാഹുവും, മഹാവിദ്വാനായ ഗദനും, മാത്രമല്ല വേറെ അസംഖ്യം വൃഷ്ണിഭോജാന്ധക പ്രമുഖന്മാരും ധാരാളം പാരിതോഷികങ്ങളുമായി ഇന്ദ്രപസ്ഥത്തില്‍ എത്തി.

കൃഷ്ണന്‍ വരുന്നതായറിഞ്ഞ്‌ യുധിഷ്ഠിരന്‍ അദ്ദേഹത്തെഎതിരേറ്റു കൊണ്ടു വരുവാന്‍ നകുല സഹദേവന്മാരെ പറഞ്ഞയച്ചു. പതാകാധ്വജങ്ങളാല്‍ ശോഭിതമായ ഇന്ദ്രപ്രസ്ഥത്തിലേക്ക്‌ അവര്‍ ആ യാദവസംഘത്തെ ആദരിച്ച്‌ കൂട്ടിക്കൊണ്ടു പോന്നു. കൃഷ്ണന്‍ ബലഭദ്രനോടും, വൃഷ്ണികള്‍, അന്ധകന്മാര്‍, ഭോജന്മാര്‍ എന്നിവരോടും കൂടി ഇന്ദ്രപ്രസ്ഥത്തില്‍ പ്രവേശിച്ചു. ആ നഗരത്തിലെ വീഥികള്‍ അടിച്ചു തളിച്ച്‌ പൂവുകള്‍ വിതറി ശോഭിച്ചിരുന്നു. തണുപ്പും സുഗന്ധവുമുള്ള ചന്ദനച്ചാറ്‌ അവിടെയെല്ലായിടത്തും തളിച്ചിരുന്നു. കത്തുന്ന അകിലിന്റെ സൗരഭ്യം എങ്ങും വ്യാപിച്ചിരുന്നു. അത്യാഹ്ളാദ ഭരിതരായ ജനങ്ങളേയും, വലിയ വ്യാപാരികളേയും അവിടെ കാണാമായിരുന്നു. അസംഖ്യം പൗരന്മാരാലും, ബ്രാഹ്മണരാലും പൂജിക്കപ്പെടുന്ന കൃഷ്ണന്‍ സ്വര്‍ഗ്ഗസദൃശമായ യുധിഷ്ഠിര മന്ദിരത്തില്‍ പ്രവേശിച്ചു.

ധര്‍മ്മപുത്രന്‍ ബലഭദ്രന്റെ സമീപത്ത്‌ ഉപചാരപൂര്‍വ്വം ചെന്നു. കൃഷ്ണനെ നെറുകയില്‍ ചുംബിച്ച്‌ ആലിംഗനം ചെയ്തു. കൃഷ്ണന്‍ സന്തുഷ്ട ചിത്തനായി വിനീതനായ യുധിഷ്ഠിരനെ പൂജിച്ചു. അനന്തരം പുരുഷ ശ്രേഷ്ഠനായ ഭീമസേനനനേയും വിധിപ്രകാരം പൂജിച്ചു.

ധര്‍മ്മപുത്രന്‍ വൃഷ്ണിവീരന്മാരേയും അന്ധക വീരന്മാരേയും അന്തസ്സിന് യോജിച്ച വിധം ഔചിത്യത്തോടെ സ്വീകരിച്ച്‌ സല്ക്കരിച്ചു. ധര്‍മ്മപുത്രന്‍ ചിലരെ ഗുരുജനങ്ങളെപ്പോലെയും, ചിലരെ സ്നേഹിതന്മാരെപ്പോലെയും പൂജിച്ച്‌ സസ്നേഹം സംഭാഷണം ചെയ്തു. അവര്‍ ധര്‍മ്മജന്റെ ഔദാര്യത്തില്‍ കൃതജ്ഞരായി അദ്ദേഹത്തോടും സസ്നേഹം സംസാരിച്ചു.

പിന്നെ കീര്‍ത്തിമാനായ കൃഷ്ണന്‍ വരന്റെ പക്ഷത്തിലുള്ളവര്‍ക്കായി, വധുവിന്റെ പക്ഷത്തിലുള്ളവര്‍ കൊടുക്കേണ്ട ആചാരപ്രകാരമുള്ള പാരിതോഷികങ്ങള്‍ പാണ്ഡവന്മാര്‍ക്കു കൊടുത്തു. പൊന്നണിഞ്ഞതും മണികള്‍ തൂക്കിയതുമായ നാലു കുതിരകളെ പൂട്ടാവുന്ന ആയിരം തേരും, മഥുരയില്‍ ജനിച്ചു വളര്‍ന്ന ലക്ഷണയുക്തകളായ പതിനായിരം കറവപ്പശുക്കളേയും കൃഷ്ണന്‍ അവര്‍ക്കു നല്കി. ഓരോ തേരിനും സമര്‍ത്ഥരായ ഓരോ തേരാളിയേയും നല്കി. ചന്ദ്രരശ്മിക്കു തുല്യം കാന്തിയോടു കൂടിയതും സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ചതുമായ ആയിരം വെള്ള പെണ്‍കുതിരകളെയും കൃഷ്ണന്‍ സസന്തോഷം ദാനം ചെയ്തു. നല്ല വേഗമുള്ളവയും കറുത്ത നിറമുള്ളവയുമായ അഞ്ഞൂറു കോവര്‍ കഴുതകളേയും സമ്മാനിച്ചു. പിന്നെ വെളുപ്പു നിറമുള്ള അഞ്ഞൂറു കഴുതകളെ വേറെയും നല്കി. കുളിപ്പിക്കുവാനും തേപ്പിക്കുവാനും യൗവനപ്രായത്തോടു കൂടിയവരും, വെളുത്ത നിറമുള്ളവരും, നല്ല വേഷഭൂഷാദികളോടു കൂടിയവരും, നല്ല മുഖശ്രീയുള്ളവരും, അനേകം സ്വര്‍ണ്ണാഭരണങ്ങള്‍ കഴുത്തിലണിഞ്ഞവരും, നല്ല ആരോഗ്യമുള്ളവരും, നല്ല വസ്‌ത്രം അണിഞ്ഞൊരുങ്ങിയവരും, വിചാരണദക്ഷകളുമായ ആയിരം ദാസിമാരെ കൃഷ്ണന്‍ പാണ്ഡവര്‍ക്ക്‌ ദാനംചെയ്തു.

ഖനികളില്‍ നിന്ന്‌ കുഴിച്ചെടുക്കപ്പെട്ടതും, സ്വാഭാവികമായി ലഭിക്കുന്നതുമായ പത്തു ചുമട്‌ സ്വര്‍ണ്ണം കൃഷ്ണന്‍ പാണ്ഡവന്മാര്‍ക്ക്‌ സമ്മാനിച്ചു. മദം വര്‍ദ്ധിച്ച്‌ ഗണ്ഡം, ഗുഹ്യം, കര്‍ണ്ണമൂലം എന്നിവിടങ്ങളില്‍ നിന്ന്‌ മദജലം പൊട്ടിയൊഴുകുന്നവയും, പർവ്വതത്തിനൊപ്പം തടിച്ച്‌ ഉയര്‍ന്നവയും, പോരില്‍ പിന്മടങ്ങാത്തവയും, നല്ലപോലെ പരിപാലിക്കപ്പെട്ടിരുന്നവയും, വലിയ മണികള്‍ അണിഞ്ഞവയും. ഭംഗിയുള്ളവയും, പൊന്‍ചങ്ങലയിടപ്പെട്ടവയും, വീരന്മാരായ പാപ്പാന്മാരോടു കൂടിയവയുമായ ആയിരം കൊമ്പനാനകളെ സാഹസപ്രിയനും മഹാശയനുമായ ഹലായുധന്‍ ബന്ധുത്വത്തെ ബഹുമാനിച്ച്‌ അര്‍ജ്ജുനന് വിവാഹ പാരിതോഷികമായി സസന്തോഷം കൊടുത്തു. മഹാധനരത്നങ്ങളാകുന്ന ഒഴുക്കും, വസ്‌ത്രകംബങ്ങളാകുന്ന നുരകളും, കൊമ്പനാനകളാകുന്ന മുതലകളും കൂടിക്കലര്‍ന്ന കൊടുക്കൂറകളാകുന്ന കരിംചണ്ടികളോടു കൂടിയ, സമ്മാന ദ്രവ്യമായ ആ മഹാനദി പാണ്ഡവരാകുന്ന സമുദ്രത്തില്‍ എങ്ങും വ്യാപിച്ചു. അതെങ്ങും നിറഞ്ഞൊഴുകി. പരോത്കര്‍ഷം സഹിക്കാത്ത ശത്രുക്കള്‍ക്കെല്ലാം ദുഃഖം വളര്‍ത്തുന്നതിന് കാരണമായി.

ധര്‍മ്മപുത്രന്‍ ആ പാരിതോഷികങ്ങള്‍ എല്ലാം സ്വീകരിച്ചു. അവരെയെല്ലാം യഥോചിതം പൂജിച്ചു. മഹായോഗ്യന്മാരായ കുരുക്കളും, വൃഷ്ണികളും, അന്ധകന്മാരും ഒന്നിച്ചു ചേര്‍ന്നു സ്വര്‍ഗ്ഗലോകത്തില്‍ പുണ്യാത്മാക്കളായ മനുഷ്യര്‍ എന്ന വിധം വിഹരിച്ചു. കൗരവരും, വൃഷ്ണികളും വീണ വായിച്ചും വാദ്യങ്ങള്‍ മുഴക്കിയും പാട്ടു പാടിയും, വലിയ ശബ്ദകോലാഹലത്തോടു കൂടി ചേര്‍ച്ചയ്ക്കും സന്തുഷ്ടിക്കും അനുസരിച്ച വിധം അവിടെ ഉല്ലസിച്ചു. ശ്രേഷ്ഠവീര്യവാന്മാരായ വൃഷ്ണികള്‍ അനേകം നാള്‍ ഇങ്ങനെ വിനോദിച്ച്‌ പാണ്ഡവരുടെ സല്‍ക്കാരങ്ങള്‍ അനുഭവിച്ച്‌ താമസിച്ചതിന് ശേഷം സസന്തോഷം ദ്വാരകയിലേക്ക്‌ തിരിച്ചു. മഹാവീരന്മാരായ വൃഷ്ണികളും അന്ധകന്മാരും കുരുശ്രേഷ്ഠന്മാര്‍ സമ്മാനിച്ച പരിശുദ്ധമായ രത്നങ്ങള്‍ എടുത്ത്‌ ബലരാമന്റെ നേതൃത്വത്തില്‍ മടങ്ങിപ്പോയി.

ഹേ, ജനമേജയാ!! മഹാശയനായ കൃഷ്ണന്‍ അപ്പോള്‍ മടങ്ങിയില്ല. മനോഹരമായ ഇന്ദ്രപ്രസ്ഥത്തില്‍ അര്‍ജ്ജുനനുമൊന്നിച്ചു താമസിച്ചു. യമുനാതീരത്തിലെ മഹാവനങ്ങളില്‍ അര്‍ജ്ജുനനുമൊന്നിച്ചു നായാട്ടില്‍ ഏര്‍പ്പെട്ട്‌ ആനന്ദിച്ചു.

അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണന്റെ പ്രിയസഹോദരിയായ സുഭദ്ര, ഇന്ദ്രാണി ജയന്തനെ എന്ന വിധം, ഭാവിയില്‍ മഹാപ്രസിദ്ധനായ ഒരു കുമാരനെ പ്രസവിച്ചു. നീണ്ട കൈകള്‍, വിരിഞ്ഞുന്തിയ മാറിടം, കാളയുടേത് പോലെ പ്രൌഢമായ ദൃഷ്ടി ഇങ്ങനെ മഹാപുരുഷ ലക്ഷണത്തോടു കൂടിയ നരര്‍ഷഭനായ അഭിമന്യുവെ സുഭദ്ര പ്രസവിച്ചു.

ആകുമാരന്‍ നിര്‍ഭയനും കോപശീലനുമാണ്‌. (അഭീ-ഭീതിയില്ലാത്തവന്‍; മന്യുമാന്‍-കോപശീലന്‍). അതു കൊണ്ട്‌ അവന് അഭിമന്യു എന്ന പേര് നല്കി. ശത്രുക്കളെ മര്‍ദ്ദിക്കുന്ന ശ്രേഷ്ഠപുരുഷനായ കുമാരന് ആ പേര് യോജിച്ചതു തന്നെ.

അതിരഥനായ അഭിമന്യു, ശമീഗര്‍ഭത്തില്‍ നിന്ന്‌ മുഖത്തില്‍ അഗ്നി എന്ന പോലെ, സുഭദ്രയില്‍ നിന്ന്‌ അര്‍ജ്ജുനന് ലഭിച്ചു.

*********

ചമതത്തടി അരണിയിലിട്ട്‌ ( തീയുണ്ടാക്കാനുള്ള കഴി ) കടയുമ്പോള്‍ അഗ്നിയുണ്ടാകും. പരിപാവനമായ ആ അഗ്നിയാണ്‌ യാഗത്തിന് ഉപയോഗിക്കുക. അങ്ങനെയുള്ള അഗ്നിക്കു സമം അഭിമന്യു കുമാരന്‍ അത്യന്തം തേജസ്വിയായിരുന്നു. ( ശമിഗര്‍ഭാല്‍ നിര്‍മ്മഥനേന മഖേവ സംബഭുവ. ശമിയുടേയും അരണിയുടേയും അഗ്നിയുടേയും സാദൃശ്യമാണ്‌ സുഭദ്രാര്‍ജ്ജുനാഭിമന്യുമാര്‍ക്കുള്ളതെന്നു കാണാം ).

*********

ആ കുമാരന്‍ ജനിച്ച സന്തോഷ വര്‍ത്തമാനം അറിഞ്ഞ ഉടനെ മഹാത്മാവായ യുധിഷ്ഠിരന്‍ പതിനായിരം പശുക്കളേയും, അത്രയും സ്വര്‍ണ്ണനാണയങ്ങളേയും ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്തു.

അഭിമന്യു പിഞ്ചു കുട്ടിയായിരുന്ന കാലം മുതല്‍ എല്ലാ പാണ്ഡവന്മാര്‍ക്കും, വാസുദേവനും, ജനങ്ങള്‍ക്കു ചന്ദ്രനെന്ന പോലെ പ്രിയപ്പെട്ടവനായി തീര്‍ന്നു.

കൃഷ്ണന്‍ ആ കുമാരനെ ജനനം മുതല്‍ തന്നെ ലാളിക്കുവാനും താലോലിക്കുവാനും അണിയിക്കുവാനും തല്പരനായി. അവന്‍ വെളുത്ത പക്ഷത്തിലെ ചന്ദ്രന്‍ എന്ന പോലെ ദിനംപ്രതി വളര്‍ന്നു വന്നു. അരിമര്‍ദ്ദനനായ അഭിമന്യു നാലു പാദങ്ങളോടു കൂടിയതും, പത്തുവിധം അനുഷ്ഠാനമുള്ളതും, ദിവ്യവും അമാനുഷവുമായ ധനുര്‍വ്വേദമെല്ലാം അവയില്‍ സുശിക്ഷിതനായ അര്‍ജ്ജുനനില്‍ നിന്നു പഠിച്ചു.

മഹാബലവാനായ അര്‍ജ്ജുനന്‍ അകാലങ്ങളില്‍പ്പോലും ശരങ്ങള്‍ പ്രയോഗിക്കുവാനുള്ള സൂക്ഷ്മജ്ഞാനവും, മറ്റുള്ളവരുടെ പ്രയോഗ സാമര്‍ത്ഥൃത്തെ ഗ്രഹിക്കുവാനുള്ള വിശിഷ്ട ജ്ഞാനവും, ശാരീരികങ്ങളായ ഉത്സര്‍പ്പണം പ്രസര്‍പ്പണം മുതലായവയെ പറ്റിയുള്ള ബോധമുണ്ടാകത്തക്ക വിധം പുത്രനെ നല്ലപോലെ അഭ്യസിപ്പിച്ചു. അര്‍ജ്ജുനന്‍ സ്വപുത്രനെ ആയുധവിദ്യയില്‍ ശാസ്ത്രീയമായും പ്രായോഗികമായും തന്നോട്‌ തുലൃനാക്കിയോ എന്നു തോന്നും. അദ്ദേഹത്തിന് സുഭദ്രാപുത്രനെ കാണും തോറും സന്തോഷം വളര്‍ന്നു വന്നു. ശത്രുക്കളെ വിഴ്ത്തുന്നതിന് വേണ്ട ഗുണങ്ങളൊക്കെ അവന് ഉണ്ടായിരുന്നു. ഉത്തമ പുരുഷന്നുള്ള എല്ലാ ലക്ഷണങ്ങളും അവനില്‍ പ്രകാശിച്ചു. ദുര്‍ദ്ധര്‍ഷനും, ഋഷഭസ്‌കന്ധനും, പത്തിപരത്തിയ സര്‍പ്പത്തെ പോലെ ഭയങ്കരനും, സിംഹത്തോടൊപ്പം ഉദ്ധതനും, വലിയ വില്ലു ധരിച്ചവനും, മത്തഗജത്തെപ്പോലെ പരാക്രമശാലിയും, മേഘത്തിനും ദുന്ദുഭിക്കും തുല്യമായ ശബ്ദത്തോടു കൂടിയവനും, പൂര്‍ണ്ണച്രന്ദനെ പോലെ പ്രകാശിക്കുന്ന മുഖത്തോടു കൂടിയവനും, ശൗരൃവീര്യ പരാക്രമങ്ങളിലും, ആകൃതിയിലും, പ്രകൃതിയിലും അമ്മാവനായ കൃഷ്ണനോട്‌ സദൃശനുമായ ആ പുത്രനെ അര്‍ജ്ജുനന്‍, ഇന്ദ്രന്‍ ജയന്തനെ എന്ന പോലെ, കണ്‍കുളിരെ കണ്ടു.

ശുഭലക്ഷണയായ പാഞ്ചാലിയും അഞ്ചു ഭര്‍ത്താക്കന്മാരില്‍ നിന്നു വീരന്മാരും യോഗ്യന്മാരും അഞ്ചു പർവ്വതങ്ങള്‍ പോലെ സ്ഥിരശരീരന്മാരുമായ അഞ്ചു പുത്രന്മാരെ സമ്പാദിച്ചു. യുധിഷ്ഠിരനില്‍ നിന്ന്‌ പ്രതിവിന്ധ്യന്‍ ഭീമനില്‍ നിന്ന്‌ സൂതസോമന്‍, അര്‍ജ്ജുനനില്‍ നിന്ന്‌ ശ്രുതകര്‍മ്മാവ്‌, നകുലനില്‍ നിന്ന്‌ ശതാനീകൻ, സഹദേവനില്‍ നിന്ന്‌ ശ്രുതസേനന്‍, ഇങ്ങനെ മഹാരഥന്മാരും മഹാവീരന്മാരുമായ അഞ്ചു പുത്രന്മാരെ, അദിതി ആദിത്യന്മാരെ എന്ന പോലെ, പാഞ്ചാലി പ്രസവിച്ചു.

ബ്രാഹ്മണര്‍ യുധിഷ്ഠിര പുത്രനെ പ്രതിവിന്ധ്യന്‍ എന്നു വിളിച്ചു വന്നത്‌ അര്‍ത്ഥം നോക്കിയായിരുന്നു. വിന്ധൃപര്‍വ്വതം എന്ന വിധം ശത്രുപ്രഹരണ വേദന അറിയാതിരിക്കട്ടെ! എന്ന്ബ്രാ ഹ്മണര്‍ കുമാരനെ അനുഗ്രഹിച്ചത്‌ സ്മരിച്ചാണ്‌.

അനവധി സോമയാഗം ചെയ്തതിന്റെ ഫലമായി ആദിതൃനും ചന്ദ്രനും തുല്യമായ തേജസ്സോടു കൂടി വില്ലാളി വീരനായ സുതസോമനെ ഭീമനുമായുള്ള സംയോഗത്തിന് ശേഷം പാഞ്ചാലി പ്രസവിച്ചു. സുതസോമന്‍ എന്നു പേരിട്ടത്‌ ഭീമന്‍ ആയിരം സോമയാഗം ചെയ്തതിന് ശേഷം പ്രസവിച്ചതിനാലാണ്‌. ശ്രുതവും ശ്രേഷ്ഠവുമായ പല കർമ്മങ്ങളും ചെയ്ത്‌, തിരിച്ചു വന്ന അര്‍ജ്ജുനനോടു കൂടിയുള്ള സംയോഗത്തിന്റെ ഫലമായി ജനിച്ച പുത്രനാകയാല്‍ അര്‍ജ്ജുന പുത്രന്‌ ശ്രുതകര്‍മ്മാവ്‌ എന്ന് പേരിട്ടു.

പണ്ട്‌ കുരുവംശത്തില്‍ ശതാനീകൻ എന്നു പേരായി മഹാവിശിഷ്ടനായ ഒരു രാജാവുണ്ടായിരുന്നു. നകുലന്‍ തന്റെ പുത്രന് സല്‍ക്കീര്‍ത്തിയെ വളര്‍ത്തുന്ന ആ പേര് കൊടുക്കുകയാണുണ്ടായത്‌.

പിന്നെ പാഞ്ചാലി അസിദേവതയായ കാര്‍ത്തിക നക്ഷത്രത്തില്‍ സഹദേവപുത്രനെ പ്രസവിച്ചു. അതു കൊണ്ട്‌ ആ പുത്രന് ശ്രുതസേനന്‍ എന്ന് പേരു കൊടുത്തു.

ജനമേജയരാജാവേ, കീര്‍ത്തിശാലികളും പരസ്പരം പ്രിയമുള്ളവരുമായ ദ്രൗപദീ പുത്രന്മാര്‍ അഞ്ചു പേരും ഓരോ വര്‍ഷം ഇടവിട്ടു ജനിച്ചവരാണ്‌. ഭാരതശ്രേഷ്ഠനായ രാജാവേ, കുലപുരോഹിതനായ ധൗമ്യന്‍ ആ കുമാരന്മാരുടെ പ്രായമനുസരിച്ച്‌ ജാതകര്‍മ്മം, ചൗളം, ഉപനയനം മുതലായ കര്‍മ്മങ്ങളെല്ലാം വേണ്ടതു പോലെ ചെയ്തു. അവര്‍ വ്രതങ്ങളില്‍ മുഖ്യമായ ബ്രഹ്മചര്യം ദീക്ഷിച്ച്‌ വേദാദ്ധ്യയനം ചെയ്തു. ദിവ്യവും മാനുഷവുമായ അസ്ത്ര വിദ്യകളെല്ലാം അര്‍ജ്ജുനനില്‍ നിന്നു തന്നെ അവര്‍ അഭ്യസിച്ചു.

