51. ഗുരുശിഷ്യസംവാദോപസംഹാരം - മനസ്സിന്റെ പ്രഭാവം, ആത്മസ്വരൂപം, ആത്മജ്ഞാനമാഹാത്മ്യം എന്നിവയെപ്പറ്റി കൃഷ്ണൻ ഉപദേശിക്കുന്നു - ബ്രഹ്മാവ് പറഞ്ഞു: ഈ പഞ്ചഭൂതങ്ങളുടെയെല്ലാം ഈശ്വരന്‍ മനസ്സാകുന്നു. അടക്കുന്ന കാര്യത്തിലും, വിട്ടയയ്ക്കുന്ന കാര്യത്തിലുമെല്ലാം ഭൂതാത്മാവായി നില്ക്കുന്നത് മനസ്സാണ്. മഹാഭൂതങ്ങളുടെ നിത്യമായ അധിഷ്ഠാതാവായിട്ടുള്ളതും മനസ്സാകുന്നു. ബുദ്ധി ഐശ്വര്യത്തെ പറയുന്നു; അവനാകുന്നു ക്ഷേത്രജ്ഞന്‍. ഒരു സാരഥി അശ്വങ്ങളെ രഥത്തില്‍ നുകം വെച്ചു പൂട്ടിക്കെട്ടുന്നതു പോലെ, ഇന്ദ്രിയങ്ങളെ മനസ്സില്‍ ബന്ധിക്കുന്നു. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവ എല്ലായ്പോഴും ക്ഷേത്രജ്ഞനോട് ചേര്‍ന്നിരിക്കുന്നു, ബന്ധിച്ചിരിക്കുന്നു. വലിയ കുതിരകള്‍ക്കു തുല്യമായ ബുദ്ധിയെക്കെട്ടിയ രഥത്തില്‍ക്കയറി ഭൂതാത്മാവ് എല്ലായിടത്തും സഞ്ചരിക്കുന്നു. ഇന്ദ്രിയസമൂഹങ്ങളാണു കുതിരകള്‍. മനസ്സാണു സാരഥി. ബുദ്ധിയാണു നിയന്ത്രിക്കുന്ന കടിഞ്ഞാൺ, നിത്യവും പായുന്ന അതിന്റെ ഉള്ളിലിരിക്കുന്നവന്‍ മഹത്തായ ബ്രഹ്മമാകുന്നു. ഇപ്രകാരം ബ്രഹ്മമയമായ രഥത്തെ ആരറിയുന്നുവോ, ആ ധീരനായ വിദ്വാന് സര്‍വ്വഭൂതങ്ങളിലും ഭയം ഏല്ക്കുന്നതല്ല. അവ്യക്താദിവിശേഷാന്തവും, ചരാചരസമന്വിതവും, സൂരൃചന്ദ്രന്മാരാകുന്ന കാഴ്ചയോടും, നക്ഷത്രഗണങ്ങളാകുന്ന അലങ്കാരത്തോടും, പുഴ, കുന്നില്‍നിര എന്നിവയാല്‍ എല്ലാ ദിക്കിലും പരിഭൂഷിതവും, പല മട്ടിലുള്ള ജലത്താല്‍ എപ്പോഴും അലംകൃതവും ഭൂതങ്ങള്‍ക്കെല്ലാം ആജീവ്യവും പ്രാണങ്ങള്‍ക്കെല്ലാം ഗതിയുമായ ആ ബ്രഹ്മവനത്തില്‍ നിത്യവും ക്ഷേത്രജ്ഞന്‍ ആ രഥത്തില്‍ചുറ്റുന്നു.
ഈ ലോകത്തില്‍ ചരാചരമായി തത്ത്വജാലങ്ങള്‍ ഉണ്ടല്ലോ. അവയൊക്കെ ആദ്യമായി ലയിക്കും. പിന്നെ എല്ലാ ഭൂതഗണങ്ങളും ലയിക്കും. ഗുണങ്ങളും ലയിക്കും. പിന്നെ പഞ്ചഭൂതങ്ങളും ലയിക്കും. ഇങ്ങനെയാണ് വിലയത്തിന്റെ ക്രമം.
ദേവന്മാരും, മാനുഷരും, ഗന്ധര്‍വ്വരും, പിശാചുക്കളും,അസുരന്മാരും, രാക്ഷസന്മാരും ക്രിയാഹേതുക്കളാലല്ല സ്വഭാവാല്‍ സൃഷ്ടരാണ് എല്ലാവരും. വിശ്വസൃഷ്ടാക്കളായ ഇവര്‍ വീണ്ടും പിറക്കുന്നു. അവര്‍ പെറ്റമ്മയായ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കും. കാലമായാല്‍ കടലില്‍ അതില്‍ നിന്നുയര്‍ന്ന തിര അതില്‍ത്തന്നെ ലയിക്കുന്നതു പോലെ ലയിക്കും. വിശ്വസൃക്ഭൂതത്തിന്റെ മാര്‍ഗ്ഗത്തിലൂടെ എല്ലാ മഹാഭൂതങ്ങളും പഞ്ചഭൂതങ്ങളും വിട്ടവന്‍ പരസല്‍ഗതിയെ പൂകുന്നതാണ്.
ഇതൊക്കെ പ്രജാപതിയായ പ്രഭു മനസ്സാല്‍ തീര്‍ത്തതാണ്. അപ്രകാരം ഋഷികള്‍ ദേവത്വത്തെ തപസ്സുകൊണ്ടു നേടിയതാണ്. തപസ്സിന്റെ മുറപോലെ ഫലമൂലങ്ങള്‍ ഭക്ഷിക്കുന്ന തപസ്സിദ്ധന്മാര്‍ മൂന്നു ലോകത്തെയും യോഗത്താല്‍ ദര്‍ശിക്കുന്നു. അഗദം മുതലായ ഓഷധങ്ങള്‍, നാനാതരം വിദ്യകള്‍ എന്നിവയെല്ലാം തപസ്സു കൊണ്ട് സാധിക്കുന്നു. തപസ്സു വഴി എല്ലാം നേടാന്‍ കഴിയും. എന്തൊക്കെ നേടാന്‍ കഴിയാത്തതുണ്ടോ എന്തൊക്കെ പ്രാപിക്കാന്‍ സാധിക്കാത്തതുണ്ടോ, എന്തൊക്കെ പഠിക്കാന്‍ സാധിക്കാത്തതുണ്ടോ, എന്തൊക്കെ ജയിക്കാന്‍ കഴിയാത്തതുണ്ടോ, എന്തൊക്കെ ചേര്‍ക്കാന്‍ കഴിയാത്തതുണ്ടോ അതൊക്കെ തപസ്സു കൊണ്ടു കഴിയുന്നതാണ്. തപസ്സും ദുരതിക്രമമാണ്. അതിനെ കവിഞ്ഞ് നില്ക്കുവാന്‍ ഒന്നിനും സാദ്ധ്യമല്ല. സുരാപാനം (മദ്യപാനം), ബ്രഹ്മഹത്യ, അപഹരണം, ഭ്രൂണഹത്യ, ഗുരുപത്നീരതി, ഇത്തരം മഹാപാപങ്ങള്‍ ചെയ്തവന്റെ പാപവും തപസ്സു കൊണ്ടു വിട്ടൊഴിയുന്നതാണ്.
മനുഷ്യരും, പിതൃക്കളും, ദേവന്മാരും, പശുക്കളും, പക്ഷികളും, മൃഗങ്ങളും, മറ്റു ഭൂതജാലങ്ങളും, ചരങ്ങളും, അചരങ്ങളും തപസ്തല്‍പരരായി നിതൃവും തപസ്സു കൊണ്ടു സിദ്ധിയേല്ക്കുന്നു: ഇപ്രകാരം മഹാമായരായ ദേവന്മാര്‍ തപസ്സു കൊണ്ടാണ് സ്വര്‍ഗ്ഗത്തിലെത്തിയത്. ആശിസ്സോടു കൂടിയ കര്‍മ്മങ്ങള്‍ മടികൂടാതെ ചെയ്യുന്നവരും, അഹങ്കാരാഢ്യന്മാരുമായ അവര്‍ പ്രജാപതിയുടെ സമീപത്തു സഞ്ചരിക്കുന്നവരാണ്. വിശുദ്ധ ജ്ഞാനയോഗത്താല്‍ നിരഹങ്കാരരും, നിര്‍മ്മമന്മാരുമായ മഹാത്മാക്കള്‍ ഉത്തമവും മഹത്തുമായ ലോകം നേടുന്നു. ധ്യാനയോഗലീനരായി, മനസ്സു തെളിഞ്ഞവരായ ആത്മവിത്തമന്മാര്‍ സുഖം വായ്ക്കുന്ന അവ്യക്തത്തെ പ്രാപിക്കും. ധ്യാനയോഗത്താല്‍ ചെന്നണഞ്ഞ് നിര്‍മ്മമരും, നിരഹങ്കാരരുമായവര്‍ അവ്യക്തവും, മഹത്തും ഉത്തമവുമായ ലോകത്തെ പ്രാപിക്കുന്നു. അവ്യക്തോല്‍ഭുതമായി വീണ്ടും സമസംജ്ഞയിലാണ്ട പുരുഷന്‍ തമസ്സും രജസ്സും വിട്ടു സത്വത്തെ പ്രാപിച്ച് സര്‍വ്വപാപങ്ങളും വിട്ടവന്‍ സര്‍വ്വം നിഷ്കളം സൃഷ്ടിക്കുന്നു. അവന്‍ സര്‍വ്വജ്ഞനാണെന്ന് ധരിക്കുക. അവനെ അറിഞ്ഞവന്‍ വേദജ്ഞനാണെന്നു വിചാരിക്കണം. ശുദ്ധമായ ജ്ഞാനം ചിത്തം കൊണ്ടെണഞ്ഞ് മുനിയായി, സംയതനായി വാഴുക. ഇതു നിത്യമായ ഒരു രഹസ്യമാകുന്നു. അവ്യക്തം ആദിയായി വിശേഷം അന്തമായിരിക്കുന്നതാണ് അവിദ്യയുടെ ലക്ഷണം. അങ്ങനെ ഗുണങ്ങളെ ലക്ഷണങ്ങള്‍ കൊണ്ടു അറിയുവിന്‍.
ദ്വൈയക്ഷരം, രണ്ടക്ഷരമുള്ളതാണ് മൃത്യു. ശാശ്വതം എന്ന ബ്രഹ്മം മൂന്നക്ഷരമുള്ളതാകുന്നു. "മമ" (എന്റെ) എന്ന രണ്ടക്ഷരമാണ് മൃത്യു. "ന മമ " ( എന്റെയല്ല ) എന്നതാണ് ശാശ്വതം. മന്ദബുദ്ധികളായ ചില നരന്മാര്‍ കര്‍മ്മത്തെ പുകഴ്ത്തുന്നു. വൃദ്ധന്മാരായ മഹാത്മാക്കള്‍ ആ കര്‍മ്മത്തെ പുകഴ്ത്തുന്നതല്ല. കര്‍മ്മത്താല്‍ ജാതനായ ജന്തു മൂര്‍ത്തിമാനായ "ഷോഡശാത്മക"നാണ് (പഞ്ചഭൂതങ്ങളും നാലു ജ്ഞാനേന്ദ്രിയങ്ങളും മനസ്സും നാലു കര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്ന പതിനാറെണ്ണം).
ശരിയായ ജ്ഞാനത്തെ പുരുഷന്‍ വിഴുങ്ങിക്കളയുന്നു. ദേവന്മാര്‍ക്ക്, അമൃത് അശിക്കുന്നവര്‍ക്ക് അതാണ് ആശ്രയം. അതു കൊണ്ടാണ് മറുകര കണ്ട മഹാത്മാക്കള്‍ സ്നേഹത്തെ ഉപേക്ഷിക്കുന്നത്. വിദ്യാമയനായ പുരുഷന്‍ കര്‍മ്മാത്മാവല്ല. ഇപ്രകാരം ആര് അമൃതനും, നിത്യനും, അഗ്രാഹ്യനും, അക്ഷരനിഷ്ഠനുമായ ആത്മാവിനെ കൂട്ടുവിട്ട് അധീനത്തില്‍ കാണുന്നുവോ, അവന്‍ അമൃതനാകുന്നു. അപൂര്‍വ്വനും, അകൃതനും, നിത്യനും, അവിചാരിയുമായി ഏതൊരുത്തനെ അറിയുന്നുവോ, അഗ്രാഹ്യനും, അമൃതാശിയുമായ ആത്മാവെ അറിയുന്നുവോ, അവന്‍ ഈ കാരണങ്ങളാല്‍ അഗ്രാഹ്യാമൃതനായി ഭവിക്കും. സര്‍വ്വസംസ്കാരവും കൂട്ടി ആത്മാവിനെ ആത്മാവിലാക്കിയ പുരുഷന്‍ ആ ശുഭമായ ബ്രഹ്മത്തെ അറിയുന്നു. അതിന് അപ്പുറമായി ഒന്നും ഇല്ല. സത്വപ്രസാദം വന്നുചേര്‍ന്നാല്‍ പ്രസാദത്തെ നേടും. പ്രസാദത്തിന്റെ ലക്ഷണമോ സ്വപ്നക്കാഴ്ചയ്ക്ക് തുല്യമാണ്. ഇതാണ് മുക്തര്‍ക്ക് ഗതി. ജ്ഞാനനിഷ്ഠിതരായ, നിശ്ചയത്തില്‍ ഉറച്ച യോഗികള്‍ പരിണാമജമായതെല്ലാം കാണും. ഇതാണ് വിരക്തര്‍ക്ക് ഗതി. ഇത് സനാതനമായ ധര്‍മ്മമാകുന്നു. ജ്ഞാനവാന്മാര്‍ക്ക്‌ഇതാണു ലാഭം. ഇത് അനിന്ദിതമായ വൃത്തമാകുന്നു. എല്ലാ ഭൂതങ്ങളിലും സമഭാവനയുള്ളവനും, നിരാശിസ്സും, നിസ്പൃഹനും, എല്ലാറ്റിലും തുല്യമായി ദര്‍ശിക്കുന്നവനുമായ പുരുഷന്‍ ഈ ഗതിയെ നേടുന്നതാണ്. ഇതെല്ലാം ഞാന്‍ നിങ്ങളോട് പറഞ്ഞു ബ്രഹ്മര്‍ഷി മുഖ്യന്മാരേ! അപ്രകാരം നിങ്ങള്‍ ഉടനെ ചെയ്യുവിന്‍. എന്നാല്‍ നിങ്ങള്‍ക്കു സിദ്ധി ലഭിക്കുന്നതാണ്.
ഗുരു പറഞ്ഞു: ഇപ്രകാരം ഗുരുവായ ബ്രഹ്മാവ് പറഞ്ഞപ്പോള്‍ മുനിമാരായ അവര്‍ ആ വാക്കുകള്‍ കേട്ട് അപ്രകാരം ചെയ്തു. പിന്നെ ലോകങ്ങളെ നേടുകയും ചെയ്തു. ഇപ്രകാരം ഞാന്‍ പറഞ്ഞ ബ്രഹ്മഭാഷിതം അല്ലയോ ശുദ്ധാത്മാവേ, ഭവാന്‍ നന്നായി അനുഷ്ഠിക്കുക, നീ സിദ്ധനായി ഭവിക്കും.
വാസുദേവന്‍ പറഞ്ഞു: ഇപ്രകാരം മുഖ്യമായ ധര്‍മ്മം ഗുരു പറഞ്ഞതു കേട്ട ശിഷ്യന്‍ അല്ലയോ കൗന്തേയാ, എല്ലാം ചെയ്ത് പിന്നെ മോക്ഷത്തെ പ്രാപിക്കുകയും ചെയ്തു. അങ്ങനെ ശിഷ്യന്‍ കൃതകൃത്യനായി കുരുകുലോദ്വഹാ! എവിടെഎത്തിയാല്‍ പിന്നെ ആരും അല്ലല്‍ ഏല്ക്കുന്നതല്ലയോ ആ പദത്തെ അവന്‍ പ്രാപിച്ചു.
അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ കൃഷ്ണാ, ആരാണ് ജനാര്‍ദ്ദനാ, ഈ ബ്രാഹ്മണന്‍? ആരാണ് ഈ ശിഷ്യന്‍?എനിക്കു കേള്‍ക്കാന്‍ വിരോധമില്ലെങ്കില്‍ വിഭോ, ശരിയായും പറഞ്ഞുതരണേ!
വാസുദേവന്‍ പറഞ്ഞു: അല്ലയോ മഹാത്മാവേ. ആ ഗുരു ഞാനാണ്. എന്റെ മനസ്സാണ് ശിഷ്യന്‍! നിന്നോടുള്ള പ്രീതി കൊണ്ടു ഞാന്‍ ഈ രഹസ്യം ഉപദേശിച്ചതാണ് ധനഞ്ജയാ! നിനക്ക് എന്റെ പ്രീതി ശാശ്വതമാണെങ്കില്‍ അല്ലയോ കുരുകുലോദ്വഹാ, ഈ അദ്ധ്യാത്മം കേട്ട് നന്നായി സുവ്രതാ, നീ ആചരിക്കുക! അരികര്‍ശനാ, നീ ഈ ധര്‍മ്മം നന്നായി ചെയ്യുകയാണെങ്കില്‍ എല്ലാ പാപങ്ങളും വിട്ട് കേവലം മോക്ഷത്തെ പ്രാപിക്കും. മുമ്പേ ഞാന്‍ ഇതു തന്നെയാണു പറഞ്ഞത്, യുദ്ധകാലത്തിന്റെ ആരംഭത്തില്‍ മഹാബാഹോ, നീ അതുകൊണ്ട് ഇതില്‍ നല്ല പോലെ മനസ്സു വെക്കുക: അല്ലയോ ഭരതശ്രേഷ്‌ഠാ, വളരെ നാളായി ഞാന്‍ അച്ഛനെ കണ്ടിട്ട്. നിന്റെ സമ്മതത്തോടെ അച്ഛനെക്കാണുവാന്‍ പോകണമെന്ന് ഞാന്‍ ആശിക്കുന്നു ഫല്‍ഗുനാ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ കൃഷ്ണനോട് അര്‍ജ്ജുനന്‍ ഉത്തരം പറഞ്ഞു: ഭവാനു പോകണമെങ്കില്‍ നാം ഉടനെ ഹസ്തിനപുരിയില്‍പ്പോവുക. അവിടെച്ചെന്നു ധര്‍മ്മിഷ്ഠനായ യുധിഷ്ഠിര രാജാവിനെക്കാണുക. രാജാവിന്റെ സമ്മതം വാങ്ങി ഭവാന്‍ സ്വന്തം പുരിയിലേക്കു പോയാലും!
52. കൃഷ്ണപ്രയാണം - കൃഷ്ണൻ ധർമ്മജനോട് യാത്ര പറയുന്നു. ധർമ്മജൻ പോകാനനുവദിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഉടനെ ദാരുകനെ വിളിച്ച് രഥത്തില്‍ അശ്വങ്ങളെ പൂട്ടുവാന്‍ കൃഷ്ണന്‍ ആജ്ഞാപിച്ചു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ രഥം പൂട്ടിയതായി ദാരുകന്‍ ഉണര്‍ത്തിച്ചു. അപ്രകാരം പിന്‍തുണക്കാരെ പാര്‍ത്ഥന്‍ പ്രേരിപ്പിച്ചു. എല്ലാം തയ്യാറെടുക്കുവിന്‍! നമുക്ക് ഇന്ന് ഹസ്തിനാപുരിയില്‍ എത്തണം. പാര്‍ത്ഥന്റെ കല്പന കേട്ട് ഭടന്മാരെല്ലാം തയ്യാറായി രാജാവേ! തേജസ്വിയായ പാര്‍ത്ഥനോട്, "ഇതാ എല്ലാവരും തയ്യാറായിരിക്കുന്നു", എന്നു ഭടന്മാര്‍ അറിയിച്ചു. അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഒരു രഥത്തില്‍ക്കയറി ഹസ്തിനാപുരിയിലേക്കു തിരിച്ചു പോകുന്ന വഴിക്കു വിചിത്രമായ ഓരോ കഥകള്‍ പറഞ്ഞ് കൃഷ്ണാര്‍ജ്ജുനന്മാര്‍ രസിച്ചു. തേരില്‍ ഇരിക്കുന്ന കൃഷ്ണനോട് തേജസ്വിയായ ധനഞ്ജയന്‍ വീണ്ടും ഇപ്രകാരം പറയുവാന്‍ തുടങ്ങി ഭാരതസത്തമാ!.
അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ വൃഷ്ണികുലോത്തമാ ഭവാന്റെ പ്രസാദത്താല്‍ രാജാവ് വിജയിച്ചു. വൈരികളെയെല്ലാം സംഹരിച്ചു അകണ്ടകമായി രാജ്യം നേടി. അല്ലയോ മധുസൂദനാ, പാണ്ഡവന്മാര്‍ സനാഥരായി. അങ്ങയാല്‍ കുരുക്കളാകുന്ന മഹാസമുദ്രം ഭവാനാകുന്ന പ്ലവത്താല്‍ ( തോണി കടന്ന് ) മറുകരയെത്തി. അല്ലയോ വിശ്വകര്‍മ്മാവേ, വിശ്വാത്മാവേ, വിശ്വസത്തമാ! അങ്ങയ്ക്കു നമസ്‌കാരം. ഞാന്‍ അങ്ങയായിത്തീര്‍ന്നാലെന്ന വണ്ണം ഭവാനെ ഞാന്‍ അറിയുന്നു. മധുസുദനാ, എല്ലാ ജീവികളുടെ ആത്മാവും അങ്ങയുടെ തേജസ്സില്‍ നിന്നുണ്ടായതാണല്ലോ! ഈ ഭൂമിയും ആകാശവും അങ്ങയുടെ രതിക്രീഡാത്മമായ മായയാകുന്നു. ചരാചരാത്മകമായ വിശ്വമെല്ലാം നിന്നിലുള്ളതാണ്. അങ്ങു ചതുര്‍വ്വിധമായ ഭൂതസമുഹങ്ങളെയും വ്യതൃസ്ത ഭാവത്തോടെ സൃഷ്ടിക്കുന്നു. ഭൂമിയും, അന്തരീക്ഷവും സ്വര്‍ഗ്ഗവും അപ്രകാരം ഭവാന്‍ സൃഷ്ടിക്കുന്നു. അങ്ങയുടെ പുഞ്ചുരിയാണല്ലൊ പൂനിലാവ്. അങ്ങയുടെ ഇന്ദ്രിയങ്ങളാണല്ലോ ഋതുക്കള്‍. എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന വായു ഭവാന്റെ പ്രാണനാകുന്നു. സുനാതനമായ മൃത്യു അങ്ങയുടെ ക്രോധമാകുന്നു. അങ്ങയുടെ പ്രസാദമാണ് ഐശ്വര്യ ദേവത. അല്ലയോ ബുദ്ധിസത്തമാ, ശ്രീ എപ്പോഴും അങ്ങയില്‍ അധിവസിക്കുന്നുവല്ലോ. രതി, തുഷ്ടി, ക്ഷാന്തി, ധൃതി, മതി, കാന്തി, ചരം, അചരം എന്നിവയെല്ലാം യുഗാന്തത്തില്‍ അങ്ങയില്‍ തന്നെ ചെന്നു ലയിക്കുന്നുവല്ലോ അനഘാശയാ! വളരെയേറെ കാലങ്ങള്‍ പറഞ്ഞാലും ഭവാന്റെ ഗുണങ്ങള്‍ അവസാനിക്കുന്നതല്ല. അങ്ങ് ആത്മാവാണ്. പരമാത്മാവുമാണ്. അല്ലയോ നളിനേക്ഷണാ, അങ്ങയ്ക്ക് നമസ്‌കാരം. അല്ലയോ ദുര്‍ദ്ധര്‍ഷാ, നാരദമഹര്‍ഷി പറഞ്ഞ് ഞാന്‍ അങ്ങയെ അറിയുന്നു. ദേവലനും വ്യാസനും, ഭീഷ്മനും പറഞ്ഞ് ഞാന്‍ അങ്ങയെപ്പറ്റി അറിയുന്നുണ്ട്. സര്‍വ്വവും ഭവാനില്‍ നില്ക്കുന്നു. ഭവാന്‍ ഒരുത്തനാണ് ജനേശ്വരനായിട്ടുള്ളത്. അല്ലയോ അനഘാശയാ, അനുഗ്രഹത്തോടെ ഇതു ഭവാന്‍ പറഞ്ഞു. അങ്ങ് പറഞ്ഞതെല്ലാം ഞാന്‍ ആചരിച്ചു കൊള്ളാം. ജനാര്‍ദ്ദനാ!ഞങ്ങളുടെ ഇഷ്ടത്തിനായി ഭവാന്‍ പലതും ചെയ്തു. പാപിയായ ആ കൗരവ്യനെ, ധാര്‍ത്തരാഷ്ട്രനെ, പോരില്‍ വധിച്ചതും അങ്ങയുടെ അനുഗ്രഹം കൊണ്ടു തന്നെയാണ്. അങ്ങ് ദഹിപ്പിച്ച സൈന്യത്തെ ഞാന്‍ യുദ്ധത്തില്‍ വിജയിച്ചതാണ്. ഞാന്‍ ജയിച്ചു എന്നു വരുത്തിയ സകല കര്‍മ്മവും ശരിയായും ചെയ്തത് ഭവാനാണ്. ദുര്യോധനന്റെ യുദ്ധത്തില്‍, അങ്ങയുടെ ധീയാലും, വിക്രമത്താലും, കര്‍ണ്ണന്റെ വധോപായവും, ഭവാന്‍ നന്മയോടെ എനിക്കു കാണിച്ചു തന്നു. പാപിയായ സൈന്ധവന്റെയും, സോമദത്തപുത്രന്റെയും വധോപായം ഭവാന്‍ കാണിച്ചു തന്നു. അതുകൊണ്ട് അല്ലയോ ദേവകീപുത്രാ! എന്നില്‍ പ്രീതനായിരിക്കുന്ന ഭവാന്‍ എനിക്കു വേണ്ടി എന്തു പറഞ്ഞാലും ചെയ്യും. അതില്‍എനിക്ക് ലേശവും സംശയമില്ല. അല്ലയോ സന്മതേ യുധിഷ്ഠിര രാജാവിനെ ചെന്നുകണ്ട് അല്ലയോ ധര്‍മ്മജ്ഞാ,ഞാന്‍ അങ്ങയുടെ യാത്രയ്ക്ക് അനുവാദം നല്കുന്ന കാര്യത്തില്‍ പ്രേരിപ്പിക്കാം പ്രഭോ! അങ്ങ് ദ്വാരകയില്‍ പോകുന്ന കാര്യം എനിക്ക് സമ്മതം തന്നെയാണ്. ജനാര്‍ദ്ദനാ, അങ്ങു താമസിക്കാതെ അമ്മാവനെക്കാണും. ദുര്‍ദ്ധര്‍ഷനായ ബാലനെയും, മറ്റു വൃഷ്ണീന്ദ്രന്മാരെയും ഭവാന്‍ കാണും!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഓരോന്നും സംസാരരിച്ചു കൊണ്ടിരിക്കവെ അവര്‍ ഹസ്തിനപുരത്തില്‍ ചെന്നെത്തി. വളരെ സന്തോഷത്തോടെ ഇരിക്കുന്ന ജനങ്ങള്‍ നിറഞ്ഞ ആ പുരത്തിലേക്ക് അവര്‍ ചെന്നെത്തി. ഇന്ദ്രാലയം പോലെ ശോഭിക്കുന്ന ധൃതരാഷ്ട്രന്റെ ഗൃഹത്തില്‍ അവര്‍ ചെന്നെത്തി. ധൃതരാഷ്ട്ര രാജാവിനെ അവര്‍ ചെന്നു കണ്ടു. പിന്നെ വിദുരനെയും, പിന്നെ ധര്‍മ്മപുത്രരാജാവിനെയും കണ്ടു. ദുര്‍ദ്ധര്‍ഷനായ ഭീമനെയും, മാദ്രീനന്ദനന്മാരെയും കണ്ടു. ധൃതരാഷ്ട്രന്റെ സമീപത്തു നില്ക്കുന്ന അപരാജിതനായ യുയുത്സുവിനെയും കണ്ടു. പ്രാജ്ഞയായ ഗാന്ധാരിയെയും, കുന്തിദേവിയെയും, കൃഷ്ണയെയും കണ്ടു. സുഭ്രദ മുതലായ മറ്റു ഭാരത സ്ത്രീകളെയും കണ്ടു. ഗാന്ധാരിയെ ശുശ്രൂഷിക്കുന്ന മറ്റു സ്ത്രീകളെയും കണ്ടു. ധൃതരാഷ്ട്ര ക്ഷിതിപനെ ചെന്നുകണ്ട് ആ അരിന്ദമര്‍ അവരവരുടെ പേര് പറഞ്ഞ് പാദം പിടിച്ചു. ഗാന്ധാരിയുടെയും, കുന്തിയുടെയും, ധര്‍മ്മജന്റെയും, ഭീമന്റെയും പാദങ്ങള്‍ അപ്രകാരം തന്നെ ആ മഹാത്മാക്കള്‍ പിടിച്ചു. ക്ഷത്താവിന്റെ സമീപത്തു ചെന്ന് അവ്യയമായ കുശലം ചോദിച്ചു. അവരോടെല്ലാവരോടും കൂടി ആ വൃദ്ധ നൃപനെ ശുശ്രൂഷിച്ചു. മേധാവിയായ ധൃതരാഷ്ട്ര രാജാവ് പിന്നെ രാത്രിയില്‍ ആ കുരുമുഖ്യനെയും കൃഷ്ണനെയും ഗൃഹങ്ങളിലേക്കയച്ചു. അവരവരുടെ ഗൃഹങ്ങളില്‍ രാജാനുമതരായ അവര്‍ ചെന്നെത്തി. വീര്യവാനായ കൃഷ്ണന്‍ ധനഞ്ജയന്റെ ഗൃഹത്തിലേക്കു പോയി. അവിടെ കൃഷ്ണന്‍ എല്ലാവിധ വിശിഷ്ട വസ്തുക്കളാലും അര്‍ച്ചിതനായി. ധനഞ്ജയനോടു കൂടെ അന്ന് അവിടെക്കിടന്ന് കൃഷ്ണന്‍ ഉറങ്ങി.
നേരം പ്രഭാതമായി. സൂര്യരശ്മി സകലയിടത്തും പ്രകാശിച്ചു. അവര്‍ പൂര്‍വ്വാഹ്ന്ക്രിയ ചെയ്തു. അര്‍ച്ചിതരായ അവര്‍ ധര്‍മ്മരാജാവിന്റെ ഗൃഹത്തില്‍ ചെന്നു. അപ്പോള്‍ അമാതൃരോടു കൂടി മഹാബലനായ ധര്‍മ്മരാജാവ് ഇരിക്കുകയായിരുന്നു. ആ ഗൃഹത്തില്‍ രാജാവിനെ, അവര്‍ അര്‍ച്ചിതനായ ശക്രനെ അശ്വിനീദേവകള്‍ എന്നപോലെ ദര്‍ശിച്ചു. അവര്‍ രാജാവിന്റെ സമീപത്തു ചെന്നു. പ്രീതനായ രാജാവിന്റെ അനുവാദത്തോടെ അവര്‍ ആസനസ്ഥരായി. മേധാവിയായ രാജാവ്, പറയുവാന്‍ ഇച്ഛിക്കുന്ന അവരോട് ആ വാഗ്‌മി പ്രവരനായ രാജസത്തമന്‍ ഇപ്രകാരം പറഞ്ഞു.
യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ യദുകുരൂദ്വഹന്മാരേ, ഞാന്‍ നിങ്ങളെ സസന്തോഷം കാണുന്നു. ! നിങ്ങള്‍ എന്താണ് പറയുവാന്‍ ചിന്തിക്കുന്നത് പറയുക! സംശയിക്കേണ്ടതില്ല. വേണ്ടത് ഉടനെ ഞാന്‍ ചെയ്യാം. ഇപ്രകാരം രാജാവ് പറഞ്ഞപ്പോള്‍ വിനയപൂര്‍വ്വം സമീപത്തു ചെന്ന് വാകൃവിശാരദനായ അര്‍ജ്ജുനന്‍ ഇപ്രകാരം ഉണര്‍ത്തിച്ചു.
അര്‍ജ്ജുനന്‍ പറഞ്ഞു: പ്രതാപവാനായ ഈ വാസുദേവന്‍ അല്ലയോ രാജാവേ, നമ്മുടെ കൂടെ വളരെനാള്‍ പാര്‍ത്തുവല്ലോ. ഇപ്പോള്‍ അങ്ങയുടെ സമ്മതം വാങ്ങി ദ്വാരകയില്‍ച്ചെന്ന് അച്ഛനെ കാണണമെന്നാഗ്രഹിക്കുന്നു. അങ്ങ് അനുവാദിക്കുകയാണെങ്കില്‍, അങ്ങയ്ക്ക് സമ്മതമാണെങ്കില്‍, അദ്ദേഹം പോകാന്‍ ഇഷ്ടപ്പെടുന്നു. അങ്ങ് അനുവദിക്കണമെന്നപേക്ഷിക്കുന്നു.
യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പുണ്ഡരീകാക്ഷാ! മധുസുദനാ, അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ പ്രഭോ, ശൂരസൂനുവെക്കാണുവാന്‍ ദ്വാരകയിലേക്ക് ഇപ്പോള്‍ പൊയ്ക്കൊളളുക! മഹാബാഹോ, കേശവാ! ഭവാന്‍ പോകുന്നത് എനിക്കു സമ്മതമാണ്. അമ്മാവനെയും, അമ്മയായ ദേവകിയെയും കണ്ടിട്ടു വളരെ നാളായല്ലോ. അല്ലയോ സുമാനദ, ഭവാന്‍ അമ്മാവനെയും ബലനെയും ചെന്നു കണ്ട് അല്ലയോ മഹാപ്രാജ്ഞാ, യഥാര്‍ഹം പൂജിച്ചാലും! എന്നെ നിതൃവും ഓര്‍ക്കണേ! ശക്തനായ ഭീമനെയും ഓര്‍ക്കണേ! അല്ലയോ മാനദാ! അര്‍ജ്ജുനനെയും ഓര്‍ക്കണേ! മാദ്രീപുത്രന്മാരെയും ഓര്‍ക്കണേ! ആനര്‍ത്തരാജ്യവും (ദ്വാരകയും) കണ്ട്, അച്ഛനെയും കണ്ട് വൃഷ്ണിന്ദ്രന്മാരെയും കണ്ട് അങ്ങു വീണ്ടും ഇങ്ങോട്ടു വരണേ! അശ്വമേധത്തിന് ഭവാന്‍ എത്തണം! പോകുമ്പോള്‍ രത്നങ്ങളും, ധനങ്ങളും, പലവിധം വസ്ത്രങ്ങളും വേണ്ടുവോളം കൊണ്ടുപോകാം. സാത്വതാ, ഇഷ്ടമുള്ളതൊക്കെഎടുത്തു കൊള്ളുക. ഭവാന്റെ പ്രസാദത്താല്‍ കേശവാ, ഈ ഭൂമി മുഴുവന്‍ ഞങ്ങള്‍ക്കു ലഭിച്ചു; വീരാ! രിപുക്കളൊക്കെ വധിക്കപ്പെട്ടു!
വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍, കൗരവ്യന്‍, ഇപ്രകാരം പറഞ്ഞപ്പോള്‍ പുരുഷശ്രേഷ്ഠനായ വാസുദേവന്‍ ഇങ്ങനെ അവരോടു പറഞ്ഞു.
കൃഷ്ണന്‍ പറഞ്ഞു: രത്നങ്ങളും ധനങ്ങളും ഈ ധരിത്രിയും അല്ലയോ മഹാഭുജാ, എല്ലാം അങ്ങയ്ക്കുള്ളതാണ്. എന്റെ ഗൃഹത്തിലുള്ള സകല ധനങ്ങള്‍ക്കും അല്ലയോ രാജാവേ, ഭവാന്‍ ഈശ്വരനാകുന്നു. എല്ലാം അങ്ങയുടേതാണ്!
വൈശമ്പായനൻ പറഞ്ഞു: അപ്രകാരമാകട്ടെ എന്നേറ്റ് എതിര്‍പൂജ ചെയ്തവനായ ഗദാഗ്രജന്‍ പിതൃസഹോദരിയോട് (കുന്തിയോട്) യാത്ര പറഞ്ഞ് അവളെ പ്രദക്ഷിണം ചെയ്തു. കുന്തിയാല്‍ വേണ്ട പോലെ ആരദരിക്കപ്പെട്ടവനായ ഗദാഗ്രജന്‍, കൃഷ്ണന്‍, വിദുരാദ്യരാല്‍ അനുഗമിക്കപ്പെട്ടു. അങ്ങനെ ചതുര്‍ഭുജനായ കൃഷ്ണന്‍ ഹസ്തിനപുരത്തില്‍ നിന്നു ദിവ്യരഥത്തില്‍ പുറപ്പെട്ടു. രഥത്തില്‍ സഹോദരിയായ സുഭദ്രയേയും കയറ്റിയിരുത്തി. പിതൃസഹോദരിയായ കുന്തിയുടേയും രാജാവിന്റേയും അനുവാദത്തോടെ പൗരജനങ്ങളാല്‍ ചുറ്റപ്പെട്ടവനായി, മുറയ്ക്ക് ഹസ്തിനപുരത്തില്‍ നിന്നിറങ്ങി. കൃഷ്ണന്റെ പിന്നാലെ അര്‍ജ്ജുനനും, ശൈനേയനും, മാദ്രീകുമാരന്മാരും, അഗാധബുദ്ധിമാനായ വിദുരനും, ഭീമഗജേന്ദ്രവിക്രമനായ ഭീമനും അനുഗമിച്ചു.
പിന്നെ കുരുരാജ്യമുഖ്യന്മാരെയെല്ലാം തിരിച്ചയച്ച്, വീരനായ വിദുരനേയും പറഞ്ഞു തിരിച്ചയച്ച് ജനാര്‍ദ്ദനന്‍ ദാരുകനോടും, ശിനിപുത്രനോടും, അശ്വങ്ങളെ നടത്തുവാനായി പറഞ്ഞു. ഉടനെ കൃഷ്ണന് തുണയായി രിപുവര്‍ഗ്ഗമര്‍ദ്ദനനായ സാത്യകി പോയി. സുരവൈരികളെ ജയിച്ച ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തില്‍ എത്തുന്നത് പോലെ പ്രതാപവാനായ കൃഷ്ണന്‍ ദ്വാരകയില്‍ ചെന്നെത്തി.
53. ഉത്തങ്കോപാഖ്യാനം കൃഷ്ണോത്തങ്ക സമാഗമം- മാർഗ്ഗമദ്ധ്യത്തിൽ മരുഭൂമിയിൽ കൃഷ്ണൻ ഉത്തങ്കനെ കണ്ടുമുട്ടുന്നു - വൈശമ്പായനന്‍ പറഞ്ഞു: കൃഷ്ണന്‍ ദ്വാരകയിലേക്കു പോകുന്ന സമയത്ത് ഭരതര്‍ഷഭന്മാര്‍ അദ്ദേഹത്തെ ഗാഢമായി പുണര്‍ന്നു യാത്രയയച്ചു, പരിവാരങ്ങളോടു കൂടി പിന്‍തിരിച്ചു പോന്നു. വീണ്ടും വീണ്ടും മാധവനെ അര്‍ജ്ജുനന്‍ പുണര്‍ന്നു. കണ്ണെത്തുന്നിടത്തോളം അവനെ നോക്കിനിന്നു. പാര്‍ത്ഥന്‍ ഗോവിന്ദനില്‍ ഏല്പിച്ച ദൃഷ്ടിയെ പിന്‍തിരിച്ചു. അപരാജിതനായ കൃഷ്ണനും അപ്രകാരം ദൃഷ്ടി പിന്‍തിരിച്ചു. ആ മഹാത്മാവ് പോകുന്ന സമയത്ത് പലതരംഅത്യത്ഭുതങ്ങളുമുണ്ടായി. അത് ഞാന്‍ പറയാം, നീ കേള്‍ക്കുക. കാറ്റ് വളരെ വേഗത്തോടെ ആ തേരിന് മുമ്പില്‍ ആഞ്ഞടിച്ചു. ചരലും, പൊടിയും, മുള്ളും എല്ലാം വഴിയില്‍ നിന്നു മാരുതന്‍ അടിച്ചു പറപ്പിച്ചു. സുരഭിലമായ ജലം ദേവേന്ദ്രനും വര്‍ഷിച്ചു. ശാര്‍ങ്ഗ ധന്വാവിന്റെ മുമ്പില്‍ ദിവ്യങ്ങളായ പുഷ്പങ്ങളും വര്‍ഷിച്ചു. അങ്ങനെ ആ മഹാബാഹു "മരുധന്വപ്പരപ്പി"ല്‍ ചെന്നെത്തി. അവിടെ വെച്ച് ഓജസ്വിയായ ഉത്തങ്കനെ കണ്ടു. പൃഥുലോചനനായ കൃഷ്ണന്‍ ആ മുനിയെ പൂജിച്ചു. ആ മുനി കൃഷ്ണന്റെ പൂജയേറ്റ് കുശലം ചോദിച്ചു. കുശലം ചോദിച്ച ആ മുനിയും കൃഷ്ണനെ പൂജിച്ചു. മാധവനോടു പിന്നെ മുനി ചോദിച്ചു.
ഉത്തങ്കന്‍ പറഞ്ഞു: അല്ലയോ കൃഷ്ണാ, ഭവാന്‍ കുരുപാണ്ഡവസത്മത്തില്‍ പോയിരുന്നല്ലോ. അവര്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ഉറപ്പിച്ചിട്ടു തന്നെയല്ലേ മടങ്ങിയത്? കുറച്ചു കോട്ടം സൗഹൃദത്തിന് പറ്റിയത് ശക്തനായ ഭവാന്റെ സന്നിധിയില്‍ വെച്ച് ഉറപ്പിച്ചു കാണും! ആ വീരന്മാരെ തമ്മില്‍ ഇണക്കിയിട്ടാണല്ലോ കേശവാ, ഭവാന്‍ തിരിച്ചുപോന്നത്? അവര്‍ സംബന്ധികളാണ്. എന്നെന്നും ഇഷ്ടരുമായ നിലയ്ക്ക് നിന്റെ പ്രയത്നം നന്നായിരിക്കും. അഞ്ചു പാണ്ഡവന്മാരും ധൃതരാഷ്ട്രപുത്രന്മാരും ഒന്നിച്ചു ചേര്‍ന്ന് നിന്നോടൊപ്പം ലോകങ്ങളില്‍ കളിക്കും എന്നുള്ളതു തീര്‍ച്ചയാണ്! അങ്ങനെയല്ലേ പരന്തപാ! കരരവന്മാര്‍ക്കൊക്കെ നീ നാഥനായി ശമഭാവം പൂണ്ടിരിക്കെ ആ രാജാക്കന്മാരെല്ലാം സ്വന്തം രാജ്യത്തു സുഖം നേടുമെന്നു വിചാരിക്കുന്നു. ഉണ്ണി, നിന്നില്‍ എനിക്ക് എന്നുമുള്ള ആശ അതാണ്. അത് അല്ലയോ വത്സാ, ഭരതന്മാരില്‍ ഫലിപ്പിച്ചില്ലേ?
ശ്രീഭഗവാന്‍ പറഞ്ഞു: അല്ലയോ. മഹര്‍ഷേ, ഞാന്‍ ആദ്യമേ തന്നെ കുരുക്കളില്‍ തമ്മില്‍ അടുപ്പിക്കുവാനും ശമിപ്പിക്കുവാനും വലിയ യത്നം ചെയ്തു നോക്കി. സമസ്ഥിതിയിലാക്കി വിടാന്‍ സാധിക്കാതായി. പിന്നെ അവര്‍ പരസ്പരം പോരാടി സകലതും നശിച്ചു പോയി. സകല ബന്ധുക്കളോടും മക്കളോടും കൂടി നശിച്ചു പോയി. ബുദ്ധികൊണ്ടോ, ബലം കൊണ്ടോ ദൈവത്തെ ( വിധിയെ ) ജയിക്കുവാന്‍ സാദ്ധ്യമല്ല. മഹര്‍ഷേ, അങ്ങയ്ക്ക് അറിയാവുന്നതാണല്ലോ എല്ലാം. അവര്‍ എന്റെ മനസ്സിനെ തെറ്റിച്ചു കളഞ്ഞു. ഭീഷ്മന്റെയും വിദുരന്റേയും മനസ്സു തെറ്റിച്ചു വിട്ടു. അതുകൊണ്ട് അവരൊക്കെ തമ്മില്‍ പോരാടി യമപുരിയിലെത്തിച്ചേര്‍ന്നു. അഞ്ചു പാണ്ഡവന്മാര്‍ മാത്രം ശേഷിച്ചു. അവരെല്ലാം ഹതമിത്രന്മാരാണ്, എല്ലാവരുടേയും മക്കളും മരിച്ചു. ധാര്‍ത്തരാഷ്ട്രന്മാര്‍ സകല ബന്ധു മിത്രങ്ങളോടും കൂടി ചത്തൊടുങ്ങി.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ അതുകേട്ട് ഉത്തങ്കന് കോപം വന്നു കയറി. അവന്റെ കണ്ണുകള്‍ ചുവന്നു. തുറിച്ചു നോക്കി കൃഷ്ണനോടു പറഞ്ഞു.
ഉത്തങ്കന്‍ പറഞ്ഞു: കൃഷ്ണാ. നീ ശക്തനാണ്. നിനക്കു കഴിയാത്തത് ഒന്നുമില്ലെന്ന് എനിക്കറിയാം. അങ്ങനെയുള്ള നീ കുരുമുഖ്യരെ കൊല്ലാതെ രക്ഷിക്കാത്തതില്‍ എനിക്കു നിന്നോട് അമര്‍ഷമുണ്ട്. എല്ലാവരും നിന്റെ ചാര്‍ച്ചക്കാരും വേഴ്ചക്കാരുമാണ്. അങ്ങനെയിരിക്കെ നീഎന്തുകൊണ്ട് അതിന് തുനിഞ്ഞില്ല? നിന്നെ ഞാന്‍ ഇപ്പോള്‍ ശപിച്ചു കളയാം. തീര്‍ച്ചയായും ഞാന്‍ ഇപ്പോള്‍ നിന്നെ ശപിക്കും! പെട്ടെന്ന് അവരെ ഊക്കോടെ ചെന്നു തടുക്കേണ്ടതല്ലേ? നിന്നോട് അളവറ്റ ക്രോധമാണു തോന്നുന്നത്. ഇപ്പോള്‍ ശപിച്ചു കളയാം മധുസൂദനാ! ശക്തനാണെങ്കിലും നീ, മിഥ്യാചാരനായ നീ, സകലത്തിനെയും കൊന്നുകളഞ്ഞില്ലേ മാധവാ? കുരുപാണ്ഡവന്മാര്‍ തമ്മില്‍ തെറ്റി നശിക്കുന്നത് നീ കണ്ടുനിന്നു അല്ലേ? ആപത്തില്‍പ്പെട്ടു നശിക്കുന്ന ബന്ധുക്കളെ നീ കയറ്റിയില്ലല്ലോ.
വാസുദേവന്‍ പറഞ്ഞു: അല്ലയോ ഭൃഗുനന്ദനാ, ഞാന്‍ എല്ലാം വിസ്തരിച്ചു പറയാം. അതു ഭവാന്‍ കേള്‍ക്കുക. അല്ലയോ ഭാര്‍ഗ്ഗവേന്ദ്രാ, ഭവാന്‍ അനുനയം കൈക്കൊള്ളുക. അങ്ങ് ഒരു ഋഷിയാണല്ലോ! എന്റെ അദ്ധ്യാത്മം കേട്ടു കഴിഞ്ഞതിന് ശേഷം ഭവാന്‍ ശാപം വിട്ടു കൊള്ളുക. എന്നെ അല്പതമസ്സുകൊണ്ടു ബാധിച്ചു കളയാമെന്ന് ആരും വിചാരിക്കേണ്ടാ. അതിന് ആര്‍ക്കും സാദ്ധ്യമല്ല. നിന്റെ തപസ്സ് നശിച്ചു കാണണമെന്നുള്ള മോഹം എന്നിലില്ല. ഉഗ്രമായ തപസ്സ് അങ്ങയ്ക്കുണ്ട്. ഗുരുജനങ്ങളുടെ അനുഗ്രഹവും അങ്ങയില്‍ വേണ്ടുവോളമുണ്ട് അല്ലയോ ദ്വിജോത്തമാ, ഞാന്‍ നിന്റെ കൗമാര ബ്രഹ്മചര്യത്തെ നന്നായി അറിയുന്നുണ്ട്. ക്ലേശിച്ചു നേടിയ തപസ്സ് വെറുതെ നശിപ്പിച്ചു കളയേണ്ടല്ലോ എന്നു വെച്ചു ഞാന്‍ പറഞ്ഞതാണ്.
54. ഉത്തങ്കോപാഖ്യാനം കൃഷ്ണാദ്ധ്യാത്മകഥനം - കൃഷ്ണൻ തന്റെ യഥാർത്ഥ രൂപത്തെപ്പറ്റി ഉത്തങ്കനെ പറഞ്ഞു കേൾപ്പിക്കുന്നു - ഉത്തങ്കന്‍ പറഞ്ഞു: അല്ലയോ കേശവാ, നീ അനിന്ദിതമായ നിന്റെ അദ്ധ്യാത്മം തത്ത്വമായി പറയുക. അതു കേട്ടു കഴിഞ്ഞതിന് ശേഷം ജനാര്‍ദ്ദനാ, നിനക്കു ശ്രേയസ്സു നല്കണോ, ശാപം നല്കണോ എന്നുള്ളതു ഞാന്‍ തീരുമാനിച്ചു കൊള്ളാം.
വാസുദേവന്‍ പറഞ്ഞു; എന്നിലുള്ള ഭാവങ്ങള്‍ സത്വം,രജസ്സ്, തമസ്സ് എന്നിവയാണെന്നു നീ ധരിക്കുക. സകല രുദ്രന്മാരും, വസുക്കളും എന്നില്‍ നിന്നുണ്ടായതാണ് എന്നും നീ ഓര്‍ക്കണം. എന്നില്‍ എല്ലാ ഭൂതങ്ങളും വസിക്കുന്നു. ഞാന്‍ എല്ലാ ഭൂതങ്ങളിലും വസിക്കുന്നു. ഈ കാര്യം നീ നല്ലവണ്ണം ധരിച്ചുകൊള്ളുക. അതില്‍ ഒട്ടും സംശയിക്കയേ വേണ്ടാ. ഇപ്രകാരം സകല ദൈത്യന്മാരും, യക്ഷന്മാരും, ഗന്ധര്‍വ്വന്മാരും, ആശരന്മാരും, നാഗന്മാരും, അപ്സരസ്സുകളും എല്ലാം എന്നില്‍ നിന്നുണ്ടായതാണെന്ന് എടോ ദ്വിജാ, നീധരിക്കുക. സത്തും, അസത്തും, വൃക്തവും, അവ്യക്തവും,അക്ഷരവും, ക്ഷരവും എന്നിവയെല്ലാം എന്നില്‍ നിന്നുണ്ടായതാണെന്നു നീ ധരിക്കുക. അല്ലയോ താപസികാ, നാലാശ്രമങ്ങളുണ്ടല്ലോ! അവയുടെ ധര്‍മ്മങ്ങളും, വൈദികങ്ങളായി അറിവില്‍പ്പെട്ട സകല ധര്‍മ്മങ്ങളും എന്നില്‍ നിന്നുണ്ടായതാണെന്ന് അറിയുക. സദസല്‍പ്പരമായ വിശ്വം, അതുപോലെ സത്തും, അസത്തും, സനാതനനായ ദേവദേവനും ആരാണെന്നറിയാമോ? ഈ ഞാന്‍ തന്നെയാണ്. എന്നെ വിട്ട് അതിലപ്പുറമായി ഒരു ദേവനുമില്ല. മനസ്സിലായോ ദ്വിജാ!
ഓങ്കാരം മുതല്‍ തുടങ്ങുന്ന സകല വേദങ്ങളും ഞാനാണെന്നു ധരിക്കൂ ഭൃഗുദ്വഹാ! യൂപം, സോമം, ചരു, ഹോമം മഖത്തില്‍ ദേവപോഷണം, ഹോതാവ്, ഹവ്യം എല്ലാം ഞാന്‍ തന്നെയാണ് ഭൃഗുനന്ദനാ! അദ്ധ്വര്യു, കല്പകം, ഹവിസ്സ്. മുഖ്യമായ സംസ്‌കൃതം ഇവയൊക്കെ ഞാന്‍ തന്നെ. ഉല്‍ഗാതാവ് ഗീതഘോഷത്താല്‍ എന്നെത്തന്നെയാണ് അദ്ധ്വരത്തില്‍ വാഴ്ത്തുന്നത്. പ്രായശ്ചിത്തം തോറും ശാന്തിമംഗളവാചകന്മാര്‍ വിശ്വകര്‍മ്മവായ എന്നെ സ്തുതിക്കുന്നു ദ്വിജസത്തമാ! എന്റെ ആദ്യപുത്രനാണ് ധര്‍മ്മമെന്നത് എന്നു നീ അറിയുക. അവന്‍ എന്റെ മനസ്സില്‍ നിന്നുണ്ടായവനാണ്. സര്‍വ്വഭൂതങ്ങളിലും ദയാവാനും, സര്‍വ്വഭൂതദയാത്മകനുമാണ്. പ്രവൃത്തി നിവൃത്തിസ്ഥന്മാരായ മാനദന്മാരാല്‍ ഞാന്‍ പലതരം ജന്മമെടുത്തു സംസാരിക്കുന്നു. ധര്‍മ്മം രക്ഷിക്കുവാനും ധര്‍മ്മം സ്ഥാപിക്കുവാനും ഞാന്‍ ഓരോ സന്ദര്‍ഭത്തിലും അതാതിന് പറ്റിയ വേഷവും രൂപവും മൂന്നു ലോകത്തിലും കൈക്കൊള്ളുന്നു.
ഞാന്‍ വിഷ്ണുവാണ്. ഞാന്‍ തന്നെയാണ് ബ്രഹ്മാവ്. ശക്രന്‍ ഞാന്‍ തന്നെ. അക്ഷയനായ പ്രഭു ഞാന്‍ തന്നെ. ഞാന്‍ സര്‍വ്വഭൂത സമൂഹത്തേയും സൃഷ്ടിക്കുന്നു. ഞാന്‍ തന്നെ അവയെല്ലാം സംഹരിക്കുന്നു. അധര്‍മ്മത്തില്‍ നില്ക്കുന്നവര്‍ക്കെല്ലാം അച്യുതനായ ഞാന്‍ യുഗത്തില്‍ ഇളകുന്ന സമയത്ത് ധര്‍മ്മസേതുവേ കെട്ടും. പ്രജകളുടെ ഹിതത്തിനായി അതാതു യോനികളില്‍ വന്നു പിറക്കും. ഞാന്‍ എപ്പോള്‍ അവതാരമെടുത്ത് ദേവയോനിയില്‍ ഉത്ഭവിച്ചു നില്ക്കുന്നുവോ, അപ്പോള്‍ ഞാന്‍ ദേവനെപ്പോലെ സകലതും ചെയ്യും. അതില്‍ സംശയിക്കേണ്ട. അല്ലയോ ഭൃഗുനന്ദനാ! ഗന്ധര്‍വ്വയോനിയില്‍ എപ്പോള്‍ ഞാന്‍ നില്ക്കുന്നുവോ, അപ്പോള്‍ ഞാന്‍ ഗന്ധര്‍വ്വനെപ്പോലെ എല്ലാം ചെയ്യും. അതില്‍ സംശയിക്കേണ്ടതില്ല. നാഗവംശത്തിലാണ് നില്ക്കുന്നതെങ്കില്‍ അപ്പോള്‍ നാഗം പോലെ ചരിക്കും. യക്ഷരാക്ഷസയോനിയിലായാല്‍ അപ്പോഴും ശരിക്ക് അവരെപ്പോലെ വിചരിക്കുന്നതാണ്.
മര്‍ത്ത്യയോനിയില്‍ നില്ക്കുമ്പോള്‍ ഞാന്‍ ദയയോടും ദീനതയോടും കൂടി ഇരന്നു. എന്നാലും അവര്‍ സമ്മോഹം പൂണ്ട് മോഹിതരായി (മൂഢാത്മാക്കളായി) ഞാന്‍ പറഞ്ഞതനുസരിച്ചില്ല. എന്റെ വാക്കുകള്‍ ഒന്നും അവര്‍ അനുസരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ അവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നെയും ഞാന്‍ ക്രോധത്തോടെ എന്റെ മാനുഷരൂപം കാണിച്ചു കൊടുത്തു. അധര്‍മ്മികളായ അവര്‍ കാലത്തിന്റെ, ധര്‍മ്മത്തിന്റെ പിടിയില്‍പ്പെട്ടവരാണ്. ധര്‍മ്മയുദ്ധത്തില്‍ അവരെ സംഹരിച്ചു. അവര്‍ നിസ്സംശയം സ്വര്‍ഗ്ഗം പ്രാപിക്കുകയും ചെയ്തു. ലോകത്തില്‍ പാണ്ഡവന്മാര്‍ പ്രസിദ്ധി നേടി ദ്വിജസത്തമാ! ഇതാണല്ലോ നീ എന്നോടു ചോദിചത്? നിന്റെ സംശയം തീര്‍ന്നുവോ? ചോദിച്ചതൊക്കെ ഞാന്‍ പറഞ്ഞുകഴിഞ്ഞു.
55. ഉത്തങ്കോപാഖ്യാനം വരദാനം - ഉത്തങ്കൻ കൃഷ്ണന്റെ വിശ്വരൂപം കാണുവാൻ ആഗ്രഹിക്കുന്നു - ഉത്തങ്കന്‍ പറഞ്ഞു;അല്ലയോ ജനാര്‍ദ്ദനാ, ഭവാന്‍ ജഗത് കര്‍ത്താവാണെന്ന് ഞാന്‍ അറിയുന്നു. നിന്റെ പ്രസാദത്താല്‍ തന്നെയാണ് ഈ വിശ്വം നിലനില്ക്കുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു. അതില്‍ സംശയിക്കുന്നില്ല. എന്റെ മനസ്സ് നിന്നെ അറിയുകയാല്‍ തെളിഞ്ഞിരിക്കുന്നു. ശാപത്തില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങിയിരിക്കുന്നു പരന്തപാ! നിന്നില്‍ നിന്ന് അനുഗ്രഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ നിന്റെ ഐശ്വര്യമായ രൂപമൊന്നു കാണിച്ചു തരണേ! കാണുവാന്‍ എനിക്കു വലിയ ആഗ്രഹമുണ്ട്.
വൈശമ്പായനൻ പറഞ്ഞു: ഉത്തങ്കന്‍ അഭൃര്‍ത്ഥിച്ചപ്പോള്‍ കൃഷ്ണന്‍ അവനില്‍ പ്രസാദിച്ച് തന്റെ ഐശ്വര്യമായ രൂപം, ശാശ്വതമായ വൈഷ്ണവരുപം, ധീമാനായ അര്‍ജജുനന്‍ കണ്ട രൂപം, കാട്ടിക്കൊടുത്തു. മഹാത്മാവും, വിശ്വരൂപനും, മഹാഭുജനും, സഹസ്ര സൂര്യ സദൃശനും, കത്തിജ്ജ്വലിക്കുന്ന അഗ്നിക്കു തുല്യനുമായ ദേവനെ ഉത്തംഗന്‍ ദര്‍ശിച്ചു. സര്‍വ്വതോമുഖനായി ആകാശം തിങ്ങി നില്ക്കുന്ന വിഷ്ണുവിന്റെ വൈഷ്ണവാശ്ചര്യരൂപം പാര്‍ത്തു കണ്ട്, ആ പരമേശ്വരനെ ക്കണ്ട്, ആ വിപ്രന്‍ വിസ്മയിച്ചു പോയി.
ഉത്തങ്കന്‍ പറഞ്ഞു: വിശ്വകര്‍മ്മാവെ, നമസ്‌കാരം. വിശ്വാത്മാവെ, വിശ്വസംഭവാ! അങ്ങയുടെ പാദത്താല്‍ ഭൂമി നിറഞ്ഞിരിക്കുന്നു. ആകാശം ശിരസ്സാല്‍ മൂടിയിരിക്കുന്നു. ആകാശത്തിനും ഭൂമിക്കുമുള്ള ഇട അങ്ങയുടെ വയറു കൊണ്ടു മൂടിയിരിക്കുന്നു. ദിക്കുകളെല്ലാം കൈകള്‍ കൊണ്ടു മൂടിയിരിക്കുന്നു. അച്യുതാ! എല്ലാം ഭവാന്‍ തന്നെ! അക്ഷയവും ഉത്തമവുമായ രൂപം സംഹരിക്കണേ! വീണ്ടും ശാശ്വതനായ നിന്നെ സ്വന്തമായ രൂപത്താല്‍ കാണുമാറാകണേ!
വൈശമ്പായനൻ പറഞ്ഞു: ഗോവിന്ദന്‍ അവനില്‍ പ്രസാദിച്ച് ഇപ്രകാരം പറഞ്ഞു ജനമേജയാ! "നിനക്കു ഞാന്‍ ആവശ്യമുളള വരം നല്കാം പോദിച്ചു കൊള്ളുക". ഉടനെ ഉത്തങ്കന്‍ പറഞ്ഞു: "മഹാദ്യുതേ, അങ്ങയില്‍ നിന്ന് ഈ വരം തന്നെ വേണ്ടുവോളമായി പുരുഷോത്തമാ! കൃഷ്ണാ, ഞാന്‍ ഭവാന്റെ ഈ രൂപം കണ്ടുവല്ലോ!". കൃഷ്ണന്‍ വീണ്ടും അവനോടു പറഞ്ഞു: "ചിന്തിക്കേണ്ടതില്ല. നീ വരം ചോദിക്കണം. എന്റെ ദര്‍ശനം ഒരിക്കലും വെറുതെയാവുകയില്ല".
ഉത്തങ്കന്‍ പറഞ്ഞു: ഒന്നു ചെയ്യണമെന്നതു കൂടിയേ കഴിയു. എങ്കില്‍ പ്രഭോ, ഞാന്‍ ഒന്ന് ആവശ്യപ്പെടുന്നു. വേണ്ട ദിക്കില്‍ വെള്ളം കിട്ടുമാറാകണം. വെള്ളം ദുര്‍ലഭമായ മരുഭൂമിയില്‍ ലഭിക്കുമാറാകണം.
വൈശമ്പായനന്‍ പറഞ്ഞു: ഉടനെ കൃഷ്ണന്‍ തന്റെ തേജസ്സ് അടക്കി. അതിന് ശേഷം ഉത്തങ്കനോട് എടോ ഉത്തങ്കാ, നീ വേണ്ടപ്പോള്‍ എന്നെ സ്മരിച്ചുകൊള്ളുക എന്നു പറഞ്ഞ് ഭഗവാന്‍ ദ്വാരകയിലേക്കു പോയി.
പിന്നെ ഒരിക്കല്‍ ഉത്തങ്കന്‍ ജലം കാംക്ഷിച്ചു ദാഹിച്ച് മരുഭൂമിയില്‍ ചുറ്റിത്തിരിയുമ്പോള്‍ അച്യുതനെ ഓര്‍ത്തു. അപ്പോള്‍ നഗ്നനായി ചേറുപുരണ്ട ചണ്ഡാലനെ ആ മരുഭൂമിയില്‍ കണ്ടു. അവന്റെ കൂടെ കുറെ നായ്ക്കളേയും കണ്ടു. കണ്ടാല്‍ ഒരു ഭയങ്കരന്‍. ഒരു ഖള്‍ഗം അരയില്‍ കെട്ടിയിരിക്കുന്നു. അമ്പും വില്ലും കൈയിലുണ്ട്. അവന്റെ കാല്‍കീഴില്‍ ഒരുറവു കണ്ടു. അതില്‍ ആ ദ്വിജന്‍ വളരെ ജലം ദര്‍ശിച്ചു. ആ ചണ്ഡാലന്‍ ഒന്നു ചിരിച്ച് അവനോടു പറഞ്ഞു.
ചണ്ഡാലൻ പറഞ്ഞു: വരൂ ഉത്തങ്കാ ജലം എന്നോട് വാങ്ങിക്കുക ദ്വിജോത്തമാ! ദാഹിച്ചു തളരുന്ന ഭവാനെ കണ്ടപ്പോള്‍ എനിക്കു ദയ തോന്നി.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ ചണ്ഡാലന്‍ പറഞ്ഞെപ്പാള്‍ മുനി ആ ജലത്തില്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല. ആ ധീമാന്‍ ഉഗ്രമായ വാക്കാല്‍ അച്യുതനെ ആക്ഷേപിച്ചു. ആ ചണ്ഡാലന്‍ "കുടിക്കൂ" എന്ന് അവനോടു വീണ്ടും പറഞ്ഞു. ആ താപസന്‍ കോപിച്ചു. അവന്‍ ആ ജലം കുടിച്ചില്ല. ക്ഷുത്ത് അടക്കി. ആ മഹാത്മാവ് അപ്രകാരം തീര്‍ച്ചയാക്കി. തള്ളിവിട്ട ആ ചണ്ഡാലന്‍ നായ്ക്കളോടു കൂടി അവിടെ വെച്ചു തന്നെ മറഞ്ഞു. അവനെ കണ്ടപ്പോള്‍ നാണിച്ചു പോയ ഉത്തങ്കന്‍ ഓര്‍ത്തു കൃഷ്ണന്‍ എന്നെ ചതിച്ചു എന്ന്. ഉടനെ ആ വഴിയെത്തന്നെ ശംഖു ചക്രഗദാധരനായ ദേവന്‍ അവിടെയെത്തി. ആ മഹാശയത്തോട് ഉത്തങ്കന്‍ പറഞ്ഞു.
