Sunday 11 September 2022

അവതാരിക by കുട്ടികൃഷ്ണമാരാര്‍

നാല്പതു വാള്യങ്ങളായി 1968-ല്‍ സ്വന്തം നിലയില്‍ പ്രകാശം പ്രസിദ്ധീകരിച്ചപ്പോള്‍, പ്രഥമ പതിപ്പിന്റെ ഒന്നാം വാളൃത്തിന്‌ പ്രശസ്ത വിമര്‍ശകനായ കുട്ടികൃഷ്ണമാരാര്‍ എഴുതിയ അവതാരിക.

പ്രാചീന ഗ്രന്ഥങ്ങളെ സംബന്ധിച്ച ഇന്നത്തെ ഗവേഷണത്തില്‍ മുഖ്യമായ പര്യാലോചനാ വിഷയം, അതാരെഴുതി, എന്തെഴുതി, എന്തിനെഴുതി, എങ്ങനെയെഴുതി - അതായത്‌ അതൊരു പൂര്‍വ്വകല്പനാഫലമോ, മറ്റു വല്ലതിനേയും അനുകരിച്ചതോ എന്നും, ഗവേഷണ വിഷയമായ ഗ്രന്ഥത്തില്‍ നിന്ന്‌ ഊഹിക്കാവുന്ന അന്നത്തെ ലോകസ്ഥിതിയും സാമുദായികാവസ്ഥകളും എങ്ങനെയിരുന്നുവെന്നും, അതില്‍ നിന്ന്‌ ഇന്നത്തെ സാമുദായികാവസ്ഥകളിലേക്ക്‌ നാം എങ്ങനെ പരിണമിച്ചെത്തിയെന്നും, പ്രസ്തുത ഗ്രന്ഥമെഴുതിയ കാലത്തെ ഭാഷയുടെ നിലവാരമെന്തായിരുന്നു എന്നീ വക പലതുമാണ്‌. നാനാമുഖമായി ചിന്നിത്തെറിക്കുന്ന ഈ പര്യാലോചനകള്‍ക്കിടയില്‍, ആ ഗ്രന്ഥത്തില്‍ നിന്നു നേടിവെയ്ക്കാവുന്ന വിജ്ഞാന സമ്പത്തെന്ത്‌ എന്ന പര്യാലോചന കൈമോശം വന്നു പോകുന്നു; പോയില്ലെങ്കില്‍ തന്നെ, അത്‌ കൂട്ടത്തിലൊന്നു മാത്രമായി അവഗണിക്കപ്പെടുന്നു. നേരേ മറിച്ചായിരുന്നു നമ്മുടെ പഴയ സത്യാന്വേഷണ മാര്‍ഗ്ഗം. ഗ്രന്ഥത്തില്‍ നിന്ന്‌ നേടി വെയ്ക്കാവുന്ന വിജ്ഞാന സമ്പത്ത്‌ നല്ലതെങ്കില്‍ കൈക്കൊള്ളുകയും, അത്‌ ഒരുക്കി വെച്ചത്‌ ആരായാലും, എന്നായാലും, എന്തിനായാലും അത്‌ നമ്മുടെ പൈതൃകം തന്നെ എന്ന നിലയില്‍ യഥേച്ഛം എടുത്ത് ഉപയോഗിക്കുകയും, ഇന്നത്തെ ഈ പുത്തന്‍ ഗവേഷണ്രക്രമം ഇംഗ്ലീഷുകാര്‍ നമ്മുടെ മേല്‍ ജപിച്ച്‌ എയ്തേല്‍പിച്ചതാണ്‌. അവ്വണ്ണമേറ്റതിനെ പ്രതിസംഹരിപ്പാന്‍ ഏല്‍പിച്ചവന്‍ തന്നെ വരേണ്ടിയിരിക്കും. ചിലപ്പോള്‍ അവനും അതു സാധിച്ചില്ലെന്നു വരാം. ഇന്ന്‌ നമ്മുടെ മേല്‍ ഏറ്റു കിടക്കുന്ന ഇംഗ്ലീഷ്‌ ഭാഷാസക്തിയെ പ്രതിസംഹരിപ്പാന്‍ ആരുണ്ട്‌?

അപൗരുഷേയ ഗ്രന്ഥങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗവേഷണ ക്രമം മുഴുക്കെ തെറ്റാണ്‌. ഈശ്വരീയം എന്ന അര്‍ത്ഥത്തില്‍ വേദോപനിഷത്തുകളെ മാത്രമേ അപൗരുഷേയം എന്നു പറയാറുള്ളുവെങ്കിലും ആ പദത്തിന്റെ അര്‍ത്ഥമാലോചിച്ചാല്‍ ഏറെക്കുറെ ഇതിഹാസ പുരാണങ്ങളും ആ പേരര്‍ഹിക്കുന്നു എന്നു കാണാം. ഈശ്വരന്‍ അനാദി പുരുഷന്‍ എന്നും ഉത്തമ പുരുഷന്‍ എന്നും ( ഗീത 14-19, 15-17 ) പേരുള്ള സ്ഥിതിക്ക്‌ വേദോപനിഷത്തുകളും, പുരുഷകൃ തങ്ങള്‍ തന്നെ. എന്നിരിക്കെ, പ്രകൃതി സംസര്‍ഗ്ഗ വശാല്‍ ഞാനെന്നും എന്റേതെന്നുമുള്ള ഭാവങ്ങളാല്‍ ദുഷിതരായ നമ്മെപ്പോലുള്ള ആളുകള്‍ വ്യക്തിത്വാവിഷ്കരണത്തിന് വേണ്ടി ഉണ്ടാക്കിയതല്ല എന്നാവണം അപൗരുഷേയത്തിന് അര്‍ത്ഥം. മറിച്ച്‌, പരമാത്മാനുഭൂതിയില്‍ പരമ പുരുഷത്വം പ്രാപിച്ച ഋഷിമാര്‍ ധ്യാനാവസ്ഥയാല്‍ അനുഭവിച്ചറിഞ്ഞ പരമസത്യങ്ങളെ പ്രതിപാദിക്കുന്ന ഐശ്വര കൃതികള്‍ തന്നെ ഇതിഹാസ പുരാണാദികളും. ഇതുകൊണ്ടാവണം, "ഇതിഹാസപുരാണാഭ്യാം വേദം സമുപബ്യംഹയേല്‍", എന്ന ചൊല്ലുണ്ടായത്‌. മഹാഭാരതം, വാല്മീകിരാമായണം, ഭാഗവതം മുതലായവയില്‍ ആ പരമസത്യം തന്നെയാണല്ലോ നീളെ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. ആ മഹാത്മാക്കള്‍ തങ്ങളില്‍ നിറഞ്ഞു വഴിയുന്ന സത്യബോധത്തെ വിദൂര ശിഷ്യരില്‍ പകര്‍ന്നു കൊടുപ്പാനാണ്‌ ഗ്രന്ഥരചന ചെയ്തത്‌. അല്ലാതെ നമ്മെപ്പോലെ, യശസ്സിനോ, അര്‍ത്ഥത്തിനോ, വൃവഹാര വേതനത്തിനോ, ശിവേതരക്ഷതിക്കോ, സദ്യഃപര നിര്‍വൃതിക്കോ വേണ്ടിയല്ല; നേരേമറിച്ച്‌ തങ്ങള്‍ നേടിക്കഴിഞ്ഞ സദ്യഃപര നിര്‍വൃതിയെ പരിതൃജിച്ചും ശിഷ്യാനുഗ്രഹത്തിന് വേണ്ടി രചിച്ചവയാണവ.

