അദ്ധ്യായം 121. ദണ്ഡസ്വരുപാദികഥനം
122. ദണ്ഡോല്‍പത്യുപാഖ്യാനം - ദണ്ഡത്തിന്റെ കഥ
123. കാമന്ദകാംഗരിഷ്ഠസംവാദം - ധര്‍മ്മാര്‍ത്ഥ കാമങ്ങളെക്കുറിച്ചുള്ള ചിന്ത
124. ശീലവര്‍ണ്ണനം - ധൃതരാഷ്ട്രന്‍ ദുര്യോധനന് പറഞ്ഞു കൊടുത്ത ഇന്ദ്രപ്രഹ്ളാദന്മാരുടെ കഥ
125 - 128. ഋഷഭഗീത - സുമിത്രന്റെയും ഋഷഭന്റെയും കഥ
129. യമഗൗതമസംവാദം
130. ആപത്കാലധര്‍മ്മം
131. ആപത്തിലകപ്പെട്ട രാജാവിന്റെ കര്‍ത്തവ്യം
132. രാജര്‍ഷിവ്യത്തം - രാജാക്കന്മാരുടെ ധര്‍മ്മം
133. കോശസംഗ്രഹണം - രാജാവ് ഭണ്ഡാരം പുഷ്ടിപ്പെടുത്തണം
134. പാപമുക്തിക്കുള്ള പ്രായശ്ചിത്തം
135. കായവ്യചരിതം - പാപമുക്തനായ കായവ്യനെന്ന കാട്ടാളന്റെ കഥ
136. രാജധര്‍മ്മം
137. ശാകുളോപാഖ്യാനം - മുന്നു മത്സ്യങ്ങളുടെ കഥ
138. മാര്‍ജ്ജാരമുഷികസംവാദം - പൂച്ചയുടെയും എലിയുടെയും കഥ
139.. പുജനീബ്രഹ്മദത്തസംവാദം - പുജനിയുടേയും ബ്രഹ്മദത്തന്റേയും കഥ
140. കണികോപദേശം - ഭാരദ്വാജകണികന്റെ ഉപദേശം
141. വിശ്വാമിത്രചണ്ഡാലസംവാദം - വിശ്വാമിത്രന്റെയും ചണ്ഡാലന്റെയും കഥ
142. രാജധര്‍മ്മനിശ്ചയം
143. കപോതലുബ്ധകസംവാദോപ്രകമം - വ്യാധന്റേയും കപോതദമ്പതികളുടെയും കഥ
145. കപോതീവാക്യം - കപോതത്തോട് കപോതി പറയുന്ന വാക്യം
146. കപോതലുബ്ധകസംവാദം - പ്രാവ് വ്യാധന് വേണ്ടി ആത്മസമര്‍പ്പണം ചെയ്യുന്നു
147. ലുബ്ധകോപരതം - വ്യാധന്റെ വൈരാഗ്യം
148. കപോതസ്വര്‍ഗ്ഗഗമനം - കപോതിയുടെ വിലാപവും അഗ്നിപ്രവേശവും
149. ലുബ്ധകന്റെ സ്വര്‍ഗ്ഗഗമനം
150. ഇന്ദ്രോതപാരിക്ഷിതീയം - ജനമേജയന്റെയും ഇന്ദ്രോതന്റെയും കഥ
അദ്ധ്യായം 121. ദണ്ഡസ്വരുപാദികഥനം - യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹന്‍ പറഞ്ഞ ഈ രാജധര്‍മ്മം സനാതനമാണ്. ദണ്ഡം മഹത്താണ്. ഈശ്വരനാണ് ഈ ദണ്ഡം, എല്ലാം ദണ്ഡത്തിലടങ്ങിയിരിക്കുന്നു. ദേവകള്‍ക്കും, ഋഷീന്ദ്രന്മാര്‍ക്കും ശ്രീമത്തായ പിതൃഗണത്തിന്നും, വിശേഷിച്ചും സാദ്ധ്യന്മാര്‍ക്കും, യക്ഷന്മാര്‍ക്കും, പിശാചുക്കള്‍ക്കും, ആശരന്മാര്‍ക്കും, എല്ലാ പ്രാണികള്‍ക്കും, ലോകത്തിലെ തിര്യക്കുകള്‍ക്കും, എല്ലാറ്റിലും വ്യാപിച്ച തേജസ്വിയായ ദണ്ഡം എല്ലാറ്റിനും മേലെ തന്നെയാണ് എന്നാണല്ലോ അങ്ങു പറഞ്ഞത്. ആലോചിച്ചു നോക്കിയാല്‍ ദണ്ഡത്തില്‍ ചരാചരങ്ങളെല്ലാം ദേവാസുരമനുഷ്യരടക്കം എല്ലാ ലോകവും നില്ക്കുന്നതായിക്കാണുന്നു. ഇത് ശരിയായും അറിയുവാന്‍ എനിക്കാഗ്രഹമുണ്ട്. ദണ്ഡമെന്നാലെന്ത്? ദണ്ഡം ഏതു മട്ടില്‍ നില്ക്കുന്നു? ആത്മാവെന്ത്? ഉല്‍ഭൂതിയെന്ത് ? മൂര്‍ത്തിയെന്ത്? ദണ്ഡം പ്രജകളില്‍ സജ്ജമായി ഉണര്‍ന്നു ചെയ്യുന്നതെങ്ങനെ? എന്ത് ഇതു പൂര്‍വ്വാപരമായി കാത്ത് ഉണര്‍ച്ചയില്‍ നില്ക്കുന്നു? എന്ത് മുന്‍പ് അറിയുന്നു? താഴ്ന്നു നില്ക്കുന്ന ദണ്ഡമെന്താണ്? സ്വസ്ഥമായ ദണ്ഡമേതാണ്? എന്താണിതിന്ന് ഗതിയായി പറയുന്നത്? എല്ലാം പിതാമഹാ! അങ്ങ് വിശദമായി പറഞ്ഞുതന്നാലും!
ഭീഷ്മൻ പറഞ്ഞു: ഹേ, കൗരവ്യ, കേള്‍ക്കുക! ഞാന്‍ പറഞ്ഞു തരാം. ദണ്ഡമെന്നതു തന്നെയാണ് വ്യവഹാരം. സര്‍വ്വതും ഏതൊന്നിന്ന് അധീനമാണോ അതു തന്നെയാണ് കേവലം ദണ്ഡവും. ധര്‍മ്മ്രപകാശനമാണ് വ്യവഹാരമെന്നത്. ലോകങ്ങളില്‍, സ്വര്‍ഗ്ഗാദികളില്‍, ശ്രദ്ധിക്കുന്നവന്ന് അത് എപ്രകാരം നശിക്കുന്നില്ലയോ അപ്രകാരം വ്യവഹാരത്തില്‍ വ്യവഹാരഹാരത്വവും ഇഷ്ടമായി നിലനില്ക്കുന്നു. എന്നു തന്നെയല്ല, ഇതു തന്നെയാണ് മുമ്പ് മനു നിര്‍ദ്ദേശിച്ചിട്ടുള്ളതും. (പിയവും അപ്രിയവും നോക്കാതെ തുല്യഭാവനയോടെ ദണ്ഡം നന്നായി നടത്തുന്ന രാജാവ് പ്രജകളെ നന്നായി രക്ഷിക്കുന്നവനാണ്. അവന്‍ കേവലം ധര്‍മ്മം തന്നെയാണ്. പണ്ട് ആദ്യമായി മനു പറഞ്ഞ വാക്ക് ഇപ്പോള്‍ ഞാനും പറയുന്നു എന്നേയുള്ളു രാജാവേ! അതു മഹത്തായ ബ്രഹ്മവചസ്സാണ്. ആദ്യമായി പറഞ്ഞതാകയാല്‍ ഇതിനെ ആദ്യവചസ്സ് എന്നു പറയുന്നു. വ്യവഹാരം നിര്‍ദ്ദേശിക്കയാല്‍ വ്യവഹാരം എന്ന പേരും ഇതിന്നു ലഭിച്ചു. നന്നായി നടത്തുന്ന ദണ്ഡത്തില്‍ ത്രിവര്‍ഗ്ഗം എപ്പോഴും നില നില്ക്കുന്നു. ദൈവം തന്നെയാണ് പരമമായ ദണ്ഡം. ഇതിന്നു രൂപമെന്തെന്നു പറയുകയാണെങ്കില്‍ ഇത് അഗ്നിതുല്യമാണ്. നീലോല്പലദളശ്യാമനും, ചതുര്‍ദംഷ്ട്രനും, എട്ടു കാലുള്ളവനും, ഒരു കണ്ണുള്ളവനും, കാത് കൂര്‍ത്തവനും, രോമം മേല്പോട്ടെഴുന്നേറ്റ് നില്ക്കുന്നവനുമാണ്. ജടിയും, ദ്വിജിഹ്വനും, ചുവന്ന മുഖമുള്ളവനും, സിംഹത്തിന്റെ തോലുടുത്തവനുമായ ഈ ഉഗ്രരൂപം നിത്യവും ദുര്‍ദ്ധരമായ ദണ്ഡമേന്തി നില്ക്കുന്നു. വാള്‍, വില്ല്, ഗദ, വേല്, ത്രിശൂലം, മുസലം, ശരം, മുല്‍ഗരം, മഴു, ചരം, ദണ്ഡ്, ഋഷ്ടി, കയറ്, തോമരം, ലോകത്തില്‍ കാണുന്ന എല്ലാ ആയുധങ്ങളുമേന്തി ദണ്ഡം മൂര്‍ത്തിമാനായി സര്‍വ്വാത്മാവായി ലോകത്തില്‍ ചുറ്റുന്നു.
പിളര്‍ന്നു വെട്ടിക്കീറി ഉരസി ചിന്നിമുറിച്ച് കൊലപ്പെടുത്തി പാഞ്ഞേറ്റ് എപ്പോഴും ദണ്ഡം ചുറ്റുന്നു. അസീവിശസനം, ധര്‍മ്മം, തീക്ഷ്ണവര്‍മ്മന്‍, ദുരാസദന്‍, ശ്രീഗര്‍ഭന്‍, വിജയന്‍, ശാസ്താവ് ഈ നിലയിലെല്ലാം വിരാജിക്കുന്ന വ്യവഹാരം സനാതനമായ ധര്‍മ്മമാകുന്നു.
ശാസ്ത്രം, ബ്രാഹ്മണരുടെ മന്ത്രങ്ങള്‍, ആദിശാസ്താവ്, ധര്‍മ്മഭൃത്ത്, അക്ഷരം (നാശമില്ലാത്തത്), ദേവന്‍, നിത്യഗന്‍, സത്യഗാഗ്രജന്‍, അസംഗന്‍, രുദ്രതനയന്‍, മനുജ്യേഷ്ഠന്‍ ഇങ്ങനെ പല പേരുകളും ദണ്ഡത്തിന്നു പറഞ്ഞു വരുന്നുണ്ട് യുധിഷ്ഠിരാ!
ദണ്ഡം ഭഗവാനായ വിഷ്ണുവാണ്, ദണ്ഡം പ്രഭുവായ നാരായണനാണ്, എന്നും മഹാരൂപമേന്തുന്ന മഹാപുരുഷനാണ് ധര്‍മ്മം. ബ്രഹ്മാവിന്റെ മകള്‍, ലക്ഷ്മി, വൃത്തി, സരസ്വതി, ദണ്ഡനീതി, ജഗധാത്രി എന്നൊക്കെ പലരൂപത്തിലും ദണ്ഡത്തെക്കാണുന്നു, പലപേരിലും അറിയപ്പെടുന്നു.
അര്‍ത്ഥം, അനര്‍ത്ഥം; സുഖം, ദുഃഖം; ധര്‍മ്മം, അധര്‍മ്മം; ബലം, അബലം; ഭാഗ്യം, ദുര്‍ഭാഗ്യം; പുണ്യം, അപുണ്യം; ഗുണം, അഗുണം; കാമം, അകാമം; എന്നു മാത്രമല്ല ഋതു, മാസം, രാവ്, പകല്‍, ക്ഷണം, അപ്രമാദം, പ്രമാദം, ഹര്‍ഷം, ക്രോധം, ശമം, ദമം, ദൈവം, പൌരുഷം, മോക്ഷം, അമോക്ഷം, ഭയം, അഭയം, ഹിംസ, അഹിംസ, തപം, യജ്ഞം, സംയമം, വിഷം, അവിഷം, ആദി, മദ്ധ്യം, അന്തം, കൃത്യങ്ങളുടെ വിസ്തരം, മദം, പ്രമാദം, ദര്‍പ്പം, ദംഭം, ധൈര്യം, നയം, അനയം, അശക്തി, ശക്തി എന്നും; മാനം, സ്തംഭം, വ്യയം, അവ്യയം, വിനയം, വിസര്‍ഗ്ഗം, കാലങ്ങള്‍, അകാലങ്ങള്‍, അനൃതം, ജ്ഞാനിത, സത്യം, ശ്രദ്ധ, അശ്രദ്ധ, ക്ലൈബ്യം, വ്യവസായം, ലാഭം, അലാഭം, ജയം, അജയം, തീക്ഷ്ണത്വം, മാര്‍ദ്ദവം, മൃത്യു, വാക്, അമാനാഗമം, വിരോധം, അവിരോധം, കാര്യാകാര്യം, ബലാബലം, അസുയ, അനസുയ, ധര്‍മ്മം, അധര്‍മ്മം, അപത്രപ, ത്രപ, ഹ്രീ, സമ്പത്ത്, വില്‍പ്പദം, തേജഃകര്‍മ്മങ്ങള്‍, പാണ്ഡിത്യം, വാക്ശക്തി, തത്ത്വബുദ്ധി ഇങ്ങനെ ഹേ കൗരവ്യാ! ദണ്ഡത്തിന്നു പലതരം രൂപങ്ങളുണ്ട്.
ദണ്ഡം ഇല്ലെങ്കില്‍ തമ്മില്‍ പിന്നെ അടിയും പിടിയുമായി. ദണ്ഡനീതി നടത്തുന്നതു കാരണം തമ്മില്‍ത്തല്ലുന്നില്ല രാജാവേ!
രാജാവേ, പ്രജകള്‍ നാള്‍ തോറും ദണ്‍ഡം രക്ഷിക്കുന്നതു കാരണം രാജാവിനെ ബലവാനാക്കി ഉയര്‍ത്തുന്നു. അതു കൊണ്ട് ദണ്ഡമൊന്നാണ് ആശ്രയമായിട്ടുള്ളത്. ഈ ദണ്ഡം ഈ ലോകത്തെ നിലയ്ക്കു നിര്‍ത്തുന്നു രാജാവേ! സത്യത്തില്‍ ധര്‍മ്മം നില്ക്കുന്നു. ധര്‍മ്മം ബ്രാഹ്മണരില്‍ നില്ക്കുന്നു. ധര്‍മ്മത്തോടു ചേര്‍ന്ന ദ്വിജശ്രേഷ്ഠന്മാര്‍ വേദയുക്തന്മാരായിത്തീരും. യജ്ഞം ദേവകളെ തൃപ്തരാക്കുന്നു. യജ്ഞം ദേവന്മാര്‍ക്ക് സുഖത്തെ ദാനം ചെയ്യും. പ്രീതരായ ദേവന്മാര്‍ ഇന്ദ്രനോട് നിത്യവും അതേറ്റ് യജഞം ചെയ്യുന്നവരെക്കുറിച്ച് സന്തോഷപൂര്‍വ്വം പറയുന്നു. ഇന്ദ്രന്‍ അനുഗ്രഹിച്ച് പ്രജകള്‍ക്ക് അന്നം നല്കുന്നു. എല്ലാ ജീവിക്കും പ്രാണന്‍ അന്നത്തില്‍ നില്ക്കുന്നു. പ്രാണികള്‍ അന്നം കഴിച്ചു വളരുന്നു. ദണ്ഡം ക്ഷത്രിയരുപം കൈകൊണ്ട് പ്രജാരക്ഷയ്ക്കു എന്നും ഉണര്‍ന്നു സജ്ജമായി നില്ക്കുന്നു. ഈശ്വരന്‍, പുരുഷന്‍, പ്രാണന്‍, സത്വം, ചിത്തം, പ്രജാപതി, ഭൂതാത്മാവ്, ജീവന്‍ എന്നും ദണ്ഡത്തിന്നു പേരുണ്ട്. ദൈവം രാജാവിന് ദണ്ഡമേന്തുന്ന ഐശ്വര്യപട്ടം നല്കി. അഞ്ചു നിലയ്ക്ക് ആത്മാവുള്ളവനാണ് രാജാവ്. കുലം, ബഹുധനം, അമാത്യന്മാര്‍, ബുദ്ധി, തന്റെ ബലം, മറ്റുള്ള ബലങ്ങള്‍ ഇവയും, ആന, കുതിര, തേര്‍, കാലാള്‍, കപ്പല്‍ക്കാര്‍, കൂലിക്കാര്‍, വിദേശക്കാര്‍, ആവികന്മാര്‍ ഇങ്ങനെ എട്ടംഗങ്ങളോടുകൂടിയ സൈന്യം രാജാവിന്നുണ്ടാകേണ്ടതാണ്. തേരാളികളും, ആനക്കാരും, കുതിരക്കാരും, കാലാള്‍കളും മന്ത്രിമാരും വെള്ളം കൊടുക്കുന്നവരും ഭിക്ഷുകന്മാരും ജഡ്ജിമാരും, ദൈവജ്ഞന്മാരും, മുഹൂര്‍ത്തം നോക്കി ലക്ഷണം പറയുന്നവരും, മിത്രങ്ങളും, ധാന്യം, ഭണ്ഡാരം തുടങ്ങിയ എല്ലാ ഉപകരണങ്ങളും, രാജ്യത്തിന്റെ സപ്തപ്രകൃതിയും, അഷ്ടാംഗങ്ങളുമടങ്ങിയ ദേഹമാണെന്ന് അറിയുക. ദണ്ഡം രാജ്യത്തിന്റെ മറ്റൊരു ദേഹാംഗമാ ണ്. ദണ്ഡപ്രഭാവം പ്രയത്നപ്പെട്ട ക്ഷത്രിയന്നു വേണ്ടി ഈശ്വരന്‍ കല്‍പിച്ചയച്ചിട്ടുളളതാണ്. സമാനാത്മാവായ ദണ്ഡം ദണ്ഡാധീനമാണ്, സനാതനമാണ്. രാജാക്കന്മാര്‍ക്ക് ഏറ്റവും പൂജ്യമായി വേറെ ധര്‍മ്മദര്‍ശനമില്ല! ബ്രഹ്മാവ് ലോകരക്ഷയ്ക്കും സ്വധര്‍മ്മ കര്‍മ്മാനുഷ്ഠാനം പ്രജകള്‍ ചെയ്യുന്നതിന്നും വേണ്ടി സ്വയം സൃഷ്ടിച്ചതാണ് ദണ്ഡം. വ്യവഹാരവും ബ്രഹ്മാവു തന്നെ സൃഷ്ടിച്ചതാണ്.
വ്യവഹാരം വേദമൂര്‍ത്തിയും വേദപ്രത്യയവുമാണ്. മൗലവും ശാസ്ത്രപ്രോക്തവും അങ്ങനെയാണ് രാജാവേ! മറ്റൊരു തരത്തിലുള്ള വ്യവഹാരമുണ്ട്; ഈ ദണ്ഡം ഭര്‍ത്തൃപ്രതൃയലക്ഷണമുള്ളതാകുന്നു. നാം രാജാവില്‍ക്കാണേണ്ടത് ദണ്ഡനിശ്ചയമാണ്. വ്യവഹാരാത്മകമായി ദണ്ഡനിശ്ചയം കാണപ്പെടുന്നു. വ്യവഹാരം വേദവിഷയാത്മകമാണ്. വേദപ്രസൂതമായ ധര്‍മ്മം ഗുണദര്‍ശനമാണ്.
ധര്‍മ്മംപോലെ കൃതാത്മാക്കള്‍ ധര്‍മ്മനിശ്ചയത്തെ കല്പിക്കുന്നു. വ്യവഹാരം, പ്രജാരക്ഷ എന്നിവ ബ്രഹ്മോദ്ദിഷ്ടമാണ് യുധിഷ്ഠിരാ! ഏറ്റവും ഭൂതി വര്‍ദ്ധിച്ച മുന്നുലോകവും സത്യാത്മാവ് താങ്ങുന്നു. ദണ്ഡമെന്നതിനെ നാം സനാതനമായ വൃവഹാരമായി കാണുന്നു. വ്യവഹാരത്തെ വേദമായും നാം കാണുന്നു. വേദം എന്നതു തന്നെയാണ് ധര്‍മ്മം. വേദം സല്‍പഥമാകു ന്നു. പ്രജാപതിയും, പിതാമഹനുമായ ബ്രഹ്മാവ് ആദ്യം ഉണ്ടായി. സുരന്മാരും, അസുരന്മാരും, ആശരന്മാരും, നാഗങ്ങളും ഇട ചേര്‍ന്നടങ്ങിയ എല്ലാ ലോകങ്ങളുടേയും സൃഷ്ടികര്‍ത്താവും, ഭൂതകര്‍ത്താവും അവനാകുന്നു. ഭര്‍ത്തൃപ്രതൃയലക്ഷ്യമായ വൃവഹാരം ബ്രഹ്മാവ് സൃഷ്ടിച്ചു. അമ്മ, അച്ഛന്‍, സോദരന്‍, ഭാര്യ, പുരോഹിതന്‍ ഇങ്ങനെ എല്ലാവരും സ്വധര്‍മ്മസ്ഥനായ രാജാവിന്ന് ദണ്ഡ്യരാണ്. ആരും ദണ്ഡ്യരല്ലാതെയില്ല എന്നു (ബബ്രഹ്മാവ് നിശ്ചയിച്ചു.
അദ്ധ്യായം 122. ദണ്ഡോല്‍പത്യുപാഖ്യാനം - ദണ്ഡത്തിന്റെ കഥ - ഭീഷ്മൻ പറഞ്ഞു: ഹേ യുധിഷ്ഠിരാ, ഇതിന്നുദാഹരണമായി പണ്ടുള്ളവര്‍ പറയാറുള്ള ഒരു കഥ ഞാന്‍ പറയാം. അതു പണ്ട് അംഗരാജ്യം ഭരിച്ചിരുന്ന വസുഹോമന്‍ എന്ന മഹാശയനായ ഒരു രാജാവിന്റെ കഥയാണ്.
നിത്യധര്‍മ്മജ്ഞനും തപോനിധിയുമായ ആ രാജാവി തന്റെ പട്ടമഹിഷിയോടു കൂടി പിതൃക്കളാലും ദേവകളാലും പുജിക്കപ്പെ ടുന്ന മുഞ്ജപൃഷ്ഠാ എന്ന പര്‍വ്വതശിഖരത്തിലേക്കു പോയി. അവിടെ ഹിമവല്‍പ്രദേശത്ത് മേരുപ്പൊന്‍മലയില്‍ വലിയ ഒരു അരയാലിന്റെ തണലില്‍ ഇരുന്നാണ് രാമന്‍ തന്റെ ജട ഛേദിച്ചു കളഞ്ഞത്. അന്നേ മുതല്‍ സംശിതവ്രതരായ താപസന്മാര്‍ ആ പ്രദേശത്തിന്ന് മുഞ്ജപൃഷ്ഠം എന്ന പേര്‍ പറഞ്ഞു വന്നു. ആ സ്ഥലം രുദ്രനാല്‍ സേവിക്കപ്പെടുന്നു. വലിയ ഗുണങ്ങളോടു കൂടിയവനായ ആ രാജാവ്, ശ്രുതിപ്രായഗുണാന്വിതനായ ആ ധീമാന്‍, ബ്രാഹ്മണര്‍ക്ക് അഭിമതനായി ദേവര്‍ഷി തുല്യനായി അവിടെ പാര്‍ത്തു.
ഒരു ദിവസം ആ രാജാവിനെക്കാണുവാന്‍ ഇന്ദ്രന്റെ സഖിയും, മാനദനും, ദൈന്യങ്ങളൊന്നും ഇല്ലാത്തവനുമായ മാന്ധാതാവ് എന്ന രാജാവ് ചെന്നു. മാന്ധാതാവ് തപസ്വിയായ ആ മഹാശയന്റെ സമീപത്തു ചെന്നു വിനീതനായി കൈകുപ്പി നിന്നു. വസുഹോമന്‍ ആഗതനായ രാജാവിന് പാദ്യവും അര്‍ഘ്യവും നല്കി ബഹുമാനിച്ചതിന് ശേഷം ഏഴംഗമുള്ള രാജ്യത്തിന്റെ അവ്യയമായ കുശലം ചോദിച്ചു. പണ്ടേയുള്ള സജ്ജനങ്ങളുടെ ആചാരം പിന്‍തുടര്‍ന്ന് അവനോട് രാജാവേ, ഞാന്‍ അങ്ങയ്ക്കു എന്തു സഹായമാണ് ചെയ്യേണ്ടത്, ഉണര്‍ത്തിയാലും! എന്നു തന്റെ മുമ്പില്‍ ആസനസ്ഥനായ വസുഹോമരാജാവിനോട് മാന്ധാതാവ് ചോദിച്ചു.
മാന്ധാതാവ് പറഞ്ഞു: രാജാവേ, ബൃഹസ്പതിയുടെ ശാസ്ത്രം എല്ലാം പഠിച്ചവനാണല്ലോ ഭവാന്‍. അപ്രകാരം തന്നെ ശുക്രന്റെ നീതിശാസ്ത്രവും ഭവാന്‍ പഠിച്ചിട്ടുണ്ട്. അതു കൊണ്ട് ഞാന്‍ അങ്ങയോട് ചോദിക്കുന്നു, ദണ്ഡത്തിന്റെ ഉല്‍പ്പത്തി എങ്ങനെയാണ് എന്ന്. അതു കേള്‍ക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതിന്റെ മുന്‍നില എങ്ങനെ? പിന്നീട് എങ്ങനെ സംഭവിച്ചു? ഇപ്പോള്‍ ദണ്ഡം ക്ഷത്രിയനില്‍ ഉറച്ചു നില്ക്കുന്നതെങ്ങനെ? എല്ലാം എനിക്കു പറഞ്ഞു തരണേ! ആചാര്യന്മാര്‍ക്കു നല്‍കാറുള്ള വേതനം ഞാന്‍ അങ്ങയ്ക്കു നല്കാം.
വസുഹോമന്‍ പറഞ്ഞു: ലോകത്തെ അധീനപ്പെടുത്തിയ ദണ്ഡം എങ്ങനെയാണുണ്ടായതെന്നു ഞാന്‍ പറയാം. രാജാവേ, കേള്‍ക്കുക! പ്രജകളുടെ വിനയ സംരക്ഷണത്തിന്ന് സനാതനനായ ധര്‍മ്മാത്മാവ്, ഭഗവാന്‍ ലോകപിതാമഹന്‍ ബ്രഹ്മാവ്, യജ്ഞം ചെയ്യുവാന്‍ ഉദ്ദേശിച്ചു. എന്നാല്‍ ബ്രഹ്മാവിന്റെ ആ യജ്ഞത്തിന് പറ്റിയ ഋത്വിക്കിനെ എങ്ങും കണ്ടില്ല. സൃഷ്ടി കര്‍ത്താവ് എന്തു ചെയ്യും? അതിന് പറ്റിയ ഒരാളെ സങ്കല്‍പിച്ച് സൃഷ്ടിക്കുക തന്നെ. തനിക്കു ചേര്‍ന്ന ഋത്വിക്കിന്റെ ഗുണഗണങ്ങള്‍ സ്വരൂപം എന്നിവ (ബഹ്മാവ് മനസ്സില്‍ ഉറപ്പിച്ച് തലച്ചോറില്‍ സങ്കല്പിച്ചുണ്ടാക്കി. അങ്ങനെ ആയിരം കൊല്ലം ബ്രഹ്മാവ് ഋത്വിക്കിനെ ശിരസ്സില്‍ ഗര്‍ഭം ധരിച്ചു. ഒരു ദിവസം ബ്രഹ്മാവ് ഒരു തുമ്മല്‍ തുമ്മിയപ്പോള്‍ ഋത്വിക്ക് മൂക്കില്‍ക്കൂടെ പുറത്തു ചാടി. അവന്‍ ക്ഷുവന്‍ എന്ന പ്രജാപതിയായിത്തീര്‍ന്നു. അവന്‍ ബ്രഹ്മാ വിന്റെ യജ്ഞത്തില്‍ ഋത്വിക്കായി രാജാവേ!
അങ്ങനെ ബ്രഹ്മാവിന്റെ യജ്ഞം ആരംഭിച്ചു. ആ യജ്ഞത്തില്‍ പ്രധാനനായ ക്ഷുവന്റ ഋത്വിക്കായപ്പോള്‍, ബ്രഹ്മാവ് ദീക്ഷ കൈക്കൊണ്ടപ്പോള്‍, ദണ്ഡം ലോകത്തില്‍ നിന്ന് ഓടി മറഞ്ഞു പോയി. ദണ്‍ഡം പോയി മറഞ്ഞപ്പോള്‍ ലോകമൊക്കെ കലമ്പലായി. ക്രമസമാധാനം നഷ്ടപ്പെട്ടു. കാര്യവും അകാര്യവുമില്ലാതായി. ഭോജ്യവും, അഭോജ്യവും തമ്മില്‍ വൃത്യാസമില്ലാതായി. എല്ലാറ്റിന്നും തമ്മിലുള്ള അന്തരം ഇല്ലാതായി. ചെയ്യാവുന്നതും ചെയ്യരുതാത്തതും ഇല്ലാതായി. ശുചിയും അശുചിയും തമ്മില്‍ വൃത്യാസമില്ലാതായി. കുടിക്കേണ്ടതും കുടിക്കേണ്ടാത്തതും ഇല്ലാതായി. ജനങ്ങള്‍ തമ്മില്‍ കൈയേറ്റം തുടര്‍ന്ന് ഗമൃവും, അഗമൃവും ഇല്ലാതായി. തന്റേയും പരന്റേയും എന്ന ഭാവന നഷ്ട പ്പെട്ടു. നായ്ക്കള്‍ മാംസക്കഷണത്തിന് വഴക്കടിക്കുന്നതു പോലെ പൊന്നിനും, പെണ്ണിനും കലഹമായി, തട്ടിപ്പറിയായി. ശക്തന്‍ ദുര്‍ബലനെ കൊല്ലുവാന്‍ മര്യാദ വിട്ടു തുനിഞ്ഞു. അങ്ങനെ കൊലപാതകങ്ങള്‍ നടമാടി.
ബ്രഹ്മാവ് എന്തുചെയ്യണമെന്നറിയാതെ മഹാവിഷ്ണുവിന്റെ അടുത്തു ചെന്നു പുജിച്ച് ഉണര്‍ത്തിച്ചു. ഭഗവാനേ, കേശവാ, ലോകം മിശ്രമായിരിക്കുന്നു. അങ്ങയുടെ കരുണ ഇങ്ങോട്ടു തിരിയണേ।! മിശ്രതയില്‍ നിന്നു ലോകത്തെ രക്ഷിക്കണേ! എന്നു പ്രാര്‍ത്ഥിച്ചു. ഉടനെ ഭഗവാന്‍ വിഷ്ണു ഗാഢമായി ചിന്തിച്ചു. താന്‍ തന്നെ ശൂലവും ആയുധവുമേന്തിയ ദണ്ഡമായി തന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ആ ധര്‍മ്മാചരണത്താല്‍ തന്നെ നീതിദേവിയായ സരസ്വതി ദണ്ഡനീതിയേയും സൃഷ്ടിച്ചു. അങ്ങനെ മുന്നുലോകത്തും പുകഴ്ന്ന ദണ്ഡനീതിയും ഉണ്ടായി. പിന്നേയും ശൂലവരായുധനായ ഭഗവാന്‍ അതാത് കൂട്ടുകാര്‍ക്ക് ഓരോ ഈശ്വരന്മാരേയും സൃഷ്ടിച്ചു.
അങ്ങനെ ദേവന്മാര്‍ക്ക് ഈശ്വരനായി സഹസ്രാക്ഷനെ വെച്ചു. പിതൃക്കള്‍ക്ക് ഈശ്വരനായി വൈവസ്വതനായ യമനെ നിശ്ചയിച്ചു. ധനങ്ങള്‍ക്കും, രാക്ഷസന്മാര്‍ക്കും, കുബേരനെ ഈശ്വരനാക്കി വെച്ചു. മേരുവിനെ പര്‍വ്വതങ്ങളുടെ അധീശനാക്കി. പുഴകള്‍ക്കൊക്കെ അധീശനാക്കി സമുദ്രത്തെ നിശ്ചയിച്ചു. ജലങ്ങള്‍ക്കും, ദാനവന്മാര്‍ക്കും അധീശ്വരനായി വരുണനെ നിശ്ചിയിച്ചു. പ്രാണങ്ങള്‍ക്ക് ഈശ്വരനാക്കി മൃത്യുവിനെ നിശ്ച യിച്ചു. തേജസ്സിന്നൊക്കെ ഈശനാക്കി അഗ്നിയെ നിശ്ചയിച്ചു. രുദ്രന്മാര്‍ക്ക് ഗോപ്താവായി ഈശാനനെ, സനാതനനും, വിശാലാക്ഷനും, മഹാത്മാവുമായ മഹേശ്വരനെ നിശ്ചയിച്ചു. വസുക്കള്‍ക്ക് ഈശനായി ജാതവേദസ്സിനെ നിയമിച്ചു. ദ്വിജന്മാര്‍ക്ക് അധിപനായി വസിഷ്ഠനെ നിശ്ചയിച്ചു. തേജസ്സുകള്‍ക്ക് അധി പനായി സൂര്യനെ നിശ്ചയിച്ചു. നക്ഷത്രങ്ങള്‍ക്ക് അധിപനായി ചന്ദ്രനെ നിശ്ചയിച്ചു. മരുത്തുക്കള്‍ക്ക് അധിപനായി അംശുമാനെ നിശ്ചയിച്ചു. ഭൂതങ്ങള്‍ക്ക് അധീശനായി പന്ത്രണ്ടു കൈകളുള്ള കുമാരനായ സ്കന്ദനെ നിശ്ചയിച്ചു. സര്‍വ്വത്തിന്നും ഈശനാക്കി സംഹാരവൃത്തികൃത്തായ കാലനെ നാലുപങ്കായ മൃത്യുവിനും, ദുഃഖത്തിനും, സുഖത്തിനും, ഈശ്വരനും, സര്‍വ്വദേവനും, രാജരാജനുമായി നിശ്ചയിച്ചു. എല്ലാ രുദ്രന്മാര്‍ക്കും ഈശ്വരന്‍ ഭഗവാന്‍ ശൂലപാണിയായി.
ഈ ബ്രഹ്മപുത്രനായ ക്ഷുവന്‍ പ്രജകള്‍ക്ക് അധിപനായി സര്‍വ്വധര്‍മ്മവാന്മാരിലും പൂജ്യനായി.
വിധിപ്രകാരം യജ്ഞം കഴിഞ്ഞപ്പോള്‍ മഹാദേവന്‍ ധര്‍മ്മം കാക്കുന്ന ദണ്ഡത്തെ വിഷ്ണുവിന്ന് ആദരവോടെ നല്കി. വിഷ്ണു അംഗിരസ്സിന്നു നല്കി. അംഗിരസ്സ് ഇന്ദ്രന്നു നല്‍കി. ഇന്ദ്രന്‍ മരീചിക്കു നല്കി. മരീചി ഭൃഗുവിന്നു നല്കി. ധര്‍മ്മസംഹിതമായ ദണ്ഡത്തെ ഭൃഗു ഋഷികള്‍ക്കു നല്കി. ലോകപാലകന്മാര്‍ക്ക് ഋഷികളും ക്ഷുവന്നു ലോകപാലകന്മാരും, ക്ഷുവന്‍ സൂര്യപുത്രനായ മനുവിന്നും ദണ്ഡത്തെ നല്കി. ശ്രാദ്ധദേവന്‍ മക്കള്‍ക്കു സുക്ഷ്മ ധര്‍മ്മാര്‍ത്ഥ കാരണമായ ദണ്ഡത്തെ നല്‍കി. വന്നപാടല്ല, ധര്‍മ്മത്താല്‍ തിരിച്ചാണു ദണ്ഡം ചെയ്യു ക. ദുഷ്ടനിഗ്രഹമാണ് ദണ്ഡം. സുവര്‍ണ്ണമായ അതിന്റെ പണി ബാഹ്യമാണ്. കുറ്റമേറിയാല്‍ ദേഹത്തില്‍ നിന്ന് ഒരംഗം ഛേദിച്ചു കളയുക, വധിക്കുക ഇവയാണ് വേണ്ടത്. ശരീരപിഡ, വധശിക്ഷ, നാടുകടത്തല്‍ എന്നിവ കുറ്റംചെയ്തവര്‍ക്ക് സൂര്യപുത്രനായ മനു ശിക്ഷ വിധിച്ചു. ഇങ്ങനെ ദണ്ഡം ഇന്നും മുറയ്ക്കു ലോകരെ കാത്തു രക്ഷിച്ചുകൊണ്ട് നില്ക്കുകയാണ്.
ഭഗവാനായ ഇന്ദ്രന്‍ അഗ്നിയില്‍ നിന്ന് ഉണര്‍ന്നു. അഗ്നിയില്‍ നിന്ന് വരുണന്‍ ഉണര്‍ന്നു. വരുണനില്‍ നിന്നു പ്രജാപതി; പ്രജാപതിയില്‍ നിന്ന് വിനയാത്മകമായ ധര്‍മ്മം ഉണര്‍ന്നു. ധര്‍മ്മത്തില്‍ നിന്നു ബ്രഹ്മഭുവായ സനാതന വ്യവസായം ഉണര്‍ന്നു. വ്യവസായത്തില്‍ നിന്നുണര്‍ന്ന് തേജസ്സും, തേജസ്സില്‍ നിന്ന് ഓഷധികളും, ഓഷധൗഘങ്ങളാല്‍ പര്‍വ്വതവും, പര്‍വ്വതൗഘങ്ങളില്‍ നിന്ന് രസവും രസഗുണങ്ങളും ഉണരുന്നു. അതില്‍ നിന്ന് നിര്യതീ ദേവിയും, അതില്‍പ്പിന്നെ ജ്യോതിസ്സിന്റെ സമൂഹവും, പിന്നെ വേദങ്ങളും, ജ്യോതിസ്സുകളില്‍ നിന്ന് അശ്വമുഖനായ ദേവനും, അതില്‍ പ്രഭുവും അവ്യയനുമായ ബ്രഹ്മാവും ഉണരുന്നു. പിന്നെ പിതാമഹനായ മഹാദേവന്‍ ശിവന്‍ ഉണരുന്നു. ശിവനില്‍ നിന്നു വിശ്വേദേവരും, വിശ്വേദേവരാല്‍ മഹര്‍ഷികളും, ഋഷിമാരാല്‍ സോമദേവനും, സോമനാല്‍ ശാശ്വതരായ ദേവന്മാരും, ദേവന്മാരാല്‍ ബ്രാഹ്മണരും, ബ്രാഹ്മണരാല്‍ രാജാക്കളും ലോകരെ ധര്‍മ്മത്താല്‍ സംരക്ഷിക്കുന്നു.
ക്ഷത്രിയരില്‍ നിന്ന് ശാശ്വതമായ ചരാചരങ്ങളടങ്ങിയ ജഗത്തും അതില്‍ നിന്ന് ലോകത്തില്‍ നാട്ടാരും ഉണരുന്നു, അവരില്‍ ദണ്ഡവും ഉണരുന്നു. മിക്കവാറും പിതാമഹസമപ്രഭമാണ് ദണ്ഡം. ദണ്ഡം എല്ലാറ്റിനേയും ഒന്നിച്ചു നിറുത്തുന്നു. കാലം ആദിയിലും നടുവിലും ഒടുവിലും ഉണരുന്നു. സര്‍വ്വലോകര്‍ക്കും മഹാദേവനും പ്രജാപതിയുമാണ്. ഈശ്വരന്‍, ദേവദേവന്‍, ശിവന്‍, ശര്‍വ്വന്‍, പ്രഭുവായ ദേവന്‍, നിത്യവും ഉണരുന്നു. ആ ദേവന്‍ പ്രളയത്തില്‍പ്പോലും നാശമില്ലാത്ത കപര്‍ദ്ദിയാണ്. ശങ്കരന്‍, രുദ്രന്‍, ഉമേശന്‍, ശിവന്‍ എന്നെല്ലാം ആ ദേവന്ന് പേരുകളുണ്ട്. ഇപ്രകാരം തന്നെ ദണ്ഡം ആദിമദ്ധ്യാന്ത കാലങ്ങളില്‍ ഉണര്‍ന്നു തന്നെയിരിക്കുന്നു. അതുകൊണ്ട് രാജാവേ, ദണ്ഡത്തില്‍ ധര്‍മ്മജ്ഞനായി രാജാവ് വര്‍ത്തിക്കുക.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം വസുഹോത്രന്റെ അഭിപ്രായം കേള്‍ക്കുന്നവനായ രാജാവ് ഇതു കേട്ട് നന്നായി ദണ്ഡനീതി പാലിക്കണം. എന്നാല്‍ സകല കാമങ്ങളും ലഭിക്കുന്നതാണ്. ഹേ ഭരതര്‍ഷഭാ, ഞാന്‍ ദണ്ഡത്തെപ്പറ്റി സമഗ്രമായി പറഞ്ഞു. ധര്‍മ്മം കൂടുന്ന ലോകമെല്ലാം ഇത്, ഹേ ഭരതര്‍ഷഭാ അടക്കുന്നതാണ്.
അദ്ധ്യായം 123. കാമന്ദകാംഗരിഷ്ഠസംവാദം - (ധര്‍മ്മാര്‍ത്ഥ കാമങ്ങളെക്കുറിച്ചുള്ള ചിന്ത) - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ താതാ! ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിഞ്ഞാല്‍ കൊള്ളാം. എല്ലാ നാട്ടാചാരങ്ങളും അതിലാണല്ലോ ഉറച്ചു നില്ക്കുന്നത്. എന്തിന്റെ മൂലമാണ് ഈ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍! ഈ മുന്നിന്നും എന്താണു ബീജം? ഇവ തമ്മില്‍ക്കലര്‍ന്നു നില്ക്കുന്നു; ചിലപ്പോള്‍ തനിച്ചും സ്വതന്ത്രമായും നില്ക്കുന്നു.
ഭീഷ്മൻ പറഞ്ഞു: ഈ ലോകത്തിലുള്ള ജനങ്ങള്‍ നല്ല മനഃസ്ഥിതിയോടു കൂടി ധാര്‍മ്മികമായി ധനസമ്പാദനത്തിന്നു പരിശ്രമിക്കുകയാണെങ്കില്‍ ഈ മുന്നു ഗുണങ്ങള്‍, ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍, ഒന്നായി ചേര്‍ന്നു നില്ക്കും. അതു സന്ദര്‍ഭം, കാരണം, കര്‍മ്മം എന്നിവയെ അവലംബിച്ചാണ് ചേര്‍ന്നു നില്ക്കുക. കര്‍മ്മം മൂലമാണ് നിത്യവും അര്‍ത്ഥത്തിന്റെ പ്രഭവം. അര്‍ത്ഥത്തിന്റെ ഫലമാണ് കാമം. എല്ലാം സങ്കല്പ മൂലമാണ്. സങ്കല്പമോ വിഷയാത്മകവുമാണ്. എല്ലാ വിഷയങ്ങളും ആഹാര സിദ്ധിക്കായി നില്ക്കുന്നു. ത്രിവര്‍ഗ്ഗത്തിന്ന് ഇത് കാരണമാകു ന്നു. ഇതിന്റെ നിവര്‍ത്തനമാണ് മോക്ഷം. ധര്‍മ്മം ദേഹരക്ഷ ചെയ്യുന്നു; ധര്‍മ്മത്തിന്നുള്ളതാണ് അര്‍ത്ഥം. കാമം രതിഫലമുളവാക്കുന്നു. അതു കൊണ്ട് ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ക്കു രജോഗുണമാണ്. അതു കൊണ്ട് ഫലത്തില്‍ ഇച്ഛിക്കുന്നത് പാപമാണ്. ഫലത്തില്‍ ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണം. ഫലേച്ഛ ധര്‍മ്മത്തിന്റെ മൂലമാണ്; ധര്‍മ്മത്തെ ദുഷിപ്പിക്കുന്നതാണ്. പിശുക്ക് അര്‍ത്ഥത്തിന്ന് മലം (അഴുക്ക്) ആകുന്നു. അസന്തോഷമാണ് കാമത്തിന്റെ മലം. സ്വഗുണങ്ങളെ തൃജിക്കുക എന്നതാണ് സര്‍വ്വോപരി ശ്രേഷ്ഠമായിട്ടുള്ളത്. ഇതിന്നുദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്. കാമന്ദകനും ആംഗരിഷ്ഠരാജാവും തമ്മിലുള്ള ഒരു സംഭാഷണമാണ്.
ഒരു ദിവസം കാമന്ദകമുനി ഇരിക്കുന്നിടത്ത് ചെന്ന് ആംഗരിഷ്ഠന്‍ എന്ന രാജാവ് സന്ദര്‍ഭം നോക്കി സവിനയം ചോദിച്ചു.
ആംഗരിഷ്ഠന്‍ പറഞ്ഞു: കാമമോഹവശംവദനായി പാപം ഏതു രാജാവ് ചെയ്യുന്നുവോ, അവന്‍ പശ്ചാത്തപിക്കുന്നുണ്ടെങ്കില്‍ അവന്റെ പാപം ശമിക്കുവാന്‍ എന്താണുപായം മഹര്‍ഷേ! അജ്ഞാനത്താല്‍ അധര്‍മ്മത്തെ ധര്‍മ്മമാണെന്നു തെറ്റായി ധരിച്ച് ചെയ്യുകയാണെങ്കില്‍, നാട്ടില്‍ പ്രസിദ്ധനായ അവനെ എങ്ങനെയാണ് രാജാവ് നീക്കം ചെയ്യേണ്ടത്?
കാമന്ദകന്‍ പറഞ്ഞു: ധര്‍മ്മാര്‍ത്ഥങ്ങളെ നീക്കി കാമത്തെ മാത്രം തുടരുന്നവന്‍ ധര്‍മ്മാര്‍ത്ഥങ്ങളെ ത്യജിക്കുക കാരണം അവന്ന് പ്രജ്ഞാനാശം വന്നുചേരും. പ്രജ്ഞയെ നശിപ്പിക്കുന്ന മോഹം അങ്ങനെ ധര്‍മ്മാര്‍ത്ഥനാശകമായി ഭവിക്കും. അതു കൊണ്ട് അവനാല്‍ നാസ്തികത്വവും ദുഷ്പ്രവൃത്തിയും വന്നു കൂടും. ദുഷിച്ച പ്രവണതകളെ രാജാവ് തടഞ്ഞില്ലെങ്കില്‍ വീട്ടില്‍ വാഴുന്ന മുര്‍ഖന്‍ പാമ്പിനെപ്പോലെ അവനെ ജനങ്ങള്‍ ഭയപ്പെടും. അവനെ നാട്ടില്‍ ആരും പിന്‍തുടരുകയില്ല. സജ്ജനങ്ങളും വിപ്രരും അവനെ അവഗണിക്കുമ്പോള്‍ അവന്ന് നാട്ടില്‍ നില്ക്കക്കള്ളിയില്ലാതാകും. അവന്‍ മറ്റുള്ളവരാല്‍ വദ്ധ്യനുമാകും. തള്ളപ്പെട്ടവനും നിന്ദയേറ്റവനും കഷ്ടപ്പെട്ട് ജീവന്‍ വഹിക്കും. തള്ളപ്പെട്ടവന്‍ ജീവിച്ചിരുന്നാലും അവന്റെ ജീവിതം മരണതുല്യമാണ്.
ആചാര്യന്‍ പാപത്തിന്ന് പ്രായശ്ചിത്തം വിധിക്കുന്നുണ്ട്, ത്രയീവിദ്യ സേവിക്കുക, വിപ്രന്മാരെ സല്‍ക്കരിക്കുക, ധര്‍മ്മം മനസ്സില്‍ കരുതുക. വലിയ തറവാട്ടില്‍ നിന്ന് വിവാഹം ചെയ്യുക. ക്ഷയിച്ചവരായ ധീരവിപ്രന്മാരെ സേവിക്കുക, ജപിക്കുക, ആചമിക്കുക, ധര്‍മ്മിഷ്ഠന്മാരുമായി ബന്ധം പുലര്‍ത്തുക. ദുഷ്ട രുമായി സംബന്ധം പാടില്ല. അവരെ അകറ്റണം. നല്ല വാക്കാല്‍ നല്ലവരെ പ്രസാദിപ്പിക്കണം. നല്ല ഉപകാരങ്ങള്‍ ചെയ്യണം. പരന്മാരുടെ ഗുണങ്ങളെ വാഴ്ത്തുകയും ഞാന്‍ നിന്റെ ആളാണ് എന്നു പറയുകയും വേണം. ഇങ്ങനെയൊക്കെ ചെയ്താല്‍ അവന്റെ പാപം നശിച്ച് അവന്‍ നല്ലവനാകും ബഹുമാന്യനുമാകും. അതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. മഹാപാപങ്ങള്‍പോലും ഇപ്രകാരമുള്ള നല്ല നടപടി മൂലം നശിപ്പിക്കാം. ഗുരുജനങ്ങള്‍ ശ്രേഷ്ഠമായ ധര്‍മ്മമെന്തെന്നു പറയുന്നുവോ അതു നീ ചെയ്യുക. ഭവാന്‍ ഗുരുപ്രസാദ ത്താല്‍ വലിയ ശ്രേയസ്സ് നേടും.
അദ്ധ്യായം 124. ശീലവര്‍ണ്ണനം - (ധൃതരാഷ്ട്രന്‍ ദുര്യോധനന് പറഞ്ഞു കൊടുത്ത ഇന്ദ്രപ്രഹ്ളാദന്മാരുടെ കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: ലോകത്തിലുള്ള ജനങ്ങളൊക്കെ ഹേ നരശ്രേഷ്ഠാ, ശീലം എല്ലാ ധര്‍മ്മത്തിനും മൂലമാണെന്നും ശീലത്തിന്നപ്പുറം ഒന്നുമില്ലെന്നുമൊക്കെ പുകഴ്ത്തിപ്പറയുന്നു. ഏന്നാല്‍ ധര്‍മ്മജഞാ! ഞാന്‍ അതില്‍ സംശയിക്കുന്നു. ഇതിന്റെ പരമാര്‍ത്ഥം അങ്ങു നന്നായി പറഞ്ഞുതരിക.കേള്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. മുഴുവനും പറഞ്ഞുതന്നാലും. ഈ പുകഴ്ത്തപ്പെടുന്ന സൗശീല്യമെന്നത് എങ്ങനെ ലഭിക്കും? കേള്‍ക്കാന്‍ ആഗ്രഹമുണ്ട്! സൗശീല്യത്തിന്റെ അടയാളമെന്താണെന്ന് ഹേ വാഗ്മിസത്തമാ, അങ്ങു പറഞ്ഞുതന്നാലും!
ഭീഷ്മന്‍ പറഞ്ഞു: മുമ്പ് ദുര്യോധനന്‍ നിന്റെ ശ്രീ കണ്ടു സന്തപ്തനായി ഒരു ദിവസം ധൃതരാഷ്ട്രന്റെ അടുത്തു ചെന്നു സങ്കടം പറഞ്ഞു. അന്ന് അനുജന്മാരോടു കൂടി നീ സഭയില്‍ ശ്രീമാനായി വാഴുകയായിരുന്നു. നിന്റെ ആ സഭയും അതിരറ്റ സമൃദ്ധിയും കണ്ട് ദുര്യോധനന്‍ ദീനനായി പറയുന്നത് ധൃതരാഷ്ട്രന്‍ ശ്രദ്ധിച്ചു കേട്ടു. അവന്റെ കൂടെ കര്‍ണ്ണന്‍ മുതലായവരും അപ്പോള്‍ ഉണ്ടായിരുന്നു. ധൃതരാഷ്ട്രന്‍ ദുര്യോധനനോട് അവന്റെ സുഹൃത്തുക്കള്‍ കേള്‍ക്കെ പറഞ്ഞു.
ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ ദുര്യോധനാ, ഉണ്ണീ, നീ ദുഃഖിക്കുവാന്‍ എന്താണു കാരണം? അതിന്റെ കാരണമൊക്കെ വിശദമായി ഞാന്‍ കേള്‍ക്കട്ടെ! കാര്യം അറിഞ്ഞാല്‍ നിന്റെ ദുഃഖം നീക്കുന്നതിനുള്ള മാര്‍ഗ്ഗം ഞാന്‍ ചിന്തിക്കാം. നന്നായി നീ നിന്നാല്‍ മതി. വിഷമിക്കേണ്ടാ, പറയു. നീയും വലിയ ഐശ്വര്യം നേടിയിട്ടുണ്ട്. നിന്റെ ഭ്രാതാക്കളും, കിങ്കരന്മാരും, മിത്രങ്ങളും നിന്റെ സകല സംബന്ധികളും ശ്രീയോടെയല്ലേ ജീവിക്കുന്നത്? നീ പട്ടുടുക്കുന്നു, മാംസവും ചോറും നന്നായി പാകം ചെയ്തു കഴിക്കുന്നു, നല്ല കുതിരകളെപ്പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്നു, ഇങ്ങനെ ഐശ്വര്യവാനായ നീ എന്തേ ഇങ്ങനെ വിളര്‍ത്തുവരാന്‍?"
ദുര്യോധനന്‍ പറഞ്ഞു; പതിനായിരം മഹാത്മാക്കളായ സ്നാതകന്മാര്‍ യുധിഷ്ഠിരന്റെ ഗൃഹത്തില്‍ പൊന്നിന്‍ കിണ്ണത്തില്‍ ഉണ്ണുന്നു. ദിവ്യപുഷ്പാഡ്യമായ ആ അതിമനോഹരമായ സഭയും ഞാന്‍ നോക്കിക്കണ്ടു. തിത്തിരിനിറത്തിലുള്ള കുതിരകളെപ്പുട്ടിയ രഥങ്ങളും, പലമാതിരി വിചിത്രവസ്ത്രങ്ങളും കണ്ടു. വൈശ്രവണ തുല്യമായി വര്‍ദ്ധിച്ച സമൃദ്ധിയേയും ഞാന്‍ കണ്ടു. ഇവയെല്ലാം എന്റെ ശത്രുക്കളായ പാണ്ഡവരില്‍ക്കണ്ടു അച്ഛാ ഞാന്‍! എനിക്കു പരശ്രീ സഹിക്കുന്നില്ല. അതു കണ്ടിട്ടാണ് ഈ ദുഃഖം, അതാണ് എന്നെ ഇങ്ങനെ വിളര്‍ത്തവനാക്കിയത്!
ധൃതരാഷ്ട്രന്‍ പറഞ്ഞു; ഉണ്ണീ, നീ യുധിഷ്ഠിരനുള്ളപോ ലെയോ, അതില്‍ കൂടുതലായോ ശ്രീ ഇച്ഛിക്കുന്നതില്‍ തെറ്റു ഞാന്‍ പറയുന്നില്ല. എന്നാല്‍ അത് ഇച്ഛിക്കുന്നവന്‍ ഹേ നരവ്യാ(ഘാ, ആദ്യമായി നേടേണ്ടത് ശീലഗുണമാണ്. അതുള്ളവനേ ശ്രീ നേടാന്‍ കഴിയു. ശീലം നന്നായവന്ന് മുന്നു ലോകവും നേടാന്‍ കഴിയും. ശീലവാന്മാര്‍ക്ക് ഈ ലോകത്തില്‍ നേടാന്‍ കഴിയാത്തതൊന്നുമില്ല. മാന്ധാതാവ് ഒറ്റ രാവുകൊണ്ടു പാരിടം നേടി. ജനമേജയന്‍ മുന്നു ദിവസം കൊണ്ടു പാരിടം നേടി. നാഭാഗന്‍ ഏഴു ദിവസം കൊണ്ടു പാരിടം നേടി. ഈ മഹാന്മാരായ രാജാക്കന്മാരെല്ലാവരും ദയാന്വിതന്മാരും ശീലവാന്മാരുമായിരുന്നു. അവരുടെ ശീലഗുണത്താല്‍ (ശീലഗുണം കൊടുത്ത്) വിലയ്ക്കു വാങ്ങിയതാണ്, ഗുണക്രീതമായി കിട്ടിയതാണ് പാരിടം.
