Wednesday, 24 August 2022

ആദിപർവ്വം - ആസ്തീകാഖ്യാനം വരെ (അദ്ധ്യായം 1-58)

അനുക്രമണികാപര്‍വ്വം

1. അനുക്രമണിക - ഒരു ദിവസം ലോമഹര്‍ഷണന്റെ പുത്രനായ ഉഗ്രശ്രവസ്സ്‌, നൈമിഷാരണ്യത്തില്‍, കുലപതിയായ ശൗനകന്റെ പന്തീരാണ്ടു കൊണ്ടു കഴിയുന്ന സത്രത്തില്‍ പങ്കു കൊള്ളുവാന്‍ കയറിച്ചെന്നു. വിനയത്തോടു കൂടി ആ സൂതപുത്രന്‍ വന്നു ചേര്‍ന്നപ്പോള്‍ വിചിത്രമായ സല്‍ക്കഥകള്‍ കേള്‍ക്കുവാന്‍ മഹര്‍ഷിമാര്‍ ഒത്തു കൂടി. ലോമഹര്‍ഷണ പുത്രന്‍ എല്ലാവരേയും അഭിവാദ്യം ചെയ്തു. മുനിമാര്‍ അദ്ദേഹത്തെ സല്‍ക്കരിച്ചിരുത്തി. കുശപ്പുല്ലു കൊണ്ട്‌ കെട്ടിയുണ്ടാക്കിയ പീഠത്തില്‍ മുനിമാരും ഇരുന്നു. വിശ്രമാനന്തരം ഒരു മുനി അദ്ദേഹത്തോട്‌ ചോദിച്ചു; ഹേ! കമലപ്രതാക്ഷനായ സൂതപുത്ര, ഭവാന്‍ ഇപ്പോള്‍ എവിടെ നിന്ന്‌ വരുന്നു? ഇത്ര നാളും അങ്ങ്‌ എവിടെ വസിച്ചിരുന്നു? അങ്ങയെപ്പറ്റി അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതുകേട്ട്‌ ആ സൂതനന്ദനന്‍ താപസന്മാര്‍ നിരന്നിരിക്കുന്ന സദസ്സില്‍ തന്റെ ചരിത്രം വ്യക്തമാക്കുന്ന വിധം പറഞ്ഞു തുടങ്ങി.

പുരാണകഥാകഥനം കൊണ്ട്‌ ശ്രോതാക്കളില്‍ രോമാഞ്ചം കൊള്ളിച്ചതിനാല്‍ ലോമഹര്‍ഷണന്‍ എന്ന് പ്രസിദ്ധനായ സൂതന്‍. ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയില്‍ ജനിച്ച സന്താനപരമ്പരയാണ്‌ സൂതവംശം. വ്യാസന്റെ ശിഷ്യനായിരുന്നു സൂതന്‍. 

സൂതന്‍ പറഞ്ഞും: പരീക്ഷിത്തിന്റെ പുത്രനും ശ്രീമാനും മഹാനുമായ ജനമേജയ രാജര്‍ഷി സര്‍പ്പസത്രം ചെയ്യുന്ന സ്ഥലത്ത്‌, അതില്‍ പങ്കു കൊണ്ട്‌, കുറെ നാള്‍ ഞാന്‍ താമസിച്ചു. അവിടെ ജനമേജയ രാജര്‍ഷിയോട്‌ വൈശമ്പായനൻ, കൃഷ്ണദ്വൈപായന വിരചിതമായ പുണ്യചരിത്രങ്ങള്‍ പറയുന്നത് കേട്ട്‌ കഴിഞ്ഞു കൂടി. മഹാഭാരതത്തിലെ പുണ്യ ചരിത്ര കഥകള്‍ കേട്ട്‌ പഠിച്ചതിന് ശേഷം തീര്‍ത്ഥങ്ങളും ക്ഷ്രേതങ്ങളും സന്ദര്‍ശിച്ചു. വിദ്വത്ജനസേവിതമായ സമന്തപഞ്ചകം എന്ന പുണ്യസ്ഥലത്തു ചെന്നു. പണ്ട്‌ ആ സ്ഥലത്തു വെച്ചാണ്‌ കുരുപാണ്ഡവന്മാര്‍, മറ്റു പല രാജാക്കന്മാരുമൊത്ത്‌, പരസ്പരം യുദ്ധം ചെയ്തത്‌. പിന്നീട്‌ വിപ്രരേ, ഞാന്‍ നിങ്ങളെ കാണുവാന്‍ ആഗ്രഹിച്ച്‌ ഇങ്ങോട്ടു പോന്നു. ആയുഷ്മാന്മാരായ നിങ്ങള്‍ തീര്‍ച്ചയായും ബ്രഹ്മമയന്മാരാണ്‌! ഈ യജ്ഞത്തില്‍ നിങ്ങള്‍ അര്‍ക്കനെപ്പോലെയും അഗിയെപ്പോലെയും തേജസ്വികളായി വിളങ്ങുന്നു. അവഭൃഥസ്നാനം ( യോഗാവസാനത്തിലെ സ്നാനം ) ചെയ്ത്‌ ജപഹോമവിധികള്‍ അനുഷ്ഠിച്ച്‌ ശുദ്ധരായി ഇരുന്നരുളുന്ന നിങ്ങളുടെ പവിത്രസന്നിധിയില്‍ ഞാന്‍ എന്താണ്‌ പറയേണ്ടത്‌? ധര്‍മ്മാര്‍ത്ഥബന്ധികളായ പുരാണങ്ങളില്‍, നരേന്ദ്രന്മാരുടേയും, മാമുനിമാരുടേയും ശ്രേഷ്ഠമായ ചരിതങ്ങളില്‍, ഏതാണു പറയേണ്ടത്‌?

ഋഷികള്‍ പറഞ്ഞു: പരാശരാത്മജനായ വ്യാസന്‍ ഗ്രഥിച്ചതും പരീക്ഷിത്തിന്റെ പുത്രനായ ജനമേജയനോട്‌ വൈശമ്പായനന്‍ പറഞ്ഞു കൊടുത്തതും, നാലു വേദങ്ങളുടെ സത്ത്‌ ഉള്‍ക്കൊള്ളുന്നതും, സുരബ്രഹ്മര്‍ഷികള്‍ ശ്ലാഘിക്കുന്നതും, ശ്രേഷ്ഠമായ ചിത്രപര്‍വ്വബന്ധം കൊണ്ട്‌ മനോജ്ഞമായതും, സൂക്ഷ്മാര്‍ത്ഥന്യായങ്ങള്‍ ചേര്‍ന്നതും, പുണ്യാര്‍ത്ഥം കൊണ്ട്‌ പൂര്‍ണ്ണമായതും, സര്‍വ്വശാസ്ത്ര വൃത്തിയോടു കൂടി ശോഭിക്കുന്നതും. ശുദ്ധപുണ്യ സംഹിതയുള്ളതും, വേദമാര്‍ഗ്ഗത്തിന്റെ പൊരുള്‍ അണിഞ്ഞതും ആയ മഹാഭാരതകഥ പറഞ്ഞാലും. പാപനാശനമായ ആ ഇതിഹാസം കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

സൂതന്‍ പറഞ്ഞു; ആദിചൈതന്യനും ഹോമത്തിനും സ്തോത്രത്തിനും ഫലം നല്‍കുന്നവനും, വിശ്വാത്മാവും, പുരാണനും, പരനും, അവ്യയനും, പരാപരങ്ങള്‍ സൃഷ്ടിക്കുന്നവനും, മംഗളനും, സദസദാകാരനും, വരേണ്യനും, അനഘനും, ശുചിയും, വിശ്വാചാര്യനും, ഈശാനബ്രഹ്മ വിഷ്ണുമയനുമായ ഹൃഷീകേശനെ വണങ്ങി അത്ഭുതകര്‍മ്മാവായ വ്യാസമഹര്‍ഷിയുടെ സര്‍വ്വാദൃതമായ ആശയം എല്ലാം ഞാന്‍ പറയുന്നുണ്ട്‌. എല്ലാവരും ആദരിക്കുന്ന ആ കഥ പലരും പറഞ്ഞിട്ടുണ്ട്‌, പലരുംപറയുന്നുണ്ട്‌, പലരും പറയുകയും ചെയ്യും. ശബ്ദഭംഗിയില്‍ഇതു വൃത്തവിചിത്രം കൊണ്ടു മധുരവും, സര്‍വ്വാദൃതവും, ശുഭാവഹവും, ദിവ്യമാനുഷ സങ്കേതങ്ങള്‍ക്ക്‌ മംഗളപ്രദവും വിബുധന്മാര്‍ക്കു പ്രിയകരവുമായ ഇതിഹാസമാകുന്നു. 

തേജുഃപ്രകാശം വിട്ട്‌ എല്ലായിടവും തമസ്സിലാണ്ടു കിടന്ന കാലത്തു യുഗത്തിന്റെ ആദിയില്‍ പ്രജാബീജവും അവ്യയവുമായ അണ്ഡമുണ്ടായി, ബ്രഹ്മാണ്ഡം! ലോകകാരണമായ അതില്‍ നിത്യമായ സത്യജ്യോതിര്‍ ബ്രഹ്മതത്ത്വം ഒത്തു ചേര്‍ന്നിരുന്നു എന്നാണ്‌ ശ്രുതി. അത്ഭുതവും, അചിന്ത്യരൂപവും, അവ്യക്തവും, ദിവ്യവും, സദസദാത്മകവുമായ അതിന്റെ ഹേതു ദുര്‍ജേഞയമാണ്‌. അതില്‍ ബ്രഹ്മാവിഷ്ണു ശിവാംഗനും ( ത്രിമൂര്‍ത്തിരൂപനായ ) പ്രഥമപിതാമഹനുമായ പ്രജാപതി ഉദിച്ചു. പിന്നെ മനു, സ്വയംഭൂവായ ദേവത, പരമേഷ്ടി, പത്ത്‌ പ്രചേതസ്സുകള്‍, ദക്ഷന്‍, ഏഴ് ദക്ഷനന്ദനന്മാര്‍ എന്നിവര്‍ ഉണ്ടായി. പിന്നെ ഇരുപത്തൊന്നു പ്രജാപതികളും സര്‍വ്വര്‍ഷി വിദിതനും സാക്ഷാല്‍ സര്‍വ്വരൂപനും പരാല്‍പരനുമായ ദേവന്റെ വിഭൂതികളായി വിശ്വദേവകളും, എട്ടു വസുക്കളും, പന്ത്രണ്ട്‌ ആദിത്യന്മാരും, രണ്ട്‌ അശ്വനീദേവന്മാരും ഉണ്ടായി. യക്ഷസാദ്ധ്യപിശാചുക്കളും, ഗുഹ്യകന്മാരും, പിതൃക്കളും ഉണ്ടായി. പിന്നെ പണ്ഡിത ബ്രഹ്മചാരികളായ മുനികളും, രാജല്‍ഗുണന്മാരായ രാജര്‍ഷിമാരും, ആവിര്‍ഭവിച്ചു. പിന്നെ അപ്പ്‌, അര്‍ക്കന്‍, ദ്യോവ്‌, ഭൂമി, വായു, അഭ്രം, ചന്ദ്രന്‍, അഗ്നി, ദിക്കുകള്‍, ഋതുക്കള്‍, മാസങ്ങള്‍, പക്ഷങ്ങള്‍, രാവ്‌, പകല്‍ എന്നിവയും സര്‍വ്വചരാചരങ്ങളും ഉണ്ടായി. ലോകസാക്ഷികളായി നില്ക്കുന്ന ചരാചരങ്ങളായ സര്‍വ്വവസ്തുക്കളും ഇതില്‍ ഉണ്ടായി. അവസാനം പ്രളയമുണ്ടാവുകയും ഇതില്‍ എല്ലാം ലയിക്കുകയും ചെയ്യും. ഋതുഭേദങ്ങള്‍ ഓരോരോ ഋതുക്കളിലും ഉത്ഭവിക്കുന്ന മാതിരി ഇവയൊക്കെ ഓരോ യുഗത്തിലും പുതുതായി ബ്രഹ്മത്തില്‍ നിന്ന്‌ ഉത്ഭവിക്കുകയും പ്രളയത്തില്‍ എല്ലാം ബ്രഹ്മത്തില്‍ ചെന്ന്‌ ലയിക്കുകയും ചെയ്യും. ഇങ്ങനെ ഉദിച്ചും നശിച്ചും വീണ്ടും ഉദിച്ചും നശിച്ചും സംസാരചക്രം ആദ്യന്തമില്ലാതെ ചുറ്റിക്കൊണ്ടിരിക്കുന്നു. മുപ്പത്തി മൂവ്വായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന്  ആണല്ലോ ചുരുക്കത്തില്‍ ദേവസൃഷ്ടികള്‍. 

വിവസ്വാന് ദ്യോവില്‍ നിന്നു ബൃഹത്ഭാനു, ചക്ഷു, ആത്മാവ്‌, വിഭാവസു, ഋചീകന്‍, സവിതാവ്‌, അര്‍ക്കന്‍, ഭാനു, ആശാവഹന്‍, രവി എന്നീ പുത്രന്മാരുണ്ടായി. ഈ വര്‍ഗത്തില്‍ ശ്രേഷ്ഠന്‍ മനുവാകുന്നു. മനുവിന്റെ പുത്രന്‍ ദേവഭ്രാട്ടാണ്‌. അവന്റെ പുത്രന്‍ സുഭ്രാട്ടാകുന്നു. സുഭ്രാട്ടിന് മൂന്നു പുത്രന്മാരുണ്ടായി. അവര്‍ ദശജ്യോതിസ്സ്‌, ശതജ്യോതിസ്സ്‌, സഹ്രസജ്യോതിസ്സ്‌ എന്നിവരാണ്‌. ഇവരെല്ലാം സുവ്രജന്മാരും. ബഹുശ്രുതന്മാരുമാണ്‌. ദശജ്യോതിസ്സിന് പതിനായിരം പുത്രന്മാരുണ്ടായി. അതിലും പത്തിരട്ടി പുത്രന്മാര്‍ ശതജ്യോതിസ്സിനുണ്ടായി. അതിനേക്കാള്‍ പത്തിരട്ടി സഹസ്രജ്യോതിസ്സിനും ഉണ്ടായി. ഈ വഴിക്കു കുരുകുലവും യാദവകുലവുമുണ്ടായി. അങ്ങനെ യയാതി, ഇക്ഷ്വാകു എന്നിവരുടെ വംശമുണ്ടായി. അനേകം വംശങ്ങളില്‍ അസംഖ്യം സൃഷ്ടിപരമ്പരകളുമുണ്ടായി. 

ഭൂതസ്ഥാനസ്ഥിതി, ത്രിവര്‍ഗ്ഗരഹസ്യങ്ങള്‍, കര്‍മ്മോപാസന, വിജ്ഞാനകാണ്ഡം, ത്രൈവര്‍ഗ്ഗികങ്ങള്‍, ധര്‍മ്മകാമാര്‍ത്ഥ വിസ്താരങ്ങള്‍, മഹാശാസ്ത്രജാലങ്ങള്‍, ലോകയാത്രകള്‍ ഇവയെല്ലാം പൂര്‍ണ്ണമായി മുനീശ്വരന്‍ യോഗത്താല്‍ കണ്ടു. പലവിധം ഇതിഹാസങ്ങളും അതിന്റെ വ്യാഖ്യാനവും ശ്രുതിപ്പൊരുളുകളും എല്ലാം ഇതില്‍ ക്രമപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ്‌ ഈ ഗ്രന്ഥത്തിന്റെ സ്വരൂപം. മുനീശ്വരന്‍ മഹാജ്ഞാനം വിസ്തരിച്ചും സംക്ഷേപിച്ചും ബുധന്മാരുടെ പ്രിയം അനുസരിച്ച്‌ പറഞ്ഞിട്ടുണ്ട്‌. 

മനു മുതല്‍ക്കാണ്‌ ഭാരതം തുടങ്ങുന്നതെന്നും, ആസ്തീകം മുതല്ക്കാണ്‌ ഭാരതം തുടങ്ങുന്നതെന്നും, ഉപരിചരന്‍ എന്ന വസുവിന്റെ ചരിതം മുതല്‍ക്കാണ്‌ ഭാരതം തുടങ്ങുന്നതെന്നും, പലതരത്തില്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. വിസ്തരിച്ചു പറയുന്ന ഭാരതത്തെ അനേക സംഹിതാജ്ഞാനമെന്ന്‌ മനീഷികള്‍ പറയുന്നു. ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുകയും ചിലര്‍ വിടാതെ ദൃഢമായി ഹൃദയത്തില്‍ ഗ്രഹിച്ച്‌ ജീവിക്കുകയും ചെയ്യുന്നു. 

തപോവ്രതം, ബ്രഹ്മചര്യ എന്നിവയാല്‍ ആത്മശക്തി നേടി സത്യവതീസൂതനായ ഭഗവാന്‍ വ്യാസന്‍ പുണ്യമായ ഈ ഇതിഹാസം കല്‍പിച്ചു. ഇപ്രകാരം ഈ മഹാഖ്യാനമൊക്കെ കല്പിച്ച ബ്രഹ്മജ്ഞനും, സംശിതവ്രതനും, പരാശരപുത്രനും ആയ ബ്രഹ്മര്‍ഷി ഇത്‌ എങ്ങനെ ശിഷ്യലോകര്‍ക്ക്‌ പറഞ്ഞു കൊടുക്കും എന്ന് ഓര്‍ത്തു വിഷമിച്ച്‌ ഇരിപ്പായി. ഈ സമയത്ത്‌ മഹര്‍ഷിയുടെ വിഷമാവസ്ഥയറിഞ്ഞ്‌ മുനി പ്രീതിക്കായും സര്‍വ്വലോക ഹിതത്തിനായും ലോകഗുരുവായ ബ്രഹ്മാവ്‌ ആ കൃഷ്ണദ്വൈപായനന്റെ മുമ്പില്‍ പ്രത്യക്ഷനായി. ബ്രഹ്മാവിനെ കണ്ട്‌ അത്ഭുതപ്പെട്ട്‌ ആ മഹാന്‍ എഴുന്നേറ്റ്‌ പീഠം നല്കി മുനിമാരോട് കൂടി ഭക്ത്യാദര പുരസ്സരം കൈകൂപ്പി നിന്നു. 

ബ്രഹ്മാവിന്റെ അനുജ്ഞപ്രകാരം വ്യാസന്‍ അരികെയിരുന്നു. അങ്ങനെ ആനന്ദഹാസത്തോടെ ഇരിക്കെ, വ്യാസന്‍ ബ്രഹ്മാവിനോട്‌ വിനയത്തോടെ പറഞ്ഞു. 

വ്യാസന്‍ പറഞ്ഞു; പിതാമഹ! ഞാന്‍ ഒരു കാവ്യം രചിച്ചിട്ടുണ്ട്‌. ബൃഹത്തായ അത്‌ ബുധന്മാര്‍ പൂജിക്കുമെന്ന്‌ വിശ്വസിക്കുന്നു. വേദരഹസ്യങ്ങള്‍, മറ്റ്‌ ശാസ്ത്രങ്ങള്‍, അംഗങ്ങളോടും ഉപാംഗങ്ങളോടും കൂടിയ വേദങ്ങള്‍, ഉപനിഷത്തുകള്‍, വേദങ്ങളുടെ വിസ്താരങ്ങള്‍, ഗതിക്ക്‌ ഉന്മേഷ പോഷണങ്ങളായ ഇതിഹാസ പുരാണങ്ങള്‍, ഭൂതഭവ്യ ഭവല്‍ഭാവ പൂതമായ കാലലക്ഷണം, ജരാമരണഭീതി, വ്യാധി ഭാവാഭാവ നിരൂപണം, നാനാധര്‍മ്മങ്ങള്‍ കലരുന്ന ആശ്രമങ്ങളുടെ ലക്ഷണം, ചാതുര്‍വ്വര്‍ണ്യം തിരിഞ്ഞ്‌ ആദ്യ കാലത്തുണ്ടായ ക്രമം, ബ്രഹ്മചര്യം, തപസ്സ്‌, ഭൂമി, ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രങ്ങള്‍, താരങ്ങള്‍ എന്നിവയുടെ മാനം, യുഗസ്ഥിതി, ഋക്ക്‌, യജുസ്സ്‌, സാമം, ഇവയുടെ നില, അദ്ധ്യാത്മവിധി, ചിന്തനം, ന്യായശിക്ഷാ ചികിത്സാദികള്‍, ദാനം, പാശുപതം, ദിവ്യമാനുഷ ജന്മങ്ങള്‍ക്കുള്ള യുക്തിദര്‍ശനം, തീര്‍ത്ഥങ്ങള്‍, പുണ്യദേശങ്ങള്‍ ഇവയുടെ കീര്‍ത്തനങ്ങള്‍, നദി, ശൈലം, വനം, കടല്‍ ഇവയെക്കുറിച്ചുള്ള വര്‍ണ്ണനം, പുരങ്ങള്‍, ദിവൃകല്പങ്ങള്‍, മുറകള്‍, സംഗരകൗശലങ്ങള്‍, വാക്കിന്റെ ജാതിഭേദങ്ങള്‍, ശ്ലാഘ്യമായ ലോകയാത്ര എന്നിവയും മറ്റു പലതും ഞാന്‍ ഇതില്‍ മിക്കവാറും ഒപ്പിച്ചിട്ടുണ്ട്‌. ഇവയൊക്കെ മനസ്സില്‍ സങ്കല്‍പിച്ചു വെച്ചിട്ടുണ്ടെന്നല്ലാതെ എഴുതുവാന്‍ പറ്റിയ ഒരാളെ ലോകത്തിൽ എനിക്കു കണ്ടുകിട്ടിയില്ല.

ബ്രഹ്മാവ്‌ പറഞ്ഞു: തപോബലം കൊണ്ടും ശ്രേഷ്ഠജ്ഞാനപ്രതിഷ്ഠ കൊണ്ടും മേന്മ കൂടിയ മഹര്‍ഷിമാരില്‍ ഭവാന്‍ ശ്രേഷ്ഠനാണെന്നാണ്‌ എന്റെ അഭിപ്രായം. ജന്മം മുതല്‍ ബ്രഹ്മവിത്തായി വിളങ്ങുന്ന ഭവാന്റെ മൊഴിക്ക്‌ സത്യതയുണ്ട്‌. അങ്ങ്‌ കാവ്യമെന്നു പറഞ്ഞാല്‍ അത്‌ കാവ്യമാകും, തീര്‍ച്ചയാണ്‌! കവീന്ദ്രന്മാര്‍ക്ക്‌ ആര്‍ക്കും ഈ കാവ്യം കവച്ചു വെക്കുവാന്‍ സാദ്ധ്യമല്ല. ഭൂമിയില്‍ ഇതിനേക്കാള്‍ വിശേഷപ്പെട്ട ഒരു കാവ്യം തീര്‍ക്കുവാന്‍ ഒരു കവീന്ദ്രനും സാദ്ധ്യമല്ല, അന്യ ആശ്രമികള്‍ക്ക്‌ ഗൃഹസ്ഥാശ്രമം എളുപ്പമല്ലാത്തത് പോലെ. ഈ കാവ്യം എഴുതുവാന്‍ ഭവാന്‍ വിഘ്നേശ്വരനെ നിനയ്‌ക്കുക. 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ബ്രഹ്മാവ്‌ മറഞ്ഞു. ഉടനെ വ്യാസന്‍ ഗണപതിയെ ധ്യാനിച്ചു. തല്‍ക്ഷണം ഭക്തകാമദനായ ഹേരംബന്‍ വ്യാസന്റെ മുമ്പില്‍ പ്രതൃക്ഷനായി. വ്യാസന്‍ വിഘ്നേശ്വരനെ പൂജിച്ചിരുത്തി തൊഴുത്‌ ഉണര്‍ത്തിച്ചു. 

വ്യാസന്‍ പറഞ്ഞു: ഹേ, ഗണനായക! ഞാന്‍ എന്റെ മനസ്സില്‍ തീര്‍ത്തു വെച്ചിട്ടുള്ള മഹാഭാരതം ചൊല്ലിത്തരാം. ഭവാന്‍ അത്‌ നന്നായി ഒന്ന്‌ എഴുതിത്തന്നാല്‍ കൊള്ളാമെന്ന്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സൂതന്‍ പറഞ്ഞു: വ്യാസന്റെ അപേക്ഷ കേട്ട്‌ വിഘ്നേശ്വരന്‍ പറഞ്ഞു: ഭവാന്‍ ചൊല്ലുന്ന മഹാഭാരതം ഞാന്‍ എഴുതിത്തരാം. ഇടയ്ക്ക്‌ എഴുത്താണി നിര്‍ത്തുവാന്‍ ഇടയാക്കാതിരിക്കയാണെങ്കില്‍! 

വ്യാസന്‍ പറഞ്ഞു: എന്നാൽ ഒരു കാര്യമുണ്ട്‌. ഞാന്‍ ചൊല്ലുന്ന സമയത്ത്‌ ഭവാന്‍ അതിന്റെ അര്‍ത്ഥം ഗ്രഹിച്ചിട്ടു വേണം എഴുതുവാന്‍. അര്‍ത്ഥം ധരിക്കാതെ എഴുതരുത്‌. ഗണേശന്‍ അങ്ങനെയാകട്ടെ എന്ന് പറഞ്ഞു. ഇങ്ങനെ ഗണപതി ലേഖകനായി. 

ഗണപതി എഴുതുവാന്‍ തുടങ്ങി. വ്യാസന്‍ കൃതിക്ക്‌ രൂപമുണ്ടാക്കി, അതിനെ കൗതുകത്തോടെ പ്രതിജ്ഞാ പൂര്‍വ്വം ചൊല്ലുവാന്‍ തുടങ്ങി. ഗണേശന്‍ കേട്ട്‌ അതിവേഗം എഴുതുവാനും തുടങ്ങി. എണ്ണായിരത്തി എണ്ണൂറ്‌ ശ്ലോകങ്ങളുടെ ഗൂഢാര്‍ത്ഥം ഈ ഞാന്‍ കണ്ടിട്ടുണ്ട്‌, ശുകമഹര്‍ഷിയും കണ്ടിട്ടുണ്ട്‌. സഞ്ജയന്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്‌. അര്‍ത്ഥം ഗ്രഹിക്കുവാന്‍ കഴിയാത്തതും, കടുപ്പമേറിയതും, കെട്ടുപിണഞ്ഞതും ഗൂഢാര്‍ത്ഥ ബന്ധത്തോടു കൂടിയതുമായ ശ്ലോകങ്ങള്‍ ഇതില്‍ വേണ്ടുവോളമുണ്ട്‌. അവ ഉടച്ചെടുക്കുവാന്‍ വിഷമമുണ്ട്‌. മഹര്‍ഷിമാരേ! ഗണേശന്‍ സര്‍വ്വജ്ഞനാണെങ്കിലും അല്പസമയം ചിലപ്പോള്‍ ചിന്തിച്ചിരുന്നു പോകും! അതിനിടയ്ക്ക്‌ വ്യാസന്‍ അനേകം പദ്യങ്ങള്‍ തീര്‍ക്കും! 

വര്‍ദ്ധിച്ച അജ്ഞാന തിമിരത്താല്‍ മിഴികെട്ട്‌ ലോകരില്‍ ജ്ഞാനാഞ്ജന ശലാക കൊണ്ട്‌ താനെ ഇത്‌ തെളിവു നല്കുന്നു. 

ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ കൂട്ടിച്ചേര്‍ത്തും, വേര്‍തിരിച്ചും കാണിക്കുന്ന ഭാരതസൂര്യന്‍ നാട്ടുകാരുടെ ഇരുട്ടു നീക്കി, ഈ പുരാണമാകുന്ന പൂര്‍ണ്ണേന്ദു, വേദമാകുന്ന നിലാവു വിരിച്ച്‌ നരന്മാരുടെ ചിത്തമാകുന്ന കുമുദ നിരകളെ നീളെ വികസിപ്പിക്കുന്നു. ഇതിഹാസമാകുന്ന ഈ വിളക്ക്‌ അജ്ഞാനമാകുന്ന വലിയ ഇരുട്ടു നീക്കി ലോകരുടെ ഹൃദയമാകുന്ന ഗൃഹം എല്ലായിടത്തും തെളിയിക്കുന്നു. സംഗ്രഹാദ്ധ്യായമാകുന്ന വിത്തും, പൌലോമാസ്തികമാകുന്ന വേരുകളും, സംഭവസ്കന്ധവിരിവും, സഭാരണ്യവിടങ്കവും (പക്ഷിക്കൂട്‌), അരണീപര്‍വ്വനിറവും, വിരാടോദ്യോഗസാരവും, ഭീഷ്മപര്‍വ്വമാകുന്ന വലിയ കൊമ്പും, ദ്രോണപര്‍വ്വമാകുന്ന ദളസമൂഹവും, കര്‍ണ്ണപര്‍വ്വമാകുന്ന പുതുപുഷ്പവും, ശല്യപര്‍വ്വമാകുന്ന സുഗന്ധവും, സ്ത്രീപര്‍വ്വൈഷികങ്ങളായ നിഴലും, ശാന്തിപര്‍വ്വമാകുന്ന ഫലൗഘവും, അശ്വമേധമാകുന്ന അമൃതരസവും, ആശ്രമസ്ഥാനനിഷ്ഠയും, മൗസലശ്രുത്യന്തവുമായി എല്ലായ്പോഴും ദ്വിജസേവിതമായി ( പക്ഷികള്‍ എന്നും ബ്രാഹ്മണര്‍ എന്നും ) നില്ക്കുന്ന ഈ ഭാരത മഹാവൃക്ഷം സല്‍ക്കവികള്‍ക്ക്‌, മേഘങ്ങള്‍ ജീവികള്‍ക്കെന്ന വിധം, ജീവനപ്രദമായിത്തീരും. ആശ്രയമായി ഭവിക്കും. ആ മഹാവൃക്ഷത്തിന്റെ ആസ്വാദവിശുദ്ധവും, അനശ്വരവും, സുരന്മാര്‍ക്കു പോലും അച്ഛേദൃവുമായി ശോഭിക്കുന്ന അനശ്വരമായ സത്യപുഷ്പ ഫലോദയത്തെ ഞാന്‍ പറയാം. 

അമ്മ കല്പിക്കുകയാല്‍, ഭീഷ്മന്റെ സമ്മതത്തോടു കൂടി പണ്ട്‌ കൃഷ്ണദ്വൈപായന മഹര്‍ഷി, വിചിത്രവീര്യന്റെ ഭാര്യമാരില്‍, മൂന്ന്‌ അഗ്നികളെപ്പോലെ. തേജസ്വികളായ മൂന്നു പുത്രന്മാരെ ജനിപ്പിച്ചു. ധൃതരാഷ്ട്രന്‍. പാണ്ഡു, വിദുരന്‍ ഇവര്‍ മൂന്നു പേരുമായിരുന്നു അവര്‍. പിന്നെ, മുനി തന്റെ ആശ്രമത്തില്‍ തപസ്സിനായി പോവുകയും ചെയ്തു. 

പുത്രന്മാരുണ്ടായി, ജീവിച്ചു. അവര്‍ക്കും പുത്രന്മാരുണ്ടായി. എല്ലാവരും കാലഗതി പ്രാപിക്കുകയും ചെയ്തു. മഹര്‍ഷി മഹാഭാരതം നിര്‍മ്മിച്ചു. ജനമേജയൻ സദസ്യമദ്ധ്യത്തില്‍ വെച്ച്‌ വ്യാസ ശിഷ്യാഗ്ര ഗണ്യനായ വൈശമ്പായനനോട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ മഹാഭാരതം യജ്ഞക്രിയകള്‍ക്കിടയില്‍ വിസ്തരിച്ച്‌ ചൊല്ലിക്കേള്‍പ്പിച്ചു. ജനനമേജയരാജാവും വിപ്രന്മാരും കഥ കേട്ട്‌ ഇരുന്നു. 

കുരുവംശത്തിന്റെ പരപ്പും, ഗാന്ധാരിയുടെ ധര്‍മ്മനിഷ്ഠയും, വിദുരന്റെ ജ്ഞാനവും, കുന്തിയുടെ ധൈര്യവും വ്യാസന്‍ പറഞ്ഞു. കൃഷ്ണന്റെ മാഹാത്മ്യവും പാണ്ഡവന്മാരുടെ സത്യവും, ധാര്‍ത്തരാഷ്ട്രന്മാരുടെ ദുഷ്ടധൂര്‍ത്തും മുനീശ്വരന്‍ പറഞ്ഞു. പുണ്യകര്‍മ്മികളായ ജനങ്ങളുടെ ഉപാഖ്യാനങ്ങളോടു കൂടിയ ഉത്തമമായ ആദ്യഭാരതം ഒരുലക്ഷം ശ്ലോകത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു. ഭാരതസംഹിത ഉപാഖ്യാനങ്ങള്‍ കൂടാതെയുള്ള ഭാരതമാണ്‌. അതു മുനി തീര്‍ത്തത്‌ ഇരുപത്തിനാലായിരം ശ്ലോകം കൊണ്ടാണ്‌. പിന്നെ, മുനി നൂറ്റമ്പത്‌ ശ്ലോകം കൊണ്ട്‌ സംക്ഷിപ്ത ഭാരതം നിര്‍മ്മിച്ചു. അനുക്രമണികാദ്ധ്യായം, കഥാപര്‍വ്വസംഗ്രഹം ഇവ രണ്ടും ആദ്യം മുനി തന്റെ പുത്രനായ ശുകന് പറഞ്ഞു കൊടുത്തു. പിന്നീട മറ്റു നാലു ശിഷ്യന്മാര്‍ക്കും പറഞ്ഞു കൊടുത്തു. 

പിന്നെ, സംഹിത അറുപതു ലക്ഷം ശ്ലോകത്തില്‍ മുനി വേറേയും രചിച്ചു. മുഖ്യമായ മുപ്പതു ലക്ഷം ദേവന്മാര്‍ക്കും പതിനനഞ്ചു ലക്ഷം പിതൃക്കള്‍ക്കും പതിന്നാലു ലക്ഷം ഗന്ധര്‍വ്വന്മാര്‍ക്കും വേണ്ടി തീര്‍ത്തു. നരലോകത്തിലുള്ള മഹാഭാരതം ഒരു ലക്ഷത്തില്‍ നിര്‍മ്മിച്ചതാണ്‌. 

അനന്തരം ഈ ഇതിഹാസം നാരദന്‍ ദേവകള്‍ക്കു ചൊല്ലിക്കേള്‍പ്പിച്ചു; പിതൃക്കള്‍ക്ക്‌ ദേവലന്‍ ചൊല്ലിക്കേള്‍പ്പിച്ചു; ഗന്ധര്‍വ്വയക്ഷരക്ഷോവര്‍ഗ്ഗമദ്ധ്യത്തില്‍ ശുകന്‍ ചൊല്ലിക്കേള്‍പ്പിച്ചു. മനുഷ്യ ലോകത്തില്‍ വേദവേദാംഗ പാരംഗനും ധര്‍മ്മശീലനും വ്യാസശിഷ്യനുമായ വൈശമ്പായ മുനി ചൊല്ലിക്കേള്‍പ്പിച്ചു. ആ ഒരു ലക്ഷം ഞാന്‍ പറയാം, നിങ്ങള്‍ കേട്ടാലും. 

ദുര്യോധനന്‍ ക്രോധരൂപമായ മഹാവൃക്ഷമാണ്‌. സ്കന്ധം കര്‍ണ്ണനാണ്‌. സൗബലന്‍ ശാഖകളാണ്‌. ദുശ്ശാസനന്‍ ഫലപുഷ്പങ്ങളാണ്‌. മൂലം ബുദ്ധിപിഴച്ച ധൃതരാഷ്ട്ര രാജാവാണ്‌. 

യുധിഷ്ഠിരന്‍ ധര്‍മ്മമാകുന്ന മഹാവ്യക്ഷമാണ്‌. സ്കന്ധം പാര്‍ത്ഥനാണ്‌. ശാഖകള്‍ ഭീമസേനനാണ്‌. മാദ്രേയന്മാര്‍ പുഷ്പഫലങ്ങളാണ്‌. മൂലം കൃഷ്ണനും, വേദവും, ബ്രഹ്മജ്ഞരുമാണ്‌. 

മാന്യനായ പാണ്ഡുമഹാരാജാവ്‌ പലേ നാടുകള്‍ ബുദ്ധി കൊണ്ടും വിക്രമം കൊണ്ടും കീഴടക്കി. പിന്നെ, മൃഗയാസക്തനായ രാജാവ്‌ മാമുനിമാരുമായി കാട്ടില്‍ വസിച്ചു. ഇണചേര്‍ന്ന മാനിനെ കൊന്നതു കൊണ്ട്‌ ദുഃഖം വന്നു ചേര്‍ന്നു. 
നായാട്ടില്‍ അതൃധികം ആസക്തനായ പാണ്ഡു, മൃഗവേഷം ധരിച്ച്‌ രതിക്രീഡ ചെയ്തു കൊണ്ടിരുന്ന ഒരു മുനിയെ വധിച്ചുവെന്നും, ആ മുനി മരിക്കുന്ന സമയത്ത്‌ പാണ്ഡുവിനെ ശപിച്ചുവെന്നുമുള്ള പുരാണകഥ സൂചിപ്പിക്കുന്നു. 
അവിടെ കര്‍മ്മവിധി ക്രമത്താല്‍ പാര്‍ത്ഥര്‍ക്ക്‌ ജന്മം വന്നു കൂടി. ധര്‍മ്മോപനിഷത്തു പ്രകാരമുള്ള വൃത്തി അമ്മമാര്‍ക്കുണ്ടായി. 
ആപല്‍ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക്‌ സന്താനലാഭത്തിനായി വിശിഷ്ടനായ പുരുഷനെ പ്രാപിക്കാമെന്ന്‌ വ്യാസവസിഷ്ഠന്മാര്‍ വിധിച്ചിട്ടുള്ള ധര്‍മ്മത്തിന്റെ സംരക്ഷണം. 
ധര്‍മ്മന്‍, വായു, സുര്രേന്ദ്രന്‍, അശ്വനീദേവകള്‍ എന്നിവരുടെ സംബന്ധത്താല്‍ ധര്‍മ്മസിദ്ധിയെ പ്രാപിച്ചു. കുട്ടികള്‍ ജനനിമാരുടെ രക്ഷയില്‍ മുനിമാരോടു കൂടി പുണ്യാശ്രമത്തില്‍ വളര്‍ന്നു. അനന്തരം ഋഷിമാരോടു കൂടി ധൃതരാഷ്ട്രന്റേയും, ദുര്യോധനന്റേയും അടുത്ത്‌ അവര്‍ എത്തി. സമര്‍ത്ഥരും സുന്ദരന്മാരുമായ കൗന്തേയര്‍ ജടില ബ്രഹ്മചാരികളാകുന്നു. ഇവര്‍ നിങ്ങള്‍ക്ക്‌ പുത്രന്മാരും സോദരന്മാരും ശിഷ്യരും ഇഷ്ടരുമാണ്‌. ഇവര്‍ പാണ്ഡു പുത്രന്മാരാണ്‌ എന്നു പറഞ്ഞ്‌ മുനിമാര്‍ പോയി. 

ഇപ്രകാരം മുനിമാര്‍ തന്ന്‌ ഏല്‍പിച്ചു പോയ അവരെ കണ്ട്‌. കൗരവര്‍ ശിഷ്ടന്മാരായ പൌരരോടു കൂടി സന്തോഷിച്ച്‌ ആര്‍ത്തു. 

"ഇതു പാണ്ഡവരല്ല" എന്ന് ചിലര്‍ പറഞ്ഞു; "പാണ്ഡു പുത്രന്മാരാണ്‌" എന്ന് വേറെ ചിലര്‍. "അവന്‍ എന്നോ  മരിച്ചു പോയി", "അങ്ങനെയാവാന്‍ വയ്യ" എന്ന് മറ്റു ചിലരും പറഞ്ഞു. "പാണ്ഡുപുത്രരേ, സ്വാഗതം!",  ഭാഗ്യം! പാണ്ഡുപുത്രരെ കണ്ടു!", "പാണ്ഡുപുത്രന്മാര്‍ക്ക്‌ സ്വാഗതം പറയൂ", ഇപ്രകാരമുള്ള സംസാരം അവിടെ മുഴങ്ങി. ഈ ബഹളം ഒന്നടങ്ങിയപ്പോള്‍ ദിക്കുകളൊക്കെ ഇരമ്പുന്ന വിധത്തില്‍ ഒരു അശരീരിവാക്യം മുഴങ്ങി. ആകാശത്തു നിന്ന്‌ സുരഭിലമായ പുഷ്പവര്‍ഷവും, ശംഖനാദങ്ങളും, ഭേരിനാദങ്ങളും, പാണ്ഡുപുത്രന്മാരുടെ പ്രവേശത്തിലുണ്ടായി. ഈ സംഭവം പൗരന്മാരെ വീണ്ടും അത്ഭുതപ്പെടുത്തി, ഹര്‍ഷം വര്‍ദ്ധിപ്പിച്ചു. മാനവും കീര്‍ത്തിയും വര്‍ദ്ധിപ്പിക്കുന്ന ആ ഹര്‍ഷഘോഷം മാനത്തോളം പൊങ്ങി. 

വേദശാസ്ത്രാദികളായ പലതും പഠിച്ച്‌ പാര്‍ത്ഥര്‍ അവിടെ ആദരവോടെ പാര്‍ത്തു. പ്രജകളോട്‌ ധര്‍മ്മപുത്രന്റെ ഉത്തമമായ പെരുമാറ്റം രാജ്യാംഗങ്ങളെ സന്തോഷിപ്പിച്ചു. ഭീമസേനന്റെ ധീരത, അര്‍ജ്ജുനന്റെ പരാക്രമം, കുന്തിയുടെ ഗുരുശുശ്രൂഷ, നകുല സഹദേവന്മാരുടെ വിനീതത്വം, എല്ലാവരുടേയും ശൗര്യഗുണം ഇവ കൊണ്ട്‌ ജനങ്ങളെല്ലാം സന്തുഷ്ടരായി. 

രാജമദ്ധ്യത്തില്‍ വെച്ച്‌ അര്‍ജ്ജുനന്‍ രാജകന്യകയായ കൃഷ്ണയെ ആശ്ചര്യകരമായ വിക്രമം കൊണ്ട്‌ സ്വയംവരത്തില്‍ നേടി. അന്നു മുതല്‍ വില്ലാളികളായ രാജാക്കന്മാരില്‍ അവന്‍ മാന്യനായി, എന്നു തന്നെയല്ല, അവന്‍ സൂര്യനെപ്പോലെ പോരില്‍ ദുര്‍ന്നിരീക്ഷ്യനുമായി. 

അവന്‍ എല്ലാ രാജാക്കന്മാരേയും സ്വന്തം വര്‍ഗ്ഗത്തോടെ ജയിച്ച്‌ ധര്‍മ്മജന് രാജസൂയം നടത്തി. അന്നവും ദക്ഷിണകളും മാത്രമല്ല എല്ലാ ഗുണങ്ങളും തികഞ്ഞ രാജസൂയത്തെ ധര്‍മ്മജന്‍ നടത്തി. ശ്രീകൃഷ്ണന്റെ നയോപായത്താല്‍ ഭീമാര്‍ജ്ജുനന്മാരുടെ ബലം വര്‍ദ്ധിച്ചു. ശിശുപാലന്‍, ജരാസന്ധന്‍ എന്നീ ബലോദ്ധതന്മാരെ വധിച്ചു. 

വിശിഷ്ടമായ രത്നങ്ങള്‍, സ്വര്‍ണ്ണങ്ങള്‍, പശു, ആന, കുതിര, മുതലായവ, വിചിത്രവസ്ത്രങ്ങള്‍, കംബളങ്ങള്‍, വിരിപ്പുകള്‍, പുതപ്പുകള്‍, കരിമ്പടങ്ങള്‍,. രോമമെത്തകള്‍ എന്നിവ കാഴ്ച ദ്രവ്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ദുര്യോധനന്റെ പാട്ടില്‍ വന്നു കൂടി. അവയെല്ലാം ദുര്യോധനന്‍ വാങ്ങി വെച്ചു. 

ഇപ്രകാരം പാണ്ഡവന്മാരുടെ അത്യുച്ചമായ ശ്രീ കണ്ട്‌ ഈര്‍ഷ്യ മൂത്ത്‌ അവനു വലിയ കോപമുണ്ടായി. മയന്‍ സ്വര്‍ഗ്ഗീയ വിഭവങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച അത്ഭുതമായ പാണ്ഡവസഭ കണ്ട്‌ ദുര്യോധനന്‍ ഇണ്ടലില്‍പ്പെട്ടു. അവന്‍ സഭയില്‍, കൃഷ്ണയുടെ കണ്ണിനു മുമ്പില്‍ വെച്ചു കാല്‍തെറ്റി വീണതു കണ്ട്‌ സ്നേഹമര്യാദ വിട്ടു ഭീമന്‍ പൊട്ടിച്ചിരിച്ചു. ഇത്‌ അവനെ കൂടുതല്‍ ആകുലനാക്കി. പല രത്നങ്ങളും ഉപഭോഗങ്ങളും ഉണ്ടായിരുന്നിട്ടും ദുര്യോധനന്‍ മെലിഞ്ഞ്‌, വിളറി, കെട്ട്‌, ഉള്ളുരുകി വശായി. പുത്രപ്രിയനായ ധൃതരാഷ്ട്രന്‍ പുത്രനെ ചൂതിന്നനുവദിച്ചു. ഇതുകേട്ടിട്ട് ഗോവിന്ദന് അത്യധികമായ കോപം ജ്വലിച്ചു. എങ്കിലും അതിപ്രീതി കാണിക്കാതെ ഓരോ രതിവാദത്തില്‍ രസിച്ച്‌, ദ്യൂതാദികളായ ഘോരദുര്‍ന്നീതികളേയും അതു കൊണ്ടുണ്ടായ ആപത്തുകളേയും പൊറുത്തു. 

ഭീഷ്മദ്രോണ കൃപന്മാരേയും നിരസിച്ച്‌ ദുര്യോധനന്‍ നേരെ രാജാക്കന്മാരെ തമ്മില്‍ കൊല്ലിക്കുന്ന ഉഗ്രമായ പോരിന്നിറങ്ങി. പാണ്ഡവന്മാര്‍ ജയിക്കുമ്പോള്‍ ചണ്ഡമായ അപ്രിയങ്ങളെ ധൃതരാഷ്ട്രന്‍ കേട്ടു. ദുര്യോധനന്റെ മതവും, കര്‍ണ്ണസൗബലന്മാരുടെ ഹൃദയവും അറിഞ്ഞ ധൃതരാഷ്ട്രന്‍ നല്ലപോലെ ചിന്തിച്ച്‌ സഞ്ജയനോടു പറഞ്ഞു. 

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ സഞ്ജയ, ഞാന്‍ പറയുന്നതു കേള്‍ക്കൂ! നീ എന്നെ ഇതില്‍ മുഴുവന്‍ കുറ്റപ്പെടുത്തരുത്‌, പഠിപ്പും അറിവും ധീയും ഉള്ള നീ വിദ്വത്ജന സമ്മതനാണ്‌. യുദ്ധത്തില്‍ എനിക്ക്‌ ആശയില്ല. എന്റെ വംശം മുടിക്കുവാന്‍ ഞാന്‍ കൊതിക്കുന്നില്ല. എന്റെ പുത്രരും പാണ്ഡുപുത്രരും തമ്മില്‍ ഒരു ഭേദവുമില്ല. കോപിഷ്ഠന്മാരായ മക്കളാണ്‌ എന്നെ കുറ്റക്കാരനാക്കുന്നത്‌. കണ്ണില്ലാത്ത, ഈ സാധുവിന്റെ മക്കളുടെ നന്ദിക്കു വേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. സാധുവായ ദുര്യോധനന്‍ മോഹിക്കുമ്പോള്‍ ഞാനും ഒപ്പം മോഹിച്ചു പോകുന്നു. രാജസൂയത്തില്‍ പാണ്ഡവ രാജ്യശ്രീ പുഷ്ടി കണ്ട ദുര്യോധനന്‍, സഭയില്‍ വീണു പരിഹാസത്തെ ഏറ്റ ദുര്യോധനന്‍, അമര്‍ഷിയായി പോരില്‍ അവരെ വീഴ്ത്തുവാന്‍ കഴിയാത്ത ദുര്യേധനന്‍, ക്ഷത്രിയോചിതമായി ഉത്സാഹിച്ച്‌ രാജ്യശ്രീ കയ്യടക്കുവാന്‍ ഉത്സാഹിച്ചാലും സാധിക്കാത്ത ദുര്യോധനന്‍, കള്ളച്ചൂതിന് ശകുനിയോടൊത്തു മന്ത്രിച്ചു. അതില്‍ ഞാന്‍ കണ്ടതെന്താണെന്നു സഞ്ജയ! നീ കേള്‍ക്കുക. ഞാന്‍ മനസ്സില്‍ കണ്ട അധികമായ സത്യസ്ഥിതി നീ കേള്‍ക്കുകയാണെങ്കില്‍ ഹേ, സൂത, നീ എന്റെ അന്തശ്ചക്ഷുസ്സിന്റെ കാഴ്ചകള്‍ ഇതിലൂടെ കാണും. 

ചിത്രാചാപം കുലച്ചു ലക്ഷ്യം എയ്തു മുറിച്ച്‌ സകല രാജാക്കന്മാരും കാണ്‍കെ പാര്‍ത്ഥന്‍ കൃഷ്ണയെ വേട്ടു എന്ന വൃത്താന്തം എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

അര്‍ജ്ജുനന്‍ ദ്വാരകയില്‍ ചെന്ന്‌ സുഭ്രദയെ അപഹരിക്കുകയും പിന്നീട്‌ രാമകൃഷ്ണന്മാര്‍ ഇന്ദ്രപപസ്ഥത്തില്‍ വരികയും ചെയ്തു എന്ന വൃത്താന്തം എന്നു ഞാന്‍ കേട്ടുവോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വലുതായ മഴ വര്‍ഷിച്ച ഇന്ദ്രനെ ശസ്ത്രശക്തി കൊണ്ടു തടുത്ത്‌ അര്‍ജ്ജുനന്‍ അഗ്നിക്കു ഖാണഡവത്തെ നല്കി എന്ന വൃത്താന്തം എന്നു ഞാന്‍ കേട്ടുവോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

അരക്കില്ലത്തില്‍ നിന്നു കുന്തിയോടു കൂടി അവര്‍ എല്ലാവരും ഒന്നിച്ചു രക്ഷപെടുകയും വിദുരന്‍ മന്ത്രിയാവുകയും ചെയ്തു എന്ന വര്‍ത്തമാനം ഞാന്‍ എന്നു കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

രംഗ മദ്ധ്യത്തില്‍ വെച്ചു ലക്ഷ്യം ഭേദിച്ച്‌ ദ്രൗപദിയെ നേടിയതു മൂലം പാഞ്ചാലന്മാര്‍ പാണ്ഡവര്‍ക്കു ബന്ധുക്കളായി എന്ന വര്‍ത്തമാനം ഞാന്‍ എന്നു കേട്ടുവോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

മഗധാധിപനും മന്നോര്‍മന്നനുമായ ജരാസന്ധനെ ഭീമന്‍ കൈയൂക്കു കൊണ്ടു കൊന്നു എന്നു ഞാന്‍ എന്നു കേട്ടുവോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ദിഗ്വിജയത്തില്‍ പാണ്ഡവന്മാര്‍ നാനാമന്നവന്മാരെ അടക്കി രാജസൂയം ഭംഗിയാക്കി എന്ന വര്‍ത്തമാനം എന്ന് എന്റെ കാതിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തിൽ എനിക്കുണ്ടായിരുന്ന ആശ! 

തീണ്ടാരിയായി ഒറ്റവസ്ത്രം ധരിച്ചിരിക്കുന്ന, കേഴുന്ന കൃഷ്ണയെ, നാഥനില്ലാത്തവളെ പോലെ, സഭയില്‍ കൊണ്ടു വന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ധൂര്‍ത്തനും മൂഢനുമായ ദുശ്ശാസനന്‍ ദ്രൗപദിയുടെ വസ്ത്രം എത്ര തന്നെ പിടിച്ചഴിച്ചിട്ടും വസ്ത്രങ്ങളുടെ ഒരു അന്തവും കണ്ടില്ലെന്നുള്ള വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ചൂതില്‍ ശകുനി രാജ്യമെല്ലാം നേടിയപ്പോള്‍, തോറ്റ ധര്‍മ്മാത്മജന്റെ പിന്നാലെ എല്ലാ ഭ്രാതാക്കളും അനുസരണയോടെ നിന്നു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ക്ലേശത്തോടു കൂടി ജ്യേഷ്ഠന്റെ ഇഷ്ടത്തിന് വഴങ്ങി കാട്ടിലേക്കു പോകുന്ന പാണ്ഡവന്മാര്‍ അന്ന്‌ ഓരോ ചേഷ്ട കാണിച്ചതായി എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ധര്‍മ്മരാജാവ്‌ വനത്തില്‍ വാഴുമ്പോള്‍ ധാരാളം സ്നാതക ബ്രാഹ്മണര്‍ ഒന്നിച്ച്‌ ഭിക്ഷ അശിച്ചു കൊണ്ട്‌ കൂടെയുണ്ട്‌ എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ദേവനായ കിരാതരുദ്രനെ പോരില്‍ പ്രീതനാക്കി പാര്‍ത്ഥന്‍ നന്ദിയോടെ പാശുപതാസ്ത്രം കൈയിലാക്കി എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

സ്വര്‍ഗ്ഗത്തിലും (ബഹ്മചര്യത്തിന് കോട്ടം തട്ടിക്കാതെ അര്‍ജ്ജുനന്‍ നിഷ്ഠയോടെ ഇന്ദ്രനോടു ദിവ്യാസ്ത്രങ്ങള്‍ ഗ്രഹിച്ചു എന്ന വര്‍ത്തമാനം എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വരശക്തി കൊണ്ടു ദേവന്മാര്‍ക്കു പോലും അവദ്ധ്യന്മാരായ കാലകേയാസുരന്മാരെന്ന ഏറ്റവും ശക്തരായ ആ പനലോമന്മാരെ, അര്‍ജ്ജുനന്‍ ജയിച്ചു എന്ന വൃത്താന്തം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ഇന്ദ്രാത്മജനും വൈരിജിത്തുമായ കിരീടി ദൈത്യരെ കൊല്ലുവാന്‍ സ്വര്‍ഗ്ഗത്തില്‍ പോയി കാരൃം നേടി സ്വര്‍ഗ്ഗത്തില്‍ നിന്നു മടങ്ങി വന്നു എന്ന വാര്‍ത്ത എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

മര്‍ത്ത്യര്‍ ചെല്ലാത്ത ദിക്കില്‍ച്ചെന്നു ഭീമന്‍ വിത്തേശനുമായി മറ്റു പാണ്ഡവന്മാരോടു കൂടി ചേര്‍ന്നു എന്ന വൃത്താന്തം എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തിൽ എനിക്കുണ്ടായിരുന്ന ആശ! 

കര്‍ണ്ണനോടു കൂടെ ഘോഷയാത്രയ്ക്കു പോയ എന്റെ പുത്രന്മാരെ ഗന്ധര്‍വ്വന്മാര്‍ ബന്ധിച്ച അന്ന്‌ അര്‍ജ്ജുനന്‍ അവരെ വേര്‍പെടുത്തിയെന്ന്‌ എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

യക്ഷരൂപത്തില്‍ വന്ന ധര്‍മ്മന്‍ നന്നായി മറുപടി പറഞ്ഞു എന്ന വര്‍ത്തമാനം എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

മത്സ്യരാജാവിന്റെ നാട്ടില്‍ കൃഷ്ണയും പാര്‍ത്ഥന്മാരും അജ്ഞാതവാസം ചെയ്ത കാലത്ത്‌ എന്റെ മക്കള്‍ക്ക്‌ അത്‌ അന്ന്‌ അറിയുവാന്‍ പറ്റിയില്ലെന്നുള്ള വൃത്താന്തം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ഗോഗ്രഹണത്തില്‍ വെച്ച്‌ ഒന്നിച്ച്‌ ഏല്ക്കുന്നവരായ നമ്മുടെ വമ്പന്മാരെയെല്ലാം പാര്‍ത്ഥന്‍ ഒറ്റയ്ക്ക്‌ ഉടച്ചു കളഞ്ഞു എന്ന വര്‍ത്തമാനം എന്റെ ചെവിയില്‍ എന്ന് എത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

മത്സ്യന്‍ ഉത്തരപ്പെണ്‍കുട്ടിയെ അര്‍ജ്ജുനന് നല്കിയപ്പോള്‍ അര്‍ജ്ജുനന്‍ അവളെ പുത്രഭാര്യയായി സ്വീകരിച്ചു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!. 

തോറ്റ്‌, കാശിന് വകയില്ലാതെ തെണ്ടി, നാട്ടുകാരെ വിട്ട്, നാടും വിട്ടു പോയ ധര്‍മ്മപുത്രനും ഏഴ്‌ അക്ഷൗഹിണി സൈന്യം ഉണ്ടായി എന്ന വര്‍ത്തമാനം എന്ന് കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

മാധവന്‍, ഒന്നാമത്തെ കാലടിക്ക്‌ ഭൂമി മുഴുവന്‍ പാട്ടിലാക്കിയ വാസുദേവന്‍, പാര്‍ത്ഥന്മാരുടെ അര്‍ത്ഥം നേടുവാന്‍ ഉദ്യുക്തനാണെന്ന്‌ എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കൃഷ്ണാര്‍ജ്ജുനന്മാര്‍ നരനാരായണന്മാരാണെന്ന്‌ നാരദനില്‍ നിന്ന്‌ എന്ന് ഞാന്‍ കേട്ടുവോ, പിന്നെ ബ്രഹ്മലോകത്തില്‍ അവരെ എന്ന് ഞാന്‍ അപ്രകാരം കണ്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കൃഷ്ണന്‍ വന്ന്‌ നാടിന്റെ ഹിതത്തിന് വേണ്ടി കൗരവരുമായി സന്ധികൃത്തായി സന്ധിപ്പിക്കുവാന്‍ ശ്രമിച്ചിട്ട്‌ പറ്റാതെ പോയി എന്ന്, എന്നു ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കൃഷ്ണനെ സംഹരിക്കുവാന്‍ കര്‍ണ്ണ ദുര്യോധനന്മാര്‍ മനസ്സിൽ ഉന്നിയെന്നും, അപ്പോള്‍ കൃഷ്ണന്‍ തന്റെ വിശ്വരൂപം കട്ടിയെന്നും എന്ന് കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വാസുദേവന്‍ പുറപ്പെട്ട സമയത്ത്‌ തേരിന്റെ മുമ്പില്‍ നിന്ന്‌ കുന്തി കേഴുമ്പോള്‍ കൃഷ്ണന്‍ ആശ്വസിപ്പിച്ചു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

മന്ത്രിയായി അവര്‍ക്ക്‌ കൃഷ്ണൻ ഉണ്ടെന്നും ഭീഷ്മനും ദ്രോണനും ആശിസ്സു നല്കുന്നുണ്ടെന്നും എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ഭീഷ്മര്‍ യുദ്ധത്തിന് ഉണ്ടെന്ന്‌ പറഞ്ഞപ്പോള്‍ കര്‍ണ്ണന്‍ സൈന്യങ്ങളൊത്ത്‌ യുദ്ധത്തിനില്ലെന്ന്‌ പറഞ്ഞ്‌ പിന്മാറിയെന്ന വര്‍ത്തമാനം എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വാസുദേവനും, അര്‍ജ്ജുനനും, മുഖ്യമായ ഗാണ്ഡീവ ചാപവും ഈ മൂന്നും ഒന്നിച്ചുചേര്‍ന്നു എന്ന വൃത്താന്തം എന്ന് കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കരുണയോടും സങ്കടത്തോടും കൂടി തേരില്‍ നിഷ്ക്രിയനായി ഇരുന്ന അര്‍ജ്ജുനന്‍ കൃഷ്ണന്‍ തന്റെ വിശ്വരൂപം എന്ന് കാട്ടിയതായി ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ഭീഷ്മൻ പതിനായിരം പേരെ നിത്യവും കൊല്ലുന്നുണ്ടെങ്കിലും പേര്‍ പുകഴന്നവരെയാരേയും കൊല്ലുന്നില്ല എന്ന വര്‍ത്തമാനം എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ധര്‍മ്മശീലനായ ഗംഗാപുത്രന്‍ തന്റെ ഹിംസയ്ക്കുള്ള ഉപായം താന്‍ തന്നെ എന്ന് പാണ്ഡവന്മാര്‍ക്ക്‌ പറഞ്ഞു കൊടുത്തതായി കേട്ടുവോ, എന്ന് പാണ്ഡവന്മാര്‍ ആ കൃത്യം എടുത്തുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!

ശുരനായ ഭീഷ്മനെ, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന്‌ അര്‍ജ്ജുനന്‍ അമ്പെയ്ത്‌ വീഴ്ത്തിയെന്ന വാര്‍ത്ത എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ചിന്നുന്ന അമ്പു കൊണ്ട്‌ ശത്രുസംഘത്തെ മുടിച്ച വൃദ്ധവീരനായ ഭീഷ്മൻ ഖിന്നനായി ശരതല്‍പത്തില്‍ വീണു എന്ന വാര്‍ത്ത എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ശരമേറ്റു വീണ ഭീഷ്മൻ വെള്ളം തരൂ! എന്ന് ആവശ്യപ്പെടുമ്പോള്‍ അര്‍ജ്ജുനന്‍ തണ്ണീര്‍ ഭൂമിയില്‍ നിന്ന്‌ ഉയര്‍ത്തി എന്ന വര്‍ത്തമാനം എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വായുവും, സൂര്യനും, ചന്ദ്രനും പാണ്ഡവന്മാര്‍ക്ക്‌ പോരില്‍ ജയത്തെ എന്ന് കാട്ടുന്നതായി കേട്ടുവോ, എന്നും ചെന്നായും കുറുക്കനും കഴുക്കളും നമ്മളെ പേടിപ്പെടുത്തുകയും ചെയ്യുന്നതായി ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തിൽ എനിക്കുണ്ടായിരുന്ന ആശ! 

പല ദിവ്യാസ്ത്രഭേദം കാട്ടുന്നവനും ചിത്രയോധിയുമായ ദ്രോണന്‍ പോരില്‍ പല പരാക്രമങ്ങള്‍ കാട്ടിയിട്ടും പാണ്ഡവ ശ്രേഷ്ഠന്മാരെ ആരെയും കൊന്നില്ല എന്ന വൃത്താന്തം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വീരസംശപ്തകന്മാര്‍ എന്ന് പറയപ്പെടുന്ന പാര്‍ത്ഥധ്വംസികളെയെല്ലാം പാര്‍ത്ഥന്‍ തന്നെ ഒറ്റയ്ക്ക്‌ കൊന്നു കളഞ്ഞു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ദ്രോണാചാര്യന്‍ ചമച്ചതും, ഉടയ്ക്കാന്‍ വയ്യാത്തതുമായ സൈന്യവ്യൂഹം പാര്‍ത്ഥപുത്രനായ അഭിമന്യു ഒറ്റയ്ക്ക്‌ കേറി തകര്‍ത്തു കളഞ്ഞു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ!. 

പാര്‍ത്ഥപുത്രനോട്‌ ഏല്ക്കുവാന്‍ വയ്യെന്നു പറഞ്ഞ്‌ ആ വീരന്മാരായ മഹാരഥന്മാര്‍ ചുറ്റും വളഞ്ഞു നിന്ന്‌ ബാലനായ അഭിമന്യുവെ കൊന്ന്‌ സഹര്‍ഷം ആര്‍ത്തതായി എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

പാര്‍ത്ഥപുത്രനെ കൊന്ന്‌ ഒന്നിച്ച്‌ ആക്കുന്ന കൗരവ പ്രൗഢന്മാരുടെ ഘോഷം എന്ന് കേട്ടുവോ, പിന്നെ പാര്‍ത്ഥന്‍ സൈന്ധവ വധത്തിന് പ്രതിജ്ഞ എടുത്തതായി ഞാന്‍ എന്ന് കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

സൈന്ധവനെ വധിക്കുവാന്‍ പാര്‍ത്ഥന്‍ ചെയ്ത ഘോരമായ പ്രതിജ്ഞ രാജാക്കന്മാരുടെ മദ്ധ്യത്തില്‍ വെച്ച്‌ നിര്‍വ്വഹിക്കപ്പെട്ടതായി എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

പാര്‍ത്ഥന്റെ കുതിരകള്‍ തളര്‍ന്നപ്പോള്‍ കൃഷ്ണന്‍ കുതിരകളെ യുദ്ധമദ്ധ്യത്തില്‍ അഴിച്ച്‌ തണ്ണീര്‍ കാട്ടി ക്ഷീണം മാറ്റിയ വൃത്താന്തം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കുതിരകള്‍ വിശ്രമിക്കുമ്പോള്‍ അര്‍ജ്ജുനന്‍ തന്നെ തേര്‍ത്തട്ടില്‍ നിന്ന്‌ സര്‍വ്വസൈന്യങ്ങളേയും തടുത്തു നിന്നു എന്ന വര്‍ത്തമാനം എപ്പോള്‍ എന്റെ ശ്രുതിയിലെത്തിയോ, അപ്പോള്‍ തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

നാഗയൂഥം പോലെ ഉഗ്രമായ ദ്രോണവ്യൂഹം സാതൃകി ഭിന്നമാക്കിയിട്ട്‌ കൃഷ്ണാര്‍ജ്ജുനന്മാര്‍ നില്ക്കുന്നേടത്തെത്തിയ വാര്‍ത്ത എന്ന് കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കര്‍ണ്ണനുമായി പോരടിക്കെ ഭീമനെ കൊല്ലാതെ വീണ്ടും, കര്‍ണ്ണന്‍ വിട്ടു എന്നും അവനെ വില്ലു കൊണ്ട്‌ കുത്തി നിന്ദിക്കുക മാത്രമേ ചെയ്തുള്ളു എന്നും ഉള്ള വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയൊ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തിൽ എനിക്കുണ്ടായിരുന്ന ആശ! 