അവരുടെ ആ രചനകളെ മേല്പറഞ്ഞ പടിഞ്ഞാറന്‍ രീതിയില്‍ സമീപിക്കുന്നവര്‍ തെളിയിക്കുന്നത്‌, തങ്ങള്‍ ആ വിജ്ഞാന സമ്പത്തിന് അപാത്രങ്ങളാണെന്നു മാത്രമാണ്‌. ഈ അപാത്രത തെളിയിക്കാതെ കഴിപ്പാന്‍ വേണ്ടി, ആധുനിക ഗവേഷകന്മാരുടെ പൂര്‍വ്വാപര ബന്ധമില്ലാത്ത അന്ധനിഗമനങ്ങളിലേക്കു തിരിഞ്ഞു നോക്കാതെ, ഞാന്‍ മഹാഭാരതത്തിലെ സത്യാവബോധത്തിലേക്കു നേരെ കടന്നുകേറട്ടെ.

മഹാഭാരതത്തിലെ വിജ്ഞാനസമ്പത്തിന്റെ നിക്ഷേപസ്ഥാനം ശാന്തിപര്‍വ്വമാണ്‌. ലക്ഷത്തില്‍പ്പരം ശ്ലോകങ്ങളടങ്ങിയ ഈ വിശ്വമഹാഗ്രന്ഥത്തില്‍ 10725 ശ്ലോകവും ശാന്തിപര്‍വ്വത്തിലാണ്‌. മറ്റേതു പര്‍വ്വത്തിലുമില്ല ഇത്രയേറെ ശ്ലോകം. കഥകള്‍ നിറഞ്ഞ ആരണ്യപര്‍വ്വത്തില്‍ 10664 ശ്ലോകമേ ഉള്ളു. ശ്ലോകസംഖ്യ കൊണ്ടല്ല, ശാന്തിപര്‍വ്വം മഹാഭാരതത്തിന്റെ ഫലൗഘമാണെന്ന്‌ അതില്‍ പറഞ്ഞിട്ടുമുണ്ട്‌. എന്തു കൊണ്ടെന്നാല്‍, രാജധര്‍മ്മത്തിലൂടെ നടന്ന്‌ ആസന്നമൃത്യുവായ ഭീഷ്മപിതാമഹന്‍, രാജധര്‍മ്മത്തിലൂടെ ചരിക്കാന്‍ ഉത്സുകനായ യുധിഷ്ഠിരന്, ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനന് സംക്ഷേപിച്ചു പറഞ്ഞു കൊടുത്തതിനെത്തന്നെ, ബഹുവിസ്തരേണ വിവരിച്ചു കൊടുക്കുന്നതാണ്‌ ശാന്തിപര്‍വ്വം. എന്താണീ ശാന്തിഃ ഇന്ന്‌ പലരും വാക്കുകള്‍ കൊണ്ടു വാഴ്ത്തിപ്പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ലോകസമാധാനമില്ലേ, അതു തന്നെയാണ്‌. പ്രപഞ്ചജീവിതത്തെ തനിക്കും മറ്റാര്‍ക്കും അശാന്തികരമാകാത്തവണ്ണം കൊണ്ടുനടക്കുക. ഇതൊന്നു മാത്രം നാനാമുഖേന വിവരിക്കാന്‍ വേണ്ടിയാണ്‌ ആ പര്‍വ്വത്തില്‍ അശാന്തങ്ങളായ ഇതിഹാസങ്ങള്‍, പഴങ്കഥകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്‌.

കൂടാതെ, മഹാഭാരതത്തിലെ അശാന്തിമയമായ മുഖ്യേതിവൃത്തവും പരഭാഗശോഭയാല്‍ ശാന്തിപര്‍വ്വത്തെ തിളക്കുന്നു. ഒരേ കുടുംബത്തിലുണ്ടായ അശാന്തികളെ കൊണ്ട്‌ നിറഞ്ഞതാണല്ലോ അത്‌ നീളെ. അതിലെ നായകരായ പാണ്ഡവര്‍ ദേവസന്തതികളാകയാല്‍ ദേവഭാവങ്ങളുടെ പ്രതിനിധികളാണ്‌; പ്രതിനായകരായ കൗരവര്‍ ആസുരഭാവങ്ങളുടെ അവതാരങ്ങളുമാണ്‌. ഈ ദേവാസുരഭാവങ്ങളെ ഗീത പതിനാറാമദ്ധ്യായത്തില്‍ ദൈവസമ്പത്തെന്നും, ആസുരസമ്പത്തെന്നും പേരുകളില്‍ വിഭജിച്ചിരിക്കുന്നു. എന്നു വെച്ചാല്‍, ആരും ദേവനോ, അസുരനോ ആയി ജനിക്കുകയല്ല, ആ രണ്ടു തരം സമ്പത്തുകളില്‍ ഏതെങ്കിലുമൊന്ന്‌ നേടിക്കൂട്ടുവാനുള്ള വാസനകളുമായി ജനിക്കുകയാണെന്ന്‌ ഭാവം. ആസുരവാസന വളരെ കുഞ്ഞുന്നാളിലേ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന്‌ നമുക്ക്‌ ചൂഴെയെന്ന പോലെ, മഹാഭാരതത്തിലും കാണുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ ആസുരപദങ്ങളാണ്‌ വേഗത്തില്‍ കേട്ടു പഠിക്കുക; ആസുരകര്‍മ്മങ്ങളാണ്‌ വേഗത്തില്‍ കണ്ടു പഠിക്കുക. അതു തന്നെയാണ്‌ ഭാരതേതിവൃത്തത്തിന്റെ തുടക്കത്തിലും. ഭീമന്‍ ബാലചാപല്യവശാല്‍ ചെയ്തിരുന്ന വികൃ തിത്തങ്ങളാണ്‌ കൗരവരെക്കൊണ്ട്‌ ആസുരസമ്പത്ത് എടുപ്പിച്ചത്.  ഇത്‌ പാണ്ഡവ കൗരവരുടെ ബാലൃകൗമാര കഥകളില്‍ നീളെ കാണാം.