ഹേ, രാജ ശാര്‍ദ്ദൂലനായ ജനമേജയ! പാണ്ഡവന്മാര്‍ ദേവകുമാരന്മാരോടു തുല്യരും, വിരിഞ്ഞു പരന്ന മാര്‍ത്തട്ടുള്ളവരും, മഹാശക്തരുമായ തങ്ങളുടെ പുത്രന്മാരോടു കൂടി സന്തോഷത്തോടെ നിവസിച്ചു.

ഖാണ്ഡവദാഹപര്‍വ്വം

222. ബ്രാഹ്മണരൂപൃനലാഗമനം - വൈശമ്പായനൻ പറഞ്ഞു; ധൃതരാഷ്ട്രന്റെയും ഭീഷ്മന്റെയും ആജ്ഞപ്രകാരം ഇന്ദ്രപസ്ഥത്തില്‍ വാഴുന്ന കാലത്ത്‌ പാണ്ഡവന്മാര്‍ പല രാജാക്കന്മാരേയും ജയിച്ചു. ധര്‍മ്മപുത്രനെ സര്‍വ്വലോകരും ആശ്രയിച്ച്‌, പുണ്യം ചെയ്യുന്ന ദേഹത്തോടു കൂടി യ ദേഹികള്‍ എന്ന പോലെ അദ്ദേഹത്തിന്റെ അധീനത്തില്‍ നിന്ന്‌ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ തനിക്കു ചേര്‍ന്ന മൂന്നു ബന്ധുക്കള്‍ എന്ന പോലെ സേവിച്ചു ഭാരതാ!

വേദം പഠിച്ച്‌ യജ്ഞത്തില്‍ പ്രയോഗിക്കുന്നവനായ രാജാവ്‌ ശുഭലോകത്തെ കാക്കുന്നവനാണ്‌. അങ്ങനെയുള്ള യുധിഷ്ഠിരന്‍ നാട്ടുകാര്‍ക്ക്‌ നാഥനായിത്തീര്‍ന്നു. ലക്ഷ്മിക്ക്‌ അധിഷ്ഠാനമായിത്തീര്‍ന്നു, മതിക്ക്‌ ആശ്രയമുണ്ടായി. ധര്‍മ്മമൊക്കെ മന്നവന്മാര്‍ക്ക്‌ ധര്‍മ്മപുത്രന്‍ മൂലം വര്‍ദ്ധിച്ചു വന്നു.

ലോകനീതി ശരിയായി പാലിക്കുന്ന ഒരു മനുഷ്യന്‍ തനിക്ക്‌ മൂന്നു ബന്ധുക്കളുണ്ടെങ്കില്‍ ആ മൂന്നു ബന്ധുക്കളേയും ഒരേ നിലയില്‍. ബഹുമാനിക്കുകയാണല്ലോ പതിവ്‌. അതുപോലെ യുധിഷ്ഠിരന്‍ ധര്‍മ്മത്തേയും, അര്‍ത്ഥത്തേയും, കാമത്തേയും, ഒരേവിധം ബഹുമാനിച്ച്‌ അനുഷ്ഠിച്ചു. മുന്നു മന്ത്രിമാരോടു കൂടി ഒരു രാജാവ്‌ ആരാധ്യനായി തീരുന്നത് പോലെയും ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ക്ക്‌ മോക്ഷസ്വരൂപമായ ആത്മാവ്‌ വന്ദ്യമാകുന്നതു പോലെയും ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ മൂന്നും തുലൃശക്തി പ്രഭാവത്തോടു കൂടി യുധിഷ്ഠിരനെ സേവിച്ചു. ബ്രഹ്മതത്വപ്രതിപാദകങ്ങളായ വേദവാക്യങ്ങള്‍ പഠിക്കുന്നവനും, വേദോക്തി വിധികള്‍ കൊണ്ടു യാഗകര്‍മ്മങ്ങള്‍ നടത്തുന്നവനും, നന്മകളെ സംരക്ഷിക്കുന്നവനുമായ യുധിഷ്ഠിരനെ നാലു വര്‍ണ്ണങ്ങളും അവരവര്‍ക്കു. നാഥനായി തന്നെ പരിഗണിച്ചു. യുധിഷ്ഠിരനെ ബ്രഹ്മനിഷ്ഠനായും, കര്‍മ്മനിഷ്ഠനായും, നീതിനിഷ്ഠനായും, സകലജനങ്ങളും വിചാരിച്ചു.

യുധിഷ്ഠിര രാജാവിന്റെ ഭരണ നൈപുൂണ്യം മൂലം അന്നു വരെ ചപല എന്ന കുറ്റപ്പേരിന് പാത്രമായ ലക്ഷ്മി സുസ്ഥിരയായിത്തീര്‍ന്നു. എല്ലാവരുടേയും ബുദ്ധി ബ്രഹ്മചിന്തയില്‍ നിന്ന്‌ ആശ്രയമില്ലാതിരുന്ന ധര്‍മ്മത്തിന് അനവധി ബന്ധുക്കളുണ്ടായി. അനശ്വരമായ സമ്പത്തും അചഞ്ചലമായ ഈശ്വരഭക്തിയും സുദൃഢമായ ധര്‍മ്മബോധവും സകല ജനങ്ങള്‍ക്കുമുണ്ടായി.

ഭീമാദികളായ നാല് അനുജന്മാരോടു കൂടിയ യുധിഷ്ഠിരന്‍ നാലു വേദങ്ങളിലേയും വിധി അനുസരിച്ചുള്ള കര്‍മ്മങ്ങളോടു കൂടി നടത്തപ്പെടുന്ന മഹാ അധ്വരമെന്നപോലെ ശോഭിച്ചു. പ്രധാനികളായ ദേവന്മാര്‍ ബ്രഹ്മാവിനെ എന്ന വിധം ബൃഹസ്പതി തുല്യന്മാരായ, ധൗമ്യാദികളായ വിശിഷ്ട ബ്രാഹ്മണര്‍ യുധിഷ്ഠിരന്നു ചുറ്റും ഇരുന്ന്‌ ഉപാസിച്ചു. ജനങ്ങളുടെ കണ്ണും കരളും സന്തോഷാധിക്യം നിമിത്തം ധര്‍മ്മപുത്രനില്‍, കറുപ്പിന്റെ ലാഞ്ഛനയില്ലാത്ത പൂര്‍ണ്ണചന്ദ്രനെ കണ്ടാലെന്ന പോലെ, പതിഞ്ഞ്‌ ആഹ്ളാദിച്ചു.

പ്രജകള്‍ ഇപ്രകാരം ധര്‍മ്മപുത്രനെ കണ്ട്‌ ആനന്ദിച്ചത്‌ അദ്ദേഹം പ്രജാസംരക്ഷകനായ ഒരു രാജാവായത് കൊണ്ടു മാത്രമല്ല; അവര്‍ക്ക്‌ അദ്ദേഹത്തില്‍ അനിര്‍വ്വചനീയമായ ഭക്തി തന്നെ ഉണ്ടായിരുന്നു. പ്രജകള്‍ക്കു രുചിക്കുന്നതെന്തോ അതൊക്കെ അദ്ദേഹം അറിഞ്ഞു ചെയ്തിരുന്നു. യുധിഷ്ഠിരനില്‍ ജനതതിക്കുണ്ടായ ഭക്തിബഹുമാനങ്ങള്‍ക്ക്‌ അതായിരുന്നു കാരണം. രാജാവ്‌ എത്ര തന്നെ യോഗ്യനായാലും പ്രജകളുടെ ഹിതം അറിഞ്ഞു പ്രവര്‍ത്തിക്കാത്ത പക്ഷം പരാജിതനായി പോകുമെന്ന്‌ സര്‍വ്വവിദിതമാണല്ലോ.

ആരുടെയും ഹൃദയം കവരുന്ന മധുരമായ ഭാഷണം ശീലിച്ച രാജാവില്‍ നിന്ന്‌ അന്യായമായ ഒറ്റ വാക്കും പുറപ്പെട്ടില്ല. അസതൃമോ അപ്രിയമോ ആയ വാക്കുകള്‍ യുധിഷ്ഠിരന്‍ പറഞ്ഞിരുന്നില്ല. മഹാതേജസ്വിയായ ആ ഭാരതസത്തമന്‍ പ്രജകളുടെ ഹിതം തന്റെ ഹിതമായി തന്നെ ചെയ്യുവാന്‍ ആഗ്രഹിച്ച്‌ സന്തോഷിച്ചു. പ്രജാഹിതമല്ലാതെ മറ്റൊരു ഹിതവും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഈ നിലയില്‍ പാണ്ഡവന്മാര്‍ സന്തുഷ്ടരും സന്താപഹീനരുമായി തങ്ങളുടെ അതുല്യമായ ശക്തി കൊണ്ട്‌ ശത്രുരാജാക്കന്മാരെ ദുഃഖിപ്പിച്ചു വസിച്ചു.

ഒരു ദിവസം അര്‍ജ്ജുനന്‍ കൃഷ്ണനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: കൃഷ്ണാ, ഇവിടെ വലിയ ഉഷ്ണം തോന്നുന്നു. നമുക്ക്‌ യമുനാ തീരത്തിലേക്കു പോകാം. അവിടെ സുഹൃത്തുക്കളോടു കൂടി കുറച്ചു സമയം ചുറ്റിക്കളിച്ച്‌ സന്ധ്യയോടു കൂടി ഇങ്ങോട്ടു മടങ്ങി വരാം. എന്താ, അങ്ങയ്ക്ക്‌ ഇഷ്ടമല്ലേ!

കൃഷ്ണന്‍ പറഞ്ഞു: അത്‌ എനിക്കും ഇഷ്ടമാണ്‌! നമുക്ക്‌ ചങ്ങാതിമാറോടു കൂടി ആ നദീജലത്തില്‍ സുഖമായി കുളിക്കാം.

വൈശമ്പായനൻ പറഞ്ഞു: അല്ലയോ ജനമേജയ, കൃഷ്ണാര്‍ജ്ജുനന്മാര്‍ അവരുടെ ആഗ്രഹം ധര്‍മ്മപുത്രനോടു പറഞ്ഞ്‌ സമ്മതം വാങ്ങി. സുഹൃത്തുക്കളോടും അനവധി സ്ത്രീജനങ്ങളോടും കൂടി വിനോദ സഞ്ചാരത്തിന് യമുനാ തീരത്തേക്കു പുറപ്പെട്ടു.

യമുനാ തീരത്തില്‍ പാണ്ഡവന്മാര്‍ക്ക്‌ ഒരു വിഹാരഹര്‍മ്മം ഖാണ്ഡവപ്രസ്ഥം എന്ന സ്ഥലത്ത്‌ മുമ്പേ തന്നെ പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നു. കൃഷ്ണാര്‍ജ്ജുനന്മാര്‍ പലവിധ സുഖോപകരണങ്ങളോടു കൂടിയാണ്‌ ആ വിഹാരസ്ഥലത്തു ചെന്നത്‌. അത്യുത്തമങ്ങളായ പലതരം വൃക്ഷങ്ങളോടു കൂടിയതും, വലുതും ചെറുതുമായ ഭവനങ്ങളോടു കൂടിയതും നാനാപക്ഷിമൃഗാദികള്‍ വിഹരിക്കുന്നതും, നാനാവൃക്ഷസ മൂഹങ്ങളാലും ലതാനികുഞ്ജങ്ങളാലും മനോഹരമായതുമായ ആ ക്രീഡാസ്ഥലം പുരന്ദരപുരം പോലെ ശോഭിച്ചു. രസപൂര്‍ണ്ണങ്ങളും വിലപിടിച്ചവയുമായ ഭക്ഷ്യങ്ങളും, ഭോജ്യങ്ങളും, പേയങ്ങളും, സുഗന്ധദ്രവ്യങ്ങളും, അനര്‍ഘരത്നങ്ങളും നിറഞ്ഞ അന്തഃപുരത്തില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ പ്രവേശിച്ചു. സകലരും ആനന്ദഭരിതരായി അവിടെ ആ ലതാനികുഞ്ജങ്ങളില്‍ കേളിയാടി.

തടിച്ച നിതംബത്തോടും, മനോഹരമായി ഉയര്‍ന്ന പീനസ്തനങ്ങളോടും കൂടി യ മദിരാക്ഷികള്‍, യൗവനമദം കൊണ്ടു മദത്തഭഗാമിനികളും മനോഹര നീലലോചനകളുമായ സ്ത്രീകള്‍, അവിടെ കളിച്ചു പുളച്ചു. മദാലസകളായ അവര്‍ വനത്തിലും, ചിലര്‍ ജലത്തിലും, ചിലര്‍ ഭവനങ്ങളിലും അര്‍ജ്ജുനന്റേയും കൃഷ്ണന്റേയും ഇഷ്ടത്തിനൊത്തു കൂത്താടി. പാഞ്ചാലിയും സുഭദ്രയും, തങ്ങളുടെ ഭര്‍ത്താക്കന്മാരോടു കൂടെ കേളിയാടിയ ആ സുന്ദരിമാര്‍ക്കു വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി കൊടുത്തു. ജനമേജയരാജാവേ, അവര്‍ രണ്ടുപേരും അപ്പോള്‍ കാമോന്മത്തകളായിരുന്നു. സ്ത്രീകള്‍ സന്തുഷ്ടകളായി നൃത്തം വെക്കുകയും, വേറെ ചിലര്‍ ഉച്ചത്തില്‍ വിളിക്കുകയും, മറ്റു ചിലര്‍ ഉറക്കെ ചിരിക്കുകയും, ചിലര്‍ മധുമദ്യം കുടിക്കുകയും ചെയ്തു. വേറെ ചിലര്‍ തമ്മില്‍ത്തമ്മില്‍ തടഞ്ഞു നിര്‍ത്തുകയും, കൈ കൊണ്ട്‌ ഉന്തുകയും, തള്ളുകയും, കെട്ടിപ്പിടിക്കുകയും വലിക്കുകയും നേരമ്പോക്കില്‍ അടിക്കുകയും ചെയ്തു. ചിലര്‍ തമ്മില്‍ത്തമ്മില്‍ സ്വകാര്യം പറഞ്ഞു വിനോദിച്ചു കൊണ്ടിരുന്നു.

ധാരാളം സമ്പത്തുനിറഞ്ഞ ആ വനവും ക്രീഡാമന്ദിരവും ഹൃദയം കവരുന്ന വീണാവേണു മൃദംഗ ശബ്ദത്തിന്റെ മനോഹരനാദം കൊണ്ട്‌ അലയടിച്ചു.

അങ്ങനെ ആ മനോഹര ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കെ അര്‍ജ്ജുനനും കൃഷ്ണനും സമീപത്തുള്ള സുമനോഹരമായ ഒരു സ്ഥലത്തേക്കു ചെന്നു പീഠങ്ങളില്‍ കയറി ഇരുന്നു.

മഹാരാജാവേ, മഹാ വിശിഷ്ടരും, ശത്രുപുരം ജയിക്കുന്നവരുമായ കൃഷ്ണാര്‍ജ്ജുനന്മാര്‍ ആ സ്ഥലത്തുചെന്നു നല്ല ഒരിടത്ത്‌ ഇരുന്നു. അവിടെ ഇരുന്ന്‌ പാര്‍ത്ഥമാധവന്മാര്‍ മുമ്പു ചെയ്ത ഓരോ പരാക്രമങ്ങളെപ്പറ്റിയും മറ്റുമുള്ള കഥകള്‍ പറഞ്ഞു രസിച്ചു. അപ്പോള്‍ സ്വര്‍ഗ്ഗലോകത്തില്‍ അശ്വിനീകുമാരന്മാരെ പോലെ അവിടെ സുഖാമൃതം പാനം ചെയ്ത്‌ ഇരിക്കുന്ന കൃഷ്ണാര്‍ജ്ജുനന്മാരുടെ സമീപത്ത്‌ ഒരു ബ്രാഹ്മണന്‍ ചെന്നു നിന്നു.

വലിയ മരം പോലെ ഉയര്‍ന്ന ശരീരം, ഉരുകിയ സ്വര്‍ണ്ണം പോലെ ജ്വലിക്കുന്ന ദേഹകാന്തി, ചെമ്പിച്ച താടിമീശകള്‍, നീലപീതമായ നിറം, പൊക്കത്തിനൊത്ത വണ്ണം! മദ്ധ്യാഹന സൂര്യനൊപ്പം ജ്വലിക്കുന്ന ആ ബ്രാഹ്മണന്‍ മരവുരിയും ജടയും ധരിച്ച്‌ പത്മപത്രം പോലെയുള്ള മുഖത്തോടും പിംഗള തേജസ്സോടും കൂടി ജ്വലിക്കുന്ന മട്ടില്‍ പ്രശോഭിച്ചു.

ആ മഹാതേജസ്വിയായ ബ്രാഹ്മണന്‍ അടുത്തു വന്നു നിന്നപ്പോള്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ പീഠം വിട്ട്‌ എഴുന്നേറ്റു നിന്ന്‌ അദ്ദേഹത്തെ ബഹുമാനിച്ചു.

223. അഗ്നി പരാഭവം - വൈശമ്പായനൻ പറഞ്ഞു: ആ തേജസ്വിയായ പുരുഷന്‍, ലോകവീരന്മാരായ അര്‍ജ്ജുനനോടും കൃഷ്ണനോടുമായി ഖാണ്ഡവത്തില്‍ വച്ച്‌ ഇങ്ങനെ പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: ഞാന്‍ ബഹുഭോക്താവായ ഒരു വിപ്രനാണ്‌. എനിക്ക്‌ എന്നും ധാരാളം ഭക്ഷിച്ചു കൊണ്ടിരിക്കണം. പാര്‍ത്ഥാ, കൃഷ്ണാ, എനിക്ക്‌ ആവശ്യം പോലെ ഭിക്ഷ തരണമെന്ന്‌ ഞാന്‍ നിങ്ങളോട്‌ അപേക്ഷിക്കുന്നു. എന്നെ നിങ്ങള്‍ സംതൃപ്തനാക്കണം.

വൈശമ്പായനന്‍ പറഞ്ഞു: അവന്റെ അപേക്ഷ കേട്ടു കൃഷ്ണ പാര്‍ത്ഥന്മാര്‍ പറഞ്ഞു: ഭവാന് ഏത്‌ അന്നമാണ്‌ ആവശ്യം? പറഞ്ഞാലും! ഏതു കൊണ്ടാണ്‌ ഭവാന്‍ തൃപ്തനാവുക? പറയൂ! ഭവാന്റെ ആഗ്രഹം അറിഞ്ഞതിന് ശേഷം അതിനു ശ്രമിക്കാം. ഏത്‌ അന്നം വേണമെന്നാണ്‌ ആഗ്രഹം എന്നു ചോദിച്ച സമയത്ത്‌ ബ്രാഹ്മണന്‍ അവരോടു പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു; ഞാന്‍ സാധാരണ അന്നമൊന്നും ഭക്ഷിക്കുവാന്‍ ആഗ്രഹിക്കാറില്ല. എനിക്ക്‌ ചേരുന്ന അന്നം നിങ്ങള്‍ തരിക! ഞാന്‍ അഗ്നിയാണെന്നു നിങ്ങള്‍ അറിയണം. ഈ ഖാണ്ഡവ വനം ഇന്ദ്രനാണ്‌ സംരക്ഷിക്കുന്നത്‌. ആ ശക്തന്‍ കാക്കുന്ന കാട്‌ എരിക്കുവാന്‍ ഞാന്‍ ശക്തനല്ല. വാസവന്റെ സഖിയായ തക്ഷകന്‍ എന്ന നാഗം ഈ കാട്ടില്‍ പാര്‍ക്കുന്നുണ്ട്‌. അവനെ അവന്റെ സംഘത്തോടെ കാക്കുവാനാണ്‌ ഇന്ദ്രന്‍ ഈ കാട്‌ പരിരക്ഷിക്കുന്നത്‌. അനേകം ജീവികളേയും അതു കൊണ്ട്‌ അവന്‍ സംരക്ഷിച്ചു പോരുന്നു. ശക്രതേജസ്സു കൊണ്ട്‌ ഇത്‌ എരിക്കുവാന്‍ ഞാന്‍ അശക്തനാണ്‌. ഞാന്‍ കത്തിയെരിയുവാന്‍ തുടങ്ങിയാല്‍ അവന്‍ വര്‍ഷം തുടങ്ങും. അതു കൊണ്ട്‌ എനിക്ക്‌ ഇഷ്ടമായ കാട്‌ എരിക്കുവാന്‍ കഴിയുന്നില്ല. അസ്ത്രവിദഗ്ദ്ധന്മാരായ നിങ്ങള്‍ രണ്ടുപേരും എനിക്ക്‌ തുണ നില്ക്കുകയാണെങ്കില്‍ ഞാന്‍ ഈ ഖാണ്ഡവവനം ദഹിപ്പിക്കാം. ഇതാണ്‌ എനിക്കുള്ള ഭക്ഷണം. ഞാന്‍ അതു വരിക്കുന്നു. ജലധാരകളും മറ്റും കലരുന്ന ഭൂതജാലങ്ങളെ ദിവ്യാസ്‌ത്രവിജ്ഞന്മാരായ നിങ്ങള്‍ തടുക്കുവി൯!

ജനമേജയൻ പറഞ്ഞു: ഖാണ്ഡവം ദഹിപ്പിക്കുന്നതിന് പാവകന്‍ ആഗ്രഹിക്കുവാന്‍ എന്താണ്‌ കാരണം? ആ വനത്തില്‍ അനേകം ജീവജാലങ്ങള്‍ പാര്‍ക്കുന്നു. ഇന്ദ്രന്‍ സംരക്ഷിക്കുന്നതുമാണ്‌ ആ വനം. ഈ നിലയ്ക്കു ഹുതാശനന്‍ അതികോപിഷ്ഠനായി ഖാണ്ഡവം ദഹിപ്പിക്കുന്നതിന് ആഗ്രഹിക്കുവാന്‍ തക്കതായ കാരണമുണ്ടെന്ന്‌ ഞാന്‍ വിചാരിക്കുന്നു. പണ്ടുണ്ടായ ആ ഖാണ്ഡവാരണ്യ ദാഹം അതേ രൂപത്തില്‍ വിസ്തരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: ജനമേജയ! എല്ലാം നടന്ന വിധം തന്നെ ഞാന്‍ വിസ്തരിച്ചു പറയാം, എന്തിനാണ്‌ വഹ്നി ഖാണ്ഡ വനം ചുട്ടുതെന്ന്‌. ഖാണ്ഡവം ചുട്ടുകരിച്ച കഥ, പുരാണമുനികള്‍ പുകഴ്ത്തിപ്പറയുന്ന കഥ, ഞാന്‍ പറയാം:

പണ്ട്‌ ഇന്ദ്രതുല്യ പ്രഭാവനായി, ശ്വേതകി എന്നു പ്രസിദ്ധനായി, ബലവാനും വിക്രമിയുമായ ഒരു രാജാവുണ്ടായിരുന്നു. തനിക്കു സമനായി മറ്റൊരു രാജാവുമില്ലാത്ത വിധം യജ്വാവും ദാനോത്കൃഷ്ടനും ബുദ്ധിമാനുമായ ആ രാജാവ്‌ സ്മാര്‍ത്തങ്ങളായ ദേവയജ്ഞാദികള്‍ കൊണ്ടും, ശ്രൗതങ്ങളായ ഹോമാദികള്‍ കൊണ്ടും ദക്ഷിണകളോടു കൂടി യാഗം നടത്തി. ആ രാജാവിന് എല്ലായ്പോഴും ഒരേ ഒരു വിചാരമേ ഉണ്ടായിരുന്നുള്ളൂ. സത്രക്രിയാരംഭം, ഭൂമിദാനം ഇതല്ലാതെ മറ്റു ചിന്തയൊന്നും ഇല്ലായിരുന്നു. ഋത്വിക് സഹിതനായി ഈ മട്ടില്‍ ആ നൃപന്‍ അധ്വരം ചെയ്തു കൊണ്ടിരുന്നു. ഋത്വിക് ജനങ്ങള്‍ ധൂമം കൊണ്ട്‌ കണ്ണുകലങ്ങി അവശരായി. ഒട്ടേറെ നാള്‍ ചെന്നപ്പോള്‍ ആ രാജാവിനെ എല്ലാവരും വിട്ടു പോയി. പിന്നെയും രാജാവ്‌ ഋത്വിക്കുകളെ വിളിച്ചു വരുത്തി. ഹോമ ധൂമമേറ്റ്‌ കാഴ്ചയറ്റ അവര്‍ യാഗത്തിന് സമ്മതിച്ചില്ല. പിന്നെ അവരുടെ അനുവാദത്തോടെ രാജാവ്‌ വേറെ ഋത്വിക്കുകളെ വരുത്തി യാഗം പൂര്‍ത്തിയാക്കി.