ഉത്തങ്കന്‍ പറഞ്ഞു: അപ്രകാരമുള്ള ജലം നീ തന്നാല്‍ അത് എങ്ങനെയാണ് പുരുഷോത്തമാ വാങ്ങിക്കുക? വിപ്രന്മാര്‍ക്കു ചണ്ഡാലന്റെ മുത്രജലം എങ്ങനെ സ്വീകാര്യമാകും?
വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞപ്പോള്‍ അവനോട് മഹാബുദ്ധിമാനായ ജനാര്‍ദ്ദനന്‍ നല്ല വാക്കുകളാല്‍ സാന്ത്വനം ചെയ്ത് പറഞ്ഞു.
കൃഷ്ണന്‍ പറഞ്ഞു: ഏതു മട്ടിലുളള രൂപത്തെ ധരിച്ചാണു നല്കേണ്ടത്. അതു ധരിച്ച് ഞാന്‍ നിനക്കു തന്നു. അതു നീ അറിഞ്ഞില്ല. നിനക്കു വേണ്ടി ഞാന്‍ വജ്രമേന്തുന്ന ദേവേന്ദ്രനോടു പറഞ്ഞു: ഉത്തങ്കന് അമൃതജലം നല്കണം എന്ന്. പ്രഭുവായ ദേവേന്ദ്രന്‍ എന്നോടു പറഞ്ഞു: മര്‍ത്ത്യന് അമര്‍ത്ത്യത ചേര്‍ന്നതല്ലല്ലോ ഇവന് വേറെ ഒരു വരംന ല്കുക എന്നു വീണ്ടും പറഞ്ഞു ഭൃഗുത്തമാ! ഞാന്‍ ശചീപതിയോടു പറഞ്ഞു; അവന് അമൃതു നല്‍കു എന്ന്. ഉടനെ എന്നെ പ്രസാദിപ്പിച്ച് സുരനാഥന്‍ പറഞ്ഞു.
ഇന്ദ്രന്‍ പറഞ്ഞു: മഹാമതേ, നല്കണമെന്നുണ്ടെങ്കില്‍ ഞാന്‍ ചണ്ഡാലവേഷത്തില്‍ ചെന്ന് ആ ഭാര്‍ഗ്ഗവന് അമൃതു നല്കാം. അപ്രകാരം ചെന്നാല്‍ അവന്‍ അമൃതം വാങ്ങുകയാണെങ്കില്‍, ഭാര്‍ഗ്ഗവന് കൊടുക്കുന്നതിന് ഞാന്‍ ഇതാ പോകുന്നു. അവന്‍ തള്ളിക്കളയുകയാണെങ്കില്‍ പിന്നെ ഞാന്‍ ഒരിക്കലും കൊടുക്കുന്നതല്ല.
കൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം കരാറു ചെയ്ത് ആ വേഷമെടുത്ത് വാസവ൯ നിന്റെ മുമ്പില്‍ വന്ന് അമൃതു കാണിച്ചു. എന്നാല്‍ നീ അതു വാങ്ങിക്കാതെ തള്ളിക്കളഞ്ഞു. ചണ്ഡാലനായ ദേവനെ നീ തള്ളിക്കളഞ്ഞത് ഏറ്റവും വലിയ അതിക്രമമാണ്. എനിക്ക് വീണ്ടും നിന്റെ ഇഷ്ടമെന്തെന്നാല്‍ അതു ച്ചെയ്യുവാന്‍ സാധിക്കും. ദുര്‍ദ്ധര്‍ഷമായ നിന്റെആഗ്രഹം, ജലത്തിലുള്ള ഇച്ഛ, ഞാന്‍ ഫലിപ്പിക്കാം. അങ്ങയ്ക്ക് ഏതേതു നാള്‍ ജലത്തില്‍ ഇച്ഛയുണ്ടാകുമോ, അന്നന്ന് അല്ലയോ ബ്രാഹ്മണാ, ജലം നിറഞ്ഞ മഴക്കാറുകള്‍ മരുഭൂമിയിലുണ്ടാകും. സ്വാദു കൂടിയ ജലം ഭൃഗുനന്ദനാ, ഭവാന് ആ കാറുകള്‍ നല്കും. അവയ്ക്ക് ഉത്തങ്ക മേഘങ്ങള്‍ എന്ന ഒരു പ്രസിദ്ധിയും സിദ്ധിക്കും.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ ആ വിപ്രന്‍ പ്രീതനായി. ഉത്തങ്കക്കാറുകള്‍ മരുഭൂമിയില്‍ ഇന്നും വര്‍ഷിക്കുന്നുണ്ട് ഭരതാ!
56. ഉത്തങ്കോപാഖ്യാനം കുണ്ഡലാഹരണം - ഉത്തങ്കന്റെ ചരിത്രം - ജനമേജയന്‍ പറഞ്ഞു: മഹാശയനായ ഉത്തങ്കന്‍ എന്തു തപസ്സുള്ളവനാണ്. വിഷ്ണുവിനെപ്പോലും ശപിക്കുവാന്‍ ഒരുങ്ങിയ അവന്‍ സാധാരണക്കാരനല്ലെന്നു ഞാന്‍ വിചാരിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു: അല്ലയോ ജനമേജയാ, ഉത്തങ്കന്‍ വലിയ തപസ്വിയാണ്. തേജസ്വിയും ഗുരുഭക്തനുമായ അവന്‍ മറ്റൊന്നിനെയും ഭജിച്ചില്ല. ഗുരുവിനെത്തന്നെ അര്‍ച്ചിച്ച് കഴിഞ്ഞു കൂടി. മറ്റു മുനിപുത്രന്മാര്‍ക്ക് പോലും ഒരു ആഗ്രഹമുണ്ടായി, "ഉത്തങ്കന്റെ ശിഷ്യനാണെങ്കില്‍ നന്നായിരുന്നു" എന്ന്. ഗൗതമന് വളരെ ശിഷ്യന്മാരുണ്ടായിരുന്നു. അവരില്‍ അല്ലയോ ജനമേജയാ, ഉത്തങ്കനില്‍ എന്ന പോലെ വര്‍ദ്ധിച്ച പ്രീതിയും സ്‌നേഹവും മറ്റാരിലും ഉണ്ടായിരുന്നില്ല. അവന്റെ ദമശൗചങ്ങള്‍, വിക്രമംചേര്‍ന്ന കര്‍മ്മം, നല്ലതായ ശുശ്രൂഷ, എന്നിവയാലെല്ലാം ഗൗതമന്‍ പ്രീതനായി. ആ മഹാമുനി അനവധി ശിഷ്യന്മാരെ പഠിപ്പിച്ചു വിട്ടു. എന്നാല്‍ പ്രീതികാരണം ഗുരു ഉത്തങ്കനെ വിട്ടയച്ചില്ല. ക്രമത്താല്‍ ശിഷ്യനും വയസ്സായി. അവനെ ജര ബാധിച്ചു. എന്നാല്‍ ശിഷ്യവാത്സല്യം മൂലം ഗുരു ഇക്കാര്യം അറിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ശുരുവിന് വിറകു കൊണ്ടുവരുവാന്‍ ഉത്തങ്കന്‍ കാട്ടിലേക്കു പോയി. ഉത്തങ്കന്‍ ഒരു വലിയ വിറകിന്‍കെട്ട് തലയിലേറ്റി കൊണ്ടുവന്നു. അതിന്റെ ഭാരം കൊണ്ട് ഉഴന്ന ഉത്തങ്കന്‍ ആ വിറകിന്‍കെട്ട് ഒരുവിധം താങ്ങി ആശ്രമാങ്കണത്തിലെത്തിയ ഉടനെ നിലത്തിട്ടു. ഉത്തങ്കന്‍ വിശന്നു തളര്‍ന്നിരുന്നു. അവന്റെ വെള്ളിക്കമ്പി പോലെയുള്ള മുടി വിറകില്‍ പറ്റിപ്പിടിച്ചു; ആ വിറകിന്‍ കെട്ടോടു കൂടി ആ മുടിയിഴയും നിലത്തു പതിച്ചു.
ഭാരം കൊണ്ട് ഉഴന്നു വിശന്ന് പരവശനായി അവൻ നരച്ച മുടി കണ്ടതോടെ, താൻ വൃദ്ധനായെന്നും കൂടെ അറിഞ്ഞപ്പോൾ, ഉറക്കെ പൊട്ടിക്കരഞ്ഞു പോയി. ഉടനെ ഗുരുവിന്റെ മകൾ, പങ്കജം പോലെ സുന്ദരമായ മുഖത്തോട് കൂടിയ ആ സുശ്രോണി, കണ്ണുനീർ കൈ കൊണ്ട് വാങ്ങിച്ചു. ആ വിപുലാക്ഷി അച്ഛന്റെ വാക്കുകേട്ട് ആ ധര്‍മ്മജ്ഞ ലജ്ജകൊണ്ട് തലകുനിച്ചു നിന്നു. കണ്ണുനീർ വീണ കൈകള്‍ കഠിനമായ ചൂടുകൊണ്ടു ചുട്ടുപൊള്ളിപ്പോയി. ആ കണ്ണുനീര്‍ത്തുള്ളി തട്ടി ദഹിക്കുന്ന കൈകള്‍ പിന്‍വലിച്ചു. ആ ബാഷ്പം വാങ്ങാന്‍ ഭൂമിദേവി പോലും ശക്തയായില്ല. ഉത്തങ്ക വിപ്രനോട് ഗൗതമന്‍ പ്രീതിയോടെ പറഞ്ഞു: "ഉണ്ണീ ഉത്തങ്കാ, നിന്റെ ഹൃദയത്തില്‍ ഇത്ര ശക്തമായ ഒരു ദുഃഖം വന്നു കൂടുവാന്‍ എന്താണു കാരണം? സ്വൈരമായി കാര്യം പറയുക. തത്ത്വം കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്".
ഉത്തങ്കന്‍ പറഞ്ഞു: അങ്ങയില്‍ മനസ്സു വെച്ച് ഭജിച്ച് അങ്ങയ്ക്കു പ്രീതി ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള ഭക്തിയില്‍ ഞാന്‍ മുങ്ങിയവനാണ്. അങ്ങയുടെഎല്ലാ ഭാവങ്ങളുമറിഞ്ഞ് അനുവര്‍ത്തിക്കുന്നവനാണ് ഞാന്‍. എനിക്കു ജരാനര വന്നുപെട്ട കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല.
ജീവിതത്തിന്റെ സുഖമെന്തെന്ന് ഞാന്‍ അറിഞ്ഞിട്ടുമില്ല. നൂറു വര്‍ഷമായില്ലേ ഞാന്‍ അങ്ങയുടെ ശിഷ്യനായിക്കഴിയുന്നു? അങ്ങ് എന്നെ വിട്ടയയ്ക്കുന്നില്ലല്ലോ. എന്റെ താഴെ വന്നു ചേര്‍ന്ന ശിഷ്യന്മാരെയൊക്കെ പോകാന്‍ അങ്ങ് അനുവദിച്ചു. കുറച്ചു പേരെയല്ല അങ്ങ് പഠിപ്പിച്ചു വിട്ടത്. ദ്വിജശ്രേഷ്ഠാ, നൂറും ആയിരവുമല്ലല്ലോ!
ഗൗതമന്‍ പറഞ്ഞു: നിന്നില്‍ പ്രീതിയോടെ, നിന്റെ ഗുരൂശുശ്രുഷയാല്‍, ഞാന്‍ വളരെക്കാലം സുഖമായി കഴിഞ്ഞു കൂടി. വളരെ വര്‍ഷങ്ങള്‍ കടന്നു പോയത് ഞാനറിഞ്ഞില്ല ദ്വിജര്‍ഷഭാ।! ഇപ്പോള്‍ നീ പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാര്‍ഗ്ഗവാ, ഞാന്‍ അനുവദിക്കാം. എന്റെ സമ്മതം വാങ്ങി നീ നന്നായി സ്വന്തം ഗൃഹത്തില്‍ വൈകാതെ ചെന്നെത്തുക!
ഉത്തങ്കന്‍ പറഞ്ഞു: ദ്വിജോത്തമാ, ശിഷ്യന്മാര്‍ നല്കേണ്ടതായ ഗുരുദക്ഷിണയുണ്ടല്ലോ. അത് ഞാന്‍ എന്താണ് അങ്ങയ്ക്കു നല്കേണ്ടത്? അത് അങ്ങു വാങ്ങിക്കണം. എന്നിട്ട് ഞാന്‍ സമ്മതത്തോടെ പൊയ്ക്കൊള്ളാം.
ഗൗതമന്‍ പറഞ്ഞു: സജ്ജനങ്ങള്‍ പറയുന്നു, ഗുരുജനങ്ങള്‍ക്ക് ദക്ഷിണ സന്തോഷമാണെന്ന്. അല്ലയോ ബ്രാഹ്മണാ, നീ എനിക്കു നല്ല സേവനമാണു ചെയ്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഞാന്‍ തൃപ്തനാണ്. വേറെ ഗുരുദക്ഷിണയൊന്നും ആവശ്യമില്ല. അല്ലയോ ഭൃഗുസത്തമാ, നീ വളരെ വര്‍ഷങ്ങള്‍ എനിക്കു വേണ്ടി ജീവിതത്തില്‍ ചെലവഴിച്ചു. അതുകൊണ്ട് നീ പതിനാറു വയസ്സുള്ള ഒരു യുവാവായി ഭവിക്കട്ടെ! അങ്ങനെ യുവത്വത്തിലെത്തിയ നിനക്ക് എന്റെ കന്യകയെ ഞാന്‍ ഭാര്യായായി നല്കുന്നു. എടോ ദ്വിജാ, നിന്റെ തേജസ്സിനെ സേവിക്കുവാന്‍ പറ്റിയ മറ്റൊരു (സ്ത്രീയും ഇന്നില്ല.
വൈശമ്പായനൻ പറഞ്ഞു: ആ യശസ്വിനിയെ യുവാവായി ഭവിച്ച ഉത്തങ്കന്‍ വേട്ടു. ഗുരുവിന്റെ സമ്മതം വാങ്ങി ഗുരൂപത്നിയോടു പറഞ്ഞു.
ഉത്തങ്കന്‍ പറഞ്ഞു: അല്ലയോ ശ്രീമതി, ഭവതിക്ക് ഗുരുദക്ഷിണയായി ഞാന്‍ എന്താണു നല്കേണ്ടത്?കല്പിച്ചാലും! പ്രാണന്‍, ധനം എന്നിവ കൊണ്ടു പോലും ഞാന്‍ ഭവതിയുടെ ഹിതം ചെയ്യുന്നതാണ്. ഈ ലോകത്തില്‍ ദുര്‍ലഭമായി എന്തത്ഭുതകരമായ ധനമുണ്ടോ, അത് ഞാന്‍ ഭവതിക്കു വേണ്ടി തപശ്ശക്തിയാല്‍ കൊണ്ടു വന്നു നല്കാം; സംശയിക്കേണ്ട.
അഹല്യ പറഞ്ഞു: അല്ലയോ വിപ്രാ, ഞാന്‍ സന്തുഷ്ടയായിരിക്കുന്നു. അനഘാശയാ! അതുമതി. നിനക്കു നന്മ ഭവിക്കട്ടെ! ഉണ്ണീ, നീ യഥേഷ്ടം പൊയ്ക്കൊള്ളുക.
വൈശമ്പായനൻ പറഞ്ഞു: ഉത്തങ്കന്‍ ഉടനെ ഇപ്രകാരം പറഞ്ഞു: അമ്മേ, എന്നോടു കല്പിക്കുക! മടിക്കേണ്ട, ഞാന്‍ നിന്റെ പ്രിയം ചെയ്തു കൊള്ളാം.
അഹല്യ പറഞ്ഞു: സൗദാസ പത്നി അണിഞ്ഞിട്ടുള്ള ദിവ്യമായ രത്നകുണ്ഡലം രണ്ടും കൊണ്ടു വന്നു തരൂ. എന്നാല്‍ ഭദ്രം ഭവിക്കും. ഗുരുദക്ഷിണ ചെയ്തു എന്നും വരും.
വൈശമ്പായനൻ പറഞ്ഞു; അവന്‍ അങ്ങനെയാകാമെന്ന് ഏറ്റു പറഞ്ഞ് അവിടെ നിന്നു പോയി ജനമേജയാ! ഗുരുപത്നിയുടെ പ്രിയത്തിന് വേണ്ടി അവയെ കൊണ്ടു വരുവാന്‍ പുറപ്പെട്ടു. ആ ബ്രാഹ്മണര്‍ഷഭന്‍ അതിവേഗത്തില്‍ നടന്നു. സൗദാസന്‍ എന്ന നരഭോജിയായ രാക്ഷസന്റെ സമീപത്തു ചെന്ന് കുണ്ഡലങ്ങള്‍ ഇരക്കുവാനാണ് അവന്‍ പുറപ്പെട്ടത്.
സൗദാസന്‍ ഋതുപര്‍ണ്ണ രാജാവിന്റെ പൌത്രനായിരുന്നു കല്മാഷപാദന്‍ എന്നു കൂടി പേരുണ്ട്. മേരു മഹര്‍ഷിയുടെ ശാപം നിമിത്തം അവന്‍ നരഭോജിയായ രാക്ഷസനായി. ആദിപര്‍വ്വം 176-ാം അദ്ധ്യായത്തില്‍ ഈ കഥ വിവരിച്ചിട്ടുണ്ട്.
ഗൗതമന്‍ ഭാര്യയോടു ചോദിച്ചു: ഇന്ന് ഇത്ര വൈകിയിട്ടും ഉത്തങ്കനെ കണ്ടില്ലല്ലോ. അവള്‍ പറഞ്ഞു: അവന്‍ കുണ്ഡലം കൊണ്ടു വരുവാന്‍ പോയിരിക്കയാണ്. അപ്പോള്‍ ഗൗതമന്‍ പത്നിയോടു പറഞ്ഞു; നീ അവനെ അതിന് അയച്ചത് നന്നായില്ല. ആ ശാപമേറ്റ രാജാവ് ആ ബ്രാഹ്മണേന്ദ്രനെ കൊന്നു കളയും, അതില്‍ ഒട്ടും സംശയമില്ല.
അഹല്യ പറഞ്ഞു: ഭഗവാനേ, ഞാന്‍ കാര്യത്തിന്റെ വൈഷമ്യം ധരിക്കാതെയാണ് ആ വിപ്രനെ അയച്ചത്. അങ്ങയുടെ പ്രസാദത്താല്‍ ഭഗവാനേ, അവന് ആപത്തൊന്നും സംഭവിക്കാതിരിക്കണേ!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ദുഃഖത്തോടെ പറയുന്ന പത്നിയോട് ആകട്ടെ! എന്ന് ഗൗതമന്‍ മറുപടി പറഞ്ഞു. ഉത്തങ്കന്‍ നടന്നു നടന്ന് ശൂന്യമായ ഒരു കാട്ടില്‍ വെച്ച് ആ രാജാവിനെ കണ്ടെത്തുകയും ചെയ്തു.
57. ഉത്തങ്കോപാഖ്യാനം കുണ്ഡലമാഹാത്മ്യം - ഉത്തങ്കൻ ഭയങ്കരവും വിജനവുമായ കാട്ടിൽ വെച്ച് സൗദാസനെ കണ്ടുമുട്ടുന്നു - വൈശമ്പായനൻ പറഞ്ഞു: ഉത്തങ്കന്‍ കാട്ടില്‍ വെച്ച് ഘോരമൂര്‍ത്തിയായ രാജാവിനെ കണ്ടെത്തി. വളര്‍ന്ന താടി; ദേഹത്തിലൊക്കെ രക്തം പുരണ്ട മട്ടിലിരിക്കുന്നു! ഉത്തങ്കന്‍ നടുങ്ങിയില്ല. അതിതേജസ്വിയും, ഭയങ്കരനും, യമതുല്യനുമായആ രാജാവ് ഉടനെ എഴുന്നേറ്റ് അവനോടു പറഞ്ഞു.
(സൗദാസന്‍ ഋതുപര്‍ണ്ണ രാജാവിന്റെ പൗത്രനായിരുന്നു. കല്മാഷപാദന്‍ എന്നുകൂടി പേരുണ്ട്. മേരുമഹര്‍ഷിയുടെ ശാപം നിമിത്തം അവന്‍ നരഭോജിയായ രാക്ഷസനായി. ആദിപര്‍വ്വം 176-ാം അദ്ധ്യായത്തില്‍ ഈ കഥ വിവരിച്ചിട്ടുണ്ട്).
സൗദാസന്‍ പറഞ്ഞു: ഭാഗ്യം! എനിക്ക് മംഗളം വന്നു! അല്ലയോ ശുഭശീല, നീ വന്നതു നന്നായി. ആറാം ദിവസം കാലത്ത് അടുത്തു വരുന്നവര്‍ എനിക്കു ഭക്ഷണമാണ്. ഭക്ഷണം അന്വേഷിക്കുന്ന എന്റെ മുമ്പില്‍ നീ വന്നതു നന്നായി!
ഉത്തങ്കന്‍ പറഞ്ഞു: രാജാവേ, ഗുരുവിന് ധനം അന്വേഷിച്ച്, ഗുരുദക്ഷിണ നല്കുവാന്‍ വേണ്ടി അന്വേഷിച്ച്, ഞാന്‍ ഇവിടെ എത്തിയിരിക്കയാണ്. ഗുരുദക്ഷിണയ്ക്ക് അര്‍ത്ഥം അന്വേഷിക്കുന്നവനെ വധിക്കുവാന്‍ പാടില്ലെന്നു മഹാന്മാരായ ബുദ്ധിമാന്മാര്‍ പറയുന്നു.
സൗദാസന്‍ പറഞ്ഞു: എടോ ദ്വിജോത്തമാ! ആറാംദിവസം നന്നായി! ആറാം ദിവസമാണ് എനിക്ക് അഷ്ടി നിശ്ചയിച്ചിരിക്കുന്നത്. വിശന്നിരിക്കുന്ന എനിക്ക് ഇപ്പോള്‍ ശാസ്ത്രവും പുരാണവുമൊന്നും കേള്‍ക്കേണ്ടാ. ഞാന്‍ നിന്നെ വിടുകയില്ല.
ഉത്തങ്കന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ എന്നെ തിന്നണം, അതല്ലേ വേണ്ടു? എനിക്ക് സമ്മതമാണ്. എന്നാല്‍ ഞാന്‍ ഗുരുദക്ഷിണ ചെയ്ത് നിന്റെ മുമ്പില്‍ ഉടനെ എത്തിക്കളയാം. കരാറു ചെയ്യാം. ഗുരുവിന് വേണ്ടി ഏറ്റുപറഞ്ഞ കാര്യം അല്ലയോ നൃപോത്തമാ, നിന്റെ കൈവശമാണ് ഇരിപ്പ്, ഞാന്‍ അത് നിന്നോടിരക്കുകയാണ് രാജാവേ! ഭവാന്‍ മഹാബ്രാഹ്മണര്‍ക്കൊക്കെ രത്നങ്ങള്‍ ദാനം ചെയ്യുന്നവനാണെന്നുള്ള സല്‍ക്കീര്‍ത്തി പറഞ്ഞു കേള്‍ക്കുന്നു. ഭൂമിയല്‍ സല്‍പ്പാത്രങ്ങളില്‍ ദാനം ചെയ്യുന്നവനാണ് നരവ്യാഘ്രനായ ഭവാനെന്നും കേള്‍ക്കുന്നുണ്ട്. പ്രതിഗ്രഹത്തിന് പാത്രം ഞാന്‍ തന്നെയാണ് നൃപോത്തമ! നിന്റെ പക്കലുള്ള ആ വിശേഷപ്പെട്ട അര്‍ത്ഥം വാങ്ങിക്കൊണ്ടു പോയിട്ട് അല്ലയോ അരിന്ദമാ, കരാറു പോലെ പിന്നെ ഞാന്‍ നിന്റെ പാട്ടില്‍ത്തന്നെ വന്നു കൊള്ളാം. ഞാന്‍ നിന്നോട് സത്യം ഏറ്റു പറയുന്നു. ശപഥം ചെയ്യുന്നു. ഒരിക്കലും ഞാന്‍ വാക്കു തെറ്റിക്കുകയില്ല. നേരമ്പോക്കില്‍ പോലും ഭോഷ്ക്കു പറയാത്തവനാണ് ഞാന്‍. പിന്നെ മറ്റു കാര്യത്തില്‍ പറയുവാനുണ്ടോ? ഭവാന്‍എന്നെപ്പറ്റി മനസ്സിലാക്കൂ!
സൗദാസന്‍ പറഞ്ഞു: നിന്റെ ഗുരുവിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം എന്റെ കൈവശമുണ്ടെന്നാണോ പറയുന്നത്? കൊള്ളാം! എന്നാല്‍ ഞാന്‍ അതു തരാം. ഞാന്‍ പ്രതിഗ്രാഹൃനാണെങ്കില്‍ ഇപ്പോള്‍ അത് പറയു!
ഉത്തങ്കന്‍ പറഞ്ഞു: അല്ലയോ പുരുഷര്‍ഭാ, ഭവാന്‍എന്നും പ്രതിഗ്രാഹൃയന്‍ തന്നെയാണെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഭവാന്റെ മുമ്പില്‍ വന്നത് കുണ്ഡലങ്ങള്‍ യാചിക്കുവാനാണ്.
സൗദാസന്‍ പറഞ്ഞു: അല്ലയോ വിപ്രർഷേ, എന്റെ ഭാര്യയ്ക്കു ചേര്‍ന്നതാണ് ആ കുണ്ഡലങ്ങള്‍ രണ്ടും. അങ്ങ് വേറെ ഒരു അര്‍ത്ഥം വരിക്കുക. അല്ലയോ സുവ്രതാ, അത് ഞാന്‍ നല്കാം!
ഉത്തങ്കന്‍ പറഞ്ഞു: ഞങ്ങള്‍ അങ്ങയ്ക്കു പ്രമാണമാണെങ്കില്‍ സത്യസന്ധത പാലിക്കുക! എനിക്ക് കുണ്ഡലങ്ങള്‍ നല്കുക!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ഉത്തങ്കനോടു രാജാവു പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, ദേവിയുടെ അടുത്തു ചെല്ലുക. ഞാന്‍ പറഞ്ഞതായി പറയുക! അവള്‍ അത് ഭവാനു നല്കും. എന്റെ വാക്ക് ഇപ്രകാരം പറഞ്ഞാല്‍ മതി, ശുചിവ്രതയായ അവള്‍ തീര്‍ച്ചയായും കുണ്ഡലങ്ങള്‍ തരുന്നതാണ്. അതില്‍ ഒട്ടും സംശയം വേണ്ടാ.
ഉത്തങ്കന്‍ പറഞ്ഞു: രാജാവേ, ഭവാന്റെ ഭാര്യ എവിടെയാണ്? എങ്ങനെ കണ്ടെത്തും? ഭവാന്‍ എന്താണ് പത്നിയുടെ സമീപത്തേക്കു തനിയെ പോകാതിരിക്കുന്നത്?
സൗദാസന്‍ പറഞ്ഞു: അവളെ ഭവാന്‍ ഇപ്പോള്‍ ചെന്നാല്‍ കാണും. ഒരു കാട്ടരുവിയുടെ കരയില്‍ അവള്‍ ഇരിക്കുന്നുണ്ട്. ഇത് ആറാമത്തെ ദിവസമാണ്. ഇന്ന് അവളെ നേരിട്ടു കാണാന്‍ പാടില്ല.
വൈശമ്പായനൻ പറഞ്ഞു: സൗദാസന്‍ പറഞ്ഞതു കേട്ട് ഉത്തങ്കന്‍ നടന്നു ഭരതര്‍ഷഭാ। മദയന്തിയെ ചെന്നു കണ്ട് കാര്യം പറഞ്ഞു കേള്‍പ്പിച്ചു. സൗദാസന്‍ പറഞ്ഞയച്ച വാക്കു കേട്ടപ്പോള്‍ ആ സുലോചന ധീമാനായ ഉത്തങ്കനോട് ഇപ്രകാരം മറുപടി പറഞ്ഞു ജനമേജയാ!
മദയന്തി പറഞ്ഞു: അല്ലയോ ബ്രഹ്മര്‍ഷേ, നേരു പറയൂ! അല്ലയോ മഹാശയാ, ഭവാന്‍ ഒരിക്കലും ഭോഷ്കു പറയുകയില്ലെന്ന് എനിക്കറിയാം. എങ്കിലും ഒരടയാളം എനിക്ക് കൊണ്ടു വന്നു തരണം. ഈ മണികുണ്ഡലങ്ങള്‍ ദിവ്യങ്ങളാണ്. ദേവന്മാരും, യക്ഷന്മാരും, മഹര്‍ഷിമാരും ഈ ദിവ്യരത്നഭൂഷണം അപഹരിക്കുവാന്‍ ഓരോരോ മാര്‍ഗ്ഗം ചിന്തിക്കുന്നുണ്ട്. ആവക ദുര്‍ഘടങ്ങളില്‍ നിന്ന് അവയെ സംരക്ഷിച്ചു വരികയാണ്. ഇപ്പോള്‍ നിലത്തുവെച്ചാല്‍ ഈ രത്നങ്ങളെ പന്നഗങ്ങള്‍ വന്നു തട്ടിക്കൊണ്ടു പോയേക്കും. ഭക്ഷണോച്ഛിഷ്ടം കൊണ്ട് അശുദ്ധി ബാധിച്ചവര്‍ ഇതു കൈയില്‍ വെച്ചാല്‍ യക്ഷന്മാര്‍ അപഹരിച്ചുകളയും. ശ്രദ്ധ കൂടാതെ വല്ല ദിക്കിലും അത് ധരിച്ചു ആള്‍ കിടന്നുറങ്ങിയാല്‍ ദേവന്മാരും അപഹരിച്ചുകളയും. ഈ വക ഛിദ്രങ്ങളില്‍ (പഴുതുകളില്‍) ഈ രത്നകുണ്ഡലങ്ങള്‍ അപഹരിക്കപ്പെട്ടേക്കാം. ദേവന്മാര്‍, രക്ഷസ്സൂുകള്‍, നാഗന്മാര്‍, ഇവര്‍ക്കൊക്കെ ഇതു ശരിയായി, വൈഷമൃം കൂടാതെ ധരിക്കാം. ഈ രത്നകുണ്ഡലങ്ങള്‍ രാവും പകലും ഗൃഹത്തില്‍ സ്വര്‍ണ്ണം വിളയിക്കും ദ്വിജസത്തമാ! രാത്രിയില്‍ നക്ഷത്രങ്ങളുടെയും, താരങ്ങളുടെയും ശോഭയെ നീക്കുമാറ് ശോഭിച്ചു നില്ക്കും. ഭഗവാനേ, ഇതണിഞ്ഞവര്‍ക്ക് പിന്നെ വിശപ്പും ദാഹവും ഉണ്ടാവുകയില്ല. അത്തരം ഭയങ്ങളില്‍ നിന്ന് ഇത് രക്ഷ നല്കും. വിഷത്തില്‍ നിന്നും, അഗ്നിയില്‍ നിന്നും, ശ്വാപദന്മാരില്‍ നിന്നും ഒരു ഭയവും ഇതു കൈവശമുള്ളവരെ ഒരിക്കലും ബാധിക്കുന്നതല്ല. ഹ്രസ്വനായ ഒരാളാണ് ഇത്‌ചാര്‍ത്തുന്നതെങ്കില്‍ ആ ആളുടെ രൂപത്തിന് അനുസരിച്ച് കുണ്ഡലവും ഹ്രസ്വമായിത്തീരും. ഏതു രൂപവാനാണ് അണിയുന്നതെങ്കില്‍ ആ ആള്‍ക്ക് ചേര്‍ന്ന വിധമായി അത് രുപം പ്രാപിക്കും. ഇപ്രകാരമുള്ള ശ്രേഷ്ഠതകള്‍ തികഞ്ഞതാണ് എന്റെ കുണഡലങ്ങള്‍. എല്ലാവരാലും അത് സ്തുതിക്കപ്പെടുന്നു. എല്ലാവരും പൂജിക്കുന്നു. മൂന്നു ലോകത്തിലും പേരു കേട്ടതാണ് ഈ രത്നകുണ്ഡലങ്ങള്‍. ആ നിലയ്ക്ക് അങ്ങ് ഒരടയാളം കൊണ്ടു വരിക. എന്നാല്‍ തരാം. അല്ലാതെ ഇത്രയും വിലയേറിയ വസ്തു തരുന്നത് ശരിയല്ല!
58. ഉത്തങ്കോപാഖ്യാനം കുണ്ഡലപ്രദാനം - രത്നകുണ്ഡലം അപഹരിക്കപ്പെട്ട കഥ - വൈശമ്പായനന്‍ പറഞ്ഞു: ഉത്തങ്കന്‍ ഉടനെ മടങ്ങിച്ചെന്ന് മിത്രസഹനോട് ( സൗദാസനോട് ) അഭിജ്ഞാനം (അടയാളം) ആവശ്യപ്പെട്ടു. ഉടനെ ആ ഇക്ഷ്വാകു വംശജനായ രാജാവ് അടയാളം നല്കി.
സൗദാസന്‍ പറഞ്ഞു: *ക്ഷേമ്യയല്ലീഗ്ഗതി, പരമില്ലാ മറ്റൊന്നുമേ ഗതി ഇതെന്റെ മതമെന്നോര്‍ത്തു കുണ്ഡലങ്ങള്‍ കൊടുക്കുക".
വൈശമ്പായന്‍ പറഞ്ഞു: ഉത്തങ്കന്‍ ഈ വാക്കുകള്‍ കേട്ടു ഗ്രഹിച്ച്, അവളുടെ അടുത്തു ചെന്ന് ഭര്‍ത്ത്യവാക്കുകള്‍ ഉണര്‍ത്തിച്ചു. അപ്പോള്‍ അവള്‍ ആ രത്നകുണ്ഡലങ്ങള്‍ രണ്ടും അവന് നല്കി. അവന്‍ കൃതജ്ഞതാ പൂര്‍വ്വം ആ രത്നകുണ്ഡലങ്ങള്‍ വാങ്ങിച്ച് രാജാവിന്റെ മുമ്പില്‍ ചെന്ന് വീണ്ടും പറഞ്ഞു: അല്ലയോ രാജാവേ, അങ്ങു പറഞ്ഞ ആ ഗൂഢവചനത്തിന്റെ ( അടയാള വാക്യത്തിന്റെ ) അര്‍ത്ഥമെന്താണ്? അതു കേള്‍ക്കുവാന്‍ മോഹമുണ്ട് രാജാവേ!
സൗദാസന്‍ പറഞ്ഞു: കേള്‍ക്കുക, ഞാന്‍ പറയാം. ക്ഷത്രിയന്മാര്‍ സൃഷ്ടിയുടെ ആരംഭം മുതല്ക്കേ ബ്രാഹ്മണരെ പൂജിച്ചു വരുന്നു. ക്ഷത്രിയരുടെ കൈയില്‍ നിന്ന് പല ദ്രോഹങ്ങളും വന്നു ഭവിക്കും. തന്മൂലം വിപ്രന്മാര്‍ വഴിയായി ക്ഷത്രിയന്മാര്‍ക്ക് പല ദോഷങ്ങളും ഏല്‍ക്കേണ്ടതായും വന്നു കൂടും. എന്റെ കാര്യം പറയുകയാണെങ്കില്‍ ഞാന്‍ വിപ്രന്മാരെ നമിച്ചു പൂജിച്ചവനാണ്. എന്നിട്ടും ഞാന്‍ ഒരു വിപ്രനില്‍ നിന്നു ദ്രോഹമേറ്റ് ഈ മട്ടിലായി. എന്റെ ഭാര്യയായ മദയന്തിയോടു കുടി വേറെ ഗതിയൊന്നും കാണാതെ കഴിയുകയാണ് ഗതിസത്തമാ! സ്വര്‍ഗ്ഗലബ്ധിക്കോ ഇഹലോക സുഖത്തിനോ ഞാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ ഉഴലുകയാണ്. വിശേഷിച്ചും വിപ്രന്മാരോടു വിരോധിച്ച രാജാവിന് ലോകത്തില്‍ നില്ക്കുവാന്‍ തന്നെ സാദ്ധ്യമല്ല. പരലോകത്ത് അവന് ഗതിയുണ്ടാവുകയില്ല. അതുകൊണ്ടു ഹേ, ബ്രാഹ്മണശ്രേഷ്ഠാ, അങ്ങയുടെ ഇഷ്ടം സാധിപ്പിക്കുകയാണ്. കുണ്ഡലങ്ങള്‍ ഇതാ തന്നിരിക്കുന്നു. ഇനി നാം ചെയ്തു വെച്ച കരാറ് സഫലമാകണേ!
ഉത്തങ്കന്‍ പറഞ്ഞു; രാജാവേ, ഞാന്‍ അപ്രകാരം തന്നെചെയ്യാം. വീണ്ടും ഞാന്‍ ഭവാന്റെ സമീപത്തെത്താം. ഒരു ചോദ്യം ഞാന്‍ ഭവാനോട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു പരന്തപ!
സൗദാസന്‍ പറഞ്ഞു: അല്ലയോ വിപ്രാ, നീ ഇഷ്ടം പോലെ ചോദിച്ചു കൊള്ളുക. മറുപടി ഞാന്‍ പറയാം, നിന്റെ സംശയം ഞാന്‍ തീര്‍ത്തു തരാം. അതില്‍ ഒട്ടും ചിന്തിക്കേണ്ടതില്ല.
ഉത്തങ്കന്‍ പറഞ്ഞു: വാക് സംഗമനാണ് മിത്രം എന്ന് ധര്‍മ്മനൈപുണ്യ ദര്‍ശികള്‍ പറയുന്നു. (ഏതാനും വാക്കുകള്‍ പരസ്പരം സംസാരിക്കുവാന്‍ ഇടവരുന്നവര്‍ സഖികളാകും, "സാപ്തപദീനം മൈത്രം", എന്നാണ് ശ്രുതിവാക്യം). മിത്രരില്‍ ദ്രോഹം ചെയ്യുന്നവന്‍ കള്ളനാണ് എന്നും മഹാശയന്മാര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ഈ നിലയ്ക്ക് എന്റെ സുഹൃത്തായി തീര്‍ന്നിരിക്കുന്നു രാജാവേ! എനിക്കു ക്ഷേമകരമായ, ഹിതമായ, ബുദ്ധിയോടെ മിത്രത്തിന്റെ നിലയില്‍ നല്‍കൂ നരര്‍ഷഭാ! ഞാന്‍ ഇപ്പോള്‍ സിദ്ധാര്‍ത്ഥനായിരിക്കുന്നു. ഭവാനാണെങ്കില്‍ പുരുഷാദനാണ് നരഭോജിയാണ്. ഈ നിലയ്ക്ക് ഇനി ഞാന്‍ അങ്ങയുടെ മുമ്പില്‍ വരുന്നതു യുക്തമാണോ അയുക്തമാണോ? പറയു!
സൗദാസന്‍ പറഞ്ഞു: നിന്റെ ഈ ചോദ്യത്തിന് തക്ക മറുപടി തരാതെ പറ്റില്ല. അതുകൊണ്ട് അല്ലയോ ദ്വിജോത്തമാ, ശരിയായ മറുപടി ഞാന്‍ പറയാം. എന്റെ അടുക്കല്‍ അല്ലയോ ദ്വിജശ്രേഷ്ഠാ, നീ ഒരിക്കലും വരരുതേ! അങ്ങനെ ചെയ്താല്‍ ഞാന്‍ നിനക്കു നന്മ കാണുന്നുണ്ട്. വിപ്രാ, കുരുദ്വഹാ! വരരുത്, വന്നാല്‍ പിന്നെ എന്താണ് സംഭവിക്കുക എന്നറിയാമോ? മരണമാണ് ഉണ്ടാവുക! അതില്‍സംശയം വേണ്ടാ.
വൈശമ്പായനൻ പറഞ്ഞു: ധീമാനായ രാജാവ് ഇപ്രകാരം തക്കതായ ഹിതം പറഞ്ഞപ്പോള്‍ ഉത്തങ്കന്‍ രാജാവിന്റെ സമ്മതം വാങ്ങി അഹല്യയുടെ (ഗുരുപത്നിയുടെ) സമീപത്തിലേക്കു നടന്നു. ആ ദിവ്യകുണ്ഡലവും കൊണ്ട് ഗുരുപത്നിക്കു പ്രിയം ചെയ്യുവാന്‍ ഒരുങ്ങിയ ശിഷ്യന്‍, ഗൗതമന്റെ ആശ്രമത്തിലേക്ക് വളരെ വേഗത്തില്‍ നടന്നുപോന്നു. മദയന്തി ആ കുണ്ഡലങ്ങള്‍ എങ്ങനെ ശ്രദ്ധയോടെ സംരക്ഷിക്കണമെന്ന് ഉപദേശിച്ചുവോ അപ്രകാരം അവന്‍ കൃഷ്ണാജിനത്തില്‍ പൊതിഞ്ഞു കെട്ടിയാണ് കൈയില്‍ വെച്ചിരുന്നത്. വഴി നടന്ന് അവന്‍ തളര്‍ന്നു വിശന്ന് ഒരു ഫലവൃക്ഷത്തിന്റെ ചുവട്ടിലെത്തി. ഒരു വലിയ വില്വമായിരുന്നു ആ വൃക്ഷം. ആ വൃക്ഷത്തിന്റെ കൊമ്പില്‍ കുണ്ഡലപ്പൊതി കെട്ടിയിട്ട് അവന്‍ ആ മരത്തിന്മേല്‍ കയറി. ആ ദ്വിജപുംഗവന്‍ ആ വില്വപ ഫലങ്ങള്‍ കൊഴിക്കുവാന്‍ തുടങ്ങി. വില്വഫലത്തില്‍ തന്നെ ദൃഷ്ടിവെച്ച് അതു കൊഴിച്ചു കൊണ്ടു നില്ക്കുമ്പോള്‍ ആ കൃഷ്ണാജിനത്തിന്മേല്‍ വില്വഫലം വീണു. ഏതിന്മേല്‍ ആ കുണ്ഡലം കെട്ടിയിരുന്നോ ആ കെട്ട് വില്വത്തിന്റെ കായ് വീണപ്പോള്‍ പൊട്ടിപ്പോവുകയും മരത്തില്‍ നിന്ന് ആ തോല്‍ കുണ്ഡലത്തോടൊപ്പം നിലത്തു വീഴുകയും ചെയ്തു. കെട്ടുപൊട്ടി ആ കൃഷ്ണാജിനം നിലത്തു വീണ ഉടനെ മരച്ചുവട്ടില്‍ പാര്‍ത്തിരുന്ന ഒരു നാഗത്താൻ അതില്‍ ആ കുണ്ഡലങ്ങള്‍ കണ്ടു. ഐരാവത കുലോത്ഭൂതനായ ആ നാഗത്താന്‍ പാഞ്ഞു ചെന്ന് രത്നകുണ്ഡലങ്ങള്‍ കൈക്കലാക്കി. കുണ്ഡലങ്ങള്‍ വായില്‍ കടിച്ചെടുത്ത് പുറ്റിന്റെ ഉള്ളിലേക്കു പോയി.
സര്‍പ്പം കുണ്ഡലങ്ങള്‍ രണ്ടും ഹരിക്കുന്നത് ഉത്തങ്കന്‍ കണ്ടു. അവന്‍ മരത്തില്‍ നിന്നു ദുഃഖപരവശനായി പരമകോപനനായി താഴെപ്പതിച്ചു. ഒരു വിറകിന്‍ കൊള്ളിയെടുത്ത് പുറ്റില്‍ കുത്തിക്കുഴിച്ചു അവന്‍. കഷ്ടം! മുപ്പതും പിന്നെ അഞ്ചും നാളുകള്‍ കഷ്ടപ്പെട്ട് കുത്തിക്കുഴിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. സര്‍പ്പത്തിനെ കണ്ടില്ല. ആ ബ്രാഹ്മണ സത്തമന്‍ ക്രോധാമര്‍ഷാഭിതപ്തനായി വീണ്ടും ഭൂമിയില്‍ കുത്തിക്കുഴിക്കുവാന്‍ തുടങ്ങി. വിറകിന്‍ കൊള്ളിയാലാണ് കുത്തുന്നതെങ്കിലും ആ തപസ്വിയായ ബ്രാഹ്മണന്റെ ക്രോധാമര്‍ഷ താപങ്ങളോടു കൂടിയ ആഘാതം സഹിക്കാതെ ഭൂമി വിറച്ചു പോയി; ആകുലപ്പെട്ട് ഉലഞ്ഞ വിപ്രര്‍ഷി ഭൂതലം കുത്തിക്കൊണ്ടു തന്നെ നിന്നു. നാഗലോകത്തേക്കു വഴിയുണ്ടാക്കുവാന്‍ തന്നെ നിശ്ചയിച്ച് ആ ബ്രാഹ്മണന്‍ നിൽക്കെ, കുതിരകളെ പൂട്ടിയ ഒരു രഥത്തില്‍ കയറി തേജസ്വിയായ വജ്രപാണി അവിടെ എത്തി ആ ദ്വിജശ്രേഷ്ഠനെ കണ്ടു.
വൈശമ്പായനൻ പഞ്ഞു: ശക്രന്‍ ഒരു ബ്രാഹ്മണരൂപത്തില്‍ അവന്റെ സമീപത്തെത്തി, അവന്റെ ദുഃഖത്തില്‍ അനുതപിക്കുന്ന വിധം ഇപ്രകാരം പറഞ്ഞു: എടോ ബ്രാഹ്മണാ, ഇതു നിന്നെക്കൊണ്ട് ആകാത്തതാണ്! ഇവിടെ നിന്ന് അസംഖ്യം യോജന ദൂരത്താണ് നാഗലോകം. അവിടേക്ക് ഒരു വിറകിന്‍കൊള്ളി കൊണ്ടാണോ മാര്‍ഗ്ഗം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്? ഇതു നിന്നെക്കൊണ്ട് ആകാത്ത കാര്യമാണ്.
ഉത്തങ്കന്‍ പറഞ്ഞും; അല്ലയോ ബ്രാഹ്മണാ, എനിക്കു നാഗലോകത്തു ചെന്ന് ആ കുണ്ഡലങ്ങള്‍ വാങ്ങുവാന്‍ സാധിക്കുന്നതല്ലെങ്കില്‍ അങ്ങു കാൺകേ തന്നെ ഞാന്‍ എന്റെ പ്രാണന്‍ കളയും ദ്വിജോത്തമാ!
വൈശമ്പായനൻ പറഞ്ഞു: ഉത്തങ്കനെ അവന്റെ നിശ്ചയത്തില്‍ നിന്നു പിന്‍തിരിപ്പിക്കുവാന്‍ സാദ്ധ്യമല്ലെന്ന് ഇന്ദ്രന് മനസ്സിലായി. ഉടനെ ഇന്ദ്രന്‍ തന്റെ വജ്രായുധത്തെ ആ വിറകിന്‍ കൊള്ളിയോടു ചേര്‍ത്തിണക്കി. പിന്നെ വജ്രം ചേര്‍ന്നതായ ആ ദണ്ഡം കൊണ്ട് പ്രഹരം തുടങ്ങിയപ്പോള്‍ ഭൂമി പിളര്‍ക്കുവാന്‍ തുടങ്ങി. അങ്ങനെ നാഗലോകത്തേക്ക് ഒരു വഴിയുണ്ടാക്കി ജനമേജയാ! ആ വഴിയിലൂടെ നടന്ന് ഉത്തങ്കന്‍ നാഗലോകത്തു ചെന്നു. അസംഖ്യം യോജന വിസ്താരമുള്ള നാഗലോകം കണ്ടു.
ദിവ്യമായ മുത്തുമണികളും, സ്വര്‍ണ്ണങ്ങളും നിറഞ്ഞതും, മഹത്തരമായതും സ്ഫടികക്കല്‍പ്പടവുകളുള്ളതും, മതില്‍ക്കെട്ടുകളുള്ളതും, തെളിഞ്ഞ ജലമുള്ള വാപികള്‍ ചേര്‍ന്നതും, നാനാപക്ഷിഗണങ്ങള്‍ ചേര്‍ന്നതും, നാനാദ്രുമങ്ങളോട് കൂടിയതുമായ ആ നാഗലോകത്തേക്കുള്ള വഴിയും ആ ഭൃഗുത്തമന്‍ ദര്‍ശിച്ചു. അഞ്ചുയോജന വീതിയും അഞ്ചു യോജന നീളവുമുള്ളതാണ് ആ നാഗലോകം. ഉത്തങ്കന്‍ നാഗലോകത്തെ കണ്ടപ്പോള്‍ അവന് ആനന്ദമല്ല ഉണ്ടായത്, കുണ്ഡലം അപഹരിക്കപ്പെട്ടതിലുള്ള ദുഃഖം വളരുകയാണുണ്ടായത്. അവന്‍ നിരാശനായി. അപ്പോള്‍ വാല്‍ വെളുത്തതും ദേഹം കറുത്തതും മുഖവും ചെവിയും ചുവന്നതും ദീപ്തതേജസ്സുളളതുമായ ഒരു കുതിര അവനോടു പറഞ്ഞു.
അശ്വം പറഞ്ഞു: അല്ലയോ വിപ്രാ! അങ്ങ് എന്റെ ഈ ഗുദത്തില്‍ ഒന്ന് ഈതുക. എന്നാല്‍, നിനക്ക് ഐരാവത സുതന്‍ കൊണ്ടു പോയ രത്നകുണ്ഡലം ലഭിക്കും. ഉണ്ണീ, നിനക്ക് അതില്‍ ഒരിക്കലും ജുഗുപ്സ തോന്നരുത്. നീ ഇത് ഗൗതമാശ്രമത്തില്‍ വെച്ച് മുമ്പു ചെയ്തിട്ടുണ്ട്.
ഉത്തങ്കന്‍ പറഞ്ഞു: അങ്ങ് ആരാണെന്നറിയാന്‍ ഞാനാഗ്രഹിക്കുന്നു. ഉപാദ്ധ്യായന്റെ ആശ്രമത്തില്‍ വെച്ചു ഞാന്‍ ചെയ്തതെന്താണെന്നും കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു.
അശ്വം പറഞ്ഞു: എടോ ഉത്തങ്കാ, നിന്റെ ഗുരുവിന്റെയും ഗുരുവാണ് ഞാന്‍. ഞാന്‍ ജ്വലിക്കുന്ന അഗ്നിദേവനാണ്. എന്നെ നീ ഗുരുവിന് വേണ്ടി എപ്പോഴും പൂജിക്കുകയായിരുന്നുവല്ലോ. വിധിപോലെ ശുചിയായി ഭൃഗുപുത്രാ, നീ അഗ്നികര്‍മ്മം ചെയ്തവനാണ്. അതുകൊണ്ട് ഞാന്‍ നിനക്കു നന്മ ചെയ്യാം. ഞാന്‍ പറഞ്ഞ പ്രകാരം ചെയ്യു! വൈകരുത്.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം അഗ്നി പറഞ്ഞപ്പോള്‍ ഉത്തങ്കന്‍ അപ്രകാരം ചെയ്തു. ഘൃതാര്‍ച്ചിസ്സ് പ്രീതനായി ചുട്ടെരിക്കുവാന്‍ സന്നദ്ധനായി. ഉത്തങ്കന്‍ ഊതുവാന്‍ തുടങ്ങിയപ്പോള്‍ അവന്റെ രോമകൂപങ്ങളില്‍ നിന്നു പുക തിങ്ങിപ്പുറപ്പെട്ട് നാഗലോകം മൂടി ഭയങ്കരമായി. പുകവര്‍ദ്ധിച്ചു പരന്നപ്പോള്‍ നാഗലോകം ഇരുട്ടത്ത് ഒന്നും കാണാത്ത മാതിരിയായി രാജാവേ! ഹാ! ഹാ! എന്നു വിലാപം കൊണ്ട് ഐരാവത നിവേശനം മാറ്റൊലിക്കൊണ്ടു. വാസുകിപ്രവരന്മാരായ അഹീന്ദ്രന്മാരുടേയും ഗൃഹങ്ങള്‍ തെളിയാതായി ഭാരതാ! മൂടല്‍മഞ്ഞില്‍ മൂടിയ മലപോലെ ഒന്നും തിരിയാത്ത മട്ടായി.
പുകയേറ്റു കണ്ണു ചുവന്ന്, തീയുടെ ചൂടേറ്റു കുഴങ്ങിയ നാഗങ്ങള്‍ മഹാത്മാവായ ഭാര്‍ഗ്ഗവന്‍ എന്തു പറയുന്നു എന്നു കേള്‍ക്കുവാന്‍ മുമ്പിലെത്തി. തേജസ്വിയായ ആ മഹര്‍ഷിയുടെ തീര്‍പ്പ് എന്താണെന്ന് അവര്‍ കേട്ടു. ഉഴന്ന കണ്ണുകളോടെ അവരെല്ലാം ഋഷിയെ യഥാവിധി പൂജിച്ചു. വൃദ്ധരും,ബാലരുമടക്കം സകല നാഗങ്ങളും ആ ബ്രാഹ്മണന്റെ മുമ്പില്‍ കൈകൂപ്പി വീണു കേണ് പറഞ്ഞു; "ഭഗവാനേ പ്രസാദിക്കണേ!". ബ്രാഹ്മണനെ പാദ്യാര്‍ഘ്യങ്ങള്‍ നല്കി ബഹുമാനിച്ചു പ്രസാദിപ്പിച്ച്, നാഗങ്ങള്‍ ആ ദിവ്യമായ കുണ്ഡലയുഗങ്ങളും അദ്ദേഹത്തിന് നല്കി.
പിന്നെ നാഗങ്ങളുടെ പുജയേറ്റ് പ്രതാപവാനായ ബ്രാഹ്മണന്‍ അഗ്നിയെ വലംവെച്ച് ഗുരുവിന്റെ ഗൃഹത്തിലേക്ക് പോയി. രാജാവേ, ഗുരുവിന്റെ ഗൃഹത്തിലേക്ക് വേഗത്തില്‍ ചെന്ന് ഗുരുപത്നിയെക്കണ്ട് അവന്‍ കുണ്ഡലങ്ങള്‍ നല്കി, തൊഴുതു സന്മതേ!
പിന്നെ ഗുരുവിനെക്കണ്ട് വാസുകി പ്രമുഖന്മാരായ അഹീന്ദ്രന്മാരെ കണ്ട കഥയും ശരിക്ക് ഗുരുവിനോട് ആ ദ്വിജോത്തമന്‍ ഉണര്‍ത്തിച്ചു. ഇപ്രകാരം ആ മഹാത്മാവായ ഉത്തങ്കന്‍ മൂന്നു ലോകവും സഞ്ചരിച്ച് ആ ദിവ്യമായ മണികുണ്ഡലങ്ങളെ ഗുരുപത്നിക്കു നല്കി ജനമേജയാ!
ഇപ്രകാരം മാഹാത്മൃമുള്ളവനാണ് ഉത്തങ്ക മഹര്‍ഷി. ഭരതര്‍ഷഭാ, മഫാതപസ്വിയാണ് അവന്‍. അങ്ങ് ഇതാണല്ലോ ചോദിച്ചത്.
59. കൃഷ്ണനെ ദ്വാരകാപ്രവേശം - കൃഷ്ണൻ മാതാപിതാക്കളെ കാണുന്നു - ജനമേജയൻപറഞ്ഞു: ഉത്തങ്കന് വരം നല്കിയതിന് ശേഷം അല്ലയോ, ദ്വിജസത്മാമാ, മഹാബാഹുവായ ഗോവിന്ദന്‍, ആ സല്‍കീര്‍ത്തിമാന്‍ എന്തു ചെയ്തു?
വൈശമ്പായനൻ പറഞ്ഞു: ഉത്തങ്കന് വരം നല്കിയതിന് ശേഷം, സാത്യകിയോടു കൂടി ഗോവിന്ദന്‍ വേഗതയുള്ള അശ്വങ്ങളെ ഓടിച്ച് ദ്വാരകയിലേക്കു തിരിച്ചു. പുഴകളും, പൊയ്കകളും, കാടുകളും, മലകളും കടന്ന് അഴകേറിയ ദ്വാരകാപുരിയില്‍ ചെന്നെത്തി. മഹാരാജാവേ, ആ സന്ദര്‍ഭത്തില്‍ രൈവതകോത്സവം തുടങ്ങിക്കഴിഞ്ഞിരുന്നു. അവിടെ യുയുധാനനോടു കൂടി പുണ്ഡരീകാക്ഷന്‍ ചെന്നെത്തി.
നാനാരൂപ വിചിത്രങ്ങളും, രത്നകോശാഢ്യവുമായ ആ ശ്രേഷ്ഠപര്‍വ്വതം ശോഭിച്ചു! പലയിടത്തിലും തൂക്കിയിട്ട പൊന്മാലകളാലും പലതരം പൂമാലകളാലും, പലതരം വസ്ത്രങ്ങള്‍ കൊണ്ടും, കല്പവൃക്ഷങ്ങള്‍ കൊണ്ടും, പലയിടത്തിലും ദീപസ്തംഭങ്ങളാലും, വീണ്ടും, വീണ്ടും, അലങ്കരിക്കപ്പെട്ട് പ്രശോഭിച്ചു! ഗുഹകള്‍, ചോലസ്ഥലം തോറും പകല്‍ വെളിച്ചത്തിലെന്ന പോലെ ആ രാത്രിയില്‍ പ്രശോഭിച്ചു. ചുറ്റും മണികളണിഞ്ഞ വിചിത്രമായ കൊടിക്കൂറകളാലും അവിടം വിളങ്ങി. സ്ത്രീകളും, പുരുഷന്മാരും പാട്ടും കൂത്തുമായി, അവിടം ശബ്ദായമാനമായി. രത്നങ്ങള്‍ ചേര്‍ന്ന മഹാമേരു പര്‍വ്വതം പോലെ മനോഹരമായി ആ ശൈലം വിളങ്ങി. സന്തോഷം കൊണ്ട് സ്ത്രീപുരുഷന്മാര്‍ മദിച്ചു തിമിര്‍ത്തു ഭാരതാ! അവര്‍ മലയെ സ്തുതിച്ചു പാടുന്ന മനോഹര ഗാനങ്ങള്‍ ആകാശത്തോളമെത്തി. പ്രമത്തമത്തസമ്മത്തമായ അട്ടഹാസങ്ങളാലും, ആര്‍പ്പുവിളികളാലും, ജയഘോഷങ്ങളാലും, കിലുകിലാരവങ്ങളാലും ശബ്ദസങ്കലമായ അദ്രി അഴകോടെ വിളങ്ങി. ഭക്ഷ്യഭോജ്യ വിഹാരാഡ്യമായ വാണിഭത്തെരുവകളും പ്രശോഭിച്ചു. ഭക്ഷ്യഭോജ്യ വിഹാരങ്ങള്‍ അവിടെയൊക്കെ നിറഞ്ഞു. വാണിഭങ്ങള്‍ തെരുവുകളില്‍ വിചിത്രവസ്തുക്കള്‍ ചേര്‍ന്നു ശോഭിച്ചു. ആ വാണിഭത്തെരുവില്‍ വീണാവേണു മൃദംഗധ്വനികളും, വസ്ത്രമാല്യഗണങ്ങളും, സുരാമൈരേയ സമ്മിശ്രമായ (മദ്യങ്ങള്‍ കലര്‍ത്തിയ) ഭോജ്യങ്ങളും പലയിടങ്ങളിലും സംഭരിക്കപ്പെട്ടു. വീടുകളില്‍ ദീനന്മാര്‍ക്കും, അന്ധന്മാര്‍ക്കും, കൃപണന്മാര്‍ക്കും അവിടെ വാരിക്കോരി ദാനം ചെയ്യുന്നത് കാണാമായിരുന്നു.
ഇപ്രകാരം മംഗളമായി ആ ഗിരീന്ദ്രന്റെ മഹോത്സവം ഏറ്റവും പ്രശോഭിച്ചു! പുണ്യാലയാഢ്യമായും, പുണ്യവാന്മാര്‍ വിളങ്ങുന്നതായും, വൃഷ്ണിവീരന്മാര്‍ വിഹരിക്കുന്നതായും കാണപ്പെട്ട ആ രൈവതമഹോത്സവത്തില്‍ ആ പര്‍വ്വതമാകുന്ന മന്ദിരം നക്ഷത്രങ്ങള്‍ ചേര്‍ന്ന് വിളങ്ങുന്ന വിണ്ണുപോലെ ചിന്നിമിന്നി!
ഇങ്ങനെ മഹോത്സവാഘോഷം കൊടിമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ കൃഷ്ണന്‍ അവിടെയെത്തി. കൃഷ്ണന്റെ സാന്നിദ്ധൃത്താല്‍ ആ പര്‍വ്വത രാജാവ് ശക്രപത്മം പോലെ പ്രശോഭിച്ചു! ആ ഉത്സവം കണ്ട് പൂജിതനായി, ശുഭമായ മന്ദിരത്തിലേക്ക് കൃഷ്ണന്‍ സാത്യകിയോടു കൂടി പോയി.
ഗോവിന്ദനും, സാതൃകിയും ഗൃഹത്തിലെത്തി. ഏറെ നാളായി ഗൃഹത്തില്‍ നിന്ന് വേര്‍പെട്ടു കഴിയുന്ന അവര്‍ സസന്തോഷം അവരുടെ ഗൃഹത്തില്‍ മടങ്ങിയെത്തി. ദാനവന്മാരില്‍ ഇന്ദ്രന്‍ ചെയ്ത മാതിരി അസാദ്ധ്യമായ കര്‍മ്മം ചെയ്താണ് അവര്‍ മടങ്ങിയെത്തിയിരിക്കുന്നത്.
വാര്‍ഷ്ണേയന്‍ എത്തുന്നത് കണ്ട് ശ്രേഷ്ഠന്മാരായ ഭോജവൃഷ്ണികളും, അന്ധകന്മാരും, ദേവകള്‍ ഇന്ദ്രനെയെന്ന വിധം എതിരേറ്റു, മേധാവിയായ കൃഷ്ണന്‍ അവരെ മാനിക്കുകയും കുശലം ചോദിക്കുകയും ചെയ്തു.
അഭിവാദ്യം ചെയ്ത് അച്ഛനേയും അമ്മയേയും വന്ദിച്ചു. അവര്‍ പുത്രനെ പുല്കി. അവരെ കൃഷ്ണന്‍ സാന്ത്വവാക്കു പറഞ്ഞ് സമാശ്വസിപ്പിച്ചു. തൃക്കാല്‍ കഴുകി ആ മഹാഭുജന്‍, ചുറ്റും ഇരിക്കുന്ന വൃഷ്ണികളോടു കൂടെ വിശ്രമിച്ചു. പിന്നെ അച്ഛന്‍ ചോദിക്കുകയാല്‍ ആ മഹായുദ്ധത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങി.
60. വാസുദേവവാക്യം - പതിനെട്ടു ദിവസത്തെ യുദ്ധത്തിന്റെ രത്നച്ചുരുക്കം കൃഷ്ണൻ അച്ഛനോട് പറയുന്നു - വാസുദേവന്‍ പറഞ്ഞു; അല്ലയോ വാര്‍ഷ്ണേയാ, യുദ്ധം വളരെ അത്ഭുതകരമായി നടന്നു എന്ന് ഞങ്ങള്‍ കേട്ടു. എന്നും മര്‍ത്ത്യർ ഓരോ പ്രസംഗത്തിലും പറയുന്നതായി നിത്യവും കേട്ടിരുന്നു. നീയാണെങ്കില്‍ യുദ്ധം പ്രതൃക്ഷമായി കണ്ടവനാണ്. സ്വരൂപം അറിഞ്ഞവനുമാണല്ലോ മഹാഭുജാ! അതുകൊണ്ട് ആ കഴിഞ്ഞ യുദ്ധത്തെപ്പറ്റി ശരിക്ക് പറഞ്ഞു കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട് അനഘാശയാ। മഹാന്മാരായ പാണ്ഡവന്മാര്‍ നടത്തിയ ആ യുദ്ധം എങ്ങനെയായിരുന്നു? അവരെങ്ങനെ ഭീഷ്മകര്‍ണ്ണകൃപദ്രോണശല്യാദികളോട് പോരാടി. എങ്ങനെ ഉത്തമമായ ആ പോരാട്ടം നടന്നു? നാനാവേഷങ്ങളും, നാനാ ആക്യതിയുമുളള പലതരം വേഷസ്ഥരായ, കൃതാസ്ത്രരായ, മറ്റു പല ക്ഷത്രിയന്മാരുമായും എങ്ങനെ പോരാട്ടം നടന്നു?
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അച്ഛനുമമ്മയുംസമീപത്തിരുന്നു ചോദിച്ചപ്പോള്‍ പങ്കജേക്ഷണനായ കൃഷ്ണന്‍ കുരുവീരന്മാര്‍ മൃതരായ ആ യുദ്ധത്തെ പറഞ്ഞു കൊടുത്തു.
കൃഷ്ണന്‍ പറഞ്ഞു: മഹാന്മാരായ ക്ഷത്രിയന്മാരുടെ കര്‍മ്മം മഹാത്ഭുതം തന്നെ. വളരെയധികം മഹാന്മാര്‍ ചേര്‍ന്ന ഇത് ഭയങ്കരമായ പോരാട്ടമാകയാല്‍ അത് തികച്ചും ശരിയായി വര്‍ണ്ണിക്കുവാന്‍ ഒരു നൂറ്റാണ്ട് കൊണ്ടും സാദ്ധ്യമല്ല. എന്നാല്‍ പ്രാധാന്യം ചിന്തിച്ച് ഞാൻ ചുരുക്കമായി ആ യുദ്ധത്തിന്റെ ചരിത്രം പറയാം. മന്നവന്മാരുടെ കര്‍മ്മം ശരിക്കു ചുരുക്കിപ്പറയാം അമരദ്യുതേ, അങ്ങ് കേള്‍ക്കുക.