ദുര്യോധനന്‍ പറഞ്ഞു: അച്ഛാ, അങ്ങനെയുള്ള ആ ശീലഗുണം എനിക്കും വേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു! അത് എനിക്കെങ്ങനെ കിട്ടും? ആ ശീലഗുണം കൊണ്ട് മഹത്തായ പാരിടം മുഴുവന്‍ അവര്‍ക്കു കിട്ടിയില്ലേ?
ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇതിന്നുദാഹരണമായി ഒരു പഴങ്കഥ നാട്ടില്‍ പറഞ്ഞു വരാറുണ്ട്. അതു ശീലഗുണത്തെക്കുറിച്ച് പണ്ടു നാരദന്‍ പറഞ്ഞതാണ്.
പണ്ട് പ്രഹ്ളാദൻ വമ്പനായ ദേവേന്ദ്രന്റെ രാജ്യം പിടിച്ചടക്കി. പ്രഹ്ലാദന്റെ ശീലഗുണം കൊണ്ടാണ് ആ ദൈത്യേന്ദ്രന് മൂന്നു ലോകവും പിടിച്ചുടക്കുവാന്‍ കഴിഞ്ഞത്.
ഈ സന്ദര്‍ഭത്തില്‍ ഇന്ദ്രന്‍ ബൃഹസ്പതിയെക്കണ്ട് അഭ്യര്‍ത്ഥിച്ചു: എന്റെ ശ്രേയസ്സിന്നുള്ള മാര്‍ഗ്ഗം അങ്ങ് ഉപദേശിക്കണേ! രാജ്യം നഷ്ടപ്പെട്ട ഈ സന്ദര്‍ഭത്തില്‍ അതു കിട്ടുവാന്‍ എന്തു മാര്‍ഗ്ഗം? ഉടനെ തളക്കമില്ലാത്ത ശ്രേയസ്സിനെപ്പറ്റിയുള്ള അറിവ് ബൃഹസ്പതി ഇന്ദ്രന്നുപദേശിച്ചു. ഇതു മാത്രമാണ് ശ്രേയസ്സിന്നു വേണ്ടതെന്നു പറഞ്ഞപ്പോള്‍ അതിലും മെച്ചപ്പെട്ടതെന്താണെന്നു വീണ്ടും ഇന്ദ്രന്‍ ചോദിച്ചു.
ബൃഹസ്പതി പറഞ്ഞു: ഉണ്ണീ, ഇന്ദ്രാ! നീ യോഗ്യനായ ഭാര്‍ഗ്ഗവനെക്കാണുകയാണെങ്കില്‍ അവന്‍ നിനക്ക് ഇതിനേക്കാള്‍ മഹത്തായ ഉപദേശം നല്‍കും. നീ അവന്റെ അടുത്തു ചെന്ന് ചോദിക്കുക! നിനക്കു നന്മ വരും! അങ്ങനെ ഇന്ദ്രന്‍ ദ്യുതിമാനായ ശുക്രന്റെ അടുത്തുചെന്ന് വളരെ ജ്ഞാനം ഐശ്വര്യ സിദ്ധിക്കു വേണ്ടി നേടി. പിന്നെ ശതക്രതു ശുക്രനോടു ചോദിച്ചു: മഹാത്മാവേ ഇതിനേക്കാള്‍ മേലെയായി ഇനി വല്ലതും ജ്ഞാനം എനിക്കു ലഭിക്കുമോ? ഇതിനേക്കാള്‍ മെച്ചപ്പെട്ട ശ്രേയസ്സു ലഭിക്കുവാന്‍ എന്താണ് വഴി? അങ്ങനെ ഇന്ദ്രന്‍ ചോദിച്ചപ്പോള്‍, ഇതിനേക്കാള്‍ മെച്ചപ്പെട്ട ജ്ഞാനം സര്‍വ്വജ്ഞനായ പ്രഹ്ളാദനിലുണ്ട് എന്നു ശുക്രന്‍ മറുപടി പറഞ്ഞു. ഇതു കേട്ട് ഇന്ദ്രന്‍ സന്തോഷിച്ചു. പിന്നെ ബ്രാഹ്മണ രൂപം കൈക്കൊണ്ട് ഇന്ദ്രന്‍ പ്രഹ്ളാദന്റെ അടുത്തു ചെന്നു. മേധാവിയായ പാകശാസ നന്‍ അങ്ങനെ ചെന്ന് ശ്രേയസ്സിന്നുള്ള മാര്‍ഗ്ഗമെന്തെന്നറിയുവാന്‍ ആഗ്രഹമുണ്ടെന്ന് പ്രഹ്ളാദനെ അറിയിച്ചു.
പ്രഹ്ളാദന്‍ പറഞ്ഞു: ഹേ, ദ്വിജര്‍ഷഭാ, ഞാന്‍ ത്രൈലോക്യ രാജ്യഭാരം വഹിക്കുകയാല്‍ എനിക്കു സമയം കിട്ടുന്നില്ല. അത്തരം കാര്യങ്ങള്‍ പറയുവാനും ഉപദേശിക്കുവാനും, അതു കൊണ്ട് ഞാനിപ്പോള്‍ പറയുന്നില്ല. ഇതു കേട്ടു ബ്രാഹ്മണന്‍ പ്രഫ്ലാദനോടു പറഞ്ഞു: മഹാത്മാവേ, അങ്ങയ്ക്കു അതിനുള്ള നല്ല സന്ദര്‍ഭം ലഭിക്കുമ്പോള്‍ എന്നെ വിളിച്ച് മുഖ്യമായും ഞാന്‍ ആചരിക്കേണ്ടതെന്തെന്ന് ഉപദേശിക്കണേ!
അങ്ങനെ പ്രഹ്ളാദ രാജാവ് ആ ബ്രാഹ്മണനില്‍ പ്രസാദിച്ചു. അങ്ങനെയാകട്ടെ! എന്നു മറുപടി പറഞ്ഞു. ആ ബ്രാഹ്മണന്‍ അവിടെ താമസിച്ച് പ്രഹ്ളാദനെ ഗുരുവ്യത്തിയോടെ ശുശ്രൂഷി ച്ചു. താന്‍ ശിഷ്യന്റെ നിലയ്ക്ക് അവിടെ താമിസിച്ചു. സര്‍വ്വഭാവത്താലും പ്രഹ്ളാദനെ തൃപ്തിപ്പെടുത്തി. അങ്ങനെ പലപ്പോഴും പല ചോദ്യവും ചോദിച്ച് ഉത്തമമായ ജ്ഞാനം നേടി. ഒരു ദിവസം ബ്രാഹ്മണന്‍ ചോദിച്ചു; ധര്‍മ്മജഞനായ പ്രഹ്ളാദാ! അങ്ങ് എങ്ങനെയാണ് ത്രൈലോക്യ രാജ്യം നേടിയത്?
പ്രഹ്ളാദന്‍ പറഞ്ഞു: ഞാന്‍ ഒരിക്കലും വിപ്രരില്‍ അസുയപ്പെടുകയില്ല. ഞാന്‍ രാജാവാണ്; എന്നാലും ഞാന്‍ വിപ്രരോട് അസൂയപ്പെടുകയില്ല. അവര്‍ എന്തു പറയുന്നുവോ അത് കാമ്യമായി ഞാന്‍ കേള്‍ക്കും. അതുപോലെ നടക്കും. അവരോട് ഞാന്‍ വിശ്വാസപൂര്‍വം കാര്യം പറയും. ഞാന്‍ എന്നും എന്നെ അടക്കി നിര്‍ത്തും. എന്നെ, ശുക്രന്റെ നീതി അനുസരിക്കുന്ന എന്നെ, ജിത്തേന്ദ്രിയനും നിയതനുമായ എന്നെ, അക്രോധനും ധര്‍മ്മശീലനുമായ എന്നെ, രാജാക്കന്മാര്‍ തേനിനെ തേനീച്ച എന്ന പോലെയാണ് ആശ്രയിക്കുന്നത്. അങ്ങനെയുള്ളവനായ ഞാനോ വാക്ക്, വിദ്യ, രസങ്ങള്‍ ഇവയില്‍ മികച്ചു നില്ക്കുവാന്‍ ആഗ്രഹിക്കുന്നുമില്ല. നക്ഷത്രങ്ങള്‍ക്ക് ചന്ദ്രനെന്ന പോലെയും, സ്വജാതിക്കാര്‍ക്ക് അഗ്ര്യനായും, ഞാന്‍ അഭിമാനിക്കുന്നില്ല. ഇതാണ് മന്നില്‍ അമൃതായിട്ടുള്ളത്. ഇതാണ് മുഖ്യമായും കാണേണ്ടതായ സത്യം. ബ്രാഹ്മണന്റെ മുഖത്തു നിന്നു ശുക്രന്റെ നീതി കേള്‍ക്കുകയും അതനുസരിച്ച് നടക്കുകയും വേണം. അത്രത്തോളമായാല്‍ ശ്രേയസ്സായി എന്ന് പ്രഹ്ളാദന്‍ ബ്രാഹ്മണനോടു പറഞ്ഞു. അവന്‍ ശുശ്രൂഷിച്ച ദൈത്യ രാജാവായ പ്രഹ്ളാദന്‍ വീണ്ടും പറഞ്ഞു. ഹേ ദ്വിജോത്തമാ, ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. നീ എന്നോടു ചെയ്ത ആ ഗുരു ശുശ്രുഷയാല്‍ ഞാന്‍ സന്തോഷിക്കുന്നു. നീ എന്നില്‍ നിന്ന് വരം വരിച്ചു കൊള്ളുക. ഞാന്‍ തീര്‍ച്ചയായും നീ ആഗ്രഹിക്കുന്ന വരം നല്കാം. നിനക്കു നന്മ വരട്ടെ! ബ്രാഹ്മണന്‍ ഇതുകേട്ട് പ്രീതനായി പ്രഹ്ളാദനോട് ഞാന്‍ വരം വാങ്ങിക്കുന്നു. എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ പറഞ്ഞു: രാജാവേ, ഭവാന്‍ എന്നില്‍ പ്രസാദിക്കുന്നുണ്ടെങ്കില്‍, എനിക്കു നന്മനേരുന്നുണ്ടെങ്കില്‍, ഭവാന്റെ ശീലം എനിക്കു ലഭിക്കണമെന്ന് ഒരു ആഗ്രഹം എന്നിലുണ്ട്. അതാണ് ഞാന്‍ അങ്ങയില്‍ നിന്ന് ആശിക്കുന്ന വരം!
ദൈത്യേന്ദ്രന്‍ ഇതുകേട്ട് പ്രസന്നനായി. എങ്കിലും ഉടനെ ഉള്ളില്‍ അവന് ഭയവും ഉദിച്ചു. വിപ്രന്‍ വരം ചോദിച്ചതു കേട്ടപ്പോള്‍ ഇവന്‍ അല്പതേജസ്വിയല്ല, സാധാരണക്കാരനല്ല, എന്നു പ്രഹ്ളാദന്റെ ഉള്ളില്‍ തോന്നി. അപ്പോഴും വിസ്മയത്തോടെ പ്രഹ്ളാദന്‍ പറഞ്ഞു; അങ്ങനെയാകട്ടെ!
പ്രഹ്ളാദന്‍ വിപ്രന്നു വരം നല്കിയെങ്കിലും ഇണ്ടലോടെ ഇരുന്നു. അങ്ങനെ വരംവാങ്ങി ബ്രാഹ്മണന്‍ പോയപ്പോള്‍ അദ്ദേഹം വല്ലാത്ത ചിന്തയില്‍ മുങ്ങിപ്പോയി.
പ്രഹ്ലാദന്‍ അങ്ങനെ ചിന്തിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തില്‍ നിന്ന് മഹത്തായ പ്രഭ ഒരു രൂപം കൈക്കൊണ്ട് ഉയര്‍ന്നു. ദേഹം എടുത്ത തേജസ്സായിരുന്നു അത്. അത് പ്രഹ്ലാദന്റെ ദേഹം വിട്ടു. തന്റെ മുമ്പില്‍ പ്രഭയോടെ നില്ക്കുന്ന ആ രൂപത്തോട് അദ്ദേഹം ചേദിച്ചു: നീ ആരാണ്? എന്ന്, അവനോട് ആ സത്വം മറുപടി പറഞ്ഞു. ഞാന്‍ ശീലമാണ്. ഞാന്‍, ഭവാന്‍ വിട്ടതുമൂലം പോവുകയാണ്. രാജാവേ, ഞാന്‍ ഇനി ആ ശ്ലാഘ്യനായ ബ്രാഹ്മണനില്‍ച്ചെന്ന് വാഴുവാനാണു വിചാരിക്കുന്നത്. ശിഷ്യത്വം സ്വീകരിച്ച് നിന്നെ പൂജിച്ച് ഇവിടെ വാണ ആ മഹാശയനായ ബ്രാഹ്മണനില്ലേ. അവനില്‍ അധിവസിക്കുവാനാണ് ഞാന്‍ പോകുന്നത്? എന്നു പറഞ്ഞ് ആ തേജസ്സ്, ശീലം, അവിടെ മറ ഞ്ഞു. പിന്നെ ഇന്ദ്രനില്‍ ചെന്നു കയറുകയും ചെയ്തു. ആ തേജസ്സ് പോയ ഉടനെ തത്തുലൃനായ മറ്റൊരുത്തനും പ്രഹ്ളാദന്റെ ദേഹംവിട്ട് പോയി. അവനോടും അദ്ദേഹം ചോദിച്ചു; നീ ആരാണ്? അവന്‍ മറുപടി പറഞ്ഞു. ഞാന്‍ ധര്‍മ്മമാണ്. ഞാന്‍ ആ ദ്വിജനെ അന്വേഷിച്ചു പോവുകയാണ്! ഹേ ദൈത്യേന്ദ്രാ ഞാന്‍ പോകട്ടെ! ശീലം ഉള്ളേടത്തേ ഞാന്‍ അധിവസിക്കു! | അങ്ങനെ ശീലവും, ധര്‍മ്മവും പോയതിന്നു ശേഷം വേറെ ഒരുത്തനുണ്ട് മഹാത്മാവായ പ്രഹ്ളാദന്റെ മെയ് വിട്ട് പുറപ്പെടുന്നു! തേജസ്സാല്‍ ജ്വലിക്കുന്ന അവനോട് അദ്ദേഹം ചോദിച്ചു: നീ ആരാണ്? ആ ചോദ്യം കേട്ടപ്പോള്‍ ആ തേജസ്ധി പറഞ്ഞു: ഹേ ദൈത്യേന്ദ്രാ! ഞാന്‍ സത്യമാണ്. ഞാന്‍ ധര്‍മ്മത്തിന്റെ പിന്നാലെ പോകുന്നവനാണ്. ധര്‍മ്മത്തെ അനുയാത്ര ചെയ്യുന്നവനാണ്.
ആ സത്യം പോയ നേരത്ത് വന്‍പനായ വേറെ ഒരു പുരുഷനും പ്രഹ്ളാദനില്‍നിന്നു പുറപ്പെട്ടു. അവനെക്കണ്ട് പ്രഹ്ളാദന്‍ ചോദിച്ചു. അങ്ങ് ആരാണ്? ആ മഹാബലന്‍ മറുപടി പറഞ്ഞു. ഹേ, പ്രഹ്ളാദാ, ഞാന്‍, വൃത്തമാണ് സത്യമുള്ളേടത്തേ ഞാന്‍ വസിക്കു അങ്ങനെ വൃത്തം പോയ സമയത്തു മറ്റൊരു മഹാത്മാവുണ്ട് പ്രഫ്ലാദനില്‍ നിന്നു പുറപ്പെടുന്നു. ഭയങ്കരമായ ശബ്ദത്തില്‍ അവന്‍ പ്രഹ്ളാദനോടു വിളിച്ചു പറഞ്ഞു: ഹേ രാജാവേ, ഞാന്‍ ബലം ആണ്. എവിടെ വൃത്തമുണ്ടോ. അവിടെ ഞാനുണ്ട്. ഇവരെല്ലാം വിട്ടിറങ്ങിയപ്പോള്‍ പ്രഭാമയിയായ് ഒരു ദേവി അവനെ വിട്ടിറങ്ങി. അവളോട് അദ്ദേഹം ചോദിച്ചു. ദേവീ, നീ ആരാണ്? അവള്‍ മറുപടി പറഞ്ഞു. വീരനായ രാജാവേ, ഞാന്‍ ശ്രീയാണ്. അങ്ങയില്‍ ഇഷ്ടം പോലെ അധിവസിച്ചു. സത്യപരാക്രമാ! ഇപ്പോള്‍ ഞാന്‍ അങ്ങയെ വിട്ടു പോവുകയാണ്. ബലം എവിടെയുണ്ടോ, അവിടെയേ ഞാന്‍ വസിക്കുകയുള്ളു.
മഹാത്മാവായ പ്രഹ്ളാദന്ന് ഈ സന്ദര്‍ഭത്തില്‍ വലിയ ഭയം ഉണ്ടായി. അവന്‍ ശ്രീദേവിയോടു ചോദിച്ചു: ഹേ ലക്ഷ്മീദേവീ, കമലാലയവാസിനീ, നീ എങ്ങോട്ടു പോകുന്നു? ദേവീ, നീ സത്യ വ്രതയാണല്ലോ ലോകത്തില്‍ പരമേശ്വരിയാണല്ലൊ. ഭവതിയോടു ഞാന്‍ ഒന്നു ചോദിക്കുന്നു. എന്റെ അടുത്ത് വന്നുകൂടി എന്നെ ഗുരുഭക്തിയോടെ ശുശ്രൂഷിച്ച് പ്രീതിപ്പെടുത്തിപ്പോയ ആ ബ്രാഹ്മണ ശ്രേഷ്ഠന്‍ ആരാണ്? ശരിയായ വിവരം അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!
ശ്രീ പറഞ്ഞു: പ്രഭോ, ആ ബ്രാഹ്മണന്‍ സാക്ഷാല്‍ ദേവേന്ദ്രനാണ്. ബ്രഹ്മചാരിയായി നിന്നില്‍ നിന്നു പഠിച്ച അവന്‍ ശക്രനാണ്. അവന്‍ നിന്നില്‍ നിന്ന് ത്രൈലോകൈശ്വര്യവും നേടി. ഹേ ധര്‍മ്മജ്ഞാ! നീ ശീലം കൊണ്ടാണല്ലോ മൂന്നു ലോകവും നേടിയത്. അതറിഞ്ഞ് ദേവേന്ദ്രന്‍ നിന്നില്‍ നിന്നു നിന്റെ ശീലം നേടി പ്രഭോ! ധര്‍മ്മം, പിന്നെ സത്യം, പിന്നെ വൃത്തം, പിന്നെ ബലം, പിന്നെ ഈ ഞാന്‍, ഇവരൊക്കെ ശീലത്തെ ആധാരമാക്കി നിലകൊള്ളുന്നവരാണ്. ഹേ മഹാപ്രാജ്ഞാ! അതില്‍ ഒരിക്കലും സംശയിക്കേണ്ടതില്ല.
ഭീഷ്മൻ പറഞ്ഞു: എന്നു പറഞ്ഞ് ആ ശ്രീയും പോയി. അങ്ങനെ അവരൊക്കെ പ്രഹ്ളാദനെ വിട്ടുപോയി യുധിഷ്ഠിരാ!
ഇതു കേട്ടപ്പോള്‍ ദുര്യോധനന്‍ വീണ്ടും ധൃതരാഷ്ട്രനോടു ചോദിച്ചു; അച്ഛാ! ശീലത്തിന്റെ തത്ത്വം എന്തെന്നറിയുവാന്‍ എനിക്കാഗ്രഹമുണ്ട്. ഈ ശീലം എന്നു പറയുന്ന വസ്തുവുണ്ടല്ലോ. അച്ഛാ! അത് എങ്ങനെ കൈയില്‍ക്കിട്ടും? അതിനെ പിടിക്കുവാനുള്ള കൌശലം പറഞ്ഞു തരണേ!
ധൃതരാഷ്ട്രൻ പറഞ്ഞു: യോഗ്യനായ പ്രഹ്ളാദന്‍ അതിന്നുള്ള ഉപായം പറഞ്ഞിട്ടുണ്ട്. ശീലം സമ്പാദിക്കുവാനുള്ള ഉപായം ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞു തരാം. മനസ്സു കൊണ്ടും വാക്കു കൊണ്ടും കര്‍മ്മം കൊണ്ടും എല്ലാ ജീവിയിലും അഹിംസ പാലിക്കുക, അനുഗ്രഹിക്കുക, ദാനം ചെയ്യുക. ഇതാണ് പ്രശസ്തമായ ശീലം എന്നു പറയുന്നത്. അന്യര്‍ക്ക് ഹിതമല്ലാത്തതും തനിക്കു വേണ്ടതുമായ കര്‍മ്മം അത് പരുഷമാണെന്നു തോന്നിയാല്‍, ലജ്ജാകരമായ ആ കര്‍മ്മം ചെയ്യാതിരിക്കണം. സദസ്സില്‍ പ്രാജ്ഞന്മാര്‍ പുകഴ്ത്തുന്ന കര്‍മ്മങ്ങള്‍ ഏതോ അത് ചെയ്യണം. ഇതാണ്, ശീലത്തിന്റെ സ്വഭാവം. അത് ഞാന്‍ ചുരുക്കമായി നിന്നോടു പറഞ്ഞു. കുരുസത്തമാ, നീ മനസ്സിലാക്കിയോ? ഇനി ഒരു കാര്യം കൂടെ പറയാം. ചിലപ്പോള്‍ ശീലം കെട്ടവരും ശ്രീ നേടിയേക്കും. ഉണ്ണീ, അത് ദീര്‍ഘകാലം നില്ക്കില്ല. ക്ഷണത്തില്‍ അതു വേരോടെ നശിച്ചു പൊയ്ക്കളയും.
ഇങ്ങനെ അതിന്റെ തത്ത്വം പോലെ മനസ്സിലാക്കി പുത്രാ, നീ ശീലവാനാവുക. നീ ധര്‍മ്മജനേക്കാള്‍ മെച്ചപ്പെട്ടവനായി ശ്രീ കൊതിക്കുന്നുണ്ടെങ്കില്‍ അതാണ് വേണ്ടത്.
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം രാജാവായ ധൃതരാഷ്ട്രന്‍ ദുര്യോധനനോട് ഉപദേശിച്ചു. ഹേ കൌന്തേയാ, നീ അപ്രകാരം അനുവര്‍ത്തിക്കുക. എന്നാല്‍ നീ തീര്‍ച്ചയായും അതിന്റെ ഫലം അനുഭവിക്കും.
അദ്ധ്യായം 125. ഋഷഭഗീത - (സുമിത്രന്റെയും ഋഷഭന്റെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, പുരുഷനില്‍ മികച്ച ഗുണം ശീലമാണെന്ന് അങ്ങു പറഞ്ഞു. ഇനി ആശ എന്നാല്‍ എന്താണ് എന്നും ആശ എന്നത് എങ്ങനെ ഉണ്ടായി എന്നും പറഞ്ഞു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് ഇങ്ങനെ വലിയ ഒരു സംശയം വന്നു കൂടിയിട്ടുണ്ട്. അതു തീര്‍ത്തു തരുവാന്‍ അങ്ങല്ലാതെ ആരുമില്ല. പരപുരഞ്ജയനായ പിതാമഹാ! സുയോധനനില്‍ എനിക്ക് ഒരു വലിയ ആശ ഉദിച്ചിരുന്നു. യുദ്ധം വന്നു കഴിഞ്ഞാല്‍ അവന്‍ യുക്തമായത് പ്രവര്‍ത്തിക്കുമെന്നായിരുന്നു എന്നില്‍ വന്നു ചേര്‍ന്ന ആ ആശ. എല്ലാ പുരുഷന്മാര്‍ക്കും ഉണ്ടാകും വലിയ ആശ. ആ ആശ കെട്ടാല്‍ ദുഃഖമായി. മരണം തന്നെ നിരാശ മൂലം വന്നു ചേരും. ആ ദുരാത്മാവായ ദുര്യോധനന്‍ എന്നെ ആശ കെട്ടവനായ ദുര്‍ബുദ്ധിയാക്കിക്കളഞ്ഞു. ആ ധാര്‍ത്തരാഷ്ട്രന്റെ പ്രവൃത്തി മൂലം വന്നു ചേര്‍ന്ന മന്ദതയെ ഭവാന്‍ കാണുന്നില്ലേ? അല്ലയോ കുരു കുലശ്രേഷ്ഠാ, ആശ മലയേക്കാളും, ആകാശത്തേക്കാളും വലുതാണെന്ന് എനിക്കു തോന്നുന്നു. അത് ഏറ്റവും ദുര്‍ഗ്രാഹ്യവും ദുര്‍ല്ലഭവുമാണ്. ഇതിനേക്കാള്‍ ഏറെ ദുര്‍ല്ലഭമായി എന്തുണ്ട് പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: ഇക്കാര്യത്തില്‍ ഞാന്‍ ഒന്നു പറയുന്നു; അത് യുധിഷ്ഠിരാ, നീ കേട്ട് ധരിക്കുക. അത് നടന്ന ഒരു കഥയാണ്. സുമിത്രന്റേയും ഋഷഭന്റേയും കഥയാണ്.
ഒരു ദിവസം ഹൈഹയരാജ്യത്തിലെ സുമിത്രന്‍ എന്ന രാജാവ് വനത്തില്‍ വേട്ടയാടുവാന്‍ പോയി. അവന്‍ അമ്പെയ്ത് ഒരു മാനിന്റെ പിന്നാലെ ഓടി. ശരമേറ്റ മാന്‍ അതും കൊണ്ട് ഓടി. മാനിന്റെ ദ്രുതഗമനം കണ്ട് രാജാവും അതിനെ ഇപ്പോള്‍ പിടിക്കാമെന്നു വെച്ച് ഓടി. അങ്ങനെ രാജാവ് കൂടെയുള്ള സൈന്യ സന്നാഹങ്ങളെയൊക്കെ വിട്ട് ആ മാനിനെ പിന്‍തുടര്‍ന്നു.
മാന്‍ കണ്ട വഴിക്ക് ഓടി. ഒരു മുഹൂര്‍ത്ത സമയം സമനിലത്തുകൂടി ഓടി. രാജാവാണെങ്കില്‍ യൗവനയുക്തനായ ചെറുപ്പക്കാരന്‍, നെഞ്ഞൂക്കാണെങ്കില്‍ കുറച്ചു കൂടുതലും! വില്ലും വാളും ചട്ടയുമായി അവന്‍ മാനിനെ വീണ്ടും പിന്‍തുടര്‍ന്നു. അങ്ങനെ രാജാവ് നദങ്ങളും, നദികളും, തോടുകളും, വരണ്ട പലലങ്ങളും, പൂത്ത കാടുകളും, മേടുകളും കടന്ന് ചുറ്റിത്തിരിഞ്ഞ് ഒറ്റയ്ക്കായി. അവന്‍ ആ മൃഗത്തെ പിന്‍തുടര്‍ന്ന് ഓടി.
രാജാവിന്റെ അമ്പുകള്‍ ധാരാളം ഏറ്റ ആ മൃഗം, ആ ധീരനായ രാജാവിനെ കളിപ്പിക്കുന്ന മട്ടില്‍ വിട്ട് ഓടുകയും വീണ്ടും അദ്ദേഹത്തിന്റെ മുമ്പില്‍ തുള്ളിക്കളിക്കുകയും വീണ്ടും പായുകയും ചെയ്തു. ശത്രുകര്‍ശനനായ രാജാവ് മര്‍മ്മം പിളരുന്ന നിശിതമായ ഘോരബാണം വില്ലില്‍ത്തൊടുത്ത് മൃഗത്തിന്റെ നേരെ വിട്ടു. ഉടനെ ഒരു വിളിപ്പാടകലെ ആ മൃഗയൂഥപയൂഥപനായ മൃഗം അമ്പിന്റെ ലക്ഷ്യത്തില്‍ നിന്ന് തെറ്റിച്ചാടിയൊഴിഞ്ഞ് രാജാവിനെ പുച്ഛിക്കുന്ന മട്ടില്‍ നിന്നു. തേജസ്സേറിയ ആ ബാണം ലക്ഷ്യത്തില്‍ കൊള്ളാതെ നിലത്തു വീണപ്പോള്‍ മാന്‍ ഗഹനമായ കാട്ടിലേക്കോടി. രാജാവ് അതിനെ പിന്‍തുടര്‍ന്നു ഓടു കയും ചെയ്തു.
അദ്ധ്യായം 126. ഋഷഭഗീത - (സുമിത്രന്റേയും ഋഷഭന്റേയും കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: മഹാരണ്യത്തില്‍ക്കടന്ന് താപസാശ്രമഭൂമിയില്‍ച്ചെന്നു രാജാവ് തളര്‍ന്ന മട്ടില്‍ ഇരുന്നു പോയി. വില്ലു ധരിച്ചവനും വിശന്നു തളര്‍ന്നവനുമായ അവനെക്കണ്ട് അവിടെയുള്ള മഹർഷികൾ ഒത്തു കൂടി വിധി പോലെ പൂജിച്ചു. മുനിമാര്‍ ചെയ്ത സല്‍ക്കാരം സ്വീകരിച്ച് രാജാവ് ആ തപോമുഖ്യന്മാരോടെല്ലാം തപസ്സിനെക്കുറിച്ചും മറ്റും കുശലം ചോദിച്ചു. ആ രാജാവിന്റെ കുശല വാക്കുകള്‍ സസന്തോഷം സ്വീകരിച്ച് തപസ്വികളായ മുനിമാര്‍ രാജാവിനോട് വനത്തില്‍ വന്ന കാര്യത്തെപ്പറ്റി ചോദിച്ചു. എന്തു കാര്യത്തിന്നാണ് ഹേ സുമുഖാ, അങ്ങു തപോവനത്തിലേക്ക് എഴുന്നള്ളിയത്? അങ്ങ് കാല്‍നടയായി വില്ലും ആവനാഴിയും വാളുമായിട്ടാണല്ലോ വന്നിരിക്കുന്നത്! അതു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എവിടെ നിന്നാണ് മാനദാ, അങ്ങു വന്നത്? അങ്ങ് ഏതു വംശത്തിലാണു ജാതനായത്? അങ്ങയുടെ പേര്‍ എന്താണ്? എല്ലാം പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഉടനെ രാജാവ് എല്ലാ വിപ്രന്മാരേയും വന്ദിച്ച് ന്യായം പോലെ തന്റെ വൃത്താന്തം പറഞ്ഞു ഭരതര്‍ഷഭാ!
രാജാവു പറഞ്ഞു; ഞാന്‍ ഹേഹയവംശത്തില്‍ പിറന്നവനാണ്. മിത്രനന്ദനനായ സുമിത്രനാണ്. ഞാന്‍ മൃഗങ്ങളെ ശരങ്ങള്‍ വിട്ട് സംഹരിച്ചു നടക്കുകയാണ്. വലിയ ഒരു പടയോടും മന്ത്രിമാരോടും ഭാര്യയോടും കൂടി ഞാന്‍ വേട്ടയാടി ഈ വലിയ വനത്തില്‍ വന്നു ചേര്‍ന്നു. ഞാന്‍ ഒരു മാനിനെ അമ്പെയ്തു. ശരം തറച്ചിട്ടും ഓടിപ്പോയ ആ മാനിനെ ഞാന്‍ പിന്തുടര്‍ന്ന് ഓടി. അങ്ങനെ ഓടിത്തളര്‍ന്ന് ഞാന്‍ ഈ കാട്ടില്‍ യദ്യച്ഛയാല്‍ ഭവാന്മാരുടെ മുമ്പില്‍ വന്നു ചേര്‍ന്നു. ഞാന്‍ ശ്രീ നഷ്ടപ്പെട്ടവനായി, ആശ കെട്ടവനായി തളര്‍ന്ന് ഇതാ ഭവാന്മാരുടെ മുമ്പില്‍ എത്തിയിരിക്കുന്നു. ഞാന്‍ കൂട്ടം പിരിഞ്ഞ്, ഏകനായി, തളര്‍ന്ന്, ഹതാശനായി, ലക്ഷണം കെട്ടവനായി നിങ്ങളുടെ ആശ്രമത്തിലെത്തിയിരിക്കുന്നു. ഇതിലും അധികമായ ദുഃഖം എന്തുണ്ട് സംഭവിക്കുവാന്‍! രാജചിഹ്നവും പട്ടണവും വിട്ടതു കൊണ്ടുള്ള ദുഃഖമല്ല എന്നെ പീഡിപ്പിക്കുന്നത്. കടുത്ത ദുഃഖം ഈ ആശാഭംഗം കൊണ്ടുള്ളതാണ് മുനീന്ദ്രന്മാരെ!
ഹിമവാന്‍ എന്ന പര്‍വ്വതം വളരെ വലിയ ഒരു വസ്തുവാണ്. മഹാസമുദ്രം വളരെ വിസ്തൃതം തന്നെ. ആകാശമണ്ഡലമോ, അതിവിസ്തൃതം! എന്നാല്‍ ഇവയൊന്നും വലിപ്പം കൊണ്ട് ആശയോടൊക്കുകയില്ല. ആശയുടെ വലിപ്പം ഇവയിലുമൊക്കെ കവിഞ്ഞതാണ്. അതിന്റെ അറ്റം ഞാന്‍ കാണുന്നില്ല. അല്ലയോ താപസന്മാരേ, സര്‍വ്വജ്ഞന്മാരായ നിങ്ങള്‍ കാര്യത്തിന്റെ തത്ത്വമെല്ലാം അറിഞ്ഞവരാണല്ലോ. ഏറ്റവും മഹാഭാഗന്മാരായ നിങ്ങളോട് ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ: മനുഷ്യന്‍ ലാളിച്ചു വളര്‍ത്തിയ ആശയോ, ഈ കാണുന്ന വിസ്തൃതമായ അന്തരീക്ഷമോ ഏതാണ് മഹത്ത്വം കൊണ്ടു വലിയത്? നിങ്ങളുടെ അഭിപ്രായമെന്താണ്? ഇത് ശരിയായി അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. ദുര്‍ല്ലഭമായ ആ തത്ത്വം രഹസ്യമല്ലെങ്കില്‍ വൈകാതെ പറഞ്ഞുതരിക. ഗൂഢമാണെങ്കില്‍ ഞാന്‍ ചോദിക്കുന്നില്ല. ദ്വിജ്രേന്ദന്മാരേ! അതു വെളിപ്പെടുത്തുന്നതില്‍ തപോവിഘ്നം വന്നു ചേരുമെന്നുണ്ടെങ്കില്‍ നിങ്ങള്‍ പറയേണ്ടാ. കഥയ്ക്കു മാര്‍ഗ്ഗമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. ഇതിന്റെ കാരണവും സാമര്‍ത്ഥ്യവും തത്ത്വം പോലെ കേള്‍ക്കുവാന്‍ ഒരാഗ്രഹം തോന്നിയെന്നു മാത്രം. നിങ്ങള്‍ തപോനിത്യന്മാരും യോഗികളുമാണല്ലേോ. വിരോധമില്ലെങ്കില്‍ പറയുവിന്‍!
അദ്ധ്യായം 127. ഋഷഭഗീത - (സുമിത്രന്റേയും ഋഷഭന്റേയും കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: രാജാവ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ആ മഹര്‍ഷിമാരില്‍ മുഖ്യനായ ഋഷഭന്‍ എന്നു പേരായ വിപ്രര്‍ഷി വിസ്മയമുളവാക്കുന്ന വിധം ഇങ്ങനെ ഒരു കഥ പറഞ്ഞു:
അല്ലയോ രാജശാര്‍ദ്ദൂലാ! ഞാന്‍ തീര്‍ത്ഥാടനം ചെയ്തു നടക്കുന്ന അവസരത്തില്‍ ഒരു ദിവസം നരനാരായണാശ്രമത്തില്‍ ചെന്നു. അവിടെയാണ് ബദരിഹ്രദം. അവിടെയാണ് വൈഹായസം. അവിടെയാണ് ശാശ്വതമായ വേദം അശ്വശിരസ്സ് ചൊല്ലുന്നത്.
ആ സരസ്സില്‍ച്ചെന്ന് ഞാന്‍ വിധിപ്രകാരം ദേവകള്‍ക്കും പിതൃക്കള്‍ക്കും തര്‍പ്പണം ചെയ്തു. പിന്നെ ആശ്രമത്തില്‍ ചെന്നു. അവിടെയാണ് നിത്യവും നരനാരായണ ഋഷികള്‍ രമിക്കുന്നത്. അടുത്തുള്ള ആശ്രമത്തിലേക്ക് ഞാന്‍ അപ്പോള്‍ പാര്‍ക്കുവാനായി ചെന്നു. ആ ആശ്രമത്തില്‍ ചീരാജിനം ധരിച്ച്, മെലിഞ്ഞ്, വളരെ പൊക്കത്തില്‍ ഒരു മഹര്‍ഷി വരുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ പേര്‍ തനു എന്നാണത്രേ!
മഹാബാഹോ! അവന്‍ മറ്റുള്ളവരേക്കാള്‍ ഇരട്ടി പൊക്കമുണ്ട്. അത്ര നീണ്ട ശരീരം. വണ്ണമോ? അത്ഭുതം തന്നെ! വളരെ വളരെ മെലിഞ്ഞ ശരീരം. ഇങ്ങനെ മെലിഞ്ഞ ഒരു പുരുഷനെ ഞാന്‍ കണ്ടിട്ടില്ല. രാജാവേ, അവന്റെ ശരീരം നമ്മുടെ ചെറുവിരലിന്റെ വണ്ണമേയുള്ളൂ. അവന്റെ കഴുത്തും കൈയും കാലും കണ്ടാല്‍ അത്ഭുതം തോന്നും! ശരീരത്തിനൊത്ത തല. അതി ന്നനുയോജ്യമായ കണ്ണും ചെവിയും. അവന്റെ വാക്കും നടത്തവും അസാമാന്യം തന്നെ രാജാവേ!
ആ കൃശനായ ദ്വിജനെക്കണ്ട് ഞാന്‍ ഭയപ്പെട്ടു പോയി രാജാവേ! അവന്റെ കാല്ക്കല്‍ ഞാന്‍ കൈകുപ്പി നിന്നു. ഞാന്‍ എന്റെ നാമവും ഗോത്രവും പറഞ്ഞു. എന്റെ അച്ഛനാരാണെന്നും പറഞ്ഞു. അദ്ദേഹം കല്‍പിച്ചു തന്ന പീഠത്തില്‍ ഞാന്‍ ഇരുന്നു.
പിന്നെ ആ മഹര്‍ഷിമാരുടെ മുമ്പില്‍വെച്ച് തനു എന്ന ആ ധര്‍മ്മിഷ്ഠപുംഗവന്‍ ധര്‍മ്മം ചേര്‍ന്ന കഥ പറയുവാന്‍ തുടങ്ങി. അങ്ങനെ അവന്‍ ഓരോ ധാര്‍മ്മികകഥകള്‍ പറഞ്ഞിരിക്കുന്ന സമയത്ത് രാജീവനേത്രനായ ഒരു രാജാവ് ഭാര്യയോടൊപ്പം അവിടെ വന്നുചേര്‍ന്നു. കുതിരയെ ഓടിച്ച് രഥത്തില്‍ അവര്‍ അവിടെയെത്തി.
കാട്ടില്‍ കാണാതായ തന്റെ മകനെപ്പറ്റി ദുഃഖിച്ചാണ് ആ രാജാവ് അവിടെ എത്തിയിരിക്കുന്നത്. ഭൂരിദ്യുമ്ന രാജാവിന്റെ പുരതനായ വീരദ്യുമ്നന്‍ എന്നു പ്രസിദ്ധനായ രാജാവായിരുന്നു അദ്ദേഹം, ആശാപാശം മൂലം ആ രാജാവ് വനത്തില്‍ ചുറ്റിത്തിരിഞ്ഞ് അന്വേഷിച്ചു; കണ്ടെത്തിയില്ല. പരമധാര്‍മ്മികനായ രാജാവിന്റെ പുത്രന്‍ നഷ്ടപ്പെട്ടു എന്നു തന്നെ വിചാരിച്ചു. കാണാന്‍ കഴിഞ്ഞില്ല, ഇനി അന്വേഷിക്കേണ്ട ദിക്കില്ല. എനിക്ക് ആശയാണെങ്കില്‍ വലുതാണു താനും. ഈ വിചാരത്തില്‍പ്പെട്ട ഞാന്‍ ചത്തതിനു തുല്യമായിരിക്കയാണു മഹര്‍ഷേ! അവന്റെ ആ വാക്കുകേട്ട് ഭഗവാനായ തനു മഹര്‍ഷി തല താഴ്ത്തി ധ്യാനിച്ച് മുഹൂര്‍ത്തസമയമിരുന്നു. അവന്‍ ധ്യാനിക്കുന്നതു കണ്ട് ദുഃഖത്തില്‍ മുങ്ങിയിരിക്കുന്ന രാജാവ് ദീനാത്മാവായി പതുക്കെപ്പതുക്കെ പറഞ്ഞു: അല്ലയോ ദേവര്‍ഷേ, ആശയേക്കാള്‍ വലുതും ദൂര്‍ല്ലഭവുമായി ലോകത്തില്‍ എന്തുണ്ട്? ഗൂഡമമല്ലെങ്കില്‍ ഭഗവാന്‍ ഇത് എന്നോടു പറയണേ!
മുനി പറഞ്ഞു: അവന്‍ അവന്റെ ഭാഗൃക്ഷയം കാരണം ബുദ്ധിമൗഢ്യത്താല്‍, ഭഗവാനായ മഹര്‍ഷിയെ മുമ്പ് അവമാനിച്ചു വിട്ടു. പൊന്നിന്‍ കലശവും വല്ക്കലവും ആ മുനി ഇരന്നപ്പോള്‍ അത് അവന്‍ നല്കിയില്ല. അവജ്ഞയോടെ വിട്ട അദ്ദേഹം അതു നേടാതെ മടങ്ങി. ഇതു കേട്ടപ്പോള്‍ രാജാവ് ആ മുനിയെ നമിച്ച്, തളര്‍ന്ന് നീ ഇപ്പോള്‍ ഇരിക്കുന്ന മാതിരി ഇരുന്നു. ഉടനെ മഹര്‍ഷി രാജാവിന്ന് അര്‍ഘ്യവും പാദ്യവും കൊണ്ടുവന്നു. ആരണ്യ വിധിയനുസരിച്ച് രാജാവിന്നു വേണ്ടതൊക്കെ ചെയ്തു. പിന്നെ എല്ലാ മുനികളും രാജാവിനെ ചുഴന്ന്, ധ്രുവനെ സപ്തര്‍ഷികള്‍ ചുഴന്ന പോലെ ഇരുന്നു.
തോല്മ പറ്റാത്ത ആ രാജാവിനോട് അവന്‍ എല്ലാ കാര്യവും ചോദിച്ചു. ആശ്രമത്തില്‍ കയറി വരുവാനുണ്ടായ കാരണവും ചോദിച്ചു.
അദ്ധ്യായം 128. ഋഷഭഗീത - (സുമിത്രന്റേയും ഋഷഭന്റേയും കഥയുടെ അവസാനം) - രാജാവു പറഞ്ഞു: വീരദ്യുമ്നന്‍ എന്നു പ്രസിദ്ധനായ രാജാവാണ് ഞാന്‍. ഭൂരിദ്യുമ്നന്‍ എന്നു പേരായ എന്റെ പുത്രനെ അന്വേഷിച്ച് ഞാന്‍ ഈ കാട്ടില്‍ എത്തിയതാണ്. എനിക്ക് അവന്‍ ഒരുത്തനേ പുത്രനായിട്ടുള്ളു. അവന്‍ കുട്ടിയാണ് മഹര്‍ഷേ, അവനെ കാട്ടില്‍ അന്വേഷിച്ചു, കണ്ടെത്തിയില്ല.
ഋഷഭന്‍ പറഞ്ഞു: എന്ന് രാജാവു പറഞ്ഞപ്പോള്‍ തലതാ ഴ്ത്തിയിരുന്ന തനു മഹര്‍ഷി മിണ്ടാതിരുന്നതല്ലാതെ ഒന്നും ഉത്തരം പറഞ്ഞില്ല. മുമ്പേ തന്നെ ആ രാജാവിനാല്‍ ഏറ്റവും അവമാനിക്കപ്പെട്ടവനും ആശാഹതനുമായ ആ വിപ്രന്‍ രാജാവേ, വലിയ തപസ്സു ചെയ്ത് ഇരിക്കുകയായിരുന്നു. താന്‍ രാജാക്കന്മാരോട് ഒരിക്കലും പ്രതിഗ്രഹം വാങ്ങുന്നതല്ലെന്നും മറ്റു ജാതി ക്കാരോടും അപ്രകാരം തന്നെ പ്രതിഗ്രഹം വാങ്ങുന്നതല്ലെന്നും നിശ്ചയിച്ച് ആ വിപ്രന്‍ ഇരിക്കുകയായിരുന്നു. വിഡ്ഢികളായി ഓരോ മോഹംമൂത്ത പുരുഷന്മാരെ ആശ എപ്പോഴും ഇളക്കിക്കൊണ്ടിരിക്കും. ആ ആശയെ ഞാന്‍ എന്റെ മനസ്സില്‍ നിന്നു നീക്കിക്കളയും ഇതായിരുന്നു അവന്റെ മനസ്സിലെ നിശ്ചയം. വീര്യദ്യുമ്നന്‍ വീണ്ടും മുനിയോടു ചോദിച്ചു.
രാജാവ് പറഞ്ഞു: മഹര്‍ഷേ, ആശയുടെ കാര്‍ശ്യത്തിന്റെ (കൃശത്വത്തിന്റെ) അളവ് എന്താണ്? മന്നില്‍ ദുര്‍ല്ലഭമായി, കിട്ടുവാന്‍ വിഷമമായി, ഉള്ള വസ്തു എന്താണ്? ഭഗവാനേ, പറഞ്ഞു തന്നാലും. ഭവാന്‍ ധര്‍മ്മാര്‍ത്ഥം കാണുന്നവനാണല്ലലോ. പിന്നെ അതൊക്കെ ചിന്തിച്ച് ഓര്‍മ്മിച്ച് ആ കൃശതനുവായ ദ്വിജന്‍, അവമാനിതനായ ദ്വിജന്‍ രാജാവിനോടു പറഞ്ഞു.
ഋഷഭന്‍ പറഞ്ഞു: രാജാവേ, കാര്‍ശ്യം കൊണ്ട് ആശയോടു തുല്യമായ ഒരു വസ്തുവും ലോകത്തിലില്ല. അതിന്റെ ദുര്‍ല്ലഭത്വം മൂലം ഞാന്‍ പല രാജാക്കന്മാരോടും പ്രാര്‍ത്ഥിച്ചു; അഭ്യര്‍ത്ഥിച്ചു..
രാജാവ് പറഞ്ഞു: ബ്രാഹ്മണാ, കൃശനിലയും അകൃശനിലയും ഭവാന്റെ വാക്കില്‍ നിന്ന് എനിക്ക് അറിയുവാന്‍ കഴിഞ്ഞു. അതിന്റെ ദുര്‍ല്ലഭതയും വേദവാക്യം പോലെ അറിയുവാന്‍ കഴിഞ്ഞു ദ്വിജാ! അല്ലയോ മഹാഭാഗാ, എന്റെ ഹൃദയത്തില്‍ വലിയ ഒരു സംശയം ഉദിക്കുന്നു. മഹര്‍ഷേ, അതു ശരിയായി ഭവാന്‍ എനിക്കു പറഞ്ഞു തരണേ! നിന്നേക്കാള്‍ കൃശമായി വല്ല വസ്തുവും ലോകത്തിലുണ്ടോ? അത് അങ്ങു പറഞ്ഞു തരണം. അതു പറയുന്നതില്‍ ഗൂഢമായി ഒന്നുമില്ലെങ്കില്‍ പറഞ്ഞു തന്നാല്‍ കൊള്ളാം മുനിസത്തമാ!
കൃശന്‍ പറഞ്ഞു: സംതൃപ്തനായ ഒരു അപേക്ഷകനെ ലോകത്തില്‍ കണ്ടുകിട്ടാന്‍ വിഷമമാണ്. ഒരു പക്ഷേ, ഒരാളും ലോകത്തില്‍ ഉണ്ടായിരിക്കയില്ല. അര്‍ത്ഥിയെ നിന്ദിക്കാത്തവന്‍ അതിനേക്കാള്‍ വിരളമാണ്. ശക്തി പോലെ, അര്‍ഹത പോലെ, മാനിച്ച് നല്കാതിരിക്കുകയാണെങ്കില്‍ ആ ജീവിയിലുണ്ടായ ആശ ഭവാനേക്കാള്‍ മെലിഞ്ഞതാണ്. നിരാശ മെലിഞ്ഞതാണ്. കൃതഘ്നന്മാരിലും, അലസന്മാരിലും, നൃശംസന്മാരിലും, ദ്രോഹിക്കുന്നവരിലും, ഉള്ളതായ ആശ എന്നേക്കാള്‍ മെലിഞ്ഞതാണ്. ഒരൊറ്റ മകനുള്ള അച്ഛന് മകന്‍ പോയാലും, അവന്‍ മരിച്ചാലും, ആ വൃത്താന്തമറിഞ്ഞാലുള്ള ആശയുണ്ടല്ലോ അത്- ആ ആശ-എന്നേക്കാള്‍ കൃശമായതാണ്. പ്രായം കൂടിയ സ്ത്രീകള്‍ക്ക് ഒരു സന്താനമുണ്ടായിക്കാണുവാനുള്ള ആശയുണ്ടല്ലോ, അത് എന്നേക്കാള്‍ നീണ്ടു മെലിഞ്ഞതാണ്. ധനവാന്മാരുടെ ആശ യുണ്ടല്ലോ, അതും എന്നേക്കാള്‍ നീണ്ടു മെലിഞ്ഞതാണ്. യൌവനം തികഞ്ഞ കന്യകമാര്‍ക്ക് വിവാഹം കൊതിച്ചിരിക്കുമ്പോള്‍ ആ വര്‍ത്തമാനം കേള്‍ക്കാനുണ്ടാകുന്ന ആശയുണ്ടല്ലേോ അത് എന്നേക്കാള്‍ മെലിഞ്ഞതാണ്. ഇപ്രകാരം മുനി പറഞ്ഞപ്പോള്‍ രാജാവ് ആ മഹര്‍ഷിയുടെ പാദത്തില്‍ തലമുട്ടി നമസ്കരിച്ചു.
രാജാവ് പറഞ്ഞു: ഭഗവാനേ, എന്നില്‍ പ്രസാദിക്കണേ! ഞാന്‍ പുത്രസംഗമം കാംക്ഷിക്കുന്നു. ഇപ്പോള്‍ ഭഗവാന്‍ പറഞ്ഞ കാര്യം സത്യമായ കാര്യമാണ്. അതില്‍ യാതൊരു സംശയവുമില്ല. നീ പറഞ്ഞത് ശരിയായ കാര്യമാണ്. ഇതു കേട്ടു ചിരിച്ചു കൊണ്ട് ഭഗവാനായ തനു മഹര്‍ഷി, ആ ധര്‍മ്മിഷ്ഠസത്തമന്‍, തന്റെ തപസ്സാലും ശ്രുതത്താലും അവന്റെ പുത്രനെ അവിടെ വരുത്തി. അവന്റെ പുത്രനെ വരുത്തി തന്നെ അധിക്ഷേപിച്ചയച്ച ആ രാജാവിന്റെ മുമ്പില്‍ ആ ധര്‍മ്മിഷ്ഠന്‍ ആ ധര്‍മ്മാത്മാവിനെ പ്രത്യക്ഷമാക്കി. ദിവ്യമായ അത്ഭുതാകാരത്തോടെ ആ മഹര്‍ഷി വര്യന്‍ ആ വനാന്തികത്തില്‍ സഞ്ചരിച്ചു. ഇതു ഞാന്‍ കണ്ടതാണ് രാജാവേ! അവന്‍ പറഞ്ഞ വാക്കും ഞാന്‍ കേട്ടതാണ്. അതു കൊണ്ട് രാജാവേ, ഭവാന്‍ കൃശമായ ആശയെ ഉപേക്ഷിക്കുക.
ഭീഷ്മൻ പറഞ്ഞു: മഹാത്മാവായ ഋഷഭന്‍ ഇപ്രകാരം പറ ഞ്ഞപ്പോള്‍ സുമിത്രന്‍ ഉടനെതന്നെ തന്റെ കൃശമായ ആശയെ ഉപേക്ഷിച്ചു. ഹേ കൗന്തേയാ, നീയും അപ്രകാരം തന്നെ എന്റെ ഈ വാക്കു കേട്ട് സ്ഥിരചിത്തനാവുക രാജാവേ, ഹിമാലയം പോലെ സ്ഥിരനാവുക! കഷ്ടമായ വൈഷമ്യ വിഷയത്തെ ചോദിച്ചവനായ ഭവാന്‍ എന്റെ ചൊല്ലു കേട്ട് സന്തപിക്കാതെ വസിക്കുക!
അദ്ധ്യായം 129. യമഗൗതമസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങയുടെ വാക്കു കേട്ട് അമൃതപാനം ചെയ്തതു പോലെ എനിക്ക് അതില്‍ മതിയാകുന്നില്ല. വീണ്ടും അനുഭവിക്കുവാന്‍ തന്നെ തോന്നുന്നു. അതു കൊണ്ടു ഭവാന്‍ ഇനിയുമെനിക്കു ധര്‍മ്മത്തെ ഉപദേശിക്കുക. പിതാമഹാ! ഭവാന്റെ ധര്‍മ്മാമൃതം പാനം ചെയ്തു എനിക്കു തൃപ്തി വരുന്നില്ല.
ഭീഷ്മൻ പറഞ്ഞു: ഇതിന്നുദാഹരണമായി പണ്ടുള്ളവര്‍ ഒരു പഴങ്കഥ പറയാറുണ്ട്. ശ്രീ ഗൗതമന്റേയും മഹാത്മാവായ യമന്റേയും കഥയാണത്. പാരിയാത്രം എന്ന മലയിലാണ് ഗൌതമന്റെ ആശ്രമം. ഗൌതമന്‍ വാണകാലം എത്രയാണെന്ന് നീ കേള്‍ക്കുക. ആ ഗൌതമന്‍ തപസ്സു ചെയ്‌ത് അറുപതിനായിരം വര്‍ഷം ജീവിച്ചു. ഉഗ്രമായ തപസ്സു ചെയ്ത ആ മഹാനുഭാവനായ മുനിയെ കാണുവാന്‍ ലോകപാലകന്മാരില്‍ ഒരുവനായ യമന്‍ ചെന്നു. മഹാതപസ്വിയായ ഗൌതമനെ കാണുവാന്‍ യമധര്‍മ്മന്‍ തന്നെ ചെന്നു. നരവ്യാഘ്രാ, ഓജസ്വിയായ യമന്‍ തന്നെ കാണുവാന്‍ വന്നതറിഞ്ഞ് ആ മഹര്‍ഷി, പ്രയതനായ താപസന്‍ കൈകൂപ്പി തൊഴുത് ഇരുന്നു. ആ ദ്വിജര്‍ഷഭനെ കണ്ട് ധര്‍മ്മരാജാവ് ആദരിച്ച് ആ മഹര്‍ഷിയോടു പറഞ്ഞു: മഹര്‍ഷേ, ഞാന്‍ യമധര്‍മ്മനാണ്. അങ്ങയ്ക്കു വേണ്ടതെന്താണെന്നു പറഞ്ഞാലും! ഞാന്‍ സാധിപ്പിച്ചു തരാം.
ഗൌതമന്‍ പറഞ്ഞു: എന്ത് ചെയ്താല്‍ മാതാപിതാക്കളോടുള്ള കടമ നിര്‍വ്വഹിക്കപ്പെടുമോ, അവര്‍ക്കുള്ള കടം വീട്ടാന്‍ കഴിയുമോ, അതു പറഞ്ഞാലും! ദുര്‍ല്ലഭവും അമലവുമായ ലോകങ്ങള്‍ എങ്ങനെ അവന്നു നേടുവാന്‍ കഴിയുമോ അതു പറഞ്ഞു തന്നാലും.
യമന്‍ പറഞ്ഞു: നിത്യവും തപസ്സും ശൗചവുമുള്ളവനും സത്യധര്‍മ്മരതനുമായ പുരുഷന്‍ എപ്പോഴും മാതാപിതാക്കളെ പൂജിക്കണം. അവരുടെ ആഗ്രഹങ്ങള്‍ നിര്‍വ്വഹിക്കണം, ഭൂരിദക്ഷിണമായ അശ്വമേധങ്ങള്‍ പലതും ചെയ്യണം. എന്നാല്‍ ആ പുരുഷന്‍ അത്ഭുതമായ ലോകങ്ങള്‍ നേടുന്നതാണ്.
