അദ്ധ്യായം 61. ചതുരാശ്രമധര്‍മ്മകഥനം
62. വര്‍ണ്ണാശ്രമധര്‍മ്മകഥനം
63. വര്‍ണ്ണാശ്രമധര്‍മ്മകഥനം
64. വര്‍ണ്ണാശ്രമധര്‍മ്മകഥനം
65. ഇന്ദ്രനും മാന്ധാതാവും തമ്മിലുള്ള സംവാദം
66. ചതുരാശ്രമവിധി
67. രാജകരണാവശ്യകത്വകഥനം
68. ആംഗിരസവാക്യം
69. ദണ്ഡനീതിപ്രഭാവം
70. ഷള്‍ത്രിംശുഗുണനിരൂപണം
71. രാജാക്കന്മാരുടെ പ്രധാന ധര്‍മ്മം
72. ഐളവായുസംവാദം
73. ഐളകശ്യപസംവാദം
74. മുചുകുന്ദോപാഖ്യാനം
75. രാജ്യമാഹാത്മ്യവര്‍ണ്ണനം
76. ബ്രാഹ്മണരക്ഷ
77. കേകയോപാഖ്യാനം
78. ക്ഷാത്രധര്‍മ്മാധികാരനിരൂപണം
79. ഋതിക് യജ്ഞാദിനിരൂപണം
80. മിത്രാമിത്രനിരുപണം
81. വാസുദേവനാരദസംവാദം
82. കാലകവ്യക്ഷീയോപാഖ്യാനം
83. സഭ്യാദിലക്ഷണകഥനം
84. ഇന്ദ്രബൃഹസ്പതിസംവാദം
85. അമാത്യവിഭാഗം
86. ദുര്‍ഗ്ഗപരീക്ഷ
87. രാഷ്ട്രഗുപ്ത്യാദികഥനം
88. കോശസഞ്ചയപ്രകാരകഥനം
89. രാഷ്ട്രഗുപ്തി
90. ഉതത്ഥ്യഗീത
അദ്ധ്യായം 61. ചതുരാശ്രമധര്‍മ്മകഥനം - ഭീഷ്മൻ പറഞ്ഞു: മഹാബാഹോ, യുധിഷ്ഠിരാ! ഇനി നാല് ആശ്രമങ്ങളുടേയും നാമങ്ങളും ക്രിയകളും ഞാന്‍ പറയാം. സത്യവിക്രമനായ നീ അവയെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുക. വാനപ്രസ്ഥം, ഭിക്ഷുചര്യ, ഗാര്‍ഹസ്ഥ്യം, ബ്രഹ്മചര്യം ഇവ നാലും ബ്രാഹ്മണർ സ്വീകരിക്കുന്ന മഹാ ആശ്രമങ്ങളാണ്. ജടാവല്ക്കങ്ങള്‍ ധരിക്കുക, ദിജാതിത്വം സ്വീക രിക്കുക, ആധാനാദികളായ കര്‍മ്മങ്ങള്‍ സ്വീകരിക്കുക, വേദം പഠിക്കുക, ഭാര്യയോടു കൂടിയും, ഭാര്യ കൂടാതെയും വാനപ്രസ്ഥം സ്വീകരിക്കുക. ഗൃഹസ്ഥാശ്രമത്തില്‍ കൃതകൃത്യനായവന്‍ വാനപ്രസ്ഥം സ്വീകരിക്കുന്നു. അങ്ങനെ കാട്ടില്‍ താമസിച്ച് ആരണൃക ശാസ്ത്രങ്ങള്‍ പഠിച്ചും, പ്രവ്രജ്യാ വ്രതം സ്വീകരിച്ചും ഊർദ്ധ്വരേതസ്സായി മോക്ഷം പ്രാപിക്കുന്നു. ഊർദ്ധ്വരേതസ്സായ മുനീന്ദ്രന്മാര്‍ ഇങ്ങനെയാണ് അവരുടെ ജീവിതത്തില്‍ നിന്നു വിരമിക്കുക.
ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ബ്രാഹ്മണന്ന് മാത്രമാണ് ഭിക്ഷയെടുത്ത് ഉപജീവിക്കുവാനുളള അധികാരമെന്നും, അത് ഏറ്റവും ഉത്തമമായ ജീവിതമാണെന്നും മുമുക്ഷുക്കള്‍ പറയുന്നു. ജിതേന്ദ്രിയനും ദാന്തനുമായ മുനി വല്ലേടത്തു നിന്നും കിട്ടിയതു കഴിച്ച് സഞ്ചരിക്കുന്നതിന്നിടയ്ക്ക് സന്ധ്യയാകുമ്പോള്‍ കണ്ടേടത്ത് കിടക്കുക. ഒന്നിലും താല്‍പര്യം ഉണ്ടാകരുത്. ഭക്ഷണത്തിലോ ശയ്യോപകരണങ്ങളിലോ താല്‍പര്യം കാണിക്കരുത്. നിരാശിസ്സായി, സര്‍വ്വസമനായി, നിര്‍ഭോഗനായി, നിര്‍വ്വികാരനായി മോക്ഷ കാംക്ഷിയായ ബ്രാഹ്മണന്‍ അവസാനം അക്ഷരമായ പരമാത്മാവില്‍ ലയിക്കുന്നതാണ്.
അല്ലയോ താതാ, ഇപ്പോള്‍ ഞാന്‍ മഹാപ്രതാപിയായ മഹര്‍ഷിയുടെ ഗംഭീരമായ വാക്ക് കേള്‍പ്പിക്കാം. അത് അദ്ദേഹം നാരായണനില്‍ നിന്നു കേട്ടതാണ്. അതു ഞാന്‍ ഭവാനെ കേള്‍പ്പിക്കാം: ഗൃഹസ്ഥന് ഉചിതമായ കാര്യം, സത്യം പറയു ക, എല്ലാവരുമായി ഭംഗിയായി കൂടിക്കഴിയുക, അതിഥി സല്‍ക്കാരം ചെയ്യുക, ധര്‍മ്മാര്‍ത്ഥങ്ങള്‍ സമ്പാദിക്കുക, സ്വദാര സന്തുഷ്ടനാവുക, ഐഹിക പാരത്രിക സുഖത്തിന്നനുഗുണമായ പ്രയത്നം അനുഷ്ഠിക്കുക ഇവയാണെന്നാണ് എന്റെ അഭി പ്രായം. ഗൃഹസ്ഥന്റെ പരമമായ ധര്‍മ്മം പുത്രന്മാരേയും ഭാര്യയേയും പോഷിപ്പിക്കണമെന്നുളളതാണ്. ഇത് മഹര്‍ഷിമാരുടെ അഭിപ്രായമാണ്. യാതൊരു (ബ്രാഹ്മണന്‍ യജ്ഞം, യാഗം തുടങ്ങിയ ധര്‍മ്മാനുഷ്ഠാനത്തോടു കൂടി ശാസ്ത്രോക്ത വിധിയനുസരിച്ച് ഗൃഹസ്ഥാശ്രമ ധര്‍മ്മങ്ങളെ അനുഷ്ഠിക്കുന്നുവോ, സംയോചിതമായ മാര്‍ഗ്ഗത്തില്‍ കൂടി ലഭിച്ച ധനം കൊണ്ട് നിത്യോപജീവനം ചെയ്യുന്നുവോ അങ്ങനെയുള്ള ഗൃഹസ്ഥന്‍ സ്വര്‍ഗ്ഗത്തില്‍ ഉത്തമ ഫലത്തിന്നര്‍ഹനായിത്തീരും. മരിക്കുമ്പോള്‍ ഗൃഹസ്ഥന്റെ നാശമില്ലാത്ത എല്ലാ ആഗ്രഹങ്ങളും അവന്റെ അഭീഷ്ടമനുസരിച്ച് എപ്പോഴും എവിടെ വെച്ചും എന്ന് പൂര്‍ണ്ണമായി നില്ക്കുക. എല്ലായ്‌പോഴും വേദാദ്ധ്യായനം ചെയ്യു ക, ഗുരുവില്‍നിന്നു ലഭിച്ച മ്രന്തം ജപിക്കുക, എല്ലാ ദേവതകളേയും മാനിക്കുക, ഗുരുവിനെ സേവിക്കുന്നതില്‍ പരമഭക്തനായിരിക്കുക. ഇങ്ങനെ ബ്രഹ്മചാരി ഇന്ദ്രിയങ്ങളെയടക്കി കഠിന വ്രതം പാലിച്ച് അവന്നു ലഭിച്ച ഉപദേശങ്ങളെ മനനംചെയ്ത് കൃതകൃത്യനായി ജീവിക്കണം. നിത്യവും വേദോക്തവിധിയോടു കൂടി സന്ധ്യോപാസനാദി കര്‍മ്മങ്ങള്‍ ചെയ്യുക, നിരന്തരമായ ഗുരുസേവ ചെയ്യുക, ഗുരുവിനെ നമസ്കരിക്കുക, സ്നാനം, സന്ധ്യോപാസനം, ജപം, സ്വാദ്ധ്യായം, അതിഥി സല്‍ക്കാരം ഈ ആറു കര്‍മ്മങ്ങള്‍ ബ്രഹ്മചാരി നിഷ്കാമനായി ചെയ്യേണ്ടതാണ്. ശത്രുക്കളില്‍ അധികാരം നടത്തുകയോ അവരെ സേവിക്കുകയോ ചെയ്യരുത്. ഇപ്രകാരമാണ് ബ്രഹ്മചാരി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍.
അദ്ധ്യായം 62. വര്‍ണ്ണാശ്രമധര്‍മ്മകഥനം -- ബ്രാഹ്മണധര്‍മ്മത്തിന്റെ ശ്രേഷ്ഠത - യുധിഷ്ഠിരന്‍ പറഞ്ഞു; മംഗളം, സുഖപ്രദം, മഹോദര്‍ക്കം, അഹിംസ, ലോകസമ്മതം ഇങ്ങനെയു ഉള സുഖം നല്കുന്നതും, ധര്‍മ്മവുമായ മാര്‍ഗ്ഗം എങ്ങനെയുള്ളവര്‍ക്കാണ് എളുപ്പത്തില്‍ ലഭിക്കുക എന്ന് അങ്ങ് പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: ബ്രാഹ്മണര്‍ക്ക് നാലാശ്രമവും വിധിച്ചിട്ടുണ്ട്. അവയെ മറ്റു മുന്നു ജാതികളും (ക്ഷത്രിയവൈശ്യശൂദ്രന്മാര്‍) പിന്‍തുടരുന്നു. രാജപരങ്ങളായി വളരെ ധര്‍മ്മങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ട് രാജാവേ. അവയൊക്കെ ദൃഷ്ടാന്തത്തോടുകൂടി പറഞ്ഞു തീര്‍ക്കുവാന്‍ പ്രയാസമുണ്ട്. മുമ്പു പറഞ്ഞ രാജധര്‍മ്മങ്ങളെല്ലാം ക്ഷത്രിയന്മാര്‍ക്ക് അനുഷ്ഠിക്കുവാനുള്ളതാണ്.
ബ്രാഹ്മണന്‍ ക്ഷാത്രധര്‍മ്മങ്ങളും, വൈശ്യധര്‍മ്മങ്ങളും, ശൂദ്രധര്‍മ്മങ്ങളും ആചരിക്കുവാന്‍ പാടില്ല. അങ്ങനെ ആചരിക്കുകയാണെങ്കില്‍ അവന്‍ ഇഹലോകത്തും പരലോകത്തും നിന്ദ്യനും, മന്ദനുമായി ദുഃഖിച്ച് നരകത്തില്‍ പതിക്കുന്നതാണ്. ദാസന്‍, ചെന്നായ്, പുലി, നായ് ഇവയുടെ പേരാണ് വികര്‍മ്മിയായ വിപ്രന്നു നല്കേണ്ടത്. അത്തരം പദങ്ങള്‍കൊണ്ട് വിളി ക്കപ്പെടേണ്ടവനായി അവന്‍ അത്ര അധഃപതിച്ചവനായി കണക്കാക്കും. ഷള്‍ക്കര്‍മ്മങ്ങളിലേര്‍പ്പെട്ട് നാലാശ്രമങ്ങളിലും വിധിച്ച പ്രകാരം എല്ലാ ധര്‍മ്മങ്ങളുമനുഷ്ഠിച്ച്, കൃതാത്മാവായി, കൃതകൃത്യനായി, തപോനിരതനായി, ശുദ്ധാത്മാവാകുന്ന ബ്രാഹ്മണന്ന്, നിര്‍മ്മമനായ ദാനശീലന്ന്, അവന്‍ മരിച്ചതിന്നു ശേഷം ലോകം അക്ഷര കല്പമായി ഭവിക്കും; മോക്ഷസിദ്ധിയുണ്ടാകും. ആര്‍ ഏതില്‍ ഏതു വിധം എവിടെ വെച്ച് കര്‍മ്മം ചെയ്യുന്നുവോ അവന്‍ അപ്രകാരം അതിന്റെ ഫലം നിയമമനുസരിച്ച് നിശ്ചയമായും അനുഭവിക്കുന്നതാണ്. രാജകീയശക്തി, കൃഷി, കച്ചവടം ജീവികളെ കൊണ്ടുളള ഉപജീവനം മുതലായി മറ്റു കര്‍മ്മങ്ങളും സ്വാദ്ധ്യായത്തോട് തുല്യമാണെന്ന് രാജാവേ, അറിഞ്ഞു കൊള്ളുക. മനുഷ്യന്‍ കാലത്തിന്റെ അടിമയാണ് (വശവര്‍ത്തിയാണ്). അവന്‍ പൂര്‍വ്വജന്മത്തിന്റെ വാസനയ്ക്കധീനനായി കാലത്തിന്റെ പ്രേരണയോടുകൂടി ഉത്തമം, മദ്ധ്യമം, അധമം എന്നീ വിധത്തി ലുളള കര്‍മ്മങ്ങള്‍ ചെയ്യുന്നു. പുര്‍വജന്മകൃതമായ പാപപുണ്യങ്ങൾ അനുസരിച്ചാണ് ദേഹം ഉണ്ടാകുന്നത്. ആ ശരീരം നഷ്ടമാകുമ്പോള്‍ അതോടുകൂടിത്തന്നെ ആ പ്രാരബ്ധ കര്‍മ്മ ഫലങ്ങളും നശിക്കുന്നു. ജീവന്‍ നാശമില്ലത്തതും, സര്‍വ്വത്ര വ്യാപിച്ചു കിടക്കുന്നതുമാണ്. ജീവന്‍ അതിന്റെ ആഗ്രഹം പോലെ രാഗാദികളില്‍ ലിപ്തമാകുന്നു.
അദ്ധ്യായം 63. വര്‍ണ്ണാശ്രമധര്‍മ്മകഥനം - രാജധര്‍മ്മത്തിന്റെ ശ്രേഷ്ഠത - ഭീഷ്മൻ പറഞ്ഞു: ജ്യാകര്‍ഷണം (വില്ലിന്റെ ഞാണുവലിക്കല്‍), വൈരികളെ സംഹരിക്കല്‍, ഭൂമി ഉഴുതു മറിക്കല്‍, കച്ചവടം, ഗോസംരക്ഷണം, പരശുശ്രൂഷണം ഈ പറഞ്ഞ കര്‍മ്മങ്ങളൊന്നും ദ്രവ്യസിദ്ധിക്കു വേണ്ടി ബ്രാഹ്മണന്‍ ചെയ്യുവാ൯ കൊള്ളാവുന്നവയല്ല. ഗൃഹസ്ഥനായ പണ്ഡിതന്‍ ബ്രഹ്മ ഷള്‍ക്കര്‍മ്മം ചെയ്യേണ്ടതാണ്. കൃതകൃത്യനായി വാനപ്രസ്ഥം സ്വീകരിച്ച് കാട്ടില്‍പ്പാര്‍ക്കുന്നത് വിപ്രന്നു ചേര്‍ന്നതാകുന്നു. രാജാവിന്റെ പ്രേഷ്യനാവുക, കൃഷി കൊണ്ട് ധനം സമ്പാദിക്കുവാന്‍ ശ്രമിക്കുക, കച്ചവടം കൊണ്ട് ജീവിക്കുവാന്‍ വിചാരിക്കുക, ചതിക്കുക, അന്യന്റെ ഭാര്യയെ സ്വീകരിക്കുക, പണം പലിശയ്ക്കു കൊടുത്തു ധനം സമ്പാദിക്കുക, ഇവയെല്ലാം ബ്രാഹ്മണന്നു വിധിച്ചിട്ടില്ലാത്ത കര്‍മ്മങ്ങളാണ്.
രാജാവേ, ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ ദുഷിച്ചാല്‍ ശൂദ്രനായി ഭവിക്കും. ചാരിത്രം നശിപ്പിച്ചവന്‍, ധര്‍മ്മം വിട്ട് നടക്കുന്നവന്‍, വൃഷലിയുടെ വരന്‍, ഏഷണി കുൂട്ടുന്നവന്‍, നര്‍ത്തകന്‍, ഗ്രാമപ്രേഷ്യന്‍, (ബാഹ്മണ ധര്‍മ്മം തെറ്റി നടക്കുന്നവന്‍ ഇവരൊക്കെ. ഇങ്ങനെയുള്ള ബ്രാഹ്മണന്‍ വേദം ചൊല്ലിയാലും ഇല്ലെ ങ്കിലും ഇവര്‍ ശൂദ്രതുല്യന്മാരാണ്. ദാസനെപ്പോലെ നിന്ന് അന്നം കഴിച്ച്, അന്യഗൃഹത്തില്‍ പാര്‍ക്കുന്ന ബ്രാഹ്മണനും, ശൂദ്രപ്രായനാണ്. ഇവര്‍ ദേവകാര്യങ്ങളിലൊന്നും പ്രവേശിപ്പിക്കുവാന്‍ പാടില്ലാത്തവരാണ്. മര്യാദ വിട്ടവനും, ശുചിയില്ലാത്തവനും, ക്രൂരകര്‍മ്മം ചെയ്യുന്നവനും, ഹിംസിക്കുന്നവനും, ധര്‍മ്മം വിട്ടവനുമായ ബ്രാഹ്മണന്‍ ബലികര്‍മ്മാദികള്‍ ചെയ്യുവാന്‍ അര്‍ഹനല്ല. അങ്ങനെ ശൂദ്രനായിത്തീര്‍ന്ന ബ്രാഹ്മണന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കു ഫലസിദ്ധിയുണ്ടാകുകയില്ല.
വിപ്രന്നു വിധിച്ച കര്‍മ്മം, ദമം, ശൗചം, ആര്‍ജ്ജവം എന്നിവയാണ്. അപ്രകാരം തന്നെ വിപ്രന്നുളള ആശ്രമങ്ങള്‍ മുഴുവനും ബ്രഹ്മാവ് മുമ്പെ നിശ്ചയിച്ചിട്ടുള്ളവയാണ്. ദമമുള്ളവനും, സോമപാനം ചെയ്യുന്നവനും, ആരൃശീലനും ദയാവാനും, എല്ലാവര്‍ക്കും ഹിതനും, നിരീഹനും, ആര്‍ജ്ജവമുള്ളവനും, മൃദുശീലനും, അഹിംസകനും ക്ഷമാവാനുമാണ് വിപ്രന്‍ അല്ലാതെ പാപിയല്ല.
ശൂദ്രന്‍, വൈശ്യന്‍, നൃപന്‍ ഇവര്‍ മുന്നു പേരും ശാന്തമായ കര്‍മ്മം അനുഷ്ഠിക്കരുത്. അതാണ് ശാന്തധര്‍മ്മാസക്തന്മാരായ അവര്‍ക്ക് വിഷ്ണു ശാന്തിനല്‍കാത്തത്.
വിഷ്ണു പ്രസാദിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ സുഖം നാലാശ്രമങ്ങളിലേയും കര്‍മ്മഫലം, വേദോച്ചാരണഫലം, എല്ലാ ത്യാഗങ്ങളുടേയും യജ്ഞങ്ങളുടേയും ഫലം, മറ്റു (വതങ്ങളുടെ ഫലം, എല്ലാ ആശ്രമങ്ങളുടേയും ഫലം ഇവയെല്ലാം വിഷ്ണുവിന്റെ പ്രസാദമില്ലെങ്കില്‍ നഷ്ടപ്പെട്ടുപോകുന്നതാണ്.
ഹേ പാണ്ഡുപുത്രാ! മൂന്നു ജാതിയും ആശ്രമ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ആ നാല് ആശ്രമ ധര്‍മ്മങ്ങളേയും നീ കേള്‍ക്കുക.
തനിക്കു വിധിച്ചിട്ടുളള ശുശ്രൂഷാകര്‍മ്മങ്ങള്‍ ചെയ്ത് ജീവിതം കൃതകൃത്യതയെ പ്രാപിച്ചവനും, സന്താനലാഭമുണ്ടായവനുമായ ശൂദ്രന്‍, അല്പം വ്യത്യാസത്തോടു കൂടിയ ദശധര്‍മ്മഗതനായ ശുദ്രന്‍ (നീരാഗീസ്ഥാനമൊഴികെയുള്ള) എല്ലാ ആശ്രമങ്ങളും രാജാവിന്റെ അനുവാദത്തോടു കൂടി സ്വീകരിക്കാം. ധര്‍മ്മചാരികള്‍ അവന്ന് ഭൈക്ഷചര്യവുമാകാമെന്നു വിധിച്ചിട്ടുണ്ട്. കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിച്ചവനും, പ്രായം ചെന്നവനും, രാജാവിന്നു വേണ്ടി പ്രയത്നിച്ചവനുമായ വൈശ്യന്‍ രാജാവിന്റെ അനുവാദത്തോടു കൂടി ആശ്രമത്തെ ആശ്രയിക്കണം. വേദങ്ങളും, രാജശാസ്ത്രങ്ങളും ധര്‍മ്മാനുസരണം പഠിച്ച്, സന്താനങ്ങളെ ജനിപ്പിച്ച്, സംരക്ഷിച്ച്, സോമം പാനംചെയ്ത്, ധര്‍മ്മാനുസരണം പ്രജകളെ പാലിച്ച്, രാജസൂയം, അശ്വമേധം മുതലായ യജ്ഞങ്ങള്‍ ചെയ്ത്, വിധി പ്രകാരം വിപ്രന്മാര്‍ക്കു ദക്ഷിണ നല്കി, കുറച്ചോ അധികമോ യുദ്ധത്തില്‍ വിജയിയായി ഭരണം നടത്തിയതിന്നു ശേഷം നാട്ടില്‍ പ്രശസ്തനായ മറ്റു ക്ഷത്രിയനെയോ നിശ്ചയിച്ച് ഹേ ക്ഷത്രിയര്‍ഷഭാ।! പിതൃയജ്ഞങ്ങള്‍ ചെയ്ത്., പിതൃതര്‍പ്പണം ചെയ്ത്, ദേവകളെ യജ്ഞങ്ങളാലും ഋഷീന്ദ്രന്മാരെ വേദത്താലും പൂജിച്ച് തൃപ്തരാക്കി അവസാന കാലമാകുമ്പോള്‍ വാനപ്രസ്ഥവും പിന്നെ സന്യാസവും സ്വീകരിക്കുന്ന ക്ഷത്രിയന്‍ മരണാനന്തരം മോക്ഷം പ്രാപിക്കുന്നതാണ്. രാജര്‍ഷിയാണെങ്കില്‍ അവന്ന് ഭിക്ഷാടനം ഭക്ഷണ സുഖത്തിന്നു വേണ്ടി പാടില്ല. ജീവരക്ഷയ്ക്കു വേണ്ടി മാത്രം. ഗൃഹസ്ഥാശ്രമം വിട്ടവനാകാം. ഈ ജീവിതചര്യ ക്ഷത്രിയന്നും വൈശ്യന്നും, ശുദ്രന്നും വിധിച്ചിട്ടില്ല. എന്നാല്‍ നാലു വര്‍ണ്ണങ്ങളില്‍പ്പെട്ടവരും അതില്‍ തല്‍പരന്മാരാവുകയാണെങ്കില്‍ അതനുവദിക്കപ്പെടാവുന്നതാണ്.
മനുഷ്യരില്‍ ക്ഷത്രിയന്മാരാണ് ഏറ്റവും കനത്ത ധര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍. ലോകം മുഴുവന്‍ ക്ഷത്രിയന്റെ ബാഹുബലത്തില്‍ അടങ്ങി നില്ക്കുന്നു. മറ്റു മുന്നു വര്‍ണ്ണങ്ങളുടെ ധര്‍മ്മങ്ങളും, ഉപധര്‍മ്മങ്ങളുമെല്ലാം രാജധര്‍മ്മത്താല്‍ മാത്രമാണ് നിലനില്ക്കുന്നത്. അതിനെപ്പറ്റി വേദം ഇങ്ങനെയാണു പറഞ്ഞിട്ടുളളത്. കാട്ടില്‍ എല്ലാ മൃഗങ്ങളുടെയും കാലടി മുദ്രകള്‍ ആനകളുടെ കാലടിപ്പാടുകളാല്‍ വിഴുങ്ങപ്പെടുന്നതു പോലെ മറ്റെല്ലാ വര്‍ണ്ണങ്ങളുടെ ധര്‍മ്മങ്ങളും രാജധര്‍മ്മങ്ങളില്‍ അടങ്ങിനില്‍ക്കു ന്നു. ധര്‍മ്മജ്ഞന്മാര്‍ പറയുന്നു, മറ്റുള്ള ധര്‍മ്മങ്ങളെല്ലാം സ്വൽപാശ്രയങ്ങളും സ്വല്പ ഫലപ്രദങ്ങളുമാണെന്ന്. എന്നാല്‍ രാജധര്‍മ്മമാകട്ടെ മഹാശ്രമവും, മഹാകല്യാണ ദായകവുമാണെന്നും അതിന്നൊക്കുന്ന ധര്‍മ്മമൊന്നുമില്ലെന്നും മഹാന്മാര്‍ പറയുന്നു.
എല്ലാ ധര്‍മ്മങ്ങളിലും വെച്ചു പ്രധാനമായത് രാജധര്‍മ്മമാണ്. എല്ലാ വര്‍ണ്ണങ്ങളും അതിന്റെ രക്ഷയില്‍ വസിക്കുന്നു. എല്ലാ വിധം ത്യാഗങ്ങളും രാജധര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്നു. രാജാവേ, ത്യാഗത്തേക്കാള്‍ വലിയ ധര്‍മ്മമില്ലെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ക്ഷാത്രധര്‍മ്മം രാജാക്കന്മാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ എല്ലാ ധര്‍മ്മങ്ങളും നശിച്ചു പോകുമെന്നാണ് ശാസ്ത്രജ്ഞന്മാരായ മഹാത്മാക്കള്‍ പറയുന്നത്. മറ്റു മൂന്നു വര്‍ണ്ണങ്ങളുടെ ധര്‍മ്മങ്ങളും രാജധര്‍മ്മത്തിന്റെ രക്ഷയില്‍ നില്ക്കുന്നുവെന്നാണ്. ദണ്ഡനീതി ക്ഷയിച്ചാല്‍ പിന്നെ ബ്രാഹ്മ ണന്റെയും, വൈശ്യന്റെയും, ശൂദ്രന്റെയും ധര്‍മ്മങ്ങള്‍ക്ക് എന്താണു രക്ഷ? പിന്നെ എവിടെയാണു വര്‍ണ്ണാശ്രമങ്ങള്‍ക്കു രക്ഷ? എല്ലാ തൃഗങ്ങളും രാജധര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്നു. എല്ലാ ദീക്ഷകളും രാജധര്‍മ്മത്തില്‍ നില്ക്കുന്നു. ലോകം തന്നെ രാജധര്‍മ്മത്തില്‍ നില്ക്കുന്നു. അതു കൊണ്ട് പ്രധാനമായ ധര്‍മ്മം രാജധര്‍മ്മമാണെന്നു പറയുന്നു.
രാജധര്‍മ്മം അധികാരം നടത്തുന്നില്ലെങ്കില്‍, മഹാപാപികളായ ജനങ്ങള്‍ കുടുതല്‍ വഷളായിത്തീരും. അവര്‍ മൃഗങ്ങളെ കൊല്ലുന്നതു പോലെ ജനങ്ങളെ വെട്ടിക്കൊന്ന് സ്വത്തുക്കളെല്ലാം കൊളളയടിക്കും. അങ്ങനെ ധര്‍മ്മശ്രുതോന്മര്‍ദ്ദനം നടക്കുമ്പോള്‍, രാജധര്‍മ്മം അധികാരം നടത്താതിരിക്കുമ്പോള്‍, സ്വധര്‍മ്മം എങ്ങനെ ധര്‍മ്മസമ്പാദകന്മാര്‍ക്ക് ആദരിക്കുവാന്‍ കഴിയും?
അദ്ധ്യായം 64. വര്‍ണ്ണാശ്രമധര്‍മ്മകഥനം - ഭീഷ്മൻ പറഞ്ഞു: അല്ലയോ, ഭാരതാ! നാല് ആശ്രമ ധര്‍മ്മങ്ങളും യതി ധര്‍മ്മങ്ങളും ലോക വേദാഗ്ര്യങ്ങളായ എല്ലാ ധര്‍മ്മങ്ങളും ക്ഷത്രധര്‍മ്മത്തില്‍ നില്ക്കുന്നു. ഇപ്പറഞ്ഞ എല്ലാ കര്‍മ്മങ്ങളും ഹേ ഭാരത സത്തമാ, അതു പോലെ തന്നെ ക്ഷത്രധര്‍മ്മത്തില്‍ നില്ക്കുന്നു. രാജാവിന്റെ നിയമാധികാരങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ എല്ലാ ജീവജാലങ്ങളും ആപത്തില്‍ പെട്ടു പോകും. മനുഷ്യരുടെ ധര്‍മ്മങ്ങളും കര്‍മ്മങ്ങളും പ്രത്യക്ഷമായി കാണാവുന്നവയല്ല. വളരെ മാര്‍ഗ്ഗങ്ങളോടു കൂടിയതാണ് ധര്‍മ്മികളുടെ ആശ്രമങ്ങള്‍. ആഗമം കൊണ്ട് ഇളക്കുന്ന അതിന്റെ ഭാവം ശാശ്വതമാണെന്നു ചിലര്‍ പറയുന്നു. ലോക നിശ്ചയവാദികളായ ചിലര്‍ പുണ്യങ്ങള്‍ പറഞ്ഞ് ധര്‍മ്മനിശ്ചയമെന്തെനറിയാതെ ചെയ്യരുതാത്തതില്‍ ചെന്നു ചാടുന്നു. പ്രത്യക്ഷവും ഏറ്റവും സൗഖ്യദവും, ലോകസാക്ഷികവും, അവ്യാജവും, ലോകഹിതവുമായിട്ടുളള ധര്‍മ്മം ക്ഷ്രതിയരില്‍ നില്ക്കുന്നു. ധര്‍മ്മാശ്രമത്തില്‍ അധിവസിക്കുന്ന ബ്രാഹ്മണര്‍ക്കും ഹേ യുധിഷ്ഠിരാ, മുന്നു ജാതിക്കാര്‍ക്കും മുമ്പെയുള്ള അന്തര്‍ഭാവം പ്രസിദ്ധമാകുന്നു. രാജധര്‍മ്മത്തെ വഴങ്ങുന്നവരും സദ്വൃത്തന്മാരുമായ ജനങ്ങള്‍, ഞാന്‍ പറഞ്ഞ മാതിരി, മഹത്തായ ഓജസ്സാല്‍ ഭൂതേശനും പ്രഭുവുമായ വിഷ്ണുവെ, ശൂരന്മാരായ രാജാക്കള്‍ ദണ്ഡനീതിക്കു വേണ്ടി ചെന്നു കണ്ടു. ഓരോന്നോരോന്നായി തങ്ങളുടെ ആശ്രമ ധര്‍മ്മത്തെ തൂക്കി നോക്കി, ദൃഷ്ടാന്ത വചനത്തില്‍ നില്ക്കുന്നവരായ ജനങ്ങള്‍ വിഷ്ണുവിനെ ചെന്ന് ഉപാസിച്ചു. അന്നു സാദ്ധ്യന്മാരായ ദേവന്മാരും, വസുക്കളും രുദ്രന്മാരും. വിശ്വേദേവകളും അശ്വിനീദ വകളും മരുത്ഗണങ്ങളും ദേവഗണങ്ങളും മുമ്പെ ആദിദേവനാല്‍ സൃഷ്ടിക്കപ്പെട്ടവരെല്ലാം സിദ്ധന്മാരായി ക്ഷാത്രധര്‍മ്മത്തില്‍ തന്നെ നില്ക്കുന്നവരായിരുന്നു.
ഞാന്‍ ഇപ്പോള്‍ അര്‍ത്ഥവിനിശ്ചയമായ ധര്‍മ്മത്തെ ഹേ രാജാവേ, നിന്നോടു പറയാം. പണ്ട് ദാനവന്മാര്‍ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ധര്‍മ്മം അപകടത്തിലാവുകയും ചെയ്ത കാലത്ത് ഹേ രാജേന്ദ്രാ, മാന്ധാതാവ് എന്നു പേരായ ഒരു രാജാവുണ്ടായി. ആ രാജാവ് നാരായണനെ പ്രത്യക്ഷമായി കാണുവാന്‍ വേണ്ടി ഒരു യാഗം ചെയ്തു. ആദിമദ്ധ്യാന്തങ്ങളില്ലാത്ത ദേവനായ ശ്രീനാരായണനെ, പരമേശനെ, മഹാത്മാവായ വിഷ്ണുവിനെ ധ്യാനിച്ച് പാദത്തില്‍ വണങ്ങിയപ്പോള്‍ ആ രാജാവിന്റെ മുമ്പില്‍ വിഷ്ണു ഇന്ദ്രന്റെ രൂപം ധരിച്ചു പ്രത്യക്ഷനായി. പ്രഭുവായ ആ ദേവനെ നല്ല രാജാക്കളോടു കൂടി അവന്‍ അര്‍ച്ചിച്ചു. അപ്പോള്‍ ആ രാജാവും ഇന്ദ്രരൂപനായ ആ ദേവനും തമ്മില്‍ വിഷ്ണുവിനെപ്പറ്റി ഒരു സംഭാഷണം നടന്നു.
ഇന്ദ്രന്‍ പറഞ്ഞു: എടോ ധര്‍മ്മജ്ഞന്മാരില്‍ ശ്രേഷ്ഠനായ രാജാവേ, നീ എന്താണ് ഇച്ഛിക്കുന്നത് ? കേവലം അപ്രമേയനും അനന്തമായ മായയോടു കൂടിയവനും അമിതമായ മന്ത്രവീര്യത്തോടു കൂടിയവനും പുരാണനുമായ നാരായണനെ കാണുവാന്‍ ആഗ്രഹിച്ചു കൊണ്ട് നില്ക്കുകയാണല്ലോ. നീ കാണുവാന്‍ ആഗ്രഹിക്കുന്ന ആ ദേവന്‍ എനിക്കും ബ്രഹ്മാവിനും കൂടി ശരിയായ രൂപത്തില്‍ കാണുവാന്‍ സാധിക്കുന്നവനല്ല. അദ്ദേഹം വിശ്വരൂപനാണ്. രാജാവേ, നിനക്കു വേറെ എന്താണ് ആഗ്രഹമെങ്കില്‍ അതു ഞാന്‍ സാധിപ്പിച്ചു തരാം. നീ നരന്മാരില്‍ രാജാവാണല്ലോ ഭവാനാണെങ്കില്‍ എല്ലാവരിലും തുല്യഭാവനയോടെ നില്‍ക്കുന്നവനാണ്, ധര്‍മ്മപരനാണ്, ജിതേന്ദ്രിയനാണ്, ധീരനാണ്. സുരന്മാര്‍ക്കു കൂടി ദൃഡമായ പ്രീതി ചെയ്യുന്നവനാണ്. ഭക്തി, ശ്രദ്ധ, ജ്ഞാനം എന്നീ ഗുണങ്ങളോടു കൂടിയ ഉത്തമപുരുഷനുമാണ് നീ. നിനക്കു ഞാന്‍ വരം നല്‍കുവാന്‍ വിചാരിക്കുന്നു. ഇഷ്ടമെന്താണെന്നറിയിക്കുക.
മാന്ധാതാവ് പറഞ്ഞു. ദേവാ, ഞാന്‍ അങ്ങയെ നമസ്‌കരിക്കുന്നു. സംശയം കൂടാതെ ഭഗവാനേ, ഞാന്‍ ആദിദേവന്റെ രൂപം കാണുവാന്‍ തന്നെ ആഗ്രഹിക്കുന്നു. ഞാന്‍ എല്ലാ കാമങ്ങളേയും തളളിക്കളഞ്ഞ് ധര്‍മ്മത്തെ മാത്രം കാമിച്ച് വനത്തിലേക്കു പോകാന്‍ ആഗ്രഹിക്കുന്നു. അത് ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗമാണെന്നു ജ്ഞാനികള്‍ പുകഴ്ത്തുന്നു. എത്രയോ ശ്ലാഘ്യമായ ക്ഷത്രധര്‍മ്മം അനുഷ്ഠിച്ച് ഞാന്‍ പരലോകത്തേക്കു വേണ്ട പുണ്യം നേടിക്കഴിഞ്ഞു. യശസ്സിന്നുള്ള കര്‍മ്മങ്ങളൊക്കെ ഞാന്‍ ഉപേക്ഷിച്ചു. പേരും പെരുമയും ഞാന്‍ കാംക്ഷിക്കുന്നില്ല. എന്നാല്‍ ശരിയായ ധര്‍മ്മം എന്തെന്ന് എനിക്കറിഞ്ഞു കൂടാ. ലോകത്തില്‍ ശ്രേഷ്ഠമായ ആ ധര്‍മ്മം ആദിദേവനില്‍ നിന്ന് ഉത്ഭവിച്ചതാണല്ലോ. അതിന്റെ ശരിയായ രൂപം എന്തെന്ന് എനിക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ദ്രന്‍ പറഞ്ഞു: അസൈന്യരായ ധാര്‍മ്മികന്മാര്‍ ധര്‍മ്മത്തില്‍ നയിപ്പിക്കുകയില്ല. അതിന്നു രാജാക്കന്മാര്‍ക്കേ കഴിയു. മറ്റുള്ളവര്‍ എത്ര ധര്‍മ്മിഷ്ഠന്മാരായാലും സല്‍ഗതിയെത്തിക്കുവാന്‍ സാധിക്കുകയില്ല.
ക്ഷത്രധര്‍മ്മം ദേവദേവനില്‍ നിന്ന് ഉത്ഭവിച്ചതാണ്. മറ്റു ധര്‍മ്മങ്ങളെല്ലാം അംഗങ്ങള്‍ മാത്രമാകുന്നു. എന്തു കൊണ്ടെന്നാല്‍ മറ്റു ധര്‍മ്മങ്ങള്‍ക്കെല്ലാം അവസാനമുണ്ട്. അതില്‍ വെച്ച് പ്രവ്രജ്യയോടു ചേര്‍ന്ന ക്ഷാത്രധര്‍മ്മം ഏറ്റവും വിശിഷ്ടമാകുന്നു. എന്തു കൊണ്ടെന്നാല്‍ ഈ ധര്‍മ്മത്തില്‍ മറ്റു ധര്‍മ്മങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. പണ്ട് ദേവകളും കര്‍മ്മത്താല്‍ ഓജസ്സേറിയ മുനീന്ദ്രന്മാരും, ശത്രുക്കളുടെ പീഡമുലം കുഴങ്ങിയപ്പോള്‍ വിഷ്ണു ക്ഷാത്രം സ്വീകരിച്ചു. ശത്രുക്കളായ ദൈത്യവര്‍ഗ്ഗത്തെ അന്നു കൊന്നു കളഞ്ഞിരുന്നില്ലെങ്കില്‍ പിന്നെ വിപ്രന്മാര്‍ ഉണ്ടാവുകയില്ലായിരുന്നു. ബ്രഹ്മാവു തന്നെ ഉണ്ടാവുകയില്ലായിരുന്നു. ആദിധര്‍മ്മം പുലരുകയുമില്ലായിരുന്നു. ദേവശ്രേഷ്ഠനായ ഭഗവാന്‍ ദൈതൃമയമായ ഈ ധരിത്രിയെ വിക്രമിച്ചു ജയിച്ചില്ലായിരുന്നെങ്കില്‍ ചാതുര്‍ വർണ്യങ്ങളോ, നാലാശ്രമങ്ങളോ ഒന്നും തന്നെ ഉണ്ടാവുകയില്ലായിരുന്നു. (ബ്രാഹ്മണരെ നാമാവശേഷമാക്കിയാല്‍ എല്ലാം നശിച്ചതു തന്നെ. ശാശ്വതമായ ധര്‍മ്മം നൂറു നുറായി തകര്‍ന്നു പോയത് ക്ഷാത്രധര്‍മ്മം കൊണ്ടാണ് ഉദ്ധരിക്കപ്പെട്ടത്. യുഗങ്ങള്‍ തോറും.ഇത്തരത്തില്‍ ധര്‍മ്മത്തിന്നു നാശം സംഭവിക്കുമ്പോഴെല്ലാം ക്ഷാത്രധര്‍മ്മം പ്രവര്‍ത്തിക്കുന്നു. അതു കൊണ്ട് ലോകശ്രേഷ്ഠമായ ധര്‍മ്മം ക്ഷാത്രധര്‍മ്മമാണെന്നു സര്‍വ്വ്രത പറയപ്പെടുന്നു. ആത്മത്യാഗം, സര്‍വ്വഭൂതങ്ങളിലും അനുകമ്പ, ലോകജ്ഞാനം, ആപത്തില്‍ നിന്നുള്ള രക്ഷണം, ദാരിദ്ര്യാദികളിൽ നിന്നുള്ള മോചനം ഇവയെല്ലാം രാജധര്‍മ്മം കൊണ്ടാണ് നടക്കുന്നത്. രാജാവിന്റെ കൈയൂക്കു കൊണ്ടാണ് നടന്നു പോരുന്നത്. എന്നാല്‍ മോഹം മൂലം സത് കര്‍മ്മങ്ങളില്‍ താല്‍പര്യം കുറഞ്ഞും, ദുഷ്പ്രവൃത്തികളില്‍ ആഗ്രഹം കൂടിയുമിരിക്കുന്ന മര്‍ത്ത്യര്‍ അധര്‍മ്മത്തില്‍ നിന്നും അന്യായത്തില്‍ നിന്നും പിന്‍തിരിയുന്നത് രാജാവിലുള്ള ഭയം നിമിത്തമാകുന്നു. ശിഷ്ടന്മാരായ സര്‍വ്വ ധര്‍മ്മാഢ്യന്മാര്‍ നല്ല ആചാരത്തോടെ സന്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നത് രാജധര്‍മ്മം ശരിക്കു പാലിക്കപ്പെടുന്നതു മൂലമാണ്. രാജാക്കള്‍ രാജധര്‍മ്മം കൊണ്ട് സ്വന്തം മക്കളെ എന്ന പോലെ സംരക്ഷിക്കുന്നതു കൊണ്ടാണ് നാട്ടില്‍ ജീവികള്‍ എല്ലാം സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. ക്ഷാത്രം സര്‍വ്വധര്‍മ്മപരമാണ്. ക്ഷാത്രം ലോകശ്രേഷ്ഠമാണ്. ക്ഷാത്രം സനാതനമാണ്, ശാശ്വതമാണ്, നാശമില്ലാത്തതും ഐശ്വര്യവുമാണ്. ശാശ്വതമായ സൗഖ്യത്തിലേക്കു നയിക്കുന്നതുമാകുന്നു.
അദ്ധ്യായം 65. ഇന്ദ്രനും മാന്ധാതാവും തമ്മിലുള്ള സംവാദം - ഇന്ദ്രന്‍ പറഞ്ഞു; ഇപ്രകാരം വീര്യവും ധര്‍മ്മങ്ങളും തികഞ്ഞു വിളങ്ങുന്ന ധര്‍മ്മമാണ് രാജധര്‍മ്മം. എല്ലാ ധര്‍മ്മങ്ങളിലും വെച്ച് ശ്രേഷ്ഠവുമാണ് രാജധര്‍മ്മം. ലോകഹിതത്തിന്നു വേണ്ടി ആര്യന്മാരായ നിങ്ങള്‍ അതിനെ ശരിക്കു പാലിക്കുക തന്നെ വേണം. അല്ലെങ്കില്‍ പ്രജകള്‍ക്കു നാശം സംഭവിക്കുന്നതാണ്. ഭൂസംസ്‌കാരവും രാജസംസ്കാരയോഗവും പ്രജാപാലനവും എല്ലാ ഭൂതങ്ങളിലും അനുകമ്പയോടു കൂടി രാജാവ് നിര്‍വ്വഹിക്കണം. പോരില്‍ ദേഹം സംതൃജിക്കുന്നതില്‍ മടിയുണ്ടാകരുത്. എല്ലാ ത്യാഗവും ശ്രേഷ്ഠമാണെന്നാണ് മുനിമാര്‍ പറയുന്നത്. അതില്‍ വെച്ച് ഏറ്റവും - ശ്രേഷ്ഠമായിട്ടുളളത് യുദ്ധത്തില്‍ സ്വശരീരത്തിന്റെ ത്യാഗമാണ്. രാജധര്‍മ്മം അനുഷ്ഠിക്കുന്ന രാജാക്കന്മാര്‍ യുദ്ധത്തില്‍ ദേഹം വെടിയുന്നത് നീ കണ്ടതാണല്ലോ.
വളരെ ശാസ്ത്രങ്ങള്‍ പഠിക്കുക, വേദം പഠിക്കുക, ഗുരു ശുശ്രൂഷ ചെയ്യുക അങ്ങനെ ക്ഷത്രിയന്‍ ആദ്യം ബ്രഹ്മചര്യ വ്രതം കൊണ്ട് ധര്‍മ്മകാമനായി ആത്മാവിന് ശക്തിയാര്‍ജ്ജിക്കണം. സാമാന്യമായ കാര്യത്തില്‍ വ്യവഹാരം തുടരുകയാണെങ്കില്‍ പ്രിയവും അപ്രിയവും നോക്കരുത്. നിഷ്പക്ഷ മതിയായിരിക്കണം രാജാവ്. അതിന്നു പണിയുള്ളതാണെങ്കിലും രാജാവ് നിഷ്ഠയുളളവനാകണം. കൈയൂക്കു കൊണ്ടും ധൈര്യം കൊണ്ടും രാജാവ് വര്‍ണ്ണാശ്രമധര്‍മ്മം പാലിക്കുവാന്‍ ശ്രമിക്ക ണം, നിലനിര്‍ത്തണം. അതിന്നു വേണ്ടന്ന ഉപായങ്ങള്‍ കൈക്കൊളളണം. എല്ലാ ശ്രമങ്ങളിലും ലക്ഷ്യം ധര്‍മ്മമായിരിക്കണം. എല്ലാ ധര്‍മ്മാചരണത്തിലും ശ്രേഷ്ഠമായിട്ടുളളതാണ് സ്വധര്‍മ്മാചരണം. സ്വധര്‍മ്മം വിട്ടു ചെയ്യുന്ന അന്യ വര്‍ണ്ണ ധര്‍മ്മം ശ്രേയസ്കരമല്ല. മര്യാദ വിട്ട് ധനം നേടാന്‍ ശ്രമിക്കുന്ന മൃഗതുല്യരായ മര്‍ത്ത്യന്മാരെ നീതി യുക്തമായ അര്‍ത്ഥ സമ്പാദനത്തിന്നു പ്രേരിപ്പിക്കുകയും അന്യായ മാര്‍ഗ്ഗത്തെ നിരോധിക്കുകയും ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്ന് അധികാരം രാജാവില്‍ നിക്ഷിപ്തമായിരിക്കയാല്‍ രാജധര്‍മ്മം ഏറ്റവും പ്രശസ്തമാകുന്നു. ത്രൈവിദ്യന്മാരായ ബ്രാഹ്മണന്മാര്‍ക്ക് ഏതാണോ മാര്‍ഗ്ഗം, ഏതാണോ ആശ്രമം, ആ കര്‍മ്മമേ ബ്രാഹ്മണന്‍ ചെയ്യാവൂ. തെററി നടക്കുന്ന ബ്രാഹ്മണന്‍ ശൂദ്രനെ പോലെ അസ്ത്രം കൊണ്ടു വധിക്കപ്പെടേണ്ടവനാണ്.
ചതുരാശ്രമധര്‍മ്മങ്ങളും വേദധര്‍മ്മങ്ങളും ഹേ രാജാവേ, ബ്രാഹ്മണന്‍ പിന്‍തുടരണം മറ്റൊന്നും അവന്‍ അറിയേണ്ടതില്ല. ഇത് തെറ്റി പ്രവര്‍ത്തിക്കുന്നവന്ന് ജീവിതവൃത്തി നിശ്ചയിക്കപ്പെട്ടിട്ടില്ല. ധര്‍മ്മം കര്‍മ്മം കൊണ്ട് വര്‍ദ്ധിക്കും. അത് ധര്‍മ്മാനുസരണമാവുകയും വേണം. കര്‍മ്മം തെറ്റി നടക്കുന്ന ബ്രാഹ്മണന്‍ ഒരിക്കലും മാന്യമായ പദവിക്ക് അര്‍ഹനല്ല. സ്വകര്‍മ്മം ചെയ്യാത്തവന്‍ മറ്റുളളവരുടെ വിശ്വാസത്തിന്നു പാത്രമാവുകയുമില്ല.
ഓരോ വര്‍ണ്ണത്തിന്നും നിശ് ചയിക്കപ്പെട്ട ഈ ധര്‍മ്മം വായ്പിക്കുക എന്നുളളതാണ് ക്ഷത്രിയന്റെ ധര്‍മ്മം. മറ്റുള്ളതൊന്നും വര്‍ദ്ധിപ്പിക്കുവാന്‍ ഒരുങ്ങുന്നത് ശ്രേഷ്ഠമായ കര്‍മ്മമല്ല; രാജധര്‍മ്മമല്ല. വീരന്മാര്‍ സ്വീകരിക്കുന്ന ശ്രേഷ്ഠമായ ധര്‍മ്മമാണ് രാജാക്കന്മാരുടെ ധര്‍മ്മം.