പതിനൊന്ന് അക്ഷൗഹിണിയുടെ നാഥനായി ഭീഷ്മൻ സേനാപതിയായി. ദേവകള്‍ക്ക് ഇന്ദ്രന്‍ എന്ന പോലെ കൗരവന്മാര്‍ക്ക് അങ്ങനെ കൗരവ്യനായ ഭീഷ്മൻ സേനാപതിയായി. ഏഴ് അക്ഷൗഹിണി സൈന്യങ്ങള്‍ പാണ്ഡവര്‍ക്കുണ്ടായിരുന്നു. അതിന്റെ സേനാനിയായി ശിഖണ്ഡിയും നിന്നു. അവനെ നേതാവാക്കി ബുദ്ധിമാനായ സവ്യസാചി കാത്തു. ആ മഹായോഗ്യര്‍ തമ്മില്‍ പത്തുദിവസം യുദ്ധമുണ്ടായി. കൂരുപാണ്ഡവര്‍ തമ്മില്‍ നടന്ന ആ യുദ്ധം രോമാഞ്ചജനകംഎന്നേ പറഞ്ഞു കൂടൂ! പിന്നെ ശിഖണ്ഡി ഗംഗാപുത്രനുമായി പോരാടി. ഗാണ്ഡീവിയോടൊത്തു നിന്ന് ശിഖണ്ഡി ഭീഷ്മനെ വീഴ്ത്തി. ഭീഷ്മന്‍ മുനിവൃത്തിയോടെ ശരതല്പത്തില്‍ കിടന്ന് കുറേനാള്‍ കഴിഞ്ഞ് മൃതനായി. ദക്ഷിണായനം കഴിയുന്നതു വരെ ശരശയനത്തില്‍ക്കിടന്ന് ഉത്തരായനം തുടങ്ങിയപ്പോഴാണ് മൃതനായത്. പിന്നെ സര്‍വ്വ ആസ്തജ്ഞന്മാരിലും ഉത്തമനായ ദ്രോണന്‍ വീരനായ കൗരവ രാജാവിന്റെ സൈന്യത്തിന്റെ നാഥനായി. ദൈത്യന്മാര്‍ക്ക് ശുക്രന്‍ എന്നപോലെ നാഥനായി. അപ്പോള്‍ കൗരവന്മാര്‍ക്ക് ഒമ്പത് അക്ഷൗഹിണി സൈന്യം ബാക്കിയുണ്ടായിരുന്നു.
സമരശ്ലാഘിയായ ആ ദ്വിജോത്തമനെ കര്‍ണ്ണനും കൃപനും പാലിച്ചു നിന്നു. മഹാശസ്ത്രജ്ഞനായ ധൃഷ്ടദ്യുമ്നന്‍ പാണ്ഡവ സൈന്യത്തിന്റെ നേതാവായി. ശ്രീമാന്‍ മിത്രന്‍ പാശിയെ എന്ന പോലെ ഭീമന്‍ അവനെ കാത്തു. പടയോടു കൂടിയ ധൃഷ്ടദ്യുമ്നന്‍ ദ്രോണനെ പിടിക്കുവാന്‍ ആഗ്രഹിച്ചു. അച്ഛനില്‍ ചെയ്ത പഴയ വൈരം ചിന്തിച്ച് പോരില്‍ കടുത്ത ക്രിയ ചെയ്തു. ആ ദ്രോണനും പാര്‍ഷതനും തമ്മില്‍ നടന്ന പോരാട്ടത്തില്‍ പല നാട്ടില്‍ നിന്നും വന്ന രാജശ്രേഷ്ഠന്മാര്‍ പലരും അവസാനിച്ചു. രോമാഞ്ചജനകമായ ആ യുദ്ധം അഞ്ചു ദിവസം നീണ്ടുനിന്നു. പിന്നെ തളര്‍ന്നുപോയ ദ്രോണൻ ധൃഷ്ടദ്യുമ്നന്റെ പിടിയില്‍പ്പെട്ടു പോയി. അവന്റെ കഥ കഴിഞ്ഞപ്പോള്‍ ദുര്യോധന സൈന്യത്തില്‍ കര്‍ണ്ണന്‍ സേനാപതിയായി.
കര്‍ണ്ണന്‍ സേനാനിയാകുമ്പോള്‍ കൗരവപക്ഷത്തില്‍ അഞ്ച് അക്ഷൗഹിണി മാത്രം ബാക്കിയുണ്ടായിരുന്നു. പാണ്ഡവപക്ഷത്തില്‍ മൂന്ന് അക്ഷൗഹിണിയും ശേഷിച്ചിരുന്നു. ആ പടയെ അര്‍ജ്ജുനന്‍ സാംരക്ഷിച്ചു പോന്നു. രണ്ടു പക്ഷത്തിലും മിക്കവാറും വീരന്മാരൊക്കെ നശിച്ച് പോരിന് ഒരുങ്ങി നില്ക്കുകയായിരുന്നു ശേഷിച്ചവരെല്ലാം. പിന്നെ പാര്‍ത്ഥനും കര്‍ണ്ണനുമായി ഭയങ്കരമായി പോരാട്ടം നടന്നു. പര്‍ത്ഥനില്‍ ഏറ്റ് കര്‍ണ്ണന്‍ തീയ്യില്‍ ഇയ്യാംപാറ്റ പോലെ നശിച്ചു പോയി. രണ്ടുദിവസത്തെ യുദ്ധമേ നടന്നുള്ളൂ. ദാരുണമായ വിധം അര്‍ജ്ജൂനന്റെ ശരമേറ്റ് കര്‍ണ്ണന്‍ മരിച്ചു പോയി.
കര്‍ണ്ണന്‍ മരിച്ചതോടെ കൗരവപ്പടയുടെ ഓജസ്സ് നശിച്ചു. അവര്‍ ഹതോദ്യമരായി. മൂന്ന് അക്ഷൗഹിണി സൈന്യത്തോടു കൂടി മദ്ര രാജാവായ ശല്യന്‍ സേനാനിയായി. അവനെ മറ്റു വീരന്മാര്‍ തുണച്ചു.
മിക്കവാറും ആന കുതിരകളൊക്കെ ചത്തൊടുങ്ങിയ പാണ്ഡവ സൈന്യത്തിന്റെ നായകനായി യുധിഷ്ഠിരന്‍ സേനാനിയായി. പാണ്ഡവന്മാര്‍ ധര്‍മ്മജനെ തുണച്ചു. മദ്രരാജാവിനെ നിരുത്സാഹരായ കൗരവരും തുണച്ചു. കുരുരാജാവായ യുധിഷ്ഠിരന്‍ മദ്രരാജാവിനേയും ഹനിച്ചു. അന്നത്തെ പകലിന്റെ പകുതി കൊണ്ട് ആ ദുഷ്കരമായ ക്രിയയും നടന്നു.
ശല്യന്‍ മരിച്ചപ്പോള്‍ മഹാശയനും അമിതവിക്രമനുമായ സഹദേവന്‍ ആ കലിയെക്കൊണ്ടു വന്ന്, കലാപ വിത്തു വിതച്ച ശകുനിയെ, പോരില്‍ വധിച്ചു.
ശകുനി ചത്തപ്പോള്‍ ബുദ്ധികെട്ട ദുര്യോധനന്‍ തന്റെ ഗദയും കൈയിലെടുത്തു യുദ്ധക്കളത്തില്‍ നിന്ന് ഓടിക്കളഞ്ഞു. അപ്പോള്‍ പടയൊന്നും അവശേഷിച്ചിരുന്നില്ല. ക്രുദ്ധനായ ഭീമന്‍ അവനെ പിന്‍തുടര്‍ന്നു ചെന്നു. ദ്വൈപായന ഹ്രദത്തില്‍ അവന്‍ ജലം സ്തംഭിപ്പിച്ച് നീറ്റില്‍ ഒളിച്ചിരിക്കുന്നതായി അറിഞ്ഞു. ഉടനെ, ചത്തതില്‍ ബാക്കിയുള്ള സൈന്യങ്ങളോടു കൂടെ ചെന്ന് ഹ്രദം വളഞ്ഞു. ആ ഹ്രദത്തിലിരിക്കുന്നവന്റെ സമീപത്തു ഹൃഷ്ടരായി പാണ്ഡവന്മാര്‍ കൂടി. വെള്ളത്തിലിറങ്ങി വാക്കാകുന്ന മൂര്‍ച്ചയുള്ള ശരങ്ങള്‍ വിട്ടു. സഹിക്ക വയ്യാതെ അവന്‍ അവിടെ നിന്നെഴുന്നേറ്റു യുദ്ധത്തിന് ചെന്നു. പിന്നെ പോരില്‍ ധാര്‍ത്തരാഷ്ട്ര ക്ഷിതീശനെ ആ ധീരന്മാരുടെ മുമ്പില്‍ വെച്ച് അവര്‍ കണ്ടുനില്ക്കെ വിക്രമിച്ച് ഭീമന്‍ കൊന്നുവീഴ്ത്തി.
അങ്ങനെ യുദ്ധം ജയിച്ച് ആഹ്ളാദത്തോടെ പാണ്ഡവസൈന്യം അന്നു രാത്രി ശിബിരത്തില്‍ കിടന്നുറങ്ങുമ്പോള്‍ രാത്രി ശിബിരത്തില്‍ക്കടന്ന് ദ്രൗണി അച്ഛനെ കൊന്ന ധൃഷ്ടദ്യൂമ്നനോടുള്ള വിദ്വേഷം മനസ്സില്‍ വെച്ച് പാണ്ഡവയോദ്ധാക്കളെയെല്ലാം വെട്ടിക്കൊന്നു.
പാണ്ഡവരുടെ മക്കളും പടയും മിത്രങ്ങളുമെല്ലാം മൃതരായി. പാണ്ഡവന്മാര്‍ അഞ്ചുപേരും ഞാനും സാത്യകിയും മാത്രം അവശേഷിച്ചു. കൃപനോടും ഭോജനോടും കൂടി അശ്വത്ഥമാവ് രക്ഷപ്പെട്ടു. കൗരവ്യനായ യുയുത്സുവും പാണ്ഡവന്മാരെ ആശ്രയിക്കുക മൂലം രക്ഷപ്പെട്ടു. കൗരവ്വേന്ദ്രനായ സുയോധനന്‍ കൂട്ടത്തോടെ നശിച്ചതിന് ശേഷം വിദുരനും സഞ്ജയനും വന്ന് ധര്‍മ്മപുത്രനെ സേവിച്ചു.
ഇപ്രകാരം പതിനെട്ടു ദിവസം യുദ്ധമുണ്ടായി പ്രഭോ! അതില്‍ ക്ഷത്രിയന്മാരെല്ലാം മൃതിയടഞ്ഞ് സ്വര്‍ഗ്ഗത്തെ പ്രാപിച്ചു.
വൈശമ്പായനൻ പറഞ്ഞു; രോമാഞ്ചമഞ്ചുമാറ് ആകഥ കേള്‍ക്കുന്ന സമയത്ത് വൃഷ്ണികള്‍ക്കെല്ലാം പെട്ടെന്ന് ദുഃഖവും ക്ലേശവും പരിക്ലേശവുമുണ്ടായി രാജാവേ!
61. വസുദേവസാന്ത്വനം - അഭിമന്യുവിന്റെ വധത്തെ കേട്ട് ദ്വാരകയിലെ ദുഃഖം - വൈശമ്പായനൻ പറഞ്ഞു: പ്രതാപവാനായ വാസുദേവന്‍ മഹാഭാരതയുദ്ധ കഥ പറയുമ്പോള്‍ അച്ഛനോട് അഭിമന്യുവിന്റെ വധത്തെപ്പറ്റി പറയാതെ വിട്ടു. അച്ഛന്‍ ആ വൃത്താന്തമറിഞ്ഞാല്‍ ദുഃഖിക്കുമെന്നുള്ളത് കൊണ്ട് മഹാമതിയായ കൃഷ്ണന്‍ അത് പറയുവാന്‍ വിട്ടിരുന്നു. തന്റെ ദൌഹിത്രന്റെ വധത്തെ കേള്‍ക്കുമ്പോള്‍ അച്ഛന്‍ വലിയ ദുഃഖത്തില്‍ പതിക്കുമെന്നും ശോകതപ്തനാകുമെന്നും കരുതി തല്ക്കാലം മറച്ചു വെച്ചതായിരുന്നു. തന്റെ മകനെ വധിച്ച വൃത്താന്തം വിട്ടതു കണ്ടപ്പോള്‍, കൃഷ്ണ, സൗഭദ്രന്റെ വധവും പറയൂ എന്ന് പറഞ്ഞ് സൂഭ്രദ ഇരിക്കുന്നിടത്തു നിന്ന് നിലത്തു വീണു. നിലത്തു വീണ മകളെ വസുദേവന്‍ കണ്ടു. അതു കണ്ടതോടെ വസുദേവനും ദുഃഖം കൊണ്ട് മൂര്‍ച്ഛിച്ച് നിലത്തു വീണു. പിന്നെ അവിടെ നിന്ന് എഴുന്നേറ്റപ്പോള്‍ ദൌഹിത്ര നിധന ദുഃഖ പീഡിതനായ വസുദേവന്‍ കൃഷ്ണനോട് ഇപ്രകാരം പറഞ്ഞു, മഹാരാജാവേ!
വസുദേവന്‍ പറഞ്ഞു: അല്ലയോ പുണ്ഡരീകാക്ഷാ, നീ സത്യവാക്കാണ് എന്നു പ്രസിദ്ധി കേട്ടവനാണല്ലോ. അല്ലയോ ശത്രുഘ്ന, എന്തേ നീ ദൌഹിത്രവധം എന്നോട് പറയാഞ്ഞത്? തത്ത്വമായി, ഉണ്ടായ മട്ടില്‍ സത്യമായി, നിന്റെ മരുമകന്റെ വധത്തെപ്പറ്റിയും പറയുക! കണ്ണാ! നിന്നോട് തുല്യനായ മറ്റൊരു കണ്ണനല്ലേ, അഭിമന്യു. അവനെ എങ്ങനെ ശത്രുക്കള്‍ക്ക് കൊല്ലുവാന്‍ കഴിഞ്ഞു? എടോ വാര്‍ഷ്ണേയാ, കാലാം വരാതെ നരന്മാര്‍ക്കു ചാകുവാന്‍ പറ്റില്ല! അത് എനിക്കറയാം. അതു കൊണ്ടാണ് എന്റെ കരള്‍ നൂറു കഷണമായി പൊട്ടിത്തകരാതിരിക്കുന്നത്. അമ്മയായ സുഭദ്രയെപ്പറ്റി പോര്‍ക്കളത്തില്‍ വെച്ച് അവന്‍ എന്തു പറഞ്ഞു? എന്നെപ്പറ്റിയും ആ ചഞ്ചലലോചനന്‍ വല്ലതും പറഞ്ഞുവോ? അവന്‍ യുദ്ധത്തില്‍ പിന്തിരിഞ്ഞ് ഓടുമ്പോഴാണോ ശത്രുക്കള്‍ കൊന്നത്? അങ്ങനെ അപമാനിതനായിട്ടല്ലല്ലോ വധിക്കപ്പെട്ടത്? ഗോവിന്ദാ, യുദ്ധത്തില്‍ അവന്‍ മുഖം തിരിച്ചില്ലല്ലോ? തേജസ്വിയായ അവന്‍, കൃഷ്ണാ, ബാലഭാവത്തോടെ ശ്ലാഘ്യമായ വിധം വിനയഭാവം പൂണ്ട് എന്നോടു പറഞ്ഞിട്ടുണ്ട്. ബാലനായ അവന്‍ ദ്രോണ കര്‍ണ്ണ കൃപാദികളാല്‍ വഞ്ചിതനായില്ലല്ലോ. അയ്യോ, അവന്‍ ചത്തു മണ്ണടിഞ്ഞു പോയോ? കേശവാ, എന്തുണ്ടായി എന്നു പറയൂ! ദ്രോണനോടും, ഭീഷ്മനോടും, ശക്തനായ കര്‍ണ്ണനോടും പോരില്‍ നിത്യവും മത്സരിക്കുവാന്‍ ശക്തനാണ് എന്റെ ദൌഹിത്രന്‍! അവന്‍ എവിടെ?
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം പലതരത്തില്‍ വിലപിച്ച് ദുഃഖിച്ചിരിക്കുമ്പോള്‍ അച്ഛനോട് അതൃധികമായ ദുഃഖത്തോടെ ഗോവിന്ദന്‍ ഇപ്രകാരം പറഞ്ഞു.
കൃഷ്ണന്‍ പറഞ്ഞു: പടത്തലയ്ക്കല്‍ മുഖം തിരിച്ചില്ല, ഭയപ്പെട്ടില്ല, കടക്കാന്‍ വയ്യാത്ത യുദ്ധത്തില്‍ പിന്‍തിരിഞ്ഞിട്ടുമില്ല. നൂറും ആയിരവും രാജാക്കന്മാരെ വെട്ടിവീഴ്ത്തി ദ്രോണനും കര്‍ണ്ണനും ഒപ്പം നിന്ന് കുഴക്കുന്ന സമയത്ത് ദുശ്ശാസന പുത്രന്റെ വശത്തിലായി. ഒറ്റയ്ക്ക് ഒരുത്തനോടു പൊരുതുകയാണെങ്കില്‍ പ്രഭോ, പോരില്‍ അഭിമന്യുവിനെ വധിക്കുവാന്‍ വജ്രപാണിയായ ഇന്ദ്രന് പോലും സാദ്ധ്യമല്ല. അര്‍ജജുനനെ പടക്കളത്തില്‍ നിന്ന് സംശപ്തകന്മാര്‍ അകറ്റിയ ഘട്ടത്തില്‍, മറ്റൊരു രംഗത്തില്‍ പോരാട്ടം നടക്കുമ്പോള്‍ അവനെ ദ്രോണന്‍ മുതലായ മഹാരഥന്മാരെല്ലാവരും കൂടി വളഞ്ഞു. അച്ഛാ, അവിടെ നിന്ന് അവന്‍ വളരെ ശത്രുക്കളെ വധിച്ചു. അല്ലയോ വാര്‍ഷ്ണേയാ, ഭവാന്റെ മകളുടെ മകന്‍ ദൗശ്ശാസനിയുടെ വശത്തില്‍ പെട്ടു പോയി. അവന്‍ ദൃഢമായും വീരസ്വര്‍ഗ്ഗത്തില്‍ എത്തിക്കഴിഞ്ഞു. ശോകം കളയു മഹാമതേ! ജ്ഞാനികള്‍ ദുഃഖത്തില്‍ പെട്ട് തളരാറില്ല. ദ്രോണകര്‍ണ്ണാദ്യന്മാരെപ്പോലും എതിരിട്ട് തടുത്ത ധീരന്‍, മഹേന്ദ്രതുല്യരോട് പടവെട്ടി നിന്ന് മൃതിയടഞ്ഞ വീരന്‍ സ്വര്‍ഗ്ഗത്തിലെത്തുകയില്ലേ? ദുര്‍ദ്ധര്‍ഷാ, ശോകം കളയുക! ദുഃഖത്തിന് അടിമപ്പെടാതിരിക്കുക! ശ്രസ്തശുദ്ധമായ പദം, വീരന്മാര്‍ക്കുള്ള സ്വര്‍ഗ്ഗം, ആ പരപുരഞ്ജയന്‍ പ്രാപിച്ചു കഴിഞ്ഞു. വീരനായ അവന്‍ മരിച്ചത് മൂലം എന്റെ പ്രിയസഹോദരിയായ സുഭദ്ര ദുഃഖാര്‍ത്തയായി കുന്തിയുടെ സമീപത്തു ചെന്ന് കുരരിപ്പക്ഷി പോലെ ആര്‍ത്തു വിലപിച്ചു. അവള്‍ ദ്രൗപദിയുടെ സമീപത്തെത്തി ദുഃഖത്തില്‍ മുഴുകി ചോദിച്ചു. ആര്യേ, മക്കളൊക്കെ എവിടെ? അവരെ എല്ലാം കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അവള്‍ പറഞ്ഞത് കേട്ട് ആ കുരുനാരികളെല്ലാവരും അവളെ കൈകള്‍ കൊണ്ടു താങ്ങി. എല്ലാവരും സഹിക്ക വയ്യാത്ത ദുഃഖത്താല്‍ ആര്‍ത്തു വിലപിച്ചു. ഉത്തരയോടും അവള്‍ ചോദിച്ചു. ഭദ്രേ, നിന്റെ കാന്തന്‍ എവിടെപ്പോയി? അവന്‍ വേഗം വന്നാല്‍ ഉടനെ എന്നെ അറിയിക്കണം. വിരാടപുത്രീ, എന്റെ വാക്കു കേട്ടാല്‍ എന്നും അവന്‍ ഗൃഹത്തില്‍ നിന്ന് എത്താറുണ്ടല്ലോ. ഇന്ന് എന്താണ് അവന്‍ വരാതിരിക്കുന്നത്? അഭിമന്യു, നിന്റെ മാതുലന്മാര്‍ മഹാരഥന്മാരാണ്; കുശലികളാണ്. പോരിന് വന്ന നിന്നോട് എല്ലാവരും കുശലം പറഞ്ഞു. മുമ്പത്തെ മട്ടില്‍ ഇന്നത്തെ യുദ്ധത്തെപ്പറ്റിയും പറയു! അരിന്ദമാ! ഇങ്ങനെ കേഴുന്ന എന്നോട് എന്തേ നീ ഒന്നും പറയാത്തത്? ഇപ്രകാരം വാര്‍ഷ്ണേയി വിലപിക്കുന്നതു കേട്ട് കുന്തീദേവി ദുഃഖത്തോടെ മെല്ലെ ഇപ്രകാരം പറഞ്ഞു.
കുന്തി പറഞ്ഞു: സുഭദ്രേ, വാസുദേവനും, സാതൃകിയും, അവന്റെ അച്ചനും രണത്തില്‍ ശ്ലാഘിച്ച് ലാളിക്കുന്ന അവന്‍ കാലത്തിന്റെ വഴിക്കു പൊയ്ക്കളഞ്ഞു. ഇപ്രകാരമാണല്ലോ മര്‍ത്ത്യധര്‍മ്മം. യദുനന്ദിനീ, നീ ദുഃഖിക്കരുത്. ദുര്‍ദ്ധര്‍ഷനായ നിന്റെ പുത്രന്‍ പരസല്‍ഗതി പ്രാപിച്ചു. വലിയ പ്രസിദ്ധമായ ക്ഷത്രിയ കുലത്തിലാണല്ലോ നീ പിറന്നത്. അല്ലയോ പത്മനേത്രേ, നീ ആ ചഞ്ചലലോചനനെ ഓര്‍ത്ത്, ആ പൊന്നുമോനെ ഓര്‍ത്ത്, ദുഃഖിക്കാതിരിക്കുക. ഇതാ നീ ഇങ്ങോട്ടൊന്നു നോക്കൂ! ഗര്‍ഭിണിയായ ഉത്തരയല്ലേ ഈ ഇരിക്കുന്നത്. നിന്റെ ഈ ദുഃഖം കാണുമ്പോള്‍ ഈ പൊന്നുമോള്‍ എത്ര ദുഃഖിക്കുന്നുണ്ടാകും! അവന്റെ പുത്രനെ ഭാമിനിയായ ഇവള്‍ പ്രസവിക്കും. സമാശ്വസിക്കു!
കൃഷ്ണന്‍ പറഞ്ഞും: ഇപ്രകാരം കുന്തി തന്നെ അവളെ സമാശ്വസിപ്പിച്ചു. എന്നിട്ട് ദുഃഖം വിട്ട് പരേതന് ശ്രാദ്ധകര്‍മ്മം നിശ്ചയിച്ചു. ധര്‍മ്മജ്ഞനായ രാജാവിനെയും, ഭീമനെയും, യമാഭന്മാരായ യമന്മാരെയും സമ്മതിപ്പിച്ച് ധാരാളം ദാനധര്‍മ്മാദികള്‍ ചെയ്തു. പിന്നെ വിപ്രന്മാര്‍ക്ക് വളരെ പശുക്കളെ ദാനം ചെയ്തു. യദൂദ്വഹാ! പിന്നെ എല്ലാം കഴിഞ്ഞതിന് ശേഷം വാര്‍ഷ്ണേയി ഉത്തരയോടു പറഞ്ഞു.
കുന്തി പറഞ്ഞു. അല്ലയോ ഉത്തരേ, അനിന്ദിതേ, സുശ്രോണീ, നീ ഒട്ടും ദുഃഖിക്കരുത്. കാന്തനെ ഓര്‍ത്ത് ഗര്‍ഭസ്ഥനായ ബാലനെ പരിപാലിക്കുക!
കൃഷ്ണന്‍ പറഞ്ഞു: മഹാദ്യുതേ, ഇപ്രകാരം പറഞ്ഞ് കുന്തി വിരമിച്ചു. കുന്തിയെ സമ്മതിപ്പിച്ച് ഞാന്‍ സുഭദ്രയേയും കൊണ്ട് ഇങ്ങോട്ടു പോന്നു. ഇപ്രകാരം ഭവാന്റെ മകളുടെ മകന്റെ ജീവിതം അവസാനിച്ചു. അല്ലയോ മാനദാ. ദുര്‍ദ്ധര്‍ഷാ, പിതാവേ, അങ്ങ് സന്താപം വിടുക! ദുഃഖത്തെപ്പറ്റി ചിന്തിക്കരുതേ!
62. വ്യാസസാന്ത്വനം - ഉത്തരയുടെ ദുഃഖം ഗർഭത്തെ ബാധിക്കാതിരിക്കാൻ വ്യാസൻ പ്രത്യക്ഷനായി സമാശ്വസിപ്പിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു; ഇപ്രകാരം തന്റെ പുത്രനായ കൃഷ്ണന്‍ പറഞ്ഞത് കേട്ട് വസുദേവന്‍ ശോകം വെടിഞ്ഞു. ആ ധര്‍മ്മിഷ്ഠനായ ശൂരപുത്രന്‍ പിന്നെ ദൌഹിത്രന് ഉത്തമമായ ശ്രാദ്ധകര്‍മ്മം ചെയ്തു. അപ്രകാരം ഭാഗിനേയന് വേണ്ടി കൃഷ്ണനും ശ്രാദ്ധം ചെയ്തു. ഓജസ്വികളായ അറുപതിനായിരം ബ്രാഹ്മണരെ വരുത്തി വിധിപ്രകാരം എല്ലാ ഗുണങ്ങളോടും കൂടിയ ഊണു നല്കി. എല്ലാവര്‍ക്കും പുതിയ വസ്ത്രങ്ങള്‍ നല്കി. പിന്നെ മഹാബാഹുവായ കൃഷ്ണന്‍ അവര്‍ക്കെല്ലാം ധനത്തിലുള്ള ദാഹം ശമിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണരെല്ലാം അപ്പോള്‍ ആനന്ദം കൊണ്ട് രോമഹര്‍ഷണന്മാരായി. സ്വര്‍ണ്ണം, പശുക്കള്‍, മെത്ത, കട്ടില്‍, വസ്ത്രങ്ങള്‍, എന്നിവയൊക്കെ ദാനം ചെയ്തപ്പോള്‍ അവര്‍ അനുഗ്രഹിച്ചു. "വര്‍ദ്ധിക്കട്ടെ! വര്‍ദ്ധിക്കട്ടെ!", എന്ന് അവര്‍ വിളിച്ചു പറഞ്ഞു.
ദാശാര്‍ഹനായ വാസുദേവന്‍, ബലന്‍, സാതൃകി, സത്യകന്‍ എന്നിവരും അഭിമന്യുവിന് ശ്രാദ്ധം ചെയ്തു. അവര്‍ എത്രയും ദുഃഖിക്കുക തന്നെ ചെയ്തു. ഒരു വിധത്തിലും മനസ്സില്‍ ശമം നേടാന്‍ കഴിഞ്ഞില്ല. അഭിമന്യു പിരിഞ്ഞ അവരുടെ ദുഃഖം എന്നു തീരും? അപ്രകാരം തന്നെ ഹസ്തിനപുരിയില്‍ പാണ്ഡവന്മാരും അഭിമന്യു പിരിയുകയാല്‍ ശമം നേടിയില്ല. അല്ലയോ രാജേന്ദ്രാ, പിന്നെ വളരെ ദിവസങ്ങള്‍ വിരാടപുത്രി (ഉത്തര) കരുണാമയമായ ചിന്തയോടെ ഭര്‍ത്താവിനെ ചിന്തിച്ച് ഊണില്‍ തൃപ്തിയില്ലാതെ ദുഃഖിതയായി കിടന്നു. അതുകണ്ട് എല്ലാവരും ദുഃഖിച്ചു. വയറ്റില്‍ അവളുടെ ഗര്‍ഭം ലയിച്ച മട്ടിലായി.
ഈ നാശനില ദിവ്യദൃഷ്ടിയാല്‍ അറിഞ്ഞ വ്യാസന്‍ അവിടെ എത്തി. ദീര്‍ഘാക്ഷിയായ കുന്തിയെച്ചെന്നു കണ്ടു പറഞ്ഞു. തേജസ്വിയായ അദ്ദേഹം ഉത്തരയോടും പറഞ്ഞു: യശസ്വനീ, നീ ദുഃഖം തൃജിക്കുക! നിന്റെ പുത്രന്‍ തേജസ്വിയായി ഭവിക്കും. വാസുദേവന്റെ പ്രഭാവത്താലും, എന്റെ വാക്കാലും പാണ്ഡവന്മാര്‍ക്കു ശേഷം അവന്‍ ഭൂമി പാലിക്കുന്നതാണ്. ധനഞ്ജയനെ നോക്കി ധര്‍മ്മജന്‍ കേട്ടു നില്ക്കെ ഹര്‍ഷിപ്പിക്കുന്ന വിധം വ്യാസന്‍ ഇപ്രകാരം പറഞ്ഞു ഭാരതാ!
വ്യാസന്‍ പറഞ്ഞു: നിന്റെ പൌത്രന്‍ മഹാഭാഗനായി ഭവിക്കും; അതില്‍ സംശയം ഒട്ടും വേണ്ട. ധര്‍മ്മമായ വിധം ആഴി ചൂഴുന്ന ഊഴിയെ പാലിക്കും. അതുകൊണ്ട് കുരുശ്രേഷ്ഠാ, അരികര്‍ശനാ! ശോകം വിട്ടു കൊള്ളുക! നിനക്ക് ഇതില്‍ വിചാരിക്കുവാനില്ല. ഇത് സത്യമാണ്. വൃഷ്ണിവീരനായ കൃഷ്ണന്‍ അന്നു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? കുരുനന്ദനാ, ആ പറഞ്ഞത് അതുപേലെ തന്നെ സംഭവിക്കും. ഇതില്‍ ചിന്തിപ്പാനില്ല. ആ വീരന്‍ നേടിയ അക്ഷയ ലോകങ്ങളില്‍ അവന്‍ പ്രവേശിച്ച് ദേവലോകങ്ങള്‍ പൂകി. ആ വീരനെപ്പറ്റി ഭവാനും മറ്റു കുരുക്കളും ദുഃഖിക്കരുത്.
വൈശമ്പായനൻ പറഞ്ഞും: ഇപ്രകാരം പിതാമഹനായ വ്യാസന്‍ പറഞ്ഞതു കേട്ട് ധര്‍മ്മാത്മാവായ ധനഞ്ജയന്‍ ശോകം വെടിഞ്ഞ് മഹാരാജാവേ, ഹൃഷ്ടനായി. അല്ലയോ ധര്‍മ്മജ്ഞാ, നിന്റെ അച്ഛന്‍ ആ ഗര്‍ഭത്തില്‍ യഥേഷ്ടം വാണു. ശുക്ല പക്ഷത്തില്‍ ചന്ദ്രന്‍ എന്ന പോലെ ഗര്‍ഭം വളര്‍ന്നു. പിന്നെ വ്യാസന്‍ ധര്‍മ്മരാജാവിനെ അശ്വമേധത്തിന് പ്രേരിപ്പിച്ചു. വ്യാസന്‍ മറയുകയും ചെയ്തു. മേധാവിയായ ധര്‍മ്മരാജാവ് വ്യാസന്റെ വാക്കു കേട്ട് അല്ലയോ വത്സാ, ധനം കൊണ്ടു വരുവാന്‍ തീര്‍ച്ചയാക്കി.
63. ദ്രവ്യാനയനാരംഭം - മരുത്തന്റെ നിധി അന്വേഷിച്ചു പുറപ്പെടുന്നു - ജനമേജയന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, മഹാനായ വ്യാസമുനി പറഞ്ഞവാക്കു കേട്ട് അശ്വമേധത്തെപ്പറ്റി എന്തൊക്കെയാണു പിന്നെ ചെയ്തത്? മരുത്തന്‍ പണ്ടു കാലത്ത് നിക്ഷേപിച്ച ആ രത്നങ്ങള്‍ ഉണ്ടല്ലോ. അതൊക്കെ എങ്ങനെയാണ് നേടിയത്? ദ്വിജോത്തമാ, പറയണേ!
വൈശമ്പായനന്‍ പറഞ്ഞു: വ്യാസന്‍ പറഞ്ഞതു കേട്ട് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ അനുജന്മാരെയെല്ലാം അരികില്‍ വിളിച്ച് യഥാകാലം ഇപ്രകാരം പറഞ്ഞു. അര്‍ജ്ജുനനും, ഭീമനും, മാദ്രീപുത്രന്മാരും ജ്യേഷ്ഠന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ സശ്രദ്ധം നിന്നു.
രാജാവ് പറഞ്ഞു: വീരന്മാരേ, കുരുക്കളുടെ ഹിതം നോക്കുന്ന ധീമാനും, മഹാശയനുമായ കൃഷ്ണന്‍ സൗഹൃദത്താല്‍ പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുകയുണ്ടായല്ലോ! തപോവൃദ്ധനും, മഹാത്മാവും, സുഹൃത്തുക്കള്‍ക്ക് ഐശ്വര്യം ആശംസിക്കുന്നവനും, ധര്‍മ്മശീലനും, അത്ഭുതക്രിയ ചെയ്യുന്നവനും, ഗുരുവുമായ വ്യാസന്‍ പറഞ്ഞതും നിങ്ങള്‍ കേള്‍ക്കുകയുണ്ടായല്ലോ. മഹാപ്രാജ്ഞനും ധീമാനുമായ ഭീഷ്മനും, ഗോവിന്ദനും പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. അതോര്‍ത്ത് പാണ്ഡുപുത്രന്മാരേ, ഞാന്‍ ഒരു കാര്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ക്കെല്ലാവര്‍ക്കും ഇന്നേക്കും നാളേക്കും ഏറ്റവും ഹിതമായിട്ടുള്ള ഒരു കാര്യമാണത്. ബ്രഹ്മവാദിയായ ആ മുനി പറഞ്ഞ വാക്കുകള്‍ ഫലത്തില്‍ ശുഭം നല്കും. ഈ ഭൂമിയെല്ലാം രത്നങ്ങള്‍ ഇല്ലാത്തതായി, ധനം ക്ഷയിച്ചതായി തീര്‍ന്നിരിക്കുന്നു. വ്യാസന്‍ മരുത്തന്റെ ധനത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങള്‍ക്ക് അതിനെപ്പറ്റി എന്താണ് ചിന്തിക്കുവാനുള്ളതെങ്കില്‍ ചിന്തിച്ചു പറയുവിന്‍. ധര്‍മ്മത്താല്‍ പറയുന്ന വിധംആകാം. ഭീമാ, നീ എന്താണ് ഇതിനെപ്പറ്റി ചിന്തിക്കുന്നത്?
ഇപ്രകാരം രാജാവു പറഞ്ഞു കഴിഞ്ഞപ്പോള്‍ അല്ലയോ, കുരുകുലോദ്വഹാ, ഭീമസേനന്‍ കൈതൊഴുത് രാജേന്ദ്രനോട് പറഞ്ഞു.
ഭീമന്‍ പറഞ്ഞു: അല്ലയോ മഹാബാഹോ, ഭവാന്‍ പറഞ്ഞത് എനിക്കും തൃപ്തികരമായ കാര്യമാണ്. വ്യാസന്‍ പറഞ്ഞു തന്ന ധനം കൊണ്ടു വരണമെന്ന കാര്യം വേണ്ടതാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. നമുക്ക് ആവിക്ഷിതന്റെ ധനം നേടാവുന്നതാണെങ്കില്‍ പ്രഭോ, തീര്‍ച്ചയായും അത് ഉടനെ ചെയ്യുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് മഹാത്മാവായ ഗിരീശനെ വണങ്ങി, ശുഭമായി കപര്‍ദ്ദിയെ അര്‍ച്ചിച്ച് അതു കൊണ്ടു വരിക തന്നെ! ആ സ്വാമിയായ ദേവദേവേശനെയും, ആ ദേവന്റെ ഭൃത്യനെയും മനസ്സുകൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും, പ്രസാദിപ്പിച്ച് ആ അര്‍ത്ഥം നേടാം. ആ ദ്രവ്യം കാക്കുന്ന രൗദ്രാകാരരായ കിന്നരന്മാരുണ്ടല്ലോ. വൃഷദ്വജന്‍ പ്രസാദിക്കുകയാണെങ്കില്‍ അവരും പാട്ടിലാകുന്നതാണ്!
വൈശമ്പായനന്‍ പറഞ്ഞു: എന്ന് ഭീമന്‍ പറഞ്ഞ വാക്കുകേട്ട് അല്ലയോ ഭരതര്‍ഷഭാ, ധര്‍മ്മപുത്രരാജാവ് പ്രീതനായി. അര്‍ജ്ജുനന്‍ മുതലായവരും, "അങ്ങനെ തന്നെ", എന്നു പറഞ്ഞു.
അങ്ങനെ പാണ്ഡവന്മാരെല്ലാം രത്നം കൊണ്ടു വരുവാനുള്ള നിശ്ചയം മനസ്സില്‍ ഉറപ്പിച്ചു. നല്ല നാളും, നല്ല ആഴ്ചയും, നല്ല മുഹൂര്‍ത്തവും നിശ്ചയിച്ച് സൈനൃത്തിന് കല്പന നല്കി. പിന്നെ പാണ്ഡുപുത്രന്മാര്‍ വിപ്രരെ ക്കൊണ്ട് "സ്വസ്തി" ചൊല്ലിച്ചു. ആദ്യമേ തന്നെ ദേവവരനായ മഹേശ്വരനെ പുജിച്ച് മോദകം, പായസം, മാംസം, അപ്പം ഇവ കൊണ്ടു നിവേദിച്ചു പ്രാര്‍ത്ഥിച്ച് രസത്തോടെ പുറപ്പെട്ടു. അവര്‍ പോകുമ്പോള്‍ അവിടെ ശുഭമായ മംഗളങ്ങള്‍ പ്രഹൃഷ്ട ചിത്തന്മാരായ വിപ്രപ്രവരന്മാരും പൗരന്മാരും പറഞ്ഞു. പിന്നെ അഗ്നിക്രിയകള്‍ നടത്തുന്ന ബ്രാഹ്മണരെ തല കുനിച്ച് കൈകൂപ്പി പ്രദക്ഷിണം വെച്ച് ആ പാണ്ഡുനന്ദനന്മാര്‍ പുറപ്പെട്ടു. പുത്രദുഃഖം അനുഭവിച്ച് സഭാര്യനായിരിക്കുന്ന ധൃതരാഷ്ട്രനെ സമ്മതിപ്പിച്ച്, പൃഥുദ്യക്കായ പൃഥയേയും (കുന്തീദേവിയെയും) സമ്മതിപ്പിച്ച്, ഗാന്ധാരീ ധൃതരാഷ്ട്രന്മാരുടെ അരികില്‍ ധാര്‍ത്തരാഷ്ട്രനായ യുയുത്സുവിനെ തലസ്ഥാന നഗരത്തില്‍ നിറുത്തി, പൗരന്മാരുടെയും ബുദ്ധിമാന്മാരായ ബ്രാഹ്മണരുടെയും ആശംസകള്‍ സ്വീകരിച്ച് അവര്‍ പുറപ്പെട്ടു.
64. ദ്രവ്യാനയനോപക്രമം - യുധിഷ്ഠിരൻ സപരിവാരം ഉദ്ദിഷ്ട സ്ഥാനത്ത് എത്തുന്നു - വൈശമ്പായനൻ പറഞ്ഞു; ഉടനെ എല്ലാവരും സന്തോഷത്തോടെ പുറപ്പെട്ടു. സന്തോഷത്തോടു കൂടിയ നരന്മാരും, കുതിരകളും, മറ്റു വാഹനങ്ങളും കൂടി യാത്ര തുടര്‍ന്നു. വന്ദികളും, മാഗധന്മാരും, പുറപ്പെടുന്ന അവരെ വാഴ്ത്തി സ്തുതിച്ചു. സ്വന്തം സൈന്യങ്ങളോടു കൂടി സഞ്ചരിക്കുന്ന അവര്‍ രശ്മി തൂകുന്ന ആദിത്യന്മാര്‍ പോലെ തലയ്ക്കു മുകളില്‍പ്പിടിച്ച വെണ്‍കൊറ്റക്കുടയാല്‍ വിളങ്ങി. വെളുത്തവാവു ദിവസം പൂര്‍ണ്ണചന്ദ്രന്‍ പ്രശോഭിക്കുന്ന മാതിരി യുധിഷ്ഠിരന്‍ വിളങ്ങി. വഴിക്കു സന്തോഷത്തോടെ ജനങ്ങള്‍ ജയാശിസ്സുകള്‍ നേര്‍ന്നു. അവരുടെ ആശംസയും, അനുഗ്രഹവുമെല്ലാം പുരുഷര്‍ഷഭരായ പാണ്ഡവന്മാര്‍ ഏറ്റു വാങ്ങി. അപ്രകാരം സൈന്യങ്ങള്‍ നരേന്ദ്രനെ പിന്‍തുടര്‍ന്നു. ആ യാത്രയിലുണ്ടായ ആഘോഷം വാനില്‍ പരന്നു.
പുഴകളും, പൊയ്കകളും, കാടുകളും, മലകളും എല്ലാം കടന്ന് മഹാരാജാവ് പര്‍വ്വതത്തില്‍ ചെന്നെത്തി. രാജാവേ, മുഖ്യമായ ആ ദ്രവ്യമിരിക്കുന്ന ഇടത്തില്‍ ചെന്നു കൂടാരമടിച്ച് പാണ്ഡവപ്പടയെ അതില്‍ പാര്‍പ്പിച്ചു. ആ പ്രദേശം നല്ല പരപ്പുള്ള ഒരു ഇടമായിരുന്നു ഭരതര്‍ഷഭാ! അവര്‍ തപോവിദ്യാദമമുള്ള വിപ്രരെയും, അല്ലയോ കൗരവ്യാ, വേദവേദാന്തവിത്തായ ആചാര്യനെയും അഗ്നിവേശൃനെയും മുന്‍പില്‍ ഇരുത്തി. കൂടെ വന്ന മന്നവന്മാരും, വിപ്രന്മാരും, പുരോഹിതന്മാരും ശാന്തി ചെയ്ത് യഥാന്യായം ചുറ്റും ചെന്നു കൂടി. നടുവില്‍ രാജാവിനും മുറയ്ക്കു പിന്നെ മന്ത്രിമാര്‍ക്കും ഇരിക്കുന്നതിന് വഴി ആറും, ഒമ്പതിടവും ആയി, പാര്‍ക്കുന്നതിനുള്ള കൂടാരം ഉണ്ടാക്കി. വിധിപ്രകാരം തന്നെ മത്തേഭങ്ങള്‍ക്കുള്ള പാര്‍പ്പിടവും തീര്‍ത്തു. ഇതൊക്കെ തയ്യാറാക്കിച്ച് രാജാവ് വിപ്രന്മാരോടു പറഞ്ഞു: ശുഭമായ നക്ഷത്രത്തില്‍, ശുഭമായ നാളില്‍, ശുഭമായ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ എന്തു ചെയ്യണമെന്നും നിനയ്ക്കുന്നുവോ, അതു ചെയ്യണം. ഇവിടെ പാര്‍ത്ത് നമ്മള്‍ക്കു കാലം താമസിപ്പിച്ചു കൂടാ. എന്നു നല്ലപോലെ ചിന്തിച്ച് പിന്നെ വേണ്ട ക്രിയ ചെയ്യണം ദ്വിജേന്ദ്രന്മാരേ! എന്നു രാജാവു പറഞ്ഞതു കേട്ട് പുരോഹിതന്മാരോടു കൂടിയ ദ്വിജന്മാര്‍ ഹൃഷ്ടരായി, ധര്‍മ്മരാജന് പ്രിയം അര്‍ത്ഥിക്കുന്നവരായി ഇപ്രകാരം പറഞ്ഞു.
ബ്രാഹ്മണര്‍ പറഞ്ഞു: ഇന്ന് ആഴ്ചയും നാളും ശുഭമാകുന്നു. ശ്രേഷ്ഠമായ കര്‍മ്മത്തിന് ഇന്നു പ്രവര്‍ത്തിക്കാം. ഇന്നു ജലപാനം മാത്രമായി ഞങ്ങള്‍ ഉപവസിക്കും. നിങ്ങള്‍ക്കും ഇന്ന് ഉപവാസം തന്നെ വേണം രാജാവേ!
വൈശമ്പായനൻ പറഞ്ഞു: ആ ബ്രാഹ്മണ ശ്രേഷ്ഠര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ആ രാജാക്കന്മാരെല്ലാം ഉപവാസമെടുത്തു ശുദ്ധരായ അവര്‍ ദര്‍ഭ വിരിച്ച് അതില്‍, യജ്ഞത്തില്‍ ജ്വലിക്കുന്ന അഗ്നികള്‍ പോലെ കിടന്നു. അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞു. വിപ്രന്മാര്‍ പറയുന്ന മംഗളമായ വാക്കുകള്‍ കേട്ട് ആ മഹാത്മാക്കള്‍ പ്രകാശിച്ചു. പ്രഭാതമായപ്പോള്‍ ആ ദ്വിജേന്ദ്രന്മാര്‍ ധര്‍മ്മാത്മജനോടു പറഞ്ഞു.
65. ദ്രവ്യാനയനം - ശിവനെയും ഭൂതങ്ങളെയും പൂജിച്ചു തൃപ്തരാക്കി ദ്രവ്യവും കൊണ്ട് നാട്ടിലേക്ക് പുറപ്പെടുന്നു - ബ്രാഹ്മണര്‍ പറഞ്ഞു: മഹാത്മാവായ ത്ര്യംബകന് ഉപഹാരം കഴിക്കണം. ഉപഹാരം ചെയ്തതിന് ശേഷം രാജാവേ, നമ്മള്‍ക്കു കാര്യനിര്‍വ്വഹണത്തിന് വേണ്ടി ശ്രമിക്കാം.
വൈശമ്പായനന്‍ പറഞ്ഞു: ആ ബ്രാഹ്മണര്‍ പറഞ്ഞ വാക്കു കേട്ട് യുധിഷ്ഠിര രാജാവു വേണ്ട വിധം മഹേശ്വരന് ഉപഹാരം കഴിച്ചു. വിധിപ്രകാരം സംസ്കരിച്ച ആജ്യത്താല്‍ അഗ്നിയെ തര്‍പ്പിച്ചു. മന്ത്രസിദ്ധമായ ഹവ്യവും ഹോമിച്ചു. അതിന് ശേഷം പുരോഹിതന്‍ ഇറങ്ങി. രാജാവേ, മന്ത്രസംശുദ്ധമായ പുഷ്പങ്ങളും ഉടനെ എടുത്ത് മോദകം, പായസം, മാംസം എന്നിവയാല്‍ ബലി നല്കി. വിചിത്രമായ പൂമാല, പലമട്ടുളള പുഷ്പങ്ങള്‍ എന്നിവയാലും വിശിഷ്ടതമമായ കര്‍മ്മങ്ങള്‍ ചെയ്ത് ആ വേദപാരഗനായ പുരോഹിതന്‍ കിങ്കരന്മാര്‍ക്കും മുഖ്യമായ ബലി നല്കി. യക്ഷേന്ദ്രനായ കുബേരനും, മണിഭദ്രനും, മറ്റ് യക്ഷന്മാര്‍ക്കും, ഭൂപതികള്‍ക്കും യഥോചിതം കൃസരം, മാംസം, അപ്രകാരം തിലോദകം ഇവ മാത്രമല്ല, ചോറും കുടത്തിലാക്കി വൃകോദരന്‍ നല്കി. രാജാവ് ആയിരം പശുക്കളെ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. പിന്നെ നക്തഞ്ചരങ്ങളായ ഭൂതങ്ങള്‍ക്കു ബലി നല്കി. ധൂപഗന്ധം വിളങ്ങിയും, പൂക്കള്‍ ചിന്നിയും ദേവദേവന്റെ ആസ്ഥാനം വളരെ ശോഭിച്ചു രാജാവേ! രുദ്രനും ഗണങ്ങള്‍ക്കും പൂജ ചെയ്തതിന് ശേഷം രാജാവ് വ്യാസനെ മുന്നില്‍ നടത്തി രത്നനിധിയിരിക്കുന്ന സ്ഥലത്തു ചെന്നു. ധനാദ്ധ്യക്ഷനെ വന്ദിച്ച് കൈകൂപ്പി അഭിവാദ്യം ചെയ്തു. വിചിത്രമായ പൂവുകള്‍, കൃസരം, അപുപം എന്നിവയാല്‍ എല്ലാ ശംഖാദിനിധിക്കും, ആ നിധീശന്മാര്‍ക്കുമെല്ലാം അര്‍ച്ചനം ചെയ്തു. ബ്രാഹ്മണരെക്കൊണ്ട് ആ വീര്യവാൻ സ്വസ്തി ചൊല്ലിച്ചു. തേജസ്വികളായ അവര്‍ ചൊല്ലുന്ന പുണ്യാഹഘോഷം രാജാവിനെ പ്രീതനാക്കി. കുരുശ്രേഷ്ഠനായ ധര്‍മ്മജന്‍ പിന്നെ നിധിയിരിക്കുന്ന സ്ഥലം കുഴിപ്പിച്ചു. അപ്പോള്‍ അതില്‍ എല്ലാവിധ യജ്ഞവസ്തുക്കളും കണ്ടെത്തി.
പലതരം പാത്രങ്ങള്‍, ഭംഗിയേറിയ കരകങ്ങള്‍, ഭൃംഗാരങ്ങള്‍, കടാഹങ്ങള്‍, വട്ടകകള്‍, കലങ്ങള്‍ പലവിധ ചട്ടികള്‍, പലവിധം വിചിത്രമായ പാത്രങ്ങള്‍ എന്നിവ അസംഖ്യം കണ്ടെത്തി.
ധര്‍മ്മരാജാവ് അവയെല്ലാം എടുപ്പിച്ച് വലിയ "കരപുടങ്ങളില്‍" ആ നിധിയെല്ലാം നിറച്ചു ( മരം കൊണ്ടുണ്ടാക്കിയ വലിയ അറകളാണ് കരപുടം ). പിന്നെ വളരെയധികം ഭാണ്ഡങ്ങളായി കെട്ടി ചുമടാക്കി ധര്‍മ്മരാജാവ് എടുപ്പിച്ചു പലരെക്കൊണ്ടും ചുമടുകെട്ടുകള്‍ കൊട്ടകളിലാക്കി അനവധി പേരെ കൊണ്ട് കാവുകളിന്മേല്‍ എടുപ്പിച്ചു. അറുപതിനായിരം ഒട്ടകങ്ങളും, നൂറ്റിരുപതിനായിരം കുതിരകളും, നൂറായിരം ആനകളും അത്ര തന്നെ രഥങ്ങളും, അത്ര തന്നെ കാളവണ്ടികളും, പിന്നെ അത്രയ്ക്കു പിടിയാനകളും വഹിക്കുവാന്‍ മാത്രം ആ നിധി അത്രയും വലുതായിരുന്നു. എന്തിന്, പിന്നെയും ശേഷിച്ച വിശിഷ്ട രത്നങ്ങളും, സ്വര്‍ണ്ണുമയങ്ങളായ പാത്രങ്ങളും, അനവധി ചുമടുകളായി കെട്ടി കഴുതകളുടെ പുറത്തും മനുഷ്യര്‍ തലച്ചുമടായും വഹിച്ചു. അതിന് ഒരു കണക്കുമില്ലായിരുന്നു. ആ നിധി പുറത്തെടുത്തപ്പോള്‍ അത്ഭുതപ്പെട്ടു പോയി. യുധിഷ്ഠിരന്‍ നേടിയ നിധി അത്ര ചെറുതായിരുന്നില്ല. പതിനാറായിരം പൊന്‍നാണ്യങ്ങളാണ് ഒരു ഒദട്ടകത്തിന്റെ പുറത്തു കയറ്റിയത്. എണ്ണായിരം വീതം ഓരോ രഥത്തിലും കയറ്റി. ഇരുപതിനായിരം പൊന്‍നാണ്യങ്ങള്‍ ഓരോ ആനയുടെയും പുറത്തുകയറ്റി. പിന്നെ കുതിരകള്‍ക്കും, കഴുതകള്‍ക്കും, മനുഷ്യരുടെ തലച്ചുമടുകള്‍ക്കും തക്ക ഭാരം യഥായോഗ്യം നല്കി. ഇവയെല്ലാം യഥാക്രമംവാഹനങ്ങളില്‍ കയറ്റി ഒന്നുകൂടി ശിവനെ കൈകൂപ്പി യുധിഷ്ഠിരരാജാവ് ഹസ്തിനപുരിയിലേക്കു കൃഷ്ണദ്വൈപായന മഹര്‍ഷിയുടെ അനുജ്ഞയോടു കൂടി ധൌമൃ മുനിയാകുന്ന പുരോഹിതനെ മുമ്പില്‍ രഥത്തില്‍ ഉരുത്തി യാത്രപുറപ്പെട്ടു. അവരുടെ യാത്രയില്‍ ഓരോ ഗവ്യുതിയിലും (നന്നാലു നാഴിക നടന്നാല്‍) വിശ്രമിച്ചു വിശ്രമിച്ച്, അങ്ങനെ ആ പര്‍വ്വതപ്രദേശത്തെ പിന്നിട്ടു പോന്നു. അങ്ങനെ ആ വലിയ സൈന്യം നഗരത്തെ ലക്ഷ്യമാക്കി നടന്നു. ദ്രവ്യഭാരം മൂലം പണിപ്പെട്ട് ചരിക്കുകയാണെങ്കിലും അവരെ ആ യാതതയില്‍ ഹര്‍ഷിപ്പിച്ച് ആ യാത്ര സുഗമമാക്കിത്തീര്‍ത്തു.
66. പരീക്ഷിജ്ജന്മകഥനം - കൃഷ്ണൻ ഹസ്തിനപുരിയിൽ എത്തുന്നു. ഉത്തര പ്രസവിച്ച മൃതപുത്രനെ കൃഷ്ണൻ ജീവിപ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഈ കാലത്ത് വീര്യവാനായ വാസുദേവന്‍ വൃഷ്ണിപ്രവരോടു കൂടി ഹസ്തിനപുരിയില്‍ എത്തി. ധര്‍മ്മരാജാവ് മുമ്പേതന്നെ കൃഷ്ണനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു. അതുപ്രകാരം കാലമറിഞ്ഞ് കൃഷ്ണന്‍ തക്കസമയത്ത് ഹസ്തിനപുരിയിൽ എത്തിച്ചേര്‍ന്നു. രുക്മിണീപുത്രനും, യുയുധാനനും, ചാരുദേഷ്ണനും, സാംബനും, ഗദനും, കൃതവര്‍മ്മാവും, വീരനായ സാരണനും, നിശഠനും, ഉന്മുഖനും, കൂടെ ഉണ്ടായിരുന്നു. ഇവരെല്ലാം ഓരോ രഥങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തു. എല്ലാ രഥങ്ങളുടെയും മുമ്പിലായി ബലഭദ്രരനും സുഭദ്രയും ഒരു രഥത്തില്‍ യാത്ര തുടര്‍ന്നു. ഇവരുടെയെല്ലാം യാത്രയ്ക്ക് പ്രത്യകിച്ചും ഒരു പ്രാധാന്യമുണ്ടായിരുന്നു: പാഞ്ചാലിയെയും ഉത്തരയെയും കണ്ടു സമാശ്വസിപ്പിക്കുന്നതിനും അപ്രകാരം തന്നെ ഭര്‍ത്താക്കള്‍ മരിച്ചു ശോകാബ്ധിയില്‍ ആണ്ടു കിടക്കുന്ന ആ ക്ഷത്രിയ സ്ത്രീകളെയെല്ലാം നേരിട്ടു കണ്ട് ആശ്വസിപ്പിക്കുന്നതിന്നുമായിരുന്നു. വൃഷ്ണികളാകുന്ന ബന്ധുക്കള്‍ വന്നതറിഞ്ഞ് ധൃതരാഷ്ട്ര രാജാവും, വിദുരനും, അവരെ സസന്തോഷം യഥാവിധി സ്വീകരിച്ചു. അവിടെ തേജസ്വിയായ വിദുരന്റെയും യുയുത്സുവിന്റെയും അര്‍ച്ചന കൈകൊണ്ട് പുരുഷോത്തമനായ കൃഷ്ണന്‍ പാര്‍ത്തു.
അങ്ങനെ ആ വൃഷ്ണിവീരന്മാര്‍ അവിടെ പാര്‍ക്കുന്ന സന്ദര്‍ഭത്തില്‍ അല്ലയോ ജനമേജയാ, നിന്റെ അച്ഛനായ പരീക്ഷിത്തു പിറന്നു. അരിനാശനനായ ആ രാജാവ് പിറന്ന സംഭവം വളരെ കഷ്ടമാണ്. പറഞ്ഞറിയിക്കുവാന്‍. ആ ശിശു ബ്രഹ്മാസ്ത്രപീഡിതനാകയാല്‍ നിര്‍ജ്ജീവമായി, നിശ്ചഷ്ടനായി ശവമായിട്ടാണു പിറന്നത്. പിറന്ന ഉടനെ എല്ലാവരും സന്തോഷിക്കുകയും ഉടനെ ശോകത്തില്‍ മുങ്ങുകയും ചെയ്തു. ഉത്തര ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച ഉടനെ ദിക്കുകളെല്ലാം മുഴുങ്ങുമാറ് ഹൃഷ്ടരായ ജനങ്ങളുടെ സിംഹനാദവും വായ്ക്കുരവകളും മുഴങ്ങി. എന്നാല്‍ ആ മംഗളശബ്ദം പെട്ടെന്നു നിന്നു പോയി. എന്താണ് ഈ ശബ്ദം പെട്ടെന്ന് നിലച്ചതെന്നറിയുവാന്‍ കൃഷ്ണന്‍ വെമ്പലോടെ ഉടനെ അന്തഃപുരത്തിലേക്ക് ഓടി. കുടെ വൃഥയോടെ യുയുധാനനും ഓടി. യുയുധാനന്റെ മനസ്സും ഇന്ദ്രിയങ്ങളും തളര്‍ന്നിരുന്നു. ഉടനെ അച്ഛന്‍ പെങ്ങളായ കുന്തി കൃഷ്ണന്റെ അരികിലേക്കു പാഞ്ഞു വരുന്നതും കൃഷ്ണന്‍ കണ്ടു. വരൂ വരൂ, കൃഷ്ണാ! എന്നു കുന്തി ഉറക്കെ വിളിച്ചു പറഞ്ഞു. കുന്തിയുടെ പിന്നാലെ പാഞ്ചാലിയും, പിന്നാലെ സുഭദ്രയും, ആങ്ങളയുടെ അരികിലേക്കു ശരം വിട്ടപോലെ പാഞ്ഞണഞ്ഞു. ദുഃഖിച്ച് ആര്‍ക്കുന്ന ഭാരതസ്ത്രീകളേയും കൃഷ്ണന്‍ കണ്ടു. ഉടനെ കൃഷ്ണന്റെ മുമ്പില്‍ കുന്തീഭോജ പുത്രി എത്തിക്കഴിഞ്ഞു. അവള്‍ വരണ്ട തൊണ്ടയോടെ, പതറിയ ശബ്ദത്തോടെ ഇപ്രകാരം പറഞ്ഞു.
കുന്തി പറഞ്ഞു; മഹാബാഹോ, വാസുദേവാ, നിന്നാല്‍ നിന്റെ അമ്മയായ ദേവകി സുവ്രജയായി വിളങ്ങുന്നു. നീ ഒരുത്തനേ ഞങ്ങള്‍ക്ക് ഒരാശ്രയമുള്ളു. നിന്റെ അധീനത്തിലാണ് ഈ കുലത്തിന്റെ ഗതി. അല്ലയോ യദുവീരാ, പ്രഭോ! നിന്റെ ഭഗിനിയുടെ പുത്രന്റെ ഈ പുത്രന്‍, ദ്രൗണി കൊന്നവനാണ്. അവന്‍ ഇതാ അങ്ങനെ ശവമായിട്ടല്ലേ പിറന്നിരിക്കുന്നത്! കേശവാ, നീ അവനെ ജീവിപ്പിക്കു! ഐഷികത്തില്‍ (ദ്രൗണി ഐഷീക തൃണമെടുത്ത് ബ്രഹ്മാസ്ത്രം ജപിച്ചു വിട്ടപ്പോള്‍) യദുനന്ദനാ! നീ സത്യം ചെയ്തില്ലേ, "ഗര്‍ഭസ്ഥനായ ശിശുവിനെ ദ്രൗണീ, നീ നശിപ്പിച്ചാല്‍ ഞാന്‍ അവനെ ജീവിപ്പിക്കും" എന്ന്. നീ ആ സത്യം ചെയ്തയ്ത് ഓര്‍ക്കുന്നില്ലേ? വത്സാ അവന്‍ ചത്ത പിള്ളയായി പിറന്നിരിക്കുന്നു! നീ ഒന്നു നോക്കു പുരുഷോത്തമാ! ഉത്തരയെയും സുഭദ്രയെയും ദ്രൗപദിയെയും എന്നെയും അല്ലയോ ഹരേ, നീ ഒന്നു നോക്കു !ധര്‍മ്മജനെയും, ഭീമാര്‍ജ്ജുനന്മാരെയും, നകുലനെയും, സഹദേവനെയും, അല്ലയോ വീരാ നീ എല്ലാവരെയും ഈ ആപത്തില്‍ നിന്നു കയറ്റി വിടണേ! ഈ കാണുന്ന സകലരുടെയും പ്രാണങ്ങള്‍ നില്ക്കുന്നത് കുലസന്താനമായ ഈ പൈതലിലാണ്. പാണ്ഡവര്‍ക്കും എനിക്കും വേറെ ഒരു ഗതിയുമില്ല. ദാശാര്‍ഹാ, പാണ്ഡുവിന്റെ പിണ്ഡവും അപ്രകാരം എന്റെ ശ്വശുരന്റെ പിണ്ഡവും ഇവനില്‍ നില്ക്കുന്നു. പ്രിയപ്പെട്ട അര്‍ജ്ജുനപുത്രന്‍ അഭിമന്യുവിനും വേറെ ഗതിയെന്തുണ്ട്! അവന്‍ മരിച്ചുപോയെങ്കിലും ജനാര്‍ദ്ദനാ, നീ അവന് പ്രിയംചെയ്യുക! മുമ്പെ അഭിമന്യു പറഞ്ഞ കാര്യം ഉത്തര പറയാറുണ്ട് അരികര്‍ശനാ! തീര്‍ച്ചയായും പ്രിയം മൂലമാണ് അഭിമന്യു ഇങ്ങനെ പറഞ്ഞിട്ടുള്ളത്. "ഭദ്രേ, ഉത്തരേ, നിന്റെ പുത്രന്‍ അമ്മാവന്റെ അടുത്തു പോയി വസിക്കും. വൃഷ്ണികളുടെയും അന്ധകരുടെയും ഗൃഹത്തില്‍ ചെന്നു വസിച്ച് ധനുര്‍വ്വേദം എന്റെ അമ്മാവനില്‍ നിന്ന് അവന്‍ പഠിക്കും. വിചിത്രമായ അസ്ത്രങ്ങളും, പിന്നെ നീതിശാസ്ത്രവും അവന്‍ പഠിക്കും". ഇപ്രകാരം ഉണ്ണീ, ശത്രുനാശനനായ സൗഭദ്രന്‍ സ്‌നേഹത്തോടെ പറഞ്ഞിട്ടുണ്ട്. ആ ദുര്‍ദ്ധര്‍ഷന്‍ പറഞ്ഞത് അപ്രകാരം തന്നെ ഭവിക്കും. ഇതില്‍ ഞാന്‍ സംശയിക്കുന്നില്ല. ഞങ്ങള്‍ എല്ലാവരും നിന്നോടു കുമ്പിട്ട് ഇരക്കുകയാണ് മധുസൂദനാ! ഈ കുലത്തിന്റെ ഹിതത്തിന്നായി ഉത്തമമായ കര്‍മ്മം നീ ചെയ്യുക!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പൃഥുലോചനയായ പൃഥ വാര്‍ഷ്ണേയനോടു പറഞ്ഞു, നിലത്തു വീഴുകയും കൈ പൊക്കുകയും ചെയ്തു. മറ്റു സ്ത്രീകളും അവരുടെ സഹിക്ക വയ്യാത്ത ദുഃഖത്തെ വെളിപ്പെടുത്തി. ഇപ്രകാരം കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ് കൃഷ്ണനോട് അവള്‍ ഇരന്നു. കഷ്ടം! വാസുദേവന്റെ മരുമകന്റെ പുത്രന്‍ മൃതനായിട്ടല്ലേ പിറന്നിരിക്കുന്നത്! എന്ന് കുന്തീദേവി വിലപിച്ചു നിലത്തു വീണപ്പോള്‍ കൃഷ്ണന്‍ ആ അച്ഛന്‍പെങ്ങളെ താങ്ങി നല്ലവാക്കുകള്‍ കൊണ്ടു സാന്ത്വനം ചെയ്തു.
67. സുഭദ്രാവാക്യം - സുഭദ്രയും ദയനീയമായി ആങ്ങളയോട് അഭ്യർത്ഥിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: കുന്തി എഴുന്നേറ്റപ്പോള്‍ ആങ്ങളയെ നോക്കി സുഭദ്ര ദുഃഖാര്‍ത്തയായി ഓര്‍ത്തു നിന്ന് ഇങ്ങനെ പറയുവാന്‍ തുടങ്ങി.
