Monday, 26 September 2022

ഭീക്ഷ്മപര്‍വ്വം 24-ാം അദ്ധ്യായം വരെ

ജംബുഖണ്ഡവിനിര്‍മ്മാണ പര്‍വ്വം

1. സൈന്യശിക്ഷണം - ജനമേജയൻ പറഞ്ഞു: കുരുവീരന്മാരും പാണ്ഡവവീരന്മാരും പാഞ്ചാലവീരന്മാരും നാനാദേശങ്ങളില്‍നിന്നും വന്നു ചേര്‍ന്ന മഹായോഗ്യന്മാരായ രാജാക്കന്മാരും എങ്ങനെ യുദ്ധം ചെയ്തു എന്ന്‌ ഭവാന്‍ പറഞ്ഞാലും.

വൈശമ്പായനൻ പറഞ്ഞു:  ഹേ പൃഥ്വീപാലാ, കുരുപാണ്ഡവ സോമകന്മാര്‍ തപഃക്ഷേത്രമായ കുരുക്ഷ്രേതത്തില്‍ ചെന്നു പടവെട്ടിയ ചരിത്രം ഞാന്‍ പറയാം.

കുരുക്ഷേത്രത്തില്‍ ഇറങ്ങി മഹാബലന്മാരായ പാണ്ഡവ പാഞ്ചാല വീരന്മാര്‍ കുരുക്കളെ വെല്ലുവാനായി ഉദ്യമിച്ചു. രണ്ടു ഭാഗത്തുമുള്ളവര്‍ വേദാദ്ധ്യയനം ചെയ്തവരും, യുദ്ധദക്ഷിണന്മാരും പോരില്‍ ജയം നിനയ്ക്കുന്നവരും ആയിരുന്നു. അവര്‍ തങ്ങളുടെ പടയോടു കൂടി ഇറങ്ങി. ദുര്‍ദ്ധര്‍ഷരായ പാണ്ഡവന്മാര്‍ ധാര്‍ത്തരാഷ്ട്രന്റെ സൈന്യങ്ങള്‍ക്കു നേരെ തിരിഞ്ഞ്‌ കിഴക്കോട്ടു മുഖമായി പടിഞ്ഞാറെ ഭാഗത്തു നിന്നു. സമന്തപഞ്ചകം വിട്ട്‌ അല്പം ദൂരത്തായി യുധിഷ്ഠിരന്‍ വിധിപ്രകാരം കൂടാരങ്ങള്‍ തീര്‍പ്പിച്ചു. നാട്ടിൽ ഉള്ളിടത്തോളം ആനയും, തേരും, ആളുകളും, കുതിരയുമൊക്കെ യുദ്ധക്കളത്തിൽ എത്തിയിരിക്കയാല്‍ ലോകം മുഴുവന്‍ ശൂന്യമായി. ബാലരും വൃദ്ധരും മാത്രമേ ഭൂമിയില്‍ ശേഷിച്ചിരുന്നുള്ളു. ജംബുദ്വീപില്‍ (യൂറോപ്പും ഏഷ്യയും ഒന്നായിക്കിടക്കുന്ന യുറേഷ്യ ആയിരിക്കും . സ്വ.) എവിടം വരെ സൂര്യരശ്മി തട്ടുന്നുവോ അവിടം വരെയുള്ള സകല രാജ്യത്തു നിന്നും സൈന്യങ്ങള്‍ കുരുക്ഷേത്രത്തിൽ എത്തി. സര്‍വ്വജാതിയും ഒന്നിച്ച്‌ ബഹുയോജന വിസ്താരത്തില്‍ സൈന്യങ്ങള്‍ ചുറ്റിക്കൂടി. നാടും പുഴയും, കാടും, മേടുമൊക്കെ വന്നു കൂടിയ സൈന്യങ്ങള്‍ കൊണ്ടു നിറഞ്ഞു. യുധിഷ്ഠിര രാജാവ്‌ അവര്‍ക്കൊക്കെ ഉത്തമമായ ആഹാരങ്ങള്‍ നല്കി. പുറത്തുള്ളവർക്കും ഭോജനം നല്കി. രാത്രി ആയപ്പോള്‍ യഥോചിതം കിടക്കുവാനുള്ള മെത്തകളും നല്കി. തന്റെ സൈന്യത്തിലെ ജനങ്ങളെ കണ്ടാൽ അറിയുന്നതിന് വേണ്ടി യുദ്ധകാലം അടുത്തപ്പോള്‍, പേരും പാണ്ഡവന്മാരുടെ മുദ്രയും ചേര്‍ന്ന അടയാളങ്ങളും, ഉടുപ്പുകളും നൽകി.

( പരശുരാമൻ ഇരുപത്തൊന്തു വട്ടം ക്ഷത്രിയന്മാരെ വധിച്ച്‌ അവരുടെ രക്തം കൊണ്ട് നിറച്ച തടാകം സ്ഥിതി ചെയ്യുന്ന കുരുക്ഷേത്ര സ്ഥലം ആണ്  സമന്തപഞ്ചകം )

പാര്‍ത്ഥന്മാരുടെ കൊടിയടയാളം കണ്ടാണ്‌ മഹാശയനായ ധാര്‍ത്തരാഷ്ട്രന്‍ മറ്റു രാജാക്കന്മാരോടു കൂടി ധര്‍മ്മജനോട്‌ ഏറ്റ്‌ എതിര്‍ത്തത്‌.

തലയ്ക്കു മീതെ പ്രശോഭിക്കുന്ന വെണ്‍കൊറ്റ കുട ഉള്ളവനും, അനേകം സൈനികരുടെ നടുവിലായി അനുജന്മാരാല്‍ ചുറ്റപ്പെട്ടവനുമായ ദുര്യോധനനെ കണ്ട്‌ യുദ്ധാര്‍ത്ഥികളായ സോമകന്മാര്‍ ( പാഞ്ചാലന്മാർ ) ഹര്‍ഷിച്ച്‌ ശംഖും പെരുമ്പറകളുമൊക്കെ വളരെ രസമായി മുഴക്കി. ഉടനെ സന്തുഷ്ടരായി നില്ക്കുന്ന പട കണ്ടപ്പോള്‍ പാണ്ഡവന്മാര്‍ വളരെയേറെ വീര്യവാനായ വാസുദേവനോടു കൂടി സന്തോഷിച്ചു.

പിന്നെ വാസുദേവ ധനഞ്ജയന്മാര്‍ വലിയ സന്തോഷത്തോടെ, തേരില്‍ കയറി ദിവൃശംഖങ്ങള്‍ ഊതി. പാഞ്ചജന്യവും ദേവദത്തവും ആ പുരുഷ വ്യാഘ്രന്മാര്‍ വിളിച്ചപ്പോള്‍ അതിന്റെ അതിഭയങ്കരമായ ശബ്ദം കേട്ടു ഭയപ്പെട്ട്‌ യോദ്ധാക്കള്‍ മലമൂത്രങ്ങള്‍ വിട്ടു. സിംഹസ്വനം കേട്ടാല്‍ മറ്റു മൃഗജാതികള്‍ എപ്രകാരമോ അപ്രകാരം യോധന്മാരൊക്കെ പരിഭ്രമിച്ചുഴന്നു. പൊടി പടലം പൊങ്ങി ആകാശത്തു പരന്ന്‌ ഒന്നുമറിയാത്ത മട്ടില്‍ ഇരുളടഞ്ഞു. സൂര്യന്‍ അസ്തമിച്ച പോലെയായി. അപ്പോള്‍ മേഘ ങ്ങള്‍ ചോരയും മാംസവുമായി സൈന്യം നില്‍ക്കുന്നിടത്ത്‌ ഒരു മഴ പെയ്തു. അത്‌ എല്ലാവരേയും അത്ഭുതപ്പെടുത്തി. ചരല്‍പ്പൊടി പറപ്പിച്ചു കൊണ്ട്‌ താഴെ ചുഴലിക്കാറ്റു വീശി നൂറും ആയിരവും സൈന്യങ്ങളെ പീഡിപ്പിച്ചു. കടുത്ത മോദത്തോടെ രണ്ടു പടയും കുരുക്ഷേത്രത്തില്‍ ക്ഷുബ്ധമായ അബ്ധികള്‍ പോലെ നിന്നു. കൂടുന്ന പടകള്‍ രണ്ടും പോയിക്കൂടുന്ന ആ സമ്മേളനം മഹാത്ഭുതം തന്നെ! പ്രളയത്തില്‍ കടലുകള്‍ ഇളകിക്കൂടുന്ന വിധം പ്രക്ഷുബ്ധമായി. നാട്ടിൽ ഉള്ളിടത്തോളം ജനങ്ങളെയും ആന, കുതിര, തേര്‍ എന്നിവയും യുദ്ധക്കളത്തിലേക്ക്‌ കൊണ്ടു വരികയാല്‍ ലോകം ശൂന്യമായി. ലോകം സ്ത്രീകളും ബാലരും മാത്രമായി അവശേഷിച്ചു. അത്രമാത്രം സൈന്യത്തെ കൗരവന്മാര്‍ തയ്യാറാക്കി. :

അങ്ങനെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായപ്പോള്‍ കുരുപാണ്ഡവ സോമകന്മാര്‍ ഒരു കരാര്‍, യുദ്ധത്തിലെ ചട്ടങ്ങളെക്കുറി ച്ച്‌, സൗഹാര്‍ദ്ദപൂര്‍വ്വം ഒപ്പുവെച്ചു. പൊരുതാനുള്ള മുറകള്‍ തമ്മില്‍ ഉറപ്പിച്ചു.  യുദ്ധം കഴിഞ്ഞാല്‍ നമ്മള്‍ക്കു പരസ്പരം പ്രീതി വേണം. അങ്ങനെ നാം യോജിക്കണം. ന്യായഭംഗം ആരും ചെയ്യരുത്‌. വാക്കു കൊണ്ടു യുദ്ധം ചെയ്യുന്നവനെ വാക്കു കൊണ്ടെതിര്‍ക്കുക. സൈന്യം വേറിട്ട്‌ അകന്നു പോയവനെ ഒരിക്കലും കൊല്ലുവാന്‍ പാടില്ല. രഥിയോടു രഥി ഏല്ക്കണം. ആനപ്പടയോട്‌ ആനപ്പട ഏല്ക്കണം. അശ്വത്തോട്‌ അശ്വാരൂഡന്‍ എതിര്‍ക്കണം. കാലാളോടു കാലാള്‍ യോഗം നോക്കി ഇഷ്ടമായ വിധം യഥോത്സാഹം യഥാബലം ചൊല്ലി ഓരോന്നും പ്രയോഗിക്കണം. വിശ്വസ്തരിലും മൂഢരിലും പാടില്ല. ഒരാളോടു പൊരുതിക്കൊണ്ടു നില്ക്കുമ്പോള്‍ അതിന്നിടയ്ക്കു മറ്റൊരാള്‍ അവനോട് ഏല്‍ക്കരുത്. അഭയം പ്രാപിച്ചവനോടു യുദ്ധം പാടില്ല. അവനെ കൊല്ലരുത്‌. പിന്തിരിഞ്ഞു ഓടുന്നവനെ വധിക്കരുത്‌. ശസ്ത്രം തീര്‍ന്നവനോട്‌ പൊരുതരുത്‌. ചട്ടയറ്റവനോടു പൊരുതരുത്‌. ഇങ്ങനെ ഉള്ളവർ ഒന്നും വദ്ധ്യരല്ല. സൂതന്മാരിലും ചുമട്ടുകാരിലും ശസ്ത്രങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഭൃത്യന്മാരിലും ശംഖം, ഭേരി എന്നിവ മുഴക്കുന്ന കൂട്ടരിലും പ്രഹരിക്കുവാന്‍ പാടില്ല. ഇപ്രകാരം ആ കുരുപാണ്ഡവ സോമകന്മാര്‍ നിശ്ചയം ചെയ്തു. ഇങ്ങനെ നിശ്ചയം ചെയ്തു കഴിഞ്ഞതിന് ശേഷം .അവര്‍ ഒട്ടുനേരം വിസ്മയത്തോടെ പരസ്പരം നോക്കി നിന്നു.

പിന്നെ എല്ലാവരും സന്നദ്ധരായി. മഹാത്മാക്കളായ ആ പുരുഷര്‍ഷഭന്മാര്‍ സൈന്യങ്ങളോടു കൂടി സന്തോഷത്തോടെ പ്രസന്നരായി.

2. ശ്രീ വേദവ്യാസ ദര്‍ശനം - വൈശമ്പായനൻ പറഞ്ഞു; കിഴക്കും പടിഞ്ഞാറുമായി കുരുക്ഷേത്രത്തില്‍ നിരന്നു നില്ക്കുന്ന സൈന്യങ്ങളെ കണ്ട്‌ സര്‍വ്വ വേദജ്ഞന്മാരിലും ശ്രേഷ്ഠനായ ഭഗവാന്‍, സത്യവതീ സുതന്‍, വ്യാസന്‍ ഘോരമായ യുദ്ധം അടുത്തപ്പോള്‍ ധൃതരാഷ്ട്രന്റെ സമീപത്തെത്തി. ഭാരതര്‍ക്കു പിതാമഹനും, ഭൂതഭവ്യ ഭവിഷ്യത്തുകള്‍ കാണുന്നവനുമായ ഭഗവാന്‍ ഇപ്രകാരം വൈചിത്രവീര്യ രാജാവിനോട്‌ ഗൂഢമായി പറഞ്ഞു. ആ സമയത്ത്‌ ധൃതരാഷ്ട്രന്‍ പുത്രന്മാര്‍ക്ക്‌ വന്നു കൂടിയ ആപത്തിനെ പറ്റി ചിന്തിച്ചിരിക്കുക ആയിരുന്നു.

വ്യാസന്‍ പറഞ്ഞു: രാജാവേ, നിന്റെ മക്കളും മറ്റു രാജാക്കന്മാരും ഒക്കെ കാലം പിഴച്ചവരാണ്‌. അവര്‍ പോരില്‍ തമ്മില്‍ ഹിംസിക്കുവാൻ ആണല്ലോ നില്ക്കുന്നത്‌, കാലദോഷത്താല്‍ മുടിയുന്ന അവരെപ്പറ്റി എന്തിന് ദുഃഖിക്കുന്നു? മനസ്സില്‍ അവരെപ്പറ്റി ചിന്തിക്കാതിരിക്കുക. നിനക്കറിയാമല്ലോ കാലക്കേടു വരുമ്പോള്‍ മനുഷ്യന് രക്ഷയില്ലെന്ന്‌? ഇവര്‍ തമ്മില്‍ പോരാടുന്നത്‌ കാണണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ നിന്റെ കണ്ണുകള്‍ക്കു കാഴ്ച നല്കാം. നീ രണം കണ്ടു കൊള്ളുക!

ധൃതരാഷ്ട്രന്‍ പറഞ്ഞും: ഹേ, ബ്രഹ്മര്‍ഷി സത്തമാ! എനിക്കാഗ്രഹമില്ല ജ്ഞാതികളുടെ വധം കാണുവാന്‍. ഈ യുദ്ധമൊക്കെ ഭവാന്റെ പ്രഭാവ ബലത്താല്‍ ഞാന്‍ ഇവിടെയിരുന്ന്‌ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: യുദ്ധം കാണുവാന്‍ ഇച്ഛയില്ലാതെ കേള്‍ക്കുവാന്‍ ഇച്ഛിച്ചപ്പോള്‍ വരങ്ങള്‍ നല്കുവാന്‍ ശക്തനായ വ്യാസന്‍ സഞ്ജയന് വരം നല്കി. എന്നിട്ട്‌ ഇപ്രകാരം പറഞ്ഞു: രാജാവേ, ഈ സഞ്ജയന്‍ യുദ്ധമൊക്കെ ഭവാന് വിവരിച്ചു പറഞ്ഞു തരും. ഏതു യുദ്ധത്തിലും ഇവന്‍ കാണാത്തതായി യാതൊരു സംഗതിയും ഉണ്ടാവുകയില്ല. രാജാവേ, സഞ്ജയന്‍ ദിവ്യചക്ഷുസ്സ് ഉള്ളവനായിരിക്കുന്നു. അവന്‍ യുദ്ധം നിന്നോടു വിവരിച്ചു പറയുകയും അതിന് ശേഷം സര്‍വ്വജ്ഞനായി ഭവിക്കുകയും ചെയ്യും. വെളിവായും ഒളിവായും, രാവായാലും, പകലായാലും മനസ്സു കൊണ്ട്‌ ഓര്‍ത്താല്‍ ഈ സഞ്ജയന്‍ ഒക്കെയും അറിയും. ഇവന്‍ യുദ്ധക്കളത്തില്‍ പോയാല്‍ ശത്രുക്കളൊന്നും ഇവന്റെ ദേഹത്തെ മുറിവേല്‍പിക്കുകയില്ല. ഇവന് തളര്‍ച്ച ബാധിക്കുകയുമില്ല. ഗാവല്‍ഗണിയായ ഇവന്‍ പോരില്‍ മരിക്കാതെ ജീവിച്ചു പോരുന്നതാണ്‌. ഞാനും, ഈ കൗരവന്മാര്‍ക്കും പാണ്ഡവന്മാര്‍ക്കും പടവെട്ടുന്ന ഏവര്‍ക്കും കീർത്തിയെ പുകഴ്ത്തി കൊള്ളാം ഭരതര്‍ഷഭാ! നീ ദുഃഖിക്കേണ്ട. ഇതു യോഗമാണ്‌. വിധിയാണ്‌. അതില്‍ ഭവാന്‍ എന്തിന് ദുഃഖിക്കുന്നു? അതു നമുക്കു തടുക്കുവാനും പറ്റുകയില്ല. ധര്‍മ്മം എവിടെയുണ്ടോ അവിടെ ജയമുണ്ടാകും എന്നു പറഞ്ഞ്‌ ഭഗവാനായ കൗരവപിതാമഹന്‍ വീണ്ടും മഹാഭാഗനായ ധൃതരാഷ്ട്ര രാജാവിനോടു പറഞ്ഞു: രാജാവേ, ഈ യുദ്ധത്തില്‍ വലുതായ നാശമാണു സംഭവിക്കുവാന്‍ പോകുന്നത്‌. അതിന് തക്കവണ്ണം വളരെ ദുര്‍ നിമിത്തങ്ങള്‍ ഞാന്‍ ഭയങ്കരമായി കാണുന്നു. വളരെ കുഴുക്കളും വളരെയധികം കങ്കങ്ങളും വെള്ളില്‍ പക്ഷികളും മരക്കൊമ്പത്ത്‌ കൂട്ടം കൂടിയിരിക്കുന്നു. ( വരാന്‍ പോകുന്ന തീറ്റിയുടെ കാര്യം അചിന്ത്യമായ ഒരു മാനസിക പ്രചോദനത്താല്‍ അവര്‍ക്ക് അറിയുവാന്‍ കഴിയും. സ്വ) അടുത്തു ചെന്ന്‌ യുദ്ധത്തെ അഭിനന്ദിക്കുന്ന പക്ഷികള്‍ നോക്കുന്നു. ഗജങ്ങളേയും അശ്വങ്ങളേയും വളരെ ക്രവ്യാദങ്ങള്‍ (പച്ചമാംസം തിന്നുന്ന ജീവികള്‍) തിന്നും. കടുത്ത ഭയം ജനിപ്പിക്കുമാറ്‌ അവ കഠോരമായി കൂകുന്നു. നടുവേ തന്നെ തെക്കോട്ടു കങ്കപ്പക്ഷികള്‍ പറക്കുന്നു. രണ്ടു സന്ധ്യയ്ക്കും കാണുന്ന കാഴ്ച വേറെ പറയാം. സൂര്യനെ കബന്ധങ്ങള്‍ ചുറ്റുന്നു. പിന്നെ, സൂര്യനില്‍ പരിവട്ടം കാണുന്നു. അതു വെള്ളയും ചുവപ്പും ചേര്‍ന്ന വക്കുകളോടും കൃഷ്ണഗ്രീവത്തോടും മിന്നല്‍പ്പിണരോടും കൂടിയാണ്‌. ത്രിവര്‍ണ്ണത്തില്‍ പരിവട്ടം സൂര്യന് ചുറ്റും കാണുന്നു. അര്‍ക്കനും ചന്ദ്രനും നക്ഷത്രങ്ങളും പ്രത്യകിച്ച്‌ ദീപ്തമായി കാണുന്നത്‌ അത്യാപത്തിനെ കുറിക്കുന്നു. പ്രഭ മങ്ങിക്കാണാതെ കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമിയില്‍ ആകാശം ചെന്താമര പോലെ ചുമക്കുകയും ആകാശത്തു ചന്ദ്രന്‍ അഗ്നിയുടെ നിറത്തിൽ ആവുകയും ചെയ്തു. ഇത്‌ എന്താണ്‌ സൂചിപ്പിക്കുന്നത് എന്നറിയാമോ? വീരന്മാരായ രാജാക്കന്മാര്‍ മരിച്ചു ഭുമിയില്‍ വീഴുമെന്നാണ്‌. മഹാപരിഘം പോലെയുള്ള രാജാക്കന്മാരും രാജപുത്രന്മാരും മരിച്ചു വീഴും. വരാഹവും പൂച്ചയുമായി ആകാശത്തില്‍ രാത്രി തോറും പോരാടുന്നതിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ദേവന്മാരുടെ വിഗ്രഹങ്ങള്‍ താനെ ഇളകുകയും ചിരിക്കുകയും ചോര തുപ്പുകയും ചെയ്യുന്നതായി കാണുന്നു. ഇതൊക്കെ കണ്ട്‌ ഞാന്‍ വിളര്‍ക്കുന്നു. ഉള്ളു ചുട്ടു പൊള്ളുന്നു! പെരുമ്പറകള്‍ കൊട്ടാതെ തന്നെ ശബ്ദിക്കുന്നു! ക്ഷിതിപന്മാരുടെ തേരുകള്‍ അശ്വങ്ങളെ പൂട്ടാതെ തന്നെത്താനെ ഓടുന്നു. മയിലുകളും കാട്ടുകാക്കകളും തത്തകളും ശതപത്രങ്ങളും, കുയിലുകളും അരയന്നങ്ങളും ഉഗ്രമായി കൂകുന്നു. കുതിരപ്പുറത്തിരുന്ന്‌ ശസ്ത്രം ഏന്തിയ ചര്‍മ്മികള്‍ ചീറുന്നു. സൂര്യോദയത്തില്‍ ഇയ്യാന്‍ പാറ്റകള്‍ പൊങ്ങുന്നു. സന്ധ്യകള്‍ രണ്ടും ദിക് ദാഹത്തോടെ തെളിയുന്നു. മഴക്കാറുകള്‍ വര്‍ഷിക്കുന്നത്‌ പൊടിപടലവും മാംസഖണ്ഡങ്ങളുമാണ്‌. മൂന്നു ലോകത്തിലും പേരു കേട്ട സാധുവായ അമ്മ, അരുന്ധതീ ദേവി വസിഷ്ഠനെ എത്രയോ പിന്നിലാക്കി നില്ക്കുന്നു. രാജാവേ, ശനി, രോഹിണീ നക്ഷത്രത്തെ പീഡിപ്പിച്ചു കൊണ്ടു നില്ക്കുന്നു. ചന്ദ്രന്റെ കളങ്കം എവിടെപ്പോയി? മാഞ്ഞു പോയിരിക്കുന്നു. ഇതൊക്കെ ഭയങ്കരമായ ഭയം വരുന്നതിന്റെ സൂചനയാണ്‌. കാറു കൂടാതെ തന്നെ ഭയങ്കരമായ ഇടി ഉല്‍ക്കടമായി വെട്ടുന്നു.

3. നിമിത്താഖ്യാനം - വ്യാസന്‍ പറഞ്ഞു: പശുവിനെ കഴുത രമിക്കുന്നു. മക്കള്‍ അമ്മയെ സംഭോഗം ചെയ്യുന്നു. പൂവും കായും വൃക്ഷങ്ങളില്‍ അകാലങ്ങളിൽ ഉണ്ടാകുന്നു. കണ്ടാല്‍ ഭയം തോന്നുന്ന വിധം രൗദ്രമായ മക്കളെ നാരിമാര്‍ പ്രസവിക്കുന്നു. കുറുക്കനും പക്ഷികളും പരസ്പരം ഇണങ്ങി നിന്നു തിന്നുന്നു. മൂന്നു കൊമ്പ്‌, നാലു കണ്ണ്‌, അഞ്ചു കാല്‍, രണ്ടു ലിംഗങ്ങള്‍, രണ്ടു വാല്‍, രണ്ടു തല, ദുഷ്ടമായ ദംഷ്ട്രങ്ങള്‍ ഇവയൊക്കെയുള്ള മൃഗങ്ങള്‍ പിറക്കുന്നു. വായ്‌ തുറന്ന്‌ അശുഭ ശബ്ദമുണ്ടാക്കുന്ന ഇത്തരം ജനനങ്ങള്‍ നാനാ മൃഗങ്ങളിലും ഉണ്ടാകുന്നു. മൂന്നു കാലുകളുള്ള മയിലുകളും കഴുകനും ഉണ്ടാകുന്നു. നാലു പല്ലും കൊമ്പുമായി പക്ഷികള്‍ ജനിക്കുന്നു. ഇങ്ങനെ ബ്രഹ്മവാദികളുടെ വധുക്കളും പ്രസവിക്കുന്നു. ഗരുഡന്മാര്‍ മയിലുകളെ പ്രസവിക്കുന്നു. പൈക്കുട്ടിയെ പെണ്‍കുതിര പ്രസവിക്കുന്നു. പട്ടി കുറുക്കനെ പ്രസവിക്കുന്നു. കരഭം കോഴിയേയും ദുര്‍വ്വാക്കു പറയുന്ന പക്ഷികളേയും (കുളക്കോഴിയാകാം. സ്വ)  പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ സ്ത്രീകള്‍, നാലും അഞ്ചും പെണ്‍കുട്ടികളെ പ്രസവിക്കുന്നു. പ്രസവിച്ച ഉടനെ തന്നെ കുഞ്ഞുങ്ങള്‍ ചിരിച്ചു തുള്ളുകയും ചാടുകയും പാടുകയും ചെയ്യുന്നു. നീചനുണ്ടാകുന്ന ക്ഷുദ്ര സന്താനങ്ങള്‍ ഭയപ്പെടുത്തുമാറ്‌ നൃത്തം വയ്ക്കുകയും പാടുകയും ചെയ്യുന്നു. കാലം കല്‍പിച്ച പാവകള്‍ ആയുധമെടുക്കുകയും വരയ്ക്കുകയും എഴുതുകയും ചെയ്യുന്നു. കുട്ടികള്‍ വടിയെടുത്ത്‌ അന്യോന്യം പാഞ്ഞടുക്കുന്നു. ഹസ്തിനാപുരത്തിലാണ്‌ ഈ നിമിത്തങ്ങള്‍ കണ്ടത്‌. പുരങ്ങള്‍ തമ്മില്‍ സമരോദ്യുതന്മാരായി വഴക്കടിക്കുന്നു. മരങ്ങളില്‍ താമരയും കുമുദങ്ങളും ഉല്‍പലങ്ങളും മുളയ്ക്കുന്നു. വിലങ്ങനെ കാറ്റടിച്ച്‌ അടങ്ങാതെ പൊടി പറപ്പിച്ചു കൊണ്ടിരിക്കുന്നു. ഭൂമി എപ്പോഴും ജ്വലിക്കുകയും രാഹു സൂര്യനില്‍ പാഞ്ഞു ചെല്ലുകയും ചെയ്യുന്നു. ശുക്രന്‍ ചിത്രയെ ആക്രമിക്കുന്നു. വിശേഷാല്‍ കൗരവന്മാര്‍ക്ക്‌ അഭാവമാണ്‌ ഞാന്‍ ഇതില്‍ കാണുന്നത്‌. പൂയത്തെ ആക്രമിച്ചു ധൂമകേതു ഉഗ്രമായി നിൽക്കുന്നു. ഈ ഗ്രഹം രണ്ടു ഭാഗത്തും സൈന്യങ്ങള്‍ക്ക്‌ അത്യാപത്ത് ഉണ്ടാക്കുന്നതാണ്‌. മകത്തില്‍ വക്രഗതിയുള്ള കുജനും തിരുവോണത്തില്‍ വ്യാഴവും, ഭഗതാരയില്‍ ശനിയും നിൽക്കുന്നു. പൂരുരുട്ടാതിയില്‍ കയറി ശുക്രനും നില്ക്കുന്നു. തിരിഞ്ഞ്‌ ഉത്രട്ടാതിയില്‍ ദൃഷ്ടി ഏൽപിക്കുകയും ചെയ്യുന്നു. ശുക്രന്‍ പുകയുന്ന തീ പോലെ ഉജ്ജലിച്ച്‌ ഇന്ദ്രന്റെ തൃക്കേട്ട നക്ഷത്രത്തെ ആക്രമിച്ചു കൊണ്ടു നില്ക്കുന്നു. ദൃഢമായി ജ്വലിച്ച്‌ കഠോരമായി അവന്‍ വലത്തു ഭാഗത്തു നിൽക്കുന്നു. രോഹിണീ പീഡനം സൂര്യനും ചന്ദ്രനും ചെയ്യുന്നു. ചിത്രയ്ക്കും ചോതിക്കും മദ്ധ്യത്തിലായി പുരുഷഗ്രഹം നിൽക്കുന്നു. വക്രാനുവക്രം  ചെയ്തിട്ട്‌ തിരുവോണത്തെ പാവകപ്രഭനായ ശുക്രന്‍ നില്ക്കുമ്പോള്‍ അതിനെ ചൊവ ആക്രമിക്കുന്നു. സര്‍വ്വ സൈന്യങ്ങളോടും കൂടിയ സസ്യമാലിനിയായ മഹി അഞ്ചുകൊമ്പും നൂറു കൊമ്പുമുള്ള നെല്ലു വിളയിക്കുന്നു. സര്‍വ്വലോക പ്രധാനങ്ങളും ജഗദാലംബവുമായ അവ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. കുട്ടി കുടിക്കുമ്പോള്‍ പശുക്കള്‍ രക്തം ചുരത്തുന്നു. വാളിന്മേല്‍ നിന്ന്‌ ജ്വാല പൊങ്ങുകയും വാളുകള്‍ ജ്വലിക്കുകയും ചെയ്യുന്നു. ശസ്ത്രങ്ങള്‍ തീര്‍ച്ചയായും വന്നടുക്കുന്ന സങ്കരത്തെ കാണുന്നതായി തോന്നുന്നു. ശസ്ത്രങ്ങള്‍ക്കും ജലത്തിനും അഗ്നിക്കു തുല്യമായ പ്രഭ കാണുന്നു. ധ്വജങ്ങള്‍ക്കും ചട്ടകള്‍ക്കും വലിയ ക്ഷയം കാണുന്നു. ചോരയായ നീര്‍ച്ചുഴി, കൊടിയായ പൊങ്ങു തടിയോടു കൂടി ഭൂമിയില്‍ ഒഴുകുന്നതായി കാണുന്നു. പാണ്ഡുക്കളുമായി കുരുക്കള്‍ക്കുള്ള വൈരത്തില്‍, ദിക്കെങ്ങും എരിയുന്ന വായയോടു കൂടി മൃഗങ്ങളും പക്ഷികളും ഒത്തു ചേര്‍ന്ന് ഭയങ്കരമായി ആർക്കുന്നു. അവ അത്യാപത്തുകള്‍ വരുന്നുണ്ടെന്ന്‌ കാണിക്കുകയാണ്‌. ഒറ്റക്കണ്ണും ഒറ്റക്കാലും ഒറ്റച്ചിറകുമായ പക്ഷികള്‍ രാത്രിയില്‍ ആകാശത്ത്‌ രൗദ്രമായി ചെലച്ച്‌ ചോര ഛര്‍ദ്ദിക്കുന്ന വിധം ഇരിക്കുന്നു. ശസ്ത്രങ്ങള്‍ തന്നെ ജ്വലിക്കുന്നു. ഉദാരമായ സപ്തര്‍ഷി നക്ഷത്രങ്ങളുടെ പ്രഭ മൂടുന്നു. ഗ്രഹങ്ങളൊക്കെ കത്തിക്കാളുന്ന പോലെ നില്ക്കുന്നു. വ്യാഴവും ശനിയും വിശാഖ നക്ഷത്രത്തിന്റെ അടുത്തു നില്ക്കുന്നു. ത്രയോദശിയില്‍ രാഹു സുര്യചന്ദ്രന്മാരെ ഗ്രസിക്കുന്നു. വാവിന്‍ ദിവസമല്ലാതെ ഗ്രഹണമുണ്ടാകുന്നു. ഇതും പ്രജാ നാശത്തെ കുറിക്കുകയാണ്‌. പൊടിപടലം മൂലം ദിക്കുകള്‍ മങ്ങുന്നു. രൗദ്രമായി ഉല്‍പ്പാത മേഘങ്ങള്‍ രാത്രിയില്‍ ചോര വര്‍ഷിക്കുന്നു. തീക്ഷ്ണമായ കാര്‍ത്തിക നക്ഷത്രത്തെ ബാധിച്ചു കൊണ്ട്‌ ധൂമകേതു വഴി ഘോരമായി കാറ്റു വീശുന്നു. ഘോരമായ ആക്രന്ദത്തോടു കൂടിയ വൈരം ഇവ ഉണ്ടാക്കുമെന്ന്‌ വെളിപ്പെടുത്തുന്നു. ക്ഷത്രക്ഷയം ഉണ്ടാക്കുന്ന മൂന്നു നക്ഷത്രക്കുട്ടങ്ങളിലും ഗൃദ്ധഗ്രഹം വലിയ ഭയമുണ്ടാക്കുന്ന വിധം തലയ്ക്ക്‌ ഏൽക്കുന്നു. ചതുര്‍ദ്ദശിയും പഞ്ചദശിയും മുമ്പ് ഷോഡശിയും ഞാന്‍ അറിയുന്നില്ല. എന്തു കൊണ്ടെന്നാല്‍ ത്രയോദശിയിലാണ്‌ ഇപ്പോള്‍ വാവു വന്നിരിക്കുന്നത്‌. ത്രയോദശിയില്‍ ഒരിക്കലും വാവ്‌ വരികയില്ല; വാവിന്‍ നാളല്ലാതെ ഗ്രഹണവും വരികയില്ല. വാവാകുന്ന പക്കത്തിലാണ്‌ ത്രയോദശി വന്നിരിക്കുന്നത്‌. അപൂർവ്വ ഗ്രഹണം വിശ്വം മുടിക്കും. കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയില്‍ തീവ്രമായ മാംസവര്‍ഷമായി. വായില്‍ ചോര നിറച്ചു കൊണ്ട്‌ രാക്ഷസന്മാര്‍ അതൃപ്തരായി കാണുന്നു. പുഴകള്‍ എതിരായി മേലോട്ട്‌ ഒഴുകുന്നു. രക്തം കലങ്ങിയ പോലെ നദികള്‍ ഒഴുകുന്നു. നുരപൊന്തി കിണറുകള്‍ കാളപോലെ ചുറ്റുന്നു. ഇടിവെട്ടുമ്പോലെ അലറി കൊള്ളിമീനു കള്‍ ചാടുന്നു. ഈ രാത്രി തീര്‍ന്നാല്‍ നിങ്ങള്‍ക്ക്‌ അത്യാപത്തു തീര്‍ച്ചയാണ്‌. ഇരുട്ടില്‍ തീക്കൊള്ളി എടുത്തു വീശി മഹര്‍ഷിമാര്‍ അങ്ങുമിങ്ങും ചെന്നു കണ്ടിട്ട്‌ അവര്‍ പരസ്പരം ഇങ്ങനെ പറഞ്ഞു: അസംഖ്യം രാജാക്കന്മാരുടെ രക്തം ഭൂമി കുടിക്കുവാന്‍ പോകുന്നു. കൈലാസവും മന്ദരവും അപ്രകാരം തന്നെ ഹിമവാനും പല വിധത്തില്‍ ഇരമ്പുന്നു. കൊടുമുടികള്‍ ഇടിഞ്ഞു വീഴുന്നു. ഭൂകമ്പത്തില്‍ വമ്പിച്ച ക്ഷോഭം നാലു കടലിലും ഉണ്ടാവുകയും കരയുടെ ആകൃതി മാറുകയും ചെയ്യുന്നു. മരം തകര്‍ത്തു വീഴ്ത്തുകയും കാറ്റ്‌ ചരല്‍ വര്‍ഷിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റേറ്റും ഇടിവെട്ടു കൊണ്ടും ചൈത്യ വൃക്ഷങ്ങള്‍ ഗ്രാമത്തിലും നഗരത്തിലും ഇടിഞ്ഞു വീഴുന്നു. വിപ്രന്മാര്‍ ഹോമിക്കുന്ന അഗ്നി ചുവന്നും, നീലച്ചും, മഞ്ഞച്ചുമുള്ള ജ്വാലകള്‍ ദുര്‍ഗ്ഗന്ധം പുറപ്പെടുവിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. സ്പര്‍ശം, രസം, ഗന്ധം ഇവയൊക്കെ മാറുന്നു. കൊടിമരം ഇളകുകയും പുകയുകയും ചെയ്യുന്നു. തീക്കനല്‍ വര്‍ഷിക്കുകയും വലിയ മരത്തിന്റെ അഗ്രഭാഗത്തു നിന്ന്‌ ഭേരീരവം കേള്‍ക്കുകയും ചെയ്യുന്നു. ഉഗ്രമായി പക്ഷികള്‍ ശബ്ദിച്ച്‌ ഇടം ചുറ്റുന്നു. പക്ഷികള്‍ ഘോരമായി "പക്വാ പക്വാ", എന്നു ശബ്ദിക്കുന്നു. ആ പക്ഷികള്‍ ധ്വജങ്ങളുടെ അഗ്രത്തില്‍ കയറുന്നു. രാജാക്കന്മാരുടെ നാശലക്ഷണമാണ്‌ ഇത്‌. ധ്യാനിച്ചു നിൽക്കുകയും പിണ്ടിയിടുകയും വിറയ്ക്കുകയും ചെയ്തു കൊണ്ട്‌ വ്യാളങ്ങളും ( മദയാന, പുലി ) ഗജങ്ങളും നില്ക്കുന്നു. കുതിരകള്‍ ദുഃഖത്തോടു കൂടി നില്ക്കു ന്നു. ആനകള്‍ വിയര്‍ക്കുന്നു. ഇതൊക്കെ കൗരവന്മാര്‍ക്ക്‌ അശുഭമാണു കാണിക്കുന്നതെന്നു ധരിച്ച്‌ നീ സമയോചിതം വേണ്ടതിന് ഒരുങ്ങുക. ഈ ലോകമൊക്കെ ഉന്മൂല നാശത്തിലേക്കാണ്‌ കാല്‍കുത്തുന്നത്‌.