അദ്ധ്യായം 130. ആപത്കാലധര്‍മ്മം - യുധിഷ്ഠിരന്‍ പറഞ്ഞു: മിത്രങ്ങള്‍ കുറഞ്ഞും ശത്രുക്കള്‍ അധികമായും അര്‍ത്ഥം കുറഞ്ഞും സൈന്യങ്ങള്‍ ക്ഷീണിച്ചുമിരിക്കുന്ന രാജാവിന്ന് എന്താണു ഗതി പിതാമഹാ, ദുഷ്ടനായ മന്ത്രി തുണയ്ക്കുന്നവനും, മന്ത്രം പുറത്തായവനും, രാജ്യം കൈവിട്ടവനും, നല്ല ഗതി കാണാതിരിക്കുമ്പോള്‍ എന്തു ചെയ്യണം പിതാമഹാ! ശത്രു സൈന്യത്തോട് ഏറ്റവനും, രാജ്യം മുടിക്കുമ്പോള്‍ ബലംകെട്ടവനും, ബലമായി പട വെട്ടുമ്പോള്‍ രാഷ്ട്രം കാക്കാത്തവനും, ദേശകാലജ്ഞാനമില്ലാത്തവനുമായ രാജാവിനോട് സാന്ത്വം പറ്റുകയില്ല. പീഡനം കൊണ്ട് ഭേദവും പറ്റുകയില്ല. ഈ സന്ദര്‍ഭത്തില്‍ അര്‍ത്ഥത്തിന്ന് അധര്‍മ്മമാര്‍ഗ്ഗം സ്വീകരിക്കണോ അതോ ജീവനെ അവന്‍ ഉപേക്ഷിക്കുമോ?
ഭീഷ്മൻ പറഞ്ഞു; ഫേ യുധിഷ്ഠിരാ, ഏറ്റവും ഗൂഢമായ ധര്‍മ്മമാണ് നീ ചോദിച്ചത്. ധര്‍മ്മപുത്രാ! നീ ചോദിച്ചില്ലെങ്കില്‍ ഈ ധര്‍മ്മം ഞാന്‍ പറയുകയില്ലായിരുന്നു. ധര്‍മ്മം വളരെ സൂക്ഷ്മമാണ്, പറഞ്ഞ മട്ടില്‍ ബുദ്ധി വെച്ച് കേട്ടു ശീലിച്ചവന്‍ നല്ലവനാകും, ബുദ്ധിപൂര്‍വ്വമായ ക്രിയകൊണ്ട് അവന്‍ ആഢ്യനായെന്നും അല്ലെന്നും വരാം. അപ്രകാരമുള്ള കാര്യം ബുദ്ധി കൊണ്ട് അറിയേണ്ടതാണ്. ഞാന്‍ ഇത്തരം ധര്‍മ്മത്തെ ധര്‍മ്മം മൂലം ഇച്ഛിക്കുന്നില്ല. ജനങ്ങളെ ഞെരുക്കി കരം വാങ്ങുന്നത് ക്ഷയത്തിന്നു കാരണമായിത്തീരും. ബുദ്ധിയാല്‍ ചേരുന്നവിധം നാട്ടുകാരില്‍നിന്ന് കരം പിരിക്കണം. ഏതേതു വിധത്തില്‍ വേണമെന്ന് നിത്യവും ശാസ്ത്രം നോക്കി അറിഞ്ഞു ചെയ്യണം. ഉപായമറിയാത്ത മനുഷ്യന്‍ വിജ്ഞാനം കൊണ്ട് ഉപായം തോന്നണം. ഉപായം കൊണ്ട് ഐശ്വര്യം നേടണം. വാക്കില്‍ ദുശ്ശങ്ക കൂടാതെ, അസുയ കൂടാതെ, നീ കേള്‍ക്കുക. കോശക്ഷയം വന്നാല്‍, ഭണ്ഡാരം കാലിയായാല്‍ രാജാവിന് അത് ബലക്ഷയം വരുത്തി വെക്കും. വെള്ളമില്ലാത്ത ദിക്കില്‍ വെള്ളം കൂടുന്നതു പോലെ രാജാവ് കോശം വര്‍ദ്ധിപ്പിക്കണം. കാലം കണ്ട് അനുഗ്രഹിക്കുക. ഇത് സനാതനമായ ധര്‍മ്മമാണ്. ധര്‍മ്മോപായം കണ്ട് പണ്ടുള്ളവര്‍ നടന്ന മാര്‍ഗ്ഗമാണിത്. ധര്‍മ്മസമര്‍ത്ഥന്മാര്‍ക്ക് ഒരുവിധം; ആപന്നമാര്‍ക്ക് മറ്റൊരു വിധമാണ്. ഭാരതാ! കോശത്തെ അപേക്ഷിച്ചാണ് ധര്‍മ്മാധര്‍മ്മങ്ങളുടെ സ്ഥിതി. ധര്‍മ്മത്താലുള്ള വൃത്തി മികച്ചതാണ്, ധര്‍മ്മം കൊണ്ട് ന്യായവൃത്തിയെ ദുര്‍ബ്ബലമാക്കരുത്. ബലസമ്പത്ത് തനിയെ കിട്ടുകയില്ല. അതു കൊണ്ട് ധര്‍മ്മലക്ഷ്യമായി ആപത്തില്‍ അധര്‍മ്മവും സ്വീകരിക്കപ്പെടുന്നു; അതില്‍ത്തന്നെ അധര്‍മ്മവും നില്ക്കുന്നു. ക്ഷത്രിയന്ന് അതിലധികം സംശയിക്കേണ്ടതില്ല. ക്ഷത്രിയന്റെ ധര്‍മ്മം തന്റെ മേന്മ കുറയാതേയും ശത്രുവിന്റെ പിടിയില്‍പ്പെടാതേയും എന്തുണ്ടോ അതു ചെയ്യുകയെന്നതാണ്. പക്ഷേ, ധര്‍മ്മജ്ഞന്മാര്‍ അത്തരം പ്രവൃത്തി പാപമാണെന്നു പറയുന്നു. ക്ഷത്രിയനില്‍ നിപൂണമായ ഉദ്യമമാണ്, കൈയൂക്കാണ് വേണ്ടതെന്ന് ശ്രുതി ഘോഷിക്കുന്നു. എല്ലാ ഉപായങ്ങളും പ്രയോഗിച്ച് ക്ഷത്രിയന്‍ ആത്മാവിനെ രക്ഷപ്പെടുത്തണം. ക്ഷത്രിയന്‍ കൊറ്റിന്ന് മാര്‍ഗ്ഗമില്ലാതായാല്‍ ആരുടെ ധനം വാങ്ങുവാന്‍ പാടില്ലെന്ന് അറിയാമോ? താപസന്മാരുടേയും ബ്രാഹ്മണരുടേയും ദ്രവ്യം വാങ്ങാന്‍ പാടില്ല. മറ്റുള്ളതെല്ലാം വാങ്ങാം. അയാജ്യനെ ക്ഷീണിതനായ വിപ്രന്‍ യജിപ്പിക്കുന്ന മാതിരിയും അഭോജ്യമായ അന്നം ഭക്ഷിക്കുന്നമാതിരിയുമാണിത്. പക്ഷേ, ആതുരനും രക്ഷാമാര്‍ഗ്ഗമില്ലാതായവനും ഏതു മാര്‍ഗ്ഗമവലംബിച്ചാണ് രക്ഷപ്പെടാത്തത്?
ഭീഷ്മൻ തുടര്‍ന്നു: അല്ലയോ യുധിഷ്ഠിരാ, രാജാവിന്റെ ബലത്തിന്നു മൂലമായിട്ടുള്ളത് കോശത്തിന്റെ ബലമാണ്. കോശത്തിന്റെ ബലമായിട്ടുള്ളത് സൈനൃബലമാണ്. അത് ധര്‍മ്മങ്ങള്‍ക്കു മൂലമാണ്. ധര്‍മ്മമാണ് നാട്ടുകാര്‍ക്കു മൂലമായിട്ടുള്ള ത്. മൂലം കെട്ടുപോയാല്‍ പിന്നെ വൃക്ഷം വളരുകയില്ലല്ലോ. ധനം സമ്പാദിക്കുവാന്‍ അന്യരുടെ പീഡ ഏല്ക്കാതെ പറ്റില്ല. യാതൊരു പീഡയും മറ്റു ജീവികളില്‍ നിന്ന് ഏല്ക്കാത്ത ഒരു ജീവിയും ലോകത്തിലില്ല. കോശം പുഷ്ടിപ്പെടുത്താനും പീഡയേല്ക്കണം. ഭണ്ഡാരമില്ലെങ്കില്‍ പിന്നെ എവിടെയാണ് ബലം? ഭണ്ഡാരവര്‍ദ്ധനയ്ക്ക് കുറച്ചു പീഡ ചെയ്യേണ്ടി വന്നാലും തെറ്റില്ല. രാജാവിന്ന് അതില്‍ യാതൊരു പാപവും ഏല്ക്കുന്നതല്ല.
യജ്ഞകര്‍മ്മങ്ങളില്‍ അകാര്യങ്ങളും ചെയ്യുന്നുണ്ട്. ബലിയും മറ്റും അര്‍പ്പിക്കുന്നുണ്ട്. അതു കൊണ്ടുള്ള പാപം രാജാവ് ഏല്ക്കുന്നില്ല. അര്‍ത്ഥം കൊണ്ട് അര്‍ത്ഥം വര്‍ദ്ധിച്ചുണ്ടാകും. അനര്‍ത്ഥം കൊണ്ട് അനര്‍ത്ഥവും വര്‍ദ്ധിക്കും. എല്ലാം അര്‍ത്ഥം കൊണ്ടു വര്‍ദ്ധിക്കും; എല്ലാ ശ്രേയസ്സും വര്‍ദ്ധിക്കുവാന്‍ അര്‍ത്ഥം തന്നെയാണ് മൂലമായിട്ടുള്ളത്.
ഇപ്രകാരം ബുദ്ധിമാന്‍ ധര്‍മ്മനിശ്ചയത്തെ മനസ്സില്‍ കാണണം. ഒന്ന് യജ്ഞത്തിന്നായി കരുതുക, മറ്റൊന്ന് യജ്ഞം അന്യാര്‍ത്ഥമാണെന്നും കരുതുക. യജ്ഞത്തിന്ന് അര്‍ത്ഥം നേടു ക. എല്ലാം നേടുന്നതും യജ്ഞത്തിന്നാണ്. എല്ലാം യജഞസാധനമാണ്. ഇപ്പറഞ്ഞതിലുള്ള ധര്‍മ്മതത്ത്വം കാണിക്കുന്നതിന്നുള്ള ദൃഷ്ടാന്തം ഞാന്‍ പറയാം.
യൂപ(യജ്ഞസ്തംഭം)ത്തിന്നുള്ള വൃക്ഷം മുറിക്കുമ്പോള്‍ അതിന്നു തടസ്സമായി വേറെ വൃക്ഷം നില്ക്കുന്നുണ്ടെങ്കില്‍ അതും മുറിക്കേണ്ടി വരുന്നു. അങ്ങനെ മുറിച്ചിടുന്ന വൃക്ഷങ്ങള്‍ മറ്റു വൃക്ഷങ്ങളുടെ മേലെ വീണ് അവയേയും വീഴ്ത്തുന്നു. ഇപ്രകാരം മഹത്തായ ഭണഡാര വര്‍ദ്ധനയ്ക്ക് തടസ്സമായി ആരൊക്കെ നില്‍ക്കുന്നുണ്ടോ, അവരെ കൊല്ലുക തന്നെ വേണ്ടി വന്നേക്കും. അതിന്നു മടിച്ചാല്‍ എല്ലാം അപകടത്തില്‍പ്പെട്ടു പോകും. അതു കൊണ്ട് കോശവൃദ്ധിക്കു വേണ്ടി രാജാവ് ചെയ്യുന്ന വധം പാപമായി വരികയില്ല.
ഇഹലോകവും പരലോകവും നന്നാകണമെന്നാഗ്രഹിക്കുന്ന രാജാവ് ധനം സമ്പാദിക്കുക. ധനസമ്പാദനത്താല്‍ രണ്ടു ലോകത്തേയും ജയിക്കാം. നിര്‍ദ്ധനന്‍ ശുദ്ധശൂന്യനാണ്, പണമില്ലാത്തവന്‍ പിണമാണ്, എന്ന ധര്‍മ്മവാക്യം സത്യമാണ്.
യജ്ഞത്തിന്നു വേണ്ടി, സല്‍ക്കര്‍മ്മത്തിന്നു വേണ്ടി സകല ഉപായവും പ്രയോഗിച്ചു പണം നേടണം. അത് സല്ക്കര്‍മ്മങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും വേണം. നല്ല കാലത്തും ചീത്തക്കാലത്തും ചെയ്യുന്ന ഒരേ കര്‍മ്മത്തിന് ദോഷം തുല്യമാവുകയില്ല ഭാരതാ! രാജാവേ, ഇത് രണ്ടും സമം നില്ക്കുകയില്ല.
ധനസമ്പാദനവും അതു തൃജിക്കലും ഒരാളില്‍ തന്നെ കാണില്ല. കാട്ടില്‍ വസിക്കുന്നവരാരും ധനവാന്മാരായി ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല. മന്നില്‍ എവിടെയെങ്കിലും ധനം കിടപ്പുണ്ടെങ്കില്‍ അത് എനിക്ക് കിട്ടണം എന്നു കാംക്ഷിക്കുന്നവരേയേ കാണുന്നുള്ളു. രാജ്യത്തേക്കാള്‍ വലുതായ ധര്‍മ്മമൊന്നും രാജാക്കന്മാര്‍ക്കു കാണുന്നില്ല. ജനങ്ങളെ നികുതിഭാരം കൊണ്ട് രാജാവ് പീഡിപ്പിക്കരുത്. പക്ഷേ, രാജാക്കന്മാര്‍ക്കു വേണ്ട ധര്‍മ്മം ആപത്തില്‍ മറിച്ചായും വന്നുകൂടുന്നു.
ചിലര്‍ ദാനത്താല്‍ ധനം നേടുന്നു, ചിലര്‍ ധര്‍മ്മത്താല്‍ ധനം നേടുന്നു. ചിലര്‍ തപസ്സാല്‍ ധനം നേടുന്നു. ചിലര്‍ ബുദ്ധിയാല്‍ ധനം നേടുന്നു. ചിലര്‍ ദാക്ഷ്യത്താല്‍ ധനം നേടുന്നു. ധനമില്ലാത്തവന്‍ ദുര്‍ബലനാണ്. ധനമുള്ളവന്‍ ബലശാലിയാണ്. ധനവാന്‍ എല്ലാം നേടുന്നു. ഭണ്ഡാരത്തില്‍ പണമുണ്ടെങ്കില്‍ രാജാവിന്നു നേടുവാന്‍ വയ്യാത്തതൊന്നുമില്ല. ധര്‍മ്മവും, കാമവും, മോക്ഷവും, ഇഹലോകവും, പരലോകവുമൊക്കെ പണമുണ്ടെങ്കില്‍ കൈയിലാക്കാം.
എന്നാല്‍ എന്തില്‍ ഇച്ഛിക്കുകയാണെങ്കിലും അത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാകണം. ധാര്‍മ്മികമായ മാര്‍ഗ്ഗത്തിലാകണം. അധര്‍മ്മപരനായിക്കൂടാ. അധര്‍മ്മത്തിന്റെ മാര്‍ഗ്ഗം ശ്രേയ സ്സിന്നു പറ്റുകയില്ല.
ആപദ്ധര്‍മ്മപര്‍വ്വം
അദ്ധ്യായം 131. ആപത്തിലകപ്പെട്ട രാജാവിന്റെ കര്‍ത്തവ്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ക്ഷീണിച്ചു വന്ന അലസനായ രാജാവില്‍, ബന്ധുവില്‍ കനിവുള്ളവന്ന്, വൃത്തിയില്‍ ശങ്കിക്കുന്നവന്ന്, മന്ത്രം കെട്ടവന്ന്, പുരവും രാഷ്ട്രവും ഉപേക്ഷിച്ചവന്ന്, ധനമൊക്കെ നശിച്ചവന്ന്, മിത്രങ്ങള്‍ ഉപേക്ഷിച്ചു പോയവന്ന്, അമാത്യന്മാര്‍ വിട്ടു പോയവന്ന്, ശത്രുപ്പടയോടേറ്റവന്ന്, ബലം നശിച്ചവന്ന്, ആപത്തില്‍പ്പെട്ടവന്ന്, പിന്നെ എന്താണു വേണ്ടത് രാജാവേ, പറഞ്ഞാലും!
ഭീഷ്മൻ പറഞ്ഞു: പുറമേയുള്ള രാജാവു വന്നു ജയിക്കുകയാണെന്നു കണ്ടാല്‍, അവന്‍ ബലവാനാണെന്നു മനസ്സിലായാല്‍, അവന്‍ ശുദ്ധനും ധര്‍മ്മാര്‍ത്ഥകുശലനുമാണെന്നും കണ്ടാല്‍, അവനില്‍ നിന്നു യുദ്ധം പിന്‍വലിച്ച് അവനുമായി സന്ധി ചെയ്യണം. അധര്‍മ്മിഷ്ഠനും, പാപകാരിയും ബലവാനുമായവന്‍ ജയിക്കുകയാണെങ്കില്‍ തനിക്കു തടസ്സമുണ്ടാക്കുന്ന അവനുമായി സന്ധി ചെയ്യണം. ശ്രവ്യത്തോടു കൂടി രാജധാനി വിട്ടു കൊടുത്തിട്ടും ആപത്തില്‍ നിന്നൊഴിയണം. അതില്‍ താല്‍പര്യമുള്ളവന്‍ ജീവിക്കുകയാണെങ്കില്‍, വീണ്ടും വിട്ടു കൊടുത്തത് അവന്നു നേടുവാ൯ കഴിയും. ഭണ്ഡാരവും സൈന്യവും വിട്ടാല്‍, ആപത്തൊഴിയുന്നതാണെങ്കില്‍ അതില്‍ മനസ്സു വെച്ച് വിടാതെ ഏതു ധര്‍മ്മജ്ഞനാണ് ആത്മത്യാഗത്തിന്നൊരുങ്ങുക? രാജാവ് അന്തഃപുരത്തെ കാക്കണം. സ്ത്രീകളും ശത്രുവിന്നധീനത്തിലായാല്‍ ഉപേക്ഷിക്കണം. എന്തു വന്നാലും മറുകൈ കാണണം. പറ്റുമെങ്കില്‍ ഒരിക്കലും ആത്മാവിനെ ശത്രുവിന്റെ പിടിയില്‍പ്പെടുത്തരുത്.
യുധിഷ്ഠിരന്‍ പറഞ്ഞു: രാജ്യത്തിന്നുള്ളിലുള്ള ജനങ്ങള്‍ രാജാവിനോടു കോപിക്കുകയും, പുറമേ നിന്ന് ശത്രു ആക്രമിക്കുകയും കോശം ക്ഷയിക്കുകയും മന്ത്രം പരസൃമാകുകയും ചെയ്യുമ്പോള്‍ രാജാവ് എന്തു ചെയ്യണം?
ഭീഷ്മൻ പറഞ്ഞു: ഉടനെ ശത്രുവുമായി സന്ധിചെയ്യുക. അല്ലെങ്കില്‍ ഒട്ടും താമസിക്കാതെ വിക്രമിക്കുക. എന്നാല്‍ ഉടനെ ശത്രുവിനെ അകറ്റാം, ഇതാണ് യുദ്ധതത്ത്വം. കൂറുള്ളവരും ഇഷ്ടപ്പെട്ടവരും ഹര്‍ഷമുള്ളവരും അല്പമായ പടയുള്ളവരുമായ രാജാക്കന്മാര്‍ ഈ ഭൂമി ജയിക്കും. കൊല്ലപ്പെട്ടാല്‍ സ്വര്‍ഗ്ഗം പ്രാപിക്കാം. താന്‍ ശത്രുവിനെ കൊന്നാല്‍ രാജ്യം വാഴാം. യുദ്ധത്തില്‍ പ്രാണന്‍ കളഞ്ഞാല്‍ ശക്രന്റെ ലോകം നേടാം.
അദ്ധ്യായം 132. രാജര്‍ഷിവ്യത്തം - (രാജാക്കന്മാരുടെ ധര്‍മ്മം) യുധിഷ്ഠിരന്‍ പറഞ്ഞു; സര്‍വ്വലോകത്തിലും നില്ക്കുന്ന മുഖ്യമായ ധര്‍മ്മം ക്ഷയിക്കെ, എല്ലാം ദസ്യുക്കളുടെ (കൊള്ളക്കാരുടെ) കൈയില്‍ അകപ്പെട്ടുപോകെ, മന്നില്‍ എങ്ങനെ ജീവി ക്കണം? നീചന്മാരുടെ അധീനത്തിലായ കാലത്ത് ബ്രാഹ്മണര്‍ക്ക് വല്ല മാതിരിയും ജീവിക്കാമല്ലോ. പുത്രപൌത്രന്മാരെ വിടാത്ത മട്ടില്‍ എങ്ങനെ ജീവിക്കണം പിതാമഹാ?
ഭീഷ്മൻ പറഞ്ഞു: ആ നില വന്നു ചേര്‍ന്നാല്‍ വിജ്ഞാനബലം കൊണ്ടു ബ്രാഹ്മണര്‍ ജീവിക്കണം. സജ്ജനങ്ങള്‍ക്കു വേണ്ടിയാണ് ദുര്‍ജ്ജനങ്ങള്‍ക്കു വേണ്ടിയല്ല, ലോകത്തിലുള്ളതു സകലതും. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും വേണ്ടിയുള്ളതല്ല വിഭവങ്ങള്‍. എല്ലാം നല്ലവര്‍ക്കു വേണ്ടിയാണ്. എല്ലാവരും നല്ലവരാകണം. കൊള്ളരുതാത്തവന്‍ അടക്കി വെച്ച ധനം ആക്രമിച്ചു സമ്പാദിച്ച് നല്ല ജനങ്ങള്‍ക്കു ദാനം ചെയ്യുന്നവന്‍ തന്നെ സംബന്ധിച്ചിടത്തോളം കൃതാര്‍ത്ഥനാകുന്നു. അവന്‍ ധര്‍മ്മജ്ഞനാണെന്നു പറയാം. രാജാവ്, തന്റെ അധികാരം നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍, രാജ്യത്ത് ക്ഷോഭമുണ്ടാക്കാതെ തട്ടിയെടുത്തതൊക്കെ തന്റേതാണെന്നു ചിന്തിച്ച് അതിനെ അധീനപ്പെടുത്തണം. വിജ്ഞാനബലശുദ്ധന്‍ നിന്ദ്യന്മാരില്‍ നിന്ദ്യമായി അക്കാലങ്ങളില്‍ നില്ക്കുമ്പോള്‍ ആര്‍ അവനെ പഴിക്കും? ബലംകൊണ്ടു ജീവിക്കുന്നവര്‍ക്ക് മറ്റൊന്നും ബോദ്ധ്യമാവുകയില്ല. ബലവാന്മാര്‍ തേജസ്സാല്‍ പ്രവര്‍ത്തിക്കുന്നു യുധിഷ്ഠിരാ സാധാരണമായ ഈ ശാസ്ത്രം ഭേദം കൂടാതെ നടത്തുകയാണെങ്കില്‍ മേധാവി അതിനേക്കാള്‍ മുഖ്യമായ ആഗമം അഭ്യസിക്കണം.
ഋത്വിക്ക്, പുരോഹിതന്‍, ആചാര്യന്‍ മുതലായ സല്‍ക്കരിക്കപ്പെടേണ്ട പൂജ്യന്മാരെ, വിപ്രന്മാരെ, ഒരിക്കലും മുടിക്കരുത്. മുടിച്ചാല്‍ ദോഷം വന്നു കൂടും. ലോകത്തിന്ന് ഇതു പ്രമാണമാകുന്നു. ശാശ്വതമായ ദൃഷ്ടിയാകുന്നു ആ പ്രമാണം ധരിച്ചിറങ്ങുക. നന്മയോ, തിന്മയോ സംഭവിക്കാം. ഗ്രാമീണര്‍ പക വെച്ചു തമ്മില്‍ പലതും പറയാം. അവര്‍ പറയുന്നതു കേട്ട് അതിനെ പൂജിക്കരുത്; വധിക്കയുമരുത്. കുറ്റം പറയുകയോ, കേള്‍ക്കുകയോ അരുത്. അന്യായമായി കുറ്റം പറയുന്നതു കേള്‍ക്കരുത്. മാറിപ്പോവുകയോ, ചെവി പൊത്തുകയോ ചെയ്യണം. കുറ്റം പറയുകയും ഏഷണി കൂട്ടുകയും ചെയ്യുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണ്.
രാജാവേ, സജ്ജനങ്ങള്‍ സജ്ജനങ്ങളോട് ഏപ്പോഴും ഗുണമേ പറയൂ. ഇണങ്ങി, ഭംഗിയായി, നല്ല ശീലമായി ഓടുന്ന കാളകള്‍ ഭാരമേന്തി നടക്കുന്ന മാതിരി ആയിരിക്കണം രാജാവ്. അവന്നുള്ളതായ സഹായികളും മറ്റും ഒരേ ആചാരമേ കരുതുകയുള്ളു. ഇതു ധര്‍മ്മത്തിന്റെ ലക്ഷണമാണ് എന്നു പറയുന്നു. ശംഖലിഖിത പ്രിയന്മാര്‍ അതിനോടു യോജിക്കുന്നില്ല; അവ മാത്സര്യം, ലോഭം എന്നിവയാല്‍ ഇതിനോടു യോജിക്കുന്നില്ല.
തെറ്റു ചെയ്താല്‍ ഗുരുവിനേയും ശിക്ഷിക്കാമെന്ന് മഹര്‍ഷിമാര്‍ പറയുന്നു. പക്ഷേ, ആ പ്രമാണം ഒരിടത്തും കാണപ്പെടു ന്നില്ല. അതു കൊണ്ട് ദേവന്മാര്‍ വികര്‍മ്മം ചെയ്യുന്ന നീചനെ പതിപ്പിക്കുമെന്നു കരുതിയാല്‍ മതി. ചതിയും കളവുമായി, അധര്‍മ്മമായി വിത്തം നേടുന്നവന്‍ ധര്‍മ്മത്താല്‍ തന്നെ പതനത്തിന്റെ ഫലം അനുഭവിക്കും. സര്‍വ്വസല്‍കൃതമായ ഭൂതിയാല്‍ സജ്ജനം ഉള്ളു കൊണ്ട് അനുമോദിക്കും. അതു കൊണ്ട് ധര്‍മ്മം ചെയ്യുവാനൊരുങ്ങണം. ധര്‍മ്മം നാലു കാലുകളില്‍ നില്ക്കുന്നു എന്നറിയുന്നവനാണ് ധാര്‍മ്മികന്‍. ധര്‍മ്മത്തിന്റെ കാലു കാണുവാന്‍ വിഷമമുണ്ട്. പാമ്പിന്റെ കാലു പോലെ അത് എവിടെയാണെന്ന് കാണുവാന്‍ കഴികയില്ല. എയ്ത മാനിന്റെ കാലടി ചോര കൊണ്ട് കണ്ടു പിടിച്ചു തന്നിലണപ്പിക്കുന്ന വിധം ധര്‍മ്മപദം സമീപത്തണപ്പിക്കണം. സജ്ജനങ്ങള്‍ കാട്ടിത്തരുന്ന വഴിയേ പോകണം. രാജര്‍ഷിമാരുടെ ജീവിതം ഇങ്ങനെയാണ്. അതു നീ അനുവര്‍ത്തിക്കുക യുധിഷ്ഠിരാ!
അദ്ധ്യായം 133. കോശസംഗ്രഹണം - (രാജാവ് ഭണ്ഡാരം പുഷ്ടിപ്പെടുത്തണം) - ഭീഷ്മൻ പറഞ്ഞു: തന്റെ നാട്ടില്‍ നിന്നും അന്യനാട്ടില്‍ നിന്നും ധനം നേടി ഭണ്ഡാരം രാജാവ് പുഷ്ടിപ്പെടുത്തണം. ഭണ്ഡാരത്തിന്റെ പുഷ്ടിയാണ് രാജ്യത്തിന്റെ പുഷ്ടി. അതു കൊണ്ട് ഭണ്ഡാരത്തിന്റെ ശ്രേയസ്സിനെ എപ്പോഴും കാത്തുരക്ഷിക്കുക. പരിപാലിച്ച് ഭണ്ഡാരം പുഷ്ടിപ്പെടുത്തി നിര്‍ത്തുന്നത് ശാശ്വതമായ ധര്‍മ്മമാണ്.
ശുദ്ധ ശൗചനായ രാജാവിന്ന് ഒരിക്കലും കോശം പുഷ്ടിപ്പെടുത്തുവാന്‍ സാധിക്കയില്ല. നൃശംസന്നും സാധിക്കയില്ല. രണ്ടിന്നും ഇടനില സ്വീകരിച്ച് കോശസംഗ്രഹം ചെയ്യണം. ബലമില്ലാത്തവന്നു കോശമെവിടെ? കോശമില്ലാത്തവന്ന് എവിടെ ബലം? ബലമില്ലാത്തവന്ന് രാജ്യമെവിടെ? രാജ്യമില്ലാത്ത രാജാവില്‍ ശ്രീയെവിടെ? ശ്രീ നശിച്ച് നെന്മണി പെറുക്കി ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണം വരിക്കുകയാണ്. അതു കൊണ്ട് കോശം, ബലം, മിത്രങ്ങള്‍ ഇതെല്ലാം രാജാവ് പുഷ്ടിപ്പെടുത്തണം.
ഭണ്ഡാരം കാലിയായ രാജാവിനെ ജനങ്ങള്‍ അവമാനിക്കും. കുറച്ചായാല്‍ സന്തോഷിക്കയില്ല. കാര്യത്തിന്നും തുനിയുകയില്ല. ശ്രീമൂലമാണ് രാജാവ് സല്‍ക്കാരം ഏല്ക്കുന്നത്. അതു രാജാവിന്റെ പാപത്തെ മറയ്ക്കുന്നു; സ്ത്രീ ഗുഹ്യാവയവം മറയ്ക്കുന്ന മാതിരി, മുമ്പെ തോല്‍പിച്ചവര്‍ അയാളുടെ വൃദ്ധി കണ്ട്, ഉള്ളു തപിക്കും. പാപിയെ എപ്പോഴും അവര്‍ ചെന്നായ്ക്കള്‍ പോലെ ചുഴലും. ഇപ്രകാരമുള്ള രാജാവിന്ന് എങ്ങനെ സുഖം ലഭിക്കും? രാജാവ് എപ്പോഴും ഉത്സാഹിയായിരിക്കണം. ഒരിക്കലും നിരുത്സാഹനായി താണു പോകരുത്. ഉദ്യമം തന്നെയാണ് പൌരുഷം. മുട്ടിലല്ലാതെ വടി ഒടിഞ്ഞാലും വളയരുത്. ഒടിയണമെങ്കില്‍ ഒടിയട്ടെ! ആരുടെ മുമ്പിലും കിഴിഞ്ഞ് വളഞ്ഞു നിന്നു പോകരുത്. ഒരു പക്ഷേ, നാടു വിട്ട് കാടു കയറി മാന്‍കൂട്ടത്തോടൊപ്പം സഞ്ചരിച്ചാലും വിരോധമില്ല. എന്നാലും മര്യാദ കെട്ട ദസ്യുക്കളോടു കൂട്ടു ചേര്‍ന്നു നടക്കരുത്. ക്രൂരക്രിയകള്‍ നടത്തുവാന്‍ ദസ്യുക്കള്‍ക്കും സേനയുണ്ടാകും. ഏറ്റവും മര്യാദ കെട്ടവനെ ജനങ്ങളൊക്കെ വെറുക്കും. നിര്‍ദ്ദയക്രിയ ചെയ്തവനെ ദസ്യുവര്‍ഗ്ഗം പോലും ശങ്കിക്കും. ജനങ്ങളില്‍ പ്രീതിയുണ്ടാക്കുന്ന മര്യാദ നിലനിര്‍ത്തേണ്ടതാണ്. അൽപകാര്യത്തിലും മര്യാദയുള്ളവന്‍ ലോകരില്‍ പുജ്യയേല്ക്കും. ഈ ലോകവുമില്ല, പര ലോകവുമില്ല എന്നു വിചാരിക്കുന്ന ജനങ്ങളാണ് നാസ്തികന്മാര്‍. ഭയവും ശങ്കയും വെടിഞ്ഞ അവരെ ഒരിക്കലും വിശ്വസിക്കരുത്. സാധുക്കളായ ദസ്യുക്കളും ദാനാദാനങ്ങളും അഹിംസയും ചെയ്യും. മര്യാദയുള്ള ദസ്യുക്കളില്‍ ജനങ്ങള്‍ സ്നേഹമുള്ളവരാകും.
യുദ്ധം ചെയ്യാത്തവനെ കൊല്ലുക, പരന്റെ ഭാര്യയെ ബലാല്‍ക്കാരം ചെയ്യുക, കൃതഘ്നത കാണിക്കുക, (ബ്രഹ്മസ്വം അപഹരിക്കുക, സര്‍വസ്വവും നശിപ്പിക്കുക, സ്ത്രീകളെ കട്ടു കൊണ്ടു പോവുക, പതിസ്ഥാനം പ്രാപിക്കുക, ഇവയൊക്കെ ദസ്യുക്കള്‍ക്കും ഗര്‍ഹിതമാകുന്നു. പരസ്ത്രീസംഗം ദസ്യുക്കള്‍ വിട്ടൊഴിക്കുന്നു. ദസ്യുക്കളില്‍ വിശ്വാസം ഉണ്ടാക്കി അവരേയും തന്റെ കീഴില്‍ കൊണ്ടു വരാന്‍ രാജാവ് ശ്രമിക്കണം. രാജാവ് ഒരിക്കലും അവരോട് ക്രൂരത കാണിക്കരുത്. രാജാവു തന്റെ നില ചിന്തി ക്കണം. അവരേക്കാള്‍ ശക്തനാണ് താനെന്ന് ഓര്‍ത്ത് അവരില്‍ കരുണ കാണിക്കണം. അവരെ ഉടനെ മുലച്ഛേദം ചെയ്യാതിരിക്കുകയാണെങ്കില്‍ അവരില്‍ അങ്ങനെ ഒരു ഭയത്തിന്നവകാശമില്ലാതാകും. തീരെ നശിപ്പിക്കുവാനൊരുങ്ങിയാല്‍ അവരില്‍ നിന്നുള്ള ഭയത്തിന്നു രാജാവും പാത്രമാകും.
അദ്ധ്യായം 134. പാപമുക്തിക്കുള്ള പ്രായശ്ചിത്തം - ഭീഷ്മൻ പറഞ്ഞു; പൂര്‍വ്വന്മാരായ ജ്ഞാനികള്‍ ഇവിടെ ധര്‍മ്മത്തെപ്പറ്റി പറയുന്നുണ്ട്. വിജ്ഞാനിയായ ക്ഷത്രിയന്ന് അര്‍ത്ഥവും ധര്‍മ്മവും പ്രത്യക്ഷ പ്രമാണമാണെന്നു പറയുന്നു. ക്ഷത്രിയന്‍ ആ ധര്‍മ്മം യാതൊരു കാരണവശാലും ചെയ്യാതിരിക്കരുത്. ധര്‍മ്മത്തിന്റെ ഗതി കാണാന്‍ വിഷമമാണ്. ധര്‍മ്മത്തേയും അധര്‍മ്മത്തേയും തിരിച്ചറിയുവാന്‍ വിഷമമുണ്ട്. ചെന്നായയുടെ കാലടിപ്പാടു പോലെയാണത്. ധര്‍മ്മത്തിന്റേയും അധര്‍മ്മത്തി ന്റേയും രണ്ടുതരം ഫലങ്ങളും ആരും ശരിയായി എവിടെയും കണ്ടവരില്ല. അതു കൊണ്ട് രാജാവ് ബലം വര്‍ദ്ധിപ്പിക്കുവാന്‍ നോക്കണം. ബലവാന്‍ അധീനമാകാത്തതൊന്നും ലോകത്തിലില്ല. ബലം സമ്പത്തിനെ നേടും, ബലവാന്‍ അമാത്യന്മാരെ നേടും. അനാഡ്യന്‍ പതിതനാണ്. അവന്നു ലഭിക്കുന്നത് ബലവാന്മാരുടെ അല്പമായ ഉച്ഛിഷ്ഠം മാത്രമാണ്. ബലവാനില്‍ ആര്യം അപത്ഥ്യങ്ങള്‍ ഭയം മൂലം ചെയ്യുന്നില്ല. സത്യവാന്മാരും ബലവാന്മാരും മഹാഭയത്തില്‍ കരുതലോടെ നില്ക്കും. ധര്‍മ്മത്തേക്കാള്‍ ബലം മേലെയാകുന്നു. ബലത്താല്‍ ധര്‍മ്മവും നടക്കുന്നു. മന്നില്‍ ജംഗമങ്ങള്‍ എന്ന പോലെ ധര്‍മ്മം ബലത്തിന് ധീനമായി നില്ക്കുന്നു. കാറ്റിന്ന് അധീനത്തില്‍ ധൂമം എന്ന പോലെ ധര്‍മ്മം ബലത്തിന്റെ അധീനത്തില്‍ നില്ക്കുന്നു. മരത്തില്‍ വള്ളി ചുറ്റി നില്ക്കുന്നതു പോലെ ധര്‍മ്മം ബലത്തെ ആശ്രയിച്ചു നില്ക്കുന്നു. ബലാഡ്യന്മാര്‍ക്ക് അധീനത്തില്‍ ധര്‍മ്മം ഭോഗികള്‍ക്കു സുഖം എന്ന പോലെയാണ്. അസാദ്ധ്യം എന്നത് ബലികള്‍ക്കില്ല. ബലികള്‍ക്കു ചെയ്യാന്‍ പറ്റാത്തതായി ഒന്നും തന്നെയില്ല. ബലം കെട്ട ദുരാചാരന്‍ പരിത്രാണത്തിന്ന് അര്‍ഹനല്ലാതാകുന്നു. അവനെ ജനങ്ങള്‍ ചെന്നായയെപ്പോലെ ഭയപ്പെടുന്നു. അവന്‍ ജനങ്ങളാല്‍ തള്ളപ്പെട്ടവനും ജനങ്ങളുടെ നിന്ദയ്ക്കു പാത്രമായവനുമായി ദുഃഖജീവിയായി ജീവിക്കുന്നു. നിന്ദിക്കപ്പെട്ട ജീവിതം മരണത്തിന്നു തുല്യമാണ്. പാപിയായവന്‍ സുഹൃത്തുക്കളാലുപേക്ഷിക്കപ്പെട്ട് അന്യരുടെ വാക് ശല്യം ഏറ്റ് വളരെ ദുഃഖിക്കുന്നു. ഇതിന്നു പ്രതിവിധി ആചാര്യന്മാര്‍ നിശ്ചയിച്ചിട്ടുണ്ട്. ത്രയീവിദ്യയെ നോക്കുകയും ദ്വിജന്മാരെ സേവിക്കുകയുമാണ് പ്രതിവിധിയായി വേണ്ടത്. നോട്ടം കൊണ്ടും, വാക്കു കൊണ്ടും, കര്‍മ്മം കൊണ്ടും ജനങ്ങളെ പ്രസാദിപ്പിക്കണം. മഹാമനസ്കനായി പെരുമാറണം. വലിയ കുലത്തില്‍ നിന്ന് വിവാഹം കഴിക്കണം. ഞാന്‍ ഇങ്ങനെയാണെന്നു പറയുകയും പരന്മാരുടെ നന്മകളെ പ്രശംസിക്കുകയും ചെയ്യണം. ജലത്തില്‍ ഇറങ്ങി ജപിക്കുകയും അല്പമായി സംസാരിക്കുകയും ചെയ്യണം. ദുഷ്കരമായ വളരെ കാര്യങ്ങള്‍ ചെയ്തും ബ്രഹ്മക്ഷത്രങ്ങളെ പ്രീതിപ്പെടുത്തണം. പലതും ചെയ്തു ലോകര്‍ പറയുന്നതിനെ ഗണിക്കാതിരുന്നവന്‍ ഇങ്ങനെയൊക്കെയാണു ചെയ്യേണ്ടത്.
ഇങ്ങനെയൊക്കെ ചെയ്താല്‍ പാപമൊക്കെ നീങ്ങി ബഹുമാന്യനായിത്തീരും. സുഖമായി ചിത്രമായി നന്മ അനുഭവിക്കുവാന്‍ ഇടവരും. ഇത്തരം പെരുമാറ്റത്താലും സ്വന്തം അര്‍ത്ഥം മറ്റുള്ളവരുമായി പങ്കിട്ട് അനുഭവിച്ചാലും അവന്‍ ലോകപൂജിതനായി രണ്ടു ലോകത്തും ഉള്ള ഫലം അനുഭവിക്കുന്നതാണ്.
അദ്ധ്യായം 135. കായവ്യചരിതം - (പാപമുക്തനായ കായവ്യനെന്ന കാട്ടാളന്റെ കഥ) - ഭീഷ്മൻ പറഞ്ഞു: ഇതിന്ന് ഉദാഹരണമായി ഒരു പഴങ്കഥ ജനങ്ങള്‍ പറയാറുണ്ട്. അനാര്യനായിരുന്നെങ്കിലും മര്യാദക്കാരനായി ജീവിച്ച ഒരു ദസ്യു (കാട്ടാളന്‍) പാപമുക്തനായിത്തീര്‍ന്നതാണ് ആ കഥ. ശൂരനും, ധീമാനും, പ്രഹര്‍ത്താവും, ശ്രുതവാനും, ക്രൗര്യമില്ലാത്തവനും, ആശ്രമധര്‍മ്മത്തെ പാലിക്കുന്നവനും, ബ്രഹ്മണ്യനും, ഗുരുപൂജകനും, നിഷാദസ്ത്രീയില്‍ ഒരു ക്ഷത്രിയന്ന് പുത്രനായി പിറന്നവനും, ക്ഷത്രധര്‍മ്മം പാലിക്കുന്നവനും, കായവ്യന്‍ എന്ന് പേരുള്ളവനുമായ കാട്ടാളന്‍ ദസ്യുവായിരുന്നിട്ടും മോക്ഷപ്രാപ്തിക്ക് അര്‍ഹനായി.
കാട്ടില്‍ കാലത്തും, സന്ധ്യക്കും അവന്‍ മൃഗക്കൂട്ടങ്ങളെ വേട്ടയാടും, മൃഗജാതികളെപ്പറ്റിയൊക്കെ നല്ല അറിവുള്ളവനാണ്. നൈഷാദവൃത്തിയില്‍ സമര്‍ത്ഥനാണ്. അവന്ന് ദേശകാലങ്ങളെപ്പറ്റിയെല്ലാം നല്ല ബോധമുണ്ട്. പാരിയാത്ര പര്‍വ്വതത്തിലാണ് അവന്റെ സഞ്ചാരം. കാട്ടിലെ എല്ലാ ജീവികളെപ്പറ്റിയും ധര്‍മ്മബോധമുണ്ട്. ശരം വിട്ടാല്‍ പിഴയ്ക്കില്ല. നല്ല ഉറപ്പുള്ള ആയുധങ്ങളുമുണ്ട്. അധീനത്തില്‍ അനേകായിരം സൈന്യത്തെ ഒറ്റയ്ക്കു ജയിച്ചവനാണവന്‍. കാട്ടില്‍ കണ്ണും കാതുമില്ലാത്ത വൃദ്ധരെ അവന്‍ സേവിച്ചു.
മധു, മാംസം, ഫലമൂലങ്ങള്‍ നാനാതരത്തിലുള്ള അന്നങ്ങള്‍ ഇവ കൊണ്ടൊക്കെ സൽക്കരിച്ച് അവരെ ഈട്ടി, മാന്യന്മാരെ ശുശ്രൂഷിച്ചു. കാട്ടില്‍ വാഴുന്ന സന്ന്യാസികളായ വിപ്രന്മാരെ പൂജിച്ചു. മൃഗങ്ങളെ കൊന്ന് അവര്‍ക്കു നിത്യവും മാംസം എത്തിച്ചു കൊടുത്തു. ദസ്യുവിന്റെ കൈയില്‍ നിന്നു ചെന്നുവാങ്ങാന്‍ മടിയുള്ളവര്‍ക്കൊക്കെ അവന്‍ അവരുടെ ഗൃഹത്തില്‍ കൊണ്ടു പോയി കൊടുത്തുകൊണ്ടിരുന്നു. മര്യാദ കെട്ടവരും നര്‍ദ്ദയന്മാരുമായ ദസ്യുവര്‍ഗ്ഗക്കാരുടെ നാനാസംഘങ്ങള്‍ അവനെ ഗ്രാമനാഥനായി വരിച്ചു.
ദസ്യുക്കള്‍ പറഞ്ഞു: മുഹൂര്‍ത്ത കാലജ്ഞനും, പ്രാജ്ഞനും, ശൂരനും, ദൃഢ വ്രതനുമായ അങ്ങ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചേര്‍ന്ന നായകനാകണം. അങ്ങ് മുഖ്യ ഗ്രാമാധിപനാകണം. നീ ഞങ്ങളോട് എന്തു പറയുന്നുവോ, അത് അപ്രകാരം ഞങ്ങള്‍ നടത്താം. അങ്ങ് ഞങ്ങളെ അച്ഛനമ്മമാരെപ്പോലെ ന്യായമായി സംരക്ഷിച്ചാലും.
കായവ്യന്‍ പറഞ്ഞു: ഞാന്‍ ഒരു കാര്യം പറയാം. അതൊക്കെ നിങ്ങള്‍ കേള്‍ക്കണം. പെണ്ണുങ്ങളെ കൊല്ലരുത്. ഭീരുക്കളെ വധിക്കരുത്. ബാലകരെ വധിക്കരുത്. താപസന്മാരെ കൊല്ലരുത്. ഇങ്ങോട്ടു പൊരുതാത്തവനെ പിടിച്ചു കൊല്ലരുത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യരുത്. ഒരു ജീവിയിലും സ്ത്രീഹത്യ ചെയ്യരുത്. നിതൃവും ബ്രാഹ്മണര്‍ക്ക് സ്വസ്തി നേരണം. അവര്‍ക്കു വേണ്ടി പോരാടാം. സത്യത്തെ കെടുക്കരുത്. കടുത്ത വിഘ്ന ങ്ങള്‍, പിതൃദേവതാദികളെ പൂജിക്കുന്ന സ്ഥാനങ്ങളില്‍, സന്ദര്‍ഭങ്ങളില്‍, ചെയ്തുപോകരുത്. എല്ലാ ഭൂതങ്ങളിലും വെച്ച് ബ്രാഹ്മണന്‍ മോക്ഷ യോഗ്യനാണെന്നു ധരിക്കണം. അവര്‍ക്കു സര്‍വ്വസ്വം കൊണ്ടും അഭിവൃദ്ധിക്കുള്ള കാര്യം ചെയ്യണം. അവരെ ഉപദ്രവിക്കുന്നവര്‍ക്കു മുന്നു ലോകത്തിലും യാതൊരു രക്ഷയുമില്ലെന്നു ധരിക്കണം. ബ്രാഹ്മണരെ നിന്ദിക്കുവാനും നശിപ്പിക്കുവാനും വിചാരിക്കുന്നവന്‍ സൂര്യോദയത്തിലെ ഇരുട്ടു പോലെ ക്ഷണത്തില്‍ നശിച്ചു പോകും. ഇവിടെത്തന്നെ ഫലത്തെ ചിന്തിച്ചു പാര്‍ത്ത് എവിടെ നിന്നും നേടാം. നമുക്കു നല്കാത്തവര്‍ ആരാണെന്നറിഞ്ഞ് അവരോടു ചെന്നെതിര്‍ത്ത് നമുക്ക് വേണ്ടതു നേടാം. ദണ്ഡം ശാസനയ്ക്കു മാത്രമുള്ളതാണ്. പിടിച്ചു പറിക്കുള്ളതല്ല. ശിഷ്ടന്മാരെ ഉപദ്രവിക്കുന്നവരെ തീര്‍ച്ചയായും നിങ്ങള്‍ വധിച്ചു കൊള്ളുവിന്‍. രാഷ്ട്രത്തെ മുടിച്ച് വൃദ്ധി നേടുന്നവര്‍ ആരോ അവരെ ശവത്തിലെ കുൃമികളെപ്പോലെ കണക്കാക്കണം. ധര്‍മ്മശാസ്ത്രം അനുസരിച്ചു നില്ക്കുന്നവര്‍ ദസ്യുക്കളായാലും അവര്‍ ഉടനെ മോക്ഷത്തിന്ന് അർഹരാകും.
ഭീഷ്മന്‍ പറഞ്ഞു: ദസ്യുക്കള്‍ കായവ്യന്റെ വാക്കുകേട്ട് അവനെ അനുസരിച്ചു. അവന്റെ ശാസനപ്രകാരം നടന്ന് അവര്‍ വൃദ്ധിയെ പ്രാപിച്ചു. അവര്‍ പാപം വിട്ട് അടക്കത്തോടെ കഴിഞ്ഞു കൂടി. ആ ധര്‍മ്മ മാര്‍ഗ്ഗം അനുസരിച്ചു കായവ്യനും സിദ്ധിയെ നേടി. സാധുക്കള്‍ക്കു ക്ഷേമമായ കാര്യങ്ങള്‍ ചെയ്തു ദസ്യുക്കളുടെ പാപമൊക്കെ നീക്കി. ഈ കായവ്യന്റെ ചരിതം നിത്യവും ഓര്‍ക്കുകയാണെങ്കില്‍ അവന്ന് കാട്ടിലെ ജീവികളില്‍നിന്നു ഭയം പറ്റുന്നതല്ല. ഒരു ജീവിയില്‍ നിന്നും ഭയം പറ്റുന്നതല്ല. യുധിഷ്ഠിരാ! കാട്ടിലെ ഗോപതിയായിരുന്നു അവന്‍. പാപങ്ങളൊന്നും അവനെ ചിന്തിച്ചാല്‍ വന്നു ചേരുന്നതല്ല.
അദ്ധ്യായം 136. രാജധര്‍മ്മം -- ഭീഷ്മൻ പറഞ്ഞു: രാജധര്‍മ്മത്തെക്കുറിച്ച് അറിയുന്ന ജ്ഞാനികള്‍ പണ്ടു ബ്രഹ്മാവ് പാടിയ ഗാഥ ചൊല്ലാറുണ്ട്. ആ ഗീതയില്‍ പറഞ്ഞ മാതിരിയാണ് രാജാവ് കോശസഞ്ചയം വളര്‍ത്തേണ്ടത്. യജ്ഞശീലന്റെ സ്വത്തും ദേവസ്വവും ഹരിക്കരുത്. ക്രിയ ചെയ്യാത്ത ദസ്യുവിന്റെ ധനം ക്ഷത്രിയന്ന് പിടിച്ചടക്കാം. രാജ്യഭോഗവും പ്രജകളും ക്ഷത്രിയന്ന് അധീനമാണ് ഭാരതാ! അത് ക്ഷത്രിയന്നു ചേര്‍ന്ന ധനമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. ആ ധനം രാജാവിന്റെ ബലത്തിന്നു വേണ്ടിയാണ്. യജ്ഞത്തിന് വേണ്ടിയാണ് രാജാവിന്റെ ധനം. അഭോഗ്യമായ ഔഷധി വെട്ടി വിറകാക്കിയിട്ടു വേണം ഭോഗ്യമായ ഔഷധി തീയില്‍ പാകം ചെയ്യുവാന്‍. പിതൃക്കളേയും ദേവന്മാരേയും മര്‍ത്ത്യരേയും ഹവിസ്സു കൊണ്ട് അര്‍ച്ചിക്കുന്നത് കാണുന്നുണ്ടല്ലോ. ധര്‍മ്മിഷ്ഠനായ രാജാവ് ദ്രവ്യം ഹരിക്കണം. അതു കൊണ്ട് ലോകത്തിന്ന് ക്ഷേമമുണ്ടാകും. അല്ലല്‍ ഉണ്ടാവുകയില്ല. ദുഷ്ടന്മാരില്‍ നിന്നു ധനം നേടി ശിഷ്ടന്മാര്‍ക്കു കൊടുക്കുന്നവന്‍, തന്നെ സംബന്ധിച്ച കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നവന്‍, സര്‍വ്വധര്‍മ്മജ്ഞനാണ് എന്നു പറയാം. ശക്തിക്കു ചേര്‍ന്ന വിധം ലോകങ്ങളെ ജയിക്കണം. കൊതുക്, ഈച്ച, ഉറുമ്പ് എന്നീ പ്രാണികളെ വീട്ടു മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും അടിച്ചോടിക്കുന്ന പോലെ യജ്ഞം ചെയ്യാത്തവരെ രാജ്യത്തില്‍ നിന്നും ഓടി ക്കേണ്ടതാണ്. ഭൂമിയിലെ പൊടിക്കല്ലുകള്‍ ചേര്‍ത്ത് ഉരസിയാല്‍, കൂടുതല്‍ സൂക്ഷ്മമാകുന്ന മാതിരി ധര്‍മ്മത്തെക്കുറിച്ചു ചിന്തിക്കും തോറും അത് കൂടുതല്‍ സൂക്ഷ്മവും സുക്ഷ്മതരവുമായിക്കാണുന്നു.
അദ്ധ്യായം 137. ശാകുളോപാഖ്യാനം - (മുന്നു മത്സ്യങ്ങളുടെ കഥ) -- ഭീഷ്മൻ പറഞ്ഞു: വരാന്‍ പോകുന്ന ആപത്തിനെ കണ്ടറിഞ്ഞു തടുക്കുന്നവനും, വന്നു ചേര്‍ന്ന ആപത്തില്‍ തന്ത്രപരമായി രക്ഷപ്പെടുവാനുള്ള ബുദ്ധി പ്രയോഗിക്കുന്നവനുംം ഇങ്ങനെ രണ്ടുപേര്‍ ആപത്തു വിട്ടു കയറി സുഖിക്കും. എന്നാല്‍ ദീര്‍ഘസൂത്രന്‍ (മന്ദനായവന്‍) നശിക്കുക തന്നെ ചെയ്യും.
ഇതിന്ന് ഉദാഹരണമായ ഒരു കഥ നാട്ടില്‍ നടപ്പുണ്ട്. അത് ഞാന്‍ പറഞ്ഞു തരാം, യുധിഷ്ഠിരാ! അത് നീ കേട്ടു കൊള്ളുക. കാര്യാകാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നിനക്ക് ഈ ദീര്‍ഘസൂത്രന്റെ കഥ ഉപകരിക്കുന്നതാണ്.
ആഴം കുറഞ്ഞതും മത്സ്യങ്ങള്‍ വളരെയുള്ളതുമായ ഒരു പൊയ്കയില്‍ മുന്നു മത്സ്യങ്ങള്‍ കൂട്ടുകാരായി ജീവിച്ചു കുന്തീപുത്രാ! അതില്‍ ഒരുത്തന്റെ പേര്‍ ദീര്‍ഘദര്‍ശി എന്നാണ്. രണ്ടാമത്തേവന്റെ പേര് ഉല്‍പന്നപ്രതിഭന്‍ എന്നാണ്. മൂന്നാമത്തേവന്റെ പേര്‍ ദീര്‍ഘസൂത്രന്‍ എന്നുമാണ്. ഇവര്‍ സഹചാരികളായി കഴിഞ്ഞിരുന്നു.
ഒരു ദിവസം കുറെ മീന്‍ പിടുത്തക്കാര്‍ വന്ന് ഈ പൊയ്കയില്‍ നിന്ന് തോടു വഴിക്ക് വെള്ളം വാര്‍ത്ത് ഒഴുക്കുവാന്‍ തുടങ്ങി. പൊയ്കയിലെ വെള്ളമൊക്കെ ഒഴുകിപ്പോകുന്നതു കണ്ടപ്പോള്‍ ദീര്‍ഘദര്‍ശി തന്റെ രണ്ട് സ്നേഹിതന്മാരേയും വിളിച്ചു ഇപ്രകാരം പറഞ്ഞു; സ്നേഹിതന്മാരേ, ജലജന്തുക്കള്‍ക്കെല്ലാം ഇതാ അത്യാപത്ത് നേരിട്ടിരിക്കുന്നു. ഉടനെ നാം ഈ പൊയ്ക വിട്ടു മറ്റൊരിടത്ത് രക്ഷപ്പെടണം. അല്ലെങ്കില്‍ നാം കെണിയില്‍ കുടുങ്ങിപ്പോകും. വരാന്‍ പോകുന്ന അനര്‍ത്ഥം കണ്ടറിഞ്ഞ് നയം കൊണ്ടു തടുക്കുന്നവന്‍ സംശയത്തില്‍പ്പെട്ടു പോവുകയില്ല. അതു നല്ലപോലെ മനസ്സിലാക്കി നാം ഈ സ്ഥലംവിട്ട് ഉടനെ പോവുക.