മാന്ധാതാവ് പറഞ്ഞു: കിരാതന്മാര്‍, ചീനന്മാര്‍, ശബരന്മാര്‍, യവനന്മാര്‍, ഗാന്ധാരന്മാര്‍, ബര്‍ബ്ബരന്മാര്‍, തുഷാരന്മാര്‍, ശകന്മാര്‍, കങ്കന്മാര്‍, പല്‍ഹവന്മാര്‍, ആന്ധ്രകന്മാര്‍, മ്രദകന്മാര്‍, പുളിന്ദന്മാര്‍, പൗണ്ഡ്രകമന്മാര്‍, രമഠന്മാര്‍, കാംബോജന്മാര്‍ ഇപ്പറഞ്ഞ കൂട്ടര്‍, ബ്രഹ്മക്ഷത്രജവൈശ്യന്മാരും ശുദ്രരും മറ്റുമായ നരര്‍ എപ്രകാരം ധര്‍മ്മങ്ങളെയാണ് അനഷ്ഠിക്കേണ്ടത്? നാട്ടില്‍ വസിക്കുന്നവരായ അവര്‍ ഏതു വിധത്തില്‍ ജീവിക്കണം? ദസ്യുക്കള്‍ എന്ന കൂട്ടരേയും മുന്‍ പറഞ്ഞവരേയും ഞാന്‍ എങ്ങനെ പാട്ടില്‍ നിറുത്തണം? അതു വിസ്തരിച്ചു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്. അല്ലയോ സുരേശ്വരാ। ക്ഷത്രിയന്മാരഠായ ഞങ്ങള്‍ക്ക് അങ്ങാണല്ലോ ബന്ധു.
ഇന്ദ്രന്‍ പറഞ്ഞു; ദസ്യുക്കള്‍ (കൊള്ളക്കാരായ കാട്ടുവര്‍ഗ്ഗക്കാര്‍) എല്ലാവരും അച്ഛനമ്മമാരെ ശുശ്രൂഷിക്കണം; അതുപോലെ തന്നെ ആശ്രമസ്ഥരായ ആചാര്യരേയും ഗുരുവിനേയും ശുശ്രൂഷിക്കണം. രാജശുശ്രൂഷയും ചെയ്യേണ്ടതാണ്. വേദധര്‍മ്മക്രിയകളും അവര്‍ക്കു വെച്ച ധര്‍മ്മമാകുന്നു. പിതൃക്കള്‍ക്കു വേണ്ടിയുളള യജ്ഞം ചെയ്യുക, ദാഹിച്ചു വലഞ്ഞവര്‍ക്ക് ജലം കൊടുക്കുക, കിണര്‍ കുഴിക്കുക, കിടക്കുവാന്‍ കിടക്ക മുതലായവ നല്കുക, ബ്രാഹ്മണര്‍ക്ക് യഥാകാലം വേണ്ട ദാനങ്ങള്‍ ചെയ്യുക; അഹിംസ, സത്യം, അക്രോധം, ബന്ധുജനങ്ങളെ രക്ഷിക്കല്‍, പുത്രനേയും ഭാര്യേയേയും സംരക്ഷിക്കല്‍, പരിശുദ്ധി, അദ്രോഹം, യജ്ഞം ചെയ്യുക, ദക്ഷിണ നല്കുക ഇവയൊക്കെ ഐശ്വര്യം കാംക്ഷിക്കുന്ന ഏവരും ചെയ്യേണ്ടതാണ്. ദസ്യുക്കള്‍ മഹാര്‍ഹമായ പാകയജ്ഞങ്ങള്‍ ചെയ്യേണ്ടതാണ്. ഇവയൊക്കെ മുമ്പേത ന്നെ വിധിച്ചിട്ടുള്ള ധര്‍മ്മങ്ങളാണ്. എല്ലാവരും ചെയ്യേണ്ടതാണ്.
മാന്ധാതാവ് പറഞ്ഞു: എല്ലാ മനുഷ്യ ജാതിയിലും എല്ലാ വര്‍ണ്ണങ്ങളിലും ദസ്യുക്കളുണ്ട്. കൊളളയടിക്കുന്ന അത്തരം ജനങ്ങള്‍ വേഷം മാറി ജീവിക്കുന്നുണ്ട്. അത്തരം ദസ്യുക്കള്‍ നാല് ആശ്രമം സ്വീകരിച്ചവരിലും കാണാം.
ഇന്ദ്രന്‍ പറഞ്ഞു: ദണ്ഡനീതി നശിച്ച് രാജധര്‍മ്മം നശിച്ചാല്‍ ജീവികള്‍ക്കു മൗഢ്യമുണ്ടാകും. അത് രാജാക്കന്മാരുടെ ദുര്‍ഭരണം മൂലമാണ് വന്നു കൂടുന്നത്. കൃതയുഗം ക്ഷയിക്കുമ്പോള്‍ എല്ലാ ജാതി ധര്‍മ്മങ്ങളിലും കലമ്പല്‍ വന്നുകൂടും. പല തരത്തിലുള്ള അടയാളങ്ങള്‍ ധരിച്ച കളള ഭിക്ഷുക്കള്‍ ധാരാളമുണ്ടാകും. ആശ്രമങ്ങളില്‍ സന്ദേഹം വന്നു കൂടും, കാമക്രോധാദികള്‍ക്കു വശംവദരായി ജനങ്ങള്‍ പുരാണേതിഹാസങ്ങളിലും ധര്‍മ്മതത്ത്വങ്ങളിലും ശ്രദ്ധിക്കാത്തവരായിത്തീരും. അങ്ങനെ അവര്‍ ദുര്‍മ്മാര്‍ഗ്ഗങ്ങളില്‍ പ്രവേശിക്കും. ഇങ്ങനെ വരുമ്പോള്‍ മഹാത്മാക്കള്‍ ദണ്ഡനീതിയാല്‍ പാപികളെ നിലയ്ക്കു നിര്‍ത്തുമ്പോള്‍ ശാശ്വതമായ ധര്‍മ്മം വീണ്ടും സ്ഥാപിക്കപ്പെടും. എല്ലാ ലോകര്‍ക്കും ഗുരുവായിട്ടുള്ള രാജാവിനെ നിരസിക്കുകയാണെങ്കില്‍ ജനങ്ങളുടെ ദാനം, യജ്ഞം, ശ്രാദ്ധം എന്നിവയ്ക്കു ഫലമില്ലാതാകും. രാജാവ് മനുഷ്യര്‍ക്ക് അധിപതിയാണ്. ശാശ്വതനായ ദേവകൽപനാണ്. ധര്‍മ്മം കാംക്ഷിക്കുനവനായ രാജാവിനെ ദേവന്മാര്‍ പോലും മാനിക്കാതിരിക്കില്ല. ഈ ജഗത്തെല്ലാം സൃഷ്ടിച്ചത് ഭഗവാനായ പ്രജാപതിയാകുന്നു. ധര്‍മ്മങ്ങളുടെ പ്രവൃത്തി നിവൃത്തികള്‍ക്കായി ക്ഷത്രത്തേയും ആ ബബ്രഹ്മാവ് ഇച്ഛിക്കുന്നു. പ്രവൃത്തമായ ധര്‍മ്മത്തിന്റെ ഗതിയെ ബുദ്ധി കൊണ്ടു ചിന്തിക്കുന്നവന്‍ എനിക്കു മാന്യനും പൂജ്യനുമാണ്. അതിലാണ് ക്ഷത്രത്തിന്റെ നിലനില്‍പ്.
ഭീഷ്മൻ പറഞ്ഞു: എന്നു പറഞ്ഞ് ഭഗവാന്‍ മരുല്‍ ഗണങ്ങളോടു കൂടി നാശമില്ലാത്ത ശാശ്വതസ്ഥാനമായ വൈകുണ്ഠത്തിലേക്കു പോയി. ഇപ്രകാരം ധര്‍മ്മം നന്നായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ക്ഷാത്രത്തെ അറിവുളളവര്‍ ആരെങ്കിലും നിന്ദിക്കുമോ? അന്യായത്താല്‍ പ്രവൃത്തങ്ങളും നിവൃത്തങ്ങളുമായ സകലതും ഇടയ്ക്കു വെച്ച്, വഴിയില്‍ കുരുടന്‍ എന്നപോലെ, വിലയം പ്രാപിച്ചു പോകും. ആദിയില്‍ പ്രവര്‍ത്തിച്ച ചക്രത്തില്‍, ആദ്യത്തില്‍ ആശ്രയിച്ച ധര്‍മ്മത്തില്‍ അല്ലയോ രാജേന്ദ്രാ। പ്രവര്‍ത്തിച്ചാലും. അനഘാശയാ, പുരുഷ വ്യാഘ്രാ, നിന്റെ ശ്രേഷ്ഠത എനിക്കറിയാം.
അദ്ധ്യായം 66. ചതുരാശ്രമവിധി - യുധിഷ്ഠിരന്‍ പറഞ്ഞു: മഹാത്മാവേ, അങ്ങ് പറഞ്ഞ വിധത്തിലുള്ള നാല് ആശ്രമങ്ങളെക്കുറിച്ചും ഞാന്‍ കേട്ടു. എന്നാല്‍, അവയെ വിസ്തരിച്ചു മനസ്സിലാക്കിയാല്‍ കൊളളാമെന്നുണ്ട്. അവ വിശദീകരിച്ചു തരേണമെന്ന് അഭൃര്‍ത്ഥിക്കുന്നു.
ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ, എല്ലാ ധര്‍മ്മങ്ങളും നിനക്കറിവുണ്ടല്ലേ. സജ്ജനസമ്മതമായ ആ ധര്‍മ്മങ്ങളെല്ലാം ഞാന്‍ മനസ്സിലാക്കിയ മാതിരിയൊക്കെ നിനക്കും അറിയാമല്ലോ. മഹാബാഹോ! ഇപ്പോള്‍ നീ ചോദിച്ച കാര്യങ്ങള്‍ സൂക്ഷ്മമായ കാരണങ്ങളോട് ബന്ധപ്പെട്ടവയാണ് ഹേ ധര്‍മ്മശ്രേഷ്ഠാ! ഞാന്‍ ആ ധര്‍മ്മങ്ങളെപ്പറ്റി വിസ്തരിച്ചു പറയാം. യുധിഷ്ഠിരാ! നീ ആ ,ധര്‍മ്മത്തെപ്പറ്റി വിശദമായി ഗ്രഹിച്ചുകൊള്ളുക.
നാല് ആശ്രമം പാലിക്കുന്നവനുള്ള പുണ്യങ്ങളെല്ലാം നല്ലവനായ രാജാവില്‍ അടങ്ങിയിരിക്കുന്നു. കാമദ്വേഷങ്ങളുറ്റവന്ന് ജീവിയാല്‍ സമദര്‍ശിയായവന്ന് ദണ്ഡനീതിയനുസരിച്ചു ഭരിക്കുന്നവന്ന് സന്യാസ പദം കൊണ്ടുളള എല്ലാ പുണ്യവും കിട്ടും. ജഞാനവിസര്‍ഗ്ഗങ്ങള്‍ കണ്ടും, നിഗ്രഹാനുഗ്രഹങ്ങള്‍ കണ്ടും, വിധിക്കധീനനായി നില്ക്കുന്ന ധീരന്ന് ഗൃഹസ്ഥാശ്രമം കൊണ്ടുള്ള ഫലം ലഭിക്കുന്നതാണ്. പുജ്യന്മാരെ വേര്‍ തിരിച്ചറിഞ്ഞ് വേണ്ട വിധം പൂജിക്കുന്നവന്ന് ബ്രഹ്മചര്യത്തിന്റെ ഫലം ലഭിക്കുന്നതാകുന്നു.
ആപത്തില്‍ പെട്ട ജഞാതികളേയും, സംബന്ധികളേയും, മിത്രങ്ങളേയും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടില്‍ നിന്നു കര കയറ്റുന്നവന്‍ വൈഖാനസന്മാരുടെ പദവിയില്‍ ചേരുന്നതാണ്. ലോകത്തിലെ പ്രമുഖന്മാര്‍ക്കും, ലിംഗികള്‍ക്കും സല്ക്കാരങ്ങള്‍ ചെയ്ത് പ്രീതിപ്പെടുത്തന്നവര്‍ക്ക് വന്യാശ്രമികളുടെ പദവി ചേരുന്നതാണ്. ഹോമം, പിതൃയജ്ഞങ്ങള്‍, ഭൂതമാനുഷങ്ങളായ യജ്ഞങ്ങള്‍ എന്നിവ വേണ്ടുവോളം ചെയ്യുന്നവന്ന് വന്യാശ്രമികളുടെ പദവി ലഭിക്കുന്നതാണ്. ജിവികളില്‍ യഥാവസരം പാര്‍ത്ഥപുജ ചെയ്യുകയും ശിഷ്ടന്മാര്‍ക്കു വേണ്ടി ശത്രുമര്‍ദ്ദനം ചെയ്യുകയും ചെയ്യുന്നവന്ന് ഹേ സത്യവിക്രമാ, വന്യാശ്രമിക്കുളള പദവി ചേരുന്നതാണ്. എല്ലാജീവികളേയും കാത്തുരക്ഷിച്ച്, സ്വന്തം രാജ്യത്തെ രക്ഷിച്ച് ധര്‍മ്മവ്രതനായി ജീവിക്കുന്ന ക്ഷത്രിയന്ന് സന്യാസ പദം ചേരുന്നതാണ്. വേദാദ്ധ്യയനം തെറ്റാതെ നടത്തുക, ക്ഷമയോടെ ആചാര്യന്മാരെ പൂജിക്കുക, ഗുരു ജനങ്ങളെ ശുശ്രൂഷിക്കുക എന്നിവയോടെ ജീവിക്കുന്നവന്ന് ബ്രഹ്മചര്യത്തിന്റെ പദവി ചേരുന്നതാണ്. ആഹ്നികം ജിവിക്കുന്നവനും, ദേവന്മാരെ അര്‍ച്ചിക്കുന്നവനും ധര്‍മ്മത്താല്‍ ഹേ വീരാ, ധര്‍മ്മാശ്രമത്തിന്റെ പദം ചേരുന്നതാണ്.
മരണമോ രക്ഷയോ ഏതു തന്നെയായാലും അവയെ ഗണിക്കാതെ പ്രാണന്‍ കളഞ്ഞും ധര്‍മ്മത്തെ പാലിക്കുവാന്‍ സന്നദ്ധനായവന്ന് ബ്രഹ്മാശ്രമത്തിന്റെ പദം ചേരുന്നതാണ്. എന്നും ഏവരിലും കൌടിലൃ ശാസ്ത്രത്തിന്റെ വഴിയെ പിന്‍തുടരാത്ത രാജാവിന്നു (ബഹ്മാശ്രമപദം കിട്ടുന്നതാണ്. നല്ലപോലെ ജീവകാരുണ്യത്തോടെ പെരുമാറുന്ന അഹിംസാപരനായ രാജാവിന്ന് എല്ലാ അവസ്ഥയിലുമുള്ള പദവിയും ലഭിക്കുന്നതാണ്. ബാലന്മാരോടും വൃദ്ധരോടും എല്ലാ കാലത്തും ദയയോടെ പെരുമാറുന്നവന്ന് എല്ലാ അവസ്ഥയിലുമുള്ള പദവിയും വന്നു ചേരുന്നതാണ്. ആക്രമിക്കപ്പെടുന്ന ജീവികളെ ആപത്തില്‍ നിന്നു രക്ഷ പ്പെടുത്തുന്നവന്ന്, തന്നെ ആശ്രയിക്കുന്നവനെ രക്ഷിക്കുന്നവന്ന്, എല്ലാ ഗൃഹസ്ഥാശ്രമിയുടെ പുണൃഫലം കിട്ടുന്നതാണ്. ചരാചരങ്ങളായ ജീവികളെ എന്നും പരിരക്ഷിക്കുന്നവന്ന് ഗാര്‍ഹസ്ഥൃത്തിന്റെ പുണ്യഫലം സിദ്ധിക്കുന്നതാണ്.
ജ്യേഷ്ഠക്രമമനുസരിച്ച് ഭ്രാതാവ്, ഭാര്യ, പുത്രന്‍, പൌത്രന്‍ എന്നിവരോട് വേണ്ട മാതിരി നിഗ്രഹാനുഗ്രഹത്തോടെ പെരുമാറുന്നവന്ന് ഗൃഹസ്ഥാശ്രമ ഫലവും വലിയ തപസ്സിന്റെ ഫലവും ലഭിക്കുന്നതാണ്. പൂജാ സംവിജിതാത്മാക്കളും പൂജ്യരുമായ സജ്ജനങ്ങളുടെ സംരക്ഷണത്താല്‍ ഹേ പുരുഷവ്യാഘ്രാ! ഗൃഹസ്ഥാശ്രമികളുടെ പുണ്യം അവന്നു ലഭിക്കുന്നതാണ്. ആശ്രമസ്ഥന്മാരെ തന്റെ ഗൃഹത്തില്‍ സ്വീകരിച്ച് മൃഷ്ടാന്നം നല്കി സൽക്കരിച്ചു പൂജിക്കുന്നവന്ന് ഗൃഹസ്ഥാശ്രമിയുടെ മഹത്തായ പുണ്യം ലഭിക്കുന്നതാണ്.
ബ്രഹ്മകല്പിതമായ ധര്‍മ്മത്തില്‍ ശരിക്കു നില്‍ക്കുന്നവന്‍ എല്ലാ ആശ്രമങ്ങളുടേയും ഫലമേല്ക്കുന്നതാണ്. ഏതവനില്‍ ഗുണങ്ങള്‍ നാശമേല്ക്കാതെ നില്ക്കുന്നുവോ, അങ്ങനെയുള്ള ആശ്രമസ്ഥന്‍ ഹേ യുധിഷ്ഠിരാ! നരശ്രേഷ്ഠനാകുന്നു.
സ്ഥാനത്തെ മാനിക്കുക, വംശത്തെ മാനിക്കുക, വയസ്സിനെ മാനിക്കുക, ഇങ്ങനെ എല്ലാ വിധത്തിലും മാനിക്കേണ്ടവയെ മാനിക്കുന്ന ധീമാന്‍ എല്ലാ ആശ്രമങ്ങളുടേയും വിശിഷ്ടമായ പദത്തെ പ്രാപിക്കുന്നവനാകുന്നു. എല്ലാ ദേശധര്‍മ്മങ്ങളും, എല്ലാ കുലധര്‍മ്മങ്ങളും മനസ്സിലാക്കി പാലിക്കുന്ന രാജാവ് എല്ലാ ആശ്രമത്തിന്റേയും പുണ്യഫലത്തെ പ്രാപിക്കുന്നവനാകുന്നു.
സജ്ജനങ്ങള്‍ക്ക് വേണ്ടതായ ധനവും സമ്മാനങ്ങളും നല്കി സക്കരിക്കന്നവന്‍ സജ്ജനാശ്രമമാനിയായിത്തീരും. ദശ ധര്‍മ്മം വിട്ട് എല്ലാ ജനത്തിന്നും ധര്‍മ്മം ചെയ്യുന്ന രാജാവ് ശരി യായ ആശ്രമിയാണ്.
ധര്‍മ്മകുശലരായ ആരൊക്കെ ധര്‍മ്മം ചെയ്യുന്നുവോ, ആര് രക്ഷിക്കുകയാല്‍ നാട് നന്നാകുന്നുവോ, അവര്‍ അതിന്റെ പുണ്യധര്‍മ്മ ഫലത്തെ പ്രാപിക്കുന്നു.
ധര്‍മ്മജ്ഞരും ധര്‍മ്മപരന്മാരുമായ മര്‍ത്ത്യരെ കാത്തു രക്ഷിക്കാത്ത രാജാക്കള്‍ അതിന്റെ പാപം ശരിക്കുമേല്ക്കുന്നതാ ണ്. ആരൊക്കെയാണോ രാജാവിനെ സഹായിക്കുന്നത്, രാജാവിന്നു കിട്ടുന്ന ഫലത്തില്‍ ഒരു ഓഹരി ആ സഹായികള്‍ക്കും ലഭിക്കുന്നതാണ്.
എല്ലാ ആശ്രമങ്ങളിലും വെച്ച് ദീപ്തവും പാവനവുമായത് തീര്‍ച്ചയായും ഗൃഹസ്ഥാശ്രമമാണ്. ആ ആശ്രമമാണ് നാം സേവിച്ചുവരുന്നത്.
എല്ലാ ജീവികളേയും തന്നെപ്പോലെ കരുതുന്ന മനുഷ്യന്‍ ദണ്ഡം വിട്ടവനും, ക്രോധം ജയിച്ചവനുമായി, ആ മാനവന്‍ തീര്‍ച്ചയായും ഇഹത്തിലും പരത്തിലും സുഖിക്കുന്നതാണ്.
ധര്‍മ്മത്തില്‍ ധര്‍മ്മസേതു കയറുന്നതും, സത്വവിര്യം ചേര്‍ന്നതും, ത്യാഗക്കാറ്റില്‍ പായുന്നതുമായ തോണി നിന്നെ ഐഹികമായ ദുഃഖത്തില്‍ നിന്നു കരകയറ്റും. ഉള്ളില്‍പ്പെട്ട കാമങ്ങള്‍ എന്ന് വിട്ടൊഴിയുന്നുവോ അന്ന് അവന്‍ സത്വസ്ഥനായി ഭവിക്കുന്നു. അവന് പിന്നെ ബ്രഹ്മാനുഭൂതി ലഭിക്കുന്നതാണ്. പാലനത്തില്‍ തല്‍പരനും നല്ല പോലെ പ്രസന്നനുമായ നരന്‍ ഭാവയോഗങ്ങളാല്‍ ധര്‍മ്മത്തെ നേടുന്നതാണ്. വേദം ചൊല്ലി സല്‍ക്കര്‍മ്മം ചെയ്യുന്ന ബ്രാഹ്മണരെ പാലിക്കുന്നതില്‍ നീ ജാഗരൂകനാവുക. അതുപോലെ മറ്റുളളവരേയും നീ പാലിക്കുക.
ഹേരാജാവേ,ധര്‍മ്മത്തേക്കാളും ആശ്രമത്തേക്കാളുമേറെ മഹത്തായിട്ടുള്ളത് സജ്ജനപാലനമാകുന്നു. അങ്ങനെ വേദജ്ഞരായ സല്‍ബ്രാഹ്മണരെ പാലിക്കുന്ന രാജാവിന്നു നൂറിരട്ടി ധര്‍മ്മഫലം ലഭിക്കുന്നതാണ്. |
ഹേ പാണ്ഡവശ്രേഷ്ഠാ! ഞാന്‍ ഭവാന്‍ പലതരം ധര്‍മ്മങ്ങളെ പറഞ്ഞു തന്നു. അത് പണ്ടേ നടപ്പുളള ശാശ്വത ധര്‍മ്മമാണെനറിഞ്ഞ് നീ അനുഷ്ഠിക്കുക. നാലാശ്രമത്തിന്നും, നാലു വര്‍ണ്ണത്തിന്നും, ചേര്‍ന്ന ധര്‍മ്മം നീ പാലിക്കുകയാണെങ്കില്‍ അവയ്ക്കെല്ലാറ്റിനുമുളള പുണൃഫലം നീ നേടുന്നതാണ് നര വ്യാഘ്രാ!
അദ്ധ്യായം 67. രാജകരണാവശ്യകത്വകഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: നാല് ആശ്രമങ്ങളെപ്പറ്റിയും നാലു വര്‍ണ്ണങ്ങളെപ്പറ്റിയും ഭവാന്‍ പറഞ്ഞു തന്നു. ഇനി രാഷ്ട്രത്തിന് വേണ്ടി ചെയ്യേണ്ടതെന്തൊക്കെയാണെന്ന് ഹേ മാഹശയാ! പറഞ്ഞുതരണേ!
ഭീഷ്മൻ പറഞ്ഞു: രാഷ്ട്രത്തിന്ന് ഉത്തമമായ കാര്യം ഒരു രാജാവിനെ അഭിഷേചിക്കുക എന്നതാണ്. രാജാവില്ലെങ്കില്‍ രാജ്യത്തു വളരെ ആപത്തുകള്‍ നേരിടും. നാഥനില്ലാത്ത നാട്ടില്‍ കള്ളന്മാരും കൊള്ളക്കാരും വന്നു കയറും. രാജാവില്ലാത്ത നാട്ടില്‍ ധര്‍മ്മം നിലനില്ക്കുന്നതല്ല. തമ്മില്‍ത്തമ്മില്‍ പിടിച്ചു തിന്നുന്ന മാതിരി മനുഷ്യര്‍ മൃഗപ്രായരായിത്തീരും. ശ്രുതിയില്‍ ഇന്ദ്രനെ രാജാവായി വരിക്കുന്നുവെന്നു പറയുന്നു. ഭൂതി ഇച്ഛിക്കുന്നവന്നു രാജാവ് ഇന്ദ്രനെപ്പോലെ പുജ്യനാകുന്നു.
രാജാവില്ലാത്ത നാട്ടില്‍ പാര്‍ക്കരുത്. രാജാവില്ലാത്ത രാജ്യത്ത് അഗ്നിഹവ്യം സ്വീകരിക്കയില്ല. രാജാവില്ലാതെ വീര്യംകെട്ട നാട്ടില്‍ ഞാനാണ് രാജാവ് എന്നു പറഞ്ഞ് ഒരു ബലവാന്‍ മറുനാട്ടില്‍ നിന്നു വന്നു കയറുകയാണെങ്കില്‍ അവനെ ആ നാട്ടുകാര്‍ എതിരേറ്റ് അര്‍ച്ചിച്ച് കൂട്ടിക്കൊണ്ടു പോന്ന് രാജാവാക്കണം. അതാണ് അപ്പോള്‍ ഉത്തമമായിട്ടുള്ളത്. അരാജകത്വത്തേക്കാള്‍ കഷ്ടമായി മറ്റൊന്നുമില്ല. അതു മനസ്സിലാക്കി, ആ രാജാവ് പാലിക്കുകയാണെങ്കില്‍ എല്ലാം മംഗളമായി ഭവിക്കുന്നതാണ്. ബലവാന്‍ ചൊടിക്കുകയാണെങ്കില്‍ കുഴപ്പത്തിലാകും. കറക്കുവാന്‍ വിഷമമുള്ള പശു വളരെയേറെ ക്ലേശം സഹിക്കേണ്ടതായി വന്നു കൂടും. കറവിന്ന് എളുപ്പമുള്ള പശുവിന്നു യാതൊരു പരുക്കും ഏല്ക്കുന്നതല്ല. താപം കൂടാതെ കീഴ്വഴങ്ങി നില്ക്കുന്നതു കൊണ്ട് യാതൊരു ദുഃഖത്തിന്നും വഴി വെക്കുന്നതല്ല. തന്നെത്താനെ വളഞ്ഞു വളരുന്ന കൊമ്പ് ആരും ബലം പ്രയോഗിച്ച് പിടിച്ചു വളയ്ക്കുകയില്ലല്ലെഠ! ഈ ദൃഷ്ടാന്തം കണ്ടു കൊണ്ട് ഹേ വീരാ, ബലവാനെ വഴങ്ങുകയാണു വേണ്ടത്. ബലവാനെ വഴങ്ങുന്നവന്‍ ദേവേന്ദ്രനെ വഴങ്ങുന്നതായി മനസ്സിലാക്കുക, അതു കൊണ്ട് ഐശ്വര്യം കാംക്ഷിക്കുന്നവര്‍ രാജാവിനെ നാട്ടില്‍ വാഴിക്കുകയാണു ചെയ്യേണ്ടത്. രാജാവില്ലാത്ത നാട്ടിലെ ജനങ്ങള്‍ക്ക് ധനം സ്വന്തമാക്കാനോ ഭാര്യയെ സ്വന്തമാക്കാനോ ഉപഭോഗങ്ങളെ അധീനത്തില്‍ വെക്കുവാനോ കഴികയില്ല. രാജാവില്ലാത്ത നാട്ടില്‍ പാപികള്‍ അന്യരുടെ ദ്രവ്യം പിടിച്ചു പറിച്ച് രസിക്കും. മറ്റുളളവര്‍ അവന്റെ ധനം പിടിച്ചു പറിക്കാനൊരുങ്ങുമ്പോഴാണ് അവന്‍ രാജാവില്ലാത്തതിന്റെ ദോഷം അറിയുക. പാപികള്‍ക്കും ഒരിക്കലും തങ്ങള്‍ നേടിയ സ്വത്ത് അനുഭവിക്കാന്‍ കഴിയുന്നതല്ല. ഒരുത്തന്റെ ധനം രണ്ടുപേര്‍ കൈയിലാക്കും. രണ്ടു പേരുടെ കൈയില്‍ക്കിട്ടിയത് അനേകം പേര്‍ ബലമായി പിടികൂടും. ദാസന്മാര്‍ അദാസസന്മാരാകും. സ്ത്രീകളെ ബലമായി പിടികൂടും. അപഹരിക്കും. അതു കൊണ്ടാണ് ദേവകള്‍ പ്രജാപാലന്മാരെ നിശ്ചയിച്ചത്. ആദ്യമേ തന്നെ ദണ്ഡധരനായ രാജാവ് ലോകര്‍ക്കില്ലെങ്കില്‍ ജലത്തിലെ മത്സ്യങ്ങള്‍ പോലെ ബലമേറിയവര്‍ ബലം കുറഞ്ഞവരെ വെട്ടിവിഴുങ്ങും.
പണ്ട് രാജാവില്ലാത്ത നാട്ടില്‍ പ്രജകള്‍ ഇത്തരത്തില്‍, ശക്തന്‍ അശക്തനെ, മത്സ്യങ്ങളെപ്പോലെ പരസ്പരം ആക്രമിച്ച് തിന്നൊടുക്കിയെന്നു കേള്‍ക്കുന്നു. അങ്ങനെ വന്നപ്പോള്‍ ശേഷിച്ച കൃശന്മാരൊക്കെക്കൂടി സമ്മേളിച്ച് ഒരു കരാര്‍ചെയ്തു എന്നു കേള്‍ക്കുന്നു. ആ കരാറുപ്രകാരം വാക്ശൂരനും, ദണ്ഡപരുഷനും, പരദാരാപഹാരിയും പരസ്വത്ത് അപഹരിക്കുന്നവനും നാട്ടില്‍ നിന്ന് ഓടിക്കേണ്ടവരാണ്. ഇങ്ങനെ എല്ലാ ജാതിക്കാരും, പരസ്പര വിശ്വാസത്തോടെ തങ്ങളുടെ ക്ഷേമത്തിന്നു വേണ്ടി വിശേഷമായ ഒരു കരാറുണ്ടാക്കി ഒന്നിച്ചുചേര്‍ന്നുനിന്നു.. പിന്നെ ആ ദുഃഖിതന്മാര്‍ ഒന്നിച്ചു പോയി ബ്രഹ്മാവിനെ കണ്ടു. അവര്‍, ആവലാതി പറഞ്ഞു: ദേവാ, ഭഗവാനേ! ഞങ്ങള്‍ നാഥനില്ലാത്തവരായി നശിക്കുന്നു. ഒരു രാജാവിനെ ഞങ്ങള്‍ക്കു തരണേ! ഞങ്ങളെ രക്ഷിക്കുന്ന അവനെ ഞങ്ങളെല്ലാവരും ബഹുമാനിക്കാം. ഉടനെ ബ്രഹ്മാവ് മനുവിനെ ഭുമിയിലേക്ക് വിട്ടു. മനു ചെന്നു കണ്ടപ്പോള്‍ ലോകത്തിലെ സ്ഥിതി ഒട്ടും അദ്ദേഹത്തിന്ന് പിടിച്ചില്ല.
മനു പറഞ്ഞു: ഞാന്‍ ഭയപ്പെടുന്നു. രാജ്യം വളരെ നാശമായിക്കിടക്കുന്നു. ഇവരെ നന്നാക്കുവാനുള്ള വഴി ഞാന്‍ കാണുന്നില്ല. മിഥ്യാവൃത്തരായ ജനങ്ങളാണു നിറയെക്കാണുന്നത്. ഇവരെ എങ്ങനെ നേരെയാക്കാനാണ്? എന്നെക്കൊണ്ട് വിഷമമാണ്.
ഭീഷ്മൻ പറഞ്ഞു: മനു ഇപ്രകാരം പറഞ്ഞതു കേട്ട് നാട്ടിലെ ജനങ്ങള്‍ ഒത്തു കൂടി അവനോട് പറഞ്ഞു. ഹേ മഹാശയാ, ഭയപ്പെടേണ്ട. തെറ്റു ചെയ്തവരെ ശിക്ഷിക്കാം. ഞങ്ങളുടെ കൈവശമുള്ള പശുക്കളില്‍ അമ്പതില്‍ ഒന്നുവീതം അങ്ങയ്ക്കു നല്കാം. സ്വര്‍ണ്ണത്തില്‍ അമ്പതില്‍ ഒരുഭാഗം അങ്ങയ്ക്ക് നല്കാം. മറ്റു ധനങ്ങളില്‍ പത്തിലൊന്നു തരാം. അത് കൊണ്ട് ഭണ്ഡാരം വര്‍ദ്ധിപ്പിക്കാം. പിന്നെ വേലക്കാരായ കനൃകമാരില്‍ ശുല്ക്കമായി സുന്ദരിമാരായ കന്യകമാരെ അങ്ങയ്ക്ക് നല്കുന്നതാണ്. ശസ്ത്രവാഹനങ്ങളോടൊത്ത് വമ്പന്മാരായ മര്‍ത്തൃര്‍ അങ്ങയെ വാഹനങ്ങളില്‍ ആഡംബരത്തോടെ ഇന്ദ്രനെ ദേവകള്‍ എന്ന പോലെ പിന്‍തുടരുന്നതാണ്. അങ്ങ് ഞങ്ങളുടെ ബലവനാനായ രാജാവാണ്. പ്രതാപവാനായ രാജാവാണ്. കുബേരന്‍ നൈരൃതര്‍ക്ക് എന്ന പോലെ നീ ഞങ്ങള്‍ക്ക് സുഖം നല്കുവാന്‍ കെല്പുളളവനാണ്. രാജാവ് സംരക്ഷിക്കുന്ന പ്രജകള്‍ ഏതു ധര്‍മ്മം നടത്തുന്നുവോ അതിന്റെ ഫലം നാലിലൊരു ഭാഗം അങ്ങയ്ക്ക് ലഭിക്കുന്നതാണ്. എളുപ്പത്തില്‍ കൈവന്ന ഈ മഹത്തായ ധര്‍മ്മത്താല്‍ വിജയിച്ചരുളുന്ന ഭവാന്‍, ഇന്ദ്രന്‍ ദേവകളെയെന്ന വിധം ഞങ്ങളെയെല്ലാം പാലിച്ചാലും. തപിക്കുന്ന ആദിതൃനെ പോലെ ജയിക്കുവാനായി പുറപ്പെട്ടാലും. വൈരികളുടെ മാനം നശിപ്പിക്കുക. ധര്‍മ്മം ഏതു കാലത്തും ജയിക്കും.
അങ്ങനെ പ്രജകള്‍ പറഞ്ഞപ്പോള്‍ മനു വളരെ സൈന്യ ങ്ങളെ കൂട്ടിയിണക്കി വലിയ അഭിമാനത്തോടെ തേജസ്സു കൊണ്ട് പ്രകാശിക്കുന്നവിധം പുറപ്പെട്ടു.
മനുവിന്റെ മഹത്വം കണ്ട്, ശക്രനെപ്പോലെയുള്ള തേജസ്സു കണ്ട്, അവരൊക്കെ ത്രസിച്ചുപോയി. കള്ളന്മാരും കൊളളക്കാരുമൊക്കെ പേടിച്ചു വിറച്ചു. എല്ലാ ജാതിക്കാരും അവരവരുടെ കര്‍മ്മത്തില്‍ മനസ്സു വെച്ചു. മഴ പെയ്യുന്ന കാറു പോലെ അവര്‍ ആഡംബരത്തോടെ ഊഴി ചുറ്റി. പാപികളെ എല്ലാം അടക്കി സ്വധര്‍മ്മനിരതരാക്കി.
ഇപ്രകാരം ഭൂതിയെ ഇച്ഛിക്കുന്ന മര്‍ത്ത്യര്‍ രാജ്യത്ത് ആദ്യം രാജാവിനെ പ്രജകളുടെ ഗുണത്തിന്നായി വാഴിക്കുന്നു. ഭക്തിയോടു കൂടി അടുത്തു ചെന്ന്, ദേവന്മാര്‍ ഇന്ദ്രനെയെന്ന പോലെ ജനങ്ങള്‍ രാജാവിനെ വണങ്ങുന്നു. സ്വജനങ്ങളാല്‍ ബഹുമാനിക്കപ്പെടുന്നവനെ അന്യരും ബഹുമാനിക്കും. സ്വജനങ്ങൾ തള്ളിക്കളഞ്ഞവനെ അന്യന്മാരും തള്ളിക്കളയും. ശത്രുക്കള്‍ ചെയ്യുന്ന രാജനിന്ദ എല്ലാവര്‍ക്കും ദുഃഖഹേതുകമാണ്. അതു കൊണ്ട് വാഹനം, വെണ്‍കൊറ്റക്കുട, വസ്ത്രങ്ങള്‍, ഭൂഷണങ്ങള്‍, ഭോജനം, പാനം, ഗൃഹം, ശയ്യാസനങ്ങള്‍, മറ്റുളള സകല ഉപകരണങ്ങള്‍ ഇവയൊക്കെ ജനങ്ങള്‍ രാജാവിന്ന് നല്കുന്നു.
രാജാവ് കാര്യങ്ങള്‍ മറച്ചു വെക്കണം. എന്നാലും ദുരാധര്‍ഷനാകണം. പുഞ്ചിരിയോടെ പ്രസന്നനായി സംസാരിക്കണം. ഇങ്ങോട്ട് സംസാരിക്കുന്നവരോട് ഉത്തരം ഭംഗിയായി പറയണം. കൃതജ്ഞനും, കൂറുള്ളവനും ആകണം, ദാനശീലനാകണം, ജിതേന്ദ്രിയനാകണം, നോക്കിയാല്‍. അങ്ങോട്ടും നോക്കണം. അതു വളരെ മൃദുവായും പ്രസന്നമായും ആയിരിക്കണം.
അദ്ധ്യായം 68. ആംഗിരസവാക്യം - രാജാവില്ലാഞ്ഞാലുളള ദോഷം, ഉണ്ടായാലുളള ഗുണം - യുധിഷ്ഠിരന്‍ പറഞ്ഞു; രാജാവിനെ ബ്രാഹ്മണര്‍ പോലും ദൈവതമായി പറയുന്നുണ്ടല്ലോ. ഹേ ഭരതര്‍ഷഭാ, അതിനെപ്പറ്റി അങ്ങ് വിവരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭീഷ്മൻ പറഞ്ഞു: അതിന്ന് ഉദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്. വ്യാഴത്തോട് വസുമനസ്സു ചോദിച്ച കാര്യമാണ് ആ കഥ.
പണ്ട് കോസല രാജാവായ വസുമനസ്സ് എന്ന ബുദ്ധിമാന്‍, മഹാപ്രാജ്ഞനും വിനയജ്ഞനും മുനി പുംഗവനുമായ ബൃഹസ്പതിയോട് പ്രദക്ഷിണം ചെയ്ത്, വണങ്ങി, വിധിപൂര്‍വ്വം, വിനയോപക്രമത്തോടെ, പ്രജകളുടെ സുഖത്തില്‍ താല്‍പര്യം മൂലം, സര്‍വ്വലോകഹിതത്തിന്നു വേണ്ടുന്ന കാര്യം ഗ്രഹിക്കുവാന്‍ വേണ്ടി ചോദിച്ചു.
വസുമനസ്സ് പറഞ്ഞു: ഹേ ധര്‍മ്മജ്ഞാ। എന്തിനാല്‍ ജീവികള്‍ അഭിവൃദ്ധിപ്പെടുന്നു? എന്തുകൊണ്ട് ജീവികള്‍ ക്ഷയിക്കുന്നു? ആരെ പൂജിച്ചാല്‍ ജിവികള്‍ക്കു നിത്യമായ സുഖം സിദ്ധിക്കും?
ഓജസ്വിയായ കോസലരാജാവ് ഇപ്രകാരം ചോദിച്ചപ്പോള്‍ പണ്ഡിതനായ ബൃഹസ്പതി അവ്യഗ്രമായി രാജാവിനെ സൽകരിച്ച് ഇപ്രകാരം പറഞ്ഞു.
ബൃഹസ്പതി പറഞ്ഞു: ഹേ പ്രാജ്ഞാ! രാജാവുള്ളതു കൊണ്ടാണ് നരന്മാരില്‍ ധര്‍മ്മം നില നില്ക്കുന്നത്. ജനങ്ങള്‍ രാജാവിനെ ഭയപ്പെട്ടാണ് തമ്മില്‍ പിടിച്ചു തിന്നാതിരിക്കുന്നത്. ഉയര്‍ന്നു നിന്ന് ഉത്സുകമായ ലോകത്തെ മുഴുവന്‍ രാജാവ് ധര്‍മ്മത്താല്‍ പ്രസാദിപ്പിക്കുകയും, താന്‍ പ്രസാദിച്ച് വിളങ്ങുകയും ചെയ്യുന്നു. സൂര്യചന്ദ്രന്മാര്‍ ഉദിക്കാതിരുന്നാല്‍ ഭൂമി ഇരുളടഞ്ഞു പോവുകയും, തമ്മില്‍ കാണാത്ത വിധമാവുകയും ചെയ്യുമല്ലോ. അതു പോലെ വെളളം കുറഞ്ഞ സ്ഥലത്ത് മീനുകളും, ബാധയില്ലാത്ത ദിക്കില്‍ മൃഗങ്ങളും തമ്മില്‍ കൊന്നു തിന്ന് ഇഷ്ടം പോലെ പുളയ്ക്കുന്ന മട്ടിലും, തമ്മില്‍ത്തല്ലി, തമ്മില്‍ പിടിച്ചു പറിച്ച്, അധികം താമസിക്കാതെ സര്‍വ്വവും നശിച്ചുപോകും. അതില്‍ യാതൊരു സംശയവുമില്ല. അതു പോലെ രാജാവില്ലെങ്കില്‍ നാട്ടുകാരൊക്കെ പരസ്പരം കൊള്ളയടിച്ചും, പിടിച്ചു പറിച്ചും, കലഹിച്ചും നശിക്കും. ഇടയനില്ലാത്ത പശുക്കള്‍ പോലെ എല്ലാവരും കുരിരുട്ടില്‍പ്പെട്ടു പോകും. ദുര്‍ബ്ബലന്റെ സ്വത്തെല്ലാം ബലവാന്‍ അപഹരിക്കും. എതിര്‍ത്തേറ്റാലോ വെട്ടി കൊന്നു കളയും. രാജാവ് പാലിക്കാനില്ലെങ്കില്‍ നാട്ടുകാരുടെ കഥ ഇതാണ്. "ഇത് എന്റെയാണ്", "ഇത് എന്റെയാണ്" എന്നു പറഞ്ഞ് സ്വത്ത് കണ്ടവന്‍ പിടികൂടും. ഭാര്യയുണ്ടാകയില്ല, മക്കളുണ്ടാകയില്ല, ഇരിപ്പിടമുണ്ടാകയില്ല. ചുറ്റും സര്‍വ്വത്ര നാശം വന്നു കൂടും. രാജാവില്ലാഞ്ഞാലത്തെ കഥ ഇതാണ്.
യാനം, വസ്ത്രം, അലങ്കാരം, പലതരം രത്നം, ഇവയ്ക്കൊന്നും രക്ഷയില്ല. കണ്ടവര്‍ തട്ടിപ്പറിക്കും. രാജാവില്ലെങ്കില്‍ ഇതാണ് കഥ. രാജാവ് പാലിക്കാഞ്ഞാല്‍ അധര്‍മ്മം പിടിപെടും. അമ്മയേയും, അച്ഛനേയും, വൃദ്ധന്മാരേയും, ഗുരുക്കന്മാരേയും, പാന്ഥന്മാരേയും, ആചാര്യന്മാരേയും ക്ലേശിപ്പിക്കുകയും, ഹിംസി ക്കുകയും ചെയ്യും. രാജാവില്ലാഞ്ഞാലത്തെ കഥ ഇതാണ്.
ധനവാന് ഒരു രക്ഷയും ഭൂമിയില്‍ കിട്ടുകയില്ല. അവരെ പിടിച്ച് തലവെട്ടും, പിടിച്ച് കെട്ടിയിടും, പിടിച്ചു ചവിട്ടി എല്ലൊടിച്ച് ധനം അപഹരിക്കും. എന്റേത് എന്ന് അവകാശപ്പെടാന്‍ ഒന്നും ഉണ്ടാവുകയില്ല. ഇതൊക്കെയാണ് രാജാവില്ലാഞ്ഞാലത്തെ കഥ.
കാലം എത്തുന്നതിന് മുമ്പെ ചാകും. ലോകം കൊളുളക്കാരുടെ കൈയിലാകും. എല്ലാവരും നരകയാതന അനുഭവിക്കും. രാജാവില്ലാഞ്ഞാലത്തെ കഥ ഇതാണ്.
വ്യഭിചാരം ഒരു കുറ്റമാവുകയില്ലു. കൃഷിയും കച്ചവടവും നടക്കുകയില്ല. ധര്‍മ്മം താണു പോകും; ത്രയി കെട്ടു പോകും. ഇതൊക്കെ രാജാവില്ലാഞ്ഞാല്‍ സംഭവിക്കും. വിധിപ്രകാരം ദക്ഷിണയോടു കൂടിയ യാഗങ്ങള്‍ ആരും നടത്തുകയില്ല. വിവാഹം നടക്കുകയില്ല. സദസ്സ് കൂടുകയില്ല. ഇതാണ് രാജാവില്ലെങ്കില്‍ വന്നു കൂടുക.
കാള മേച്ചില്‍പ്പുറത്തു കയറുകയില്ല. കടകോലുകള്‍ കടയുകയില്ല. തൊഴുത്തുകളൊക്കെ നശിച്ചു പോകും. ഇതാണ് രാജാവില്ലാഞ്ഞാലത്തെ കഥ. ജീവികളായ ജീവികളൊക്കെ ഹാ! ഹാ! എന്ന് വിലപിക്കേണ്ട ഘട്ടത്തിലെത്തും, സര്‍വ്വവും നശിക്കും, പാലകനായ രാജാവില്ലാഞ്ഞാല്‍.
ആണ്ടുതോറും നടത്താറുള്ള ദക്ഷിണയോടു കൂടിയ സത്രങ്ങള്‍ നടത്താതാകും. ഭയമില്ലായ്മ എന്നത് നാട്ടില്‍ കണികാണില്ല. നാലു വേദങ്ങള്‍ ബ്രാഹ്മണര്‍ പഠിപ്പിക്കുക എന്നതുണ്ടാകയില്ല, വിദ്യാവ്രതസ്നാതരായ തപസ്വികള്‍ ഉണ്ടാവുകയില്ല. ധര്‍മ്മം വിട്ട കൊലകള്‍ നടമാടും. ജനങ്ങള്‍ കൊന്നു നശിപ്പിക്കപ്പെടും. കവര്‍ച്ച നടത്തിയവന്‍ ഭയപ്പെടാതെ സുഖമായി പോകും, കൈമാറ്റംചെയ്തു കവര്‍ച്ച നടത്തും. സകല ചിറകളും പൊട്ടിക്കും. സര്‍വ്വജനങ്ങളും പേടിച്ചു തടിയുംകൊണ്ട് ഓടും. ഇതൊക്കെയാണ് രാജാവില്ലാഞ്ഞാലത്തെ കഥ.
അനീതികള്‍ ധാരാളമായി നടക്കും, ജാതിമര്യാദ അതിലംഘിച്ച് കലര്‍പ്പു സന്താനങ്ങള്‍ ജനിക്കും, നാട്ടില്‍ ക്ഷാമം പിടിപെ ടും, വീടുകളുടെ വാതിലൊന്നും അടയ്ക്കാതെ ഭയം വിട്ട് തുറന്നിട്ടു കിടക്കും. രാജാവ് ഭരിക്കേണ്ട ജനങ്ങളുടെ കഥ ഇത്തരത്തിലായിത്തീരും. അസംബന്ധമായി ജനങ്ങള്‍ പരസ്പരം ശകാരിക്കും. ആരെങ്കിലും ആരേയെങ്കിലും കൈ വെച്ചാല്‍ പിന്നെ എല്ലാം കുഴപ്പമായി. ഇങ്ങനെയാണ് ധാര്‍മ്മികനായ രാജാവ് പരിപാലിക്കാത്ത നാട്ടിലെ കഥ.
ആണില്ലാത്ത പെണ്ണുങ്ങള്‍ ചമഞ്ഞൊരുങ്ങി വഴികള്‍ തോറും ഭയം വിട്ട് സ്വൈരിണികളായ സഞ്ചരിക്കും. ഇതൊക്കെയാണ് രാജാവ് പാലിക്കാത്ത നാട്ടിലെ സ്ഥിതി.
ഇനി രാജാവ് ധര്‍മ്മത്തോടെ പാലിക്കുന്ന നാട് എങ്ങനെയാകുമെന്നു പറയാം.
ജനങ്ങള്‍ ധര്‍മ്മത്തെ അനുസരിക്കും. പരസ്പരം ഹിംസിക്കുകയില്ല. അന്യോന്യം അനുഗ്രഹിക്കും. ഇതാണ് രാജാവ് പാലിച്ചാലത്തെ കഥ. ശ്ലാഘ്യമായ യജ്ഞങ്ങള്‍ പലതും, മൂന്നു വര്‍ണ്ണങ്ങളും ചെയ്യും. ജനങ്ങള്‍ വിദ്യാഭ്യാസം ചെയ്യും. ജീവികാമൂലമായ ഈ ലോകത്തെ ത്രയി സംരക്ഷിക്കും. അതൊക്കെ ഭംഗി യായി കലാശിക്കുകയും ചെയ്യും. ഇതാണ് നൃപന്‍ പാലിക്കുന്നതായാൽ.