സുഭദ്ര പറഞ്ഞു: പുണ്ഡരീകാക്ഷാ, ധീമാനായ പാര്‍ത്ഥന്റെ പൌത്രനെ നീ നോക്കു! കുരുവംശം ക്ഷയിച്ച കാലത്തുണ്ടായ ഒരു പൊടിപ്പാണ് ഈ പൈതല്‍. അവന്റെ കഥയും കഴിഞ്ഞിട്ടല്ലേ കൃഷ്ണാ! ഈ കിടക്കുന്നത് ഭീമസേനന്റെ നേരെ ദ്രൗണി വിട്ട ഈഷിക വന്നു പതിച്ചത് ഉത്തരയിലും വിജയനിലും എന്നിലുമാണ്. അയ്യോ, കഷ്ടം! ആ ഈഷിക കേശവാ, എന്റെ ഹൃദയത്തെ തുളച്ചു കയറി ഇപ്പോഴും നില്ക്കുന്നു. തന്മൂലം എന്റെ പൊയ്പോയ പുത്രന് തുല്യനായ ഈ പൗത്രനെയും ഞാന്‍ കാണുന്നില്ലല്ലോ ദൂര്‍ദ്ധര്‍ഷാ! ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ എന്തു പറയും? ഭീമനും അര്‍ജ്ജുനനും പിന്നെ മാദ്രീകുമാരന്മാരും എന്തുപറയും? അഭിമന്യുവിന്റെ പുത്രന്‍ മൃതനായിട്ടാണു പിറന്നത്‌എന്നു കേട്ടാല്‍ അവരെല്ലാം എന്തു പറയും? അല്ലയോ വാര്‍ഷ്ണേയാ, പാണ്ഡുപുത്രന്മാരെല്ലാം ദ്രൗണിയാല്‍ വഞ്ചിതന്മാരായി. പാണ്ഡവ്ര ഭാതാക്കള്‍ക്കെല്ലാം അഭിമന്യു പ്രിയപ്പെട്ടവനായിരുന്നു. അതില്‍ യാതൊരു സംശയവുമില്ല. ദ്രോണപുത്രന്റെ അസ്ത്രത്താല്‍ തങ്ങള്‍ പരാജിതരാക്കപ്പെട്ടു എന്നു കേട്ടാല്‍ എന്തു പറയും? ഇതിലും വലുതായ ഒരു ദുഃഖം എന്തു സംഭവിക്കുവാനുണ്ട് ജനാര്‍ദ്ദനാ? അഭിമന്യുവിന്റെപുത്രന്‍ മൃതജാതനായി കിടക്കുന്ന കിടപ്പു നോക്കു, അരിന്ദമാ! ഞാന്‍ നിന്റെ മുമ്പില്‍ തലകുമ്പിട്ടു നമസ്കരിക്കുന്നു. നീ പ്രസാദിക്കണേ! ആങ്ങളേ, നീ കനിയണേ! ഈ നില്ക്കുന്ന കുന്തിയെയും, ദ്രൗപദിയെയും നീ ഒന്നു നോക്കൂ! പുരുഷോത്തമാ! ദ്രൗണി പാണ്ഡുപുത്രന്മാര്‍ക്കുള്ള ഗര്‍ഭം നശിപ്പിക്കുമ്പോള്‍ മാധവാ, ക്രുദ്ധനായി നീ ദ്രൗണിയോടു പറഞ്ഞില്ലേ അരിമര്‍ദ്ദനാ! "ഞാന്‍ നിന്നെ അകാമനാക്കും. നരാധമനായ ബ്രഹ്മബന്ധോ, കിരീടിയുടെ പൌത്രനെ ഞാന്‍ ജീവിപ്പിക്കും". ഇപ്രകാരം അന്നു പറഞ്ഞ വാക്കു കേട്ട് ഞാന്‍ നിന്റെ ബലം മനസ്സിലാക്കി. ഞാന്‍ നിന്നെ പ്രസാദിപ്പിക്കുന്നു. അഭിമന്യുവിന്റെ പുത്രന്‍ ജീവിക്കട്ടെ! ശുഭമായ കാര്യം നീ ഏറ്റു പറഞ്ഞതിന് ശേഷം അപ്രകാരം നീ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അല്ലയോ വൃഷ്ണിശാദ്ദൂലാ, പിന്നെ ഈ പെങ്ങള്‍ ജീവിച്ചിരിക്കുമെന്നു നീ ധരിക്കേണ്ടാ. അഭിമന്യുവിന്റെ പുത്രന്‍, അല്ലയോ വീരാ, ജീവിക്കാതിരിക്കുകയാണെങ്കില്‍, അല്ലയോ അരിന്ദമാ, ദുര്‍ദ്ധർഷാ, പിന്നെ നീ ജീവിച്ചിരുന്നിട്ട് എന്തു കാര്യം? എനിക്കെന്തു കാര്യം? വീരാ നീ ജീവിപ്പിക്കൂ! മൃതനായ കുട്ടിയെ ജീവിപ്പിക്കു! സൗഭദ്രാപുത്രന്‍ ജീവിക്കട്ടെ! വീരാ! എന്റെ മകന്റെ കണ്ണുപോലെ തന്നെ ശോഭിക്കുന്നു ഇവന്റെ കണ്ണുകളും. ഇവനെ ജീവിപ്പിക്കൂ! വരണ്ട സസ്യത്തില്‍ ജലബിന്ദുക്കള്‍ വീഴ്ത്തി ജീവിപ്പിക്കുന്ന കാര്‍മേഘം പോലെ നീ അവനെ ജീവിപ്പിക്കുക! കേശവാ,നീ ധര്‍മ്മിഷ്ഠനാണ്! സത്യവാനാണ്! സത്യവിക്രമനാണ്. ആ വാക്കു ഭവാന്‍ സത്യമാക്കണേ അരിമര്‍ദ്ദനാ! ഭവാന്‍ വിചാരിച്ചാല്‍ മൃതിയടഞ്ഞ മൂന്നു ലോകത്തെയും ജീവിപ്പിക്കുവാന്‍ കഴിയുന്നതാണ്. പിന്നെയാണോ മൃതിപ്പെട്ടു പോയ പെങ്ങളുടെ പുത്രന്റെ പുത്രനെ ജീവിപ്പിക്കുവാന്‍ വിഷമം? കൃഷ്ണാ നിന്റെ പ്രഭാവം എനിക്കറിയാം. ഞാന്‍ അജ്ഞയല്ല അതു കൊണ്ടാണു ഞാന്‍ നിന്നോട് ഇത് ഇരക്കുന്നത്. ആങ്ങളേ,നീ ചെയ്യു! പാണ്ഡവന്മാര്‍ക്കു വലുതായ ഈ അനുഗ്രഹം ചെയ്യൂ! ഇതിലപ്പുറം ഒരനുഗ്രഹം അവര്‍ക്കെന്തുണ്ട്! അല്ലയോ മഹാഭുജാ. ഈ ഉത്തരയോടു നീ അനുകമ്പ കാണിക്കൂ! അല്ലെങ്കില്‍ ഈ എന്നോട് നീ അനുകമ്പ കാണിക്കൂ. ഈ പെങ്ങളോട് അനുകമ്പ കാണിച്ചു എന്നോ, പുത്രന്‍ മരിച്ചു പോയ ഒരു അമ്മയോടു ദയ കാണിച്ചുവെന്നോ, അഥവാ തന്നെ ആശ്രയിച്ചവരില്‍ അനുകമ്പ കാണിച്ചു എന്നോ കുഞ്ഞാങ്ങളേ, ഞങ്ങള്‍ സമാധാനിക്കട്ടെ! കനിയണേ മഹാഭുജാ!
68. ഉത്തരാവിലാപം - ഭർത്താവും മകനും മരിച്ച ദുഃഖം സഹിക്കാതെ ഉത്തര കൃഷ്ണനോട് ആവലാതി പറയുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സഹോദരിയായ സുഭദ്ര പറഞ്ഞതു കേട്ടു ദുഃഖമൂര്‍ച്ഛിതനായി കേശിഘ്നനായ ജനാര്‍ദ്ദനന്‍ "അങ്ങനെയാകാം" എന്ന് എല്ലാവരും കേള്‍ക്കുമാറ് ഉച്ചത്തില്‍ പറഞ്ഞു. ഈവാക്കു കേട്ടതോടെ എല്ലാവരും ആഹ്ളാദിച്ചു. അവിടെ കൂടി ദുഃഖതപ്തരായി നില്ക്കുന്ന ജനങ്ങളെ, സൂര്യാതപത്താല്‍ ചുട്ടു പഴുത്തു നില്ക്കുന്നവരെ, കുളുര്‍ ജലത്താല്‍ എന്ന വിധം അങ്ങനെയാകാം എന്ന വാക്കാല്‍ കൃഷ്ണന്‍ കുളുര്‍പ്പിച്ചു. ഉടനെ നിന്റെ അച്ഛന്റെ ഈറ്റില്ലത്തില്‍ കൃഷ്ണന്‍ ചെന്നു കയറി. അല്ലയോ പുരുഷ വ്യാഘ്രാ, വിധിപ്രകാരം അവിടെ ഗന്ധമാല്യങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ ദിക്കിലും പൂര്‍ണ്ണമായ ജലകുംഭങ്ങള്‍ വെച്ചിരുന്നു. നെയ്യ്, പനച്ചിക്കൊള്ളി, കടുക് ഇവയൊക്കെ യഥാവിധി വെച്ചിരുന്നു മഹാഭുജാ!ചുറ്റും തെളിഞ്ഞ വസ്ത്രങ്ങളും, വിളക്കും വെച്ച് പരിചര്യയ്ക്കായി വൃദ്ധസ്ത്രീകളും ചേര്‍ന്ന ആ ഇറ്റില്ലത്തില്‍ പരിശീലനം സിദ്ധിച്ച ധീരന്മാരും സമര്‍ത്ഥന്മാരുമായ വൈദ്യന്മാരും കൂടിയിരുന്നു. രക്ഷോഘ്നങ്ങളായ ഓഷധമന്ത്ര പ്രയോഗങ്ങളും കുശലന്മാരായ തന്ത്രജ്ഞന്മാര്‍ വിധിപ്രകാരം വെച്ച ദ്രവ്യങ്ങളുമെല്ലാം അവിടെ ജനാര്‍ദ്ദനന്‍ നോക്കിക്കണ്ടു. നിന്റെ അച്ഛനെ പ്രസവിച്ചു കിടക്കുന്ന ആ ഇറ്റില്ലം ഇപ്രകാരം കണ്ടു ഹര്‍ഷത്തോടെ ഹൃഷീകേശന്‍, "നന്നു നന്ന്", എന്നു പറഞ്ഞു. ഇപ്രകാരം സസന്തോഷം വാര്‍ഷ്ണേയന്‍ പറയുന്ന സമയത്ത് പാഞ്ചാലി വെമ്പലോടെ ചെന്ന് ഉടനെ ഉത്തരയോടു പറഞ്ഞു. "ഉത്തരേ, ഭദ്രേ, ഇതാ വരുന്നു നിന്റെ അമ്മാനച്ചന്‍ മധുസൂദനന്‍. അപരാജിതനും, പുരാണഋഷിയും, അചിന്ത്യാത്മാവുമാണ് ആ അപരാജിതന്‍". ഈ വാക്കുകേട്ട ഉടനെ ഉത്തര കണ്ണുനീര്‍ തുടച്ചു, ബാഷ്പാകൂലമായ വാക്കുകള്‍ അടക്കി. കണ്ണുനീര് അടക്കി, ദേഹം നല്ലപോലെ മറച്ചു. അങ്ങനെ പണിപ്പെട്ട് ആത്മാവിനെ നിയന്ത്രിച്ച് ഒരു ദേവിയുടെ മട്ടില്‍ കൃഷ്ണന്റെ നേരെ തിരിഞ്ഞ്, സന്തപ്ത ഹൃദയത്തോടെ ആ മനസ്വിനി അവിടേക്കു വന്ന കൃഷ്ണനെ നോക്കി ആവലാതിപ്പെട്ട് ദുഃഖപൂര്‍ണ്ണമായ വാക്കുകള്‍ ഇപ്രകാരം പറഞ്ഞു.
ഉത്തര പറഞ്ഞു: അല്ലയോ പുണ്ഡരീകാക്ഷാ, ബാലന്‍ വേര്‍പെട്ടുപോയ ഞങ്ങളെ കാണുന്നില്ലേ! ജനാര്‍ദ്ദനാ, അഭിമന്യുവിനോടൊപ്പം ഞാനും ഹനിക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അല്ലയോ മധുഘ്ന, വാര്‍ഷ്ണേയവീരാ, ഞാന്‍ അങ്ങയുടെ മുമ്പില്‍ കുമ്പിട്ട് അങ്ങയുടെ ദയയ്ക്ക് ഇരക്കുന്നു. ദ്രോണപുത്രന്റെ അസ്ത്രത്താല്‍ ദഹിച്ചു പോയ എന്റെ പുത്രനെ ജീവിപ്പിക്കുക! ധര്‍മ്മാത്മജ ക്ഷിതിപനോ, ഭീമസേനനോ, ഭവാനോ പറയേണ്ടത്, "ഇഷീക ഒന്നും അറിയാത്ത അമ്മയെ കൊന്നുകളയട്ടെ". ഇങ്ങനെയാണ് പറഞ്ഞിരുന്നതെങ്കില്‍ എത്ര നന്നായിരുന്നു. അങ്ങനെ ഞാന്‍ അന്നു നശിച്ചു പോയിരുന്നുവെങ്കില്‍ ഈ മഹാദുഃഖം കാണേണ്ടി വരില്ലായിരുന്നു. ഗര്‍ഭത്തില്‍ വാഴുന്ന ഈ ബാലന് ബ്രഹ്മാസ്ത്രം കൊണ്ടുള്ള പാതനം, ആനൃശംസ ചെയ്തവനായ ദുര്‍ബുദ്ധിയായ അശ്വത്ഥാമാവിന് എന്തു ഫലമാണ് ഏല്ക്കുവാന്‍ പോകുന്നതാവോ? ശത്രുനാശനനായ ഭവാനെ ഞാന്‍ കുമ്പിട്ട് അര്‍ച്ചിക്കുന്നു. ഗോവിന്ദാ! എന്റെ ഈ കുഞ്ഞ് ഇപ്പോള്‍ ജീവിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ പ്രാണന്‍ ഇപ്പോള്‍ ഉപേക്ഷിക്കും. മഹാശയാ, എന്റെ സകല മനോരഥവും ഇവനിലാണ് വര്‍ദ്ധിച്ചു സ്ഥിതി ചെയ്യുന്നത്. ദ്രോണപുത്രന്‍ അവനെ നശിപ്പിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിട്ടെന്തു ഫലം കേശവാ! കൃഷ്ണാ, ഞാന്‍ വിചാരിച്ചിരുന്നു എന്റെ ഓമനപ്പുത്രനെ മടിയില്‍ വെച്ചു ലാളിക്കുവാന്‍. ആ ആഗ്രഹം നിഷ്ഫലമായി ഭവിച്ചു. ഞാന്‍ സന്തോഷത്തോടെ എന്റെ മകനെ നെഞ്ചോടണച്ച് ആലിംഗനം ചെയ്തു ലാളിക്കുമെന്നുള്ള ആശ നശിച്ചുപോയി ജനാര്‍ദനാ! ആ ചഞ്ചലലോചനനായ അഭിമന്യുവിന്റെ പുത്രന്‍ മരിച്ചു പോകയാല്‍ എന്റെ സകല ആശയും പാഴിലായിപ്പോയി. ആ ചപലാക്ഷനായ മരുമകന്‍ നിനക്ക് ഇഷ്ടപ്പെട്ടവൻ ആയിരുന്നില്ലേ കൃഷ്ണാ! നോക്കൂ, അവന്റെ പുത്രന്‍ കിടക്കുന്ന കിടപ്പ് ഒന്നു നീ നോക്കൂ! ബ്രഹ്മാസ്ത്രമേറ്റു മരിച്ചു കിടക്കുന്ന കിടപ്പ് നോക്കൂ! ഇവനും അച്ഛനെപ്പോലെ കൃതഘ്‌നന്‍ തന്നെ! അച്ഛനെപ്പോലെ ഇവനും പാണ്ഡവശ്രീയെ വിട്ട് കാലപുരിയിലേക്കു പോയില്ലേ?
അഭിമന്യു മരിച്ചപ്പോള്‍ ഞാന്‍ സത്യം ചെയ്തു. വീരാ! ഞാന്‍ ഇതാ നിന്റെ അരികിലേക്കു പുറപ്പെടുകയായി എന്നു പറഞ്ഞു കേശവാ! ക്രൂരയായ ഇവള്‍ ജീവിതം കാംക്ഷിച്ച് പറഞ്ഞ മാതിരി ചെയ്തില്ല. ഇന്ന് ഇത്ര വൈകി ഞാന്‍ അവന്റെ സമീപത്തെത്തിയാല്‍ ആ ഫല്‍ഗുനാത്മജന്‍ എന്തു പറയും?
69. പരീക്ഷിത് സംജീവനം - ഉത്തരയുടെ ആവലാതി കേട്ട് ഹൃദയമലിഞ്ഞു കൃഷ്ണൻ കുട്ടിയെ ജീവിപ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ദയനീയമായ വിധം വിലപിച്ച് ഉന്മത്തയെപ്പോലെ പുത്രനെ കാംക്ഷിക്കുന്ന ഉത്തര തളര്‍ന്നു നിലത്തു വീണു. പുത്രശോകാര്‍ത്തയായ അവള്‍ അനാച്ഛാദിതയായി നിലത്തു വീണ ഉടനെ അതു കണ്ടു ദുഃഖാര്‍ത്തയായി കുന്തി നിലവിളിച്ചു. ഒപ്പം എല്ലാ ഭാരതസ്ത്രീകളും ദുഃഖാര്‍ത്തരായി കരഞ്ഞു മുറവിളി കൂട്ടി. മുഹൂര്‍ത്ത സമയം പാണ്ഡവരുടെ ആ ഗൃഹം ആര്‍ത്തസ്വരത്താല്‍ മുഴങ്ങി കാണാന്‍ പറ്റാത്ത മട്ടിലായി. അതിദാരുണമായി പുത്രശോകാര്‍ത്തയായ വിരാടപുത്രി കശ്മലപ്പെട്ടു പോയി. പിന്നെ ഉത്തര തന്റേടത്തോടെ എഴുന്നേറ്റ് മകനെ എടുത്തു മടിയില്‍ വെച്ച് ഇപ്രകാരം വിലപിച്ചു.
ഉത്തര പറഞ്ഞു: ധര്‍മ്മജ്ഞന്റെ മകനേ, നീ ധര്‍മ്മം അറിയുന്നില്ലല്ലോ! നീ എന്തേ നിന്റെ മുമ്പില്‍ നില്ക്കുന്ന വൃഷ്ണിവീരനെ നോക്കാത്തത്? എന്തേ അഭിവാദനം ചെയ്യാത്തത്? ഉണ്ണീ നീ പോയി, എന്റെ വാക്കായി നിന്റെ അച്ഛനോടു പറയുക. വീരാ, കാലം എത്താതെ ആര്‍ക്കും ചാകുവാന്‍ കഴിയുകയില്ല! ഈ ഞാന്‍ ഇപ്പോള്‍ പതിയും പുത്രനും പിരിഞ്ഞവളായിരിക്കുന്നു. ചാകേണ്ടവളായിട്ടും ഈയുള്ളവള്‍ ചാകാതെ ജീവിക്കുന്നു; നിസ്വയായി, സ്വസ്തികെട്ടവളായി ജീവിക്കുന്നു. ധര്‍മ്മരാജാവ് സമ്മതിക്കയാണെങ്കില്‍ ഞാന്‍ വിഷം തിന്നു ചാകാം. അല്ലെങ്കില്‍ അഗ്നിയില്‍ ചാടി മരിക്കാം. അല്ലെങ്കില്‍ എന്റെ കരള്‍ എന്തുകൊണ്ടു പതിയും പുത്രനും മരിച്ചിട്ടും ആയിരം കഷണങ്ങളായി തകര്‍ന്നില്ല? മരണം വിഷമമായിരിക്കാം. ഉണ്ണീ, ഇതാ ഒന്ന് എഴുന്നേല്‍ക്കൂ! ഒന്നു കണ്ണു തുറക്കൂ! നിന്റെ മുമ്പില്‍ കരഞ്ഞു നില്ക്കുന്ന അമ്മാമയെ ഒന്നു നോക്കു! മുത്തശ്ശിയെ ഒന്നു നോക്കൂ! മാഴ്കി മങ്ങിക്കുഴങ്ങി ദുഃഖക്കടലില്‍ മുങ്ങി നില്ക്കുന്ന പാഞ്ചാലിയെ ആര്യാ, നോക്കു ഉണ്ണീ! വേടന്റെ അമ്പേറ്റു മാഴ്കുന്ന മൃഗം പോലെ ദുഃഖിക്കുന്ന സാത്വതിയേയും (സുഭദ്രയേയും) ഒന്നു നോക്കൂ ഉണ്ണീ! ഒന്ന് എണീക്കു! ഒന്നു നോക്കൂ! ധീമാനായ ലോകനാഥന്റെ മുഖത്തൊന്നു നോക്കൂ! നിന്റെ അച്ഛന്റെ കണ്ണുകള്‍ പോലെ മനോഹരമായ നേത്രങ്ങളോടു കൂടിയ പങ്കജാഷന്റെ മുഖത്തേക്കൊന്നു നോക്കൂ ഉണ്ണീ!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം കരഞ്ഞ് അവള്‍ പിന്നെയും വീണതു കണ്ട് ആ സ്ത്രീകള്‍ വീണ്ടും താങ്ങി ഉത്തരയെ എഴുന്നേല്പിച്ചു. മത്സ്യരാജപുത്രിയായ ഉത്തര ധൈര്യത്തോടെ എഴുന്നേറ്റു. കൃഷ്ണന്റെ മുമ്പില്‍ കൈകൂപ്പി ഭൂമിയില്‍ തൊട്ട് അഭിവാദനം ചെയ്തു. അവളുടെ ആ ദുസ്സഹമായ നിലവിളി കേട്ട് ആ പുരുഷര്‍ഷഭന്‍ കൃഷ്ണന്‍, ആചമിച്ച് ബ്രഹ്മാസ്ത്രം ഉപസംഹരിച്ചു. അവന്റെ ജീവന്‍ ഞാന്‍ ഇതാ നല്കുന്നു എന്നു ദാശാര്‍ഹന്‍ ഏറ്റുപ റഞ്ഞു. ആ വിശുദ്ധാത്മാക്കളെല്ലാം കൃഷ്ണന്‍ പറഞ്ഞതു കേട്ടു നിന്നു.
കൃഷ്ണന്‍ പറഞ്ഞു: ഉത്തരേ, ഞാന്‍ അസത്യം പറയുകയില്ല. ഈ പറഞ്ഞത് സത്യമായി ഭവിക്കും. എല്ലാ ജീവികളും കാണ്കെ ഞാന്‍ ഇവനെ ഇപ്പോള്‍ ജീവിപ്പിക്കും. ഞാന്‍ ഒരിക്കലും നേരമ്പോക്കില്‍ പോലും അസത്യം പറഞ്ഞിട്ടില്ലയെങ്കില്‍, ഞാന്‍ യുദ്ധത്തില്‍ പിന്തിരിഞ്ഞിട്ടില്ലായെങ്കില്‍ ഞാന്‍ ഈ പറഞ്ഞതു സത്യമെങ്കില്‍, ഇവന്‍ ജീവിക്കട്ടെ! എനിക്ക് ഇഷ്ടം ധര്‍മ്മമാണെങ്കില്‍, വിശേഷിച്ചും ബ്രാഹ്മണേന്ദ്രരും എനിക്ക് ഇഷ്ടമാണെങ്കില്‍, ചത്തപിള്ളയായി പിറന്ന അഭിമന്യു സുതന്‍ ജീവിക്കട്ടെ! വിജയനില്‍ ഞാന്‍ ഒരിക്കലും വിരോധം അറിഞ്ഞിട്ടില്ല. അതു സത്യമാണെങ്കില്‍ ആ സതൃത്താല്‍, മരിച്ച ഈ കുട്ടി ജീവിക്കുമാറാകട്ടെ! എന്നില്‍ സത്യവും, ധര്‍മ്മവും നിലനില്ക്കുന്നതാണെങ്കില്‍ അപ്രകാരം മൃതനായ ഈ കുട്ടി അഭിമന്യുപുത്രന്‍, ജീവിക്കുമാറാകട്ടെ! കംസനെയും കേശിയെയും ഞാന്‍ ധര്‍മ്മത്താലാണ് സംഹരിച്ചതെങ്കില്‍ ആ സത്യത്താല്‍ ബാലനായ ഇവന്‍ വീണ്ടും ജീവിക്കുമാറാകട്ടെ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞ ഉടനെ ആ ബാലന്‍ അല്ലയോ ഭരതര്‍ഷഭാ! മെല്ലെ ചലിക്കുവാന്‍ തുടങ്ങി. രാജാവേ കുട്ടി സചേതനനായി.
70. പാണ്ഡവാഗമനം - കുട്ടിക്ക് ജീവൻ വീണത് കണ്ട് രാജധാനിയിൽ ആഹ്ളാദം അലതല്ലുന്നു - വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്‍ എപ്പോള്‍ ബ്രഹ്മാസ്ത്രം പിന്‍വലിച്ചുവോ രാജാവേ, ഉടനെ ആ ഗൃഹം നിന്റെ അച്ഛനാല്‍ തേജസ്സോടെ പ്രകാശിച്ചു. ഉടനെ അവിടെ കൂടിയിരുന്ന രക്ഷസ്സുകളൊക്കെ വീടു വിട്ടോടി നശിച്ചു. "കേശവാ, നന്ന് നന്ന്", എന്ന ആകാശഭാഷിതം ഉടനെ മുഴങ്ങി. ഉടനെ ആ ബ്രഹ്മാസ്ത്രം കത്തിജ്വലിച്ച് ബ്രഹ്മപാര്‍ശ്വത്തേക്ക് പാഞ്ഞുപോയി. അതുപോയ ഉടനെ നിന്റെ അച്ഛന്‍ ജീവനോടെ പ്രകാശിച്ചു രാജാവേ! ഈ ബാലന്‍ യഥോത്സാഹം യഥാബലം ഇളകി.
അവന്‍ കൈകാല്‍ കുടഞ്ഞ് കളിച്ചു. ഇത് കണ്ടതോടെ ഭാരതസ്ത്രീകള്‍ മോദത്തില്‍ മുഴുകി. ഗോവിന്ദന്‍ പറഞ്ഞ പ്രകാരം വിപ്രന്മാരെല്ലാം സ്വസ്തി പറഞ്ഞു. എല്ലാവരും പിന്നെ മോദത്തോടെ ജനാര്‍ദ്ദനനെ വാഴ്ത്തി. ഭാരതേന്ദ്ര സ്ത്രീകള്‍, തോണിയോട് കൂടി മറുകരയെത്തുവാന്‍ നില്ക്കുന്നവരെപ്പോലെ ആശ്വാസം കൊണ്ടു. കുന്തിയും, പാഞ്ചാലിയും, സൂഭദ്രയും, ഉത്തരയും മറ്റു രാജസ്ത്രീകളും മനസ്സു കുളുര്‍ത്തവരായിത്തീര്‍ന്നു.
നടന്മാര്‍, ദൈവജ്ഞന്മാര്‍, മല്ലന്മാര്‍, സുഖശയ്യാനുപ്യച്ഛകന്മാര്‍, സൂതമാഗധന്മാര്‍ ഇവരെല്ലാം ജനാര്‍ദ്ദനനെ പുകഴ്‌ത്തി. എല്ലാവരും കുരുവംശത്തെ ആശിസ്സുകളാല്‍ സ്തുതിച്ചു ഭരതര്‍ഷഭാ!
ഉത്തര എഴുന്നേറ്റ് യഥാകാലം ആ യുദു വീരനെ പുത്രനോട് കൂടെ അഭിവാദ്യം ചെയ്തു ഭാരതാ! അവന് കൃഷ്ണന്‍ വളരെ രത്നങ്ങള്‍ വിശേഷമായി നല്കി. മറ്റ് വൃഷ്ണികളും വേണ്ട സമ്മാനങ്ങള്‍ കുട്ടിക്ക് നല്കി. യഥാകാലം കുട്ടിക്ക്, നിന്റെ അച്ഛന്, സത്യസന്ധനായ ജനാര്‍ദ്ദനന്‍ നാമകരണം ചെയ്തു. കുലം ക്ഷയിച്ച കാലത്ത് ജാതനായ ഈ അഭിമന്യു പുത്രന് (പരീക്ഷണ വിധേയനാകയാല്‍) പരീക്ഷിത്ത്‌എന്ന് പേര് നല്കി. യഥാകാലം നിന്റെ അച്ഛന്‍ വളര്‍ന്നു വന്നു രാജാവേ! ലോകര്‍ക്കെല്ലാം ഹൃദയാഹ്ളാദം വര്‍ദ്ധിപ്പിച്ചു. അങ്ങനെ നിന്റെ അച്ഛന്‍ വളര്‍ന്ന് ഒരു മാസം പ്രായമായി. അപ്പോഴേക്കും പാണ്ഡവന്മാരെല്ലാവരും വളരെ രത്നങ്ങളുമായി ഹസ്തിനാപുരിയിലെത്തി. അവര്‍ അടുത്തെത്തിക്കൊണ്ടിരിക്കെ വിവരമറിഞ്ഞ് വൃഷ്ണികള്‍ എതിരേറ്റു. പുരവാസികള്‍, തോരണങ്ങളാലും മാല്യങ്ങളാലും ഹസ്തിനപുരം അലങ്കരിച്ചു. വിചിത്രമായ കൊടിക്കൂറ കൊണ്ടും പലതരം ധ്വജങ്ങള്‍ കൊണ്ടും ഗൃഹങ്ങള്‍ അലങ്കരിച്ചു ജനേശ്വരാ!
പലമാതിരി ഇപ്രകാരം ദേവതായനങ്ങള്‍, പൂജ പാണ്ഡവപ്രിയ കാംക്ഷയോടെ വിദുരന്‍ കല്പിച്ചു. രാജവീഥികള്‍ പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ആ പുരം സമുദ്രത്തിന്റെ ഇരമ്പല്‍ പോലെ ശബ്ദായമാനമാവുകയും അലങ്കാരങ്ങളാല്‍ പ്രശോഭിക്കുകയും ചെയ്തു. നൃത്തം വെക്കുന്ന നര്‍ത്തകന്മാരുടെയും, ഗായകന്മാരുടെയും ധ്വനി കൊണ്ട് അന്ന് ആ പുരം കുബേരപുരം പോലെയായി. വന്ദിമാരും നരന്മാരും സ്ത്രീകളോടൊപ്പം വിവിക്തമായ പ്രദേശത്ത് ശോഭിക്കുന്നത് പോലെ അതാതിടങ്ങള്‍ ഉല്ലാസ പൂര്‍ണ്ണമായി.
ചുറ്റും കറ്റേറ്റിളകുന്ന കൊടിക്കൂറകളും കുരുക്കളെ ദക്ഷിണോത്തരങ്ങള്‍ കൈപൊക്കി ചൂണ്ടിക്കാണിക്കുംപോലെ ചലിച്ചു. രാജ്യം മുഴുവന്‍ ഉത്സവമാഘോഷിക്കണമെന്ന് രാജകിങ്കരന്മാര്‍ വിളബംരം ചെയ്തു. രത്നങ്ങളും, ആഭരണങ്ങളും നിറഞ്ഞ നിധി കൊണ്ടു വരുന്നതിന്റെ സൂചനയായി രാജ്യവാസികളെല്ലാം മഹോത്സവം ആഘോഷിക്കുവാന്‍ രാജാവിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാര്‍ കല്പന നല്കി.
71. വ്യാസകൃഷ്ണാനുജ്ഞ - കൃഷ്ണൻ മുതലായവരും ഹസ്തിനപുരവാസികളും നാഗരാതിർത്തിയിൽ വെച്ച് പാണ്ഡവരെ സ്വീകരിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; പാണ്ഡവന്മാര്‍ അടുത്തെത്തിക്കഴിഞ്ഞു, എന്നു കേട്ട് ശത്രുകർശനനായ വാസുദേവന്‍ അമാത്യരോടും സുഹൃത്ഗണങ്ങളോടും കൂടി പുറപ്പെട്ടു. പാണ്ഡവന്മാര്‍ വൃഷ്ണികളോടു കൂടി ഒന്നായി ധര്‍മ്മപ്രകാരം ചേര്‍ന്നു രാജാവേ! അവര്‍ അങ്ങനെ ഹസ്തിനപുരിയില്‍ പ്രവേശിച്ചു. ആ വലിയ സൈന്യങ്ങളുടെ ചക്രനേമീ സ്വനങ്ങളും, കുളമ്പടി ശബ്ദങ്ങളും ചേര്‍ന്ന് ആകാശവും, ഭൂമിയും, വിണ്ണും നിറഞ്ഞ് മുഴങ്ങി. നിധിയെ മുന്നിലാക്കിക്കൊണ്ട് പ്രീതരായ പാണ്ഡവന്മാര്‍ അമാത്യന്മാരോടും സുഹൃത്തുക്കളോടും കൂടി തങ്ങളുടെ പുരത്തില്‍ പ്രവേശിച്ചു.
ഹസ്തിനപുരിയില്‍ എത്തിയ ഉടനെ അവര്‍ ന്യായം പോലെ ആദ്യമായി ധൃതരാഷ്ട്ര രാജാവിനെ ചെന്നു കണ്ടു. ഓരോരുത്തനും അവനവന്റെ പേരു പറഞ്ഞ് അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമിച്ചു. ധൃതരാഷ്ട്രനെയും. പിന്നെ ഗാന്ധാരി ദേവിയെയും, പിന്നെ കുന്തിദേവിയെയും ആ ഭരതസത്തമര്‍ പുജിച്ചു നൃപവ്യാഘ്രാ! പിന്നെ വൈശ്യാപുത്രനായ യുയുത്സുവിനോട് കൂടി അവര്‍ വിദുരനെ ചെന്നു കണ്ടു. പാണ്ഡവന്മാരുടെ പൂജയേറ്റ് ആ വീരന്‍ ശോഭിച്ചു. പിന്നെ ആ വീരര്‍ വളരെ ആശ്ചര്യവും ചിത്രവും അത്ഭുതവുമായ വൃത്താന്തം, നിന്റെ അച്ഛന്റെ ജന്മത്തെപ്പറ്റിയുള്ള വൃത്താന്തം കേട്ടു ഭാരതാ! ധീമാനായ വാസുദേവന്റെ ആ അത്ഭുതകര്‍മ്മം കേട്ടറിഞ്ഞ് അവര്‍ പൂജാര്‍ഹനും, ദേവകീസൂനുവുമായ കൃഷ്ണനെ പൂജിച്ചു.
പിന്നെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സതൃവതീ സുതനായ വ്യാസന്‍, മഹാതേജസ്വിയായ കൃഷ്ണദ്വൈപായനന്‍ ഹസ്തിനാപുരിയില്‍ വന്നെത്തി. കുരുപ്രവരന്മാരെല്ലാം അദ്ദേഹത്തെ യഥായോഗ്യം പൂജിച്ചു. വൃഷ്ണ്യന്ധക ശ്രേഷ്ഠന്മാരോട് കൂടി പാണ്ഡവര്‍ അദ്ദേഹത്തെ ഉപാസിച്ചു. അവിടെ പലതരത്തിലുള്ള കഥകള്‍ ഓരോന്നു പറഞ്ഞ് അങ്ങനെയിരിക്കെ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്‍ വ്യാസനോട് ഇപ്രകാരം പറഞ്ഞു.
ധര്‍മ്മപുത്രന്‍ പറഞ്ഞു: ഭഗവാനേ, അങ്ങയുടെ പ്രസാദത്താലാണ് ഈ രത്നം ഞങ്ങള്‍ കൊണ്ടു വന്നത്. അത് അശ്വമേധ യാഗത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലയോ മുനിസത്തമാ, ഭവാന്റെ അനുവാദം ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭവാന്റെയും കേശവന്റെയും പാട്ടിലാണ് ഈ ഞങ്ങള്‍ എല്ലാവരും.
വ്യാസന്‍ പറഞ്ഞു: രാജാവേ, ഞാന്‍ സമ്മതിക്കുന്നു. ഇനി എന്താണു വേണ്ടതെന്ന് ആജ്ഞാപിച്ചാലും. വിധിപ്രകാരം ദക്ഷിണയോടു കൂടിയ അശ്വമേധയാഗം തന്നെ നടത്തണം. സകല പാതകങ്ങളെയും നശിപ്പിക്കുവാന്‍ പറ്റിയതാണ് അശ്വമേധയാഗം. രാജാവേ, അതു ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒരു വിധ പാപവും അങ്ങയില്‍ ബാക്കി നില്ക്കുകയില്ല. അതിലൊട്ടും സംശയിക്കയേ വേണ്ടാ!
വൈശമ്പായനൻ പറഞ്ഞു: അതു കേട്ട് ആ ധര്‍മ്മിഷ്ഠനും കുരുരാജാവുമായ യുധിഷ്ഠിരന്‍ അല്ലയോ കൗരവ്യാ, അശ്വമേധയാഗം ചെയ്യുവാന്‍ തീരുമാനിച്ചു. അതൊക്കെ ആ രാജാവ് വേദവ്യാസനെ സമ്മതിപ്പിച്ചു. പിന്നെ വാസുദേവന്റെ സമീപത്തെത്തി ആ വാഗ്മി ഇപ്രകാരം പറഞ്ഞു.
ധര്‍മ്മപുത്രന്‍ പറഞ്ഞു: പുരുഷോത്തമാ, ഭവാനാല്‍ ദേവകീ ദേവി സുപ്രജയായി ( നല്ല സന്താനമുള്ളവളായി ) മഹാബാഹോ, ഞാന്‍ അങ്ങയോടു പറയുന്നത് സാധിപ്പിക്കുക അച്യുതാ! വിക്രമത്താലും ബുദ്ധിയാലും അങ്ങയാണല്ലോ യുദ്ധത്തില്‍ ഈ ഭൂമിയൊക്കെ ജയിച്ചത്. ഭവാന്‍ എന്നെ ദീക്ഷിപ്പിക്കുക! അങ്ങ് ഞങ്ങള്‍ക്ക് ഉത്തമനായ ഗുരുവാണ്. ദാശാര്‍ഹാ, ഭവാന്‍ യജിച്ചാല്‍ ഞാന്‍ പാപമൊക്കെ നശിച്ചവനായി ഭവിക്കും. നീ യജ്ഞമാണ്, അക്ഷരനാണ്, എല്ലാം നീയാണ്. നീ ധര്‍മ്മമാണ്, നീ പ്രജാപതിയാണ്, നീ സര്‍വ്വജീവിക്കും ഗതിയാണ് എന്നുറച്ചാണ് ഞാന്‍ ഇരിക്കുന്നത്.
വാസുദേവന്‍ പറഞ്ഞു: മഹാബാഹോ, ഭവാന്‍ ഇപ്രകാരം പറയുവാന്‍ അര്‍ഹന്‍ തന്നെയാണ് അരിന്ദമാ. നീ എല്ലാ ജീവിക്കും ഗതിയാണെന്ന് ഉറച്ചാണ് ഞാന്‍ ഇരിക്കുന്നത്. കുരുവീരന്മാരില്‍ നീയാണല്ലോ ധര്‍മ്മത്താല്‍ വിലസുന്നത്. രാജാവേ, ഞങ്ങളെല്ലാം അങ്ങയുടെ കീഴില്‍ നില്‌ക്കുന്നു. നീ ഞങ്ങള്‍ക്കെല്ലാം രാജാവാണ്. നീ ഞങ്ങള്‍ക്കെല്ലാം ഗുരുവാണ്. എന്റെ സമ്മതത്തോടെ നീ യജിക്കൂ. നീ സാധിക്കേണ്ടതാണ് ഈ ക്രതു. ഭവാന്‍ വിചാരിക്കുന്ന കാര്യം ഞങ്ങളെ ഏല്പിക്കുക ഭാരതാ! ഞാന്‍ സത്യം ഏറ്റുപറയുന്നു. അങ്ങ് കല്പിക്കുന്നതെല്ലാം ഞാന്‍ ചെയ്തുകൊള്ളാം അനഘാശയാ! ഭീമസേനനും അര്‍ജ്ജുനനും മാദ്രീകുമാരന്മാരും അല്ലയോ രാജാവേ നീ യജിച്ചാല്‍ യത്നം ചെയ്തവരായി ഭവിക്കും.
72. യജ്ഞസാമഗ്രിസമ്പാദനം - അശ്വമേധത്തിന് വേണ്ട സാമഗ്രികളെ ശേഖരിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്‍ മേധവിയായ വ്യാസനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: തത്ത്വമായി അശ്വമേധത്തിന് പറ്റിയ കാലംഎപ്പോഴാണ് അങ്ങയ്ക്ക് ബോദ്ധ്യമായി കാണുന്നത്, അപ്പോള്‍ ഭവാന്‍ അതിന് വേണ്ടി എന്നെ ദീക്ഷിപ്പിച്ചാലും! ഭവാന്റെ അധീനത്തിലാണ് എന്റെ ക്രതു!.
വ്യാസന്‍ പറഞ്ഞു: കൗന്തേയാ, ഞാന്‍ പൈലനോടും (വ്യാസശിഷ്യന്‍) യാജ്ഞവല്ക്യനോടും കൂടി കാലാനുരൂപമായ വിധി എന്താണോ, അത് നിസ്സംശയം ചെയ്തു കൊള്ളാം. ചൈത്രമാസത്തില്‍ വെളുത്തവാവില്‍ നീ ദീക്ഷയെടുക്കണം. യജ്ഞത്തിനുള്ള സംഭാരങ്ങളെല്ലാം ഒരുക്കുക. പുരുഷര്‍ഭാ, അശ്വവിദ്യ അറിയുന്ന സൂതന്മാരും അതറിയുന്ന വിപ്രന്മാരും മേദ്ധൃശ്വത്തെ നിന്റെ യജ്ഞം നടത്തുവാന്‍ വേണ്ടി പരീക്ഷിക്കുക. ആഴി ചൂഴുന്ന ഊഴി ചുറ്റുവാന്‍ ശാസ്ത്ര പ്രകാരം അതിനെ വിടുക. ആ അശ്വം അങ്ങയുടെ ദീപ്തമായ കീര്‍ത്തിയെ കാണിച്ചു കൊണ്ട് ലോകത്തെങ്ങും ചുറ്റിനടക്കട്ടെ രാജാവേ!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം വ്യാസന്‍ പറഞ്ഞതു കേട്ട്, "അങ്ങനെ ചെയ്യാം", എന്ന് രാജാവു പറഞ്ഞു. ആ ബ്രഹ്മണന്‍ പറഞ്ഞ മാതിരി എല്ലാം ചെയ്തു രാജാവേ! അശ്വമേധത്തിനുള്ള സംഭാരമൊക്കെ ഒരുക്കി. തേജസ്വിയായ വ്യാസന്‍ ഉടനെ രാജാവായ ധര്‍മ്മജനോട് ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ഭവാന്റെ ദീക്ഷണത്തില്‍ ഞങ്ങള്‍ കാലത്തിന്നും യോഗത്തിനും അനുസരിച്ച് തയ്യാറായിരിക്കുന്നു. സ്പഹൃവും (യജ്ഞത്തില്‍ ജന്തുക്കളെ അറക്കുവാനുള്ള വാള്‍) കൂര്‍ച്ചവും (ഒരുപിടി കുശ) എന്നിവ സ്വര്‍ണ്ണം കൊണ്ടുള്ളതാകണം. മറ്റുപകരണങ്ങളെല്ലാം സ്വര്‍ണ്ണം കൊണ്ടുതന്നെ ആകണം. അതിന് വേണ്ടുന്നതെല്ലാം സ്വര്‍ണ്ണം കൊണ്ടുതന്നെ ഉണ്ടാക്കിക്കുക. അശ്വത്തെ ഇന്നു തന്നെ വിടണം. പിന്നെ, മന്നില്‍ രക്ഷയോടു കൂടി അവന്‍ യഥാക്രമം യഥാവിധി ശാസ്ത്രം പോലെ ചുറ്റി നടക്കട്ടെ.
യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ ബ്രാഹ്മണാ, നാം വിടുന്ന അശ്വം ഈ മന്നില്‍ എങ്ങനെയാണു ചുറ്റി നടക്കുക. ഇഷ്ടമായ വിധത്തില്‍ ചുറ്റുവാന്‍ വിടുന്ന അതിന് രക്ഷ നല്കേണ്ടതില്ലേ? കാമചാരിയായി ഭൂമി ചുറ്റുന്ന ഈ കുതിരയെ ആരാണു രക്ഷിക്കേണ്ടതെന്ന് മാമുനേ, ഭവാന്‍ പറഞ്ഞാലും!
വൈശമ്പായനൻ പറഞ്ഞു: രാജാവു പറഞ്ഞതു കേട്ടപ്പോള്‍ വ്യാസമഹര്‍ഷി പറഞ്ഞു: ഭീമസേനന്റെ അനുജനും വില്ലാളികളില്‍ ഉത്തമനും സഹിഷ്ണുവും ധൃഷ്ണുവുമായ ജിഷ്ണുവുണ്ടല്ലോ, അവന്‍ അശ്വത്തെ കാത്തുകൊള്ളും. അവന്‍ ഭൂമി വെല്ലുന്നതിന് ശക്തനാണ്. നിവാതകവചന്മാരെ കൊന്നവനാണവന്‍. അവന് ദിവ്യാസ്ത്രങ്ങള്‍ കൈവശമുണ്ട്, ദിവ്യമായ ദേഹവുമുണ്ട്. വില്ലും അവന്റെ ആവനാഴിയും ദിവ്യമാണ്. അവയെല്ലാം അവന്റെ പിന്നാലെ ചെന്നു കൊള്ളും. അവന്‍ ധര്‍മ്മാര്‍ത്ഥ കുശലനാണ്. എല്ലാ വിദ്യകളിലും നിപുണനാണ്. അല്ലയോ നൃപശ്രേഷ്ഠാ, അവന്‍ ശാസ്ത്രപ്രകാരം ഭവാന്റെ അശ്വത്തെ നടത്തും. രാജപുത്രനും മഹാബാഹുവും ശ്യാമനും രാജീവലോചനനും വീരനും സൗഭദ്രജനകനുമായ അര്‍ജ്ജുനന്‍ അശ്വത്തെ കാത്തുകൊള്ളും. തേജസ്വിയായ ഭീമസേനന്‍, ഭൂരിവിക്രമനായ ആ കൗന്തേയ൯ രാജ്യം സംരക്ഷിച്ചു കൊള്ളും. മാത്രമല്ല, നകുലനും സഹദേവനഃം കാത്തുകൊള്ളും സഹദേവന്‍ മഹാബുദ്ധിമാനാണ്, അവന്‍ കുടുംബതന്ത്രം വിധിപോലെ കാക്കും. പേരെടുത്തവനാണ് അവന്‍.
അതൊക്കെ യഥാന്യായം പറഞ്ഞു കേട്ടപ്പോള്‍ കുരൂദ്വഹന്‍ ബന്ധുജനങ്ങള്‍ക്കു ക്ഷണം അയയ്ക്കുകയും അര്‍ജ്ജുനനെ അശ്വസംരക്ഷണത്തിന് ഏല്പിക്കുകയും ചെയ്തു.
യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ അര്‍ജ്ജുനാ, വീരാ! നീ കുതിരയെ പരിപാലിക്കുക. അശ്വമേധത്തിലെ അശ്വത്തെ രക്ഷിക്കുവാന്‍ നീ അര്‍ഹനാണല്ലോ. മറ്റാരും അതിന് പോന്നവരായി ഞാന്‍ കാണുന്നില്ല. മഹാബാഹോ, നിന്നോട് ഏതെങ്കിലും രാജാക്കന്മാര്‍ എതിര്‍ത്ത് ഏല്ക്കുകയാണെങ്കില്‍ അവരുമായി എന്നെന്നേക്കും വിഗ്രഹം ബാധിക്കാത്ത മട്ടില്‍ ചെയ്യണം അനഘാശയാ! നീ എന്റെ യജ്ഞത്തെപ്പറ്റി ചെല്ലുന്നിടത്തൊക്കെ പറയണം. രാജാക്കന്മാരോട് തക്കസമയത്ത് അശ്വമേധത്തിന് എത്തണമെന്നു ക്ഷണിക്കണം മഹാബാഹോ!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ധര്‍മ്മാത്മാവ് തന്റെ ഭ്രാതാവായ സവ്യസാചിയോടു പറഞ്ഞു. പുരം രക്ഷിക്കുന്നതിന് ഭീമനെയും നകുലനെയും നിയോഗിച്ചു. യുധിഷ്ഠിരന്‍ ധൃതരാഷ്ട്ര രാജാവിനെ കണ്ടു സംസാരിച്ച് അനുവാദം വാങ്ങുകയും ചെയ്തു.
73. അശ്വാനുസരണം - അർജ്ജുനൻ അശ്വരക്ഷകനായി പോകുന്നത് കാണുവാൻ പൗരാവലി തെരുവിൽ കൂടുന്നു - വൈശമ്പായനൻ പറഞ്ഞു: ദീക്ഷാകാലം വന്നുചേര്‍ന്നപ്പോള്‍ ഋത്വിക് പ്രവരന്മാരായ അവര്‍ രാജാവിനെ വിധിപോലെ അശ്വമേധത്തിന് ദീക്ഷയെടുപ്പിച്ചു. ദീക്ഷിച്ച രാജാവ് പശുബന്ധങ്ങള്‍ മുതലായ കര്‍മ്മങ്ങള്‍ ചെയ്തു (യാഗത്തില്‍ കൊല്ലേണ്ടതായ ജീവികളെ പിടിച്ചു കെട്ടുന്ന കര്‍മ്മം വിധിപ്രകാരം രാജാവ് നിര്‍വ്വഹിച്ചു ).
ഋത്വിക് ജനങ്ങളോടു കൂടി തേജസ്വിയായ ധര്‍മ്മപുത്രന്‍ പ്രശോഭിച്ചു. അശ്വമേധത്തിന്നുള്ള അശ്വത്തെ ധര്‍മ്മവിത്തമനായ വ്യാസന്‍ തന്നെ ശാസ്ത്രപ്രകാരം വിട്ടു. ദീക്ഷയെടുത്ത ധര്‍മ്മപുത്രന്‍, രുക്മകണ്ഠനും ഹേമമാലിയുമായി കത്തുന്ന അഗ്നിപോലെ പ്രശോഭിച്ചു. കൃഷ്ണാജിനവും ദണ്ഡും ധരിച്ച് പട്ടുടുത്ത രാജാവ് ദ്യുതിമാനായി അദ്ധ്വരത്തില്‍ വീണ്ടും പ്രജാപതിയെപ്പോലെ ശോഭിച്ചു.
തുല്യമായ വേഷത്തില്‍ രാജാവിന്റെ ഋത്വിക്കുകള്‍ എല്ലാവരും വിളങ്ങി. കത്തുന്ന അഗ്നിപോലെ പാര്‍ത്ഥനും വിളങ്ങി. ശ്വേതാശ്വനായ ധനഞ്ജയന്‍ ധര്‍മ്മരാജാവിന്റെ കല്പന പ്രകാരം ശക്തനായ കൃഷ്ണസാരാശ്വത്തെ വിധിപോലെ പിന്തുടര്‍ന്നു രാജാവേ! ഉടുമ്പിന്‍ തോലുറയിട്ട കൈകളില്‍ ഗാണ്ഡീവം വില്ല് ഉലച്ച്, ആ കുതിരയെ സസന്തോഷം പിന്‍തുടര്‍ന്നു. കുരുശ്രേഷ്ഠനായ അര്‍ജ്ജൂുനന്റെ ആ യാത്ര കാണുവാന്‍ നഗരവാസികള്‍ ആബാലവൃദ്ധം തെരുവിന്റെ ഇരുവശങ്ങളിലും തിങ്ങിക്കൂടി. ആ വാജിയെയും, ആ വാജിപരിചാരകനെയും കാണുവാന്‍ തമ്മില്‍ തിങ്ങിനില്ക്കുന്ന അവരില്‍ നിന്നു ചൂടു പുറപ്പെട്ട് ഉഷ്ണിച്ചു വലഞ്ഞു. അങ്ങനെ നില്ക്കുമ്പോള്‍ കൗന്തേയനായ അര്‍ജ്ജുനന്റെ വരവു കണ്ട് ജനങ്ങള്‍ ജയാശംസകള്‍ വിളിച്ചു. ആര്‍പ്പുവിളി കൊണ്ട് ദിക്കുകളും ആകാശവും തിങ്ങി വിങ്ങി രാജാവേ! ഇതാ പോകുന്നു കൗന്തേയന്‍! "ഇതാ പോകുന്നു ദീപ്തിമാനായ അശ്വം! ഇതാ അശ്വത്തെ പിന്തുടര്‍ന്ന് അര്‍ജജുനന്‍ പോകുന്നു! വലിയ വില്ലേന്തിയ മഹാഭുജന്‍ ഇതാ പോകുന്നു". ഇപ്രകാരമുള്ള ശബ്ദകോലാഹലങ്ങളാല്‍ ഹസ്തിനപുരം മുഴങ്ങി. "സ്വസ്തി ഭവിക്കട്ടെ! ഭാരതാ! ക്ലേശം കൂടാതെ വീണ്ടും വരിക". ഇപ്രകാരം ചില പുരുഷന്മാര്‍ ആശംസിച്ചു. "അര്‍ജ്ജുനനെ ഈ തിക്കിനുള്ളില്‍ക്കൂടി കാണാന്‍ വിഷമം! വില്ലു കാണുന്നുണ്ട്! ഇതല്ലെ ഭീമനിര്‍ഹ്രാദമായ ഗാണ്ഡീവം? വിശുദ്ധമായ വില്ല്? സ്വസ്തി ഭവിക്കട്ടെ! ക്ലേശം കൂടാതെ പൊയ്‌ക്കൊള്ളട്ടെ! ഭയം വിട്ടവനായി പൊയ്ക്കൊള്ളട്ടെ! തിരിച്ച് വന്നിട്ട് ഇനി അര്‍ജ്ജുനനെ കാണാം. അവന്‍ ഉടനെ വരും".
ഇപ്രകാരം പല വിധത്തില്‍ സ്ത്രീകളും പുരുഷന്മാരും ഭരതര്‍ഷഭാ, പറയുന്ന നല്ല വാക്കുകള്‍ ആ ഉല്‍കൃഷ്ട ബുദ്ധിമാന്‍ കേട്ടു കൊണ്ടു നടന്നു. യാജ്ഞവല്‍കൃയന്റെ യജ്ഞകര്‍മ്മ വിചക്ഷണനായ ശിഷ്യന്‍, വേദപാരഗനായ വിപ്രന്‍, പാര്‍ത്ഥന്റെ കൂടെപ്പോയി. വേറെ വേദപരാഗന്മാരായ പല വിപ്രന്മാരും പോയി മഹാഭാഗാ! ആ മഹാത്മാവിന്റെ കൂടെ പല രാജാക്കന്മാരും വിധിപ്രകാരം പോയി പൃഥ്വീപതേ! അതും ധര്‍മ്മരാജാവിന്റെ അനുജ്ഞയാലാണ്. അല്ലയോ ശുഭാശയാ, പാണ്ഡവര്‍ അശ്വത്തിന്റെ തേജസ്സാല്‍ ജയിച്ച ഭൂമിയില്‍ ദേശം തോറും സഞ്ചരിച്ചു. മഹാരാജാവേ, ആ യാത്രയില്‍ പാണ്ഡവന് വന്നുപെട്ട യുദ്ധങ്ങളെ ഇനി വര്‍ണ്ണിക്കാം. അല്ലയോ വീരാ, വലിയതും വിചിത്രതരവുമായിരുന്നു ആ സംഘട്ടനങ്ങള്‍.
ആ കുതിര ഭൂമിയെ വലംവെച്ച് ചുറ്റി. ആദ്യം അത് വടക്കോട്ടേക്കാണു പോയത്. ആ യാത്രയെപ്പറ്റി കേള്‍ക്കു രാജാവേ! രാജാക്കന്മാരുടെ രാജ്യങ്ങള്‍ മര്‍ദ്ദിക്കുന്ന ആ ഉത്തമമായ അശ്വം മെല്ലെ നടന്നുപോയി. അതിനെ പിന്തുടര്‍ന്ന് ശ്വേതാശ്വരഥീന്ദ്രനായ അര്‍ജ്ജുനനും പോയി. ആ യാത്രയില്‍ ഹതബാന്ധവരായ രാജാക്കന്മാര്‍ (ഭാരതയുദ്ധത്തില്‍ ബന്ധുജനങ്ങള്‍ മരിച്ച രാജാക്കന്മാര്‍) പതിനായിരം പേര്‍ ഒത്തുചേര്‍ന്ന് അര്‍ജ്ജൂനന്റെ നേരെ പൊരുതി. രാജാവേ, ആ പോരാട്ടത്തില്‍ കിരാതന്മാരും, യവനന്മാരും, വില്ലും വാളുമേന്തിയ പലരും, മറ്റു പലതരം, മ്ലേച്ഛന്മാരുമുണ്ടായിരുന്നു. ഇവരെല്ലാം മുമ്പ് പോരില്‍ പിന്മടക്കി വിട്ടവരായിരുന്നു. ആര്യന്മാരായ മന്നവന്മാരും, പ്രഹൃഷ്ടരായ നരവാഹനന്മാരും പാണ്ഡുപുത്രനോട് ഏറ്റു. പലരും യുദ്ധദുര്‍മ്മദന്മാരായിരുന്നു. ഇപ്രകാരം പലയിടത്തും യുദ്ധം നടന്നു രാജാവേ! പല ദിക്കില്‍ നിന്നും വന്നുചേര്‍ന്ന രാജാക്കന്മാരുമായി അര്‍ജ്ജുനന് യുദ്ധം ചെയ്യേണ്ടതായി വന്നു. രണ്ടുഭാഗത്തും കടുത്ത പോരാട്ടം നടന്ന ചരിത്രം ഇനി അനഘാശയാ, ഞാന്‍ ഭവാനോടു പറയാം.
74. അശ്വാനുസരണം ത്രിഗര്‍ത്തപരാഭവം - കൊല്ലപ്പെട്ട ത്രിഗർത്തരുടെ പുത്ര പൗത്രാദികളുടെ എതിർപ്പ് - വൈശമ്പായനന്‍ പറഞ്ഞു: ത്രിഗര്‍ത്തന്മാരുമായി കിരീടി യുദ്ധത്തില്‍ പ്രവേശിച്ചു. അവര്‍ വളരെ പകയുള്ളവരും കൊല്ലപ്പെട്ടവരുടെ പുത്രന്മാരും, പൌത്രന്മാരുമായിരുന്നു. അവര്‍ ഉത്തമമായ യജ്ഞാശ്വം വന്നതറിഞ്ഞ്, തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വെച്ച് ചട്ടയിട്ട ആ വീരന്മാര്‍ വന്ന് വളഞ്ഞു. തേരിലിരിക്കുന്നവരും, ആവനാഴിയുള്ളവരും, കോപ്പണിഞ്ഞ അശ്വങ്ങളോടു കൂടിയവരുമായ അവര്‍ വന്നു വളഞ്ഞ് യജ്ഞാശ്വത്തെ പിടിക്കുവാനായി തുനിഞ്ഞു. അപ്പോള്‍ കിരീടി ആ വീരന്മാരുടെ ആഗ്രഹമെന്തെന്ന് ചിന്തിച്ചറിഞ്ഞ് തന്റെ മുമ്പിലെത്തിയ ആ വീരന്മാരോടു സാന്ത്വോക്തികള്‍ പറഞ്ഞു. അവര്‍ ഉടനെ അതിനെ അവഗണിച്ച് അമ്പുകള്‍ തൂകി. തമോരജസ്സുകളില്‍ മുങ്ങിയ അവരെ കിരീടി തടുത്തു. അവരോടു ചിരിച്ചു കൊണ്ടു കിരീടി പറഞ്ഞു ഭാരതാ! ധര്‍മ്മം വിട്ടവരേ, നിങ്ങള്‍ ഒഴിഞ്ഞു മാറി ക്കൊള്ളുവിന്‍! ജീവിതം വെറുതെ നശിപ്പിക്കേണ്ട! ശ്രേയസ്‌കരമായതു ജീവിതമാണ്. വീരനായ അര്‍ജ്ജുനന്‍ അശ്വസംരക്ഷണത്തിന് പോകുമ്പോള്‍ ധര്‍മ്മജന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ബന്ധുക്കള്‍ മൃതിയടഞ്ഞവരായ രാജാക്കന്മാരെ നീ കൊല്ലരുത്. ഇപ്രകാരം തടുത്തിട്ടുള്ളത് കൊണ്ട് അര്‍ജ്ജുന്‍ അവരെ കൊല്ലുവാന്‍ ശ്രമിച്ചില്ല. ഒഴിച്ചു പൊയ്ക്കൊള്ളുവാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ വിട്ടൊഴിച്ചതുമില്ല.
പിന്നെ ത്രിഗര്‍ത്ത രാജാവായ സൂര്യവര്‍മ്മനെ യുദ്ധത്തില്‍ ശരജാലം കൊണ്ടു മൂടി ധനഞ്ജയന്‍ ചിരിച്ചു. അവര്‍ അത് സഹിച്ചില്ല. അവര്‍ തോരൊലി കൂട്ടി, ചക്രന്ദ്വനി കൂട്ടിഎല്ലാ ദിക്കുകളും മുഴക്കി ധനഞ്ജയനോട് ഏറ്റുമുട്ടി. സൂര്യവര്‍മ്മാവ് പാര്‍ത്ഥനില്‍ മൂര്‍ച്ച കൂട്ടിയ ശരങ്ങളെ അസ്ത്രലാഘവം കാട്ടി നൂറെണ്ണം എയ്തു രാജാവേ! അപ്രകാരം മറ്റു വില്ലാളികളും സഹായികളും ധനഞ്ജയനെ വധിക്കുവാന്‍ ആഗ്രഹിച്ചു തന്നെ ശരജാലം വര്‍ഷിച്ചു. ഞാണു വലിച്ച് എയ്തു വിട്ട പല ബാണങ്ങളെയും പാര്‍ത്ഥന്‍ അറുത്തു ഭൂമിയില്‍വീഴ്ത്തി. തേജസ്വിയായ കേതുവര്‍മ്മാവും അവന്റെ സഹോദരനായ യുവാവും ജ്യേഷ്ഠന് വേണ്ടി പേരെടുത്ത് പാണ്ഡുപുത്രനുമായി പോരാടി. ആ കേതുവര്‍മ്മാവ് യുദ്ധത്തില്‍ എതിര്‍ത്തേല്ക്കുന്നതു കണ്ട് ഉടനെ കൂരമ്പുകള്‍ വലിച്ചു രിപുനാശനനായ ബീഭത്സു എയ്തു. കേതുവര്‍മ്മനെ എയ്തപ്പോള്‍ മഹാരഥനായ ധൃതവര്‍മ്മന്‍ തേരോടിച്ച് എത്തി. വളരെ ശരങ്ങള്‍ ജിഷ്ണുവില്‍ വര്‍ഷിച്ചു. അവന്റെ കൈവേഗം കൊണ്ട് വീര്യവാനായ ജിഷ്ണു അഭിനന്ദിച്ചു. ബാലനായ ധൃതവര്‍മ്മന്റെ യുദ്ധവൈദഗ്ദ്ധ്യം ഗുഢാകേശന് വളരെ ബോധിച്ചു. അവന്‍ ശരം എടുക്കുന്നതും തൊടുക്കുന്നതും പാകശാസിനി കണ്ടില്ല. ശരങ്ങള്‍ വന്നു വീഴുന്നതേ കണ്ടുള്ളു. യുദ്ധത്തില്‍ അര്‍ജ്ജുനന്‍ ധൃതവര്‍മ്മനെ പ്രകീര്‍ത്തിച്ചു. മനസ്സ് കൊണ്ട് അല്പസമയം പോരില്‍ ഹര്‍ഷം പൂണ്ട പോലെ അര്‍ജജുനന്‍ കാണപ്പെട്ടു. പാമ്പു പോലെ ചൊടിച്ചു ചീറി എയ്യുന്ന അവനെ പ്രീതിയോടെ മഹാബാഹുവായ കുരുവീരന്‍ കൊന്നില്ല. ചിരിച്ചുകൊണ്ട് ശരമെയ്തു നിന്നു. ഓജസ്വിയായ പാര്‍ത്ഥന്‍ ഇപ്രകാരം ദ്രോഹിക്കാതെ കാക്കുന്ന ധൃതവര്‍മ്മന്‍ ഉടനെ തീക്ഷ്ണമായ ബാണം വിജയനില്‍ വിട്ടു. അത് ഉടനെ കൈയില്‍ വന്നേറ്റ് ഊക്കില്‍ കയറിയപ്പോള്‍ മോഹിച്ചുപോയി. ഗാണ്ഡീവം കൈയില്‍ നിന്ന് വിട്ടുപോയി. അത് നിലത്തു പതിച്ചു. സവ്യസാചിയുടെ കൈയില്‍ നിന്നു വീഴുന്ന വില്ലിന്റെ അകൃതി ഇന്ദ്രന്റെ ചാപം പോലെ ആയിത്തീര്‍ന്നു, ഭാരതാ! ആ ദിവ്യമായ വില്ല് വീണ ഉടനെ രാജാവേ,ആ മഹാഹവത്തില്‍ അത്യുഗ്രമായി ധ്യതവര്‍മ്മന്‍ ചിരിച്ചു. ഉടനെ തന്റെ കൈയിലെ ചോര തുടച്ച് ജിഷ്ണു ദിവ്യമായ ചാപം എടുത്ത് ശരങ്ങള്‍ വര്‍ഷിച്ചു. ഉടനെ ഹലഹലാ ശബ്ദം ആകാശത്തില്‍ മുഴങ്ങി. ആ കര്‍മ്മത്തെക്കണ്ടു നാനാഭൂതഗണങ്ങള്‍ ഉച്ചത്തില്‍ ആർപ്പുവിളിച്ചു. ക്രോധിച്ച അര്‍ജ്ജുനനെ കാലാന്തകയമന് തുല്യനായി കാണപ്പെട്ടു. അപ്പോള്‍ ത്രിഗര്‍ത്തയോധന്മാര്‍ ചുറ്റും വളഞ്ഞു. അവര്‍ പാഞ്ഞു വന്നത് ധ്യതവര്‍മ്മനെ കാക്കുവാനായിരുന്നു. അര്‍ജ്ജുനന്റെ ചുറ്റും മാവര്‍ വളഞ്ഞു. അര്‍ജ്ജുനന്റെ കോപം മുഴുത്തു. ഉടനെ അവരുടെ ഭടന്മാരില്‍ പത്തും എട്ടും പേരെ അനേകം ഇരുമ്പു ശരങ്ങള്‍ കൊണ്ട് വധിച്ചു. അവരെല്ലാം കെട്ടുപൊട്ടി ഉടഞ്ഞു തകര്‍ന്ന മട്ടായി. അവരെ നോക്കി വെമ്പലോടെ ധനഞ്ജയന്‍ സര്‍പ്പം പോലെയുള്ള ശരങ്ങളെ അത്യുച്ചത്തില്‍ചിരിച്ചു കൊണ്ട് എയ്തു. മനസ്സുകെട്ട് മഹാരഥന്മാരായ ത്രിഗര്‍ത്തന്മാര്‍ ധനഞ്ജയ ശരാര്‍ത്തന്മാരായി പത്തു ദിക്കിലേക്കും പാഞ്ഞു പോയി. അവര്‍ സംശപ്തകാരിയായ ആ പുരുഷവ്യാഘ്രനോടു പറഞ്ഞു: അല്ലയോ അര്‍ജ്ജുനാ, ഞങ്ങള്‍ നിന്റെ കിങ്കരന്മാരാണ്. ഞങ്ങള്‍ എല്ലാവരും നിന്റെ പാട്ടില്‍ നില്ക്കുന്നു. ഭവാന്റെ മുമ്പില്‍ വണങ്ങി നില്ക്കുന്ന പ്രേഷ്യരോട് ഭവാന്‍ കല്പിച്ചാലും! ഞങ്ങള്‍ പാര്‍ത്ഥാ, കൗരവ നന്ദനാ! ഭവാന്റെ കല്പന അനുസരിക്കുവാന്‍ സന്നദ്ധരാണ്. ഇപ്രകാരം ആ ത്രിഗര്‍ത്തന്മാര്‍ പറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ അവരോട് എല്ലാവരോടുമായി വിളിച്ചു പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ജീവന്‍ കാത്തു കൊള്ളുവിന്‍! എന്റെ ശാസനം സ്വീകരിച്ചു കൊള്ളുവിന്‍!