ആ രാജകുമാരന്മാര്‍ മുതിര്‍ന്നപ്പോള്‍ രാജാധികാരം ആര്‍ക്കു വേണമെന്ന തര്‍ക്കത്തിലെത്തി. ജ്യേഷ്ഠപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ ജന്മാന്ധനായി രാജ്യാനര്‍ഹനാകയാല്‍, അനുജന്‍ പാണ്ഡുവാണ്‌ രാജ്യം ഭരിച്ചത്‌. പാണ്ഡുവിന്റെ ധാര്‍മ്മികപുത്രരാണ്‌ പാണ്ഡവര്‍; ധൃതരാഷ്ട്രരുടെ ഔരസപുത്രന്മാര്‍ കൗരവരും. കൗരവരില്‍ മൂത്തവനായ സുയോധനന്‍, പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരനേക്കാള്‍ ഇളയവനുമാണ്‌. പ്രഥമരാജ്യാര്‍ഹനായ ധൃതരാഷ്ട്രരുടെ മൂത്തപുത്രനോ, പകരം രാജ്യം ഭരിച്ച പാണ്ഡുവിന്റെ അതിലും മുത്തപുത്രനോ തുടര്‍ന്ന്‌ രാജ്യം ഭരിക്കേണ്ടത്‌ എന്നു നിര്‍ണ്ണയിപ്പാന്‍ ഒരു പ്രമാണവുമില്ല. ആസുരതാസമ്പന്നരല്ല, ദേവതാസമ്പന്നരാണ്‌ രാജ്യം ഭരിക്കേണ്ടതെന്ന പ്രമാണം ഭൂമിയില്‍ നടക്കുന്നതല്ല. ഇവിടെ കൈയൂക്കുള്ളവരാണ്‌ കാര്യക്കാരാവുക. അതു തന്നെയാണ്‌ അന്നും, ഇന്നും, എന്നും നടക്കുന്നതും. ഇന്നത്‌ കുടുതല്‍ ജനാനുകൂല്യം ( വോട്ട് ) നേടുവാനുള്ള വിരുതായിട്ടുണ്ടെന്നു മാത്രം. കൈയൂക്കായാലും വിരുതായാലും അതു മുക്കാലും ആസുരസമ്പത്താണു താനും. അതുവഴി ഭാരതകഥയില്‍ വിഷം കൊടുക്കല്‍, എന്നിങ്ങനെ ആസുരകര്‍മ്മങ്ങള്‍ പുരോഗമിച്ചു.

ഈ രണ്ടുതരം സമ്പത്തും കേവലം വ്യക്തിനിഷ്ഠമല്ല, ചാരിയാല്‍ ചാരിയതിലേക്കു പകരുന്നതു കൂടിയാണെന്ന്‌ ആ ഇരുപക്ഷത്തിന്റെ സംഖ്യാധിക്യം സൂചിപ്പിക്കുന്നു. പാണ്ഡവര്‍ ഐവരും ദേവതാസമ്പന്നരാണ്‌; കൗരവര്‍ നൂറ്റവരും ആസുരതാസമ്പന്നരും. ആസുരസമ്പത്തിന്‌ കുഞ്ഞുന്നാളിലെന്ന പോലെ മുതിര്‍ന്നാലും പകരുന്ന സ്വഭാവം ഏറെയുണ്ടെന്നാശയം. അതിലും വാസനാഭേദവശാല്‍ ദൈവസമ്പത്തിലേക്കു തിരിയുന്നവരുണ്ടാവാം എന്നുദാഹരിക്കുന്നവനാണ്‌ വികര്‍ണ്ണന്‍ - ചേട്ടന്മാര്‍ക്കു ചെവികൊടുക്കാത്തവന്‍ എന്നാവാം കവി വിവക്ഷ. പ്രസ്തുതമായ ദൈവസമ്പത്തുകള്‍ ഏവയെന്നു കൂടി സന്ദര്‍ഭവശാല്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഗീതയില്‍ എണ്ണിപ്പറഞ്ഞ ദൈവസമ്പത്തുകള്‍ അഭയം തുടങ്ങി ഇരുപത്താറെണ്ണമുണ്ട്‌. സര്‍വ്വോന്നതമായ ആ അഭയമൊഴികെ മറ്റെല്ലാ ദൈവസമ്പത്തും പാണ്ഡവരില്‍ പൂര്‍ണ്ണമായിരുന്നു. താനും തന്റെ സഹോദരന്മാരും എത്ര ബലശാലികളായിരുന്നിട്ടും യുധിഷ്ഠിരന്‍ ഭീഷ്മദ്രോണകര്‍ണ്ണാദികളോടുള്ള ഭയം കാരണം ഒരിക്കലും സ്വൈരമായുറങ്ങാന്‍ കഴിഞ്ഞില്ലെന്ന്‌ അദ്ദേഹം തന്നെ ഒന്നുരണ്ടു തവണ തുറന്നുപറഞ്ഞിട്ടുണ്ട്‌. യുധിഷ്ഠിരനെ നന്നായറിയാവുന്ന വ്യാസഭഗവാന്‍ ഒരിക്കല്‍ അരുള്‍ചെയ്ത രണ്ടു ശ്ലോകം മാത്രം ഉദ്ധരിക്കാം:

ഭീഷ്മാദ്‌ ദ്രോണാല്‍ കൃപാല്‍ കര്‍ണ്ണാദ്‌ ദ്രോണപുത്രാച്ച ഭാരത! ദുര്യോധനാന്നൃപസുതാല്‍ തഥാ ദുശ്ലാസനാദപി 7 ഴ യത്തേ ഭയമമിര്രഘ്ന ഹൃദി സമ്പദി വര്‍ത്തതേ ഃ തല്‍ തേഹം നാശയിഷ്യാമി വിധിദൃഷ്ടേന കര്‍മ്മണാ. (ആരണ്യപര്‍വ്വം 36, 25, 26)

ഭീഷ്മാദികളെ ചൊല്ലിയുള്ള ഭയം തീര്‍ക്കുവാന്‍ ഒരു വിദ്യ പറഞ്ഞു തരാം എന്നു ചുരുക്കം. അനുജരായ ഭീമാര്‍ജ്ജുനാദികളാകട്ടെ, ജേഷ്ഠന്റെ ഹിതത്തിന് എതിരായി അനങ്ങിപ്പോകാതവണ്ണം ദൈവസമ്പത്സമ്പന്നരുമാണ്‌. ജ്യേഷ്ഠന്റെ അത്ര കവിഞ്ഞ ഭയം കാരണം, അവര്‍ക്കും അവരുടെ പത്നി ദ്രൗപദിക്കും എണ്ണമറ്റ ക്ലേശാപമാനങ്ങള്‍ എല്ലാം പൊറുത്തു കൊള്ളേണ്ടി വന്നു. ആസുരസമ്പത്താകട്ടേ, "ദംഭോ ദര്‍പ്പോഭിമാനശ്ച ക്രോധഃ പാരുഷ്യ മേവ ച അജ്ഞാനം ച്‌" എന്ന്‌ ആറെണ്ണമേ ഉള്ളു. കാര്യകാരണ്രകമത്തിലാണ്‌ ഇവയെ അടുക്കിയിട്ടുള്ളത്‌. മൂലകാരണമായ അജ്ഞാനത്തില്‍ നിന്ന്‌ യഥാക്രമം ഉണ്ടായി വരുന്നവയാണ്‌ മറ്റവയെല്ലാം. അതിനി വേറെ വിവരിക്കേണ്ടതില്ലെന്നു കരുതുന്നു.