വൈശമ്പായനൻ പറഞ്ഞു: തന്റെ പിതാവിന്റെ വാക്കുകള്‍ കേട്ട്‌ ധൃതരാഷ്ട്രന്‍ പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇതു മുമ്പേ തന്നെ ദൈവം കല്പിച്ചതാണ്‌. ജനക്ഷയം വന്നു കൂടുവാനാണ്‌ ദൈവനിശ്ചയം. ക്ഷത്ര ധര്‍മ്മത്തില്‍ രാജാക്കന്മാര്‍ പോരില്‍ മരിക്കുന്നതായാല്‍ പരലോകത്തില്‍ സുഖം അനുഭവിക്കും. ഈ ലോകത്തില്‍ നശിക്കാത്ത കീര്‍ത്തി ലഭിക്കും; പരലോകത്തു സുഖവും ലഭിക്കും. പോരില്‍ ജീവന്‍ കളഞ്ഞവര്‍ക്ക്‌ ഇങ്ങനെയൊക്കെ ആണല്ലോ അനന്തര ഫലം.

വൈശമ്പായനൻ തുടര്‍ന്നു; കവീന്ദ്രനായ വ്യാസന്‍ തന്റെ പുത്രന്റെ വാക്കു കേട്ട്‌ "അപ്രകാരം തന്നെ" എന്നു പറഞ്ഞ്‌ തന്റെ പുത്രനായ ധൃതരാഷ്ട്രനോടു കൂടി അല്പ സമയം ധ്യാനിച്ചിരുന്നു. മുഹൂര്‍ത്ത സമയം ധ്യാനിച്ചതിന് ശേഷം വ്യാസ ഭഗവാന്‍ പറഞ്ഞു: രാജാവേ, നീ പറഞ്ഞത്‌ തീര്‍ച്ചയാണ്‌. കാലം എന്നു പറയുന്നവനുണ്ടല്ലേോ, അവന്‍ ലോകത്തെ മുടിക്കുക തന്നെ ചെയ്യും. പിന്നെ അവന്‍ വീണ്ടും ലോകത്തെ സൃഷ്ടിക്കും. ലോകം ശാശ്വതമായി നിൽക്കുകയില്ല. ജഞാതികള്‍ക്കും കുരുക്കള്‍ക്കും സംബന്ധികള്‍ക്കും സ്നേഹിതന്മാര്‍ക്കും ധര്‍മ്മ്യമായ മാര്‍ഗ്ഗത്തെ നീ,കാട്ടിക്കൊടുക്കൂ! തടുക്കുവാന്‍ നി ശക്തനാണല്ലോ? ജ്ഞാതിവധം ക്ഷുദ്രമായ ഒരു കാര്യമാണ്‌. അത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമില്ലാത്തതാണ്‌. നീ എനിക്ക്‌ അപ്രിയം ചെയ്യരുത്‌. രാജാവേ, കാലന്‍ നിന്റെ പുത്രനായി ജനിച്ചിരിക്കയാണ്‌. വേദത്തിലൊന്നും വധത്തിനെ പൂജിക്കുന്നില്ല. അത്‌ ഇവിടെ ഹിതവുമല്ല. കുലധര്‍മ്മത്തെ മുടിക്കുന്നവന്‍ സ്വന്തം ദേഹത്തെ തന്നെ മുടിക്കുകയാണ്‌. ശക്തന്‍ ആപത്തിലേക്കു മാര്‍ഗ്ഗം തെറ്റി വീഴുന്ന പോലെ നീ കാലത്താല്‍ മാര്‍ഗ്ഗം തെറ്റിച്ചവൻ ആയിരിക്കു ന്നു. കുലത്തിനും, രാജാക്കന്മാര്‍ക്കും ഒക്കെ ക്ഷയത്തിന് വേണ്ടി ഈ അനര്‍ത്ഥം നിനക്കു രാജ്യത്തിന്റെ രൂപത്തില്‍ വന്നിരിക്കയാണ്‌. രാജാവേ, നീ ഇപ്പോള്‍ ധര്‍മ്മലുപ്തനായി തീര്‍ന്നിരിക്കുകയാണ്‌. മക്കള്‍ക്കു ധര്‍മ്മമാര്‍ഗ്ഗം കാട്ടി കൊടുക്കേണ്ടവൻ ആണ്‌ അച്ഛന്‍! ഹേ, ദുര്‍ദ്ധര്‍ഷാ! കില്‍ബിഷം (പാപം) നല്‍കുന്ന രാജ്യം നിനക്കെന്തിന്‌? സ്വര്‍ഗ്ഗത്തിൽ എത്തുവാന്‍ പോര്‍ക്കളത്തില്‍ ചെന്നു ചാകണമെന്നില്ല. ധര്‍മ്മവും കീര്‍ത്തിയും യശസ്സും രക്ഷിച്ചാല്‍ മതി സ്വര്‍ഗ്ഗത്തിലെത്താന്‍. രാജ്യം പാണ്ഡുക്കള്‍ നേടട്ടെ! കൗരവന്മാര്‍ ശമവും സ്വീകരിക്കട്ടെ! ഇപ്രകാരം വിപ്രന്‍ പറഞ്ഞപ്പോള്‍ അംബികാ പുത്രനായ ധൃതരാഷ്ട്രന്‍ ആ വാക്കുകളെ ആക്ഷേപിക്കുമാറ്‌ ഇപ്രകാരം പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഭവാന്‍ ധരിച്ച പോലെ തന്നെ യഥാര്‍ത്ഥമായി സമ്പത്തും വിപത്തുമൊക്കെ ഞാനും ധരിച്ചിട്ടുണ്ട്‌. ലോകം സ്വാര്‍ത്ഥത്തില്‍ മോഹിക്കുന്നതാണെന്ന്‌ അച്ഛന്‍ അറിയുന്നുണ്ടല്ലോ. ആ ലോകാത്മകനല്ലേ ഞാനും? അതുല്യ പ്രഭാവനായ ഭവാന്‍ കനിഞ്ഞാലും. ഞങ്ങള്‍ക്ക്‌ നീയാണു ഗതി. ശരിയായും കാര്യം കാണുന്നവനും ഭവാനാണ്‌; ധീരനുമാണ്‌. മുനേ, എന്റെ മക്കള്‍ ഞാന്‍ പറയുന്നതു കൂട്ടാക്കാത്തവരാണ്‌. എന്റെ മനസ്സ്‌ അധര്‍മ്മം അര്‍ഹിക്കുന്നില്ല. ഭവാന്‍ സരസ്വതീ കീര്‍ത്തിയുടേയും, യശസ്സിന്റേയും ധര്‍മ്മത്തിന്റേയും സദ് വൃത്തി യുടേയും മൂര്‍ത്തിമത്തായ രൂപമാണ്‌. കുരുക്കള്‍ക്കും പാണ്ഡവന്മാര്‍ക്കും ഭവാന്‍ മാന്യനായ പിതാമഹനുമാണ്‌.

വ്യാസന്‍ പറഞ്ഞു: വൈചിത്രവീര്യ രാജാവേ, നിന്റെ മന സ്സില്‍ എന്താണ്‌? അതു പറയൂ. ഞാന്‍ യഥേഷ്ടം നിന്റെ സംശയം തീര്‍ത്തുതരാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: യുദ്ധത്തില്‍ ജയിക്കുന്നവര്‍ക്കുള്ള ലക്ഷണമെന്താണ്‌? അതൊക്കെ ശരിക്കും കേള്‍ക്കുവാന്‍ ഭഗവാനേ, എനിക്കു മോഹമുണ്ട്‌.

വ്യാസന്‍ പറഞ്ഞു: ദീപം തെളിഞ്ഞ്‌ മേലോട്ടു നാളമായി കത്തും. പുക ഉണ്ടാവുകയില്ല. വലത്തോട്ടു ചുറ്റും. പുണ്യമായ ഗന്ധം അഗ്നിക്കുണ്ടാകും. ഇത്‌ ജയത്തിനുള്ള ചിഹ്നമാണ്‌. ധീരമായി മുഴങ്ങി കടുത്ത ഘോഷത്തോടു കൂടി മൃദംഗ ശംഖാദികള്‍ക്കു ശബ്ദമുണ്ടാകും. ചന്ദ്രനും സൂര്യനും തെളിഞ്ഞു ശോഭിക്കും. ഇത്‌ ജയത്തിനുള്ള ശോഭനമായ ലക്ഷണമാണ്‌. കാക്കകള്‍ പോകുമ്പോഴും വരുമ്പോഴും ഇഷ്ടമായ ശബ്ദങ്ങള്‍ ഉണ്ടാക്കും. അവ പിന്നില്‍ തിടുക്കപ്പെടുത്തുകയും പുരോഭാഗത്തില്‍ തടുക്കുകയും ചെയ്യും. നല്ല പക്ഷികള്‍, രാജഹംസം, തത്ത, ക്രൗഞ്ചം, മയില്‍ എന്നിവ വലത്തോട്ട്‌ ഒഴിഞ്ഞു പറന്നാല്‍ അവന് തീര്‍ച്ചയായും പോരില്‍ വിജയം സിദ്ധിക്കും എന്നു ബ്രാഹ്മണര്‍ പറയുന്നു. അലങ്കാരം, കവചം, കേതു ഇവയൊക്കെ ശോഭിക്കുകയും കുതിരകള്‍ സുഖമായ ശബ്ദമുണ്ടാക്കുകയും ശോഭ കൊണ്ടു നോക്കുവാന്‍ അരുതാത്ത മാതിരി സൈന്യം ഉജ്ജലിക്കുകയും ചെയ്യും; ഇതൊക്കെ ചേര്‍ന്നവര്‍ വൈരികളെ ജയിക്കുന്നതാണ്‌. യോദ്ധാക്കള്‍ക്കു യഥോചിതമായ സന്തോഷ വാക്കുകള്‍ പറഞ്ഞു കേള്‍ക്കുക, വാടാത്ത മാലകള്‍ അണിയിക്കുക ഇവ ചേര്‍ന്ന വന്‍ പടക്കളത്തില്‍ വിജയിയാകും. സന്തോഷ വര്‍ത്തമാനം വലത്തു ഭാഗത്തും, കയറുമ്പോള്‍ പിന്‍ഭാഗത്തും കേള്‍ക്കുന്നത്‌ ശുഭമാണ്‌. മുമ്പിലായാല്‍ അശുഭമാണ്‌. ശബ്ദം, രൂപം, രസം, സ്പര്‍ശം, ഗന്ധം ഇവ മാറ്റം കൂടാതെ ശുഭമായി നിത്യവും അനുഭവിക്കുന്നത്‌ യോധന്മാര്‍ക്ക്‌ ഹര്‍ഷമുണ്ടാക്കുന്നതും, ജയത്തിന് തക്ക ലക്ഷണവുമാണ്‌. അനുകൂലമായ കാറ്റ്‌, അനുകൂലമായ മേഘസഞ്ചാരം, അനുകൂലമായ പക്ഷിസഞ്ചാ രം, മഴവില്ലു വീശുക ഇതൊക്കെ വിജയ ലക്ഷണവുമാണ്‌. ചാകാന്‍ പോകുന്നവര്‍ക്ക്‌ ഇതിന് വിപരീതമായ ലക്ഷണങ്ങളും കാണും. സൈന്യം വലുതോ ചെറുതോ എന്ന പ്രശ്നമേയില്ല. ശുഭമായ ലക്ഷണമുണ്ടെങ്കില്‍ അവന്‍ യുദ്ധത്തില്‍ വിജയം വരി ക്കുക തന്നെ ചെയ്യും. വലിയ സൈന്യം കൈവശമുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. ഒരുത്തന്‍ ചിന്നിയാല്‍, വലിയ പട അതു മൂലം ചിന്നിപ്പോകാം. പട ചിന്നിയാല്‍, യോധന്മാര്‍ ധീരന്മാരായാലും അവരും ചിന്നിപ്പോകും. ഉടഞ്ഞു പോയ അണികളെ വീണ്ടും തിരിച്ച്‌ അടുപ്പിക്കുവാന്‍ എളുപ്പമല്ല. ചിറ പൊട്ടിയ ജലത്തിന്റെ വേഗത്തേയും പേടിച്ചോടുന്ന മാന്‍ കൂട്ടത്തേയും മുന്‍പോലെ പിടിച്ചു നിര്‍ത്തുവാന്‍ സാദ്ധ്യമല്ല. വലിയ പട ചിന്നി ബഹളമായാല്‍ അവരെ പറഞ്ഞു സമാധാനിപ്പിക്കുവാന്‍ സാധിക്കുകയി ല്ല. ചിന്നിയാല്‍ വമ്പന്മാരും ചിന്നുക തന്നെ! പേടിച്ചുഴന്നു കണ്ടാല്‍ പിന്നെ പേടി വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും. പട ഉടഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഭടന്മാര്‍ നാലു ദിക്കിലേക്കും ഓടുകയായി. വലിയ പട തകര്‍ന്ന്‌ അണി തെറ്റി പേടിച്ച്‌ ഓടാന്‍ തുടങ്ങുന്ന മഹാസൈന്യത്തെ ഏത്‌ ശൂരനും തടുത്തു നിര്‍ത്തുവാന്‍ സാധിക്കയില്ല. രാജാവ്‌ അതുകൊണ്ട്‌ ചതുരംഗപ്പടയ്ക്കു നിത്യവും സൽക്കാരങ്ങള്‍ ചെയ്തു സന്തോഷിപ്പിച്ച്‌ ഉപായ പൂര്‍വ്വം ഉത്സാഹ വാക്കുകള്‍ പറഞ്ഞു നിര്‍ത്തണം. മേധാവി ഇങ്ങനെ ഉപായങ്ങള്‍ പ്രയോഗിച്ച്‌ യത്നിക്കണം. മുഖ്യമായ വിജയം തന്ത്രപരമായ വിജയമാണ്‌. ഭേദം കൊണ്ടു വിജയം മദ്ധ്യമമാണ്‌. യുദ്ധം കൊണ്ടുള്ള ജയം അധമമാണ്‌. രാജാവേ! സംഘര്‍ഷം കൊണ്ട്‌ വളരെ ദോഷങ്ങള്‍ പറയുന്നുണ്ട്‌. ഉടനെ നാശം സംഘര്‍ഷം കൊണ്ടുണ്ടാകുന്നു.

തമ്മില്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ച്‌ ഹൃഷ്ടരും അസക്തന്മാരും ഉറച്ചവരും ശൂരന്മാരുമായ യോദ്ധാക്കള്‍ അമ്പതിരട്ടി പെരും പടയെ മര്‍ദ്ദിച്ചൊതുക്കും. പിന്‍തിരിയാത്ത യോദ്ധാക്കള്‍ അഞ്ചോ ആറോ ഏഴോ ജയിക്കാം. വിനത പുത്രനായ ഗരുഡന്‍ സൈന്യത്തിന്റെ ആധികൃത്തെപ്പറ്റി, ജനപ്പരപ്പിനെപ്പറ്റി, പ്രശംസിക്കുന്നി ല്ല. വലിയ പരപ്പു കൂടിയ സൈന്യവും തോറ്റമ്പുന്നത്‌ കണ്ടവനാണ്‌ ഗരുഡന്‍. അതുകൊണ്ട്‌ സൈനൃപ്പെരുപ്പം കൊണ്ട്‌ തനിക്കാണു ജയമെന്ന്‌ ആര്‍ക്കും തീരുമാനിക്കാന്‍ വയ്യ. വിജയം എന്നത്‌ അനിത്യമാണ്‌. വിജയത്തിന് ആശ്രയം ദൈവമാണ്‌. പോരില്‍ ജയം പ്രാപിക്കുന്നവര്‍ കൃതകൃത്യരാകുന്നു.

4. ഭൗമഗുണകഥനം - വൈശമ്പായനന്‍ പറഞ്ഞു: ഇങ്ങനെയൊക്കെ ധൃതരാഷ്ട്രനോടു പറഞ്ഞു വ്യാസമഹര്‍ഷി പോയി. തന്റെ അച്ഛന്റെ വാക്കുകേട്ട്‌ ധൃതരാഷ്ട്രന്‍ വ്യസനിച്ച്‌ ഇരിപ്പായി. മുഹൂര്‍ത്ത സമയം ധ്യാനിച്ച്‌ നെടുവീർപ്പിട്ട്‌ അവന്‍ സഞ്ജയനെ വിളിച്ചു ചോദിച്ചു. യുദ്ധത്തെക്കുറിച്ചു പ്രശംസിക്കുന്ന ശൂരന്മാരായ രാജാക്കന്മാര്‍ പലമാതിരി ശസ്ത്രങ്ങള്‍ കൊണ്ട്‌ അന്യോന്യം ഹനിക്കുന്നുണ്ടല്ലോ. പാരിന്റെ ഈശ്വരന്മാര്‍ പാരിന്നായി ജീവന്‍ കളയുകയും ചെയ്യുന്നു. കൊല്ലുന്നവര്‍ അടങ്ങുന്നില്ല. അവര്‍ യമാലയത്തെ പുഷ്ടിപ്പെടുത്തുന്നു. ഭൂമിക്ക്‌ ഐശ്വര്യം ഇച്ഛിക്കുന്നവര്‍ പരസ്പരം പൊറുക്കുകയില്ല. ഈ ഭൂമി ഇത്ര ഗുണമുള്ളതാണോ? എന്നാല്‍ അതിനെപ്പറ്റി കേള്‍ക്കട്ടെ. ആയിരവും പതിനായിരവും ലക്ഷവും പത്തു ലക്ഷവും കോടി യും ലോകവീരന്മാര്‍ കൂടി ഈ കുരുജാംഗലത്തില്‍ വസിക്കുന്നു. ദേശങ്ങള്‍ക്കും.പുരങ്ങള്‍ക്കും യാതൊരളവുമില്ല. അവിടെ നിന്നു വന്നവരാണല്ലോ ഇവരൊക്കെ. ആ ദേശപുരങ്ങളെ പറ്റിയൊക്കെ നീ പറയൂ. ദിവ്യബുദ്ധിയും വിളക്കു പോലെ തെളിഞ്ഞ ജ്ഞാനക്കണ്ണും തേജസ്വിയായ വ്യാസന്‍ നിനക്ക്‌ അനുഗ്രഹിച്ചു തന്നിട്ടുണ്ടല്ലോ!

സഞ്ജയന്‍ പറഞ്ഞു: ഭൂമിയുടെ ഗുണങ്ങളെ പ്രജ്ഞ പോലെ ഞാന്‍ പറയാം. ഭവാന്‍ ശാസ്ത്ര ദൃഷ്ടിയോടെ കാണുക. അങ്ങയെ നമസ്കരിച്ചു ഞാന്‍ പറയാം. അണ്ഡസ്വേദജരായുക്കള്‍ എന്നീ മൂന്നാണു ചരയോനികള്‍. ഇതില്‍വെച്ച്‌  ജരായുജമാണു ശ്രേഷ്ഠമായത്‌. ജരായുജങ്ങളില്‍ ശ്രേഷ്ഠമായത്‌ മര്‍ത്ത്യരും പശുക്കളുമാണ്‌. ഇവ നാനാ രൂപങ്ങള്‍ ഉള്ളവയാണ്‌. പതിന്നാലു വിധത്തിലുണ്ട്‌. വേദപ്രോക്തങ്ങളായ യജ്ഞം ഇവയിലാണു നിൽക്കുന്നത്‌. ഗ്രാമ്യങ്ങളില്‍ ശ്രേഷ്ഠര്‍ മനുഷ്യരാണ്‌. വന്യരില്‍ ശ്രേഷ്ഠര്‍ സിംഹങ്ങളാണ്‌. ഭൂതങ്ങള്‍ ഒക്കെ അന്യോന്യം ഉപജീവിക്കുന്നു. ഉത്ഭിജം സ്ഥാവരഗണം ഇങ്ങനെ ഉള്ളതില്‍ അഞ്ചു ജാതിയുണ്ട്‌. മരം, പുറ്റ്‌, ചെടി, കൊടി, ത്വക് സാര തൃണ ജാതികള്‍ അവ പത്തൊമ്പതും ഈ മഹാഭൂതങ്ങള്‍ അഞ്ചും ചേര്‍ന്ന ലോകസമ്മത ഗായ്രതി ഇരുപത്തിനാലു വര്‍ണ്ണത്തോടു കൂടിയതാണ്‌. പുണ്യമായി ഗുണങ്ങളെല്ലാം ചേര്‍ന്ന ഈ ഗായത്രീസ്വരുപം അറിഞ്ഞവന്‍ ഈ ലോകത്തില്‍ നശിക്കുകയി ല്ല. കാട്ടിലുള്ളവ ഏഴും നാട്ടിലുള്ളവ ഏഴുമാകുന്നു. പുലി, സിംഹം, പന്നി, പോത്ത്‌, ആന, കരടി, കുരങ്ങ്‌ ഇങ്ങനെ ഏഴ്‌ ഇനം കാട്ടിലുള്ളവയാണ്‌. പശു, ആട്‌, ചെമ്മരിയാട്‌, മനുഷ്യര്‍, കുതിര, കോവര്‍ കഴുത, കഴുത ഇങ്ങനെ ഇവ ഏഴും നാട്ടിലുള്ള പശുക്കളാണെന്ന് ബുധന്മാര്‍ സമ്മതിക്കുന്നു. ഇങ്ങനെ രാജാവേ, നാട്ടിലും കാട്ടിലുമായി പതിന്നാലിനം പശുക്കളാണ്‌. ഇവയൊക്കെ ഭൂമിയില്‍ പിറക്കുകയും ഭൂമിയില്‍ നശിക്കുകയും ചെയ്യുന്നു. ഭൂതങ്ങള്‍ക്ക്‌ ഈ ഭൂമിയാണ്‌ ആശ്രയം. സനാതനമായിട്ടുള്ളത്‌ ഭൂമിതന്നെ. ഭൂമി ആര്‍ക്ക് അവകാശപ്പെട്ടതാണോ അവര്‍ക്ക് അവകാശപ്പെട്ടത് ആണല്ലേോ സകല ചരാചരങ്ങളും. അതില്‍ കൊതി വര്‍ദ്ധിച്ച്‌ രാജാക്കന്മാര്‍ പരസ്പരം വെട്ടി മരിക്കുന്നു.

5. സുദര്‍ശന ദ്വീപ വര്‍ണ്ണനം - ധൃതരാഷ്ട്രന്‍ പറഞ്ഞും: പുഴകള്‍ക്കും കുന്നുകള്‍ക്കുമുള്ള പേരുകളും നാടുകള്‍ക്കും മറ്റു ഭൂമി പറ്റി നിൽക്കുന്ന ഇടങ്ങള്‍ക്കുമുള്ള നാമങ്ങളും അവയുടെ അളവും ഭൂമിയുടെ ആകെയുള്ള വിസ്തീര്‍ണ്ണവും, കാടും, നാടും, എല്ലാം നീ വിസ്തരിച്ചു പറയൂ സഞ്ജയാ!

സഞ്ജയന്‍ പറഞ്ഞു: ചുരുക്കത്തില്‍ പറയുകയാണെങ്കില്‍, മഹാഭൂതങ്ങള്‍ അഞ്ചാണ്‌. ഭൂമിയിലുള്ള അവയൊക്കെ സമമാണെന്നു പറയുന്നു. ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം ഇവയാണ്‌. അവ ഓരോന്നും ഗുണോത്തരങ്ങളാണ്‌. അതില്‍ ഉത്തമമായത്‌ ഭൂമിയാണ്‌. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഇങ്ങനെ ഗുണങ്ങള്‍ അഞ്ചാണ്‌. തത്വജഞരായ മഹര്‍ഷിമാര്‍ ഇവയെ ഭൂമിയുടെ ഗുണങ്ങളായി പറയുന്നു.

വെള്ളത്തിന് നാലു ഗുണമുണ്ട്‌. അതിന് ഗന്ധമില്ല. തേജസ്സിന് ശബ്ദം, സ്പര്‍ശം, രൂപം ഇങ്ങനെ മൂന്നു ഗുണങ്ങളുണ്ട്‌. കാറ്റിന് രണ്ടു ഗുണമേയുള്ളു - ശബ്ദവും സ്പര്‍ശവും മാത്രം. നഭസ്സിന്‌ ശബ്ദം മാത്രമേയുള്ളു. ഇങ്ങനെ അഞ്ചു മഹാഭൂതങ്ങ ളില്‍ അഞ്ചു ഗുണം ഈ ക്രമത്തില്‍ നിൽക്കുന്നു. സര്‍വ്വ ഭൂതങ്ങളിലും ഭൂതജാലം ഇവയില്‍ നിൽക്കുന്നു. സാമ്യം ഉണ്ടായാല്‍ അവ അന്യോന്യം ബാധ ചെയ്യുകയില്ല. എപ്പോഴാണോ പരസ്പരം വിഷമസ്ഥിതിയില്‍ നില്‍ക്കുന്നത്‌ അപ്പോള്‍ ദേഹി ഉണ്ടാകുന്നു. അങ്ങനെയില്ലെങ്കില്‍ ഉണ്ടാകയുമില്ല. ക്രമപ്രകാരം ഉണ്ടാവുകയും ക്രമപ്രകാരം നശിക്കുകയും ചെയ്യും. അവയൊക്കെ അപരിമേയങ്ങളാണ്‌. അവയുടെ രൂപം ഐശ്വര്യവുമാണ്‌. പാഞ്ചഭൗതികധാതുക്കള്‍ അതാതിടം കാണുന്നുണ്ട്‌. അവറ്റിനു തര്‍ക്ക വഴി മാനുഷ്യ പ്രമാണം കാണുന്നു. ഒത്തു കൂടാത്ത ഭാവങ്ങള്‍ തക്ക യുക്തിയാല്‍ സാധിക്കാം. പ്രകൃതിക്കും മേലെയുള്ള അത്‌ അചിന്ത്യത്തിന്റെ ലക്ഷണമാണ്‌.