കുറച്ചുനാള്‍ ചെന്നപ്പോള്‍ രാജാവ്‌ നൂറുവര്‍ഷം കൊണ്ടു കഴിയുന്ന ഒരു സത്രം ചെയ്യുവാന്‍ ഒരുങ്ങി. അതിന്‌ ഋത്വിക്കുകള്‍ ആരും വന്നില്ല. ദീര്‍ഘമായ സത്രകര്‍മ്മം നടത്തുവാന്‍ അവര്‍ സന്നദ്ധത കാണിച്ചില്ല. കീര്‍ത്തിമാനായ ആ രാജാവ്‌ മിത്രങ്ങളോടു കൂടി വളരെ ശ്രമം ചെയ്തുനോക്കി. ഋത്വിക്കുകളെ കണ്ട്‌ നമസ്കരിച്ചും നല്ലവാക്കു പറഞ്ഞും ദാനങ്ങള്‍ നല്കിയും പ്രീതിപ്പെടുത്തി കൂട്ടിക്കൊണ്ടു വരുവാന്‍ പണിപ്പെട്ടു. എന്നിട്ടും ഓജസ്വിയായ അവന് ഇഷ്ടം ചെയ്യുവാന്‍ ആരും മുതിര്‍ന്നില്ല. രാജര്‍ഷി കോപത്തോടു കൂടി ആശ്രമത്തില്‍ ചെന്ന്‌ അവരോടു പറഞ്ഞു.

ശ്വേതകി പറഞ്ഞു: അല്ലയോ ബ്രാഹ്മണരേ, നിങ്ങള്‍ എന്നെ ഉപേക്ഷിക്കുവാന്‍ എന്താണു കാരണം? ഞാന്‍ പതിതനോ നിങ്ങളുടെ വരുതിയില്‍ നില്ക്കാത്തവനോ അല്ല. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എന്നെ ഉപേക്ഷിക്കേണ്ടതാണ്‌. എന്നാൽ ഞാന്‍ ഇപ്പോള്‍ യാഗശ്രദ്ധ ഉപേക്ഷിക്കുവാന്‍ ചിന്തിക്കുന്നില്ല. അസ്ഥാനത്തുവെച്ച്‌ ഉപേക്ഷിക്കുന്നത്‌ ഉചിതമല്ല. ദ്വിജേന്ദ്രന്മാരേ! ഞാന്‍ യാഗം ചെയ്യും. എന്നെ അതില്‍ നിന്നു തടയുവാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. ഞാന്‍ നിങ്ങളെ ശരണം പ്രാപിക്കുന്നു. നിങ്ങള്‍ പ്രസാദിക്കണം. സാന്ത്വദാനാദി വാക്യങ്ങള്‍ കൊണ്ട്‌ കാര്യം ഉണ്ടാവുകയാല്‍ ഞാന്‍ എന്റെ കാര്യം ഗ്രഹിപ്പിച്ചു നിങ്ങളെ ഉണര്‍ത്തുകയാണ്‌. എന്നെ ഭവാന്മാര്‍ വെറുത്ത്‌ ഉപേക്ഷിച്ചു. എങ്കിലും ഞാന്‍ ഇതാ വീണ്ടും നിങ്ങളെ വന്ന്‌ ആശ്രയിക്കുന്നു. വേറെ ഋത്വിക്കുകളെ ഞാന്‍ യജ്ഞത്തിന് വേണ്ടി കൊണ്ടു വരട്ടെ! എന്തു വേണം? പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ രാജാവു വിരമിച്ചു. രാജാവിന്റെ അഭ്യര്‍ത്ഥന കേട്ട് യജ്ഞത്തിന് കഴിയാഞ്ഞ്‌ യാജകന്മാര്‍ ക്രോധം നടിച്ചു രാജാവിനോടു പറഞ്ഞു.

യാജകന്മാര്‍ പറഞ്ഞു: ഹേ, രാജാവേ! ഭവാന്‍ തുടര്‍ച്ചയായി യാഗകര്‍മ്മങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. എന്നും കര്‍മ്മം ചെയ്തു ചെയ്ത്‌ ഞങ്ങള്‍ ക്ഷിണിച്ചിരിക്കുകയാണ്‌. ഈ അദ്ധ്വാനം കൊണ്ടു തളര്‍ന്ന ഞങ്ങളെ ഭവാന്‍ വിട്ടൊഴിച്ചാലും! ബുദ്ധിമോഹം കൊണ്ട്‌ ത്വരയോടെ വീണ്ടും ഒരുങ്ങുന്ന ഭവാന്‍ രുദ്രന്റെ അടുത്തു ചെന്ന്‌ പ്രാര്‍ത്ഥിക്കുക! ആ ദേവന്‍ ഭവാനെ യാഗം ചെയ്യിക്കും.

വൈശമ്പായനൻ പറഞ്ഞു: ബ്രാഹ്മണരുടെ നിന്ദ്യമായ വാക്കു കേട്ട് ശ്വേതകിക്കു കോപം വന്നു. ഉടനെ രാജാവ്‌ കൈലാസത്തിലേക്കു നടന്നു. അവിടെ ചെന്ന്‌ ഉഗ്രമായ തപസ്സ്‌ ആരംഭിച്ചു. മഹേശ്വരനെ ആരാധിച്ചു നിഷ്ഠുരമായ പ്രതമെടുത്തു. വളരെക്കാലം ഉപവസിച്ചു. ചിലപ്പോള്‍ പന്ത്രണ്ടാം ദിവസമോ പതിനാറാം ദിവസമോ മാത്രം ഫലമൂലങ്ങള്‍ ഭക്ഷിക്കും. ഇന്ദ്രിയങ്ങള്‍ അടക്കി, കൈപൊക്കി കണ്ണടയ്ക്കാതെ, തൂണു പോലെ ഇളകാതെ, ആറുമാസം ശ്വേതകി സമാധിയില്‍ നിന്നു. അങ്ങനെ രാജാവ്‌ ഘോരമായ തപസ്സു ചെയ്തു നില്ക്കുമ്പോള്‍ ലോകഭാവനനും വിഭുവുമായ ശങ്കരന്‍ പ്രസാദിച്ചു പ്രതൃക്ഷപ്പെട്ടു.

മഹാദേവന്‍ ശ്വേതകിയോട്‌ ഇപ്രകാരം പറഞ്ഞു.

രുദ്രന്‍ പറഞ്ഞു: അല്ലയോ നാരശാര്‍ദ്ദൂലാ, അങ്ങയുടെ തപസ്സു കൊണ്ട്‌ ഞാന്‍ പ്രീതനായിരിക്കുന്നു. ഭവാന് ക്ഷേമം ഉണ്ടാകട്ടെ! ഭവാന്‍ ആഗ്രഹിക്കുന്ന വരം ചോദിച്ചു കൊള്ളുക.

വൈശമ്പായനന്‍ പറഞ്ഞു: തേജോരുപനായ മഹാദേവന്റെ വാക്കു കേട്ട്‌ രാജര്‍ഷി മഹേശ്വരനെ നമസ്കരിച്ചു മറുപടിപറഞ്ഞു.

ശ്വേതകി പറഞ്ഞു: സര്‍വ്വലോകരും വണങ്ങുന്ന ഭഗവാനേ, ഭവാന്‍ എന്നില്‍ പ്രീതനാണെങ്കില്‍ എന്നെക്കൊണ്ട്‌ അവിടുന്നു തന്നെ യാഗം ചെയ്യിച്ചാലും!

വൈശമ്പായനൻ പറഞ്ഞു; രാജാവു പറഞ്ഞ വാക്കു കേട്ട്‌ പ്രീതിയാല്‍ പുഞ്ചിരി തൂകിക്കൊണ്ട്‌ ഭഗവാന്‍ ശങ്കരന്‍ ഇപ്രകാരം പറഞ്ഞു.

രുദ്രന്‍ പറഞ്ഞു; യാഗം ചെയ്യിക്കാന്‍ ഞങ്ങള്‍ക്ക്‌ അധികാരമില്ല രാജാവേ! വരത്തിന് വേണ്ടി ഭവാന്‍ വലുതായ ഒരു തപസ്സ് തന്നെ ചെയ്തു. അതു കൊണ്ട്‌ ഒരു നിശ്ചയപ്രകാരം ഞാന്‍ ഭവാനെ യജിപ്പിക്കാം. രാജാവേ, പന്ത്രണ്ടു വര്‍ഷം (ബഹ്മചാരിയായി, ശ്രദ്ധയോടെ, ധാരധാരയായി നെയ്യ്‌ വീഴ്ത്തിക്കൊണ്ട്‌ അഗ്നിയെ തൃപ്തിപ്പെടുത്തണം. എന്നാൽ എന്നില്‍ നിന്ന്‌ ഭവാന്‍ എന്തു കാമിക്കുന്നുവോ അത്‌ ഭവാനു ലഭിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞപ്പോള്‍ രാജാവു രാജധാനിയില്‍ ചെന്നു മഹാദേവ കല്പന പ്രകാരം എല്ലാം അനുഷ്ഠിച്ചു. പന്ത്രണ്ടു വര്‍ഷം തികഞ്ഞ സമയം ശിവന്‍ വീണ്ടും ആ രാജാവിന്റെ അടുക്കല്‍ വന്നു. ലോകഗതി മുഴുവന്‍ ഹൃദയത്തില്‍ ഭാവന ചെയ്യുന്നവനും സുഖദാതാവുമായ ആ ദേവന്‍ രാജാവിനെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു.

ശിവന്‍ പറഞ്ഞു: അല്ലയോ നരശ്രേഷ്ഠാ! ഇവിടെ ഭവാന്‍ ചെയ്ത വേദവിധി പ്രകാരമുള്ള കര്‍മ്മത്താല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. എന്നാൽ യാഗം നടത്തിക്കുക എന്നതു ബ്രാഹ്മണരുടെ അധികാരത്തില്‍ പെട്ടതായിട്ടാണ്‌ ശാസ്ത്രവിധി. അതു കൊണ്ടു ഞാന്‍ എന്റെ ഈ നിലയില്‍ നിന്നു കൊണ്ട്‌ ഭവാനെക്കൊണ്ടു യാഗം ചെയ്യിക്കുന്നത്‌ ശരിയല്ല. ഭൂമിയില്‍ എന്റെ അംശം കൊണ്ടു ജനിച്ചവനും മഹാനുമായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ട്‌. ദുര്‍വ്വാസസ്സ്‌ എന്നു പ്രസിദ്ധനും മഹാതേജസ്വിയുമായ അദ്ദേഹം എന്റെ അനുജ്ഞ പ്രകാരം ഭവാനെക്കൊണ്ട്‌ യാഗം ചെയ്യിക്കും. വേഗത്തില്‍ എല്ലാം ഒരുക്കിക്കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: രുദ്രന്‍ ഇപ്രകാരം പറഞ്ഞ വാക്കു കേട്ട്‌ രാജാവു തന്റെ പുരത്തില്‍ ചെന്ന്‌ സംഭാരങ്ങള്‍ ഒരുക്കി വേണ്ടതെല്ലാം ഒരുക്കിയതിന്റെ ശേഷം വീണ്ടും രുദ്രനെകണ്ടു.

ശ്വേതകി പറഞ്ഞു; ഞാന്‍ യാഗദ്രവ്യങ്ങളൊക്കെ ഒരുക്കി, സര്‍വ്വ ഉപകരണങ്ങളും തയ്യാറാക്കി. ഭവാന്റെ പ്രസാദത്താല്‍ നാളെ ദീക്ഷിക്കുകയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മാന്യനായ മഹീപാലന്‍ പറഞ്ഞതു കേട്ടു ശങ്കരന്‍ ദുര്‍വ്വാസാവു മുനിയെ മുമ്പില്‍ വരുത്തി പറഞ്ഞു.

ശിവന്‍ പറഞ്ഞു: ഈ ശ്വേതകി രാജാവ്‌, ഹേ, ദ്വിജോത്തമാ! യോഗ്യനാണ്‌. എന്റെ ആജ്ഞയാല്‍ ഇവനെക്കൊണ്ടു ഭവാന്‍ യാഗം ചെയ്യിക്കണം. എന്നു പറഞ്ഞപ്പോള്‍ അങ്ങനെയാകാം! തീര്‍ച്ചയായും ചെയ്യിക്കാം എന്നു മാത്രം ദുര്‍വ്വാസാവു മഹര്‍ഷി ഉത്തരം പറഞ്ഞു. ഉടനെ ആ രാജാവിന്റെ യാഗം നടന്നു. അങ്ങനെ വിധിപ്രകാരം കാലത്തിന് അനുസരിച്ചു ശാസ്ത്രാനുസരണം അസംഖ്യം ദക്ഷിണകളോടു കൂടി യാഗം ആരംഭിച്ചു.

ഇപ്രകാരം ആ രാജാവിന്റെ യാഗം അവസാനിച്ചപ്പോള്‍ ദുര്‍വ്വാസസ്സിന്റെ അനുവാദത്തോടെ യാജകന്മാര്‍ പോയി. ആസ്‌ത്രത്തില്‍ ദീക്ഷയെടുത്തവരും, സദസ്യരായവരും എല്ലാം മടങ്ങി. മഹാഭാഗനായ രാജാവും പുരിയില്‍ പ്രവേശിച്ചു. വേദജ്ഞരായ ബ്രാഹ്മണന്മാര്‍ അദ്ദേഹത്തെ പൂജിച്ചു. വന്ദികള്‍ സ്തുതിച്ചു. നാട്ടുകാര്‍ വളരെക്കാലം അഭിനന്ദിക്കുന്ന വിധത്തില്‍ രാജാവ്‌ വളരെക്കാലം നാടുവാണ്‌ സ്വര്‍ഗ്ഗം പ്രാപിച്ചു.

ഋത്വിക്കുകളോടും സദസ്യരോടും കൂടി രാജാവ്‌ യജിച്ച ആ പന്തീരാണ്ടു സത്രത്തില്‍ അഗ്നി ഇടവിടാതെ ഹവിസ്സ്‌ അനുഭവിച്ചു. ആജ്യധാരയോടു കൂടി പ്രാജ്യകര്‍മ്മത്തില്‍ എപ്പോഴും ഹവിസ്സ് അനുഭവിച്ച്‌ അഗ്നി സംതൃപ്തനായി. പിന്നെ അന്യരാല്‍ നല്കപ്പെടുന്ന ഹവിസ്സ്‌ ഏല്ക്കുവാന്‍ അഗ്നിക്ക്‌ ആഗ്രഹം ഇല്ലാതായി. അഗ്നി വിളര്‍ത്തു മുമ്പത്തെ മാതിരി നിറമില്ലാതായി; തെളിവും കുറഞ്ഞു. അന്നു മുതല്‍ അഗ്നിക്ക്‌ രോഗം ബാധിച്ചു. ഓജസ്സു പോയി ക്ഷീണിച്ച്‌ അഗ്നിക്ക്‌ വല്ലായ്മയും വന്നു കൂടി. തനിക്കു തേജോഹാനിയേറ്റതറിഞ്ഞ്‌ ഹുതാശനന്‍ ലോകപൂജിതമായ ബ്രഹ്മലോകത്തേക്കു ചെന്നു. നന്മയോടെ ബ്രഹ്മാവിനോട്‌ ഉണര്‍ത്തിച്ചു.

അഗ്നി പഞ്ഞു: ഭഗവാനേ! ശ്വേതകേതു എനിക്ക്‌ പരമമായ പ്രീതി നല്കി. അതിനു ശേഷം എനിക്ക്‌ അതികഠിനമായ അരുചി ബാധിച്ചിരിക്കുന്നു. അതു മാറ്റുവാന്‍ എനിക്കു കഴിയുന്നില്ല. എന്റെ തേജസ്സും ബലവുമൊക്കെ കെട്ടു പോയിരിക്കുന്നു. ഓജസ്സും നശിച്ചു. ജഗത്പതേ, ഭവാന്റെ പ്രസാദത്താല്‍ ഞാന്‍ പൂര്‍വ്വസ്ഥിതിയിലാകേണമേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അഗ്നിയുടെ പ്രാര്‍ത്ഥന കേട്ട്‌ വിശ്വകര്‍മ്മാവായ പത്മജന്‍ ഹവ്യവാഹനോടു പുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ മഹാഭാഗ, പന്തീരാണ്ടുകാലം രാവും പകലും ഭേദം കൂടാതെ വസോര്‍ദ്ധാരാ ഹവിസ്സ് ഉപയോഗിച്ചതു കൊണ്ടാണ്‌ ഭവാന്‌ ഈ അജീര്‍ണ്ണം വന്നു പെട്ടത്‌. തേജസ്സറ്റതു കെണ്ട്‌ നീ ദുഃഖിക്കേണ്ട. ഞാന്‍ ഭവാനെ വേഗം മുന്‍നിലയിലാക്കാം. രുചിക്കുറവുണ്ടെങ്കില്‍ തീര്‍ത്തു തരാം. അതിന് പറ്റിയ ഒരു ഔഷധമുണ്ട്‌. പണ്ടു ദേവന്മാര്‍ പറഞ്ഞിട്ട്‌, അസുരന്മാര്‍ക്കും, രാക്ഷസന്മാര്‍ക്കും രക്ഷാസ്ഥാനമായ ആ ഘോരമായ ഖാണ്ഡവവനം, ഭവാന്‍ ഭസ്മമാക്കിയില്ലേ. ഹേ, വിഭാവസോ! അതില്‍ ഇപ്പോള്‍ നാനാജീവജാലങ്ങള്‍ പാര്‍ക്കുന്നുണ്ട്‌. അവയുടെ മേദസ്സ്‌ അകത്തു ചെന്നാല്‍ ഭവാന്‍ മുമ്പത്തെ മട്ടില്‍ തന്നെ അരോഗഗാത്രനായി തീരും. ഉടനെ ചെന്ന്‌ ആ ഖാണ്ഡവത്തെ ദഹിപ്പിക്കുക! ഭവാന്റെ രോഗം അതോടെ തീരും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ബ്രഹ്മാവു പറഞ്ഞ വാക്കു കേട്ട്‌ ഏറ്റവും വേഗത്തില്‍ അഗ്നി ഇങ്ങോട്ടു പോന്നു. ഖാണ്ഡവാരണ്യത്തില്‍ ചെന്ന്‌ ചണ്ഡമായ വേഗത്തോടെ ചീറിയടിക്കുന്ന കാറ്റോടു കൂടി ഹുതാശനന്‍ കത്തിപ്പിടിച്ചു.

ഖാണ്ഡവത്തില്‍ അഗ്നിയെരിഞ്ഞു കണ്ടപ്പോള്‍ അവിടെയുള്ളവര്‍ അത്യന്തമായ യത്നം ചെയ്ത്‌ കത്തുന്ന തീയിനെ കെടുത്തുവാന്‍ ശ്രമിച്ചു. തുമ്പിക്കൈയില്‍ ജലംകോരി കുംഭീന്ദ്രന്മാര്‍ വേഗത്തില്‍ പത്തും ആയിരവും ചേര്‍ന്നു കത്തുന്ന തീയില്‍ ഒഴിച്ചു. അനേകം ഫണങ്ങളുള്ള ഫണീന്ദ്രന്മാരും അതുപോലെ തന്നെ ക്രോധത്തോടെ അഗ്നിയില്‍ വെള്ളം കൊണ്ടു വന്നൊഴിച്ചു. അപ്രകാരം മറ്റു ജന്തുക്കളും ഒത്തുദൃമിച്ച്‌ കത്തുന്ന അഗ്നിയെ അടിച്ചു കെടുത്തി. ഇപ്രകാരം വിണ്ടും വീണ്ടും കത്തിക്കാളുന്ന അഗ്നിയെ ഏഴുവട്ടം ഖാണ്ഡവാരണ്യ ഭൂമിയില്‍ കെടുത്തിക്കളഞ്ഞു.

224. അര്‍ജ്ജുനാഗ്നിസംവാദം - വൈശമ്പായനൻ പറഞ്ഞു; പിന്നെ നിരാശപ്പെട്ടു വാട്ടം തട്ടിയ അഗ്നി ക്രുദ്ധനായി പിതാമഹന്റെ അടുത്തേക്കു പോയി. ഖാണ്ഡവത്തില്‍ നടന്ന സംഗതികളൊക്കെ ബ്രഹ്മാവിനോടു പറഞ്ഞു. മുഹൂര്‍ത്ത സമയം ചിന്തിച്ചതിന് ശേഷം സര്‍വ്വജ്ഞനായ ഭഗവാന്‍ പറഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു; നിഷ്കളങ്കനായ പാവകാ! ഭവാന് ഈ കാടെരിക്കുവാന്‍ കഴിയും. അതിനുള്ള ഉപായം ഞാന്‍ കണ്ടു കഴിഞ്ഞു. അല്പകാലം ക്ഷമിച്ചിരിക്കുക. പിന്നെ ഞാന്‍ എല്ലാം ശരിപ്പെടുത്താം. നരനാരായണന്മാര്‍ നിന്നെ സഹായിക്കും. ഹവ്വാഹനാ! അവരോടു കൂടി ചെന്നു നീ ആ കാടു ചുടും. എന്നാൽ അപ്രരകാരമാകട്ടെ! എന്നു പറഞ്ഞ്‌ അഗ്നി പോന്നു. പിന്നെ അഗ്നി നരനാരായണന്മാരുടെ ഉത്ഭവം അറിഞ്ഞു. വളരെക്കാലം കഴിഞ്ഞതിന് ശേഷം വിധാതാവു പറഞ്ഞ വാക്കുകള്‍ ഹുതാശനന്‍ ചിന്തിച്ചു. നരനാരായണ മുനിവരന്മാരുടെ. ഉത്ഭവത്തെപ്പറ്റി അറിഞ്ഞ്‌ വീണ്ടും ബ്രഹ്മാവിന്റെ സമീപത്തു ചെന്നു. അപ്പോള്‍ ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.