ദ്രോണനും, ദ്രൗണിയും, ശല്യനും, കര്‍ണ്ണനും, കൃപനും, കൃതവര്‍മ്മാവും, എല്ലാം സൈന്ധവനെ അര്‍ജ്ജുനന്‍ കൊല്ലുന്നത്‌ കണ്ടു നിന്നു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കര്‍ണ്ണന് സാക്ഷാല്‍ ഇന്ദ്രന്‍ നല്കിയ വേല്‍ വാസുദേവന്‍ ഘടോല്‍ക്കചനില്‍ ചെലവാക്കിച്ചു എന്ന വര്‍ത്തമാനം എന്ന്, എന്റെ ചെവിയിലെത്തിയോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കര്‍ണ്ണന്‍ പാര്‍ത്ഥനെ കൊല്ലുവാന്‍ സൂക്ഷിച്ചിരുന്ന വേല്‍ ഘടോല്‍ക്കചന്റെ നേരെ ചാട്ടി വിട്ടു എന്ന വര്‍ത്തമാനം എന്നു ഞാന്‍ കേട്ടുവോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ഗുരുവായ ദ്രോണൻ തേരില്‍ ധ്യാനനിമഗ്നനായിരിക്കുമ്പോള്‍, ധൃഷ്ടദ്യുമ്നന്‍ ധര്‍മ്മം വെടിഞ്ഞ്‌ അവനെ കൊന്നു എന്ന വൃത്താന്തം ഞാന്‍ എന്നു കേട്ടുവോ അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ദ്രോണപുത്രനുമായി ദ്വന്ദ്വയുദ്ധത്തില്‍ മാദ്രീപുത്രന്‍ ശൂരനായ നകുലന്‍, വീരന്മാരുടെ മദ്ധ്യത്തില്‍ തുല്യമായി നിന്നു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ദ്രോണധ്വംസനത്താല്‍ ക്രുദ്ധനായ ദ്രൗണി ഉഗ്രമായ നാരായണാസ്ത്രം എയ്തിട്ടും പാണ്ഡവന്മാര്‍ അടങ്ങിയില്ല എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

സോദരനായ ദുശ്ശാസനന്റെ രക്തം ഭീമന്‍ മാറുകീറി കുടിക്കുമ്പോള്‍ വീരന്മാരാരും തടുത്തില്ല എന്ന് കേട്ടതോടു കൂടി അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ശൂരനായ കര്‍ണ്ണനെ ഭ്രാതാവായ അര്‍ജ്ജുനന്‍ ദ്വന്ദ്വയുദ്ധത്തില്‍ വധിച്ച വര്‍ത്തമാനം എന്ന് ഞാന്‍ കേട്ടുവോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കൃഷ്ണനോട്‌ കിടമത്സരമുള്ള ശല്യനെ ധര്‍മ്മപുത്രന്‍ കൊന്നു എന്ന വര്‍ത്തമാനം എന്ന് എന്റെ ശ്രുതികളിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

കലഹകാരണമായ ചൂതുകളിക്ക്‌ ഹേതുഭൂതനായ ശകുനി എന്ന ദുഷ്ടനെ, യുദ്ധത്തില്‍ മാദ്രീപുത്രനായ സഹദേവന്‍ ചൊടിച്ച്‌ കൊന്നു വീഴ്ത്തി എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവികളിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തിൽ എനിക്കുണ്ടായിരുന്ന ആശ! 

വിവശനായി, തനിച്ച്‌ കയത്തില്‍ പ്രവേശിച്ച്‌, അംഭസ്സിനെ സ്തബ്ധനാക്കി, വിരഥനായ ദുര്യോധനന്‍ കേണു വാണു എന്ന വര്‍ത്തമാനം എന്ന് എന്റെ ശ്രുതികളിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

പാണ്ഡവന്മാര്‍ കൃഷ്ണനോടു കൂടി ആ ഹ്രദത്തില്‍ ചെന്ന്‌, ആര്‍പ്പു വിളിച്ച്‌, എന്റെ ഉണ്ണിയെ അധിക്ഷേപിച്ച്‌, ധൈര്യം കെടുത്തി എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

പലമട്ടില്‍ വിചിത്ര രീതിയില്‍ ഗദായുദ്ധം ചെയ്യുന്ന എന്റെ പുത്രനെ കൃഷ്ണന്റെ ഉപദേശപ്രകാരം ഭീമന്‍ ചതിച്ച്‌ അടിച്ചു വീഴ്ത്തിയെന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ദ്രൗണി മുമ്പിട്ട്‌ ഇറങ്ങിച്ചെന്ന്‌ പാഞ്ചാല ദ്രൗപദേയാദ്യന്മാരെയെല്ലാം നിദ്രയില്‍ നിശ്ശേഷം കൊന്നു എന്ന കഷ്ടമായ വൃത്താന്തം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

വായുപുത്രന്‍ ഏറ്റ്‌ എതിര്‍ത്തപ്പോള്‍ അത്യുഗ്ര ബാണമായ ഐഷീകാസ്ത്രം വിട്ട അശ്വത്ഥാമാവ്‌ ഗര്‍ഭം നശിപ്പിച്ചു എന്ന വര്‍ത്തമാനം എന്ന് എന്റെ ശ്രുതിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ദ്രൗണിയുടെ ബ്രഹ്മശിരസ്സ്‌ അസ്ത്രം സ്വസ്തി എന്നു പറഞ്ഞ്‌ അതേ അസ്ത്രം കൊണ്ട്‌ അര്‍ജ്ജുനന്‍ നിര്‍ത്തുകയും, അവന്റെ ശിരസ്സിലണിഞ്ഞ രത്നം വാങ്ങുകയും ചെയ്തു എന്ന വര്‍ത്തമാനം എന്ന് എന്റെ ചെവിയിലെത്തിയോ, അന്നു തീര്‍ന്നു സഞ്ജയ! വിജയത്തില്‍ എനിക്കുണ്ടായിരുന്ന ആശ! 

ഗാന്ധാരിക്ക്‌ മക്കള്‍ പോയി; മക്കളുടെ മക്കളും പോയി; ബന്ധുക്കളും പോയി; പിതാവും പോയി, സോദരന്മാരും പോയി! അസാദ്ധ്യകര്‍മ്മം ചെയ്ത്‌ പാണ്ഡവന്മാര്‍ ശത്രുക്കളറ്റവരായി തീര്‍ന്നു. നാട്‌ നേടുകയും ചെയ്തു. 

പത്തുപേരാണ്‌ യുദ്ധത്തില്‍ ആകെ ശേഷിച്ചത്‌. എന്റെ ഭാഗത്ത്‌ മൂന്നു പേര്‍, പാണ്ഡവരുടെ ഭാഗത്ത്‌ ഏഴു പേര്‍. ഏഴും പതിനൊന്നും അക്ഷൗഹിണി സൈന്യങ്ങള്‍ യുദ്ധത്തില്‍ പാഴായി മുടിഞ്ഞു. 

ഹാ! കൂരിരുട്ട്‌ കൂടുന്നു! മോഹം ഉള്ളില്‍ കയറുന്നു! ബോധം മറിയുന്നു! എന്റെ ചേതസ്സ്‌ ഉഴലുന്നു! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ അംബികേയനായ ധൃതരാഷ്ട്രന്‍ അഴല്‍ മൂത്ത്‌ വിലപിച്ച്‌ മൂര്‍ച്ഛിച്ചു. ഒട്ടു നേരം കഴിഞ്ഞ്‌ ആശ്വസിച്ച്‌ എഴുന്നേറ്റിരുന്ന്‌ സഞ്ജയനോടു പറഞ്ഞു

ധൃതരാഷ്ട്രന്‍ പറഞ്ഞു: സഞ്ജയാ! ഞാന്‍ ഈ നിലയിലെത്തി! ജീവിച്ചതു മതി! ഞാന്‍ പ്രാണന്‍ കളയുകയാണ്‌! ജീവിച്ചിരുന്നിട്ടു ലേശവും ഫലം ഞാന്‍ കാണുന്നില്ല. 

സൂതന്‍ പറഞ്ഞു: രാജാവ്‌ ഇപ്രകാരം പലതും പറഞ്ഞു വിലപിച്ച്‌ സര്‍പ്പത്തെ പോലെ നെടുവീര്‍പ്പിട്ട് മോഹിക്കുമ്പോള്‍ ധീമാനും മഹാനുമായ സഞ്ജയന്‍ സാമര്‍ത്ഥൃത്തോടെ പറഞ്ഞു. 

സഞ്ജയന്‍ പറഞ്ഞു: നാരദനും വ്യാസനും പറഞ്ഞതൊന്നും ഭവാന്‍ കേട്ടിട്ടില്ലേ? മഹാഗുണങ്ങളോടു കൂടിയ രാജധാനികളില്‍ പിറന്ന്‌, മഹോത്സാഹികളും ബലശാലികളുമായി വളര്‍ന്ന്‌, മഹാ ദിവ്യാസ്ത്രങ്ങളും മഹേന്ദ്ര പ്രൗഢിയും സമാര്‍ജ്ജിച്ച്‌, ധര്‍മ്മത്തോടെ ഊഴി കാത്ത്‌, വേണ്ടുവോളം ദാനധര്‍മ്മാദികള്‍ ചെയ്ത്‌ പ്രസിദ്ധി നേടി പരലോകം ഗമിച്ച മഹാന്മാരെപ്പറ്റി ഭവാന്‍ കേട്ടിട്ടില്ലേ?

മഹാരഥനായ ശൈബ്യയന്‍, വീരനായ സൃജ്ഞയന്‍, സുഹോത്രന്‍, രന്തിദേവന്‍, ദ്യുതിമാനായ കാക്ഷീവാന്‍, ബാല്‍ഹീകന്‍, ദമനന്‍, ശര്യാതി, അജിതന്‍, നളന്‍, അമിത്രഘ്ന൯, വിശ്വാമിത്രന്‍, മഹാബലനായ അംബരീഷന്‍, മരുത്തന്‍, മനു, ഇക്ഷ്വാകു, ഗയന്‍, ഭരതന്‍, ദാശരഥി രാമന്‍, ശശബിന്ദു, ഭഗീരഥന്‍, മഹാഭാഗനായ കൃതവീരൃന്‍, മഹാനായ ജനമേജയൻ, സുകൃതിയായ യയാതി ( ദേവയാജിതനായ അവന്റെ യാഗഭൂമി യാഗസ്തംഭത്താല്‍ മിന്നി പോലും! ). ഈ ഇരുപത്തഞ്ച്‌ രാജാക്കന്മാരെപ്പറ്റി, പുത്രശോകത്താല്‍ കേഴുന്ന ശൈബ്യനോട്‌ പണ്ടു നാരദന്‍ ചൊല്ലിക്കൊടുത്ത്‌, സമാധാനിപ്പിച്ചു. 

ഇവര്‍ക്കു പുറമെ മഹാബലന്മാരും, മഹാരഥന്മാരും, മഹായോഗ്യരുമായ രാജാക്കന്മാര്‍ ഇഹലോകവാസം വെടിഞ്ഞിട്ടുണ്ട്‌. പൂരു, കുരു, യദു, വിഷ്വഗശ്വന്‍, അണുഹന്‍, യുവനാശ്വന്‍, കുകുല്‍സ്ഥന്‍, വീരനായ രഘു, വിജയാംഗന്‍, ശ്വേതൻ, വീതിഹോത്രന്‍, ബൃഹല്‍ഗുരു, ഉശീനരന്‍, ശതരഥന്‍, കങ്കന്‍, ദുളിദുഹന്‍, ദ്രുമന്‍, ദംഭോത്ഭവന്‍, വേനന്‍, സഗരന്‍, നിമി, സംകൃതി, ശംഭു, ദേവാവ്യധന്‍, പുണ്രഡന്‍, അജേയന്‍, പരശുദേവന്‍, സുപ്രമേയന്‍, സുപ്രതീകന്‍, ബൃഹദ്രഥന്‍, മഹോത്സാഹന്‍, സുക്രതു, വിനിതന്‍, നൈഷധനായ നളന്‍, സത്യവ്രതന്‍, ശാന്തഭയന്‍, സുമിത്രന്‍, സുബലന്‍, ജാനുജംഘന്‍, അനരണ്യാര്‍ക്കന്‍, ശുചിവ്രതന്‍, ബലബന്ധു, നിരാമര്‍ദ്ദന്‍, കേതുശൃംഗന്‍, ബൃഹത്ബലന്‍, ധൃഷ്ടകേതു, ബൃഹല്‍കേതു, ദീപ്തകേതു, നിരാമയന്‍, അവിക്ഷത്ത്‌, ചപലന്‍, ധൂര്‍ത്തന്‍, കൃതബന്ധു, ദൃഡേഷുധി, മഹാപുരാണ സംഭാവ്യന്‍, പ്രത്യംഗന്‍, പരഹാ, ശ്രുതി ഇവരും മറ്റു പലരുമായ നൂറും ആയിരവും പതിനായിരവും രാജാക്കള്‍, അഭിവൃദ്ധിക്കൊത്ത സുഖം വെടിഞ്ഞു. നിന്റെ മക്കളെപ്പോലെ തന്നെ പരലോകം പ്രാപിച്ചില്ലേ? ബുദ്ധിവീര്യങ്ങളുള്ള അവരുടെ ദിവ്യകര്‍മ്മം, വിക്രമം, ദാനശീലത്വം, മാഹാത്മ്യം, ആസ്തിക്യം, സത്യം, ശുദ്ധി, ആര്‍ജ്ജവം, എന്നിവയെ സല്‍പ്പുരാണ കവികളും പണ്ഡിതന്മാരുമൊക്കെ വാഴ്ത്തുന്നു. എല്ലാ ഗുണവും തികഞ്ഞ അവര്‍ എല്ലാവരും പോയി. നിന്റെ മക്കളാണെങ്കില്‍ ദുര്‍മ്മതികളും വലിയ കോപികളും, വൃഥിതരും, ലോഭികളും, ദുര്‍വൃത്തരും, ആയിരുന്നു. അവരെ ഓര്‍ത്ത്‌ ദുഃഖിക്കരുത്‌. പഠിപ്പും അറിവും ധീയും ഉള്ള നീ വിദ്വത്ജന സമ്മതനാണ്‌. ബുദ്ധിയും ശാസ്ത്രജ്ഞാനവും പഠിപ്പും ഉള്ളവരാരും ദുഃഖിക്കുകയില്ല. ഹേ ഭാരത! ഞാന്‍ പറഞ്ഞത്‌ സത്യമാണ്‌. നീ എന്തിനു മാഴ്കുന്നു? അങ്ങയുടെ നിഗ്രഹാനുഗ്രഹ നില അങ്ങ്‌ ഗ്രഹിക്കുന്നില്ലേ രാജാവേ! പുത്രരക്ഷയ്ക്ക്‌ പുത്രാനുസരണം ഒരിക്കലും യോജിച്ചതല്ല. പുത്രന്‍ പറയുന്നത് അനുസരിക്കുന്ന പിതാവ്‌ ദുഃഖത്തിന് പാത്രമാകും. വരാനുള്ളത് വന്നു. ഇനി അതിനെക്കുറിച്ച്‌ ഓര്‍ത്തു ദുഃഖിക്കരുത്‌. ദൈവത്തെ ബുദ്ധി കൊണ്ടു കടക്കുവാന്‍ ആര്‍ക്കു കഴിയും ? വിധിയുടെ കല്പന ലംഘിക്കുവാന്‍ കെല്‍പ്പുള്ളവന്‍ ആരാണ്‌? 
********************
ഉണ്മയും, ഇല്ലായ്മയും, സുഖവും, ദുഃഖവും കാലത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്നു. ഭൂതങ്ങളെ സൃഷ്ടിക്കുന്നതും, പ്രജകളെ സംഹരിക്കുന്നതും, എല്ലാറ്റിനേയും സംഹരിക്കുന്ന കാലത്തെ നശിപ്പിക്കുന്നതും കാലം തന്നെയാണ്‌. കാലമാണ്‌ ശുഭാശുഭ ഫലജാലങ്ങളെ എങ്ങും നിര്‍മ്മിക്കുന്നത്‌. കാലമാണ്‌ എല്ലാറ്റിനേയും സംഹരിക്കുന്നതും വീണ്ടും സൃഷ്ടിക്കുന്നതും. എല്ലാ ജീവജാലങ്ങളും ഉറങ്ങുമ്പോള്‍ കാലം മാത്രം ശ്രദ്ധയോടെ ഉണര്‍ന്നിരിക്കുന്നു. കാലത്തെ അതിക്രമിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല; പിടിച്ചു നിര്‍ത്താനും ആര്‍ക്കും കഴിയുകയില്ല. കാലം ബ്രഹ്മമായി എല്ലാറ്റിലും വര്‍ത്തിക്കുന്നു. ഭൂതവര്‍ത്തമാനം ഭാവികളിലുള്ളതെല്ലാം കാലത്താല്‍ ചെയ്യപ്പെടുന്നതാണെന്നു മനസ്സിലാക്കി, മനസ്സു പതറാതെ, ഇളകാതെ ഇരിക്കുക. 
********************

സൂതന്‍ പറഞ്ഞു: എന്ന് പറഞ്ഞ്‌ പുത്രദുഃഖാര്‍ത്തനായ, ധൃതരാഷ്ട്രനെ ആശ്വസിപ്പിച്ച്‌, സഞ്ജയന്‍ ആത്മനിലയ്ക്കാക്കി. 

ഈ വിഷയത്തെക്കുറിച്ചു വ്യാസന്‍ ഉപനിഷത്തു നിര്‍മ്മിച്ചു. ലോകത്തില്‍ വിദ്വാന്മാരായ കവിശ്രേഷ്ഠന്മാര്‍ അതു പുരാണമായി പറയുന്നു. ഭാരതം ചൊല്ലുന്നതു പുണ്യമാണ്‌. ഒരു പാദം പഠിച്ചാല്‍ പോലും പുണ്യമാണ്‌. ശ്രദ്ധയോടെ വായിക്കുന്നവന്റെ സകലപാപങ്ങളും തീര്‍ച്ചയായും ഉടനെ നീങ്ങും. 

ദേവന്മാരും, ദേവര്‍ഷിമാരും, ബ്രഹ്മര്‍ഷി മുഖ്യന്മാരും, ശുദ്ധകര്‍മ്മാക്കളായ യക്ഷഫണീന്ദ്രന്മാരും ഇതില്‍ വര്‍ണ്ണിക്കപ്പെടുന്നു. സാക്ഷാല്‍ നിത്യനായ വാസുദേവനെ ഇതില്‍ വാഴ്ത്തിയിട്ടുണ്ട്‌.. അവന്‍ സത്യമായ അമൃതവും, പവിത്രവും, പുണ്യവുമാണ്‌. നിത്യമായ പരബ്രഹ്മമാണെന്നും കേവലം ചിത്തജ്യോതിസ്സാണെന്നും വാഴ്ത്തപ്പെടുന്നു. മനീഷികള്‍ അവന്റെ ദിവ്യകര്‍മ്മങ്ങളെ നിത്യവും പുകഴ്ത്തുന്നു. 

അവനില്‍ നിന്നു സദസല്‍ഭാവമായ വിശ്വം ജനിക്കുന്നു. ബ്രഹ്മാദി സന്തതികളും, ജന്മവും, മൃത്യുവും, അദ്ധ്യാത്മമായി ശ്രുതിയെഴുന്ന പഞ്ചഭൂതങ്ങളും, അവനാണ്‌. അവൃക്തത്തിന് മൂലകാരണവും അവന്‍ ഏകനാണ്‌. യതിയോഗി ഗണങ്ങള്‍ ധ്യാനസ്ഥിതി യോഗബലത്താല്‍ ആത്മാവാകുന്ന കണ്ണാടിയില്‍ കാണുന്ന ജ്യോതിസ്സ്‌ അവന്‍ തന്നെയാകുന്നു. ഫലശ്രുതി ശ്രദ്ധയോടെ, മനസ്സു വെച്ച്‌, സത്ധർമ്മ വ്രതനിഷ്ഠനായി ഈ അദ്ധ്യായം നിത്യം പാരായണം ചെയുന്നവന് ഉടനെ പാപങ്ങള്‍ ഒഴിഞ്ഞു പോകുന്നതാണ്‌. അനുക്രമണികാദ്ധ്യായം ആദിമുതല്‍ ശ്രദ്ധയോടു കൂടെ കേള്‍ക്കുന്നവന്‍ അപകടങ്ങളിലും ദുഃഖങ്ങളിലും പെട്ടു പോകുന്നതല്ല. 

രണ്ടു സന്ധ്യയ്ക്കും ഇതിലെ അല്പഭാഗമെങ്കിലും ജപിക്കുന്നതായാല്‍ പകലും രാവും ചെയ്യുന്ന പാപങ്ങളൊക്കെ നശിക്കും. ഭാരതത്തിന് അതാണ്‌ ഏറ്റവും സാരമായ സത്യാമൃതം. തയിരിന് വെണ്ണ എന്ന പോലെ, മര്‍ത്തൃരില്‍ വിപ്രന്‍ എന്ന പോലെ, മറകളില്‍ ആരണൃകം എന്ന പോലെ, ഭേഷജങ്ങളില്‍ അമൃതം എന്ന പോലെ ജലാശയങ്ങളില്‍ സമുദ്രം എന്ന പോലെ, നാല്ക്കാലികളില്‍ പശു എന്ന പോലെ, ഇതിഹാസങ്ങളില്‍ ശ്രേഷ്ഠമാണ്‌ ഭാരതം. 

ഹേ വിപ്രരേ, ശ്രാദ്ധത്തില്‍ ഒരു പദമെങ്കിലും വായിച്ചു കേള്‍പ്പിച്ചാല്‍ പിതൃക്കള്‍ക്ക്‌ അന്നപാനങ്ങള്‍ ഒടുങ്ങാതെ കൊടുത്തു എന്ന് സമാശ്വസിക്കാം. ഇതിഹാസ പുരാണങ്ങള്‍ ഗാഢമായി അറിഞ്ഞ്‌ വേദാര്‍ത്ഥങ്ങളെ ധരിക്കണം. അല്പജ്ഞനെ വേദം ഭയപ്പെടുന്നു; "ഇവന്‍ എന്നെ അടിച്ചു തകര്‍ത്തു കളയും", എന്ന്. ഈ കൃഷ്ണവേദം വിദ്വാന്മാര്‍ ചൊല്ലിക്കേള്‍പ്പിക്കില്‍ അവര്‍ക്ക്‌ അര്‍ത്ഥം ഗ്രഹിക്കാം. ഭ്രൂണഹത്യാദി മഹാപാപങ്ങളും നശിക്കും. 

ശുദ്ധിയോടെ ഈ ഒരു അദ്ധ്യായം ചൊല്ലുന്നവന്‍ പര്‍വ്വം തോറും ഭാരതം മുഴുവന്‍ ചൊല്ലുന്നവന് ഫലം സിദ്ധിക്കുമെന്നാണ്‌ എന്റെ അഭിപ്രായം. ആര്‍ഷമായ ഈ പുരാണം അതിശ്രദ്ധയോടെ കേള്‍ക്കുന്നവന് ദീര്‍ഘായുസ്സും, കീര്‍ത്തിയും, സ്വര്‍ഗ്ഗപ്രാപ്തിയും ഉണ്ടാകും. 

ഒരുഭാഗത്ത്‌ നാലു വേദവും, മറുഭാഗത്ത്‌ മഹാഭാരതവും വെച്ച്‌ പണ്ട്‌ പല ദേവകള്‍ ചേര്‍ന്നു തുലാസ്സില്‍ തൂക്കി നോക്കി. അപ്പോള്‍ രഹസ്യമായ വേദത്തേക്കാള്‍ ഭാരം തൂങ്ങിയത്‌ ഭാരതമാണ്‌. അന്നു മുതല്‍ മഹത്തായ ഭാരമുള്ള ഭാരതത്തെ മഹാഭാരതം എന്നു പേര്‌ പറഞ്ഞു വന്നു. മഹത്ത്വവും ഗൗരവവും ഇതിന് കൂടുകയാല്‍ മഹത്വഭാരവത്വാഢ്യം മഹാഭാരതമായി. ഇതിന്റെ സാരമറിയുന്നവന് എല്ലാ പാപവും അറ്റുപോകും. 

തപസ്സ്‌ അപാപമാണ്‌; ശ്രുതി ചൊല്ലുന്നത്‌ അപാപമാണ്‌; സ്വാഭാവികവും ശ്രുത്യനുസരണവുമായ നടപ്പ്‌ അപാപമാണ്‌; ദിനവൃത്തിക്കു വേണ്ടി യുള്ള അര്‍ത്ഥസമ്പാദനം അപാപമാണ്‌; എന്നാൽ, ഇവയില്‍ ഫലേച്ഛയുടെ കലർപ്പുണ്ടായാൽ എല്ലാം പാപമായി ഭവിക്കും. 

2. പര്‍വ്വസംഗ്രഹം - ഋഷിമാര്‍ പറഞ്ഞു: സമന്തപഞ്ചകം എന്ന് ഭവാന്‍ പറഞ്ഞുവല്ലോ. അതിന്റെ യഥാര്‍ത്ഥമായ തത്വങ്ങള്‍ കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. ഹേ! സൂതപുത്ര, അതിനെക്കുറിച്ചു പറഞ്ഞാലും. 

സൂതന്‍ പറഞ്ഞു: ഹേ വിപ്രേന്ദ്രരേ, ഞാന്‍ പറയുന്ന സല്‍പുണ്യ കഥകള്‍ നിങ്ങള്‍ കേള്‍ക്കുവിന്‍. സമന്തപഞ്ചകാഖ്യാനമാണ്‌ ഞാന്‍ പറയുന്നത്‌. 

ശസ്ത്രം എടുത്തവരില്‍ പ്രവരനായ രാമന്‍ ത്രേതാദ്വാപര സന്ധിയില്‍ പലവട്ടം ക്ഷത്രവംശത്തെ അച്ഛനെ കൊന്ന കാര്‍ത്തവീര്യനോടുണ്ടായ കോപം കാരണമായി മുടിച്ചു. സ്വന്തം വീര്യം കൊണ്ട്‌ ക്ഷത്രവംശം മുടിച്ചിട്ട്‌ അദ്ദേഹം സമന്തപഞ്ചകത്തില്‍ അഞ്ച്‌ രക്തക്കയം തീര്‍ത്തു. അതിക്രോധത്തോടെ ആ അഞ്ച്‌ രക്തഹ്രദത്തിലും അദ്ദേഹം പിതൃക്കള്‍ക്ക്‌ നിണം കൊണ്ടു തര്‍പ്പിച്ചു എന്ന് ഞാന്‍ കേള്‍ക്കുന്നു. അപ്പോള്‍ ഋചീകന്‍ മുതലായ പിതൃക്കള്‍ രാമനോടു പറഞ്ഞു. ഹേ! രാമ, ഞങ്ങള്‍ നിന്നില്‍ പ്രീതരായിരിക്കുന്നു. ഹേ, മഹാഭാഗനായ ഭാര്‍ഗ്ഗവ, നിന്റെ പിതൃഭക്തിയാലും പുതുവീരൃത്താലും ഞങ്ങള്‍ നിന്നില്‍ പ്രീതരായിരിക്കുന്നു. വരം വാങ്ങിക്കൊള്ളുക! നിനക്കു നന്മ വരും! 

രാമന്‍ പറഞ്ഞു; എന്നില്‍ പിതൃക്കള്‍ സന്തോഷിച്ച്‌ ഞാന്‍ അനുഗ്രാഹൃനായെങ്കില്‍, ഞാന്‍ പൊറുക്കുവാന്‍ വയ്യാത്ത കോപത്തോടെ ക്ഷത്രിയവംശം മുടിച്ചതില്‍ വന്നു ചേര്‍ന്ന പാപം തീരേണമേ! അതാണ്‌ എനിക്ക്‌ ഇഷ്ടമായ വരം. ഞാന്‍ ഈ നിര്‍മ്മിച്ച കയങ്ങള്‍ ഊഴിയില്‍ തീര്‍ത്ഥങ്ങളായി നില്ക്കേണമേ!. 

ഈ അഭൃര്‍ത്ഥനകേട്ട്‌ പിതൃക്കള്‍, "അപ്രകാരം ഭവിക്കട്ടെ! രാമാ! നീ ക്ഷമിക്കുക", എന്നു പറഞ്ഞു. രാമന്‍ ഇതുകേട്ട്‌ അടങ്ങുകയും ചെയ്തു.

ചോരക്കയങ്ങള്‍ക്കരികിലുള്ള പുണ്യപ്രദേശമാണ്‌ സമന്തകപഞ്ചകം. ഈ പ്രദേശത്തെ സകലജനങ്ങളും കീര്‍ത്തിക്കുന്നു. ഏതേതു ലക്ഷണത്തോടു കൂടി ഏതേതു ദേശമിരിക്കുന്നുവോ, അതാതിന്റെ പേര്‌ അതിന് പറയുന്നു എന്നാണ്‌ മനീഷികള്‍ പറയുന്നത്‌. 

കലിയും ദ്വാപരവും ചേരുന്ന സന്ധിയില്‍ സമന്തപഞ്ചകത്തു  വെച്ച്‌ കുരുപാണ്ഡവ യുദ്ധമുണ്ടായി. അതിധര്‍മ്മിഷ്ഠമായി പുണ്യമാര്‍ജ്ജിച്ച ആ ഭൂമിയില്‍ പതിനെട്ട്‌ അക്ഷൗഹിണി സൈന്യം യുദ്ധത്തിനെത്തി. അവിടെ വെച്ച്‌ പോരാടി ആ പടയൊക്കെ മുടിഞ്ഞു പോയി. ഇതാണ്‌ അവിടെ ഉണ്ടായ സംഭവം. ദ്വിജമുഖ്യന്മാരെ! പുണ്യമായ ആ രമ്യസ്ഥലം വര്‍ണ്യമാണെന്ന്‌ ഞാന്‍ അറിയിച്ചു. ലോക്രതയത്തില്‍ ഈ സ്ഥലം വിഖ്യാതമാകുവാനുള്ള ഹേതുവും ഞാന്‍ പറഞ്ഞുവല്ലോ. 

ഋഷിമാര്‍ പറഞ്ഞു: ഹേ, സൂതപുത്ര! ഭവാന്‍ അക്ഷൗഹിണി എന്നു പറഞ്ഞുവല്ലോ; അതിന്റെ വിവരണം കേള്‍ക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌. ആന, തേര്‍, ആള്‍, കുതിരകള്‍ ഇവയൊക്കെ എത്രയുണ്ട്‌ ഒരു അക്ഷൗഹിണിക്ക്‌. അതിന്റെ കണക്കുകളൊക്കെ പറഞ്ഞു കേട്ടാല്‍ കൊള്ളാം. ഭവാന്‍ വിജ്ഞനല്ലേ? 

സൂതന്‍ പറഞ്ഞു: ഒരു തേര്‌, ഒരു ആന, അഞ്ചു കാലാള്‍, മൂന്നു കുതിര ഇവ ചേരുന്നത്‌ ഒരു പത്തി. മൂന്നു പത്തി ചേര്‍ന്നാല്‍ ഒരു സേനാമുഖം. മൂന്നു സേനാമുഖം ചേര്‍ന്നാല്‍ ഒരു ഗുല്‍മം. മുന്നു ഗുല്‍മം ചേര്‍ന്നാല്‍ ഒരു ഗണം. മൂന്നു ഗണം ചേര്‍ന്നാല്‍ ഒരു വാഹിനി. മൂന്നു വാഹിനി ചേര്‍ന്നാല്‍ ഒരു പൃതന. മുന്നു പൃതന ചേര്‍ന്നാല്‍ ഒരു ചമു. മൂന്നു ചമു ചേര്‍ന്നാല്‍ ഒരു അനീകിനി. പത്ത്‌ അനീകിനി ചേര്‍ന്നാല്‍ ഒരു അക്ഷൗഹിണി. ഇതാണ്‌ അക്ഷൗഹിണിയുടെ കണക്ക്‌. 

ഇരുപത്തോരായിരത്തി എണ്ണൂറ്റിയെഴുപതു രഥങ്ങളും, അത്ര തന്നെ ആനകളും, ഒരു ലക്ഷത്തി ഒമ്പതിനായിരത്തി മുന്നുറ്റിയമ്പതു കാലാളുകളും, അറുപത്തയ്യായിരത്തി അറുനൂറ്റിപ്പത്ത്‌ കുതിരകളും ചേര്‍ന്നതാണ്‌ ഒരു അക്ഷൗഹിണി. ഇതാണ്‌ ശരിയായ കണക്ക്‌. കുരുപാണ്ഡവപ്പടയില്‍ ഈ കണക്കു പ്രകാരം പതിനെട്ട്‌ അക്ഷൗഹിണി യുദ്ധഭൂമിയില്‍ കൂടി. അവിടെ കൂടിയ ആ സംഖ്യ അവിടെ തന്നെ ഒടുങ്ങി പോയി. കൗരവന്മാര്‍ കാരണമായി ഇതു സംഭവിച്ചു. കാലത്തിന്റെ ശക്തി കൊണ്ട്‌ സൈന്യങ്ങള്‍ നശിച്ചു കൊണ്ടിരിക്കെ പരമാസ്ത്രജ്ഞനായ ഭീഷ്മൻ പത്തു ദിവസം പോര്‍ നടത്തി. കുരുസേനാനാഥനായി ഗുരുവായ ദ്രോണന്‍ അഞ്ചു ദിവസം യുദ്ധം നടത്തി. വൈരി വിമര്‍ദ്ദനനായ കര്‍ണ്ണന്‍ രണ്ടു ദിവസം പോര്‍ നടത്തി. ശല്യന്‍ അര്‍ദ്ധദിനം പോര്‍ നടത്തി. പിന്നെയാണ്‌ ഘോരമായ ഗദായുദ്ധം ദുര്യോധനനും ഭീമനും തമ്മില്‍ നടന്നത്‌. അതു പകുതി ദിവസം നടന്നു. ആ ദിവസം തന്നെ രാത്രിയില്‍ കൃപനും, കൃതവര്‍മ്മാവും, അശ്വത്ഥാമാവും ചേര്‍ന്ന്‌ പാണ്ഡവന്മാരുടെ ശിബിരത്തില്‍ക്കയറി പേടിവിട്ട്‌ ഉറങ്ങുന്ന പാണ്ഡവപ്പടയെ മുടിച്ചു. ഹേ, ശൗനക! സത്രത്തില്‍ ഞാന്‍ ചൊല്ലുന്ന മുഖ്യമായ ഈ ഭാരതം ജനമേജയന്റെ സത്രത്തില്‍ വ്യാസശിഷ്യന്‍ ചൊല്ലിക്കേള്‍പ്പിച്ചതാണ്‌. 

പൃത്ഥീശന്മാരുടെ വീര്യങ്ങള്‍ വിസ്തരിച്ച്‌ ഇതില്‍ പറഞ്ഞിട്ടുണ്ട്‌. ഇതില്‍ ആദ്യത്തില്‍ പൌഷ്യവും പൌലോമവും ആസ്തീകവും പര്‍വ്വങ്ങളാണ്‌. വിചിത്രമായ അര്‍ത്ഥത്തോടു കൂടിയ പദങ്ങളും, പല തരത്തിലുള്ള ആഖ്യാനങ്ങളും, വിശിഷ്ടമായ സദാചാരങ്ങളുമടങ്ങിയ ഈ കൃതി, മോക്ഷകാംക്ഷിക്ക്‌ വൈരാഗ്യമെന്ന പോലെ, വിദ്വത് ജനങ്ങളാല്‍ ആദൃതമാണ്‌. അറിയേണ്ടുന്നത്‌ ആത്മാവാണ്‌. പരക്കെ പ്രിയമുള്ളതാണ്‌ ജീവന്‍. അപ്രകാരം ഈ ഇതിഹാസം സര്‍വ്വ അംഗങ്ങളിലും വെച്ച്‌ ഉത്തമമാണ്‌. ഇതില്‍ പെടാത്ത കഥകളൊന്നും ലോകത്തിലില്ല. ആഹാരമൊന്നും കൂടാതെ ദേഹം നിലനില്ക്കുകയില്ലല്ലോ. അതു പോലെ ഈ ഭാരതം സല്‍ക്കവികള്‍ക്കൊക്കെ ഉപജീവനമാണ്‌. 

അഭിവൃദ്ധിക്ക്‌ ഒരുങ്ങുന്നവര്‍ക്ക്‌ സല്‍ക്കുലത്തില്‍ ജനിച്ച യജമാനന്‍ എന്ന പോലെ ഈ നല്ല ഇതിഹാസത്തിലാണല്ലോ എല്ലാ സല്‍ബുദ്ധിയും ഇരിക്കുന്നത്‌. സ്വരവൃഞ്ജന യോഗത്തിലാണല്ലോ ലോകവേദ മൊഴികള്‍. അതുപോലെ വിശിഷ്ട ജ്ഞാനകരമായി, വിചിത്രപദ പര്‍വ്വമായി, സൂക്ഷ്മാര്‍ത്ഥ ന്യായമായി, സാക്ഷാല്‍ വേദാര്‍ത്ഥ വേദ്യമായി പ്രസിദ്ധിയാര്‍ന്ന ഭാരതത്തിലെ പര്‍വ്വസംഗ്രഹം ഞാന്‍ പറയാം, നിങ്ങള്‍ കേള്‍ക്കുവിന്‍. 

സൂതന്‍ തുടര്‍ന്നു. ആദ്യം അനുക്രമണികാ പര്‍വ്വം, പിന്നെ പര്‍വ്വസംഗ്രഹം, പൌഷ്യം, പൌലോമം, ആസ്തീകം, ആദ്യവംശാവതരണം, പിന്നെ, സംഭവപര്‍വ്വം. സംഭവപര്‍വ്വം അത്ഭുതോന്മേഷകാരണമാണ്‌. പിന്നെ, ജതുഗൃഹപര്‍വ്വം, ഹിഡിംബവധപര്‍വ്വം, ബകവധപര്‍വ്വം, ചൈത്രരഥപര്‍വ്വം, പാഞ്ചാലീസ്വയംവരം, ക്ഷാത്രധര്‍മ്മ ജയത്തോടു കൂടിയ വൈവാഹികം, വിദുരാഗമനം, രാജ്യലാഭം, അര്‍ജ്ജുനവനവാസം, സുഭ്രദാഹരണം, ഹരണാഹരണം, ഖാണ്ഡവദാഹം, മയദര്‍ശനപര്‍വ്വം ഇവ അടങ്ങിയിരിക്കുന്നു.

പിന്നെ സഭാപര്‍വ്വമാണ്‌. അതില്‍ സഭാക്രിയാപര്‍വ്വം, മന്ത്രണപര്‍വ്വം, ജരാസന്ധവധം, ദിഗ്ജയപര്‍വ്വം, രാജസൂയികപര്‍വ്വം, അര്‍ഘാപിഹരണം, ശിശുപാലവധം, പിന്നെ ദ്യുതപര്‍വ്വം, അനുദ്യൂതം.

പിന്നെ ആരണ്യകപര്‍വ്വം ആകുന്നു. കിര്‍മ്മീരവധപര്‍വ്വം, അര്‍ജ്ജുനാഭിഗമനപര്‍വ്വം, ഈശാര്‍ജ്ജുനരണം ചേര്‍ന്ന കൈരാതപര്‍വ്വം, ഇന്ദ്രലോകാഭിഗമനപര്‍വ്വം, നളോപാഖ്യാനപര്‍വ്വം. ഇത്‌ ധര്‍മ്മകാരുണ്യ മണ്ഡിതമാണ്‌. അതിന് ശേഷം തീര്‍ത്ഥയാത്രാപര്‍വ്വം, ജടാസുരവധം, ഭീമന്റെ യക്ഷയുദ്ധം, നിവാതകവചവധം, പിന്നെ ആജഗരം, മാര്‍ക്കണ്ഡേയസമസ്യ, ദ്രൗപദീ സത്യഭാമാ സംവാദം, ഘോഷയാത്രാപര്‍വ്വം, മൃഗസ്വപ്നോത്ഭവം, വ്രീഹിദ്രൗണീകം, ദ്രൗപദീഹരണം, ജയ്രദഥ വിമോക്ഷണം, പതിവ്രതയായ അരക്തി പറയുന്ന അത്ഭുതകരമായ സാവിത്രീ കഥ, രാമോപാഖ്യാനം, അതിന് ശേഷം കര്‍ണ്ണന്റെ കുണ്ഡലാഹരണം, ആരണേയം, വൈരാടം, പാണ്ഡവപ്രവേശം, സമയപാലനം, കീചകവധം, ഗോഗ്രഹണം, അഭിമന്യുത്തരാപാണിഗ്രഹണം, പിന്നെ അതൃന്തമഹിതാത്ഭുതമായ ഉദ്യോഗപർവ്വം.

പിന്നെ സഞ്ജയയാനം, പ്രജാഗരം, അദ്ധ്യാത്മ പ്രദര്‍ശനമായ സനല്‍സുജാത പര്‍വ്വം, യാനസന്ധി, ഭഗവത്യാനപര്‍വ്വം, മാതല്യുപാഖ്യാനം, ഗാലവാഖ്യാനം, സാവിത്രം, വാമദേവം, വൈന്യോപാഖ്യാനം, ജാമദഗ്ന്യം, ഷോഡശരാജകം, കൃഷ്‌ണന്റെ സഭാപ്രവേശം, വിദുളാ പുത്രശാസനം, കര്‍ണ്ണനോടുള്ള ഉത്തമമായ വിവാദം, കുരുപാണ്ഡവ പടയുടെ നിര്യാണം, രഥാതിരഥ സംഖ്യാനം, ക്രോധവിവര്‍ദ്ധനമായ ഉലൂക ദൂതാഗമന പര്‍വ്വം, അത്ഭുതകരമായ അംബോപാഖ്യാനം, ഭീഷ്മാഭിഷേചനം, ജംബുഖണ്ഡവി നിര്‍മ്മാണം, ഭൂമി പര്‍വ്വം, ദ്വീപവിസ്താരപര്‍വ്വം, ഭഗവല്‍ഗീതാപര്‍വ്വം, ഭീഷ്മവധം, ദ്രോണാഭിഷേചനം, സംശപ്തകവധം, അഭിമന്യുവധം, പ്രതിജഞാപര്‍വ്വം, ജയദ്രഥവധം, ഘടോല്‍ക്കചവധം, രോമഹര്‍ഷണമായ ദ്രോണവധം, നാരായണാസ്ത്ര മോക്ഷം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം, ഹ്രദപ്രവേശനം, ഗദായുദ്ധം, സാരസ്വതപര്‍വ്വം, തീര്‍ത്ഥവംശാനുകീര്‍ത്തനം, മഹാരൗദ്രമായ സാപ്തികപര്‍വ്വം, ഐഷീകം, ജലപ്രദാനികം, സ്ത്രീപര്‍വ്വം, കുരുക്കളുടെ ഗതിക്കുള്ള ശ്രാദ്ധപര്‍വ്വം, ബ്രാഹ്മണകൃതി, രക്ഷസ്സായ ചാര്‍വ്വാകന്റെ വധം, ധര്‍മ്മപുത്രന്റെ അഭിഷേചനം, ഗ്രഹവിഭാഗം, ശാന്തിപര്‍വ്വം, രാജധര്‍മ്മാനുശാസനം, ആപദ്ധര്‍മ്മപര്‍വ്വം, മോക്ഷധര്‍മ്മം, ശുകപ്രശ്നാഭിഗമനം, ബ്രഹ്മപ്രശ്‌നാനുശാസനം, പ്രാദുര്‍ഭാവം, മായ ദുര്‍വ്വാസാവുമായി ചെയ്ത ഭാഷണം, ആനുശാസനികാഖ്യാനം, ഭീഷ്മസ്വര്‍ഗ്ഗാരോഹണം, വിശ്വപാപ വിമോചനമായ അശ്വമേധപര്‍വ്വം, ആദിപര്‍വ്വം. അനുഗീത, ആശ്രമവാസം, പുത്രദര്‍ശനം, നാരദാഗമനം, ദാരുണവും ഘോരവുമായ മൗസലം, മഹാപ്രസ്ഥാനികം, സ്വര്‍ഗ്ഗാരോഹണം, പിന്നെ ഹരിവംശം, വേറെ ഖിലപുരാണം, വിഷ്ണുപര്‍വ്വം, ബാലചര്യ, വിഷ്ണുവിന്റെ കംസനിഗ്രഹം, ഭവിഷ്യല്‍പര്‍വ്വം ഇപ്രകാരം ഒരു നൂറു പര്‍വ്വം വ്യാസന്‍ പറഞ്ഞു. 

ലോമഹര്‍ഷണജനായ സതി നൈമിഷാരണൃത്തില്‍ പറഞ്ഞ പര്‍വ്വങ്ങള്‍ പതിനെട്ടാണ്‌. ഭാരതത്തില്‍ ചേര്‍ത്ത അതിന്റെ സാരമാണ്‌ ഈ പര്‍വ്വസംഗ്രഹം. 

പൌഷ്യം, പൌലോമം, ആസ്തീകം, ആദിവംശാവതാരണം, സംഭവം, ജതുഗൃഹം, ഹിഡിംബ ബക നിഗ്രഹം. അപ്രകാരം ചൈത്രരഥം, പാഞ്ചാലീ സ്വയംവരം, ക്ഷത്രധര്‍മ്മ പ്രകാരം ജയിച്ച്‌ വന്നു ചേര്‍ന്ന വൈവാഹികം, വിദുരാഗമനം, രാജ്യലാഭം, അര്‍ജ്ജുനന്റെ തീര്‍ത്ഥയാത്ര, സുഭ്രദാഹരണം, ഹരണാഹരണം, ഖാണ്ഡവദാഹം, മയദര്‍ശനം ഇതൊക്കെ ആദിപര്‍വ്വത്തിലാണ്‌. 

പൌഷ്യത്തില്‍ ഉദങ്കന്റെ പുണ്യമാഹാത്മൃ വര്‍ണ്ണനം, ആസ്തീകത്തില്‍ സര്‍വ്വനാഗ പതീന്ദ്രന്മാരുടേയും ഗരുഡന്റേയും ഉത്ഭവം, പാലാഴിമഥനം, ഉച്ചൈശ്രവസ്സിന്റെ കഥ, സര്‍പ്പസ്രതം ചെയ്ത ജനമേജയന്റെ കഥ എന്നിവ അടങ്ങിയിരിക്കുന്നു. 

സംഭവത്തില്‍ ഭാരതരായ മഹാന്മാരുടെ എല്ലാവരുടേയും മറ്റു ശുരന്മാരുടേയും, വ്യാസമഹര്‍ഷിയുടേയും പലമട്ടായ സംഭവങ്ങള്‍ എല്ലാം യഥാക്രമം പറഞ്ഞിരിക്കുന്നു. 
  
അംശാവതരണത്തില്‍ ദേവതാംശാവതാരവും, ദൈത്യ ദാനവ യക്ഷാദികളായ അത്യുഗ്ര വീര്യന്മാരുടെ അംശജന്മവും, നാഗങ്ങള്‍, പന്നഗങ്ങള്‍, ഗന്ധര്‍വന്മാര്‍, പതത്രീന്ദ്രന്മാര്‍ എന്നിവരുടെ ജന്മവും, കണ്വാശ്രമത്തില്‍ വെച്ച്‌ ദുഷ്യന്തനൃപന് ശകുന്തളയില്‍ മഹാനായ ഭരതന്‍ ജനിച്ചതും, അടങ്ങിയിരിക്കുന്നു. ഈ ഭരതന്‍ വഴിക്കാണ്‌ ഭാരതകുലം ഉണ്ടായത്‌. വസുക്കള്‍ ഗംഗാദേവിയില്‍ ശാന്തനു നൃപാലയത്തില്‍ ജനിച്ചതും, പിന്നീട്‌ സ്വര്‍ഗ്ഗം പ്രാപിച്ചതും, ഭീഷ്മൻ അപ്രകാരം ജനിച്ചതും, രാജ്യം ഉപേക്ഷിച്ചതും ബ്രഹ്മചര്യത്തില്‍ നിഷ്ഠയുറച്ചതും, പ്രതിജ്ഞ രക്ഷിച്ചതും, ചിത്രാംഗദരക്ഷയും, വിചിയ്രവീര്യന് രാജ്യം കൊടുത്തതും, അണിമാണ്ഡവ്യശാപം കൊണ്ട്‌ ധര്‍മ്മന്‍ മര്‍ത്ത്യജന്മമെടുത്തതും, വരബലത്താല്‍ ധൃതരാഷ്ട്രന്‍ പാണ്ഡു എന്നിവര്‍ വ്യാസസൂതന്മാരായി പിറന്നതും, വാരണാവതയാത്രയ്ക്ക്‌ ദൂര്യോധനന്റെ കുതന്ത്രവും ചതിയായി പാണ്ഡവന്മാരെ ധൃതരാഷ്ട്രന്‍ അയച്ചതും, പോകും വഴിക്ക്‌ വിദുരൻ ധര്‍മ്മപുത്രന് മ്ലേച്ഛഭാഷയില്‍ ( യവനാദികളുടെ ഭാഷയില്‍ ) ഹിതം പറഞ്ഞു കൊടുത്തതും, വിദുരന്റെ വാക്കു മൂലം തുരങ്കം നിര്‍മ്മിച്ചതും അഞ്ചു മക്കളോടും കൂടി വന്ന നിഷാദാംഗനയേയും, പുരോചനനേയും ചുട്ട്‌ അരക്കില്ലം എരിച്ചതും, ഹിഡുംബിയെ കൊടുങ്കാട്ടില്‍ പാണ്ഡവന്മാര്‍ കണ്ടതും, ഹിഡുംബനെ ഭീമസേനന്‍ അടിച്ചു കൊന്നതും, അവിടെ വച്ച്‌ ഘടോല്‍ക്കചന്‍ ജനിച്ചതും, മഹാതപസ്വിയായ വേദവ്യാസനെ കണ്ടതും, അദ്ദേഹം പറഞ്ഞ പ്രകാരം ഏകച്രകയില്‍ ബ്രാഹ്മണാലയത്തില്‍ ആരും അറിയാതെ വസിച്ചതും, ബകനെ കൊന്നതും, നാട്ടുകാര്‍ അത്ഭുതപ്പെട്ടതും, പാഞ്ചാലിയുടേയും ധൃഷ്ടദ്യുമ്നന്റേയും ജന്മവും, പാണ്ഡവന്മാര്‍ പാഞ്ചാല രാജ്യത്തു പോയതും, അര്‍ജ്ജുനന്‍ ഗംഗാതീരത്തില്‍ അംഗാരവര്‍ണ്ണനെ ജയിച്ചതും, അവനുമായി സഖ്യമായതും, താപത്യം, വാസിഷ്ഠം, ഔര്‍വ്വം എന്നീ കഥകള്‍ കേട്ടതും, ജ്യേഷ്ഠാനുജന്മാര്‍ ഒന്നിച്ച്‌ പാഞ്ചാലപുരിയിൽ എത്തിയതും, ഫല്‍ഗുനന്‍ ലക്ഷ്യം ഭേദിച്ച്‌ പാഞ്ചാലിയെ നേടിയതും, ഭീമാര്‍ജ്ജുനന്മാര്‍ കോപിച്ച്‌ ഏറ്റ നൃപന്മാരേയും, കര്‍ണ്ണന്‍, ശല്യന്‍ മുതലായവരേയും മല്ലടിച്ച്‌ ജയിച്ചതും, അവരുടെ അമേയമായ കയ്യൂക്കു കണ്ട്‌ പാണ്ഡവന്മാരാണെന്നു വിചാരിച്ച്‌ രാമകൃഷ്ണന്മാര്‍ രസത്തോടെ കുശവാലയില്‍ കൂടിക്കാഴ്ചയ്ക്ക്‌ ചെന്നതും, അഞ്ചാള്‍ക്കും പത്നി ഒന്നാക്കാന്‍ പാഞ്ചാലന്‍ ശങ്കിച്ചതും, പഞ്ചേന്ദ്രോപാഖ്യാനം അപ്പോള്‍ മുനി പറഞ്ഞതും, ദേവകല്പമായി ചിന്തിച്ച്‌ ദ്രൗപദിയെ അവര്‍ വേളികഴിച്ചതും, ധൃതരാഷ്ട്രന്‍ വിദുരനെ പാണ്ഡവന്മാരുടെ. അടുത്തേക്കയച്ചതും, വിദുരന്‍ പറഞ്ഞതും, പിന്നെ കൃഷ്ണനെക്കണ്ടതും, ഖാണ്ഡവപ്രസ്ഥത്തില്‍ പകുതി രാജ്യം കൊടുത്തതും, നാരദന്‍ പറഞ്ഞതനുസരിച്ച്‌ ദ്രൗപദിയെക്കുറിച്ച്‌ ചില ചിട്ടകള്‍ നിശ്ചയിച്ചു വെച്ചതും, സുന്ദോപസുന്ദോപാഖ്യാനകഥ പറഞ്ഞു കൊടുത്തതും, പിന്നെ പാഞ്ചാലിയോടു കൂടിയിരിക്കുന്ന യുധിഷ്ഠിരന്റെ അടുത്ത്‌ അര്‍ജ്ജുനന്‍ ബ്രാഹ്മണന്‍ കാരണം വില്ലെടുക്കാന്‍ പോയതും, സ്വനിശ്ചയം കാത്ത്‌ തീര്‍ത്ഥയാത്രയ്ക്കു പോയതും, ഉലൂപിയെ തീര്‍ത്ഥയാത്രക്കാലത്തു വരിച്ചതും, പുണൃതീര്‍ത്ഥം ചുറ്റിയതും, ബഭ്രുവാഹനന്‍ ജനിച്ചതും, വിപ്രശാപത്താല്‍ മുതലകളായിക്കിടന്ന അഞ്ച്‌ അപ്സരസ്ത്രീകളെ പഞ്ചാപ്സരസ്ഥലത്തില്‍ നിന്നു കേറ്റിവിട്ട്‌ മോക്ഷം കൊടുത്തതും, ജിഷ്ണുപ്രഭാസത്തില്‍ വെച്ച്‌ കൃഷ്ണനോട്‌ ഒത്തു ചേര്‍ന്നതും, ദ്വാരകയില്‍ ചെന്ന്‌ സുഭ്രദയെ കൃഷ്ണന്റെ സമ്മതത്തോടു കൂടെ വരിച്ചതും, സ്ത്രീജനങ്ങളോടു കൂടി മാധവന്‍ വന്നതിനു ശേഷം സുഭ്രദ്രയില്‍ മഹാവീരനായ അഭിമന്യു ജനിച്ചതും, പാഞ്ചാലീനന്ദനന്മാര്‍ അഞ്ചു പേര്‍ ജനിച്ചതും, കൃഷ്ണാര്‍ജ്ജുനന്മാര്‍ യമുനാ തീരത്തില്‍ രമിക്കുമ്പോള്‍ ചക്രവും ചാപവും ലഭിച്ചതും, ഖാണ്‍ഡവം എരിച്ചതും, മയനും, നാഗവും, ഘോരമായ അഗ്നിയില്‍ നിന്ന്‌ ഒഴിഞ്ഞതും, മന്ദപാല മഹര്‍ഷിക്ക്‌ ശാര്‍ങ്ഗീപുത്രന്മാര്‍ ജനിച്ചതും, ഇതൊക്കെ ആദിപര്‍വ്വത്തില്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്‌. ഈ പര്‍വ്വത്തില്‍, ഇരുനൂറ്റി ഇരുപത്തേഴ്‌ അദ്ധ്യായങ്ങളിലായി ഇവ പറഞ്ഞിരിക്കുന്നു. എണ്ണായിരത്തി എണ്ണൂറ്റി എണ്‍പത്തിനാലു ശ്ലോകങ്ങളിലാണ്‌ മഹര്‍ഷിയായ വ്യാസന്‍ ഇതു നിര്‍മ്മിച്ചിരിക്കുന്നത്‌. 

ഇനി രണ്ടാമത്തേതായ സഭാപര്‍വ്വത്തിലെ വൃത്താന്തം പറയാം.

പാണ്ഡവന്മാര്‍ക്ക്‌ സഭാനിര്‍മ്മാണം, പിന്നെ കിങ്കരദര്‍ശനം, നാരദന്‍ പറഞ്ഞ ലോകപാല സഭാഖ്യാനം, രാജസൂയമഹാരംഭം, ജരാസന്ധനിഗ്രഹം, ഗിരിവ്രജത്തില്‍ രോധിക്കപ്പെട്ട രാജാക്കളെ കൃഷ്ണന്‍ മോചിപ്പിക്കുന്നത്‌, പാണ്ഡവന്മാരുടെ ദിഗ്വിജയം, കാഴ്ചദ്രവ്യത്തോടെ രാജാക്കന്മാരുടെ ആഗമം, രാജസൂയാര്‍ഗ്ഘ്യ വാദത്തില്‍ ശിശുപാലന്റെ വധം, യാഗത്തില്‍ ഐശ്വര്യം ദര്‍ശിച്ച ദുര്യോധനന്റെ ആശ്ചര്യവും അമര്‍ഷവും സങ്കടവും, ദുര്യോധനന്‍ ഉഴന്നപ്പോള്‍ ഭീമന്റെ പരിഹാസം, ദ്യൂതകല്പനം, ശകുനി പറ്റിച്ച യുധിഷ്ഠിര പരാജയം, സ്നുഷയായ ദ്രൗപദിയെ ധൃതരാഷ്ട്രന്‍ കരകയറ്റിയപ്പോള്‍ മറ്റുള്ളവരും കയറിയത്‌, വീണ്ടും ദുര്യോധനന്‍ പാണ്ഡവരെ ചൂതിനായി വിളിച്ചത്‌, തോല്പിച്ച്‌ വനവാസത്തിന് അപ്പോള്‍ തന്നെ അയച്ചത്‌, ഇതൊക്കെ സഭാപര്‍വ്വത്തില്‍ മഹാമുനി രചിച്ചു. ഹേ, ദ്വിജേന്ദ്രന്മാരേ! രണ്ടായിരത്തി അഞ്ഞൂറ്റിപ്പതിനൊന്നു ശ്ലോകത്തിലാണ്‌ ഇതു രചിക്കപ്പെട്ടത്‌. എഴുപത്തെട്ട്‌ അദ്ധ്യായമാണ്‌ അതിലുള്ളത്‌. 

ഇനി മുന്നാമത്തേതായ ആരണ്യ പര്‍വ്വത്തിലെ വൃത്താന്തം പറയാം. 

വനവാസത്തിന് പാണ്ഡവന്മാര്‍ പോയതും, ധീരനായ ധര്‍മ്മപുത്രനെ പൌരന്മാര്‍ പിന്തുടര്‍ന്നതും, പിന്നെ ബ്രാഹ്മണ രക്ഷയ്ക്കായി അന്നവും ഔഷധികളും കിട്ടുവാന്‍ യോഗ്യനായ പാണ്ഡവന്‍ സാക്ഷാല്‍ അര്‍ക്കനെ സേവ ചെയ്തതും, ധൗമ്യോപദേശപ്രകാരം അര്‍ക്ക പ്രസാദത്താല്‍ കാര്യം സാധിച്ചതും, ഹിതം പറയുന്ന വിദുരനെ ധൃതരാഷ്ട്രന്‍ ഉപേക്ഷിച്ചതും, വെടിഞ്ഞപ്പോള്‍ പാണ്ഡവന്മാരുടെ അടുത്തേക്ക്‌ അദ്ദേഹം പോയതും, ധൃതരാഷ്ട്രന്റെ ആജ്ഞയാല്‍ സാധുവായ വിദുരന്‍ മടങ്ങിയതും, കര്‍ണ്ണന്റെ പ്രോത്സാഹനത്തില്‍ ദുഷ്ടനായ ദുര്യോധനന്‍ പാണ്ഡവന്മാരെ കാട്ടില്‍ വെച്ച്‌ കൊല്ലുവാന്‍ ശ്രമം ചെയ്തതും, അവന്റെ ദുര്‍വ്വിചാരം കണ്ട്‌ അവിടെ വ്യാസന്‍ ചെന്നതും, യാത്രാനിരോധവും, സുരഭ്യാഖ്യാനവും, മൈത്രേയന്‍ വന്നതും, രാജാനുശാസനം പറഞ്ഞതും, മന്നവനായ ദുര്യോധനനെ മാന്യനായ മുനി ശപിച്ചതും, കിര്‍മ്മീരനെ ഭീമന്‍ രണത്തില്‍ കൊന്ന വൃത്താന്തം കഥിച്ചതും, വൃഷ്ണി പാഞ്ചാലവീരന്മാര്‍ പാണ്ഡവരുടെ അടുത്തു ചെന്നതും, കള്ളച്ചൂതിൽ ചതിയനായ ശകുനി പാര്‍ത്ഥരെ ജയിച്ചതില്‍ കൃഷ്ണന്‍ ചൊടിച്ചതും, ജിഷ്ണു സാന്ത്വനപ്പെടുത്തിയതും, കൃഷ്ണന്റെ മുമ്പില്‍ കൃഷ്ണ വളരെ ആവലാതി പറഞ്ഞതും, ആര്‍ത്തയായ അവളെ കൃഷ്ണന്‍ ആശ്വസിപ്പിച്ചതും, കൃഷ്ണന്‍ സൗഭവധാഖ്യാനം പറഞ്ഞതും, സുഭദ്രയെ പുത്രനോടു കൂടി ദ്വാരകയിലേക്കു കൂട്ടിക്കൊണ്ടു പോയതും, പാഞ്ചാലീ പുത്രന്മാരെ പാഞ്ചാല്യന്‍ കൊണ്ടു പോയതും, പിന്നെ പാണ്ഡുനന്ദനന്മാര്‍ ദ്വൈതവനത്തിലേക്കു പോയതും, ധര്‍മ്മപുത്രനും ദ്രൗപദിയും തമ്മില്‍ സംവാദമുണ്ടായതും, അപ്രകാരം അദ്ദേഹവും ഭീമനും, തമ്മില്‍ സംവാദമുണ്ടായതും, പാണ്ഡുപുത്രന്റെ സമീപത്തില്‍ അന്ന്‌ വ്യാസന്‍ ചെന്നതും, മുനിശ്രേഷ്ഠന്‍ മന്ത്രവിദ്യ കൊടുത്തതും, ആ മുനീന്ദ്രന്‍ പോയതിന് ശേഷം കാമൃകത്തില്‍ പാണ്ഡവന്മാര്‍ ചെന്നതും, അസ്ത്രവിദൃക്കു വേണ്ടി അര്‍ജ്ജുനന്‍ അവരെ വിട്ടു പോയതും, കിരാത മൂര്‍ത്തിയായ ഗൌരീവരനുമായി പോരടിച്ചതും, ലോകപാലകന്മാരെ കണ്ടതും, അസ്ത്രങ്ങളെല്ലാം ലഭിച്ചതും, അസ്ത്രത്തിന് ഇന്ദ്രലോകത്തില്‍ പാര്‍ത്ഥന്‍ പോയതും, അതുകേട്ട്‌ ധൃതരാഷ്ട്രന് അധികം ചിന്തയുണ്ടായതും, ബൃഹദശ്വ മുനിയായ മഹാനെ കണ്ടതും, യുധിഷ്ഠിരന്‍ വ്യസനമോര്‍ത്തധികം വിലപിച്ചതും, കരുണോദാരമായ നളോപാഖ്യാനം പറഞ്ഞതും, അതില്‍ ഭൈമീനളന്മാരുടെ സ്ഥിതിയും കഥയും ആ മട്ടില്‍ അക്ഷഹൃദയം ആ മുനീന്ദ്രന്‍ നല്കിയതും, ലോമശന്‍ വാനില്‍ നിന്ന്‌ രാജാവിന്നടുത്തു വന്നതും, വനവാസികളായ പാണ്ഡുപുത്രന്മാരോട്‌ സ്വര്‍ഗ്ഗത്തില്‍ അര്‍ജ്ജുനന്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞതും, പാര്‍ത്ഥ സന്ദേശത്താല്‍ തീര്‍ത്ഥയാത്ര തുടര്‍ന്നതും, തീര്‍ത്ഥങ്ങളുടെ പുണൃഫലം സിദ്ധിക്കുമെന്നു പറഞ്ഞതും, പുലസ്തൃ തീര്‍ത്ഥയാത്ര നാരദന് ഒത്തതും, ആ പുണൃസ്ഥലത്തില്‍ പാണ്ഡുപുത്രന്മാര്‍ തീര്‍ത്ഥയാത്ര കഴിച്ചതും, കര്‍ണ്ണന്‍ ഇന്ദ്രന് വേണ്ടി കുണ്ഡലങ്ങള്‍ കൊടുത്തതും, ഗയന്റെ യജൈഞശ്വര്യങ്ങള്‍ ചൊല്ലിയതും, അഗസ്ത്യാഖ്യാനത്തില്‍ വാതാപിയെ ഭക്ഷിച്ചതും, ലോപാമുദ്രയെ അപതൃത്തിന് വേണ്ടി പ്രാപിച്ചതും, കൗമാര ബ്രഹ്മചര്യമുള്ള ശൃംശൃശ്യംഗന്റെ കഥ പറഞ്ഞതും, മഹത്വമേറിയ പരശുരാമന്റെ കഥയും, കാര്‍ത്തവീര്യന്റെ വധവും, പ്രഭാസത്തില്‍ പാണ്ഡവരുമായി വൃഷ്ണിവംശജന്മാര്‍ പോയതും, സുകന്യാഖ്യാനവും, മാന്ധാതാവിന്റെ ചരിതവും, ജന്തുവിന്റെ ഉപാഖ്യാനവും, സോമകന്‍ പുത്രനെ തീയില്‍ ഹോമിച്ച്‌ ശതപുത്രത്വം നേടിയതും, പിന്നെ ശ്യേനകപോതീയം എന്ന ആഖ്യാനവും, അഷ്ടാവക്രീയവും, ബന്ദിവാദത്തില്‍ തോറ്റതും, ആഴിയില്‍ നിന്ന്‌ അച്ഛനെ മുനി വീണ്ടെടുത്തതും, യവക്രീതോപാഖ്യാനവും, ദൈത്യോപാഖ്യാനവും, ഗന്ധമാദനയാനവും, ഭീമന്‍ ഹനുമാനെ കണ്ടു മുട്ടുന്നതും, പിന്നെ സൗഗന്ധികത്തിന് പോയ ഭീമന്‍ പൊയ്ക ഒട്ടാകെ ഉലച്ചതും, മണിമാന്‍ മുതലായ യക്ഷരാക്ഷസരോടു പോരടിച്ചതും, വൃഷപര്‍വ്വരാജര്‍ഷിന്ദ്രന്റെ പാര്‍ശ്വത്തില്‍ പാണ്ഡവര്‍ ചെന്നതും, ആര്‍ഷ്ടിഷേണാശ്രമത്തില്‍ ചെന്നതും, പാഞ്ചാലി ഭീമനെ പ്രോത്സാഹിപ്പിച്ചതും, പിന്നെ കൈലാസപര്‍വ്വതം കയറിയതും, പാണ്ഡവന്മാര്‍ വൈശ്രവണനെ കണ്ടതും, അവിടെവ ച്ച്‌ ഫല്‍ഗുനന്‍ ഭ്രാതൃജനത്തോടു കൂടി ചേര്‍ന്നതും, ദിവ്യാസ്ത്രം തന്ന ശക്രന് വേണ്ടി ഹിരണ്യപുരി പ്രാപിച്ച്‌ നിവാതകവചന്മാരുമായി യുദ്ധവും കാലകേയ ദൈത്യരുമായി യുദ്ധവും, അവരുടെ വധവും മറ്റും പാര്‍ത്ഥന്‍ ധര്‍മ്മജനോട്‌ അറിയിച്ചതും, ധര്‍മ്മരാജന്‍ ദിവ്യാസ്ത്രം കാട്ടാന്‍ പാര്‍ത്ഥന്‍ മുതിര്‍ന്നതും, നാരദന്‍ ഉടനെ ചെന്ന്‌ പാര്‍ത്ഥനെ തടഞ്ഞതും, ഗന്ധമാദന പര്‍വ്വതം വിട്ട്‌ അവര്‍ താഴോട്ടു പോന്നതും, ഭീമനെ പെരുമ്പാമ്പു വിഴുങ്ങിയതും, ചോദങ്ങള്‍ക്കുത്തരം പറഞ്ഞ്‌ ധര്‍മ്മരാജാവു വിടുവിച്ചതും, പിന്നേയും ആ മഹാത്മാക്കള്‍ കാമ്യകത്തിലേക്കു പോയതും, കൃഷ്ണന്‍ അവരെ കാണുവാന്‍ എത്തിയതും, മാര്‍ക്കണ്ഡേയന്‍ ഉപാഖ്യാനങ്ങള്‍ പറഞ്ഞു കൊടുത്തതും, വൈന്യന്‍ പൃഥുചരിതം പറഞ്ഞതും, മത്സ്യോപാഖ്യാനം പറഞ്ഞു കൊടുത്തതും, ഐന്ദ്രദ്യുമ്നോപാഖ്യാനം, ധുംധുമാരം, പതിവ്രതാഖ്യാനം, ഗിരിസഖ്യം, ദൌപദീ സത്യഭാമാ സംവാദം, പിന്നെ ദ്വൈതവനത്തേക്കു തന്നെ പാണ്ഡവര്‍ പോയതും, ഘോഷയാത്രയും ദുര്യോധനഗന്ധര്‍വ്വ ബന്ധനവും, അവനെ കൊണ്ടു പോകുമ്പോള്‍ അര്‍ജ്ജുനന്‍ വിടുവിച്ചതും, അവിടെ ധര്‍മ്മജന്‍ കണ്ട മൃഗസ്വപ്നം നിമിത്തം വീണ്ടും കാമൃക വനത്തില്‍ പാണ്ഡുനന്ദനന്മാര്‍ പ്രവേശിച്ചതും, വ്രീഹിദ്രൗണികാഖ്യാനം വിസ്തരിച്ചതും, ദുര്‍വ്വാസാവിന്റെ ദിവ്യോപാഖ്യാനവും, ജയ്രദഥന്‍ ദ്രൗപദിയെ ആശ്രമത്തില്‍ വന്ന്‌ അപഹരിച്ചതും, ഭീമന്‍ അവനെ പിന്തുടര്‍ന്നതും, അവനെപ്പിടിച്ച്‌ ഭീമന്‍ പഞ്ചശിഖനാക്കി വിട്ടതും, രാമായണോപാഖ്യാനം സാമാന്യം വിസ്തരിച്ചതും, രാവണനെ സീതാപതി വധിച്ചതും, പിന്നെ സാവിത്ര്യുപാഖ്യാനം കഥ പറഞ്ഞതും, കര്‍ണ്ണന്‍ ഇന്ദ്രനു വേണ്ടി കുണ്ഡലം കൈവിട്ടതും, ഇന്ദ്രന്‍ ഒരാളെ കൊല്ലുന്നതിന് വേണ്ടി വേല്‌ കൊടുത്തതും, ധര്‍മ്മന്‍ പുത്രനുമായി നന്മ പറഞ്ഞതും, വരം വാങ്ങി പാണ്ഡവന്മാര്‍ പടിഞ്ഞാട്ടു പോയതും, ഇതാണ്‌ ആരണ്യകത്തിലുള്ളത്‌. ഇരുനൂറ്റി അറുപത്തൊമ്പത്‌ അദ്ധ്യായത്തിലായി പതിനായിരത്തി അറുനൂറ്റി അറുപത്തിനാലു ശ്ലോകത്തിലാണ്‌ വ്യാസന്‍ ഇതു പറഞ്ഞിട്ടുള്ളത്‌. 