75. അശ്വാനുസരണം വജ്രദത്തയുദ്ധം - പ്രാക്ജ്യോതിഷത്തിൽ വെച്ച് ഭഗദത്ത പുത്രനായ വജ്രദത്തനുമായുള്ള യുദ്ധം - വൈശമ്പായനന്‍ പറഞ്ഞു: പ്രാക്ജ്യോതിഷത്തിലെത്തി അവിടെ ആ ഉത്തമമായ അശ്വം സഞ്ചരിച്ചു. ഉടനെ ഭഗദത്ത പുത്രനായ വജ്രദത്തന്‍ യുദ്ധത്തിന് ഒരുങ്ങിയിറങ്ങി. രണകര്‍ക്കശനായ ആ രാജാവ് പാണ്ഡുപുത്രന്റെ ഹയം എത്തിയെന്നറിഞ്ഞപ്പോള്‍ ആ മഹീപതി പുരത്തില്‍ നിന്ന് ഇറങ്ങിച്ചെന്ന് ബലമായി അശ്വത്തെപ്പിടിച്ച് നഗരത്തിലേക്കു കൊണ്ടു പോയി. അതു കണ്ടപ്പോള്‍ മഹാബാഹുവായ കുരുപ്രവരന്‍ ഗാണ്ഡീവം വില്ലുലച്ചും കൊണ്ട് ബലമായിക്കയറി. ഗാണ്ഡീവം വില്ലില്‍ നിന്നു പുറപ്പെടുന്ന ശരങ്ങളേറ്റുഴലുന്ന ആ രാജാവ്, ആ കുതിരയെ പെട്ടെന്ന് വിട്ട് പാര്‍ത്ഥനില്‍ പാഞ്ഞേറ്റു. പിന്നെ പുരിയില്‍ച്ചെന്നു ചട്ടയിട്ട് ആ നൃപോത്തമന്‍ ആനപ്പുറത്തുകയറി ഒരു മുറി നോക്കാനായി പുറപ്പെട്ടു. ആ രണകര്‍ക്കശന്‍ തന്റെ തലയ്ക്കു മുകളില്‍ വെണ്‍കൊറ്റക്കുട പിടിപ്പിച്ച്, ആലവട്ടം വീശിച്ച് എഴുന്നള്ളിച്ചു വരുന്ന ആ മഹാരഥന്‍, പാണ്ഡവന്മാരില്‍ പ്രമുഖ മഹാരഥനായ അര്‍ജ്ജുനനെ, ആ ബീഭത്സുവിനെ, ബാല്യം മൂലം, തന്റെ വിഡ്ഢിത്തത്തിന്റെ ഊക്കുകൊണ്ട് യുദ്ധത്തിന് വിളിച്ചു. കന്നംപൊട്ടി മദംചാടുന്ന മലപോലെ ഉന്നതനായ ഗജത്തെ ക്രോധത്തോടെ ശ്വേതാശ്വന്റെ നേരെ ഓടിച്ചു. മഹാമേഘജാലം പോലെയുള്ള ശത്രുഗജ സഞ്ചയത്തെ തടുത്തു നിര്‍ത്തുവാന്‍ പോന്നവനും, പോരില്‍ ശാസ്ത്രാനുസരണം നിര്‍ത്തുന്ന രണഗര്‍വ്വിയായ ഗജശ്രേഷ്ഠനും ആ രാജാവ് വിട്ടവനുമായ ആ ഗജം ആകാശത്തേക്കു പാഞ്ഞുകയറുന്ന ഒരു കുന്നുപോലെ ദന്താങ്കുശം കൊണ്ടു വിളങ്ങി. രാജാവേ, പായുന്ന അവനെ നോക്കി കോപിച്ചവനായ ധനഞ്ജയന്‍ നിലത്തു നിന്ന് ആനപ്പുറത്തിരിക്കുന്ന വജ്രദത്തനോട് പൊരുതി. വജ്രദത്തന്‍ വിട്ട ഊക്കേറുന്ന തോമരങ്ങള്‍, അഗ്നിപോലെ ഉഗ്രമായ തോമരങ്ങള്‍, പാറ്റകള്‍ പോലെ ശക്തിയായി പാഞ്ഞുചെന്നു. അവ എത്തുന്നതിന് മുമ്പുതന്നെ ഗാണ്ഡീവോത്ഥകമായ ശരങ്ങളാല്‍ രണ്ടും മുന്നുമായി ആകാശത്തു വെച്ച് അര്‍ജ്ജുനന്‍ മുറിച്ചു വീഴ്ത്തി. താന്‍ വിടുന്ന തോമരങ്ങള്‍ ഖണ്ഡിച്ചു വിടുന്നതു കണ്ട് ഭഗദത്ത പുത്രന്‍ തടയാത്ത ബാണങ്ങളെ പാണ്ഡവനില്‍ അയച്ചു. ഉടനെ അര്‍ജ്ജുനനും പൊന്‍കെട്ടുള്ള ശരങ്ങളെ ക്രുദ്ധനായി വലിച്ച് ഭഗദത്തന്റെ പുത്രന്റെ നേരെ വിട്ടു. തേജസ്വിയായ വജ്രദത്തന്‍ പോരില്‍ അര്‍ജജുനന്റെ ശരങ്ങളേറ്റ് ആനപ്പുറത്തു നിന്നു താഴെ വീണു. എന്നാല്‍ ബോധം കെട്ടില്ല. ഉടനെ അവിടെ നിന്നെഴുന്നേറ്റ് വജ്രദത്തന്‍ വീണ്ടും ആനപ്പുറത്തു കയറി. വമ്പനായ കൊമ്പനാനയെ അവ്യഗ്രമായി അവന്‍ വിജയന്റെ നേര്‍ക്ക് ജയകാംക്ഷയോടെ പ്രേഷണം ചെയ്തു വിട്ടു. ഉടനെ ജിഷ്ണു അവന്റെ നേര്‍ക്ക് കത്തുന്ന അഗ്നിക്കു തുല്യമായ, സര്‍പ്പതുല്യമായ, ശരങ്ങള്‍ സംക്രുദ്ധനായി എയ്തുവിട്ടു. അവയേറ്റ് ആ കുംഭീന്ദ്രന്‍ രക്തംചാടി, മനയോലയൊഴുകുന്ന മലപോലെ പ്രശോഭിച്ചു.
76. അശ്വനുസരണം വജ്രദത്തപരാജയം - അർജ്ജുനൻ പ്രാക് ജ്യോതിഷാധിപതിക്ക് അഭയം നൽകുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ആ രാജാവുമായി അര്‍ജ്ജുനന്‍ വൃത്രനോട് ഇന്ദ്രനെന്ന വിധം മുന്നു ദിവസം യുദ്ധം ചെയ്തു. പിന്നെ നാലാം ദിവസം മഹാബലനായ വജ്രദത്തന്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ടു ഇപ്രകാരം പറഞ്ഞു.
വജ്രദത്തന്‍ പറഞ്ഞു: എടോ അര്‍ജ്ജുനാ, നില്‍ക്കു! നിന്നെ ഞാന്‍ ജീവനോടെ വിട്ടയയ്ക്കുകയില്ല. നിന്നെ കൊന്നിട്ട് എന്റെ അച്ഛന് വിധിപ്രകാരം തിലോദകം നല്കണം. നിന്റെ അച്ഛന്റെ (ഇന്ദ്രന്റെ) സഖിയും, വൃദ്ധനും എന്റെ പിതാവുമായ ദഗദത്തനെ നീ കൊന്നു. വൃദ്ധനായത് കൊണ്ട് നീ നിഷ്പ്രയാസം കൊന്നു. അതില്‍ നീ യോഗ്യനായിരിക്കയാണ്. ബാലനായ എന്നോടു നീ ഒന്ന് എതിര്‍ത്തു ജയിക്കു! കാണട്ടെ നിന്റെ വീര്യം.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് ചൊടിച്ച് നരാധിപനായ വജ്രദത്തന്‍ വിട്ടയച്ച ഗജോത്തമന്‍ ആകാശത്തില്‍ ചാടുമാറ് പാണ്ഡവനില്‍ പാഞ്ഞേറ്റു. തുമ്പിക്കൈ തുമ്പു കൊണ്ട് ചീറ്റുന്ന ജലശീകരം കൊണ്ട് ആ ഗജോത്തമന്‍ മഴക്കാര്‍ നീലമലയെ എന്ന വിധം അവനെ കുളിപ്പിച്ചു. ആ രാജാവ് വിട്ടവനായ ആന കാറു പോലെ അലറി, മുഖാഡംബരമായ ഘോഷത്തോടെ അര്‍ജ്ജുനനോടേറ്റു. വജ്രദത്തന്‍ അയച്ച ഗജേന്ദ്രന്‍ തുള്ളുന്ന വിധം കൗരവ മഹാരഥന്റെ നേരെ വന്നടുത്തു. വജ്രദത്തന്റെ ഗജേന്ദ്രന്‍ വന്നടുക്കുന്നതു കണ്ട് ഗാണ്ഡീവം വില്ല് കൈയിലുള്ള അരിമര്‍ദ്ദനനായ ശക്തന്‍ ഒട്ടും കുലങ്ങുകയുണ്ടായില്ല. ആ രാജാവില്‍ അര്‍ജ്ജുനന്‍ വളരെ ക്രോധത്തോടെ കാര്യവിഘ്‌നവും മുമ്പത്തെ പകയും ഓര്‍മ്മവെച്ച് ചുണച്ച് പോരാടി. ഉടനെ ആ കുംഭിയില്‍ ക്രുദ്ധനായി ശരങ്ങള്‍ വര്‍ഷിച്ചു. ആ രാജാവ് അതൊക്കെ ആഴിയെ കരയെന്ന പോലെ തടുത്തു. ശ്രീമാനായ ആ ദന്തിരാജന്‍, അര്‍ജ്ജുനന്‍ തടുത്തപ്പോള്‍ ദേഹത്തിലൊക്കെ അമ്പു കയറിയ ആ ആന മുള്ളന്‍പന്നി പോലെ നിന്നു. ആനയെ അര്‍ജ്ജുനന്‍ നിറുത്തിയതു കണ്ടപ്പോള്‍ ഭഗദത്തസുതനായ രാജാവ് കൂരമ്പ് അര്‍ജ്ജുനനില്‍ ചുണയോടെ അയച്ചു.
മഹാഭുജനായ ഫല്‍ഗുനന്‍ ശത്രുഘാതിയായ ശരം കൊണ്ട് അവന്റെ ശരങ്ങളെയെല്ലാം തടുത്തു. അത് ഒരത്ഭുതം തന്നെ ഉളവാക്കി. പിന്നെ വീണ്ടും ക്രോധത്തോടെ പ്രക്ജ്യോതിഷാധിപനായ രാജാവ് ശക്തിയോടെ മലപോലെയുള്ള ഗജരാജനെ വിട്ടു. ശക്തിയോടെ അവന്‍ പാഞ്ഞു വരുന്നതു കണ്ട് പാകശാസിനി (ഇന്ദ്രപുത്രൻ) അഗ്നിതുലൃമായ നാരാചം ആനയില്‍ എയ്തു. അര്‍ജ്ജുനന്റെ ആ ബാണം മര്‍മ്മങ്ങളില്‍ ഏറ്റപ്പോള്‍ ആ ഗജം വജ്രമേറ്റ പര്‍വ്വതം പോലെ നിലത്തു വീണു. ധനഞ്ജയശരം ഏറ്റ ആ ഗജം വജ്രപീഡിതമായ ശൈലം മന്നില്‍ താഴുന്ന പോലെ ശോഭിച്ചു. വജ്രദത്തന്റെ ആ ഗജം വീണ ഉടനെ പാണ്ഡവന്‍ നിലത്തു നില്ക്കുന്ന രാജാവിനോട് ഭയപ്പെടേണ്ട എന്നു വിളിച്ചു പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: എടോ രാജാവേ, ഞാന്‍ പുറപ്പെടുന്ന സമയത്ത് എന്നോട് യുധിഷ്ഠിരരാജാവ് പറഞ്ഞു. ധനഞ്ജയാ! നീ രാജാക്കന്മാരെ ഈ യാത്രയില്‍ വധിക്കരുത്. അല്ലയോ നരവ്യാഘ്രാ, നീ ഇത്രയൊക്കെ ചെയ്തതു മതി. യോദ്ധാക്കളെയും നീ വധിക്കരുത്. വളരെയേറെ യോദ്ധാക്കളെ വധിച്ചവനല്ലേ നീ, അതു മതി. നീ രാജാക്കന്മാരോടും സുഹൃത്തുക്കളോടും കൂടി യുധിഷ്ഠിരന്റെ അശ്വമേധത്തില്‍ വന്ന് അതിനെ മംഗളമാക്കി തരണമെന്ന് പറയുക. ഇപ്രകാരം എന്റെ ജ്യൃഷ്ഠന്റെ കല്പന അനുസരിക്കുന്ന ഞാന്‍ നിന്നെ കൊല്ലുന്നില്ല. എഴുന്നേല്‍ക്കൂ ഭയപ്പെടേണ്ടാ! നീ സുഖമായി പൊയ്ക്കൊള്ളുക രാജാവേ! ചൈത്രമാസത്തിന്റെ തുടര്‍ച്ചയില്‍ ധീമാനായ ധർമ്മരാജാവിന്റെ അശ്വമേധം നടക്കുമ്പോള്‍ നീ എത്തണമെന്ന് ഞാന്‍ ക്ഷണിക്കുന്നു.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ അര്‍ജ്ജുനനോട് പോരാടി പരാജയമടഞ്ഞ ഭഗദത്തപുത്രന്‍, "അപ്രകാരമാകാം", എന്നു മറുപടി പറഞ്ഞു.
77. അശ്വാനുസരണം സൈന്ധവയുദ്ധം - സിന്ധു രാജാവുമായി അർജ്ജുനൻ ഏറ്റുമുട്ടുന്നു - വൈശമ്പായനന്‍ പറഞ്ഞു: കിരീടി സൈന്ധവരുമായി പൊരുതി. മഹായുദ്ധത്തില്‍ ചത്തു ശേഷിച്ചവരും അവരുടെ മക്കളുമായിട്ടാണ് ഇപ്പോള്‍ അര്‍ജ്ജുനന്‍ പടവെട്ടുന്നത്. ശ്വേതാശ്വനായ അര്‍ജ്ജുനന്‍ വന്നതറിഞ്ഞ് ആ ദുര്‍ദ്ധര്‍ഷന്മാരായ മന്നവന്മാര്‍ അര്‍ജ്ജുനനോട് പോരാടുവാന്‍ ഒരുങ്ങിപ്പുറപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വെച്ച് ആ വിഷതുല്യന്മാര്‍ അശ്വത്തെ പിടികൂടി. ഭീമന്റെ അനുജനായ പാര്‍ത്ഥനെ അവര്‍ ഭയപ്പെട്ടില്ല. അവര്‍ യജ്ഞഹയത്തിന്റെ കാല്ക്കല്‍ വില്ലുമായി നില്ക്കുന്ന ബീഭത്സുവിനോട് എതിര്‍ത്തു. മഹാവീരന്മാരായ അവര്‍ അര്‍ജ്ജുനന് ചുറ്റും വളഞ്ഞു. മുമ്പെ പോരില്‍ മടക്കി ഓടിക്കപ്പെട്ടവരായ ആ മന്നവന്മാര്‍ ഇപ്പോള്‍ തരത്തിന് കിട്ടിയ അവനെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു. അവര്‍ തങ്ങളുടെ നാമങ്ങളും, ഗോത്രങ്ങളും, പല കര്‍മ്മങ്ങളും വിളിച്ചു പറഞ്ഞ് പാര്‍ത്ഥന്റെ നേരെ ശരവര്‍ഷങ്ങള്‍ ചൊരിഞ്ഞു. ആനയെയും തടുക്കുന്ന ശരജാലത്താല്‍ പോരില്‍ ജയം കൊതിക്കുന്ന അവര്‍ കൗന്തേയനെ വളഞ്ഞ് പോരില്‍ അത്യുഗ്രകര്‍മ്മാവായ പാര്‍ത്ഥനെ നോക്കിക്കണ്ട് തേരിലിരുന്നു കൊണ്ട് ആ വീരന്മാര്‍ കാലാള്‍പ്പടയുമായി പടവെട്ടി.
ആ വീരന്മാര്‍, ആ നിവാതകവചവൈരിയെ, സംശപ്തക നിഹന്താവിനെ, സിന്ധുരാജ വിഘാതിയെ ചുണയോടെ എയ്തു. ഉടനെ ആയിരം തേരും പതിനായിരം കുതിരകളും കൂടി ബിഭത്സുവെ കോട്ടകെട്ടിയ മട്ടില്‍ ആ സൈന്യക്കോട്ടയുടെ ഉള്ളിലാക്കി നിര്‍ത്തി ഹൃഷ്ടരായി. പോരില്‍ തങ്ങളുടെ രാജാവായ ജയദ്രഥനെ എപ്രകാരമാണ് സവ്യസാചി കുടക്കില്‍ പെടുത്തിയത്, അതിന്ന് തക്ക പ്രതിവിധി ചെയ്യാമെന്നുള്ളത് ചിന്തിച്ചിട്ടെന്ന പോലെ അര്‍ജ്ജുനെ കുടക്കില്‍ പെടുത്തി.
അങ്ങനെ കാര്‍മേഘങ്ങള്‍ ശരമാരി ചൊരിയുന്ന വിധം ശരവര്‍ഷം തുടങ്ങി. കാറ്റേറ്റ സൂരൃനെന്ന പോലെ അര്‍ജ്ജുനന്‍ പ്രശോഭിച്ചു. കൂട്ടിനുള്ളില്‍ സഞ്ചരിക്കുന്ന പക്ഷിപോലെ അര്‍ജ്ജുനന്‍ ആ സൈനൃക്കൂട്ടിന്റെ ഉള്ളില്‍ സഞ്ചരിച്ചു ഭാരതാ! പാര്‍ത്ഥന്‍ ശരജാലങ്ങളാല്‍ ഉഴന്നു പോയപ്പോള്‍ സര്‍വ്വത്ര ഹാ! ഹാ! എന്ന ഘോഷം മുഴങ്ങി രാജാവേ! മൂന്നു ലോകവും നടുങ്ങി. സൂര്യന്‍ മങ്ങിപ്പോയി! കൈലാസ പര്‍വ്വതം പോലും അപ്പോള്‍ പതുക്കെ ഒന്നു വിറച്ചു പോയി രാജാവേ!
ചുടു നെടുവീര്‍പ്പു വിട്ട് വലിയ ശോകത്തോടെ സപ്തര്‍ഷികള്‍ ഭയപ്പെട്ടു പോയി. ദേവര്‍ഷികള്‍ പോലും നടുങ്ങിപ്പോയി. ചന്ദ്രന്റെ മണ്ഡലത്തെ പിളര്‍ന്ന് അതിലെ ശശം (മുയല്‍) വീണു പോയി. പുക ചിന്നിപ്പരക്കുന്ന ദിക്കുകള്‍ വിപരീതങ്ങളായി ഭവിച്ച് അറിയാത്ത മട്ടായി. രാസഭത്തിന്റെ (കഴുതയുടെ) അരുണവര്‍ണ്ണത്തില്‍ മഴവില്ലും മിന്നലും ചേര്‍ന്ന് ആകാശം മൂടിയ മട്ടില്‍ മേഘങ്ങള്‍ നിറയുകയും അതില്‍ നിന്ന് രക്തവും, മാംസവും വര്‍ഷിക്കുകയും ചെയ്തു. ആ ശരവര്‍ഷത്തില്‍ അര്‍ജ്ജുനന്‍ മറഞ്ഞപ്പോള്‍ ഇതൊക്കെയാണ് കണ്ട നിമിത്തങ്ങള്‍ ഭാരതാ! ഇത് മഹാത്ഭുതം ജനിപ്പിച്ചു.
ചുറ്റു നിന്നും ശരജലം വന്നേറ്റ് ദേഹത്തില്‍ തറച്ച അര്‍ജജുനന്‍ മോഹിച്ചു പോവുകയും കൈയിലുള്ള ഗാണ്ഡീവവും കൈയുറയും താഴെ വീഴുകയുംചെയ്തു. അര്‍ജ്ജുനന്‍ മോഹിച്ച സമയത്ത്, ആ മഹാരഥന്‍ മയങ്ങിയ സമയത്ത്, മഹത്തരമായ ശരജാലങ്ങള്‍ ഉടനെ സൈന്ധവന്മാര്‍ തൂകി. പാര്‍ത്ഥന്‍ മോഹലസ്യപ്പെട്ടതറിഞ്ഞ് ദേവന്മാര്‍ ത്രസിച്ചു പോയി. ഉടനെ അവന് വേണ്ടി ശാന്തിവിധികള്‍ അവര്‍ ചെയ്തു. ക്ഷണത്തില്‍ ദേവര്‍ഷിമാരും, സപ്തര്‍ഷിമാരും, ബ്രഹ്മര്‍ഷിമാരും, പാര്‍ത്ഥന് വിജയം ആശംസിച്ചു.
പിന്നെ ദേവന്മാര്‍, പാര്‍ത്ഥന്റെ തേജസ്സ് ഒന്ന് ഉജ്ജ്വലിച്ചപ്പോള്‍ പോരില്‍ അസ്ത്രജ്ഞനായ ആ വീരന്‍ കുന്നുപോലെ കുലുങ്ങാതെ ഉറച്ചു നിന്നു. പിന്നെ ആ ദിവ്യമായ വില്ലിട്ട് ആ കുരുനന്ദനന്‍ ഉലച്ചപ്പോള്‍ യന്ത്രനാദം പോലെ അതിന്റെ ധ്വനി മുഴങ്ങി. ഉടനെ ശരവര്‍ഷം വൈരികളില്‍ ചൊരിഞ്ഞു. പ്രഭുവായ ഇന്ദ്രന്‍ മേഘമാലകളില്‍ നിന്നു വര്‍ഷം ചൊരിയുന്ന മാതിരിയാണ് അര്‍ജ്ജുനന്‍ ശരജാലങ്ങള്‍ വര്‍ഷിച്ചിരുന്നത്, ഉടനെ സൈന്ധവ യോദ്ധാക്കള്‍ രാജാക്കന്മാരോടു കൂടിഎല്ലാവരും പാറ്റ ചിന്നിപ്പരന്ന മരം മാതിരി ശരജാലത്താല്‍ കാണാത്ത മട്ടിലായിത്തീര്‍ന്നു.
അവന്റെ വീരമായ അട്ടഹാസത്തിന്റെ ധ്വനി കേട്ട്, ഭയപ്പെട്ടു വിറച്ച് ഓടിക്കളഞ്ഞു. ദുഃഖിച്ച് കണ്ണുനീര്‍ പൊഴിച്ച്‌ചില സൈന്ധവന്മാര്‍ വ്യസനത്തിലകപ്പെട്ടു. ആ ബലിയായ നരര്‍ഷഭന്‍ ശരജാലങ്ങള്‍ പൊഴിച്ച് സൈന്ധവപ്പടയില്‍ കടന്ന് തീക്കൊള്ളി പോലെ ഒന്നു ചുറ്റി. ഇന്ദ്രജാലം പോലെ ബാണജാലം ആ ശത്രുകര്‍ശനന്‍ എല്ലാ ദിക്കിലും വജ്രിയായ ശക്രന്‍ എന്ന പോലെ വിതറി. കാര്‍നിര പോലെയുള്ള പട അവന്‍ ശരമായയാൽ പിളര്‍ന്നു. അങ്ങനെ ആ കൗരവശ്രേഷ്ഠനായ അര്‍ജ്ജുനന്‍ ശരല്‍ക്കാലത്തെ സൂര്യന്‍ എന്ന പോലെ ശോഭിച്ചു.
78. അശ്വാനുസരണം സൈന്ധവപരാജയം - ജയദ്രഥ പത്നിയും കൗരവരുടെ ഭഗിനിയുമായ ദുശ്ശളയെ അർജ്ജുനൻ കണ്ടു മുട്ടുന്നു - വൈശമ്പായനന്‍ പറഞ്ഞു: പോരിന് സന്നദ്ധനായി നില്ക്കുന്ന ഗാണ്ഡീവി ദുര്‍ദ്ധര്‍ഷനായി പോരില്‍ ഹിമാലയ പര്‍വ്വതം പോലെ പ്രശോഭിച്ചു. പിന്നെ സൈന്ധവ യോദ്ധാക്കള്‍ വീണ്ടും ഒന്നിച്ചു ചേര്‍ന്നു നിന്ന് വാശിയോടെ ശരവര്‍ഷം വര്‍ഷിച്ചു ഭരതാ! വീണ്ടും ഒത്തു ചേര്‍ന്ന് പോരില്‍ ഏറ്റവരായ അവരെ നോക്കി ചിരിച്ചു കൊണ്ടു ചാകാന്‍ ഒരുങ്ങി നില്‍ക്കുന്ന ആ യോദ്ധാക്കളോട് മഹാഭുജനായ പാണ്ഡവന്‍ നല വാക്കുകള്‍ പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: ഏറ്റവും ശക്തിയായി നിങ്ങള്‍ പൊരുതുവിന്‍! എന്നെ വെല്ലുവാന്‍ നിങ്ങള്‍ ശ്രമിക്കുവിന്‍! കാര്യങ്ങള്‍ വേണ്ടവിധം ചെയ്യുവിന്‍! നിങ്ങള്‍ക്കു മഹാഭയം എത്തിക്കഴിഞ്ഞു. ഇതാ ശരജാലം തടുത്ത് ഞാന്‍ പൊരുതുന്നു. നിങ്ങള്‍ പോരിന് ഒരുങ്ങി നില്ക്കുവിന്‍! നിങ്ങളുടെ ഗര്‍വ്വ് ഞാന്‍ ഇപ്പോള്‍ തീര്‍ത്തു തരാം.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് കൗരവ്യനായ ഗാണ്ഡീവി ചൊടിയോടെ ശരമെടുത്തു. ഉടനെ ജ്യേഷ്ഠന്‍ പറഞ്ഞവാക്കുകള്‍ ഓര്‍ത്തു. ഉണ്ണീ, നിന്നെ ജയിക്കുവാന്‍ എത്തുന്ന ക്ഷത്രിയരെ നീ കൊല്ലരുത്. നീ അവരെ കൊല്ലാതെ ജയിക്കണം, എന്ന് മഹാത്മാവായ ജ്യേഷ്ഠന്റെ വാക്കുകളെ ഓര്‍ത്ത് പുരുഷര്‍ഷഭനായ അര്‍ജ്ജുനന്‍ വീണ്ടും ചിന്തിച്ചു. രാജാക്കന്മാരെ കൊല്ലരുത് എന്നല്ലേ എന്നോട് രാജാവു പറഞ്ഞത്! ആ ധര്‍മ്മജന്റെ ശുഭമായ വാക്ക് എങ്ങനെ പാഴിലാക്കും? ഒരു രാജാവിനെയും കൊല്ലരുത്. രാജാവിന്റെ കല്പന നടത്തുകയും വേണം എന്നു വിചാരിച്ച് യുദ്ധത്തില്‍ മദമുള്ളവരായ ആ സൈന്ധവരോട് ധര്‍മ്മജ്ഞനായ ഫല്‍ഗുനന്‍ പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ മന്നവന്മാരേ, ഞാന്‍ നിങ്ങള്‍ക്കു നന്മ ഉപദേശിക്കുന്നു. ഞാന്‍ നിങ്ങളെ ആരെയും കൊല്ലുന്നില്ല. എതിരാളികളെ ആരെയും വധിക്കുവാന്‍ വിചാരിക്കുന്നില്ല. പോരില്‍ തോറ്റതിന് ശേഷം ഞാന്‍ അങ്ങയുടെ ആളാണ് എന്നു പറയുന്നവരെ ആരേയും വധിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ എന്റെ ഈ ഉപദേശം സ്വീകരിക്കുക. ആത്മഹിതത്തെ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ പീഡിപ്പിക്കുന്ന നിങ്ങള്‍ ഗത്യന്തരമില്ലാതെ കുഴങ്ങും.
വൈശമ്പായനൻ പറഞ്ഞും: ഇപ്രകാരം ആ വീരന്മാരോടു പൊരുതുവാന്‍ നില്ക്കുന്ന കുരുപുംഗവന്‍, പടുവും സംക്രുദ്ധനും ജയാര്‍ത്ഥിയുമായ അര്‍ജ്ജുനന്‍, ആ ക്രോധിച്ചു നില്ക്കുന്ന യോധന്മാരോടു പറഞ്ഞു. നൂറും ആയിരവും മൂര്‍ച്ച കൂട്ടിയ ശരങ്ങളെ രാജാവേ, ആ സൈന്ധവന്മാര്‍ അര്‍ജജുനന്റെ കൈകളിലേക്കു വിട്ടു. ആശീവിഷം പോലെ ഉഗ്രമായ ആ ബാണങ്ങള്‍ വന്നെത്തുന്നതു കണ്ട് കൂരമ്പുകള്‍ വിട്ട് അവയെ ധനഞ്ജയന്‍ അറുത്തു വിട്ടു. ചാണയ്ക്കു വെച്ച കങ്കച്ചിറകുള്ള ശരങ്ങളെയ്ത് പോരില്‍ ഓരോരുത്തരെയായി ധനഞ്ജയന്‍ പിളര്‍ന്നു. ഉടനെ വീണ്ടും കത്തിയും വേലും മറ്റായുധങ്ങളും അര്‍ജ്ജുനന്റെ നേരെ, ജയദ്രഥന്റെ വധത്തെ ചിന്തിച്ച് പക പോക്കുവാനായി സൈന്ധവന്മാര്‍ വിട്ടു. അവരുടെയെല്ലാം സങ്കല്പങ്ങളെ കിരീടി പാഴിലാക്കി. അവര്‍ വിടുന്ന സകല ആയുധങ്ങളെയും അപ്പോഴപ്പോള്‍ ഖണ്ഡിച്ച് കിരീടി ആഹ്ളാദത്തോടെ ചിരിച്ചു. ജയകാംക്ഷികളായ ആയോധന്മാര്‍ ഇപ്രകാരം യതിക്കുന്ന സമയത്ത് മൂര്‍ച്ച കൂട്ടിയ ഭല്ലങ്ങള്‍ കൊണ്ട് അര്‍ജ്ജുനന്‍ യോദ്ധാക്കളുടെ ശിരസ്സുകള്‍ ഖണ്ഡിച്ചു. ഉടനെ യോദ്ധാക്കള്‍ ഭയപ്പെട്ട് ഓടി. പിന്നെയുംഅവര്‍ ഒത്തുചേര്‍ന്നു പോരിന് വന്നെത്തി. പിന്‍വാങ്ങിയും വന്നണഞ്ഞും അട്ടഹാസം മുഴക്കിയും അവരുടെ ശബ്ദകോലാഹലം കടലിന്റെ ഇരമ്പം പോലെ അവിടെയൊക്കെ മുഴങ്ങി. തേജസ്വിയായ പാര്‍ത്ഥന്‍ കൊന്നുവിടുന്ന അവര്‍ അര്‍ജ്ജുനനോട് ഉത്സാഹം പോലെയും ബലം പോലെയും നിന്നു പൊരുതി. പിന്നെ അവരെ പാര്‍ത്ഥന്‍ മൂര്‍ച്ച കൂട്ടിയ ശരങ്ങള്‍ കൊണ്ട് ബോധം മറിഞ്ഞവരാക്കി. വാഹന സൈന്യങ്ങളൊക്കെ പരിക്ലാന്തരും പരിഭ്രാന്തരുമായി.
അവര്‍ എല്ലാവരും ഉഴന്ന സന്ദര്‍ഭത്തില്‍ തന്റെ പേരക്കിടാവായ (പുത്രന്റെ പുത്രനായ) കുട്ടിയെ എടുത്തു തേരില്‍ക്കയറി ദുശ്ശള അര്‍ജ്ജുനന്റെ അരികിലേക്കു ചെന്നു. വീരനായ സുരഥന്റെ പുത്രനെയാണ് അവള്‍ കൈയില്‍ വെച്ചിരിക്കുന്നത്. യോധന്മാരെ രക്ഷിക്കുന്നതിന് യാചിക്കുവാനാണ് അവള്‍ ആങ്ങളയുടെ അടുത്തേക്കു പുറപ്പെട്ടത്. പാര്‍ത്ഥന്റെ സമീപത്തെത്തി അവള്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു. തന്റെ പെങ്ങള്‍ (ഭര്‍ത്താവും മകനും ആങ്ങളുമാരുമെല്ലാം നഷ്ടപ്പെട്ട ഓമനപ്പെങ്ങള്‍) തന്റെ സമീപത്തു വന്നു നിന്ന് ഉച്ചത്തില്‍ വിലപിക്കുന്നത് കണ്ടപ്പോള്‍ അര്‍ജ്ജുനന്നുണ്ടായ ദുഃഖം ചെറുതല്ല. അവളെ ഈ നിലയില്‍ കണ്ടതോടെ അര്‍ജജുനന്‍ വില്ലു താഴെയിട്ടു. വില്ലുപേക്ഷിച്ച് അരജ്ജുനന്‍ പെങ്ങളുടെ സമീപത്തു ചെന്ന് പറഞ്ഞു, "പെങ്ങളെ, കരയാതിരിക്കൂ! ഞാന്‍ എന്തു ചെയ്യണം? പെങ്ങളേ, പറയൂ! ഞാന്‍തയ്യാറാണ്".
ദുശ്ശള പറഞ്ഞു: ഭരതശ്രേഷ്ഠ, നിന്റെ പെങ്ങളുടെ പേരക്കിടാവാണ് ഈ കുട്ടി. ഈ ഓമന, എന്റെ ആകെക്കൂടിയുള്ള ഈ പൌത്രന്‍, അവന്റെ അച്ഛന്റെ അമ്മാവനെ നോക്കി കൈപൊക്കി അഭിവാദ്യം ചെയ്യുന്നതു നീ കാണുന്നില്ലേ, പാര്‍ത്ഥാ! കാണുന്നില്ലേ പുരുഷര്‍ഷഭാ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന പെങ്ങളോട്. അര്‍ജ്ജുനന്‍ ആ കുട്ടിയുടെ അച്ഛനെവിടെ? എന്നു ചോദിച്ചു. അപ്പോള്‍ ദുശ്ശൂള ആങ്ങളയോടു ദീനസ്വരത്തില്‍ മറുപടി പറഞ്ഞു.
ദുശ്ശള പറഞ്ഞു: ഇവന്റെ അച്ഛന്‍ പിതൃശോകം മൂലം ദുഃഖിതനായി കഴിയുകയായിരുന്നു. അവന്‍ മരിച്ചു പോയി. ആങ്ങളേ! എങ്ങനെയാണതുണ്ടായതെന്ന് ഞാനെങ്ങനെ എന്റെ പൊന്നാങ്ങളയോടു പറയും! നീയാണ് അവന്റെഅച്ഛനെ കൊന്നതെന്നു കേട്ടു ദുഃഖിച്ച് നിന്നെ ഭയപ്പെട്ടു കഴിയുകയായിരുന്നു.
അല്ലയോ അനഘാശയനായ സഹോദരാ; നീ കുതിരയെയും വിട്ട് ഇങ്ങോട്ടു വരുന്നുവെന്നും പോരിന് എത്തിക്കഴിഞ്ഞുവെന്നും കേട്ടതോടു കൂടി ഭയപ്പെട്ടു വീണു മരിച്ചു പോയി ധനഞ്ജയാ! എന്റെ ഓമനപ്പുത്രന്‍, അച്ചന്‍ മരിച്ച ദുഃഖത്താല്‍ ആര്‍ത്തനായ പുത്രന്‍ ബീഭത്സു വന്നു എന്നു കേട്ടയുടനെ പേടിച്ചു വിറച്ച് അവന്‍ മന്നില്‍ വീണു മരിച്ചു പോയി. എന്റെ പൊന്നു മകന്‍, ആങ്ങളേ! അവന്‍ മരിച്ചു കിടക്കുകയാണ്! ഈ ഓമനപ്പൈതലിനെയും കൊണ്ട് ഞാന്‍ നിന്നെ ശരണം പ്രാപിച്ചിരിക്കയാണ്. ഇവനേ എനിക്ക് ഇനിഒരാശ്രയമുള്ളു. ഇവനേയെങ്കിലും നീ എനിക്കു തരണേ പൊന്നാങ്ങളേ! ഞാന്‍ നിന്നോടിരക്കുകയാണ്.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് ധൃതരാഷ്ട്ര പുത്രി വാവിട്ട് ഉച്ചത്തില്‍ സഹിക്ക വയ്യാത്ത ദുഃഖത്തോടെ നിലവിളിച്ചു. ഭാരത ചക്രവര്‍ത്തിയായി വിരാജിച്ച ധൃതരാഷ്ട്രന്റെ പുത്രിയാണ് ഈ വിലപിക്കുന്നത്. പാര്‍ത്ഥന്‍ ഒന്നുംമിണ്ടാതെ നിന്നു. ദുഃഖഭാരത്താല്‍ തല താനേ താഴ്ന്നുപോയി. അവള്‍ പാര്‍ത്ഥനോടു വീണ്ടും പറഞ്ഞു.
ദുശ്ശൂള പറഞ്ഞു : ആങ്ങളേ, ഈ ഭാഗൃഹീനയായ പെങ്ങളുടെ പേരക്കിടാവിനെ നീ കാക്കണേ! അവനെയെങ്കിലുംഎനിക്കു നീ വിട്ടുതരണേ! അവനില്‍ കരുണയുണ്ടാകണേ കുരുദ്വഹാ! ആ കുരുരാജാവു ചെയ്ത അപരാധങ്ങളൊക്കെ നീ മറക്കണം! ബുദ്ധിഹീനനായ സൈന്ധവനെയും നീ മറക്കണം. അരിമര്‍ദ്ദനനായ അഭിമന്യുവിന് എപ്രകാരമാണ് പരീക്ഷിത്ത്, അപ്രകാരം എന്റെ പുത്രനായ സുരഥന് ഉണ്ടായവനാണ് മഹാഭുജനായ ഈ പുത്രന്‍. അവനെ ഞാന്‍ എന്റെ പൊന്നാങ്ങളയുടെ മുമ്പില്‍ കൊണ്ടു വന്നിരിക്കയാണ്. നരശ്രേഷ്ഠാ, യോധന്മാരെ നീ കൊല്ലാതെ വിടണേ! എന്റെ വാക്ക് നീ കേള്‍ക്കണേ! ഇതാ, ഈ പെങ്ങളുടെ പുത്രന്റെ പുത്രന്‍, ഇവന്‍ ആ മന്ദന്റെ പുത്രനാണ്. അതുകൊണ്ട് നീ ഇവനില്‍ പ്രസാദിക്കണം. ഇവന്‍ ഇതാ തലകുമ്പിട്ട് ശമത്തിനായി നിന്നോടു യാചിക്കുന്നതു നോക്കു! മഹാബാഹോ, ശമിക്കൂ! കോപം കളയു ധനഞ്ജയാ! അച്ഛനും അച്ഛാച്ഛനുമൊക്കെ മരിച്ച ഒന്നുമറിയാത്ത പൈതലാണിവന്‍ അര്‍ജ്ജുനാ, ധര്‍മ്മഞ്ജാ പ്രസാദിക്കണേ! നീ കോപത്തില്‍ പെട്ടു പോകല്ലേ! അനാര്യനായി നിന്നില്‍ ക്രുദ്ധനായ മുത്തച്ഛനോടുള്ള പക ഈ പേരക്കിടാവില്‍ കാട്ടരുതേ! മറക്കണേ! ഏറ്റവും വലിയ അപരാധം ചെയ്ത അവനെ മറക്കണേ! നീ ഈ പൈതലില്‍ പ്രസാദിക്കണേ!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം ദുശ്ശള ദുഃഖിച്ചു വിലപിച്ച്, കണ്ണുനീരില്‍ കുളിച്ചു പറയുമ്പോള്‍, ധനഞ്ജയന്‍ ഗാന്ധാരീദേവിയെയും ധൃതരാഷ്ട്രനെയും ഓര്‍ത്തുപോയി. ദുഃഖശോകത്തോടെ ക്ഷത്രധര്‍മ്മത്തെ ഗര്‍ഹിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ക്ഷത്രധര്‍മ്മം കഷ്ടം! മോശം തന്നെ! ദുര്യോധനന്‍, ക്ഷുദ്രന്‍, മാനി, രാജ്യം കൊതിച്ച് എന്തൊക്കെ ആപത്ത് വരുത്തി വെച്ചു! അതു കൊണ്ടാണല്ലോ ഞാന്‍ ബന്ധുജനങ്ങളെയൊക്കെ കൊന്നൊടുക്കിയത്! ഇങ്ങനെ പല സാന്ത്വോക്തികളും പറഞ്ഞ് പെങ്ങളെ പ്രസാദിപ്പിച്ച് അവളെ തഴുകി പ്രീതയാക്കി പാര്‍ത്ഥന്‍ സ്വഗൃഹത്തിലേക്കയച്ചു. ആ യോദ്ധാക്കളെ ദുശ്ശൂള യുദ്ധത്തില്‍ നിന്നു തടഞ്ഞു. പാര്‍ത്ഥനെ പൂജിച്ചു യാത്രപറഞ്ഞ് ആ ശുഭാനന ഗൃഹത്തിലേക്കു തിരിച്ചു. അങ്ങനെ സൈന്ധവരെ ജയിച്ച് ധനഞ്ജയന്‍ യഥേഷ്ടം പാഞ്ഞു പോകുന്ന കുതിരയെ പിന്‍തുടര്‍ന്നു. വാനില്‍ മാനിനെ അനുധാവനം ചെയ്യുന്ന പിനാകിയെപ്പോലെ ആ യജ്ഞാശ്വത്തെ അനുഗമിക്കുന്ന പാര്‍ത്ഥന്‍ ശോഭിച്ചു. ആ കുതിര ഇഷ്ടം പോലെ യഥാക്രമം ഓരോ ദേശത്തില്‍ സഞ്ചരിച്ചു. പാര്‍ത്ഥന്‍ തന്റെ കര്‍മ്മം യഥാകാമം നടത്തി. ആ കര്‍മ്മം പുഷ്ടിപ്പെട്ടു കൊണ്ടിരുന്നു. അങ്ങനെ ക്രമത്തില്‍ സഞ്ചരിക്കുന്ന ആ അശ്വം മണിപുര രാജാവിന്റെ ദേശത്ത് പാണ്ഡവനോടു കൂടി ചെന്നെത്തി പുരുഷര്‍ഷഭാ!
79. അശ്വാനുസരണം അര്‍ജ്ജുന ബഭ്രുവാഹന യുദ്ധം - മണലൂർ എന്ന രാജ്യത്ത് സ്വപുത്രനായ ബഭ്രുവാഹനനോട് ഏറ്റ് അര്‍ജ്ജുനൻ നിർജ്ജീവനായി വീഴുന്നു - വൈശമ്പായനന്‍ പറഞ്ഞു: അച്ഛന്‍ അശ്വത്തെ പിന്തുടര്‍ന്ന് തന്റെ നാട്ടില്‍ എത്തിയതായി കേട്ട് ബ്രഭുവാഹനരാജാവ് വിനയത്തോടെ ബ്രാഹ്മണരും അര്‍ത്ഥവുമായി പുറപ്പെട്ടു. ഇപ്രകാരം മണിപുരേശ്വരന്‍ വന്നതു കണ്ടപ്പോള്‍ ധനഞ്ജയന്‍ ക്ഷത്രധര്‍മ്മം ചിന്തിച്ച് ഈ വരവിനെ പ്രശംസിച്ചില്ല. എന്നു തന്നെയല്ല, അല്പം ക്രോധത്തോടെ ധര്‍മ്മാത്മാവായ അര്‍ജ്ജുനന്‍ പറയുകയും ചെയ്തു.
അര്‍ജ്ജുനന്‍ പറഞ്ഞു: എടോ പുത്രാ, നിന്റെ ഈ പ്രവൃത്തി ഒട്ടും ശരിയായില്ല. നീ ക്ഷത്രധര്‍മ്മത്തില്‍ നിന്ന് ബാഹ്യനായിരിക്കുകയാണ്. ഞാന്‍ യുധിഷ്ഠിരരാജാവിന്റെ യഞ്ജീയാശ്വത്തെ കാത്തുകൊണ്ട് നിന്റെ നാട്ടില്‍ വന്നിട്ട് എന്താണ് പുത്രാ! നീ പൊരുതാതിരിക്കുവാന്‍? ഇതു ക്ഷത്രധര്‍മ്മത്തിന് ചേര്‍ന്നതാണോ? ദുര്‍ബുദ്ധേ ഈ പ്രവൃത്തി മഹാമോശം! മഹാമോശം തന്നെ! പൊരുതുവാന്‍ വന്ന എന്നോട് നീ സാന്ത്വമല്ലേ തുടര്‍ന്നത്? ജീവിച്ചിരിക്കുന്ന നിന്നാല്‍ ഒരൊറ്റ പുരുഷാര്‍ത്ഥവും നേടുവാന്‍ കഴികയില്ല. അല്ലെങ്കില്‍ നീ ഒരു പെണ്ണിനെപ്പോലെ വന്ന് എന്നെ സാമം കൊണ്ടു സ്വീകരിക്കുവാന്‍ ശ്രമിക്കുമോ? എടാ വിഡ്ഡീ, ഞാന്‍ ശസ്ത്രം കൂടാതെ വിരുന്നു വന്നവനായിരുന്നെങ്കില്‍ നരാധമാ,നിന്റെ ഈ തൊഴില്‍ ചേര്‍ന്നതായേനേ!
വൈശമ്പായനന്‍ പറഞ്ഞു: ഭര്‍ത്താവ് തന്റെ പുത്രനോട് ഇപ്രകാരം പറഞ്ഞതറിഞ്ഞ് ഉരഗരാജപുത്രി ഉലൂപി, സഹിക്കാതെ ഭൂമി പിളര്‍ന്ന് മകന്റെ മുമ്പിലെത്തി. മകന്‍ തല താഴ്ത്തി ചിന്താമഗ്നനായി ഇരിക്കുന്നു. അച്ഛന്‍ പോരിന് ചെല്ലുവാന്‍ ആക്ഷേപത്തോടെ വിളിക്കുമ്പോള്‍ അവന്‍ എന്തു ചെയ്യും?
അവന്റെ ഇരിപ്പു കണ്ട് ആ സര്‍വ്വാംഗ സുന്ദരിയായ, നാഗരാജപുത്രിയായ ഉലൂപി സമീപത്തെത്തി ധര്‍മ്മജ്ഞനായ അവനോട് ധര്‍മ്മപരമായ വാക്കുകള്‍ പറഞ്ഞു: "എടോ ഞാന്‍ പന്നഗാത്മജയും നിന്റെ അമ്മയുമായ ഉലൂപിയാണ്‌എന്നു നീ ധരിക്കുക. ഉണ്ണീ, പറഞ്ഞതു പോലെ തന്നെ നീ ചെയ്യുക! അതു കൊണ്ടു നിനക്ക് പരമമായ ധര്‍മ്മം ലഭിക്കും. കുരുശ്രഷ്ഠനായ നിന്റെ അച്ഛന്‍ യുദ്ധ ഗര്‍വ്വിയായി നില്ക്കുന്നു! അച്ഛനുമായി നീ പൊരുതുക! അങ്ങനെ ചെയ്താല്‍ അച്ഛന്‍ പ്രീതനാകും. അതില്‍ സംശയിക്കേണ്ടതില്ല".
ഇപ്രകാരം അമ്മ യുദ്ധത്തിന്നു പ്രോത്സാഹിപ്പിക്കുകയാല്‍ ബഭ്രുവാഹന രാജാവ്, മഹാതേജസ്വി, പോരിന് സന്നദ്ധനായി ഭരതര്‍ഷഭാ! പൊന്‍ചട്ടയിട്ട് മിന്നുന്ന കിരീടവും ധരിച്ച് ധാരാളം ആവനാഴികളോടു കൂടിയ നല്ല രഥത്തില്‍ കയറി. എല്ലാം ഉപകരണങ്ങളും ചേര്‍ന്ന് മനോവേഗമായ കുതിരകളെ പൂട്ടിയ, ശ്രീ തിളങ്ങുന്ന വിധം ചക്രോപസ്കരാഢ്യവും സ്വര്‍ണ്ണക്കോപ്പുകള്‍ അണിഞ്ഞതും ഉത്തമവും ഏറ്റവും പൂജിതവും സ്വര്‍ണ്ണസിംഹക്കൊടി ഉയര്‍ത്തിയതുമായ രഥത്തില്‍ കയറി യുദ്ധത്തിന്നൊരുങ്ങി. ബഭ്രുവാഹനരാജാവ് പാര്‍ത്ഥന്റെ നേരെ ചെന്നു.
വീരനായ അവന്‍ ചെന്ന് അര്‍ജ്ജുനന്‍ കാത്തു പോരുന്ന ആ യജ്ഞാശ്വത്തെ അശ്വശിക്ഷക്കാരായ ആളുകളുടെ സഹായത്തോടെ പിടികൂടി. അശ്വത്തെ പിടിച്ചതു കണ്ട് അര്‍ജ്ജുനന്‍ പ്രീതനായി. ഉടനെ ചെന്ന് തേരില്‍ നില്ക്കുന്ന പുത്രനെ കാത്തു നില്ക്കുന്ന അച്ഛന്‍ പോരില്‍ തടുത്തു. അസംഖ്യം ശരസംഘത്താല്‍ ആ വീരനെ നരേശ്വരന്‍ പാമ്പൊക്കുന്ന കൂരമ്പുകള്‍ കൊണ്ട് അര്‍ദ്ദിപ്പിച്ചു. അവിടെ വച്ച് അച്ഛനും മകനും തമ്മില്‍ മഹാബഹളമായ ഒരു പോരാട്ടം നടന്നു. ആ പോരാട്ടം ദേവാസുര യുദ്ധത്തിന് തുല്യമായിരുന്നു. രണ്ടു പേര്‍ക്കും പ്രീതിജനകവുമായിരുന്നു. മൂര്‍ച്ച കൂടിയ ശരം കൊണ്ട് ആ നരവ്യാഘ്രന്‍ കിരീടിയെ കഴുത്തിന്റെ താഴെയായി എല്ലിന്റെ താഴെ എയ്ത് ചിരിച്ചു. അതു കടയോടെ പുറ്റില്‍ പാമ്പു കടക്കുന്നതു പോലെ കടന്നു പോയി കൗന്തേയനെ പിളര്‍ന്ന് ഭൂമിയില്‍ പതിച്ചു. ആ ധീമാന്‍ ഏറ്റവും ശക്തിയായി വേദനപ്പെട്ട് വില്ലിനെത്തന്നെ അവലംബിച്ച് ദിവൃതേജസ്സോടെ ചത്ത മാതിരി നിന്നു പോയി. പിന്നെ സ്വബോധമുണ്ടായപ്പോള്‍ പുരുഷര്‍ഷഭന്‍ പുകഴ്ത്തി. മകനോട് മഹാദ്യുതിയായ ഇന്ദ്രപുത്രന്‍ ഇപ്രകാരം പറഞ്ഞു: "മഹാബാഹോ, നന്ന്, നന്ന്, വത്സാ, ചിത്രാംഗദയുടെ പുത്രാ! നിനക്ക് തക്ക തൊഴിലാണ് നീ ചെയ്തത്. ഞാന്‍ സംപ്രീതനായിരിക്കുന്നു. ഇതാ ഞാന്‍ ശരങ്ങള്‍ എയ്യുന്നു. ഉണ്ണീ, നീ പോരില്‍ ധൈര്യമായി ദൃഢമായി ഇരിക്കുക". ഇപ്രകാരം പറഞ്ഞ് ശരനിരകള്‍ അര്‍ജുനന്‍ വര്‍ഷിച്ചു. ഗാണ്ഡീവത്തില്‍ നിന്നും പുറപ്പെടുന്ന ഇടിത്തീ പോലുള്ള സകല ബാണങ്ങളും ബഭ്രുവാഹനന്‍ മുമ്മൂന്നു കഷണങ്ങളാക്കി നുറുക്കിക്കളഞ്ഞു. അവന്റെ സ്വര്‍ണ്ണാലംകൃതമായ ധ്വജം ദിവ്യമായ ശരങ്ങളാല്‍, ക്ഷുരത്താല്‍, പൊന്‍പനപ്രായമായ ദ്വജം, പാര്‍ത്ഥന്‍ തേരില്‍ നിന്നു വീഴ്ത്തി. വേഗമേറിയ വലിയ കുതിരകളെ കൊന്നു കളഞ്ഞു അരിന്ദമാ! അങ്ങനെ ആ മഹാക്രിയ ചെയ്ത് അര്‍ജ്ജുനന്‍ ചിരിച്ചു.
ഉടനെ ആ രാജാവ് കോപത്തോടെ തേരില്‍ നിന്നിറങ്ങി. നിലത്തു നിന്നു കൊണ്ട് അച്ഛനുമായി പൊരുതി. പാര്‍ത്ഥരില്‍ പ്രവരനായ അര്‍ജ്ജുനന്‍ പുത്രന്റെ വിക്രമത്തില്‍ പ്രീതനായി. ആ വാജ്രിനന്ദനന്‍ പുത്രനെ ഏറെ പീഡിപ്പിച്ചില്ല. അച്ഛന്‍ വിമുഖനായി എന്നു വിചാരിച്ച് ബഭ്രുവാഹനന്‍ വീണ്ടും സര്‍പ്പോഗ്രങ്ങളായ ബാണങ്ങള്‍ കൊണ്ട് അച്ഛനെ പീഡിപ്പിച്ചു. പിന്നെ ബഭ്രുവാഹനന്‍, അവന്റെ വിവരക്കേടു കൊണ്ട്, അച്ഛനെ ഹൃദയത്തില്‍ ആഞ്ഞ് ഒരു ശരം പ്രയോഗിച്ചു. അതു നല്ല കരുത്തുള്ളതും മൂര്‍ച്ച കൂടിയതുമായിരുന്നു. ആ ശരം മര്‍മ്മം കീറി പാണ്ഡവനില്‍ ചെന്നു കയറി, അര്‍ജ്ജുനനില്‍ ദുഃഖമുണ്ടാക്കി. ധീരനായ മകന്‍ ഗാഢമായി എയ്ത എയ്ത്തേറ്റ കുരുനന്ദനനായ അര്‍ജ്ജുനന്‍ മോഹാന്ധനായി നിലത്തു വീണു. ആ വീരനായ കുരുധുരന്ധരന്‍ വീണ സമയത്ത് ഉടനെ ചിത്രാംഗദാ പുത്രനായ ബഭ്രുവാഹനനും മൂർച്ഛിച്ചു വീണു പോയി. പോരില്‍ കിണഞ്ഞു പോരാടിയ പിതാവ് മരിച്ചതായിക്കണ്ട്, അര്‍ജ്ജുനന്‍ മുമ്പേ തന്നെ ഗാഢമായി ബാണങ്ങള്‍ എയ്തേറ്റവനായ പുത്രന്‍, പിതാവ് മൃതനായതു കണ്ട് ദുഃഖാര്‍ത്തനായി മോഹിച്ച് പോര്‍ക്കളത്തെ പുണരുമാറ് കമഴ്ന്നു വീണു പോയി.
ഭര്‍ത്താവിനെ കൊന്നതായിക്കണ്ടും പുത്രന്‍ വീണു കിടക്കുന്നതു കണ്ടും ചിത്രംഗദ ഭയത്തോടെ പോര്‍ക്കളത്തിലെത്തി. ശോകത്താല്‍ കരള്‍ ചുട്ട് കരഞ്ഞു വിറച്ച് മണിപുരരാജ മാതാവായ ചിത്രാംഗദ, മകന്‍ കൊന്നതായ പിതാവിനെ, തന്റെ കാന്തനെ കണ്ടു.
80. അശ്വാനുസരണം അര്‍ജ്ജുനപ്രത്യുജ്ജീവനം - അര്‍ജ്ജുനപത്നിയും ഇരാവാന്റെ അമ്മയുമായ ഉലൂപി എന്ന നാഗകന്യകയോട് അര്‍ജ്ജുനനെ ജീവിപ്പിച്ചില്ലെങ്കിൽ താൻ പ്രായോപവേശം ചെയ്യുമെന്ന് ചിത്രാംഗദ പറയുന്നു - വൈശമ്പായനൻ പറഞ്ഞു: ഉടനെ പലതരത്തില്‍ വിലപിച്ച് ചിത്രാംഗദ മോഹിച്ച് ദുഃഖസന്തപ്തയായി ഭൂമിയില്‍ വീണു. സ്വബോധം വന്ന അവള്‍ നാഗകനൃകയായ ഉലൂപിയെ നോക്കി. ദിവ്യമായ സൗന്ദര്യമുള്ള ആ അംബുജാക്ഷി ഇപ്രകാരം പറഞ്ഞു.
ചിത്രാംഗദ പറഞ്ഞു: ഉലൂപി, യുദ്ധത്തില്‍ മരിച്ചു വീണ കാന്തനെ നീ കാണുന്നില്ലേ? നീ കാരണമല്ലേ എന്റെ ഉണ്ണി ആ ജയശീലനെ അമ്പുകൊണ്ടു കൊന്നു കളഞ്ഞത്? നീ ആചാര്യധര്‍മ്മജ്ഞയാണല്ലൊ! നീ പതിവ്രതയല്ലേ? നീ കാരണമായി നിന്റെ ഭര്‍ത്താവ് ഇതാ പാരില്‍ ചത്തു കിടക്കുന്നതു നോക്കൂ! നിന്നില്‍ ധനഞ്ജയന്‍ വളരെ കുറ്റങ്ങള്‍ ചെയ്തിരിക്കും, എന്നാലും നീ അതൊക്കെ ക്ഷമിക്കണം. ഞാന്‍ നിന്നോട് ഇരക്കുന്നു. നീ പാര്‍ത്ഥനെ ജീവിപ്പിക്കു! ആര്യേ, നീ ധര്‍മ്മഞ്ജയാണല്ലൊ! ശുഭേ, നീ മൂന്നു ലോകത്തിലും കീര്‍ത്തിക്കപ്പെട്ടവളാണല്ലൊ! മകനെക്കൊണ്ടു ഭര്‍ത്താവിനെ കൊല്ലിച്ചവളാണെന്നുള്ള കേള്‍വി നിനക്ക് ഭൂഷണമാകുമോ പന്നഗപുത്രീ, ഞാന്‍ എന്റെ ഹതനായ പുത്രനെപ്പറ്റി ദുഃഖിക്കുന്നില്ല. പതിയെപ്പറ്റിയാണു ഞാന്‍ ദുഃഖിക്കുന്നത്. അവന് ഇങ്ങനെയാണല്ലോ നാം ആതിത്ഥ്യം നല്‍കിയത്?
വൈശമ്പായനൻ പറഞ്ഞും: ഇപ്രകാരം ചിത്രാംഗദ തന്റെ സപത്നിയായ നാഗകന്യകയോട്, ഉലൂപിയോട്, പറഞ്ഞ് പതിയുടെ പാര്‍ശ്വത്തില്‍ വീണു. ഇപ്രകാരം ആ യശസ്വിനി വീണ്ടും പറഞ്ഞു.
ചിത്രാംഗദ പറഞ്ഞു: കുരുശ്രേഷ്ഠാ, എഴുന്നേല്ക്കുക! ഇഷ്ടനായ നീ എന്റെ പ്രിയനല്ലേ? ഇതാ അങ്ങയുടെ കുതിരയെ ഞാന്‍ അങ്ങയ്ക്കു വിട്ടു തന്നിരിക്കുന്നു. വിഭോ, ഭവാന്‍ ധര്‍മ്മരാജാവിന്റെ ഈ യജ്ഞഹയത്തെ പിന്തുടരേണ്ടതല്ലേ? എന്താണ് മന്നില്‍ ഇങ്ങനെ കിടക്കുന്നത്? കുരുക്കളുടേയും എന്റെയും പ്രാണന്‍. ഹേ കുരുനന്ദനാ, നിന്നിലാണല്ലോ ഇരിക്കുന്നത്. മറ്റുളളവരുടെ പ്രാണനും നിന്നിലാണല്ലോ. അങ്ങനെയുള്ള നീ പ്രാണന്‍ തൃജിക്കുവാന്‍ എന്താണു തുനിഞ്ഞത്? ഉലൂപീ, നീ നന്നായി ഒന്നു നോക്കു! മന്നില്‍ വീണുകിടക്കുന്ന കാന്തനെ നോക്കു! എന്റെ മകനെ പ്രേരിപ്പിച്ച് കാന്തനെ കൊല്ലിച്ചിട്ടും നീ കേഴുന്നില്ല. എന്റെ ഈ പുത്രന്‍ മരിച്ചു പൊയ്ക്കൊള്ളട്ടെ. ഞാന്‍ സമ്മതിക്കുന്നു. എന്നാലും ലോഹിതാക്ഷനായ ഗുഢാകേശന്‍, വിജയന്‍, ജീവിച്ച് എഴുന്നേല്ക്കുമാറാകട്ടെ. നരന്മാര്‍ക്ക് ബഹുഭാര്യാത്വം അല്ലയോ സുഭഗേ, ഒരു കുറ്റമായി പറയുന്നില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് ബഹുഭര്‍ത്തൃത്വം കുറ്റവുമാണ്. അതില്‍ കാന്തനില്‍ നീ കോപിക്കരുതേ! നിന്റെ ബുദ്ധി ഇത്തരത്തിലാകരുതേ! ശാശ്വതവും അവ്യയവുമായ സഖ്യം ധാതാവ് കല്പിച്ചു. ആ സഖ്യത്തെ നീ ഓര്‍ക്കുക. നിന്റെ സംഗമം സത്യമാകട്ടെ! അല്ലയോ ഉലൂപി, നീ പുത്രനെക്കൊണ്ട് ഈ എന്റെ പതിയെ കൊല്ലിച്ചു. ഇനി നീ അവനെ ജീവിപ്പിച്ചില്ലെങ്കില്‍ ഇന്നു തന്നെ ഞാന്‍ ജീവന്‍ കളയുന്നതാണ്. ഞാന്‍ ദേവീ, പതിയും പുത്രനും മരിച്ചവളായിരിക്കുന്നു. ഞാന്‍ ദുഃഖത്തില്‍ മുഴുകിയിരിക്കുന്നു. ഞാന്‍ നിന്റെ മുമ്പില്‍ വെച്ചു പ്രായോപവേശം (ഉപവാസമെടുത്ത് മരിക്കുക) ചെയ്യുന്നുണ്ട്. അതിലൊട്ടും സംശയിക്കുന്നില്ല.
സപത്നിയായ നാഗിയോട് ഇപ്രകാരം പറഞ്ഞ് ആ ചിത്രവാഹന പുത്രി പ്രായോപവേശത്തില്‍ പ്രവേശിച്ച് അടങ്ങിയിരുന്നു രാജാവേ!
വൈശമ്പായനൻ തുടര്‍ന്നു; അവള്‍ കരഞ്ഞ് അടങ്ങിയിരുന്നു. ഭര്‍ത്താവിന്റെ പാദം പിടിച്ചിരുന്ന് ഉണ്ണിയെ നോക്കിക്കണ്ട് നെടുവീര്‍പ്പിട്ടു. ഉടനെ ബഭ്രുവാഹനന്‍ ബോധത്തോടെ എഴുന്നേറ്റു. അമ്മയെ പോര്‍ക്കളത്തില്‍ക്കണ്ട് ഇപ്രകാരം പറഞ്ഞു.