ഞാന്‍ പറയുന്നതു സുദര്‍ശന ദ്വീപിനെ പറ്റിയാണ്‌. ചുറ്റു മണ്ഡലമായ ഈ ദ്വീപു ചക്രത്തിന്റെ നിലയാണ്‌. നദീ ജലം ചേര്‍ന്ന കാറു പോലെയുള്ള കുന്നുകളും, പുരങ്ങളും, പല ജനപദങ്ങളും ചേര്‍ന്നതാണ്‌. പൂത്തും കായ്ച്ചും മാമരങ്ങളും, ധനധാന്യങ്ങളും ചേര്‍ന്നതും . ചുറ്റും ഉപ്പു വെള്ളമുള്ള സമുദ്രത്തോടു കൂടിയതുമാണ്‌. പുരുഷന്‍, കണ്ണാടിയില്‍ തന്റെ മുഖം കാണുന്ന മാതിരി ഈ സുദര്‍ശന ദ്വീപിനെ ചന്ദ്രമണ്ഡലത്തില്‍ കാണുന്നു. രണ്ടംശത്തില്‍ അശ്വത്ഥവും, രണ്ടംശത്തില്‍ മഹാശശവും കാണാം. ഔഷധീ സമൂഹം എല്ലാ ഭാഗത്തും ഇതില്‍ ഒത്തു കിടക്കുന്നു. മറ്റുള്ള ഭാഗമൊക്കെ ജലമാണ്‌. എല്ലാം ഞാന്‍ സംക്ഷേപിച്ചാണു പറഞ്ഞത്‌. പിന്നെ പറയേണ്ടതും ചുരുക്കമായി പറയാം; കേട്ടാലും.

6. ഭൂമ്യാദി പരിമാണ വിവരണം - ധൃതരാഷ്ട്രൻ പറഞ്ഞു; എടോ സഞ്ജയാ, നീ സുദര്‍ശന ദ്വീപിന്റെ കാര്യം സംക്ഷേപിച്ചു പറഞ്ഞത്‌ ഞാന്‍ കേട്ടു. നീ സര്‍വ്വ തത്വജ്ഞനാണല്ലോ. എല്ലാം ഞാന്‍ വിസ്തരിച്ചു കേള്‍ക്കുവാന്‍ ആഗ്രഹിക്കു ന്നു. ശശം എന്നു പറയുന്ന ഭാഗത്ത്‌ എത്രത്തോളം ഭൂമി ഭാഗമുണ്ടെന്നും അശ്വത്ഥം എന്നു പറയുന്ന ഭാഗത്ത്‌ എത്രത്തോളം ഭൂമിയുണ്ടെന്നും അതിന്റെ അളവും മറ്റും നീ പറയൂ.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം രാജാവു ചോദിച്ചപ്പോള്‍ സഞ്ജയന്‍ അതിന് മറുപടി പറഞ്ഞു.

സഞ്ജയന്‍ പറഞ്ഞു: കിഴക്കു ഭാഗത്ത്‌ നീണ്ടു കിടക്കുന്ന ആറു പര്‍വ്വതങ്ങളെ വര്‍ഷ പര്‍വ്വതങ്ങള്‍ എന്നു പറയും. അവ കിഴക്ക് പടിഞ്ഞാറായി രണ്ടു ഭാഗത്തും കടലിനോടു മുട്ടി കിടക്കുന്നവയാണ്‌. ഹിമവാന്‍ ഹേമകൂടം, പര്‍വ്വതോത്തമമായ നിഷധം, വൈഡൂര്യമയമായ നീലപർവ്വതം, ശശിസന്നിഭമായ ശ്വേതം, സര്‍വ്വധാതുക്കളും ചേര്‍ന്ന ശൃംഗവാന്‍ പര്‍വ്വതം. ഈ പര്‍വ്വതങ്ങളെല്ലാം സിദ്ധചാരണ സേവ്യങ്ങളാണ്‌. ഇവയ്ക്കിടയ്ക്കു കിടക്കുന്ന ഭൂമി വളരെ യോജന വിസ്താരമുള്ളതാണ്‌. അതിലെ പുണ്യമായ നാട്ടിന്‍ പുറങ്ങള്‍ വര്‍ഷങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അവിടെ നാനാ തരത്തിലുള്ള സത്വങ്ങള്‍ അധിവസിക്കുന്നു. ഇത്‌ ഭാരത വര്‍ഷമാണ്‌. പിന്നെ ഹൈമവതം. ഹേമകൂടം കഴിഞ്ഞാല്‍ ഹരിവര്‍ഷം. അത്‌ നീല ശൈലത്തിന് തെക്കും നിഷധത്തിന്റെ വടക്കുമായി സ്ഥിതി ചെയ്യുന്നു. കിഴക്കോട്ടു നീണ്ടു കിടക്കുന്ന മാല്യവാന്‍ പർവ്വതത്തിന്റെ അപ്പുറമാണ്‌ ഗന്ധമാദന പര്‍വ്വതം. അതിന് പരിമണ്ഡലത്തിലായിട്ടാണ്‌ മേരുപ്പൊന്‍ കുന്നു നിൽക്കുന്നത്‌. അരുണനായ ആദിത്യനെ പോലേയും പുകയറ്റ അഗ്നി പോലേയും അതു പ്രശോഭിക്കുന്നു. അതിന്റെ ഉയരം എണ്‍പത്തിനാലായിരം യോജനയാണ്‌. കീഴോട്ടുമുണ്ട്‌ അത്ര തന്നെ ദൈര്‍ഘ്യം. മേലും കീഴും വിലങ്ങും ഈ ലോകം തിങ്ങി അതു നിൽക്കുന്നു. അതിന് ചുറ്റുമായിട്ടാണ് ഈ നാലു ദ്വീപുകളും നിൽക്കുന്നത്‌. ഭദ്രാശ്വം, കേതുമാലം, ഈ ജംബു ദ്വീപ്‌. പിന്നെ പുണ്യ ജനാശ്രയമായ ഉത്തര കുരുസ്ഥാനം, ഇവയാണ്‌ ആ നാലു ദ്വീപുകള്‍. ഒരിക്കല്‍ ഗരുഡപുത്രനായ സുമുഖന്‍ എന്നുപേരായ പക്ഷി സ്വര്‍ണ്ണ നിറത്തിലുള്ള കാക്കക്കൂട്ടങ്ങളെ കണ്ട്‌ ഇങ്ങനെ വിചാരിച്ചു: ഈ മേരുശ്രേഷ്ഠം, മദ്ധ്യം, നീചം എന്നിങ്ങനെ മൂന്നു വകുപ്പായി പക്ഷികളെ വേര്‍തിരിച്ചു കാണിക്കുന്നില്ല. നീചനായ കാക്കയ്ക്കു സ്വര്‍ണ്ണനിറം മേരു നല്കുന്നു. ഇങ്ങനെ വിവരക്കേട്‌ ഈ മേരു കാണിക്കുന്നത് കൊണ്ട്‌ ഞാന്‍ ഈ മേരുപർവ്വതത്തെ കൈവിടുകയാണ്‌. ഈ മേരുവിന് ചുറ്റുമായി ജ്യോതിശ്രേഷ്ഠനായ അര്‍ക്കന്‍ സഞ്ചരിക്കുന്നു. താരങ്ങളോടു കൂടി ചന്ദ്രനും വായുദേവനും ഈ പര്‍വ്വതത്തെ നിത്യവും വലം വെക്കുന്നു. ആ പര്‍വ്വതം ദിവ്യമായ പുഷ്പങ്ങളും കായ്കളും ചേര്‍ന്ന പരിഷ്കൃതമായ സ്വര്‍ണ്ണ ഗൃഹങ്ങളോടു കൂടെ പ്രശോഭിക്കുന്നു. അതിലാണല്ലോ ദേവഗന്ധര്‍വ്വ രാക്ഷസന്മാര്‍ അപ്സരസ്ത്രീകളോടു കൂടി നിതൃവും ക്രീഡിക്കുന്നത്‌. അതില്‍ തന്നെയാണ്‌ ബ്രഹ്മനും രുദ്രനും ശക്രനും ചേര്‍ന്ന നാനാ ദക്ഷിണാഢ്യമായ യജ്ഞങ്ങള്‍ കഴിക്കുന്നത്‌. നാരദന്‍, തുംബുരു, വിശ്വാവസു, ഹാഹാ, ഹൂഹു എന്നിവര്‍ സുരശ്രേഷ്ഠന്മാരെ നാനാ സ്തവങ്ങള്‍ കൊണ്ടു വാഴ്ത്തുന്നതും ഇവിടെയാ ണ്‌. മഹാത്മാക്കളായ സപ്തര്‍ഷികളും പ്രജാപതിയായ കശ്യപനും അവിടെയെത്തും വാവുകൾ തോറും അവര്‍ അങ്ങയ്ക്കു ശുഭം നല്കും. അതിന്റെ മുകളിലാണ്‌ ശുക്രന്‍ ദൈത്യരോടു കൂടി വസിക്കുന്നത്‌. അതിന് തെക്കാണ്‌ രത്നങ്ങള്‍ നിറഞ്ഞ രത്നാദ്രികള്‍. കുബേരന്‍, വരുണന്‍ എന്നിവര്‍ നാലാമത്തെ അംശം ഏൽക്കുന്നത്‌ അവിടെയാണ്‌. അതില്‍ നിന്നു പതിനാറില്‍ ഒരു അംശം മനുഷ്യര്‍ക്കും നല്കുന്നു. അതിന്റെ വടക്കു ഭാഗത്തായി സര്‍വ്വ ഋതുക്കളിലും പുഷ്പങ്ങള്‍ നിറഞ്ഞതും പാറപ്പുറത്തു കര്‍ണ്ണികാര മരങ്ങള്‍ നിറഞ്ഞതുമായ ശുഭമായ വനമുണ്ട്‌. അവിടെ സാക്ഷാല്‍ പശുപതിയായ ഭൂതഭാവനന്‍ സര്‍വ്വ ഭൂതങ്ങളോടും ചേര്‍ന്ന ഗൗരിയോടു കൂടി രമിക്കുന്നു. അടിക്കെത്തുന്ന വിധം കര്‍ണ്ണികാര മാലയണിഞ്ഞവനും മൂന്ന്‌ അര്‍ക്കന്മാര്‍ പോലെ മൂന്നു നേത്രങ്ങള്‍ പ്രകാശിക്കുന്നവനുമായ ശിവന്‍ അവിടെ വസിക്കുന്നു. അവിടെയിരുന്നു സിദ്ധന്മാര്‍ അവനെ സ്തുതിക്കുന്നു. അവര്‍ക്കു പശുപതിയെ കാണാം. എന്നാല്‍ ദുര്‍വൃത്തന്മാര്‍ക്ക്‌ ഒരിക്കലും ആ മഹാത്മാവിനെ കാണുവാന്‍ കഴിയുകയില്ല.

ആ ശൈല ശൃംഗത്തില്‍ നിന്നു ഗംഗാക്ഷീരധാര വിശ്വം വ്യാപിക്കുമാറ്‌ അന്തമില്ലാത്ത ഇടിമുഴക്കം പോലെ ഗംഭീരമായ സ്വരത്തില്‍ ചാടുന്നു. പുണ്യയായ ഭാഗീരഥീ നദി, ജനസേവയായ ഗംഗ, ശക്തിയോടെ ചന്ദ്രഹ്രദത്തിലേക്കാണു ചാടുന്നത്‌. ആ പുണ്യനദി ഉണ്ടാക്കിയതാണ്‌ ആഴി പോലെ അഗാധമായ ആ ചന്ദ്രഹ്രദം. ആ ഗംഗാ നദിയുടെ ജലപാതം താങ്ങുവാന്‍ അദ്രികള്‍ക്കു കൂടി അസാദ്ധ്യമാണ്‌. നൂറായിരം സംവത്സരകാലം ആ ജലപാതത്തെ പിനാകി തന്റെ ശിരസ്സാല്‍ താങ്ങി നിന്നു.

അവിടെ സ്വര്‍ണ്ണനിറത്തില്‍ പുരുഷന്മാരും അപ്സരസ്സുകള്‍ പോലെ സ്ത്രീകളും ആരോഗ്യത്തോടു കൂടി അല്ലലില്ലാതെ വളരെ സന്തോഷമായി നിത്യവും ശോഭിച്ചു. ഉരുക്കിയ പൊന്നിന്റെ നിറത്തില്‍ അവിടെ മനുഷ്യര്‍ ശോഭിക്കും. ഗന്ധമാദന ശൃംഗത്തില്‍ രാക്ഷസരോടു കൂടിയ കുബേരന്‍, ഗുഹൃകന്മാരുടെ അധിപന്‍, അപ്സരസ്ത്രീകളോടു കൂടി അവിടെ മോദിക്കുന്നു. ഗന്ധമാദനത്തിന്റെ പാര്‍ശ്വത്തില്‍ വേറേയും ചെറു കുന്നുകളുണ്ട്‌. ആ കുന്നുകളില്‍ പതിനോരായിരം വര്‍ഷം ആയുസ്സുള്ളവരും, തേജോബലമുള്ളവരും, നിത്യഹൃഷ്ടന്മാരുമായ മര്‍ത്ത്യന്മാരുണ്ട്‌. പെണ്ണുങ്ങളൊക്കെ കണ്ടാല്‍ നല്ല ചന്തമുള്ളവരും ഉല്പല നിറത്തോടു കൂടിയവരുമാണ്‌.

നീലപർവ്വതത്തിന് അപ്പുറം ശ്വേതപർവ്വതമാണ്‌. ശ്വേതപര്‍വ്വതത്തിന്റെ അപ്പുറത്തു ഹൈമപര്‍വ്വതമാണ്‌. ഐരാവതം എന്ന വര്‍ഷഭാഗം നാനാ നാട്ടിന്‍ പുറത്തോടു കൂടി ധനുഷ്കോടി വരെ, തെക്കും വടക്കുമായി ഇങ്ങനെ രണ്ടു വര്‍ഷങ്ങളായി കിടക്കു ന്നു. ഇളാവൃതം നടുവിലാണ്‌, ഇങ്ങനെ അഞ്ചു വര്‍ഷങ്ങളാണ്‌.

വടക്കോട്ടു വടക്കോട്ട്‌ വര്‍ഷങ്ങള്‍ ഉത്തരോത്തരം ഗുണം കൂടിക്കൂടി കാണാം. ആയുസ്സ്‌, ഉയരം, ആരോഗ്യം, ധര്‍മ്മകാമാര്‍ത്ഥ വൃത്തികള്‍, ഇവ വടക്കോട്ടുവടക്കോട്ട് ഭൂതജാലങ്ങളില്‍ വര്‍ദ്ധിച്ചുകാണാം.

രാജാവേ, ഇപ്രകാരമാണ്‌ പർവ്വതാഞ്ചിതയായ ഭൂമി. ഹേമകൂടം ശ്രേഷ്ഠമായ കൈലാസം എന്ന പർവ്വതമാണ്‌. അവിടെ നരവാഹനനായ കുബേരന്‍ ഗുഹൃകന്മാരോടു കൂടി സന്തോഷത്തോടെ വസിക്കുന്നു.

കൈലാസത്തിന്റെ വടക്കു ഭാഗത്തായി മൈനാക പര്‍വ്വതത്തിന്റെ അടുത്ത്‌ ഹിരണൃശ്യംഗം എന്ന ദിവ്യമായ മണിമയ പര്‍വ്വതമുണ്ട്‌. അതിന് അടുത്തു ശുക്രവും ദിവ്യവുമായ പൊന്മണലുള്ള സ്ഥലമുണ്ട്‌. അതിലാണ്‌ പ്രസിദ്ധമായ ബിന്ദുസരസ്സ്‌. അവിടെയാണ്‌ ഭഗീരഥന്‍ ഭാഗീരഥിയായ ഗംഗയെ കണ്ട്‌ വളരെനാള്‍ വസിച്ചത്‌. രത്നയൂപങ്ങളും, സ്വര്‍ണ്ണ ചൈത്യ ജാലങ്ങളും അതില്‍ ഉണ്ട്‌. അവിടെ യജ്ഞം ചെയ്തിട്ടാണ്‌ ഇന്ദ്രന്‍ സിദ്ധിനേടി പ്രസിദ്ധനായത്‌. അവിടെ സര്‍വ്വലോക്ര സഷ്ടാവും സനാതനനുമായ ഭൂതേശന്‍ സര്‍വ്വ ഭൂതങ്ങളോടു കൂടി തിഗ്മകാന്തിയെ ഉപാസിക്കുന്നു. നരനാരായണന്മാര്‍, ബ്രഹ്മാവ്‌, മനു, സ്ഥാണു എന്നീ അഞ്ചു പേര്‍ ആയിരം യുഗങ്ങള്‍ എത്തുന്ന സമയത്ത്‌ ഇവിടെ പതിവായി യജ്ഞം നടത്താറുണ്ട്‌. അവിടെയാണു ത്രിപഥഗ ദിവ്യയായി ഉന്നം ഉറച്ച്‌ ബ്രഹ്മലോകത്തു നിന്ന്‌ അവതരിച്ച്‌ ഏഴായി പിരിയുന്നത്‌. വസ്വകസാര, നളിനി, സരസ്വതി, ജംബൂനദി, സീത, ഗംഗ, സിന്ധു ഇങ്ങനെ ഏഴായിട്ടാണ്‌ ആ ദിവ്യനദി പിരിഞ്ഞത്‌. ഇത്‌ അചിന്ത്യവും ദിവൃ കല്പവുമായ ഈശ്വരന്റെ വിധാനമാകുന്നു. ഇടയ്ക്കു കണ്ടും കാണാതേയുമാണ്‌ സരസ്വതീ നദി. ഇവയാണ്‌ മൂന്നു പാരിലും പുകഴ്ന്ന ഏഴു ഗംഗകള്‍.

ഹിമാദ്രിയില്‍ ആശരന്മാരും, ഹേമകൂടത്തില്‍ ഗുഹ്യകന്മാ രും, ഗോകര്‍ണ്ണാശ്രമ ഭൂമിയിലും നിഷധത്തിലും സര്‍പ്പങ്ങളും നാഗങ്ങളും വസിക്കുന്നു. എല്ലാ ദേവാസുരന്മാര്‍ക്കും അധിവാസ സ്ഥാനം ശ്വേതപര്‍വ്വതമാണ്‌. നിഷധത്തില്‍ ഗന്ധര്‍വ്വന്മാരുംം നീലപര്‍വ്വതത്തില്‍ ബ്രഹ്മര്‍ഷിമാരും വസിക്കുന്നു. ശൃംഗവാനില്‍ ദേവന്മാര്‍ മാത്രം സഞ്ചരിക്കുന്നു.

ഇപ്രകാരം വെവ്വേറെ ഏഴു വര്‍ഷത്തിലും ഗതി കിട്ടിയവരായ ഭൂതജാലങ്ങള്‍ ദൃഢമായി കുടി കൊള്ളുകയാണ്‌. അവരുടെ ദിവ്യമായ മാനുഷ ഋദ്ധി വളരെയേറെ കാണുന്നു. അവയൊക്കെ പറഞ്ഞു അവസാനിപ്പിക്കുവാനും കേട്ടു ധരിക്കുവാനും പ്രയാസമാണ്‌.

രാജാവേ, ഭവാന്‍ ശശാകൃതിയെപ്പറ്റി ചോദിക്കുകയുണ്ടായല്ലോ. ശശപാര്‍ശ്വത്ത്‌ തെക്കും വടക്കുമായി രണ്ടു വര്‍ഷമുണ്ട്‌. കര്‍ണ്ണങ്ങള്‍ പോലെ ഒന്ന്‌ നാഗദ്വീപും മറ്റേത്‌ കാശ്യപ ദ്വീപുമാണ്‌, താമ്രപര്‍ണ്ണ ശിലമായ ശോഭയുള്ള മലയ പർവ്വതത്തില്‍ കയറിയാല്‍ ശശത്തില്‍പ്പെട്ട രണ്ടാമത്തെ ദ്വീപു കാണുവാന്‍ കഴിയും.

7. മാല്യവദ്വര്‍ണ്ണനം - ധൃതരാഷ്ട്രന്‍ പറഞ്ഞു: സഞ്ജയാ! മേരുവിന്റെ വടക്കു ഭാഗത്തെപ്പറ്റി എല്ലാം ആദ്യമായി പറയുക. പിന്നെ മാല്യവാന്‍ മലയെപ്പറ്റിയും കേള്‍ക്കുവാന്‍ ആഗ്രഹമുണ്ട്‌.

സഞ്ജയന്‍ പറഞ്ഞു: നീലശൈലത്തിന്റെ തെക്ക്‌ മേരുവിന്റെ വടക്കു കിടക്കുന്ന സ്ഥലമാണ്‌ പുണ്യമായ ഉത്തരകുരു. സിദ്ധന്മാര്‍ ആ പ്രദേശത്തെ ആദരിക്കുന്നു. അവിടെ കായ്കളില്‍ തേനുള്ളതും, എല്ലായ്‌പോഴും പൂക്കുന്നതും, കായ്ക്കുന്നതുമായ വൃക്ഷങ്ങള്‍ ഉണ്ട്‌. മണമേറുന്ന പൂവുകളും, സ്വാദു കൂടുന്ന കായ്കളും അവിടെയുണ്ട്‌. ആഗ്രഹം പോലെ കായ്ക്കുന്ന വൃക്ഷങ്ങളും അവിടെയുണ്ട്‌. ക്ഷീരങ്ങളുള്ള വൃക്ഷങ്ങളുമുണ്ട്‌ അവിടെ. ക്ഷീരം ചുരത്തുന്ന പോലെ രസമുള്ളതും, അമൃത തുല്യവുമായ അതിന്റെ നീരു കുടിക്കുന്നു. ആ വൃക്ഷങ്ങളുടെ കായ്കളില്‍ വസ്ത്രങ്ങളും ആഭരണങ്ങളും ഉണ്ടാകുന്നു. അവിടത്തെ മണ്ണു സ്വര്‍ണ്ണപ്പൊടിയാണ്‌. എല്ലായിടവും രത്നം വിളഞ്ഞു കിടക്കുന്നതു കാണാം. മണിരത്നങ്ങളാല്‍ ശോഭിക്കുന്നതും, വൈര വൈഡൂര്യ ശോഭയുള്ളതുമായ ഭൂഭാഗം പത്മരാഗ സമമായി ശോഭിക്കു ന്നു. എല്ലാ ഋതുക്കളിലും സുഖമാണവിടെ. ചേറു ലേശമില്ലാത്ത ശുഭമായ പൊയ്കകള്‍ കൌതുകത്തോടെ കാണാം. ദേവലോകത്തില്‍ നിന്ന്‌ ഭ്രഷ്ടരായ ആത്മാക്കള്‍ അവിടെ മനുഷ്യരായി പിറക്കുന്നു. ശുക്ലാഭിജാത്യ സമ്പന്നരാണ്‌ എല്ലാവരും. എല്ലാവരും പ്രിയദര്‍ശനരാണ്‌. അവിടെ ജനിക്കുന്ന സ്ത്രീകളും മിഥുനങ്ങളുമെല്ലാം അപ്സരസ്സുകള്‍ പോലെയാണ്‌. അമൃതിന് തുല്യമായ ക്ഷീരവ്യക്ഷത്തിന്റെ ക്ഷീരം അവര്‍ പാനം ചെയ്യുന്നു. കാലേ തന്നെ ദമ്പതിമാര്‍ ഉണ്ടാവുകയും ഒന്നിച്ചു വളരുകയും ചെയ്യുന്നു. എല്ലാവരും തുല്യരൂപഗുണ സമ്പന്നരായിരിക്കും. അനുരൂപരായ ദമ്പതിമാര്‍ ചക്രവാകങ്ങളെ പോലെ പരസ്പരം സ്നേഹിച്ചു ജീവിക്കുന്നു. ആ ലോകത്തില്‍ വസിക്കുന്നവര്‍ രോഗഹീനന്മാരും, ദുഃഖഹീനന്മാരുമാണ്‌. എന്നും സന്തോഷത്തോടെ വാഴു ന്നു. അവരുടെ ആയുസ്സ്‌ പതിനായിരവും പത്തു നൂറ്റാണ്ടുമാണ്‌. അത്രകാലവും അവര്‍ വേര്‍പിരിയാതെ ജീവിക്കും. അവിടെ ഭാരുണ്ഡപ്പക്ഷികള്‍ എന്ന ഒരു തരം പക്ഷികളുണ്ട്‌. വളരെ ശക്തിയുള്ളവയും, കടുത്ത കൊക്കുള്ളവയുമാണ്‌. അവിടെയുള്ളവര്‍ ചത്താല്‍ ഈ പക്ഷികള്‍ എടുത്തു കൊണ്ടുപോയി അവരുടെ ഗുഹകളില്‍ വെച്ചു തിന്നും.

രാജാവേ, ഇങ്ങനെയൊക്കെയാണ്‌ ഉത്തര കുരുസ്ഥലത്തെ വൃത്താന്തങ്ങള്‍. ഇനി മേരുവിന്റെ കിഴക്ക്‌ എങ്ങനെയൊക്കെ ആണെന്ന്‌ ഞാന്‍ ഉള്ളമാതിരി തന്നെ പറയാം. ആ ഭ്രാതാശ്വത്തിന് മുഖ്യമായിട്ടുള്ളത്‌ ഭദ്രസാലവനമാണ്‌. അതില്‍ കാലാമ്രമെന്നു പേരായ ഒരു മരമാണ്‌ മുഖ്യമായത്‌. ആ മരം നിത്യവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. ആ മരം ഒരു യോജന പൊക്കത്തില്‍ വളര്‍ന്ന്‌ സിദ്ധചാരണ സേവ്യമായി ലസിക്കുന്നു. ആ നാട്ടില്‍ വെളുത്ത മനുഷ്യരേയുള്ളു. നല്ല തേജസ്സും, ബലവും അവര്‍ക്കുണ്ട്‌. പെണ്ണുങ്ങൾക്കൊക്കെ ആമ്പലിന്റെ നിറമാണ്‌. എല്ലാവരും നല്ല അഴകുള്ളവരാണ്‌. കാന്തി കൊണ്ടു തിങ്കള്‍, നിറം കൊണ്ടു തിങ്കള്‍, മുഖം വെള്ളത്തിങ്കള്‍ തന്നെ. ദേഹം തിങ്കള്‍ പോലെ കുളുര്‍ത്തത്‌. എല്ലാവരും അഴകൊഴുകുന്ന ദേഹകാന്തി ഉള്ളവര്‍. പാട്ടും കൂത്തും എല്ലാവര്‍ക്കും അറിയാം . അവര്‍ക്ക്‌ ആയുസ്സ്‌ പതിനായിരം വര്‍ഷമാണ്‌. കാലാമ്രച്ചാറു കുടിച്ച്‌ അവര്‍ നിതൃയൗവന യുക്തരായി ജീവിക്കുന്നു.

നീല ശൈലത്തിന് തെക്ക്‌, നിഷധത്തിന് വടക്കു ഭാഗത്തായി സുദര്‍ശനം എന്ന സ്ഥലമാണ്‌. അവിടെ ജംബുവൃക്ഷം നിൽക്കുന്നുണ്ട്‌. ആ വൃക്ഷത്തിന് നാശമില്ല. ഇഷ്ടം പോലെ കായ്ക്കുന്ന കായ്കളുള്ള ആ വൃക്ഷത്തെ സിദ്ധചാരണന്മാര്‍ സേവിക്കുന്നു. അതില്‍ പ്രസിദ്ധമായ ഈ പേരാല്‍ മൂലം ആ ദ്വീപിന് ജംബുദ്വീപ്‌ എന്നു പേരുണ്ടായി. ആയിരത്തി ഒരുനൂറു യോജന ഉയര്‍ന്ന ഈ വൃക്ഷം ആകാശം മുട്ടി നിൽക്കുന്നു. ആയിരത്തി ഒരുനൂറ്റി പതിനഞ്ചു മുഴം നീളമുള്ളതാണ്‌ പഴുത്തു വിള്ളുന്ന ആ വൃക്ഷത്തിന്റെ കായ. അവ ഞെട്ടറ്റ്‌ അത്യുന്നതമായ ശിഖരത്തില്‍ നിന്നു ഭുമിയില്‍ പതിക്കുമ്പോള്‍ ഭയങ്കരമായ ശബ്ദമുണ്ടാകും. വെള്ള നിറത്തില്‍ നീര്‍ ഒലിപ്പിക്കുകയും ചെയ്യും. ആ ജംബുവിന്റെ കായില്‍ നിന്ന്‌ ഒഴുകുന്ന ജലം പുഴയായി തീര്‍ന്ന്‌ അതു മേരുവിനെ വലംവെച്ച്‌ ഉത്തര കുരു രാജ്യത്തു ചെന്നെത്തുന്നു. അവിടെയുള്ളവര്‍ ആ നദിയിലെ ജലം കുടിച്ച്‌ മനഃശാന്തി കൊള്ളുന്നു. ദാഹം ഒരു കാലത്തും അവര്‍ക്ക് ഉണ്ടാകാറില്ല. ആ കായയുടെ ജലം കുടിച്ചവരെ ഒരിക്കലും ജര ബാധിക്കുകയില്ല. അവിടെ ദേവഭൂഷണമായ കാഞ്ചനം ജാംബൂനദം എന്ന പേരില്‍ അറിയപ്പെടുന്നു. അത്‌ ഇന്ദ്രഗോപക്കല്ലു പോലെ പ്രശോഭിക്കുന്നു. അവിടത്തെ മനുഷ്യര്‍ ബാലസൂര്യന്റെ വര്‍ണ്ണത്തിൽ ഉള്ളവരാകുന്നു.

മാല്യവാന്റെ ശൃംഗത്തില്‍ എപ്പോഴും അഗ്നി ജ്വലിക്കുന്നതായി കാണാം. ആ അഗ്നി സംവര്‍ത്തകന്‍ എന്ന കാലാഗ്നിയാ ണ്‌. മാലൃവാന്റെ ശൃംഗത്തില്‍ മുമ്പു ക്ഷുദ്രമായ അദ്രിജാലമായിരുന്നു. പതിനോരായിരം യോജനയാണ്‌ മാല്യവാന്റെ വിസ്താരം. സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ അവിടെ മനുഷ്യര്‍ ഉണ്ടാകുന്നു. ബ്രഹ്മലോക ഭ്രഷ്ടരാണ്‌ അവര്‍. എല്ലാവരും സജ്ജനങ്ങളും, സാധുക്കളുമാണ്‌. ഊര്‍ദ്ധ്വരേതസ്സുകളായ അവര്‍ അവിടെ ഘോരമായ തപസ്സു ചെയ്യുന്നു. ഭൂതങ്ങളെ സംരക്ഷിക്കുവാന്‍ അവര്‍ സൂര്യനില്‍ പ്രവേശിക്കുന്നു. അറുപതിനായിരം താപസികന്മാര്‍ സൂര്യന്റെ ചൂടു തട്ടി ചന്ദ്രമണ്ഡലത്തില്‍ എത്തുന്നു.

