Friday 5 August 2022

അനുശാസനപര്‍വ്വം അദ്ധ്യായം 97 മുതൽ 132 വരെ

97. ബലിദാനവിധി - ഗൃഹസ്ഥാശ്രമി നടത്തേണ്ട പഞ്ചമഹായജ്ഞങ്ങളെപ്പറ്റി ശ്രീകൃഷ്ണനും ഭൂമിയും തമ്മില്‍ സംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭരതര്‍ഷഭാ, അങ്ങ്‌ ഗൃഹസ്ഥധര്‍മ്മം മുഴുവന്‍ പറയുക. രാജാവേ, എന്തു ചെയ്താല്‍ മനുഷ്യര്‍ക്ക്‌ ശ്രേയസ്സുണ്ടാകും? അതു വിവരിച്ചു പറയണേ!

ഭീഷ്മൻ പറഞ്ഞു; അല്ലയോ രാജാവേ, ഇതിനെപ്പറ്റി ഒരു പഴങ്കഥ പ്രചരിച്ചിട്ടുണ്ട്‌ അതു ശ്രീകൃഷ്ണനും ഭുമീദേവിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ ഭാരതാ! പ്രതാപവാനായ വാസുദേവന്‍ ഭൂമിയെ വാഴ്ത്തി അവളോട്‌, നീ എന്നോടു ചോദിച്ച പോദ്യം ചോദിച്ചു ഭരതര്‍ഷഭാ! അതു പറയാം.

വാസുദേവന്‍ പറഞ്ഞു: അല്ലയോ ഭൂമീദേവീ, ഗൃഹസ്ഥധര്‍മ്മം സ്വീകരിച്ച ഞാന്‍ അല്ലെങ്കില്‍ എന്നെപ്പോലെയുള്ള ഒരുത്തന്‍, ഒഴിവാക്കാന്‍ വയ്യാത്തതായി എന്തു ചെയ്യണം? അതിന്റെ സല്‍ഫലം എന്താണ്‌?

പൃഥ്വി പറഞ്ഞു: ഋഷിമാരും, ദേവന്മാരും, പിതൃക്കളും അല്ലയോ മാധവാ, മര്‍ത്ത്യരും ഗൃഹസ്ഥരാല്‍ ആരാധിക്കപ്പെടുന്നു. ബലിയര്‍പ്പിക്കപ്പെടുന്നു. അതുകൊണ്ട്‌ അവരൊയൊക്കെ പ്രസാദിപ്പിക്കേണ്ടത്‌, അവര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ പൂജിച്ചും അര്‍ച്ചിച്ചും, ബഹുമാനിക്കേണ്ടത്‌, ഗൃഹസ്ഥന്റെ കര്‍ത്തവ്യമാണ്‌. അതുകൊണ്ട്‌ മുനികളെല്ലാം സന്തോഷിക്കുന്നതാണ്‌ മധുസൂദനാ! എന്നും ഊണു കഴിക്കുന്നതിന് മുമ്പെ അഗ്നികര്‍മ്മം ചെയ്യണം. ബലികര്‍മ്മവും അപ്രകാരം ചെയ്യണം. അങ്ങനെ ചെയ്താല്‍ ദേവന്മാര്‍ പ്രീതിപ്പെടും മധുസൂദനാ! ദിവസം തോറും അന്നംകൊണ്ടും ജലംകൊണ്ടും ചാത്തം ഊട്ടണം. പിതൃക്കളെ പ്രീതിപ്പെടുത്തുവാനാണ്‌ ശ്രാദ്ധം ഊട്ടുന്നത്‌. അത്‌ ഫലമൂലം, പാല്‍ എന്നിവകൊണ്ടും നടത്തണം. സിദ്ധാന്നംകൊണ്ടു വിശ്വദേവകള്‍ക്ക്‌ അഗ്നിയില്‍ ഹോമിക്കണം. അഗ്നി, സോമന്‍, ധന്വന്തരി എന്നിവര്‍ക്ക്‌ ആജ്യം അഗ്നിയില്‍ ആഹുതി ചെയ്യണം. പിതൃക്കള്‍ക്ക്‌ അരി വേവിച്ചു ബലി അര്‍പ്പിക്കണം. പ്രജാപതിക്ക്‌ വെറെ പ്രത്യേകമായും ഹോമം വിധിച്ചിട്ടുണ്ട്‌. അതു ചെയ്യണം. അപ്രകാരം ക്രമത്താല്‍ ബലി കര്‍മ്മം നടത്തണം. തെക്കുഭാഗത്ത്‌ യമനും പടിഞ്ഞാറു ഭാഗത്ത്‌ വരുണനും ഗൃഹസ്ഥന്‍ ബലി നല്കണം. വടക്കു ഭാഗത്തു സോമനും, നടുവിൽ പ്രജാപതിക്കും, ധന്വന്തരിക്ക്‌ ഈശാനകോണിലും, ഇന്ദ്രന് കിഴക്കു ഭാഗത്തും മനുഷ്യര്‍ക്ക്‌ ഗൃഹദ്വാരത്തിലും ബലി കൊടുക്കണമെന്നാണ്‌ വിധിച്ചിട്ടുള്ളത്‌. മരുത്തുകള്‍ക്കും ദേവന്മാര്‍ക്കും ഗൃഹത്തിന്റെ ഉള്ളിലും ബലി നല്കണം. അപ്രകാരം വിശ്വേദേവകള്‍ക്ക്‌ ആകാശത്തിലേക്കായി ബലി നല്കണം. നിശാചരന്മാര്‍ക്കും ഭൂതങ്ങള്‍ക്കും രാത്രിയില്‍ ബലി കൊടുക്കണം. ഇപ്രകാരം ദേവാദികള്‍ക്ക്‌ ബലി നല്കിയതിന് ശേഷം വിപ്രന് ബലി നല്കണം. വിപ്രനെ ലഭിച്ചില്ലെങ്കില്‍ ഹവിസ്സെടുത്ത്‌ അഗ്നിയില്‍ ഹോമിക്കണം. പിതൃക്കള്‍ക്ക്‌ ശ്രാദ്ധദാനം മര്‍ത്ത്യന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശ്രാദ്ധം കഴിച്ചതിന് ശേഷം അതു ചെയ്യണം. പിത്യക്കള്‍ക്കു തര്‍പ്പണം ചെയ്ത്‌ വിധിപ്രകാരം ബലിയര്‍പ്പിക്കണം. വിശ്വദേവകള്‍ക്ക്‌ ബലിയര്‍പ്പിച്ചതിന് ശേഷം ബ്രാഹ്മണര്‍ക്ക്‌ ഊണു നല്‍കുക. അതിന് ശേഷം വിശേഷിച്ചും അതിഥികള്‍ക്ക്‌ ഭക്ഷണം കൊടുക്കണം. ഈ പ്രവൃത്തി മൂലം അല്ലയോ രാജാവേ, അതിഥികള്‍ സംതൃപ്തരാകുന്നു. നിത്യവും നില്ക്കാത്തവരായത് കൊണ്ട്‌ വന്നു താമസിക്കാതെ പോകുന്നവരായത് കൊണ്ട്‌, അവരെ അതിഥികള്‍ എന്നു വിളിക്കുന്നു. ഗുരുവിനോടും, പിതാവിനോടും സുഹൃത്തിനോടും ഗൃഹസ്ഥൻ  ഇപ്രകാരം പറയണം: "ഇന്ന്‌ നിങ്ങളെ പൂജിക്കുന്നതിനായി ഇതാ ഇതെല്ലാം ഞാന്‍ ഒരുക്കിയിരിക്കുന്നു". ഇപ്രകാരം എല്ലാ ദിവസവും പറയണം. ഗൃഹസ്ഥനോട്‌ അവര്‍ ആവശ്യപ്പെടുന്നതു നല്കണം. ഇതാണ്‌ നാട്ടാചാരം. എല്ലാവര്‍ക്കും നല്കിക്കഴിഞ്ഞ്‌ എല്ലാവരും ത്യപ്തിപ്പെട്ടതിന് ശേഷമേ ഗൃഹസ്ഥന്‍ ഊണു കഴിക്കാവു കൃഷ്ണാ! ഒരു കൊല്ലം മുഴുവന്‍ വസിക്കുകയാണ ങ്കിലും, ആ അതിഥിയെയും ഗൃഹസ്ഥന്‍ പൂജിക്കണം. തന്റെ രാജാവിനെയും, പുരോഹിതനെയും, ശ്വശുരനെയും, സ്നാതക ബ്രാഹ്മണനെയും മധുപര്‍ക്കങ്ങളാല്‍ പൂജിക്കണം. കാലത്തും വൈകുന്നേരവും ഭക്ഷണം നായ്ക്കള്‍ക്കും, പറയന്മാര്‍ക്കും, പക്ഷികള്‍ക്കും തിണ്ണയില്‍ നിലത്ത്‌ ഇട്ടു കൊടുക്കണം.

വിശ്വേദേവകള്‍ക്കുള്ള അര്‍ച്ചന കാലത്തും സന്ധ്യയ്ക്കുമാണ്‌ ചെയ്യേണ്ടത്‌. ഇപ്രകാരം ഗാര്‍ഹസ്ഥ്യ ധര്‍മ്മം അനുഷ്ഠിക്കുന്നവനും അനസൂയകനുമായവന്‍ ഇഹത്തില്‍ ഋഷിമാരുടെ അനുഗ്രഹത്തിന് പാത്രമാകും. പരത്തില്‍ അവന്‍ സ്വര്‍ഗ്ഗപൂജ്യനായി ഭവിക്കും.

ഭീഷ്മന്‍ പറഞ്ഞു: ഇപ്രകാരം ഭൂമി പറഞ്ഞ വാക്കുകള്‍ കേട്ട്‌ പ്രതാപവാനായ വാസുദേവന്‍ അപ്രകാരം ദിവസേന അനുഷ്ഠിച്ചു പോന്നു. അല്ലയോ രാജാവേ, "ഭവാനും അപ്ര കാരം ചെയ്താലും. നീ ഈ പറഞ്ഞമാതിരി ഗൃഹസ്ഥധര്‍മ്മം ചെയ്യുന്നതായാല്‍ ജനാധിപാ, ഇഹത്തില്‍ കീര്‍ത്തി സമ്പാദിച്ച്‌, പരത്തില്‍ സ്വര്‍ഗ്ഗം നേടുന്നതാണ്‌".

98. സുവര്‍ണ്ണമനുസംവാദം - സുവര്‍ണ്ണനും മനുവും തമ്മില്‍ ചില ദാനഫലത്തെപ്പറ്റിയുള്ള സംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: വെളിച്ചം നല്കുക എന്നത്‌ എങ്ങനെയുള്ള ഒരു ദാനമാണ്‌? അല്ലയോ ഭരതര്‍ഷഭാ, അതിന്റെ ഫലം എന്താണ്‌? അത്‌ എങ്ങനെയുണ്ടായി? എല്ലാം പറഞ്ഞു തരണേ!

ഭീഷ്മൻ പറഞ്ഞു: നീ ഈ ചോദിച്ച ചോദ്യത്തിന് ഉദാഹരണമായി ഒരു പഴങ്കഥ നടപ്പുണ്ട്‌. അതു മനുവും സുവര്‍ണ്ണനും തമ്മിലുള്ള ഒരു സംഭാഷണമാണു ഭാരതാ!

പണ്ട്‌ സുവര്‍ണ്ണന്‍ എന്നു പേരായി ഒരു തപസ്വി ഉണ്ടാ യിരുന്നു. വര്‍ണ്ണം കൊണ്ട്‌ സ്വര്‍ണ്ണ തുല്യനായിരുന്നത് കൊണ്ട്‌ അവന്‍ സുവര്‍ണ്ണന്‍ എന്ന പേരില്‍ പ്രസിദ്ധനായി. കുലശീല ഗുണങ്ങള്‍ ചേര്‍ന്നവനായ അവന്‍ വേദത്തിന്റെ മറുകര കണ്ടവനാണ്‌. സല്‍ക്കുലത്തില്‍ ജനിച്ച പലരേയും ഗുണം കൊണ്ട്‌ അധഃകരിച്ചവനാണ്‌ അവന്‍. ഒരു ദിവസം ആ ബ്രാഹ്മണന്‍ മനുവിനെ ചെന്നു കണ്ടു. അവര്‍ തമ്മില്‍ കുശലപ്രശ്നം ചെയ്തു. മേരുപര്‍വ്വതമാകുന്ന കനകക്കുന്നിന്റെ മുകളില്‍ നല്ല പാറപ്പുറത്ത്‌ സതൃസങ്കല്പരായ ആ മഹാശയന്മാര്‍ ഒപ്പമിരുന്ന്‌ പല തരത്തിലുള്ള കഥകളും തമ്മില്‍പ്പറഞ്ഞു രസിച്ച്‌ അങ്ങനെ കൂടി. പണ്ടുണ്ടായവരായ മഹാശയന്മാരെപ്പറ്റിയും, ബ്രഹ്മര്‍ഷിമാരെപ്പറ്റിയും, ദേവദൈത്യന്മാരെപ്പറ്റിയും അവര്‍ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ സ്വായംഭുവനായ മനുവിനോട്‌ സുവര്‍ണ്ണന്‍ ഇപ്രകാരം പറഞ്ഞു: "സര്‍വ്വഭൂത ഹിതത്തിന് വേണ്ടി ഞാന്‍ അങ്ങയോട്‌ ഒന്നു ചോദിക്കുന്നു. അതു വിവരിച്ചു പറയണേ! അല്ലയോ പ്രജേശ്വരാ! ദേവന്മാരെ പുഷ്പങ്ങളാല്‍ പൂജിക്കുന്നുണ്ടല്ലോ. അതെന്തു കൊണ്ടാണ്‌? എങ്ങനെ ഈ നടപടിയുണ്ടായി? അതിന്റെ ഫലമെന്താണ്‌? വിശദമായി പറഞ്ഞാലും.

മനു പറഞ്ഞു: അതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അതു ശുക്രനും മഹാശയനായ ബലിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌.

മൂന്നുലോകവും പാലിച്ചുപോരുന്ന വിരോചനാത്മജനായ മഹാബലിയുടെ അടുത്തേക്കു ഭൃഗുകുലോദ്വഹനായ ശുക്രന്‍ ചെന്നു. ആ ഭാര്‍ഗ്ഗവനെ അര്‍ഘ്യാദികളാല്‍ അര്‍പ്പിച്ച്‌ സുരോത്തമന്‍ ഇരുത്തിയതിന് ശേഷം പീഠത്തില്‍ ആ മഹാശയന്‍ ഇരുന്നു. അല്ലയോ യുധിഷ്ഠിരാ, നീ പറഞ്ഞ ആ കാര്യമുണ്ടല്ലോ, അതിറെപ്പറ്റിയുള്ള സംസാരം അവിടെ നടന്നു. ആ ദൈത്യേന്ദ്രന്‍ ശുക്രനോട്‌ പുഷ്പം, ധൂമം, ദീപം എന്നിവ നല്കിയാലുള്ള ഫലം എന്താണെന്ന് അറിയുവാന്‍ ചോദിച്ചു.

ബലി പറഞ്ഞു: പുഷ്പം, സുഗന്ധധൂമം, ദീപം ഇവ അര്‍ച്ചിക്കുന്നത് കൊണ്ടുള്ള ഫലമെന്താണ്‌ ദ്വിജോത്തമാ? അങ്ങു പറഞ്ഞു തരണേ!

ശുക്രന്‍ പറഞ്ഞു: ആദ്യമുണ്ടായത്‌ തപസ്സാണ്‌. പിന്നെ ധര്‍മ്മമുണ്ടായി. സ്നേഹാനുകമ്പാദികളായ ഗുണങ്ങള്‍. (തപസ്സ്‌ എന്നു പറയുന്നത്‌ ജീവിതത്തിലെ നാലാശ്രമങ്ങളാണ്‌.) ജീവിതത്തിന് മുമ്പായി വളരെ ചെടികളും ലതകളുമുണ്ടായി. അവയുടെ ഇനം പറഞ്ഞൊപ്പിക്കുവാന്‍ പറ്റാത്ത വിധം അത്ര അധികമാണ്‌. സോമന്റെ ആത്മാവ്‌ പലമട്ടായി ലോകത്തിലുണ്ടായി. അമൃത്‌, വിഷം, മറ്റു തൃണജാതികളുമുണ്ടായി. അമൃതം മനസ്സിന്ന്‌ പ്രീതിയും തൃപ്തിയും ക്ഷണത്തില്‍ നല്കുന്നു. വിഷം അതിന്റെ ഗന്ധം കൊണ്ടു തന്നെ മനസ്സിനെ ക്ഷണത്തില്‍ പീഡിപ്പിക്കുന്നു. അമൃതം, മംഗളം വര്‍ദ്ധിപ്പിക്കുമ്പോള്‍ വിഷം മംഗളം നശിപ്പിക്കുകയാണ്‌. മനസ്സിന് ആഹ്ളാദമുണ്ടാക്കുകയാലും ശ്രീ വളര്‍ത്തുകയാലും എല്ലാ ചെടികളും അമൃതങ്ങളാണ്‌. വിഷം അഗ്നിജന്യമാണ്‌. പുഷ്പങ്ങള്‍ മനുഷ്യ ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നു. അതുകൊണ്ട്‌ സുകൃതിമാരായ നരര്‍ പുഷ്പങ്ങളെ സുമനസ്സുകള്‍ എന്നു പറയുന്നു. ദേവന്മാര്‍ക്ക്‌ ഈ സുമനസ്സുകളായ പൂക്കളെ ശുചിയായി ഭക്തി പുരസ്സരം നരന്‍ നല്കിയാല്‍ ദേവകള്‍ സന്തോഷിക്കുകയും തുഷ്ടരായ അവര്‍ അവന് ശ്രേയസ്സിനെ നല്‍കുകയും ചെയ്യും. ഏതു ദേവനെ ഉദ്ദേശിച്ച്‌ പ്രഭോ, പൂക്കളെ മംഗളത്തിനായി നല്‍കുന്നുവോ ആ ദേവന്‍ പ്രീതനാകും. ദൈത്യ നായകാ! ചെടികള്‍ പലതരത്തിലാണ്‌. അവയുടെ ഓരോന്നിനുമുള്ള വീര്യം ഓരോന്നാണ്‌, വ്യത്യസ്തമാണ്‌. അവ ഉഗ്രങ്ങള്‍, സൌമ്യങ്ങള്‍, തേജസ്വികള്‍ എന്നിങ്ങനെ മൂന്നു തരമുണ്ട്‌. യജ്ഞത്തിന് പറ്റുന്നവയും യജ്ഞത്തിന് പറ്റാത്തവയുമായ ചെടികള്‍, ഇങ്ങനെ രണ്ടുതരം ചെടികളുണ്ട്‌. അസുരന്മാര്‍ക്കും ദേവന്മാര്‍ക്കും ഇഷ്ടപ്പെട്ട പൂമാലകള്‍ ഉണ്ടാക്കുന്നതിന് ഉതകുന്ന ചെടികള്‍ രാക്ഷസന്മാര്‍ക്കും സുരന്മാര്‍ക്കും യക്ഷന്മാര്‍ക്കും പ്രിയപ്പെട്ടവയും മനുഷ്യര്‍ക്കും പിതൃക്കള്‍ക്കും ഇഷ്ടമായവയും ഇങ്ങനെ പലമാതിരിയാണ്‌ പൂക്കളുണ്ടാകുന്ന ചെടികള്‍. കാട്ടിലുണ്ടാകുന്നവയും ഗ്രാമത്തിലുണ്ടാകുന്നവയും വിതച്ചുണ്ടാക്കുന്നവയും അദ്രിയിലുണ്ടാകുന്നവയും മുള്ളുള്ളവയും മുള്ളില്ലാത്തവയും മണമുള്ളവയും മണവും അഴകും പേര്‍ന്നവയും ഇങ്ങനെ പലതരം ചെടികളില്‍ പലതരം പുഷ്പങ്ങള്‍ ഉണ്ടാകുന്നു. പൂക്കളുടെ സൌരഭ്യവും രണ്ടു മാതിരിയുണ്ട്‌. ഇഷ്ടമുള്ള ഗന്ധമുള്ളവയും ഇഷ്ടമില്ലാത്ത ഗന്ധമുണ്ടാക്കുന്നവയും. ഇഷ്ടഗന്ധമുണ്ടാക്കുന്ന സുമങ്ങളെ ദേവന്മാര്‍ക്കര്‍പ്പിക്കാം. മുള്ളില്ലാത്ത വൃക്ഷങ്ങളുടെ വെളുത്ത പുഷ്പങ്ങള്‍ ദേവന്മാര്‍ക്ക്‌ ഇഷ്ടമുളളവയാണ്‌. അവകൊണ്ടു ദേവന്മാരെ പൂജിക്കുക. വെള്ള നിറത്തിലുള്ള താമരപ്പൂവ്‌ മുതലായവ ഗന്ധര്‍വ്വന്മാര്‍ക്കും നാഗങ്ങള്‍ക്കും യക്ഷന്മാര്‍ക്കും വിചക്ഷണനായവന്‍ നല്‍കണം. ചുവന്ന പുഷ്പം, എരിവുള്ള മരത്തിന്റെ പൂക്കള്‍, മുള്ളുള്ള മരത്തിന്റെ പൂക്കള്‍, ഇവ ശത്രുക്കള്‍ക്ക്‌ ആഭിചാരം ചെയ്യുന്നതിന് അഥര്‍വ്വവേദത്തില്‍ പറഞ്ഞിട്ടുള്ളതാണ്‌. തീക്ഷ്ണവീര്യങ്ങളുള്ള മരത്തിന്റെ പൂക്കളും രക്തപുഷ്ങ്ങളും ഭൂതപിശാചുക്കള്‍ക്ക്‌ അര്‍ച്ചിക്കാന്‍ ഉപയോഗിക്കാം.

മനസ്സിനും ഹൃദയത്തിനും ആഹ്ളാദം നല്‍കി തേനിറ്റു വീഴുന്നതും കാഴ്ചയ്ക്കു ഭംഗിയേറിയതുമായ പൂക്കള്‍ മര്‍ത്ത്യരെ പൂജിക്കുവാന്‍ ഹിതമായിട്ടുള്ളതാണ്‌. ചുടലക്കാട്ടിലുണ്ടായവയും ദേവാലയ പ്രദേശത്തുണ്ടായവയുമായ പൂക്കള്‍ വരുത്തി വിവാഹ മാലകള്‍ കെട്ടാനോ വിവാഹ പൂജകള്‍ ചെയ്യാനോ ഉപയോഗിക്കരുത്‌. മറ്റു മംഗള കാര്യങ്ങള്‍ക്കും രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ക്കും അത്തരം പുക്കള്‍ വരുത്തി ഉപയോഗിക്കരുത്‌.

മലഞ്ചെരിവിൽ നില്ക്കുന്ന ഭംഗിയേറിയ പുക്കള്‍ പറിച്ചെടുത്തു ദേവന്മാരെ പൂജിക്കണം. സൗമ്യഗന്ധമുള്ള അവയെ കഴുകി തളിച്ചു വേണം പൂജയ്ക്ക്‌ ഉപയോഗിക്കുവാന്‍. ഗന്ധത്താല്‍ ദേവന്മാര്‍ പ്രസാദിക്കും. യക്ഷന്മാരും രാക്ഷസന്മാരും കാഴ്ചയാലേ പ്രസാദിക്കുകയുള്ളു. അതു കൊണ്ട്‌ സുരഭില കുസുമങ്ങള്‍ ദേവന്മാര്‍ക്കര്‍ച്ചിക്കുക! കണ്ടാല്‍ കൌതുകമുള്ള വര്‍ണ്ണസുമങ്ങള്‍ യക്ഷരാക്ഷസന്മാരെ പൂജിക്കുവാന്‍ ഉപയോഗിക്കുക. നാഗങ്ങള്‍ സ്പര്‍ശസുഖമുള്ള പുഷ്പങ്ങള്‍ ഇഷ്ടപ്പെടുന്നു. മര്‍ത്ത്യര്‍ ഈ മൂന്നു ഗുണം ചേര്‍ന്നവയേയും ഇഷ്ടപ്പെടുന്നു.

ദേവന്മാര്‍ പുഷ്പാര്‍ച്ചന കൊണ്ട്‌ ഉടനെ പ്രസാദിക്കും. അവര്‍ പ്രീതരായാല്‍ അനുഗ്രഹിക്കും. മര്‍ത്ത്യന്മാര്‍ക്ക്‌ അവര്‍ ആശിക്കുന്ന വിധത്തില്‍ അനുഗ്രഹാശിസ്സുകളാല്‍ ഇഷ്ടങ്ങളെ നല്കുന്നു. പ്രീതന്മാരായാല്‍ അവര്‍ പ്രീണി പ്പിക്കും. മാനിച്ചാല്‍ മാനം നല്കും. ധിക്കാരത്താല്‍ ദേവന്മാരെ തള്ളി അധിക്ഷേപിച്ചാല്‍ അത്തരം നീചമര്‍ത്ത്യരെ അവര്‍ എരിച്ചുകളയും.

ഇനി സുഗന്ധധൂപദാനവിധിയെപ്പറ്റി പറയാം. പലതരം നന്മകളും തിന്മകളും ഇതില്‍ അടങ്ങിയിട്ടുണ്ട്‌. അതും ഞാന്‍ പറയാം. ഭവാന്‍ കേട്ടാലും. ധൂപം പലതരത്തിലുണ്ട്‌. ചിലത്‌ നല്ല മംഗളഗന്ധം നല്കുന്നതും ചിലത്‌ അനിഷ്ടം നല്കുന്നതുമാണ്‌. അവ മൂന്നു തരമാണ്‌. ചിലത്‌ സ്വാഭാവികമായി ഉണ്ടാകുന്ന പശയും ചിലത്‌ സ്വാഭാവിക മരവും ചിലത്‌ രണ്ടുവിധം വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുമാണ്‌. ചിറ്റീന്തലിന്റെ പശയൊഴികെ മറ്റുള്ള പശയുടെ ഗന്ധം, അഗ്നിയില്‍ ഇട്ടാലുണ്ടാകുന്ന ഗന്ധം, ദേവകള്‍ക്ക്‌ ഇഷ്ടമുള്ളതാണ്‌. ഗുല്‍ഗുലു അഗ്നിയിലിട്ടാല്‍ പുറപ്പെടുന്ന ധൂമത്തിന്റെ ഗന്ധം ദേവന്മാര്‍ക്ക്‌ ഇഷ്ടമാണ്‌. അകിലും വിറകും യക്ഷരാക്ഷസാഹികള്‍ക്ക്‌ ഏറ്റവും ശ്രേഷ്ഠമായി പറയുന്നു. ദൈത്യന്മാര്‍ക്ക്‌ ചിറ്റീന്തലും മറ്റുള്ളവയും ഇഷ്ടം തന്നെയാണ്‌. ചെഞ്ചല്യം മുതലായവയുടെ ഗന്ധങ്ങളും, ഭൂമിയില്‍ നിന്നുണ്ടായവയും, മരത്തില്‍നിന്നുണ്ടായവയും, ഒരുതരം ശര്‍ക്കരയില്‍നിന്നുണ്ടായ ആസവം ചേര്‍ന്നതും, മര്‍ത്ത്യര്‍ക്ക്‌ ഇഷ്ടമുള്ള ഗന്ധങ്ങളാണ്‌. ദേവന്മാര്‍ക്കും, ദാനവന്മാര്‍ക്കും, ഭൂതങ്ങള്‍ക്കും ഉടനെ തുഷ്ടി നല്കുന്നത്‌. പുഷ്പദാനത്തില്‍ പറഞ്ഞുവല്ലോ. അവയുടെ ഗുണവും ഹേതുക്കളുംതന്നെയാണ്‌ ധൂപത്തിലും ഫലദാനത്തിന്നുള്ളതെന്നു ധരിക്കുക. ധൂപദാനത്തെക്കാള്‍ പ്രീതിനല്കുന്നത്‌ പുഷ്പാര്‍ച്ചനയും പുഷ്പമാല്യദാനവുമാകണം.

ദീപദാനത്തിന്റെ മഹത്തരമായ ഫലവും ഞാന്‍ പറയാം. ഏതു വിധത്തില്‍, ഏതുതരക്കാര്‍ക്ക്‌, ഏതുതരം ദീപം നല്കണമെന്നുള്ളതും പറയാം. തേജഃപ്രകാശമായ ജ്യോതിസ്സ്‌ മേൽപോട്ടു ഗതിയോടു കൂടിയതായി പറയുന്നു. അതുകൊണ്ട്‌ മര്‍ത്ത്യര്‍ക്ക്‌ തേജസ്സ്‌ വര്‍ദ്ധിപ്പിക്കുന്ന ദാനമാണ്‌ തേജോദാനമെന്നു ധരിക്കണം. അന്ധതമസ്സ്‌, സൂര്യന്റെ ദക്ഷിണായനകാലം, ഇരുട്ടാണെന്നു പറയുന്നു. ആ നരകത്തിന്റെ ഇരുട്ടില്‍ നിന്ന് കയറുവാന്‍ ഉത്തരായന കാലത്ത്‌ വെളിച്ചം നല്കേണ്ടതാണ്‌. അതിനെ നല്ലവരൊക്കെ അഭിനന്ദിക്കുന്നു ദക്ഷിണായനകാലത്ത്‌ മരണം പ്രാപി ക്കുന്ന ആത്മാക്കള്‍ നരകത്തിന്റെ ഉരുട്ടില്‍പ്പെട്ടു പോകുന്ന അവരെ കയറ്റുവാന്‍ വെളിച്ചം നല്കണമെന്നു പറയുന്നു. ദീപത്തിന്റെ ഗതി മേൽപോട്ടാണല്ലോ. ആ ദീപം ഇരുട്ടിനെ അകറ്റുകയും ചെയ്യുന്നു. അതുകൊണ്ട്‌ വെളിച്ചം ആത്മാക്കള്‍ക്കു നല്കേണ്ടത്‌ ആവശ്യമാകുന്നു. അങ്ങനെ മേൽപോട്ടു ഗതി നല്കന്നവന്‍ ദാതാവാണെന്നു പറയുന്നു. ദീപം നല്കുന്നതു മൂലം ദേവന്മാര്‍ തേജസ്വിമാരും, മഹാപ്രഭാവന്മാരും, പ്രകാശകന്മാരുമായി. രാക്ഷസന്മാര്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുക മൂലം അവര്‍ താമസന്മാരായി ഭവിച്ചു. അതുകൊണ്ടാണ്‌ നാം ദീപം നല്കണമെന്നു പറയുന്നത്‌. ദീപദാനം മൂലം ഏവനും തേജസ്വിയായി ഭവിക്കുന്നതാണ്‌.

ദീപം ദാനചെയ്യുന്ന നരന്‍ കണ്ണുള്ളവനും, പ്രഭയുള്ളവനുമാകും. ദീപം നല്‍കുന്നവന്‍ ഒരിക്കലും അന്യരുടെ അസൂയയ്ക്കു പാത്രമാവുകയില്ല. ദീപം കക്കുന്നവന്‍ അടുത്ത ജന്മം കുരുടനായി ജനിക്കും. അതുകൊണ്ട്‌ ദീപം കക്കുകയോ, അന്യന്‍ നല്കുന്ന ദീപം കെടുത്തുകയോ ചെയ്യരുത്‌. ദീപം ദാനം ചെയ്യുന്നവന്‍ ആകാശത്തിലും ദീപമാല പോലെ ശോഭയോടെ വിളങ്ങുന്നതാണ്‌. ദീപത്തില്‍ പ്രധാനമായ ദീപം നെയ്യൊഴിച്ചു തെളിയിക്കുന്ന ദീപമാണ്‌. രണ്ടാമത്‌ നില്ക്കുന്നത്‌ ചെടികളുടെ കുരുക്കളുടെ എണ്ണ കൊണ്ടുള്ള ദീപമാണ്‌. കടലയെണ്ണ, എള്ളെണ്ണ, ആവണക്കെണ്ണ എന്നിവ കൊള്ളാം. എന്നാല്‍ മൃഗങ്ങളുടെ കൊഴുപ്പ്‌, അസ്ഥിയുടെ ഉള്ളിലെ മജ്ജ, പശ മുതലായവ ഒരിക്കലും ദീപത്തിന് ഉപയോഗിക്കരുത്‌. അത്‌ അവന്റെ ഐശ്വരൃത്തെയും, ശ്രേയസ്സിനെയും നശിപ്പിക്കും. ശ്രേയസ്സും, പുരോഗതിയും കാംക്ഷിക്കുന്നവന്‍ കുന്നിറങ്ങി വരുന്നവന്നും, കാട്ടിലെ വഴിയില്‍ സഞ്ചരിക്കുന്നവന്നും, നാലും കൂടിയ പെരുവഴിയിലും, ചൈതൃസ്ഥലങ്ങളിലും സഞ്ചരിക്കുന്നവനും ദീപം നല്കേണ്ടതാണ്‌. ദീപം ദാനംചെയ്യുന്നവന്‍ തന്റെ കുലത്തില്‍ ശോഭിക്കുന്നവനാകും, ആത്മപ്രകാശമുള്ളവനാകും, സുന്ദരനുമാകും. ദീപം നല്കുന്നവന്‍ നക്ഷത്ര ലോകത്തില്‍ ദീപ്തനായി ശോഭിക്കുന്നതാണ്‌.

ഇനി ബലികര്‍മ്മങ്ങളിലുള്ള കര്‍മ്മഫലങ്ങളെപ്പറ്റി പറയാം. ദേവന്മാര്‍, യക്ഷന്മാര്‍, ഉരഗങ്ങള്‍, നരന്മാര്‍, ഭൂതങ്ങള്‍, രാക്ഷസര്‍, എന്നിവര്‍ക്കൊക്കെ ബലി നല്കുന്നതിന്റെ ഫലങ്ങളെപ്പറ്റി പറയാം. യാതൊരു ശങ്കയുംകൂടാതെ ബ്രാഹ്മണര്‍ക്കും, ദേവന്മാര്‍ക്കും, അതിഥികള്‍ക്കും, ബാലന്മാര്‍ക്കും നല്കാതെ, ഇരുന്നു ഭക്ഷണം രസമായി കഴിക്കുന്ന അമംഗന്മാര്‍ രാക്ഷസന്മാരായി അറിയപ്പെടുന്നതാണ്‌. അതു കൊണ്ട്‌ അന്നം ആദ്യമായി ദേവകള്‍ക്കു വളരെ ഭക്തിയോടെ, ശ്രദ്ധയോടെ ബലിയര്‍പ്പിക്കണം. ബലി അര്‍പ്പിക്കുമ്പോള്‍ ശിരസ്സു കുനിച്ച്‌ ഭക്തിബഹുമാനത്തോടെ, മടി കൂടാതെ ചെയ്യണം. ഗൃഹസ്ഥരുടെ ബലികൊണ്ടാണ്‌ ദേവന്മാര്‍ പുലരുന്നത്‌. അവര്‍ ബലി സ്വീകരിച്ച്‌ അവരെ ആശംസിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യും. യക്ഷന്മാരും, രാക്ഷസന്മാരും, പന്നഗന്മാരും, അതിഥികളും, എല്ലാ വഴിയാത്രക്കാരും, ഗൃഹമില്ലാത്തവരായ മറ്റുള്ളവരും എല്ലാം ഗൃഹസ്ഥനില്‍ നിന്ന്‌ അന്നംവാങ്ങി ജീവിക്കുന്നു. ദേവന്മാര്‍ പ്രസാദിച്ചാല്‍ അനുഗ്രഹിക്കും. അതുകൊണ്ടു ബലിയര്‍പ്പിക്കുന്ന ഗൃഹസ്ഥന് ദീര്‍ഘായുസ്സും കീര്‍ത്തിയും ധനവും ലഭിക്കുന്നതാണ്‌. ദേവകള്‍ക്കു  ബലിയര്‍പ്പിക്കുമ്പോള്‍ പൂക്കള്‍ ചേര്‍ത്ത്‌ നല്കണം. തൈരും പാലും ചേര്‍ത്ത്‌ പുണ്യഗന്ധം ചേര്‍ന്നവിധം വൃത്തിയായി, ഭംഗിയായി ദേവന്മാര്‍ക്കു നിവേദിക്കണം. രക്തവും, മാംസവും ചേര്‍ന്ന വസ്തുക്കള്‍ രക്ഷസ്സുകള്‍ക്കും, യക്ഷന്മാര്‍ക്കും ബലി നല്കണം. എന്നു തന്നെയല്ല മദ്യവും, ചാരായവും, വറുത്തു പൊടിച്ച അരി, മധുരം ചേര്‍ത്ത്‌ അതും വിതറി നല്കണം. പത്മവും ഉല്‍പലവും ചേര്‍ത്ത്‌ നല്കുന്ന ബലി നാഗങ്ങള്‍ക്ക്‌ ഇഷ്ടമാണ്‌. എള്ളും, ശര്‍ക്കരയും ചേര്‍ത്ത്‌ ഭൂതങ്ങള്‍ക്കു ബലി നല്കണം. ആദ്യം ബ്രാഹ്മണര്‍ക്കും മറ്റും നല്കി, പിന്നെ ഉണ്ണുന്ന ബല വീര്യവാന്‍ സ്വര്‍ഗ്ഗത്തില്‍ ആദ്യം ഫലം അനുഭവിക്കും. അതു കൊണ്ട്‌ ആദ്യം പൂജിച്ച്‌ ദേവകള്‍ക്കു നല്കുക. ഗൃഹദേവമാരാല്‍ നാള്‍തോറും ഗൃഹം വിളങ്ങുന്നതാണ്‌. ഭൂതിക്കു വേണ്ടി ദേവകളെ പൂജിച്ച്‌ പാകം ചെയ്ത അന്നം ആദ്യമായി നിവേദിക്കുക. അതാണ്‌ വേണ്ടത്‌. ഇപ്രകാരം ദൈത്യ രാജാവായ ബലിയോട്‌ ശുക്രമഹര്‍ഷി പറഞ്ഞു. അത്‌ സുവര്‍ണ്ണന്ന്‌ മനു പറഞ്ഞുകൊടുത്തു. സുവര്‍ണ്ണന്‍ നാരദനോടും പറഞ്ഞു. നാരദന്‍ എന്നോടും ഈ ഗുണങ്ങള്‍ മഹാശയാ, പറഞ്ഞു. അതുകൊണ്ട്‌ വത്സാ, നീ ഇത്‌ നല്ല പോലെ അറിഞ്ഞ്‌ എല്ലാം യഥാവിധി ചെയ്യണം!

99. അഗസ്ത്യ ഭൃഗുസംവാദം - നഹുഷന്‍ മഹര്‍ഷിമാരെ ദ്രോഹിക്കുന്നതും അതിനെപ്പറ്റി ഭൃഗുവും അഗസ്ത്യനും തമ്മില്‍ ആലോചിക്കുന്നതും - യുധി ഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭരതശ്രേഷ്ഠാ, പുഷ്പം ധൂപം എന്നിവ നല്കുന്ന ദാതാക്കള്‍ക്ക്‌ ലഭിക്കുന്ന ഫലവും ദീപം നല്കുന്നവര്‍ക്കുള്ള ഫലവും ഞാന്‍ അങ്ങയില്‍ നിന്ന് കേട്ടു. ബലി അര്‍പ്പിക്കുന്നതിലുള്ള മഹത്തായ ഫലവും ഞാന്‍ അങ്ങയില്‍ നിന്ന്‌ അറിഞ്ഞു. ഈ വിഷയത്തെക്കുറിച്ച്‌ അങ്ങു കൂടുതല്‍ വിവരിച്ചു പറയണം. ധൂപവും ദീപവും നല്കിയാലുള്ള ഫലത്തെപ്പറ്റിയും ഒന്നുകൂടി വിവരിച്ചു പറയണേ! ഗൃഹസ്ഥാശ്രമികള്‍ ദേവതകള്‍ക്ക്‌ ബലിയര്‍പ്പിക്കുന്നതിന്റെ ആവശ്യമെന്താണ്‌?

ഭീഷ്മൻ പറഞ്ഞു; ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. നഹുഷനും ഭ്യുഗുവും അഗസ്ത്യനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ കഥാവിഷയം. അല്ലയോ രാജാവേ, രാജര്‍ഷിയായ നഹുഷന്‍ മഹാതപം ചെയ്ത്‌ തന്റെ സുകൃത ക്രിയയാല്‍ ദേവരാജ്യത്തിന്റെ അധിപനായി. അവിടെ, സ്വര്‍ഗ്ഗത്തില്‍ പ്രയതനായി വാഴുമ്പോള്‍ ദിവ്യവും മാനുഷവുമായ പല കര്‍മ്മങ്ങളുംചെയ്തു. ആ മഹാത്മാവിന്റെ മാനുഷമായ പല ക്രിയകളും, ദിവ്യവും ശാശ്വതവുമായ പല ക്രിയകളും, സ്വര്‍ഗ്ഗത്തില്‍ നടന്നു. അഗ്നികാര്യങ്ങളും ചമത, ദര്‍ഭ, പുഷ്പങ്ങള്‍, അന്നകാര്യങ്ങള്‍, ബലികള്‍, ധൂപദീപകര്‍മ്മങ്ങള്‍ ഇവയെല്ലാം മഹാത്മാവായ നഹുഷ രാജാവിന്റെ രാജധാനിയില്‍ വെച്ചു നടന്നു. ജപയജ്ഞം, മനോയജ്ഞം എന്നിവ സ്വര്‍ഗ്ഗത്തില്‍ വെച്ചും അദ്ദേഹം ചെയ്തു. വിധിപോലെ ആ സുരേശ്വരന്‍ ദേവന്മാരെ പൂജിച്ചു. എല്ലാവരെയും വിധിപോലെ യഥാക്രമം പൂജിച്ചു അരിന്ദമമാ!

അങ്ങനെയിരിക്കെ രാജാവിന്‌ ഉള്ളില്‍ ഒരു അഹങ്കാരം ഉദിച്ചു. ഞാന്‍ ഇന്ദ്രനാണല്ലോ, ഇനി ഞാന്‍ ഏതു ദേവനെ പൂജിക്കണം! ഇങ്ങനെ ഒരു തോന്നലുണ്ടായി. അങ്ങനെ ദേവപൂജയൊക്കെ ഉപേക്ഷിച്ച്‌ നഹുഷന്‍ ഇന്ദ്രപദവിയില്‍ ഇരിക്കുന്ന അക്കാലത്ത്‌ മുനിമാരെക്കൊണ്ട്‌ തന്റെ പല്ലക്ക്‌ എടുപ്പിച്ചു. വരത്താല്‍ ഗര്‍വ്വിതനായി ഇത്തരം സാഹസങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍, ക്രിയകളൊക്കെ ക്ഷയിച്ചപ്പോള്‍, അവന്‍ ദുര്‍ബ്ബലനായിത്തീര്‍ന്നു. അങ്ങനെ തപസ്വി കളായ മുനിമുഖ്യന്മാരെക്കൊണ്ട്‌ പല്ലക്കെടുപ്പിച്ച്‌ സഞ്ചരിക്കുന്ന കാലത്ത്‌ അഹങ്കാരം വര്‍ദ്ധിച്ച്‌ അവന്‍ എല്ലാ ഋഷികള്‍ക്കും ഓരോ ഊഴം നിശ്ചയിച്ചു. ആ നിശ്ചയപ്രകാരം ഓരോ കാലത്ത്‌ ഓരോരുത്തര്‍ മഞ്ചല്‍ ചുമക്കുവാൻ എത്തണമെന്നായിരുന്നു കല്പന. അത്‌ ഋഷിമാര്‍ അനുഷ്ഠിച്ചു പോന്നു. അല്ലയോ ഭാരതാ, അങ്ങനെ അഗസ്ത്യമഹര്‍ഷിക്കും അവന്റെ മഞ്ചല്‍ ചുമക്കുവാനുള്ള ഊഴം വന്നുചേര്‍ന്നു.

ഈ സന്ദര്‍ഭത്തില്‍ അതിതേജസ്വിയും ബ്രാഹ്മണ മുഖ്യനുമായ ശുക്രന്‍ അഗസ്ത്യ മഹര്‍ഷിയെ ആശ്രമത്തില്‍ ചെന്നുകണ്ട്‌ ഇപ്രകാരം പറഞ്ഞു: ഇപ്രകാരം ദുഷ്ടനായ നഹുഷ ദേവേന്ദ്രന്റെ കൊള്ളരുതാത്തരം എന്തുകാര്യത്തിന്‌ നാം സഹിച്ചു ജീവിക്കണം?

അഗസ്ത്യന്‍ പറഞ്ഞു: ഇവനെ നാം ശപിക്കുവാന്‍ ശക്തരാകുമോ മഹര്‍ഷേ! ഇവനു വരദനായ ദേവന്‍ വരം നല്കിയതു ഭവാന്‍ അറിയുന്നില്ലേ? ആര്‌ എന്റെ കണ്ണിനു നേരെ വരുന്നുവോ, അവന്‍ എന്റെ പാട്ടിലാകണം. എന്നാണല്ലോ അവന്‍ വാങ്ങിയ വരം. അവന്‍ സ്വര്‍ഗ്ഗം കയറുന്ന സമയം വാങ്ങിയ വരമാണല്ലോ ഇത്‌! അതു കൊണ്ടാണല്ലോ ഞാനും അങ്ങയും അവനെ ശപിച്ച്‌ ചുട്ടു കളയാത്തത്‌. അവനു പാനം ചെയ്യുവാന്‍ അമൃതും നല്‍കിയല്ലോ. അങ്ങനെ മഹാത്മാവായിത്തീര്‍ന്ന അവനെ നമ്മള്‍ വീഴ്ത്താതിരിക്കുകയാണ്‌. പ്രജകള്‍ക്ക്‌ ദുഃഖം വര്‍ദ്ധിക്കുക കാരണം ദേവന്‍ അവനു വരം നല്കിയതാണ്‌. ഇപ്പോള്‍ ഈ നരാധമന്‍ ബ്രാഹ്മണരില്‍ അധര്‍മ്മം ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു. അതില്‍ നമ്മള്‍ ഇനി എന്തുചെയ്യണം? അല്ലയോ ദ്വിജസത്തമാ, പറഞ്ഞാലും! ഭവാന്‍ എന്തു പറയുന്നുവോ, അത്‌ ഞാന്‍ യാതൊരു സംശയവും കൂടാതെ ചെയ്യുന്നതാണ്‌!

ഭൃഗു പറഞ്ഞു: പിതാമഹന്‍ പറഞ്ഞത് അനുസരിച്ച്‌ ഞാന്‍ അങ്ങയുടെ അരികിലേക്കു വന്നതാണ്‌. ദൈവം വേണ്ടാത്തതില്‍ മയക്കുന്ന ശക്തനായ അവന്‌ എതിരു ചെയ്യുവാന്‍ വേണ്ടിയാണ്‌ ഞാന്‍ വന്നത്‌. ഇന്നു ദുഷ്ടബുദ്ധിയായ നഹുഷന്‍ എന്ന സുരേശ്വരന്‍ ഭവാനെക്കൊണ്ട്‌ തേരു വലിപ്പിക്കും. ഇന്നു ഞാന്‍ ആ ധിക്കാരിയെ ഇന്ദ്രസ്ഥാനത്തു നിന്ന് വീഴ്ത്തുന്നതാണ്‌. ഞാന്‍ നീ കാൺകെത്തന്നെ ഇന്ന്‌ ശക്രനെ ഇന്ദ്രനാക്കുകയുംചെയ്യും. ഇന്ദ്രസ്ഥാനത്തു നിന്ന്‌ മഹാപാപിയും ദുഷ്ടബുദ്ധിയുമായ നഹുഷനെ തള്ളി വിടുകയും ചെയ്യുന്നതാണ്‌! ഇന്ന്‌ ഈ കുത്സിതനായ ദേവേന്ദ്രന്‍ നിന്നെ കാലുകൊണ്ടു ചവിട്ടും. ദൈവഹിതം മൂലം ബുദ്ധികെട്ടവനായി ആ ജളാശയന്‍ ആത്മനാശത്തിനു വഴിയുണ്ടാക്കും; തീര്‍ച്ചയാണ്‌. ധര്‍മ്മം തെറ്റിച്ചവനായ അവനെ, അതിക്രമം മൂലം ദേഷ്യപ്പെട്ടവനായ ഭവാന്‍; ആ ദ്വിജദ്രോഹിയെ, ആ: മഹാപാപിയെ, സര്‍പ്പമാകുവാന്‍ ശപിക്കുന്നതാണ്‌. ദുര്‍ബുദ്ധിയായ അവന്‍ അങ്ങയുടെ ധിക്‌! എന്ന ഒറ്റ വാക്കാല്‍ തേജസ്സു നഷ്ടപ്പെട്ടവനായി മന്നിലേക്കു വീഴുന്നതാണ്‌! അതും നീ നിന്ന്‌ കാണും മഹര്‍ഷേ! ഐശ്വര്യ ബലങ്ങളാല്‍ മൂഢനായിപ്പോയ അവനെ, ആ പാപിയായ നഹുഷനെ അങ്ങയ്ക്കു ബോദ്ധ്യമായ മട്ടില്‍ ഞാന്‍ ശരിപ്പെടുത്തിത്തരാം മഹര്‍ഷേ! ഇപ്രകാരം ആ മുനി പറഞ്ഞപ്പോള്‍ അവൃയനും മൈത്രാവരുണിയുമായ അഗസ്ത്യന്‍ പരമപ്രീതനായി, അല്ലല്‍വിട്ടവനായി, പ്രീതനായി നിന്നു.

100. അഗസ്ത്യ ഭൃഗുസംവാദം - നഹുഷന്‍ അഗസ്ത്യനെ വണ്ടിക്കു കെട്ടുന്നു; സന്ദര്‍ഭം കിട്ടിയ നേരത്ത്‌ ഭൃഗു നഹുഷനെ ശപിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ആ നഹുഷന് എന്ത്‌ ആപത്തു സംഭവിച്ചു? അവനെ എങ്ങനെ മന്നില്‍ വീഴ്ത്തി? അവന്‍ എങ്ങനെ ഇന്ദ്രനല്ലാതായി?

ഭീഷ്മൻ പറഞ്ഞു: അവര്‍ ഇപ്രകാരം പറഞ്ഞ കാലത്ത്‌ മഹാത്മാവായ നഹുഷന്‍ ദിവ്യവും മാനുഷവുമായ എല്ലാ ക്രിയകളും യഥാവിധി നിര്‍വ്വഹിച്ചിരുന്നു. എല്ലാ ഉപകരണങ്ങളോടും കൂടി ദീപദാനവും ബലികര്‍മ്മവും, മറ്റു പലതരം ഉത്സവങ്ങളും അതുപോലെ മഹാത്മാവായ ദേവേന്ദ്രന്‍ വിണ്ണിലും മന്നിലുമുള്ള എല്ലാ സജ്ജനാചാരങ്ങളും ബുധസമ്മതമായവിധം അനുഷ്ഠിച്ചു. ഈ വക സല്‍ക്കര്‍മ്മങ്ങള്‍ ഉള്ളപ്പോള്‍ എല്ലാ ഗൃഹസ്ഥാശ്രമികളും അഭിവൃദ്ധിപ്പെടും. ധൂപദാനം, ദീപദാനം, നമസ്‌കാരം ഇവയൊക്കെ അനുഷ്ഠിച്ചു. ബ്രാഹ്മണര്‍ക്ക്‌ സിദ്ധാന്നം ആദ്യമേ നല്കുന്ന വിധം ഗൃഹത്തില്‍ ബലിയര്‍പ്പിക്കെ ദേവന്മാര്‍ സന്തോഷിക്കുന്നു. ഗൃഹസ്ഥാശ്രമിക്ക്‌ ബലികര്‍മ്മത്തില്‍ എപ്രകാരം സന്തോഷമുണ്ടാകുന്നുവോ, അപ്രകാരം അതില്‍ നൂറിരട്ടിച്ച്‌ പ്രീതി ദേവകള്‍ക്കുമുണ്ടാകുന്നു. ഇപ്രകാരം ധൂപദാനം, ദീപദാനം, നമസ്കാരം, ആത്മാവിന് തക്ക ഗുണം നല്കുന്ന വിധം സജ്ജനങ്ങള്‍ കൈക്കൊള്ളുന്നു. സ്നാനത്താലും നമസ്‌കാരത്താലും ജയത്താലും പണ്ഡിതന്മാര്‍ ചെയ്യുന്ന കര്‍മ്മത്തില്‍ ദേവകള്‍ പ്രീതരാകുന്നു. പിതൃക്കളും തപസ്വികളുമായ മുനിമാരും ഗൃഹദൈവങ്ങളുമെല്ലാം വിധിപ്രകാരമുള്ള പൂജകൊണ്ട്‌ പ്രീതരാകുന്നു. ഇപ്രകാരം മനസ്സില്‍ ചിന്തിച്ച്‌ നരനായകനായ നഹുഷന്‍ ഏറ്റവും വലിയ പദവിയായ ഇന്ദ്രപട്ടം കിട്ടിയിട്ടും ഈവക ആചാരാനുഷ്ഠാനങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. ഇതു വലിയ ഒരത്ഭുതം തന്നെയാണ്‌.

അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍, ഭാഗ്യക്ഷയം വന്നുപെട്ടപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉപേക്ഷിച്ച്‌ ബലഗര്‍വ്വിതനായി അഹങ്കാരിയായി മഹര്‍ഷിമാരെക്കൊണ്ട്‌ രഥം വലിപ്പിക്കുവാനും പല്ലക്ക്‌ ചുമപ്പിക്കുവാനും തുടങ്ങി. ധൂമദീപോദകവിധികള്‍ ശരിക്കു ചെയ്യാതായപ്പോള്‍ അവന്റെ യജ്ഞത്തില്‍ രാക്ഷസന്മാര്‍ ചെന്ന്‌ ഉപദ്രവിക്കുവാന്‍ തുടങ്ങി. പിന്നെ അഗസ്ത്യമുനിയുടെ വാഹനം ചുമക്കുവാന്‍ കല്പിച്ചു.

അപ്പോള്‍ സരസ്വതീ നദീതീരത്തില്‍ ചെന്ന്‌ അഗസ്ത്യ മഹര്‍ഷിയോട്‌ ഭൃഗു പറഞ്ഞു: "എടോ മഹാശയാ! അങ്ങ്‌ കണ്ണടച്ചു ധ്യാനിച്ച്‌ നില്‍ക്കു. നിന്റെ ജടയില്‍ ഞാന്‍ കയറിപ്പറ്റുന്നതു വരെ നിശ്ചലനായി നില്ക്കുക!". അവന്‍ അപ്രകാരം നിശ്ചലനായി തൂണുപോലെ നിന്നു. ഭൃഗു അവന്റെ ജടയില്‍ കയറികൂടി നഹുഷനെ വീഴ്ത്തുന്നതിനുള്ള ഉപായമാണെടുത്തത്‌. അത്യന്ത തേജസ്വിയായ ഭൃഗു അങ്ങനെ ചെയ്തു നില്ക്കെ ആ ദേവരാജാവ്‌ അഗസ്ത്യന്റെ സമീപത്തെത്തിക്കഴിഞ്ഞു. ഇനി രഥത്തെ വലിക്കുക തന്നെ! അപ്പോള്‍ ദേവരാജാവിനോട്‌ അഗസ്ത്യന്‍ പറഞ്ഞു: "ദേവരാജാവേ, എന്നെ രഥത്തില്‍ ചേര്‍ത്തു കെട്ടിക്കൊള്ളുക. എവിടേക്കാണ്‌ എത്തിക്കേണ്ടതെന്നു പറഞ്ഞാലും. എവിടേക്കാണ്‌ അങ്ങ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ഞാന്‍ അവിടെ എത്തിച്ചുകൊള്ളാം അമരാധിപാ". ഇപ്രകാരം അഗസ്ത്യന്‍ പറഞ്ഞപ്പോള്‍ നഹുഷന്‍ ആ മുനീന്ദ്രനെ രഥത്തിന്റെ നുകത്തില്‍ ചേര്‍ത്തുകെട്ടി. അപ്പോള്‍ ആ മഹര്‍ഷിയുടെ ജടയില്‍ തപോബലത്താല്‍ ഒളിച്ചിരിക്കുന്ന ഭൃഗു നന്നായി സന്തോഷിച്ചു. മഹാത്മാവായ നഹുഷന് ലഭിച്ച വരത്തിന്റെ ശക്തി ഗ്രഹിച്ചവനാകയാല്‍ ഭൃഗു നഹുഷന്റെ ദൃഷ്ടിക്കു വിഷയമാകാത്ത വിധം ഒളിച്ചിരുന്നു. നഹുഷന്‍ തന്നെ വണ്ടിക്കു പൂട്ടിയെങ്കിലും അഗസ്ത്യന്‍ ദേഷ്യപ്പെടുകയുണ്ടായില്ല. രാജാവ്‌ ചമ്മട്ടിയെടുത്ത്‌ മഹര്‍ഷിയെ "നടക്കൂ! നടക്കൂ!", എന്ന്‌ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ വേഗം പോരെന്നു തോന്നിയ നഹുഷന്‍ ക്രോധത്തോടെ തലയില്‍ ഇടത്തേ കാലുകൊണ്ട്‌ ഒരു ചവിട്ടുകൊടുത്തു. ചവിട്ടിയ ഉടനെ ജടയുടെ ഉള്ളില്‍ വസിക്കുന്ന ഭൃഗു പാപിയായ നഹുഷനെ കോപത്തോടെ ശപിച്ചു. "ഈ മഹര്‍ഷിയെ ക്രോധത്തോടെ നീ ശിരസ്സില്‍ ചവിട്ടിയില്ലേ? എടോ ദുര്‍മ്മതേ, ഇത്ര ധിക്കാരമോ? നീ ഉടനെ ഒരു സര്‍പ്പമായി ഭൂമിയില്‍ പതിക്കട്ടെ!".  ഇപ്രകാരം ഭൃഗു ശപിച്ചപ്പോള്‍ അവന്‍ ഒരു പാമ്പായി ഭൂമിയിലേക്കു വീണു. കാണാതെ ഇരുന്ന ഭൃഗുവിന്റെ വാക്കുമുലമാണ്‌ അങ്ങനെ സംഭവിച്ചത്‌.

ഭൃഗുവിനെ നഹുഷന്‍ കണ്ടിരുന്നെങ്കില്‍ നഹുഷനെ ഭൃഗുവിന് വീഴ്ത്തുവാന്‍ കഴിയുകയില്ലായിരുന്നു. അവന്റെ വരബലം അങ്ങനെയായിരുന്നു. പലതരം ദാനം, തപോബലം, നിയമവ്രതാദിപുണ്യങ്ങള്‍, ഇവയൊക്കെ നേടിയവനായിരുന്നതു കൊണ്ട്‌ അവന്‍ സര്‍പ്പമായിട്ടും ബോധവാന്‍ തന്നെയായിരുന്നു. ഉടനെ സര്‍പ്പമായി പതിക്കുന്ന സമയത്ത്‌, "മഹര്‍ഷേ! എനിക്കു ശാപമോക്ഷം നല്കണേ! അപരാധം പൊറുക്കണേ!", എന്നു പറഞ്ഞ്‌ പ്രസാദിപ്പിച്ചു. അപ്പോള്‍ അഗസ്ത്യന്‍ കനിഞ്ഞ്‌ ഭൃഗുവിനെ കനിയിച്ചു. അങ്ങനെ ഭൃഗു ശാപമോക്ഷം നല്കി!

ഭൃഗു പറഞ്ഞു: എടോ നഹുഷാ, യുധിഷ്ഠിരന്‍ എന്നു പേരായി കുലോദ്വഹനായി, മഹാശയനായി ഒരു രാജാവ്‌ നിന്റെ വംശത്തിലുണ്ടാകും. അവന്‍ നിനക്ക്‌ ശാപമോചനം നല്കും എന്നു പറഞ്ഞ്‌ മറഞ്ഞു. അതിതേജസ്വിയായ അഗസ്ത്യന്‍ ശക്രനെ ഇന്ദ്രനായി വാഴിച്ചതിന് ശേഷം തന്റെ ആശ്രമത്തിലേക്കു മടങ്ങിപ്പോയി. ദ്വിജന്മാര്‍ അഗസ്ത്യനെ പൂജിച്ചു.

നീ ശാപം തീര്‍ത്തു വിട്ടവനായ നഹുഷന്‍ പിന്നെ നീ കാണ്കെത്തന്നെയല്ലേ ബ്രഹ്മലോകം പ്രാപിച്ചത്‌!  അന്ന്‌ ആ നഹുഷനെ ഭൂമിയില്‍ വീഴ്ത്തിയതിന് ശേഷം ഭൃഗു ബ്രഹ്മലോകത്തു ചെന്ന്‌ പിതാമഹനോട്‌ ഈ വൃത്താന്തമെല്ലാം ഉണര്‍ത്തിച്ചു.

ഉടനെ ശക്രനെ വരുത്തി ബ്രഹ്മാവ്‌ ഇപ്രകാരം ദേവകളോടു പറഞ്ഞു: ദേവന്മാരേ, എന്റെ വരം മൂലം നഹുഷന്‍ ഇന്ദ്രപദവിയിലെത്തിയതാണ്‌. അവനെ അഗസ്ത്യന്‍ ക്രോധിച്ച്‌ ഭൂമിയില്‍ തളളിവീഴ്ത്തി. രാജാവില്ലാതെ ദേവന്മാരേ, ഒരിടത്തിലും ജീവിക്കുവാന്‍ പറ്റുകയില്ല. അതുകൊണ്ട്‌ ഉടനെ നിങ്ങള്‍ ശക്രനെത്തന്നെ രാജാവായി വീണ്ടും അഭിഷേചനം ചെയ്യുക.

അല്ലയോ കുന്തീപുത്രാ! ഇപ്രകാരം പറയുന്ന ബ്രഹ്മാവിനോട്‌ ദേവകള്‍, "അങ്ങയുടെ കല്പനപോലെയാകാം", എന്നു സസന്തോഷം മറുപടി പറഞ്ഞു. അങ്ങനെ ഭഗവാനായ ബ്രഹ്മാവ്‌ വാസവനെ വീണ്ടും ദേവരാജാവായി വാഴിച്ചു. അല്ലയോ രാജശാര്‍ദ്ദൂലാ! ഇന്ദ്രന്‍ മുമ്പത്തെപ്പോലെ വിശേഷിച്ചും പ്രശോഭിച്ചു! ഇങ്ങനെ നഹുഷന്‍ അതിക്രമം പ്രവര്‍ത്തിക്കുകമൂലം ശാപത്തില്‍പ്പെട്ടുപോയി. ആ കര്‍മ്മതതിയാല്‍ നഹുഷന്‍ സിദ്ധനാവുകയും ചെയ്തു.

അതുകൊണ്ട്‌ ഗൃഹമേധികളായ ജനങ്ങള്‍ രാത്രികാലങ്ങളില്‍ ദീപദാനം ചെയ്യണം. ദീപപൂജ നടത്തണം. ദീപം നല്കുന്നവന്‍ ദിവൃചക്ഷുസ്സായി ഭവിക്കും. പരലോകത്തില്‍ തേജസ്വിയായി വിളങ്ങും. പൂര്‍ണ്ണചന്ദ്ര പ്രകാശങ്ങളായ ദീപങ്ങള്‍ അവന് അവിടെ ലഭിക്കും. കണ്ണിന്‌ എത്ര നിമേഷമുണ്ടോ അത്ര വര്‍ഷങ്ങളോളം ആ ദാതാവായ നരന്‍ സ്വര്‍ഗ്ഗത്തില്‍ രൂപവാനും ബലവാനുമായി പ്രശോഭിക്കുന്നതാണ്‌.

101. ക്ഷത്രിയചണ്ഡാലസംവാദം - ബ്രഹ്മസ്വം അപഹരിച്ചാലുള്ള ദോഷത്തെപ്പറ്റി ക്ഷത്രിയനും ചണ്ഡാലനും തമ്മിലുള്ള സംഭാഷണകഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ: പിതാമഹാ, ബ്രഹ്മസ്വം അപഹരിച്ച നൃശംസന്മാരായ മൂഢന്മാര്‍ എന്തു ഗതിയിലാണ്‌ ചെന്നെത്തുക?

ഭീഷ്മൻ പറഞ്ഞു; ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌ ഭാരതാ! അത്‌ ഒരു പറയനും ക്ഷത്രിയനും തമ്മില്‍ നടന്ന്‌ സംവാദമാണ്‌.

ക്ഷത്രിയന്‍ പറഞ്ഞു: അല്ലയോ ചണ്ഡാലാ! നീ ഒരു വൃദ്ധനല്ലേ? എന്താണ്‌ നീ സ്വഭാവത്തില്‍ ഒരു കുട്ടിയെപ്പോലെ പെരുമാറുന്നത്‌? പട്ടിയുടെയും, കഴുതയുടെയും പൊടി ദേഹത്തില്‍ ഏല്ക്കുന്ന നീ എന്താണ്‌ പശുവിന്റെ പാലില്‍ ഇത്ര കൊതി കാണിക്കുന്നത്‌? സജ്ജനങ്ങള്‍ നിന്ദിക്കുന്ന ധര്‍മ്മമാണല്ലോ ചണ്ഡാലന്നു വിധിച്ചിട്ടുള്ളത്‌. നീയെന്താണ്‌ പശുവിന്റെ പാലു പുരണ്ട ദേഹം ഉടനെ ജലത്താല്‍ കഴുകുന്നത്‌?

ചണ്ഡാലന്‍ പറഞ്ഞു: രാജാവേ, പണ്ട്‌ ഒരു ബ്രാഹ്മണന്റെ പശുക്കളെ ആരോ കട്ടുകൊണ്ടുപോയി. കട്ടുകൊണ്ടുപോകുന്ന പശുക്കളുടെ ദേഹത്തിലെ പൊടി യജ്ഞത്തിലെ സോമത്തില്‍ തട്ടി. ആ സോമരസം ബ്രാഹ്മണര്‍ കുടിച്ചു. അന്നു യജ്ഞം ചെയ്ത ബ്രാഹ്മണരും യജ്ഞം ചെയ്യിച്ച രാജാവും നരകത്തിലെത്തി. ആ ദീക്ഷയെടുത്ത രാജാവും അവിടെ പാലും, നെയ്യും, തൈരും, പാനം ചെയ്ത മാനവന്മാരും, വിപ്രന്മാരുമൊക്കെ നരകത്തിലെത്തി. അപഹരിക്കപ്പെട്ട ആ ഗോക്കള്‍ ദേഹം കുടഞ്ഞ്‌, ധുൂളി പറപ്പിച്ച്‌, തങ്ങളുടെ പാല്‍ മലിനമാക്കി. അപഹര്‍ത്താക്കളുടെ പുത്രപൌത്രരേയും, പശുക്കളെ വേണ്ട പോലെ രക്ഷിക്കുന്നവരാണെങ്കിലും ആ രാജദമ്പതിമാരെയും അല്പായുസ്സുകളാക്കിത്തീര്‍ത്തു. രാജാവേ, ബ്രഹ്മചാരിയായ ഞാന്‍ അവിടെ ജിതേന്ദ്രിയനായി വസിച്ചു. അവയുടെ പൊടി അല്ലയോ രാജാവേ, എന്റെ ഭിക്ഷാന്നത്തിലും വന്നുപെട്ടു. ആ അന്നം ഭക്ഷിച്ചത് മൂലം ഞാന്‍ പിന്നത്തെ ഈ ജന്മത്തില്‍ ഒരു ചണ്ഡാലനായി ജനിച്ചു. പശുവിനെ അപഹരിച്ച രാജാവും മഹാനരകത്തില്‍ പതിച്ച്‌ നിലയില്ലാത്ത അഗാധ ഗര്‍ത്തത്തിലാണ്ടു പോയി. അതുകൊണ്ട്‌ ഒരിക്കലും ആരും ബ്രഹ്മസ്വം അപഹരിക്കരുത്‌. കട്ടെടുത്ത ബ്രഹ്മസ്വത്തിന്റെ പൊടിയേറ്റ അന്നം ഭക്ഷിച്ച എന്റെ ഗതി നീ നോക്കൂ! അതു കൊണ്ട്‌ ആപത്തിനെപ്പറ്റി ബോധമുള്ള പുരുഷന്മാര്‍ ഒരിക്കലും സോമവിക്രയം ചെയ്യരുത്‌. വിദ്വാന്മാരൊക്കെ സോമവിക്രയത്തെ നിന്ദിച്ചു പറയുന്നു. ഈ മദ്യം വില്ക്കുന്നവരും വാങ്ങുന്നവരുമെല്ലാം യമന്റെ സമീപത്തെത്തി എത്രയും ഘോരമായ രൗരവം എന്ന നരകത്തില്‍ ചെന്നു ചേരുന്നതാണ്‌.

വിധിപൂര്‍വ്വകമായി സോമം വില്ക്കുന്ന ശ്രോത്രിയന്‍ അടുത്ത ജന്മത്തില്‍ അതിപലിശയ്ക്കു പണം കടം കൊടുത്ത്‌ ക്ഷണത്തില്‍ മുടിയുന്നവനാകും തീര്‍ച്ചയാണ്‌. അവന്‍ മൂന്നൂറു പ്രാവശ്യം നരകത്തില്‍ പതിക്കും. അവന്‍ മൃഗമായി ജനിച്ച്‌ അമേദ്ധ്യം തിന്നു ജീവിക്കും. നീചന്മാരെ സേവിക്കേണ്ടിവരും. ഗര്‍വ്വിഷ്ഠനാകും, അഹങ്കാരിയാകും. സ്നേഹിതന്റെ ഭാര്യയുടെ ജാരനായിത്തീരും. തുലാസ്സില്‍ വെച്ചു നോക്കിയപ്പോള്‍ ഇതില്‍ കൂടുതല്‍ ദോഷം തൂങ്ങുന്നത്‌ ഗര്‍വ്വിനാകുന്നു. ഈ നായയെ നോക്കൂ. അവന്‍ എത്ര വിളര്‍ത്തു മെലിഞ്ഞാണിരിക്കുന്നത്‌. കഴിഞ്ഞ ജന്മത്തില്‍ ഇവനൊരു ഗര്‍വ്വിഷ്ഠനായിരുന്നു. അതിന്റെ ഫലമാണ്‌ അവന്‍ അത്തരത്തിലായത്‌.

അല്ലയോ താതാ, വളരെ ധനമുള്ള ഒരു കുലത്തിലാണ്‌ ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ജനിച്ചത്‌. ഞാന്‍ ജ്ഞാനത്തിന്റെയും, ശാസ്ത്രജ്ഞാനത്തിന്റെയും മറുകര കണ്ടവനായിരുന്നു. എല്ലാ പാപത്തിന്റെയും ലഘുഗുരുത്വം അറിഞ്ഞവനുമായിരുന്നു. എന്നാല്‍, ഞാന്‍ അഹങ്കാരിയായി. എല്ലാം അറിഞ്ഞിരുന്നിട്ടും തെറ്റു പ്രവര്‍ത്തിച്ചു. ഞാന്‍ അഹങ്കാരത്താല്‍ അന്ധനായി അന്യായം ചെയ്തു. മൃഗങ്ങളുടെ പൃഷ്ഠത്തിലെ മാംസം നിഷിദ്ധമാണ്‌. അതു ഞാന്‍ ഭക്ഷിച്ചു. ആ പ്രവൃത്തി മൂലം, ആ നിഷിദ്ധാഹാര ഭക്ഷണം മൂലം ഞാന്‍ ഇത്തരത്തില്‍ ആയിത്തീര്‍ന്നു. നോക്കു, കാലത്തിന്റെ വൈപരീതും! വസ്ത്രത്തില്‍ തീപ്പിടിച്ച മാതിരി, കടന്നല്‍ക്കുട്ടം ഇളകി ചുഴന്ന മാതിരി, നോക്കൂ! രജസ്സില്‍ മുഴുകി മഹാകഷ്ടപ്പാടു പേറി ഓടുന്ന എന്നെ നോക്കൂ! ഗൃഹസ്ഥനായ ബ്രാഹ്മണന്‍ അവനെ ബാധിച്ച പാപം തീര്‍ക്കുന്നത്‌ വേദാദ്ധ്യയനം കൊണ്ടാണ്‌. പലവിധം ദാനങ്ങള്‍ ചെയ്തവനെ എന്ന പോലെ അവനെ നരകത്തില്‍ നിന്ന് കയറ്റുമെന്ന്‌ മനീഷികള്‍ പറയുന്നു. അപ്രകാരം പാപം ചെയ്ത ഗൃഹസ്ഥാശ്രമിയായ ദ്വിജന്‍ എല്ലാ സംഗവും വിട്ടാല്‍ അവനെ ഛന്ദസ്സുകള്‍ ദുര്‍ഗ്ഗത്തില്‍ നിന്ന് കയറ്റിവിടുന്നതാണ്‌. അല്ലയോ ക്ഷത്രിയര്‍ഷഭാ, ഞാന്‍ പാപയോനിയില്‍ പിറന്നവനാണ്‌. മുക്തിക്ക്‌ ഒരു മാര്‍ഗ്ഗവും വ്യക്തമായി ഞാന്‍ കാണുന്നില്ല. എന്റെ പൂര്‍വ്വ കര്‍മ്മ പുണ്യം മൂലമായിരിക്കാം മുജ്ജന്മത്തെപ്പറ്റിയുള്ള ബോധം എനിക്കുണ്ട്‌. ഇനി ഞാന്‍ എന്തുചെയ്യണം? രാജാവേ, എന്തു ചെയ്താലാണ്‌ ഈ ദുര്‍ഘടത്തില്‍ നിന്ന് ഞാന്‍ മുക്തനാവുക? ഞാന്‍ അങ്ങ യുടെ പാദത്തില്‍ നമസ്കരിച്ചു ചോദിക്കുന്നു. എനിക്ക്‌ എന്റെ സംശയം തീര്‍ത്തുതരണേ! ചണ്ഡാലത്വം വിട്ട്‌ എനിക്ക്‌ എങ്ങനെ നല്ല ഒരു ജന്മം ലഭിക്കും? എങ്ങനെ മോക്ഷം സിദ്ധിക്കും?