ബഭ്രുവാഹനന്‍ പറഞ്ഞു: ഇതിലും ദുഃഖകരമായ കാഴ്ച എന്തുണ്ട്! എന്റെ അമ്മ എത്ര സുഖത്തോടെ വസിക്കുന്നവളായിരുന്നു. ഇതാ, എന്താണു ഞാന്‍ ഈ കാണുന്നത്. മരിച്ചു വീണ കാന്തന്റെ കൂടെ ഇതാ അമ്മ ദുഃഖിച്ചു കിടക്കുന്നു. പോരില്‍ ശത്രുക്കളെക്കൊല്ലുന്ന സര്‍വ്വശസ്ത്രധരാഗ്ര്യനെ ഞാന്‍ കൊന്നു കളഞ്ഞു. അവനെ ഞാന്‍ മൃതനായിക്കാണുന്നു! പോരില്‍ ചാകാനും തീര്‍ച്ചയായും ദുര്‍ഘടം തന്നെ! അയ്യോ! ഈ ദേവിയുടെ ഹൃദയം തകര്‍ന്നു പോയില്ല! മഹാബാഹുവും, വ്യുഡോരസ്കനുമായ പതിയെ വധിക്കപ്പെട്ടവനായിക്കണ്ടിട്ടും അവളുടെ ഹൃദയം നൂറായി നുറുങ്ങിയില്ല! കാലമെത്താതെ മാര്‍ത്ത്യന് ചാകുവാന്‍ എങ്ങനെ കഴിയും? എന്റെ അമ്മയും പാപിയായ ഈ ഞാനും അതു കൊണ്ടാണല്ലോ മരിക്കാതിരിക്കുന്നത്!
ഹാ കഷ്ടം! കുരുപ്രവരനായ അര്‍ജ്ജുനന്റെ പൊന്മയമായ മെയ്ക്കോപ്പുകള്‍ അയ്യോ! ഈ പാപിയായ പുത്രന്‍ കൊന്നു കളഞ്ഞ മഹാധനുര്‍ദ്ധരന്റെ മെയ്ച്ചട്ടകള്‍, ഭൂമിയില്‍ ചിന്നിച്ചിതറിക്കിടക്കുന്നു. വിപ്രന്മാരേ, കാണുവിന്‍. ഹാ! ഹാ! വീരനായ എന്റെ അച്ഛന്‍ വെറും നിലത്ത്, മകനായ ഞാന്‍ കൊന്നുവിട്ട മഹാരഥന്‍ ഇതാ വീരശയനത്തില്‍ കിടക്കുന്നതു നോക്കൂ! വിപ്രരെ, കുരുമുഖ്യന്‍ വിട്ട കുതിരയെ പിന്തുടരുന്നവര്‍ പോരില്‍ ഞാന്‍ കൊന്ന ഈ വീരന് എന്തു ശാന്തിയാണു ചെയ്യുവാന്‍ പോകുന്നത്! വിപ്രന്മാരേ, നിങ്ങള്‍ കല്പിക്കുവിന്‍, ഈ പാപിക്ക് ഇതിനു തക്ക പ്രായശ്ചിത്തമെന്താണ്! യുദ്ധത്തില്‍ അച്ഛനെ വധിച്ച പാപിക്ക് എന്താണു പ്രതിവിധി! പോരില്‍ അച്ഛനെ വധിച്ച ഈ നൃശംസന്‍ തോലുടുത്ത് ഇനി മഹാദുശ്ചരമായ പന്ത്രണ്ടു വര്‍ഷത്തെ പ്രായശ്ചിത്ത വിധി അനുഷ്ഠിക്കുന്നതാണ്. ഈ മൃതനായ അച്ഛന്റെ തലയോട് എടുത്തു യാചിച്ചു കിട്ടുന്ന അരിമണി അതിലിട്ടു പാകം ചെയ്തു ഭക്ഷിച്ചു പന്ത്രണ്ടു കൊല്ലം കഴിക്കുക, എന്നതാണ് പിതാവിനെ കൊന്ന പാപിക്കുള്ള പ്രായശ്ചിത്തം. അത് ഞാന്‍ ചെയ്തു കൊള്ളാം. വേറെ പ്രായശ്ചിത്തമൊന്നുമില്ല. നാഗേന്ദ്ര തനയേ, നോക്കൂ, ഞാന്‍ വധിച്ച നിന്റെ കാന്തനെ നോക്കു! പോരില്‍ അര്‍ജജുനനെ വധിച്ച് ഞാന്‍ നിന്റെ ഇഷ്ടം സാധിപ്പിച്ചു! അങ്ങനെ ചെയ്ത ഞാന്‍ ഇതാ അച്ഛന്‍ ഏറ്റ മാര്‍ഗ്ഗം അവലംബിക്കുകയാണ്. ശുഭേ, ആത്മാവിനാല്‍ ആത്മാവിനെ താങ്ങുവാനുള്ള കെൽപ്പ് എനിക്കില്ല. ഞാനും ഗാണ്ഡീവധന്വാവും മരിക്കുകയാല്‍ ദേവീ, നീ പ്രീതയായാലും! ആത്മാവാണേ, സത്യമാണ് ഞാനീപ്പറഞ്ഞത്.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ് ദുഃഖശോകങ്ങളോടെ ആ രാജാവ് ആചമിച്ച് ദുഃഖത്തോടെ വീണ്ടുംപറഞ്ഞു.
ബഭ്രുവാഹനന്‍ പറഞ്ഞു: എല്ലാ ഭൂതങ്ങളും കേള്‍ക്കുവിന്‍! എല്ലാ ചരങ്ങളും, അചരങ്ങളും കേള്‍ക്കുവിന്‍! അമ്മേ, ഭുജംഗോത്തമേ, നീയും ഞാന്‍ പറയുന്നതു കേള്‍ക്കുക! ഞാന്‍ സത്യമായി പറയുന്നതു കേള്‍ക്കുക! എന്റെ അച്ഛനായ നരോത്തമന്‍, ജയന്‍, എഴുന്നേറ്റില്ലെങ്കില്‍ ഈ പോര്‍ക്കളത്തില്‍ക്കിടന്നു ഞാന്‍ ഇതാ ദേഹം ശോഷിപ്പിക്കുകയാണ്! അച്ഛനെക്കൊന്ന എനിക്ക് ഒരിടത്തും പ്രായശ്ചിത്തമില്ല. ഗുരുഹിംസാര്‍ദ്ദിതനായ പാപി നരകത്തില്‍ പോവുക തന്നെ ചെയ്യും. വീരനായ ക്ഷത്രിയനെ വധിച്ചാല്‍, നൂറു ഗോക്കളെ ദാനം ചെയ്താല്‍ പ്രായശ്ചിത്തമായി. എന്നാല്‍ അച്ഛനെക്കൊന്ന എനിക്ക് പ്രായശ്ചിത്തമില്ല! ഈ കിടക്കുന്ന പാണ്ഡുപുത്രന്‍, ധനഞ്ജയന്‍, വീരന്‍, മഹാതേജസ്വിയാണ്! ധാര്‍മ്മികനായ ആ വീരനെ വധിച്ച എനിക്കു പ്രായശ്ചിത്തമില്ല! എവിടെയുണ്ട്?
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞിട്ട് രാജാവേ, ധനഞ്ജയപുത്രന്‍ ആചമിച്ച് പ്രായോപവേശം ചെയ്ത് ആ മഹീപതി മിണ്ടാതെയിരുന്നു. അമ്മയോടു കൂടി പിതൃശോകാര്‍ത്തനായി മണിപുര രാജാവ് പ്രായോപവേശം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അല്ലയോ പരന്തപാ! അവിടെ ഒരു അത്ഭുതം സംഭവിച്ചു. ഉലൂപി ഉടനെ മൃതസഞ്ജീവന മണിയെ ധ്യാനിച്ചു. നാഗങ്ങള്‍ക്ക് ആശ്രയമായ ആ മണി ഉടനെ കൈയില്‍ വന്നു ചേര്‍ന്നു. ആ നാഗരാജനന്ദിനി ആ മണി കൈയില്‍ വെച്ച്, സൈന്യങ്ങള്‍ക്കുള്ളില്‍ ആഹ്ളാദം നല്കുമാറ് ഉടനെ ഇപ്രകാരം പറഞ്ഞു.
ഉലൂപി പറഞ്ഞു: ഉണ്ണീ, നീ ദുഃഖിക്കാതെ . എഴുന്നേല്ക്കുക. നീ ജിഷ്ണുവെ ജയിച്ചിട്ടില്ല. ഒരാണിന്നും ഇവനെ ജയിക്കുവാന്‍ സാദ്ധ്യമല്ല. ഇന്ദ്രാദികളായ വിബുധന്മാര്‍ക്കും സാദ്ധ്യമല്ല. ഞാന്‍ ഒരു മായ കാണിച്ചതാണ്. ആ മോഹിനി എന്ന മായ കാണിച്ചത് നിന്റെ പിതാവിന്റെ പ്രിയത്തിന് വേണ്ടിയാണ്. അല്ലയോ കൗരവ്യാ, യുദ്ധത്തില്‍ മകനാകുന്ന നിന്റെ ശക്തി പ്രത്യക്ഷമായി പൊരുതിക്കാണുവാന്‍വന്നതാണ് ഈ അരിനാശനന്‍! അതു കൊണ്ടാണ് ഉണ്ണീ, നിന്നെ ഞാന്‍ പ്രേരിപ്പിച്ചത്. മകനെ, അണുവും പാപം ആത്മാവില്‍ നീ ചിന്തിക്കരുത്. നിനക്ക് പാപം ഒരു ലേശവും ബാധിക്കുന്നതല്ല. അതിലൊട്ടും ശങ്കിക്കയേ വേണ്ട. ഇവന്‍ പുരാണ പുരുഷനായ നരനാണ്. ശാശ്വതനായ അവ്യയനാണ്. അവനെ പോരില്‍ ജയിക്കുവാന്‍ മകനേ, ശക്രന്‍ പോലും അശക്തനാണ്. രാജാവേ, എന്റെ ദിവ്യമായ മണി ഇതാ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. നോക്കു! ചത്ത നാഗങ്ങളെ നിതൃവും ഈ മണിയാണ് ജീവിപ്പിക്കുന്നത്. ഇത് നിന്റെ അച്ഛന്റെ മാറില്‍ വെച്ചു കൊള്ളുക. അപ്പോള്‍ക്കാണാം ജീവന്‍ വീണ പാണ്ഡുപുത്രനായ പാര്‍ത്ഥനെ!
വൈശമ്പായനൻ പറഞ്ഞു: എന്ന് അവള്‍ പറഞ്ഞതു കേട്ട് തേജസ്വിയായ അവന്‍ ആ മണി എടുത്ത്, അച്ഛനില്‍
കുറ്റം ചെയ്യാത്ത അവന്‍, സ്‌നേഹത്തോടെ അച്ഛന്റെ മാറില്‍ ആ രത്നം വെച്ചു. ആ രത്നം മാറില്‍ വെച്ചയുടനെ, അത്ഭുതം! ജിഷ്ണു ജീവിച്ചു. കുറെ നേരമായി ഉറങ്ങിക്കിടന്ന് എഴുന്നല്ക്കുന്ന വിധം രക്തനിറത്തിലുള്ള കണ്ണുകള്‍ തുടച്ച് നിവർന്നിരുന്നു. മനസ്വിയായ, ആ മഹാത്മാവ് ബോധവാനായി എഴുന്നേറ്റപ്പോള്‍ സ്വസ്ഥനായ പിതാവിനെ നോക്കി ബഭ്രുവാഹനന്‍ വന്ദിച്ചു. വീണ്ടും ആ പുരുഷവ്യാഘ്രന്‍ ലക്ഷ്മീവാനായി എഴുന്നേറ്റപ്പോള്‍, പ്രഭോ, പുണ്യങ്ങളായ ദിവ്യപുഷ്പങ്ങള്‍ പാകശാസനന്‍ വര്‍ഷിച്ചു. ദേവദുന്ദുഭി കൊട്ടാതെ തന്നെ മേഘസ്വനം പോലെ മുഴങ്ങി. "നന്ന് നന്ന്!", എന്ന് ആകാശത്ത് ബഹളമായ ശബ്ദം മുഴങ്ങി.
ഉടനെ എഴുന്നേറ്റ് മഹാബാഹുവായ ധനഞ്ജയന്‍ ആശ്വസിച്ചു ബ്രഭുവാഹനനെ പുല്കി മൗലിയില്‍ ഘ്രാണിച്ചു. അപ്പോള്‍ കുറച്ചകലെയായി ശോകത്തില്‍ മുഴകി നില്ക്കുന്നവളായ അവന്റെ അമ്മയെ കണ്ടു. ഉലൂപിയോടു കൂടി നില്ക്കുന്ന അവളെക്കണ്ട് അര്‍ജ്ജുനന്‍ ചോദിച്ചു.
അര്‍ജ്ജുനന്‍ പറഞ്ഞു: ശോകം, വിസ്മയം, ഹര്‍ഷം ഇവയോടു കൂടി എന്തു സംഭവമാണിവിടെ നടക്കുന്നത്? ശത്രുജിത്തേ, ഈ പോര്‍ക്കളത്തില്‍ എന്തുണ്ടായി? നീ അറിഞ്ഞുവെങ്കില്‍ പറയൂ! നിന്റെ അമ്മ ഈ പോര്‍ക്കളത്തില്‍ എന്തിനായി വന്നു? നാഗേന്ദ്ര നന്ദിനിയായ ഉലുപിയും എന്തിന്നായി വന്നു? ഞാന്‍ പറഞ്ഞിട്ടാണല്ലോ നീ പോരില്‍ ഏര്‍പ്പെട്ടത്?
അത് എനിക്കറിയാം. പിന്നെ ഇവിടെ ഈ പെണ്ണുങ്ങള്‍ വരുവാന്‍ ഉണ്ടായ കാരണമെന്താണെന്നാണ് അറിയാത്തത്. പെണ്ണുങ്ങള്‍ യുദ്ധക്കളത്തിലെത്താനുള്ള ഹേതു എന്തെന്നറിയുവാന്‍ എനിക്കാഗ്രഹമുണ്ട്.
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ചോദിക്കുന്ന അച്ഛനോട്, മണിപുര രാജാവ് കുമ്പിട്ടു തൊഴുത് പ്രസാദിപ്പിച്ച് ഇപ്രകാരം പറഞ്ഞു. "അച്ഛാ, ഉലൂപിയോട് ചോദിക്കുക. അവള്‍ എല്ലാം പറയും".
81. അശ്വാനുസരണം അര്‍ജജുനശാപകഥനം - വസുക്കളുടെ ശാപത്തെ സംബന്ധിച്ച ഒരു പൂർവ്വകഥ ഉലൂപി പറയുന്നു - അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ കൗരവ്യ കുലനന്ദിനീ, നീ എന്തിനാണ് പോര്‍ക്കളത്തിലേക്കു വന്നത്? അപ്രകാരം തന്നെ എന്തിനായിട്ടാണ് മണിപുരേശ്വരന്റെ അമ്മയും വന്നത്? അല്ലയോ ഭുജംഗമേ, നീ ഈ രാജാവിന്റെ കുശലം കാമിക്കുന്നവളല്ലേ? അല്ലയോ ചപലാപാംഗീ, നീഎനിക്കും ശുഭം ഇച്ഛിക്കുന്നില്ലേ? ഹേ സുശ്രോണീ, പ്രിയദര്‍ശനേ, നിനക്ക് ഞാന്‍ അപ്രിയം വല്ലതും അറിയാതെ ചെയ്തു പോയോ? ബഭ്രുവാഹനനും ചെയ്തു പോയോ:? നിന്റെ സപത്നിയായ രാജപുത്രി, ചിത്രവാഹന നന്ദിനി, വരാംഗിയായ ചിത്രാംഗദാ, വല്ല തെറ്റും ചെയ്തു പോയോ?
ഇതുകേട്ട് പുഞ്ചുരി തൂകി അവനോട് ഉരഗപുത്രി മറുപടി പറഞ്ഞു.
ഉലൂപി പറഞ്ഞു: എനിക്ക് ഭവാന്‍ യാതൊരു തെറ്റും ചെയ്തില്ല; ബഭ്രുവാഹനനും ചെയ്തിട്ടില്ല. അവന്റെ അമ്മയും യാതൊരു തെറ്റും ചെയ്തിട്ടില്ല. അവള്‍ എന്റെയടുത്ത് ഭൃത്യയുടെ മട്ടിലാണു നില്ക്കുന്നത്. ഞാന്‍ ചെയ്ത വര്‍ത്തമാനങ്ങള്‍ എല്ലാം പറയാം, അങ്ങ് കേള്‍ക്കുക. അതുകേട്ട് ഭവാന്‍ എന്നില്‍ കോപിക്കരുതെന്ന് ഒരപേക്ഷയുണ്ട്. ഭവാന്റെ പാദത്തില്‍ ഞാന്‍ കുമ്പിട്ടു തൊഴുന്നു. പ്രസാദിക്കണേ! മഹാബാഹോ, ധനഞ്ജയാ, എല്ലാം കേള്‍ക്കുക. മഹാഭാരത യുദ്ധത്തില്‍ ഭവാന്‍ ഗംഗാപുത്രനെ, ഭീഷ്മനെ,ആ ശാന്തനുനന്ദനനെ, ഭവാനുമായി പൊരുതുമ്പോഴല്ലല്ലോ,വീഴ്ത്തിയത്! നീ അധര്‍മ്മത്താലാണ് അവനെ വീഴ്ത്തിയത്. അതിനുള്ള പ്രായശ്ചിത്തമാണ് ഈ നടന്നത്. വീരാ, നീപൊരുതുന്ന സമയത്തല്ല, ശിഖണ്ഡി പൊരുതുമ്പോള്‍ അവനെ ആശ്രയിച്ചാണ് നീ ഭീഷ്മനെ വീഴ്ത്തിയത്. അങ്ങനെ നീ മുത്തച്ഛനെ കൊന്നു. അതിന്നുപശാന്തി ചെയ്യാതെയാണ് നീ മരിക്കുന്നതെങ്കില്‍ ആ പാപകര്‍മ്മം മൂലം നീ നരകത്തില്‍ തീര്‍ച്ചയായും ചെന്നു വീഴും. പുത്രനില്‍ നിന്ന് നീ ഏറ്റത് എന്തോ, അത് അതിന് നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തമാണ്. വസുക്കളും, അല്ലയോ വസുധാപാലാ, ഗംഗയും കൂടി ഒരു ദിവസം ഭവാനെപ്പറ്റി ഇപ്രകാരം പറഞ്ഞത് ഞാന്‍ കേട്ടു. അത് ഭീഷ്മനെ വീഴ്ത്തിയ ദിവസം ഗംഗാതീരത്തു വച്ചാണ് ഞാന്‍ കേട്ടത്. ആ വസുക്കളും, മറ്റു ദേവന്മാരും ഗംഗയില്‍ കുളിച്ച് ആ നദിയോടു ചേര്‍ന്ന് അവിടെ വെച്ച് ഭാഗീരഥിയുടെ സമ്മതത്തോടു കൂടി ഇപ്രകാരം പറഞ്ഞു: ശാന്തനവനായ ഭീഷ്മനെ സവ്യസാചി വധിച്ചു. പോരില്‍ പൊരുതാതെ നില്ക്കുന്ന സന്ദര്‍ഭത്തിലാണ് വധിച്ചത്. അനാസക്തനായവനെ വധിച്ചു മാനിനി! ഈ കാരണത്താല്‍ ഞങ്ങള്‍ അര്‍ജ്ജുനനെ ശപിക്കുകയാണ്. ഇതു കേട്ടപ്പോള്‍ ഭാഗീരഥി പറഞ്ഞു: "അങ്ങനെയാകട്ടെ!" എന്ന്. ഈ വര്‍ത്തമാനം കേട്ടയുടനെ ദുഃഖത്തോടെ ഞാന്‍ ചെന്ന് എന്റെ അച്ഛനോടു പറഞ്ഞു. അച്ഛന്‍ ഇതുകേട്ട് വിഷാദിച്ചു നിന്നു. ഉടനെ ചെന്ന് എന്റെ അച്ഛന്‍ നിനക്കു വേണ്ടി അഭ്യര്‍ത്ഥിച്ചു. വീണ്ടും വീണ്ടും തൊഴുത് അവരെ പ്രസാദിപ്പിച്ചു. അപ്പോള്‍ അവര്‍ ഇപ്രകാരം പറഞ്ഞു: പാര്‍ത്ഥന് പുത്രനായി മഹാഭാഗേ, മണിപുരപതി ഉണ്ടായിട്ടുണ്ട്. യുവാവായ അവന്‍ പോര്‍ക്കളത്തില്‍ വെച്ച് ഈ കിരീടിയെ അമ്പെയ്തു വീഴ്ത്തും. ഇതു ചെയ്യുകയാണെങ്കില്‍ അവന്‍ ശാപം വിട്ടു കയറിക്കൊള്ളും ഉരഗേശ്വരാ! ഭവാന്‍ പൊയ്ക്കൊള്ളുക! എന്ന് ആ വസുക്കള്‍ അച്ഛനോടു പറഞ്ഞു. അച്ഛന്‍ ആ വര്‍ത്തമാനം എന്നോടു പറഞ്ഞു. ആ വൃത്താന്തം ഗ്രഹിച്ചിരിക്കുന്ന ഞാന്‍ ശാപത്തില്‍ നിന്ന് ഭവാനെ വേര്‍പെടുത്തുകയാണ് ഇപ്പോള്‍ ഉണ്ടായത്. ദേവ്വേന്ദ്രന് പോലും നിന്നെ പരാജിതനാക്കുവാന്‍ സാദ്ധ്യമല്ല. ആത്മാവ് എന്നതു തന്നെയാണ് പുത്രനും, വേറെയല്ല. അതു കൊണ്ടാണ് അവന്‍ നിന്നെ ജയിച്ചത്. അതില്‍ എനിക്ക് ഒട്ടും ദോഷമില്ല! വിഭോ. അങ്ങയുടെ അഭിപ്രായമെന്താണ്?
ഇപ്രകാരം അവള്‍ പറഞ്ഞത് കേട്ട് പ്രസാന്നാത്മാവായ വിജയന്‍ പ്രസന്നചിത്തനായി ഇപ്രകാരം പറഞ്ഞു: "ദേവി, നീ ചെയ്തതെല്ലാം എനിക്കു പ്രിയമായിരിക്കുന്നു!".
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മണിപുരത്തിന്റെ അധിപനായ പുത്രനോട്, വിജയന്‍ പറഞ്ഞു. ചിത്രാംഗദയും ഉലൂപിയും കേട്ടു നിന്നു.
അര്‍ജ്ജുനന്‍ പറഞ്ഞു. യുധിഷ്ഠിര രാജാവിന്റെ അശ്വമേധം അടുത്തു വരുന്ന ചൈത്രമാസത്തിലാണ്. നീ അമാത്യന്മാരോടു കൂടെ അവിടെ എത്തണം. അമ്മമാരെയും കൂട്ടിക്കൊണ്ടു വരണം രാജാവേ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പാര്‍ത്ഥന്‍ പറഞ്ഞപ്പോള്‍ ധീമാനായ ബഭ്രുവാഹന രാജാവ് കണ്ണുനീര്‍ നിറഞ്ഞ കണ്ണുകളോടെ. അച്ഛനോടു പറഞ്ഞു.
ബഭ്രുവാഹനന്‍ പറഞ്ഞു; അല്ലയോ ധര്‍മ്മഞ്ജാ, ഭവാന്‍ കല്പിക്കുകയാല്‍ ഞാന്‍ അശ്വമേധത്തിന് എത്തിക്കൊള്ളാം, അവിടെ വിപ്രര്‍ക്കു വിളമ്പുകാരനായി ഞാന്‍ സേവനം ചെയ്തു കൊള്ളാം. എനിക്ക് അനുഗ്രഹത്തിനായി ഭവാന്‍ സ്വന്തം പുരത്തില്‍ കേറണം. വന്നാലും! ഭാര്യമാരോടു കൂടി അങ്ങ് എന്റെ രാജധാനിയില്‍ വന്നു കയറി എന്നെ അനുഗ്രഹിച്ചാലും. അതിലൊട്ടും മടിക്കരുത്, മറ്റൊന്നും ചിന്തിക്കരുത്! ഒരു രാത്രി എന്റെ ഗൃഹത്തില്‍ സുഖമായി വസിച്ച് പ്രഭാതത്തില്‍ അശ്വത്തെ അനുഗമിച്ചാലും, ജയിപുംഗവ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പുത്രന്‍ പറഞ്ഞപ്പോള്‍ വാനരകേതനനായ പാര്‍ത്ഥന്‍ ചിത്രാംഗദയുടെ പുത്രനോട് പുഞ്ചിരിയോടെ പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: മഹാബാഹോ, ഞാന്‍ യജ്ഞത്തില്‍ ദീക്ഷ ആചരിക്കുന്നുണ്ടെന്നു നിനക്കറിയാമല്ലോ. അതു കൊണ്ട് ഹേ, പൃഥുലോചനാ, ഞാന്‍ നിന്റെ പുരത്തില്‍ കയറുന്നില്ല. അതു നിയമവിരുദ്ധമാകയാല്‍ ഞാന്‍ ചെയ്യുന്നില്ല. ഈ യജ്ഞീയാശ്വമാണെങ്കില്‍ ഇഷ്ടം പോലെ സഞ്ചരിക്കുകയാണ് താനും. നരര്‍ഷഭാ, നിനക്കു സ്വ ഭവിക്കട്ടെ! ഞാന്‍ പോകുന്നു. എനിക്കു താമസിക്കുവാന്‍ വയ്യ!
വൈശമ്പായനൻ പറഞ്ഞു: വിധിപോലെ അവിടെ പുത്രനാല്‍ പൂജിതനായ ഇന്ദ്രപുത്രന്‍ ഭാര്യമാരുടെ സമ്മതത്തോടു കൂടി പോന്നു ഭരതസത്തമാ!
82. അശ്വാനുസരണം മാഗധപരാജയം - മാഗധരാജാവായ മേഘസന്ധിയുമായുള്ള യുദ്ധം - വൈശമ്പായനന്‍ പറഞ്ഞു: ആ യജ്ഞീയഹയം സമുദ്രം വരെ ഭൂമിയില്‍ ചുറ്റി. അങ്ങനെ രാജാവേ, ഫസ്തിനപുരത്തിലേക്കായി തിരിച്ച അശ്വത്തിനെ പിന്‍തുടര്‍ന്ന് കിരീടിയും തിരിച്ചു. അങ്ങനെ മടങ്ങിപ്പോരുമ്പോള്‍ യദൃച്ഛയാ രാജഗൃഹപുരം എന്ന നഗരത്തിലെത്തി. അര്‍ജ്ജുനന്‍ അടുത്തു വന്നതു കണ്ട് അവിടത്തെ രാജാവായിരുന്ന സഹദേവന്റെ പുത്രനായ മേഘസന്ധി അര്‍ജ്ജുനനെ പേരിന് വിളിച്ചു. ക്ഷത്രധര്‍മ്മസ്ഥിതനും വീരനുമായ അവന്റെ പോര്‍വിളി അര്‍ജ്ജുനന്‍ കേട്ടു. പുരം വിട്ട് തേരും, വില്ലും, കൈയുറയുമായി എത്തിയ മേഘസന്ധി തേരില്‍നിന്നിറങ്ങി കാല്‍നടയായിച്ചെന്ന് അര്‍ജ്ജുനനോടു പൊരുതി.
തേജസ്വിയായ മേഘസന്ധി അര്‍ജ്ജുനനോടു സമീപിച്ച്, ബാല്യത്താല്‍ രാജാവേ, യാതൊരു കൗശലവും കൂടാതെ വെളിവായി അര്‍ജ്ജുനനോടു പറഞ്ഞു. എടോ ഭാരതാ! ഈ കുതിര എന്താണിങ്ങനെ പെണ്‍കൂട്ടത്തില്‍ കടന്ന മാതിരി ചുറ്റുന്നത്? ഞാന്‍ ഇതാ ഈ കുതിരയെ പിടിക്കുന്നു. നീ ശക്തനാണെങ്കില്‍ അതിനെ വിടുവിക്കു! എന്റെ പുര്‍വ്വപിതാക്കന്മാര്‍ നീ പോരില്‍ സമര്‍ത്ഥനാണെന്നു സമ്മതിക്കുകയാണെങ്കില്‍, ഞാന്‍ നിനക്ക് യുദ്ധമാകുന്ന ആതിത്ഥ്യം നല്കാം. നീ എയ്തു കൊള്ളുക! ഞാന്‍ ഇതാ എയ്യുന്നു!
മേഘസന്ധി പറഞ്ഞതു കേട്ട് അര്‍ജ്ജുനന്‍ ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു; വിഘ്നങ്ങളുണ്ടാക്കുന്നവനെ ഞാന്‍ നിലയ്ക്കു നിര്‍ത്തും! അങ്ങനെയൊരു വ്രതം എനിക്കുണ്ട്. ജ്യേഷ്ഠഭ്രാതാവ് കല്പിക്കയാല്‍ ഞാന്‍ പുറപ്പെട്ടതാണ്. അതു നിനക്കറിയാമല്ലോ! നീ യഥാശക്തി എയ്തു കൊള്ളുക. അതിലെനിക്ക് യാതൊരു ദുഃഖവുമില്ല, കോപവുമില്ല.
ഇപ്രകാരം പറയുന്ന പാണ്ഡവന്റെ നേരെ ആ മഗധരാജാവ് ആദ്യമായി ശരങ്ങള്‍ വിട്ടു. സഹസ്രാക്ഷന്‍ മാരി ചൊരിയുമ്പോലെ അവന്‍ ആയിരം ബാണങ്ങള്‍ എയ്തു. ശൂരനായ ഗാണ്ഡീവിയും ഗാണ്ഡീവോത്ഥമായ ശരങ്ങള്‍ കൊണ്ട് ആ ശരങ്ങളെ പാഴാക്കി കിണഞ്ഞു പോരാടി ഭരതര്‍ഷഭാ! ആ ബാണൌഘങ്ങളെയെല്ലാം കപികേതനന്‍ പാഴാക്കി വിട്ടു. വായില്‍ തീജജ്വാലയുള്ള സര്‍പ്പം പോലെയുള്ള ശരങ്ങള്‍ അവന്റെ നേരെ വിട്ടു. ധ്വജത്തിലും, കൊടിക്കാലിലും, തേരിലും, യന്ത്രത്തിലും, വാജിയിലും മറ്റു രഥാംഗങ്ങളിലും സൂതനിലും എയ്തു. എന്നാല്‍ അവന്റെ ദേഹത്തില്‍ എയ്തില്ല. തന്റെ ദേഹം നോക്കി കാത്ത് അര്‍ജ്ജുനനാല്‍ രക്ഷിക്കപ്പെട്ട അവന്‍ തന്റെ വീര്യത്താലാണ് അങ്ങനെ സംഭവിച്ചതെന്നു ചിന്തിച്ച് ശരങ്ങളെ അര്‍ജ്ജുനനില്‍ വര്‍ഷിച്ചു.
ഇങ്ങനെ മാഗധനാല്‍ എയ്യപ്പെട്ട ഗാണ്ഡീവ ധന്വാവ് വസന്തത്തില്‍ പൂത്ത പിലാശു വ്യക്ഷം പോലെ രക്ത നിറത്തില്‍ വിളങ്ങി. തന്റെ ദേഹത്തില്‍ എയ്ത് ഒന്നും ഏല്ക്കാത്തവനായ മാഗധേന്ദ്രന്‍ പാണ്ഡവേന്ദ്രനെ ശരങ്ങള്‍ കൊണ്ട് പ്രഹരിച്ചു. അതുകൊണ്ട് അവന്‍ അല്പ സമയം ലോകവീരനായി ശോഭിച്ചു. പിന്നെ സവ്യസാചി ചുണച്ച് വില്ലു ശക്തിയായി വലിച്ച് ആദ്യമായി അവന്റെ രഥത്തില്‍ കെട്ടിയ അശ്വങ്ങളെ കൊന്നു. പിന്നെ സൂതന്റെ തലയും കൊയ്തു വീഴ്ത്തി. അവന്റെ ആ വലിയ വില്ല് കത്തിയമ്പെയ്ത് അറുത്തു. കൈയ്യുറ, കൊടിക്കൂറ, ധ്വജം എന്നിവ ഒരോന്നോരോന്നായി വീഴ്ത്തി. ആ രാജാവ് അശ്വങ്ങള്‍, സൂതന്‍, വില്ല് എന്നിവയൊക്കെ നഷ്ടപ്പെട്ടപ്പോള്‍ ഗദ കൈയിലെടുത്ത് അര്‍ജ്ജുനന്റെ നേരെ ഊക്കോടെ പാഞ്ഞു ചെന്നു. അവന്‍ എത്തുമ്പോഴെക്കും സ്വര്‍ണ്ണം കൊണ്ട് കെട്ടിച്ച ആ ഗദ, കഴുച്ചിറകു വെച്ച ശരങ്ങള്‍ കൊണ്ട് നുറുക്കിക്കളഞ്ഞു. തകര്‍ന്നുപോയ ആ ഗദ മണിബന്ധം തകര്‍ന്ന് ഉറയൂരുന്ന പാമ്പു പോലെ നിലത്തേക്കു വീണു. തേരും, വില്ലും, ഗദയും നഷ്ടപ്പെട്ട അവനില്‍ പിന്നെ എയ്യുവാന്‍ ധീമാനും മഹാരഥനുമായ അര്‍ജജുനന്‍ വിചാരിച്ചില്ല! മാനം കെട്ട് ക്ഷത്രധര്‍മ്മത്തില്‍ നില്‍ക്കുന്ന അവനോട് കപികേതനന്‍ ശാന്തമായി സാന്ത്വവാക്കുകള്‍ പറഞ്ഞു.
അര്‍ജ്ജുനന്‍ പറഞ്ഞു: ഉണ്ണീ, നീ പൊയ്ക്കൊള്ളുക! നീ കാണിച്ച ക്ഷത്രധര്‍മ്മം ധാരാളം മതി. ബാലനായ നിന്റെ വിക്രമം ധാരാളം മതി! നീ സമര്‍ത്ഥനാണ്. രാജാക്കന്മാരെ വധിക്കരുത്, എന്നു ധര്‍മ്മരാജാവു കല്പിച്ചിട്ടുണ്ട്. അങ്ങനെ പോരില്‍ ഒരു വിഷമം അദ്ദേഹം വരുത്തി വെച്ചു. അതുകൊണ്ടാണ് രാജാവേ നീ ഇപ്പോള്‍ ജീവിക്കുന്നത്.
വൈശമ്പായനൻ പറഞ്ഞു: എന്ന് തന്നെ അര്‍ജ്ജുനന്‍ ധിക്കരിച്ചു വിട്ടതായിക്കണ്ട മാഗധന്‍ ശരി എന്നു ചിന്തിച്ച് അര്‍ജ്ജുനനെ കൈകൂപ്പി പൂജിച്ചു. ഞാന്‍ തോറ്റു. അങ്ങയ്ക്കു ശുഭം! ഞാന്‍ പോരിന് ഇനി ഒരുങ്ങുന്നില്ല! ഞാന്‍ അങ്ങയ്ക്ക് എന്തു ചെയ്യേണ്ടു! അജ്ഞാപിച്ചാലും! ഇപ്രകാരം കൈകുപ്പി നില്ക്കുന്ന അവനെ ആശ്വസിപ്പിച്ച് അര്‍ജ്ജുനന്‍ വീണ്ടും പറഞ്ഞു: ചൈത്രമാസത്തില്‍ നമ്മുടെ രാജാവിന്റെ അശ്വമേധം നടക്കുന്നുണ്ട്. അതിലേക്കു ഭവാന്‍ വരണം. ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ അങ്ങനെയാകാമെന്നു സഹദേവപുത്രന്‍ മറുപടി പറയുകയും, ആ ഹയത്തെ പൂജിക്കുകയും, പോരില്‍ അര്‍ജ്ജുനനെ പ്രശംസിക്കുകയും ചെയ്തു. ആ പുരുഷകേസരി വീണ്ടും അവിടെനിന്നു പോയി കടല്‍ത്തീരത്തൂടെ സഞ്ചരിച്ചു. വംഗം, പു(ണ്ഡം, കോസലം എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. അതാതിടത്ത് വലിയ മ്ലേച്ഛ സൈനൃങ്ങളോടു പോരാടി അര്‍ജ്ജുനന്‍ ഗാണ്ഡീവത്താല്‍ അവരെ ജയിച്ചു.
83. അശ്വാനുസരണം ചേദിനിഷാദാദി പരാജയം - മഗധാധിപനായ ശകുനിയുടെ പുത്രൻ കുതിരയെ തടുത്തു നിർത്തുന്നു - വൈശമ്പായനന്‍ പറഞ്ഞു: മാഗധന്‍ പുജിച്ച ശ്വേതാശ്വനായ പാണ്ഡവന്‍, രാജാവേ, തെക്കേദിക്കു പിടിച്ച് ആ ഹയത്തെ നടത്തി. പിന്നെയും തിരികെ വന്ന് യഥേഷ്ടം ചുറ്റുന്ന ആ കുതിര ശുക്തിമതി എന്നു പേരായ ചേദിപുരിയില്‍ ചെന്നു കയറി. അവിടെ വെച്ച് ശരഭന്‍ എന്ന ശിശുപാല പുത്രന്‍ ആദ്യം യുദ്ധം കൊണ്ട് അതിഥിയെ സല്‍ക്കരിച്ചു. പിന്നെ പാണ്ഡുപുത്രനെ പുജിക്കുകയും ചെയ്തു. പിന്നെ അവിടെ നിന്നും പുറപ്പെട്ട് ആ യജ്ഞീയാശ്വം കാശി, അംഗം, കോസലം, കിരാതം, തങ്കണം എന്നീ രാജ്യങ്ങളില്‍ യഥാക്രമം പ്രവേശിച്ചു. അതാതിടങ്ങളില്‍ യഥാന്യായം പൂജ കൈക്കൊണ്ട് ധനഞ്ജയന്‍ വീണ്ടും അവിടെ നിന്നു തിരിച്ചു. പിന്നെ കൗന്തേയന്‍ ദശാര്‍ണ്ണം എന്ന രാജ്യത്തെത്തി. അവിടെ ശത്രുമര്‍ദ്ദനനായി ചിത്രാംഗതന്‍ എന്നു പേരായ രാജാവുണ്ട്. മഹാബലവാനാണ്. വിജയനും, അവനും തമ്മില്‍ ഭയങ്കരമായ ഒരു യുദ്ധം ഉണ്ടായി. അവനേയും പുരുഷര്‍ഷഭനായ കിരീടി പാട്ടിലാക്കി. അവിടെനിന്നു പോയി അശ്വം നിഷാദരാജാവായ ഏകലവ്യന്റെ നാട്ടില്‍ ചെന്നെത്തി. ഏകലവ്യപുത്രന്‍ യുദ്ധം കൊണ്ട് അവനെ സ്വാഗതം ചെയ്തു സ്വീകരിച്ചു. അവിടെ വെച്ച് നിഷാദരുമായി ചെയ്ത പോരാട്ടം രോമാഞ്ചജനകമായിരുന്നു. പിന്നെ യുദ്ധത്തില്‍ തോല്ക്കാത്തവനായ പാര്‍ത്ഥന്‍ യജ്ഞവിഘ്നത്തിന് വന്ന് എതിര്‍ത്ത അവനെ ആ പോരില്‍ ജയിച്ചു. ആ നൈഷാദിയെ അല്ലയോ രാജേന്ദ്രാ, ജയിച്ച് ആ പാകശാസന പുത്രന്‍ പൂജയേറ്റു വീണ്ടും തെക്കന്‍ കടല്‍ക്കരയിലേക്കു ചെന്നു. ദ്രാവിഡന്മാരോടും, ആന്ധ്രന്മാരോടും, രൗദ്രരായ മാഹിഷരോടും, കോല്വാചലക്കാരോടും ആ കിരീടി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. അവരെയും വലിയ ഉഗ്രമല്ലാത്ത യുദ്ധം കൊണ്ടു കീഴടക്കി.
അവരൊക്കെ അശ്വത്തിന്റെ പാട്ടിലായശേഷം സുരാഷ്ട്രത്തേക്കു പോയി. പിന്നെ ഗോകര്‍ണ്ണത്തില്‍ ചെന്നു. പിന്നെ പ്രഭാസതീര്‍ത്ഥത്തിലെത്തി. പിന്നെ വൃഷ്ണീന്ദ്രന്‍ കാക്കുന്ന രമ്യമായ ദ്വാരകയില്‍ച്ചെന്നു. അവിടെ അണഞ്ഞ ഹയത്തെ യദുകുമാരന്മാര്‍ ചെന്നു പിടിച്ചു. അവര്‍ ആ കുതിരയെ ഉഗ്രസേനന്റെ അരികിലേക്കു കൊണ്ടു ചെന്നു. ഉഗ്രസേനന്‍ അവരെ അതില്‍ നിന്നു വിലക്കി രാജാവേ! ഉടനെ വൃഷ്ണ്യന്ധക പുരേശ്വരനും കിരീടിയുടെ അമ്മാവനുമായ വാസുദേവനോടു കൂടെ ഉഗ്രസേനന്‍ പ്രീതിയോടെ ചെന്നു മുറയ്ക്ക് കുരുമുഖ്യനായ ആ ഭാരതശ്രേഷ്ഠനെ ശ്രേഷ്ഠമായ പൂജയോടെ ആദരിച്ചു. അവരുടെ സമ്മതത്തോടെ അര്‍ജ്ജുനന്‍ അശ്വം പോകുന്ന വഴിക്കു തന്നെ പോയി. പിന്നെ കടല്‍ക്കരയിലൂടെ, പടിഞ്ഞാറന്‍ പ്രദേശത്തു കൂടെ, ആ കുതിര ക്രമത്തില്‍ ഉയര്‍ന്ന പ്രദേശമായ പഞ്ചാബില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നു പിന്നെ ഗാന്ധാര നാട്ടില്‍ ആ കുതിര ചെന്നെത്തി കൗരവാ! അങ്ങനെ കൗന്തേയന്‍ പിന്തുണയായിപ്പോകുന്ന ആ അശ്വം യഥേഷ്ടം സഞ്ചരിച്ചു. പിന്നെ കിരീടിയുമായി അവിടെ വെച്ചു ഘോരമായ ഒരു യുദ്ധം ഗാന്ധാര രാജൃത്തു വെച്ചു നടന്നു. മുമ്പെ വൈരമുള്ള ശകുനിയുടെ പുത്രനായ ഗാന്ധാര രാജാവുമായിട്ടായിരുന്നു ആ സംഘട്ടനം.
84. അശ്വാനുസരണം ശകുനീപുത്രപരാജയം - ഗാന്ധാരന്മാരും അർജ്ജുനനുമായുള്ള യുദ്ധത്തിൽ ശകുനിയുടെ ഭാര്യ മകന്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; വീരനായ ശകുനിയുടെ പുത്രന്‍, ഗാന്ധാരരില്‍ മഹാരഥന്‍, വലിയ ഒരു പടയോടു കൂടി ഗുഡാകേശനോടു പോരിന് ചെന്നു. ശകുനിയെ കൊന്നതിലുള്ള വിദ്വേഷം സഹിക്കാത്തവരായ ഗാന്ധരന്മാര്‍, തേര്, ആന, കുതിരകള്‍, കൊടിക്കൂറ, കേതുക്കള്‍ എന്നിവയോടു കൂടി ആ ഭടന്മാര്‍ പാര്‍ത്ഥന്റെ നേരെ വില്ലുയര്‍ത്തിപ്പിടിച്ചു പോരിന് ചെന്നു. അവര്‍ വന്നെത്തിയപ്പോള്‍ പോരില്‍ മടങ്ങാത്തവനായ ബീഭത്സു, അവരോട്, ധര്‍മ്മരാജാവു പോരുമ്പോള്‍ അര്‍ജ്ജുനനോടു പറഞ്ഞ വാക്കുകള്‍ അറിയിച്ചു.
എന്നാല്‍ അതൊന്നും അവര്‍ സ്വീകരിച്ചില്ല. പാര്‍ത്ഥന്‍ പല സാന്ത്വവചനങ്ങളും പറഞ്ഞു നോക്കി. യുദ്ധത്തില്‍ നിന്നു തടുത്തു. എന്നാലും അവര്‍ കൂട്ടാക്കിയില്ല. അവര്‍ അശ്വത്തിന്റെ ചുറ്റും വന്നു വളഞ്ഞു. അപ്പോള്‍ പാണ്ഡവന്റെ മട്ടുമാറി. കോപത്തോടെ അര്‍ജ്ജുനന്‍ അവരുടെ തല കൊയ്തു വീഴ്ത്തുവാന്‍ തുടങ്ങി. ഗാണ്ഡീവത്താല്‍ ക്ഷുരം തൂകി. യാതൊരു പ്രയത്നവും കൂടാതെ പാണ്ഡവന്‍ അവരുടെ തല അറുത്തു വീഴ്ത്തിത്തുടങ്ങി. പാര്‍ത്ഥന്‍ കൊല്ലുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കുതിരയെ വിട്ട് ഉഴന്നു. പാര്‍ത്ഥന്റെ ശരവര്‍ഷം സഹിക്കാതെ ചിലര്‍ പിന്തിരിഞ്ഞ് ഓട്ടമായി. ആ ഗാന്ധാരന്മാര്‍ തടുത്ത തേജസ്വിയായ പാണ്ഡവന്‍ എണ്ണിയെണ്ണി അവരുടെ തല വീഴ്ത്തി. യുദ്ധത്തില്‍ ചുറ്റുപാടും ഗാന്ധാരന്മാരെ കൊന്നുവിടുവാന്‍ തുടങ്ങിയപ്പോള്‍ രാജാവായ ശകുനിയുടെ പുത്രന്‍ വന്ന് പാണ്ഡവനെ തടുത്തു. ക്ഷത്രധര്‍മ്മം വിടാതെ പൊരുതുന്ന ആ രാജാവിനോട് അപ്പോള്‍ പാര്‍ത്ഥന്‍ പറഞ്ഞു: "വീരനായ രാജാവേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍! ധര്‍മ്മരാജാവു പറഞ്ഞിട്ടുണ്ട് രാജാക്കന്മാരെ കൊല്ലരുതെന്ന്. അതു കൊണ്ട് ഞാന്‍ കൊല്ലുന്നതല്ലെന്നു നിങ്ങള്‍ ധരിക്കുവിന്‍. അതുകൊണ്ട് ഹേ വീരാ, യുദ്ധം ഇനി വേണ്ടാ. നിനക്ക് ഇപ്പോള്‍ യാതൊരു തോല്‍വിയും സംഭവിച്ചിട്ടില്ല".
ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞിട്ടും അനുസരിക്കാതെ അജ്ഞാനത്താല്‍ മോഹിതനായി അവന്‍ ഇന്ദ്രാഭകര്‍മ്മാവായ ഗാണ്ഡീവിയില്‍ വിശിഖങ്ങള്‍ വര്‍ഷിച്ചു! അപ്പോള്‍ സമര്‍ത്ഥനായ അര്‍ജ്ജുനന്‍ അവന്റെ ശിരസ്സിലിരിക്കുന്ന തലപ്പാവ് അര്‍ദ്ധചന്ദ്രം എന്ന ബാണം കൊണ്ട് എയ്ത്, അച്ഛനായ ജയ്രദഥന്റെ ,ശിരസ്സ് ദൂരെ കൊണ്ടു പോയി ഇട്ടതു പോലെ, ദൂരെയകറ്റി വിട്ടു. ആ മഹാകര്‍മ്മം കണ്ട് ഗാന്ധാരന്മാരെല്ലാം അത്ഭുതപ്പെട്ടു. അര്‍ജ്ജുനന് ആ രാജാവിന്റെ തല കൊയ്യുവാന്‍ വിഷമമില്ലെന്നും, താന്‍ ഇപ്പോള്‍ കൊയ്യുന്നില്ലെന്നും അര്‍ജ്ജുനന്‍ തന്റെ അസ്ത്രപ്രയോഗം കൊണ്ട് ഗാന്ധാരന്മാരെ ധരിപ്പിക്കുകയാണെന്നും അവര്‍ക്കു മനസ്സിലായി. യുദ്ധരംഗം വിട്ട് പ്രാണനേയും കൊണ്ട് ഓടിപ്പൊയ്ക്കൊള്ളുവാന്‍ ലാക്കുനോക്കി കേഴമാനെപ്പോലെ ഭയപ്പെട്ട്, ആ യോദ്ധാക്കളോടു കൂടി ഓടിക്കളഞ്ഞു. തന്റെ നേരെ പോരാടുവാന്‍ തന്നെ നിനച്ചു പിന്നെയും എത്തുന്നവരുടെ. ശിരസ്സുകള്‍ മൂര്‍ച്ച കൂട്ടിയ ഭല്ലം കൊണ്ട് അരിഞ്ഞു വീഴ്ത്തി. ഉയര്‍ത്തിയ കൈകള്‍ അമ്പേറ്റു ഭുമിയില്‍ വീണതു പിലര്‍ അറിഞ്ഞില്ല. പാര്‍ത്ഥന്‍ എയ്യുന്ന ഗാണ്ഡിവമുക്തമായ ദീര്‍ഘശരങ്ങള്‍ ഏറ്റ് ആന, കുതിര, കാലാള്‍ എന്നീ പടയെല്ലാം പതിച്ചു പോയി. മിക്ക പേരും ചത്തു. ചിലര്‍ വീണ്ടും വീണ്ടും വന്നു തിരിച്ചു പോയി.
ഉഗ്രകര്‍മ്മവായ ആ വീരന്റെ മുമ്പിലായി, ധനഞ്ജയന്റെ ശക്തിയോട് എതിര്‍ക്കുന്ന ആ വൈരികള്‍ അനുനിമിഷം വീഴുന്നതും അവര്‍ അറിഞ്ഞില്ല.
ഈ നിലയില്‍ കുഴപ്പം വര്‍ദ്ധിച്ചപ്പോള്‍ ഗാന്ധാരരാജാവിന്റെ മന്ത്രികളെ മുമ്പില്‍ നടത്തി വിശിഷ്ടമായ പുജാദ്രവ്യമെടുത്തു രാജാവിന്റെ അമ്മ ( ശകുനിയമ്മാവന്റെ ഭാര്യ ) ഇറങ്ങി വന്നു. ആദ്യം തന്നെ അവ്യഗ്രനും, യുദ്ധദുര്‍മ്മദനുമായ പുത്രനെ തടുത്ത് ജിഷ്ണുവിന്റെ സമീപത്തെത്തി. അക്ലിഷ്ടകാരിയായ അര്‍ജ്ജുനനെ സമാശ്വസിപ്പിച്ചു. പ്രഭുവായ ബീഭത്സു അവളെ പുജിച്ച്, പ്രസന്നനായി അവളെ സാന്ത്വനം ചെയ്തു. പിന്നെ ശകുനിയുടെ പുത്രനെ നോക്കി ഇപ്രകാരം പറഞ്ഞു: "മഹാബാഹോ, നിന്റെ ഈ ബുദ്ധിയെ ഞാന്‍ പ്രശംസിക്കുന്നില്ല. ഞാന്‍ അത് ഇഷ്ടപ്പെടുന്നില്ല. ഹേ മിത്രഘ്ന, എതിര്‍ പോരിന് നീ നിന്നതു നന്നായില്ല. സന്മതേ, നീ എന്റെ ഭ്രാതാവാണ്. ഗാന്ധാരിയമ്മയെ ചിന്തിച്ചും, ധൃതരാഷ്ട്ര രാജാവിന് വേണ്ടിയും രാജാവേ, നീ ഇപ്പോള്‍ ജീവിക്കുന്നു. അവരെ ഓര്‍ത്താണ് ഞാന്‍ നിന്നെ ബാക്കിവെച്ചത്. (നിന്റെ അമ്മായിയും അമ്മാവനും ഞങ്ങളുടെ കൂടെ ഞങ്ങളുടെ ഗുരുജനങ്ങളായി വസിക്കുമ്പോള്‍ നിന്നെ എങ്ങനെ വധിക്കും) നിന്നെ വിട്ട്, നിന്റെ തുണക്കാരെയൊക്കെ ഞാന്‍ കൊന്നു കളഞ്ഞില്ലേ? മേലാല്‍ ഈ വൈരം വെച്ചു പുലര്‍ത്തരുത്. അതു ശുഭമല്ല. അതു വിടുക. ഇനി ഇങ്ങനെ വേണ്ടാത്തതൊന്നും തോന്നരുത്. ചൈത്രമാസത്തില്‍ നമ്മുടെ രാജാവായ യുധിഷ്ഠിര ഭൂപന്‍ അശ്വമേധയാഗം കഴിക്കുന്നത് ഇപ്പോള്‍ നീ അറിഞ്ഞിരിക്കുമല്ലോ. അതിലേക്കു കാലേ വന്നു ചേരണമെന്നു ഞാന്‍ നിന്നെ ക്ഷണിക്കുന്നു.
85. അശ്വമേധാരംഭം - അശ്വമേധത്തിന് ഒരുക്കങ്ങൾ ചെയ്യുവാൻ ഭീമസേനനോട് യുധിഷ്ഠിരൻ ആജ്ഞാപിക്കുന്നു - വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം അര്‍ജ്ജുനന്‍ അവനോടു പറഞ്ഞു. പിന്നെ സ്വതന്ത്രമായി ഇഷ്ടം പോലെ സഞ്ചരിക്കുന്ന ആ കുതിരയുടെ പിന്നാലെ പോയി. കുറെ പോയപ്പോള്‍ കുതിര ഹസ്തിനപുരിയെ ലക്ഷ്യമാക്കി സഞ്ചരിച്ചു. അര്‍ജ്ജുനന്‍ കുശലിയായി വിജയിച്ചു തിരിച്ചു വരുന്നതായി ചാരന്മാര്‍ മുഖേന അറിഞ്ഞ യുധിഷ്ഠിരന്‍ അത്യധികം സന്തോഷിച്ചു.
ആ നന്ദര്‍ഭത്തില്‍ മാഘമാസത്തില്‍ ദ്വാദശി ദിനത്തില്‍ അനുകൂലമായ പൂയം നക്ഷത്രത്തില്‍ ധര്‍മ്മരാജാവും തേജസ്വിയുമായ യുധിഷ്ഠിരന്‍ മറ്റു സഹോദരന്മാരെ വിളിച്ചു. ഭീമനെയും, നകുലനെയും സഹദേവനെയും വിളിച്ച് കാലേ തന്നെ ഇപ്രകാരം പറഞ്ഞു. ആദ്യമായി ആ വാഗ്‌മിപ്രവരനും ധര്‍മ്മിഷ്ഠനുമായ യുധിഷ്ഠിരന്‍ ഭീമനോടു പറഞ്ഞു.
ധര്‍മ്മപുത്രന്‍ പറഞ്ഞു: ഭീമസേനാ, നിന്റെ അനുജന്‍ കുതിരയോടു കൂടി തിരിച്ചു വരുന്നുണ്ട്. ധനഞ്ജയനെ അനുഗമിച്ചിരുന്ന എന്റെ ആള്‍ക്കാര്‍ പറയുന്നു. കാലവും അടുത്തു, കുതിരയും അടുത്തു. മാഘമാസത്തിലെ വെളുത്തവാവിന് ഒരു മാസമുണ്ട്. അതുകൊണ്ടു വിദ്വാന്മാരായ ദൈവജ്ഞ ബ്രാഹ്മണന്മാരെ ഉടനെ വരുത്തുക. അശ്വമേധം നടത്തുവാൻ വേണ്ട സ്ഥാനം, യാജ്ഞിയസ്ഥലം അവര്‍ നോക്കി തീരുമാനിക്കട്ടെ!
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം രാജാവു പറഞ്ഞത് കേട്ടു ഭീമന്‍ രാജകല്പന നിര്‍വ്വഹിച്ചു. അല്ലയോ പുരുഷേന്ദ്രാ, ഗൂഡാകേശന്റെ വരവു കേട്ടു വലിയ സന്തോഷമായി. ഭീമന്‍ പ്രാജ്ഞരായ തച്ചന്മാരെ വരുത്തി. യജ്ഞക്രിയാ ദക്ഷന്മാരായ ബ്രാഹ്മണരെ മുമ്പെ നടത്തി. ശ്രീയോടു കൂടിയതും, വിശാലമായ മുറികള്‍ ചേര്‍ന്നതും, കിടപ്പറകളോടു കൂടിയതുമായ ഗൃഹങ്ങളും, സൗധങ്ങളും, വഴികളും വാതിലുകളും ഒക്കെച്ചേര്‍ന്ന് യജ്ഞവാടം വിധി പോലെ ആ കൗരവന്‍ അളപ്പിച്ച് വേണ്ടവിധം അനേകം മേടനിലകള്‍ വെണ്‍മണിത്തിണ്ണകള്‍ എന്നിവയൊക്കെ സ്വര്‍ണ്ണരത്ന കവചിതങ്ങളായി യഥാവിധി ഭംഗിയായി പണിയിച്ചു. പൊന്നണിഞ്ഞ തൂണുകളുടെ നിരകള്‍, വലിയ കമാനങ്ങള്‍ എന്നിവ യജ്ഞസ്ഥാനസ്ഥലം തോറും ശുദ്ധമായ സ്വര്‍ണ്ണംകൊണ്ടു തന്നെ അലങ്കരിച്ചു. നാനാ രാജ്യങ്ങളില്‍ നിന്നും വന്നുചേരുന്ന സഭാരൃരായ രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും സൗകര്യം പോലെ സുഖമായി വസിക്കുവാന്‍ പറ്റിയ മട്ടിലുള്ള ഹര്‍മ്മ്യങ്ങള്‍ വേണ്ട ദിക്കുകളില്‍ ധാരാളം പണിയിച്ചു.
പിന്നെ ധര്‍മ്മപുത്രന്റെ കല്പനപ്രകാരം രാജാക്കള്‍ക്കെല്ലാം ക്ഷണക്കത്തു കൊടുത്ത് അക്ലിഷ്ടകാരിയായ ഭീമസേനന്‍ ദൂതന്മാരെ വിട്ടു മഹാഭുജാ! കത്തു കിട്ടിയ ഉടനെ കുരുരാജപ്രിയത്തിനായി രാജാക്കന്മാര്‍ വന്നു ചേരുവാന്‍ തുടങ്ങി. പല രത്നങ്ങളും, സുന്ദരിമാരായ പെണ്ണുങ്ങളും, കുതിരികളും ആയുധങ്ങളുമായി വന്നു കൊണ്ടിരിക്കുന്ന രാജാക്കന്മാര്‍ പുതുതായി നിര്‍മ്മിക്കപെട്ട രത്നസൗധങ്ങളായ കൈനിലകളില്‍ കയറിപ്പാര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ ആ മഹാനഗരം കടല്‍പോലെ ഇരമ്പി. ആ മഹാസ്വനം ആകാശംമുട്ടി. അതിഥികളായ അവര്‍ക്ക് അപ്പോള്‍ രാജാവായ കൗരവന്‍ അന്നപാനങ്ങളും, ദിവ്യമായ ശയ്യകളും നല്കി സ്വീകരിച്ചു. നല്ല കരിമ്പിന്‍ നീരും, നാനാ വാഹന ശാലകളും നല്കി. ധീമാനായ ധര്‍മ്മരാജാവിന്റെ മഹായജ്ഞത്തില്‍ ബ്രഹ്മവാദികളായ മുനിമാരും ശിഷ്യരോടു കൂടി വന്നു ചേര്‍ന്നു. അവരെയെല്ലാം രാജാവു സ്വീകരിച്ചു. വസതി വരെ അവരെ മഹാതേജസ്വിയായ യുധിഷ്ഠിര രാജാവ് താന്‍ തന്നെ ദംഭം വിട്ടു പിന്‍തുടര്‍ന്നു.
പിന്നെ തച്ചന്മാരും, മറ്റു ശില്പികളും, യജ്ഞവിധാനത്തി൯െറ പണിയെല്ലാം നിര്‍വ്വഹിച്ചതായി ധര്‍മ്മരാജാവിനോട് ഉണര്‍ത്തിച്ചു. അതൊക്കെ യഥാസമയം ഭംഗിയായി നിര്‍വ്വഹിച്ചത് അറിഞ്ഞ് അനുജന്മാരോടു കൂടി അവരെ രാജാവ് ആദരിച്ച് ആ യജ്ഞം തുടരുന്ന സമയത്ത് ഹേതുവാദികള്‍ (താര്‍ക്കികുന്മാര്‍) വാഗ്മികള്‍ എന്നിവര്‍ ചേര്‍ന്ന് പരസ്പര ജയാര്‍ത്ഥികളായി പല വാദങ്ങളും, ചര്‍ച്ചകളും, സമ്മേളനങ്ങളും നടത്തി. ആ യജ്ഞത്തിന്റെ മുഖ്യമായ വിധിയെ രാജാക്കന്മാര്‍ നോക്കിക്കണ്ടു. ഇന്ദ്രന്റെ സംഭാരം പോലെയാണ് ഭീമന്‍ അവിടെയെല്ലാം സംഭരിച്ചിരിക്കുന്നത് ഭാരതാ! സ്വര്‍ണ്ണാലംകൃതമായ സൗധങ്ങളും, തോരണങ്ങളും, മനോഹര ശയ്യകളും, വിചിത്രമായ ആസനങ്ങളും, വിഹാര സ്ഥലങ്ങളും, രത്ന ഖചിതങ്ങളായ സകല ഉപകരണങ്ങളും, കുടങ്ങളും, പാത്രങ്ങളും, കടാഹങ്ങളും, കലങ്ങളും, പത്തായങ്ങളും, തുടങ്ങിയ സര്‍വ്വവസ്തുക്കളും രാജാക്കന്മാര്‍ അത്ഭുതത്തോടെ ദര്‍ശിച്ചു. സ്വര്‍ണ്ണനിര്‍മ്മിതമല്ലാതെ മറ്റൊന്നും അവര്‍ അവിടെ കണ്ടില്ല. ശാസ്ത്രത്തില്‍ യൂപങ്ങള്‍ മരം കൊണ്ട് ഉണ്ടാക്കുവാനാണ് പറഞ്ഞിട്ടുള്ളതെങ്കിലും അവയെല്ലാം യുധിഷ്ഠിരന്റെ യജ്ഞത്തില്‍ സ്വര്‍ണ്ണ നിര്‍മ്മിതമായിരുന്നു. ഇവയൊക്കെ യഥാകാലം ആ തേജസ്വിക്കു തീര്‍ത്തതായിക്കണ്ട് അത്ഭുതപ്പെടാത്ത രാജാക്കന്മാര്‍ ഉണ്ടായിരുന്നില്ല. നീറ്റിലും, കരയിലുമുള്ള ജീവികളെയും, അത്ഭുത ജീവികളെയും മറ്റും അവിടെ രാജാക്കന്മാര്‍ കൊണ്ടു വന്നിരുന്നു. അപ്രകാരം പശുക്കള്‍, എരുമകള്‍. വൃദ്ധ സ്ത്രീകള്‍, പലതരം ജലജന്തുക്കൾ, പല ശ്വാപദങ്ങള്‍, ഖഗങ്ങള്‍, പലതരം ജരായുജങ്ങള്‍, അണ്ഡജങ്ങള്‍, സ്വേദജങ്ങള്‍, ഉല്‍ഭിജ്യങ്ങള്‍, പര്‍വ്വതാനൂപജാതകളായ പലതരം ജീവികള്‍ ഇത്തരം വസ്തുക്കളെല്ലാം അവിടെ വരുത്തിയിട്ടുണ്ടായിരുന്നു. ഈ അത്ഭുത വസ്തുക്കളുടെയെല്ലാം പ്രദര്‍ശനം കണ്ട് രാജാക്കന്മാരെല്ലാം അത്ഭുതപ്പെട്ടു. ഗോധനധാന്യങ്ങള്‍ മൂലം മുദിതരായ രാജാക്കന്മാര്‍ എല്ലാം കണ്ട് വിസ്മയത്തില്‍ മുഴുകി.
സമൃദ്ധമായ മൃഷ്ടാന്നം വിപ്രന്മാര്‍ക്കും, വൈശ്യര്‍ക്കും അവിടെ നല്കപ്പെട്ടു. ഓരോ വട്ടവും ഊണു കഴിഞ്ഞെഴുന്നേറ്റാല്‍, പന്തല്‍ ഒഴിഞ്ഞാല്‍, ഉടനെ ദുന്ദുഭി ഇടിനാദം പോലെ മുഴങ്ങും. ഇങ്ങനെ തുടരെയായി ദുന്ദുഭി നാദം ദിവസം തോറും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു.
ഇപ്രകാരമാണ് ധീമാനായ ധര്‍മ്മരാജാവിന്റെ യജ്ഞം തുടങ്ങിയത്. രാജാവേ, ദിവസം തോറും അവിടെ കൂടിക്കാണാവുന്ന വിഭവങ്ങള്‍ പറയാം. കുന്നു പോലെ ചോറു കൂട്ടിയ കുന്നുകള്‍, തൈരു നിറച്ച വലിയ തോടുകള്‍, നെയ്യിന്റെ കയങ്ങള്‍ ഇവയൊക്കെക്കണ്ട് ജനങ്ങള്‍ അത്ഭുതപ്പെട്ടു പോയി. നാനാജനപദങ്ങള്‍ കൂടുന്ന ജംബുദ്വീപ് മുഴുവന്‍ (യൂറേഷ്യാ വന്‍കര) ആ രാജാവിന്റെ മഹാമഖത്തില്‍ ഒന്നിച്ചു ചേര്‍ന്ന് അവിടെ പ്രതിനിധീകരിച്ച വിധം കാണപ്പെട്ടു. ആയിരമായിരം രാജ്യക്കാരും വര്‍ഗ്ഗങ്ങളും, ജാതികളും, വന്നു ചേര്‍ന്ന് എല്ലാ പ്രാതിനിധ്യവും പരിപൂര്‍ണ്ണമാക്കപ്പെട്ടിരുന്നു. പൂമാല ചാര്‍ത്തിയവരും മണികുണ്ഡലങ്ങള്‍ അണിഞ്ഞവരുമായ നുറും ആയിരവും പുരുഷന്മാര്‍ പല പാത്രങ്ങളും കൊണ്ടു നടന്ന് ദ്വിജന്മാര്‍ക്കു വിളമ്പിക്കൊടുത്തു. പലമട്ട് അന്നപാനങ്ങളും അനുയായികളായ ആളുകളും ഭൂപന്റെ ഉപഭോജ്യങ്ങള്‍ ബ്രാഹ്മണര്‍ക്കു നല്കി.