ഒടുക്കത്തെ യുദ്ധത്തില്‍ ആ ദൈവസമ്പത്തുകാര്‍ക്കും അനേകം ആസുരസമ്പത്തുകള്‍ എടുത്തു കൂട്ടേണ്ടി വന്നു. അതിനെ സംബന്ധിച്ച്‌, ധര്‍മ്മസംസ്ഥാപനത്തിനായവതരിച്ച വാസുദേവഭഗവാന്‍ അരുളിച്ചെയ്ത വാക്കുകള്‍ അതേപടി ഇവിടെ എടുത്തുദാഹരിക്കുക അത്യന്താപേക്ഷിതമാണ്‌. ദുര്യോധനന്‍ വീണതിന് ശേഷം ശല്യപര്‍വ്വം അറുപത്തൊന്നാം അദ്ധ്യായത്തിലെ ഏതാനും ശ്ലോകങ്ങളാണവ:

"നൈഷ ശക്യോതിശീരാസ്ത്ര സ്തേ ച സര്‍വേ മഹാരഥാഃ ഋജുയുദ്ധേന വിക്രാന്താ ഹന്തും യുഷ്മാഭിരാഹവേ".

അര്‍ത്ഥം : അതിവേഗത്തില്‍ ആയുധം പ്രയോഗിക്കാന്‍ പോന്ന ദുര്യോധനനാകട്ടേ, പരാക്രമശാലികളായ ഭീഷ്മാദി മഹാരഥരാകട്ടേ, നിങ്ങള്‍ക്കു നേര്‍ക്കു നേരെ നിന്നു യുദ്ധം ചെയ്തു കൊല്ലപ്പെടാവുന്നവരല്ല. ഇതുതന്നെ ഏതാണ്ട്‌ ആവര്‍ത്തിച്ചു പറയുന്ന ഒരു ശ്ലോകം വിട്ടിട്ട്‌;

"മയാനേകൈരുപായൈസ്തു മായായോഗേന ചാസകൃല്‍ ഹതാസ്തേ സര്‍വ ഏവാജൗ ഭുവതാം ഹിതമിച്ഛതാ".

അര്‍ത്ഥം : ഞാന്‍ ഒന്നിലധികം തവണ പലേ ഉപായങ്ങള്‍ കൊണ്ടും കള്ളപ്പണികള്‍ കൊണ്ടും, നിങ്ങള്‍ക്കു ഹിതം വരുവാന്‍ വേണ്ടി അവരെ യുദ്ധത്തില്‍ കൊല്ലിക്കയാണുണ്ടായത്‌.

"യദി നൈവംവിധം ജാതു കുര്യാം ജിഹ്മമഹം രണേ കുതോ വോ വിജയോ ഭൂയഃ കുതോ രാജ്യം കുതോ ധനം?"

അര്‍ത്ഥം : യുദ്ധത്തില്‍ ഞാന്‍ ഉമ്മട്ടില്‍ ഒരിക്കലും കാപട്യം പ്രയോഗിക്കാഞ്ഞെങ്കില്‍, നിങ്ങള്‍ക്കു വിജയമെവിടെ, രാജ്യമെവിടെ, സമ്പത്തെവിടെ? ഏതാണ്ട്‌ പുനരാവര്‍ത്തനം പോലുള്ള രണ്ടു ശ്ലോകം വിട്ടിട്ട്‌:

ന ച വോ ഹൃദി കര്‍ത്തവ്യം യദയം ഘാതിതോ രിപുഃ, മിഥ്യാവധ്യാസ്തഥോപായൈ- നി ബ്ബഹവഃ ശ്രതവോധികാഃ

അര്‍ത്ഥം : ഈ ശത്രുവിനെ കൊല്ലിച്ചുവല്ലോ എന്ന്‌ ഇനി നിങ്ങള്‍ ഉള്ളില്‍ വെച്ചിരിക്കേണ്ട. ബലത്തിലോ, അളവിലോ കവിഞ്ഞു നില്ക്കുന്ന ശത്രുക്കളില്‍ ഉപായങ്ങള്‍ കൊണ്ട്‌ കള്ളക്കൊല നടത്തിയേ തീരൂ.

പുര്‍വൈരനുഗതോ മാര്‍ഗ്ഗോ ദേവൈരസുരഘാതിഭിഃ സദ്ഭിശ്ചാനുഗതഃ പന്ഥാഃ സ സര്‍വൈരനുഗമ്യതേ.

അര്‍ത്ഥം : അസുരരെ കൊല്ലാനൊരുമ്പെട്ട ദേവന്മാര്‍ പണ്ടു നടന്ന വഴിയാണിത്‌. നല്ലവര്‍ ആ വഴിക്കു നടക്കുന്നു. എല്ലാവരും അതേവഴിക്കു നടക്കുന്നു. ദേവന്മാര്‍ അസുരന്മാര്‍ എന്ന ജാതിവിഭജനം, മുട്ടിയ കൈയ്ക്ക്‌ ആസുരസമ്പത്ത്‌ എടുത്തുകൂട്ടുന്ന സജ്ജനങ്ങള്‍ക്കും ചേരുമെന്ന്‌ ഈ ഒടുക്കത്തെ ശ്ലോകം സുവ്യക്തമാക്കുന്നു.

ഇവിടെ ഒരു ചോദ്യം : വഞ്ചനാത്മകമായ ഈ ആസുരസമ്പത്തില്‍ ഭൂതദയാഹിംസാദിയായ ദൈവസമ്പത്തുക്കള്‍ക്കു പ്രസക്തിയൊന്നുമില്ലേ? തീര്‍ച്ചയായും ഉണ്ട്‌. ആ പ്രസക്തി വിഷയങ്ങളുടെ പേരിലാണല്ലോ, അര്‍ജ്ജുനന്‍ കൈകുഴഞ്ഞിരുന്നു പോയതും, ഭഗവാന്‍ അനാസക്തി യോഗം ഉപദേശിച്ച്‌ ആ സുഹൃത്തിനെ വീണ്ടും ധനുര്‍ദ്ധരനാക്കി നിവര്‍ത്തി നിര്‍ത്തിയതും. യോഗമെന്നാല്‍ ചേരേണ്ടതിനോടു ചേര്‍ന്ന്‌ അതു തന്നെയാവുകയാണ്‌. ജ്ഞാനയോഗം ജ്ഞാനത്തില്‍ അലിഞ്ഞു ചേര്‍ന്ന്‌ ജ്ഞാനം തന്നെയാവുകയാണ്‌; ഭക്തിയോഗം ഭജിക്കപ്പെടുന്നതിനോടു ചേര്‍ന്ന്‌ അതു തന്നെയാവുകയും. ഗീതയ്ക്കു നിമിത്തമായ അര്‍ജ്ജുനനെ സംബന്ധിച്ചിടത്തോളം ഗീത കര്‍മ്മയോഗ ശാസ്ത്രമാണ്‌. അര്‍ജ്ജുനന്‍ സ്വധര്‍മ്മ പ്രാപ്തമായ യുദ്ധകര്‍മ്മത്തില്‍, പുഴ ഒഴുകിച്ചെന്നു കടലില്‍ ചേരും പോലെ, കര്‍മ്മത്തില്‍ ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. ചേര്‍ന്നൊന്നായാല്‍ പിന്നെ ഞാന്‍ ചെയ്തു, ഞാന്‍ നേടി എന്ന സങ്കല്പം അലിഞ്ഞില്ലാതാവും. ഒന്നായേടത്തുണ്ടോ പിന്നെ ചെയ് വനയും നേട്ടവും! അതായത്‌, അനാസക്തമായ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഹിംസാഹിംസാദി പര്യാലോചനകള്‍ക്കു പ്രസക്തിയില്ല എന്നു. ചുരുക്കം.