8. ധൃതരാഷ്ട്രവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ സഞ്ജയാ, വര്‍ഷങ്ങള്‍, ശൈലങ്ങള്‍ ഇവയുടെ പേരുകളും, ശൈലവാസികളുടെ പേരും മറ്റും കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സഞ്ജയന്‍ പറഞ്ഞു: ശ്വേതശൈലത്തിന് തെക്ക്‌ നിഷധത്തിന്റെ വടക്കു ഭാഗത്തു കിടക്കുന്ന വര്‍ഷത്തിന് രമണകമെന്നാണു പേര്‌. ഇതില്‍ ജനിക്കുന്ന ജനങ്ങളെല്ലാവരും ശുക്ലാഭിജാത്യ സമ്പന്നരും, പ്രിയദര്‍ശനന്മാരുമാണ്‌. അവിടെയുള്ളവര്‍ ശത്രുക്കള്‍ ഇല്ലാത്തവരായും തീരുന്നു. പതിനായിരത്തി ഒരുനൂറ്റി പതിനഞ്ചു വര്‍ഷമാണ്‌ അവരുടെ ആയുസ്സ്‌. അവർ എല്ലാവരും നിത്യസന്തുഷ്ടരായി ജീവിക്കുന്നു.

നീലശൈലത്തിന് തെക്കും നിഷധത്തിന് വടക്കുമായി കിടക്കുന്ന വര്‍ഷത്തിന്റെ പേര് ഹിരണ്മയം എന്നാണ്‌. അതില്‍ക്കൂടി ഒഴുകുന്ന നദിയാണ്‌ ഹിരണ്വതി. അതിലാണ്‌ പക്ഷിരാജാവായ ഖഗോത്തമന്‍ വസിക്കുന്നത്‌. യക്ഷാനുഗമന്മാരും ധനികന്മാരും ചാരുദര്‍ശനന്മാരുമായ ജനങ്ങള്‍ അവിടെ വസിക്കുന്നു. മഹാബലന്മാരും സന്തുഷ്ടചിത്തരുമാണ്‌ അവിടെ ഉള്ളവരെല്ലാം. പതിനായിരത്തി ഒരുനൂറ്റി പതിനഞ്ച്‌ സംവത്സരം അവര്‍ ജീവിച്ചിരിക്കുന്നു. വിചിത്രമായ മൂന്നു ശൃംഗങ്ങള്‍ ആ പര്‍വ്വതത്തിനുണ്ട്‌. അതില്‍ ഒന്ന്‌ മണിമയവും, വേറെ ഒന്ന്‌ പൊന്മയ വും, പിന്നത്തേത്‌ സര്‍വ്വരത്ന മയവുമാണ്‌. എല്ലാറ്റിലും അത്തരത്തിലുള്ള അനേകം ഭവനങ്ങളുണ്ട്‌. അതില്‍ എന്നും സ്വയം പ്രഭാദേവിയെന്ന ശാണ്ഡിലി പാര്‍ക്കുന്നു. ശൃംഗവാന്റെ വടക്കായി കടല്‍വക്കത്ത്‌ ഐരാവതം എന്ന വര്‍ഷം കിടക്കുന്നു. അതിന് അപ്പുറത്താണ്‌ ശൃംഗവത്തെന്ന വര്‍ഷം. അവിടെ സൂര്യന്‍ തപിക്കുകയില്ല. മാനുഷര്‍ ഇവിടെ ക്ഷയിക്കുകയില്ല. നക്ഷത്രങ്ങളോടു കൂടി ഇവിടെ ഇന്ദു ജ്യോതിര്‍മൂര്‍ത്തി വിളങ്ങുന്നു! പത്മകാന്തിയോടെ പത്മവര്‍ണ്ണത്തോടെ പത്മദളാക്ഷരായി, പത്മപത്ര ഗന്ധത്തോടു കൂടി അവിടെയുള്ളവര്‍ വിളങ്ങുന്നു. ഇളക്കമറ്റ ഇഷ്ടഗന്ധരും, അഷ്ടി കൂടാതെ ജീവിക്കുന്ന ജിതേന്ദ്രയരുമായ അവര്‍ തേജസ്സറ്റ്‌ ദേവലോക്ര ഭ്രഷ്ടരായ കൂട്ടരാണ്‌. അവിടെ അധിവസിക്കുന്ന നരന്മാര്‍ പതിമൂവായിരം സംവത്സരം ജീവിച്ചിരിക്കുന്നു.

ക്ഷീരോദം എന്ന സമുദ്രത്തിന്റെ വടക്കു ഭാഗത്തായി വൈകുണ്ഠനായ പ്രഭു വാഴുന്നു. ഒരു സുവര്‍ണ്ണ ശകടത്തിലാണ്‌ ഹരി വാഴുന്നത്‌. ബ്രഹ്മയുക്തവും, മനോജവവുമായ ആ യാനം എട്ടു ചക്രത്തോടു കൂടിയതാണ്‌. ജാംബൂനദാഞ്ചിതമായി തേജസ്സോടെ അഗ്നി നിറത്തില്‍ അതു പ്രശോഭിക്കുന്നു. സര്‍വ്വലോക പ്രഭുവും, വിഭുവുമായ ഹരി സംക്ഷേപ വിസ്താ രമൂര്‍ത്തിയാണ്‌.

എല്ലാം ചെയ്യുന്നവനും, ചെയ്യിക്കുന്നവനുമാണ്‌ അവന്‍. ഭൂമി, വെള്ളം, നഭസ്സ്‌, വായു, തേജസ്സ്‌ എന്നതെല്ലാം അവന്‍ തന്നെയാണ്‌. അവന്‍ എല്ലാവര്‍ക്കും യജ്ഞമാകുന്നു. അവന്റെ മുഖം ഹുതാശനനാകുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സഞ്ജയന്‍ പറഞ്ഞു കൊടുത്തപ്പോള്‍ മഹാശയനായ ധൃതരാഷ്ട്രന്‍ തന്റെ മക്കളെപ്പറ്റി മനസ്സില്‍ ചിന്തിക്കുവാന്‍ തുടങ്ങി. മഹാതേജസ്വിയായ ധൃതരാഷ്ട്രന്‍ ചിന്തിച്ച്‌ ഇപ്രകാരം പറഞ്ഞു: സൂതപുത്രാ! തീര്‍ച്ചയായും കാലം ലോകത്തെ മുടിച്ചുവിടും. വീണ്ടും ഒക്കെയും കാലം സൃഷ്ടിക്കുകയും ചെയ്യും. ഒന്നും ശാശ്വതമായി നിൽക്കുന്നില്ല. നരനും നാരായണനും സര്‍വ്വജ്ഞനും സര്‍വ്വകൃത്തുമാണ്‌. ദേവന്മാര്‍, വൈകുണ്ഠന്‍ എന്നു പറയുന്നു; മനുഷ്യര്‍ വിഷ്ണുവെന്നും പറയുന്നു.

9. ഭാരതീയ നദീ ദേശാദി കഥനം - ധൃതരാഷ്ട്രന്‍ പറഞ്ഞു.ഈ ഭാരത വര്‍ഷത്തിൽ ആണല്ലോ ഇപ്പോള്‍ മഹാസൈന്യങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുന്നത്‌. അതിലാണല്ലോ മഹാ ദുരാഗ്രഹിയായ എന്റെ പുത്രന്‍ സുയോധനനും നിൽക്കുന്നത്‌. എന്നാല്‍ പാണ്ഡവന്മാരും അതില്‍ ലോഭികളായി കാണുമ്പോള്‍ എന്റെ മനസ്സ്‌ പതറിപ്പോകുന്നു. അതിന്റെ ശരിയായ കാര്യം ഹേ, സഞ്ജയാ! നീ പറയു. നീ ധീമാനല്ലേ?

സഞ്ജയന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ എന്റെ മൊഴി കേട്ടാലും! പാണ്ഡവന്മാര്‍ ലോഭികളാണെന്ന്‌ ഭവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ അബദ്ധമാണ്‌. ലുബ്ധന്‍ ദുര്യോധനനാണ്‌: പിന്നെ ശകുനിയും, മറ്റു രാജാക്കന്മാരും ദുര്യോധനനെ സഹായിക്കുവാന്‍ വന്നു ചേര്‍ന്നവരുണ്ടല്ലോ, അവരും ലുബ്ധരാണ്‌. തമ്മില്‍ ഒട്ടും പൊറുക്കുവാന്‍ വയ്യാതെ യുദ്ധത്തിന് സന്നദ്ധരായി നിൽക്കുന്ന ആ കൂട്ടരാണ്‌ ലുബ്ധന്മാര്‍.

ഇനി ഭാരത വര്‍ഷത്തെ കുറിച്ചു പറയാം. ഈ ഭാരത വര്‍ഷം ഇന്ദ്രനും, വൈവസ്വത മനുവിനും ഇഷ്ടപ്പെട്ട രാജ്യമാണ്‌. വൈന്യനായ പൃഥുവിനും, മാന്യനായ ഇക്ഷ്വാകുവിനും,യയാതി രാജാവിനും, അംബരീഷനും, മാന്ധാതാവിനും, നഹുഷനും, മുചുകുന്ദനും, ഔശീനരനായ ശിബിക്കും, ഋഷഭന്നും, ഐളന്നും, നൃഗരാജാവിനും, കുശികനും, ഗാഥിക്കും, സോമകനും ദിലീപനും മറ്റു ബലവാന്മാരായ ക്ഷത്രിയന്മാര്‍ക്കും മറ്റു പല മാന്യന്മാര്‍ക്കും ഹേ ഭാരതാ! ഈ ഭാരതം പ്രിയപ്പെട്ടതാണ്‌. ആ ഭാരത വര്‍ഷത്തെ കുറിച്ച്‌ ഞാന്‍ ഉള്ളവിധം വിവരിക്കാം. ഭവാന്‍ ചോദിച്ചതിനുള്ള ഉത്തരമാണ്‌ ഞാന്‍ പറയുന്നത്‌. അതു ഭവാന്‍ മനസ്സു വെച്ചു കേട്ടാലും.

മഹേന്ദ്രം, മലയം, സഹ്യം, ശുക്തിമാന്‍, ഋക്ഷവാന്‍, വിന്ധ്യം, പാരിയാത്രം, ഈ പറഞ്ഞ ഏഴെണ്ണം ഭാരതത്തിലെ കുല പർവ്വതങ്ങളാണ്‌. അവയ്ക്കു ചുറ്റും അസംഖ്യം കുന്നുകളുണ്ട്‌. വിവരങ്ങള്‍ കൂടാതെ ഉറപ്പുള്ളതായ വിചിത്രമായ സാനുക്കള്‍ അവയ്ക്കുണ്ട്‌. അവയില്‍ ആര്യന്മാരായ മ്ലേച്ഛന്മാര്‍ വസിക്കുന്നു. നീര്‍ കുടിക്കുന്നതിന് വളരെയധികം നദികളുണ്ട്‌. വിപുലയായ ഗംഗ, സിന്ധു, സരസ്വതി, ഗോദാവരി, നര്‍മ്മദ, ബാഹുദ,; ശതദ്രു, ചന്ദ്രഭാഗാ, യമുന, ദൃഷദ്വതി, വിപാശാ, വിപാപാ, സ്ഥൂല വാലുക, വേത്രവതി, കൃഷ്ണവേണി, ഇരാവതി, വിതസ്ത, പയോഷ്ണി, ദേവിക, വേദസ്മൃതാ, വേദവതി, ത്രിദിവായിക്ഷു, മാളവി, കരീഷിണി, ചിത്രവാഹ, ചിത്രസേന, ഗോമതി, ധൂത പാപ, ഗണ്ഡകാ, കൌശികീ, കൃത്യ, ത്രിദിവാ, നിചിതാ, ലോഹി താരണി, രഹസ്യ, ശതകുംഭാ, സരയൂ, ചര്‍മ്മണ്വതി, വേത്രവ തി, ഹസ്തിസോമ, ശരാവതി, ഭീമരഥി, പയോഷ്ണി, വേണ്ണ, കാവേരി, ചുളക, വാണീ, ശതബലാ, നീവാര, മഹിത, സുപ്രയോഗ, പവിത്ര, കുണ്ഡലി, സിന്ധു, രാജനീ, പുരമാലിനി, പൂര്‍വ്വാഭിരാമ, വീരാ, ഭീമയോഘവതി, പലാശിനീ, മഹേന്ദ്രാ, പാടലാവതി, കരീഷിണി, അസിക്ന, കുശചീര, മകരി, പ്രവരമേന, ഹേമാ, ഘൃതവതി, പുരാവതി, അനുഷ്ണാ, ശൈബ്യ, കാപി, സദാനീരാധൃഷ്യ, ശിവാ, വീരവതി, സുവാസ്തു, വാസ്തു, ഗൗരീ, കമ്പനാ, ഹിരണ്വതി, വരാ, വീരകര, പഞ്ചമി, രഥചിത്രാ, ജേയാതി, വിശ്വാമിത്ര, കപിഞ്ജല, ഉപേന്ദ്ര, ബഹുള, കുചീരാ, വിനദി, പിഞ്ജല, തുംഗവേണ്ണ, വിദിശാ, കൃഷ്ണവേണ്ണ, താത്രാ, കപില, സുവാമാ, ലഘുവേദാശ്വ, ഹരിശ്രാവ, മഹാപഗ, ശീഘ്ര, പിച്ഛില, ഭാരദ്വാജി, കൗശീകി, ശോണാ, ബാഹുദ, ചന്ദ്രമ, ദുര്‍ഗ്ഗ, ചിത്രശിലാ, ബ്രഹ്മവേദ്ധ്യ, ബൃഹദ്ധതി, യവക്ഷ, രോഹി, ജാംബൂനദി, സുരസാ, തമസാ, ദാസീ, വസാമന്യ, വാരാണസി, നീലാ, ഘൃതവതി, പര്‍ണ്ണാസാ, മാനവി, വൃഷഭ, ഇവയും പിന്നെ വേറെയും മഹാനദികള്‍ ആകുന്നു. സദ, നിരാമയ, കൃഷ്ണ, മന്ദഗാ, മന്ദ വാഹിനീ, ശ്രീത്രാഹ്മണി, മഹാഗരരി, ദുര്‍ഗ്ഗ, ചിത്രോപല, ചിത്രരഥ, മഞ്ജുളാ, അനംഗ, ശുക്തിമതി, പുഷ്പവേണി, ഉല്പലാവതി, ലോഹിത്യ, കരതോയാ, വൃഷകാ, കുമാരി, ഋഷികുല്യാ, മാരിഷാ, സരസ്വതി, സുപുണ്യ, മന്ദാകിനി, സര്‍വ്വഗംഗ ഈ നദി കളൊക്കെ വിശ്വമാതാക്കളാണ്‌. ഇവയ്ക്കും പുറമേ, തെളിയാത്തതായ പുഴകള്‍ നൂറായിരം വേറെയുമുണ്ട്‌. ഈ സരിത്തുക്കളെയൊക്കെ ഞാന്‍ ഓര്‍മ്മ പോലെ പറഞ്ഞതാണ്‌.

ഇനി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളെ പറയാം. കുരു പാഞ്ചാലം എന്ന നമ്മുടെ രാജ്യം, സാലം, മാദ്രേയം, ജാംഗലം, ശൂരസേനം, കലിംഗം, ബോധം, മാളവം, മത്സ്യം, കുശല്യം, കൗസല്യം, കുന്തി, കാന്തി, കോസലം, ചേദി, കുരൂഷം, ഭോജം, സിന്ധു, പുളിന്ദകം, ദശാര്‍ണ്ണം, മേകുലം, ഉൽക്കലം, പാഞ്ചാലം, കാശിജം, നൈകപൃഷ്ഠം, ധുരന്ധരം, ഗോധാ, മത്രം, ഭുജംഗം, കാശി, പരകാശി, ജഠരം, കുകുരം, അവന്തി, ഗോമന്തം, മന്ദകം, ഷണ്ഡം, വിദര്‍ഭം, രൂപവാഹികം, അശ്മകം, പാണ്ഡുരാഷ്ട്രം, ഗോപരാഷ്ട്രം, കരീതി, അധിരാജ്യം, കുലാദ്യം, ഭല്ലം, വാരപാസ്യം, അപവാഹം, ചക്രം, ക്രാതി, ശകം, വിദേഹം, മഗധം, സ്വക്ഷം, മലജം, വിജയം, അംഗം, വംഗം, കലിംഗം, യക്യല്ലോമം, മല്ലം, സുദേഷ്ണം, പ്രഹ്ളാദം, മാഹികം, ശശികം, ബാല്‍ഹീകം, വാടധാനം, ആഭീരം, കാലതോയകം, അപരാന്തം, പരാന്തം, പവം, ചര്‍മ്മ മണ്ഡലം, അടവീശിഖരം, മേരുഭൂതം, ഉപാവൃത്തം, അനുവൃത്തം, സ്വരാഷ്ട്രം, കേകയം, കുട്ടാപരാന്തം, മാഹേയം, കക്ഷം, സാമുദ്രം, നിഷ്കുടം, ആന്ധ്രം, അനുര്‍ഗ്ഗിരി, ബഹിര്‍ഗ്ഗിരി, മലജം, മഗധം, മാനവര്‍ജ്ജകം, ഉത്തരമഹി, പ്രാവൃഷേയം, ഭാര്‍ഗ്ഗവം, പുണ്ഡ്രഭാഗം, കിരാതം, യമുനം, ശകം, നിഷാദം, ആനര്‍ത്തം, നൈരൃതം, ദുര്‍ഗ്ഗാലം, പ്രതിമത്സ്യം, കുന്തളം, കോസലം, നീരഗ്രഹം, ശൂരസേനം, തിലഭാരം, മസീരം, മധുമാന്‍, സുകന്ദകം, കാശ്മീരം, സിന്ധു, ഗാന്ധാരം, ദര്‍ശകം, അഭീസാരം, ഉലൂകം, ശൈബലം, ബഹുപാദ്യം, സുദാമാ, സുമല്ലികം, കരീഷകം, കുവിന്ദം, ഉപത്യകം, വനായു, കുശബിന്ദു, കച്ഛം, ഗോപാലകക്ഷം, ജാംഗലം, കുരുവര്‍ണ്ണകം, കിരാതം, ബര്‍ബ്ദരം, വൈദേ ഹം, സിദ്ധം, താത്രലിപ്തകം പിന്നെ, തെക്കുഭാഗത്തായി വേറെയും നാട്ടിന്‍പുറങ്ങളുണ്ട്‌. ദ്രാവിഡം, കേരളം, പ്രാച്യം, വാനവാസികം, കര്‍ണ്ണാടകം, മഹിഷകം, വികല്പം, മുഷകം, ത്ഡില്ലികം, കുന്ത ഉം, സുഹൃദം, നളകാനനം, കൗകുട്ടകം, ചോളം, കൊങ്കണം, മാളവം, സമംഗം, തരകം, കുകുരം, അംഗാരം, മാരിഷം, ധ്വജിനി, ത്രിഗര്‍ത്തം, സാല്വസേനി, വ്യൂഹം, കോകബകം, പ്രോഷ്ഠം, സമവേഗവശം, വിന്ധ്യം, ചുളികം, പുളിന്ദം, വല്ക്കലം, മാളവം, പല്ലവം, അമരവല്ലവം, കളിന്ദം, കാലദം, കുണ്ഡലം, വരടം, മൂഷകം, സ്തനബാലം, നീപം, ഘടസൃഞ്ജയം, അരിന്ദം, പാശിവാ ടം, തംഗണം, പരതംഗണം, ഉത്തരം ഇതിന് പുറമേ, മ്ലേച്ഛം, ക്രൂരം, യവനം, ചിനം, കാംബോജം ഇതില്‍ മ്ലേച്ഛ ജാതികള്‍ ദാരുണ വര്‍ഗ്ഗങ്ങളാകുന്നു. സകൃല്‍ഗ്രാഹം, കുലസ്ഥം, ഹുണം, പാരസീകം, അപ്രകാരം തന്നെ രമണം, ചീനം, ദശമാലികം എന്നിവയും ക്ഷത്രിയോപനിവേശങ്ങളും വൈശ്യ ശൂദ്ര കുലങ്ങളും ശൂദ്രാഭീരം, ദരദം, കാശ്മീരം, പശുരാജ്യം, ഖശീരം, അന്തചാരം, ഗിരിഗഹ്വരം, ആത്രേയം, ഭരദ്വാജം, അപ്രകാരം തന്നെ.

സ്തനപോഷികവും, പ്രോഷകം, കലിംഗം, കിരാത പ്രദേശങ്ങളും തോമരം, ഹംസമാര്‍ഗ്ഗം, കരഭഞ്ജകം ഇങ്ങനെ പല ജനപദങ്ങളും ഭാരതത്തിലുണ്ട്‌. ഇവ പ്രാച്യങ്ങളും ഉദീച്യങ്ങളുമായ രാജ്യങ്ങളാണ്‌. ഞാന്‍ എന്റെ ഓര്‍മ്മ പോലെ പറഞ്ഞതാണ്‌ ഈ രാജ്യങ്ങള്‍. ഗുണത്തിനും ശക്തിക്കുമൊത്ത വിധത്തില്‍ സംരക്ഷിച്ചാല്‍ ഈ ഭൂമികള്‍ കാമധേനുവിനെ പോലെ നമുക്കു വേണ്ടതു ചുരത്തിത്തരും.

മഹാശൂരന്മാരും, ധര്‍മ്മാര്‍ത്ഥ കോവിദന്മാരുമായ രാജാക്കന്മാര്‍ ഈ രാജ്യങ്ങളില്‍ കൊതി വര്‍ദ്ധിച്ചു പടവെട്ടി ജീവന്‍ കള യുന്നു. ദേവന്മാരുടേയും മനുഷ്യരുടേയും കായങ്ങള്‍ക്കൊക്കെ ആശ്രയം ഈ ഭൂമിയാണ്‌. മാംസത്തിന് നായ്ക്കള്‍ കടിപിടി കൂട്ടുന്നതു പോലെ ഈ രാജ്യത്തിന് വേണ്ടി രാജാക്കന്മാര്‍ പോരാടുന്നു. അവരുടെ ആഗ്രഹത്തിന് ഒരിക്കലും ഒരു തൃപ്തിയും കാണുന്നില്ല. അതുകൊണ്ട്‌ ലോകം മുഴുവന്‍ പിടിച്ചടക്കുവാന്‍ കുരുപാണ്ഡവന്മാര്‍ പ്രയത്നിക്കുന്നു. അവര്‍ അതിന് വേണ്ടി സാമവും ദാനവും ഭേദവും ദണ്ഡവും എന്ന നാലുപായങ്ങളും പ്രയോഗിക്കുന്നു. അച്ഛന്‍, സഹോദരന്‍, പുത്രന്‍ എന്നിവരെല്ലാം തമ്മില്‍ പോരാടുന്നവരുടെ ദൃഷ്ടിയില്‍ ഭൂമി തന്നെയാണ്‌ ലക്ഷ്യം.

10. ആയുര്‍ നിരൂപണം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ സഞ്ജയാ! ഭവാന്‍ ഈ ഭാരത വര്‍ഷത്തിനും ഹൈമവതത്തിനും ഉള്ള ആയുസ്സിനേയും അവയുടെ ബലത്തേയും ശുഭാ ശുഭങ്ങളേയും ഭാവി, ഭൂതം, വര്‍ത്തമാനം, എന്നീ കാലങ്ങളോടു യോജിപ്പിച്ചു  പറഞ്ഞാലും. അങ്ങനെ തന്നെ ഹരിവര്‍ഷത്തെ പറ്റിയും പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സഞ്ജയന്‍ പറഞ്ഞു: ഈ ഭാരത വര്‍ഷത്തില്‍ യുഗങ്ങള്‍ നാലാണ്‌. കൃതം, ത്രേതം, ദ്വാപരം, കലി എന്നിവയാണ്‌. അവ ക്രമപ്രകാരമാണ്‌ പറഞ്ഞത്‌. കൃതം മുതല്‍ കലിവരെ ഓരോന്നും കഴിഞ്ഞ്‌ ഓരോന്നും വരുന്നു. കൃതയുഗ കാലത്ത്‌ നാലായിരം വര്‍ഷമാണ്‌ ആയുസ്സ്‌. ത്രേതാ യുഗത്തില്‍ ആയുസ്സ്‌ മൂവായിരം വര്‍ഷമാണ്‌. ദ്വാപര യുഗത്തില്‍ രണ്ടായിരം വര്‍ഷമാണ്‌ ആയുസ്സ്‌. എന്നാല്‍ കലിയില്‍ ഇത്രയാണെന്നു കൃത്യമായി പറയുവാന്‍ വയ്യ. ഗര്‍ഭത്തിൽ ഇരിക്കുമ്പോള്‍ തന്നെ ചാവുന്നു. ചിലര്‍ പിറന്നിട്ടും ചാവുന്നു. മഹാസത്വ ബലത്തോടും പ്രജ്ഞഗുണത്തോടും കൂടിയവര്‍ നൂറും ആയിരവും സന്താനങ്ങളെ ജനിപ്പിക്കും.

രാജാവേ, കൃതത്തില്‍ ഉണ്ടായവര്‍ വിത്തവാന്മാരും സുരൂപന്മാരും ആയിത്തീരും. അങ്ങനെ ജനിച്ച തപസ്വികളായ മുനീശ്വരന്മാര്‍ വീര്യവാന്മാരെ ജനിപ്പിക്കും. മഹോത്സാഹന്മാരും മഹാത്മാക്കളും സത്യവാന്മാരും ധാര്‍മ്മികന്മാരും ചാരുരൂപന്മാരും വീര്യവാന്മാരും ധനുര്‍ദ്ധരന്മാരും പോരില്‍ ശൂരന്മാരുമായ ക്ഷത്രിയര്‍ഷഭന്മാര്‍ കൃതയുഗത്തില്‍ ഉണ്ടാകും. ത്രേതായുഗത്തില്‍ സകല ക്ഷത്രിയന്മാരും ചക്രവര്‍ത്തിമാരായി ഭവിക്കും. അവര്‍ ആയുഷ്മാന്മാരും, മഹാവീര്യന്മാരും, പോരില്‍ വില്ലാളി മുഖ്യന്മാരുമായി നല്ലവരായി നിൽക്കും. ദ്വാപരയില്‍ എല്ലാ ജാതിക്കാരും പരസ്പരം ജയിക്കുവാന്‍ നോക്കും. അവര്‍ വീര്യവും ഉത്സാഹവും ഉള്ളവരും പരസ്പരം പോരാടി ജയിക്കുവാന്‍ കാംക്ഷിക്കുന്നവരും ആകും. എന്നാല്‍ കലികാലത്ത് ഉണ്ടാകുന്നവര്‍ അല്പ തേജസ്വികളും, ശുണ്ഠി കൂടിയവരും, ലുബ്ധന്മാരും, ചതിയന്മാരും ആയിത്തീരും. ഈര്‍ഷ്യ, മാനം, ക്രോധം, ചതി, അസൂയ ഇവയൊക്കെ മനുഷ്യര്‍ക്കു കലികാലത്ത്‌ ഉണ്ടാകും. എന്നു തന്നെയല്ല, രാഗവും ലോഭവും ഉണ്ടാകും. ദ്വാപരം മുതല്‍ ഗുണം ചുരുങ്ങി വരും. ഹരി വര്‍ഷത്തിലും ഹൈമവതത്തിലും ഗുണം കൂടുതലാണ്.

ഭൂമിപര്‍വ്വം

11. ശാകദ്വീപ വര്‍ണ്ണനം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ജംബൂഖണ്ഡത്തെ പറ്റി ഭവാന്‍ ശരിയായി പറഞ്ഞു. ഇനി അതിന്റെ വ്യാസത്തേയും, പരിമാണത്തേയും പറ്റി ശരിയായി പറയുക. സമുദ്രത്തിന്റെ അളവും, സമഗ്രമായ ദര്‍ശനവും, ശാകദ്വീപ്‌, ശുകദ്വീപ്‌ എന്നിവയേയും പറ്റി ഭവാന്‍ പറഞ്ഞാലും. പിന്നെ ശാല്മലീ ദ്വീപിനെ പറ്റിയും, ക്രാഞ്ചദ്വീപിനെ പറ്റിയും, രാഹു, ച്രദ്രന്‍, അര്‍ക്കന്‍ എന്നിവയെ പറ്റിയും സവിസ്തരം പറഞ്ഞാലും.

സഞ്ജയന്‍ പറഞ്ഞു: രാജാവേ, ഈ ലോകത്തില്‍ ധാരാളം ദ്വീപുകളുണ്ട്‌. ആദ്യമായി സപ്ത ദ്വീപുകളെ  പറ്റിയും, പിന്നെ ചന്ദ്രാര്‍ക്ക ഗ്രഹങ്ങളുടെ രൂപത്തെപ്പറ്റിയും പറയാം. പതിനായിരത്തി അറുന്നൂറു യോജനയാണ്‌ ജംബൂ ദ്വീപിന്റെ പര്‍വ്വതമടക്കമുള്ള വിഷ്കംഭം. അതിന്റെ ഇരട്ടിയാണ്‌ ഉപ്പു കടലിന്റെ വിഷ്കംഭം. നാനാ നാട്ടിന്‍ പുറത്തോടു കൂടിയതും, മണി വിദ്രുമങ്ങളാല്‍ മനോഹരമായി കാണപ്പെടുന്നതും, നാനാ ധാതുക്കളോടു കൂടിയ പര്‍വ്വതങ്ങള്‍ നിറഞ്ഞതും, സിദ്ധചാരണന്മാരോടു കൂ ടിയതും, സമുദ്രത്താല്‍ ചുറ്റപ്പെട്ടതുമാണ്‌ ഈ ദ്വീപ്‌.

പിന്നെ ശാകദ്വീപിനെ പറ്റി പറയാം. ജംബൂദ്വീപിന്റെ അളവിലും ഇരട്ടിയാണ്‌ അതിന്റെ വ്യാസം. കടലിന്റെ അളവ്‌ വളരെ വലുതാണ്‌. ക്ഷീരോദധി അതിന് ചുറ്റും ചുറ്റി നിൽക്കുന്നു. അവിടെ നാടൊക്കെ പുണൃപ്രദേശമാണ്‌. അവിടത്തെ ജനങ്ങള്‍ക്ക്‌ മരണമില്ല, അവിടെ ദുര്‍ഭിക്ഷമില്ല. എല്ലാവരും തേജസ്സുള്ളവരും ക്ഷമാശാലികളുമാണ്‌. ശാകദ്വീപിന്റെ വിവരണമാണ്‌ ഞാന്‍ ഈ പറഞ്ഞത്‌. ഇനി എന്തിനെ പറ്റിയാണു പറയേണ്ടത്‌?"

ധൃതരാഷ്ട്രന്‍ പറഞ്ഞു: ശാകദ്വീപിന്റെ ചുരുക്കം ഭവാന്‍ ശരിക്കും പറഞ്ഞുവല്ലോ. ഇനി കുറച്ചു കൂടി വിസ്തരിച്ചു പറയൂ!