ബ്രഹ്മാവു പറഞ്ഞു: അല്ലയോ അഗ്നി, ആ ഖാണ്ഡവവനം ശക്രന്‍ കണ്ടുനില്ക്കെ തന്നെ ഭവാന്‍ നിസ്സംശയം ചുട്ടെരിക്കും. നരനാരായണന്മാരായ ആദിദേവന്മാര്‍ ദേവകാര്യത്തിനായി ഭൂമിയില്‍ പിറന്നിട്ടുണ്ട്‌. ലോകര്‍ അവരെ കൃഷ്ണാര്‍ജ്ജുനന്മാര്‍ എന്നു പറയുന്നു. ഖാണ്ഡവത്തിന് സമീപം അവര്‍ വസിക്കുന്നുണ്ട്‌. അവരെ ഉടനെ ചെന്നു കാണുക. ഖാണ്ഡവദാഹത്തില്‍ തുണയ്ക്കേണമെന്ന്‌ അഭൃര്‍ത്ഥിക്കുക. വാനോര്‍ കാക്കുന്നതായാലും ഭവാന്‍ ആ കാടുചുടും. സത്വജാലങ്ങളെയൊക്കെ അവര്‍ ചെന്നു തടുക്കും. അതില്‍ യാതൊരു സംശയവുമില്ല.

വൈശമ്പായനൻ പറഞ്ഞു: ബ്രഹ്മാവിന്റെ വാക്കു കേട്ട്‌ ഉടനെ അഗ്നി പോന്നു. കൃഷ്ണാര്‍ജ്ജുനന്മാരുടെ അരികില്‍ ചെന്ന്‌ അപേക്ഷിച്ച കഥ മുമ്പെ തന്നെ ഞാന്‍ പറഞ്ഞുവല്ലൊ. രാജാവേ, അഗ്നി പറഞ്ഞതു കേട്ട്‌ അര്‍ജ്ജുനന്‍, കാലോചിതമായ വാക്കു പറഞ്ഞു. ഇന്ദ്രന്‍ തടുത്താലും ഖാണ്ഡവം ചുടാം എന്ന് ഉണര്‍ത്തിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഉത്തമങ്ങളായ ദിവ്യാസ്ത്രങ്ങള്‍എന്റെ കൈയില്‍ വേണ്ടുവോളമുണ്ട്‌. ഞാന്‍ അവ കൊണ്ട്‌ ഒരിന്ദ്രനോടല്ല അനേകം വജ്രപാണികളോടു തന്നെ സമരം ചെയ്യുവാന്‍ ശക്തനാണ്‌. യുദ്ധത്തില്‍ യത്‌നം ചെയ്യുന്ന എന്റെ കൈവേഗം താങ്ങുന്നതിന് പറ്റിയ വില്ലില്ല പാവകാ! പോരില്‍ പ്രയത്നം ചെയ്യുമ്പോള്‍ ഊക്കു തടുക്കുവാന്‍ പറ്റിയതു വേണമല്ലോ. വേഗത്തില്‍ എയ്യുമ്പോള്‍ ഒടുങ്ങാത്ത അമ്പുകളും ആവശ്യമുണ്ട്‌. യഥേഷ്ടം എന്റെ അമ്പു താങ്ങുന്നതിന് തേരും പോരാ, വായുവേഗങ്ങളായ ശുഭ്രാശ്വങ്ങളും എനിക്കാവശ്യമുണ്ട്‌. മേഘനിര്‍ഘോഷമായി സുര്യപ്രഭമായ രഥവും വേണം. കൃഷ്ണനും വീര്യത്തിന് തക്ക ആയുധമില്ല. പിശാചനാഗനിരയെ കേശവന് വധിക്കുവാന്‍ പറ്റിയ ആയുധം ഇല്ല. കര്‍മ്മസിദ്ധിക്കുള്ള ഉപായം ഭഗവാന്‍ പറഞ്ഞാലും. കാട്ടില്‍ മഹാമാരി വര്‍ഷിക്കുന്ന ശക്രനെ തടുക്കുവാന്‍ പൗരുഷം കൊണ്ടു വേണ്ടുന്നത്‌ ഞങ്ങള്‍ നടത്താം. തക്കതായ ആയുധങ്ങള്‍ ഭഗവാനേ, ഭവാന്‍ തരണം.

225. ഗാണ്ഡീവാദിദാനം - വൈശമ്പായനന്‍ പറഞ്ഞു:ഇപ്രകാരം അര്‍ജ്ജുനന്‍ പറയുന്നതു കേട്ടപ്പോള്‍ ധൂമകേതുവായ ആ ഹുതാശനന്‍ ലോകപാലകനായ പാശിയെ നേരെ കാണുവാന്‍ ധ്യാനിച്ചു നിന്നു. ആദിത്യന്‌ ഉദകത്തില്‍ സ്ഥാനമരുളുന്ന ജലേശ്വരന്‍ ഉടനെ അഗ്നിദേവന്റെ മുമ്പില്‍ പ്രതൃക്ഷനായി. ധൂമധ്വജന്‍ ജലാധിപനെ സല്ക്കരിച്ചു. ലോകസംരക്ഷകന്മാരായ അഷ്ടദിക് പാലകന്മാരില്‍ നാലാമത്തെ ലോകേശനായ ആ ദേവദേവനോട്‌ അഗ്നിദേവന്‍ പറഞ്ഞു.

അഗ്നി പറഞ്ഞു; സോമന്റെ ഒരു വില്ലും ഒരു ആവനാഴിയും, കീശധ്വജമായ രഥവും ഭവാന്‌ തന്നിട്ടുണ്ടല്ലേോ. ഭവാന്‍ അത്‌ അര്‍ജ്ജുനനു നല്കണം. വലുതായ കാര്യം ആ ഗാണ്ഡീവം കൊണ്ട്‌ അര്‍ജ്ജുനന്‍ ചെയ്യും. ചക്രം കൊണ്ട്‌ കൃഷ്ണന്‍ ചെയ്യുന്ന വിധം തന്നെ ചെയ്യും. അതു കൊണ്ട്‌ അവ രണ്ടും ഭവാന്‍ ഇപ്പോള്‍ തരിക; ചക്രവും വില്ലും.

വൈശമ്പായനൻ പറഞ്ഞു: കൊടുക്കാമെന്ന്‌ വഹ്നിയോടു വരുണന്‍ സമ്മതിച്ചു. വരുണന്‍ വിശിഷ്ടമായ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും അര്‍ജ്ജുനനു കൊടുത്തു. ആ വില്ല്‌ ആത്മീയവും ഭൗതികവുമാണ്‌. അതൃത്ഭുതകരവും മഹാവീര്യമുള്ളതുമാണ്‌. പ്രസിദ്ധി വര്‍ദ്ധിപ്പിക്കുന്നതാണ്‌. ശസ്ത്രങ്ങളൊന്നും തന്നെ ഏല്ക്കാത്തതും, സര്‍വ്വശസ്ത്രങ്ങളേയും ഹരിക്കുന്നതും, ശ്രേഷ്ഠവും, എല്ലാ ആയുധങ്ങളേയും തടുക്കുന്നതും, സര്‍വ്വ വൈരികളേയും പ്രധര്‍ഷിക്കുന്നതും, നൂറായിരത്തിന് എതിരായി ഒന്നു മാത്രം മതിയാകുന്നതും, രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതും, പല വര്‍ണ്ണങ്ങളോടു കൂടിയതും, കേടറ്റതും, നാനാവര്‍ണ്ണത്തില്‍ പ്രകാശമുള്ളതും, ബലിഷ്ഠവും, ഉത്തമവുമാണ്‌. ദേവദാനവ ഗന്ധര്‍വ്വന്മാരാല്‍ പൂജിക്കപ്പെടുന്നതും പണ്ടേ തന്നെ കേള്‍വിപ്പെട്ടതുമായ ആ ദിവ്യചാപവും, അമ്പൊടുങ്ങാത്ത ആവനാഴിയും, ദിവ്യാശ്വങ്ങളോടും, കീശധ്വജത്തോടും കൂടിയ തേരും, അര്‍ജ്ജുനന്റെ മുമ്പില്‍ പ്രത്യക്ഷമായി. തേരില്‍ കെട്ടിയ ശ്വേതാശ്വങ്ങള്‍ നാലും പൊന്മാലകളണിഞ്ഞ്‌ ശരമേഘപ്രകാശത്തോടെ വിളങ്ങി. ദേവദാനവ ദുര്‍ജ്ജയമായ തേരില്‍ അവയെ പൂട്ടിക്കെട്ടിയിരിക്കുന്നു. രശ്മിയോടു കൂടിയതും, ഘോഷം കൂട്ടുന്നതും, പലവിധം രത്നങ്ങള്‍ പതിച്ചതും, ഭുവനപ്രഭുവായ വിശ്വകര്‍മ്മാവു നിര്‍മ്മിച്ചതും ഇന്നമട്ടെന്നു പറയുവാന്‍ വയ്യാത്ത വിധം അര്‍ക്കപ്രകാശം ചേര്‍ന്നതും ചന്ദ്രന്‍ കയറി മുമ്പേ ദാനവന്മാരെ പോരില്‍ ജയിച്ചതും, പുതുമേഘം പോലെ പ്രശോഭിക്കുന്നതുമായ തേര്‍ അര്‍ജ്ജുനന്റെ മുമ്പില്‍ വിളങ്ങി. ഇന്ദ്രായുധം പോലെ ശോഭിക്കുന്നതും സ്വര്‍ണ്ണാഭയുള്ളതുമായ ധ്വജം തേരില്‍ വിലസി. സിംഹശാര്‍ദ്ദൂലങ്ങളെ പോലെ ഭീഷണനായ ദിവ്യവാനരന്‍ ലോകം ദഹിപ്പിക്കുമാറ്‌ ആ ധ്വജത്തില്‍ വിളങ്ങി. നാനാമഹാഭൂതങ്ങള്‍ ആ ധ്വജത്തില്‍ കുടിയിരിക്കുന്നു. അതിന്റെ നിനദം കേട്ടാല്‍ ശത്രുക്കള്‍ ഭയപ്പെട്ടു ചാകും. പലതരം പതാകകളോടു കൂടിയ ആ ശ്രേഷ്ഠമായ തേരിനെ പ്രദക്ഷിണം ചെയ്ത്‌ ദേവകളെ വന്ദിച്ച്‌ സന്നദ്ധനായി കൈയുറയിട്ട്‌, ചട്ടയും വാളും ധരിച്ച്‌ സുകൃതി വിമാനം കയറുന്ന പോലെ അര്‍ജ്ജുനന്‍കയറി.

ബ്രഹ്മാവ്‌ പണ്ട്‌ ആ ദിവ്യമായ കാര്‍മുകം തീര്‍ത്തു. ഗാണ്ഡീവം കിട്ടിയതിനാല്‍ ഫല്‍ഗുനന്‍ സന്തോഷിച്ചു. അഗ്നിയുടെ സന്നിധിയില്‍ വെച്ചു തന്നെ വീര്യവാനായ അര്‍ജ്ജുനന്‍ ആ ധനുസ്സിനെ എടുത്തു. ശക്തനായ പാര്‍ത്ഥന്‍ ഉടനെ ഞാണുകെട്ടി. ബലവാനായ പാണ്ഡുപുത്രന്‍ കുലയേറ്റുന്ന സമയം അതിന്റെ ശബ്ദം കേട്ടവരുടെ ഹൃദയത്തില്‍ ഒരു പിടച്ചിലുണ്ടായി. ആ തേരും വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും ലഭിച്ചപ്പോള്‍ അഗ്നിയെ സഹായിക്കുവാന്‍ അര്‍ജ്ജുനന്‍ സമര്‍ത്ഥനായിത്തീര്‍ന്നു.

പിന്നെ, അഗ്നി വജ്രനാഭമായ ചക്രം കൃഷ്ണനു നല്കി. ആഗ്നേയാസ്ത്ര പ്രഭമായ ചക്രായുധത്താല്‍ ഹരി സുശക്തനായിത്തീര്‍ന്നു.

അഗ്നി പറഞ്ഞു: ഇതു കൊണ്ട്‌ മധുസൂദനാ, ഭവാന്‍ അമാനുഷന്മാരെ പോലും പോരില്‍ ജയിക്കും. യാതൊരു സംശയവുമില്ല. ഈ വജ്രത്താല്‍ മനുഷ്യരിലും, വാനവന്മാരിലും യക്ഷപിശാചാസുരാഹികളിലും യുദ്ധത്തില്‍ ഭവാന്‍ വിശിഷ്ടനാകും. യാതൊരു സംശയവുമില്ല. ഭവാന്‍ ശത്രുക്കളെ ജയിച്ച്‌ തേജസ്വിയായി ഭവിക്കും. ശത്രുവര്‍ഗ്ഗത്തില്‍ ഈ ചക്രം ഭവാന്‍ യുദ്ധത്തില്‍ പ്രയോഗിച്ചാല്‍ ശത്രുക്കളെയൊക്കെ കൊന്നൊടുക്കി വീണ്ടും ഭവാന്റെ കൈയില്‍ തന്നെ മടങ്ങിയെത്തും.

വൈശമ്പായനൻ പറഞ്ഞു: പിന്നെ വരുണന്‍ കൃഷ്ണന് ഘനരവത്തോടു കൂടിയതും ദൈത്യസൈന്യം മുടിക്കുന്നതുമായ സാക്ഷാല്‍ "കൗമോദകി"യെന്ന ഗദയും നല്കി. അതിനു ശേഷം കേശവാര്‍ജ്ജുനന്മാര്‍ പാവകനോടു പറഞ്ഞു.

കൃഷ്ണാര്‍ജ്ജുനന്മാര്‍ പറഞ്ഞു: കൃതാസ്ത്രരും, ശസ്ത്രസമ്പന്നരും, തേരും കൊടിയും ഒത്തവരുമായ ഞങ്ങള്‍ പൊരുതുവാന്‍ സമര്‍ത്ഥരാണ്‌. സുരന്മാരോടും അസുരന്മാരോടുമൊക്കെ ഒറ്റയ്ക്കു പൊരുതാം. പിന്നെയുണ്ടോ പന്നഗത്തിന് വേണ്ടി ഇന്ദ്രന്‍ മാത്രം എതിര്‍ത്തിട്ടു ഫലം?

അര്‍ജ്ജുനന്‍ പറഞ്ഞു: ചക്രപാണിയായ ഹൃഷീകേശന്‍ ചക്രവും ധരിച്ചു കെൽപോടു കൂടി പോരില്‍ നേരിട്ടാല്‍ മൂന്നു ലോകത്തിലും ചക്രം കൊണ്ടു ഭസ്മമാക്കുവാന്‍ കഴിയാത്തത്‌ എന്താണുള്ളത്‌? ഗാണ്ഡീവം വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും ധരിച്ചിട്ട്‌ ഞാനും ഒന്നു നോക്കാം. ചുറ്റും വളഞ്ഞ്‌ ഭവാന്‍ ഈ വിപിനം കത്തിച്ചുതുടങ്ങുക. അങ്ങയ്ക്കു തുണയായി ഞങ്ങളുണ്ട്‌. ഖാണ്ഡവം കാക്കുവാന്‍ കൂട്ടത്തോടെ ഇന്ദ്രന്‍ വന്നടുക്കുന്നതായാല്‍ അമ്പേറ്റു മുറിഞ്ഞുഴലുന്ന വാനവസൈന്യങ്ങളെ ഭവാനു കാണാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഗോവിന്ദനോടു കൂടി നിന്ന്‌ അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ തേജോരുപത്തോടു കൂടി കാടു ചുടുവാന്‍ ഹുതാശനന്‍ പുറപ്പെട്ടു. ചുറ്റും വളഞ്ഞു ചെന്ന്‌ സപ്താര്‍ച്ചിസ്സായ അഗ്നിദേവന്‍ ഖാണ്ഡവാടവിയില്‍ പ്രളയാഗ്നി പോലെ കത്തിപ്പടര്‍ന്ന്‌ ഉള്ളില്‍ക്കടന്നു ഭയങ്കരമായി ജ്വലിച്ചു. ഇടയ്ക്കിടയ്ക്കു ഭയങ്കരമായ ഇടിമുഴക്കം പോലെയുള്ള ആരവത്തോടു കൂടെ ഭൂതസഞ്ചയത്തെ ഇളക്കി. എല്ലാറ്റിലും പടര്‍ന്നു കയറി സകല ജീവികളേയും ചുട്ടു ദഹിപ്പിച്ച്‌ അഗ്നി ആളിക്കത്തി. സൂര്യാംശു തട്ടി തിളങ്ങുന്ന മഹാമേരുപോലെ പാവകന്‍ ഉയര്‍ന്നു.

226. ഇന്ദ്രക്രോധം - പ്രാണികളുടെ ദുരവസ്ഥയും ഇന്ദ്രന്റെ അഗ്നിശമനോദ്യമവും - വൈശമ്പായനൻ പറഞ്ഞു. കൃഷ്ണാര്‍ജ്ജുനന്മാര്‍ ആയുധധാരികളായി കാടിന്റെ രണ്ടു ഭാഗത്തും നിന്ന്‌ ഉല്ക്കടമായ വിധം ഭൂതജാലങ്ങള്‍ക്കു നാശമുണ്ടാക്കി. ഏതേതു ദിക്കില്‍ ഖാണ്ഡവാരണ്യ വാസികള്‍ ഓടുന്നുവോ അതാതു ദിക്കുകളില്‍ അവര്‍ പാഞ്ഞുചെല്ലും. രണ്ടു തേരുകളും പായുവാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ ജീവിക്കു പോലുംരക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമില്ലാതായി. ചുറ്റും തേരുണ്ടെന്ന വിധംഎപ്പോഴും കാണപ്പെട്ടു.. ഖാണ്ഡവം കത്തുവാന്‍ തുടങ്ങിയപ്പോള്‍ അതിലുള്ള ആയിരക്കണക്കിനു ഭൂതജാലങ്ങളെല്ലാം ഭൈരവാരവത്തോടു കൂടെ ചുറ്റും പുറത്തേക്ക്‌ എത്തി. ദേഹം കുറെ കത്തിയ ചിലര്‍, ദേഹം ചുട്ടു പൊള്ളിയ ചിലര്‍, കണ്ണു പൊട്ടിയവര്‍, വെന്തെരിഞ്ഞു പായുന്നവർ, സ്നേഹത്താല്‍ വിട്ടു പോകാതെ അവിടെ തന്നെ കിടന്നു വെന്തവര്‍, മക്കളെ തഴുകുന്നവര്‍, അച്ഛനെ തഴുകുന്നവര്‍, ഭാര്യയെ തഴുകുന്നവര്‍, ഇങ്ങനെ പലരും സ്നേഹത്താല്‍ വിട്ടു പോകാതെ നിന്ന നിലയില്‍ തന്നെ കത്തുന്ന അഗ്നിയില്‍ പൊരിഞ്ഞു മരിച്ചു.

അതില്‍ ചിലര്‍ ചൊടിച്ചു പല്ലു കടിച്ച്‌ മേലോട്ടു കുതിച്ചു. അവരും ആ തീയില്‍ തന്നെ വീണു. പക്ഷവും മിഴിയും കാലും വെന്തു വീണു പിടഞ്ഞ്‌ അങ്ങുമിങ്ങും നശിക്കുന്ന ശരീരികളെ കണ്ടു.

ജലാശയങ്ങളൊക്കെ അഗ്നിയില്‍ തിളച്ചു വറ്റി. അതിലുള്ള മത്സ്യം, ആമ മുതലായ ജലജീവികളും വെന്തു പോയി. ദേഹമൊക്കെ ഉരുകി കത്തിക്കൊണ്ടിരിക്കുന്ന ജീവികള്‍ ദേഹമെടുത്തു നില്ക്കുന്ന അഗ്നികളാണോ എന്നു തോന്നി. അഗ്നി വര്‍ദ്ധിച്ച്‌ പുറത്തു ചാടുന്ന വിഹംഗങ്ങളെ അര്‍ജ്ജുനന്‍ അമ്പെയ്തു വീഴ്ത്തി കത്തുന്ന അഗ്നിക്കു ഭക്ഷണമാക്കി. ശരം ദേഹത്തില്‍ തറയ്ക്കുമ്പോൾ ഭയങ്കരമായി നിലവിളിച്ചു മേൽപോട്ടു പൊങ്ങിപ്പോയിട്ടും അവ വീണ്ടും ഖാണ്ഡവ വഹ്‌നിയില്‍ തന്നെ വീണു.

കൂട്ടത്തോടെ അമ്പേറ്റ്‌ ആര്‍ത്തിപ്പെടുന്ന വനവാസികള്‍ ആർക്കുന്ന ഘോഷം കടയുന്ന കടലിന്റെ ആരവം പോലെ മുഴങ്ങിക്കേട്ടു. ജ്വലിക്കുന്ന അഗ്നിയുടെ ജ്വാല മേൽപോട്ടുയര്‍ന്നപ്പോള്‍ വാനില്‍ വാഴുന്നവര്‍ കൂടി ഭയപ്പെട്ടു. അഗ്നിജ്ജ്വാലയുടെ ചൂടു സഹിക്കാതെ അവര്‍ മുനിമാരോടും എല്ലാ ദേവകളോടും കൂടി ചേര്‍ന്ന്‌ അസുരശത്രുവായ ദേവേന്ദ്രന്റെ സന്നിധിയിലേക്ക്‌ പരിഭ്രമത്തോടെ വേഗത്തില്‍ ചെന്നു.

ദേവകള്‍ പറഞ്ഞു: മനുഷ്യലോകം മുഴുവന്‍ വേവുന്നുവല്ലോ! എന്താണ്‌ ഇതിന് കാരണം? ലോകപ്രളയം വന്നുവോ ദേവനാഥാ?

വൈശമ്പായനൻ പറഞ്ഞു: ദേവകളുടെ വാക്കുകേട്ട്‌ ദേവേന്ദ്രന്‍ ഖാണ്ഡവാരണ്യ രക്ഷയ്ക്കായി ഇറങ്ങി. അനേകം വിധത്തിലുള്ള മേഘഗണത്താല്‍ ആകാശം മറച്ച്‌ ഇന്ദ്രന്‍ വര്‍ഷിക്കുവാന്‍ തുടങ്ങി. അക്ഷപ്രമാണത്തില്‍ ജലധാര ചൊരിഞ്ഞു.