അഹിംസാ പരമധര്‍മ്മത്തിനു പ്രമാണമായ "അക്രോധേന ജേയല്‍ ക്രോധം", ഇത്യാദി മഹാഭാരത ശ്ലോകത്തിന്റേയും അതിനുള്ള ബുദ്ധഭഗവാന്റെ പാലി വിവര്‍ത്തനത്തിന്റേയും മുരട്‌ അപൗരുഷേയമായ സാമവേദത്തിലെ ഈ വാകൃമാണെന്നു തോന്നുന്നു: 

സേതുംസ്തരദുസ്തരാന്‍, അക്രോധേന ക്രോധം, ദാനേനാദാനം; ശ്രദ്ധയാശ്രദ്ധാം, സത്യേനാന്യതം, ഏഷാ ഗതിഃ ഏതദമൃതം.

അര്‍ത്ഥം : കടന്നുകേറുവാന്‍ പണിയുള്ള പാലങ്ങളെ കടക്കാനുള്ള വഴി.

ഇങ്ങനെയൊരു മന്ത്രം സാമവേദത്തിലില്ലെന്നും, വല്ല ബ്രാഹ്മണങ്ങളിലോ മറ്റോ ഉള്ളതാവാം എന്നും ഒരു പണ്ഡിതനില്‍ നിന്നറിയുന്നു. ഭവാന്‍സ്‌ ജേര്‍ണ്ണലിന്റെ 68 ജൂലായ്‌ ലക്കത്തിലാണ്‌ ഞാനിത്‌ കണ്ടത്‌.

ക്രോധത്തെ ക്രോധമില്ലായ്മകൊണ്ടും, എടുക്കലിനെ കൊടുക്കല്‍ കൊണ്ടും, അശ്രദ്ധയെ ശ്രദ്ധകൊണ്ടും, കുള്ളത്തരത്തെ നേരു കൊണ്ടും ( കടക്കാം ). ഇതേ ഗതിയുള്ളു, ഇത്‌ അമൃത്‌ ( മരണമില്ലായ്മ ) തന്നെ. വൃക്തികളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം ശരിയാണ്‌, അവരെ നന്നാക്കിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും, സ്വയം ചീത്തയാകാതെ കഴിക്കാമല്ലോ. എന്നാല്‍ ക്രോധത്തിന്റേയും പിടിച്ചു പറ്റലിന്റേയും ആശ്രദ്ധയുടേയും കള്ളത്തരത്തിന്റേയും കീഴില്‍ സംഘടിച്ചു നില്ക്കുന്ന ശത്രുസൈന്യത്തോടു ഫലിക്കുന്നതല്ല. എന്തുകൊണ്ടെന്നാല്‍, അവര്‍ ക്രോധാദികളെ ശ്രേയസ്കരമായ സ്വധര്‍മ്മമായെടുത്തിരിക്കയാണ്‌,

പരധര്‍മ്മമേതും അവര്‍ക്കു ഭയാവഹമത്രേ. (ഗീത. 3.35)

അവരോട്‌ അവരുടെ ധര്‍മ്മം തന്നെ പ്രയോഗിക്കയേ മറുമരുന്നുള്ളൂ എന്നാണ്‌ മഹാഭാരത സമരം ഉദാഹരിക്കുന്നതും, അതിന്റെ ഉപസംഹാരത്തില്‍ ഭഗവാന്‍ ഉപദേശിക്കുന്നതും. വാല്മീകിയുടെ രാമന്‍ തന്റെ പ്രിയതമയെ അപഹരിച്ചവനെ ഹിംസിക്കാന്‍ ഈ ആസുര സമ്പത്തൊന്നും എടുത്തു കൂട്ടുകയുണ്ടായില്ലെങ്കില്‍, അതിന് കാരണം ആദ്ധ്യാത്മിക സാധകന്റേയും, ആദ്ധ്യാത്മിക സിദ്ധന്റേയും വഴി രണ്ടായത് കൊണ്ടാവണം. രാമനെ ആദര്‍ശപുരുഷനായെടുത്ത ഗാന്ധിജിയും അതാണല്ലോ ചെയ്തത്‌. പക്ഷേ, അദ്ധ്യാത്മ സാധനയിലേക്കു നോട്ടമേ ഇല്ലാത്ത അധികാരാസക്തരില്‍ അത്‌ വിപരീത ഫലമാണ് ഉളവാക്കുക എന്ന്‌ നാമിന്നു നാളില്‍ നാളില്‍ കണ്ടു കൊണ്ടിരിക്കുന്നു. തികഞ്ഞ ദൗര്‍ബ്ബല്യത്തിന് അധീനരായി ആകാവുന്നതിലേറെ പരപ്രീണനം നടത്തുകയല്ലാതെ മറ്റൊരുപായവും ഗാന്ധിജിയുടെ അനുയായികള്‍ക്ക്‌ അറിഞ്ഞു കൂടാതായിരിക്കുന്നു.

ഈ വിവരിച്ചതിന്‍ വണ്ണം ഗീതയും, മഹാഭാരതവും, ശാന്തിപര്‍വ്വവും തമ്മില്‍ ഇഴുകിയ ബന്ധമുള്ളതിനെപ്പറ്റി വല്ലതുമൊന്നാലോചിച്ചിട്ടാണോ നമ്മുടെ ചില സാഹിത്യ ഗവേഷകന്മാര്‍, വ്യാസവിരചിതമായ ഇതിഹാസത്തില്‍ പിന്നീടാരോ എഴുതിപ്പിടിപ്പിച്ചതാണ്‌ ഭഗവത്ഗീത എന്നു കണ്ടുപിടിച്ചിട്ടുള്ളത്‌, അതോ ദൈവാസുരസമ്പദ്ധിഭാഗത്തെപ്പറ്റി ബോധലേ ശമേ സ്പര്‍ശിച്ചിട്ടില്ലാത്ത പാശ്ചാത്യാചാര്യന്മാരുടെ വിശ്വാസ്യശിഷ്യരാണ്‌ തങ്ങളെന്നു തെളിയിച്ചതോ? അല്പമെങ്കിലും ആത്മബോധമുള്ളവര്‍ ഇതാണു കണ്ടെത്തുക. യുദ്ധാരംഭത്തിരക്കില്‍ അര്‍ജ്ജുനനെ പോലുള്ള വിശേഷജഞന്മാര്‍ക്കു മാത്രം മനസ്സിലാകത്തക്ക വണ്ണം സംക്ഷേപിച്ചു ദൈവസമ്പത്തുകള്‍ തന്നെയാണ്‌. അജ്ഞന്മാര്‍ക്കു പോലും ഗ്രഹിക്കത്തക്ക വണ്ണം ശാന്തിപര്‍വ്വത്തിലെ 10, 725 ശ്ലോകത്തില്‍ പ്രസ്തരിച്ചതെന്ന്‌. ഇത്‌ ഉള്ളില്‍ വെച്ചു കൊണ്ടാണ്‌ ആധുനിക ഗവേഷകന്മാരുടെ പുര്‍വ്വാപരബന്ധം നോക്കാത്ത അന്ധനിഗമനങ്ങള്‍ എന്നു ഞാന്‍ മുമ്പു പറഞ്ഞത്‌. ജഞാനലവദുര്‍വ്വിദഗ്ദ്ധന്മാരെ ബ്രഹ്മാവിന് പോലും രഞ്ജിപ്പിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്‌ ഇതിവിടെ പറഞ്ഞു വയ്ക്കുന്നതും.