വലിയ ഭാരം വഹിച്ച് രാജാവ് നാടു സംരക്ഷിക്കുന്നതായാല്‍ വലിയ ബലയോഗത്താല്‍ ലോകം തെളിയും. ആര് ഇല്ലാഞ്ഞാൽ ജീവികള്‍ക്ക് എല്ലായിടത്തും ഇല്ലായ്മ വന്നുചേരുമോ, ആരുണ്ട ങ്കില്‍ ജീവികള്‍ക്ക് ഉണ്മ വന്നു ചേരുമോ, അവനെ ആരാണ് പൂജിക്കാതിരിക്കുക? ലോകര്‍ക്കൊക്കെ ഭയം വളര്‍ത്തുന്ന അതിന്റെ ഭാരത്തെ ഏതൊരുത്തന്‍ ഭരിക്കുന്നവോ, രാജപ്രിയമായ ഹിതത്തില്‍ സക്തനായ അവന്‍ രണ്ടു ലോകത്തേയും ജയിച്ചുവനാകും. അവന്ന് ദോഷം മനസ്സുകൊണ്ട് ചിന്തിക്കുന്നവന്‍ ആരോ, അവന്‍ മഹാദുഷ്ടനാണ്. അവന്‍ ചത്താലും നരകത്തില്‍ പോകുക തന്നെ ചെയ്യും.
രാജാവിനെ ഒരു സാധാരണ മനുഷ്യനാണെന്നു ചിന്തിച്ചു പോകരുത്. അവന്‍ ഒരു മാഹദേവതയാണെന്നു ചിന്തിക്കണം. മനുഷ്യ രൂപമെടുത്ത ദേവനാണ് നില്ക്കുന്നതെന്നു കാണണം. രാജാവ് അഗ്നിയായും, ആദിത്യനായും, യമനായും, വൈശ്രവണനായും, മൃത്യുവായും വിളങ്ങുന്നു!
വഞ്ചിതനായ ഒരു രാജാവ് തന്റെ അടുത്തെത്തുന്ന ദുഷ്ടരെ ഉഗ്രമായ തേജസ്സു കൊണ്ടു ചുട്ട് വെണ്ണീറാക്കുമ്പോള്‍, സര്‍വ്വജീവികളേയും ചോരദൃഷ്ടിയോടെ കാണുമ്പോള്‍, രാജാവ് അഗ്നിയായി വിളങ്ങുന്നു. പ്രജകള്‍ക്കു ക്ഷേമംചെയ്തു സഞ്ചരിക്കുമ്പോള്‍ രാജാവ് അര്‍ക്കനായിത്തീരുന്നു. ക്രോധിച്ചുകൊണ്ട് അശുചികളായ ജനങ്ങളെ കണക്കില്ലാതെ പുത്ര പൗത്രാമാത്യന്മാരോടു കൂടി കൊന്നൊടുക്കുമ്പോള്‍ രാജാവ് യമനായിത്തീരുന്നു. സഹായികള്‍ക്കു വേണ്ടുവോളം ശത്രുക്കളെ വെന്ന് ലഭിക്കുന്ന വിവിധ രത്നസമൂഹം ശ്രീമാനായ ഒരാള്‍ക്കു നല്കുകയും, മറ്റൊരാളില്‍ നിന്നു വേര്‍പെടുത്തുകയും ചെയ്യുമ്പോള്‍ ലോകത്തിലെ വിത്തേശനായി, വൈശ്രവണനായി രാജാവ് ശോഭിക്കുന്നു.
അങ്ങനെയുളള രാജാവ് ദക്ഷനും, അക്ലിഷ്ടകാരിയുമാണെന്ന് ധരിക്കുക. അവനില്‍ കുറ്റങ്ങള്‍ ചുമത്തി പറയാതിരിക്കുക. ധര്‍മ്മ്യമായ ലോകത്തെ ഇച്ഛിക്കുന്നവന്‍ ഈശ്വരന്റെ ഇഷ്ടനാണ്. രാജാവില്‍ ദ്രോഹം ചെയ്യുന്നവന്ന് ഒരിക്കലും സുഖം ലഭിക്കുന്നതല്ല. മകനായാലും, സഹോദരനായാലും, ഇഷ്ടനായാലും, ആത്മതുല്യനായാലും രാജാവിനോട് ആരും ഏറ്റുപിടിക്കരുത്. കാറ്റ് തുണയുണ്ടെങ്കില്‍ അഗ്നി ഒന്നിനേയും ബാക്കി വെക്കാതെ കത്തിച്ചു ദഹിപ്പിച്ചു കളയും. രാജാവും അപ്രകാരം തന്നെ സര്‍വ്വത്തേയും ദഹിപ്പിച്ചു കളയുമെന്നോര്‍ക്കണം. അതു കൊണ്ട് രാജാവിന്റെ ധനം ആരും അപഹരിക്കുവാന്‍ വിചാ രിക്കരുത്. രാജസ്വാപഹരണത്തെ മൃത്യുവിനെയെന്നപോലെ വെറുക്കേണ്ടതാണ്. കൂടം തൊട്ട മൃഗത്തെപ്പോലെ അത് തൊട്ടവനെയൊക്കെ നശിപ്പിച്ചുകളയും.
തന്റെ ധനംകാക്കുന്നപോലെ ഏതൊരുത്തനും രാജധ നത്തെ കാക്കേണ്ടതാണ്. നിലയില്ലാത്ത വെളളത്തില്‍ വീണവ നെപ്പോലെ ഘോരമായ നരകത്തില്‍ വീണ് രാജാവിന്റെ സ്വത്ത് കക്കുന്നവന്‍ വളരെനാള്‍ കുഴങ്ങിപ്പോകും. രാജാവ് ഭോജനും, വിരാട്ടും, സ്രമാട്ടും, ക്ഷത്രിയനും, ഭുഭര്‍ത്താവും, നരപാലകനു മാണെന്നു ധരിക്കുക. ഈ പേരില്‍ അറിയപ്പെടുന്ന മഹാനെ പൂജി ക്കാത്തവര്‍ ആരുണ്ട്? ലോകത്തില്‍ നിലനില്ക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജിതാത്മാവും, ജിതേന്ദ്രിയനും, മേധാവിയും. സ്മൃതിമാനും, ദക്ഷനുമായി വിളങ്ങുന്ന മഹീശ്വരനെ ആശ്രയിക്കുക. അതു കൊണ്ട് കൃതജ്ഞനും, പ്രാജ്ഞനും, അക്ഷുദ്രനും, കുറുള്ളവനും ജിതേന്ദ്രിയനുമായ മന്ത്രി രാജാവിനെ പൂജിക്കണം. കൃതജ്ഞനും, കൂറുള്ളവനും, ധര്‍മ്മജ്ഞനും, നിയതേന്ദ്രിയനുമായ പുരുഷന്‍ ശത്രുക്കളെ അകറ്റുന്ന ശൂരനായ രാജാവിനെ പൂജിക്കണം.
പ്രജ്ഞയും, പ്രഗല്ഭതയും, സ്ഥിതിയും നല്കുന്ന രാജാവു തന്നെ നരന്ന് കാര്‍ശ്യവും നല്കുന്നു. രാജാവ് കൈവിട്ടവന്ന് എവിടെ സുഖം ലഭിക്കും! രാജാവ് കൈക്കൊണ്ടവനോ എവിടെ ദുഃഖം? രാജാവ് നാട്ടുകാര്‍ക്ക് നല്ല ഒരു ഹൃദയമാണ്. നാട്ടുകാര്‍ക്ക് ഗതിയും പ്രതിഷ്ഠയും, ഉത്തമമായ സൗഖ്യവുമാണ്. രാജാവിനെ ആശ്രയിക്കുന്നവര്‍ ഈ ലോകത്തിലും പരലോകത്തിലും സുഖികളാകും. രാജാവ് ഭുമി വേണ്ട പോലെ പാലിച്ച് ദമം, സത്യം, സൗഹൃദം ഇവയോടു കൂടി മഹത്തായ യജ്ഞങ്ങള്‍ കഴിച്ച് കീര്‍ത്തിമാനായി സ്വര്‍ഗ്ഗത്തില്‍ ശാശ്വതമായ സ്ഥാനത്തു ചെന്നു ചേരുന്നതാണ്. ഇപ്രകാരം ബൃഹസ്പതി. പറഞ്ഞു കൊടുത്തു. അതു കേട്ട് വീരനായ കോസലരാജാവ് വേണ്ട പോലെ യത്നംചെയ്ത് പ്രജകളെ പരിപാലിച്ചു.
അദ്ധ്യായം 69. ദണ്ഡനീതിപ്രഭാവം - രാജാവിന്റെ മുഖ്യകര്‍മ്മങ്ങളും ഭരണവിധികളും ദണ്ഡനീതിയും - യുധിഷ്ഠിരന്‍ പറഞ്ഞു: വിശേഷിച്ച് രാജാവ് ചെയ്യേണ്ടതെന്തെക്കെയാണ്? എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടത്? ശത്രുക്കളോട് എങ്ങനെ നേരിടണം? ചാരന്മാരായി എങ്ങനെയുള്ളവരെ നിയോഗിക്കണം? വര്‍ണ്ണങ്ങളില്‍ എങ്ങനെ വിശ്വസിക്കണം? ഭൃത്യന്മാര്‍, ഭാര്യാപുത്രാദികള്‍ എന്നിവരോട് എങ്ങനെ നില്ക്കണം? ഇതൊക്കെ എനിക്കുപദേശിക്കണേ!
ഭീഷ്മൻ പറഞ്ഞു; രാജാവിന്റെ മട്ട് ഏതു വിധത്തിലാകണമെന്നുളളത് ആദ്യം പറയാം. അതു ശ്രദ്ധയോടെ കേള്‍ക്കുക! രാജാവ് ആദ്യമായി ചെയ്യേണ്ടതും, രാജാവിന്റെ (പകൃതവും, കൃത്യവും പറയാം. ആദ്യമായി രാജാവ് ആത്മാവിനെ ജയിക്കണം. പിന്നെ ശത്രുക്കളെ ജയിക്കുക! തന്നെ കീഴടക്കുവാന്‍ കഴിയാത്തവന്‍ എങ്ങനെ ശത്രുവിനെ കീഴടക്കും? കഴിയുകയില്ല! ആത്മജയമെന്നത് എന്തെന്നു പറയാം. പഞ്ചമാര്‍ഗ്ഗങ്ങളെ അടക്കുക എന്നതാണത്. അഞ്ചിന്ദ്രിയങ്ങളേയും ജയിച്ചവനായ രാജാവ് ശത്രുവിനോടെതിര്‍ക്കുന്നതിന്ന് ശക്തനാകും.
രാജാവ് ദുര്‍ഗ്ഗങ്ങളില്‍ പാറാവുകാരെ നിര്‍ത്തണം. അതിര്‍ത്തികളിലൊക്കെ കാവല്‍ ഭടന്മാരെ ഏര്‍പ്പെടുത്തണം. നഗരത്തിലും പുരോദ്യാനങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലുമുള്ള പുരങ്ങളിലും, നഗരങ്ങളിലും, രാജ്യത്തിന്റെ മദ്ധൃഭാഗങ്ങളിലും, ഹേ നരശാര്‍ദ്ദൂലാ, രാജാവിന്റെ കൊട്ടാരത്തിലും ചാരന്മാരെ വെക്കണം. ആ ചാരന്മാര്‍ ജഡന്മാരോ, അന്ധന്മാരോ, ബധിരന്മാരോ, ആണെന്നേ മറ്റുളളവര്‍ക്കു തോന്നാവൂ. അങ്ങനെയുള്ള സമര്‍ത്ഥന്മാരായിരിക്കണം ചാരന്മാര്‍.
വിശപ്പും ദാഹവും സഹിക്കുവാന്‍ കെല്‍പുള്ളവരാണോ എന്നു പരീക്ഷിച്ചറിഞ്ഞ വിദ്വാന്മാരെയാകണം ചാരന്മാരായി നിയോഗിക്കുവാന്‍. സ്വന്തം അമാത്യന്മാര്‍, തന്റെ മക്കള്‍ ഇവരിലും വ്യത്യാസമില്ലാതെ ചാരന്മാരെ നിയമിച്ചു പരീക്ഷിക്കണം.
പുരം, നാട്ടിന്‍പുറം, സാമന്തരാജാക്കന്മാര്‍ ഇവരിലും തമ്മില്‍ത്തമ്മില്‍ അറിയാത്തവിധം ചാരന്മാരെ വെച്ചുവിടണം. മറ്റു രാജാക്കന്മാര്‍ പറഞ്ഞുവിടുന്ന ചാരന്മാരെ കണ്ടറിയുവാനുളള കഴിവും രാജാവിന്നുണ്ടാകണം. ക്രീഡാസ്ഥാനങ്ങള്‍, അങ്ങാടികള്‍, ജനങ്ങള്‍ കൂടുന്ന സത്രങ്ങള്‍ എന്നിവിടങ്ങളിലും, ഭിക്ഷക്കാരുടെ കൂട്ടത്തിലും, ബാഹ്യോദ്യാനങ്ങളിലും, പുരോദ്യാനത്തിലും, പണ്ഡിതസദസ്സുകളിലും, ദേശങ്ങളിലും, ചത്വരങ്ങളിലും, രാജസഭയിലും, വീടുകളിലുമൊക്കെ ശത്രുക്കളുടെ ചാരന്മാരെ പണ്ഡിതനായ രാജാവ് തിരഞ്ഞുപിടിക്കണം. ചാരനെ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ അല്ലയോ പാണ്ഡവാ, ഹിതം സാധിച്ചതായി വിചാരിക്കാം. താന്‍ താഴ്ന്നവനാണെന്ന് താന്‍ തന്നെ അറിയുകയാണെങ്കില്‍ അമാത്യന്മാരോടു കൂടി മന്ത്രിച്ച് ശരിക്ക് ആ രാജാവുമായി സന്ധി ചെയ്യണം. താഴ്ചയില്ലെങ്കിലും കരാറുമായി സന്ധിയിലേര്‍പ്പെടാം. അതിന്നു വല്ല ഉദ്ദേശവുമുണ്ടാകണം. വല്ലതും കാര്യം നേടേണ്ടതുണ്ടെങ്കിലാണ് കരാറു പ്രകാരമുള്ള ആ സന്ധി ചെയ്യേണ്ടത്. നാടു കാക്കുന്നവ നായ രാജാവ് ഗുണവാന്മാരും മഹോത്സാഹന്മാരും ധര്‍മ്മജ്ഞന്മാരുമായവരോടേ സന്ധിചെയ്യാവു.
തനിക്കാപത്തു വന്നു ചേരുന്നുവെന്നു കണ്ടാല്‍ ഉടനെ ബുദ്ധിമാനായ രാജാവ് തന്റെ പൂര്‍വ്വ ദ്രോഹികളെ കൊന്നു കളയണം. ലോകദ്വേഷികളെ ബാക്കി വെച്ചേക്കരുത്. രാജാവിന്ന് ഉപകാരത്തിനോ അപകാരത്തിനോ പറ്റാത്തവരെ, നന്നാക്കാന്‍ കഴിയില്ലെന്നു തോന്നുന്ന കൂട്ടരെ, വിട്ടുകളയുക. അവരെപ്പറ്റി ചിന്തിക്കേണ്ടതില്ല. മിത്രബന്ധുക്കളില്ലാത്ത അവസരം നോക്കി, വിശേഷിച്ചും ബലഹീനരായ ശത്രുക്കള്‍ മറ്റൊരു കാര്യത്തിലേര്‍പ്പെട്ടിരിക്കുന്ന തക്കംനോക്കി ഒളിവില്‍ച്ചെന്ന് ആക്രമി ക്കണം.
വീരനും, ദക്ഷനും, സൈന്യബലമുള്ളവനും, സുഖിയുമായ രാജാവ് യാത്രയ്ക്ക് കല്പന കൊടുക്കണം. യുദ്ധ യാത്രയ്ക്കൊരുങ്ങുമ്പോള്‍ ആദ്യമായി നഗരത്തിന്റെ രക്ഷ ഉറപ്പിക്കണം. എന്നിട്ടേ നഗരം വിട്ടു പോകാവൂ! വീര്യവാനായ രാജാവ് തന്റെ അടുത്തു വന്ന് പാട്ടില്‍പ്പെടാതിരുന്നാല്‍ ബലവീര്യം കുറഞ്ഞവന്‍ കര്‍ഷണം ചെയ്തു നില്ക്കണം. അവന്റെ രാജ്യത്തെ മര്‍ദിക്കുന്നത് ശസ്ത്രം കൊണ്ടും അഗ്നി കൊണ്ടും വിഷം കൊണ്ടും ബോധം കെടുത്തുന്ന പ്രയോഗം കൊണ്ടുമാകണം. ശ്രേഷ്ടന്മാരായ മന്ത്രിമാര്‍ക്കു കൂടി തര്‍ക്കം, അഭിപ്രായ ഭിന്നത, ഒരു കാര്യത്തില്‍ പല അഭിപ്രായം, ഉണ്ടാക്കണം. ധീമാനായ രാജാവ് രാജ്യം പിടിച്ചടക്കാനാശിക്കുമ്പോള്‍ കഴിയുന്നതും യുദ്ധം കൂടാതെ നടക്കുമോ എന്നാണ് ശ്രമിക്കേണ്ടത്. മൂന്നു മാര്‍ഗ്ഗങ്ങളാല്‍ അതു പ്രയോഗിച്ചു നോക്കണമെന്നാണ് ബൃഹസ്പതി പറഞ്ഞിട്ടുള്ളത്. അവ എന്തെന്നു പറയാം. സാന്ത്വോക്തി കൊണ്ട്, ദാനം കൊ ണ്ട്, ഭേദം കൊണ്ട് ഇങ്ങനെ മൂന്നുപായങ്ങള്‍ കൊണ്ട് രാജ്യം നേടാമെന്നുണ്ടെങ്കില്‍ പണ്ഡിതനായ രാജാവ് അതില്‍ തൃപ്തിപ്പെടണം. യുദ്ധത്തിന്നു പോകുന്നത് കഴിയുന്നതും കൂടാതെ കഴിക്കണം. നാട്ടുകാരില്‍ നിന്ന് പ്രാജ്ഞനായ രാജാവ് കരം വാങ്ങ ണം. ആറിലൊന്നു കരം വാങ്ങുന്നത് അവനെ രക്ഷിക്കേണ്ടതിലേക്കു തന്നെയാണ്. പൌരന്മാരെ രക്ഷിക്കുവാന്‍ ദശധര്‍മ്മക്കാരില്‍ നിന്ന് വലുതോ ചെറുതോ ആയ സംഭാവന വാങ്ങാം. ഉള്ളതിന്റെ അവസ്ഥ പോലെ വാങ്ങാം. തന്റെ പൌരന്മാരെയെല്ലാം തന്റെ പുത്രന്മാരെപ്പോലെ കാണണം. ധനത്തിലും വ്യവഹാരത്തിലും അവരില്‍ കൂറുകാട്ടരുത്. സര്‍വ്വാര്‍ത്ഥജ്ഞന്മാരായ പ്രാജ്ഞന്മാരെ സഭയില്‍ രാജാവ് നിശ്ചയിക്കണം. രാജ്യം എപ്പോഴും വ്യവഹാരത്തിനാലാണ് സ്ഥിതിചെയ്യുന്നത്. ഖനി, നെല്ലേടുപ്പ്, വില്പന, ഉപ്പുവില്പന, കടത്തുകടവ്, ആനകളെ പിടിക്കല്‍, ഇവയിലൊക്കെ അമാത്യന്മാരെ നിശ്ചിയിക്കണം. അവര്‍ സ്വന്തം ഹിതം മനസ്സിലാക്കിച്ചെയ്യുന്ന വിശ്വസ്തരായിരി ക്കണം. നല്ല പോലെ നിത്യവും ദണ്ഡേന്തി ശിക്ഷ നടത്തുന്ന രാജാവ് ധര്‍മ്മം തെറ്റാതെ നിലനിര്‍ത്തും. എല്ലാ രാജാവിന്റെയും ധര്‍മ്മമാണ് നീതിന്യായപാലനം, ശിക്ഷാനിയമം നടത്തല്‍.
പ്രാജഞനായ രാജാവ് തപസ്വിയും വേദവേദാംഗങ്ങള്‍ അറിഞ്ഞവനുമാകണം. രാജാവ് ദാനശീലനും എപ്പോഴും യജഞ്ഞശീലനുമാകണം. ഇപ്പറഞ്ഞ ഗുണം രാജാവിന്ന് എപ്പോഴും ഉണ്ടാകേണ്ടതാണ്. ഈ ഗുണമില്ലാത്ത രാജാവിന്ന് എവിടെ കീര്‍ത്തി! എവിടെ സ്വര്‍ഗ്ഗം?
ബലവാനായ രാജാവ് പീഡിപ്പിക്കുമ്പോള്‍ ബുദ്ധിമാനും ബലഹീനനുമായ രാജാവ് ദുര്‍ഗ്ഗത്തില്‍പ്പോയി പാര്‍ക്കണം. അവിടെ പാര്‍ത്ത് മിത്രജനങ്ങളെക്കൂട്ടി ശത്രുവിനെ തക്കം നോക്കി ആക്രമിക്കുവാന്‍ ഏര്‍പ്പാടു ചെയ്യണം. ശത്രുവെ പാട്ടിലാക്കാന്‍ സാമഭേദങ്ങള്‍ പ്രയോഗിച്ചു നോക്കണം. വഴിയില്‍ പശു സംരക്ഷണ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുക, ഗ്രാമങ്ങളെ പുഷ്ടിപ്പെടുത്തുക, എന്നിവ ചെയ്യണം. അവരെയൊക്കെ ശാഖാ നഗരങ്ങ ളിലേക്കയയ്ക്കണം. ഗുപ്തങ്ങളായ ദുര്‍ഗ്ഗങ്ങളിലും കയറ്റണം. ബാലാഗ്രന്മാരായ ധനികരെ സാന്ത്വനം ചെയ്ത് വീണ്ടും സസ്യങ്ങള്‍ നേടിക്കൂട്ടണം. ഇതൊക്കെ രാജാവ് ചെയ്യിക്കണം. അവയൊക്കെ കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ തീ വെച്ചു ചുട്ട് നശിപ്പിച്ചു കളയണം. തന്റെ ആളുകളെ പറഞ്ഞു വിട്ട ശത്രു രാജാവിന്റെ വയലില്‍ കടന്ന് വിളഞ്ഞ പാടങ്ങളെ തീവെച്ചു ചുട്ടുകളയണം. പുഴ വഴിക്കുള്ള പാലങ്ങളൊക്കെ തകര്‍ക്കണം. ചിറ കെട്ടി നിറു ത്തിയ വെള്ളം മുഴുവന്‍ വാറ്റിക്കളുയണം. അന്നോ കുറേ നാളേക്കോ അയല്‍രാജ്യത്ത് മാറിത്താമസിക്കണം. മിത്രകാര്യങ്ങള്‍ വന്നാലും ശരി ശത്രുവിനെ നശിപ്പിക്കുന്നതില്‍ പിന്‍തിരിയരുത്. ദുര്‍ഗ്ഗങ്ങളുടെ ചുറ്റുമുള്ള ക്ഷുദ്രവൃക്ഷങ്ങളെ വേരോടെ വെട്ടിമാറ്റണം. ചൈത്യവ്യക്ഷങ്ങളെ നശിപ്പിക്കരുത്. വളര്‍ന്ന വ്യക്ഷങ്ങളുടെയെല്ലാം കൊമ്പു മുറിച്ചു നീക്കണം. ചൈത്യവ്യക്ഷങ്ങളുടെ വീണ ഇലകളെല്ലാം നീക്കംചെയ്യണം. പുറംകോട്ട കെട്ടണം. ക്രൂരദര്‍ശികളെ അതില്‍ നിശ്ചയിക്കണം, കിടങ്ങുകള്‍ ഉണ്ടാക്കണം. മുതലയും മീനും അതില്‍ നിറയ്ക്കണം അവയ്ക്കും രക്ഷ എല്ലാ വിധത്തിലും ചെയ്യണം. ദ്വാരങ്ങളിലെല്ലാം ഭാരം കൂടിയ യന്ത്രങ്ങള്‍ നിറുത്തണം. മുള്‍ത്തടികള്‍ കയറ്റണം. എല്ലാം സ്വാധീനമാക്കണം. വിറകും തീറ്റിക്കുള്ള വകയും ഏര്‍പ്പെടുത്തണം. കിണര്‍ കുത്തിക്കണം. മുമ്പ് ജലത്തിന് വേണ്ടി തീര്‍ത്ത കിണറുകള്‍ തേവി വറ്റിക്കണം. പുല്ലു മേഞ്ഞ ഗൃഹങ്ങള്‍ കളിമണ്ണു കൊണ്ട് മെഴുകണം. ത്രൈമാസം വന്നാല്‍ പുല്ലുനീക്കിക്കളയണം; തീയിനെ പിന്നെ ഭയപ്പെടേണ്ടതില്ലല്ലേോ. രാജാവിന്നുള്ള ആഹാരം രാത്രിയിലേ വേവിക്കാവു. അഗ്നിഹോത്രത്തിന്നുള്ള അഗ്നിയൊഴികെ വേറെ അഗ്നി കത്തിക്കരുത്; ശത്രു കണ്ടുപിടിക്കാന്‍ ഇടവരും, കൊല്ലന്റെ കുടിലില്‍ പോലും തീ ഒളിപ്പിക്കണം. തീ വളരെ സൂക്ഷിച്ചേ കത്തിക്കാവു. പുരാണത്തിന്റെ രക്ഷയ്ക്കു വേണ്ടി അഗ്നിയെ ഭദ്രമാക്കണം. വീട്ടിനുള്ളില്‍ തീ കെടാതെ സൂക്ഷിക്കണം. പകല്‍ തീയെരിക്കുന്നവര്‍ക്ക് വലിയ ശിക്ഷ കൊടുക്കണം. ഇങ്ങനെ ഇക്കാര്യം പരസ്യം ചെയ്യുകയും വേണം. ഭിക്ഷുകന്മാരും ചക്കാലന്മാരും ക്ലീബന്മാരും ഉന്മത്തന്മാരും ദുശ്ലീലന്മാരുമായ ജനങ്ങളെ പുറത്താക്കണം. അവരെ കൂടെ താമസിപ്പിക്കരുത്. അങ്ങനെ അവരെ ഓടിക്കാഞ്ഞാല്‍ ആപത്തില്‍പ്പെടും. നടുമുറ്റം, തീര്‍ത്ഥം, സഭ, ഗൃഹം ഇവയിലൊന്നും ഉക്കൂട്ടരെ അടുപ്പിക്കരുത്. ശരിക്ക് വര്‍ണ്ണധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരെ എവി ടേയും രാജാവ് നിയമിക്കണം. വീതികൂടിയ രാജമാര്‍ഗ്ഗങ്ങള്‍ രാജാവ് തീര്‍പ്പിക്കണം. വേണ്ട ദിക്കിലൊക്കെ തണ്ണീര്‍പ്പന്തലും, രാജവീഥിയും നിര്‍മ്മിക്കണം. വേണ്ട ദിക്കിലൊക്കെ വാണിഭങ്ങളും ഏര്‍പ്പെടുത്തണം. ഭണ്ഡാരം, ആയുധപ്പുര, കൈനില, അശ്വാലയം, ആനപ്പന്തി, സൈന്യാധികരണങ്ങള്‍, കിടങ്ങ്, വഴി, വീഥി, ഉദ്യാനം എന്നിവയും ഗൂഢമായി തീര്‍പ്പിക്കണം. ഇവയില്‍ ആരും കടക്കാതെ നോക്കണം. ശത്രുസൈന്യാര്‍ദ്ദിതനായ രാജാവ് ധനംനേടാന്‍ നോക്കണം. കൊഴുപ്പ്, തേന്‍, എണ്ണ, നെയ്യ്, ഔഷധങ്ങള്‍, കരിക്കട്ട, കുശം, മുഞ്ജ, പലാശം, അമ, ചായം, വിഷം, പുല്ല്, വിറക് ഇവയൊക്കെ കൂട്ടമായി ധാരാളം ശേഖര ക്കണം. എല്ലാ ആയുധങ്ങളും വേല്‍, ജഷ്ടി, കത്തി, ചട്ടകള്‍ ഇവയൊക്കെ രാജാവ് കൂട്ടമായി ശേഖരിക്കണം. ധാരാളം ഔഷധങ്ങളും ഫലമൂലങ്ങളും സംഭരിക്കണം. നാലുതരം വൈദ്യന്മാരേയും കൂട്ടണം. നടന്മാര്‍, നര്‍ത്തകന്മാര്‍, മല്ലന്മാര്‍, മായക്കാര്‍ ഇവര്‍ ശ്രേഷ്ഠമായ പുരം ശോഭിപ്പിക്കും. എങ്ങും മോദിപ്പിക്കു കയും ചെയ്യും. ഭൃത്യന്മാര്‍, മന്ത്രിമാര്‍, പൌരന്മാര്‍, രാജാവ് എന്നിവര്‍ കാരണമായിട്ടുളളതാണ് ശങ്ക. അതുകൊണ്ട് അവരെയെല്ലാം തന്റെ കീഴിലാക്കി നിറുത്തുക തന്നെ വേണം. കാര്യം നടന്നു കഴിഞ്ഞാല്‍ രാജാവേ, അവരെ ധനങ്ങള്‍ കൊടുത്തു ബഹുമാനിക്ക ണം. അര്‍ഹിക്കുന്നത് ദാനം ചെയ്തും, സാന്ത്വം പറഞ്ഞു സമാശ്വസിപ്പിക്കണം. ശത്രുവിനെ മരവിപ്പിക്കുകയോ, കൊല്ലുകയോ ചെയ്യണം. ശാസ്ത്രത്തില്‍ കണ്ട വിധം രാജാവ് സംരക്ഷിക്കേണ്ട കാര്യങ്ങള്‍ ഏഴെണ്ണമാണ്. അവ ഏതൊക്കെയാണെന്ന് പറയാം. ആത്മാവ്, അമാത്യന്‍, ഭണ്ഡാരം, സൈന്യം, മിത്രങ്ങള്‍, നാട്ടിന്‍പുറം, പട്ടണം ഇവയാണ് പാണ്ഡുനന്ദനാ! ഈ ഏഴും ചേര്‍ന്ന രാജ്യത്തെ പ്രയത്നത്തോടെ സംരക്ഷിക്കണം. ഷാള്‍ഗു ണ്യവും, ത്രിവര്‍ഗ്ഗവും, ത്രിവര്‍ഗ്ഗപരമവും അറിയുന്ന രാജാവ് ഭൂമിയെ അനുഭവിക്കുന്നു. ഇനി ഷാള്‍ഗുണ്യം എന്നാല്‍ എന്താണെന്ന് പറയാം. സന്ധി ചെയ്ത നില; യുദ്ധയാത്ര, ഇടഞ്ഞ നില, യുദ്ധത്തിന്ന് ഒരുങ്ങിയ നില്‍പ്പ്, രണ്ടു പക്ഷത്തേയും ചേര്‍ന്നു നില്ക്കല്‍, ശത്രുവെ ആശ്രയിക്കല്‍ ഇവയാണ് ഷാള്‍ഗുണ്യമെന്നു പറയുന്നത്. ഇനി ത്രിവര്‍ഗ്ഗം എന്നാല്‍ എന്തെന്നും പറയാം. അതും നീ മനസ്സു വെച്ച് കേള്‍ക്കുക. ക്ഷയം, സ്ഥാനം, വൃദ്ധി ഇവയാണ് ത്രിവര്‍ഗ്ഗം. പിന്നെ പരമമായ ധര്‍മ്മം, അര്‍ത്ഥം, കാമം ഇവയും കാലേ സേവിക്കേണ്ടതാണ്. വളരെക്കാലം രാജാവ് ധര്‍മ്മത്താല്‍ പാരിടം പാലിക്കുന്നു. ബൃഹസ്പതി ഈ കാര്യത്തെപ്പറ്റി രണ്ടു ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുണ്ട്. ഹേ യാദവീപുത്രാ! നീ അതു കേട്ട് ധരിക്കുയാണെങ്കില്‍ തീര്‍ച്ചയായും നിനക്ക് നന്മ സിദ്ധിക്കുന്നതാണ്.
കര്‍ത്തവ്യമൊക്കെയും ചെയ്ത് പാരിടം കാത്തിടുന്നവന്‍ പൌര സംരക്ഷണം ചെയ്വോന്‍ പരലോകേ സുഖിച്ചിടും; ആ രാജന്നു തപസ്സെന്തിന്നെന്തിനാണു മഖങ്ങളും? പ്രജാസംരക്ഷണം ചെയ്വോന്‍ സര്‍വ്വധര്‍മ്മജ്ഞനാണവന്‍?
യുധിഷ്ഠിരന്‍ പറഞ്ഞു: ദണ്ഡനീതിയും അപ്രകാരം രാജാവും ചേരുന്നവിധം എന്തു ചെയ്താലാണ് അവന്ന് സിദ്ധി യുണ്ടാവുക. അതും കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട് പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: ദണ്ഡനീതി, മഹാഭാഗ്യം, യുക്തിസിദ്ധോക്തി ഇവയാല്‍ ഞാന്‍ പറയുന്നത് രാജാവേ, നീ കേള്‍ക്കുക. ശരിയായ കാര്യങ്ങള്‍ ഞാന്‍ പറയാം.
തന്റെ ധര്‍മ്മപാലനത്തിന്നുളള ദണ്ഡനീതി ചാതുര്‍ വൃര്‍ണ്യത്തെ ശരിക്ക് നിര്‍ത്തും. നൃപന്‍ പ്രയോഗിച്ച ദണ്ഡനീതി അധര്‍മ്മത്തില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തും. ചാതുര്‍വർണ്യം സ്വധര്‍മ്മത്തിന്റെ അതിരു തെറ്റാതെ നില നിര്‍ത്തുമ്പോള്‍, ദണ്ഡനീതികൊണ്ട് ലോകര്‍ നിര്‍ഭയമായി ക്ഷേമം അനുഭവിക്കുമ്പോള്‍, മുറയ്ക്കു രാജാവിന്നു വേണ്ടി മുന്നു വര്‍ണ്ണങ്ങളും യത്നിക്കുന്നതാണ്. വര്‍ണ്ണ ധര്‍മ്മാനുഷ്ഠാനത്തിലാണല്ലോ മനുഷ്യര്‍ക്കുള്ള സകല ക്ഷേമവും നില നില്ക്കുന്നത്. രാജാവു മുഖേനയാണോ കാലം, അതോ കാലം കാരണമോ രാജാവ് എന്നു നീ സംശയിക്കേണ്ടതില്ല. തീര്‍ച്ചയായും കാലത്തിന്റെ കാരണ പുരു ഷന്‍ രാജാവാണ്. രാജാവു ദണ്ഡനീതി നന്നായി നടത്തുകയാണെങ്കില്‍ കലാസൃഷ്ടമായ കൃതയുഗം അക്കാലത്ത് തുടരുന്നതാണ്. അതു കൊണ്ട് ധര്‍മ്മം എന്നത് രാജാവിന്റെ സല്‍ക്കര്‍മ്മമാണ്. യുഗങ്ങളെ സൃഷ്ടിക്കുന്നവന്‍ രാജാവാണ്. കൃതയുഗത്തില്‍ ഒരധര്‍മ്മവും ഉണ്ടായിരുന്നില്ല. രാജാവു നന്നായാല്‍ കൃതയുഗധര്‍മ്മം വീണ്ടും വന്നു ചേരും. അധര്‍മ്മത്തില്‍ ഒരു ജാതിക്കാരന്നും മനസ്സ് രമിക്കുകയില്ല. പ്രജകള്‍ക്ക് നിശ്ചയമായും യോഗക്ഷേമം വന്നു ചേരും. അതു പോലെ വൈദികങ്ങളായ ഗുണങ്ങളും ഉണ്ടാകും. എല്ലാ ഋതുക്കളിലും സുഖം ലഭിക്കും. ഒരു രോഗവും നാട്ടില്‍ ഉണ്ടാവുകയില്ല. നരന്മാര്‍ക്കു സ്വരവും, വര്‍ണ്ണവും, മനസ്സും തെളിയും, വ്യാധികള്‍ പിടിപെട്ട മനുഷ്യര്‍ അല്പായുസ്സുകളാവുകയില്ല. വിധവകളുണ്ടാകുകയില്ല. കൃപണന്മാരുമുണ്ടാവുകയില്ല. കൃഷിഭൂമി ഉഴാതെ തന്നെ നല്ല വിളവു നല്കും. ധാരാളം ചെടികളും, ലതകളും വളരും, ഇല, തോല്‍, കായ്, കിഴങ്ങ് ഇവയൊക്കെ ഓഷധ വീര്യമുളളതായിത്തീരും. അധര്‍മ്മം ഉണ്ടാവുകയില്ല. ധര്‍മ്മം മാത്രമേ കാണു. ഇങ്ങനെയൊക്കെയാണ് യുധിഷ്ഠിരാ! കൃതയുഗത്തിന്റെ ധര്‍മ്മം. ദണ്ഡനീതി കൊണ്ട് രാജാവ് മൂന്നംശവും നടത്തുകയാണെങ്കില്‍, നാലാമത്തെ അംശത്തെ വിട്ടു കളയുകയാണെങ്കില്‍, അപ്പോള്‍ ത്രേതായുഗം തുടരുന്നതാണ്. അധര്‍മ്മത്തിന്റെ നാലില്‍ ഒരംശം ആ മൂന്ന് അംശത്തോടു കൂടിച്ചേര്‍ന്നു നിന്നാല്‍ ഭൂമി പിന്നെ വിളവു തരണമെങ്കില്‍ കരി കൊണ്ട് ഉഴുക തന്നെ വേണം. എന്നാലേ ഓഷധികളും ഉണ്ടാവുകയുള്ളു. പകുതി നീതി വിട്ട് പകുതി തുടരുകയാണങ്കില്‍ അപ്പോള്‍ ദ്വാപരമെന്ന യുഗപ്രകൃതി തുടങ്ങുകയായി. അധര്‍മ്മത്തിന്റെ പകുതി രണ്ടു ധര്‍മ്മാംശങ്ങളോടു ചേര്‍ന്നു നിന്നാല്‍ ഉഴാതെ ഭൂമി വിളയിക്കയില്ല. ഓഷധ ജാലങ്ങളും ഉഴാതെ ഉണ്ടാവുകയില്ല. അപ്പോള്‍ രാജാവ് ദണ്ഡ നീതിയൊക്കെ വിടും. യോഗം കൂടാതെ അപ്പോള്‍ കലി പ്രജകളെ ക്ലേശിപ്പിക്കുവാന്‍ തുടങ്ങും. കലിയില്‍ അധര്‍മ്മം കൂടും. ധര്‍മ്മം ഒരിടത്തും ചേരുകയില്ല. എല്ലാ വര്‍ണ്ണങ്ങളുടേയും മനസ്സ് സ്വധര്‍മ്മം വിട്ടു നില്ക്കും. സ്വധര്‍മ്മ ഭ്രഷ്ടരായി എല്ലാവരും അധഃ പതിക്കും.ശൂദ്രന്‍ ഭിക്ഷു വേഷം കെട്ടി ജിവിക്കും. വിപ്രന്മാര്‍ ശൂദ്രന്മാരെപ്പോലെ മറ്റുള്ളവരുടെ ദാസന്മാരായി ജീവിക്കും. യോഗക്ഷേമമൊക്കെ പമ്പ കടക്കും, വര്‍ണ്ണസങ്കരസന്താനങ്ങള്‍ ഉത്ഭവിക്കും. വൈദിക കര്‍മ്മങ്ങള്‍ക്ക് ഫലം കിട്ടുകയില്ല. എല്ലാ ഋതുക്കളും മോശമാകും. രോഗങ്ങള്‍ വര്‍ദ്ധിക്കും. മനുഷ്യരുടെ സ്വരം ചുരുങ്ങും. വര്‍ണ്ണം പോകും. മനസ്സും (ഹസമാകും. പലതരം രോഗങ്ങള്‍ ഉത്ഭവിക്കും. ആയുസ്സ് അവ മൂലം അറ്റു മരിച്ചു പോകും. ധാരാളം വിധവമാരുണ്ടാകും. നാട്ടുകാര്‍ ക്രൂര സ്വഭാവികളാകും. ചില ദിക്കില്‍ മഴ പെയ്യും, ചില ദിക്കില്‍ സസ്യമുണ്ടാകും. രസമൊക്കെ വറ്റിപ്പോകും. ഇങ്ങനെ വരുവാന്‍ കാരണം രാജനീതി രാജാവ് ശരിയായും തുടരാതിരിക്കുകയാലാണ്. ഹേ യുധിഷ്ഠിരാ! രാജാവാണ് കൃതയും, ത്രേതയും, ദ്വാപരവും, കലിയുമൊക്കെ ഉണ്ടാക്കുന്നത്. രാജാവ് കൃതയുഗം സൃഷ്ടിച്ചാല്‍ ഭൂമി സ്വര്‍ഗ്ഗതുല്യമാകും. ത്രേതയെ തീര്‍ത്താല്‍ അത്യന്തമല്ലാത്ത വിധം സ്വര്‍ഗ്ലമാകും. ദ്വാപരം തീര്‍ത്താലോ, അതുപോലെ കുറഞ്ഞ നിലയില്‍ സൗഖ്യം ലഭിക്കും. കലിയെ തീര്‍ത്താലോ, അത്യന്തമായ നിലയില്‍ പാപവും വന്നു ചേരും, അതു കൊണ്ട് ദുഷ്കര്‍മ്മം ചെയ്യുന്ന രാജാവ് വളരെക്കാലം നരകത്തില്‍ പതിച്ചു കിടക്കും. പ്രജകളുടെ പാപം രാജാവിനെ ബാധിച്ച് ദുഷ്കീര്‍ത്തിയും നരകവും ഏല്ക്കുന്നുതാണ്.
ദണ്ഡനീതിയെ മുന്‍നിര്‍ത്തി കാര്യം കാണുന്ന ക്ഷത്രിയന്‍ നേടാത്തതില്‍ ശ്രമിക്കുകയും, നേടിയതിനെ രക്ഷിക്കുകയും വേണം. ലോകത്തിന്ന് അതിര്‍ത്തി മര്യാദയാണ്. ഹേതു ലോകഭാവനയാണ്. നന്നായി ചെയ്യുന്ന രാജനീതി അച്ഛനമ്മമാരെപ്പോലെ ജനങ്ങളെ രക്ഷിക്കും. ജീവികള്‍ക്കു അതാണാശ്രയം. അതു കൊണ്ട് രാജാവ് ദണ്ഡനീതി നടത്തുന്നതില്‍ ജാഗരൂകനായി നില്ക്കുക തന്നെ വേണം എന്നതാണ് രാജധര്‍മ്മം. അതു കൊണ്ട് ഹേ കൌരവാ, ഭവാന്‍ (പ്രജകളെ രാജനീതിയാല്‍ സംരക്ഷിക്കുക. എന്നാല്‍ സുദുര്‍ജ്ജയമായ സ്വര്‍ഗ്ഗം നിനക്ക് നേടാം.
അദ്ധ്യായം 70. ഷള്‍ത്രിംശുഗുണനിരൂപണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഏതു വൃത്തിയില്‍ നില്ക്കുന്ന വൃത്തിജ്ഞനായ രാജാവ് എളുപ്പത്തില്‍ സുഖദമായ അര്‍ത്ഥങ്ങള്‍ ഇഹത്തിലും പരത്തിലും നേടും.
ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ, രാജാവ് മുപ്പത്താറ് സല്‍ഗുണങ്ങളോട് കൂടിയവനായിരിക്കണം. ഈ മുപ്പത്താറു ഗുണങ്ങളും ചെയ്യുകയാണെങ്കില്‍ ഗുണം ഉണ്ടാകുന്നതാണ്. അവയെപ്പറ്റി വിശദീകരിക്കാം: ക്രോധം കൂടാതെ ധര്‍മ്മം അനുഷ്ഠിക്കുക, അനാസ്തികനായി സ്നേഹം ചെയ്യുക, അഹിംസകനായി ധനമാര്‍ജ്ജിക്കുക, അനുദ്ധതനായി കാമം അനുഭവിക്കു ക, ദൈന്യം കുടാതെ പ്രിയം പറയുക, അഹങ്കാരം വെടിഞ്ഞ് ശൗര്യം കാട്ടുക, അപാത്രത്തെ വിട്ടു ദാനം ചെയ്യുക, ക്രുരത വെടിഞ്ഞ് പാടവം കാട്ടുക, ദുഷ്ടരെ വിട്ടു സജ്ജനങ്ങളുമായി ചേരുക, ചാര്‍ച്ചക്കാരോട് എതിര്‍ക്കാതെ ശത്രുക്കളുമായി പോരാടുക, കൂറില്ലാത്തവനെ വെടിഞ്ഞ് കൂറുളളവനെ ചാരനാക്കുക, പീഡ കൂടാതെ കര്‍ത്തവ്യം ചെയ്യുക, ദുര്‍ജ്ജനങ്ങളെ വിട്ടു സജ്ജനങ്ങളുമായി കാര്യാലോചന നടത്തുക, തന്റെ ഗുണം പ്രശംസിക്കാതെ അന്യമാന്യന്മാരുടെ ഗുണം പ്രസംഗിക്കുക, സാധുക്കളെ വിട്ടു മറ്റുളളവരില്‍ നിന്ന് നേടുക, സജ്ജനങ്ങളോട് ദുഷ്ടരെ വിട്ട് ബന്ധപ്പെടുക, തെളിവു കൂടാതെ ശിക്ഷിക്കാതിരിക്കുക, രഹസ്യങ്ങള്‍ പുറത്തുവിടാതിരിക്കുക, ലുബ്ധന്മാരെ വിട്ട് അന്യന്മാര്‍ക്ക് ദാനം നല്‍കുക, ദ്രോഹിയെ വിട്ട് ദ്രോഹിയല്ലാത്തവനെ വിശ്വസിക്കുക. ഈര്‍ഷ്യ കൂടാതെ ഭാര്യയെ സംരക്ഷിക്കു ക, അഘൃണനായി, ശുദ്ധനായി രാജാവ് പെരുമാറുക, അധികമായ സ്ത്രീസേവ ചെയ്യാതിരിക്കുക, അഹിതം കൂടാതെ പാര്‍ത്ത് ഉണ്ണുക, അസ്തബ്ധനായി മാന്യരെ അര്‍ച്ചിക്കുക, കപടം കൂടാതെ ഗുരുവിനെ ശുശ്രൂഷിക്കുക, ദംഭം കൂടാതെ ദേവപൂജ ചെയ്യുക, ശുദ്ധമായ ഐശ്വര്യത്തെ (ധനത്തെ) കാംക്ഷിക്കുക, പ്രണയം വിട്ട് സേവിക്കുക, അകാലം വിട്ട് കാമിക്കുക, പാഴാകാത്ത വിധം സാന്ത്വം ചൊല്ലുക, ആക്ഷേപം കേള്‍ക്കാനിടയാകാത്ത വിധം തുണയ്ക്കുക, കാര്യം അറിയാതെ പ്രഹരിക്കാതിരിക്കുക, ശത്രുഘാതനക കൊണ്ടു ദുഃഖിപ്പിക്കാതരിക്കുക, പാഴായി ക്രോധിക്കാതിരിക്കുക, ദ്രോഹിയില്‍ മാര്‍ദ്ദവം കാണിക്കാതിരിക്കുക, ഹേ യുധിഷ്ഠിരാ, നീ ശ്രേയസ്സിനെ ഇച്ഛിക്കുന്നുണ്ടെങ്കില്‍ ഈ മുപ്പത്താറു ഗുണങ്ങളോടെ രാജ്യം ഭരിക്കുക. ഇപ്പറഞ്ഞതിന്നു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ഏതു രാജാവും വലിയ ഭയത്തിന്ന് പാത്രമായിത്തീരും. ഈ പറഞ്ഞ ഗുണങ്ങള്‍ പറഞ്ഞ മാതിരി ചെയ്യുന്നതായാല്‍ എല്ലാ മംഗളങ്ങളും (പാപി ക്കും. പിന്നെ സ്വര്‍ഗ്ഗത്തില്‍ പൂജ്യനായിത്തീരുന്നതുമാണ്.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് പാണ്ഡവ മുഖ്യന്മാരോടു കൂടി യുധിഷ്ഠിരന്‍ മുത്തച്ഛനെ വണങ്ങി. ബുദ്ധിമാനായ രാജാവു പിന്നെ ഭീഷ്മ പിതാമഹന്റെ വാക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചു.
അദ്ധ്യായം 71. രാജാക്കന്മാരുടെ പ്രധാന ധര്‍മ്മം - യുധിഷ്ഠിരന്‍ പറഞ്ഞു: പ്രജകളെ പരിപാലിക്കുന്ന രാജാവ് ആധി ഏൽക്കാത്തവിധം, ധര്‍മ്മത്തില്‍ തെറ്റു പറ്റാത്ത വിധം, എങ്ങനെ ജീവിക്ക ണമെന്ന് പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: രാജാവേ, നിന്നോടു ചുരുക്കമായി ഞാന്‍ രാജധര്‍മ്മങ്ങള്‍ പറഞ്ഞു തരാം. ധര്‍മ്മങ്ങളെ വിസ്തരിച്ച് പറയുവാന്‍ ഒരുങ്ങിയാല്‍ ഒരു അന്തവും കാണുന്നതല്ല. ധര്‍മ്മിഷ്ഠന്മാരും ശ്രുതങ്ങള്‍ പഠിച്ചവരുമായ വേദവ്രതികളായ നല്ല ബ്രാഹ്മണരെ ഗൃഹത്തില്‍ പൂജിച്ച് നീ യാഗകര്‍മ്മങ്ങള്‍ ചെയ്യുക. അങ്ങനെയുളള ബ്രാഹ്മണരെ എതിരേറ്റ് കാല്‍ കഴുകിച്ച് കൈകൂപ്പി അഭിവാദ്യം ചെയ്ത് എല്ലാ കാര്യങ്ങളും പുരോഹിതനോടു കൂടി നിന്നു ചെയ്യുക. ധര്‍മ്മകാര്യങ്ങള്‍ സാധിച്ചതിന്നു ശേഷം മംഗളങ്ങള്‍ ചെയ്ത് അര്‍ത്ഥസിദ്ധിക്കു വേണ്ടി ജയാശിസ്സ് ദ്വിജന്മാരെക്കൊണ്ടു ചെയ്യിക്കുക. ആര്‍ജ്ജവം, ബുദ്ധി, ധൈര്യം എന്നിവയുള്ള ധീരന്‍ ഹേ ഭരതര്‍ഷഭാ, ശരിയായ രീതിയിൽ അര്‍ത്ഥം സമ്പാദിക്കുക, കാമക്രോധങ്ങളെ ഉപേക്ഷിക്കുക. കാമക്രോധങ്ങളെ മുന്‍നിര്‍ത്തി അര്‍ത്ഥം നേടുന്ന ബാലിശനായ രാജാവ് ധര്‍മ്മവും അര്‍ത്ഥവും നേടുകയില്ല. ലുബ്ധന്മാരേയും മൂര്‍ഖന്മാരേയും ഒരു കാര്യത്തിലും നിയോഗിക്കരുത്. അലുബ്ധന്മാരായ ബുദ്ധിമാന്മാരെ കാര്യങ്ങളുടെ നടത്തിപ്പിന്നു നിയോഗിക്കണം. കാര്യങ്ങളറിയാത്ത മൂര്‍ഖനെ കാര്യം ഏല്‍പിച്ചു വിട്ടാല്‍ കാര്യവുമായുള്ള അജ്ഞത നിമിത്തം കാമക്രോധങ്ങള്‍ക്കു വശംവദനായി അവന്‍ പ്രജകള്‍ക്കു ക്ലേശങ്ങള്‍ വരുത്തിക്കൂട്ടും. വരവിന്റെ ആറിലൊന്നു കപ്പം ശുദ്ധമായ ധനമാണ്. കുറ്റം ചെയ്തവര്‍ അടയ്ക്കുന്ന പിഴയും ശുദ്ധമായ ധനമാണ്. ശാസ്ത്രം അനുസരിച്ച് നല്കപ്പെടുന്ന തിരുമുല്‍ക്കാഴ്ചയും ശുദ്ധമായ ധനമാണ്. ഇവ കൊണ്ടുളള ധനാഗമമാണ് ഇച്ഛിക്കേണ്ടത്.