ഈ ഉപദേശം കേട്ട് ദീര്‍ഘസുൂത്രന്‍ പറഞ്ഞു: സ്നേഹിതാ! നീ പറഞ്ഞതു ശരിയാണ്. എങ്കിലും പരിക്രമിക്കാതിരിക്കൂ. ഉടനെ വിടേണ്ട കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്.
പിന്നെ പ്രത്യുല്‍പ്പന്നമതി ദീര്‍ഘദര്‍ശിയോടു പറഞ്ഞു: കാലം വരുമ്പോള്‍ ഞാന്‍ രക്ഷപ്പെട്ടു കൊള്ളാം. അപ്പോള്‍ ന്യായമായ വഴിക്ക് ഞാന്‍ കടന്നു കളയും.
അങ്ങനെ ദീര്‍ഘദര്‍ശി രണ്ടു മഹാന്മാരുടെ അഭിപ്രായവും കേട്ടു. കൊറ്റിന്നു വകയുള്ള സ്ഥലംവിടുവാന്‍ അവര്‍ മടിച്ചെ ങ്കിലും മഹാശയനായ ദീര്‍ഘദര്‍ശി അവിടെ നിന്നില്ല. അവന്‍ ആ തോടു വഴിക്കു പോയി വിശാലമായ വേറെ ജലാശയത്തില്‍ ചെന്നു ചേര്‍ന്നു.
അങ്ങനെ പലലത്തിലെ വെള്ളമൊക്കെ വാര്‍ന്നു പോയി. മീന്‍പിടുത്തക്കാര്‍ പല കൗശലങ്ങള്‍ പ്രയോഗിച്ചു. വലയും തൈതലുമായി മത്സ്യത്തെ അവിടവിടെ ബന്ധിച്ചു നിര്‍ത്തി. വെള്ളം കുറഞ്ഞ ആ പലലത്തെ കലക്കുന്ന സമയത്ത് ദീര്‍ഘസൂത്രനും മറ്റു കൂട്ടുകാരും ബന്ധനത്തില്‍പ്പെട്ടു. മത്സ്യങ്ങളെ കയറുകള്‍ കൊണ്ടു കെട്ടുന്ന സമയത്ത് അവയുടെ ഇടയില്‍ച്ചെന്ന് പ്രത്യുല്‍പ്പന്നമതി പറ്റിക്കൂടി. എടുക്കാവുന്ന കെട്ടെടുത്ത് ആ മീന്‍പിടുത്തക്കാരന്‍ നിന്നു. എല്ലാ മത്സ്യത്തേയും കോര്‍ത്തു കെട്ടിയെന്ന് അവനും വിചാരിച്ചു, പിന്നെ മറ്റൊരു ജലാശയത്തില്‍, തെളിഞ്ഞ വെള്ളത്തില്‍ കഴുകുന്ന സമയത്ത് പാശത്തെ വിട്ട പ്രത്യുല്‍പ്പന്നമതി ക്ഷണത്തില്‍ചാടിക്കളഞ്ഞു. ദീര്‍ഘസൂത്രന്‍ ദുഃഖിച്ചു. അവന്‍ ബുദ്ധികെട്ട, മൂഢനായി, ചരടില്‍ കോര്‍ക്കപ്പെട്ടവനായി കിടന്നു പിടഞ്ഞു. അവന്‍ ദുഃഖിച്ച് ദുഃഖിച്ചു ചരടില്‍, കുടുങ്ങിക്കിടന്ന് വീര്‍പ്പുമുട്ടി ചത്തു.
ഇപ്രകാരം, കാലം സമാഗതമാകുമ്പോള്‍, പല പല മോഹങ്ങള്‍ കാരണം ചിന്തിച്ചറിയാതിരിക്കുന്നവന്‍ ദീര്‍ഘസൂത്രന്‍ എന്ന മത്സൃത്തിന്റെ മാതിരി ആപത്തില്‍ കുടുങ്ങി മരിക്കുവാന്‍ ഇടവരും. ഞാന്‍ മിടുക്കനാണ് എന്നു നടിച്ച് മുമ്പെ നന്മ ചെയ്യാത്തവന്‍ സംശയത്തില്‍പ്പെട്ട് ദുഃഖിക്കാന്‍ ഇടവരും. വന്നാല്‍ അതിന് അപ്പോള്‍ പ്രതിവിധി കാണുന്നവന്‍ രക്ഷപ്പെട്ടു എന്നു വരാം.
വരാവുന്നതു മുന്‍കൂട്ടി അറിഞ്ഞ് അതിനെ തടുക്കുന്നവനും, വന്നു ചേര്‍ന്നതില്‍ മറുകൈ കാണുന്നവനും സുഖം നേടും. എന്നാല്‍ ദിര്‍ഘസൂത്രന്‍ നശിക്കുക തന്നെ ചെയ്യും.
കല, കാഷ്ട, മുഹൂര്‍ത്തങ്ങള്‍, ലവം, രാപ്പകലുകള്‍, മാസം, പക്ഷം, ആറു ഋതുക്കള്‍, കല്പം, സംവത്സരങ്ങള്‍ എന്നിവ കാലങ്ങളാണ്. അവയെ പ്രത്യക്ഷമായി കാണുകയില്ല. ഭൂമിക്കുള്ള വിഭാഗങ്ങളെ ദേശം എന്നു പറയുന്നു. ഈ കാലദേശങ്ങളെ അഭീഷ്ടകാര്യസിദ്ധിക്ക് കണ്ടറിഞ്ഞ് വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണം. ഇവ ധര്‍മ്മശാസ്ത്രത്തിലും, അര്‍ത്ഥശാസ്ത്രത്തിലും, കാമശാസ്ത്രത്തിലും മഹര്‍ഷിമാര്‍ വളരെ മുഖ്യമായി പ്രസ്താവിച്ചി ട്ടുണ്ട്.
അങ്ങനെ അഭീഷ്ടമായ ദേശവും കാലവും നന്നായി നോക്കി കാര്യം നടത്തണം. അതിനു തയ്യാറുള്ളവന്‍ പരീക്ഷിച്ച് കാര്യം നടത്തുന്നവന്‍ അതിന്റെ ഫലം തീര്‍ച്ചയായും അനുഭവിക്കുന്നതാണ്.
അദ്ധ്യായം 138. മാര്‍ജ്ജാരമുഷികസംവാദം - (പൂച്ചയുടെയും എലിയുടെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞും: എല്ലായി ടത്തും എങ്ങനെയൊക്കെ, എന്തൊക്കെ ചെയ്യണമെന്ന് വളരെയേറെ ബുദ്ധിപൂര്‍വ്വം ചെയ്യേണ്ട കാര്യങ്ങളൊക്കെ ഭവാന്‍ എനിക്ക് ഉപദേശിച്ചു. ഭാവിയിലും വര്‍ത്തമാനത്തിലും വേണ്ടതൊക്കെ പറഞ്ഞു തന്നു. മനുഷ്യനെ നശിപ്പിക്കുന്ന ദീര്‍ഘസു ത്രതയേയും പറഞ്ഞുതന്നു. ഇനി ഒരു കാര്യം ഞാന്‍ ചോദിക്കു ന്നു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട രാജാവ് വിഷമത്തില്‍പ്പെടാതെയിരിക്കുവാന്‍ വേണ്ട ബുദ്ധി എന്തെന്നു പറഞ്ഞു തരണം. ധര്‍മ്മാര്‍ത്ഥ കുശലനും ധര്‍മ്മശാസ്ത്രവിശാരദനുമായ രാജാവിന്ന് എങ്ങനെ അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ കിട്ടും? ഭവാന്‍ വിവരിച്ചു പറഞ്ഞു തരണേ!
നാനാശത്രുഗ്രസ്തനായ രാജാവ് എങ്ങനെ വര്‍ത്തിക്കണം? അത് വിധിപ്രകാരം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷമത്തിലായ രാജാവിനെ ശത്രുക്കള്‍, മുമ്പെ തപിപ്പിക്കപ്പെട്ട ശത്രുക്കള്‍, പലര്‍ ചേര്‍ന്ന് ആ ഒരുത്തനോട് പകപോക്കാന്‍ നോക്കും. അപ്പോള്‍ ആ ബലവാന്മാര്‍ ഈ ദുര്‍ബ്ബലനെ അവരുടെ പ്രതികാരത്തിന്നിരയാക്കും. അങ്ങനെ സഹായികളില്ലാതെ ഒറ്റപ്പെട്ട അവന്‍ എങ്ങനെ നിലനില്ക്കും? മിത്രങ്ങളേയും ശത്രുക്കളേയും എങ്ങനെ വേര്‍തിരിച്ചറിയും? ശത്രുക്കളുടെയും മിത്രങ്ങളുടെയും ഇടയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം? ലക്ഷണം കണ്ട മിത്രത്തിലും അമിത്രത്തിലും എന്താണു പുരുഷന്‍ ചെയ്യേണ്ടത്? എന്തു ചെയ്താലാണ് സുഖം വരിക? യുദ്ധം ആരോടാണു ചെയ്യേണ്ടത്? സന്ധിചെയ്യേണ്ടത് ആരോടാണ്? ശത്രുവിന്റെ നടുവില്‍പ്പെട്ടവന്‍ ബലവാനാണെങ്കിലും എന്തു ചെയ്യണം? എല്ലാ കൃത്യത്തിലും മുഖ്യമായിട്ടുള്ളതാണ് ഈ കാര്യം രാജാവേ! അതു വേണ്ടവിധം ഉപദേശിക്കുവാന്‍ ആരെയും കാണുന്നില്ല. കേള്‍ക്കാനും ആരേയും കാണുന്നില്ല. ജിതേന്ദ്രിയനും സത്യവാനുമായ ഭീഷ്മനല്ലാതെ ആരുണ്ട് ഈ ജ്ഞാനമെല്ലാം അറിയു ന്നവനായിട്ട്? മറ്റാരുമില്ല പിതാമഹാ! അതുകൊണ്ട് അങ്ങ് എല്ലാം തിരഞ്ഞു വേണ്ടമാതിരി പറഞ്ഞുതരണേ!”
ഭീഷ്മൻ പറഞ്ഞു: “ഹേ യുധിഷ്ഠിരാ! നീ ചോദിച്ച ഈ ചോദ്യം എനിക്കു സന്തോഷം നല്കുന്നു. ഉണ്ണീ കേള്‍ക്കൂ! ഞാന്‍ പറഞ്ഞുതരാം. ആപത്തില്‍ വേണ്ടതായ രഹസ്യ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. അമിത്രന്‍ മിത്രമാകും. മിത്രൻ ദുഷ്ടുള്ളവനാകും. കാലവും ദേശവും പ്രവൃത്തിയനുസരിച്ച് കാര്യങ്ങളുടെ ഗതിയൊക്കെ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ശത്രുക്കളെ വിശ്വസിക്കണമോ വേണ്ടയോ അതോ യുദ്ധമാണോ വേണ്ടത്, അതില്‍ കാര്യമേത് അകാര്യമേത് എന്നു ദേശവും കാലവും നോക്കി തീരുമാനിക്കണം. വിദ്വാന്മാരുമായി ആലോചന നടത്തി ഹിതാര്‍ത്ഥികളുമായി സന്ധി ചെയ്യുക! ശത്രുക്കളുമായും സന്ധിയാകാം. പ്രാണന്‍ അകപ്പെടുമെന്ന ഘട്ടം വരുമ്പോള്‍ മാത്രമേ ശ്രത്രുവുമായി സന്ധിചെയ്യാവു. ഒരിക്കലും ശത്രുവുമായി സന്ധിചെയ്യുകയില്ലെന്നു നിശ്ചയിക്കുന്നത് അപണ്ഡിതന്റെ ലക്ഷണമാണ്. അങ്ങനെയുള്ളവന്‍ ഒരു കാര്യവും നേടുകയില്ല. ഒരു ഫലവും നേടുകയില്ല.
കാര്യങ്ങള്‍ വേണ്ടപോലെ പരിഗണിച്ച് ശത്രുവിനോടുകൂടി ഇണങ്ങുന്നവന്‍ മിത്രമായാലും കാര്യാര്‍ത്ഥം വിരോധിക്കുന്നവന്‍ വലിയ ഫലം നേടും.
ഇതിന്നുദാഹരണമായി ഒരു പഴങ്കഥ നമ്മുടെ നാട്ടില്‍ നടപ്പുണ്ട്. ഒരു അരയാലില്‍ ഇരുന്ന് പൂച്ചയും എലിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് കഥാവിഷയം.
പണ്ട് ഒരു കാട്ടില്‍ വളരെ വിസ്താരത്തില്‍ ഉയര്‍ന്നുനില്ക്കുന്ന ഒരു അരയാല്‍ വൃക്ഷമുണ്ടായിരുന്നു. പലതരം വള്ളികള്‍ പടര്‍ന്നു തഴച്ച് വിശാലമായി നില്ക്കുന്ന ആ ആലിന്മേല്‍ ധാരാളം പക്ഷികള്‍ അധിവസിച്ചിരുന്നു. കവരം ധാരാളമുള്ള ആ അരയാല്‍ വലിയ ഒരു മേഘപടലം പോലെ മനോഹരമായ ശീതച്ഛായ വിരിച്ചു. വനത്തിന്റെ നടുവിലായതു കൊണ്ട് ധാരാളം വ്യാളങ്ങളും മൃഗങ്ങളും അതിന്റെ ചുവട്ടില്‍ വന്നു കൂടി. അതിന്റെ ചുവട്ടില്‍ നുറുമുഖമുള്ള ഒരു മട തീര്‍ത്ത് അതില്‍ മഹാപ്രാജ്ഞനായ ഒരു മൂഷികന്‍ പാര്‍ത്തിരുന്നു. ആ വൃക്ഷത്തിന്റെ കൊമ്പില്‍ വളരെ സുഖമായി പക്ഷികളെ പിടിച്ചു തിന്ന് കൊഴുത്തു തടിച്ച ലോമശന്‍ എന്നു പ്രസിദ്ധനായ ഒരു പൂച്ചയും അധിവസിച്ചിരുന്നു.
ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വന്ന് ഒരു ചണ്ഡാലന്‍ ദിവസേന സൂര്യന്‍ അസ്തമിച്ചാല്‍ വല വെയ്ക്കാറുണ്ട്. അവന്‍ മൃഗങ്ങളുടെ ഞരമ്പു കൊണ്ടുള്ള വലകള്‍ വിധിപ്രകാരം പിണച്ചു കെട്ടി ഉറപ്പിച്ചുപോകും. പിന്നെ അവന്‍ വീട്ടില്‍പ്പോയി ഉറങ്ങും. പ്രഭാതമാകുമ്പോള്‍ എത്തും. രാത്രി അവിടെ വന്നുകൂടുന്ന പല ജാതി മൃഗങ്ങള്‍ വലയില്‍ കുടുങ്ങും. അങ്ങനെ ഒരു ദിവസം ആ ലോമശന്‍ എന്ന തടിയന്‍ പൂച്ച അബദ്ധത്തില്‍ ആ വലയില്‍ കുടുങ്ങിപ്പോയി. തന്റെ ബദ്ധ ശത്രുവായ മാര്‍ജ്ജാര വീരന്‍ വലയില്‍ കുടുങ്ങിയതു കണ്ടപ്പോള്‍, തന്നെ വധിക്കുവാന്‍ എപ്പോഴും അവസരം പാര്‍ക്കുന്ന ശക്തനായ ശത്രു ബന്ധനസ്ഥനായപ്പോള്‍, ആ സന്ദര്‍ഭം കണ്ട് മൂഷികന്‍ നിര്‍ഭയനായി അവിടെ ചുറ്റി സസന്തോഷം സഞ്ചരിച്ച് വിഹരിച്ചു.
നല്ല വിശ്വാസത്തോടെ ആപത്തൊഴിഞ്ഞവനെപ്പോലെ പലിതന്‍ എന്ന ആ മുഷികന്‍ ആ കാട്ടില്‍ ചുറ്റുമ്പോള്‍, തീറ്റ അമ്പേഷിച്ച് സഞ്ചരിക്കുമ്പോള്‍, അവന്‍ ആ വലയില്‍ വെച്ച മാംസം കണ്ടെത്തി. അവന്‍ ആ വലയില്‍ക്കയറി ആ മാംസം അപ്പോള്‍ തിന്നുവാന്‍ തുടങ്ങി. തന്റെ ശത്രു വലയില്‍ കുടുങ്ങിക്കിടക്കുന്നതില്‍ അനല്‍പമായ സന്തോഷത്തോടെ ഉള്ളു കൊണ്ടു ചിരിച്ച് ഇടയ്ക്കു നോക്കിക്കൊണ്ടാണ് ആ മൂഷികന്‍ വലയിലെ മാംസം തിന്നിരുന്നത്. അങ്ങനെ സ്വൈരമായി, രസമായി, മാംസം ഭക്ഷി ച്ചു കൊണ്ടിരിക്കെ ആ എലി പെട്ടെന്ന്, ഘോരനായി ഒരു പുതിയ ശത്രു തന്റെ നേരെ വരുന്നതു കണ്ട് നടുങ്ങിപ്പോയി. എലി അവന്റെ നേരെ നോക്കി. അമപ്പുവിന്റെ നിറം! ചുവന്ന കണ്ണ്! ഭയങ്കരം! ചപലനും, ഘോരനും, മടയില്‍ അധിവസിക്കുന്നവനുമായ ഒരു കീരിയായിരുന്നു അവന്‍! അവന്റെ പേര്‍ ഹരിതന്‍ എന്നാണ്. ആ മുഷികന്റെ ഗന്ധം അറിഞ്ഞ് വേഗത്തില്‍ വന്നടുക്കുന്നതായിരുന്നു. അവന്‍ തലപൊക്കി, നാവു നീട്ടി, നുണഞ്ഞ് താഴെ നിന്നു. മരക്കൊമ്പിൻ മേല്‍ ഒരു കോണിലായി മറ്റൊരു ശത്രു അല്പം മറഞ്ഞ് തക്കം നോക്കിയിരിക്കുന്നതായും കണ്ടു. അവന്‍ നല്ല മൂര്‍ച്ചയുള്ള കൊക്കോടു കൂടിയ രാത്രിഞ്ചരനായ ചന്ദ്രകന്‍ എന്നു പേരായ ഉലുക (കൂമന്‍) നായിരുന്നു. ഒരിടത്ത് കീരി, മറ്റേടത്ത് കൂമന്‍. ഇവരുടെ രണ്ടുപേരുടേയും പാട്ടിലാണ് ഇപ്പോള്‍ എലി. ആരുടെയെങ്കിലും ഇരയായിത്തീരും ഇപ്പോള്‍. താന്‍ ഭയങ്കരമായ ആപത്തില്‍പ്പെട്ടിരിക്കുന്നുവെന്ന് എലിക്കു മനസ്സിലായി. രക്ഷയൊന്നുമില്ല.
അങ്ങനെ കഷ്ടമായ നിലയില്‍ ആപത്തില്‍പ്പെട്ടു മരണം അടിവെച്ചടുക്കുന്ന സമയത്ത് അവന്‍ എന്തുചെയ്യും! ആര്‍ അവനെ രക്ഷിക്കും? അവന്‍ വല്ലാത്ത ഭയത്തില്‍പ്പെട്ടു. ഏതു വിധവും തടവില്‍പ്പെട്ട അവന്‍ ആപത്തു തന്നെ ചിന്തിച്ചു “ഇനി രക്ഷ യില്ല". ആപത്തു പറ്റിയവര്‍ ആപത്തു വന്നവരുടെ ജീവനെ ആപത്തു തീര്‍ത്ത് രക്ഷിക്കണം. എലിക്കു വന്നുചേര്‍ന്ന ആപത്തോ എവിടെ ച്ചെന്നാലും രക്ഷയില്ലാത്തതുമാണ്. എലി മനസ്സില്‍ വിചാരിച്ചു; "താഴത്തു ചെന്നാല്‍ ഉടനെ കീരി എന്നെ ഭക്ഷിക്കും. എങ്ങും പോകാതെ നിന്നാലോ കൂമന്‍ പിടിച്ചു തിന്നും. കയറ് പൊട്ടിയാലോ പൂച്ചയും വന്ന് പിടിച്ചു തിന്നു കളയും. എവിടെയാണ് രക്ഷ! എങ്ങും രക്ഷയ്ക്കു വഴിയില്ല. എന്നു വെച്ച് ഞാന്‍ പരിഭ്രമിക്കാന്‍ വിചാരിക്കുന്നില്ല. എന്നെപ്പോലെ ദേശകാലജ്ഞാനമുള്ള ബുദ്ധിമാന്മാര്‍ ഒരിക്കലും അമ്പരന്ന് മോഹാലസ്യപ്പെടാന്‍ വിചാരിക്കുന്നില്ല. യുക്തിയാല്‍ സന്ധി ചെയ്തു ജീവരക്ഷയ്ക്കു മാര്‍ഗ്ഗമുണ്ടോ എന്ന് ഒന്നു നോക്കട്ടെ! ബുദ്ധിമാനായ പ്രാജ്ഞന്‍, നീതിശാസ്ത്രവിശാരദനായ മാന്യന്‍. വലിയ അത്യുല്‍ക്കടമായ ആപത്തില്‍പ്പെട്ടാലും മനസ്സ് ഭ്രമിക്കുകയില്ല; തീര്‍ച്ചയാണ്. പൂച്ചയല്ലാതെ വേറെ ഗതിയൊന്നും ഞാന്‍ കാണുന്നില്ല. ഇവനും വിഷമത്തില്‍പ്പെട്ടിരിക്കുന്ന ശത്രുവാണല്ലേോ! അതു കൊണ്ട് രക്ഷാമാര്‍ഗ്ഗം അവനും ചിന്തിക്കുന്നുണ്ടാകുമല്ലോ. അതു കൊണ്ട് മഹത്തായ കാര്യം നിര്‍വ്വഹിക്കാന്‍ ഇപ്പോള്‍ പറ്റിയേക്കും. ഞാനാണെങ്കില്‍ മുന്നു ശത്രുക്കള്‍ക്ക് ഇരയാണ്. ജീവനില്‍ കൊതിച്ചിട്ട് കാര്യമില്ല! അതു കൊണ്ട്, എന്തായാലും രക്ഷയില്ലാത്ത നിലയില്‍ ആരേയാണ് ഇപ്പോള്‍ ആശ്രയിക്കേണ്ടത്? പൂച്ചയെത്തന്നെ ആശ്രയിക്കാം.
നീതിശാസ്ത്രം അടിസ്ഥാനമാക്കി ഇപ്പോള്‍ പുച്ചയ്ക്ക് ഹിതമായതു പറയാം. ശത്രുസംഘത്തെ ഇപ്പോള്‍ ഞാന്‍ ബുദ്ധി കൊണ്ട് വഞ്ചിച്ചു കളയാം. ഇവന്‍ അത്യന്ത ശത്രുവാണ്. വളരെ വൈഷമ്യമുണ്ട് അടുക്കാന്‍. മുഡനുമാണ്, എന്റെ കാര്യം അവനെ ഗ്രഹിപ്പിക്കാന്‍ വളരെ വിഷമമുണ്ട്. എന്നാലും ശ്രമിക്കുക തന്നെ. വൃസനത്തില്‍പ്പെട്ട ഇവന്‍ ഞാനുമായി സന്ധിയായെന്നുംവരാം. ശക്തനോട് ഏറ്റ് അടുത്തവന്ന് ശത്രുവിനെ സ്വീകരിക്കലും വിഷമത്തില്‍ ജീവിക്കലും തുല്യമാണെന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. ശ്രേഷ്ഠനും പണ്ഡിതനുമായ ശത്രു മൂഡനാണ്. അവന്‍ ഒരിക്കലും മിത്രമാവുകയില്ല. എന്നാലും ഇപ്പോള്‍ എന്റെ ജീവന്‍ ഇരിക്കുന്നത് പൂച്ചയിലാണ്. എന്തായാലും ഇവനോട് ആത്മരക്ഷയ്ക്കുള്ള കൌശലം ഞാന്‍ പറയാം. ഈ ശത്രുവും സംഗതിവശാൽ പണ്ഡിതനായി വന്നേക്കാം.
ഇപ്രകാരം ശത്രുവിന്റെ ചേഷ്ടിതം വിചാരിച്ച് സന്ധിവിഗ്രഹകാലജ്ഞനായ മുഷികന്‍ കാരൃത്തിന്റെ ഗതി മനസ്സിലാക്കി സാന്ത്വപൂര്‍വ്വം മാര്‍ജ്ജാരനോട് ഇങ്ങനെ പറഞ്ഞു.
മൂഷികന്‍ പറഞ്ഞു: “സ്നേഹിതാ! മാര്‍ജ്ജാരമഹാശയാ! ഭവാനോടുള്ള ഇഷ്ടംകൊണ്ട് ഞാന്‍ പറയുകയാണ്. ഭവാന്‍ ജീവിക്കുന്നുണ്ടോ? മഹാശയാ, അങ്ങയുടെ ജീവനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ക്കു രണ്ടു പേര്‍ക്കും നന്മ തുല്യ മാണ്. അല്ലയോ സൗമ്യാത്മാവേ, അങ്ങു ഭയപ്പെടേണ്ടതില്ല. ഭവാന്‍ സുഖമായി ജീവിക്കും. ദീര്‍ഘായുഷ്മാനാകട്ടെ! ഞാന്‍ അങ്ങയെ ആപത്തില്‍നിന്നു കയറ്റിവിടാം. എന്നെ കൊല്ലാതിരി ക്കുകയാണെങ്കില്‍--! നമുക്കു രണ്ടുപേര്‍ക്കും നന്മവരുവാന്‍ ഞാന്‍ ഒരു കൗശലം കാണുന്നുണ്ട്. നിനക്കു മോചനം കിട്ടുകയും എനിക്കു നന്മ വരികയും ചെയ്യും. ആത്മബുദ്ധി വിചാരത്താല്‍ ഞാന്‍ ഉപായം കണ്ടിരിക്കുന്നു. അതു നിനക്കായും എനിക്കായും ഉള്ള കാര്യമാണ്. ഫലം നമുക്കു രണ്ടുപേര്‍ക്കും തുല്യമാണ്. നോക്കു! ഈ കീരിയും കൂമനും പാപികളാണ്. അവര്‍ എന്നെ നോക്കി നുണച്ചിരിക്കുകയാണ്. അവര്‍ ഇപ്പോള്‍ വന്ന് ആക്രമിക്കുന്നില്ലെങ്കില്‍ അത് എനിക്കു നന്മയാണ്. ആ കൗശികന്‍ (കൂമന്‍) ഹൂം എന്നു മൂളിക്കൊണ്ട് കണ്ണുരുട്ടിയിളക്കി എന്നെ നോക്കുന്നതു നോക്കൂ! മരക്കൊമ്പത്തിരിക്കുന്ന അവനെ ഞാന്‍ വല്ലാതെ ഭയപ്പെടുന്നു. സജ്ജനങ്ങള്‍ക്ക് “സാപ്തപദീനം സഖ്യം" എന്നാണ് പ്രമാണം. “ ഏഴടി ഒന്നിച്ചു സഞ്ചരിക്കുക, അല്ലെങ്കില്‍ ഏഴു വാക്കുകള്‍ തമ്മില്‍ പറയുക” ഇത്രമാത്രം മതി സഖ്യത്തിന്ന്. ആ നിലയ്ക്ക് സജ്ജനങ്ങളായ നമ്മള്‍ പരസ്പരം സുഹൃത്തുക്കളായിരിക്കുന്നു. നീയാണെങ്കില്‍ വിദ്വാനുമാണല്ലോ. നല്ലവര്‍ തമ്മില്‍ സഹവാസം കൊണ്ട് ആപത്തിനെ ഒഴിവാക്കുന്നു. പരസ്പര സഹായത്താല്‍ ബുദ്ധിപൂര്‍വ്വം ആപത്തിനെ നീക്കുന്നു. അതുകൊണ്ടു നിന്റെ ആപത്തു നീങ്ങും. അതിനാല്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക: “ഹേ! മാര്‍ജ്ജാരാ, ഭവാന്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്ന വല കണ്ടിച്ചു രക്ഷപ്പെടുവാന്‍ നിനക്കു സാദ്ധ്യമല്ല. ഞാന്‍ സഹായിക്കുന്നില്ലെങ്കില്‍ അതിന്നു നിനക്കു കഴിയുകയില്ല. ഞാന്‍ നിന്റെ പാശങ്ങള്‍ അറുത്തു നീക്കി ത്തരാം. നീ എന്നെ കൊല്ലാതിരിക്കയാണെങ്കില്‍--! നീയാണെങ്കില്‍ വൃക്ഷത്തിന്മേലാണ് അധിവസിക്കുന്നത്. ഞാന്‍ ചുവട്ടിലും. അങ്ങയ്ക്കറിയാം നാം രണ്ടു പേരും മരത്തിന്മേലാണല്ലോ വളരെക്കാലമായി പാര്‍ത്തുവരുന്നത്. ഒരുത്തനില്‍ മറ്റൊരുവന്നു വിശ്വാസമില്ലെങ്കില്‍ എന്നും പരസ്പരം ഭയപ്പെട്ടു ജീവിക്കുന്നവരെ ധീരന്മാരാരും പ്രശംസിക്കുകയില്ല. അതു കൊണ്ട് നമ്മള്‍ പരസ്പരം വിശ്വസിക്കുക. നമ്മള്‍ക്കു നിത്യവും സന്തോഷം വര്‍ദ്ധിക്കുമാറാകട്ടെ! കാലം കഴിഞ്ഞ കാര്യത്തെപ്പറ്റി പണ്ഡിതന്മാര്‍ പ്രശംസിക്കാറില്ല. അതുകൊണ്ട് ശരിക്കു വേണ്ട കാരും യുക്തിപൂര്‍വ്വം ഇപ്പോള്‍ കേട്ടുകൊള്ളുക. നിന്റെ ജീവ രക്ഷ ഞാന്‍ ഇച്ഛിക്കുന്നു. നീ എന്റെ ജീവനേയും ഇച്ഛിക്കുക. ഒരുത്തന്‍ ഒരു മരമുട്ടി (പൊങ്ങുതടി) കൊണ്ട് ആഴമേറിയ വലിയ പുഴ കടക്കുകയാണെങ്കില്‍ അവന്‍ മുട്ടിയെ മറുകരയെത്തിക്കും. മുട്ടി അയാളേയും കരകയറ്റും. ആ യോഗം നമ്മള്‍ക്കും ഇപ്പോള്‍ സംഭവിക്കും. നിന്നെ ഞാന്‍ കയറ്റിവിടാം. നീ എന്നേയും കയറ്റി വിടണം.
എന്നു പറഞ്ഞ് പലിതന്‍ രണ്ടാള്‍ക്കും ഹിതമായ കാര്യം യുക്തിപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി കാലം നോക്കി എല്ലാം ധരിപ്പിച്ചു.
ആ ശ്ര്രുവിന്റെ നല്ലവാക്കു കേട്ടപ്പോള്‍ വിചക്ഷണനായ പൂച്ച ശ്രാഹ്യസാരമായ വാക്കു പറഞ്ഞു. ബുദ്ധിമാനായ വാഗ്മി, ആ വാക്കു പ്രശംസിച്ചു, തന്റെ കഷ്ടാവസ്ഥയെ ചിന്തിച്ചു, എലിയെ ഭംഗിയായി ആദരിച്ചു.
പിന്നെ പല്ലിന്റെ തുമ്പു കൂര്‍ത്തവനും, മണിവൈഡുര്യലോചനനുമായ എലിയെ. നോക്കി ലോമശമാര്‍ജ്ജാരന്‍ പറഞ്ഞു.
ലോമശന്‍ പറഞ്ഞു: “സൌമ്യ! ഞാന്‍ നിന്നെ അഭിനന്ദിക്കു ന്നു. നിനക്കു നന്നായിവരട്ടെ! എന്റെ ജീവിതാര്‍ത്ഥിയാണല്ലോ നീ. നന്മ കാണുന്നുണ്ടെങ്കില്‍ നീ ചെയ്തു കൊള്ളുക; വൈകരുത്. ഞാന്‍ വലിയ ആപത്തിലാണല്ലോ. നീയും അപ്രകാരം തന്നെ ആപത്തിലാണ്. ആപത്തില്‍പ്പെട്ടവര്‍ തമ്മില്‍ സന്ധിയാകുന്നത് യുക്തമാണ്. ഇനി ചിന്തിക്കാനൊന്നുമില്ല. കാലോചിതമായി കാര്യസിദ്ധിക്കു വേണ്ടത് ഞാന്‍ ചെയ്യുന്നതാണ്. ഞാന്‍ കഷ്ടപ്പാടു വിട്ട് ഇതില്‍ നിന്ന് എഴുന്നേറ്റാല്‍ നീ ചെയ്ത സല്‍കൃതം നശിക്കുകയില്ല. മാനം വിട്ടവന്‍, കുറുകൊണ്ടവന്‍, നിന്റെ ശിഷ്യന്‍, നിന്റെ ഹിതകൃത്ത് ഈ നിലയില്‍ നില്ക്കുന്നവനാണ് ഞാന്‍. നിന്റെ കല്പനപോലെ ഞാന്‍ ഇതാ നില്ക്കുന്നു. ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു!
ഇപ്രകാരം പുച്ച പറഞ്ഞപ്പോള്‍ തന്റെ പാട്ടില്‍ നില്ക്കുന്ന പൂച്ചയോട് അവന്റെ വാക്കിന്റെ അര്‍ത്ഥം ആസ്വദിച്ചു, അഭിനന്ദിച്ചു, അര്‍ത്ഥജ്ഞനായ പലിതന്‍ ഹിതമായ വാക്കുകള്‍ ഇപ്രകാരം പറഞ്ഞു.
പലിതന്‍. പറഞ്ഞു: “ഉദാരമായ വാക്കുകള്‍ നീ പറഞ്ഞു. നിന്നെപ്പോലെയുള്ളവരില്‍ ഇത്തരം വാക്കുകള്‍ അത്ഭുതമല്ല. ഞാന്‍ കണ്ടുവെച്ച മാര്‍ഗ്ഗം നീ ഹിതമായി കേട്ടു കൊണ്ടാലും. എനിക്കു കീരിയില്‍ വലിയ ഭയമുണ്ട്. അതു കൊണ്ടു ഞാന്‍ നിന്റെ കുടെ താമസിക്കാനാഗ്രഹിക്കുന്നു. നീ എന്നെ രക്ഷിക്കണം. കൊല്ലരുത്. ഞാന്‍ നിന്നെ രക്ഷിക്കുവാനും മതിയായവനാണ്. കൂമനില്‍ നിന്നു നീ എന്നെ രക്ഷിക്കണം. ആ ക്ഷുദ്രന്‍ എന്നെ കൊതിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ നിന്റെ പാശങ്ങളൊക്കെ ഇപ്പോള്‍ അറുത്തു നീക്കിത്തരാം! സഖേ! സത്യമാണ് ഞാനീപ്പറഞ്ഞത്!
യുക്തമായും, അര്‍ത്ഥബഹുലമായും പ്രശോഭിക്കുന്ന ആ വാക്കുകേട്ടു പൂച്ച സ്വാഗതം ചെയ്തു. ഭേഷ്! ഭേഷ്! എന്നു ഹര്‍ഷത്തോടെ. പറഞ്ഞ് എലിയെ പുകഴ്ത്തി പൂജിച്ചു.
അങ്ങനെ സഖ്യത്തിലായ പൂച്ച എലിയെ പൂജിച്ചു ബഹുമാനിച്ച് ധീരനും പ്രീതനുമായി ചിന്തിച്ച് വെമ്പലോടെ പറഞ്ഞു.
ലോമശന്‍ പറഞ്ഞു: “സ്നേഹിതാ! മുഷികാ! വേഗം വരു! നിനക്കു നന്മവരട്ടെ! നീ എനിക്കു പ്രാണതുല്യനായ സഖിയാണ്. ഹേ പ്രാജ്ഞാ!-ഞാന്‍ നിന്റെ പ്രസാദം മൂലം ജീവിതം മിക്കവാറും നേടിയിരിക്കുന്നു! ഈ നിലയിലുള്ള ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യണം. അതു ഭവാന്‍ കമല്പിച്ചാലും. ഞാന്‍ അത് ചെയ്യുന്നതാണ്. സഖേ! നാം തമ്മില്‍ സന്ധിയായിരിക്കു ന്നു. ഈ സങ്കടാവസ്ഥവിട്ടു ഞാന്‍ രക്ഷപ്പെട്ടാല്‍ മിത്രബന്ധുഗണങ്ങളോടുകൂടിയവനായി ഞാന്‍ നിനക്കു ഹിതവും പ്രിയവുമായ ഏതു കാര്യവും ചെയ്യുവാന്‍ സന്നദ്ധനാണ്. ഈ ആപത്തു വിട്ട് ഞാന്‍ കരകയറിയാല്‍ ഹേ സൌമ്യ, നിനക്കു ഞാന്‍ പ്രത്യുപകാരം ചെയ്തു സല്‍ക്കരിച്ച് പ്രീതി വളര്‍ത്തുന്നതാണ്. പലതും പ്രത്യുപകാരം ചെയ്യുന്നവന്‍ പൂര്‍വ്വോപകാരിക്കു തുല്യനാകുന്നു. ചെയ്തതിന്ന് പകരം ഒരുത്തന്‍ ചെയ്യുന്നു. മറ്റൊരുവന്‍ കാരണം കൂടാതെതന്നെ ഉപകാരംചെയ്യുന്നു.
ഭീഷ്മൻ പറഞ്ഞു: “ഇപ്രകാരം പൂച്ചയെ തന്റെ കാര്യം ഗ്രഹിപ്പിച്ച് മൂഷികന്‍ ആ ദ്രോഹിയുടെ “കാല്‍ക്കൂട്ടില്‍” വിശ്വസിച്ചു ചെന്നുകയറി. ഇങ്ങനെ മാര്‍ജ്ജാരന്നു രക്ഷചെയ്ത ആ വിദ്വാനായ മൂഷികന്‍ അച്ഛനോടും അമ്മയോടുമുള്ള വിശ്വാസത്തോടെ പൂച്ചയുടെ മാറത്തു കയറി. പൂച്ചയുടെ ദേഹത്തില്‍ പറ്റി നില്ക്കുന്ന എലിയെ കണ്ടയുടനെ ആ കൂമനും കീരിയും ആശ കെട്ടവരായി. അങ്ങനെ അവര്‍ ഭയപ്പെട്ടു. പൂച്ചയും എലിയും പ്രീതിയോടെ വസിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ബലവാന്മാരും ബുദ്ധിമാന്മാരുമായ ശത്രുക്കള്‍, തമ്മില്‍ച്ചേര്‍ന്ന മാര്‍ജ്ജാരമുഷികന്മാരായ സുവൃത്തന്മാരെ ദ്രോഹിക്കുവാനും അവര്‍ അശക്തരായിത്തീര്‍ന്നു. കാരൃത്തിന്നായി പൂച്ചയും എലിയും തമ്മില്‍ സന്ധിയായതു കണ്ട് കുമനും കീരിയും തങ്ങളുടെ വസതികളിലേക്ക് ഓടിക്കളഞ്ഞു.
ആ പൂച്ചയുടെ ദേഹത്തോടു ചേര്‍ന്ന് ദേശകാലജ്ഞനായ പലിതന്‍ അപ്പോള്‍ പതുക്കെപ്പതുക്കെ വലയുടെ കയറു കടിച്ചു മുറിക്കുവാന്‍ തുടങ്ങി. എന്നാല്‍ അതു വളരെ സമയംകൊണ്ടാണ് നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. വലയുടെ കണ്ണികളില്‍ കുടുങ്ങി വലയുന്ന പൂച്ച, വലയുടെ കയര്‍ പതുക്കെപ്പതുക്കെ കണ്ടിക്കുന്ന എലിയോട് വെമ്പലോടെ പറഞ്ഞു.
ലോമശന്‍ പറഞ്ഞു: എടോ മുഷികാ, വേഗമാവട്ടെ! എന്താ നീ ഇത്ര സാവധാനിയാകുന്നത്? വേഗം കെട്ട് അറുക്കുക! എടോ സൌരമ്യാ! നീ.എന്നെ ധിക്കരിക്കുകയാണോ? എടോ ശത്രുഘ്നാ! നീ പാശങ്ങള്‍ വേഗം അറുക്കുക! ആ നായയെത്തീനി (ചണ്ഡാലന്‍) ഇപ്പോള്‍ എത്തും.
ഭീഷ്മൻ പറഞ്ഞു: പൂച്ച ഇപ്രകാരം തിടുക്കം കൂട്ടുന്ന സമയത്ത് ആ പ്രജ്ഞ കെട്ട പൂച്ചയോട് പത്ഥ്യവും ആത്മഹിതവുമായ വാക്കുകള്‍ ശ്രീമാനായ പലിതമൂഷികന്‍ പറഞ്ഞു.
പലിതന്‍ പറഞ്ഞു: എടോ സൗമ്യാ, മിണ്ടാതിരിക്കുക! നീ വെമ്പാതിരിക്കുക! സംഭ്രമം ഒട്ടും വേണ്ടാ. നമുക്ക് ശരിയായ കാലം അറിയാം. ഞാന്‍ കാലം ഒരിക്കലും തെറ്റിക്കുകയില്ല. കാലം തെറ്റി ചെയ്യുന്ന കാര്യം ഒരിക്കലും ചെയ്തവന്നു ഫലത്തിലാവുകയില്ല. കാലംകൊണ്ടു ചെയ്യുന്നതായാലോ, വലിയ ഫലം സിദ്ധിക്കുകയും ചെയ്യും. അകാലത്തു നിന്നെ വിട്ടയച്ചാല്‍ നിന്റെ പേരില്‍ എനിക്കു ഭയം വന്നുകൂടും. അതു കൊണ്ടു നീ കാലം കാത്ത് അടങ്ങിയിരിക്കു! തോഴരേ, വെമ്പാതിരിക്കുക! ശസ്ത്രവുമായി ആ ചണ്ഡാലന്‍ വരുന്നതു കണ്ടയുടനെ ഞാന്‍ കയറ് അറുത്തുവിടാം. ഭയം ഒപ്പം ഉണ്ടാകുമ്പോള്‍ ക്ഷണത്തില്‍ കയറ് അറുത്തുവിടാം. ആ തവ്വില്‍ നിനക്കു വലവിട്ട് ഓടി മരത്തില്‍ കയറാം. നിനക്കു ജീവന്‍ കിട്ടുകയല്ലേ വേണ്ടു? വേറെ ഒന്നിലും ആശയില്ലല്ലോ? അത് ഞാന്‍ നേടിത്തരാം. ഉടനെ ഞാനും ഓടി എന്റെ മടയില്‍ക്കയറാം. നിനക്കു മരത്തിന്മേലും കയറാം.
ഇപ്രകാരം ആത്മാവിന്റെ ഹിതം നോക്കി എലി പറഞ്ഞപ്പോള്‍ വാകൃ തത്വജ്ഞനും ആത്മജീവിതാര്‍ത്ഥിയും, മഹാമതിയും, തന്റെ കാരൃത്തില്‍ ബദ്ധപ്പാടു കാണിക്കുന്നവനും, വിനയവാനുമായ ലോമശമാര്‍ജ്ജാരന്‍ താമസിപ്പിക്കുന്ന എലിയോട് ഇപ്രകാരം പറഞ്ഞു.
ലോമശന്‍ പറഞ്ഞു: ഇങ്ങനെയല്ല, സജ്ജനങ്ങള്‍ മിത്രങ്ങളുടെ കാര്യം സസന്തോഷം ചെയ്യുക. നിന്നെ കഷ്ടത്തില്‍ നിന്ന് ഞാന്‍ എത്ര വേഗത്തിലാണു രക്ഷിച്ചത്! അതു പോലെ അതിവേഗത്തില്‍ ഭവാന്‍ എന്റെ കാര്യവും ചെയ്യണേ! മഹാപ്രാജ്ഞാ! പ്രയത്നിക്കൂ! വേഗമാവട്ടെ! ഞാന്‍ ഈ ആപത്തില്‍ നിന്ന് അതിവേഗത്തില്‍ രക്ഷപ്പെടട്ടെ! പൂര്‍വ്വവൈരം വിചാരിച്ച് നീ എന്നെ കഷ്ടത്തിൽ നിര്‍ത്തുകയാണെങ്കില്‍ ഹേ!, നിന്റെ തടി കിട്ടുവാനും നീ വിഷമിക്കും! അറിവില്ലാതെ ഞാന്‍ പണ്ടു പല ദുഷ്കൃതങ്ങളും എലികളോടു ചെയ്തിട്ടുണ്ടാകാം. അതൊന്നും നീ മനസ്സില്‍ വെയ്ക്കരുത്. എന്നില്‍ പൊറുക്കണം! ഞാന്‍ ഭവാനെ പ്രസാദിപ്പിക്കുന്നു!
ആ പ്രാജ്ഞനായ മാര്‍ജ്ജാരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ പ്രാജ്ഞനും ബുദ്ധിമാനുമായ മുഷികന്‍ ശ്രേഷ്ഠമായ വാക്കുകള്‍ മാര്‍ജ്ജാരനോടു പറഞ്ഞു.
പലിതന്‍ പറഞ്ഞു: സ്വാര്‍ത്ഥത്തിന്നുവേണ്ടി എന്നില്‍ ഇണങ്ങി നില്‍ക്കുന്ന മാര്‍ജജാരാ! നിന്റെ വാക്കു ഞാന്‍ കേട്ടു. സ്വാര്‍ത്ഥത്തിന്നുവേണ്ടിയാണ് ഞാനും ഭവാനുമായി ഇണങ്ങിയത്. അങ്ങനെയുള്ള എന്റെ വാക്കും ഭവാന്‍ കേള്‍ക്കണം. പേടിച്ചു ഇണങ്ങേണ്ടതായ മിത്രവും പേടിയുള്ള മിത്രവും പാമ്പിന്റെ വായില്‍ കൈ കടത്തുന്നവനെപ്പോലെ നല്ലപോലെ കരുതലോടെ വേണം നില്ക്കുവാന്‍. ശക്തനുമായി സന്ധിചെയ്തു വിശ്വസിച്ച് തന്നെ കാക്കാതിരിക്കുന്നവന്‍ അപത്ഥ്യാഹാരം കഴിച്ചവനെപ്പോലെയാകും. അത് അവന്റെ ഗുണത്തിന്നായി ഭവിക്കുകയില്ല. ലോകത്തില്‍ ആരും ആര്‍ക്കും മിത്രമല്ല. ആരും ആര്‍ക്കും സുഹൃത്തുമല്ല. ശത്രു എന്നും മിത്രം എന്നും പറയുന്നത് വെറും കാര്യവശാല്‍ മാത്രം ബന്ധപ്പെട്ടു നില്ക്കുന്നതാണ്. ആനയാല്‍ കാട്ടാന ബന്ധിക്കപ്പെട്ടതുപോലെ അര്‍ത്ഥത്താല്‍ അര്‍ത്ഥവും ബന്ധിക്കപ്പെട്ടിരിക്കയാണ്. കാര്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ചെയ്തവനെ നോക്കുവാന്‍ ആരുമില്ല. അതുകൊണ്ട് കാര്യങ്ങളൊക്കെ കുറച്ചെങ്കിലും ശേഷിപ്പിച്ചു നിറുത്തണം. ഇപ്പോള്‍ നിന്നെ മോചിപ്പിച്ചാല്‍ അത് എനിക്കു നല്ലതിനാവില്ല. പ്രഭാതമാകുമ്പോഴാണെങ്കില്‍ വേടനെ കണ്ടയുടനെ മോചിപ്പിച്ചാലോ നീ പ്രാണനും കൊണ്ടു പാഞ്ഞുകളയും. എന്നെ പിടിക്കുവാന്‍ അപ്പോള്‍ നിനക്കു കഴിയുകയില്ല. പാച്ചിലേ നിനക്കു ശരണമുള്ളു. മിക്ക കയറും ഞാന്‍ കണ്ടിച്ചുകഴിഞ്ഞു. ഇനി ഒരു കയര്‍ മാത്രമേ ബാക്കിയുള്ളു. അതും ഞാന്‍ വേഗം മുറിച്ചുകളുയാം. ലോമശാ! നീ തൃപ്തിപ്പെടുക.
ആപത്തില്‍പ്പെട്ട അവര്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ ആ രാത്രി അവസാനിച്ചു. ലോമശന്നു ഭയമായി.
നേരം പ്രഭാതമായപ്പോള്‍ ഒരു കൂട്ടം നായാട്ടുനായ്ക്കളോടു കൂടി ചണ്ഡാലനുണ്ട് വരുന്നു! അവനെക്കണ്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. അത്ര വികൃതമാണ് അവന്റെ രൂപം! ചെമ്പന്‍ താടിയും, മീശയും, വലിയ ചന്തിയും ചേര്‍ന്ന ഉദ്ണ്ഡരൂപന്‍. കൂര്‍ത്ത കാതും, വിടര്‍ന്ന വായും, ചേറുപുരണ്ട ദേഹവും ചേര്‍ന്ന രുക്ഷഘോരദര്‍ശനന്‍! കൈയില്‍ ശസ്ത്രവുമായി യമദൂതനെപ്പോലെ ' പരിഘന്‍' എന്നുപേരുള്ളവനായ ആ ചണ്ഡാലന്‍ മരത്തിന്ന് അടുത്തെത്തുന്നതു കണ്ട് പൂച്ച പേടിച്ചു വിറച്ചു. മാര്‍ജജാരന്‍ ഭയചകിതനായ എലിയോടു ചോദിച്ചു.
മാര്‍ജ്ജാരന്‍ പറഞ്ഞു: “എടോ മുഷികാ, നീ ഇനി എന്താണ് ചെയ്യുവാന്‍പോകുന്നത്?”
ആ ഘോരരുപിയായ അവനെക്കണ്ട് കീരിയും കുമനും നിരാശയില്‍ മുഴുകി. ബലവാന്മാരും ബുദ്ധിമാന്മാരും തമ്മില്‍ ചേര്‍ന്ന ഈ നീതിമാന്മാരായ സുവൃത്തരെ അവര്‍ക്ക് ഉപ്ദ്രവി ക്കുവാന്‍ കഴികയില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ നിരാശരായി. തങ്ങളുടെ കാര്യസാദ്ധ്യത്തിന്ന് പൂച്ചയും എലിയും തമ്മില്‍ സന്ധിയായിരിക്കുന്നുപോലും! ഇതു കണ്ട് കീരിയും കുമനും തങ്ങളുടെ ഗൃഹങ്ങളിലേക്കു പാഞ്ഞുപൊയ്ക്കളഞ്ഞു.
ഉടനെതന്നെ പൂച്ചയുടെ കയറ് എലി കടിച്ചു മുറിച്ചു. പൂച്ച പെട്ടെന്ന് ബന്ധനവിമുക്തനായി. പുച്ച സംഭ്രമിച്ചു മരത്തിന്മേല്‍ പെട്ടെന്ന് ഓടിക്കയറി. ആ സംഭ്രമപ്പാച്ചിലില്‍ ശത്രുവായ പൂച്ച പാഞ്ഞു പോയപ്പോള്‍ പലിതന്‍ തന്റെ മടയില്‍ക്കയറി ഒളിച്ചു. ലോമശന്‍ മരക്കൊമ്പിലും കയറി ഒളിച്ചു.
ചണ്ഡാലന്‍ മരത്തിന്റെ ചുവട്ടിലെത്തി താന്‍ വെച്ച വല ക്കെട്ട് എടുത്തു. അവന്‍ നിരാശനായി ആ സ്ഥലംവിട്ട് പോവുകയും ചെയ്തു. ചണ്ഡാലന്‍ തന്റെ കുടിലിലേക്കു പോയി.
ആ ഭയം വിട്ടൊഴിഞ്ഞുപോയതിന്നുശേഷം ദുര്‍ല്ലഭമായ ജീവനെ കിട്ടിയ മാര്‍ജ്ജാരന്‍ മടയില്‍ വാഴുന്ന എലിയോട് മരക്കൊമ്പിലിരുന്ന് ഇങ്ങനെ പറഞ്ഞു.
മാര്‍ജ്ജാരന്‍ പറഞ്ഞു: കരാറൊന്നും ചെയ്യാതെ പെട്ടെന്നു ചാടി ഓടിക്കളഞ്ഞ നീ കൃതജ്ഞനും കൃതോപകാരിയുമായ എന്നെ ഒട്ടും സംശയിക്കുന്നില്ലല്ലേോ? എന്നില്‍ വിശ്വസിച്ച് എനിക്ക് എന്റെ ജീവന്‍ ദാനം ചെയ്ത് എന്നെ മാനിച്ചവനായ നീ മിത്രോപഭോഗങ്ങള്‍ അനുഭവിക്കേണ്ട സമയം വന്നപ്പോള്‍ എന്താണ് എന്റെ അടുത്തേക്കു വരാത്തത്? ഒരിക്കല്‍ മിത്രങ്ങളെ ഉണ്ടാക്കുകയും പിന്നെ അവരില്‍ പ്രീതികാണിക്കാതിരിക്കു കയും ചെയ്യുന്നവന്‍ ദുര്‍മ്മതിയാണ്. അവന്‍ കഷ്ടപ്പെടുമ്പോള്‍ പിന്നെ ഏതു സുഹൃത്താണു സഹായത്തിന്നെത്തുക? അല്ലയോ ചങ്ങാതീ, നിന്നാല്‍, നിന്റെ സാമര്‍ത്ഥ്യത്താല്‍ സ്നേഹിതാ, സല്ക്കരിക്കപ്പെട്ടവനാണ് ഞാന്‍. അങ്ങനെയുള്ള ഭവാന്‍ മിത്രമായി നില്ക്കുമ്പോള്‍ എന്നെ സ്വീകരിക്കേണ്ടതാണ്. എന്റെ സകല മിത്രങ്ങളും എന്റെ ബന്ധുക്കളും സംബന്ധികളും എല്ലാം ശിഷ്യന്മാര്‍ ഗുരുവിനെ എന്ന പോലെ ഭവാനെ സല്‍ക്കരിക്കും; പൂജിക്കും! ഞാനും നിന്നെ മിത്രങ്ങളോടും ബന്ധുക്കളോടുംകൂടി പൂജിക്കും. ജീവിതം ദാനം ചെയ്ത പുരുഷനെ കൃതജ്ഞന്മാരായ ആരാണ് പുജിക്കാതിരിക്കുക? ഭവാന്‍ എന്റെ ഗൃഹത്തിന്നും എന്റെ ദേഹത്തിന്നും ഈശ്വരനായി വര്‍ത്തിച്ചാലും! എല്ലാ അര്‍ത്ഥങ്ങള്‍ക്കും ഭവാന്‍ അനുശാസകനായാലും! ഹേ പ്രാജ്ഞാ! ഭവാന്‍ എന്റെ മന്ത്രിയാവുക! ഭവാന്‍ എന്നെ എന്റെ അച്ഛനെപ്പോലെ ശാസിച്ചാലും! ഞാന്‍ സത്യംചെയ്യുന്നു, ആണയിടുന്നു. എന്റെ ജീവനാണെ അങ്ങയ്ക്ക് ഒരുകാലത്തും ഞങ്ങളില്‍നിന്ന് ഭയം സംഭവിക്കുന്നതല്ല. ബുദ്ധിയില്‍ ഭവാന്‍ ശുക്രതുല്യനാണ്. ഈ ഞങ്ങളോ മഹാബലന്മാരുമാണ്. ഭവാന്‍ മന്ത്രബലമുള്ളവനാണ്. എന്റെ പ്രാണദാതാവുമാണ്!
ഇപ്രകാരം മഹാശയനായ മാര്‍ജ്ജാരന്‍ ശാന്തിവാക്കുകള്‍ പറഞ്ഞപ്പോള്‍ മന്ത്രബലമുള്ളവനായ ശ്രീമാന്‍ മുഷികന്‍ ഭംഗിയായി സ്വഹിതോക്തികള്‍ ഇങ്ങനെ പറഞ്ഞു.