അങ്ങനെ മഹാഭാരതമാകെ സംക്ഷിപ്ത വിസ്തൃതോദാഹരണങ്ങള്‍ കൊണ്ടു സമ്പൂര്‍ണ്ണമായ വേദാന്ത കാവ്യമത്രേ. വേദാന്തമെന്നാൽ തത്വശാസ്ത്രം, ഐഹികവും പാരത്രികവുമായ ജീവിതങ്ങളുടെ മുഴു തത്വശാസ്ത്രം, കാലഭേദമോ ദേശഭേദമോ ഇല്ലാതെ എന്നുമെങ്ങും നടന്നു വരുന്ന ജീവിത പ്രചോദനങ്ങളുടെ സമ്പൂര്‍ണ്ണ വിവരണം. ഉദാഹരണത്തിന്‌ മഹാഭാരത ജന്മഭൂമിയുടെ അത്യാധുനികമായ കഥ തന്നെ എടുക്കാം. മറ്റെന്തൊക്കെ പഠിച്ചു വെച്ചാലും, ഒരേ രാജ്യത്ത്‌ ഒരുമിച്ചു കഴിഞ്ഞു കൂടേണ്ടവരാണ്‌ തങ്ങള്‍ എന്ന ശാസ്ത്രീയ ബുദ്ധി മാത്രം നേടാന്‍ കൂട്ടാക്കാതെ, പരസ്പര കലഹികളായി കഴിഞ്ഞ ഹിന്ദു മുസ്ലീം വര്‍ഗ്ഗങ്ങളെ മൈത്രിയിലിരുത്താന്‍ വഴികാണാതെ, 1947-ല്‍, പണ്ട്‌ കുരുജാംഗലത്തില്‍ നിന്ന്‌ ഖാണ്ഡവപ്രസ്ഥത്തെ എന്ന പോലെ ഹിന്ദുസ്ഥാനില്‍ നിന്ന്‌ പാക്കിസ്ഥാനെ പകുത്തു കൊടുക്കേണ്ടി വന്നു. ആ പകുക്കല്‍ തന്നെ മുഴുത്ത മ്രൈതീ വിച്ഛേദമായി, ഇരുവശത്തും ആസുര സമ്പത് സമൃദ്ധിയായ അതിര്‍ത്തിയുദ്ധങ്ങളോ യുദ്ധസന്നാഹങ്ങളോ നടക്കാത്ത കാലമില്ലെന്നായി! ഇവരിനി നല്ല അയല്‍പക്കക്കാരായി കഴിഞ്ഞു കൂടുമെന്ന്‌ നയതന്ത്രവിദഗ്ദ്ധന്മാര്‍ ഉല്‍ഘോഷിക്കുന്നതു കേട്ട ശത്രുക്കള്‍ക്കല്ലാതെ മിത്രങ്ങള്‍ക്കു സന്തോഷിക്കരുതാതായിരിക്കുന്നു. എന്നല്ല, ഭാവിയിലേക്കു നോക്കുമ്പോള്‍ അരുതാത്തതെങ്കിലും അല്പമൊരു ഭയവും തോന്നുന്നു; മഹാഭാരത സാഹോദര്യത്തിന്റെ പരിണതിയിലേക്ക് തന്നെയല്ലേ, ഭാരത പാക്കിസ്ഥാന്‍ സന്ധികളും പാഞ്ഞു കേറുന്നതെന്ന്‌ - അങ്ങനെ വരാതിരിപ്പാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ! പക്ഷേ, ഭഗവദ് അനുഗ്രഹത്തേയും, പ്രതീക്ഷിക്കരുതാത്ത നിലയിലാണല്ലോ നാം പെട്ടുപോയിരിക്കുന്നത്‌. ഭഗവാന്റെ മായോപായസാഹായ്യം സ്വീകരിക്കരുതാത്ത വണ്ണം അഹിംസാ വ്രതത്തില്‍ നിന്നു ജനിച്ച ദുര്‍ബ്ബലമായ പരപ്രീണനത്തിലും കാപടൃത്തിലും സുപ്രതിഷ്ഠാപിതരാണല്ലോ നാം.

ഭാഗ്യവശാല്‍, ശത്രുക്കളുടെ മുമ്പില്‍ മാത്രമേ ഈ അഹിംസാ ദൗര്‍ബ്ബല്യപ്രീണനകാപട്യങ്ങളുള്ളു. സ്വജനങ്ങളോട്‌ ഏതു ജിഹ്മവൃത്തിയും അനുഷ്ഠിപ്പാന്‍ നിത്യസന്നദ്ധരായി നാം മുന്നേറുക തന്നെയാണ്‌. ആഹാര വസ്തുക്കളില്‍ മാത്രമല്ല, ഔഷധ്രദവ്യങ്ങളില്‍ പോലും മായോപായം കലര്‍ത്തി ആരെയും രോഗികളാക്കാനും കൊലചെയ്യാനും നമുക്ക്‌ കൈയറപ്പു തീര്‍ന്നിരിക്കുന്നു. ഭ്രൂണഹത്യാദി മഹാപാതകങ്ങളില്‍ വൈദഗ്ദ്ധ്യം നേടി വരികയുമാണ്‌. ഇത്രയെല്ലാം രാഷ്ട്രീയ കാര്യങ്ങളിലേക്കു കടത്തി പറയേണ്ടി വന്നത്‌, സാര്‍വ്വകാലികവും സാര്‍വ്വ ദൈശികവുമായ ജീവിതത്തിന്റെ തത്വശാസ്ത്രമാണ്‌ വേദാന്തം എന്നു സമര്‍ത്ഥിക്കേണ്ടിയിരിക്കുന്നതു കൊണ്ടാണ്‌.

ദ്വാപര യുഗത്തിന്റെ അന്ത്യം മുതല്‍ കലിയുഗം ഇത്രയാകുവോളവും സാധൂകരിക്കപ്പെട്ടതു കൊണ്ട്‌ ഇനിയങ്ങോട്ട്‌ ലോകാവസാനത്തോളം സാധൂകരിക്കപ്പെടുമെന്നുറപ്പിക്കാവുന്ന വേദാന്തമാണ്‌ ഭാരതഭൂമിയുടെ ഹൃദയം; ഗീതയില്‍ പറയും പോലെ ഈശ്വരന്‍ വാണരുളുന്ന ഹൃദ്ദേശം (18-61). ആ വേദാന്ത ശാസ്ത്രത്തെപ്പറ്റിയാണ്‌, പുത്തന്‍ സയന്‍സിനെപ്പ റ്റിയല്ല, ഗീതയില്‍ ഭഗവാന്‍ അരുള്‍ ചെയ്യുന്നത്‌.