അതിന്റെ ശേഷം വിരാടപര്‍വ്വം. അതില്‍ ചുടുകാട്ടില്‍ ശമീവൃക്ഷ കോടരത്തില്‍ അര്‍ജ്ജുനന്‍ ആയുധങ്ങള്‍ വച്ചതും, നഗരത്തില്‍ ഒളിവില്‍ പാര്‍ത്തതും, കാമം കൊണ്ട്‌ മനംകെട്ട ദുഷ്ടനായ കീചകനെ പാഞ്ചാലിയുടെ പ്രാര്‍ത്ഥന മൂലം ഭീമസേനന്‍ വധിച്ചതും, പാണ്ഡവന്മാരെ അന്വേഷിക്കുവാന്‍ സുയോധനന്‍ ചാരന്മാരെ വിട്ടതും, പാണ്ഡവരെ പിടി കിട്ടാതെ അവര്‍ മടങ്ങിയതും, ത്രിഗര്‍ത്തന്മാര്‍ വിരാടന്റെ ഗോഗ്രഹണം ചെയ്തതും, വിരാടന്‍ ത്രിഗര്‍ത്തരോട്‌ ഏറ്റതും, അവര്‍ അവനെ ബന്ധിച്ചതും, ഭീമന്‍ വിടുര്‍ത്തിക്കൊണ്ടു പോന്നതും, കുരുക്കള്‍ ഗോധനം ഹരിച്ചതും, പാണ്ഡവര്‍ ഗോധനം വിടുവിച്ചതും, പാര്‍ത്ഥന്‍ അവിടെ ഏവരേയും ജയിച്ചതും, ഗോധനം കൊണ്ടു പോന്നതും, അഭിമന്യുവിനായി ഉത്തരയെ കൊടുത്തതും, എല്ലാം നാലാമത്തേതായ വിരാടത്തില്‍ പെടുന്നു. അതില്‍ മുനി അറുപത്തേഴ്‌ അദ്ധ്യായമാണ്‌ കല്പിച്ചിട്ടുള്ളത്‌. രണ്ടായിരത്തി അമ്പതു ശ്ലോകത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 

ഇനി അഞ്ചാമത്തേതായ ഉദ്യോഗപര്‍വ്വം കേട്ടാലും. 

ഉപപ്ലാവൃയത്തില്‍ പാണ്ഡവന്മാര്‍ താമസിക്കുമ്പോള്‍ ജയാശയാല്‍ കൃഷ്ണപാര്‍ശ്വത്തില്‍ അര്‍ജ്ജുനനും ദുര്യോധനനും ചെന്നു. യുദ്ധത്തിന് സഹായിക്കുവാന്‍ രണ്ടുപേരും അഭൃര്‍ത്ഥിക്കുന്നു. 

കൃഷ്ണന്‍ പറഞ്ഞു; യുദ്ധംചെയ്യാത്ത ഒരു വെറും മന്ത്രിയാണ്‌ ഞാന്‍. ഒരു അക്ഷൗഹിണി സൈന്യവുമുണ്ട്‌. ഇതില്‍ ഏതാണ്‌ നിങ്ങള്‍ക്കുവേണ്ടത്‌?

സൂതന്‍ പറഞ്ഞു: ദുര്‍ബുദ്ധിയായ ദുര്യോധനന്‍ സൈന്യത്തെ വരിച്ചു. മന്ത്രിയായ ഹരിയെ ധനഞ്ജയന്‍ വരിച്ചു. ഒരു അക്ഷൗഹിണി സൈന്യവുമായി ദുര്യോധനന്‍ മടങ്ങുന്നു. പൊരുതുവാനില്ലാത്ത കൃഷ്ണനെ അര്‍ജ്ജുനന്‍ വരിക്കുന്നു. പാണ്ഡവരെ തുണയ്ക്കുവാന്‍ പുറപ്പെട്ട മദ്ര രാജാവിനെ ചതിയില്‍ ദുര്യോധനന്‍ ചാക്കിട്ടു പിടിക്കുന്നു. വരം നല്കിയ ശല്യന്‍ പാണ്ഡവന്മാരെ പോയിക്കാണുന്നു. പുരോഹിതനെ പാണ്ഡവന്മാര്‍ വിടുന്നു. ദുതനായി ധൃതരാഷ്ട്രന്‍ സഞ്ജയനെ അയയ്ക്കുന്നു. കൃഷ്ണന്‍ മുന്നിട്ടു സഹായിക്കുന്ന പാണ്ഡവന്മാരെ ചിന്തിച്ച്‌ ധൃതരാഷ്ട്രന് ഉറക്കം വരാതാകുന്നു. വിദുരന്‍ ധൃതരാഷ്ട്രനെ ഉപദേശിക്കുന്നു. സനല്‍സുജാതന്‍ തത്വങ്ങള്‍ ഉപദേശിക്കുന്നു. കൃഷ്ണന്‍ സന്ധിസംസാരത്തിന് ഹസ്തിനപുരിയില്‍ ചെല്ലുന്നു. പ്രഭാതത്തില്‍ സഞ്ജയന്‍ രാജാവിനോട്‌ കൃഷ്ണാര്‍ജ്ജുനന്മാരുടെ ഏകഭാവത്തെപ്പറ്റി പറയുന്നു. രണ്ടുകക്ഷിക്കും നന്മ ഉപദേശിക്കുന്ന കൃഷ്ണനെ ആശാന്ധനായ സുയോധനന്‍ പ്രത്യാഖ്യാനം ചെയ്യുന്നു. ദംഭോത്ഭവാഖ്യാനം, മാതലി മകള്‍ക്ക്‌ വരാന്വേഷണത്തിന് പോകുന്നത്‌, ഗാലവന്റെ മഹത്വം, വിദുളാപുത്രകഥനം, കര്‍ണ്ണ ദുര്യോധനാദ്യന്മാരുടെ ദുര്‍മന്ത്രണം അറിഞ്ഞ്‌ കൃഷ്ണന്‍ വിശ്വരൂപം കാണിക്കുന്നു, 

കൃഷ്ണന്‍ തേരില്‍ കയറിയതിന്റെ ശേഷം കര്‍ണ്ണനുമായി മന്ത്രിക്കുന്നു. ചൊടിയോടെ അവന്‍ ഉപായത്തില്‍ ഒഴിഞ്ഞു മാറുന്നു. ഹസ്തിനപുരം വിട്ട്‌ ഉപപ്ലാവ്യത്തില്‍ കൃഷ്ണന്‍ എത്തുന്നു. പാണ്ഡവരോട്‌ ദൗത്യവൃത്താന്തം അറിയിക്കുന്നു. അതുകേട്ട്‌ അവര്‍ ആവശ്യമായ ഹിതമന്ത്രണം ചെയ്ത്‌ പോരിന് ഒരുക്കങ്ങള്‍ ചെയ്യുന്നു; പിന്നെ നാനാ അശ്വരഥ വാജികളോടെ ഹസ്തിനപുരത്തില്‍ നിന്ന്‌ ഇറങ്ങുന്നു. ദുര്യോധനന്‍ നാളെ യുദ്ധമുണ്ടാകുമെന്ന്‌ നീളെ അറിയിക്കുവാന്‍ ഉലുകനെ പാണ്ഡവന്മാരുടെ അടുത്തേക്കു വിടുന്നു. രഥാതിരഥസംഖ്യാനം, അംബോപാഖ്യാനം, ഇതൊക്കെ അഞ്ചാം പര്‍വ്വത്തിലെ കഥയാണ്‌. സന്ധിവിഗ്രഹ വിസ്താരം ചേര്‍ന്ന ഈ  നൂറ്റി എണ്‍പത്താറ്‌ അദ്ധ്യായത്തിലാണ്‌ പറഞ്ഞിട്ടുള്ളത്‌. ആറായിരത്തി അറുനൂറ്റി തൊണ്ണൂറ്റെട്ടു ശ്ലോകത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 

അതിന് ശേഷം ഭീഷ്മപര്‍വ്വം. അതി ചിത്രാര്‍ത്ഥമായ ആ പര്‍വ്വത്തെപ്പറ്റി പറയാം. 

ജംബൂഖണ്ഡവി നിര്‍മ്മാണം, സഞ്ജയന്‍ ധൃതരാഷ്ട്രനോടു പറയുന്നു. പിന്നെ പാണ്ഡവ സൈന്യങ്ങള്‍ക്ക്‌ ഘോരനാശം ചെയ്യുന്ന യുദ്ധം പത്തു ദിവസം നടക്കുന്നു. പാര്‍ത്ഥന്‍ വിഷാദിച്ച്‌ മതി മയങ്ങുമ്പോള്‍ ഭഗവാന്‍ ഗീത ഉപദേശിച്ച്‌ മോഹം നീക്കുന്നു. യുധിഷ്ഠിര ഹിതത്തിന് വേണ്ടി യുദ്ധത്തില്‍ അധോക്ഷജനായ കൃഷ്ണന്‍ ചമ്മട്ടിയേന്തി ഭീഷ്മവധത്തിന് പാഞ്ഞെത്തുന്നു. കൃഷ്ണന്റെ വാക്കുകളാകുന്ന ചമ്മട്ടി കൊണ്ടുള്ള അടിയേറ്റ അര്‍ജ്ജുനന്‍ ദുര്‍വ്വാരോഗ്രമായ മഹായുദ്ധത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി തീക്ഷ്ണമായ ബാണങ്ങള്‍ എയ്ത്‌ ഭീഷ്മനെ വീഴ്ത്തുന്നു. ശരതല്പത്തില്‍ ഭീഷ്മൻ വീഴുന്നു. ആറാമത്തെ മഹത്തരമായ പര്‍വ്വമാണിത്‌. നൂറ്റിപ്പതിനേഴദ്ധ്യായത്തില്‍ അയ്യായിരത്തി എണ്ണൂറ്റി എണ്‍പത്തിനാലു ശ്ലോകത്തില്‍ ഇത്‌ വ്യാസ മുനി പറഞ്ഞിരിക്കുന്നു. 

ഇനി ദ്രോണപര്‍വ്വം പറയാം. പ്രതാപവാനായ ദ്രോണൻ സൈന്യാധിപനാകുന്നു. ധര്‍മ്മപുത്രനെ പിടിക്കുന്നതിന് അവന്‍ ശപഥം ചെയ്യുന്നു; പല വീരന്മാര്‍ കൂടി അഭിമന്യുവിനെ കൊല്ലുന്നു, അഭിമന്യുവധം മൂലം ക്രുദ്ധനായ അര്‍ജ്ജുനന്‍ ജയ്രദഥന്റെ ഏഴ്‌ അക്ഷൗഹിണി സൈന്യത്തെ കൊന്നു മുടിച്ചു വധിക്കുന്നു. ഭീമനും സാതൃകിയും പാര്‍ത്ഥനെ കാണുവാന്‍ യുധിഷ്ഠിരാജ്ഞയാല്‍ കൗരവപ്പടയില്‍ കയറുന്നു. സംശപ്തകരില്‍ ബാക്കിയുള്ളവരേയും കൊന്നു വിഴ്ത്തുന്നു. ഫൽഗുണന്‍ പലരേയും അതോടെ സംഹരിക്കുന്നു, ധൃതരാഷ്ട്ര സൂതന്മാര്‍, പാഷാണയോധികള്‍, നാരായണപ്പട, ഗോപാലപ്പട, അലംബുഷന്‍, ശ്രുതായുസ്സ്, ജലസന്ധന്‍, സൗമദത്തി, വിരാടന്‍, ദ്രുപദന്‍, ഘടോല്‍ക്കചന്‍ എന്നിവര്‍ ദ്രോണ പര്‍വ്വത്തില്‍ മൃതരാകുന്നു. ദ്രോണനെ കൊന്നതില്‍ കോപിച്ച്‌ ദ്രൗണി നാരായണാസ്ത്രവും ആഗ്നേയാസ്ത്രവും പ്രയോഗിക്കുന്നു. രുദ്രമാഹാത്മ്യം, വ്യാസഗമനം, കൃഷ്ണാര്‍ജ്ജുന മാഹാത്മ്യവ ര്‍ണ്ണനം ഇതാണ്‌ ഏഴാമത്തെ പര്‍വ്വം. മുക്കാലും പൃഥ്വീനാഥന്മാര്‍ മൃതരാകുന്നത്‌ ദ്രോണ പര്‍വ്വത്തില്‍ തന്നെ. നൂറ്റി എഴുപത്‌ അദ്ധ്യായത്തില്‍ എണ്ണായിരത്തിത്തൊള്ളായിരത്തി ഒമ്പതു ശ്ലോകങ്ങളിലായി ഇതു വര്‍ണ്ണിച്ചരിക്കുന്നു. അതിന് ശേഷമുള്ള അത്ഭുതം നിറഞ്ഞ കര്‍ണ്ണപര്‍വ്വം പറയാം. 

ശല്യനെ സൂതനാക്കി ഏല്പിച്ചു വിടുന്നു. ഇതില്‍ പ്രസംഗവശാല്‍ ത്രിപുരദഹനം കഥ, കര്‍ണ്ണശല്യ പരുഷോക്തികള്‍, ആക്ഷേപത്തില്‍ കാകഹംസീയോപാഖ്യാനം, പോരില്‍ ഗുരുപുത്രന്‍ പാണ്ഡൃരാജനെ കൊല്ലുന്നതും, ദണ്ഡസേനനേയും ദണ്ഡനേയും ഹരിക്കുന്നതും, ദ്വന്ദ്വയുദ്ധത്തില്‍ ധര്‍മ്മജനെ സൂര്യപുത്രന്‍ വെല്ലുന്നതും, കഷ്ടനിലയിലാക്കി വീരന്മാര്‍ കാണ്കെ വിട്ടയയ്ക്കുന്നതും, ധര്‍മ്മപുത്രനും അര്‍ജ്ജുനനും തമ്മില്‍ വഴക്കുണ്ടാകുന്നതും, കൃഷ്ണന്‍ സമാധാനിപ്പിക്കുന്നതും, വ്യകോദരന്‍ ദുശ്ശാസനന്റെ മാറുകീറി രക്തം കുടിക്കുന്നതും, ദ്വൈരഥത്തില്‍ കര്‍ണ്ണനെ ഗാണ്ഡീവി സംഹരിക്കുന്നതും ഈ എട്ടാം പര്‍വ്വത്തില്‍ അടങ്ങിയിരിക്കുന്നു. അറുപത്തൊമ്പത്‌ അദ്ധ്യായം കര്‍ണ്ണപര്‍വ്വത്തിലുണ്ട്‌. നാലായിരത്തി തൊള്ളായിരത്തി അറുപത്തിനാല് ശ്ലോകത്തിലാണ്‌ ഇതു വര്‍ണ്ണിച്ചിട്ടുള്ളത്‌. പിന്നെ വിചിത്രാര്‍ത്ഥത്തോടു കൂടിയ ശല്യപര്‍വ്വമാണ്‌. 

ധനുര്‍ദ്ധരന്മാര്‍ തീര്‍ന്ന സൈന്യത്തില്‍ ശല്യന്‍ സേനാനിയാകുന്നു. കുമാരകഥയും അഭിഷേകവും ഇതിലുണ്ട്‌. എല്ലാ കുരുപ്രക്ഷയവും, ശല്യപര്‍വ്വത്തില്‍ പറയുന്നുണ്ട്‌. ധര്‍മ്മജന്‍ ശല്യനെ കൊല്ലുന്നതും, സഹദേവന്‍ ശകുനിയെ കൊല്ലുന്നതും, പടയെല്ലാം മുടിഞ്ഞപ്പോൾ സുയോധനന്‍ ഓടിപ്പോയി കയത്തിലിറങ്ങുന്നതും, വേടന്മാര്‍ ഭീമനെ കണ്ട്‌ വൃത്താന്തം അറിയിക്കുന്നതും, ക്ഷണത്തില്‍ ധര്‍മ്മജന്‍ എത്തി ആക്ഷേപിച്ച്‌ പോരിനു വിളിക്കുന്നതും, സഹിക്കാതെ ദുര്യോധനന്‍ യുദ്ധത്തിന് വരുന്നതും, ഭീമനോട്‌ ദുര്യോധനന്‍ ഗദായുദ്ധം ചെയ്യുന്നതും, യുദ്ധയോഗത്തില്‍ ബലഭദ്രന്‍ എത്തുന്നതും, സരസ്വതീ തീര്‍ത്ഥ മാഹാത്മ്യം പറയുന്നതും, പിന്നെ ഘോരമായ ഗദായുദ്ധം നടക്കുന്നതും, കയ്യൂക്കേറുന്ന ഭീമന്‍ ദുര്യോധനന്റെ തുട തച്ച്‌ ഒടിക്കുന്നതും, ഒമ്പതാം പര്‍വ്വമായ ശല്യത്തില്‍ വിസ്തരിക്കുന്നു. ഇതില്‍ അമ്പത്തൊമ്പത്‌ അദ്ധ്യായമുണ്ട്‌. മുവായിരത്തി ഇരുന്നൂറ്റി ഇരുപതു ശ്ലോകത്തിലാണ്‌ ഇതു വിസ്തരിച്ചിട്ടുള്ളത്‌. 

പിന്നെ സൗപ്തിക പര്‍വ്വമാണ്‌. തുട രണ്ടും ഉടഞ്ഞു കിടക്കുന്ന ദുര്യോധനനെ പാണ്ഡവന്മാര്‍ പോന്നതിനു ശേഷം കൃപനും കൃതവര്‍മ്മാവും അശ്വത്ഥാമാവും രാത്രിയില്‍ പോയിക്കാണുന്നു. പടക്കളത്തില്‍ ചോരചാടിക്കിടക്കുന്ന അവനെ കണ്ട്‌ ദുര്യോധനന്റെ മുമ്പില്‍ ദ്രൗണി ശപഥം ചെയ്യുന്നു. ധൃഷ്ടദ്യുമ്നാദി സകല ദുഷ്ട പാഞ്ചാല മണ്ഡലത്തെ പെട്ടെന്ന്‌ മുടിക്കാതെ ചട്ടയൂരുന്നതല്ലെന്ന്‌ ശപഥം ചെയ്ത്‌ മൂന്നു പേരും കൂടി പോന്ന്‌ രാത്രി കാട്ടില്‍ കയറുന്നു. വലിയൊരു അരയാലിന്റെ ചുവട്ടില്‍ ഇരിക്കുന്നു. കാക്കക്കൂട്ടത്തെ കൂമന്‍ കൊത്തുന്നത് കണ്ടപ്പോള്‍, അച്ഛനെ കൊന്നതോര്‍ത്ത്‌, ദ്രൗണി കോപത്തോടെ, ഉറങ്ങിക്കിടക്കുന്ന പാഞ്ചാലന്മാരെ കൊല്ലുവാന്‍ ഓര്‍ക്കുന്നു. ശിബിരത്തില്‍ ചെന്നപ്പോള്‍ ദുര്‍ദ്ദര്‍ശനാകൃതിയായ രാക്ഷസന്‍ നില്ക്കുന്നതു കാണുന്നു. എന്ത്‌ അസ്ത്രമെയ്താലും വിഴുങ്ങുന്നവനാണ്‌ അവന്‍. അപ്പോള്‍ ദ്രൗണി രുദ്രനെ സേവിക്കുന്നു. പിന്നെ ഉറങ്ങിക്കിടക്കുന്ന പാഞ്ചാലരെ ഭൃത്യരോടു കൂടി മുടിക്കുന്നു. കൃഷ്ണന്റെ കൗശലത്താല്‍ പാണ്ഡവന്മാരും സാത്യകിയും ശേഷിക്കുന്നു. മറ്റു ള്ളവരൊക്കെ വധിക്കപ്പെടുന്നു. ധൃഷ്ടദ്യുമ്നന്റെ സൂതന്‍ വര്‍ത്തമാനം യുധിഷ്ഠിരനെ അറിയിക്കുന്നു. പിതാവിന്റേയും പുത്രന്മാരുടേയും ആങ്ങളമാരുടേയും വധത്താല്‍ ദ്രൗപദി ആര്‍ത്തയാകുന്നു. 

ഭീമന്‍ കോപത്തോടെ ഗുരുപുത്രനെ അന്വേഷിച്ച്‌ ഓടുന്നു. ഭീമഭയത്താല്‍ ദ്രൗണി അപാണ്ഡവമാക്കുവാന്‍ അസ്ത്രം അയയ്ക്കുന്നു. അതിന്റെ ശമനത്തിന്ന്‌ അതേ അസ്ത്രം കൊണ്ടു തന്നെ അതിനെ ശമിപ്പിക്കുന്നു. ദ്രൗണി ചൂടുന്ന രത്നവുമായി വിജയികളായി പാണ്ഡവന്മാര്‍ മടങ്ങുന്നു. രത്നം പാഞ്ചാലിക്കു കൊടുക്കുന്നു. ഇത്‌ പത്താമത്തെ പര്‍വ്വമാണ്‌. എണ്ണൂറ്റിയെഴുപതു ശ്ലോകത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 

പിന്നെ സ്ത്രീപര്‍വ്വമാണ്‌. ധൃതരാഷ്ട്രന്‍ ആയസ ഭീമനെ പുണര്‍ന്ന്‌ തകര്‍ക്കുന്നതും, വിദുരന്‍ സംസാരക്കാടു നീങ്ങും വിധം ധൃതരാഷ്ട്രനെ ഉപദേശിക്കുന്നതും, പിന്നെ അന്തഃപുരത്തോടു കൂടി പടക്കളത്തിലെത്തുന്നതും, വീരപത്നിമാര്‍ ദുഃഖം മൂത്തു വിലപിക്കുന്നതും, ഗാന്ധാരി ധൃതരാഷ്ട്രന്മാര്‍ ശോകാകുലരാകുന്നതും, മരിച്ചു കിടക്കുന്ന വീരന്മാരെ അവരുടെ പത്നിമാര്‍ കാണുന്നതും, ഗാന്ധാരി വിലപിക്കുന്നതും, അവള്‍ കോപിച്ച്‌ കൃഷ്ണനെ ശപിക്കുന്നതും, പിന്നെ ധര്‍മ്മജന്‍ വിധിപ്രകാരം ശവസംസ്‌കാരങ്ങള്‍ നടത്തുന്നതും, കുന്തി കര്‍ണ്ണന്റെ രഹസ്യം പറയുന്നതും ഇതിലുണ്ട്‌. ഈ പതിനൊന്നാമത്തെ പര്‍വ്വം വളരെ ദുഃഖകരമാണ്‌. ഇരുപത്തേഴ്‌ അദ്ധ്യായത്തില്‍ എഴുനൂറ്റിയെഴുപത്തഞ്ചു ശ്ലോകത്തില്‍ ഇതു വര്‍ണ്ണിച്ചിരിക്കുന്നു. 

പന്ത്രണ്ടാമത്തെ ശാന്തിപര്‍വ്വം ബുദ്ധി വിവര്‍ത്തനമാണ്‌. 

പിതൃഭ്രാതൃ സ്യാല പുത്ര മാതുലാദികള്‍ മരിച്ചതു മൂലം ധര്‍മ്മരാജാവ്‌ വിരക്തനായിത്തീരുന്നു. ശരതല്പത്തില്‍ ഭീഷ്മൻ ധര്‍മ്മജനെ ഉപദേശിക്കുന്നു. അതൊക്കെ രാജാക്കന്മാര്‍ക്കറിയേണ്ട കാര്യങ്ങളാണ്‌. ഈ പര്‍വ്വത്തില്‍ മുന്നൂറ്റിയിരുപത്തൊമ്പത്‌ അദ്ധ്യായങ്ങളുണ്ട്‌. പതിനായിരത്തിയെഴുനൂറ്റിയിരുപത്തഞ്ചു ശ്ലോകത്തിലാണ്‌ എഴുതിയിട്ടുള്ളത്‌. 

പിന്നെ അനുശാസനപര്‍വ്വമാണ്‌. ഭീഷ്മൻ പറഞ്ഞു കൊടുത്ത്‌ കുരുരാജാവായ ധര്‍മ്മപുത്രന്‍ ധര്‍മ്മാര്‍ത്ഥ വ്യവഹാരങ്ങള്‍ ഗ്രഹിക്കുന്നു. പല മാതിരി ദാനത്തിന്റെ ഫലയോഗ വിചാരം, ദാനത്തിന്റെ അര്‍ഹതാ ഭേദങ്ങള്‍, ദാനത്തിന്റെ വിധിഭേദങ്ങള്‍, ആചാരസ്ഥിതികള്‍, സത്യത്തിന്റെ പരിനിഷ്ഠ, ഗോബ്രാഹ്മണരുടെ മഹാദാഗ്യവിചാരം, ദേശകാലങ്ങള്‍ക്കു തക്ക ധര്‍മ്മങ്ങളുടെ മര്‍മ്മം, ഇതൊക്കെ വിസ്തരിച്ച്‌ അനുശാസനത്തില്‍ പറയുന്നു. 

ഭീഷ്മാചാര്യന്‍ യഥാകാലം സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതും എല്ലാം ഇതിലുണ്ട്‌. പതിമൂന്നാമത്തെ പര്‍വ്വമാണ്‌ ഇത്‌. ഇതില്‍ നൂറ്റിനാല്പത്താറദ്ധ്യായമുണ്ട്‌! എണ്ണായിരം ശ്ലോകത്തിലാണ്‌ ഇതു പറഞ്ഞിട്ടുള്ളത്‌.

സംവര്‍ത്ത മരുത്തീയം ഉത്തമമാണ്‌; സ്വര്‍ണ്ണ ഭണ്ഡാരം ലഭിച്ചതും, പരീക്ഷിത്ത്‌ ജനിച്ചതും,ദ്രൗണിയുടെ അസ്ത്രം മൂലം മരിച്ച അവന് കൃഷ്ണന്‍ ജീവന്‍ കൊടുത്തതും, അര്‍ജ്ജുനന്‍ പിന്‍തുണയ്ക്കുമാറ്‌ അശ്വമേധത്തില്‍ അശ്വത്തെ വിട്ടതും, അങ്ങുമിങ്ങും ശൂരനൃപന്മാര്‍ സംഗരം ചെയ്തതും, ബഭ്രുവാഹനന്‍ പോരില്‍ അര്‍ജ്ജുനനെക്കൊന്ന്‌ ജീവന്‍ കൊടുക്കുന്നതും, നകുലാഖ്യാനം ചേര്‍ന്ന അശ്വമേധികാപര്‍വ്വമാണ്‌ പിന്നത്തെ പര്‍വ്വം. ഇത്‌ അത്ഭുതകരവും ഉത്തമവുമാണ്‌. നൂറ്റിമൂന്നദ്ധ്യായത്തില്‍ മുവ്വായിരത്തി മുന്നൂറ്റിയിരുപതു ശ്ലോകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഇതില്‍ തത്വജ്ഞാനം മുനി ഒപ്പിച്ചിട്ടുണ്ട്‌. 

പതിനഞ്ചാമത്തെ പര്‍വ്വം ആശ്രമവാസമാണ്‌. ധൃതരാഷ്ട്രന്‍ രാജ്യം ഉപേക്ഷിച്ച്‌ വിദുരനോടും ഗാന്ധാരിയോടും കൂടി ആശ്രമം പൂകുന്നതും അവര്‍ പോകുമ്പോള്‍ കുന്തി കൂടെ ഇറങ്ങുന്നതും, മരിച്ച പുത്രപൗത്രന്മാരും മറ്റു രാജാക്കന്മാരും, പരലോകം ഗമിച്ചവര്‍, തിരിച്ചു വന്നതായി പരാശര പുത്രാനുഗ്രഹം കൊണ്ട്‌ കാണുന്നതും, ദുഃഖം വിട്ട്‌ ഭാര്യമാരോടു കൂടി പരമപദത്തെ പ്രാപിക്കുന്നതും ഇതില്‍ വിവരിച്ചിരിക്കുന്നു. അപ്രകാരം വിദുരനും ഗതിപ്രാപിക്കുന്നു. അപ്രകാരം മന്ത്രിമാരും, സഞ്ജയനും, പരലോകം പ്രാപിക്കുന്നു. നാരദന്‍ വരുന്നതിനെ യുധിഷ്ഠിരന്‍ കാണുന്നു. വൃഷ്ണികള്‍ നശിച്ചതായി നാരദനില്‍ നിന്നറിയുന്നു. ആശ്രമവാസപര്‍വ്വം ഇതാണ്‌. അത്ഭുതകരമാണ്‌. നാല്പത്തിരണ്ടദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ആയിരത്തഞ്ഞൂറു ശ്ലോകം ഇതിലുണ്ട്‌. 

പിന്നെ മൗസല പര്‍വ്വമാണ്‌. വൃഷ്ണീവീരന്മാര്‍ ശസ്ത്രം കൊണ്ടു മുടിയുന്നു. ബ്രഹ്മദണ്ഡത്താല്‍ കടല്‍ക്കരയില്‍ വെച്ച്‌ എല്ലാവരും മദ്യം കുടിച്ചു മദമത്തരായി ഏരകാകാരവജ്രം കൊണ്ട്‌ പരസ്പരം കൊല്ലുന്നു. ഇപ്രകാരം കാലം എല്ലാറ്റിനേയും നശിപ്പിച്ചു. ദേവശ്രീമാന്മാരായ രാമകൃഷ്ണന്മാരും കാലത്തിന്റെ ശക്തിക്കു വിധേയരായി. അര്‍ജ്ജുനന്‍ ദ്വാരകയില്‍ പോയി, വൃഷ്ണീവീരന്മാര്‍ ഒഴിഞ്ഞതായി കണ്ട്‌, വളരെ വിഷണ്ണനായി. 

അമ്മാവനായ വാസുദേവന്റെ സംസ്‌കാര കര്‍മ്മം ചെയ്ത്‌ പാനശാലയില്‍ ചെന്നപ്പോള്‍ യാദവന്മാര്‍ മരിച്ചു കിടക്കുന്ന കിടപ്പു കണ്ടു. രാമകൃഷ്ണന്മാരുടെ പൂമെയ്യുകള്‍ സംസ്കരിച്ചു മറ്റു വൃഷ്ണികളുടേയും സംസ്കാരം കഴിഞ്ഞിട്ട്‌ ആ ദ്വാരകയിലുള്ള വൃദ്ധബാലജനങ്ങളേയും കൊണ്ടു പോരുമ്പോള്‍ അര്‍ജ്ജുനന്‍ ഗാണ്ഡീവത്തിന്റെ തോല്‍വി കണ്ടു. സര്‍വ്വ ദിവ്യാസ്ത്രങ്ങളും തെളിയാതായി. വൃഷ്ണിസ്ത്രീനാശവും പ്രഭാവാദി നാശവും നിതൃഭാവവും കണ്ട്‌ നിര്‍വ്വിര്‍ണ്ണമതിയായി വ്യാസന്‍ പറയുകയാല്‍ ധര്‍മ്മരാജാവിനെ കണ്ട്‌ സനൃസിപ്പാനൊരുങ്ങി. പതിനാറാമത്തെ പര്‍വ്വമായ മൗസലമാണിത്‌. എട്ട്‌ അദ്ധ്യായത്തിലായി മുന്നൂറ്റിയിരുപത്‌ ശ്ലോകം ഇതിലുണ്ട്‌. 

പിന്നെ പതിനേഴാമത്തെ പര്‍വ്വം മഹാപ്രസ്ഥാനികമാണ്‌, രാജ്യം വിട്ട്‌ പാണ്ഡവന്മാര്‍ ദ്രാപദിയോടു കൂടി മഹാപ്രസ്ഥാനം ആരംഭിച്ചു. അവര്‍ ചെങ്കടലില്‍ ചെന്ന്‌ അഗ്നിയെ കണ്ടു. വഹ്‌നി ചോദിക്കയാല്‍ പാണ്ഡവന്‍ പ്രാജ്യമായ ഗാണ്ഡീവം വില്ലു നല്കി. പിന്നെ ഭ്രാതാക്കളും പാഞ്ചാലിയും വീണു. എന്നാലും ധര്‍മ്മരാജാവ്‌ തിരിഞ്ഞു നോക്കാതെ നടന്നു. ഇത്‌ പതിനേഴാമത്തെ പര്‍വ്വമാണ്‌. ഇതില്‍ മൂന്ന്‌ അദ്ധ്യായമേയുള്ളു. തത്ത്വജ്ഞനായ മുനിയാല്‍ കല്പിക്കപ്പെട്ട മുന്നൂറ്റിയിരുപതു ശ്ലോകമാണ്‌ ഇതിലുള്ളത്‌. 

പിന്നെ സ്വര്‍ഗ്ഗാരോഹണ പര്‍വ്വമാണ്‌. ഇത്‌ മുഖ്യമായതും ശ്ലാഘ്യമായതും അമാനുഷമായതുമാണ്‌. 

സ്വര്‍ഗ്ഗത്തില്‍ നിന്നു വിമാനം വന്നു. എന്നാലും കൂടെയുള്ള നായയെ കയറ്റാതെ താന്‍ കേറുന്നത്‌ നൃശംസ്യമാകയാല്‍ ധര്‍മ്മജന്‍ കയറാന്‍ സമ്മതിച്ചില്ല. ചാഞ്ചല്യമറ്റ അവന്റെ ബുദ്ധി ധര്‍മ്മരാജാവു കണ്ടു. നായയുടെ രൂപം വിട്ടു സ്വന്തരൂപം കാട്ടി. സ്വര്‍ഗ്ഗത്തില്‍ ചെന്ന്‌ വിവിധമായ ദുര്‍ഗ്ഗ യാതനയോടു കൂടി ധര്‍മ്മജന്‍ നരകം കണ്ടു. ദേവദൂതന്റെ മായയാല്‍, ആ നരകത്തില്‍ തമ്പിമാര്‍ കിടന്ന്‌ നരകവേദന അനുഭവിക്കുന്നതു കണ്ടു. തന്റെ തമ്പിമാര്‍ നരകത്തില്‍ യാതനാ ദേഹമെടുത്ത്‌ സഹിക്കാത്ത വേദനയോടെ നിലവിളിക്കുന്നത്‌ ധര്‍മ്മജന്‍ കേട്ടു. ധര്‍മ്മജനും ഇന്ദ്രനും വ്യാജരൂപത്തില്‍ കര്‍മ്മഫലം കാട്ടിയതായിരുന്നു അത്‌. 

സ്വര്‍ഗ്ഗംഗയില്‍ കുളിച്ച്‌ സ്വര്‍ഗ്ഗി ദേഹം സ്വീകരിച്ച്‌ പാണ്ഡവന്‍ സ്വധര്‍മ്മ സിദ്ധമായ സ്ഥാനം സ്വര്‍ഗ്ഗത്തില്‍ പ്രാപിച്ചു. ഇന്ദ്രാദിദേവകളാല്‍ പൂജിതനായി അവിടെ ധര്‍മ്മജന്‍ വാണു. ഇപ്രകാരം വ്യാസമുനി പതിനെട്ടാമത്തെ പര്‍വ്വവും രചിച്ചു. ഇതില്‍ അഞ്ച്‌ അദ്ധ്യായമാണ്‌; ഇരുനൂറ്റിയൊമ്പതു ശ്ലോകമാണ്‌ വ്യാസമഹര്‍ഷി രചിച്ചത്‌, താപസന്മാരേ! 

ഇപ്രകാരം പതിനെട്ട്‌ പര്‍വ്വമുണ്ട്‌ മഹാഭാരതത്തില്‍. ഹരിവംശവും ഭവിഷ്യവും അനുബന്ധങ്ങളില്‍ പറഞ്ഞു. പന്തീരായിരം ശ്ലോകങ്ങള്‍ വ്യാസന്‍ അനുബന്ധത്തില്‍ തീര്‍ത്തു. ഇപ്രകാരമാണു ഭാരതത്തിലെ പര്‍വ്വസംഗ്രഹം. 

പതിനെട്ട്‌ അക്ഷൗഹിണിയാണ്‌ രണത്തിന് വന്നു ചേര്‍ന്നത്‌. ആ മഹാഘോരമായ രണം പതിനെട്ടു ദിവസം നടന്നു. നാലു വേദങ്ങളും ഉപനിഷത്തോടു കൂടി അറിയുന്നവനായാലും ഈ മഹാഭാരതാഖ്യാനം അറിയാതെ പണ്ഡിതനാകയില്ല. വ്യാസനിര്‍മ്മിതമായ ഈ കാവ്യം അര്‍ത്ഥശാസ്ത്രമാണ്‌, ധര്‍മ്മശാസ്ത്രമാണ്‌, കാമശാസ്ത്രമാണ്‌. ഈ മഹാഭാരതം കേള്‍ക്കുന്നവന് മറ്റ്‌ ശ്രവ്യകാവൃങ്ങളൊന്നും രുചിക്കയില്ല. കുയില്‍ നാദം കേള്‍ക്കുന്നവന് ഉഗ്രമായ കാകധ്വനി രുചിക്കയില്ലല്ലോ! 

ഈ ഇതിഹാസത്തില്‍ നിന്ന്‌ കവി ബുദ്ധികള്‍ പഞ്ചഭൂതത്തില്‍ നിന്നു സൃഷ്ടിത്രയങ്ങള്‍ എന്ന പോലെ ഉത്ഭവിക്കും. ഈ ആഖ്യാനം വിഷയമായിട്ടാണ്‌ പുരാണങ്ങള്‍ ഹേ, വിപ്രരേ! അന്തരീക്ഷം വിഷയമായി നാലു വഴിക്ക്‌ പ്രജകള്‍ പോലെ നില്ക്കുന്നത്‌. ക്രിയാഗുണങ്ങള്‍ക്കൊക്കെ ഈ ആഖ്യാനമാണ്‌ ആശ്രയം. സര്‍വ്വ ഇന്ദ്രിയങ്ങള്‍ക്കും അന്തഃകരണ്രകിയ എന്ന പോലെ ഈ ആഖ്യാനമാണ്‌ ആശ്രയം. ഈ ആഖ്യാനത്തോടു ചേരാത്ത കഥയൊന്നും ഭൂമിയിലില്ല; ആഹാരമൊന്നുമില്ലാതെ ദേഹത്തിന്റെ നിലനില്പ്‌ അസാദ്ധ്യമാണല്ലോ. അതുപോലെ ഈ ആഖ്യാനം കവിവരര്‍ക്കൊക്കെ ഉപജീവനമാണ്‌. അഭിവൃദ്ധിക്ക്‌ ഇച്ഛിക്കുന്നവര്‍ക്ക്‌ അഭിജാതനായ യജമാനന്‍ എന്ന പോലെ ആശ്രയമാണ്‌ ഈ കാവ്യം. ഈ കാവ്യത്തേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നു ചമയ്ക്കുവാന്‍ പോന്ന കവികളാരും ഭൂമിയില്‍ ഇല്ല.

സല്‍ഗൃഹസ്ഥനില്‍ മറ്റുള്ള മൂന്ന്‌ ആശ്രമങ്ങളും എന്ന പോലെ നിങ്ങള്‍ക്ക്‌ ധര്‍മ്മത്തില്‍ ഉദ്യമം ഉണ്ടാവട്ടെ. ധര്‍മ്മം ഒന്നു മാത്രമേ പരമഗതിക്ക്‌ സഹായിക്കുകയുള്ളു. അര്‍ത്ഥം അംഗന എന്നിവ മിടുക്കോടെ വേണ്ട പോലെ കൂട്ടിയിണക്കി നിര്‍ത്തിയാലും അവ ബന്ധുസ്ഥിതിക്ക്‌ ഉതകുകയും നിലനില്ക്കുകയും ചെയ്യണമെങ്കില്‍ ധര്‍മ്മം സ്വീകരിക്കുക തന്നെ വേണം. എന്നാലേ നിലനില്ക്കുകയുള്ളു. 

ദ്വൈപായനന്റെ ചുണ്ടില്‍ നിന്നു പുറപ്പെട്ട്‌ ഉയര്‍ന്നു പരന്നതും, പാപനാശകരവും, സുകൃത പ്രദവും, പരമവും, വിശുദ്ധവുമായ ഈ ഭാരതം കുറച്ചെങ്കിലും കേള്‍ക്കുന്നവന് പിന്നെ എന്തിനാണ്‌ സ്വര്‍ഗ്ഗംഗാസ്നാനം?

ഇന്ദ്രിയം വഴിയായി വിപ്രന്‍ പകല്‍ ചെയ്യുന്ന പാപങ്ങളൊക്കെയും അന്തിക്ക്‌ ഈ ഭാരതം വായിച്ചാല്‍ തീരുന്നതാണ്‌. രാത്രി ചെയ്യുന്ന പാപമൊക്കെ, മനസ്സു കൊണ്ടും, വാക്കു കൊണ്ടും ചെയ്യുന്ന പാപമൊക്കെ, പുലര്‍ച്ചയ്ക്ക്‌ ഈ ഭാരതം വായിച്ചാല്‍ തീര്‍ന്നു പോകും. 

പൊന്നു കൊണ്ട്‌ കൊമ്പുകള്‍ പൊതിഞ്ഞ നൂറു പശുക്കളെ വേദജ്ഞനും അറിവുള്ളവനും ആയ ദ്വിജന് ദാനം ചെയ്യുന്നവനും ഈ പുണ്യമായ ഭാരതമഹാകഥ കേള്‍ക്കുന്നവനും സമാനമായ ഫലമാണ്‌ സിദ്ധിക്കുക. പൊരുള്‍പ്പരപ്പേറിയ ആഖ്യാനം ഉള്‍ക്കൊള്ളുന്ന അതിലഘുവായ പര്‍വ്വസംഗ്രഹം കേള്‍ക്കുന്നവന് സമുദ്രതരണം ചെയ്യുന്നതിന് പ്ലവം എന്ന പോലെ സംസാരസാഗരം കടക്കുന്നതിന് ഈ മഹാഗ്രന്ഥം വലിയ ഒരു അനുഗ്രഹമായി ഭവിക്കും! 

പൗഷ്യപര്‍വ്വം

3. പൗഷ്യചരിതം - സൂതന്‍ പറഞ്ഞും: പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ സോദരന്മാരായ ശ്രുതസേനന്‍, ഉഗ്രസേനന്‍, ഭീമസേനന്‍ എന്നി മുന്നു പേരോടും കൂടി കുരുക്ഷേത്രത്തില്‍ വച്ച്‌ ദീര്‍ഘകാലം കൊണ്ട്‌ അവസാനിക്കുന്ന ഒരു സത്രം ആരംഭിച്ചു. സത്രം നടന്നു കൊണ്ടിരിക്കെ ഒരു നായ യാഗശാലയില്‍ കടന്നു ചെന്നു. 

ജനമേജയന്റെ സോദരന്മാര്‍ അവനെ പ്രഹരിച്ചു ഓടിച്ചു. അവന്‍ കരഞ്ഞു കൊണ്ട്‌ അവന്റെ അമ്മയുടെ അരികെ ചെന്നു. മകന്‍ കരയുന്നതിന്റെ കാരണമെന്താണെന്ന്‌ അമ്മ ചോദിച്ചു. 

അവന്‍ പറഞ്ഞു; ജനമേജയന്റെ സോദരന്മാര്‍ എന്നെ അടിച്ചു, അമ്മേ

അമ്മ പറഞ്ഞു; അവര്‍ വെറുതെ നിന്നെ അടിച്ചതാവില്ല. തക്കതായ വല്ല തെറ്റും നീ ചെയ്തിരിക്കും. 

അവന്‍ പറഞ്ഞു ഇല്ല അമ്മേ, ഞാന്‍ ഒരു തെറ്റും ചെയ്തില്ല. ഹവിസ്സ്‌ നോക്കീട്ടുമില്ല, നക്കീട്ടുമില്ല. 

ഇതു കേട്ട്‌ അവന്റെ അമ്മ സരമ പുത്രദുഃഖത്താല്‍ ആര്‍ത്തയായി, ജനമേജയന്‍ സോദരന്മാരോടു കൂടി ദീര്‍ഘസത്രം നടത്തുന്ന സ്ഥലത്തേക്കു കയറിച്ചെന്നു. അവള്‍ കോപത്തോടെ അവരോടു ചോദിച്ചു: എന്റെ മകന്‍ ഒരു തെറ്റും ചെയ്യാതെ എന്തിന്‌ നിങ്ങള്‍ അവനെ അടിച്ചു? അവന്‍ ഹവിസ്സ്‌ നോക്കിയിട്ടില്ല; നക്കിയിട്ടുമില്ല. പിന്നെ എന്തിന്‌ അവനെ അടിച്ചു? ജനമേജയനാകട്ടെ സഹോദരന്മാരാകട്ടെ സരമയുടെ ചോദ്യത്തിന് യാതൊരു മറുപടിയും പറഞ്ഞില്ല. 

സരമ ക്രുദ്ധയായി ജനമേജയനെ ശപിച്ചു: കുറ്റം ചെയ്യാത്ത എന്റെ മകനെ അടിച്ചതു കൊണ്ട്‌ അവിചാരിതമായ ഭയം നിനക്കുണ്ടാകട്ടെ! 

ദേവശൂനകിയായ സരമ ഇങ്ങനെ പറഞ്ഞപ്പോള്‍ ജനമേജയന്‍ സംഭ്രമിച്ചു വിഷാദ കലുഷിതനായി തീര്‍ന്നു. അവന്‍ ആ സത്രം കഴിഞ്ഞ ഉടനെ ഹസ്തിനപുരിയിലെത്തി തന്റെ പാപം ശമിപ്പിക്കുവാന്‍ തക്ക ഒരു പുരോഹിതനെ കിട്ടുന്നതിന് ശ്രമം തുടങ്ങി. 

ഒരു ദിവസം ജനമേജയൻ നായാട്ടിന് പോയി. കാട്ടില്‍ ചെന്നപ്പോള്‍ ഒരു ആശ്രമം കണ്ടെത്തി. ശ്രുതസ്രവസ്സ്‌ എന്നു പേരായ ഒരു മഹര്‍ഷിയുടെ ആശ്രമമായിരുന്നു അത്‌. ആ മഹര്‍ഷിക്ക്‌ സോമശ്രവസ്സ്‌ എന്നു പേരായി തപോനിഷ്ഠയുള്ള ഒരു പുത്രനുണ്ടായിരുന്നു. ജനമേജയന്‍ മഹര്‍ഷിയുടെ അടുത്തു ചെന്നു വിവരം ധരിപ്പിച്ച്‌ സോമശ്രവസ്സിനെ പൗരോഹിതൃത്തിനായി തന്റെ കൂടെ കൊണ്ടു പോകുവാന്‍ അഭ്യര്‍ത്ഥിച്ചു. 

മഹര്‍ഷിപറഞ്ഞു: ഹേ രാജാവേ, എന്റെ ഈ പുത്രന്‍ സര്‍പ്പസ്ത്രീയില്‍ ജനിച്ചവനാണ്‌. എന്റെ തപോവീരൃത്താല്‍ ഭരിക്കപ്പെട്ടവനാണ്‌ ഈ പുത്രന്‍. അവന്റെ അമ്മ എന്റെ ശുക്ലം പാനം ചെയ്യുകയാല്‍ അവളുടെ വയറ്റില്‍ ഉണ്ടായവനാണ്‌ ഇവന്‍. മഹാദേവകൃതൃയെ ഒഴിച്ച്‌ അങ്ങയ്ക്കുള്ള സകല പാപകൃതൃകളേയും ശമിപ്പിക്കുവാന്‍ ഇവന്‍ സമര്‍ത്ഥനാണ്‌. ഇവന്ന്‌ ഗൂഢമായി ഒരു വ്രതമുണ്ട്‌. ഒരു ബ്രാഹ്മണന്‍ ഇവനെ സമീപിച്ച്‌ എന്തെങ്കിലും അപേക്ഷിച്ചാല്‍ അത്‌ ഇവന്‍ സാധിപ്പിക്കും. അതിന്‌ നിനക്കു വിരോധമില്ലെങ്കില്‍ ഭവാന്‌ ഇവനെ കൊണ്ടു പോകാം. ജനമേജയന്‍, "മഹര്‍ഷേ! അപ്രകാരം ചെയ്യാം!", എന്നു മറുപടി പറഞ്ഞു. 

ജനമേജയന്‍ സോമശ്രവസ്സോടു കൂടി തിരിച്ചു പോയി. സോദരന്മാരോടു പറഞ്ഞു; ഇദ്ദേഹത്തെ ഞാന്‍ ഉപാദ്ധ്യായനായി വരിച്ചിരിക്കുന്നു. ഇദ്ദേഹം ആവശ്യപ്പെടുന്നത്‌ നിങ്ങള്‍ ഉടനെ സാധിപ്പിച്ചു കൊടുക്കണം. 

ജനമേജയൻ പറഞ്ഞതു പോലെ സഹോദരന്മാര്‍ പുരോഹിതന്റെ ഹിതം അനുവര്‍ത്തിച്ചു. ജനമേജയന്‍ പുരോഹിതനെ സോദരന്മാരുടെ അടുത്ത്‌ ഏല്പിച്ച്‌ തക്ഷശിലയിലേക്കു പോയി. ആ രാജ്യം കീഴടക്കുകയും ചെയ്തു. 

അക്കാലത്ത്‌ അവിടെ "ആയോദ" ധൌമ്യന്‍ എന്ന ഒരു മഹര്‍ഷി താമസിച്ചിരുന്നു. അദ്ദേഹത്തിന് ഉപമന്യു, ആരുണി, വേദന്‍ എന്ന് മൂന്നു ശിഷ്യന്മാരുണ്ടായിരുന്നു. ഇവരില്‍ പാഞ്ചാല്യനായ ആരുണിയെ ഗുരു നെല്‍പ്പാടത്തു വരമ്പു കെട്ടി ഉറപ്പിച്ച വെള്ളം തടഞ്ഞു നിര്‍ത്തുവാന്‍ നിയോഗിച്ചു.

ഗുരുവിന്റെ കല്പന പ്രകാരം അവന്‍ പോയി. ചിറവരമ്പു കെട്ടുവാന്‍ ശ്രമിച്ചിട്ടും അവന് കഴിഞ്ഞില്ല. ഉടനെ വളരെ പണിപ്പെട്ടു നോക്കിയിട്ടും അതിനു കഴിയാതായപ്പോള്‍ അവന് ഒരു സൂത്രം തോന്നി, അപ്രകാരം ചെയ്തു. വരമ്പിന്റെ സ്ഥാനത്ത്‌ അവന്‍ കിടന്നു. അപ്പോള്‍ വെള്ളം തടഞ്ഞു നിന്നു. കുറെ കഴിഞ്ഞിട്ടും ആരുണിയെ കാണാതെ ധൌമ്യന്‍ ശിഷ്യന്മാരോടുചോദിച്ചു; "പാഞ്ചാല ദേശക്കാരനായ ആരുണി എവിടെ പോയി?".

ശിഷ്യന്മാര്‍ പറഞ്ഞു: "ഗുരോ! അവിടുന്നാണല്ലോ അവനെപാടത്ത്‌ വരമ്പുകെട്ടുവാന്‍ അയച്ചത്‌!". ഇതു കേട്ട്‌ അദ്ദേഹം പറഞ്ഞു: "നാം അവനെ അന്വേഷിക്കുക, അവന്‍ പോയ വഴി അന്വേഷിച്ചു പോവുക". അവര്‍ പാടത്ത്‌ വരമ്പത്തു ചെന്നു. ഗുരുവിന്റെ ശബ്ദം കേട്ട്‌ അവന്‍ അവിടെ നിന്ന്‌ എഴുന്നേറ്റ്‌ ചെന്ന്‌ ഗുരുവിനെ നമസ്‌കരിച്ചു നിന്ന്‌ പറഞ്ഞു: "ഗുരോ വെള്ളത്തിന്റെ ഗതി തടഞ്ഞു നിര്‍ത്തുവാന്‍ കഴിയാത്തതു കൊണ്ട്‌ ഞാന്‍ അവിടെ വെള്ളം തടയുവാന്‍ കിടന്നു, ഭഗവാന്റെ ശബ്ദം കേട്ടപ്പോള്‍ വരമ്പു പിളര്‍ന്ന്‌ ഞാന്‍ ഇതാ വന്നു! ഞാന്‍ അങ്ങയെ അഭിവാദ്യംചെയ്യുന്നു! ഞാന്‍ എന്തുചെയ്യണമെന്നു കല്‍പിച്ചാലും!". ഇതുകേട്ട്‌ ഉപാദ്ധ്യായന്‍ പറഞ്ഞു; "നീ വരമ്പു പിളര്‍ന്ന്‌ എഴുന്നേറ്റതു കൊണ്ട്‌ നിനക്ക്‌ ഉദ്ദാലകന്‍ എന്ന പേര്‌ പ്രസിദ്ധമാകട്ടെ! ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതു നീ ചെയ്തതു കൊണ്ട്‌ നിനക്കു ശ്രേയസ്സുണ്ടാകട്ടെ! എല്ലാ വേദങ്ങളും സര്‍വ്വധര്‍മ്മശാസ്ത്രങ്ങളും നിന്നില്‍ പ്രകാശിക്കുകയും ചെയ്യട്ടെ!". ഉപാദ്ധ്യായന്‍ ഇപ്രകാരം അനുഗ്രഹിച്ച്‌ യഥേഷ്ടം പോവുകയും ചെയ്തു. 

പിന്നെ ധൌാമൃന്‍ ഉപമന്യുവിനെ വിളിച്ച്‌ പശുക്കളെ മേയ്ക്കുവാന്‍ അയച്ചു. അവന്‍ പകലൊക്കെ പശുക്കളെ മേച്ച്‌ സന്ധ്യയ്ക്ക്‌ ഗൃഹത്തിലെത്തി. ഉപാദ്ധ്യായന്റെ അടുത്തു ചെന്നു നമസ്‌കരിച്ചു. അങ്ങനെ കഴിയവേ ഒരു ദിവസം ഗുരു അവനോടു ചോദിച്ചു; "ഉണ്ണീ, ഉപമന്യു! നീ നല്ലവണ്ണം തടിച്ചിരിക്കുന്നുവല്ലോ, എന്തു തിന്നാണ്‌ നീ ജീവിക്കുന്നത്?".

ഉപമന്യു പറഞ്ഞു: ഞാന്‍ ഭിക്ഷ വാങ്ങി ഉപജീവിക്കുകയാണ്. 

ഉപാദ്ധ്യായന്‍ പറഞ്ഞു; ഭിക്ഷ കിട്ടിയത്‌ എനിക്കു കൊണ്ടു വന്നു തരാതെ നീ ഭക്ഷിക്കരുത്‌. 

ഇതു കേട്ടതിന് ശേഷം അവന്‍ ഭിക്ഷ കിട്ടുന്നത്‌ ഉപാദ്ധ്യായന് കൊണ്ടു പോയി കൊടുത്തു കൊണ്ടിരുന്നു. അവന്റെ കൈയില്‍ നിന്നു ഭിക്ഷ കിട്ടിയതൊക്കെ ഗുരു വാങ്ങി വെച്ചു. അവന്റെ ഭക്ഷണത്തെപ്പറ്റി ഗുരു ഒന്നും പറഞ്ഞുമില്ല, കൊടുത്തുമില്ല. പകലൊക്കെ ഉപമന്യു പശുക്കളെ മേച്ച്‌ സന്ധ്യയ്ക്കു ഗുരുകുലത്തിലെത്തി ഉപാദ്ധ്യായന്റെ അടുത്തു ചെന്ന്‌ നമസ്കരിച്ചു. അവന്‍ മുമ്പത്തെപ്പോലെ തടിച്ചിരിക്കുന്നതു കണ്ട്‌, ഉപാദ്ധ്യായന്‍ ചോദിച്ചു; "ഉണ്ണീ, നിനക്കു കിട്ടിയ ഭിക്ഷ മുഴുവന്‍ ഞാന്‍ വാങ്ങുന്നുണ്ട്‌. പിന്നെ നീ എങ്ങനെ ഉപജിവിക്കുന്നു?".

ഉപമന്യു പറഞ്ഞു: മുമ്പു കിട്ടിയ ഭിക്ഷയൊക്കെ അങ്ങയ്ക്കു കൊണ്ടു വന്നു തന്നിട്ട് പിന്നെ ഞാന്‍ വീണ്ടും ഭിക്ഷ വാങ്ങി കഴിയുകയാണ്‌. 
ഇതു കേട്ട്‌ ഗുരു അവനോടു പറഞ്ഞു: ഇത്‌ ഉചിതമായ ഗുരുവൃത്തിയല്ല. നീ മറ്റ്‌ ഭിക്ഷോപജീവികളുടെ ജീവിതവ്യത്തിക്കു തടസ്സമുണ്ടാക്കുന്നു. ഇങ്ങനെ കഴിയുന്ന നീ ലുബ്ധനാണ്‌. ഗുരുവിന്റെ വാക്കു കേട്ട അവന്‍ പോയി, പശുക്കളെ മേച്ച്‌ സന്ധ്യയ്ക്കു മടങ്ങിയെത്തി, ഗുരുഗ്യഹത്തില്‍ വസിച്ചു. 

പിന്നെ ഗുരു ഒരിക്കല്‍ ചോദിച്ചു ഉണ്ണീ, ഉപമന്യു! നിന്റെ ഭിക്ഷ മുഴുവന്‍ ഞാന്‍ വാങ്ങുന്നുണ്ട്‌. നീ വീണ്ടും ഭിക്ഷയ്ക്കു പോകുന്നുമില്ല. നല്ലവണ്ണം നിന്റെ ദേഹം തടിച്ചിരിക്കുന്നുമുണ്ട്‌. എന്തു തിന്നാണ്‌ നീ ജീവിക്കുന്നത്‌?

ഉപമന്യു പറഞ്ഞു; ഗുരോ, ഞാന്‍ ഈ പശുക്കളുടെ പാല്‍ മാത്രം കുടിച്ചാണ്‌ ഉപജിവിക്കുന്നത്‌. 

ഉപാദ്ധ്യായന്‍ പറഞ്ഞു; അത്‌ നീ ഉപയോഗിക്കുന്നതു ന്യായമല്ല. ഞാന്‍ അനുവദിച്ചിട്ടില്ല. 

അവന്‍ പതിവുപോലെ പശുക്കളെ മേച്ചു മടങ്ങിയെത്തി. ഗുരുവിനെ വന്ദിച്ച്‌ ആശ്രമത്തില്‍ താമസിച്ചു. അവന്‍ അപ്പോഴും തടിച്ചിരിക്കുന്നതു കണ്ട്‌ ഗുരു ചോദിച്ചു. ഉണ്ണീ, ഉപമന്യു! നീ ഭിക്ഷ ഭക്ഷിക്കുന്നില്ല. രണ്ടാമതും ഭിക്ഷ വാങ്ങുന്നില്ല. പാല്‍ കുടിക്കുന്നില്ല. എന്നിട്ടും തടിക്കു യാതൊരു കുറവുമില്ല! ഇപ്പോള്‍ നീ എന്തു തിന്നാണ്‌ ജീവിക്കുന്നത്‌?

ഇതു കേട്ട്‌ അവന്‍ ഉപാദ്ധ്യായനോടു പറഞ്ഞു: ഗുരോ! പശുക്കുട്ടികള്‍ തള്ളയുടെ മുല കുടിക്കുമ്പോള്‍ വായില്‍ നിന്നു പുറത്തേക്ക്‌ ഒഴുകുന്ന നുരയാണ്‌ ഞാന്‍ കഴിക്കുന്നത്‌. 

ഉപാദ്ധ്യായന്‍ പറഞ്ഞും; ഗുണമുള്ള ഈ പശുക്കുട്ടികള്‍ നിന്നോടു കൃപ കാണിച്ചു നരകിക്കുന്നുണ്ടാകും. നീ ഇപ്രകാരം ചെയ്ത്‌ പശുക്കുട്ടികളുടെ ജീവിതത്തിന് വിഘാതമുണ്ടാക്കുകയാണ്‌. നുരയും നീ ഭക്ഷിക്കരുത്‌. 

ഉപമന്യു പറഞ്ഞു: അപ്രകാരമാകാം. 

ഇങ്ങനെ ഗുരുവിന്റെ നിരോധനം മൂലം ഉപമന്യു ഭിക്ഷ ഭക്ഷിക്കാറില്ല; രണ്ടാമത്‌ ഭിക്ഷ ഏല്ക്കാറില്ല; പാല്‍ കുടിക്കാറില്ല; നുരയും കഴിക്കാറില്ല! അങ്ങനെ വിശപ്പു സഹിക്ക വയ്യാതെ നടക്കുമ്പോള്‍ അവന്‍ കാട്ടില്‍ വെച്ച്‌ എരിക്കില പറിച്ചു തിന്നു. ക്ഷാരതിക്ത കടുകങ്ങളും തീക്ഷ്ണവിപാകങ്ങളുമായ എരിക്കിലകള്‍ തിന്നതു മൂലം ന്രേതരോഗം പിടിപെട്ട്‌ അവന്റെ കണ്ണു രണ്ടും പൊട്ടി. അന്ധനായി സഞ്ചരിക്കെ അവന്‍ ഒരു പൊട്ടക്കിണറ്റില്‍ ചെന്നു വീണു. 

സൂര്യന്‍ അസ്തമിച്ചിട്ടും അവന്‍ മടങ്ങി വരാഞ്ഞതു കണ്ടപ്പോള്‍ ഉപാദ്ധ്യായന്‍, "ഉപമന്യു വന്നില്ലല്ലോ!", എന്ന് ശിഷ്യരോടു പറഞ്ഞു. അവന്‍ കാട്ടില്‍ പശുക്കളെ മേയ്ക്കുവാന്‍ പോയിരിക്കയാണ്‌ എന്ന് ശിഷ്യര്‍ പറഞ്ഞു. 

ഉപാദ്ധ്യായന്‍ പറഞ്ഞു: ഞാന്‍ എല്ലാ കാര്യത്തിലും ഉപമന്യുവിനെ തടഞ്ഞിരുന്നതു കൊണ്ട്‌ അവന്‍ ഇടഞ്ഞിട്ട കോപം മൂലം വരാത്തതാകും. എന്നാൽ അന്വേഷിക്കുക തന്നെ! 

ഉപാദ്ധ്യായനും ശിഷ്യന്മാരും കൂടി കാട്ടില്‍ച്ചെന്ന്‌, ചുറ്റിത്തിരിഞ്ഞ്‌ അന്വേഷിച്ചു. ഉപാദ്ധ്യായന്‍ ഉറക്കെ വിളിച്ചു; "ഉണ്ണി, ഉപമന്യൂ! നീ എവിടെയാണ്‌? വരൂ"

ഗുരുവിന്റെ ഒച്ച കേട്ട്‌ ഉപമന്യു വിളിച്ചു പറഞ്ഞു: ഇതാ ഞാന്‍ കിണറ്റില്‍ വീണു കിടക്കുകയാണ്‌.