മൂഷികന്‍ പറഞ്ഞു: “മഹാശയനായ ലോമശാ! ഭവാന്‍ പറഞ്ഞതൊക്കെ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ പറയുന്നതും ഭവാന്‍ കേള്‍ക്കുക. താന്താങ്ങളുടെ ശത്രുവാരാണെന്നും മിത്രമാരാണെന്നും ശരിയായി അറിയണം. ഇത് ഏറ്റവും സൂക്ഷ്മമായി ഉലകില്‍ കാണപ്പെടുന്നു. അത് പ്രാജ്ഞ സമ്മതമാണ്. ശത്രുക്കളുടെ രൂപത്തില്‍ മിത്രങ്ങളും മിത്രങ്ങളുടെ രൂപത്തില്‍ ശത്രുക്കളും കാണപ്പെടുന്നു. കാമക്രോധവാന്മാരായ അവരെ സന്ധി കൊണ്ടൊന്നും അറിയുവാന്‍ കഴിയുകയില്ല. ശത്രു എന്ന ഒന്ന് എന്നുമുള്ളതല്ല. മിത്രമെന്ന ഒന്ന് എന്നുമുള്ളതല്ല. തന്റെ സാമര്‍ത്ഥ്യയോഗങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ് മിത്രങ്ങളും വൈരികളും. ആരു ജീവിച്ചിരുന്നാല്‍ ഒരുത്തന്ന് തന്‍കാരൃത്തിന്നു മെച്ചമുണ്ടോ, ആരു മരിച്ചാല്‍ തന്‍കാര്യത്തിന്നു വിഘ്നമുണ്ടോ, അവന്‍ അവന്നു മിത്രമാണ്. നേരെമറിച്ചാണെങ്കിലോ, അവന്‍ ശത്രുവുമാണ്. സ്ഥിരമായ വൈരവും ജഗത്തിലില്ല. സ്ഥിരമായ വൈരവും ജഗത്തിലില്ല. കാര്യസാദ്ധ്യം, അര്‍ത്ഥസിദ്ധി ഇവയുടെ യുക്തി മാര്‍ഗ്ഗത്തിലൂടെയാണ് മിത്രങ്ങളും വൈരികളുമുണ്ടാകുന്നത്. ഒരുകാലത്ത് മിത്രമായിരുന്നവന്‍ ശത്രുവായിത്തീരും. ഒരു കാലത്ത് ശത്രുവായിരുന്നവന്‍ മിത്രമായും തീരും. സ്വാര്‍ത്ഥം തന്നെയാണ് ബലം കൂടിയത്. ആര്‍ക്ക് മിത്രത്തില്‍ വിശ്വാസമുണ്ടോ, ആര്‍ക്ക് ശത്രുവില്‍ അവിശ്വാസമുണ്ടോ, അര്‍ത്ഥയുക്തി ചിന്തിക്കാതെ ആർ മനസ്സില്‍ കരുതി പ്രീതനായിത്തീരുന്നുവോ, അവന്നു മിത്രമേത്, അമിത്രമേത് എന്നു മനസ്സിലാകാതെ മനസ്സു പതറും. അതുകൊണ്ട് അര്‍ത്ഥ യുക്തിവഴിയായി ശത്രു മിത്രത്വം ആദ്യമായി ധരിക്കണം. അവിശ്വസ്തനില്‍ വിശ്വാസവും, വിശ്വസ്തനില്‍ അവിശ്വാസവും പാടില്ല. വിശ്വാസം മൂലം വന്നു ചേര്‍ന്ന ഭയം വേരും കൂടി നശിപ്പിച്ചു കളയും.
അര്‍ത്ഥയുക്തിവഴിക്കാണ് അച്ഛന്‍, അമ്മ, മക്കള്‍, സംബന്ധി, ബന്ധുജനങ്ങള്‍, മരുമക്കള്‍ എന്നീ ബന്ധത്തിന്റെ പോലും നിലനില്പ്. ആദായവും ധനാഗമവും കാര്യസാദ്ധ്യവുമാണ് അടിസ്ഥാനം. അച്ഛനായാലും, അമ്മയായാലും പതിതന്മാരായ പ്രിയപുത്രന്മാരെ തള്ളിക്കളയുന്നു. എല്ലാവരേയും ഉപേക്ഷിച്ച് തന്നെത്തന്നെ കാക്കുന്നു. ഇതാണ് ലോകത്തില്‍ കാണുന്നത്. സ്വാര്‍ത്ഥത്തിന്റെ ശരിയായ കാതല്‍ കാണുക. എടോ ബുദ്ധിമാനേ, നിന്റെ മോചനത്തിന്ന് അടുത്ത് പ്രത്യുപകാരം ചെയ്ത ശത്രുവിന്റെ ഗുണത്തിന്നു വേണ്ടി നീ ചിന്തിക്കുന്നു. ഞാന്‍ ഒന്നു ചോദിച്ചോട്ടെ! ഭവാന്‍ ഈ ആല്‍മരം വിട്ട് ഈ നിലത്തില്‍ ഇറങ്ങിവരികയുണ്ടായല്ലേോ. ഭവാന്‍ അത്ര യോഗ്യനായിരുന്നെങ്കില്‍ മുമ്പില്‍ കെട്ടിവെച്ച വല എന്തേ കാണാഞ്ഞത്? നിന്റെ മനസ്സിന്റെ ചാപല്യം കൊണ്ട് മുന്നില്‍ വെച്ച കെണി നിനക്കു കാണുവാന്‍ കഴിഞ്ഞില്ല. ചപലന്‍ ഒരിക്കലും തന്‍കാര്യം നോക്കാന്‍ പോന്നവനല്ല. പിന്നെ എങ്ങനെ മറ്റുള്ളവരുടെ യോഗക്ഷേമം നോക്കുവാന്‍ ശക്തനാകും ചപലന്‍ എല്ലാകാര്യവും കെടുത്തിക്കളയും, അതില്‍ യാതൊരു സംശയവുമില്ല. ഭവാന്‍ എന്റെ ഇഷ്ടനാണ് എന്നാണല്ലോ മധുരമായി പറയുന്നത്. ആ മിത്രത്വത്തിന്നുള്ള കാരണമെന്താണെന്നുള്ളതും ഞാന്‍ വിസ്തരിച്ചു പറയാം. ഭവാന്‍ കേള്‍ക്കുക.
മൂഷികന്‍ തുടര്‍ന്നു: “കാരണം കൊണ്ടാണ് ഇഷ്ടനും ദ്വേഷ്യനും ഉണ്ടാകുന്നത്. ഈ ജീവലോകം കാര്യം അര്‍ത്ഥിച്ചു വര്‍ത്തിക്കുന്നതാണ്. അല്ലാതെ ആരും ആര്‍ക്കും പ്രിയനല്ല. ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള സഖ്യം, ദമ്പതിമാര്‍ തമ്മിലുള്ള സഖ്യം, ഇവയൊന്നും കാരണം കൂടാതെ പ്രീതമായ മട്ടില്‍ കാണപ്പെടുന്നില്ല. കാരണം ഉണ്ടായാല്‍ ഭ്രാതാക്കളും ക്രോധിക്കും. കാരണമുണ്ടായാല്‍ ഭാര്യയും ക്രോധിക്കും. സ്വഭാവാല്‍ അവര്‍ സന്തോഷിക്കുന്നു. മറ്റുള്ളവര്‍ അപ്രകാരം സന്തോഷിക്കുന്നില്ല. ദാനംകൊണ്ടു പ്രിയനാകും. ഇഷ്ടോക്തികൊണ്ട് പ്രിയനാകും. മന്ത്രം കൊണ്ടും ഹോമംകൊണ്ടും ജപം കൊണ്ടും കാര്യാര്‍ത്ഥമായി ജനം ഇഷ്ടനാകും. നാം തമ്മില്‍ മറ്റൊരു കാരണം മൂലം ഇഷ്ടത്തിലായി. ആ കാരണസ്ഥാനം അറ്റുപോയപ്പോള്‍ നാം തമ്മിലുള്ള പ്രീതിയും വിട്ടുപോയി. ഞാന്‍ നിനക്ക് ഇഷ്ടനാകുവാന്‍ ഇപ്പോള്‍ എന്തു കാരണമുണ്ടായെന്ന് ഓര്‍ക്കുകയാണ്. തീറ്റയുടെ കാരൃത്തിലല്ലാതെ നിനക്ക് എന്നോടു പ്രീതിക്ക് യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. കാലം കാരണത്തെയുണ്ടാക്കുന്നു. സ്വാര്‍ത്ഥം കാണുന്ന പണ്ഡിതനോട് ഭവാന്‍ ഇപ്രകാരം പറയരുത്. നിന്റെ സ്നേഹത്തിന്നുള്ള കാരണം അടിസ്ഥാനരഹിതമാണ്. കാലത്തിന്നൊത്തതുമല്ല. സന്ധിയിലും വിഗ്രഹത്തിലും സുസ്ഥിരനാണ് ഞാന്‍. ഒരിക്കലും ഞാന്‍ സ്വാർത്ഥം വിട്ട് ഇളകുന്നതല്ല. ക്ഷണംതോറും മേഘങ്ങള്‍ക്കുള്ള ആകൃതി മാറ്റം പോലെ കാര്യങ്ങള്‍ രൂപം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് എനിക്കു ശത്രുവായി നില്ക്കുന്നു. ഇന്നു തന്നെ എനിക്കു സുഹൃത്തുമായി മാറുന്നു. വീണ്ടും ഇന്നു തന്നെ എനിക്കു ശത്രുവാകുന്നു. യുക്തിയുടെ ചാപല്യം നോക്കൂ! മുമ്പ് കാരണം വന്നു ചേര്‍ന്നപ്പോള്‍ നമ്മള്‍ തമ്മില്‍ സുഹൃത്തുക്കളുടെ നിലയില്‍ ബന്ധപ്പെട്ടു. അത് ആ കാലം പോയതോടെ ആ ബന്ധവും തീര്‍ന്നു. എനിക്കു നീ ജന്മനാ വൈരിയാണ്. സാമര്‍ത്ഥ്യംകൊണ്ടു മിത്രമായതാണ്. ആ കാര്യം സാധിച്ചുകഴിഞ്ഞപ്പോള്‍ നമ്മള്‍ പണ്ടത്തെപ്പോലെ തന്നെ വീണ്ടും ശത്രു തന്നെയായി മാറി. ഞാന്‍ തത്ത്വങ്ങള്‍ കണ്ട്, മഹാന്മാര്‍ നിര്‍മ്മിച്ച ശാസ്ത്രങ്ങള്‍ പഠിച്ചവനാണ്. നീ ഇപ്പോള്‍ കെട്ടിയുണ്ടാക്കി കൊണ്ടുവരുന്ന വലയില്‍ ഈയുള്ളവന്‍ കുടുങ്ങുമെന്നാണോ വിചാരിക്കുന്നത്? എന്താ മിണ്ടാത്തത്? പറയു മാര്‍ജ്ജാരാ!
നിന്റെ വീര്യം കൊണ്ടു ഞാന്‍ മുക്തനായി. എന്റെ വീര്യം കൊണ്ടു നീയും മുക്തനായി. നാം അന്യോന്യം അനുഗൃഹീതന്മാരായി. ആ കാര്യവും കഴിഞ്ഞു. ഇനി വേണ്ടാ, നാം തമ്മിലുള്ള വേഴ്ച.
എടോ സൗമ്യാ, നീ ഇപ്പോള്‍ കൃതാര്‍തഥനായില്ലേ? ഞാനും കൃതാര്‍ത്ഥനായി! ഇനി എന്തു കാര്യമുണ്ട് നാം തമ്മില്‍? ഉണ്ട് ഒരു കാര്യം! നിനക്ക് എന്നെ പിടിച്ചു തിന്നണം. അതാണു നിനക്കുള്ള കാര്യം! ഞാന്‍ നിനക്ക് ആഹാരമാണ്. നീ തിന്നുന്നവനുമാണ്. ഞാന്‍ ദുര്‍ബ്ബലനാണ്. നീ ബലവാനാണ്. നാം തമ്മില്‍ സന്ധിക്കു പറ്റിയവരല്ല. വിഷമാവസ്ഥ തരണം ചെയ്തതിന്നു ശേഷം സന്ധി നാം തമ്മില്‍ ഒക്കുന്നതല്ല. നീ വിട്ടുപോയതിന്നു ശേഷം നിന്റെ പ്രജഞയെ ഞാന്‍ കാണുന്നു. നീ എന്നെ ഈ വാഴ്ത്തുന്നതിന്റെ സാരമൊക്കെ എനിക്കു മനസ്സിലായി. നീ സുഖമായി ഉപായംകൊണ്ട് എന്നെ കൈയിലാക്കാന്‍ ആശിക്കയാണ്. തീറ്റിക്കൊരുങ്ങി നില്ക്കുന്ന നീ വിട്ടൊഴിഞ്ഞു. ഉടല്‍ ഉരുണ്ടു തടിച്ച നീ ശാസ്ത്രീയമായി ചിന്തിച്ചു തന്നെ എന്നെ പിടിച്ചു തിന്നും. നീ വിശന്നു നില്ക്കുന്നവനാണെന്ന് എനിക്കറിയാം. തീറ്റയ്ക്കുള്ള സമയമാണെന്നും എനിക്കറിയാം. അങ്ങനെയുള്ള നീ എന്നെ നല്ല വാക്കു പറഞ്ഞു ചതിച്ച് തീറ്റയന്വേഷിക്കുകയാണ്.
പുത്രന്മാരോടും ദാരങ്ങളോടുംകുടി എന്നോട് ഭവാന്‍ സന്ധിയായി മിത്രമായി നില്ക്കാമെന്നു പറയുന്നത് എന്നെ ശുശ്രൂഷിക്കുന്നതിന്നു വേണ്ടിയാണോ? എന്നാല്‍ അത് എനിക്കൊട്ടും പറ്റില്ല. എന്നെ ഭവാനോടൊത്ത് കാണുമ്പോള്‍ ഭവാന്റെ പ്രിയപ്പെട്ട മക്കളും എന്നെ എന്തുകൊണ്ട് തിന്നുകയില്ല? നിന്റെ പ്രണയഭാജനങ്ങളല്ലേ അവര്‍? നീ അവരുടെ ശ്രേയസ്സില്‍ സന്തു ഷ്ടനല്ലേ?
മാര്‍ജ്ജാരാ, നിന്നോട് ഞാനൊരിക്കലും ചേരുന്നതല്ല. ചേരേണ്ട ഹേതു തീര്‍ന്നു പോയിരിക്കുന്നു. സ്വസ്ഥനായി നീ എനിക്കു ശുഭം നേരുക. ചെയ്ത ഉപകാരം മനസ്സിലുണ്ടെങ്കില്‍ അത്ര മാത്രം മതി.
അനാര്യനായി ക്ലേശത്തോടെ വിശന്നു നില്ക്കുന്ന ശത്രു ഭക്ഷണം തിരയുന്ന സമയത്ത് ബുദ്ധിയുള്ള ഏതൊരുത്തനാണ് ചെല്ലുക? നിനക്കു നന്മവരട്ടെ! നമസ്തേ! ഞാന്‍ പോകട്ടെ! ദുരെപ്പോകുമ്പോഴും ഞാന്‍ നിന്നെ ഭയപ്പെടുന്നു. വിശ്വസ്തനായാലും, പ്രമത്തനായാലും, നിന്നെ വിശ്വസിക്കാന്‍ വിഷമമുണ്ട്. ബലവാന്മാരോട് അടുക്കുന്നതു സൂക്ഷിച്ചു വേണം. ശ്ലാഘ്യമല്ല അത്. എടോ ലോമശാ! ഭവാന്‍ ഗമിച്ചാലും! ഉപകാരം നി വിചാരിക്കുന്നുണ്ടെങ്കില്‍ സഖ്യത്തെ കാത്തുകൊണ്ടാലും! പ്രശാന്തനാണ് എങ്കിലും പാപിയായ ശക്തനെ ഞാന്‍ ഭയപ്പെടുന്നു. അങ്ങയ്ക്ക് സ്വാര്‍ത്ഥം എന്തു നേടണം, പറയു! ഞാന്‍ എന്തു ചെയ്യണം? ഞാന്‍ അങ്ങയ്ക്കു എന്നാല്‍ കഴിയുന്ന ഉപകാരമൊക്കെ ചെയ്യാം. ഒരു കാര്യം മാത്രം! എന്റെ ഉടല് തരികയെന്നതു മാത്രം ഞാന്‍ ചെയ്യുന്നതല്ല.
ആത്മാവിന്നുവേണ്ടി സന്താനത്തെ തൃജിക്കാം, രാജ്യം തൃജിക്കാം, ധനങ്ങള്‍ തൃജിക്കാം. എല്ലാ സ്വത്തും കൈവെടിഞ്ഞ് തന്നെ താന്‍ തന്നെ കാക്കണം. ഐശ്വര്യവും, ധനവും, രത്നങ്ങളുമെല്ലാം ശത്രുവിന്റെ കൈയില്‍ പെട്ടു പോയേക്കാം. എന്നാല്‍ അവയൊക്കെ വീണ്ടും ഉണ്ടായതായി നാം കാണുന്നുണ്ട്. ജീവിക്കുന്നവര്‍ക്ക് അതൊക്കെ വീണ്ടും ഉണ്ടാകും. ധനവും രത്നങ്ങളുമൊക്കെ ദാനം ചെയ്യുന്നതുപോലെയല്ലല്ലേോ ആത്മദാനം. അത് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. തന്നെ തന്റെ ഭാര്യാവിത്തങ്ങളോടൊപ്പം സംരക്ഷിക്കണം. ആത്മരക്ഷണതന്ത്രജ്ഞര്‍, പരീക്ഷിച്ചുചെയ്യുന്ന പുരുഷന്മാര്‍, തങ്ങളുടെ ദോഷം കാരണം ആപ ത്തില്‍ ചാടുകയില്ല. ദുര്‍ബലന്മാര്‍ ബലവാനായ തന്റെ ശത്രുവിനെക്കണ്ട് ഇരിക്കുകയാണെങ്കില്‍ അവര്‍ക്ക് ശാസ്ത്രാർത്ഥ ദാർഢ്യമുള്ള ബുദ്ധി ചലിക്കുന്നതല്ല.
ഇപ്രകാരം പലിതന്‍ നേരിട്ടു പറഞ്ഞു പുച്ചയെ ധിക്കരിച്ചു. പുച്ച ലജ്ജിച്ചു നിന്ന് ആ മുഷികനോട് ഇപ്രകാരം പറഞ്ഞു:
ലോമശന്‍ പറഞ്ഞു: ഞാന്‍ സത്യംചെയ്യുന്നു. എന്റെ പൊന്നുചങ്ങാതീ, ഞാന്‍ നിനക്കു യാതൊരു ദ്രോഹവും ചെയ്യുന്നതല്ല. മിത്രദ്രോഹം വിഗര്‍ഹിതമാണ്. നീ എന്റെ ഹിതത്തിന്ന് ഒരുങ്ങിയവനാണ്. നിന്റെ ബുദ്ധിയെ ഞാന്‍ പ്രശംസിക്കുന്നു. ഞാന്‍ പറഞ്ഞ വാക്കിന്റെ അര്‍ത്ഥം ഭവാന്‍ തെറ്റിദ്ധരിച്ചു. അല്ലയോ, നല്ലവനായ മുഷികാ! ഭവാന്‍ എന്നെ തെറ്റിദ്ധരിക്കരുതേ! നീ എന്റെ പ്രാണനെ ദാനംചെയ്തവനല്ലേ? അതുകാരണം എനിക്കു നിന്നില്‍ അപാരമായ സൗഹൃദമുണ്ട്. ഞാന്‍ ധര്‍മ്മജ്ഞനാണ്; ഗുണജ്ഞനാണ്. വിശേഷിച്ചും ഞാന്‍ കൃതജ്ഞനുമാണ്. ഞാന്‍ മിത്രവത്സലനാണ്. വിശേഷാല്‍ കൂറുള്ളവനുമാണ്. അതുകൊണ്ട് ഭവാന്‍ എന്നോടുകൂടി മാന്യനായി നടന്നാലും. നീ പറഞ്ഞാല്‍ ഞാന്‍ ബന്ധുക്കളോടു കൂടി എന്റെ പ്രാണനെപ്പോലും ഉപേക്ഷിക്കും. വിദ്വാന്മാര്‍ ഇപ്രകാരമുള്ള ധീരന്മാരില്‍ വിശ്വാസം കാണുന്നു. അതു കൊണ്ട് ഹേ ധര്‍മ്മതത്ത്വജ്ഞനായ മൂഷികാ. നീ എന്നില്‍ ഇങ്ങനെ ശങ്കിക്കരുത്.
ഇപ്രകാരം ആ മാര്‍ജ്ജാരന്‍ വാഴ്ത്തിപ്പറഞ്ഞെങ്കിലും മനസ്സാല്‍ ഭാവഗംഭീരനായ ആ മുഷികന്‍ പൂച്ചയോട് ഇപ്രകാരം പറഞ്ഞു. മൂഷികന്‍ പറഞ്ഞു: “ഭവാന്‍ സജ്ജനമാണ്. ശ്രുതാര്‍ത്ഥനാണ് ഞാന്‍. ഞാന്‍ പ്രസാദിക്കാം. നിന്റെ സ്തുതിയിലും, ധനത്തിലും വിശ്വസിക്കുന്നില്ല. അവയാല്‍ നിന്റെ പിടിയില്‍ എന്നെ കിട്ടുമെന്നു വിചാരിക്കേണ്ടാ. കാരണം കൂടാതെ പ്രാജ്ഞന്മാര്‍ ശത്രുവിന്നു പിടി കൊടുക്കുകയില്ല സഖാവേ! ഇക്കാര്യത്തെക്കുറിച്ച് പണ്ട് ശുക്രന്‍ നിര്‍മ്മിച്ച രണ്ടു ഗാഥയുണ്ട്. അതു ഞാന്‍ ചൊല്ലാം.
അല്ലയോ, മഹാശയനായ മാര്‍ജ്ജാരാ! ഞാന്‍ നിന്റെ കൂട്ടരില്‍നിന്ന് ആത്മാവിനെ രക്ഷിക്കുന്നതില്‍ കരുതി നില്ക്കണം! അതു പോലെ തന്നെ നീയും പാപിയായ ചണ്ഡാലനില്‍നിന്ന് ആത്മാവിനെ രക്ഷിക്കുവാന്‍ കരുതിയിരുന്നുകൊള്ളുക.
അങ്ങനെ എലി പൂച്ചയോട് നീതിശാസ്ത്രം പറഞ്ഞുനില്ക്കുമ്പോള്‍, പുച്ച ഭയപ്പെട്ടു പരുങ്ങി ആ മരക്കൊമ്പു വിട്ട് വെമ്പലോടെ അവിടെനിന്ന് ഓടിക്കളഞ്ഞു! പൂച്ചയോട് ശാസ്ത്രാര്‍ത്ഥ തത്ത്ജ്ഞാനങ്ങള്‍ തന്റെ ബുദ്ധി വൈഭവത്തോടെ ഉപദേശിച്ചവനായ മൂഷികന്‍ ആ മരത്തിന്റെ മുലം വിട്ട് മറ്റൊരു മടയിലേക്കു പോയി.
ഭീഷ്മൻ തുടര്‍ന്നു: “ഇപ്രകാരം പ്രാജ്ഞനായ മുഷികന്‍, ദുര്‍ബലനാണെങ്കിലും അനവധി ശക്തന്മാരെ തന്റെ ബുദ്ധിവൈഭവത്താല്‍, വഞ്ചിച്ചു പൊയ്ക്കളഞ്ഞു. ആ ഒരുത്തന്‍ അനവധി ശത്രുക്കളെ, വഞ്ചിച്ചു പൊയ്ക്കളഞ്ഞു പോലും! ഹേ യുധിഷ്ഠിരാ, പണ്ഡിതനായവന്‍ സമര്‍ത്ഥനായ ശത്രുവിനോടും സന്ധി ചെയ്യും. എലിയും പൂച്ചയും തമ്മില്‍ സന്ധിചെയ്തതും, വിട്ടു പോന്നതും ചിന്തിച്ച് വേണ്ടിവരുമ്പോള്‍ നിനക്കു ശക്തനോടും സന്ധിചെയ്യാം.
ഇപ്രകാരം ക്ഷാത്രധര്‍മ്മത്തെ വേണ്ട വഴിക്ക് ഞാന്‍ കാണി ച്ചു തന്നു. വിസ്തരിച്ചു പറഞ്ഞത് നീ കേട്ടുവല്ലോ. ഇനി പറഞ്ഞതിന്റെ സാരം ചുരുക്കമായും പറയാം.
തമ്മില്‍ ജന്മശത്രുക്കളായിരുന്നവര്‍ പോലും വലിയ സുഹൃ ത്തുക്കളായി. പിന്നെ അവര്‍ക്കു തമ്മില്‍ത്തമ്മില്‍ ചതിക്കുവാന്‍ ഒരു ആഗ്രഹമുണ്ടായി. നന്നായി ബുദ്ധിയുള്ള പ്രാജഞന്‍ അതില്‍ മറ്റവനെ ചതിച്ചു. പ്രാജ്ഞന്നു പ്രമാദം പറ്റിയാല്‍ അവന്‍ മൂഡന്മാരാലും ചതിക്കപ്പെടും. അവിശ്വാസി വിശ്വസ്തന്റെ മട്ടി ലും, ഭീതന്‍ നിര്‍ഭയന്റെ മട്ടിലുമാണ് കാണപ്പെടുക. അപ്രമത്തന്‍ പതറുകയില്ല. അവന്‍ ചലിച്ചാലും നശിക്കുകയില്ല. വിരോധിയുമായി സഖ്യം ചെയ്യേണ്ടതായി വരും. മിത്രത്തോട് യുദ്ധം ചെയ്യേണ്ടതായും വരും. ഇത് കാലത്തിന്റെ പണിയാണ്. കാലോചിതം വേണ്ടത് സ്വീകരിക്കണം എന്നാണ് സന്ധിജ്ഞന്മാര്‍ പറയുന്നത്. രാജാവേ! അതു മനസ്സിലാക്കി ശാസ്ത്രാര്‍ത്ഥത്തെ അറിഞ്ഞ്, മനസ്സു തെളിഞ്ഞ്, ഭയത്തിന്നു മുമ്പില്‍ ഭയപ്പെട്ടു നടക്കണം. സന്ധിയും, പ്രതിസന്ധിയുമൊക്കെ ഭീതനെപ്പോലെ ചെയ്യണം. ഭയത്താല്‍ അപ്രമത്തനായി വേണ്ടതു ചെയ്യണം. ഭീതന്നു ഭയമില്ലെങ്കില്‍ പിന്നെ ആപത്തില്ല. ഭയമില്ലാത്തവന്നു വിശ്വാസംമൂലം വലിയ ആപത്തു സംഭവിക്കുകയും ചെയ്യും. എപ്പോഴും യാതൊന്നിലും ഭയമില്ലാത്തവനില്‍ മന്ത്രോപദേശംകൊണ്ട് യാതൊരു പ്രയോജനവുമില്ല. അവന്നു രഹസ്യമൊന്നും ഉപദേശിക്കരുത്. അവന്റെ മൗഢ്യം മൂലം മന്ത്രം പുറത്തു വന്നാല്‍ അത് അറിയേണ്ടവരില്‍ ചെന്നു ചേരും. വിശ്വസ്തന്റെ മാതിരി അവിശ്വാസിയും, നിര്‍ഭയന്റെ മട്ടില്‍ ഭീതനും കാര്യങ്ങളുടെ ഗൌരവം കാണണം. അനൃതം ചെയ്തുപോകരുത്. ഇപ്രകാരം ഹേ യുധിഷ്ഠിരാ, ഞാന്‍ ഈ ഇതിഹാസം ഭവാന്നു പറഞ്ഞു തന്നു. സുഹൃത്തുക്കളോടുകൂടി ഇത് നീ കേട്ട് വേണ്ട മാതിരി ഭരണം നടത്തുക!
ശ്രേഷ്ഠമായ ബുദ്ധി നിന്നില്‍ വിളങ്ങട്ടെ! ശത്രുക്കളും മിത്രങ്ങളും തമ്മിലുള്ള അന്തരം ഇപ്പോള്‍ മനസ്സിലായല്ലോ. സന്ധിവിഗ്രഹ കാലങ്ങളും, അതിലെ മോചനോപായങ്ങളും, ശത്രുസാമാന്യകൃത്യത്തില്‍ ശത്രുവുമായി സന്ധിചെയ്യേണ്ടതും, എങ്ങനെയെന്നും മറ്റും ഇപ്പോള്‍ മനസ്സിലായല്ലോ. ത്രിവര്‍ഗ്ഗത്തോട് തെറ്റാതുള്ള ഈ നീതി വേദവാക്യമായി നീ മനസ്സിലാക്കി അനുഷ്ഠിക്കുക. വീണ്ടും ലോകരെ രക്ഷിക്കുക. അങ്ങയ്ക്ക് വിപ്രന്മാരുമായി സംസര്‍ഗ്ഗമുണ്ടാകട്ടെ. വിപ്രന്‍ മൂലമാണ് ഇഹത്തിലും പരത്തിലും ശ്രേയസ്സുണ്ടാകുന്നത്. ഇവര്‍ ധര്‍മ്മത്തെ അറിയുന്ന കൃതജ്ഞരാണ് പ്രഭോ. അവര്‍ പൂജയേറ്റാല്‍ ശുഭം ചെയ്യുന്നതാണ്. രാജാവേ, നീ അവരെ പുജിക്കുക. എന്നാല്‍ രാജ്യത്തിന്ന് ശ്രേയസ്സും, യശസ്സും, കീര്‍ത്തിയും വര്‍ദ്ധിക്കും. വംശവും സന്തതിയും ന്യായം പോലെ യഥാക്രമം വര്‍ദ്ധിക്കും.
ഈ പൂച്ചയുടേയും എലിയുടെയും കഥ യുദ്ധത്തിന്നും സന്ധിക്കും ചേര്‍ന്ന ഉത്തമമായ സുഭാഷിതമാണ്. ബുദ്ധിയെ വികസിപ്പിക്കുന്നതിന്നും ഇത് ഉതകുന്ന ഒരു വിശേഷപ്പെട്ട ആഖ്യാനമാണ്. ഈ കഥ നല്ലപോലെ മനസ്സിലാക്കി രാജാവ് നിത്യവും വൈരികളോട് എങ്ങനെ പെരുമാറണമെന്ന് ഗ്രഹിച്ച് നിത്യവും വൈരികളില്‍ ഇങ്ങനെ നീതി നടത്തേണ്ടതാകുന്നു.
അദ്ധ്യായം 139.. പുജനീബ്രഹ്മദത്തസംവാദം - (പുജനിയുടേയും ബ്രഹ്മദത്തന്റേയും കഥ) - യുധിഷ്ഠിരന്‍ പറ ഞ്ഞു: ശത്രുവിനെ വിശ്വസിക്കരുത് എന്ന മഹത്തായ ഉപദേശം അങ്ങു നല്‍കിയല്ലോ. ആരേയും വിശ്വസിക്കാതെ രാജാവ് എങ്ങനെ കഴിഞ്ഞു കൂടും? വിശ്വാസം കൊണ്ട് രാജാക്കള്‍ക്കു ഭയം വന്നു ചേരുമെങ്കില്‍ വിശ്വസിക്കാത്ത രാജാവ് എങ്ങനെയാണ് ശത്രുക്കളെ ജയിക്കുക? എനിക്കുള്ള ഈ സംശയം ഭവാന്‍ തീര്‍ത്തുതരണം. എന്റെ മനസ്സ് ഈ അവിശ്വാസകഥ കേട്ടപ്പോള്‍ ഉഴലുന്നു പിതാമഹാ!
ഭീഷ്മൻ പറഞ്ഞു: രാജാവേ, ബ്രഹ്മദത്തന്റെ ഗൃഹത്തില്‍ നടന്ന ഒരു കഥ ഞാന്‍ നിന്നോടു പറയാം. ബ്രഹ്മദത്തരാജാവും ചടക (ഒരു പക്ഷി) യും തമ്മില്‍ നടന്ന സംഭാഷണമാണ് വിഷയം.
പണ്ട് കാമ്പില്യം എന്ന രാജ്യത്ത് രാജാവിന്റെ അന്തഃപുരത്തില്‍ പൂജനി എന്നു പേരായ ഒരു പെണ്‍പക്ഷി വളരെക്കാലം താമസിച്ചു. സര്‍വ്വജീവിനിദാനങ്ങളും അറിയുന്നവളും, ജീവിജീ വികയ്ക്കു തുല്യം സര്‍വ്വജ്ഞയും, സര്‍വ്വതത്ത്വജ്ഞയുമായിരുന്നു ആ പക്ഷി. അവള്‍ അവിടെ തേജസ്വിയായ ഒരു പുത്രനെ പ്രസവിച്ചു. അക്കാലത്ത് രാജാവിന്നും പട്ടമഹിഷിയില്‍ ഒരു പുത്രന്‍ പിറന്നു. അവര്‍ക്കു വേണ്ടി ആകാശ സഞ്ചാരിണിയായ ആ പെണ്‍പക്ഷി, കൃതജ്ഞയായ പൂജനി, നിത്യവും കടല്‍വക്കില്‍പ്പോയി രണ്ടു കായ്കള്‍ കൊണ്ടുവന്നിരുന്നു. സ്വന്തം പുത്രന്റേയും, രാജപുത്രന്റെയും ദേഹപുഷ്ടിക്കു വേണ്ടി കൊണ്ടുവന്നിരുന്ന ആ കായ് ഒന്നു മകനും മറ്റേത് രാജപുത്രന്നും നല്കി വന്നു. അമൃതു പോലെ സ്വാദുള്ളതും, തേജസ്സും ബലവും വര്‍ദ്ധിപ്പിക്കുന്നതുമായ ആ കായ്കള്‍ നേടിക്കൊണ്ട് വന്ന് അവര്‍ക്കു വീണ്ടും വീണ്ടും കൊടുത്തു.
അങ്ങനെ ആ കായ് തിന്ന് രാജപുത്രന്‍ നന്നായി വളര്‍ന്നു വന്നു. അങ്ങനെ ഒരുദിവസം രാജപുത്രനെ ഒക്കത്തു വച്ച് പോറ്റമ്മ കൊണ്ടു പോയി പക്ഷിയുടെ പുത്രനെ കാട്ടിക്കൊടുത്തു. അങ്ങനെ ആ ബാലനും, പക്ഷിയുടെ പുത്രനും തമ്മില്‍ കണ്ടു മുട്ടി. അവര്‍ തമ്മില്‍ സന്തോഷിച്ച് ബാല്യത്തില്‍ കളിച്ചു. അങ്ങനെ ആ രാജപുത്രന്‍ പക്ഷിക്കുഞ്ഞുമായി കളിച്ചു കളിച്ച്, ഒരു ദിവസം ആരുമില്ലാത്ത സമയത്ത്, രാജപുത്രന്‍ ആ പക്ഷിക്കുഞ്ഞിനെ പിടിച്ചു കൊന്നു കളഞ്ഞു. അവന്‍ പോറ്റമ്മയുടെ അടുത്തെത്തി.
പൂജനി ഫലവും കൊണ്ട് മടങ്ങിയെത്തി. അവള്‍ തന്റെ കുട്ടിയെ രാജപുത്രന്‍ കൊന്നതായിക്കണ്ടു. അവള്‍ മകന്‍ മരിച്ചു കിടക്കുന്നതു കണ്ട് കരഞ്ഞു കണ്ണുനീരില്‍ മുങ്ങി. അവള്‍ സന്തപ്തയായി കരഞ്ഞ് ഇപ്രകാരം പറഞ്ഞു: ക്ഷത്രിയന്ന് ഇണക്കമില്ല! പ്രീതിയില്ല! സൗഹൃദമില്ല! കാരണം കൊണ്ടു മാത്രം ഇവര്‍ ബന്ധപ്പെട്ടു നില്ക്കയാണ്. കാര്യം നേടിക്കഴിഞ്ഞാല്‍ ഇവര്‍ ഉപേക്ഷിക്കുന്ന കൂട്ടരാണ്. സര്‍വ്വദ്രോഹികളാണ് ക്ഷത്രിയന്മാര്‍. ആരും അവരെ വിശ്വസിച്ചു പോകരുത്. നിത്യവും അവര്‍ ദ്രോഹി ക്കും. അവരില്‍ സാന്ത്വനം കൊണ്ട് യാതൊരു പ്രയോജനവുമി ല്ല. ഇവനോടു ഞാന്‍ ഇതിന്റെ പകവീട്ടാതെ അടങ്ങുമോ? ഈ കൃതഘ്നനോട്, ഈ വിശ്വാസ വഞ്ചകനോട്, ഈ നൃശംസനോട് പകവീട്ടാതെ ഞാന്‍ അടങ്ങുകയില്ല. ഒപ്പമുണ്ടായി വളര്‍ന്നവന്‍, ഒപ്പമിരുന്ന് ഉണ്ണുന്നവന്‍, ശരണം പ്രാപിച്ചവന്‍, ഇങ്ങനെ മുന്നു വിധത്തില്‍ ബന്ധപ്പെട്ടവനല്ലേ എന്റെ ഉണ്ണി? അവനെയല്ലേ ഈ കൃതഘ്നന്‍ കൊന്നു കളഞ്ഞത്! മൂന്നു വിധം പാതകം അവന്‍ ചെയ്തു എന്നു പറഞ്ഞ് ആ പക്ഷി പറന്നു ചെന്ന് തന്റെ കൂര്‍ത്തു മൂര്‍ത്ത കാല്‍ നഖം കൊണ്ട് രാജപുത്രന്റെ രണ്ടു കണ്ണും അടിച്ചു പൊട്ടിച്ചു. അവള്‍ ആകാശത്തു നിന്നു കൊണ്ട് ഇപ്രകാരം വിളിച്ചു പറഞ്ഞു. കരുതിക്കൂട്ടിച്ചെയ്ത പാപം ഉടനെ തന്നെ അയാള്‍ക്കും പറ്റും. ചെയ്തതിന്ന് എതിരു ചെയ്യുന്നവര്‍ക്ക് ശുഭാശുഭം നശിക്കുവാന്‍ പോകുന്നില്ല. പാപം എന്തെങ്കിലും ചെയ്തത് അവനില്‍ കണ്ടില്ലെന്നു വന്നേക്കാം, എന്നാലും പാപം അനുഭവിക്കാതിരിക്കയില്ല രാജാവേ, അവന്റെ പുത്രനിലോ, പൗത്രനിലോ അത് ഫലിക്കും. രാജാവ് തന്റെ മകന്‍ വിലപിക്കുന്നതു കണ്ട് ചടക അവന്റെ കണ്ണു പൊട്ടിച്ചതറിഞ്ഞു. ചെയ്തതിന്ന് എതിര്‍ അവള്‍ ചെയ്തുവെന്ന് രാജാവറിഞ്ഞു. അദ്ദേഹം പൂജനിയോടു പറഞ്ഞു.
സോമദത്തൻ പറഞ്ഞു: ഞങ്ങള്‍ നിനക്ക് ഒരു ദോഷം ചെയ്തു. നീ ഞങ്ങള്‍ക്കും ചെയ്തു. ഇപ്പോള്‍ നീയും ഞങ്ങളും ഒപ്പമായില്ലേ! രണ്ടും തുല്യമായി. ഇനി നീ പോകരുത്.
പൂജനി പറഞ്ഞു: ഒരിക്കല്‍ തെറ്റു ചെയ്തവനാണ് അങ്ങ്. അങ്ങയെ ഇനി ആശ്രയിച്ച് നില്ക്കുന്നത് ശരിയല്ല. അതിനെ, പണ്ഡിതന്മാര്‍ വാഴ്ത്തുന്നതല്ല. വിട്ടു പോകുന്നതാണു നല്ലത്, വളരെ സാന്ത്വം ചെയ്യുന്നവനായാലും ഉള്ളില്‍ പകയുള്ളവനെ ഒരിക്കലും വിശ്വസിക്കരുത്. അങ്ങനെ വിശ്വസിച്ച് വല്ല മൂഢനും നിന്നാല്‍ അവന്‍ ഉടനെ ആപത്തില്‍ കുടുങ്ങും. വൈരം എന്നത് അമരുന്നതല്ല. തമ്മില്‍ വൈരം ചെയ്തവർക്ക് പുത്രന്മാരും പൗത്ര ന്മാരും നശിക്കും. പുത്രപൌത്രന്മാര്‍ നശിച്ചാലോ, അവന്ന് പരലോകവും നശിച്ചതു തന്നെ. വൈരം ചെയ്തവര്‍ക്കൊക്കെ അവിശ്വാസമാണ് സുഖപ്രദമായിട്ടുള്ളത്. വിശ്വാസഘാതികളോട് തികഞ്ഞ വിശ്വാസം പാടില്ല. അവിശ്വസ്തനെ വിശ്വസിക്കരുത്. വിശ്വസ്തനോടും അതിവിശ്വാസം പാടില്ല. വിശ്വാസം മൂലം പറ്റുന്ന ആപത്ത് വേരും കൂടി അറുത്തു കളയും. അന്യരെ വിശ്വസിപ്പിക്കാം. എന്നാല്‍ നാം അന്യരെ വിശ്വസിക്കരുത്. ശരിയായ സുഹൃത്തെന്നു പറയുന്നത് അച്ഛനും അമ്മയും മാത്രമാണ്. ഭാര്യയെന്നു പറയുന്നത് വിത്ത് എടുക്കാനുള്ള ഒരു വട്ടി മാത്രമാണ്. പുത്രനോ ഒന്നിന്റെ വിത്തു മാത്രമാണ്. സഹോദരനെന്നു പറയുന്നത് ശത്രുവാണ്. സ്നേഹിതനെന്നു പറയുന്നത് സ്നേഹം (നെയ്) കൊണ്ട് കൈ നനച്ചവന്‍ മാത്രം. സുഖമോ ദുഃഖമോ ശരിക്കും അനുഭവിക്കുന്നവന്‍ താന്‍ തന്നെ. ആത്മാവ് ഒരാള്‍ തന്നെ, മറ്റാരുമല്ല. തമ്മില്‍ വൈരം ചെയ്തവര്‍ തമ്മില്‍ സന്ധി ചേര്‍ന്നതല്ല. ഞാന്‍ ഇനി എന്തിന്നിവിടെ പാര്‍ക്കുന്നു? എന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു പോയി. ഇനി എനിക്കിവിടെ കാര്യമില്ല. അര്‍ത്ഥം, മാനം, അര്‍ച്ചന ഇവ ഏറ്റവന്ന് പിന്നെ ദ്രോഹം ചെയ്താൽ ഉള്ളിണങ്ങി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അശക്തരെ ത്രസിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് ഭയമുണ്ടാക്കും. മുമ്പില്‍ ബഹുമാനിച്ച് പിന്നെ അവമാനിച്ചടല്‍ സത്വവാനായ ആ ശത്രു ഉടനെ അവിടം വിട്ടു പോകണം. പിന്നെ അവന്റെ വീട്ടില്‍ നില്ക്കരുത്. അവന്‍ മാനിച്ചാലും നില്ക്കരുത്. രാജാവേ, ഞാന്‍ അങ്ങയുടെ ഗൃഹത്തില്‍ പൂജയേറ്റ് വളരെക്കാലം പാര്‍ത്തു. ഇപ്പോള്‍ അങ്ങനെ ഒരു വൈരത്തിനും സംഗതി വന്നു. ഞാന്‍ സുഖമായി പോകട്ടെ! ഞാന്‍ പോകുന്നു.
ബ്രഹ്മദത്തന്‍ പറഞ്ഞു: ചെയ്തതിന്ന് ഏതിരു ചെയ്തവന്‍ അതില്‍ തെറ്റു ചെയ്തവനല്ല. നിന്റെ കടപ്പാട് അതുകൊണ്ടവസാനിച്ചില്ലേ? ഇനി നിനക്കു പാര്‍ക്കാമല്ലോ. പുജനീ, നീ പോകരുത്.
പുജനി പറഞ്ഞു: ചെയ്യപ്പെട്ടവനും ചെയ്തവനും വീണ്ടും തമ്മില്‍ സുഖമായ ഐക്യം ഉണ്ടാകാന്‍ വിഷമമുണ്ട്. ചെയ്തവന്റേയും, ചെയ്യപ്പെട്ടവന്റേയും ഹൃദയത്തിൽ അത് എന്നും മന്ത്രിക്കും.
ബ്രഹ്മദത്തന്‍ പറഞ്ഞു: ചെയ്തവന്നും, ചെയ്യപ്പെട്ടവന്നും പിന്നേയും സൗഖ്യവും ചേര്‍ച്ചയുമുണ്ടാകും. വൈരത്തിന്നു ശമം വന്നാല്‍ പിന്നെ വീണ്ടും കുറ്റം ബാധിക്കയില്ല.
പൂജനി പറഞ്ഞു: സാന്ത്വംചെയ്തു എന്നു വിചാരിച്ച് ആശ്വസിക്കരുത്. പാടില്ല, വിശ്വാസംമൂലം കുടുങ്ങിപ്പോകും. ഗുണം കാണുകയില്ല. കൂര്‍ത്ത ശസ്ത്രങ്ങള്‍ കൊണ്ട് അടക്കാന്‍ വയ്യാത്തവരേയും അടക്കുന്നത് കാണുന്നില്ലേ? കാട്ടില്‍ നിന്നു പിടിച്ച ഗജങ്ങളെ ഇണക്കുന്നത് നാട്ടിലെ പിടിയാനകളാണ്. അതു പോലെ സാന്ത്വം കൊണ്ട് ഇണക്കി അടക്കിനിര്‍ത്തുന്നു.
ബ്രഹ്മദത്തന്‍ പറഞ്ഞു: സഹവാസം കൊണ്ട് സ്നേഹം ഉദിക്കും. സ്നേഹം ജീവന്‍ കളയുന്നവരില്‍പ്പോലും ഉണ്ടാകും. നായാട്ടുകാരനും നായും തമ്മിലെന്ന പോലെ വിശ്വാസവും തമ്മിലുണ്ടാകും. തമ്മില്‍ ചേര്‍ന്നു വസിച്ചാല്‍ കാലക്രമേണ വൈരം തേഞ്ഞുമാഞ്ഞു പോകും. സ്നേഹം മൂലം താമരയിലയില്‍ ജലം എന്ന പോലെ വൈരം പറ്റി നില്ക്കുകയില്ല.
പുജനി പറഞ്ഞു: രാജാവേ, വൈരം അഞ്ചു വഴിയില്‍ക്കൂടി വന്നു ചേരുന്നു. അത് പണ്ഡിതന്മാര്‍ക്ക് അറിവുള്ളതാണ്. സ്ത്രീ മൂലമായും, ഭൂമി മൂലമായും, വാക്കു മൂലമായും (മുറിവേല്പിക്കല്‍), സ്വാഭാവികമായ അഭിപ്രായ ഭിന്നത മൂലവും വൈരി യുടെ അപരാധം മൂലവും ഉണ്ടാകുന്നു. ഒരുത്തനുമായി ശത്രുത ജനിച്ചാല്‍ അവനെ വധിക്കരുത്. അവന്റെ ദോഷത്തിന്റെ ബലാബലം പരിീക്ഷിച്ചറിയണം. വൈരം ചെയ്തവനില്‍ ഒരിക്കലും വിശ്വാസം അര്‍പ്പിക്കരുത്. വൈരം ചെയ്ത സുഹൃത്തിലും പിന്നെ വിശ്വാസം പാടില്ല. മരത്തില്‍ അഗ്നി എന്ന പോലെ അത് ഗൂഢമായി അതില്‍ കിടക്കും. വിത്തം, പാരുഷ്യം, സാന്ത്വം എന്നിവ കൊണ്ടും, കടലില്‍ ബഡവാഗ്നിയെന്ന പോലെ കോപാഗ്നി നശിക്കാതെ കിടക്കും. ഇളകിയ വൈരാഗ്നിയും, അപരാധത്തില്‍ നിന്നുണ്ടായ കര്‍മ്മവും രാജാവേ, ചുട്ടു കളയാതെ ശമിക്കുകയില്ല. ആരെങ്കിലും ഒരാള്‍ ബാക്കിയാകുന്നതു വരെ അതു നീറിക്കൊണ്ടിരിക്കും. അര്‍ത്ഥം, മാനം, അര്‍ച്ചന ഇവ കൊണ്ട് പ്രീതിപ്പെടുത്തിയവന്‍ പിന്നെ അവനെ ദ്രോഹിച്ചാല്‍ അവന് വേണ്ടി ചെയ്യുന്ന കര്‍മ്മം ആ മിത്രത്തെ ബലമായി ത്രസിപ്പിക്കും. മറ്റൊരു വിധത്തിലല്ല, മിത്രമായിട്ടാണ് ഞാന്‍ അങ്ങയുടെ ഗൃഹത്തില്‍ പാര്‍ത്തിരുന്നത്. അങ്ങയും മിത്രമായിരുന്നു. എനിക്ക് ഇനി അതു വയ്യ. ഇനി എനിക്ക് അങ്ങു വിശ്വാസ്യനല്ല.
ബ്രഹ്മദത്തന്‍ പറഞ്ഞു: പൂജനീ, നീ എന്തു പറയുന്നു. നിന്റെ വിവരക്കേടെന്നല്ലാതെ എന്തു പറയട്ടെ! കാലമാണ് കാര്യങ്ങളെ നടത്തുന്നത്. കാലമാണ് പല കര്‍മ്മങ്ങളും ചെയ്യിക്കുന്ന ത്, കാലം നടത്തുന്ന ഈ കുറ്റം, കാലം അല്ലാതെ ആര് ആര്‍ക്കു ചെയ്തു? ജനനവും മരണവും ഒന്നു പോലെ അങ്ങനെ നടക്കുന്നു. കാലം ജനിപ്പിക്കുന്നു, കാലം സംഹരിക്കുന്നു. ചിലര്‍ ഒന്നിച്ചു മരിക്കുന്നു. ഓരോരുത്തരായി അങ്ങനേയും മരിക്കുന്നു. കാലം ഭൂതങ്ങളെ കൊള്ളിയെ തീയെന്ന പോലെ ചുട്ടുകളയുന്നു. ഇതിന്നു പ്രമാണം ആരാണ്? ഞാനല്ല! നീയാണോ? അല്ല. നാം തമ്മില്‍ കാരണക്കാരാകുന്നു എന്നു മാത്രം. കാലം നിത്യവും ദേഹികള്‍ക്കു സുഖമുണ്ടാക്കുന്നു; ദുഃഖമുണ്ടാക്കുന്നു. അല്ലയോ ശുഭേ! പൂജനീ, ഹിംസകുടാതെ യഥേഷ്ടം സ്നേഹിച്ചു വാഴുക! ഞാന്‍ നിന്നില്‍ ക്ഷമിച്ചു. ശുഭേ! എന്നില്‍ ക്ഷമിക്കൂ പൂജനീ!
പൂജനി പറഞ്ഞു: രാജാവേ, കാലമാണ് പ്രമാണമെങ്കില്‍. ഒരാള്‍ക്കും വൈരം വരുന്നതല്ല. അങ്ങനെയാണെങ്കില്‍ എന്തിന്നു ഹതബാന്ധവരായ ബന്ധുക്കള്‍ പാപപരിഹാരം ചെയ്യുന്നു? എന്തിനാണ് പണ്ട് ദേവാസുരന്മാര്‍ തമ്മില്‍ കൊല ചെയ്തത്? സമ്പത്തും വിപത്തും സുഖവും ദുഃഖവുമൊക്കെ കാലമാണ് വരുത്തുന്നതെങ്കില്‍ രോഗിക്ക് എന്തിനാണ് വൈദ്യന്‍ വൈദ്യം ചെയ്യുവാന്‍ വിചാരിക്കുന്നത്? കാലം പചിപ്പിക്കുന്നതാകയാല്‍ മരുന്നു കൊണ്ട് എന്തു കാര്യം? എന്തിനാണ് ദുഃഖം മൂര്‍ച്ഛിക്കുന്നവര്‍ വല്ലാതെ നിലവിളി കൂട്ടുന്നത്. കാലമാണ് പ്രമാണമെങ്കില്‍ ചെയ്യുന്നവരില്‍ നാം എന്തു ധര്‍മ്മം കാണണം? എന്റെ മകനെ നിന്റെ പുത്രന്‍ കൊന്നു. നിന്റെ പുത്രനെ ഞാനും കൊന്നു. ഇനി ഞാന്‍ അങ്ങയ്ക്ക് കൊല്ലേണ്ടവളല്ലേ രാജാവേ? പുത്രശോകം മൂലം ഞാന്‍ അങ്ങയുടെ പുത്രനില്‍ പാപം ചെയ്തു. ഇനി നീ എന്നെ പ്രഹരിക്കേണ്ടവനാണ് എന്ന തത്ത്വം നീ ഗ്രഹിക്കുക. മനുഷ്യര്‍ ഖഗങ്ങളെ അവരുടെ ഭക്ഷണത്തിന്നായും കളിവിനോദങ്ങള്‍ക്കായും മാത്രം ചിന്തിക്കുന്നു. വധം, ബന്ധം: ഇവയൊഴികെ വേറെ ഗതിയൊന്നും അവയ്ക്കില്ല. മൂന്നാമതായി ചിന്തിച്ചാല്‍ വേറെയൊന്നും കാണുന്നില്ല. വധബന്ധഭയംകൊണ്ട് മോക്ഷതന്ത്രത്തെ പ്രാപിച്ച വേദജ്ഞന്മാര്‍ മരണത്താല്‍ പാതകമായ ദുഃഖമുണ്ടാകുന്നുവെന്ന് പറയുന്നു.
എല്ലാവര്‍ക്കും പ്രാണന്‍ ഇഷ്ടമാണ്. എല്ലാവര്‍ക്കും മക്കള്‍ ഇഷ്ടപ്പെട്ടവരാണ്. എല്ലാവരും ദുഃഖത്തെ വെറുക്കുന്നു. സുഖത്തെ എല്ലാവരും ഇഷ്ടപ്പെടുന്നു. അല്ലയോ ബ്രഹ്മദത്താ, ദുഃഖത്തേക്കാള്‍ മീതെയായി ജരയില്ല. ദുഃഖത്തെക്കാള്‍ വലുതായി ഒരു അര്‍ത്ഥനാശവുമില്ല. വിരോധികളുമായി ചേരുക എന്നതില്‍പ്പരം ദുഃഖമില്ല. ഇഷ്ടജനവിയോഗത്തേക്കാള്‍ ഉപരിയായി ദുഃഖമില്ല.
വധം, ബന്ധനം ഇവകൊണ്ടുള്ള ദുഃഖം സ്ത്രീ മൂലമായി വന്നു ചേരുന്നത് സഹജമാണ്. പുത്രന്‍ മൂലമായുണ്ടാകുന്ന ദുഃഖവും മനുഷ്യനെ ചുറ്റിക്കറക്കുന്നു. ചില അബുദ്ധികള്‍ പറയും, പരന്മാര്‍ക്ക് ദുഃഖമുണ്ടാകുന്നത് ദുഃഖമല്ലെന്ന്. ദുഃഖിച്ചിട്ടു കാര്യമില്ലെന്ന്! അവര്‍ വലിയ വേദാന്തം മഹാജന മദ്ധ്യത്തില്‍ വെച്ചു പറയും. ദുഃഖം അറിയാത്തവരാണ് ആ കൂട്ടര്‍ എന്നേ ഞാന്‍ പറയു. ദുഃഖാര്‍ത്തനായി മാഴ്കുന്ന ഒരുത്തന്‍ ദുഃഖം സാരമില്ലെന്ന് എങ്ങനെ പറയും? സര്‍വ്വദുഃഖത്തിന്റെയും സ്വാദറിഞ്ഞവന്‍ തന്നിലെന്നപോലെ തന്നെയാണ് അന്യനിലും കാണുക.
രാജാവേ, ഭവാനില്‍ ഞാന്‍ ചെയ്തതും ഭവാന്‍ എന്നില്‍ ചെയ്തതും നൂറ്റാണ്ടു കൊണ്ടും മാച്ചുകളയുവാന്‍ ആകുന്നതല്ല അരിന്ദമാ! നാം തമ്മില്‍ ചെയ്ത കൃത്യമോര്‍ക്കുമ്പോള്‍ നാം തമ്മില്‍ ഒരിക്കലും സന്ധിയുണ്ടാകുന്നതല്ല. നിനക്ക് നിന്റെ നഷ്ടപ്പെട്ട ഉണ്ണിയെ ഓര്‍ക്കുമ്പോഴെല്ലാം പുതുതായി പക ഉണ്ടായിക്കൊണ്ടിരിക്കും. പ്രീതി ചെയ്യുവാന്‍ നിനയ്ക്കുമ്പോഴെല്ലാം വലിയ വൈരമാണ് അടുത്തു വരിക. ഉടഞ്ഞ മണ്‍പാത്രം പോലെ നമ്മുടെ സ്നേഹം കൂട്ടി യോജിപ്പിക്കുവാന്‍ പറ്റുകയില്ല. സ്വാര്‍ത്ഥ ശാസ്ത്രങ്ങളില്‍ അസുഖോദയമായിത്തീരും വിശ്വാസം. പ്രഹ്ളാദന്ന് പണ്ട് ശുക്രന്‍ ചൊല്ലിക്കൊടുത്ത രണ്ടു ഗാഥകള്‍ ഞാന്‍ ചൊല്ലാം.