തസ്മാച്ചാസ്ത്രം പ്രമാണം തേ. 

കാര്യാകാര്യവ്യവസ്ഥിത 

ജ്ഞാത്വാ ശാസ്ത്രവിധാനോക്തം 

കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി. (16-24)

അര്‍ത്ഥം : ചെയ്യേണ്ടതും ചെയ്യരുതാത്തതും വേര്‍തിരിച്ചറിവാന്‍ നിനക്കു ശാസ്ത്രമായിരിക്കട്ടെ പ്രമാണം. ശാസ്ത്രത്തില്‍ വിധിച്ചതിനൊത്ത കര്‍മ്മമേ ചെയ്യാവൂ.

പക്ഷേ, നൂറ്റാണ്ടിലേറെക്കാലം പടിഞ്ഞാറരുടെ മുഴുവടിമകളായിക്കിടന്നതു മൂലം, ഏറെക്കാലം ജയില്‍ച്ചങ്ങലയില്‍ കിടന്നവന്‍ ചങ്ങല പോയാലും അതുള്ളവനെപ്പോലെ ഇഴഞ്ഞു നടക്കുന്ന നിലയിലെത്തിയിരിക്കുന്നു നാമാകെ.

ഇതുകാരണമാണ്‌, ഭഗവദ് വിവേകാനന്ദനെപ്പോലുള്ളവര്‍ ആദ്ധ്യാത്മികതയാണ്‌ ഇന്ത്യയുടെ ഹൃദയമെന്ന്‌ നാടുനീളെ നടന്നുപദേശിച്ചിട്ടും, ഏതാണ്ട്‌ ആ വഴിക്കു തന്നെ സ്വാതന്ത്ര്യം നേടിയിട്ടും, അതൊന്നുമല്ല നമുക്കിനി വേണ്ടത്‌, പാശ്ചാതൃരുടെ തികവെത്താത്ത ഭൗതിക വിദ്യ മാത്രമാണ്‌ എന്നു നിശ്ചയിച്ച്‌ ഭാരത ഭൂമിയെപ്പിടിച്ച്‌ സെക്യുലര്‍ സ്റ്റേറ്റാക്കി മതം മാറ്റിയത്‌. ഭൗതികത എന്നും ദൈവാസുരസമ്പത്തുകളുടെ കുരുക്ഷേത്രമാണ്‌, ദൈവസമ്പത്തുകളാകുന്ന അമൃതം ഭുജിച്ച്‌ തദപേക്ഷയാ ജീവിതഭോഗങ്ങളെ കഴിയുന്നത്ര കുറയ്ക്കുന്നവരും, ആസുരസമ്പത്തുകള്‍ കൊണ്ടെങ്കില്‍ അവകൊണ്ടു തന്നെ ജീവിത ഭോഗങ്ങളെ പിടിച്ചുപറ്റി പെരുപ്പിക്കുന്നവരും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ രംഗം. അതാണല്ലോ ഇന്നു കേള്‍ക്കുന്ന ജീവിത നിലവാരം ഉയര്‍ത്തുക എന്ന മുദ്രാവാകൃത്തിന്റെ പൊരുള്‍. അതിപ്പോള്‍ വളഞ്ഞുവെച്ച്‌ (ഘെരാ വോ ചെയ്തു) പരദ്രോഹം ചെയ്യുക വരെ എത്തിയിരിക്കുന്നു.

എന്നും ഈ ലോകം അങ്ങനെയേ ഇരിക്കു. പ്രപഞ്ചമെന്നതു തന്നെ ദേവാസുര യുദ്ധമാണെന്നു പറയാം. ചിലപ്പോള്‍ ആസുരസമ്പത്തുകള്‍ ജയിച്ചു മുതിരും. പക്ഷേ, ഭാരതേതിവൃത്തത്തില്‍ കാണും പോലെ ഭഗവാന്റെ പിന്തുണ എപ്പോഴും ദൈവസമ്പത്തുകള്‍ക്കാകയാല്‍ ജിഹ്മകര്‍മ്മങ്ങള്‍ ചെയ്തിട്ടും ചെയ്യിച്ചിട്ടും അവിടുന്ന്‌ അവയെ ജയിപ്പിച്ചു വിടും. ഇന്ന്‌ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ചുരുങ്ങിയതു കൊണ്ടാവാം, ഭഗവാന്‍ താന്‍ തന്നെ ജിഹ്മകര്‍മ്മങ്ങള്‍ ചെയ്തു വരികയാണ്‌. പ്രകൃതിയെ ജയിക്കുന്നതിന് പകരം അതിനെ നോക്കി പഠിക്കുന്നവര്‍ക്ക്‌ അതു കണ്ണില്‍ക്കാണാം. പത്രഭാഷയില്‍ മഴച്ചതി എന്നു പറയുന്ന അതിവൃഷ്ടിയാലും സൂര്യവഞ്ചന എന്നു പറയാവുന്ന അനാവൃഷ്ടിയാലും ഭൂകമ്പം, തീപ്പിടുത്തം, കൊടുങ്കാറ്റ്‌ മുതലായ മഹാഭൂത പ്രകോപങ്ങളാലും സയന്‍സ്‌ ഉണ്ടാക്കി വെച്ച തീവണ്ടി മോട്ടോര്‍ വിമാനാദികളുടെ വിപത്തികളാലും ഭഗവാന്‍ ആസുരതാ സമ്പന്നന്മാരെ തങ്കല്‍ പ്രലയിപ്പിച്ചു വരുന്നു. ഭഗവാനിങ്ങനെ ചെയ്യുന്നത്‌, അവരുടെ ഉറ്റവരെ കഷ്ടത്തിലാക്കി പത്രങ്ങള്‍ക്ക്‌ ന്യൂസ്‌ വാല്യൂ ( വൃത്താന്തമുല്യം ) നേടിക്കൊടുക്കാനല്ലെങ്കില്‍, സ്വന്തം മക്കളെ, "ആത്മാ വൈ പുത്രനാമാസി" എന്ന പ്രമാണപ്രകാരം താന്‍തന്നെയായവരെ, കൊല്ലുവാനുള്ള മടികൊണ്ടു പതുക്കെപ്പതുക്കെ ഒടുക്കിക്കൊണ്ടിരിക്കയാവാം. വിപന്നന്മാരുടെ ഉറ്റവര്‍ക്കു വിവേകമുണ്ടാക്കുവാനും കരുതുന്നുണ്ടാവാം. നമ്മുടെ ചില സര്‍വ്വേശ്വരന്മാരുടേതു പോലെ ഭഗവാന്റേയും ശുദ്ധീകരണം ഈ വിധത്തിലാണെന്ന്‌, ഗീതാപ്രവക്താവു തന്നെ ആസുരതാസമ്പന്നരായ സ്വപുത്രരെ നാമാവശേഷരാക്കി ഇവിടം വിട്ടതില്‍ നിന്നു തെളിയുന്നു. മറുവശത്ത്‌, വിവേകികള്‍ ഏറിയേറി വരുന്നതായി കാണുന്നതില്‍ നിന്നും ഭഗവാന്റെ ഈ ജിഹ്മകര്‍മ്മങ്ങളുടെ ലക്ഷ്യം അതാണെന്ന് ഊഹിക്കുകയും ചെയ്യാം. എന്തായാലും ഇങ്ങനെയെല്ലാം സങ്കല്‍പിക്കുന്നത്‌, സര്‍വ്വേശ്വരന്മാരുടേയും സര്‍വ്വേശ്വരനായ ഭഗവാനോടു കാട്ടുന്ന അപരാധമാവില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌.