നാട്ടില്‍ ധര്‍മ്മ്യം കൊടുപ്പിച്ചു കൊണ്ടും, വിധിപ്രകാരം നീതിയായി കപ്പം പിരിച്ചെടുത്തും, രാജാവ് ക്ഷേമം നാട്ടുകാരില്‍ ഇളവു കൂടാതെ വര്‍ദ്ധിപ്പിക്കണം. ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എങ്ങനെയുള്ള രാജാവിനെയാണെന്നു പറയാം. തങ്ങളെ സംരക്ഷിക്കുന രാജാവിനെ ഇഷ്ടപ്പെടും. തങ്ങള്‍ക്കു വേണ്ടതു നല്കുന്ന രാജാവിനെ ഇഷ്ടപ്പെടും. ധര്‍മ്മിഷ്ഠനായ രാജാവിനെ ഇഷ്ടപ്പെടും. നിത്യോത്സാഹിയായ രാജാവിനെ ഇഷ്ടപ്പെടും. കാമക്രോധങ്ങള്‍ വിട്ട രാജാവിനേയും ജനങ്ങള്‍ ഇഷ്ടത്തോടെ സ്നേഹിക്കും. അധര്‍മ്മമായി ലോഭം കൊണ്ട് നീ പ്രജകളില്‍ നിന്ന് ധനം ആഗ്രഹിക്കരുത്. ശാസ്ത്രം നോക്കാതെ ലോഭിയായി പെരുമാറുന്ന രാജാവില്‍ ധര്‍മ്മവും അര്‍ത്ഥവും അസ്ഥിരമായിത്തീരും. അര്‍ത്ഥലോഭിയായ രാജാവ് ധര്‍മ്മങ്ങളെ നേടുകയില്ല. നേടാത്ത നിലയ്ക്ക് അവന്റെ കൈവശം വല്ല ധനവുമുണ്ടെങ്കില്‍ അതു നശിച്ചുപോകും. അര്‍ത്ഥം ആഗ്രഹിക്കുന്നവന്‍ താന്‍തന്നെ ആത്മഹിംസ ചെയ്യും. ശാസ്ത്രോക്തമല്ലാത്ത ബലി കൊണ്ട് മോഹം മൂലം പ്രജകള്‍ക്ക് അവന്‍ ദുഃഖം ഉണ്ടാക്കും. പാലു തരുന്ന പശുവിന്റെ അകിടു മുറിച്ചെടുത്താല്‍ പാല്‍ കിട്ടുകയില്ലല്ലോ. വേണ്ട വിധത്തിലല്ലാതെ രാഷ്ടത്തെ ഞെക്കിപ്പിഴിയാന്‍ തുടങ്ങിയാല്‍ രാഷ്ട്രം ഒരിക്കലും അഭിവൃദ്ധിപ്പെടുന്നതല്ല.
പശുവിനെ പരിപാലിക്കുന്നവന്‍ ദിവസവും പാല്‍ കറന്നെടുക്കുന്നതു പോലെ രാഷ്ട്രത്തെ കൌാശലത്തോടു കൂടി പാലിച്ചു ഭരിക്കുന്നവന്‍ അതിന്റെ മിച്ചം നേടി അനുഭവിക്കും. ഉപായം കൊണ്ടു ഭരിക്കപ്പെടുന്ന രാഷ്ട്രം സുരക്ഷിതമാകും. അങ്ങനെ ഭരിക്കപ്പെടുന്ന രാജ്യത്തെ രാജാവിന്റെ ഭണ്ഡാരം വളരുകയും ചെയ്യും. നല്ല രാജാവ് സംരക്ഷിക്കുന്ന ഭൂമി ധാന്യവും പൊന്നുമാണ് ചുരത്തിത്തരിക. അമ്മ മുലപ്പാല്‍ ചുരത്തിത്തരുന്ന പോലെ തന്റെ ആള്‍ക്കാര്‍ക്കും മറ്റുളളവര്‍ക്കും ലോഭം കൂടാതെ ഭൂമി അവയെ നല്കുന്നു. മാല കോര്‍ക്കുന്ന മാലക്കാരനെപ്പോലെയാകണം, അല്ലാതെ കരിയെടുക്കുന്ന അംഗാരികനെപ്പോലെയാകരുത്. അങ്ങനെ രാജ്യം പാലിക്കുകയാണെങ്കില്‍ നീ വളരെക്കാലം രാജ്യം അനുഭവിക്കും. ശത്രു സൈന്യത്തോടെതിര്‍ത്ത് നിന്റെ ധനം ക്ഷയിക്കുകയാണെങ്കില്‍ സാമോപായം കൊണ്ട് ധനം നേടുവാന്‍ നോക്കുക. പ്രജകളില്‍ ബ്രാഹ്മണരെ അതില്‍ നിന്ന് ഒഴിവാക്കണം. ധനവാനായ വിപ്രനെക്കാണുമ്പോള്‍ കുറെ പണം അവന്റെ കൈയില്‍ നിന്നും വാങ്ങിക്കളയാം എന്നു വിചാരിച്ചു പോകരുത്. അത്യാവസ്ഥയിലും അവനെ സമീപിക്കരുത്. കഷ്ടപ്പെടുന്നവര്‍ക്ക് യഥാശക്തി അര്‍ഹിക്കുന്ന സഹായം ചെയ്തു കൊടുക്കണം. സാന്ത്വനം ചെയ്ത് അത്തരക്കാരെ രക്ഷിക്കുകയാണെങ്കില്‍ ദുര്‍ജ്ജയമായ സ്വര്‍ഗ്ഗം പ്രാപിക്കുന്നതാണ്.
ഇപ്രകാരം പ്രജകളെ ഭവാന്‍ പരിപാലിക്കുക. അങ്ങനെ ചെയ്താല്‍ നിനക്കു പുണ്യവും കീര്‍ത്തിയും ലഭിക്കും. ലോകരെ ധര്‍മ്മത്താലും വ്യവഹാരത്താലും സംരക്ഷിക്കുക. അങ്ങനെ മുറ പോലെ പാലിച്ചാല്‍ നാട്ടില്‍ ആധിയും വ്യാധിയും വന്നു ചേരുന്നതല്ല.
രാജാവിന്ന് ഏറ്റവും വലിയ ധര്‍മ്മം പ്രജാപാലനമാണ്. അതു കൊണ്ട് ധര്‍മ്മകോവിദന്മാര്‍ ഇത് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമാണെന്നു പറയുന്നു. രക്ഷയ്ക്കൊരുങ്ങുന്ന രാജാവ് ജീവികളില്‍ കൃപ കാണിക്കണം.
ഒറ്റ ദിവസമെങ്കിലും ജനങ്ങളെ ഭയത്തില്‍ നിന്നു സംരക്ഷിക്കാത്ത രാജാവ് താന്‍ ചെയ്ത ആ പാപത്തിന്ന് ആയിരം കൊല്ലം നരകത്തില്‍ കിടന്നാലും അറുതി വരികയില്ല. പ്രജകളെ ധര്‍മ്മത്തോടെ ഒരു ദിവസമെങ്കിലും ഭയത്തില്‍ നിന്നു കാത്തു രക്ഷിച്ച രാജാവ് ആ സല്‍ക്കര്‍മ്മ ഫലം കൊണ്ട് പതിനായിരം വര്‍ഷം സ്വര്‍ഗ്ഗത്തില്‍ വാഴും.
ലോകമൊക്കെ നല്ല യജ്ഞങ്ങള്‍ ചെയ്തവര്‍ക്കും, തപസ്സു ചെയ്തവര്‍ക്കും സ്വാദ്ധ്യായവാന്മാര്‍ക്കും ഉള്ളതാണ്. ധര്‍മ്മത്താല്‍ പ്രജകളെ പാലിക്കുന്ന രാജാവ് അതൊക്കെ ക്ഷണം കൊണ്ട് നേടുന്നതാണ്.
ഇപ്രകാരമുള്ള ധര്‍മ്മം ഹേ യുധിഷ്ഠിരാ! നീ യത്നത്തോടെ സംരക്ഷിച്ചു കൊളളുക. അങ്ങനെ ചെയ്താല്‍ ആധിബന്ധങ്ങളൊക്കെ നീങ്ങി പുണ്യഫലം നേടുന്നതാണ്. സ്വര്‍ഗ്ഗലോകത്തില്‍ വലിയ ശ്രീയും നേടും. രാജാക്കളല്ലാത്തവര്‍ക്ക് ഇത്തരം ധര്‍മ്മങ്ങള്‍ ലഭിക്കുകയില്ല. രാജാവല്ലാതെ ധര്‍മ്മത്തിന്റെ ഫലം ഏല്ക്കുന്നവനായി മറ്റൊരാളില്ല. അതുകൊണ്ട് ധൈര്യപൂര്‍വ്വം രാജ്യം നേടി ധര്‍മ്മാനുസരണം രാജ്യം ഭരിക്കുക. സോമത്താല്‍ ഇന്ദ്രനെ തര്‍പ്പിക്കുക. ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ച് ഇഷ്ടജനങ്ങളേയും നീ സംതൃപ്തരാക്കുക.
അദ്ധ്യായം 72. ഐളവായുസംവാദം - ഭീഷ്മൻ പറഞ്ഞു: സജ്ജനങ്ങളെ രക്ഷിക്കുകയും, ദുര്‍ജ്ജനങ്ങളെ അകറ്റുകയും ചെയ്യുന്നവനായ ഉത്തമനെ രാജാവ് തന്റെ പുരോഹിതനായി നിശ്ചയിക്കണം. അതിന്ന് ഉദാഹരണമായി പണ്ടുള്ളവര്‍ ഇങ്ങനെ ഒരു കഥ പറയാറുണ്ട്. അത് ഐളനായ പുരൂരവസ്സിന്റേയും വായുവിന്റേയും സംവാദമാണ്.
പുരൂരവസ്സ് പറഞ്ഞു: എവിടെ നിന്നാണ് വിപ്രന്‍ ഉണ്ടായത്? പിന്നെ മൂന്നു വര്‍ണ്ണങ്ങളും എവിടെ നിന്നുണ്ടായി? എന്തു ചെയ്താലാണ് ശ്രേഷ്ഠനാവുക? ഈ വക കാര്യങ്ങളൊക്കെ എന്നോടു വിവരിച്ചു പറഞ്ഞുതന്നാലും.
മാതരിശ്വാവ് പറഞ്ഞു: ഹേ രാജേന്ദ്രാ, (ബാഹ്മണന്‍ (ബ്രഹ്മാവിന്റെ മുഖത്തു നിന്നു ജനിച്ചവനാണ്. ക്ഷത്രിയന്‍ ബ്രഹ്മാവിന്റെ കൈയില്‍ നിന്നു ജനിച്ചവനാണ്. വൈശ്യന്‍ ബ്രഹ്മാവിന്റെ തുടയില്‍ നിന്നു ജനിച്ചു. മുന്നു ജാതികളുടേയും ശുശ്രൂഷയ്ക്കായി നാലാമത്തെ ജാതിയായി ശൂദ്രന്‍ (ബഹ്മാവിന്റെ പാദത്തില്‍ നിന്ന് ഉത്ഭവിച്ചു. അങ്ങനെ പിറന്ന ബ്രാഹ്മണന്‍ ഭൂമിയില്‍ തുടര്‍ന്ന് പിറന്നു കൊണ്ടിരിക്കുന്നു. ധര്‍മ്മകോശം സംരക്ഷിക്കുവാന്‍ സര്‍വ്വജീവികള്‍ക്കും ഈശ്വരനായി ബ്രാഹ്മണന്‍ വിലസു ന്നു. ബ്രാഹ്മണന് ശേഷം പിറന്ന ക്ഷത്രിയന്‍ ലോകത്തെ അടക്കി ഭരിക്കുവാന്‍ ദണ്ഡധരനായി, രണ്ടാമത്തെ ദണ്ഡമായി പ്രജകളുടെ രക്ഷയ്ക്കു നിയമിതനായി. വൈശൃന്‍ ധനധാന്യത്തില്‍ ഈ മൂന്നു ജാതികളേയും സംരക്ഷിക്കുവാന്‍ നിയമിതനായി. ശൂദ്രന്‍ ഇപ്പറഞ്ഞ മൂന്നു.ജാതിക്കാരേയും ശുശ്രൂഷിക്കുന്ന സേവനത്തിലും നിയമിതനായി;
ഐളന്‍ പറഞ്ഞു: ഹേ മഹാശയാ, ഈ പറഞ്ഞതില്‍ ശ്രേഷ്ഠന്‍ ബ്രാഹ്മണനായിരിക്കെ, ഭരണ കര്‍ത്താവ് ക്ഷത്രിയനായിരിക്കെ, ഭൂമിയുടെ അവകാശം ബ്രാഹ്മണന്നോ ക്ഷത്രിയന്നോ, ആര്‍ക്കുള്ളതാണ്? ആ കാര്യം അങ്ങു വ്യക്തമാക്കിയാലും.
വായു പറഞ്ഞു: ഈ മന്നില്‍ എന്തൊക്കെയുണ്ടോ, അതൊക്കെ വിപ്രന്റെയാണ്. ജ്യേഷ്ഠന്‍ ബ്രാഹ്മണനായതു കൊണ്ട് അവകാശം ജ്യേഷ്ഠക്രമത്തില്‍ അവന്നാണെന്നാണ് ധര്‍മ്മകോവിദന്മാര്‍ പറയുന്നത്. വിപ്രന്‍ ഉണ്ണുന്നത് അവന്റേതാണ്. ഉടുക്കുന്നതും, കൊടുക്കുന്നതുമെല്ലാം അവന്റെയാണ്. ശ്രേഷ്ഠനും, ജയേഷ്ഠനുമായ ദ്വിജന്‍ എല്ലാ ജാതിക്കും ഗുരുവാണ്. ഭര്‍ത്താവ് മരിക്കുമ്പോള്‍ സ്ത്രീ മറ്റൊരു വരനെ ഭര്‍ത്താവായി സ്വീകരിക്കുന്നതു പോലെയാണ് മറ്റുളളവര്‍ ഭൂനാഥന്മാരാകുന്നത്. ഇതാണ് സാധാരണ നിയമം. ആപത്തില്‍ കാര്യങ്ങള്‍ക്കു മാറ്റം വന്നേക്കും. ഏറ്റവും ഉയര്‍ന്ന സ്ഥാനം സ്വര്‍ഗ്ഗമായതു കൊണ്ട് നീ സ്വന്തം ധര്‍മ്മം പാലിച്ചു കൊള്ളുക. നീ വല്ല ഭൂമിയും ജയിച്ചു പിടിക്കുകയാണെങ്കില്‍ അത് ആദ്യമായി ബ്രാഹ്മണന്നായി നിവേദിക്കുക.
ശ്രുതമായ വൃത്തങ്ങള്‍ ഉള്ളവനും, ധര്‍മ്മജ്ഞനും, തപസ്വിയും, സ്വധര്‍മ്മപരനും, ധനം ഇല്ലാത്തവനും, നല്ല ബുദ്ധിമാനും രാജാവിനെ വേണ്ട പോലെ ഉപദേശിക്കുവാന്‍ കഴിവുള്ളവനും കുലീനനും കൃതപ്രജ്ഞനും, നീതിമാനുമായ ബ്രാഹ്മണന്‍ നല്ല വാക്കു പറഞ്ഞു തന്ന് രാജാവിന് നന്മ നല്കും. ബ്രാഹ്മണര്‍ കാണിച്ചു തരുന്ന ഏതു ധര്‍മ്മം മന്നവന്‍ ചെയ്യുന്നുവോ ശുശ്രൂ ഷവും നിരഹങ്കാരിയും ക്ഷത്രധര്‍മ്മവ്രതസ്ഥനുമായി അവന്‍ ശോഭിക്കും. അതു കൊണ്ടു തന്നെ അവന്‍ സത്കൃതനായി, പ്രജ്ഞനനായി, കീര്‍ത്തിമാനായി ചിരകാലം ശോഭിക്കും. അവന്റെ എല്ലാ ധര്‍മ്മത്തിന്നും പുരോഹിതന്‍ ഭാഗഭാക്കാണ്. ഇപ്രകാരം ലോകരെല്ലാം രാജാക്കളെ ആശ്രയിക്കുന്നു.
സദ് വൃത്തരും സ്വധര്‍മ്മസ്ഥരുമായ പ്രജകള്‍ എവിടേയും ഭയം കൂടാതെ നാട്ടില്‍ ധര്‍മ്മം ഏതു രാജാവിന്റെ രക്ഷയില്‍ ചെയ്യുന്നുവോ ആ ധര്‍മ്മത്തിന്റെ നാലില്‍ ഒരു ഭാഗം ഫലം രാജാവ് ഏല്ക്കുന്നു. ദേവതകളും, പിതൃക്കളും, ഗന്ധര്‍വ്വന്മാരും, നരന്മാരും, പന്നഗങ്ങളും, ആശരന്മാരും, യജ്ഞമാശ്രയിച്ചും ജീവിക്കുന്നു. രാജാവ് ഇല്ലെങ്കില്‍ യജ്ഞമില്ല. ഈ ലോകത്തില്‍ നിന്നു നല്കുന്നത് ദേവന്മാരും പിതൃക്കളും കൈക്കൊള്ളുന്നു. ഈ ധര്‍മ്മത്തിന്റെ യോഗക്ഷേമമെല്ലാം ഇരിക്കുന്നത് രാജാവിലാകുന്നു. ഉഷ്ണത്താലും നിഴലാലും ജലത്താലും കാറ്റിനാലും സുഖം ഏല്ക്കുന്നു. തണുപ്പിനാലും അഗ്നിയാലും വസ്ത്രത്താലും അര്‍ക്കനാലും സുഖം ഏല്ക്കുന്നു. ശബ്ദം, സ്പര്‍ശം, രൂപം, രസം ഇവയില്‍ മനസ്സു രമിക്കുന്നു. ഭയപ്പെട്ടാല്‍ ആര്‍ക്കും ഈ സുഖം ലഭിക്കയില്ല. എല്ലാ ഭോഗങ്ങളും ആസ്വദിക്കുവാന്‍ മനസ്സിന്നു ശാന്തി ലഭിക്കണം. അങ്ങനെ അഭയം ജനങ്ങള്‍ക്കു നല്‍കുന്നവന്‍ മഹത്വമേറുന്ന ഫലം ലഭിക്കും. മൂന്നു ലോകത്തിലും പ്രാണദാനം പോലെ വേറെ പുണ്ടമൊന്നുമില്ല. ഇന്ദ്രൻ രാജാവാണ്, യമന്‍ രാജാവാണ്., അതു പോലെ രാജാവ് പല രൂപവും ധരിക്കുന്നു. എല്ലാം ധരിക്കുന്നവന്‍ രാജാവാണ്.
അദ്ധ്യായം 73. ഐളകശ്യപസംവാദം - ഭീഷ്മൻ പറഞ്ഞു: ബഹുശ്രുതനും പ്രാജ്ഞനുമായ പുരോഹിതനെ നൃപന്‍ നിശ്ചയിക്കണം. യഥാവിധി ധര്‍മ്മാര്‍ത്ഥങ്ങളെ നോക്കി വേണം അടുത്തു നിയമിക്കുവാന്‍. മന്ത്രജ്ഞനും ധര്‍മ്മശീലനും ഗുണവാനുമായ പുരോഹിതന്‍ ഏതു രാജാവിന്നുണ്ടോ ആ രാജാവിന്ന് ക്ഷേമവും വന്നു കൂടും. രാജാവും മന്ത്രിയും എന്ന രണ്ടു പേരും പ്രജകള്‍ക്കും, ദേവകള്‍ക്കും, പിതൃക്കള്‍ക്കും ക്ഷേമവും അഭിവ്യദ്ധിയും നല്‍കുന്നവരാണ്. ധര്‍മ്മതപ്രോവ്രതത്തോടെ തപസ്വികള്‍ നിൽക്കേണ്ടതാണ്. സമബുദ്ധികളായി തമ്മില്‍ സുഹൃത്തുക്കാളായി പ്രജകള്‍ നിൽക്കണം. അങ്ങനെ ബ്രഹ്മക്ഷത്രങ്ങളെ മാനിച്ചാല്‍ പ്രജകള്‍ക്കു സുഖം ലഭിക്കും. അവരെ അവ മാനിച്ചാല്‍ പ്രജകള്‍ക്കു നാശവും സംഭവിക്കും. ബ്രഹ്മവും ക്ഷത്രവും എല്ലാ ജാതിക്കാര്‍ക്കും മൂലമാകുന്നു. അതിന്നുദാഹരണമായി പണ്ടുളളവര്‍ ഒരു കഥ പറയാറുണ്ട്. ഐളനും കശ്യപനും തമ്മിലുള്ള സംവാദമാണ് കഥാവിഷയം. അതു ഞാന്‍ പറയാം യുധിഷ്ഠിരാ! നീ കേള്‍ക്കുക.
ഐളന്‍ പറഞ്ഞു: "ബ്രഹ്മം ക്ഷത്രത്തെ സംതൃജിക്കുന്നതായാല്‍, അല്ലെങ്കില്‍ ക്ഷത്രംബ്രഹ്മത്തെ ഉപേക്ഷിക്കുന്നതായാല്‍ പിന്നെ ആരെയാണു നാം ആശ്രയിക്കേണ്ടത്? പിന്നെ വര്‍ണ്ണങ്ങള്‍ ആരെ താങ്ങി നില്ക്കണം?
കശൃപന്‍ പറഞ്ഞു: ബ്രഹ്മക്ഷത്രങ്ങള്‍ തമ്മില്‍ തെറ്റി നില്ക്കുകയാണെങ്കില്‍ വിസ്തൃതമായ രാജ്യം നശിച്ചുപോകും. കൊള്ളക്കാര്‍ ശക്തി സമാര്‍ജ്ജിക്കുവാന്‍ ശ്രമിക്കും. സജ്ജനങ്ങള്‍ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ പാലിക്കാതാകും. ബ്രാഹ്മണനെ ക്ഷത്രിയന്‍ ഒരിക്കലും തെറ്റി നില്ക്കരുത്. അങ്ങനെ വന്നാല്‍ എല്ലാം കുഴപ്പത്തിലാകും. നാട്ടില്‍ കൊളളയും കൊലയും കലാപവും വര്‍ദ്ധിക്കും. സജ്ജനങ്ങള്‍ക്കു രക്ഷ ലഭിക്കയില്ല. സന്താനങ്ങള്‍ക്കു രക്ഷയില്ല. കടകോല്‍ ഗൃഹങ്ങളില്‍ കടയുകയില്ല. യാഗങ്ങള്‍ നടക്കുകയില്ല. അവരുടെ മക്കള്‍ വേദം പഠിക്കുകയില്ല. ഇതൊക്കെ സംഭവിക്കും. ധനം അഭിവൃദ്ധിപ്പെടുകയില്ല. വീടുകളില്‍ വേദോച്ചാരണ ശബ്ദം കേള്‍ക്കില്ല. നല്ല പ്രജകള്‍ ദേവ കാര്യങ്ങള്‍ക്കായി ഹോമാദികള്‍ ചെയ്കയില്ല. ജനങ്ങളൊക്കെ സങ്കീര്‍ണ്ണ സ്വഭാവികളാകും. കൊളളയ്ക്കു ജനങ്ങളില്‍ വാസനയുണ്ടാകും. ഇതൊക്കെയാണ് വിപ്രന്മാരെ ക്ഷത്രിയര്‍ ഉപേക്ഷിച്ചാല്‍ വന്നു ചേരുക.
ഈ ബ്രാഹ്മണ ക്ഷത്രിയന്മാര്‍ പരസ്പരം സ്നേഹ വിശ്വാസങ്ങളോടെ ഇണങ്ങി നില്ക്കുകയാണെങ്കിലോ പരസ്പരം താങ്ങായിത്തീരും. ക്ഷത്രിയനില്‍ നിന്ന് ബ്രഹ്മവും (ബഹ്മത്തില്‍ നിന്നു ക്ഷത്രവും പുരോഗമിക്കും. എപ്പോഴും ഇവ രണ്ടും പരസ്പരം ആശ്രയിച്ചു ജീവിച്ച് മഹത്തായ സ്ഥാനം നേടുമാറാകണം. പണ്ടേയുള്ള ഈ പരസ്പരാലംബനം വിടുകയാണെങ്കില്‍ എല്ലാം താറുമാറാകും. എല്ലാവരും വിഷമത്തില്‍പ്പെട്ട് ഇരുളിലാണ്ടുപോകും. കരയ്ക്കണയുവാന്‍ ശ്രമിക്കുന്ന തോണി അഗാധത്തിലേക്ക് ആണ്ടു പോകുന്നതു പോലെ ചാതുര്‍വർണ്യം അപകടത്തിലാകും. അപ്പോള്‍ പ്രജകള്‍ക്കു നാശം സംഭവിക്കും.
ബ്രഹ്മവൃക്ഷത്തെ പരിപാലിക്കുയാണെങ്കില്‍ തേന്മഴയും പൊന്നുമഴയും പെയ്യുവാന്‍ തുടങ്ങും. സംരക്ഷിക്കുന്നില്ലെ ങ്കിലോ കണ്ണുനീര്‍ വാര്‍ത്തും പാപത്തിന്റെ പേമഴയുമാണ് ഉണ്ടാവുക.
അബ്രഹ്മചാരി ബ്രഹ്മചര്യം തെറ്റിച്ചു ബ്രഹ്മത്തെ ആശ്രയിക്കുകയാണെങ്കില്‍ അത്ഭുതകരമായ വിധം ദേവന്‍ അധികമായി വര്‍ഷിക്കും. ദുസ്സഹമായ ജലപ്രവാഹം ഉണ്ടാകും. ദുഷ്ടന്‍ ഭാര്യയെ വധിക്കും. വിപ്രനേയും കൊല്ലും. പാതകം സഭയില്‍ കൊണ്ടു വരുവാന്‍ ശ്രമിക്കുമ്പോള്‍ രാജാവിനെപ്പോലും ഭയപ്പെടുന്നില്ലെങ്കില്‍ പിന്നെ അതു കൊണ്ട് ഭയം ആര്‍ക്കാണുണ്ടാവുക? ക്ഷത്രിയന് തന്നെയാണ്!
അല്ലയോ ഐളാ, പാപം ചെയ്തു കൊണ്ടിരുന്നാല്‍ സഹികെട്ട ജനങ്ങള്‍ രൗദ്രഭാവം കൈക്കൊള്ളും. ദൈവം രുദ്രനായിത്തീരും. രുദ്രനെ ഉണ്ടാക്കുന്നത് പാപികളാണ്. അതു കൊണ്ട് സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളുമടങ്ങുന്ന സകലരും കൊല്ലപ്പെടും.
ഐളന്‍ പറഞ്ഞു: രുദ്രന്‍ എവിടെ? രുദ്രന്‍ എങ്ങനെ? സത്വത്തെ സത്വം കൊല്ലുന്നതായിക്കാണുന്നു. ഇതൊക്കെ ഹേ കാശ്യപാ, അങ്ങ് എനിക്കു പറഞ്ഞു തരണേ।! എന്താണു ദേവന്‍ രുദ്രനാകാന്‍ കാരണം?
കശ്യപന്‍ പറഞ്ഞു: രാജാവേ, രുദ്രന്‍ മനുഷ്യര്‍ക്കു ഹൃദയത്തിലാണ്. ആ ഹൃദയസ്ഥിതനായ രുദ്രന്‍ തന്റെയും അന്യന്റെയും ദേഹത്തെ നശിപ്പിക്കുന്നു. കൊടുങ്കാറ്റു പോലെയും ഉല്‍പ്പാതം പോലെയുമാണ് രുദ്രന്റെ ഭാവം; രൂപമോ ദേവാഭ്രം പോലെയുമാണ്.
ഐളന്‍ പറഞ്ഞു: കാറ്റ് ആകാശത്ത് വീശുകയില്ല. ജീമൂതന്‍ വര്‍ഷവും പെയ്യുകയില്ല. അങ്ങനെ ജനങ്ങളില്‍ ബന്ധവും മോഹവും കാമദ്വേഷങ്ങളാല്‍ നിഷ്ഫലമായി കാണപ്പെടുന്നു.
കശ്യപന്‍ പറഞ്ഞു: വീട്ടില്‍ ജലിക്കുന്ന അഗ്നി ഗൃഹവും നാടും നഗരവും ചുട്ടു നശിപ്പിക്കുന്നു. ആ അഗ്നി തന്നെ വീടിനെ പ്രകാശിപ്പിക്കുന്നു. അഗ്നി നഗരം ചുട്ട് പാപിയായും തീരുന്നു. അങ്ങനെ അഗ്നി പുണ്യവും പാപവും ഏല്ക്കുന്നതായി നാം കാണുന്നു.
ഐളന്‍ പറഞ്ഞു: പാപി പാപം ചെയ്യുമ്പോള്‍, പുണ്യവാന്മാരും ദണ്ഡം ഏൽക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ് സുകൃതം ചെയുന്നത്? എന്തിനാണ് ദുഷ്കൃതം ചെയ്യാതിരിക്കുന്നത്?
കശ്യപന്‍ പറഞ്ഞു: പാപിഷ്ഠന്മാരില്‍ താല്‍പര്യമുള്ളവര്‍ പാപഹീനന്മാരാണെങ്കിലും ദ്രോഹം പാപികളെപ്പോലെ തന്നെ ഏൽക്കുന്നു. അതിന്നു കാരണം പാപികളുമായുള്ള കൂട്ടുകെട്ടാ ണ്. ഉണങ്ങിയ വിറകിന്റെ ഇടയില്‍ പച്ചവിറകിട്ടാല്‍ അതും തീയില്‍ എരിഞ്ഞു പോകുന്നത് കാണുന്നില്ലേ? അതു പോലെ പാപികളോട് ഇടചേരുന്ന നല്ലവരും നശിച്ചു പോകും. സജ്ജനങ്ങള്‍ പാപികളെ എപ്പോഴും അകറ്റി നിറുത്തണം.
ഐളന്‍ പറഞ്ഞു: ദുഷ്ടന്മാരേയും, ശിഷ്ടന്മാരേയും വ്യത്യാസം കൂടാതെ ഭുമി വഹിക്കുന്നു. സൂര്യന്‍ ദുഷ്ടന്മാര്‍ക്കും ശിഷ്ടന്മാര്‍ക്കും ഒരു പോലെ ചൂടും വെളിച്ചവും നല്‍കുന്നു. വായുവും അതു പോലെ ദുഷ്ടശിഷ്ട ഭേദം കൂടാതെ വീശിക്കൊടുക്കുന്നു. മേഘം ദുഷ്ടന്മാര്‍ക്കും അദുഷ്ടന്മാര്‍ക്കും ഒന്നു പോലെ മഴ പെയ്തു കൊടുക്കുന്നു.
കശ്യപന്‍ പറഞ്ഞു: ഹേ രാജാവേ, അങ്ങനെയാണ് ഈ ലോകത്തിലെ നില. എന്നാല്‍ പരലോകത്തിലെ സ്ഥിതി അങ്ങനെയല്ല. അത് വളരെ നിഗൂഡമായ ഒരു നിലയിലാണ്. പുണ്യവാനും പാപിയും ഒരേ വിധത്തിലല്ല അവിടെ അനുഭവിക്കുന്നത്. പുണ്യവാന്മാരുടെ ലോകത്തില്‍, സ്വര്‍ഗ്ഗത്തില്‍, തേനും, നെയ്യും ഒഴുകുകയാണ്. സുവര്‍ണ്ണ ജ്യോതിസ്സ് വിളങ്ങുന്നു. അമൃതിന്റെ ഇരിപ്പിടമാണ് അവിടം. ചോദിക്കുന്നതൊക്കെ കിട്ടും. അവിടെ ബ്രഹ്മചാരിയില്ല, മൃത്യുവില്ല, ജരയില്ല, ദുഃഖമില്ല. എന്നാല്‍ പാപം ചെയ്തവര്‍ക്കുള്ള ലോകം നരകമാണ്. അവിടം പ്രകാശഹീനമാണ്, ഇരുളടഞ്ഞതാണ്. എന്നും ഓരോരോ ദഃഖം കൊണ്ടു പീഡിപ്പിക്കപ്പെടുന്നു. ശോകഭൂയിഷ്ഠമാണ്. ദുഷ്കീര്‍ത്തിമാനായ പാപി അവിടെക്കിടന്ന് ഉളളു ചുട്ട് താന്‍ ചെയ്ത ദുഷ്കൃതത്തെപ്പറ്റി ഓര്‍ത്തു ദുഃഖിക്കും.
ബ്രഹ്മവും ക്ഷത്രവും തെറ്റി നിന്നാല്‍ ജനങ്ങള്‍ പാപികളായി ഇഹത്തിലും പരത്തിലും ദുഃഖിക്കും. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് രാജാവ് വിദ്വാനായ പുരോഹിതനെ തന്റെ ഉപദേഷ്ടാവായി വെക്കണം. ധര്‍മ്മം വിധിക്കുന്നത് ആദ്യമായി ബ്രാഹ്മ ണനെ അഭിഷേകം ചെയ്യണമെന്നാണ്. ധര്‍മ്മത്താല്‍ സകലത്തിന്നും അഗ്രസ്ഥാനത്തു നില്ക്കുന്നത് ബ്രാഹ്മണനാണല്ലോ. ബ്രഹ്മജ്ഞന്മാര്‍ പറയുന്നു, ആദ്യമായി ബ്രഹ്മാവ് സൃഷ്ടിച്ചത് ബ്രാഹ്മണനെയാണെന്ന്. പിന്നെയാണ് ക്ഷത്രിയനെ സൃഷ്ടിച്ചത്. അതു കൊണ്ട് ബ്രാഹ്മണന്‍ ജ്യേഷ്ഠനാകുന്നു.
മാന്യനും, ശ്രേഷ്ഠനും, ജ്യേഷ്ഠനും ബ്രാഹ്മണനാകയാല്‍ ഉല്‍കൃഷ്ടമായ എല്ലാ ഭോജ്യങ്ങളും ആദ്യമായി അദ്ദേഹത്തിന്നു നിവേദിക്കണം. ബലവാനായ രാജാവ് ബ്രാഹ്മണന്റെ യോഗക്ഷേമത്തില്‍ ശ്രദ്ധാലുവാകണം. എന്തു കൊണ്ടെന്നാല്‍ ബ്രഹ്മം ക്ഷത്രത്തെ വളര്‍ത്തും. ക്ഷത്രം കൊണ്ട് ബ്രഹ്മവും അഭിവൃദ്ധിപ്പെടും. അതു കൊണ്ട് രാജാക്കള്‍ക്ക് എല്ലാക്കാലത്തും വിപ്രന്മാര്‍ വിശേഷിച്ചും പൂജ്യവാന്മാരാകുന്നു.
അദ്ധ്യായം 74. മുചുകുന്ദോപാഖ്യാനം - ഭീഷ്മൻ പറഞ്ഞു: രാഷ്ട്രത്തിന്റെ യോഗക്ഷേമമൊക്കെ രാജാവിന്റെ അധീനത്തിലാണിരിക്കുന്നത്. രാജാവിന്റെ യോഗക്ഷേമമോ പുരോഹിതനിലുമാണ്. പ്രജകള്‍ക്കു വന്നു കൂടുന്ന അദൃഷ്ടമായ ഭയബാധകളൊക്കെ ബ്രഹ്മം നശിപ്പിച്ചു വിടും. ദൃഷ്ടമായ, പ്രതൃക്ഷമായ, പ്രജകള്‍ക്കുളള ഭയമൊക്കെ രാജാവും നശിപ്പിക്കും. ഇങ്ങനെയുളള പുരോഹിതനും രാജാവും ഏതു രാജ്യത്തിന്നുണ്ടോ ആ രാജ്യത്തില്‍ ക്ഷേമം തീര്‍ച്ചയായും ഉണ്ടാകും. ഇതിന്ന് ഉദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്. അത് മുചുകുന്ദരാജാവിന്റേയും ധനദന്റേയും സംഭാഷണമാണ്.
പണ്ട് ഈ ഭൂമണ്ഡലമൊക്കെ ജയിച്ച് മുചുകുന്ദ രാജാവ് തന്റെ ബലത്തെയൊന്നു പരീക്ഷിക്കണമെന്നു വിചാരിച്ച് അളകാപുരി വാണരുളുന്ന വൈശ്രവണന്റെ സമീപത്തു ചെന്നു. സൈന്യത്തോടു കൂടി മുചുകുന്ദന്‍ വരുന്നതു കണ്ടപ്പോള്‍ വൈശ്രവണന്‍ രാക്ഷസന്മാരെ പറഞ്ഞു വിട്ടു. ആ നൈരൃതന്മാര്‍ ചെന്ന് മുചുകുന്ദന്റെ സൈന്യത്തെ മര്‍ദ്ദിച്ചു. തന്റെ സൈന്യത്തെ വൈശ്രവണന്റെ രാക്ഷസന്മാര്‍ കൊല്ലുന്നതു കണ്ടപ്പോള്‍ മുചുകുന്ദ രാജാവ് വിദ്വാനായ പുരോഹിതനെ നിന്ദിച്ചു. ഉടനെ ധര്‍മ്മ വിത്തമനായ വസിഷ്ഠന്‍ ഉഗ്രമായ തപസ്സു ചെയ്ത് രാക്ഷന്മാരേയും അവന്റെ മാര്‍ഗ്ഗത്തേയും നശിപ്പിക്കുവാന്‍ തുടങ്ങി. മുചുകുന്ദന്‍ പുരോഹിതന്റെ യോഗ്യത കണ്ടു. ധനാധിപനായ രാജാവ് തന്റെ സൈന്യം നശിക്കുന്നതു കണ്ടപ്പോള്‍ ഇപ്രകാരം മുചുകുന്ദനോടു പറഞ്ഞു.
വൈശ്രവണന്‍ പറഞ്ഞു: എടോ രാജാവേ! നിന്റെ പൂര്‍വ്വന്മാരായ രാജാക്കന്മാര്‍ പുരോഹിതന്മാരോടു കൂടിയവരായിരുന്നു. അവരാരും നിന്റെ മാതിരി, നീ ഇപ്പോള്‍ പ്രവര്‍ത്തിച്ച മാതിരി ചെയ്തിട്ടില്ല. അവരും നല്ല അസ്ത്രങ്ങളുളളവരും വളരെ സൈന്യ ബലമുളളവരുമായിരുന്നു, യോഗ്യരുമായിരുന്നു. അവരാരും എന്നോട് യുദ്ധത്തിന്നു വന്നിട്ടില്ല. സുഖത്തിന്നും ദുഃഖത്തിന്നും ഈശ്വരനായ എന്നെ അവരൊക്കെ വന്ന് ഉപാസിക്കുകയും ചെയ്തിരുന്നുള്ളു. നിനക്കു കയ്യൂക്കുണ്ടെങ്കില്‍ അതു കാണിച്ചു കൊളളുക. നീ ഈ കാണിക്കുന്ന ഊക്ക് ബ്രാഹ്മണബലം കൊണ്ടാണ്. അങ്ങനെ ബ്രാഹ്മണ ബലം കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമോ?
ഇതു കേട്ട് ക്രുദ്ധനായി മുചുകുന്ദന്‍ ധനദനോട് ന്യായമായി, സംഭ്രമം വെടിഞ്ഞ് സംരംഭം വിട്ട് ഇപ്രകാരം പറഞ്ഞു.
മുചുകുന്ദന്‍ പറഞ്ഞു: ഈ ബ്രഹ്മക്ഷത്രങ്ങളെ ഒന്നില്‍ നിന്നാണ് ബ്രഹ്മാവ് സൃഷ്ടിച്ചത്. രണ്ടിന്നും ഉത്ഭവസ്ഥാനം ഒന്നു തന്നെയാണ്. അവ രണ്ടും രണ്ടായി വേര്‍തിരിച്ചാല്‍ രണ്ടിന്റേയും ശക്തി നശിക്കും. പിന്നെ, ഭൂമി ഭരിക്കുവാന്‍ കഴിയാതെയാകും.ബ്രാഹ്മണരില്‍ തപസ്സും മന്ത്രബലവും നിൽക്കുന്നു. അസ്ത്രബലവും ബാഹുബലവും ക്ഷത്രിയനിലും നില്ക്കുന്നു. ഇവ രണ്ടും ചേര്‍ന്നാലേ പ്രജാരക്ഷ ചെയ്യുവാന്‍ കഴിയൂ. ഹേ അളകാധിപാ! ഞാന്‍ അപ്രകാരം പ്രവര്‍ത്തിച്ചു. അതില്‍ നീയെന്താണ് എന്നെ നിന്ദിക്കുന്നത്?
രാജാവ് ഇപ്രകാരം പറഞ്ഞപ്പോള്‍ ധനദന്‍ മറുപടി പറഞ്ഞു; ഞാന്‍ ഈശ്വരന്‍ കല്പിക്കാതെ രാജ്യം നല്കുകയില്ല; കല്പിക്കാതെ ആഹരിക്കുകയുമില്ല. ഞാനിതാ, നിനക്കു ഭൂമി നല്കുന്നു. അതു നീ മുഴുവന്‍ അനുഭവിച്ചു രക്ഷിച്ചുകൊള്ളുക.
മുചുകന്ദന്‍ പറഞ്ഞു: നീ നല്കുന്ന രാജ്യം ഞാന്‍ കയ്യേൽക്കാന്‍ വിചാരിക്കുന്നില്ല. എനിക്ക് നിന്റെ ഔദാര്യമൊന്നും ആവശ്യമില്ല. ഞാന്‍ ദാനം വാങ്ങാന്‍ വന്നവനല്ല. ഞാന്‍ എന്റെ കൈയൂക്കു കൊണ്ട് നേടിയ രാജ്യമേ അനുഭവിക്കുവാന്‍ വിചാരിക്കുന്നുള്ളു.
ഭീഷ്മന്‍ പറഞ്ഞു: മുചുകുന്ദന്റെ വാക്കു കേട്ട് വൈശ്ര ണന്‍ അത്ഭുതപ്പെട്ടു പോയി. യാതൊരു കൂസലും കൂടാത ക്ഷത്രധര്‍മ്മസ്ഥനായി രാജാവു നില്‍ക്കുന്നതായി ധനപതി കണ്ടു.
രാജാവ് ക്ഷ്രത ധര്‍മ്മമെടുത്ത് ഭൂമി നേടി. തന്റെ കൈയൂക്കു കൊണ്ട് ക്ഷത്രധര്‍മ്മമെടുത്ത് നേടിയ ഭൂമി പിന്നെ, രാജാവ് അനുഭവിച്ചു.
ധര്‍മ്മജ്ഞനായി ബ്രാഹ്മണപുരോഹിതനെ മുന്‍നിര്‍ത്തി ഇപ്രകാരം പ്രവര്‍ത്തിക്കുന്ന രാജാവ് ജയിക്കാത്ത പാരിടം ജയിക്കും! വലിയ കീര്‍ത്തി നേടുകയും ചെയ്യും. വിപ്രന്‍ നിത്യോദകിയും, ക്ഷത്രിയന്‍ നിത്യശസ്ത്രനുമാകണം. അങ്ങനെയായാല്‍ ലോകത്തിലുള്ള എല്ലാ ഐശ്വര്യവും അവര്‍ക്കധീനമാകും.
അദ്ധ്യായം 75. രാജ്യമാഹാത്മ്യവര്‍ണ്ണനം - യുധിഷ്ഠിരന്‍ പറഞ്ഞു: എന്ത് ജീവിത ക്രമത്താലാണ് രാജാവ് മനുഷ്യരെ അഭിവൃദ്ധിപ്പെടുത്തുന്നത്? എങ്ങനെ പുണ്യലോകങ്ങള്‍ രാജാവ് വെല്ലുന്നു? പിതാമഹാ! അവയൊന്ന് വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.
ഭീഷ്മൻ പറഞ്ഞു: രാജാവ് എപ്പോഴും ദാനയജ്ഞങ്ങള്‍ ശീലിക്കണം. ഉപവാസം, തപസ്സ് ഇവ ശീലിക്കുന്ന രാജാവ്, ധര്‍മ്മത്തെ കാത്തു രക്ഷിക്കുന്ന രാജാവ്, പ്രജകളെ ഉത്സാഹിപ്പി ക്കുകയും ദാനധര്‍മ്മാദികളാല്‍ മഹാന്മാരായ ധാര്‍മ്മികന്മാരെ പൂജിക്കുകയും ചെയ്യണം. രാജാവ് ഏതു ധര്‍മ്മത്തെ പുജിക്കുന്നുവോ, ആ ധര്‍മ്മത്തെ പ്രജകളും പൂജിക്കും. രാജാവ് എന്താണ് ചെയ്യുന്നത് അതു പ്രജകള്‍ക്കും ബോദ്ധ്യമാണ്. അവരും അതിനെ അനുകരിക്കും. മൃത്യവിനെപ്പോലെ രാജാവ് ശത്രുക്കളില്‍ ദണ്ഡേന്തി നില്ക്കണം. കൊളളക്കാരേയും, പിടിച്ചു പറിക്കാരേയും കൊന്നു കളയണം. രക്ഷിക്കേണ്ടവരെ രക്ഷിക്കുന്നതില്‍ ആരോടും ഒട്ടും ക്ഷമ കാണിച്ചു കൂടാ. ജനങ്ങളെ പാലിക്കുന്ന രാജാവിന്റെ നാട്ടില്‍ പാപം വന്നു ചേര്‍ന്നാല്‍ ആ പാപത്തിന്റെ ഫലം, നാലിലൊരു ഭാഗം രാജാവിന്നു ലഭിക്കും. എല്ലാ പാപവും രാജാവിന്നേല്ക്കുമെന്നും, പകുതിയേല്ക്കമെന്നും പക്ഷാന്തരങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു നുണ പറയുന്നവനും, മോഷ്ടിക്കുന്നവനും നൃശംനാനാണ്. അപ്രകാരമുള്ള പാപത്തിന്നു രാജാവിന്നുള്ള പരിഹാരമെന്തെന്ന് പറയാം. കളളന്‍ അപഹരിച്ചു ധനം വീണ്ടെടുത്തു കൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ രാജാവ് ഭണ്ഡാരത്തില്‍ നിന്ന് അശക്തനായ അവന്റെ ഉപജീവനത്തിന്നു വേണ്ട ധനം ദാനംചെയ്യണം. ബ്രഹ്മസ്വത്തെ ബ്രാഹ്മണരെപ്പോലെ തന്നെ രാജാവ് കാക്കേണ്ടതാണ്. വിപ്രന്മാര്‍ക്ക് വിരോധം ചെയ്യുന്നവന്‍ വീട്ടില്‍ നില്ക്കരുത്. അവനെ വീട്ടില്‍ നിന്നകറ്റണം. ബ്രഹ്മസ്വം കാക്കുകയാണെങ്കില്‍ എല്ലാം കാത്തു രക്ഷിച്ച് ഫലം ലഭിക്കും. എല്ലാം രക്ഷിക്കപ്പെട്ടതായിക്കരുതാം. ആ ബ്രാഹ്മണ രുടെ പ്രസാദത്താല്‍ രാജാവ് കൃതകൃത്യനാകും. മഴ പെയ്യുന്ന കാറിനാല്‍ ഭൂതജാലങ്ങള്‍ ജീവിക്കുന്നു. പക്ഷികള്‍ വൃക്ഷത്തെ ആശ്രയിക്കുന്നു. എല്ലാ അര്‍ത്ഥവും ദാനം ചെയ്യുന്ന രാജാവിനെ മര്‍ത്ത്യര്‍ ആശ്രയിച്ചു ജീവിക്കുന്നു.
കരാമാത്മാവായും എപ്പോഴും ബ്രഹ്മബുദ്ധിയായും ഇരിക്കുന്ന രാജാവ് നൃശംസനാണ്. ലൂബ്ധനായ അവന്‍ ഒരിക്കലും പ്രജാപരിപാലനത്തിന്നു പറ്റിയവനല്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ! ഞാന്‍ രാജ്യസൗഖ്യം അനുഭവിക്കുവാനാഗ്രഹിക്കുന്നില്ല. ഒരു നിമിഷവും എനിക്കു രാജ്യം വേണമെന്ന ആഗ്രഹം തോന്നുന്നില്ല. ധര്‍മ്മത്തിന്നല്ലേ രാജ്യം? ധര്‍മ്മമെന്നത് രാജ്യകാംക്ഷയില്‍ ഞാന്‍ കാണുന്നില്ല. ഞാന്‍ കാട്ടില്‍പ്പോയി ധര്‍മ്മമനുഷ്ഠിക്കാനാണ് ആഗ്രഹിക്കുന്ന ത്. ഞാന്‍ രാജദണ്ഡ് ദൂരെയെറിഞ്ഞു കാട്ടില്‍പ്പോയി കായും കിഴങ്ങും തിന്ന് മുനിധര്‍മ്മം അനുഷ്ഠിക്കാനാണ് ആഹ്രിക്കുന്നത്.