ബ്രഹ്മദത്തന്‍ പറഞ്ഞു: അവിശ്വാസം മൂലം അര്‍ത്ഥം ഞാന്‍ നേടുകയില്ല. അര്‍ത്ഥം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുത്തനില്‍ ഭയം വെച്ചു കൊണ്ടിരുന്നാല്‍ മനുഷ്യന്‍ മൃതപ്രായനാകും പൂജനീ!
പൂജനി പറഞ്ഞു: രാജാവേ, കാലില്‍ പുണ്ണുള്ളവന്‍ നഗ്നമായ പാദം കൊണ്ട് കാട്ടില്‍ നടന്നാല്‍ അവന്റെ കാലില്‍ ധാതുക്കള്‍ കുത്തിക്കയറിയമരും. രോഗമുള്ള കണ്ണുകൊണ്ട് കാറ്റിന്നു നേരെ നോക്കിയാല്‍ അവന്റെ കണ്ണിന്നു വലുതായ രോഗബാധയുണ്ടാക്കും. ദുഷിച്ച മാര്‍ഗ്ഗത്തില്‍ മോഹത്താല്‍ നടക്കുകയാണെങ്കില്‍ തന്റെ ബലം താന്‍ അറിയാതെ അവിടെ വച്ച് അവന്‍ അവസാനിക്കും. മഴയുടെ കാലമറിയാതെ കണ്ടത്തില്‍ കൃഷി ചെയ്താല്‍ അവന്റെ പൌരുഷമൊക്കെ നശിച്ച് അവന്‍ പട്ടിണിക്കാരനാകും. കയ്പോ, ചവര്‍പ്പോ, മധുരമോ ഏതാണ് തനിക്കു ഹിതമായിട്ടുള്ളത്, അതു നിത്യവും ആഹാരമാക്കുന്നവന്‍ അത് അവന്ന് അമൃതംതന്നെയായി ഭവിക്കും. പത്ഥ്യം വിട്ട് മൗഢ്യം കൊണ്ട് ചീത്ത വസ്തുക്കള്‍ ഭക്ഷിച്ചാല്‍ അതിന്റെ പരിണാമമെന്തെന്നറിയാത്തവന്റെ ആയുസ്സ് അപ്പോള്‍ അവസാനിക്കും.
ദൈവവും പൌരുഷവും തമ്മില്‍ ആശ്രയിച്ചാണ് നില്ക്കുന്നത്. ഉദാരന്മാര്‍ പൌരുഷത്തെ സ്വീകരിച്ച് വിജയിക്കും. വിഡ്ഡികള്‍ ദൈവാധീനം പ്രതീക്ഷിച്ച് നശിക്കും. തീക്ഷ്ണമാണോ, ഹിതമാണോ, മൃദുവാണോ എന്നൊക്കെ ചിന്തിച്ച് തന്റെ ഹിതം നോക്കി ശങ്കിച്ച് ചെയ്യുന്നവന്‍ അനർത്ഥഗസ്തനായി അകിഞ്ചനനായിത്തീരും. അതുകൊണ്ട് അര്‍ത്ഥചിന്ത നീക്കി വെച്ച് പരാക്രമം സ്വീകരിക്കണം. സര്‍വ്വസ്വവും കൈവിട്ടു ഹിതത്തെ മര്‍ത്ത്യന്‍ സ്വീകരിക്കണം. വിദ്യ, ഐശ്വര്യം ദാക്ഷ്യം, ആത്മബലം, ധൈര്യം ഇവ അഞ്ചുമാണ് സഹജമായ മിത്രങ്ങള്‍. ഇവ കൊണ്ടു വിദ്വാന്മാര്‍ ജീവിക്കുന്നു. ഗൃഹം, ധനം, ക്ഷേത്രം, ഭാര്യ, സുഹൃത്തുക്കള്‍ ഇവയാണ് കൂട്ടുമിത്രങ്ങള്‍. ഇവ പുരുഷന്‍ സർവ്വത്ര നേടുന്നു. പ്രാജഞന്‍ എല്ലായിടത്തും രമിക്കും. എല്ലായിടത്തും ശോഭിക്കും. ഒരിടത്തും പേടിക്കുകയില്ല. പേടിപ്പിച്ചാലും പേടിക്കയില്ല. ബുദ്ധിമാന് നിത്യവും അര്‍ത്ഥം ചെറിയതായാലും വര്‍ദ്ധിക്കും. ദാക്ഷ്യം മൂലം ക്രിയാഹീനന്‍ സംയമം കൊണ്ട് അമര്‍ന്നു പോകും. അല്പ ബുദ്ധികളായി ദേഹത്തെ, മാംസത്തെ, സ്നേഹിക്കുന്ന ജനങ്ങളുടെ മാംസം ഞണ്ടിനെ അതിന്റെ കുഞ്ഞ് എന്ന പോലെ ദുഷ്ടയായ പെണ്ണ് കാര്‍ന്നു തിന്നും. ഗൃഹം, ക്ഷേത്രങ്ങള്‍, മിത്രങ്ങള്‍, സ്വദേശം എന്നിങ്ങനെയുള്ള ബുദ്ധി മാറ്റത്തില്‍ മറ്റു ചിലര്‍ നശിക്കുന്നു. വ്യാധിയും ദുര്‍ഭിക്ഷവും ആര്‍ത്തിയുമുള്ള നാടു വിട്ട്, അതു സ്വദേശമായാലും, വിട്ട് ഓടിക്കളയണം. മറ്റു വല്ലേടവും പോയി മാന്യമായ നിലയില്‍ ജീവിക്കാന്‍ നോക്കണം. അതു കൊണ്ട് ഞാന്‍ മറ്റൊരിടത്തേക്കു പോവുകയാണ്. ഇവിടം എനിക്കു പാര്‍ക്കുവാന്‍ പറ്റുകയില്ല. ഞാന്‍ നിന്റെ പുത്രനില്‍ അനാര്യമായ കര്‍മ്മമാണു ചെയ്തത് രാജാവേ!
ചീത്ത ഭാര്യ, ചീത്ത പുത്രന്‍, ചീത്ത രാജാവ്, ചീത്ത സുഹൃത്ത്, ചീത്ത സംബന്ധം, ചീത്ത പ്രദേശം ഇവ ദൂരെ തൃജിച്ചു കള യണം. കുപുത്രനെ വിശ്വസിക്കാന്‍ പാടില്ല. കുഭാര്യയില്‍ മനുഷ്യന് രതിക്കു താല്പര്യമുണ്ടാവുകയില്ല. കുരാജ്യത്ത് താമസിക്കുവാന്‍ തൃപ്തിയുണ്ടാകയില്ല. കുദേശത്ത് താമസിച്ചാല്‍ തടി കിട്ടുന്നതല്ല. സൗഹൃദവും സ്ഥൈര്യവും അറ്റവനില്‍. കുമിത്രത്തില്‍, ചേര്‍ച്ച നന്നല്ല. അവമാനവും ധനക്ഷയവും കുസംബന്ധം മൂലം ഉണ്ടാകും.
ഭാര്യ എന്ന് പറയണമെങ്കില്‍ അവള്‍ പ്രിയം പറയുന്നവളാകണം. തൃപ്തി നല്‍കുന്നവനാണ് പുത്രന്‍! വിശ്വാസം ആരില്‍ ഉണ്ടോ അവനാണ് മിത്രം. ജീവന്ന് രക്ഷയുള്ള സ്ഥലം ഏതോ അതാണ് ജന്മദേശം. അവയ്ക്ക് അര്‍ഹതയില്ലാത്തിടത്ത് ഈ പേരിന്നു യാതൊരു പ്രസക്തിയുമില്ല. ബലാല്ക്കാരം ചെയ്യാതെ, പേടിപ്പിക്കാതെ, ഭരിക്കുന്നവനാണ് തീവ്രശാസനനായ രാജാവ്. നിസ്വനെപ്പോറ്റുന്ന ദിക്കില്‍ ഭയമില്ല.
ഭാര്യ, ദേശം, മിത്രഗണം, പുത്രസംബന്ധി, ബാന്ധവന്‍ ഇവയൊക്കെ ഗുണവാനായ രാജാവില്‍ ധര്‍മ്മനേത്രമാണ്. അധര്‍മ്മിയായ രാജാവിന്റെ നാട്ടുകാര്‍ അനൈക്യം മൂലം നശിക്കും. ത്രിവർഗ്ഗങ്ങളുടെ വേരാണ് രാജാവ്. പ്രമാദം വിട്ട് രാജാവ് രാജ്യത്തെ കാക്കണം.
ആറില്‍ ഒരു ഭാഗം ആദായം നാട്ടില്‍ നിന്ന് കരമായിപ്പിരിച്ചെടുത്ത് അത് ജനഹിതത്തിന്നു ചെലവു ചെയ്യാതെ താന്‍ തന്നെ അനുഭവിക്കുന്ന രാജാവ് രാജാവാണെന്ന് പറഞ്ഞു കൂടാ, അവന്‍ കള്ളനാണ്.
രാജാവ് അഭയം നൽകി അര്‍ത്ഥലോഭം മൂലം വേണ്ട മാതിരി കാക്കാതെ എല്ലാവരില്‍ നിന്നും പാതകം പങ്കു വെച്ചു വാങ്ങി അവസാനം ആ അധര്‍മ്മി നരകത്തില്‍ത്തന്നെ കുടികിടപ്പുകാരനായിത്തീരും.
അഭയം നല്കിയ രാജാവ് അപ്രകാരം തന്നെ ജനങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ അവന്‍ സര്‍വ്വസൗഖ്യപ്രദനായി ധര്‍മ്മത്താല്‍ ജനരക്ഷകന്‍ എന്ന പ്രസിദ്ധി പ്രാപിക്കുന്നു.
രാജാവിന്ന് ഏഴു ഗുണങ്ങള്‍ പ്രജാപതിയായ മനു വിധിച്ചിട്ടുണ്ട്. അമ്മ, അച്ഛന്‍, ഗുരു, ഗോപ്താവ്, അഗ്നി, ധനദന്‍, യമന്‍ ഇങ്ങനെയാണ്, ഈ നിലകളിലാണ്, രാജാവ് വര്‍ത്തിക്കേണ്ടത്.
നാട്ടുകാരില്‍ കൃപയുള്ള രാജാവ് പ്രജകള്‍ക്ക് അച്ഛനാണ്. അവനില്‍ തെറ്റു ചെയ്യുന്ന മര്‍ത്തൃന്‍ തിര്യക്കായി പിറക്കും. ഗുണം കൊണ്ട് അമ്മയെപ്പോലെ ദീനന്മാരെപ്പോലും ആ രാജാവ് ഭരിക്കും. അഗ്നി പോലെ അനിഷ്ടങ്ങളെ ചുട്ടു കളയും. യമനെപ്പോലെ ദുഷ്ടന്മാരെ അടക്കി നിര്‍ത്തും. ഇഷ്ട ജനങ്ങള്‍ക്ക് അര്‍ത്ഥം നല്കുന്ന രാജാവ് ധനേശ്വരനാണ്. വ്രൈശവണനെപ്പോലെ കാമങ്ങളെ നല്‍കി അനുഗ്രഹിക്കുന്നവനാണ്. ധര്‍മ്മോപദേശത്താല്‍ ഗുരു (ബൃഹസ്പതി) വാകുന്നു. രക്ഷിക്കുന്നവരില്‍ ദിക് പാലനായി വര്‍ത്തിക്കുന്നു.
പൗരന്മാരുടെയും ജാനപദന്മാരുടേയും അര്‍ച്ചനം തന്നത്താന്‍ കണ്ടറിയുന്ന രാജാവ് ഇഹത്തിലും പരത്തിലും സുഖം നേടും. ധാരാളം കപ്പം പിടിച്ചു പറിക്കുകയാല്‍ നാട്ടുകാര്‍ ഏതൊരു രാജാവിനെ വെറുക്കുന്നുവോ ആ രാജാവിന്ന് തോല്‍മ തന്നെ ഗതി. പൊയ്കയില്‍ താമര പോലെ നാട്ടുകാര്‍ ആരുടെ നാട്ടില്‍ ക്ഷേമത്തോടെ വളരുന്നുവോ, ആ രാജാവ് സര്‍വ്വഫല ങ്ങളും അനുഭവിച്ച് സ്വര്‍ഗ്ഗത്തില്‍ പൂജ്യനായി ശോഭിക്കും. രാജാവേ, ബലവാനുമായി വഴക്കടിക്കുന്നത് രാജാവിന്ന് ഒരിക്കലും. നന്മ ചെയ്യുന്നതല്ല. ശക്തനുമായി ശണ്ഠ കൂടിക്കൊണ്ടിരിക്കുന്ന രാജാവിന്ന് എവിടെ രാജ്യം? എവിടെ സുഖം?
ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ചടകപ്പക്ഷിബ്രഹ്മദത്ത രാജാവിനോട് ഹിതം പറഞ്ഞ് രാജാവിനെ സമ്മതിപ്പിച്ച് അവള്‍ക്ക് ഇഷ്ടമുള്ള വഴിക്കു പോയി. ഇങ്ങനെ ബ്രഹ്മദത്തനും ചടകയും തമ്മിലുള്ള സംവാദം ഞാന്‍ പറഞ്ഞു തന്നു. രാജശ്രേഷ്ഠാ, ഇനി നിനക്ക് എന്താണ് അറിയേണ്ടത്?
അദ്ധ്യായം 140. കണികോപദേശം - ഭാരദ്വാജകണികന്റെ ഉപദേശം - യുധിഷ്ഠിരന്‍ പറഞ്ഞു: യുഗക്ഷയത്തില്‍ ലോകവും ധര്‍മ്മവും ക്ഷയിക്കുമ്പോള്‍, ദസ്യുക്കള്‍ ലോകരെ പീഡിപ്പിക്കുമ്പോള്‍, രാജാവ് നില്ക്കേണ്ടതെങ്ങനെയാണ് പിതാമഹാ?
ഭീഷ്മൻ പറഞ്ഞു: ഇങ്ങനെ ലോകം ആപത്തില്‍പ്പെടുന്ന കാലത്ത് രാജാവ് ഏതുവിധം നില്‍ക്കണമെന്നുള്ളത് ഞാന്‍ പറഞ്ഞുതരാം. ആപല്‍ക്കാലത്തു ചെയ്യേണ്ടതായ നീതി കാലത്തില്‍ കരുണയില്ലാതെ രാജാവ് നില്ക്കേണ്ടിവരും എന്നുള്ളതാണ്. ഇതിന്നുദാഹരണമായി ഒരു ഇതിഹാസകഥ നടപ്പുണ്ട്. അതു ഭാരദ്വാജനും ശത്രുഞ്ജയ രാജാവും തമ്മിലുള്ള സംഭാഷണമാണ്.
സൗവീരരാജ്യത്ത് മഹാരഥനായി ശത്രുഞ്ജയന്‍ എന്ന ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഭാരദ്വാജാന്റെ സമീപത്തു ചെന്ന് അര്‍ത്ഥസംബന്ധമായ കാര്യങ്ങളെപ്പറ്റി ചോദിച്ചു. മഹാശയനായ ഭാരദ്വാജാ, ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കുന്നു. അത് അങ്ങ് പറഞ്ഞു തരണം. അര്‍ത്ഥസംബന്ധമാണ് കാര്യം. കിട്ടാത്തതിനെക്കുറിച്ച് ആഗ്രഹം എപ്രകാരമാണ്? ലഭിച്ചത് എങ്ങനെ അനുഭവിക്കും? വര്‍ദ്ധിച്ച ധനം എങ്ങനെ സംരക്ഷിക്കും? സംരക്ഷിച്ച ധനം എങ്ങനെ വിനിയോഗിക്കും? ഇങ്ങനെ സാമ്പത്തിക ശാസ്ത്രം ഗ്രഹിക്കുവാനായി രാജാവ് ചോദിച്ചപ്പോള്‍ ആ ഋഷി യുക്തിയുക്തമായി അതിന്നു തക്കതായ മറുപടി രാജാവിനോട് പറഞ്ഞു. :
ഋഷി പറഞ്ഞു: രാജാവ് എപ്പോഴും ദണ്ഡനാധികാരം കാണിക്കുന്ന ദണ്ഡ് കൈയില്‍ വെക്കണം. സ്വതസ്സിദ്ധമായ രാജകീയ പൗരുഷം പ്രകാശിപ്പിക്കണം. ഛിദ്രം ഇല്ലെങ്കിലും ശത്രുവിന്റെ നേരെ ഛിദ്രം ദര്‍ശിച്ച് കടന്നാക്രമിക്കണം. തഞ്ചത്തിന്ന് കിട്ടുന്ന അവസരം പാഴാക്കരുത്. നിത്യവും ദണ്ഡം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രാജാവില്‍ ജനങ്ങള്‍ക്ക് നല്ല ഭയമുണ്ടാകും. അതു കൊണ്ടു രാജാവ് എല്ലാ ജീവികളേയും നന്നായി ദണ്ഡനീതി നടത്തി ഭരിക്കണം. ഇങ്ങനെ തത്ത്വദര്‍ശികളായ പണ്ഡി തന്മാര്‍ ദണ്ഡനാധികാരത്തെ പ്രശംസിക്കുന്നു. രക്ഷാസ്ഥാനത്തിന്റെ അടിഭിത്തി തകര്‍ത്താല്‍ എല്ലാവരും നശിച്ചു പോകും. മഹാവ്യക്ഷത്തിന്റെ വേര് അറ്റു പോയാല്‍ പിന്നെ കൊമ്പുകളുടെ കഥ പറയുവാനുണ്ടോ? ആദ്യമായി പണ്ഡിതനായ രാജാവ് ചെയ്യേണ്ടത് ശത്രുരാജാവിന്റെ സഹായങ്ങളുടെ വേര് അറുക്കുകയാണ്. പിന്നെ ശത്രുവിന്റെ സഹായികളുടെ പക്ഷത്തെ വേരോടെ അധീനമാക്കണം. ആപത്തും, കുഴപ്പവും നാട്ടില്‍ വരുന്ന കാലത്ത് സമയം നഷ്ടപ്പെടുത്താതെ നല്ല മാതിരി കൂടിയാലോചിക്കുകയും പരാക്രമം, നല്ല പോരാട്ടം, ബുദ്ധിപൂര്‍വ്വമായ പിന്മാറ്റം ഇവ യഥാകാലം കൈക്കൊള്ളുകയും ചെയ്യണം. അതില്‍ ഒട്ടും സംശയിക്കരുത്. വാക്കുകൊണ്ട് വളരെ വിനീതനാകണം. മനസ്സില്‍ കത്തി പോലെ മൂര്‍ച്ചയുണ്ടായിരിക്കണം. മൂന്‍കൂട്ടി ഭംഗി പറയണം. കാമക്രോധങ്ങള്‍ മനസ്സില്‍ വെക്കരു ത്. ശത്രുക്കളുമായി കാര്യത്തില്‍ ചേര്‍ന്നിട്ടും വിശ്വസിക്കരുത്. കാര്യം തീര്‍ന്നാല്‍ വിചക്ഷണനായ രാജാവ് ഉടനെ മാറിക്കളയണം. ശത്രുവിനേയും മിത്രത്തെപ്പോലെ സാന്ത്വവാക്കു പറഞ്ഞ് ഇണക്കണം. അവനെ പാമ്പുവസിക്കുന്ന വീടിനെപ്പോലെ എപ്പോഴും ഭയപ്പെടണം. നിന്ദയേറ്റ ബുദ്ധിഹീനനെ കഴിഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് സാന്ത്വം ചെയ്യുണം. ദുഷ്പ്രജ്ഞനെ ഭാവി കാണിച്ചും, വിദഗ്ദ്ധനെ വരാവുന്നത് ഓര്‍മ്മിപ്പിച്ചും, സമാശ്വസിപ്പിക്കണം.
കൈകൂപ്പുക, ശപഥം ചെയ്യുക, സാന്ത്വം പറയുക, തലകുനിച്ച് പറയുക, കണ്ണീര്‍ തുടയ്ക്കുക മുതലായ പല പണികളും ശത്രുവിന്റെ നേരേയും ചെയ്യണം. ഐശ്വര്യം ആഗ്രഹിക്കുന്നവന്‍ ഇതൊക്കെ അഭിനയിക്കണം. തക്കസമയം കിട്ടുന്നതുവരെ ശത്രുവിനെ തോളില്‍ കയറ്റണം. കാലമായാല്‍, തരത്തിന്ന് പറ്റിയ സന്ദര്‍ഭംകിട്ടിയാല്‍ പാറയില്‍ കുടം എന്ന പോലെ എറിഞ്ഞു തകര്‍ത്തു കളയണം. കുറച്ചു സമയംകൊണ്ട് ഉജ്ജലിക്കണം. കുറച്ചു സമയമേ ജീവിതമുള്ളവെങ്കിലും അതു ധീരമായി ഉജ്ജ്വലിക്കണം. പനച്ചിക്കൊള്ളി പോലെ ഒട്ടു സമയം ആളിക്കത്തുക! അതാണ് മനുഷ്യന്ന് ശ്രേയസ്കരം. വളരെ നേരം ഉമിത്തീ പോലെ പുകഞ്ഞു കിടക്കാതിരിക്കുക. ദീര്‍ഘകാലം പുകഞ്ഞു കിടക്കുന്നതിനേക്കാള്‍ ശ്രേയസ്കരം അല്പസമയം ആളിക്കത്തുന്നതാണ്. ധാരാളം സേവനങ്ങള്‍ ചെയ്യേണ്ടവനായ മന്നവന്‍ ഒരിക്കലും ഒരു കൃതഘ്നനുമായും ഇടപെടുന്നതില്‍ മടിക്കരുത്. കാര്യം സാധിച്ചാല്‍ അവന് സന്തോഷിക്കാം; ഇല്ലെങ്കില്‍ അവന്‍ അനാദരണീയനാകുന്നു. അതു കൊണ്ട് ഇമ്മാതിരിയുള്ളവരുടെ കാര്യങ്ങള്‍ ഉടനെ ചെയ്തു തീര്‍ക്കരുത്. കുറെ ശേഷിപ്പിച്ചു നിറുത്തണം. കുയില്‍, പന്നി, മേരു, ശൂന്യമായ ഗൃഹം, ഭക്തി, മിത്രം, നടന്‍ എന്നിവര്‍ക്ക് വേണ്ടതായ ശ്രേയസ്സുകള്‍ ചെയ്യണം. ശത്രുഗൃഹങ്ങളില്‍ വീണ്ടും വിണ്ടും നന്മകള്‍ ചെയ്യണം. ക്ഷേമമില്ലെങ്കിലും, "ക്ഷേമം തന്നെയല്ലെ", എന്ന് കുശലപ്രശ്നങ്ങള്‍ ചെയ്യണം. അലസന്മാര്‍ അര്‍ത്ഥം നേടുകയില്ല. അഭിമാനികളും, ക്ലീബന്മാരും അര്‍ത്ഥം നേടുകയില്ല. എന്നും സംരക്ഷിക്കുന്നവരും, ലോകാപവാദത്തില്‍ ഭയപ്പെടുന്നവരും അല്ല എല്ലാവരും. തന്റെ ദോഷം, ന്യൂനതകള്‍, ശത്രു കാണരുത്. ശത്രുവിന്റെ ദോഷം കാണുകയും വേണം, ആമ തന്റെ അവയവം അടക്കുന്നതു പോലെ തന്റെ ഛിദ്രത്തെ മൂടി വെക്കണം. കൊക്ക് ധ്യാനിക്കുന്നതു പോലെ അർത്ഥത്തെപ്പറ്റി ഏകാഗ്രമായി ചിന്തിച്ചറിയണം. പിന്നെ സിംഹത്തെപ്പോലെ ആക്രമിക്കണം. ചെന്നായയെപ്പോലെ ഏറ്റ് ഉടയ്ക്ക ണം. ശരം പോലെ ഏറ്റ് കയറണം. മദ്യപാനം, ചൂതാട്ടം, സ്ത്രീസേവ, നായാട്ട്, ഗാനം, നൃത്തം, കൊട്ട്, പാട്ട് ഇവയൊക്കെ അധികമാകരുത്. യുക്തിപൂര്‍വ്വം സ്വീകരിക്കുക; അവയില്‍ അത്യാസക്തിയും ആവേശവും പാടില്ല. പുല്ലിനെപ്പോലും വില്ലായി കരുതണം. മാനിനെപ്പോലെ നിഷ്‌കളങ്കമായ കിടപ്പ് കിടക്കണം. കുരുടനാകേണ്ട സന്ദര്‍ഭത്തില്‍ കുരുടനാവുക; ചെവി കേള്‍ക്കാത്തവനാകേണ്ട ദിക്കില്‍ അങ്ങനെ ബധിരനാവുക. ദേശവും കാലവും പറ്റിയെന്നു കണ്ടാല്‍ വൈദഗ്ദ്ധ്യത്തോടെ ഉടനെ ആക്രമണം നടത്തുക. ദേശവും കാലവും മനസ്സിലാക്കാത്ത വിക്രമം നിഷ്ഫലമായിപ്പോകും. കാലവും അകാലവും കാണണം. തന്റെ ബലവും ശത്രുവിന്റെ ബലവും, അബലവും മനസ്സിലാക്കണം. അങ്ങനെ ബലാബലപരീക്ഷ മനസ്സു കൊണ്ട് നിര്‍ണ്ണയിച്ചേ യുദ്ധത്തിന്നിറങ്ങാവു. തന്റെ ദണ്ഡത്താല്‍ വന്നെതിര്‍ത്ത ശത്രുവിനെ തടയാത്ത രാജാവ് ഞണ്ട് ഗര്‍ഭം ധരിച്ച മാതിരി തന്റെ മരണത്തിന്നു തന്നെ ഇടയാക്കും. ഒരു വൃക്ഷത്തെപ്പോലെ ഭംഗിയില്‍ പൂത്തു നില്ക്കുക; കായ്ക്കരുത്. അഥവാ കായ്ക്കുകയാണെങ്കില്‍ വൃക്ഷത്തില്‍ കയറുവാന്‍ വിഷമമാക്കുക. ഫലങ്ങള്‍ പഴുത്താലും പച്ചപോലെ നില്ക്കണം; എന്നാല്‍ കൊഴിഞ്ഞു വീഴുകയുമരുത്. ആശ നിര്‍വ്വഹിക്കുവാന്‍ ഒരു കാലാവധി നിര്‍ണ്ണയിക്കണം. ശത്രുവിന്ന് അതില്‍ വിഘ്നം വരുത്തണം. വിഘ്നമുണ്ടാകുമ്പോള്‍ നിമിത്തത്തെ ചിന്തിച്ച് അതിന്റെ ഹേതു എന്തെന്നു പറയണം. ആപത്ത് വന്നു കയറുന്നതു വരെ ഭീതന്റെ മാതിരി കാത്തു നില്‍ക്കണം. ഭയം വന്നു കയറിയാല്‍ നിര്‍ഭയന്റെ മാതിരി ഏറ്റെതിര്‍ക്കണം. ആയുസ്സിന്റെ അപകടസന്ധിയാണ് പോരാട്ടം. ആ സംശയാവസ്ഥയിലെത്താതെ നരന്‍ നന്മകള്‍ കണ്ടെത്തുകയില്ല. ജീവന്‍ സംശയത്തില്‍പ്പെട്ടതിന്നു ശേഷം അതില്‍നിന്നു കയറി രക്ഷപ്പെട്ടാല്‍ മാത്രമേ നരന്‍ നന്മകള്‍ കണ്ടെത്തുകയുള്ളു. ഭാവി എന്തെന്ന് കണ്ടറിയണം. ആപത്ത് വന്നു പെട്ടാല്‍ അതിനെ അടയ്ക്കണം. വീണ്ടും വര്‍ദ്ധിക്കുന്ന ആപത്തിനെ കണ്ട് അതില്‍ നടക്കാത്തതിനെ കണ്ടറിയണം. കാലത്താല്‍ അണയ്ക്കപ്പെട്ട സുഖത്തെ സംതൃജിക്കുന്നതും വന്നു ചേരാത്ത സുഖത്തെക്കു റിച്ച് ആശിച്ചു കഴിയുന്നതും ചെയ്യുന്നത് ബുദ്ധിമാന്മാര്‍ക്ക് ചേര്‍ന്ന നയമല്ല. ശത്രുവിനോടു ചേര്‍ന്ന് സുഖമായി വിശ്വാസത്തോടെ ഉറങ്ങുന്നവന്‍ മരക്കൊമ്പില്‍ ഇരുന്ന് ഉറങ്ങുന്നവനെപ്പോലെയാണ്. അവന്‍ നിലത്തു വീണേ ഉണരുകയുള്ളു. മൃദുവായ കര്‍മ്മത്താലോ ക്രൂരമായ കര്‍മ്മത്താലോ ദുഃഖിക്കുന്നവനായ തന്നെ താന്‍ ഉയര്‍ത്തണം. കഴിവുള്ളവന്‍ ധര്‍മ്മം തന്നെ അനുഷ്ഠിക്കണം. ശത്രുവിന്റെ ശത്രുക്കളെ മനസ്സിലാക്കി അവരെയെല്ലാം തന്റെ പാട്ടില്‍ നിര്‍ത്തണം. തന്റെ അടുത്തേക്കു ശത്രു വിടുന്ന ചാരന്മാരെ മനസ്സിലാക്കണം. ഗൂഢമായ ചാരന്മാരെ തന്റെ ശത്രുവിലും നിയോഗിക്കണം. ശത്രു രാജ്യത്തില്‍ പാഷണ്ഡന്മാരേയും താപസന്മാരേയും നിയോഗിക്കണം. ഉദ്യാന ങ്ങള്‍, വിഹാരങ്ങള്‍, തണ്ണീര്‍പ്പന്തല്‍ ഇരിക്കുന്ന സ്ഥലം, മദ്യവിക്രയസ്ഥലം, സത്രങ്ങള്‍, തീര്‍ത്ഥം, സഭ ഇവിടെയൊക്കെ ചാരന്മാരെ വെക്കണം. ലോകകണ്ടകന്മാരായ കള്ളന്മാര്‍, പാപികള്‍, ധര്‍മ്മചാരികള്‍ മുതലായവര്‍ വരുമ്പോള്‍ അവരെ കണ്ടെത്തിപ്പിടിക്കണം. അതില്‍ ചിലര്‍ ചാരന്മാരായിരിക്കും. അവിശ്വസ്തനില്‍ വിശ്വസിക്കരുത്. വിശ്വസ്തനിലും അതിരു കവിഞ്ഞ വിശ്വാസം പാടില്ല. വിശ്വസ്തന്‍ പറഞ്ഞതാണെന്നു വിചാരിച്ച് കാര്യത്തിന്റെ സൂക്ഷ്മം പരിശോധിച്ചറിയാതെ വിശ്വസിക്കരുത്. അന്യനെ വിശ്വസിപ്പിച്ചു തത്ത്വം ചേര്‍ന്ന ഹേതുവാല്‍ കാലം ഗ്രഹിച്ച് പ്രഹരിക്കണം. ശത്രു ആ പ്രഹരത്തില്‍ സ്ഥാനം വിട്ട് ഓടണം. ശങ്കിക്കാന്‍ അവകാശമില്ലാത്തവനേയും ശങ്കിക്കണം. ശങ്കിക്കേണ്ടവരെ എപ്പോഴും ശങ്കിക്കണം. ശങ്കിക്കാതെ വിശ്വാസം മൂലം വന്നു ചേരുന്ന ആപത്ത് വേരും കൂടി അറുത്തു കളയും. സാവധാനം കൊണ്ടും മാനം കൊണ്ടും കാഷായവസ്ത്രം കൊണ്ടും ജടാവല്‍ക്കലങ്ങള്‍ കൊണ്ടും ശത്രുവിനെ വിശ്വസിപ്പിച്ച് ചെന്നായയെപ്പോലെ തരം കിട്ടുമ്പോള്‍ അവന്റെമേല്‍ ചാടി വീഴണം. പുത്രന്‍, സഹോദരന്‍, പിതാവ്, സുഹൃത്ത് എന്നിവരായാലും അര്‍ത്ഥത്തിന്ന് വിഘ്നം കാണുകയാണെങ്കില്‍ യാതൊരു കരുണയും കാണിക്കാതെ അവരെ കൊല്ലണം. ഗര്‍വ്വിച്ച് കാര്യവും അകാര്യവും നോക്കാത്ത ഗുരുവിനേയും, അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാണെന്നു കണ്ടാല്‍, ഹനിക്കുകതന്നെ വേണം.
കൃമികീടങ്ങള്‍ തങ്ങള്‍ വസിക്കുന്ന വൃക്ഷത്തിന്റെ കായും ഫലങ്ങളും കുത്തിത്തുളച്ചു നശിപ്പിക്കുന്നതു പോലെ, ശത്രുവിനെ എഴുന്നേറ്റ് അഭിവാദ്യംചെയ്ത്, വിശ്വസിപ്പിച്ച് ഖണ്ഡി ക്കണം. പരന്മാരുടെ മര്‍മ്മം അറുക്കാതെയും, ദാരുണമായ ക്രിയ കൂടാതെയും, മത്സ്യപിടുത്തക്കാരനെപ്പോലെ കൊല്ലാതെ മഹത്തായ ലക്ഷ്മിയെ നേടുവാന്‍ കഴികയില്ല.
മനുഷ്യരില്‍ ജാത്യാ ആര് ആര്‍ക്കും ശത്രുവല്ല; ആര് ആര്‍ക്കും മിത്രവുമല്ല. സ്വസാമര്‍ത്ഥ്യം കൊണ്ടാണ് തനിക്കു മിത്രവും ശത്രുവുമുണ്ടാകുന്നത്. കാരണം പറഞ്ഞൊഴിഞ്ഞാലും ശത്രുവിനെ കൈയില്‍ തഞ്ചത്തിന്നു കിട്ടിയാല്‍ കൊല്ലാതെ വിടരുത്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങയ്ക്ക് പണ്ട് ഉപകാരം ചെയ്തവനാണ് എന്നൊക്കെ പറഞ്ഞാലും അവനെ വിടരുത്. അവിടെ സങ്കടം തോന്നരുത്. ഇണങ്ങി നന്മ ചെയ്യുവാന്‍ അസൂയയില്ലാത്തവനുമായി ചേരുക. ഭൂതിയെ കാമിക്കുന്നവന്‍ നല്ല പോലെ ശ്രമിച്ച് നിഗ്രഹിക്കുകയും വേണം. ശത്രുവിനെ പ്രഹരിക്കുമ്പോഴും പ്രിയമേ പറയാവൂ. പ്രഹരിച്ചതിന്നു ശേഷവും അവനെപ്പറ്റി പ്രിയമേ പറയാവു! വാൾ കൊണ്ടു തല കണ്ടിച്ചതിന്നു ശേഷം ഇങ്ങനെ ചെയ്യേണ്ടി വന്നതില്‍ ഞാന്‍ ദുഃഖിക്കുന്നു. കഷ്ടം എന്തു ചെയ്യാം? നിഗ്രഹിക്കാഞ്ഞാല്‍ എന്തു ചെയ്യും? വേറെ മാര്‍ഗ്ഗമില്ലല്ലോ, എന്നൊക്കെ പറഞ്ഞ് കണ്ണീരൊലിപ്പിച്ചു വിലപിക്കണം. സാന്ത്വത്താലും, സമ്മാനത്താലും, പൂജയാലും ലോകരെ അടുപ്പിച്ച ഭൂതിയെ കാമിക്കുന്നവന്‍ കാര്യങ്ങള്‍ ചെയ്യണം. ശുഷ്കമായ വൈരം ആരോടും കാണിക്കരുത്. പുഴ കൈകൊണ്ടു നീന്തിക്കടക്കുവാന്‍ ശ്രമിക്കരുത്. അര്‍ത്ഥകാമന്ന് അനായുഷ്യമായ പശുവിന്‍ കൊമ്പ് ഭക്ഷണമാവുകയില്ലല്ലോ. അതു പല്ലിന് ആരോഗ്യകരമല്ല. അതില്‍ നിന്ന് ഒരു രസവും അനുഭവിക്കാൻ കിട്ടുകയില്ല. ത്രിവര്‍ഗ്ഗം മൂന്നിനേയും പീഡിപ്പിക്കുന്നതും ഇപ്രകാരം തന്നെയാണ്. ഫലമറിഞ്ഞ് പീഡ നന്നല്ലെന്നറിഞ്ഞ് അതുപേക്ഷിക്കണം. ഋണശേഷം, വഹ്നിശേഷം, ശത്രുശേഷം ഇവ വര്‍ദ്ധിച്ചു വരുന്നു. കടങ്ങള്‍ ബാക്കി വെച്ചാല്‍ അത് വര്‍ദ്ധിച്ചു വരും. അതു കൊണ്ട് കടപ്പാടുകളൊന്നും ബാക്കി വെക്കരുത്. കടവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. നിന്ദിച്ച ശത്രുക്കളും വായ്ക്കുന്നു. ഉപേക്ഷിച്ചാല്‍ വ്യാധികളും വലിയ ബാധയുണ്ടാക്കും. വെടിപ്പല്ലാത്തതൊന്നും ചെയ്യരുത്. പ്രമാദം കൂടാതെ നില്ക്കണം. മുള്ളൂ പൊട്ടിച്ചറുത്താല്‍ വല്ലാതെ പീഡപ്പെടുത്തും. (അതുകൊണ്ട് അതു നിശ്ശേഷം പിഴുതുകളയണം)
മനുഷ്യരെ കൊല്ലുക, ദുര്‍ഗ്ഗം ദുഷിപ്പിക്കുക, വീടു ചുടുക, എന്നീ പണികള്‍ കൊണ്ട് ശത്രുരാജ്യത്തെ മുടിക്കണം. കഴുകനെപ്പോലെ സൂക്ഷ്മദൃക്കാകണം, കൊക്കിനെപ്പോലെ ഒതുങ്ങി നില്ക്കണം. നായയെപ്പോലെ മണത്തറിയണം, സിംഹത്തെപ്പോലെ വിക്രമിക്കണം, കാക്കയെപ്പോലെ ആരേയും ശങ്കിക്കണം, ഭയം വിട്ടവനാകണം, പാമ്പിനെപ്പോലെ കൊത്തിക്കൊല്ലണം.
ശൂരനെ കൈകൂപ്പിയും, ഭീരുവിനെ ഭേദത്താലും തെറ്റിക്കണം. ലുബ്ധനെ ദ്രവ്യദാനം കൊണ്ടും തെറ്റിക്കണം. അങ്ങനെ കിടയ്ക്കുകിടയായി എല്ലാവരേയും തെറ്റിക്കണം. സംഘാധിപതിയെ ഭേദിക്കുന്നതിലും, ഇഷ്ടാനുനയത്തിലും, ഛിദ്രത്തിലും, കൂട്ടുകെട്ടിലും, മന്ത്രിമാരെ സൂക്ഷിക്കണം. മൃദുവായാല്‍ നിന്ദിക്കും. തീക്ഷ്‌ണനായാല്‍ വെറുക്കും. തീക്ഷ്ണമായ കാലത്ത് തീക്ഷ്ണവും മൃദുവായ കാലത്ത് മാര്‍ദ്ദവവും കാണിക്കണം.
മൃദുവാല്‍ മൃദുവിനെ കീറാം. മൃദുവാല്‍ ഉഗ്രനേയും കൊല്ലാം. മൃദുവാല്‍ അസാദ്ധ്യമായി ഒന്നുമില്ല. അതു കൊണ്ട് തീക്ഷ്ണത്തേക്കാള്‍ തീക്ഷ്ണനാണ് മൃദുവായവന്‍. വേണ്ടപ്പോള്‍ മൃദുത്വം കൈക്കൊണ്ട്, വേണ്ടപ്പോള്‍ ഉഗ്രനായി നില്ക്കുന്നവന്‍ എല്ലാ കാര്യങ്ങളും നേടും; ശത്രുവിന്റെ ശിരസ്സില്‍ നിൽക്കുകയും ചെയ്യും. വിദ്വാനോടു വിരോധിച്ച് താന്‍ ദുരത്താണല്ലോ എന്ന് ആശ്വാസം കൊളളരുത്. ധീമാന്റെ കൈയിന്ന് നീളം കൂടും. അതു നീട്ടി അവന്‍ ദൂരെയുള്ളവനേയും കൊന്നു കളയും.
കരയ്ക്കെത്തുവാന്‍ കഴിയില്ലെന്നറിഞ്ഞാല്‍ കടക്കാന്‍ ശ്രമിക്കരുത്. അന്യന്‍ ഹരിക്കുന്നതിനെ ഹരിക്കരുത്. വേരു പിഴാതെ ഒന്നും പറിക്കരുത്. തല വീഴ്ത്താതെ കൊല്ലരുത്.
ഈ പറഞ്ഞത് കരുതലോടെ ചെയ്യുക. ആപത്തിന്നാണെന്നു വന്നാല്‍ അതു ചെയ്യരുത്. പരന്‍ പ്രയോഗിച്ചത് അറിയുവാന്‍ വേണ്ടി ഹിതകാംക്ഷിയായ ഞാന്‍ പറഞ്ഞതാണ്. ഇപ്രകാരം നന്നായി ചിന്തിച്ച് രാജാവിന്റെ ഹിതം കാംക്ഷിക്കുന്ന ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ അതൊക്കെ ശ്രദ്ധയോടെ സുവീര രാജാവ് കേട്ടു. അതുപോലെയൊക്കെ അദ്ദേഹം തക്കസമയത്ത് ചുണയോടെ ചെയ്തു. പിന്നെ അവന്‍ ബന്ധുക്കളോടുകൂുടി രാജ്യശ്രീ അനുഭവിച്ചു.
അദ്ധ്യായം 141. വിശ്വാമിത്രചണ്ഡാലസംവാദം (വിശ്വാമിത്രന്റെയും ചണ്ഡാലന്റെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: മുഖ്യമായ ധര്‍മ്മം ക്ഷയിച്ച സമയത്ത്, ലോകത്തില്‍ ശാന്തി നശിച്ച സമയത്ത്, അധര്‍മ്മം ധര്‍മ്മമായും, ധര്‍മ്മം അധര്‍മ്മരൂപത്തിലും നിലക്കുന്ന സമയത്ത്, മര്യാദയൊക്കെ പോയ സമയത്ത്, ധര്‍മ്മാനുസരണ നീതിന്യായങ്ങളൊക്കെ തകര്‍ന്ന സമയത്ത്, രാജാക്കന്മാരും മറ്റുളളവരും ലോകത്തെ പീഡിപ്പിച്ചു കൊണ്ടിരിക്കെ, ആശ്രയങ്ങളൊക്കെ നശിച്ച സമയത്ത്, എല്ലാ കര്‍മ്മങ്ങളും ക്ഷയിച്ച സമയത്ത്, കാമലോഭമോഹങ്ങള്‍മുലം അല്ലയോ ഭാരതാ, ഭയം നടമാടുമ്പോള്‍, ആരും ആരേയും വിശ്വസിക്കാതെ നിത്യവും ഭയപ്പെട്ടുഴലുമ്പോള്‍, ചതിച്ചു കൊല്ലപ്പെട്ട് വഞ്ചന നടക്കുമ്പോള്‍, ദേശങ്ങളൊക്കെ ഉജ്വലിക്കെ, ബ്രാഹ്മണന്‍ പീഡയേൽക്കുന്ന സമയത്ത്, മേഘം വര്‍ഷിക്കാതെ നില്ക്കുന്ന കാലത്ത്, തമ്മില്‍ അന്തഃഛിദ്രം മൂത്ത കാലത്ത്, ലോകത്തിലെ എല്ലാ ഉപജീവനവും കുളളന്മാര്‍ക്കും കൊളുളക്കാര്‍ക്കും അധീനമായി നിലക്കുമ്പോള്‍, കാലം അധഃപതിച്ച സമയത്ത് എങ്ങനെയാണ് വിപ്രന്‍ ജീവിക്കുക? ദയയാല്‍ പുത്രപൗത്രാദികളെ ത്യജിക്കാത്തവന്‍ ആപത്തില്‍ എന്താണു ചെയ്യേണ്ടത് പിതാമഹാ? പറഞ്ഞുതരു! ഇങ്ങനെ ലോകം ആപത്തില്‍ നില്ക്കുന്ന കാലത്ത് രാജാവ് എന്തു ചെയ്യണം? എന്തു ചെയ്താലാണ് പരന്തപാ, അര്‍ത്ഥധര്‍മ്മക്ഷയം പറ്റാതിരിക്കുക?
ഭീഷ്മൻ പറഞ്ഞു: മഹാബാഹോ! ഞാന്‍ പറയാം. നാട്ടില്‍ യോഗക്ഷേമവും, നല്ല വൃഷ്ടിയുണ്ടാകുന്നതും, നാട്ടില്‍ രോഗങ്ങളും മരണവും ഉണ്ടായിത്തീരുന്നതും, ഭയപീഡകള്‍ ഉണ്ടാകുന്നതുമെല്ലാം രാജാവു കാരണമാണ്. നല്ല രാജാവ് ധാര്‍മ്മികമായ നല്ല ഭരണം കൈക്കൊളളുമ്പോള്‍ ആ നാട്ടില്‍ ഇത്തരം ബാധകളൊന്നും ഉണ്ടാവുകയില്ല. അല്ലയോ ഭരതര്‍ഷഭാ, കൃതത്രേതദ്വാപരകലികള്‍ രാജമുലകങ്ങളാണെന്നാണ് എന്റെ അഭിപ്രായം. അതില്‍ യാതൊരു സംശയവുമില്ല. നാട്ടുകാര്‍ക്കു ദോഷകരമായ കാലം വന്നു ചേര്‍ന്നാല്‍ വിജ്ഞാനബലത്തോടെ അന്നു ജീവിക്കേണ്ടതായി വരും. അതിന്നുദാഹരണമായി ഈ ഒരു പഴങ്കഥ നാട്ടില്‍ പറഞ്ഞു വരുന്നുണ്ട്. വിശ്വാമിത്രനും ചാളയില്‍ പാര്‍ക്കുന്ന ഒരു പറയനും തമ്മില്‍ നടന്ന സംഭാഷണമാണ് കഥാ വിഷയം.
പണ്ട് ത്രേതായുഗം അവസാനിച്ച് ദ്വാപരയുഗം തുടങ്ങുന്ന ആ കാലഘട്ടത്തില്‍, ആ യുഗസന്ധിയില്‍, പന്ത്രണ്ടു വര്‍ഷം ഭൂമിയില്‍ മഴ പെയ്യാതിരുന്നു. നാട്ടില്‍ ജനങ്ങള്‍ വര്‍ദ്ധിച്ചുവന്ന അക്കാലത്ത് യുഗാവസാനം വന്നടുത്തപ്പോള്‍ ദേവ്വേന്ദന്‍ മഴ വര്‍ഷിച്ചില്ല. വ്യാഴം വക്രഗതിയെ പ്രാപിച്ചു. ലക്ഷണപ്പിഴകള്‍ കണ്ടു. ചന്ദ്രന്റെ ഗതി ദക്ഷിണമാര്‍ഗ്ഗത്തിലൂടെയായി.
അക്കാലത്ത് മുടല്‍മഞ്ഞു പോലും ഇല്ലാതായി. മഴയുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ. പുഴകളിലെ വെള്ളമൊക്കെ വറ്റിവരണ്ടു. സരസ്സുകള്‍, സരിത്തുക്കള്‍, കിണറ്, കുളം, ചോല എന്നിവയൊന്നും വെളളമുള്ളതായിക്കണ്ടില്ല. എല്ലാം വറ്റി വരണ്ടുപോയി. ചെറിയ നീരൊഴുക്കുപോലുമില്ലാതായി. സഭകളും, സത്രങ്ങളുമൊക്കെ നടക്കാതായി. വഴിയമ്പലങ്ങളും ഈട്ടുപുരകളുമില്ലാതായി. യജ്ഞങ്ങളും സ്വാദ്ധ്യായങ്ങളും നിലച്ചു. ഒന്നും നടന്നില്ല. യൂപസംഭാരം മഹോത്സവങ്ങള്‍ എന്നിവയൊന്നും നടന്നില്ല. മന്നിലൊക്കെ അസ്ഥിക്കൂട്ടം ചിന്നിക്കാണുമാറായി..മഹാഭൂതങ്ങളുടെ ശബ്ദം മുഴുത്തു. നഗരങ്ങളൊക്കെ നിര്‍ജ്ജനമായി; ശൂന്യമായി ഗ്രാമങ്ങളും, ഗൃഹങ്ങളുമൊക്കെ അഗ്നിക്കിരയായി. ചില ദിക്കില്‍ ഘോരശസ്ത്രാഡ്യന്മാര്‍, ചില ദിക്കില്‍ ആതുരരായ രാജാക്കള്‍, ഇവര്‍ തമ്മില്‍ത്തമ്മില്‍ ഭയപ്പെട്ട ലോകം ശൂന്യപ്രായമായി. ദേവസാമീപ്യമില്ലാതെയായി. വൃദ്ധന്മാരൊക്കെ അവസാനിച്ചു. അന്യോന്യം ദ്രോഹിച്ചും, അപഹരിച്ചും, പശുക്കളും ആടുകളും പോത്തുകളുമെല്ലാം അവസാനിച്ചു. വിപ്രന്മാര്‍ ചത്തൊടുങ്ങി. രക്ഷ നശിച്ചു. ഓഷധികളൊക്കെ നശിച്ചു. മിക്കവാറും ഭൂമി മുഴുവന്‍ ഒരു ചുടലക്കാടായി മാറി.
ആ ഭയജനകമായ കാലത്ത്, ധര്‍മ്മം നശിച്ച കാലത്ത്, ഹേ യുധിഷ്ഠിരാ! വിശന്ന് മര്‍ത്ത്യരൊക്കെ എന്തു ചെയ്യണമെന്നറിയാതെ ഉഴറി. തമ്മില്‍ത്തമ്മില്‍ പിടിച്ചു കൊന്നു തിന്നുവാന്‍ തുടങ്ങി. മുനിമാരുടെ സംയമമൊക്കെ വിട്ടു, അഗ്നിദൈവതത്തെ ഉപേക്ഷിച്ചു. അവര്‍ ആശ്രമംവിട്ട് അങ്ങുമിങ്ങും ചുറ്റി നടന്നു.
അക്കാലത്ത് വിശ്വാമിത്ര മഹര്‍ഷി ഗത്യന്തരമില്ലാതെ ആശ്രമം ഉപേക്ഷിച്ചു വിശന്നുഴന്ന് കണ്ട ദിക്കിലൊക്കെ ചുറ്റിത്തിരിഞ്ഞ് ഒരു ആള്‍ക്കൂട്ടത്തില്‍ ഭാര്യയേയും പുത്രനേയും വിട്ടു നടന്നു. അഗ്നി ഗൃഹം വിട്ടു പോയി. ഭക്ഷ്യവും അഭക്ഷ്യവും അദ്ദേഹത്തിന്ന് തുല്യമായിത്തീര്‍ന്നു. അങ്ങനെ ചുറ്റി അലഞ്ഞു നടക്കുന്ന വിശ്വാമിത്ര മഹര്‍ഷി കാട്ടില്‍ മൃഗങ്ങളെ കൊന്നു തിന്നുന്ന ഹിംസ്രരായ പറയന്മാര്‍ താമസിക്കുന്ന ഒരു കുടിലില്‍ കയറിച്ചെന്നു.
ആ സ്ഥലം കണ്ടാല്‍ അറപ്പും വെറുപ്പും തോന്നിക്കും. ഉടഞ്ഞ മണ്‍കുടം ചുറ്റുപാടും ചിന്നിക്കിടക്കുന്നു. പട്ടികളുടെ തോല്‍ അവിടെയെങ്ങും ഇടകലര്‍ന്ന് കാണാം. കഴുതയുടേയും പന്നിയുടേയും തലയോടുകള്‍ ഉടഞ്ഞുത കര്‍ന്ന് ചിന്നിയിരിക്കുന്നു. ശവവസ്ത്രങ്ങള്‍ വിരിച്ചിട്ടും നിര്‍മ്മാല്യങ്ങളണിഞ്ഞും പാമ്പിന്‍ തോലുറ തൂക്കിയിട്ടുമുള്ള ഭീകരമായ കുടിലുകള്‍ അവിടെ വിശ്വാമിത്രന്‍ കണ്ടു. അവിടെ കോഴിക്കൂട്ടങ്ങള്‍ കൂകുന്നതും കഴുതകള്‍ ശബ്ദിക്കുന്നതും അദ്ദേഹം കേട്ടു. ക്രൂരവാക്കുകള്‍ വിളിച്ചുപറഞ്ഞ് ജനങ്ങള്‍ കലഹിക്കുന്നതാണ് ആ സ്ഥലം. അവിടെ ഒരു ദേവാലയം കണ്ടു. അതില്‍ കൂമനും നത്തും കരയുന്നു. അവിടെ ഓട്ടുമണി കെട്ടിയ ഒരമ്പലം കണ്ടു. നായ്ക്കൂട്ടം അവിടെ കൂടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. മുനീശ്വരനായ വിശ്വാമിത്രന്‍ ആ ഭീകരമായ പ്രദേശത്ത്, ആ അനാഥമായ അമ്പലത്തില്‍, കടന്നു ചെന്ന് വല്ലതും ഭക്ഷണത്തിന്ന് വകയുണ്ടോ എന്നന്വേഷിച്ചു. അവിടെ ഒന്നും കണ്ടില്ല. വിശ്വാമിത്രന്‍ അവിടെ ചുറ്റിത്തിരിഞ്ഞു. പലരോടും യാചിച്ചു. ഒരു ദിക്കില്‍ നിന്നും ഭക്ഷണത്തിന്ന് ഒന്നും കിട്ടിയില്ല. മാംസമോ, ചോറോ, കായോ, കിഴങ്ങോ മറ്റെന്തെങ്കിലുമോ ഒന്നും അദ്ദേഹത്തിന് ആരില്‍ നിന്നും ലഭിച്ചില്ല. അയ്യോ! ഞാന്‍! കഷ്ടപ്പെട്ടല്ലോ! വലഞ്ഞല്ലോ ഭഗവാനേ! എന്നു പറഞ്ഞ് കൗശികന്‍ ആ പറച്ചാളയില്‍ക്കയറിച്ചെന്ന് അവിടെ തളര്‍ന്നുവീണു!
അവിടെക്കിടന്ന് മുനി ചിന്തിച്ചു. ഇനി ഞാന്‍ എന്തുചെയ്യും? ജീവരക്ഷയ്ക്ക് എന്തു ചെയ്യണം! വെറുതെ ചാകാമോ? എന്തു ചെയ്താല്‍ പ്രാണന്‍ കിട്ടും? ഇങ്ങനെ യുധിഷ്ഠിരാ, ആ മഹാന്‍ ചിന്തിച്ചു കിടക്കുമ്പോള്‍ പറച്ചാളയുടെ പഴുതിലൂടെ ഉള്ളിലേക്കു നോക്കി. അപ്പോള്‍ അറുത്ത ഒരു നായയുടെ മാംസം, ഒരു നീണ്ട തുട, തുക്കിയിട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ വായില്‍ വെളളം വന്നു. അദ്ദേഹം വിചാരിച്ചു; കൊള്ളാം, ഈ നായയുടെ തുട കക്കുക തന്നെ! ജീവനെ നിലനിര്‍ത്തുവാന്‍ വേറെ ഉപായമൊന്നും കാണുന്നില്ല! ആപത്തില്‍ കളവു ചെയ്താലും തെറ്റില്ല. വലിയവനായാല്‍ ഒട്ടും തെറ്റില്ല. വിപ്രന്റെ ജീവരക്ഷയ്ക്ക് കട്ടാലും പാപമില്ലെന്നാണല്ലോ പ്രമാണം. ആദ്യം ഹീനനോടാകാം. പിന്നെ സമനോടുമാകാം. അത് അവരില്‍ നിന്നു കിട്ടിയില്ലെങ്കിലോ, പിന്നെ ധാര്‍മ്മികശ്രേഷ്ഠനോടു ചോദിച്ചു വാങ്ങാം. അന്ത്യാവസ്ഥയില്‍ ഞാന്‍ പ്രതിഗ്രഹമായി ഇതു കട്ടെടുക്കുവാനാണ് വിചാരിക്കുന്നത്. കക്കുന്നതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. ആട്ടെ, നായയുടെ തുട അപഹരിക്കുക തന്നെ. ഇപ്രകാരം തന്നത്താന്‍ പറഞ്ഞ് തന്റെ ബുദ്ധിയില്‍ ഉറപ്പിച്ച് വിശ്വാമിത്ര മഹര്‍ഷി ആ പറയന്റെ കുടിലില്‍ കുറേ നേരം കിടന്നു.