ഉപാദ്ധ്യായന്‍ പറഞ്ഞു: നീ എങ്ങനെ കിണറ്റില്‍ വീണു ?

ഉപമന്യു പറഞ്ഞു; എരിക്കില തിന്ന്‌ കണ്ണു പൊട്ടുകയാല്‍ ഞാന്‍ കിണറ്റില്‍ വീണു പോയി! 

ഉപാദ്ധ്യായന്‍ പറഞ്ഞു; ദേവവൈദ്യന്മാരായ അശ്വിനീ ദേവകളെ സ്തുതിക്കുക! അവര്‍ നിനക്കു കണ്ണുണ്ടാക്കിത്തരും!

ഗുരു പറഞ്ഞതു കേട്ടിട്ട്‌ ഉപമന്യു ഋക്കുകളെക്കൊണ്ട്‌ അശ്വിനീ ദേവകളെ സ്തുതിച്ചു:

അല്ലയോ അശ്വിനീ ദേവന്മാരേ, നിങ്ങള്‍ ഇരുവരും മറ്റ്‌ എല്ലാ ദേവന്മാരേക്കാള്‍, ആദൃം ജനിച്ചു. ഹിരണ്യഗര്‍ഭത്തില്‍ നിന്നും നിങ്ങള്‍ ജനിച്ചു. ദേശം, കാലം, അവസ്ഥ ഇവ നിങ്ങളില്‍ മാറ്റമുണ്ടാക്കുന്നില്ല. ഞാന്‍ തപസ്സാലും വാക്കാലും ആത്മസ്വരൂപരാക്കാന്‍ ഇച്ഛിക്കുന്നു. നിങ്ങള്‍ മായയാലും മായരൂഢമായ ചൈതനൃത്താലും പ്രകാശിച്ച്‌ ശരീരരൂപിയായ വൃക്ഷത്തിന്മേല്‍ പക്ഷിയായിരിക്കുന്നു. നിങ്ങള്‍ സര്‍വ്വസൃഷ്ടാക്കളാണ്‌. സത്വരജസ്തമോഗുണാതീതരാണ്‌. നിങ്ങള്‍ ജ്യോതിര്‍മയരാണ്‌. നിങ്ങള്‍ പരബ്രഹ്മ സ്വരൂപരാണ്‌; ജയത്തിന്റെ ലയവും അധിഷ്ഠാനവുമാണ്‌. നിങ്ങള്‍ അക്ഷയരാണ്‌. അഗ്നിയെപ്പോലെ തേജസ്സുള്ളവരും, യഥേഷ്ടം രൂപം മാറുവാനുള്ള തപശ്ശക്തിയുള്ളവരുമാണല്ലോ! സൂര്യപുത്രന്മാരാകയാല്‍ തേജസ്വികളും, ഗരുഡനെപ്പോലെ വേഗമുള്ളവരും, രജോഗുണം അകന്നവരും, പൊന്മയപ്പക്ഷി തുല്യമായ വിമാനങ്ങളെ സകല ഭുവനങ്ങളിലും ഓടിക്കുന്നവരുമാണല്ലോ. ഭക്തന്മാരെ ആപത്തില്‍ നിന്നു രക്ഷിക്കുവാന്‍ അന്വേഷിച്ചെത്തുന്നവരാണല്ലൊ നിങ്ങള്‍! നിങ്ങള്‍ കാലത്തെ ജയിച്ചവരാണ്‌. സൂര്യസൃഷ്ടാക്കളായി നിങ്ങള്‍ രാത്രിയും പകലും എന്ന കറുത്തതും വെളുത്തതുമായ നൂലുകളാല്‍ സംവത്സരരൂപമുള്ള വസ്ത്രം ഉണ്ടാക്കുന്നു. കര്‍മ്മഫലം നേടാനുള്ള മാര്‍ഗ്ഗം നിങ്ങള്‍ പ്രാണികള്‍ക്കു കാണിച്ചു കൊടുക്കുന്നു. ജീവരുപിയായ പക്ഷിയെ പരമാത്മാവായ കാലം ഗ്രസിച്ചതാണ്‌. അതിനാല്‍ മോഹരൂപിയായ സൗഭാഗ്യത്തിനായി നിങ്ങള്‍ അശ്വിനീരൂപമെടുത്തിരിക്കുന്നു. രാഗാദികളില്‍ മുഴുകിയ മൂഢന്‍ ഇന്ദ്രിയങ്ങളാല്‍ ബന്ധനസ്ഥനാണ്‌. അവര്‍ നിങ്ങളെ ദേഹധാരികളായി കണക്കാക്കുന്നു. അങ്ങനെ കണക്കാക്കുന്ന കാലത്തോളം അവര്‍ക്ക്‌ മോക്ഷപ്രാപ്തിയുണ്ടാകയില്ല. ദിനരാത്രരൂപികളായ മുന്നൂറ്ററുപതു പശുക്കള്‍, എല്ലാറ്റിനും, സൃഷ്ടിക്കും സംഹാരത്തിനും, കാരണമായ ഒരു മുരിക്കുട്ടിയെ സൃഷ്ടിക്കുന്നു. തത്വജ്ഞര്‍ ഈ പശുക്കുട്ടിയാല്‍ ജ്ഞാനം കറന്നെടുക്കുന്നു. അശ്വിനികളേ, നിങ്ങളാണ്‌ ആ പശുക്കുട്ടിയുടെ സൃഷ്ടാക്കള്‍. കാലചക്രത്തിന്‌ സംവത്സര രൂപിയായ നേമിയുണ്ട്‌. 

ആ ചക്രത്തില്‍ എഴുനൂറ്റിയിരുപത്‌ അരങ്ങള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ചക്രനേമി ചലിക്കുകയോ ജീര്‍ണ്ണിക്കുകയോ ചെയ്യുന്നില്ല. ചക്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന കുറ്റിപോലെ അതു കറങ്ങുക മാത്രമേ ചെയ്യുന്നുള്ളു. രണ്ടാമത്തെ ചക്രം എപ്പോഴും സഞ്ചരിക്കുന്നു. ഉറപ്പു കൂടി യ ഒരു അക്ഷത്തില്‍ അതു ഘടിപ്പിച്ചിരിക്കുകയാണ്‌. അതിന്നു പന്ത്രണ്ട്‌ അരങ്ങളും ആറു ചക്രങ്ങളുമുണ്ട്‌. സ്വര്‍ഗ്ഗരാജ്യത്തിന്റെ രക്ഷണോപകരണമാണ്‌ ആ ചക്രം. സര്‍വ്വോല്‍കൃഷ്ടമായ ആ മഹാചക്രത്തില്‍ എല്ലാ ജീവജാലങ്ങളും സസുഖം വര്‍ത്തിക്കുന്നു. അല്ലയോ അശ്വിനീദേവന്മാരേ, ആ രഥം നയിക്കുന്നവരായ ഭവാന്മാര്‍ അഴലില്‍പ്പെട്ടു കുഴങ്ങുന്ന എന്നെ ഉപേക്ഷിക്കരുതേ! 
മുന്നൂറ്ററുപതു രാവും അത്ര തന്നെ പകലും ചേര്‍ന്നതാണ്‌ എഴുനൂറ്റിയിരുപത്‌ അരങ്ങള്‍. അവ സംഘടിക്കപ്പെട്ട ദിവസച്ചക്രം എപ്പോഴും കറങ്ങുന്നു. പന്ത്രണ്ടു മാസങ്ങളാകുന്ന അരങ്ങളും ആറു ഋതുക്കളാകുന്ന ചക്രകൂടങ്ങളും ഉള്ള ഒരു അബ്ദചക്രമാകുന്ന അച്ചുതണ്ടില്‍ ചേര്‍ക്കപ്പെട്ട കുലമാകുന്ന ചക്രം എപ്പോഴും സഞ്ചരിക്കുന്നു. അതിന്റെ നേതാക്കള്‍ അശ്വിനീ ദേവന്മാർ ആകയാല്‍ അവര്‍ കാലകര്‍ത്താക്കന്മാരാകുന്നു.
അല്ലയോ അശ്വിനീദേവന്മാരെ, പലതരത്തിലുള്ള കര്‍മ്മവിശേഷങ്ങളോടു കൂടിയ നിങ്ങള്‍ സോമം എന്ന അമൃതം ജലത്തില്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ സുമേരുപര്‍വതം വിട്ട്‌ ഭൂമിയപ്രാപിക്കുമ്പോള്‍ ജീവികള്‍ക്കു ശക്തി പ്രദാനചെയ്യുന്ന മഴയുണ്ടാകുന്നു. ( ദേവന്മാര്‍ ഭൂമിയില്‍ ഇറങ്ങിവന്ന്‌, ജീവജാലങ്ങള്‍ക്ക്‌ ആഹാരപദാര്‍ത്ഥങ്ങളെ സുഭിക്ഷമാക്കുന്ന സസ്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുവാന്‍ മഴ പെയ്യിക്കുന്നു എന്നു വേദത്തില്‍ പറയുന്നു).

അല്ലയോ അശ്വിനിദേവന്മാരേ, നിങ്ങള്‍ പത്തു ദിക്കുകളുടേയും നാഥന്മാരായ ഇന്ദ്രാദികള്‍ക്കും മുന്‍പിലായി സോമയാഗത്തില്‍ ചെന്നെത്തി അനുഭവിക്കുന്നു. പിന്നീടാണ്‌ മറ്റു ദേവന്മാര്‍ അവിടെ പ്രത്യക്ഷമാകുന്നത്‌. പിന്നെ, ഋഷിമാരും അതില്‍ സംബന്ധിക്കുന്നു. അതു കൊണ്ട്‌ എല്ലാ ദേവന്മാരും എല്ലാ ഐശ്വര്യത്തിനും കാരണഭൂതരായ ഭവാന്മാരെ പ്രകടമായി സ്തുതിക്കുന്നു. 

അല്ലയോ അശ്വിനീദേവകളേ, നിങ്ങള്‍ പല വര്‍ണ്ണത്തിലും പല രൂപത്തിലും ഉള്ള രശ്മികളെ വിരചിച്ച്‌ ആ രശ്മികള്‍ കൊണ്ട്‌ സകല ഭവനങ്ങളേയും ആവരണം ചെയ്യുന്നു. ആ രശ്മികള്‍ അനുസ്യൂതമായി ചരിക്കുന്നു. ആ കാരണത്താല്‍ തന്നെ ദേവന്മാരും മനുഷ്യരും ഐശ്വര്യ കാരണമായ നിങ്ങളെ സ്തുതിക്കുന്നു.

താമരപ്പുമാല ധരിക്കുന്ന നാസത്യരായ നിങ്ങളെ ഞാന്‍ പൂജിക്കുന്നു. പ്രസിദ്ധരും മരണമില്ലാത്തവരും സത്യം, യാഗം, ജലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നവരുമായ നിങ്ങളെക്കൂടാതെ ദേവന്മാര്‍ വിശിഷ്ടമായ സോമയാഗാദികളില്‍ ഹവിസ്സ്‌ അനുഭവിക്കുന്നില്ല. അത്രമേല്‍ പ്രഹൃഷ്ടരായ ഭവാന്മാരെ ഞാന്‍ മനസാ പൂജിക്കുന്നു. 

മര്‍ത്ത്യജീവികള്‍ ഗര്‍ഭസ്ഥരായി, പിറന്ന്‌, പിന്നെ അമ്മയുടെ മുലപ്പാല്‍ കുടിച്ച്‌, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളെ പ്രാപിക്കുന്നു. അശ്വിനീ ദേവന്മാരായ നിങ്ങളാകട്ടെ അങ്ങനെയല്ലല്ലോ. മുഖസംയോഗം കൊണ്ട്‌ ജാതരാവുകയും നിത്യയൗവനയുക്തരായി കാണപ്പെടുകയും ചെയ്യുന്നു. സ്തന്യപാനാദികളാകട്ടെ മരണധര്‍മ്മമാകട്ടെ നിങ്ങള്‍ക്കില്ല. അങ്ങനെയുള്ള അശ്വിനീദേവകളേ, ജീവിതം ആപത്തില്‍പ്പെട്ട എന്നില്‍ നിങ്ങള്‍ കൃപാകടാക്ഷം ചൊരിയണമേ! 

ഏവം മഹത്ത്വം തിളങ്ങിടുമശ്വിനീ-ദേവകളേ, ഞാന്‍ നമിച്ചിടുന്നേന്‍.
വാക്കിനാല്‍ നിങ്ങളെ വാഴ്ത്തി സ്തുതിക്കുവാനൊക്കുകയില്ല, ഞാന്‍ ശക്തനല്ല. 
അന്ധനായ്‌, അന്ധമാം ദുര്‍ഘടമാര്‍ഗ്ഗത്തില്‍, ഹന്ത! കൂപത്തില്‍പ്പതിച്ചു പോയ് ഞാന്‍. ആപത്തില്‍പ്പെട്ടൊരീപ്പാവത്തിനാശ്രയം ആരുള്ളു നിങ്ങളല്ലാതെ മന്നില്‍! 

അവന്റെ കരുണമായ സ്തുതി കേട്ട അശ്വിനീ ദേവകള്‍ അവന് ഒരു അപ്പം കൊടുത്തു. ഇതു തിന്നുക! എന്നു പറഞ്ഞു. അതു കേട്ട്‌ അവന്‍ പറഞ്ഞു. ഭവാന്മാര്‍ പറഞ്ഞതു സത്യമാകയില്ല. ഞാന്‍ ഗുരുവിന് നല്കാതെ കഴിക്കുന്നതല്ല. 

അശ്വിനീദേവകള്‍ പറഞ്ഞു: മുമ്പ്‌ നിന്റെ ഉപാദ്ധ്യായന്‍ ഇപ്രകാരം സ്തുതിച്ചപ്പോള്‍ ഞങ്ങള്‍ അപ്പം കൊടുത്തു. അതു ഗുരുവിന് കൊടുക്കാതെ അദ്ദേഹം തിന്നുകയും ചെയ്തു. ഉപാദ്ധ്യായന്‍ ചെയ്തതു പോലെ ഭവാനും ചെയ്യുക. 

ഉപമന്യു പറഞ്ഞു: അശ്വിനീദേവകളേ, നിങ്ങള്‍ എന്നില്‍ പ്രസാദിച്ചാലും! എന്നോടു ക്ഷമിച്ചാലും! ഗുരുവിന് കൊടുക്കാതെ ഞാന്‍ ഇതു കഴിക്കുവാന്‍ വിചാരിക്കുന്നില്ല. 

അശ്വിനീദേവകള്‍ പറഞ്ഞു: "നിന്റെ ഗുരുഭക്തി കണ്ട്‌ ഞങ്ങള്‍ സന്തോഷിക്കുന്നു. നിന്റെ ഉപാദ്ധ്യായന്റെ പല്ല് കാരിരുമ്പായിത്തീര്‍ന്നു. നിന്റെ പല്ലുകള്‍ സ്വര്‍ണ്ണമയമായിത്തീരും. കണ്ണുകള്‍ക്കു കാഴ്ചയുണ്ടാകും. ശ്രേയസ്സുണ്ടാകും". അശ്വിനീദേവകള്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ക്കു കാഴ്ചയുണ്ടായി. കിണറ്റില്‍ നിന്നു കയറി അവന്‍ ഗുരുവിനെ ചെന്നു കണ്ടു വന്ദിച്ച്‌, വിവരം അറിയിച്ചു. ഗുരു അവന്റെ നേരെ സന്തോഷിക്കുകയും, "അശ്വിനീദേവകള്‍ പറഞ്ഞതു പോലെ നിനക്കു ശ്രേയസ്സു വരും. സര്‍വ്വവേദങ്ങളും സര്‍വ്വ ധര്‍മ്മശാസ്ത്രങ്ങളും നിന്നില്‍ പ്രകാശിക്കും", എന്നു പറയുകയും ചെയ്തു. ഇതാണ്‌ ഉപമന്യുവിന്റെ പരീക്ഷ. 

പിന്നെ, ആയോദ ധൗമ്യന് വേദനെന്ന മറ്റൊരു ശിഷ്യനുണ്ടല്ലോ. അവനെ വിളിച്ച്‌ ഗുരു പറഞ്ഞു: "ഉണ്ണീ, വേദ, നീ എന്റെ കൂടെത്തന്നെ എന്റെ ഗൃഹത്തില്‍ കുറച്ചുനാള്‍ താമസിക്കുക. എന്നെ ശുശ്രൂഷിച്ചു പാര്‍ത്താല്‍ നിനക്കു ശ്രേയസ്സുണ്ടാകും". 

അവന്‍ അതിന് വഴങ്ങി വളരെക്കാലം ഗുരുശുശ്രൂഷ ചെയ്തു പാര്‍ത്തു, ഗുരു ചുമത്തുന്ന ഭാരമെല്ലാം കാളയെപ്പോലെ ചുമന്നു ശീതം, ഉഷ്ണം, വിശപ്പ്‌, ദാഹം എന്നീ ദുഃഖമൊക്കെ സഹിച്ച്‌ ഒന്നിനും പ്രതികൂല ഭാവം കാണിക്കാതെ വളരെക്കാലം കൊണ്ട്‌ ഗുരുവിന്റെ സന്തോഷം സമ്പാദിച്ചു. അദ്ദേഹത്തിന്റെ പ്രസാദം കൊണ്ട്‌ ശ്രേയസ്സും, സര്‍വ്വജ്ഞതയും സമ്പാദിച്ചു. ഇതാണ്‌ വേദന്റെ പരീക്ഷ.

വേദന്‍ ഉപാദ്ധ്യായന്റെ സമ്മതത്തോടെ ഗുരുകുലം വിട്ട്‌ സമാവര്‍ത്തനം ചെയ്ത്‌, ഗൃഹസ്ഥാശ്രമം സ്വീകരിച്ച്‌, സ്വന്തം ഗൃഹത്തില്‍ താമസിക്കുന്ന കാലത്ത്‌ അദ്ദേഹത്തിനും മുന്നു ശിഷ്യന്മാരുണ്ടായി. അദ്ദേഹം ശിഷ്യരോടു പണിയെടുക്കാനോ ഗുരുശുശ്രൂഷ ചെയ്യാനോ ഒന്നും പറഞ്ഞിരുന്നില്ല. ഗുരുകുലവാസ ദുഃഖം അറിഞ്ഞിട്ടുള്ള അദ്ദേഹം ശിഷ്യരെ ക്ലേശിപ്പിക്കുവാന്‍ വിചാരിച്ചില്ല. 

കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ വേദന്‍ എന്ന ബ്രാഹ്മണനെ ജനമേജയനെന്നും പൗഷ്യനെന്നും പേരുള്ള രണ്ടു ക്ഷത്രിയന്മാര്‍ ചെന്ന്‌ ഉപാദ്ധ്യായനായി വരിച്ചു. അദ്ദേഹം ഒരിക്കല്‍ ശിഷ്യ കാര്യത്തിന് പുറപ്പെട്ടു പോകുന്ന സമയത്ത്‌ ഉത്തങ്കന്‍ എന്ന ശിഷ്യനോടു പറഞ്ഞു; എന്റെ ഗൃഹത്തില്‍ എന്തെങ്കിലും ന്യൂനത വന്നാല്‍ അതു നീ പരിഹരിച്ചു കൊള്ളണം. അങ്ങനെ ഉത്തങ്കനെ ഏല്പിച്ച്‌ വേദന്‍ ദേശാന്തരം പോയി. 

ശുശ്രൂഷാനിരതനായ ഉത്തങ്കന്‍ ഗുരുവിന്റെ കല്പന നിര്‍വഹിച്ചു കൊണ്ട്‌ ഗുരുകുലത്തില്‍ പാര്‍ത്തു. ഒരു ദിവസം ഗുരുപത്നികള്‍ എല്ലാവരും കൂടി ഉത്തങ്കനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു; 

നിന്റെ ഈ ഗുരുപത്നിക്ക്‌ ഋതുകാലമായി. ഉപാദ്ധ്യായന്‍ അകലെ പോയിരിക്കയാണല്ലോ. അവളുടെ ഋതു നിഷ്ഫലമാകാത്ത വിധം നീ പ്രവര്‍ത്തിക്കണം. അവള്‍ വിഷാദിച്ചിരിക്കുകയാണ്.

ഉത്തങ്കന്‍ പറഞ്ഞു; സ്ത്രീകള്‍ പറഞ്ഞാല്‍ ഈ കൃത്യം ഞാന്‍ ചെയ്യുകയില്ല. അകൃത്യമാണെങ്കിലും ഇതു ചെയ്യണമെന്ന്‌ ഗുരു എന്നോടു കല്പിച്ചിട്ടുമില്ല. 

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉപാദ്ധ്യായന്‍ ഗൃഹത്തില്‍ തിരിച്ചെത്തി. അദ്ദേഹം അവന്റെ വര്‍ത്തമാനം മുഴുവന്‍ അറിഞ്ഞ്‌ സന്തോഷിച്ചു. 

ഗുരു പറഞ്ഞു; ഉത്തങ്ക! ഉണ്ണീ! നിനക്ക്‌ ഞാന്‍ എന്തിഷ്ടമാണ്‌ ചെയ്യേണ്ടത്‌? ധര്‍മ്മാനുസരണം നീ എന്നെ ശുശ്രൂഷിച്ചു. തന്മൂലം നാം തമ്മില്‍ പ്രീതി വര്‍ദ്ധിച്ചു. ഞാന്‍ അനുവദിക്കുന്ന ഇഷ്ടമൊക്കെ നിനക്കു കൈവരും. പൊയ്ക്കൊള്ളുക!

ഉത്തങ്കന്‍ പറഞ്ഞു: അങ്ങയ്ക്ക്‌ ഞാന്‍ എന്തിഷ്ടമാണ്‌ ചെയ്യേണ്ടത്‌? ഞാന്‍ തരുന്ന ഗുരുദക്ഷിണ വാങ്ങാത്ത പക്ഷം അങ്ങ്‌ അധര്‍മ്മിയാകും. ഞാന്‍ ഗുരുദക്ഷിണ തന്നില്ലെങ്കില്‍ അധര്‍മ്മം എന്നേയും ബാധിക്കും. എന്റെ ഇഷ്ടം അങ്ങു സാധിപ്പിച്ചു തന്നില്ല എന്ന് എനിക്കും ഇവന്‍ ഒന്നും എനിക്കു ദക്ഷിണ തന്നില്ല എന്ന് അങ്ങയ്ക്കും തോന്നാനും തന്മൂലം വൈരത്തിനും സംഗതി വന്നു കൂടും. അതു കൊണ്ട്‌ ഞാന്‍ ഭവാന്റെ അനുവാദപ്രകാരം ഗുരുദക്ഷിണ ചെയ്യുണമെന്നാഗ്രഹിക്കുന്നു. 

ഗുരു പറഞ്ഞു; ഉണ്ണി, ഉത്തങ്ക! താമസിക്കൂ! വരട്ടെ! 

ഉത്തങ്കന്‍ പറഞ്ഞു. അങ്ങയ്ക്ക്‌ ഇഷ്ടമായ ഗുരുദക്ഷിണ എന്തെന്ന്‌ എന്നോടു പറഞ്ഞാലും!

ഉപാദ്ധ്യായന്‍ പറഞ്ഞു; ഗുരുദക്ഷിണ ചെയ്യട്ടെ എന്ന് പല പ്രാവശ്യമായി എന്നോടു നീ ചോദിക്കുന്നു. എന്നാൽ അകത്തു ചെന്ന്‌ ഗുരുപത്നിയോട്‌ എന്താണ്‌ ചെയ്യേണ്ടതെന്നു ചോദിക്കുക. അവള്‍ എന്തു പറയുന്നുവോ, അതു ചെയ്താല്‍ മതി!

ഉപാദ്ധ്യായന്‍ പറഞ്ഞ പ്രകാരം അവന്‍ അകത്തു ചെന്ന്‌ ഉപാദ്ധ്യായനിയോടു ചോദിച്ചു: ദേവി, എനിക്ക്‌ ഗൃഹത്തിലേക്കു പോകുവാന്‍ ഗുരു അനുവാദം തന്നു. അവിടത്തെ ഇഷ്ടംഎന്തെന്നു പറഞ്ഞാലും. ഗുരുദക്ഷിണ ചെയ്തു കടം വീട്ടി പോയാല്‍ക്കൊള്ളാമെന്നു ഞാന്‍ വിചാരിക്കുന്നു. അതു കൊണ്ട്‌ എന്താണ്‌ ഗുരുദക്ഷിണ വേണ്ടതെന്ന്‌ ഭവതി കല്‍പിച്ചാലും! ഇതുകേട്ട്‌ ഗുരുപത്നി ഉത്തങ്കനോടു മറുപടി പറഞ്ഞു: "ഹേ ഉത്തങ്ക! നീ പൗഷ്യരാജാവിന്റെ അടുത്തു ചെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിച്ചിരിക്കുന്ന കുണ്ഡലങ്ങള്‍ യാചിച്ചു വാങ്ങുക. അതു വാങ്ങിക്കൊണ്ടു വരു! ആ കുണ്ഡലങ്ങള്‍ ധരിച്ച്‌ ബ്രാഹ്മണര്‍ക്കു വിളമ്പിക്കൊടുത്താല്‍ കൊള്ളാമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം നീ സാധിപ്പിക്കണം. അങ്ങനെ ചെയ്താല്‍ നിനക്കു ശ്രേയസ്സുണ്ടാകും. ഇല്ലെകില്‍ ശ്രേയസ്സ്‌ എങ്ങനെ ഉണ്ടാകും?".

അവള്‍ ഇപ്രകാരം പറയുകയാല്‍ ഉത്തങ്കന്‍ ഉടനെ പുറപ്പെട്ടു. പോകുന്ന വഴിക്ക്‌ അവന്‍ വലിയ ഒരു കാളയേയും അതിന്റെ പുറത്ത്‌ തേജസ്വിയായ ഒരു പുരുഷനേയും കണ്ടു. ആ പുരുഷന്‍ ഉത്തങ്കനെ വിളിച്ചു പറഞ്ഞു: "ഹേ ഉത്തങ്ക, നീ ഈ കാളയുടെചാണകം തിന്നു കൊള്ളുക!".

ഉത്തങ്കന്‍ അതിനു തയ്യാറായില്ല. ഉടനെ ആ പുരുഷന്‍ വീണ്ടും പറഞ്ഞു: "ഹേ ഉത്തങ്ക! ഭക്ഷിക്കൂ, ഒട്ടും സംശയിക്കേണ്ട. നിന്റെ ഉപാദ്ധ്യായന്‍ അതു ഭക്ഷിച്ചിട്ടുണ്ട്‌". ഇതു കേട്ടപ്പോള്‍ അവന്‍ അങ്ങനെയാകാം എന്നു പറഞ്ഞ്‌ അതിന്റെ മൃതവും ചാണകവും ഭക്ഷിച്ചു. പരിഭ്രമത്തോടു കൂടി അവന്‍ നിന്നു കൊണ്ടു തന്നെ ആചമനം ചെയ്ത്‌ നടന്നു. അവന്‍ ബഹുദൂരം നടന്ന്‌ പൗഷ്യരാജാവിന്റെ അടുത്തു ചെന്നു. അദ്ദേഹത്തെ ആശീര്‍വ്വാദം കൊണ്ട്‌ അഭിനന്ദിച്ച്‌ ഉത്തങ്കന്‍ പറഞ്ഞു; അര്‍ത്ഥിയായിട്ടാണ്‌ ഞാന്‍ അങ്ങയുടെയടുത്തു വന്നിരിക്കുന്നത്‌. രാജാവ്‌ ഉത്തങ്കനെ അഭിവാദ്യം ചെയ്തു പറഞ്ഞു: "മഹാനുഭാവ, ഞാന്‍ പൗഷ്യനാണ്‌. ഭവാന്‍ എന്താണു വേണ്ടതെന്നു പറഞ്ഞാലും!".

ഉത്തങ്കന്‍ പറഞ്ഞു: ഗുരുദക്ഷിണയ്ക്കു വേണ്ടി കുണ്ഡലങ്ങള്‍ യാചിപ്പാനാണ്‌ ഞാന്‍ വന്നത്‌. അങ്ങയുടെ ഭാര്യയായ ക്ഷ്രതിയസ്ത്രീ ധരിക്കുന്ന ആ കുണ്ഡലങ്ങള്‍ എനിക്കു തന്നാല്‍ കൊള്ളാം. 

രാജാവു പറഞ്ഞു: ഭവാന്‍ അന്തഃപുരത്തില്‍ പോയി അവളോടു യാചിച്ചാലും! 

ഇതുകേട്ട്‌ അവന്‍ അന്തപുരത്തില്‍ പോയി. എന്നാൽ അവളെ അവിടെ കണ്ടില്ല. കാണാതെ മടങ്ങി ഉത്തങ്കന്‍ പൗഷ്യന്റെ അരികെ ചെന്നു പറഞ്ഞു: "ഹേ രാജാവേ, അങ്ങ്‌ അസത്യം കൊണ്ട്‌ ഉപചരിക്കുന്നതു ശരിയല്ല. അങ്ങയുടെ അന്തഃപുരത്തില്‍ ക്ഷത്രിയസ്ത്രീയെ ഞാന്‍ കണ്ടില്ല". 

ഇതുകേട്ട്‌ രാജാവ്‌ അല്പ സമയം ചിന്തിച്ചിരുന്നു പറഞ്ഞു: "നിശ്ചയമായും അങ്ങ്‌ ഉച്ഛിഷ്ടാശുചി ആയിരിക്കുന്നു. ഓര്‍ത്തു നോക്കൂ! ഉച്ഛിഷ്ട ഭോജനത്തില്‍ അശുചിയായവന് അവളെ കാണുവാന്‍ കഴികയില്ല. പാതിവ്രത്യം കൊണ്ട്‌ അവള്‍ അശുദ്ധമുള്ളവന്റെ കണ്ണിന് നേരെ വരികയില്ല". 

ഇതുകേട്ട്‌ ഉത്തങ്കന്‍ ഓര്‍ത്തു നിന്നു പറഞ്ഞു: ശരിയാണ്‌. ഞാന്‍ ഇങ്ങോട്ടു പോരുമ്പോള്‍ നിന്നു കൊണ്ടാണ്‌ ആചമിച്ചത്‌. 

പൗഷ്യന്‍ പറഞ്ഞു. ഈ ചെയ്തതു തെറ്റാണ്‌. വേഗത്തില്‍ പോരുമ്പോള്‍ നിന്നു കൊണ്ട്‌ ആചമിച്ചത്‌ ആചമനമായില്ല. 

പിന്നെ ഉത്തങ്കന്‍ രാജാവിനോട്‌, ഭവാന്‍ പറഞ്ഞതു ശരിയാണ്‌ എന്നു സമ്മതിച്ചു. ഉത്തങ്കന്‍ കിഴക്കോട്ടു തിരിഞ്ഞിരുന്ന്‌ കൈയും കാലും നല്ല പോലെ കഴുകി നുരയും ചൂടുമില്ലാത്ത വെള്ളം നിശ്ശബ്ദമായി ഹൃദയത്തിലെത്തുന്ന വിധം മൂന്നു പ്രാവശ്യം കുടിച്ചു. രണ്ടുരു തൊട്ടു തുടച്ച്‌ ഇന്ദ്രിയ സ്ഥാനങ്ങളില്‍ സ്പര്‍ശിച്ച്‌ ആചമനം കഴിച്ചിട്ട്‌ അന്തഃപുരത്തിലേക്കു കടന്നു ചെന്നു. അപ്പോള്‍ ക്ഷത്രിയസ്ത്രീയെ കാണുകയും ചെയ്തു. 

അവള്‍ ഉത്തങ്കനെ കണ്ടപ്പോള്‍ എതിരേറ്റ്‌ അഭിവാദ്യം ചെയ്തു പറഞ്ഞു: ഭഗവാനേ, അങ്ങയ്ക്കു സ്വാഗതം! ഞാന്‍ എന്താണ്‌ ഭവാന് വേണ്ടി ചെയ്യേണ്ടതെന്നു കല്‍പിച്ചാലും! 

ഉത്തങ്കന്‍ പറഞ്ഞു: ഭവതിയുടെ കുണ്ഡലങ്ങള്‍ ഗുരുദക്ഷിണയ്ക്കു വേണ്ടി ഞാന്‍ യാചിക്കുന്നു. 

അവള്‍ അവന്റെ സല്‍സ്വഭാവം കണ്ടു സന്തോഷിക്കുകയും, ഈ സല്‍പ്പാത്രത്തെ വെറുതെ വിടുവാന്‍ പാടില്ലെന്ന്‌ ഉറയ്ക്കുകയും ചെയ്തു. അവനോടു പറഞ്ഞു; എന്റെ കുണ്ഡലങ്ങള്‍ ഇതാ അങ്ങയ്ക്കു ദാനം ചെയ്യുന്നു. ഈ കുണ്ഡലങ്ങള്‍ കിട്ടുവാന്‍ നാഗരാജാവായ തക്ഷകന്‍ വളരെ ആഗ്രഹിക്കുന്നുണ്ട്‌. സൂക്ഷിച്ചു കൊണ്ടു പോകണം. 

ഉത്തങ്കന്‍ അവളുടെ കൈയില്‍ നിന്നു കുണ്ഡലങ്ങള്‍ വാങ്ങി ഇപ്രകാരം പറഞ്ഞു; ദേവീ, തൃപ്തിപ്പെടുക! നാഗരാജാവായ തക്ഷകന്‍ എന്നെ ഭയപ്പെടുത്തുവാന്‍ മതിയാവുന്നവനല്ല. 

അവന്‍ അവളോടു യാത്ര പറഞ്ഞ്‌ പൗഷ്യന്റെ സമീപത്തെത്തി, "ഹേ പൗാഷ്യ! കുണ്ഡലം കിട്ടിയതില്‍ ഞാന്‍ തൃപ്തനായിരിക്കുന്നു", എന്നു പറഞ്ഞു. 

പൗഷ്യന്‍ പറഞ്ഞു: "മഹാനുഭാവ, വളരെക്കാലം കൊണ്ടേ സല്‍പ്പാത്രങ്ങളെ ലഭിക്കൂ! ഭവാന്‍ ഗുണവാനായ ഒരു അതിഥിയാണ്‌. അതു കൊണ്ട്‌ ഞാന്‍ ഭവാനെ ശ്രാദ്ധത്തിന് ക്ഷണിക്കുന്നു". ഉത്തങ്കന്‍ പറഞ്ഞു: "അങ്ങയുടെ ക്ഷണം ഞാന്‍ സ്വീകരിക്കുന്നു. ഉള്ളതു കൊണ്ട്‌ വേഗം തയ്യാര്‍ ചെയ്താലും". 

പൗഷ്യന്‍ അവന് ഭക്ഷണം നല്കി. ഉത്തങ്കന് ഭക്ഷണം പിടിച്ചില്ല. തലനാര്‌ ചോറില്‍ കണ്ടു. അന്നം തണുത്തിരുന്നു. ഉത്തങ്കന്‍ പൗഷ്യനെ ശപിച്ചു; "അശുദ്ധമായ അന്നം തന്നതു കൊണ്ട്‌ നീ അന്ധനായി ഭവിക്കട്ടെ!".

ഈ ശാപം കേട്ട്‌ പൗഷ്യന്‍ പറഞ്ഞു: "ഹേ! ഉത്തങ്ക! അദുഷ്ടമായ അന്നത്തെ ദുഷിച്ചു പറഞ്ഞതു കൊണ്ട്‌ നീ സന്തതിയില്ലാത്തവനായി ഭവിക്കട്ടെ!".

ഉത്തങ്കന്‍ പറഞ്ഞു: ഹേ, പൗഷ്യ! നീ ഈ ചോറു നോക്കൂ. അശുദ്ധമായ അന്നം തന്നിട്ട്‌ നീ പ്രതിശാപം തരുന്നതു ശരിയല്ല. പൗഷ്യന്‍ കാര്യം ഗ്രഹിച്ചു. മുടിയഴിച്ചിട്ട്‌ ഒരു സ്ത്രീ വെച്ചുണ്ടാക്കിയതിനാല്‍ തലമുടിയിഴ വീണതായിരുന്നു. ഭക്ഷണം തണുത്തതുമായിരുന്നു; അവന്‍ ഉത്തങ്കനെ പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചു. പൗഷ്യന്‍ പറഞ്ഞു: "മഹാശയ! അറിയാതെയാണ്‌ മുടിയിഴ വീണതും തണുത്തതുമായ ചോറ്‌ ഞാന്‍ ഭവാനു വിളമ്പിത്തന്നത്‌. ഏന്റെ അപരാധം അങ്ങു ക്ഷമിക്കണം. ഞാന്‍ അന്ധനാകാതിരിക്കുവാന്‍ അങ്ങ്‌ അനുഗ്രഹിക്കണം". 

ഉത്തങ്കന്‍ പറഞ്ഞു: ഞാന്‍ പറഞ്ഞത്‌ അസതൃമായി വരികയില്ല. ഭവാന്‍ അന്ധനായാല്‍ ഉടനെ കണ്ണിന് കാഴ്ചയുണ്ടാകും. ഇനി അങ്ങു തന്ന ശാപം എനിക്കും പറ്റരുത്‌. 

പൗഷ്യന്‍ പറഞ്ഞു; എനിക്കു ശാപം പിന്‍വലിക്കുവാന്‍ ശക്തിയില്ല. എന്റെ കോപം ഇപ്പോഴും ശമിച്ചിട്ടില്ല. എന്നു തന്നെയല്ല, ഇത്‌ അങ്ങയ്ക്ക്‌ അറിയാമല്ലോ. വിപ്രന്റെ മനസ്സ്‌ വെണ്ണയും, വാക്ക്‌ കത്തി പോലെ മൂര്‍ച്ചയുള്ളതുമാണ്‌! എന്നാൽ രാജാവിന്റെ കാര്യം നേരെ മറിച്ചാണ്‌. വാക്ക്‌ വെണ്ണ പോലെയും, മനസ്സ് കൂര്‍ത്ത ശസ്ത്രം പോലെയുമാണ്‌! ഇങ്ങനെയിരിക്കുമ്പോള്‍ തീക്ഷ്ണ ഹൃദയത്വം മൂലം വാക്കു പിന്‍വലിക്കുവാന്‍ എനിക്കു കഴിയുകയില്ല.. ഭവാന്‍ പൊയ്ക്കൊള്ളുക. 

ഉത്തങ്കന്‍ പറഞ്ഞു : "അന്നത്തിന്റെ അശുദ്ധി കണ്ടിട്ട് ഭവാന്‍ എന്നെ അനുനയിച്ചുവല്ലോ. അതിന് മുമ്പാണ്‌ അദുഷ്ടമായ അന്നത്തെ ദുഷിച്ച ഞാന്‍ അനപത്യനാകുമെന്ന്‌ എന്നെ ശപിച്ചത്‌. അന്നം ദുഷ്ടമാണെന്നിരിക്കെ ഈ ശാപം ഫലിക്കുവാന്‍ പോകുന്നില്ല. ഞാന്‍ പോകുന്നു!", എന്നു പറഞ്ഞ്‌ കുണ്ഡലവുമെടുത്തു പുറപ്പെട്ടു. ഉത്തങ്കന്‍ പോകുന്ന വഴിക്ക്‌ ഒരു നഗ്നക്ഷപണകനെ ഇടയ്ക്കു കാണുകയും, പിന്നെ കാണാതിരിക്കുകയും എന്ന നിലയ്ക്കു കണ്ടു. ഉത്തങ്കന്‍ അവനെപ്പറ്റി സംശയിച്ചില്ല.

ഉത്തങ്കന്‍ കുണ്ഡലങ്ങളെ താഴെ വെച്ച്‌ ജലസ്പര്‍ശത്തിന് ആരംഭിച്ചു. ഈ തക്കത്തില്‍ ക്ഷപണകന്‍ ഓടി വന്നു കുണ്ഡലങ്ങളും കൈയിലാക്കി ഓടിക്കളഞ്ഞു. അവന്‍ തക്ഷകനായിരുന്നു. 

ഉത്തങ്കന്‍ ജലസ്പര്‍ശം ചെയ്തു ശുചിയായതിന് ശേഷം ദേവകളേയും ഗുരുക്കളേയും നമസ്കരിച്ച്‌ അതിവേഗത്തില്‍ അവന്റെ പിന്നാലെ ചെന്നു. അവന്‍ തക്ഷകന്റെ വളരെ അടുത്തായി. അവന്‍ തക്ഷകനെ പിടി കൂടി. പിടിച്ച മാത്രയില്‍ അവന്‍ മനുഷ്യരൂപം ഉപേക്ഷിച്ച്‌ ഭൂമിയില്‍ കണ്ടതായ ഒരു വലിയ ഗുഹയിലേക്കു പോയി. ആ വഴിക്ക്‌ അവന്‍ നാഗലോകത്തില്‍, സ്വഗൃഹത്തിലെത്തി. 

ഉത്തങ്കന്‍ ആ ബിലം കൊള്ളി കൊണ്ടു കുഴിച്ചു നോക്കി; സാധിക്കാതെ വിഷണ്ണനായി നില്ക്കുന്നതു കണ്ട്‌ ഇന്ദ്രന്‍ ആ ബ്രാഹ്മണനെ സഹായിക്കുവാനായി ആജ്ഞാപിച്ച്‌, തന്റെ വജ്രത്തെ വിട്ടയച്ചു. ചെല്ല്‌, ഈ വിപ്രനെ സഹായിക്കു! ഉടനെ വജ്രം ആ വിറകുകൊള്ളിയില്‍ പ്രവേശിച്ച്‌ ആ ബിലം തുറന്നു കൊടുത്തു. ഉത്തങ്കന്‍ ബിലത്തിലിറങ്ങി. ആ ബിലത്തില്‍ക്കൂടെ ചെന്ന്‌ അവസാനമില്ലാത്തതും അനേകം മേട, മാളിക, കോട്ട, കൊത്തളം എന്നിവയോടു കൂടിയതും, ക്രീഡാസ്ഥാനങ്ങള്‍ ചേര്‍ന്നതുമായ നാഗലോകത്തെത്തി. അവിടെ വച്ച്‌ ഉത്തങ്കന്‍ നാഗങ്ങളെ സ്തുതിച്ചു. തക്ഷകനേയും മറ്റു നാഗങ്ങളേയും ഇപ്രകാരം സ്തുതിച്ചു.

ഇങ്ങനെ സ്തുതിച്ചിട്ടും നാഗത്തില്‍ നിന്നു കുണ്ഡലം കിട്ടാതെ നില്ക്കുമ്പോള്‍ നൂല്‍ നെയ്ത്തു കോലില്‍ കേറ്റി വസ്ത്രം നെയ്തു കൊണ്ടിരിക്കുന്ന രണ്ടു സ്ത്രീകളെ കണ്ടു. ആ യന്ത്രത്തില്‍ കറുത്തും വെളുത്തുമുള്ള നൂലുകളും, ആറു കുമാരന്മാര്‍ ചുറ്റിക്കുന്നതും, പന്ത്രണ്ട്‌ അരങ്ങളുള്ളതുമായ ചക്രവും കണ്ടു. വേറെ ഒരു പുരുഷനേയും, നല്ല ഒരു കുതിരയേയും കണ്ടു. അവന്‍ മന്ത്രപ്രായമായ ശ്ലോകങ്ങള്‍ കൊണ്ടു സ്തുതിച്ചു; മുന്നുറ്ററുപതു പല്ലുകള്‍ ഈ ചക്രത്തിനുണ്ട്‌. പന്ത്രണ്ട്‌ അരങ്ങള്‍ ചക്രത്തിനുണ്ട്‌. ആറു കുമാരന്മാർ ചക്രം ചുറ്റിക്കുന്നു. വജ്രം ധരിക്കുന്നവനും, ഭുവനം ഭരിക്കുന്നവനും, നമുചിയുടെ കാലനും, വൃത്രന്റെ കാലനും, കൃഷ്ണാംബരം ചാര്‍ത്തുന്നവനും ആയ ഈശന്‍ സത്യാനൃതങ്ങളെ വേര്‍തിരിക്കുന്നു. അംഭസ്സ്‌ ഉള്‍ക്കൊണ്ട ആദ്യനായ, അഗ്നിയാകുന്ന അശ്വത്തെ വാഹനമാക്കി വെക്കുന്നവനും, മൂന്നു പാരിന്റേയും ഈശനുമായ പുരന്ദരന്‍ കനിയുന്നതിന് ഞാന്‍ കൈതൊഴുന്നു. 

ആ പുരുഷന്‍ ഉത്തങ്കനോടു പറഞ്ഞു: നിന്റെ സ്തോത്രത്താല്‍ ഞാന്‍ സന്തോഷിക്കുന്നു. നിനക്ക്‌ എന്തിഷ്ടമാണ്‌ ഞാന്‍ ചെയ്യേണ്ടത്‌?

ഉത്തങ്കന്‍ പറഞ്ഞു: നാഗങ്ങള്‍ എനിക്കു സ്വാധീനമാകണം. 

പുരുഷന്‍ പറഞ്ഞു: നീ ഈ കുതിരയുടെ ഗുദദ്വാരത്തില്‍ ഊതുക. 

ഉത്തങ്കന്‍ കുതിരയുടെ ഗുദദ്വാരത്തില്‍ ഊതി. ഈതുമ്പോള്‍ കുതിരയുടെ സര്‍വ്വദ്വാരങ്ങളില്‍ നിന്നും അഗ്നി പുറപ്പെട്ടു. നാഗലോകം പുകയുവാന്‍ തുടങ്ങി. തക്ഷകന്‍ സംഭ്രമിച്ചു. അഗ്നിഭയം മൂലം വിഷണ്ണനായി. കുണ്ഡലങ്ങളുമെടുത്ത്‌ ഭവനത്തില്‍ നിന്നു പുറത്തു വന്ന്‌ ഉത്തങ്കനോടു പറഞ്ഞു: "ഇതാ, കുണ്ഡലങ്ങള്‍. അങ്ങു വാങ്ങിയാലും!".

ഉത്തങ്കന്‍ അതു വാങ്ങി. കുണ്ഡലം കൈയില്‍ വെച്ചു വിചാരിച്ചു: ഇന്നാണല്ലോ ഗുരുപത്നിയുടെ ആ പുണ്യദിനം. ഞാന്‍ വളരെ ദൂരത്തുമായിരിക്കുന്നു. ഞാന്‍ പറഞ്ഞ പ്രകാരം ഇന്ന്‌ എങ്ങനെ അവിടെ എത്തും? എന്നു വിഷാദത്തോടെ ചിന്തിച്ചു നില്ക്കുമ്പോള്‍ ആ പുരുഷന്‍ പറഞ്ഞു: "ഉത്തങ്ക! ഈ കുതിരപ്പുറത്തു കയറിക്കൊള്ളുക. ക്ഷണത്തില്‍ നിന്നെ ഗുരുകുലത്തിലെത്തിക്കാം". 

അവന്‍ ഉടനെ കുതിരപ്പുറത്തു കയറി. ക്ഷണത്തില്‍ ഗുരുകുലത്തിലെത്തി. അപ്പോള്‍ ഗുരുപത്നി കുളിച്ചു തലമുടി. വേര്‍പെടുത്തിക്കൊണ്ട്‌ ഉത്തങ്കന്‍ വന്നില്ലല്ലോ? എന്നു വിഷാദിച്ചു ശപിക്കുവാന്‍ വിചാരിച്ചു. 

പെട്ടെന്ന്‌ അവന്‍ ഉപാദ്ധ്യായിനിയുടെ മുമ്പില്‍ എത്തി അവളെ അഭിവാദ്യം ചെയ്തു. അവള്‍ക്ക്‌ ഉത്തങ്കന്‍ കുണ്ഡലങ്ങള്‍ കൊടുത്തു. അവള്‍ പുഞ്ചിരിയോടെ കുണ്ഡലം വാങ്ങി ഉത്തങ്കനോടു. പറഞ്ഞു: "ഉണ്ണീ! ഉത്തങ്ക! നിനക്കു സ്വാഗതം! വേണ്ട സമയത്തു നീ എത്തേണ്ട ദിക്കില്‍ എത്തി. ഉണ്ണീ, നിര്‍ദ്ദോഷിയായ നിന്നെ ഞാന്‍ ശപിച്ചേനെ. നിനക്കു ശ്രേയസ്സു വന്നുകൂടും".

അവിടെ നിന്ന്‌ ഉത്തങ്കന്‍ ഉപാദ്ധ്യായനെ അഭിവാദ്യം ചെയ്തു. ഗുരു അവനോടു പറഞ്ഞു: "ഉണ്ണീ! ഉത്തങ്ക! നിനക്കു സ്വാഗതം! ഇത്ര താമസിച്ചത്‌ എന്തു കൊണ്ടാണ്‌?"

ഉത്തങ്കന്‍ പറഞ്ഞു: നാഗരാജാവായ തക്ഷകന്‍ എന്റെ ഈ കാരൃത്തിന്നു വിഘ്നം ചെയ്തു. അതു കൊണ്ടു ഞാന്‍ നാഗലോകത്തേക്കു പോയി. അവിടെ വെച്ച്‌ യന്ത്രത്തില്‍ വസ്ത്രം നെയ്യുന്ന രണ്ടു സ്ത്രീകളെ കണ്ടു. അതില്‍ നൂലുകളുടെ നിറം കറുപ്പും വെളുപ്പുമാണ്‌. അതെന്താണ്‌? പന്ത്രണ്ട്‌ അരമുള്ള ചക്രവും, ആറു കുമാരന്മാർ അതു തിരിക്കുന്നതും കണ്ടു. അതെന്താണ്‌? ഒരു പുരുഷനെ കാണുകയുണ്ടായി. അതാരാണ്‌? വലിയ ഒരു കുതിരയേയും കണ്ടു. അത്‌ ഏതാണ്‌? പോകും വഴിക്ക്‌ ഞാന്‍ ഒരു കാളയെ കണ്ടു. അതിന്റെ പുറത്ത്‌ ഒരു പുരുഷനുമുണ്ട്‌. അവന്‍ എന്നോട്‌ ആ കാളയുടെ ചാണകം തിന്നുവാന്‍ പറഞ്ഞു. പണ്ട്‌ ഉപാദ്ധ്യായന്‍ അതു ഭക്ഷിച്ചിട്ടുണ്ടത്രെ! ഞാന്‍ അവന്റെ വാക്കു കേട്ടു ചാണകം തിന്നു. ആ പുരുഷനാരാണ്‌? ഇതൊക്കെ ഗുരു പറഞ്ഞു തന്നാല്‍ കൊള്ളാം. 

ഉപാദ്ധ്യായന്‍ പറഞ്ഞു; ആ രണ്ടു സ്ത്രീകള്‍ ധാതാവും വിധാതാവുമാണ്‌. കറുത്തും, വെളുത്തുമുള്ള നൂലുകള്‍ രാവും പകലുമാണ്‌. പന്ത്രണ്ടു കള്ളിയുള്ള ചക്രം സംവത്സര ചക്രമാണ്‌. ആറു കുമാരന്മാർ ആറ്‌ ഋതുക്കളാണ്‌. ആ പുരുഷന്‍ പര്‍ജ്ജന്യനാണ്‌; കുതിര അഗ്നിയാണ്‌. ആ വഴിക്കു കണ്ട കാള നാഗരാജാവായ ഐരാവതമാണ്‌. അതിന്റെ പുറത്തിരിക്കുന്ന പുരുഷന്‍ ഇന്ദ്രനാണ്‌. നീ ഭക്ഷിച്ച ചാണകം അമൃതാണ്‌. അതു കൊണ്ടാണ്‌ നീ നാഗലോകത്തില്‍ മരിക്കാഞ്ഞത്‌. ആ ഭഗവാനായ ഇന്ദ്രന്‍ എന്റെ സഖിയാകയാല്‍ നിന്റെ നേരേയുള്ള കൃപയാല്‍ അനുഗ്രഹിച്ചു. അതു കൊണ്ടാണ്‌ നീ കുണ്ഡലങ്ങളും കൊണ്ടു തിരിച്ചു വന്നത്‌. ഹേ! സൗമ്യ! നീ പൊയ്ക്കൊള്ളുക! നിനക്കു ശ്രേയസ്സു വരട്ടെ. ഭഗവാനായ ഉത്തങ്കന്‍ ഉപാദ്ധ്യായന്റെ സമ്മതത്തോടു കൂടി പോന്ന്‌, തക്ഷകന്റെ നേരെ കോപിച്ച്‌, പകരം വീട്ടുവാന്‍ കരുതി, ഹസ്തിനപുരത്തേക്കു പുറപ്പെട്ടു. 

ഉത്തങ്കന്‍ ഹസ്തിനപുരത്തിലെത്തി. ജനമേജയ രാജാവിനെ കണ്ടു. അപ്പോള്‍ ജനമേജയൻ തക്ഷശില കീഴടക്കി, മന്ത്രിമാരോടു കൂടി ആ സ്ഥാനത്തില്‍ വാഴുകയായിരുന്നു. ഉത്തങ്കന്‍ രാജാവിനെ അഭിവാദ്യം ചെയ്ത്‌ ഇപ്രകാരം പറഞ്ഞു; രാജാവേ! അങ്ങ്‌ ബാലനെപ്പോലെ ഒന്നു ചെയ്യേണ്ട സമയത്തു മറ്റൊന്നു ചെയ്യുന്നത്‌ എന്താണ്‌? ഉത്തങ്കന്‍ പറഞ്ഞ വാക്കു കേട്ട്‌ രാജാവ്‌ ആ മുനിയെ പൂജിച്ചിരുത്തി ഇപ്രകാരം പറഞ്ഞു:

ഈ രാജ്യമൊക്കെ ഭരിച്ച്‌ നാട്ടുകാര്‍ക്കു ക്ഷത്രധര്‍മ്മം ഞാന്‍ ചെയ്തു വരുന്നു. ഞാന്‍ എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞാലും! അങ്ങ്‌ എന്തിനാണ്‌ ഇങ്ങോട്ടെഴുന്നള്ളിയത്‌ എന്ന്അ റിയുവാന്‍ ആഗ്രഹിക്കുന്നു. 

രാജാവിന്റെ വാക്കുകേട്ട്‌ ഉത്തങ്കന്‍ പറഞ്ഞു: രാജരാജനായ അങ്ങയുടെ അച്ഛനെ ആരാണു കൊന്നത്‌? ആ ദുഷ്ടനായ തക്ഷകനോട്‌ അങ്ങു പകരം വീട്ടുക! വിധി കല്പിച്ച ആ കര്‍മ്മവിധിക്ക്‌ കാലമായിരിക്കുന്നു. അതു കൊണ്ട്‌ മാന്യതയെ നശിപ്പിച്ച അവനോടു ഭവാന്‍ പക വീട്ടുക! ഇടിവെട്ടേറ്റ മരം പോലെയാണ്‌ അങ്ങയുടെ നല്ലവനായ അച്ഛന്‍ തക്ഷകന്റെ കടിയേറ്റു വീണത്‌. ആ തക്ഷകന്‍ ശക്തനാണെന്ന തള്ളലുള്ളവനാണ്‌. അക്രമം ചെയ്തു വികൃതിയായ അവന്‍ ഭവാന്റെ അച്ഛനെ കൊത്തി. രാജര്‍ഷി വംശം സംരക്ഷിക്കുന്ന ദേവതുല്യനായ ആ രാജാവിനെ രക്ഷിക്കുവാന്‍ പോകുന്ന കശ്യപനെ ആ ശഠന്‍ പിന്തിരിപ്പിച്ചു! 

എരിയുന്ന തീയില്‍ ആ ദുഷ്ടനെ ഹോമിക്കണം! അതിന്നായി ക്ഷണത്തില്‍ ഭവാന്‍ സര്‍പ്പസത്രത്തിന് ശ്രമിക്കുക! അങ്ങനെ ചെയ്താല്‍ അച്ഛനു വേണ്ടി പകരം ചെയ്തു എന്നു സമാധാനിക്കാം. അങ്ങനെ ചെയ്താല്‍ അത്‌ എനിക്കും വലിയ ഇഷ്ടമുള്ള കാര്യമാകും. ഗുരുവിന് വേണ്ടി ഞാന്‍ ചെയ്യുന്ന കര്‍മ്മത്തിലും ആ ദുഷ്ടന്‍ വിഘ്നമുണ്ടാക്കിയവനാണ്‌. 

ഇതു കേട്ടപ്പോള്‍ ജനമേജയന് തക്ഷകന്റെ നേരെ കോപം ഉജ്ജ്വലിച്ചു. ഉത്തങ്കന്റെ വാകൃമാകുന്ന ഹവ്യത്താല്‍, ഹവ്യത്താല്‍ അഗ്നി എന്ന പോലെ അവന്റെ ചിത്തം കത്തിക്കാളി. ഉത്തങ്കന്‍ പറഞ്ഞ്‌ അച്ഛന്റെ മരണ വൃത്താന്തം കേട്ടപ്പോള്‍ രാജാവ്‌ ശോക പ്രവാഹത്തില്‍ ആമഗ്നനായി. 

പൗലോമപര്‍വ്വം

4. കഥാപ്രവേശം - ലോമഹര്‍ഷണ പുത്രനായ ഉഗ്രശ്രവസ്സ്‌ എന്ന പൗരാണിക സൂതനന്ദനന്‍ നൈമിഷാരണ്യത്തില്‍ കുലപതിയായ ശൗനകന്റെ പന്ത്രണ്ടു കൊല്ലം കൊണ്ടു കഴിയുന്ന സത്രത്തില്‍ കൂടിയിരിക്കുന്ന മഹര്‍ഷിമാരുടെ സന്നിധിയിലെത്തി. പുരാണത്തില്‍ അറിവു നേടിയിട്ടുള്ള അവന്‍ തൊഴുതു കൊണ്ട്‌ അവരോടു പറഞ്ഞു: "നിങ്ങള്‍ക്ക്‌ എന്താണു കേള്‍ക്കേണ്ടത്‌? ഞാന്‍ എന്താണു പറയേണ്ടത്‌? ഋഷിമാര്‍ അവനോടു പറഞ്ഞു. "ലോമഹര്‍ഷണപുത്ര! ഞങ്ങള്‍ കഥ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്‌. ഞങ്ങളോട്‌ ഭവാന്‍ പുണൃകഥകള്‍ പറയണം. ഭഗവാനായ കുലപതി ശൗനകന്‍ അഗ്നിശാലയിലാണ്‌. മുനിമാരുടേയും, ദേവാസുരന്മാരുടേയും, നരന്മാരുടേയും, സര്‍പ്പങ്ങളുടേയും, ഗന്ധര്‍വ്വന്മാരുടേയും വാര്‍ത്തകള്‍ പലതും കേട്ടറിഞ്ഞ കുലവൃദ്ധനാണ്‌ അദ്ദേഹം. ദക്ഷനും, ധീമാനും, വ്രതനിഷ്ഠനും, ആരണ്യവാസിയും, ഗുരുവും, സത്യവാദിയും, ശാന്തനും, തപസ്വിയും, ഞങ്ങള്‍ക്കൊക്കെ മാന്യനുമാണ്‌ ശൗനകന്‍. അദ്ദേഹം എത്തിയിട്ട്‌, പരമാസനത്തില്‍ ഇരുന്നതിന് ശേഷം കഥ ആരംഭിക്കാം. ആ മുനി ചോദിക്കുന്നതൊക്കെ ഭവാന്‍ പറയണം". 

സൂതന്‍ പറഞ്ഞു; അപ്രകാരമാകട്ടെ! മുനി ഇരുന്നതിന് ശേഷം അദ്ദേഹം ചോദിക്കുന്ന പുണ്യകഥകള്‍ എല്ലാം ഞാന്‍ പറയാം.

ആ മുനി, കര്‍മ്മങ്ങളൊക്കെ യഥാവിധി ചെയ്ത്‌, വാക്കു കൊണ്ടും, ജലം കൊണ്ടും, ദേവന്മാരേയും, പിതൃക്കളേയും തര്‍പ്പിച്ച്‌, വന്നു ചേര്‍ന്നു. സുവ്രതധാരികളായ സിദ്ധബ്രഹ്മര്‍ഷികള്‍ സൂതപുത്രന്റെ നേരിട്ട്‌ പ്രീതരായി ഇരുന്നു. ഋത്വിക്‌ സദസ്യ പ്രമുഖന്മാര്‍ ഒത്തു ചേര്‍ന്ന്‌ അങ്ങനെ ഇരുന്നതിന് ശേഷം താനും ഇരുന്നു. കുലപതിയായ ശൗനകന്‍ പറഞ്ഞു. 

5. പുലോമാഗ്നി സംവാദം - ശൗനകന്‍ പറഞ്ഞു: പണ്ട്‌ അങ്ങയുടെ അച്ഛന്‍ പുരാണങ്ങളൊക്കെ പഠിച്ചു. ലോമഹര്‍ഷണ പുത്ര, അതൊക്കെ അങ്ങയ്ക്കും അറിയുമോ? പുരാണത്തിലെ ദിവ്യമായ കഥകള്‍, ആദിവംശ ക്രമങ്ങള്‍ എന്നിവയൊക്കെ അങ്ങയുടെ അച്ഛനായ ലോമഹര്‍ഷണന്‍ പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഹേ, ഉഗ്രശ്രവസ്സേ, ആദിഭാര്‍ഗ്ഗവ വംശത്തെക്കുറിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതു കൊണ്ട്‌ ശ്രുതികള്‍ കേള്‍ക്കുവാന്‍ ആസക്തരായ ഞങ്ങളോട്‌ ആ ചരിത്രം ഭവാന്‍ പറഞ്ഞാലും. 

സൂതന്‍ പറഞ്ഞു: പണ്ട്‌ വൈശമ്പായനാദികളായ പണ്ഡിത ദ്വിജ സത്തമന്മാര്‍ പഠിച്ചതും, പിന്നെ പരക്കെ പറഞ്ഞു കൊടുത്തതും, അവിടെ നിന്ന്‌ അച്ഛന്‍ പഠിച്ചതും, അച്ഛനില്‍ നിന്ന്‌ ഞാന്‍ ഗ്രഹിച്ചതും ആയ കഥകള്‍ ഞാന്‍ പറയാം. നിങ്ങള്‍ സശ്രദ്ധം കേട്ടു കൊള്ളുക! 

ഇന്ദ്രന്‍ മുതലായ ദേവന്മാരും, മുനിമാരും, ശ്ലാഘിക്കുന്ന ഒരു കുലമാണ്‌ ഭാര്‍ഗ്ഗവകുലം. ഹേ, ഭൃഗുനന്ദന! ഞാന്‍ ഈ ഭൃഗുവംശത്തെപ്പറ്റി ആദ്യമായി പറയാം. ഇത്‌ പുരാണാശ്രയമായിട്ടുള്ളതാണ്‌. ബ്രഹ്മാവില്‍ നിന്ന്‌, വരുണന്റെ ബ്രഹ്മയജ്ഞത്തില്‍ വെച്ച്‌, വഹ്നിയില്‍ ഭൃഗു ജനിച്ചു എന്ന് ഞാന്‍ കേട്ടിരിക്കുന്നു. ഭൃഗുവിന്റെ ഇഷ്ടപുത്രനായ ഭാര്‍ഗ്ഗവന്‍, മഹാനായ ച്യവനന്‍ ആകുന്നു. 

ച്യവനന്റെ മകൻ ധാര്‍മ്മികനായ പ്രമതി. പ്രമതിക്ക്‌ ഘൃതാചിയില്‍ രുരു എന്ന പുത്രന്‍ ഉണ്ടായി. രുരുവിന് പ്രമദ്വരയില്‍ അതിധാര്‍മ്മികനായ ശുനകന്‍ ഉണ്ടായി. ശുനകന്റെ പുത്രനാണ്‌ വേദപാരഗനായ നിന്റെ പിതാമഹന്‍. അദ്ദേഹം തപസ്സ്‌, കീര്‍ത്തി, അറിവ്‌, തത്ത്വജ്ഞാനം എന്നിവയുള്ളവനും, സത്യവാദിയും, ധര്‍മ്മനിയതനും, നിയതാശയനുമാണ്‌. 

ശൗനകന്‍ പറഞ്ഞു: ഹേ! സൂതപുത്ര, മഹാത്മാവായ ഭാര്‍ഗ്ഗവന്, ച്യവനന്, എങ്ങനെയാണ്‌ ച്യവനന്‍ എന്നു പേരുണ്ടായത്‌?

സൂതന്‍ പറഞ്ഞു: പുലോമ എന്നായിരുന്നു ഭൃഗുമഹര്‍ഷിയുടെ ഭാര്യയുടെ പേര്‌. അവള്‍ പ്രസിദ്ധമായ ഗുണങ്ങള്‍ തികഞ്ഞവളായിരുന്നു. ഭൃഗുവീരൃത്താല്‍ അവള്‍ ഗര്‍ഭിണിയായിരിക്കെ, മഹര്‍ഷി സ്‌നാനത്തിന് ഒരു ദിവസം പോയ സമയത്ത്‌, പുലോമന്‍ എന്നു പേരായ ഒരു രാക്ഷസന്‍ ആശ്രമത്തില്‍ വന്നു കയറി. പുലോമന്‍ ആശ്രമത്തില്‍ പുലോമയെ കണ്ട്‌ കാമാര്‍ത്തനായി. കാമശരങ്ങളേറ്റു വലഞ്ഞ്‌ അവന്‍ അവളെ കൊണ്ടു പോകുവാന്‍ വിചാരിച്ചു. കാര്യം ശരിയായി എന്ന് അവന്‍ മനസ്സില്‍ മന്ത്രിച്ചു. ഈ പുലോമയെ മുമ്പേ കണ്ട്‌ ഇവന്‍ ഭ്രമിച്ച്‌ മനസാവരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അച്ഛന്‍ യഥാവിധി ഭൃഗുവിനാണ്‌ അവളെ ദാനം ചെയ്തത്‌. ആ കറ അവന്റെ ഉള്ളിലുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തില്‍ കാര്യം നേടി എന്ന് അവന്‍ വിചാരിച്ചു. ഹരണം തന്നെ യുക്തമെന്നു വിചാരിച്ച്‌ അവന്‍ ചുറ്റും നോക്കി. ആരേയും കണ്ടില്ല. എന്നാൽ യാഗശാലയില്‍ അഗ്നികത്തുന്നുണ്ടായിരുന്നു: അവളെ കൊണ്ടു പോകുന്നത്‌ അഗ്നി കാണും: അറിയും! 