ക്ഷത്രിയന്‍ പറഞ്ഞു: അല്ലയോ ചണ്ഡാലാ! മോക്ഷം നിനക്ക്‌ ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഞാന്‍ ഉപദേശിക്കാം. നീ ബ്രാഹ്മണന് വേണ്ടി  നല്ലകാര്യം ചെയ്ത്‌ മൃതിയെ വരിക്കുക. എന്നാല്‍, നിനക്ക്‌ ഇഷ്ടമായ ഗതി ലഭിക്കുന്നതാണ്‌. രാക്ഷസസന്മാര്‍ക്ക്‌, നരഭോജികള്‍ക്ക്‌ ദേഹം നല്കുക. ദ്വിജന് വേണ്ടി യുദ്ധാഗ്നിയില്‍ ദേഹം ഹോമിച്ചാലും കൊള്ളാം. എന്നാല്‍, മോക്ഷം നിനക്കു കിട്ടുന്നതാണ്‌.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ അവന്‍ ബ്രാഹ്മണന്റെ സ്വത്തിന്റെ രക്ഷണത്തിന് വേണ്ടി അല്ലയോ പരന്തപാ! പോരില്‍ പ്രാണനെ ഹോമിച്ച്‌ ഇഷ്ടമായ ഗതിയെ നേടി. അതുകൊണ്ട്‌ വത്സാ, നീ ബ്രാഹ്മണന്റെ സ്വത്ത്‌ സംരക്ഷിക്കുക. തനിക്ക്‌ എന്നും ഗതി കിട്ടണമെന്ന്‌ ആഗ്രഹമുള്ളവന്‍ അതാണ്‌ ചെയ്യേണ്ടത്‌.

102. ഹസ്തികൂടം - പുണ്യം ചെയ്തവര്‍ക്ക്‌ വിഭിന്നങ്ങളായ പല ലോകങ്ങളും കിട്ടുമെന്നു തെളിയിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാ സുകൃതികള്‍ക്കും ഒരേ ഒരു ലോകമാണ്‌ മരണാനന്തരം കിട്ടുകയെന്നു പറയുന്നുണ്ടല്ലോ പിതാമഹാ! ഇതു സതൃമാണോ? എല്ലാ സുകൃതികള്‍ക്കും പരലോകം ഒരുപോലെയാണോ? അതോ അതില്‍ സ്ഥിതി വ്യത്യാസമുണ്ടോ? പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: ഓരോരുത്തരും അവരവരുടെ കര്‍മ്മത്തെ ആസ്പദമാക്കി ഓരോ ലോകം പ്രാപിക്കുന്നു. അവരുടെ കര്‍മ്മവ്യത്യാസം പോലെ ഫലത്തിലും വ്യത്യാസമുണ്ട്‌. പുണ്യം ചെയ്തവര്‍ക്ക്‌ പുണ്യലോകങ്ങള്‍ ലഭിക്കും. പാപം ചെയ്തവര്‍ക്ക്‌ പാപലോകവും ലഭിക്കും. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ഗൗതമ മഹര്‍ഷിയും ദേവേന്ദ്രനും തമ്മില്‍ നടന്ന സംവാദമാണ്‌.

പണ്ട്‌ ഗൗതമന്‍ എന്നു പേരായി മൃദുവും ദാന്തനും ജിതേന്ദ്രിയനുമായി ഒരു ബ്രാഹ്മണനുണ്ടായിരുന്നു. മഹാ വ്രതനായ ആ ബ്രാഹ്മണന്‍ കാട്ടില്‍ ചുറ്റുമ്പോള്‍ ഒരു ആനക്കുട്ടിയെ കണ്ടെത്തി. അതിന്റെ തള്ളയെ കണ്ടില്ല. കുട്ടിയുടെ അമ്മ അപകടത്തില്‍പ്പെട്ടു മരിച്ചുപോയിരിക്കുമെന്നു മനസ്സിലാക്കി. ഭക്ഷണമില്ലാതെ ക്ഷീണിച്ച ആ ആനക്കുട്ടിയെ അദ്ദേഹം അന്നം കൊടുത്തു ജീവിപ്പിച്ച്‌ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വളരെനാള്‍ തപോനിധിയായ ആ ബ്രാഹ്മണന്‍ ആ ആനക്കുട്ടിക്കു വേണ്ടതൊക്കെ കൊടുത്തു വളര്‍ത്തി. ബ്രാഹ്മണനാല്‍ വളര്‍ത്തപ്പെട്ട ആ ആനക്കുട്ടി ശക്തനായി വളര്‍ന്നു. ചോലചാടുന്ന കുന്നു പോലെയുള്ള, മദജലമൊഴുകുന്ന കൊമ്പനാനയെക്കണ്ട്‌ ദേവേന്ദ്രന്‍ ധൃതരാഷ്ട്രനെന്ന രാജാവിന്റെ വേഷമെടുത്തു വന്ന്‌ അതിനെ കൊണ്ടു പോകുവാന്‍ പിടിച്ചു. ഇതു കണ്ട്‌ സംശിതവ്രതനായ ഗൌതമന്‍ ധൃതരാഷ്ര്ര രാജാവിനോട്‌ പറഞ്ഞു.

ഗൌതമന്‍ പറഞ്ഞു: എടോ കൃതഘ്നനായ ധൃതരാഷ്ട്രാ! ഭവാന്‍ എന്താണീ ചെയ്യുന്നത്‌? ഞാന്‍ ബുദ്ധിമുട്ടി വളര്‍ത്തുന്ന, എന്റെ പുത്രനായി വളര്‍ത്തുന്ന ആനയെ നീ അപഹരിക്കുകയാണോ? സൌഹാര്‍ദ്ദം സാപ്തപദീനമാണെന്നു പറയുന്നു. ഏഴു വാക്കുകള്‍ തമ്മില്‍ പറയുകയോ, ഏഴടി ഒന്നിച്ചു നടക്കുകയോ ചെയ്താല്‍ അവര്‍ പരസ്പരം സഖികളായി എന്നാണു പ്രസിദ്ധി. ആ നിലയ്ക്ക്‌ നാം തമ്മില്‍ മിത്രങ്ങളായിരിക്കുന്നു. എന്റെ ആനയെ അപഹരിച്ച്‌ അങ്ങ്‌ മിത്രദ്രോഹിയാകാതിരിക്കു! ഈ ആന എനിക്കു വേണ്ടി എന്റെ ആശ്രമത്തിലേക്കു വിറകും വെള്ളവും കൊണ്ടുവന്നു തന്ന്‌ ആശ്രമത്തെ കാക്കുന്ന ആനയെ ഗുരുവിന്റെ കീഴില്‍ പഠിച്ചവനായ, ശിഷ്യനായ എന്റെ ആനയെ, ഗുരുവിന് വേണ്ടിയുള്ള കര്‍മ്മം ഭംഗിയായി അനുഷ്ഠിക്കുന്ന വിദഗ്ദ്ധനായ ആനയെ, ശിഷ്ടനും ദാന്തനും കൂറുള്ളവനും പ്രിയപ്പെട്ടവനുമായ എന്റെ പുത്രനെ, ഞാന്‍ ഈമാതിരി വിളിച്ച്‌ ആര്‍ത്തു പ്രതിഷേധിക്കുമ്പോള്‍ അതിനെ അവഗണിച്ചു ബലമായി കൊണ്ടു പോവുകയാണോ? രാജാവേ, ആനയെ അപഹരിക്കരുത്‌? അപഹരിക്കരുത്‌!

ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ ബ്രാഹ്മണാ, അങ്ങയ്ക്കു വേണമെങ്കില്‍ ആയിരം പശുക്കളെ ഞാന്‍ തരാം. നൂറു ദാസികളെയും ഞാന്‍ തരാം. അഞ്ഞൂറു നിഷ്കവും (സ്വർണനാണയം) ഞാന്‍ തരാം. പോരെങ്കില്‍ വേറെ പല ധനങ്ങളും തരാം. എടോ മഹര്‍ഷേ! വിപ്രന് ആനയെക്കൊണ്ട്‌ എന്തുകാര്യം?

ഗൌതമന്‍ പറഞ്ഞു: ആയിരം പശുക്കളും നൂറു ദാസി മാരും അനവധി രത്നങ്ങളും പല വിത്തങ്ങളുമൊക്കെ അങ്ങയുടെ കൈയില്‍ത്തന്നെ ഇരിക്കട്ടെ! അങ്ങയ്ക്കു ഈ ബ്രഹ്മസ്വം കൊണ്ടെന്താണു കാര്യം? വേറെ ഒന്നും അപഹരിക്കാന്‍ കണ്ടില്ലേ?

ധൃതരാഷ്ര്രന്‍ പറഞ്ഞു: ബ്രാഹ്മണര്‍ക്ക്‌ ആനയെക്കൊണ്ട്‌ ഒരു. കാര്യവുമില്ല. ഗജങ്ങളൊക്കെ രാജാക്കന്മാര്‍ക്കു വേണ്ടിയാണ്‌. രാജാക്കന്മാര്‍ക്ക് അവകാശപ്പെട്ടതാണ്‌ രാജ്യത്തിലെ ആനകള്‍. സ്വന്തം വാഹനത്തെ കൊണ്ടുപോകുന്നതില്‍ ഞാന്‍ യാതൊരു ദോഷവും കാണുന്നില്ല. അതു കൊണ്ട്‌ അല്ലയോ ഗൌാതമാ, ഗജേന്ദ്രനെ ഭവാന്‍ കൈയൊഴിക്കുക.

ഗൌതമന്‍ പറഞ്ഞു: മരിച്ചുപോകുന്ന പുണ്യവാന്മാര്‍ എവിടെച്ചെന്നാലാണ്‌ സന്തോഷിക്കുന്നത്‌, മരിച്ചുപോകുന്ന പാപാത്മാവ്‌ എവിടെച്ചെന്നാലാണു ദുഃഖപാത്രമാകുന്നത്‌, അവിടെ ആ യമപുരിയില്‍ ചെല്ലുമ്പോള്‍, അവിടെവച്ച്‌ ഞാന്‍ അങ്ങയുടെ കൈയില്‍നിന്ന്‌ ആനയെ വാങ്ങി ക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നിഷ്ക്രിയന്മാരും ധര്‍മ്മം വിട്ടവരും നാസ്തികന്മാരും ദുരാഗ്രഹികളും പാപികളും ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ ആസക്തിയുള്ളവരുമായ ജനങ്ങള്‍ യമന്റെ ശിക്ഷയ്ക്കു പാത്രമായി യാതനകള്‍ അനുഭവിക്കുന്നു. ആ വകുപ്പുകളിലൊന്നും ഈ ധൃതരാഷ്ട്ര രാജാവു പെടുമെന്ന്‌ ബ്രാഹ്മണാ, നീ വിചാരിക്കേണ്ടാ.

ഗൌതമന്‍ പറഞ്ഞു: വൈവസ്വതന്റെ ഭവനത്തില്‍ ജനങ്ങള്‍ നിയന്ത്രിതരായി വസിക്കുന്നു. അവിടെ ആരും അസത്യം പറയുകയില്ല. സത്യം അവിടെ വിജയിച്ചരുളുന്നു. അവിടെ ദുര്‍ബലന്മാര്‍ ബലവാന്മാരെ ദുഃഖിപ്പിക്കും; ശിക്ഷിക്കും. അവിടെ കൈയൂക്കൊന്നും ആരുടെയും നടക്കുകയില്ല. ഞാന്‍ അവിടെ ചെന്നെത്തുമ്പോള്‍, നീ ഇപ്പോള്‍ ബലമായി എന്റെ കൈയില്‍ നിന്ന് പിടിച്ചെടുക്കുന്ന ആനയെ ഞാന്‍ നിഷ് പ്രയാസം വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: കൊള്ളാം! നീ പറഞ്ഞതു ഞാന്‍ കേട്ടു. മുത്ത സഹോദരിയേയും അച്ഛനേയും അമ്മയേയും ശത്രുവിനെപ്പോലെ കരുതി പെരുമാറുന്ന ചില ഉന്മത്തന്മാരായ ജനങ്ങളുണ്ട്‌. നീ പറഞ്ഞ യമലോകം അത്തരക്കാര്‍ക്കുള്ളതാണ്‌. എടോ ബ്രാഹ്മണാ, നീ എന്തു വിചാരിക്കുന്നു? ആ പറഞ്ഞ ലോകത്തിലൊന്നും ഈയുള്ളവന്‍ പോവുകയില്ല. ഈ ധൃതരാഷ്ട്രന്‍ അതിനും എത്രയോ ഉപരിയായ പുണ്യലോകത്തില്‍ പോകുന്നവനാണ്‌! മനസ്സിലായോ?

ഗൌതമന്‍ പറഞ്ഞു: ധനാധിപന്റെ (വൈശ്രവണന്റെ) പുരി മന്ദാകിനീ തീരത്താണ്‌. അവിടെ പുണ്യം ചെയ്ത പുരുഷന്മാരെത്തി സുഖിക്കുന്നു. അവിടെയെത്തുന്ന പുണ്യാത്മാക്കളെ സന്തോഷിപ്പിക്കുവാന്‍, ആടിയും പാടിയും, മറ്റു വിധത്തിലും രസിപ്പിക്കുവാന്‍, ഗന്ധര്‍വ്വന്മാരും യക്ഷന്മാരും അപ്സരസ്സുകളും വസിക്കുന്നു. അവിടെ ഞാനെത്തുമ്പോള്‍ അവിടെ വെച്ച്‌ നിന്നില്‍ നിന്ന് ഞാന്‍ എന്റെ ആനയെ വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അതിഥികളെ സല്‍ക്കരിക്കുക എന്നത്‌ വ്രതമായിക്കരുതിയിട്ടുള്ളവരും, മറ്റു നല്ല വ്രതങ്ങള്‍ കൈക്കൊണ്ടവരും, ബ്രാഹ്മണര്‍ക്ക്‌ രക്ഷാസ്ഥാനം നല്‍കുന്നവരും തന്നെ ആശ്രയിക്കുന്ന ഭൃത്യജനങ്ങള്‍ക്കു വിളമ്പിക്കൊടുത്തതിന് ശേഷമുള്ളത്‌ ഉണ്ണുന്നവരും മാത്രമേ കുബേര രാജധാനിയായ മന്ദാകിനിയില്‍ എത്തുകയുള്ളു. ഞാന്‍ അവിടെയൊന്നും ചെല്ലുകയില്ല. അതിനേക്കാള്‍ എത്രയോ ഉന്നതമായ ഒരു ലോകമാണ്‌ എനിക്കുള്ളത്‌.

ഗൌതമന്‍ പറഞ്ഞു: മേരുവിന്റെ കൊടുമുടിയിലുള്ള രമൃമായ കാനനത്തില്‍, നല്ല പുഷ്പങ്ങള്‍ നിറഞ്ഞ വനത്തില്‍, കിന്നരിമാര്‍ മധുരമായി പാടുന്നു. വിശാലമായ അവിടെ ജംബുവ്യക്ഷങ്ങള്‍ പ്രശോഭിക്കുന്നു. ആ ദിവ്യമായ പൂങ്കാവില്‍ ചെന്നെത്തുമ്പോള്‍ അവിടെവെച്ച്‌ അല്ലയോ ധൃതരാഷ്ട്ര, ഞാന്‍ എന്റെ ആനയെ വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: മൃദുശീലന്മാരും, സതൃശീലന്മാരുമായ ബ്രാഹ്മണര്‍, ബഹുശ്രുതന്മാരും സര്‍വ്വഭൂത പ്രിയന്മാരുമായ ബ്രാഹ്മണര്‍, വേദം പാരായണം ചെയ്യുന്നവരും, പുരാണേതിഹാസങ്ങള്‍ വായിക്കുന്നവരും, പഠിക്കുന്നവരുമായ ബ്രാഹ്മണര്‍ മധുവാകുന്ന ആഹുതി ബ്രാഹ്മണരില്‍ അര്‍പ്പിക്കുന്നവര്‍, ഇങ്ങനെയുള്ളവര്‍ക്കുള്ളതാണ്‌ നീ പറഞ്ഞ ലോകം. അതിനേക്കാള്‍ ഉപരിയായി, ശ്രേഷ്ഠമായിട്ടുള്ള വല്ല ലോകവുമുണ്ടെങ്കില്‍ പറയു! അവിടേക്കായിരി ക്കും ഞാന്‍ ഗമിക്കുക!

ഗൌതമന്‍ പറഞ്ഞു: നന്നായി പൂത്തു നില്ക്കുന്നതും, കിന്നര രാജാവിനോടു കൂടി കിന്നരിമാര്‍ മധുരമായി പൊഴിക്കുന്ന ഗാനം മറ്റൊലിക്കൊള്ളുന്നതും, നാരദന് പ്രിയപ്പെട്ടതുമായ നന്ദനവനത്തില്‍ ഗന്ധര്‍വ്വ ദിവ്യാംഗനകള്‍ വിഹരിക്കുന്നതുമായ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തില്‍ ചെന്നെത്തുമ്പോള്‍, എടോ ധൃതരാഷ്ട്രാ അവിടെ വെച്ച്‌ ഞാന്‍ നിന്റെ കൈയില്‍ നിന്ന്‌ എന്റെ ആനയെ വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നൃത്തഗീതാദികളില്‍ സമര്‍ത്ഥരായവരും യാചിക്കാത്തവരും കൂട്ടമായി ഉല്ലസിച്ച്‌ സഞ്ചരിക്കുന്നവരുമായ കലാസമ്പന്നന്മാരായ സുകൃതികള്‍ക്കുള്ളതാണ്‌ നീ പറഞ്ഞ ആ രാജ്യം. ആ രാജ്യം എന്നെപ്പോലെയുള്ളവര്‍ക്ക്‌ ഉള്ളതല്ല. അതിനേക്കാള്‍ എത്രയോ ഉപരിയാണ്‌ എനിക്കു ലഭിക്കുന്ന ലോകം. നീ പറഞ്ഞ മട്ടിലുള്ള ലോകത്തേക്ക്‌ ഈ ധൃതരാഷ്ട്രന്‍ പോകുമെന്ന്‌ , വിചാരിക്കേണ്ടാ.

ഗൌതമന്‍ പറഞ്ഞു: എവിടെയാണോ വിശേഷപ്പെട്ട ഉത്തര കുരുഭൂമി, എവിടെയാണോ ദേവന്മാരോടു കൂടി രാജാവ്‌ സന്തോഷിച്ചു വസിക്കുന്നത്‌, എവിടെയാണോ ആശഗ്നേയരായ ദേവന്മാര്‍ പാര്‍ക്കുന്നത്‌, അപ്രകാരം ജലോത്ഥരും ശൈലജന്മാരും പാര്‍ക്കുന്നത്‌, എവിടെയാണോ എല്ലാ കാമങ്ങളും സുഖങ്ങളും ഇന്ദ്രന്‍ വര്‍ഷിക്കുന്നത്‌, എവിടെയാണോ സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രകളായി വസിക്കുന്നത്‌, എവിടെയാണോ സ്ത്രീപുരുഷന്മാര്‍ പരസ്പരം കലഹിക്കാതെ കഴിയുന്നത്‌, സസുഖം സസ്നേഹം ജീവിക്കുന്നത്‌, നീ അവിടെ ചെന്നെത്തുമ്പോള്‍ എന്റെ ആനയെ ഞാന്‍ അവിടെ വെച്ച്‌ വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: എല്ലാവിധ കാമങ്ങളില്‍ നിന്നും വിമുക്തരായവര്‍ ആരുണ്ടോ, മാംസം ഭക്ഷിക്കാതെ ശിക്ഷയ്ക്ക്‌ അര്‍ഹരല്ലാത്ത വിധം ജീവിക്കുന്നവര്‍ ആരുണ്ടോ, യാതൊരു ചരാചരത്തേയും ദ്രോഹിക്കാതെ വര്‍ത്തിക്കുന്നവര്‍ ആരുണ്ടോ, നിരീഹന്മാരും, നിര്‍മ്മമന്മാരും, രാഗഹീനന്മാരുമായി ആരുണ്ടോ, ലാഭത്തിലും, അലാഭത്തിലും, നിന്ദയിലും, പ്രശംസയിലും തുല്യഭാവനയുള്ളവര്‍ ആരുണ്ടോ, അവര്‍ക്കുള്ളതാണു നീ പറഞ്ഞ ലോകം. അത്‌ എനിക്കുള്ളതല്ല. ഈ ധൃതരാഷ്ട്രന്‍ അങ്ങനെയുള്ള ലോകത്തില്‍ പോവുകയില്ല. അതിനേക്കാള്‍ ഉപരി ശ്രേഷ്ഠമായിട്ടുള്ളതാണ്‌ ഈയുള്ളവനുള്ള ലോകമെന്ന്‌ മുനേ, നീ ധരിക്കുക!.

ഗൌതമന്‍ പറഞ്ഞു: അതിന് അടുത്ത ലോകം പലതും ഉണ്ട്‌. പുണ്യഗന്ധം പരത്തുന്ന നിത്യലോകങ്ങളുണ്ട്‌. രജസ്സ്‌ ഇല്ലാത്തതും ദുഃഖമില്ലാത്തതുമായ സോമരാജാവി ന്റെ ഗൃഹത്തില്‍ അല്ലയോ മഹാത്മാവേ, ഭവാന്‍ പോകുമ്പോള്‍ അവിടെ വെച്ച്‌ ഞാന്‍ നിന്റെ പക്കല്‍ നിന്ന്‌ എന്റെ ആനയെ വാങ്ങിക്കൊള്ളാം രാജാവേ!

ധൃതരാഷ്ട്രന്‍ പറഞ്ഞു: ദാനം വാങ്ങാതിരിക്കുകയും ദാനംചെയ്യുകയും ചെയ്യുന്നവര്‍, പര്രദവ്യം സ്പര്‍ശിക്കയേ ചെയ്യാത്തവര്‍, അര്‍ഹന്മാര്‍ക്കു ദാനം ചെയ്യുവാന്‍ വയ്യാത്തതായി ഒന്നും ഇല്ലെന്ന്‌ അറിഞ്ഞു ചെയ്യുന്നവര്‍, എല്ലാ അതിഥികളോടും പ്രസന്ന മാനസരായിരിക്കുന്നവര്‍, ക്ഷമാശീലന്മാര്‍, അന്യരോട്‌ ആക്ഷേപ വാക്കു പറയാത്തവര്‍, എല്ലാ ജീവികളോടും കരുണയുള്ളവർ, ഇങ്ങനെയുള്ള പുണൃശീലന്മാര്‍ ചെന്നെത്തുന്ന ലോകത്തെപ്പറ്റിയാണല്ലോ ഭവാന്‍ പറഞ്ഞത്‌! അതിലൊന്നും ഈ ധൃതരാഷ്ര്രരാജാവ്‌ പോവുകയില്ല. ഈയുള്ളവനെത്താനുള്ള ലോകം അതിലൊക്കെ ഉപരിയാണ്‌.

ഗൌതമന്‍ പറഞ്ഞു: അതിന് ഉപരിയാണെങ്കില്‍ ആദിതൃ ലോകമുണ്ട്‌. വേറെയും പല നിത്യലോകങ്ങളുണ്ട്‌. രജസ്സില്ലാത്തതും ശോകഹീനമായതുമായി പല ദിവ്യ ലോകങ്ങളുമുണ്ട്‌. മഹാത്മാവേ, ആ ആദിത്യ ലോകത്തെത്തുമ്പോള്‍ അവിടെ വെച്ച്‌ ഞാന്‍ നിന്റെ പക്കല്‍ നിന്ന്‌ എന്റെ ആനയെ വാങ്ങിക്കൊള്ളാം രാജാവേ!

ധൃതരാഷ്ട്രൻ പറഞ്ഞു: സ്വാദ്ധ്യായ ശീലന്മാരും, ഗുരു ശുശ്രൂഷകന്മാരും, തപസ്വിമാരും, സുവ്രതന്മാരും, സത്യസന്ധന്മാരും, ആചാര്യന്മാരോട്‌ അപ്രിയം പറയാത്തവരും ഗുരുവിന്റെ കര്‍മ്മത്തില്‍ ഉത്സുകന്മാരും യാതൊരു മത്സരത്തിനും തയ്യാറില്ലാത്ത ശാന്തശീലന്മാരുമായ അവര്‍ക്ക്‌ ഉള്ള ദിവ്യലോകത്തെയാണ്‌ നീ പറഞ്ഞത്‌. വിശുദ്ധരും വാഗ്യതന്മാരും സത്യസ്ഥന്മാരും വേദവിജ്ഞന്മാരും ചേര്‍ന്നതാണ്‌ ഈ ലോകം. അതിലേക്ക്‌ ആ ധൃതരാഷ്ട്രന്‍ പോവുകയില്ല എനിക്കുള്ള ലോകം അതിലും ഉപരിയായിരിക്കും.

ഗൌതമന്‍ പറഞ്ഞു: അതിനും ഉപരിയായി നിത്യലോകം പലതുമുണ്ട്‌. നല്ല പുണ്യഗന്ധം പരത്തുന്നതും രജസ്സു വിട്ടതും ശോകഹീനമായതുമാണ്‌ ആ ലോകം. രാജാവായ വരുണന്റെ ദിവ്യലോകമാണത്‌. അവിടെ വെച്ച്‌ ഞാന്‍ നിന്നോട്‌ എന്റെ ഗജത്തെ വാങ്ങിക്കൊള്ളാം രാജാവേ!

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഏതൊരുത്തന്‍ ചാതുര്‍മ്മാസ്യ വ്രതത്തോടെ നൂറും പത്തും യാഗങ്ങള്‍ ചെയ്യുന്നുവോ, ആര്‌ മുടങ്ങാതെ അഗ്നിഹോത്രം ചെയ്യുന്നുവോ, ശാസ്ത്രാനുസരണം മൂന്നുവര്‍ഷം ശ്രദ്ധയോടെ ചെയ്യുന്നുവോ ആ ബ്രാഹ്മണര്‍ക്ക്‌, ധര്‍മ്മം എന്തെന്നു ധരിച്ചവരായ ആ മഹാശയന്മാര്‍ക്ക്‌ വിധിച്ച മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്കും നിത്യമായ ആ ഗതി ലഭിക്കുന്നതാണ്‌. എന്നാല്‍ അതില്‍ ഈ ധൃതരാഷ്ട്രന്‍ എത്തുന്നതല്ല.

ഗൌതമന്‍ പറഞ്ഞു: ഇന്ദ്രന്റെ ലോകം രജസ്സില്ലാത്തതും സര്‍വ്വപാപവും അറ്റതുമാണ്‌. ദുഷ്പ്രാപ്യമായ ആ ലോകം ലഭിക്കുവാനാണ്‌ മര്‍ത്ത്യര്‍ ആഗ്രഹിക്കുന്നത്‌. അവന്റെ ഗൃഹത്തില്‍ വെച്ച്‌ ഞാന്‍ രാജാവേ ഭവാന്റെ പക്കല്‍ നിന്ന്‌ എന്റെ ആനയെ വാങ്ങിച്ചുകൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: നൂറുവര്‍ഷം ജീവിച്ചിരിക്കുന്ന ശൂരനായ പുരുഷന്‍, വേദാദ്ധ്യയനം ചെയ്യുന്നവനും അപ്രമത്തനും ആയവന്‍ എല്ലാം ശക്രലോകത്തിലേക്കു പോകുന്നു. അതിലേക്ക്‌ ഈ ധൃതരാഷ്ട്രന്‍ ഗമിക്കുന്നതല്ല.

ഗൌതമന്‍ പറഞ്ഞു: വിസ്തൃതമായ പ്രാജാപത്യ ലോകം ഉണ്ട്‌. അത്‌ സ്വര്‍ഗ്ഗത്തിലാണ്‌. അവിടെ വളരെ മാഹാത്മ്യങ്ങള്‍ നിറഞ്ഞതാണ്‌. ദുഃഖമെന്നത്‌ അവിടെയില്ല. എല്ലാ ലോകത്തില്‍ ജനിച്ചവര്‍ക്കും അവിടം ഇഷ്ടമുള്ളതാണ്‌. അവിടെ വെച്ച്‌ അല്ലയോ രാജാവേ, ഞാന്‍ എന്റെ ആനയെ അങ്ങയുടെ കൈയില്‍ നിന്ന് വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: രാജസൂയമഹാമഖം കഴിച്ച്‌ അവഭൃതസ്നാനം ചെയ്ത രാജാക്കന്മാര്‍, നാട്ടുകാരെ ഭരിക്കുന്ന ധര്‍മ്മിഷ്ഠന്മാര്‍, അല്ലെങ്കില്‍ അശ്വമേധയാഗം ചെയ്ത്‌ അവഭൃതസ്നാനം ചെയ്ത രാജാക്കന്മാര്‍, ഇവര്‍ പൂകുന്ന ലോകമാണ്‌ നീ പറഞ്ഞ ലോകം. അവിടെ ധൃതരാഷ്ട്രന്‍ ഗമിക്കുകയില്ല.

ഗൌതമന്‍ പറഞ്ഞു: അതിന്നും മേലെയായ ദിവ്യലോകം പലതുണ്ട്‌. പുണ്യഗന്ധം പരത്തുന്നതും രജസ്സ്‌ അകന്നതും ശോകം വിട്ടതുമാണ്‌ ആ ലോകം. ദുര്‍ല്ലഭവും അധൃഷ്യവുമായ ആ  ഗോലോകത്തില്‍ ഭവാന്‍ എത്തുമ്പോള്‍ അവിടെവെച്ച്‌ ഞാന്‍ എന്റെ ആനയെ അങ്ങയില്‍ നിന്ന്‌ വാങ്ങിക്കൊള്ളാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: കൊല്ലംതോറും അയ്യായിരവും നൂറും പശുക്കളെ ദാനം ചെയ്യുന്നവരും, നൂറു പശുക്കളുണ്ടെങ്കില്‍ അവയില്‍ പത്തെണ്ണം ദാനം ചെയ്യുന്നവരും പത്ത്‌ പശുക്കളുള്ളവന്‍ അതില്‍ ഒന്ന്‌ ദാനം ചെയ്യുന്നവരും, അഞ്ചു പശുക്കളുള്ളവര്‍ അതില്‍ ഒന്ന്‌ ദാനം ചെയ്യുന്നവരും അല്ലയോ വിപ്രാ, ബ്രഹ്മചര്യം അനുഷ്ഠിച്ചു വരുന്ന ബ്രാഹ്മണന്റെ. വാക്കിനെ കേട്ട്‌ നടക്കുന്നവരുമായ തീര്‍ത്ഥയാത്രാ പരന്മാരായ മനസ്വിമാര്‍ ഗോലോകത്തു മോദത്തോടെ ചെന്നെത്തുന്നതാണ്‌.

പ്രഭാസം, മാനസം, പുഷ്കരങ്ങള്‍ എന്നീ തീര്‍ത്ഥങ്ങളും സരസ്സുകളും; നൈമിശ തീര്‍ത്ഥവും, ബാഹുദയും, കരതോയയും പുണ്യതീര്‍ത്ഥങ്ങളാണ്‌. ഗംഗയും ഗയശിരസ്സും, വിപാശയും, സ്ഥൂലവാലുകയും, കൃഷ്ണ, ഗംഗ, പഞ്ചനദം, മഹാഹ്രദ, എന്നീ നദികളും ഗൗതമീ, കൗശികി, ചമ്പ, സരസ്വതി, ദൃഷദ്വതി, കാളിന്ദി എന്നീ നദികളിലും പ്രവേശിക്കുന്ന ദൃഢവ്രതരായ മഹാത്മാക്കള്‍ അവിടെ ദിവ്യസംസ്ഥാനരായി ദിവ്യമാല്യങ്ങള്‍ ധരിച്ച്‌ ശുഭന്മാരായി പുണ്യ ഗന്ധാഢ്യരായി ദിവ്യലോകത്തു ചെന്നെത്തുന്നു. അവിടെ ഈ ധൃതരാഷ്ട്രന്‍ പോകുന്നതല്ല.

ഗൗതമന്‍ പറഞ്ഞു: ഏതൊരിടത്ത്‌ ശീതഭീതിയോ ഉഷ്ണഭീതിയോ പറ്റുന്നില്ല, പൈദാഹവും വാട്ടവും ഏതൊരിടത്ത്‌ അറിയപ്പെടുന്നില്ല, എവിടെ സുഖവും ദുഃഖവും തുല്യമായി കരുതപ്പെടുന്നു, എവിടെ ശത്രുവും മിത്രവുമില്ല, ബന്ധുവും മിത്രവുമില്ല, ജരയും മൃത്യുവുമില്ല, പുണ്യവും പാപവുമില്ല എല്ലാറ്റില്‍ നിന്നും വിമുക്തമായി വിരജസ്സായി വിസ്തൃതമായി പ്രജ്ഞയിലും സത്വത്തിലും സ്ഥിതി ചെയ്യുന്ന ആ പുണ്യമായ ബ്രഹ്മഗൃഹത്തില്‍ ഭവാന്‍ എത്തുമ്പോള്‍ അവിടെ വെച്ച്‌ അല്ലയോ രാജാവേ, എന്നെക്കാണും. അപ്പോള്‍ നീ എന്റെ ആനയെ എനിക്കു മടക്കിത്തരും.

ധൃതരാഷ്ര്രന്‍ പറഞ്ഞു: എല്ലാ സംഗങ്ങളില്‍ നിന്നും വിമുക്തരായവരും സുകൃതാത്മാക്കളും യതവ്രതരുമായവരും അദ്ധ്യാത്മയോഗ മുക്തരായവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരും സാത്വികന്മാരുമായ പുണ്യാത്മാക്കള്‍ പുണ്യമായ ബ്രഹ്മാലയം പ്രാപിക്കുന്നതാണ്‌. എന്നാല്‍ അല്ലയോ മുനേ, അവിടെ വെച്ച്‌ ഭവാന്‍ ധൃതരാഷ്ട്രനെ കാണുവാന്‍ സാധിക്കുന്നതല്ല.

ഗൌതമന്‍ പറഞ്ഞു: എവിടെ ബൃഹത്തായ രഥന്തരം ഉച്ചരിക്കുന്നുവോ, യജ്ഞവേദിയില്‍ എവിടെ താമര വിതറിയിരിക്കുന്നുവോ, സോമം പാനം ചെയ്യുന്നവന്‍ എവിടെ എത്തുന്നുവോ, അവിടെ വെച്ചു ഞാന്‍ എന്റെ ആനയെ അങ്ങയില്‍ നിന്ന് വാങ്ങിക്കൊള്ളാം. അഹോ! ഞാന്‍ നിന്നെ പറ്റി അറിയുന്നു. നീ വൃത്രഹന്താവായ ഇന്ദ്രനാണ്‌. നീ വിശ്വം മുഴുവന്‍ കയറി നില്ക്കുന്നവനാണല്ലോ! അങ്ങയ്ക്ക്‌ ഞാന്‍ വാക്കുകൊണ്ട്‌ യാതൊരു തെറ്റും ചെയ്തിട്ടില്ല; മനസ്സില്‍ വിചാരിച്ചിട്ടുമില്ല.

ഇന്ദ്രന്‍ പറഞ്ഞു: എടോ മഹര്‍ഷേ, ഞാന്‍ ഇന്ദ്രനാ ണ്‌. ലോകത്തില്‍ ജനങ്ങള്‍ അനുഷ്ഠിക്കേണ്ടതായ മാര്‍ഗ്ഗം ആനയുടെ വാദം കൊണ്ട്‌ ബോദ്ധ്യപ്പെടുത്തുവാന്‍ തുനിഞ്ഞതാണ്‌. അതുകൊണ്ട്‌ അങ്ങയോടു ക്ഷമ ഇരന്ന്‌ കൈകൂപ്പുന്ന എന്നില്‍ ശുഭം ആശംസിച്ചാലും. അങ്ങ്‌ എന്തു പറയുന്നുവോ അതൊക്കെ ഞാന്‍ ചെയ്യുന്നതാണ്‌

ഗൌതമന്‍ പറഞ്ഞു: എന്റെ വെളുത്ത ആന, എന്റെ ഉണ്ണിയായി ഞാന്‍ വളര്‍ത്തിയ ആന, പത്തു വയസ്സേ അവന്നായുള്ളു. അവനെയല്ലേ നീ ഹരിച്ചത്‌! കാട്ടില്‍ വാഴുന്ന എനിക്ക്‌ അവന്‍ ഒരു തുണയും സഹായിയുമാണ്‌. അല്ലയോ സുരേന്ദ്രാ നീ ആ കൊമ്പനാനയെ എനിക്കു തരു.

ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ ദ്വിജശ്രേഷ്ഠാ! ഇതാ ഭവാന്റെ പുത്രന്‍! നീ , എവിടെയെന്ന്‌ ആ ആന ചുറ്റും നോക്കിക്കൊണ്ടാണ്‌ വരുന്നത്‌. അവന്‍ ഇതാ വന്ന്‌ നിന്റെ പാദം തുമ്പിക്കൈ കൊണ്ട് ഘ്രാണിക്കുന്നു. ഭവാന്‍ എന്നില്‍ ശ്രേയസ്സ്‌ നേരുക! ഞാന്‍ ഇതാ നമസ്കരിക്കുന്നു!

ഗൌതമന്‍ പറഞ്ഞു: അല്ലയോ സുരേശ്വരാ! അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ! ഭവാനെ നിത്യവും ഞാന്‍ ധ്യാനിച്ചു പൂജിക്കുന്നു! ഇന്ദ്രാ! ഭവാനും എനിക്ക്‌ ശുഭം ആശംസിക്കണം. നീ തന്ന ആനയെ ഞാന്‍ ഇതാ വാങ്ങുന്നു!

ഇന്ദ്രൻ പറഞ്ഞു: മനീഷിമാരും, സത്യവാന്മാരും വേദം ഹൃദയത്തില്‍ വെക്കുന്നവരുമായ മഹാശയന്മാര്‍ ആരാണോ, അവരില്‍ വെച്ച്‌ ശ്രേഷ്ഠനായ ഭവാനാല്‍ അഭിവന്ദ്യനായ ഞാന്‍ ഭവാനില്‍ കൃതജ്ഞനായിരിക്കുന്നു! അല്ലയോ വിപ്രാ! അങ്ങ്‌ വേഗം വരു! പുത്രനായ ആനയോടു കൂടി വരു! ഭവാന്‍ ശുഭലോകങ്ങള്‍ക്കെല്ലാം അര്‍ഹനാണ്‌. വേഗത്തിലോ സാവധാനത്തിലോ വന്നാലും.

ഭീഷ്മൻ പറഞ്ഞു: ഉടനെ വജ്രി വിമാനത്തില്‍ ആ മഹാശയനായ ഗൗതമ ഋഷിയോടും അദ്ദേഹത്തിന്റെ മകനായ ആനയോടും കൂടി അവരെ മുമ്പില്‍ നിര്‍ത്തി, ദുരാസദമായ സ്വര്‍ഗ്ഗലോകത്തേക്കു പോയി. ഈ ദിവ്യമായ അദ്ധ്യായം നിത്യവും ചൊല്ലുന്നവനും, അത്‌ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നവനുമായ ജിതേന്ദ്രിയന്‍ ഗൌതമ ബ്രാഹ്മണനെപ്പോലെ ബ്രഹ്മലോകം പ്രാപിക്കുന്നതാണ്‌

103. ബ്രഹ്മഭഗീരഥസംവാദം - യജ്ഞം, തപസ്സ്‌, ദാനം എന്നിവയേക്കാള്‍ മഹത്വം ഉപവാസത്തിന്നാണെന്ന്‌ തെളിയിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: പല തരം ദാനത്തെപ്പറ്റിയും, ശാന്തി, സത്യം, അഹിംസ, സ്വന്തം ഭാര്യയെക്കൊണ്ടുള്ള സംതൃപ്തി എന്നിവയെപ്പറ്റിയും ദാനഫലത്തെപ്പറ്റിയും ഭവാന്‍ പറഞ്ഞു. തപസ്സിന്നപ്പുറം ശ്രേഷ്ഠമായി വേറെയൊന്നുമില്ലെന്ന്‌ പിതാമഹന് അറിയാമല്ലോ. എന്നാല്‍ ആ തപസ്സില്‍ വെച്ച്‌ ഏറ്റവും ശക്തിയേറിയ തപസ്സ്‌ എന്താണെന്ന്‌ അങ്ങു പറയണേ!

ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ! എത്രത്തോളം കഠിനമായി തപസ്സു ചെയ്തുവോ, അത്രത്തോളം ശ്രേഷ്ഠമായ ലോകം അവന് ലഭിക്കും. ആ തപസ്സില്‍ അനശനത്തെക്കാള്‍ (ഉപവാസത്തെക്കാള്‍) മേലെയായി ഒരു തപസ്സും ഇല്ലെന്നാണ്‌ പാര്‍ത്ഥാ, എന്റെ അഭിപ്രായം. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ മഹാനായ ബ്രഹ്മാവും ഭഗീരഥനും തമ്മിലുള്ള സംഭാഷണമാണ്‌.

ദേവലോകം കടന്ന്‌, അവിടെ നിന്ന് പോയി ഗോലോകം പ്രാപിച്ച്‌, അവിടെ നിന്നും ഉയര്‍ന്ന്‌, ഭഗീരഥന്‍ ഋഷിലോകം പ്രാപിച്ചു എന്ന്‌ നാം കേള്‍ക്കുന്നു. ആ ഭഗീരഥനെ നോക്കി ബ്രഹ്മാവ്‌ ഇപ്രകാരം പറഞ്ഞു രാജാവേ!, "എടോ ഭഗീരഥാ, നീ ദുഷ്ട്യാപ്യമായ ലോകത്ത്‌ എങ്ങനെ എത്തിച്ചേര്‍ന്നു? ദേവന്മാരും ഗന്ധര്‍വ്വന്മാരും മര്‍ത്തൃരും തപസ്സു ചെയ്യാതെ എത്താന്‍ കഴിയാത്ത ഈ ലോകത്ത്‌ ഭഗീരഥാ, നീ എങ്ങനെ വന്നുചേര്‍ന്നു?".

ഭഗീരഥന്‍ പറഞ്ഞു: ഞാന്‍ നൂറായിരം നിഷ്കങ്ങള്‍ (സ്വര്‍ണ്ണനാണ്യങ്ങള്‍) ബ്രാഹ്മണര്‍ക്കു പതിവായി ദാനം ചെയ്തു. അല്ലയോ മഹാശയാ, ബ്രാഹ്മമായ വ്രതം ഞാന്‍ നിത്യവും സ്വീകരിച്ചു. എന്നാല്‍ അതിന്റെ ഫലംകൊണ്ടല്ല, ഞാന്‍ ഈ ശ്രേഷ്ഠമായ ലോകത്തിലെത്തിയത്‌. ഞാന്‍ ഏകാദശയജ്ഞം പത്തുപ്രാവശ്യം ചെയ്തു. പഞ്ചരാത്രയജ്ഞം പല പ്രാവശ്യവും നിര്‍വ്വഹിച്ചു. വീണ്ടും ഏകാദശയജ്ഞം ഞാന്‍ പതിനൊന്നു പ്രാവശ്യം ചെയ്തു. ജ്യോതിഷ്ടോമ മഹായജ്ഞം നൂറു പ്രാവശ്യവും ചെയ്തു. അതിന്റെ ഫലമായിട്ടല്ല, ഞാന്‍ ഇവിടെ വന്നെത്തിയത്‌.

പിന്നെ ഞാന്‍ പുഷ്കര സരസ്സില്‍ തീര്‍ത്ഥസ്നാനം ചെയ്ത്‌ അതിന്റെ വക്കില്‍ വെച്ച്‌ ബ്രാഹ്മണര്‍ക്ക്‌ നൂറായിരം തവണ നൂറായിരം അശ്വങ്ങളെയും, ഇരുന്നൂറായിരം പശുക്കളെയും ദാനം ചെയ്തു. പിന്നെ ആയിരം സുന്ദരികളായ കന്യകമാരെ പൊന്‍കോപ്പണിയിച്ചു നല്കി. പിന്നെ അറുപതിനായിരം പെണ്‍കുട്ടികളെ സര്‍വ്വാഭരണ ഭൂഷിതകളായി ദാനംചെയ്തു. അങ്ങനെ ഞാന്‍ ചെയ്ത ദാനത്തി ന്റെ ഫലമായിട്ടല്ല, ഞാന്‍ ഈ ദിവ്യമായ ലോകത്തെത്തിയത്‌.

പിന്നെ ഞാന്‍ ഗോസവമെന്ന യാഗം കഴിച്ച്‌ പത്തര്‍ബ്ബുദം (അനേകായിരം) പശുക്കളെ ഓരോരുത്തന്നും പത്തു പശു എന്ന കണക്കിന് ദാനം ചെയ്തു. ഓരോ പശുവിനും കുട്ടിയുണ്ടായിരുന്നു. സ്വര്‍ണ്ണകാംസ്യം നിറച്ചു ദാനം ചെയ്തു. അതു കൊണ്ടുമല്ല ഞാന്‍ ഇവിടെ എത്തിയത്‌. ഓരോരുത്തര്‍ക്കും പത്തു പശുവീതം ഓരോ സോമയാഗത്തിലും ദാനം നല്കി. കടിഞ്ഞൂല്‍ പ്രസവിച്ചവയും, ധാരാളം പാല്‍ കിട്ടുന്നവയും ചുവന്നതുമായ നൂറു പശുക്കളെ ദാനം ചെ യ്തു. അതു കൊണ്ടുമല്ല. ഞാന്‍ ഈ ലോകത്തെത്തിയത്‌. പിന്നെ കറക്കുന്ന പശുക്കളെ പ്രയുതവും പത്തും നല്കി. പിന്നെ പത്തിരട്ടിയും നല്കി. ബ്രഹ്മാവേ, അതു കൊണ്ടുമല്ല, ഞാന്‍ ഈ ലോകത്തെത്തിയത്‌. ബാല്‍ഹീകാശ്വങ്ങളെ പത്തുപതിനായിരമെണ്ണം വെളുത്ത നിറത്തിലുള്ളവയെ പൊന്നണിയിച്ചു ദാനംചെയ്തു. അതുകൊണ്ടുമല്ല, ഞാന്‍ ഇവിടെ എത്തിയത്‌.

എട്ടുകോടിയും പത്തും സ്വര്‍ണ്ണനാണയങ്ങള്‍ ഓരോ ഋതുക്കളിലും ദിവസേന നല്കി. അതുകൊണ്ടല്ല ബ്രഹ്മാവേ, ഞാന്‍ ഇവിടെയെത്തിയത്‌. ഹരിതമായ അശ്വങ്ങളെ, കാതുകറുത്തവയെ പൊന്മാല ചാര്‍ത്തിച്ച്‌ ഒരു കോടിയും പതിനേഴും എണ്ണം ദാനം ചെയ്തു . പിതാമഹാ! അതു കൊണ്ടുമല്ല ഞാന്‍ ഇവിടെ എത്തിയത്‌. അച്ചുതണ്ടു പോലെ നല്ല ബലമായ കൊമ്പുള്ള മഹാഗജങ്ങളെ മാലയണിയിച്ച്‌ ആയിരത്തിപ്പതിനേഴെണ്ണത്തെ നല്കി. ദിവ്യമായ പൊന്‍ചാര്‍ത്തുകള്‍ അണിഞ്ഞിരുന്നു. ബ്രഹ്മാവേ! പൊന്നണിഞ്ഞ തേരുകളും ഞാന്‍ പതിനായിരം നല്കി. പിന്നെ കോപ്പണിഞ്ഞ അശ്വങ്ങളെയും, ആ പതിനായിരം തേരിന് നല്കി. വേദങ്ങളില്‍ പറഞ്ഞ മാതിരി ദക്ഷിണയോടു കൂടി പത്ത്‌ വാജപേയവും ചെയ്തു. ക്രതുതുല്യ പ്രഭാവന്മാരും, ഇജ്യാവിക്രമശീലരും, നിഷ്കകണ്ഠന്മാരുമായ ഒരായിരം പേര്‍ക്ക്‌ ദക്ഷിണയും നല്കി. പോരില്‍ രാജാക്കന്മാരെ ജയിച്ച്‌ എട്ട്‌ രാജസൂയവും ധനം ദക്ഷിണ നല്കി നിര്‍വ്വഹിച്ചു. അതു കൊണ്ടല്ല ബ്രഹ്മാവേ, ഞാന്‍ ഇവിടെ എത്തിയത്‌.

ഗംഗയ്ക്കുള്ള ഒഴുക്കു പോലും ഞാന്‍ കൊടുത്ത ദക്ഷിണ കൊണ്ട്‌ മൂടിപ്പോയി പിതാമഹാ! പൊന്‍കോപ്പണിഞ്ഞ കുതിരകള്‍ രണ്ടായിരവും ശ്രേഷ്ഠമായ ഗ്രാമങ്ങള്‍ നൂറും ഓരോരുത്തര്‍ക്കും മൂന്നു പ്രാവശ്യം നല്കി. തപസ്വിയും, നിയതാഹാരനും, വാഗ്യതനുമായി, ശമധനനായി വളരെക്കാലം ഹിമാലയത്തില്‍ ഗംഗയുടെ ദുസ്സഹമായ നീര്‍ച്ചാട്ടം തലയില്‍ താങ്ങി മൂര്‍ദ്ധാവില്‍ ശിവന്‍ വഹിച്ചു നിന്നു. അതിന്റെ ഫലം കൊണ്ടുമല്ല പിതാമഹാ, ഞാന്‍ ഈ ദിവ്യ ലോകത്തെത്തിയത്‌.

ശമിയുടെ കൊമ്പ്‌ വലിച്ചെറിഞ്ഞാല്‍ എത്തുന്ന സ്ഥലത്ത്‌ വേദിതീര്‍ത്ത്‌ സുരന്മാരെ യജിച്ച്‌ "സാദ്യസ്കം" എന്ന യാഗം അയുതം സംഖ്യയോളം ചെയ്തു. ത്രയോദശം ദ്വാദശാഹം എന്നിവയും നിര്‍വ്വഹിച്ചു . ദേവാ! പുണ്ഡരീക യജ്ഞവും ചെയ്തു. അതിന്റെ ഫലംകൊണ്ടല്ല ദേവാ, ഞാന്‍ ഇവിടെ എത്തിയത്‌.

നല്ല പുഞ്ഞക്കെട്ടുള്ളവയും വെളുത്തവയുമായ കാളകളെ എണ്ണായിരമെണ്ണം ബ്രാഹ്മണര്‍ക്കു നല്കി. ഓരോന്നിന്റെയും കൊമ്പില്‍ സ്വര്‍ണ്ണം അണിഞ്ഞിരുന്നു. അവയോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിച്ച കന്യകമാരേയും ഭാര്യമാരായി ദാനംചെയ്തു.

സ്വര്‍ണ്ണങ്ങളും, രത്നങ്ങളും ധാരാളം നല്കി. രത്നാചലങ്ങള്‍ തന്നെ ഞാന്‍ ദാനം ചെയ്തു. ധനധാന്യങ്ങള്‍ നിറയെയുള്ള ധാരാളം ഗ്രാമങ്ങളും ദാനം ചെയ്തു. കടിഞ്ഞൂല്‍ പ്രസവിച്ച നൂറു ഗോക്കളെയും സല്‍പ്പാത്രത്തില്‍ ദാനം ചെയ്തു. ഇതിലൊന്നിലും ഞാന്‍ മടിച്ചില്ല. ഖേദിച്ചിട്ടുമില്ല. പിന്നെ പല യജ്ഞങ്ങളും ചെയ്ത്‌ വിപ്രര്‍ക്ക്‌ ദക്ഷിണയും നല്കി. എന്നാല്‍ അതുകൊണ്ടൊന്നുമല്ല ഞാന്‍ ഈ ദിവ്യലോകത്തെത്തിയത്‌.

ദക്ഷിണയോടു കൂടി ഏകാദശാഹം ഞാന്‍ ചെയ്തു. ദ്വിദ്വാദശാഹവും അശ്വമേധങ്ങളും പതിനാറ്‌ അര്‍ക്കായണവും ചെയ്തു ബ്രഹ്മാവേ, ഞാന്‍! അതിന്റെ ഫലം കൊണ്ടല്ല ഞാന്‍ ഇവിടെ എത്തിയത്‌ ബ്രഹ്മാവേ!

കഴുത്തില്‍ ചാര്‍ത്തുന്ന പതക്കം ഞാന്‍ പലര്‍ക്കും ദാനംചെയ്തു. നൂറുയോജന ദീര്‍ഘവും വിസ്താരവുമുള്ള രത്നം വിളയുന്ന സ്വര്‍ണ്ണമരക്കാടുകളും ഞാന്‍ ദാനം ചെയ്തു. എന്നാല്‍ അതു കൊണ്ടൊന്നുമല്ല വിധേ, ഞാന്‍ ഇവിടെ എത്തിയത്‌. അപ്രധൃഷ്യമായ തുരായണ വ്രതവും ഞാന്‍ എടുത്തു. അത്‌ ക്രോധാദികളായ വികാരങ്ങളൊക്കെ അടക്കി തള്ളിനീക്കി മുപ്പതുവര്‍ഷം ചെയ്തു. എണ്ണുറും നൂറും പശുക്കളെ എല്ലാ ദിവസവും ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ധാരാളം പാലുള്ള നല്ല ചുവന്ന പശുക്കളെയും, പിന്നെ വേറെ അനേകം കാളകളെയും അല്ലയോ വിശ്വനാഥാ, ഞാന്‍ ബ്രാഹ്മണര്‍ക്കു നല്കി. എന്നാല്‍ ഞാന്‍ അതിന്റെ ഫലമായിട്ടല്ല ഈ ദിവ്യലോകത്തെത്തിയത്‌.

ബ്രഹ്മാവേ, ഞാന്‍ മുപ്പത് അഗ്നികളെ നിത്യവും യജിച്ച്‌ എട്ട്‌ സര്‍വ്വമേധവും, അപ്രകാരം ഏഴ്‌ നരമേധവും ചെയ്തു. വിശ്വജിത്ത്‌ എന്ന യാഗം എട്ടുപ്രാവശ്യം ചെയ്തു, പിന്നെ നൂറും പതിനെട്ടും പ്രാവശ്യവും വിശ്വജിത്തുയാഗം ചെയ്തു. അല്ലയോ ദേവേശാ, ഞാന്‍ അവയുടെ ഫലം കൊണ്ടൊന്നുമല്ല ഈ ദിവ്യലോകത്തെത്തിയത്‌.

സരയൂനദി, ബാഹുദാനദി, ഗംഗാനദി എന്നിവയിലും നൈമിഷത്തിലും വെച്ച്‌ നൂറ്‌ ഗോക്കളെ ഞാന്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അതു കൊണ്ടൊന്നുമല്ല ഞാന്‍ ഈ ദിവ്യലോകത്തെത്തിയത്‌. ഇന്ദ്രന്‍ ഗുഹയ്ക്കുള്ളില്‍ സൂക്ഷിച്ചു വെച്ചത്‌ ഏതാണോ, ഭാര്‍ഗ്ഗവന്‍ തപസ്സു ചെയ്തു നേടിയത്‌ ഏതാണോ, തേജസ്സു കൊണ്ട്‌ ഉജ്ജ്വലിക്കുന്ന ശുക്രന്‍ നേടിയതെന്തോ, അതും ഞാന്‍ നേടി. (ഇന്ദ്രന്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതും മറ്റും ഉപവാസത്തിന്റെ രഹസ്യമാണ്‌).

ആ കർമ്മം ഞാന്‍ നിര്‍വ്വഹിച്ചപ്പോള്‍ ബ്രാഹ്മണര്‍ എന്നില്‍ സന്തോഷിച്ചു. ആ കര്‍മ്മത്തില്‍ ആയിരം മുനിമാര്‍ പങ്കുകൊണ്ടു. അവര്‍ എന്റെ നേരെ തിരിഞ്ഞു നിന്ന് കൈയുയര്‍ത്തി ആശംസിച്ചു; "ഭഗീരഥാ! നീ ബ്രഹ്മലോകം പ്രാപിക്കുക" എന്ന്‌. ആയിരം ബ്രാഹ്മണര്‍ പ്രസാദിച്ചു പറഞ്ഞ വാക്കാല്‍ പ്രഭോ, ഞാന്‍ ഈ ലോകത്ത്‌ വന്നു ചേര്‍ന്നു. ഇക്കാര്യത്തില്‍ ഭവാന്‍ സംശയിക്കേണ്ടതില്ല!

വിധാതാവ്‌ വിധിച്ചപ്രകാരം ഞാന്‍ ധാതാവിന്റെ ചോദ്യത്തിന് ശരിയായ മറുപടി പറയണമല്ലോ. അത്‌ ഞാന്‍ പറഞ്ഞു. അനശനത്തിന്നുപരിയായി, ഉപവാസത്തിന്നുപരിയായി യാതൊരു വ്രതവുമില്ല. അതാണ്‌ എന്റെ അഭിപ്രായം ദേവനാഥാ, പ്രസാദിച്ചാലും.

ഭീഷ്മൻ. പറഞ്ഞു; ഇപ്രകാരം പറയുന്ന പുജാര്‍ഹനായ ഭഗീരഥ രാജാവിനെ ബ്രഹ്മാവ്‌ വിധിയില്‍ കണ്ട കര്‍മ്മംകൊണ്ടു പൂജിച്ചു. അതുകൊണ്ട്‌ യുധിഷ്ഠിരാ, ഭവാന്‍ അനശന വ്രതമെടുത്ത്‌ വിപ്രന്മാരെ പൂജിക്കുക. വിപ്രന്മാര്‍ അനുഗ്രഹിച്ചാല്‍ എന്തുവേണമെങ്കിലും അതൊക്കെ പരലോകത്ത്‌ ലഭിക്കുന്നതാണ്‌. വസ്ത്രം, അന്നം, പശുക്കള്‍, നല്ല ഗൃഹം എന്നിവ കൊണ്ടും ശുഭമായ ദേവാരാധന മൂലവും ദ്വിജന്മാരെ സന്തോഷിപ്പിക്കണം. ഇതാണ്‌ ഏറ്റവും രഹസ്യമായ കാര്യം. അതറിഞ്ഞ്‌ നീ  ലോഭം കൂടാതെ അനുഷ്ഠിക്കുക.

104. ആയുഷ്യാഖ്യാനം - ആയുസ്സിനെ വര്‍ദ്ധിപ്പിക്കുകയും ക്ഷയിപ്പിക്കുകയും ചെയ്യുന്ന ശുഭാശുഭകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ - യുധിഷ്ഠിരന്‍ പറഞ്ഞു: പുരുഷന്‍ നൂറു വയസ്സുവരെ ജീവിച്ചിരിക്കുന്നുണ്ട്‌. നൂറു വയസ്സുവരെ ആരോഗ്യത്തോടും ശക്തിയോടും കൂടി ഇരിക്കുന്നവരുണ്ട്‌. മര്‍ത്ത്യര്‍ ബാല്യത്തില്‍ ചാകുന്നുമുണ്ട്‌. ഇത്‌ എന്തുകൊണ്ടാണ്‌ പിതാമഹാ! ചിലര്‍ ദീര്‍ഘായുസ്സാകുന്നു, ചിലര്‍ അല്പായുസ്സാകുന്നു. മനുഷ്യന് ദീര്‍ഘായുസ്സും കീര്‍ത്തിയും ശ്രീയും എന്തുചെയ്താല്‍ ലഭിക്കും? തപസ്സുകൊണ്ടോ ബ്രഹ്മചര്യംകൊണ്ടോ ജപം, ഹോമം, ഔഷധങ്ങള്‍, മനസ്സുകൊണ്ടും വാക്കുകൊണ്ടും ദേഹംകൊണ്ടുമുള്ള കര്‍മ്മങ്ങള്‍, ഈ പറഞ്ഞവയില്‍ ഏതു കൊണ്ടാണ്‌ ഇവ ലഭിക്കുക? പിതാമഹാ, പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: യുധിഷ്ഠിരാ, നീ ഈ ചോദിച്ച കാര്യം അറിയേണ്ടതാണ്‌. ഞാന്‍ അതിനെപ്പറ്റി വിവരിച്ചു പറയാം. മനുഷ്യന്‍ എന്തുകൊണ്ടാണ്‌ അല്പായുസ്സാകുന്നതെന്നും, എന്തുകൊണ്ടാണ്‌ ദീര്‍ഘായുസ്സാകുന്നതെന്നും, എന്തുകൊണ്ടാണ്‌ കീര്‍ത്തി നേടുന്നതെന്നും, എന്തുകൊണ്ടാണ്‌ ഐശ്വര്യം നേടുന്നതെന്നും, എന്തുകൊണ്ടാണ്‌ ധനസമ്പത്തുകള്‍ നേടുന്നതെന്നും, ശ്രേയസ്സു നേടുന്നതെന്നും ഞാന്‍ വിവരിച്ചു പറയാം.

ആയുസ്സ്‌ ആചാരംകൊണ്ടു ലഭിക്കും; ശ്രീ ലഭിക്കുന്നതും ആചാരംകൊണ്ടു തന്നെയാണ്‌. കീര്‍ത്തിയുണ്ടാകുന്നതും ആചാരംകൊണ്ടു തന്നെ. പുരുഷന് ഇഹലോകസുഖവും പരലോകസുഖവും ലഭിക്കുന്നതും ആചാരംകൊണ്ടു തന്നെയാണ്‌. ദുരാചാരനായ പുരുഷന്‍ ദീര്‍ഘായുഷ്മാനായി ഭവിക്കുകയില്ല. അവനെ എല്ലാ ജീവികളും ഭയപ്പെടുന്നു. അവന്‍ എല്ലാറ്റിനെയും എതിര്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ആത്മാവിന് ഇഹത്തില്‍ ഐശ്വര്യം ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ സദാചാരനിരതന്മാരായിരിക്കണം. പാപികള്‍ പോലും സദാചാരം അനുഷ്ഠിക്കുവാന്‍ തുടങ്ങിയാല്‍ അവരുടെ ദോഷങ്ങള്‍ നീങ്ങി നല്ലവരായിത്തീരുന്നതാണ്‌. ധര്‍മ്മാനുഷ്ഠാനമാണ്‌ സദാചാരത്തിന്റെ ചിഹ്‌നം. സജ്ജനങ്ങളെല്ലാം സദാചാരത്തോട് കൂടിയവരാണ്‌. നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഒരുത്തന്‍ സദാചാരപരനായി ഐശ്വരൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവനാണെന്നു കേള്‍വി കേട്ടവനെ ജനങ്ങള്‍ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും.

ദൈവമില്ലാത്ത നാസ്തികന്മാര്‍, ദുഷ്പ്രവൃത്തി ചെയ്യുന്നവര്‍, ഗുരുവിനെയും ശാസ്ത്രത്തെയും നിന്ദിക്കുന്നവര്‍, ധര്‍മ്മം ഗ്രഹിക്കാതെ അധര്‍മ്മം ചെയ്യുന്നവര്‍, ദുരാചാരന്മാര്‍ ഇവരൊക്കെ അല്പായുസ്സുകളായി ഭവിക്കും. ദുശ്ശീലന്മാരും, മര്യാദവിട്ടു നടക്കുന്നവരും, നിതൃവും സങ്കര മൈഥുനം ചെയ്യുന്നവരുമായ മര്‍ത്ത്യര്‍ നരകം പ്രാപിക്കുന്നതാണ്‌.

എല്ലാ ലക്ഷണവും വിട്ടവനായാലും സദാചാരപരനായ പുരുഷന്‍, ശ്രദ്ധയുള്ളവനും ഈര്‍ഷ്യയില്ലാത്തവനുമായ പുരുഷന്‍, നൂറുവര്‍ഷം ജീവിച്ചിരിക്കുന്നതാണ്‌. ക്രോധിക്കാത്തവന്‍, സത്യം പറയുന്നവന്‍, ഭൂതങ്ങളെ ഹിംസിക്കാത്തവന്‍, വക്രതയെന്തെന്ന്‌ അറിഞ്ഞുകൂടാത്തവന്‍, അസൂയയില്ലാത്തവന്‍, ഇങ്ങനെയുള്ളവന്‍ നൂറുവര്‍ഷം ജീവിച്ചിരിക്കും. മണ്ണുടയ്ക്കുന്നവന്‍, പുല്ലറുക്കുന്നവന്‍, പല്ലുകൊണ്ടു നഖം മുറിക്കുന്നവന്‍, നിത്യവും ഉച്ഛിഷ്ടം തിന്നുന്നവന്‍, അസ്ഥിരന്‍, ഇവരാരും ദീര്‍ഘായുഷ്മാന്മാരാവുകയില്ല.

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ്‌ ധര്‍മ്മാര്‍ത്ഥങ്ങളെപ്പറ്റി ചിന്തിക്കണം. പ്രഭാതത്തില്‍ മുഖവും വായയും കഴുകണം. ദേവന്മാരെ കൈകൂപ്പി പൂജിക്കണം. അപ്രകാരം സന്ധ്യക്കു പൂജിക്കണം. ഉദിച്ചുയരുന്ന സൂര്യന് നേരെ നോക്കരുത്‌. അപ്രകാരം അസ്തമിക്കുന്ന സൂര്യബിംബത്തിന് നേരെയും നോക്കരുത്‌. ഗ്രഹണസമയത്ത്‌ സൂര്യനെ നോക്കരുത്‌. ജലത്തില്‍ പ്രതിബിംബിക്കുന്ന സുരൃബിംബത്തിന് നേരെ നോക്കരുത്‌. ഋഷിമാര്‍ രണ്ടു സന്ധ്യക്കും മങ്ങിയ വെളിച്ചമുള്ള സമയത്ത്‌ സന്ധ്യാവന്ദനം ചെയ്ത്‌ ദീര്‍ഘായുസ്സു നേടി. അതുകൊണ്ട്‌ മൌനിയായി പ്രഭാതത്തിലും അസ്തമയത്തിലും സന്ധൃകളെ സേവിക്കണം. പ്രഭാതത്തിലും അസ്തമയത്തിലും ബ്രാഹ്മണര്‍ സന്ധ്യാവന്ദനം ചെയ്തില്ലെങ്കില്‍ അവരെ ധാര്‍മ്മികനായ രാജാവ്‌ ശൂദ്രന്മാരുടെ കര്‍മ്മങ്ങള്‍ക്കു നിയോഗിക്കണം. ഒരു ജാതിക്കാര്‍ക്കും പരസ്ത്രീസംഗം ചെയ്യുവാന്‍ വിധിച്ചിട്ടില്ല. പരസ്ത്രീഗമനം പോലെ ആയുസ്സിനെ ക്ഷയിപ്പിക്കുന്നതായി മറ്റൊന്നും ലോകത്തിലില്ല. പരസ്ത്രീസംഗത്തെക്കാള്‍ പാപമായും മറ്റൊന്നില്ല. അതുകൊണ്ട്‌ പരസ്ത്രീസംഗം ചെയ്യുന്ന പുരുഷന് അവന്‍ പ്രാപിക്കുന്ന സ്ത്രീയുടെ ദേഹത്തില്‍ എത്ര രോമകൂപങ്ങളുണ്ടോ അത്ര ആയിരം വര്‍ഷങ്ങള്‍ നരകത്തില്‍ കിടക്കേണ്ടിവരും. മുടികെട്ടുക, കണ്ണെഴുതുക, പല്ലുതേക്കുക, മുതലായ കര്‍മ്മങ്ങള്‍ പ്രഭാതത്തില്‍തന്നെ ചെയ്യണം. ദേവന്മാരെ പൂജിക്കുകയും പ്രഭാതത്തിലാണു ചെയ്യേണ്ടത്‌. മലമൂത്രങ്ങള്‍ നോക്കുകയേ അരുത്‌. അവ ഒരിക്കലും ചവിട്ടുകയുമരുത്‌. ആരും യാത്രയ്ക്കു പോകുന്നത്‌ ഉദയത്തിന് വളരെയധികം മുമ്പെയാകരുത്‌. നട്ടുച്ചയ്ക്കുമാകരുത്. അല്ലെങ്കില്‍ സന്ധ്യമയങ്ങിയിട്ടുമാകരുത്. അറിയാത്തവന്റെ കൂടെ അതിവിശ്വാസത്തോടെ പോകരുത്‌. ഒറ്റശൂദ്രനെ കൂട്ടിയോ ഒറ്റയ്ക്കു മാത്രമായോ യാത്ര പോകരുത്‌. വിപ്രന്മാര്‍ക്കും, പശുക്കള്‍ക്കും, രാജാക്കന്മാര്‍ക്കും, വൃദ്ധനും, ചുമടെടുക്കുന്നവനും, ഗര്‍ഭിണിക്കും, അശക്തനും വഴിമാറിക്കൊടുക്കണം. വഴിക്കു കാണുന്ന മുഖ്യമായ വൃക്ഷങ്ങളെ വലം വെക്ക ണം. എല്ലാ ചതുഷ്പഥങ്ങളിലും എത്തുമ്പോള്‍ ഒന്നു ചുറ്റി വലംവെച്ചിട്ടു വേണം പോകുവാന്‍. നട്ടുച്ചയ്ക്കും രാത്രിയിലും അര്‍ദ്ധരാത്രിയിലും നാലും കൂടിയ പെരുവഴിയില്‍ ചെന്നിരിക്കരുത്‌. മറ്റൊരാള്‍ ഉപയോഗിച്ച ചെരിപ്പും വസ്ത്രവും ഉപയോഗിക്കരുത്‌. ബ്രഹ്മചര്യം എന്നും ശിലിക്കണം. അന്യന്റെ കാലില്‍ കാലു കൊണ്ടു ചവിട്ടരുത്‌. കറുത്തവാവിന്‍ നാളും, വെളുത്തവാവിന്‍ നാളും, ചതുര്‍ദ്ദശിയിലും, രണ്ടുപക്ഷത്തിലെ അഷ്ടമിയിലും, സ്ത്രീസംയോഗം ഉപേക്ഷിക്കണം. ബ്രഹ്മചര്യമെടുക്കണം വെറുതെ മാംസം തിന്നരുത്‌. മൃഗത്തിന്റെ പൃഷ്ടഭാഗത്തെ മാംസം ആരും കഴിക്കരുത്‌. ശകാരിക്കുന്ന സ്വഭാവം വര്‍ജ്ജിക്കണം. ആരെയും കുറ്റം പറയരുത്, ഏഷണികൂട്ടരുത്‌.

മര്‍മ്മം തുളയ്ക്കുന്ന മട്ടില്‍ സംസാരിക്കരുത്‌, ദ്രോഹം പറയരുത്‌. നീചന്മാരുടെ യാതൊരു സാധനവും സ്വീകരിക്കരുത്‌. മനുഷ്യര്‍ക്കു ഭയമുണ്ടാക്കുന്ന വിധം രൂക്ഷമായ പാപവാക്കുകള്‍ പറയരുത്‌. വാക്കാകുന്ന ശരം വായില്‍ നിന്ന് പുറപ്പെട്ടാല്‍ അതു ചെന്നുകൊണ്ട നരന്‍ രാവും പകലും കിടന്നു ദുഃഖിക്കും. അന്യന്റെ മര്‍മ്മത്തില്‍ ചെന്നുകൊള്ളുന്ന മൂര്‍ച്ചയേറിയ വാക്ക്‌ പ്രയോഗിക്കരുത്‌. അമ്പുകൊണ്ടേറ്റ വ്രണം കാലത്താല്‍ നികന്നുപോകും, പൊറുക്കും. മഴുകൊണ്ടു വെട്ടിയ കാട്‌ വീണ്ടും പൊടിച്ചു വളര്‍ന്നുവരും. എന്നാല്‍ വാക്കുകൊണ്ടുള്ള വ്രണമേറ്റാല്‍ മനസ്സിലെ ആ വ്രണം എത്രനാള്‍ ചെന്നാലും പൊറുക്കുകയില്ല. മാറാതെ വേദനിച്ചുകൊണ്ടിരിക്കും.

ദേഹത്തില്‍ കര്‍ണ്ണിനാളീകനാരാചങ്ങളായ ശരങ്ങൾ ഏതും ഏറ്റാൽ പറിച്ചുനീക്കാം. വാക്കുകളാകുന്ന ശരങ്ങളേറ്റാല്‍ അതു പറിച്ചുകളുയാന്‍ പറ്റുകയില്ല. അതു കരളിലാണു കയറി നില്ക്കുന്നത്‌. ഹീനാംഗന്മാരും, അധികാംഗന്മാരും, വിദ്യാഹീനന്മാരും, വിഗര്‍ഹിതന്മാരും, സ്വത്വരൂപദ്രവ്യഹീനന്മാരുമായവരെ ആക്ഷേപിച്ചു സംസാരിക്കരുത്‌. നാസ്തികത്വം, വേദനിന്ദ, ദേവതാജനകുഭൽത്സനം, ദ്വേഷം, വിരോധം, ഗര്‍വ്വ്‌, തീക്ഷ്ണത ഇവയൊക്കെ ഉപേക്ഷിക്കണം. പരക്കെ എല്ലാവരുടെ നേരെയും ദണ്ഡമുയര്‍ത്തരുത്‌. കോപിച്ചവനെ വീഴ്ത്തരുത്‌, പഠിപ്പില്‍ പുത്രന്മാരെയും, ശിഷ്യന്മാരെയും താഡനത്തില്‍നിന്ന്‌ ഒഴിവാക്കരുത്‌. എല്ലാവരെയും പഠിപ്പിക്കുമ്പോള്‍ ഒപ്പം ശാസിക്കുകയും ശിക്ഷിക്കുകയും വേണം. ബ്രാഹ്മണരെ ആക്ഷേപിച്ചു കുറ്റം പറയരുത്‌. ഒരുത്തന്റെ ജന്മനക്ഷത്രത്തെയോ, പക്ഷത്തെയോ, തിഥിയെയോ പറയരുത്‌. അത്‌ ആയുസ്സിനെ ക്ഷയിപ്പിക്കും. മലമൂത്രങ്ങള്‍ വിട്ടാല്‍ കാല്‍ കഴുകണം. നിരത്തില്‍ ചവിട്ടി വീട്ടിലെത്തിയ ഉടനെ കാല്‍ കഴുകണം. വേദാദ്ധ്യയനത്തിന് മുമ്പും, ഊണിന്നു മുമ്പും പാദക്ഷാളനം ചെയ്യണം. ദേവന്മാര്‍ വിപ്രന്മാര്‍ക്ക്‌ മൂന്നു കൂട്ടം കാര്യം പവിത്രമായി കല്പിച്ചിരിക്കുന്നു. അശുദ്ധിയുണ്ടെന്നു സ്പഷ്ടമായി അറിയാത്തതും, വെള്ളംകൊണ്ടു കഴുകിയതും, വാക്കുകൊണ്ടു പുകഴ്ത്തപ്പെട്ടതും എന്നിവയാണ് അവ.