സഞ്ജയന്‍ പറഞ്ഞു: മുന്‍പറഞ്ഞ വിധത്തില്‍ മണിമയമായ ഏഴു മലകള്‍ ശാകദ്വീപിലുണ്ട്‌. കടലും പുഴയും മറ്റുള്ളവയും ഞാന്‍ പറയാം. പുണൃമായ ഗുണങ്ങള്‍ ചേര്‍ന്നതാണ്‌ അതിലുള്ളതെല്ലാം. ദേവര്‍ഷികളും, ഗന്ധര്‍വ്വന്മാരും അധിവസിക്കുന്ന അതിലെ പർവ്വതമാണ്‌ മേരു. കിഴക്കു പടിഞ്ഞാറായി മലയമെന്ന പര്‍വ്വതം നീണ്ടു കിടക്കുന്നു. അതില്‍ എപ്പോഴും മേഘങ്ങള്‍ ഇളകി അതിന്റെ പ്രൗഢിയെ കാണിക്കുന്നു. അതിന്റെ അപ്പുറത്ത്‌ ജലധാര എന്ന മഹാദ്രിയുണ്ട്‌. അതില്‍ നിന്ന്‌ ഇന്ദ്രന്‍ മലയജലത്തെ സ്വീകരിക്കുന്നു. പിന്നെ ഇന്ദ്രന്‍ വര്‍ഷക്കാലത്ത്‌ വര്‍ഷം തുടങ്ങുകയും ചെയ്യുന്നു. മഹാചലമായ രൈവതകം സ്ഥിരമായി നിൽക്കുന്നു. അതില്‍ പിതാമഹന്റെ വിധിപ്രകാരം രേവതി നക്ഷത്രം ജ്വലിക്കുന്നു. വടക്കു ഭാഗത്താണ്‌ ശ്യാമം എന്ന പര്‍വ്വതം. പുതിയ കാര്‍മേഘങ്ങള്‍ ചേര്‍ന്ന പോലെ പൊങ്ങി ശ്രീയോടു കൂടി ഉജ്ജ്വല മൂര്‍ത്തിയായി നിൽക്കുന്നു. അതിലെ ജനങ്ങള്‍ ശ്യാമ നിറത്തിൽ ഉള്ളവരാണ്‌.

ധൃതരാഷ്ട്രൻ പറഞ്ഞു: വലിയ ഒരു സംശയം എനിക്കുണ്ട്‌. എങ്ങനെയാണ്‌ അവിടത്തെ ജനങ്ങള്‍ ശ്യാമവര്‍ണ്ണമായത്‌.

സഞ്ജയന്‍ പറഞ്ഞു; രാജാവേ, ഈ ദ്വീപിലൊക്കെ ഗൗരവും കൃഷ്ണവുമായ ശലഭങ്ങളും പക്ഷി വര്‍ഗ്ഗവുമാണ്‌. അവയൊക്കെ ശ്യാമമായത് കൊണ്ടാണ്‌ ആ ഗിരിയും ശ്യാമമായത്‌. പിന്നെ മഹോദയം എന്ന ദുര്‍ഗ്ഗശൈലമാണ്‌. കേസരം എന്ന പ്രദേശത്തു കേസരമായ വായു വീശുന്നു. ഓരോ യോജനയാണ്‌ ഇവയുടെ വ്യാസം. ഇവയില്‍ ഏഴ്‌ ഖണ്ഡങ്ങള്‍ ഉണ്ട്‌. മഹാമേരു, മഹാകാശം, ജലദം, കുമുദോത്തരം, ജലാധാരം, സുകുമാരം ഇവയാണ്‌. രേവതത്തില്‍ കൗമാരം, ശ്യാമത്തില്‍ മണികാഞ്ചനം, കേസരത്തില്‍ മാദാകി. ഇങ്ങനെയാണ്‌ അവിടെ അധിവസി ക്കുന്ന ജനങ്ങളെ അറിയുന്നത്‌. അതിന്റെ നടുവിലായി ജംബൂദ്വീപിന്റെ അളവിലുള്ള ഒരു മഹാവൃക്ഷമുണ്ട്‌. അതിന് ശാകമെന്നാണു പേര്. അതിന്റെ കീഴിലായി പ്രജകള്‍ സേവ ചെയ്യുന്നു. ആ നാടൊക്കെ പുണ്യമാണ്‌. അവിടെ ശിവനാണു പൂജയേൽക്കുന്ന ദേവന്‍. അവിടെ ദേവകളും സിദ്ധചാരണ വര്‍ഗ്ഗവും ചെല്ലുന്നു. അവിടെയുള്ള നാലു ജാതിക്കാരും ധര്‍മ്മനിഷ്ഠന്മാരാണ്‌. എല്ലാ ജാതിക്കാരും സ്വകര്‍മ്മപരന്മാരായി സുഖമായി ജീവിക്കുന്നു. കള്ളന്മാര്‍ അവിടെയില്ല. മരണില്ലാത്തവരാണ്‌ എല്ലാവരും. ദീര്‍ഘായുഷ്മാന്മാരും ജരാമരണം ഇല്ലാത്തവരുമാണ്‌. അവിടെ വര്‍ഷക്കാലത്തെ പുഴകള്‍ പോലെ നാട്ടുകാര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവിടെ പുണ്യനദിയായ ഗംഗ പല മാര്‍ഗ്ഗമായി പ്രവഹിക്കുന്നുണ്ട്‌. സുകുമാരി, കുമാരീ, ശിതാശി, വേണിക, മഹാനദി, മണിജലാ, ചക്ഷുവര്‍ദ്ധനികാ എന്നിവയാണ്‌ അവിടെ ഒഴുകുന്ന നദികള്‍. എല്ലാം പുണ്യജലമൊഴുകുന്ന നദികളാണ്‌. അവിടെയുള്ള നൂറായിരം പുഴകളിലെ ജലം എടുത്ത്‌ ഇന്ദ്രന്‍ പതിവായി വര്‍ഷം പൊഴിച്ചു കൊണ്ടിരിക്കുന്നു. അവയുടെ പേരും അളവുമൊക്കെ നിര്‍ണ്ണയിക്കുവാനും പറയുവാനും എളുപ്പമല്ല. അതില്‍ നാലു നാട്ടിന്‍പുറങ്ങളുണ്ട്‌ ജനാദൃതങ്ങളായിട്ട്‌. മൃഗം, മശകം, മാനസം, മന്ദഗം, എന്നാണ്‌ അവയുടെ പേര്. സ്വകര്‍മ്മനിഷ്ഠരായ ജനങ്ങള്‍ മൃഗത്തില്‍ കൂടുതലുണ്ട്‌. "മശക"ത്തില്‍ അധിവസിക്കുന്നവര്‍ കാമദായകന്മാരും ധാര്‍മ്മികന്മാരുമായ ക്ഷത്രിയന്മാരാണ്‌. "മാനസ"ത്തില്‍ വൈശ്യര്‍ മാത്രമാണ്‌ അധിവസിക്കുന്നത്‌. അവരെല്ലാം ശൂരന്മാരും ധര്‍മ്മിഷ്ഠരുമാണ്‌. "മന്ദഗ"ത്തില്‍ വസിക്കുന്നത്‌ എല്ലായ്പോഴും ധര്‍മ്മശീലന്മാരായ ശൂദ്രന്മാരാണ്‌. ആ നാട്ടിലൊന്നിലും രാജാവ്‌ ഇല്ല. ദണ്ഡവും ദണ്ഡികന്മാരുമില്ല. സ്വധര്‍മ്മംകൊണ്ട്‌ ധര്‍മ്മജ്ഞന്മാരായ അവര്‍ പരസ്പരം രക്ഷിച്ചു ജീവിക്കുന്നു. ആ ദ്വീപിനെപ്പറ്റി ഇത്ര മാത്രമേ പറയുവാന്‍ കഴിയൂ. മഹാ ഓജസ്സു നിറഞ്ഞ ശാകദ്വീപിന്റെ ചരിത്രമാണ്‌ ഭവാന്‍ കേട്ടത്‌.

12. ഉത്തരദ്വീപാദി സംസ്ഥാന വര്‍ണ്ണനം - സഞ്ജയന്‍ പറഞ്ഞു: ഇനി ഉത്തര ദ്വീപുകളുടെ സ്ഥിതി പറയാം. അവിടെ ഒരു കടലിലെ ജലം നെയ്യാണ്‌. പിന്നെ അതില്‍ വേറെ ഒരു കടലുണ്ട്‌. അതിലെ ജലം തയിരാണ്‌. പിന്നെ ഒരു സമുദ്രത്തിലെ ജലം മുഴുവന്‍ വിശേഷപ്പെട്ട മദ്യമാണ്‌. അതില്‍ ഒരു കടലില്‍ മാത്രം ശുദ്ധജലമുണ്ട്‌. ഒന്നിനൊന്നു മേലെമേലെയാണ്‌ ദ്വീപുകളുടെ വ്യാസം. സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട പര്‍വ്വതങ്ങളും അതിലുണ്ട്‌. ആ ദ്വീപിന്റെ നടുവിലായി മനയോലമല മഞ്ഞനിറത്തില്‍ ഉയര്‍ന്നു നിൽക്കുന്നു. പടിഞ്ഞാറെ ഭാഗത്തു കൃഷ്ണ നിറത്തിലുള്ള മലയുണ്ട്‌. നാരായണസഖം എന്ന്‌ അതിനെ പറയുന്നു. അവിടെയുള്ള ദിവ്യരത്നങ്ങളെ കേശവന്‍ കാത്തു പോരുന്നു. നാരായണന്‍ അവിടെ പ്രസന്നനായി പ്രജകള്‍ക്കു സുഖം നല്കുന്നു. നാട്ടിലൊക്കെ ജനങ്ങള്‍ കുശസ്തംഭം പൂജിക്കുന്നു. ശാൽമലീ ദ്വീപില്‍ ശാൽമലിയേയും പൂജിക്കുന്നു. ക്രൗഞ്ചദ്വീപില്‍ രത്നം വിളയുന്ന ഗിരിയായ മഹാക്രൗഞ്ചത്തെ പൂജിക്കുന്നു. നാലു ജാതിക്കാരും ഈ പൂജയില്‍ നിരതരാകുന്നു. എല്ലാ ധാതുക്കളും ചേര്‍ന്നതാണ്‌ ഗോമന്ദാദ്രി. അതില്‍ ശ്രീമാനായ കമലലോചനന്‍ നിത്യവും അധിവസിക്കുന്നു. മുക്തന്മാര്‍ എപ്പോഴും തന്റെ ചുറ്റും കൂടിയിരിക്കും. കുശദ്വീപില്‍ പവിഴം ചിന്നുന്ന മലയുണ്ട്‌. ദുര്‍ദ്ധര്‍ഷം എന്നാണ്‌ അതിന്റെ പേര്‌. രണ്ടാമത്തേതു പൊന്മലയാണ്‌. ദ്യുതിമാന്‍ എന്നാണ്‌ അതിന്റെ പേര്‌. മൂന്നാമത്തെ മല കുമദാചലമാണ്‌. നാലാമത്തെ മല പുഷ്പവാന്‍, അഞ്ചാമത്തേത്‌ കുശേശയം. ആറാമത്തേത്‌ ഹരിഗിരി. ഇങ്ങനെ ആറു മലകളാണ്‌ അവിടെയുള്ളത്‌. അവയ്ക്ക്‌ ഓരോന്നിനുമുള്ള വിസ്താരം വേറെ വേറെ പറയുകയാണെങ്കില്‍ ഒന്നിനൊന്ന്‌ ഇരട്ടിയാണ്‌.

ഒന്നാമത്തെ വര്‍ഷം ഔല്‍ഭിദം എന്ന പേരില്‍ അറിയുന്നു. വേണുമണ്ഡലം രണ്ടാമത്തേതാണ്‌. മൂന്നാമത്തേതു സുരഥാകാരം. കംബളം നാലാമത്തേത്‌. ധൃതിമത്‌ അഞ്ചാമത്തേത്‌, ആറാമത്തെ വര്‍ഷം പ്രഭാകരം. ഏഴാമത്തെ വര്‍ഷം കാപിലം. ഇങ്ങനെ ഏഴു വര്‍ഷം (ഖണ്ഡം) ആണ്‌ അവിടെ. ഇവയിലെല്ലാം ദേവന്മാരും, ഗന്ധര്‍വ്വന്മാരും, നാട്ടുകാരും ചേര്‍ന്നു കളിക്കുന്നു; കൂത്താടുന്നു. മരിക്കുക എന്ന പ്രശ്‌നമേ അവിടെയില്ല. കള്ളന്മാരും അവിടെയില്ല. മ്ലേച്ഛജാതികളും അവിടെയില്ല. ജനങ്ങളൊക്കെ ഗൗരവര്‍ണ്ണമാണ്‌. എല്ലാവരും സുകുമാര ശരീരന്മാരുമാണ്‌.

ഇനി മറ്റുള്ള ഖണ്ഡങ്ങളിലെ കഥയും പറയാം. ഭവാന്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ക്രൗഞ്ചദ്വീപില്‍ ക്രൗഞ്ചം എന്ന പർവ്വതമുണ്ട്‌. പിന്നെ വാമനകം, അന്ധകാരകം, മൈനാകം, ഗോവിന്ദഗിരി, നിബിഡം എന്നീ പര്‍വ്വതങ്ങള്‍ ഉണ്ട്‌. ഇവയ്ക്ക്‌ ഉത്തരോത്തരം വിസ്താരം കൂടുതലാണ്‌. ഇനി ദേശങ്ങളെ പറ്റി പറയാം. ക്രൗഞ്ചത്തില്‍ കുശലം എന്ന ദേശം, വാമനത്തില്‍ മനോനുഗം എന്ന ദേശം, പിന്നെ ഉഷ്ണദേശം, പിന്നെ പ്രാവരകം, പിന്നെ അന്ധകാരക ദേശം, പിന്നെ മുനിദേശം, പിന്നെ ദുന്ദുഭിസ്വന ദേ ശം. ഇവ സിദ്ധചാരണ സങ്കീര്‍ണ്ണമായ, ഗൗരവപ്രായമായ, ദേശമാണ്‌. ദേവഗന്ധര്‍വ്വ സേവ്യങ്ങളാണ്‌ ഈ ദേശങ്ങളൊക്കെയും പുഷ്കരത്തില്‍ പുഷ്കരം എന്നു പേരായ മണി രത്നാഞ്ചിതമായ സ്ഥലമുണ്ട്‌. അതില്‍ നിതൃവും ദേവനായ പ്രജാപതി പാര്‍ക്കുന്നു. അവനെ ദേവന്മാരും ഋഷികളും നിതൃവും സേവിക്കുന്നു. ജംബൂദ്വീപില്‍ നിന്ന്‌ പലമാതിരി രത്നങ്ങള്‍ ആ ദ്വീപു വാസികള്‍ക്ക്‌ എത്തുന്നുണ്ട്‌. പ്രജകള്‍ക്കു ബ്രഹ്മചര്യത്താലും, സത്യം, ദമം ഇവയാലും, ആയുസ്സും, ആരോഗ്യവും, അഭിമാനവും ഉത്തരോത്തരം ഇരട്ടിയുണ്ട്‌. ഈ ദ്വീപിലൊക്കെ രാജ്യം ഒറ്റ ഖണ്ഡമാണ്‌.

എല്ലാ നാട്ടിന്‍ പുറത്തും എല്ലാവരും ഒരേ ആചാരധര്‍മ്മങ്ങള്‍ അനുസരിക്കുന്നു. ദണ്ഡവുമായി പ്രജാപതിയായ ഈശ്വരന്‍ ഈ ദ്വീപുകളെയൊക്കെ സംരക്ഷിക്കുന്നു. ജഡപണ്ഡിതാ വലിയോടു കൂടിയ ഈ നാട്ടുകാരെയൊക്കെ പ്രപിതാമഹന്‍ രാജാവായും, ശിവനായും, പിതാവായും കാത്തു രക്ഷിക്കുന്നു. അവര്‍ക്കു ഭോജനം താനെ കിട്ടുന്നു. സിദ്ധം എന്നു പറയപ്പെടുന്ന ആ ഭോജനമാണ്‌ അവരുടെ ആഹാരം. അവര്‍ അതു ഭക്ഷിച്ചു ജീവിക്കുന്നു. അതിനും അപ്പുറത്തെ ലോകസ്ഥിതി തുല്യമായി കാണുന്നു. മുപ്പത്തിമൂന്നു മണ്ഡലം ചതുരശ്രമായി അവിടെ ലോകസമ്മതന്മാരായ ദിഗ്ഗജങ്ങള്‍ നിൽക്കുന്നു. നാലു ദിഗ്ഗജങ്ങള്‍ വാമനം, ഐരാവതം മുതലായവ. അതില്‍ സുപ്രതീകന്‍ എന്ന ഗജം മദം പൊട്ടിച്ചാടിയാണ്‌ നിൽക്കുന്നത്‌. അവന്റെ വിസ്താരത്തെ പറ്റി ഞാന്‍ പറയുന്നില്ല. മേലും കീഴും ചുറ്റും അവന്റെ അളവു പറയുവാന്‍ പ്രയാസം. അവന്റെ എല്ലാ ഭാഗത്തു നിന്നും കാറ്റുകള്‍ വീശിക്കൊണ്ടിരിക്കുന്നു. ആനകള്‍ തടവു കൂടാതെ അവയെ പിടിക്കുന്നു. വിരിഞ്ഞ താമര പോലെ വിലസുന്ന പുഷ്കരങ്ങളെ കൊണ്ട്‌ (തുമ്പിക്കരം) അവയെ നൂറാക്കി ശിഥിലമാക്കി വിടുന്നു. നിശ്വസിക്കുന്ന ആ ദിഗ്ഗജങ്ങള്‍ വിടുന്ന കാറ്റുകള്‍ അവിടെ എത്തുകയാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ വായു നിശ്വസിച്ചു ജീവിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ സഞ്ജയാ, ഭവാന്‍ എല്ലാം വിസ്തരിച്ചു പറഞ്ഞു. ദ്വീപിന്റെ നില മനസ്സിലായി. ഇനി അപ്പുറം പറയുവാനുള്ളതും പറയുക!

സഞ്ജയന്‍ പറഞ്ഞു: ഞാന്‍ ദ്വീപുകളെ പറ്റി പറഞ്ഞു കഴിഞ്ഞു. ഇനി ഗ്രഹത്തെ പറ്റിയും രാഹുവിനെ പറ്റിയും പറയാം.

ആദ്യമായി രാഹു ഗ്രഹത്തിന്റെ ചുറ്റളവ്‌ പറയാം. പന്തീരായിരം യോജനയാണ്‌ അതിന്റെ വിഷ്കംഭം. നീളവും വീതിയും മുപ്പത്താറു യോജനയാണ്‌. ആറായിരം യോജനയാണെന്ന്‌ പൗരാണിക പണ്ഡിതന്മാര്‍ പറയുന്നു. ചന്ദ്രന്‍ പതിനോരായിരം യോജന വ്യാസമുള്ളതായ ഗ്രഹമാണ്‌. അതിന്റെ മണ്ഡലം വിഷ്കംഭം കൊണ്ട്‌ മുപ്പത്തിമൂന്നു യോജനയാണ്‌. അതിലെ ശശിക്ക്‌ അമ്പത്തൊമ്പതു യോജന വിഷ്കംഭമുണ്ട്‌.

സൂര്യന് എണ്ണായിരത്തിരണ്ടു യോജനയാണ്‌ വിഷ്കംഭം. മുപ്പതു മണ്ഡലവും വിസ്താരം കൊണ്ട്‌ അമ്പത്തെട്ടുമാണ്‌ വ്യാസം. പരമോദാരനായ ഈ വിഭാവസുഗ്രഹത്തിന്റെ അളവ്‌ ഇങ്ങനെയാണു നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. രാഹു തന്റെ വിസ്താരംകൊണ്ട്‌ ചന്ദ്രാര്‍ക്കന്മാരെ മൂടും. അങ്ങനെയുള്ള ചന്ദ്രാര്‍ക്കന്മാരെ പറ്റി ചുരുക്കിയാണു ഞാന്‍ പറയുന്നത്‌. അങ്ങു ചോദിച്ചതിനുള്ള ഈ മറുപടി ശാസ്ത്രദൃഷ്ടി കൊണ്ടു പറഞ്ഞതാണ്‌. എല്ലാം ഞാന്‍ തത്വം പോലെ പറഞ്ഞു. ഭവാന്‍ ശമം ഉള്‍ക്കൊണ്ടാലും. ജഗത്തിന്റെ നിര്‍മ്മാണത്തിന്റെ മട്ട് ഞാന്‍ ഉദ്ദേശിച്ച വിധം പറഞ്ഞു കഴിഞ്ഞു.

മകനായ ദുര്യോധനനെ വിളിച്ച്‌ ഭവാന്‍ ആശ്വസിപ്പിക്കു. മനോനുഗമായ ഈ ഭൂമി പര്‍വ്വം കേട്ടാല്‍ സാധുസമ്മതനും, ധീമാനുമായ രാജാവ്‌ സിദ്ധാര്‍ത്ഥനായി ഭവിക്കും. ആയുസ്സും, ബലവും; കീര്‍ത്തിയും, തേജസ്സും അവന് സിദ്ധിക്കും. അവന്‍ വാവിന്‍ നാള്‍ ഈ പര്‍വ്വം വായിച്ചു കേള്‍ക്കണം. എന്നാല്‍ പിതൃപിതാമഹന്മാര്‍ അവനില്‍ പ്രീതരാവുകയും ചെയ്യും. ഈ പറഞ്ഞതാണ്‌ നമ്മള്‍ അധിവസിക്കുന്ന ഭാരത വര്‍ഷം. ഹേ, ധൃതരാഷ്ട്രാ। ഭവാന്‍ ഇപ്പോള്‍, പൂര്‍വ്വപ്രകല്പിതമായ പുണ്യങ്ങളൊക്കെ കേട്ടു കഴിഞ്ഞുവല്ലോ?

ശ്രീമദ്‌ ഭഗവത്ഗീതാ പര്‍വ്വം

13. ഭീഷ്മമൃത്യുശ്രവണം - വൈശമ്പായനൻ പറഞ്ഞു: പിന്നെ വിദ്വാനായ ഗാവല്‍ഗണി യുദ്ധക്കളത്തില്‍ പോയി മടങ്ങി വന്നതിന് ശേഷം ധ്യാന നിമഗ്നനായി ഇരിക്കുന്ന ധൃതരാഷ്ട്രന്റെ സമീപത്തേക്ക്‌ ബദ്ധപ്പെട്ടു പാഞ്ഞെത്തി.

ഭൂതഭവ്യ ഭവിഷ്യങ്ങളെല്ലാം നേരിട്ടു കണ്ടവനായ ആ സഞ്ജയന്‍ ദുഃഖത്തോടെ ഭീഷ്മ നിഗ്രഹത്തെ പറ്റി പറഞ്ഞു.

സഞ്ജയന്‍ പറഞ്ഞു. മഹാരാജാവേ, സഞ്ജയന്‍ ഇതാ വന്നിരിക്കുന്നു. ഭവാനെ ഞാന്‍ നമസ്കരിക്കുന്നു. കുരു പിതാമഹനും ശാന്തനവനുമായ ഭീഷ്മൻ ഹനിക്കപ്പെട്ടു! സര്‍വ്വയോധന്മാര്‍ക്കും ആനന്ദപ്രദനും, വില്ലാളികള്‍ക്കൊക്കെ ആശ്രയസ്ഥാനവുമായ കുരുപിതാമഹന്‍ ഇപ്പോള്‍ ശരതല്പത്തില്‍ കിടക്കുകയാണ്‌. നിന്റെ പുത്രന്‍ ആരുടെ കൈയ്യൂക്കിന്റെ പിന്‍ബലം കണ്ടിട്ടാണോ ചൂതാട്ടത്തിന് ഇറങ്ങിയത്‌ ആ ഭിഷ്മന്‍ പോരില്‍ ശിഖണ്ഡിയാല്‍ വീഴ്ത്തപ്പെട്ടു. അദ്ദേഹം വീണു രാജാവേ! നാനാ ദേശങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന രാജശ്രേഷ്ഠന്മാർ എല്ലാവരും കൂടി ഒന്നിച്ചു ചേര്‍ന്ന് എതിര്‍ത്ത ആ മഹായുദ്ധത്തില്‍ ഒറ്റത്തേരില്‍ കയറി കാശിയില്‍ ചെന്ന്‌ ആ രാജാക്കന്മാരെയെല്ലാം ഒറ്റയ്ക്കു നിന്നു പോരാടി ജയിച്ച മഹാരഥന്‍, ജാമദഗ്ന്യനായ രാമനോട്‌ സംഭ്രമം കൂടാതെ എതിര്‍ത്തവനുമായ ആ വീരാഗ്രണി, ശിഖണ്ഡിയാല്‍ വധിക്കപ്പെട്ടു! ശൗര്യത്തില്‍ ഇന്ദ്രസദൃശനും, സ്ഥൈര്യത്തില്‍ ഹിമവല്‍സമനും, ഗാംഭീര്യത്തില്‍ സമുദ്രതുല്യനും, ക്ഷമയില്‍ ക്ഷമയ്ക്കൊത്തവനും, അമ്പാകുന്ന ദംഷ്ട്രവും, വില്ലാകുന്ന വായും, വാളാകുന്ന നാവുമുള്ള ദുരാസദനായ ആ വീര നരസിംഹന്‍, ഭവാന്റെ പിതാവ്‌ ശിഖണ്ഡിയാല്‍ വീഴ്ത്തപ്പെട്ടു! ഭയങ്കരമായ പോരില്‍ ഏൽക്കുന്ന ആ മഹാരഥനെ കണ്ടതോടു കൂടി പാണ്ഡവപ്പട സിംഹത്തെ കണ്ട മാന്‍കൂട്ടം പോലെ പേടിച്ചു വിറച്ചുപോയി. പത്തുദിവസം നിന്റെ പടയെ അവന്‍ സംരക്ഷിച്ചു. അസാദ്ധ്യമായ കര്‍മ്മങ്ങള്‍ ചെയ്തതിന് ശേഷം ആ സൂര്യന്‍ അസ്തമിച്ചു. ഇന്ദ്രനെ പോലെ അക്ഷോഭ്യനായി നിന്ന്‌ അസംഖ്യം ശരമെയ്തു. പത്തു ദിവസം കൊണ്ട്‌ അര്‍ബ്ബുദം യോദ്ധാക്കളെ സംഹരിച്ചു. അങ്ങനെ അമാനുഷ കര്‍മ്മം ചെയ്ത ആ അതിമാനുഷന്‍ കാറ്റേറ്റ വൃക്ഷം പോലെ ഭൂമിയില്‍ പതിച്ചു! ഇതിന് അനര്‍ഹനായ ആ മാന്യന്‍ നിന്റെ ദുര്‍ മന്ത്രിതം കൊണ്ട്‌ ഹതനായി!

14. ധൃതരാഷ്ട്രപ്രശ്നം - ധൃതരാഷ്ട്രന്‍ പറഞ്ഞു: എന്ത്‌? കുരുപുംഗവനായ ഭീഷ്മൻ ശിഖണ്ഡിയാല്‍ ഹതനായെന്നോ! ഇന്ദ്രല്യനായ എന്റെ അച്ഛന്‍ എങ്ങനെ തേരില്‍ നിന്നു വീണു? പിതാവിന് വേണ്ടി നിത്യമായ ബ്രഹ്മചര്യം സ്വീകരിച്ചവനും ദേവകല്പനും, മഹാബലനും, മഹാപ്രാജ്ഞനും, മഹേഷ്വാസനും, മഹാസത്വനുമായ ആ നൃപസിംഹന്‍ വീണ സമയത്ത്‌ നിന്റെ മനസ്സ്‌ എന്തു മട്ടായി? എന്റെ മനസ്സ്‌ കിടന്നു പൊരിയുന്നു. ആ മഹാശയന്‍ ഹതനായെന്നല്ലേ നീ പറഞ്ഞത്‌? കുരുപ്രവരനായ ആ വീരന്‍ കുലുങ്ങാത്തവനായ പുരുഷര്‍ഷഭനല്ലേ? അവന്‍ പോയപ്പോള്‍ ആരു തുണച്ചു? ആരുണ്ടായി മുന്നില്‍ നിന്ന്‌ ഏൽക്കുവാന്‍? ആരു പിന്‍വലിച്ചു? ആരു കൂടെച്ചെന്നു? ഏതേതു ശൂരന്മാരാണ്‌ അവന്‍ പടയില്‍ കയറി പ്രഹരിക്കുമ്പോള്‍ പിന്നില്‍ നിന്നു തുണച്ചിരുന്നത്‌? അര്‍ക്കന്‍ ഇരുട്ടിനെ നീക്കുന്നതു പോലെ അരിവര്‍ഗ്ഗത്തെ അകറ്റുന്നവനും, സഹസ്രരശ്മി സങ്കാശനും ശത്രുക്കള്‍ക്കു ഭയങ്കരനുമായ അവന്‍ പാണ്ഡവപ്പടയില്‍ കയറി ഘോരമായ ദുഷ്കരക്രിയ ചെയ്യുമ്പോള്‍, ശത്രു സൈന്യത്തെ ഗ്രസിക്കുമ്പോള്‍ ചുറ്റും എത്തിയത്‌ ആരൊക്കെ ആയിരുന്നു? ധീരനും ദുരാധര്‍ഷനുമായ അവന്‍ അടുത്തെത്തി പടവെട്ടുമ്പോള്‍ പടയില്‍ അവനോടേറ്റ്‌ എങ്ങനെ പാണ്ഡവന്മാര്‍ നിന്നു. ശത്രുസൈന്യത്തെ അറുക്കുന്ന ശരദംഷ്ട്രനായ ആ വീരനെ ചാപവക്ത്രനും ഉഗ്രാഹിജിഹ്വനും ദുഷ്പ്രധര്‍ഷനും, അനര്‍ഹനും ശൂരനും ഹ്രീമാനും അപരാജിതനുമായ ആ അമാനുഷനെ, പാര്‍ത്ഥന്‍ എങ്ങനെ വീഴ്ത്തി? ഉഗ്രമായ വില്ലും ഉഗ്രമായ ബാണവുമായി രഥത്തില്‍ നിന്ന്‌ അമ്പു വര്‍ഷിച്ച്‌ ശത്രുത്തലകള്‍ കൊയ്തു കൂട്ടുന്ന വീരനെ, കാലാഗ്നി പോലെയുള്ള ക്രൂരനെ, പോരില്‍ സജ്ജനായി കണ്ട ഉടനെ പാണ്ഡവപ്പട നിതൃവും പിടഞ്ഞിട്ടുണ്ടാകും. പരാജിതനായ അവന്‍ പത്തുദിവസം പട ഭരിച്ചു! സുദുഷ്കരക്രിയ ചെയ്ത്‌ അര്‍ക്കനെ പോലെ അസ്തമിച്ചു! ഇന്ദ്രനെ പോലെ ഒടുങ്ങാത്ത അസ്ത്രം അവന്‍ ചൊരിഞ്ഞു. പത്തുദിവസം കൊണ്ട്‌ അര്‍ബ്ബുദം ഭടന്മാരെ പടയില്‍ കൊന്നു വീഴ്ത്തുവാന്‍ പോന്നവന്‍, കാറ്റില്‍ ഒടിച്ചു വീഴ്ത്തപ്പെട്ട മരം പോലെ ഭൂമിയില്‍ വീണു പോയി! എന്റെ ദുര്‍മന്ത്രിതം മൂലം അര്‍ഹനല്ലാത്ത ആ ഭാരതന്‍ വീണുപോയി! ദൈവവിക്രമനായ ശന്തനു പുത്രനെ, ഭീഷ്മനെ കണ്ടിട്ട്‌ ആ പാണ്ഡു പുത്രന്മാരുടെ സൈന്യം എങ്ങനെ പ്രഹരിച്ചു? എടോ സഞ്ജയാ। ദ്രോണൻ ജീവിച്ചിരിക്കെ, ഭീഷ്മൻ ജയിച്ചില്ലെന്നു വന്നത്‌ എന്തു കൊണ്ടാണ്‌? കൃപനും ദ്രോണനും കൂടിയുള്ളപ്പോള്‍ ഭീഷ്മന് എങ്ങനെ നാശം സംഭവിച്ചു? മഹാരഥ പ്രവരനായ ഭീഷ്മൻ, ദേവന്മാര്‍ക്കു പോലും ദുരാസദനായ ഭീഷ്മൻ എങ്ങനെ പോരില്‍ ഹതനായി?