86. അശ്വമേധാരംഭം ശ്രീകൃഷ്ണാഗമനം - അശ്വമേധത്തിനെത്തിയ രാജാക്കന്മാരെ പാണ്ഡവന്മാർ സ്വീകരിച്ചു സൽക്കരിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: വേദജ്ഞരായ ബ്രാഹ്മണരേയുംവന്നു ചേര്‍ന്ന ഭൂമിപാലരായ രാജാക്കന്മാരേയും കണ്ട് യുധിഷ്ഠിര രാജാവ് ഭീമസേനനോടു പറഞ്ഞു.
ധര്‍മ്മപുത്രന്‍ പറഞ്ഞു: നരവ്യാഘ്രന്മാരായ മഹാത്മാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഭൂമിയുടെ നാഥന്മാരായ ഇവരെ പൂജിക്കണം. രാജാക്കന്മാരൊക്കെ പൂജാര്‍ഹരാണല്ലൊ ഭീമാ?
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം യശസ്വിയായ രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍ തേജസ്വിയായ ഭീമന്‍ നകുല സഹദേവന്മാരോട് കൂടി അപ്രകാരമെല്ലാം ചെയ്തു.
ഈ സന്ദര്‍ഭത്തില്‍ വൃഷ്ണികളോടു കൂടി ഗോവിന്ദന്‍ ധര്‍മ്മജന്റെ സമീപത്തെത്തി. ബലദേവനെ മുമ്പെ നടത്തി സര്‍വ്വ ജനങ്ങളിലും ഉത്തമനായ കൃഷ്ണന്‍ പിമ്പേയും, അതിന് പിന്നിലായി സാത്യകിയും, പ്രദ്യുമ്നനും, ഗദനും, നിശഠനും, സാംബനും, കൃതവര്‍മ്മാവുമായി കൃഷ്ണന്‍ ഹസ്തിനപുരിയിലെത്തി. മഹാരഥനായ ഭീമന്‍ അവരെയെല്ലാം പൂജിച്ചു സ്വീകരിച്ചു. അവരെല്ലാവരും രത്നാലംകൃതമായ ഗേഹങ്ങളില്‍ പ്രവേശിച്ചു. യുധിഷ്ഠിരന്റെ സമീപത്തിരുന്ന് കൃഷ്ണന്‍ പല കാര്യങ്ങളും പറയുന്ന സന്ദര്‍ഭത്തില്‍ അര്‍ജ്ജുനന്‍ വളരെ യുദ്ധങ്ങള്‍ ചെയ്ത് ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. കൗന്തേയനായ ധനഞ്ജയനെപ്പറ്റി കേട്ട്, വീണ്ടും ആ വൈരിവിഘാതിയെപ്പറ്റി കേട്ട്, ഇന്ദ്രപുത്രനായ ജിഷ്ണുവില്‍ സ്നേഹത്തോടെ ജഗത്പതിയായ കൃഷ്ണന്‍ പറഞ്ഞു.
കൃഷ്ണന്‍ പറഞ്ഞു: ദ്വാരകാ നിവാസിയായ എന്റെ ഒരു സ്നേഹിതന്‍ പോയിരുന്നു. രാജാവേ! അവന്‍ യുദ്ധകര്‍ശിതനായ അര്‍ജ്ജുനനെ കണ്ട വിവരം എന്നോടു പറഞ്ഞു. ആ മഹാഭുജന്‍ അടുത്തെത്തിക്കഴിഞ്ഞു എന്നും പറഞ്ഞു. പ്രഭോ, കൗന്തേയാ, അശ്വമേധത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊള്ളുക.
വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട് ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ കൃഷ്ണനോടു മറുപടി പറഞ്ഞു: ഭാഗ്യം! കുശലിയായ ജിഷ്ണു വന്നെത്തുന്നു! മാധവാ, ഭാഗ്യം! പാണ്ഡവപ്പടയുടെ നായകനായ അവന്‍ എന്തു പറഞ്ഞയച്ചു? അത് അങ്ങയില്‍ നിന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു യദുനന്ദനാ! ഇപ്രകാരം ആ ധര്‍മ്മരാജാവ് പറഞ്ഞപ്പോള്‍ വൃഷ്ണ്യന്ധകേശ്വരനും വാഗ്‌മിയുമായ കൃഷ്ണന്‍ ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരനോട് ഇപ്രകാരം പറഞ്ഞു.
കൃഷ്ണന്‍ പറഞ്ഞു: മഹാരാജാവേ, ഇതാണ് പാര്‍ത്ഥന്റെ വാക്കായി അവന്‍ പറഞ്ഞയച്ചത്. രാജാക്കളെല്ലാം വന്നു ചേരുന്നതാണ് കൗരവര്‍ഷഭാ! വന്നു ചേരുന്നവരെ തക്ക വിധത്തില്‍ വലിയ പുജ ചെയ്യണം. ഈ വാക്ക് രാജാവിനെ ഉണര്‍ത്തിക്കണം മാനദാ! അര്‍ഘ്യാഹരണ നാള്‍ വന്ന പോലെ ആപത്തും വരാതിരിക്കത്തക്ക വിധം ശ്രദ്ധിക്കണം. അര്‍ജ്ജുനനന്റെ നിര്‍ദ്ദേശം ഭവാന്‍ ചെയ്യണം. ഭവാന്‍ അത് സമ്മതിക്കണം. രാജദ്വേഷം മൂലം പ്രജകള്‍ വീണ്ടും നശിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണമല്ലോ. പിന്നെ ഒരു കാര്യം കൂടി കൗന്തേയന്‍ പറഞ്ഞയച്ചിട്ടുണ്ട്. അതും ഭവാന്‍ കേള്‍ക്കുക. നമ്മുടെ യജ്ഞത്തില്‍ മണിപുരാധിപനായ രാജാവ് വന്നെത്തും. അവന്‍ എന്റെ പുത്രനായ ബഭ്രുവാഹനനാണ്. അവന്‍ എനിക്ക് ഇഷ്ടപ്പെട്ടവനാണ്. എനിക്കു വേണ്ടി ഭവാന്‍ അവനെ വിധി പോലെ ബഹുമാനിക്കണം. അവന്‍ എന്നില്‍ ഭക്തനാണ്. എന്നില്‍ കുറുള്ളവനുമാണ് പ്രഭോ!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്റെ സന്ദേശം കൃഷ്ണനില്‍ നിന്ന് കേട്ട് യുധിഷ്ഠിര രാജാവ് അവന്റെ വാക്കുകളെ അഭിനന്ദിച്ച് ഇപ്രകാരം പറഞ്ഞു.
87. അര്‍ജജുനപ്രത്യാഗമനം - സർവ്വ ലക്ഷണ സമ്പൂർണ്ണനും പരാക്രമിയുമായ അർജ്ജുനൻ കൂടുതൽ കഷ്ടപ്പാട് അനുഭവിക്കുന്നത് എന്ത് കൊണ്ടാണെന്ന് ധർമ്മജൻ ചോദിക്കുന്നു. കൃഷ്ണൻ മറുപടി പറയുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു; കൃഷ്ണാ, ഭവാന്‍ പറയേണ്ടുന്ന പ്രിയം ഭവാന്‍ പറഞ്ഞു. ഞാന്‍ അതു കേട്ടു. അതെനിക്ക് അമൃതരരസം പോലെ പ്രഭോ! എന്റെ ഹൃദയം കുളുര്‍പ്പിച്ചു. വിജയന്‍ പല രാജാക്കളുമായി അതാതിടത്തു വെച്ച് യുദ്ധം വീണ്ടും ഉണ്ടാക്കി. ഹൃഷീകേശാ, അതും ഞാന്‍ കേട്ടു. എന്തു കാരണത്താലാണ് എപ്പോഴും ധീമാനായ അര്‍ജ്ജുനന്‍ യാതൊരു സുഖവും കൂടാതെ കേഴുന്നത്? വിജയന് എന്നും ഉള്ളില്‍ ദുഃഖം തന്നെയാണ്. സുഖമെന്നു പറയുന്നത് അവന് ഇന്നേവരെ ലഭിച്ചിട്ടില്ല. കൗന്തേയനായ ജിഷ്ണുവേ ഞാന്‍ ഗൂഢമായി ഓര്‍ക്കുന്നു. ജനാര്‍ദ്ദനാ! ഏറ്റവും ദുഃഖിക്കുന്നവരായി വല്ലവരുമുണ്ടെങ്കില്‍ അത് ഈ പാണ്ഡവനാണ്! ധനഞ്ജയനാണ്! എല്ലാ ശുഭലക്ഷണങ്ങളും ചേര്‍ന്ന ശരീരത്തില്‍ എന്തെങ്കിലും അശുഭ ലക്ഷണമുണ്ടോ? അനിഷ്ട ലക്ഷണം വല്ലതുമുണ്ടോ? ഇങ്ങനെ ദുഃഖം വന്നു കൂടുവാന്‍ എന്താണു കാരണം? എപ്പോഴും ഏറ്റവും ദുഃഖിക്കുന്ന ആ പാണ്ഡുപുത്രന്‍, ബീഭത്സുവിന് നിന്ദ്യമായ ലക്ഷണമൊന്നും ശരീരത്തില്‍ കാണുന്നില്ലല്ലോ? ഉണ്ടെങ്കില്‍ അതൊന്നു വിവരിക്കുമോ? കേള്‍ക്കാനാഗ്രഹമുണ്ട്!
വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ പറഞ്ഞതു കേട്ട് ഹൃഷീകേശന്‍ വലിയ ഒരു കാര്യമാണ് ധര്‍മ്മജന്‍ ചോദിച്ചതെന്ന് അറിഞ്ഞു. അതിന് തക്കതായ മറുപടി ഭോജവര്‍ദ്ധനനായ വിഷ്ണു പറഞ്ഞു: രാജാവേ, അവനില്‍ ലേശവും ദുര്‍ലക്ഷണം ഞാന്‍ കാണുന്നില്ല. ആ സിംഹത്തെപ്പോലുള്ള പുരുഷന് കാല്‍പ്പിണ്ഡി (കാലിന്റെ വണ്ണക്കുടം) കുറച്ചു വലിയതാണ് എന്ന ഒരു ലക്ഷണക്കേടു മാത്രമേയുള്ളു. അതുകൊണ്ട് ആ നരവ്യാഘ്രന് എന്നും പെരുവഴിയിലാണ് ജീവിതം, എന്നും വീടുവിട്ടു ജീവിക്കുകയാണ്. മറ്റൊന്നും ദുഃഖകരമായി ഞാന്‍ കാണുന്നില്ല, എന്ന് കൃഷ്ണന്‍ പറഞ്ഞതു കേട്ട് ആ പുരുഷര്‍ഷഭന്‍ ഇപ്പറഞ്ഞതു ശരിയാണ് എന്ന് വൃഷ്ണിശാര്‍ദ്ദുലനോടു പറഞ്ഞു പ്രഭോ!
ഈ സമയത്ത് അതു കേട്ട് പാഞ്ചാലി വലിയ സൗന്ദര്യപ്പിണക്കത്തോടെ കൃഷ്ണനെ നോക്കി. അവളുടെ പ്രണയത്തെ കേശിനിഷൂദനനായ കൃഷ്ണന്‍ കൈക്കൊണ്ടു. സഖിക്കു സഖിയാണ് കേശവന്‍. അര്‍ജ്ജുനന് തുല്യനായ സഖിയാണ് കേശവന്‍. ഭീമാദികളായ കൗരവന്മാരും, യാജകന്മാരും അവിടെ വിചിത്രവും ശുഭവുമായ പാര്‍ത്ഥന്റെ കഥകള്‍ കേട്ടു സന്തോഷിച്ചു. അങ്ങനെ അവര്‍ അര്‍ജ്ജുനന്റെ കഥകള്‍ വാഴ്ത്തിപ്പറഞ്ഞ് സന്തോഷിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ മഹാത്മാവായ അര്‍ജ്ജുനന്‍ വിട്ട ഒരു ദൂതന്‍ അവിടെ എത്തി. ബുദ്ധിമാനായ അവന്‍ ചെന്ന് കുരുശ്രേഷ്ഠന്റെ മുമ്പില്‍ കുമ്പിട്ട് നരവ്യാഘ്രനായ ഫല്‍ഗുനന്‍ വരുന്നതായ വൃത്താന്തം അറിയിച്ചു. ആ വാക്കു കേട്ട് സന്തോഷാശ്രുക്കള്‍ പൊഴിച്ച് രാജാവ്, പ്രിയം പറഞ്ഞതിന് ആ ദൂതന് വളരെ ധനം ദാനം ചെയ്തു.
പിന്നെ രണ്ടാം ദിവസം വലിയ ശബ്ദഘോഷങ്ങള്‍ മുഴങ്ങി. നരവ്യാഘ്രനായ കുരുധുരംധരന്റെ വരവില്‍ ആഹ്ളാദ പ്രകടനങ്ങള്‍ ചെറുതായിരുന്നില്ല. സ്വീകരണത്തിനുള്ള വെടിക്കെട്ടുകളും, വാദ്യഘോഷങ്ങളും, മംഗളധ്വനികളും മുഴങ്ങി.
ഉടനെ പാഞ്ഞു വരുന്ന കുതിരയുടെ പാദധൂളി പൊങ്ങി. പാഞ്ഞു വരുന്ന ഉച്ചൈശ്രവസ്സിന്റെ ചുറ്റും പൊടിപടലം പൊങ്ങുന്ന മാതിരി ധൂളി പൊങ്ങി. ഹര്‍ഷാരവവും, ജയശബ്ദവും അര്‍ജ്ജുനന്‍ കേട്ടു. പാര്‍ത്ഥാ! നീ ഭാഗൃത്താല്‍ കുശലിയായിരിക്കുന്നു! യുധിഷ്ഠിരന്‍ ധന്യനായിരിക്കുന്നു! ഈ ഭൂമിയിലുള്ള രാജാക്കളെയെല്ലാം പോരില്‍ ജയിക്കുവാന്‍ പോന്നവനായി മന്നില്‍ ആരുണ്ട്? യജ്ഞീയാശ്വത്തെ വിട്ട് ഭൂമി മുഴുവന്‍ കൈയിലാക്കിയ അര്‍ജ്ജുനനൊഴികെ മറ്റ്‌ആരുണ്ട് ഈ ലോകത്തില്‍? വളരെയേറെ യോഗ്യന്മാരായ സഗര രാജാക്കന്മാര്‍ മന്നില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കു പോലും ഇത്തരം മഹത്തായ കര്‍മ്മം ചെയ്യുവാന്‍ സാധിച്ചതായി ഞങ്ങള്‍ കേട്ടിട്ടില്ല, ഒരിക്കലും കേട്ടിട്ടില്ല! ഇപ്രകാരം ഭവാന്‍ ചെയ്ത ദുഷ്കരമായ കര്‍മ്മം പോലുള്ള ഒരു കര്‍മ്മം മറ്റാരും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഇപ്രകാരം മഹാജനങ്ങള്‍ കര്‍ണ്ണസുഖമായ വിധം പുകഴ്ത്തിപ്പറയുന്ന വാക്കുകള്‍ കേട്ടുകൊണ്ട് ധര്‍മ്മിഷ്ഠനായ അര്‍ജ്ജുനന്‍ യജ്ഞശാലയിലേക്കു കയറി.
ഉടനെ അമാത്യമാരേടു കൂടി രാജാവും, യദുനന്ദനനായ കൃഷ്ണനും, ധൃതരാഷ്ട്രനെ മുന്നിലാക്കി പാര്‍ത്ഥനെ സ്വാഗതം ചെയ്യുവാന്‍ ഒരു എതിരേല്പായിച്ചെന്നു. ഉടനെ അര്‍ജ്ജുനന്‍ പിതാവായ ധൃതരാഷ്ട്രന്റെ പാദത്തില്‍ കൈകൂപ്പി. പിന്നെ ധര്‍മ്മരാജാവായ യുധിഷ്ഠിരന്റെ പാദത്തില്‍ കൂപ്പി. ഭീമാദൃന്മാരെയും പൂജിച്ചു. കേശവനെ ആഞ്ഞ് മുറുകെ ആലിംഗനം ചെയ്തു. അവരുമായിച്ചേര്‍ന്ന് അര്‍ച്ചിതനായി യഥാവിധി അര്‍ജ്ജുനന്‍ പ്രത്യര്‍ച്ചന ചെയ്തു. കരകാണാത്ത മഹാസമുദ്രം കടന്ന് കരയ്ക്കെത്തിയ വിധം മഹാഭുജനായ അര്‍ജ്ജുനന്‍ വിശ്രമിച്ചു. ഈ സന്ദര്‍ഭത്തില്‍ എല്ലാവര്‍ക്കും ആനന്ദം വളര്‍ത്തുമാറ് രാജാവായ ബഭ്രുവാഹനന്‍ വന്നെത്തി. ബുദ്ധിമാനായ അവന്‍ അമ്മമാരോടു കൂടിയാണ് ആ കുരുരാജ്യത്തിൽ എത്തിയിരിക്കുന്നത്. ബഭ്രുവാഹന രാജാവ് വൃദ്ധന്മാരായ ആ കൗരവരുടെ കാല്‍ക്കല്‍ കുമ്പിട്ടു. മറ്റു രാജാക്കന്മാരെയും യഥാക്രമം കുമ്പിട്ടു തൊഴുതു. ആ മഹാബാഹുവിനെ അവരെല്ലാം ആഹ്ളാദത്തോടും വാത്സലൃത്തോടും അഭിനന്ദിച്ചു. പിന്നെ അവന്‍ മുത്തശ്ശിയായ കുന്തിയുടെ മുഖ്യമായ ഗൃഹത്തില്‍ ചെന്ന് അച്ഛമ്മയെ നമസ്‌കരിച്ചു.
88. അശ്വമേധ്രക്രിയ - ശാസ്ത്രവിധി അനുസരിച്ചു അനുഷ്ഠിക്കപ്പെട്ട അശ്വമേധത്തിന്റെ വർണ്ണന - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാരുടെ ഭവനത്തില്‍ മഹാഭുജനായ ബഭ്രുവാഹനന്‍ പ്രവേശിച്ച്, മുത്തശ്ശിയായ കുന്തിയെ ചെന്നു വന്ദിച്ച് ഭംഗിയില്‍ സാമവാക്കുകള്‍ പറഞ്ഞു. പിന്നെ ചിത്രാംഗദാ ദേവിയും, കൗരവ്യ (കൗരവ്യ സര്‍പ്പത്തിന്റെ) പുത്രിയായ ഉലുപിയും പോയി കുന്തിയെയും, കൃഷ്ണയെയും വിനയത്തോടെ ചെന്നു കണ്ടു. പിന്നെ സുഭദ്രയെയും മറ്റു കുരുസ്ത്രീകളെയും ക്രമത്തില്‍ പോയിക്കണ്ടു. അവര്‍ക്കു കുന്തീദേവി പല രത്നങ്ങളും നല്കി. ദ്രൗപദിയും, സുഭദ്രയും, മറ്റു വധുക്കളും അവര്‍ക്കു വിശേഷപ്പെട്ട പല വസ്തുക്കളും സമ്മാനിച്ചു. യഥാര്‍ഹമായ ശയ്യകളിലും ഇരിപ്പിടങ്ങളിലും ആ ദേവിമാര്‍ വസിച്ചു. അര്‍ജ്ജുനന്റെ ഹിതം ചിന്തിച്ച് കുന്തി ആദരിച്ച അവരും, പൂജയേറ്റ തേജസ്വിയായ ബഭ്രുവാഹന രാജാവും ധൃതരാഷ്ട്ര രാജാവിനെ ചെന്നു കണ്ട് യഥാവിധി സേവിച്ചു. ധര്‍മ്മപുത്ര രാജാവിനെയും, ഭീമന്‍ മുതലായ പാണ്ഡവന്മാരെയും അവര്‍ ചെന്നുകണ്ട് യഥാവിധി കുമ്പിട്ടു വണങ്ങി വിനയത്തോടെ നിന്നു. അവര്‍ അവനെ പ്രേമത്തോടെ പുല്കി ന്യായമായി പൂജിച്ചു. അവന് വളരെ ധനങ്ങള്‍ ആ മഹാരഥന്മാര്‍ നല്കി. അപ്രകാരം ആ മന്നവന്‍ ചക്ര ഗദാ ധരനായ കൃഷ്ണനെ ചെന്നു കണ്ട് രൗക് മിണേയന്‍ എന്ന പോലെ ആദരവോടെ സേവിച്ചു. കൃഷ്ണന്‍ ആ രാജാവിന് വിലയുള്ളതും, സര്‍വ്വരാലും പൂജിക്കപ്പെടുന്നതും, സ്വര്‍ണ്ണാലങ്കരണങ്ങളാല്‍ അലങ്കൃതവും, ദിവ്യാശ്വങ്ങളെ പൂട്ടിയതുമായ ഉത്തമരഥത്തെ നല്കി. ധര്‍മ്മരാജാവും, ഭീമസേനനും, ജിഷ്ണുവും, മാദ്രീകുമാരന്മാരും, വെവ്വേറെ അവന് വിലപിടിച്ച: സമ്മാനങ്ങള്‍ നല്‍കി. പിന്നെ മൂന്നാം ദിവസം സത്യവതീ സുതനായ വ്യാസമുനി, വാഗ്‌മിസത്തമന്‍ യുധിഷ്ഠിരന്റെ മുമ്പില്‍ ചെന്ന് ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: ഇന്നു മുതല്‍, അല്ലയോ കൗന്തേയാ, യജിക്കുക, കാലമായിരിക്കുന്നു. യാജകന്മാര്‍ പറയുന്നു മുഹൂര്‍ത്തമായെന്ന്. യാതൊരു കുറവും പോരായ്മയും ഒന്നിനും തട്ടാത്ത മട്ടില്‍ ഈ യജ്ഞം നിര്‍വ്വഹിക്കണം രാജാധിരാജാവേ! സ്വര്‍ണ്ണം ധാരാളമായതു കൊണ്ട് ഈ യജ്ഞം ബഹുസുവര്‍ണ്ണകം എന്ന ഖ്യാതി നേടും. അതുകൊണ്ട് ഈ യജ്ഞത്തില്‍ സാധാരണയില്‍ക്കവിഞ്ഞ് മൂന്നിരട്ടിച്ച് ദക്ഷിണ നല്കണം. മൂന്ന് യജ്ഞം ചെയ്ത ഫലം ഉണ്ടാകട്ടെ! ബ്രാഹ്മണരാണെങ്കില്‍ യജഞം വേണ്ടവിധം നിര്‍വ്വഹിക്കുന്നതില്‍ സമര്‍ത്ഥരാണ്. ബഹുദക്ഷിണമായ മൂന്നശ്വമേധം ഭവാന്‍ ഇതില്‍ നേടിക്കഴിയും. ജഞാതി ഹിംസാര്‍ത്ഥമായ പാപത്തില്‍ നിന്നു വിട്ടു പോകുന്നതാണ് നരേശ്വരാ! ഇത് ഏറ്റവും പവിത്രവും, പാവനവും ഉത്തമവുമാണ്. അശ്വമേധാവഭൃത സ്‌നാനത്തോടു കൂടി സകല പാപവും അങ്ങയെ വിട്ടൊഴിയുന്നതാണ് കുരുനന്ദനാ!
വൈശമ്പായനൻ പറഞ്ഞു : ഇപ്രകാരം ബുദ്ധിമാനും തേജസ്വിയുമായ വ്യാസന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മാത്മാവായ ധര്‍മ്മപുത്രന്‍ അശ്വമേധത്തിന് ദീക്ഷയെടുത്തു. പിന്നെ അശ്വമേധ മഹാമഖം ആ മഹാബാഹു നിര്‍വ്വഹിക്കുവാന്‍ ഒരുങ്ങി. വളരെ അന്നവും വളരെ ദക്ഷിണയും ചേര്‍ന്നതും, സര്‍വ്വകാമ സമ്പൂര്‍ണ്ണവുമായ യജ്ഞം ചെയ്യുവാന്‍ ഒരുങ്ങി. വേദജ്ഞന്മാരായ ബ്രാഹ്മണര്‍, നല്ലപോലെ പഠിച്ച ബ്രാഹ്മണര്‍, യജ്ഞകര്‍മ്മങ്ങളെല്ലാം ചെയ്തു. എല്ലാവരും , യജ്ഞത്തില്‍ പരിശീലനം സിദ്ധിച്ചവരാണ്. അവര്‍ക്ക് ഒന്നിലും ഒരു തെറ്റും പറ്റിയില്ല. ഒന്നും വിട്ടു പോവുകയുമുണ്ടായില്ല. എല്ലാം നിശ്ചയപ്രകാരം അവര്‍ നിര്‍വ്വഹിച്ചു. യുക്തമായും, ക്രമം പോലെയും ആ ദ്വിജര്‍ഷഭന്മാര്‍ ചെയ്തു. ആദ്യമായി ധര്‍മ്മം എന്നു പേരായ പ്രവര്‍ഗ്യം എന്ന ക്രിയ ആ ദ്വിജസത്തമന്മാര്‍ ചെയ്തു. വിധിപ്രകാരം അഭിഷവം എന്ന കര്‍മ്മവും ആ സോമപസത്തമന്മാര്‍ ചെയ്തു. അങ്ങനെ സോമപസത്തമന്മാര്‍ വിധിപ്രകാരം രാജാവേ, സോമഭിഷവണം ചെയ്തു. അങ്ങനെ സവനം (യാഗം) ശാസ്ത്രമുറ പ്രകാരം ആ ഋത്വിക്കുകള്‍ നിര്‍വഹിച്ചു.
( സോമഭിഷവണം - യാഗത്തിൽ സോമലത ഇടിച്ചു പിഴിയുന്ന ക്രിയ )
അവിടെ പിശുക്കന്മാര്‍ ആരും ഉണ്ടായില്ല. ദരിദ്രന്മാരായി ആരും ഉണ്ടായില്ല. വിശന്നവനും അല്ലലില്‍ പെട്ടവനും വെറും പ്രാകൃതനായ നരനും ഉണ്ടായില്ല. എല്ലാവരും സുഖികളായി കാണപ്പെട്ടു.
തേജസ്വിയും ശത്രുശാസനനുമായ ഭീമന്‍ വേണ്ടവര്‍ക്കൊക്കെ ചോറു കൊടുപ്പിച്ചു. രാജശാസന വേണ്ടപോലെ ഭീമന്‍ നിര്‍വ്വഹിച്ചു. സംസ്‌കാരത്തില്‍ (യാഗവിധി) സമര്‍ത്ഥന്മാരായ യാജകന്മാര്‍ കാര്യങ്ങളെല്ലാം ദിവസം തോറും ശാസ്ത്രത്തില്‍ കണ്ട വിധം ചെയ്തു. ആ ധീമാന്റെ സദസ്യനായി ആരും ഷഡംഗം ( ആറ് വേദാംഗങ്ങൾ ) അറിയാത്തവനായി ഉണ്ടായിരുന്നില്ല. വ്രതമെടുക്കാത്തവനും, അനാചാര്യനും, വാദത്തില്‍ അസമര്‍ത്ഥനുമായി ആരും സദസ്സില്‍ ഉണ്ടായിരുന്നില്ല. പിന്നെ യൂപം (യജ്ഞസ്തംഭം) നാട്ടുന്ന കര്‍മ്മം നടന്നു. ആറ് സ്തംഭം കുവളത്തടി കൊണ്ട്, അത്രതന്നെ സ്തംഭം കരിങ്ങാലിത്തടി കൊണ്ട്, അത്രതന്നെ സ്തംഭം പ്ലാശുകൊണ്ട്, രണ്ടു യൂപം ദേവതാരമരം കൊണ്ട് ഇങ്ങനെയായിരുന്നു കുരുരാജാവിന്റെ അദ്ധ്വരത്തിലെ യൂപങ്ങള്‍. യാജകന്മാര്‍ പിന്നെ ഒന്നു കൂടി നിശ്ചയിച്ചു. അത് ശ്ലേഷ്മാതകം എന്ന വൃക്ഷ വിശേഷത്താലായിരുന്നു ഭരതര്‍ഷഭാ! പിന്നെ സ്വര്‍ണ്ണയൂപങ്ങള്‍ വേറെയും ഭംഗിയായി നാട്ടി. ഇവയൊക്കെ ധര്‍മ്മരാജാവിന്റെ കല്പന പ്രകാരം ഭീമസേനനാണ് നാട്ടിയത്. രാജര്‍ഷി നല്കിയ വസ്ത്രം കൊണ്ട്, അഴകോടെ വാനില്‍ സപ്തര്‍ഷിമാര്‍ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ച യൂപം പോലെ, ഇന്ദ്രാദികളൊത്ത് വിളങ്ങുന്ന പോലെ, ശോഭിച്ചു.
"ചയനം" കെട്ടുന്നതിനായി സ്വര്‍ണ്ണത്തില്‍ വാര്‍ത്ത ഇഷ്ടികകള്‍ അവിടെ കൂട്ടിയിരിക്കുന്നു. ആ ചയനം (അഗ്നി സംസ്കാരം) ദക്ഷപ്രജാപതിയുടെ യജ്ഞചയനം പോലെ പ്രശോഭിച്ചു. പത്തും എട്ടും മുഴമാണ് ആ ചയനത്തിന്റെ വിസ്കാരം. നാലു നിലയിലാണ് അതു പണിതിട്ടുള്ളത്. ഒരു സ്വര്‍ണ്ണ ഗരുഡനെ മൂന്നു കോണില്‍ വരച്ചിട്ടുണ്ട്. കളമെഴുതിയിരിക്കുന്നു. സ്വര്‍ണ്ണത്താല്‍ പൊടിയിട്ടിട്ടാണ് കളമെഴുതിയിരിക്കുന്നത്.
എല്ലാം കഴിഞ്ഞതിന് ശേഷം ഓരോ യൂപത്തിലും ശാസ്ത്രപ്രകാരം മനീഷികള്‍, അതാതു ദേവന്മാര്‍ക്കുള്ള മൃഗങ്ങളെയും, പക്ഷികളെയും അതാത് യൂപങ്ങളില്‍ ബന്ധിച്ചു. ശാസ്ത്രത്തില്‍ പറഞ്ഞ പ്രകാരം കാളകളെയും ജലജന്തുക്കളെയും യൂപത്തില്‍ കെട്ടുക എന്ന കര്‍മ്മം നടത്തി. അവയെല്ലാം അഗ്നിചയനത്തിന് ഉപയോഗപ്പെടുത്തി. മുന്നൂറു പശുക്കളെ യൂപങ്ങളില്‍ കെട്ടി. മുമ്പിലായി ശ്രേഷ്ഠരായ കുതിരകളെ ബന്ധിച്ചു. ഇങ്ങനെയാണ് ധര്‍മ്മപുത്രന്റെ യജ്ഞത്തിലെ ബലിമൃഗങ്ങളുടെ നില്പ്. ധര്‍മ്മപുത്രന്റെ യജ്ഞം സാക്ഷാല്‍ ദേവര്‍ഷിസങ്കുലമായി പ്രശോഭിച്ചു. ഗന്ധര്‍വ്വന്മാര്‍ പാട്ടു പാടി. അപ്സരസ്ത്രീകള്‍ നൃത്തം ചെയ്തു. കിന്നരന്മാരും കിമ്പുരുഷന്മാരും കൂടി ചുറ്റും സിദ്ധന്മാരായ വിപ്രന്മാരോടു കൂടി ഇരുന്നു. ആ സദസ്സില്‍ വ്യാസശിഷ്യന്മാരായ ദ്വിജര്‍ഷഭന്മാര്‍ സര്‍വ്വശാസ്ത്ര പ്രണേതാക്കളും, യജ്ഞസംസ്തര ദക്ഷകരുമായ വ്യാസശിഷ്യന്മാര്‍ എപ്പോഴുമുണ്ടായിരുന്നു. മാത്രമല്ല, നാരദനും, മഹാദ്യുതിയായ തുംബുരുവും, വിശ്വാവസുവും, ചിത്രസേനനും, മറ്റുള്ള ചില പ്രധാനികളും ഉണ്ടായിരുന്നു. അവരെല്ലാം സംഗീത കോവിദന്മാരായിരുന്നു. ഗീത കുശലന്മാരും, നൃത്യങ്ങളില്‍ വിശാരദന്മാരുമായ ഗന്ധര്‍വ്വന്മാര്‍ കര്‍മ്മങ്ങളുടെ അന്തരങ്ങളില്‍, ഇടനേരങ്ങളില്‍, ബ്രാഹ്മണരെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു.
89. അശ്വേമേധസമാപ്തി - അശ്വേമേധത്തിന്റെ അവസാനം രാജാക്കന്മാരെ വേണ്ടവിധം ബഹുമാനിച്ചു പാണ്ഡവന്മാർ തിരിച്ചയയ്ക്കുന്നു - വൈശമ്പായനൻ പറഞ്ഞു: മറ്റു ജീവികളെ വിധി പ്രകാരം വേവിച്ച് ആ യാജകന്മാരായ പുരോഹിതന്മാര്‍ പിന്നെ ആ യജ്ഞീയാശ്വത്തെ (ലോകം ചുറ്റിയെത്തിയ കുതിരയെ) ശാസ്ത്രവിധി പ്രകാരം വധിച്ച് ആ അശ്വത്തെ കഷണങ്ങളായി വെട്ടി മുറിച്ചു. ശാസ്ത്രവിധി അനുസരിച്ച്, ആ യാജകന്മാര്‍ അതിനെ വേവിച്ചു. പിന്നെ രാജാവിനെയും മനസ്വിനിയായ ദ്രുപദപുത്രിയെയും മൂന്നു കലനകളോടു കൂടി ആ മുറിച്ച മൃഗത്തിന്റെ സമീപത്തിരുത്തി. ആ വധിച്ച മൃഗത്തിന്റെ വപ (കൊഴുപ്പ്) ശാസ്ത്രംപോലെ എടുത്ത് ആ ബ്രാഹ്മണര്‍ വിധിപ്രകാരം അഗ്നിയില്‍ പൊരിച്ച് അവൃഗ്രരായി ആ വപാധൂമഗന്ധം അനുജന്മാരോടു കൂടി ധര്‍മ്മരാജാവ് ഘ്രാണിച്ചു. ആ ഗന്ധം സര്‍വ്വ, പാപങ്ങളെയും ഹരിക്കുന്നതാണെന്നു ശാസ്ത്രത്തില്‍ വിധിച്ചിട്ടുണ്ട്. ആ അശ്വത്തിന്റെ മറ്റ് അംഗങ്ങളെയും രാജാവേ, ധീരന്മാരായ ഋത്വിക്കുകള്‍ അഗ്നിയില്‍ ഹോമിച്ചു. പതിനാറു ഋത്വിക്കുകള്‍ അഗിക്കു ചുറ്റും ഇരുന്നാണ് അത് സമം എടുത്തു ഹോമിച്ചത്. ഇന്ദ്രന് തുല്യനായ ആ രാജാവിന്റെ യജ്ഞം ഇങ്ങനെയാണ് നിര്‍വ്വഹിച്ചത്. ശിഷ്യനോടു കൂടിയ ഭഗവാന്‍ വ്യാസന്‍ ഇപ്രകാരം നരേന്ദ്രനെ വര്‍ദ്ധിപ്പിച്ചു. യുധിഷ്ഠിരന്‍ പിന്നെ ബ്രാഹ്മണര്‍ക്ക് യഥാവിധി ദക്ഷിണ നല്കി. ആയിരംകോടി നിഷ്കങ്ങള്‍ (സ്വര്‍ണ്ണനാണ്യം) നല്കി. വ്യാസന് തന്റെ മുഴുവന്‍ ഭൂമിയും ദാനമായി നല്കി. സത്യവതീ പുത്രനായ വ്യാസന്‍ ഭൂമി സ്വീകരിച്ചതിന് ശേഷം ധര്‍മ്മപുത്രനോട്, ഭരതശ്രേഷ്ഠനായ യുധിഷ്ഠിരനോട്, ഇപ്രകാരം പറഞ്ഞു.
വ്യാസന്‍ പറഞ്ഞു: അല്ലയോ ഭരതോത്തമാ, ഈ ഭൂമി ഞാന്‍ അങ്ങയെത്തന്നെ ഏല്പിച്ചു തരുന്നു. രാജസത്തമാ,എനിക്ക് അതിനുള്ള വില നല്കിയാലും. വിപ്രന്മാര്‍ ധനാര്‍ത്ഥികളാണല്ലോ.
വൈശമ്പായനൻ പറഞ്ഞു: ആ വിപ്രന്മാരോട്, ശുഭാശയനായ യുധിഷ്ഠിരന്‍, ഭ്രാതാക്കളോടു കൂടെ, യോഗ്യരായ രാജമദ്ധ്യത്തിലിരിക്കുന്ന യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞു: മഹായജ്ഞമായ അശ്വമേശത്തിന് ദക്ഷിണയായി നല്കേണ്ടതു ഭൂമിയാണ്. അര്‍ജ്ജുനന്‍ ജയിച്ച് അധീനമാക്കിയ ഈ ഭൂമി മുഴുവന്‍ ഇതാ ഞാന്‍ ഋത്വിക്കുകള്‍ക്കായി ദാനംചെയ്യുന്നു. അങ്ങനെ സര്‍വ്വ ഭൂമിയും ഞാന്‍ നിങ്ങള്‍ക്കു തന്ന് വനത്തിലേക്കായി ഞാന്‍ ഇതാ പോകുന്നു. ബ്രാഹ്മണരേ, നിങ്ങള്‍ ഭൂമി മുഴുവന്‍ ഭാഗിച്ചെടുത്തു കൊള്ളുവിന്‍!
ചാതുര്‍ഹോത്ര യജ്ഞം പ്രമാണമാക്കി നാലായിത്തന്നെ ഭൂമി നിങ്ങള്‍ ഭാഗിച്ചെടുത്തു കൊള്ളുവിന്‍! നിങ്ങള്‍ക്ക് ദാനംചെയ്തതിന് ശേഷം ആ ബ്രഹ്മസ്വം ഏറ്റെടുക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല ദ്വിജന്മാരേ! എന്റെ അനുജന്മാര്‍ക്കും അതില്‍ ഇഷ്ടമേയുള്ളൂ വിപ്രരേ! ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞ ഉടനെ അനുജന്മാരും പാഞ്ചാലപുത്രിയും, "അങ്ങെനെ തന്നെ! അങ്ങനെ തന്നെ!", എന്നു പറഞ്ഞു. ഈ മൊഴികള്‍ ആ സദസ്സിലെ ജനങ്ങളെയെല്ലാം കോരിത്തരിപ്പിച്ചു. അത്ഭുതകരമായ ആ നിമിഷത്തില്‍ ഭാരതാ! ആകാശത്തു നിന്നു വാക്ക് പുറപ്പെട്ടു "നന്ന്! നന്ന്!" ഉടനെ പ്രശംസിക്കുന്ന വിപ്രന്മാരുടെ ശബ്ദകോലാഹലം മുഴങ്ങി. ശബ്ദമടങ്ങിയപ്പോള്‍ കൃഷ്ണദ്വൈപായന മഹര്‍ഷി വിപ്ര മദ്ധ്യത്തില്‍ വെച്ച് യുധിഷ്ഠിരനെ പൂജിച്ച് ഇപ്രകാരം പറഞ്ഞു: ഭവാന്‍ എനിക്കു തന്നു. അതു ഞാന്‍ അങ്ങയ്ക്കു നല്കുന്നു. ഈ ബ്രാഹ്മണര്‍ക്കു സ്വര്‍ണ്ണം നല്കുക; ഭൂമി അങ്ങയില്‍ത്തന്നെ നില്ക്കണം!
ഇപ്രകാരം വ്യാസന്‍ പറഞ്ഞപ്പോള്‍ കൃഷ്ണന്‍ ധര്‍മ്മരാജാവായ യുധിഷ്ഠിരനോട പറഞ്ഞു; ഭഗവാന്‍ വ്യാസന്‍ എന്തു പറയുന്നുവോ, അത് അനുസരിക്കേണ്ടവനാണ് ഭവാന്‍. ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞതു കേട്ട് അനുജന്മാരോടൊപ്പം യുധിഷ്ഠിരന്‍ പ്രീതാത്മാവായി കോടി കോടി സ്വര്‍ണ്ണം മഖദക്ഷിണയായി നല്കി. അത്ര വലിയ ഒരു ദാനം ഈ ലോകത്ത് മറ്റൊരു രാജാവും ചെയ്യുകയില്ല! മരുത്തനെപ്പോലെയാണ് കൗരവരാജാവായ യുധിഷ്ഠിരന്‍ ചെയ്ത ഈ ദാനം. മറ്റൊരു രാജാവും ഇത്ര മഹത്തായ ദാനം ചെയ്തതായി കേട്ടിട്ടില്ല.
കൃഷ്ണദ്വൈപായന മുനി ആ രത്നങ്ങളൊക്കെ സ്വീകരിച്ചു. വിദ്വാനായ മുനി ആ കിട്ടിയ ദക്ഷിണ നാലായി ഭാഗിച്ച് ഋത്വിക്കുകള്‍ക്കു നല്കി. പിന്നെ ഭൂമിക്കു വിലയായി വ്യാസന് യുധിഷ്ഠിരന്‍ സ്വര്‍ണ്ണം ദാനം ചെയ്തു. അങ്ങനെ പാപങ്ങള്‍ വിട്ടവനായി സ്വര്‍ഗ്ഗലബ്ധിക്കു പാത്രമായി സഹോദരന്മാരോടു കൂടി മോദിച്ചു.
അന്തമില്ലാത്ത സ്വര്‍ണ്ണഭാരം, ഋത്വിക്കുകളും ബ്രാഹ്മണര്‍ക്കായി പങ്കിട്ടു. ഉത്സാഹം പോലെയും ബലം പോലെയും നല്കി.
യജ്ഞവാടത്തില്‍ പൊന്നുകളും ഭൂഷണങ്ങളുമായിഎന്തൊക്കെയുണ്ടോ, തോരണങ്ങളും, യൂപങ്ങളും, കുടങ്ങളും, പാത്രങ്ങളും, ഇഷ്ടികകളും, അതൊക്കെ സ്വര്‍ണ്ണ നിര്‍മ്മിതങ്ങളായിരുന്നു. അവയെല്ലാം യുധിഷ്ഠിരന്റെ അഭിപ്രായത്തോടെ, ബ്രാഹ്മണര്‍ പങ്കിട്ടെടുത്തു. ദ്വിജന്മാര്‍ക്ക് ആവശ്യമുള്ളത്ര ധനം അവര്‍ എടുത്തതിന് ശേഷം ബാക്കിയുള്ള ക്ഷത്രിയധനത്തെ വൈശ്യന്മാര്‍ക്കും, പിന്നെ ബാക്കിയായ ധനത്തെ ശൂദ്രന്മാര്‍ക്കും ദാനം ചെയ്തു. വിത്തം കൊണ്ടു ബുദ്ധിമാനായ രാജാവ് സന്തോഷിച്ചു. വിപ്രന്മാര്‍ സന്തുഷ്ടരായി എല്ലാവരും അവരവരുടെ വസതികളിലേക്കു പോയി.
തനിക്കു ലഭിച്ച അംശം, മഹത്തായ സ്വര്‍ണ്ണം മുഴുവന്‍ ഭഗവാന്‍ വ്യാസന്‍ കുന്തിക്കായി നല്കി. മഹാദ്യുതിയായ തന്റെ ശ്വശുരന്‍ പ്രീതിയോടെ തന്ന ആ ധനം അവള്‍ വാങ്ങി സന്തോഷിച്ചു. ആ ധനം കുന്തീദേവി വലിയ പുണ്യമായ കര്‍മ്മങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി.
എല്ലാ കര്‍മ്മങ്ങളും തീര്‍ന്ന ശേഷം രാജാവ് അനുജന്മാരോടു കൂടി "അവഭൃതസ്നാനം" കഴിച്ച് നിഷ്പാപനായി,ദേവന്മാരോടു കൂടിയ ഇന്ദ്രനെപ്പോലെ പൂജയേറ്റ് ശോഭിച്ചു. വന്നു ചേര്‍ന്ന രാജാക്കന്മാരോടു കൂടി പാണ്ഡവന്മാര്‍ താരങ്ങളോടു കൂടിയ ഗ്രഹങ്ങളെപ്പോലെ ഭംഗിയില്‍ പ്രശോഭിച്ചു. പിന്നെ രാജാക്കള്‍ക്കും പല രത്നങ്ങളും, ഗജങ്ങള്‍, അശ്വങ്ങള്‍, അലങ്കാരങ്ങള്‍, സ്ത്രീകള്‍, വസ്ത്രങ്ങള്‍, കാഞ്ചനം എന്നിവയും രാജാവ് നല്കി. പാര്‍ത്ഥന്‍ പാര്‍ത്ഥിവന്മാരുടെ യോഗത്തില്‍ അന്തമറ്റ ആ ധനോച്ചയത്തെ നല്കി, വിത്തേശ്വരനെന്ന പോലെ ശോഭിച്ചു രാജാവേ!
പിന്നെ വീരനായ ബഭ്രുവാഹന രാജാവിനെ അരികില്‍ വരുത്തി, വളരെ ധനം ദാനം ചെയ്ത് ഗൃഹത്തിലേക്കയച്ചു. പിന്നെ ദുശ്ശളയുടെ പൌത്രനായ ബാലനെ ഭരതര്‍ഷഭാ, ആ ധീമാന്‍ പെങ്ങളിലുള്ള പ്രീതി മൂലം താതന്റെ രാജ്യത്തില്‍ പിതാവിന്റെ പിന്‍ഗാമിയായി വാഴിച്ചു. ആ രാജാക്കന്മാരെയെല്ലാം പൂജിച്ച് ധനം ദാനംചെയ്ത് കുരുരാജാവായ യുധിഷ്ഠിരന്‍ പറഞ്ഞയച്ചു.
മഹാത്മാവായ മാധവനെയും. ബലിയായ ബലഭദ്രനെയും, പ്രദ്യുമ്നന്‍ മുതലായ സകല വൃഷ്ണിവീരന്മാരെയും ആ മഹാദ്യുതിയായ രാജാവ് അനുജനോടു കൂടി സല്‍ക്കരിച്ച് നാട്ടിലേക്കു യാത്രയാക്കി.
ധീമാനായ ധര്‍മ്മരാജാവിന്റെ യജ്ഞം ഇപ്രകാരം അവസാനിച്ചു. വളരെ അന്നം, വളരെ ധനം, വളരെ രത്നങ്ങള്‍ ചേര്‍ന്നതും, സുരാമൈരേയങ്ങള്‍ (പലതരം മദ്യങ്ങള്‍) സാഗരം പോലെ സംഭരിച്ചതും, നെയ്യു കൊണ്ടുള്ള കയങ്ങളും (അഗാധമായ കുണ്ടി) ചോറ്റിന്‍ കുന്നുകളാകുന്ന പര്‍വ്വതങ്ങളും, സമ്പാറാകുന്ന ആറുകളും അവിടെക്കണ്ട് അത്ഭുതപ്പെടാത്തവര്‍ ആരുണ്ട് ഭരതര്‍ഷഭാ! ഭക്ഷ്യങ്ങളായ മാംസങ്ങള്‍ വെച്ചു തിന്നുന്നതിനും പശുക്കളെ കൊല്ലുന്നതിനും ഒരന്തവും കണ്ടില്ല.
വിസ്തൃതമായ പ്രദേശം മുഴുവന്‍ മദ്യമത്തന്മാരായ ജനങ്ങളാല്‍, സന്തുഷ്ടരായ യുവതീ ജനങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന മദ്യം വാങ്ങിക്കഴിച്ച് മൂദിതരുമായ ജനങ്ങളാല്‍, നിറഞ്ഞിരുന്നു. മൃദംഗ ശംഖ നാദങ്ങള്‍ കൊണ്ട് ആ മഹോത്സവ സ്ഥലം മുഴുവന്‍ ഹര്‍ഷം കൊണ്ടു മനോജ്ഞമായി. കൊടുക്കാം, തിന്നാം, ഇഷ്ടം പോലെ കുടിക്കാം. രാവും പകലും യാതൊരു തടസ്സവുമില്ല. മഹോത്സവം ആഘോഷിക്കാം, ഹൃഷ്ടപുഷ്ട ജനങ്ങളോടു കൂടി ഉല്ലസിക്കും എന്ന് അവര്‍ വിളിച്ചു പറഞ്ഞു. കളിച്ചും പുളച്ചും അനുഭവിച്ചും ഈ യജ്ഞത്തെപ്പറ്റി നാനാ രാജ്യത്തു നിന്നു വന്നവരും നാനാ ദിക്കിലും പോയി വര്‍ണ്ണിച്ചു വന്നു ധനധാര കൊണ്ടും കാമരത്ന രസ വര്‍ഷം കൊണ്ടും, രത്ന ധന ദാനം കൊണ്ടും സമൃദ്ധിയായ അന്നപാന ദാനം കൊണ്ടും അല്ലയോ ഭരതശ്രേഷ്ഠാ, എല്ലാ പാപവും കഴകിക്കളഞ്ഞ് ഭരതശ്രേഷ്ഠനായ യുധിഷ്ഠിരന്‍ കൃതാര്‍ത്ഥനായി തന്റെ പുരത്തിലേക്കു പ്രവേശിച്ചു.
90. നകുലോപാഖ്യാനം - കീരിയുടെയും ഉഞ്ഛവൃത്തി ബ്രാഹ്മണന്റെയും കഥ - ജനമേജയന്‍ പറഞ്ഞു: എന്റെ മുത്തച്ചനും ധീമാനുമായ ധര്‍മ്മരാജാവിന്റെ അദ്ധ്വരത്തില്‍ ആശ്ചര്യമായി വല്ലതും ഉണ്ടായോ? ഉണ്ടായെങ്കില്‍ അത് പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങു പറയണേ!
വൈശമ്പായനൻ പറഞ്ഞു: രാജശാര്‍ദ്ദൂലാ, വലിയ ഒരു ആശ്ചര്യം അവിടെ നടന്നു, ആ ഉത്തമമായ കഥ ഞാന്‍ പറയാം, കേള്‍ക്കുക ആ സംഭവം. അശ്വമേധയജ്ഞം തീര്‍ന്ന അന്നു നടന്നതാണ് ഈ കഥ.
വിപ്രരും, ജ്ഞാനികളും, സംബന്ധികളും, മിത്രരും, യാഗത്തില്‍ സംതൃപ്തി കൊള്‍കെ, ദീനന്മാരും, അന്ധരും, കൃപണന്മാരും സംതൃപ്തി കൊള്‍കെ, ദിക്കുകളില്‍ എല്ലായിടത്തും മഹാഘോഷം ചൊരിഞ്ഞു കൊണ്ടിരിക്കെ ഭാരതാ, ഒരു സംഭവമുണ്ടായി. കണ്ണു നീലച്ച ഒരു കീരീ, ഒരു വശം മാത്രം സ്വര്‍ണ്ണവര്‍ണ്ണമായ ഒരു കീരി, ഒരു പൊത്തില്‍ ഇരുന്ന് ഇടി വെട്ടുന്ന വിധം, മൃഗദ്വിജ ഭയപ്രദമായ വിധം, മഹാനും ധൃഷ്ടനുമായ അവന്‍, മനുഷ്യ വാക്കാല്‍ ഇങ്ങനെ പറഞ്ഞു മഹാശയാ! ഹേ നരേന്ദ്രന്മാരേ, യജ്ഞത്തെ പ്രശംസിച്ചത് മതി! കുരുക്ഷേത്രത്തില്‍ വസിച്ച ഉഞ്ഛവൃത്തി ബ്രാഹ്മണന്റെ ഒരു ഇടങ്ങഴി മലര്‍പ്പൊടി ദാനത്തിന് ഒക്കുകയില്ല, നിങ്ങളുടെ ഈ യജ്ഞം! ആ കീരി പറഞ്ഞ ഈ വാക്കു കേട്ട് രാജാവേ, ആ ബ്രാഹ്മണരെല്ലാം വല്ലാതെ വിസ്മയിച്ചു പോയി. അവര്‍ ആ ബിലത്തിനടുത്തു ചെന്നു കീരിയോടു ചോദിച്ചു.
ബ്രാഹ്മണര്‍ പറഞ്ഞു: സജ്ജനങ്ങള്‍ ചേര്‍ന്ന ഈയ ജ്ഞത്തിലേക്ക് നീ എവിടെ നിന്നു വരുന്നു? നിനക്ക് എന്താണ് ബലം? പിന്നെ നിന്റെ അറിവ് എന്താണ്? എന്താണ് നിനക്ക് ആശ്രയം? ഞങ്ങളുടെ മഖത്തെപ്പറ്റി നിന്ദിക്കുവാന്‍ നീ ആരാണ് എന്ന് അറിയേണ്ടിയിരിക്കുന്നു. ശാസ്ത്രം തെറ്റാതെ വിവിധ വസ്തുക്കള്‍ കൊണ്ട് ആഗമവിധി പ്രകാരം, ന്യായപ്രകാരം, ചെയ്യേണ്ട മാതിരി ചെയ്തതാണ് ഈ യജ്ഞം. ശാസ്ത്രത്തില്‍ക്കണ്ട മുറപോലെ പൂജ്യരെ ഇവിടെ പൂജിച്ചു. അഗ്നിയില്‍ മന്ത്രത്തോടെ ഹോമിച്ചു. യാതൊരു മത്സരവും കൂടാതെ സന്മനസ്സായി ദാനങ്ങള്‍ ചെയ്തു. ദ്വിജന്മാരൊക്കെ പല ദാനങ്ങളാലും സംതൃപ്തരായി സന്തോഷിക്കുന്നു. സുയുദ്ധം ( നല്ല യുദ്ധം ) കൊണ്ട് ക്ഷത്രിയരും, ശ്രാദ്ധം കൊണ്ട് പിതൃക്കളും, രക്ഷ കൊണ്ട് വൈശ്യരും സന്തോഷിക്കുന്നു. കാമലബ്ധിയാല്‍ നാരികളും, കനിവാല്‍ ശൂദ്രരും, അപ്രകാരം ദാനശേഷത്തില്‍ മറ്റുള്ളവരും സന്തോഷിക്കുന്നു. ഈ രാജാവിന്റെ ശുദ്ധകര്‍മ്മത്താല്‍ ജ്ഞാതികളും ബന്ധുക്കളും സന്തോഷിക്കുന്നു. ദേവന്മാര്‍ പുണ്യമായ ഹവിസ്സു കൊണ്ടും, ശരണാഗതന്മാര്‍ പാലനം കൊണ്ടും സന്തോഷിക്കുന്നു. ഇതില്‍ നീ സത്യം പറയുക! സത്യം വിപ്രരില്‍ സത്യമാണ്. ശ്രുതിക്ക് ചേര്‍ന്നതും, അനുഭവത്തിന് ചേര്‍ന്നതും എന്താണെന്ന് വെച്ചാല്‍ അത് പറയുക. ഈ ബ്രാഹ്മണര്‍ അത് കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. നിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കേണ്ടതാണെന്നു ഞങ്ങള്‍ ധരിക്കുന്നു. നീ പ്രാജ്ഞനാണ്; സംശയമില്ല. നീ ദിവ്യമായ രൂപം കൈക്കൊണ്ട ദേവനാണോ? വേദജ്ഞരായ ബ്രാഹ്മണരുടെ മദ്ധ്യത്തിലെത്തി ഇപ്രകാരം പ്രസംഗിച്ച നീ, സാധാരണ കീരിയല്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നീ കാര്യം പറഞ്ഞു തരൂ! ഇപ്രകാരം ആ ബ്രാഹ്ണര്‍ ചോദിച്ചപ്പോള്‍ കീരി ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.
കീരി പറഞ്ഞു: ഞാന്‍ ഈ പറഞ്ഞത് നുണയല്ല. ഞാന്‍ ഗര്‍വ്വം കൊണ്ട് പറഞ്ഞതല്ല വിപ്രരേ! ഞാന്‍ പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ? ഒരിടങ്ങഴി മലര്‍പ്പൊടിക്ക് ( യവം വറുത്തു പൊടിച്ചത് ) തുല്യമല്ല ഈ യജ്ഞം ദ്വിജന്മാരേ! എന്ന് ഞാന്‍ തീര്‍ച്ചയായും പറയുന്നു! അത് പറയേണ്ടതാണ് വിപ്രരേ! അവ്യഗ്രചിത്തരായി നിങ്ങള്‍ കേള്‍ക്കുവിന്‍. നടന്ന മാതിരി ആ കഥ ഞാന്‍ പറയാം. കണ്ടതാണ്; അനുഭവിച്ചതാണ് ഞാന്‍. എന്തൊരു അത്ഭുതവും ഉത്തമവുമാണ്! ആ കുരുക്ഷേത്രവാസിയായ, ദാതാവായ, ഉഞ്ഛവൃത്തി ദ്വിജന്‍ തന്റെ ഭാര്യയോടും പുത്രനോടും സ്നുഷയോടും കൂടി സ്വര്‍ഗ്ഗത്തില്‍പ്പോയത് ഞാന്‍ കണ്ടതാണ്! എന്റെ ദേഹം പാതിയോളം സ്വര്‍ണ്ണമായിത്തീര്‍ന്നതും ഉണ്ടായതാണ്. അത്ഭുതം! ദാനത്തിന്റെ മഹത്തായ ഫലം ഞാന്‍ നിങ്ങളോടു പറയാം. ന്യായാപ്തമായി നല്കിയ വിപ്രന്റെ ചെറിയ ദാനം മഹത്തായ ഫലം നല്കിയത് എങ്ങനെയെന്ന് ഞാന്‍ പറയാം. വിപ്രരേ!
കീരി കഥ തുടര്‍ന്നു: ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ വസിക്കുന്ന ധര്‍മ്മജ്ഞന്മാരില്‍ ഒരു ബ്രാഹ്മണന്‍ മാടപ്പിറാവിനെപ്പോലെ ഉഞ്ഛവൃത്തി കൊണ്ട് ജീവിതം നയിച്ചിരുന്നു. ഭാര്യയോടും പുത്രനോടും പുത്രഭാര്യയോടും കൂടി ആ ബ്രാഹ്മണന്‍ തപോവൃത്തിയില്‍ മനസ്സു വെച്ച് ജീവിച്ചു. അവന്‍ ശുദ്ധവൃത്തനും, ധര്‍മ്മാത്മാവും, യതേനന്ദ്രിയനും ആയിരുന്നു. സുവ്രതനായ അവന്‍ അവരോടു കൂടി ആറാം ദിവസം കാലത്തു മാത്രം ഭക്ഷണം പാകം ചെയ്ത് അവ ഒന്നിച്ചിരുന്ന് ഊണു കഴിക്കും. അതാണ് അവരുടെ പതിവായ ആഹാരം. അങ്ങനെ ആറു ദിവസം കൂടുമ്പോള്‍ ഒരു ആഹാരം എന്ന നിലയ്ക്കാണ് ആ വ്രതനിഷ്ഠര്‍ ജീവിച്ചു പോന്നത്.
ഒരു ക്ഷാമകാലത്ത് ആറാം ദിവസം ആഹാരത്തിന് മാര്‍ഗ്ഗമില്ലാതെയായി. പട്ടിണി തന്നെയായി. പിന്നത്തെ ആറാം ദിവസം, ഒന്നിടവിട്ടുള്ള ആറാം ദിവസം, ഒരു ഊണ് ആയി കഴിയുവാന്‍ തുടങ്ങി.
അങ്ങനെ ആ ധാര്‍മ്മികന്‍ ഘോരമായ ദുര്‍ഭിക്ഷത്തില്‍ പെട്ടു. ഒരു നെന്മണി പോലും കിട്ടുവാന്‍ മാര്‍ഗ്ഗമില്ലാതായി. വിപ്രന്മാരെ, എന്തു സംഭവിച്ചു എന്നതു കേട്ടു കൊള്ളുക. കൊയ്ത്തുള്ള ദിക്കിലൊക്കെ ഉണക്കു ബാധിച്ച് കൊയ്യാതായി. ആഹാരത്തിന് മാര്‍ഗ്ഗമില്ലാതായി. നെന്മണി പെറുക്കുവാന്‍ അവര്‍ പോയി. തപസ്വിയായ ആ വിപ്രന്‍ വിശന്ന്, ഉഷ്ണിച്ച്, തളര്‍ന്ന്, ആര്‍ത്തനായി നെന്മണി കിട്ടാതെ, ആഹാരത്തിന് വഴി കാണാതെ, തന്റെ കുടുംബം മുഴുവന്‍ വളരെ ദിവസമായി പട്ടിണിയില്‍പ്പെട്ട ആ ഉത്തമ ബ്രാഹ്മണന്‍, ആ കാലംവ രെ കഷ്ടപ്പെട്ടു കഴിച്ചു കൂട്ടി. അങ്ങനെ ആറാംദിവസം അവന്‍ ഒരിടങ്ങഴി യവം സമ്പാദിച്ചു. ഉഞ്ഛവൃത്തി കൊണ്ട് നേടിയ ആ ഒരിടങ്ങഴി യവം ആ തപസ്വികള്‍ വറുത്തു പൊടിച്ചു. ജപിച്ച് അഗ്നികൂട്ടി, അഗ്നിയില്‍ ദേവകള്‍ക്ക് ആഹുതി ചെയ്ത് ഓരോ പിടി ഓരോരുത്തര്‍ക്കായി ഭാഗിച്ചു. വിശന്ന് പരവശത പ്രാപിച്ച അവര്‍ ആഹാരമായി ആ മലര്‍പ്പൊടി ഉണ്ണുവാൻ ഭാവിക്കുന്ന സമയത്ത് അതിഥിയായി ഒരു ദ്വിജന്‍ വന്നു ചേര്‍ന്നു. ആ വന്ന അതിഥിയെ കണ്ട് അവര്‍ ഹൃഷ്ടരായി. അതിഥിയെ അഭിവാദ്യം ചെയ്തു സ്വീകരിച്ച്, ശുഭം ചോദിച്ചു. വിശുദ്ധ ചിത്തരും, ദാന്തന്മാരും, ദമവും, ശ്രദ്ധയുള്ളവരും, അനസൂയുക്കളും, അക്രോധരും,സാധുക്കളും, അമത്സരരും, മാനക്രോധാദികള്‍ വിട്ടവരും, ധര്‍മ്മജ്ഞന്മാരുമായ ആ ദ്വിജോത്തമര്‍, അതിഥിയുടെ ബ്രഹ്മചര്യം, ഗോത്രം എന്നിവയൊക്കെ ചോദിച്ചറിഞ്ഞു. വിശന്നുഴന്ന ആ അതിഥിയെ കുടിലിന്നുള്ളില്‍ കയറ്റിയിരുത്തി. അങ്ങയ്ക്ക് ഇതാ അര്‍ഘ്യം! അങ്ങയ്ക്ക് ഇതാ പാദ്യം!അങ്ങയ്ക്ക് ഇരിക്കുവാന്‍ ഇതാ ദര്‍ഭപ്പുല്‍പ്പായ വിരിച്ചിരിക്കുന്നു. അനഘാശയാ! നിയമോപാര്‍ജ്ജിതവും ശുദ്ധവുമായ മലര്‍പ്പൊടി ഇതാ വിളമ്പിയിരിക്കുന്നു. ദ്വിജര്‍ഷഭാ, അങ്ങു സ്വീകരിക്കുക. ഞങ്ങളുടെ നിവേദ്യം ഉണ്ടാലും! അങ്ങയ്ക്കു ശുഭം ഭവിക്കട്ടെ!