ആ രാക്ഷസന്‍ അഗ്നിയോടു ചോദിച്ചു; ഹേ, അഗ്നി, ഇവള്‍ ആരുടെ ഭാര്യയാണ്‌? നേരു പറയുക! നീ ദേവന്മാരുടെ മുഖമാണല്ലോ. നീ സത്യം പറയണം. മുമ്പ്‌ ഞാന്‍ ഇവളെ ഭാര്യയാക്കുവാന്‍ വരിച്ചതാണ്‌. അന്യായമായി പിന്നീടു ഭൃഗുവിന്ന്‌ ഇവളുടെ അച്ഛന്‍ നല്കി. രഹസ്സില്‍ നില്ക്കുന്ന ഇവള്‍ ഭൃഗുവിന്റെ ഭാര്യയാണെങ്കില്‍ ഭവാന്‍ സത്യം പറയണം. ഇവളെ ഞാന്‍ ബലമായി കൊണ്ടു പോകും. എന്റെ ഉള്ളില്‍ ഇന്നും ദുഃഖം നീറിക്കൊണ്ടു നില്ക്കുന്നു. എന്റെ പൂര്‍വ്വഭാര്യയെ ഭൃഗു നേടിയതു കൊണ്ട്‌ ഹൃദയം ചുട്ടു നീറുന്നു. 

സൂതന്‍ പറഞ്ഞു: ഒന്നും പറയാതെ മടിച്ചു നില്ക്കുന്ന അഗ്നിയോട്‌ അവന്‍ വീണ്ടും വീണ്ടും ചോദിച്ചു: ഹേ അഗ്നി, നീ സര്‍വ്വലോകാന്തര്യാമിയല്ലേ! പുണൃപാപങ്ങള്‍ക്കു സാക്ഷിയല്ലേ! സത്യം പറയണം! എന്റെ പൂര്‍വൃഭാര്യയായ ഇവളെ ഭൃഗു അന്യായമായി, നേടിയതാണ്‌. ഇതാണു പരമാര്‍ത്ഥമെങ്കില്‍ നീ സത്യം പറയണം. അങ്ങു പറഞ്ഞാല്‍ ഞാന്‍ ഇവളെ കൊണ്ടു പോകാം. ഹേ അഗ്നി, നീ കാൺകെ തന്നെ കൊണ്ടു പോകാം. നീ സത്യം കഥിക്കൂ!

സൂതന്‍ പറഞ്ഞു; ഇപ്രകാരം അവന്‍ അഗ്നിയോടു പറഞ്ഞപ്പോള്‍ അഗ്നി ധര്‍മ്മസങ്കടത്തിലായി. അസത്യം പറഞ്ഞാല്‍ ഭൃഗു ശപിക്കുമെന്നുള്ള ഭയത്തോടെ അഗി പറഞ്ഞു: ഹേ! ദാനവേന്ദ്ര, ഈ പുലോമ അങ്ങു വരിച്ചവള്‍ തന്നെയാണ്‌. എന്നാൽ മന്ത്രത്തോടെ വിധി പോലെ വേട്ടവളല്ല ഇവള്‍. വിധി പ്രകാരം ഭൃഗുവിനാണ്‌ ഇവളെ അച്ഛന്‍ നല്കിയത്‌. കീര്‍ത്തിമാനായ അവളുടെ അച്ഛന്‍ ഭവാനു നല്കിയിട്ടില്ല. വേദോക്ത കര്‍മ്മങ്ങള്‍ കൊണ്ട്‌ എന്നെ സാക്ഷീകരിച്ച്‌ വിധി പോലെ ഇവളെ ഭൃഗു വരിച്ചു. ആ നിലയ്ക്ക്‌ ഞാന്‍ പൊളി പറയുവാന്‍ വിചാരിക്കുന്നില്ല. അനൃതം ഒരിക്കലും പൂജ്യമല്ല, തീര്‍ച്ചയാണ്‌ ദാനവസത്തമ!

6. അഗ്നിശാപം - സൂതന്‍ പറഞ്ഞു: ഹേ ദ്വിജോത്തമന്മാരെ, അഗ്നിയുടെ വാക്കു കേട്ടപ്പോള്‍ രാക്ഷസന്‍ വരാഹ രൂപമെടുത്ത്‌ അവളെ പിടിച്ച്‌ വായുവേഗത്തില്‍ കൊണ്ട്‌ ഓടിക്കളഞ്ഞു. ഉടനെ അവളുടെ വയറ്റിലെ ഗര്‍ഭം ഇളകി ച്യവനം ചെയ്തു. അലസി പുറത്തു ചാടി. അങ്ങനെ ച്യവനം ചെയ്തതു മൂലം അവന് ച്യവനന്‍ എന്ന പേരു പ്രസിദ്ധമായി. ജനനിയുടെ ജഠരത്തില്‍ നിന്നു പുറത്തു വന്ന്‌ ഘനസൂരൃപ്രകാശനായി ശോഭിക്കുന്ന കുട്ടിയെ കണ്ട്‌ ഉടനെ, രക്ഷസ്സ്‌ ആ തേജസ്സില്‍ ഭസ്മമായി പോയി.

ഭൃഗുനന്ദനനായ ആ ച്യവനച്ചെറു പൈതലിനെ എടുത്ത്‌ ദുഃഖത്തോടെ അവള്‍ ആശ്രമത്തിലേക്കു മടങ്ങി. ദുഃഖിച്ച്‌ കണ്ണുനീരൊലിപ്പിച്ചു കരയുന്ന തന്റെ പുത്രഭാര്യയായ ഭൃഗുപത്നിയെ കണ്ട്‌ ബ്രഹ്മാവ്‌ സാന്ത്വനം ചെയ്തു. അവളുടെ ധാരധാരയായി ഒഴുകുന്ന കണ്ണുനീരാല്‍, പോയ വഴിക്ക്‌, ഒരു പുഴയായി ഒഴുകി. ആ തന്വിയുടെ കണ്ണുനീരു കൊണ്ടുണ്ടായ പുഴ കണ്ട്‌, തന്റെ വധുവിന്റെ കണ്ണുനീര്‍പ്പുഴയ്ക്ക്‌ "വധൂസര" എന്ന് ലോകപിതാമഹനായ ബ്രഹ്മാവ്‌ പേരു കൊടുത്തു. ഇന്നും ച്യവനാശ്രമ ഭാഗത്തേക്ക്‌ അത്‌ ഒഴുകുന്നു. 

ഇപ്രകാരമാണ്‌ ഭൃഗുപുത്രനായ ഭഗവാന്‍ ച്യവനന്‍ ജനിച്ചത്‌. ചൃവനനേയും തന്റെ തരുണിയായ ഭാര്യയേയും ഭൃഗു കണ്ടു. അവന്‍ കോപിച്ച്‌ പുലോമയോടു ചോദിച്ചു. 

ഭൃഗു പറഞ്ഞു; നിന്നെ ഹരിക്കുവാന്‍ വന്ന ആ രക്ഷസ്സോട് ആരാണ്‌ നിന്നെ പറഞ്ഞു കൊടുത്തത്‌? സുമുഖിയായ നീ എന്റെ ഭാര്യയാണെന്നുള്ള വൃത്താന്തം മറ്റാരും പറയാതെ അവന്‍ അറിയുകയില്ലു. വേഗം പറയൂ! ഞാന്‍ അവനെ ഇപ്പോള്‍ ശപിക്കും. ഈ എന്റെ ശാപത്തെ ഭയപ്പെടാത്ത ഏതൊരുത്തനാണ് ഈ വികൃതി ചെയ്തത്‌?

പുലോമ പറഞ്ഞു: എന്നെ ആ രക്ഷസ്സിന് കാട്ടിക്കൊടുത്തത്‌ അഗ്നിയാണ്‌. പിന്നെ കുരരിപ്പക്ഷി പോലെ വിലപിക്കുന്ന എന്നെ ബലമായി ആ രാക്ഷസന്‍ പിടിച്ചു കൊണ്ട്‌ ഓടി. ഈ സല്‍പ്പുത്രന്റെ മഹസ്സാല്‍ ഞാന്‍ രക്ഷപ്പെട്ടു. എന്നെ കൈവിട്ട അവന്‍ വെണ്ണീറായി വീണു. ആ ദുഷ്ടരാക്ഷസന്‍ അവസാനിച്ചു. 

ഇപ്രകാരം അവള്‍ പറഞ്ഞപ്പോള്‍ ഭൃഗുവിന് അഗ്നിയുടെ നേരെ കോപമുണ്ടായി. അഗ്നിയെ നോക്കി ശപിച്ചു; ഹേ അഗ്നീ, നീ സര്‍വ്വഭക്ഷകനാകട്ടെ! 

7. അഗ്നിശാപമോചനം - സൂതന്‍ പറഞ്ഞു: ഭൃഗുവിന്റെ ശാപമേറ്റ അഗ്നി കോപത്തോടെ പറഞ്ഞു: ഹേ, ബ്രാഹ്മണ! ഞാന്‍ എന്ത്‌ അധർമ്മമാണു ചെയ്തത്‌? എന്നില്‍ എന്തൊരു സാഹസമാണ്‌ ഭവാന്‍ കാണിച്ചത്‌! ധര്‍മ്മത്തില്‍ യത്നം ചെയ്യുന്നവനും സത്യം പറയുന്നവനും ഫലം ഒപ്പമാണ്‌. ചോദിച്ചവനോടു സത്യം പറയുന്നത്‌ എങ്ങനെ അക്രമമാകും? ചോദിക്കുന്നവനോട്‌ യാഥാര്‍ത്ഥ്യം മറച്ച്‌ അസത്യം പറഞ്ഞാല്‍ അവന്റെ കുലത്തില്‍ മേലും കീഴുമായി ഏഴു തലമുറ കെട്ടുപോകും! കാര്യത്തിന്റെ വാസ്തവം. അറിഞ്ഞിട്ട്‌ ഒന്നും മിണ്ടാതിരിക്കുന്നവന്‍ തീര്‍ച്ചയായും അതിന്റെ പാപം അനുഭവിക്കും. അങ്ങയെ ശപിക്കുവാനുള്ള കെല്‍പ്‌ എനിക്കുമുണ്ട്‌. എന്നാൽ ബ്രാഹ്മണര്‍ പൂജ്യരാണെന്നു വിചാരിച്ച്‌ ഞാന്‍ അതു ചെയ്യുന്നില്ല. അറിവുള്ളവനായ അങ്ങയോടു ചിലത്‌ ഞാന്‍ അറിയിക്കാം. ഈ ഞാന്‍ യോഗത്താല്‍ മൂര്‍ത്തി ഭേദം പൂണ്ടാണു നില്ക്കുന്നത്‌. അഗ്നിഹോത്രം, മഖം, സത്രം, മറ്റു ക്രിയകള്‍ ഇവറ്റിലൊക്കെ ഞാന്‍ നില്ക്കുന്നു. വേദോക്തമായ വിധി അനുസരിച്ച്‌, എന്നില്‍ ഹോമിക്കുന്ന ഹവിസ്സാല്‍ ദേവന്മാരും പിതൃക്കളും കേവലം തൃപ്തരാകുന്നു. സോമരസം, നെയ്യ്‌, പാല്‌, ജലം എന്നിവയാണല്ലോ പിതൃദേവഗണങ്ങളാകുന്ന ദേവകള്‍ക്കും പിതൃക്കള്‍ക്കും കറുത്ത വാവും വെളുത്ത വാവും. പിതൃവര്‍ഗ്ഗം ദേവകളാണ്‌, ദേവവര്‍ഗ്ഗം പിതൃക്കളാണ്‌. പര്‍വ്വങ്ങള്‍ തോറും ഇവര്‍ ഒന്നിച്ചും ഭിന്നിച്ചും കാണാം. എന്നില്‍ ഹോമിക്കുന്നത്‌ ഉണ്ണുന്നവരാണ്‌ ദേവകളും പിതൃക്കളും. ദേവകള്‍ക്കും പിതൃക്കള്‍ക്കും ഞാന്‍ കേവലം മുഖമാണ്‌. അമാവാസി പിതൃക്കള്‍ക്കും പൗര്‍ണ്ണമാസി ദേവകള്‍ക്കും കാലമാകുന്നു. ഇങ്ങനെ ദേവപിതൃക്കള്‍ക്കു മുഖമാകുന്ന ഞാന്‍ എങ്ങനെ സര്‍വ്വഭക്ഷകനാകുന്നു?

പിന്നെ അഗ്നി തന്നെത്താന്‍ വിചാരിച്ച്‌ അടങ്ങി, അന്തര്‍ദ്ധാനംചെയ്തു. ദ്വിജന്മാരുടെ അഗ്നിഹോത്രം, യജ്ഞം, സത്രക്രിയ ഈ വക കാര്യങ്ങളില്‍ ഓങ്കാര വഷള്‍ക്കാര സ്വധാ സ്വാഹകൾ ഇല്ലാതെ പോയി. പ്രജകളെല്ലാം അഗ്നിയില്ലാതെ ധര്‍മ്മസങ്കടത്തിലായി. ഉടനെ മാമുനിമാര്‍ ചെന്ന്‌ ദേവന്മാരെ ഉണര്‍ത്തി: അഗ്നിനാശം മൂലം ക്രിയാധ്വംസം വന്നു. ഇവ രണ്ടിന്റേയും നാശത്താല്‍ മൂന്നു ലോകവും കുഴങ്ങിപ്പോയി. ഇനി വേണ്ടതു ചെയ്യണം ദേവന്മാരെ, വൈകരുത്‌. പിന്നെ മഹര്‍ഷിമാര്‍ ബ്രഹ്മാവിനെ പോയിക്കണ്ടു. അഗ്നിനാശവും, ക്രിയാനാശവും, സംഹാരവും ഒക്കെ ഉണര്‍ത്തിച്ചു. ദേവര്‍ഷികള്‍ പറഞ്ഞു: "ഭൃഗു എന്തോ കാരണത്താല്‍ ശപിച്ചതു മൂലം ഇപ്പോള്‍ ദേവകള്‍ക്ക്‌ മുഖവും യജ്ഞഭാഗങ്ങള്‍ക്ക്‌ അഗ്രഭുക്കും ആയ ഹുതാശനന്‍, കഷ്ടം! സര്‍വ്വദക്ഷകനായി തീര്‍ന്നിരിക്കുന്നു". 

സൂതന്‍ പറഞ്ഞു: ഇതുകേട്ടു ബ്രഹ്മാവ്‌ അഗ്നിയെ അരികെ വിളിച്ചു സൗമ്യമായി പറഞ്ഞു: "എടോ, അഗ്നി, സര്‍വ്വലോകത്തേയും സൃഷ്ടിക്കുന്നതും, സംഹരിക്കുന്നതും, വിശ്വം ഭരിക്കുന്നതും, ക്രിയകള്‍ ചെയ്യിക്കുന്നതും നീയാണല്ലോ! ലോകേശനായ ഭവാന്‍ ക്രിയാനാശം വരാതിരിക്കുവാന്‍ ഉദ്യമിക്കുക! വിശ്വേശനായ ഭവാന്‍ എന്തിന് വിഷാദിക്കുന്നു; സര്‍വ്വശുദ്ധിസ്വരൂപനാണല്ലോ ഭവാന്‍! സര്‍വ്വഭൂതഗനുമാണല്ലോ! എല്ലാ ഭാവരൂപങ്ങളാലും ഭവാന്‍ ഒരിക്കലും സര്‍വ്വഭക്ഷകനായിത്തീരുന്നതല്ല. ശിഖിയായ ഭവാന്‍ അശുദ്ധസ്ഥലങ്ങളിലെ ജ്വാലയാല്‍ സര്‍വ്വഭക്തനാകുന്നു. മാംസം ഭക്ഷിക്കുന്ന നിന്റെ തനുവും, സര്‍വ്വവും ഭക്ഷിച്ചു കൊള്ളും. ദിവൃമായ സൂരൃകിരണം തട്ടുമ്പോള്‍ സര്‍വ്വവും ശുദ്ധമാകുന്നത് പോലെ നിന്റെ. ജ്വാലയില്‍ ചുട്ടതൊക്കെ ശുദ്ധമായി വരട്ടെ! ഹേ അഗ്നീ, സ്വയമേവ ഉല്‍ഗതനായ നീ പരമമായ ജ്യോതിസ്സാണെന്നുള്ളത്‌ സര്‍വ്വസമ്മതമാണല്ലോ! മുനിയുടെ ശാപം നീ സത്യമാക്കുക. മുഖത്തില്‍ ഹോമിക്കുന്ന ദേവഭാഗവും നീ വാങ്ങുക. നീ തൊട്ടതൊക്കെ ശുദ്ധമാകും! നിന്നെ അശുദ്ധമാക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. 

സൂതന്‍ പറഞ്ഞു: ബ്രഹ്മാവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ അഗ്നി അങ്ങനെയാകാമെന്നു സമ്മതിച്ചു. വിധിയായ വിരിഞ്ചന്റെ വിധി അനുഷ്ഠിക്കുവാന്‍ ഗമിച്ചു. ദേവര്‍ഷികള്‍ വന്ന വഴിക്കു തന്നെ പോയി. മുമ്പത്തെപ്പോലെ മുനിമാര്‍ ക്രിയ നടത്തി. ദ്യോവില്‍ ദേവകള്‍ മോദിച്ചു! ഭൂമിയില്‍ ലോകരും മോദിച്ചു! അഗ്നി കല്മഷം തീര്‍ന്നു തെളിഞ്ഞു! ഇപ്രകാരം ഭൃഗു മഹര്‍ഷിയില്‍ നിന്ന്‌ പാവകന്‍ ശാപമേറ്റു. അഗ്നിശാപഭാവം ഉള്ള ഇതിഹാസവും പുലോമനാശവും, സാക്ഷാല്‍ ച്യവനന്റെ ജനനവും ഇപ്രകാരമാണ്‌. 

8. പ്രമദ്വരാസര്‍പ്പദംശം - സൂതന്‍ പറഞ്ഞു: ച്യവനന്‍ വളര്‍ന്നു വന്നു. അവന്‍ സുകന്യയെ വിവാഹം ചെയ്തു. അവളില്‍ പ്രമതി എന്നു പേരായി ദീപ്തശക്തിമാനായി ഒരു പുത്രനുണ്ടായി. പ്രമതി യോഗ്യനായി വളര്‍ന്നു. ഘൃതാചി എന്ന ഭാര്യയില്‍ അവന് രുരു എന്നു പേരായി ഒരു പുത്രന്‍ ജനിച്ചു. രുരു വളര്‍ന്നു വന്നു. അവന്‌ പ്രമദ്വര എന്നവളില്‍ ശുനകന്‍ എന്ന പുത്രന്‍ ജനിച്ചു. ശുനകന്‍ മഹാതത്വനും, കീര്‍ത്തിമാനുമായി വളര്‍ന്നു. തപോനിധിയും, തേജസ്വിയുമായ രുരുവിന്റെ കഥ ബ്രാഹ്മണരേ, ഞാന്‍ വിസ്തരിച്ചു പറയാം. ശ്രദ്ധയോടു കൂടി കേള്‍ക്കുക!

പണ്ട്‌ തപോവിദ്യാ വിശാരദനായി, സര്‍വ്വഭൂത ഹിതകാരിയായി, സ്ഥൂലകേശന്‍ എന്നു പേരായി ഒരു മുനി ഉണ്ടായിരുന്നു. അക്കാലത്ത്‌ വിശ്വാവസു എന്ന ഒരു ഗന്ധര്‍വ്വനായകന്‍ അപ്സരസ്സായ മേനകയെ കാമിച്ച്‌ അവള്‍ക്കു ഗര്‍ഭം ഉല്‍പാദിപ്പിച്ചു. അവള്‍ സ്ഥൂലകേശന്റെ ആശ്രമത്തിന്റെ സമീപത്തില്‍ പ്രസവിച്ചു. പ്രസവിച്ച ഉടനെ ശിശുവിനെ ഉപേക്ഷിച്ച്‌ അവള്‍ പോയി. മേനക ഉപേക്ഷിച്ച്‌ ഇട്ടു പോയ പെണ്‍കുട്ടിയെ സ്ഥൂലകേശന്‍കണ്ടു. ആ കൂട്ടിയെ എടുത്ത്‌ മുനി കരുണയോടെ വളര്‍ത്തി. ജാതകര്‍മ്മാദികളൊക്കെ ചെയ്ത്‌ അവളെ പാലിച്ചു. സത്വരൂപഗുണം കൊണ്ട്‌ ആ പ്രമദ വരയായി വളര്‍ന്നതു കൊണ്ട്‌ പ്രമദ്വര എന്ന് അവള്‍ക്ക്‌ മുനി പേരു കൊടുത്തു. ഈ പ്രമദ്വരയെക്കണ്ട്‌ രുരു കാമമോഹിതനായി. ഒരു മിത്രം വഴിക്ക്‌ അവന്‍ ആ പുണ്യാശ്രമത്തില്‍ വിവരം അച്ഛനായ സ്ഥൂലകേശനെ അറിയിച്ചു. പ്രമദ്വരയെ തനിക്ക്‌ വിവാഹം ചെയ്തു കൊടുക്കുവാനുള്ള രുരുവിന്റെ അഭ്യര്‍ത്ഥന സ്ഥൂലകേശന്‍ സ്വീകരിച്ചു. അവളെ അവന് നല്കുവാന്‍ തീര്‍ച്ചപ്പെടുത്തി. വേളി ഉത്രം നക്ഷത്രത്തില്‍ നിശ്ചയിച്ചു. വിവാഹം അടുത്ത ദിവസം, ആ കന്യക സഖിമാരോടു കൂടി കളിച്ചു നടക്കുമ്പോള്‍ വിലങ്ങനെ കിടന്നുറങ്ങുന്ന ഒരു പാമ്പിനെ അറിയാതെ ചവിട്ടി. കാലചോദിതനായ ആ പാമ്പ്‌ അവന്റെ വിഷോഗ്രമായ പല്ലു കൊണ്ട്‌, പരിഭ്രാന്തയായ ബാലികയുടെ ദേഹത്തില്‍ കടിച്ചു. ഉടനെ അവള്‍ ഭൂമിയില്‍ വിണു, കരുവാളിച്ച്‌, ശോഭ കെട്ട്‌ ആഭരണം ചിന്നി, ആര്‍ത്തയായി മോഹാലസ്യപ്പെട്ടു. ബന്ധുക്കള്‍ക്ക്‌ ദുഃഖം വളര്‍ത്തുന്ന വിധം മുടി ചിന്നിക്കിടന്നു. ജീവന്‍ അറ്റുകിടക്കുന്ന അവളെ നോക്കുവാന്‍ വിഷമമുണ്ടെകിലും അവള്‍ മനോഹാരിണിയായി തന്നെ വിളങ്ങി. ഉറങ്ങിക്കിടക്കുന്ന ഒരു മനോമോഹിനി പോലെ അവള്‍ ഉരഗക്ഷതയാണെങ്കിലും ശോഭിച്ചു. ആ മനോജ്ഞാംഗി താഴെ വീണു കിടക്കുന്നത്‌ മഹര്‍ഷിമാരും പിതാവും കണ്ടു സങ്കടപ്പെട്ടു. ഉടനെ എല്ലാ ദ്വിജന്മാരും കനിവോടെ എത്തി. സ്വസ്ത്യാത്രേയന്‍, കുശികന്‍, ശംഖമേഖലന്‍, ഉദ്ദാലകന്‍, കഠന്‍, ശ്വേതൻ, ഭരദ്വാജന്‍, കൗണകുത്സ്യന്‍, ആര്‍ഷ്ടിഷേണന്‍, പുത്രനോടു കൂടിയ ഗൗതമന്‍, പ്രമതി, മറ്റു മുനിമുഖ്യന്മാര്‍ ഇവരൊക്കെ ഭുജംഗ വിഷമേറ്റു മരിച്ചു കിടക്കുന്ന അവളെ കണ്ട്‌ കനിവോടെ കേണു. രുരു മാത്രം പുറത്തു പോയി. മറ്റു വിപ്രന്മാരൊക്കെ അവിടെ ഇരുന്നു. 

9. പ്രമദ്വരാജീവനം - സൂതന്‍ പറഞ്ഞു: ആ വിപ്രരൊക്കെ അവിടെ ഇരിക്കുമ്പോള്‍ രുരു വന്‍കാട്ടില്‍പ്പോയി സങ്കടപ്പെട്ടു കരഞ്ഞു. ശോകാധിക്യം മൂലം അവന്‍ കാട്ടില്‍ ഇപ്രകാരം മുറയിട്ടു കരഞ്ഞു. 

രുരു പറഞ്ഞു: എനിക്കും ബന്ധുജനങ്ങള്‍ക്കും സങ്കടം വളര്‍ത്തി നീ വെറും മണ്ണിലല്ലേ മരിച്ചു കിടക്കുന്നത്‌! ഇതില്‍പ്പരം സങ്കടം എന്താണ്‌! ഞാന്‍ തപസ്സും ദാനവും ഗുരുസേവയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ വല്ലഭ ജീവനോടെ എഴുന്നേല്‍ക്കട്ടെ! മനസ്സു വെച്ച്‌ ഞാന്‍ വ്രതം ഏറ്റിട്ടുണ്ടെങ്കില്‍ പ്രമദ്വര എഴുന്നേല്ക്കട്ടെ!

സൂതന്‍ പറഞ്ഞു: അവന്‍ നിലവിളിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു ദേവദൂതന്‍ കാട്ടില്‍ വന്ന്‌ രുരുവിനോടു പറഞ്ഞു. 

ദേവദൂതന്‍ പറഞ്ഞു: ഹേ, രുരു! നീ സങ്കടപ്പെട്ട്‌ ഈ പറഞ്ഞതു വൃഥാവിലാണ്‌. ഹേ മഹാത്മാവേ, മൃതിപ്പെട്ടവരുണ്ടോ ജീവിക്കുന്നു? ഈ ഗന്ധര്‍വ്വാപ്സര കനൃകയ്ക്ക്‌ ആയുസ്സ്‌ അവസാനിച്ചു. ശ്രേഷ്ഠ, നീ മാഴ്കരുത്‌! പണ്ട്‌ ദേവകള്‍ ഒരുപായം കല്പിച്ചിട്ടുണ്ട്‌. അതു ചെയ്താല്‍ നിന്റെ പ്രമദ്വരയെ നിനക്കു ലഭിക്കും.

രുരു പറഞ്ഞു: ദേവദൃഷ്ടമായ ഉപായം എന്താണ്‌? ഹേ, ഖേചര, ഞാന്‍ അതു ചെയ്യാം. എന്നെ രക്ഷിക്കണേ!

ദേവദൂതന്‍ പറഞ്ഞു; ഹേ, രുരു! നിന്റെ ആയുസ്സില്‍ പകുതി അവള്‍ക്കു ദാനം ചെയ്യുക! എന്നാൽ അവള്‍ എഴുന്നേല്ക്കും! നിന്റെ ഭാര്യ ജീവിക്കും! 

രുരു പറഞ്ഞു; ഹേ, ഖേചരോത്തമ, ഞാന്‍ എന്റെ ആയുസ്സില്‍ പകുതി കന്യകയ്ക്കു നല്കാം. അഴകു തികഞ്ഞ എന്റെ പ്രിയ എഴുന്നേല്ക്കട്ടെ! 

സൂതന്‍ പറഞ്ഞു; പിന്നെ ഗന്ധര്‍വ്വരാജാവും ധന്യനായ ദേവദൂതനും ധര്‍മ്മരാജാവിനെ പോയി കണ്ട്‌ വിനയത്തോടെ പറഞ്ഞു: ഭാര്യയായ പ്രമദ്വര മൃതയാണെങ്കിലും രുരുവിന്റെ അര്‍ദ്ധായുസ്സു കൊണ്ട്‌, ധര്‍മ്മരാജാവേ, ജീവിക്കുവാന്‍ സമ്മതിച്ചാലും! 

ധര്‍മ്മരാജാവു പറഞ്ഞു: പ്രമദ്വര രുരുവിന്റെ ഭാരൃയാണെങ്കില്‍ രുരുവിന്റെ അര്‍ദ്ധായുസ്സു കൊണ്ടു ജീവിക്കും.

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ ഉടനെ പ്രമദ്വര ഉറങ്ങി ഉണരുന്ന വിധത്തില്‍ എഴുന്നേറ്റു. രുരുവിന്റെ ജാതകത്തില്‍ നിന്ന്‌ ദീര്‍ഘായുസ്സില്‍ പകുതി ഭാഗം കുറഞ്ഞു. പിന്നെ ഇഷ്ട ദിനത്തില്‍ പിതാക്കന്മാര്‍ അവരുടെ വിവാഹക്രിയ കഴിച്ചു. അവര്‍ മേളിച്ചു സുഖിച്ചു. അല്ലിത്താരു പോലെ മൃദുമേനിയായ ഭാര്യയെ ലഭിച്ചതിന് ശേഷം അവന്‍ സര്‍പ്പഹിംസയ്ക്കുള്ള കടുത്ത വ്രതം സ്വീകരിച്ചു. അവന്‍ കൈയില്‍ വലിയ ഒരു വടിയുമായി ചുറ്റി, കണ്ട പാമ്പിനെയൊക്കെ അടിച്ചു കൊല്ലുവാന്‍ തുടങ്ങി. ഒരു ദിവസം വടിയുമായി കാട്ടില്‍ പ്രവേശിച്ചപ്പോള്‍ മൂത്തുമൂത്ത ഒരു ചേരപ്പാമ്പിനെക്കണ്ടു. കണ്ട ഉടനെ അതിനെ അടിക്കുവാന്‍ വടി ഓങ്ങി. ഉടനെ ആ മൂത്ത ഡുണ്ഡുഭം പറഞ്ഞു: "ഹേ, മുനിസത്തമ! ഞാന്‍ അങ്ങയ്ക്ക്‌ ഒരു പിഴവും ചെയ്തിട്ടില്ലല്ലോ. യാതൊരു ഉപദ്രവവും ചെയ്യാത്ത എന്നെ അങ്ങ്‌ ഹിംസിക്കുന്നതെന്താണ്‌?".

10. രുരു ഡുണ്ഡുഭസംവാദം - രുരു പറഞ്ഞു: എന്റെ പ്രാണപ്രിയയെ മുമ്പ്‌ പാമ്പു കടിച്ചു. അഹി വര്‍ഗ്ഗത്തോട്‌ അന്നു മുതല്‍ എനിക്കു കോപമുണ്ട്‌. ഞാന്‍ ഘോരമായ ഒരു നിശ്ചയമെടുത്തു. കണ്ട പാമ്പിനെയൊക്കെ ഞാന്‍ കൊന്നു കളയും. അതാണ്‌ എന്റെ കഠിനവ്രതം. അതു കൊണ്ട്‌ ഞാന്‍ നിന്നെ കൊല്ലും. നിനക്കു മരണം വന്നു കഴിഞ്ഞു. 

ഡുണ്ഡുഭം പറഞ്ഞു: ഹേ, വിപ്ര! മനുഷ്യരെ കൊത്തുന്ന സര്‍പ്പജാതികള്‍ വേറെയാണ്‌. ഡുണ്ഡുഭത്തെ സര്‍പ്പസാമ്യം കണ്ട്‌ ഹിംസിക്കാതിരിക്കുക. ലാഭത്തിലും സുഖാനുഭവത്തിലും ഞങ്ങളും സര്‍പ്പങ്ങളും ഒരുപോലെ ആണ് താനും. ഇപ്രകാരമാണ്‌ ഡുണ്ഡുഭ കുലം. ഹേ, ധര്‍മ്മജ്ഞ, അതു കൊണ്ട്‌ നീ ഹിംസിക്കാതിരിക്കുക. 

ഇപ്രകാരം ആ ഭുജംഗം പറഞ്ഞപ്പോള്‍ രുരു അവനെ മുനിയാണെന്നു വിചാരിച്ചു ഹിംസിച്ചില്ല. അവനോട്‌ ഭഗവാനായ മുനി സൗമ്യമായി ചോദിച്ചു: "ഹേ, മഹാനുഭാവ, ഭുജംഗ ഭാവത്തില്‍ കാണപ്പെടുന്ന ഭവാന്‍ ആരാണ്‌?

ഡുണ്ഡുഭം പറഞ്ഞു; ഹേ, രുരു! ഞാന്‍ സഹസ്രപാദന്‍ എന്നു പേരായ മുനിയായിരുന്നു. ഒരു വിപ്രന്റെ ശാപം മൂലം ഞാന്‍ ഇപ്രകാരം അഹിയായി ഭവിച്ചു. 

ഇതുകേട്ട്‌ രുരു ചോദിച്ചു: കോപത്താല്‍ ഭവാനെ പണ്ട്‌ വിപ്രന്‍ ശപിക്കുവാന്‍ എന്താണു കാരണം? ഹേ, ഭുജംഗമ, ഭവാന്‍ എത്ര നാള്‍ ഇങ്ങനെ കഴിയണം?

11. ഡുണ്ഡുഭശാപമോക്ഷം - ഡുണ്ഡുഭം പറഞ്ഞു; പണ്ട്‌ ഖഗമന്‍ എന്നു പേരായി ഒരു ദ്വിജന്‍ എന്റെ സഖിയായി ഉണ്ടായിരുന്നു. അവന്‍ ഏറ്റവും നിശിതവാക്കായ ഒരു തീവ്രതപോവ്രതനായിരുന്നു. 

ചെറുപ്പത്തില്‍ ഞാന്‍ കളിയായിട്ട്‌ പുല്ലു കൊണ്ട്‌ ഒരു പാമ്പിനെ ഉണ്ടാക്കി. അഗ്നിഹോത്രത്തിൽ അതിനെ ഞാന്‍ അവന്റെ അരികെ വെച്ചു. ആ കൃത്രിമപ്പാമ്പിനെ പെട്ടെന്നു കൈയിലെടുത്ത അവന്‍ ഭയപ്പെട്ടു മോഹിച്ചു വീണു. ബോധം വീണപ്പോള്‍ ആ തപോധനന്‍ എന്റെ നേരെ കോപിച്ചു നോക്കി പറഞ്ഞു: വീര്യമില്ലാത്ത അഹിയെ നീ എന്നെ പേടിപ്പിക്കുവാന്‍ ഉണ്ടാക്കി വിട്ടതു കൊണ്ട്‌ എന്റെ ശാപത്താല്‍ നീ നിര്‍വ്വിര്യനായ വിഷശക്തിയില്ലാത്ത, ഒരു പാമ്പായിത്തീരട്ടെ! ഞാന്‍ അവന്റെ തപോവീര്യം അറിഞ്ഞു. ഭയപ്പെട്ടു വിറച്ച്‌, പരുങ്ങി, അരികില്‍ച്ചെന്നു തൊഴുതു പറഞ്ഞു: "ഭവാന്‍ എന്റെ സഖിയാണെന്നു വിചാരിച്ച്‌ കളിയില്‍ ചെയ്തു പോയതാണ്‌. അതു കൊണ്ട്‌ എന്നില്‍ പൊറുത്ത്‌ എനിക്കു ശാപമോക്ഷം തരണമെന്ന്‌ ഞാന്‍ അപേക്ഷിച്ചു കൊള്ളുന്നു". എന്റെ വിഷമം കണ്ട്‌ അവന്‍ ചുടുനെടുവീര്‍പ്പു വിട്ടിട്ട്‌ സംഭ്രമത്തോടെ പറഞ്ഞു: "എടോ സഹസ്രപാദ, എന്റെ വാക്ക്‌ വെറുതെയാവുകയില്ല. ഞാന്‍ പറയുന്ന വാക്ക്‌, ഹേ, തപോധന, കേള്‍ക്കുക. നിര്‍ദ്ദോഷനായ ഭവാന്‍ അതു കേട്ടു ധരിക്കുക. പ്രമതിക്ക്‌ രുരു എന്നു പേരായി ശുദ്ധാത്മാവായ ഒരു പുത്രനുണ്ടാകും. ആ ശുദ്ധാത്മാവിനെ കണ്ടാല്‍ ഉടനെ നിനക്ക്‌ ശാപമോക്ഷമുണ്ടാകും". 

ഭവാന്‍ പ്രമതിയുടെ പുത്രനായ രുരു അല്ലയോ? ഇനി ഞാന്‍ എന്റെ ശരിയായ രൂപമെടുത്ത്‌ എല്ലാ കാര്യങ്ങളും നന്നായി പറയാം. 

ഉടനെ ഡുണ്ഡുഭാകാരംവിട്ട്‌ ആ വിപ്രപുംഗവന്‍ ഭാസ്വരമായ സ്വന്തം രൂപം സ്വീകരിച്ചു. വീണ്ടും രുരുവിനോടു പറഞ്ഞു: "അഹിംസയാണല്ലോ പ്രാണികള്‍ക്കൊക്കെ പരമമായ ധര്‍മ്മം. വിപ്രന്മാര്‍ ഒരിക്കലും ഒരു ജീവിയേയും ഹിംസിക്കരുത്‌. വേദവേദാംഗവിത്തും ഭൂതജാലങ്ങള്‍ക്ക്‌ അഭയപ്രദനുമായ ബ്രാഹ്മണന്‍ ലോകത്തില്‍ സൗമൃനാണെന്നാണല്ലോ ശ്രുതി! അഹിംസ, സത്യവചനം, ക്ഷമ, വേദസന്ധാരണം എന്നിവ ബ്രാഹ്മണന്റെ ധര്‍മ്മമാണ്‌. ക്ഷത്രിയന്റെ ധര്‍മ്മം നിനക്കു ചേരുന്നതല്ല. ദണ്ഡു ധരിക്കുക, ഉഗ്രത കാണിക്കുക, പ്രജകളെ പാലിക്കുക ഇതൊക്കെ ക്ഷത്രിയന് ചേര്‍ന്ന ധര്‍മ്മമാണ്‌. ജനമേജയന്റെ യജ്ഞത്തില്‍ സര്‍പ്പങ്ങളെ ഹിംസിച്ചതും, അന്നു ഭയപ്പെട്ട സര്‍പ്പജാതികളെയൊക്കെ തപോവിര്യ ബലമുള്ളവനും, വേദവേദാംഗ പാരഗനും ആയ ആസ്തീക ബ്രാഹ്മണന്‍ സര്‍പ്പസത്രത്തില്‍ ചെന്ന്‌ രക്ഷപ്പെടുത്തിയതുമായ സംഭവങ്ങള്‍ ഭവാന്‍ ഓര്‍ക്കുക.

12. സർപ്പസത്രപ്രസ്താവന - രുരു പറഞ്ഞു; ഹേ, സഹ(സപാദ! സര്‍പ്പങ്ങളെ ജനമേജയന്‍ എങ്ങനെ കൊന്നു? എന്തിനാണു കൊന്നത്‌? പിന്നെ ആസ്തീകന്‍ എന്തിന് പന്നഗങ്ങളെ രക്ഷപ്പെടുത്തി; എങ്ങനെ രക്ഷപ്പെടുത്തി? ഈ കഥയൊക്കെയും കേള്‍ക്കാന്‍ ഹേ വിപ്ര! ഞാന്‍ ആഗ്രഹിക്കുന്നു. 

ഋഷി പറഞ്ഞു: ബ്രഹ്മര്‍ഷിമാര്‍ പറയുമ്പോള്‍ ഭവാന്‍ എല്ലാം കേള്‍ക്കും. ഹേ രുരു! അതിന് ശക്തനല്ല ഞാന്‍! ഞാന്‍ ഇതാ പോകുന്നു, എന്നു പറഞ്ഞ്‌ മഹര്‍ഷി മറഞ്ഞു. 

സൂതന്‍ പറഞ്ഞു: രുരു കാട്ടിലെല്ലാം നടന്ന്‌ ആ മഹര്‍ഷിയെ അന്വേഷിച്ചു. കണ്ടു കിട്ടിയില്ല. മുനിയെ കാണാതെ നിരാശനായി ക്ഷീണിച്ച്‌ അവന്‍ കാട്ടില്‍ ഒരിടത്തു വീണു. അവന്‍ മോഹാലസ്യപ്പെട്ടു. തന്റേടം വിട്ട മട്ടായി. ആ മുനീന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും വീണ്ടും നിനച്ച്‌, ബോധമുണര്‍ന്നപ്പോള്‍ അവന്‍ വീട്ടിലേക്കു മടങ്ങി. അച്ഛനോട്‌ ആസ്തീക മുനിയുടെ കാര്യം ചോദിച്ചു. പുത്രന്‍ അങ്ങനെ ചോദിച്ചപ്പോള്‍ അവന്റെ അച്ഛന്‍ ആ കഥയെല്ലാം പറഞ്ഞു കൊടുത്തു. 

ആസ്തികപര്‍വ്വം

13. ജരല്‍ക്കാരുപിതൃസംവാദം - ശൗനകൻ പറഞ്ഞു: ജനമേജയ രാജാവ്‌ എന്തിനാണ്‌ സര്‍പ്പസത്രം കഴിച്ച്‌, സര്‍പ്പങ്ങളെ സംഘത്തോടെ നശിപ്പിച്ചത്‌? ഹേ, സൂതജ!! ഭവാന്‍ ഈ തത്വം വിസ്തരിച്ചു പറഞ്ഞാലും! ആസ്തീകന്‍ എന്ന ദ്വിജശ്രേഷ്ഠന്‍ കത്തുന്ന അഗ്നിയില്‍ നിന്ന്‌ സര്‍പ്പങ്ങളെ രക്ഷിക്കുവാന്‍ എന്താണു കാരണം? സര്‍പ്പസത്രം ചെയ്ത ആ വീരനായ രാജാവ്‌ ആരുടെ പുത്രനാണ്‌? ആ ആസ്തികന്‍ ആരുടെ പുത്രനാണ്‌?എല്ലാം പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

സൂതന്‍ പറഞ്ഞും മുനേ! ആസ്തീകാഖ്യാനം എത്രയോ മഹത്തായിട്ടുള്ളതാണ്‌. അതെല്ലാം ഞാന്‍ വിസ്തരിച്ചു പറയാം. ഹേ വാക്യജ്ഞ, ഭവാന്‍ കേട്ടാലും!

ശൗനകൻ പറഞ്ഞു: ആസ്തീകനായ പുരാണര്‍ഷി മുഖ്യന്റെ രസകരമായ കഥ വിസ്തരിച്ചു പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കു വളരെ ആഗ്രഹമുണ്ട്‌. 

സൂതന്‍ പറഞ്ഞു: ഈ ഇതിഹാസം പുണ്യമായ പുരാണമാണ്‌. വ്യാസപ്രണീതമായ ഈ പുരാണത്തെ പണ്ട്‌ നൈമിഷാരണൃത്തില്‍ വെച്ച്‌ എന്റെ അച്ഛനായ ലോമഹര്‍ഷണന്‍, വ്യാസന്റെ ശിഷ്യന്‍, വിപ്രമദ്ധൃത്തില്‍ വെച്ചു പറഞ്ഞത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മുഖത്തു നിന്നു കേട്ടപ്രകാരം തന്നെ ഞാന്‍ നിങ്ങളോട്‌ എല്ലാം ഉള്ളതു പോലെ വിസ്തരിച്ചു പറയാം. സര്‍വ്വപാപവും ഈ ആസ്തീകചരിതം കേട്ടാല്‍ തീരും. 

ആസ്തീക മുനിയുടെ അച്ഛന്‍ ജരല്‍ക്കാരു മുനിയായിരുന്നു. അദ്ദേഹം പ്രജാപതിക്കു തുല്യനും, പ്രഭുവും, ബ്രഹ്മചാരിയും, അനാഹാരനും, അത്യുഗ്രതപസ്വിയും, ഊര്‍ദ്ധ്വരേതസ്സുമായിരുന്നു. അദ്ദേഹം തീര്‍ത്ഥസഞ്ചാരം ചെയ്ത്‌, ഊണും ഉറക്കവും ഉപേക്ഷിച്ച്‌, അങ്ങുമിങ്ങും സഞ്ചരിച്ചു കൊണ്ടിരുന്നു. ഓരോ രാത്രി ഓരോ ഇടത്തു താമസിച്ച്‌, വായു ഭക്ഷണം മാത്രമായി, ദേഹം ശോഷിച്ച്‌, ദീപ്താഗ്നി പോലെ സഞ്ചരിക്കുമ്പോള്‍ ഒരു മലയിടുക്കില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന പിതൃക്കളെ കണ്ടു. ജരല്‍ക്കാരു അവരോടു ചോദിച്ചു.

ജരല്‍ക്കാരു പറഞ്ഞു: ഈ കുണ്ടില്‍ തലകീഴായിക്കിടക്കുന്ന നിങ്ങള്‍ ആരാണ്‌? എലികള്‍ മടയുണ്ടാക്കിക്കുഴിച്ച്‌ കടിച്ചു തിന്ന്‌ കടപുഴങ്ങി അടിവിട്ട വിധമുള്ള പുൽക്കൊടി പറ്റി പിടിച്ചു ഇരിക്കയാണല്ലൊ നിങ്ങള്‍. 

പിതൃക്കള്‍ പറഞ്ഞു: യയാവരന്മാരെന്നു പറയപ്പെടുന്ന ഞങ്ങള്‍ ദൃഢവ്രതന്മാരായ താപസന്മാരാണ്‌. സന്താന നാശത്താല്‍ ഇങ്ങനെയുള്ള ഒരു അധഃപതനം ഏല്ക്കുകയാണ്‌. ഭാഗ്യഹീനരായ ഞങ്ങള്‍ക്ക്‌ ജരല്‍ക്കാരു എന്ന ഒരു സന്താനമേയുള്ളു. അവന്‍ തപസ്സിലുമാണ്‌. വിഡ്ഡിയായ അവന്‍ പുത്രനുണ്ടാകുവാന്‍ വേണ്ടി വിവാഹം കഴിക്കുന്നില്ല. അതു കൊണ്ട്‌ വംശത്തില്‍ സന്താനമില്ലാതായിരിക്കുന്നു. അക്കാരണത്താലാണ്‌ ഞങ്ങള്‍ ഈ കുണ്ടില്‍ തൂങ്ങിക്കിടക്കുന്നത്‌. നാഥൻ ഉണ്ടെങ്കിലും പാപികളായി, അനാഥരായി ഞങ്ങള്‍ കഷ്ടപ്പെടുന്നു. ശോച്യരായ ഞങ്ങളെ കണ്ട്‌ ഹേ ബ്രാഹ്മണ! ഭവാന്‍ അനുശോചിക്കുന്നത്‌ എന്തു കൊണ്ടാണ്‌?

ജരല്‍ക്കാരു പറഞ്ഞു: നിങ്ങള്‍ എല്ലാവരും എന്റെ പിതൃപിതാമഹന്മാരാണ്‌. ജരല്‍ക്കാരു എന്നു പറയുന്നവന്‍ ഞാന്‍ തന്നെയാണ്‌. നിങ്ങള്‍ക്കു വേണ്ടി എന്താണു ഞാന്‍ ചെയ്യേണ്ടത്‌? നിങ്ങള്‍ പറയുവിന്‍! 

പിതൃക്കള്‍ പറഞ്ഞു: നമുക്ക്‌ കുലസിദ്ധി ഉണ്ടാകുവാന്‍ നീ ഉദ്യമിക്കുക. കുട്ടീ, ധര്‍മ്മഫലം കൊണ്ടും തപസ്സമ്പത്തു കൊണ്ടും, മക്കളുള്ളവര്‍ക്കു കിട്ടുന്ന മുഖ്യമായ ഗതി കിട്ടുന്നതല്ല. അതു കൊണ്ട്‌ മക്കള്‍ ഉണ്ടാകുവാന്‍ വേണ്ടി നീ വേളി കഴിക്കുക. അതാണ്‌ നമുക്ക്‌ ഏറ്റവും ഹിതമായിട്ടുള്ളത്‌. 

ജരല്‍ക്കാരു പറഞ്ഞു: അങ്ങനെയാണെങ്കില്‍ ഞാന്‍ ശ്രമിക്കാം. എന്റെ നാമമുള്ള ഒരു കന്യകയെ ബന്ധുക്കള്‍ ഇഷ്ടദാനമായി നല്കിയാല്‍ ഭൈക്ഷ്യമെന്ന മട്ടില്‍ ഞാന്‍ സ്വീകരിക്കാം. പറഞ്ഞ മട്ടിലല്ലെങ്കില്‍ സ്വീകരിക്കുകയില്ല. ദരിദ്രനായ എനിക്ക്‌ പെണ്ണു തരുവാന്‍ ആരുണ്ട്‌? ഒരുത്തന്‍ ഭിക്ഷയായി പെണ്ണിനെ തന്നാല്‍ വാങ്ങാം. ഗുരുക്കളേ, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ വേള്‍ക്കാം. അതില്‍ ഉണ്ടാകുന്ന പുത്രന്‍ നിങ്ങളെ നരകത്തില്‍ നിന്നു കയറ്റും! നിങ്ങള്‍ ശാശ്വതമായ സ്ഥാനത്തെ പ്രാപിച്ച്‌ സുഖിക്കുമാറാകട്ടെ! 

14. വാസുകിസ്വസ്യവരണം - സൂതന്‍ പറഞ്ഞു: പിന്നെ ഗൃഹസ്ഥ വൃത്തിക്കു വേണ്ടി അവന്‍ ഭാര്യാര്‍ത്ഥിയായി നടന്നു. ഭൂമിയില്‍ പലയിടത്തും കുറെയൊക്കെ ചുറ്റി. കാര്യം സാധിച്ചില്ല. ഒരിക്കല്‍ കാട്ടില്‍ ചെന്ന്‌  പിതൃവാക്യം ഓര്‍ത്ത്‌ മുറപ്രകാരം മൂന്നു വട്ടം കന്യകാഭിക്ഷയ്ക്ക്‌ ഇരന്നു. വാസുകി തന്റെ ഭഗിനിയെ കൊടുക്കാമെന്നു പറഞ്ഞു. എന്നാൽ പേര്‍ ഒത്തില്ലെന്നു വിചാരിച്ച്‌ മുനി അവളെ സ്വീകരിച്ചില്ല. 

ജരല്‍ക്കാരു ചോദിച്ചു; ഹേ, ഭുജംഗമ!! നിന്റെ ഭഗിനിയുടെ പേരെന്താണ്‌? സത്യം പറയു! എന്റെ പേരു തന്നെയായ ഒരു സ്ത്രീയെ മാത്രമേ ഞാന്‍ വരിക്കുകയുള്ളു എന്ന് എനിക്ക്‌ ഒരു വ്രതമുണ്ട്‌. 

വാസുകി പറഞ്ഞു: എന്റെ ഈ സോദരിയുടെ പേര്‌ ജരല്‍ക്കാരു എന്നാണ്‌. ഭവാന്റെ പേരെന്താണ്‌?

ജരല്‍ക്കാരു പറഞ്ഞു: എന്റെ പേര്‌ ജരല്‍ക്കാരു എന്നാണ്‌. വാസുകി പറഞ്ഞും ശരി, ഹേ ജരല്‍ക്കാരൂ! ഞാന്‍ അങ്ങയ്ക്കു വേണ്ടിയാണ്‌ എന്റെ സോദരിയായ ജരല്‍ക്കാരുക്കുട്ടിയെ വളര്‍ത്തിക്കൊണ്ടു വന്നത്‌. ഞാന്‍ നല്‍കുന്ന ഇവളെ ഭവാന്‍ ഭാര്യയായി പ്രതിഗ്രഹിച്ചാലും! 

സൂതന്‍ പറഞ്ഞു: ജരല്‍ക്കാരുവിന് സന്തോഷമായി. അവന്‍ അവളെ വിധിപ്രകാരം വിവാഹം ചെയ്തു. 

15. മാതൃശാപപ്രസ്താവം - സൂതന്‍ പറഞ്ഞു. ഹേ, ബ്രഹ്മജേഞന്ദ്ര! പണ്ട്‌ പന്നഗങ്ങളെ അവരുടെ അമ്മ ശപിച്ചു. നിങ്ങള്‍ ജനമേജയന്റെ യജ്ഞാഗ്നിയില്‍ വീണു ചാകട്ടെ! എന്ന്. ആ ശാപത്തിന്റെ ശമനത്തിന്നായിട്ടാണ് വാസുകി തന്റെ സഹോദരിയെ ജരല്‍ക്കാരുവിന് നല്കിയത്‌. ജരല്‍ക്കാരു ജരല്‍ക്കാരുവിനെ വേട്ടു. ആശ്രമത്തില്‍ താമസിക്കവേ അവള്‍ ഗര്‍ഭിണിയായി. ഒരു തേജസ്വിയായ പുത്രനെ പ്രസവിച്ചു. ആസ്തീകന്‍ എന്ന് അവന് പേര്‍ നല്കി. അവന്‍ വളര്‍ന്നു വന്നു. തപോനിധിയും, മഹാത്മാവും, വേദവേദാംഗ പാരഗനും, പിതൃമാതൃ കുലോദ്ധാരകനും സര്‍വ്വത്ര സമചിത്തനും ആയി അവന്‍ പ്രശോഭിച്ചു. 

പിന്നെ കാലാന്തരത്തില്‍ പാണ്ഡവേയനായ ജനമേജയൻ മഹായജ്ഞമായ സര്‍പ്പസത്രം നടത്തിയെന്നു കേള്‍ക്കുന്നു. ആ രാജാവ്‌ സര്‍പ്പവംശത്തെ മുടിക്കുവാന്‍ സര്‍പ്പസത്രം നടത്തിയപ്പോള്‍ തപോധനനായ ആസ്തീകന്‍ സര്‍പ്പങ്ങളെയൊക്കെ മോചിപ്പിച്ചു. ഭ്രാതാക്കളേയും, മാതുലന്മാരേയും, മറ്റു സര്‍പ്പങ്ങളേയും അവന്‍ രക്ഷിച്ചു. സന്തതി മൂലം പിതൃക്കളേയും രക്ഷിച്ചു. സ്വാദ്ധ്യായം, വ്രതചര്യകള്‍ എന്നിവ കൊണ്ട്‌ ഋണങ്ങള്‍ വീട്ടി. യജ്ഞങ്ങളാല്‍ ദേവകളേയും, ബ്രഹ്മചര്യത്താല്‍ മുനികളേയും, സന്തതിയാല്‍ പിതൃക്കളേയും അവന്‍ സംതൃപ്തരാക്കി. പിതൃക്കളോട്‌ ഏറ്റ ഭാരം നിര്‍വ്വിഘ്‌നം നിര്‍വ്വഹിച്ചു. ദൃഢവ്രതനായ ജരല്‍ക്കാരു പിതാമഹ സമന്വിതനായി സ്വര്‍ഗ്ഗം പ്രാപിച്ചു. സകലധര്‍മ്മങ്ങളേയും അനുഷ്ഠിച്ചതു കൊണ്ടും ആസ്തീകനായ പുത്രനെ ജനിപ്പിച്ചതു കൊണ്ടും ജരല്‍ക്കാരു യഥാസുഖം ചിരകാലം സ്വര്‍ഗ്ഗം വാണു. ഹേ, ഭൃഗുമുഖ്യ, ഇനി എന്താണ്‌ ഞാന്‍ പറയേണ്ടതെന്ന്‌ അരുളിയാലും! 

16. സര്‍പ്പാദീനാമുല്‍പ്പത്തി - ശൗനകൻ പറഞ്ഞു; ഹേസൂതപുത്ര! ഭവാന്‍ ഈ കഥാഭാഗം പ്രീതനായി വിസ്തരിച്ചു പറയുക. ആസ്തീകന്റെ സച്ചരിത്രം കേള്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. ഭവാന്‍ ഭംഗിയായി മനോഹര പദങ്ങള്‍ കൊണ്ട്‌ കഥ പറയുന്നതു കേള്‍ക്കുവാന്‍ കൗതുകമുണ്ട്‌. ഭവാന്റെ അച്ഛന്‍ രസത്തോടു കൂടി പറയുന്ന മാതിരി തന്നെ ഭവാന്റെ കഥാകഥനവും ഹൃദയാവര്‍ജ്ജകമാണ്‌. ഞങ്ങളെ ശുശ്രൂഷിച്ചു സന്തോഷിപ്പിക്കുന്നതില്‍ ഭവാന്റെ അച്ഛന്‍ അത്യന്തം തല്പരനായിരുന്നു. അച്ഛന്‍ പറയുന്ന മാതിരി തന്നെ ഭവാനും ആദരവോടെ കഥ തുടര്‍ന്നാലും. 

സൂതന്‍ പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ആസ്ഥയോടെ ആസ്തീകാഖ്യാനം പറയാം. ഹേ, സൗമ്യ! അച്ഛന്‍ പറഞ്ഞു കേട്ട വിധം തന്നെ വിസ്തരിച്ചു പറയാം. 

പണ്ട്‌ കൃതയുഗത്തില്‍ ദക്ഷന്റെ മക്കളായി രണ്ടു സഹോദരിമാർ അതിസുന്ദരിമാരായി പിറന്നു. കശ്യപമഹര്‍ഷി കദ്രു എന്നും വിനത എന്നും പേരായ ആ രണ്ടു വനിതാ രത്നങ്ങളെ വേട്ടു. പ്രീതിയോടെ പ്രജാപതി സമാനനായ ആ വരന്‍ ആ രണ്ടു ഭാര്യമാര്‍ക്കും വരം നല്കി. കദ്രു ആയിരം നാഗങ്ങള്‍ പുത്രന്മാരായി തനിക്ക്‌ ഉണ്ടാകേണമെന്നു വരം വാങ്ങി. ക്രദുവിന്റെ മക്കളേക്കാള്‍ ഭദ്രവും, വീര്യവും, പരാക്രമവും, ഓജസ്സുമുള്ള രണ്ടു പുത്രന്മാര്‍ മാത്രം ഉണ്ടായാല്‍ മതി എന്ന വരം വിനതയും വാങ്ങി. ദിവൃന്മാരായ രണ്ടു പുത്രന്മാര്‍ മതിയെന്നുള്ള വിനതയുടെ ആഗ്രഹവും, കദ്രുവിന്റെ പുത്രസഹസ്ര പ്രാര്‍ത്ഥനയും ഭര്‍ത്താവ് സ്വീകരിച്ച്‌ അനുഗ്രഹിച്ചു. ഭാര്യമാര്‍ രണ്ടു പേരും തൃപ്തരായി. യത്നത്താല്‍ ഗര്‍ഭത്തെ സംരക്ഷിച്ചു കൊള്ളുവാന്‍ സന്തോഷം പൂണ്ട ഭാര്യമാരോട്‌ ആജ്ഞാപിച്ച്‌ മുനി തപോവനത്തിലേക്കു പോവുകയും ചെയ്തു. 

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ കദ്രു ആയിരം മുട്ടകള്‍ പ്രസവിച്ചു. അപ്രകാരം തന്നെ വിനത രണ്ടു മുട്ടകളും പ്രസവിച്ചു. പരിചാരികമാര്‍ മുട്ടകളെ ഭദ്രമായി വെച്ചു പരിപാലിച്ചു സൂക്ഷിച്ചു. ചൂടുള്ള കുടങ്ങളിലാക്കിയാണ്‌ അവ സൂക്ഷിച്ചു വെച്ചത്‌. അഞ്ഞൂറു സംവത്സരം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ മുട്ടകള്‍ വിരിഞ്ഞു. വിനതയുടെ മുട്ടകള്‍ അപ്പോഴും വിരിഞ്ഞില്ല. പാവമായ ആ ദേവി സന്താനത്തെ കാണുവാന്‍ കൊതിച്ച്‌ അണ്ഡത്തില്‍ ഒന്നു പൊട്ടിച്ചു നോക്കിയപ്പോള്‍ അതില്‍ ഒരു കുമാരനെ കണ്ടു. അര്‍ദ്ധകായനായും അവൃക്തമായും ആ കുമാരന്‍ കാണപ്പെട്ടു. ആ പുത്രന്‍ അമ്മ ചെയ്ത സാഹസത്തില്‍ കുണ്ഠിതപ്പെട്ട്‌ അമ്മയെ ശപിച്ചു എന്നാണു കേള്‍വി. 

അമ്മ അത്യാര്‍ത്തിമൂലം ഈ എന്നെ അര്‍ദ്ധഅംഗസ്ഥിതിയിൽ ആക്കുകയാല്‍ മത്സരബുദ്ധിയോടു കൂടിയ സപത്നിക്ക്‌ അമ്മേ, നീ ദാസിയായിത്തീരും! അഞ്ഞൂറു വത്സരം ദാസിയായി കഴിയട്ടെ! എന്നു ശപിച്ചു. പിന്നെ ഇനി മറ്റേ മുട്ട പൊട്ടി പുറത്തു വരുന്ന പുത്രന്‍ അമ്മയെ ദാസ്യത്തില്‍ നിന്നു വേര്‍പെടുത്തും. എന്നെപ്പോലെ ഇവനേയും അണ്ഡം പൊട്ടിച്ച്‌ അംഗഭംഗം വരുത്താതിരിക്കണം. അവന്റെ ജന്മകാലം വരെ ക്ഷമയോടെ കാത്തിരിക്കണം. അവന്റെ ബലം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും അഞ്ഞുറു സംവത്സരം കാത്തിരിക്കണം. ഇപ്രകാരം ശപിച്ച്‌ വിനതാ പുത്രന്‍ ആകാശത്തേക്കുയര്‍ന്നു. ഹേ ബ്രഹ്മന്‍! പ്രഭാത കാലത്ത്‌ കാണപ്പെടുന്ന അരുണനാണ്‌ അവന്‍. സൂര്യന്റെ തേരിന്റെ സാരഥ്യം വഹിക്കുന്നവനാണ്‌ അരുണന്‍. 

പറഞ്ഞ കാലം വന്നപ്പോള്‍ പന്നഗാശയനായ ഗരുഡന്‍ അണ്ഡം പൊട്ടി പുറത്തു വന്നു. പുറത്തു വന്ന ഉടനെ അവന്‍ അമ്മയെ വിട്ട്‌ ആകാശത്തേക്കു പറന്നു. ക്ഷുത്തു കൊണ്ട്‌ ആര്‍ത്തനായ ആ ഖഗാധീശന്‍ ബ്രഹ്മാവിന്റെ അടുത്തു ചെന്ന്‌ തനിക്കു കല്പിച്ചിട്ടുള്ള അന്നം ആവശ്യപ്പെട്ടു. 

17. അമൃതമന്ഥനം - സൂതന്‍ പറഞ്ഞു: ഇക്കാലത്ത്‌ ആ സഹോദരിമാരായ കദ്രുവും വിനതയും ഉച്ചൈശ്രവസ്സിനെ നല്ല പോലെ കണ്ടു. പാലാഴി അമൃതിന് വേണ്ടി കടഞ്ഞപ്പോള്‍ കിട്ടിയതാണ്‌ ഉത്തമമായ ആ കുതിരയെ. മഹാബലനും, അശ്വങ്ങളില്‍ മികച്ചവനും, അജരാമരനും, ദിവൃലക്ഷണ യുക്തനും, അമോഘ ബലവാനുമായ അവനെ ഇന്ദ്രന്‍ സസന്തോഷം സ്വീകരിച്ചു മാനിച്ചു. അത്ഭുതത്തോടെ ആ കുതിരയെ ആ സഹോദരിമാര്‍ ഒന്നിച്ച്‌ അടുത്തു ചെന്നു നോക്കിക്കണ്ടു. 

ശൗനകന്‍ പറഞ്ഞു: സൂതപുത്രാ, എങ്ങനെയാണ്‌ അമരന്മാര്‍ അമൃതമഥനം ചെയ്തത്‌? അതില്‍നിന്നാണല്ലോ ഹയശ്രേഷ്ഠനുണ്ടായത്‌. സാഗരവിക്രമനും സുന്ദരനുമായ അവന്‍ എങ്ങനെ ഉണ്ടായി?

സൂതന്‍ പറഞ്ഞു: മഹാപ്രസിദ്ധമായ മഹാമേരു എന്ന പർവ്വതമുണ്ട്‌. സൂര്യപ്രഭ കൂടി കെടുത്തുന്ന വിധത്തിലുള്ള സുവര്‍ണ്ണ ശ്യംഗങ്ങള്‍ അതിനുണ്ട്‌. കേവലം പൊന്മയമായ അതില്‍ ദേവഗന്ധര്‍വ്വന്മാര്‍ അധിവസിക്കുന്നു. അപ്രമേയവും, പാപികള്‍ക്ക്‌ അപ്രധൃഷ്യവും, ശുഭകരവും, വ്യാളങ്ങളും ദിവ്യഔഷധികളും വളരുന്നതും, പൊക്കത്താല്‍ സ്വര്‍ഗ്ഗത്തെ പുറം കൊണ്ട്‌ താങ്ങുന്നതുമായ ഒരു മഹാഗിരിയാണ്‌ മഹാമേരു. വൃക്ഷനദീസമൂഹാവൃതവും, നാനാമനോജ്ഞ വിഹഗ സ്വന പൂര്‍ണ്ണവും ആയ ആ ഗിരിയുടെ ശിഖരത്തില്‍ ദേവകോടികള്‍ അധിവസിക്കുന്നു. അവിടെ പാര്‍ക്കുന്നവര്‍ അമൃതലബ്ധിക്കു കൗശലം ചിന്തിച്ചു. ദേവകള്‍ ചിന്തിച്ചു മന്ത്രിച്ചിരിക്കെ ബ്രഹ്മാവിനോട്‌ മധുസൂദനന്‍ പറഞ്ഞു: അല്ലയോ ദേവന്മാരേ, നിങ്ങള്‍ സമുദ്രം കടയുവിന്‍! നിങ്ങള്‍ക്ക്‌ സമുദ്രത്തില്‍ നിന്ന്‌ എല്ലാ വിധത്തിലുമുള്ള ഔഷധികളും, എല്ലാ വിധത്തിലുമുള്ള രത്നങ്ങളും, ഒടുവില്‍ അമൃതും ലഭിക്കും! 

18. അമൃതമന്ഥനം - സൂതന്‍ പറഞ്ഞു: പാല്‍ക്കടല്‍ കടയുവാന്‍ ഒരു കടകോല്‍ വേണമല്ലൊ. അതിന്‌ മന്ദരപര്‍വ്വതത്തെ പറിച്ചെടുക്കുവാന്‍ തീരുമാനിച്ചു. മന്ദരപർവ്വതം അത്ര ചെറിയ ഒരു വസ്തുവല്ല. അതിന്‌ അബ്ഭ്രങ്ങള്‍ നിറഞ്ഞ അത്യുന്നതങ്ങളായ കൊടുമുടികളുണ്ട്‌. മേഘമാര്‍ഗ്ഗത്തോളം ഉയര്‍ന്നു നില്ക്കുന്നു. നാനാലതാവൃതമായി, നാനാഖഗരവം മുഴങ്ങുന്നതായി, നാനാദംഷ്ട്രി കുലാകുലമായി, കിന്നര്രേന്ദന്മാരാലും അപ്സരോവൃന്ദങ്ങളാലും, വൃന്ദാരകന്മാരാലും നിഷേവിതമായി പതിനായിരം യോജന ഉയരത്തിലാണ്‌ അതു നില്ക്കുന്നത്‌. അത്ര യോജന കീഴ്പോട്ടുമെത്തിയാണ്‌ അത്‌ ഭൂമിയില്‍ നില്ക്കുന്നത്‌. അത്‌ ഇളക്കിപ്പറിച്ചെടുക്കുവാന്‍ ദേവന്മാര്‍ അശക്തരായി. അവര്‍ വിഷ്ണുവും ബ്രഹ്മാവും ഉള്ളേടത്തു ചെന്ന്‌  ഇപ്രകാരം ഉണര്‍ത്തിച്ചു. 