ഇത്രയെല്ലാം വിസ്തരിക്കാന്‍ തക്കവണ്ണം ലോകം അത്രയേറെ മാര്‍ഗ്ഗഭ്രഷ്ടമായി കഴിഞ്ഞുവെങ്കില്‍, അതിനെപ്പറ്റി ഇനി പറഞ്ഞിട്ടെന്തു കാര്യം? മറുപടി, "കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന", എന്ന വാക്കുകള്‍ മാത്രം. കൂടാതെ, കൗരവസ ദസ്സിലേക്കു ദൂതിനു ചെന്ന വാസുദേവനോട്‌, അങ്ങെന്തിനീ പാഴ്വേലയ്ക്കു വന്നു? എന്നു ചോദിച്ച വിദുരനോട്‌ ഭഗവാന്‍ പറഞ്ഞ മറുപടിയും, വേണമെങ്കില്‍ ഉദ്ധരിക്കാം:

ആകേശഗ്രഹണാന്മിത്ര - മകാര്യാല്‍ സന്നിവര്‍ത്തയേല്‍ അവാച്യ കസ്യചിദ്‌ ഭാതി  കൃതയത്നോ യഥാ ബലം. ( ഉദ്യോഗപർവ്വം 93. 11 )

അര്‍ത്ഥം: തലമുടി പിടിച്ചു വലിച്ചുപോലും മിത്രത്തെ അകൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കണം, തന്റെ കഴിവിനൊത്ത് പ്രയത്നിച്ച അവനെപ്പറ്റി പിന്നെ ആരും കുറ്റംപറയില്ലല്ലോ.

ഇത്രയ്ക്ക്‌ മഹാര്‍ഹമായ ഈ വേദാന്ത കാവ്യത്തെ, ജീവിത ശാസ്ത്രത്തെ, വളരെക്കാലം പാടുപെട്ട്‌ നമ്മുടെ ഭാഷയിലേക്കു പദാനുപദം വിവര്‍ത്തനം ചെയ്കയും, അതിലധികം പാടുപെട്ടു പ്രകാശിപ്പിക്കുകയും ചെയ്ത ശ്രീ കെ. പ്രകാശത്തെ, പണ്ടിത്‌ വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്ത കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ എന്നതിലധികം ഞാന്‍ ആദരിക്കുന്നു. അധികത്തിനു കാരണം സ്വാനുഭവത്തെ മുന്‍നിര്‍ത്തി വിവരിക്കാം:

പദ്യകൃതികളുടെ വലിയൊരു ഗുണം വലിയൊരു ദോഷവുമാണ്‌. അതിന്റെ താളാനുസൃതമായ ഗതിയാലും അര്‍ത്ഥകല്‍പനാ ചമല്‍ക്കാരത്താലും ആകൃഷ്ടരാകുന്ന വായനക്കാര്‍ പ്രതിപാദ്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ ഒഴുകിപ്പോയേക്കാം. യാദൃച്ഛികമായി വല്ലതും സ്വാനുഭവത്തെ തൊട്ടിളക്കിയാലേ അതിനെപ്പറ്റി ആലോചിച്ചു നോക്കിയുള്ളു എന്നുവരാം.

ഒരിക്കല്‍ "അലോകസാമാന്യമചിന്ത്യ ഹേതുകം ദ്വിഷന്തി മന്ദാശ്ചരിതം മഹാത്മനാം", എന്നുള്ള കാളിദാസന്റെ ശ്ലോകാര്‍ദ്ധമാണ്‌, ആദ്ധ്യാത്മിക മഹാപുരുഷന്മാരുടെ പരോക്ഷ നിരൂപകനായിരുന്ന എന്നെ ആ അവിനയത്തില്‍ നിന്നു പിന്തിരിപ്പിച്ചത്‌.

ലോകസാധാരണമല്ലാതേയും കാരണമറിയരുതാതേയുമുള്ള മഹാത്മാക്കളുടെ നടപടിയെ മൂഢാത്മാക്കള്‍ ദ്വേഷിക്കുന്നു. ( കുമാരസംഭവത്തില്‍ പാര്‍വ്വതി പരമേശ്വരനെ നിന്ദിക്കുന്ന ബ്രഹ്മചാരിയോട്‌ )

ഗദ്യമാകട്ടെ പ്രകൃത്യാ തന്നെ, ഉദാസീനരായ ലഘുവായനക്കാരെ പോലും യുക്തിവിചാരത്തിലേക്കു തെളിച്ചു കൊണ്ടിരിക്കും. പൊതുവേ പദ്യത്തേക്കാള്‍ ഗദ്യത്തിനുള്ള താഴ്ച്ചയെ നികത്തി വയ്ക്കുന്ന മേന്മയാണിത്‌.

ഒടുക്കം എനിക്കു ഗദ്യവിവര്‍ത്തനത്തോട്‌ ഒരു മമതാ ബന്ധമുള്ളതു കൂടി ചുണ്ടിക്കാട്ടി ഉപസംഹരിക്കാം. എന്റെ ഭാരതപര്യടനം എന്ന കൊച്ചുപുസ്തകം വായിച്ചിട്ടാണ്‌, തനിക്ക്‌ ഈ മഹാപ്രയത്നത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയതെന്ന്‌ ശ്രീ പ്രകാശം ഒരിക്കല്‍ എനിക്കെഴുതുകയുണ്ടായി. ഇതുപോലൊന്നു ചെയ്താല്‍ കൊള്ളാമെന്ന്‌ ഒരിക്കല്‍ എനിക്കുമുണ്ടായിരുന്നു. പരിതഃസ്ഥിതി അനുകുലമല്ലാഞ്ഞതു കൊണ്ട്‌ ആ കൊച്ചുപുസ്തകം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. തല്‍പ്രേരിതമായ ഈ ഗദ്യവിവര്‍ത്തനം എന്റേതു തന്നെ എന്ന്‌ എന്തുകൊണ്ട്‌ എനിക്കഭിമാനിച്ചു കൂടാ? "ഏകം സദ് വിപ്രാ ബഹുധാ വദന്തി" (ജഗ്വേദം)

കുട്ടികൃഷ്ണമാരാര്‍ 

ഋഷിപ്രസാദം കോഴിക്കോട്‌ - 3

തീയതി : 12-8-1968

No comments:

Post a Comment