ഭീഷ്മൻ പറഞ്ഞു; അല്ലയോ യുധിഷ്ഠിരാ! നിന്റെ ബുദ്ധി എപ്രകാരമുള്ളതാണെന്ന് ഞാനറിയുന്നുണ്ട്. അഹിംസാപരനും നിര്‍ഗ്ഗുണനുമാണ് നീ. ശുദ്ധമായ അനൃശംസന്ന് രാജ്യം പാലിക്കുവാന്‍ പ്രയാസം തന്നെയാണ്.അതു കൊണ്ട് നിന്നെ ജനങ്ങള്‍ ബഹുമാനിക്കയില്ല. മൃദുവും, പ്രാജ്ഞനും, അത്യാശ്ചര്യനുമായ അധര്‍മ്മിയെ, നപുംസകത്തെപ്പോലെയിരിക്കുന്ന അഘൃണിയെ, ജനങ്ങള്‍ ബഹുമാനിക്കയില്ല. നിന്റെ ഈ മട്ട് നന്നല്ല. അത് നീ ഉപേക്ഷിക്കണം. അച്ഛന്‍, മുത്തച്ഛന്മാര്‍ ഇവരൊക്കെ ഏതു മാതിരി ജീവിച്ചുവോ, അതു പോലെയാണ് നീ ജീവിക്കേണ്ടത്. നീ ഇപ്പോള്‍ വിചാരിക്കുന്ന മാതിരിയുള്ള ജീവിതമല്ല രാജാക്കന്മാര്‍ക്കു ചേര്‍ന്നത്. നീ ക്ലൈബ്യം കലര്‍ന്നു വിഷമിച്ച് അഹിതാ വ്രതസ്ഥനാകാന്‍ ശ്രമിക്കുകയാണ്. പ്രജകളെ പാലിച്ച് രാജാവ് നേടുന്ന ധര്‍മ്മത്തിന്റെ ഫലം നീ നേടുകയില്ല. ഈ നിലയില്‍ തന്റെ മകനാകണമെന്ന് കുന്തിയാകട്ടെ, പാണ്ഡുവാകട്ടെ ആശിച്ചിട്ടും ആശംസിച്ചിട്ടുമില്ല. അവര്‍ നിന്റെ ഇപ്പോഴത്തെ മാതിരി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതാണ്.
ശൗര്യം, ബലം, സത്യം എന്നിവയാണ് നിന്റെ അച്ഛന്‍ നിനക്ക് ആശംസിച്ചത്. മാഹാത്മ്യവുംഔദാരൃവും നിനക്കു കുന്തിയും ആശംസിച്ചു. സ്വാഹയും സ്വധയും ശുദ്ധമാനുഷദൈവതവുമായ അച്ഛനമ്മമാര്‍ പുത്രന്മാര്‍ക്കു നിത്യവും ആശംസിക്കുന്നു. അവര്‍ ദൈവതങ്ങളാണ്. അനദ്ധ്യായം, യജ്ഞം, പ്രജാരക്ഷ; ധര്‍മ്മമായാലും, അധര്‍മ്മമായാലും ഇവ നീ ജന്മനാ വഹിക്കുന്നു. അത് നിന്റെ കടമയാണ്. ഭാരമേല്ക്കുന്നവര്‍ക്കുള്ള ചുമട് മുമ്പെ തന്നെ കെട്ടിവെച്ചിരിക്കുന്നു. അതില്‍ നിന്നെ പൂട്ടിക്കെട്ടിയിരിക്കുന്നു. എടോ കുന്തീപുത്രാ! നീ അതു വഹിച്ച്, വലിച്ച് തളര്‍ന്നാലും അതില്‍ തെറ്റില്ല. സല്‍ക്കീര്‍ത്തിക്ക് ഒരിക്കലും തളര്‍ച്ച പറ്റില്ല. എന്നും ഭാരംവലിച്ചു പരിശീലിച്ച കുതിര അത് എന്നും വലിച്ചു കൊള്ളും. അത് ഇടറുകയില്ല. കര്‍മ്മം കൊണ്ടും വാക്കു കൊണ്ടും ദേഹഹീനനായവന്‍ കര്‍മ്മത്തിന്റെ ഫലവും നേടും. വീഴ്ച കൂടാതെ ഒരാളും എല്ലാക്കാലത്തും കാര്യം നടത്തുകയെന്നുള്ളതുണ്ടാവുകയില്ല. സാരമേറിയ കര്‍മ്മം ചെറിയതാണെന്നു വന്നാലും അത് ശ്രേഷ്ഠവും ഉദാരവുമായി ഗണിക്കണം. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ ഭേദം ചെയ്യുന്നതാണ്. ചെയ്യാതിരിക്കുന്ന നിഷ്കര്‍മ്മി പാപിയാണ്. കുലീനനായ ധര്‍മ്മജ്ഞന്‍ മുമ്പെ ഐശ്വര്യം നേടുകയാണെങ്കില്‍ അതു കൊണ്ട് കുശലം തന്നെ രാജാവിന്നു ലഭിക്കും. ധാര്‍മ്മികനായ രാജാവ് രാജ്യം നേടിയതിന്നു ശേഷം ഒറ്റയ്ക്ക് ഓരോരുത്തനെ വരുത്തിക്കൊണ്ട് വേണ്ട പോലെ ദാനങ്ങള്‍ ചെയ്തും നല്ല വാക്കു പറഞ്ഞു തന്റെ പ്രജകളെ പാട്ടിലാക്കണം. കുലീനരായ വൈദ വിചക്ഷണന്മാരേയും ഭയപ്പെട്ടുഴലുന്നവരേയും കണ്ടു സന്തോഷിച്ച് തൃപ്തി നേടിപ്പോകുന്നവനേക്കാള്‍ ധാര്‍മ്മികനായി ആരുണ്ട്?
യുധിഷ്ഠിരന്‍ പറഞ്ഞു; താതാ! എന്താണ് ശ്രേഷ്ഠമായ സ്വര്‍ഗ്ഗം? അതിലും പ്രീതി എന്താണ്? അതില്‍ ഏറ്റവും ശ്രേഷ്ഠമായ ഐശ്വര്യമെന്താണ്? ആ വകയെല്ലാം എനിക്കു പറഞ്ഞു തന്നാലും.
ഭീഷ്മൻ പറഞ്ഞു: ഭയപ്പെട്ട് ഉഴലുന്ന ഒരാള്‍ അല്പമെങ്കിലും ക്ഷേമം ആരില്‍ നിന്നു നേടുന്നവോ, അവനാണ് നമ്മളില്‍ സ്വര്‍ഗ്ഗം ജയിച്ചവന്‍. ഞാനീപ്പറഞ്ഞതു സത്യമാണ്. അതു കൊണ്ട് നീ പ്രീതനായി കുരുക്കള്‍ക്കു രാജാവായി സ്വര്‍ഗ്ഗം പ്രാപിക്കുക. ശിഷ്ടരെ രക്ഷിച്ച് ദുഷ്ടന്മാരെ വധിച്ച് രാജധര്‍മ്മം നടത്തുക. ഉണ്ണീ, നിന്നെ സജ്ജനങ്ങളും സുഹൃത്തുക്കളും ആശ്രയിച്ച് ഉപജിവിക്കട്ടെ. ജീവികള്‍ മഴക്കാറിനെ എന്ന പോലെ പക്ഷികള്‍ വ്യക്ഷത്തെയെന്ന പോലെ, സജ്ജനങ്ങളും സുഹൃത്തുക്കളും നിന്നെ ആശ്രയിച്ച് ഉപജീവിക്കട്ടെ! ധൃഷ്ടനും ശൂരനും പ്രഹര്‍ത്താവും അഹിംസാപരനും ജിതേന്ദ്രിയനും വത്സലനും ത്യാഗിയുമായ പുരൂഷനെ ആശ്രയിച്ച് ജനങ്ങള്‍ ഉപജീവിക്കും.
അദ്ധ്യായം 76. ബ്രാഹ്മണരക്ഷ - യുധിഷ്ഠിരന്‍ പറഞ്ഞു: ചിലര്‍ സ്വകര്‍മ്മത്തില്‍ നില്ക്കുന്നു. ചിലര്‍ മറ്റുള്ളവരുടെ കര്‍മ്മം സ്വീകരിക്കുന്നു. ഇങ്ങനെ സ്വകര്‍മ്മസ്ഥരും വികര്‍മ്മസ്ഥരുമായ ബ്രാഹ്മണരുടെ വിശേഷത്തെപ്പറ്റി ഹേ പിതാമഹാ! പറഞ്ഞു തന്നാലും.
ഭീഷ്മൻ പറഞ്ഞു: വിദ്യാലക്ഷണ സമ്പന്നരും സമദര്‍ശി ളുമായ ബ്രാഹ്മണരെ ബ്രഹ്മസമന്മാരായി കരുതണം. ഋക്, യജുസ്സ്, സാമം എന്നീ വേദം അഭ്യസിച്ചവരും സ്വകര്‍മ്മത്തില്‍ നില്ക്കുന്നവരുമായ ബ്രാഹ്മണരുണ്ടല്ലോ. അവരെ ബ്രാഹ്മണരില്‍ ദേവതുല്യന്മാരായി കണക്കാക്കണം. ജന്മവും കര്‍മ്മവും താഴ്ന്ന നിലയിലുളള ബ്രാഹ്മണരെ ബ്രാഹ്മണാഭാസന്മാരായി കണക്കാക്കണം. അവര്‍ നീച ബ്രാഹ്മണരാണ്. ഈ ബ്രാഹ്മണരെ ശൂദ്ര സന്നിഭന്മാരായി കണക്കാക്കിയാല്‍ മതി. വേദം ഉച്ചരിക്കാത്ത എല്ലാ ബ്രാഹ്മണരും, അഗ്നി ഹോമം ചെയ്യാത്ത എല്ലാ ബ്രാഹ്മണരും, ശൂദ്ര പ്രായന്മാരാണ്. ഇവരെ വെറുതെ വിട്ടുകൂടാ. അവര്‍ക്കൊക്കെ എന്തെങ്കിലും പണി കൊടുക്കുകയും അവരില്‍ നിന്നു നികുതി പിരിച്ചെടുക്കുകയും വേണം. ദൂതന്മാരായും ശാന്തിക്കാരായും ജ്യോത്സ്യന്മാരായും ഗ്രാമയാചകന്മാരായും കപ്പല്‍യാത്രക്കാരായും ഇങ്ങനെ അഞ്ചു വിധത്തില്‍പ്പെട്ട ബ്രാഹ്മണര്‍ വിപ്രചണ്ഡാലന്മാരാണ്.
ഋത്വിക്, പുരോഹിതന്‍, മന്ത്രി, ദൂതന്‍, വൃത്താന്തങ്ങള്‍ പരത്തുന്നവന്‍ - ഇവര്‍ ബ്രാഹ്മണരില്‍ ക്ഷത്രസന്നിഭന്മാരാണ്. ആനക്കാരന്‍, കുതിരക്കാരന്‍, തേരാള്‍; കാലാള്‍ എന്നീ ഇനത്തില്‍പ്പെട്ട (ബാഹ്മണര്‍ വൈശ്യതുല്യന്മാരാണ്. ഇവരില്‍ നിന്നെല്ലാം ഭണ്ഡാരം പുഷ്ടിപ്പെടുത്തുവാന്‍ വേണ്ടി വന്നാല്‍ രാജാവ് കരം പിരിക്കണം. ബ്രഹ്മസന്നിഭന്മാരും ദേവസന്നിഭന്മാരുമായ ബ്രാഹ്മണരില്‍ നിന്ന് കരം പിരിക്കരുത്. അവരെ കരമൊഴിവാക്കി വിടണം. ബ്രഹ്മസ്വമല്ലാത്ത സ്വത്തിന്നു നാഥന്‍ രാജാവാണെന്നാണ് വൈദികന്മാരുടെ അഭിപ്രായം. അതു പോലെ വികര്‍മ്മസ്ഥരായ ബ്രാഹ്മണരുടെ സ്വത്തിന്നും നാഥന്‍ രാജാവാണ്. അവയെ അടക്കുകയും ദാനം ചെയ്യുകയും ധര്‍മ്മാനുഗ്രഹത്തിന്നു വേണ്ടി ചെയ്യേണ്ടതാണ്. ഏതു രാജാവിന്റെ നാട്ടില്‍ ബ്രാഹ്മണന്‍ കുള്ളനായി ചുറ്റുന്നുവോ, അതിന്റെ കുറ്റം ആ രാജ്യത്തെ രാജാവിന്റേതായി കാര്യത്തിന്റെ സാരം അറിയുന്ന ജനങ്ങള്‍ പറയുന്നു.
വേദജ്ഞനും സ്നാതകനുമായ ബ്രാഹ്മണന്‍ കൊറ്റിന്ന് ഒന്നും കിട്ടാതെ മോഷ്ടിച്ചെന്നു വന്നാല്‍ രാജാവ് അവനെ വിളിച്ചു വരുത്തി താമസിപ്പിച്ച് കൊറ്റിന്നു വഴിയുണ്ടാക്കിക്കൊടുത്തു പോറ്റേണ്ടതാണെന്ന് വേദജ്ഞന്മാര്‍ പറയുന്നു. രാജാവേ! അങ്ങനെ കൊറ്റിന്നു വഴി രാജാവുണ്ടാക്കിക്കൊടുത്തിട്ടും അവന്‍ മര്യാദയ്ക്കു നില്ക്കുന്നില്ലെങ്കില്‍ രാജാവ് ഉടനെ ചെയ്യേണ്ടതിതാണ്: അവനെ അവന്റെ ബന്ധുജനങ്ങളോടു കൂടി, ഭാര്യാപുത്രന്മാരോടു കൂടി, നാടുകടത്തി വിടണം.
അദ്ധ്യായം 77. കേകയോപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ഭരതര്‍ഷഭാ! ആരുടെ സ്വത്തില്‍ രാജാവ് നാഥനാകും? രാജാവ് എന്തു നിലയില്‍ പെരുമാറണം? അത് ഒന്നു വിസ്തരിച്ചു പറഞ്ഞാല്‍ കൊള്ളാം.
ഭീഷ്മൻ പറഞ്ഞു: വൈദികന്മാര്‍ പറയുന്നത് ബ്രാഹ്മണന്റെയല്ലാത്ത സ്വത്തിന്നൊക്കെ നാഥന്‍ രാജാവാണെന്നാണ്. അപ്രകാരം തന്നെ ബ്രാഹ്മണ വൃത്തി സ്വീകരിക്കാതെ അനൃവൃത്തി സ്വീകരിച്ച (ബ്രാഹ്മണന്റെ സ്വത്തിന്നും നാഥന്‍ രാജാവാണെന്നു പറയപ്പെടുന്നു. രാജാവ് വികര്‍മ്മസ്ഥരായ ഇത്തരം ദ്വിജന്മാരെ ത്യജിക്കരുത്. അതാണ് പണ്ടേ തന്നെ രാജാക്കന്മാര്‍ ചെയ്യാറുള്ളത് എന്നു സജ്ജനങ്ങള്‍ പറയുന്നു.
ഏതു രാജാവിന്റെ നാട്ടില്‍ ബ്രാഹ്മണന്‍ കക്കാന്‍ തുടങ്ങുന്നുവോ അതിന്റെ കുറ്റം ആ രാജാവിന്നാണെന്നാണു പറയപ്പെ ടുന്നത്. ആ ബ്രാഹ്മണക്കളളന്റെ പ്രവര്‍ത്തിക്ക് രാജാവു കുറ്റക്കാരനാകുമെന്നു കണ്ടതു കൊണ്ടാണ് പണ്ടേ രാജര്‍ഷിമാരൊക്കെ ബ്രാഹ്മണരെ പാലിക്കുന്നതില്‍ ജാഗരൂകരായത്. അതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറയാറുള്ള ഒരു കഥ ഞാന്‍ പറയാം. രക്ഷസ്സു പിടിപ്പെട്ട കേകയരാജാവിന്റെ സംഭാഷണമാണ് ആ കഥ.
പണ്ട് സ്വാദ്ധ്യായവാനായി ഒരു കേകയരാജാവ് വനത്തില്‍ വ്രതനിഷ്ഠയോടെ പാര്‍ത്തിരുന്നു. അവനെ ഘോരനായ. ഒരു രക്ഷസ്സ് പിടിപ്പെട്ടു.
രാജാവു പറഞ്ഞു: എടോ രക്ഷസ്സേ, എന്റെ നാട്ടില്‍ കളളന്മാരില്ല, നീചന്മാരില്ല, കളളു കുടിയന്മാരില്ല, അഗ്നിഹോമം ചെയ്യാത്തവരില്ല. അങ്ങനെയിരിക്കെ നീ എന്റെ ഉള്ളില്‍ക്കയറുവാന്‍ ശ്രമിക്കുന്നതെന്താണ് ? അനാപ്തന്മാര്‍ക്ക് ദക്ഷിണ നലകുന്ന യജ്ഞം എന്റെ നാട്ടില്‍ യജിക്കുകയില്ല. വ്രതമെടുക്കാതെ അദ്ധ്യയനം ചെയ്യുന്നവരാരും എന്റെ നാട്ടില്‍ ഇല്ല. അങ്ങനെയിരിക്കെ നിര്‍ദ്ദോഷനായ എന്നില്‍ നീ എന്താണ് വന്നുകയ റുന്നത്? വേദം പഠിക്കും, വേദം പഠിപ്പിക്കും അപ്രകാരം തന്നെ യജിക്കും, യജിപ്പിക്കും ദാനം കൊടുക്കും, വാങ്ങിക്കുകയും ചെയ്യും. അങ്ങനെ സല്‍ക്കര്‍മ്മങ്ങള്‍ ശരിയായി അനുഷ്ഠിക്കു ന്നവരാണ്,എന്റെ നാട്ടിലെ ബ്രാഹ്മണര്‍. അവര്‍ പുജിതന്മാരും സംവിഭക്തന്മാരും മൃദുശീലന്മാരും സത്യവാദികളും സ്വകര്‍മ്മസ്ഥരുമാണ്. അങ്ങനെയിരിക്കെ കുറ്റമില്ലാത്ത എന്നില്‍ എടോ രക്ഷസ്സേ, നീ എന്താണ് വന്നു കയറുന്നത്? ഇനി എന്റെ നാട്ടിലെ ക്ഷത്രിയരെപ്പറ്റിപ്പറയാം. അവര്‍ യാചിക്കയില്ല, ദാനം കൊടുക്കുകയും ചെയ്യും. സത്യധര്‍മ്മ വിശാരദരാണ് അവര്‍. വേദം പഠിക്കും, പഠിപ്പിക്കുകയില്ല. യാഗം ചെയ്യും, ആര്‍ക്കും യാഗം ചെയ്യിക്കുവാന്‍ പോകയില്ല. ബ്രാഹ്മണരെ സംരക്ഷിക്കും. പോരില്‍ അവര്‍ പിന്‍തിരിഞ്ഞ് ഓടുകയില്ല. അങ്ങനെ ക്ഷത്രിയരൊക്കെ ശരിക്ക് അവരുടെ കര്‍മ്മം പാലിക്കുന്നവരാണ്. അങ്ങനെ സ്വകര്‍മ്മസ്ഥരായ ക്ഷത്രിയര്‍ ജീവിക്കുന്ന നാട്ടില്‍ രാജാവ് കുറ്റക്കാരനല്ലാതിരിക്കെ എന്താണു രക്ഷസ്സേ, നീ എന്നില്‍ വന്നു കയറുന്നത്? ഇനി എന്റെ നാട്ടിലെ വൈശ്യന്മാരെപ്പറ്റിപ്പറയാം. അവരൊക്കെ സ്വകര്‍മ്മസ്ഥന്മാരാണ്. കൃഷി ചെയ്യുക, പശുക്കളെ പരിപാലിക്കുക, കച്ചവടം ചെയ്യുക, വ്യാജം കൂടാതെ വ്യാപാരാദികളാല്‍ ഉപജീവിക്കുക, അപ്രമത്തരായി ക്രിയകള്‍ ശരിക്കും ചെയ്യുക, സത്യം പറയുക, സുവ്രതന്മാരായി ജീവിക്കുക, സംവിഭാഗം, ദമം, ശൗചം, സൌഹൃദം ഇവയൊക്കെച്ചേര്‍ന്നു വിരാജിക്കുന് വരാണ് എന്റെ നാട്ടിലെ വൈശ്യന്മാര്‍. ഇങ്ങനെ സ്വകര്‍മ്മസ്ഥരായ വൈശ്യര്‍ ഉള്ള നാട്ടിലെ രാജാവിന്നു എന്തു കുറ്റം ഉണ്ട്? ഈ നിലയ്ക്ക് നിര്‍ദ്ദോഷനായ എന്നില്‍ എടോ രക്ഷസ്സേ, നീ എന്താണ് വന്നുകയറുന്നത്.
ഇനി എന്റെ ശൂദ്രന്മാരുടെ കഥ പറയാം. അവരൊക്കെ സ്വകര്‍മ്മസ്ഥരാണ്. എന്നിട്ടും നീ എന്റെ ഉള്ളില്‍ വന്നു കയറുകയാണോ? ദരിദ്രരും, അനാഥരുമായ വൃദ്ധര്‍ക്കും, രോഗികള്‍, സ്ത്രീകള്‍, ബലഹീനര്‍ എന്നിവര്‍ക്കും ഞാന്‍ വേണ്ട വിധം ദാനം വിഭജിച്ച് ചെയ്തു വരുന്നു. എന്നിട്ടും നീതി നടത്തുന്ന എന്നില്‍, അനീതി ചെയ്യുന്നവനില്‍ എന്ന പോലെ രക്ഷസ്സേ, നീ എന്താണ് ആക്രമിച്ച് കയറുന്നത്?
കാലദേശാദികളായ പ്രസിദ്ധ ധര്‍മ്മങ്ങള്‍ യഥാവിധി സംരക്ഷിക്കുന്നു, നശിപ്പിക്കുന്നില്ല. എന്നിട്ടും നീ എന്താണ് എന്റെ ഉള്ളില്‍ കയറുന്നത്? എന്റെ നാട്ടില്‍ തപസ്വികള്‍ പൂജിക്കപ്പെടു ന്നു, പരിപാലിക്കപ്പെടുന്നു., വേണ്ട പോലെ മാനിക്കുന്നു; എന്നിട്ടും നീ എന്താണ് എന്റെ ഉള്ളില്‍ കയറുന്നത്? പങ്കിട്ടു ദാനം ചെയ്യാതെ ഞാന്‍ ഈണു കഴിക്കുകയില്ലു, പരസ്ത്രീകളെ സ്പര്‍ശിക്കുകയില്ല, സ്വത്രന്തനായി വിഹരിക്കുയില്ല. എന്നിട്ടും നീ എന്റെ ഉള്ളില്‍ കയറുകയാണോ? ഞാന്‍ വൈദ്യന്മാരെ നിന്ദിക്കയില്ല, വൃദ്ധന്മാരെ നിന്ദിക്കയില്ല, തപസ്വികളെ നിന്ദിക്കയില്ല; രാജ്യം നിദ്രയില്‍ മുഴുകിയിരിക്കുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കു ന്നു. എന്നിട്ടും നീ എന്താണ് എന്റെ ഉള്ളില്‍ കയറുന്നത്?
ആത്മജഞാനിയും, തപസ്വിയും, ധര്‍മ്മമൊട്ടുക്കും അറിഞ്ഞവനും, രാഷ്ട്രത്തിന്നൊക്കെ നാഥനും, ധീമാനുമാണ് എന്റെ പുരോഹിതന്‍. ദാനത്താല്‍ വിദ്യാകാംക്ഷ ഞാന്‍ ഉണ്ടാക്കുന്നു. സതൃത്താലും വിപ്രസംരക്ഷയാലും ശുശ്രൂഷയാലും ഗുരുസ വയാലും ജീവിക്കെ ഞാന്‍ എന്തിന്ന് രാക്ഷസനെ ഭയപ്പെടുന്നു? എനിക്ക് രാക്ഷസനെ ഒട്ടും ഭയമില്ല. എന്റെ നാട്ടില്‍ വിധവകളില്ല. (ബഹ്മബന്ധുവായി വിപ്രനേയുളളു. കള്ളനും, തെമ്മാടിയും, യാഗം യജിക്കാത്തവനുമായ പാപി ബ്രാഹ്മണനില്ല. അതുകൊണ്ട് എനിക്കു രാക്ഷസനെ ഒട്ടും ഭയമില്ല.
ധര്‍മ്മത്തിന്ന് പൊരുതുന്നവനായ എന്റെ ദേഹത്തില്‍ രണ്ടു വിരല്‍പ്പാട് സ്ഥലമെങ്കിലും ശസ്ത്രത്താല്‍ മുറിവേല്ക്കാതെയി ല്ല. അങ്ങനെയുളള എന്നില്‍ രാക്ഷസാ, നീ വന്നു കയറുകയാണോ? എനിക്ക് എന്നും സ്വസ്ത്യയനം, ഗോബ്രാഹ്മണ മഖംവഴി നാട്ടുകാര്‍ ആശംസിക്കുന്നു. അങ്ങനെയുളള എന്നില്‍ നീ വന്നുകയറുന്നു!
രാക്ഷസന്‍ പറഞ്ഞു: എല്ലാ നിലയിലും ഭവാന്‍ ധര്‍മ്മം പാലിക്കുന്നവനാണ്. ഹേ കേകയ രാജാവേ! നീ രാജധാനിയിലേക്കു സ്വസ്ഥനായി പോയാലും. ഞാന്‍ നിന്നെ ബാധിക്കുന്നി ല്ല. നിനക്കു നന്മ വരട്ടെ! ഞാന്‍ പോകുന്നു. ഗോവിനേയും, (ബാഹ്മണരേയും, പ്രജകളേയും രക്ഷിക്കുന്നവര്‍ക്ക് ഹേ, കേകയ രാജാവേ! രക്ഷോഭയം പറ്റുകയില്ല. പാപത്തില്‍ നിന്നു പിന്നെ ഭയം എങ്ങനെയുണ്ടാകുന്നു? വിപ്രന്മാര്‍ മുമ്പെ ഉള്ളവരും ബ്രഹ്മം മാത്രം ബലമായിട്ടുളളവരുമാണ്. അങ്ങനെയുള്ള അതിഥികളെ സ്നേഹിക്കുന്നവരും, പൌരന്മാരെ സ്നേഹിക്കുന്നവരുമായ രാജാക്കന്മാര്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തെ ജയിച്ചവരാണ്."
ഭീഷ്മൻ പറഞ്ഞു: അതുകൊണ്ട് യുധിഷ്ഠിരാ! നീ ദ്വിജന്മാരെ സംരക്ഷിക്കുക. അവരെ രക്ഷിച്ചാല്‍ അവര്‍ രക്ഷിക്കും. അവരുടെ ആശിസ്സും, നല്ല പെരുമാറ്റവും ആരിലുണ്ടോ, ആ രാജാവ് ശ്രേഷ്ഠനാകുന്നു. സദ് വൃത്തന്മാരായ രാജാക്കളില്‍ അവരുടെ അനുഗ്രഹം വിളങ്ങും. അതു കൊണ്ട് രാജാവ് വികര്‍മ്മസ്ഥരായ ബ്രാഹ്മണരേയും അടക്കണം. അവര്‍ക്കു വേണ്ടതു പങ്കിട്ടു നല്കുകയും വേണം. എന്തു കൊണ്ടെന്നാല്‍ അവരുടെ അനുഗ്രഹവും രാജാവിന്നുണ്ടാകണം. പൗരന്മാരിലും, ജാനപദന്മാരിലും ഇപ്രകാരം നില്ക്കുന്ന രാജാവ് ഇഹത്തില്‍ മംഗളങ്ങള്‍ നേടുന്നതാണ്. പിന്നെ ഇന്ദ്രലോകത്തേയും പ്രാപിക്കും.
അദ്ധ്യായം 78. ക്ഷാത്രധര്‍മ്മാധികാരനിരൂപണം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭാരതാ! അങ്ങ് രാജധര്‍മ്മം എങ്ങനെ ആപത് ഘട്ടത്തില്‍ നടത്തണം എന്നു പറഞ്ഞു. എന്നാല്‍ വിപ്രന്‍ വൈശ്യധര്‍മ്മം കൈക്കൊണ്ട് ജീവിക്കാമോ? അങ്ങനെ ജീവിക്കു ന്നത് നിഷിദ്ധമാണോ?
ഭീഷ്മൻ പറഞ്ഞു: ക്ഷത്രധര്‍മ്മത്തിന്ന് അശക്തനായവന്‍ ഉപജീവനത്തിന്ന് മാര്‍ഗ്ഗമില്ലാതെ വിഷമഘട്ടത്തിലെത്തിയാല്‍ വൈശ്യധര്‍മ്മം സ്വീകരിച്ചു ജീവിക്കാം. കൃഷിയും, പശുക്കളെ മേയ്ക്കലും മറ്റും ആകാം.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്തെല്ലാം വാണിഭ വസ്തുക്കള്‍ വിറ്റാല്‍, ബ്രാഹ്മണന്‍ വൈശ്യധര്‍മ്മം കൈക്കൊണ്ടവനാകും? എന്തെല്ലാം സ്വീകരിച്ചാല്‍, സ്വര്‍ല്ലോക ലബ്ധിക്കു തടസ്സം വരും?
ഭീഷ്മൻ പറഞ്ഞു: ബ്രാഹ്മണന്‍ ഒരിക്കലും കളളു കച്ചവടക്കാരനാകരുത്. ഉപ്പു കച്ചവടക്കാരനാകരുത്. എളളു കച്ചവടക്കാരനാകരുത്. കുതിരയും പശുക്കളും മൂരികളും പോത്തുകളും മറ്റും കച്ചവടം ചെയ്യരുത്. തേന്‍ കച്ചവടം ചെയ്യരുത്. മാംസം കച്ചവടം ചെയ്യരുത്. ഏതു ഗതികേടു വന്നാലും ബ്രാഹ്മണന്‍ ഈ വക കച്ചവടം കൂടാതെ ജീവിക്കണം. ഇപ്പറഞ്ഞ വസ്തുക്കള്‍ വില്ക്കുന്ന ബ്രാഹ്മണന്‍ തീര്‍ച്ചയായും നരകത്തില്‍ പതിക്കും. അഗ്നിഹ മം, അജഹോമം, വരുണഹോമം, മോക്ഷഹോമം, സുര്യഹോമം, അശ്വമേധം, വിരാട്ട് ഹോമം, ഇളാഹോമം, ധേനുയജ്ഞം, സോമയജ്ഞം, ഇവയൊക്കെ ചെയ്യാം. എന്നാല്‍ ഇവയെ കച്ചവടം ചെയ്യുവാന്‍ ബ്രാഹ്മണന്‍ ഒരുങ്ങരുത്. വേവിച്ച ചോറു കൊടുത്ത് അരി വാങ്ങുന്ന സമ്പദായം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഊണിനു വേണ്ടി മാറ്റം ചെയ്യുന്നതില്‍ തെറ്റില്ല. പുഴുങ്ങിയ അരിക്കു പകരം പച്ച അരി കൊടുക്കാം. വേവിച്ചത് ഞങ്ങള്‍ ഉണ്ടു കൊള്ളട്ടെ. നിങ്ങള്‍ വേവിച്ചിട്ട് ഉണ്ടു കൊള്ളുക. പകരത്തിന്ന് ഇതാ പച്ചരി തരുന്നു എന്ന് ഒരാള്‍ ആവശ്യപ്പെട്ടാല്‍ അതു സ്വീകരിക്കുന്നതില്‍ തെറ്റില്ല. അത് അധര്‍മ്മമായി പരിഗണിക്കയില്ല.
ഇതില്‍ ഞാന്‍ നിന്നോട് സനാതനമായ പൂര്‍വ്വ ധര്‍മ്മം പറയാം. കച്ചവടം ചെയ്യുന്നവരുടെ ധര്‍മ്മമാണു പറയുന്നത്. ഹേ യുധിഷ്ഠിരാ! അതു നീ കേള്‍ക്കുക. അങ്ങയ്ക്ക് ഞാന്‍ ഇതു തരാം, ഭവാന്‍ ഇതെനിക്കു തരണം എന്ന് ഇഷ്ടത്തോടെ ചെയ്യുന്നതു ധര്‍മ്മമാണ്. ബലമായി, നിര്‍ബ്ബന്ധമായി ചെയ്യുന്നത് ധര്‍മ്മമല്ല ഇപ്രകാരമാണ് പണ്ടേ തന്നെ നടക്കുന്ന കൈമാറ്റമുറ. ഈ സമ്പ്രദായം ഋഷികള്‍ക്കും മറ്റുമുള്ള നല്ല ഒരു നടപടിയാണ്. അതിന് സംശയമില്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ താതാ! തന്റെ പ്രജക ളൊക്കെ ശസ്ത്രമെടുക്കുകയാണെങ്കില്‍ സ്വധര്‍മ്മം തെറ്റിയുള്ള ഈ കര്‍മ്മം മൂലം ക്ഷത്രിയന്റെ ബലം ക്ഷയിക്കുന്നതാണല്ലോ. ലോകത്തെ രക്ഷിക്കുന്ന നില രാജാവിന്നുണ്ടല്ലോ ആ നില അപ്പോള്‍ തെറ്റിപ്പോവുകയില്ലേ? പിന്നെ ക്ഷത്രിയന്ന് എന്താണ് ഒരു രക്ഷ? ആശ്രയം? എനിക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള സംശയം രാജാവേ, ഭവാന്‍ തീര്‍ത്തു തന്നാലും.
ഭീഷ്മൻ പറഞ്ഞു: ദാനം, തപസ്സ്, മഖം, ദ്രോഹത്യാഗം, ദമം ഇവകൊണ്ട്‌ബ്രാഹ്മണാദികള്‍ ആത്മക്ഷേമത്തെ ഇച്ഛിക്കുന്നു. അതില്‍ ശ്രുതിബലാഢ്യന്മാര്‍ ഉണര്‍ന്ന് വീണ്ടും രാജാവിന്ന്, ശക്രന് ദേവന്മാര്‍ എന്ന പോലെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. രാജാവിന്നും ക്ഷയം ബാധിക്കുമ്പോള്‍ ബ്രഹ്മം ((ബാഹ്മണ വൃത്തി) തന്നെയാണ് ആശ്രയമായിത്തീരുക. അതു കൊണ്ട് പണ്ഡിതനായവന്‍ ബ്രഹ്മബലത്താല്‍ ഉത്ഥാനംചെയ്യുക! രാജാവ് വിജയിയായി നാട്ടില്‍ ക്ഷേമമുണ്ടാക്കിയാല്‍ എല്ലാ ജാതിക്കാരും ധര്‍മ്മം പോലെ കുടിയേറിപ്പാർക്കുന്നതാണ്. മര്യാദവിട്ട് ദസ്യുക്കള്‍ മൂലം സങ്കരമായ മട്ടില്‍ കുഴപ്പത്തില്‍ ശസ്ത്രമേറ്റാല്‍ അതു കൊണ്ടു ജാതിയൊന്നും ദുഷിക്കുന്നതല്ല.
യുധിഷ്ഠിരന്‍ പറഞ്ഞു: എന്നാല്‍ ക്ഷത്രം ബ്രാഹ്മണനെ ദുഷിപ്പിക്കുന്നതായാല്‍ അവന്നു ത്രാതാവായ വിപ്രന്‍ ആരാണ്? എന്താണ് ധര്‍മ്മം? എന്താണാശ്രയം?
ഭീഷ്മൻ പറഞ്ഞു: തപസ്സു കൊണ്ടും, ബ്രഹ്മചര്യത്താലും, ശസ്ത്രത്താലും ശക്തിയാലും, മായം കൊണ്ടും, അമായം കൊണ്ടും രാജ്യം പിടിക്കേണ്ടതായിവരും. ക്ഷത്രിയന്ന് ആക്രമിച്ചടക്കുവാന്‍ വിപ്രജാതിയില്‍ ബ്രഹ്മം ഒന്നു മാത്രമേയുള്ളു. ക്ഷത്രമാണെങ്കില്‍ ബ്രഹ്മസംഭവവുമാണ്. വെളളത്തില്‍ അഗ്നി യും, വിപ്രനില്‍ ക്ഷത്രവും, പാറയില്‍ ലോഹവും അടങ്ങിയിരിക്കുന്നു. ഇവയില്‍ നിന്നൊക്കെ അവയ്ക്കു തേജസ്സ് ലഭിക്കും. എന്നാല്‍ തിരിഞ്ഞെതിര്‍ത്താല്‍ അവ ജനിച്ച ദിക്കില്‍ തന്നെ നശിക്കുകയും ചെയ്യും. പാറയില്‍ ഇരുമ്പ് കുത്തിയാല്‍ ആ ഇരുമ്പു നശിക്കും. വെളളത്തില്‍ അഗ്നി കുത്തിയാല്‍ കെടും. ക്ഷത്രം ബ്രഹ്മത്തെ ദ്വേഷിച്ചാല്‍ ആ ക്ഷത്രവും നശിക്കും. ഈ മൂന്നിന്റെയും സ്വഭാവം അതാണ്. അതുകൊണ്ട് ബ്രാഹ്മണനോട് ക്ഷത്രിയന്‍ ക്ഷമിക്കണം. അവന്റെനേരെ വാളോങ്ങരുത്. അവന്റെ തേജസ്സ് ഉയര്‍ന്നതാണ്. അതിനെ ജയിക്കാന്‍ നോക്കരുത്.
ബ്രഹ്മവീര്യം മങ്ങിനില്ക്കുമ്പോള്‍, ശക്തി ശമിക്കുമ്പോള്‍, തന്റെ ജീവനെ നശിപ്പിച്ച് ആര് യുദ്ധത്തിന്നൊരുങ്ങും? ധര്‍മ്മത്തേയും ആത്മാവിനേയും വിപ്രനേയും രക്ഷിക്കുന്നവര്‍ മനസ്വിമാരാണ്, ധീരന്മാരാണ്! അങ്ങനെ ദുഃഖിക്കുന്ന മനസ്വികള്‍ പുണൃശ്ശോകരാണ്. ബ്രാഹ്മണന്നു വേണ്ടി ശസ്ത്രമെടുക്കുന്നത് എപ്പോഴും ആരും പുകഴ്ത്തും. തപസ്സും സ്വാദ്ധ്യായവും യജേഞാപവാസവും അഗ്നിഹോമവുമുള്ള വിപ്രന്മാരേക്കാള്‍ മീതെയായി ശസ്ത്രമേന്തുന്ന ശൂരൻ സല്‍ഗതി നേടും. മുന്നു ജാതിയിലും ശസ്ത്രധാരിയായ വിപ്രന്‍ ദുഷിക്കപ്പെടുകയില്ല. ആത്മത്യാഗിയും ദുഷിക്കപ്പെടുകയില്ലു.
ബ്രഹ്മഘ്നന്മാരെ കൊല്ലുന്നവര്‍ക്ക് ഗതി കിട്ടും. ബ്രഹ്മലോകം അവര്‍ പ്രാപിക്കും. അതു വീരന്മാര്‍ക്കുളള സ്വര്‍ഗ്ഗമാണ് എന്ന് മനു പറഞ്ഞു. അശ്വമേധം കഴിച്ച് അവഭൃഥ സ്നാനം ചെയ്ത് ശുദ്ധരായവരെപ്പോലെ പോരില്‍ പടവെട്ടി മരിച്ചാലും അവര്‍ പാപം തീര്‍ന്നവരായിത്തീരും. അധര്‍മ്മം ധര്‍മ്മമായി വരും. ധര്‍മ്മം അധര്‍മ്മവുമാകും. ദേശവും കാലവുമാണ് ധര്‍മ്മാധര്‍മ്മങ്ങളെ നിര്‍ണ്ണയിക്കുന്നത്. അങ്ങനെയാണ് ദേശകാലാവസ്ഥകള്‍ ക്രൂരപ്രവൃത്തി ചെയ്ത മൈത്രന്മാര്‍ മുഖ്യമായ സ്വര്‍ഗ്ഗത്തില്‍ച്ചെല്ലുന്ന സന്ദര്‍ഭങ്ങളുണ്ടാകും. ധര്‍മ്മിഷ്ഠന്‍ മഹാപാതകം ചെയ്ത് മഹത്തായ സ്വര്‍ഗ്ഗം പ്രാപിക്കുകയും ചെയ്യും. മൂന്നു കാലത്തിലും ശസ്ത്രമെടുത്ത വിപ്രന്‍ ദുഷിക്കപ്പെടുകയില്ല. എപ്പോഴെന്നു പറയാം. ആത്മത്രാണത്തിന്നും, ജാതിദോഷം നീക്കാനും, ദുഷ്ടരെ മര്‍ദ്ദിക്കുവാനും, വിപ്രന്‍ ആയുധമെടുക്കേണ്ടി വന്നാല്‍ തെറ്റു പറഞ്ഞു കൂടാ.
യുധിഷ്ഠിരന്‍ പറഞ്ഞു: കൊള്ളക്കാര്‍ ആയുധമേന്തി കൊളളയടിച്ചിട്ട് നാട് കൂട്ടിച്ചോറാക്കുമ്പോള്‍, വര്‍ണ്ണസങ്കരം മൂലം ക്ഷത്രിയന്മാര്‍ ബഹഹീനരായി മൗഢ്യമേല്ക്കുമ്പോള്‍, അന്യനായ ഒരു ശക്തന്‍ വന്ന് ക്ഷത്രിയന്റെ ധനം പിടിക്കുകയാണെങ്കില്‍ ദസ്യു വര്‍ഗ്ഗത്തെ ഓടിച്ച് നാടു രക്ഷിക്കുന്നത് ആരാണ്? ബ്രാഹ്മണനോ, വൈശ്യനോ, ശുദ്രനോ ആയിക്കൂടെ?
ഭീഷ്മൻ പറഞ്ഞു: വേണ്ടസമയത്ത് വേണ്ട കൃത്യം ആരായാലും ചെയ്യണം. അതില്‍ ജാതിമര്യാദ നോക്കേണ്ടതില്ല. രാജാവും രാജ്യവും ആപത്തിലെത്തിയാല്‍ ശൂദ്രനായാലും, വൈശ്യനായാലും, വിപ്രനായാലും വേണ്ടതെടുക്കണം. നിലയില്ലാത്തേടത്ത് നിലയായി നില്‍ക്കുന്നവന്‍, തോണിയില്ലാത്തേടത്ത് തോണിയായി നില്ക്കന്നവന്‍ ശുദ്രനായാലും പ്രശംസയ്ക്കു പാത്രമാകും. ദസ്യുക്കള്‍ വന്നു പിഡിപ്പിച്ച് ആട്ടിവിട്ടവരായ മനുഷ്യര്‍ ആരെ ആശ്രയിച്ചു സുഖിക്കുന്നവോ, അവനെ പ്രീതിയൊടെ ബന്ധുവിനെപ്പോലെ പൂജിക്കണം. ഹേ കൗരവാ, ഭയം കൂടതെ കര്‍മ്മം ചെയ്യുകയാണെങ്കില്‍ അവന്‍ മാനത്തിന്നര്‍ഹനായിത്തീരും. ഒന്നും ചുമക്കാന്‍ കൊള്ളാത്ത കാളയെ എന്തിനാണ്? മച്ചിയായ ഭാര്യയെക്കൊണ്ടെന്തു കാര്യം? രാജ്യം രക്ഷിക്കാത്ത രാജാവിനെക്കൊണ്ട് എന്തു കാര്യം?
മരം കൊണ്ടു പണി തീര്‍ത്ത ആനയെപ്പോലെ തോലു കൊണ്ടുണ്ടാക്കിയ മാന്‍ പോലെ, ബീജ ശക്തിയില്ലാത്ത ഷണ്ഡനെപ്പോലെ, ഊഷരമായ വയല്‍ പോലെ നിഷ്ഫലം തന്നെ! വേദം ചൊല്ലാത്ത ബ്രാഹ്മണനും, സംരക്ഷിക്കാത്ത രാജാവും തുല്യരാണ്. മഴ പെയ്യാത്ത കാറും വെറുതെയാണ്. ശിഷ്ടന്മാരെ കാക്കുന്നവനും, ദുഷ്ടന്മാരെ തട്ടി മാറ്റുന്നവനും, ധര്‍മ്മജ്ഞനുമായ ഒരുത്തനെ രാജാവായി വാഴിക്കണം.
അദ്ധ്യായം 79. ഋതിക് യജ്ഞാദിനിരൂപണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഋത്വിക്കുകള്‍ എവിടെയുള്ളവരാണ്? അവര്‍ എന്തു ശീലക്കാരാണ്? അവരുടെ മട്ടും മാതിരിയുമെന്താണ്? വാഗ്മിസത്തമനായ പിതാമഹാ! അവരെപ്പറ്റി പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്.
ഭീഷ്മൻ പറഞ്ഞു: പ്രതിക്രിയാപരമായ ആചാരം ഋത്വിക്കുകള്‍ക്കുളള നിശ്ചയമാണ്. ഛന്ദസ്സ്, സാമം മുതലായി വിപ്രന്മാരുടെ ശ്രുതം അറിഞ്ഞവരും ഐകമത്യത്തോടു കൂടിയവരും, വീരന്മാര്‍ക്ക് ഇഷ്ടമായ കാര്യങ്ങള്‍ പറയുന്നവരും, തമ്മില്‍ സൗഹാര്‍ദ്ദമുളളവരും, സമദര്‍ശികളുമാണ് അവര്‍. അനൃശംസരും, സത്യം പറയുന്നവരും, ദുര്‍മ്മാര്‍ഗ്ഗം വിട്ടവരും, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരുമാണ്. അദ്രോഹം, നിരഹങ്കാരം, ലജ്ജ, ക്ഷമ, അടക്കം, ഒതുക്കം ഇവ ചേര്‍ന്ന ധീമാനും, സത്യവാനും, ധീരനും, ദാന്തനും, ഭൂതകാരുണ്യമുളളവനും, കാമദ്വേഷങ്ങള്‍ വിട്ടവനും, മനസ്സും, വാക്കും, കര്‍മ്മവും, ശുഭ്രമായവനും, അഹിംസകനും, ജ്ഞാനതൃപ്തനുമായ അവന്‍ ബ്രഹ്മാസനത്തിന്ന് അര്‍ഹനാണ്. ഇത്തരക്കാരെ മഹാഋത്വിക്കുകള്‍ എന്നു പറയുന്നു. എല്ലാവരും അര്‍ഹിക്കുന്നവിധം മാന്യരുമാണ്.
യുധിഷ്ഠിരന്‍ പറഞ്ഞു: ദക്ഷിണയില്‍ വിധിക്കപ്പെട്ട വേദ ഭാഷിതമുണ്ടല്ലോ. പക്ഷേ, ദക്ഷിണയുടെ പരിധി പറഞ്ഞിട്ടുമില്ല. വേദവാക്യം സമ്പത്ത് പകുത്തു കൊടുക്കാനായി ഉണ്ടായതല്ല. വേദാനുസാരം ദാനം ചെയ്യാതിരുന്നാല്‍ ഫലം ദാരുണവുമാണ്. ദാനം ചെയ്യേണ്ടവന്റെ കഴിവിനെക്കുറിച്ചു വേദം കാണുന്നില്ല. ശ്രദ്ധയോടെ യജിക്കണമെന്നാണ് വൈദിക ശ്രുതി. പാഴായി ചെയ്യുന്ന യജ്ഞത്തില്‍ എന്ത് ശ്രദ്ധയാണു ചെയ്യുക?
ഭീഷ്മൻ പറഞ്ഞു: വേദനിന്ദ കൊണ്ടും, ശാഠ്യം കൊണ്ടും, മായ കൊണ്ടും ആരും മഹത്ത്വം പ്രാപിക്കുകയില്ല. നിനക്ക് ഈ ബുദ്ധി ഒരിക്കലും തോന്നരുത്. ഉണ്ണീ, ദേവബ്യംഹണമാണ് യജ്ഞാംഗത്തിലെ ദക്ഷിണ. യജ്ഞദക്ഷിണ ചെയ്യാത്തവന്‍ ഒരിക്കലും അഭിവൃദ്ധിപ്പെടുന്നതല്ല: ഒരു പൂര്‍ണ്ണപാത്രം എത്ര വലിയ ദക്ഷിണയ്ക്കും തുല്യമാണ്. മൂന്നു ജാതിയില്‍പ്പെട്ടവരും യഥാവിധി യജിക്കണം. വിപ്രന്മാര്‍ക്ക് രാജാവ് സോമനാണ് എന്നാണ് വൈദിക ശ്രുതി. അവന്റെ വിക്രമത്തെയാണ് ഇച്ഛിക്കുന്നത്. പാഴ്വൃത്തിയില്‍ അതു പറ്റുന്നതല്ല. ആ യജ്ഞ വിക്രമ ഫലം കൊണ്ട് വീണ്ടും യജ്ഞം നടത്താം. ഇപ്രകാരം ധര്‍മ്മത്താല്‍ ധര്‍മ്മചാരികളായ മഹര്‍ഷികള്‍ ഓര്‍ക്കുന്നു. പുരുഷനും, യജ്ഞവും, സോമവും ന്യായമായി നില്ക്കുകയാണെങ്കില്‍ പുരുഷന്‍ തനിക്കും, അന്യനും, അന്യായവ്യത്തനായി നില്ക്കുകയില്ല. ശരീ ര വൃത്തം പൂണ്ട യോഗ്യരായ ബ്രാഹ്മണര്‍ക്ക് നന്നായി കല്‍പിച്ചവയാണ് അവയെന്നു ശ്രുതിയില്‍ പറയുന്നു. യജ്ഞത്തേക്കാള്‍ തപസ്സ് ശ്രേഷ്ഠമാണെന്നു മുഖ്യമായ ശ്രുതി പറയുന്നു. ആ തപത്തെപ്പറ്റിയും ഞാന്‍ നിന്നോടു പറയാം. ഹേ പണ്ഡിതാ! അതും നീ കേള്‍ക്കുക. അഹിംസ, സത്യവചനം, ആനൃശംസ്യം, ദമം (അടക്കം), ഘൃണ (ദയ) ഇവയാണ് ധീരന്മാര്‍ തപസ്സെന്നു പറയുന്നത്. അല്ലാതെ പട്ടിണി കിടന്നു ദേഹം ശോഷിപ്പിക്കുന്നതല്ല.