ദേവരാജന്റെ ആജ്ഞയാല്‍ മേഘജലം ഖാണ്ഡവ ഭൂമിയില്‍ അടുക്കുന്നതിന് മുമ്പായി തന്നെ അതിന്റെ വാരിധാര ചൂടിന്റെ ശക്തിയാല്‍ ആവിയായി വറ്റിപ്പോയി. ഉടനെ നമുചിദ്വേഷിയായ ഇന്ദ്രന്‍ ക്രോധത്തോടെ ആ കടുത്ത വഹ്നിയില്‍ മഹാമേഘങ്ങള്‍ കൊണ്ടു വളരെ ജലം വര്‍ഷിച്ചു. അര്‍ച്ചിസ്സും, ജലധാരയും, പുകയും, മിന്നലും ചേര്‍ന്നു ഭയങ്കരമായി ഇടിവെട്ടി മഹാപ്രളയമാരി ചൊരിഞ്ഞു. ആ കാട്‌ ഇതെല്ലാം കാരണം ഘോരമായി കാണപ്പെട്ടു.

227. ദേവകൃഷ്ണാര്‍ജ്ജുനയുദ്ധം - വൈശമ്പായനൻപറഞ്ഞു: ഇന്ദ്രന്‍ ജലധാര വര്‍ഷിക്കുവാന്‍ തുടങ്ങിയപ്പോള്‍ അര്‍ജ്ജുനന്‍ അതു തടുത്തു. അര്‍ജ്ജുനന്‍ തന്റെ ഉത്തമാസ്ത്രങ്ങളുടെ വൃഷ്ടിയും തുടങ്ങി. ഖാണ്ഡവവനത്തിന്റെ ഉപരിഭാഗം അര്‍ജ്ജുനന്‍ അസ്ത്രങ്ങള്‍ കൊണ്ട്‌ ചന്ദ്രനെ മഞ്ഞെന്ന വിധം മൂടി. അപ്പോള്‍ ഒറ്റജീവിക്കും പുറത്തുപോകാന്‍ കഴിഞ്ഞില്ല. പാര്‍ത്ഥന്‍ ശരം കൊണ്ട്‌ ആകാശം അടച്ചതു കൊണ്ട്‌ ഒന്നിനും രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ല.

ഈ സമയത്ത്‌ ശക്തനായ തക്ഷകന്‍ ഖാണ്ഡവ വനത്തില്‍ ഉണ്ടായിരുന്നില്ല. കാടു കത്തുമ്പോള്‍ അവന്‍ ആ സമയത്ത്‌ കുരുക്ഷേത്രത്തിലായിരുന്നു. ആ കാട്ടില്‍ അപ്പോള്‍ തക്ഷകന്റെ പുത്രനും ശക്തനുമായ അശ്വസേനന്‍ ഉണ്ടായിരുന്നു. ശക്തനായ അവന്‍ തീയില്‍ നിന്നു രക്ഷപ്പെടുവാന്‍ നല്ലപോലെ ശ്രമം ചെയ്തു. പുറത്തു ചാടുവാന്‍ അവന്‍ ശക്തനായില്ല. അര്‍ജ്ജുനന്റെ അസ്ത്രം അവനെ തടുത്തു. ഉടനെ അവനെ രക്ഷപ്പെടുത്തുവാന്‍ അവന്റെ അമ്മയായ നാഗരാജപുത്രി അവനെ വിഴുങ്ങി. തലമുതല്‍ ദേഹം വിഴുങ്ങി. വാല്‍ വിഴുങ്ങുന്ന സമയത്ത്‌ അവന്റെ അമ്മ അവനേയും കൊണ്ടു ഖാണ്ഡവ വനത്തില്‍ നിന്നു പുറത്തു ചാടി. പെട്ടെന്ന്‌ അര്‍ജ്ജുനന്‍ മൂര്‍ച്ചയുള്ള ഒരു കത്തിയമ്പയച്ചു കൊണ്ട്‌ അവളുടെ ശിരസ്സറുത്തു വീഴ്ത്തി. ഉടനെ അശ്വസേനനെ മോചിപ്പിക്കുവാന്‍ ഇന്ദ്രന്‍ കൊടുങ്കാറ്റിനെ വിട്ട്‌ അര്‍ജ്ജുനനെ മോഹാലസ്യപ്പെടുത്തി. ഈ തക്കത്തില്‍ അശ്വസേനന്‍ അമ്മയെ വിട്ട്‌ ഓടി രക്ഷപ്പെട്ടു.

ഘോരമായ മായാപ്രയോഗം മൂലം നാഗം തന്നെ വഞ്ചിച്ചു രക്ഷപ്പെട്ടു പോയപ്പോള്‍ അര്‍ജ്ജുനന്‍ ക്രോധത്തോടെ വാനിലുയരുന്ന സകല ജീവികളേയും ഖണ്ഡിച്ചു വീഴ്ത്തുവാന്‍ തുടങ്ങി, എന്നു തന്നെയല്ല, ബീഭത്സു ആ പാമ്പിനെ കോപത്തോടെ ശപിച്ചു. പാവകനും വാസുദേവനും ശപിച്ചു: "നിനക്കു നിലകിട്ടാതെ പോകട്ടെ!", എന്ന്.

പിന്നെ അര്‍ജ്ജുനന്‍ സഹസ്രാക്ഷന്റെ നേരെ ആകാശത്തേക്ക്‌ ശരങ്ങള്‍ ചൊരിഞ്ഞു പൊരുതി. ആ ചതി അര്‍ജ്ജുനന് സഹിക്കാന്‍ കഴിഞ്ഞില്ല. സംരബ്ധനായ അര്‍ജ്ജുനനെ കണ്ട്‌ ഇന്ദ്രനും ആകാശം മുഴുവന്‍ മൂടുമാറ്‌ തന്റെ അസ്ത്രവും പ്രയോഗിച്ചു.

ഉടനെ ഭയങ്കര ഘോഷത്തോടെ കാറ്റ്‌ കടലുകളെയെല്ലാം കലക്കി മറിച്ച്‌ ആകാശത്തില്‍ ചുറ്റിപ്പരന്ന്‌ പെരുമഴ ചൊരിയുന്ന മേഘജാലങ്ങളെ സൃഷ്ടിച്ചു. തടിത്തുകളോടു കൂടി ഭയങ്കരമായി ഇടിവെട്ടി. അതു നിര്‍ത്തുവാന്‍ അര്‍ജ്ജുനന്‍ ഉത്തമാസ്ത്രം എയ്തു. വായവ്യാസ്ത്രം മന്ത്രിച്ച്‌ മറുകൈയായി പ്രയോഗിച്ചു. അതു കൊണ്ട്‌ ഇന്ദ്രമേഘങ്ങളുടെ വീര്യവും ഓജസ്സും നശിച്ചു. ജലധാരകള്‍ വറ്റുകയും വര്‍ദ്ധിച്ച മിന്നല്‍പ്പിണരുകള്‍ മായുകയും ചെയ്തു.

ഇരുട്ടും പൊടിയും പോയി ആകാശം തെളിഞ്ഞു. കുളുര്‍കാറ്റു വീശി സൂര്യന്‍ പ്രകാശിച്ചു. അപ്പോള്‍ വേണ്ടപോലെ പ്രഹൃഷ്ടനായി അഗ്നി തെളിഞ്ഞു കത്തി. പ്രാണി ദേഹങ്ങളില്‍ നിന്നൊഴുകുന്ന വസ വീണതു കൊണ്ട്‌ അഗ്നി ജ്വാലാമാലയോടെ, ഘോരമായ ശബ്ദകോലാഹലത്തോടെ കത്തിജ്ജ്വലിച്ചു.

കൃഷ്ണാര്‍ജ്ജുനന്മാര്‍ കാത്തു പോരുന്ന ആ കാട്ടുതീ കണ്ട്‌ ഗര്‍വ്വോടെ ആകാശത്ത്‌ ഗരുഡവംശജരായ പക്ഷിക്കൂട്ടങ്ങള്‍ എത്തി. ആ ഗരുഡന്മാര്‍ വജ്രത്തോടൊക്കുന്ന പക്ഷതുണ്ഡ നഖങ്ങള്‍ കൊണ്ട്‌ വാനില്‍ കൃഷ്ണാര്‍ജ്ജുനന്മാരെ പ്രഹരിക്കുവാനായി അടുത്തു. അപ്രകാരം തന്നെ ഉരഗൗഘങ്ങള്‍ ഘോരമായ വിഷം കത്തിജ്വലിക്കുന്ന മുഖത്തോടെ ആകാശത്തില്‍ സഞ്ചരിച്ചു.

ഉടനെ പാര്‍ത്ഥന്‍ കോപത്തോടെ ആ ആകാശ ചാരികളെ കണ്ട്‌ ശരങ്ങള്‍ വിട്ട്‌ മുറിവേല്പിച്ചു. രോഷാഗ്നി പോലെയുള്ള ഉഗ്ര ശരങ്ങള്‍ കൊണ്ട്‌ അവ കടുത്ത അഗ്നിയിലേക്കു വീണ്‌ അവിടെക്കിടന്ന്‌ അവ പൊരിഞ്ഞു ചത്തു.

ഉടനെ ദേവദൈത്യ ഗന്ധര്‍വ്വ യക്ഷരാക്ഷസ പന്നഗന്മാര്‍ ഉഗ്രമായ ആരവത്തോടുകൂടെ രണത്തിന് ചാടിപ്പുറപ്പെട്ടു. ഇരുമ്പുചീറ്റുന്ന ചക്രം, അശ്മമുസൃണ്ഠി മുതലായവ എടുത്ത്‌ കൃഷ്ണാര്‍ജ്ജുനന്മാരെ കൊല്ലുവാന്‍ ഉത്കടമായ ക്രോധത്തോടെ പാഞ്ഞെത്തി. അതിവാക്കു പറഞ്ഞ്‌ അസ്ത്രം വര്‍ഷിക്കുന്ന അവരെ ബാണങ്ങള്‍ പൊഴിച്ച്‌ കഴുത്തറുത്ത്‌ അര്‍ജ്ജുനന്‍ കൊന്നു വീഴ്ത്തി. വിക്രമിയായ കൃഷ്ണന്‍ ചക്രായുധം കൊണ്ട്‌ ദൈത്യദാനവ സംഘത്തെ തകര്‍ത്തു. ചിലര്‍ അമ്പേറ്റും ചിലര്‍ ചക്രവേഗത്താല്‍ ഓടിക്കപ്പെട്ടും ചുഴിയില്‍പ്പെട്ട വസ്തുക്കള്‍ പോലെ കരയ്ക്കെത്തി നിശ്ചലരായി നിന്ന നിലയ്ക്കു നിന്നു.

ഉടനെ ഇന്ദ്രന്‍ ക്രോധത്തോടെ വെള്ളാനപ്പുറത്തു കേറി വന്ന്‌ കൃഷ്ണാര്‍ജ്ജുനന്മാര്‍ക്കെതിരെ നിന്നു. ഉടനെ ഊക്കോടെ ഇടിവാളെന്നു പേരായ വില്ലെടുത്ത്‌ അതില്‍ വജ്രാസത്രം തൊടുത്ത്‌ വാസവന്‍ ഊക്കില്‍ വിട്ടു. അവരുടെ പണി കഴിഞ്ഞു എന്നു ഇന്ദ്രന്‍ സുരന്മാരെ നോക്കിപ്പറഞ്ഞു. ഇന്ദ്രന്‍ വജ്രം എടുത്തതു കണ്ട്‌ ദേവന്മാരൊക്കെ താന്താങ്ങളുടെ ശസ്ത്രങ്ങളും എടുത്തു. കാലദണഡം യമന്‍ എടുത്തു. ധനാധിപന്‍ ഗദയെടുത്തു. ജലേശ്വരന്‍ പാശങ്ങളോടു കൂടിയ ഇടിവാള്‍ എടുത്തു. സ്കന്ദന്‍ ശക്തിയെടുത്തു. ജ്വലിക്കുന്ന ഔഷധികളെ അശ്വിനീ ദേവന്മാര്‍ എടുത്തു. ധാതാവ്‌ അപ്പോള്‍ വില്ലെടുത്തു. ജയന്‍ മുസലമെടുത്തു. ത്വഷ്ടാവ്‌ പര്‍വ്വതം കുത്തിപ്പറിച്ചു കൈയിലെടുത്തു. മൃത്യു വെണ്മഴു കൈയിലെടുത്തു. പരിഘം കൈയിലേന്തി അര്യമാവ്‌ സഞ്ചരിച്ചു. ക്ഷുരാന്തമായ ചക്രമേന്തി മിത്രനും നിന്നു. പൂഷാവും ഗദനും സവിതാവും അപ്രകാരം ആയുധം ധരിച്ചു. അങ്ങനെ വില്ലും വാളുമായി കൃഷ്ണാര്‍ജ്ജുനന്മാരുടെ നേരെ ഏറ്റ്‌ വസുക്കളും, രുദ്രന്മാരും, മരുത്തുക്കളും; വിശ്വേദേവകള്‍, സാദ്ധ്യന്മാര്‍, തേജസ്വികളായ മറ്റു ദേവകള്‍ ഇവരെല്ലാം കൃഷ്ണപാര്‍ത്ഥരെ ഹനിക്കുവാന്‍ പാഞ്ഞടുത്തു. പോരില്‍ അത്ഭുതങ്ങളായ നിമിത്തങ്ങള്‍, പ്രളയത്തോടൊത്ത വിധം ഭൂതസമ്മോഹനങ്ങളായി കണ്ടു. വാനോര്‍കള്‍ ഒന്നിച്ചു കൂടി. ദേവേന്ദ്രന്‍ വന്നതു കണ്ടപ്പോള്‍, കുലുങ്ങാതെ, വില്ലുമേന്തി സമരമുഖത്ത്‌ അച്യുതാര്‍ജ്ജുനന്മാര്‍ നിന്നു.

ഉടനെ വന്നു കൊണ്ടിരിക്കുന്ന വാനരന്മാരെ പടയില്‍ പ്രൗഢരായ അവര്‍ ക്രോധിച്ച്‌ വജ്രമൊക്കുന്ന ശരങ്ങള്‍ കൊണ്ട്‌ എയ്തു. ദേവന്മാര്‍ ഭഗ്നാശരായിത്തീര്‍ന്നു. പേടിച്ച്‌ ശക്രസന്നിധിയില്‍ പോരു നിറുത്തി, ചെന്നു നിന്നു. കൃഷ്ണാര്‍ജ്ജുനന്മാര്‍ ഇപ്രകാരം ദേവന്മാരെ ജയിച്ചതായി കണ്ട്‌ വാനില്‍ നില്ക്കുന്ന മുനിമണ്ഡലം അത്ഭുതപ്പെട്ടു.

പലപാടും അവരുടെ വീര്യം കണ്ട്‌ ഇന്ദ്രന്‍ പരമപ്രീതനായി നിന്നു കൊണ്ട്‌ വീണ്ടും പൊരുതി. ഉടനെ ഉഗ്രമായ അശ്മവര്‍ഷം പാകശാസനന്‍ തുടങ്ങി. അതു വീണ്ടും പാര്‍ത്ഥന്റെ സാമര്‍ത്ഥ്യം കാണുവാനായിരുന്നു. ആ കല്ലുവര്‍ഷത്തെ ശരംതൂകി അര്‍ജ്ജുനന്‍ തടുത്തു. അവ നിഷ്ഫലമാകുന്നതായി കണ്ട്‌ ശക്രകേതു വീണ്ടും വര്‍ഷം വര്‍ദ്ധിപ്പിച്ചു. ഉടനെ ഊക്കേറുന്ന ശരവര്‍ഷത്താല്‍ ഇന്ദ്രന്റെ ശിലാവര്‍ഷത്തെ അര്‍ജ്ജുനന്‍ ശമിപ്പിച്ചു. അത്‌ പിതാവായ ഇന്ദ്രന് അമിതമായ ആനന്ദമുളവാക്കി.

ഉടനെ മന്ദരാദ്രിയുടെ ഒരു കൊടുമുടി അടര്‍ത്തിയെടുത്ത്‌ ഇന്ദ്രന്‍ വൃക്ഷഗണത്തോടു കൂടെ പാര്‍ത്ഥവധത്തിന്നായി വിട്ടു. പടുവായ പാര്‍ത്ഥന്‍ കൂര്‍ത്തുമൂര്‍ത്ത കടുത്ത ബാണങ്ങള്‍ കൊണ്ട്‌ ആ ശൈലശ്യംഗം ആയിരം കഷണമായി തകര്‍ത്തു കളഞ്ഞു ആ പര്‍വ്വതം പൊടിഞ്ഞു വീഴുന്നതു കണ്ടപ്പോള്‍ സൂര്യചന്ദ്രഗ്രഹങ്ങളോടു കൂടിയ ആകാശം തന്നെ തകര്‍ന്നു വീഴുകയാണോ എന്നു തോന്നിപ്പോയി! ആ ശൈലശ്യംഗം ആ കാട്ടില്‍ തകര്‍ന്നു വീണതു കൊണ്ട്‌ ഖാണ്ഡവത്തിലെ പ്രാണി സമൂഹം ഒന്നു കൂടി തകര്‍ന്നു നശിച്ചു.

മയദര്‍ശനപര്‍വ്വം

228. മയദാനവ ത്രാണനം - വൈശമ്പായനന്‍ പറഞ്ഞു :ഇപ്രകാരം ശൈലം പൊട്ടിത്തകര്‍ന്ന്‌ ഖാണ്ഡവത്തില്‍ വീണപ്പോള്‍ ഖാണ്ഡവ വാസികള്‍ വല്ലാതെ ഭയപ്പെട്ടു. അസുരന്മാര്‍, രാക്ഷസന്മാര്‍, സര്‍പ്പങ്ങള്‍. തരക്ഷുക്കള്‍, വാനരന്മാര്‍, മത്തഗജങ്ങള്‍. പുലികള്‍, സിംഹങ്ങള്‍, മാനുകള്‍, പോത്തുകള്‍, പലതരം പക്ഷികള്‍, മറ്റ്‌ അസംഖ്യം ജീവജാലങ്ങള്‍ ഇങ്ങനെയുള്ള സര്‍വ്വജീവികളും ഭയചകിതരായി ഓടുവാന്‍ തുടങ്ങി. കാട്ടുതീ കണ്ടും, ശസ്ത്രമേന്തി നില്ക്കുന്ന കൃഷ്ണാര്‍ജ്ജുനന്മാരെ കണ്ടും, ഉല്പാതം പോലെ അദ്രിവീണ ശബ്ദം കേട്ടും അവ ആകെ കിടിലം കൊണ്ടു. അത്യുഗ്രമായി പല വിധത്തില്‍ കത്തുന്ന കാടു കണ്ടും ശസ്ത്രമേന്തിയ കൃഷ്ണാര്‍ജ്ജുനന്മാരെ കണ്ടും ഭയങ്കരമായി വിലപിച്ചാര്‍ത്തു. രൗദ്രമായ ആ ആരവത്താലും കത്തുന്ന തീയിന്റെ ഇരമ്പം കൊണ്ടും, പൊട്ടിത്തെറി കൊണ്ടും ഉല്പാത മേഘശബ്ദം പോലെ ആകാശം ഇരമ്പി.

ഉടനെ കൃഷ്ണന്‍ തനിക്കൊത്ത കടുത്ത തേജസ്സിനൊപ്പമായ ചക്രം പ്രയോഗിക്കുവാന്‍ തുടങ്ങി. അത്‌ ജന്തുവര്‍ഗ്ഗമൊക്കെ നശിപ്പിക്കുവാന്‍ തുടങ്ങി. അതോടു കൂടി ക്ഷുദ്രജാതികളൊക്കെ വലഞ്ഞു. രക്ഷോദൈതൃരും വിഷമിച്ചു. എല്ലാം ചക്രം കൊണ്ട്‌ അരിഞ്ഞ്‌ അഗ്നിയില്‍ ആഹുതി ചെയ്യപ്പെട്ടു തുടങ്ങി. ദൈതൃര്‍ കൃഷ്ണചക്രം കൊണ്ട്‌ ക്ഷതാംഗരായി കാണപ്പെട്ടു. വസയും ചോരയും ചാടി സന്ധ്യാമേഘം പോലെ കാടു ചുവന്നു.

പിശാചുക്കളും, പക്ഷികളും, നാഗങ്ങളും, പശുക്കളും ഒക്കെ കേശവന്റെ ചക്രത്താല്‍ അരിഞ്ഞു വിഴ്ത്തപ്പെട്ടു. അങ്ങനെ കൃഷ്ണന്‍ ഒരു സംഹാരലീല തുടങ്ങി. ചക്രം വിട്ടാല്‍ ഉടനെ ചെന്നു നാനാപക്ഷി സഞ്ചയങ്ങളെ അരിഞ്ഞു വിഴ്ത്തുകയായി, ഉടനെ മടങ്ങി വരികയായി, വീണ്ടും വിടുകയായി. ഇപ്രകാരം നിശാചരന്മാര്‍, ഉരഗങ്ങള്‍ എന്നിവയെ കൊന്നു മുടിച്ചു കൊണ്ടിരിക്കെ വിശ്വമൂര്‍ത്തിയുടെ രൂപവും അത്യുഗ്രമായി വിളങ്ങി. ഒത്തു ചേര്‍ന്നെത്തുന്ന നാനാദൈത്യന്മാരില്‍ ആര്‍ക്കും കൃഷ്ണാര്‍ജ്ജുനന്മാരെ ജയിക്കുവാന്‍ ശക്തിയുണ്ടായില്ല. അവരുടെ ശക്തിയാല്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീ കെടുത്തുവാന്‍ വാനവര്‍ ശ്രമിച്ചിട്ടും സാധിക്കാതെ പിന്തിരിഞ്ഞു.

ദേവന്മാര്‍ പിന്തിരിഞ്ഞതു കണ്ട്‌ ഇന്ദ്രന്‍ പ്രസന്നനായി കൃഷ്ണാര്‍ജ്ജുനന്മാരെ പ്രശംസിച്ചു. വാനോരൊക്കെ ഒഴിച്ചു പോകുമ്പോള്‍ ഒരു അശരീരി വാക്കുണ്ടായി. ആ അശരീരി ജംഭാരിയെ വിളിച്ച്‌ ഉച്ചത്തില്‍ പറഞ്ഞു:

ശക്രാ! നിന്റെ തോഴനായ തക്ഷകന്‍ ഖാണ്ഡവ വനത്തിലില്ല. അവന്‍ ഖാണ്ഡവം കത്തുമ്പോള്‍ കാര്യവശാല്‍ കുരുക്ഷേത്രത്തിലേക്കു പോയിരിക്കുകയായിരുന്നു. പോരില്‍ കൃഷ്ണാര്‍ജ്ജുനന്മാരെ ജയിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. എന്റെ ഈ വാക്കു നല്ല പോലെ ധരിക്കുക. അവര്‍ നരനാരായണന്മാരാണ്‌. ആദിദേവന്മാരാണ്‌. അങ്ങയ്ക്കും അറിവുള്ളതാണല്ലോ അവരുടെ മഹത്തായ വീര്യപരാക്രമങ്ങള്‍. അജിതന്മാരായ ഇവരെ ജയിക്കാമെന്നു മോഹിക്കേണ്ട സര്‍വ്വലോകങ്ങള്‍ക്കും ഇവര്‍ പുരാണ മുനിമാരാണ്‌. സര്‍വ്വലോകങ്ങള്‍ക്കും ഇവര്‍ പൂജനീയന്മാരുമാണ്‌. സര്‍വ്വ ദേവന്മാര്‍ക്കും, സര്‍വ്വ അസുരന്മാര്‍ക്കും, സര്‍വ്വ യക്ഷരാക്ഷസ ഗന്ധര്‍വ്വ കിന്നരാഹ്യാദികള്‍ക്കും, നരന്മാര്‍ക്കും പൂജനിയന്മാരാണ്‌ കൃഷ്ണാര്‍ജ്ജുനന്മാര്‍. അതു കൊണ്ട്‌ ദേവന്മാരോടു കൂടി ഭവാന്‍ പോയാലും! ഇവിടം വിട്ടാലും! ഖാണ്ഡവാരണ്യ നാശം ദൈവകല്പിതമാണെന്നു വിചാരിക്കുക!