സംയാവം (നെയ്യില്‍ വറുത്തെടുത്ത അപ്പം), കൃസരം (ഒരുതരം പായസം), മാംസം, മുറുക്ക്‌ എന്നിവ തനിക്കായി പാകം ചെയ്തു വെക്കരുത്. ദേവകള്‍ക്കു വേണ്ടി പാകം ചെയ്തു നിവേദിക്കണം (അതിന് ശേഷം ഭക്ഷിക്കാമല്ലോ). എന്നും അഗ്നിയില്‍ ഹോമം, ജപം എന്നിവ ചെയ്യണം. എന്നും ഭിക്ഷ നല്കണം. കോലു കൊണ്ട്‌ (എരിക്ക്‌ മുതലായവയുടെ തണ്ടു കൊണ്ട്‌)  പല്ലു തേക്കണം. പല്ലു തേക്കുമ്പോള്‍ സംസാരിക്കരുത്‌. ശബ്ദമുണ്ടാക്കുകയുമരുത്‌.

സൂര്യന്‍ ഉദിച്ചുയരുന്ന സമയത്ത്‌ കിടന്നുറങ്ങരുത്‌. അങ്ങനെ ചെയ്യുന്നവര്‍ പ്രായശ്ചിത്തം ചെയ്യുണം. ഉണര്‍ന്നെഴുന്നേറ്റാല്‍ അച്ഛനമ്മമാര്‍ക്ക്‌ അഭിവാദനം ചെയ്യണം. അതുകൊണ്ടു ദീര്‍ഘായുസ്സുണ്ടാകും.

ഒരിക്കല്‍ പല്ലുതേക്കാന്‍ ഉപയോഗിച്ച ചുള്ളല്‌ ദുരെ യെറിയണം. അതു പിന്നെ ഉപയോഗിക്കരുത്‌. നിത്യവും പുതിയ ഓരോ ചുള്ളല്‍ക്കഷണം ഉപയോഗിക്കണം. ശാസ്ത്രോക്തമായ അന്നമേ ഭക്ഷിക്കാവു. വാവിന്‍നാളില്‍ ഉപവാസമെടുക്കണം. വടക്കോട്ടു തിരിഞ്ഞ്‌ സമാഹിതനായി ശൗചകര്‍മ്മങ്ങള്‍ ചെയ്യണം. പല്ലുതേച്ചു മുഖംകഴുകി ശുചിയാകാതെ ദേവപൂജ ചെയ്യരുത്‌. ദേവപൂജ ചെയ്യാതെയും, ഗുരു ജനങ്ങളെയും, വൃദ്ധരെയും പൂജിക്കാതെയും നേരെ ചെല്ലരുത്‌. കൂപ്പുകൈയോടെ ചെല്ലണം. ബുദ്ധിയുള്ളവന്‍ പൊടിയേറ്റു മങ്ങിയ കണ്ണാടി നോക്കരുത്‌.

അറിയാത്ത സ്ത്രീയോടു കൂടി സംഭോഗം ചെയ്യരുത്‌. ഗര്‍ഭിണിയെയും സംഗം ചെയ്യരുത്‌. വടക്കോട്ടും പടിഞ്ഞാറോട്ടും തലവച്ചു കിടന്നുറങ്ങരുത്‌. കിഴക്കോട്ടോ തെക്കോട്ടോ തലവെച്ചു കിടന്നുറങ്ങണം. ഒടിഞ്ഞ കട്ടിലിന്മേലോ ജീര്‍ണ്ണിച്ച കിടക്കയിലോ കിടന്നുറങ്ങരുത്‌. വെളിച്ചം കൊളുത്തി കിടക്ക പരിശോധിച്ചതിന് ശേഷമേ അതില്‍ കിടന്നുറങ്ങാവു. കിടക്കയില്‍ മറ്റൊരാളുടെ കൂടെ കിടന്നുറങ്ങരുത്‌. ഭാര്യയായാലും രണ്ടുപേര്‍ കൂടി ഒരു കട്ടിലില്‍ കിടന്നുറങ്ങരുത്‌. വിലങ്ങനെ കിടക്കയില്‍ കിടന്നുറങ്ങരുത്‌. കാര്യത്തിന്നായാലും കരാറിന്നായാലും നാസ്തികന്മാരുമായി കൂട്ടുകൂടരുത്‌. കസേര കാലുകൊണ്ടു തള്ളിനീക്കി ഇരിക്കുവാന്‍ കൊടുക്കരുത്‌. താനും അങ്ങനെ ഉരിക്കരുത്‌. നഗ്നനായി (യാതൊരു വസ്ത്രവും ധരിക്കാതെ) രാത്രിയായാലും പകലായാലും വിജനസ്ഥാനത്തായാലും നിന്ന് കുളിക്കരുത്‌. കുളി കഴിഞ്ഞതിന് ശേഷം ദേഹത്തില്‍ ഉഴിയരുത്. വിചക്ഷണന്മാര്‍ അങ്ങനെ ചെയ്യുകയില്ല. കുളിച്ചിട്ടേ കുറി തൊടാവൂ കുളി കഴിഞ്ഞാല്‍ മുണ്ടു വീശരുത്‌. നനഞ്ഞ വസ്ത്രം എപ്പോഴും ഉടുക്കരുത്‌. അന്യന്‍ അണിഞ്ഞ പൂമാലയെടുത്ത്‌ അണിയരുത്‌. അണിയുന്ന അത്തരം മാല്യങ്ങള്‍ പുറത്തുകാട്ടരുത്‌. തീണ്ടാര്‍ന്ന സ്ത്രീകളുമായി വാക്കുകള്‍ കൊണ്ടുപോലും ഇടപെടരുത്‌. ധാന്യങ്ങള്‍ വളരുന്ന കണ്ടത്തിലോ ഗ്രാമപ്രദേശങ്ങളിലെ വഴികളിലോ ഇരുന്ന്‌ മല വിസര്‍ജ്ജനം ചെയ്യരുത്‌. ഒരിക്കലും മലമൂത്രങ്ങള്‍ വെള്ളത്തില്‍ വിടരുത്‌. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്‌ മൂന്നു പ്രാവശ്യം വെള്ളം കുലുക്കുഴിയണം. മുഖം മൂന്നു പ്രാവശ്യം കഴുകണം. ഊണു കഴിഞ്ഞതിന് ശേഷവും അപ്രകാരം മൂന്നുപ്രാവശ്യം കുലുക്കുഴിയണം. മൂന്നു പ്രവശ്യം മുഖം കഴുകണം. രണ്ടുവട്ടം തുടയ്ക്കണം. കിഴക്കോട്ടു തിരിഞ്ഞിരുന്ന്‌ മൌനത്തോടെ ഉണ്ണണം. ഉണ്ണുമ്പോള്‍ മൌനം കൈക്കൊള്ളണം. താന്‍ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി കുറ്റം പറയരുത്‌. ഊണു കഴിഞ്ഞാല്‍ അല്പമായി എച്ചില്‍ ശേഷി പ്പിക്കണം. ഊണ് കഴിഞ്ഞതിന് ശേഷം അഗ്നിയെ മനസ്സില്‍ ധ്യാനിക്കണം. കിഴക്കോട്ടു തിരിഞ്ഞിരുന്ന്‌ ഊണു കഴിച്ചാല്‍ അവന് ദീര്‍ഘായുസ്സുണ്ടാകും. തെക്കോട്ടു തിരിഞ്ഞിരുന്ന്‌ ഉണ്ണുന്നവന് കീര്‍ത്തിയുണ്ടാകും. പടിഞ്ഞാട്ടു തിരിഞ്ഞിരുന്ന്‌ ഉണ്ടാല്‍ ധനത്തിന് ഹിതമായിരിക്കും; വലിയ ധനലാഭമുണ്ടാകും. വടക്കോട്ടു തിരിഞ്ഞിരുന്ന്‌ ഉണ്ണുന്നവന്‍ സത്യം പറയുന്നവനായി ഭവിക്കും. ഊണു കഴിഞ്ഞ്‌ എഴുന്നേറ്റാല്‍ അവന്‍ ദേഹത്തിലെ ഉയര്‍ന്ന ഭാഗത്തുള്ള ദ്വാരങ്ങള്‍ ജലത്താല്‍ സ്പര്‍ശിക്കണം. അതുപോലെ എല്ലാ അവയവങ്ങളെയും ജലത്താല്‍ സ്പര്‍ശിക്കണം. മൂക്ക്‌, കണ്ണുകള്‍, ചെവികള്‍ എന്നിവിടങ്ങളിലും നാഭിയിലും  കൈത്തലങ്ങളിലും ജലസ്പര്‍ശം ചെയ്യണം. ഉമിയുടെ മുകളില്‍ ഇരിക്കരുത്‌. ചവിട്ടരുത്‌. അപ്രകാരം മുട്ടിയുടെ മുകളില്‍ ഇരിക്കരുത്‌, ചവിട്ടരുത്‌, ഭസ്മത്തിന്മേല്‍ ചവിട്ടരുത്‌. എല്ലിന്റെ മുകളില്‍ ചവിട്ടുകയോ ഇരിക്കുകയോ ചെയ്യരുത്‌. അന്യന്‍ കുളിച്ച്‌ ബാക്കിയുള്ള വെള്ളം കൊണ്ടു കുളിക്കരുത്‌. അതു ദൂരെ ചെരിച്ചു കളയണം. ശാന്തികരമായ ഹോമങ്ങള്‍ ദൈവങ്ങള്‍ക്കുവേണ്ടി ചെയ്യണം. സാവിത്രങ്ങള്‍ (സവിതാവിനെപ്പറ്റിയുള്ള മന്ത്രങ്ങള്‍) ജപിക്കണം.

ഭക്ഷണം ഇരുന്നു കഴിക്കണം. പാത്രം കൈയില്‍ വെച്ച്‌ നടന്നു ഭക്ഷിക്കരുത്‌. ഭസ്മത്തിലോ തൊഴുത്തിലോ മൂത്രമൊഴിക്കരുത്‌. നിന്നോ നടന്നോ മൂത്രമൊഴിക്കരുത്‌. ഒരിടത്ത്‌ ഇരുന്നു മൂത്രമൊഴിക്കണം. കാല്‍ നനച്ചു കഴുകി ഇരുന്നു വേണം ഉണ്ണുവാൻ, കാല്‍ നനച്ച്‌ ഉണ്ണുന്നവന്‍ നൂറുവര്‍ഷം ജീവിക്കുന്നതാണ്‌. ഒരിക്കലും ശുചിയില്ലാതെ ശുദ്ധനാകാതെ മൂന്നു തേജസ്സിനെ സ്പര്‍ശിക്കരുത്‌. അഗ്നി, പശു, ബ്രാഹ്മണന്‍ ഇവരാണ്‌ മൂന്നു തേജസ്സുകള്‍. ഇങ്ങനെയുളളവന്‍ ദീര്‍ഘായുഷ്മാനാകും. അതുപോലെ മൂന്നു തേജസ്സിനെ ഒരിക്കലും അശുചിയായി നോക്കിപ്പോകരുത്‌. സൂര്യനെ, ചന്ദ്രനെ, നക്ഷത്രങ്ങളെ  ഇവയാണ്‌ മൂന്നു തേജസ്സുകള്‍.

വൃദ്ധന്‍ വരുമ്പോള്‍ യുവാവിന്റെ പ്രാണന്‍ മേൽപോട്ടുയരുന്നു. അപ്പോള്‍ ഉടനെ എഴുന്നേറ്റ്‌ അഭിവാദ്യം ചെയ്താല്‍ അവന്റെ ജീവന്‍ ഉടനെ ഒതുങ്ങും. അഭിവാദ്യം ചെയ്ത വൃദ്ധന്മാര്‍ക്ക്‌ ആസനം ആദരവോടെ നല്കണം. പിന്നെ അരികെ കൈകൂപ്പി നിന്ന്‌ ഉപാസിക്കണം. പോകുമ്പോള്‍ പിമ്പേ ചെല്ലണം. ഒടിഞ്ഞതോ പൊളിഞ്ഞതോ ആയ കസേര മേല്‍ ഇരിക്കരുത്‌. ഉടഞ്ഞ ഓട്ടു കിണ്ണത്തില്‍ വിളമ്പി ഉണ്ണരുത്‌. അതിനെ ഉപേക്ഷിക്കണം. ഒറ്റവസ്ത്രം ഉടുത്തിരുന്ന് ഉണ്ണരുത്‌. ഒരു രണ്ടാംമുണ്ട്‌ ദേഹത്തില്‍ ഉണ്ടാകണം. നഗ്നനായി നിന്ന് കുളിക്കരുത്‌. അതുപോലെ തന്നെ നഗ്നനായി കിടന്നുറങ്ങരുത്‌. ശുദ്ധം മാറിയവനായി കിടക്കരുത്‌. അശുദ്ധനായി അന്യന്റെ ശിരസ്സില്‍ കൈവെക്കരുത്. എന്തു

കൊണ്ടെന്നാല്‍ എല്ലാ പ്രാണന്റെയും ഇരിപ്പ്‌ ശിരസ്സിലാണ്‌. ആരുടെയും തലമുടി പിടിച്ചു വലിക്കരുത്‌. തലയില്‍ പ്രഹരിക്കുക, ഇടിക്കുക എന്നിവയും ചെയ്യരുത്‌. രണ്ടു കൈയും കൂടി ഒന്നിച്ച്‌ തന്റെ ശിരസ്സില്‍ മാന്തരുത്‌. കുളിക്കുമ്പോള്‍ ശിരസ്സ്‌ അനവധി പ്രാവശ്യം വെള്ളത്തില്‍ മുക്കരുത്‌. തല മുങ്ങിക്കുളിച്ചു കഴിഞ്ഞിട്ട്‌ പിന്നെ എണ്ണ പുരട്ടരുത്‌. എള്ളു വറുത്ത്‌ തിന്നരുത്‌. അത്‌ ആയുഷ്കരമല്ല. അശുദ്ധനായവനെ വേദം പഠിപ്പിക്കരുത്‌. അശുദ്ധമായ ഗന്ധം പുറപ്പെടുന്ന സമയത്ത്‌, വായു ദുഷിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍, പുതിയ ഗന്ധം വരുമ്പോള്‍ വേദത്തെപ്പറ്റി ചിന്തിക്കരുത്‌. അവന്‌ വേദം നശിക്കും. യമന്‍ പണ്ടു ചൊല്ലിയ ഒരു ഗാഥയുണ്ട്‌. പഴമക്കാര്‍ അതു ചൊല്ലാറുണ്ട്‌. അശുദ്ധനായി വേദം അകാലങ്ങളില്‍ ഉച്ചരിക്കുന്നവന്റെ ആയുസ്സിനെ ഞാന്‍ നശിപ്പിക്കും. അവന്റെ സന്താനത്തെ ഞാന്‍ കെടുത്തിക്കളയും. അനദ്ധ്യായ സമയത്ത്‌ . മൗഢ്യം മൂലം ദ്വിജന്‍ വേദം അഭൃസിക്കുന്നതായാലും അവനു വേദം നശിക്കും. അതുകൊണ്ട്‌ അനദ്ധ്യായകാലത്ത്‌ വേദം ചൊല്ലരുത്‌. ആദിത്യന്റെ നേരെ തിരിഞ്ഞു നിന്ന്‌ മൂത്രമൊഴിക്കരുത്‌. അഗ്നിയുടെ നേരെയും മുത്രമൊഴിക്കരുത്‌. പശുവിന്റെ നേരെയും ബ്രാഹ്മണന്റെ നേരെയും തിരിഞ്ഞു നിന്ന്‌ മൂത്രമൊഴിക്കരുത്‌. വഴിയുടെ നടുവിലും മൂത്രമൊഴിക്കരുത്‌. അങ്ങനെ ചെയ്യുന്നവര്‍ അല്പായുസ്സുക്കളായി ഭവിക്കും. വടക്കോട്ട്‌ തിരിഞ്ഞിരുന്ന്‌ പകല്‍ മലമൂത്രങ്ങള്‍ വിടണം. രാത്രിയിലാണെങ്കില്‍ തെക്കോട്ടു നോക്കിയിരുന്നു വിടണം. അങ്ങനെ ചെയ്താല്‍ അവന് ആയുസ്സു കെട്ടു പോവുകയില്ല. കൃശന്മാരായവര്‍ മൂന്നുപേരെ ഒരിക്കലും നിന്ദിക്കരുത്‌. ആയുസ്സു കൊതിക്കുന്നവന്‍ അതാണു വേണ്ട ത്‌. വിപ്രന്‍, രാജാവ്‌, പാമ്പ്‌, ഇവയെ നിന്ദിക്കരുത്‌. അവര്‍ മഹാവിഷമുള്ളവരാണ്‌. അവര്‍ ചൊടിച്ച്‌ ഒന്നു നോക്കിയാല്‍ മതി ചുട്ടെരിഞ്ഞുപോകും. ക്രുദ്ധനായ ക്ഷത്രിയനും നോക്കിയാല്‍ തേജസ്സു കൊണ്ട്‌ ചുട്ടുകളയും. വിപ്രന്‍ ക്രോധിച്ചു നോക്കിയാലും ക്രോധിച്ചു പറഞ്ഞാലും കുലം മുടിച്ചു കളയും. അതുകൊണ്ട്‌ ഈ മൂന്നിനെയും പണ്ഡിതന്‍ ഉപാസിക്കണം. ഗുരുവിനോട്‌ ഒട്ടും നിര്‍ബ്ബന്ധം ചെയ്തു പോകരുത്‌. ഗുരു ക്രോധിച്ചാല്‍ ഗുരുവിനെ മാനിച്ചു പ്രസാദിപ്പിക്കണം യുധിഷ്ഠിരാ! ഗുരു ഒരു തെറ്റ്‌ തന്റെ നേരെ ചെയ്തെന്നു വന്നാലും, പാഴിലാണ്‌ തന്റെനേരെ ചെയ്തതെന്നു വന്നാലും, ഗുരുവില്‍ നന്നായിത്തന്നെ പെരുമാറണം. ഗുരുനിന്ദ ഒരിക്കലും പാടില്ല. അതു മനുഷ്യന്റെ ആയുസ്സിനെ നശിപ്പിച്ചു കളയും. മര്‍ത്തൃരുടെ വാസസ്ഥലത്തിന്നടുത്ത്‌ മൂത്രമൊഴിക്കരുത്. കാലു കഴുകുന്നതും അപ്രകാരം അകലെയായിരിക്കണം. എച്ചില്‍ കൊണ്ടു കളയുന്നതും ദൂരെയായിരിക്കണം. ചുവന്ന പുഷ്പം അണിയരുത്‌. വിദ്വാന്മാര്‍ വെളുത്ത പുഷ്പമേ അണിയാവു. താമരപ്പൂവും ആമ്പല്‍പ്പൂവും തലയില്‍ ചൂടാറില്ല. ചുവന്നതും ജലത്തിലുണ്ടാകുന്നതുമായ മറ്റു പുഷ്പങ്ങള്‍ ചൂടാം. കാഞ്ചനപ്പൂമാലയും ചൂടാം. അത്‌ ഒരിക്കലും ദോഷമാവുകയില്ല. കുളിച്ചവന്‌ അലിവുള്ള കുറിക്കൂട്ടു നല്കണം. വസ്ത്രം ഒരിക്കലും മറിച്ചുടുക്കരുത്‌. ബുദ്ധിമാന്മാര്‍ അതു ചെയ്യുകയില്ല. അന്യന്‍ ധരിച്ച വസ്ത്രം  ധരിക്കരുത്‌. വക്കു കാണാത്തതും ധരിക്കരുത്‌. ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ മറ്റൊരു വസ്ത്രം ധരിക്കണം. യാത്രയ്ക്കു ധരിക്കുന്ന വസ്ത്രംവും വേറെയാകണം. ദേവതകളെ അര്‍ച്ചിക്കുമ്പോള്‍ ധരിക്കുന്നതും വേറെയാകണം. കുങ്കുമം, ചന്ദനം, വില്വം, തകരം, കുങ്കുമപ്പൂവ്‌ ഇവ ബുദ്ധിമാനായ നരന്‍ വെവ്വേറെ പൂശേണ്ടതാണ്‌. കുളിച്ച്‌ ശുചിയായ നരന്‍ ഭൂഷണങ്ങള്‍ അണിഞ്ഞ്‌ പൂര്‍വ്വകാലത്ത്‌ ഉപവസിക്കണം. കറുത്തവാവിന്‍ നാളും വെളുത്തവാവിന്‍ നാളും ബ്രഹ്മചര്യം അനുഷ്ഠിക്കണം. സംയോഗം പാടില്ല.

ഒരു ജാതിയില്‍പ്പെട്ടവരായാലും അനവധി പേര്‍കൂടി ഒരു പാത്രത്തില്‍ നിന്ന്‌ ഭക്ഷണം കഴിക്കരുത്. ഋതുസ്നാതയായ സ്ത്രീ പാകം ചെയ്തതൊന്നും ഭക്ഷിക്കരുത്‌. സത്ത്‌ വാറ്റിയെടുത്ത മാംസം ഭക്ഷിക്കരുത്‌. ആരെങ്കിലും കൊതിച്ചു നോക്കിയിരിക്കെ അവനു നല്കാതെ ഭക്ഷിക്കരുത്‌. വൃത്തി ഹീനനായവന്റെ സമീപത്തിരിക്കരുത്‌, പരിപാവനാത്മാക്കളുടെ സമീപത്തും ഇരിക്കരുത്‌. ആചാരധര്‍മ്മങ്ങള്‍ക്കു പറ്റാത്ത ഭക്ഷണങ്ങള്‍ മറ്റ്‌ ഏതു സന്ദര്‍ഭങ്ങളിലും ഉപയോഗിക്കരുത്‌.

പിപ്പുലം, വടം, ചണശാകം, ഉദംബരം ഇവയൊന്നും നന്മ പ്രതീക്ഷിക്കുന്നവരാരും ഭക്ഷിക്കരുത്‌. പശു, ആട്‌, മയില്‍ എന്നിവയുടെ മാംസം തിന്നരുത്‌. മാംസം ഉപ്പിട്ടുണക്കിയതും, പഴയതും തിന്നരുത്‌. ബുദ്ധിയുള്ള മനുഷ്യരാരും കൈകൊണ്ട്‌ എടുത്ത ഒരുതരം ഉപ്പും ഉപയോഗിക്കുകയില്ല. തൈരു കൂട്ടിയ അരിമാവു ഭക്ഷിക്കരുത്‌. വെറുതെ മാംസം ഭക്ഷിക്കരുത്‌. ബലിക്ക്‌ അറുത്തതേ കഴിക്കാവു. കാലത്തും രാത്രിയിലും അങ്ങനെ രണ്ടുപ്രാവശ്യം ഊണു കഴിക്കാം. അതിന്റെ ഇടയില്‍ ഭക്ഷണം പാടില്ല. രോമം കിട്ടിയ അന്നം ഭക്ഷിക്കരുത്‌. തന്റെ ശത്രുവിന്റെ ശ്രാദ്ധത്തിന് പോയി ഉണ്ണരുത്‌. മിണ്ടാതെ ഇരുന്ന്‌ ഉണ്ണണം. ദേഹത്തില്‍ രണ്ടാം മുണ്ടിടാതെ ഒറ്റവസ്ത്രമായി ഇരുന്ന്‌ ഉണ്ണരുത്‌. നിന്ന്‌ ഉണ്ണരുത്‌. ഉണ്ണുമ്പോള്‍ ചപ്പുന്ന ശബ്ദമോ, ചവച്ചിറക്കുന്ന ശബ്ദമോ പുറപ്പെടുവിക്കരുത്‌. അതിഥികള്‍ക്ക്‌ ആദ്യം വെള്ളം വെച്ചു കൊടുത്ത്‌ പിന്നെ അന്നം വിളമ്പിക്കൊടുത്തതിന് ശേഷമേ ബുദ്ധിമാന്‍ ഉണ്ണാവു. ഒരു പന്തിയില്‍ ഒന്നിച്ചിരിക്കുകയും, തന്റെ സുഹൃത്തിന് നല്കാതെ താന്‍ ഒറ്റയ്ക്കു ഭക്ഷിക്കുകയും ചെയ്യുന്ന ആ ഭക്ഷണം ഹാലാഹല വിഷത്തിനു തുല്യമായേ കണക്കാക്കുകയുള്ളു.

പാനീയം, പായസം, സക്തു, തൈര്‌, നെയ്യ്‌, തേന്‍ എന്നിവ വലിച്ചു കുടിച്ച്‌ ശേഷിച്ചതു മറ്റൊരുത്തന് നല്കരുത്‌. തനിക്കു വിളമ്പിയിട്ടുള്ള അന്നം ശങ്കിച്ചു ഭക്ഷിക്കരുത്‌ (നല്ലതോ ചീത്തയോ എന്നും ദഹിക്കുന്നതോ ദഹിക്കാത്തതോ എന്നും മറ്റുമുള്ള ശങ്ക പാടില്ല). ആയുസ്സ്‌ അര്‍ത്ഥിക്കുന്നവന്‍ ഊണു കഴിഞ്ഞതിന് ശേഷം തൈര്‍ കുടിക്കരുത്‌. ഊണു കഴിഞ്ഞതിന് ശേഷം മുഖം വലത് കൈയാല്‍ മാത്രമേ കഴുകാവു. അല്പം വെള്ളം എടുത്ത്‌ അതുകൊണ്ടു വലത്തുകാലിന്റെ പെരുവിരല്‍ നനയ്ക്കണം. പിന്നെ തലയില്‍ കൈവെച്ചു തീതൊട്ട് ശ്രദ്ധയോടെ പ്രയോഗകുശലനായ നരന്‍ ജ്ഞാതിജനങ്ങളില്‍ ശ്രേഷ്ഠത സമ്പാദിക്കുന്നു. ജലംകൊണ്ട്‌ ഇന്ദ്രിയസ്ഥാനങ്ങളില്‍ സ്പര്‍ശിക്കുക, നാഭിയില്‍ തൊടുക, രണ്ടുകൈയും നനയ്ക്കുക എന്നീ ജലസ്പര്‍ശകര്‍മ്മം ചെയ്യണം. എന്നാല്‍ കൈനനച്ച്‌, ഈറന്‍കൈയായി, ഉലാത്തരുത്‌. ബ്രാഹ്മമായ തീര്‍ത്ഥം പെരുവിരലിന്നടിയിലാണെന്നാണ്‌ സങ്കല്പം. ദൈവം എന്ന തീര്‍ത്ഥം പെരുവിരലിന്റെ ഇടയിലാണെന്നു പറയുന്നു. ചൂണ്ടാണി വിരലിനും പെരുവിരലിനും ഇടയിലുള്ള ഇടകൊണ്ടു തന്നെ ജലം സ്പര്‍ശിച്ചു പിതൃകര്‍മ്മം വിധിപ്രകാരം ചെയ്യണം. പരന്മാര്‍ക്ക്‌ അപവാദങ്ങള്‍ പറയരുത്‌. ആയുസ്സ്‌ ആഗ്രഹിക്കുന്ന പുരുഷന്‍ മറ്റുള്ളവരില്‍ ക്രോധിക്കുകയോ അന്യരെ ദ്വേഷ്യപ്പെടുത്തുകയോ ചെയ്യുന്നതല്ല. ഭ്രഷ്ടജനങ്ങളുമായി സംസാരിക്കുവാന്‍ ആഗ്രഹിക്കരുത്‌. അവരെക്കണ്ടാല്‍ ഒഴിഞ്ഞുമാറിക്കളയണം. അവരുമായി യാതൊരു സംസര്‍ഗ്ഗവും പാടില്ല. അങ്ങനെയായാല്‍ ദീര്‍ഘായുസ്സു ലഭിക്കുന്നതാണ്‌.

പകല്‍സമയത്ത്‌ സ്ത്രീകളുമായി മൈഥുനം പാടില്ല. കന്യകമാരുമായോ ധൂര്‍ത്തകളുമായോ, മച്ചികളുമായോ സുരതം ചെയ്യരുത്‌. കുളിക്കാത്ത മലിന സ്ത്രീകളുമായും സുരതം പാടില്ല. ഇവകൊണ്ടു പുരുഷന് ദീര്‍ഘായുസ്സു ലഭിക്കുന്നതല്ല. ഈ നിയമം അനുഷ്ഠിച്ചാല്‍ അവന് ദീര്‍ഘായുസ്സുണ്ടാകും. ആചാരപ്രകാരം അംഗങ്ങള്‍ കഴുകിയതിണ് ശേഷം വായ മൂന്നു പ്രാവശ്യം കഴുകണം. പിന്നെ രണ്ടു പ്രാവശ്യം ഒന്നു കൂടി കഴുകണം. അതാതു തീര്‍ത്ഥങ്ങളില്‍ ആചമിച്ചു കാര്യം മനസ്സില്‍ ചിന്തിച്ചതിന് ശേഷം മൂന്നു പ്രവശ്യം ജലം ചുണ്ടു കൊണ്ടു വലിച്ച്‌ രണ്ടു പ്രാവശ്യം തുടച്ചു ശുചിയാകണം. ഇന്ദ്രിയങ്ങളെ സ്പര്‍ശിച്ച്‌ മൂന്നു പ്രാവശ്യം ജലം തളിക്കണം. പിന്നെ പിത്ര്യവും ദൈവവും വേദോക്തക്രിയ പ്രകാരം ചെയ്യണം. ബ്രാഹ്മണന്‍ എങ്ങനെ ശുദ്ധനായിത്തീരും എന്നതും പറയാം കുരുദ്വഹാ! കേള്‍ക്കുക. ഊണിന് മുമ്പും, ഊണു കഴിഞ്ഞതിന് ശേഷവും എല്ലാകര്‍മ്മത്തിലും, പരിശുദ്ധി ആവശ്യമുള്ള എല്ലാ കര്‍മ്മത്തിലും, ബ്രാഹ്മണന്‍ ബ്രഹ്മതീര്‍ത്ഥം കൊണ്ട്‌ ആചമിക്കണം. (ആചമനം എന്നു പറയുന്നത്‌ ശരിയായ കഴുകലല്ല, ഒരു അഭിനയം മാത്രമാണ്‌. അതു ജലംകൊണ്ട്‌ ചില അംഗങ്ങളില്‍ സ്പര്‍ശിക്കുക എന്നതാണ്‌).  ഉണ്ടാല്‍ കുലുക്കുഴിഞ്ഞു തുപ്പിയതിന് ശേഷം അംബുസ്പര്‍ശം ചെയ്താല്‍ ശുദ്ധിയാകും. വൃദ്ധനായ ഒരു ജ്ഞാതി, വലിയ ഒരു സുഹൃത്തായ ജ്ഞാതി, വാര്‍ദ്ധക്യകാലത്ത്‌ ദാരിദ്ര്യം അനുഭവിച്ചു ജീവിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവന്നു പാര്‍പ്പിക്കണം. അതു ധന്യവും ആയുഷ്കരവുമായ ഒരു കര്‍മ്മമാണ്‌.

മാടപ്പിറാവ്‌, പൈങ്കിളികള്‍, തത്തകള്‍ എന്നിവയെ വീട്ടില്‍ വളര്‍ത്തുന്നത്‌ ശ്രീയുണ്ടാക്കും. ദോഷം ചെയ്യുകയില്ല. നരിച്ചീറും, മിന്നാമിനുങ്ങും, അകത്തു പ്രവേശിച്ചാല്‍ ശാന്തികര്‍മ്മം ചെയ്യണം. അപ്രകാരം തന്നെ കഴുകന്‍, മരങ്കൊത്താന്‍, ഭ്രമരങ്ങള്‍ എന്നിവ കടന്നാലും ശാന്തികര്‍മ്മം ചെയ്യണം. ഇവ അശുഭങ്ങളാണ്‌, ദുശ്ശുകുനങ്ങളുമാണ്‌. മഹാത്മാക്കളായ പുരുഷന്മാരുടെ രഹസ്യങ്ങള്‍ ആരോടും പറയരുത്‌. ഒരിക്കലും ചേരുവാന്‍ പാടില്ലാത്ത അഗമ്യകളുമായി സംഭോഗം പാടില്ല. രാജാവിന്റെ ഭാര്യമാരോടും, സഖിമാരോടും സംഭോഗത്തിന് ആശിക്കരുത്. അത്‌ അപകടമായിത്തീരും. വൈദ്യന്മാരുടെയും, വൃദ്ധരുടെയും, ബാലരുടെയും, ഭൃത്യരുടെയും ബന്ധുക്കളുടെയും, വിപ്രരുടെയും, സംബന്ധികളുടെയും, ശരണാഗതരുടെയും സ്ത്രീകളുമായി സംഭോഗത്തിനൊരുങ്ങരുത്‌ യുധിഷ്ഠിരാ! ആയുസ്സിനെ ക്ഷയിപ്പിക്കും. വിപ്രന്റെ നിര്‍ദ്ദേശമനുസരിച്ച്‌ സമര്‍ത്ഥനായ തച്ചന്‍ നിര്‍മ്മിച്ച ഗൃഹത്തിലേ വസിക്കാവു. ആയുസ്സ്‌ ഇച്ഛിക്കുന്ന പ്രാജ്ഞന്‍ അതാണു ചെയ്യുക.

സന്ധ്യയ്ക്ക് കിടന്നുറങ്ങരുത്‌, ആ സന്ദര്‍ഭത്തില്‍ വിജ്ഞാന ശാസ്ത്രങ്ങള്‍ പഠിക്കരുത്‌, ആ സന്ധ്യാകാലങ്ങളില്‍ ഭക്ഷിക്കരുത്‌, അങ്ങനെ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ അവന്‍ ആയുസ്സുണ്ടാകും. രാത്രി പിതൃകര്‍മ്മം ചെയ്യരുത്‌. വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയും രാത്രികാലങ്ങളില്‍ ചെയ്യരുത്‌. ഐശ്വര്യം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ ഇതു ചെയ്യരുത്‌. രാത്രി സക്തുക്കള്‍ വര്‍ജ്ജിക്കണം. ഭക്ഷണത്തിലെ അവശിഷ്ടങ്ങളും ദേവന് അര്‍പ്പിച്ച മാല്യങ്ങളും വീണ്ടും ഉപയോഗിക്കരുത്‌. ഒരു അതിഥിയെ ക്ഷണിച്ചു വരുത്തി രാത്രിയില്‍ അയാളെ നിര്‍ബന്ധിച്ച്‌ അധികം തിന്നുവാന്‍ പ്രേരണ ചെയ്യരുത്‌. തൃപ്തിയില്‍ക്കവിഞ്ഞ്‌ നിര്‍ബ്ബന്ധിച്ചു തീറ്റരുത്‌. രാത്രിയില്‍ ആരും അതിഭക്ഷണം കൊണ്ടു വയറു വീര്‍പ്പിക്കരുത്‌. രാത്രി ലഘുഭക്ഷണമേ പാടുള്ളു. പക്ഷിയെ കൊന്ന്‌ തന്റെ ഭക്ഷണമാക്കരുത്‌. പ്രത്യേകിച്ചും താന്‍ വളര്‍ത്തിയ പക്ഷികളെ കൊല്ലരുത്‌.

ഉന്നതമായ കുലത്തില്‍ ജനിച്ചവളും യൗവനയുക്തയുമായ കന്യകയെ വിവാഹം കഴിക്കണം. പിന്നെ അവളില്‍ സന്താനങ്ങളെ ജനിപ്പിക്കണം, അങ്ങനെ കുലത്തെ നിലനിര്‍ത്തണം. കുലധര്‍മ്മ ജ്ഞാനസിദ്ധിക്കു വേണ്ടി മക്കളെ നിയോഗിക്കണം ഭാരതാ! പെണ്‍കുട്ടികളെ യോഗ്യരായ കുലപുത്രന്മാര്‍ക്കു വിവാഹം ചെയ്തു കൊടുക്കണം. മക്കളെ വേള്‍പ്പിക്കുക, അവര്‍ക്ക്‌ ഒരുഭാഗം സ്വത്തു നല്കുക. മുങ്ങിക്കുളിച്ചതിന് ശേഷം ദൈവകര്‍മ്മങ്ങളും പിതൃകര്‍മ്മങ്ങളും ചെയ്യണം. തന്റെ ജന്മനക്ഷത്ര ദിവസം അതു ചെയ്യരുത്‌. പ്രോഷ്ഠപദിയിലും കാര്‍ത്തികയിലും ക്രൂരനക്ഷത്രങ്ങളിലും അഷ്ടമ രാശിക്കൂറുകളിലും ഭാരതാ! ദൈവവും പിത്ര്യവുമായ കര്‍മ്മങ്ങള്‍ ഉപേക്ഷിക്കണം. ജ്യോതിഷത്തില്‍ പറഞ്ഞവയെല്ലാം വര്‍ജ്ജിക്കേണ്ടതാണ്‌.

കിഴക്കോട്ടു തിരിഞ്ഞിരുന്നു മുഖക്ഷൗരം ചെയ്യണം, വടക്കോട്ടു തിരിഞ്ഞിരുന്നും ആകാം; എന്നാല്‍ അത്‌ ആയുഷ്കരമായിരിക്കും. പരദൂഷണം ചെയ്യുവാന്‍ പാടില്ല, ആത്മനിന്ദയും പരനിന്ദയും പാപമാണ്‌, അധര്‍മ്മമാണ്‌ ഭരതര്‍ഷഭാ! അംഗഹീനയായ സ്ത്രീയെ വിവാഹം ചെയ്യരുത്‌. അവള്‍ കനൃകയായാലും ചെയ്യരുത്‌. തന്റെ ഗോത്രത്തില്‍പ്പെട്ടവളെയും (ഒരേ തറവാട്ടില്‍പ്പെട്ടവള്‍) അംഗഭംഗം ഉള്ളവളെയും വിവാഹം ചെയ്യരുത്‌, മാതൃവംശത്തിലുള്ളവളെയും വിവാഹം ചെയ്യരുത്‌, വൃദ്ധയായ സ്ത്രീയെ വിവാഹം ചെയ്യരുത്‌, സന്ന്യാസിച്ച സ്ത്രീയെ വിവിഹം ചെയ്യരുത്‌, പതിവ്രതയായ സ്ത്രീയെ (മറ്റൊരുത്തന്റെ ഭാര്യയായി ജീവിക്കുന്നവളെ) വിവാഹം ചെയ്യരുത്‌, നീചജാതിയില്‍ പെട്ടവളെ ഉല്‍കൃഷ്ട കുലജാതന്‍ വിവാഹം ചെയ്യരുത്‌, തന്നെക്കാള്‍ ഉല്‍കൃഷ്ട കുലത്തില്‍ ജനിച്ചവളെയും വിവാഹം ചെയ്യരുത്‌, അയോനിയെയും വിയോനിയെയും വേള്‍ക്കരുത്‌, നീ മഞ്ഞനിറമുള്ളവളെ (പിംഗളയെ) വേള്‍ക്കരുത്‌, അതുപോലെ കുഷ്ഠരോഗമുള്ളവളെയോ, അപസ്മാരരോഗമുള്ള കുലത്തില്‍ പിറന്നവളെയോ, നീചകുലത്തില്‍ പിറന്നവളെയോ, പാണ്ഡുള്ളവളെയോ, ക്ഷയരോഗമുള്ള വംശത്തില്‍ പിറന്നവളെയോ, രാജാവേ, വേള്‍ക്കരുത്‌.

ലക്ഷണസമ്പന്നയും അതിശ്ലാഘ്യമായ ചിഹ്നങ്ങളുള്ളവളും മനോജ്ഞയും കണ്ടാല്‍ നല്ലവളുമായ സ്ത്രീയെ ഭവാന്‍ വേള്‍ക്കണം. അവരവരുടെ കിടയ്ക്ക്‌ ഒക്കുന്ന വലിയ കുലത്തില്‍ നിന്നേ വേള്‍ക്കാവൂ, രാജാവേ! ഐശ്വര്യം ചിന്തിക്കുന്നവന്‍ താഴ്ന്നവളേയും ഭ്രഷ്ടയേയും വേള്‍ക്കരുത്‌ യുധിഷ്ഠിരാ!

ശ്രദ്ധയോടെ ഹോമാഗ്നി ജ്വലിപ്പിച്ച്‌ വേദോക്തമായ ക്രിയ ബ്രാഹ്മണര്‍ ചൊല്ലുന്നത്‌ എല്ലാം ചെയ്തുകൊള്ളണം. നാരികളില്‍ വിദ്വേഷം പാടില്ല. ഭാര്യയെ ഏതു വിധേനയും സംരക്ഷിക്കണം. ഈര്‍ഷ്യ ആയുസ്സിനെ നശിപ്പിക്കുന്നതാണ്‌. അതുകൊണ്ട്‌ ഈര്‍ഷ്യവെച്ചു നടക്കുവാന്‍ പാടില്ല. പകല്‍ ഉറങ്ങുന്നവന്റെ ആയുസ്സ്‌ കുറയും. പ്രഭാതത്തില്‍ കിടന്നുറങ്ങരുത്‌. അശുഭന്മാര്‍ പോലും കാലത്തും സസ്ധ്യയ്ക്കും കിടന്നുറങ്ങുകയില്ല. പാരദാര്യവും ക്ഷുരകാശുദ്ധിയും ഒപ്പമാണ്‌. ക്ഷൗരം ചെയ്തു കഴിഞ്ഞാല്‍ കുളിക്കണം. അല്ലെങ്കില്‍ അത്‌ അനായുഷ്യമാണ്‌. അതുപോലെ യത്നിച്ച്‌ അഭ്യാസം ചെയ്യരുത്‌. സന്ധ്യാസമയത്ത്‌ (സൂര്യാസ്തമയ സമയത്ത്‌) കുളിക്കരുത്‌, വേദം പഠിക്കരുത്‌. അതില്‍ പ്രയതനായി, ശുദ്ധനായി നില്ക്കണം. എതിരായി ചെയ്തു പോകരുത്‌. കുളി കഴിഞ്ഞ്‌ വിപ്രരെ പൂജിക്കണം. കുളിച്ചു ദേവന്മാരെ വണങ്ങുകയും, ആചാര്യന്മാരെ കൈകൂപ്പുകയും ചെയ്യുക. ക്ഷണിക്കാതെ അന്യന്റെ സ്ഥലത്തു പോകരുത്. എന്നാല്‍ യാഗം കാണുവാന്‍ ക്ഷണിച്ചില്ലെങ്കിലും പോയി കാണാം. അര്‍ച്ചിക്കാതിരിക്കുന്നത്‌ അനായുഷ്യമാണ്‌.

തനിച്ചു ദേശാന്തരഗമനം ചെയ്യരുത്‌. ഒറ്റയ്ക്കു രാത്രി നടക്കരുത്‌. ഒടുക്കത്തെ സസ്ധ്യയ്ക്കു മുമ്പു വീട്ടില്‍ എത്തണം. അച്ഛനും അമ്മയും ഗുരുജനങ്ങളും പറഞ്ഞ വിധം ചെയ്യണം. അതു ഹിതമോ അഹിതമോ എന്നു ചിന്തിക്കരുതു നരര്‍ഷഭാ! ആയുര്‍വ്വേദവും വേദവും പഠിക്കുവാന്‍ നല്ലപോലെ യത്നിക്കണം രാജാവേ! ആനപ്പുറത്തിരക്കുവാനും, കുതിരപ്പുറത്തിരിക്കുവാനും രഥയാത്ര ചെയ്യുവാനും നല്ല പോലെ യത്നിച്ച്‌ പഠിക്കണം. പരിശ്രമിക്കുന്നവന് സുഖം ലഭിക്കുന്നതാണ്‌. അവന്‍ വൈരികള്‍ക്കും ഭൃത്യന്മാര്‍ക്കും സ്വജനത്തിനും അധൃഷ്യനാകും. പ്രജകളെ രക്ഷിക്കുവാന്‍ ഒരുങ്ങിയവര്‍ ഒരിക്കലും നാശത്തില്‍ ചെന്നെത്തുകയില്ല. യുക്തിശാസ്ത്രവും നീ അറിയേണ്ടതാണ്‌ ഭാരതാ! ഗാന്ധര്‍വ്വശാസ്ത്രവും, കലകളും അറിയേണ്ടവയാണു രാജാവേ! ഇതിഹാസങ്ങളും, പുരാണങ്ങളും. ആഖ്യാനങ്ങളും, അപ്രകാരം മഹച്ചരിതവും നിത്യവും ഭവാന്‍ കേള്‍ക്കണം.

ഭാര്യ തീണ്ടാര്‍ന്നു കിടക്കുകയാണെങ്കില്‍ അവളെ സംഭോഗത്തിന് വിളിക്കരുത്‌. നാലാംദിവസം കുളിച്ചവളുമായി, ഋതുസ്നാനം കഴിഞ്ഞവളുമായി, രാത്രിയില്‍ സംഭോഗം ചെയ്യണം. അതാണു പണ്ഡിതന്‍ വേണ്ടത്‌. അഞ്ചാം ദിവസം ചേര്‍ന്നാല്‍ അതില്‍ നിന്നുണ്ടാകുന്ന സന്താനം പെണ്ണായിരിക്കും. ആറാംനാളില്‍ ഭോഗംചെയ്താല്‍ ആണ്‍കുട്ടിയുണ്ടാകും. ഈ സംഗതി മനസ്സിലാക്കി ഭാര്യയുമായി ബുദ്ധിമാന്‍ ചേരണം.

ജ്ഞാതികളും, സംബന്ധികളും, മിത്രങ്ങളും, പൂജിക്കേണ്ടവരാണ്‌. ഭൂരിദക്ഷിണമായ യജ്ഞങ്ങള്‍ രാജാക്കള്‍ യഥാശക്തി കഴിക്കണം. പിന്നെ അരണ്യവാസത്തിന് ഒരുങ്ങണം രാജാവേ!

ആയുഷ്കരമായ കര്‍മ്മങ്ങള്‍ ലക്ഷണത്തോടൊപ്പം ഞാന്‍ പറഞ്ഞു രാജാവേ, ഇനി വൃദ്ധജനങ്ങളില്‍ നിന്ന് ത്രൈവിദ്യ അഭ്യസിച്ചു കൊള്ളുക യുധിഷ്ഠിരാ! ആചാരം ഐശ്വര്യകരമാണ്‌. ആചാരം കീര്‍ത്തി വര്‍ദ്ധനമാണ്‌. ആചാരനുഷ്ഠാനം കൊണ്ട്‌ ആയുസ്സ്‌ വര്‍ദ്ധിക്കും. ആചാരം ദോഷത്തെ നശിപ്പിക്കും. എല്ലാ ആഗമങ്ങളിലും ആചാരം ശ്രേഷ്ഠമാണെന്നു പറയുന്നുണ്ട്‌. ആചാരം മൂലമാണ്‌ ധര്‍മ്മം. ധര്‍മ്മം ആയുസ്സിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതു യശസ്യമാണ്‌, ആയുഷ്യമാണ്‌, സ്വര്‍ഗ്യമാണ്‌, ഏറ്റവും സ്വസ്ത്യയനമാണ്‌. എല്ലാ ജ്ഞാതികളിലും ബ്രഹ്മാവ്‌ കനിഞ്ഞു പറഞ്ഞതാണിത്‌.

105. ജ്യേഷ്ഠ കനിഷ്ഠവ്യത്തി - ജൃേഷ്ഠാനുജന്മാര്‍ തമ്മില്‍ എങ്ങനെ പെരുമാറണമെന്ന്‌ - യുധിഷ്ഠിരന്‍ പറഞ്ഞു: ജ്യേഷ്ഠന്‍ അനുജനോട്‌ എങ്ങനെ പെരുമാറണം? അനുജന്മാര്‍ ജ്യേഷ്ഠനില്‍ എങ്ങനെ പെരുമാറണം? അല്ലയോ ഭരതര്‍ഷഭാ! അങ്ങു പറഞ്ഞുതരണേ

ഭീഷ്മൻ പറഞ്ഞു: അല്ലയോ ഭരതര്‍ഷഭാ, നീ നിന്റെ അനുജന്മാരില്‍ ജ്യേഷ്ഠന്റെ ഗൗരവനിലയില്‍ത്തന്നെ നില്ക്കണം! നീ ജ്യേഷ്ഠനാണല്ലോ! ഗുരുവിന്റെ ഗൗരവനില ശിഷ്യരോട്‌ എന്നവിധം അനുജന്മാരോട്‌ നീ പാലിക്കണം! അറിവില്ലാത്ത ശിഷ്യന് ഗുരുവില്‍ വേണ്ടവിധം ആദരവോടെ നില്ക്കുവാന്‍ കഴിയുകയില്ല. ഗുരുവിന്റെ ദീര്‍ഘ ദര്‍ശിത്വം അവന് കാണാന്‍ കഴിയുകയില്ല. അറിവുള്ളവനായ ജ്യേഷ്ഠന്‍ ക്ഷമയുള്ളവനാകണം. അനുജന്‍ അറിവില്ലാതെ ചെയ്യുന്ന അപരാധം കണ്ടില്ലെന്നു വെക്കണം. കണ്ടില്ലെന്നു നടിക്കണം. ജഡനെപ്പോലെയാകണം. അകൃത്യം ചെയ്താല്‍ അതുകൊണ്ടുള്ള ദോഷം നീക്കം ചെയ്യുവാന്‍ ശ്രമിക്കണം. നല്ല ഉപദേശം നല്കി തെറ്റു തിരുത്തണം. ജ്യേഷ്ഠാനുജന്മാര്‍ യോജിച്ചു നടക്കുന്നത്‌ കാണുമ്പോള്‍ അതുമൂലം മനസ്സു തകര്‍ന്ന ചില ശത്രുക്കള്‍ അവര്‍ തമ്മിലുള്ള സൌഹാര്‍ദ്ദം നശിപ്പിക്കുവാന്‍ ശ്രമിക്കും. അല്ലയോ കൌന്തേയാ, അവരുടെ ശ്രീ കണ്ട്‌ ഹൃദയം തപിക്കുന്ന ചിലര്‍ ആ ജ്യേഷ്ഠാനുജന്മാരെ തമ്മില്‍ തെറ്റിക്കുവാന്‍ പണിയെടുക്കും. ജ്യേഷ്ഠന്‍ കൈകാര്യ കര്‍ത്താവാകായാല്‍ കുലം വളര്‍ത്തുവാനും കുലം മുടിക്കുവാനും അവന്‍ വിചാരിച്ചാല്‍ കഴിയും. അനുജനില്‍ ദ്രോഹം ചെയ്തു കൊണ്ടിരിക്കുന്ന ജ്യേഷ്ഠഭ്രാതാവ്‌ ജ്യേഷ്ഠന്റെ സ്ഥാനത്തിന് അര്‍ഹനല്ലാതാകുന്നു. അനുജന്റെ ഭാഗം കൈവശം വെക്കുവാനുള്ള അര്‍ഹതയും അവന് ഉണ്ടാകയില്ല. അങ്ങനെ വരുമ്പോള്‍ ജ്യേഷ്ഠന്‍ രാജാവിനാല്‍ ശാസിക്കപ്പെടുന്നവനാകുന്നു. ആരു തെറ്റു ചെയ്യുന്നുവോ അവന്‍ തീര്‍ച്ചയായും നരകത്തിനു പാത്രമാകും. അവന്‍ ആറ്റുവഞ്ചിയുടെ പൂവു പോലെ അവന്റെ പിതാവിന് പാഴിലായിപ്പോകും. (ആറ്റുവഞ്ചിയുടെ പുവ്‌ ദേവന്മാര്‍ക്ക്‌ ആരാധനയ്ക്ക്‌ പറ്റുകയില്ല). പാപപുരുഷന്‍ ജനിക്കുന്നത്‌ ആ വംശത്തിന് തന്നെ അപമാനകരമാണ്‌, അനര്‍ത്ഥവുമാണ്‌. അവന്‍ അപകീര്‍ത്തിയുണ്ടാക്കും. ഉള്ള കീര്‍ത്തി നശിപ്പിക്കുകയും ചെയ്യും. വികര്‍മ്മസ്ഥരായ സോദരന്മാര്‍ ആരും ഭാഗത്തിന് അര്‍ഹരാകുന്നതല്ല. കനിഷ്ഠന്മാര്‍ക്കു കൊടുക്കാതെ ജ്യേഷ്ഠന്‍ സ്വത്ത്‌ അനുഭവിക്കരുത്. അച്ഛന്റെ മുതലിന്‌ യാതൊരു കോട്ടവും വരുത്താതെ താന്‍ വഴി നടന്നു കാല്‍ കഴച്ച്‌ പ്രയത്നിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ അനുജന് നല്കുവാന്‍ ത്യപ്തിയില്ലെങ്കില്‍ നല്കേണ്ടതില്ല. അച്ഛന്‍ ജീവിച്ചിരിക്കെ മക്കളെല്ലാവരും ചേര്‍ന്ന്‌ അച്ഛനോട്‌ സ്വത്ത്‌ ഭാഗിച്ചു തരുവാന്‍ ആവശ്യപ്പെട്ടാല്‍ പിതാവ്‌ മക്കള്‍ക്ക്‌ എല്ലാവര്‍ക്കും തന്റെസ്വത്ത്‌ സമമായി ഭാഗിച്ചു കൊടുക്കണം. അതില്‍ ഏറ്റക്കുറവു പാടില്ല. ജേഷ്ഠന്‍ പാപവൃത്തി ചെയ്താലും, പുണ്യവാനായാലും, നിന്ദ്യനായി വരികയില്ല. ജ്യേഷ്ഠന്‍ എപ്പോഴും ബഹുമാനിക്കേണ്ടവനാണ്‌. താഴെ ജനിച്ചത്‌ പെണ്ണായാലും ആണായാലും അവര്‍ക്ക്‌ ശ്രേയസ്സെന്തോ അതു ജ്യേഷ്ഠന്‍ ചെയ്യേണ്ടതാണ്‌. ധര്‍മ്മവിത്തുക്കളായ ജനങ്ങള്‍ പറയുന്നു, ശ്രേയസ്സ്‌ ഉണ്ടാക്കുന്നത്‌ ധര്‍മ്മമാണെന്ന്‌. പത്ത്‌ ആചാര്യന്മാര്‍ക്കൊക്കും ഒരു ഉപാദ്ധ്യായന്‍. പത്ത്‌ ഉപാദ്ധ്യായന്മാര്‍ക്കൊക്കും അച്ഛന്‍. പത്ത്‌ അച്ഛന്മാര്‍ക്കൊക്കും അമ്മ. അല്ലെങ്കില്‍ അമ്മ ഈ ഭൂമി ദേവിയെക്കാള്‍ തന്നെ ഉപരിയായി ഗണിക്കപ്പെടണം. ഗുരുത്വം കൊണ്ട്‌ എല്ലാറ്റിലും ഉപരിയായി നില്ക്കുന്നത്‌ അമ്മയാണ്‌. അമ്മയെപ്പോലെ കനപ്പെട്ട ഗുരു വേറെയില്ല. അതു കൊണ്ടു ജനങ്ങള്‍ അമ്മയെ ശ്രേഷ്ഠയായി പരിഗണിക്കുന്നു.

അച്ഛന്‍ മരിച്ചാല്‍ ജ്യേഷ്ഠനെ അച്ഛന് തുല്യമായി ഗണിക്കണം. ജ്യേഷ്ഠന്‍ അനുജന്മാര്‍ക്ക്‌ ജീവിതമാര്‍ഗ്ഗം ഉണ്ടാക്കണം. സഹോദരന്മാരെ ജേഷ്ഠന്‍ സംരക്ഷിക്കണം. എല്ലാ അനുജന്മാരും ജൃേഷ്ഠന്റെ പാട്ടില്‍നിന്ന് ജ്യേഷ്ഠനെ വണങ്ങണം. അച്ഛനെപ്പോലെ കണക്കാക്കി അവനെ പൂജിച്ച്‌ ജീവിക്കണം. ശരീരത്തെ സൃഷ്ടിച്ചവരാണ്‌ ഭാരതാ! മാതാപിതാക്കന്മാര്‍. ആചാര്യന്മാര്‍ ശാസിച്ചു പഠിപ്പിച്ചു നല്കുന്ന ജന്മമാണ്‌ ശരിയായ ജീവിതത്തിന് ഉപയുക്തമാകുന്ന ജന്മം. അതു സതൃമായിട്ടുള്ളതും ജനനമരണങ്ങള്‍ ഇല്ലാത്തതുമാണ്‌.

ജ്യേഷ്ഠത്തിയെ അമ്മയെപ്പോലെ തന്നെ പരിഗണിക്കണം. വിശേഷിച്ചും ബാല്യത്തില്‍ മുല നല്കി വളര്‍ത്തിയ ജ്യേഷ്ഠത്തികള്‍ അമ്മയ്ക്ക്‌ തുല്യരായിത്തന്നെ മാന്യകളാണ്‌.

106. ഉപവാസവിധി - ഓരോ മാസത്തിലും ഓരോ തിഥിയിലും ഉപവസിച്ചാലുള്ള ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാ ജാതിക്കാര്‍ക്കും അപ്രകാരം തന്നെ മ്ലേച്ഛന്മാര്‍ക്കും നോല്‍മ്പു നോല്ക്കുവാനുള്ള താല്‍പര്യം കാണുന്നുണ്ട്‌.. അതിന്റെ കാരണമെന്താണെന്ന്‌ ഞാന്‍ അറിയുന്നില്ല പിതാമഹാ! ബ്രാഹ്മണരും ക്ഷത്രിയരുമാണ്‌ ഈ വ്രതം അനുഷ്ഠിക്കുന്നത്‌ എന്നും കേള്‍ക്കുന്നു. അവര്‍ നോല്‍മ്പു നോറ്റിരിക്കുമ്പോള്‍ എന്താണനുഷ്ഠിക്കുന്നത്‌? മറ്റുള്ളവര്‍ക്കും, എന്തുതരത്തിലുള്ള വ്രതമാണ്‌ മേന്മ നല്കുന്നത്‌? അതും പറഞ്ഞു തരണേ പിതാമഹാ! വ്രതം അനുഷ്ഠിക്കുന്നവന്‍ എന്തു ഗതിയാണ്‌ നേടുക? എത്രയും പുണ്യമായിട്ടുള്ളതാണ്‌ ഉപവാസം. ഉപവാസം ഏറ്റവും ശ്രേഷ്ഠമായ ഒരു ആശ്രയമാണ്‌. അങ്ങനെയുള്ള ഉപവാസത്താല്‍ എന്തു പുണ്യമാണ്‌ മര്‍ത്തൃന് ലഭിക്കുക? അതുകൊണ്ട്‌ എങ്ങനെ അധര്‍മ്മം വിട്ടൊഴിയും? എങ്ങനെ ധര്‍മ്മം ലഭിക്കും? എങ്ങനെ പുണ്യമായ സ്വര്‍ഗ്ഗം അല്ലയോ ഭാരതസത്തമാ, നേടും? നോല്‍മ്പുനോറ്റിട്ട്‌ എന്തു നല്കണം? നരനായകാ! ധര്‍മ്മത്താല്‍ സുഖവും അര്‍ത്ഥവും എങ്ങനെ ലഭിക്കും? പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു. ഇപ്രകാരം പറയുന്ന കുന്തീപുത്രനും ധര്‍മ്മജ്ഞനുമായ ധര്‍മ്മപുത്രനോട്‌ ധര്‍മ്മതത്വജ്ഞനും, ശന്തനുപുത്രനുമായ ഭീഷ്മൻ ഇപ്രകാരം പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: രാജാവേ, വളരെ പുരാതനമായ ഒരു നടപടിയായ ഈ ഉപവാസത്തെപ്പറ്റി ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്‌. അതിന്റെ ശ്രേഷ്ഠമായ ഗുണങ്ങളെ ഞാന്‍ അംഗിരസ്സില്‍ നിന്ന് കേട്ടിട്ടുണ്ട്‌, ഭാരതാ! നീ എന്നോടു ചോദിച്ച മാതിരി ഞാന്‍ ആ മുനിയോടു ചോദിച്ചു. ഞാന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ ഭഗവാനായ അംഗിരസ്സ്‌ പുണ്യമായ ഉപവാസ വിധിയെപ്പറ്റി പറഞ്ഞു.

അംഗിരസ്സ്‌ പറഞ്ഞു: ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും തുടര്‍ച്ചയായി മൂന്നു രാത്രി ഉപവാസം ചെയ്യാമെന്നാണ്‌ വിധിച്ചിട്ടുള്ളത്‌. അപ്രകാരം രണ്ടും മൂന്നും രാത്രിയും ഒരു പകലും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഉപവാസം മൂന്നു രാത്രിയില്‍ കവിഞ്ഞു പോകാന്‍. പാടില്ലെന്നാണ്‌ നിശ്ചയം. വൈശ്യരെയും ശൂദ്രരെയും സംബന്ധിച്ച്‌ ഉപവാസത്തിനുള്ള ദൈര്‍ഘ്യം ഒരു രാത്രി മാത്രമാണ്‌. ചിലര്‍ മോഹം കൊണ്ടു തെറ്റായിട്ട്‌ രണ്ടോ മൂന്നോ രാത്രി ഉപവസിച്ചാല്‍ അവര്‍ക്ക്‌ അതുകൊണ്ട്‌ യാതൊരു ഫലവും സിദ്ധിക്കുന്നതല്ല. വൈശ്യര്‍ക്കും ശൂദ്രര്‍ക്കും രണ്ടു രാത്രി ഉപവസിക്കാം. അതു ചില പ്രത്യേ ക സന്ദര്‍ഭങ്ങളില്‍ മാത്രമേ പാടുള്ളുവെന്നു വിധിച്ചിട്ടുണ്ട്‌. മൂന്നു രാത്രി ഉപവസിക്കുവാന്‍ അവര്‍ക്ക്‌ നിയമത്തില്‍ ധര്‍മ്മജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല. പഞ്ചമിയിലും ഷഷ്ഠിയിലും വെളുത്തവാവു ദിവസവും ഒരിക്കല്‍ ഉപവസിച്ചാല്‍ ജിതാത്മാവും, ജിതേന്ദ്രിയനും ആയവന്‍ ക്ഷമാവാനും, അഴകുള്ളവനും, പ്രാജ്ഞനുമായി ഭവിക്കും. പ്രാജഞനായ അവന്‍ ഒരിക്കലും സന്താനമില്ലാത്തവനോ ദരിദ്രനോ ആകുന്നതല്ല. ദേവകള്‍ക്കു വേണ്ടി പൂജിക്കുന്നവന്‍ പഞ്ചമിയിലും ഷഷ്ഠിയിലും ബ്രാഹ്മണര്‍ക്ക്‌ ഊട്ടുകൊടുക്കണം. അല്ലയോ കൌരവ്യ, കൃഷ്ണപക്ഷത്തില്‍ അഷ്ടമിയിലും, ചതുര്‍ദ്ദശിയിലും ഉപവാസം അനുഷ്ഠിച്ചാല്‍. രോഗം ഇല്ലാത്തവനായി, വീര്യവാനായി, അഭിജാതനായി ഭവിക്കുന്നതാണ്‌. മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ മുഴുവന്‍, ഒരിക്കലെടുത്തവന്‍, ഭക്തിയോടെ വിപ്രരെ ഊട്ടിയവന്‍, എല്ലാ രോഗങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും വിമുക്തനാകും. വ്രതം അനുഷ്ഠിക്കുന്നവന്‍ എല്ലാ മംഗളങ്ങളും തികഞ്ഞവനായി, എല്ലാ ഔഷധികളും ഒത്തവനായി, രോഗങ്ങളില്ലാത്തവനായി, വീര്യവാനായി, അഭിജാതനായി, ഭവിക്കും. കൃഷിയും ധനവും ധാന്യവും വര്‍ദ്ധിച്ചവനായി ഭവിക്കുകയും ചെയ്യാം.

പൌഷ്യമാസം മുഴുവന്‍ ഒരിക്കലെടുക്കുന്നവന്‍ സുഭഗനായി, സുന്ദരാകാരനായി, യശസ്വിയായി ഭവിക്കുന്നതാണ്‌. മാഘമാസം മുഴുവന്‍ ഒരിക്കലെടുത്ത്‌ നിയതനായി കഴിച്ചാല്‍ ശ്രീമത്തായ കുലത്തില്‍ ജ്ഞാതിശ്രേഷ്ഠനായി പിറക്കുന്നതാണ്‌. ഫാല്‍ഗുനമാസത്തില്‍ ഒരിക്കലെടുത്താല്‍ സ്ത്രീകള്‍ക്കു പ്രിയപ്പെട്ടവനാകും. സുന്ദരികളായ സ്ത്രീകള്‍ അവന്റെ അധീനത്തിലാകുന്നതാണ്‌. ചൈത്രമാസം മുഴുവന്‍ ഒരിക്കലെടുത്ത്‌ നിയതനായി ജീവിച്ചാല്‍ മുത്തും പൊന്മണിയും ചേര്‍ന്ന വലിയ കുലത്തില്‍ വന്നു പിറക്കുന്നതാണ്‌. വൈശാഖമാസത്തില്‍ മുഴുവന്‍ ഒരിക്കലെടുത്താല്‍ ജിതേന്ദ്രയനായ അവന്‍ ജ്ഞാതികളില്‍ വെച്ചു മേലെയാകും. സ്ത്രീയായാലും അപ്രകാരമാകും. ജ്യേഷ്ഠമൂലമാസം മുഴുവന്‍ ഒരിക്കലായി കഴിച്ചാല്‍ ആ ആണും പെണ്ണും ശ്രേഷ്ഠരായി ഭവിക്കുന്നതാണ്‌. അതുല്യമായ ഐശ്വര്യം നേടുകയും ചെയ്യും. ആഷാഢമാസം മുഴുവന്‍ ഒരിക്കലായി കഴിച്ചാല്‍ അതിന്ദ്രിതനായ അവന്‍ ധനധാന്യങ്ങള്‍ വര്‍ദ്ധിച്ച്‌ വളരെ സന്താനമുള്ളവനായി ഭവിക്കുന്നതാണ്‌. ഒരുനേരം മാത്രം ഊണുകഴിച്ച്‌ ശ്രാവണമാസം മുഴുവന്‍ വ്രതത്തോടെ. വസിക്കുന്നവന്‍ അതാതിടങ്ങളില്‍ തീര്‍ത്ഥസ്നാനം ചെയ്തു വസിച്ചാല്‍ അവന്‍ ജ്ഞാതികുലത്തില്‍ കീര്‍ത്തിമാനായി ഭവിക്കുന്നതാണ്‌.

പ്രോഷ്ഠപദമാസം മുഴുവന്‍ ഒരിക്കലായി കഴിച്ചാല്‍ അവന്‍ പശുക്കള്‍ വര്‍ദ്ധിച്ചതും നശിക്കാത്തതുമായ ഐശ്വര്യത്തോട് കൂടിയവനാകും - ആശ്വിനമാസം മുഴുവന്‍ വ്രതത്തോടെ ഒരിക്കലെടുക്കുന്നവന്‍ ബാഹ്യാന്തര പരിശുദ്ധി ഉള്ളവനായി വാഹനങ്ങളോടു കൂടി വളരെ സന്താനമുള്ളവനായി ഭവിക്കുന്നതാണ്‌.

കാര്‍ത്തികമാസം മുഴുവന്‍ ഒരിക്കലെടുക്കുന്നവന്‍ ബഹുഭാര്യനായി ശൂരനായി കീര്‍ത്തിമാനായി ഭവിക്കുന്നതാണ്‌. ഇപ്രകാരം ഒരിക്കല്‍വ്രതം എടുക്കുന്ന മാസങ്ങളുടെ ഫലം ഞാന്‍ പറഞ്ഞു. ഭരതര്‍ഷഭാ! ഇനി തിഥി ഫലത്തെയും ഞാന്‍ പറയാം.

ഓരോ പക്ഷവും കഴിഞ്ഞ്‌ ഉണ്ണുന്നവൻ അല്ലയോ ഭരതര്‍ഷഭാ! അവന്‍ ഗോധനാഢ്യനായി വളരെ പുത്രന്മാരോട് കൂടെ ദീര്‍ഘായുഷ്മാനായി ഭവിക്കുന്നതാണ്‌. മാസം തോറും ത്രിരാത്രി മാത്രം ഊണു കഴിച്ച്‌ പന്ത്രണ്ടു വര്‍ഷം ജീവിച്ചാല്‍ ആവിലത കൂടാതെ, ശത്രുക്കളില്ലാതെ, ഗണങ്ങളുടെ അധീശ്വരനായി വിളങ്ങുന്നതാണ്‌. ഈ പറഞ്ഞ നിയമം പത്തുവര്‍ഷം നടത്തണം. പിന്നെ രണ്ടുവര്‍ഷവും നടത്തണം. ഇതാണ്‌ പ്രവൃത്തിയെ നടത്തുന്നവന്‍ ചെയ്യേണ്ടത്‌. കാലത്തും അന്തിക്കും ഊണു കഴിക്കുക, ഇടയ്ക്ക്‌ ഒന്നും കുടിക്കാതിരിക്കുക, അഹിംസാനിരതനായി ജീവിക്കുക, നിത്യവും അഗ്നിയില്‍ ആഹൂതി കഴിക്കുക. അങ്ങനെ ജീവിക്കുന്നവന്‍ നൂറ്റാണ്ടു കൊണ്ടു. സിദ്ധനായിത്തീരുന്നതാണ്‌; അതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഗ്നിഷ്ടോമ മഖത്തിന്റെ ഫലം നേടുന്നതുമാണ്‌. അതില്‍ യാതൊരു സംശയവുമില്ല. നൃത്തഗീതങ്ങള്‍ മുഴങ്ങുന്ന അപ്സരസ്ത്രീകളുടെ ഗൃഹത്തില്‍ അവന്‍ ആയിരം സ്ത്രീകളോടു കൂടി രജസ്സ്‌ ഏല്ക്കാതെ പുണ്യവാനായി സുഖമായി സസന്തോഷം രമിക്കുന്നതാണ്‌. ഉരുക്കിയ സ്വര്‍ണ്ണത്തിന്റെ നിറമുള്ള വിമാനത്തില്‍ക്കയറി ആയിരം വര്‍ഷം തികയുമ്പോള്‍ ബ്രഹ്മലോകത്തില്‍ പൂജ്യനായി വിളങ്ങും. അതു തീര്‍ന്നാല്‍ ഇവിടെ വന്ന്‌ മാഹാത്മ്യം പ്രാപിക്കുകയും ചെയ്യും. ഒരുനേരം മാത്രം ഒരു ദിവസത്തില്‍ ഭക്ഷിച്ച്‌ ഒരു വര്‍ഷം ജീവിച്ചാല്‍ അതിരാത്രം എന്ന മഖത്തിന്റെ ഫലം അവന്‍ പ്രാപിക്കുന്നതാണ്‌. പതിനായിരംവര്‍ഷം അവന്‍ സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനായി വിളങ്ങുകയും ചെയ്യും. അതനുഭവിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ വന്ന്‌ മഹത്വമുള്ള ഒരു ജന്മമെടുക്കുന്നതാണ്‌. നാലാമത്തെ ദിവസം ഒരു ഊണു മാത്രം കഴിക്കുക. അങ്ങനെ ഒരാണ്ട്‌ കഴിച്ചു കൂട്ടുന്ന അഹിംസാനിരതനായ ജിതേന്ദ്രിയന്‍, നിതൃവും സത്യം മാത്രം പറയുന്ന പുരുഷന്‍, വാജപേയമഖത്തിന്റെ ഫലം നേടുന്നതാണ്‌. അവന്‍ പതിനായിരം വര്‍ഷം സ്വര്‍ഗ്ഗലോകത്തില്‍ പൂജ്യനായി ശോഭിക്കുന്നതാണ്‌.

ആറാംനാളില്‍ ഒരു ഊണ് എന്നവിധം വ്രതവാനായി ജീവിക്കുന്നവന്‍ അശ്വമേധയാഗത്തിന്റെ ഫലം നേടുന്നതാണ്‌. അവന്‍ ചക്രവാകങ്ങളെ പൂട്ടിയ വിമാനത്തില്‍ സഞ്ചരിക്കുന്നതാണ്‌. നാല്പതിനായിരം വര്‍ഷം അവന്‍ സ്വര്‍ഗ്ഗത്തില്‍ മോദത്തോടെ വസിക്കുന്നതാണ്‌. എട്ടു ദിവസത്തിനിടയ്ക്ക്‌ ഒരു ഊണ് മാത്രം കഴിച്ച്‌ വ്രതത്തോടെ ജീവിക്കുന്നവന്‍ ഗവാമയമഖത്തിന്റെ ഫലം നേടുന്നതാണ്‌. അരയന്നങ്ങളെ പൂട്ടിയ വിമാനത്തില്‍ക്കയറി അവന്‍ സ്വര്‍ഗ്ഗത്തിലെത്തും. അമ്പതിനായിരം വര്‍ഷം അവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നതാണ്‌. ഒരു പക്ഷത്തില്‍ ഒരു ഊണ് മാത്രം കഴിച്ച്‌ വ്രതമനുഷ്ഠിച്ചു കഴിയുന്നവന്‍ ആറുമാസം അനുഷ്ഠിച്ചാല്‍, സ്വര്‍ഗ്ഗത്തില്‍ അറുപതിനായിരം വര്‍ഷം വസിക്കുമെന്ന്‌ അംഗിരസ്സു മഹര്‍ഷി പറയുന്നു. വേണുവീണാ പല്ലവികളുടെ മധുരമായ സ്വരംകേട്ട്‌ അയാള്‍ ഉണരുന്നതാണ്‌.