ദേവന്മാര്‍ പറഞ്ഞു: മന്ദരപർവ്വതം പൊക്കിയെടുക്കുവാന്‍ ഞങ്ങള്‍ ശക്തരല്ല. നന്മയ്ക്കു വേണ്ടി നല്ല മാര്‍ഗ്ഗത്തില്‍ ഭവാന്മാര്‍ തുണച്ചാലും. 

സൂതന്‍ പറഞ്ഞു: അങ്ങനെയാകാം എന്നു പറഞ്ഞ്‌ വിഷ്ണു സര്‍വ്വസൃഷ്ടാവായ ബ്രഹ്മാവിനോടു കൂടെ ചെന്ന്‌ സര്‍പ്പരാജാവായ അനന്തനോട്‌ പര്‍വ്വതം പറിച്ചെടുക്കുവാന്‍ ആജ്ഞാപിച്ചു. വിഷ്ണു വിരിഞ്ചന്മാരുടെ കല്പന കേട്ട്‌ അഹീശ്വരനായ അനന്തന്‍ തനിച്ച്‌ അതു നിര്‍വ്വഹിക്കാമെന്ന്‌ ഏറ്റു. അനന്തന്‍ ചെന്ന്‌  ദ്രുമവനങ്ങളോടു കൂടി യ ആ പര്‍വ്വതം തനിയെ പറിച്ചെടുത്തു പൊക്കി. അവനോടു കൂടെ ദേവന്മാരും സമുദ്രത്തിലെത്തി.

സമുദ്രത്തോട്‌ അവര്‍ പറഞ്ഞു: ഞങ്ങള്‍ അമൃതിന് വേണ്ടി സമുദ്രജലം മഥിക്കുവാന്‍ പോകുന്നു! സമുദ്രം അതുകേട്ടു പറഞ്ഞു: അതില്‍ ഒരംശം എനിക്കും തരണം. എന്നാൽ ഞാന്‍ മന്ദരഭ്രമണം കൊണ്ടുള്ള സമ്മര്‍ദ്ദം സഹിച്ചു കൊള്ളാം. പിന്നെ സുരാസുരന്മാര്‍ കൂര്‍മ്മ രാജാവിനോടു പറഞ്ഞു: ഹേ, കൂര്‍മ്മ രാജാവേ! ഈ മലയ്ക്ക്‌ അധിഷ്ഠാനമായി ഭവാന്‍ വരേണമേ. ആദികൂര്‍മ്മം അപേക്ഷ കൈക്കൊണ്ടു പുറത്ത്‌ മലപേറി നിന്നു. ആമ താങ്ങുന്ന മലയെ ഇന്ദ്രന്‍ യന്ത്രം കൊണ്ടു കറക്കി. കടകോല്‍ മന്ദരപർവ്വതം! പർവ്വതമാകുന്ന കടകോല്‍ ചുറ്റിത്തിരിക്കുവാനുള്ള കയര്‍ വാസുകി! അങ്ങനെ ദേവാസുരന്മാര്‍ ചേര്‍ന്ന്‌ അഗാധമായ ആ സമുദ്രത്തെ കടഞ്ഞു. ഉത്സാഹിച്ചു കടഞ്ഞു. അമൃതു കിട്ടുവാനുള്ള ആഗ്രഹത്താല്‍ കിണഞ്ഞു പണിയെടുത്തു. അസുര സമൂഹം വാസുകിയുടെ തലയുടെ ഭാഗവും, ദേവസമൂഹം വാലിന്റെ ഭാഗവും പിടിച്ച്‌, വലിച്ചു കടഞ്ഞു. അനന്തനോടു ചേര്‍ന്ന്‌ വിഷ്ണു ചെന്ന്‌  വാസുകിയുടെ ശീര്‍ഷം ഉലപ്പിച്ചു കൊണ്ടിരുന്നു. ദേവന്മാര്‍ വാസുകിയുടെ ശീര്‍ഷം വലിച്ചുലച്ചിട്ട്‌ അടിച്ചു കൊണ്ടിരിക്കെ പുകഞ്ഞ തീക്കാറ്റ്‌ അവന്റെ മുഖത്തു നിന്നു പുറപ്പെട്ടു. ആ പുകക്കൂട്ടം ഒന്നായിച്ചേര്‍ന്ന്‌ മിന്നല്‍ ചേര്‍ന്ന മേഘപടലങ്ങളായി തളരുന്ന ദേവസമൂഹത്തിന്റെ ഉപരിഭാഗത്തു കൂടിയ ആ മേഘങ്ങള്‍ വര്‍ഷം പൊഴിച്ചു. ആ മഹാപര്‍വ്വതത്തില്‍ നിന്നു കുസുമ വൃഷ്ടിയുണ്ടായി. ഇവയെല്ലാം സുരാസുര സമൂഹങ്ങളുടെ മേല്‍ ചൊരിഞ്ഞു. 

മന്ദരം കൊണ്ടു ദേവാസുരപ്പരിഷകള്‍ അബ്ധി കടയുവാന്‍ തുടങ്ങിയപ്പോള്‍ ഇടിമുഴക്കം പോലുള്ള ശബ്ദം പുറപ്പെട്ടു. പലതരത്തിലുള്ള അസംഖ്യം ജലചര സംഘങ്ങള്‍ മലയേറ്റ്‌ അരഞ്ഞ്‌ ലവണാംഭസ്സില്‍ ലയിച്ചു. പല വാരുണ ഭൂതൗഘങ്ങള്‍, പാതാളത്തില്‍ ഇരിക്കുന്നതും കൂടി, ആ മാമലയുടെ ഉരസല്‍ മൂലം ജലത്തില്‍ ലയിച്ചു. മല മുട്ടിത്തിരിയുന്ന തിരിച്ചലില്‍ തമ്മില്‍ മുട്ടി, പക്ഷികള്‍ പറക്കുന്ന പര്‍വ്വതത്തിലെ വന്‍മരങ്ങള്‍ മുറിഞ്ഞു പോയി. മരങ്ങള്‍ കൂട്ടിമുട്ടി തീയുണ്ടായി. കാറ്റില്‍ മേഘപടലങ്ങളില്‍ മിന്നല്‍ പോലെ അഗ്നി ആളിക്കത്തി. ആന, സിംഹം മുതലായ മൃഗങ്ങളെ ചുട്ടു കരിച്ചു. എല്ലായിടവും പടര്‍ന്നു കത്തുന്ന അഗ്നിയെ മഴ പെയ്യിപ്പിച്ചു ദേവേന്ദ്രന്‍ കെടുത്തി. പലേ വിധത്തില്‍ ചലിക്കുന്ന വൃക്ഷങ്ങളുടേയും ഔഷധികളുടേയും രസം ഇടചേര്‍ന്നൊഴുകി കടലില്‍ ചെന്നു ചേര്‍ന്നു. പീയൂഷ വീര്യമുള്ള ഈ രസത്തിന്റെ വാര്‍ച്ചയും നീരും പൊന്‍ദ്രാവകവും ചേര്‍ന്ന്‌ അമൃതായിത്തീര്‍ന്നു. പയോനിധിയിലെ ജലം പിന്നെ പാലായി. ആ പാലില്‍ പലതും ചേര്‍ന്ന്‌ ഉല്പാദിപ്പിക്കുന്നത്‌ വെണ്ണയാണ്‌. പിന്നെ ബ്രഹ്മാവിനെ കണ്ടു ദേവകള്‍ ആദരവോടെ പറഞ്ഞു. 

ദേവന്മാര്‍ പറഞ്ഞു: ഹേ പിതാമഹ! അമൃത്‌ ഇതേവരെ തിരിഞ്ഞു കിട്ടിയില്ല. ഞങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു. ആദിനാരായണനൊഴികെ ദേവാസുരന്മാരെല്ലാം ഏറെനാളായല്ലോ വാരിധി കടയുവാന്‍ തുടങ്ങിയിട്ട്‌. 

സൂതന്‍ പറഞ്ഞു: ബ്രഹ്മാവ്‌ വിഷ്ണുവിനോടു പറഞ്ഞു, വേഗത്തില്‍ ഇവര്‍ക്ക്‌ ഭവാന്‍ ശക്തി ദാനം ചെയ്താലും. അങ്ങയല്ലാതെ ഇവര്‍ക്കു വേറെ ഗതിയില്ല. 

വിഷ്ണു പറഞ്ഞു: ഈ വേലയ്ക്കു തക്ക ശക്തി ഞാന്‍ ഇവര്‍ക്കു നല്കുന്നുണ്ട്‌. കലശമാകുന്ന കടല്‍ ഇവര്‍ കലക്കട്ടെ! മന്ദരം നല്ല പോലെ ചലിക്കട്ടെ! 

സൂതന്‍ പറഞ്ഞു; നാരായണന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ജലത്തില്‍ ആണ്ടു പോയവര്‍ പൂര്‍വ്വാധികം ശക്തിയോടെ ആ പയസ്സു കടയുവാന്‍ തുടങ്ങി. അവര്‍ നൂറായിരം രശ്മി ചിന്നുന്ന വിധത്തില്‍ തെളിഞ്ഞു. മഥിക്കുന്ന കടലില്‍ നിന്നു നിശാകരന്‍ ഉദിച്ചു. ഘൃതത്തില്‍ നിന്നു സിതാംബരയായ ലക്ഷ്മി ഉയര്‍ന്നു. സുരാദേവിയും ശുഭ്രമായ അശ്വരത്നവും അതില്‍ നിന്നുണ്ടായി. കൗസ്തുഭം എന്ന ദിവ്യരത്നം ജലമദ്ധൃത്തില്‍ നിന്നുയര്‍ന്നു. ഹരിയുടെ വക്ഷസ്സില്‍ അതു മരീചിവീചി ചിതറിച്ചെന്നുപറ്റി. പാരിജാതവും കാമധേനുവും അതില്‍ നിന്നുണ്ടായി. വിപ്രകാമങ്ങളെ നല്കുന്ന അവ രണ്ടും ദേവഭാഗത്തായി. ലക്ഷ്മീദേവി, സുരാദേവി, ചന്ദ്രന്‍, ഉച്ചൈശ്രവസ്സ്‌ ഇവയെല്ലാം ദേവപക്ഷത്തിലായി. പിന്നെ, മൂര്‍ത്തിമാനായി ധന്വന്തരീ ദേവന്‍ ഉയര്‍ന്നു. അവന്റെ കൈയില്‍ അമൃതു നിറഞ്ഞ വെള്ളിക്കിണ്ടി കുടെയുണ്ടായിരുന്നു. ഈ അത്ഭുതം കണ്ടപ്പോള്‍ "ഇത്‌ എനിക്ക്‌", "ഇത്‌ എനിക്ക്‌", എന്നുള്ള ബഹളം അസുരപംക്തിയില്‍ നിന്നു പുറപ്പെട്ടു. വെളുത്തതും നാലു കൊമ്പുള്ളതുമായ ഐരാവതം എന്ന നാല്‍ക്കൊമ്പനാന ഉണ്ടായി. അതിനെ ഇന്ദ്രന്‍ ചെന്ന്‌  ഇണക്കിപ്പിടിച്ചു. പിന്നെ, ലോകമൊക്കെ ചുടുന്ന വിധം കാളകൂട വിഷം പൊങ്ങി. പുകയും തീയും പോലെ അത്‌ ഉയര്‍ന്നപ്പോള്‍ ഭയങ്കരമായ ദുര്‍ഗ്ഗന്ധം പരന്നു. അതിന്റെ ഗന്ധമേറ്റ്‌ ജഗ്രതയം മയങ്ങിപ്പോയി. ഉടനെ എല്ലാവരും പരിഭ്രമിച്ചു. ബ്രഹ്മാവു പറഞ്ഞത് അനുസരിച്ച്‌ ശിവന്‍ ആ വിഷം പാനം ചെയ്തു. അല്ലെങ്കില്‍ ലോകം മുടിഞ്ഞു പോകുമായിരുന്നു. ഇങ്ങനെ ശങ്കരന്‍ ലോകത്തെ രക്ഷിച്ചു. അതിനെ മന്ത്രമൂര്‍ത്തിയായ മഹേശ്വരന്‍ തന്റെ കണ്ഠത്തില്‍ നിര്‍ത്തി. അന്നു തൊട്ടാണത്രേ ശങ്കരന്‍ നിലകണ്ഠനായത്‌! ഈ അതൃത്ഭുതം കണ്ടു നിന്ന ദൈത്യവീരന്മാര്‍ നിരാശരായിപ്പോയി. അമൃതത്തിനും ശ്രീക്കും വേണ്ടി സ്പര്‍ദ്ധ അവരില്‍ വര്‍ദ്ധിച്ചു. 

പിന്നെ, മോഹിനീ രൂപം ധരിച്ച നാരായണന്‍ ദൈതൃ പക്ഷത്തിലെത്തി. മായാരൂപമായ അവളെ കണ്ടു മോഹിച്ച ദൈത്യന്മാര്‍, തങ്ങളുടെ കൈയില്‍ കിട്ടിയ ആ അമൃത്‌, ആ സുന്ദരിയുടെ കൈയില്‍ കൊടുത്തു.

19. അമൃതമന്ഥനസമാപ്തി - സൂതന്‍ പറഞ്ഞു: അമൃത്‌ മോഹിനി കൊണ്ടു പോയതറിഞ്ഞ്‌ ദൈത്യദാനവന്മാര്‍ ഒന്നിച്ചു ചട്ടകളിട്ടു പലതരം അസ്ത്രങ്ങളും എടുത്തു ദേവന്മാരോട്‌ യുദ്ധത്തിന് പുറപ്പെട്ടു. ദൈതൃരെ പരാജയപ്പെടുത്തി അമൃതു കൈയിലാക്കി. നരനോടു കൂടിയ നാരായണന്‍ ഇപ്രകാരമുള്ള തിരക്കില്‍ അമൃതം കൈയിലാക്കി ദേവന്മാര്‍ക്കു നല്കി. വിഷ്ണു നല്കിയ അമൃതം ദേവന്മാര്‍ യഥാക്രമം കുടിച്ചു. ഇഷ്ടം പോലെ ദേവന്മാര്‍ അമൃതു കുടിക്കവേ ദേവരൂപമെടുത്തു വന്ന രാഹു എന്ന ദാനവന്‍ അമൃതു മോന്തുമ്പോള്‍ കണ്ഠത്തിൽ എത്തിയ ഉടനെ ചന്ദ്രാര്‍ക്കന്മാര്‍ ദേവഹിതത്തിന്നായി വിളിച്ചു പറഞ്ഞു. ഉടനെ വിഷ്ണു ചക്രം കൊണ്ട്‌ അസുരന്റെ കണ്ഠം ഖണ്ഡിച്ചു. കുന്നിന്റെ കൊടുമുടി പോലെയുള്ള ആ ദാനവന്റെ ശിരസ്സറ്റു പൊങ്ങി ആകാശത്തിലെത്തി ഉച്ചത്തില്‍ അലറി. ഉടല്‍ ഭൂമിയില്‍ വീണപ്പോള്‍ കാടും മേടും ദ്വീപും കൂടിയ ഭൂമി കുലുങ്ങി. അന്നു മുതല്‍ സൂര്യചന്ദ്രന്മാരോട്‌ രാഹു വക്ത്രത്തിന് വൈരമുണ്ടായി. ഇന്നും ഗ്രഹണ സമയത്ത്‌ രാഹു അവരെ വിഴുങ്ങുന്നുണ്ട്‌. അഴകേറുന്ന വധുവിന്റെ വേഷം അഴിച്ചു വെച്ച്‌ ഭഗവാന്‍ നാരായണന്‍ നാനാതരം ആയുധങ്ങളെടുത്തു നിന്നപ്പോള്‍ ദാനവന്മാര്‍ നടുങ്ങിപ്പോയി. 

പിന്നെ, കടല്‍ക്കരയില്‍ വെച്ച്‌ ദേവാസുരന്മാര്‍ തമ്മില്‍ ഭയങ്കരമായ പോരാട്ടം നടന്നു. മൂര്‍ച്ച കൂടുന്ന മഹാപ്രാസങ്ങള്‍, തോമരങ്ങള്‍, മറ്റു പല ശസ്ത്രാസ്ത്രജാലങ്ങള്‍ എന്നിവ എല്ലായിടത്തും വീണു. ചക്രമേറ്റു ചോരകക്കി ദൈതൃന്മാര്‍ വാള്‍, വേല്‍, ഗദ എന്നിവ കൊണ്ടു മുറിഞ്ഞു ഭൂതലത്തില്‍ വീണു. പട്ടസം കൊണ്ട്‌ അവരുടെ ശിരസ്സുകള്‍ അരിഞ്ഞു വിഴ്ത്തി. ഉഗ്രമായ രണം നടന്നുകൊണ്ടിരിക്കെ ഭൂമി മൃതദേഹം കൊണ്ടു നിറഞ്ഞു. ചോരചാടി പോരില്‍ ചത്തു കിടക്കുന്ന ദാനവന്മാര്‍ മലയുടെ കൊടുമുടികള്‍ അടര്‍ന്നു വീണ പോലെ നീളെ കിടന്നു. പലേ വിധത്തിലുള്ള ഹാ! ഹാ! ശബ്ദം മുഴങ്ങി. സൂര്യന്‍ അരുണവര്‍ണ്ണമാകുവാന്‍ പോകുന്ന സമയത്ത്‌ അന്യോന്യം ശസ്ത്രം ഏല്‍ക്കുകയാല്‍ കടുത്ത ഇരുമ്പുലക്ക കൊണ്ടും, മുഷ്ടി കൊണ്ടും പ്രഹരിക്കുമ്പോള്‍ ആകാശം ആരവം കൊണ്ടു മുഴങ്ങി. പട്ടസം കൊണ്ടു പൊന്നണിഞ്ഞ ശിരസ്സുകള്‍ അരിഞ്ഞു വീഴ്ത്തി. പെട്ടെന്ന്‌ ഉഗ്രമായ രണഭൂമി അറ്റുവീണ ശിരസ്സുകള്‍ കൊണ്ടു നിറഞ്ഞു. വെട്ടുവിന്‍, പിളര്‍ക്കുവിന്‍, പാഞ്ഞെത്തുവിന്‍, നേരിട്ട്‌ ഏല്ക്കുവിന്‍! എന്നീ ആരവം ദിക്കിലെങ്ങും മാറ്റൊലിക്കൊണ്ടു. 

ഇങ്ങനെ ഭയങ്കരമായ പോരാട്ടം നടന്നുകൊണ്ടിരിക്കെ, നരനാരായണന്മാരായ സുരപുംഗവന്മാര്‍ എത്തി. നരന്റെ കൈയില്‍ ദിവൃമായ ചാപം വിളങ്ങിയപ്പോള്‍ നാരായണന്‍ സുദര്‍ശനത്തെ ചിന്തിച്ചു. നാരായണന്‍ ചിന്തിച്ച ഉടനെ ആകാശത്തു നിന്നു സുരുചക്രം പോലുള്ള സുദര്‍ശനചക്രം വന്നെത്തി. ആ സുദര്‍ശനചക്രം കൊണ്ട്‌ അസുരന്മാരെ അരിഞ്ഞു വിഴ്ത്തി. ഭൂമിയിലും ആകാശത്തും സുദര്‍ശനം തിരിഞ്ഞു, ചൊരിയുന്ന രക്തം പാനം ചെയ്ത്‌, മഹാഘനച്ഛവി തടവുന്ന ദൈത്യന്മാരും മഹാരണക്ഷതിയില്‍ മടുക്കാതെ മഹാബലങ്ങളും ഉല്‍ക്കടങ്ങളുമായ അചലങ്ങള്‍ കൊണ്ട്‌ മഹാരവത്തോടെ സുരസമൂഹങ്ങളും എറിഞ്ഞു. ഉടനെ ഭയങ്കരമായി ആകാശത്തില്‍ വലിയ വൃക്ഷസമൂഹം ഇടിഞ്ഞു വീണ പർവ്വതം പോലെ സര്‍വ്വത്ര ചിന്നി. കാടും മേടും നിറഞ്ഞ ഭൂമി വൃക്ഷങ്ങള്‍ ഇടിഞ്ഞു വീണു തകര്‍ന്നു. 

വെട്ടും തടയുമായി പോരായി നിൽക്കെ അസുരന്മാര്‍ ഭയപ്പെട്ട്‌ ഓടിക്കളഞ്ഞു. ഭയങ്കരമായ സുരാസുര സമരത്തില്‍ ഉദ്ധതനായി നരന്‍ മൂര്‍ച്ചയുള്ള വിശിഖങ്ങളെ അയച്ച്‌ അസുരന്മാരുടെ നേരെ ആര്‍ത്തടുത്തു. ദാനവന്മാര്‍ പറിച്ചെറിയുന്ന വലിയ പര്‍വ്വതങ്ങളെ തകര്‍ത്തു വിട്ടു. സുദര്‍ശനത്തെ തടുക്കുവാന്‍ വയ്യാതെ ശേഷിച്ച അസുരന്മാര്‍ ഭയപ്പെട്ട് ഓടി. വിജയോന്മത്തരായ ദേവന്മാര്‍ മന്ദര പർവ്വതത്തെ യഥാസ്ഥാനത്തു തന്നെ കൊണ്ടു പോയി സ്ഥാപിച്ചു. അതോടു കൂടി ആകാശത്തില്‍ ഇരുണ്ടു നിന്നിരുന്ന ഘനപടലവും മാഞ്ഞു. വിജയത്തോടെ തിരിച്ചു പോന്ന ദേവന്മാര്‍ അമൃതു മറച്ചു വെച്ചു. പിന്നെ, അമൃതു സൂക്ഷിക്കേണ്ട ചുമതല ഇന്ദ്രന്‍ നരന്നു നല്കി. 

20. സൗപർണ്ണം - ക്രദുശാപം - സൂതന്‍ പറഞ്ഞു: അമൃതമഥനകഥ ഞാന്‍ പറഞ്ഞുവല്ലോ. ഉച്ചൈശ്രവസ്സ്‌ എന്ന ശ്രീയുള്ള കുതിരയുടെ ഉത്ഭവം ഇതില്‍ നിന്നാണല്ലേോ. അതിനെപ്പറ്റി കേട്ട്‌ കദ്രു വിനതയോടു പറഞ്ഞു: "ഉച്ചൈശ്രവസ്സിന്റെ നിറം എന്താണ്‌; ഭദ്രേ, നിനക്കു പെട്ടെന്നു പറയുവാന്‍ കഴിയുമോ? കഴിയുമെങ്കില്‍ ക്ഷണത്തില്‍ പറയു!".

വിനത പറഞ്ഞു; ആ അശ്വരാജന്റെ നിറം വെളുപ്പു തന്നെ! നീയും പറയു എന്താണെന്ന്‌. വേണമെങ്കില്‍ പന്തയം വെയ്ക്കാനും ഞാന്‍ തയ്യാറാണ്‌. 

കദ്രു പറഞ്ഞു; എന്റെ പക്ഷം ഉച്ചൈശ്രവസ്സിന്റെ വാല്‍ കറുത്തിട്ടാണെന്നാണ്‌. അല്ലയോ ശുചിസ്മിതേ! ദാസ്യം പന്തയമായി ഞാന്‍ വാദിക്കുവാന്‍ തയ്യാറാണ്‌. ധൈര്യമുണ്ടെങ്കില്‍ മുന്നോട്ടു വരൂ!

സൂതന്‍ പറഞ്ഞു; ഇപ്രകാരം പരസ്പരം ദാസ്യം പന്തയമായി അവര്‍ രണ്ടു പേരും ഒത്തു തീരുമാനിച്ചു. എന്നാൽ അടുത്ത ദിവസം പുലര്‍ച്ചെ ചെന്നു നോക്കാമെന്നും വെച്ച്‌, അവര്‍ തങ്ങളുടെ ഗൃഹങ്ങളിലേക്കു പോയി. വിനതയെ ചതിക്കണമെന്നു വിചാരിച്ച്‌ കദ്രു തന്റെ ആയിരം മക്കളോടു പറഞ്ഞു, നിങ്ങള്‍ പോയി ഉച്ചൈശ്രവസ്സിന്റെ വാലില്‍ നീലാഞ്ജനശ്രീയെഴുന്ന രോമങ്ങളായി ആവേശിക്കുവിന്‍! അല്ലാത്ത പക്ഷം ഞാന്‍ വിനതയുടെ ദാസിയായിത്തീരും. നിങ്ങള്‍ എന്നെ ഇപ്പോള്‍ തുണയ്ക്കണം. സര്‍പ്പങ്ങള്‍ അമ്മയുടെ വാക്കു കൈക്കൊണ്ടില്ല. അവര്‍ സമ്മതിക്കാതായപ്പോള്‍ കോപത്തോടെ ക്രദു മക്കളെ ശപിച്ചു. 

ക്രദു പറഞ്ഞു: മഹാത്മാവായ ജനമേജയൻ സര്‍പ്പസത്രം ചെയ്യുമ്പോള്‍ നിങ്ങളെല്ലാം ആ അഗ്നിയില്‍ വീണു പൊരിഞ്ഞു ദഹിച്ചു പോകട്ടെ! 

സൂതന്‍ പറഞ്ഞു: അതിക്രൂരതരമായും ദൈവഗതിക്ക്‌ ഒത്തതായും ഇരിക്കുന്ന കദ്രുവിന്റെ ഈ ശാപം കേട്ട്‌ പിതാമഹന്‍ സമ്മതം കൈക്കൊണ്ടു. അതിന് കാരണമുണ്ടായിരുന്നു. വിഷമുള്ള സര്‍പ്പങ്ങള്‍ വര്‍ദ്ധിക്കുന്നത്‌ ലോകത്തിന് ആപത്താണല്ലോ. അന്യജീവകളില്‍ പീഡയേല്പിക്കുന്ന, അന്യായം ചെയ്യുന്ന ജീവികള്‍ക്ക്‌ പ്രാണഹാനി സംഭവിക്കുക തന്നെ വേണമെന്നു ചിന്തിച്ച്‌ പ്രജാക്ഷേമരതനായ ബ്രഹ്മാവ്‌ സര്‍പ്പമാതാവായ കദ്രുവിനെ അഭിനന്ദിക്കുകയാണുണ്ടായത്‌. കശ്യപനെ വിളിച്ച്‌ ബ്രഹ്മാവു പറഞ്ഞു. 

ബ്രഹ്മാവു പറഞ്ഞു: നിന്റെ പുത്രന്മാര്‍ക്ക്‌ ഈ ആപത്തു വന്നതില്‍ നീ ഒരിക്കലും വിഷാദിക്കരുത്‌. ഉഗ്രവിഷമുള്ളവ നശിക്കുന്നത്‌ ലോകക്ഷേമത്തിന് ആവശ്യമാണ്‌. ഞാന്‍ മുമ്പേ തന്നെ കണ്ടിട്ടുള്ളതാണ്‌ ഉണ്ണി, ഈ സംഭവമെല്ലാം. സര്‍പ്പസത്രത്തില്‍ സര്‍പ്പകുലം മുടിയും. 

സൂതന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ വിരിഞ്ചന്‍ കശ്യപ പ്രജാപതിയെ സമാശ്വസിപ്പിച്ച്‌ വിഷസംഹാര വിദ്യ ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. 

21. സൗപര്‍ണ്ണം - സമുദ്രവര്‍ണ്ണനം - സൂതന്‍ പറഞ്ഞു: രാത്രി കഴിഞ്ഞു. പിന്നെ പ്രഭാതമായി. സോദരിമാരായ കദ്രുവും വിനതയും തമ്മില്‍ ഒത്തു ചേര്‍ന്ന്‌ ചൊടിയോടെ വാദപ്രതിവാദങ്ങള്‍ ചെയ്ത്‌, ഉച്ചൈശ്രവസ്സിനെ ചെന്നു കാണുവാന്‍ പുറപ്പെട്ടു. അവര്‍ രണ്ടുപേരും കടല്‍ക്കരയിലെത്തി. കടലിന്റെ പരപ്പും ഗാംഭീര്യവും മഹത്വവും കണ്ട്‌ അവര്‍ അത്ഭുതത്തോടെ നോക്കി നിന്നു. അഗാധമായി പരന്നു കിടക്കുന്നതും, കടയുമ്പോഴുള്ള ഇരമ്പവും ഘോഷവും ചേര്‍ന്നതും തിമിംഗലങ്ങളും അനേകവിധം മത്സ്യങ്ങളും നിറഞ്ഞതും, നാനാരൂപത്തിലുള്ള പല ജന്തുക്കള്‍ ചേര്‍ന്നതും, ഭയങ്കരമായ മറ്റു ജലജന്തുക്കളോടു കൂടിയതും, ഉഗ്രങ്ങളായ നക്രങ്ങളും, കൂര്‍മ്മങ്ങളും ഇട ചേര്‍ന്നതും, വളരെ രത്നങ്ങള്‍ വിളഞ്ഞു കിടക്കുന്നതും, വരുണന്‍ ഭരിച്ചു വരുന്നതും, നാഗങ്ങള്‍ കുടികൊള്ളുന്നതും, പുഴകള്‍ ഒഴുകി വന്നു ചേര്‍ന്നതും, പാതാള വഹ്നി ഉള്‍ക്കൊള്ളുന്നതുമായ കടല്‍ ദൈതേയന്മാര്‍ക്കു പ്രിയം വളര്‍ത്തി. സത്വഭീഷണമായ പാഥസ്സത്വവൃത്തി ചേര്‍ന്നു ശുഭമായും, അമരന്മാര്‍ക്ക്‌ അമൃതു വഹിച്ചും അപ്രമേയമായ പുണ്യജലം അത്ഭുതമായ വിധം നിറഞ്ഞു നിന്ന്‌ ഘോരമായ ജലചരങ്ങളുടെ ആരവത്താല്‍ ഭൈരവധ്വനി പൂണ്ടും, വലുതായ ചുഴിയോടു കൂടിയും, കാണുന്നവര്‍ക്കു ഭയം വളര്‍ത്തിയും, കോളിളക്കത്തിന്റെ കയറ്റത്തില്‍ ഓളം തല്ലി ഉയര്‍ന്നും, ചീര്‍ത്ത വീചികളാകുന്ന ബാഹുക്കളിളക്കി നൃത്തധാടി തുടര്‍ന്നും, ചന്ദ്രോദയത്തിലും അസ്തമയത്തിലും ഏറ്റം കൊണ്ട്‌ ഓളം തല്ലിത്തകര്‍ത്ത്‌ ആര്‍ത്തും, പാഞ്ചജന്യം ജനിപ്പിച്ചും, ചഞ്ചത് രത്നങ്ങള്‍ തീര്‍ത്തും ഗോവിനെ (ഭൂമിയെ) വിന്ദനം ചെയ്ത (രക്ഷിച്ച) മഹാശക്തിമാനായ ഗോവിന്ദന്‍, വരാഹമൂര്‍ത്തി ഭേദിച്ചതായ ശ്രേഷ്ഠജലം കലര്‍ന്നും, ബ്രഹ്മര്‍ഷിയും വന്‍തപോമൂര്‍ത്തിയുമായ അത്രി മഹര്‍ഷി പോലും അടികാണാത്ത പാതാളമായ അടിയോടു കൂടിയതും, അദ്ധ്യാത്മ യോഗനിദ്രാനുബദ്ധനായ പത്മനാഭന്‍ പോലും യുഗാദി കാലത്തു സേവിക്കുന്ന യോഗത്വം ചേര്‍ന്നതും, വജ്രപാത ഭയം മൂലം മൈനാക പര്‍വ്വതത്തിന് അഭയം നല്കിയും, പേടിച്ച്‌ ആര്‍ക്കുന്ന രണത്തില്‍ ദൈത്യസമൂഹത്തിന് ആശ്രയം നല്കിയും, ബഡവാമുഖവഹിക്ക്‌ ജലഹവ്യം കൊടുത്തും, അഗാധവും അപാരവുമായി മാനമകന്ന വിരിവോടു കൂടിയും, സ്പര്‍ശിക്കുന്ന വിധം, "ഞാന്‍ മുമ്പ്‌", "ഞാന്‍ മുമ്പ്‌", എന്ന മട്ടില്‍ പുഴകള്‍ നിത്യവും പാഞ്ഞെത്തുന്നതും, എല്ലാം അഭിസരിക്കുന്നതും, തുല്യവൃത്തിക്കു ചേര്‍ന്നതും, ഉള്ളം പൂരിച്ചു തിരയാല്‍ തുള്ളുന്നതുമായ കടല്‍ അവര്‍ ദര്‍ശിച്ചു. 

ഗംഭീരമായ തിമിംഗലങ്ങള്‍ കൊണ്ടും മകരമത്സ്യങ്ങള്‍ കൊണ്ടും പലതരം ഘോരജലജന്തുക്കള്‍ കൊണ്ടും ഘോരമായ ശബ്ദങ്ങള്‍ ചേര്‍ന്ന്‌ ആര്‍ത്തിരമ്പി ആകാശം പോലെ വിസ്തൃതമായി അനന്തമായി വിലസുന്ന സമുദ്രത്തെ അവര്‍ അത്ഭുതത്തോടെ നോക്കിക്കണ്ടു. 

22. സൗപര്‍ണ്ണം - സമുദ്രദര്‍ശനം - സൂതന്‍ പറഞ്ഞു: അതിനിടയ്ക്ക്‌ നാഗങ്ങള്‍ അമ്മയുടെ ശാപം മൂലം ഭയപ്പെട്ടു. അവര്‍ കുടിയാലോചിച്ചു. അമ്മ പ്രസാദിച്ചാല്‍ ശാപം നീങ്ങും, അല്ലാത്ത പക്ഷം എല്ലാവരും ഭസ്മമാകും. കുതിരയുടെ വാൽ കറുപ്പിക്കണം. അശ്വപുച്ഛത്തില്‍ തുങ്ങിക്കിടക്കുക തന്നെ! എന്നുറച്ച്‌ അവര്‍ വാലില്‍ കറുത്ത രോമങ്ങളായി തുങ്ങിക്കിടന്നു. 

അതിനിടയ്ക്ക്‌ പന്തയം വെച്ച ആ സപത്നിമാര്‍ തങ്ങളുടെ വാദം തീര്‍ക്കുന്നതിന്നായി പ്രീതിയോടു കൂടി ഘോരവും അധഷ്യവും ഗംഭീരവും അതിഭൈരവവും രത്നം വിളഞ്ഞു കിടക്കുന്നതും വരുണന്‍ അധിവസിക്കുന്നതും പാതാളവഹ്‌നി ഉള്‍ക്കൊള്ളുന്നതും ഭീമസത്വങ്ങള്‍ ഉള്ളതും ദേവന്മാര്‍ക്കു വേണ്ടി അമൃതം ഉള്‍ക്കൊള്ളുന്നതും അപ്രമേയവും അചിന്ത്യവും അക്ഷോഭ്യവുമായ കടലിനെ അവര്‍ ആകാശത്തു നിന്നു കണ്ടു. 

കാറ്റുതട്ടി വല്ലാതെ ഏറ്റ്‌ ആര്‍ത്തിരമ്പി, ഘോരവും അധ്യഷ്യവും ഗംഭീരവും അതിഭൈരവത്വവും ചേര്‍ന്നു ശോഭിക്കുന്നതും രത്നം വിളയുന്നതും, വരുണന്‍ വാഴുന്നതും, നാഗങ്ങള്‍ കുടികൊള്ളുന്നതും, പുഴകള്‍ വന്നു ചേരുന്നതും, പാതാളവഹ്നി ഉള്‍ക്കൊള്ളുന്നതും, ദൈവതങ്ങള്‍ അധിവസിക്കുന്നതും, ഭീമസത്വങ്ങളും. പാഥസ്തോമം പൂണ്ടു ശുഭമായി അമരന്മാര്‍ക്ക്‌ അമൃത്‌ ഉള്‍ക്കൊള്ളുന്നതും, അപ്രമേയവും അചിന്ത്യവുമായി നിലകൊള്ളുന്നതും, നല്ല പുണ്യജലം നിറഞ്ഞതും, അങ്ങുമിങ്ങും പല പുഴകളും ഭംഗിയില്‍ വന്നു ചേരുന്നതും, ജലം നിറഞ്ഞ്‌ തിരകളാല്‍ തുള്ളിക്കൊണ്ട് ഇരിക്കുന്നതുമായ സമുദ്രം അവര്‍ കണ്ടു. 

ഇപ്രകാരം തിരകള്‍ ഉലഞ്ഞലഞ്ഞും ഗംഭീരമായി വിരിവുള്ള ആകാശം പോലെ ശോഭിക്കുന്നതും, പാതാള ജ്വലനശിഖ കൊണ്ടു പ്രകാശിക്കുന്നതും സര്‍വ്വദാ ഗര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നതുമായ കടല്‍ അവര്‍ അടുത്തു ചെന്ന്‌  കണ്ടു! 

23. സൗപര്‍ണ്ണം - വിനതയുടെ ദാസ്യവും ഗരുഡോല്‍പ്പത്തിയും - സൂതന്‍ പറഞ്ഞു: ആ കടലിന്റെ അക്കരെ കദ്രുവും വിനതയും കൂടി ആ അശ്വം നില്ക്കുന്നിടത്തേക്ക്‌ ക്ഷണത്തില്‍ ചെന്നു. പിന്നെ അവര്‍ അശ്വശ്രേഷ്ഠനെ ചെന്നു കണ്ടു. അശ്വം ചന്ദ്രശ്രീ പോലെ ശുഭ്രവര്‍ണ്ണമായി ശോഭിക്കുന്നു. വാലു കറുത്തു കാണുന്നു. വാലില്‍ ഒട്ടേറെ രോമങ്ങള്‍ നീലനിറമായി കണ്ടപ്പോള്‍, കദ്രു പറഞ്ഞ പോലെ ഉച്ചൈശ്രവസ്സിന്റെ വാല്‍ കറുത്തു കണ്ടതോടു കൂടി, വിനത ദുഃഖത്തിലാണ്ടു പോയി. സന്തപ്തയായ വിനതയെ കദ്രു ദാസ്യത്തിലാക്കി. പന്തയത്തില്‍ പറഞ്ഞ പ്രകാരം അവള്‍ ദാസ്യം സ്വീകരിച്ചു. തന്റെ തോല്‍വി സമ്മതിച്ചു. അങ്ങനെ വിനത കദ്രുവിന്റെ ദാസിയായി ചിരകാലം കഴിഞ്ഞു. 

നിശ്ചയിച്ച കാലം കഴിയുന്ന കാലത്താണ്‌ അണ്ഡം പൊട്ടി ഗരുഡന്‍ ജനിച്ചത്‌. അമ്മയുടെ സഹായം കൂടാതെ തന്നെ അവന്‍ പുറത്തു വന്നു. കാമരൂപനും, കാമഗതിയും, കാമവീര്യനുമായ ആ ഖഗോത്തമന്‍ അഗ്നിപ്രഭയോടെ അതിതീക്ഷ്ണമായി പ്രശോഭിച്ചു. കണ്ണുകള്‍ ചലിക്കുന്ന ഇടിവാള്‍ പോലെ മിന്നി. പ്രളയാഗ്നി തുല്യമായ പ്രഭയോടെ അവന്‍ വളര്‍ന്ന്‌, ആകാശം പിളര്‍ന്നുയര്‍ന്നു പറന്നു. ഉന്നിശ്രമായ ഉഗ്രാരവത്തോടെ, ഔര്‍വ്വാഗ്നി പോലെ ഉയരുന്ന അവനെ കണ്ട്‌ ദേവന്മാര്‍, അഗ്നിദേവനെ ശരണം പ്രാപിച്ചു പ്രാര്‍ത്ഥിച്ചു. 

ദേവന്മാര്‍ പറഞ്ഞു: ഹേ, വഹ്നിദേവ! ഭവാന്‍ വര്‍ദ്ധിക്കല്ലേ, അടങ്ങിയാലും! ലോകമെല്ലാം വെന്തു പോകുന്നുവല്ലോ. ഇതാ, അഗ്നി പടര്‍ന്നു പതറുന്നു! ശമിച്ചാലും. 

അഗ്നി പറഞ്ഞു: ഹേ, ദേവന്മാരേ, ഇത്‌ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല. എന്നോടു തുല്യമായ തേജസ്സാളുന്ന ഇവന്‍ ഗരുഡനാണ്‌. ഇന്നു പിറന്ന വിനതാനന്ദനനാണ്‌ ഇവന്‍. ഈ തേജോരാശി കണ്ട്‌ നിങ്ങള്‍ ഭ്രമിക്കുകയാണ്‌. കശൃപ പുത്രനായ ഇവന്‍ സര്‍പ്പക്ഷയകരനും ബലവാനുമാണ്‌. ദേവകള്‍ക്കു ഹിതം ചെയ്യുന്നവനും, അസുരന്മാര്‍ക്കും, രക്ഷോഗണങ്ങള്‍ക്കും അഹിതം ചെയ്യുന്നവനുമാണ്‌ ഇവന്‍. പേടിക്കേണ്ട; എന്റെ കൂടെ പോരു. വന്ന്‌ കണ്ടു കൊള്ളുക. 

സൂതന്‍ പറഞ്ഞു; അഗ്നി ഇപ്രകാരം പറഞ്ഞതു കേട്ട്‌ ദേവകള്‍ ഒന്നിച്ചു ചെന്ന്‌  ഖഗ്രേന്ദ്രനെ വാഴ്ത്തി, ദൂരെ നിന്ന്‌ അവര്‍ മുനിമാരോടു കൂടി അവനെ വാഴ്ത്തി.

ദേവന്മാര്‍ പറഞ്ഞു; നീ ഋഷിയാണ്‌! മഹാഭാഗനാണ്‌! നീ ദേവനാണ്‌ ഖഗേശ്വര! പ്രഭുവാണു നീ. തപനനാണ്‌, സൂര്യനാണ്‌, പരമേഷ്ഠിയാണ്‌, പ്രജാപതിയാണ്‌, ഇന്ദ്രനാണ്‌, ഹയഗ്രീവനാണ്‌, ഹരാസ്ത്രമാണ്‌, ജഗല്‍പതിയാണ്‌. നീ മുഖമാണ്‌, പത്മജനാണ്‌, വിപ്രനാണ്‌, അഗ്നിയാണ്‌, നീ ധാതാവും വിധാതാവുമാണ്‌, നീ വിഷ്ണുവാണ്‌, നീ മഹത്വമായ അഹങ്കാരമാണ്‌, നിത്യാഗ്ര്യയശസ്സാണ്‌, നീ പ്രഭയാണ്‌, നീ ബുദ്ധിവൃത്തിയാണ്‌, ഭവാന്‍ ബലാബ്ധിയാണ്‌, സാധുവും, അദീനസത്വനും, സമൃദ്ധിമാനും, ദുസ്സഹോഗ്രവീര്യനും ആണ്‌ ഭവാന്‍. കീര്‍ത്തിമാനേ, ഭൂതവും, ഭവിഷ്യത്തും, ഭവാനില്‍ ചേര്‍ന്നതാണല്ലോ! ഉത്തമനായ ഭവാന്‍ സര്‍വ്വ ചരാചരങ്ങളും സൂര്യന്‍ എന്ന പോലെ അംശു വിരിച്ച്‌ കാട്ടിത്തരുന്നു. രവിയുടെ പ്രഭ പോലും സ്വയം സംഹരിക്കുന്നവനാണ്‌ ഭവാന്‍. നീ അന്തകനും, സര്‍വ്വമയനും, ധ്രുവങ്ങളില്‍ വച്ചു ധ്രുവനുമാണ്‌. കുപിതനായ ദിവാകരന്‍ ചുട്ടെരിക്കുന്ന മാതിരി ഭവാന്‍ ജഗത്തിനെ അഗ്നി പോലെ എരിക്കുന്നു. പ്രളയാഗ്നി പോലെ ഭയങ്കരനും യുഗപരിവൃത്തി നാശകനുമാണ്‌. മഹോജ്വല ജ്വലന സമാന ശക്തിമാനായ ഭവാനെ ഞങ്ങള്‍ ശരണം പ്രാപിക്കുന്നു. മിന്നല്‍പ്പിണര്‍ പ്രഭയാല്‍ ഇരുട്ടു നീക്കി ആകാശം മുഴുവന്‍ അടയുമാറ്‌ ചിറകു വിരിച്ച പക്ഷിരാജാവിനെ ഞങ്ങള്‍ നമസ്‌കരിക്കുന്നു!. പരാപരനും, അജയ്യവീരനും, വരദനും ആയ ഭവാന്‍ വിതറി വിടുന്ന മഹസ്സാല്‍ ജഗത്തെല്ലാം തപിച്ചു പോയിരിക്കുന്നു. രക്ഷിച്ചാലും! ജഗല്‍പ്രഭോ, കനകരുചേ, സുര്രേന്ദ, നഭസ്സില്‍ ഭയത്തോടെ വിമാനചാരികളായ ദേവന്മാര്‍ മയങ്ങിപ്പോയിരിക്കുന്നു. ഭവാന്റെ പ്രഭയാല്‍ അവര്‍ ഒഴിഞ്ഞു പോകുന്നു.

ദയാലുവും, മുനിവരനുമായ കശ്യപന്റെ കീര്‍ത്തിമാനായ പുത്രനാണല്ലേോ ഭവാന്‍! അങ്ങു കോപിക്കരുതേ, സകല ഗുണങ്ങളേയും ഗുണം പോലെ കൈക്കൊണ്ട്‌ ഞങ്ങളില്‍ കനിയേണമേ! ഇടി വെട്ടുന്ന പോലെ ഭയങ്കരമായ ധ്വനിയാല്‍ ആകാശം, ദിക്കുകള്‍, ദേവലോകം എന്നിവയോടു കൂടി ഭൂമി നടുങ്ങുന്നു! ഞങ്ങള്‍ വീണ്ടും വീണ്ടും കിടിലം കൊള്ളുന്നു. അനലനെപ്പോലെ ഉഗ്രമായ ഭവാന്റെ വിഗ്രഹം അങ്ങു ചുരുക്കിയാലും. ക്രുദ്ധനായ അന്തകനെപ്പോലെ ഭയങ്കരമായ ഈ മഹാദ്യുതിയില്‍ മനസ്സു വിറയ്ക്കുന്നു അല്ലയോ ഖഗമേ, വന്നിരിക്കുന്ന ഈ ജനങ്ങളില്‍ ഭവാന്‍ സുഖം അരുളേണമേ! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം ദേവര്‍ഷിഗണങ്ങള്‍ സ്തുതിച്ചപ്പോള്‍ സുപര്‍ണ്ണന്‍ തന്റെ മഹസ്സിനെ ഉപസംഹരിച്ചു. 

24. സൗപര്‍ണ്ണം - സുര്യന്റെ ഉഗ്രരൂപം - സൂതന്‍ പറഞ്ഞു: ഈ സ്തുതി കേട്ട്‌ തന്റെ ദേഹത്തെ നോക്കി ഖഗരാജാവ്‌ ശരീരതേജസ്സിനെ ഉപസംഹരിക്കുവാന്‍ ഒരുങ്ങി. 

സുപര്‍ണ്ണന്‍ പറഞ്ഞു: എന്റെ ദേഹം കണ്ട്‌ നിങ്ങള്‍ ഭയപ്പെടേണ്ട. ഭീമരൂപം കണ്ട്‌ ലോകം ഭയപ്പെടുന്നുണ്ടെങ്കില്‍ ഞാന്‍ എന്റെ തേജസ്സ്‌ ഇതാ ഒതുക്കുന്നു. 

സൂതന്‍ പറഞ്ഞു; പിന്നെ കാമഗനും കാമവീര്യനുമായ ആ ഖഗോത്തമന്‍ സൂര്യമന്ദിരത്തില്‍ ചെന്ന്‌  പുറത്ത്‌ അരുണനേയും കയറ്റിയിരുത്തി അമ്മയുടെ അരികത്തു വന്നു. ലോകം വേവുമാറ്‌ അപ്പോള്‍ സൂരൃന്‍ ഉഗ്രമായി തപിച്ചു കൊണ്ടിരുന്നു. അരുണനെ പൂര്‍വ്വദിക്കില്‍ വീണ്ടും വൈനതേയന്‍ സ്ഥാപിച്ചു. ഇത്രത്തോളം കേട്ടപ്പോള്‍ രുരു ചോദിച്ചു:

രുരു പറഞ്ഞു: എന്തിനാണ്‌ ഭഗവാന്‍ സൂര്യന്‍ ഉജ്ജ്വലിച്ച്‌ വിശ്വമൊക്കെ ചുട്ടുകൊണ്ടിരുന്നത്‌? സുരൃന് മന്യുവുണ്ടാകുന്ന വിധം ദേവന്മാര്‍ എന്തു പിഴച്ചു?

പ്രമതി പറഞ്ഞു: രാഹു സുധ പാനം ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ സുര്യചന്ദ്രന്മാരാണ്‌ അതു ചൂണ്ടിക്കാണിച്ചു കൊടുത്തത്‌. അതു കൊണ്ട്‌ അവന് സുര്യചന്ദ്രന്മാരില്‍ പകയുണ്ടായി. അവന്റെ ഗ്രഹണം മൂലം സൂര്യന് മന്യുവുണ്ടായി. ദേവന്മാര്‍ക്ക്‌ ഗുണത്തിന് വേണ്ടി ഞാന്‍ ചെയ്ത പ്രവൃത്തി മൂലമാണല്ലോ രാഹു എന്നോടു കോപിച്ച്‌ ഉപദ്രവിക്കുന്നത്‌. മറ്റാരേയും അവന്‍ പീഡിപ്പിക്കുന്നില്ല. കാരൃത്തിന് സഹായിച്ച എനിക്ക്‌ ആപത്തു വന്നപ്പോള്‍ ആരും എന്നെ സഹായിക്കുന്നുമില്ല. ദേവകള്‍ കണ്ടു നില്ക്കുക മാത്രം ചെയ്യുന്നു. അതു കൊണ്ട്‌ ഈ ലോകം മുടിച്ചേ ഞാന്‍ അടങ്ങൂ എന്നു സുര്യന്‍ മനസ്സില്‍ കരുതി അസ്തപര്‍വ്വതത്തിലണഞ്ഞു. അവിടെ നിന്ന്‌ സൂര്യന്‍ ലോകത്തെ മുഴുവൻ ദഹിപ്പിക്കുവാന്‍ തുടങ്ങി. 

ഇതു കണ്ടപ്പോള്‍ ദേവര്‍ഷിമാരൊക്കെ കൂടി ദേവകളെക്കണ്ടു പറഞ്ഞു: ഇന്ന്‌ അര്‍ദ്ധരാത്രി സമയത്ത്‌ ലോകമെല്ലാം ഭയങ്കരമായ നാശത്തില്‍പ്പെടും! എല്ലാം കത്തി വെണ്ണീറാകും. അങ്ങനെ അവരെല്ലാവരും കൂടി ബ്രഹ്മാവിനെ ചെന്നു കണ്ട്‌ ആപല്ക്കരമായ സംഭവം ഉണര്‍ത്തിച്ചു. ഇത്‌ എന്തൊരഗ്നിയാണ്‌! ലോകം മുടിയുന്നു! സൂര്യനെ കാണുന്നില്ല! ലോകമൊക്കെ തീപ്പിടിച്ചിരിക്കുന്നു! സൂര്യോദയം വന്നാല്‍ ഇനി എന്തെല്ലാം സംഭവിക്കും?. 

പിതാമഹന്‍ പറഞ്ഞു: വിശ്വം ചുട്ടു പൊട്ടിക്കുവാന്‍ തന്നെ സൂര്യന്‍ വിചാരിക്കുന്നു. ലോകം ഭസ്മമാകുവാന്‍ പോകുന്നു. അതിനും ഒരു മറുകൈയുണ്ട്‌! കശ്യപപുത്രനും, ധീമാനും, കാന്തിമാനും, വിശ്രുതനും, മഹാകായനും, ശക്തനുമായ അരുണന്‍ സൂര്യന്റെ മുമ്പില്‍ ചെന്നു നില്ക്കട്ടെ. അവന്‍ സൂര്യരഥത്തിന്റെ സാരഥ്യം വഹിക്കട്ടെ. തേജോഭാരം സംഹരിക്കട്ടെ. ലോകത്തിന് അപ്പോള്‍ സ്വസ്തി ഭവിക്കും

പ്രമതി പറഞ്ഞു; ബ്രഹ്മാവിന്റെ കല്പന അനുസരിച്ച്‌ വിധിപ്രകാരം അരുണന്‍ ചെന്നു. അരുണന്റെ ആവരണത്തോടു കുടി സൂര്യന്‍ ഉദിച്ചു. ഇങ്ങനെ സൂര്യന്‍ ക്രോധം പൂണ്ടതും, അരുണന്‍ സൂര്യസാരഥിയായതും, ഞാന്‍ പറഞ്ഞു. അതിനുണ്ടായ കാരണവും ഞാന്‍ പറഞ്ഞുവല്ലോ. മുമ്പേ ചോദിച്ചതനുസരിച്ച്‌ കഥ തുടരാം. 

25. സൗപര്‍ണ്ണം - കദ്രുവിന്റെ ഇന്ദ്രസ്തുതി - സൂതന്‍ പറഞ്ഞു: ഇനി വിനതയുടെ ദാസ്യകഥ തുടരാം. പിന്നെ ഉന്നിദ്രബലവീര്യവാനായ പക്ഷി അമ്മ വാഴുന്ന കടല്‍ക്കരയിലെത്തി. 

പന്തയത്തില്‍ തോറ്റ്‌ കദ്രുവിന്റെ ദാസിയായിത്തീര്‍ന്ന വിനത അവിടെയാണു പാര്‍ക്കുന്നത്‌. ഒരു ദിവസം കൈകൂപ്പി നില്ക്കുന്ന വിനതയോട്‌ കദ്രു ഗരുഡന്റെ സമീപത്തില്‍ വെച്ചു പറഞ്ഞു. 

കദ്രു പറഞ്ഞു: ഭദ്രേ! നാഗാലയം എത്രയോ മനോഹരമാണ്‌! കടലിന്റെ ഉള്ളിലുള്ള അതൊന്നു കാണുവാന്‍ നീ എന്നെ അങ്ങോട്ടു കൊണ്ടു പോവുക. 

സൂതന്‍ പറഞ്ഞു; കദ്രുവിന്റെ കല്പന കേട്ട ഗരുഡമാതാവ്‌ നാഗമാതാവായ അവളെ എടുത്തു. അമ്മ പറയുകയാല്‍ ഗരുഡന്‍ സര്‍പ്പങ്ങളെയൊക്കെ എടുത്തു. അവന്‍ സൂര്യന്റെ നേരെ പൊങ്ങി. സൂര്യപ്രകാശം തട്ടി സര്‍പ്പങ്ങള്‍ മോഹിച്ചു. സര്‍പ്പങ്ങള്‍ ഒക്കെ വീര്യം കെട്ടു വാടിത്തളര്‍ന്നു. പുത്രന്മാരുടെ ഈ ദുഃഖാവസ്ഥ കണ്ട്‌ കദ്രു ഇന്ദ്രനെ വാഴ്ത്തി സ്തുതിച്ചു. 

കദ്രു പറഞ്ഞു: നമസ്കാരം സുരേന്ദ്ര! നമസ്കാരം വലാന്തക! നമസ്കാരം സഹസ്രാക്ഷ! ശചീപതേ!! സൂര്യതപ്തരായ ഈ അഹികളെ വാരിയില്‍ പ്ലവം എന്ന പോലെ രക്ഷിച്ചാലും! നീയാണല്ലോ ഈയുള്ളവര്‍ക്ക്‌ പരമമായ രക്ഷ! ജലം വളരെ സൃഷ്ടിക്കുവാന്‍ കഴിവുള്ളവനാണല്ലോ പുരന്ദര, ഭവാന്‍! നീ മേഘമാണ്‌! നീ വായുവാണ്‌! നീ അഗ്നിയാണ്‌! നീ ആകാശത്തിലെ. മിന്നലാണ്‌! നീ അഭ്രഗണത്തെ വിക്ഷേപം ചെയ്യുന്നവനാണല്ലോ. നീ മഹാഘനമാണ്‌! നീ അതുല്യമായ ഘോരവജ്രമാണ്‌! നീ ഇരമ്പുന്ന വലാഹകമാണ്‌! നീ വിശ്വം സൃഷ്ടിക്കുന്നവനും സംഹരിക്കുന്നവനുമാണ്‌. സര്‍വ്വഭൂതജ്യോതിസ്സും ആത്മാവും ആയത്‌ നീയാണ്‌! നീ ആദിത്യനാണ്‌! വിഭാവസുവാണ്‌! നീ രാജനാണ്‌! സുരോത്തമനാണ്‌! നീ വിഷ്ണുവാണ്‌! നീ സഹസ്രാക്ഷനാണ്‌! നീ പരമാര്‍ച്ചിതനായ സോമനാണ്‌! നീ മുഹൂര്‍ത്തമാണ്‌! തിഥിയാണ്‌! നീ ലവമാണ്‌! ക്ഷണമാണ്‌! നീ സര്‍വ്വമായ അമൃതമാണ്‌. സംവത്സരവും ഋതുവും, രാവും, പകലും എല്ലാം നീയാണ്‌. നീ ശുക്ലമാണ്‌. നീ ബഹുളമാണ്‌, കലയും കാഷ്ടയും ത്രുടിയും നീയാണ്‌. വനങ്ങളും, മലകളും ഒത്ത ഭൂമിയാണ്‌ നീ. ഇനന്‍ തെളിഞ്ഞ്‌ ഇരുട്ടൊഴിഞ്ഞ നഭസ്സാണ്‌ നീ. അലപ്പരപ്പോടു കൂടിയതും, തിമിയും തിമിംഗലങ്ങളും നിറഞ്ഞ തസഷമകരോഗ്രമായ അബ്ധിയാണ്‌ നീ! 

മഹായശസ്വിയും, അതിമുദിതനുമായ ഭവാനെ മനീഷിമാരും മഹര്‍ഷിമാരും പുകഴ്ത്തുന്നു! ഭവാന്‍ സ്തുതനാണ്‌. യാഗത്തില്‍ ഭവാന്‍ സോമം, വഷള്‍കൃതഹവിസ്സ് എന്നിവ അശിക്കുന്ന ഐശ്വര്യ പ്രദനാണ്‌. വേദപ്പരിഷ യജിക്കുന്നതും, ഫലത്തിന് വേണ്ടി വേദാംഗാവലി പുകഴ്ത്തുന്നതും ഭവാനെയാണല്ലോ. വേദാംഗവും, മഖം ചെയ്യുന്ന വിപ്രരും ഒക്കെ യത്നം ചെയ്ത്‌ ഓതുന്നതൊക്കെ ഭവാന്റെ പ്രിയത്തിനായിട്ടാണല്ലോ. 

26. സൗപർണ്ണം - സര്‍പ്പപ്രഹര്‍ഷം - സൂതന്‍ പറഞ്ഞു; ഇപ്രകാരം കദ്രു പുകഴ്ത്തുവാന്‍ തുടങ്ങിയപ്പോള്‍ ഹരിവാഹനനായ ദേവേന്ദ്രന്‍ കരിങ്കാര്‍നിര കൊണ്ട്‌ നഭസ്തലം വിരിച്ചു. "ഉത്തമമായ ജലം വര്‍ഷിക്കുവിന്‍" എന്ന് ഇന്ദ്രന്‍ അഭ്രങ്ങളോട്‌ കല്പിച്ചു. ഇടിയും മിന്നലുമായി മേഘം വര്‍ഷം ചൊരിഞ്ഞു. മേഘങ്ങള്‍ ആകാശത്തു പരസ്പരം ഗര്‍ജ്ജിക്കുന്നതു പോലെ ഇടിമുഴങ്ങി. പ്രളയം വന്നടുത്തതു പോലെ ഹര്‍ഷം കൊള്ളുന്ന മേഘപാളികള്‍ ആരവത്തോടു കൂടി ജലം വര്‍ഷിച്ചു തകര്‍ക്കുമ്പോള്‍, തിരതള്ളിത്തുള്ളുന്ന സമുദ്രം പോലെ ആകാശം പ്രശോഭിച്ചു. മിന്നല്‍ വീശി ഇളകുന്ന വിധം ഇടിവെട്ടി. തടിച്ച മേഘങ്ങള്‍ മഴക്കാറ്റടിച്ചു വിതറുന്ന വിധം വര്‍ഷിച്ചു. ചന്ദ്രനും, അര്‍ക്കനുമൊക്കെ കെട്ടു പോയ മട്ടില്‍ ആകാശം ഇരുണ്ടു. ഇങ്ങനെ മഴ ചൊരിയുവാന്‍ തുടങ്ങിയപ്പോള്‍ നാഗങ്ങള്‍ സന്തോഷിച്ചു. 

ഭൂമിയില്‍ തണുത്ത ജലം നിറഞ്ഞു പൂര്‍ണ്ണമായി. ശീതളമായ ജലം രസാതലത്തിലും രസമായി ചെന്നു ചേര്‍ന്നു. പലവിധം തിരമാലകള്‍ കൊണ്ട്‌ പാരിടമാകെ മൂടി. അമ്മയോട് കൂടി സർപ്പങ്ങൾ രാമണീയക ദ്വീപില്‍ എത്തി. 

27. സൗപര്‍ണ്ണം - ഗരുഡപ്രശ്നം  - സൂതന്‍ പറഞ്ഞു: വൃഷ്ടിധാരകളേറ്റ് സര്‍പ്പപുംഗവന്മാര്‍ വളരെ സന്തോഷിച്ചു; ഗരുഡന്‍ അവരെ നന്നായി വഹിച്ച്‌ സന്തുഷ്ടരായി ദ്വീപിൽ എത്തി. 

വിശ്വകര്‍മ്മാവു തീര്‍ത്ത മകരാലയമായ ആ മനോഹരദ്വീപില്‍ ലവണാസുരനെ കണ്ടു. ഗരുഡന്‍ വഹിച്ചു കൊണ്ടു പോകുന്ന നാഗങ്ങള്‍ അവിടെയുള്ള കാനനങ്ങള്‍ കണ്ടു. ആ ദ്വീപ്‌ സാഗരാംബുവാല്‍ ചുറ്റപ്പെട്ടതഠായി മുകളില്‍ നിന്ന്‌ കണ്ടു. കൂകുന്ന പക്ഷികളാലും, വിചിത്ര ഫലപുഷ്പാഢ്യമായ കാനനങ്ങളാലും, രമൃമായ ആലയഗണങ്ങളാലും, പൊയ്കകളാലും, സുഗന്ധവാഹിയായ മാരുതനാലും, അംബര ചുംബികളായ ചന്ദനമരങ്ങളാലും, കാറ്റില്‍ പൂവുകള്‍ വര്‍ഷിക്കുന്ന പൂമരങ്ങളാലും, ഗന്ധര്‍വ്വാപ്സരസ്സുകള്‍ക്കു പ്രിയം നല്കുന്ന പുഷ്പാമൃതത്താലും, മുരളുന്ന വണ്ടുകള്‍ പാറിക്കളിക്കുന്ന മനോഹരമായ താമരപ്പൊയ്കകളാലും, എല്ലാം കൊണ്ടും മനോജ്ഞമായ ആ പുണ്യപ്രദേശം വിചിത്രമായ പക്ഷികളുടെ കൂജിതം കൊണ്ട്‌ കദ്രുവിന്റെ പുത്രന്മാര്‍ക്ക്‌ ഹര്‍ഷം ഉളവാക്കി. അതില്‍ കയറി കളിച്ചതിന് ശേഷം ആ കാനനം കണ്ട്‌ സര്‍പ്പങ്ങള്‍ ഗരുഡനോടു പറഞ്ഞു. 

സര്‍പ്പങ്ങള്‍ പറഞ്ഞു: ഹേ ഗരുഡ, നീ ഇനി മനോഹരമായ മറ്റു ദ്വീപുകളിലേക്കും ഞങ്ങളെ കൊണ്ടു പോവുക. ഹേ ഖഗോത്തമ! നീ പലതും കണ്ടവനാണല്ലോ. 

സൂതന്‍ പറഞ്ഞു: സര്‍പ്പങ്ങളുടെ വാക്കു കേട്ട്‌ ഗരുഡന്‍ ചിന്തിച്ച്‌ അമ്മയോടു ചോദിച്ചു: എന്താണ്‌ ഈ സര്‍പ്പങ്ങള്‍ നമ്മോട്‌ ഇങ്ങനെ ഓരോന്നു കല്പിക്കുന്നത്‌? ഇതിന് എന്താണ്‌ നമുക്ക്‌ ചുമതല?

വിനത പറഞ്ഞു: ഹേ പുത്ര, എന്റെ ദുര്യോഗം കൊണ്ട്‌ സപത്നിയായ കദ്രുവിന് ഞാന്‍ ദാസിയായി. പന്തയത്തില്‍ ഈ സര്‍പ്പജന്തുക്കള്‍ ചതിച്ചതു മൂലം ഞാന്‍ പരാജിതയായി. 

സൂതന്‍ പറഞ്ഞു: ഉണ്ടായ കഥകള്‍ എല്ലാം വിസ്തരിച്ച്‌ അവള്‍ പുത്രനെ ധരിപ്പിച്ചു. കാരണം അമ്മ പറഞ്ഞറിയിച്ചപ്പോള്‍ മഹാനായ ഗരുഡന്‍ സര്‍പ്പങ്ങളോട്‌ ആവശ്യമില്ലാത്ത ദുഃഖത്താല്‍ ദുഃഖിതനായി ചോദിച്ചു. 

ഗരുഡന്‍ പറഞ്ഞു: ഞാന്‍ എന്തു കൊണ്ടു വന്നു തന്നാലാണ്‌, എന്ത്‌ അറിഞ്ഞു തന്നാലാണ്‌, എന്തു പരിശ്രമം ചെയ്താലാണ്‌, ഈ ദാസ്യം നിങ്ങള്‍ ഒഴിവാക്കുക? എന്തു പൗരുഷമാണ്‌ ഞാന്‍ കാട്ടേണ്ടത്‌? അഹീന്ദ്രന്മാരേ, സത്യം പറഞ്ഞാലും. 

സൂതന്‍ പറഞ്ഞു: ഇപ്രകാരം ഗരുഡന്‍ ചോദിച്ചപ്പോള്‍ സര്‍പ്പങ്ങള്‍ ചിന്തിച്ച്‌, നീ നിന്റെ ഓജസ്സു കൊണ്ട്‌ അമൃതം കൊണ്ടു വന്നു തരിക. എന്നാൽ നിന്നെ ദാസ്യത്തില്‍ നിന്നു ഞങ്ങള്‍ ഒഴിവാക്കിത്തരാം! എന്നു പറഞ്ഞു. 