ഇപ്രകാരം അശരീരിവാക്കു കേട്ടപ്പോള്‍ ഇന്ദ്രന്‌ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടു. സ്വര്‍ഗ്ഗത്തിലേക്കു മടങ്ങുവാന്‍ ശക്രന്‍ തീര്‍ച്ചയാക്കി. ഇന്ദ്രന്റെ ക്രോധാമര്‍ഷങ്ങളൊക്കെ പോയി, മടങ്ങുവാന്‍ തീരുമാനിച്ചപ്പോള്‍ ദേവന്മാരൊക്കെ സര്‍വ്വസൈന്യങ്ങളോടു കൂടി അമരേന്ദ്രനെ പിന്തുടര്‍ന്നു. ദേവന്മാരോടു കൂടി ഇന്ദ്രന്‍ മടങ്ങുന്നത്‌ കണ്ട്‌ കൃഷ്ണനും അര്‍ജ്ജുനനും സിംഹനാദം മുഴക്കി.

ദേവേന്ദ്രന്‍ പോയപ്പോള്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ പ്രഹൃഷ്ടന്മാരായി. നിശ്ശങ്കം അവര്‍ ആ കാട്ടില്‍ ചെന്നു കാടിനെ ദഹിപ്പിച്ചു. മേഘങ്ങളെ കാറ്റു പോലെ, ദേവന്മാരെ അര്‍ജ്ജുനന്‍ ഓടിച്ച്‌ ഖാണ്ഡവത്തിലെ ജീവജാലങ്ങളെ ശരങ്ങള്‍ കൊണ്ടു മര്‍ദ്ദിച്ചു. ഒരു ഭൂതത്തിനും പുറത്തേക്കു പോകുവാന്‍ സാദ്ധ്യമായില്ല. പോരില്‍ അമ്പെയ്യുന്ന ശക്രപുത്രനെ മഹാഭൂതങ്ങള്‍ക്കു നേരിട്ടു നോക്കുവാന്‍ പോലും കഴിഞ്ഞില്ല. പിന്നെയുണ്ടോ പൊരുതുവാന്‍ കഴിയുന്നു? ഒരു ബാണത്താല്‍ നുറെണ്ണത്തെ എയ്തു. കാലന്‍ ഏറ്റ മട്ട്‌ അവ അഗ്നിയില്‍ ചത്തു വീണു. കുണ്ടിലും കുന്നിലും അവയ്ക്കു രക്ഷയുണ്ടായില്ല. പിതൃദേവസ്ഥലിയിലും ചൂടു വര്‍ദ്ധിച്ചു. അതിദീനങ്ങളായി ഭൂതസഞ്ചയം ആര്‍ത്തു. ആനകളും മാനുകളും തരക്ഷുക്കളും കരഞ്ഞു. അവയുടെ ആര്‍ത്തനാദം കേട്ട്‌ ഗംഗാനദിയിലേയും കടലിലേയും മത്സ്യങ്ങള്‍ പോലും ഭയപ്പെട്ടു. വിദ്യാധരന്മാരും ആ കാട്ടില്‍ വാഴുന്ന പല വര്‍ഗ്ഗങ്ങളും കൃഷ്ണാര്‍ജ്ജുനന്മാരെ നോക്കുവാന്‍ പോലും ശക്തരായില്ല. പോരിന്റെ കാര്യം പിന്നെ ചിന്തിക്കണമോ? അതില്‍ ചിലര്‍ കൂട്ടത്തോടെ പുറപ്പെട്ടു. ദൈതൃരും, രാക്ഷസന്മാരും, ഭുജംഗങ്ങളും ചക്രത്താല്‍ കൊല്ലപ്പെട്ടു. ചക്രം ഏറ്റു മെയ്യും തലയും അറ്റവര്‍ ഇരമ്പിപ്പൊങ്ങുന്ന അഗ്നിയില്‍ വീണു വെന്തു. ഹുതാശനന്‍ മാംസരക്തവസകള്‍ കൊണ്ടു തൃപ്തനായി. അഗ്നിഭഗവാന്‍ ആകാശത്തില്‍ പുകയില്ലാതെ തെളിഞ്ഞുയര്‍ന്നു. കണ്ണും നാവും തൃപ്തനായി, ജ്വലിക്കുന്ന മുഖത്തോടെ, ദീപ്തമായ ഊര്‍ദ്ധ്വകേശനായി, പിംഗാക്ഷനായി നാനാജന്തുക്കളെ അനുഭവിക്കുന്ന ഹുതാശനന്‍ തൃപ്തനായി തെളിഞ്ഞു.

കൃഷ്ണാര്‍ജ്ജുനന്മാര്‍ തന്ന സുധയേറ്റ്‌ അഗ്നി നിര്‍വൃതനായി. അപ്പോള്‍ മയാസുരന്‍ തക്ഷകന്റെ ഗൃഹം വിട്ടു പാഞ്ഞു പോകുന്ന സമയത്ത്‌ മധുസൂദനന്‍ കണ്ടെത്തി. അവനെ ചുടുവാന്‍ കാറ്റിന്റെ സാരഥിയായ അഗ്നി ഒരുങ്ങി. ജടയേന്തുന്ന ദേഹത്തോടെ കാറ്റു പോലെ അലറി വേഗത്തില്‍ അഗ്നി പാഞ്ഞടുത്തു. ദാനവന്മാരുടെ ശില്പിയായ മയന്റെ അരികിലേക്കു ചക്രമോങ്ങി കൃഷ്ണനുമെത്തി. ഓങ്ങുന്ന ചക്രത്തേയും കത്തിക്കുവാന്‍ എത്തുന്ന അഗ്നിയേയും കണ്ട്‌ ഓടുന്ന മയന്‍, "അര്‍ജ്ജുനാ! അര്‍ജ്ജുനാ! രക്ഷിക്കണേ! രക്ഷിക്കണേ!", എന്നു വിലപിച്ചു. ആര്‍ത്തസ്വരം കേട്ടപ്പോള്‍ "പേടിക്കേണ്ടാ" എന്ന് അര്‍ജ്ജുനന്‍ വിളിച്ചു പറഞ്ഞു. ആ ശബ്ദം കേട്ടപ്പോള്‍ മയന്‍ മരണത്തില്‍ നിന്നു ജീവിച്ച പോലെയായി. ഭയപ്പെടേണ്ടാ എന്നു ദയയോടെ അര്‍ജ്ജുനന്‍ മയനോടു പറഞ്ഞു. നമുചിയുടെ അനുജനായ മയന് അഭയം നല്കിയപ്പോള്‍ കൃഷ്ണന്‍ അവനെ കൊന്നില്ല. അഗ്നി ദഹിപ്പിച്ചുമില്ല.

ആ കാട്‌ ധീമാനായ പാവകന്‍ പതിനഞ്ചു ദിവസം കൊണ്ടു ദഹിപ്പിച്ചു. ശക്രനില്‍ നിന്ന്‌ കൃഷ്ണാര്‍ജ്ജുനന്മാര്‍ കാത്തതു മൂലം അഗ്നിക്ക്‌ അത്‌ സാധിച്ചു. ആ കാടു ചുട്ടതില്‍ ആറു പേര്‍ മാത്രം വെന്തില്ല. അശ്വസേനന്‍, മയന്‍, നാലു ശാര്‍ങ്ഗകപ്പക്ഷികള്‍ ഇവരായിരുന്നു ആ ആറു പേര്‍.

229. ശാര്‍ങ്ഗകോപാഖ്യാനം - ജനമേജയൻ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ! ആ കാടു ചുട്ടെരിയുമ്പോള്‍ എന്തു കൊണ്ടാണ്‌ അഗ്നി ശാര്‍ങ്ഗകങ്ങളെ ദഹിപ്പിക്കാതിരുന്നത്‌? അശ്വസേനനേയും മയനേയും എന്തു കൊണ്ടു ചുട്ടില്ല എന്നുള്ളത്‌ ഭവാന്‍ പറഞ്ഞുവല്ലോ. ശാര്‍ങ്ഗകങ്ങളെ രക്ഷപ്പെടുത്തുവാനുള്ള കാരണം കേട്ടാല്‍ കൊള്ളാം. ഹേ. ബ്രാഹ്മണാ! അവയുടെ കാര്യം ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. തീയെരിഞ്ഞിട്ടും അവ കേടു കൂടാതെ രക്ഷപ്പെട്ടുവല്ലോ!

വൈശമ്പായനൻ പറഞ്ഞു: ശാര്‍ങ്ഗകങ്ങളെ അന്ന്‌ അഗ്നിദേവന്‍ ദഹിപ്പിക്കാതിരിക്കുവാനുള്ള കാരണവും ഞാന്‍ ഭവാനോടു പറയാം. നടന്ന വിധം തന്നെ വിവരിക്കാം.

ധര്‍മ്മിഷ്ഠരില്‍ അതിപ്രധാനിയും, തപസ്വിയും, ശാസ്ത്രജ്ഞനും, നിശിതവ്രതനുമായി മന്ദപാലന്‍ എന്ന ഒരു മുനിശ്രേഷ്ഠനുണ്ടായിരുന്നു. ഊര്‍ദ്ധ്വരേതസ്സുകളായ മഹര്‍ഷിമാരുടെ ധര്‍മ്മമാര്‍ഗ്ഗം അനുവര്‍ത്തിച്ച ആ മുനി സ്വാദ്ധ്യായവാനായി, തപസ്വിയായി, ജിത്രേന്ദ്രിയനായി, ധര്‍മ്മതത്പരനായി ജീവിച്ചു. തപസ്സിന്റെ മറുകര കണ്ട്‌ യഥാകാലം കാലധര്‍മ്മം പ്രാപിച്ച്‌ ആ മഹര്‍ഷി. പിതൃലോകം പ്രാപിച്ചെങ്കിലും അവിടെ അവന് തപസ്സിന്റെ ഫലം യാതൊന്നും ലഭിച്ചില്ല. തപസ്സു കൊണ്ടു ജയിച്ച ലോകത്തില്‍ സ്ഥാനം ലഭിക്കായ്കയാല്‍ അവന്‍ ധർമ്മരാജാവിന്റെ മുമ്പില്‍ ചെന്ന്‌ ദേവകളോടു ചോദിച്ചു.

മന്ദപാലന്‍ പറഞ്ഞു; ഞാന്‍ തപസ്സു കൊണ്ടു സമ്പാദിച്ച പുണ്യലോകങ്ങള്‍ എനിക്ക്‌ എന്തു കൊണ്ടു തുറന്നു തരുന്നില്ല? ഞാന്‍ എന്തു കര്‍മ്മം ചെയ്യാഞ്ഞിട്ടാണ്‌ എനിക്ക്‌ ഈ ഫലം വന്നത്‌? ഈ നിരോധനത്തിന് ഞാന്‍ എന്തു പ്രതിവിധി ചെയ്യണം? പറഞ്ഞാലും!

ദേവകള്‍ പറഞ്ഞു: മനുഷ്യരൊക്കെ കടപ്പെട്ടവരാണ്‌ മുനീശ്വരാ! ബ്രഹ്മചര്യവും പ്രജയും ഇങ്ങനെ രണ്ടു മാര്‍ഗ്ഗത്തിലാണ്‌ ക്രിയകള്‍. ഞാന്‍ അതു വിശദമാക്കാം. യജ്ഞം, തപസ്സ്‌, തനയര്‍ ( സന്താനങ്ങൾ ) ഇവ കൊണ്ടാണ്‌ ക്രിയ പൂര്‍ണ്ണമാവുക. അങ്ങ്‌ തപസ്വിയും യജ്ഞവാനുമാണ്‌. എന്നാൽ ഭവാനു സന്തതിയില്ല. സന്താനത്തിന്റെ പോരായ്മ കാരണമാണ്‌ പിതൃലോകം ഭവാനു തുറന്നു തരാഞ്ഞത്‌. ഭവാന്‍ പ്രജകളെ ജനിപ്പിക്കുക. എന്നാൽ നിതൃലോകം ഭവാനു ലഭിക്കും. പും എന്ന നരകത്തില്‍ നിന്നു പിതാവിനെ കാക്കുന്നത്‌ പുത്രരാണ്‌. അതു കൊണ്ട്‌ പുത്രസന്താനങ്ങള്‍ ഉണ്ടാകുവാന്‍ ഭവാന്‍ ശ്രമിച്ചാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദേവന്മാര്‍ പറഞ്ഞ വാക്കു കേട്ട്‌ മന്ദപാലന്‍ തനിക്കു വളരെ പുത്രന്മാര്‍ അതിവേഗത്തില്‍ ഉണ്ടാകുവാന്‍ മാര്‍ഗ്ഗമെന്താണെന്നു ചിന്തിച്ചു. വളരെ പുത്രന്മാരുണ്ടാകുവാന്‍ പക്ഷികളുടെ വംശമാണു സ്വീകാര്യമെന്ന്‌ അവന്‍ വിചാരിച്ചു. ശാര്‍ങ്ഗകപ്പിക്ഷിയുടെ രൂപമെടുത്ത്‌ "ജരിത" എന്ന ശാര്‍ങ്ഗികയുടെ അരികില്‍ ചെന്നു ചേര്‍ന്നു. ബ്രഹ്മജ്ഞനായ മഹര്‍ഷി നാലു പുത്രന്മാരെ അവളില്‍ ജനിപ്പിച്ചു. പിന്നെ അവളെ വിട്ട്‌ "ലപിത" എന്ന പക്ഷിയോടു ചേര്‍ന്നു. മുട്ടയില്‍ നില്ക്കുമ്പോഴാണ്‌ ആ ബാലന്മാരെ അവന്‍ വിട്ടത്‌. ആ മുനീന്ദ്രന്‍ ലപിതയുമായി ചേര്‍ന്ന സമയത്ത്‌ അപതൃസ്നേഹമയിയായ ജരിത അവന്‍ വിട്ട അണ്ഡജന്മാര്‍ ത്യാജ്യരല്ല, ഋഷിനന്ദനരാണ്‌ എന്നു വിചാരിച്ച്‌ സ്നേഹമയിയായ അവള്‍ പുത്രന്മാരെ ഓര്‍ത്ത്‌ ദുഃഖിച്ച്‌ വനത്തില്‍ പാര്‍ത്തു. പിന്നെ മുട്ട വിരിഞ്ഞു. മക്കളെ അവള്‍ സ്നേഹത്തോടെ പാലിച്ചു. ഖാണ്ഡവം ചുടുവാന്‍ അഗ്നി വരുന്നത്‌ മഹര്‍ഷി കണ്ടു. ലപിതാ സഹിതനായി മന്ദപാലന്‍ ഉല്ലസിച്ചു വിഹരിക്കുന്ന സമയത്താണ്‌ അഗ്നിയെ കണ്ടെത്തിയത്‌. അഗ്നിയുടെ ഉദ്ദേശ്യവും തന്റെ പുത്രന്മാരുടെ സ്ഥിതിയും മഹര്‍ഷി ചിന്തിച്ചു. ആ ബ്രഹ്മര്‍ഷീന്ദ്രനായ ബ്രഹ്മജ്ഞന്‍ വഹ്‌നിദേവനെ സ്തുതിച്ചു. ലോകപാലകനായ അഗ്നിയോട്‌ തന്റെ പുത്രന്മാരെപ്പറ്റി പറഞ്ഞു.

മന്ദപപാലന്‍ പറഞ്ഞു: അഗ്നിദേവ, ഭവാന്‍ ദേവന്മാര്‍ക്കെല്ലാം മുഖമായി നിന്ന്‌ അതാത്‌ ദേവന്മാര്‍ക്കുള്ള ഹവൃത്തെ വഹിക്കുന്നു. സര്‍വ്വഭൂതങ്ങളുടേയും ഉള്ളില്‍ സൂക്ഷ്മ രൂപത്തില്‍ സഞ്ചരിക്കുന്നവനാണ്‌ നീ. അങ്ങ്‌ ഏകരൂപനാണെന്നും ത്രിവിധനാണെന്നും കവികള്‍ പറയുന്നു. ഭവാനെ പഞ്ചഭൂതം, സൂര്യന്‍, ചന്ദ്രന്‍, യജമാനന്‍ എന്ന് എട്ടു രൂപത്തില്‍ വച്ചിട്ടാണ്‌ യജ്ഞനിര്‍വ്വാഹകനായി വിധിക്കുന്നത്‌. ഋഷികള്‍ പറയുന്നു, ഈ വിശ്വം ചമച്ചത്‌ ഭവാനാണെന്ന്‌. ഭവാന്റെ സദ്ഭാവമില്ലെങ്കില്‍ വിശ്വമൊക്കെ ഉടനെ നശിക്കും. ഭൂസുരന്മാര്‍ ഭവാനെ വന്ദിച്ചാണ്‌ സ്വകര്‍മ്മഗതിയില്‍ പത്നീപുത്രന്മാരോടു കൂടി പ്രവേശിക്കുന്നത്‌. അഗ്നേ ഭവാനേ, മിന്നല്‍ ചേര്‍ന്ന മേഘങ്ങളായി പറയുന്നു. ഭവാനില്‍ നിന്നെത്തുന്ന രശ്മിയാണു ലോകം മുഴുവന്‍ ദഹിപ്പിക്കുന്നത്‌. അല്ലയോ ജാതവേദസ്സേ, നീയാണല്ലോ വിശ്വങ്ങള്‍ സൃഷ്ടിക്കുന്നത്‌. നിന്റെ കര്‍മ്മഫലമാണ്‌ ഈ കാണപ്പെടുന്ന ചരാചരാത്മകമായ വിശ്വം. മുമ്പ്‌ ഭവാന്‍ ജലം സൃഷ്ടിച്ചു. നിന്നില്‍ ഈ ജഗത്രയം മുഴുവന്‍ നില്ക്കുന്നു. ദേവന്മാര്‍ക്കുള്ള ഹവ്യകവ്യങ്ങളും നിന്നില്‍ വേണ്ടവണ്ണം ഉറച്ചതാണ്‌. ദേവാ! നീ തന്നെയാണ്‌ ദഹനന്‍; നീ തന്നെ ധാതാവ്‌, നീ തന്നെ ബൃഹസ്പതി; നീ തന്നെ യമന്മാര്‍; നീ തന്നെ അശ്വിനികള്‍,; നീ തന്നെ മിത്രന്‍; നീ തന്നെ ചന്ദ്രന്‍; നീ തന്നെ മരുത്ത്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മന്ദപാലന്റെ സ്തോത്രം കേട്ട്‌ അഗ്നിദേവന്‍ ആ മുനിമുഖ്യനില്‍ സന്തോഷിച്ച്‌ അവനോടു ചോദിച്ചു: "മഹര്‍ഷേ! ഞാന്‍ ഭവാന് എന്തിഷ്ടമാണു ചെയ്യേണ്ടത്‌?".

മഹര്‍ഷി പറഞ്ഞു: ഖാണ്ഡവം ദഹിപ്പിക്കുന്ന സമയത്ത്‌ അതില്‍ കിടക്കുന്ന എന്റെ മക്കളെ ഭവാന്‍ ദഹിപ്പിക്കാതെ വിടണേ!

വൈശമ്പായനൻ പറഞ്ഞു: അഗ്നിഭഗവാന്‍ അവന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു. അങ്ങയുടെ പുത്രന്മാര്‍ക്ക്‌ യാതൊരു കേടും തട്ടാതെ വനത്തെ ദഹിപ്പിക്കുമെന്നു ശപഥം ചെയ്തു.

ഹവ്യവാഹകനായ അഗ്നിഭഗവാന്‍ ഖാണ്ഡവം ദഹിപ്പിക്കുവാനായി ഉജ്ജ്വലിച്ചു.

230. ശാര്‍ങ്ഗകോപാഖ്യാനം - ജരിതാവിലാപം - വൈശമ്പായനൻ പറഞ്ഞു; രാജാവേ, അഗ്നി കത്തിജ്ജ്വലിക്കുവാന്‍ തുടങ്ങിയപ്പോള്‍ ശാര്‍ങ്ഗകങ്ങള്‍ ഏറ്റവും വിഷണ്ണരായി. വൃഥയോടെ സംഭ്രമിച്ച്‌ അവ ഗതി കിട്ടാതെ ഉഴന്നു. ബാലരായ മക്കളെ പാര്‍ത്ത്‌ തപസ്വിനിയായ അമ്മ ജരിത ദുഃഖത്തോടെ വിലപിച്ചു.