ഒരു മാസത്തില്‍ ഒരു പ്രാവശ്യം മാത്രം ജലപാനം ചെയ്ത്‌ ഒരു വര്‍ഷം കഴിച്ചാല്‍ അവന്‍ വിശ്വജിത്ത്‌ എന്ന യജ്ഞം കഴിച്ചവന്റെ ഫലം നേടുന്നതാണ്‌ രാജാവേ! അവന്‍ സിംഹവ്യാഘ്രങ്ങളെ പൂട്ടിയ വിമാനത്തില്‍ കയറി പോകുന്നതാണ്‌. എണ്‍പതിനായിരം വര്‍ഷം അവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നതാണ്‌.

ഒരു മാസത്തിലേറെ കാലം ഉപവാസം വിധിച്ചിട്ടില്ല. അങ്ങനെയാണ്‌ ധര്‍മ്മജ്ഞര്‍ വ്രതത്തിന്റെ മുറകളെപ്പറ്റി വിധിച്ചിട്ടുള്ളത്‌. ദുഃഖങ്ങളും വ്യാധിയുമില്ലാത്തവന്‍ നേല്‍മ്പു നോക്കുന്നതായാല്‍ അടിക്കടിക്ക്‌ യജ്ഞഫലത്തെ നേടുന്നതാണ്‌. അതില്‍ യാതൊരു സംശയവുമില്ല. അരയന്നങ്ങളെ കയറ്റിയ വിമാനത്തില്‍ അവന്‍ വിണ്ണില്‍ക്കയറുകയും ചെയ്യും. നൂറായിരം വര്‍ഷം അവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നതുമാണ്‌. നൂറ്‌ അപ്സരസ്ത്രീകള്‍ അവനെ രമിപ്പിക്കുന്നതുമാണ്‌.

ആര്‍ത്തനോ, രോഗിയോ നോല്‍മ്പു നോല്‍ക്കുന്നതായാല്‍ നുറായിരം വര്‍ഷം അവന്‍ വിണ്ണില്‍ സുഖിക്കുന്നതാണ്‌. കാഞ്ചീനുപുര ശബ്ദം കേട്ടു കിടന്നുറങ്ങി ഉണരുകയും ചെയ്യും. ആയിരം ഹംസങ്ങളെക്കെട്ടിയ വിമാനത്തില്‍ കയറി അവന്‍ പോകുന്നതാണ്‌, അസംഖ്യം സ്ത്രീകളോടു ചേര്‍ന്നു രമിക്കുന്നതുമാണ്‌. ക്ഷയിച്ചാല്‍ അവന്‍ വര്‍ദ്ധിക്കും. മുറിവുകളുണ്ടായാല്‍ ഉണങ്ങുകയും ചെയ്യും. രോഗികള്‍ക്ക്‌ ഔഷധികള്‍ ലഭിക്കും. ക്രുദ്ധനെ പ്രസാദിപ്പിക്കും. ദുഃഖിക്കുന്നവന് അർത്ഥ കാമങ്ങള്‍ കൊണ്ട്‌ അഭിവ്യദ്ധിയുണ്ടാകും. സുഖമേധ സ്വര്‍ഗ്ഗകാമി ആയവന് ഇവ രുചിക്കുകയില്ലെങ്കില്‍ അവന്‍ കാമത്തോടെ സ്വര്‍ണ്ണ വിമാനത്തില്‍ കയറി സ്ത്രീശതങ്ങളോടു ചേര്‍ന്ന്‌ ശുചിയായി രമിക്കുന്നതാണ്‌. സ്വസ്ഥനും സഫല സങ്കല്പനും സുഖിയും കന്മഷമറ്റവനുമായവന്‍ വ്രതം നോറ്റ്‌ ഉടല്‍ വെടിഞ്ഞതിന് ശേഷം ഫലം നേടുന്നതാണ്‌. ബാലാര്‍ക്കശ്രീ പൊൻമയമായ വിമാനത്തില്‍, വൈഡൂര്യ മുത്തുകള്‍ ചേര്‍ന്ന വിമാനത്തില്‍, വീണാമുരജാരവമുള്ള വിമാനത്തില്‍, കോടി ദീപവും ദിവ്യമായ ഘണ്ടാരവവുമുള്ള വിമാനത്തില്‍, ആയിരം സുന്ദരിമാരോടു കൂടിയ വിമാനത്തില്‍, കയറി ആ പുരുഷന്‍ സുഖമായി ക്രീഡിച്ചു രസിക്കുന്നതാണ്‌. അവന്റെ ശരീരത്തില്‍ എത്ര രോമങ്ങളുണ്ടോ, അത്ര ആയിരം വര്‍ഷങ്ങള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നതാണ്‌ രാജാവേ! വേദത്തില്‍ അപ്പുറമായി ഒരു ശാസ്ത്രമില്ല. അമ്മയ്ക്കും മേലെയായി ഒരു ഗുരുവുമില്ല. ധര്‍മ്മത്തെക്കാൾ മേലെയായി ഒരു നേട്ടവുമില്ല. അനശന വ്രതത്തെക്കാള്‍ മീതെയായി ഒരു തപവുമില്ല.

വിപ്രരെക്കാള്‍ മീതെ പുണ്യമായി ഇഹത്തിലും പരത്തിലും മറ്റൊന്നില്ല. നോല്‍മ്പുകള്‍ക്കപ്പുറമായി മറ്റൊരു കര്‍മ്മമായ തപനസ്സുമില്ല. വിധിപ്രകാരം നോല്‍മ്പുകള്‍ നോറ്റിട്ടാണ്‌ ദേവന്മാര്‍ സ്വര്‍ഗ്ഗസ്ഥരായത്‌. ഋഷിമാരും നോല്‍മ്പുകളെടുത്തത് കൊണ്ടു തന്നെയാണ്‌ മുഖ്യമായ സിദ്ധി നേടിയത്‌. ദിവ്യമായ വര്‍ഷസഹസ്രങ്ങള്‍ വിശ്വാമിത്ര മഹര്‍ഷി ഒരൊറ്റ ഊണു മാത്രം കൊണ്ടു കഴിച്ചു. അതുമൂലം വിപ്രത്വവും നേടി. ജമദഗ്നി, ച്യവനന്‍, വസിഷ്ഠന്‍, ഗൌതമന്‍, ഭൃഗു എന്നീ മഹര്‍ഷികളെല്ലാം ക്ഷമാവാന്മാരായി ദേവലോകം പ്രാപിച്ചു.

ഇത്‌ അംഗിരസ്സ്‌ ആദ്യമായി മുനിമാര്‍ക്ക്‌ കാണിച്ചു കൊടുത്തു. ഇതു നിത്യവും പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക്‌ ഒരിക്കലും ദുഃഖമുണ്ടാകുന്നതല്ല.

ഇപ്രകാരം വിധിനിശ്ചയം പോലെ അംഗിരസ്സു മഹര്‍ഷി നടത്തി. ഇത്‌ എപ്പോഴും വായിക്കുകയും കേള്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ആ പുരുഷന്ന്‌ ഒരിക്കലും പാപമേല്ക്കുന്നതല്ല. എല്ലാ സങ്കടങ്ങളും ഒഴിഞ്ഞുപോകും. അവന്റെ ചിത്തത്തില്‍ ഒരിക്കലും അഘം വന്നുപെടുന്നതല്ല. പക്ഷി വര്‍ഗ്ഗത്തില്‍പ്പെട്ടവയുടെ ശബ്ദത്തിന്റെ ആശയമറിയുവാന്‍ അവന് കഴിയും. തീര്‍ച്ചയായും അവന്‍ യശസ്വിയായിത്തീരുകയും ചെയ്യും.

107. ഉപവാസവിധി - ധനികന്മാര്‍ ചെയ്യുന്ന യജ്ഞത്തിന്റെ ഫലത്തിന് തുല്യമായ ഫലം ധനമില്ലാത്തവര്‍ ചെയ്യുന്ന ഉപവാസം കൊണ്ടു ലഭിക്കുമെന്ന്‌ - യുധിഷ്ഠിരന്‍ പറഞ്ഞു: യജ്ഞങ്ങള്‍ എങ്ങനെ ചെയ്യണമെന്നു പിതാമഹന്‍ പറഞ്ഞുവല്ലോ. അവയുടെ ശരിയായ ഫലം ഇഹത്തിലും പരത്തിലും എന്തൊക്കെ ലഭിക്കുമെന്നും അങ്ങ്‌ പറഞ്ഞു. ആ യജ്ഞം ധനമില്ലാത്തവര്‍ക്ക്‌ എങ്ങനെ അനുഷ്ഠിക്കുവാന്‍ കഴിയും? യജ്ഞം ചെയ്യുവാന്‍ വളരെ ഉപകരണങ്ങള്‍ വേണം. പല വസ്തുക്കളും സംഭരിക്കണം. വളരെ വിപുലവും വിസ്തൃതവുമായ കാര്യമാണത്‌. ഇവയൊക്കെ രാജാക്കന്മാര്‍ക്കും രാജപുത്രന്മാര്‍ക്കുമാകാം. അല്ലാതെ നിസ്വന്മാര്‍ക്കും നിര്‍ഗ്ഗുണന്മാര്‍ക്കും കൂട്ടുകാരില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞു കൂടുന്നവരായ ദരിദ്രന്മര്‍ക്കും അതു ചെയ്യുവാന്‍ കഴിയുകയില്ല. ഈ പറയപ്പെട്ട ആളുകള്‍ക്ക്‌ എപ്പോഴും ചെയ്യുവാന്‍ പറ്റുന്ന വിധിയെന്താണ്‌? യജ്ഞത്തിന്റെ ഫലം അവര്‍ക്കു ലഭിക്കുകയും വേണം. അതിന് പര്യാപ്തമായ വല്ല മാര്‍ഗ്ഗവും ഉണ്ടോ പിതാമഹ! പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ! മാര്‍ഗ്ഗമുണ്ട്‌. അംഗിരസ്സു പറഞ്ഞിട്ടുണ്ട്‌. വിധിപ്രകാരം ചെയ്യുന്ന യജ്ഞങ്ങളുടെ ഫലത്തിന് തുല്യമായ ഫലം നല്കുന്ന ഒരു വിധിയുണ്ട്‌. അതു നീ കേള്‍ക്കുക. അത്‌ ഉപവാസവിധിയാണ്‌.

കാലത്തും രാത്രിയിലും ഓരോ നേരം മാത്രം ഊണു കഴിക്കുകയും ഇടനേരം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന അഹിംസാനിരതന്‍ നിത്യവും അഗ്നിക്ക്‌ ആഹുതി കഴിക്കുന്നതിന് തുല്യമായ ഫലം നേടുന്നതാണ്‌. നൂറു വര്‍ഷംകൊണ്ട്‌ അവന്‍ സിദ്ധനായിത്തീരും. അതില്‍ യാതൊരു സംശയവുമില്ല. നല്ലപോലെ ഉരുക്കിയ സ്വര്‍ണ്ണത്തിന്റെ നിറമുള്ള വിമാനം അവന്‍ നേടുന്നതാണ്‌. നൃത്തഗീതം മുഴങ്ങുന്ന, ദിവ്യകളായ സ്ത്രീകള്‍ വസിക്കുന്ന, സ്വര്‍ഗ്ഗത്തില്‍ ഒരു പത്മം വര്‍ഷം വഹ്‌നി തുല്യമായ പ്രാജാപത്യത്തില്‍ അവന്‍ വാഴും. മൂന്നു വര്‍ഷം ഒരു ദിവസം ഒരുനേരം മാത്രം ഭക്ഷണമായി കഴിഞ്ഞാല്‍ ധര്‍മ്മപത്നിയില്‍ മാത്രം രതനായിക്കഴിയുന്ന അവന്‍ നിത്യവും അഗ്നിഹോമഫലത്തെ അനുഭവിക്കുന്നതാണ്‌. ബഹുസുവര്‍ണ്ണം ദക്ഷിണയായി നല്കുന്ന ഇന്ദ്രപ്രീതികരമായ യജ്ഞത്തിന്റെ ഫലം അവനു ലഭിക്കും. സത്യവാനും ദാനശീലനും ബ്രഹ്മണ്യനും അനസൂയകനും ക്ഷാന്തനും ദാന്തനും ജിതക്രോധനുമായ അവന്‍ പരമമായ സല്‍ഗതിയെ പ്രാപിക്കുന്നതാണ്‌. വെള്ളമേഘ തുല്യമായ ഹംസവിമാനത്തില്‍ കയറി രണ്ടു പത്മം വര്‍ഷം അപ്സരസ്സുകളുമായി വാഴുന്നതാണ്‌.

രണ്ടു ദിവസത്തില്‍ ഒരു നേരം മാത്രം ഭക്ഷണംകഴിച്ചു കഴിയുന്നവന്‍ നിത്യവും പന്ത്രണ്ടുമാസം അഗ്ന്യാഹുതി കഴിക്കുന്നവനാകുന്നു; അതിന് തുല്യമായ ഫലം ലഭിക്കുന്നവനാകുന്നു. അഗ്നികാര്യപരനായി നിതൃവും പ്രഭാതത്തില്‍ ഉണരുന്നവന്‍ അഗിഷ്ടോമ മഖത്തിന്റെ ഫലം അനുഭവിക്കും. അവന്‍ അരയന്നങ്ങളെ പൂട്ടിയ വിമാനത്തില്‍ കയറുന്നതാണ്‌. അവന്‍ ഇന്ദ്രലോകത്തില്‍ സുന്ദരിമാരായ അപ്സരസ്ത്രീകളോടു കൂടി വാഴുന്നതാണ്‌.

മൂന്നുദിവസം കൂടുമ്പോള്‍ ഒരു ഊണുമാത്രം കഴിച്ചു ജീവിക്കുന്നവന്‍ എന്നും പന്ത്രണ്ടുമാസം അഗ്ന്യാഹുതി കഴിച്ചവനു തുല്യമായ ഫലം നേടുന്നവനാകുന്നു. അഗ്നികാര്യപരനായി നിത്യവും പ്രഭാതത്തില്‍ ഉണരുന്ന അവന്‍ അതിരാത്രമഖത്തിന്റെ ഉത്തമമായ ഫലം അനുഭവിക്കുന്നതാണ്‌. അവന്‍ മയിലുകളെക്കെട്ടിയ വിമാനത്തെ നേടുന്നതാണ്‌. അവന്‍ അപ്സരസ്സുകളോടു കൂടി സപ്തര്‍ഷിലോകത്തെ പ്രാപിക്കുന്നതാണ്‌, അവന്‍ മൂന്നു പത്മം വര്‍ഷം നിയമത്തോടെ വാഴുന്ന വിഭുവായി ഭവിക്കും.

നാലുദിവസം കൂടുമ്പോള്‍ ഒരു നേരം മാത്രം ഉണ്ട്‌ ജീവിക്കുന്നവന്‍ എന്നും പന്ത്രണ്ടുമാസം അഗ്ന്യാഹുതി കഴിക്കുന്നവനു തുല്യനായിത്തീരും. ആ നരന്‍ വാജപേയ മഖത്തിന്റെ ഫലം നേടുന്നതാണ്‌. ഇന്ദ്രന്റെ കന്യകമാര്‍ കയറുന വിമാനം അവന്‍ നേടും. സാഗരത്തിന്റെ സമീപത്തായി അവന്‍ ഇന്ദ്രലോകത്തു വാഴും. അവന്‍ അവിടെയിരുന്ന്‌ നിത്യവും ദേവരാജാവിന്റെ ലീലകള്‍ കാണും.

അഞ്ചുദിവസം കൂടുമ്പോള്‍ ഒരുനേരം മാത്രം ഊണു കഴിക്കുന്നവന്‍ എന്നും പന്ത്രണ്ട് മാസം അഗ്ന്യാഹുതി കഴിക്കുന്ന പുണ്യവാനായി ഭവിക്കുന്നു. ലോഭം വിട്ടവനും, സത്യം പറയുന്നവനും, ബ്രഹ്മണ്യനും, ഹിംസിക്കാത്തവനും, അനസൂയനും, പാപം ചെയ്യാത്തവനുമായ അവന്‍ വാജപേയ ഫലാഢ്യനാകുന്നു. നിത്യവും ജാംബൂനദമായ (സ്വര്‍ണ്ണ മയം) വിമാനമോ, ഹംസലക്ഷണമുള്ള സൂര്യസമൂഹഭാസ്സായ വെൺ മാടത്തോടു കൂടിയതോ ആയ വിമാനത്തില്‍ കയറുന്നതാണ്‌. നാലു പത്മം വര്‍ഷങ്ങള്‍, പിന്നെ ശരാഗ്നിസംഖ്യകളും വര്‍ഷങ്ങള്‍ സുഖമായി അവന്‍ സ്വര്‍ഗ്ഗ ത്തില്‍ വാഴും.

മൗനവ്രതമെടുത്ത്‌ ആറുദിവസം കൂടുമ്പോള്‍ ഒരു നേരംമാത്രം ഭക്ഷണംകഴിച്ചു ജീവിക്കുന്നവന്‍ എന്നും പന്ത്രണ്ടു മാസം അഗ്ന്യാഹൂതി കഴിക്കുന്നവനാണ്‌. എന്നും ത്രിഷവണ സ്നാനം കഴിക്കുന്നവനും ബ്രഹ്മചര്യനും, അനസൂയകനുമായ അവന്‍ ഉത്തമമായ ഗോമേധ യജ്ഞത്തിന്റെ ഫലം അനുഭവിക്കുന്നവനാകുന്നു. മയിലുകളേയും അരയന്നങ്ങളേയും കെട്ടിയ അഗ്നിജ്വാലാ തുല്യമായ പ്രഭയോടെ അത്യുത്തമവും പൊന്മയവുമായ വിമാനത്തില്‍ അവന്‍ സഞ്ചരിക്കുന്നതാണ്‌. അപ്സരസ്ത്രീ ജനങ്ങളുടെ അങ്കത്തില്‍ക്കിടന്ന്‌ ഉറങ്ങുകയും ഉണരുകയും ചെയ്യും. കാല്‍ച്ചിലമ്പിന്റെ ശബ്ദവും, അരഞ്ഞാണിന്റെ കിലുക്കവും കേട്ട്‌ ഉണരും. അങ്ങനെ ഒരു കോടി ആയിരം വര്‍ഷം മൂന്നൂറു കോടി വര്‍ഷവും, പതിനെട്ടു പത്മവും, രണ്ടു പതാകയും, പിന്നെ നൂറു കരടികള്‍ക്ക്‌ എത്ര രോമങ്ങളുണ്ടോ, അത്രയും വര്‍ഷം അവന്‍ ബ്രഹ്മലോകത്തു പൂജ്യനായി വസിക്കുന്നതാണ്‌.

ഏഴു ദിവസം കൂടുമ്പോള്‍ ഒരു ദിവസം മാത്രം ഭക്ഷണം കഴിക്കുന്നവന്‍ എന്നും പന്ത്രണ്ടുമാസം അഗ്നിയില്‍ ആഹുതി ചെയ്യുന്ന പുണ്യവാനായിത്തീരുന്നു. അവന്‍ സരസ്വതീഗുപ്തിയുള്ളവനും, ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവനും പൂവ്‌, കുറിക്കൂട്ട്‌, മദ്യം, മാംസം, ഇവയൊക്കെ വിട്ടൊഴിക്കുന്നവനുമായി മരുത്തുക്കളുടെ ലോകത്തും ഇന്ദ്രലോകത്തും ചെന്നെത്തുന്നതാണ്‌. അതാതിടങ്ങളില്‍ അവര്‍ സിദ്ധാര്‍ത്ഥരായി ദേവകന്യകമാരുടെ പൂജയേല്ക്കുന്നതാണ്‌. വളരെ സ്വര്‍ണ്ണം നല്കി ചെയ്യുന്ന യജ്ഞത്തിന്റെ ഫലം നേടുകയും ചെയ്യും. വളരെയേറെ വര്‍ഷങ്ങള്‍ ദിവൃലോകങ്ങള്‍ തോറും സുഖിക്കുന്നതാണ്‌.

ക്ഷമയോടുകൂടി എട്ടുദിവസം എത്തുമ്പോള്‍ ഒരുനേരം മാത്രം ഊണുകഴിച്ച്‌ ഉപവാസമനുഷ്ഠിക്കുന്ന പുരുഷന്‍, ദേവകാര്യപരനും നിത്യവും അഗ്നിയില്‍ ആഹുതി ചെയ്യുന്നവനുമായ പുരുഷന്‍, പുണ്ഡരീകയജഞത്തിന്റെ ഫലം നേടുന്നതാണ്‌. അവന്‍ താമരപ്പുനിറമുള്ള വിമാനത്തില്‍ സഞ്ചരിക്കും. കറുത്തതും സ്വര്‍ണ്ണനിറമുള്ളതുമായ ശ്യാമകളായ സ്ത്രീകളെ, വയസ്സ്‌, രൂപം, വിലാസം, എന്നിവയോടു കൂടിയ സുന്ദരിമാരെ, അവന്‍ തീര്‍ച്ചയായും നേടുന്നതാണ്‌.

ഒൻപതു ദിവസം ഉപവസിച്ച്‌ ഒരു നേരംമാത്രം ഊണു കഴിച്ച്‌ വ്രതത്തോടെ ജീവിക്കുന്നവന്‍ എന്നും പന്തീരാണ്ട്‌ അഗ്ന്യാഹൂതി കഴിക്കുന്നവനാണ്‌. അവന്‍ ഉത്തമമായ അശ്വമേധത്തിന്റെ ഫലം പ്രാപിക്കുന്നതാണ്‌. അവന്‍ പുണ്ഡരീകാഭയോടുകൂടിയ വിമാനം നേടുന്നതാണ്‌. ദീപാര്‍ക്കാഗ്നി പ്രഭകളായി ദിവ്യമായ മാലയണിഞ്ഞ രുദ്രകനൃകമാര്‍ സനാതനമായ സ്ഥാനത്ത്‌ അവനെ എത്തിക്കുന്നതാണ്‌. പതിനെണ്ണായിരം കല്പവര്‍ഷവും ഒരു കോടിയും നൂറായിരം വര്‍ഷവും അവന്‍ ആ ലോകം തോറും സഞ്ചരിക്കും.

പത്തുദിവസം ചെല്ലുമ്പോള്‍ ഒരു ഊണുമാത്രം കഴിച്ച്‌ അങ്ങനെ ഒരു വര്‍ഷംകഴിച്ച്‌ എന്നും പന്തീരാണ്ട്‌ അഗ്ന്യാഹുതി ചെയ്യുന്നതായാല്‍ അവന്‍ എല്ലാവരുടേയും ഹൃദയം കവരുന്ന ബ്രഹ്മകന്യകമാരുടെ ഗൃഹത്തില്‍ ചെന്നെത്തുന്നതാണ്‌. ആയിരം അശ്വമേധം ചെയ്തതിന്റെ പുണ്യഫലം അവന്‍  നേടുകയും ചെയ്യുന്നതാണ്‌. യാതൊരു സംശയവുമില്ല. സുന്ദരിമാരായ കനൃകമാര്‍ അവനെ രമിപ്പിക്കുകയും ചെയ്യും. നീലോല്‍പലനിറത്തിലും ചെന്താമര നിറത്തിലുമുള്ള വിമാനം വട്ടത്തില്‍ ചുറ്റിച്ചുറ്റി ഗഹനമായ. ആകാശത്തില്‍ പറന്ന്‌ കടല്‍ത്തീരത്തു വന്നുചേരുന്ന ഉത്തമ വിമാനം അയാള്‍ നേടും. വിചിത്രമായ മണിമാല്യങ്ങളോട് കൂടിയതും, ശംഖനാദ വിനാദിതമായതും വജ്രസാരമായ സ്ഫടികത്തൂണുള്ളതും, വേദികൊണ്ട്‌ മനോഹരമായതുമായ മഹായാനത്തില്‍ അവന്‍ കയറുന്നതാണ്‌. അവന്‍ ഒരു കോടി നൂറായിരം വര്‍ഷം വിണ്ണില്‍ മോദിക്കുന്നതാണ്‌. പതിനൊന്നാമത്തെ ദിവസം വന്നാല്‍ ആ നരന്‍ ഹവിസ്സ്‌ ഉണ്ണുന്നതാണ്‌. എന്നും പന്ത്രണ്ടുമാസം അഗ്നിയെ ആഹുതി ചെയ്യുന്നവനായി കഴിഞ്ഞാല്‍, മനസ്സുകൊണ്ടും വാക്കുകൊണ്ടും അന്യസ്ത്രീകളെ കാമിക്കാത്ത പുരുഷന്‍, അമ്മയോടും അച്ഛനോടും വ്യാജം പറയാത്ത പുരുഷന്‍, മഹാബലനായി വിമാനത്തില്‍ സ്ഥിതി ചെയ്യുന്ന മഹാദേവന്റെ മുമ്പില്‍ ചെന്നെത്തുന്നതാണ്‌. അവന്‍ ആയിരം അശ്വമേധം ചെയ്ത പുണ്യഫലം നേടുന്നതാണ്‌. സ്വയംഭൂവിന്റെ വിമാനവും അവന്‍ കാണുന്നതിന്നിടയാകും. ചന്തം ചിന്തുന്ന സ്വര്‍ണ്ണമേനികളായ കന്യകമാര്‍ അവനെ സ്വര്‍ഗ്ഗത്തില്‍ കൂട്ടിക്കൊണ്ടു പോകുന്നതാണ്‌. രുദ്രന്മാരുടെ ദിവ്യവും മനോഹരവുമായ ഗൃഹത്തില്‍ പ്രളയാഗ്നി സമപ്രഭനായി അനന്തകാലം കോടിയും നൂറായിരവും പത്തുകോടിയും നൂറും വര്‍ഷം രുദ്രനെ കുമ്പിട്ടു നിതൃവും ദേവദാനവസമ്മതനായി ദിവസം തോറും ശിവനെ കണ്ടുകൊണ്ട്‌ ദേവദാനവരോടുകൂടി സ്വര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ സാധിക്കുന്നതാണ്‌.

പന്ത്രണ്ടു ദിവസം ഉപവാസവ്രതമെടുത്ത്‌ ഹവിസ്സ്‌ പാരണയായി കഴിക്കുന്നവന്‍ എന്നും പന്ത്രണ്ടു മാസവും എല്ലാ യാഗവും കഴിച്ചവന്റെ പുണൃഫലം നേടുന്നതാണ്‌. ദ്വാദശാദിത്യന്മാര്‍ വഹിക്കുന്ന വിമാനത്തില്‍ അവന്‍ കയറി സഞ്ചരിക്കുന്നതാണ്‌. വിലപിടിച്ച മുത്തും പവിഴവും രത്നവും പതിച്ചതും, ഹംസമാലകള്‍ ചുഴന്നു വിളങ്ങുന്നതും, നാഗവീഥിയോട് കൂടിയതും ചക്രവാകങ്ങളും മയിലുകളും ശബ്ദിക്കുന്നതും വളരെ തട്ടുകളോട് കൂടിയതും ബ്രഹ്മലോകത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതും നിത്യവും നാരിമാരും നരന്മാരും വസിക്കുന്നതുമായ വാഹനം അവന് ലഭിക്കുന്നതാണെന്ന്‌ മഹാഭാഗനും ധാര്‍മ്മികനുമായ അംഗിരസ്സു മഹര്‍ഷി പറയുന്നു.

പതിമ്മൂന്ന് ദിവസം ഉപവസിച്ചതിന് ശേഷം ഹവിസ്സ്‌ ഉണ്ണുന്നവന്‍ എന്നും പന്ത്രണ്ടു മാസവും ദേവസത്രഫലം അനുഭവിക്കുന്നവനാകും. രക്തപത്മോദയാഖ്യാന വിമാനം അവന്‍ നേടുന്നതാണ്‌. സുവര്‍ണ്ണമയമായി, രത്നസഞ്ചയങ്ങള്‍ അണിഞ്ഞ്‌ ശോഭിക്കുന്ന ദേവകന്യകമാരോട് കൂടിയത്‌, ദിവ്യാഭരണ ഭൂഷിതവും, പുണ്യഗന്ധം പൂണ്ടതും, ദിവൃമായവ്യന്മാര്‍ ചേര്‍ന്നതും, രണ്ടു ദിവൃശങ്കു പതാകങ്ങള്‍ (അനേകം ദിവ്യവത്സരങ്ങളുടങ്ങിയ സംഖ്യ) യുഗാന്തങ്ങള്‍ കല്പങ്ങള്‍ ഇവയുടെ ദീര്‍ഘമായ വത്സരങ്ങള്‍, അയുതായുത പത്മവര്‍ഷങ്ങള്‍, സ്വര്‍ഗ്ഗത്തില്‍ അധിവസിക്കും. ഗീതവും, ഗന്ധര്‍വ്വ ഘോഷങ്ങളും ഭേരീനാദവും, പ്രണവനാദവും ചേര്‍ന്ന്‌ ആഹ്‌ളാദിച്ച്‌ ആ വിമാനത്തില്‍ ദേവകന്യകമാര്‍ അവനെ ഇരുത്തി പൂജിക്കുന്നതാണ്‌.

പതിനാല് ദിവസം ഉപവസിച്ച്‌ പാരണയ്ക്കായി  ഹവിസ്സുണ്ണുന്ന പുരുഷന്‍ എന്നും പന്ത്രണ്ടു മാസവും മഹാമേധയാഗം ചെയ്ത ഫലം അനുഭവിക്കുന്നതാണ്‌. അനുപമമായ സൗന്ദരൃവും യൗവനവും ചേര്‍ന്ന സുന്ദരികളായ സുരകന്യകമാര്‍ മിന്നുന്ന തോള്‍വളകൾ അണിഞ്ഞ്‌ അവന്റെ സമീപത്തേക്ക്‌ വിമാനത്തില്‍ എത്തുന്നതാണ്‌. അരയന്നസ്വരം ചേര്‍ന്നതും, കാല്‍ച്ചിലമ്പൊച്ച ചേര്‍ന്നതും, കാഞ്ചീരവം ചേര്‍ന്നതുമായ സുന്ദരികള്‍ അവനെ അതാതിടത്ത്‌ ഉണര്‍ത്തുന്നതാണ്‌. ദേവകന്യകകള്‍ പാര്‍ക്കുന്ന അതില്‍ ആ നരന്‍ ഗംഗയിലെ മണല്‍ത്തരികള്‍ എത്രയുണ്ടോ, അത്ര വര്‍ഷം സ്വര്‍ഗസുഖമനുഭവിച്ച്‌ പാര്‍ക്കുന്നതാണ്‌.

ഒരു പക്ഷം മുഴുവന്‍ ഉപവസിച്ച്‌ ഊണു കഴിക്കുന്ന ജിതേന്ദ്രിയനായ പുരുഷനെ എന്നും പന്ത്രണ്ടു മാസവും അഗ്നിയില്‍ ആഹുതി ചെയ്യുന്നവനായി പരിഗണിക്കുന്നതാണ്‌. അവന്‍ ആയിരം രാജസൂയം ചെയ്ത ഉത്തമഫലം നേടുന്നതാണ്‌. മയിലും അരയന്നവും വസിക്കുന്ന ദിവ്യമായ വിമാനത്തില്‍ അവന്‍ സഞ്ചരിക്കും. മണികുണ്ഡലമുള്ളതും, സ്വര്‍ണ്ണം പതിച്ചതും, മനോഹരമായതും, ദിവ്യാഭരണ ഭാസ്സോടു കൂടിയതും, പരസ്ത്രീജനങ്ങളാല്‍ ശോഭിക്കുന്നതും, ഒറ്റത്തൂണുള്ളതും, നാലു വാതിലും, ഏഴ്‌ നിലയുള്ളതും ആയിരം കൊടികള്‍ പാറിക്കളിക്കുന്നതും, ശീതസ്വനങ്ങളുടെ മധുരശബ്ദം മുഴങ്ങുന്നതും, ദിവ്യവും, ദിവൃഗുണം ചേര്‍ന്നതും, പവിഴവും, രത്നങ്ങളും, മുത്തുമണികളും ചേര്‍ന്നതും, മിന്നല്‍ പോലെ ശോഭിക്കുന്നതുമായ വിമാനത്തില്‍ അവന്‍ കയറുന്നതാണ്‌. അവന്‍ ആയിരം യുഗം ഖള്‍ഗകുഞ്ജരവാഹനനായി പാര്‍ക്കുന്നതാണ്‌.

പതിനാറു ദിവസം ഉപവസിച്ച്‌ ഒരു പ്രാവശ്യം മാത്രം ആഹാരം കഴിച്ച്‌ ജീവിക്കുന്നവന്‍ എന്നും പന്ത്രണ്ടു മാസം സോമയജ്ഞം കഴിച്ച ഫലം നേടുന്നതാണ്‌. സൗമ്യമായ ഗന്ധവും അനുലേപവും ധരിച്ച്‌ അവന്‍ ആഗ്രഹിക്കുന്ന

ഗതിയെ പ്രാപിക്കുന്നതാണ്‌. കണ്ടാല്‍ നല്ല അഴകൊഴുകുന്ന ശ്രേഷ്ഠകളായ നാരിമാരോടു കൂടി വിമാനത്തില്‍ വസിച്ച്‌, അര്‍ച്ചനയേറ്റ്‌, കാമഭോഗങ്ങള്‍ക്ക്‌ അര്‍ഹനായിത്തീരുന്നതാണ്‌. പിന്നെ പത്മശതം വര്‍ഷങ്ങള്‍ പത്തും മഹാകല്പവും നാലുവട്ടം സ്വര്‍ഗ്ഗത്തില്‍ അവന്‍ വാഴുന്നതാണ്‌. പതിനേഴാം ദിവസം ഹവിസ്സുമുണ്ട്‌ ഉപവാസം അവസാനിപ്പിക്കുന്ന പുരുഷന്‍ എന്നും പന്ത്രണ്ടു മാസങ്ങള്‍ അഗ്നിയില്‍ ആഹൂതി കഴിക്കുന്നവന്റെ ഫലം അനുഭവിക്കുന്നതാണ്‌. അവന്‍ വരുണന്റെയും ഇന്ദ്രന്റെയും രുദ്രന്റെയും സ്ഥാനത്തെ പൂകുന്നതാണ്‌. മാരുതവും, ഔശനസവും, ബ്രഹ്മവുമായ ലോകങ്ങള്‍ പൂകുന്നതാണ്‌. അവിടെ ദിവ്യമായ ആസനത്തില്‍ വാണ്‌ ദേവകന്യകമാരുടെ ശുശ്രൂഷ ഏൽക്കുന്നതാണ്‌. ഭൂര്‍ഭുവവും വിശ്വരൂപനായ ദേവര്‍ഷിയേയും അവന് കാണുവാന്‍ കഴിയുന്നതാണ്‌. അവിടെ അവനെ ദേവകുമാരികള്‍ മുപ്പത്തിരണ്ടു പേര്‍ ചന്തത്തില്‍ അലങ്കരിച്ചു വന്ന്‌ രമിപ്പിക്കുന്നതാണ്‌. ചന്ദ്രനും, ആദിത്യനും നഭസ്സില്‍ എത്ര കാലത്തോളം ചുറ്റുന്നുവോ, അത്രകാലത്തോളം അവന്‍ അമൃത് പാനം ചെയ്ത്‌ ദേവലോകത്തു പാര്‍ക്കുന്നതാണ്‌.

പതിനെട്ടു ദിവസം ഉപവാസമെടുത്ത്‌ പാരണ കഴിക്കുന്നവന്‍ എന്നും, പന്ത്രണ്ട്‌ മാസവും സപ്തലോകങ്ങളെയും കാണുന്നതാണ്‌. അവന് പിന്‍തുണയായി നന്ദിഘോഷത്തോടു കൂടിയ തേരുകള്‍ ഉണ്ടാകുന്നതാണ്‌. അവയില്‍ ദേവകന്യകമാര്‍ കയറി ശോഭയോടെ ചമഞ്ഞിരുന്ന്‌ അകമ്പടി സേവിക്കുന്നതാണ്‌. പുലികളെയും സിംഹങ്ങളെയും പൂട്ടി മേഘനാദത്തോടെ പായുന്ന ദിവ്യമായ വിശേഷപ്പെട്ട വിമാനത്തില്‍ അവര്‍ കയറുന്നതാണ്‌. അങ്ങനെയുള്ള വിമാനത്തില്‍ നിതൃ യൌവനയുക്തരായ ദേവകന്യകമാരോട് കൂടി ആയിരം കല്പവര്‍ഷം വസിക്കുന്നതായിരിക്കും. അവന്‍ അമ്യതോപമവും ഉത്തമവുമായ സുധാരസം ഭുജിക്കുന്നതാണ്‌.

പത്തൊമ്പത് ദിവസം ഉപവസിച്ച്‌ പാരണ കഴിക്കുന്നവന്‍ എന്നും, പന്ത്രണ്ട്‌ മാസവും, ഏഴുലോകവും കാണുന്നതാണ്‌. അവന്‍ അപ്സരസ്ത്രീകളോട് കൂടി ഉത്തമമായ സ്ഥാനവും നേടുന്നതാണ്‌. ഗന്ധര്‍വന്മാര്‍ പാട്ടുപാടുന്ന സൂര്യസന്നിഭമായ വിമാനത്തില്‍ ദേവസ്ത്രീകളോടു കൂടി സസുഖം മോദിക്കുന്നതാണ്‌. ദിവ്യാബരം ധരിച്ച്‌ ശ്രീമാനായി നൂറുനുറു സഹസ്രം വര്‍ഷം മോദിക്കുന്നതാണ്‌.

ഇരുപതു ദിവസം ഉപവാസമെടുത്ത്‌ ഒരു പ്രാവശ്യം ഉണ്ണുന്ന വ്രതം എടുക്കുന്നവന്‍ എന്നും സത്യവാദിയും ദൃഢവ്രതനുമായവന്‍, മാംസം ഭക്ഷിക്കാത്തവനും ബ്രഹ്മചാരിയുമായി സര്‍വ്വഭൂതഹിതവും നോക്കുന്ന  പുരുഷന്‍, വലിയ മാഹാത്മൃമുള്ള ആദിതൃലോകത്തില്‍ ചെന്നെത്തുന്നതാണ്‌. ദിവ്യമാല്യങ്ങളും അനുലേപനങ്ങളും ധരിച്ച ഗന്ധര്‍വ്വാപ്സരസ്ത്രീകള്‍ നല്ല സ്വര്‍ണ്ണവിമാനങ്ങളില്‍ കയറി അവനെ പിന്തുടരുന്നതാണ്‌; അകമ്പടി സേവിക്കുന്നതാണ്‌.

ഇരുപത്തൊന്നുദിവസം ഉപവസിച്ച്‌ ഒരു ഊണ്‌ ഉണ്ണുന്നവന്‍ എന്നും, പന്ത്രണ്ടു മാസവും അഗ്നിയില്‍ ആഹുതി ചെയ്യുന്നവനായി ഭവിക്കുന്നു. അതിന്റെ പുണ്യം നേടുന്നു. അവന്‍ ദിവ്യമായ ഉശനസ്സിന്റെ ലോകവും ശക്രന്റെ ലോകവും പ്രാപിക്കുന്നതുമാണ്‌. മരുത്തുക്കളുടെയും അശ്വികളുടെയും സ്ഥാനത്തിലെത്തുന്നതുമാണ്‌. സുഖാഭിരതനായിത്തീരുകയും ചെയ്യും. അവന്‍ ദുഃഖങ്ങള്‍ അറിയാതെ മഹത്തായ വിമാനത്തില്‍ കയറി വാഴും. അമരന്മാരെപ്പോലെ വരസ്ത്രീകളാല്‍ സേവിക്കപ്പെട്ട്‌ പ്രഭുവായി ക്രീഡിക്കുന്നതാണ്‌.

ഇരുപത്തിരണ്ടു ദിവസം ഉപവാസമെടുത്ത്‌ ഒരു പ്രാവശ്യം ഭക്ഷണം കഴിച്ച്‌ വ്രതം എത്തിക്കുന്നവന്‍ എന്നും, പന്ത്രണ്ടു മാസം, അഗ്നിക്ക്‌ ആഹുതി ചെയ്തവനായി പരിഗണിക്കുന്നതാണ്‌. അഹിംസാനിരതനും, ധീമാനും സത്യവാക്കും, അനസൂയകനുമായ അവന്‍ ദിവ്യകര സമപ്രഭനായി വസുലോകത്ത്‌ എത്തുന്നതാണ്‌. സുധാശനും കാമചാരിയും ശ്രേഷ്ഠമായ വിമാനത്തില്‍ ഇരുന്ന്‌ ദിവ്യാഭരണഭൂഷിതമാരായ ദേവിമാരോടു ചേര്‍ന്ന്‌ രമിക്കുന്നതാണ്‌. ഇരുപത്തിമൂന്നു ദിവസം ഉപവസിച്ച്‌ ഒരിക്കല്‍ ഭക്ഷണം കഴിക്കുന്ന വ്രതം എന്നും, പന്ത്രണ്ടു മാസവും, എടുത്തവന്‍ മിതാഹാരനും ജിതേന്ദ്രിയനുമായി പരിഗണിക്കുന്നതാണ്‌. അവന്‍ വായുലോകത്തും, ശുക്രലോകത്തും, രുദ്രലോകത്തും ചെന്നെത്തുന്നതാണ്‌. കാമചാരനും കാമഗനും അപ്സരസ്ത്രീ ഗണാര്‍ച്ചിതനുമായി അനേകം യുഗങ്ങള്‍ ശ്രേഷ്ഠമായ വിമാനങ്ങളില്‍ സഞ്ചരിച്ച്‌, ദിവ്യാഭരണങ്ങളണിഞ്ഞ ദേവിമാരോടു കൂടി രമിക്കുന്നതാണ്‌.

ഇരുപത്തിനാലു ദിവസം ഉപവസിച്ച്‌ ഹവിസ്സ്‌ അശിക്കുന്ന വ്രതവാനും എന്നും പന്ത്രണ്ടു മാസവും അഗ്നിയില്‍ ആഹുതി ചെയ്യുന്നവനും ആദിത്യന്മാര്‍ക്കുള്ള ലോകത്തില്‍ സന്തോഷത്തോടെ തീര്‍ച്ചയായും പാര്‍ക്കുന്നതാണ്‌. ദിവ്യമായ മാല്യവും അംബരവും ചാര്‍ത്തി, ദിവ്യമായ ഗന്ധം അനുലേപനം ചെയ്ത്‌, അന്നങ്ങളെപ്പൂട്ടിയ ദിവ്യമായ സ്വര്‍ണ്ണവിമാനത്തില്‍ കയറി ആയിരം ദേവകന്യകമാരോടു കൂടി ഗമിക്കുന്നതാണ്‌.

ഇരുപത്തഞ്ചുദിവസം ഉപവാസമെടുത്ത്‌ പാരണയായി ഹവിസ്സ് കഴിക്കുന്നവന്‍ പന്ത്രണ്ടു മാസവും പുഷ്കലം എന്ന വിമാനത്തില്‍ കയറുന്നതാണ്‌. സിംഹവ്യാഘ്രങ്ങളെ പൂട്ടിയതും, മേഘസ്വനമുള്ളതും, നന്ദിഘോഷം മുഴങ്ങുന്നതുമായ തേരുകള്‍ അവനെ അകമ്പടി സേവിക്കുന്നതാണ്‌. അവയില്‍ സ്വര്‍ണ്ണനിറമുള്ള ദേവകന്യകള്‍ കൂടെ അവന് അകമ്പടിയായി പോകുന്നതാണ്‌. അഴകേറിയ മുഖ്യമായ വിമാനത്തില്‍ അവന്‍ ദേവലോകത്ത്‌ സഞ്ചരിക്കുന്നതാണ്‌. അസംഖ്യം സുന്ദരികളുമായി ക്രീഡിച്ച്‌ ആയിരം കല്പവര്‍ഷങ്ങള്‍ അവിടെ വസിക്കും. അമൃതതുല്യമായ മുഖ്യസുധാരസം പാനം ചെയ്യുന്നതാണ്‌.

ഇരുപത്താറുദിവസം വ്രതമെടുത്ത്‌ ഒരു നേരം ഈണു കഴിക്കുന്ന പുരുഷന്‍ എന്നുംപന്ത്രണ്ടു മാസവും നിയതനും നിയതാശനനുമായി, ജിതേന്ദ്രിയനായി, വീതരാഗനായി, അഗ്ന്യാഹൂതി കഴിക്കുന്നവനായി, മഹാഭാഗനായി, അപ്സരസ്ത്രീകളോട് കൂടി ഏഴു മരുത്തുക്കളുടെ ലോകവും വസുലോകവും പ്രാപിക്കുന്നതാണ്‌. ദിവൃവും, സ്ഫടികവും രത്നാഢ്യവുമായ വിമാനത്തില്‍ കയറി അപ്സരസ്സുകളാലും ഗന്ധര്‍വ്വന്മാരാലും പൂജിതനായി അവന്‍ മോദത്തോടെ, ദിവ്യമായ തേജസ്സോടെ, ദിവ്യമായ രണ്ടായിരം വര്‍ഷം സുഖിക്കുന്നതാണ്‌.

ഇരുപത്തേഴുദിവസം ഉപവസിച്ച്‌ ഒരുനേരം ഊണു കഴിക്കുന്നവന്‍ എന്നും പന്ത്രണ്ടു മാസം അഗ്നിയില്‍ ആഹുതി ചെയ്തവനായി ഭവിക്കുന്നതാണ്‌. വലിയ ഫലം അവന് ലഭിക്കും. അവന്‍ ദേവലോകത്തു പുജ്യനായിത്തീരും. അമൃതം ഭുജിക്കുന്നവനായി തൃഷ്ണ വെടിഞ്ഞ്‌ മോദിക്കും. ദേവര്‍ഷിമാരുടെ ചരിതം കേട്ട്‌ രാജാവേ, രാജര്‍ഷിമാര്‍ വസിക്കുന്ന ദിക്കില്‍ ദിവ്യാത്മാവായി വസിക്കുന്നതാണ്‌. ശ്രേഷ്ഠമായ വിമാനത്തില്‍ കയറി സഞ്ചരിക്കുകയും ചെയ്യും. അവന്‍ മദനപരവശനായി മനസ്സു രമിപ്പിക്കുന്ന സുന്ദരികളുമായി രമിച്ച്‌ ഒരു മുവ്വായിരം കല്പ കാലം അവിടെ സുഖമായി പാര്‍ക്കും.

ഇരുപത്തെട്ടുദിവസം ഉപവസിച്ച്‌ ആഹാരം കഴിക്കുന്ന പുരുഷന്‍ എന്നും പന്ത്രണ്ടു മാസവും  ജിതാത്മാവായി, ജിതേന്ദ്രിയനായി, വസിച്ചവനാകും. പിന്നെ ദേവര്‍ഷികള്‍ക്കുള്ള ഫലം പ്രാപിക്കുകയും ചെയ്യും. സൂര്യപ്രഭനായി, അവന്‍ ഭോഗവാനായി, തേജസ്വിയായി, ശുദ്ധനായി, ഭവിക്കും. സുകുമാരികളായ സ്ത്രീകളോട് ചേര്‍ന്ന്‌ അവന്‍ രമിക്കുന്നതാണ്‌.

തടിച്ച കൊങ്കകളും തടിച്ച നിതംബങ്ങളുമുള്ള സുന്ദരികള്‍ ദിവ്യാഭരണങ്ങളണിഞ്ഞ്‌ ഇഷ്ടംപോലെ അവനെ രമിപ്പിക്കുന്നതാണ്‌. അവര്‍ കാമഗവും മനോഹരവും, സൂര്യപ്രഭവുമായ വിമാനത്തില്‍ കയറി ആയിരം കല്പം വര്‍ഷം സുഖിക്കുന്നതാണ്‌.

ഇരുപത്തൊമ്പതു ദിവസം ഉപവസിച്ച്‌ ഉണ്ണാത്തവന്‍ എന്നും പന്ത്രണ്ടു മാസവും സത്യവ്രത പരായണനായി വര്‍ത്തിച്ചവനാകും. അവന്‍ ദേവര്‍ഷി സംപുജ്യമായ ദിവ്യലോകത്തിലെത്തും. ദിവ്യവും, സുര്യേന്ദു തുല്യവുമായി ശോഭിക്കുന്ന വിമാനത്തില്‍ കയറി വാഴുന്നതാണ്‌. സന്നദ്ധമായി, കാഞ്ചനമയമായി, സര്‍വ്വരത്ന വിഭൂഷിതമായി അപ്സരസ്ത്രീ ഗണങ്ങള്‍ തിങ്ങി ഗന്ധര്‍വ്വ ജനനാദത്തോടെ ശുഭകളായ സ്ത്രീകള്‍, ദിവ്യാഭരണങ്ങള്‍ ധരിച്ച്‌ മദംപൂണ്ട്‌ അഴകാര്‍ന്ന സുന്ദരികള്‍, അവനെ രമിപ്പിക്കുന്നതാണ്‌. ഭോഗവാനും അതിതേജസ്വിയും, അഗ്നി സദൃശ്യ പ്രഭനും, ദിവ്യനുമായ അവന്‍ ദിവ്യമായ ശരീരമെടുത്ത്‌ അമരതുല്യനായി ശോഭിക്കുന്നതാണ്‌. വസുക്കള്‍ സാദ്ധ്യന്മാര്‍, അശ്വികള്‍, മരുത്തുക്കള്‍, രുദ്രന്മാര്‍ എന്നിവരുടെ ലോകവും പിന്നെ ബ്രഹ്മലോകവും അവന്‍ പ്രാപിക്കുന്നതാണ്‌.

ഒരു മാസം അനശന വ്രതമെടുത്തു. പിന്നെ ഉണ്ണുന്ന ശമാത്മാവ്‌ എന്നും പന്ത്രണ്ടു മാസവും ബ്രഹ്മലോകത്തു പുണ്യവാനായി വിലസും. അവന്‍ അവിടെ സുധാരസം പാനം ചെയ്യും, ശ്രീമാനും സര്‍വ്വമനോഹരനുമാകും. തേജോലക്ഷ്മിയുള്ള വപുസ്സോടെ സൂര്യനെപ്പോലെ വിളങ്ങുന്നതാണ്‌. ദിവ്യമായ മാല്യവും ഗന്ധവും അനുലേപനം ചെയ്ത്‌ സുഖതല്‍പരനായി യോഗിയായി ദുഃഖങ്ങളെ. അറിയാത്തവനായി സ്വയംപ്രഭകളായ സ്ത്രീകളോടു കൂടി വിമാനത്തില്‍ ഇരുന്നു പൂജ്യനായി ശോഭിക്കുന്നതാണ്‌. രുദ്രദേവര്‍ഷി പെണ്‍കിടാങ്ങളോട് കൂടി നാനാരതികളോടെ, നാനാനര്‍മ്മ സംഭാഷണങ്ങളോടെ, അവന്‍ സുഖിക്കുന്നതാണ്‌. വ്യോമാകാരവും വൈഡൂര്യപ്രഭവും ഇന്ദുകാന്തിയുള്ളതും ഇടത്തു ഭാഗത്തു വെള്ളമേഘം പോലെ ശോഭിക്കുന്നതും, വലത്തു ഭാഗത്തു രക്തകാന്തിയുള്ളതും ചുവടുഭാഗം നീലനിറമുള്ളതും മേലെഭാഗം വിചിത്രമായി ചിത്രീകരിച്ചതുമായ വിമാനത്തില്‍ കൂട്ടുകാരായ അപ്സരസ്ത്രീകളാല്‍ പൂജിതനായി വസിക്കുന്നതാണ്‌. ആയിരം വര്‍ഷത്തോളം ജംബുദ്വീപില്‍ എത്ര മഴ വര്‍ഷിക്കുന്നുവോ, അത്ര നാളുകള്‍ അവന്‍ ബ്രഹ്മലോകത്തു കീര്‍ത്തിമാനായി വസിക്കുന്നതാണ്‌. ആകാശത്തില്‍ നിന്ന്‌ മഴ പെയ്യുമ്പോള്‍ എത്ര മഴത്തുള്ളി ഭൂമിയില്‍ പതിക്കുന്നുവോ, അത്ര വര്‍ഷത്തോളം അവന്‍ അമരപ്രഭനായി അവിടെ വാഴുന്നതാണ്‌.

മാസത്തില്‍ ഒരു ഊണ്‌ എന്ന മട്ടില്‍ ഉപവസിക്കുന്നവന്‍ പത്തു വര്‍ഷം ഉപവാസ വ്രതമെടുത്താല്‍ മഹര്‍ഷിത്വം പ്രാപിച്ച്‌ സ്വര്‍ഗ്ഗത്തിലേക്ക്‌ ഉടലോടെ പോകുന്നതാണ്‌. മുനിയും, ദാന്തനും, ജിതക്രോധനും കാമത്തെയും വിശപ്പി നെയും അടക്കിയവനും എപ്പോഴും അഗ്നിയെ ആഹുതി ചെയ്യുന്നതില്‍ തല്‍പരനും നിത്യവും സന്ധ്യയെ ഉപാസിക്കുന്നവനും പല നിയമങ്ങളും അനുഷ്ഠിക്കുന്നവനും ശുചിയുമായ നരന്‍ അഭ്രാവകാശ ഭാക്കായി അര്‍ക്കനെപ്പോലെ രശ്മി വീശി ശോഭിക്കുന്നതാണ്‌. അവന്‍ സ്വന്തം ദേഹത്തോട് കൂടെ സ്വര്‍ഗ്ഗം പ്രാപിച്ച്‌ ദേവസന്നിഭനായി ദേവലോക സുഖങ്ങള്‍ അനുഭവിക്കുന്നതാണ്‌. ഇത്‌ ഉത്തമമായ യജ്ഞവിധിയാണ്‌. അതു നിന്നോട്‌ ഞാന്‍ പറഞ്ഞു ഭരതര്‍ഷഭാ! ഉപവാസഫലം ക്രമത്തില്‍ പറഞ്ഞു. ഇങ്ങനെയാണ്‌ നിസ്വന്മാര്‍ യജ്ഞഫലം നേടുക. ഈ പറഞ്ഞ മട്ടില്‍ ഉപവാസം അനുഷ്ഠിച്ചാല്‍ സല്‍ഗതി നേടുന്നതാണ്‌. ദേവന്മാരെയും ദ്വിജാതികളെയും പൂജിച്ച്‌ സശ്രദ്ധനായി ഭരതോത്തമാ! നീ വാഴുക. വിസ്തരിച്ച്‌ ഉപവാസ വിധിയെല്ലാം ഞാന്‍ പറഞ്ഞു. തെറ്റു കൂടാതെ നിയതാത്മാക്കളായി വാഴുന്ന ശുദ്ധയോഗ്യരില്‍, ദംഭാദികളായ ദോഷങ്ങള്‍ വിട്ട ബുദ്ധിമാന്മാരില്‍, സ്ഥിരവ്രതന്മാരില്‍, ഹേ, ഭരതര്‍ഷഭാ! നീ സംശയി ക്കരുത്‌.

108. ശൗചകഥനം - മാനസപാര്‍ത്ഥിവ തീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്താലുള്ള ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: തീര്‍ത്ഥങ്ങളില്‍ വെച്ച്‌ ശ്രേഷ്ഠമായത്‌ ഏതാണെന്നു പറയണേ പിതാമഹാ! എവിടെയാണു ശുദ്ധീകരിക്കേണ്ടതായ ഇടം? മുഖ്യമായ തീര്‍ത്ഥമേതെന്ന്‌ വിവരിക്കണേ!

ഭീഷ്മൻ പറഞ്ഞു: എല്ലാ തീര്‍ത്ഥങ്ങളും ബുധന്മാര്‍ക്കു ഗുണം ചെയ്യുന്നവയാണ്‌. സമാഹിതനായി നീ കേള്‍ക്കുക. ഏതു തീര്‍ത്ഥമാണ്‌ ശൗചമായതെന്നു പറയാം.

അഗാധവും നിര്‍മ്മലവും ശുദ്ധവുമായ സതൃമാകുന്ന ജലമുള്ളതും, വിവേകമാകുന്ന കയമുള്ളതുമായ മനസ്സാകുന്ന ശാശ്വത തീര്‍ത്ഥത്തില്‍ ആത്മബലത്തോടെ നരന്‍ സ്നാനം ചെയ്യണം. തീര്‍ത്ഥ ശൗചമെന്നത്‌ ഇരക്കാതിരിക്കുക, ആര്‍ജ്ജവം, നിത്യമായ മൃദുത്വം, എല്ലാ ഭൂതങ്ങളിലും അഹിംസ, ഏറ്റവും പരമമായ അനൃശംസ്യം (കരുണ), ശമം എന്നിവയാണ്‌. പരിഗ്രഹം സ്വീകരിക്കാത്തവര്‍, നിര്‍ദ്വന്ദര്‍, നിരഹങ്കാരര്‍, നിര്‍മ്മമര്‍, ശുചിയുള്ളവരും ഭിക്ഷയേറ്റ്‌ ജീവിക്കുന്നവരുമായവര്‍ തീര്‍ത്ഥമായി നില്ക്കുന്നവരാണ്‌.

തത്വം അറിയുന്നവന്‍, അഹങ്കാരമില്ലാത്തവന്‍, ഇവന്‍ തന്നെ ശ്രേഷ്ഠമായ തീര്‍ത്ഥമാണ്‌. ഈ ശൗചലക്ഷണം അങ്ങ്‌ നോക്കേണ്ടതാണ്‌. ലൗകിക കാമ്യങ്ങളില്‍ ഏർപ്പെടാതെ ആത്മീയ വിഷയങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നവര്‍, സര്‍വ്വസന്ന്യാസം സ്വീകരിച്ചവര്‍, സര്‍വ്വജ്ഞന്മാര്‍, സമദര്‍ശികള്‍. ശുചിമാര്‍ ഇവര്‍ രജസ്സ്‌, തമസ്സ്‌, സത്വം എന്നിവ നീങ്ങിയ പുണ്യാത്മാക്കളാണ്‌. ഇവരെല്ലാം പുണ്യതീര്‍ത്ഥങ്ങളാണ്‌. ദോഷങ്ങളെ കഴുകിക്കളഞ്ഞവരാണ്‌.

വെള്ളത്തില്‍ മുങ്ങി തോര്‍ത്തിയത് കൊണ്ടൊന്നും അവനെ സ്നാതനാണെന്നു പറയുവാന്‍ വയ്യാ. ബാഹ്യേന്ദ്രിയ നിഗ്രഹം (ദമം) ആകുന്ന സ്നാനം കഴിച്ചവനാണ്‌ ശരിക്കും സ്നാനംചെയ്തവന്‍. അവന്റെ അകവും പുറവും ശുദ്ധമാകുന്നു.

കഴിഞ്ഞതില്‍ കൊതിക്കാതിരിക്കുന്ന,കിട്ടുന്നവയില്‍ നിര്‍മ്മമരായിരിക്കുന്ന, അവര്‍ക്കാണ്‌ ശരിക്കും ശൗചമുള്ളത്‌. ആശയില്ലാത്തവരാണ്‌ ശുദ്ധന്മാര്‍. ആശ അശുദ്ധിയെ ചേര്‍ക്കും; വിശേഷിച്ച്‌ ദേഹത്തിന്‌ ശൗചം ജ്ഞാനമാണ്‌.

തനിക്കുവേണ്ടി ഒന്നും സമ്പാദിക്കാതിരിക്കുക എന്നതാണ്‌ (നിഷ്കിഞ്ചനത്വം) പരിശുദ്ധി. മനസ്സിന് തന്മൂലമുണ്ടാകുന്ന പ്രസാദമാണ്‌ ശൗചം. വൃത്തശൗചം, മനശൗചം, തീര്‍ത്ഥശൗചം, ജ്ഞാനശൗചം ഇവയാണ്‌ ഏറ്റവും മഹത്തായ ശൗചങ്ങള്‍.

ബ്രഹ്മജ്ഞാനമാകുന്ന ജലത്തില്‍ മനസ്സ്‌ മുങ്ങിക്കുളിച്ചാല്‍ പ്രകാശിക്കും. തത്വജ്ഞര്‍ പറയുന്നു മാനസതീര്‍ത്ഥസ്നാനം പരിശുദ്ധി നല്കുമെന്ന്‌. (മനസ്സാകുന്ന പുണ്യതീര്‍ത്ഥം മാനസതീര്‍ത്ഥമായി സങ്കല്പിക്കാം) ശൗചാരോപണം ചെയ്ത്‌ നിത്യവും അതു ധരിച്ച്‌ കേവലം ഗുണസമ്പന്നനായി നരന്‍ ശുചിയായിരിക്കണം. ഞാന്‍ ഇപ്രകാരം ദേഹത്തിലുള്ള തീര്‍ത്ഥങ്ങളെപ്പറ്റി പറഞ്ഞു. ഇനി ഭൂമിയിലുള്ള പുണ്യതീര്‍ത്ഥങ്ങളെ പറ്റി പറയാം. അവയെ നീ , കേള്‍ക്കുക.

ദേഹോദ്ദേശമായ ശുചികള്‍ എന്തൊക്കെയാണെന്നു പറഞ്ഞ മാതിരി ഭൂമിഭാഗങ്ങളും ജലങ്ങളും പുണ്യങ്ങളാണ്‌.

തീര്‍ത്ഥത്തെപ്പറ്റി പറയുകയാലും, തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുകയാലും, തര്‍പ്പണം ചെയ്യുകയാലും, പാപം തീര്‍ത്ഥങ്ങളില്‍ കലക്കിക്കളയുന്നു. . അങ്ങനെ പാപം തീര്‍ത്ഥങ്ങളില്‍ കഴുകിക്കളയുന്നവര്‍ പുണ്യവാന്മാരായി, സുഖമായി സ്വര്‍ഗ്ഗത്തിലെത്തുന്നു. സജ്ജനങ്ങള്‍ അധിവസിക്കുകയാലും, ഭൂമിക്കുള്ള തേജസ്സുകൊണ്ടും ജലതേജസ്സുകൊണ്ടും അവ ഏറ്റവും പുണ്യഭാഗങ്ങളായി തീര്‍ന്നിരിക്കുന്നു. മനസ്സിനും, മന്നിനും പുണ്യതീര്‍ത്ഥങ്ങള്‍ വേറെവേറെയാണ്‌. രണ്ടുതരം തീര്‍ത്ഥത്തിലും സ്നാനം ചെയ്തവന്‍ ഉടനെ സിദ്ധിപ്രാപിക്കുന്നതാണ്‌. ബലമില്ലാതെ ക്രിയയും ക്രിയയില്ലാതെ ബലവും കാര്യം നടത്തുകയില്ല. രണ്ടും കൂട്ടിച്ചേര്‍ത്താല്‍ കാര്യം സാധിക്കുന്നതാണ്‌. ഇപ്രകാരം ദേഹശൗചവും തീര്‍ത്ഥശൗചവും ഒന്നിച്ചുചേര്‍ന്ന പുരുഷന്‍ ശുചിയായി സിദ്ധിയെ പ്രാപിക്കുന്നതാണ്‌. അതുകൊണ്ടു രണ്ടുവിധം ശൗചവും ഉത്തമമാകുന്നു.

109. വിഷ്ണു ദ്വാദശ മാസികം - ഓരോ മാസത്തിലും വിധിപ്രകാരം വിഷ്ണുവിനെ ആരാധിച്ചാല്‍ കിട്ടുന്ന ഫലം - യുധിഷ്ഠിരന്‍ പറഞ്ഞു: എല്ലാ ഉപവാസങ്ങളിലും വെച്ച്‌ മുഖ്യമായ ഉപവാസം ഏതാണ്‌? ഏതിനാണ്‌ മഹാഫലം നല്കുക? പാരില്‍ നിസ്സംശയമായി, പാരില്‍ ഫലപ്രദമായ ആ ഉപവാസമേതെന്ന്‌ പിതാമഹാ! പറ ഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: സ്വയംഭൂവു തന്നെ ഇതിനെപ്പറ്റി കല്പിച്ചത്‌ മന്നവാ, ഭവാന്‍ കേള്‍ക്കുക. ഏത്‌ ചെയ്താല്‍ നിസ്സംശയം മര്‍ത്ത്യന്‍ തൃപ്തനാകുമോ അത്‌ ഞാന്‍ പറയാം.

മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ ദ്വാദശിയില്‍ രാവും പകലും ഉപാസിച്ച്‌ കേശവനെ അര്‍ച്ചിച്ചാല്‍ അശ്വമേധത്തിന്റെ ഫലം ലഭിക്കുന്നതാണ്‌. പാപങ്ങള്‍ നീങ്ങുന്നതുമാണ്‌. അപ്രകാരം പൌഷ്യ മാസത്തില്‍ നാരായണനെ അര്‍ച്ചിച്ചാല്‍ വാജപേയ യജ്ഞത്തിന്റെ ഫലം സിദ്ധിക്കുന്നതാണ്‌. പരയായ സിദ്ധി നേടുകയും ചെയ്യും. മാഘമാസത്തില്‍ ദ്വാദശിയില്‍ രാവും പകലും ഉപവസിച്ച്‌ മാധവനെ പൂജിച്ചാല്‍ രാജസൂയ ഫലം സിദ്ധിക്കും. കാലത്തിന്റെ കെടുതികളില്‍ നിന്ന് കയറ്റുകയും ചെയ്യും. ഫാല്‍ഗുന മാസത്തില്‍ ഗോവിന്ദനെ പൂജിച്ചാല്‍ അതിരാത്ര യജ്ഞത്തിന്റെ ഫലം സിദ്ധിക്കും, സോമലോകത്തില്‍ എത്തുകയും ചെയ്യും. ചൈത്രമാസത്തില്‍ ദ്വാദശിയില്‍ ഉപവസിച്ച്‌ വിഷ്ണുവിനെ രാപ്പകല്‍ ധ്യാനിച്ചാല്‍ പുണ്ഡരീക യജ്ഞത്തിന്റെ ഫലം ലഭിക്കുന്നതാണ്‌. അവന്‍ ദേവലോകം പ്രാപിക്കുകയും ചെയ്യും! വൈശാഖമാസത്തില്‍ ദ്വാദശിയില്‍ ഉപവസിച്ച്‌ മധുസൂദനനെ അര്‍ച്ചിച്ചാല്‍ അഗ്നിഷ്ടോമഫലം സിദ്ധിക്കും; അവന്‍ സോമലോകത്ത്‌ എത്തുകയും ചെയ്യും. ജ്യേഷ്ഠമാസത്തില്‍ ദ്വാദശിയില്‍ രാപ്പകല്‍ ഉപവസിച്ച്‌ ത്രിവിക്രമനെ ധ്യാനിച്ചാല്‍ ഗോമേധയജ്ഞത്തിനെറ ഫലം ലഭിക്കും. ദേവസ്ത്രീകളുമായി രമിക്കുകയും ചെയ്യും. ആഷാഡ മാസത്തില്‍ ദ്വാദശിയില്‍ ഉപവസിച്ച്‌ വിമാനാര്‍ച്ചന ചെയ്താല്‍ നരമേധ യജ്ഞത്തിന്റെ ഫലം സിദ്ധിക്കും. അപ്സരസ്ത്രീകളോടു കൂടി രമിക്കുകയും. ചെയ്യും. ശ്രാവണമാസത്തില്‍ ദ്വാദശിയില്‍ ഉപവസിച്ച്‌ ശ്രീധരനെ ധ്യാനിച്ചാല്‍ പഞ്ചയജ്ഞത്തിന്റെ ഫലം സിദ്ധിക്കുന്നതാണ്‌. വിമാനത്തില്‍ സസന്തോഷം വാഴുകയും ചെയ്യും. ഇപ്രകാരം ഭാദ്രപദത്തില്‍ ഉപവസിച്ച്‌ ഹൃഷീകേശനെ അര്‍ച്ചിച്ചാല്‍ സൗത്രാമണി ഫലം സിദ്ധിക്കുന്നതാണ്‌. അവന്‍ വിശുദ്ധാത്മാവാകുന്നതുമാണ്‌. അശ്വിന മാസത്തില്‍ ദ്വാദശിയില്‍ ഉപവസിച്ച്‌ പത്മനാഭനെ അര്‍ച്ചിച്ചാല്‍ ഗോസഹസ്രങ്ങളെ ദാനം ചെയ്ത ഫലം ലഭിക്കുന്നതാണ്‌. അതില്‍ യാതൊരു സംശയവുമില്ല.

കാര്‍ത്തിക മാസത്തില്‍ ദ്വാദശിയില്‍ ഉപവസിച്ച്‌ ദാമോദരനെ അര്‍ച്ചിച്ചാല്‍ പുണ്യമായ സര്‍വ്വയജ്ഞത്തിന്റെ ഫലങ്ങള്‍ നേടുന്നതാണ്‌, സംശയമില്ല. ഒരു വര്‍ഷം ഇപ്രകാരം പുണ്ഡരീകാക്ഷനെ സേവിച്ചാല്‍ കഴിഞ്ഞ ജന്മത്തിലെ ജ്ഞാനം ഓര്‍മ്മയില്‍ വരുന്നതാണ്‌. വളരെ സ്വര്‍ണ്ണം നേടുന്നതുമാണ്‌. എല്ലാ ദിവസവും വിഷ്ണുവിനെ ഭജിച്ച്‌ ഉപേന്ദ്രനെ ധ്യാനിക്കുന്നവന്‍ വ്രതാവസാനത്തില്‍ ബ്രഹ്മണന് ഊണു നല്കണം. അല്ലെങ്കില്‍ നെയ്യ്‌ ദാനം ചെയ്യുണം. ഇതിലും മേലെയായി ഉപവാസമൊന്നുമില്ല; തീര്‍ച്ചയാണ്‌. ഇത്‌ വിഷ്ണുഭഗവാന്‍ തന്നെ മുമ്പു പറഞ്ഞതാണ്‌.

110. താരാകാംഗ സ്മരണം, ചന്ദ്രവതമാഹാത്മ്യം - മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ ചന്ദ്രവതമെടുക്കേണ്ട ക്രമവും ഫലവും - വൈശമ്പായനൻ പറഞ്ഞു: ശരതല്പത്തില്‍ കിടക്കുന്ന ഭീഷ്മപിതാമഹനോട്‌ മഹാപ്രാജ്ഞനായ യുധിഷ്ഠിരന്‍ സമീപത്തിരുന്ന്‌ ഇപ്രകാരം ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ, അംഗരൂപവും, സൌഭാഗ്യവും, പ്രിയത്വവും എങ്ങനെയാണ്‌ ലഭിക്കുക? ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ചേര്‍ന്ന്‌ ഒരുത്തന്‍ എങ്ങനെ സുഖമുള്ളവനായിത്തീരും?

ഭീഷ്മൻ പറഞ്ഞു: മാര്‍ഗ്ഗശീര്‍ഷ മാസത്തില്‍ ചന്ദ്രന്‍ മൂലം നക്ഷത്രത്തില്‍ നില്ക്കുമ്പോള്‍ കാല്ക്കല്‍ മൂലമാകുന്നു രാജാവേ! കണങ്കാലില്‍ രോഹിണി നില്ക്കുന്നു. സക്ഥി അശ്വതിയില്‍ നില്ക്കുന്നു. അപ്പോള്‍ തുട ആഷാഡകങ്ങ ളില്‍ നില്ക്കുന്നു. ഗുഹ്യം ഫാല്‍ഗുനിയില്‍ നില്ക്കുന്നതായി കാണുക. കടിയില്‍ കാര്‍ത്തികയും നില്ക്കുന്നു. നാഭിയില്‍ ഭാദ്രപദവും, പിന്നെ രേവതിക്ക്‌ അക്ഷമണ്ഡലവും കാണുക. പുറം ധനിഷ്ഠയിലും, വയറ്‌ അനുരാധയിലും നില്ക്കുന്നു. കൈ വിശാഖങ്ങളിലും, കൈത്തലങ്ങള്‍ അത്തത്തിലും കാണുക. പുണർതത്തിൽ വിരലുകളും ആയില്യത്തില്‍ നഖങ്ങളും നില്ക്കുന്നു. കഴുത്തില്‍ തൃക്കേട്ടയും രാജാവേ, കര്‍ണ്ണത്തില്‍ തിരുവോണവും കാണുക. മുഖത്ത്‌ പൂയവും, പല്ലും ചുണ്ടും ചോതിയിലും, ഹാസം ചതയമായും, മകം മൂക്കിലും മകയീര്യം കണ്ണുകളിലും കാണുക. നെറ്റിയില്‍ ചിത്രയും, ഭരണിയില്‍ ശിരസ്സും, മുടി തിരുവാതിരയിലും ആ സന്ദര്‍ഭത്തില്‍ നില്ക്കുന്നതായി കാണണം രാജാവേ! ഈ സന്ദര്‍ഭത്തില്‍ ചന്ദ്രാവര്‍ത്ത വ്രതം തുടങ്ങുന്നു. അതു കഴിഞ്ഞാല്‍ വേദജ്ഞനായ ബ്രഹ്മണന് നെയ്യ്‌ ദാനം ചെയ്യണം. അങ്ങനെ ആ വ്രതം അനുഷ്ഠിക്കുന്നവന്‍ പ്രിയദര്‍ശനാകും. സുഭഗനും, ജ്ഞാനിയും, പരിപൂര്‍ണ്ണാംഗനുമായി പൌര്‍ണ്ണമിയില്‍ ചന്ദ്രന്‍ എന്ന പോലെ പ്രശോഭിക്കും.