രാത്രി വളരെ ചെന്നു. പറയന്‍ നല്ല ഉറക്കമായി. ഭഗവാന്‍ മഹര്‍ഷി പതുക്കെ എഴുന്നേറ്റു. കുടിലിന്റെ ഉള്ളിലേക്കു പ്രവേശിച്ചു. ആ പറയന്‍ കഫം കെട്ടിയ തൊണ്ടയോടെ ചുമച്ച് ഉറങ്ങിക്കിടക്കെ അനക്കം കേട്ടപ്പോള്‍ ഞെട്ടി ഉണര്‍ന്നു. ആ ഘോരദര്‍ശനന്‍ വലിയ ഒച്ചയില്‍ പറഞ്ഞു. ആരാണ് ഈ മാംസത്തിന്റെ കൊറു പിടിച്ചിളക്കുന്നത്. പറച്ചാളയിലുളളവര്‍ കിടന്നുറങ്ങുമ്പോള്‍ ആര് അകത്തു കയറിവന്നു! ഞാന്‍ ഉണര്‍ന്നു കിടക്കുകയാണ്. ഞാന്‍ ഉറങ്ങിയിട്ടില്ല. നിന്റെ കഥ ഞാന്‍ ഇപ്പോള്‍ കഴിക്കും! നീ ചത്തതു തന്നെ" ആ പറയന്‍ ഇങ്ങനെ അലറിപ്പറഞ്ഞപ്പോള്‍ വിശ്വാമിത്രന്‍ ഭയപ്പെട്ടു പോയി. മുനി പെട്ടെന്നു നാണിച്ചു മുഖം താഴ്ത്തി, ദുഷ്കര്‍മ്മത്താല്‍ നടുങ്ങി, ഇപ്രകാരം പറഞ്ഞു: വിശ്വാമിത്രനാണ് ഞാന്‍. ആയുഷ്മാനേ! ഞാന്‍ വിശന്നു പൊരിഞ്ഞ് ഇവിടെ വന്നതാണ്. എന്നെ കൊല്ലല്ലേ! സല്‍ബുദ്ധേ, നീ നല്ല മുറ വല്ലതും കാണുകയാണെങ്കില്‍.
പറയന്‍ ആ ഭാവിതാത്മാവായ മുനി പറഞ്ഞത് കേട്ടയുടനെ കിടന്നിടത്തു നിന്നു ചാടി എഴുന്നേറ്റ് വെമ്പി മുനിയുടെ സമീപത്തു ചെന്നു. ആ പറയന്റെ കണ്ണില്‍ നിന്ന് അശ്രു ധാരധാരയായി ഒഴുകി. ബഹുമാനത്തോടെ മുനിയുടെ മുമ്പില്‍ തൊഴുകൈയോടെ നിന്ന് ആ രാത്രിയില്‍ കൌാശികനോടു ചോദിച്ചു: ഹേ ബ്രാഹ്മണാ! അങ്ങ് എന്താണ് ചെയ്യുന്നത്?
വിശ്വാമിത്രന്‍ സാന്ത്വനം ചെയ്ത് പറയനോടു പറഞ്ഞു: എടോ ചണ്ഡാളാ! ഞാന്‍ വിശന്ന് ചാകാറായി. ഞാന്‍ നായയുടെ കൊറു അപഹരിക്കുകയാണ്. വിശന്നു കഷ്ടപ്പെട്ടവനാണ് ഞാന്‍. ഭക്ഷണം അര്‍ത്ഥിക്കുന്ന കാര്യത്തില്‍ എന്റെ നാണമൊക്കെ വിട്ടു പോയിരിക്കുന്നു. എന്റെ വിശപ്പ് എന്നെ ദുഷിപ്പി ക്കുന്നു. ഞാന്‍ നായയുടെ തുട അപഹരിക്കുകയാണ്. എന്റെ പ്രാണന്‍ തളര്‍ന്നു പോകുന്നു. വിശപ്പിന്റെ ആധികൃത്തില്‍ ചെവി കേള്‍ക്കാതായിരിക്കുന്നു. ദുര്‍ബ്ബലനും സംജ്ഞ കെട്ടവനും, ഭക്ഷ്യാഭക്ഷ്യം നോക്കാത്തവനുമായിരിക്കുന്നു ഞാന്‍. അധര്‍മ്മമാണെന്നറിഞ്ഞിട്ടും ഞാന്‍ നായയുടെ തുട അപഹരിക്കുകയാണ്. ഞാന്‍ നിങ്ങള്‍ പാര്‍ക്കുന്ന ആലയില്‍ വന്നു ഭിക്ഷയാചിച്ചു. ആരും എനിക്കു തന്നില്ല. ഞാന്‍ എന്തു ചെയ്യും? അപ്പോഴാണ് പാപബുദ്ധിയായ ഞാന്‍ നായയുടെ കാലിന്റെ കൊറു കണ്ടെത്തിയത്. അതു കക്കുകയാണ് ഞാന്‍. ദേവന്മാര്‍ക്ക് മുഖമാണല്ലോ അഗ്നി. ആ അഗ്നിയാണ് പുരോഹിതന്‍. ശുചിയും, സഹനും, വിഭുവും, സര്‍വ്വഭുക്കുമാണ് ഞാന്‍. ബ്രഹ്മത്തെപ്പോലെ ഞാനും ധര്‍മ്മമാണെന്നു നീ ധരിക്കുക. ഇതു കേട്ട് ആ ചണ്ഡാലന്‍ പറഞ്ഞു: മഹര്‍ഷേ! എന്റെ വാക്ക് അങ്ങ് കേള്‍ക്കണേ! അതു കേട്ടതിന്നു ശേഷം ധര്‍മ്മത്തിന്ന് നാശം തട്ടാത്തവണ്ണം ഭവാന്‍ ഇഷ്ടമുള്ളത് ചെയ്തു കൊളളുക! വിപ്രര്‍ഷേ, അങ്ങയ്ക്കു ചേര്‍ന്ന ധര്‍മ്മം ഞാന്‍ പറയാം. അങ്ങ് കേള്‍ക്കുക. കുറുക്കനേക്കാള്‍ മോശമാണ് നായ എന്നാണ് ബുദ്ധിമാന്മാര്‍ പറയുന്നത്. അവന്റെ ദേഹത്തേക്കാള്‍ താഴെയാണ് നായയുടെ തുട. ഭവാന്റെ നിശ്ചയം നന്നല്ല. ധര്‍മ്മത്തിന്ന് ചേര്‍ന്നതല്ല. ചണ്ഡാലന്റെ ദ്രവ്യം ഹരിക്കുക എന്നത് ഒരു തെറ്റാ ണ്. രണ്ടാമത് ഭക്ഷണം മോഷ്ടിക്കുക എന്നതും തെറ്റാണ്. പ്രാണരക്ഷയ്ക്കു വേറെ നല്ല മാര്‍ഗ്ഗം വല്ലതുമുണ്ടോ എന്നു നോക്കണേ! മാംസക്കൊതി മൂലം അങ്ങയുടെ തപസ്സിന്ന് വിഘ്നം വരാതെ നോക്കണേ മഹര്‍ഷേ! ധര്‍മ്മം എന്തെന്നു നല്ല പോലെ അറിയാവുന്ന ഭവാന്‍ വിധിച്ച ധര്‍മ്മത്തിന്നു വിപരീതം ചെയ്ത് ധര്‍മ്മസങ്കരത്തിന്നിടവരുത്തല്ലേ? ധര്‍മ്മിഷ്ഠന്മാരില്‍ ഉത്തമനായ ഭവാന്‍ ധര്‍മ്മം ഉപേക്ഷിക്കരുതേ!
ചണ്ഡാലന്റെ ധര്‍മ്മോപദേശം കേട്ട്, ഹേ യുധിഷ്ഠിരാ! വിശന്നുഴന്ന കൗശികന്‍ വീണ്ടും പറഞ്ഞു: അല്ലയോ മഹാശയാ, ഭക്ഷണം കിട്ടാതെ വളരെക്കാലം ഞാന്‍ പാഞ്ഞു നടന്നു. പ്രാണരക്ഷയ്ക്ക് വേറെ ഉപായമൊന്നും കണ്ടെത്തിയില്ല. ഏതു മാകാം. വല്ല കര്‍മ്മത്താലും ജീവിക്കണം. തളര്‍ന്നവനാണു ഞാന്‍. കഴിവുണ്ടെങ്കില്‍ ധര്‍മ്മം പാലിക്കണം. ഐന്ദ്രമായ ധര്‍മ്മം ക്ഷത്രിയന്നുളളതാണ്. ബ്രാഹ്മണര്‍ക്ക് അഗ്നിയാണ് ധര്‍മ്മം. എനിക്ക് ബ്രഹ്മവഹ്നിയാണ് ബലം. ഞാന്‍ ക്ഷുത്തടങ്ങുമാറ് ഭക്ഷിക്കട്ടെ! എന്തായാലും ജീവിക്കുമെന്നുണ്ടെങ്കില്‍ അതു ചെയ്യണം. അതില്‍ വെറുപ്പുണ്ടാകരുത്. മരണത്തേക്കാള്‍ ഭേദമല്ലേ ജീവിതം? ജീവിച്ചിരിക്കുന്നവന്‍ വീണ്ടും ധര്‍മ്മം അനുഭവി ക്കും. അങ്ങനെയുള്ള ഞാന്‍ ജീവിതത്തിലുള്ള ആശ കൊണ്ട് അഭക്ഷ്യഭക്ഷണം ഭക്ഷിക്കുവാന്‍ തന്നെ തീര്‍ച്ചയാക്കി. ബുദ്ധിപൂര്‍വം ചിന്തിച്ച് അതില്‍ ഞാന്‍ ഉറച്ചിരിക്കുന്നു. അത് അങ്ങ് അനുവദിക്കണം. എന്തെങ്കിലും കഴിച്ച് ജീവനെ നിലനിര്‍ത്തിയതിന് ശേഷം ധര്‍മ്മം പ്രവര്‍ത്തിക്കാമല്ലോ. അപ്പോള്‍ അശുഭങ്ങളൊക്കെ നീക്കം ചെയ്യാം. ജ്യോതിസ്സ് ഇരുട്ടിനെ നീക്കുന്നതു പോലെ തപസ്സാലും വിദ്യയാലും ഞാന്‍ ഇതുകൊണ്ടുള്ള പാപമൊക്കെ നീക്കാം.
ചണ്ഡാലന്‍ പറഞ്ഞു: ബ്രാഹ്മണന്‍ പട്ടിയെത്തിന്നാല്‍ അവന്ന് എങ്ങനെ ദീര്‍ഘായുസ്സുണ്ടാകും? അപത്ഥ്യമായ ആഹാരം കഴിച്ച് ചാകാന്‍ ഇടയാകരുത്. മനസ്സിന്നു പീയുഷം പോലെ ഹേ ഭൂദേവാ, അങ്ങയ്ക്ക് തൃപ്തിയുണ്ടാകുമോ ഇതു തിന്നാല്‍? വേറെ എന്തെങ്കിലും ആഹാരത്തിന്നുള്ള മാര്‍ഗ്ഗം നോക്കൂ. നായയെ തിന്നാന്‍ അങ്ങ് ആഗ്രഹിക്കരുതേ. ദ്വജന്മാര്‍ക്ക് തിന്നാന്‍ പാടില്ലാത്ത ഭക്ഷണമാണ്.
വിശ്വാമിത്രന്‍ പറഞ്ഞു: ഈ ദുർഭിക്ഷ കാലത്ത് വേറെ മാംസമൊന്നും കിട്ടുകയില്ല. മറ്റൊരു ആഹാരവും കിട്ടാന്‍ വഴി കാണുന്നില്ല. അല്ലയോ ശ്വപാകാ,-വേറെ വല്ലതും വാങ്ങാന്‍ എന്റെ കൈയില്‍ വിത്തവുമില്ല. ഞാന്‍ വിശന്ന് ഗതികെട്ടു നിരാശനായിട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. നായ് മാംസത്തില്‍ ആറു വിധം രസവും ഉളളതായി ഞാന്‍ കൊതിക്കുന്നു.
ചണ്ഡാലന്‍ പറഞ്ഞു: ബ്രാഹ്മണക്ഷത്രിയവൈശ്യന്മാര്‍ക്കു വിധിച്ചിട്ടുള്ള മാംസം അഞ്ചു തരം. അഞ്ചു നഖമുള്ള ജാതി ജീവികളാണ്. അങ്ങയ്ക്കു ശാസ്ത്രം പ്രമാണമാണെങ്കില്‍ ഈ നായയെ തിന്നാന്‍ കൊതിക്കരുത്. ശാസ്ത്രനിഷിദ്ധമായ വസ്തുവാണല്ലോ ഇത്!
വിശ്വാമിത്രന്‍ പറഞ്ഞു: എടോ പറയാ! നിനക്കെന്തറിയാം! വിശന്ന അഗസ്ത്യ മഹര്‍ഷി പണ്ട് വാതാപി എന്ന അസുരനെ തിന്നതു നീ കേട്ടിട്ടില്ലേ? ഞാന്‍ ആപത്തില്‍പ്പെട്ട് വിശന്നവനായിരിക്കുന്നു. ഞാനീ നായയുടെ ചന്തി ഒന്നു തിന്നോട്ടെ!
ചണ്ഡാലന്‍ പറഞ്ഞു: മഹര്‍ഷേ! അങ്ങ് വേറെ എന്തെങ്കിലും നേടുവാന്‍ ശ്രമിക്കുക. അങ്ങ് ഇതു ചെയ്യരുത്. നായയുടെ മാംസം ഭക്ഷിക്കരുത്.
വിശ്വാമിത്രന്‍ പറഞ്ഞു: ശിഷ്ടന്മാര്‍ ധർമ്മകർത്താക്കളാണ്. അവരുടെ ജീവിതമാണ് ഞാന്‍ സ്വീകരിക്കുന്നത്. ആ നിലയ്ക്ക് നായയെ തിന്നുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.
ചണ്ഡാലന്‍ പറഞ്ഞു: അസത്തുക്കളുടെ ആചാരം ഒരു ശാശ്വതധര്‍മ്മമായി വരികയില്ല. അസാധാരണ സന്ദര്‍ഭങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ ആചാരമായി കരുതുവാന്‍ പാടില്ല. അതു കൊണ്ട് ആ കാര്യങ്ങള്‍ ചെയ്യരുത്. ബ്രാഹ്മണര്‍ മറ്റു മൂന്നു ജാതിക്കാര്‍ക്കൂം മാതൃക കാണിച്ചു കൊടുക്കേണ്ടവരാണ്. തെറ്റു ചെയ്ത് അത് അങ്ങനെയല്ലെന്ന് വ്യാജം പറഞ്ഞ് മഹാപാപത്തിന്നു പാത്രമാകരുത്.
വിശ്വാമിത്രന്‍ പറഞ്ഞു: പാപവും, നിന്ദാകര്‍മ്മവും മുനിയായവന്‍ ചെയ്യരുത്, നായയും, മാനും തുല്യമായിട്ടെ എനിക്ക് കാണുവാന്‍ കഴിയു. അതുകൊണ്ട് നായയുടെ കൊറുവോ, മാനിന്റെ കൊറുവോ, ഏതായാലും കൊളളാം, ഞാന്‍ അതില്‍ സമമായേ ദര്‍ശിക്കുന്നുള്ളു. ഇപ്പോള്‍ കിട്ടാന്‍ എളുപ്പം നായയുടെ കൊറുവാകയാല്‍ അത് തിന്നാം.
ചണ്ഡാലന്‍ പറഞ്ഞു: അന്ന് ആ അഗസ്ത്യ മഹര്‍ഷി വിപ്രന്മാര്‍ക്കു വേണ്ടി അതു ചെയ്തു. അത് വേണ്ട ഒരു കാര്യമായിരുന്നു. ആ ധര്‍മ്മം ആ സന്ദര്‍ഭത്തില്‍ പാപമല്ല. (വാതാപിയെ ഭക്ഷിച്ചത്). എല്ലാ വിധത്തിലും ഗുരുജനങ്ങളെ പാലിക്കണമല്ലോ.
വിശ്വാമിത്രന്‍ പറഞ്ഞു: ഞാന്‍ ഒരു ബ്രാഹ്മണനാണ്. എന്റെ ഈ ശരീരം എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്താണ്. അത് എനിക്കു വേണ്ടതും സേവനത്തിന്നുളളതുമാണ്. ആ ദേഹത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഞാന്‍ നായയുടെ മാംസം ഭക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ നിന്ന് ഇനി പിന്മാറുവാന്‍ വിചാരിക്കുന്നില്ല. ഞാന്‍ ഇക്കാര്യത്തില്‍ നിന്നേയോ, നിന്റെ ക്രൂരന്മാരായ കൂട്ടുകാരേയോ ഭയപ്പെടുന്നില്ല.
ചണ്ഡാലന്‍ പറഞ്ഞു: മനുഷ്യര്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിക്കാറുണ്ട്. എന്നാല്‍ വൃത്തികെട്ട ഭക്ഷണത്തിന്നു വേണ്ടി മനുഷ്യരാരും പ്രാണന്‍ കളഞ്ഞതായിക്കേട്ടിട്ടില്ല. മഹാത്മാക്കള്‍ വിശപ്പു സഹിച്ച്, ഭക്ഷണം ഉപേക്ഷിച്ച് അവരുടെ ദൃഢമായ നിശ്ചയത്താല്‍ കാമങ്ങള്‍ നേടിയിട്ടുണ്ട്. അങ്ങയും വിശപ്പിനെ കീഴടക്കി ആ മഹത്വത്തെ പ്രാപിക്കൂ!
വിശ്വാമിത്രന്‍ പറഞ്ഞു; എന്നെപ്പറ്റി പറയുകയാണെങ്കില്‍ ഞാന്‍ ധര്‍മ്മതത്ത്വങ്ങളെ അനുസരിക്കുന്നവനാണ്. എന്റെ ഹൃദയം ശാന്തിയില്‍ സ്ഥിതി ചെയ്യുന്നുമുണ്ട്. ധര്‍മ്മശാസനങ്ങളുടെ മൂലത്തെ സംരക്ഷിക്കുന്നതിന്നു വേണ്ടി ജീവിക്കുവാനാണ് ഞാന്‍, അശുദ്ധമായ ഈ ആഹാരം കഴിക്കുവാന്‍ തീരുമാനിച്ചത്. പുണ്യാത്മാവില്‍ ഈ അശുദ്ധാഹാരത്തിന്റെ ദോഷം ബാധിക്കുവാന്‍ പോകുന്നില്ല. അശുദ്ധാത്മാക്കള്‍ക്ക് നായയുടെ മാംസം തിന്നുന്നതു പാപമായി തോന്നിയേക്കാം. ഞാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന തീരുമാനം കൊണ്ട്, ശുനകമാംസം തിന്നുന്നതു കൊണ്ട്, ഞാന്‍ ഒരിക്കലും നിന്നോടു തുല്യനായിത്തീരുമെന്ന് വിചാരിക്കേണ്ടാ.
ചണ്ഡാലന്‍ പറഞ്ഞു: അങ്ങയെ ഈ പാപത്തില്‍ നിന്നു വല്ല വിധത്തിലും പിന്‍തിരിപ്പിക്കണമെന്ന നിശ്ചയത്തോടെ പറഞ്ഞതാണ്. ബ്രാഹ്മണന്‍ ദുഷ്കര്‍മ്മം ചെയ്താല്‍ അവന്‍ അവന്റെ ഉന്നതമായ നിലയില്‍നിന്നു വീണുപോവുകയില്ലേ? അതുകൊണ്ടാണ് ഞാന്‍ അങ്ങയെ ആക്ഷേപിച്ചു സംസാരിച്ചത്.
വിശ്വാമിത്രന്‍ പറഞ്ഞു: പശുക്കള്‍ പൊയ്കയിലിറങ്ങി വെളളം കുടിക്കും. അവിടെ കിടന്നു തവളകള്‍ ചിലയ്ക്കുന്നത് അവ കണക്കിലെടുക്കാറില്ല. തെറ്റോ ശരിയോ എന്നു വിധിക്കുവാനുള്ള ധര്‍മ്മാധികാരം, അവകാശം, എടോ പറയാ, നിനക്ക് ഇല്ല. നീ ആത്മപ്രശംസയില്‍ നിന്നു പിന്‍തിരിക്കൂ!
ചണ്ഡാലന്‍ പറഞ്ഞു: അങ്ങ് എന്റെ ഒരു സുഹൃത്തായിരിക്കുന്നു. ഈ സ്നേഹം ഒന്നു കൊണ്ടു മാത്രം ഞാന്‍ നന്മ പറഞ്ഞതാണ്. വൈദികാധികാരം കൊണ്ടു പറഞ്ഞതല്ല. നല്ലതു ചെയ്യുക! ശ്രേയസ്സു നേടുക. ലോഭം മൂലം പാതകം ചെയ്യാതിരിക്കുക!
വിശ്വാമിത്രന്‍ പറഞ്ഞു: നീ എന്റെ സുഖത്തില്‍ കാംക്ഷിക്കുന്ന ഒരു സുഹൃത്താണെങ്കില്‍ എന്നെ ഈ ആപത്തില്‍ നിന്നു കരകയറ്റുകയാണു വേണ്ടത്. ഞാന്‍ എന്നെ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ രക്ഷപ്പെട്ടതായി അറിയട്ടെ! നീ ആ നായയുടെ കൊറു ഇങ്ങു വിട്ടുതരൂ!
ചണ്ഡാലന്‍ പറഞ്ഞു: അങ്ങയ്ക്ക് ഈ നായമാംസം സംഭാവന ചെയ്യുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. എന്റെ ഭക്ഷണമായ അത് അങ്ങ് അപഹരിക്കുവാന്‍ വിചാരിക്കുകയാണെങ്കില്‍ വിട്ടു തരുവാനും വിചാരിക്കുന്നില്ല. അങ്ങ് ഒരു വിപ്രനാണ്. അങ്ങയ്ക്കു നായ മാംസം ഞാന്‍ അറിഞ്ഞു കൊണ്ടു തന്നാല്‍ ഞാന്‍ നരകത്തിലാകും. തെറ്റായ കര്‍മ്മം ചെയ്യുകയാല്‍ അങ്ങയും നരകത്തില്‍ ചെന്നു വീഴും. കൊടുക്കുന്നവനും വാങ്ങുന്നവനും നരകത്തില്‍ വീഴുന്ന ദാനം ആരെങ്കിലും ചെയ്യുമോ?
വിശ്വാമിത്രന്‍ പറഞ്ഞു: എടോ ചണ്ഡാലാ, ഞാന്‍ നിന്നോട് ഒന്നു ചോദിച്ചോട്ടെ! നായയുടെ മാംസം തിന്നുന്നത് മഹാപാപമാണ് എന്നു തന്നെ വെയ്ക്കുക. അതു കഴിച്ച് എന്റെ ജീവന്‍ കിട്ടുന്നതായാല്‍ ഞാന്‍ പിന്നീട് സ്വപരിശ്രമത്താല്‍ പരിശുദ്ധി നേടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇടവരും. തിന്നില്ലെങ്കിലോ ഇങ്ങനെ കിടന്നു ചാകും. അപ്പോള്‍ നായമാംസം തിന്നാതെ ചത്തുപോകുന്നതോ, നായമാംസം തിന്നു ജീവിച്ചിരുന്ന് പരിശുദ്ധകര്‍മ്മം ആശ്രയിച്ചു നന്മചെയ്യുന്നതോ, ഏതാണ് ഇവ രണ്ടിലും വെച്ചു കൂടുതല്‍ മെച്ചപ്പെട്ടതെന്നു പറയൂ.
ചണ്ഡാലന്‍ പറഞ്ഞു: കുലധര്‍മ്മത്തിന്റെ ക്രിയയ്ക്കു സാക്ഷി ആത്മാവാണ്. അതില്‍ ഭവാന്‍ പാതകമില്ലെന്നു വിശ്വസിക്കുന്നു. നായയുടെ മാംസം തിന്നുവാന്‍ ഇച്ഛിക്കുന്നവന്നു പിന്നെ വര്‍ജ്ജിക്കേണ്ടതായി ഒന്നും ലോകത്തില്‍ ഉണ്ടായിരിക്കു യില്ല.
വിശ്വാമിത്രന്‍ പറഞ്ഞു; അശുദ്ധമായ സംഭാവന വാങ്ങുന്നതില്‍ പാപമുണ്ടെന്ന് എനിക്കറിയാം. അതുപോലെ അശുദ്ധമായ ആഹാരം കഴിക്കുന്നതിലുമുണ്ട് പാപം. എന്നാല്‍ ഒരുത്തന്റെ ആയുസ്സ് അപകടത്തില്‍പ്പെട്ട സന്ദര്‍ഭത്തില്‍ അത്തരം അശുദ്ധമായ സംഭാവന സ്വീകരിക്കുന്നതിലും, അശുദ്ധമായ ഭക്ഷണം കഴിക്കുന്നതിലും പാപമില്ല. ഹിംസയ്ക്കും അനൃതത്തിന്നും അവിടെ പ്രസക്തിയില്ല. ചിലര്‍ ആക്ഷേപം പറഞ്ഞേക്കും. അതു കാര്യമാക്കേണ്ടതില്ല.
ചണ്ഡാലന്‍ പറഞ്ഞു: ഇതാണ് അഭക്ഷ്യഭക്ഷണം കഴിക്കുന്നതില്‍ അങ്ങയ്ക്കു പ്രമാണമെങ്കില്‍ ഒന്നു തീര്‍ച്ചയാണ്, അങ്ങു വേദത്തേയും ആര്യന്മാരുടെ സല്‍സ്വഭാവത്തേയും മാനിക്കുന്നില്ല. അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഇങ്ങനെയാണ് ഭവാന്റെ ചിന്താഗതിയെങ്കില്‍ അങ്ങയ്ക്കു ഭക്ഷ്യവും അഭക്ഷ്യവും ഒപ്പമാണ്. അതില്‍ ദോഷം കാണുന്നില്ല. അന്തരവും ഇല്ല.
വിശ്വാമിത്രന്‍ പറഞ്ഞു: പാടില്ലാത്ത ആഹാരം കഴിച്ചാല്‍ അവന്‍ പാപത്തില്‍പ്പെടുന്നതായി ഞാന്‍ കാണുന്നില്ല. മദ്യം കഴിച്ചു വീഴുന്നത് സദാചാര വിരുദ്ധമാണെന്നു പൊതുജനങ്ങള്‍ വിധിക്കുന്നു. മറ്റു കാര്യങ്ങളും അങ്ങനെ തന്നെയാണ്. അതു കൊണ്ടു പാപത്താല്‍ ഒരുത്തന്റെ സകല മേന്മയും നശിച്ചു പോ കും എന്നു വിചാരിക്കരുത്.
ചണ്ഡാലന്‍ പറഞ്ഞു: ജ്ഞാനിയായ പുരുഷന്‍ അവിശ്വാസ്യമായ ഇടത്തു നിന്ന് നായയുടെ മാംസം എടുത്താല്‍, വൃത്തികെട്ട എന്നെപ്പോലെയുള്ളവനില്‍ നിന്ന് സ്വീകരിച്ചാല്‍, ആ കര്‍മ്മം ആരും പ്രശംസിക്കുന്നതല്ല. അതിന്റെ ഫലമായി വീണ്ടും അവന്‍ പശ്ചാത്താപത്തില്‍ മുഴുകി കഷ്ടപ്പെടേണ്ടതായി വന്നു കൂടും.
ഭീഷ്മൻ പറഞ്ഞു: ആ ചണ്ഡാലന്‍ ഇപ്രകാരം പറഞ്ഞ് ആ കൗശികന്റെ മുമ്പില്‍ മൗനമായി നിന്നു. വിശ്വാമിത്രന്‍ വിശ്വാസത്തോടെ ആ നായയുടെ തുട കൈയിലാക്കി. ജീവിതം നിലനിര്‍ത്തുന്നതിന്നു വേണ്ടി വിശ്വാമിത്രന്‍ ആ നായമാംസം എടുത്ത് കാട്ടിലേക്കു നടന്നു. അവിടെ ചെന്ന് അദ്ദേഹം ഭാര്യയോട് അവളുടെ ജീവരക്ഷയ്ക്കു വേണ്ടി അതു തന്നോടൊപ്പം തിന്നു കൊളളുവാന്‍ പറഞ്ഞു. ഉടനെ അദ്ദേഹത്തിന്ന് ഒരു ബുദ്ധി തോന്നി. എന്തായാലും നായമാംസമാണ് താന്‍ തിന്നുന്നത്. എങ്കിലും അതു വിധിപ്രകാരം ദേവകളെ തര്‍പ്പിച്ചതിന്നു ശേഷം തിന്നുന്നതാണ് ഉത്തമം എന്ന് അദ്ദേഹം ചിന്തിച്ചു.
പിന്നെ വിശ്വാമിത്രന്‍ അഗ്നിയുണ്ടാക്കി. വിധിപ്രകാരം അത് അഗ്നിയില്‍ വേവിച്ചു. ഹോമാന്നമാക്കി അതില്‍ ഐന്ദ്രാഗ്നേയ വിധിപ്രകാരം ഹോമിച്ചു. പിന്നെ ദൈവം, പിത്ര്യം എന്നീ കര്‍മ്മങ്ങള്‍ ചെയ്തു. അതിലേക്ക് ഇന്ദ്രാദിദേവന്മാരെ ഭോഗംപോലെ, വിധിക്രമംപോലെ, ആഹ്വാനംചെയ്തു.
ഇങ്ങനെ വിശ്വാമിത്രന്‍ നായമാംസംകൊണ്ട് ചരു ഉണ്ടാക്കി ദേവാദികളെ വിധിപ്രകാരം തര്‍പ്പിച്ചു. ഈ കര്‍മ്മം ചെയ്ത് കൗശി കന്‍ ആ ഹവിസ്സ് അങ്ങനെ അനുഭവിച്ച്, ആ ദ്വിജസത്തമന്‍ പിതൃദേവതകളെ തൃപ്തിപ്പെടുത്തി. ആ സമയത്ത് ഇന്ദ്രന്‍ ആകാശത്തുനിന്ന് വര്‍ഷം പൊഴിച്ചു. പ്രജകളെ ജീവിപ്പിക്കുവാനുള്ള ഔഷധികള്‍ മുളപ്പിച്ചുണ്ടാക്കി. ഭഗവാന്‍ വിശ്വാമിത്രന്‍ തപസ്സു കൊണ്ട് പാപം നീങ്ങിയവനായി കാലത്താല്‍ അത്ഭുതകരമായ വലിയ സിദ്ധി നേടുകയും ചെയ്തു.
ഇപ്രകാരം പണ്ഡിതനായ മനുഷ്യന്‍ ആപത്തില്‍ സര്‍വ്വ ഉപായങ്ങള്‍ കൊണ്ടും ആത്മാവിനെ ഉദ്ധരിക്കണം. ഈ ബുദ്ധി ഉളളില്‍ വെച്ചു തന്നെ എപ്പോഴും ജീവിക്കണം. അങ്ങനെ ജീവിച്ചാല്‍ പുണ്യം നേടും, പുരുഷന്‍ ആപത്തില്‍ നിന്നു മുക്തനാവുകയും ചെയ്യും. അതു കൊണ്ട് ഹേ യുധിഷ്ഠിരാ! പണ്ഡിതന്‍ ധര്‍മ്മാധര്‍മ്മങ്ങളെപ്പറ്റി തന്റെ ബുദ്ധികൊണ്ടു നിരൂപിച്ചറിഞ്ഞ് ധൈരൃത്തോടെ, ഉറപ്പോടെ, ജീവിക്കണം.
അദ്ധ്യായം 142. രാജധര്‍മ്മനിശ്ചയം - യുധിഷ്ഠിരന്‍ പറഞ്ഞു: വിശ്വസിക്കുവാന്‍ സാധിക്കാത്ത വിധം വഞ്ചന പോലെ ക്രൂരകര്‍മ്മം നടമാടുമ്പോള്‍ ആ ആപത്തിനെ തട്ടി നീക്കുവാന്‍ ഞാന്‍ ഏതു നിലയാണ് ദസ്യുക്കളോട് സ്വീകരിക്കേണ്ടത്? ഏതു മര്യാദയാണ് ഞാന്‍ അവരോട് എടുക്കേണ്ടത്? പിതാമഹാ! ഞാന്‍ ഉഴലുന്നു. ഞാന്‍ കുഴങ്ങുന്നു. എന്നെ ബന്ധിച്ചിരിക്കുന്ന ധര്‍മ്മം എന്നിൽ ശിഥിലമായിരിക്കുന്നു. എന്റെ മനസ്സിനെ ശാന്തമാക്കുവാന്‍ എനിക്കു കഴിയുന്നില്ല. അങ്ങു നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം അവലംബിക്കുവാനും എന്റെ മനസ്സു ശക്തമായിക്കാണുന്നില്ല.
ഭിഷ്മന്‍ പറഞ്ഞു; ഞാന്‍ നിനക്ക് ഉപദേശിച്ച ധര്‍മ്മം വേദത്തില്‍ നിന്നു പകര്‍ത്തിയതു മാത്രമല്ല, വേദത്തില്‍ മാത്രം കേട്ടറിഞ്ഞതുമല്ല. അതു ബുദ്ധിയില്‍ നിന്നും ലോകപരിജ്ഞാനത്തില്‍ നിന്നും നേരിട്ട് അനുഭവം കൊണ്ടറിഞ്ഞു സമ്പാദിച്ചതാണ്. ഈ ജ്ഞാനമാകുന്ന മധു ലോകത്തില്‍ നിന്നു മഹാശയന്മാര്‍ സമ്പാദിച്ചതാണ്. അവരുടെ ലോകപരിജ്ഞാനത്തില്‍ നിന്ന് സമ്പാദിച്ചതാണ്. രാജാവും പലേ മാര്‍ഗ്ഗങ്ങളില്‍ നിന്നും ജ്ഞാനം, ബുദ്ധിപൂര്‍വ്വം നേടണം. ഒരുത്തന്റെ ജീവിതയാത്ര ധര്‍മ്മാനുസരണം, ഗ്രന്ഥത്തില്‍ കണ്ട മാതിരി മാത്രം അനുഷ്ഠിച്ചു നിര്‍വ്വഹിക്കുവാന്‍ സാധിക്കുകയില്ല. ധര്‍മ്മം എന്നത് ബുദ്ധിയില്‍ നിന്നാണ് ഉദിക്കുക. അതില്‍ നന്മതിന്മകളെ ചിന്തിച്ചു നന്മയെ മുറുകെപ്പിടിക്കുക. തിന്മയെ വിടുക. അല്ലയോ കുരുനന്ദനാ! എന്റെ വാക്കു നീ കേള്‍ക്കുക. നല്ല ബുദ്ധിമാനായ രാജാവിനേ ഭരണഭാരം വഹിക്കുവാന്‍ കഴിയുകയുള്ളൂ. വിജയപൂര്‍വ്വം ഭരണം നടത്തുവാ൯ ആഗ്രഹിക്കുന്നവന്‍ ബുദ്ധിപൂര്‍വ്വം ധര്‍മ്മം ഗ്രഹിക്കുകയും പലതില്‍ നിന്നും ജ്ഞാനം നേടുകയും വേണം. പല ശാഖയോടു കൂടിയ ധര്‍മ്മത്തില്‍ നിന്ന് രാജധര്‍മ്മം എന്തെന്ന് അറിയണം. മുമ്പെ പ്രജ്ഞ നേടിയില്ലെങ്കില്‍ രാജാവ് അപ്രാപ്തനാകും. ദുര്‍ബ്ബലന് പിന്നീടു നേടാന്‍ കഴിയാതാകും. പലതും കണ്ടു പഠിച്ച് പല അനുഭവങ്ങളും അറിഞ്ഞ് ബുദ്ധിമാനായ രാജാവ് ധര്‍മ്മത്തെപ്പറ്റി നല്ല ജഞാനവാനായില്ലെങ്കില്‍ ഭരണ കാരൃത്തില്‍ അവന്‍ കെല്‍പുളളവനാവുകയില്ല. അവന്നു ബുദ്ധി പൂര്‍വ്വം നീതി നടത്തുവാന്‍ കഴിയാതെ വരും.
സത്യം അസത്യത്തിന്റെ രൂപത്തിലും അസത്യം സത്യത്തിന്റെ രൂപത്തിലും പ്രത്യക്ഷമായേക്കും. രാജാവ് സത്യാസത്യങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും വേര്‍തിരിച്ചറിയുവാന്‍ കഴിയാത്തവനായിക്കൂടാ. അതു കൊണ്ട് ഇത്തരം വിവേചന കാര്യങ്ങളില്‍ മുന്‍പരിചയം ആവശ്യമാണ്. അരികില്‍ പിടിച്ചുനിറുത്തി സത്യത്തേയും, അസതൃത്തേയും പ്രത്യക്ഷമായി വെളിവാക്കണം. വേഷം മാറി നില്ക്കുന്നവന്റെ വേഷങ്ങളെയൊക്കെ മാറ്റി ശരിയായ രൂപം പ്രത്യക്ഷമാക്കണം. പ്രജകള്‍ക്കു മനസ്സിലാക്കിക്കൊടുത്തില്ലെങ്കില്‍ പ്രജകള്‍ രാജാവു നടത്തുന്ന ധര്‍മ്മത്തെക്കുറിച്ച് തെറ്റിദ്ധരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യും.
ചിലര്‍ ശരിയായ അറിവുള്ളവരാകാം; ചിലര്‍ മിഥ്യാജ്ഞാനികളാകാം. സജ്ജനങ്ങളെ ശരിക്കും ബോദ്ധ്യമാക്കേണ്ടതുണ്ട്. ധര്‍മ്മം തെറ്റിനടക്കുന്നവര്‍ ശാസ്ത്രങ്ങളെത്തന്നെ ദുഷിച്ചു സംസാരിക്കും. ചില തലതിരിഞ്ഞ കൂട്ടര്‍ എഴുതി വെച്ചിട്ടുള്ളതാണ് ഇത് എന്നു ദുഷിക്കും. ചിലര്‍ ശാസ്ത്രങ്ങളില്‍ മായം ചേര്‍ക്കും, അപഹരണം നടത്തും.
അര്‍ത്ഥശാസ്ത്രം തന്നെ തെറ്റാണെന്നു ചില അനര്‍ത്ഥവാ ദികള്‍ കൊട്ടിഘോഷിക്കും. വിദ്യോപജീവനത്തിന്ന് ഉദൃമിക്കുന്നവര്‍ കീര്‍ത്തിയെ കാമിക്കുന്നു. രാജാവേ, അവര്‍ പാപിഷ്ഠരാ ണെന്നും ധര്‍മ്മത്തിന്റെ ശത്രുക്കളാണെന്നും ധരിക്കണം. ബുദ്ധിയുടെ സമനില തെറ്റിയ വിഡ്ഡികള്‍ക്കു ശരിക്കുള്ളത് എന്താണെന്ന് അറിയുകയില്ല. ശാസ്ത്രജ്ഞാനമില്ലാത്തവര്‍ എല്ലായിടത്തും യുക്തിവാദികളായി കാണുന്നു. അവര്‍ ശാസ്ത്രങ്ങളെ വിശ്വസിക്കരുതെന്നും ശാസ്ത്രം മുഴുവന്‍ തെറ്റാണെന്നും ഘോഷിക്കുന്നു. ശരിക്കും അറിഞ്ഞ വിദ്യയുടെ അര്‍ത്ഥം തന്നെ അസംബന്ധം എന്നു ഘോഷിക്കുവാന്‍ ഇത്തരക്കാര്‍ മടിക്കുകയില്ല. സമര്‍ത്ഥനായ അന്യന്റെ വിദ്യയെ നിന്ദിക്കുകയും തന്റെ വിദ്യയെ ഇത്തരക്കാര്‍ പ്രശംസിക്കുകയും ചെയ്യും. ഇവര്‍ വാക്കാകുന്ന ശസ്ത്രം പ്രയോഗിക്കുന്നവരാണ്. വാക് ശരം കൊണ്ടുള്ള ക്രൂരപ്രയോഗം അവര്‍ നടത്തും. വിദ്യാഫലങ്ങള്‍ നശിപ്പിക്കുവാന്‍ ഉദ്യമിക്കുന്നവരാണ് അവര്‍. വിദ്യ കൊണ്ടു കച്ചവടംനടത്തുന്ന വാണിഭക്കാരാണ്. ശരിക്കും വിദ്യയുടെ നാഥന്മാരാണ് തങ്ങള്‍ എന്ന് അവര്‍ ആഭിമാനിക്കുന്നു. ഇത്തരക്കാരെ രാക്ഷസതുല്യരായി വിചാരിക്കണം. ഇത്തരക്കാരുടെ വ്യാജവ്യാപാരം മൂലം സജ്ജനപ്രോക്തമായ ധര്‍മ്മം നശിച്ചു പോകുന്നു രാജാവേ! ഒരുത്തന്റെ വാക്കു കൊണ്ടല്ല, നാം ധര്‍മ്മം കേള്‍ക്കുന്നത് എന്നുള്ള ബൃഹസ്പതിയുടെ തത്ത്വം വാസവന്‍ സ്വയം നിശ്ചയിച്ചുറച്ചു.
കാരണം കൂടാതെ വേദവാക്യങ്ങളൊന്നും നിര്‍മ്മിച്ചിട്ടില്ലെന്നു ജ്ഞാനികള്‍ പറയുന്നു. നീതിശാസ്ത്രം അറിഞ്ഞവര്‍ തന്നെ വേദശാസ്ത്രത്തെ അനുസരിക്കുന്നില്ല. ബുദ്ധിമാന്മാര്‍ പറയുന്നു, നാട്ടുനടപ്പാണ് ധര്‍മ്മാചാരമെന്ന്. സജ്ജനങ്ങളുടെ ആചാരമാണ് ധര്‍മ്മമെന്നു പണ്ഡിതന്മാര്‍ ഈഹിക്കുന്നു.
ശരിയായ ജ്ഞാനമുളളവന്നറിയാം ധര്‍മ്മസംഹിത എഴുതി വെച്ചിട്ടുള്ളത് മനുഷ്യരുടെ നന്മയ്ക്കാണെന്ന്. ബുദ്ധിമാനായ മനുഷ്യനായാലും അവനെ വിദ്വേഷം, പരിഭ്രമം, അജ്ഞാനം, ദൂര്‍ഗ്രാഹൃത എന്നിവ ബാധിച്ചാല്‍ അവന്റെ തത്ത്വപ്രസംഗങ്ങള്‍ കൊണ്ടു യാതൊരു ഫലവും ഉണ്ടാകുന്നതല്ല. അതു കൊണ്ട് ശാസ്ത്രം കെട്ടു പോകുന്നു. ആഗമങ്ങള്‍ ഗ്രഹിച്ച ബുദ്ധിമാന്റെ വാക്കു പ്രശസ്തമായിത്തീരും. അജ്ഞാനത്തെ നീക്കുന്ന വാകൃ ങ്ങള്‍ പ്രശംസാര്‍ഹമാകും. പണ്ട് സംശയം ചോദിച്ചു വന്ന ദൈത്യന്മാരോട് ശുക്രന്‍ ഉപദേശിച്ചത് ശ്രദ്ധേയ കാര്യമാ ണ്. വേണ്ടാത്ത ദിക്കില്‍ ജ്ഞാനം കൊണ്ടു പ്രയോജനമില്ല. സംശയത്തോടു ചേര്‍ന്ന ജ്ഞാനവും അജ്ഞാനവും ആപല്‍ക്കരമാണ്. സംശയത്തെ വേരോടെ പിഴുതുനീക്കണം.
എന്റെ ഈ വാക്ക് നീ കൈക്കൊള്ളുക. ഇല്ലെങ്കില്‍ അത് അയുക്തമായിത്തീരും. നീ ഉഗ്രമായ ക്രിയ ചെയ്യുവാന്‍ വിധിയാല്‍ സൃഷ്ടിക്കപ്പെട്ട ക്ഷത്രിയനാണ് എന്നുള്ള വസ്തുത നീ ചിന്തിക്കുന്നില്ല. അല്ലയോ വത്സാ, നീ എന്റെ കഥ നോക്കുക. ഞാന്‍ എന്റെ ക്ഷാത്രവീര്യം എങ്ങനെ നടപ്പാക്കിയെന്നു ചിന്തിക്കു! എത്ര വീരന്മാരെയാണ് ഞാന്‍ എന്റെ ശസ്ത്രത്തിന്നിരയാക്കി ഇഹലോകത്തു നിന്ന് അയച്ചത്? അതില്‍ പലര്‍ക്കും എന്റെ നേരെ അസൂയയുണ്ട്. അജം, അശ്വം, ആന, ക്ഷത്രിയന്‍ ഇവയെ എല്ലാം സൃഷ്ടിച്ചത് ഓരോ ആവശ്യത്തിന് വേണ്ടിയാണ്. എല്ലാവര്‍ക്കും നന്മയ്ക്കു വേണ്ടിയാണു ബ്രഹ്മാവ് സൃഷ്ടിച്ചത്.
അതുകൊണ്ട് ക്ഷത്രിയന്‍ നിശ്ചയമായും സകല ജീവികളുടേയും ക്ഷേമം അന്വേഷിച്ചു പ്രവര്‍ത്തിക്കേണ്ടവനാണ്. അവദ്ധ്യനെ കൊല്ലുന്നതു പാപമാണ്. വദ്ധ്യനെ കൊല്ലാതിരിക്കുന്നതും അതു പോലെ തന്നെ പാപമാണ്. പാപം തുല്യമാണ്. അതു കൊണ്ട് രാജാക്കന്മാര്‍ മരൃദ പാലിച്ച് വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണം. രാജാവ് തീക്ഷ്ണനായി പ്രജകളെ ധര്‍മ്മത്തില്‍ നിര്‍ത്തണം. അല്ലെങ്കില്‍ പാപികള്‍ വര്‍ദ്ധിക്കും. അവര്‍ ചെന്നായ്ക്കളെപ്പോലെ തമ്മില്‍ത്തമ്മില്‍ പിടിച്ചു തിന്നുകയറും.
ആരുടെ രാജ്യത്ത്, കാക്കകള്‍ മത്സൃത്തെ എന്ന പോലെ, പരന്മാരുടെ സ്വത്ത് ദസ്യുക്കള്‍ അപഹരിക്കുന്നുവോ, ആ രാജാവ് നിശ്ചയമായും ക്ഷത്രിയാധമനാണ്.
വേദം, വിദ്യ എന്നിവയില്‍ ജ്ഞാനമുള്ളവരും കുലീനരുമായ യോഗ്യന്മാരെ മന്ത്രിമാരാക്കി വെച്ച് നാട്ടുകാരെ ധര്‍മ്മത്തോടെ സംരക്ഷിച്ച് രാജാവേ, നീ ഭൂമി സംരക്ഷിച്ചാലും. ഹീനമായ കര്‍മ്മം കൊണ്ട് അന്യായമായി ജനങ്ങളെ പീഡിപ്പിച്ച് രാജ്യം നന്നായി ഭരിക്കുവാനുള്ള ഉപായമൊന്നും അറിയാത്തവനായ രാജാവ് നപുംസക തുല്യനാണ്. ആണും പെണ്ണും കെട്ടവനാണ് അവന്‍. ലോകര്‍ ഉഗ്രനെ പുകഴ്ത്തുകയില്ല. ഉഗ്രത തീരെയില്ലാത്തവനെ പാവം എന്നു പറഞ്ഞു പഴിക്കും. അതു കൊണ്ട് നീ രണ്ടു സ്വഭാവത്തേയും ഉപേക്ഷിച്ചവനാകരുത്. ഉഗ്രനായി, മൃദുവായ രണ്ടു സ്വഭാവങ്ങളും ചേര്‍ന്നവനായി നീ വര്‍ത്തിക്കുക.
ഈ ക്ഷത്രധര്‍മ്മം കഷ്ടപ്പാടു നിറഞ്ഞതാണ്. യുധിഷ്ഠിരാ! നിന്നില്‍ എനിക്കു സൌഹൃദമുണ്ട്. നീ ഉഗ്രക്രിയയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണല്ലോ. അതു കൊണ്ട് ആ നില യില്‍ ഉറച്ചുനിന്ന് നീ നാടു ഭരിച്ചാലും! ദുഷ്ടന്മാരെ നിഗ്രഹിക്കുക. നിത്യവും ശിഷ്ടന്മാരെ രക്ഷിക്കുക. ഇതാണ് രാജാക്കന്മാരുടെ ധര്‍മ്മമെന്നാണ് ഭരതര്‍ഷഭാ, ആപൽക്കാലത്ത് ശുക്രന്‍ ഉപദേശിച്ചത്.
യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങനെയുള്ള ഒരു മര്യാദ രാജാക്കന്മാര്‍ ഒരു വിധത്തിലും തെറ്റിക്കാതെയുണ്ടോ? ഞാന്‍ അങ്ങയോട് ആവശ്യപ്പെടുന്നു. അല്ലയോ സജ്ജനശ്രേഷ്ഠാ, ഉണ്ടെങ്കില്‍ അത് അങ്ങ് എന്നോടു പറഞ്ഞാലും.
ഭീഷ്മൻ പറഞ്ഞു; വിദ്യയും, വൃത്തവും, തപസ്സും, ശ്രുതാചാരവും ചേര്‍ന്ന വിപ്രരെ ഉപാസിക്കണം. ഇത് ഏറ്റവും പവിത്രവും ഉത്തമവുമാകുന്നു. ദേവന്മാരെ നീ എങ്ങനെ പൂജിക്കുന്നുവോ അപ്രകാരം നീ ബ്രാഹ്മണരെ പുജിക്കുന്നതില്‍ ശ്രദ്ധാലുവാകണം. ക്രുദ്ധരായ രാജാക്കന്മാര്‍ പല അന്യായങ്ങളും പണ്ട് ബ്രാഹ്മണരോടു ചെയ്തിട്ടുണ്ട്. അതിന്റെ ഫലം വ്യക്തമായി കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്. നീ ബ്രാഹ്മണരെ സേവിച്ചാല്‍ പ്രശസ്തി നേടാം. നേരേ മറിച്ചായാല്‍ മഹാഭയത്തിന്ന് ഇടയാകും. ബ്രാഹ്മണന്റെ പ്രസാദം അമൃതാണ്. അവന്റെ കോപം വിഷമാണ്. സര്‍വ്വവും അവന്‍ ക്രോധിച്ചാല്‍ ചുട്ടുകളയും, സന്തോഷിച്ചാല്‍ അചിന്ത്യമായ സൗഖ്യവും വരുത്തുന്നു;
അദ്ധ്യായം 143. കപോതലുബ്ധകസംവാദോപ്രകമം (വ്യാധന്റേയും കപോതദമ്പതികളുടെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു; അല്ലയോ മഹാപ്രാജ്ഞനായ പിതാമഹാ! സര്‍വ്വ ധര്‍മ്മവിചക്ഷണനായ അങ്ങ്, ശരണാഗതന്മാരെ എങ്ങനെ സംരക്ഷിക്കണമെന്നുളളതിനെപ്പറ്റി വേണ്ടത് പറഞ്ഞു തന്നാലും.
ഭീഷ്മൻ പറഞ്ഞു: അല്ലയോ മഹാരാജാവേ, ശരണാഗതന്മാരെ എങ്ങനെ രക്ഷിക്കണമെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഈ മഹത്തായ കാര്യം അറിയണമെസ് ആഗ്രഹിച്ചത് അങ്ങയ്ക്കു ചേര്‍ന്നതു തന്നെ. ഈ ചോദ്യത്തിന്നു തക്ക മറുപടി ഞാന്‍ പറയാം. ശിബി മുതലായ മഹാത്മാക്കളായ രാജാക്കന്മാര്‍ ശരണാഗതന്മാരെ പാലിച്ച് പരമമായ സിദ്ധിയെ നേടി. പണ്ട് ഒരു മാടപ്രാവ് തന്നെ ശരണം പ്രാപിച്ച തന്റെ ശത്രുവിനെ വേണ്ട പോലെ സല്‍ക്കരിച്ച് തന്റെ മാംസം തന്നെ ആ പ്രാവ് അവന്നു ദാനം ചെയ്തു പോലും.
യുധിഷ്ഠിരന്‍ പറഞ്ഞു: ആ കപോതം എങ്ങനെയാണു പണ്ട് തന്റെ ശത്രുവിനെ സല്‍ക്കരിച്ച് തന്റെ മാംസം തീറ്റിയത്? എന്തു വിധം ഗതിയാണ് തന്മുലം ആ പ്രാവിന്നു ലഭിച്ചത്? എല്ലാം വിശദമായി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭീഷ്മന്‍ പറഞ്ഞു: കേട്ടാല്‍ത്തന്നെ എല്ലാ പാപങ്ങളും നശിപ്പിക്കുന്ന ആ സല്‍ക്കഥ അല്ലയോ രാജാവേ, നീ കേള്‍ക്കുക. പണ്ട് മുചുകുന്ദ മഹാരാജാവിന് ഭാര്‍ഗ്ഗവന്‍ പറഞ്ഞു കൊടുത്ത കഥയാണിത്. പണ്ട് ഈ കാര്യത്തെക്കുറിച്ച് യുധിഷ്ഠിരാ, മുചുകുന്ദരാജാവ് ഭാര്‍ഗ്ഗവന്റെ മുമ്പില്‍ വണങ്ങി സവിനയം ചോദിച്ചു. തന്നെ ശുശ്രൂഷിക്കുന്ന ആ രാജാവിനോട് ഹേ പുരുഷര്‍ഷഭാ, അദ്ദേഹം ഈ കഥ പറഞ്ഞു കൊടുത്തു. കപോതം എങ്ങനെയാണ് സിദ്ധിനേടിയത് എന്നു പറഞ്ഞു കൊടുത്ത വിധം
ആ കഥ ഞാന്‍ നിന്നോടു പറയാം. ഭാര്‍ഗ്ഗവമുനി പറഞ്ഞതു കേള്‍ക്കുക.
മുനി പറഞ്ഞു: ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്ക് ആസ്പദമായ കഥ ഞാന്‍ പറയുന്നതു ഭവാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക.
പണ്ട് മഹാക്ഷുദ്രകര്‍മ്മം ചെയ്യുന്നവനും, മന്നില്‍ അന്തക സന്നിഭനുമായി ഒരു പ്രാപ്പിടിയന്‍ ഭീഷണാകാരനായി മഹാവനങ്ങളില്‍ സഞ്ചരിച്ചിരുന്നു. കാകോളം പോലെ കറുത്തനിറം, രക്തനിറത്തിലുള്ള കണ്ണുകള്‍, കാലനെപ്പോലെ കരാളമായ ആകൃതി, നീണ്ട കണങ്കാലുകള്‍, കുറിയ കാലടികള്‍, വലിയ വായ, വലിയ താടിയെല്ല്! ഇവയോടു കൂടിയ അവന്റെ കോലം കണ്ടാല്‍ ആരും ഞെട്ടിപ്പോകും. അവന്ന് സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. സംബന്ധികളും, ബന്ധുജനങ്ങളും അവന് ഉണ്ടായിരുന്നില്ല. അവന്റെ രൗദ്രമായ കര്‍മ്മം മൂലം അവന്‍ എല്ലാ ബന്ധുമിത്രാദികളാലും ഉപേക്ഷിക്കപ്പെട്ടവനാണ്.