വേദത്തെ പ്രമാണമായി സ്വീകരിക്കാതിരിക്കുക, ശാസ്ത്രം തെറ്റിക്കുക, ഒരിടത്തും വ്യവസ്ഥയില്ലാത്ത മട്ട് സ്വീകരിക്കുക, ഇവയാണ് ആത്മനാശനം എന്നു പറയുന്നത്.
ദശഹോതൃവിധാനം എന്താണെന്നു ഞാന്‍ പറയാം. അതും നീ ശരിക്കു കേട്ടു മനസ്സിലാക്കുക.
ചിത്തി, സ്രുക്ക്, ചിത്ത, ആജ്യം, പവിത്രം, ജ്ഞാനം, ഉത്തമം എല്ലാം ബ്രഹ്മം മൃത്യുപദമാര്‍ജ്ജവം ബ്രഹ്മസല്‍പ്പദം.
ഇവയാണ് ജ്ഞാനവിഷയം. പിന്നെ എന്തിന്നു പ്രലപിക്കണം?
അദ്ധ്യായം 80. മിത്രാമിത്രനിരുപണം -- യുധിഷ്ഠിരന്‍ പറഞ്ഞു: അത്യല്പമായ കര്‍മ്മവും കൂടി ഒരുത്തന്നു ദുഷ്കരമാണ്. തുണയില്ലാത്ത പുരുഷന്റെ കഥ പിന്നെ പറയാനുണ്ടോ? എന്ത് ശീലാചാരമുളളവന്‍ രാജാവിന്റെ മന്ത്രിയാകണം? രാജാവിന്ന് ആരെ വിശ്വസിച്ചുകൂടാ?
ഭീഷ്മൻ പറഞ്ഞു: രാജാക്കന്മാര്‍ക്കു മിത്രങ്ങള്‍ നാലു വിധത്തിലുണ്ട്. രാജാവേ! സഹാര്‍ത്ഥന്‍, ഭജമാനന്‍, സഹജന്‍, കൃത്രിമന്‍ ഇങ്ങനെ നാലാണ്. അഞ്ചാമതായിട്ടു ഒരാള്‍ കൂടിയുണ്ട്. അവന്‍ നിഷ്പക്ഷമതിയാണ്. അവന്‍ കാപട്യം കാണിച്ച് ധനമാര്‍ജ്ജിക്കാന്‍ ശ്രമിക്കയില്ല. അവന്‍ ധര്‍മ്മവും സത്യവുമുള്ള പക്ഷമേ പിടിക്കൂ. അങ്ങനെയുളളവനെ രാജാവ് അവനിഷ്ടമില്ലാത്ത കാര്യങ്ങള്‍ അറിയിക്കരുത്. രാജാക്കന്മാര്‍ കാരൃസാദ്ധ്യത്തിന്നായി നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്യും. നാലില്‍ വെച്ച് ശ്രേഷ്ഠന്മാര്‍ മദ്ധ്യത്തിലെ രണ്ടു പേരുമാണ്. മറ്റു രണ്ടുപേരും എന്നും ശങ്കിക്കത്തക്കവരാണ്. രാജാവ് സ്വയം ചെയ്യേണ്ട കാര്യത്തില്‍ എല്ലാവരും ശങ്ക്യന്മാരാണ്.
രാജാവിന്നു തെറ്റുപറ്റരുത്. മിത്രരക്ഷയില്‍ ഒട്ടും പറ്റരുത്. തെറ്റു പറ്റുന്ന രാജാവിനെ ജനങ്ങള്‍ അവമാനിക്കും. അസാധു സാധുവാകും. സാധു ദാരുണനുമാകും. ശത്രു മിത്രമാകും. മിത്രം ശത്രുവാകും. സ്ഥിരതയില്ലാത്ത മനുഷ്യനെ ആരും വിശ്വസിക്കുകയില്ല. അതു കൊണ്ട് പ്രധാനപ്പെട്ട കാര്യം സ്വയം തന്നെ രാജാവ് ചെയ്യണം. രാജാവ് ഒരിക്കലും തന്റെ മന്ത്രിമാരെ നിശ്ശേഷം വിശ്വസിച്ചിരുന്നാല്‍ അത് ധര്‍മ്മാര്‍ത്ഥ നാശകമായിത്തീരും.
പക്ഷേ, എല്ലാവരിലും അവിശ്വാസം കാണിക്കുകയെന്നത് മൃത്യുവിനേക്കാള്‍ മീതെയാണ്. എപ്പോഴും സത്യസന്ധത കാണിച്ചാല്‍ ആപത്തിലാകും. ആരില്‍ അമിതമായി വിശ്വസിക്കുന്നുവോ അവന്റെ കൈയില്‍ ജീവനും നിലനില്ക്കുന്നു.
എന്നാല്‍ ചിലരില്‍ വിശ്വാസം വേണം, ശങ്കയും വേണം. ഈ നിത്യമായ നീതിയുടെ ഗതി നീ കാണേണ്ടതാണ്. ഞാന്‍ ഇല്ലാതായാല്‍ ഈ ധനമൊക്കെ ആര്‍ക്കു ലഭിക്കുമോ ആവോ? ഇപ്രകാരം പറയുന്നവനെ നിത്യവും ശങ്കിക്കണം. അവന്‍ മിത്രമല്ല, അമിത്രമാണ്. ആരുടെ വയല്‍ വിട്ട് അന്യന്റെ വയലില്‍ ജലം എത്തുന്നുവോ അവന്‍ അറിയാതെ ആ ചിറവരമ്പു പൊട്ടുകയില്ല. രാജാവിന്റെ അഭിവൃദ്ധിയില്‍ ദുഃഖിക്കുന്നവന്‍ ശത്രുവും രാജാവിന്റെ നാശത്തില്‍ ദുഃഖിക്കുന്നവന്‍ മിത്രവുമാണ്. ഈ ലക്ഷണം കൊണ്ടു മനസ്സിലാക്കി മിത്രത്തെ തിരിച്ചറിയണം.
വൃദ്ധിയില്‍ തൃപ്തിവരാതിരിക്കുകയും ക്ഷയത്താല്‍ ദൈന്യം ഏല്ക്കുകയും ചെയ്യുക. ഇത് മിത്രത്തിന്റെ ചിഹ്നമാണെന്നു പറയുന്നു. താന്‍ നശിച്ചാല്‍ ആര്‍ക്കാണ് നാശം വന്നത് എന്നു വിഷമിക്കുന്നവനെ അച്ഛനെപ്പോലെ വിശ്വസിക്കണം. ശക്തിയോടെ വര്‍ദ്ധിക്കുന്ന അവനെ എല്ലാ വിധത്തിലും വളര്‍ത്തേണ്ടതാണ്. ധര്‍മ്മകാരൃത്തിലും കേടിലും ആരോ തടുക്കുന്നു. കേടില്‍ പേടിക്കുന്നവരെ അറിയണം. അത് ഉത്തമമായ ലക്ഷണമാണ്. ഒരാള്‍ക്ക് ഉപദ്രവം വരണമെന്ന് ആര്‍ ഇച്ഛിക്കുന്നുവോ അവന്‍ അയാള്‍ക്കു വൈരിയാണ്. ധര്‍മ്മകാരൃത്തിന്നു കേടു തട്ടുമ്പോള്‍ തടുക്കുന്നവനെ, ശക്തിയോടെ വര്‍ദ്ധിക്കുന്ന അവനെ, എല്ലാവിധത്തിലും വളര്‍ത്തണം. കേടു വന്നു പെടുമ്പോൾ അതിനെ പേടി കൂടാതെ കേറിയകറ്റുവാന്‍ ശ്രമിക്കുന്നവന്‍ നല്ല മിത്രമാണ്. അവന്റെ കേടിന്ന് ഇച്ഛിക്കുന്നവനാരോ അവന്‍ വൈരിയാണെന്നു ധരിക്കുക. തനിക്കു വൃസനം പറ്റുമ്പോള്‍ ദുഃഖിക്കുകയും അഭിവൃദ്ധിയില്‍ ദുഷിക്കാതിരിക്കുകയും ചെയ്യുന്നവന്‍ ആത്മതുല്യനായ മിത്രമാണെന്നും ധരിക്കണം. രൂപം, വര്‍ണ്ണം, സ്വരം ഇവ ചേര്‍ന്നവനും ക്ഷമാവാനും അസുയ ഇല്ലാത്തവനും, കുലീനനും, കുലസമ്പന്നനുമായവന്‍ ആപ്തനാണെന്നു ധരിക്കണം. മേധാവി, സ്മൃതിമാന്‍, ദക്ഷന്‍, സ്വഭാവത്തില്‍ത്തന്നെ പാപമറ്റവന്‍, മാനിച്ചാല്‍ മാനിക്കപ്പെടുന്നില്ലെങ്കിലും ദുഷിക്കാത്തവന്‍, ഋത്വിക്കോ, ആചാര്യനോ, അഥവാ വേഴ്ചയേറ്റമുളള സഖാവോ, അമാത്യനോ, നിന്റെ ഗൃഹത്തില്‍ പാര്‍ക്കാം. അവരെ പൂജിക്കേണ്ടതാണ്. അവന്‍ നിന്റെ മന്ത്രം അറിയും. അര്‍ത്ഥവും ധര്‍മ്മസ്വഭാവവും അറിയും. അവരില്‍ നിനക്കു പിതാവിലെന്ന പോലെ വിശ്വാസം ഉണ്ടാകണം. ഒരു കാര്യത്തില്‍ തുല്യരായ രണ്ടോ മുന്നോ പേരെ നിശ്ചയിക്കരുത്. അവര്‍ തമ്മില്‍ സഹിക്കയില്ല. ഏകാര്‍ത്ഥത്തില്‍ ജീവികള്‍ തമ്മില്‍ കലഹിക്കുന്നതു കാണാം. അതുകൊണ്ട് അക്കാര്യത്തില്‍കരുതി പ്രവർത്തിക്കണം.
കീര്‍ത്തിയെ.പ്രധാനമായികരുതി കരാറു പ്രകാരം ആര്‍ നില്ക്കുന്നുവോ, കാമം, ഭീതി, ക്രോധം, ലോഭം ഇവയാല്‍ ധര്‍മ്മം വിടാത്തവന്‍ ആരാണോ, സമര്‍ത്ഥനും, ഉളള കാര്യം മറയ്ക്കാതെ പൂര്‍ണ്ണമായി പറയുന്നവനും ആരാണോ, അവനെ നീ കൂടെ താമസിപ്പിക്കണം. എന്തിനും സന്നദ്ധരായ കുലീനനും, ശീലവാനും, ക്ഷമാവാനും, സത്യവാക്കും, ശൂരനും, വിദ്വാനും, പ്രതിപത്തിയാല്‍ വിശാരദനും, ആയവനെ അമാത്യനായി വെക്കണം.
പൂജിച്ച് ഉളളതു പങ്കിട്ട തുണക്കാരനായി കാര്യം നടത്തിയവര്‍, തടവു കൂടാതെ തക്കവേലകളില്‍ നിശ്ചയിച്ചവര്‍, വലിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു നന്മയുണ്ടാക്കും. തമ്മില്‍ മത്സരിക്കുന്ന ഇത്തരക്കാര്‍ കര്‍മ്മങ്ങള്‍ നന്നായി നിര്‍വഹിക്കും. ഇവര്‍ പരസ്പരം പറഞ്ഞ് ധരിച്ചും ധരിപ്പിച്ചും കാര്യം സാധിക്കു ന്നവരാണ്.
പിന്നെ ചില കാര്യം കൂടി പറയാം. തന്റെ ജഞാതികളെ എപ്പോഴും സൂക്ഷിക്കണം. അവര്‍ മരണം വരുത്തി വെക്കുന്ന വിധം ഭയം ഉണ്ടാക്കും. രാജ്യത്തിന്റെ അഭിവൃദ്ധി ഉപരാജാവിനെപ്പോലെ എല്ലായ്‌പോഴും ജ്ഞാതി സഹിച്ചെന്നു വരില്ല. ആര്‍ജ്ജവം ഉള്ളവനും, മൃദുവും, ദാതാവും, ശ്രീമാനും, സത്യവാനുമായവന്റെ നാശത്തില്‍ ഹേ മഹാഭുജാ, തന്റെ തറവാട്ടുകാരനോ ബന്ധുക്കാരനോ അല്ലാത്തൊരാള്‍ സന്തോഷിക്കുവാന്‍ പോകുന്നില്ല. അവന്‍ നശിച്ചതു നന്നായി, അങ്ങനെ വരണം: എന്ന് അവര്‍ മനസ്സില്‍ സന്തോഷിക്കും.
ജ്ഞാതിയില്ലാഞ്ഞാലും സൗഖ്യം ലഭിക്കയില്ല.അവജേഞയരല്ല ജഞാതികള്‍. ജ്ഞാതിയില്ലാത്തവരെ അന്യന്മാര്‍ അവമാനിക്കും. മറ്റുളളവര്‍ നിരസിക്കുന്നവരായാല്‍ അവര്‍ക്ക് ആശ്രയം ജ്ഞാതിയാണ്. ജ്ഞാതിയെ അന്യന്മാര്‍ അവമാനിച്ചാല്‍ ജ്ഞാതി സഹിക്കുകയില്ല. ചാര്‍ച്ചക്കാര്‍ നിരസിച്ചാലും അവന്റെ ഗോത്രനാമം പോവുകയില്ല..അവര്‍ക്കു ഗുണവുമുണ്ടാകും നിര്‍ഗ്ഗുണത്വവുമുണ്ടാകും. ജ്ഞാതിവര്‍ഗ്ഗങ്ങളില്‍ നന്മയും തിന്മയും കാണാം. അതു കൊണ്ട് അവരെ നിത്യം വാക്കാലും ക്രിയയാലും മാനിക്കുകയും പുജിക്കുകയും ചെയ്യുക. ജ്ഞാതികള്‍ക്ക് എപ്പോഴും ഇഷ്ടം ചെയ്യുക. അപ്രിയം ഒരിക്കലും ചെയ്തു പോകരുത്. ഇവരില്‍ വിശ്വസ്തനെപ്പോലെ നില്ക്കണം, എന്നാല്‍ വിശ്വസിക്കരുത്. അക്കുട്ടരെപ്പറ്റി തന്റെ തറവാട്ടുകാരെപ്പറ്റി ഗുണചിന്തയും വേണ്ട ദോഷചിന്തയും വേണ്ട.
അവര്‍ "അങ്ങനെ പറഞ്ഞു, ഇങ്ങനെ ചെയ്തു" എന്നൊന്നും ചിന്തിക്കയേ വേണ്ടാ. അത് ഒരിക്കലും സുഖമായി വരില്ല. എന്നാലും വിട്ടുകളയുകയും വേണ്ടാ.
ഈ പറഞ്ഞമാതിരി തെറ്റു കൂടാത നില്ക്കുന്ന പുരുഷന്ന് മിത്രങ്ങളല്ലാത്തവരും പ്രസാദിച്ച് മിത്രങ്ങളായിത്തീരും. ജ്ഞാതി സംബന്ധി വര്‍ഗ്ഗങ്ങളില്‍ ഇപ്രകാരം നിലിക്കുന്നവന്‍ ശരിക്കു പുകഴ്ന്നവനായി ചിരകാലം ശോഭിക്കും.
അദ്ധ്യായം 81. വാസുദേവനാരദസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: ഇപ്രകാരം ഗ്രഹിക്കാന്‍ വിഷമമുള്ള കൂട്ടരാണ് ജഞാതി സംബന്ധി വര്‍ഗ്ഗങ്ങളെങ്കില്‍ മിത്രാമിത്രങ്ങളില്‍ അവരുടെ ഭാവം ഞാന്‍ എങ്ങനെയാണ് അറിയുക?
ഭീഷ്മൻ പറഞ്ഞു; അതിന്നുദാഹരണമായി ഒരു കഥ പറയാറുണ്ട്. അതു കൃഷ്ണനും നാരദനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്.
വാസുദേവന്‍ പറഞ്ഞു: ഹേ നാരദാ, മുഖ്യമായ മന്ത്രം സുഹൃത്തല്ലാതെ മറ്റാരും, കേള്‍ക്കരുത്, അപണ്ഡിതനായ സുഹൃത്തും ആത്മാവാനല്ലാത്ത വിദ്വാനും കേള്‍ക്കരുത്. നാരദാ! നിനോോടുള്ള സൗഹൃദം കൊണ്ട് ഞാന്‍ അല്പം സ്വകാര്യം പറയാം. നിന്റെ ബുദ്ധി ബലം കണ്ട് ഞാന്‍ ചോദിക്കുകയാണ്. രഹസ്യ കാര്യമാണ് പറയുന്നുത്.
ഐശ്വര്യധാടിയാല്‍ ജ്ഞാതികള്‍ക്കു ഞാന്‍ ദാസ്യം ചെയ്യാതെയിരിക്കുകയാണ്. എനിക്കുള്ള അര്‍ത്ഥം ഞാന്‍ അവരുമായി പങ്കിടുന്നു. കടുത്ത വാക്കുകള്‍ പൊറുക്കുന്ന തീയ് ആഗ്രഹിക്കുന്നവന്‍ അരണി കടയുന്നതു പോലെ എന്റെ മനസ്സ് അവരുടെ വാക്കാല്‍ കടയുകയാണ്. രാജര്‍ഷേ, അവര്‍ പറഞ്ഞ ദുര്‍വാക്കുകള്‍ എന്റെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുകയാണ്. ബലം സങ്കര്‍ഷണനില്‍ (ബലഭദ്രനില്‍), സൗകുമാര്യം ഗദനില്‍; പ്രദ്യുമ്നനാണെങ്കില്‍ സൌന്ദര്യമദമുളളവന്‍. ഇങ്ങനെയാണ് എന്റെ കുടുംബത്തിലെ കഥ. എന്നിട്ടും ഞാന്‍ നിസ്സഹായിയായി. മറ്റുളള യാദവന്മാരൊക്കെ ബലവാന്മാരും, ദുരാസദന്മാരുമാണ്, പരിശ്രമ ശീലന്മാരാണ്. നാരദാ, അന്ധകന്മാരും വൃഷ്ണികളും അങ്ങനെയാണ്. ഒരു മേന്മയുമില്ലാത്ത ഒരുത്തനും ഇല്ല. എന്നാല്‍ എല്ലാ മേന്മയും തികഞ്ഞവനുമില്ല. രണ്ടു പേരും എന്നെ നിത്യവും അലട്ടുന്നുണ്ട്. എന്നാല്‍ ഒരാള്‍ പറയുന്നതും ഞാന്‍ കേള്‍ക്കുന്നില്ല. ഏതെങ്കിലും ഒരാളെ അനുകൂലിച്ചാല്‍ കുഴപ്പത്തിലാകും. അവരാരാണെന്നോ? ഒരാള്‍ ആഹുകനാണ്. മറ്റേയാള്‍ അക്രൂരനാണ്. ഇതിലും കഷ്ടമായിട്ടെന്തുണ്ട്? ഇതിലേറെ ദുഃഖമെന്തുണ്ട്? അവരില്ലാഞ്ഞാലോ? അതിലും വലിയ ദുഃഖം പറയാനുമില്ല! കിതവന്മാരുടെ, ചൂതുകളിക്കാരുടെ, അമ്മയെപ്പോലെയാണ് എന്റെ കഥ. അമ്മേ, ഞാന്‍ ഈ ചൂതില്‍ ജയിക്കണം! അമ്മ അനുഗ്രഹിക്കണം എന്നു പറഞ്ഞാല്‍, മകനെ, നീ ജയിക്കട്ടെ! എന്നനുഗ്രഹിക്കണം. പിന്നെ അനുജന്‍ വന്ന് അമ്മേ ഞാന്‍ ചേട്ടനോടു കളിച്ചു ജയിക്കാന്‍ എന്നെ അനുഗ്രഹിക്കണം" എന്നു പറഞ്ഞാല്‍ മകനെ, നീ തോൽക്കാതിരിക്കട്ടെ! എന്നു പറയണം. അതു പോലെയാണ് എന്റെ കഥ. എനിക്കു രണ്ടു പേരും ഉപേക്ഷിക്ക വയ്യാത്തവരാണ്. ഒരാള്‍ക്ക് ജയം ആശംസിക്കും, മറ്റേയാള്‍ക്കു തോല്‍വി പറ്റായ്കയും ആശംസിക്കും. ഇപ്രകാരം ക്ലേശിക്കയാണ് ഞാന്‍. നാരദാ, ഞാനെന്തുവേണം? ഭവാന്‍ വേണ്ടതു പറഞ്ഞുതരണേ!?
നാരദന്‍ പറഞ്ഞു: കൃഷ്ണാ, ആപത്തു രണ്ടുവിധത്തി ലുണ്ട്. ബാഹ്യം എന്നും ആഭ്യന്തരമെന്നും. നിങ്ങള്‍ക്കുള്ള ആപ ത്തിനെ ആഭ്യന്തരം എന്നു പറയാം. അതു വളരെ കഷ്ടമാണ്, സ്വന്ത കര്‍മ്മജമായി വന്നുകൂടിയതാണ്. യോഗമാണത്. അക്രൂരഭോജോത്അഭവന്മാരെല്ലാം ഭവാന്റെ കുലത്തില്‍ പിറന്നവരാണ്. അര്‍ത്ഥം കാരണമായും, ആഗ്രഹങ്ങള്‍ മൂലമായും, ബീഭത്സമായ വാക്കുകള്‍ മൂലമായും അങ്ങു നേടിയ ഐശ്വര്യം അവര്‍ക്കു കൊടുത്തു. അങ്ങനെ ജഞാതി പദം ഇപ്പോള്‍ വേരുറച്ച് സഹായം ചേര്‍ന്ന വിധം വളരുകയുംചെയ്തു. ഇനി ആ കൊടുത്ത ഐശ്വര്യം വീണ്ടെടുക്കുവാന്‍ പറ്റുകയില്ല. ഛര്‍ദ്ദിച്ച അന്നം ഭക്ഷിക്കുവാന്‍ പറ്റാത്ത മട്ടിലായി കാര്യം. രാജ്യം ഒരിക്കലും ബഭ്രു, ഉഗ്രസേനന്‍ എന്നിവര്‍ക്കു യോജിച്ചതല്ല. കൊടുക്കരുതാത്തതായിരുന്നു. ഇനി ജ്ഞാതികളെ ഭേദിപ്പിച്ച് വിശേഷിച്ചും ഭവാന്‍ ദുഷ്കരമായ ക്രിയ ചെയ്ത് പ്രയത്നപ്പെട്ട് അത് കൈയിലാക്കേണ്ടി വരും. ഇരുമ്പില്ലാതെ തന്നെ ഉള്ളറുക്കുന്ന ശസ്ത്രം കൊണ്ടും, നാവെടുക്കേണ്ടവരുടെ നാവെടുത്തും, വെടിപ്പാക്കിത്തുടച്ച് രാജ്യം കൈയിലാക്കേണ്ടിവരും.
വാസുദേവന്‍ പറഞ്ഞു: ഇരുമ്പല്ലാതെ മൃദുവായ ആ ശസ്ത്ര പ്രയോഗം എങ്ങനെയാണ്.? അവരുടെ നാവെടുക്കുവാന്‍, വെടിപ്പാക്കിത്തുടയ്ക്കുവാന്‍, എന്തുചെയ്യണം.
നാരദന്‍ പറഞ്ഞു: * ശക്തിക്കൊത്ത് അന്നദാനം, എപ്പോഴും ക്ഷമ, ആര്‍ജ്ജവം, മാര്‍ദ്ദവം, യഥാര്‍ഹമായ പൂജ ഇവയാണ്. ഇരുമ്പില്ലാതുളള ശസ്ത്രം പെട്ടെന്ന് കടുത്ത വാക്കു പറയുവാന്‍ മുതിരുന്ന ജ്ഞാതികളെ വാക്കു കൊണ്ട് അവരുടെ കരളും, അവരുടെ വാക്കും, മനസ്സും ശമിപ്പിക്കണം. മഹാപുരുഷനല്ലാത്തവന്‍, അധീരന്‍, സഹായമില്ലാത്തവന്‍ ഇവരൊന്നും മഹാഭാരം വഹിക്കുവാന്‍ ശക്തരാകയില്ല. അവ നീ നെഞ്ചു കാട്ടി ഏൽക്കണം. എത്ര വലിയ ഭാരവും വണ്ടിയില്‍ കെട്ടിയ കാള സമഭൂമിയിലാണെങ്കില്‍ വഹിക്കും. ദുര്‍ഗ്ഗത്തിലാണെങ്കിലോ നല്ല മെയ്യും, കരുത്തുമുള്ള കാളകള്‍ക്കേ മഹാഭാരം താങ്ങാന്‍ കഴിയു. നി ഭേദിപ്പിക്കുകയാണെങ്കില്‍ സംഘത്തിന്റെ കെട്ട് പൊട്ടും. നീ സംഘ മുഖ്യനാണല്ലേോ. നീ ഏറ്റിരിക്കുന്ന കാലത്ത് സഖ്യം തളരാതെ നിറുത്തേണ്ടതാണ്. ബുദ്ധിക്ഷാന്തികള്‍ കൂടാതേയും, ഇന്ദ്രിയഗ്രഹം കൂടാതേയും, ദ്രവ്യം വാരിക്കൊടുക്കാതേയും, സംഘം പ്രാജ്ഞനില്‍ നില്ക്കുകയില്ല. ധന്യവും, യശസ്യവും, ആയുഷ്യവുമാണ് നിത്യവും സ്വജനങ്ങളെ പോഷിപ്പിക്കുകയെന്നത്. ജ്ഞാതിക്ഷയം പറ്റാതെയുള്ള മട്ടില്‍ വേണ്ടത് കൃഷ്ണാ, നീ ചെയ്യുക. പ്രഭോ, ഭവാന്‍ അറിയാതെ ഭാവിയും വര്‍ത്തമാനവും ഒന്നും ഇല്ലല്ലോ. ഷള്‍ഗുണ്യത്തിന്റെ വിധാനം കൊണ്ടും, യാത്രായാന്രക്രമം കൊണ്ടും യദുക്കളും, ഭോജന്മാരും, കുകുരന്മാരും, വൃഷ്ണികളും, അന്ധകന്മാരും എല്ലാം ഭവാന്റെ കീഴില്‍ നിൽക്കുന്നു. മഹാബാഹോ ലോകരും ലോകപാലകന്മാരും ഭവാന്റെ കീഴില്‍ നില്ക്കുന്നു! മാധവാ, ഭവാന്റെ ബുദ്ധിയെ താമസന്മാരും ഉപാസിക്കുന്നു. നീ ജീവികള്‍ക്കൊക്കെ ഗുരുവാണെന്നറിയുന്നു. എല്ലാ ഗതാഗതങ്ങളും ഭവാനറിയാം. ഭക്തന്മാര്‍ക്ക് ഇഷ്ടം നലകുന്നവനും, കല്യാണ ഗുണശീലനും, യദു മുഖ്യനുമായ ഭവാനെ ആശ്രയിച്ച് യദുക്കള്‍ സുഖം വര്‍ദ്ധിച്ചവരായി വസിക്കുന്നു
അദ്ധ്യായം 82. കാലകവ്യക്ഷീയോപാഖ്യാനം - ഭീഷ്മൻ പറഞ്ഞു: ഈ പറഞ്ഞത് ഒന്നാം വൃത്തിയാണ്. രണ്ടാം വൃത്തി ഞാന്‍ പറയാം. ഹേ, ഭാരതാ! അതും നീ കേള്‍ക്കുക. ധനം ഉണ്ടാക്കുന്നവന്‍ ആരാണോ, അവനെ രാജാവ് സംരക്ഷിക്കണം. അമാത്യന്‍ രാജഭണ്ഡാരം അപഹരിച്ചു നശിപ്പിക്കുന്നതായി ഭൃത്യനോ, ഭൃത്യനല്ലാത്തവനോ പറയുന്നതായാല്‍ ഹേ, യുധിഷ്ഠിരാ! അവന്റെ വര്‍ത്തമാനം രഹസ്യമായി കേള്‍ക്കണം. അവനെ അമാത്യനില്‍ നിന്ന് രക്ഷിക്കുകയും വേണം. അപഹരിക്കുന്ന അമാത്യന്മാരുണ്ടോ എന്ന് ചിന്തിക്കണം. രാജഭണ്ഡാരം പാലിക്കുന്ന അമാത്യന്മാരെ ഭണ്ഡാര നാശകന്മാര്‍ എല്ലാവരും ചേര്‍ന്ന് ബാധി ക്കും. അതു കൊണ്ട് അവനെ സംരക്ഷിച്ചില്ലെങ്കില്‍ അവന്‍ അപകടത്തില്‍പ്പെടും.
ഈ പറഞ്ഞതിന്നുദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്. കാലകവ്യക്ഷീയന്‍ എന്ന മുനി കോസല രാജാവിനോടു പറഞ്ഞതാണ് കഥാവിഷയം.
പണ്ട് കോസല രാജ്യം ഭരിച്ചിരുന്ന ക്ഷേമദര്‍ശി എന്ന രാജാവിന്റെ അടുത്ത് കാലക വ്യക്ഷീയന്‍ എന്നു പേരായ മഹര്‍ഷി ഒരു ദിവസം ചെന്നു. കാക്കയെ കൂട്ടില്‍ പിടിച്ചിട്ട് ക്ഷേമദര്‍ശിയുടെ രാജ്യത്ത് വൃത്താന്തം കേള്‍ക്കാനായി വീണ്ടും വീണ്ടും സഞ്ചരിച്ചു. നിങ്ങള്‍ കാകവിദ്യ പഠിക്കുവിന്‍! എന്നോട് കാക്കകള്‍ ഭൂതവും, ഭാവിയും, വര്‍ത്തമാനവുമൊക്കെപ്പറയുന്നു, എന്നു പറഞ്ഞ് പലരോടുകൂടി നാട്ടില്‍ ചുറ്റുന്ന അവന്‍ രാജാവിന്റെ കീഴില്‍ എല്ലാവര്‍ക്കും ദുഷ്ക്കരമായത് കണ്ടറിഞ്ഞു. നാട്ടിലെ ശ്രമങ്ങളൊക്കെ കണ്ടറിഞ്ഞ അവന്‍ രാജഭൃത്യന്മാരുടെ അപഹരണങ്ങളൊക്കെ മനസ്സിലാക്കി. അവന്‍ കാക്കയേയും കൊണ്ട് രാജാവിനെ കാണുവാന്‍ രാജധാനിയിലെത്തി. താന്‍ സര്‍വ്വജ്ഞനാണെന്നു പറഞ്ഞ് ആ സംശിത്രവതനായ മുനി രാജാവിന്റെ അടുത്തു ചെന്നു. രാജസന്നിധിയില്‍ വെച്ച് മന്ത്രി വേഷത്തില്‍ നില്ക്കുന്ന മന്ത്രിയെ നോക്കി കാക്ക പറയുന്നതായി ഇപ്രകാരം പറഞ്ഞു: നീ രാജഭണ്ഡാരം അപഹരിച്ചു. ഈയാളും ഈയാളും അത് അറി യുന്നുണ്ട്. ഇപ്രകാരം കാക്ക പറയുന്നു. അതു കൊണ്ട് വേഗം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം രാജകോശം അപഹരിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു. ഈ കാക്ക പറഞ്ഞതൊന്നും ഇന്നേ വരെ നുണയായിപ്പോയിട്ടില്ല. അവന്‍ സത്യമേ പറയൂ. എനിക്ക് അത് അനുഭവമാണ്.
അങ്ങനെ കാക്ക നിരസിച്ചവനായ ഒരു രാജഭൃത്യന്‍ സൂത്രത്തില്‍ കാക്ക ഉറങ്ങുന്ന സമയം നോക്കി ഇരുട്ടില്‍ ചെന്ന് അതിനെ അമ്പെയ്തു കൊന്നു. കൂട്ടില്‍ അമ്പേറ്റ് ചത്തു കിടക്കു ന്ന കാക്കയെ കണ്ട് ആ വിപ്രന്‍ പൂര്‍വ്വാഹ്നത്തില്‍ ക്ഷേമദര്‍ശി രാജാവിനെക്കണ്ട് പറഞ്ഞു: പ്രാണന്നും, ധനത്തിന്നും, അധിപനായ ഭവാനോട് ഞാന്‍ അഭയം അഭ്യര്‍ത്ഥിക്കുന്നു. ഭവാന്റെ സമ്മതമുണ്ടെങ്കില്‍ അങ്ങയ്ക്കു ഹിതം ഞാന്‍ പറയാം. എല്ലാ വിധത്തിലും കൂറോടു കൂടി മിത്രത്തെ രക്ഷിക്കാന്‍ വന്നതാണ് ഞാന്‍. ഭവാന്റെ മുതല്‍ ഇവിടെ ചിലര്‍ കട്ടു മുടിക്കുകയാണ്. അതു സഹിക്കുവാന്‍ കഴിയാതെ അറിയിക്കുവാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്. നല്ല അശ്വത്തെ അറിയിക്കാന്‍ സൂതന്‍ എന്ന പോലെ, മിത്രത്തെ അറിയിക്കുവാന്‍ വന്നതാണ് ഞാന്‍. ഹിതം പറയുവാന്‍ വളരെ ക്ലേശം സഹിച്ചാണ് ഇവിടെ എത്തിയത്. അപ്രകാരം ഉളളവനില്‍ സ്വജ്ഞനായ സുഹൃത്ത് എല്ലാം പൊറുക്കണം. നിത്യവും ഐശ്വര്യം ഇച്ഛിക്കുന്ന പുരുഷന്‍ ഭൂതിക്ക് ഇച്ഛിക്കുന്നു.
അവന്‍ പറഞ്ഞ വാക്കു കേട്ട് രാജാവ് പറഞ്ഞു: എന്താണ് ഭവാന്‍ പറയുന്നത്? ഞാന്‍ സ്വഹിതം കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ എന്താണ് പൊറുക്കാതിരിക്കുവാന്‍! ഹേ വിപ്രേന്ദ്രാ! ഞാന്‍ ഏറ്റു പറയുന്നു. അങ്ങ് എന്താണ് ഇച്ഛിക്കുന്നതെങ്കില്‍ പറയൂ. പറഞ്ഞ വിധം തന്നെ ഞാന്‍ ചെയ്യാം. ഹേ വിപ്രാ! എന്താണ് പറയുവാന്‍ വിചാരിക്കുന്നത്? പറയൂ.
മുനി പറഞ്ഞു: ദുഷ്ടന്മാരേയും, അദുഷ്ടന്മാരേയും പറ്റി ഞാന്‍ അന്വേഷണം നടത്തി മനസ്സിലാക്കി. ഭൃതൃന്മാരില്‍ നിന്നു ഭവാന് ആപത്തു പറ്റുന്നു. ഭയജനകമായ വൃത്താന്തം അങ്ങയെ ഗ്രഹിപ്പിക്കുവാനാണ് ഞാന്‍ ഇവിടെ വന്നത്. രാജസേവകന്മാര്‍ക്കുള്ള ദോഷം പണ്ട് ആചാര്യന്മാര്‍ വിധിച്ചിട്ടുളളതാണ്. രാജ സേവകര്‍ക്കുളള വൃത്തി പാപവൃത്തിയാണ്. നായയുടെ വൃത്തിക്കു തുല്യമാണ്. രാജസംഗമമുളളവന്ന് സര്‍പ്പസംഗമ തുല്യംതന്നെ! രാജാക്കള്‍ക്കു വളരെ മിത്രങ്ങളുണ്ടാകും. വളരെ ശത്രുക്കളും അക്കൂട്ടത്തില്‍ത്തന്നെയുണ്ടാകും. രാജസേവകര്‍ക്ക് അവരില്‍ നിന്ന് ഭയവുമുണ്ടാകും. അപ്രകാരം തന്നെ അവര്‍ക്കു ക്ഷണത്തില്‍ രാജഭയവും വന്നു കൂടും. രാജാവില്‍ എപ്പോഴും തെറ്റുപറ്റാതിരിക്കുക എന്നുളളതുണ്ടാവുകയില്ല. ഐശ്വര്യം കാംക്ഷിക്കുന്നവന്‍ തെറ്റു പറ്റാതെ നോക്കണം. തെറ്റു വന്നാല്‍ രാജാവ് തെറ്റും. തെറ്റിയാല്‍ പിന്നെ തെറ്റിച്ചവന്ന് ജീവന്‍ ഇല്ല തന്നെ! രാജാവില്‍ പരിശീലിച്ചവന്‍ എപ്പോഴും കത്തുന്ന തീയുടെ അടുത്തു ചെല്ലുന്ന പോലെ വേണം ചെല്ലുവാന്‍. വളരെ സൂക്ഷി ച്ചു വേണം രാജാവിനോടടുക്കുവാന്‍. ക്രോധിച്ച സര്‍പ്പത്തിനോടെന്ന പോലെ സൂക്ഷിച്ചു വേണം രാജാവിനെ ഉപചരിക്കുവാന്‍. രാജാവു പ്രാണന്നും വിത്തത്തിന്നും അധിപനാണ്. വളരെ യത്നിച്ചു വേണം ഉപചരിക്കുവാന്‍. തെറ്റിയാല്‍ ഞാനില്ല എന്നു തന്നെ അവന്‍ കരുതി നില്ക്കണം. ദുര്‍വ്വാക്ക്, ദുഃസ്ഥിതി, ദുരധിഷ്ഠിതം, ദുരാഹിതം, ദുര്‍ന്നടപ്പ്, ഇംഗിതം, ചേഷ്ട ഇവയിലൊക്കെ ശങ്കിക്കണം. ദേവനെപ്പോലെ കാര്യമൊക്കെ തെളിഞ്ഞാല്‍ രാജാവു വേണ്ടതൊക്കെ ചെയ്യും. എന്നാല്‍ രാജാവ് ക്രോധിച്ചാല്‍ അഗ്നി പോലെ മൂലവും കൂടി ചുട്ട് വെണ്ണീറാക്കിക്കളയും എന്ന് രാജാവേ, മയന്‍ പറഞ്ഞിട്ടുണ്ട്. അതു പോലെയാണ് സ്ഥിതിയും. അങ്ങയ്ക്കു വേണ്ടുവോളം ധനം വീണ്ടും ഉണ്ടാകുന്നുണ്ട്.
എപ്രകാരമാണോ രാജാവിന്ന് ആപത്തു പറ്റുമ്പോള്‍ മന്ത്രി സഹായിക്കുന്നത് അപ്രകാരം എനിക്ക് ഈ കാക്ക കാരൃത്തില്‍ തുണയ്ക്കുന്നവനാണ്. ഇക്കാര്യത്തില്‍ ഭവാന്‍ ഒരിക്കലും ഗര്‍ഹ്യനല്ല.
അവര്‍ക്ക് ഭവാന്‍ ഇഷ്ടനല്ലെന്ന് ധരിക്കണം. ഹിതാഹിത ങ്ങളെ അങ്ങ് അറിയണം. ഒന്നും മൂടി വെക്കാതെ ഒരു പരിശോധന നടത്തുക.
നേട്ടങ്ങള്‍ക്കു വേണ്ടി ഭവാന്റെ ഗൃഹത്തില്‍ പാര്‍ക്കുന്നവര്‍ പ്രജകളുടെ ഐശ്വര്യം ചിന്തിക്കാത്തവരാണ്. അവര്‍ക്ക് എന്റെ നേരെ പകയുണ്ട്. അങ്ങ് നശിച്ചാല്‍ രാജ്യം നേടാമെന്ന് ഇച്ഛിക്കുന്നവര്‍ ഭവാന്റെ അടുത്തു പെരുമാറുന്നവരുമായി ചേര്‍ന്നു കാര്യം നേടുവാന്‍ നോക്കുന്നുണ്ട്. അവര്‍ കാര്യം നേടിയെന്നും നേടിയില്ലെന്നും വരാം. അവരെ ഭയപ്പെട്ട് ഞാന്‍ മറ്റൊരിടത്തേക്കു പോവുകയാണ്. അവര്‍ തൊടുത്ത അമ്പു വന്നു വീണത് എന്റെ കാക്കയിലാണ്. വ്യാജമായി പ്രിയം നടിച്ച് അങ്ങയുടെ കൂടെ നില്ക്കുന്നവര്‍ യാതൊരു കാമവും നേടുവാനാഗ്രഹിക്കാത്ത എന്റെ ഈ കാക്കയെ കൊന്നു കളഞ്ഞു. ഇക്കാര്യം ഞാന്‍ എന്റെ തപശ്ശക്തി കൊണ്ട് ലഭിച്ച ദീര്‍ഘദൃഷ്ടി കൊണ്ട് കണ്ടു രാജാവേ! വളരെ മുതലകളും സ്രാവുകളും തിമിംഗലങ്ങളും മകരമത്സ്യ ങ്ങളും ചേര്‍ന്ന ഈ വലിയ പുഴ, നിന്റെ രാജ്യം, ഈ കാക്കയാകുന്ന ചൂണ്ടല്‍ കൊണ്ടു ഞാന്‍ കടന്നിരിക്കുന്നു. മുള്ളും കല്ലും മുട്ടിയും നിറഞ്ഞതും സിംഹ വ്യാഘ്രങ്ങള്‍ നിര്‍മ്മിക്കുന്ന ദുരാസദവും ദുഷ്പ്രസഹവുമായ ഹിമാദ്രിഗുഹ പോലുള്ള മാര്‍ഗ്ഗം ഞാന്‍ കടന്നിരിക്കുന്നു. ഇരുളടഞ്ഞ ദുര്‍ഗ്ഗം അഗ്നിയുടെ സഹായത്തോടെ കയറിക്കടക്കാം. തോണിയുടെ സഹായത്താല്‍ ജല ദുര്‍ഗ്ഗവും കടക്കാം. രാജാവാകുന്ന ദുര്‍ഗ്ഗം കയറിക്കടക്കുവാന്‍ പണ്ഡിതന്മാര്‍ പോലും വഴി കാണുന്നില്ല. ഭവാന്റെ രാജ്യം കൂരിരുട്ടു നിറഞ്ഞു ഗഹനമീയിക്കാണുന്നു. വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. അങ്ങയ്ക്ക് എന്തോ പറ്റുവാന്‍ പോകുന്നതെന്നറികയില്ല. എനിക്ക് എന്തും പറ്റാം. അതു കൊണ്ട് ഇവിടെ പാര്‍ക്കുന്നത് ഒരിക്കലും ശുഭമായി എനിക്കു തോന്നുന്നില്ല. ഇവിടെ നന്മ ചെയ്താല്‍ ഇവിടെ വധമാണു ഫലം. തിന്മ ചെയ്താൽ ശിക്ഷയുമില്ല. തിന്മയിലുള്ള വധം ന്യായപ്രകാരമാണ്. നന്മ ചെയ്തവരെ ശിക്ഷിക്കുന്നത് അന്യായമാണ്. സ്ഥിരമായി ഇവിടെ പാര്‍ക്കാന്‍ കൊളളുകയില്ല., ബുദ്ധിയുളളവന്‍ ക്ഷണത്തില്‍ തടിതപ്പുകയാണ് നല്ലത്.
ഹേ രാജാവേ, സീത എന്നു പേരായ നദിയില്‍ തോണി മുങ്ങിപ്പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. നിന്റെ നാട് അതു പോലെയാണ്. സര്‍വ്വത്തേയും നശിപ്പിക്കുന്ന വല ഇവിടെ വീശിയ പോലെ കാണുന്നു. മധു വര്‍ഷിക്കുന്നവനായ ഭവാന്റെ ഭോജനമോ വിഷ മിശ്രിതമായും കാണുന്നു. സജ്ജന വേഷത്തിലുള്ള അങ്ങയുടെ ഭാവം ദുര്‍ജ്ജനത്തിന്റെ മട്ടിലാണ് കാണുന്നത്. ചുറ്റും സര്‍പ്പങ്ങള്‍ വാഴുന്ന കിണറാണ്. അങ്ങ് ദുര്‍ഗ്ഗത്തിലുള്ള തീര്‍ത്ഥത്തില്‍ കടക്കാന്‍ പണിയായിരിക്കുന്നു. അതിന്റെ തീരം ഭയങ്കരമാണ്. ചൂരല്‍ ചെടികളും മുളം കൂടുകളും വളര്‍ന്നു ദുര്‍ഗ്ഗമമായിരിക്കുന്നു. രാജാവേ, തേനൊഴുകുന്ന പുഴ പോലെയാണല്ലോ ഭവാന്‍. ചെന്നായും കുറുക്കനും കഴുകനും ചുറ്റുമുള്ള അവയുടെ നടുവില്‍ ഇരിക്കുന്ന ഹംസത്തെപ്പോലെയാണ് ഭവാന്റെ നില.
വലിയ മരത്തെ ചേര്‍ന്ന് ആശ്രയിച്ച് മുള്‍ച്ചെടിക്കാടു പടരുന്നു. പിന്നെ അവ വളര്‍ന്ന് മരത്തെ മറയ്ക്കുന്നു. പിന്നെ മരത്തെപ്പൊതിഞ്ഞ് അതിന്നുമുപരിയായി വളരുന്നു. കാട്ടുതീ പിടി പെടുമ്പോള്‍ ആ വളര്‍ന്ന കാട് മരത്തേയും ചുട്ടുകളയുന്നു. അങ്ങനെയുള്ളവരാണ് ഭവാന്റെ അമാത്യന്മാര്‍. ഭവാന്‍ അവരെ ഒന്നു പരിശോധിച്ചുറിയുക.
രാജാവേ, അങ്ങ് നിയമിച്ചവര്‍, അങ്ങ് രക്ഷിക്കുന്നവര്‍, അങ്ങയെ വഞ്ചിച്ച് അങ്ങയുടെ ഇഷ്ടത്തെയെല്ലാം മുടിക്കുവാന്‍ ശ്രമിക്കുന്നു. ഞാന്‍ ശങ്കിച്ചാണ് ഇവിടെ പാര്‍ത്തത്. തെറ്റ് പറ്റാതിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. ക്രൂരവിഷമുള്ള സര്‍പ്പം വസിക്കുന്ന വീട്ടില്‍ വസിക്കുന്നവനെപ്പോലെ ഞാന്‍ വസിച്ചു. വീരയോദ്ധാവിന്റെ ഭാര്യയുടെ വീട്ടില്‍ വസിക്കുന്നവനെപ്പോലെ ഞാന്‍ വളരെ ശങ്കയോടെ വസിച്ചു. എന്തിനാണ് വസിച്ചതെന്നോ? രാജാവിന്റെയും രാജാവിന്റെ സഹായികളുടേയും ശീലവും മാതിരിയുമൊക്കെ ധരിക്കുവാനാണ്. രാജാവു ജിതേന്ദ്രിയനാണോ? മനസ്സിനെ അടക്കുവാന്‍ രാജാവിന്നു കഴിയുമോ! ഈ സഹായികള്‍ രാജാവിനോടു കുറുള്ളവരാണോ? നാട്ടുകാര്‍ക്കു രാജാവില്‍ ഇഷ്ടമുണ്ടോ? ഇതൊക്കെ അറിയുവാനാണ് ഞാന്‍ ഇവിടെ വന്നത്. വിശക്കുന്നവന്ന് അന്നം എന്ന പോലെ രാജാവേ, ഭവാനെ എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ ദാഹിക്കാത്ത വന്ന് വെളളം എന്ന പോലെ അതു മന്ത്രിമാര്‍ക്ക് രസിച്ചില്ല. "രാജാവിന്ന് അര്‍ത്ഥം ഉണ്ടാക്കിക്കൊടുക്കുവാന്‍ ഒരാള്‍ വന്നിരിക്കുന്നു", എന്നുള്ള ഭാവത്തില്‍ അവര്‍ എന്നെ ദ്രോഹിച്ചു. വേറെ ഒരു കാരണവുമില്ല. ഞാന്‍ അവര്‍ക്കു ദ്രോഹമൊന്നും ചെയ്തിട്ടില്ല. അതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ അവരെ ദ്രോഹിക്കുന്നില്ലെങ്കിലും അവര്‍ എന്നില്‍ കുറ്റം കാണുന്നു. വാലു മുറിഞ്ഞ ദുഷ്ടസര്‍പ്പത്തെപ്പോലെ ദുഷ്ടവൈരിയെ ഭയപ്പെടണം.
രാജാവ് പറഞ്ഞു: വലുതായ പരിഹാരത്താലും വലിയ സല്‍ക്രിയയാലും പൂജിതനാണു ഭവാന്‍. അങ്ങ് എന്റെ ഗൃഹത്തില്‍ ഇനിയും താമസിച്ചു കൊള്ളുക. ഹേ വിപ്രാ, നിന്നെ ഗണിക്കാത്തവരാരും എന്റെ ഗൃഹത്തില്‍ വസിക്കയില്ല. എല്ലാവരും അങ്ങയെ പൂജിക്കും. അവര്‍ കണ്ടറിയുന്നതിന്നപ്പുറമുള്ളതും ഭവാന്‍ കണ്ടറിയണം. ഞാന്‍ ദണ്ഡധാരനായി നില്ക്കാം. ഞാന്‍ എങ്ങനെ നന്മചെയ്യണം? എങ്ങനെ ശിക്ഷിക്കണം? അതു നോക്കി എന്നെ നല്ല വഴിക്ക് ഭവാന്‍ തിരിച്ചാലും!
മുനി പറഞ്ഞു: ഈ തെറ്റ് പുറത്തു കാണിക്കാതെ ഒന്നും അറിയാത്ത മട്ടില്‍ അവരുടെ ഓരോരുത്തരുടേയും ശക്തി നീ പതുക്കെ കുറയ്ക്കണം. പിന്നെ കാരണം കണ്ടു പിടിച്ച് ഓരോരുത്തനെ പിടിച്ച് വധിക്കുക. കുറ്റം ചെയ്യുന്നവര്‍ അധികമായാല്‍ അടക്കാന്‍ വിഷമമാണ്. മുളളുളള ചെടി ഒന്നിച്ചു നിന്നാല്‍ അവയ്ക്ക് ഊക്കു കൂടും. അവരെ അടക്കാന്‍ വിഷമമാണ്. അവര്‍ ഉപദ്രവിക്കും. മന്ത്രഭേദഭയത്താല്‍ ഞാന്‍ ഇത് ഉപദേശിക്കുകയാണ്. ദയാലുക്കളെ മൃദുവായേ ശിക്ഷിക്കാവൂ. ഞാനാണെങ്കില്‍ ഒരു ബ്രാഹ്മണനല്ലേ? ക്രൂരമായി ശാസിക്കുവാന്‍ ഉപദേശിക്കുകയില്ല. ഭവാനും നന്മ ഇച്ഛിക്കുന്നു. മറ്റുളളവര്‍ക്കും എനിക്കും ഞാന്‍ നന്മ ഇച്ഛിക്കുന്നു.