ജരിത പറഞ്ഞു: ഹാ! കഷ്ടം! അഗ്നി കാടു ചുട്ടെരിച്ചു കൊണ്ട്‌ ഇതാ, വരുന്നു! ജഗല്‍ സന്ദീപനനായ ആ ഭയങ്കരന്‍ എനിക്കു ദുഃഖത്തെ വളര്‍ത്തിക്കൊണ്ട്‌, ഇതാ വന്നു കഴിഞ്ഞു. മന്ദബുദ്ധികളായ ഈ ബാലന്മാര്‍ എന്നെ ഇവിടെയിട്ട്‌ ഇഴയ്ക്കുന്നു. ചിറകും കാലും ഇവയ്ക്കു മുളയ്ക്കുന്നേയുള്ളു. ഇവരാണ്‌ പൂര്‍വ്വന്മാര്‍ക്ക്‌ ഒരാശ്രയം. മരം കത്തിജ്ജലിപ്പിച്ച്‌ പേടിയാകുന്ന മട്ടിലാണ്‌ അഗ്നിയുടെ വരവ്‌. ചിറകില്ലാത്ത മക്കള്‍ക്കാണെങ്കില്‍ പറക്കുവാനും കഴിവില്ല. എനിക്കാണെങ്കില്‍ മക്കളെ കൊണ്ടു പോകാനും കഴിവില്ല. തൃജിക്കുവാനും പ്രയാസം. ഞാന്‍ എന്തു ചെയ്യേണ്ടു? ദുഃഖിക്കയല്ലാതെ? ഇവരില്‍ ഏതു മകനെയാണ്‌ വിട്ടു പോവുക? ഏതു മകനെയാണ്‌ കൊണ്ടു പോകേണ്ടത്‌? മക്കളേ, ഞാന്‍ എന്തു ചെയ്യണം? നിങ്ങളെ ഈ ആപത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ലല്ലോ! ഞാന്‍ നിങ്ങളെ എന്റെ ചിറകിന്റെ ഉള്ളിലാക്കാം. എന്നിട്ട്‌ ഒരുമിച്ച്‌ മരിക്കാം. ഈ കുലത്തിന്റെ നിലനില്പു ജ്യേഷ്ഠനായ ജരിതാരിയിലാണ്‌. സാരിസൃക്കന്‍ പിതൃക്കള്‍ക്കു കുലവര്‍ദ്ധനനായി തീരുവാന്‍ പുത്രന്മാരെ ഉത്പാദിപ്പിക്കും. സ്തംബമിത്രന്‍ തപസ്സു ചെയ്യും. ദ്രോണൻ മഹായോഗ്യനായ ബ്രഹ്മജ്ഞാനിയാകും, എന്നു പറഞ്ഞ്‌ നിര്‍ഘൃണനായ നിങ്ങളുടെ പിതാവ്‌ എന്നെ വിട്ടു പോയി. ഈ ദുര്‍ഘടമായ ആപത്തില്‍ നിന്ന്‌ ഞാന്‍ ആരെ താങ്ങി ഇവിടെ നിന്നു കടന്നു കളയും ? എന്തു ചെയ്താലാണ്‌ ഈ ദുഃഖത്തില്‍ നിന്നു രക്ഷ കിട്ടുക?

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ അതിദുഃഖത്തോടെ വിലപിക്കെ ആ പക്ഷിക്കുഞ്ഞുങ്ങള്‍ പറഞ്ഞു.

പക്ഷിക്കുഞ്ഞുങ്ങള്‍ പറഞ്ഞു: സ്നേഹം ഉപേക്ഷിച്ച്‌ അമ്മ തീ എത്താത്ത ദിക്കിലേക്കു പോകുക. ഞങ്ങള്‍ ഇവിടെക്കിടന്ന്‌ അഗ്നിയില്‍ എരിഞ്ഞു ചത്താലും അമ്മ ചാകരുത്‌. അമ്മയ്ക്ക്‌ ഇനിയും മക്കളുണ്ടാകും. അമ്മേ, നീ ചത്താല്‍ പിന്നെ എങ്ങനെ കുലസന്തതിയുണ്ടാകും? ഇതു രണ്ടും ചിന്തിച്ച്‌ കുലക്ഷേമം വരുന്ന വിധം നീ പ്രവര്‍ത്തിക്കണം. രണ്ടിലൊന്നു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്‌. സര്‍വ്വനാശത്തിന് വേണ്ടി പുത്രന്മാരെ സ്നേഹിക്കരുത്‌. ലോകാര്‍ത്ഥിയായ പിതാവിന്റെ കര്‍മ്മം നിഷ്ഫലമായി വരികയില്ല.

ജരിത പറഞ്ഞു: ഇതാ, ഈ വൃക്ഷച്ചുവട്ടില്‍ പെരുച്ചാഴി മട കാണുന്നു. അതില്‍ നിങ്ങള്‍ ചെന്നിരുന്നാല്‍ അഗ്നി അതില്‍ പ്രവേശിക്കുന്നതല്ല. ആ മടയുടെ മുഖം ഞാന്‍ മണ്ണു കൊണ്ട്‌ അടയിക്കാം. അതൊന്നേ ഒരു മാര്‍ഗ്ഗമുള്ളൂ. അഗ്നിബാധയൊഴിഞ്ഞാല്‍ ഞാന്‍ വന്നു മണ്ണുമാറ്റി നിങ്ങളെയെടുക്കാം. അതിന് നിങ്ങള്‍ സമ്മതിക്കണം.

ശാര്‍ങ്ഗകങ്ങള്‍ പറഞ്ഞു: ചിറകില്ലാത്ത, മാംസം മാത്രമായ, ഞങ്ങളെ കണ്ടാല്‍ എലി പിടിച്ചു തിന്നും. ഈ ആപത്തോര്‍ക്കുമ്പോള്‍ അതില്‍ കയറുവാന്‍ ഞെരുക്കമാണ്‌. തീയെരിക്കാത്തതും എലി തിന്നാത്തതുമായ മാര്‍ഗ്ഗം നോക്കണം. അച്ഛന്റെ ആഗ്രഹം എന്തു ചെയ്താല്‍ സഫലമാകും? എന്തു ചെയ്താല്‍ അമ്മ ചാകില്ല? ഇവയ്ക്കു പറ്റിയ മാര്‍ഗ്ഗം സ്വീകരിക്കണം. പെരുച്ചാഴി മടയില്‍ പോയാല്‍ അവന്‍ പിടിച്ച തിന്നും. അല്ലെങ്കില്‍ അഗ്നി ഭക്ഷിക്കും. ഈ രണ്ടിലും ഭേദം അഗ്നിയില്‍ ദഹിക്കുക എന്നതാണ്‌. പെരുച്ചാഴി തിന്നു ചാകുന്നതു ഗുണമല്ല. അങ്ങനെയുള്ള മരണം ഗര്‍ഹിതമാണ്‌. രണ്ടും ആലോചിക്കുമ്പോള്‍ അഗ്നിയില്‍ ദേഹപരിത്യാഗം ചെയ്യുന്നതാണ്‌ സ്വീകാര്യം! ഏതായാലും മരണം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു.

231. ശാര്‍ങ്ഗകോപാഖ്യാനം (തുടര്‍ച്ച) - ജരിത പറഞ്ഞു: മട വിട്ടു പുറത്തു വന്ന പെരുച്ചാഴിയെ ഒരു പരുന്തു റാഞ്ചിക്കൊണ്ടു പോയി. ഇനി നിങ്ങള്‍ക്ക്‌ ആപത്തില്ല. അവനെ കാലിലിറുക്കി പിടിച്ചു പറന്നു പോയത്‌ ഞാന്‍ കണ്ടതാണ്‌.

ശാര്‍ങ്ഗകങ്ങള്‍ പറഞ്ഞു: പെരുച്ചാഴിയെ കൊണ്ടു പോയത്‌ ഞങ്ങള്‍ അറിഞ്ഞില്ല. വേറേയും വല്ലതും അതിലുണ്ടാകും. അവയേയും പേടിക്കണം. അഗ്നി അടുത്തു വരുന്നത്‌ ഒരു സമയം കാറ്റു തെറ്റിച്ചു കൊണ്ടു പോയെന്നും വരാം. കാറ്റിന്റെ ഗതി മാറുന്നതായി തോന്നുന്നുണ്ട്‌. മടയില്‍ ചെന്നാല്‍ അതിനുള്ളിലുള്ളവര്‍ തീര്‍ച്ചയായും ഞങ്ങളെ തിന്നും. അതിനു സംശയമില്ല. തീര്‍ച്ചയായ കാര്യത്തിനേക്കാള്‍ നല്ലത്‌ സന്ദിഗ്ദ്ധമായ മരണമാണ്‌. അമ്മേ! നീ ആകാശത്തില്‍ പറക്കുക. നിനക്ക്‌ വീണ്ടും നല്ല സന്താനങ്ങളെ നേടാം.

ജരിത പറഞ്ഞു: മക്കളേ, ഞാന്‍ കണ്ടതാണ്‌ ഈ മടയില്‍ നിന്ന്‌ ഈ പെരുച്ചാഴിയെ വലിയൊരു പരുന്ത്‌ റാഞ്ചിപ്പറക്കുന്നത്‌. പറക്കുന്ന അവന്റെ പിന്നാലെ അന്ന്‌ ഞാനും പറന്നു. പെരുച്ചാഴിയെ കൊണ്ടു പോകുമ്പോള്‍ ഞാന്‍ അനുഗ്രഹവും നലകി. "ഞങ്ങള്‍ക്ക്‌ വൈരിയായ അവനെ കൊണ്ടു പോകുന്ന നീ പൊന്മയമായ പക്ഷിയായി വ്യോമത്തില്‍ ശ്യേന, വാഴുക". ഈ ആശംസ പരുന്ത്‌ കേട്ട്‌ അവന് എന്നോട്‌ സന്തോഷം തോന്നി. അവന്‍ ആ പൊരുച്ചാഴിയെ തിന്നതിന് ശേഷം ഞാന്‍ നന്ദിയോടെ സ്വസ്ഥാനത്തേക്കും പോന്നു. മക്കളേ! മടയില്‍ പ്രവേശിക്കുക. ഭയപ്പെടേണ്ട. ഞാന്‍ കണ്ടു നില്ക്കുമ്പോഴാണ്‌ പരുന്ത്‌ അവനെ കൊണ്ടു പോയത്‌.

കുഞ്ഞുങ്ങള്‍ പറഞ്ഞു: പെരുച്ചാഴിയെ പരുന്ത്‌ പിടിച്ചതൊന്നും ഞങ്ങള്‍ക്കറിവില്ല. അറിയാതെ ഞങ്ങള്‍ എങ്ങനെ അതിനുള്ളില്‍ കടക്കും?

ജരിത പറഞ്ഞു: പരുന്തു പെരുച്ചാഴിയെ കൊണ്ടു പോയത്‌ എനിക്കറിവുള്ളതാണ്‌. നിങ്ങള്‍ക്കാപത്തില്ല. ഞാന്‍ പറയുന്നതു കേള്‍ക്കു!

കുഞ്ഞുങ്ങള്‍ പറഞ്ഞു: മിഥ്യയായ വാക്കു പറഞ്ഞ്‌ ഞങ്ങളെ വിടുര്‍ത്തുകയാണോ? വിഷമിച്ചു വല്ലതും പറയുകയാണോ? ഞങ്ങള്‍ ആരാണെന്ന്‌ അമ്മയ്ക്കറിഞ്ഞു കൂടാ. ഞങ്ങളെ കേണു പോറ്റുന്ന അമ്മയാര്? ഞങ്ങളാര്? ആര്‍ക്കറിയാം! അമ്മേ, നിനക്ക്‌ യൗവന പ്രായമാണ്‌. സൗന്ദര്യവുമുണ്ട്‌. ഭര്‍ത്തൃസംഗമത്തിന് അര്‍ഹയാണ്‌. പതിയെ പിന്തുടരുക; നീ നല്ല മക്കളെ നേടും. ഞങ്ങള്‍ അഗ്നിപ്രവേശത്താല്‍ മംഗള സ്ഥാനത്തെത്തും, അല്ലെങ്കില്‍ അഗ്നി വന്ന്‌ ഞങ്ങളെ ഹരിക്കുകയില്ലെന്നും വരാം.

വൈശമ്പായനൻ പറഞ്ഞു: ശാര്‍ങ്ഗി ഇപ്രകാരം മക്കളുടെ വാക്കു കേട്ടപ്പോള്‍ മക്കളെ വിട്ട്‌ ഖാണ്ഡവത്തില്‍ ആപത്തില്ലാത്ത ദിക്കു നോക്കി പറന്നു പോയി. ഉടനെ കടുത്ത ജ്വാലയോടു കൂടി അഗ്നി കത്തിപ്പടര്‍ന്നു. മന്ദപാലന്റെ ശാര്‍ങ്ഗനന്ദനന്മാർ ഉള്ളിടത്ത്‌ അഗ്നി വന്നു. ഖഗങ്ങള്‍ അഗ്നിയെക്കണ്ടു. അപ്പോള്‍ ജരിതാരി പാവകനോടിങ്ങനെ പറഞ്ഞു.

232. ശാര്‍ങ്ഗകോപാഖ്യാനം (തുടര്‍ച്ച) - ജരിതാരി പറഞ്ഞു; കഷ്ടകാലത്തെ മുന്‍കൂട്ടി തന്നെ കണ്ട്‌ ഉണര്‍ന്നിരിക്കുന്ന ബുദ്ധിമാന്‍ അതു വന്നാലും അതില്‍ ഒട്ടും വ്യസനിക്കുകയില്ല. കാലദോഷം മുന്‍കൂട്ടി കണ്ട്‌ മനസ്സിനെ അടക്കുവാന്‍ കഴിവില്ലാത്ത ഭോഷന്മാര്‍ കാലക്കേടു വരുമ്പോള്‍ ദുഃഖിക്കുന്നു. അപ്പോള്‍ അവര്‍ക്കു നന്മനേടുവാന്‍ സാധിക്കുന്നുമില്ല. സാരിസ്യക്കന്‍ ചേട്ടനോടു പറഞ്ഞു: "ധീരനായ ചേട്ടന്‍ അതിബുദ്ധിമാനാണ്‌. നമ്മള്‍ ഇങ്ങനെ കഷ്ടത്തില്‍ പെട്ടു. പണ്ഡിതനും ശൂരനുമായ ഒരുവന്‍ അനേകം പേര്‍ക്കു രക്ഷകനായി ഭവിക്കും. സംശയമില്ല. സല്‍സംഗം ഏതു മഹാക്ലേശത്തേയും നശിപ്പിക്കും".

സ്തംബമിത്രന്‍ പറഞ്ഞു: ജ്യേഷ്ഠന്‍ അച്ഛന്‍ തന്നെയാണ്‌. ദുഃഖത്തില്‍ നിന്നു രക്ഷിക്കുന്നതു ജ്യേഷ്ഠനാണ്‌. ജ്യേഷ്ഠനു രക്ഷിക്കുവാന്‍ കഴിവില്ലെങ്കില്‍ പിന്നെ കനിഷ്ഠന്‍ എന്തു ചെയ്യും ?

ദ്രോണന്‍ പറഞ്ഞു: അഗ്നിദേവന്‍ ഇതാ എരിഞ്ഞ്‌ അടുത്തെത്തി തുടങ്ങി. ആ സപ്തജിഹ്വന്‍ നമ്മെയൊക്കെ വിഴുങ്ങുവാന്‍ ഇതാ എത്തിക്കഴിഞ്ഞു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം തമ്മില്‍ പറഞ്ഞൊത്ത്‌ മന്ദപാലന്റെ പുത്രന്മാര്‍ അഗ്നിയെ സ്തുതിച്ചു. ആ സ്തുതി അല്ലയോ രാജാവേ, ഞാന്‍ പറയാം.

ജരിതാരി പറഞ്ഞു: പ്രകാശ സ്വരൂപനായ അഗ്നി ഭഗവാനേ, സകല ചരാചരങ്ങളിലും സൂത്ര രൂപേണ വര്‍ത്തിക്കുന്ന വായുവിന്റെ സ്വരൂപമാണു ഭവാന്‍. വല്ലീവൃക്ഷ തൃണാദികളായ ഔഷധികളുടെയെല്ലാം ശരീരവും ഉത്പത്തി സ്ഥാനവും അവിടുന്നു തന്നെയാണല്ലോ. ജലം അങ്ങയില്‍ ഉത്ഭവിക്കുന്നു. അങ്ങയുടെ രശ്മികള്‍ സൂര്യപ്രകാശമെന്ന പോലെ മേലും കീഴും പിമ്പും വശങ്ങളിലും പരന്നിരിക്കുന്നു.

സാരിസൃക്കന്‍ പറഞ്ഞു: മഹാത്മാവായ അഗ്നി ഭഗവാനേ, ഞങ്ങളെ രക്ഷിക്കാന്‍ അമ്മയെ കാണാനില്ല. ഞങ്ങളുടെ അച്ഛന്‍ എവിടെയാണെന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ. തനിയെ പോയി രക്ഷപ്പെടുവാനാണെങ്കില്‍ ഞങ്ങള്‍ക്ക്‌ ചിറകു മുളച്ചിട്ടില്ല. ഞങ്ങള്‍ പിഞ്ചു കുട്ടികള്‍. അതു കൊണ്ട്‌ അങ്ങു തന്നെ ഞങ്ങളെ രക്ഷിക്കണേ! അഗ്നി ഭഗവാനേ, ലോകത്തിന് ഹിതത്തെ പ്രദാനം ചെയ്യുന്ന ഒരു രൂപവും ഏഴ്‌ ജ്വാലകളും അങ്ങയ്ക്കുണ്ട്‌. അവകൊണ്ട്‌, ആപത്തില്‍ പെട്ട്‌ ശരണം പ്രാപിക്കുന്ന ഞങ്ങളെ ഭവാന്‍ രക്ഷിച്ചാലും.

അല്ലയോ അഗ്നിഭഗവാനേ, ലോകത്തില്‍ ചൂട് എന്ന ധര്‍മ്മത്തിന് കാരണമായി അങ്ങ്‌ ഒരാള്‍ മാത്രമാണുള്ളത്‌. സൂര്യരശ്മികളില്‍ താപമായി വര്‍ത്തിക്കുന്നത്‌ അവിടുന്നാണ്‌. സൂര്യനായി പ്രകാശിക്കുന്നതു തന്നെ ഭഗവാനേ, അങ്ങാണല്ലോ. പിഞ്ചു പൈതങ്ങളും ജന്മാനാ ഋഷികളുമായ ഞങ്ങളെ അങ്ങ്‌ വിട്ടൊഴിഞ്ഞു പോകേണമേ.

ദൃശ്യവും അദൃശ്യവുമായ സകലതും ഭവാനാണ്‌. സ്വര്‍ണ്ണത്താല്‍ തള, വള, മാല മുതലായവ പോലെ അങ്ങയില്‍ തന്നെ ലോകമെല്ലാം വര്‍ത്തിക്കുന്നു. അങ്ങുന്നു ചരാചരരൂപമായ പ്രപഞ്ചത്തെ പാലിക്കുന്നു. എല്ലാ ലോകത്തേയും അങ്ങു തന്നെ ഭരിക്കുകയും ചെയ്യുന്നു.

അങ്ങ്‌ അഗ്നിയാണ്‌. അങ്ങ്‌ ദേവന്മാര്‍ക്കുള്ള ഹവ്യത്തെ വഹിക്കുന്നു. അങ്ങു തന്നെയാണ്‌ പരമമായ ദേവാന്നം. ഭവാന്‍ ബഹുരൂപനാണെന്നും ഏകരൂപനാണെന്നും വിദ്വാന്മാര്‍ പറയുന്നു. കാര്യസ്വരൂപനും അവിടുന്നു തന്നെയാണെന്നു പറയുന്നു.

അല്ലയോ അഗ്നിഭഗവാനേ. അവിടുന്ന്‌ ഈ മൂന്നു ലോകത്തേയും - ബ്രഹ്മാണ്ഡം മുഴുവനും - സൃഷ്ടിച്ച്‌ സമയം വന്നു ചേരുമ്പോള്‍ ആളിക്കത്തി സംഹരിക്കുന്നു. ഭവാന്‍ ആദ്യം ബ്രഹ്മാണ്ഡത്തിന് കാരണഭൂതനും, ഒടുവില്‍ എല്ലാറ്റിന്റേയും ലയത്തിന്, ഭവാന്‍ തന്നെ ഹേതുഭൂതനുമാകുന്നു.

ദ്രോണൻ പറഞ്ഞു: സ്ഥൂലവും സൂക്ഷ്മവുമായ കാര്യങ്ങളുടേയും സൃഷ്ടിസംഹാരങ്ങളുടേയും നാഥനായ ഭഗവാനേ, ഭവാന്‍ സർവ്വജീവജാലത്താലും പ്രാണോപാസകന്മാരാലും ആസ്വദിക്കപ്പെടുന്ന വസ്തുവും എല്ലാറ്റിന്റെയും അന്തര്‍ഭാഗത്തു വര്‍ത്തിക്കുന്നവനും, എല്ലാറ്റിനേയും ഉള്ളില്‍ അടക്കിയവനുമാകുന്നു. അവിടുന്ന്‌ എന്നും വര്‍ദ്ധിച്ച്‌ എല്ലാം സംഹരിക്കുന്നു. അങ്ങയില്‍ എല്ലാം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അവിടുന്ന്‌ നിഷ്കളങ്കവും ശിവവുമാണ്‌! യാതൊരു തരത്തിലുള്ള കാലുഷവും സ്പര്‍ശിക്കാത്തവനും ജീവികളുടെ ജഠരത്തില്‍ പചനക്രിയ നടത്തി വര്‍ത്തിക്കുകയാല്‍ ജനിച്ചവരാല്‍ ഒക്കെ അറിയപ്പെടുന്നവനുമായ ശുക്രദേവാ, അങ്ങ്‌ ഭൂമിയിലുള്ള ജലത്തേയും, ഭൂജാതങ്ങളായ ജീവജാലങ്ങളേയും എല്ലാം സംഹരിച്ച്‌ എല്ലാറ്റിനും കാമസ്വരൂപനായി നിന്നു വീണ്ടും വിട്ട്‌, കാലം നോക്കി മഴ പെയ്യിച്ച്‌ സൃഷ്ടികര്‍മ്മം നടത്തിക്കൊണ്ടിരിക്കുന്നു. സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങള്‍ അങ്ങയെ ആശ്രയിച്ചിരിക്കുന്നു.

ഹേ, ശുക്രാ! കളങ്കരഹിതനായ ദേവ, അങ്ങയില്‍ നിന്നു പച്ചിലകളോടു കൂടിയ വല്ലികളും, പൊയ്കകളും ബ്രഹ്മാണ്ഡത്തിന് പുറമെയുള്ള ജലം മുഴുവനും തള്ളിപ്പരക്കുന്ന സമുദ്രവുമുണ്ടാകുന്നു. അപ്രധാനങ്ങളും പ്രധാനങ്ങളുമായ എല്ലാറ്റിന്റേയും ഉത്പത്തിസ്ഥാനം അങ്ങു തന്നെയാണ്‌.

തീക്ഷ്ണങ്ങളായ രശ്മിയോടു കൂടിയവനേ, ഞങ്ങളുടെ ഈ ശരീരം രസനേന്ദ്രിയത്തിന് അധിപനായ വരുണന് ഏറ്റവും വലിയ ഒരു ആശ്രയമാകുന്നു. പക്ഷിയുടെ ദേഹത്താല്‍ സര്‍വ്വ രസങ്ങളുടേയും അനുഭൂതി ഉണ്ടാകുമെന്നാണല്ലോ ലോകവാക്യം. എല്ലാറ്റിന്റേയും അന്തരാത്മാവായ അങ്ങുന്ന്‌ ഞങ്ങളുടെ രക്ഷിതാവാണ്‌. ഈ പിഞ്ചു പ്രായത്തില്‍ അവിടുന്ന്‌ ഞങ്ങളെ നശിപ്പിക്കരുതേ!

പിംഗളവര്‍ണ്ണമായ കണ്ണുകളോടും, ചുവന്ന കഴുത്തോടും, പുകയാകുന്ന കറുത്ത വഴിയോടും കൂടി യ ദേവാ, ഹോമിക്കുന്നതെല്ലാം ഭക്ഷിക്കുന്നവനേ, അങ്ങ്‌ ഞങ്ങളെ വിട്ടൊഴിഞ്ഞു പോയാലും, ഭവാന്‍ നദീജല പ്രവാഹത്തെ എന്നവണ്ണം ഞങ്ങളെ ദഹിപ്പിക്കാതെ വിട്ടൊഴിഞ്ഞു പോകണേ!.