111. സംസാരചക്രം - ഓരോതരം പാപം ചെയ്തവര്‍ അടുത്ത ജന്മത്തില്‍ ഏതേതുതരം യോനിയില്‍ ജനിക്കുമെന്ന്‌ ബൃഹസ്പതി പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ സര്‍വ്വശാസ്ത്ര വിചക്ഷണനും, മഹാപ്രാജ്ഞനുമായ പിതാമഹാ, മര്‍ത്ത്യര്‍ക്ക്‌ ഉത്തമമായ സംസാരവിധി കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്‌. അല്ലയോ നരേശ്വരാ! എന്ത്‌ വൃത്തിയോടെ വാണിട്ടാണ്‌ നരന്മാര്‍ ഉത്തമമായ സ്വര്‍ഗത്തിലും, നരകത്തിലും എത്തുന്നത്‌? മണ്‍കട്ട പോലെയോ, മരമുട്ടി പോലെയോ കാണുന്ന ചത്തദേഹംവിട്ട്‌ ജനങ്ങള്‍ പരലോകം പൂകുന്നുണ്ടല്ലോ? ആരാണ്‌ അവര്‍ക്കു തുണയായി പോകുന്നത്‌?

ഭീഷ്മൻ പറഞ്ഞു: യുധിഷ്ഠിരാ, ശ്ലാഘ്യബുദ്ധിയായ ഭഗവാന്‍ ബൃഹസ്പതി ഇതാ വരുന്നു. യോഗ്യനായ അദ്ദേഹത്തോട്‌ ഈ സനാതനമായ രഹസ്യം ചോദിച്ചറിയുക. മറ്റൊരാളും ഇതു പറയുവാന്‍ തക്ക കഴിവുള്ളവരല്ല. ബൃഹസ്പതിക്കു തുല്യം വാഗ്‌മിയായി മറ്റാരും ഒരിടത്തും ഇല്ലെന്നുള്ളതും അറിയണം.

വൈശമ്പായനൻ പറഞ്ഞു: അങ്ങനെ പൃഥാപുത്രനും ഗംഗാപുത്രനും തമ്മില്‍ പറയുന്ന സമയത്ത്‌ വിശുദ്ധാത്മാവായ ബൃഹസ്പതി ആകാശത്തു നിന്ന്‌ ഭൂമിയിലിറങ്ങി. ഉടനെ ധൃതരാഷ്ട്രനോടു കൂടി യുധിഷ്ഠിരന്‍ എഴുന്നേറ്റ്‌ അദ്ദേഹത്തെ പൂജിച്ചു. മറ്റു സദസ്യരും അദ്ദേഹത്തെ പൂജിച്ചു. പിന്നെ ധര്‍മ്മസുതനായ യുധിഷ്ഠിരന്‍ ബൃഹസ്പതിയുടെ സമീപത്തു ചെന്ന്‌ ന്യായമായ വിധം തത്വമായ ചോദ്യം ചോദിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, സര്‍വ്വധര്‍മ്മജ്ഞാ, സര്‍വ്വശാസ്ത്ര വിചക്ഷണാ, മരിച്ചു പോകുന്ന മര്‍ത്ത്യന് ആരാണു തുണയായിത്തീരുന്നത്‌? അമ്മ, അച്ഛന്‍, ഗുരു, ജഞാതികള്‍, ബന്ധുജനങ്ങള്‍, മിത്രവര്‍ഗ്ഗങ്ങള്‍ ഇവരാരെങ്കിലും തുണയായി നിലക്കുമോ? മരമുട്ടി പോലെയോ, മണ്‍കട്ട പോലെയോ മരിച്ചു കിടക്കുന്ന ദേഹം വിട്ടു പോകുന്നവര്‍ക്ക്‌ അവര്‍ പരലോകത്തേക്കു പോകുമ്പോള്‍ സഹായികളായി ആരെങ്കിലും കൂടെ. നില്‍ക്കുന്നുണ്ടോ? പറഞ്ഞു തരണേ!

ബൃഹസ്പതി പറഞ്ഞു: രാജാവേ, ഞാന്‍ ചോദിക്കട്ടെ! മനുഷ്യന്‍ ജനിക്കുന്നത്‌ ഒറ്റയ്ക്കല്ല? ബന്ധുജനങ്ങളോടു കൂടിയാണോ ഭൂമിയില്‍ വന്നു പിറക്കുന്നത്‌? അതുപോലെ മര്‍ത്ത്യന്‍ മരിക്കുന്നതും ഒറ്റയ്ക്കു തന്നെയാണ്‌. ചാകുന്നതിലും ഒരാളും പങ്കു ചേരുന്നില്ല. പരലോക ദുര്‍ഗ്ഗങ്ങള്‍ കയറുന്നതും അതുപോലെ ഒറ്റയ്ക്കു തന്നെ. ദുര്‍ഗ്ഗതി പ്രാപിക്കുന്നതും ഒറ്റയ്ക്കു തന്നെയാണ്‌. മരിച്ച്‌ സ്വര്‍ഗ്ഗനരകങ്ങളിലേക്കു പോകുന്നവന് അച്ഛന്‍, അമ്മ, സോദരന്‍, പുത്രന്‍, ഗുരു ജ്ഞാതിസംബന്ധി വര്‍ഗ്ഗങ്ങള്‍, മിത്രങ്ങള്‍ ഇവരാരും തുണയാവുകയില്ല. മരമുട്ടി, മണ്‍കട്ട എന്നിവയ്ക്കു തുല്യമായി മരിച്ച ദേഹം വെടിഞ്ഞ്‌ ജനങ്ങള്‍ ഒട്ടുനേരം കരഞ്ഞതിന് ശേഷം അവര്‍ വന്നവഴിയേ മടങ്ങിപ്പോകുന്നു. അങ്ങനെ ജ്ഞാതികളും, ബന്ധുക്കളും വിട്ടുപോയ മൃതനെ ആരു തുണയ്ക്കും? ധര്‍മ്മം മാത്രമാണ്‌ ദേഹംവിട്ട മനുഷ്യനെ സഹായിക്കുന്നത്‌. അതുകൊണ്ട്‌ തുണയായി നില്ക്കുന്ന ധര്‍മ്മത്തെ മര്‍ത്ത്യന്‍ ജീവിച്ചിരിക്കുന്ന കാലത്തൊക്കെ എന്നും സേവിക്കണം. ഒരു ജീവി ധര്‍മ്മത്തോട് കൂടിയവനാണെങ്കില്‍ അവന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കും. അധര്‍മ്മമുള്ളവനാണെങ്കിലോ അവന്‍ നരകത്തിലെത്തുകയും ചെയ്യും. അതുകൊണ്ട്‌ ന്യായാര്‍ജ്ജിതമായ സ്വത്തു കൊണ്ടു വിദ്വാനായവന്‍ ധര്‍മ്മം സേവിക്കണം. പരലോകത്തേക്ക്‌ മനുഷ്യര്‍ക്കു സഹായകമായത്‌ ധര്‍മ്മം ഒന്നുമാത്രമാകുന്നു. ലോഭം, മോഹം, ദയ, ഭയം ഇവകൊണ്ട്‌ അറിവു നശിച്ചവനായ നരന്‍, പരന്മാരുടെ സ്വത്തിലുള്ള ആശ കൊണ്ട്‌ മതി മയങ്ങിയ മനുഷ്യന്‍, അകാര്യങ്ങള്‍ പ്രവര്‍ത്തിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, എന്നിവ മൂന്നും അധര്‍മ്മ സ്പര്‍ശം കൂടാതെ നേടണമെന്നതാണ്‌ മര്‍ത്ത്യന്റെ കര്‍ത്തവ്യം.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ, അങ്ങയുടെ ധര്‍മ്മാനുസരണമായ ഹിതമായ, വാക്കു കേട്ട്‌ എനിക്ക് അത്യധികമായ സന്തോഷം തോന്നുന്നു. ഭഗവാനേ, മരണാനന്തരം മനുഷ്യന്റെ അവസ്ഥയെന്താണെന്നു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌. ചത്തവന്റെ ദേഹസ്ഥിതി സൂക്ഷ്മവും അവ്യക്തവുമാണ്‌. മരിച്ചവനെപ്പറ്റി ഒന്നും നാം അറിയുന്നുമില്ല. അതിനെ പിന്നെ എങ്ങനെയാണു ധര്‍മ്മം തുണയ്ക്കുന്നത്‌? ഭൂമി, കാറ്റ്‌, ആകാശം, ജലം, തേജസ്സ്‌, മനസ്സ്‌, യമന്‍, ബുദ്ധി, ആത്മാവ്‌, രാവ്‌, പകല്‍ ഇവയെല്ലാം ഒന്നിച്ച്‌ മര്‍ത്ത്യന്റെ എല്ലാ ശുഭവും അശുഭവുമായ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷിയായി നില്ക്കുന്നു. അവര്‍ എല്ലാം കാണുന്നുണ്ട്‌. എല്ലാ പ്രാണികള്‍ക്കും ഇഹത്തില്‍ ഭൂതങ്ങള്‍ സാക്ഷികളാണ്‌. അവര്‍ എല്ലാവരും കൂടി ധര്‍മ്മത്തോട് ചേര്‍ന്ന്‌ ധര്‍മ്മം ജീവനെ പിന്നാലെ തുണയ്ക്കുന്നു. തോല്‍, എല്ല്‌, മാംസം, ശുക്ലം, രക്തം എന്നിവ അല്ലയോ മഹാമതേ, ജീവന്‍ വിട്ടുപോയ ദേഹത്തെയും ഉപേക്ഷിച്ചു പൊയ്ക്കള യുന്നു. പിന്നെ ജീവന്‍ മാത്രം. ദേഹം വിട്ടു പോകുമ്പോള്‍ ആ ജീവനെ പിന്തുടരുവാന്‍ ആരുണ്ട്‌? . അവര്‍ ചെയ്ത ധര്‍മ്മം മാത്രമുണ്ട്‌. അതു ജീവനെ പിന്തുടര്‍ന്നു പോകും. പഞ്ചഭൂതങ്ങളില്‍ കുടികൊള്ളുന്ന ദേവന്മാര്‍ അവന്റെ കര്‍മ്മവും, നന്മയും തിന്മയുമെല്ലാം കാണുന്നു. ഇനി എന്താണു കേള്‍ക്കേണ്ടത്‌? പിന്നെ ധര്‍മ്മത്തോടൊത്ത ജീവന്‍ സുഖത്തെ ഇഹത്തിലും പരത്തിലും അനുഭവിക്കുന്നതാണ്‌. ഇനി എന്താണു കേള്‍ക്കേണ്ടത്‌?

യുധിഷ്ഠിരന്‍ പറഞ്ഞു: എങ്ങനെയാണു ധര്‍മ്മം ജീവനെ പിന്തുടരുന്നതെന്നും ഇനി ശുക്ലം എങ്ങനെയാണ്‌ ഉത്ഭവിക്കുന്നതെന്നും പറഞ്ഞു തന്നാലും.

ബൃഹസ്പതി പറഞ്ഞു: ദേഹത്തില്‍ വാഴുന്ന ദേവതകള്‍ അതായത്‌ പൃഥ്വി, വായു, ആകാശം, ജലം, തേജസ്സ്‌, മനസ്സ്‌ എന്നീ ദേവതകള്‍ എട്ടും അന്നം ഭുജിച്ചു തൃപ്തിപ്പെടുന്നു. മഹാത്മാവേ, ഈ പഞ്ചഭൂതങ്ങള്‍ അടങ്ങിയ എട്ടു ദേവതകളും മനുഷ്യന്റെ അന്നത്താല്‍ തൃപ്തിപ്പെട്ടു കഴിഞ്ഞാല്‍ മഹത്തരമായ രേതസ്സ്‌ (ശുക്ലം) ഉണ്ടാകുന്നു. പിന്നെ സ്ത്രീപുരുഷ സംയോഗം കൊണ്ട്‌ അതു പുറത്തേക്കൊഴുകുന്നു. രാജാവേ, ഇതൊക്കെ ഞാന്‍ അങ്ങയോടു പറഞ്ഞു. ഇനി എന്താണു കേള്‍ക്കേണ്ടത്‌?

യുധിഷ്ഠിരന്‍ പറഞ്ഞു: ഗര്‍ഭം എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യവും ഭഗവാന്‍ എന്നോടു പറഞ്ഞു. ഗര്‍ഭം ഉത്ഭവിച്ചുകഴിഞ്ഞാല്‍ അത്‌ ഒരാളായിത്തീരുന്ന വിധവും പറഞ്ഞു തരണേ!

ബൃഹസ്പതി പറഞ്ഞു: ആസന്നമാത്രനായ ജീവന്‍, ജീവന്‍ ശുക്ലത്തില്‍ പ്രവേശിച്ചു കഴിഞ്ഞ ഉടനെ ആ ജീവന്‍ ഭൂതങ്ങളുടെ അധീനതയിലായിത്തീരുന്നു. ജീവന്‍ അവയുമായി ബന്ധം വിച്ഛേദിച്ചാല്‍ അതു മൃതിതന്നെയായി ഭവിക്കു ന്നു. എല്ലാ ഭൂതങ്ങളോടും ചേര്‍ന്നു നില്ക്കുന്നത്‌ ജീവനാണ്‌. അപ്പോള്‍ ദേഹമുണ്ടാകുന്നു. ആ ദേഹത്തില്‍ വസിക്കുന്ന, പഞ്ചഭൂതങ്ങളില്‍ വസിക്കുന്ന, ദൈവതങ്ങള്‍ ആ പ്രാണിയുടെ സകല കര്‍മ്മങ്ങള്‍ക്കും, നല്ലതും ചീത്തയുമായ സകല കര്‍മ്മങ്ങള്‍ക്കും സാക്ഷിയായി നില്ക്കുന്നു. ഇനി എന്താണു കേള്‍ക്കേണ്ടത്‌?

യുധിഷ്ഠിരന്‍ പറഞ്ഞു: നോല്‌. എല്ല്‌, മാംസം ഇവയൊക്കെ വിട്ടുപോകുന്നു. ജീവൻ പിന്നെ എങ്ങനെയാണ്‌ സുഖവും ദുഃഖവും അനുഭവിക്കുന്നത്‌?

ബൃഹസ്പതി പറഞ്ഞു: കര്‍മ്മത്തോടു കൂടിയ ജീവന്‍ രേതസ്സായിത്തീര്‍ന്നതിന് ശേഷം സ്ത്രീകളുടെ പുഷ്പകാലത്ത്‌ അവരുമായി സംഭോഗം ചെയ്യുമ്പോള്‍ യഥാസമയം അല്ലയോ ഭാരതാ, ജന്മമെടുക്കുകയാണു ചെയ്യുന്നത്‌. ജനിച്ചതി ന് ശേഷം ദുഃഖവും മരണവും വധവും യമന്റെ കല്പനയനുസരിച്ച്‌ യമകിങ്കരന്മാരുടെ ഹിതംപോലെ ജീവന്‍ ഏല്ക്കു ന്നു. ദുഃഖകരമായ സംസാരചക്രത്തില്‍ ജീവന്‍ ചുറ്റിക്കറങ്ങുകയും ചെയ്യുന്നു. ഇഹലോകത്തില്‍ പ്രാണി ജനിച്ചത് മുതല്‍ സുകൃതമായ കര്‍മ്മത്തിന്റെ ഫലം ധര്‍മ്മം ചെയ്തവന്‍ അനുഭവിക്കും. ജനിച്ച കാലം മുതല്‍ യഥാശക്തി ധര്‍മ്മത്തെത്തന്നെ അനുഷ്ഠിക്കുകയാണെങ്കില്‍ ആ ജീവന്‍ പുരുഷനായിത്തീര്‍ന്ന്‌ നിത്യവും സുഖം അനുഭവിക്കുകയും ചെയ്യും. അല്ലാതെ ധര്‍മ്മത്തിന്നിടയില്‍ അധര്‍മ്മം ചെയ്യുന്നതായാല്‍ സുഖത്തിന്നപ്പുറം ദുഃഖവും അവന്‍ അനുഭവിക്കുന്നതാണ്‌. അധര്‍മ്മം തന്നെ ചെയ്യുന്നതായാല്‍ അവന്‍ യമന്റെ അധീനത്തിലായി, വളരെ ദുഃഖങ്ങളെല്ലാമേറ്റ്‌ തിര്യക് യോനിയില്‍ ചെന്നു ചേരുന്നതാണ്‌.

ഏതേതുവിധം കര്‍മ്മംകൊണ്ട്‌ ഏതേതുവിധം യോനിയില്‍ മോഹം കലര്‍ന്ന ജീവന്‍ പിറക്കുന്നുവോ, അതും ഞാന്‍ പറയാം, നീ കേട്ടുകൊള്ളുക. ഇത്‌ ഇതിഹാസത്തിലും വേദത്തിലും പറഞ്ഞിട്ടുള്ളതാണ്‌. ധര്‍മ്മാനുഷ്ഠാനം കൊണ്ട്‌ സുഖം ലഭിക്കും. യമന്റെ ഘോരമായ ശിക്ഷയ്ക്ക്‌ അധര്‍മ്മി പാത്രമാകും. പുണ്യസ്ഥാനങ്ങള്‍ ദേവന്മാര്‍ക്ക്‌ അധിവാസ തുല്യങ്ങളാണ്‌ രാജാവേ! അധര്‍മ്മം ചെയ്തവര്‍ യമലോകത്തു ചെന്നു ശിക്ഷ അനുഭവിച്ചതിന് ശേഷം തിര്യക്കുകളായി വന്നു പിറക്കുകയും ചെയ്യും. രാജാവേ, കേള്‍ക്കുക. എല്ലാം ഞാന്‍ വിശദമായി പറഞ്ഞുതരാം.

ജീവന്‍ പ്രവര്‍ത്തിക്കുന്ന തെറ്റു മൂലം പലതരം ജന്മങ്ങള്‍ക്കു പാത്രമാകുന്നു. വേദപുരാണേതിഹാസങ്ങളില്‍ അവ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്‌. മരിച്ചതിന് ശേഷം ജീവന്‍ യമന്റെ രാജാധാനിയില്‍ ചെല്ലുന്നു. അവിടെ ധര്‍മ്മിഷ്ഠന്മാര്‍ക്കുള്ള സ്ഥാനങ്ങളുമുണ്ട്‌. ദേവന്മാര്‍ അവിടെ വസിക്കുന്നുണ്ട്‌. അധര്‍മ്മം ചെയ്തവര്‍ക്കുള്ള സ്ഥാനങ്ങളുമുണ്ട്‌. അവിടെ ഹിംസ്രജന്തുക്കളും പക്ഷികളും വസിക്കുന്നു. പിന്നെ യമന്റെ രാജധാനിയില്‍ ബ്രഹ്മജ്ഞാനികള്‍ക്കുള്ള പുണ്യസ്ഥാനങ്ങളുമുണ്ട്‌. അവിടെ താന്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ഫലമായി ജീവി ദുഃഖത്തിന് പാത്രമായിത്തീരുന്നു. ഏതേതു ഭാവംകൊണ്ടാണോ പുരുഷന്റെ കര്‍മ്മത്തിന്റെ ഗതി, പരുഷവും ക്രൂരവുമായ ആ കര്‍മ്മഗതിയെപ്പറ്റി ഇനി പറയാം.

നാലു വേദം പഠിച്ചിട്ടും ബ്രാഹ്മണന്‍ മോഹത്തോട് കൂടിയവനായി പതിതനില്‍ നിന്ന് ദാനം വങ്ങുകയാണെങ്കില്‍ അവന്‍ അടുത്ത ജന്മം കഴുതയായി പിറക്കുന്നതാണ്‌. അവന്‍ പതിനഞ്ചു കൊല്ലം കഴുതയായി ഭാരം ചുമന്നു ജീവിക്കും, ഭാരതാ! പിന്നെ ആ കഴുത ചത്ത്‌ ഒരു കാളയായി ജനിക്കും. ഏഴു വര്‍ഷം പ്രായമായാല്‍ അവന്‍ ചാകും. ആ കാള ചത്താല്‍ പിന്നെ ബ്രഹ്മരക്ഷസ്സായി ജനിക്കും. മൂന്നുമാസം ബ്രഹ്മരക്ഷസ്സായതിന് ശേഷം പിന്നെ ബ്രാഹ്മണനായി ജനിക്കും.

ബ്രാഹ്മണന്‍ പതിതനെക്കൊണ്ടു യാഗം ചെയ്യിച്ചാല്‍ ആ ബ്രാഹ്മണന്‍ കൃമിയായി പിറക്കും. അങ്ങനെ അവിടെ പതിനഞ്ചുകൊല്ലം കൃമിയായി ജീവിക്കും ഭാരതാ! പിന്നെ കൃമി ചത്ത്‌ കഴുതയായിപ്പിറക്കും. അഞ്ചു കൊല്ലം കഴുതയായി നടന്നതിന് ശേഷം, അതു ചത്തു പിന്നെ പന്നിയായിപ്പിറക്കും. പിന്നെ പന്നി ചത്തു കോഴിയായി ജനിക്കും. അഞ്ചുകൊല്ലം കോഴിയായി നടന്നതിന് ശേഷം കൊല്ലപ്പെടും. പിന്നെ കോഴി പോയി കുറുക്കനായി ജനിക്കും. പിന്നെ കുറുക്കന്‍ ചത്തതിന് ശേഷം നായയായി ജനിക്കും. ഒരു കൊല്ലം കഴിഞ്ഞാല്‍ നായ ചത്തു മനുഷ്യനായി പിറക്കും.

അറിയാതെ ശിഷ്യന്‍ ഗുരുവിന് പാപം ചെയ്താല്‍ അവന്‍ മൂന്നു ജന്മത്തിലും ശിക്ഷ അനുഭവിക്കും. രാജാവേ, അവന്‍ ആദ്യം നായയായി പിറക്കും. പിന്നെ നായ ചത്തു രാക്ഷസനായി ജനിക്കും. പിന്നെ രാക്ഷസന്‍ ചത്തു കഴുതയായിപ്പിറക്കും. പിന്നെ വളരെ ക്ലേശങ്ങള്‍ അനുഭവിച്ച്‌ കഴുത ചാകും. പിന്നെ വീണ്ടും വിപ്രനായിത്തന്നെ ജനിക്കുന്നതാണ്‌. ഗുരുവിന്റെ ഭാര്യയെ ശിഷ്യന്‍ മനസ്സുകൊണ്ട്‌ കൊതിച്ചാല്‍ അവന്‍ മാനസികമായ അധര്‍മ്മം മൂലം ഉഗ്രമായ സംസാരദുഃഖത്തിന് പാത്രമാകും. അവന്‍ നായയായിപ്പിറന്ന്‌ മൂന്നുവര്‍ഷം ജീവിക്കും. അവിടെ വെച്ച്‌ അവന്‍ കൊല്ലപ്പെടും. പിന്നെ കൃമിയായി ജനിക്കും. കൃമിയായി ഒരു കൊല്ലം ജീവിക്കും. അവിടെ കൃമി ചത്തു വീണ്ടും ബ്രഹ്മയോനിയില്‍  വന്നു പിറക്കും.

പുത്രനു തുല്യനായ ശിഷ്യനെ വെറുതെ ഗുരു പ്രഹരിക്കുകയാണെങ്കില്‍ തന്റെ ക്രൂരകര്‍മ്മം മൂലം ആ ഗുരു ഹിംസ്രജന്തുവായി പിറക്കും. പുത്രന്‍ അച്ഛനമ്മമാരെ അപമാനിക്കുകയാണെങ്കില്‍ അവന്‍ ചത്ത്‌ ആദ്യമായി കഴുതയായി പിറക്കുന്നതാണ്‌. അങ്ങനെ ഗര്‍ദ്ദഭമായി അവന്‍ പത്തു സംവത്സരം ജീവിച്ചിരിക്കും. പിന്നെ കഴുത ചത്ത്‌ മുതലയായി പിറക്കും. മുതല ഒരാണ്ടു ജീവിച്ചിരിക്കും. പിന്നെ മുതല ചത്തു മനുഷ്യനായിപ്പിറക്കും.

അച്ഛനും അമ്മയും ഏതു പുത്രനില്‍ ക്രുദ്ധനാകുന്നുവോ ആ പുത്രന്‍ ചത്താല്‍ ഗുരുശാപം മൂലം കഴുതയായി പിറക്കുന്നതാണ്‌. പത്തുമാസം കഴുതയായി നടക്കും. കഴുത ചത്ത്‌ പിന്നെ നായയായി പിറക്കും. നായ പിന്നെ പതിന്നാലു മാസം ജിവിച്ചിരിക്കും. നായ ചത്തു പിന്നെ പൂച്ചയായി പിറക്കും. പൂച്ച ഏഴുമാസം ജീവിക്കും. പിന്നെ പൂച്ച ചത്ത്‌ മനുഷ്യനായി പിറക്കുന്നതാണ്‌.

അച്ഛനമ്മമാരെ പുത്രന്‍ ശകാരിച്ചാല്‍ അവന്‍ മത്സ്യമായി പിറക്കും. അച്ഛനമ്മമാരെ തല്ലിയാല്‍ പുത്രന്‍ ആമയായി പിറക്കും രാജാവേ! പത്തുകൊല്ലം ആമയായിരുന്നതിന് ശേഷം ആമ ചത്തു മുള്ളന്‍പന്നിയായി പിറക്കും. മുള്ളന്‍പന്നി മൂന്നുകൊല്ലം കഴിഞ്ഞാല്‍ ചത്ത്‌ വ്യാളമായി ജനിക്കും. ആറുമാസം കഴിഞ്ഞാല്‍ വ്യാളം ചത്തു മനുഷ്യനായി ജനിക്കും.

രാജാവു നല്കുന്ന ചോറു തിന്ന്‌ രാജദ്രോഹങ്ങള്‍ ചെയ്യുന്നവന്‍ മോഹത്തില്‍ ആണ്ടുപോയ അവന്‍, അടുത്ത ജന്മത്തില്‍ കുരങ്ങായി ജനിക്കുന്നതാണ്‌. പത്തുവര്‍ഷം അവന്‍ കുരങ്ങായി ജീവിക്കും. കുരുങ്ങു ചത്ത്‌ എലിയായി പിറക്കും. എലിയായി അഞ്ചുകൊല്ലം ജീവിക്കും. പിന്നെ എലി ചത്ത്‌ നായയായി പിറക്കും. ആ നായ ആറുമാസം കഴിഞ്ഞാല്‍ ചത്ത്‌ മര്‍ത്ത്യനായി ജനിക്കും.

സൂക്ഷിക്കുവാന്‍ ഏല്ലിച്ച ധനം അപഹരിക്കുന്ന മര്‍ത്ത്യന്‍ യമന്റെ പാട്ടിലായതിന് ശേഷം നൂറുതരം നികൃഷ്ട ജീവികളായി പിറക്കും. അങ്ങനെ കൃമിയായി പതിനഞ്ചു വര്‍ഷം ജീവിച്ചിരിക്കും. ദുഷ്കൃതമൊക്കെ അനുഭവിച്ചു കഴി ഞ്ഞാല്‍, പിന്നെ മനുഷ്യനായി വീണ്ടും ജനിക്കും.

അസൂയാലുവായ മനുഷ്യന്‍ ചത്താല്‍ ശാര്‍ങ്ഗമായി ജനിക്കും. വിശ്വാസവഞ്ചന ചെയ്യുന്ന ദുഷ്ടമനുഷ്യന്‍ മീനായി പിറക്കും. എട്ടു വര്‍ഷം മീനായി ജീവിച്ച്‌ അവന്‍ മരിച്ചാല്‍ മൃഗമായി പിറക്കും. നാലുമാസം മൃഗമായി കഴിഞ്ഞാല്‍ ആ മൃഗം ചത്ത്‌ ആടായി പിറക്കും. ആട്‌ ഒരു വര്‍ഷം കഴിഞ്ഞാല്‍ അറുത്ത്‌ വില്ക്കപ്പെടും. പിന്നെ അവന്‍ പുഴുവായി പിറക്കും. പുഴു പിന്നെ മനുഷ്യനായി പിറക്കും.

നെല്ല്‌, എള്ള്‌, മുതിര, ഉഴുന്ന്‌, കടുക്‌, ചണം, കടലയ്ക്ക, ചെറുപയറ്‌, ഗോതമ്പ്‌, അസി മുതലായ ധാന്യങ്ങള്‍ അപഹരിക്കുന്നവന്‍, അചേതനനായി പിറക്കും. പിന്നെ നാണംകെട്ട എലിയായി പിറക്കുന്നതാണു രാജാവേ. പിന്നെ അവന്‍ ചത്ത്‌ പന്നിയായി പിറക്കുന്നതാണ്‌. പന്നി പിറന്ന ഉടനെ തന്നെ രോഗം മൂലം ചാവും. പിന്നെ നായയായി പിറക്കും. പിന്നെ ആ കര്‍മ്മംകൊണ്ടു  മൂഢനായ അവന്‍ അഞ്ചുവര്‍ഷം നായയായി പിറക്കും. നായ ചത്ത്‌ പിന്നെ മര്‍ത്ത്യനായി പിറക്കും.

പരസ്ത്രീകളെ സംഗം ചെയ്യുന്നവന്‍ അടുത്ത ജന്മം ചെന്നായയായി ജനിക്കും. പിന്നെ അവന്‍ നായയായും കുറുക്കനായും കഴുകനായും വ്യാളമായും കങ്കമായും ബകമായും ക്രമേണ ജനിക്കുന്നതാണ്‌.

സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന പാപി ചത്താല്‍ കോഴിയായി ഒരു വര്‍ഷം ജീവിക്കും രാജാവേ! സഖിയുടെ പത്നിയെയും രാജാവിന്റെ പത്തിയെയും ഗുരുവിന്റെ പത്നിയെയും കാമംകൊണ്ടു ബലാത്സംഗംചെയ്യുന്നവന്‍ ചത്താല്‍ പന്നിയായി പിറക്കുന്നതാണ്‌. അഞ്ചുവര്‍ഷം പന്നിയായി ജീവിച്ചതിന് ശേഷം അവന്‍ ചെന്നായയായി പിറക്കും. പത്തുവര്‍ഷം കഴിഞ്ഞാല്‍ ചെന്നായ ചത്ത്‌ പൂച്ചയായി പിറക്കും. അഞ്ചുകൊല്ലം പൂച്ചയായി നടന്നതിന് ശേഷം പത്തുവര്‍ഷം കോഴിയായി നടക്കും. പിന്നെ കോഴി ചത്ത്‌ ഉറുമ്പായി പിറക്കും. ഉറുമ്പു ചത്ത്‌ പുഴുവായി ഒരു മാസം ജീവിക്കും. ഈ സംസാരയാത്ര കഴിച്ച്‌ പിന്നെ കൃമി യോനിയില്‍ ജന്മമെടുക്കും. പിന്നെ പതിന്നാലുവര്‍ഷം കൃമിയായി ചത്തു പിറക്കും. പിന്നെ അധര്‍മ്മഫലമൊക്കെ അനുഭവിച്ചു കഴിഞ്ഞാല്‍ മര്‍ത്ത്യനായി ജനിക്കുന്നതാണ്‌.

വിവാഹം മുടക്കുന്നവനും യാഗം മുടക്കുന്നവനും ദാനം മുടക്കുന്നവനുമായ പാപി മരിച്ചാല്‍ കൃമിയായി പിറക്കുന്നതാണ്‌. കന്യകയെ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുത്തതിന് ശേഷം അവളെ വീണ്ടും മറ്റൊരാള്‍ക്ക്‌ ബലമായി നല്കുവാന്‍ ശ്രമിക്കുന്ന പാപി ചത്താല്‍ അവനും കൃമി യോനിയില്‍ത്തന്നെ വന്നു പിറക്കുന്നതാണ്‌. അവന്‍ പതിമ്മൂന്നു വര്‍ഷം കൃമിയായി ചത്തും ജനിച്ചും കഴിയും. അധര്‍മ്മം എല്ലാം അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ മര്‍ത്ത്യനായി ജനിക്കുന്നതാണ്‌.

ദേവകാര്യം ചെയ്യാതെയും പിത്യകാര്യം ചെയ്യാതെയും ഊണു കഴിക്കുന്നവന്‍ മരിച്ചാല്‍ അടുത്ത ജന്മം കാക്കയായി പിറക്കുന്നതാണ്‌. നൂറു കൊല്ലം കാക്കയായി കഴിഞ്ഞതിന് ശേഷം കാക്ക ചത്ത്‌ പിന്നെ കോഴിയായി പിറക്കും. കോഴി ചത്ത്‌ പിന്നെ വ്യാളമായിപ്പിറക്കുന്നതാണ്‌. വ്യാളം ചത്ത്‌ പിന്നെ മര്‍ത്ത്യനായി ജനിക്കുന്നതാണ്‌.

അച്ഛന്നു തുല്യനായ ജ്യേഷ്ഠസഹോദരനെ ധിക്കരിക്കുന്നവന്‍ മരിച്ചാല്‍ പിന്നെ ക്രൗഞ്ചമായി പിറക്കുന്നതാണ്‌. പത്തു മാസം ക്രൗഞ്ചമായി കഴിഞ്ഞതിന് ശേഷം ചത്ത്‌ വീണ്ടും രണ്ടും ഏഴും അഞ്ചും വര്‍ഷം ക്രൗഞ്ചമായിത്തന്നെ കഴിയും. പിന്നെ ക്രൗഞ്ചം വധിക്കപ്പെടും. പിന്നെ അതു മര്‍ത്ത്യനായി പിറക്കും.

വിപ്രസ്തീയെ സംഗംചെയ്യുന്ന ശൂദ്രന്‍ കൃമിയായി പിറക്കുന്നതാണ്‌. അവിടെ അവന്‍ കൊല്ലപ്പെട്ടതിന് ശേഷം പന്നിയായി ജനിക്കുന്നതാണ്‌. ആ പന്നി പിറന്ന മാത്രയില്‍ തന്നെ രോഗം മൂലം ചാകും. പിന്നെ നായയായി ജനിക്കും.

ഇതാണു രാജാവേ മൂഢനായ അവന്റെ കര്‍മ്മത്തിന്റെ ഫലം. അവന്‍ അതില്‍ സന്താനത്തെ ജനിപ്പിച്ച്‌ ചത്താല്‍ എലിയായി ജനിക്കും.

കൃതഘ്നനായ പുരുഷന്‍ ചത്താല്‍ രാജാവേ, യമന്റെ അടുത്തു ചെന്ന്‌ ദാരുണമായ വിധം വധം യമഭൃത്യരുടെ കൈകൊണ്ട്‌ ഏല്ക്കുന്നതാണ്‌. ദണ്ഡവും ഇരുമ്പുലക്കയും ശൂലവും ദാരുണമായ അഗ്നികുംഭവും അസിപത്രവും ഘോരമായ വാലുകം, കൂടശാൽമലി ഇവയും മറ്റു പലതും കൊണ്ടുള്ള പ്രഹരങ്ങള്‍ ഏറ്റ്‌ ഉഗ്രമായ യാതനകള്‍ ഏറ്റ്‌ കൊല്ലപ്പെടും ഭാരതാ! അവിടെ ഉഗ്രന്മാര്‍ കൊന്നു വിട്ടവനായ കൃതഘ്നന്‍ അല്ലയോ ഭാരതര്‍ഷഭാ, സംസാരചക്രമേറ്റ്‌ കൃമി യോനിയില്‍ വന്നു പിറക്കുന്നതാണ്‌. പതിനഞ്ചു വര്‍ഷക്കാലം കൃമിയായി കിടക്കും. പിന്നെ കൃമി ചത്ത്‌ കഴുതയായിപ്പിറക്കും. കഴുത കുട്ടിക്കാലത്തുതന്നെ ചത്തുപോകും. ആ ജന്തു വീണ്ടും അനേകം നുറു നികൃഷ്ടജന്മങ്ങള്‍ പ്രാപിക്കും. പലതരത്തില്‍ സംസാരത്തില്‍ കിടന്നു കറങ്ങി തിര്യക്കായിപ്പിറക്കും. പിന്നെ വളരെക്കാലം ദുഃഖങ്ങളേറ്റ്‌ പൗനർഭവത്വം പ്രാപിച്ച്‌ ആമയായി ജനിക്കുന്നതാണ്‌.

തൈരു കട്ടവന്‍ കൊക്കായിപ്പിറക്കും. പച്ചമീന്‍ കട്ടവന്‍ തവളയാകും. തേന്‍ കക്കുന്ന ദുര്‍ബ്ബുദ്ധി തേനീച്ചയായിപ്പിറക്കും. അപ്പവും ഫലമൂലങ്ങളും കട്ടാല്‍ ഉറുമ്പായി പിറക്കുന്നതാണ്‌. പെരുംപയര്‍ കക്കുന്നവന്‍ ഫലഗോളകം എന്ന കീടമാകും. പായസം കട്ടുതിന്നുന്നവന്‍ അടുത്ത ജന്മത്തില്‍ തിത്തിരിപ്പുല്ലായി ജനിക്കും. പിഷ്ടാപൂചം (ഒരുതരം അപ്പം) കട്ടുതിന്നുന്നവന്‍ കുംഭോലൂകനുമാകും (ഒരുതരം കൂമനാണ്‌ കുംഭോലൂകന്‍). ഇരുമ്പു കക്കുന്ന ദുര്‍ബുദ്ധി കാക്കയായി ജനിക്കും. ഓടു കക്കുന്ന ദുര്‍ബുദ്ധി ഹരിതപ്പക്ഷിയാകും. വെള്ളിപ്പാത്രം കക്കുന്നവന്‍ മാടപ്രാവായി ജനിക്കും. പൊന്‍പാത്രം കക്കുന്ന പാപി കൃമിയോനിയില്‍ വന്നു പിറക്കും. പട്ടുവസ്ത്രം കക്കുന്നവന്‍ കൃകലമായി ജനിക്കും. കൗശികപ്പട്ടു കക്കുന്നവന്‍ വര്‍ത്തകമായിത്തീരും. അംശുകം കക്കുന്ന മര്‍ത്ത്യന്‍ ശുകമായി ജനിക്കുന്നതാണ്‌. വെള്ളപ്പട്ടു കക്കുന്ന മര്‍ത്ത്യന്‍ മരിച്ചാല്‍ പിന്നെ ഹംസമായി ജനിക്കുന്നതാണ്‌. പരുത്തിനൂല്‍ വസ്ത്രം കക്കുന്നവന്‍ മരിച്ചാല്‍ ക്രൗഞ്ചമായി ജനിക്കും. പട്ടു കക്കുന്നവന്‍ മരിച്ചാല്‍ ആടായിപ്പിറക്കുന്നതാണ്‌. ക്ഷൗമവസ്ത്രം കട്ടാല്‍ അവന്‍ മുയലായി ജനിക്കും. ചായം കട്ട പുരുഷന്‍ അടുത്ത ജന്മത്തില്‍ മയിലായി ജനിക്കുന്നതാണ്‌. രക്തവസ്ത്രം കട്ടാല്‍ അവന്‍ ജീവഞ്ജീവകമായി ജനിക്കും. അധര്‍മ്മ ഫലം അനുഭവിച്ചു കഴിഞ്ഞതിന് ശേഷം അവന്‍ മര്‍ത്ത്യനായിപ്പിറക്കും. പാല്‍ കക്കുന്നവന്‍ വലാകപ്പക്ഷിയായിപ്പിറക്കും. എണ്ണ കക്കുന്ന മനുഷ്യന്‍ മരിച്ചാല്‍ നരിച്ചീറായി ജനിക്കും.

ശസ്ത്രം ധരിക്കാത്തവനെ ശസ്ത്രം ധരിച്ചവന്‍ ചെന്നു വധിച്ചാല്‍ അവന്‍, അര്‍ത്ഥത്തിന് വേണ്ടി ആ മഹാപാപം ചെയ്തവന്‍, ശത്രുവായാല്‍പ്പോലും ചത്ത്‌ കഴുതയായി ജനിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആ കഴുത ശസ്ത്രം കൊണ്ടു വധിക്കപ്പെടും. അവന്‍ മരിച്ചതിന് ശേഷം എപ്പോഴും ഭയത്തോടു കൂടി മാനായി ജനിക്കും. മാനായി ജനിച്ചതിന് ശേഷം ഒരു വര്‍ഷം തികയുമ്പോള്‍ അവന്‍ ശസ്ത്രം കൊണ്ടു വെട്ടേറ്റു ചാകും. മാനായി പത്തവന്‍ പിന്നെ മീനായി ജനിക്കും. മീനായി പിറന്ന്‌ വലയില്‍ കുടുങ്ങും. നാലു മാസത്തിന്നുള്ളില്‍ അവന്‍ ചെന്നായനായിപ്പിറക്കും. പത്തുവര്‍ഷം ചെന്നായയായി ജീവിച്ചതിന് ശഷം അവന്‍ കടുവയായി ജനിക്കും. കടുവ പിന്നെ വധിക്കപ്പെടും. പിന്നെ അധര്‍മ്മഫലം അനുഭവിച്ചു കഴിയുമ്പോള്‍ അവന്‍ വീണ്ടും മര്‍ത്ത്യനായിപ്പിറക്കും.

പെണ്ണിനെ വധിച്ചവനായ ദൂര്‍ബുദ്ധിയായ പുരുഷന്‍ യമന്റെ പാട്ടില്‍ച്ചെന്ന്‌ പലവിധം ക്ലേശങ്ങളൊക്കെ അനുഭവിച്ച്‌ സംസാരത്തില്‍ മുങ്ങിപ്പൊങ്ങി ഇരുപതു വര്‍ഷം കഴിഞ്ഞ്‌ കൃമിയോനിയില്‍ പിറക്കുന്നതാണ്‌. ഇരുപതാണ്ടു ചെല്ലുമ്പോള്‍ കൃമി ചത്ത്‌ മര്‍ത്ത്യനായിപ്പിറക്കുന്നതാണ്‌. ചോറു കക്കുന്ന മനുഷ്യന്‍ ഈച്ചയായി ജനിക്കും. പല മാസം ഈച്ചകളുടെ കൂട്ടത്തില്‍ കഴിയും. പാപം നശിച്ചു കഴിഞ്ഞാല്‍ വീണ്ടും മനുഷ്യനായി പിറക്കുന്നതാണ്‌.

നെല്ലു കട്ടാല്‍ ആ മനുഷ്യന്‍ മുട്ടാടായി ജനിക്കും. പിണ്ണാക്കു ചേര്‍ത്ത തീറ്റി മനുഷ്യന്‍ കട്ടാല്‍ ആ മര്‍ത്ത്യന്‍ കീരിയെപ്പോലെ ക്രൂരനായ എലിയായിപ്പിറക്കും. അവന്‍ മനുഷ്യനെ കടിക്കുന്ന ക്രൂരാത്മാവായിത്തീരും. നെയ്യു കട്ട ദുര്‍മ്മതി വെള്ളപ്പക്ഷിയായിപ്പിറക്കും. മത്സ്യം, മാംസം മുതലായവ കട്ട ദുഷ്ടബുദ്ധി കാക്കയായി ജനിക്കും. ഉപ്പു കട്ടവന്‍ ചീരികാകനായിപ്പിറക്കും.

വിശ്വസിച്ച്‌ ഏല്പിച്ച മുതല്‍ കക്കുന്ന പുരുഷന്‍ ചത്താല്‍ അവന്‍ മത്സ്യയോനിയില്‍ വന്നു പിറക്കുന്നതാണ്‌. മത്സ്യമായിപ്പിറന്ന്‌ ചത്തതിനുശേഷം മര്‍ത്ത്യനായിപ്പിറക്കും. മര്‍ത്ത്യനായിപ്പിറന്ന്‌ അവന്‍ അല്പായുസ്സായി മരിച്ചുപോകും.

പാപം ചെയ്താല്‍ ആ മര്‍ത്ത്യന്‍ തിര്യക് ജാതിയില്‍ വന്നു പിറക്കും ഭാരതാ! ആത്മപ്രമാണമായ ധര്‍മ്മം അവന്‍ അറിയാത്തവനാകും. മര്‍ത്ത്യര്‍ എന്നും പാപം ചെയ്യുകയും വ്രതമെടുത്ത്‌ പാപം പോക്കുകയും ചെയ്താല്‍ അവര്‍ സുഖവും ദുഃഖവും അനുഭവിക്കുകയും രോഗികളാവുകയും ചെയ്യും. പാപം ചെയ്യുന്നവരുമായി സഹവസിക്കരുത്‌. അവര്‍ മ്ലേച്ഛന്മാരാണ്‌. പാപം ചെയ്യുന്ന നരന്മാര്‍ വളരെ ലോഭമോഹങ്ങള്‍ ഉള്ളവരാണ്‌.

ജന്മം മുതല്‍ക്കേ പാപം വിട്ടൊഴിക്കുന്ന മര്‍ത്ത്യര്‍ രോഗം കൂടാതെ സുന്ദരന്മാരായി, ധനികന്മാരായി പ്രശോഭിക്കുന്നതാണ്‌. ഇപ്രകാരംതന്നെ പാപം ഏല്ക്കുന്നവര്‍ സ്ത്രീകളാണെങ്കില്‍ ഈ പറഞ്ഞവര്‍ക്കുള്ള ഭാര്യമാരായി അവര്‍ ജനിക്കുന്നതാണ്‌.

പരന്മാരുടെ സ്വത്ത്‌ അപഹരിക്കുന്നവര്‍ക്കുള്ള പാപങ്ങളെപ്പറ്റിയാണ്‌ ഈ പറഞ്ഞത്‌. ഇത്‌ കുറച്ചു മാത്രമേ ഞാന്‍ പറഞ്ഞുള്ളു അനഘാശയാ! ഇനി മറ്റൊരവസരത്തില്‍ സംഗതി വശാല്‍ കൂടുതല്‍ കേള്‍ക്കുവാന്‍ നിനക്കു സാധിക്കും ഭാരതാ! ഇത്‌ പണ്ട്‌ ബ്രഹ്മാവിനോടു ദേവര്‍ഷിമാര്‍ ചോദിച്ചപ്പോള്‍ ബ്രഹ്മാവ്‌ ശരിക്കു പറഞ്ഞതാണ്‌. അത്‌ ഞാന്‍ അപ്പോള്‍ ബ്രഹ്മാവില്‍ നിന്ന് കേട്ടു ധരിച്ചതുമാണ്‌. അതു മിക്കതും ഞാന്‍ മുറയ്ക്കു പറഞ്ഞു. ഇത്‌ മഹാരാജാവേ, ഭവാന്‍ കേട്ടു ധരിച്ച്‌ ധര്‍മ്മത്തില്‍ തന്നെ മനസ്സു വെക്കുക!

112. സംസാരചക്രം അന്നദാനം - പാപപരിഹാരത്തിനുള്ള ഉപായം, ദാനം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ബ്രഹ്മന്‍, അങ്ങ്‌ അധര്‍മ്മത്തിന്റെ ഗതിയെപ്പറ്റി പറഞ്ഞതെല്ലാം കേട്ടു. ഇനി ധര്‍മ്മത്തിന്റെ ഗതി കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്‌ വാഗ്‌മിസത്തമാ പാപങ്ങള്‍ ചെയ്തവന്‍ ശുഭമായ ഗതിയെ എങ്ങനെ പ്രാപിക്കും? എന്തു കര്‍മ്മം ചെയ്താല്‍ ശുഭമായ ഗതി ലഭിക്കും?

ബൃഹസ്പതി പറഞ്ഞു: പാപകര്‍മ്മങ്ങള്‍ ചെയ്തു അധര്‍മ്മത്തിന് പാത്രമായി വിപരീത മനസ്സായവന്‍ നരകത്തില്‍ ചെന്നു വീഴും. അറിവില്ലായ്മ കൊണ്ട്‌ അധര്‍മ്മം ചെയ്തു പശ്ചാത്തപിക്കുന്നവനും മനസ്സമാധി ഉള്ളവനുമായ പുരുഷന്‍ ദുഷ്കൃതം ഏല്ക്കുന്നതല്ല. എപ്രകാരം ചെയ്ത ദുഷ്കൃതത്തെപ്പറ്റി പശ്ചാത്തപിച്ച്‌ ഗര്‍ഹിക്കുന്നുവോ, അപ്രകാരമുള്ള പാപം ദേഹം, ദുഷ്കൃതം കൊണ്ടുണ്ടാകുന്ന ജന്മം, ഒഴിവാകും.

രാജാവേ, ധര്‍മ്മജ്ഞന്മാരായ വിപ്രന്മാരോട്‌ താന്‍ ചെയ്ത പാപം ഏറ്റുപറഞ്ഞാല്‍ പെട്ടെന്ന്‌ അധര്‍മ്മകൃതമായ അപവാദം നീങ്ങുന്നതാണ്‌. ഏതേതു വിധത്തില്‍ താന്‍ ചെയ്ത അധര്‍മ്മങ്ങള്‍ വെളിയില്‍ പറയുന്നുവോ, സമാഹിതമായ ചിത്തത്തോടു കൂടിയ അവന്റെ പാപമൊക്കെ നീങ്ങുന്നതാണ്‌. പാമ്പ്‌ തന്റെ ഉറയൂരി നീക്കുന്നതു പോലെ സമാഹിതനായ പുരുഷന്‍, വിപ്രന് പലതരം ദാനങ്ങള്‍ നല്കി സമാധിയോടെ ഇരിക്കുന്നവന്‍, പരമമായ സല്‍ഗതിയെ പ്രാപിക്കുന്നതാണ്‌. ഏതൊക്കെ ദാനങ്ങളാണ്‌ നല്കേണ്ടതെന്നു പറയാം യുധിഷ്ഠിരാ! അധര്‍മ്മം ചെയ്താലും ആവക ദാനങ്ങള്‍ മൂലം ധര്‍മ്മഫലത്തെ പ്രാപിക്കുന്നതാണ്‌. എല്ലാ ദാനത്തിലും വെച്ചു ശ്രേഷ്ഠമായത്‌ അന്നദാനമാണ്‌ എന്നു പ്രസിദ്ധിയുണ്ട്‌.

മുമ്പെ പറഞ്ഞ ആര്‍ജ്ജവമുള്ളവന്‍, ധര്‍മ്മാര്‍ത്ഥിയായവന്‍, അന്നദാനം ചെയ്യണം. അന്നം മനുഷ്യര്‍ക്കു പ്രാണനാണ്‌. ജീവികള്‍ ഉണ്ടാകുന്നത്‌ അന്നത്തില്‍ നിന്നാണ്‌. ലോകം നില്ക്കുന്നത്‌ അന്നത്തിലാണ്‌. അതുകൊണ്ട്‌ അന്നം പ്രശസ്തമാകുന്നു. ദേവന്മാരും ഋഷികളും പിതൃക്കളും മനുഷ്യരും എല്ലാം പുകഴ്ത്തുന്നു. അന്നദാനം കൊണ്ട്‌ രന്തിദേവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നെത്തി. ന്യായമായ മാര്‍ഗ്ഗത്തില്‍ സമ്പാദിച്ച ഉത്തമമായ അന്നം ബ്രാഹ്മണര്‍ക്കു ദാനം ചെയ്യണം. പ്രത്യേകിച്ചും വേദജ്ഞന്മാരായ ബ്രാഹ്മണര്‍ക്കു ഹര്‍ഷത്തോടെ അന്നം ദാനം ചെയ്യണം. ആരുടെ അന്നം പത്തു ശതം ബ്രാഹ്മണര്‍ ഭുജിക്കുന്നുവോ, സന്തോഷത്തോടു കൂടി ആരു ദാനം ചെയ്യുന്നുവോ അവന്‍ ഒരിക്കലും തിര്യക്കായി പിന്നെ ജനിക്കുകയില്ല.

അല്ലയോ നരശ്രേഷ്ഠാ, പതിനായിരം വിപ്രന്മാരെ ഊട്ടിയാല്‍ ആ മര്‍ത്ത്യന്റെ അധര്‍മ്മമൊക്കെ വിട്ടു പോകുന്നതാണ്‌. അവന്‍ എപ്പോഴും യോഗാഭിരതനായി ഭവിക്കും. ഭിക്ഷയേറ്റ്‌ അന്നം നേടി ദേവപുരസ്കൃതനായ വിപ്രന്‍ സ്വാദ്ധ്യായപരനായ ബ്രാഹ്മണന് നല്കിയാല്‍ ആ ദാതാവിന് മഹത്തായ സുഖം ലഭിക്കുന്നതാണ്‌. അഹിംസാപരനായി ബ്രാഹ്മണന്റെ ധനം ന്യായമായ നിലയില്‍ സംരക്ഷിച്ച്‌ കൈയൂക്കു കൊണ്ട്‌ ക്ഷത്രിയന്‍ നേടിയ അന്നം വേദവ്യദ്ധന്മാരായ ബ്രാഹ്മണര്‍ക്കു നല്കിയാല്‍ അവന്‍ സുസമാഹിതനായി പ്രയതനായി ഭവിക്കുന്നതാണ്‌. അതു കൊണ്ട്‌ ഹേ, ധാര്‍മ്മികനായ പാണ്ഡവാ, പാപകര്‍മ്മങ്ങളെല്ലാം നശിക്കുന്നതാണ്‌. അപ്രകാരം നേടിയ ഷള്‍ഭാഗം (ആറിലൊരുഭാഗം) കൃഷിഭാഗം വൈശ്യന്‍ വിപ്രന്മാര്‍ക്കു നല്കുകയാണെങ്കില്‍ പാതകങ്ങള്‍ ഒഴിഞ്ഞു പോകുന്നതാണ്‌, പ്രാണസംശയം തന്നെ ഏറ്റ്‌, ജീവന്‍ അപകടത്തില്‍പ്പെടുമെന്ന അവസ്ഥവരെ എത്തി കഷ്ടപ്പെട്ടുണ്ടാക്കിയ അന്നം ശൂദ്രന്‍ ദ്വിജന്മാര്‍ക്കു ദാനം ചെയ്താല്‍ അവന്റെ സകലപാതകങ്ങളും അവനെ വിട്ടു പോകുന്നതാണ്‌. ഹിംസ കൂടാതെ തന്റെ ബാഹുബലം കൊണ്ട്‌ നേടിയ അന്നം ബ്രാഹ്മണര്‍ക്കു നല്കുന്നവന്‍ ദുര്‍ഗ്ഗങ്ങള്‍ കാണുന്നതല്ല. എല്ലാവിധ തടസ്സങ്ങളും അവന്‍ തരണം ചെയ്യും. ന്യായാർജജിതമായ അന്നം സന്തോഷത്തോടെ വേദവൃദ്ധനായ ബ്രാഹ്മണന് നല്കിയാല്‍ അവന്റെ പാപം നീങ്ങുന്നതാണ്‌. ഊര്‍ജ്ജസ്കരമായ അന്നം നല്കിയാല്‍ ആ നരന്‍ ലോകത്തില്‍ ഊര്‍ജ്ജസ്വിയായി ഭവിക്കും. സന്മാര്‍ഗ്ഗത്തില്‍ കടന്ന്‌ സകലപാപങ്ങളെയും നീക്കും. ദാനവന്മാര്‍ വെച്ച മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ബുദ്ധിമാന്മാരായ പ്രാണദാതാക്കളില്‍ സനാതനമായ ധര്‍മ്മം സ്ഥിതിചെയ്യുന്നു. എല്ലാംകൊണ്ടും ന്യായമായ മാര്‍ഗ്ഗത്തില്‍ ആര്‍ജ്ജിതമായ അന്നം മനുഷ്യന്‍ എന്നും സല്‍പ്പാത്രത്തിലേ ദാനംചെയ്യാവു. ആ അന്നം പരയായ ഗതിയില്‍ മർത്ത്യനെ എത്തിക്കുന്നതാണ്‌. അന്നം നല്കിയാല്‍ ആ മര്‍ത്ത്യന്‍ ഭയങ്കരമായ നരകം ഏല്ക്കുന്നതല്ല. അതുകൊണ്ട്‌ അന്യായത്തെ ഒഴിവാക്കി അന്നം ദാനം ചെയ്യണം. വിപ്രന്മാര്‍ക്ക്‌ സല്ക്കരിച്ചതിന് ശേഷമുള്ള അന്നം ഗൃഹസ്ഥന്‍ നിത്യവും ഉണ്ണണം. അന്നം നല്കി മനുഷ്യന്‍ ആ ദിവസം നല്ല ദിവസമാക്കി തീര്‍ക്കണം. പാഴിലല്ലാത്തവിധം ആക്കണം. പതിനായിരം വേദജ്ഞരായ ബ്രാഹ്മണരെ ഊട്ടിയവന്‍ രാജാവേ, ന്യായജ്ഞന്മാരായ ധര്‍മ്മിഷ്ഠന്മാരെ, ഇതിഹാസ വിദഗ്ദ്ധന്മാരായ ബ്രാഹ്മണരെ, ഊട്ടിയവന്‍ ഘോരമായ നരകത്തിലെത്തുന്നതല്ല. സംസാരദുഃഖവും അവനെ ബാധിക്കുന്നതല്ല. എല്ലാ കാമങ്ങളോടും കൂടി അവന്‍ പരലോകത്ത്‌ സുഖമായി ഇരിക്കുന്നതാണ്‌. ഇങ്ങനെയുള്ളവന്‍ എല്ലാ ദുഃഖങ്ങളും നീങ്ങി രമിക്കുന്നതാണ്‌.

ഇപ്രകാരം മുഖ്യമായ അന്നദാനഫലം ഞാന്‍ നിന്നോടു പറഞ്ഞു.  ദാനധര്‍മ്മങ്ങള്‍ക്ക്‌ ഇതാണ്‌ മൂലമായിട്ടുള്ളത്‌ ഭാരതാ!

113. സംസാരചക്രം - അഹിംസയാണ്‌ ഏറ്റവും വലിയ ധര്‍മ്മമെന്ന്‌ ബൃഹസ്പതി പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: അഹിംസ, വൈദികമായ കര്‍മ്മം, ധ്യാനം, ഇന്ദ്രിയസംയമം, തപസ്സ്‌, ഗുരുശുശ്രൂഷ ഇതില്‍ പുരുഷന് ഉണ്ടാകുന്ന ശ്രേയസ്സ്‌ എന്താണെന്നു പറഞ്ഞാലും.

ബൃഹസ്പതി പറഞ്ഞു: ഈ പറഞ്ഞവയെല്ലാം ധര്‍മ്മ്യങ്ങളാണ്‌. എല്ലാം ഭിന്നമായ ധര്‍മ്മമാര്‍ഗ്ഗങ്ങളാണ്‌. ഞാന്‍ പറയുന്ന ഈ ആറെണ്ണവും ഭവാന്‍ കേള്‍ക്കുക. ജീവിക്കു ശ്രേയസ്കരമായ അതിനെപ്പറ്റി ഞാന്‍ പറയാം. അഹിംസാശ്രയമായ ധര്‍മ്മം സാധിക്കുന്ന നരന്‍ ഏവനാണോ, അവന്‍ എല്ലാ ഭൂതങ്ങളിലും മൂന്നു ദോഷം വെച്ച്‌ എപ്പോഴും കാമക്രോധങ്ങളെ ജയിച്ച്‌ സിദ്ധി നേടുന്നു. അഹിംസകന്‍ ആ ഭൂതജാലങ്ങളെ ദണ്ഡം കൊണ്ടു ഹിംസിക്കുന്നവനാണ്‌. തനിക്കു സുഖിക്കണം എന്ന വിചാരത്തോടെ ഹിംസാപരനായി ജീവിക്കുന്നവന്‍ പരലോകത്ത്‌ സുഖം നേടുന്നതല്ല. എല്ലാ ഭൂതങ്ങളിലും തന്നില്‍ എന്നപോലെ കരുതുന്ന പുരുഷന്‍, പെരുമാറുന്ന പുരുഷന്‍, യാതൊരു ജീവിയെയും ദ്രോഹിക്കാത്ത പുരുഷന്‍, ക്രോധം ജയിച്ച പുരുഷന്‍, പരലോകത്തു സുഖിക്കുന്നതാണ്‌. സര്‍വ്വഭൂതാത്മഭൂതനും, എല്ലാ ജീവികളെയും സമമായി ദര്‍ശിക്കുന്നവനുമായവന്റെ വഴിക്കു പോകുവാന്‍, അവന്റെ ബ്രഹ്മസായൂജ്യപദം ലഭിക്കുവാന്‍ ദേവന്മാര്‍ പോലും മോഹിക്കുന്നു.

തനിക്ക്‌ അഹിതമായത്‌ എന്തോ, അത്‌ അന്യനും അഹിതമാണെന്നു ധരിച്ച്‌ പെരുമാറണം. തനിക്ക്‌ ഇഷ്ടമില്ലാത്തത്‌ അന്യനിലും ഏല്പിക്കരുത്. ഇതാണ്‌ ധര്‍മ്മത്തിന്റെ ചുരുക്കം. പിന്നെ ചെയ്യുന്നതെല്ലാം കാമംകൊണ്ടു ചെയ്യുന്നതാണ്‌. ആഗ്രഹംകൊണ്ടു പ്രവര്‍ത്തിക്കുന്നതാണ്‌. തള്ളല്‍, ദാനം, സുഖം, ദുഃഖം, പ്രിയം, അപ്രിയം എന്നതില്‍ തന്നെപ്പോലെ തന്നെയാണ്‌ മറ്റുള്ളവരുടെ നില എന്നു പുരുഷന്‍ പ്രമാണമായി കരുതണം.

തനിക്കു ദ്രോഹമായി കരുതുന്നത്‌ അന്യനോടു ചെയ്യരുത്‌. അതാണ്‌ ജീവലോകത്തില്‍ അങ്ങയ്ക്കു ദൃഷ്ടാന്തമായിട്ടുള്ളത്‌. അതാണ്‌ ശരിയായ ധര്‍മ്മം.

വൈശമ്പായനന്‍ പറഞ്ഞു: ധീമാനായ സുരാചാര്യന്‍, ബൃഹസ്പതി ധര്‍മ്മരാജാവിനോട്‌ ഇപ്രകാരം പറഞ്ഞ്‌ ഞങ്ങള്‍ കണ്ടു നില്ക്കെത്തന്നെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു പോയി.

114. മാംസവര്‍ജ്ജനകഥനം - അഹിംസ പരമധര്‍മ്മമാകയാല്‍ മാംസഭക്ഷണം വര്‍ജജിക്കണമെന്ന്‌ ഭീഷ്മൻ ഉപദേശിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ശരതല്പത്തില്‍ കിടക്കുന്ന ഭീഷ്മനോട്‌ പിന്നെ വാഗ്‌മീസത്തമനും മഹാതേജസ്വിയുമായ യുധിഷ്ഠിരന്‍ വീണ്ടും ചോദി ച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഋഷിമാരും, വിപ്രന്മാരും, ദേവന്മാരും അല്ലയോ മഹാമതേ, അഹിംസാ ലക്ഷണമായ ധര്‍മ്മത്തെ വേദപ്രാമാണ്യ ദൃഷ്ടിയോടെ പ്രശംസിക്കുന്നു. മനസ്സു കൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും ഹിംസിക്കുന്ന പുരുഷന്‍, രാജസത്തമാ, എങ്ങനെ ദുഃഖത്തില്‍ നിന്ന് വിമുക്തനാകും?

ഭീഷ്മൻ പറഞ്ഞു: അഹിംസ ഈ പറയുന്ന നാലു വിധമാണെന്ന്‌ ബ്രഹ്മവാദികള്‍ പറയുന്നു. ഓരോന്നു വിട്ടതു കൊണ്ട്‌ അതു വിട്ടതാവുകയില്ല രിപുസൂദനാ! നാല്ക്കാലികള്‍ക്കു മൂന്നു കാലു കൊണ്ടു നില്ക്കുവാന്‍ കഴിയുകയില്ലല്ലോ. അതുപോലെ ഇതിനെയും പറ്റി പറയുന്നു. മൂന്നു കാരണമാണു പറയുന്നത്‌. ഒരു ആന നടന്ന കാലടിയില്‍ ഏതവന്റെ കാലടിയും ഒതുങ്ങും. അതുപോലെ അഹിംസയില്‍ ലോകത്തിലുള്ള സകലധര്‍മ്മവും ഒതുങ്ങുന്നു എന്നു പറയപ്പെടുന്നു. ലോകത്തില്‍ ജീവി മുമ്പേ തന്നെ കര്‍മ്മത്താലും, വാക്കാലും, മനസ്സാലും ലിപ്തനാകുന്നു. ആദ്യമേ തന്നെ മനുഷ്യന്‍ മനസ്സുകൊണ്ട്‌, മാംസഭക്ഷണം ഉപേക്ഷിക്കണം. പിന്നെ വാക്കുകൊണ്ട്‌ ഉപേക്ഷിക്കണം. ഇങ്ങനെ മൂന്നു വിധത്തിലും മാംസാഹാരം ഉപേക്ഷിച്ചവനാണ്‌ മാംസാഹാരം ഉപേക്ഷിച്ചവന്‍ എന്ന നിലയിലെത്തിയവന്‍.

ബ്രഹ്മജ്ഞാനികള്‍ മൂന്നു കാരണമാണ്‌ പറഞ്ഞിട്ടുള്ളത്‌. മനസ്സ്‌, വാക്ക്‌, ഭക്ഷണം എന്നീ മൂന്നിലും ദോഷങ്ങള്‍ നില്ക്കുന്നു എന്നാണ്‌. അതുകൊണ്ടാണ്‌ ബുദ്ധിമാന്മാര്‍ മാംസഭക്ഷണം വേണ്ടെന്നു വെക്കുന്നത്‌. മാംസഭക്ഷണത്തിന്റെ ദോഷങ്ങള്‍ ഞാന്‍ പറയാം. കേള്‍ക്കുക രാജാവേ! മാംസം തിന്നുന്നവന്‍ ഒന്നു ചിന്തിക്കണം. തന്റെ പുത്രന്റെ  മാംസംപോലെ തന്നെയാണ്‌ അനൃജീവികളുടെ മാംസവുമെന്ന്‌. മോഹംകൊണ്ടു മാംസം തിന്നുന്ന അപണ്ഡിതന്‍ പുരുഷാധമനാണ്‌. അച്ഛനമ്മമാര്‍ സംഗം ചെയ്താല്‍ അതില്‍ നിന്ന് പുത്രന്‍ ഉണ്ടാകുന്നു. അപ്രകാരം ഹിംസിച്ചാല്‍ പാപവും തങ്ങളുടെ പാട്ടില്‍ വന്നുകൂടും. ഹിംസിച്ചാല്‍ വളരെ ജന്മങ്ങളില്‍ പാപിയായി ദുഃഖം അനുഭവിക്കേണ്ടി വരുന്നതാണ്‌. രസത്തെപ്പറ്റി നാവിന് ജ്ഞാനമുണ്ടാകുന്നു. നിയതമായ രാഗം ആസ്വാദനം കൊണ്ടുണ്ടാകും എന്നു ശാസ്ത്രത്തില്‍ പറയുന്നു. മാംസം പാകം ചെയ്തതും, പാകം ചെയ്യാത്തതും, ഉപ്പു ചേര്‍ന്നതും, ചേര്‍ക്കാത്തതും ഏതോ ശീലിക്കുന്നത്‌, അതാതില്‍ മനസ്സ്‌ ഇണങ്ങുകയും അതാതുവിധം മാംസാഹാരം മനുഷ്യനെ അടിമപ്പെടുത്തുകയും ചെയ്യും. മാംസം ഭക്ഷിക്കുന്ന മന്ദബുദ്ധികള്‍ ഭേരീ മൃദംഗ ശബ്ദങ്ങളും, നല്ല വീണാതന്ത്രി സ്വരങ്ങളും കേള്‍ക്കുവാന്‍ എങ്ങനെ അർഹരാകും? (സ്വര്‍ഗ്ഗത്തിലുള്ള ഈ വാദ്യവിശേഷങ്ങള്‍ കേട്ടു രസിക്കുവാന്‍ മാംസം ഭക്ഷിക്കുന്ന പാപികള്‍ക്കു സാധിക്കുകയില്ല. അവര്‍ നരകത്തില്‍ കുടികിടപ്പുകാരായിരിക്കുമല്ലോ). മാംസം ഭക്ഷിക്കുന്നവര്‍ മാംസത്തെപ്പറ്റി വിചാരിക്കുവാനോ, ഇന്ന മട്ടിലെന്നു പറയുവാനോ, സങ്കൽപിക്കുവാനോ പറ്റാത്ത മട്ടില്‍, ബഹുരസമുള്ളതും ഹൃദ്യമായിട്ടുള്ളതുമാണ്‌, പാകം ചെയ്ത (വെച്ചതും പൊരിച്ചതുമായ) മാംസം എന്നു പ്രശംസിക്കുന്നു. മാംസ രസത്തില്‍ കൊതി മുഴുത്തവര്‍ പലമട്ടില്‍ പ്രശംസിക്കുന്നു. ദോഷകര്‍മ്മഫലങ്ങള്‍ ചേര്‍ന്നതു തന്നെയാണ്‌ മാംസത്തെപ്പറ്റിയുള്ള പ്രശംസയും. തങ്ങളുടെ ജീവിതത്തെത്തന്നെ കൈവെടിഞ്ഞ്‌ അന്യജീവികളുടെ മാംസത്തിന് പകരം സ്വന്തം മാംസം ദാനംചെയ്ത്‌ അവയെ രക്ഷപ്പെടുത്തി സ്വര്‍ഗ്ഗംപ്രാപിച്ച സജ്ജനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇപ്രകാരം രാജാവേ, നാലു കാരണങ്ങള്‍ ചേര്‍ന്നതാണ്‌ എല്ലാ ധര്‍മ്മ ങ്ങളും ചേര്‍ന്ന അഹിംസ. അതു ഞാന്‍ നിനക്കു പറഞ്ഞു തന്നു. എല്ലാ ധര്‍മ്മവും അഹിംസയില്‍ അധിഷ്ഠിതമായിരിക്കുന്നു.

115. മാംസഭക്ഷണനിഷേധം - ഹിംസയ്ക്കുള്ള കഠിനപാപവും വിവരിക്കുന്നു, മാംസത്തെപ്പോലെ മദ്യവും വര്‍ജ്ജിക്കണമെന്ന്‌ - യുധിഷ്ഠിരന്‍ പറഞ്ഞു: അഹിംസ പരമമായ ധര്‍മ്മമാണെന്ന്‌ ഭവാന്‍ പലപാടു പറഞ്ഞുവല്ലോ. പിതൃക്കള്‍ ശ്രാദ്ധങ്ങളില്‍ മാംസാര്‍ത്ഥികളാണെന്നും ഭവാന്‍ പറഞ്ഞു. പലതരം മാംസങ്ങള്‍ കൊണ്ടുള്ള ശ്രാദ്ധവിധി ഭവാന്‍ മുമ്പു പറഞ്ഞുവല്ലോ. കൊല്ലാതെ എങ്ങനെയാണു മാംസം ലഭിക്കുക? ഈ പറഞ്ഞ കാര്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം കാണുന്നുണ്ടല്ലോ. മാംസം വര്‍ജ്ജിക്കുന്ന ധര്‍മ്മത്തില്‍ ഞങ്ങള്‍ക്കു സംശയം ബാധിച്ചിരിക്കുന്നു. മാംസം തിന്നുന്നവന് എന്തു ദോഷമാണു ബാധിക്കുക? തിന്നാത്തവന് എന്തു ഗുണമാണു ലഭിക്കുക?

കൊന്നു തിന്നുന്നവനും, അന്യന്മാര്‍ കൊന്നതു തിന്നുന്നവനും, അന്യന്നു വേണ്ടി കൊല്ലുന്നവനും, കൊന്നു വില്ക്കുന്നത്‌ വാങ്ങി തിന്നുന്നവനുമുള്ള ഫലം ഒന്നു തന്നെയാണോ? അതോ പാപത്തിന് ഏറ്റക്കുറവുണ്ടോ? ഇതു ശരിയായ തത്വത്തോടെ പറഞ്ഞു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്‌. അനഘാശയാ! ഇതില്‍ ഒരു തീര്‍പ്പു കല്പിക്കുവാന്‍, ഈ സനാതനമായ ധര്‍മ്മം ശരിയായും അറിയുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. എങ്ങനെ ആയുസ്സുണ്ടാകുന്നു? എങ്ങനെ സത്വവാനാകുന്നു? അവ്യംഗനാകുന്നത്‌ എങ്ങനെയാണ്‌? ലക്ഷണാഢ്യനാകുന്നത്‌ എങ്ങനെയാണ്‌? എല്ലാം വിശദമായി പറഞ്ഞാലും പിതാമഹാ!

ഭീഷ്മൻ പറഞ്ഞു: മാംസം തിന്നാതിരിക്കുക എന്ന ധര്‍മ്മം അല്ലയോ കുരുനന്ദനനായ രാജാവേ, യഥാതത്വം ഞാന്‍ പറയാം; അതും അതിലുള്ള മുഖ്യമായ വിധിയും ഭവാന്‍ കേള്‍ക്കുക. അംഗഹീനത കൂടാതെയുള്ള സൗന്ദര്യം, ആയുസ്സ്‌, ബുദ്ധി, സത്വം, ബലം, സ്മൃതി ഇവയെ ആഗ്രഹിക്കുന്ന യോഗ്യന്മാര്‍ ഹിംസയെ ഉപേക്ഷിക്കുന്നു. ഋഷിമാര്‍ ഇതിനെപ്പറ്റി പല വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. അവരുടെ അഭിപ്രായം ഞാന്‍ പറയാം കുരുനന്ദനാ!