രാജാവേ, ഞാനാരാണെന്നു ഭവാനോടു പറയാം. ഞാന്‍ നിന്റെ ഒരു അടുത്ത സംബന്ധിയാണ്. കാലവ്യക്ഷീയന്‍ എന്നു പേരായ മുനിയാണ് ഞാന്‍. ഭവാന്റെ അച്ഛന്റെ സഖിയാണ്. അച്ഛന്നു സമ്മതനും സത്യസംഗരനുമായിരുന്നു ഞാന്‍. നിന്റെ രാജ്യം ക്ഷയിച്ച കാലത്ത്, നിന്റെ അച്ഛന്‍ മരിച്ച കാലത്ത്, എല്ലാ കാമങ്ങളേയും വിട്ട് ഞാന്‍ തപോവൃത്തിയില്‍ പ്രവേശിച്ചു. ഞാന്‍ സ്നേഹത്താല്‍ പറയുകയാണ്. നീ ഒരിക്കലും സംഭ്രമിക്കേണ്ടതില്ല, സുഖവും ദുഃഖവും കണ്ട് രാജ്യം നീ വീണ്ടും നേടി. നിനക്കു മന്ത്രിമാരുണ്ട്. പക്ഷേ, അശ്രദ്ധ ഒരിക്കലും പാടില്ല.
ഭീഷ്മന്‍ പറഞ്ഞു: പിന്നെ രാജകുലത്തില്‍പ്പെട്ട ഒരാളെ രാജാവ് മന്ത്രിയാക്കി. ആ ബ്രാഹ്മണര്‍ഷഭനെ പുരോഹിതനുമാക്കി. കോസലേശ്വരനായ ആ രാജാവ് ഭുമി കീഴടക്കി പ്രസിദ്ധനായി. കാലക വ്യക്ഷീയ മഹര്‍ഷി മുഖ്യമായ യജ്ഞങ്ങള്‍ പലതും ചെയ്തു. അവന്‍ പറയുന്ന ഹിതമായ ഉപദേശം കേട്ട് കൌസല്യന്‍ ഭൂമിയെ ജയിച്ച് അടക്കി. അല്ലയോ പാണ്ഡവാ, രാജാവ് ആ മുനി പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചു രാജ്യം ഭരിച്ചു സുഖമായി വസിച്ചു.
അദ്ധ്യായം 83. സഭ്യാദിലക്ഷണകഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: സഭ്യന്മാര്‍, സഹായികള്‍, സുഹൃത്തുക്കള്‍, പരിച്ഛദന്മാര്‍, അമാത്യന്മാര്‍ എന്നിവര്‍ ഏതു തരക്കാരാകണം പിതാമഹാ!
ഭിഷ്മന്‍ പറഞ്ഞു: ഹ്രീമാന്മാരും (ലജ്ജയുള്ളവര്‍), അടക്കമുളളവരും, സത്യമുളളവരും, ആര്‍ജ്ജവം (കുടിലതയില്ലാത്ത) ഉള്ളവരും, നല്ല വാചാലന്മാരും ആകണം നിന്റെ സദസ്യര്‍.
അമാത്യന്മാര്‍ അതിശൂരന്മാരാകണം, അറിവുള്ള വിപ്രന്മാരാകണം, സന്തുഷ്ടരാകണം. കര്‍മ്മങ്ങളില്‍ ഉത്സാഹമുള്ളവരാകണം. ആപത് കാലങ്ങളില്‍ അവരെ സഹായികളാക്കണം. കുലീനനും, പൂജിതനും ആയവന്‍ ഒരിക്കലും ശക്തി മൂടി വെക്കുകയില്ല. പ്രസാദിച്ചാലും, പ്രസാദിച്ചില്ലെങ്കിലും, പീഡിപ്പിച്ചാലും, ദാനം നല്കിയാലും അത്തരക്കാര്‍ പതറുകയില്ല. അവര്‍ തുടങ്ങി വെച്ച കാര്യം നിര്‍വ്വഹിക്കുക തന്നെ ചെയ്യും.
കുലീനന്മാര്‍, ദേശക്കാര്‍, നല്ല ബോധമുള്ളവര്‍, അഴകുള്ളവര്‍, സാമര്‍ത്ഥ്യമുള്ളവര്‍, കൂറുള്ളവര്‍, ഇങ്ങനെയുള്ളവരാകണം നീ കൊണ്ടു നടക്കുന്ന ആള്‍ക്കാര്‍.
ദുഷ്ക്കുലത്തില്‍ പിറന്നവര്‍, പിശുക്കന്മാര്‍, ക്രൂരന്മാര്‍, നാണം കെട്ടവര്‍, ഇവരൊക്കെ കൈനനയ്ക്കു വരെ (അന്നം കിട്ടുന്നതുവ രെ) നിന്നെ സേവിക്കും. കാര്യം കഴിഞ്ഞാല്‍ ഉപദ്രവിക്കും.
കുലീനന്മാരേയും, സൗശീല്യമുള്ളവരേയും, ഇംഗിതജ്ഞന്മാരേയും, ദേശകാലവിധാനജഞന്മാരേയും, സ്വാമിയുടെ ഹിതം അറിയുന്നവരേയും മനസ്സിലാക്കി ഓരോ കാര്യത്തിന്നും രാജാവ് മന്ത്രിമാരാക്കി വെക്കണം.
ദ്രവ്യം, മാനം, മറ്റു സല്‍ക്കാരങ്ങള്‍, നാനാ ഭോഗങ്ങള്‍ ഇവയില്‍ പ്രിയമുളളവരും, കാര്യമേല്ക്കുവാന്‍ കൊള്ളാമെന്നു നീ നിനയ്ക്കുന്നവരും സഖികളാകണം.
കാര്യത്തില്‍ കണിശമായി ചെയ്യുന്ന വിദ്വാന്മാരും, സദ് വൃത്തന്മാരും, ചരിത്രവ്രതന്മാരുമായ നിസ്വാര്‍ത്ഥര്‍ നിന്നെ ഒരിക്കലും ദ്രോഹിക്കയില്ല. അവര്‍ അക്ഷുദ്രരും, സതൃവാദികളും ആയിരി ക്കും.
അനാര്യന്മാരിലും, സമയത്തെപ്പറ്റി കണിശമായി ചിന്തിക്കാത്തവരിലും, മന്ദബുദ്ധികളിലും, കരാര്‍ തെറ്റിക്കുന്നവരിലും നീ ഒരിക്കലും സ്നേഹം കാണിക്കരുത്. ഇത്തരക്കാരെ അടുപ്പിക്കരുത്. വെറുക്കേണ്ട കൂട്ടരാണ് അവര്‍.
കൂട്ടത്തെ തെറ്റി നില്ക്കുന്ന ഒരുത്തനെ, മറ്റുളളവരെയൊക്കെ വിട്ട്, എടുക്കരുത്. എന്നാല്‍ അത്ര വളരെ മെച്ചപ്പെട്ടവനാണെന്നു കണ്ടാല്‍ മറ്റുളളവരെ ഉപേക്ഷിച്ചും ആ ഒരുത്തനെ സ്വീകരിക്കാം.
ഏതൊരുത്തനിലാണ് വിക്രമം കാണുന്നത്, ആരാണ് കീര്‍ത്തിപ്രധാനന്‍, പറഞ്ഞ പോലെ കാര്യം നടത്തുന്നവന്‍ ആരാണ്, സമര്‍ത്ഥന്മാര്‍ പുജിക്കുന്നത് ഏവനെയാണ്, സ്പര്‍ദ്ധ വിട്ടവനാരാണ്, കാമം, ഭയം; ക്രോധം, ലോഭം ഇവയാല്‍ ധര്‍മ്മം വിടാതിരിക്കുന്നവന്‍ ആരാണ്, ദുരഭിമാനമില്ലാത്തവന്‍, സത്യവാന്‍, ക്ഷമാവാന്‍, ജിതാത്മാവ്, അഭിമാനി എന്നീ ഗുണങ്ങള്‍ ചേര്‍ന്നവനാരാണ് ഇതൊക്കെ പരീക്ഷിച്ചറിഞ്ഞു വേണം ഒരുത്തനെ രാജാവ് സഹായിയായി സ്വീകരിക്കുവാന്‍. ഈ ലക്ഷണമൊത്തവനെയെടുക്കാം.
കുലീനന്‍, കുലസമ്പന്നന്‍, ക്ഷമാവാന്‍, സമര്‍ത്ഥന്‍, ആത്മവാന്‍, ശൂരന്‍, കൃതജ്ഞന്‍, നേരുളളവന്‍ ഇവയൊക്കെയാണ് ശ്രേയസ്സുളളവന്റെ ലക്ഷണം. ഇങ്ങനെ നില്ക്കുന്ന ജ്ഞാനിയായ പുരുഷന്‍ പ്രസന്നനായിരിക്കും. അവനില്‍ ശത്രുക്കള്‍ പോലും പ്രസാദിക്കും. ശത്രുക്കള്‍ മിത്രങ്ങളായിത്തീരുകയും ചെയ്യും.
ഇനി അമാത്യന്മാര്‍ക്കു വേണ്ടുന്ന ഗുണങ്ങളെ പരീക്ഷിച്ചറിയണം.
സംയതാത്മാവ്, ഹൃദയ സ്ഥൈര്യമുള്ളവന്‍, ഇങ്ങനെയുള്ളവരെ ഭൂതി ഇച്ഛിക്കുന്ന രാജാവ് അമാതൃരായി വെക്കണം. രാജാവ് നല്ല പോലെ പരിശോധിച്ചറിയണം. അതില്‍ ഒട്ടും തെറ്റു പറ്റരുത്. തന്റെ നാട്ടുകാരായ അഭിജാതരോട് ബന്ധുത്വമുള്ളവനാകണം. യൗനന്മാര്‍, ശ്രൗതന്മാര്‍, മൗലന്മാര്‍, ദംഭമില്ലാത്തവര്‍ ഇങ്ങനെയുള്ളവരെ വേണം ഭൂതി കാമിക്കുന്ന രാജാവ് വെക്കേണ്ടത്.
വിനീതമായ ബുദ്ധിയും, ശുഭമായ പ്രകൃതിയും, നല്ല തേജസും, ക്ഷമയും, ശൗചവും, കൂറും, ധൃതിയും, സ്ഥിതിയും ഉള്ളവരും ഗുണങ്ങളെ പരീക്ഷിച്ചറിഞ്ഞ് ഭാരം വഹിക്കുവാന്‍ തയ്യാറുള്ളവരുമായ മഹാമതികളെ, അഞ്ചു തരം വഞ്ചനയും അറ്റവരായ പുരുഷന്മാരെ, രാജാവ് കാര്യങ്ങളില്‍ ഏര്‍പ്പെടുത്തണം.
ഉള്ള കാര്യം വ്യക്തമായി തീര്‍ത്തും പറയുന്ന വീരന്മാരെ, ഏതു കാര്യത്തിലും പ്രതിപത്തിയും വൈദഗ്ദ്ധ്യവുമുള്ളവരും, കുലീനരും, സാത്വികന്മാരും, ശാന്തരും, ഇംഗിതം അറിയുന്നവരും, ദേശവും കാലവും മനസ്സിലാക്കി നില്ക്കുവാന്‍ വശമുള്ളവരും, സ്വാമിയുടെ ഹിതത്തിന്ന് നില്ക്കുന്നവരുമായ പുരുഷന്മാരെ, കാര്യത്തില്‍ മന്ത്രിമാരാക്കിവെക്കണം.
തേജസ്സു നശിച്ചവന്‍ ഒരു കാരൃത്തിലും തീര്‍പ്പു ചെയ്യുകയില്ല. തീര്‍ച്ചയായും ചെയ്യുന്ന കാര്യത്തിലൊക്കെ സംശയങ്ങള്‍ ഉന്നയിക്കും. ഇങ്ങനെ അല്പജ്ഞനായ മന്ത്രി നല്ല കുലത്തില്‍ പിറന്നവനായാലും, ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ഒത്തവനായാലും മന്ത്രരക്ഷയ്ക്കു പറ്റിയവനല്ല.
അപ്രകാരം തന്നെ കുലീനനല്ലാത്തവന്‍ വലിയ ശ്രുതികള്‍ പഠിച്ചവനായാലും ആളില്ലാത്ത ദിക്കില്‍ കുരുടനെ വെച്ചാലത്തെ മാതിരി ചെറിയ കാര്യത്തില്‍പ്പോലും കറങ്ങിപ്പോകും.
സ്ഥിരമായി ഒരു കാര്യത്തില്‍ ബുദ്ധി നില്ക്കാത്തവന്‍ ബുദ്ധിമാനാണെങ്കിലും, ആഗമങ്ങള്‍ പഠിച്ചവനാണെങ്കിലും, ഉപായം കണ്ടാലും അവന്‍ ചിരകാലം ധര്‍മ്മം നടത്തുവാന്‍ മതിയായവനാവുകയില്ല.
വെറും നേട്ടം കൊണ്ടു മാത്രം തൊഴില്‍ രക്ഷിക്കപ്പെടുകയി ല്ല. വിശേഷിച്ചും ദുഷ്കീര്‍ത്തിമാനായ ദുര്‍മ്മതിക്ക് മനസ്സില്‍ എപ്പോഴും ചിന്തയായിരിക്കും.
കൂറില്ലാത്ത മ്രന്തിയില്‍ വിശ്വാസം പാടില്ല. അതുകൊണ്ട് കൂറില്ലാത്തവനെ മനസ്സിലാക്കി രഹസ്യ വൃത്താന്തങ്ങള്‍ അവനെ അറിയിക്കാതിരിക്കണം.വക്ര ബുദ്ധികളായ മന്ത്രികളുള്ള രാജാവ് വൃഥ അനുഭവിക്കാതിരിക്കയില്ല. കാറ്റിനോടൊപ്പം പഴുതു കിട്ടിയാല്‍ അതിലെ മരത്തിന്നിടയില്‍ അഗ്നിയും. പ്രവേശിക്കുന്നതു പോലെ ഒരിക്കല്‍ രാജാവു കോപിച്ച് അവനെ തരം താഴ്ത്തിയെന്നു വരാം, ആക്ഷേപിച്ചു എന്നും വരാം; ക്രുദ്ധന്‍ പ്രസാദിക്കുകയും ചെയ്യും. കൂറുള്ളവനാണെങ്കില്‍ സ്വാമി കോപിച്ചാല്‍ അതൊക്കെ ക്ഷമിക്കും. മന്ത്രികള്‍ക്കു ബാധിക്കുന്ന ക്രോധം ഇടിത്തീ വീഴുമ്പോലെയാണ്. സ്വാമിയില്‍ പ്രിയം കരുതി അതൊക്കെ ആരു സഹിക്കുന്നുവോ, ആ തുല്യ സമ ദുഃഖിതനോട് രാജാവ് കാര്യ വിചാരം ചെയ്യുന്നതില്‍ തെറ്റില്ല..
ഒരുത്തന്ന് നേരില്ല; എന്നാല്‍ കുറും മറ്റു ഗുണങ്ങളുമെല്ലാമുണ്ട്. പ്രാജ്ഞനുമാണ് അവന്‍. എന്നാലും രാജാവിന്റെ മന്ത്രം കേള്‍ക്കുവാന്‍ അവന്‍ അര്‍ഹനല്ല.
ശത്രുവുമായി ചാര്‍ച്ചയുള്ളവന്‍ പൌരന്മാരെ മാനിക്കുകയില്ല. അവനൊരിക്കലും സുഹൃത്താണെന്നു വിചാരിക്കരുത്. അവന്‍ രാജമന്ത്രം കേള്‍ക്കുവാന്‍ ഒരിക്കലും അര്‍ഹനല്ല.
അവിദ്വാന്‍, അശുചി, സ്തബ്ധന്‍, ശത്രുസേവി; വികത്ഥനന്‍, അസുഹൃത്ത്, ക്രോധവാന്‍, ലുബ്ധന്‍ - ഇവര്‍ മന്ത്രം കേള്‍ക്കുവാന്‍ അര്‍ഹരാണ്.
കുറുളളവനും, വളരെ ശ്രുതങ്ങള്‍ പഠിച്ചവനുമാണ്, സല്‍കൃതനാണ്. പങ്കുകൊള്ളുവാന്‍ സന്നദ്ധനാണ്; എങ്കിലും, പുതുതായി വന്നു ചേര്‍ന്നവനാണെങ്കില്‍ അവന്‍ മന്ത്രം കേള്‍ക്കാന്‍ പറ്റിയവനല്ല.
അന്യായ കര്‍മ്മം ചെയ്യുകയാല്‍ ആരെ തന്റെ അച്ഛന്‍ തള്ളിക്കളഞ്ഞുവോ, അവനെ മകന്‍ മാനിച്ചുവെച്ചാലും, മന്ത്രം കേള്‍ക്കുവാന്‍ അവന്‍ അര്‍ഹനല്ല. സ്വല്പകാര്യംകൊണ്ട് സുഹൃത്തായവനും, അര്‍ത്ഥം നശിപ്പിച്ചവനും, പിന്നീട് ഗുണവാനായിത്തീര്‍ന്നവനുമാണെങ്കിലും അവന്‍ മന്ത്രം കേള്‍ക്കുവാന്‍ അര്‍ഹനല്ല.
മേധാവി, കൃതപ്രജഞന്‍, നാട്ടുകാരന്‍, വിദ്വാന്‍, ശുചി എല്ലാ കര്‍മ്മത്തിലും ശുദ്ധന്‍, ഇങ്ങനെയുള്ളവന്‍ മന്ത്രം കേള്‍ക്കുവാന്‍ അര്‍ഹനാണ്. ജ്ഞാനവിജ്ഞാനങ്ങളുളളവനും, സ്വന്തം പ്രകൃ തിയിൽ സമര്‍ത്ഥനും, രാജാവിന്ന് ആത്മതുല്യമിത്രവുമായവന്‍ മന്ത്രം കേള്‍ക്കുന്നതിന്നര്‍ഹനാണ്.
സത്യവാക്ക്, ശീലവാന്‍, ഗംഭീരന്‍, മൃദു, ലജ്ജയുള്ളവന്‍, പിതാവിനെപ്പോലേയും, പ്രപിതാമഹനെപ്പോലേയും ഇരിക്കുന്ന ധീമാന്‍, ഇവന്‍ മന്ത്രം കേള്‍ക്കുവാന്‍ പറ്റിയവനാണ്.
സന്തുഷ്ടൻ, സമ്മതന്‍, സത്യവാന്‍, പ്രഗല്ഭന്‍, വൈരിപാവകന്‍, മന്ത്രകാലം അറിയുന്നവന്‍, ശുരന്‍, ഈ ഗുണങ്ങള്‍ തികഞ്ഞവന്‍ മന്ത്രം കേള്‍ക്കാന്‍ അര്‍ഹനാണ്.
ശക്തന്‍, ലോകമൊക്കെ സാത്ത്വോക്തികൊണ്ട് പാട്ടിലാക്കാന്‍ വിചാരിക്കുന്നവന്‍, ഇങ്ങനെയുള്ളവനെയാണ് ദണ്ഡധാരിയായ രാജാവ് മന്ത്രത്തിന്നു വെക്കേണ്ടത്.
ധര്‍മ്മംകൊണ്ട് ആരില്‍ പൌരന്മാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വാസമുണ്ടോ, യോദ്ധാവും നീതിജ്ഞനുമായ അവന്‍ മന്ത്രം കേള്‍ക്കുന്നതിന്ന് അര്‍ഹനാണ്.
അതുകൊണ്ട് ഗുണമെല്ലാം തികഞ്ഞവരും, എന്തിനും തയ്യാറായവരും, പ്രകൃതിജ്ഞരുമായ അമാത്യന്മാര്‍ താഴ്മയുള്ളവരും മഹാര്‍ത്ഥികളുമാണ്. അവര്‍ പ്രകൃതിയില്‍ തന്റേയും മറ്റുളളവന്റേയും ഛിദ്രം (വിടവ്) കാണും.
മന്ത്രിയുടെ മന്ത്രം മൂലമാണ് രാജാവിന്റെ രാഷ്ട്രത്തിലെ അഭിവൃദ്ധി. സ്വഛിദ്രം മറ്റവന്‍ കാണരുത്. ശത്രുവിന്റെ ഛിദ്രമാണ് മന്ത്രിമാര്‍ കാണേണ്ടത്.
ആമ തന്റെ അംഗത്തെ മൂടി വെക്കുന്നതു പോലെ തന്റെ ദോഷം മറച്ചു വെക്കേണ്ടതാണ്. തന്റെ രാജാവിന്റെ ദോഷം അന്യന്‍ അറിയരുത്. നാടിന്നു മന്ത്രഗൂഢന്മാരാണ് ബുദ്ധിമാ ന്മാരായ മന്ത്രിമാര്‍.
മന്ത്രദേവനാണ് രാജാവ്. അദ്ദേഹത്തിന്റെ അംഗങ്ങളാണ് മന്ത്രിമാര്‍. ചാരന്മാര്‍ അതിന്റെ മൂലവും മന്ത്രം സാരവുമാണ്. അങ്ങനെയുള്ളതാണ് രാജ്യം എന്നു ധരിക്കണം.
ജീവനത്തിന്നു മന്ത്രിമാര്‍ രാജാവിനെ പിന്‍തുടരും, മദം, ക്രോധം, മാനം, ഈര്‍ഷ്യ ഇവ നിര്‍ത്തി നിര്‍വ്രതരും പഞ്ചോപതാ ധീരന്മാരുമായ മന്ത്രിമാരുമായി രാജാവ് മന്ത്രിക്കേണ്ടതാണ്.
അവരുടെ മൂന്നുതരം വിചാരവും പലേ വിധത്തില്‍ കണ്ട് അതില്‍ മനസ്സു വെച്ചു തന്റെ നിശ്ചയം ഉറപ്പിച്ചതിന്നു ശേഷം, നിശ്ചയവേദിയായ ഒരുത്തനോട് ആദ്യം പറയണം. ആദ്യം മന്ത്രിക്കേണ്ടത് അങ്ങനെയാണ്. ധര്‍മ്മാര്‍ത്ഥകാമങ്ങളറിഞ്ഞ വിപ്രനായ ആചാര്യനോട് അതിനെപ്പറ്റി ചോദിക്കുക. അദ്ദേഹം പറയുന്ന മാര്‍ഗ്ഗം സ്വീകരിച്ച് ആലോചിച്ചു കാര്യം നിര്‍വിഘ്നം നിര്‍വ്വഹിക്കുക. ഇപ്രകാരമാണ് രാജാവ് മന്ത്രാലോചന നടത്തേണ്ടത്. മന്ത്രാര്‍ത്ഥ തത്ത്വങ്ങളറിഞ്ഞുറച്ചവര്‍ ഇങ്ങനെ ചെയ്യണം. അതു കൊണ്ട് ഭവാന്‍ ഇങ്ങനെ പ്രജാസംഗ്രഹത്തിന്നനുരൂപമായി മന്ത്രാലോചന നടത്തുക.
മുണ്ടന്‍, കൂനന്‍, മെലിഞ്ഞവന്‍, ഞൊണ്ടി, കുരുടന്‍, ജഡന്‍, പെണ്ണ്, നപുംസകം, തിര്യക്ക് ഇവരുടെ മുമ്പിലും, പിന്നിലും, മേലേയും, താഴെയും സഞ്ചരിക്കരുത്. തോണിയുടെ ഉള്ളില്‍വെച്ചോ, ശൂന്യമായ സ്ഥലത്ത്, കുശ ങ്ങളും ശാകങ്ങളുമില്ലാത്ത സ്ഥലത്ത്; വെളിവായ ദിക്കില്‍വെ ച്ചോ, വാക്ദോഷമോ, അംഗദോഷമോ കുടാതെ വേണ്ട സമയത്തു രാജാവ് മന്ത്രികളുമൊത്ത് രഹസ്യ കാര്യവിചാരം ചെയ്യണം.
അദ്ധ്യായം 84. ഇന്ദ്രബൃഹസ്പതിസംവാദം - ഭീഷ്മൻ പറഞ്ഞു: ഇതിന്നുദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു വരാറുള്ള ഒരു കഥ ഞാന്‍ പറയാം. അത് ഇന്ദ്രനും ബൃഹസ്പതിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്.
ശക്രന്‍ പറഞ്ഞു: എന്തെല്ലാം നന്നായി ചെയ്യുക കൊണ്ടാണ് എല്ലാവര്‍ക്കും സമ്മതപ്പെട്ട മഹത്തായ കീര്‍ത്തി നേടുക?
ബൃഹസ്പതി പറഞ്ഞു: എല്ലാം കൊണ്ടും നന്നായി സാന്ത്വം ചെയ്യുന്നവന്‍ ഹേ സുരനായകാ! എല്ലാവര്‍ക്കും സമ്മതപ്പെട്ട മഹത്തായ കീര്‍ത്തി നേടും. ഇപ്പറയുന്നതെല്ലാം തികയുന്നവന്ന് ഹേ ശക്രാ! അവ നന്നായി ആചരിച്ചാല്‍ സര്‍വ്വ സുഖാവഹമായ കീര്‍ത്തി സമ്പാദിക്കാം. സര്‍വ്വഭൂതങ്ങള്‍ക്കും പ്രിയപ്പെട്ടവനായിത്തീരുകയും ചെയ്യാം. ഒന്നും മിണ്ടാതെ എപ്പോഴും നെറ്റിചുളിച്ച് ദേഷ്യ ഭാവത്തിലിരിക്കുന്നവന്‍, സാന്ത്വം പറയാതിരിക്കുന്നവന്‍, എല്ലാവര്‍ക്കും ദ്വേഷ്യനായിത്തീരും. എല്ലാം കണ്ടിട്ട് ഏതവനാണോ ആദ്യമായി പറയുന്നത്, പുഞ്ചിരിക്കൊണ്ടു പറയുന്നത്, അവനില്‍ ജനങ്ങള്‍ സന്തോഷിക്കും. സന്തോഷ വാക്കു പറയാതെ എല്ലാ ദിക്കിലും ദാനം മാത്രമായാല്‍ അത് കൂട്ടാനില്ലാതെ ചോറു മാത്രം വിളമ്പുന്നതു പോലെയാണ്. അത് ജനങ്ങളെ രസിപ്പിക്കയില്ല. ദാനത്തോടൊപ്പം പുഞ്ചിരിയോടെ സാന്ത്വ വാക്കുകളും പറയണം. എങ്കിലേ ജനങ്ങള്‍ രസിക്കൂ. നേടിയാല്‍ മാത്രം പോരാ, നല്ല വാക്കും പറയണം. അങ്ങനെയായാല്‍ ഹേ ശക്രാ, ലോകം മുഴുവന്‍ നിനക്കു പാട്ടിലാക്കാം. അതു കൊണ്ട് ദണ്ഡിപ്പിക്കുവാന്‍ ശ്രമിക്കുകയാണെങ്കിലും സസന്തോഷം സാന്ത്വോക്തി പറയണം. അങ്ങനെയായാല്‍ അതിന് നല്ല ഫലം കാണിക്കും. അവനെ ജനങ്ങള്‍ വെറുക്കുന്നതല്ല.
നന്നായി ചെയ്യുന്ന സാന്ത്വം മിനുമിനുസമായതും മധുരമായതുമാണ്. അത് ശരിക്കു ചെയ്യുകയാണെങ്കില്‍ അതിന് യാതൊരു എതിരുമില്ല. അതിനേക്കാള്‍ മെച്ചപ്പെട്ടതൊന്നുമില്ല.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ആചാര്യനായ ബൃഹസ്പതി പറഞ്ഞു കൊടുത്തപ്പോള്‍ ഇന്ദ്രന്‍ അതു ചെയ്തു നോക്കി. അങ്ങനെ ഇന്ദ്രന്‍ പ്രസിദ്ധനായിത്തീര്‍ന്നു. നീയും അപ്രകാരം തന്നെ ഹേ കൌന്തേയാ, അതു നന്നായി ചെയ്യുക.
അദ്ധ്യായം 85. അമാത്യവിഭാഗം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ രാജേന്ദ്രാ, നാട്ടുകാരെ പാലിക്കുന്ന രാജാവ് എങ്ങനെ സ്വര്‍ഗ്ഗവും, ധര്‍മ്മയോഗത്താല്‍ ശാശ്വതമായ കീര്‍ത്തിയും നേടും?
ഭീഷ്മൻ പറഞ്ഞു: ശുദ്ധമായ വൃവഹാരം കൊണ്ട് പ്രജാപാലന തല്‍പരനായ രാജാവ് ധര്‍മ്മവും കീര്‍ത്തിയും നേടി ശുചിയായി രണ്ടു ലോകവും നന്നായി പ്രവേശിച്ചു വിളങ്ങും.
യുധിഷ്ഠിരന്‍ പറഞ്ഞു: വ്യവഹാരികള്‍ ഏതു തരക്കാരാണ്? രാജാവ് എങ്ങനെയുള്ളവനാണ്? ഈ ചോദ്യത്തിന്ന് ഹേ മഹാപ്രാജ്ഞാ, ഉത്തരം പറഞ്ഞു തരണേ! ആദ്യം പുരുഷനെപ്പറ്റി ഭവാന്‍ പറഞ്ഞുവല്ലോ. അവന് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്നും പറഞ്ഞു. ഒരുത്തനില്‍ ഈ ഗുണങ്ങളൊക്കെയും ഒത്തു കാണുകയില്ല എന്നാണ് എന്റെ അഭിപ്രായം.
ഭീഷ്മൻ പറഞ്ഞു: ഹേ മഹാപ്രാജ്ഞാ! നീ പറഞ്ഞതു ശരിയാണ്. ഈ സല്‍ഗുണങ്ങളൊക്കെച്ചേര്‍ന്ന പുരുഷന്മാര്‍ വളരെ വിരളമാണ്. ഒട്ടുക്ക് ഒരു ശീലമുണ്ട്, യത്നിച്ചാലും കിട്ടാത്തതാണ് അത്. എപ്രകാരമുളള മ്രന്തിമാരെയാണ് നീ വെക്കണ്ടത് എന്നതും ഞാന്‍ പറയാം. വിദ്യാപ്രഗല്ഭന്മാരായ നാലു ശുദ്ധരായ സ്നാതക ബാഹ്മണരെ, ശസ്ത്രപാണികളായ എട്ടു ശക്തന്മാരായ ക്ഷത്രിയന്മാരെ, സമ്പത്തു വളരെയുളളവരായ ഇരുപത്തൊന്നു വൈശ്യരെ, ഇവരെയാണ് മന്ത്രിമാരായി വെക്കേണ്ടത്. പിന്നെ നിത്യ വേലയ്ക്കായി വിനയവും ശുചിത്വവുമുള്ള മുന്നു ശൂദ്രരേയും വെക്കണം. പിന്നെ എട്ടു ഗുണങ്ങളും ചേര്‍ന്ന, പൗരാണികനായ സൂതനേയും വെക്കണം.
പിന്നെ പ്രഗല്ഭനും അമ്പതു വയസ്സ് പ്രായമായവനും അസൂയയില്ലാത്തവനും ശ്രുതിസ്മൃതികളൊക്കെ അറിയുന്നവനും വിനീതനും സമദര്‍ശിയും വാദിക്കുന്നവരുടെ കാര്യത്തില്‍ തക്ക സമാധാനം നലകുവാന്‍ പോരുന്നവനും ലോഭമില്ലാത്തവനും ഘോരമായ വ്യസനം ഏഴും വിട്ടു നില്ക്കുന്നവനുമായ മന്ത്രിയെ നിശ്ചയിക്കണം. എട്ടു മന്ത്രികളുടെ മദ്ധ്യത്തില്‍ വെച്ച് രാജാവ് മന്ത്രം ചെയ്യണം. പിന്നെ രാഷ്ട്രത്തില്‍ കാര്യം തുറന്നു വിടണം. രാഷ്ട്രീയക്കാര്‍ക്കു വിവരം കാണിച്ചു കൊടുക്കണം.
ഇപ്രകാരം നടപടിയില്‍ നീ നാട്ടുകാരെ നോക്കണം. ഗൂഢമായി ആരുടെ കൈയില്‍ നിന്നും നീ ദ്രവ്യമൊന്നും വാങ്ങരുത്. അത് കാര്യഘാതകമായിത്തീരും. കാര്യം നശിച്ചാല്‍ ആ ധര്‍മ്മത്തിന്റെ പീഡ അവര്‍ക്കും ബാധിക്കും. പിന്നെ രാഷ്ട്രം പരുന്തിനാല്‍ പക്ഷിക്കൂട്ടമെന്ന വിധം ചിന്നിപ്പോകും. കടലില്‍ പൊളിഞ്ഞ കപ്പല്‍ പോലെ രാഷ്ട്രം മുങ്ങിപ്പോകും. അധര്‍മ്മം കൊണ്ട് അശുചിയായി ലോകം സംരക്ഷിക്കുന്ന രാജാവിന്റെ മേലുള്ള സൗഹാര്‍ദ്ദം ഭയമായി പരിണമിക്കും. സ്വര്‍ഗ്ഗത്തിന്റെ മാര്‍ഗ്ഗം ഭ്രംശിച്ചുപോകും.
രാജാവോ തന്റെ മ്രന്തിയോ അധര്‍മ്മത്തിലാണ് പാലിക്കുന്നതെങ്കില്‍ ധര്‍മ്മാസനം വാഴുന്നവന്‍ അധര്‍മ്മത്തിന്റെ മൂലമായി മാറും. കാര്യത്തില്‍ നിയമിക്കപ്പെട്ട രാജഭൃത്യന്‍ തെറ്റി നടക്കുകയാണെങ്കില്‍ താന്‍ തെറ്റു ചെയ്യുന്നവരില്‍ ഒന്നാമനായി. അങ്ങനെ മറ്റുള്ളവരും രാജാവിന്നൊപ്പം കീഴോട്ടു കീഴോട്ടു പോകും.
ബലവാന്മാര്‍ ആക്രമിച്ചതായി ആവലാതി വന്നു പറയുമ്പോള്‍ അനാഥരായ ജനങ്ങള്‍ക്കു നാഥനായി നില്ക്കേണ്ടവനാകണം രാജാവ്. രണ്ടു കക്ഷികളുടേയും വിവാദത്തില്‍ രാജാവ് സാക്ഷികളുടെ ബലമാണ് പരീക്ഷിക്കേണ്ടത്. വിശേഷിച്ചും സാക്ഷിയില്ലാത്ത കാര്യം അനാഥമായ കാര്യമാണ്.
കുറ്റം ചെയ്തവര്‍ക്ക് തെറ്റിന്നു തക്കതായ ശിക്ഷ കൊടു ക്കണം. ധനമുളളവന്നു ധനം പിഴയായി അടപ്പിക്കണം ദരിദ്രനാണെങ്കില്‍ അവനെ ബന്ധനത്തിലിടണം.
ദൂര്‍വ്യത്തിയെ അടിച്ചമര്‍ത്തണം. ശിഷ്ടന്മാരെ രക്ഷിക്കുകയും വേണം. രാജാവിനെ ഹിംസിക്കുവാന്‍ ഒരുങ്ങിയവന്ന് വിചിത്രമായ വിധത്തില്‍ വധശിക്ഷ കൊടുക്കണം.
വീട് കൊളളി വെക്കുന്നവന്നും കള്ളന്നും ജാതിസങ്കരം ഉണ്ടാക്കുന്നവന്നും നല്ല ശിക്ഷ കൊടുക്കണം. നന്നായി ശിക്ഷ നല്കുന്ന രാജാവിന്ന്, ശാസ്ത്രമനുസരിച്ചു നടക്കുന്ന രാജാവിന്ന്, ഒരിക്കലും അധര്‍മ്മം ബാധിക്കയില്ല. കുറ്റം ചെയ്തവരെ ശിക്ഷിക്കുകയെന്നത് ശാശ്വതമായ ധര്‍മ്മമാണ്.
ഇഷ്ടം നോക്കി ശിക്ഷ കൊടുക്കുന്ന, തക്കതായ ശിക്ഷ കൊടുക്കാത്ത, അവിചക്ഷണന്‍, ലോകത്തില്‍ ദുഷ്കീര്‍ത്തി സമ്പാദിക്കുകയും ചത്തതിന്നു ശേഷം നരകത്തില്‍ പതിക്കുകയും ചെയ്യും. പരന്മാര്‍ പറഞ്ഞതു കേട്ട് ആരേയും ശിക്ഷിക്കരുത്. ശാസ്ത്രാനുസരണം ചെയ്യണം. ബന്ധിക്കാം, തെളിവില്ലെങ്കില്‍ വിട്ടയയ്ക്കാം.
എന്താപത്തു ബാധിച്ചാലും ദുതനെ രാജാവ് വധിക്കരുത്. ദൂതനെക്കൊന്ന രാജാവ് മന്ത്രിമാരോടുകൂടി നരകത്തില്‍ വീഴും.
ക്ഷത്രധര്‍മ്മസ്ഥനായ രാജാവ് പറഞ്ഞു വിട്ടത് വന്നു പറയുന്ന ദൂതനെ കൊന്നാല്‍ കൊല്ലുന്നവന്റെ പിതൃക്കള്‍ ഭ്രൂണഹത്യാപാപം അനുഭവിക്കും. കുലീനന്‍, കുലസമ്പന്നന്‍, വാഗ്മി, ദക്ഷന്‍, പ്രിയം ചെയ്യുന്നവന്‍, സ്മൃതിമാന്‍, പറഞ്ഞത് പറയുന്നവന്‍, ഇങ്ങനെയുള്ള ഏഴു ഗുണങ്ങളോടു കൂടിയവനാകണം ദൂതന്‍. ഈ ഗുണങ്ങളോടുകൂടിയ ദ്വാരപാലകന്‍ രാജാവിന്റെ രക്ഷകനാണ്.
രാജാവിന്റെ തല കാക്കുന്നവനും ഇപ്രകാരം ഈ ഗുണങ്ങള്‍ തികഞ്ഞവനാകണം.
ധര്‍മ്മശാസ്ത്രാര്‍ത്ഥ തത്ത്വജ്ഞനും സന്ധിവിഗ്രഹ ജ്ഞാനിയും മതിമാനും ധീരനും ഹ്രീമാനും ഗൂഢകാര്യങ്ങളെ മറയ്ക്കുന്നവനും കുലീനനും സത്വഗുണമുള്ളവനും ശൂദ്രനുമായ മന്ത്രി പ്രശസ്തനാകും.
ഈ ഗുണങ്ങള്‍ എല്ലാം തികഞ്ഞവനായിരിക്കണം സൈന്യാധിപനും, വ്യൂഹം, യന്ത്രം, ആയുധം ഇവയുടെ തത്ത്വം ഗ്രഹിച്ചവനും പരാക്രമിയും മഴയും മഞ്ഞും വെയിലും ചൂടുമേല്ക്കുവാന്‍ മടിയില്ലാത്തവനും അന്യന്റെ കുറ്റം കണ്ടെത്തുന്നതില്‍ സമര്‍ത്ഥനും, അന്യരെ വിശ്വസിപ്പിക്കുവാന്‍ കഴിവുള്ളവനും, ആരേയും വിശ്വസിക്കാത്തവനുമായിരിക്കണം സൈന്യാധിപന്‍.
ഹേ രാജേന്ദ്ര! മക്കളില്‍പ്പോലും വിശ്വാസം പ്രശസ്തമാവുകയില്ല. ഹേ അനഘാശയാ, ഞാന്‍ ഇതാ നിനക്ക് ശാസ്ത്രാര്‍ത്ഥതത്ത്വം പറഞ്ഞു തന്നിരിക്കുന്നു. രാജാക്കന്മാര്‍ക്ക് ആരിലും വിശ്വാസം പാടില്ല എന്നത് പരമരഹസ്യമായ കാര്യമാണ്.
അദ്ധ്യായം 86. ദുര്‍ഗ്ഗപരീക്ഷ - യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവ് ഏതു വിധത്തിലുള്ള പുരത്തിലാണു പാര്‍ക്കേണ്ടത്? മുമ്പുള്ള പുരത്തിലോ അഥവാ താന്‍ തന്നെ തീര്‍പ്പിച്ച പുരത്തിലോ വസിക്കേണ്ടത്? പിതാമഹാ! അതിനെപ്പറ്റി പറഞ്ഞു തന്നാലും!
ഭീഷ്മൻ പറഞ്ഞു: ബന്ധുജനങ്ങളോടും, ജ്ഞാതിജനങ്ങളോടും കൂടി എവിടെയാണ് രാജാവു വസിക്കേണ്ടത് എന്നാണല്ലോ ചോദിച്ചത്. അതു ന്യായമായ ഒരു ചോദ്യം തന്നെ. തന്റെ ജീവിതം ഗോപ്യമായി വെക്കാവുന്ന വിധത്തിലാകണം രാജഗൃഹം. അതു കൊണ്ട് ദുര്‍ഗ്ഗ കര്‍മ്മത്തെപ്പറ്റി വിശേഷിച്ചും നിന്നോട് ഉപദേശിക്കാം. അതു കേട്ട് (ഗഹിച്ച് വളരെ യത്നത്തോടെ അതു പോലെ ദുര്‍ഗ്ഗം നിര്‍മ്മിക്കണം.
ആറു വിധത്തില്‍ ദുര്‍ഗ്ഗത്തോടു കൂടി പുരങ്ങളെ നിലനിര്‍ത്തണം. സര്‍വ്വ സമ്പല്‍ പ്രധാനമായിരിക്കണം. ദുര്‍ഗ്ഗത്തിന്റെ ബാഹുല്യം അതിലാണ്. ധന്വദുര്‍ഗ്ഗം, മഹീദുര്‍ഗ്ഗം, ഗിരിദുര്‍ഗ്ഗം, മനുഷ്യദുര്‍ഗ്ഗം, മൃദുര്‍ഗ്ഗം ഇങ്ങനെയുളള ദുര്‍ഗ്ഗങ്ങള്‍ തീര്‍ത്ത് പുരത്തില്‍ ധാന്യങ്ങളും ആയുധങ്ങളും സംഭരിക്കണം. കിടങ്ങും കോട്ടകളും തീര്‍പ്പിക്കണം. അവയ്ക്കുള്ളില്‍ ആന, തേര്‍, കുതിര എന്നീ സൈന്യങ്ങളെ നിറുത്തണം. വിദ്വാന്മാരായ ശില്പികളും ഒട്ടധികം നിലവറകളും കോട്ടയ്ക്കുള്ളില്‍ വേണം.
വളരെ സമര്‍ത്ഥന്മാരും, ധാര്‍മ്മികരുമായ ജനങ്ങള്‍ പുരത്തില്‍ വസിക്കണം. ആന, കുതിര, തേര്, കാലാള്‍ എന്നീ സൈന്യങ്ങളും, ചത്വരങ്ങളും, ആപണങ്ങളും പുരത്തിലുണ്ടായിരിക്കണം.
എങ്ങനെയുള്ള പുരത്തിലാണ് രാജാവ് വാഴേണ്ടതെന്നു പറയാം. പ്രസിദ്ധമായ വ്യവഹാരങ്ങള്‍ ചേര്‍ന്നതും, പ്രശാന്തവും, ഭയരഹിതവും അനുദാനങ്ങളോടു കൂടിയതും നല്ല മാളികകള്‍ കൊണ്ട് ശോഭിക്കുന്നതും ശൂരന്മാരായ ജനങ്ങള്‍ വസിക്കുന്നതും ബ്രഹ്മഘോഷം മുഴങ്ങുന്നതും, ജനങ്ങള്‍ കൂടി ഉത്സവങ്ങള്‍ ഘോഷിക്കുന്നതും, നിത്യം ദൈവതങ്ങളെ പുജിക്കുന്നതുമായ പുരത്തില്‍ രാജാവ് അമാത്യന്മാരോടും സൈന്യങ്ങളോടും കൂടി സന്തോഷത്തോടെ വാഴണം. ആ പുരത്തില്‍ ഭണ്ഡാരം, സൈന്യം, മിത്രങ്ങള്‍, കച്ചവടം ഇവയൊക്കെയുണ്ടാകണം. പുരത്തിലും, നാട്ടിന്‍ പുറത്തും, ദോഷം ബാധിക്കാതെ നോക്കണം. ഭണ്ഡാരവും, ആയുധപ്പുരകളും തീര്‍ക്കണം. ധാരാളം യന്ത്രങ്ങളും, ശസ്ത്രങ്ങളും സംഭരിക്കുവാനുളള ആലയങ്ങള്‍ പണിയി ക്കണം.
അഗ്നി, ലോഹം, കരി, ഉമി, മരം, കൊമ്പ്, വേണു, മജ്ജ, എണ്ണ, നെയ്യ്, തേന്‍, കൊഴുപ്പ്, ഭഷധങ്ങള്‍, ചണ, പയിന്‍, പന്ത്, നെല്ല്, ആയുധങ്ങള്‍, ശരങ്ങള്‍, തോല്‍, ഞരമ്പ്, ചൂരല്‍, മുഞ്ജ, ബലജം, ബന്ധനങ്ങള്‍, വലിയ കുളം, കിണര്‍, വലിയ ജലാശയം, പാലുള്ള വൃക്ഷങ്ങള്‍ ഇവയൊക്കെ രാജാവ് കാത്തു രക്ഷിക്ഷണം.
വളരെ ക്ലേശിച്ചും, ആചാര്യന്മാരേയും, ഋത്വിക്കുകളേയും, പുരോഹിതന്മാരേയും, വില്ലാളികളേയും, തച്ചന്മാരേയും, ഗണിതക്കാരേയും, വൈദ്യന്മാരേയും സൽക്കരിക്കണം. പ്രാജ്ഞന്മാര്‍, ബുദ്ധിമാന്മാര്‍, ദാന്തന്മാര്‍, ദക്ഷന്മാര്‍, ശൂരന്മാര്‍, ബഹുശ്രുതന്മാര്‍, കുലീനന്മാര്‍, സത്വവാന്മാര്‍, വേലക്കാര്‍ ഇങ്ങനെയുളള ശിഷ്ടന്മാരെ രാജാവു ബഹുമാനിക്കണം; ദുഷ്ടന്മാരെ നിഗ്രഹിക്കുകയും വേണം.
എല്ലാ ജാതിക്കാരേയും താന്താങ്ങളുടെ കര്‍മ്മത്തില്‍ നിയോഗിക്കണം. പട്ടണത്തിന്ന് അകത്തും പുറത്തുമുള്ളതും, ജാനപദത്തില്‍ ഉള്ളിലും പുറമേയുള്ളതുമായ കാര്യങ്ങള്‍ ചാരന്മാരെ ഏര്‍പ്പെടുത്തി കാര്യങ്ങളൊക്കെ അറിഞ്ഞ് പിന്നെ വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കണം.
ചാരന്മാരെ, മന്ത്രത്തെ, ഭണ്ഡാരത്തെ, സൈന്യത്തെ ഇവയെ രാജാവ് വിശേഷിച്ചും ശ്രദ്ധാപൂര്‍വ്വം നോക്കണം. എല്ലാം അതിലാണു നിൽക്കുന്നത്. ഉദാസീനന്മാര്‍, ശത്രുക്കള്‍, മിത്രങ്ങള്‍ ഇവര്‍ ചെയ്യുവാനൊരുങ്ങുന്നതെല്ലാം, പുരത്തിലും രാഷ്ട്രത്തിലുമുളളതെല്ലാം, ചാരദൃഷ്ടി കൊണ്ടു രാജാവ് നോക്കിക്കാണണം. പിന്നെ തെറ്റു പറ്റാതെ അവയ്ക്ക് വേണ്ടതൊക്കെ ചെയ്യണം. കൂറുള്ളവരെ സല്‍ക്കരിക്കുകയും. ശത്രുക്കളെ സംഹരിക്കുകയും ചെയ്യണം. യജ്ഞങ്ങള്‍ ചെയ്യണം, നിത്യവും ദാനം ചെയ്യണം, പ്രജാരക്ഷണം ചെയ്യണം. ധര്‍മ്മത്തിന്നു ദോഷം ചെയ്യുന്നതൊന്നും ചെയ്യരുത്. ദരിദ്രന്മാര്‍ക്കും, അനാഥര്‍ക്കും, വിധവകള്‍ക്കും, സ്ത്രീകള്‍ക്കും, യോഗക്ഷേമവും, ദിനവൃത്തിയും നിത്യവും കല്‍പിച്ചു നടത്തണം.
യഥാകാലം ആശ്രമം തോറും വസ്ത്രം, പാത്രം, അന്നം എന്നിവ പൂജിച്ച് അര്‍ച്ചിച്ച് മാനമായി എത്തിക്കണം. തന്നേയും, തന്റെ സര്‍വ്വ കാര്യങ്ങളേയും രാഷ്ട്രവും താപസനായി ശ്രദ്ധയോടു കൂടി നിവേദിച്ച് നിത്യവും വണക്കത്തോടെ നിൽക്കുക. കുലീനനായി, അറിവുള്ളവനായി, സര്‍വ്വാര്‍ത്ഥ ത്യാഗിയായിരിക്കുന്നവനെ കണ്ട ശയനാസന ഭോജ്യങ്ങള്‍ നല്കി രാജാവ് പൂജിക്കണം. രാജാവ് എന്തു വിപത്തിലും അവനെ വിശ്വസിക്കണം. താപസന്മാരില്‍ ദസ്യുക്കള്‍ (കൊളളക്കാര്‍) പോലും വിശ്വസിക്കും. അവനില്‍ നിധി വെച്ചു കൊടുക്കണം. ജ്ഞാനം ഇങ്ങോട്ട് വാങ്ങണം. എങ്കിലും ആരേയുമധികം പൂജിക്കരുത്; എപ്പോഴും പൂജ പാടില്ല. സ്വന്തം രാജ്യത്തുള്ള ഒരാളെ ഇഷ്ടനായി തിരഞ്ഞെടുക്കണം, ശത്രുവിന്റെ രാജ്യത്തുള്ള ഒരാളേയും തെരഞ്ഞെടുക്കണം. മുന്നാമതൊരാളെ കാട്ടില്‍ നിന്നും, മറ്റൊരുത്തനെ സാമന്തന്മാരുടെ രാജ്യത്തില്‍ നിന്നും സ്വീകരിക്കണം. അവരെ വേണ്ടത്ര മാനിക്കുകയും സല്‍ക്കരിക്കുകയും ചെയ്യണം. പരരാജ്യത്തിലെ കാട്ടില്‍ വസിക്കുന്ന താപസന്മാരേയും സ്വരാജ്യസ്ഥരേയും സര്‍ക്കാരത്തില്‍ തുല്യമായ സ്ഥാനം നലകി ബഹുമാനിക്കുക. താപസന്മാര്‍ ശരണാര്‍ത്ഥിക്കു ശരണം, വല്ലപ്പോഴാണെങ്കിലും നല്‍കും. രാജാവിന് സംശിത്രവ്രതരായ താപസന്മാര്‍ ഇഷ്ടം പോലെ നല്കും.