ബുദ്ധിമാന്മാര്‍ പാപികളെ ദൂരെ ഉപേക്ഷിച്ചു കളയണം. അവര്‍ ആത്മവഞ്ചന ചെയ്യുന്ന കൂട്ടരാണ്. മറ്റുളളവര്‍ക്ക് ഇക്കൂട്ടര്‍ എങ്ങനെ ഹിതരാകും.? നൃശംസരായ ഇത്തരം ദുഷ്ടന്മാര്‍ ജീവികളുടെ പ്രാണന്‍ അപഹരിക്കുന്നവരാണ്. സര്‍വ്വഭൂതജാലങ്ങളും വെറുക്കുന്ന ഇക്കൂട്ടരെ വ്യാളങ്ങളെപ്പോലെ സകല ജീവികളും ഭയപ്പെടും. അവന്‍ കാട്ടില്‍ച്ചെന്ന് വലവെച്ച് സൂത്രത്തില്‍ പക്ഷികളെ പിടിച്ച് അങ്ങാടികളില്‍ കൊണ്ടുപോയി കച്ചവടം നടത്തി കൊറ്റിന്നുളള വക സമ്പാദിച്ചിരുന്നു. ഇങ്ങനെ കൊറ്റിന്നു വേണ്ടി പ്രാണികളെ പിടിച്ചു കൊന്ന് കച്ചവടം നടത്തി ജീവിക്കുന്ന ആ പാപി താന്‍ ചെയ്യുന്ന മഹാപാപത്തെപ്പറ്റി ചിന്തിച്ചില്ല. താന്‍ ചെയ്യുന്നത് അധര്‍മ്മമാണെന്നു വിചാരിച്ചില്ല. ഭാര്യയോടു കൂടി ആ പാപി ഈ ദുഷ്കര്‍മ്മത്തില്‍ തല്‍പരനായിക്കഴിഞ്ഞു. മറ്റ് അഹിംസാമാര്‍ഗ്ഗങ്ങളൊന്നും ആ ദൈവയോഗവിമൂഡനായ ലുബ്ധകന്ന് രുചിച്ചില്ല. ഒരിക്കല്‍ അവന്‍ കാട്ടില്‍ നില്ക്കുന്ന സമയത്ത് നാലുപാടും മഹാവൃക്ഷങ്ങളെ പുഴക്കുന്ന കൊടുങ്കാറ്റ് ഭയങ്കരമായി അടിച്ചു. ഇടിയും മിന്നലുമായി. കാര്‍മേഘമാലകള്‍, കപ്പല്‍ക്കൂട്ടത്താല്‍ സമുദ്രത്തെയെന്ന പോലെ ആകാശത്തെ മൂടി. ജലധരസമുഹംകൊണ്ട് ഇന്ദ്രന്‍ മഴ വര്‍ഷിച്ചു. അങ്ങനെ ഭയങ്കരമായ ഇടിയും, മിന്നലും വര്‍ഷവുമായി ഭൂമിയെ വിറപ്പിച്ചു. മഴ പെയ്ത് കുണ്ടും തടവും കുന്നുമറിയാത്ത മട്ടില്‍ ജലം പരന്ന് ഒഴുകി. ആ പ്രാപ്പിടിയന്‍ നടുങ്ങിപ്പോയി. അവന്നു വഴിയറിയാത്ത മട്ടായി. അവന്‍ തണുത്തു വിറച്ചു. ആ കാട്ടുവഴിയില്‍ അലഞ്ഞു തിരിഞ്ഞ് അവന്‍ ജലപൂര്‍ണ്ണമായ കാട്ടില്‍ വഴിതിരിയാതെ ഉഴന്നു. വര്‍ഷത്തിന്റെ ശക്തിയും കാറ്റുമേറ്റ് പക്ഷികളൊക്കെപ്പോയി കണ്ട ദിക്കില്‍ ഒളിച്ചു. മാനും, സിംഹവും, പന്നിയും മറ്റു മൃഗങ്ങളും ഓരോദിക്കില്‍ പറ്റിക്കിടന്നു. വനവാസികളെല്ലാം ആ കാറ്റിലും മഴയിലും പെട്ട് നടുങ്ങിപ്പോയി. അവയെല്ലാം ഭയാര്‍ത്തരായി വിശന്നുഴന്ന് ആ കാട്ടില്‍ ചുറ്റി. ആ പ്രാപ്പിടിയന്‍ നടക്കുവാനും നില്ക്കുവാനും അശക്തനായി അവന്‍ ആ ശീതമായ കാറ്റില്‍ തണുത്തു വിറച്ചു. അവന്‍ കീഴോട്ടു നോക്കിയപ്പോള്‍ തണുത്തു വിറച്ച് ഒരു പെണ്‍മാടപ്പിറാവ് വീണു കിടക്കുന്നതായി കണ്ടു. താനും ആ കൊടുങ്കാറ്റില്‍പ്പെട്ട് ദുഃഖിക്കുന്നുണ്ട്. എങ്കിലും ആ പാപി അതിനെ കൂട്ടില്‍ പിടിച്ചിട്ടു. താനും ദുഃഖിക്കുന്നുണ്ടെങ്കിലും അന്യനെ ദുഃഖിപ്പിക്കുന്നതില്‍ നിന്ന് അവന്‍ വിരമിച്ചില്ല. പാപശീലനും പാപാത്മാവുമായ അവന്‍ പാപം തന്നെ ചെയ്തു.
ആ പ്രാപ്പിടിയന്‍ അവിടെനിന്ന് ചുറ്റും നോക്കി. ആ മരക്കൂട്ടങ്ങളുടെ ഇടയില്‍ ഒരു മഹാവൃക്ഷം കാര്‍മേഘപടലം പോലെ ഉയര്‍ന്നു പരന്നു നില്ക്കുന്നതായി കണ്ടു. ബ്രഹ്‌മാവ് പരോപകാരത്തിന് വേണ്ടി തീര്‍ത്ത സജ്ജനത്തെപ്പോലെ കുറ്റിക്കാടിന്നിടയില്‍ ആ മഹാവൃക്ഷം പ്രശോഭിച്ചു.
അല്പംകഴിഞ്ഞു. കാറ്റടിയാല്‍ കാര്‍മേഘപടലങ്ങള്‍ നീങ്ങി ആകാശം തെളിഞ്ഞു. നക്ഷത്രങ്ങള്‍ തിളങ്ങി വിടര്‍ന്ന ആമ്പല്‍പ്പൂക്കളാല്‍ വിളങ്ങുന്ന പൊയ്ക പോലെ ആകാശം പ്രശോഭിച്ചു. ആ ലുബ്ധകന്‍ മേലോട്ടു നോക്കി. എന്തൊരു കൌതുകം! ആകാശം ആപത്തു നീങ്ങി തെളിഞ്ഞിരിക്കുന്നു. ആമ്പല്‍പ്പുവുകള്‍ നിറഞ്ഞ പൊയ്കയിലേക്കെന്ന പോലെ അവന്‍ കണ്‍കുളുര്‍ക്കെ നീലനിര്‍മ്മലമായ ആകാശത്തെ നോക്കിക്കണ്ട് രോമാഞ്ചപ്പെട്ടു. രാത്രി എത്രത്തോളമായി എന്ന് അവന്‍ ചുറ്റുംനോക്കി. രാത്രി വല്ലാതെ മൂത്തിരിക്കുന്നു. തന്റെ വീട് വളരെ ദൂരത്താണ്. അവിടെ നടന്നെത്തുവാന്‍ ഈ അര്‍ദ്ധരാത്രി ശ്രമിക്കുന്നത് ആപല്‍ക്കരമാണ്. എന്തായാലും പ്രഭാതമാകുന്നതു വരെ ആ മഹാവ്യക്ഷത്തിന്റെ ചുവട്ടില്‍ ഇരിക്കുക തന്നെ! അവന്‍ മനസ്സില്‍ അതു തന്നെ ഉറപ്പിച്ചു. ആ മരത്തിന് നേരെ തിരിഞ്ഞ് കൈകൂപ്പി തല കുനിച്ച് മരത്തിനോടു പറഞ്ഞു: ദൈവതങ്ങളേ ഞാന്‍ ഈ മരത്തെ ഇന്ന് ശരണം പ്രാപിക്കുന്നു. രക്ഷിക്കണേ! എന്നു പറഞ്ഞ് നിലത്ത് ഇലകള്‍ വിരിച്ച് പാറയില്‍ തല വെച്ച് ആ പക്ഷിഘാതകന്‍ ദുഃഖത്തോടെ കിടന്നു. അങ്ങനെ കിടന്ന് അവന്‍ ഉറങ്ങി.
144. കപോതങ്ങളുടെ കഥ (തന്റെ ഭാരൃയെ കപോതം പ്രശംസിക്കുന്നു) - ഭീഷ്മൻ പറഞ്ഞു: യുധിഷ്ഠിരാ, സുഹൃജ്ജനങ്ങളോടു കൂടി ആ മഹാവൃക്ഷത്തിന്റെ കൊമ്പില്‍ വിചിത്രമായ ചിറകോടു കൂടിയ ഒരു പക്ഷി വളരെക്ക ലമായി കൂടുകെട്ടി പാര്‍ത്തിരുന്നു. അവന്റെ ഭാര്യ കാലത്ത് ഊരുചുറ്റാൻ പോയതാണ്. രാത്രിയായിട്ടും തന്റെ ഭാര്യ മടങ്ങി വന്നതായി അവന്‍ കണ്ടില്ല. രാത്രിയായപ്പോള്‍ അവന്‍ ഉല്‍ക്കണ്ഠിതനായി. അവന്‍ തന്നെത്താനെ വിലപിച്ചു. "അയ്യോ! എന്റെ ഭാര്യ മടങ്ങി വന്നില്ലല്ലോ. അവളെ കാണാനില്ലല്ലോ". വലിയ കൊടു കാറ്റും മഴയും വന്നു. അതു ശമിച്ചു. എന്നിട്ടും അവള്‍ മടങ്ങി വന്നില്ല. എന്താണ് ദൈവമേ, അവള്‍ മടങ്ങി വരാത്തത്? അവള്‍ക്കു കാട്ടില്‍ വെച്ച് വല്ല ആപത്തും നേരിട്ടിരിക്കുമോ? അവള്‍ക്ക് സ്വസ്തിയല്ലേ? അവള്‍, എന്റെ പ്രാണപ്രിയ ഇല്ലാത്തതു കൊണ്ട് എന്റെ ഗൃഹം ശൂന്യമായിരിക്കുന്നു. മക്കളും, മരുമക്കളും, പേരക്കിടാങ്ങളും സ്നുഷമാരുമൊക്കെയുണ്ടായാലും ഭാര്യയില്ലെ ങ്കില്‍ ഗൃഹസ്ഥന്റെ ഭവനം ശുനൃം തന്നെയാണ്. ഗൃഹിണിയി ല്ലാത്ത ഗൃഹം ഗൃഹമല്ല. ഗൃഹിണി തന്നെയാണ് ഗൃഹം. ഗൃഹിണിയില്ലാത്ത ഗൃഹം, കാടാണ്. ചിത്രാംഗിയായ അവള്‍, മധുരമായി സംസാരിക്കുന്നു അവള്‍, രക്താരുണമായ ആ മദിരേക്ഷണയായ അവള്‍, എന്റെ കാന്ത! അവള്‍ ഇപ്പോള്‍ എത്തുന്നില്ലെങ്കില്‍ എനിക്കു ജീവന്‍ എന്തിന്ന്? ഞാന്‍ ഇപ്പോള്‍ മരിക്കും ജീവന്‍ എനിക്ക് ഇനി വേണ്ടാ.
ഞാന്‍ ഭക്ഷിക്കാതെ അവള്‍ ഭക്ഷിക്കയില്ല. ഞാന്‍ കുളിക്കാതെ അവള്‍ കുളിക്കുകയില്ല. ഞാന്‍ നില്ക്കാതെ അവള്‍ നില്ക്കുകയില്ല. ഞാന്‍ ഉറങ്ങാതെ അവള്‍ ഉറങ്ങുകയില്ല. ഞാന്‍ സന്തോഷിച്ചാല്‍ അവള്‍ സന്തോഷിക്കും. ഞാന്‍ ദുഃഖിച്ചാല്‍ അവള്‍ ദുഃഖിക്കും. ഞാന്‍ വിട്ടുപോയാല്‍ അവളുടെ മുഖം വിളര്‍ക്കും. ഞാന്‍ കോപിച്ചാലും അവള്‍ എന്നോട് പ്രിയമേ പറയൂ. പതിവ്രതയാണ്, പതിയേ ഗതി എന്നു കരുതുന്നവളാണ്. പതിയില്‍ പ്രിയയാണ്, പതിയുടെ ഹിതത്തില്‍ ഉത്സാഹശീലയാണ്. ഇങ്ങനെയുള്ള ഗുണങ്ങള്‍ തികഞ്ഞ ഭാര്യ ഏതൊരുവന്ന് ഈ മന്നിലുണ്ടോ, ആ പുരുഷന്‍ തീര്‍ച്ചയായും ധന്യനാണ്.
ഞാന്‍ തളര്‍ന്നു വിശന്നവനാണെന്ന് ആ തപസ്വിനി, എന്റെ ഭാര്യ, അറിയുന്നുണ്ട്. കൂറുള്ള അവള്‍, മനസ്സുറപ്പുളള അവള്‍, ഭക്തയായ അവള്‍, സ്നിഗ്ദ്ധയായ അവള്‍, യശസ്വിനിയായ അവള്‍, എന്റെ പ്രാണപ്രേയസിയായ അവള്‍, എന്റെ കൂടെയുണ്ടെങ്കില്‍, മരത്തിന്റെ ചുവട്ടിലായാലും അതാണ് എന്റെ ഗൃഹം.
അവള്‍ ഇല്ലെങ്കില്‍ മണിമാളികയില്‍ താമസിച്ചാലും അത് എനിക്കു കാടാണ്.തീര്‍ച്ചയാണ് ഈ പറഞ്ഞത്.
ധര്‍മ്മാര്‍ത്ഥകാലങ്ങളില്‍ ഭാര്യയാണ് തുണ. വിദേശ യാത്രയില്‍ ഭര്‍ത്താവിന് അവള്‍ വിശ്വാസം നല്കുന്നവളാണ്. ഭാര്യയാണ് പുരുഷന് ഏറ്റവും വലിയ ധനം. ലോകയാത്രയില്‍ സഹായിക്കുന്ന കൂട്ടുകാരിയാണ് ഭാര്യ. രോഗത്താല്‍ ദുഃഖിക്കുന്നവനും നിത്യവും കഷ്ടത്തില്‍പ്പെട്ടവനുമായ പുരുഷന് ഭാര്യയെപ്പോലെ മറ്റൊരു മരുന്നും ഈ ലോകത്തിലില്ല. ഭാര്യക്കൊക്കുന്ന ബന്ധുവില്ല. ഭാര്യക്കൊക്കുന്ന ഒരു ഗതിയില്ല. ഭാരൃയ്ക്കൊക്കുന്ന തുണയില്ല. ലോകധര്‍മ്മസംഗ്രഹത്തില്‍ ഭാര്യ അതുല്യയാണ്. വീട്ടില്‍ പതിവ്രതയും ഇഷ്ടം പറയുന്നവളുമായ ഭാര്യ ഇല്ലെങ്കില്‍ അവന്‍ കാട്ടിലേക്കു പോവുകയാണ് നല്ലത്. അവന്റെ ഗൃഹം കാടുപോലെയാണ്.
അദ്ധ്യായം 145. കപോതീവാക്യം (കപോതത്തോട് കപോതി പറയുന്ന വാക്യം) - ഭീഷ്മൻ പറഞ്ഞു: അവന്‍ ഇപ്രകാരം ദുഃഖിച്ചു നിലവിളിച്ചു പറയുന്നത് ആ പെണ്‍പക്ഷി, പക്ഷിഘാതിയുടെ കുട്ടില്‍ക്കിടന്നു കേട്ടു. അവള്‍ ഇപ്രകാരം പറഞ്ഞു.
കപോതി പറഞ്ഞു; അഹോ! അമ്പോ! എന്റെ സൌഭാഗ്യം വലിയതു തന്നെ! എന്റെ ഭര്‍ത്താവ് എന്നില്‍ ഏറ്റവും പ്രിയപ്പെട്ടവനാണ്. ഇല്ലാത്തതോ, ഉള്ളതോ എനിക്കറിഞ്ഞു കൂടാ. അദ്ദേഹം എന്റെ ഗുണഗണങ്ങളെ പ്രശംസിക്കുന്നു. ഭര്‍ത്താവ് സന്തോഷിക്കാത്ത പെണ്ണ് പെണ്ണല്ല, നിശ്ചയമാണ് ആ കാര്യം. സ്ത്രീകള്‍ക്കു ഭര്‍ത്താവ് നന്ദിക്കുകയാണെങ്കില്‍ എല്ലാ ദേവകളും നന്ദിച്ചതു തന്നെ. അഗി സാക്ഷിയാക്കി പാണിഗ്രഹണം ചെയ്ത ഭര്‍ത്താവു തന്നെ സ്ത്രീകള്‍ക്ക് പരദൈവതം. കാട്ടുതീയില്‍പ്പെട്ട പൂങ്കുലയോടു കൂടിയ ലത പോലെ ഭര്‍ത്താവ് നന്ദിക്കാത്ത പെണ്ണ് ചാമ്പലായിപ്പോകുന്നു. ഇപ്രകാരം ചിന്തിച്ചു ദുഃഖിച്ച്, ദുഃഖിക്കുന്ന കാന്തനോട് ലുബ്ധകന്റെ ബന്ധനത്തില്‍ക്കിടക്കുന്ന പെണ്‍ മാടപ്രാവ് പറഞ്ഞു: ഭര്‍ത്താവേ, ഞാന്‍ ഇവിടെയുണ്ട്. ഞാന്‍ അങ്ങയോട് നന്മയായ കാര്യം പറയുന്നു. അങ്ങ് അപ്ര കാരം ചെയ്യണേ! ഭര്‍ത്താവേ, അങ്ങ് വിശേഷിച്ചും ഒരു കാര്യം ചെയ്യണം. ശരണാഗതരെ രക്ഷിക്കുക എന്ന മഹത്തായ കര്‍മ്മം നിര്‍വ്വഹിക്കണം. അതില്‍ അമാന്തം ഒട്ടും കാണിക്കരുത്. ഇതാ, ഭവാന്റെ ഗൃഹത്തില്‍ വന്നവനായ പക്ഷിപ്പിടിയന്‍ മുറ്റത്തു കിടക്കുന്ന കിടപ്പു നോക്കൂ! ഇവന്‍ തണുത്തു വിറയ്ക്കുന്നു. വിശന്നിട്ട് അവന്‍ പട്ടിണി കിടക്കുകയാണ്. ഈ അതിഥിയെ ഭവാന്‍ പുജിക്കണേ! ബ്രാഹ്മണനെ കൊല്ലുന്നവന്നും, അമ്മയെ കൊല്ലുന്നവന്നും, പശുവിനെ കൊല്ലുന്നവന്നും; ശരണാഗതന്മാരെ കൊല്ലുന്നവന്നും പാപം തുല്യമാണെന്നു ജ്ഞാനികള്‍ പറയുന്നു. നമുക്ക് കപോതവൃത്തി ജാതിധര്‍മ്മമായി ബ്രഹ്മാവു കല്‍പിച്ചതാണ്. ആത്മവാനായ നിന്നെപ്പോലെയുള്ളവന്‍ ധര്‍മ്മം തെറ്റിക്കരുത്. യഥാശക്തി ഗൃഹസ്ഥന്‍ ധര്‍മ്മം ചെയ്യുന്നതായാല്‍ മരണാനന്തരം അവന്‍ അക്ഷയമായ ലോകത്തെ പ്രാപിക്കുമെന്നു ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങ് സന്താനവാനാണ്. അല്ലയോ ദ്വിജാ (പക്ഷി, അങ്ങയ്ക്കു പുത്രനുണ്ട്. അതുകൊണ്ട് മോക്ഷപ്രാപ്തിക്കു തടവില്ല. സ്വന്തം ദേഹത്തോടുള്ള ദയയെ അങ്ങ് ഉപേക്ഷിച്ചാല്‍ അങ്ങയ്ക്ക് ധര്‍മ്മവും അര്‍ത്ഥവും ലഭിക്കും. ഭര്‍ത്താവേ, അങ്ങ് ഈ കിടക്കുന്ന അതിഥിയുടെ ഹൃദയം തെളിയുമാറ് പൂജിക്കുക! ഞാന്‍ കാരണം നീ ദുഃഖിക്കരുതേ വിഹംഗമാ! ഞാന്‍ ചത്തു പൊയ്ക്കൊളളട്ടെ! അങ്ങയ്ക്ക് വേറേയും ഭാര്യയെ ദേഹയാത്രയ്ക്കു ലഭിക്കും.
ഇപ്രകാരം ആ പ്രാപ്പിടിയന്റെ കൂട്ടില്‍പ്പെട്ട പെണ്‍പ്രാവ്, പാവം, ദുഃഖിച്ചു പറഞ്ഞ് അവള്‍ കൂട്ടില്‍ക്കിടന്നു തലപൊക്കി ഭര്‍ത്താവിനെ നോക്കി.
അദ്ധ്യായം 146. കപോതലുബ്ധകസംവാദം (പ്രാവ് വ്യാധന്നു വേണ്ടി ആത്മസമര്‍പ്പണം ചെയ്യുന്നു) - ഭീഷ്മൻ പറഞ്ഞു: ധര്‍മ്മയുക്തിയോടു കൂടി ഭാര്യ പറഞ്ഞ വാക്കുകള്‍ കേട്ട് ആ മാടപ്രാവ് വളരെ ഹര്‍ഷത്തോടെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരോടെ, ആ പക്ഷിഘാതിയെ നോക്കി. വിധി പ്രകാരം യത്നിച്ച് ആ പ്രാപ്പിടിയനെ പൂജിച്ചു. ആ പ്രാവ് ആ അതിഥിയെ നോക്കി ഇപ്രകാരം പറഞ്ഞു; അല്ലയോ അതിഥി, അങ്ങയ്ക്കു സ്വാഗതം! ഞാന്‍ അങ്ങയ്ക്കു വേണ്ടി എന്തു ചെയ്യണം? പറഞ്ഞാലും! ഹേ ധീമന്‍, അങ്ങ് ഒരിക്കലും എന്റെ ഗൃഹത്തില്‍ വന്നു ദുഃഖിക്കരുത്. അങ്ങ് ഞാന്‍ പറയുന്നതു കേള്‍ക്കുക. അങ്ങ് സ്വന്തം ഗൃഹത്തിലാണു വസിക്കുന്നതെന്നു ധരിക്കുക. അതു കൊണ്ട് ഭവാന്‍ എന്തു വേണമെന്നു പറയുക! ഭവാന്‍ എന്താണാഗ്രഹം? ഞാന്‍ അങ്ങയോട് ഇഷ്ടത്തോടെ പറയുന്നു. ഭവാന്‍ എന്റെ ഗൃഹത്തില്‍ ശരണം പ്രാപിച്ചവനാണല്ലോ! സ്വന്തം ഗൃഹത്തില്‍ കയറി വരുന്ന അതിഥി ശത്രുവാണെങ്കിലും അവനെ സല്‍ക്കരിക്കേണ്ടതാണ് ഗൃഹസ്ഥന്റെ ധര്‍മ്മം. വെട്ടുവാന്‍ മഴുവേന്തി വരുന്ന വിറകു വെട്ടുകാരനിലും വ്യക്ഷം തന്റെ തണല്‍ നല്കുന്നു. ഗൃഹസ്ഥന്‍ ശരണാഗതനില്‍ പ്രണയത്തോടു കൂടിയും ആഥിത്ഥ്യം ചെയ്യണം. ഗൃഹസ്ഥന്‍ പഞ്ചയജ്ഞം ചെയ്യണം. ഒരു ഗൃഹസ്ഥന്‍ മോഹം മൂലം പഞ്ചയജ്ഞം ചെയ്യാതിരിക്കുകയാണെങ്കില്‍ അവന്ന് ധര്‍മ്മച്യുതി മൂലം ഈ ലോകവും പരലോകവും സിദ്ധിക്കുയില്ല. അതുകൊണ്ട് എന്നില്‍ വിശ്വാസത്തോടെ പറയൂ. നീ എന്തു പറയുന്നുവോ, അതൊക്കെ കഴിയുന്ന വിധം ഞാന്‍ സാധിപ്പിച്ചു തരാം. നീ ദുഃഖിക്കരുത്!
ആ പക്ഷി പറഞ്ഞതു കേട്ട് ആ പ്രാപ്പിടിയന്‍ പറഞ്ഞു: എടോ പക്ഷി, എനിക്കു വല്ലാതെ തണുക്കുന്നു! ഞാന്‍ തണുത്ത വിറയ്ക്കുന്നു! അതില്‍ നിന്ന് എന്നെ രക്ഷിക്കുക. ഇപ്രകാരം ലുബ്ധകന്‍ പറഞ്ഞപ്പോള്‍ പക്ഷി ഒരിടത്ത് ഉണക്കിലകള്‍ ചിറകാല്‍ അടിച്ചു കൂട്ടി, ശക്തി പോലെ യത്നിച്ച്, തീ കൊണ്ടു വരുവാന്‍ പോയി. കൊല്ലന്റെ ആലയില്‍ ചെന്ന് തീയ് സമ്പാദിച്ചു കൊണ്ടു വന്ന് ചവറില്‍ തീക്കൊടുത്തു. തീ കത്തിജ്വലിച്ചു. അങ്ങനെ അഗ്നി ജ്വലിപ്പിച്ച് ആ ശരണാഗതനോടു പറഞ്ഞു: എടോ അതിഥിവര്യാ, അങ്ങ് വിശ്വാസത്തോടെ എഴുന്നേറ്റു തീ കായുക. തണുപ്പു മാറ്റുക. പക്ഷിയുടെ വാക്കുകേട്ട അവന്‍ എഴുന്നേറ്റ് തീയുടെ അടുത്തു ചെന്ന് അങ്ങനെയാകാം എന്നു പറഞ്ഞ് ദേഹം ചൂടുപിടിപ്പിച്ചു.
ആ ലുബ്ധകന്‍ തീകാഞ്ഞ് ജീവന്‍ രക്ഷപ്പെട്ടതിന്നു ശേഷം, ഹര്‍ഷത്തോടെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരോടു കൂടി വിധി പ്രകാരം അതിഥിസ ല്‍ക്കാരം ചെയ്തു നില്ക്കുന്ന പക്ഷിയെ നോക്കി ഇപ്രകാരം പറഞ്ഞു.
ലുബ്ധകന്‍ പറഞ്ഞു: പക്ഷീ, എനിക്കു വിശക്കുന്നു. വല്ലതും തിന്നാന്‍ കിട്ടിയാല്‍ കൊളളാമെന്നുണ്ട്. നീ എന്തെങ്കിലും തിന്നാന്‍ തരൂ.
പക്ഷി പറഞ്ഞു: ഹേ ലുബ്ധകാ, എനിക്ക് അങ്ങയുടെ ക്ഷുത്തുമാറ്റുവാന്‍ എന്തെങ്കിലും തരുവാനുള്ള ഐശ്വര്യമൊന്നും എന്റെ ഗൃഹത്തിലില്ല. ഞങ്ങള്‍ നിത്യം അന്നന്നത്തെ വക നേടി അന്നന്നു ജീവിക്കുന്ന കൂട്ടരാണ്. ഞങ്ങള്‍ വെറും വനവാസികളാണ്. ഞങ്ങള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല! വനവാസികളായ മുനികള്‍ക്കെന്ന പോലെ ഞങ്ങള്‍ക്കും ധനസമൃദ്ധിയും ഭോജ്യസഞ്ചയങ്ങളുമില്ല.
ഇപ്രകാരം തന്റെ നിസ്സഹായവസ്ഥ അവനോട് ആ പക്ഷി ഉണര്‍ത്തിച്ചുവെങ്കിലും പക്ഷിക്കു വിഷാദമായി. അവന്റെ മുഖം ആകെ ഒന്നു വിളര്‍ത്തുപോയി. അവന്‍ ചിന്തിച്ചു: ദൈവമേ, ഞാനിനി എന്തു വേണം! അല്ലയോ യുധിഷ്ഠിരാ! ആ മാടപ്രാവ് തന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഗര്‍ഹിച്ചു. പെട്ടെന്ന് ആ പക്ഷിക്ക് എന്തോ ഓര്‍മ്മ വന്നതു പോലെ അവന്‍ അതിഥിയോടു പറഞ്ഞു: എടോ വിരുന്നുകാരാ! ശരണാഗതാ! ഞാന്‍ ഭവാനെ തൃപ്തനാക്കാം. അല്പ സമയം കാത്തിരിക്കുക, എന്നു പറഞ്ഞ് ആ പ്രാവ് കുറേക്കൂടി ഉണങ്ങിയ ഇലകള്‍ കൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു. പിന്നെ വലിയ ഹര്‍ഷത്തോടെ ആ പ്രാവ് ഇപ്രകാരം പറഞ്ഞു.
മാടപ്രാവ് പറഞ്ഞു: ഋഷികള്‍ക്കും ദേവകള്‍ക്കും പിതൃക്കള്‍ക്കും അതിഥി സല്‍ക്കാരം ചെയ്യുന്നത് ധര്‍മ്മമാണെന്ന് ഞാനറിയുന്നുണ്ട്. അല്ലയോ സൌമ്യാ, ഭവാന്‍ എന്നെ അനുഗ്രഹിച്ചാലും! ഞാന്‍ സത്യമാണു പറയുന്നത്. ഇപ്പോള്‍ അങ്ങയെ സല്‍ക്കരിക്കുവാന്‍, അതിഥിയെ വേണ്ട മാതിരി സല്‍ക്കരിക്കുവാന്‍, ഞാന്‍ എന്റെ ബുദ്ധിയില്‍ ചിന്തിച്ചുറച്ചിരിക്കുന്നു. എന്നു പറഞ്ഞ് മഹാമതിയായ ആ മാട്രപ്രാവ് ചിരിച്ച് മുന്നു വട്ടം അഗ്നിയെ വലംവെച്ച്, ആ അഗ്നിയിലേക്കു കുതിച്ചു ചാടി. പക്ഷി തീയില്‍ച്ചാടിയതു കണ്ട് ആ പ്രാപ്പിടിയന്‍ മനസ്സില്‍ ചിന്തിച്ചു; ഇനി എന്തു ചെയ്യേണ്ടു ഞാന്‍? സ്വന്തം കര്‍മ്മംകൊണ്ട് നിന്ദിക്കപ്പെട്ടവനായി ക്രൂരകര്‍മ്മാവായിത്തീര്‍ന്ന എനിക്ക് ഭയങ്കരമായ ദുഷ്കര്‍മ്മഫലം കിട്ടും. അതില്‍ ഒട്ടും സംശയം എനിക്കില്ല. ഇപ്രകാരം ആ ലുബ്ധകന്‍ ഹുൃദയം നൊന്ത് പലതും പറഞ്ഞു വിലപിച്ചു. ആ ദ്വിജന്‍ (പക്ഷി) ചെയ്ത ത്യാഗത്തെപ്പറ്റി ഓര്‍ത്തോര്‍ത്ത് തന്റെ ദുഷ്കര്‍മ്മത്തെ നിന്ദിച്ചു ദുഃഖിച്ചു.
അദ്ധ്യായം 147. ലുബ്ധകോപരതം (വ്യാധന്റെ വൈരാഗ്യം) - ഭീഷ്മൻ പറഞ്ഞു: ആ കപോതം തനിക്കു വേണ്ടി അഗ്നിയില്‍ ദേഹം ചുട്ടതു കണ്ട് ആ ലുബ്ധകന്‍, വിശപ്പു സഹിക്ക വയ്യാത്തവനായിരുന്നുവെങ്കിലും, ഇപ്രകാരം തന്നെത്താന്‍ പറഞ്ഞു: നൃശംസനും അറിവില്ലാത്തവനുമായ ഞാന്‍ കടുപ്പം ചെയ്തു. കഷ്ടം! എന്തിന്നു വേണ്ടി ഞാന്‍ ഈ പാപകര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിച്ചു? എനിക്ക് എന്നെന്നേക്കുമുള്ള നരകം കൈയിലായി. മഹാപാപം ചെയ്തു!
ഇപ്രകാരം അവന്‍ തന്നെത്തന്നെ നിന്ദിച്ചു വീണ്ടും വീണ്ടും പറഞ്ഞു: കഷ്ടം! ഞാനെന്തു ജീവിതമാണു നയിക്കുന്നത്? എന്തിന്നു വേണ്ടി ഞാനിങ്ങനെ മഹാപാപിയായി ജീവിക്കുന്നു? വിശ്വസിക്കാന്‍ കൊളളരുതാത്തവനായി, മഹാദുര്‍ബുദ്ധിയായി, എപ്പോഴും ചതിക്കുന്നവനായി, ശുഭമായ ഒരു കര്‍മ്മവും ചെയ്യാതെ പക്ഷികളെ പിടിച്ചു ജീവിക്കുന്നത് ഒട്ടും ഗുണമല്ല. ഒരു ഘാതകനായി ഞാന്‍ ഇനി ജീവിക്കുവാന്‍ വിചാരിക്കുന്നില്ല. ഈ തൊഴില്‍ ഉപേക്ഷിക്കുക തന്നെ. ഇതു തീര്‍ച്ചയായും കൊള്ളുകയില്ല. എന്നേക്കാള്‍ എത്ര മേലെയാണ് ആ കപോതം. അവന്‍ തന്റെ ഉടല്‍ ചുട്ട് ഉപേക്ഷിച്ച് എന്നെ സല്‍ക്കരിച്ചു. ഞാനോ മഹാപാപി: പ്രാപ്പിടിയനായി കരുണയില്ലാത്ത ഘാതകനായി ജീവിക്കുന്നു! ഞാന്‍ എന്റെ ഇഷ്ടപ്പെട്ട പ്രാണനേയും ഭാര്യയേയും പുത്രന്മാരേയുമൊക്കെ വിടുകയാണ്. ആ മഹാശയനായ കപോതം ആത്മത്യാഗം കൊണ്ട് എനിക്കു നല്കിയ ഉപദേശം ഞാന്‍ സ്വീകരിക്കുക തന്നെ ചെയ്യുന്നു. ഇന്നു മുതല്‍ ഞാന്‍ ഭോഗത്തിന്റെ പിന്നാലെ ഓടുവാന്‍ വിചാരിക്കുന്നില്ല. എല്ലാ ഭോഗങ്ങളേയും ഉപേക്ഷിച്ച് ഞാന്‍ എന്റെ ഈ തിന്നു തടിച്ച ഉടലിനെ വേനല്‍ക്കാലത്തെ അല്പജലസരസ്സു പോലെ കൃശമാക്കുവാനാണു വിചാരിക്കുന്നത്. വിശപ്പും ദാഹവും സഹിച്ച് ദേഹം കൃശമാക്കി ഞരമ്പുകള്‍ പിടയ്ക്കുമാറ് ഉപവാസമനുഷ്ഠിച്ച് ഞാന്‍ പരലോകഗകതിക്കുള്ള കര്‍മ്മങ്ങള്‍ ചെയ്ത് കാലം കഴിക്കുവാനാണു വിചാരിക്കുന്നത്. അഹോ എന്തൊരു ത്യാഗം! സ്വന്തം ശരീരം വെടിഞ്ഞ് ആ പ്രാവ് പാന്ഥപൂജ ചെയ്തു! അതുകൊണ്ട് ഈ ഞാന്‍ ധര്‍മ്മം ആചരിക്കുവാന്‍ തന്നെ തീരുമാനിച്ചു. ധര്‍മ്മം തന്നെ ഏറ്റവും ശ്രേഷ്ഠമായ ഗതി! ധര്‍മ്മിഷ്ഠന്മാരെന്ന് അറിയപ്പെടുന്നവരില്‍ പോലും ഈ പക്ഷീന്ദ്രനില്‍ കണ്ട പോലെ ധര്‍മ്മം കാണപ്പെടുന്നില്ല എന്നു പറഞ്ഞ് മനസ്സിലുറച്ച് ആ രൗദ്രകര്‍മ്മാവായ ലുബ്ധകന്‍ സംശിതവ്രതനായി മഹാപ്രസ്ഥാനത്തിന്നൊരുങ്ങി. പിന്നെ അവന്‍ അവന്റെ കോലും കുറ്റിയും കൂടുമൊക്കെ ദൂരെയെറിഞ്ഞു. താന്‍ പിടിച്ച പെണ്‍പ്രാവിനേയും വിട്ടയച്ചു.
അദ്ധ്യായം 148. കപോതസ്വര്‍ഗ്ഗഗമനം (കപോതിയുടെ വിലാപവും അഗ്നിപ്രവേശവും) -- ഭീഷ്മൻ പറഞ്ഞു: അങ്ങനെ ആ ലുബ്ധ്മന്‍ പോയി. പെണ്‍പ്രാവ് സ്വതന്ത്രയായി എങ്കിലും അവള്‍ ഭര്‍ത്താവിനെ ഓര്‍ത്തോര്‍ത്ത് ദുഃഖിച്ചു കരഞ്ഞ് മെലിഞ്ഞു.
അവള്‍ പറഞ്ഞു ഭര്‍ത്താവേ, പ്രാണനാഥാ, ഞാന്‍ അങ്ങയ്ക്ക് ഒരിക്കലും അപ്രിയം ചെയ്തതായി ഓര്‍ക്കുന്നില്ലല്ലോ. മക്കളുണ്ടായാലും വിധവയായ പെണ്ണിന്റെ ദുഃഖത്തിന്ന് എന്താണ് കുറവ്. ഭര്‍ത്താവില്ലാതെ തപസ്വിനിയായി ജീവിക്കുന്ന ഞാന്‍ ബന്ധുക്കള്‍ക്ക് ശോകത്തിന്നല്ലാതെ എന്തിന്നു ജീവിക്കുന്നു! ഞാന്‍ എന്നും അങ്ങയാല്‍ ലാളിക്കപ്പെട്ടവളല്ലേ? അങ്ങയുടെ സ്നേഹപുജ ഏറ്റവളല്ലേ? അങ്ങ് എന്നെ മാനിച്ച് പൂജിച്ചു കലര്‍പ്പു കൂടാതെ ഹൃദയം കവരുന്ന മധുരമായ വാക്കു കൊണ്ട് എന്നെ നീ സന്തോഷിപ്പിച്ചു. മലമുകളിലും താഴ്വരയിലും, ഗഹ്വരങ്ങളിലും, പുഴക്കരയിലും, മരക്കൊമ്പിലും നിന്നോടു ചേര്‍ന്ന് ഞാന്‍ കളിച്ചു നടന്നു. മാരകേളിയില്‍ മുഴുകി. നിന്നോടു കൂടി രസമായി ആകാശദേശത്തില്‍ വിഹരിച്ചു. അങ്ങനെ നിന്നോടു കൂടി രമിച്ച ഞാന്‍, എന്റെ പ്രാണനാഥാ, ഏകാകിനിയായിട്ടല്ലേ ഇവിടെ കഴിയുന്നത്! അച്ഛന്‍ മിതമായി മകള്‍ക്കു വേണ്ടതു നല്കും. ഭ്രാതാവും മിതമായ സൌഖ്യം നല്കും. മകനും മിതമായ സുഖങ്ങള്‍ മാതാവിന്നു നല്കും. എന്നാല്‍ അമിതമായി നല്കുന്ന ഭര്‍ത്താവിനെ ആരാണ് ആദരിക്കാതിരിക്കുക? കാന്തന്ന് കാന്തയിലുള്ള സ്‌നേഹാദരങ്ങള്‍ക്കും, സുഖസാൌകരൃ ദാനങ്ങള്‍ക്കും വല്ല അതിര്‍ത്തിയുമുണ്ടോ? അമിതമായ കാരുണ്യം ചൊരിയുന്ന ഭര്‍ത്താവിനോട് തുല്യമെന്തുണ്ട്, സാധ്വിക്ക്? ഭര്‍ത്താവിന്നു തുല്യമായി നാഥന്‍ ഇല്ല. ഭര്‍ത്താവിന്നു തുല്യമായ സുഖം മറ്റൊന്നുമില്ല. നാരിക്ക് എല്ലാ സ്വത്തും ഉപേക്ഷിക്കാം, ഭര്‍ത്താവിനെ ഉപേക്ഷിക്കാവതല്ല. അതിനേക്കാള്‍ വിലമതിക്കുന്ന ഒരു കല്പകതരു മറ്റെന്തുണ്ട് ഒരു പെണ്ണിന്ന്? നാഥാ, ഭവാനെക്കൂടാതെ ഞാന്‍ ജീവിക്കുവാന്‍ വിചാരിക്കുന്നില്ല. ഭര്‍ത്താവില്ലാതെ ഏതു പതിവ്രതയായ നാരിയാണ് ജീവിക്കുക? ഇപ്രകാരം കരുണയോടു കൂടി, മഹാസങ്കടത്തോടെ അവള്‍ ഇരുന്നു വിലപിച്ചു. സഹിക്ക വയ്യാത്ത വിരഹവേദന മൂലം അവള്‍ കത്തുന്ന കാട്ടുതീയില്‍ ചെന്നു ചാടി. ആ ചെന്തീയില്‍ പൊരിഞ്ഞ ഉടനെ അവള്‍ ചിത്രാംഗദം ചാര്‍ത്തി പ്രശോഭിക്കുന്ന അവളുടെ ഭര്‍ത്താവിനെ കണ്ടു. വിമാനത്തില്‍ പുണ്യവാന്മാരായ ദേവന്മാര്‍ അദ്ദേഹത്തെ പൂജിക്കുന്നതായി അവള്‍ കണ്ടു. ചിത്രമാല്യങ്ങളും, ചിത്രാമ്പരങ്ങളും ചാര്‍ത്തി, സര്‍വ്വാഭരണഭൂഷിതനായി, മനോഹരനായി, പുണ്യകര്‍മ്മാക്കള്‍ ചേര്‍ന്നിരിക്കുന്ന വിമാനങ്ങളുടെ സമൂഹത്തോടെ തന്റെ കാന്തന്‍ പുജിതനായി പ്രശോഭിക്കുന്നത് അവള്‍ കണ്ടു, അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയരുന്നതായും അവള്‍ കണ്ടു. അങ്ങനെ സ്വര്‍ഗ്ഗം പൂകുന്ന ഭര്‍ത്താവിനെ അവളും അനുഗമിച്ചു. അവന്‍ തന്റെ ഭാര്യയോടു ചേര്‍ന്നു. അങ്ങനെ രണ്ടുപേരും ദേവപുജയേറ്റ് സ്വര്‍ഗ്ഗത്തില്‍ രമിച്ചു.
അദ്ധ്യായം 149. ലുബ്ധകന്റെ സ്വര്‍ഗ്ഗഗമനം - ഭിഷ്മന്‍ പറഞ്ഞു; അല്ലയോ യുധിഷ്ഠിരാ! ലുബ്ധകന്‍ കാട്ടില്‍ നിൽക്കുമ്പോള്‍ ആ ദമ്പതികള്‍ വിമാനത്തില്‍ ഇരുന്ന് സ്വര്‍ഗ്ഗത്തിലേക്കുയരുന്നത് അവന്‍ കണ്ടു. അവനും ആ സ്വര്‍ഗ്ഗഗതി ലഭിക്കണമെന്ന് ചിന്തയുണ്ടായി. അവന്‍ തപസ്സു ചെയ്ത് മോക്ഷം നേടുവാന്‍ തന്നെ തീര്‍ച്ചയാക്കി. അവന്‍ മഹാപ്രസ്ഥാനത്തിന്നു തന്നെ ഒരുങ്ങി. ആ പ്രാപ്പിടിയനായ വേടന്‍ നിശ്ചലനായി തപസ്സു ചെയ്തു. വായു മാത്രം ഭക്ഷിച്ച് നിര്‍മ്മമനായി സ്വര്‍ഗ്ഗം കാംക്ഷിച്ച് മനസ്സിനെ അടക്കി തപോവൃത്തി സ്വീകരിച്ചു. ആ തപസ്സില്‍ വിശപ്പും ദാഹവും അടക്കി അവന്‍ ഇരുന്നു. അങ്ങനെയിരിക്കുമ്പോള്‍ അവന്റെ കണ്ണിന്നു മുമ്പില്‍ വിശാലമായ ഒരു പൊയ്ക കണ്ടു. ഹൃദയം കവരുന്ന പൊന്‍ താമരപ്പുക്കള്‍ വിടര്‍ന്ന് കാറ്റില്‍ ചാഞ്ചാടുന്നു. ശീതജലമായ ആ പൊയ്കയില്‍ അന്നങ്ങള്‍ തത്തിക്കളിക്കുന്നു. ശുഭമായ, ആ ഹൃദയഹാരിയായ പൊയ്ക കണ്ടപ്പോള്‍, ദാഹിച്ചു പൊരിയുന്ന ആ വേടന്‍ വെളളം കുടിക്കുവാന്‍ ഒരുങ്ങിയില്ല. അവന്‍ മനസ്സിനെ അടക്കി അവിടെ നിന്നു നടന്നു. അതിനെ നോക്കാതെ തന്നെ സംഹൃഷ്ടമായ മനസ്സോടെ ആ ലുബ്ധകന്‍ ചെന്നായ്ക്കള്‍ കൂടുന്ന ഗഹന കാനനത്തിലേക്കു കടന്നു. മഹാധീരനായ അവന്‍ കാട്ടില്‍ കയറുമ്പോള്‍ മുള്ളുകള്‍ ദേഹത്തില്‍ കുത്തിക്കീറി അവനെ തടഞ്ഞു. അവന്‍ നിന്നില്ല. അവന്‍ മുന്നോട്ടു കേറി മുള്ളേറ്റ് ദേഹം മുറിഞ്ഞു വ്രണപ്പെട്ടു. ചോരയില്‍ മുഴുകി. അവന്‍ ആ വിജനമായ കാട്ടില്‍, ഹിംസ്രജന്തുക്കള്‍ നിറഞ്ഞ കാട്ടില്‍, ചുറ്റുത്തിരിഞ്ഞു.
ആ കാട്ടില്‍ വലിയ മരങ്ങള്‍ കൊടുങ്കാറ്റില്‍ പരസ്പരം ഉരസുകയാല്‍ തീയുണ്ടായി. ഭയങ്കരമായ കാട്ടുതീ ഉയര്‍ന്നു. വൃക്ഷങ്ങള്‍ തിങ്ങി ലതകള്‍ പടര്‍ന്നു കിടക്കുന്ന ആ മഹാവനം ഭയങ്കരമായ അഗ്നി പിടിപ്പെട്ട് യുഗാന്തകാലത്തെ അഗ്നി പോലെ വളര്‍ന്നു. കാറ്റേറ്റ് ജ്വാലയുയര്‍ന്ന്, അഗ്നി പാളി, തീപ്പൊരി ചിന്നി, മൃഗപക്ഷികള്‍ ചുറ്റുന്ന ആ കൊടുംകാട് ചുട്ടെരിച്ചു. ലുബ്ധകന്‍ ആ ചെന്തീ നോക്കി. അവന്‍ ഭയപ്പെട്ടില്ല. ഈ ചെന്തീയില്‍ച്ചാടി ദേഹം വെടിയുവാന്‍ അവന്‍ ചിന്തിച്ചു. ക്ഷണത്തില്‍ കത്തി ജ്വലിക്കുന്ന ആ ചെന്തീയിലേക്ക് അവന്‍ കുതിച്ചു. ഹേ ഭാരത സത്തമാ, ആ വ്യാധന്‍ ആ തീയിലേക്ക് ചാടി അതില്‍ക്കിടന്ന് വെന്ത് വെണ്ണീറായി. പാപം നീങ്ങിയ ആ ലുബ്ധകന്‍ പരമമായ സിദ്ധിയെ പ്രാപിച്ചു.
അവന്‍ ദുഃഖം വെടിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ഇന്ദ്രനോടു കൂടെ യക്ഷസിദ്ധന്മാരുടേയും ഗന്ധര്‍വ്വന്മാരുടേയും മദ്ധ്യത്തില്‍ ഇന്ദ്രതുല്യനായി ശോഭിച്ചു.
ഇപ്രകാരം ആ കപോതവും, പതിവ്രതയായ കപോതികയും, പുണ്യകര്‍മ്മത്താല്‍ വേടനും, അങ്ങനെ മൂന്നു പേരും ഒപ്പം സ്വര്‍ഗ്ഗത്തെ പ്രാപിച്ചു.
ഇപ്രകാരം ഭര്‍ത്താവിനെത്തന്നെ പിന്‍തുടരുന്ന അംഗന ഭര്‍ത്താവിനോടു കൂടി സ്വര്‍ഗ്ഗത്തില്‍ ഉടനെ കപോതികയെപ്പോലെ വാഴും. അങ്ങനെ തന്നെ പണ്ട് മഹാബലവാനായ വേടനും സ്വര്‍ഗ്ഗത്തെ പ്രാപിച്ചു. വിശിഷ്ടമായ ഗതി പുണ്യകര്‍മ്മംമുലം കപോതത്തിന്നും സിദ്ധിച്ചു.
ഈ കപോതത്തിന്റെ കഥ ആരു നിത്യവും കേള്‍ക്കുന്നുവോ, ആര് നിത്യവും പറയുന്നുവോ, ആര് നിത്യവും സസന്തോഷം സ്മരിക്കുന്നുവോ, അവന്ന് ഒരുവിധ അശുഭവും വന്നു ചേരുന്നതല്ല. ഹേ ധര്‍മ്മിഷ്ഠസത്തമാ, ഈ ധര്‍മ്മം മഹത്താണ്. പാപം ഏറുന്ന ഗോഹത്യ ചെയ്യുന്നവന്നും അവന്റെ പാപം ഈ കഥ ശ്രദ്ധാപൂര്‍വ്വം കേട്ടാല്‍ നീങ്ങും.
എന്നാല്‍ ശരണാഗതന്മാരെ സംഹരിക്കുന്നവന്ന് ഒരു കാലത്തും ഒന്നു കൊണ്ടും ഗതി കിട്ടുകയില്ല. അതിന്നു പ്രായശ്ചിത്തമില്ല പാപത്തെ നശിപ്പിക്കുന്ന ഈ ഇതിഹാസം കേള്‍ക്കുകയാണെങ്കില്‍ കേള്‍ക്കുന്നവന്റെ സകല ദുര്‍ഗ്ഗതിയും നീങ്ങി അവന്‍ സ്വര്‍ഗ്ഗലോകത്തില്‍ സുഖമായി എത്തുന്നതാണ്.
അദ്ധ്യായം 150. ഇന്ദ്രോതപാരിക്ഷിതീയം (ജനമേജയന്റെയും ഇന്ദ്രോതന്റെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഭാരതസത്തമാ, ഒരുത്തന്‍ പാപം കരുതിക്കൂട്ടിയല്ലാതെ ചെയ്യുകയാണെങ്കില്‍, അറിയാതെ ചെയ്യുന്ന ആ പാപം ഒഴിഞ്ഞു പോകുവാന്‍ എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞുതരണേ!
ഭീഷ്മൻ പറഞ്ഞു: ഇക്കാര്യത്തില്‍ ഞാന്‍ നിന്നോട് ഒരു കഥ പറയാം. പുരാണ ഋഷിമാര്‍ നിര്‍മ്മിച്ചതാണ് ആ കഥ. ജനമേജയ രാജാവിനോടു പണ്ട് ഇന്ദ്രോതന്‍ എന്ന ശൗനകന്‍ പറഞ്ഞതാണ്.
പണ്ട് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. താന്‍ അറിയാതെ ഒരു ബ്രഹ്മഹത്യാ പാപം ചെയ്യുന്നതിനിടയായി. തന്മൂലം ആ രാജാവിനെ പുരോഹിതനോടു കൂടി ബ്രാഹ്മണര്‍ ഉപേക്ഷിച്ചു. അങ്ങനെ എല്ലാ ബ്രാഹ്മണരാലും ഉപേക്ഷിക്കപ്പെട്ട അവന്‍ രാപ്പകല്‍ ഇരുന്നു വ്യസനിച്ച് കാട്ടിലേക്കു പോയി. നാട്ടുകാരും അവനെ ഉപേക്ഷിക്കുകയാല്‍ അവന്‍ കാട്ടില്‍ച്ചെന്ന് വലിയ തപസ്സില്‍ ഏര്‍പ്പെട്ടു. അത്യധികമായ പശ്ചാത്താപം മൂലം അവന്‍ ശുഭമായ തപസ്സില്‍ത്തന്നെ മുഴുകി.
അങ്ങനെ ആ കാട്ടില്‍ വെച്ച് വളരെ തപസ്വികളായ ബ്രാഹ്മണരെ ചെന്നു കണ്ട് താന്‍ ചെയ്ത ബ്രഹ്മഹത്യാപാപത്തിന്ന് എന്താണു പ്രതിവിധി എന്നന്വേഷിച്ചു വളരെ സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു. പാപകൃത്യം മൂലം ദുഃഖിക്കുന്ന ജനമേജയരാജാവ് തന്റെ അന്വേഷണത്തില്‍ ഇന്ദ്രോതനെന്ന ശൗനകമുനിയെ കണ്ടു. മുനിയെ വണങ്ങി, കുമ്പിട്ട്, വളരെ സന്തോഷിച്ചു നിന്നു. അപ്പോള്‍ മുനി രാജാവിനോടു പറഞ്ഞു. എടോ രാജാവേ, നീ എന്തിന്ന് എന്റെ അടുത്തുവന്നു? നീ മഹാപാപിയാണ്. നീ ഭ്രൂണഹത്യാ പാപത്തിന്ന് പാത്രവാനായിരിക്കുന്നു. നീ എന്തു ചെയ്യുവാന്‍ പോകുന്നു? നീ ഞങ്ങളെ ഒരിക്കലും തൊട്ടു പോകരുത്. പോകു! പോകൂ! നീ ഇവിടെ നില്ക്കരുത്. മഹാപാപീ! നീ ഇവിടെ നില്ക്കുന്നത് ഞങ്ങള്‍ക്കു പ്രീതികരമല്ല. നിന്റെ ഗന്ധം തന്നെ രക്തത്തിന്റേതാണ്. നിന്നെ കാണുന്നതു തന്നെ അശുഭ ദര്‍ശനമാണ്. അശുഭനായ നീ ശുഭനെപ്പോലെ സഞ്ചരിക്കുന്നു. നീ ജീവച്ഛവമാണ്. പോകൂ! ബ്രഹ്മഘാതി, അശുദ്ധാ! പാപത്തെത്തന്നെ ചിന്തിക്കുന്നവനേ, നീ ഉണരുന്നു! ഉറങ്ങുന്നു! നില്ക്കുന്നു! അതു കൊണ്ടൊക്കെ എന്തു കാര്യം? പരമമായ അസുഖമാണ് നീ നല്കുന്നത്. എന്തു കാര്യമുണ്ട് നിന്റെ ജീവിതം കൊണ്ട്? രാജാവേ, നിന്റെ ജീവിതം പാഴിലാണ്, ക്ലിഷ്ടനെപ്പോലെ എന്തിന്ന് ജീവിക്കുന്നു? നീ പാപത്തിന്നു തീര്‍ന്നവനാണ്. നീ കര്‍മ്മംകൊണ്ട് ഹീനനാണ്.
പിതാക്കന്മാര്‍ തങ്ങള്‍ക്ക് വളരെ മംഗളശീലന്മാരായ മക്കളുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു. തപോയജ്ഞങ്ങളാലും, ദാനങ്ങളാലും, തപോവൃത്തിയാലും പുരുഷന്മാര്‍ സല്‍സന്താനങ്ങളുണ്ടാകുവാന്‍ ആഗ്രഹിക്കുന്നു. നോക്കൂ! നിന്റെ പിത്യവംശം നീ കാരണം നരകത്തിലായിരിക്കുന്നു. അവര്‍ക്ക് നിന്നിലു ളള ശുഭാശംസകളെല്ലാം നിഷ്ഫലമായിരിക്കുന്നു. ആരെ പൂജിച്ച് ലോകര്‍ സ്വര്‍ഗ്ഗത്തേയും, ആയുസ്സിനേയും, കീര്‍ത്തിയേയും പ്രാപിക്കുന്നുവോ, അവരില്‍ നീ ദ്വേഷമാണ് ജനിപ്പിച്ചത്. നീ അത്യന്തം നിരര്‍ത്ഥകനായിരിക്കുന്നു. നീ ഈ ലോകം വിട്ട് തല കീഴായി പതിക്കും. പാപത്തിനാല്‍ നിനക്ക് അനേകം നൂറ്റാണ്ടു കാലം നാശം സംഭവിച്ചു കൊണ്ടിരിക്കും. കഴുകന്മാരും, നത്തുകളും, മയിലുകളും , ഇരുമ്പു കൊക്കുള്ള ഖഗങ്ങളും നിന്നെ കൊത്തിക്കീറും. വീണ്ടും വീണ്ടും നീ ഭുമിയില്‍ പാപയോനിയില്‍ വന്ന് പിറക്കും. രാജാവേ, നീ ഇത് ഇല്ലെന്നു വിചാരിക്കുന്നുണ്ടോ? നിനക്കു സ്വര്‍ഗ്ഗം ഇല്ല തീര്‍ച്ച! നിന്നെ, നിന്റെ ദുശ്ചേഷ്ടിതത്തെ, യമാലയത്തില്‍വെച്ചു യമദൂതര്‍ ഓര്‍മ്മപ്പെടുത്തും.
No comments:
Post a Comment