അശ്വമേധയാഗം ചെയ്യുന്നവനും, മാസംതോറും യതവ്രതനായി മദ്യവും മാംസവും  ഉപേക്ഷിക്കുന്നവനും, ഇവ രണ്ടിന്നും തുല്യമായ ഫലമാണ്‌ യുധിഷ്ഠിരാ! സപ്തര്‍ഷിമാരും, ബാലഖിലൃരും അതുപോലെ തന്നെ മരീചിമാരും എല്ലാ മനീഷിമാരും മാംസം കൂടാതെയുള്ള ഭക്ഷണത്തെ പ്രശംസിക്കുന്നു രാജാവേ! മാംസം ഭക്ഷിക്കാത്തവന്‍, കൊല്ലാത്തവന്‍, കൊല്ലിക്കാത്തവന്‍ ഈ പറഞ്ഞവര്‍ എല്ലാവര്‍ക്കും മിത്രമാണെന്ന്‌ സ്വായംഭൂവമായ മനു പറഞ്ഞിട്ടുണ്ട്‌. മാംസം വര്‍ജ്ജിക്കുന്നവന്‍ എല്ലാവര്‍ക്കും അധ്യഷ്യനും, എല്ലാ ജീവിയിലും വിശ്വാസ്യനും, സാധുജനസമ്മതനും ആകുന്നു. തന്റെ മാംസം അനൃജീവിയുടെ മാംസം കൊണ്ടു വര്‍ദ്ധിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ തന്റെ പ്രവൃത്തി കൊണ്ടു താഴ്ന്നു പോകുന്നതാണെന്ന്‌ ധര്‍മ്മാത്മാവായ നാരദന്‍ പറഞ്ഞിട്ടുണ്ട്‌. മദ്യമാംസങ്ങള്‍ വര്‍ജ്ജിച്ചവന്‍ ദാനം ചെയ്യുന്നവനും, യജിക്കുന്നവനും, തപസ്വിയുമായി ഭവിക്കുന്നതാണ്‌ എന്നു ബൃഹസ്പതി പറഞ്ഞു.

മാസംതോറും ഒരു അശ്വമേധം വീതം നൂറുവര്‍ഷം യജിക്കുന്നവനും മാംസം ഭക്ഷിക്കാത്തവനും തുലൃനാണെന്നാണ്‌ എന്റെ അഭിപ്രായം. മദ്യമാംസങ്ങള്‍ ഒഴിവാക്കിയാല്‍ അവനുള്ള ഫലം മഹത്തരമാണ്‌. അവന്‍ എന്നും സത്രം കഴിക്കുന്നവനും, എന്നും ദാനം ചെയ്യുന്നവനും, എന്നും തപസ്സു ചെയ്യുന്നവനുമാകുന്നു (അവനുള്ള ഫലം ഇതു കൊണ്ടു കിട്ടുന്നതാണെന്ന്‌ അര്‍ത്ഥം). മാംസം തിന്ന്‌, പിന്നെ മാംസഭക്ഷണം ഉപേക്ഷിക്കുന്നതായാല്‍ അവന്‍ നേടുന്ന പുണ്യം മഹത്തരമാണ്‌. എല്ലാ വേദങ്ങളും പഠിച്ചവന്റെ പുണ്യവും സര്‍വ്വയജ്ഞങ്ങളുടെ പുണ്യവും അവന് ലഭിക്കുന്നതാണ്‌. മാംസത്തിന്റെ സ്വാദ്‌ അറിഞ്ഞവന്‍ അതിനെ ഉപേക്ഷിക്കുന്നത്‌ വളരെ ദുഷ്കരമാണ്‌. ഇത്‌ എത്രയും ശ്രേഷ്ഠമായ ഒരു വ്രതമാണ്‌. എല്ലാ പ്രാണികള്‍ക്കും അവന്‍ അഭയം നലകുകയാണല്ലോ ചെയ്യുന്നത്‌.

ഏതൊരു ധീമാനോ എല്ലാ ജീവികള്‍ക്കും അഭയമാകുന്ന ദക്ഷിണ നല്കുന്നത്‌, ലോകത്തില്‍ അവന്‍ പ്രാണദാതാവാകുന്നു; അതില്‍ യാതൊരു സംശയവുമില്ല. മനീഷികളെല്ലാം ഈ ശ്രേഷ്ഠമായ ധര്‍മ്മത്തെ പ്രശംസിക്കുന്നു. പാണന്‍ തനിക്ക്‌ ഇഷ്ടപ്പെട്ടതാണല്ലോ. അതുപോലെ തന്നെ മറ്റു ജീവികള്‍ക്കും അവരുടെ പ്രാണന്‍ ഇഷ്ടപ്പെട്ടതാണെന്ന്‌ ധരിക്കണം. സുകൃതാത്മാക്കളായ ബുദ്ധിമാന്മാര്‍, ഐശ്വര്യം അറിഞ്ഞ്‌ ഇച്ഛിക്കുന്ന ധീമാന്മാര്‍, തന്നെപ്പോലെയാണ്‌ മറ്റുള്ളവരുമെന്ന്‌ ഓര്‍ക്കണം. മൃത്യുഭയം തന്നെപ്പോലെ അവയ്ക്കുമുണ്ടെന്നു ധരിക്കണം. രോഗമില്ലാത്തവയും, കുറ്റംചെയ്യാത്തവയും, ജീവിക്കാൻ ആഗ്രഹിക്കുന്നവയുമായ ജീവികളെ മാംസം ആഗ്രഹിച്ച്‌ പാപികള്‍ കൊന്നുവിടുന്നു. എന്തു നേട്ടത്തിന് വേണ്ടിയാണ്‌ ആ മഹാപാപം ചെയ്യുന്നത്‌? അതുകൊണ്ട്‌ മഹാരാജാവേ, മാംസം വര്‍ജ്ജിക്കണം എന്നുള്ളത്‌ ഭവാന്‍ ചിന്തിക്കണം. അതു ധര്‍മ്മത്തിന്‌ മുഖ്യമായ പദമാണ്‌. സ്വര്‍ഗ്ഗത്തിനും സുഖത്തിനും അത്‌ ആസ്പദമാണ്‌. അഹിംസ പരമമായ ധര്‍മ്മമാണ്‌. അഹിംസ പരമമായ തപസ്സാണ്‌. അഹിംസ പരമമായ സത്യമാകുന്നു. അതില്‍ നിന്നാണ്‌ എല്ലാ ധര്‍മ്മകര്‍മ്മങ്ങളും ഉണ്ടാകുന്നത്‌. മാംസം പുല്ലില്‍ നിന്ന് ലഭിക്കുന്നില്ല, മാംസം വിറകില്‍ നിന്ന് ലഭിക്കുന്നില്ല, മാംസം കല്ലില്‍ നിന്ന് ലഭിക്കുന്നില്ല. ജന്തുവിനെ കൊല്ലാതെ മറ്റു വിധത്തിലൊന്നും മാംസം ലഭിക്കുകയില്ല. അതുകൊണ്ട്‌ മാംസം തിന്നുകയെന്നത്‌ ദോഷം തന്നെയാണ്‌.

സ്വാഹാസ്വധാമൃതാശന്മാരായ ദേവന്മാര്‍ സത്യത്തിലും ആര്‍ജ്ജവത്തിലും പ്രിയരാണ്‌. ജിഹ്വാരസാലംബരാണ്‌ (നാവിന്റെ രസത്തെ ആശ്രയിച്ചു കഴിയുന്നവര്‍) രാക്ഷസന്മാര്‍. ഘോരമായ കാന്താരങ്ങളിലും, ദുര്‍ഗ്ഗങ്ങളിലും, ഗഹനങ്ങളായ കാനനങ്ങളിലും, സന്ധ്യാകാലങ്ങളിലും, രാവും, പകലും, സഭയിലും, നാലും കൂടിയ പെരുവഴികളിലും, കവലകളിലും, അസ്ത്രങ്ങള്‍ ഉയര്‍ത്തിയവരിലും, വ്യാളങ്ങള്‍, ഹിംസ്രജന്തുക്കള്‍ ഇവയില്‍ നിന്നും മാംസം ഭക്ഷിക്കാത്തവന് യാതൊരു ഭയവും ബാധിക്കുന്നതല്ല. മാംസംഭക്ഷണം ഉപേക്ഷിച്ചവനെ എല്ലാ ഹിംസ്രജന്തുക്കളില്‍ നിന്നും മറ്റു കഷ്ടതകളില്‍ നിന്നും വിധി രക്ഷിക്കുന്നതാണ്‌. എല്ലാ ജീവികള്‍ക്കും ശരണ്യനായ പുരുഷന്‍ എല്ലാ ജീവികള്‍ക്കും വിശ്വാസ്യനാകും. ലോകത്തെ ഭയപ്പെടുത്താത്തവന്‍ ഒന്നില്‍ നിന്നും ഭയപ്പെടേണ്ടതായി വരികയില്ല. മാംസം തിന്നാത്തവന്‍ മാംസത്തിന് വേണ്ടി കൊല്ലാത്തവനുമായിത്തീരും. തിന്നുന്നവനായിത്തീര്‍ന്ന്‌, നരന്‍ കൊല ചെയ്യുന്നവനായി പരിണമിക്കുന്നു. മാംസം തിന്നരുതെന്നു വെച്ചാല്‍ ഹിംസയും അതോടൊപ്പം നിന്നു പോകുന്നതാണ്‌. മൃഗാദികളെ ഹിംസിക്കുന്നത്‌ ഭക്ഷണത്തിന് വേണ്ടിയാണല്ലോ.

അല്ലയോ മഹാദ്യുതേ, ഹിംസിക്കുന്നവര്‍ക്ക്‌ ആയുസ്സ്‌ കുറഞ്ഞു പോകുന്നു. അതുകൊണ്ട്‌ ആത്മാവിന്റെ ഐശ്വരൃം (തന്റെ നന്മ) ഇച്ഛിക്കുന്നവന്‍ മാംസം വര്‍ജ്ജിക്കേണ്ടതാണ്‌. രൗദ്രന്മാരായ ജന്തു ഹിംസകന്മാര്‍ രക്ഷിതാവിനെ കാണുകയില്ല. അവര്‍ സിംഹം, കടുവ, പുലി മുതലായവയെപ്പോലെ ക്രൂരരാണ്‌. ജീവികള്‍ക്ക്‌ ഭയം ജനിപ്പിക്കുന്ന ഭയങ്കരന്മാരാണ്‌ അവര്‍.

ലോഭത്താലും, ബുദ്ധിമോശത്താലും, ബലവീര്യത്താലും, സംസര്‍ഗ്ഗത്താലും, മനുഷ്യരില്‍ ദുഷ്ടമായ ഈ അധര്‍മ്മരുചി വന്നുകൂടുന്നു. തന്റെ മാംസം അന്യമാംസം കൊണ്ടു പോഷിപ്പിക്കുവാന്‍ നോക്കുന്നവന്‍ എവിടെപ്പോയി ജനിച്ചാലും അവന്‍ എല്ലാറ്റില്‍ നിന്നും ഭയപ്പെട്ടു ജീവിക്കുന്നവനായിത്തീരും.

നിയതന്മാരായ മഹര്‍ഷിമാര്‍ പണ്ടേ തന്നെ പറഞ്ഞിട്ടുണ്ട്‌, മാംസം വര്‍ജ്ജിക്കുന്നതു ധന്യവും യശസ്യവും ആയുഷ്യവും സ്വര്‍ഗ്യവും ഏറ്റവും സ്വസ്ത്യയനവുമാണെന്ന്‌. അല്ലയോ കൌന്തേയാ! പണ്ട്‌ മാര്‍ക്കണ്ഡേയന്‍ മാംസഭക്ഷണ ദോഷങ്ങള്‍ പറഞ്ഞത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അതാണ്‌ ഞാന്‍ ഭവാനോടു പറഞ്ഞത്‌. ജീവിക്കുവാനാഗ്രഹിക്കുന്ന ജീവിതാര്‍ത്ഥികളായ പ്രാണികളുടെ മാംസം ഏതൊരുത്തന്‍ തിന്നുന്നുവോ അവന്‍ കൊന്നവയ്ക്കും ചത്തവയ്ക്കും കൊലയാളായി ഭവിക്കുന്നു.

ധനംകൊടുത്ത്‌ മാംസം വാങ്ങുന്നവന്‍ കൊലയാളിയാണ്‌. തിന്നുന്നവനും കൊലയാളിയാണ്‌. കെട്ടിയിട്ട്‌ അറുക്കുന്നവനും കൊലയാളിയാണ്‌. ഇങ്ങനെ വധം മൂന്നു വിധത്തിലുണ്ട്‌. തിന്നുന്നില്ലെങ്കിലും അവന്‍ തന്റെ ഭാവദോഷം കൊണ്ട്‌ തിന്നുന്നവനെ അനുമോദിക്കുകയാണെങ്കില്‍, കൊല്ലുന്നതില്‍ സമ്മതം നല്‍കുകയാണെങ്കില്‍, ഈ പറഞ്ഞവരും വധത്തിന്റെ ദോഷം ഏല്ക്കുന്നവരാകും. എല്ലാ ജീവിക്കും അധൃഷ്യനും ആയുഷ്മാനും രുജയില്ലാത്തവനും സുഖിയും ജീവിയില്‍ കരുണയുള്ളവനുമായി മാംസം ഭക്ഷിക്കാത്തവന്‍ ശോഭിക്കുന്നതാണ്‌. സ്വര്‍ണ്ണദാനം, ഗോദാനം, ഭൂമിദാനം, ഇവയിലെല്ലാം വെച്ചു ശ്രേഷ്ഠമായത്‌ മാംസം തിന്നുകയില്ല എന്ന വ്രതമാണ്‌ എന്നു നാം കേള്‍ക്കുന്നു. യാഗത്തിനോ പിതൃക്കള്‍ക്കോ വിധിപ്രകാരം അര്‍പ്പണം ചെയ്യാത്ത മാംസം, വിധിപ്രകാരമല്ലാതെയുള്ള മാംസം തിന്നരുത്‌. അങ്ങനെ വിധിപ്രകാരമല്ലാത്ത മാംസം തിന്നാല്‍ അവന്‍ തീര്‍ച്ചയായും നരകത്തിൽ എത്തുന്നതാണ്‌. പ്രോക്ഷിച്ച്‌ അദ്യുക്ഷിതമായ മാംസം, ദേവന്മാര്‍ക്കു വേണ്ടി ബലിയര്‍പ്പിച്ച മാംസം, ബ്രാഹ്മണനു നല്കണമെന്ന ആഗ്രഹത്തോടെ പാകം ചെയ്ത്‌ ദാനം ചെയ്താല്‍ അതില്‍ ദോഷം അല്പമേ കരുതാവു. തെറ്റിയാലോ വലിയ പാപവും ഏല്ക്കുന്നതാണ്‌.

ജന്തുഘാതിയായ ഏതു നീചനാണോ വില്ക്കുവാന്‍ കൊല്ലുന്നത്‌ അവന്‍ മഹാപാപിയാണ്‌. അതു വാങ്ങിത്തിന്നുന്നവന്‍ പാപിയാണെങ്കിലും മുൻ പറഞ്ഞവന്റെ പാപമാണ്‌ വലിയത്‌. യജ്ഞത്തിനും ബലിക്കും മറ്റും എന്ന മട്ടില്‍ ഓരോ പേരും പറഞ്ഞു മാംസക്കൊതിയനായ ഒരുവന്‍ മാംസം പാകം ചെയ്ത്‌ പിതൃക്കള്‍ക്കും ദേവകള്‍ക്കുമൊക്കെ നിവേദിച്ചു എന്നു വരുത്തി അതൊക്കെ ഇഷ്ടം പോലെ ഭക്ഷിക്കുകയാണെങ്കില്‍ അവനില്‍ നിന്ന്‌ പാപം വിട്ടു പോവുകയില്ല. അവന്‍ തീര്‍ച്ചയായും ആ മഹാപാപത്തിന്റെ ഫലമായി നരകത്തിലെത്തുന്നതാണ്‌. മാംസം തിന്നിട്ട്‌ പിന്നെ മാംസഭക്ഷണം ഉപേക്ഷിക്കുകയാണെങ്കില്‍ അവനില്‍ വളരെ ധര്‍മ്മഫലം വന്നു കൂടും. അവന്റെ പാപമൊക്കെ നീങ്ങും. മാംസം കൊണ്ടു വരുന്നവനും, അതിന് സമ്മതിക്കുന്നവനും, കൊല്ലുന്നവനും, വില്പന നടത്തുന്നവനും, വാങ്ങുന്നവനും, മാംസം പാകം ചെയ്യുന്നവനും, തിന്നുന്നവനും ഇപ്രകാരം എല്ലാവരും മാംസം തിന്നുന്നവര്‍ തന്നെ. ഇതില്‍ വിധികല്പച്ചതായ പ്രമാണം ഞാന്‍ വേറെ പറയാം. ഇതു പണ്ട്‌ മുനീന്ദ്രന്മാര്‍ കൈക്കൊണ്ടതും വേദങ്ങളില്‍ അനുശാസിച്ചിട്ടുള്ളതുമാണ്‌. പ്രവൃത്തിലക്ഷണമായ ഈ ധര്‍മ്മം ഗൃഹസ്ഥാശ്രമിക്കുള്ളതാണ്‌. അല്ലാതെ മോക്ഷാര്‍ത്ഥിക്കുള്ളതല്ല. ഹവിസ്സ്‌ എന്നു പറയുന്നത്‌ മന്ത്രം കൊണ്ടു ശുദ്ധീകരിച്ചതാണ്‌. അതു പ്രോക്ഷിച്ച്‌ അദ്യുക്ഷിതമാക്കിയതും ശുചിയായതുമാണ്‌. വേദോക്തമായ പ്രമാണമനുസരിച്ച്‌ സംസ്കരിച്ച അത്‌ പിതൃക്കള്‍ക്കും ക്രിയകള്‍ക്കും വേണ്ടിയാണ്‌. അവയൊന്നും കൂടാതെ വെറുതെ കൊന്ന്‌ അറുത്തെടുത്ത മാംസം ആരും വെച്ചു തിന്നരുത്‌ എന്നാണ്‌ മനു അനുശാസിച്ചിട്ടുള്ളത്‌. അതിനെ അവഗണിച്ചു തിന്നുന്നത്‌ അസ്വര്‍ഗ്യവും അയശസ്യവുമാണ്‌. അത്‌ രാക്ഷസന്മാര്‍ക്കു പറ്റിയ തീറ്റയാണ്‌. വിധി പ്രകാരമല്ലാതെ മുമ്പെ മാംസം മനുഷ്യന്‍ തിന്നരുത്‌ രാജാവേ! പ്രോക്ഷിക്കാത്ത പാഴായ മാംസം വിധിപ്രകാരമല്ലാതെ മര്‍ത്ത്യന്‍ ഭക്ഷിക്കരുത്‌.

തനിക്കു യാതൊരു ഉപദ്രവവും വന്നു ചേരരുത് എന്ന്‌ ഇച്ഛിക്കുന്ന മര്‍ത്ത്യരാരും പ്രാണികളുടെ മാംസം ഭക്ഷിക്കരുത്‌. പണ്ട്‌ മര്‍ത്ത്യര്‍ കല്പകാലത്ത്‌ പ്രീഹിയവം, പശു എന്നിവ കൊണ്ട്‌ പുണ്യലോക പരായണരായ യജ്വാക്കള്‍, യജിച്ചിരുന്നതായി പറയുന്നു. ഋഷിമാര്‍ സംശയം ചോദിച്ചപ്പോള്‍ ചേദിരാജാവായ വസു അഭക്ഷ്യമായാലും മാംസം ഭക്ഷിക്കാമെന്നു പറഞ്ഞു. അതുകൊണ്ടാണ്‌ അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ നിന്ന് വീണ്ടും ഭൂമിയില്‍ വരേണ്ടതായി വന്നത്‌. ഭൂമിയില്‍ വന്നപ്പോള്‍ വസു വീണ്ടും തന്റെ തെറ്റായ അഭിപ്രായം (മാംസം തിന്നാമെന്ന അഭിപ്രായം) പറഞ്ഞു. ഉടനെ അവന്‍ ഭൂമി പിളര്‍ന്ന്‌ ഉള്ളിലേക്കുപോയി. മഹാത്മാവായ അഗസ്ത്യന്‍ പ്രജകളുടെ ഹിതത്തിന് വേണ്ടി തപസ്സു ചെയ്ത്‌ എല്ലാ ദേവന്മാര്‍ക്കും വേണ്ടി വിധിപ്രകാരം പ്രോക്ഷിച്ച്‌ മൃഗങ്ങളെ കൊന്ന്‌ ബലിയര്‍പ്പിച്ചു. അങ്ങനെ പിതൃദൈവക്രിയകള്‍ ക്ഷയിക്കാതായി. മാംസതര്‍പ്പിതരായ പിതൃക്കള്‍ ന്യായമായി തര്‍പ്പിക്കപ്പെട്ട മാംസത്താല്‍ നന്ദി കൊള്ളു ന്നു. അല്ലയോ അനഘാശയനായ രാജേന്ദ്ര, ഞാന്‍ പറയുന്നതിനെ ഭവാന്‍ കേള്‍ക്കുക. മാംസം തിന്നാതിരുന്നാല്‍ സര്‍വ്വവിധ സുഖവും വന്നുചേരും. മനുജാധിപാ! നൂറ്റാണ്ടുകാലം അത്യുഗ്രമായ വലിയ തപസ്സ്‌ ചെയ്യുന്നതായാലും മാംസം വര്‍ജ്ജിക്കുന്നതായാലും രണ്ടിനും ഫലം തുല്യമാണെന്നാണ്‌ എന്റെ അഭിപ്രായം.

കാര്‍ത്തികമാസത്തില്‍, വിശേഷിച്ചും ശുക്ലപക്ഷത്തില്‍, മധുമാംസങ്ങള്‍ വര്‍ജ്ജിക്കണം. അതു മഹത്തായ ധര്‍മ്മമാണ്‌. മഴക്കാലം നാലുമാസവും മാംസം വര്‍ജ്ജിക്കുന്നവന്‍ നാലുതരം ഭദ്രത്തേയും നേടും. ആയുസ്സ്‌, യശസ്സ്‌, ബലം, കീര്‍ത്തി എന്നീ നാലുമാണ്‌ ഭദ്രങ്ങള്‍. ഒരുതരം മാംസവും ഒരു മാസം ഭക്ഷിക്കാത്ത വ്രതവാന്‍ എല്ലാ ദുഃഖവും വിട്ട്‌ നിരാമയനായി, സുഖമായി ജീവിക്കുന്നതാണ്‌. മാംസങ്ങള്‍ മാസപക്ഷക്കണക്കിലായി വ്രതമെടുത്ത്‌ ഉപേക്ഷിച്ചു ജീവിക്കാറുണ്ട്‌.

മാംസം ഉപേക്ഷിക്കുന്നവര്‍ക്ക്‌ ബ്രഹ്മലോകം സിദ്ധിക്കുന്നതാണ്‌. കുമുദപക്ഷത്തില്‍ മാംസം രാജാക്കന്മാര്‍ ഉപേക്ഷിക്കുന്നുണ്ട്‌ രാജാവേ! അവര്‍ സര്‍വ്വഭൂതസ്ഥരാണ്‌. പരാപരം അറിഞ്ഞവരാണ്‌. നാഭാഗനായ അംബരീഷന്‍ മഹാത്മാവായ ഗയന്‍, അനരണ്യന്‍, ആയുസ്സ്‌, ദിലീപന്‍, രഘു, പുരു, കാര്‍ത്തവീര്യന്‍, അനിരുദ്ധന്‍, നഹുഷന്‍, യയാതി, വിഷ്വഗശ്വന്‍, നൃഗന്‍, ശശബിന്ദു, യുവനാശ്വന്‍, ഔശീനരനായ ശിബി, മാന്ധാതാവ്‌, മുചുകുന്ദന്‍, ഹരിശ്ചന്ദ്രന്‍, ഇവരെല്ലാം സത്യനിഷ്ഠന്മാരായിരുന്നു. സത്യം പറയണം, അസത്യം പറയരുത്‌, സത്യം ധര്‍മ്മമാണ്‌ എന്ന്‌ ഉപദേശിച്ചവരാണ്‌. സത്യംമൂലം ഹരിശ്ചന്ദ്രന്‍ സ്വര്‍ഗ്ഗത്തില്‍ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ വിളങ്ങി.

രാജാവേ! ശേനചിത്രന്‍, സോമകന്‍, വൃകന്‍, രൈവതന്‍, രന്തിദേവന്‍, വസു, സ്യഞ്ജയന്‍ ഈ രാജാക്കന്മാരും കൃപന്‍, ഭരതന്‍, ദുഷ്യന്തന്‍, കരൂഷന്‍, രാമന്‍, അളര്‍ക്കന്‍, നളന്‍, വിശ്വരൂപന്‍, നിമി, ധീമാനായ ജനകന്‍, ഐളന്‍, പൃഥു, വീരസേനന്‍, ഇക്ഷ്വാകു, ശംഭു; ശ്വേതൻ, സഗരന്‍, അജന്‍, ധുന്ധു, സുബാഹു, ഹരൃശ്വന്‍, ക്ഷുപന്‍, ഭരതന്‍ ഇവരും മറ്റു പലരും മുമ്പേ കൗമുദമാസത്തില്‍ മാംസം ഭക്ഷിച്ചിട്ടില്ലാത്തവരാണ്‌ രാജാവേ! ആ വ്രതമെടുക്കുകയാലാണ്‌ അവര്‍ സ്വര്‍ഗ്ഗത്തെ പ്രാപിച്ചത്‌. അവര്‍ ശ്രീയോടു കൂടി ഉജ്വലിച്ച്‌ ബ്രഹ്മലോകത്തിലും എത്തിയവരാണ്‌. അവര്‍ അവിടെ ഗന്ധര്‍വ്വന്മാരാലും അനേകം സ്ത്രീകളാലും ഉപാസിക്കപ്പെടുന്നു. ഇതാണ്‌ ഉത്തമമായ അഹിംസാ ധര്‍മ്മത്തിന്റെ ലക്ഷണം. ഈ അഹിംസ ആചരിക്കുന്നവര്‍ സ്വര്‍ഗൃത്തില്‍ ഉപരിയായ ഭാഗത്തു വസിക്കുന്നതാണ്‌.

ധാര്‍മ്മികന്മാര്‍ മധുമാംസങ്ങളെ എപ്പോഴും വര്‍ജ്ജിക്കുന്നു. മദ്യവും അപ്രകാരം ജനനം മുതല്‍ മുനീശ്വരന്മാര്‍ വര്‍ജ്ജിക്കുന്നു. മാംസം ഭക്ഷിക്കായ്ക എന്ന ധര്‍മ്മം ചെയ്യുന്നവനും, മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കുന്നവനും, അവന്‍ എത്ര ദുരാചാരനായാലും തീര്‍ച്ചയായും നരകത്തിലെത്തുകയില്ല.

ഇതു ചൊല്ലുന്നതായാലും, വീണ്ടും വീണ്ടും കേള്‍ക്കുന്നതായാലും, അവനും നരകം പ്രാപിക്കുന്നതല്ല. അമാംസ ഭക്ഷണവിധി പവിത്രവും ഋഷിപൂജിതവുമാണ്‌. എല്ലാ പാപങ്ങളും വിട്ട്‌ അവന്‍ സര്‍വ്വകാമങ്ങളും നേടി പൂജ്യനായി ഭവിക്കും. അവന്‍ ജ്ഞാതികളില്‍ ശ്രേഷ്ഠനാകും. ആപത്തെത്തിയാല്‍ അത്‌ ഒഴിഞ്ഞുപോകും. ബന്ധനത്തില്‍ പെട്ടവന്‍ വിമുക്തനാകും. രോഗി രോഗഹീനനാകും. ദുഃഖിതന്റെ ദുഃഖം, ഈ ചരിത്രം പാരായണം ചെയ്താലും കേള്‍പ്പിച്ചാലും നീങ്ങുന്നതാണ്‌. അവന്‍ തിര്യക് യോനിയില്‍ ജനിക്കുകയില്ല. അവന്‍ രൂപവാനായി ഭവിക്കും, ഋദ്ധിമാനായി വലിയ കീര്‍ത്തിയും അവന്‍ നേടും, കുരുശ്രേഷ്ഠാ! ഋഷി നിര്‍മ്മിതമായ വിധാനം ഞാന്‍ നിന്നോടു പറഞ്ഞു. നീ മാംസാഹാരം ഒഴിവാക്കുകയാണെങ്കില്‍ പ്രവൃത്തിയും നിവ്യത്തിയും എല്ലാം നിനക്കു കൈവരുന്നതാണ്‌ യുധിഷ്ഠിരാ!

116. അഹിംസാഫലകഥനം - മാംസഭക്ഷണത്തി ന്റെ ദോഷവും മാംസം വര്‍ജ്ജിച്ചാലുള്ള ഗുണങ്ങളും - യുധിഷ്ഠിരന്‍ പറഞ്ഞു: ഈ മനുഷ്യലോകത്ത്‌ മാംസം ഭക്ഷിക്കുന്നവര്‍ മഹാക്രൂരന്മാരാണ്‌. പല ഭക്ഷ്യങ്ങളുള്ള ഭൂമിയില്‍ അതൊക്കെ വിട്ട്‌ രാജസന്മാരുടെ മാതിരി ഈ പാപികള്‍ നൃശംസരായി ജീവിക്കുന്നു. പലമാതിരി അപ്പങ്ങള്‍, പലതരം ശാകങ്ങള്‍, കല്ക്കണ്ടം, രസമുള്ള പലതരം പലഹാരങ്ങള്‍ ഇതൊക്കെ ഉണ്ടാക്കി അനുഭവിക്കുവാന്‍ സാദ്ധ്യതയുള്ളപ്പോള്‍ മനുഷ്യന്‍ അവയെക്കാളൊക്കെ മേലെയായി മാംസത്തെ ഇഷ്ടപ്പെടുന്നു. മാംസത്തെപ്പോലെ അവയൊന്നും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇതു കാണുമ്പോള്‍ എന്റെ മനസ്സ്‌ ഇക്കാരൃത്തില്‍ ബോധഹീനമായിപ്പോകുന്നു. മാംസത്തെക്കാള്‍ മേലെ സ്വാദുള്ളതായി മര്‍ത്ത്യര്‍ മറ്റൊന്നും കാണുന്നില്ല! മാംസം തിന്നാതിരുന്നാല്‍ എന്താണ്‌ ഗുണം? പ്രഭോ! അതു പറഞ്ഞു തരണം! മാംസം തിന്നാല്‍ എന്താണ്‌ ദോഷമെന്നും പറഞ്ഞു തരണേ ഭാരതര്‍ഷഭാ! അല്ലയോ ധര്‍മ്മജ്ഞാ, തത്വമായ വിധം ധര്‍മ്മമായതൊക്കെ പറഞ്ഞു തരണം. ഭക്ഷ്യം എന്താണ്‌? അഭക്ഷ്യം എന്താണ്‌? ഇത്‌ വ്യക്തമായി പറയണേ! ഇത്‌ ഏതു പ്രകാരത്തിലുള്ളതാണ്‌? വര്‍ജ്ജിക്കുന്നത് കൊണ്ടുള്ള ഗുണമെന്താണ്‌? തിന്നാലുള്ള ദോഷവും മറ്റും എന്നോടു പിതാമഹാ, അങ്ങു പറയണേ!

ഭീഷ്മൻ പറഞ്ഞു: അല്ലയോ മഹാബാഹോ, നീ പറഞ്ഞത്‌ ശരിയാണ്‌ ഭാരതാ! മാംസത്തെക്കാള്‍ സ്വാദുള്ളതായി മന്നില്‍ വേറെയൊന്നുമില്ല. കൃശന്മാര്‍ക്കും, ക്ഷീണിച്ചവര്‍ക്കും, തപ്തന്മാര്‍ക്കും, ഗ്രാമൃധര്‍മ്മരതന്മാര്‍ക്കും യാത്രാക്ലേശമനുഭവിച്ചവര്‍ക്കും മാംസത്തെക്കാള്‍ മേലെയായി മറ്റൊന്നുമില്ല. ഉടനെ പ്രാണങ്ങളെ വായ്പിക്കും. നല്ല പുഷ്ടി നല്കും. അല്ലയോ പരന്തപാ, മാംസത്തിലും മേലെയായി മറ്റൊന്നുമില്ല.

മാംസം വര്‍ജ്ജിച്ചാല്‍ വലിയ ഗുണംചെയ്യും കൌരവനന്ദനാ? മര്‍ത്ത്യര്‍ക്ക്‌ ആ ഗുണമെന്തെന്ന്‌ ഞാന്‍ പറയാം; നീ കേള്‍ക്കുക! തന്റെ മാംസം പരമാംസം കൊണ്ട്‌ വര്‍ദ്ധിപ്പി ക്കുവാന്‍ നിനച്ചാല്‍ അവനെക്കാള്‍ ക്ഷുദ്രനും നൃശംസനുമായി ലോകത്തില്‍ ആരുണ്ട്‌? ആ നരന്‍ നൃശംസതരനാണ്‌.

യുധിഷ്ഠിരാ, പ്രാണനെക്കാള്‍ പ്രിയപ്പെട്ടത്‌ എന്താണ്‌ ലോകത്തിലുള്ളത്‌? ഒന്നുമില്ല! അതുകൊണ്ട്‌ തന്നില്‍ എന്ന പോലെ അന്യനിലും ദയ കാണിക്കേണ്ടതാണ്‌. ഉണ്ണീ മാംസ ത്തിന്റെ ഉല്‍പത്തി ശുക്ലത്തില്‍ നിന്നാണല്ലോ. അതില്‍ സംശയമില്ലല്ലോ? അതുകൊണ്ട്‌ അതു തിന്നാലുള്ള ദോഷം ചെറുതല്ല. ഉപേക്ഷിച്ചാലോ, വലിയ പുണ്യവുമാണ്‌. വേദത്തില്‍ പറഞ്ഞ വിധിയനുസരിച്ചാണ്‌ അതു ഭക്ഷിക്കുന്നതെങ്കില്‍ ദുഷിക്കുന്നതല്ല.

പശുവിനെ സൃഷ്ടിച്ചത്‌ യജ്ഞത്തിന് ആണെന്നാണ്‌ ശ്രുതിയില്‍ പറയുന്നത്‌. അതിന്നല്ലാതെ പശുവിനെ ഹിംസിക്കുന്നവര്‍ക്കുള്ള വിധി രാക്ഷസമാണ്‌. ക്ഷത്രിയന്മാര്‍ക്കു കാണുന്ന വിധി എന്താണെന്നു പറയാം. അതു നീ കേള്‍ക്കുക. തന്റെ ബാഹുവീര്യം കൊണ്ടു നേടിയ മാംസം തിന്നാല്‍ അതുകൊണ്ട്‌ ദോഷം ബാധിക്കുന്നതല്ല. ആരണ്യമായതും എല്ലാ ദൈവങ്ങള്‍ക്കും വേണ്ടി പ്രോക്ഷിച്ചതുമായ മൃഗങ്ങള്‍ എല്ലാം ഭക്ഷിക്കാവുന്നതാണ്‌. അതുകൊണ്ടാണു പണ്ട്‌ അഗസ്ത്യന്‍ വേട്ടയെപ്പറ്റി പ്രശംസിച്ചത്‌. ആത്മത്യാഗം ചെയ്യാതെ നായാട്ടില്ല. സമഭാവം പൂണ്ട്‌ ഭൂതത്തെ കൊല്ലുകയോ കൊല ഏല്ക്കുകയോ ആണ്‌ നായാട്ടിലുണ്ടാകുന്നത്‌. രാജര്‍ഷിമാര്‍ വേട്ടയാടുന്നത്‌ ക്ഷത്രിയനു പാപമല്ല. അതുകൊണ്ടു പാപം ഏല്ക്കുന്നുമില്ല. ഇതുപോലെ യാതൊന്നും ഇഹത്തിലും പരത്തിലുമില്ല.

എല്ലാ ഭൂതങ്ങളിലും ദയ കാണിക്കണം കൗരവനന്ദനാ! ദയയുള്ള മനുഷ്യന് ഒരിടത്തും. ഭയപ്പെടേണ്ടതില്ല. ഈ ലോകം ദയാലുക്കള്‍ക്കും പിന്നെ താപസന്മാര്‍ക്കും ഉള്ളതാണ്‌. അഹിംസയാണ്‌ ധര്‍മ്മത്തിന്റെ ലക്ഷണം എന്നു ധര്‍മ്മജ്ഞന്മാര്‍ പറയുന്നു. ആത്മവാനായ നരന്‍ അഹിംസാത്മകമായ ക്രിയ ചെയ്യണം. പിതൃദൈവത യജ്ഞത്തില്‍ പ്രോക്ഷിച്ചത്‌ ഹവിസ്സാണ്‌ എന്നു ധരിക്കണം.

എല്ലാ ജീവിക്കും ദയാശീലന്‍ അഭയം കൊടുക്കുകയാണെങ്കില്‍ ഭൂതങ്ങള്‍ അയാള്‍ക്ക്‌ അഭയം നല്കും എന്നു നാം കേള്‍ക്കുന്നു. മുറിപ്പെട്ടാലും, കാലു തെറ്റിയാലും, വീണാലും, തല്ലിയാലും, വലിച്ചിഴച്ചാലും എല്ലാ ഭൂതങ്ങളും ദയാലുവായ പുരുഷനെ സമത്തിലും വിഷമത്തിലും കാക്കുന്നതാണ്‌. അവനെ വ്യാളങ്ങളോ, മൃഗങ്ങളോ, പിശാചുക്കളോ, രാക്ഷസന്മാരോ കൊല്ലുന്നതല്ല. പരന്മാരെ ഭയത്തില്‍ നിന്ന് രക്ഷിക്കുന്നവനെ ഭയകാലത്ത്‌ ഭൂതങ്ങള്‍ രക്ഷിക്കും. അവന്‍ ഭയത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടും.

പ്രാണദാനത്തെക്കാള്‍ മേലെയായി ഒരു ദാനവും ഇല്ല, ഉണ്ടാവുകയുമില്ല. തനിക്കു തന്നെക്കാള്‍ ഇഷ്ടമായി വേറെയൊന്നും ഉണ്ടാവുകയില്ല; അത്‌ തീര്‍ച്ചയാണ്‌. ഏതു ജീവി ക്കും അനിഷ്ടമായിട്ടുള്ളതാണ്‌ മരണം. മരണം അടുത്താല്‍ ജീവികള്‍ക്കു വിറയലുണ്ടാകും. ഗര്‍ഭജന്മജരാദുഃഖങ്ങളാല്‍ സംസാരസമുദ്രത്തില്‍ നിത്യവും ജീവജാലം മുങ്ങി മറിയുന്നു. മരണത്തെ ഭയപ്പെടുകയും ചെയ്യുന്നു. ഗര്‍ഭത്തില്‍ വസിക്കുമ്പോള്‍ ഗര്‍ഭാശയത്തിലെ പുളിയും ഉപ്പും തട്ടി നീറിയും, മലമൂത്ര ശ്‌ളേഷ്മങ്ങളുമായി സാമീപ്യത്തോടെ വലിയ ദാരുണമായ ദുഃഖം അനുഭവിക്കുന്നു. ജനിച്ചാല്‍ അവശനായും മുറിപ്പെട്ടും വീണ്ടും പചിക്കപ്പെട്ട മാംസ കാംക്ഷികള്‍ വിവശരായിക്കാണുന്നു. അതാതു യോനിയില്‍പ്പെട്ട്‌ കുംഭീപാകം എന്ന ഭയങ്കരനരകത്തില്‍ കിടന്നുഴലുന്നു. വീണ്ടും കൊല്ലപ്പെടുകയും നരകത്തില്‍ പതിക്കുകയും ചെയ്യുന്നു. പ്രസവിച്ച്‌ നിലത്തു വീണു കഴിഞ്ഞാല്‍ പിന്നെ തന്നെക്കാള്‍ ഇഷ്ടപ്പെട്ടതായി തനിക്ക്‌ മറ്റൊന്നും ഭൂമിയില്‍ ഇല്ല. അതുകൊണ്ട്‌ ഓരോ ജീവിയിലും താന്‍ ആത്മാവാല്‍ ദയ കാണിക്കേണ്ടതാണ്‌. ജീവിച്ചിരിക്കുന്ന കാലത്ത്‌ ആരുടെയും മാംസം തിന്നാത്തവന്‍ ഏവനോ, അവന്‍ സ്വര്‍ഗ്ഗത്തില്‍ ശ്രേഷ്ഠമായ സ്ഥാനം നേടുന്നതാണ്‌: അതില്‍ യാതൊരു സംശയവുമില്ല. ജീവന്‍ അര്‍തഥിക്കുന്ന ജീവിയുടെ മാംസം ഏവന്‍ തിന്നുന്നുവോ, അവനെ ജീവികള്‍ തന്നെ പിടിച്ചു തിന്നും; അതില്‍ യാതൊരു സംശയവുമില്ല. "എന്റെ മാംസം അവന്‍ തിന്നുകയാല്‍ ഞാന്‍ അവന്റെ മാംസവും തിന്നും", ഇതാണ്‌ മാംസത്തിന്നുള്ള മാംസതത്വം. അല്ലയോ ഭാരതാ! ഈ തത്വം നീ ധരിക്കണം.

ഘാതകനും കൊല്ലപ്പെടും, തിന്നുന്നവനും വധിക്ക പ്പെടും, നിന്ദിക്കുന്നവന്‍. നിന്ദിക്കപ്പെടും, ദ്വേഷിക്കുന്നവന്‍ ദ്വേഷിക്കപ്പെടുന്നവനുമാകും രാജാവേ! ഏതേതുടലില്‍ ഏതേതു കര്‍മ്മം ഏതേതു മനുഷ്യന്‍ ചെയ്യുന്നുവോ, അതാതുടലില്‍ അതാതിന്റെ ഫലം അവന്‍ ഏല്ക്കുന്നതാണ്‌. അഹിംസ പരമമായ ദമമാണ്‌. അഹിംസ പര മമായ ദാനമാണ്‌. അഹിംസ പരമമായ തപമാണ്‌. അഹിംസ പരമമായ യജ്ഞമാണ്‌. അഹിംസ പരമമായ ബലമാണ്‌. അഹിംസ പരമമായ മിത്രമാണ്‌. അഹിംസ പരമമായ ശ്രുതമാണ്‌. എല്ലാ യജ്ഞത്തിലും ദാനംചെയ്യുക, എല്ലാ തീര്‍ത്ഥത്തിലും കുളിക്കുക, ഇവയില്‍ എല്ലാറ്റിലും എല്ലാ ദാനഫലത്തെക്കാളും മേലെയാണ്‌ അഹിംസ. അഹിംസ്രന് അക്ഷയമായ തപസ്സു ലഭിക്കുന്നു. അഹിംസ്രന് എപ്പോഴും ജയം ലഭിക്കുന്നു. അഹിംസ്രന്‍ എല്ലാ ജീവികള്‍ക്കും അച്ഛനും അമ്മയും പോലെയാണ്‌.

അഹിംസയുടെ ഫലം ഇതും ഇതിലപ്പുറവുമുണ്ട്‌ കുരുനന്ദനാ! അഹിംസയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ അവസാനം കാണുകയില്ല. നൂറ്റാണ്ടു കൊണ്ടും പറഞ്ഞൊപ്പിക്കുവാന്‍ സാധിക്കുന്നതല്ല.

117. കീടോപാഖ്യാനം - ഒരു പുഴുവും വ്യാസനും തമ്മില്‍ നടന്ന സംഭാഷണം - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ പിതാമഹാ, മനസ്സിന്‌ ഇഷ്ടമായിട്ടും മനസ്സില്‍ ഇഷ്ടമില്ലാതെയും രണ്ടു വിധത്തില്‍ യോദ്ധാക്കള്‍ മഹായുദ്ധത്തില്‍ മരിച്ചിട്ടുണ്ടല്ലോ. അവര്‍ ഏതു തരത്തിലുള്ള ഗതിയാണ്‌ നേടുക? പിതാമഹാ, പറഞ്ഞാലും! വലിയ യുദ്ധത്തില്‍ പ്രാണന്‍ തൃജിക്കുന്നത്‌ നരന്മാര്‍ക്ക്‌ ദുഃഖമുണ്ടാക്കുന്ന കാര്യമാണ്‌. അല്ലയോ പ്രാജ്ഞാ! അത്‌ ഭവാന് അറിവുള്ളതാണല്ലോ. പ്രാണത്യാഗം ദുഷ്കരം തന്നെയാണ്‌.

പുഷ്ടിയിലും അപുഷ്ടിയിലും ശുഭത്തിലും അശുഭത്തിലുമുള്ള അതിന്റെ കാരണം അങ്ങു പറഞ്ഞാലും. അങ്ങു സര്‍വ്വജ്ഞനാണെന്നാണ്‌ എന്റെ അഭിപ്രായം.

ഭീഷ്മൻ പറഞ്ഞു: അപുഷ്ടിയിലും പുഷ്ടിയിലും ശുഭത്തിലും അശുഭത്തിലും ഈ സംസാരത്തില്‍ വന്നവരാണ്‌ പ്രാണികള്‍ രാജാവേ! അവര്‍ എന്തു ഭാവത്താല്‍ തല്‍പരരാണെന്ന്‌, അതിന്റെ കാരണം എന്തെന്ന്‌ ഞാന്‍ പറയാം. നീ നല്ലതായ ഒരു ചോദ്യമാണ്‌ എന്നോടു ചോദി ച്ചത്‌. ഇതിനെ സംബന്ധിച്ച്‌ പണ്ടു നടന്ന ഒരു കഥ ഞാന്‍ പറയാം. അത്‌ വ്യാസനും ഒരു പുഴുവും തമ്മില്‍ നടന്ന സംവാദമാണ്‌.

പണ്ട്‌ ബ്രഹ്മജ്ഞാനിയായ കൃഷ്ണദ്വൈപായന മഹര്‍ഷി ഒരു പുഴു ഓടുന്നതായിക്കണ്ടു. ആ പുഴു ഒരു വണ്ടി വരുന്നതു കണ്ട്‌ ഒഴിഞ്ഞ്‌ ഓടുകയായിരുന്നു. സര്‍വ്വഭൂതഗതിയും അറിയുന്നവനും പ്രാണികളുടെ ഭാഷ അറിയുന്നവനും സര്‍വ്വജ്ഞനുമായ ഋഷി ആ പുഴുവിനെ നോക്കി ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: എടോ പുഴു, നീ വല്ലാതെ ഭയപ്പെട്ടിരിക്കുന്നുവല്ലോ? നീ എങ്ങോട്ടാണ്‌ ഓടുന്നത്‌? എന്താണിതിന് കാരണം? എന്താണു ഭയത്തിനു ഹേതു?

പുഴു പറഞ്ഞു: നോക്കു! കൂറ്റനായ ഒരു വണ്ടി വരുന്നതു കണ്ടില്ലേ? അതിന്റെ ശബ്ദം കേട്ടിട്ടു ഭയപ്പെട്ടിട്ടാണ്‌ ഞാന്‍ ഓടുന്നത്‌. അതിതാ എത്തിക്കഴിഞ്ഞു മഹാശയാ! അതിന്റെ ഭീഷണമായ ഘോഷം കേള്‍ക്കുന്നില്ലേ? അതു ദേഹത്തില്‍ക്കയറി എന്നെ കൊല്ലാതിരിക്കുവാന്‍ വേണ്ടിയാണ്‌ ഞാന്‍ ഓടി ഒഴിയുന്നത്‌. ചമ്മട്ടി കൊണ്ടുള്ള അടിയേറ്റു ചീറ്റുന്ന കാളയുടെ സ്വരവും കേള്‍ക്കുന്നില്ലേ? ഭാരം വലിക്കുന്ന അവറ്റയുടെ ശബ്ദം പാര്‍ശ്വത്തിലായി എത്തിക്കഴിഞ്ഞു. ആ വണ്ടി ഓടിക്കുന്ന മനുഷ്യന്റെ ശബ്ദവും കേള്‍ക്കുന്നില്ലേ? എന്റെ തരക്കാരായ പുഴുക്കള്‍ക്ക്‌ ഇതിന്റെ ശബ്ദം ഗ്രഹിക്കുവാനുള്ള കഴിവില്ല. എനിക്ക്‌ അറിയുകയും ചെയ്യാം അതുകൊണ്ട്‌ ദാരുണമായ ഈ ഭയം ഞാന്‍ വിട്ടൊഴിക്കുവാന്‍ ശ്രമിക്കുകയാണ്‌ പ്രഭോ! മരണം ജീവികള്‍ക്ക്‌ ദുഃഖമാണ്‌. ജീവിതം വളരെ ദുര്‍ല്ലഭമായ ഒന്നാണ്‌. അതുകൊണ്ടു ഞാന്‍ ഭയപ്പെട്ട്‌ ഓടുകയാണ്‌. സുഖമൊക്കെ വിട്ട്‌ ദുഃഖം സംഭവിക്കരുതല്ലോ.

ഭീഷ്മൻ പറഞ്ഞു: എന്നു പറഞ്ഞപ്പോള്‍ പുഴുവിനോട്‌ വ്യാസന്‍ പറഞ്ഞു: എടോ പുഴു, നിനക്ക്‌ എവിടെയാണ്‌ സുഖം? നിനക്ക്‌ സുഖം മരണമാണ്‌. നീ തിര്യക് യോനിയിലല്ലേ ജനിച്ചത്‌? ശബ്ദം, സ്പര്‍ശം, രസം, ഗന്ധം പല മാതിരി ഭോഗങ്ങള്‍ എന്നിവയൊന്നും എടോ പുഴു നീ അറിയുകയില്ലല്ലോ. പിന്നെ ചിന്തിക്കുമ്പോള്‍ നിനക്കു സുഖമായിട്ടുള്ളത്‌ മരണമാണ്‌.

പുഴു പറഞ്ഞു: ഒരു ജീവി അവന്റെ ചുറ്റുപാട്‌ എന്തായാലും അവന്‍ ജീവിക്കുന്ന ഇടത്തോട്‌ ഇണങ്ങി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ എനിക്ക്‌ ഇവിടെ ജീവിക്കുന്നത്‌ എത്രയും ഇഷ്ടമാണ്‌. ഞാന്‍ എന്റെ ഉള്ളിലുള്ളതു പറയുകയാണ്‌ മഹാപ്രാജ്ഞാ! ജീവിക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. എന്റെ ദേഹത്തിന്‌ ആവശ്യമായ ജീവിതത്തിനു വേണ്ടുന്നതെല്ലാം എന്നിലുണ്ട്‌. ഇതിലും വിശേഷിച്ച്‌ ഒന്നു പറയുവാനുള്ളത്‌, ഈ സ്ഥിരവസ്തുക്കളില്‍ നിന്നുണ്ടായവയും മനുഷ്യരും വ്യത്യസ്തമായ ഭോഗത്തോടു കൂടിയവരാണ്‌.

പ്രഭോ! പണ്ട്‌ ഞാന്‍ വളരെ ധനമുള്ള ഒരു മനുഷ്യനായിരുന്നു. ഒരു ശൂദ്രനായിരുന്നു. ഞാന്‍ ബ്രാഹ്മണരാല്‍ വെറുക്കപ്പെട്ടവനും, നൃശംസനും, പിശുക്കനും, പണം പലിശയ്ക്കു കൊടുത്തു ജീവിക്കുന്നവനുമായിരുന്നു. കടുത്ത വാക്കു സംസാരിക്കുന്നവനും ചതിയനും ആരെയും ദ്വേഷിക്കുന്നവനുമായിരുന്നു; ഗൂഢമായ അന്യന്റെ മുതല്‍ അപഹരിക്കുന്നവനുമായിരുന്നു. വീട്ടില്‍ ഞാന്‍ ആദ്യമായി ഊണുകഴിക്കും. മറ്റുള്ള ഭൃത്യന്മാര്‍ക്കോ അതിഥികള്‍ക്കോ ഊണു കൊടുക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നില്ല. ഭൃത്യാദികളോടൊക്കെ കരുണയില്ലാത്തവനും തന്റെ നാവിന്റെ രസത്തിന് വേണ്ടി മാത്രം ഭക്ഷിച്ചിരുന്നവനും നൃശംസനും ഭക്ഷണപ്രിയനുമായിരുന്നു. ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും യജ്ഞത്തിനുമുള്ള ചോറ്‌ ഞാന്‍ നല്കാറുണ്ടായിരുന്നില്ല. അര്‍ത്ഥം നഷ്ടപ്പെടാതിരിക്കുവാന്‍ കൊതിച്ച്‌ അന്നന്നു നല്കേണ്ടവര്‍ക്ക്‌ അന്നവും നല്കാറുണ്ടായിരുന്നില്ല. ഞാന്‍ ആരും കാണാത്ത ദിക്കില്‍ ഒളിച്ചു വാണു. ശരണം പ്രാപിച്ചു വന്ന ഭീതന്മാരെ ഞാന്‍ ഉപേക്ഷിച്ചു. അഭയാര്‍ത്ഥികളെയൊന്നും സംരക്ഷിച്ചില്ല. ധനം, ധാന്യം, പ്രിയപ്പെട്ട ഭാര്യ, വസ്ത്രം, വാഹനം, ശ്രീ എന്നിവ മര്‍ത്ത്യരില്‍ കണ്ടപ്പോള്‍ എനിക്കു വല്ലാത്ത സഹിച്ചു കൂടായ്മ, അസൂയ ഉണ്ടായി. വെറുതെ ഞാന്‍ അസൂയപ്പെട്ടു. പരന്മാര്‍ക്കു സൗഖ്യം കണ്ടാല്‍ എനിക്കു കുശുമ്പുണ്ടായി. പരന്മാരുടെ ഐശ്വര്യം ഒരിക്കല്‍ നശിച്ചു കാണുവാനും അവരൊക്കെ പിച്ചതെണ്ടുന്നതു കാണുവാനും എനിക്കുണ്ടായ ഇഷ്ടം ചെറുതല്ലായിരുന്നു. ത്രിവര്‍ഗ്ഗങ്ങളെ നശിപ്പിച്ച്‌ അനൃരില്‍ കഴിവുള്ള ദ്രോഹങ്ങളൊക്കെ ഞാന്‍ ചെയ്തു. മഹാദുഷ്ടന്‍, പരമദുഷ്ടന്‍, മഹാദ്രോഹി എന്നുള്ള പേരിന്‌ ഞാന്‍ തികച്ചും അര്‍ഹനായിരുന്നു. അതിന് തക്ക കര്‍മ്മം ഞാന്‍ നിരന്തരം ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്റെ മകന്‍ നഷ്ടപ്പെട്ടാലുള്ള സങ്കടം പോലെ ആ കാലത്തെ നശിപ്പിച്ചു കളഞ്ഞതോര്‍ത്തു ദുഃഖിക്കുകയാണ്‌. ഞാന്‍ നല്ല കര്‍മ്മം ചിലതു ചെയ്തു.

അതിന്റെ ഫലവും ഞാന്‍ കണ്ടില്ല. ഞാന്‍ എന്റെ വൃദ്ധയായ മാതാവിനെ പൂജിച്ചു. ഒരു ബ്രഹ്മണനെ ഞാന്‍ അര്‍ച്ചിച്ചു. ഒരിക്കല്‍ സന്ദര്‍ഭവശാല്‍ എന്റെ്‌ ഗൃഹത്തിലെത്തിയ ഒരു അതിഥിയെ ഞാന്‍ വേണ്ടവിധം പൂജിച്ചു സല്‍ക്കരിച്ചു. അതുകൊണ്ട്‌ എനിക്കുണ്ടായ മെച്ചം എന്താണെന്നറിയാമോ. അന്ന്‌ മനുഷ്യനായിരുന്ന കാലത്തുണ്ടായ സംഭവങ്ങളുടെ സ്മരണ ഇന്നും നിലനില്ക്കുന്നു. ഓര്‍മ്മ വിട്ടിട്ടില്ല. ഞാന്‍ കര്‍മ്മംകൊണ്ട്‌ വീണ്ടും സുഖം കിട്ടുവാന്‍ ആഗ്രഹിച്ച്‌ യത്നിക്കുകയാണ്‌. അതുകൊണ്ട്‌ തപോധനാ, അങ്ങ്‌ എനിക്ക്‌ വേണ്ടത്‌ പറഞ്ഞുതരണേ!

118. കീടോപാഖ്യാനം - വണ്ടികയറി ചതഞ്ഞരഞ്ഞ കീടം അടുത്ത ജന്മത്തില്‍ രാജപുത്രനായി ജനിക്കുന്നു - വ്യാസന്‍ പറഞ്ഞു: ശുഭമായ കര്‍മ്മത്താല്‍ തിരൃക്കായിട്ടും നീ മോഹിക്കുന്നില്ല. എന്റെ കര്‍മ്മം കൊണ്ടാണ്‌ കീടമേ, നീ മോഹത്തില്‍പ്പെട്ടു പോകാത്തത്‌. നിന്നെ ഞാന്‍ കാഴ്ച കൊണ്ടു തന്നെ എന്റെ തപോബലം മൂലം കയറ്റുന്നതാണ്‌. തപശ്ശക്തിയെക്കാള്‍ മഹത്തരമായി വേറെ ഒരു ശക്തിയുമില്ല. അല്ലയോ പുഴു, നീ അഘത്തിന്റെ കുടുപ്പം കൊണ്ടാണ്‌ പുഴുവായിപ്പിറന്നതെന്നു ഞാന്‍ അറിയുന്നുണ്ട്‌. നീ ധര്‍മ്മം ഇച്ഛിക്കുന്നുണ്ടെങ്കില്‍ വീണ്ടും നീ ധര്‍മ്മം നേടുന്നതാണ്‌. ഭുമിയില്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലങ്ങളാണ്‌ ദേവന്മാരും തിര്യക്കുകളും ഏല്ക്കുന്നത്‌. മനുഷ്യരില്‍ കാമവും, അര്‍ത്ഥവും, ഗുണങ്ങളും, ധര്‍മ്മവും എല്ലാം കര്‍മ്മത്തിന്റെ ഫലമായിട്ടാണ്‌ അനുഭവിക്കുന്നത്‌. വാക്ക്‌, ബുദ്ധി, കൈകള്‍, കാലുകള്‍ ഇവയൊക്കെ നിനക്കു നഷ്ടപ്പെട്ടു. കഴിഞ്ഞ ജന്മത്തില്‍ ഒരു മനുഷ്യനായിരുന്ന നിനക്ക്‌ നിന്റെ കര്‍മ്മദോഷം മൂലം ഈ നിലയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടില്ലേ? മന്ദനും, ജീവിതാര്‍ത്ഥിയുമായ നിനക്ക്‌ ഇനി നഷ്ടപ്പെടാനെന്തുണ്ട്‌? ശ്രേയസ്സോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ബ്രാഹ്മണോത്തമന്മാര്‍ സൂര്യനെയും ചന്ദ്രനെയും പൂജിക്കുന്നു, ആരാധിക്കുന്നു. പുണ്യമായ പുരാണങ്ങള്‍ പാരായണംചെയ്യുന്നു, മന്ത്രങ്ങള്‍ ജപിക്കുന്നു, ധ്യാനിക്കുന്നു. അല്ലയോ കീടമേ, നീയും അവരുടെ ലോകത്തെ പ്രാപിക്കും. അവിടെ നീ എല്ലാവിധം ഗുണങ്ങളെയും അനുഭവിക്കുന്നതാണ്‌. അവിടെ ചെന്നുചേരുന്നതിന്ന്‌, ദിവ്യമായ ആ ലോകം ലഭിക്കുന്നതിന്, ഞാന്‍ നിന്നെ ബ്രഹ്മത്വത്തിലേക്ക്‌ അണയ്ക്കുന്നതാണ്‌. അപ്രകാരമാകാം എന്നു പറഞ്ഞ്‌ ആ പുഴു വഴിയില്‍ തന്നെ നിന്നു. യാദൃച്ഛയാല്‍ വലിയ വണ്ടി പാഞ്ഞു വന്ന്‌ അവന്റെ ദേഹത്തില്‍ കയറുകയും ചെയ്തു. ചക്രം കേറിയ ഉടനെ പുഴു തകര്‍ന്ന്‌ അരഞ്ഞു ചത്തു പോയി. ക്ഷത്രവംശത്തില്‍ വലിയ ഓജസ്സോടെ ഋഷിയുടെ ബലത്താല്‍ അവന്‍ പല ജന്മങ്ങളുമെടുത്ത്‌ ഉയര്‍ന്നു ഒരു ക്ഷത്രിയനായി ജനിച്ചു. ക്ഷത്രിയനാകുന്നതിന് മുമ്പ്‌ അവന്‍ മുള്ളന്‍പന്നി, ഉടുമ്പ്‌, മൃഗം, പക്ഷി, പറയന്‍, ശൂദ്രന്‍, വൈശ്യന്‍. ക്ഷത്രിയന്‍ ഇങ്ങനെയുള്ള ജന്മങ്ങളെടുത്ത്‌ ഈ ജന്മങ്ങളിലെല്ലാം അതീത ജന്മസ്മരണയോടെ മഹര്‍ഷിയെ ചെന്നുകണ്ടു കാലുപി ടിച്ചു നമസ്കരിച്ച്‌ അനുഗ്രഹം വാങ്ങിപ്പോയി. സത്യവാക്കായ ആ മഹര്‍ഷി ഇപ്രകാരം പറഞ്ഞ ആ പുഴു ക്ഷത്രിയന്‍വരെ ഉയര്‍ന്നതും, കഴിഞ്ഞകാലത്തെ സ്മരണ ആ പുഴുവിനുണ്ടായതും, വ്യാസന്‍ അനുഗ്രഹിച്ചതും എല്ലാം ഓര്‍ത്ത്‌ അവന്‍, ആ ക്ഷത്രിയനായ പുഴു, മഹര്‍ഷിയുടെ മുമ്പില്‍ കൈകൂപ്പി ഇപ്രകാരം പറഞ്ഞു.

പുഴു പറഞ്ഞു: ഇത്‌ വലിയ സ്ഥാനമാണല്ലോ മഹര്‍ഷേ പത്തു ഗണങ്ങള്‍ കൊണ്ടും ഇഷ്ടമായതാണല്ലോ. പുഴുവായിരുന്നിട്ടും ഞാന്‍ രാജപുത്രത്വം പ്രാപിച്ചു. ഇപ്പോള്‍ എന്നെ സ്വര്‍ണ്ണച്ചങ്ങലയണിഞ്ഞ ശക്തരായ ആനകളാണ്‌ വഹിക്കുന്നത്‌. കാംബോജാശ്വങ്ങളാണ്‌ എന്റെ തേര്‌ വലിക്കുന്നത്‌. വാഹനങ്ങള്‍ വലിക്കുന്നത്‌ ഒട്ടകങ്ങളും അശ്വതരങ്ങളുമാണ്‌. ബന്ധുക്കളോടും അമാത്യരോടും കൂടി ഞാന്‍ മാംസഭോജനം ഉണ്ണുന്നു. നല്ല ഗൃഹങ്ങള്‍ തോറും സുഖമായി, ശ്ലാഘ്യമായ മെത്തകളില്‍ കിടന്നു ഞാന്‍ ഉറങ്ങുന്നു. എന്നെ അനവധി ആശ്രിതന്മാര്‍ പൂജിക്കുന്നു. പ്രഭാതകാലത്തു വന്ന്‌ സൂതമാഗധരായ വന്ദികള്‍ ഇന്ദ്രനെ സുരന്മാര്‍ എന്നപോലെ പ്രിയവാദികള്‍ വാഴ്ത്തിപ്പാടുന്നു. തേജസ്വിയും സത്യസന്ധനുമായ ഭവാന്റെ കരുണയാല്‍ പുഴുവായിരുന്ന ഞാന്‍ ഇപ്പോള്‍ രാജപുത്രനായി ഭവിച്ചിരിക്കുന്നു. അല്ലയോ മഹാപ്രാജ്ഞാ! അങ്ങയ്ക്കു നമസ്‌കാരം! ഞാന്‍ എന്തു ചെയ്യണമെന്ന്‌ അങ്ങു ആജ്ഞാപിച്ചാലും! അങ്ങയുടെ തപോബലത്താല്‍ നിര്‍ദ്ദിഷ്ടമായ വിധം ഇതു ഞാന്‍ നേടിയിരിക്കുന്നു.

വ്യാസന്‍ പറഞ്ഞു: അല്ലയോ രാജാവേ അങ്ങ്‌ യദൃച്ഛയാല്‍ എന്നെ അര്‍ച്ചിച്ചു. നിനക്ക്‌ ഇന്നും ജുഗുപ്സിതമായ നിന്റെ ജന്മം, പുഴുവായി ജനിച്ച ആ ജന്മം, ഓര്‍മ്മയുണ്ട്‌. നീ പണ്ടു നേടിവെച്ച പാപം നശിക്കുന്നതല്ല. നൃശംസകനും, ഘാതകനും, ദ്രവ്യപരനുമായ നീ ശൂദ്രനായിരുന്നു. എന്നെ കണ്ടെത്തിയ കാരണത്താല്‍ നീ നല്ലതു ചെയ്തു തിര്യക് യോനിയില്‍ വന്നു പെട്ടിട്ടും, നീ എന്നെ അര്‍ച്ചിച്ചതു കൊണ്ട്‌ നിനക്കു നന്മ ലഭിച്ചു. ഇനി നീ രാജപുത്രത്വവും, പിന്നെ ബ്രാഹ്മണത്വവും നേടും. നീ ഗോബ്രാഹ്മണര്‍ക്കു വേണ്ടി ഈ ജന്മത്തില്‍ സ്വയം പ്രാണനെ ഹോമിച്ച്‌ അല്ലയോ രാജപുത്രാ സുഖം നേടും. പിന്നെ രാജാവായി ഭൂരിദക്ഷിണമായ യജ്ഞം കഴിച്ച്‌ വിണ്ണില്‍ അവ്യയമായ ബ്രഹ്മമായി, സുഖിയായി മോദിക്കുന്നതാണ്‌. തിര്യക്‌ ഭാവം വിട്ട്‌ ശൂദ്രഭാവം പ്രാപിക്കുന്നു. ശൂദ്രന്‍ വൈശ്യനാകുന്നു, വൈശ്യന്‍ ക്ഷത്രിയത്വം പ്രാപിക്കുന്നു. സ്വഭാവ ഗുണവാനായ ക്ഷത്രിയന്‍ പിന്നെ ബ്രാഹ്മണനായി ജനിക്കുന്നു. പിന്നെ ബ്രാഹ്മണന്‍ സാധുവൃത്തനായി പുണ്യ മായ സ്വര്‍ഗ്ഗംപ്രാപിക്കുന്നു.

119. കീടോപാഖ്യാനം - ക്ഷത്രിയനായ അവന്‍ ബ്രാഹ്മണനാകാന്‍ തപസ്സു ചെയ്യുന്നതു കണ്ട്‌ വ്യാസന്‍ ധര്‍മ്മോപദേശം ചെയ്തു മടക്കിയയ്ക്കുന്നു - ഭീഷ്മൻ പറഞ്ഞു: ക്ഷത്രധര്‍മ്മം നേടി വീര്യവാനായ അവന്‍ തന്റെ കഴിഞ്ഞ ജന്മം പുഴുവായിരുന്നതു ചിന്തിച്ചു. ആ കീടത്വം വിട്ട്‌ ക്ഷത്രിയനായ കാലത്തു ബ്രാഹ്മണത്വം ആ ജന്മത്തില്‍ തന്നെ നേടുവാന്‍ തപസ്സു ചെയ്തു. ധര്‍മ്മാര്‍ത്ഥങ്ങളോടു കൂടിയ അവന്‍ വലിയ തപസ്സിലേര്‍പ്പെട്ടതു കണ്ട്‌ ദ്വിജശ്രേഷ്ഠനായ ശ്രീവേദവ്യാസ മഹര്‍ഷി അവിടെ അവന്റെ മുമ്പില്‍ എത്തി.

വ്യാസന്‍ പറഞ്ഞു. അല്ലയോ കീടമേ, ക്ഷാത്രം ദേവ വ്രതമാണ്‌. ക്ഷാത്രം കൊണ്ടുള്ള കാര്യമെന്തെന്ന് അറിയാമോ? അത്‌ സകല ജീവികളെയും രക്ഷിക്കുവാനുള്ളതാണ്‌. ക്ഷത്രിയന് ചേര്‍ന്നതല്ല നീ ചെയ്യുന്നത്‌. തപസ്സു ചെയ്യുകയല്ല ക്ഷത്രിയന്‍ ചെയ്യേണ്ടത്‌. പുണ്യപാപങ്ങളെ അറിയുന്നവനും ആത്മവാനുമായവന്‍ പ്രജകളെ സംരക്ഷിക്കുകയാണ്‌ വേണ്ടത്‌, ശുഭകാമങ്ങള്‍ പങ്കിട്ടു നല്കുക, പാപത്തെ ശുദ്ധീകരിക്കുക, നന്ദിയോടെ ആത്മാവാനായി വാഴുക, തന്റെ ജാതിധര്‍മ്മം ആചരിക്കുക, ക്ഷാത്രത്വം വിട്ട്‌ നീ പിന്നെ വിപ്രത്വം നേടുക.

ഭീഷ്മൻ പറഞ്ഞു: അവന്‍ പിന്നെ കാടുകയറി വാനപ്രസ്ഥനായി. എന്നാലും മഹര്‍ഷിയുടെ വാക്കു കേട്ടു ധര്‍മ്മാനുസരണം പ്രജകളെ പരിപാലിച്ചു. വളരെക്കാലം വൈകാതെ ആ പുഴു, അല്ലയോ പാര്‍ത്ഥിവസത്തമാ, പ്രജാപാലധര്‍മ്മം അനുഷ്ഠിച്ച്‌, മരിച്ച്‌, അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി പിറന്നു. അവന്‍ വിപ്രനായി ജനിച്ചതറിഞ്ഞ്‌ അവനെ നേരിട്ടു കാണുവാന്‍ പ്രസിദ്ധനായ മഹാപ്രാജ്ഞന്‍, വേദവ്യാസ മഹര്‍ഷി, അവിടെ ചെന്നു.

വ്യാസന്‍ പറഞ്ഞു: അല്ലയോ ധീമന്‍! ബ്രാഹ്മണശ്രേഷ്ഠാ, അങ്ങ്‌, ഒരിക്കലും തെറ്റിപ്പോകരുത്‌. ശുഭം ചെയ്താല്‍ ശുഭമായ ജന്മം ലഭിക്കും. പാപം ചെയ്താല്‍ പാപയോനിയില്‍ ജനിക്കും. പാപത്തിന്റെ ഫലം പോലെ അതിന്  അനുസരിച്ച്‌ പാപയോനിയില്‍ അവന്‍ ജന്മമെടുക്കും. അല്ലയോ കീടമേ, നീ മൃത്യുഭയം കൊണ്ട്‌ ഒരിക്കലും നടുങ്ങേണ്ടതില്ല. ധര്‍മ്മലോപത്തെയാണ്‌ നീ ഭയപ്പെടേണ്ടത്‌. അതു കൊണ്ട്‌ നീ ഉത്തമമായ ധര്‍മ്മം ചെയ്യുക.

പുഴു പറഞ്ഞു: ഭഗവാനേ, അങ്ങുകാരണം സുഖത്താല്‍ സുഖം ഞാന്‍ ഏറ്റു. ധര്‍മ്മം മൂലമായി ശ്രീയെയും ഞാന്‍ പ്രാപിച്ചു. ഞാന്‍ പാപവിമുക്തനായി എന്നു തോന്നുന്നു.

ഭീഷ്മൻ പറഞ്ഞു: ഭഗവാന്റെ വാക്കുപ്രകാരം ആ പുഴു ദുര്‍ല്ലഭമായ ബ്രാഹ്മണ്യം നേടി. നൂറ്‌ യജ്ഞസ്തംഭം അവന്‍ മന്നില്‍ നാട്ടി രാജാവേ! പിന്നെ അവന്‍ ബ്രഹ്മ സാലോക്യം നേടി രാജാവേ! ആ ബ്രഹ്മവിത്തമന്‍, സനാതനമായ ബ്രഹ്മപദം ആ പുഴു നേടി രാജാവേ! അതിന് സഹായകമായത്‌ വ്യാസന്റെ വാക്കാണ്‌. അവന്‍ അതനുസരിച്ച്‌ ധാര്‍മ്മികനായി ജീവിച്ചത് കൊണ്ടാണ്‌.

യുധിഷ്ഠിരാ, കുരുക്ഷേത്രത്തിലെ യുദ്ധത്തില്‍ ക്ഷത്ര പുംഗവന്മാരായ എല്ലാവരും തങ്ങളുടെ പ്രഭാവത്താല്‍ യുദ്ധം ചെയ്തു വീരചരമമടഞ്ഞു പുണ്യമായ സല്‍ഗതിയും നേടി. മകനേ, നീ അതിലൊട്ടും ദുഃഖിക്കരുത്‌.

120. മൈത്രേയഭിക്ഷ - വ്യാസനും മൈത്രേയനും തമ്മില്‍ സംവാദം; വ്യാസന്‍ ദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു - യുധിഷ്ഠരന്‍ പറഞ്ഞു: തപസ്സ്‌, വിദ്യ, ദാനം എന്നിവയില്‍ ശ്രേഷ്ഠമായിട്ടുള്ളത്‌ എന്താണ്‌? ഞാന്‍ ചോദിക്കുന്ന ഈ സംശയം പിതാമഹാ, തീര്‍ത്തു തരണേ!

ഭീഷ്മൻ പറഞ്ഞു:  ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അതു മൈത്രേയനും കൃഷ്ണദ്വൈപായനനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌.

രാജാവേ, വ്യാസന്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ പെടാത്ത മാതിരി വേഷപ്രച്ഛന്നനായി, അജ്ഞാതചരിതനായി, സഞ്ചരിക്കുമ്പോള്‍ ഒരു ദിവസം കാശിയില്‍ മുനികുലത്തില്‍ ചെന്ന്‌ മൈത്രേയനെ കണ്ടു. ആ മുനിപ്രവരന്‍ വന്നതു കണ്ട്‌ പൂജിച്ചിരുത്തി, മൈത്രേയന്‍, വേണ്ട സല്‍ക്കാരങ്ങളൊക്കെ ചെയ്തു. വിശിഷ്ടമായ ആഹാരങ്ങള്‍ നല്കി. ഗുണം തികഞ്ഞ സര്‍വ്വമുഖ്യമായ ആഹാരം കഴിച്ച്‌ പോകുന്ന സമയത്ത്‌ മഹാത്മാവായ കൃഷ്ണദ്വൈപായന മഹര്‍ഷി പ്രീതനായി, ഒന്നു മന്ദമായി, പുഞ്ചിരി തൂകി. ഇതുകണ്ട്‌ മൈത്രേയന്‍ ചോദിച്ചു.