ശക്തനായ ജാമദഗ്ന്യനോട്‌ മത്സരിക്കുന്നവന്‍, ജാമദഗ്ന്യനും ജയിക്കാനാകാത്ത ശക്രതുല്യ പരാക്രമന്‍, മഹാരഥി കുലശ്രേഷ്ഠന്‍ എങ്ങനെ പോരില്‍ വീണു? സഞ്ജയാ! പറയൂ, എനിക്ക്‌ ഒരു സമാധാനവും കിട്ടുന്നില്ലല്ലോ! എന്റെ വില്ലാളികളില്‍ ആരൊക്കെ ഒഴിച്ചില്ല? ദുര്യോധനാജ്ഞയാല്‍ ആരൊക്കെ അവന്റെ ചുറ്റുമെത്തി? ശിഖണ്ഡി മുതലായവര്‍ ഭീഷ്മനോട്‌ ഏൽക്കുമ്പോള്‍ കുരുഭടന്മാര്‍ വിട്ടുപോയോ സഞ്ജയാ? എന്റെ ഹൃദയം കാരിരുമ്പു തന്നെ! തീര്‍ച്ചയാണ്‌. അല്ലെങ്കില്‍ നരവ്യാഘ്രനായ ഭീഷ്മൻ വീണതറിഞ്ഞ്‌ ഉടനെ എന്റെ ഹൃദയം എന്തു കൊണ്ടു തകര്‍ന്നില്ലാ?

ഭാരതര്‍ഷഭന്റെ സത്യം, മേധ, നീതി ഇവയൊക്കെ  അദ്ദേഹത്തിന് അമേയങ്ങളാണ്‌. അങ്ങനെയുള്ളവന്‍ എങ്ങനെ വീണു? ഞാണിന്റെ ശബ്ദമാകുന്ന ഇടിയും, ബാണമാകുന്ന വര്‍ഷവും ഉള്ളവന്‍; ധനുസ്സിന്റെ ധ്വനി ഇരമ്പുന്നവന്‍; മേഘം പോലെ ഉയര്‍ന്നവന്‍, പാണ്ഡുസൃഞ്ജയ പാഞ്ചാലന്മാരില്‍ വര്‍ഷിച്ചിരുന്നവന്‍; വീരനായ ഇന്ദ്രന്‍ ദൈത്യരെ എന്നപോലെ അരി വര്‍ഗ്ഗത്തെ മുടിക്കുന്നവന്‍; ഇക്ഷ്വസ്ത്രക്കടല്‍. അത്യുഗ്ര ശരമാകുന്ന ദുരാസദനക്രം അക്ഷയമായ ചാപകല്ലോലം ദ്വീപില്ലാത്തതും, തോണിയില്ലാത്തതും ഗദ, വാള്‍ എന്നിവയാകുന്ന മകരങ്ങളുടെ ആവാസം; ഗജാകുലമായ അശ്വാവര്‍ത്തം, കാലാള്‍, മത്സ്യം, ഉഗ്രശംഖ ഭേരി ഘന സ്വനമാകുന്ന ഭയങ്കരാരവം. ആന, കാലാള്‍, തേര്‍, കുതിര എന്നിവയ്ക്കുള്ള ശക്തികോപം കൊണ്ട്‌ ദഹിപ്പിക്കുന്ന തേജസ്സ്‌ ഇവയോടു കൂടിയ ആ ഭീഷ്മനാകുന്ന മഹാസമുദ്രത്തെ വളഞ്ഞു തടഞ്ഞു നിര്‍ത്തിയ കര ഏതു പുരുഷനാണ്‌?

ശത്രുഹരനായ ഭീഷ്മൻ പോരില്‍ ദുര്യോധന ഹിതത്തിന് അദ്ധ്വാനിക്കുമ്പോള്‍ അവന്റെ മുമ്പില്‍ ആരൊക്കെ നിന്നു? തേജസ്വിയായ ആ വീരന്റെ വലത് ഭാഗം ആര്‍ രക്ഷിച്ചു? വീരന്മാരെ പിന്നിലാക്കുന്ന സുവ്രതന്മാര്‍ ആരൊക്കെ? ഭീഷ്മന്റെ അടുത്ത്‌ മുമ്പിട്ടു നിന്നു രക്ഷിച്ചത്‌ ഏവര്‍? ഇടത്തുവശം ആര് രക്ഷിച്ചു? വാമചക്രസ്ഥരായ ആര് സൃഞ്ജയപ്പടയെ ഹനിച്ചു? അഗ്രഭാഗത്ത്‌ ആരാണ്‌ ഉഗ്രമായ അഗ്രസൈന്യം രക്ഷിച്ചത്‌? ദുര്‍ഗ്ഗ മാര്‍ഗ്ഗത്തിലൂടെ പോകുമ്പോള്‍ പാര്‍ശ്വത്തില്‍ കാത്തവര്‍ ആരൊക്കെ? കൂട്ടത്തില്‍ എതിര്‍ത്തത്‌ ആരൊക്കെ? വീരന്മാര്‍ കാക്കുന്ന അവ നും, അവന്‍ കാക്കുന്ന വീരന്മാരും എന്താണ്‌ പോരില്‍ ദുര്‍ജ്ജയമായ ശത്രു സൈന്യത്തെ ജയിക്കാതിരുന്നത്‌? പ്രജാപതിയും ജഗന്നാഥനും പരമേഷ്ഠിയുമായ ദേവനില്‍ എന്ന പോലെ ഭീഷ്മനില്‍ എങ്ങനെ പ്രഹരിക്കുവാന്‍ പാര്‍ത്ഥര്‍ ശക്തരായി?

ഈ ദ്വീപുകണ്ട്‌ ആശ്വസിച്ചാണല്ലോ കൗരവന്മാര്‍ ഏൽക്കുവാന്‍ ഒരുങ്ങിയത്‌. ആ വീരനായ ദ്വീപ്‌ കടലില്‍ താഴ്ന്നുപോയി എന്നാണല്ലോ സഞ്ജയാ, നീ പറഞ്ഞത്‌. അവന്റെ വീര്യത്തെ കണക്കിലെടുത്താണല്ലോ എന്റെ പുത്രനായ ദുര്യോധനന്‍ പാണ്ഡവന്മാരെ ഗണിക്കാഞ്ഞത്‌. അങ്ങനെയുള്ള ആ മഹാന്‍ എങ്ങനെ വീണുപോയി? ദാനവ ധ്വംസനത്തില്‍ പണ്ടു വാനവന്മാരൊക്കെ സഹായത്തിന്ന്‌ അഭൃര്‍ത്ഥിച്ചത്‌ ദുര്‍ദ്ധര്‍ഷനായ എന്റെ പിതാവായ ആ മഹാനെയായിരുന്നു. ആ വീരപുത്രന്‍ ജനിച്ചതില്‍ ലോക പ്രസിദ്ധനായ ശന്തനുവിന് ശോകം, ദൈന്യം, ദുഃഖം എന്നതൊക്കെ കൈവിട്ടു പോയി. പ്രസിദ്ധമായ ആലംബനമായി പ്രാജ്ഞനും, സ്വധര്‍മ്മ നിരതനും, ശുചിയും, വേദവേദാംഗജ്ഞനുമായ ആ ധീമാന്‍ ഹതനായി എന്നല്ലേ സഞ്ജയാ, നീ പറയുന്നത്‌? സര്‍വ്വ അഭ്യാസവും ശീലിച്ചവന്‍, ശാന്തന്‍, ദാന്തന്‍ എന്നീ ഗുണങ്ങളോടു കൂടിയ ശാന്തനവന്‍ ഹതനായെങ്കില്‍ പിന്നെ എന്റെ ബലത്തെ പറ്റി എന്തു പറയാന്‍! എല്ലാം തീര്‍ന്നതു തന്നെ! ധര്‍മ്മത്തെക്കാള്‍ ബലം കൂടിയത്‌ അധര്‍മ്മം തന്നെ എന്നാണ്‌ എന്റെ അഭിപ്രായം. അതില്‍ എനിക്ക്‌ യാതൊരു സംശയവുമില്ല. എന്തു കൊണ്ടെന്നാല്‍ പാണ്ഡവന്മാര്‍ രാജ്യം മോഹിച്ച്‌ വൃദ്ധനും ഗുരുവുമായ ഭീഷ്മനെ വധിച്ചില്ലേ? പണ്ട്‌ അംബയ്ക്കു വേണ്ടി സര്‍വ്വാസ്ത്ര പടുവായ ജാമദഗ്ന്യനെ പോലും പോരാടി ജയിച്ചവനല്ലേ ഭീഷ്മൻ! ഇന്ദ്രസന്നിഭ കര്‍മ്മാവും, വില്ലാളിയും ഉത്തമനുമായ ഭീഷ്മൻ വീണു എന്നല്ലേ കേള്‍ക്കുന്നത്‌! ഇതില്‍പ്പരം ദുഃഖമെന്തുണ്ട്‌?

പലവട്ടവും ക്ഷത്രവര്‍ഗ്ഗത്തെ കൊലപ്പെടുത്തിയവനായ ഭാര്‍ഗ്ഗവന്‍, പരവീരധ്വംസിയായ മഹാവീരന്‍ കിണഞ്ഞു നോക്കിയിട്ടും കൊല്ലാന്‍ കഴിയാത്ത ആ മഹാത്മാവിനെ ശിഖണ്ഡി കൊന്നുവെന്നല്ലേ കേള്‍ക്കുന്നത്‌? ആ യുദ്ധ ദുര്‍മ്മദനായ ഭാര്‍ഗ്ഗവര്‍ഷിയേക്കാള്‍ തേജോവീര്യ ബലങ്ങള്‍ കൊണ്ട്‌ പാഞ്ചാലനായ ശിഖണ്ഡി തന്നെ മേലെ!

പോരില്‍ സര്‍വ്വാസ്ത്രപടുവും, ദക്ഷനുമായ ശൂരനെ, ആ പരമാസ്ത്രജ്ഞനെ, ഭാരത വീരനെ കൊന്നു പോലും? ശത്രുഘ്നനായ ഭീഷ്മനെ ആരെല്ലാം പിന്‍തുടര്‍ന്നു? ആ പാണ്ഡവരുമായി ഭീഷ്മൻ ചെയ്ത സംഗരത്തെ നീ എന്നോടു പറയു! എടോ സഞ്ജയാ, ഭീഷ്മൻ മരിച്ചു. എന്റെ പുത്രന്റെ പട വീരനായ ഭര്‍ത്താവു മരിച്ച പെണ്ണിനെ പോലെയായി. ഗോപന്മാരില്ലാത്ത ഗോക്കളെ പോലെയായി എന്റെ സൈന്യം. ഏതു വലിയ യുദ്ധത്തിലും, സര്‍വ്വലോകത്തിലും വെച്ച്‌ ഏറ്റവുമധികം പൗരുഷം ആരിലാണോ: നിലനിൽക്കുന്നതായി കണ്ടിരുന്നത്‌, അവനെ പരന്മാര്‍ വെന്നപ്പോള്‍ പിന്നെ നിങ്ങള്‍ക്ക്‌ എങ്ങനെ നിലകിട്ടും? എടോ സഞ്ജയാ, ഇനി ജീവിക്കുവാന്‍ നമ്മള്‍ക്ക്‌ എങ്ങനെ കെല്‍പ്പുണ്ടാകും? ലോക ധാര്‍മ്മികനായ വീരനെ, അച്ഛനെ, വീഴ്ത്തി! കയത്തില്‍ തോണി മുങ്ങി! തീരത്തു നിന്ന്‌ അതുകണ്ട്‌ എന്റെ മക്കള്‍ വിലപിക്കുന്നു! എന്റെ ഹൃദയം കാരിരുമ്പു തന്നെ! നരവ്യാഘ്രനായ ഭീഷ്മൻ വീണതറിഞ്ഞിട്ടും കരള്‍ പൊട്ടുന്നില്ലല്ലോ!

ഈ പുരുഷര്‍ഷഭന് അസ്ത്രം, മേധ, നീതി ഇവയൊക്കെ അമേയമായിരുന്നിട്ടും എങ്ങനെ വീണു! അസ്ത്രം കൊണ്ടും ശൗര്യം കൊണ്ടും, തപസ്സു കൊണ്ടും, മേധ കൊണ്ടും ത്യാഗം കൊണ്ടും ധൃതി കൊണ്ടും ഈ ഏതു ഗുണം കൊണ്ടും മനുഷ്യന്‍ മരിക്കാതാവുന്നില്ല..കാലത്തെ കടക്കുവാന്‍ ആര്‍ക്കു കഴിയും? ശാന്തനവന്‍ ഭീഷ്മൻ വീണു പോലും !

പുത്രശോകാര്‍ത്തനായ ഞാന്‍ വലിയ ദുഃഖം കരുതാതെ, ശാന്തനവനായ ഭീഷ്മനില്‍ നിന്ന്‌ രക്ഷ കിട്ടുമെന്നു വിചാരിച്ചിരുന്നു. സൂര്യന്‍ വീഴുന്ന പോലെ ഭീഷ്മൻ വീഴുന്നതു കണ്ടപ്പോള്‍ ദുര്യോധനന്റെ നിലയെന്തായിരുന്നു? ഞാനോര്‍ക്കുമ്പോള്‍, ഇനി രണ്ടു പക്ഷത്തിലും രാജാക്കളൊന്നും ബാക്കി ഉണ്ടായിരിക്കയില്ല  എന്നാണു തോന്നുന്നത്‌.

മഹര്‍ഷിമാര്‍ പറഞ്ഞിട്ടുണ്ട്‌ ക്ഷാത്രധര്‍മ്മം ക്രൂരമാണെന്ന്‌. അതു ശരിയാണ്‌, അല്ലെങ്കില്‍ ഭീഷ്മനെ കൊന്നിട്ടും പാണ്ഡവന്മാര്‍ രാജ്യത്തെ കാംക്ഷിക്കുമോ? നമ്മളും ഇതു തന്നെയാണു വിചാരിച്ചത്‌. മഹാരഥനായ ഭീഷ്മനെ ഹിംസയ്ക്കു പാത്രമാക്കിയിട്ടും നമ്മള്‍ നാടു കാംക്ഷിക്കുകയല്ലേ ചെയ്തത്‌? ക്ഷാത്ര ധര്‍മ്മസ്ഥരായ പാര്‍ത്ഥന്മാര്‍ കുറ്റക്കാരല്ല. അത്യാപത്തില്‍ ആര്യന്മാര്‍ ചെയ്യേണ്ടത്‌ അവര്‍ ചെയ്തു. സഞ്ജയാ! പരാക്രമവും ശക്തിയും അവനില്‍ ഉറച്ചതാണ്‌. സൈന്യം മുടിക്കുന്ന ആ ഹ്രീമാനെ, തോല്‍വി പറ്റാത്ത. വീരനെ, താതനായ ശാന്തനവനെ, എങ്ങനെ പാര്‍ത്ഥന്മാര്‍ തടുത്തു നിന്നു? എങ്ങനെ അവര്‍ വ്യൂഹം നിര്‍മ്മിച്ചു? എങ്ങനെ യോഗ്യന്മാര്‍ സംഗരം ചെയ്തു? ശത്രുക്കള്‍ എങ്ങനെ വീഴ്ത്തി? പറയൂ സഞ്ജയാ! ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി, ചുതാട്ടക്കാരനായ ദുശ്ശാസനന്‍ ഇവരൊക്കെ എന്തു പറയുന്നു ഭീഷ്മന്റെ പതനത്തെ പറ്റി?

നരന്മാരുടേയും ആനകളുടേയും കുതിരകളുടേയും ദേഹങ്ങള്‍ ചിന്നി ശരം, വാള്‍, തോമരം എന്നീ അക്ഷനിരകള്‍ കൊണ്ടു ഭീഷണമായി, ദുര്‍ദ്ധര്‍ഷമായി കാണുന്ന, യുദ്ധക്കളമാകുന്ന സഭയില്‍ ആ ചൂതാട്ടക്കാരൊക്കെ എത്തി. ആ ചൂതാട്ടത്തില്‍ ആരൊക്കെയാണ്‌ പ്രാണനെ പണയം വെച്ചു കളിച്ചത്‌? ആര് ജയിച്ചു? ആര് തോറ്റു? ലാക്കു വെച്ച്‌ ആര് എയ്തു വീഴ്ത്തി? ശാന്തനവനായ ഭീഷ്മനെ കൂടാതെ പിന്നെ ആരൊക്കെ വീണു? അതും പറയു സഞ്ജയാ।! ആ മഹാവ്രതന്‍ വീണതായി കേട്ടിട്ട് എനിക്ക്‌ ഒട്ടും ശാന്തി ലഭിക്കുന്നില്ല. എന്റെ അച്ഛന്‍, അത്യുഗ്ര കര്‍മ്മാവായ ഭീഷ്മന്‍, പോരില്‍ വിരാജിക്കുന്ന മഹാപുരുഷന്‍ വീണില്ലേ?

എടോ സഞ്ജയാ! ഇനി എന്റെ പുത്രന്മാര്‍ക്ക്‌ എന്താണൊരു ഗതി? അത്‌ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സു കിടന്നു പൊരിയുന്നു. അഗ്നിയില്‍ നെയ്യൊഴിച്ചതു പോലെയല്ലേ സഞ്ജയാ, നീ എന്റെ മനസ്സ്‌ ആളി ജ്വലിപ്പിച്ചത്? എല്ലായിടത്തും കേള്‍വിപ്പെട്ട ആ വല്ലാത്ത ഭാരമേറ്റ ഭീഷ്മൻ ഹതനായപ്പോള്‍ എന്റെ മക്കള്‍ കിടന്നു വിലപിക്കുന്നുണ്ടാവും! ദുര്യോധനൻ ഉണ്ടാക്കി വിട്ട ദുഃഖമൊക്കെ ഞാന്‍ കേള്‍ക്കട്ടെ! അതുകൊണ്ടു സഞ്ജയാ, നീ അവി ടെ നടന്ന സംഭവങ്ങളൊക്കെ വിടാതെ പറയു. ആ മൂഡന്റെ ബുദ്ധി മോശം കൊണ്ട് ഉണ്ടായതാണല്ലോ ഇതൊക്കെ. അനയവും സുനയവും നീ എന്നോടു പറയു സഞ്ജയാ! ജയം കാംക്ഷിച്ചു കൊണ്ടു ഭീഷ്മൻ സംഗരത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ ഒന്നും വിടാതെ പറയൂ. കുരുപാണ്ഡവന്മാര്‍ നടത്തിയ ആ യുദ്ധം ക്രമപ്രകാരം ആര്, എപ്പോള്‍, എന്തു ചെയ്തു, എന്നതൊക്കെ വിശദമായി പറയൂ!

15. ദുര്യോധന ദുശ്ശാസന സംവാദം - സഞ്ജയന്‍ പറ ഞ്ഞു: ഹേ, രാജാവേ, അങ്ങയ്ക്കു ചേര്‍ന്ന ചോദ്യം തന്നെയാണ്‌ ഇപ്പോള്‍ ചോദിച്ചത്‌. ഈ ദോഷം ഭവാന്‍ ദുര്യോധനനില്‍ ആരോപിക്കരുത്‌. നരന്‍ തന്റെ കുറ്റം കൊണ്ട്‌ അശുഭം അനുഭവിക്കുന്നു. ആ കുറ്റം അന്യനില്‍ വെച്ചു കൊടുക്കരുത്‌. മഹാരാജാവേ, മനുഷ്യര്‍ക്കു നിന്ദ്യമായ കര്‍മ്മങ്ങള്‍ നടത്തുന്നവന്‍ സര്‍വ്വലോകത്തിനും വദ്ധ്യനാണ്‌. ചതിയും അപ്രകാരവുമൊക്കെ സഹിച്ചു പ്രജ്ഞയുള്ള പാര്‍ത്ഥന്മാര്‍ നിന്നെ വിചാരിച്ച്‌ അമാത്യന്മാരോടു കൂടി എല്ലാം സഹിച്ചു വളരെക്കാലം കാട്ടില്‍ കഴിച്ചു കൂട്ടിയില്ലേ!

കുതിരകള്‍ക്കും ആനകള്‍ക്കും തേജസ്വികളായ നൃപന്മാര്‍ക്കും യുദ്ധത്തില്‍ സംഭവിച്ചതൊക്കെ പ്രത്യക്ഷമായും യോഗത്താലും ഞാന്‍ കണ്ടു. അതൊക്കെ ഞാന്‍ പറയാം. ഭവാന്‍ കേട്ടാലും. ശോകത്തില്‍ മനസ്സു വെയ്ക്കരുത്‌. ഇതൊക്കെ ദൈവ കല്പിതമാണ്‌, തലയിലെഴുത്താണ്‌!

ഭവാന്റെ പിതാവായ വ്യാസഭഗവാനെ ഞാന്‍ കൈകൂപ്പി അദ്ദേഹത്തിന്റെ പ്രസാദത്താല്‍ എനിക്കു ദിവ്യജ്ഞാനം ലഭിച്ചു. അതീന്ദ്രിയമായ ദൃഷ്ടിയും, ദുരെ നിന്നുള്ള ശ്രവണവും, പരചിത്ത ജ്ഞാനവും, ഭൂതഭാവി ബോധവും എനിക്കു കിട്ടി. പിന്നെ വ്യുത്ഥിതോല്പത്തി വിജ്ഞാനവും, ശുഭമായ ആകാശയാനവും, പോരില്‍ ചെന്നാല്‍ അസ്ത്രം ഏൽക്കായ്കയും, ആ മഹാന്റെ അനുഗ്രഹം കൊണ്ട്‌ എനിക്കു ലഭിച്ചു. ഞാന്‍ എല്ലാം ഗ്രഹിച്ചി രിക്കുന്നു. ഉണ്ടായ വിധം എല്ലാം ഞാന്‍ പറയാം. ഇതു വളരെ വിചിത്രവും അത്ഭുതവും രോമാഞ്ചജനകവുമാണ്‌. ആ ഭാരതപ്പട വിധി പോലെ വ്യൂഹം കെട്ടി നിൽക്കുമ്പോള്‍ ദുര്യോധനന്‍ ദുശ്ശാസനനോടു പറഞ്ഞു: ദുശ്ശാസനാ, ഭീഷ്മന്റെ രക്ഷയ്ക്ക്‌ ക്ഷണത്തില്‍ തേര്‍ കൂട്ടുക. മറ്റു സൈന്യങ്ങളെ ഒക്കെ നീ ചൊല്ലി വിടൂ. ഇതാ നമുക്കു കിട്ടിയിരിക്കുന്നു ഏറെക്കാലമായി കൊതിച്ചിരുന്ന കുരുപാണ്ഡവ യുദ്ധം! ഭീഷ്മന്റെ രക്ഷയേക്കാള്‍ കാര്യമായി മറ്റൊന്നുമില്ല. ഗുപ്തനായ ഈ മഹാരഥന്‍ പാര്‍ത്ഥ സോമക സഞ്ചയത്തെ കൊന്ന്‌ ഒതുക്കും. ആ വിശുദ്ധാത്മാവ്‌ മുമ്പെ തന്നെ പറഞ്ഞിട്ടുണ്ട്‌ താന്‍ ശിഖണ്ഡിയെ കൊല്ലില്ലെന്ന്‌. എന്തു കൊണ്ടെന്നാല്‍ അവന്‍ മുമ്പെ പെണ്ണായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം അവനെ കൊല്ലാതെ വിട്ടൊഴിക്കുമെന്ന്‌. അതുകൊണ്ട്‌ ഭീഷ്മനെ രക്ഷിക്കുക എന്നത്‌ നമുക്ക്‌ ഏറ്റവും പ്രധാനമായ കാര്യമായി തീര്‍ന്നിട്ടുണ്ട്‌. ശിഖണ്ഡിയെ കൊല്ലുന്നതിന് വേണ്ടി എന്റെ കൂട്ടുകാര്‍ എല്ലാവരും ജാഗ്രതയോടെ നിൽക്കണം. കിഴക്കരും, പടിഞ്ഞാറുകാരും, തെക്കരും, വടക്കരും, എല്ലാ സര്‍വ്വാസ്ത്ര ദക്ഷന്മാരും, പിതാമഹനെ എപ്പോഴും കാത്തു കൊള്ളട്ടെ! കാത്തു രക്ഷിക്കുന്നില്ലെങ്കില്‍ ശക്തനായ സിംഹത്തേയും ചെന്നായ കൊന്നു കളയും. കുറുക്കന്‍ വന്നു സിംഹത്തെ കൊല്ലുന്ന വിധം ശിഖണ്ഡി വന്നു ഭീഷ്മനെ കൊല്ലുവാന്‍ ഇടവരുത്തിക്കൂടാ. ഇടംചക്രം യുധാമന്യുവും, വലംചക്രം ഉത്തമൗജസ്സും കാത്തു കൊണ്ടാണ്‌ അര്‍ജ്ജുനന്‍ നിൽക്കുന്നത്‌. ആ അര്‍ജ്ജുനന്റെ അടുത്താണ്‌ ശിഖണ്ഡി നിൽക്കുന്നത്‌. ശിഖണ്ഡിയെ ജിഷ്ണു കാക്കുന്നു. അര്‍ജ്ജുനന്‍ കാത്തു കൊണ്ട്‌ നിൽക്കുന്നവനും, ഭീഷ്മൻ കൈവിട്ട്‌ ഒഴിച്ചവനുമായ അവന്‍ ഭീഷ്മനെ കൊല്ലാതെ ഇരിക്കത്തക്ക വണ്ണം ഹേ, ദുശ്ശാസനാ, നീ നോക്കുക.

16. സൈന്യവര്‍ണ്ണനം - സഞ്ജയന്‍ പറഞ്ഞു; നേരം പ്രഭാതമായപ്പോള്‍ ബഹളവും ശബ്ദ കോലാഹലവും പൊങ്ങി. രാജാക്കന്മാര്‍ "ഒരുങ്ങുക! ഒരുങ്ങുക!" എന്ന്‌ ആര്‍ത്തു വിളിക്കുന്ന ശബ്ദവും ശംഖിന്റേയും, ദുന്ദുഭിയുടേയും ഘോഷങ്ങളും, യോദ്ധാക്കളുടെ സിംഹനാദങ്ങളും, അശ്വങ്ങളുടെ ഹ്റേഷിതങ്ങളും, തേരിന്റെ ചക്രങ്ങള്‍ ഉരുളുന്ന ഇരമ്പവും, അട്ടഹാസങ്ങളും, പൊട്ടിത്തെറി ശബ്ദങ്ങളും, ഉറക്കെ ഓരോന്നും "എടുത്തോ പിടി ച്ചോ" എന്നും മറ്റുമുള്ള ഒച്ചകളും സര്‍വ്വദിക്കില്‍ നിന്നും പുറപ്പെടുകയും അല്പ സമയത്തിനുള്ളില്‍ രാജാവേ, അണികള്‍ നിരക്കുകയും ചെയ്തു. അങ്ങനെ കുരുപാണ്ഡവ സൈന്യങ്ങള്‍ സുര്യോദയത്തില്‍ പെരുംപട സന്നദ്ധമാക്കി. രാജാവേ, നിന്റെ മക്കളുടേയും, പാണ്ഡുവിന്റെ മക്കളുടേയും ദുഷ്പ്രധര്‍ഷങ്ങ ളായ അസ്ത്രങ്ങളും, ശസ്ത്രങ്ങളും കവചങ്ങളുമൊക്കെ പ്രഭാതത്തോടു കൂടി രണ്ടു പങ്കിലുള്ള യോദ്ധാക്കളും അണിഞ്ഞ്‌ ഒരുങ്ങി നിന്നു.

പൊന്നണിഞ്ഞ തേരുകളും, ആനകളും, മിന്നല്‍ക്കാറുകള്‍ പോലെ തെളിഞ്ഞു മിന്നി. രഥങ്ങളുടെ നിരകള്‍ നഗരം പോലെ നീളെ ശോഭിച്ചു. നിന്റെ അച്ഛന്‍ അതില്‍ അതി തേജസ്വിയായി പൂര്‍ണ്ണചന്ദ്രനെ പോലെ വിളങ്ങി. ഋഷ്ടി, വാള്‍, വില്ലി, തോമരം, വേല്‍, ഗദ എന്നീ ആയുധങ്ങള്‍ അണിഞ്ഞു ഭടന്മാര്‍ സേനയില്‍ പ്രശോഭിച്ചു. ആന, കാലാള്‍, തേര്‍, കുതിര ഇവ വലത്തു ഭാഗത്തായി നൂറും ആയിരവും നിന്നു. പലമട്ടില്‍ ഉയര്‍ന്ന്‌ അസബ്യം ധ്വജങ്ങളും രണ്ടു പക്ഷത്തിലും പ്രശോഭിച്ചു. ആ ജ്വലിക്കുന്ന ധ്വജങ്ങള്‍ പൊന്മണിക്കോപ്പുകള്‍ അണിഞ്ഞു കത്തുന്ന തീനാളംപോലെ പാറിക്കളിച്ചു. അസംഖ്യം ഗജയോധന്മാരും കാന്തിമാന്മാരായി വിളങ്ങി. ശക്രഗൃഹങ്ങളില്‍ ശുഭ്രമായ ശക്രന്റെ കേതുക്കള്‍ പോലെ ആനപ്പുറത്തിരിക്കുന്ന യോദ്ധാക്കള്‍ ശോഭ വീശി. ആ വീരന്മാര്‍ യുദ്ധകാംക്ഷികളായി സന്നദ്ധരായി നിന്നു. കയ്യുറയിട്ട്‌ കൈകളില്‍ വില്ലു ധരിച്ച്‌ ആവനാഴിയുമായി പടത്തലയ്ക്കല്‍ ഋഷഭാശ്വരായ നരേശ്വരന്മാര്‍ ശോഭിച്ചു. സൗബലനായ ശകുനി, ശല്യന്‍, ആവന്ത്യന്‍, ജയദ്രഥന്‍, വിന്ദാനുവിന്ദര്‍, കേകയന്മാര്‍, കാംബോജന്‍, സുദക്ഷിണന്‍, ശ്രുതായുധന്‍, കാലിംഗന്‍, ജയത്സേനന്‍, ബൃഹത്ബലന്‍, കോസലന്‍, സാത്വരന്‍, കൃതവര്‍മ്മന്‍ ഈ ദീര്‍ഘബാഹുക്കളായ പത്തുപേര്‍ ശുരന്മാരും, ഭൂരിദക്ഷിണന്മാരും യജ്വാക്കളുമാണ്‌. അവര്‍ അക്ഷൗഹിണീശന്മാരാണ്‌. ഇവരും മറ്റു പല രാജാക്കളും, രാജപുത്രന്മാരും, ദുര്യോധനന്റെ കീഴില്‍ സന്നദ്ധരായി നിന്നു. നീതിമാന്മാരും മഹാരഥന്മാരുമായ അവര്‍ കൃഷ്ണാജിനം കെട്ടി. യുദ്ധ തല്‍പരന്മാരായി വിളങ്ങി. പത്ത്‌ അക്ഷൗഹിണീ സൈന്യങ്ങളെ നിരത്തി സമര്‍ത്ഥന്മാരായ അവര്‍ ഹര്‍ഷിച്ചു കൊണ്ടു ദുര്യോധനന് വേണ്ടി പ്രാണന്‍ കളഞ്ഞു ബ്രഹ്മലോകത്തെ പ്രാപിക്കുവാന്‍ കാംക്ഷിച്ചു കൊണ്ടു തന്നെ നിന്നു.

പതിനൊന്നാമത്തെ അക്ഷൗഹിണി ധാര്‍ത്തരാഷ്ട്രന്റെ പെരുംപടയാണ്‌. ആ സൈന്യം എല്ലാ സൈന്യങ്ങളുടേയും മുമ്പില്‍ ഭീഷ്മന്റെ കൂടെ നിന്നു.