28. സൗപര്‍ണ്ണം - ഗരുഡയാത്ര - സൂതന്‍ പറഞ്ഞു: സര്‍പ്പങ്ങളുടെ വാക്കു കേട്ട്‌ ഗരുഡന്‍ അപ്പോള്‍ മാതാവിനോടു പറഞ്ഞു: അമ്മേ, ഞാന്‍ അമൃത്‌ ബലമായി കൊണ്ടുവരുവാൻ പോവുകയാണ്‌. എനിക്കു ഭക്ഷണം തരണം. 

വിനത പറഞ്ഞു: സമുദ്രത്തിന്റെ നടുവിലായി ഒരു നിഷാദാലയമുണ്ട്‌. അവിടെച്ചെന്ന്‌  അനേകായിരം നിഷാദന്മാരെ പിടിച്ചു തിന്നു വിശപ്പടക്കി അമൃതിന്ന്‌ നീ ഗമിച്ചാലും! എന്നാൽ ബ്രാഹ്മണരെ നീ കൊല്ലരുത്‌. അഗ്നിതുല്യനായ ബ്രാഹ്മണന്‍ ഒരിക്കലും വദ്ധ്യനല്ല. അഗ്നി, അര്‍ക്കന്‍, വിഷം ഇവ പോലെയാണ്‌ കോപിച്ച ദ്വിജന്‍. എല്ലാവര്‍ക്കും ഗുരുവാണു വിപ്രന്‍ എന്നാണല്ലോ പ്രമാണം. ഉത്തമനായ ബ്രാഹ്മണന്‍ കോപിച്ചാലും നീ അവനെ വധിക്കരുത്‌. ബ്രാഹ്മണ ദ്രോഹമായ കര്‍മ്മം നീ ഒരിക്കലും ചെയ്യരുത്‌. ക്രുദ്ധനായ ബ്രാഹ്മണനെ പോലെ അഗ്നിയും, അര്‍ക്കനും തീക്ഷ്ണമല്ല. എപ്രകാരം വ്രതിയായ ക്രുദ്ധ ബ്രാഹ്മണന്‍ ചെയ്യുമോ ആ ചിഹ്നം ഉള്ളവനെ കണ്ട്‌ അവന്‍ ബ്രാഹ്മണനാണെന്നു നീ ധരിക്കണം. അവന്റെ യോഗ്യത നിനക്കറിയാം. ദ്വിജന്‍ ഭൂതജ്യേഷ്ഠനും, ജാതിശ്രേഷ്ഠനും, പിതാവും, ഗുരുവുമാണ്‌. 

ഗരുഡന്‍ പറഞ്ഞു. അമ്മേ, ബ്രാഹ്മണന്റെ രൂപം എന്താണ്‌? ശീലമെന്താണ്‌? പരാക്രമമെങ്ങനെ? തീ പോലെ എരിഞ്ഞാണോ ശോഭിക്കുന്നത്‌? അതോ, സൗമൃപ്രകാശനാണോ ബ്രാഹ്മണന്‍? ബ്രാഹ്മണനെ ലക്ഷണം കൊണ്ട്‌ അറിയുന്ന വിധം അമ്മ പറഞ്ഞു തരൂ!

വിനത പറഞ്ഞു: "ചൂണ്ടല്‍ വിഴുങ്ങുന്ന മാതിരി, കണ്ഠത്തിലെത്തിയാല്‍ പൊള്ളുന്നവനാണ്‌ ബ്രാഹ്മണന്‍. കോപിച്ചാലും അവനെ കൊല്ലരുത്‌. തിന്നാല്‍ കുക്ഷിയില്‍ ദഹിക്കാതെ കിടക്കും. അത്‌ ബ്രാഹ്മണനാണെന്ന്‌ നീ അറിയണം". വീര്യം അറിഞ്ഞ്‌ ആശീര്‍വ്വാദാദരങ്ങളോടെ പുത്രവാത്സലൃത്താല്‍ വിനത വീണ്ടും നാഗങ്ങള്‍ ചെയ്ത ചതി ഓര്‍ത്ത്‌ പുത്രനെ അനുഗ്രഹിച്ചു. "നിന്റെ പക്ഷങ്ങള്‍ വായു കാക്കട്ടെ! നിന്റെ പൃഷ്ഠം സൂര്യചന്ദ്രന്മാര്‍ കാക്കട്ടെ! ശിരസ്സ്‌ അഗ്നി കാക്കട്ടെ! വസുക്കള്‍ ഉടല്‍ കാക്കട്ടെ! ഞാന്‍ നിന്റെ ശാന്തി കാത്തു കൊണ്ട്‌ ഇവിടെ തന്നെ വാഴാം. നിനക്കു നന്മ വരും. ക്ലേശം കൂടാതെ നീ പോയി കാര്യം സാധിച്ചു വരിക". 

സൂതന്‍ പറഞ്ഞു: അമ്മ പറഞ്ഞതു കേട്ട്‌ അവന്‍ ചിറകു വിരിച്ച്‌ ആകാശത്തിലുയര്‍ന്നു. വിശപ്പു സഹിച്ച്‌, അന്തകന്‍ എത്തുന്ന വിധം നിഷാദന്മാര്‍ വാഴുന്ന ദ്വീപില്‍ പറന്നെത്തി. നിഷാദന്മാരെ പിടിക്കുവാന്‍ അണഞ്ഞ അവന്‍ എങ്ങും പൊടിപടലം കൊണ്ടു മുടി. കടലിലെ ജലം ഒട്ടേറെ വറ്റിച്ചു. സമീപത്തില്‍ നില്ക്കുന്ന വൃക്ഷങ്ങള്‍ പിടിച്ചു കുലുക്കി. മുഖം ഒന്നു കൂടി വലുതാക്കി, നിഷാദന്മാരുടെ മാര്‍ഗ്ഗം അടച്ചു. വിടുര്‍ത്തിപ്പിടിച്ച വായില്‍ കൂട്ടമായി നിഷാദസംഘം ഭയപ്പെട്ട്‌ ഓടിക്കയറി. പൊടി പറക്കുന്ന വിധം മലയിലെ കാട്ടില്‍ എന്ന പോലെ കാറ്റുയര്‍ന്ന്‌ പക്ഷിക്കൂട്ടത്തെ ആകുലമാക്കുമാറ്‌, ശത്രുഘാതിയായ ഗരുഡന്‍  വായ്‌ അടച്ചു. മഹാചാപല്യത്തോടെ നിഷാദന്മാരെ പാഞ്ഞു പിടിച്ചു വിശപ്പടക്കി, മത്സ്യജീവി സഞ്ചയത്തെ ഭുജിക്കുവാന്‍ ഒരുങ്ങി. പിന്നെ വീണ്ടും വായ്‌ പിളര്‍ന്നു. ഒട്ടനവധി നിഷാദികള്‍ കയറിക്കഴിഞ്ഞപ്പോള്‍ അവന്‍ വായ്‌ കൂട്ടി. 

29. സൗപര്‍ണ്ണം - ആനയുടേയും ആമയുടേയും പുര്‍വ്വജന്മ വ്യത്താന്തം - സൂതന്‍ പറഞ്ഞു: തൊണ്ടയില്‍ ഒരു ബ്രാഹ്മണന്‍ ഭാരൃയോടൊപ്പം പ്രവേശിച്ചത്‌ ഗരുഡന്‍ അറിഞ്ഞില്ല. ഗരുഡന്റെ കണ്ഠം ചുട്ടപ്പോള്‍ അവന്‍ ബ്രാഹ്മണനോടു പറഞ്ഞു: "ഹേ, ബ്രാഹ്മണ, നീ എന്റെ കണ്ഠത്തില്‍ നിന്നു പുറത്തേക്കു പോന്നു കൊള്ളുക! ഞാന്‍ വായ്‌ തുറന്നു തരാം. പാപിയായാലും ബ്രാഹ്മണനെ ഞാന്‍ കൊല്ലുന്നതല്ല". 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറയുന്ന ഗരുഡനോട്‌ ബ്രാഹ്മണന്‍ പറഞ്ഞു: "എന്റെ ഭാര്യ ഒരു നിഷാദിയാണ്‌. ഇവളും എന്റെ കൂടെ പോരാന്‍ അനുവദിക്കണം". 

ഗരുഡന്‍ പറഞ്ഞു; നീ നിന്റെ നിഷാദിയായ ഭാര്യയേയും കൊണ്ടു വേഗം പുറത്തുചാടുക. എന്റെ തേജസ്സു കൊണ്ടു നശിക്കാത്ത നീ സ്വയം കാത്തുകൊള്ളുക. 

സൂതന്‍ പറഞ്ഞു: പറഞ്ഞ പോലെ ബ്രാഹ്മണന്‍ നിഷാദിയോടു കൂടി പുറത്തു ചാടി, ഗരുഡന് ആശിസ്സു നല്കി അവിടെ നിന്നു പോയി. സഭാര്യനായ ആ ദ്വിജന്‍ പോയതിന് ശേഷം പക്ഷികുലേശ്വരനായ ഗരുഡന്‍ പക്ഷം വിരിച്ചു മനോവേഗം പോലെ മേല്പോട്ടുയര്‍ന്നു. വഴിക്ക്‌ അച്ഛനെക്കണ്ടു കുശലപ്രശ്നം ചെയ്തു. ന്യായം പോലെ മഹര്‍ഷി മകനോടു കുശലം ചോദിച്ചു. 

കശ്യപന്‍ പറഞ്ഞു: നിങ്ങള്‍ക്കു സുഖം തന്നെയല്ലേ? മനുഷ്യ ലോകത്തില്‍ ആവശ്യം പോലെ ഭക്ഷണം ലഭിക്കുന്നുണ്ടോ? നിനക്കു വേണ്ടുവോളം ഭക്ഷണം കിട്ടുന്നുണ്ടോ?

ഗരുഡന്‍ പറഞ്ഞു: അമ്മയ്ക്കു കുശലം തന്നെയാണ്‌! സഹോദരനും എനിക്കും സുഖം തന്നെ! ധാരാളം തീറ്റി കിട്ടാത്തതു കൊണ്ട്‌ എനിക്കു സുഖമില്ല, അച്ഛാ! നാഗങ്ങള്‍ എന്നെ അമൃതിന്നായി അയച്ചിരിക്കയാണ്‌! മാതാവിന്റെ ദാസ്യം വേര്‍പെടുത്തുന്നതിന് ഞാന്‍ അമൃതു കൊണ്ടു വരും. നിഷാദപടലത്തെ, അമ്മ കല്പിച്ചു തന്നത്‌ ഞാന്‍ അനുഭവിച്ചു. അവരെ വളരെയേറെ പിടിച്ചു തിന്നിട്ടും ഞാന്‍ തൃപ്തനാകുന്നില്ല. അതു കൊണ്ട്‌ എനിക്ക്‌ ആവശ്യം പോലെ തിന്നുവാന്‍ വേണ്ട ഭക്ഷണം തന്നാലും. അമൃതു ഹരിക്കുവാനുള്ള ശക്തി നേടേണമല്ലോ. എനിക്ക്‌ ഇപ്പോഴും വിശപ്പും ദാഹവുമുണ്ട്‌. അതു തീരുമാറ്‌ അച്ഛന്‍ എനിക്കു ഭക്ഷണം അരുളിയാലും.

കശ്യപന്‍ പറഞ്ഞു; ഈ സരസ്സ്‌ മഹാപുണ്യമായതും, സ്വര്‍ഗ്ഗത്തില്‍ പോലും പ്രസിദ്ധമായതുമാണ്‌. ഒരു ആമയും ആനയും തമ്മില്‍ അവിടെ എന്നും യുദ്ധം നടക്കുന്നുണ്ട്‌. അവര്‍ക്കു തമ്മില്‍ മുജ്ജന്മ വൈരമുള്ളതു പറയാം. നീ അവരുടെ കഥ ശ്രദ്ധിച്ചു കേള്‍ക്കുക. അവരുടെ ദേഹത്തിന്റെ വലിപ്പവും ഞാന്‍ പറഞ്ഞു തരാം. 

പണ്ടു മഹാ ശുണ്ഠിക്കാരനായി വിഭാവസു എന്നു പേരായ ഒരു മുനി ഉണ്ടായിരുന്നു. അവന് സുപ്രതികന്‍ എന്നു പേരായി മഹാതപസ്വിയായ ഒരനുജനും ഉണ്ടായിരുന്നു. അവരുടെ രണ്ടു പേരുടേയും സ്വത്ത്‌ ഒന്നിച്ച്‌ ഒരാളുടെ കൈയിലിരിക്കുന്നതില്‍ സുപ്രതീകനു സമ്മതമുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്കു സുപ്രതീകന്‍ മുതല്‍ ഭാഗത്തെപ്പറ്റി പറയും. ഒരു ദിവസം ജേഷ്ഠനായ വിഭാവസു പറഞ്ഞു; "ഭാഗം കഴിക്കുവാന്‍ പലരും ഇച്ഛിക്കുന്നുണ്ട്‌. അതു നന്നല്ല. ഭാഗിച്ചാല്‍ അര്‍ത്ഥമോഹം മൂലം അന്യോന്യം ഇടയുന്നതിനിടയാകും. സ്വന്തം മുതല്‍ ഭാഗിച്ചു കിട്ടിയാല്‍ അതിന്നിടയില്‍ ഛിദ്രക്കാര്‍ കടന്നു കൂടും. പിന്നെ വൈരികള്‍ കലഹത്തിന് മാര്‍ഗ്ഗമുണ്ടാക്കും. വൈരികള്‍ രണ്ടു ഭാഗത്തും കൂടി രണ്ടു പേരുടേയും മുതല്‍ നശിപ്പിക്കും. അതു കൊണ്ടു മുതല്‍ ഭാഗിക്കുന്നതു സജ്ജനങ്ങള്‍ ഇഷ്ടപ്പെടുകയില്ല. അനുജന്‍ ജ്യേഷ്ഠന് വഴങ്ങിയില്ല. വാക്കേറ്റം മുത്തപ്പോള്‍ ജ്യേഷ്ഠന്‍ അനുജനെ ശപിച്ചു: "ഗുരുമര്യാദ വിട്ടു ശങ്കിക്കുന്നവരെ അടക്കുവാന്‍ കഴിയാത്തവനാണു നീ. ആത്മാവിനെ നിയന്ത്രിക്കുവാന്‍ കഴിയാത്ത നീ ഭാഗ്രദ്രവ്യം കൊതിക്കുക മൂലം ദുഷ്ടനായ ആനയായിത്തിരട്ടെ!".  ഇപ്രകാരം ശപിക്കപ്പെട്ട സുപ്രതീകന്‍, ജ്യേഷ്ഠനായ വിജാവസുവിനേയും ശപിച്ചു: "നീ വെള്ളത്തിനുള്ളില്‍ ജീവിക്കുന്ന ആമയാകട്ടെ!".

ഇങ്ങനെ തമ്മില്‍ ശപിച്ച്‌, സുപ്രതീകനും വിഭാവസുവും എന്ന രണ്ടു തപോധനന്മാര്‍ ഗജവും കച്ഛപവുമായി, ധനത്തില്‍ ആര്‍ത്തി മൂലം, വിമൂഢരായി കിടക്കുന്നു. ആ മഹാകായന്മാരായ രണ്ടു പേരും അവിടെയുണ്ട്‌. ആനയുടെ ശബ്ദം കേട്ടാല്‍ കൂര്‍മ്മം സരസ്സിളക്കി പുറപ്പെടുകയായി. കൂര്‍മ്മത്തെക്കണ്ടാല്‍ ആന തുമ്പി ചുരുട്ടി ചാടുകയും, കൊമ്പും തുമ്പിയും വാലും വീശി സരസ്സിനെ ഇട്ട്‌ മഥിക്കുകയും ചെയ്യും. ഉടനെ ആമയും തലപൊക്കി അവന്റെ നേരെ ബലമായി യുദ്ധത്തിന് പുറപ്പെടുകയായി. 

ആറു യോജന പൊക്കം, പന്ത്രണ്ടു യോജന നീളം ഇതാണ്‌ ആനയുടെ വിസ്താരം. പത്തു യോജന ചുറ്റളവ്‌, മുന്നു യോജന പൊക്കം ഇതാണ്‌ ആമയുടെ വിസ്താരം. അവര്‍ പരസ്പരം യുദ്ധം ചെയ്ത്‌ ചാവാനൊരുങ്ങി നില്ക്കുകയാണ്‌. അവരെ തിന്ന്‌ നീ കാര്യം നേടുക. കന്നല്‍ക്കാറു പോലുള്ള ആമയും, മല പോലുള്ള ആ ഗജത്തേയും തിന്ന്‌ നീ സംതൃപ്തനായി പോയി അമൃതു ഹരിക്കുക! 

സൂതന്‍ പറഞ്ഞു: എന്ന് മുനി ഗരുഡനോടു പറഞ്ഞ്‌ മംഗളമാശംസിച്ചു. പിന്നെ മുനി തുടര്‍ന്നു: അമരന്മാരുമായി നേരിടുന്ന നിനക്ക്‌ ജയം ഉണ്ടാകും. പൂര്‍ണ്ണകുംഭം, വിപ്രര്‍, ഗോക്കള്‍ മാത്രമല്ല മറ്റു വസ്തുക്കളും ശുഭമായി. സ്യസ്തൃയനമായി നിനക്കു ഭവിക്കട്ടെ! ഋക് യജുസ്സ് സാമവേദങ്ങളും, മുഖ്യമായ ഹവ്യ ഗണങ്ങളും, എല്ലാ രഹസ്യാഗമങ്ങളും നിനക്ക്‌ ബലം നല്കട്ടെ! എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഗരുഡന്‍ അവിടെ നിന്നു പറന്ന്‌ പരിശുദ്ധമായ ജലമുള്ളതും, പക്ഷികളുടെ കളകൂജിതങ്ങള്‍ പൊങ്ങുന്നതുമായ ഹ്രദത്തിന്റെ സമീപത്തെത്തി, അച്ഛന്‍ പറഞ്ഞ പ്രകാരം ഒരു നഖം കൊണ്ട്‌ ആനയേയും മറ്റേ നഖം കൊണ്ട്‌ ആമയേയും റാഞ്ചിപ്പിടിച്ച്‌ ആകാശത്തേക്കുയര്‍ന്നു. സ്വര്‍ഗ്ഗത്തിലെ ദ്രുമത്തിന്മേല്‍ ചെന്നിരിക്കുവാന്‍ ഭാവിച്ചു. അവന്റെ കാറ്റേറ്റ്‌ ഉലഞ്ഞ്‌ ഭയചകിതമായി, "ഞങ്ങളെ തകര്‍ക്കല്ലേ", എന്ന് ആ പൊന്മയമായ ദേവശാഖികള്‍ പറഞ്ഞു. മനോരഥ ഫലവൃക്ഷങ്ങള്‍ ഭയപ്പെട്ടു വിറച്ചപ്പോള്‍ ഇവയെ എവിടെ വെച്ച്‌ തിന്നണം എന്നറിയാതെ ആകാശത്തു ചുറ്റിനോക്കി. ഓരോരോ വന്മരങ്ങളുടേയും സമീപത്തെത്തി. പൊന്നും വെള്ളിയുമായ കായ്കളുള്ള വൈഡൂര്യവൃക്ഷങ്ങള്‍, കടല്‍ത്തിര ചുഴലുന്ന പടുവൃക്ഷങ്ങള്‍ എന്നിവ നോക്കി ചുറ്റുമ്പോള്‍, അവിടെ നില്ക്കുന്ന ഉന്നതമായ ഒരു വടവ്യക്ഷം, പെട്ടെന്ന്‌ പറന്നടുത്ത ഗരുഡനോടു പറഞ്ഞു: "നൂറു യോജന വിസ്താരമുള്ള എന്റെ കൊമ്പില്‍ നീ ഇഷ്ടം പോലെ വെച്ച്‌ ആനയേയും ആമയേയും ഭുജിച്ചാലും". അനവധി പക്ഷികള്‍ പൊറുക്കുന്ന ആ മരത്തിന്മേല്‍ ഒരു മഹാപര്‍വ്വതം വന്നിരുന്ന പോലെ, ഗരുഡന്‍ ചെന്നിരുന്നു. നിമിഷത്തില്‍ ആ വടവൃക്ഷത്തിന്റെ ഇല നിറഞ്ഞ കൊമ്പൊടിഞ്ഞു. 

30. സൗപര്‍ണ്ണം - ബാലഖില്യദര്‍ശനം - സൂതന്‍ തുടര്‍ന്നു; ബലവാനായ ഗരുഡന്‍ കാല്‍ വെച്ച സമയത്ത്‌ വൃക്ഷത്തിന്റെ കൊമ്പൊടിഞ്ഞു. ഒടിഞ്ഞു വീഴുവാന്‍ ഭാവിക്കുന്ന കൊമ്പ്‌ അവന്‍ താങ്ങിപ്പിടിച്ചു. 

അവന്‍ സ്മിതത്തോടെ ഒടിയുന്ന കൊമ്പു നോക്കിയപ്പോള്‍ അതില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ബാലഖില്യരെ കണ്ടു. മഹര്‍ഷിമാരായ അവര്‍ ഹനിക്കപ്പെടുമെന്നു കണ്ട്‌ അവന്‍ ഒടിഞ്ഞ ആ ശാഖ കൊക്കില്‍ എടുത്ത്‌ ആനയേയും, കൂര്‍മ്മത്തേയും ദൃഢമായി നഖങ്ങള്‍ കൊണ്ടു പിടിച്ചു. അങ്ങനെ വൃക്ഷശാഖയും, ആനയും, ആമയും താങ്ങി പറക്കുന്ന അതിദൈവതമായ അവന്റെ കര്‍മ്മം കണ്ട്‌ വിസ്മയത്താല്‍ കരള്‍ തുള്ളുന്ന മഹര്‍ഷിമാര്‍ പറഞ്ഞു: "ഗുരുവായ ഭാരം ഏന്തി ഡയനം ചെയ്കയാല്‍ ഗരുഡന്‍ തന്നെ ഇവന്‍!". അന്നു മുതല്‍ പക്ഷിപ്രവരനായ ഭുജംഗഭോജനന്‍ ഗരുഡന്‍ എന്ന പേരില്‍ പ്രസിദ്ധനായി. പിന്നെ വൃക്ഷം കുലുങ്ങുമാറ്‌ അവന്‍ പറന്നു. ആ കൂര്‍മ്മത്തേയും, ഗജത്തേയും, വൃക്ഷശാഖയേയും, ബാലഖില്യരേയും കൊണ്ടു പറന്നു. ബാലഖില്യര്‍ക്കു രക്ഷ നല്കുവാന്‍ പറ്റിയ സ്ഥലം കാണാതെ എല്ലാവരേയും കൊണ്ട്‌ ആകാശത്തില്‍ ചുറ്റിപ്പറന്നു. ഒടുവില്‍ ഗന്ധമാദന പർവ്വതത്തില്‍ ചെന്ന്‌  ഇരുന്നു. അപ്പോള്‍ അവിടെ തപസ്സു ചെയ്യുന്ന അച്ഛനെ ഗരുഡന്‍ കണ്ടു. കശ്യപന്‍, പക്ഷിരാജാവായ തന്റെ പുത്രനെ കണ്ട്‌ അത്ഭുതപ്പെട്ടു. തേജോവീര്യ ബലത്തോടും, മനോവായുജവത്തോടും, ശൈലശ്യംഗാകൃതിയോടും, ബ്രഹ്മദണ്ഡോഗ്രമായ മഹസ്സോടും, ചിന്തിക്കുവാനോ, ഓഹിക്കുവാനോ നിവൃത്തിയില്ലാത്ത വിധം വിശ്വഭീഷണമായ ഭാവത്തോടും, ഘോര രൗദ്രാഗ്നി പോലെ അധൃഷ്യമായ ബലത്തോടും, ദേവന്മാര്‍ക്കും, ദാനവന്മാര്‍ക്കും, രക്ഷസ്സുകള്‍ക്കും ദുര്‍ജ്ജയമായ അദ്രിയെ തകര്‍ക്കുന്നവനും, സമുദ്രത്തെ വറ്റിക്കുന്നവനും, ലോകം കുലുക്കുന്നവനും, അന്തകനെപ്പോലെ ഘോരാകാരനുമായി വരുന്ന പുത്രനെ കണ്ട്‌ അത്ഭുതത്തോടെ കശ്യപ മഹര്‍ഷി അവന്റെ ആഗ്രഹം അറിഞ്ഞു പറഞ്ഞു. 

കശ്യപന്‍ പറഞ്ഞു: ഹേ പുത്ര, സാഹസം മതി! നീ മാലില്‍ പെടരുത്‌. ബാലനായ നിന്നെ തപോബലരായ ബാലഖില്യ മഹര്‍ഷികള്‍ ദഹിപ്പിക്കാതിരിക്കട്ടെ! 

സൂതന്‍ പറഞ്ഞു: കശ്യപന്‍ കത്തിക്കാളുന്ന തപശ്ശക്തിയുള്ള ബാലഖില്യമുനിമാരെ പ്രസാദിപ്പിക്കുമാറു പറഞ്ഞു. 

കശ്യപന്‍ പറഞ്ഞു; മുനീന്ദ്രരേ, പുത്രന്റെ സാഹസം പൊറുത്താലും! പ്രജാക്ഷേമത്തിന് വേണ്ടിയാണ്‌ ഗരുഡന്‍ ഇപ്രകാരം ചെയ്യുന്നത്‌. അവനെ ഈ മഹാകര്‍മ്മത്തിന്‌ നിങ്ങള്‍ അനുവദിച്ചാലും! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം കശ്യപന്‍ പറഞ്ഞതു കേട്ട്‌ ബാലഖില്യ മഹര്‍ഷിമാര്‍ കൊമ്പുവിട്ട്‌ ഹിമാലയത്തില്‍ തപസ്സിനായി പോയി. മുനിമാര്‍ പോയതിന് ശേഷം വൈനതേയന്‍ കൊക്കില്‍ കൊമ്പുമായി താതനോട് പറഞ്ഞു. 

ഗരുഡന്‍ പറഞ്ഞു: ഭഗവന്‍, ഞാന്‍ ഈ മാമരക്കൊമ്പ്‌ എവിടെ കൊണ്ടു പോയി ഇടേണ്ടൂ? മനുഷ്യരില്ലാത്ത ഒരു സ്ഥലം പറഞ്ഞു തന്നാലും! 

സൂതന്‍ പറഞ്ഞു: അച്ഛന്‍ കാണിച്ചു കൊടുത്തതും, മനസ്സു കൊണ്ടു പോലും എത്താത്തതും, മഞ്ഞുമുടിക്കിടക്കുന്നതും, മനുഷ്യവാസമില്ലാത്തതുമായ മഹാഗിരിശൃംഗത്തിലേക്ക്‌ ആമയും, ആനയും, ആലിന്‍കൊമ്പുമായി പക്ഷിരാജാവു പറന്നു. സ്വൈരമായി ഗരുഡന്‍ കൊക്കു കൊണ്ടു താങ്ങിയെടുത്ത ആ വ്യക്ഷക്കൊമ്പിന്ന്‌, നൂറു ചര്‍മ്മമുള്ള തോല്‍വാറു കൊണ്ടു പോലും ചുറ്റളവ്‌ കാണാന്‍ വിഷമമാണ്‌. പത്തു നൂറായിരം യോജന പറന്നതിന്  ശേഷം അവന്‍ ക്ഷണനേരം കൊണ്ട്‌ അച്ഛന്‍ കാണിച്ച ദിക്കിലെത്തി. മനോവേഗത്തില്‍ പറന്ന്‌ ഗരുഡന്‍ വൃക്ഷക്കൊമ്പ്‌ ഭയങ്കരമായ ശബ്ദത്തോടെ ഇട്ടു. ചിറകിന്റെ കാറ്റേറ്റ്‌ പര്‍വ്വതേന്ദ്രനും ഉലഞ്ഞു. ഉല്‍പ്പതിക്കുന്ന ദ്രുമങ്ങള്‍ പുഷ്പം വര്‍ഷിച്ചു. ഉടനെ മലയുടെ കൊടുമുടിക്കൂട്ടം ഇടിഞ്ഞു. അവന്‍ ഇരുന്നതോടു കൂടി അസംഖ്യം വൃക്ഷങ്ങള്‍ തകര്‍ന്നു. മണികാഞ്ചന സന്നാഹങ്ങള്‍ അണിഞ്ഞു കൊണ്ട്‌ അവന്‍ ഉരിക്കെ ആ കുന്നിന്റെ ഫലവൃക്ഷങ്ങള്‍, ആ കൂറ്റന്‍ കുന്നിടിഞ്ഞ്‌, പൊന്‍പൂക്കള്‍ ചിന്നി, മിന്നല്‍ക്കാര്‍ പോലെ ശോഭിച്ചു. പൊന്ന്‌ ഉതിര്‍ന്നും, ശൈലധാതു ചേര്‍ന്നും, ആ വൃക്ഷനികരം ചിന്നുന്ന സൂര്യരശ്മി തട്ടി പ്രശോഭിച്ചു. ആ ഗിരിശ്യംഗത്തിലിരുന്ന്‌ ആ മഹാഖഗം ആനയേയും ആമയേയും ബലമായി കൊത്തിത്തിന്നു. ഭക്ഷണം കഴിഞ്ഞ ഉടനെ അവന്‍ അവിടെ നിന്നു പറന്നുയര്‍ന്നു. അപ്പോള്‍ ദേവകള്‍ക്ക്‌ ദുശ്ലകുനമുണ്ടായി. ഇന്ദ്രന്റെ വജ്രം ഭയത്തോടെ നിന്നു ജ്വലിച്ചു! പുകഞ്ഞെരിഞ്ഞ്‌ പകല്‍സമയത്തും കൊള്ളിമീനുകള്‍  ചാടി. വസുക്കള്‍, രുദ്രന്മാര്‍, ആദിത്യന്മാര്‍ എന്നിവര്‍ക്കും മരുത്തുക്കള്‍, സാദ്ധ്യര്‍, മറ്റു വിബുധന്മാര്‍ ഇവര്‍ക്കും ഉള്ള ആയുധങ്ങള്‍ അന്യോന്യം ഒത്തു ചേര്‍ന്ന്‌ എതിര്‍ത്തു തുടങ്ങി. ദേവാസുര യുദ്ധത്തില്‍ പോലും ഇത്രത്തോളം ഭയാനകത്വം ഉളവായിട്ടില്ല. ഭയങ്കരമായ കൊടുംകാറ്റും ഉല്‍ക്കാപാതങ്ങളുമുണ്ടായി. കാറില്ലാതേയും ആകാശത്ത്‌ ഇടിമുഴങ്ങി. ദേവകളുടെ ദേവന്‍ രക്തവര്‍ഷം പൊഴിച്ചു. മാല്യങ്ങള്‍ വാടി ദേവന്മാരുടെ കാന്തി കുറഞ്ഞു. ഉല്‍പ്പാത ഘോരമേഘങ്ങള്‍ രക്തം വര്‍ഷിച്ചു. പൊടിപൊങ്ങി അവരുടെ മുടിച്ചാര്‍ത്തുകള്‍ മൂടി. പേടിച്ച്‌ ദേവകള്‍ ഇന്ദ്രന്റെ സമീപത്തെത്തി. ഇന്ദ്രന്‍ മഹോല്‍പ്പാതങ്ങള്‍ കണ്ടു ഭയപ്പെട്ട്‌ ദേവകളോടു കൂടി ബൃഹസ്പതിയോടു പറഞ്ഞു. 

ഇന്ദ്രന്‍ പറഞ്ഞു: ഭഗവാനേ, എന്താണ്‌ ക്രൗര്യം കൂടുന്ന ഉല്‍പ്പാതമുണ്ടാകുവാന്‍ കാരണം? നമ്മെ തോല്‍പിക്കുന്ന ശത്രുക്കളെയൊന്നും ഞാന്‍ ഒരിടത്തും ഇപ്പോള്‍ കാണുന്നില്ലല്ലോ!

ബൃഹസ്പതി പറഞ്ഞു: ഹേ, ശതക്രതോ! നിന്റെ തെറ്റു കൊണ്ടും. വീഴ്ച കൊണ്ടും, ബാലഖില്യരുടെ തപോബലം കൊണ്ടും, കശ്യപന് വിനതയില്‍ ഈ പക്ഷി ജനിച്ചു. കാമരൂപനായ അവന്‍ സോമം നേടുവാന്‍ വരികയാണ്‌. സോമം ഹരിക്കുന്നതിന് അവന്‍ സമര്‍ത്ഥനാണ്‌. ഏത്‌ അസാദ്ധ്യകര്‍മ്മവും ചെയ്യുവാന്‍ ആ ഖഗോത്തമന്‍ ശക്തനാണ്‌. എല്ലാറ്റിനും പോരുന്നവനുമാണ്‌! 

സൂതന്‍ പറഞ്ഞു: ബൃഹസ്പതി പറഞ്ഞതു കേട്ട്‌ ഇന്ദ്രന്‍ കാവല്‍ക്കാരോടു പറഞ്ഞു: ബലവാനായ പക്ഷിരാജാവ്‌ അമൃതു ഹരിക്കുവാന്‍ വരുന്നുണ്ട്‌. നിങ്ങള്‍ കരുതിയിരിക്കുക! അവന്‍ അതു കൊണ്ടു പോകരുത്‌. അവന്‍ ഭയങ്കര ശക്തനാണെന്ന്‌ ബൃഹസ്പതി പറയുന്നു! 

ഇന്ദ്രന്‍ പറഞ്ഞതു കേട്ട്‌ സുരന്മാരൊക്കെ ജാഗരൂകരായി, അമൃതിന്റെ ചുറ്റും സന്നദ്ധരായി നിന്നു. വജ്രമേന്തി ഇന്ദ്രനും, ദേഹത്തില്‍ വൈഡൂര്യമണിഞ്ഞ സുവര്‍ണ്ണ കവചങ്ങളും, ചര്‍മ്മങ്ങളും ധരിച്ച്‌ ബലമായി ആയുധങ്ങളുമേന്തി എല്ലാ ദേവന്മാരും നിന്നു. ചക്രം, പരിഘം, ശൂലം, വെൺമഴു, ഉഗ്രമായ വേല്‍, മൂര്‍ച്ചയുള്ളതും മിന്നല്‍ പോലെ പാളുന്നതുമായ വാള്‍, ദേഹത്തിന് യോജിച്ച മാതിരിയുള്ള ഗദ എന്നീ ആയുധങ്ങള്‍, സൂര്യരശ്മി സമൂഹങ്ങള്‍ എന്ന പോലെ ധരിച്ച്‌ ദേവകള്‍ കാത്തു നിന്നു. 

അനുപമമായ ബലവീര്യത്തോടു കൂടിയ ദേവന്മാര്‍ കരുതലോടു കൂടി അമൃതു സംരക്ഷിക്കുവാന്‍ ഒരുങ്ങി നിന്നു. അസുരന്മാരെ പുരത്തോടു കൂടി നശിപ്പിക്കുവാന്‍ കെല്‍പ്പുള്ളവരും തീരെ സഹിക്കുവാന്‍ വയ്യാത്ത അഗ്നിയെപ്പോലെ ശോഭിക്കുന്നവരുമായ ദേവന്മാര്‍, അനേകായിരം ഇരുമ്പുലക്കകളുമായി പ്രശോഭിക്കുമ്പോള്‍, സൂര്യകിരണങ്ങളാല്‍ വ്യാപ്തമായ ആകാശം പോലെ കണ്ടവര്‍ക്കൊക്കെ തോന്നിപ്പോയി. 

31. സൗപര്‍ണ്ണം - ഗരുഡോല്‍പ്പത്തി - ശൗനകൻ പറഞ്ഞു: ഹേ, സൂതജ! എന്തു തെറ്റാണ്‌ ഇന്ദ്രന്‍ ബാലഖില്യരോടു ചെയ്തത്‌? ബാലഖില്യരുടെ തപസ്സാല്‍ ഗരുഡോത്ഭവം എങ്ങനെ സംഭവിച്ചു?; കശ്യപ ദ്വിജന് ഈ പക്ഷി എങ്ങനെ പുത്രനായി? അവന്‍ അവദ്ധ്യനും അധൃഷ്യനുമായത്‌ എങ്ങനെ? കാമഗനും കാമവീര്യനുമായത്‌ എങ്ങനെ? പുരാണത്തില്‍ പറഞ്ഞതാണെങ്കില്‍ അതു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

സൂതന്‍ പറഞ്ഞു; എന്നോടു ഭവാന്‍ ചോദിച്ച ചോദ്യം പുരാണ വിഷയം തന്നെയാണ്‌. എല്ലാം ഞാന്‍ ചുരുക്കിപ്പറയാം. കേട്ടുകൊള്ളുക! 

പുത്രാര്‍ത്ഥമായി യജ്ഞംചെയ്യുന്ന കശ്യപന് അക്കാലത്ത് ഋഷിമാരും, ഗന്ധര്‍വ്വന്മാരും, വിബുധന്മാരുമെല്ലാം വേണ്ട സഹായം ചെയ്തു. കശ്യപന്‍ ഹോമത്തിനുള്ള വിറകു കൊണ്ടു വരുവാന്‍ ഇന്ദ്രനേയും ദേവകളേയും, ബാലഖില്യരേയും വിട്ടു. ശക്രന്‍ തന്റെ ശക്തിക്കൊക്കുന്ന വിധം മല പോലെ ഹോമത്തിനുള്ള വിറകു കൊണ്ടു വന്നു. അതു കൊണ്ടു പോരുമ്പോള്‍ പെരുവിരലിനോളം ദേഹമുള്ള ബാലഖില്യ ഋഷീന്ദ്രര്‍ ഓരോ ചെത്തുപൂളും തലയിലേന്തി പോകുന്നത്‌ ഇന്ദ്രന്‍ കണ്ടു. ആ ബാലഖില്യ മഹര്‍ഷിമാര്‍ നിരാഹാരരായി, ഭാരവും ചുമന്നു പോകുമ്പോള്‍ വഴിക്ക്‌ ഒരു പശുക്കുളമ്പു പതിഞ്ഞതില്‍ വെള്ളം കെട്ടിനിന്നിരുന്നു. വിരലോളം പൊക്കമുള്ള അവര്‍ക്ക്‌ അതൊരു മഹാസരസ്സായിരുന്നു. അതില്‍ വീണുഴലുന്ന ആ അംഗുഷ്ടമാത്രരായ മനുഷ്യരെ കണ്ട്‌ വീര്യോന്മത്തനായ ഇന്ദ്രന്‍ പരിഹസിച്ചു ചിരിച്ച്‌, അവരെ പിടിച്ചു കയറ്റാതെ, അതിക്രമിച്ച്‌, കടന്നു പോന്നു. ഇതു കണ്ടപ്പോള്‍ ഋഷിമാര്‍ക്ക്‌ കോപവും ഖേദവുമുണ്ടായി. അവര്‍ പിന്നെ ഇന്ദ്രനെ ഭയപ്പെടുത്തുവാനായി മഹാകര്‍മ്മം ആരംഭിച്ചു. അവര്‍ യഥാവിധി അഗ്നിയില്‍ ഹോമം ചെയ്തു. ഉച്ചാവചമായ മന്ത്രം ചൊല്ലി. എന്താണ്‌ അവര്‍ ഇച്ഛിച്ചതെന്നു കേള്‍ക്കുക. "കാമവീര്യനും, കാമഗമനും, അമരേന്ദ്രനു ഭയമുണ്ടാക്കുന്നവനുമായ മറ്റൊരു ഇന്ദ്രന്‍ സുരന്മാര്‍ക്കുണ്ടാകണമെന്നാണ്‌ അവരുടെ മനസ്സങ്കല്പം. ഇന്ദ്രനേക്കാള്‍ നൂറിരട്ടി ശക്തിയുള്ളവനും, വീരനും, മനോജവനുമായ മറ്റൊരു ഇന്ദ്രന്‍ ഞങ്ങളുടെ തപസ്സു കൊണ്ടുണ്ടാകട്ടെ!" എന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. ഇത്‌ ഇന്ദ്രനറിഞ്ഞു. ഇനിഎന്തു ചെയ്യും ? കശ്യപനെ ശരണം പ്രാപിക്കുക തന്നെ. ഇന്ദ്രന്റെ അപേക്ഷ പ്രകാരം കശൃപന്‍ ബാലഖില്യരുടെ സമീപം ചെന്ന്‌ അവരുടെ കര്‍മ്മസിദ്ധിയെപ്പറ്റി ചോദിച്ചറിഞ്ഞു. കശൃപന്‍ അവരെ സാന്ത്വനപ്പെടുത്തി. ബ്രഹ്മാവ്‌ ശക്രനെ മൂന്നു ലോകത്തിനും ഇന്ദ്രനായി നിശ്ചയിച്ചിരിക്കെ മറ്റൊരു ഇന്ദ്രന്  വേണ്ടി നിങ്ങള്‍ ഇച്ഛിക്കുന്നതു ശരിയാണോ? ബ്രഹ്മകല്പനയെ മിഥ്യയാക്കുവാന്‍ ശ്രമിക്കാമോ? നിങ്ങള്‍ സങ്കല്‍പിച്ചു ചെയ്യുന്ന കര്‍മ്മം ഒരിക്കലും മിഥ്യയായി വരുന്നതുമല്ല. അതു കൊണ്ട്‌ നിങ്ങള്‍ആഗ്രഹിക്കുന്നവന്‍ പക്ഷികള്‍ക്കൊക്കെ ഇന്ദ്രനായി വരട്ടെ! ദേവരാജാവ്‌ നിങ്ങളോട്‌ ഇപ്രകാരം ഇരക്കുന്നു. അവനെ ഉപ്രദവിക്കരുത്‌. അവനില്‍ ക്ഷമിക്കണം! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറയുന്ന കശ്യപനോട്‌ ബാലഖില്യര്‍ സല്‍ക്കാരപൂര്‍വ്വം ഉത്തരം പറഞ്ഞു. 

ബാലഖില്യന്മാര്‍ പറഞ്ഞു: ഞങ്ങള്‍ എല്ലാവരും കൂടി ഇവിടെ മറ്റൊരു ഇന്ദ്രന് വേണ്ടി ശ്രമിക്കുന്നവരാണ്‌. ഭവാന്‍ പുത്രലാഭത്തിന് കര്‍മ്മം ചെയ്യുകയാണല്ലോ. ഈ കര്‍മ്മം സഫലമാകുമാറ്‌ അങ്ങ്‌ ഏറ്റുവാങ്ങിയാലും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ശ്രേയസ്സു ഭവിക്കുക തന്നെ ചെയ്യും! 

സൂതന്‍ പറഞ്ഞു: ഇക്കാലത്ത്‌ ദക്ഷനന്ദിനി, ശുഭാംഗിയായ വിനത പുത്രനെ കാമിച്ച്‌ ശുചിയായി തപസ്സു ചെയ്ത്‌ വ്രതസ്നാന വിശുദ്ധയായി, പുംസവനത്തിങ്കല്‍ ഭര്‍ത്താവിന്റെ പാര്‍ശ്വത്തെ പ്രാപിച്ചു. അപ്പോള്‍ കശ്യപന്‍ ഇപ്രകാരം പറഞ്ഞു: ദേവീ, നിന്റെ ഇംഗിതം ഏറ്റവും സഫലമായിത്തീരും. നീ വീരന്മാരായ രണ്ടു പുത്രന്മാരെ പ്രസവിക്കും. അവര്‍ ഭുവനേശ്വരന്മാരായിത്തീരും. ബാലഖില്യരുടെ തപസ്സു കൊണ്ടും, എന്റെ സങ്കല്പം കൊണ്ടും ഈ പറഞ്ഞത്‌ നിശ്ചയമായും സംഭവിക്കും. നിനക്കു ജനിക്കുന്ന പുത്രന്‍ യോഗ്യനായും വിശ്വപൂജിതനായും തീരും. മഹോദയമായ ഈ ഗര്‍ഭം തെറ്റു പറ്റാതെ നീ ധരിക്കുക. ദ്വിജോത്തമന്മാരായ ഇവര്‍ പക്ഷിപ്പരിഷയ്ക്ക്‌ ഇന്ദ്രപട്ടം കൊടുക്കുകയും വിശ്വമാനിതരായി ഭവിക്കുകയും ചെയ്യും. 

പിന്നെ പ്രജാപതി ഇന്ദ്രനോടു പറഞ്ഞു: വീരന്മാരായ ഇവര്‍ നിന്റെ സോദരന്മാരാണ്‌. അവര്‍ നിനക്കു തുണയായി ഭവിക്കും. അവര്‍ മൂലം ഹേ, വാസവ! നിനക്ക്‌ ദോഷമൊന്നും സംഭവിക്കുന്നതല്ല. നിന്റെ മനസ്താപംകളയുക! തീര്‍ച്ചയായും അങ്ങു തന്നെയാണ്‌ ദേവേന്ദ്രന്‍! ഇനി ഭവാന്‍ സജ്ജനങ്ങളെ പരിഹസിക്കരുത്‌. വജ്രം പോലെ വാക്കുള്ളവരും, കോപനന്മാരുമായ യോഗ്യന്മാരെ പരിഹസിക്കരുത്‌! എന്നു ബ്രഹ്മാവു പറഞ്ഞപ്പോള്‍ ഇന്ദ്രന്‍ ശങ്കവിട്ട്‌ സ്വര്‍ഗ്ഗത്തിലേക്കു മടങ്ങിപ്പോയി. സിദ്ധാര്‍ത്ഥയായ വിനത ആനന്ദം പൂണ്ടു. പിന്നെ അവള്‍ക്ക്‌ അരുണന്‍, ഗരുഡന്‍ എന്നീ രണ്ടു പുത്രന്മാരുണ്ടായി. അരുണന്‍ വികലനായി, സൂര്യസാരഥിയായി. ഗരുഡന്‍ പക്ഷികള്‍ക്ക്‌ ഇന്ദ്രനായി, അഭിഷിക്തനായി. അവന്റെ ഈ മഹാകര്‍മ്മങ്ങള്‍ ഹേ, ഭൃഗുനന്ദന, കേട്ടാലും. 

32. സൗപര്‍ണ്ണം - ദേവഗരുഡയുദ്ധം - സൂതന്‍ പറഞ്ഞു: ദേവകള്‍ ആയുധങ്ങളുമേന്തി ചട്ടയണിഞ്ഞ്‌ അമൃതിനെ ജാഗ്രതയോടെ കാത്തുകൊണ്ടിരിക്കെ ദേവന്മാര്‍ക്കെതിരായി ഗരുഡന്റെ വരവു കണ്ടു. അവനെ അകലെ നിന്നു കണ്ടപ്പോള്‍ തന്നെ ദേവലോകം വിറച്ചു പോയി. ആയുധങ്ങള്‍ കൂട്ടിമുട്ടി ത്സണത്സണല്‍ക്കാരമുണ്ടായി. 

മിന്നലിനും അഗ്നിക്കും തുല്യമായ ആകാരത്തോടെ അത്ഭുതാമേയ വിക്രമനായ വിശ്വകര്‍മ്മാവ്‌ അമൃതു കാക്കുവാന്‍ നില്ക്കുന്നുണ്ട്‌. അവന്‍ പക്ഷിയുമായി പടവെട്ടി. പക്ഷം കൊണ്ടടിച്ചും കൊക്കു കൊണ്ടു കൊത്തിയും, മുഹൂര്‍ത്ത സമയം പോരാടിയപ്പോള്‍ വിശ്വകര്‍മ്മാവ്‌ ക്ഷതമേറ്റു ക്ഷീണിച്ചു വീണു. വിസ്തൃതമായ ചിറകു വിടുര്‍ത്തി അടിച്ച്‌ കൊടുങ്കാറ്റുണ്ടാക്കി, പൊടിപറപ്പിച്ച്‌ ലോകമൊക്കെ ഇരുട്ടാക്കി, ദേവസേനയില്‍ പൊടി അവന്‍ വര്‍ഷിച്ചു. ധൂളിപാളിയില്‍ പെട്ട്‌ ദേവസേന മൂര്‍ച്ഛിച്ചു. സുധ കാക്കുന്നവര്‍ക്ക്‌ കണ്ണു കാണുവാന്‍ വയ്യാതായി. പക്ഷി എവിടെയാണെന്ന് പോലും അറിയാതായി. ഇപ്രകാരം ഖഗേശ്വരന്‍ ദേവലോകത്തെ ഇരുട്ടിലിട്ട്‌ ഇളക്കി മറിച്ചു. പക്ഷതുണ്ഡപ്രഹരം കൊണ്ട്‌ ദേവന്മാരുടെ ദേഹമൊക്കെ കീറി. 

അപ്പോള്‍ സഹസ്രാക്ഷനായ ഇന്ദ്രന്‍ വായുവിനോടു പറഞ്ഞു: "ഹേ! മാരുത, ധൂളിവര്‍ഷം മാറ്റുക! അതു നിന്റെ കര്‍ത്തവ്യമാണ്‌". 

വായുദേവന്‍ ധൂളി പാടേ അടിച്ചു മാറ്റി. ആകാശം തെളിഞ്ഞു. മൂടല്‍ നീങ്ങിയപ്പോള്‍ ദേവന്മാര്‍ ആ പക്ഷിയെ നല്ലപോലെ മര്‍ദ്ദിച്ചു. ദേവന്മാരുടെ ഭയങ്കരമായ മര്‍ദ്ദനമേറ്റപ്പോള്‍ പക്ഷി കാളമേഘം പോലെ ഭയങ്കരമായി അലറി! ലോകം കിടിലം കൊണ്ടു! ശത്രുഭീഷണനായ പക്ഷി മേല്പോട്ടു പൊങ്ങി. വാനവര്‍ക്കു പരിഭാഗത്തായി ആ വിരുതനായ ഖഗേന്ദ്രന്‍ വിലസുമ്പോള്‍ ചട്ടയിട്ട ദേവകള്‍ ഇന്ദ്രനുമൊത്ത്‌ ശരങ്ങള്‍ ചൊരിഞ്ഞു. പട്ടസം, പരിഘം, ശൂലം, ഗദ, ക്ഷുരം, ചക്രം എന്നിങ്ങനെയുള്ള പലവിധം ശസ്ത്രങ്ങള്‍ അവര്‍ ഗരുഡന്റെ നേരെ പ്രയോഗിച്ചു. ഘോരമായി പോരാടുന്ന ആ പക്ഷിവീരന് യാതൊരു കൂസലുമുണ്ടായില്ല. അവന്‍ ആകാശത്തില്‍ അഗ്നി എരിയുന്ന മാതിരി ശോഭിച്ചു. പക്ഷം കൊണ്ടും, വക്ഷസ്സു കൊണ്ടും പ്രഹരിച്ച്‌ ഓരോരുത്തനെ പിടിച്ച്‌ എറിഞ്ഞ്‌, ഗരുഡന്‍ മര്‍ദ്ദിച്ചു. നഖം കൊണ്ടും, കൊക്കു കൊണ്ടും ക്ഷതമേറ്റു ദേവന്മാര്‍ ചോരയൊലിച്ച്‌ ഓടി. സാദ്ധ്യഗന്ധര്‍വ്വന്മാര്‍ കിഴക്കോട്ടും, വസുക്കള്‍ തെക്കോട്ടും, ആദിതൃന്മാര്‍ പടിഞ്ഞാറോട്ടും, അശ്വിനീദേവകള്‍ വടക്കോട്ടും ഓടിക്കളഞ്ഞു. അവര്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഭയപ്പെട്ട്‌ ഓടി. ഗരുഡന്റെ അടിയേറ്റു ദേവന്മാര്‍ രുദ്രന്മാരോടു കൂടി ഓടി. വീരനായ ഗരുഡന്‍ യുദ്ധം നിര്‍ത്തിയില്ല. അവന്‍ വീരനായ അശ്വക്രന്ദനോടും, രേണുകനോടും, ക്രഥനോടും, തപനനോടും, ശ്വസനനോടും, ഉലൂകനോടും, നിമേഷനോടും, പ്രരുജനോടും, പുളിനനോടും ഘോരമായി യുദ്ധം ചെയ്ത്‌ നഖതുണ്ഡങ്ങളാല്‍ അവരുടെ ദേഹം കീറി. പ്രളയത്തില്‍ ഘോരനായ കാലരുദ്രനെ പോലെ ഖഗേശ്വരന്‍ പോരാടി. ആ ഉത്സാഹശാലികളായ വീരന്മാര്‍ ഗരുഡന്റെ നഖക്ഷതമേറ്റു മുറിഞ്ഞ്‌ പൂത്ത മുരിക്കിന്‍ കാടുകള്‍ പോലെ ചോരയില്‍ മുഴുകി ശോഭിച്ചു. 

ആ ദേവസമൂഹത്തെയെല്ലാം ഹതപ്രാണരാക്കി, ആ ഖഗോത്തമന്‍ വിട്ടു. അമൃതിന്റെ അടുത്തേക്കു ചെന്നപ്പോള്‍ ചുറ്റും കടുത്ത അഗ്നിയെ ദര്‍ശിച്ചു. ജ്വാലാമാലയോടു കൂടി ശിഖി ആകാശത്തില്‍ ആളിക്കൊണ്ടിരിക്കുന്നു. ചണ്ഡാംശുപോലെ ഉഗ്രമായി ചണ്ഡമായ കാറ്റേറ്റ്‌ അഗ്നി ജ്വലിച്ചു. ഉടനെ ഗരുഡന് ആയിരത്തെണ്ണൂറു മുഖങ്ങള്‍ കാണപ്പെട്ടു. ആ മുഖങ്ങളില്‍ നിന്ന് നദീജലമെടുത്ത്‌ ജ്വലിക്കുന്ന അഗ്നിയില്‍ ഒഴിച്ചു തീ കെടുത്തി. ജ്വലിക്കുന്ന ആ തീ ശമിച്ചപ്പോള്‍ പക്ഷിരാജാവായ ഗരുഡന്‍ തന്റെ ദേഹമൊന്നു ചെറുതാക്കി അമൃതിന്റെ അടുത്തേക്കു കുതിച്ചു.

33. സൗപര്‍ണ്ണം - ഗരുഡന്‍ വിഷ്ണുവിന്റെ വാഹനമായത്‌ - സൂതന്‍ പറഞ്ഞു: ഉടനെ ശോഭാവിക്ഷേപം ചെയ്യുന്ന സ്വര്‍ണ്ണമയ ദേഹനായി, മത്സ്യം കടലില്‍ എന്ന വിധം ഗരുഡന്‍ കുതിച്ചു. അമൃതം കാക്കുവാന്‍ ചുറ്റും ക്ഷുരങ്ങളോടു കൂടിയ തീക്ഷ്ണമായ കാരിരുമ്പു യന്ത്രം തിരിഞ്ഞു കൊണ്ടിരിക്കുന്നത്‌ അവന്‍ കണ്ടു. അമൃതിന് അടുക്കുന്നവരെ അറുത്തു വിടുന്ന ആ യന്ത്രം ദേവനിര്‍മ്മിതമാണ്‌. ആ ചക്രം അനവരതം തിരിഞ്ഞു കൊണ്ടിരിക്കുമ്പോള്‍, ആ ചക്രത്തിന്റെ അരത്തിന്റെ പഴുതു നോക്കി നിന്ന്‌ ദേഹം ചെറുതാക്കി അവന്‍ ആ പഴുതിലൂടെ ഉള്ളിലേക്ക്‌ ക്ഷണാര്‍ദ്ധം കൊണ്ടു ചാടിക്കടന്നു. അവിടെ എത്തിയപ്പോള്‍ ചക്രത്തിന്റെ താഴെയായി അമൃതു കാക്കുവാന്‍ നിയോഗിക്കുപ്പെട്ട രണ്ടു സര്‍പ്പങ്ങളെ കണ്ടു, അഗ്നി പോലെ ഉഗ്രരൂപമായി മിന്നല്‍ പോലുള്ള നാവുകളും, ദീപ്തമായ വക്ത്രവും, അഗ്നിമയമായ നേത്രങ്ങളും ചേര്‍ന്ന അവര്‍ നോട്ടം കൊണ്ടു തന്നെ വിഷമേല്പിക്കുന്നവരാണ്‌. ക്രോധത്തോടെ ജാഗരൂകരായി, കലങ്ങിയ കണ്ണുകളോടു കൂടി എപ്പോഴും നിര്‍ന്നിമേഷരായി നില്ക്കുന്നു. അവരുടെ കണ്ണേല്‍ക്കുന്നവന്‍ ഭസ്മമായിപ്പോകും. ഉടനെ ഗരുഡന്‍ അവരുടെ ദൃഷ്ടി പൊടിപറപ്പിച്ചു മൂടിക്കളഞ്ഞു. അവരെ അന്ധരാക്കി, അവന്‍ അവരെ അടിച്ച്‌ അവശരാക്കി. അവരുടെ ദേഹത്തില്‍ കയറിയിരുന്ന്‌, അവരുടെ നടുകൊത്തി മുറിച്ചിട്ട്, അമൃതിന്റെ അരികിലേക്കടുത്തു. അമൃതു കൈയിലാക്കി, ആ വീരന്‍ യന്ത്രം അടിച്ചു തകര്‍ത്ത്‌, ആകാശത്തേക്ക്‌ ഉയര്‍ന്നു. അമൃതം സ്വാദു നോക്കാതെ അതെടുത്തു പെട്ടെന്നു പുറത്തു കടന്ന ആ പരാക്രമി അര്‍ക്കപ്രഭ മറച്ചു കൊണ്ട്‌ ആകാശത്തിലുയര്‍ന്നു. ആകാശത്തില്‍ ആദ്യം വിഷ്ണുവുമായി മഹാനായ വിനതാപുത്രന്‍ ചേര്‍ന്നു. അവന്റെ വിക്രമം കണ്ട്‌ വിഷ്ണു സന്തോഷിച്ചു. ആ കര്‍മ്മം തൃഷ്ണവിട്ടതായതിനാല്‍ ഹരി ഏറ്റവും പ്രസാദിച്ചു. ഹേ ഗരുഡ! നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു! നീ എന്നില്‍ നിന്നു വരം വരിച്ചാലും! 

ഗരുഡന്‍ പറഞ്ഞു; ഞാന്‍ അങ്ങയില്‍ ഇരിക്കുമാറാകണം. പിന്നേയും ഗരുഡന്‍ സാക്ഷാല്‍ നാരായണനോടു പറഞ്ഞു: അമൃതപാനം കൂടാതെ തന്നെ ഞാന്‍ ജരാമരണമില്ലാത്തവൻ ആകണം. 

നാരായണന്‍ പറഞ്ഞു: എന്നാൽ അപ്രകാരം തന്നെ ഭവിക്കട്ടെ. ഇങ്ങനെ രണ്ടു വരങ്ങള്‍ വരിച്ചതിന് ശേഷം ഗരുഡന്‍ ഹരിയോടു പറഞ്ഞു: വിഭോ, അങ്ങയ്ക്കു ഞാനും വരം തരാം. എന്തു വരമാണ്‌ ഭവാനു വേണ്ടതെന്നു പറഞ്ഞാലും! 

വിഷ്ണു പറഞ്ഞു: നീ എന്റെ വാഹനമാകണം. നിനക്കു വസിക്കുവാന്‍ ഞാന്‍ ധ്വജം തീര്‍ക്കുന്നുണ്ട്‌. എന്റെ ഉപരിഭാഗത്ത്‌ നീ വസിക്കുക! അപ്രകാരമാകാമെന്നു പറഞ്ഞ്‌ ആ ഖഗം വായുവേഗത്തില്‍ പോന്നു. 

ഇന്ദ്രന്‍ വജ്രം കൊണ്ട്‌ ആ പക്ഷീന്ദ്രനെ പ്രഹരിച്ചു. വജ്രമേറ്റിട്ടും കൂസല്‍ കൂടാതെ അമൃതും കൊണ്ടു പോരുമ്പോള്‍, പറക്കുന്ന ആ ബദ്ധപ്പാടില്‍ പക്ഷിരാജാവ്‌ ചിരിച്ചു കൊണ്ട്‌ ഭംഗിയായി ഇന്ദ്രനോടു പറഞ്ഞു. 

ഗരുഡന്‍ പറഞ്ഞു; സ്വന്തം അസ്ഥി കൊണ്ട്‌ വജ്രം തീര്‍ത്ത മഹര്‍ഷിയെ ഞാന്‍ മാനിക്കുന്നു. ഞാന്‍ വജ്രത്തേയും മാനിക്കുന്നു. വജ്രായുധനായ ഭവാനേയും മാനിക്കുന്നു. അതു കൊണ്ട്‌ ഈ ഒരു തൂവല്‍ ഞാന്‍ വെടിയുന്നു. ചിറകിന്‌ ഒരു അറ്റകുറ്റവും അതു കൊണ്ടു വരുന്നതല്ല. നിന്റെ വജ്രമേറ്റിട്ടും എനിക്കു ലേശവും വേദന പറ്റുന്നില്ല. 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ആ ഖഗേന്ദ്രന്‍ ഒരു തൂവല്‍ വായുവില്‍ വിട്ടു. പെട്ടെന്ന്‌ അവന്‍ അവന്റെ ആ പര്‍ണ്ണം വിട്ടപ്പോള്‍ ആ പര്‍ണ്ണം കണ്ട്‌ സര്‍വ്വഭൂതങ്ങളും അത്ഭുതപ്പെട്ട് സന്തോഷിച്ചു. സുരൂപമായ പര്‍ണ്ണമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ സുപര്‍ണ്ണന്‍ എന്ന് ഗരുഡന് നാമകരണം ചെയ്തു. സഹസ്രാക്ഷനായ പുരന്ദരന്‍ ഈ മഹാശ്ചര്യം കണ്ട്‌, പതഗ്രേന്ദന്‍ സാധാരണക്കാരനല്ലെന്നും, മഹാഭൂതമാണെന്നും, അറിഞ്ഞു പറഞ്ഞു. 

ശക്രന്‍ പറഞ്ഞു: നിന്റെ ഉത്തമബലത്തിന്റെ തത്വം എനിക്കു പറഞ്ഞു തന്നാലും! ഹേ! ഖഗോത്തമ, എനിക്ക്‌ എന്നും ഭവാന്റെ സഖ്യം വേണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു! 

34. സൗപര്‍ണ്ണം - ഇന്ദ്രന്റെ അമൃതാപഹരണം - ഗരുഡന്‍ പറഞ്ഞു: ഹേ, പുരന്ദര! ഭവാന്‍ ആശിക്കുന്ന പ്രകാരം ഞാന്‍ ഭവാനുമായി സഖ്യമാകാം. എന്റെ ബലം വലിയതാണ്‌. അത്‌ അസഹ്യവുമാണ്‌. സ്വന്തം ബലത്തെ താന്‍ തന്നെ വാഴ്ത്തി പറയുന്നത്‌ സജ്ജനങ്ങള്‍ക്കു ചേര്‍ന്നതല്ല. ആത്മപ്രശംസ പാപമാണ്‌. അതു സജ്ജനങ്ങള്‍ ചെയ്യാറില്ല. പ്രശംസാര്‍ഹമല്ല. ഹേ! കീര്‍ത്തിമാനായ ശതക്രതോ, ഭവാന്‍ സഖാവായിത്തീരുകയാല്‍ ഞാന്‍ പറയാം. അങ്ങ്‌ ചോദിച്ചതു കൊണ്ട്‌ സത്യം പറയുന്നത്‌ ആവശ്യമാണല്ലോ. സ്വഗുണങ്ങളെ പുകഴ്ത്തി പറയുന്നതു യോഗ്യമല്ല. പറയാന്‍ പാടില്ലാത്തതാണ്‌. മലയും കാടും, അലയും കടലും ചേര്‍ന്ന ഭൂമിയേയും ഭാരമേറിയ ഭവാനേയും ഞാന്‍ എന്റെ ഒറ്റച്ചിറകില്‍ ഏറ്റാം. ചരാചരങ്ങളെല്ലാം ചേര്‍ന്ന ജഗത്ത്‌ ഒന്നിച്ചു ചേര്‍ത്തു ഞാന്‍ ഉല്ലാസത്തോടെ ഏറ്റാം. ഇതാണ്‌ എന്റെ ബലമെന്ന്‌ ഞാന്‍ അങ്ങയെ വിനയപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറയുന്ന വീരനായ ഗരുഡനോട്‌ ശ്രീമാനും കിരീടിയുമായ ഇന്ദ്രന്‍, എല്ലാവര്‍ക്കും ഗുണം ആശംസിക്കുന്ന ഈശ്വരന്‍ പറഞ്ഞു. 

ഇന്ദ്രന്‍ പറഞ്ഞു: ഭവാന്‍ പറഞ്ഞതെല്ലാം ഭവാനു ചേര്‍ന്നതാണ്‌. ഭവാന്‍ അതിന് ശക്തനുമാണ്‌! എന്റെ സഖ്യം ഭവാന്‍ കൈക്കൊള്ളുക. അങ്ങേയ്ക്ക്‌ അമൃതു വേണ്ടെങ്കില്‍ അത്‌ ഇങ്ങു തന്നേക്കുക. അങ്ങ്‌ ഈ അമൃതു കൊണ്ടു പോയി കൊടുത്താല്‍, അത്‌ അനുഭവിക്കുന്നവര്‍ ദേവന്മാരെ ദ്രോഹിക്കുന്നവരാകും. 

ഗരുഡന്‍ പറഞ്ഞു: ഞാന്‍ ഒരു കാര്യം സാധിക്കുന്നതിനു വേണ്ടി യാണ്‌ ഈ അമൃതം ഹരിച്ചത്‌. ഈ അമൃതം പാനം ചെയ്യുവാന്‍ ഞാന്‍ ആര്‍ക്കും കൊടുക്കുന്നതല്ല. ഇതു ഞാന്‍ എവിടെ കൊണ്ടു പോയി വെക്കുന്നുവോ അവിടെ നിന്നു ഭവാന്‍ സാഹസത്തോടെ കൊണ്ടു പോന്നുകൊള്ളുക!

ഇന്ദ്രന്‍ പറഞ്ഞു: ഭവാന്‍ പറഞ്ഞ വാക്കിനാല്‍ ഞാന്‍ തൃപ്തനായിരിക്കുന്നു. ഞാന്‍ നന്ദി പറയുന്നു! എന്നില്‍ നിന്നു ഭവാന്‍ ആവശ്യമുള്ള വരം വാങ്ങിക്കൊള്ളുക. 

സൂതന്‍ പറഞ്ഞു: ഇന്ദ്രന്‍ ഇപ്രകാരം പറഞ്ഞതു കേട്ടു കദ്രു പുത്രന്മാരെ  ഓര്‍ത്ത്‌, ചതിയാല്‍ അവര്‍ അമ്മയ്ക്ക്‌ ദാസ്യമുണ്ടാക്കി തീര്‍ത്തതിനെ ഓര്‍ത്ത്‌ ഗരുഡന്‍ പറഞ്ഞു. 

ഗരുഡന്‍ പറഞ്ഞു: ഞാന്‍ സര്‍വ്വേശനാണെങ്കിലും അങ്ങയോട്‌ ഇരക്കുകയാണ്‌. ശക്തരായ സര്‍പ്പങ്ങള്‍ എന്നും എനിക്കു ഭക്ഷണമായി ഭവിക്കണം.