മൈത്രേയന്‍ പറഞ്ഞു:  ധര്‍മ്മാത്മാവേ, അങ്ങ്‌ എന്താണ്‌ ഇങ്ങനെ ചിരിച്ചത്‌? അങ്ങയുടെ ചിരിയുടെ കാരണം അറിയണമെന്ന്‌ എനിക്കു വലിയ ആശയുണ്ട്‌. ധീരനായ തപസ്വിക്ക്‌ ഇങ്ങനെ ഒരു പ്രമാദം പറ്റുവാന്‍ എന്താണ്‌ കാരണം? അല്ലയോ ദ്വിജാ, ഞാന്‍ അങ്ങയെ അഭിവാദ്യം ചെയ്ത്‌ ചോദിക്കുന്നു. എനിക്കുള്ള തപോഭാഗ്യം ഭവാന്റെയും ഭാഗ്യമാണല്ലോ. ഭിന്നമായ ആചാരത്തോട് കൂടെയും, ഭിന്നമായ സൗഖ്യത്താലും, ഭിന്നമായ ആത്മവിദ്യയാലും, വിശിഷ്ടമായ വംശംമൂലം അല്പം വൃത്യാസമുള്ളതായി കാണുന്നു.

വ്യാസന്‍ പറഞ്ഞു: അതിശയോക്തിയും അത്യുക്തിയും കാരണമാണ്‌ എനിക്കു ചിരി വന്നത്‌. വേദവചനം അസത്യമാണോ? വേദവും നുണ പറയുമോ? പുരുഷന് ഉത്തമമായ വ്രതം മൂന്നാണ്‌. മൂന്നു സ്ഥാനമാണ്‌ ഉത്തമം. ദ്രോഹിക്കരുത്‌, കൊടുക്കണം, സത്യം പറയണം. ഇതു മൂന്നും ഉത്തമമായ വ്രതമെന്ന്‌ ഋഷികള്‍ വേദങ്ങളില്‍ പണ്ടേതന്നെ പറഞ്ഞിട്ടുണ്ട്‌. എനിക്ക്‌ ഇന്നും അതാണ്‌ കര്‍ത്തവ്യമായിട്ടുള്ളത്‌. അതു ഭവാന്‍ കേട്ടിട്ടുണ്ടായിരിക്കും. അപ്രകാരം സ്വല്പദാനമാണെങ്കിലും അത്‌ മഹാഫലമായത്തീരും. തൃഷ്ണയുള്ളവന് നല്കുക. അസൂയ പിന്നീട്‌ തോന്നാതിരിക്കുക. അങ്ങനെ തൃഷ്ണയോടു കൂടെ നിന്റെ ഗൃഹത്തില്‍ വന്ന എനിക്ക്‌, നീ വിശന്ന് ഇരിക്കുന്നവൻ ആണെങ്കിലും, അത്‌ നീ അനുഭവിക്കാതെ, എനിക്ക്‌ ദാനം ചെയ്തു. എനിക്ക്‌ നീ സുഭിക്ഷമായ ആഹാരമാണ് നല്‍കിയത്‌. അസൂയയോ നിരാശയോ കൂടാതെ, ആദരവോടെ സസന്തോഷം ചെയ്ത ആ ദാനത്താല്‍ ഞാന്‍ സംതൃപ്തനായി. അതിന്റെ ഫലമായി നീ മഹാലോകങ്ങള്‍ നേടിക്കഴിഞ്ഞു. മഹായജ്ഞങ്ങള്‍ ചെയ്തവനായിരിക്കുന്നു ഭവാന്‍. അതുകൊണ്ട്‌ ഭവാന്റെ ദാനപവിത്രാഢ്യമായ തപസ്സിനാല്‍ ഉള്ളു തെളിഞ്ഞവനായി. ഭവാന്റെ സത്വം പുണൃത്തിത്തിന്റേതാണ്‌. ഭവാന്റെ കാഴ്ചയും പുണൃത്തിന്റേത് തന്നെയാകുന്നു. അങ്ങയുടെ എല്ലാ പ്രവൃത്തികളും വേദവിധിക്ക് അനുസ്യതമായി അനുഷ്ഠിക്കപ്പെട്ടവയാണെന്ന്‌ ഞാന്‍ വിചാരിക്കുന്നു. അല്ലയോ മകനേ, പുണ്യജലത്തില്‍ സ്‌നാനം ചെയ്യുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ്‌ ദാനകര്‍മ്മം. അത്‌ വ്രതാനുഷ്ഠാനങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്‌. ഹേ ബ്രാഹ്മണാ, ദാനം നിശ്ചയമായും എല്ലാ പുണ്യകര്‍മ്മങ്ങളെക്കാളും കൂടുതല്‍ മംഗളകരമാണ്‌. ദാനം എല്ലാ പുണ്യകര്‍മ്മങ്ങളെക്കാളും കൂടുതല്‍ യോഗ്യതയുള്ളതല്ലെങ്കില്‍ അതിന്റെ ശ്രേഷ്ഠതയെക്കുറിച്ച്‌ ഒരു പ്രശ്നമാക്കാവുന്നതേയല്ല. വേദോക്തങ്ങളും, താങ്കള്‍ ഉല്‍ഘോഷിക്കുന്നവയുമായ എല്ലാ ആചാരങ്ങളും ദാനകര്‍മ്മത്തോട്‌ കിടപിടിക്കുന്നില്ല. എന്തെന്നാല്‍ എന്റെ അഭിപ്രാ യത്തില്‍ ദാനം വളരെ ഉന്നതമായ മേന്മയോട് കൂടിയതാണ്‌.

ദാനശീലന്മാര്‍ കാണിച്ചു കൊടുത്ത വഴിയിലൂടെയാണല്ലോ മനീഷികള്‍ സഞ്ചരിക്കുന്നത്‌. പ്രാണദാതാക്കളാണ്‌ അവര്‍. അവരിലാണ്‌ ധര്‍മ്മം നില്ക്കുന്നത്‌. വേദാദ്ധ്യയനം എപ്രകാരമാണോ, അപ്രകാരമാണ്‌ ഇന്ദ്രിയനിഗ്രഹവും. എല്ലാ ത്യാഗവും എപ്രകാരമാണോ അപ്രകാരം തന്നെയാണ്‌ ഉത്തമമായ ദാനവും. അല്ലയോ താതാ, മഹാബുദ്ധിമാനേ, ഭവാന്‍ ശോഭനമായ ഫലം ഏല്ക്കുന്നതാണ്‌. മതിമാനായ നരന്‍ സുഖത്തിലും വെച്ച്‌ ഏറ്റവും ശ്രേഷ്ഠമായ സുഖം നേടും. അതുകൊണ്ടു പ്രതൃക്ഷമായി കാണാവുന്നതിനെ നിസ്സംശയം വിട്ടും നാം കൈക്കൊള്ളുക. യതിക്കുന്ന ശ്രീമാന്മാര്‍ ധനം സമ്പാദിക്കുകയും, ദാനം ചെയ്യുകയും, യജ്ഞം ചെയ്യുകയും സുഖിക്കുകയും ചെയ്യുന്നു. സുഖത്തെ പിന്‍തുടരുന്നവന്‍ ദുഃഖത്തില്‍ ചെന്നെത്തുന്നു. ദുഃഖത്തെത്തന്നെ അനുഭവിച്ചു ക്ലേശിക്കുന്നവന്‍, തപോനിരതനായി കഴി യുന്നവന്‍, സുഖത്തില്‍ ചെന്നെത്തുന്നു. ഇത്‌ ലോകത്തില്‍ കാണുന്ന ഒരു പ്രകൃതിയാണ്‌.

വിദ്വാന്മാര്‍ പറയുന്നു, മനുഷ്യര്‍ മൂന്നുതരം സ്വഭാവക്കാരാണെന്ന്‌. ചിലര്‍ ധര്‍മ്മിഷ്ഠന്മാരാണ്‌, ചിലര്‍ പാപികളാണ്‌. ചിലര്‍ രണ്ടുമല്ലാത്ത കൂട്ടരാണ്‌. ബ്രഹ്മത്തില്‍ മനസ്സു വെച്ചു കഴിയുന്നവര്‍ ഇവയിലൊന്നിലും പെടുന്നില്ല. അവന്റെ പാപങ്ങളെ പാപങ്ങളായി ഗണിക്കപ്പെടുന്നില്ല. അതു പോലെ തന്നെ ധര്‍മ്മത്തില്‍ അധിഷ്ഠിതനായ പുരുഷന്‍ ചെയ്യുന്ന പാതകം പാതകമല്ല, പുണ്യമാണ്‌. യജ്ഞം, ദാനം, തപസ്സ്‌ എന്നിവ ശീലിക്കരുന്നവരായ നരന്മാര്‍ പുണ്യകര്‍മ്മികളാണ്‌. ഭൂതങ്ങളെ ദ്രോഹിച്ചാല്‍ അവര്‍ പാപം ചെയ്തവരാകുന്നു. തീര്‍ച്ചയായും അവര്‍ നരകത്തില്‍ പതിക്കുന്നതാണ്‌. മറ്റു കര്‍മ്മങ്ങള്‍ പ്രത്യക താല്പര്യം കൂടാതെ ചെയ്യുന്നവയെല്ലാം പാപമോ, പുണ്യമോ ആയി പരിഗണിക്കുകയില്ല. കളിക്കുക, വര്‍ദ്ധിക്കുക, സന്തോഷിക്കുക. കൊടുക്കു ക, യജിക്കുക ഇതൊക്കെ ഭവാന്‍ ചെയ്യുക. വിജ്ഞാനികളോ, തപസ്വികളോ, ആരും നിന്നെ തോല്പിക്കുന്നതല്ല.

121. മൈത്രേയഭിക്ഷ - വേദജ്ഞനും സദാചാരപരനുമായ ബ്രാഹ്മണന് ദാനം ചെയ്താലുള്ള സവിശേഷത - ഭീഷ്മൻ പറഞ്ഞു:  വ്യാസന്‍ പറഞ്ഞതു കേട്ട്‌ കര്‍മ്മപൂജിതനായ മൈത്രേയന്‍, വലിയ ശ്രീയുള്ള വംശത്തില്‍ പിറന്നവനും ശ്രുതികള്‍ അഭ്യസിച്ചവനും വിദ്വാനുമായ മൈത്രേയന്‍, ഇപ്രകാരം മറുപടി പറഞ്ഞു.

മൈത്രേയന്‍ പറഞ്ഞു: അല്ലയോ മഹാപ്രാജ്ഞ, ഭവാന്‍ പറഞ്ഞത്‌ അപ്രകാരം തന്നെയാണ്‌. മഹാത്മാവേ, അങ്ങയുടെ സമ്മതത്തോടെ ഞാന്‍ അല്പമൊന്നു പറയട്ടെ.

വ്യാസന്‍ പറഞ്ഞു: അല്ലയോ മൈത്രേയാ, നീ എന്താണ്‌ പറയുവാന്‍ ഇച്ഛിക്കുന്നത്‌? എത്ര! എങ്ങനെ? ഉള്ള കാര്യം തുറന്നുപറയൂ! മഹാപ്രാജ്ഞാ! ഞാന്‍ നിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ തയ്യാറാണ്‌!

മൈത്രേയന്‍ പറഞ്ഞു: അങ്ങ്‌ ദാനധര്‍മ്മങ്ങളെപ്പറ്റി പറഞ്ഞ വാക്കുകള്‍ നിര്‍ദ്ദോഷവും പരിശുദ്ധവുമാണ്‌. യാതൊരു സംശയവുമില്ല. അങ്ങയുടെ ആത്മാവ്‌ തപസ്സുകൊണ്ടും ജ്ഞാനംകൊണ്ടും പരിശുദ്ധമായിരിക്കുന്നു. അങ്ങയുടെ ആത്മാവ്‌ ശുദ്ധമായതു കൊണ്ട്‌ ഇതു വലിയ മേന്മയായിരിക്കയാല്‍ അതില്‍ നിന്ന്‌ കുറച്ചു ഗുണം ഞാനും അനുഭവിക്കട്ടെ! ഞാന്‍ എന്റെ ബുദ്ധികൊണ്ട്‌ കാണുന്നു, ഭവാന്‍ തപോധനം നേടിയിരിക്കുന്നു എന്ന്‌. ഭവാനെ കണ്ടാല്‍ തന്നെ ഞങ്ങള്‍ക്ക്‌ ശ്രേയസ്സുണ്ടാകും. നിന്റെ പ്രസാദത്താല്‍ അതു സംഭവിക്കുന്നതായി ഞങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍ അത്‌ അങ്ങയില്‍ സ്വാഭാവികമാണെന്നും ഞങ്ങള്‍ കരുതുന്നു.

തപസ്സ്‌, ശ്രുതം, ജന്മം എന്നിവയാണ്‌ ബ്രാഹ്മണ്യ കാരണങ്ങള്‍. ഈ ഗുണങ്ങള്‍ മൂന്നും തികഞ്ഞവന്‍ ആരോ അവനാണ്‌ ബ്രാഹ്മണന്‍. അങ്ങനെയുള്ള ദ്വിജന്‌ എന്തു തൃപ്തിയാകുന്നുവോ അത്‌ ദേവന്മാര്‍ക്കും തൃപ്തിയാകുന്നു. ബ്രാഹ്മണന്‍ തൃപ്തനായാല്‍ പിതൃക്കളും ദേവന്മാരും തൃപ്തരായി ഭവിക്കും. ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനെക്കാള്‍ ജ്ഞാനിയായി ആരുമില്ല. ബ്രാഹ്മണന്‍ (ബ്രഹ്മജ്ഞാനി) ഭൂമിയിലില്ലെങ്കില്‍ ഈ ഭൂമി അന്ധകാരമയമാണ്‌. ഒന്നും വേര്‍തിരിച്ച്‌ അറിയുകയില്ല ബ്രാഹ്മണനില്ലെങ്കില്‍ നാലു വര്‍ണ്ണങ്ങളില്ല. ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിച്ചറിയുകയില്ല. സത്യവും അസത്യവും അതോടെ അവസാനിക്കും. നല്ലവണ്ണം ഉഴുതുമറിച്ച നിലത്തില്‍ നിന്ന്‌ ധാരാളം വിളവെടുക്കും. അങ്ങനെ ജ്ഞാനിയായ ബ്രാഹ്മണന്‌ ദാനങ്ങള്‍ കൊടുത്ത്‌ ഫലം നേടും.

ദാനം വാങ്ങുവാന്‍ പറ്റിയവിധം ശ്രുതവും വൃത്തവും ഒത്ത ബ്രാഹ്മണനെ കിട്ടാതിരുന്നാല്‍ ധനികന്റെ ധനം കൊണ്ടു യാതൊരു ഫലവും ഇല്ലാതാകും. അജ്ഞനായ ബ്രാഹ്മണന്‍ ഊട്ട്‌ ഉണ്ടാല്‍ അതുകൊണ്ട്‌ ആ അര്‍ത്ഥം നശിച്ചുവെന്നേയുള്ളു. നിഷ്ഫലമാണ്‌ ആ ഊട്ട്‌. ഉണ്ണുന്നവനെയും അത്‌ കെടുത്തിക്കളയും. പതിതനായ ബ്രാഹ്മണന് അന്നം കൊടുക്കുന്ന ജളനും നശിച്ചു പോകും.

അന്നം ഉണ്ണുന്നവനായ ബുധനും യോഗ്യനുമായ ബ്രാഹ്മണന്‍ നഷ്ടപ്പെട്ടതെല്ലാം അനുഗ്രഹത്താല്‍ ഉണ്ടാക്കുന്ന ഈശ്വരനാണ്‌. അന്നത്താല്‍ അവന്‍ ശ്രേയസ്സുണ്ടാക്കും. അതില്‍ പാപം വളരെ സൂക്ഷ്മമാണ്‌. അന്നം ദാനം ചെ യ്യുന്നവന് എന്തു പുണ്യം ലഭിക്കുമോ, അത്ര പുണ്യം ദാനം വാങ്ങിയവനും  ലഭിക്കും. മഹര്‍ഷികള്‍ പറയുന്നു ഒറ്റ ചക്രമുള്ള വണ്ടി ഓടുകയില്ലെന്ന്‌. രണ്ടുപേരും പ്രസാദിച്ചാല്‍ രണ്ടുപേര്‍ക്കും പുണ്യമായി.

ശ്രുതവൃത്തങ്ങളോടു കൂടിയ വിപ്രന്മാര്‍ എവിടെ ഇരിക്കുന്നുവോ, അവിടെ പുണ്യമായ ദാനഫലം ഏല്ക്കും. അത്‌ ഇഹത്തിലേക്കും പരത്തിലേക്കും ശ്രേയസ്സു നല്കും. ജന്മസംശുദ്ധന്മാരും, നിതൃതപസ്വികളും, ദാനാദ്ധ്യയന സമ്പന്നരുമായ ബ്രാഹ്മണര്‍ എപ്പോഴും പൂജിക്കത്തക്കവരാണ്‌.

ആ സജ്ജനങ്ങള്‍ കാണിക്കുന്ന വഴിയേ ചെല്ലുന്നവര്‍ ഒരിക്കലും മോഹത്തിന് വശംവദരാകുന്നതല്ല. അവരാണ്‌ സ്വര്‍ഗ്ഗത്തിലേക്ക്‌ ആത്മാക്കളെ എത്തിക്കുന്നത്‌. യജ്ഞവാഹരും സനാതനരുമാണ്‌ അവര്‍.

122. മൈത്രേയഭിക്ഷ - ദാനധര്‍മ്മശീലമാണ്‌ ഗൃഹസ്ഥാശ്രമികള്‍ക്ക്‌ മുഖ്യമോക്ഷസാധനം - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ മൈത്രേയനോട്‌ വ്യാസഭഗവാന്‍ പറഞ്ഞു: ഭാഗ്യം! നീ എല്ലാം അറിയുന്നു! ഭാഗ്യത്താല്‍ നിന്റെ ബുദ്ധിയും ഇങ്ങനെയായിരിക്കുന്നു! ലോകരെല്ലാം ആര്യമായ ഗുണങ്ങളെ പുകഴ്ത്തുന്നു. രൂപഗര്‍വ്വവും, യുവത്വഗര്‍വ്വവും, ശ്രീഗര്‍വ്വവും ഭവാനെ ഭാഗൃത്താല്‍ ബാധിച്ചിട്ടില്ല. അതുതന്നെ വലിയ ദൈവാനുഗ്രഹം! ദാനത്തിന്റെ മഹത്വത്തെപ്പറ്റി ഞാന്‍ നിനക്കു പറഞ്ഞുതരാം, നീ കേള്‍ക്കുക. ഇവിടെ നാം കാണുന്ന ആഗമങ്ങളും, ശാസ്ത്രങ്ങളും, മറ്റു കര്‍മ്മങ്ങളുമെല്ലാം വേദത്തെ ആധാരമാക്കി യഥാക്രമം തുടര്‍ന്നവയാണ്‌. അതിനെ അടിസ്ഥാനമാക്കി ഞാന്‍ ദാനത്തെ പ്രശംസിക്കുന്നു. അങ്ങ്‌ തപസ്സിനേയും ശ്രുതത്തേയും പുകഴ്ത്തുന്നു. തപങ്ങളെല്ലാം പവിത്രങ്ങളാണ്‌. തപസ്സ്‌ വേദത്തിന്നും സ്വര്‍ഗ്ഗത്തിന്നും സാധനമാകുന്നു. തപസ്സിന്റേയും, ജ്ഞാനത്തിന്റേയും സഹായത്തോടെ ഏറ്റവും ഉന്നതമായ പദവി നേടാമെന്നു കേള്‍ക്കുന്നുണ്ട്‌. തപസ്സു കൊണ്ട്‌ മറ്റു ദുരിതങ്ങളെയെല്ലാം നശിപ്പിക്കാം.

എന്തെന്തു ഫലം ഇച്ഛിച്ച്‌ പുരുഷന്‍ തപസ്സു ചെയ്യുന്നുവോ അതൊക്കെ വിദ്യയാലും നേടാമെന്ന്‌ ഞാന്‍ കേള്‍ക്കുന്നു. ചേര്‍ക്കാന്‍ (പൂര്‍ത്തിയാക്കാന്‍) വയ്യാത്തത്‌ തപസ്സു കൊണ്ടു ചേര്‍ക്കാന്‍ കഴിയും: നേടാന്‍ വയ്യാത്തത്‌ തപസ്സു കൊണ്ടു നേടാന്‍ കഴിയും. എത്താത്തത്‌ എത്തിക്കാന്‍ കഴിയും. ജയിക്കാത്തത്‌ ജയിക്കുവാന്‍ കഴിയും. തപസ്സ്‌ ഏറ്റവും ബലമുള്ളതാണ്‌. മദ്യം കുടിക്കുന്നവനും, കക്കുന്നവനും, ഭ്രൂണഹന്താവും, ഗുരുതല്‍പഗതനുമായ മഹാപാപിയെ പോലും തപസ്സു കൊണ്ട്‌ പാതകം വിട്ടു പോകുന്നതാണ്‌. എല്ലാ വിദ്യയും നേടിയവനും, ദീര്‍ഘദര്‍ശിത്വമുള്ളവനും, ഏതു നിലയില്‍ പ്രശോഭിക്കുന്നുവോ, ആ നിലയ്ക്കു തന്നെ ഒരു തപസ്വിയും അവരെയെല്ലാം പൂജിക്കേണ്ടതാണ്‌. ജ്ഞാനമാകുന്ന ധനമുള്ളവരും, തപസ്സാകുന്ന ധനമുള്ളവരും പൂജ്യന്മാരാണ്‌. ദാതാക്കളായ പുണ്യവാന്മാര്‍ പരത്തിലും ഇഹത്തിലും ശ്രീമാന്മാരാകുന്നു.

ബലവത്തരമായ ഈ ലോകവും, അപ്രകാരം ബ്രഹ്മലോകവും, മറ്റു ലോകങ്ങളും, ദാനങ്ങള്‍ മൂലം ദാതാവ്‌ നേടുന്നു. അന്നദാതാവ്‌ പൂജിച്ചാല്‍ പൂജിക്കപ്പെടുന്നു. മാനിച്ചാല്‍ മാനിക്കപ്പെടുന്നു. എവിടെ ദാതാവുണ്ടോ, അവിടെയെല്ലാം അവന്‍ സ്തുതിക്കപ്പെടുന്നു. ചെയ്യാത്തവനും, ചെയ്യുന്നവനും അതാതിനു തക്കതായ ലോകം അവരവര്‍ക്കു ലഭിക്കും. സല്‍ക്കര്‍മ്മം ചെയ്തവന്‍ മേലേ ലോകവും, ദുഷ്കര്‍മ്മം ചെയ്തവന്‌ താഴ്ന്ന ലോകവും ലഭിക്കും. നീ ഏതെല്ലാം അന്നപാനങ്ങള്‍ നിനയ്ക്കുന്നുവോ അതെല്ലാം നീ നേടും. മേധാവിയായ കുലീനനും, ശ്രുതവാനും, ആനൃശംസ്യവാനുമാണ്‌ നീ. അല്ലയോ മൈത്രേയാ, കൗമാരചാരിയും, വ്രതിയുമായി നീ സ്ഥൈര്യത്തെ പ്രാപിക്കുക. ഗൃഹസ്ഥരുടെ ധര്‍മ്മം ആദ്യമായി സ്വീകരിക്കുക. ഭര്‍ത്താവ്‌ വേട്ടവളില്‍ സന്തുഷ്ഠനാകണം. പതിയില്‍ വേട്ടവള്‍ തുഷ്ടയാകണം. ഇത്‌ ഏതു കാലത്തുണ്ടോ, അതില്‍ എല്ലാ മംഗളങ്ങളുമുണ്ടാകും.

ജലം കൊണ്ട്‌ ശരീരം ശുദ്ധമാക്കുന്നത് പോലെ അഗ്നിയാല്‍ ഇരുട്ട്‌ നീക്കുന്നത് പോലെ, ദാനത്താലും, തപസ്സാലും, സകല പാപങ്ങളേയും കളയുവാന്‍ സാധിക്കും. അല്ലയോ മൈത്രേയാ, സ്വസ്തി നേരുക! സാധുവായ ഞാന്‍ എന്റെ ഗൃഹത്തിലേക്കു പോകുന്നു. ഞാന്‍ പറഞ്ഞത്‌ ഭവാന്‍ മനസ്സില്‍ വെച്ചു കൊള്ളുക. അതുകൊണ്ടു സകല ശ്രേയസ്സുകളും വന്നു ചേരുന്നതാണ്‌.

ഉടനെ മൈത്രേയന്‍ വ്യാസനെ കൂപ്പി പ്രദക്ഷിണം വെച്ച്‌ ഭഗവാനേ, അങ്ങയ്ക്ക്‌ സ്വസ്തി ഭവിക്കട്ടെ! എന്നു തൊഴുതു കൊണ്ടു പറഞ്ഞു.

123. ശാണ്ഡിലി സുമനാസംവാദം - ഭര്‍ത്തൃശുശ്രൂഷ ഒന്നു കൊണ്ടു മാത്രമാണ്‌ താന്‍ സ്വര്‍ഗ്ഗം പ്രാപിച്ചതെന്ന്‌ ശാണ്ഡിലി സുമനയോടു പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: നല്ല സ്ത്രീജനങ്ങളുടെ സമാചാരത്തെപ്പറ്റി അല്ലയോ സര്‍വ്വധര്‍മ്മജ്ഞനായ പിതാമഹാ, അങ്ങു പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കു മോഹമുണ്ട്‌! പറഞ്ഞാലും!

ഭീഷ്മൻ പറഞ്ഞു: അല്ലയോ സര്‍വ്വജ്ഞനും സര്‍വ്വ തത്വജ്ഞനുമായ വീരാ, ശാണ്ഡിലിയോട്‌ സ്വര്‍ഗ്ഗത്തില്‍ വെച്ചു സുമന എന്നു പേരായ കൈകേയി ചോദിച്ചു: "അല്ലയോ കല്യാണി, നീ എന്തു വൃത്തത്താലാണ്‌, എന്ത്‌ ആചാരാനുഷ്ഠാനത്താലാണ്‌ സര്‍വ്വപാപങ്ങളും നശിപ്പിച്ച്‌ ഈ സ്വര്‍ഗ്ഗലോകത്തു വന്നെത്തിയത്‌? നീ അഗ്നിജ്വാല പോലെ തേജസ്സു കൊണ്ടു ജ്വലിക്കുന്നുവല്ലോ. നീ ചന്ദ്ര൯െറ ഓമനപ്പെണ്‍കുട്ടി പോലെ ശോഭയോടു കൂടിയാണല്ലോ സ്വര്‍ഗ്ഗത്തിലെത്തിയത്‌. പൊടിപറ്റാത്ത ശുഭ്രമായ വസ്ത്രം നീ ധരിച്ചിരിക്കുന്നു. യാതൊരു തളര്‍ച്ചയും നിനക്കില്ല. നീ സഹസ്രഗുണവീര്യയായി വിമാനത്തില്‍ ശോഭിക്കുന്നു. നീ ചെയ്ത തപസ്സും ദാനവും അനുഷ്ഠിച്ച വിനയവും ചെറുതല്ല. അതില്‍ യാതൊരു സംശയവുമില്ല. എങ്ങനെ നീ ഈ ദിവ്യമായ സ്വര്‍ഗ്ഗലോകത്തെത്തി? അതു തത്വമായി ശരിയായി എന്നോടു പറയുക".

ഇപ്രകാരം സുമന ചോദിച്ചപ്പോള്‍ ശാണ്ഡിലി മെല്ലെ ഒന്നു പുഞ്ചിരി തൂകി. ആ ചാരുഹാസിനി മെല്ലെ സുമനയോട്‌ ഇപ്രകാരം പറഞ്ഞു.

ശാണ്ഡിലി പറഞ്ഞു: ഞാന്‍ കാഷായവസ്ത്രം ധരിച്ചിട്ടില്ല, വല്ക്കലം ചാര്‍ത്തിയിട്ടല്ല, തല മൊട്ടയടിച്ചിട്ടല്ല, മുടി ജടയാക്കിയിട്ടല്ല സ്വര്‍ഗ്ഗത്തിലെത്തിയത്‌. ഹിതമല്ലാത്ത വാക്കുകള്‍, പരുഷമായ വാക്കുകള്‍ ഒന്നും അപ്രമത്തയായി ഞാന്‍ ഒരിക്കലും ഭര്‍ത്താവിനോടു പറഞ്ഞിട്ടില്ല. ദേവകളെയും പിതൃക്കളെയും ബ്രാഹ്മണരെയും പ്രമാദം കൂടാതെ ഞാന്‍ പൂജിച്ചു. ശ്വശുരനെയും ശ്വശ്രുവിനെയും ഞാന്‍ പൂജിച്ചു. അവര്‍ക്കധീനയായി ഞാന്‍ നിന്നു. ഞാന്‍ ഒരിക്കലും ഏഷണിപ്പണി ചെയ്യാറില്ല. അത്‌ എന്റെ ഉള്ളില്‍ ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ പടിക്കല്‍ ചെന്നു നില്ക്കാറില്ല. അധികം ആരോടും വര്‍ത്തമാനം പറയാറില്ല. ഞാന്‍ കള്ളച്ചിരി ചിരിക്കാറില്ല. അഹിതമായ കാര്യം ഞാന്‍ ഒളിവായോ വെളിവായോ ഒരിക്കലും ചെയ്യാറില്ല. കാര്യത്തിന്‌ ഗൃഹത്തില്‍ നിന്ന് പോയി മടങ്ങിയെത്തുന്ന ഭര്‍ത്താവിനെ ആസനത്തിലിരുത്തി ഞാന്‍ ശ്രദ്ധയോടെ പൂജിക്കാറുണ്ട്‌. സമ്മതിക്കാത്ത അന്നവും കൊണ്ടാടാത്ത ഭോജ്യവും ഭക്ഷ്യവും ലേഹൃവും ഞാന്‍ വര്‍ജ്ജിക്കാറുണ്ട്‌ ; അവ ഞാന്‍ ഭക്ഷിക്കാറില്ല. കുടുംബകാര്യങ്ങള്‍ മിക്കതും അദ്ദേഹം നോക്കിയിരിക്കെത്തന്നെ കാലത്തെഴുന്നേറ്റ്‌ ഒക്കെയും ചെയ്യുകയും ചെയ്യിക്കുകയും പതിവാണ്‌. ഭര്‍ത്താവു വല്ല കാരൃത്തിനുമായി നാടുവിട്ടു പോവുകയാണെങ്കില്‍ പല മംഗള കര്‍മ്മവും നിത്യവും ചെയ്ത്‌ ഞാന്‍ ഗൃഹത്തില്‍ വാഴും. ഭര്‍ത്താവു പോയാല്‍ വരുന്നതു വരെ ഞാന്‍ അഞ്ജനം കണ്ണില്‍ എഴുതുകയില്ല. ഗോരോചനം, സ്നാനം, പൂമാല, അനുലേപനം ഇവയൊക്കെ വിട്ട്‌, മോടി പിടിപ്പിക്കാന്‍ ആഗ്രഹിക്കാതെ, കണവന്‍ എത്തുന്നതു വരെ ഞാന്‍ അദ്ദേഹത്തെ ചിന്തിച്ചു വീട്ടിലിരിക്കും. അലങ്കാരങ്ങള്‍ അണിയുകയില്ല.

വീട്ടില്‍ സുഖമായി കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ ഞാന്‍ ഉണര്‍ത്താറില്ല. ഇടയ്ക്ക്‌ കാര്യങ്ങളില്‍ എന്റെ മനസ്സ്‌ സന്തോഷിക്കും. ഭര്‍ത്താവിനെ കുടുംബകാര്യം പറ ഞ്ഞ്‌ ഞാന്‍ എപ്പോഴും കുഴക്കാറില്ല. രഹസ്യങ്ങളൊന്നും ഞാന്‍ പുറത്തു വിടുകയില്ല. ഗൃഹം ഞാന്‍ വൃത്തിയാക്കി വെക്കും. ഈ ധര്‍മ്മമാര്‍ഗ്ഗം ശ്രദ്ധയോടു കൂടി പാലിക്കുന്ന അംഗന സ്ത്രീകളില്‍ പൂജ്യയാണ്‌. അവളെ സ്വര്‍ഗ്ഗത്തില്‍ അരുന്ധതിക്ക് തുല്യയായി പരിഗണിക്കും.

ഭീഷ്മൻ പറഞ്ഞു:  ഇപ്രകാരം ധീരയായ ദേവി സുമനയോടു പറഞ്ഞു. പതിധര്‍മ്മം യോഗ്യയായ അവള്‍ പറഞ്ഞ്‌ അവിടെ മറഞ്ഞു. ഈ ആഖ്യാനം അല്ലയോ പാണ്ഡുപുത്രാ, പര്‍വ്വം തോറും പാരായണം ചെയ്യുന്നവന്‍ ദേവലോകത്ത്‌ എത്തിയതിന് ശേഷം നന്ദനവനത്തില്‍ സുഖമായി വാഴും.

124. ഹരിണകൃശകാഖ്യാനം - ദാനമോ സാമമോ മഹത്തരമെന ചോദ്യത്തിന്‌ ഒരു രാക്ഷസന്റെയും ബ്രാഹ്മണന്റെയും കഥ പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: സാമം, ദാനം ഇവയില്‍ ഏതാണു ശ്രേഷ്ഠം? അങ്ങയുടെ അഭിപ്രായമെന്താണെന്ന്‌ അല്ലയോ ഭരതശ്രേഷ്ഠാ, വ്യക്തമാക്കിയാലും!

ഭീഷ്മൻ പറഞ്ഞു: ചിലര്‍ സാമംകൊണ്ടു പ്രീതരാകും. മറ്റു ചിലര്‍ ദാനംകൊണ്ടു പ്രീതരാകും. ആ സ്വഭാവം മനസ്സിലാക്കിയിട്ടു വേണം ഇതില്‍ ഏതെങ്കിലും ഒന്നു പ്രയോഗിക്കുവാന്‍, അല്ലയോ ഭരതര്‍ഷഭാ, സാന്ത്വ ഗുണങ്ങളെപ്പറ്റി ഭവാന്‍ കേട്ടാലും, ക്രൂരജീവികള്‍ കൂടി സാന്ത്വം കൊണ്ടു തൃപ്തിപ്പെടുന്നു. അതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. പണ്ട്‌ ഒരു രാക്ഷസന്‍ ഒരു ബ്രാഹ്മണനെ പിടി കൂടി. ബ്രാഹ്മണന്റെ സാന്ത്വവാക്കുകള്‍ കേട്ടപ്പോള്‍ ആ രാക്ഷസന്‍ അവനില്‍ ഇഷ്ടം തോന്നി വിട്ടയച്ചതാണ്‌ കഥ. 

 

പണ്ട്‌ വിജനമായ ഒരു കാട്ടില്‍ വാക്‌സാമര്‍ത്ഥ്യവും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു വിപ്രന്‍ കഷ്ടം! ഒരു രാക്ഷസന്റെ പിടിയില്‍ പെട്ടു പോയി. രാക്ഷസന്‍ അവനെ പിടി കൂടി തിന്നുവാന്‍ ഒരുങ്ങി. ബ്രാഹ്മണന്‍ ഭീമരൂപനായ രാക്ഷസനെ കണ്ട്‌ ഭയപ്പെടാതെ മോഹവും വ്യഥയും പെടാതെ, ബുദ്ധിയും ശ്രുതിയും ചേര്‍ന്ന്‌ അവനോടു സാമം പ്രയോഗിച്ചു. രാക്ഷസന്‍ അവന്റെ നല്ല വാക്കുകള്‍ കേട്ട്‌ അതില്‍, സന്തോഷിച്ച്‌ ദ്വിജനോടു ചോദിച്ചു: "എടോ ബ്രാഹ്മണാ, ഞാന്‍ നിന്നെ വിടാം. എന്റെ ചോദ്യത്തിന് നീ ശരിയായ മറുപടി പറയണം. ഞാന്‍ ഈമാതിരി വിളര്‍ത്തു മെലിയുവാനുള്ള കാരണമെന്താണ്‌? രാക്ഷസന്റെ ചോദ്യംകേട്ട്‌ ബ്രാഹ്മണന്‍ അവശ്യനായി ഈ ഗാഥകള്‍ അതിന് മറുപടിയായി ഉടനെ ചൊല്ലി".

ബ്രാഹ്മണന്‍ പറഞ്ഞു: തന്റെ വീടുവിട്ട്‌ ദൂരെ വിദേശത്തു ചെന്ന്‌ തന്റെ നാടല്ലാത്ത നാട്ടില്‍ ചുറ്റിക്കറങ്ങി തന്റെ ബന്ധുമിത്രാദികള്‍ വേര്‍പെട്ട്‌ ഭവാന്‍ വലിയ സുഖഭോഗങ്ങള്‍ അനുഭവിക്കുകയാണ്‌. അതു കൊണ്ടാണു ഭവാന്‍ ഇത്ര വിളര്‍ത്തത്‌, മെലിഞ്ഞവനായത്‌. നല്ലവനായ നീ വേണ്ടവിധം സല്‍ക്കരിച്ചാലും. അല്ലയോ രാക്ഷസാ, നിന്റെ മിത്രങ്ങള്‍ അവരുടെ തെറ്റു കൊണ്ടു നിന്നെ വെറുക്കുന്നുണ്ടാകും. അതാണ്‌ നീ ഇത്ര വിളര്‍ത്തു മെലിയുവാന്‍ കാരണം. ധനം, ഐശ്വര്യം എന്നിവയാല്‍ ആഢ്യയരായ നിന്റെ ആള്‍ക്കാര്‍ അവരെക്കാള്‍ മെച്ചപ്പെട്ട നിന്റെ ഗുണങ്ങള്‍ കണ്ട്‌ സ്തബ്ധരായി അസൂയപ്പെട്ട്‌ നിന്നെ നിന്ദിക്കുന്നുണ്ടാകാം. അതാണ്‌ നീ ഇത്ര വിളര്‍ത്തു ക്ഷീണിക്കുവാന്‍ കാരണം. ഗുണവാനായ നീ, ഗുണഹീനന്മാര്‍ മാന്യരെപ്പോലെ പുജയേല്ക്കുന്നതു കാണുന്നുണ്ടാകും. പ്രാജ്ഞനും വിനയിയുമായ നീ അങ്ങനെയല്ലാത്ത അജ്ന്മാര്‍ പൂജയേല്ക്കുന്നതു കാണുന്നുണ്ടാകും. അര്‍ഹനായ നിന്നെ വിട്ട്‌, ജനങ്ങള്‍ അനര്‍ഹന്മാരെ പുജിക്കുന്നതു നീ കാണുന്നുണ്ടാകും. അതുകൊണ്ടാണ്‌ നീ ഇത്ര വിളര്‍ത്തു മെലിഞ്ഞു പോയത്‌. ദേവനേക്കാള്‍ മേലെയായി ധനവും ഐശ്വര്യവുമുള്ളവര്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അസമര്‍ത്ഥന്മാരായി ഭവാനെക്കാള്‍ താഴെയായി കാണുന്നവര്‍ അങ്ങയെ അവഗണിക്കുന്നതു കാണുന്നുണ്ടാകും. അതാണ്‌ ഇത്ര വിളര്‍ത്തു മെലിയുവാന്‍ കാരണം. നീ ബാധിച്ചവനായ ഒരുത്തന്‍ ആത്മപീഡയേറ്റ്‌ ആര്യനായി ഉയര്‍ന്നപ്പോള്‍ അവന്‍ നിന്നെ ജയിച്ചു കളഞ്ഞു എന്നു നീ വിചാരിക്കുന്നുണ്ടാകാം. അതു കൊണ്ടാണ്‌ ഇത്ര വിളര്‍ത്തു മെലിഞ്ഞു പോയത്‌. വഴി പിഴച്ച്‌ ദുര്‍മ്മാര്‍ഗ്ഗ ചാരികളായി കാമക്രോധങ്ങള്‍ക്കു വശം വദരായി മര്യാദ കെട്ടു നടക്കുന്ന ജനങ്ങളെപ്പറ്റി ഭവാന്‍ ചിന്തിക്കുന്നുണ്ടാകാം; അതു കൊണ്ടാണ്‌ ഇത്ര വിളര്‍ത്തു മെലിഞ്ഞു പോയത്‌.

പ്രാജ്ഞനാണെന്ന് സ്വയം ചിന്തിക്കുന്ന ഭവാന്‍ കൂട്ടിയിട്ടുള്ളത്‌ അജ്ഞന്മാരെയാണ്‌. അതുകൊണ്ട്‌ ഭവാന്‍ ദുര്‍വൃത്തിയാല്‍ ക്ഷീണനായേക്കാം; അതോര്‍ത്താണ്‌ ഭവാന്‍ ഇത്ര വിളര്‍ത്തു മെലിഞ്ഞു പോയത്‌. ഒരു ശത്രു സമീപത്തു വന്ന്‌ മാന്യനായി പെരുമാറി മിത്രത്തിന്റെ മട്ടില്‍ കഴിഞ്ഞു കൂടി നിന്നെ ചതിച്ചു കടന്നു കളഞ്ഞിരിക്കും; അതു കൊണ്ടാണ്‌ നീ ഇത്ര വിളര്‍ത്തു മെലിഞ്ഞത്‌. രഹസ്യകുശലനും സമര്‍ത്ഥനുമായ ഒരുത്തന് ഭവാന്റെ രഹസ്യം ഭവാന്‍ വെളിച്ചത്താക്കിയിരിക്കും; അതറിഞ്ഞവര്‍ അങ്ങയെ പൂജിക്കാതെയായിരിക്കാം, അതാണ്‌ അങ്ങ്‌ ഇത്ര വിളര്‍ത്തു മെലിഞ്ഞുവന്നത്‌.

അസത്തുക്കള്‍ കൂടിയിരിക്കുമ്പോള്‍, അവരുടെ ശങ്ക തീരുന്ന വിധം കാര്യം പറഞ്ഞു കൊടുത്താലും. അവര്‍ ഭവാന്റെ അഭിപ്രായത്തെ മാനിക്കാതിരിക്കുമ്പോള്‍, അങ്ങയുടെ ഗുണം തെളിയുന്നില്ലെന്നു കാണുമ്പോള്‍, മനസ്സിന് ക്ഷീണമുണ്ടാകാം. അതാണ്‌ നീ ഇത്ര വിളര്‍ത്തു മെലിയുവാന്‍ കാരണം. ധനം, ബുദ്ധി, വേദജ്ഞാനം ഇവയില്ലാത്തവനായ ഭവാന്‍ ശൗര്യം കൊണ്ടു മാത്രം മഹത്തായ അതിനെ നേടുവാന്‍ ഇച്ഛിക്കുന്നുണ്ടാകാം; അതാണ്‌ ഭവാന്‍ ഇത്ര വിളര്‍ത്തു മെലിയുവാന്‍ കാരണം. തപസ്സു ചെയ്യുന്നതില്‍ ആസക്തനായി പ്രാപഞ്ചിക വിഷയങ്ങളില്‍ നിന്ന് വിട്ട്‌ കാട്ടില്‍പ്പോയി തപസ്സു ചെയ്യുവാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ അതിന് ഭവാന്റെ ബന്ധുക്കള്‍ സമ്മതിക്കുന്നുമില്ലായിരിക്കാം; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിയുവാന്‍ കാരണം. ധനികന്മാരുടെ മദ്ധ്യത്തില്‍ വെച്ച്‌ ഭവാന്‍ പറയുന്ന മുഖ്യമായ വാക്കുകള്‍ കാലോചിതമായി വിളങ്ങുന്നില്ലായിരിക്കാം; അതാണ്‌ ഭവാന്‍ ഇത്ര വിളര്‍ത്തു  മെലിഞ്ഞത്‌. നിന്റെ ചില ബന്ധുജനങ്ങള്‍, ബുദ്ധിയില്ലാത്ത കൂട്ടര്‍, വേദവാക്യം വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുമ്പോള്‍ അതു കേള്‍ക്കേണ്ടെന്നു പറഞ്ഞു നിഷേധിച്ച്‌ കോപിക്കുന്നുണ്ടാകാം; അവരെ സമാശ്വസിപ്പിക്കാന്‍ ഭവാന് കഴിഞ്ഞിരിക്കയില്ല. അതാണ്‌ നീ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. ലാഭമുണ്ടാക്കുന്ന ഒരു കാര്യത്തില്‍ ഒരാള്‍ ഭവാനെ ഏര്‍പ്പെടുത്തിയതിന് ശേഷം അതിന്റെ ഫലം അനുഭവിക്കുവാന്‍ അവന്‍ കാത്തിരിക്കുന്നതായി ഭവാന്‍ അറിയുന്നുണ്ടാകും; അതാണ്‌ ഭവാന്‍ വളിര്‍ത്തു മെലിഞ്ഞത്‌. സുഗുണാഢ്യനും പൂജ്യനുമായ നിന്നെ നിന്റെ സുഹൃത്തായ ഒരാള്‍ അതു സ്വന്തം കാര്യമായി കണക്കാക്കുന്നുണ്ടാകാം; അതാണു നീ ഇത്ര വിളര്‍ത്തു മെലിഞ്ഞത്‌.

ഉള്ളിലുള്ള ഒരഭിപ്രായം ലജ്ജമൂലം വെളിവാക്കുവാന്‍ മടിച്ചു കഴിവില്ലാഞ്ഞ്‌ ഇരിക്കുന്നുണ്ടാകാം; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞു പോയത്‌. ലോകത്തില്‍ പലതരം ബുദ്ധിമാന്മാരും പലതരത്തില്‍ കര്‍മ്മവാസനയുള്ളവരും സമര്‍ത്ഥരും ഉണ്ട്‌. അവരെയെല്ലാം ഗുണം കൊണ്ടു ജയിക്കുവാന്‍ ഭവാന്‍ ഓര്‍ക്കുന്നുണ്ടായിരിക്കാം; അതാണ്‌ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. ജ്ഞാനമില്ലാത്തവനും ഭീരുവും അല്പമായ അര്‍ത്ഥമുള്ളവനുമായ ഭവാന്‍ വിദ്യ കൊണ്ടും വിക്രമം കൊണ്ടുമുള്ള യശസ്സ്‌ ഇച്ഛിക്കുകയായിരിക്കാം; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിയു വാന്‍ കാരണം. നീ വളരെക്കാലം കൊതിച്ചു കൊണ്ടിരുന്ന ഫലം നേടാന്‍ കഴിയാതിരിക്കെ അത്‌ അന്യന്‍ കര്‍മ്മം ചെയ്ത്‌ കൈക്കലാക്കിയിട്ടുണ്ടാകാം; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞതിന് കാരണം.

താന്‍ചെയ്ത ദോഷം തന്നില്‍ കാണാതിരിക്കുന്ന നീ വെറുതെ ശപിക്കപ്പെട്ടിരിക്കാം. അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. ഗൃഹസ്ഥാശ്രമികളെ നല്ലവരായി കാണുകയും വനത്തില്‍ തപോവ്യത്തിയെടുക്കുന്നവരില്‍ ചിലര്‍ ദുഷ്ടരായിക്കാണുകയും മുക്തന്മാര്‍ ഗൃഹസ്ഥാശ്രമികളായി കാണുകയും ചെയ്യുന്നുണ്ടാകാം; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌.

ക്ഷയം ബാധിച്ച്‌ അഴല്‍ പൂണ്ട്‌ അര്‍ത്ഥഗുണം ഇല്ലാത്ത ഇഷ്ടന്മാരെ അവയില്‍ നിന്ന് മോചിപ്പിക്കുവാന്‍ ശ്രമിച്ചു ഭവാനു കഴിയാതെ വന്നിരിക്കും; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. ധര്‍മ്മ്യവും അര്‍ത്ഥവും കാമ്യവും ഒത്തതും യഥാകാലം ഉപദേശിച്ചതുമായ അങ്ങയുടെ മൊഴികള്‍ ഫലിക്കാതെ വന്നിരിക്കാം; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. മൂഢന്മാരുടെ സ്വത്തുക്കള്‍ മനീഷിയായ ഭവാന്‍ വാങ്ങി അനുഭവിക്കുന്നുണ്ടാകും; അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. ദുഷ്ടന്മാര്‍ വര്‍ദ്ധിക്കുന്നതു കണ്ടും നല്ലവര്‍ താഴുന്നതു കണ്ടും നിത്യവും നീ ഗര്‍ഹിക്കുന്നുണ്ടാകാം; അതാണു നീ ഇത്രയധികം വിളര്‍ത്തു മെലിഞ്ഞു പോയത്‌. തമ്മില്‍ പിണഞ്ഞ്‌ ഇഷ്ടന്മാര്‍ക്കു ഗുണം ചെയ്യുന്നതിന് വേണ്ടി നീ ശ്രമിക്കുമ്പോള്‍ വല്ല തടസ്സത്തിലും ഭവാന്‍ പെട്ടിട്ടുണ്ടാകും; അതാണ്‌ ഇത്രയേറെ വിളര്‍ത്തു മെലിഞ്ഞത്‌. തങ്ങള്‍ക്കു വിധിക്കാത്ത കര്‍മ്മം ചെയ്യുന്ന ദേവജ്ഞരെപ്പറ്റി, ജിതേന്ദ്രിയന്മാരല്ലാത്തവരുംവിദ്വാന്മാരുമായ വേദജ്ഞരെപ്പറ്റി, ഭവാന്‍ അനുകമ്പയോടെ ചിന്തിക്കുന്നുണ്ടാകാം; അവരുടെ ദയനീയമായ നിലയെപ്പറ്റി മനസ്സുടക്കാന്‍ കഴിയാത്ത പരിതാപകരമായ നിലയെപ്പറ്റി ഭവാന്‍ വ്യയസന പൂര്‍വ്വം ചിന്തിക്കുന്നുണ്ടാകാം. അതാണ്‌ ഭവാന്‍ ഇത്രയേറെ വിളര്‍ത്തു മെലിയുവാന്‍ കാരണം. ഇപ്രകാരം ആ ബ്രാഹ്മണന്‍ ആ രാക്ഷസനെ പൂജിച്ചു ബഹുമാനിച്ചു പറഞ്ഞപ്പോള്‍ ആ രാക്ഷസന്‍ ആ ജ്ഞാനിയായ ബ്രാഹ്മണന്റെ നേരെ ബഹുമാനത്തോടെ കൈകൂപ്പി നിന്ന്‌ അവനെ സ്‌നേഹിതനാക്കി. രാക്ഷസന്‍ തിന്നുവാന്‍ പിടിച്ച ബ്രാഹ്മണന് ധാരാളം ധനം ദാനം ചെയ്ത്‌ സന്തോഷിപ്പിച്ച്‌ അവനെ വിട്ടയച്ചു.

125. പിതൃരഹസ്യം - ശ്രാദ്ധത്തെ സംബന്ധിച്ചും, മുക്തിയെപ്പറ്റിയും, ധര്‍മ്മരഹസ്യത്തെപ്പറ്റിയും, ദാനഫലത്തെപ്പറ്റിയും സംഭാഷണം - യുധിഷ്ഠിരന്‍ പറഞ്ഞു: കര്‍മ്മക്ഷേത്രമായ ഈ ലോകത്തില്‍ വളരെ ദുര്‍ല്ലഭമായ മനുഷ്യജന്മം നേടിയിട്ട്‌ ശ്രേയസ്സിനെ ആഗ്രഹിക്കുന്ന ഒരു ദരിദ്രന്‍ എന്തു കര്‍മ്മമാണ്‌ പിതാമഹാ, ചെയ്യേണ്ടത്‌? ദാനങ്ങളില്‍ ശ്രേഷ്ഠമായിട്ടുള്ളതെന്താണ്‌? ദാനം ചെയ്യേണ്ടതെന്താണ്‌? ശരിക്കും പൂജാര്‍ഹന്മാര്‍ ആരാണ്‌? രഹസ്യമായ ഈ കാര്യങ്ങള്‍ പറഞ്ഞു തരണേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കീര്‍ത്തിമാനും പാണ്ഡുപുത്രനുമായ രാജാവ്‌ ധര്‍മ്മങ്ങളില്‍ ഏറ്റവും രഹസൃമായ കാര്യം ഭീഷ്മനോടു ചോദിച്ചു:

ഭീഷ്മൻ പറഞ്ഞു: അല്ലയോ രാജാവേ, ഞാന്‍ ധര്‍മ്മഗുഹ്യങ്ങള്‍ നിന്നോടു പറയാം, കേള്‍ക്കുക. ഇത്‌ പണ്ട്‌ വ്യാസ ഭഗവാന്‍ പറഞ്ഞു തന്നതാണ്‌. ഇതു ദേവകള്‍ക്കു പോലും അറിയാത്ത രഹസ്യമാണ്‌. അക്ലിഷ്ട കൃത്തമനായ യമന്‍, നിയമസ്ഥനായ യോഗി, തപസ്സിന്റെ ഫലം കണ്ടു. ആര്‍ക്ക്‌ എന്തുകൊണ്ടു ദേവന്‍ പ്രീതനാകുമോ, അതില്‍ പിതൃക്കളും പ്രീതരാകുന്നു. അതില്‍ ഋഷി പ്രവരന്മാരും, ശ്രീയും, ദിഗ്ഗജങ്ങളും, ചിത്രഗുപ്തനും പ്രീതരാകുന്നു. ഋഷി ധര്‍മ്മം, സ്മൃതം, രഹസ്യമായ വലിയ ഫലം, സര്‍വ്വയജ്ഞ ഫലം ഇവയെല്ലാം ആര് അറിഞ്ഞു ചെയ്യുന്നുവോ, അനഘാശയാ, ദോഷവാനും ദോഷം അറ്റവനും ആ ഗുണങ്ങളോടു ചേര്‍ന്നവരാകും അവർ. പത്തു പശുക്കളെ വധിക്കുന്ന കൊലയാളിക്കു തുല്യനാണ്‌ ഒരു ചക്കിട്ട്‌ എണ്ണയാട്ടുന്നവന്‍. പത്തു ചക്കാലന്നു തുല്യനാണ്‌ ഒരു മദ്യപാനി (കള്ളുകുടിയന്‍). പത്തു മദ്യപാനിക്കു തുല്യമാണ്‌ ഒരു വേശ്യ. പത്തു വേശ്യയ്ക്കു തുല്യനാണ്‌ ഒരു നാട്ടുരാജാവ്‌. ഈ നാട്ടു രാജാവിന്റെ പകുതിക്കൊക്കും ഒരു രാജാവ്‌. ഇങ്ങനെ ദോഷങ്ങളുടെ അനുക്രമമാണു ഞാന്‍ പറഞ്ഞത്‌.

ഇതിന്റെ സാരം ഇതാണ്‌. മൃഗങ്ങളെ വെട്ടി വില്ക്കുന്നവന്റെ കൈയില്‍ നിന്ന് യാതൊരു ദാനവും വാങ്ങരുത്‌. പത്തു ഗോഹത്യക്കാരന് തുല്യനാണ്‌ ഒരു ചക്കാലന്‍ (മൃഗങ്ങളെ ചക്കിന്നു പൂട്ടുന്നവന്‍). അവന്റെ കൈയില്‍നിന്ന് ദാനം വാങ്ങിയാല്‍ ഗോഹത്യക്കാരനില്‍ നിന്ന് വാങ്ങുന്നതിന്റെ പത്തിരട്ടി പാപമുണ്ട്‌. അപ്രകാരം പാപത്തിന്റെ വര്‍ദ്ധന കണ്ടുകൊള്ളുക. ഒരു ചെറിയ രാജാവിന്റെ ദാനത്തിന്നു പതിനായിരം ഗോഹത്യക്കാരന്റെ പാപം ഉണ്ട്‌. വലിയ രാജാവിന്റെ ദാനത്തിന് അയ്യായിരം ഗോഹതൃക്കാരന്റെ പാപം ഉണ്ടെന്നറിയുക.

അതുകൊണ്ട്‌ ഈ പറഞ്ഞവരുടെ കൈയില്‍ നിന്നൊന്നും ദാനം വാങ്ങരുത്‌. ത്രിവര്‍ഗ്ഗം (ധര്‍മ്മാതര്‍ഥ കാമങ്ങള്‍) ചേര്‍ന്ന ശാസ്ത്രം പവിത്രമാണ്‌ പുണ്യലക്ഷണമൊത്തതാണ്‌. ധര്‍മ്മവ്യാകരണം പുണ്യമാണ്‌. അതു രഹസ്യമായി കേള്‍ക്കേണ്ടതില്‍ വെച്ചു ശ്രേഷ്ഠമാണ്‌. ദേവന്മാര്‍ വിധിച്ച ആ ധര്‍മ്മശാസ്ത്രങ്ങള്‍, ജീവിതവുമായി ബന്ധപ്പെട്ട ധര്‍മ്മമുറകള്‍, എല്ലാവരും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കേണ്ടതാണ്‌. അതില്‍ പിതൃഗുഹ്യങ്ങ ളായ കാര്യങ്ങള്‍ ശ്രാദ്ധകര്‍മ്മത്തില്‍ പ്രദിപാദിക്കുന്നുണ്ട്‌.

സര്‍വ്വവദേവരഹസ്യവും അതില്‍ പറഞ്ഞിട്ടുണ്ട്‌. എന്നും ഈ ധര്‍മ്മശാസ്ത്രങ്ങള്‍ ചൊല്ലുന്നവന് ഉപസ്ഥിതി(ഓര്‍മ്മ)യുണ്ടാകും. ഈ വേദഗ്രന്ഥങ്ങള്‍ എന്നും വായിക്കുകയും, പഠിക്കുകയും, കേള്‍ക്കുകയും, ചിന്തിക്കുകയും, അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ നാരായണനെപ്പോലെ പുണ്യവാന്മാരായി പരിഗണിക്കപ്പെടും. ഗോദാനത്തിന് തീര്‍ത്ഥസ്‌നാനഫലമുണ്ട്‌. യജ്ഞങ്ങള്‍ ചെയ്താലുള്ള ഫലവുമുണ്ട്‌. ഈ എല്ലാ ഫലവും അതിഥിയെ പൂജിക്കുന്ന ഗൃഹസ്ഥന്‍ നേടുന്നതാണ്‌. കേള്‍ക്കുന്നവരും, ശ്രദ്ധവെക്കുന്നവരും, ശുദ്ധമാനസന്മാരും ഒരേ ഫലമാണു നേടുന്നത്‌. അവന്റെ കില്‍ബിഷങ്ങള്‍ എല്ലാം നീങ്ങും. പാപം അവന്‍ ഏല്ക്കുന്നതല്ല. പരലോകത്ത്‌ അവന്‍ ധര്‍മ്മംനേടി ചെന്നെത്തുന്നതാണ്‌.

പണ്ട്‌ ഒരു കാലത്ത്‌ ഒരു ദേവദൂതന്‍ ഒളിച്ചു നിന്ന്‌ യാദ്യച്ഛയായി ദേവരാജാവിനോടു ചോദിച്ചു: അല്ലയോ ദേവ രാജാവേ, നമ്മുടെ വൈദ്യസത്തമന്മാരായ അശ്വനീദേവന്മാരുണ്ടല്ലോ, അവര്‍ പറഞ്ഞിട്ടാണ്‌ ഞാന്‍ പിത്യക്കളിലും, ദൈവതങ്ങളിലും, മര്‍ത്ത്യരിലും വന്നത്‌. ശ്രാദ്ധം ഊട്ടുന്നതായാലും, ഉണ്ണുന്നതായാലും മൈഥുനം പാടില്ലെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? എന്തിനാണ്‌ മൂന്നു പിണ്ഡങ്ങള്‍ വെവ്വേറെ വെക്കുന്നത്‌? ഒന്നാമത്തെ പിണ്ഡം ആര്‍ക്കു നല്കണം? ആര്‍ക്കാണ്‌ മദ്ധ്യമമായ പിണ്ഡം നല്കേണ്ടത്‌? ഒടുക്കത്തെ പിണ്ഡം ആര്‍ക്കാണു നല്കേണ്ടത്‌? അത്‌ അങ്ങു പറയണേ! കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്‌. ശ്രദ്ധയോടെ ദേവദൂതന്‍ ഇപ്രകാരം ധര്‍മ്മത്തോടു കൂടിയ ചോദ്യം ചോദിച്ചപ്പോള്‍ മുമ്പില്‍ നില്ക്കുന്ന ദേവനായ നഭശ്ചരനെ പിതൃക്കള്‍ ആദരിച്ചു. .

പിതൃക്കള്‍ പറഞ്ഞു: അല്ലയോ ഖേചരാ, അങ്ങയ്ക്കു സ്വാഗതം! ഭവാന്‌ നന്മ വരട്ടെ! അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറയാം, കേട്ടു കൊള്ളുക. ഭവാന്‍ ചോദിച്ച ചോദ്യം ഗൂഢാര്‍ത്ഥമുള്ളതും മുഖ്യമായതുമാണ്‌. ശ്രാദ്ധം ഊട്ടുകയും ഉണ്ണുകയും ചെയ്തിട്ട്‌ അവന്‍ സ്ത്രീസംഗത്തില്‍ ഏര്‍പ്പെട്ടാല്‍ അവന്റെ ആ ശുക്ലത്തില്‍ ഒരു മാസം പിതൃക്കള്‍ കിടക്കേണ്ടി വരും. പിണ്ഡം തിരിച്ചു മൂന്നായി വെച്ചതിനെപ്പറ്റിയും പറയാം. ക്രമത്തില്‍ നീ കേട്ടു കൊള്ളുക. താഴെ ചെല്ലുന്ന പിണ്ഡം ജലത്തില്‍ ഇടുന്നത്‌ ജലജീവികളെപ്പോറ്റുന്നു. നടുവിലുള്ള പിണ്ഡം ഭാര്യയ്ക്കു നല്കണം. ഭാര്യ ഭക്ഷിക്കണം. മൂന്നാമത്തെ പിണ്ഡം അഗ്നിയില്‍ അര്‍ച്ചിക്കണം. ധര്‍മ്മലോപം ബാധിക്കാത്ത വിധം ഞാന്‍ ശ്രാദ്ധവിധിയെ ഉപദേശിച്ചു. പിതൃക്കള്‍ അപ്രകാരം ചെയ്യുന്നവനില്‍ തുഷ്ടരാകുന്നതാണ്‌. ഹൃഷ്ടമാനസരാകും; സന്താനങ്ങള്‍ അവന് ധാരാളം ഉണ്ടാകും. അക്ഷയമായ ലോകം അവസാനം ലഭിക്കുന്നതുമാണ്‌.

ദേവദൂതന്‍ പറഞ്ഞു: ക്രമത്തില്‍ ഈ പിണ്ഡ വിഭാഗത്തെപ്പറ്റി, വെവ്വേറെ മൂന്നു വിഭാഗമായി വെയ്ക്കുന്നതിനെപ്പറ്റി, പറഞ്ഞുവല്ലോ. ഒരു പിണ്ഡം എടുത്താല്‍ താഴെ ആര്‍ക്കായി അതു ചെല്ലും? ഏതു ദേവനാണ്‌ അതില്‍ പ്രസാദിക്കുക? അതില്‍ പിതൃതാരണം എപ്രകാരമാണ്‌? നടുവിലുള്ളത്‌ പത്നി സമ്മതത്തോടെ ഉണ്ണുമെന്നു പറഞ്ഞുവല്ലോ. പിത്യക്കള്‍ എന്തിന് ഇവന്റെ കവ്യം ഭൂജിക്കുന്നു? ഒടുക്കത്തെ പിണ്ഡം അഗ്നിയില്‍ ഇടണമെന്നു പറഞ്ഞുവല്ലോ. അതിനുള്ള ഗതിയെന്താണ്‌? അത്‌ ആരിലാണ്‌ ചെല്ലുക? ഇങ്ങനെ മൂന്നു പിണ്ഡത്തിനുമുള്ള മൂന്നു ഗതിയെപ്പറ്റിയും വിശദമായി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ഫലവും, വൃത്തിയും, മാര്‍ഗ്ഗവും ഇവ ആര് ഏല്ക്കുന്നു എന്നുള്ളതും അറിയുവാൻ എനിയ്ക്ക് ആഗ്രഹമുണ്ട്‌.

പിതൃക്കള്‍ പറഞ്ഞു: അല്ലയോ ഗഗനേചര, നീ ചോദിച്ച ഈ ചോദ്യം ഏറ്റവും വലിയ ഒരു ചോദ്യമാണ്‌, രഹസ്യവും അത്ഭുതവുമായ കാര്യമാണു നീ ചോദിച്ചത്‌. പിതൃകാര്യമായ ഈ നിശ്ചയങ്ങളൊന്നും ദേവന്മാര്‍ക്കും, മുനിമാര്‍ക്കും നിശ്ചയമുള്ളതല്ല. അവരും ഇതിനെപ്പറ്റി പ്രശംസിക്കുന്നു. മഹാത്മാവും മുഖ്യനുമായ മാര്‍ക്കണ്ഡേയ മുനിയുണ്ടല്ലോ. ആ ചിരഞ്ജീവിക്കൊഴികെ, പിതൃഭക്തനും വരങ്ങള്‍ വാങ്ങി പുകഴ്‌ന്ന വിപ്രനുമായ അദ്ദേഹത്തിന്നൊഴികെ, മറ്റാര്‍ക്കും അറിയാത്തതാണ്‌, ആ കാര്യം. അദ്ദേഹം ഭഗവാനില്‍ നിന്നാണ്‌ മൂന്നു പിണ്ഡത്തിന്റെയും ഗതിയെപ്പറ്റി ഗ്രഹിച്ചത്‌. അദ്ദേഹം പറഞ്ഞു വ്യാസന്‍ ഗ്രഹിച്ചു. അതു ദേവദൂതന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്ത പ്രകാ രം ഇതാ പറയുന്നു. മൂന്നു പിണ്ഡത്തിന്റെയും ഗതിയെപ്പറ്റി പറയാം.

വെള്ളത്തില്‍ ചെല്ലുന്ന പിണ്ഡം ചന്ദ്രനെ സന്തോഷിപ്പിക്കും. അല്ലയോ മഹാമതേ, ചന്ദ്രന്‍ ദേവന്മാരെയും, പിതൃക്കളെയും സന്തോഷിപ്പിക്കും. ഭര്‍ത്താവിന്റെ സമ്മതത്തോടെ ഭാര്യ ഉണ്ണുന്ന മദ്ധ്യമമായ പിണ്ഡം പിതാമഹന്മാര്‍ ഏല്ക്കുകയും പുത്രന്‍ ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നവന് പുത്രദാനം ചെയ്യുകയും ചെയ്യും. ഇനി അഗ്നിയില്‍ നല്കുന്ന പിണ്ഡത്തെപ്പറ്റി പറയാം, കേള്‍ക്കുക. ആ പിണ്ഡം മൂലം പിതൃക്കള്‍ തൃപ്തരാകും. എല്ലാവിധ കാമങ്ങളും നല്കും. നിന്നോട്‌ ഇപ്രകാരം ഞാന്‍ മൂന്നു പിണ്ഡത്തിന്റെയും ഗതിയെപ്പറ്റി പറഞ്ഞു. യജമാനന്‍ (യജ്ഞം ചെയ്യുന്നവന്‍) പിതൃത്വം വിട്ടുപോയി ഋത്വിക് ജനങ്ങളില്‍ ചെന്നെത്തുന്നു.

ശ്രാദ്ധം ഉണ്ണുന്ന ബ്രാഹ്മണന്‍ ഋത്വിക്കായി ഭവിക്കുന്നു. ഈ ക്രിയയില്‍. അങ്ങനെ ശ്രാദ്ധം ചെയ്യുന്നവന്‍ പിത്രിയാകുന്നു. അങ്ങനെ ഋത്വിക്കും പിത്രിയുമായി അന്ന്‌ അവര്‍ അറിയപ്പെടുന്നത് കൊണ്ട്‌ ആ ദിവസം അവര്‍ സ്ത്രീഭോഗത്തിന് ഒരുങ്ങരുത്‌. അതുകൊണ്ട്‌ അന്ന് സ്ത്രീഭോഗം പാടില്ല.

അല്ലയോ ഖേചരാ, ശ്രാദ്ധം ഉണ്ണുന്നവന്‍ ശുചിയായി ഉണ്ണണം. ഞാന്‍ പറഞ്ഞ ദോഷം ഓർക്കുന്നുണ്ടല്ലോ. അത്‌ അപ്രകാരം തന്നെ സംഭവിക്കുന്നതാണ്‌. അതുകൊണ്ട്‌ ക്ഷാന്തനും, ശുചിയും, സ്നാതനുമായ ബ്രാഹ്മണന്‍ ശ്രാദ്ധം ഉണ്ണണം. ഇങ്ങനെ ശ്രാദ്ധം കഴിക്കുന്നവന്നും. ശ്രാദ്ധം ഉണ്ണുന്നവന്നും സന്താനസമുൃദ്ധി ഉണ്ടാകും.

ഭീഷ്മൻ തുടര്‍ന്നു: ഇപ്രകാരം പിതൃക്കള്‍ പറഞ്ഞതിന് ശേഷം വിദ്യുത്പ്രഭന്‍ എന്നു പേരായ ഒരു ഋഷി, സൂര്യനെപ്പോലെ തേജസ്വിയായ മഹാശയന്‍, ധര്‍മ്മരഹസ്യങ്ങള്‍ കേട്ട്‌ ശക്രനോട്‌ പറഞ്ഞു: "മനുഷ്യര്‍ വിമോഹിതരായി എത്രയോ അസംഖ്യം പക്ഷിമൃഗാദികളെ ഹിംസിക്കുന്നു. ഉറുമ്പ്‌, പുഴു, പാമ്പ്‌, ആട്‌, മാന്‍, പക്ഷികള്‍ ഇങ്ങനെ എത്രയെത്ര ജീവികളെയാണ്‌ കൊല്ലുന്നത്‌! വലിയ പാപമല്ലോ ഈ പ്രവൃത്തി കൊണ്ട്‌ നരന്‍ നേടുന്നത്‌? ഇതിന്ന്‌ വല്ല പരിഹാരവുമുണ്ടോ? ആ മുനീന്ദ്രന്‍ ഇപ്രകാരം ഒരു ചോദ്യം ശക്രനോടു ചോദിച്ചപ്പോള്‍ എല്ലാ ദേവകളും തപോധനന്മാരും, മുനീന്ദ്രന്മാരും, പിതൃക്കളും എല്ലാ മഹാഭാഗന്മാരും ആ മുനീന്ദ്രനെ പൂജിച്ചു പ്രശംസിച്ചു.

ശക്രന്‍ പറഞ്ഞു: കുരുക്ഷേത്രം, ഗംഗ, ഗയ, പ്രഭാസം, പുഷ്കരങ്ങള്‍, ഇവയെ മനസ്സില്‍ ചിന്തിച്ച്‌ ജലത്തിലിറങ്ങണം. അങ്ങനെ ചെയ്താല്‍ അവന്‍ രാഹുവിമുക്തനായ ചന്ദ്രനെപ്പോലെ പാപത്തില്‍ നിന്ന് വിമുക്തനാകും. മൂന്നു നാള്‍ കുളിച്ച്‌ ഉപവാസമെടുത്ത്‌ പശുവിന്റെ പുറംതൊട്ട്‌ നമിക്കണം. ആകാശത്തേക്കു കൈകൂപ്പണം. എന്നാല്‍ അവന്റെ പാപം വിട്ടു പോകുന്നതാണ്‌. അപ്പോള്‍ വിദ്യുല്‍പ്രദന്‍ ദേവരാജാവിനോട്‌ ഇപ്രകാരം പറഞ്ഞു. ഇത്‌ സൂക്ഷ്മതരമായ ധര്‍മ്മമാണ്‌. അല്ലയോ ശതക്രതോ, ഇന്ദ്രാ, ഭവാന്‍ കേള്‍ക്കുക. ആലിന്റെ വേരു കുത്തിപ്പിഴിഞ്ഞു നീരെടുത്ത്‌ അതില്‍ ഉഴുന്നു വേവിച്ച്‌ പാലും നവരച്ചോറും ചേര്‍ത്ത്‌ ഉണ്ടാൽ സകല പാപവും തീരുന്നതാണ്‌. ഇനിയും വേറെ രഹസ്യമായ വിധി പറയാം. ഋഷിമാര്‍ ചിന്തിച്ചു പറഞ്ഞതാണ്‌. ഞാന്‍ സ്ഥാണുസ്ഥാനത്ത്‌ രുദ്രനോടു കൂടി ഇരിക്കുമ്പോള്‍ ബൃഹസ്തതി പറഞ്ഞു കേട്ടതാണ്‌. അല്ലയോ ശചീപതേ, അതും ഭവാന്‍ കേട്ടാലും. മലയില്‍ക്കയറി ഒറ്റക്കാല്‍ ഊന്നി നിന്ന്‌ സൂര്യനെ കൈപൊക്കി തൊഴുത്‌ ആഹാരം കൂടാതെ നോക്കണം. തപസ്വിയായ അവന്‍ ഉപവാസത്തിന്റെ ഫലം നേടുന്നതാണ്‌. അര്‍ക്കരശ്മിയാല്‍ ദീപ്തനാകുമ്പോള്‍ പാപമൊക്കെ നീങ്ങുന്നതാണ്‌. വേനല്‍ക്കാലത്തും മഴക്കാലത്തും അപ്രകാരം ചെയ്താല്‍ പാപം ഒഴിഞ്ഞു പോകും. അങ്ങനെ പാപം നിങ്ങിയവന് ശാശ്വതമായ ദ്യുതി ലഭിക്കും. തേജസ്സാല്‍ സൂര്യനെപ്പോലെ ദീപ്തനാ കും. ശശിയെപ്പോലെ വിളങ്ങുകയും ചെയ്യും.