വെള്ളത്തലപ്പാവു ധരിച്ച്‌, വെള്ളക്കുതിരകളെ പൂട്ടിയ വെള്ളത്തേരില്‍ കയറി, വെള്ളച്ചട്ടയിട്ടു ഭീഷ്മനെ ഞങ്ങള്‍ കണ്ടു. ആ ഹേമധ്വജമണിഞ്ഞ വെള്ളത്തേരില്‍ ശുഭ്രകാന്തിയോടെ ഉദിച്ചു വരുന്ന പൂര്‍ണ്ണചന്ദ്രനെ എന്നപോലെ കൌരവര്‍ നോക്കി നിന്നു. ധൃഷ്ടദ്യുമ്നന്‍ മുതലായ മഹാരഥന്മാരായ സൃഞ്ജയന്മാര്‍ ക്രോധത്തോടെ നിൽക്കുന്ന സിംഹത്തെ കണ്ട മാന്‍കൂട്ടം പോലെയായി. ധൃഷ്ടദ്യുമ്നാദ്യന്മാര്‍ വീണ്ടും നടുങ്ങി പ്പോയി.

അങ്ങനെ ശ്രീയോടു കൂടി പതിനൊന്ന്‌ അക്ഷൗഹിണി ഒരു ഭാഗത്ത്‌, വമ്പന്മാരായ പാര്‍ത്ഥന്മാരുടെ ഏഴ്‌ അക്ഷൗഹിണി മറു ഭാഗത്ത്‌. മദിക്കുന്ന മകരമത്സ്യങ്ങളും, മഹാഗ്രാഹങ്ങളും, ചുറ്റുന്ന പ്രളയകാലത്തെ പ്രക്ഷുബ്ധമായ രണ്ടു സമുദ്രങ്ങള്‍ പോലെ സൈന്യം പ്രശോഭിച്ചു. ഇതുപോലെ ഒരു പട ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അത്ര മഹത്തായിരുന്നു കൗരവന്മാരുടെ പട കൂടുമ്പോഴത്തെ കാഴ്ച!

17. സൈന്യ വര്‍ണ്ണനം - സഞ്ജയന്‍ പറഞ്ഞു: കൃഷ്ണദ്വൈപായനന്‍ (വ്യാസന്‍) പറഞ്ഞവിധം തന്നെ രാജാക്കന്മാരെല്ലാം ഒന്നിച്ചു കൂടി. മകം നക്ഷത്രത്തോടു കൂടി ചന്ദ്രന്‍ ചേരുന്ന ദിവസം വന്നു. സപ്തഗ്രഹങ്ങളും ആകാശത്ത്‌ ഉജ്ജ്വലിച്ചു. അര്‍ക്കന്‍ ഉദിക്കുമ്പോള്‍ രണ്ടു ബിംബങ്ങളായി കാണപ്പെ ട്ടു. ജ്വലിക്കുന്ന ശിഖയോടു കൂടി അര്‍ക്കന്‍ തെളിഞ്ഞു. കത്തിജജ്വലിക്കുന്ന ദിക്കിലിരുന്നു കാക്കയും കുറുക്കനും ശബ്ദമുണ്ടാക്കി. കാട്ടുമാംസവും ശോണിതവും ഭക്ഷിക്കുന്ന ക്രവ്യാദങ്ങള്‍ ബുഭുക്ഷതയോടെ കോലാഹലമുണ്ടാക്കി. നാളുതോറും പ്രഭാതമാകുമ്പോള്‍ ഭീഷ്മനും ദ്രോണനും പാണ്ഡവന്മാര്‍ ജയിക്കട്ടെ എന്ന്‌ പതിവു പോലെ ആശംസിച്ചു. പൊരുതുന്നത്‌ അങ്ങയ്ക്കു വേണ്ടിയും ജയാശംസ പാണ്ഡവന്മാര്‍ക്കു വേണ്ടിയും ആയിരുന്നു! അങ്ങനെയാണ്‌ അവരുടെ നിശ്ചയം!

സര്‍വ്വ ധര്‍മ്മജ്ഞനായ ഭവാന്റെ പിതാവ്‌, ഭീഷ്മൻ, മന്നവന്മാരെ ഒക്കെ വിളിച്ചു കൂട്ടി ഇപ്രകാരം പറഞ്ഞു; നരേന്ദ്രന്മാരേ, ഇതാ സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കായി തുറന്നു വെച്ചിരിക്കുന്നു. അതിലേ, നിങ്ങള്‍ പോയി ശക്രബ്രഹ്മ സാലോക്യം പ്രാപിക്കുവിന്‍. ഇതു നിങ്ങള്‍ക്കു പണ്ടുള്ളവര്‍ നിശ്ചയിച്ച ശാശ്വത മാര്‍ഗ്ഗമാണ്‌. നിങ്ങള്‍ പോരില്‍ വൃഗ്രത കൂടാതെ ആത്മസംഭാവനം ചെയ്യുവിന്‍. മാന്ധാതാവ്‌, നാഭാഗന്‍, യയാതി, നഹുഷന്‍, നൃഗന്‍ ഇവരൊക്കെ ഇപ്രകാരമുള്ള വീരകര്‍മ്മങ്ങളാല്‍ സിദ്ധരായി സ്ഥാനത്തു കേറിയവരാണ്‌. രോഗം പിടിച്ചു വീടില്‍ കിടന്നു മരിക്കുന്നത്‌ ക്ഷത്രിയന്മാര്‍ക്ക്‌ അധര്‍മ്മമാണ്‌. ഇരുമ്പു കൊണ്ടു ചാകുന്നത്‌ അവര്‍ക്ക്‌ അത്യന്തം ശ്രേഷ്ഠമായ ധര്‍മ്മമാണ്‌. ഭീഷ്മൻ ഇങ്ങനെ പറഞ്ഞതു കേട്ടപ്പോള്‍ രാജാക്കന്മാരെല്ലാം സ്വസൈന്യങ്ങള്‍ സന്തോഷിക്കുമാറു തേരുകളില്‍ കയറി പുറപ്പെട്ടു. അമാതൃ ബന്ധു വര്‍ഗ്ഗത്തോടു കൂടി വൈകര്‍ത്തനനായ കര്‍ണ്ണന്‍, ഭീഷ്മൻ കാരണം പോരില്‍ ശസ്ത്രം വെച്ചു പിന്മാറി. കര്‍ണ്ണന്‍ കൂടാതെ നിന്റെ മക്കളും നിന്റെ ഭാഗത്തുള്ള രാജാക്കളും പത്തു ദിക്കും മുഴക്കുമാറ് സിംഹനാദം പൊഴിച്ചു യുദ്ധത്തിന് ഇറങ്ങി. വെള്ളക്കുട, കൊടിക്കൂറ, കൊടി, ആന, ഹയങ്ങള്‍, തേര്‍, പത്തി എന്നിവയോടു ചേര്‍ന്ന ആ സൈന്യങ്ങള്‍ ശോഭിച്ചു. ഭേരീ പണവനാദങ്ങളും ദുന്ദുഭി ധ്വനികളും രഥചക്രസ്വനവും കൂടി ചേര്‍ന്ന ഇരമ്പം കൊണ്ടു ലോകം വിറച്ചു. പൊന്നിന്‍ തോള്‍വള, കേയൂരം, വില്ല്‌ എന്നിവയോടു കൂടിയ മഹാരഥന്മാര്‍ അഗ്നിപര്‍വ്വതങ്ങള്‍ പോലെ മിന്നി ഏറ്റവും ശോഭിച്ചു. പഞ്ചതാരങ്ങളോടു കൂടിയ താലധ്വജമുള്ള ഭീഷ്മൻ വിമലാര്‍ക്കാഭനായി കുരുസൈനൃത്തിന്റെ അഗ്രഭാഗത്തു നിന്നു. നിന്റെ ഭാഗത്തുള്ള വില്ലാളി വീരന്മാര്‍ ഭീഷ്മന്റെ ഓരോ ഭാഗത്തും ചെന്നുകൂടി. ഗോവാസനനായ ശൈബ്യന്‍ മറ്റു രാജാക്കന്മാരോടു കൂടി കൊടിയുള്ള രാജോചിതമായ രഥത്തില്‍ കയറി എത്തി. പത്മവര്‍ണ്ണന്‍ സര്‍വ്വസൈന്യ വ്യൂഹത്തിന്റെ മുമ്പില്‍ നിന്നു. സിംഹലാംഗുല കേതനനായ ദ്രൗണി, ശ്രുതായുധന്‍, ചിത്രസേനന്‍, പുരുമിത്രന്‍, വിവിംശതി, ശല്യന്‍, ഭൂരിശ്രവസ്സ്‌, വികര്‍ണ്ണന്‍, ദ്രോണപുത്രന്‍ ഈ ഏഴു വില്ലാളി വീരന്മാര്‍ തേരില്‍ ചട്ടയിട്ടു ഭീഷ്മന്റെ മുന്‍ഭാഗത്തു നിന്നു. അവരുടെ ഉന്നതമായ ധ്വജം അംബരത്തില്‍ പാറിക്കളിച്ചു. അവരുടെ തേര്‍ത്തടം പ്രശോഭിച്ചു. സുവര്‍ണ്ണ വേദി പൊന്നിന്‍ കിണ്ടിയോടും വില്ലോടും കൂടിയ ദ്രോണാചാര്യന്റെ കൊടിയും പ്രശോഭിച്ചു. അനേക ശതം, അനേകായിരം സൈന്യത്തെ കര്‍ഷിക്കുന്ന ദുര്യോധനന്റെ മണിനാഗധ്വജം കാറ്റില്‍ പറന്നു കളിച്ചു. പൗരവാന്വിതനായ കലിംഗ രാജാവ്‌, കാംബോജ രാജാവ്‌ സുദക്ഷിണന്‍, ശല്യന്‍, ക്ഷേമധന്വാവ്‌, എന്നിവര്‍ മുന്‍ഭാഗത്തു നിന്നു. വിലയേറിയ വൃഷഭധ്വജമുള്ള തേരുമായി മാഗധപ്പടയുമായി മാഗധന്‍ വന്നു ചേര്‍ന്നു. അത്‌ അംഗേശനും വീരനായ കൃപനും കാക്കുന്ന ശരല്‍ഘന പ്രഭമായ കിഴക്കന്‍ പടയാണ്‌. സൈന്യാഗ്രത്തില്‍ കീര്‍ത്തിശാലിയായ ജയദ്രഥന്‍ വെള്ളിപ്പത്തിക്കൊടിയുമായി ശോഭിച്ചു. അവന്റെ കീഴില്‍ നൂറായിരം രഥങ്ങളും, എണ്ണായിരം ആനകളും, അറുപതിനായിരം കുതിരകളുമുണ്ട്‌. സിന്ധുരാജാവ്‌ പാലിക്കുന്ന ആ സൈന്യം അസംഖ്യം നാഗങ്ങളോടും അശ്വങ്ങളോടും കൂടി ശോഭിച്ചു. അറുപതിനായിരം രഥങ്ങളും, പതിനായിരം ആനകളും ചേര്‍ന്നു സര്‍വ്വ കലിംഗന്മാരുടേയും നാഥനായ കേതുമാന്‍ ഇറങ്ങി. കുന്നുകള്‍ക്കു തുല്യമായ ആനകള്‍ യന്ത്ര തോമര തൂണീര പതാകാദികളോടു കൂടി പ്രശോഭിച്ചു. കൊടിയില്‍ അഗ്നിയുമായി കലിംഗരാജാവ്‌ ശ്വേതച്ഛത്രവും ചാമരവും നിഷ്കവുമായി പ്രശോഭിച്ചു. കേതുമാനും ഭംഗിയുള്ള തോട്ടിയുമായി മഴക്കാറിന് മുകളില്‍ സൂര്യനെന്ന പോലെ ശോഭിച്ചു. വമ്പനായ കൊമ്പന്റെ പുറത്തു വന്നു വിളങ്ങുന്ന ഭഗദത്തന്‍ ഐരാവതത്തിന്റെ പുറത്ത്‌ ഇന്ദ്രനെന്ന പോലെ തേജസ്സു കൊണ്ടു ദീപ്തനായി. വിന്ദാനുവിന്ദന്മാരും ഭഗദത്തനെ പോലെ തന്നെ ആനപ്പുറത്ത്‌ ഇരുന്നു കേതുമാനെ തുണച്ചു. തേര്‍ക്കൂട്ടത്തോടു കൂടിയ ആ വ്യൂഹം രാജാക്കളാകുന്ന ശിരസ്സോടും ഗജങ്ങളാകുന്ന ഉടലോടും അശ്വങ്ങളാകുന്ന പക്ഷങ്ങളോടും ചുറ്റുന്ന മുഖത്തോടു കൂടി പറന്ന്‌ എത്തിക്കഴിഞ്ഞു. ദ്രോണനും ഭീഷ്മനും കൃപനും ബാല്‍ഹീകനും കൂടി വ്യൂഹം ചമച്ചു.

18. സൈനൃവര്‍ണ്ണനം - സഞ്ജയന്‍ പറഞ്ഞു; ഒരു മുഹൂർത്തം കൊണ്ടു പെട്ടെന്നു നെഞ്ചു പിളര്‍ക്കുന്ന വിധം ഭയങ്കരമായ ശബ്ദം യോധന്മാരുടെ ഇടയില്‍ നിന്ന്‌ ഉയര്‍ന്നു. ശംഖ ഭേരീ നാദങ്ങള്‍, ആനകളുടെ ചിന്നം വിളികള്‍, രഥനേമീ ധ്വനികള്‍ ഇവയെല്ലാം കൂടി ഭൂമി പിളരുകയാണോ എന്നു തോന്നിപ്പോകുമാറു ഭയങ്കരമായ ശബ്ദമുയര്‍ന്നു. അശ്വങ്ങളുടെ ഹ്റേഷിതവും, യോദ്ധാക്കളുടെ സിംഹനാദങ്ങളും, ആര്‍പ്പുവിളിയും, ഘോഷവും, അട്ടഹാസവുമായി ഭൂമി കുലുക്കി ആകാശത്തില്‍ മാറ്റൊലിക്കൊണ്ടു. രാജാവേ, ഭവാന്റെ പുത്രന്മാരുടേയും, പാണ്ഡുവിന്റെ പുത്രന്മാരുടേയും പെരുംപടകള്‍ പരസ്പരം അടുക്കുന്ന സമയത്ത്‌ ഇപ്രകാരം പ്രകമ്പിച്ചു. പൊന്നണിഞ്ഞ കൊമ്പനാനകളും, രഥങ്ങളും, മിന്നലണിഞ്ഞ മേഘങ്ങള്‍ പോലെ കാണപ്പെട്ടു. നിന്റെ പക്ഷക്കാരുടെ പൊന്നു കെട്ടിച്ച കൊടികള്‍ പലവിധത്തില്‍ കത്തുന്ന അഗ്നികള്‍ പോലെ ശോഭിച്ചു. ശക്രന്റെ ആലയത്തില്‍ ശുഭ്രമായ ശക്രകേതുക്കള്‍ പോലെ രണ്ടു ഭാഗത്തേയും കൊടികള്‍ കാണപ്പെട്ടു. വീരന്മാരുടെ പ്രഭയേറിയ കവചങ്ങള്‍ അര്‍ക്കാഗ്നികള്‍ പോലെ ശോഭിച്ചു.

വിചിത്രചാപങ്ങളും, ആയുധങ്ങളും ഉള്ളവരായ കുരുയോധന്മാര്‍ ശസ്ത്രമേന്തി കയ്യുറയുമായി ശോഭിച്ചു. കൊടി ഉയര്‍ത്തി ഋഷഭാക്ഷരും, മഹേഷ്വാസരും ഭീഷ്മനെ കാക്കുന്നവരുമായ നിന്റെ ഉണ്ണികള്‍ സേനാഗ്രത്തില്‍ വിളങ്ങി.

ദുശ്ശാസനന്‍, ദുര്‍വ്വിഷഫന്‍, ദുസ്സഹന്‍, ദുര്‍മ്മുഖന്‍, വിവിംശതി, ചിത്രസേനന്‍, വികര്‍ണ്ണന്‍, പുരുമിത്രന്‍, ജയന്‍, സത്യവ്രതന്‍, യൂപധ്വജന്‍, ശലന്‍ എന്നിവരും അവരെ തുണയ്ക്കുന്നതിനുള്ള ഇരുപതിനായിരം തേരുകളും, ശൂരസേനര്‍, അഭീഷാഫര്‍, ശിബിമാര്‍, വസാതികള്‍, സാല്വന്മാര്‍, മത്സ്യര്‍, അംബഷ്ഠര്‍, കേകയന്മാര്‍, ത്രിഗര്‍ത്തര്‍, സൗവീരന്മാര്‍, കിതവരായ പ്രാച്യോദീച്യ പ്രതീച്യന്മാര്‍, ഈ പ്രന്തണ്ടു നാട്ടുകാര്‍ അതിലുണ്ടായിരുന്നു. അവരൊക്കെ ഉടല്‍ വിട്ടു. പിതാമഹനെ രക്ഷിച്ചുപോരുന്ന തേര്‍നിരയോടു കൂടി ശക്തിയേറിയ പതിനായിരം ആനകള്‍ രഥ യോഗത്തിന് സഹായിച്ചു. തേരുകള്‍ക്കു ചക്ര രക്ഷകന്മാരായും, ആനകള്‍ക്കു പാദ രക്ഷകന്മാരായും പടയ്ക്കിടയില്‍ നൂറും ആയിരവുമായി അറുപതിനായിരം പദാതികള്‍ വാളും പരിചയും വില്ലുമായി നിന്നു. അസംഖ്യം നൂറും ആയിരവും ഖ പ്രാസ യോധികളായ പതിനൊന്ന്‌ അക്ഷൗഹിണി സൈന്യങ്ങള്‍ നിന്റെ പുത്രന് ഗംഗാനദി യമുനയോട് അടുക്കുന്ന വിധം അവിടെ കാണപ്പെട്ടു.

19. പാണ്ഡവ സൈന്യ വ്യൂഹം - ധൃതരാഷ്ട്രന്‍ പറഞ്ഞു: നമ്മുടെ ഭാഗത്തുള്ള പതിനൊന്ന്‌ അക്ഷൗഹിണി സൈന്യം അണിനിരന്നതു കണ്ടപ്പോള്‍ അതിനേക്കാള്‍ കുറഞ്ഞ സൈന്യം കൊണ്ട്‌.എങ്ങനെ പാണ്ഡവന്‍ എതിര്‍വ്യൂഹം ചമച്ചു? ദേവ ഗന്ധര്‍വ്വാസുര വ്യൂഹങ്ങളെ പറ്റിയൊക്കെ ജ്ഞാനമുള്ള ഭീഷ്മനോട്‌ എതിര്‍ക്കുവാന്‍ എന്ത്‌ എതിര്‍ വ്യൂഹമാണ്‌ പാര്‍ത്ഥന്‍ ചമച്ചത്‌?

സഞ്ജയന്‍ പറഞ്ഞു: ധാര്‍ത്തരാഷ്ട്രന്റെ സൈന്യവ്യൂഹം ചേര്‍ന്നു കണ്ടപ്പോള്‍ ധര്‍മ്മാത്മാവായ ധര്‍മ്മരാജാവ്‌ ധനഞ്ജയനോടു പറഞ്ഞു; "ഉണ്ണീ, ബൃഹസ്പതി മഹര്‍ഷി പറഞ്ഞതിനെ സ്മരിച്ചു കൊണ്ടു ഞാന്‍ നിന്നോടു പറയുന്നു. വലിയ സൈനൃത്തോടു ചെറിയ സൈന്യം എങ്ങനെയാണ്‌ പോരാടേണ്ടത്‌ എന്നു ബൃഹസ്പതി പറയുന്നുണ്ട്‌. കുറച്ചു സൈന്യമായാലും അവരെ ചേര്‍ത്തു പരത്തി നിര്‍ത്തി വലിയ സൈന്യത്തോട് എതിര്‍ക്കാമെന്നാണ്‌. അതിനു നമുക്കു പറ്റിയ വ്യൂഹം സൂചീമു ഖമാണ്‌. നമുക്കു ശത്രുക്കളേക്കാള്‍ കുറവാണല്ലോ സൈന്യം. അതുകൊണ്ട്‌ ബൃഹസ്പതി പറഞ്ഞ പോലെ നീ വ്യൂഹം ചമയ്ക്കുക".

ഇപ്രകാരം ധര്‍മ്മജന്‍ പറഞ്ഞപ്പോള്‍ അതിന് അര്‍ജ്ജുനന്‍ ഇപ്രകാരം മറുപടി പറഞ്ഞു: രാജ്രേന്ദാ, ഇതാ ഞാന്‍ ഭവാന്റെ വ്യൂഹം കെട്ടുന്നു. അത്‌ അതിദുര്‍ജ്ജയവും അചഞ്ചലവുമാണ്‌. വജ്രപാണി ചമച്ച വജ്രം എന്നാണ്‌ ഈ വ്യൂഹത്തിന്റെ പേര്‌. ആഞ്ഞടിക്കുന്ന കാറ്റുപോലെ എതിരാളികള്‍ക്കു ദുസ്സഹനായ ഭീമന്‍ നമ്മുടെ മുമ്പില്‍നിന്നു പൊരുതുന്ന യോധ പുംഗവനാണല്ലേോ. അവന്‍ ശത്രുസൈനത്തിന്റെ പ്രൗഢിയൊക്കെ മര്‍ദ്ദിച്ച്‌ ഒതുക്കിക്കളയും. യുദ്ധമാര്‍ഗ്ഗ വിചക്ഷണനായ ആ യോധാഗ്രണി മുമ്പില്‍ നിന്ന്‌ ആദ്യം പൊരുതും. ദുര്യോധനാദൃരായ കുരുക്കള്‍ അവനെ കണ്ടാല്‍ പേടിച്ച്‌ സിംഹത്തെക്കണ്ട മാന്‍കുട്ടം പോലെ ഒഴിഞ്ഞു കളയും. യോധശ്രേഷ്ഠനായ ഭീമനെ പ്രാകാരത്തെ പോലെ - ദേവന്മാര്‍ ഇന്ദ്രനെ എന്ന പോലെ - നാം ആശ്രയിക്കണം. ക്രോധത്തോടെ നിൽക്കുന്ന ഉഗ്രകര്‍മ്മാവായ ഭീമനെ പോരില്‍ നേരിട്ടു കണ്ട്‌ എതിര്‍ക്കുവാന്‍ ധൈര്യമുള്ളവനായി ഇന്നു ലോകത്തില്‍ ആരേയും ഞാന്‍ കാണുന്നില്ല എന്നു പറഞ്ഞ്‌ അപ്രകാരമുള്ള വ്യൂഹം നിര്‍മ്മിച്ചു. ആ മഹാബലമായ വ്യൂഹവും കെട്ടി അര്‍ജ്ജുനന്‍ പുറപ്പെട്ടു. കുരുക്കള്‍ വന്നതായി കണ്ടപ്പോള്‍ പാണ്ഡവന്മാരുടെ മഹാസൈന്യം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഗംഗാനദിയെ പോലെ ശോഭിച്ചു. സൈന്യവ്യൂഹത്തിന്റെ മുമ്പില്‍ ഭീമനും അപ്രകാരം ധൃഷ്ടദ്യുമ്നനും നകുലനും സഹദേവനും ധൃഷ്ടകേതുവും നിന്നു. പിന്നില്‍ അക്ഷൗഹിണിയോടു കൂടി വിരാട രാജാവും നിന്നു. ആ രാജാവിനെ കാത്തുകൊണ്ട്‌ അനുജന്മാരും പുത്രന്മാരും പിന്‍പുറത്തായി നിന്നു, ഭീമന്റെ ചക്രരക്ഷകന്മാരായി ശ്രീമാന്മാരായ മാദ്രീപുത്രന്മാ രും, ദ്രൗപദേയന്മാരും, അഭിമന്യുവും നിന്നു . അവരുടെയൊക്കെ ഗോപ്താവായി ധൃഷ്ടദ്യുമ്നനും നിന്നു. അവനോടു ചേര്‍ന്നു പടയില്‍ ശൂരരഥികരായ പ്രഭദ്രകന്മാരും നിന്നു. അതിന്റെ പിന്നില്‍ ശിഖണ്ഡി അര്‍ജ്ജുനന്റെ രക്ഷയില്‍ ഭീഷ്മവധത്തിന് ഒരുങ്ങി നിന്നു. അര്‍ജ്ജുനന്റെ പിന്നിലായി ശക്തിമാനായ സാത്യകിയും നിന്നു. പിന്നെ, ചക്രരക്ഷയ്ക്കായി ഉത്തമൗജസ്സ്‌, യുധാമന്യു, പാര്‍ഷതന്‍, കേകയന്മാര്‍, ധൃഷ്ടകേതു, ചേകിതാനന്‍ എന്നിവരും നിന്നു. ഭീമന്‍ വജ്രക്കാതലായ ഭീമമായ ഗദയേന്തി ഊക്കില്‍ ഒന്നു ചരിച്ചാല്‍ മഹാസമുദ്രമെന്ന പോലെ വേലിയേറ്റം കൊള്ളും.

ഇതാ, അമാതൃന്മാരോടുകൂടി രാജാവേ, ഭവാന്റെ കണ്ണിന് നേരെ ധൃതരാഷ്ട്രന്റെ രക്ത സംബന്ധികള്‍ നിൽക്കുന്നു. രാജേന്ദ്രാ। ശക്തനായ ഭീമന് കാണിച്ചു കൊടുത്താലും എന്ന്‌ അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ ഹേ, ഭാരതാ! സൈന്യം മുഴുവന്‍ ഹര്‍ഷാരവങ്ങള്‍ കൊണ്ടും അനുകൂലോക്തികള്‍ കൊണ്ടും മുഖരിതമായി.

നടുപ്പടയില്‍, യുധിഷ്ഠിരരാജാവ്‌ സഞ്ചരിക്കുന്ന പര്‍വ്വതാകാരങ്ങളായ വലിയ ആനകളോടു കൂടിയും അക്ഷൗഹിണിയോടു കൂടിയും, പാഞ്ചാല രാജാവായ യജ്ഞസേനന്‍ വിരാടന്റെ പിന്നില്‍ ചെന്നു നിന്നു. അവരുടെ തേരുകളില്‍ ചന്ദ്രസൂര്യ പ്രഭങ്ങളായ സ്വര്‍ണ്ണധ്വജങ്ങള്‍ നാനാ ചിഹ്നങ്ങളോടു കൂടി വിളങ്ങി. അതില്‍ പിന്നെ അവിടം വിട്ടു ധൃഷ്ടദ്യുമ്നന്‍ അനുജന്മാരും മക്കളുമായി ധര്‍മ്മപുത്രനെ രക്ഷിച്ചു.

രാജാവേ, ഭവാന്റെ മക്കളുടേയും ശത്രുക്കളുടേയും തേര്‍ക്കൊടികളെ അധഃകരിക്കുമാറ്‌ അര്‍ജ്ജുനന്റെ തേര്‍ക്കൊടിയില്‍ മഹാശക്തനായ കപി നിന്നു.

ഋഷ്ടി, വാള്‍, വേല്‍ എന്നീ ആയുധങ്ങളോടു കൂടി മുമ്പില്‍ അനേകായിരം കാലാള്‍പ്പട ഭീമസേനന്റെ രക്ഷയ്ക്കായി നടന്നു. മദം പൊട്ടിച്ചാടുന്ന പത്മഗന്ധികളായ പതിനായിരം പൊന്നണിഞ്ഞ ഗജങ്ങള്‍ ചൊടിയോടെ, കത്തുന്ന കുന്നുകള്‍ പോലെയും, ചൊരിയുന്ന കാര്‍മേഘം പോലെയും, വര്‍ഷകാലത്തെ കാര്‍മേഘം പോലെയും യുധിഷ്ഠിര രാജാവിനെ പിന്നില്‍ നിന്നു തുണച്ചു. ഇരുമ്പുലക്ക പോലുള്ള വലിയ ഗദയെടുത്ത്‌ ഭീമനും ആ പെരുംപടയെ അണിനിരത്തി. ദുരാധര്‍ഷനും മഹാശയനും അര്‍ക്കനെ പോലെ ദുഷ്പ്രേക്ഷ്യനും സൈനൃ സന്താപകാരിയുമായ ഭീമനെ അടുത്തു നിന്നു നോക്കുവാന്‍ ഒരു യോദ്ധാവും ശക്തനായില്ല. വജ്രം എന്ന ആ വ്യൂഹം നിര്‍ഭയവും സര്‍വ്വതോന്മുഖവുമാണ്‌. ചാപമാകുന്ന മിന്നല്‍ക്കൊടിയോടു കൂടി ഗാണ്ഡീവി ഭരിക്കുന്നതാണത്‌. നിന്റെ പടയ്ക്ക്‌ ഈ എതിര്‍വ്യൂഹം പാണ്ഡവന്‍ കെട്ടി നിൽക്കുന്നു. പാണ്ഡവന്മാര്‍ കാക്കുന്ന ആ വ്യൂഹത്തെ ജയിക്കുവാന്‍, വജ്രവ്യൂഹത്തെ, ജയിക്കുവാന്‍ മര്‍ത്തൃ ലോകത്ത്‌ ആര്‍ക്കും സാദ്ധ്യമല്ല.

സൂര്യോദയത്തില്‍ സൈന്യങ്ങള്‍ സന്ധ്യ സേവിച്ചു നിൽക്കുമ്പോള്‍ കാറില്ലാതെ ഇടിവെട്ടുകയും, നീരണിഞ്ഞ കാറ്റു വീശുകയും ചെയ്തു. താഴെയായി ചരല്‍ വാരിയെറിയുന്ന ചുഴലിക്കാറ്റും അടിച്ചു. ഭയങ്കരമായി പൊടിപടലം പരത്തി ആകാശം മറയ്ക്കുകയും ഇരുട്ടു പരക്കുകയും ചെയ്തു. കിഴക്കായി വലിയ കൊള്ളിമീന്‍ പാഞ്ഞണഞ്ഞു. ഉദിച്ചു വരുന്ന അര്‍ക്കനില്‍ അതു ചെന്ന്‌ ഭയങ്കര സ്വരത്തോടെ ഇടിച്ചു തകരുകയും ചെയ്തു.

പിന്നെ, സൈന്യം പുറപ്പെടുന്ന സമയത്ത്‌ ഉദയ സൂര്യന്‍ മങ്ങുകയും ഭൂകമ്പവും അതോടൊപ്പം വലിയ ഒരു ഇരമ്പവും ഉണ്ടായി. ഭൂമി അപ്പോള്‍ പൊട്ടുകയും തകരുകയും ദിക്കിലൊക്കെ നിര്‍ഘാതങ്ങൾ ഉണ്ടാവുകയും ചെയ്തു. പൊടിപടലം പറന്ന്‌ ഒന്നും അറിയാത്ത മട്ടിലായി.

കൊടികളെല്ലാം ചുഴലിയില്‍ പെട്ടു കുലുങ്ങി. മണികളും പൊന്നുകളും പുമാലകളും അണിവസ്ത്രങ്ങളും ചേര്‍ന്നതും കൊടിക്കൂറകള്‍ കൊണ്ട്‌ അര്‍ക്കകാന്തി വെല്ലുന്നതുമായ കൊടികളൊക്കെ കൂട്ടിയടിച്ചു പനങ്കാട്ടിലെന്ന പോലെ ത്ധണ ത്ധണല്‍ ക്കാരമുണ്ടാക്കി. ഇപ്രകാരം പോരിന് പുറപ്പെട്ട പുരുഷ വ്യാഘ്രരായ പാണ്ഡവന്മാര്‍ ഭവാന്റെ മക്കളുടെ സേനയോട്‌ എതിര്‍ക്കുവാന്‍ തക്ക എതിര്‍ വ്യൂഹം കെട്ടി നിന്നു. ഭടന്മാരുടെ മജ്ജകളൊക്കെ പിഴിഞ്ഞെടുക്കുന്ന വിധം വലിയ ഗദയുമായി ആ വ്യൂഹത്തിന്റെ പുരോഭാഗത്തായി ഭീമസേനന്‍ നിന്നു.