ഹേ യുധിഷ്ഠിരാ, നിന്നോട് ഈ ലക്ഷണോദ്ദേശം ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞു. രാജാവ് എങ്ങനെയാണ് തന്റെ പുരത്തില്‍ വാഴേണ്ടത് എന്ന്.
അദ്ധ്യായം 87. രാഷ്ട്രഗുപ്ത്യാദികഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: രാഷ്ട്രഗുപ്തിയേയും, രാഷ്ട്രത്തിന്റെ സംഗ്രഹത്തേയും നന്നായി കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന എന്നോട് അവ വേണ്ട വിധത്തില്‍ പറഞ്ഞു തരൂ ഭരതര്‍ഷഭാ!
ഭീഷ്മൻ പറഞ്ഞു: രാഷ്ട്രഗുപ്തിയേയും രാഷ്ട്രത്തിന്റെ സംഗ്രഹത്തേയും ഹേ യുധിഷ്ഠിരാ! നിന്നോടു എല്ലാം പറയാം. നീ മനസ്സു വെച്ച് കേള്‍ക്കുക. ഗ്രാമാധിപനെ നിയമിക്കണം. പത്തു ഗ്രാമാധിപന്ന് ഒരു ദശഗ്രാമാധിപനെ വെക്കണം. പിന്നെ നൂറു ഗ്രാമത്തിന്നധിപനായി ഒരു ശതഗ്രാമാധിപനെ വെക്കണം. അതു പോലെ ഒരു സഹസ്ര ഗ്രാമാധിപനേയും വെക്കണം. ഗ്രാമത്തില്‍ വന്നു കൂടുന്ന ഗ്രാമ ദോഷങ്ങള്‍ ഗ്രാമാധിപന്‍ കാണണം. അവന്‍ അതു ദശഗ്രാമാധിപനോടു പറയണം. ദശഗ്രാമാധിപന്‍ വിംശതീശനോടും, അവന്‍ ശതാധീശനോടും പറയണം.
ഗ്രാമത്തിന് ചേര്‍ന്ന ഭോജ്യങ്ങള്‍ ഗ്രാമപാലകന്‍ ഭക്ഷിക്കണം. ദശഗ്രാമാധിപനേയും, വിംശതി പാലകനേയും ശതഗ്രാമാധിപന്‍ പോറ്റണം. സല്‍കൃതനായ ഗ്രാമശതാദ്ധ്യക്ഷന്‍ ഗ്രാമങ്ങളെ ഭരിക്കുകയും, അനുഭവിക്കുകയും വേണം. ഹേ ഭാരതശ്രേഷ്ഠാ, അങ്ങനെ ജനങ്ങള്‍ വലുതായി പുഷ്ടിപ്പെട്ടു വരണം. രാജാവിന്റെ കീഴില്‍ ഇങ്ങനെ പലരും ഭരണ കര്‍ത്താക്കളായി ഉണ്ട്. ശാഖാ നഗരത്തിന്ന് ഏറ്റവും നായകന്‍ ഉത്തമനായ സഹസ്രാധിപനാണ്.
രാഷ്ട്രീയ പുരുഷന്മാരോടു കൂടി, ഈ ഭരണാധികാരികളോടു കൂടി ധാന്യമെടുപ്പ്, പൊന്ന്, മറ്റു വസ്തുക്കള്‍ ഇവയൊക്കെ കരമായി പിരിച്ചെടുക്കും. യുദ്ധകാര്യങ്ങളും ഗ്രാമകാര്യങ്ങളും അവര്‍ക്കുണ്ടാകും. ധര്‍മ്മജ്ഞനായ മന്ത്രിയെ അതിന് നിയമിക്കണം. സര്‍വ്വകാര്യ വിചാരിപ്പുകാരനായി പുരം തോറും ഓരോരുത്തനെ നിശ്ചയിക്കണം. ഉയര്‍ന്ന നിലയില്‍ ഘോരനും, നക്ഷത്രക്കൂട്ടങ്ങളില്‍ ഗ്രഹ തുല്യനുമായ അദ്ധ്യക്ഷന്‍ ആ സഭാസ്ഥരിലൊക്കെയും ചുറ്റിസ്സഞ്ചരിക്കണം. രാഷ്ട്രം തോറും സഞ്ചരിക്കുന്നവന്‍ അവര്‍ക്കു ശമ്പളം കൊടുക്കണം. പരസ്വം നേടുന്ന ശഠന്മാര്‍ അവരെ തെറ്റായി ഉപ്രദ്രവിക്കാം. നാട്ടുകാരെ അവരില്‍ നിന്നു രക്ഷകന്മാര്‍ രക്ഷിക്കണം. കൊളളക്കൊടുക്കല്‍ വഴിയായും, ഭോജ്യവും, പരിഹാരവും, യോഗക്ഷേമവും കണ്ട് വര്‍ത്തകരില്‍ നിന്നും കരം യഥാര്‍ഹം പിരിക്കാം. ഉല്‍പ്പത്തി, ദാനവൃത്തി, ശില്പം ഇവക ണ്ട് കൈ വേലയ്ക്കും, ശില്പ വേലയ്ക്കും അവരില്‍ നിന്ന് കരം വാങ്ങണം.
ഹേ യുധിഷ്ഠിരാ, ജനങ്ങളില്‍ നിന്നു പല മട്ടില്‍ കരം പിരിക്കാം. എന്നാല്‍ അവ ജനങ്ങള്‍ക്ക് ഇടിച്ചില്‍ തട്ടാത്ത വിധമായിരിക്കണം. എല്ലാം നിശ്ചയിക്കേണ്ടത് ഫലവും തൊഴിലും കണ്ടു വേണം. അതിന്നു തക്ക പുരുഷന്മാരെ അക്കാര്യത്തില്‍ നിയോഗിക്കണം. തൊഴില്‍ ചെയ്യുന്നവനും രാജാവും കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്ന മട്ടിലാകണം കരം പിരിവ്. എല്ലാം നോക്കിക്കണ്ട് രാജാവ് കപ്പം നിശ്ചയിക്കണം. തന്റെ മൂലവും, ലോഭം കൊണ്ടു മറ്റുള്ളവരുടെ മൂലവും മുടിക്കരുത്. ലോഭത്തിന്റെ മാര്‍ഗ്ഗമടച്ച് നൃപന്‍ സംപ്രീതനാകണം. എല്ലാം വിഴുങ്ങുന്ന മട്ടിലായാല്‍ ജനങ്ങള്‍ രാജാവില്‍ വെറുക്കും. വെറുത്താല്‍ പിന്നെ നന്മയില്ല. അപ്രിയന്‍ ഒരിക്കലും ഫലം നേടുകയില്ല. പൈക്കിടാവുള്ള പശുവിന്റെ പാല്‍ കറക്കുന്ന വിധത്തിലായിരിക്കണം രാജാവ് നികുതി പിരിക്കുന്നത്. കുടിച്ചു വളര്‍ന്ന കുട്ടി ബലം കൂടി പീഡിപ്പിക്കരുത്. അധികം കറന്നെടുത്താല്‍ കുട്ടി ക്ഷീണിക്കും. അവന്‍ ഒന്നും ചെയ്യാന്‍ പറ്റാത്തവനാകും. അപ്പോഴേല്ലാം നാശത്തിലാകും. ഏറെ കറന്നെടുത്താല്‍ നാടും ക്ഷയിച്ചുപോകും. വേലയൊന്നും നടക്കാതാകും. രാഷ്ട്രത്തെ രക്ഷിച്ച് അനുഗ്രഹിക്കുന്ന രാജാവുണ്ടായതു കൊണ്ട്, രാജാവും വലിയ ഫലം നേടും. ആപത്തു വന്നാല്‍ അതിനെ തടുക്കുവാന്‍ വേണ്ടി വ്യയം ചെയ്ത് ധനത്തെ വര്‍ദ്ധിപ്പിച്ചെടുക്കണം. രാഷ്ട്രം മുഴുവന്‍ ഭണ്ഡാരമായി നില്ക്കണം. ഭണ്ഡാരം ഭവനത്തിലാകണം. പൌരജാനപദന്മാരെയും, ശ്രിതോപശ്രിതന്മാരെയും, സ്വല്പ ദ്രവ്യന്മാരെയും, യഥാബലം കനിവോടെ ചെന്നു പറഞ്ഞ് കരം വാങ്ങുക. ബാഹ്യലോകത്തെ ഭേദിപ്പിച്ചാണ് മദ്ധ്യമന്‍ സുഖം അനുഭവിക്കുന്നത്. സുഖദുഃഖികളാണല്ലേോ ജനങ്ങളെല്ലാം. അതു കൊണ്ട് അവനില്‍ ആരും വെറുക്കുകയില്ല.
മുന്‍കൂട്ടിത്തന്നെ ധനം കരമായി ഇന്ന (ഗ്രാമത്തില്‍ നിന്നു പിരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നറിയിക്കണം. രാഷ്ട്രത്തില്‍ ബാധിച്ച ആപത്തിനെ അറിയിക്കണം.
ഇതാ ശത്രു സൈന്യം വന്നു കയറുന്നു. നാട് ആപത്തിലായിരിക്കുന്നു. മുള പൂത്താലെന്നതു പോലെ ഇതു ശത്രുവിന്നു തന്നെ ആപത്തായിത്തീരാം. ഇതാ ശത്രുക്കള്‍ ഇരമ്പിക്കയറി പല കൊളളക്കാരോടും കൂടി ആത്മഘാതത്തിന്നു തന്നെ, രാഷ്ട്രത്തെ ബാധിച്ചിരിക്കുന്നു. ഈ കഠിനമായ വിപത്തു വന്നു പെട്ട് ദാരുണമായ ഭയം ബാധിച്ചിരിക്കയാല്‍ നാടിനെ രക്ഷിക്കുന്നതിന്നു വേണ്ടി നിങ്ങളോട് ധനം ഞാന്‍ അര്‍ത്ഥിക്കുന്നു. ആപത്തു വിട്ടൊഴിഞ്ഞു പോകുമ്പോള്‍ നിങ്ങള്‍ തന്ന ധനമെല്ലാം തിരിച്ചുതരുന്നതാണ്. ശത്രുക്കള്‍ കൈയൂക്കു കാണിച്ച് തട്ടിയെടുക്കുന്ന മുതലൊന്നും നിങ്ങള്‍ക്കു തിരിച്ചു കിട്ടുന്നതല്ല. നിങ്ങള്‍ക്കു ഭാര്യ മുതലായവയെല്ലാം നശിച്ചു പോകുന്നതാണ്. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ധനം സമ്പാദിക്കുന്നത്? നിങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യയ്ക്കും ജീവിക്കാന്‍ വേണ്ടിയല്ലേ? അവര്‍ നശിച്ചാല്‍ പിന്നെ നിങ്ങളുടെ ധനമെന്തിന്? നിങ്ങളുടെ ധനദാനം പുത്രോദയം പോലെ ഞാന്‍ സസന്തോഷം സ്വീകരിക്കുന്നു. ഞാന്‍ ശക്തി പോലെ ശത്രുവിനോടു നേരിടുന്നുണ്ട്. രാഷ്ട്രപീഡയില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. ആപത് ഘട്ടങ്ങളില്‍ നിങ്ങള്‍ കാളകളെപ്പോലെ ഭാരം വഹിക്കേണ്ടതുണ്ട്. ആപത് കാലത്ത് ദ്രവ്യം ഏറ്റവും പ്രിയപ്പെട്ടതായിക്കരുതരുത്. ഇപ്രകാരം ഭംഗിയായി, മൃദുവായി ഉപചാരവാക്കു പറഞ്ഞ്, കാലം മനസ്സിലാക്കി സ്വന്തം കാന്തി വീശണം. വലിയ കോട്ട, ഭൃത്യഭരണം, വ്യയം, യുദ്ധഭയം, ഇവയൊക്കെ കണ്ടറിഞ്ഞ് അതില്‍ നിന്നു മുക്തിക്കുളള മാര്‍ഗ്ഗമാരാഞ്ഞ് വൈശ്യന്മാരില്‍ നിന്നും കരം വാങ്ങണം.
രാജാവ് ഉപേക്ഷിച്ചാല്‍ വൈശ്യന്മാര്‍ രാജ്യംവിട്ട് വനവാസികളാകും. അക്കൂട്ടരില്‍ വിശേഷിച്ച് മൃദുവായ മട്ടില്‍ പെരുമാറണം. സാന്ത്വനം, രക്ഷണം, ദാനം, വിട്ടുവീഴ്ച ഇവയെല്ലാം വൈശ്യരില്‍ ചെയ്യണം. വേണ്ട വിധം ഭാഗിച്ചു നല്കുകയും പ്രിയം ചെയ്യുകയും വേണം. വൈശ്യരെ രക്ഷിക്കുന്നതില്‍ ഫലപ്രദ മായി നടപടിയെടുക്കണം. അതു രാഷ്ട്രത്തെ വളര്‍ത്തും. അങ്ങനെ തന്നെ കച്ചവടവും കൃഷിയും അഭിവൃദ്ധിപ്പെടുത്തുവാന്‍ വൈശ്യസംരക്ഷണം ആവശ്യമാണ്. അതുകൊണ്ട് വിചക്ഷണനായ രാജാവ് വൈശൃസംരക്ഷണത്തെ നിസ്സാരമായി കരുതരുത്. അവര്‍ ക്ഷേമം വളര്‍ത്തുന്നവരാകയാല്‍ അവരില്‍ നിന്ന് കരം അധികം പിരിക്കരുത്. വൈശ്യസംരക്ഷണം പോലെ നല്ല പ്രവൃത്തി വേറെയില്ല.
അദ്ധ്യായം 88. കോശസഞ്ചയപ്രകാരകഥനം -- യുധിഷ്ഠിരന്‍ പറഞ്ഞു: ഭണ്ഡാരം വര്‍ദ്ധിപ്പിക്കുവാന്‍ സമര്‍ത്ഥനായ രാജാവ് എങ്ങനെ കരം പിരിവു നടത്തണം? എന്താണ് അക്കാര്യത്തില്‍ രാജാവു പ്രവര്‍ത്തിക്കേണ്ടത്? പിതാമഹാ, പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു: ദേശത്തിന്റെ സ്ഥിതി പോലെ, കാലത്തിന്റെ സ്ഥിതി പോലെ, ബുദ്ധിയില്‍ യുക്തമെന്നു തോന്നുന്നതു പോലെ, ബലം പോലെ നാട്ടുകാരെ ശാസിച്ച് ധര്‍മ്മാര്‍ത്ഥിയും ഹിതതല്‍പ്പരനുമായ രാജാവ്, ശ്രേയസ്സ് നാടിനും രാജാവിനുമുണ്ടാകുന്ന വിധത്തില്‍, രാഷ്ട്രംതോറും നീതിനടത്തണം. മരത്തില്‍ നിന്നു തേനീച്ച തേനെടുക്കുന്ന മാതിരി, പശുവിന്റെ കിടാവിനെ നോക്കി പശുവിന്റെ മുല കേടു വരാതെ, കറക്കുന്ന മാതിരി രാജാവ് രാഷ്ട്രത്തെ കറന്നു ധനമെടുക്കണം. രാജാവ് അട്ട രക്തം കുടിക്കുന്ന മാതിരി മൃദുവായി രാഷ്ട്രത്തെ വലിച്ചു കുടിക്കണം. പൈക്കുട്ടിയെ പുലി വന്നു പിടിക്കുന്ന മാതിരി ചാടിപ്പിടിച്ച് കടിച്ചു തിന്നരുത്, അമ്പേറ്റ പെരുച്ചാഴി കാലിട്ടിളക്കുന്ന മാതിരി തീക്ഷ്ണമല്ലാത്ത ഉപായം പ്രയോഗിച്ച് രാഷ്ട്രത്തെ ഗ്രഹിക്കണം.
ചെറിയ ചെറിയ കരം വാങ്ങി വലിയ വലിയ സംഖ്യകള്‍ ഉണ്ടാക്കണം. അങ്ങനെ വാങ്ങി വാങ്ങി മേലെ മേലെയായി ഉയര്‍ത്തി വര്‍ദ്ധിപ്പിക്കണം. നുകം വെക്കാറായ കാളകളെ പിടിച്ചു നുകം വെക്കുന്ന മാതിരി ഭാരം കയറ്റണം. വളരെ മൃദുവായ മട്ടില്‍ കാളകളെ കയറിടുന്ന മാതിരി പ്രയാസപ്പെട്ടു കയറിട്ടും നിറുത്തണം. പെട്ടെന്നു കയറിട്ടു പിടിച്ചാല്‍ അവ നശിച്ചു പോകും. തക്ക വിധത്തില്‍ ചൊറിഞ്ഞു കയറിടണം. ഭേദ്യം ചെയ്താല്‍ അവ കയറു പൊട്ടിച്ചു ചാടി ഓടിക്കളയും. പിന്നെ പിടി കിട്ടുവാന്‍ പ്രയാസമാണ്. ഇങ്ങനെ എല്ലാവരെയും പിടിക്കുവാന്‍ പ്രയാസമാകയാൽ മുഖ്യന്മാരെ സാന്ത്വനം ചെയ്തു വശത്താക്കി മറ്റുള്ളവരെ പിടിക്കാന്‍ ശ്രമിക്കണം. പിന്നെ ഭാരമിച്ഛിക്കുന്നവരെ തമ്മില്‍ ഭേദിപ്പിക്കണം. അങ്ങനെ അവരെയും എളുപ്പത്തില്‍ പിടിക്കണം. അവര്‍ക്ക് അകാലത്തിലും അസ്ഥാനത്തിലും കരം ചുമ ത്തരുത്. സാന്ത്വം പ്രയോഗിച്ച് പതുക്കെപ്പതുക്കെ വേണം, കാലം നോക്കി വേണം, കരം ചുമത്തുവാന്‍. അതിന്നുള്ള ഉപായം ഞാന്‍ നിര്‍വ്യാജം പറഞ്ഞു തരാം.
ഉപായം കൂടാതെ അടക്കുവാന്‍ ശ്രമിക്കുന്നവന്‍ കുതിരകളെ കോപിപ്പിക്കും. മദൃഷാപ്പു നടത്തുന്നവര്‍, വേശ്യാലയം നടത്തുന്നവര്‍, ചൂതാട്ടക്കാര്‍, കൂട്ടം കൂടി ആട്ടവും പാട്ടും നടത്തുന്നവര്‍, മിക്കവാറും ഇത്തരത്തിലുള്ളവരെയെല്ലാം അടക്കണം. ഇവര്‍ രാഷ്ട്രത്തെ നശിപ്പിക്കുന്നവരാണ്. ഇവര്‍ രാജ്യത്തു വസിക്കുന്നത് നല്ല ജനങ്ങള്‍ക്ക് ഉപദ്രവമാണ്. ആരും ആരോടും ഇരക്കരുത്. ആപത്ത് വരുമ്പോഴല്ലാതെ അന്യരുടെ ധനസഹായം കാംക്ഷിക്കരുത്. ജീവികള്‍ക്ക് ഈ നില മുമ്പേ മനു നിശ്ചയിച്ചതാണ്. അല്ലെങ്കില്‍ എല്ലാവരും ഇരക്കാന്‍ തുടങ്ങിയാല്‍ ലോകത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ആരും ഉണ്ടാവുകയില്ല. അങ്ങനെ ലോകത്തില്‍ ജനങ്ങളൊക്കെ നശിച്ച് ഇല്ലാതായിത്തീരും. ഇവരെ അടക്കിയില്ലെങ്കില്‍ അതു കൊണ്ടുണ്ടാകുന്ന പാതകത്തിന്റെ ഫലത്തില്‍ നാലിലൊരു ഭാഗം രാജാവിന്നു ലഭിക്കും എന്നാണ് ശ്രുതി. രാജാവ് സുകൃതത്തിന്നു മാത്രമല്ല ദുഷ്കൃതത്തിന്നും ഭാഗഭാക്കാണ്. പാപം ചെയ്യുന്നവരെ രാജാവ് അടക്കണം. അവരെ അടക്കാത്ത രാജാവ് പാപകാരിയായിത്തീരും. രാജാവ് ഇക്കാര്യത്തില്‍ വേണ്ടതായ ചുമതല നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ നാലിലൊരു ഭാഗം പാപം അനുഭവിക്കുക തന്നെ ചെയ്യും. ഐശ്വര്യ നാശകമായ മേല്‍പ്പറഞ്ഞ പ്രവൃത്തികള്‍ ഇല്ലാതാക്കണം. കാമപ്രധാനനായ പുരുഷന്‍ എന്ത് അധര്‍മ്മവും ചെയ്യും.
രാഗത്തിന്ന് വശം വദനായ മനുഷ്യന്‍ ചെയ്യുന്ന അധര്‍മ്മത്തിന്നു കണക്കില്ല. മദ്യപാനം, മാംസഭക്ഷണം, പര്രദവ്യാപഹരണം. പരഭാര്യാപഹരണം, ധനാപഹരണം ഇവയൊക്കെ അവന്‍ ചെയ്യും. അതു കൊണ്ട് ഇത്തരക്കാരെ രാജാവ് പിടിച്ചു ശിക്ഷിക്കണം. നിഷ്പരിഗ്രഹന്മാരായ നല്ലവര്‍ ആപത്തില്‍ യാചിച്ചേക്കാം. അവരെ അറിഞ്ഞു കനിഞ്ഞ് രാജാവ് സഹായിക്കണം. ധര്‍മ്മഭയം മൂലമല്ല, കനിവു കൊണ്ടാണ് നല്കേണ്ടത്. ഹേ യുധിഷ്ഠിരാ! നിന്റെ നാട്ടില്‍ ഭിക്ഷ തെണ്ടി നടക്കുന്നവര്‍ ഉണ്ടാകരുത്. അതു പോലെ കൊളളക്കാരും ഉണ്ടാകരുത്. അവര്‍ക്കു ധനം നല്‍കുന്നവര്‍ ഭൂതദയയുള്ളവരാണെന്നു വിചാരിക്കരുത്. ഭൂതാനുഗ്രഹ കര്‍ത്താക്കള്‍ എത്രയെങ്കിലും നിന്റെ നാട്ടില്‍ ഉണ്ടാകട്ടെ! എന്നാല്‍ ഭുതനാശകന്മാര്‍ ഉണ്ടാകാന്‍ പാടില്ല. ധനം നേടാന്‍ മാത്രമായി ജീവിക്കുന്ന ചിലരുണ്ട്. അവര്‍ ശിക്ഷാര്‍ഹന്മാരാണ്. അവര്‍ക്കുള്ള ശിക്ഷ വേറെയൊന്നുമല്ല. ധാരാളം ധനം കരമായി പിരിച്ചെടുക്കുക തന്നെ.
കൃഷി, പശുക്കളെ മേയ്ക്കല്‍, കച്ചവടം ഇവ കര്‍മ്മ വ്യത്യാസം പോലെ എല്ലാവരെക്കൊണ്ടും അതാതു മുറയനുസരിച്ച് ചെയ്യിപ്പിക്കണം. കൃഷി, പശു സംരക്ഷണം, കച്ചവടം ഇവ നടത്തുന്നവന്‍ കഷ്ടപ്പെടാന്‍ ന്യായമില്ല. അങ്ങനെയുള്ളവര്‍ കഷ്ടപ്പെട്ടു പോയിയെന്നുണ്ടെങ്കില്‍ അതില്‍ കുറ്റം രാജാവിന്നാണ്.
ധനികന്മാരെ പാനം, വസ്ത്രം, ഭക്ഷണം ഇവ സല്‍ക്കരിച്ചു പൂജിക്കണം. നാട്ടുകാര്‍ ചേര്‍ന്ന് എന്നെ അനുഗ്രഹിക്കുവിന്‍ എന്ന് രാജാവ് പറയണം. രാജ്യത്തില്‍ വലിയതായ അംഗം ധനവാന്മാരാണ്. എല്ലാ ജീവികള്‍ക്കും തലവന്‍ പണക്കാരനാണ്. അതില്‍ യാതൊരു സംശയവുമില്ല.
പ്രാജ്ഞന്‍, ശൂരന്‍, ധനികന്‍, സ്വാധീനമുളളവന്‍, ധാര്‍മ്മികന്‍, തപസ്വി, സത്യവാന്‍, ബുദ്ധിമാന്‍ ഇവര്‍ക്കേ ഭരിക്കാന്‍ കഴി യൂ. അതു കൊണ്ട് രാജാവ് ഇപ്പറഞ്ഞവരില്‍ പ്രീതിയുള്ളവനാകണം. സത്യം, ആര്‍ജ്ജവം, അക്രോധം, ആനൃശംസ്യം (അഹിംസ) ഇവയെ രാജാവ് കാത്തു രക്ഷിക്കുക. അങ്ങനെ ചെയ്താല്‍ നീ സൈന്യം, ഭണ്ഡാരം, മിത്രം, ഭൂമി എന്നിവയെ ഭരിക്കും. സത്യം, ആര്‍ജ്ജവം ഇവയുള്ള പുരുഷന്‍ മിത്രവും കോശവും സൈനൃബലവും ഉളളവനായിത്തീരും.
അദ്ധ്യായം 89. രാഷ്ട്രഗുപ്തി - ഭീഷ്മൻ പറഞ്ഞു: തിന്നുവാന്‍ പറ്റിയ കായ്കളുള്ള വൃക്ഷങ്ങള്‍ നിന്റെ നാട്ടില്‍ മുറിക്കരുത്. ഫലവും മൂലവും ബ്രാഹ്മണര്‍ക്കു ധര്‍മ്മമായ ആഹാരമാണെന്നു മനീഷികള്‍ പറയുന്നു. വിപ്രന്മാര്‍ എടുത്തതിനു ശേഷമുള്ളത് മറ്റു ജനങ്ങളും അനുഭവിച്ചു കൊള്ളട്ടെ! വിപ്രന്മാര്‍ക്കു വെച്ചത് മറ്റുളളവര്‍ എടുത്ത് അനുഭവിക്കരുത്.
വിപ്രന്‍ ആഹാരത്തിന്നു മാര്‍ഗ്ഗം കാണാതെ, കഴിവില്ലാതെ, നാടുവിട്ടു പോകുവാന്‍ തീരുമാനിച്ചാല്‍ ഭാര്യയോടു കൂടിയ അവന്ന് ജീവിക്കുവാനുള്ള മാര്‍ഗ്ഗം രാജാവുണ്ടാക്കിക്കൊടുക്ക ണം. അങ്ങനെ ചെയ്യുവാന്‍ ഒരുങ്ങിയിട്ടും അവന്‍ അനുസരിക്കാതെ രാജ്യം വിടുകയാണെങ്കില്‍ ബ്രാഹ്മണരെ വിളിച്ചുകൂട്ടി ഈ വൃത്താന്തം അറിയിക്കണം. അത് ആ വിട്ടുപോകുന്ന ബ്രാഹ്മണന്ന് ആക്ഷേപമായിത്തീരും. (ബാഹ്മണരാണല്ലോ മറ്റു ജനങ്ങള്‍ക്കൊക്കെ ഉപദേഷ്ടാക്കള്‍. അവര്‍ തെറ്റു ചെയ്താല്‍ പിന്നെ മറ്റു ജനങ്ങള്‍ക്ക് എന്താണ് ഒരു നിദര്‍ശം? അങ്ങനെയൊക്കെ തടഞ്ഞിട്ടും അവന്‍ അനുസരിക്കാതെ രാജ്യം വിടുവാനാണ് ഭാവമെങ്കില്‍ രാജാവ് അവനോടു പറയണം: കഴിഞ്ഞതൊക്കെ മറക്കുക. അല്ലയോ കുന്തീപുത്രാ! ഇതാണ് രാജാക്കന്മാരുടെ ധര്‍മ്മം.
രാജാവ് വീണ്ടും അവനോടു പറയണം: ഹേ ബ്രാഹ്മണാ, ജനങ്ങള്‍, പറയുന്നു, അദ്ദേഹത്തിന്നു നിശ്ചയിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിന്നു വേണ്ടുവോളം മതിയെന്ന്. എന്നാല്‍ എന്തു തന്നെയായാലും ഞാന്‍ അവരുടെ ആ അഭിപ്രായം ചെവിക്കൊള്ളുന്നില്ല. എന്നിട്ടും ഒരു ബ്രാഹ്മണന്‍ നാടുവിട്ട് ഓടിപ്പോവുകയാണെങ്കില്‍ അത് രാജാവ് അവന്നു വേണ്ടത് ചെയ്യാത്തതു കൊണ്ടാണെന്നു കണ്ടാല്‍ അത് രാജാവ് ചെയ്തു കൊടുക്കണം. അവന്ന് ആവശ്യമുള്ള ധനം കിട്ടുവാനുള്ള കഴിവുണ്ടാക്കിക്കൊടുക്കണം, അത് സുഖത്തിന്നും ഭോഗത്തിന്നും അവന്‍ ഉപയോഗപ്പെടുത്തിയേക്കാമെങ്കിലും.
കൃഷിയും, പശുക്കളെ മേയ്ക്കലും, കച്ചവടവുമാണ് ലോകര്‍ക്കുള്ള ജീവിതമാര്‍ഗ്ഗം. മേല്‍ജാതിക്കാര്‍ക്കു ത്രയിവി ദൃയും ഭൂതഭാവനയുമാണ്. അതിന്നു വീഴ്ച വരുത്തുന്നവര്‍ അതിന്റെ ശത്രുക്കളായി മാറും. ദസ്യുക്കളുടെ മാതിരിയാകും. ദസ്യുക്കളെ വധിക്കുവാനാണല്ലോ ബ്രഹ്മാവ് ക്ഷര്രിയനെ സൃഷ്ടിച്ചത്.
ശത്രുക്കളെ വെല്ലുക! ലോകത്തെ രക്ഷിക്കുക! യാഗം ചെ യ്മുക! രാജാവേ, കുരുനന്ദനാ! യുദ്ധത്തില്‍ വീരനായി നിന്നു പൊരുതുക. പാലിക്കേണ്ടവരെ പാലിക്കുന്ന രാജാവാണ് നൃപസത്തമന്‍. കാക്കേണ്ടവരെ കാക്കാത്ത രാജാവിനെക്കൊണ്ടു യാതൊരു പ്രയോജനവുമില്ല. രാജാവ് ലോകക്ഷേമം തന്നെ കരുതി നില്ക്കണം. അതിലേക്കു മര്‍ത്ത്യരെ രാജാവ് ഉപയോഗപ്പെടുത്തുക. ഉള്ളിലുള്ളവര്‍ പുറമെയുള്ളവരെ കാക്കുക. പുറത്തുള്ളവര്‍ അകത്തുള്ളവരെ കാക്കുക. പരന്മാര്‍ പരന്മാരെ കാക്കുക. താന്‍ സ്വകീയരേയും കാക്കുക. എല്ലാവരില്‍ നിന്നും ആത്മരക്ഷ ചെയ്ത് ഭൂമിയെ രക്ഷിക്കുക. ആത്മാവിന് മൂലം ഇതൊക്കെയാണെന്നാണല്ലോ പണ്ഡിതന്മാര്‍ പറയുന്നത്. ഛിദ്രം എന്താണ്? എന്താണു സംഗം? എന്താണ് എനിക്കു പെടാത്തത്? എന്തില്‍ എനിക്കു ദോഷം ബാധിക്കും? കഴിഞ്ഞ കാലത്തെ കഥ വാഴ്ത്തുന്നുണ്ടോ, വാഴ്ത്താതിരിക്കുന്നുണ്ടോ? നാട്ടില്‍ ഇതൊക്കെയറിയുവാന്‍ സമ്മതന്മാരായ ചാരന്മാരെ വെക്കണം. എന്റെ വൃത്താന്തം ജനങ്ങള്‍ അറിയുന്നുണ്ടോ, ജനങ്ങള്‍ എന്നെ വാഴ്ത്തുന്നുണ്ടോ, ആക്ഷേപിക്കുന്നുണ്ടോ, നാട്ടുകാര്‍ക്കു ബോദ്ധ്യപ്പെടുന്നുണ്ടോ, രാഷ്ട്രത്തില്‍ പുകഴ്ത്തപ്പെടുന്നുണ്ടോ? ഇക്കാര്യം എപ്പോഴും ചിന്തിക്കണം. ധര്‍മ്മജ്ഞരായി ധൈര്യത്തോടെ പോരില്‍ മാറാത്തവരായി നാട്ടില്‍ എല്ലാവരും ജീവിക്കണം. മറിച്ചാകരുത് രാജാവിന്റെ അനുയായികളാരും.
എല്ലാ അമാതൃന്മാരിലും മദ്ധ്യസ്ഥന്മാരിലും ആരൊക്കെ നിന്നെ വാഴ്ത്തുന്നുണ്ടോ ആരൊക്കെ നിന്ദിക്കുന്നുണ്ടോ അവരെയൊക്കെ സല്‍ക്കാര പൂര്‍വ്വം വെക്കുക. അതില്‍ ആക്ഷേപം തോന്നരുത്. തികച്ചും എല്ലാവരേയും രുചിപ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. എല്ലാ കൂട്ടരിലും ശ്രത്രുമിത്രങ്ങളും ഉദാസീനന്മാരും ഉണ്ടാകും.
യുധിഷ്ഠിരന്‍ പറഞ്ഞു: ബാഹുബലം തുല്യമായിട്ടുളളുവരില്‍, ഗുണങ്ങള്‍ തുല്യമായിട്ടുളളവരില്‍, ഒരാള്‍ക്ക് ലോകം ഭുജിക്കുവാന്‍ എങ്ങനെ അവകാശം ലഭിക്കും?
ഭീഷ്മൻ പറഞ്ഞു: അചരത്തെ ചരങ്ങൾ ഭക്ഷിക്കുന്നു. തേറ്റയുളളവന്‍ തേറ്റയില്ലാത്തതിനെ തിന്നുന്നു (പുലി മാനിനെ തിന്നും). വിഷമുള്ള സര്‍പ്പം വിഷമില്ലാത്ത സര്‍പ്പത്തെ പിടിച്ചു തിന്നുന്നു. ഈമാതിരി തന്റെ ശത്രുവെപ്പറ്റി താന്‍ ചിന്തിക്കണം. കരുതിയില്ലെങ്കില്‍ കഴുകന്‍ ശവത്തില്‍ വന്നു വീഴുന്ന മാതിരി ശത്രുക്കള്‍ ദേഹത്തില്‍ വന്നു വീഴും. നിന്റെ നാട്ടില്‍ കച്ചവടക്കാര്‍ കരം കൊടുക്കുന്നതില്‍ വെറുക്കുന്നില്ലല്ലോ? കാട്ടില്‍ ചുറ്റിക്കറങ്ങുന്നവരും അല്പം ധനം കൊടുത്ത് അധികം വസ്തുക്കള്‍ വാങ്ങുന്നവരുമായ വ്യാപാരികള്‍ നാടു വിട്ടു പോകുന്നില്ലല്ലോ? കൃഷിക്കാരും പീഡിപ്പിക്കപ്പെടുന്നില്ലല്ലോ? രാജ്യം ഭരിക്കുന്നവര്‍ ശത്രുക്കളായ മറ്റുളളവരെയൊക്കെ നാടുകടത്തും. ദേവന്മാരും പിതൃക്കള്‍ പോലും ജീവിക്കുന്നത്, അവര്‍ക്ക് വേണ്ടത് ഇവിടെ നല്കുന്നതു കൊണ്ടാണ്. ഇതാണു രാജാക്കന്മാര്‍ക്കുളള രാഷ്ട്രവൃത്തി. ഇതാണ് രാഷ്ട്രഗുപ്തിയും. ഇക്കാര്യത്തെപ്പറ്റി വീണ്ടും പറയുന്നുണ്ട്.
അദ്ധ്യായം 90. ഉതത്ഥ്യഗീത - ഭീഷ്മൻ പറഞ്ഞു പണ്ടു ബ്രഹ്മവിത്തമനും ആംഗിരസ്സുമായ ഉതത്ഥ്യന്‍ മാന്ധാതാവായ യൗവനാശ്വനോട് ഇഷ്ടത്തോടെ പറഞ്ഞു കൊടുത്തതായ കാര്യങ്ങള്‍ അപ്രകാരം തന്നെ ഞാന്‍ നിനക്കു പറഞ്ഞു തരാം. നീ മനസ്സിരുത്തി കേള്‍ക്കുക.
ഉതത്ഥ്യന്‍ പറഞ്ഞു: രാജാവ് നിലകൊള്ളുന്നത് ധര്‍മ്മരക്ഷണത്തിന്നാണ്, അല്ലാതെ കാമോപഭോഗത്തിന്നല്ല. മാന്ധാതാവേ, നാടു കാക്കുന്ന രാജാവ് അതിന്നുള്ളതാണെന്നു നീ ധരിക്കുക.
രാജാവ് ധര്‍മ്മം അനുഷ്ഠിച്ചാൽ ദേവഭാവം കൈക്കൊളുളും. അധര്‍മ്മമാണ് രാജാവ് ചെയ്യുന്നതെങ്കിലോ അവന്‍ നരകത്തില്‍ പതിക്കുകയും ചെയ്യും. എല്ലാ ജീവജാലവും ധര്‍മ്മത്താല്‍ നിലനില്ക്കുന്നു. ധര്‍മ്മമോ നില്ക്കുന്നത് രാജാവിലാണു താനും. നന്നായി ധര്‍മ്മം നടത്തുന്നവന്‍ ആരോ, അവനാണ് രാജാവ്, ധര്‍മ്മാത്മാവായ രാജാവ് ലക്ഷ്മീവാനാണ്. ധര്‍മ്മം തന്നെയാണ് അവന്‍. രാജാവില്‍ ധര്‍മ്മമില്ലെങ്കില്‍ ഗൃഹം വിട്ട് ദേവന്മാര്‍ പോലും പൊയ്ക്കളയും. ധര്‍മ്മമില്ല അവിടെ എന്നു വിളിച്ചു പറയുകയും ചെയ്യും.
സ്വധര്‍മ്മത്തില്‍ നില്ക്കുന്നവര്‍ക്ക് അര്‍ത്ഥ സിദ്ധിയുണ്ടാകും. ലോകമെല്ലാം പിന്തുടർന്ന് കൊണ്ടിരിക്കുന്നത് ആ മംഗളം തന്നെയാണ്.
പാപിയെ രാജാവ് തടഞ്ഞില്ലെങ്കില്‍ വലിയ അനര്‍ത്ഥങ്ങളുണ്ടാകും. ധര്‍മ്മവൃത്തമൊക്കെ നശിക്കും. അധര്‍മ്മം വര്‍ദ്ധിക്കും. ഭയം രാവും പകലും ഒരുപോലെ ഉണ്ടാകും. ഇതൊക്കെ പാപിയെ തടഞ്ഞില്ലെങ്കില്‍ വന്നു കൂടും.
ഇത്. എന്റേയാണ് എന്നു പറയുവാന്‍ പറ്റാത്ത മട്ടിലാകും. ധര്‍മ്മത്താല്‍ സജ്ജനങ്ങള്‍ക്കു സ്വന്തമായി ഒന്നും ഉണ്ടാക്കാന്‍ നിവൃത്തിയില്ലാതാകും. ലോകത്തില്‍ ഒന്നിന്നും ഒരു വ്യവസ്ഥയും ഉണ്ടാവുകയില്ല, പാപിയെ തടഞ്ഞില്ലെങ്കില്‍.
ഭാര്യയുണ്ടാവുകയില്ല. ആരെങ്കിലും തട്ടിക്കൊണ്ടു പോകും. പശുക്കളേയും കൊണ്ടു പൊയ്ക്കളയും. വയല്‍ സ്വന്തമാക്കാന്‍ സാധിക്കയില്ല. വീടും ഇല്ലാതാകും. മനുഷ്യര്‍ക്ക് സ്വന്തമായി ഒന്നും ഉണ്ടാവുകയില്ല, പാപിയെ തടഞ്ഞില്ലെങ്കില്‍.
ദേവന്മാര്‍ പൂജയേല്ക്കുകയില്ല. പിതൃക്കള്‍ സ്വധയേമ്ക്കുകയില്ല. അതിഥികള്‍ സല്‍ക്കരിക്കപ്പെടുകയില്ല. പാപിയെ തടഞ്ഞില്ലെങ്കില്‍ ഇതൊക്കെയാണ് നില.
വ്രതമുള്ള ദ്വിജന്മാര്‍ വേദം പഠിക്കാതാകും. വിപ്രന്മാര്‍ യജ്ഞം ചെയ്യുകയില്ല. വൃദ്ധന്മാരുടെ മാതിരി എല്ലാ സത്വങ്ങള്‍ക്കും മനുഷ്യര്‍ക്കും മനസ്സ് ഉഴലും. രാജാവേ, ഇതൊക്കെ പാപികള്‍ക്കു ശക്തി കൂടിയാല്‍ സംഭവിക്കുന്ന കുഴപ്പങ്ങളാണ്.
ഋഷിമാര്‍ രണ്ടു ലോകത്തേയും മനസ്സിലാക്കി രാജാവിനെ സൃഷ്ടിച്ചു. വര്‍ദ്ധിച്ചുണ്ടായ ജീവികളെ രക്ഷിക്കുന്നതിന് രാജാവ് ധര്‍മ്മേശനായിത്തീരും. ആരില്‍ ധര്‍മ്മം വിളങ്ങുന്നുവോ അവനാണ് മന്നവന്‍. ധര്‍മ്മം വിട്ടവന്‍ വൃഷലനാണെന്നു ദേവന്മാര്‍ പറയുന്നു.
ധര്‍മ്മം വര്‍ദ്ധിച്ചാല്‍ എപ്പോഴും എല്ലാ ജീവിയും വര്‍ദ്ധി ക്കും. അത് ഇടിഞ്ഞാല്‍ എല്ലാംഇടിയും. അതു കൊണ്ടു ധര്‍മ്മം നശിപ്പിക്കരുത്. ധനാര്‍ത്ഥം ധര്‍മ്മം അലിയും; ധാരണയ്ക്ക് അത് ദൃഡമാകും. അകാര്യങ്ങള്‍ക്കു ധര്‍മ്മത്തെ ഒരു അതിരായി വെച്ചു. ജീവികള്‍ക്ക് വളര്‍ച്ചയ്ക്കു വേണ്ടി ബ്രഹ്മാവ് ധര്‍മ്മത്തെ സൃഷ്ടിച്ചു. അതു കൊണ്ട് പ്രജാനുഗ്രഹത്തിന്നായി ധര്‍മ്മം നടത്തണം. രാജശ്രേഷ്ഠാ, ധര്‍മ്മമാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുളളത്. കാമക്രോധങ്ങളെ വിട്ട് രാജാവേ, നീ ധര്‍മ്മത്തെത്തന്നെ രക്ഷിക്കുക. രാജാക്കന്മാര്‍ക്ക് പ്രത്യേകിച്ചും ധര്‍മ്മം ശ്രേഷ്ഠതരമാണ്; ശ്രേയസ്‌കരവുമാണ്. വിപ്രൻ ധര്‍മ്മത്തിന്റെ മൂലവുമാണ്. അതു കൊണ്ട് അവന്‍ പൂജ്യനാണ്.
മാന്ധാതാവേ, നീ ബ്രാഹ്മണര്‍ക്ക് എന്താണ് ഇഷ്ടമായിട്ടുള്ളതെങ്കില്‍ അതു ചെയ്യുക. നന്മ ചെയ്യുന്നതില്‍ മത്സരിക്കുക. അവര്‍ക്ക് അനിഷ്ടം ചെയ്യുകയാണെങ്കില്‍ രാജാവിന്ന് ഭയം ബാധിക്കും. ബാല്യം കൊണ്ട്, അല്പബുദ്ധി കൊണ്ട്, ബ്രാഹ്മണ ദ്രോഹം വൈരോചനനായ ബലി ചെയ്തു. അവന്ന് വലിയ പ്രതാപത്തോടെ ശ്രീ നില്ക്കുന്ന സന്ദര്‍ഭത്തില്‍ അവള്‍ ബലിയെ വിട്ടുപോയി. അവനില്‍ നിന്നു വിട്ടു പോയ ശ്രീ ഇന്ദ്രനെ ചെന്ന് ആശ്രയിച്ചു. സുര്രേന്ദ്രനില്‍ ശ്രീ കണ്ടപ്പോള്‍ ബലി പശ്ചാത്തപിച്ചു. ഇതാണ് അസൂയയ്ക്കും ദുരഭിമാനത്തിന്നും കിട്ടുന്ന ഫലം. ഹേ മാന്ധാതാവേ, നീ ധരിക്കൂ! നിന്റെ പ്രതാപ്രശ്രീ നശിക്കരുത്. ശ്രീ അധര്‍മ്മവുമായി ചേര്‍ന്നപ്പോള്‍ അവള്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. അവന്റെ പേര് ദര്‍പ്പം (അ ഹങ്കാരം) എന്നാണ് എന്ന് ശ്രുതി പറയുന്നു. അവന്‍ വളരെ ഭൂസുരന്മാര്‍ക്കും ദേവന്മാര്‍ക്കും വ്യയമുണ്ടാക്കി. വളരെ രാജര്‍ഷിമാര്‍ക്കും നാശം അവന്‍ വരുത്തിവെച്ചു. അത് രാജാവേ, നീ ധരിക്കണം. ദര്‍പ്പമെന്നവന്‍ രാജാവാണ്. ആ രാജാവിനെ നീ ജയി ക്കണം. ജയിച്ചാല്‍ അവന്‍ ദാസനാകും.
ദര്‍പ്പത്തോടു കൂടിയ ധര്‍മ്മത്തെ സേവിക്കാത്തവിധം മാന്ധാതാവേ, നീ നടക്കുക, നിനക്ക് ദീര്‍ഘകാലത്തെ നില നില്പ് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍.
മത്തന്‍, പ്രമത്തന്‍, ഉന്മത്തന്‍, പാഷണ്ഡന്‍ ഇവരുടെയെല്ലാം സാഹചര്യവും, കൂട്ടുകെട്ടും നീ വിശേഷിച്ചും ഉപേക്ഷിക്കണം. മന്ത്രവിശേഷണത്താല്‍ താഴ്ത്തപ്പെട്ട സ്ത്രീകള്‍, പര്‍വ്വതം, വിഷമമായ ദുര്‍ഗ്ഗം, ആന, കുതിര, പാമ്പ് എന്നിവയില്‍ വളരെ കരുതലോടെ ജീവിക്കുക. രാത്രിയിലെ സഞ്ചാരം ഒഴിവാക്കുക. ദുരഭിമാനം, പിശുക്ക്, ക്രോധം, ഡംഭം ഇവയൊഴിവാക്കുക. അറിയാത്ത സ്ത്രീകളിലും, നപുംസക സ്ത്രീകളിലും, സ്വൈരിണികളായ പെണ്ണുങ്ങളിലും, പരസ്ത്രീകളിലും, കന്യകമാരിലും മൈഥുനം ചെയ്യരുത്. വര്‍ണ്ണസങ്കരം മുലം കുലങ്ങളില്‍ പാപരക്ഷസ്സുണ്ടാകും. ആണല്ലാത്ത അംഗഹീനന്‍, സുചകന്മാര്‍, അചേതനന്മാര്‍ ഇങ്ങനെയുളളവരൊക്കെ നാട്ടില്‍ ഉണ്ടാകും. രാജാവ് തെറ്റി നടന്നാലത്തെ ഫലമാണിത്.
വിശേഷിച്ചും രാജാവ് നാട്ടുകാരുടെ ഹിതം നോക്കി നടക്കണം. രാജാവ് അധര്‍മ്മിയായാല്‍ പ്രജാസങ്കരം ഉണ്ടാക്കും. അപ്പോള്‍ ഉഷ്ണത്തില്‍ ശീതം ഉണ്ടാകും. ശീതത്തില്‍ ശീതം ഉണ്ടാവുകയില്ല. അതിവൃഷ്ടി, അനാവൃഷ്ടി, വ്യാധി ഇവ ലോകരില്‍ വന്നുകൂടും. നക്ഷത്രങ്ങള്‍ ഉദിക്കും. എന്നാല്‍ അതോടൊപ്പം ഘോരഗ്രഹങ്ങളും ഉദിക്കും. വളരെ ഉല്‍പ്പാതങ്ങള്‍ രാജാവിന്ന് നാശമുണ്ടാക്കുന്ന വിധം കാണും.
തന്നെ കാക്കുവാന്‍ കൊളളാത്ത രാജാവ് നാട്ടുകാരെ കാക്കാന്‍ തീര്‍ച്ചയായും കൊള്ളില്ല. അവന്റെ നാട്ടുകാര്‍ ഇടഞ്ഞാല്‍ അവന്ന് നാശം സംഭവിക്കും. രണ്ടാള്‍ ഒരുത്തന്റെ മുതല്‍ അപഹരിക്കും. പലരും കൂടി ആ രണ്ടു പേരുടെ ധനവും അപഹരിക്കും. കുമാരികള്‍ക്ക് ദോഷം ഉണ്ടാകും. ഇതാണ് രാജാവ് ദുഷിച്ചാലുണ്ടാവുക.
എന്റേത് ഇത് എന്നു മനുഷ്യരില്‍ ഒരുത്തനും പറയാനാവുകയില്ല. രാജാവ് ധര്‍മ്മം കൈവിട്ട് പ്രമാദത്തില്‍പ്പെട്ടു പോയാല്‍ നാട്ടിലെ കഥ ഇത്തരത്തിലായിത്തീരും.
No comments:
Post a Comment