ഭീഷ്മൻ പറഞ്ഞു: അപ്പോള്‍ ദേവകളുടെ മദ്ധ്യത്തില്‍ നില്ക്കുന്ന ദേവരാജന്‍ ശതക്രതു, ബൃഹസ്പതിയോട്‌ മുഖ്യമായ വാക്യം ഇപ്രകാരം പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ഭഗവാനേ, മനുഷ്യര്‍ക്കു സുഖാവഹമായ ധര്‍മ്മരഹസ്യവും മനുഷ്യരുടെ നന്മക്കു വേണ്ടി ഗുണദോഷങ്ങളും ശരിയായി പറഞ്ഞുകേള്‍പ്പിക്കണേ!

ബൃഹസ്പതി പറഞ്ഞു: സൂര്യന് നേരേനിന്ന്‌ മൂത്രം ഒഴിക്കുന്നവര്‍ക്കും വായുവിന് നേരെ ഭക്തിബഹുമാനം കാണിക്കാത്തവര്‍ക്കും കത്തുന്ന തീയില്‍ ചമത ഹോമിക്കാത്തവര്‍ക്കും ചെറിയ കുട്ടിയുള്ള പശുവിന്റെ പാല്‍ എടുക്കുവാന്‍ കറക്കുന്നവര്‍ക്കും ബാധിക്കുന്ന ദോഷം ഞാന്‍ ശരിക്കു പറയാം. അങ്ങ്‌ കേട്ടു ധരിക്കുക ശചീപതേ!

അര്‍ക്കനും, വായുവും, ഹവ്യവാഹകനായ അഗ്നിയും അല്ലയോ ദേവനായകാ, ബ്രഹ്മാവ്‌ സൃഷ്ടിച്ചവരാണ്‌. ലോകമാതാക്കളായ പശുക്കളും ബ്രഹ്മസൃഷ്ടി തന്നെ. ഇവര്‍ ലോകത്തെ തരണം ചെയ്യുവാന്‍ കെല്പുള്ളവരാണ്‌. നരര്‍ക്കു ദൈവതങ്ങളാണ്‌ നിങ്ങള്‍ ഓരോരുത്തരും. ധര്‍മ്മനിശ്ചയം വ്യക്തമായി കേള്‍ക്കുവിന്‍! ഞാന്‍ ഇതാ പറയുന്നു.

സൂര്യന്റെ നേരെ തിരിഞ്ഞ്‌ മൂത്രം വിടുന്ന പുരുഷന്മാര്‍ എണ്‍പത്തഞ്ചുവര്‍ഷം ദുര്‍വൃത്തരും കലപാംസനരുമായി അലയും. സ്ത്രീകളാണെങ്കില്‍ അവര്‍ അത്രനാള്‍ ദുര്‍വ്യത്തകളായും അലയും. അനിലനെ ദ്വേഷിക്കുന്നവര്‍ക്കു പ്രജ ഗര്‍ഭത്തില്‍ അലസുന്നതാണ്‌ ശക്രാ! കത്തുന്ന അഗ്നിയില്‍ ചമത ഹോമിക്കാത്തവനാണെങ്കില്‍ അവന്‍ ചെയ്യുന്ന അഗ്നികാര്യങ്ങളില്‍ പാവകന്‍ ഹവിസ്സിനെ കൈക്കൊള്ളുന്നതല്ല. കുട്ടിക്കിടാവുള്ള പശുവിന്റെ പാല്‍ കുടിക്കുന്നതായാല്‍ അവര്‍ക്ക്‌ പാല്‍ കുടിക്കുന്ന വംശവര്‍ദ്ധനയൊന്നും പിറക്കുകയില്ല. ബാലമരണങ്ങള്‍ വന്നു കൂടുകയും ചെയ്യും. കുലവംശ വിനാശനവും ഭവിക്കും. ഈ ദോഷങ്ങള്‍ പണ്ടേ തന്നെ കുലവൃദ്ധരായ ബ്രാഹ്മണര്‍ കണ്ടിട്ടുള്ളതാ ണ്‌. അതുകൊണ്ട്‌ വര്‍ജ്ജിക്കേണ്ടവയെ വര്‍ജ്ജിക്കുക. ചെയ്യേണ്ടവയെ ചെയ്യുക. , ഭൂരികാമനായ മര്‍ത്ത്യന്‍ ഇതു ചെയ്യണം; എന്നു ഞാന്‍ നിന്നോടു പറഞ്ഞു. പിന്നെ മഹാരാജാവേ, മരുത്‌ ഗണദേവകളും മഹാന്‍മാരായ ഋഷി കളും പിതൃക്കളോടു ചോദിച്ചു.

ദേവകള്‍ പറഞ്ഞു: അല്പബുദ്ധികളായ മര്‍ത്ത്യരില്‍ പിതൃക്കള്‍ എന്തിനാലാണ്‌ സന്തോഷിക്കുക? ഔര്‍ദ്ധ്വദേഹി കമായ ദാനം എന്തിനാലാണ്‌ ക്ഷയിക്കാതാവുക? എന്തു കര്‍മ്മംകൊണ്ടാണ് മര്‍ത്ത്യന്‍ കടപ്പാടിനെ ഒഴിവാക്കുക? ഇത്‌ കേള്‍ക്കുവാന്‍ എനിക്കു മോഹമുണ്ട്‌. വളരെ കൗതുകവുമുണ്ട്‌.

പിതൃക്കള്‍ പറഞ്ഞു: യോഗ്യന്മാരേ, ന്യായമായ വിധത്തില്‍ നിങ്ങള്‍ സംശയം പറഞ്ഞു കാണിച്ചു. കേള്‍ക്കുവിന്‍, സല്‍ക്കര്‍മ്മ നിരതരില്‍ എന്തിനാല്‍ ഈ ജനങ്ങള്‍ സന്തോഷിക്കുമെന്നുള്ളത്‌ പറയാം. നീല നിറത്തിലുള്ള കാളയെ ദാനം ചെയ്യുക. കറുത്തവാവില്‍ തിലോദകം, വര്‍ഷകാലത്ത്‌ ദീപംവെയ്ക്കുക. ഇവ ചെയ്താല്‍ പിതൃക്കളുടെ കടം നീങ്ങുന്നതാണ്‌. ഈ ദാനം അക്ഷയമാണ്‌. ഒരിക്കലും വെറുതെയാവുകയില്ല എന്നു തന്നെയല്ല, അത്‌ കെട്ടു പോകാത്തതും വലിയ സമൃദ്ധി ദാനം ചെയ്യുന്നതുമാകും. ഞങ്ങള്‍ക്ക്‌ സന്തോഷം നല്കുന്ന ഇത്‌ അക്ഷയമായി കല്പിക്കുന്നു. ശ്രദ്ധയോടുകൂടി ഏതു മനുഷ്യന്‍ സന്തതിയെ സമ്പാദിക്കുന്നുവോ അവന്‍ ദുര്‍ഗ്ഗമായ നരകത്തില്‍ നിന്ന്‌ പിതാമഹന്മാരെ കയറ്റുന്നതാണ്‌. പിതൃക്കളുടെ വാക്കു കേട്ട്‌ താപസന്മാര്‍ രോമാഞ്ചംകൊണ്ടു. തേജസ്വിയായ വുൃദ്ധഗാര്‍ഗ്ഗ്യന്‍ അവരോട്‌ പറഞ്ഞു.

ഗാര്‍ഗ്ഗ്യന്‍ പറഞ്ഞു: താപസന്മാരെ, നീലഷണ്ഡക്കാളകളെ നല്കിയാല്‍ എന്താണ്‌ ഗുണമുണ്ടാവുക? വര്‍ഷത്തില്‍ ദീപം വെച്ചതു കൊണ്ടും തിലാംബു നല്കുന്നത് കൊണ്ടും എന്താണ്‌ ഗുണമുണ്ടാവുക?

പിതൃക്കള്‍ പറഞ്ഞു: നീലനിറത്തിലുള്ള കാളകളെ നടകൊള്ളിച്ചു വിട്ടാല്‍ അവയുടെ വാലില്‍ എത്ര ജലബിന്ദുക്കള്‍ പറ്റി ഇറ്റു വീഴുന്നുവോ അത്ര വര്‍ഷം പിതൃക്കള്‍ തൃപ്തരാകും. ആ കാള കുത്തി കൊമ്പില്‍ ചോറെടുത്തു നിന്നാല്‍ പിതൃക്കള്‍ ആ ചോറിന്റെ പിണ്ഡത്താല്‍ സോമവംശത്തില്‍ തീര്‍ച്ചയായും ചെല്ലുന്നതാണ്‌. വര്‍ഷത്തില്‍ പിതൃക്കള്‍ക്കു ദീപദാനം ചെയ്താല്‍ അവന്‍ തിങ്കള്‍ പോലെ ശോഭിക്കും. ദീപം നല്‍കുന്നവനു തമോരൂപം ഒരിക്കലും ഉണ്ടാകുന്നതല്ല. കറുത്തവാവില്‍ മര്‍ത്ത്യര്‍ നല്കുന്ന തിലോദകവും അത്തിപ്പാത്രം എടുത്ത്‌ തേന്‍ ചേര്‍ത്ത്‌ അവര്‍ ചെയ്ത രഹസ്യമായ ശ്രാദ്ധവും യാഥാര്‍ത്ഥ്യമായി ഭവിക്കും. അവര്‍ക്ക്‌ അതിന്റെ ഫലമായി മനസ്സിന് സന്തോഷം നല്കുന്ന നല്ല പുഷ്ടിയുള്ള സന്താനങ്ങളുണ്ടാകും. കുല വംശത്തിന് വൃദ്ധിയും പിണ്ഡദാതാവിന് ഫലമായി ലഭിക്കുന്നതാണ്‌. ശ്രദ്ധയോടെ ചെയ്താല്‍ പിതൃക്കളുടെ കടം വീട്ടും. ഇപ്രകാരം ശ്രാദ്ധകാലക്രമം നിര്‍ദ്ദേശിച്ചു കഴിഞ്ഞു. വിധിയും അതിനുള്ള പാത്രവും ഫലവും ശരിയായി ഞാന്‍ പറഞ്ഞു.

126. ദേവരഹസ്യം - ധര്‍മ്മരഹസ്യത്തെപ്പറ്റി ദേവന്‍മാരും മഹാത്മാക്കളും പറയുന്ന അഭിപ്രായം - ഭീഷ്മൻ പറഞ്ഞു: അങ്ങയ്ക്ക്‌ എന്തിലാണ്‌ പ്രീതി തോന്നുന്നത്‌, എങ്ങനെ സന്തോഷമുണ്ടാകുന്നു, എന്ന്‌ ഇന്ദ്രന്‍ ചോദിച്ച ചോദ്യംകേട്ട്‌ ഹരി ഇപ്രകാരം പറഞ്ഞു.

വിഷ്ണു പറഞ്ഞു: വിപ്രന്മാരെ ദുഷിച്ചു സംസാരിക്കുന്നത്‌ എനിക്ക്‌ ദ്വേഷ്യമുണ്ടാക്കുന്ന കാര്യമാണ്‌. വിപ്രന്മാരെ പൂജിച്ചാലോ ഞാന്‍ പൂജിതനായി. അതിലൊട്ടും സംശയിക്കേണ്ട. നിത്യവും അഭിവാദ്യരായ ബ്രാഹ്മണര്‍ ഊണു കഴിച്ചു സന്തുഷ്ടരായാല്‍ എന്റെ പാദങ്ങളും സംതൃപ്പരാകും. ചക്രത്തില്‍ ഞാന്‍ സന്തോഷിക്കും. ( ചാണകം മെഴുകി അതില്‍ സുദര്‍ശന ചക്രം മണ്ഡലാകൃതിയില്‍ വരച്ചു പൂവിട്ട്‌ പൂജിച്ചാല്‍ ഞാന്‍ സന്തോഷിക്കും ). ബലി നല്കുന്നവരിലും ഞാന്‍ പ്രസാദിക്കും. വാമനദ്വിജനെ (ഉയരം കുറഞ്ഞ ബ്രാഹ്മണന്‍) കാണുമ്പോഴും നീര്‍പ്പന്നിയെക്കാണുമ്പോഴും (വാമനാവതാരവും വരാഹാവതാരവും സ്മരിച്ച്‌), ഭൂമിയെ എടുത്തു തലയില്‍ ധരിക്കുന്നവന്‍ ഏവനോ (കുറച്ച്‌ മണ്ണെടുത്തു തലയില്‍ വെയ്ക്കുക) അവന്‌ ഒരിക്കലും അശുഭം ബാധിക്കുന്നതല്ല. ഒരു കഷ്ടവും വന്നുപെടുകയില്ല. അശ്വത്ഥം, ഗോരോചനം, ഗോവ്‌ ഇവയെ ആര്‌ പൂജിക്കുന്നുവോ, അവര്‍ ദേവാസുരനരന്മാര്‍ക്കു തുല്യനായി വിശ്വൈകപൂജകനായി ഭവിക്കുന്നതാണ്‌. ആ രൂപത്താല്‍ അവരുടെ പൂജ ശരിയായി ഏല്ക്കുന്നവന്‍ എനിക്കാണ്‌ ആ പൂജ ഏല്ക്കുന്നത്‌; മറ്റാര്‍ക്കുമല്ല. അതു ലോകം നില്ക്കുന്ന വരേക്കും ഞാന്‍ കൈക്കൊള്ളും. നേരെമറിച്ച്‌, അല്പബുദ്ധികളായ മര്‍ത്ത്യര്‍ വെറുതെ പൂജിക്കുകയാണ്‌. അതു ഞാനേല്ക്കുന്നതല്ല. അതില്‍ എനിക്കു സന്തോഷവും ഉണ്ടാവുകയില്ല.

ചന്ദ്രന്‍ പറഞ്ഞു: ചക്രം, പാദങ്ങള്‍, പന്നി, വാമനദ്വിജന്‍, ഉദ്ധരിച്ച ഊഴി ഇവയെ ഭവാന്‍ വാഴ്ത്തുന്നതിന്റെ അര്‍ത്ഥമെന്താണ്‌? ഭവാന്‍ ഭൂതങ്ങളെ സൃഷ്ടിക്കുന്നു, പ്രജാ സമൂഹങ്ങളെ സംഹരിക്കുന്നു. മര്‍ത്ത്യരോടു കുടെയുള്ള എല്ലാ ഭൂതങ്ങള്‍ക്കും നിത്യമായ പ്രകൃതിയല്ലേ ഇത്‌?

ഭീഷ്മൻ പറഞ്ഞു: അപ്പോള്‍ വിഷ്ണു ചിരിച്ച്‌ ഇപ്രകാരം പറഞ്ഞു: ചക്രം കൊണ്ടു ഞാന്‍ ദൈത്യരെ കൊന്നു. കാലുകൊണ്ട്‌ ഞാന്‍ ഭൂമിയെ കീഴടക്കി. പന്നിയുടെ രൂപമെടുത്ത്‌ ഞാന്‍ ഹിരണ്യാക്ഷനെ കൊന്നു. വാമനന്റെ രൂപമെടുത്തിട്ടാണല്ലോ ഞാന്‍ മഹാബലി രാജാവിനെ ജയിച്ചത്‌. ഇപ്രകാരം ചിന്തിച്ചു ചെയ്താല്‍ ഞാന്‍ തുഷ്ടനാകും. അങ്ങനെ ചെയ്യുന്ന പൂജകന്‍ മനുഷ്യരില്‍ മഹാനായി തീരുന്നതാണ്‌. അതുകൊണ്ട്‌ എന്നെ പുജിക്കുന്നവര്‍ക്ക്‌ തോല്‍വി ബാധിക്കുന്നതല്ല. ബ്രഹ്മചാരിയായ ബ്രാഹ്മണന്‍, വന്നെത്തുന്നത് കണ്ട്‌ ഉടനെ ആ ബ്രാഹ്മണന് ആദ്യം ഊണു കൊടുത്ത്‌ പിന്നെ അവനവന്‍ ഊണു കഴിക്കുന്നതായാല്‍, അത്‌ അമൃതു കഴിച്ച ഫലം നല്കുന്നതാണ്‌. കിഴക്കു സൂര്യനുദിക്കുന്ന സമയത്ത്‌ അര്‍ക്കന്റെ മുമ്പില്‍ നിന്ന് ഭജിക്കുന്നവന്‍ സര്‍വ്വതീര്‍ത്ഥങ്ങളിലും സ്‌നാനം ചെയ്തവനാകും. അവന്റെ സര്‍വ്വപാപവും നീങ്ങും. അല്ലയോ താപസേന്ദ്രന്മാരെ, ഈ രഹസ്യം ഞാന്‍ നിങ്ങളോടു പറഞ്ഞു. ഇനിയും ശങ്കിച്ചു വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചു കൊള്ളുക. എന്തു വേണമെങ്കിലും ഞാന്‍ പറഞ്ഞു തരാം.

ബലദേവന്‍ പറഞ്ഞു: മനുഷ്യര്‍ക്കു സുഖാവഹവും പര മഗുഹ്യവുമായത്‌ കേട്ടുകൊള്ളുവിന്‍. ഇതു കാണാതെ ക്ലേശ പീഡിതരായി മൂഡന്മാര്‍ ക്ലേശിക്കുന്നു. പ്രഭാതത്തില്‍ എഴു ന്നേറ്റ്‌ ഏതൊരുത്തന്‍ പശുവിനെയും, പിന്നെ തൈരും, പിന്നെ കടുകും, പിന്നെ തിനയും തൊടുന്നുവോ, അവന്റെ പാപം വിട്ടൊഴിയുന്നതാണ്‌. എല്ലാ ഭൂതങ്ങളും മുമ്പോ പിമ്പോ ആയിരിക്കും. ശൂദ്രന്‍ പാകംചെയ്യുന്ന എല്ലാ വസ്തുക്കളും തപോധനന്മാര്‍ വര്‍ജ്ജിക്കുന്നു.

ദേവകള്‍ പറഞ്ഞു; അത്തിപ്പാത്രത്തില്‍ വെള്ളം നിറച്ചു വടക്കോട്ടു നോക്കി ഉപവാസമെടുക്കുകയും വ്രതത്തെ കല്പിക്കുകയും ചെയ്യുക. അവനില്‍ സുരന്മാര്‍ സന്തോഷിക്കുന്നതാണ്‌. എല്ലാ കാമങ്ങളും സിദ്ധിക്കുകയും ചെയ്യും. നേരെമറിച്ച്‌ വെറുതെ അല്പബുദ്ധികളായ മര്‍ത്ത്യര്‍ ചെയ്യുന്നു. ഉപവാസ ബലിക്ക്‌ താമ്രപാത്രം വിശേഷമാണ്‌. ബലി ഭിക്ഷാര്‍ഘ്യം പോലെതന്നെ പിതൃക്കള്‍ക്കു തിലോദകവും താമ്രപാത്രത്തില്‍ നല്കണം. അല്ലെങ്കില്‍ ഫലം അല്പമായി ഭവിക്കും. ദേവന്മാർ അതില്‍ പ്രസാദിക്കും. ഇത്‌ രഹസ്യമായ ഒരു കാര്യമാണ്‌ എന്നു ധരിക്കുക.

ധര്‍മ്മന്‍ പറഞ്ഞു: രാജപുരുഷനായ മണികൊട്ടുന്ന വിപ്രന്‍ പരിചാരകനായ വിപ്രന്‍ പശുക്കളെ മേച്ചുനടക്കുന്ന ബ്രാഹ്മണന്‍ വാണിഭക്കാരനായി നടക്കുന്ന ബ്രാഹ്മണന്‍, ആശാരിപ്പണി മുതലായ ശില്പവിദ്യക്കാരനായ ബ്രാഹ്മണന്‍, വേഷം കെട്ടി നടനായി അഭിനയിക്കുന്ന ബ്രാഹ്മണന്‍, മിത്രദ്രോഹിയായ ബ്രാഹ്മണന്‍, വേദംപഠിക്കാത്ത ബ്രാഹ്മണന്‍, വൃഷലികളെ ഭാര്യയാക്കിയ ബ്രാഹ്മണന്‍ ഇങ്ങനെയുള്ള ബ്രാഹ്മണര്‍ക്കൊന്നും ദൈവപിത്ര്യങ്ങളായ ദാനങ്ങളൊന്നും ഒരിക്കലും കൊടുക്കരുത്‌. പിണ്ഡദന്മാര്‍ അയാള്‍ക്കു നശിക്കും. പ്രീതി ലഭിക്കുന്നതുമല്ല. പാന്ഥന്‍ വന്നുകയറി ആശകെട്ട്‌ ആരുടെ ഗൃഹത്തില്‍ നിന്ന്‌ ഒന്നും ലഭിക്കാതെ ഇറങ്ങിപ്പോകുന്നുവോ, അവന് പിതൃക്കളും, ദേവന്മാരും, അഗ്നിയും നിരാശരായി ഒഴിഞ്ഞു പോകും. അതിഥിയെ വേണ്ടവിധം സല്‍ക്കരിക്കണം. സ്ത്രീകളെ ദ്രോഹിക്കുന്നവര്‍, ഗോക്കളെ ദ്രോഹിക്കുന്നവര്‍, കൃതഘ്നന്മാര്‍ ബ്രഹ്മഘ്നന്മാര്‍ ഗുരുവിന്റെ ഭാര്യയെ പ്രാപിക്കുന്നവര്‍ ഇവര്‍ക്കു തുല്യമായ പാപം അതിഥിയെ അര്‍ച്ചിക്കാതെ അയയ്ക്കുന്നവന്‌ ലഭിക്കുന്നതാണ്‌.

അഗ്നി പറഞ്ഞു: ഏത്‌ ദുഷ്ടന്‍ കാലുയര്‍ത്തി പശുവിനെ ചവിട്ടുന്നുവോ, അത്‌ യോഗ്യനായ ബ്രാഹ്മണനെയോ, അഗ്നിയെയോ ചവിട്ടുന്നതിന് തുല്യമാണ്‌. അവന്റെ ദോഷങ്ങള്‍ ഞാന്‍ പറയാം. ശ്രദ്ധയോടെ കേട്ടാലും. ആ പാപിയുടെ ദുഷ്പേര്‌ ആകാശത്തില്‍ ചെന്നെത്തും. അതുകേട്ട്‌ പിതൃക്കള്‍ ത്രസിച്ചു പോകും. ദേവകള്‍ക്കും വലിയ വൈമനസ്യമുണ്ടാക്കും. തേജസ്വിയായ അഗ്നിയും ഹവിസ്സ്‌ ഏറ്റുവാങ്ങുന്നതല്ല. ആ മനുഷ്യന്‍ ആറുകൊല്ലം നരകത്തില്‍ കിടന്നു വേവും. അവന് ഒരു ദിക്കിലും പ്രായശ്ചിത്തവും സമ്മതിക്കുകയില്ല. അതുകൊണ്ട്‌ പശുക്കളെ ആരും കാലുകൊണ്ട്‌ തൊട്ടു പോകരുത്‌. തേജസ്വിയായ വിപ്രനെയും, കത്തുന്ന അഗ്നിയെയും അതുപോലെ തന്നെ കാലുകൊണ്ട്‌ തൊട്ടു പോകരുത്‌. ശ്രദ്ധയേറിയവനും തനിക്ക്‌ ഹിതം ചിന്തിക്കുന്നവനുമായ മര്‍ത്ത്യന്‍ ഈ ദോഷം ഏല്ക്കാന്‍ ഇടവരരുത്‌. മൂന്നു പേരില്‍ കാല്‍വെയ്ക്കുന്ന വര്‍ക്കുള്ള ദോഷം ഞാന്‍ പറഞ്ഞു.

വിശ്വാമിത്രന്‍ പറഞ്ഞു: പരമരഹസ്യവും, ഏറ്റവും ഗുഹൃവുമായ ധര്‍മ്മസംഹിത ഞാന്‍ പറയാം, കേള്‍ക്കുക. പായസത്താല്‍ പിതൃക്കള്‍ക്ക്‌ ആര്‌ ഔപഹാരികം, കിഴക്കു ഭാഗത്തുള്ള ആനനിഴലില്‍ നട്ടുച്ചകഴിഞ്ഞ ശുഭമുഹൂര്‍ത്തത്തില്‍ തെക്കോട്ടു തിരിഞ്ഞിരുന്നു നല്‍കുന്നുവോ, ഭാദ്രപദത്തില്‍ കൃഷ്ണപക്ഷത്തില്‍ മകം നാളില്‍ നല്കുന്നുവോ, അവന് ആ ദാനത്തിന്നുള്ള ഗുണവിശേഷങ്ങള്‍ വിസ്തരിച്ചു പറയാം. അത്‌ ഒരു വര്‍ഷം നല്കിയാല്‍ പതിമ്മുന്നു കൊല്ലം കൊടുത്ത ഫലം സിദ്ധിക്കുന്നതാണ്‌.

ഗോക്കള്‍ പറഞ്ഞു: ബഹുളേ, സമംഗേ! ഭയമൊന്നും കൂടാതെ ക്ഷേമത്തില്‍ സഖിയായി മഹത്വമുള്ളവള്‍, കുട്ടിയോടു കൂടിയവള്‍ മുമ്പ്‌ ബ്രഹ്മപുരത്തില്‍ ശതയജ്ഞന്റെ യജ്ഞത്തിലും പിന്നെ വിഷ്ണുപദത്തിലും നിന്നവള്‍, വിഭാവസുവിന്നുള്ള മാര്‍ഗ്ഗത്തില്‍ നിന്നവള്‍, ദേവന്മാരെല്ലാം നാരദനോടു കൂടി സര്‍വ്വസഹയാണു നീ എന്നു പറഞ്ഞ്‌ ആ പേര്‌ നിനക്ക്‌ നല്‍കി. ഈ മന്ത്രം ജപിച്ച്‌ സേവിക്കുന്ന ഒരാള്‍ എല്ലാ പാപ കര്‍മ്മത്തില്‍ നിന്നും വിമുക്തനാകും. പുരന്ദരന്റെ (ഇന്ദ്രന്റെ) ലോകത്തു ചെന്നെത്തുന്നതാണ്‌. ഗോവിന്ദന്റെ ചന്ദ്രസമമായ ശോഭയെയും പ്രാപിക്കുന്നതാണ്‌. ഈ പറഞ്ഞ മന്ത്രം ദേവന്മാര്‍ ഉപാസിക്കുന്നതാണ്‌. അതുകൊണ്ട്‌ ഈ മന്ത്രം ഗോഷ്ഠത്തില്‍ (തൊഴുത്തില്‍) ജപിക്കുന്നതായാല്‍ അവന് പിന്നെ പാപമോ അല്ലലോ ബാധിക്കുകയില്ല. അവന്‍ സഹസ്രന്റേതനായ ഇന്ദ്രന്റെ പദത്തില്‍ ചെന്നെത്തുന്നതുമാണ്‌.

ഭീഷ്മൻ പറഞ്ഞു: സപ്തര്‍ഷികള്‍ മഹാഭാഗന്മാരും വിശ്വവിശ്രുതരുമാണ്‌. വസിഷ്ഠന്‍മാര്‍ തുടങ്ങിയ അവരെല്ലാം ബ്രഹ്മദേവനെ വലംവെച്ചു തൊഴുത്‌ എല്ലാവരും കൂടി നിന്ന്അ വരില്‍ ബ്രഹ്മവിത്തമനായ വസിഷ്ഠന്‍, ബ്രഹ്മണര്‍ക്കും, ക്ഷത്രിയര്‍ക്കും വിശേഷമായും സര്‍വ്വപ്രാണികള്‍ക്കും ഹിതമായുമുള്ള ഒരു ചോദും ചോദിച്ചു; "എങ്ങനെയാണ്‌ ദേവാ, ദരിദ്രന്മാരായ മനുഷ്യര്‍, സദ് വൃത്തരും ധനമില്ലാത്ത വരുമായ മനുഷ്യര്‍ യജ്ഞത്തിന്റെ ഫലം നേടുക? അവര്‍ക്കും പുണ്യം ലഭിക്കണമെന്നാഗ്രഹമുണ്ടല്ലോ. യജ്ഞത്തിനാണെങ്കില്‍ ധാരാളം ധനവും സന്നാഹവും വേണമല്ലോ. അതിന് കഴിവില്ലാത്ത ശുദ്ധാത്മാക്കളായ ദരിദ്രന്മാര്‍ എന്തു കര്‍മ്മം ചെയ്താലാണ്‌ യജ്ഞഫലം നേടുക? ആ ദേവന്‍മാരുടെ ചോദ്യംകേട്ട്‌ ബ്രഹ്മാവ്‌ ഇപ്രകാരം പറഞ്ഞു.

ബ്രഹ്മാവ്‌ പറഞ്ഞു: അഹോ! യോഗ്യരേ,  ഗൂഢാര്‍ത്ഥമായ നിങ്ങളുടെ ചോദ്യം എത്രയും ശുഭമായത് തന്നെ. സൂക്ഷ്മമായ ഈ കാര്യം ചോദിച്ചത്‌ മര്‍ത്ത്യരുടെ നന്മയ്ക്കു വേണ്ടിത്തന്നെയാണ്‌ സംശയമില്ല. നിങ്ങളുടെ ചോദ്യം കൊള്ളാം. മുനീന്ദ്രന്മാരെ, എല്ലാം ഞാന്‍ വ്യക്തമായി പറഞ്ഞുതരാം, കേള്‍ക്കുവിന്‍. മര്‍ത്തൃന്‍ യജ്ഞത്തിന്റെ ഫലം നേടും. അതിന് സംശയമില്ല. പൌഷ്യമാസത്തില്‍ ശുക്ലപക്ഷത്തില്‍ രോഹിണി നക്ഷത്രത്തില്‍ ആ നക്ഷത്രത്തിന്റെ നാളില്‍ തുറന്ന സ്ഥലത്ത്‌ കിടക്കണം. കുളിച്ച്‌ ഒറ്റവസ്ത്രം ധരിച്ച്‌ ശുചിയായി ശ്രദ്ധയുള്ളവനും സമാഹിതനുമായി ചന്ദ്രരശ്മി കുടിക്കുക എന്നാല്‍ അവന് മഹായജ്ഞം ചെയ്ത ഫലം സിദ്ധിക്കുന്നതാണ്‌. ദ്വിജ മുഖ്യന്മാരേ, ഞാന്‍ നിങ്ങളോട്‌ ഈ മഹാഗൂഢമായ കാര്യം ഉപദേശിച്ചു. സുക്ഷ്മാര്‍ത്ഥം കണ്ട നിങ്ങള്‍ ഇതാണല്ലോ ചോദിച്ചത്‌.

127. ദേവരഹസ്യം - ദേവന്മാരും മുനിമാരും ഓരോ ധര്‍മ്മങ്ങളെപ്പറ്റിയുള്ള അഭിപ്രായം പറയുന്നു - വിഭാവസു പറഞ്ഞു: രണ്ടുവിധം ബലികള്‍ ഉണ്ട്‌. ഒന്ന്‌ ജലാഞ്ജലിയാണ്‌. മറ്റേത്‌ അക്ഷതം എന്നതാണ്‌. അത്‌ അരിയും നെയ്യും ചേര്‍ന്നതാണ്‌. ചന്ദ്രന്‍ ഉദിച്ചുയരുന്ന സമയം ജലത്തോടു കൂടി അക്ഷതവും ചന്ദ്രന് നേരെ നിന്ന്‌ മര്‍ത്ത്യന്‍ പൌര്‍ണ്ണമാസിയില്‍ ചന്ദ്രന് ബലിയര്‍പ്പിക്കുകയാണെങ്കില്‍ അവന്‍ അഗ്നികാര്യം ചെയ്തവനായി ഭവിക്കുന്നു. മൂന്നഗ്നിയിലും ഹോമിച്ച ഫലം നേടുന്നു. കൃഷ്ണപക്ഷത്തിലെ വാവുദിവസം വലിയ വൃക്ഷത്തെ വെട്ടുകയാണെങ്കില്‍ ആ ബുദ്ധികെട്ടവന്‍, അന്ന്‌ ഒരു പത്രം മുറിച്ചാല്‍പ്പോലും മതി, അവന്‍ ബ്രഹ്മഹത്യാപാപം കൊണ്ട്‌ ലിപ്തനായിത്തീരും. അമാവാസി ദിവസത്തില്‍ പല്ലു തേക്കുന്ന ചുള്ളല്‍ ചവയ്ക്കരുത്‌. അങ്ങനെ ചെയുന്ന ബുദ്ധിഹീനന്‍ ചന്ദ്രദേവനെ ഹിംസിച്ചവനായി ഭവിക്കും. അവനെ പിതൃക്കളെല്ലാം വെറുക്കുകയും ചെയ്യും. പര്‍വ്വങ്ങളില്‍ അവന്‍ നല്‍കുന്ന ഹവ്യം ദേവകള്‍ വാങ്ങുന്നതുമല്ല. പിതൃക്കള്‍ കോപിക്കും, അവന്റെ കുലം നശിക്കുകയും ചെയ്യും.

ശ്രീ പറഞ്ഞു: ഏത്‌ വീട്ടിലാണോ കലഹിച്ച്‌ പാത്രങ്ങള്‍ വലിച്ചെറിഞ്ഞ്‌ ചിന്നുന്നത്‌, അപ്രകാരം തന്നെ സാമാനങ്ങളും പീഠങ്ങളും വലിച്ചെറിഞ്ഞു തല്ലിത്തകര്‍ത്ത്‌ ചിന്നുന്നത്‌, കശ്മലപ്പെട്ട്‌ ഏതു ഗൃഹത്തിലാണു സ്ത്രീകളെ തല്ലുന്നത്‌, ആ വീട്ടില്‍ പിതൃക്കളും ദേവകളും വസിക്കുകയില്ല. ഉത്സവത്തിലും വാവിന്‍നാളും കശ്മലപ്പെട്ട ആ വീടുവിട്ട്‌ അവര്‍ നിരാശരായി പൊയ്ക്കളയും.

അംഗിരസ്സ്‌ പറഞ്ഞു: ഒരുവര്‍ഷം ഉങ്ങുമരത്തില്‍ ആരു ദീപംകൊളുത്തുന്നുവോ സുവര്‍ച്ചലാവള്ളിയുടെ വേര്‌ കൈയില്‍ ധരിച്ച അവന് സന്താനങ്ങള്‍ വളരെയുണ്ടാകും.

ഗാര്‍ഗ്യന്‍ പറഞ്ഞു; എന്നും അതിഥികളെ സല്‍ക്കരിക്കണം. ഗൃഹത്തില്‍ വരുന്നവര്‍ക്ക്‌ ദീപവും നല്കണം, ചൂട്ടു കൊടുക്കണം. പകല്‍ ആരും കിടന്നുറങ്ങരുത്‌. ദിവാസ്വപ്നം ഒഴിവാക്കുക തന്നെ വേണം. മാംസം ഭക്ഷിക്കരുത്‌. ഗോക്കളെയും ബ്രാഹ്മണരെയും ഹിംസിക്കരുത്‌. പുഷ്കരം മുതലായ തീര്‍ത്ഥങ്ങളുടെ പേര് ജപിക്കണം. ഇത്‌ എത്രയും ശ്രേഷ്ഠമായ ധര്‍മ്മമാണ്‌. രഹസ്യമായിട്ടുള്ള ഈ മന്ത്രം മഹത്തായ ഫലം നല്കുന്നതാണ്‌. നൂറു യജ്ഞം ചെയ്താലും ആ ഹവിസ്സിന് ക്ഷയം സംഭവിക്കും. ശ്രദ്ധയുള്ളവര്‍ ചെയ്താല്‍ .ആ ധര്‍മ്മത്തിന്ന്‌ ഒരിക്കലും ക്ഷയം സംഭവിക്കുന്നതല്ല. ഇതും പരമമായ ഗുഹ്യമാണ്‌. രഹസ്യമായിട്ടുള്ളതാണെന്ന്‌ ധരിക്കുക. ശ്രാദ്ധദൈവങ്ങളിലും, തൈര്‍ത്ഥികത്തിലും. പവ്വണിയിലും തീണ്ടാരിയായ പെണ്ണും പാണ്ടുള്ളവളും മച്ചിയായ പെണ്ണും ഇവര്‍ കണ്ടാല്‍ കണ്ടതായ ആ ഹവിസ്സ്‌ ദേവകള്‍. ഭക്ഷിക്കുന്നതല്ല, പിതൃക്കളും പതിമ്മൂന്നു വര്‍ഷത്തോളം തുഷ്ടിയേല്ക്കുന്നതല്ല. ശുക്ലമായ വസ്ത്രം ധരിച്ചവനും വിപ്രരെക്കൊണ്ട്‌ സ്വസ്തി പറയിക്കുക! ഭാരതം ചൊല്ലുകയുംചെയ്യുക. അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ഹവിസ്സ്‌ അക്ഷയമായി ഭവിക്കും.

ധൌമ്യന്‍ പറഞ്ഞു: ഉടഞ്ഞ പാത്രങ്ങള്‍, ഒടിഞ്ഞ കട്ടില്‌, കോഴി, പട്ടി എന്നിവയും വീട്ടിനുള്ളിലുണ്ടാകരുത്‌. വീട്ടിന്നരികെ വൃക്ഷവും ഇവയെല്ലാം അപ്രശസ്തങ്ങളാണ്‌. ഉടഞ്ഞ പാത്രത്തില്‍ കലിയാണ്‌ അധിവസിക്കുക. ഒടിഞ്ഞ കട്ടില്‍ അകത്തുണ്ടായാല്‍ ധനക്ഷയമാണ്‌ ഫലം. കോഴിയും പട്ടിയും വീട്ടിനുള്ളിലുണ്ടെങ്കില്‍ ആ വീട്ടില്‍നിന്ന്‌ ദേവകള്‍ ഹവിസ്സ്‌ ഉണ്ണുകയില്ല. വൃക്ഷത്തിന്റെ അടിയില്‍, വേരിന്റെ ഇടയില്‍ പാമ്പും മറ്റ്‌ സത്വങ്ങളും വന്ന്‌ വസിക്കും; അതു കൊണ്ട്‌ വീടിന്റെ സമീപത്തില്‍ വൃക്ഷങ്ങള്‍ വളര്‍ത്തരുത്‌.

ജമദഗ്നി പറഞ്ഞു: അശ്വമേധവും നൂറു വാജപേയവും ചെയ്യുന്നവനും തലകീഴായി തുങ്ങുന്നവനും വളരെയേറെ യാഗം കഴിച്ചവനും ഹൃദയം ശുദ്ധമല്ലെങ്കില്‍ അവന്‍ തീര്‍ച്ചയായും നരകത്തിലെത്തുന്നതാണ്‌. യജ്ഞവും സതൃവും ഹൃദയശുദ്ധിയും തുല്യമാണ്‌. ഒരിടങ്ങഴി മലര്‍പ്പൊടിയായാലും അത്‌ ഹൃദയശുദ്ധിയോടെ ബ്രാഹ്മണന് നല്കിയാല്‍ അവന്‍ ബ്രഹ്മലോകം പുകുന്നതാണ്‌. ഹൃദയ ശുദ്ധിക്ക്‌ ഈ ഒരു ദൃഷ്ടാന്തം ധാരാളം മതി.

128. വായുരഹസ്യം - ധര്‍മ്മവിഷയകമായി വായുവി ന്റെ അഭിപ്രായം - വായു പറഞ്ഞു: മനുഷ്യര്‍ക്കു സുഖാവഹമായ ധര്‍മ്മം അല്പം ഞാനും പറയാം; രഹസ്യദോഷങ്ങളെയും പറയാം; ശ്രദ്ധയോടെ കേള്‍ക്കുക. പിതൃക്കള്‍ക്ക്‌ അഗ്നികാര്യം ചെയ്യണം. മുഖ്യമായ അന്നംകൊണ്ടു ഭോജനം നല്കണം. ദീപം നല്കണം.  പിതൃക്കള്‍ക്കു തിലോദകം നല്കണം. ഈ പറഞ്ഞ വിധി അനുഷ്ഠിക്കുന്ന പുരുഷന്‍ ദേവതുല്യനും സമാഹിതനുമായി വര്‍ഷകാലം നാലു മാസവും തിലോദകം നല്കിയാല്‍, വേദപ്രാഹ്മണന്ന്‌ ശക്തിനോക്കി ഭോജനവും നല്കിയാല്‍ മൃഗങ്ങളെ ബലി കൊടുത്തു നടത്തുന്ന നൂറു യാഗത്തിന്റെ ഫലവും സമൃദ്ധിയായി നല്കും. വളരെ പ്രസിദ്ധിയില്ലാത്ത വേറെ ഒരു രഹസ്യകാര്യം കൂടിയുണ്ട്‌. അതും പറയാം; നിങ്ങള്‍ ധരിക്കു വിന്‍. ബ്രാഹ്മണഗൃഹത്തിലെ അഗ്നി, ശൂദ്രന്‍ ജ്വലിപ്പിച്ചുകൂടാ. അനര്‍ഹകളായ സ്ത്രീകള്‍ ഹവിസ്സുണ്ടാക്കുവാന്‍ പാടില്ല. ധര്‍മ്മമാണെന്നു വിചാരിച്ചു ചെയ്യുന്ന അത്‌ അധര്‍മ്മത്താല്‍ ലിപ്തമാകും. അങ്ങനെ ചെയ്യിക്കുന്നവനിലും ചെയ്യുന്നവനിലും അഗ്നികള്‍ കോപിക്കുന്നതാണ്‌. അവന്‍ അടുത്ത ജന്മം ശൂദ്രനായി ജനിക്കുന്നതാണ്‌. വിശേഷിച്ചും സുരരോടു കുടി പിതൃക്കളും സന്തോഷിക്കുന്നതല്ല. അതില്‍ ഞാന്‍ പറയുന്ന പ്രായശ്ചിത്തം ഭവാന്‍ കേട്ടാലും. അതു നന്നായി. ചെയ്യുകയാണെങ്കില്‍ നരന്‍ അല്ലല്‍വിട്ട്‌ സുഖിയായിത്തീരും. അതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ഗോമൂത്രം, ചാണകം, പാല്‍, നെയ്യ്‌ ഇവകൊണ്ട്‌ അഗ്നികാര്യം മൂന്നുദിവസം നിരാഹാരനായി ശ്രദ്ധയോടുകൂടി ചെയ്യുക. അങ്ങനെ ഒരുവര്‍ഷം ചെന്നാല്‍ ദേവകള്‍ കൈക്കൊള്ളുന്നതാണ്‌. രഹസ്യമായ അധര്‍മ്മവും ധര്‍മ്മവും ഞാന്‍ പറഞ്ഞു. ഇവയനുഷ്ഠിക്കുന്ന സ്വര്‍ഗ്ഗകാമിയായ മര്‍ത്ത്യന്‍ മരിച്ചാല്‍ തീര്‍ച്ചയായും സുഖാവഹമായ സ്വര്‍ഗ്ഗം അവന് ലഭിക്കുന്നതാണ്‌.

129. ലോമശരഹസ്യം - ധര്‍മ്മരഹസ്യത്തെപ്പറ്റി ലോമശന്റെ അഭിപ്രായം - ലോമശന്‍ പറഞ്ഞു: അന്യന്റെ ഭാര്യയില്‍ ആസക്തരായി വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ ആരോ, അവരുടെ പിതൃക്കള്‍ ശ്രാദ്ധം വന്നാല്‍ നിരാശരാകുന്നു. അന്യന്റെ ഭാര്യയില്‍ സംഭോഗം ചെയ്യുന്നവനും മച്ചികളുമായി സംഭോഗം ചെയ്യുന്നവനും ബ്രാഹ്മണന്റെ സ്വത്ത്‌ അപഹരിക്കുന്നവനും ഇവര്‍ മൂന്നുപേരും തുല്യമായ പാപം ചെയ്യുന്നവരാണ്‌. അതുകൊണ്ട്‌ ഇവര്‍ പിതൃക്കള്‍ക്ക്‌ യാതൊരു ഇടപാടും ഇല്ലാത്തവരാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. അവര്‍ നല്കുന്ന ഹവിസ്സ്‌ ദേവന്മാരും പിത്യക്കളും ഏല്ക്കുകയില്ല. അതുകൊണ്ട്‌ തനിക്ക്‌ ഐശ്വര്യം ഇച്ഛിക്കുന്നവന്‍ അന്യന്റെ ഭാര്യയെയും മച്ചികളെയും സംഭോഗം ചെയ്യാതിരിക്കുക.

വേറെയും ധര്‍മ്മരഹസ്യം ഞാന്‍ പറയാം; കേള്‍ക്കുക. ശ്രദ്ധയോടു കൂടി ഗുരുക്കന്മാരുടെ വാക്ക്‌ അനുസരിക്കണം. മാസംതോറും വെളുത്തവാവിലും ദ്വാദശിയിലും "ഘൃതാക്ഷതം" ബ്രാഹ്മണര്‍ക്കു ദാനം ചെയ്യണം. അവന് ലഭിക്കുന്ന പുണ്യമെന്തെന്നു പറയാം. അവന്റെ ദാനം മൂലം ചന്ദ്രന്‍ വര്‍ദ്ധിക്കും. മഹോദധിയും സമുദ്രവും വര്‍ദ്ധിക്കും. അശ്വമേധത്തിന്റെ നാലില്‍ ഒരുഭാഗം ഫലം അവന് ഇന്ദ്രന്‍ ദാനംചെയ്യും. ഈ ദാനം കൊണ്ടു നരന്‍ തേജസ്വിയും വീരൃവാനുമാകും. ഭഗവാന്‍ സോമന്‍ പ്രീതനായി ഇഷ്ട കാമങ്ങള്‍ നല്കുകയും ചെയ്യും.

വേറെയും ധര്‍മ്മം ഞാന്‍ പറയാം; കേള്‍ക്കുക. രഹസ്യമായ ഇത്‌ മഹാഫലം നല്കുന്നതാണ്‌. ഇത്‌ കലിയുഗത്തിലെ മനുഷ്യര്‍ക്കു സുഖം നല്കുന്നതാണ്‌. കാലത്ത്‌  ഉണര്‍ന്നെഴുന്നേറ്റ്‌ മര്‍ത്ത്യന്‍ കുളിച്ച്‌ വെള്ളവസ്ത്രം ധരിച്ച്‌, തിലപാത്രം ബ്രാഹ്മണര്‍ക്കു സശ്രദ്ധം നല്കിയെങ്കില്‍ പിതൃക്കള്‍ക്ക്‌ തേന്‍ ചേര്‍ത്തു തിലോദകം നല്കിയെങ്കില്‍, ദീപവും കൃസരവും നല്കിയെങ്കില്‍ അവന് ലഭിക്കുന്ന ഫലവും ഞാന്‍ പറയാം, കേള്‍ക്കുക. ഭഗവാന്‍ പാകശാസനന്‍ തിലപാത്രഫലം ഇപ്രകാരമാണ്‌ പറഞ്ഞിട്ടുള്ളത്‌. ഗോവിനെ ദാനം ചെയ്താലും ശാശ്വതമായ ഭൂമി ദാനം ചെയ്താലും ഭൂരിദക്ഷിണമായ അഗ്നിഷ്ടോമയജ്ഞം കഴിച്ചാലും തിലപാത്രദാനത്തിന് തുല്യമായ ഫലം ചെയ്യുമെന്നാണു ദേവകളുടെ അഭിപ്രായം. പിതൃക്കള്‍ ശ്രാദ്ധത്തില്‍ തിലോദകം അക്ഷയമായി ഗണിക്കുന്നു. ദീപത്തിലും കൃസരത്തിലും പിതാമഹന്മാര്‍ സന്തോഷിക്കുന്നു. സ്വര്‍ഗ്ഗത്തിലും പിതൃലോകത്തിലും പിത്യക്കളെയും ദേവകളെയും ഇങ്ങനെയാണു പൂജിക്കേണ്ടത്‌. ഇപ്രകാരം ഞാന്‍ ഈ പറഞ്ഞതു പണ്ട്‌ ഋഷിമാര്‍ കണ്ടതാണ്‌.

130. അരുന്ധതീ ചിത്രഗുപ്തരഹസ്യം - അരുന്ധതിക്കും ചിത്രഗുപ്തനും ധര്‍മ്മരഹസ്യങ്ങളെപ്പറ്റിയുള്ള അഭി പ്രായം - ഭീഷ്മൻ പറഞ്ഞു: ഒരിക്കല്‍ മുനികളും ദേവന്മാരും പിത്യക്കളും തപോവ്യദ്ധയായ അരുന്ധതിയോട്‌ ആദരവോടെ ചോദിച്ചു. അരുന്ധതി തപോവൃദ്ധയാണ്‌. മഹാനായ വസിഷ്ഠന്നു തുല്യമായ വ്രതമുള്ളവളാണ്‌. തുല്യമായ വീര്യവും തുല്യമായ ശീലഗുണവും ഉള്ളവളാണ്‌.

ദേവന്മാര്‍ പറഞ്ഞു: ശുദ്ധമായ കര്‍മ്മം നീ പറഞ്ഞു  കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. ഭദ്രേ, ഏറ്റവും രഹസ്യമായി ഭവതി കണ്ട ധര്‍മ്മം ഞങ്ങള്‍ക്കു പറഞ്ഞു തരണേ!

അരുന്ധതി പറഞ്ഞു: ഭവാന്മാരെ സ്മരിച്ചാണ്‌ ഞാന്‍ തപോവ്യദ്ധിയെ നേടിയത്‌. നിങ്ങളുടെ പ്രസാദത്താല്‍ ഞാന്‍ നിത്യമായ ധര്‍മ്മങ്ങളെയും പറയാം. രഹസ്യഗുപ്തങ്ങളായ അവ നിങ്ങള്‍ കേട്ടു കൊള്ളുവിന്‍. ശ്രദ്ധയോടു കൂടി ശുദ്ധ മനസ്സായിരിക്കുന്നവനില്‍ ശുദ്ധമനസ്സോടെ ചെയ്യേണ്ടതാണിത്‌. ശുദ്ധമില്ലാത്തവനും മാനിയും ബ്രഹ്മഘ്നനും ഗുരു ഭാര്യയില്‍ പ്രവേശിക്കുന്നവനും ഈ നാലുപേരില്‍ ധര്‍മ്മം കാട്ടുകയോ ധര്‍മ്മം പറയുകയോ ചെയ്യരുത്‌. നാള്‍ തോറും കപിലപ്പശുവിനെ പന്ത്രണ്ടു വര്‍ഷം ദാനംചെയ്താലും മാസം തോറും എന്നും സത്രം യജിച്ചാലും നൂറായിരം ഗോക്കളെ ദാനം ചെയ്താലും ജ്യേഷ്ഠപുഷ്കരത്തില്‍ അതിഥികളെ പ്രീതി വരുത്തുന്നതിന് തുല്യമായി ധര്‍മ്മഫലം മറ്റുള്ളവ കൊണ്ടു സിദ്ധിക്കുകയില്ല.

വേറെയും ധര്‍മ്മം പറയാം, കേള്‍ക്കുക. അതും മനുഷ്യര്‍ക്കു സുഖാവഹമായിട്ടുള്ളതാണ്‌. അതും രഹസ്യമായിട്ടുള്ളതാണ്‌, ചെയ്യേണ്ടതാണ്‌; വലിയ ഫലമുള്ളതാണ്‌. കാലത്തെഴുന്നേറ്റ്‌ പശുക്കൂട്ടത്തില്‍ കടന്ന്‌ ദര്‍ഭകൊണ്ടു ജലം എടുത്ത്‌ പശുക്കളുടെ കൊമ്പില്‍ തളിക്കണം. പിന്നെ ശിരസ്സില്‍ ആ ജലം ഏല്ക്കണം. എന്നിട്ട്‌ ഉപവസിക്കണം. അതിന്റെ ഫലമെന്തെന്നു പറയാം. മൂന്നു ലോകത്തിലും എന്തെല്ലാം തീര്‍ത്ഥങ്ങളുണ്ടോ, സിദ്ധചാരണന്മാരോടു കൂടി മഹര്‍ഷിമാര്‍ ഭജിക്കുന്ന ഏതെല്ലാം തീര്‍ത്ഥങ്ങളുണ്ടോ, അവയില്‍ ആറാടിയതിന് തുല്യമാണ്‌, പശുവിന്റെ കൊമ്പില്‍ നിന്ന്‌ ഒഴുകുന്ന വെള്ളത്തില്‍ നനയുന്നത്‌. ഇതു കേട്ടപ്പോള്‍ ദേവന്മാരും പിത്യക്കളും, "നന്ന്‌ നന്ന്‌", എന്നു കൊണ്ടാടി വാഴ്ത്തി. ഭൂതങ്ങളും ഹര്‍ഷത്തോടെ ആര്‍ത്തു വിളിച്ചു. അരുന്ധതീദേവിയെ എല്ലാവരും പൂജിച്ചു.

പിതാമഹന്‍ പറഞ്ഞു: അല്ലയോ മഹാഭാഗേ, അത്ഭുതം! നീ രഹസ്യമായ ധര്‍മ്മം ഉപദേശിച്ചു. ധന്യേ, ഞാന്‍ പ്രീതനായി. നിനക്ക്‌ ഞാന്‍ ഒരു വരം നല്കാം. നിന്റെ തപസ്സു വര്‍ദ്ധിക്കും!

യമന്‍ പറഞ്ഞു: ഭംഗിയേറിയ, ദിവ്യമായ കഥ നിങ്ങള്‍ പറഞ്ഞു ഞാന്‍ കേട്ടു. ഇനി ചിത്രഗുപ്തന്റെ വാക്കു കേള്‍ക്കുക. അത്‌ എനിക്കു വളരെ ഇഷ്ടപ്പെട്ടതാണ്‌. രഹസ്യ ധര്‍മ്മത്തോട് കൂടിയ അതു മഹര്‍ഷിമാര്‍ കേള്‍ക്കേണ്ടതാണ്‌. ശ്രദ്ധയോടു കൂടിയ മര്‍ത്തൃന്‍ തനിക്കു ഗുണം വരണമെന്നു വിചാരിക്കുന്നുണ്ടെങ്കില്‍ ഇതു കേള്‍ക്കേണ്ടതാണ്‌.

പുണ്യം ചെയ്താലും, പാപം ചെയ്താലും അതൊന്നും നശിക്കുന്നതല്ല. വാവുദിവസം അതൊക്കെ ചന്ദ്രന്‍ സൂര്യനില്‍ എത്തിക്കും. സൂര്യന്‍ അതൊക്കെ സ്വീകരിക്കും. മര്‍ത്ത്യന്‍ മരിച്ച്‌ പ്രേതപുരിയിലെത്തിയാല്‍ അതൊക്കെ വിഭാവസു തിരിച്ചു നല്കും. ഇനി ചിത്രഗുപ്തന്റെ ധര്‍മ്മത്തെക്കുറിച്ചുള്ള ശുഭമായ അഭിപ്രായം അല്പം പറയാം.

വെള്ളവും ദീപവും എപ്പോഴും നല്കണം. കാല്‍ച്ചെരിപ്പും കുടയും കപിലപ്പശുവിനെയും നല്കണം. പുഷ്കര തീര്‍ത്ഥത്തില്‍ ചെന്ന്‌ കപിലപ്പശുവിനെബ്രാഹ്മണന്  ദാനം ചെയ്യുണം. ശ്രദ്ധയോടെ അഗ്നിഹോത്രത്തെ രക്ഷിക്കണം. ഇത്‌ ചിത്രഗുപ്തന്‍ പറഞ്ഞ ധര്‍മ്മമാണ്‌. ഇതിന്റെ ഫലവും സജ്ജനങ്ങളേ, നിങ്ങള്‍ കേള്‍ക്കുവിന്‍! എല്ലാ ജീവികള്‍ക്കും കാലമാറ്റത്തില്‍ മരണം സംഭവിക്കും. അപ്പോള്‍ ദുഃഖത്തില്‍ ചെന്നുപെട്ട്‌ വിശപ്പും ദാഹവും വളര്‍ന്നു ദാഹിച്ച്‌ വെന്തു പോകും. അവിടെനിന്ന്‌ ഓടിയൊളിക്കുവാന്‍ ആര്‍ക്കും പറ്റുകയില്ല. കടുത്ത കൂരിരുട്ടില്‍ അല്ലബുദ്ധികള്‍ ചെന്നു പെടും. അപ്പോള്‍ അവിടെ ദൂര്‍ഗ്ഗം കടക്കുവാനുള്ളതു ഞാന്‍ പറയാം. അല്പവ്യയമായതും വലിയ ഫലംനല്കുന്നതും പരലോകത്ത്‌ സുഖപ്രദവുമാണത്‌. പാനീയത്തില്‍ ദിവ്യമായ ഗുണമുള്ളതും പ്രേതലോകത്തു മെച്ചപ്പെട്ടതുമാണ്‌. അവിടെ പുണ്യോദകമായ നദി അവര്‍ക്കായി വിധിച്ചിട്ടുള്ളതാണ്‌. അതിലെ കുളുര്‍ത്ത ജലം ഒടുങ്ങാത്തതും അമൃതിനു തുല്യവുമാണ്‌. പാനീയം ദാനം ചെയ്യുന്നവന്‍ അവിടെ അതിലെ ജലം പാനംചെയ്യും.

ഇനി ദീപദാനം കൊണ്ടുണ്ടാകുന്ന ഫലവും പറയാം. ദീപം നല്കിയവന്‍ നിയതമായ കൂരിരുട്ടു കാണുകയില്ല. അവന്‌ വെളിച്ചം സോമനും ആദിത്യനും അഗ്നിയും നല്കും. ദേവകള്‍ അവനെ പ്രശംസിക്കും. ദിക്കുകളെല്ലാം അവനു തെളിഞ്ഞു കാണാന്‍ കഴിയും. അര്‍ക്കനെപ്പോലെ ആ നരന്‍ പ്രേതലോകത്തില്‍ പ്രശോഭിക്കും. അതുകൊണ്ട്‌ ദീപവും പാനീയവും വിശേഷിച്ചും ദാനം ചെയ്യേണ്ടതാണ്‌.

കപിലാഗോക്കളെ വേദവേദിയായ ബ്രാഹ്മണന്‌ ദാനം ചെയ്താല്‍, വിശേഷിച്ചും പുഷ്കരതീര്‍ത്ഥത്തില്‍ വെച്ചു ദാനം ചെയ്താല്‍, അവന്‍ മഹത്തായ ഫലം സിദ്ധിക്കും, അതു കേള്‍ക്കുക.

കാളയോടു കൂടി നൂറു ഗോക്കളെ ദാനം ചെയ്താല്‍ കിട്ടുന്ന ഫലം ഒറ്റപ്പശുവിനെ പുഷ്കരത്തില്‍ വെച്ചു ദാനം ചെയ്യുന്നവന് ലഭിക്കും. ബ്രഹ്മഹത്യാ തുല്യമായ പാപം ചെയ്തവനാണെങ്കില്‍ അത്‌ കപിലാദാനം കൊണ്ട്‌ നശിച്ചുപോകും. ഗോശതതുല്യമായ ഫലം സിദ്ധിക്കുകയുംചെയ്യും. കൌമുദിയില്‍ വെച്ച്‌ കപിലഗോവിനെ ദാനം ചെയ്താല്‍, അല്ലെങ്കില്‍ ജൃേഷ്ഠപുഷ്കരയില്‍ വെച്ചു ദാനം ചെയ്താല്‍, അവര്‍ക്ക്‌ യാതൊരു വിഷമവും ബാധിക്കുകയില്ല. ദുഃഖമില്ലാതെ അകണ്ടകമായിരിക്കും അവന്റെ മാര്‍ഗ്ഗം. ചെരിപ്പ്‌ അര്‍ഹിക്കുന്ന ബ്രാഹ്മണന് നല്കിയാല്‍ ഛത്രം കൊടുത്താലും അവനു പരലോകത്തു തണല്‍ കിട്ടും. കൊടുത്ത ദാനത്തിന്‌ ഒരിക്കലും നാശം സംഭവിക്കുന്നതല്ല. ചിത്രഗുപ്തന്‍ പറഞ്ഞതു കേട്ട്‌ വിഭാവസു രോമാഞ്ചപ്പെട്ടു.

പിതൃദേവതകളോടൊക്കെ മഹാദ്യുതിയായ അവന്‍ പറഞ്ഞു : കേട്ടുവോ, നിങ്ങള്‍ ചിത്രഗുപ്തന്റെ മഹത്തായ ധര്‍മ്മരഹസ്യം. മഹാന്‍മാരായ ബ്രാഹ്മണരില്‍ ശ്രദ്ധയേറിയവരായ മാനവന്മാര്‍ ഈ ദാനം നല്കിയാല്‍ അവര്‍ക്ക്‌ പിന്നെ ഭയം ഏല്ക്കുന്നതല്ല. പ്രായശ്ചിത്തമില്ലാത്ത കര്‍മ്മദോഷങ്ങള്‍ അഞ്ചെണ്ണമുണ്ട്‌. ആ പാപികളുമായി സംസാരിക്കരുത്‌. അവരുമായി സഞ്ചരിക്കരുത്‌, വര്‍ജ്ജിക്കേണ്ടവരാണ്‌ അവര്‍. ബ്രഹ്മഘ്നന്‍, ഗോഘ്നന്‍, പരന്റെ ഭാര്യയെ പ്രാപിക്കുന്നവന്‍, ശ്രദ്ധയില്ലാത്ത പുരുഷന്‍, സ്ത്രീയെ സേവിച്ചു കഴിയുന്നവന്‍, ഈ അഞ്ചു പേരും പ്രേതലോകത്ത്‌ നരകത്തില്‍ പതിച്ച്‌ അഗ്നിയില്‍ കിടന്നു വേവും. പിന്നെ മത്സ്യങ്ങളെപ്പോലെ ചോരയും ചലവും തിന്നു ജീവിക്കും. പിതൃക്കള്‍ക്ക്‌ ഇവരുമായി യാതൊരിടപാടും ഉണ്ടാവുകയില്ല. ദേവന്മാര്‍ക്കും ഈ അഞ്ചു പേരുമായി യാതൊരു ബന്ധവുമുണ്ടാവുകയില്ല. സ്നാതക ബ്രാഹ്മണന്മാര്‍ക്കും താപസന്മാര്‍ക്കും ഇത്തരക്കാരുമായി യാതൊരിടപാടും ഉണ്ടാവുകയില്ല. ഇവരുമായി സംസാരിക്കുക കൂടി പാടില്ല.

131. പ്രഥമരഹസ്യം - പ്രമഥന്മാര്‍ ധര്‍മ്മവിഷയകമായി പറയുന്ന അഭിപ്രായം - ഭീഷ്മന്‍ പറഞ്ഞു: പിന്നെ മഹാഭാഗന്മാരായ ദേവന്മാരും, പിതൃക്കളും, മഹാഭാഗരായ ഋഷിപ്രവരന്മാരും പ്രഥന്മാരോട്‌ പറഞ്ഞു: "നിങ്ങള്‍ മഹാഭാഗരായ അപ്രത്യക്ഷ നിശാചരരാണല്ലോ. ക്ഷുദ്രരും, വൃത്തികെട്ടവരും. അശുചി ബാധിച്ചവരുമായ നരന്മാരെ എങ്ങനെ ഉപദ്രവിക്കുന്നു? എന്താണുപ്രദവിക്കുന്നത്‌? നിങ്ങള്‍ മര്‍ത്ത്യരെ ഹിംസിക്കാതിരിക്കത്തക്ക പ്രത്യാഘാതം എന്താണ്‌? ഗൃഹത്തില്‍ നിങ്ങള്‍ക്ക്‌ നാശകരമായ രക്ഷോഘ്നങ്ങള്‍ എന്താണ്‌? അല്ലയോ രാത്രിഞ്ചരന്മാരേ, ഇതൊക്കെ നിങ്ങള്‍ തന്നെ പറഞ്ഞു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു".

പ്രമഥന്മാര്‍ പറഞ്ഞു; സ്ത്രീകളുമായി ഭോഗം ചെയ്ത്‌ വൃത്തികെട്ടു, നടക്കുക, അത്തരം ക്രിയകള്‍ ചെയ്ത്‌ ദേഹശുദ്ധി വരുത്താതിരിക്കുക, തന്റെ മേലെയുള്ളവരെ നിന്ദിച്ചു സംസാരിക്കുക, എന്തു മാംസവും ആഗ്രഹത്തോടെ തിന്നുക, മരത്തിന്റെ ചുവട്ടില്‍ച്ചെന്നു കിടന്നുറങ്ങുക, താന്‍ കിടന്നുറങ്ങുമ്പോള്‍ തിന്നുശേഷിച്ച മാംസം തലയണയുടെ ചുവട്ടില്‍ വെക്കുക, കിടക്കയില്‍ കിടക്കുമ്പോള്‍ കാല്‍ വെക്കുന്നിടത്ത്‌ തലവെക്കുക, പിന്നെ തലവെക്കുന്നിടത്ത്‌ കാലുവെച്ച്‌ കിടന്നുറങ്ങുക, ഈമാതിരി നടപടികള്‍ ചെയ്യുന്നവരെ ഞങ്ങള്‍ വൃത്തികെട്ട കൂട്ടരായേ കണക്കാക്കുകയുള്ളു. ഇത്തരം മര്‍ത്ത്യര്‍ വളരെ ദ്വാരമുള്ളവരായേ ( ഛിദ്രം ) കണക്കാക്കുകയുള്ളു. വെള്ളത്തില്‍ അമേദ്ധൃവും മൂത്രവും കഫവും വിടുന്നവരെയും, ഇത്തരം വൃത്തികെട്ടവരുടെ കൂട്ടത്തില്‍ തന്നെയാണ്‌ കണക്കാക്കുക. ഇത്തരക്കാരെയെല്ലാം കൊന്ന്‌ ഞങ്ങള്‍ തിന്നുകളയും. അതില്‍ യാതൊരു സംശയവുമില്ല, ഇവരെയൊക്കെ രാക്ഷസന്മാര്‍ തിന്നേണ്ട കൂട്ടരാണ്‌; ഭൂമിയില്‍ വെച്ചേക്കരുത്‌.

ഇനി ഞങ്ങള്‍ ഹിംസിക്കാത്ത മറുകൈ ചെയ്യുന്നവരെപ്പറ്റി പറയാം; കേട്ടു കൊള്ളുക. ഗോരോചന സമാലംഭവും വയമ്പും കൈയിലുള്ളവര്‍, ഘൃതാക്ഷതം തലയ്ക്കു ഭാഗത്തു വെച്ചു കിടക്കുന്നവര്‍ അതില്‍ താല്‍പര്യമുള്ളവര്‍, മാംസം തിന്നാതിരിക്കുന്നവര്‍, ഇങ്ങനെയുള്ള ശുചിയോടു കൂടിയ മനുഷ്യരെ ഹിംസിക്കുവാന്‍ ഞങ്ങള്‍ക്ക്‌ അത്ര എളുപ്പമല്ല.

ആരുടെ ഗൃഹത്തില്‍ രാവും പകലും അഗ്നി ജ്വലിപ്പിക്കുന്നുവോ, അഗ്നികര്‍മ്മങ്ങള്‍ ചെയുന്നുവോ, പുലിത്തോ ല്‌, പുലിപ്പല്ല്‌, മലയാമ, നെയ്യിന്റെ പുക, കൃഷ്ണപിംഗളമായ പൂച്ച, ആട്‌ എന്നിവ ഏതു ഗൃഹസ്ഥന്റെ ഗൃഹത്തില്‍ ഇരിക്കുന്നുവോ, ആ ഗൃഹങ്ങളില്‍ ഘോരന്മാരായ രാക്ഷസന്മാര്‍ക്ക്‌ ബാധിക്കുവാന്‍ കഴിയുകയില്ല. ഞങ്ങള്‍ കൂട്ടുകാരോടൊത്ത്‌ ലോകത്തില്‍ സുഖമായി സഞ്ചരിക്കുന്നവരാണ്‌. എന്നാല്‍ മുൻപറഞ്ഞ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള ഗൃഹങ്ങളില്‍ കയറുവാന്‍ ഞങ്ങള്‍ അശക്തരാണ്‌. എന്തു കൊണ്ടെന്നാല്‍, ഇപ്പറഞ്ഞ വസ്തുക്കള്‍ രാക്ഷസന്മാരായ ഞങ്ങള്‍ക്കും അത്തരക്കാര്‍ക്കും ദ്രോഹം ചെയ്യും. രാക്ഷസഘ്നങ്ങളാണ്‌ രാജാവേ അവ. നിങ്ങള്‍ക്കു വലിയ ശങ്കയുണ്ടാക്കിയ കാര്യമാണ്‌ ഈ പറഞ്ഞു തന്നത്‌.

132. ദിഗ്ഗജരഹസ്യം - ധര്‍മ്മവിഷയമായി ദിഗ്ഗജങ്ങള്‍ക്കുള്ള അഭിപ്രായം - ഭീഷ്മൻ പറഞ്ഞു: പിന്നെ പത്മപ്രഭയുള്ള പിതാമഹനായ പത്മയോനി, ബ്രഹ്മാവ്‌, ശചീശനായ ശക്രനോടും ദേവന്മാരോടും പറഞ്ഞു. പിതാമഹന്‍ പറഞ്ഞു: മഹാബലനും, രസാതലത്തില്‍ സഞ്ചരിക്കുന്നവനും, ബലവാനും, തേജസ്വിയും, മഹാസത്വ പരാക്രമനുമായ രേണുകന്‍ എന്ന ഗജം ഇതാ നില്ക്കുന്നു. ദിഗ്ഗജങ്ങളെല്ലാം അതിതേജസ്വികളും വീര്യവാന്മാരുമാണ്‌. കാടും മാടും പെടുന്ന ഭൂമി ഒന്നാകെ ധരിക്കുന്നവരുമാണ്‌. ഭവാന്മാരുടെ സമ്മതത്തോടെ യോഗ്യനായ രേണുകന്‍ ചെന്ന്‌ ദിഗ്ഗജങ്ങളോട്‌ ധര്‍മ്മഗുഹ്യങ്ങളെല്ലാം ചോദിക്കട്ടെ. പിതാമഹന്‍ പറഞ്ഞതു കേട്ട്‌ ദേവകള്‍ രേണുകനെ അവ്യഗ്രരായി ഭൂധരന്മാരായ ആ ഗജങ്ങളുടെ അരികിലേക്ക്‌ അയച്ചു.

രേണുകന്‍ പറഞ്ഞു: "അല്ലയോ മഹാബലനന്മാരേ, ഞാന്‍ പിതൃക്കളും ദേവകളും പറയുകയാല്‍ നിങ്ങളുടെ ധര്‍മ്മരഹസ്യം തത്വമായി കേള്‍ക്കുവാന്‍ ഇച്ഛിക്കുന്നു. മഹാഭാഗന്മാരേ, മനോഗതമായ തത്വം പറഞ്ഞാലും".

ദിഗ്ഗജങ്ങള്‍ പറഞ്ഞു: കാര്‍ത്തിക മാസത്തില്‍ ആയില്യം നക്ഷത്രത്തില്‍ കൃഷ്ണപക്ഷത്തിലെ ശുഭമായ അഷ്ടമിയില്‍ ആ നക്ഷത്രയോഗം ചേര്‍ന്ന ശുഭമുഹൂര്‍ത്തത്തില്‍ "ഗുഡോദനം" ശ്രാദ്ധത്തില്‍ ഈ മന്ത്രം ജപിച്ച്‌, യതാഹാരനും കോപം ഇല്ലാത്തവനുമായി ബലദേവപ്രഭൃതികളും ബലശാലികളുമായ നാഗങ്ങള്‍, അനന്തരും അക്ഷയരുമായ നാഗങ്ങള്‍, സുമഹാ ബലന്മാരായ ഭോഗികളും ആ കുലത്തില്‍ പിറന്ന വമ്പന്മാരായ ഭൂജംഗമങ്ങളും എന്റെ ബലത്തിന്റെയും തേജസ്സിന്റെയും വര്‍ദ്ധനയ്ക്കു വേണ്ടി ബലി കൈക്കൊള്ളട്ടെ! അതുകൊണ്ട്‌ ശ്രീമാനായ നാരായണന്‍ ധരിത്രിയെ ഉദ്ധരിക്കെ ഉണ്ടായ ബലം എന്നില്‍ ഉണ്ടാകട്ടെ! എന്നു ജപിച്ച്‌ പുറ്റിന് മുകളില്‍ സര്‍പ്പത്തിന്നായി ബലി കൊടുക്കണം.

നീലവസ്ത്രത്തില്‍ അനുലേപനം ചെയ്ത്‌ പൂവ് വിരിച്ച്‌ സൂര്യന്‍ അസ്തമിച്ചതിന് ശേഷം പുറ്റില്‍ ഗുഡോദനം അര്‍പ്പിക്കണം. അങ്ങനെ ചെയ്താല്‍ ചുവട്ടില്‍ ഭാരപീഡിതരായ ഞങ്ങള്‍ ഭാരോദ്വഹന പീഡ അറിയുന്നതല്ല. ഭൂമിയെ താങ്ങി നില്ക്കുന്നവരായ ഞങ്ങള്‍ ആ ഭാരപീഡ ഒരിക്കലും അറിയുന്നതല്ല. നിരപേക്ഷികളാണ്‌ ഞങ്ങള്‍. ഭാരാര്‍ത്തരായി കുഴങ്ങുന്നവരാണ്‌ ഞങ്ങള്‍. ഈ അര്‍ച്ചന മൂലം ഞങ്ങളുടെ ദുഃഖം തീരുന്നു. ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും, ശൂദ്രരും ഉപവസിച്ച്‌ ഈ ബലി ഒരുവര്‍ഷം യഥാകാലം ചെയ്താല്‍ വലിയ ഫലം അനുഭവിക്കുന്നതാണ്‌. വീരൃവാന്മാരായ നാഗങ്ങള്‍ മൂന്നു ലോകത്തിലും നൂറു കൊല്ലത്തേക്ക്‌ ആതിഥ്യം ചെയ്യപ്പെട്ടവരാകും എന്നു തത്വമായി ഗ്രഹിക്കുക. ദിഗ്ഗജങ്ങള്‍ പറഞ്ഞതുകേട്ട്‌ ദേവന്മാരും, പിതൃക്കളും, മഹാന്മാരായ ഋഷികളും രേണുകനെ പൂജിച്ചു. 


No comments:

Post a Comment