20. സൈന്യവര്‍ണ്ണനം - ധൃതരാഷ്ട്രന്‍ പറഞ്ഞു; ഹേ സഞ്ജയാ, പുലര്‍ച്ചയില്‍ ആരാണ്‌ ഹര്‍ഷത്തോടു കൂടെ പോരിന് വന്നു നിന്നത്‌? ഭീഷ്മൻ നടത്തുന്ന എന്റെ ഭടന്മാരോ, ഭീമന്‍ നടത്തുന്ന പാണ്ഡവ യോധന്മാരോ? അവരുടെ പുറപ്പാടില്‍ ആരുടെ പിന്നിലായിരുന്നു സോമനും സൂര്യനും അനിലനും? ആര് പുറപ്പെട്ടപ്പോഴാണ്‌ കുറുക്കനും മറ്റും ഓരിയിട്ടത്‌; ആര്‍ക്കൊക്കെ പുറപ്പാടില്‍ മുഖവര്‍ണ്ണം തെളിഞ്ഞിരുന്നു? ഈ പറഞ്ഞതൊക്കെ ആര്‍ക്കാണ്‌ കണ്ടതെന്ന്‌ നീ ശരിയായി പറയുക!

സഞ്ജയന്‍ പറഞ്ഞു: സൈന്യങ്ങള്‍ രണ്ടും തുല്യമായി ഒപ്പം വന്നണഞ്ഞു. രണ്ടു വ്യൂഹങ്ങളും ഹര്‍ഷതുന്ദിലന്മാരായി രുന്നു. രണ്ടു വ്യൂഹവും കാട്ടുനിരപ്പു പോലെ ചിത്രമായിരുന്നു. രണ്ടുഭാഗവും നരന്മാര്‍, ആനകള്‍, അശ്വങ്ങള്‍ ഇവയാല്‍ പൂര്‍ണ്ണമായിരുന്നു. സൈന്യം രണ്ടും വിസ്തൃതമായ ഭൂഭാഗം പോലെ പരന്നു കണ്ടു. രണ്ടും ദുഷ്പ്രധര്‍ഷം തന്നെ! രണ്ടു ഭാഗക്കാരും തുല്യമായിത്തന്നെ പടവെട്ടി ചാകുവാന്‍ സന്നദ്ധരായി നിന്നു. പടിഞ്ഞാട്ടു തിരിഞ്ഞു കൗരവന്മാരും കിഴക്കോട്ടു തിരിഞ്ഞു പാര്‍ത്ഥന്മാരും നിന്നു. ദൈത്യേന്ദ്ര സേന പോലെ കൗരവസേനയും, ദേവേന്ദ്രസേന പോലെ പാണ്ഡവസേനയും ശോഭിച്ചു. പിന്നില്‍ നിന്നു പാണ്ഡവന്മാര്‍ക്ക് അനുകൂലമായ, ശുഭലക്ഷണമായ, കാറ്റുവീശി. അപ്പോള്‍ അശുഭ സൂചകമായി ചെന്നായ ധാര്‍ത്തരാഷ്ട്രന്മാരുടെ പിന്നില്‍ നിന്ന്‌ ആര്‍ത്ത്‌ ഓരിയിട്ടു. ഗജേന്ദ്രന്മാരുടെ മദഗന്ധം നിന്റെ പുത്രന്മാരാകുന്ന ആനക്കൂട്ടം സഹിച്ചില്ല. ദുര്യോധനന്‍, പൊന്നണിഞ്ഞ്‌ മദംചാടുന്ന ഒരു പാണ്ടന്‍ ആനയുടെ പുറത്തു കയറി കുരുക്കളുടെ നടുവില്‍ കയറി നിന്നു. അപ്പോള്‍ വന്ദി സമൂഹങ്ങള്‍ അവനെ വാഴ്ത്തി സ്തുതിച്ചു. അവന്റെ തലയ്ക്കു മുകളില്‍ പൊന്നലുക്കുള്ള വെണ്‍കൊറ്റക്കുട ചന്ദ്രമണ്ഡലം പോലെ ശോഭിച്ചു. അവന് ചുറ്റും പാര്‍വ്വതീയരായ ഗാന്ധാരന്മാരോടു കൂടി ഗാന്ധാര രാജാവായ ശകുനി നിന്നു.

വൃദ്ധനായ ഭീഷ്മൻ സേനകള്‍ക്കൊക്കെ മുമ്പിലായി വെള്ളക്കുടയും വെള്ളവില്ലും വെള്ളവാളും വെള്ളത്തലപ്പാവും വെള്ളക്കൊടിയുമായി വെള്ളമല പോലെയുള്ള വെള്ളക്കുതിരകളെ പൂട്ടിയ വെള്ളത്തേരില്‍ നിന്നു.

ആ സൈന്യത്തില്‍ ധാര്‍ത്തരാഷ്ട്രന്മാര്‍ എല്ലാവരും, ബാല്‍ഹീകന്മാരുടെ ഭാഗത്ത്‌ ശലന്‍, അംബഷ്ഠന്മാര്‍, സിന്ധു സൗവീര രാജാക്കള്‍, ശൂരന്മാരായ പഞ്ചാബുകാര്‍ എന്നിവരും ശോണാശ്വനായ രുക്മരഥനും നിന്നു. വില്ലും കൈയിലേന്തി ദൈന്യം കൂടാതെ പിന്‍ഭാഗത്തായി സര്‍വ്വ ഉര്‍വ്വീശന്മാരുടേയും ആചാര്യനായ ദ്രോണനും മന്നിന് ഇന്ദ്രന്‍ എന്ന പോലെ നിന്നു.

വൃദ്ധക്ഷത്രാത്മജനായ ഭൂരിശ്രവസ്സ്‌, പുരുമിത്രന്‍, ജയന്‍, കേകയന്മാര്‍, സാല്വന്‍, ഗജാനീകം ചേര്‍ന്ന എതിര്‍ക്കുന്ന സഗര്‍ഭ്യരായ മത്സ്യര്‍ ഇവര്‍ മദ്ധ്യത്തില്‍ നിന്നു.

ഇടത് ഭാഗത്ത്‌ കിരാതന്മാര്‍, പഹ്ളവന്മാര്‍, യവനന്മാര്‍, ശകന്മാര്‍ ഇവരോടു കൂടി ചിത്രയോധിയായ ഗൗതമന്‍ എത്തി. വലത് വശത്തായി മഹാരഥന്മാരായ വൃഷ്ണിഭോജ സുരാഷ്ട്രന്മാരും ബലവാനായ കൃതവര്‍മ്മാവും ബലമുള്ള ആയുധങ്ങളുമായി അങ്ങയുടെ സൈന്യത്തെ കാത്തുനിന്നു. പതിനായിരം സംശപ്തക രഥീന്ദ്രന്മാര്‍ അസ്ത്രമെടുത്ത്‌ പാര്‍ത്ഥനു മരണമോ ജയമോ രണ്ടാലൊന്നുറപ്പിച്ച്‌ പാര്‍ത്ഥന്‍ നിൽക്കുന്ന ദിക്കിലേക്കായി ത്രിഗര്‍ത്തന്മാരായ ശൂരന്മാരോടു കൂടി ചെന്നു.

ഹേ രാജാവേ, നിനക്കു നൂറായിരത്തിലധികം ആനകളും ആന തോറും നൂറു രഥങ്ങളും രഥം തോറും നൂറു കുതിരകളും കുതിര തോറും പത്തു ധനുര്‍ദ്ധരന്മാരും ധനുര്‍ദ്ധരന്‍ തോറും നൂറു ചമ്മികളും ഇങ്ങനെ ഭവാന്റെ വ്യൂഹം ഭീഷ്മൻ കെട്ടി. ദേവ മാനുഷ ഗന്ധര്‍വ്വാസുര വ്യൂഹങ്ങള്‍ ചമയ്ക്കുന്ന ശാന്തനവനായ ഭീഷ്മൻ ദിനം തോറും മുന്നിട്ടു നിന്നു. രഥ്ഔഘം കടല്‍ പോലെ ആര്‍ത്തു. ഭീഷ്മൻ കാക്കുന്ന കുരുവ്യൂഹം പോരിന്നായി പടിഞ്ഞാട്ടു തിരിഞ്ഞ്‌ ഏറ്റു.

രാജാവേ, നിന്റെ സൈന്യം വലിയതാണ്‌. പാണ്ഡവ സൈന്യം അത്രയ്ക്കില്ല. എന്നാല്‍ അതും നിസ്സാരമല്ല. വന്‍പുള്ളതു തന്നെയാണ്‌. കൃഷ്ണാര്‍ജ്ജുനന്മാര്‍ നയിക്കുന്നതാണ്‌ ആ സൈന്യം.

21. യുധിഷ്ഠിരാര്‍ജ്ജുന സംവാദം - സഞ്ജയന്‍ പറഞ്ഞു: ധാര്‍ത്തരാഷ്ട്രന്റെ വലിയ സൈന്യം പൊരുതാന്‍ നിൽക്കുന്നതു കണ്ടപ്പോള്‍ കുന്തീപുത്രനായ യുധിഷ്ഠിരന്‍ വിഷാദാകുലനായി. ഭീഷ്മൻ തീര്‍ത്ത അഭേദ്യമായ വ്യൂഹം നോക്കി കണ്ടപ്പോള്‍, ഇത്‌ എങ്ങനെ ഭേദിക്കുവാന്‍ കഴിയും, അസാദ്ധ്യം തന്നെ എന്നു വിചാരിച്ചു വാടിത്തളര്‍ന്ന്‌ യുധിഷ്ഠിരന്‍ അര്‍ജ്ജുനനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: അര്‍ജ്ജുനാ! നമുക്കു പോരില്‍ എങ്ങനെ പൊരുതാന്‍ കഴിയും? ഭീഷ്മൻ യോദ്ധാവായിരിക്കെ ധാര്‍ത്തരാഷ്ട്രനെ എങ്ങനെ പൊരുതി ജയിക്കുവാന്‍ കഴിയും? ഈ വ്യൂഹം അക്ഷോഭ്യവും അഭേദ്യവുമാണ്‌. ഭീഷ്മൻ ശത്രു വിനാശനനാണ്‌. തേജസ്വിയായ അവന്‍ ശാസ്ത്രോക്തി പോലെ ചരിക്കുകയാല്‍ സൈന്യത്തോടു കൂടെ നമ്മള്‍ സംശയത്തില്‍ പെട്ടു പോയിരിക്കുന്നു. അരികര്‍ശനാ! നമുക്ക്‌ എങ്ങനെ ഈ വ്യൂഹത്തെ കയറിക്കടന്ന്‌ വിജയത്തിൽ എത്തുവാന്‍ കഴിയും? ജ്യേഷ്ഠന്‍ വിഷണ്ണനായിരിക്കുന്നു എന്നു കണ്ട്‌ ശത്രുജിത്തായ അര്‍ജ്ജുനന്‍ യുധിഷ്ഠിരനോടു പറഞ്ഞു; "രാജാവേ, ഭവാന്റെ ഈ പട ചെറുതാണെങ്കിലും പ്രജ്ഞയാല്‍ ഗുണം കൂടിയതും വളരെ ശൂരന്മാരെ ജയിക്കുവാന്‍ മതിയായതുമാണ്‌. എന്തു കൊണ്ടാണെന്നു ഞാന്‍ പറയാം. ഇതിന്റെ രഹസ്യം നാരദനും ഭീഷ്മനും ദ്രോണനുമറിയാം. പണ്ട്‌ ദേവാസുര മഹായുദ്ധത്തില്‍ വാനവരോട്‌ പിതാമഹന്‍ പറഞ്ഞ ഒരു സംഗതി ഞാന്‍ പറയാം".

ബലവിര്യങ്ങള്‍ കൊണ്ടു മാത്രം ജയാര്‍ത്ഥികള്‍ ജയിക്കുകയില്ല. സത്യധര്‍മ്മ നൃശംസ്യങ്ങള്‍ കൊണ്ടു ജയം നേടാം. ധര്‍മ്മം, അധര്‍മ്മം, ലോഭം ഇവ കണ്ട്‌ ഉത്തമമായതു കൈക്കൊള്ളുക. നിരഹങ്കാരമായി പൊരുതുക. ധര്‍മ്മം എവിടെയുണ്ടോ അവിടെ ജയമുണ്ടാകും. ആ വാക്കുകള്‍ ചിന്തിച്ചു നോക്കൂ! രാജാവേ, ഈ കാര്യം ഭവാന്‍ നല്ല പോലെ വിശ്വസിക്കുക. അതുകൊണ്ട്‌ നമ്മള്‍ക്കാണ്‌ ഈ യുദ്ധത്തില്‍ ജയം ഉണ്ടാവുക. അപ്രകാരം തന്നെ നാരദനും പറഞ്ഞു. കൃഷ്ണന്‍ ഉള്ളത്‌ എവിടെയോ അവിടെയാണു ജയം എന്ന്‌. ജയം കൃഷ്ണന് അടിമയാണ്‌. ഗുണവും വണക്കവുമുള്ളിടത്തേ ജയമുണ്ടാകു. അവയെല്ലാം മാധവനില്‍ സ്ഥിതി ചെയ്യുന്നു. അനന്തശക്തിയായ ഗോവിന്ദന്‍ ശത്രുക്കൂട്ടത്തില്‍ വൃഥയില്ലാത്തവനാണ്‌. ശാശ്വതനായ പുരുഷനും ദേവനുമായ കൃഷ്ണന്‍ ഉള്ളിടത്ത്‌ ജയം ഉണ്ടാകും. അകുണ്ഠ സായകനും വികുണ്ഠനുമായ ഹരിയാണ്‌ കൃഷ്ണന്‍. ദേവാസുര യുദ്ധത്തില്‍ ആര് ജയിക്കുമെന്ന്‌ കൃഷ്ണനോടു ചോദിച്ചപ്പോള്‍, "കൃഷ്ണാ, ഞങ്ങള്‍ എങ്ങനെ ജയിക്കേണ്ടു?", എന്നു ചോദിച്ചവരാണ്‌ ജയിച്ചത്‌. ആ മഹാത്മാവിന്റെ പ്രസാദത്താല്‍ മൂന്നു പാരും ശക്രാദി ദേവന്മാര്‍ നേടി. അതു ചിന്തിക്കു മ്പോള്‍ അങ്ങയ്ക്കു വൃഥയ്ക്കു യാതൊരു വഴിയും ഞാന്‍ കാണുന്നില്ല. വിശ്വഭുക്കും അമരേശ്വരനുമായ ഭഗവാന്‍ അങ്ങയ്ക്കു വിജയം കാംക്ഷിക്കുമ്പോള്‍ എവിടെയാണ്‌ പരാജയം?

22. ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം - സഞ്ജയന്‍ പറഞ്ഞു: യുധിഷ്ഠിര രാജാവ്‌, പിന്നെ ഭീഷ്മന്റെ സേനയ്ക്ക്‌ എതിര്‍വ്യൂഹം കെട്ടി. ഉദ്ദേശിച്ച പോലെ ശത്രുസൈന്യത്തിന് എതിരായിട്ടുള്ള അണി നിരത്തി. നല്ല പോരില്‍ സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ ഇച്ഛിച്ചു കൊണ്ട്‌ രാജാക്കന്മാരെല്ലാം നിന്നു. ശിഖണ്ഡിയുടെ വ്യൂഹമദ്ധ്യം സവ്യസാചി രക്ഷിച്ചു. ധൃഷ്ടദ്യുമ്നന്‍ ഭീമസേനന്റെ രക്ഷയില്‍ മുമ്പു കയറി നിന്നു. സാതൃകി വലത്തു സൈന്യം രക്ഷിച്ചു കൊണ്ടു നിന്നു. ഇന്ദ്രനെ പോലെ ശൂരനായ വില്ലാളിയാണ്‌ ആ സാത്വത പുംഗവന്‍.

മഹേന്ദ്രയാനം പോലെ വേണ്ട ഉപകരണങ്ങളോടും സുവര്‍ണ്ണ രത്‌നാഞ്ചിതമായി ശോഭിക്കുന്നതും, ഉത്തമവും, സുവര്‍ണ്ണ ഭാണ്ഡത്തോടു കൂടിയ കടിഞ്ഞാൺ ഉള്ളതുമായ രഥത്തില്‍ കയറി ഗജക്കൂട്ടത്തില്‍ ധര്‍മ്മജന്‍ സ്ഥിതി ചെയ്തു. ഉയര്‍ന്നതും, ദന്തശലാക ഉള്ളതുമായ അവന്റെ വെള്ളക്കുട ഏറ്റവും മനോഹരമായി പ്രകാശിച്ചു. മഹര്‍ഷിമാര്‍ ഇന്ദ്രനെ വലം വെയ്ക്കുന്ന വിധത്തില്‍ ധര്‍മ്മരാജാവിനെ അപ്പോള്‍ വലം വെച്ചു. . ശത്രുവിന് നാശം ആശംസിക്കുന്ന പുരോഹിതന്മാരും വിജ്ഞാനികളായ മഹര്‍ഷിമാരും സിദ്ധന്മാരും മന്ത്രങ്ങളും മഹൗഷധങ്ങളും ജപിച്ചു ധരിച്ച്‌ ചുറ്റും, "ശുഭമാകട്ടെ!", എന്നു പറഞ്ഞ്‌ നില്പായി. പശുക്കളും, വസ്ത്രങ്ങളും, ഫലങ്ങളും, പൂക്കളും, നിഷ്ക്കങ്ങളും മറ്റും ഭൂസുരന്മാര്‍ക്കായി നല്കിക്കൊണ്ട്‌ ആ കുരുമുഖ്യനായ രാജാവ്‌ ദേവാധിപ ശക്രതുല്യന്‍ ഇറങ്ങി. സൂര്യനെ പോലെ ശോഭിക്കുന്ന നൂറായിരം രത്നങ്ങള്‍ പതിച്ചതും വിശിഷ്‌ടമായ സ്വര്‍ണ്ണം കൊണ്ട്‌ അലങ്കരിച്ചതും അഗ്നി പോലെ ജ്വലിക്കുനതുമായ അര്‍ജ്ജുനന്റെ തേര്‍ വെള്ളക്കുതിരകളെ പൂട്ടി, നല്ല ചക്രങ്ങളോടു കൂടി പ്രശോഭിച്ചു. കൃഷ്ണന്‍ സാരഥിയായിട്ടുള്ള ആ തേരില്‍ ഗാണ്ഡീവമെന്ന വില്ലും ശരങ്ങളുമായി കപിധ്വജന്‍ കയറി. ഈ മന്നില്‍ അവന് തുല്യനായി ഒരു വില്ലാളിയും ഇല്ല. ഇനി ഉണ്ടാവുകയുമില്ല. ഭവാന്റെ പുത്രന്റെ സൈന്യത്തെ മുടിക്കുമാറ്‌ ഭയങ്കരമായ രൗദ്രാകൃതി എടുക്കുന്നവനും ആയുധമൊന്നും കൂടാതെ കൈകൊണ്ടു തന്നെ നരന്മാരേയും അശ്വങ്ങളേയും ഗജങ്ങളേയും മുടിക്കുന്നവനുമായ ആ ഭീമസേനന്‍ യമന്മാരോടു കൂടി നിന്നു. വീരരഥം ഭരിക്കുന്നവനും സിംഹത്തേപ്പോലേയും ഋഷഭത്തെപ്പോലേയും ഗംഭീരമായി നടക്കുന്നവനും മഹേന്ദ്ര സങ്കാശനും ദുര്‍ദ്ധര്‍ഷനുമായ വൃകോദരനെ ഉന്മത്തമായ ഗജേന്ദ്രനെ പോലെ കണ്ടതോടു കൂടി ചേറ്റില്‍ പൂണ്ടുപോയ ആനയെ പോലെ യോദ്ധാക്കളെല്ലാം ഭയചകിതരായി. സൈന്യ മദ്ധ്യത്തിലെത്തിയ ദുര്‍ദ്ധര്‍ഷനായ രാജപുത്രനെ, ഗുഡാകേശനെ നോക്കി കൃഷ്ണന്‍ ഇപ്രകാരം കല്പിച്ചു.

വാസുദേവന്‍ പറഞ്ഞു: ഇതാ രോഷത്തോടെ ജ്വലിച്ചു കൊണ്ട്‌ ബലവാനായ സിംഹത്തെ പോലെ കുരുവംശകേതു, മുന്നൂറോളം വാജിമേധം വഹിച്ചവനായ ഭീഷ്മൻ, ഈ സൈനൃത്തെ നോക്കുന്നു. കൗരവസൈന്യം ഈ യോഗ്യനെ, ഉഷ്ണകിരണനെ, മേഘങ്ങള്‍ എന്നവിധം മൂടി നിൽക്കുന്നതു നോക്കൂ! ഈ സൈന്യത്തെയെല്ലാം കൊന്നു വീഴ്‌ത്തി ഹേ, നരപ്രവീരാ। നീ ഈ ഭാരതനോടു യുദ്ധത്തിന് കാംക്ഷിക്കൂ!

23. ദുര്‍ഗ്ഗാ സ്തോത്രം - സഞ്ജയന്‍ പറഞ്ഞു; യുദ്ധത്തിന്നടുത്ത ധാര്‍ത്തരാഷ്ട്രന്റെ പടകണ്ട്‌ അര്‍ജ്ജുനന്റെ ഹിതത്തിനായി കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു; മഹാബാഹോ! നീ ശുചിയായി പോരിന് ഇറങ്ങുന്നതിന് മുമ്പ്‌ നേര്‍ക്കു നിന്ന്‌ ശത്രുക്കളെ ജയിക്കുവാന്‍ വേണ്ടി ദുര്‍ഗ്ഗാസ്തോത്രം ജപിക്കുക!

സഞ്ജയന്‍ പറഞ്ഞു: ബുദ്ധിശാലിയായ കൃഷ്ണന്‍ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍ അര്‍ജ്ജുനന്‍ തേര്‍ വിട്ടിറങ്ങി താഴെ നിന്നു കൈകൂപ്പി.ഇപ്രകാരം സ്തുതിച്ചു.

അര്‍ജ്ജുനന്‍ സ്തുതിച്ചു:

തൊഴുന്നേന്‍ സിദ്ധസേനാനീ, ആര്യേ! മന്ദരവാസിനീ! 

കുമാരീ, കപിലേ, കാളീ കാപാലീ, കൃഷ്ണപിംഗളേ! 

ഭദ്രകാളീ, മഹാകാളീ ഭവല്‍പ്പാദം നമിപ്പു ഞാന്‍.

ചണ്ഡീ, ചണ്ഡേ; നമിക്കുന്നേന്‍ താരണി!, വരവര്‍ണ്ണിനീ.

കാര്‍ത്യായനീ, മഹാഭാഗേ, കരാളീ, വിജയേ, ജയേ! 

ശിഖിപിഞ്ഛധ്വജധരേ നാനാഭൂഷണഭൂഷിതേ! 

അട്ടശൂലപ്രഹരണേ, ഖഡ്ഗഖേടകധാരിണീ,

ഗോപേന്ദ്രസഹജേ, ജ്യേഷ്ഠേ നന്ദഗോപകുലോത്ഭവേ

മഹിഷാസൃക്പ്രിയേ നിത്യം കൗശികി, പീതവാസിനി 

അട്ടഹാസേ, കോകമുഖീ, നമിക്കുന്നേന്‍ രണപ്രിയേ! 

ഉമേ, ശാകംഭരീ, ശ്വേതേ, കൃഷ്ണേ, കൈടഭനാശിനീ. 

ഹിരണ്യാക്ഷീ, വിരൂപാക്ഷീ, ധൂമ്രാക്ഷീ, കൂപ്പിടുന്നു ഞാന്‍. 

വേദശ്രുതി, മഹാപുണ്യേ, ബ്രാഹ്മണ്യേ ജാതവേദസീ,

ജംബൂകടകചൈത്യങ്ങള്‍ വാണീടുന്ന മഹേശ്വരീ.

വിദ്യയ്ക്കും വിദ്യയാം ബ്രഹ്മം! ജനാവലിയില്‍ നിദ്ര നീ! 

സ്കന്ദമാതാവു നീ ദേവീ ദുര്‍ഗേ, കാന്താരവാസിനീ! 

സ്വാഹ പിന്നെ, സ്വധപരം കല, കാഷ്ഠ, സരസ്വതി 

സാവിത്രി, വേദമാതാവും നീതാന്‍ വേദാന്തമായതും. 

സ്തുതിപ്പേന്‍ ഞാന്‍ മഹാദേവീ ശുദ്ധമാകും മനസ്സൊടും 

വിജയിക്കേണമെന്നും ഞാന്‍ നിന്‍ പ്രസാദത്തിനാല്‍ രണേ! 

കാന്താരഭയദുര്‍ഗ്ഗത്തില്‍ ഭക്തന്മാരുടെ വീട്ടിലും 

പാതാളത്തിങ്കലും വാണു വധിച്ചിടുന്നു ദൈത്യരെ. 

ജൃംഭനീ മോഹിനീ മായ ഹ്രീ ശ്രീയൊക്കെയുമാണു നീ 

സന്ധ്യാ പ്രഭാവതിദേവീ സാവിത്രീമാതുമല്ലയോ? 

തുഷ്ടീ പുഷ്ടീ ദീപ്തി ധൃതിയര്‍ക്കചന്ദ്രവിവര്‍ദ്ധനീ. 

ഭൂതി നീ ഭൂതിമാന്മാര്‍ക്ക്‌, പോരില്‍ സിദ്ധര്‍ഷിദൃശ്യ നീ!

സഞ്ജയന്‍ പറഞ്ഞു: പാര്‍ത്ഥന്റെ ഭക്തി കണ്ട്‌ മാനവ വത്സലയായ ദേവി ഗോവിന്ദന്റെ ശിരസ്സിന് മുകളില്‍ അന്തരീക്ഷത്തില്‍ നിന്ന്‌ ഇപ്രകാരം പറഞ്ഞു.

ദേവി പറഞ്ഞു; ഹേ! ഭാരതാ! നീ അല്പ കാലത്തിനുള്ളില്‍ ശത്രുക്കളെ ജയിക്കും! നീ ദുര്‍ദ്ധര്‍ഷനായ നരനാണ്‌. നാരായണ സഹായിയാണു നീ. നിന്നെ പോരില്‍ ജയിക്കുവാന്‍ വജ്രിക്കു കൂടി സാധിക്കുകയില്ല, എന്നു പറഞ്ഞ്‌ വരദയായ ദേവി ക്ഷണത്തില്‍ മറഞ്ഞു. ദേവിയുടെ വരം വാങ്ങി കൗന്തേയന്‍ തന്റെ ജയം ഉള്ളില്‍ ദൃഢമായി ഉറപ്പിച്ചു. പിന്നെ അര്‍ജ്ജുനന്‍ ശ്രേഷ്ഠമായ തേരില്‍ കയറി. ഒറ്റത്തേരില്‍ സ്ഥിതി ചെയ്യുന്ന കൃഷ്ണാര്‍ജ്ജുനന്മാര്‍ തങ്ങളുടെ ദിവ്യമായ ശംഖുകള്‍ വിളിച്ചു.

നിത്യവും പ്രഭാതത്തില്‍ എഴുന്നേറ്റ ഉടനെ ഈ സ്തോത്രം ജപിക്കുന്ന മനുഷ്യന്‍ യക്ഷരക്ഷാസുരകളുടേയും പിശാചുക്കളുടേയും, പീഡ ഒരിക്കലും അനുഭവിക്കുകയില്ല. ദംഷ്ട്രികളുടേയും, സര്‍പ്പാദികളുടേയും, ശത്രുക്കളുടേയും പീഡകള്‍ ഏൽക്കുകയില്ല. അവന് രാജാക്കന്മാരില്‍ നിന്നും ഭയം നേരിടുകയില്ല. വിവാദത്തില്‍ ജയം നേടുകയും, ബന്ധനസ്ഥനാണെങ്കില്‍ അവന്‍ അതില്‍ നിന്ന്‌ വിമുക്തനാവുകയും ചെയ്യും.

ദുര്‍ഗ്ഗം കടക്കുമ്പോള്‍ അവനെ ചോരന്മാര്‍ വിട്ടൊഴിയും. യുദ്ധത്തില്‍ നിത്യവും ജയവും ശ്രീയും നേടും. രോഗബാധ കൂടാതെ ശക്തിയോടു കൂടി നൂറു വത്സരം ജീവിക്കും. ഈ അനുഗ്രഹങ്ങള്‍ വ്യാസന്റെ പ്രസാദത്താല്‍ എനിക്കു ലഭിച്ച ദിവൃജ്ഞാനംകൊണ്ട്‌ ഞാന്‍ കണ്ടിരിക്കുന്നു.

രാജാവേ, ഭവാന്റെ മക്കള്‍ മൌഡ്യം കൊണ്ട്‌ നരനാരായണന്മാരെ അറിയുന്നില്ല. അവര്‍ എല്ലാവരും ദുരാത്മാക്കളും മൃത്യുവില്‍ ആണ്ടവരുമാണ്‌. കാലപാശക്കെട്ടു പെട്ടവരാണ്‌ അവര്‍. കാലോചിതമായ വാക്കുകള്‍ പറഞ്ഞ്‌ ദ്വൈപായനനും, നാരദനും കണ്വനും ജാമദഗ്ന്യനും ഭവാന്റെ മകനെ തടുത്തു. അവന്‍ അതു കൈക്കൊള്ളുക ഉണ്ടായില്ലല്ലോ! ധര്‍മ്മം, കാന്തി, ദ്യുതി, ഹ്രീ, ശ്രീ, മതി എന്നിവ എവിടെയുണ്ടോ, ധര്‍മ്മം എവിടെയുണ്ടോ, അവിടെ കൃഷ്ണനുണ്ട്‌. കൃഷ്ണന്‍ എവിടെയുണ്ടോ, അവിടെ ജയമുണ്ട്‌

24. ധൃതരാഷ്ട്ര സഞ്ജയ സംവാദം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ആരുടെ യോധന്മാരാണ്‌ ഹര്‍ഷത്തോടു കൂടി ആദ്യം എതിര്‍ത്തു കയറിയത്‌? ഉദഗ്ര ചിത്തന്മാരും ദീനമാനസന്മാരും ആയവര്‍ ആരൊക്കെയാണ്‌? ഹൃദയം പിടയുന്ന ആ പോരില്‍ ആദ്യമായി എയ്തത്‌ ആരാണ്‌? എന്റെ കൂട്ടരാണോ, അതോ പാണ്ഡുവിന്റെ കൂട്ടരോ? സഞ്ജയാ! പറയൂ! ആരുടെ സൈന്യ സംഘത്തില്‍ ഗന്ധമാല്യ സമുത്ഭവമായ ഘോഷങ്ങളും അനുകൂലോക്തികളും ഉണ്ടായി?

സഞ്ജയന്‍ പറഞ്ഞു: അപ്പോള്‍ രണ്ടു സൈന്യ വിഭാഗത്തിലും യോദ്ധാക്കള്‍ വളരെ ഹര്‍ഷിച്ചു. പൂമാലകളുടെ മണം രണ്ടു സൈന്യത്തിലും തുല്യമായിരുന്നു. വ്യൂഹം കെട്ടി കൂടി നിൽക്കുന്ന ഭടന്മാര്‍ ഒന്നിച്ചാണു കയറിയത്‌. അപ്പോള്‍ വലിയ തിരക്കുണ്ടായി. ബഹളമായ വാദൃ ഘോഷവും ഭേരീശംഖരവങ്ങളും പൊങ്ങി. ശൂരന്മാരായ രണവീരന്മാര്‍ തമ്മില്‍ ആർക്കുന്ന ഘോഷവും ഭയങ്കരമായി മാറ്റൊലിക്കൊണ്ടു. രണ്ടു സൈന്യത്തിലും പരസ്പരം നോക്കി നിൽക്കുന്ന യോധവീരന്മാരുടെയും, ആർക്കുന്ന ആനകളുടെയും, ഹര്‍ഷം കൊള്ളുന്ന ഭടന്മാരുടെയും സമാഗമം മഹത്തരമായിരുന്നു!

ദുര്‍ഗ്ഗാ സ്തോത്രം - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍  ഭാഷാഭാരത വിവത്തനം 



No comments:

Post a Comment