വൈശമ്പായനൻ പറഞ്ഞു: ബ്രഹ്മജ്ഞനായ ദ്രോണൻ ഇപ്രകാരം പ്രാര്‍ത്ഥിച്ചപ്പോള്‍ ഹുതാശനന്‍, താന്‍ മന്ദപാലനോടു ചെയ്ത പ്രതിജ്ഞയോര്‍ത്ത്‌ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു.

അഗ്നി പറഞ്ഞു: ദ്രോണ, അങ്ങ്‌ ഋഷിയാണ്‌. ജ്ഞാനത്തിന്റെ അറ്റം കണ്ടവനാണ്‌. അങ്ങ്‌ പറഞ്ഞ വാകൃം വേദമാണ്‌. ഭവാന്റെ ഇഷ്ടം ഞാന്‍ സാധിപ്പിച്ചു തരാം. ഭവാന്‍ എന്നെ ഭയപ്പെടേണ്ട. നിങ്ങളെപ്പറ്റി മുമ്പു തന്നെ മന്ദപാലന്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. കാടെരിക്കുമ്പോള്‍ എന്റെ മക്കളെ ഭവാന്‍ വിടണം എന്ന്. അദ്ദേഹം അപ്പോള്‍ പറഞ്ഞ വാക്കും നീ ഇപ്പോള്‍ പറഞ്ഞ വാക്കും എനിക്കു വലിയ കാരൃമാണ്‌. ഞാന്‍ എന്തു ചെയ്യേണമെന്നു പറയുകയേ വേണ്ടൂ. പറയൂ ഞാന്‍ നിന്റെ സ്തോത്രത്താല്‍ വളരെയേറെ പ്രസാദിച്ചിരിക്കുന്നു.

ദ്രോണൻ പറഞ്ഞു: പരന്മാര്‍ക്ക്‌ ദുഃഖത്തെ ചെയ്യുന്നവനേ! ഇവിടെ പൂച്ചകള്‍ ഞങ്ങള്‍ക്ക്‌ എപ്പോഴും ഉപ്രദവമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവയെ കൂട്ടത്തോടെ ഭവാന്‍ ദഹിപ്പിച്ചാലും

വൈശമ്പായനൻ പറഞ്ഞു: ജനമേജയാ! അപ്രകാരം തന്നെ അഗ്നി ചെയ്തു. ശാര്‍ങ്ഗകാനുമതിയോടു കൂടി അഗ്നി ഖാണ്ഡവത്തെ ദഹിപ്പിച്ചു.

233. ശാര്‍ങ്ഗകോപാഖ്യാനം (തുടര്‍ച്ച) - വൈശമ്പായനന്‍ പറഞ്ഞു: ജനമേജയാ! മന്ദപാലന്‍ അഗ്നിയോട്‌ തന്റെ മക്കളെ ദഹിപ്പിക്കരുതെന്നു പറഞ്ഞേല്‍പിച്ചിരുന്നു എങ്കിലും അദ്ദേഹം യാതൊരു മനസ്സമാധാനവും കിട്ടാതെ കുഴങ്ങി. അദ്ദേഹം പുത്രശോകം മുഴുത്ത്‌ ലപിതയോടു പറഞ്ഞു.

മന്ദപാലന്‍ പറഞ്ഞു: ലപിതേ, എന്റെ മക്കള്‍ ആ കാട്ടില്‍ ദുഃഖിക്കുന്നുണ്ടാകും. അഗ്നി ഭയങ്കരമായി കത്തിജ്ജ്വലിക്കുമ്പോള്‍, കാറ്റു ഭയങ്കരമായി ചുറ്റി വീശുമ്പോള്‍, അവര്‍ക്കു സ്വഗ്യഹത്തില്‍ രക്ഷ കിട്ടുമോ? അവര്‍ക്കാണെങ്കില്‍ പറക്കുവാന്‍ കഴിവില്ല. അവരെ കാക്കുവാന്‍ ശക്തിയില്ലാതെ അവരുടെ അമ്മ പാവം! അവളും ഇരുന്നു കരയുന്നുണ്ടാകും, പറന്ന്‌, പൊങ്ങുവാന്‍ കഴിയാത്ത എന്റെ മക്കളെ അവള്‍ നോക്കി ദുഃഖിച്ചു പറയും. വീണ്ടും മടങ്ങി വരും. ഇങ്ങനെ അവള്‍ അസ്വസ്ഥയായി അവിടെ ചുറ്റുന്നുണ്ടാകും. അവള്‍ എന്തു ചെയ്യും. എന്റെ ജരിതാരിക്ക്‌ എന്തു സംഭവിക്കുമാവോ? സാരിസൃക്കന് എന്തു സംഭവിക്കുമോ? സ്തംബമിത്രന് എന്തു വന്നു കൂടും? ദ്രോണനെന്തു പറ്റും? അവള്‍ക്കും എന്തു സംഭവിക്കും; എനിക്ക്‌ അറിഞ്ഞു കൂടാ.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ ആ കാട്ടില്‍ അസ്വസ്ഥനായി കരയുന്ന മന്ദപാല മഹര്‍ഷിയോട്‌ അസൂയയോടെ ലപിത പറഞ്ഞു.

ലപിത പറഞ്ഞു: അങ്ങ്‌ അങ്ങയുടെ മക്കളായ ഋഷികളെ ചിന്തിച്ചു വിഷമിക്കുന്നു. തേജോവീര്യാഢ്യരാണവര്‍ എന്ന് അങ്ങു പറഞ്ഞില്ലേ? ആ. ബാലന്മാര്‍ക്ക്‌ അഗ്നിഭയം ഉണ്ടാവുകയില്ല. അഗ്നിയോട്‌ ഭവാന്‍ പറഞ്ഞില്ലേ അവരെ രക്ഷിക്കേണമെന്ന്‌? ഞാനിരിക്കുമ്പോഴല്ലേ പറഞ്ഞത്‌? ഹുതാശനന്‍ ഭവാനോട്‌ "അപ്രകാരമാകാം" എന്നു ഏറ്റിട്ടുമുണ്ടല്ലേോ! ലോകപാലകനായ അഗ്നി പറഞ്ഞ വാക്ക്‌ തെറ്റിക്കുകയില്ല. ബന്ധുകൃത്യമായ ഇക്കാരൃത്താല്‍ ഭവാന്റെ ഹൃദയത്തിന് സ്വാസ്ഥ്യമുണ്ടാകും തീര്‍ച്ചയാണ്‌. മക്കളെ ചൊല്ലിയല്ല ഭവാന്റെ ഖേദം. എന്റെ ശത്രുവായ അവളെ വിചാരിച്ചാണ്‌ ഭവാന്റെ ഈ ദുഃഖം. അവളില്‍ പണ്ടുണ്ടായിരുന്ന സ്നേഹം എന്നില്‍ ഇന്നു ഭവാനില്ല. തന്നില്‍ സ്നേഹമുള്ളവരില്‍ അല്പവും കൂറില്ലാതെ ഒരു പക്ഷം പിടിച്ചു തന്റേടം കാട്ടി നില്ക്കുന്നവര്‍ സ്വന്തം ഭാരൃയേയും മക്കളേയും ഉപേക്ഷിക്കുന്നത്‌ ഒട്ടും ശരിയല്ല. അങ്ങ്‌ അവളെപ്പറ്റി ഓര്‍ത്ത്‌ ദുഃഖിക്കുകയാണെങ്കില്‍ അങ്ങോട്ടു തന്നെ പൊയ്ക്കൊള്ളുക. ചീത്ത ഭര്‍ത്താവിന്റെ ഭാര്യയെപ്പോലെ ഞാന്‍ തനിച്ചു നടന്നോളാം. എനിക്ക്‌ ഇത്തരം ഒരു കൂട്ടുകാരനെ ആവശ്യമില്ല.

മന്ദപാലന്‍ പറഞ്ഞു: നീ പറഞ്ഞ മട്ടില്‍ ഞാന്‍ ഒരു കാമിനീലോലനായി നടക്കുന്നവനല്ല. സന്തതിക്കു വേണ്ടി ഞാന്‍ കുടുംബബന്ധത്തിൽ ഏര്‍പ്പെട്ടു. അത്‌ ഇപ്പോള്‍ സങ്കടത്തിന്നായിത്തീര്‍ന്നു. കൈയിലുള്ളതിനെ വിട്ട്‌ പറക്കുന്നതിനെ പിടിക്കുവാന്‍ ശ്രമിച്ച ഞാന്‍ അല്പബുദ്ധിയാണ്‌. എന്നെ ലോകം വെറുക്കും. നിനക്കു നിന്റെ ഇഷ്ടംപോലെ ചെയ്യാം. ഉണ്ടായ മക്കളെ ഉപേക്ഷിച്ച്‌ ഉണ്ടാകുമെന്നാശിച്ച പുത്രര്‍ക്കു വേണ്ടി പാടുപെടുന്നതു ശരിയല്ല എന്നാണ്‌ ആപ്തവചനം. നീ നിന്റെ ഇഷ്ടംപോലെ ആയിക്കൊള്ളുക. അഗ്നി മരങ്ങളില്‍ കടന്നു പിടിച്ചു കത്തിജ്വലിക്കുന്നു. ഉദ്വേഗമുള്ള എന്റെ മനസ്സില്‍ വല്ലാത്ത ആധി വര്‍ദ്ധിപ്പിക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: കാട്ടുതീ പടര്‍ന്നു കത്തി. ജരിതയുടെ സന്താനങ്ങള്‍ ഇരിക്കുന്ന സ്ഥലം അഗ്നി ഒഴിഞ്ഞു മാറി, അവിടം മാത്രം ചുട്ടില്ല. ജരിത പുത്രസ്നേഹം മൂലം അവിടെ പറന്നെത്തി. അഗ്നിബാധയൊഴിഞ്ഞ്‌ എല്ലാ മക്കളേയും സുഖമായി കണ്ടു. കുഞ്ഞുങ്ങള്‍ അമ്മയെ കണ്ടപ്പോള്‍ ആനന്ദത്തോടെ കൂവി, കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ അമ്മ കണ്ണുനീര്‍ തൂകി; കരഞ്ഞു കൊണ്ട്‌ അടുത്തു ചെന്നു പുണര്‍ന്നു. ആ സമയത്ത്‌ മന്ദപാലനും വന്നെത്തി. അപ്പോള്‍ മക്കളാരും അച്ഛനെ അഭിനന്ദിച്ചില്ല. കുഞ്ഞുങ്ങളേയും ജരിതയേയും പ്രത്യേകം പ്രത്യേകം നോക്കി മന്ദപാലന്‍ വിലപിച്ചു. നല്ലതോ ചീത്തയോ ഒന്നും മുനിയോട്‌ അവര്‍ മിണ്ടിയില്ല.

നിന്റെ ജ്യേഷ്ഠപുത്രനേതാണ്‌? താഴെയുള്ളവനേത്‌? അനുജനേത്‌? മൂന്നാമനേത്‌? ഒടുവിലത്തേവനേത്‌? എന്ന്അ വന്‍ ഭാര്യയോടു ചോദിച്ചു. അവന്‍ തഴുകുമ്പോഴും അവള്‍ ഒന്നും ഉത്തരം പറഞ്ഞില്ല. വിട്ടു പോയാലും എന്റെ മനസ്സിന്ന്‌ ഒട്ടും ശാന്തി ലഭിക്കുന്നില്ല. നീ എന്താണ്‌ ഒന്നും മിണ്ടാത്തത്‌? എന്ന് മന്ദപാലന്‍ ജരിതയോടു പറഞ്ഞു.

ജരിത പറഞ്ഞു; അങ്ങയ്ക്ക്‌ മുത്തവനെക്കൊണ്ട്‌ എന്തു കാര്യം? അടുത്ത പുത്രനെക്കൊണ്ട്‌ എന്താണു കാര്യം? മൂന്നാമത്തവനെ കൊണ്ട്‌ എന്തു കാര്യം? നാലാമത്തവനെ കൊണ്ട്‌ എന്തു കാര്യം? സര്‍വ്വസ്വഹീനയാക്കി എന്നെ വിട്ട്‌ ആരോടു ചേരാനാണ്‌ ഭവാന്‍ പോയത്‌? പുഞ്ചിരിക്കൊഞ്ചലോടെ നിങ്ങളുടെമനസ്സ്‌ മയക്കിയ ആ ചെറുപ്പക്കാരിയായ ലപിതയുടെ അടുത്തേക്കു തന്നെ പോകാം. ആര് ആളയച്ചിട്ടാണ്‌ ഇങ്ങോട്ടു വലിഞ്ഞു കയറിയത്‌?

മന്ദപാലന്‍ പറഞ്ഞു: ഒരു സ്ത്രീ സപത്നിയായിരിക്കുക എന്നതില്‍പ്പരം പുരുഷാര്‍ത്ഥനാശകമായി മറ്റൊന്നില്ല. അതുപോലെ പരലോകനാശകമായി മുഖ്യമായത്‌ പരപുരുഷസംഗവുമാണ്‌. പരസ്പര്‍ശം പരലോകസുഖത്തേയും സാപത്ന്യം ഐഹിക സുഖത്തേയും സ്ത്രീകള്‍ക്ക്‌ ഇല്ലാതാക്കും. സര്‍വ്വ ലോകത്തിലും കീര്‍ത്തിപ്പെട്ട പതിവ്രതയും കല്യാണിയുമായ അരുന്ധതീദേവി പോലും മഹാവിശിഷ്ടനും ജിതേന്ദ്രിയരില്‍ ശ്രേഷ്ഠനുമായ വസിഷ്ഠനെ കൂടി ശങ്കിച്ചുവത്രേ. അദ്ദേഹം ശുദ്ധാത്മാവായിട്ടു പോലും അദ്ദേഹത്തെ സപ്തര്‍ഷികളുടെ മദ്ധ്യത്തില്‍ വെച്ച്‌ അവള്‍ അവമാനിച്ച്‌ അധിക്ഷേപിച്ചു പോലും! ആ തെറ്റു മൂലം അന്നു മുതല്‍ അവള്‍ ധൂമാരുണ നിറത്തിലാവുകയും കാണുവാന്‍ ഉണ്ടോ ഇല്ലയോ എന്നു തോന്നിക്കുന്ന വിധത്തില്‍ ശോഭകുറഞ്ഞ്‌ അഴകില്ലാത്തവളാവുകയും ചെയ്തു. സന്താനലബ്ധിക്കു വേണ്ടിയാണ്‌ ഞാന്‍ നിന്നെ സമീപിച്ചത്‌; ഭോഗതൃഷ്ണ കൊണ്ടല്ല. അങ്ങനെയുള്ള ഇഷ്ടനായ എന്നെപ്പറ്റി അരുന്ധതീദേവി വസിഷ്ഠനെ ശങ്കിച്ച മാതിരി നീ ശങ്കിക്കുന്നു. ഞാന്‍ ഇവിടെ നിന്നു പോയതിനെപ്പറ്റി നിനക്കുണ്ടായത് പോലെ ഇങ്ങോട്ടു പോരുന്ന സമയം ലപിതയും ശങ്കാകുലയായിരിക്കുകയാണ്‌. പുരുഷന്‍ ഒരു കാലത്തും സ്ത്രീയെ, ഭാര്യയായാല്‍പ്പോലും വിശ്വസിക്കരുത്‌. എന്തെന്നാല്‍, ഒരു സ്ത്രീക്ക്‌ പുത്രനുണ്ടായി കഴിഞ്ഞാല്‍ അവള്‍ പിന്നെ ഭര്‍ത്തൃശുശ്രൂഷാദി കാര്യങ്ങളില്‍ ശ്രദ്ധിക്കുകയേയില്ല.

വൈശമ്പായനൻ പറഞ്ഞു: പിന്നീട്‌ അവനെ പുത്രന്മാരെല്ലാവരും ചെന്നു സേവിച്ചു. എല്ലാ മക്കളേയും തഴുകി അവന്‍ ആശ്വസിപ്പിക്കാനൊരുങ്ങി.

234. ശാര്‍ങ്ഗകോപാഖ്യാനം (സമാപനം) - മന്ദപാലന്‍ പറഞ്ഞു: മക്കളേ, ഞാന്‍ നിങ്ങളെ രക്ഷിക്കാനായി അഗ്നിയോടപേക്ഷിച്ചു. മഹാത്മാവായ ഹുതാശനന്‍ അപ്രകാരമാകാമെന്ന്‌ എന്നോട്‌ പ്രതിജ്ഞ ചെയ്തു. അഗ്നിയുടെ വാക്കും നിങ്ങളുടെ മാതാവിന്റെ ധര്‍മ്മനിഷ്ഠയും, നിങ്ങളുടെ പ്രഭാവവും കാലേ അറിഞ്ഞതു കൊണ്ടാണ്‌ അപ്പോള്‍ ഞാന്‍ വരാതിരുന്നത്‌. എന്നെപ്പറ്റി മക്കളേ, നിങ്ങള്‍ ഖേദിക്കരുത്‌. അഗ്നിഭഗവാന് മുനിമാരുടെ നിലയെപ്പറ്റി അറിയാം. അഗ്നി സാക്ഷാല്‍ ബ്രഹ്മമാണെന്ന്‌ നിങ്ങള്‍ക്കും അറിയാമല്ലോ.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ മക്കള്‍ക്ക്‌ ആശ്വാസം നല്കി ഭാര്യയോടു കൂടി ദ്വിജനായ മന്ദപാലന്‍ മറ്റൊരു ദേശത്തേക്കു പോയി. ഭഗവാനായ അഗ്നിദേവന്‍, ലോകഹിതത്തിനായി കൃഷ്ണസഹായത്തോടു കൂടെ ഖാണ്ഡവവനം കത്തിച്ചു ദഹിപ്പിച്ചു. മേദസ്സും വസയും പ്രവഹിച്ചുതു ധാരാളം പാനം ചെയ്ത്‌ പാവകന്‍ പരമപ്രീതനായി അര്‍ജ്ജുനന്റെ അരികെ ചെന്നു. അപ്പോള്‍ ആകാശത്തു നിന്ന്‌ ദേവന്മാര്‍ കൂട്ടമായി വന്നു. സാക്ഷാല്‍ ഇന്ദ്രന്‍ കൃഷ്‌ണാര്‍ജ്ജുനന്മാരോട്‌ ഇപ്രകാരം പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു; നിങ്ങള്‍ വാനവര്‍ക്കു പോലും ദുസ്സാദ്ധ്യമായ കര്‍മ്മം ചെയ്തു. ഞാന്‍ പ്രീതനായി! ലോകത്തില്‍ ആര്‍ക്കും ലഭിക്കുവാന്‍ പ്രയാസമുള്ള വരം നിങ്ങള്‍ ആവശ്യപ്പെട്ടു കൊള്ളുക.

വൈശമ്പായനന്‍ പറഞ്ഞു: ഇന്ദ്രന്‍ പറഞ്ഞതു കേട്ട്‌ സംപ്രീതനായ അര്‍ജ്ജുനന്‍ ഇന്ദ്രനോട്‌ സര്‍വ്വവിധത്തിലുള്ള അസ്ത്രവിദ്യകളും ആവശ്യപ്പെട്ടു. ശക്രന്‍ അതിനു സമ്മതിച്ചു. അസ്ത്രങ്ങള്‍ കൊടുക്കുവാനുള്ള കാലം നിശ്ചയിച്ച്‌ പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു; ഹേ, അര്‍ജ്ജുനാ! ഭഗവാനായ മഹാദേവന്‍ നിന്നില്‍ എപ്പോള്‍ പ്രസാദിക്കുന്നുവോ, അപ്പോള്‍ ഞാന്‍ എല്ലാ അസ്ത്രങ്ങളും നിനക്കു നല്കുന്നതാണ്‌. അതിനുള്ള കാലവും ഞാന്‍ അറിയുന്നുണ്ട്‌. നീ തപസ്സു കൊണ്ട്‌ മഹാദേവനെ പ്രസാദിപ്പിക്കുക. അന്ന്‌ ഞാനെല്ലാം നല്കാം. അര്‍ജ്ജുനാ, ആഗ്നേയങ്ങളായ എല്ലാ അസ്ത്രങ്ങളും; വായവ്യങ്ങളായ സകല അസ്ത്രങ്ങളും, മാത്രമല്ല, എനിക്കുള്ള സര്‍വ്വ അസ്ത്രങ്ങളും നീ സ്വാധീനമാക്കും.

പിന്നെ, വാസുദേവന്‍ പറഞ്ഞു: പാര്‍ത്ഥനുമായി ഒടുങ്ങാത്ത സൗഹാര്‍ദ്യം എനിക്കുണ്ടാകണം.

വൈശമ്പായനന്‍ പറഞ്ഞു: പ്രീതനായ വാസവന്‍, കൃഷ്ണന് ആ വരവും കൊടുത്തു. അവര്‍ക്ക്‌ ആ വരങ്ങളൊക്കെ നല്കി ദേവേന്ദ്രന്‍ സന്തുഷ്ടനായി, ദേവന്മാരോടു കൂടി, അഗ്നിയുടെ സമ്മതവും വാങ്ങി, സ്വര്‍ഗ്ഗത്തിലേക്കു പോയി. മൃഗപക്ഷിസങ്കുലമായ ആ കാട്‌ അഗ്നി ആറു ദിവസം കൊണ്ട്‌ ചുട്ടു തൃപ്തനായി അടങ്ങി. മാംസം ഭക്ഷിച്ച്‌ കൊഴുപ്പും നെയ്യും ചോരയും കുടിച്ച്‌ പരമപ്രിയനായ അഗ്നി അച്യുതാര്‍ജ്ജുനന്മാരോടു പറഞ്ഞു.

അഗ്നി പറഞ്ഞു: പുരുഷവ്യാഘ്രരായ നിങ്ങള്‍ നിമിത്തം ഞാന്‍ എന്റെ ഇഷ്ടത്തിനൊത്ത വിധം ഭക്ഷണം കഴിച്ചു പരമസംതൃപ്തിയെ പ്രാപിച്ചിരിക്കുന്നു. ഞാൻ നിങ്ങള്‍ക്ക്‌ വീരന്മാരേ ഇതാ, സമ്മതം തരുന്നു. അധൃഷ്യരായ നിങ്ങള്‍ യഥേഷ്ടം പോയാലും!

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം മഹാത്മാവായ അഗ്നിഭഗവാന്‍ അവര്‍ക്ക്‌ യാത്രാനുവാദം നല്കി. അര്‍ജ്ജുനനും. കൃഷ്ണനും, മയന്‍ എന്ന ദാനവേന്ദ്രനും അവിടം വിട്ടു പോന്നു. ഹേ, ജനമേജയാ! ഭംഗിയേറിയ നദീതീരത്തില്‍ ചെന്ന്‌ ആ മൂന്നു പേരും ഇരുന്നു.


No comments:

Post a Comment