ഇപ്രകാരം ആ ദ്വിജന്‍ ക്ഷണിച്ചപ്പോള്‍ ഒരു പിടി മലര്‍പ്പൊടി സ്വീകരിച്ചു. അവന്‍ അതു ഭക്ഷിച്ചു. എന്നാല്‍ അവന്റെ വിശപ്പടങ്ങിയില്ല. അവന്‍ അതു കൊണ്ടു തൃപ്തനായില്ല. വിശക്കുന്നവനായ ആ അതിഥി ബ്രാഹ്മണനെ നോക്കിക്കണ്ട് ഉഞ്ഛവൃത്തിയായ ഗൃഹസ്ഥന്‍ ഇവനെ എങ്ങനെ തൃപ്തനാക്കും? എന്ന് ആഹാരത്തെപ്പറ്റി ഓര്‍ത്ത് ഗൃഹസ്ഥന്റെ ഹിതമറിഞ്ഞ് ഉടനെ അവന്റെ ഭാര്യ പറഞ്ഞു: എന്റെ ഭാഗം കൂടി അതിഥിക്കു നല്കുക. ഇഷ്ടം പോലെയുണ്ട്. അതിഥിയായ ബ്രാഹ്മണോത്തമന്‍ തൃപ്തനായിപ്പോകട്ടെ! ഇപ്രകാരം പറയുന്ന ഭാര്യയെ ഗൃഹസ്ഥനായ ബ്രാഹ്മണന്‍ നോക്കി. വിശന്നുഴന്ന അവള്‍ തന്റെ അന്നം ദാനം ചെയ്യുവാന്‍ സമ്മതിച്ചതില്‍ അദ്ദേഹത്തിനു വലിയ മതിപ്പു തോന്നി. ആമലര്‍പ്പൊടി സ്വീകരിക്കുന്നതില്‍ വിരോധം കാണിച്ചില്ല. തനിക്കൊത്ത ഭാര്യ തന്നെ എന്ന ചിന്തയാല്‍ മനസ്സു കൊണ്ട് അവളെ ആദരിച്ചു. വിശന്നുഴന്നലഞ്ഞ അവള്‍ വൃദ്ധയാണ്, തപസ്വിനിയാണ്, എല്ലും തൊലിയും മാത്രമായി വിറയ്ക്കുന്നവളാണ്. അവളെ നോക്കി ഭര്‍ത്താവായ ഉഞ്ഛവൃത്തി ബ്രാഹ്മണന്‍ പറഞ്ഞു: പുഴു, പാറ്റ, മൃഗങ്ങള്‍ എന്നിവ പോലും സ്ത്രീകളെ കാത്തു പോറ്റുന്നു. പോറ്റേണ്ടവരാണ് സ്ത്രീകള്‍. നീ ഇപ്രകാരം പറയരുത്. കനിയേണ്ടവനാണ് പുരുഷന്‍, പോറ്റി രക്ഷിച്ചിടേണ്ടവളാണ് ഭാര്യ. കത്തുന്ന യശസ്സൊക്കെ കെട്ടുപോകും; സ്ത്രീകള്‍ക്ക് ദുഃഖത്തിന് ഇട വരുത്തുകയാണെങ്കില്‍ ദിവ്യലോകങ്ങളിലൊന്നും ചെന്നെത്തുന്നതുമല്ല! ധര്‍മ്മകാമര്‍ത്ഥകാര്യങ്ങള്‍, ശുശ്രൂഷ കുലസന്തതി എന്നിവ ഭാര്യമാര്‍ക്ക് അധീനമാണ്. തനിക്കും പിതൃക്കള്‍ക്കും തക്കധര്‍മ്മവും ഭാര്യയുടെ അധീനത്തില്‍ നില്ക്കുന്നു! തൊഴില്‍ കൊണ്ടു ഭാര്യയെ കാക്കാന്‍, അറിയാന്‍ കൊള്ളാത്ത പുരുഷന്‍ വലിയ ദുഷ്പേരു നേടും, അവന്‍ അവസാനം നരകത്തിലെത്തുകയുംചെയ്യും. ഭര്‍ത്താവു പറഞ്ഞതു കേട്ട് അവള്‍ മറുപടി പറഞ്ഞു നമ്മള്‍ക്ക് ധര്‍മ്മാര്‍ത്ഥങ്ങള്‍ സമ മല്ലേ ദ്വിജാ! ഈ മലര്‍പ്പൊടി, എന്റെ ഭാഗമായ നാലില്‍ ഒരു ഭാഗം, അങ്ങു വാങ്ങുക! എന്നില്‍ ഭവാന്‍ കനിയൂ! സത്യം, രതി, ധര്‍മ്മം, സ്വര്‍ഗ്ഗം ഇവയൊക്കെ ഗുണങ്ങള്‍ കൊണ്ടു നേടാവുന്നതാണ്. കാമം സ്ത്രീകള്‍ക്കു പതിയുടെ അധീനത്തില്‍ നില്ക്കുന്നു. സന്താനോല്‍പാദനത്തില്‍ അമ്മയുടെ ആര്‍ത്തവം, അച്ഛന്റെ ബീജം ഇവ രണ്ടും ചേരണം. സ്ത്രീകള്‍ക്കു പതിയാണു ദൈവതം. ഭര്‍ത്താവിന്റെ പ്രസാദത്താല്‍ സ്ത്രീകള്‍ക്കു രതി, പുത്രന്‍ എന്നിവയുടെ ഫലം ലഭിക്കുന്നു. പാലനം ചെയ്യുകയാല്‍ ഭവാന്‍ പതിയായി. ഭരിക്കുകയാല്‍ അങ്ങു ഭര്‍ത്താവായി. പുത്ര പ്രദാനത്താല്‍ അങ്ങു വരദനായി. അതുകൊണ്ട് എന്റെ മലര്‍പ്പൊടി ഭവാന്‍ വാങ്ങി അതിഥിയെ സല്‍ക്കരിക്കുക. വൈകരുത്. ജര ബാധിച്ചവനും, ഏറ്റവും വൃദ്ധനും, വിശന്നവനും, അതിദൂര്‍ബലനും, ഉപവാസത്താല്‍ തളര്‍ന്നവനും, കര്‍ശിതനുമാണല്ലോ ഭവാനും?
ഇപ്രകാരം ഭാര്യ പറഞ്ഞപ്പോള്‍ അവന്‍ ആ മലര്‍പ്പൊടി വാങ്ങിച്ച് ഇപ്രകാരം പറഞ്ഞു: അല്ലയോ ദ്വിജാ, അങ്ങയ്ക്ക് ഇതാ വീണ്ടും മലര്‍പ്പൊടി വിളമ്പുന്നു. അല്ലയോ ബ്രാഹ്മണ സത്തമാ, വാങ്ങിക്കൊള്ളുക! രണ്ടാമതു വിളമ്പിയ മലര്‍പ്പൊടി കൊണ്ടും ആ ബ്രാഹ്മണന്റെ വിശപ്പു മാറിയില്ല. അവന്റെ മുഖം പ്രസന്നമായില്ല അതുകൊണ്ട് അവനെ നോക്കി,ആ ഉഞ്ഛവൃത്തി ദ്വിജന്‍ വീണ്ടും ചിന്തയില്‍ മുഴുകി.
മകന്‍ പറഞ്ഞു: ഈ മലര്‍പ്പൊടി എന്റെ കൈയില്‍ നിന്നു വാങ്ങിച്ച് അങ്ങുന്ന് വിപ്രന് നല്കിയാലും. ഇതു തന്നെയാണ് സുകൃതമെന്ന് ഞാന്‍ കാണുന്നു! അതുകൊണ്ട് ഇതു ഭവാന്‍ ചെയ്യണം. അച്ഛന്‍ എനിക്ക് എപ്പോഴും യത്നം ചെയ്തും സംരക്ഷിക്കേണ്ടവനാണ്. വൃദ്ധനായ അച്ഛനെ രക്ഷിക്കുക എന്നത് സജ്ജനങ്ങള്‍ കാംക്ഷിക്കുന്ന കാര്യമാണ്. വാര്‍ദ്ധകൃത്തില്‍ പ്രത്യേകിച്ചും പുത്രന്‍ പിതാക്കളെ സംരക്ഷിക്കണം. വിപ്രർഷേ, മൂന്നു ലോകത്തും എല്ലാ കാലത്തും നില നില്ക്കുന്ന വേദവാക്യമാണ് ഇത്. പ്രാണനെ ധരിച്ചാലേ ഭവാന് തപസ്സു ചെയ്യുവാന്‍ കഴിയൂ! ദേഹത്തില്‍ നില്ക്കുന്ന പ്രാണനാണ് ഏറ്റവും വലിയ ദേവന്‍. അതു ദേഹത്തില്‍ വസിക്കുന്നു. അതിനെ നിലനിര്‍ത്തുവാന്‍ അച്ഛന്‍ എന്റെ മലര്‍പ്പൊടി വാങ്ങി ഭക്ഷിക്കൂ!
അച്ഛന്‍ പറഞ്ഞു: ആയിരം വര്‍ഷം ജീവിച്ചിരുന്നാലും അച്ഛനു പുത്രന്‍ ബാലന്‍ തന്നെയാണ്. പുത്രനെ ഉത്പാദിപ്പിച്ച പിതാവ് പുത്രനാല്‍ കൃതകൃത്യനാകും. കുട്ടികള്‍ക്ക് വിശപ്പു കൂടുതലാണ് മറ്റുള്ളവരേക്കാള്‍ എന്ന പരമാര്‍ത്ഥം ഞാന്‍ അറിയുന്നുണ്ട്. വൃദ്ധനായ ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. മകനേ, നീ ബലവാനായി വളരുക. ഉണ്ണീ, പ്രായാധികൃം മൂലം എനിക്കു വിശപ്പ് കുറഞ്ഞു പോയിരിക്കുന്നു. വളരെക്കാലം ഞാന്‍ തപസ്സുചെയ്തു. ചാകുന്നതില്‍എനിക്കു ഭയവുമില്ല.
മകന്‍ പറഞ്ഞു: അച്ഛാ, ഞാന്‍ അങ്ങയുടെ സന്താനമാണ്. "പും" നാമനരക്രതാണം മൂലം പുത്രനെന്ന പേരിന് പാത്രമായി. ആത്മാവാണ് പുത്രന്‍ എന്നറിയുക. അതുകൊണ്ട് ആത്മാവിനെ ആത്മാവില്‍ ഭവാന്‍ കാത്തു കൊണ്ടാലും.
അച്ഛന്‍ പറഞ്ഞു: ഉണ്ണീ, നീ എനിക്കൊത്തവന്‍ തന്നെ!എന്നെപ്പോലെ തന്നെ നീയും രൂപം, ശീലം, ദമം ഇവ കൊണ്ട് തുല്യന്‍ തന്നെ. പലമട്ട് ഞാന്‍ പരീക്ഷിച്ചു. ഉണ്ണീ, ഞാന്‍ നിന്റെ മലര്‍പ്പൊടി വാങ്ങാം.
കീരി പറഞ്ഞു: ഇപ്രകാരം പറഞ്ഞ് ആ ബ്രാഹ്മണന്‍ മകന്റെ കൈയില്‍ നിന്നു മലര്‍പ്പൊടി വാങ്ങി. പുഞ്ചിരി തൂകി ആ ഗൃഹസ്ഥന്‍ അത് ആ അതിഥി ദ്വിജന് നല്കി. ആ മലര്‍പ്പൊടിയും ഭക്ഷിച്ച ആ ദ്വിജന്‍ അതുകൊണ്ടും തൃപ്തനായില്ല. ധര്‍മ്മാത്മാവായ ആ ഉഞ്ഛവൃത്തി ലജ്ജിച്ചു പോയി. അപ്പോള്‍ അവിടെ നില്ക്കുന്ന സാധ്വിയായ വധു ( പുത്ര ഭാര്യ ) ബ്രാഹ്മണന് പ്രിയം ചെയ്യുവാനിച്ഛിച്ചു സന്തോഷിച്ച് അവളുടെ ഓഹരി മലര്‍പ്പൊടി കൈയിലെടുത്ത് ശ്വശുരനോടു പറഞ്ഞു.
സ്നുഷ പറഞ്ഞു: വിപ്രാ, ഭവാന്റെ സന്താനം മൂലമായി എനിക്ക് സന്താനമുണ്ടാകും. ഭവാന്‍ എന്റെ മലര്‍പ്പൊടി വാങ്ങിച്ച് അതിഥിക്കു നല്കുക! ഭവാന്റെ പ്രസാദമുണ്ടെങ്കില്‍ എനിക്ക് അക്ഷയമായ ലോകങ്ങള്‍ സിദ്ധിക്കും. എവിടെയെത്തിയാല്‍ അല്ലല്‍ ബാധിക്കുകയില്ല, അവിടെ പുത്രന്‍ മൂലമായി ഞാനെത്തിക്കൂടും. ധര്‍മ്മം മുതലായ മുന്നും മൂന്നഗ്നികളാണ്. അപ്രകാരം തന്നെ പുത്രപൌത്രത്രയവും അക്ഷയമായ സ്വര്‍ഗ്ഗമാണ്. പിതൃക്കളെ കടത്തില്‍ നിന്നു കാക്കുന്നതു കൊണ്ട് പുത്രന്‍ എന്ന പേരു സിദ്ധിച്ചു എന്നു കേള്‍ക്കുന്നു. പുത്രപൌത്രന്മാരാല്‍ നിത്യവും സജ്ജനങ്ങള്‍ക്കുള്ള ലോകം പ്രാപിക്കുവാന്‍ സാധിക്കുന്നതാണ്.
ശ്വശുരന്‍ പറഞ്ഞു: വെയിലും കാറ്റും ദേഹത്തിലേറ്റ് നീ വിവര്‍ണ്ണയായിരിക്കുന്നു. മെലിഞ്ഞ് അല്ലയോ സുവ്രതേ, നീ വിശന്ന് പരവശയായിക്കാണുന്നു. നിന്റെ കൈയില്‍ നിന്ന് എങ്ങനെ ഞാന്‍ മലര്‍പ്പൊടി വാങ്ങേണ്ടു! ഞാന്‍ അതുവാങ്ങി ധര്‍മ്മഘാതകനാകുന്നു! കല്യാണശീലേ, കല്യാണീ, നീ ഇങ്ങനെ പറയരുതേ! ആറാം ദിവസം വ്രതമെടുത്ത് ശുചിത്വം, ശീലം, തപസ്സ് എന്നിവയോട് കാറ്റു മാത്രം ശ്വസിച്ച് ഉണ്ണാതിരിക്കുന്ന നിന്നെ ഞാന്‍ എങ്ങനെ കാണും ശുഭേ! വിശന്നുഴന്ന പെണ്‍കുട്ടീ, നീ എന്നാല്‍ കാത്തു രക്ഷിക്കപ്പെടേണ്ടവളല്ലേ? ഉപവാസം കൊണ്ടു തളര്‍ന്നവളല്ലേ? നീഎന്റെ ബന്ധുവിന്റെ പുത്രിയല്ലേ? ഞാനെന്തു ചെയേണ്ടു!
സ്നുഷ പറഞ്ഞു: അങ്ങ് എന്റെ ഗുരുവിനും ഗുരുവാണ്, എന്റെ ദൈവത്തിന്റെ ദൈവമാണ്. അതുകൊണ്ട് ഭവാന്‍ ദേവനേക്കാള്‍ കവിഞ്ഞ ദേവനാണ്. അതുകൊണ്ടു പ്രഭോ, ഭവാന്‍ എന്റെ കൈയില്‍ നിന്നു മലര്‍പ്പൊടി വാങ്ങിയാലും! ദേഹവും പ്രാണനും ധര്‍മ്മവും ഗുരുശുശ്രൂഷയ്ക്കു വേണ്ടിയാണ്. അല്ലയോ വിപ്രാ, ഭവാന്റെ പ്രസാദം മൂലം ഞാന്‍ ശുഭമായ ലോകങ്ങള്‍ നേടുന്നതാണ്. കൂറുള്ള ഞാന്‍ നിങ്ങളെ ശുശ്രൂഷിക്കേണ്ടവളാണ് ദ്വിജോത്തമാ! എനിക്കും ചിന്താവിഷയമാണ് അത്. അതുകൊണ്ട് അങ്ങ് മലര്‍പ്പൊടി എന്റെ കൈയിൽ നിന്നു വാങ്ങിക്കണം.
ശ്വശൂരന്‍ പറഞ്ഞു: അല്ലയോ സാദ്ധ്വീ, നീ ഈ ശീലസ്വഭാവങ്ങള്‍ മൂലം ശോഭിക്കുന്നു. നീ ധര്‍മ്മ വ്രതത്തോടെ ഗുരുവിനെ ശുശ്രൂഷിക്കുന്നു. അതുകൊണ്ട് ഞാന്‍ നീ തരുന്ന മലര്‍പ്പൊടി വാങ്ങുന്നു. നീ ഒരിക്കലും വഞ്ചനാര്‍ഹയല്ല. നീ മഹാഭാഗയാണ്. അര്‍ഹിക്കുന്നവളാണ്. ധര്‍മ്മം ചെയ്യുന്നവരില്‍ നീ ഉത്തമയാണ്.
കീരി പറഞ്ഞു: എന്നുപറഞ്ഞ് ആ മലര്‍പ്പൊടി വാങ്ങിച്ച് ബ്രാഹ്മണന് നല്കി. അതിഥിയായ ആ സാധു ബ്രാഹ്മണന്‍ അതുകൊണ്ടു സന്തോഷിച്ചു. ആ ദ്വിജര്‍ഷ ഭനോട് പ്രീതനായ ആ അതിഥി, വാഗ്‌മിയായ ആ ദ്വിജശ്രേഷ്ഠന്‍, പുരുഷരൂപത്തില്‍ പ്രത്യക്ഷനായ ധര്‍മ്മം ഇപ്രകാരം പറഞ്ഞു.
ധര്‍മ്മം പറഞ്ഞു: ശുദ്ധമായ നിന്റെ ധര്‍മ്മത്താലും ന്യായാര്‍ജ്ജിതത്താലും ശക്തി പോലെ ദാനം ചെയ്യുകയാലും ഞാന്‍ ഭവാനില്‍ പ്രസാദിക്കുന്നു ദ്വിജര്‍ഷഭാ! അമ്പോ! നിന്റെ ദാനത്തെ സ്വര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗവാസികള്‍ വാഴ്ത്തുന്നു. ആകാശത്തു നിന്നു പുഷ്പവര്‍ഷം ഭൂമിയില്‍ വീണതു നീ കാണുക! ദേവന്മാരുടെ മുന്നിലായി ദേവര്‍ഷിമാരും ദേവഗന്ധര്‍വ്വന്മാരും ദേവദുതന്മാരും ഭവാന്റെ ദാനത്തില്‍ വിസ്മയത്തോടെ അങ്ങയെ വാഴ്ത്തി ഇതാ നില്ക്കുന്നു. ബ്രഹ്മലോകത്തു സഞ്ചരിക്കുന്ന ബ്രഹ്മര്‍ഷികള്‍ വിമാനത്തിലിരുന്ന് നിന്റെ ദര്‍ശനത്തെ കാംക്ഷിക്കുന്നു ദ്വിജര്‍ഷഭാ ഭവാന്‍ വിണ്ണില്‍ ചെന്നാലും! പിതൃലോകത്തിലുള്ള പിതൃക്കളെയൊക്കെ നീ കയറ്റി വിട്ടു. നിന്റെ വംശത്തില്‍ വളരെ യുഗങ്ങള്‍ക്കു മുമ്പേ മരിച്ചു പോയവരും ഒരിക്കലും ഗതി ആശിക്കാത്തവരുമായ പല പിതൃക്കളെയും ഇപ്പോള്‍ ഭവാന്‍ കയറ്റി വിട്ടിരിക്കുന്നു. ബ്രഹ്മചര്യത്താലും ദാനത്താലും യജ്ഞത്താലും തപസ്സു കൊണ്ടും കലരാത്ത ധര്‍മ്മത്താല്‍ ഭവാന്‍ പിതൃക്കളെ കയറ്റി വിട്ടിരിക്കുന്നു. അതുകൊണ്ട് ഭവാന്‍ വിണ്ണില്‍ കയറിയാലും! സുവ്രതാ, പരമമായ ശ്രദ്ധയോടെ ഭവാന്‍ തപസ്സു ചെയ്യുന്നു. അതുകൊണ്ട് ഭവാന്റെ ദാനത്താല്‍ സ്വര്‍ഗ്ഗത്തില്‍ ദേവകള്‍ ഭവാനില്‍ പ്രസാദിച്ചിരിക്കുന്നു. ബ്രാഹ്മണോത്തമാ! ശുദ്ധമായ തേജസ്സോടെ ഭവാന്‍ കൈയിലുളളതെല്ലാം ദാനം ചെയ്യുകയാല്‍, ദുര്‍ഘടസന്ധിയില്‍ പ്രാണന്‍ കളഞ്ഞും ദാനം ചെയ്യുകയാല്‍, ആ കര്‍മ്മത്താല്‍ ഭവാന് സ്വര്‍ഗ്ഗം ലഭിച്ചിരിക്കുന്നു. വിശപ്പ് പ്രജഞയെ നശിപ്പിക്കും. അത് ധര്‍മ്മബുദ്ധിയെ തെറ്റിക്കും. വിശന്ന് അറിവു കെട്ടുപോയ മനുഷ്യന്‍ ധൈര്യത്തെയും കൈവെടിയും. ബുഭുക്ഷയെ ആരു ജയിക്കുന്നുവോ, അവന്‍ സ്വര്‍ഗ്ഗത്തെയും ജയിക്കുന്നു; തീര്‍ച്ചയാണ്. എപ്പോള്‍ മര്‍ത്ത്യന്‍ ദാനത്തില്‍ തല്‍പരനാകുന്നുവോ, അപ്പോള്‍ ധര്‍മ്മം അവന് ഇടിയുന്നതല്ല. സുതസ്നേഹം നോക്കാതെ, ഭാര്യാസ്നേഹവും നോക്കാതെ, ധര്‍മ്മം തന്നെ വലിയത് എന്നു ഭവാന്‍ ചിന്തിച്ചു. തൃഷ്ണയെ നീ ഗണിച്ചതേയില്ല; തള്ളിക്കളഞ്ഞു. ദ്രവ്യാപ്തി വളരെ സൂക്ഷ്മമായ ഒരു നേട്ടമാണ്. പാത്രത്തില്‍ ദാനം ചെയ്യുക എന്നത് അതിനെക്കാള്‍ ഉപരിയായ, മഹത്തായ നേട്ടമാണ്. ദാനത്തെക്കാള്‍ മേലെയാണു കാലം. തക്ക കാലത്തുള്ള സഹായിക്കല്‍. ശ്രദ്ധ അതിനെക്കാള്‍ മേലെയാണ്. സ്വര്‍ഗ്ഗദ്വാരം മഹാസൂക്ഷ്മമാണ്. അത് കാണാന്‍ വിഷമമാണ്. മനുഷ്യന്‍ ശ്രദ്ധയില്ലാത്തവനായി മൗഢ്യം ബാധിച്ച് സ്വര്‍ഗ്ഗത്തിന്റെ വാതില്‍ കാണാതിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെ വാതിലിന്റെ സാക്ഷ കാമലോഭത്തിന്റെ ബീജമാണ്. സ്നേഹരാഗങ്ങളില്‍ മറയ്ക്കപ്പെട്ടിരിക്കയാണത്. ആ സാക്ഷ നീക്കുവാന്‍ അടുക്കുവാന്‍ തന്നെ പ്രയാസമുണ്ട്. ആ സ്വര്‍ഗ്ഗവാതിലിന്റെ സാക്ഷ പിന്നെ ആരാണ് കാണുന്നതെന്നു പറയാം. ക്രോധം വെടിഞ്ഞ പുരുഷന്മാര്‍ക്ക് ആ സാക്ഷ കാണാന്‍കഴിയും. ഇന്ദ്രിയങ്ങളെ ജയിച്ചവര്‍ക്ക് അതു കാണാന്‍ കഴിയും. തപസ്സില്‍ ലയിച്ച ബ്രാഹ്മണര്‍ക്ക് ആ സാക്ഷ കാണാന്‍ കഴിയും. യഥാശക്തി ദാനം ചെയ്യുന്നവര്‍ക്കും ആ സ്വര്‍ഗ്ഗദ്വാര സാക്ഷ കാണുവാന്‍ കഴിയും. ആയിരം നിഷ്കം കൈയിലുള്ളവന്‍ നുറു നിഷ്കം ദാനം ചെയ്താലും, നൂറു നിഷ്കം കൈയിലുള്ളവന്‍ പത്തു നിഷ്കം ദാനം ചെയ്താലും, പത്തു നിഷ്കം കൈയിലുള്ളവന്‍ ഒരു നിഷ്കം ദാനം ചെയ്താലും ഫലം തുല്യമാണ്. അങ്ങനെ യഥാശക്തി ദാനം ചെയ്യുന്നവനും യഥാശക്തി ജലം നല്‍കുന്നവനും ഫലം തുല്യമാണ്. രന്തിദേവന്‍ എന്ന രാജാവ്, സര്‍വ്വധനവും നശിക്കെ, ശുദ്ധചിത്തനായി ജലം ദാനം ചെയ്ത് ഹേ വിപ്രാ, സ്വര്‍ഗ്ഗം നേടി. മഹാഫല പ്രദാനം ചെയ്തു എന്നതു കൊണ്ട് ധര്‍മ്മം തെളിയുകയില്ല. ദാനം ശ്രദ്ധാപൂതമായിരിക്കണം, ഭക്തിയോടെയാകണം. ന്യായമായി ലഭിച്ച വസ്തുവായിരിക്കണം ദാനം ചെയ്യുന്നത്. വലിയതാണ് ദാനം ചെയ്തതെന്നു വച്ച് വലിയ ഫലം സിദ്ധിക്കുമെന്നു വിചാരിക്കേണ്ട. കഴിവ് ചെറിയതിനുള്ളവന്‍ അതില്‍ ഭക്തിവിശ്വാസത്തോടെ, ശ്രദ്ധയോടെ, നല്കിയാല്‍ അതാണു ഫലപ്രദമാവുക.
ആയിരം പശുക്കളെ നൃഗന്‍ എന്ന രാജാവ് വിപ്രന്മാര്‍ക്കും ദാനം ചെയ്തു. അതില്‍ അന്യന്റെ ഒരു പശുവിനെ പിടിച്ചു ദാനം ചെയ്തതു മൂലം അവന്‍ നരകത്തില്‍ പോകേണ്ടതായും വന്നു. തന്റെ മാംസം ദാനം ചെയ്ത് സുവ്രതനായ, ഔശീനരനായ, ശിബിരാജാവ് വിണ്ണില്‍ പുണ്യലോകങ്ങളെ പ്രാപിച്ച് ഇന്നും മോദിക്കുന്നു. വിഭവം വേണ്ടുവോളം ദാനം ചെയ്തതു കൊണ്ട് പുണ്യമായില്ല. ആത്മശക്തി ആര്‍ജ്ജിച്ച് നല്ല മനുഷ്യര്‍ ശുഭാര്‍ജ്ജിതമായ ദാനം നല്കി പുണ്യം നേടുന്നു. ന്യായമായി സമ്പാദിച്ച് അല്പമായ ദാനം പല യജ്ഞത്തെക്കാള്‍ ശ്രേഷ്ഠമായ ഫലം നല്കുവാന്‍ പര്യാപ്തമാകും. ക്രോധത്തോടെ ദാനം ചെയ്താല്‍ ആ ദാനത്തിന് യാതൊരു ഫലവും കിട്ടുകയില്ല. ലോഭത്തോടെ ദാനം ചെയ്യുന്നവന് സ്വര്‍ഗ്ഗം സിദ്ധിക്കുകയില്ല. ന്യായമായ മാര്‍ഗ്ഗത്തില്‍ നേടിയ തപസ്വിയായ പുരുഷന്‍, ദാനജ്ഞനായ പുരുഷന്‍, നല്കുന്ന ദാനം അവനെ സ്വര്‍ഗ്ഗത്തിലെത്തിക്കും. ഭൂരിദക്ഷിണമായ പല രാജസൂയം ചെയ്താലും, ഭൂരിദക്ഷിണമായ അശ്വമേധയാഗം കുഴിച്ചാലും ഭവാന്റെ ഈ ദാനത്തിന്റെ ഫലം നേടുന്നതല്ല. ഇടങ്ങഴി മലര്‍പ്പൊടി ദാനം ചെയ്തു അക്ഷയമായ ബ്രഹ്മലോകമാണ് ഭവാന്‍ നേടിയിരിക്കുന്നത്! രജസ്സറ്റ ആ ബ്രഹ്മലോകത്തെ അല്ലയോ വിപ്രാ, ഭവാന്‍ യഥാസുഖം പൂകിയാലും. നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തിലേക്കു പോകുവാന്‍ ദിവ്യമായ വിമാനം ഇതാ വന്നെത്തിയിരിക്കുന്നു ദ്വിജപുംഗവാ! യഥേഷ്ടം നിങ്ങള്‍ കയറുവിന്‍. ഹേ ഭൂസുരാ, ധര്‍മ്മമാണ് ഈ ഞാന്‍. ഭൂസുരാ, ഭവാന്‍ എന്നെ കണ്ടാലും, നീ ഉടലോടെ, ഭാര്യാപുത്ര സ്നുഷമാരോടും കൂടെ സ്വര്‍ഗ്ഗത്തിലേക്ക് പോയാലും. ഭവാന്‍ ദേഹത്തെ കയറ്റി വിടുക മാത്രമല്ല ചെയ്തുള്ളു! പാരില്‍ ഭവാന്റെ കീര്‍ത്തിയുറച്ചു.
കീരി പറഞ്ഞു: എന്ന് ധര്‍മ്മന്‍ പറഞ്ഞപ്പോള്‍ വിമാനത്തില്‍ കയറി ആ ദ്വിജന്‍ ഭാര്യയോടും പുത്രനോടും, സ്നുഷയോടും കൂടി സ്വര്‍ഗ്ഗത്തിലേക്കു പോയി. പുത്രനും സ്നുഷയും ഭാര്യയും കൂടി ആ ധര്‍മ്മജ്ഞന്‍ സ്വര്‍ഗ്ഗം പൂകിയപ്പോള്‍ മട വെടിഞ്ഞ് ഞാന്‍ അവിടെച്ചെന്നു. ഉടനെ ആ മലര്‍പ്പൊടിയുടെ ഗന്ധം കൊണ്ടും, വെള്ളത്തിന്റെ നനവു കൊണ്ടും വര്‍ഷിച്ച ദിവ്യപുഷ്പങ്ങള്‍ കൊണ്ടും, സജ്ജനദത്തമായ മലര്‍ത്തരികളാലും, എന്റെ തല സ്വര്‍ണ്ണമായിത്തീര്‍ന്നു. വിപ്രന്റെ തപശ്ശക്തി മൂലം സ്പര്‍ശിച്ച സ്ഥലം മുഴുവന്‍ ഇപ്രകാരം സ്വര്‍ണ്ണമായിത്തീര്‍ന്നു. ആ സതൃസന്ധന്റെ മലര്‍പ്പൊടി ദാനത്താല്‍ ആ മലര്‍പ്പൊടിയുടെ ഗന്ധമേറ്റ എന്റെ പകുതിഭാഗം സ്വര്‍ണ്ണമായിത്തീര്‍ന്നു. വിപ്രന്മാരേ, നോക്കുവിന്‍. ഇതാണ് ആ മഹാമതിയുടെ തപസ്സിന്റെ മഹാത്മ്യം നോക്കുക! ഇനി എന്റെ മറ്റേ പാര്‍ശ്വവും എങ്ങനെ സ്വര്‍ണ്ണമാകും വിപ്രരേ? ഞാന്‍ തപോവനങ്ങളിലും യജ്ഞങ്ങളിലുമൊക്കെ വീണ്ടും പ്രഹൃഷ്ടനായി പ്രവേശിച്ചു.
ഇപ്പോള്‍ ധീമാനായ കുരുരാജാവിന്റെ ഈ യജ്ഞത്തെപ്പറ്റി കേട്ടറിഞ്ഞു. വലിയ ആശയോടു കൂടിയാണ് ഞാന്‍ ഇവിടെ എത്തിയത്. ശ്രമിച്ചു നോക്കി എന്നാല്‍ ഒന്നു കൊണ്ടും ഞാന്‍ സ്വര്‍ണ്ണമായില്ല.
അതുകൊണ്ടാണ് ബ്രാഹ്മണരേ, ഞാന്‍ ചിരിച്ച് അപ്രകാരം പറഞ്ഞത്. ഉച്ഛവൃത്തി ബ്രാഹ്മണന്റെ ഇടങ്ങഴി മലര്‍പ്പൊടിക്ക് ഒക്കുകയില്ല, യുധിഷ്ഠിരന്റെ അശ്വമേധയജ്ഞമെന്ന്! മലര്‍പ്പൊടിയുടെ തരി സ്പര്‍ശിക്കയാല്‍ അന്ന് സ്വര്‍ണ്ണമായി ഞാന്‍ മാറി. ഈ മഹായജ്ഞം അതിനോട് തുല്യമല്ല എന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി. അതാണ് എന്റെ അഭിപ്രായം.
വൈശമ്പായനൻ പറഞ്ഞു: എന്ന് ആ കീരി യജ്ഞകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച ബ്രാഹ്മണരോടു പറഞ്ഞു. ആ കീരി അവിടെത്തന്നെ മറഞ്ഞു. വിപ്രന്മാര്‍ തങ്ങളുടെ ഗൃഹത്തിലേക്കു പോവുകയുംചെയ്തു. ഭവാനോട് അല്ലയോ പരപുരഞ്ജയാ, ഞാന്‍ ഇതൊക്കെ പറഞ്ഞു തന്നു. ആ മഹായജ്ഞമായ അശ്വമേധത്തിലുണ്ടായ അത്ഭുതങ്ങളെല്ലാം പറഞ്ഞു. രാജാവേ, നീ യജ്ഞത്തെപ്പറ്റി കേട്ട് വിസ്മയിക്കേണ്ട ആവശ്യമില്ല. ആയിരം കോടി ഋഷിമാര്‍ തപസ്സു കൊണ്ടു മാത്രം സ്വര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞു. എല്ലാ ഭൂതത്തിലും അഹിംസ, സന്തോഷം, ആര്‍ജ്ജവം, ശീലം, തപസ്സ്, ദമം, സത്യം, ദാനം എന്നിവയൊക്കെ യജ്ഞത്തിന് തുല്യമാണ്.
91. ഹിംസാമിശ്രധര്‍മ്മനിന്ദ - ഇന്ദ്രൻ കഴിച്ച യാഗത്തിന്റെ കഥ. ഹിംസ കൂടാത്ത ധർമ്മങ്ങളാണ് ശ്രേഷ്ഠതരമെന്ന് വൈശമ്പായനന്‍ പറയുന്നു - ജനമേജയന്‍ പറഞ്ഞു: രാജാക്കള്‍ യജ്ഞത്തില്‍ താല്‍പര്യമുള്ളവരാണ്. മഹര്‍ഷികള്‍ തപസ്സില്‍ താല്‍പര്യമുള്ളവരാണ്. വിപ്രര്‍ ശാന്തിയിലും, ശമത്തിലും, ദമത്തിലും, നില്ക്കുന്നവരാണ് പ്രഭോ! അതുകൊണ്ടു യജ്ഞഫലങ്ങളോട് തുല്യമായി മറ്റൊന്നും കാണപ്പെടുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. അതു ശരിയാണ് സംശയമില്ല. യജ്ഞങ്ങള്‍ ചെയ്ത് വളരെ മന്നവന്മാരും, മുനിമുഖ്യന്മാരും ഇവിടെ കീര്‍ത്തി നേടിയ ശേഷം പരലോകത്ത് സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നു. ദേവരാജാവായ സഹസ്രാക്ഷകന്‍ ദക്ഷിണാഢ്യമായ മഖങ്ങള്‍ കൊണ്ട്, ആ തേജസ്വിയായ, പ്രഭുവായ, ഇന്ദ്രന്‍, ദേവരാജ്യം മുഴുവന്‍ കൈയിലാക്കി. ഭീമാര്‍ജ്ജുനന്മാരോടു കൂടിയ യുധിഷ്ഠിര രാജാവ് വീര്യവര്‍ദ്ധന കൊണ്ട് ഇന്ദ്രതുല്യനാണെന്നിരിക്കെ പിന്നെ ആ കീരി എന്താണ് മഹാക്രതുവും മഹാത്മാവുമായ ആ രാജാവിന്റെ മഹായജ്ഞാശ്വമേധത്തെ ഗര്‍ഹിച്ചത്?
വൈശമ്പായനന്‍ പറഞ്ഞു: യജ്ഞത്തിന്റെ മുഖ്യമായ വിധിയും, യജ്ഞത്തിന്റെ ഫലവും അല്ലയോ രാജാവേ, ഞാന്‍ ഇതാ പറയുന്നു. കേട്ടു കൊള്ളുക. ശരിയായ വിധം വിവരിക്കുക.
പണ്ട് ശക്രന്‍ യജിക്കുന്ന സമയത്ത് മഹര്‍ഷികള്‍ പറഞ്ഞു. അപ്പോള്‍ കര്‍മ്മങ്ങള്‍ ഋത്വിക് ജനങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. യജ്ഞം നടക്കുകയായിരുന്നു. ആജ്യം അഗ്നിയില്‍ ഹോമിച്ചു കൊണ്ടിരുന്നു. മഹര്‍ഷിമാര്‍ ചുറ്റും ഇരിക്കുകയായിരുന്നു. സുപ്രീതരായ വിപ്രന്മാര്‍, വേദജ്ഞാനികള്‍, വേദമന്ത്രങ്ങളെ വളരെ മധുരമായ സ്വരത്തില്‍ ചൊല്ലി. ദേവന്മാരെ ഓരോരുത്തരെയായി ആവാഹിക്കുകയായിരുന്നു. ശ്രേഷ്ഠരായ അദ്ധ്യുര്യുക്കുകള്‍ അശ്രാന്തരായി യജൂര്‍വ്വേദത്തിലെ മന്ത്രങ്ങള്‍ മൃദുസ്വരത്തില്‍ ജപിച്ചു കൊണ്ടിരുന്നു. അങ്ങനെ മുഹൂർത്തവും വന്നു ചേര്‍ന്നു. യജ്ഞത്തില്‍ പശുക്കളെ (ജീവികളെ) വധിച്ച് ബലിയര്‍പ്പിക്കുവാനുള്ള സമയമായി. ബലിക്കു വേണ്ടി തെരഞ്ഞെടുത്ത പശുക്കളെ പിടിച്ചു. ഉടനെ ആ ഋഷിമാരുടെ ഹൃദയം കരുണ കൊണ്ടു നിറഞ്ഞു. പശുക്കള്‍ ദുഃഖപൂര്‍ണ്ണരായി കണ്ടതോടെ ആ തപോധനന്മാര്‍ രാജാവേ, ശക്രന്റെ സമീപത്തു ചെന്ന് ഇപ്രകാരം പറഞ്ഞു; അല്ലയോ പുരന്ദരാ! അങ്ങയ്ക്ക് ശുഭമല്ല ഈ യജ്ഞമുറ. മഹാധര്‍മ്മം ഇച്ഛിക്കുന്ന ഭവാനെന്താണ് ഈ ഹിംസാകര്‍മ്മം നടത്തുവാനൊരുങ്ങുന്നത്. അല്ലയോ പുരന്ദരാ, യാഗത്തില്‍ ബലിയര്‍പ്പിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടവരല്ല ഈ ജീവികള്‍. അല്ലയോ പുരന്ദരാ ഇത് അങ്ങയുടെ മഹത്ത്വത്തെ ക്ഷയിപ്പിക്കും. ഈ ബലി ഒരിക്കലും ധര്‍മ്മമല്ല. അങ്ങയുടെ ഈ സമാരംഭം പ്രഭോ, ധര്‍മ്മോപഘാതമാണ്. ഈ യജ്ഞം ധര്‍മ്മമല്ല. ഹിംസ ഒരിക്കലും ധര്‍മ്മമാവുകയില്ല. ആ ബ്രാഹ്മണര്‍ക്കു വേണമെങ്കില്‍ ആഗമ നിയമ പ്രകാരം യജ്ഞം ചെയ്യാം. വിധിപ്രകാരം കാണുന്ന യജ്ഞം ചെയ്യുകയാണെങ്കില്‍ നിനക്ക് ധര്‍മ്മം വര്‍ദ്ധിക്കുന്നതാണ്. മുന്നുവര്‍ഷം വെച്ച വിത്തു കൊണ്ട് അല്ലയോ സഹ്രസസാക്ഷാ, നീ യജിക്കുക! ഇന്ദ്രാ, ഇതാണ് മഹത്തായ ധര്‍മ്മം. ഇതാണ് മഹാഗുണമായ ഫലം നല്കുക. തത്ത്വം കാണുന്ന മുനികള്‍ പറഞ്ഞ നല്ല വാക്കാണിത്. ശതക്രതോ!
ഈ ഉപദേശമൊന്നും മാനത്താല്‍ മോഹത്തിന്‍ പാടിലായ അവന്‍ സ്വീകരിക്കുകയുണ്ടായില്ല. അങ്ങനെ ശക്രന്റെ യജ്ഞശാലയില്‍ താപസന്മാര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം ചരത്താലാണൊ അചരത്താലാണോ യജിക്കേണ്ടത് എന്നായിരുന്നു. അങ്ങനെ വാദിച്ച് തളര്‍ന്നവരും തത്ത്വം കാണുന്നവരുമായ മഹര്‍ഷിമാര്‍ ഇന്ദ്രനോടു കൂടിച്ചെന്ന് വസു എന്ന രാജാവിനോടു ചോദിച്ചു: ധര്‍മ്മസംശയത്തില്‍ പെട്ട ഞങ്ങള്‍ക്ക് സത്യം പറഞ്ഞു തരണേ! മഹാമതേ! യജ്ഞാഗമം എങ്ങനെയാണെന്ന് ഞങ്ങളോടു പറയൂ. യാഗം ചെയ്യേണ്ടത്. യജ്ഞത്തില്‍ ബലിയര്‍പ്പിക്കേണ്ടത് പശുക്കളാലോ? അതോ വിത്തുകളാലോ? അവര്‍ പറയുന്നത് വസു കേട്ടു. എന്നാല്‍, തര്‍ക്കത്തിന്റെ ബലാബലത്തെ അവന്‍ ചിന്തിച്ചില്ല. ആ രാജാവ് പറഞ്ഞു: ഉപനീതങ്ങളാല്‍ ( ഏതാണ് കൈയില്‍ കിട്ടിയത് എന്നു വെച്ചാല്‍ അതു കൊണ്ട് ) യാഗം ചെയ്യണം എന്നു പറഞ്ഞ് ആ രാജാവ് അന്തര്‍ദ്ധാനം ചെയ്തു രസാതലത്തിലേക്കു പോയി. ചേദിരാജാവായ പ്രഭു പ്രശ്‌നത്തിന് ഇങ്ങനെ അസത്യമായ ഒരു മറുപടി പറഞ്ഞ് സ്ഥലം വിട്ടു. അതു കൊണ്ടു വലിയ ജ്ഞാനിയായാലും കാരൃമായ പ്രശ്നങ്ങളില്‍ ശങ്കിക്കുന്ന വലിയ കാര്യങ്ങളില്‍ തനിച്ചു മറുപടി പറയുന്നത് ശരിയല്ല. പ്രഭുവും പ്രജാപതിയുമായ സ്വയംഭുവ് ഒഴികെ തനിച്ചു മറുപടി പറയുവാന്‍ ആരും പ്രാപ്തരല്ല. അശുദ്ധബുദ്ധിയായ പാപി വളരെ ദാനങ്ങള്‍ നല്കിയാലും, വലിയ ദാനങ്ങള്‍ന ല്കിയാലും അവ പാഴിലായി കെട്ടുപോകുന്നു. ദുരാത്മാവും, ഹിംസകനും, അധര്‍മ്മിഷ്ഠനുമായ ദുഷ്ടന് ഒരിക്കലും ദാനം കൊണ്ട് കീര്‍ത്തി ലഭിക്കുന്നതല്ല. ഇഹത്തിലും പരത്തിലും കിട്ടുകയില്ല. അന്യായമായി ആര്‍ജ്ജിച്ച ദ്രവ്യം വീണ്ടും വീണ്ടും ആ പണ്ഡിതനായ പുരുഷന്‍, ധര്‍മ്മത്തില്‍ ശങ്കിക്കുന്നവന്‍, യജിച്ചതു കൊണ്ട് അവന് ധര്‍മ്മഫലം സിദ്ധിക്കുന്നതല്ല.
ധര്‍മ്മവൈതംസികനാണ് അവന്‍. വ്യാജം കൊണ്ട് ധര്‍മ്മിഷ്ഠനാണെന്നു നടിക്കുന്നവനാണ് അവന്‍. പാപാത്മാവാണ്, നരാധമനാണ്. ലോകവിശ്വാസം നേടാനായി അവന്‍ വിപ്രര്‍ക്കു ദാനം നല്കുകയാണ്. പാപകര്‍മ്മം കൊണ്ട് ധനം നേടി. നിരങ്കുശനായ വിപ്രന്‍ രാഗമോഹാന്ധനായി. ഒടുവില്‍ കലുഷമായ ഗതിയിലെത്തും. നേടി വെക്കുവാന്‍ ബുദ്ധിയുളളവന്‍, ലോഭമോഹങ്ങള്‍ക്ക് അധീനനായവന്‍, അശുദ്ധ ബുദ്ധി പാപം കൊണ്ട് ഭൂതങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും.
ഇപ്രകാരം ധനം നേടി മൗഢ്യത്താല്‍ ദാനം ചെയ്താലും, യജിച്ചാലും പരലോകത്ത് ശുഭമായ ഫലം നേടുകയില്ല. പാപകര്‍മ്മത്തിലൂടെ ധനം സമ്പാദിച്ചത് ഒരിക്കലും ശുഭത്തിന്നായി ഭവിക്കുകയില്ല. ഉച്ഛവൃത്തി കൊണ്ടു ലഭിക്കുന്ന ധാന്യം, ഫലങ്ങള്‍, മൂലങ്ങള്‍, ചീര, ജലം, പാത്രം എന്നിവ ധാര്‍മ്മികരായ തപോധനന്മാര്‍ വിഭവം പോലെ ദാനം ചെയ്ത് സ്വര്‍ഗ്ഗത്തില്‍ ചെന്നു ചേരുന്നു. ഇത് മഹത്തായ യോഗഫലം നല്കും. ദാനം, ഭൂതാനുകമ്പ, ബ്രഹ്മചര്യം, സത്യം, അനുക്രോശം, ധൃതി, ക്ഷമ ഇവ ശാശ്വതധര്‍മ്മത്തിന്റെ മൂലമാണ്. പണ്ടുള്ളവരായ, വിശ്വാമിത്രാദികളായ രാജാക്കന്മാരെപ്പറ്റി കേട്ടിട്ടുണ്ടല്ലോ. വിശ്വാമിത്രന്‍, അസിതന്‍, ജനകരാജാവ്, കക്ഷസേനന്‍, ആര്‍ഷ്ടിഷേണന്‍, സിന്ധുദ്വീപ രാജാവ് ഇവരും മറ്റുപലരും ന്യായാര്‍ജ്ജിതമായ ധനം ദാനം ചെയ്തും തപസ്സു ചെയ്തും പരമമായ സിദ്ധിയെ നേടിയവരാണ്. ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും, ശൂദ്രരും, തപോധനന്മാരായി, ദാനധര്‍മ്മാഗ്നിയില്‍ ശുദ്ധരായി പാപം നശിച്ച് സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നു ഭാരതാ!
92. നകുലോപാഖ്യാനം അഗസ്ത്യയജ്ഞം - പണ്ട്, ജന്തുഹിംസ കൂടാതെ, അഗസ്ത്യ മഹർഷി നടത്തിയ യാഗം. കീരിയുടെ പൂർവ്വജന്മ കഥ - ജനമേജയൻ പറഞ്ഞു: ഭഗവാനേ,ധര്‍മ്മസിദ്ധമായ സത്യത്താല്‍ സ്വര്‍ഗ്ഗം ലഭിക്കുമെങ്കില്‍ എന്നോട്,ഈ ചോദിക്കുന്ന കാര്യങ്ങളെപ്പറ്റി വ്യക്തമായി വിശദീകരിച്ചു തരണേ! അങ്ങ് വിശദീകരണത്തില്‍ സമര്‍ത്ഥനാണല്ലോ? ഉച്ഛവൃത്തിയായ ബ്രാഹ്മണന്ന് മലര്‍പ്പൊടി ദാനം കൊണ്ടു ലഭിച്ച മഹാഫലം ഭവാന്‍ എന്നോടു പറഞ്ഞുവല്ലോ. അത് അല്ലയോ ബ്രാഹ്മണാ! സത്യമാണ്. അതില്‍ ഒട്ടും സംശയമില്ല. എല്ലാ യജ്ഞങ്ങള്‍ക്കും മുഖ്യമായ, ഏറ്റവും ഉന്നതമായ, ഫലം ഏതു നിലയില്‍ വന്നെത്തും? ദ്വിജര്‍ഷഭാ, ഇവയെല്ലാം എനിക്കു വിശദമാക്കിത്തരു!
വൈശമ്പായനൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്. അതു പണ്ട് അഗസ്ത്യന്റെ മഹായജ്ഞത്തിൽ ഉണ്ടായതാണ് അരിന്ദമാ! പണ്ടു പ്രന്തണ്ടു വര്‍ഷം അഗസ്ത്യന്‍ ദീക്ഷയെടുത്തു രാജാവേ! അഗസ്ത്യ മഹര്‍ഷി മഹാതേജസ്വിയാണ്, സര്‍വ്വഭൂത ഹിതോദ്യുതനാണ്. ആ മഹാത്മാവിന്റെ സത്രത്തില്‍ പാവകോപമന്മാരായ അശ്മകുട്ടന്മാരും, മരീചിപരും, കിഴങ്ങു തിന്നുന്നവരും, കായ് തിന്നുന്നവരും, പൃഷ്ടികന്മാരും, വൈഘസികരും, യതിമാരും, ഭിക്ഷുക്കളുമൊക്കെ വന്നു ചേര്‍ന്നു. എല്ലാവരും പ്രത്യക്ഷ ധര്‍മ്മാക്കളും, ജിതക്രോധരും, ജിതേന്ദ്രിയരുമായിരുന്നു. എല്ലാവരും ദമസ്ഥന്മാരും, ഹിംസാ ദംഭങ്ങള്‍ വിട്ടവരുമായിരുന്നു. എല്ലാവരും ശുദ്ധവൃത്തികളും, നിത്യവും ഇന്ദ്രിയങ്ങളുടെ ബാധ വിട്ടവരുമായിരുന്നു. ആ യജ്ഞത്തെ ഉപാസിച്ച് യജിക്കുന്ന മഹര്‍ഷികള്‍ ഭഗവാനായ അഗസ്ത്യനും യഥാശക്തി അന്നം ആ യജ്ഞത്തില്‍ ആര്‍ജ്ജിച്ചു. ആ യജ്ഞത്തിന്റെ ആവശ്യത്തിന് അതു വേണ്ടുവോളം മതിയായി. നിയമപ്രകാരം നേടിയ ആ അന്നത്താല്‍ യാഗം നടത്തപ്പെട്ടു. അപ്രകാരം അനേകം യോഗ്യരായ മുനികള്‍ ക്രതുക്കള്‍ ചെയ്തു. ഇപ്രകാരം അഗസ്ത്യ മഹര്‍ഷിയുടെ യജ്ഞം നടക്കുമ്പോള്‍ സഹസ്രാക്ഷനായ ഇന്ദ്രന്‍ മഴ പൊഴിച്ചില്ല ഭാരതസത്തമാ! പിന്നെ രാജാവേ, മഹാത്മാവായ അഗസ്ത്യന്റെ ക്രിയകളുടെ ഇടയ്ക്ക് ഭാവിതാത്മാക്കളായ മുനിമാരുടെ സംസാരം ഇപ്രകാരം നടന്നു.
മഹര്‍ഷിമാര്‍ പറഞ്ഞു; യജമാനനായ അഗസ്തൃന്‍ മത്സരം കൂടാതെ അന്നം നല്കുന്നുണ്ട്. മഴയാണെങ്കില്‍ വര്‍ഷിക്കുന്നുമില്ല. പിന്നെ എങ്ങനെ എവിടുന്ന് ഈ അന്നമുണ്ടാകുന്നു? ഇത് അത്ഭുതം തന്നെ. ഈ യജ്ഞമാണെങ്കില്‍ പന്ത്രണ്ടു കൊല്ലം കൊണ്ടേ കാലം കൂടുകയുള്ളൂ. ഈ നിലയ്ക്ക് എന്തുണ്ടാകും? യാഗം നടക്കുന്ന പ്രന്തണ്ടു വര്‍ഷവും ഇന്ദ്രന്‍ മഴ പൊഴിക്കുകയില്ല. ഇക്കാര്യം നിങ്ങള്‍ നല്ല പോലെ ധരിക്കുവിന്‍! അതുകൊണ്ടു ധീമാനായ അഗസ്ത്യമുനിയെ, മഹാതപസ്വിയെ, നിങ്ങള്‍ വേണ്ടുവോളം അര്‍ച്ചന ചെയ്തു പ്രസാദിപ്പിച്ചു കൊള്ളുക.
വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞപ്പോള്‍ പ്രതാപവാനായ അഗസ്ത്യന്‍ കുമ്പിട്ട്, ആ മുനികളെ പ്രസാദിപ്പിച്ച്, ഇപ്രകാരം പറഞ്ഞു.
അഗസ്ത്യന്‍ പറഞ്ഞു: പ്രന്തണ്ടു വര്‍ഷത്തേക്ക് ഇന്ദ്രന്‍ വര്‍ഷിക്കുന്നതല്ലെങ്കില്‍ ഞാന്‍ ചിന്തായജ്ഞം കഴിക്കും. ശാശ്വതമായ വിധിയാണ് അത്. പ്രന്തണ്ടു വര്‍ഷത്തേക്ക് ഇന്ദ്രന്‍ വര്‍ഷിക്കുന്നതല്ലെങ്കില്‍ ഞാന്‍ സ്പര്‍ശ യജ്ഞം കഴിക്കും. അതും ശാശ്വതമായ വിധിയാണ്. പ്രന്തണ്ടു വര്‍ഷത്തേക്ക് ഇന്ദ്രന്‍ വര്‍ഷിക്കുന്നില്ലെങ്കില്‍ ദ്ധ്യേയാത്മാവില്‍ ഞാന്‍ യത്രവതനായി യജ്ഞങ്ങള്‍ ആഹരിക്കും. വളരെ വര്‍ഷത്തേക്കു ഞാന്‍ ഇവിടെ ബീജയജ്ഞവും നേടിയിട്ടുണ്ട്. അതു ഞാന്‍ ബീജങ്ങളാല്‍ നിര്‍വ്വഹിക്കും. അതില്‍ യാതൊരു വിഘ്നവും ഉണ്ടാവുകയില്ല. എന്റെ ഈ സത്രം പാഴാക്കി വിടുവാന്‍ ഒരിക്കലും സാധിക്കുന്നതല്ല. ഇന്ദ്രന്‍ വര്‍ഷിച്ചാലും കൊള്ളാം, വര്‍ഷിച്ചില്ലെങ്കിലും കൊള്ളാം. അതല്ല എന്റെ അഭ്യര്‍ത്ഥന. കാമം മൂലം ഇന്ദ്രന്‍ ചെയ്യാതിരിക്കുകയാണെങ്കില്‍ പിന്നെ ഞാന്‍ തന്നെത്താന്‍ ഇന്ദ്രനാകും. സകല പ്രജകളെയും ഞാന്‍ ജീവിപ്പിക്കും. ഏത് ആഹാരം ആവശ്യമണോ അത് അപ്പോള്‍ ഉണ്ടായി വരും. വിശേഷിച്ചും ഞാന്‍ വീണ്ടും വീണ്ടും ആവശ്യമുള്ളതൊക്കെ ഇവിടെ വരുത്തും. ഇന്നു തന്നെ സ്വര്‍ണ്ണവും മറ്റു ധനങ്ങളും ഉണ്ടായി വരും. മൂന്നു ലോകത്തിലും വിശേഷപ്പെട്ടത് എന്തുണ്ടോ, അതൊക്കെ തന്നെത്താനെ ഇവിടെ വന്നു ചേരണം. ദിവ്യമായ അപ്സരസ്ത്രീ സംഘവും, ഗന്ധര്‍വ്വന്മാരും, കിന്നരന്മാരും, വിശ്വാവസുവും എല്ലാം വന്ന് എന്റെ മഖത്തെ ഉപാസിക്കട്ടെ. ഉത്തര കുരു രാജ്യത്ത് എന്തു ധനമുണ്ടോ, അതെല്ലാം ഇന്ന് യജ്ഞങ്ങള്‍ക്കു വേണ്ടി തന്നെത്താനെ വന്നു ചേരണം. സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗത്തിലുള്ളവരും തന്നെത്താന്‍ ധര്‍മ്മവും എല്ലാം ഇവിടെയെത്തണം.
വൈശമ്പായനൻ പറഞ്ഞു: എന്ന് ദീപ്തഗ്നി തേജസ്സായ അഗസ്ത്യന്‍ പറഞ്ഞ ഉടനെ എല്ലാം തപശ്ശക്തി കൊണ്ട് ഉണ്ടായി വന്നു. മഹര്‍ഷികള്‍ സന്തോഷത്തോടെ അഗസ്ത്യന്റെ തപോബലത്തെ കണ്ടു. അവര്‍ അത്ഭുതത്തോടെ പൊരുള്‍ ചേര്‍ന്ന വാക്കുകള്‍ ഇപ്രകാരം പറഞ്ഞു.
ഋഷികള്‍ പറഞ്ഞു: ഞങ്ങള്‍ നിന്റെ വാക്കുകൊണ്ടു പ്രീതരായിരുന്നു. ആ യജ്ഞത്താല്‍ ഞങ്ങള്‍ സന്തുഷ്ടരായിരിക്കുന്നു. ഞങ്ങള്‍ ന്യായമായതേ ഇച്ഛിക്കുന്നുള്ളൂ. ഈ പ്രവൃത്തി മൂലം അങ്ങയുടെ തപസ്സിന് യാതൊരു ന്യൂനതയും വന്നു ചേരരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യജ്ഞവും, ദീക്ഷയും, ഹോമവും പിന്നെ അതിലേക്കു വേണ്ടതൊക്കെയും ഞങ്ങള്‍ ന്യായമായി കൊണ്ടു വരാം. സ്വകര്‍മ്മ നിരതന്മാരാണ് ഈ ജനങ്ങളെല്ലാം ( അത്ഭുത കര്‍മ്മങ്ങള്‍ കാണിച്ച് തപസ്സിന്റെ ഒരു ഭാഗം നശിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ് ).
ഞങ്ങള്‍ ദേവന്മാരെ ബ്രഹ്മചര്യമെടുത്ത് ന്യായമായ വിധം പൂജിക്കാം. നിയമാനുസരണം ഗൃഹം വിട്ടു കാട്ടില്‍ വന്നവരാണ് ഈ ഞങ്ങള്‍ എല്ലാവരും. ധര്‍മ്മം കാണുന്ന മാര്‍ഗ്ഗത്തിലൂടെ തപസ്സു ചെയ്യുന്നവരാണ് ഈ ഋഷിമാരെല്ലാം. ഹിംസയില്ലാത്ത മാര്‍ഗ്ഗം സ്വീകരിച്ചവരാണ് ഞങ്ങള്‍. അത് അങ്ങയ്ക്ക് ഇഷ്ടമായിരിക്കും. യജ്ഞത്തില്‍ അങ്ങ് എന്നും ഈ അഹിംസയെ വിഭോ, ഭവാന്‍ പറയണം. അതുകൊണ്ടു തന്നെ ഞങ്ങള്‍ പ്രീതരാകുന്നതാണ് ദ്വിജസത്തമാ! ഈ സത്രം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ അങ്ങയുടെ അനുവാദത്തോടെ പോകുന്നതാണ്.
വൈശമ്പായനൻ പറഞ്ഞു: അവര്‍ ഇപ്രകാരം പറയുന്ന സമയത്ത് ദേവരാജാവായ പുരന്ദരന്‍, തേജസ്വിയായ ഇന്ദ്രന്‍, അഗസ്തൃയന്റെ തപോബലം കണ്ട് വര്‍ഷം ചൊരിഞ്ഞു. ആ യജ്ഞം കഴിയുന്നതു വരെ അമിത വിക്രമനായ പര്‍ജ്ജന്യന്‍ ധാരാളം മഴ ചൊരിഞ്ഞു ജനമേജയാ! ത്രിദശേശ്വരന്‍ ഇപ്രകാരം അഗസ്ത്യനെ പ്രസാദിപ്പിച്ചു. അല്ലയോ രാജര്‍ഷേ, ബൃഹസ്പതിയെ മുന്നില്‍ നിര്‍ത്തി ഇന്ദ്രന്‍ അഗസ്ത്യന്റെ സമീപത്തെത്തി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. യജ്ഞം കഴിഞ്ഞതിന് ശേഷം മുനിമാരെ അഗസ്ത്യന്‍ വേണ്ട മാതിരി പൂജിച്ച് സന്തോഷത്തോടെ വിട്ടയച്ചു.
ജനമേജയന്‍ പറഞ്ഞു: ആരാണ് തല സ്വര്‍ണ്ണമായ കീരിയായി വന്നത്? മനുഷ്യ വാക്കാല്‍ പറഞ്ഞ അവന്‍ ആരാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. അങ്ങു പറഞ്ഞു തരണേ!
വൈശമ്പായനന്‍ പറഞ്ഞു: ഇത് എന്നോടു ഭവാന്‍ ആദ്യംചോദിച്ചില്ല, ഞാന്‍ പറഞ്ഞുമില്ല. ആരാണ് ഈ കീരിയെന്നുള്ളത് ഞാന്‍ പറയാം, കേള്‍ക്കുക. മര്‍ത്തൃവാക്കായി പറഞ്ഞത് എന്താണെന്നും ഞാന്‍ പറയാം, കേള്‍ക്കുക.
പണ്ട് ജമദഗ്നി മഹര്‍ഷി ശ്രാദ്ധം നിശ്ചയിച്ചു. അതിന് വേണ്ട ഹോമധേനുവും വന്നെത്തി. ആ മഹര്‍ഷി തന്നെ അവളെ കറന്നു. ശുദ്ധമായ ഒരു പുതിയ കലത്തില്‍ ആ പാല്‍ മഹര്‍ഷി വെച്ചു. ആ സമയത്ത് ധര്‍മ്മം ക്രോധത്തിന്റെ രൂപമെടുത്ത് ആ പാത്രത്തില്‍ കടന്നു കൂടി. മുനീന്ദ്രനെ ഒന്നു പരീക്ഷിക്കാനാണ് ക്രോധ രൂപത്തില്‍ ധര്‍മ്മം അതില്‍ കടന്നത്. അവന്‍ ആ പാല്‍ മുഴുവന്‍ കുടിച്ചു. ഇത് ഒരു വിപ്രിയമാണല്ലോ. മുനി കലത്തില്‍ പാല്‍ കാണാതായപ്പോള്‍ ചിന്തിച്ചു. ആരാണ് ഈ പണി ചെയ്തത്? ശാന്തനായി ക്ഷമയോടെ ചിന്തിച്ചപ്പോള്‍ മുനിക്ക് അറിയുവാന്‍ സാധിച്ചു. ഇതു ധര്‍മ്മം തന്നെ പരീക്ഷിക്കുവാന്‍ ചെയ്തതാണെന്ന്. ക്രോധത്തെ കണ്ടറിഞ്ഞ മുനി കോപിക്കുകയുണ്ടായില്ല. ഇതു കണ്ടപ്പോള്‍ ആ ക്രോധം ബ്രാഹ്മണന്റെ രൂപം കൈക്കൊണ്ടു. താന്‍ തോറ്റു പോയെന്നറിഞ്ഞ് അമര്‍ഷണനായ ക്രോധം ഭൃഗുപുംഗവനോടു പറഞ്ഞു.
ക്രോധം പറഞ്ഞു: ഭൃഗുശ്രേഷ്ഠാ, ഞാന്‍ തോറ്റു പോയിരിക്കുന്നു. ഭൃഗുക്കള്‍ എല്ലാം മഹാകോപികളാണെന്നു ലോകത്തില്‍ ഒരു ചൊല്ലുണ്ട്. ആ ചൊല്ല് വെറുതെയാണ്. ഒരു പാഴ്വാക്കാണത്. ഭവാന്‍ എന്നെ ജയിക്കുക മൂലം ആ ചൊല്ല് പാഴായിരിക്കുന്നു. ക്ഷമാവാനും മഹാത്മാവുമായ ഭവാന്റെ പാട്ടില്‍, ചൊല്പടിക്ക്, ഞാന്‍ ഇരുന്നു കൊള്ളാം. സാധോ, ഞാന്‍ തപസ്സിനെ ഭയപ്പെടുന്നു. പ്രഭോ, ഭവാന്‍ എന്നില്‍ പ്രസാദിക്കണേ!
ജമദഗ്നി പറഞ്ഞു: എടോ ക്രോധമേ, ഞാന്‍ നിന്നെ നേരെ കണ്ടു. നീ അല്ലല്‍ കൂടാതെ പൊയ്ക്കൊള്ളുക. നീ യാതൊരു തെറ്റും എന്നില്‍ ചെയ്തിട്ടില്ല. എനിക്കു നിന്നില്‍ യാതൊരു കോപവുമില്ല, അസൂയയുമില്ല. ഈ പാലിനുള്ള സങ്കല്പം ഞാന്‍ ആരില്‍ സങ്കല്പിച്ചു ചിന്തിച്ചുവോ, ആ പിതൃക്കള്‍ മഹാഭാഗരാണ്. അവരില്‍ നീ എന്റെ സങ്കല്പം ഉറപ്പു വരുത്തുക.
വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം മുനി പറഞ്ഞപ്പോള്‍ ആ ക്രോധം അവിടെത്തന്നെ മറഞ്ഞു. പിതൃക്കളുടെ ശാപം മൂലം അവന്‍ പിന്നെ കീരിയായി ജനിച്ചു. അവരെക്കണ്ട് കീരി ക്ഷമായാചനം ചെയ്തു ശാപമോക്ഷത്തിന് അപേക്ഷിച്ചു. അവര്‍ കീരിയോടു പറഞ്ഞു: ശരി, ശാപമോക്ഷം തരാം! നീ ധര്‍മ്മത്തെ ആക്ഷേപിക്കുക. അതു നിനക്ക് ശാപമോക്ഷം നല്കും.
അവര്‍ അപ്രകാരം പറഞ്ഞു വിട്ട കീരി യജ്ഞദേശങ്ങള്‍ തോറും, ധര്‍മ്മാരണ്യങ്ങള്‍ തോറും സഞ്ചരിച്ചു. യജ്ഞം നടത്തുന്ന സ്ഥലങ്ങളിലൊക്കെ നടന്നു. അങ്ങനെ നിരാശനായി ഒടുവില്‍ യുധിഷ്ഠിരന്റെ യജ്ഞത്തിലും വന്നെത്തി. അങ്ങനെ ഇടങ്ങഴി മലര്‍പ്പൊടിയുടെ ദാനമാഹാത്മൃം പറഞ്ഞ് ധര്‍മ്മപുത്രന്റെ യജ്ഞത്തെപ്പറ്റി ആക്ഷേപം പറഞ്ഞ് ക്രോധം ശാപമോക്ഷം നേടി. ധര്‍മ്മത്തെ (ധര്‍മ്മനെ) ആക്ഷേപിക്കുക എന്നത് അങ്ങനെ നിര്‍വ്വഹിക്കപ്പെട്ടു. യുധിഷ്ഠിരന്‍ ധര്‍മ്മനാണല്ലോ.
ഇപ്രകാരം ആ മഹാത്മാവിന്റെ യജ്ഞം ഭംഗിയായി നടന്നു. കീരിയുടെ കഥയും കേട്ടു. ഞങ്ങള്‍ എല്ലാവരും കണ്ടു നില്ക്കെ ആ കീരി മറഞ്ഞു പോവുകയും ചെയ്തു.
No comments:
Post a Comment