സൂതന്‍ പറഞ്ഞു: ഗരുഡന്‍ ആഗ്രഹിച്ചത്‌ അപ്രകാരം തന്നെ ഭവിക്കട്ടെ എന്ന് ദാനവാന്തകനായ ഇന്ദ്രനും അനുഗ്രഹിച്ചു. മഹാവിഷ്ണുവും ഗരുഡന്‍ തന്റെ നേരെയുള്ള ആദരവു കണ്ട്‌ അതിന് സമ്മതം നല്കി. പിന്നെ, ഗരുഡനെ വിളിച്ചു സുരനാഥന്‍ പറഞ്ഞു: "ഭവാന്‍ കൊണ്ടു വെയ്ക്കുന്ന സ്ഥലത്തു നിന്ന്‌ ഞാന്‍ അമൃതു ഹരിക്കുന്നതാണ്‌". 

പിന്നെ അമ്മയുടെ അരികെ സുപര്‍ണ്ണന്‍ എത്തി. സര്‍പ്പങ്ങളെയൊക്കെ വിളിച്ചു സസന്തോഷം ഇപ്രകാരം ഉണർത്തിച്ചു. 

ഗരുഡന്‍ പറഞ്ഞു: ഹേ, സര്‍പ്പങ്ങളേ! ഇതാ, ഞാന്‍ ദര്‍ഭ വിരിച്ച്‌ അമൃതു വെയ്ക്കുന്നു. കുളിച്ചു മംഗളം പൂണ്ട്‌ നിങ്ങള്‍ ഇരുന്ന്‌ അമൃതു കുടിച്ചു കൊള്ളുവിന്‍! നിങ്ങള്‍ പറഞ്ഞ മൊഴി ഇതാ, ഞാന്‍ സാധിപ്പിച്ചിരിക്കുന്നു. ഇന്നു മുതല്‍ എന്റെ അമ്മ ദാസിയല്ല. മുമ്പേ നിങ്ങള്‍ പറഞ്ഞ പ്രകാരം എല്ലാം ഞാന്‍ ചെയ്തിരിക്കുന്നു. 

സൂതന്‍ പറഞ്ഞു. ഗരുഡന്‍ പറഞ്ഞ പ്രകാരം സര്‍പ്പങ്ങള്‍ സമ്മതിച്ചു. വിനതയുടെ ദാസ്യം നീങ്ങി എന്നു സസന്തോഷം പറഞ്ഞ്‌ സര്‍പ്പങ്ങള്‍ കുളിക്കുവാന്‍ പോയി. ഈ തക്കം നോക്കി ഇന്ദ്രന്‍ അമൃതെടുത്തു സ്വര്‍ഗ്ഗത്തിലേക്ക്‌ ഉയര്‍ന്നു. കുളിയും ജപവുമൊക്കെ വേഗം കഴിച്ചു മംഗള ഭാവത്തോടെ സര്‍പ്പങ്ങള്‍ വേഗത്തില്‍ അമൃതപാനത്തിന് വന്നു ചേര്‍ന്നു. എന്നാൽ, വിരിച്ച ദര്‍ഭപ്പുല്ലില്‍ അമൃതകലശം കണ്ടില്ല. ഇതു ചതിക്കു പകരം ചെയ്ത ചതിയാണെന്ന്‌ അവര്‍ ക്ഷണത്തില്‍ ധരിച്ചു. പിന്നെ, സുധയിരുന്ന സ്ഥാനത്തെത്തി അവര്‍ ദര്‍ഭപ്പുല്ലില്‍ നക്കി. സര്‍പ്പങ്ങളുടെ നാവ് ദര്‍ഭയുടെ മൂര്‍ച്ചയുള്ള ഭാഗം കൊണ്ട്‌ രണ്ടായി കീറി. അന്നു മുതല്‍ അമൃതസ്പര്‍ശം മൂലം ദര്‍ഭപ്പുല്ല്‌ ശുദ്ധമായി. ഇപ്രകാരമാണ്‌ അമൃതം കൊണ്ടു വരികയും, കൊണ്ടു പോവുകയും ചെയ്തത്‌. ഗരുഡന്‍ സര്‍പ്പങ്ങളെ ദ്വിജിഹ്വരാക്കിയതും ഇപ്രകാരമാണ്‌. 

പിന്നെ, സുപര്‍ണ്ണന്‍ ദാസ്യം നീങ്ങിയ അമ്മയോടു കൂടി ഹൃഷ്ടനായി കാട്ടില്‍ സസുഖം പാര്‍ത്തു. വിശക്കുമ്പോഴൊക്കെ യഥേഷ്ടം സര്‍പ്പേന്ദ്രന്മാരെ പിടിച്ചു തിന്ന്‌ വിനതയ്ക്കു കീര്‍ത്തിയും, സന്തോഷവും വര്‍ദ്ധിപ്പിച്ചു. 

ഈ കഥ സസന്തോഷം കേള്‍ക്കുന്നതായാലും, ദ്വിജന്മാരുടെ മുമ്പില്‍ പറയുന്നതായാലും, അവന്‍ മഹാസുകൃതിയായിത്തീരുകയും, സുരാലയം പ്രാപിക്കുകയും ചെയ്യും എന്ന തിന്നുയാതൊരു സംശയവുമില്ല. അആധ്രമാത്രം പുണ്യമായ കഥയാണ്‌മഹാപതഗപതിയുടെ ഈ പ്രകീര്‍ത്തനം. 

35. സര്‍പ്പനാമകഥനം - ശൗനകൻ പറഞ്ഞു; ഹേ, സൂത! അമ്മയും വിനതാപുത്രനും മഹാസര്‍പ്പങ്ങളെ ശപിക്കുവാന്‍ കാരണമെന്താണ്‌? കദ്രുവിനതമാര്‍ക്ക്‌ ഭര്‍ത്താവു വരം കൊടുത്ത കഥയും, വൈനതേയന്മാരായ പക്ഷീന്ദ്രന്മാരുടെ പേരുകളും, സര്‍പ്പങ്ങളില്‍ പ്രധാനികളുടെയൊക്കെ പേരുകളും പറഞ്ഞു കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

സൂതന്‍ പറഞ്ഞു: ഉരഗങ്ങളുടെ നാമം അനവധിയാണ്‌. അതു കൊണ്ട്‌ എല്ലാം ഞാന്‍ പറയുന്നില്ല. പ്രധാനപ്പെട്ട പേരുകള്‍ പറയാം. ആദ്യം ശേഷന്‍ ഉണ്ടായി. പിന്നെ വാസുകി, ഐരാവതന്‍, തക്ഷകന്‍, കാര്‍ക്കോടകന്‍, ധനഞ്ജയന്‍, കാളിയന്‍, മണിനാഗന്‍, പൂരണനാഗം, പിഞ്ജരകന്‍, ഏലാപുത്രന്‍, സവാമനന്‍, നീലന്‍, അനിലന്‍, കലമാഷശബളന്മാര്‍, ആര്യകോഗ്രകര്‍, കലശപോതകന്‍, സുമനസ്സ്‌, ദധിമുഖന്‍, വിമലപിണ്ഡകര്‍, ആപ്തന്‍, കാര്‍ക്കോടകന്‍, ശംഖന്‍, വാലിശിഖന്‍, നിഷ്ഠാണകന്‍, ഹേമഗുകന്‍, നഹുഷന്‍, പിംഗളന്‍, ബാഹൃകര്‍ണ്ണന്‍, ഹസ്തിപദന്‍, മുല്‍ഗരപിണ്ഡകന്‍, കംബളാശ്ചതരന്മാര്‍, കാളിയന്‍, വൃത്തസംവൃത്തകന്മാര്‍, പത്മന്മാര്‍, ശംഖമഖന്‍, കുശ്മാണ്ഡകന്‍, ക്ഷേമകന്‍,, പിണ്ഡാരകഫണീന്ദ്രന്‍, കരവിരന്‍, പുഷ്പദംഷ്ട്രന്‍, വില്വകന്‍, ബിലന്‍, പാണ്ഡുരന്‍, മുഷകാദന്‍, ശംഖശിരം, പൂര്‍ണ്ണഭ്രകന്‍, ഫരിദ്രകന്‍. അപരാജിതന്‍, ജ്യോതികന്‍, പന്നഗന്‍, ശ്രീവഹന്‍, കൗരരവ്യന്‍, ധൃതരാഷ്ട്രന്‍, ശംഖപിണ്ഡന്‍, സുബാഹും, വിരജസ്സ്‌, വീരൃവാന്‍, ശാലിപിണ്ഡന്‍, ഫസ്തിപിണ്ഡന്‍, പിഠരകന്‍, സുമുഖന്‍, കാ൦ണപാശനന്‍, കുഠരന്‍, കുഞ്ജരകന്‍, പ്രഭാകരന്‍, കുമുദാക്ഷന്‍, തിത്തിരി, ഹലികന്‍, കര്‍ദ്ദമന്‍, മഹാനാഗം, ബഹുമൂലകന്‍, കര്‍ക്കരാകര്‍ക്കരന്മാര്‍, കുണ്ഡോദരന്‍, മഹോദരന്‍ ഇവരൊക്കെയാണ്‌ ഹേ! ദ്വിജോത്തമ, പ്രധാനപ്പെട്ട നാഗങ്ങള്‍. ഇനിയുള്ളവ നാമങ്ങളുടെ ബഹുത്വം മൂലം പറയുന്നില്ല. ഇവരുടെ മക്കളും മക്കളുടെ മക്കളും അസംഖ്യമാണല്ലോ. ഹേ, ഭൂസുര! അതു കൊണ്ട്‌ എല്ലാം പറയുന്നില്ല. ആയിരവും പതിനായിരവും ലക്ഷവും സഹസ്രലക്ഷവുമായ നാഗങ്ങളെ കണക്കാക്കുവാന്‍ പ്രയാസമുണ്ട്‌. 

36. ശേഷവ്യത്തകഥനം - ശൗനകന്‍ പറഞ്ഞു: ദുരാധുര്‍ഷവീര്യമുള്ള നാഗങ്ങളെപ്പറ്റി ഭവാന്‍ പറഞ്ഞല്ലോ. ഇവര്‍ ശാപം കേട്ടറിഞ്ഞ്‌ അതിന്‌ എന്തു പ്രതിവിധി ചെയ്തു?

സൂതന്‍ പറഞ്ഞു: ഇവരില്‍ ഭഗവാനായ ശേഷന്‍, കദ്രുവിനെ വിട്ടു പോന്ന് ഉഗ്രമായ തപസ്സു ചെയ്തു. ഗന്ധമാദന ഭാഗത്തും, ബദര്യാശ്രമത്തിലും, ഗോകര്‍ണ്ണ പുഷ്കരാരണൃ ഹിമാദ്രികളിലും, ഓരോ പുണ്യക്ഷേത്ര സ്ഥലത്തും ഏകാന്തത്തില്‍ നിയമവ്രവതത്തോടെ ജിതേന്ദ്രിയനായി വായു മാത്രം ഭക്ഷിച്ച്‌ തപസ്സു ചെയ്തു. അവന്റെ തപസ്സിന്റെ കാഠിന്യം കണ്ട്‌ ബ്രഹ്മാവ്‌ പ്രത്യക്ഷനായി. ശുഷ്കിച്ച മാംസവും, തൊലിയും, ഞരമ്പും ആയി ജടയും, മരവുരിയും ധരിച്ച്‌ മുനിവേഷത്തില്‍ കഠിനമായ തപസ്സു ചെയ്യുന്ന അനന്തനോട്‌ ബ്രഹ്മാവു പറഞ്ഞു; "ഹേ! ശേഷ, എന്താണ്‌ നീ ചെയ്യുന്നത്‌? നീ പ്രജകള്‍ക്ക്‌ ക്ഷേമം വളര്‍ത്തുക! നിന്റെ തപസ്സു കൊണ്ട്‌ പ്രജകള്‍ തപിക്കുന്നു. നിന്റെ ഉള്ളിലെ ഇച്ഛയെന്താണെന്ന്‌ എന്നോടു പറയുക!".

ശേഷന്‍ പറഞ്ഞു: എന്റെ സഹോദരന്മാരെല്ലാം മന്ദബുദ്ധികളാണ്‌. അവരോടു കൂടി ജീവിക്കുക പ്രയാസമാണ്‌. അവര്‍ തമ്മില്‍ ഒന്നായി ശത്രുക്കളെപ്പോലെ അസൂയപ്പെടുന്നു. അതു കാണാതിരിക്കുവാനാണ്‌ ഞാന്‍ തപസ്സു ചെയ്യുന്നത്‌. മക്കളോടു കൂടിയ വിനതയില്‍ ഇവര്‍ മുഷ്കു കാട്ടുന്നു. വിനതാ സൂതന്‍ ഞങ്ങള്‍ക്ക്‌ അപരനായ ഭ്രാതാവാണ്‌. അവനേയും അവര്‍ വെറുക്കുന്നു. അവനാണെങ്കില്‍ മഹാശക്തനുമാണ്‌. അച്ഛനായ കശ്യപന്റെ വരദാനം കൊണ്ട്‌ അവന്‍ യോഗ്യനായിത്തീര്‍ന്നതാണ്‌. ഈ പരിതഃസ്ഥിതിയില്‍ എനിക്കു ജീവിക്കുവാന്‍ ആശയില്ലാതായിരിക്കുന്നു. ഞാന്‍ തപസ്സു ചെയ്ത്‌ ദേഹത്യാഗം ചെയ്യുവാന്‍ വിചാരിക്കുന്നു. ഇവരുമായി ജന്മാന്തരത്തില്‍ പോലും ചേരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്രകാരം പറയുന്ന ശേഷനോട്‌ പിതാമഹന്‍ പറഞ്ഞു. 

പിതാമഹന്‍ പറഞ്ഞു: ഹേ ശേഷ, നിന്റെ ഭ്രാതാക്കന്മാരുടെ നില എല്ലാം എനിക്കറിയാം. മാതാവിന്റെ തെറ്റു കൊണ്ടാണ്‌ ഭ്രാതാക്കള്‍ക്ക്‌ ആപത്തു സംഭവിച്ചത്‌. അതിന്‌ പ്രതിവിധി മുമ്പേ കണ്ടിരിക്കുന്നു. നിന്റെ ഭ്രാതാക്കളെപ്പറ്റി ചിന്തിച്ച്‌ നീ അധികം വ്യസനിക്കേണ്ടതില്ല. നിനക്ക്‌ ആവശ്യമുള്ള വരം വരിച്ചാലും! നിന്റെ നേരെ എനിക്ക്‌ അതിരറ്റ പ്രീതിയുണ്ട്‌. അതിന്റെ പേരില്‍ ഞാന്‍ നിനക്കു വരം നല്കാം. നിന്റെ ബുദ്ധി ധര്‍മ്മത്തില്‍ തന്നെ ഭാഗ്യം കൊണ്ട്‌ എത്തിച്ചേര്‍ന്നു. നിന്റെ ബുദ്ധി നിത്യവും ധര്‍മ്മത്തില്‍ തന്നെ ഉറച്ചു നില്‍ക്കുട്ടെ!

ശേഷന്‍ പറഞ്ഞു: ഹേ പിതാമഹ, എന്റെ മനസ്സ്‌ ധര്‍മ്മത്തിലും, ശമത്തിലും, തപസ്സിലും രമിക്കുമാറാകണം. അതാണ്‌ എനിക്ക്‌ ഇഷ്ടം. 

ബ്രഹ്മാവു പറഞ്ഞു: ശമദമങ്ങള്‍മൂലം ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ എന്റെ ചൊല്പടിക്ക്‌ ലോകത്തിന് ഹിതം ചെയ്യുക. ഗ്രാമം, വിഹാരം, പുരം, ആഴി, മേട്‌, കാട്‌ ഇപ്രകാരം നാനാഭാഗമൊത്ത ഭൂമണ്ഡലം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ചലനം നീ വഹിക്കുക. ഇളകാതെ നിര്‍ത്തുക. ഭൂകമ്പത്തെ നീ തടയുക! 

ശേഷന്‍ പറഞ്ഞു: വരദനും, പ്രജേശ്വരനുമായ ജഗല്‍പതി എന്തു പറയുന്നുവോ, അതു നിര്‍വ്വഹിക്കുവാന്‍ ഞാന്‍ ഒരുക്കമാണ്‌. ഭൂമിയെ ഞാന്‍ ഇളക്കം കൂടാതെ താങ്ങിക്കൊള്ളാം. ഹേ, പ്രജാപതേ! ഭവാന്‍ എന്റെ ശിരസ്സില്‍ ഭൂമി വെച്ചാലും

ബ്രഹ്മാവു പറഞ്ഞു: ഹേ, ഭുജംഗ! നീ ഭൂമിക്കടിയിലേക്കു പോകുക! നിനക്ക്‌ മാര്‍ഗ്ഗം ഭൂമി നല്കും. നീ ധരിത്രിയെ വേണ്ട വിധം താങ്ങുന്നതായാല്‍ എനിക്ക്‌ നീ വലുതായ ഇഷടം ചെയ്തതായി ഞാന്‍ കരുതും. 

സൂതന്‍ പറഞ്ഞു: ബ്രഹ്മാവ്‌ പറഞ്ഞപ്രകാരം പഴുതുണ്ടാക്കി ഭൂമിയുടെ അടിയില്‍ സര്‍പ്പങ്ങളുടെ അഗ്രജനായ ശേഷന്‍ പോയി. സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂമണ്ഡലം മുഴുവനും അനന്തന്‍ ഇന്നും താങ്ങി നിൽക്കുന്നു.

ബ്രഹ്മാവു പറഞ്ഞു: ഹേ, ശേഷ! ഭവാന്‍ നാഗോത്തമനായ ധര്‍മ്മദേവനായി തീര്‍ന്നു. ഫണങ്ങളാല്‍ ഭൂമണ്ഡലം ഒറ്റയ്ക്ക്‌ താങ്ങുക മൂലം ഭവാന്‍ എന്നോടു തുല്യനും, ഇന്ദ്രനോടു തുല്യനുമായി തീര്‍ന്നിരിക്കുന്നു. 

സൂതന്‍ പറഞ്ഞു; വീര്യവാനായ അനന്തന്‍ ഭൂമിയുടെ അടിയില്‍ ബ്രഹ്മകല്പന പ്രകാരം ഭൂമി താങ്ങി നില്ക്കുകയാണ്‌. അന്നു തൊട്ട്‌ അനന്തന്‍ സഹായത്തിനായി പിതാമഹന്‍ സുപര്‍ണ്ണനേയും നിശ്ചയിച്ചു.

37. വാസുകി മുതലായവരുടെ മന്ത്രണം

അമ്മ കല്പിച്ച ശാപം ഒഴിയുവാന്‍ എന്താണു വേണ്ടതെന്ന്‌ വാസുകി ആലോചിച്ചു. ധര്‍മ്മിഷ്ഠരായ ഐരാവതം തുട ങ്ങിയ ഭ്രാതാക്കളുമായി മന്ത്രാലോചന നടത്തി.

വാസുകി പറഞ്ഞു: ഈ ശാപത്തിന്റെ ഉദ്ദേശം നിങ്ങളൊക്കെ അറിയുന്നുണ്ടല്ലേോ. ഈ ശാപം ഒഴിഞ്ഞു പോകുവാന്‍ നാം ഉദ്യമിക്കുക തന്നെ വേണം. ഏതു ശാപത്തിനുമുണ്ടാകും ഒരു പ്രതിവിധി.പക്ഷേ, മാതൃശാപത്തിന്നുമാത്രം ഒരു പ്രതിവിധിയുമില്ലെന്നാണു കേള്‍വി.

ബ്രഹ്മസന്നിധിയില്‍വെച്ചാണു നമ്മെ ശപിച്ചതെന്നു കേട്ട്‌ ഞാന്‍ വിറച്ചുപോകുന്നു. തന്മൂലം നമ്മള്‍ക്ക്‌ സര്‍വ്വനാശവും വന്നുകൂടി. ശപിക്കുന്ന അമ്മയെ ബ്രഹ്മാവ്‌ തടഞ്ഞില്ലല്ലോ ഇനി കാലം വൈകരുത്‌. സര്‍വ്വ അഹികള്‍ക്കും ആപത്തു വന്നു ഭവിക്കാതിരിക്കണമെങ്കില്‍ കാലേതന്നെ ശ്രമിക്കണം. എല്ലാ നാഗങ്ങളും ചിന്തിക്കുകയാണെങ്കില്‍ ഒരു മാര്‍ഗ്ഗം ആരെങ്കിലും കണ്ടെത്തും. ജനമേജയൻ സര്‍പ്പജനനാശത്തിന്നു സത്രം ചെയ്യരുത്‌; നമുക്ക്‌ അതില്‍ പരാജയവും ജീവഹാനിയും ഭവിക്കരുത്‌.

ഇങ്ങനെ കദ്രുവിന്റെ മക്കള്‍ ഒത്തു ചേര്‍ന്ന്‌, മന്ത്രക്രമം എല്ലാം മനസ്സിലാക്കി നിശ്ചയം ചെയ്തു. ഒരു തരം സര്‍പ്പങ്ങള്‍ പറഞ്ഞു:  നാം വിപ്രരുടെ രൂപത്തില്‍ചെന്ന്‌ ജനമേജയനോട്‌ യജ്ഞം ചെയ്യാതിരിക്കുവാന്‍ ഉപദേശിക്കണം. ചില നാഗങ്ങള്‍ പാണ്ഡിത്യം നടിച്ചു പറഞ്ഞു: നമ്മളൊക്കെ ആ രാജാവിന്റെ മന്ത്രികളാവണം. എന്നാല്‍ രാജാവ്‌ നമ്മോട്‌ എങ്ങനെയൊക്കെയാണു വേണ്ടതെന്നു ചോദിക്കും. അതില്‍ വെച്ച്‌ സര്‍പ്പനാശം ഒഴിവാക്കുവാന്‍ വേണ്ടവിധം ഉപദേശം നല്കാം. ബുദ്ധിമാനായ ആ രാജാവ്‌ നമ്മളില്‍ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍, ഐഹികവും, പാരത്രികവുമായ  ദോഷങ്ങള്‍ യുക്തിന്യായപൂര്‍വ്വം ചുണ്ടിക്കാണിച്ച്‌ സര്‍പ്പസത്രം  വേണ്ടെന്നുവെപ്പിക്കാം. അല്ലെങ്കില്‍ രാജാവിന്റെ ഹിതം ഉപദേശിക്കുന്ന ദ്വിജനെ ഒരു സര്‍പ്പം ചെന്നു കടിച്ചു കൊല്ലുക. ആ യജ്ഞകാരന്‍ മരിച്ചാല്‍ അതോടെ ആ യജ്ഞവും അവസാനി ക്കും. അവന്ന്‌ സര്‍പ്പസ്രതജ്ഞരും ഋത്വിക്കുകളും ആരൊക്കെയോ, അവരേയും നാം കടിച്ചു കൊല്ലുക. പിന്നെ യജ്ഞം നടക്കുന്നത്‌ നമുക്കു കാണാമല്ലോ.

വേറെ ധര്‍മ്മിഷ്ഠരായ ചില നാഗങ്ങള്‍ പറഞ്ഞു: ഈ പറഞ്ഞത്‌ പിഴച്ച വഴിയാണ്‌. ബ്രഹ്മഹത്യ എന്ന പാപമാണത്‌. അതൊരിക്കലും ശോഭനമായി വരികയില്ല. ആപത്തില്‍ ധര്‍മ്മചിന്തയാണുവേണ്ടത്‌. അധര്‍മ്മം കൂടിയാല്‍ അത്‌ ലോകം മുടിക്കുകതന്നെ ചെയ്യും.

മറ്റു നാഗങ്ങളില്‍ ചിലര്‍ പറഞ്ഞുഇടിയും മിന്നലും മഴയുമായി നാം അഗ്നിയെ കെടുത്തുക. അപ്പോള്‍ വിഘ്നമായല്ലോ. അല്ലെങ്കില്‍ ആയിരവും പതിനായിരവുമായി യജ്ഞശാലയില്‍ പ്രവേശിച്ച്‌ ജനങ്ങളെയൊക്കെ കടിച്ചു കൊല്ലുക. എന്നാല്‍ പിന്നെ ഭയപ്പെടേണ്ടല്ലോ. അല്ലെങ്കില്‍ ശുദ്ധമായ  ഭോജ്യങ്ങളിലൊക്കെ  വിഷം കലര്‍ത്തുക. നല്ല ഭോജ്യങ്ങളില്‍ സര്‍പ്പമൂത്രമലാദികള്‍ കൊണ്ട്‌ അശുദ്ധപ്പെടുത്താം.

വേറെ ചില നാഗങ്ങള്‍ പറഞ്ഞു: നാം യാഗശാലയില്‍ചെന്ന്‌ ഋത്വിക്കുകളുടെ രൂപത്തില്‍  ദക്ഷിണ തരൂ എന്നു തിരക്കു കൂട്ടി സത്രത്തിനു  വിഘ്നം വരുത്തിക്കൂട്ടാം. ആപ്പോള്‍ അവന്‍ പാട്ടിലാകും. വിചാരിച്ച പോലെ കാര്യം നടത്താം. 

വേറെ ചിലര്‍ പറഞ്ഞുജലക്രീഡയില്‍ രാജാവിനെ ഗൃഹത്തില്‍ കൊണ്ടുപോയി ബന്ധിക്കാം. എന്നാല്‍ യജ്ഞം മുടങ്ങും.

പണ്ഡിതന്മാരായ ചില നാഗങ്ങൾ  ധാടി കാട്ടി പറഞ്ഞു: അവനെ ചെന്നു ദംശിക്കണം. അതോടെ അവിടെവെച്ചു കാര്യങ്ങൾ  അവസാനിക്കും. അയാള്‍ മരിച്ചാല്‍ അനര്‍ത്ഥത്തിന്റെ മൂലമൊക്കെ തീര്‍ന്നല്ലോ. ഞങ്ങള്‍ക്ക്‌ അറ്റകൈയായി ഇതേ ചെയ്യാനൊക്കൂ! സര്‍പ്പരാജാവായ ഭവാന്‍ ചിന്തിക്കുന്നതെന്തോ അതു വിധിച്ചാലും!

ഇപ്രകാരം ഓരോ അഭിപ്രായം പ്രകടിപ്പിച്ച്‌ അവര്‍ വാസുകിയെ നോക്കി നിന്നു.

വാസുകി ചിന്തിച്ചു നാഗങ്ങളോടു പറഞ്ഞു: നിങ്ങള്‍ അറ്റകൈ കണ്ട കാര്യങ്ങളൊന്നും ചെയ്യുവാന്‍ പറ്റുന്നതല്ല. നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു പിടിച്ചിട്ടില്ല. എന്താണു ചെയ്യേണ്ടത്‌? എങ്ങനെയാണു നന്മ വരേണ്ടത്‌? ശ്രേയസ്സിന്ന്‌ കശ്യപനെ ആശ്രയിക്കുകയാണു നല്ലതെന്ന്‌ ഞാന്‍ അഭി പ്രായപ്പെടുന്നു. ഹേ ഭുജംഗമങ്ങളേ, ജ്ഞാതിസ്നേഹം മൂലം എന്റെ ഹൃദയം ഉരുകുന്നു. ഭവാന്മാരുടെ ഹിതംനോക്കി ചെയ്യേണ്ടത്‌ എന്റെ മുറയാണ്‌. ശ്രേയസ്സിന്നായി കശ്യപനെ ആശ്രയിക്കുന്നതാണ്‌ ഉത്തമം. നിങ്ങള്‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചുകൂടാ. ഭവാന്മാരുടെ ഹിതം അറിഞ്ഞു ചെയ്യേണ്ടത്‌ എന്റെ മുറയാണ്. ഗുണദോഷങ്ങള്‍ എന്നിലാണു സ്ഥിതി ചെയ്യുന്നത്. 

38. ഏലാപുത്രവാക്യം

സുതന്‍ പറഞ്ഞുഇങ്ങനെ നാഗങ്ങള്‍ പലരും പറഞ്ഞ അഭിപ്രായങ്ങളും വാസുകിയുടെ മറുപടിയും കേട്ടു കൊണ്ടിരുന്ന ഏലാപുത്രന് ഇപ്രകാരം പറഞ്ഞു.

ഏലാപുത്രന്‍ പറഞ്ഞുഹേ സുഹൃത്തുക്കളേ, ജനമേജയന്‍ അത്ര മോശക്കാരനല്ല. അദ്ദേഹം നിശ്ചയിക്കുന്ന യജ്ഞം നടത്തുക തന്നെ ചെയ്യും. അദ്ദേഹത്തെ നാം ഭയപ്പെടേണ്ടവരാണ്‌. ആര്‍ക്കു ദൈവദോഷമുണ്ടോ അവര്‍ ദൈവത്തെത്തന്നെ ആശ്രയിക്കണം. എന്നാല്‍ മാത്രമേ ഗതി കിട്ടുകയുള്ളു. നമുക്ക്‌ ഇതു ഘോരമായ ആപത്തു വരുത്തിക്കൂട്ടും. നാം ദൈവത്തെ ആശ്രയിക്കുക. നിങ്ങള്‍ ഞാന്‍ പറയുന്നത്‌ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍! ഉഗ്രമായ ശാപംകേട്ട്‌ ഞാന്‍ ഭയപ്പെട്ട് അമ്മയുടെ മടിയില്‍ ചുരുണ്ടുകിടക്കുമ്പോള്‍, ദേവകള്‍ പറഞ്ഞു, സ്ത്രീകൾ തീഷ്ണകൾ തന്നെ. പിന്നെ അവര്‍ ബ്രഹ്മാവിന്റെ സമീപത്തു ചെന്ന്‌ ഇങ്ങനെ ദുഃഖത്തോടെ പറയുന്ന വാക്ക്  ഞാന്‍ കേട്ടു.

ദേവകള്‍ പറഞ്ഞുഇഷ്ടപുത്രരെ  കിട്ടിയിട്ട് അവരെ  ശപിച്ചതു കഷ്ടമായിപ്പോയി. ക്രൂരയായ ക്രദുവൊഴികെ മറ്റാരെങ്കിലും ഭവാന്റെ മുമ്പില്‍വെച്ച്‌ ഇപ്രകാരം ശപിക്കുമോ? അതിന്‌ ഭവാനും സമ്മതിച്ചില്ലേ പിതാമഹ! അങ്ങ്‌ തടയാഞ്ഞതിനുള്ള കാരണം എന്താണ്‌? 

ബ്രഹ്മാവ്‌ മറുപടി പറഞ്ഞു; വിഷവും ക്രൗര്യവും കൊണ്ട്‌ ദുഷ്ടുള്ള പാമ്പുകള്‍ അസംഖ്യമുണ്ട്‌. പ്രജാക്ഷേമത്തിനു വേണ്ടി ഞാന്‍ ആ ശാപത്തെ തടഞ്ഞില്ല. ക്ഷുദ്രരും ക്രൂരരുമായ സര്‍പ്പങ്ങളൊക്കെ നശിക്കും. ധര്‍മ്മിഷ്ഠരായ നാഗങ്ങളൊന്നും നശിക്കുന്നതല്ല. ആ മഹാഭയത്തില്‍ നിന്ന്‌ ആ മഹാനാഗോത്തമന്മാര്‍ക്കു മോക്ഷം കിട്ടുന്നതിന്നുള്ള മാര്‍ഗ്ഗവും നിങ്ങള്‍ കേട്ടു കൊള്ളുക. യായാവരന്റെ വംശത്തില്‍ ജരല്‍ക്കാരു എന്ന മുനിവര്യന്‍ ജനിക്കും. അവന്‍ യോഗിയും ജിതേന്ദ്രിയനുമായിത്തീരും. ആ ജരല്‍ക്കാരുവിന്റെ പുത്രനായി ആസ്തികന്‍ ജനിക്കും. അവന്‍ തപോധനനായിത്തീരും. അവന്‍ ജനമേജയന്റെ സര്‍പ്പസത്രം  നിര്‍ത്തും. ആ സത്രത്തില്‍ പാപികളൊക്കെ ഒടുങ്ങുകയും, ധര്‍മ്മിഷ്ഠന്മാര്‍ അതിജീവിക്കുകയും ചെയ്യും.

ദേവകള്‍ പറഞ്ഞു: ബ്രഹ്മാവേ, ജരല്‍ക്കാരു ഏതു സ്ത്രീയിലാണ്‌ കുമാരനെ ജനിപ്പിക്കുക?

ബ്രഹ്മാവു പറഞ്ഞു: വീര്യവാനായ ജരല്‍ക്കാരുവിന്നു ജരല്‍ക്കാരു എന്ന ഭാരൃയില്‍ വീര്യവാനായ.പുത്രന്‍ ജനിക്കും. ഒരേ പേരായിരിക്കും ഭാര്യയ്ക്കും ഭര്‍ത്താവിന്നും. മുനീന്ദ്രന്മാരേ, നാഗരാജാവായ വാസുകിക്ക്‌ ജരല്‍ക്കാരു എന്ന സഹോദരിയുണ്ടല്ലോ. അവള്‍ക്കുണ്ടാകുന്ന പുത്രന്‍ നാഗ്രേന്ദ്രന്മാരെ മോചിപ്പി ക്കും.

ഏലാപുത്രന്‍ പറഞ്ഞു: ബ്രഹ്മാവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ "അപ്രകാരമാകട്ടെ" എന്നു പറഞ്ഞ്‌ ദേവകള്‍ പോയി. ബ്രഹ്മാവും മറഞ്ഞു. ഹേ! വാസുകീ, നിന്റെ സ്വസാവില്‍ ആസ്‌തീകന്‍ ജനിക്കും, അതു കൊണ്ടു നീ ജരല്‍ക്കാരുമുനിക്ക്‌ ജരല്‍ക്കാരുപ്പെങ്ങളെ നല്കണം. നാഗഭീതി ശമിക്കുവാന്‍ മഹര്‍ഷിക്കു ഭിക്ഷയായി അവളെ നല്കണം. എന്നാല്‍ ശാപമോക്ഷമായി। ഭയപ്പെടേണ്ടതില്ല.


39. ജരല്‍ക്കാരുവിന്റെ അന്വേഷണം - സൂതന്‍ പറഞ്ഞു: ഇപ്രകാരം ഏലാപുത്രന്റെ വാക്യം കേട്ട്‌ ഒന്നിച്ച്‌ എല്ലാ ഫണികളും, "നന്ന്‌! നന്നി! കൊള്ളാം!", എന്ന് അഭിപ്രായപ്പെട്ടു. സ്വൈരമായി സഹോദരിയായ ജരല്‍ക്കാരു കന്യകയെ പ്രീതിയോടെ വാസുകി പാലിച്ചു വന്നു. പിന്നെ വളരെക്കാലം കഴിയുന്നതിന് മുമ്പു സുരാസുരന്മാര്‍ ഒന്നിച്ചു സമുദ്രം കടഞ്ഞു. കടയുന്നതിന് കയറായി വാസുകി സേവനം ചെയ്തു. ആ പണിയൊക്കെ കഴിഞ്ഞപ്പോള്‍ വാസുകി ദേവന്മാരോടു കൂടി പിതാമഹനെ പോയിക്കണ്ടു. ദേവന്മാര്‍ പിതാമഹനോടു പറഞ്ഞു. 

ദേവകള്‍ പറഞ്ഞു; ഭഗവാനേ, ശാപഭീതിമൂലം വാസുകിക്കു വലിയ മനഃശല്യമുണ്ട്‌. ജനനിയുടെ ശാപത്തില്‍ നിന്നു മോചനം സ്വജനങ്ങള്‍ക്കു കിട്ടണമെന്ന്‌ ആഗ്രഹിക്കുന്നവനാണിവന്‍. ഇവന്‍ സ്വയം ഞങ്ങള്‍ക്ക്‌ ഇഷ്ടം ചെയ്യുന്ന ഉരഗേശ്വരനാണ്‌. ദേവേശ! ഇവനെ പ്രസാദിപ്പിച്ചാലും! സങ്കടം പ്രശമിപ്പിച്ചാലും

ബ്രഹ്മാവു പറഞ്ഞു: ഹേ, ദേവകളേ, ഞാന്‍ പണ്ടു കല്പിച്ച വൃത്താന്തം ഏലാപുത്രന്‍ ഇവനോടു പറഞ്ഞിട്ടുണ്ട്‌. അപ്രകാരം ചെയ്യട്ടെ. ദുഷ്ടനാഗങ്ങള്‍ നശിക്കും. നല്ലവര്‍ അവശേഷിക്കും. ജരല്‍ക്കാരു എന്ന ഉഗ്രതപോവ്രതന്‍ പിറന്നിരിക്കുന്നു. അവന് വാസുകി സഹോദരിയായ ജരല്‍ക്കാരുവിനെ ഭിക്ഷയായി നല്കട്ടെ! നാഗങ്ങള്‍ക്ക്‌ മറ്റൊന്നു കൊണ്ടും ശാന്തി ലഭിക്കയില്ല.

സൂതന്‍ പറഞ്ഞു: ബ്രഹ്മാവിന്റെ വാക്കുകേട്ട്‌ നാഗേന്ദ്രനായ വാസുകി ശാപദുദഃഖിതരായ സര്‍വ്വനാഗങ്ങളോടും ജരല്‍ക്കാരു മുനിയുടെ ഹൃദയമറിഞ്ഞ്‌ വിവരമറിയിക്കുവാന്‍ പറഞ്ഞു. 

 ജരല്‍ക്കാരു മുനി എന്ന് വേള്‍ക്കുവാന്‍ ആശിക്കുന്നുവോ, അന്നു നിങ്ങള്‍ എന്നെ വിവരമറിയിക്കണം. എന്നാലേ നമുക്കു ഗുണം വരികയുള്ളു എന്ന് സര്‍പ്പങ്ങളെ ശട്ടം കെട്ടി. 

40. പരിക്ഷിദുപാഖ്യാനം - ശൗനകന്‍ പറഞ്ഞു: ജരല്‍ക്കാരു എന്നാണല്ലോ ആ മുനിയുടെ പേര്‌. അതിനെപ്പറ്റി അറിയുവാൻ ഞാന്‍ ആഗ്രഹിക്കുന്നു. എന്താണ്‌ അവന് ജരല്‍ക്കാരു എന്നു പേരുണ്ടാകുവാന്‍ കാരണം?ജരല്‍ക്കാരു എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്നും ഹേ സൂത! നീ പറയുക!

സൂതന്‍ പറഞ്ഞു: ജര എന്നാൽ ക്ഷയം എന്നാണര്‍ത്ഥം. കാരു എന്ന പദത്തിന് ദാരുണം എന്നാണര്‍ത്ഥം. ശരീരം കാരുവായിത്തീരുകയും ( പൊട്ടിപ്പൊളിയുകയും ), തപസ്സു കൊണ്ട്‌ ജരിപ്പിക്കുകയും ( ക്ഷയിപ്പിക്കുകയും ) ചെയ്തതു കൊണ്ട്‌ ജരല്‍ക്കാരുവായിത്തീര്‍ന്നു. അപ്രകാരം തന്നെ വാസുകിയുടെ സഹോദരിയും ജരല്‍ക്കാരു എന്നു പേരുള്ളവളായി. ഇതു കേട്ടപ്പോള്‍ ശൗനകമുനി ഒന്നു ചിരിച്ചു. ഉഗ്രശ്രവസ്സിനെ നോക്കി, "കാര്യം പറ്റും!", എന്ന് ഉടനെ പറഞ്ഞു. 
കാമക്രോധലോഭമോഹാദികളായ ഷഡ് വികാരങ്ങള്‍ക്കു നിദാനമായ ശരീരം നശ്വരവും ഭയജനകവുമാണെന്ന് ( ദാരുണം )  മനസ്സിലാക്കി മഹര്‍ഷി അത്യുഗ്ര തപസ്സു കൊണ്ടു ശരീരത്തെ ജരിപ്പിക്കുകയാല്‍ ജരല്‍ക്കാരു എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നു.  തന്റെ അതേ പേരുള്ള ആളെ മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളൂ എന്ന് വാശി പിടിക്കുന്ന അദ്ദേഹം ഉദ്ദേശിക്കുന്നത് തന്റെ ഭാര്യ ആകാൻ പോകുന്ന സ്ത്രീയും തന്നെ പോലെ തന്നെ വ്രതനിഷ്ഠ ഉള്ളവളും തപസ്സു കൊണ്ടു ശരീരത്തെ ജരിപ്പിച്ചവളും ആയിക്കണം എന്നാണ്. 
ശൗനകന്‍ പറഞ്ഞു: ആദ്യം പറഞ്ഞതൊക്കെ ആദ്യം ശ്രദ്ധിച്ചു കേട്ടു. ആസ്തീകനുണ്ടായ കഥയൊന്നു വിസ്തരിച്ചു കേള്‍ക്കണം.  

എന്നു ശൗനകന്‍ പറഞ്ഞപ്പോള്‍ സൂതന്‍ ശാസ്ത്രപ്രകാരം കഥ തുടര്‍ന്നു. 

സൂതന്‍ പറഞ്ഞു; വാസുകി ഉരഗങ്ങളോടൊക്കെ കാര്യം പറഞ്ഞതിന് ശേഷം സഹോദരിയെ ജരല്‍ക്കാരുവിന് വേണ്ടി കാത്തു പോന്നു. പിന്നെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ ധന്യനായ മുനി തപസ്സില്‍ തന്നെ ഏര്‍പ്പെട്ടു. ഭാര്യാധര്‍മ്മങ്ങളെപ്പറ്റി ചിന്തിച്ചില്ല. മഹാതപസ്വിയായി, നിര്‍ഭയനായി, ആത്മനിഷ്ഠനായി ആ മഹാന്‍ ഊര്‍ദ്ധ്വരേതസ്സായി ചുറ്റി നടന്നു. ഭാര്യയെപ്പറ്റി ഓര്‍ത്തില്ല. അങ്ങനെ കാലം കഴിയവെ കുരുവംശത്തില്‍ പരീക്ഷിത്ത്‌ എന്നു പേരായി ഒരു രാജാവുണ്ടായി. പ്രപിതാമഹനായ പാണ്ഡുവിനെപ്പോലെ തന്നെ അവനും മൃഗയാശീലനായിത്തീര്‍ന്നു. മാന്‍, പന്നി, പുലി, പോത്ത്‌ മുതലായ വന്യമൃഗങ്ങളെ എയ്തു വില്ലാളിയായ രാജാവ്‌ കാട്ടില്‍ ചുറ്റിനടന്നു. 

ഒരിക്കല്‍ രാജാവ്‌ ഒരു മാനിനെ എയ്തു. മാന്‍ ഓടിയപ്പോള്‍ അതിനെ അദ്ദേഹം ഗഹനമായ കാനനത്തില്‍ പിന്തുടര്‍ന്നു. പണ്ട്‌ യജ്ഞ മൃഗത്തെ പിന്തുടര്‍ന്ന രുദ്രനെപ്പോലെ, കൈയില്‍ വില്ലുമായി അവന്‍ പാഞ്ഞു, അങ്ങുമിങ്ങും തിരഞ്ഞു. അവന്‍ എയ്ത മൃഗമൊന്നും കാട്ടില്‍ ജീവനോടെ നടക്കാറില്ല. മൃഗം ഇപ്രകാരം ഓടിപ്പോയത് സ്വര്‍ഗ്ഗഗതിയുടെ പൂര്‍വ്വരൂപം കൊണ്ടു തന്നെ! പരീക്ഷിത്ത്‌ എയ്ത മാന്‍ പോയി. ആ ഹരിണം രാജാവിനെ ദൂരേക്ക്‌ ഓടിക്കുകയും ചെയ്തു. ഒടുവില്‍ ഒരു മുനിയുടെ സമീപത്തില്‍ രാജാവു ക്ഷീണിച്ചു ദാഹിച്ച്‌ അവശനായി എത്തി. 

വില്ലുമേന്തി നില്ക്കുന്ന രാജാവ്‌ ആ മുനിയോടു ചോദിച്ചു; ഹേ, ബ്രഹ്മന്‍! ഞാന്‍ അഭിമന്യുപുത്രനായ പരീക്ഷിത്തു രാജാവാണ്‌. ഞാന്‍ എയ്ത മാനിനെ കണ്ടില്ല. അതിനെ ഭവാന്‍ കണ്ടുവോ? 

ആ മുനി അവനോട്‌ ഒന്നും മിണ്ടിയില്ല. മുനി മൗനവ്രതത്തിലായിരുന്നു. ആ മഹര്‍ഷിയാകട്ടെ, പശുക്കള്‍ പോകുന്ന വഴിയിലിരുന്ന്‌ പശുക്കിടാങ്ങളുടെ വായില്‍ നിന്ന്‌ ഒഴുകുന്ന പാല്‍നുര മാത്രം നക്കിക്കുടിച്ചു ജീവിക്കുന്ന ഒരു മഹാ വ്രതനിഷ്ഠൻ ആയിരുന്നു. 

മുനി ഒന്നും മിണ്ടാതിരിക്കുന്നതു കണ്ട്‌ രാജാവിനു കോപമുണ്ടായി. രാജാവ്‌ വിശന്നും ദാഹിച്ചും അവശനായിരുന്നു. രാജാവിനു കോപം വന്നു. ഒരു ചത്ത പാമ്പിനെ വില്‍ത്തുമ്പു കൊണ്ടു തോണ്ടിയെടുത്ത്‌ ആ മുനിയുടെ കഴുത്തില്‍ ഇട്ടു. മുനി അത്‌ ഗണിക്കാതെ ഇരുന്നു. അപ്പോഴും അവനോട്‌ നല്ലതോ, ചീത്തയോ ഒന്നും മുനി പറഞ്ഞില്ല. 

മുനിയുടെ ഈ അവസ്ഥ കണ്ട്‌ രാജാവിന്റെ കോപം മാറി, വൃഥയായി. രാജാവു പോയി, രാജധാനിയിലെത്തി. മുനി അങ്ങനെ തന്നെ ഇരുന്നു. ആ രാജകേസരിയെ മനസ്സിലാക്കിയ മുനി അധിക്ഷേപിച്ചില്ല. രാജാവാണെങ്കില്‍ ധാര്‍മ്മികനാണ്‌. മുനിയെ മനസ്സിലാക്കാതെ ധര്‍ഷണം ചെയ്തു പോയി! 

യുവാവായ മഹര്‍ഷി പുത്രന്‍ ശൃംഗി, തപോബലനും ഉഗ്രകോപനും ദുഷ്പ്രസാദനും മഹാവ്രതനും തീക്ഷ്ണവും പ്രവൃദ്ധവുമായ തേജസ്സുള്ളവനുമാണ്‌. അദ്ദേഹം സര്‍വഭൂതസിദ്ധിക്കു വേണ്ടി ബ്രഹ്മാവിനെ ഇടയ്ക്കിടയ്ക്ക്‌ കാണാറുണ്ട്‌. ഒരു ദിവസം ബ്രഹ്മാവിനോടു യാത്ര പറഞ്ഞ്‌ സ്വഗൃഹത്തില്‍ തിരിച്ചെത്തുന്ന സമയത്ത്‌ വഴിക്കു വെച്ചു കൃശന്‍ എന്നു പേരായ ഒരു സഖാവ്‌ അവയനെ കണ്ട്‌, ചിരിച്ചു പറഞ്ഞു. 

കൃശന്‍ പറഞ്ഞു: ഉഗ്രതേജസ്സും തപശ്ശക്തിയുമുളള നിന്റെ അച്ഛന് ഇപ്പോള്‍ ശവം ചുമക്കലാണു ജോലി. നീ ഗര്‍വ്വിച്ചതു മതി. നമ്മെപ്പോലെ ബ്രഹ്മബോധകര്‍മ്മസിദ്ധരായ തപന്ധികളും, മുനിപുത്രന്മാരും, പറയുമ്പോള്‍ നീ ഒന്നും മിണ്ടാതിരിക്കുകയാണ്‌ ഇനി ഉത്തമം. നിന്റെ ആണത്തമൊക്കെ എവിടെപ്പോയി? ഇനി നീ വമ്പുകളൊന്നും ഇളക്കരുത്‌. നിന്റെ അന്തസ്സെല്ലാം നഷ്ടപ്പെട്ടു! വേഗം ചെന്ന്‌  ശവം ചുമക്കുന്ന അച്ഛനെ കാണൂ! എനിക്ക്‌ നിന്റെ അച്ഛന്റെ നില്പു കണ്ട്‌ വൃസനം തോന്നി. നിന്റെ അച്ഛന് ചേരാത്തതാണ്‌ ഈ കര്‍മ്മം! ഉഗ്രമായ വിഷം പോലെയുള്ള വാക്ക്‌, തന്റെ അച്ഛനെപ്പറ്റിയുള്ള കടുത്ത വാക്ക്‌, മുനിപുത്രന്‍ കേട്ട്‌ കോപം കൊണ്ടു വിറച്ചു. 

41. പരീക്ഷിച്ഛാപം - സൂതന്‍ പറഞ്ഞു. തന്റെ സഖാവായ കൃശന്‍ അച്ഛന്റെ ദയനീയാവസ്ഥയെപ്പറ്റി പറയുന്നതു കേട്ട്‌ ശൃംഗി കോപിക്കുകയും ദുഃഖിക്കുകയും ചെയ്തു. ശൃംഗി കൃശനോടു ചോദിച്ചു: "എന്താണ്‌ എന്റെ അച്ഛന്‍ ശവമേന്തുവാന്‍ കാരണം? സത്യം പറയു". 

കൃശന്‍ പറഞ്ഞു: രാജാവായ പരീക്ഷിത്ത്‌ നായാട്ടിന്നിടയ്ക്ക്‌ പാഞ്ഞു വന്ന്‌ നിന്റെ അച്ഛന്റെ കഴുത്തില്‍ ഒരു ചത്ത പാമ്പിനെ ഇട്ടു. 

ശൃംഗി പറഞ്ഞു; ആ ദുഷ്ടനായ രാജാവിനോട്‌ എന്തു കുറ്റമാണ്‌ അച്ഛന്‍ ചെയ്തത്‌? ഹേ, കൃശ! ഉണ്ടായ കാര്യം ശരിയായി പറയുക! പിന്നെ എന്റെ തപോബലം നീ കണ്ടുകൊള്ളുക! 

കൃശന്‍ പറഞ്ഞു: അഭിമന്യുപുത്രനായ പരീക്ഷിത്തു രാജാവ്‌, അമ്പെയ്ത ഒരു മൃഗത്തിന്റെ പിന്നാലെ പാഞ്ഞു. രാജാവ്‌ കാട്ടില്‍ ഓടിനടന്ന്‌ അന്വേഷിച്ചിട്ടും മാനിനെ കണ്ടില്ല. അപ്പോള്‍ നിന്റെ അച്ഛനെക്കണ്ടു. അദ്ദേഹത്തോട്‌, മാനിനെ കണ്ടുവോ എന്നു രാജാവ്‌ ചോദിച്ചു. മാനിയായ അദ്ദേഹം ഒന്നും മിണ്ടിയില്ല. ക്ഷുല്‍പിപാസാര്‍ത്തനായ രാജാവ്‌ ക്ഷുഭിതനായി വീണ്ടുംചോദിച്ചു. മുനി ഒന്നും മിണ്ടാതെ കുറ്റി പോലെ നില്ക്കുന്നതു കണ്ടപ്പോള്‍ രാജാവ്‌ വില്ലിന്റെ അഗ്രം കൊണ്ട്‌ ഒരു ചത്തപാമ്പിനെ തോണ്ടിയെടുത്ത്‌ നിന്റെ അച്ഛന്റെ കഴുത്തിലിട്ടു. അപ്പോഴും നിന്റെ അച്ഛന്‍ നിശ്ചലനായി നിന്നു. അതിന് ശേഷം രാജാവ്‌ ഹസ്തിനപുരിയിലേക്കു പോവുകയും ചെയ്തു. 

സൂതന്‍ പറഞ്ഞു; ഇപ്രകാരം അച്ഛന്റെ കഴുത്തില്‍ ശവം അണിഞ്ഞ വര്‍ത്തമാനം കേട്ട്‌, മുനിയുടെ പുത്രന്‍ ശൃംഗി കോപം കൊണ്ടു കണ്ണു ചുവന്ന്‌ കത്തുന്ന തീ പോലെ ജ്വലിച്ചു. കുപിതനായ അവന്‍ ആവേശത്തോടെ രാജാവിനെ ശപിച്ചു. അദ്ദേഹം ജലസ്പര്‍ശം ചെയ്തു, ചീറി, കോപം സഹിക്കാതെ നിന്ന്‌, ഇപ്രകാരം പറഞ്ഞു. 

ശൃംഗി പറഞ്ഞു: വൃദ്ധനായി, കൃഛ്റമായ നിഷ്ഠ അനുഷ്ഠിക്കുന്ന അച്ഛന്റെ ഗളത്തില്‍ ചത്ത പാമ്പിനെ, ധൂര്‍ത്തനും ദ്രോഹിയുമായ രാജാവ്‌ ഇട്ടതു കൊണ്ട്‌ ഞാന്‍, കൗരവര്‍ക്ക്‌ അവമാനമുണ്ടാക്കുന്ന ആ വിപ്രാവമാനിയെ ശപിക്കുന്നു. ആശീവിഷനും, ഉദ്ധതനും, പന്നഗശ്രേഷ്ഠനുമായ തക്ഷകന്‍ ക്രോധത്തോടെ ദംശിച്ച്‌ ഏഴു ദിവസത്തിനകം അവന്‍ യമാലയം പ്രാപിക്കും! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം ശപിച്ചതിന് ശേഷം ശൃംഗി പശുക്കള്‍ മേയുന്ന വനഭൂമിയില്‍ ചത്ത പാമ്പിനെ അണിഞ്ഞു നില്ക്കുന്ന അച്ഛനെ ചെന്നു കണ്ടു. അച്ഛനെ കണ്ടതോടു കൂടി അവന്റെ കോപം ഇരട്ടിച്ചു. അവന്‍ ദുഃഖത്തോടെ കണ്ണുനീര്‍ വാര്‍ത്ത്‌ അച്ഛനോടു പറഞ്ഞു. 

ശൃംഗി പറഞ്ഞു: അച്ഛാ, അങ്ങയെ ധര്‍ഷണം ചെയ്തതായിക്കേട്ട ഞാന്‍ ദുഷ്ടനായ പരീക്ഷിത്തിനെ ശപിച്ചു. കുരുവംശാധിപന് തക്ക നിഷ്ഠൂരമായ ഒരു ശാപമാണു കൊടുത്തത്‌, ഇന്നേക്ക്‌ ഏഴാം ദിവസം ആ വികൃതിയായ രാജാവിനെ പന്നഗോത്തമനായ തക്ഷകന്‍ കടിച്ച്‌ കാലപുരിയിലേക്കയയ്ക്കും, എന്നു പറഞ്ഞ്‌ അവന്‍ കോപത്താല്‍ വിറച്ചു. അപ്പോള്‍ അച്ഛന്‍ അവനോടു പറഞ്ഞു. 

ശമീകന്‍ പറഞ്ഞു: ഉണ്ണീ, നീ ചെയ്തത്‌ അക്രമമായി! നീ ഈ ചെയ്തത്‌ അധര്‍മ്മമാണ്‌! മുനിമാര്‍ക്കു ചേര്‍ന്നതല്ല. നാം ആ രാജവിന്റെ രാജ്യത്തില്‍ പാര്‍ക്കുന്നവരാണ്‌. നമ്മെയൊക്കെ രക്ഷിക്കുന്ന രാജാവില്‍ കുറ്റം ചെയ്യാവുന്നതാണോ? രാജാവ്‌ എന്തു ചെയ്താലും കോപിക്കരുത്‌. നാം രാജാവിന്റെ കൂട്ടുകാരാണ്‌. നാം ക്ഷമിക്കണം. ധര്‍മ്മനാശം ചെയ്താല്‍ നാശം തീര്‍ച്ചയായും സംഭവിക്കും. നമ്മെ രാജാവ്‌ കാക്കാതിരുന്നാല്‍ പീഡകളൊക്കെ നമ്മള്‍ക്കാണ്‌. ധര്‍മ്മങ്ങള്‍ തെറ്റു കൂടാതെ നടത്തുവാന്‍ ഹേ! പുത്ര, ആര്‍ക്കും സാധിക്കയില്ല. ധര്‍മ്മദൃഷ്ടികളായ രാജാക്കന്മാര്‍ നമ്മെ കാക്കുന്ന സമയത്തു ധാരാളം ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാം. അതില്‍ ഒരു അംശം രാജാവിന്നുമുണ്ട്‌. ക്ഷമേശന്‍ എന്തു ചെയ്താലും ക്ഷമിക്കേണ്ടതാണ്‌. പരീക്ഷിത്ത്‌ വിശേഷിച്ചും അദ്ദേഹത്തിന്റെ പിതാമഹനെ പോലെ തന്നെ നമ്മളെ കാക്കുന്നവനാണ്‌. പ്രജകളെ രാജാവു കാക്കണം. അദ്ദേഹം ക്ഷീണവും, ക്ഷുത്തും ചേര്‍ന്നപ്പോള്‍ സാധുവായ എന്റെ വ്രതം അറിയാതെ ഇപ്രകാരം ചെയ്തതാണ്‌. രാജാവില്ലാത്ത രാജ്യത്ത്‌ ആപത്ത്‌ എപ്പോഴുമുണ്ടാകും. തെറ്റു ചെയ്യുന്നവരെ രാജാവ്‌ ശിക്ഷിച്ചമര്‍ത്തും. ശിക്ഷയില്‍ ഭയമുണ്ടാകും, അപ്പോള്‍ നാട്ടില്‍ ശാന്തിയുമുണ്ടാകും. ഉദ്വിഗ്നനായവന്‍ ധര്‍മ്മം ചെയ്യുകയില്ല. ഭയപ്പെട്ടവന്‍ ക്രിയ ചെയ്യുകയില്ല. നൃപന്‍ ധര്‍മ്മം നടത്തുന്നു. സ്വര്‍ഗ്ഗം ധര്‍മ്മത്തിലാണു നില്ക്കുന്നത്‌. രാജാവില്‍ യജ്ഞങ്ങള്‍ നില്ക്കുന്നു. യജ്ഞത്തില്‍ ദേവകള്‍ നില്ക്കുന്നു. ദേവന് അധീനമാണ്‌ വൃഷ്ടി. വൃഷ്ടിക്കധീനമാണ്‌ എല്ലാ ഔഷധികളും. ഔഷധികള്‍ക്കധീനമായാണല്ലോ എല്ലാ മനുഷ്യരുടേയും ഹിതം നില്ക്കുന്നത്‌. രാജ്യകരനായ നൃപന്‍ മനുഷ്യര്‍ക്ക്‌ ഇപ്രകാരം ധാതാവാകുന്നു. രാജാവ്‌ വേദാദ്ധ്യായികളായ പത്തു ബ്രാഹ്മണര്‍ക്കു തുല്യനാണ്‌. രാജാവ്‌ ക്ഷീണം കൊണ്ടും, ക്ഷുത്തു കൊണ്ടും അറിയാതെ ചെയ്ത അപരാധമാണ്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു. നീ എന്താണ്‌ ഇപ്രകാരം സാഹസമായ ദുഷ്കൃതം ചെയ്തത്‌? നീ ബാലചാപല്യത്താല്‍ സാഹസം ചെയ്തുവല്ലോ! പുത്ര! നമ്മുടെ ശാപത്തിന് രാജാവ്‌ ഒരിക്കലും പാത്രമല്ല! 

42. കാശ്യപാഗമനം - ശൃംഗി പറഞ്ഞു: താത! ഞാന്‍ സാഹസമോ, ദുഷ്കര കര്‍മ്മമോ, അങ്ങയ്ക്കു പ്രിയമോ, അപ്രിയമോ ചെയ്തു. ഞാന്‍ ഈ ശപിച്ചത്‌ തെറ്റായാലും ശരിയായാലും അത്‌ സംഭവിക്കുക തന്നെ ചെയ്യും! എന്റെ വാക്കു വെറുതെയാവില്ല! എന്തു തന്നെയായാലും അതു തെറ്റിപ്പോകുവാന്‍ വയ്യ! പിതാവേ, ഞാന്‍ പറയുന്നു, കളിയായി ഞാന്‍ പറയുകയില്ല. ശാപത്തിൽ എങ്ങനെ പൊളി നില്ക്കും?

ശമീകന്‍ പറഞ്ഞു: നീ സത്യവാദിയും, ഉഗ്രവീര്യനുമാണെന്നു ഞാന്‍ അറിയുന്നുണ്ട്‌. നീ പൊളി പറയുകയില്ല. അതുകൊണ്ട്‌ നിന്റെ വാക്ക്‌ മിഥ്യയാകയില്ലെന്നും ഞാന്‍ അറിയുന്നുണ്ട്‌. നീ തപസ്സു ചെയ്യുന്ന കുട്ടിയുമാണ്‌. പ്രഭാവമുള്ള യോഗ്യന്മാര്‍ക്കും കോപം വരാം. എന്നിരിക്കിലും ധാര്‍മ്മികനായ നിന്നോട്‌ പറയേണ്ടി വന്നിരിക്കുന്നു. പുത്രന്‍ എത്ര പ്രായമുള്ളവനായാലും, അവനെ ശാസിക്കുവാന്‍ അച്ഛന് അവകാശമുണ്ട്‌. പുത്രത്വം, സാഹസം, ബാല്യം, ഇതൊക്കെ വിചാരിച്ച്‌ ഞാന്‍ പറയുകയാണ്‌. നീ ശമം ശീലിച്ച്‌, എന്നും വന്യാശനനായി, കോപം ഉപേക്ഷിച്ചു നടക്കുക. ഇപ്രകാരം ധര്‍മ്മം കെടുത്തരുത്‌. ക്രോധം യതികളുടെ ക്ലേശാര്‍ജ്ജിതമായ ധര്‍മ്മം കെടുത്തിക്കളയും. ധര്‍മ്മം ക്ഷയിച്ചവര്‍ക്ക്‌ ഇഷ്ടപ്പെടുന്ന സന്മാര്‍ഗ്ഗഗതി കിട്ടുന്നതല്ല. ക്ഷമയുള്ള യതീന്ദ്രന്മാര്‍ക്ക്‌ സിദ്ധി സാധനം ക്ഷമയാണ്‌. ക്ഷമിക്കുന്നവര്‍ക്ക്‌ ഇഹലോകവും പരലോകവും സിദ്ധിക്കും. അതുകൊണ്ട്‌ ക്ഷമ ശീലിച്ച്‌ ഇന്ദ്രിയത്തെ ജയിച്ചു നീ ജീവിക്കുക. ക്ഷമ കൊണ്ട്‌ ബ്രഹ്മസാമ്രാജ്യം നിനക്കു സിദ്ധിക്കും. പതുക്കെ ഞാന്‍ ശമത്തോടു കൂടി ചെയ്യാവുന്നത്‌ ചെയ്യുന്നതാണ്‌. കാലെ തന്നെ ഞാന്‍ രാജാവിന്റെ അടുത്തേക്ക്‌ ആളെ വിടുന്നുണ്ട്‌. 

സൂതന്‍ പറഞ്ഞു; അപ്പോള്‍ തന്നെ രാജാവിന്റെ സമീപത്തേക്ക്‌ ആളെ വിട്ടു. എന്റെ പുത്രന്‍, കൃശധീയായ ബാലന്‍, എന്നില്‍ ഭവാന്‍ ധര്‍ഷണം ചെയ്തതു കണ്ട്‌ കോപം സഹിക്കാതെ, ഭവാനെ ശപിച്ചു. 

സൂതന്‍ പറഞ്ഞു; എന്നു പറഞ്ഞ്‌ സുവ്രതനും, മാന്യനും, ദയാകുലനുമായ മുനി തന്റെ ഒരു ശിഷ്യനെ വിളിച്ച്‌ ഈ സന്ദേശവും കൊടുത്ത്‌ ഹസ്തിനപുരത്തേക്കു പരീക്ഷിത്തിന്റെ അരികിലേക്ക്‌, വിട്ടു. കുശലപ്രശ്നം, കാര്യം, വര്‍ത്തമാനം എന്നിവയെല്ലാം പറയുവാന്‍ ഏല്‍പിച്ച്‌ സുശീലനായ ഗൗരമുഖനെന്ന ശിഷ്യനെ മുനി വിട്ടു. 

അവന്‍ വേഗത്തില്‍ ഹസ്തിനപുരിയിലെത്തി. കാവല്‍ക്കാര്‍ രാജാവിനെ വിവരം അറിയിച്ചു. അങ്ങനെ അവന്‍ രാജസന്നിധിയിലെത്തി. ഗൗരമുഖന്‍ അകത്തു കടന്നു. രാജസല്‍ക്കാരങ്ങള്‍ സ്വീകരിച്ചതിന് ശേഷം വിശ്രമിച്ചു രാജാവിനെ യഥാക്രമം വിവരം അറിയിച്ചു. മന്ത്രിമാരുടെ മദ്ധ്യത്തില്‍ വെച്ച്‌ ഘോരമായ ശമീകവചനം ഇപ്രകാരം പ്രസ്താവിച്ചു; 

ഗൗരമുഖന്‍ പറഞ്ഞു: ഹേ! രാജാവേ, ശമീകന്‍ എന്നു പേരായ ഒരു മുനി അങ്ങയുടെ ഭുമിയില്‍ വസിക്കുന്നുണ്ട്‌. ശാന്തനും, ദാന്തനുമായി അവന്‍ തപസ്സു ചെയുന്നു. ആ മൗനവ്രതിയുടെ ദേഹത്തിലാണ്‌ ഭവാന്‍ ചത്ത പാമ്പിനെ ക്രോധത്തോടെ വില്ലു കൊണ്ടു തോണ്ടിയെടുത്ത്‌ ഇട്ടത്‌. ആ യോഗി ഭവാനോടു ക്ഷമിച്ചു. എന്നാൽ അവന്റെ പുത്രന്‍ ഭവാനോടു ക്ഷമിച്ചില്ല. അവന്‍, അച്ഛന്‍ ധരിക്കാതെ, അങ്ങയെ ശപിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ഭവാനെ തക്ഷകന്‍ കടിക്കും. അതിന്‌ രക്ഷ ഭവാന്‍ ചെയ്യണം എന്ന് മുനി പറഞ്ഞയച്ചിരിക്കുന്നു. അത്‌ മറ്റൊരുത്തന് മാറ്റുവാന്‍ കഴിവില്ല. ക്രോധിച്ച പുത്രനെ അടക്കുവാനും പ്രയാസമാണ്‌. അതു കൊണ്ട്‌ ഋഷി എന്നെ ഭവാനില്‍ ഹിതം ആശിച്ചു കൊണ്ട്‌ ഇങ്ങോട്ടു വിട്ടു. 

സൂതന്‍ പറഞ്ഞു; ഈ ഘോരമായ വാക്യം കേട്ട്‌ കുരുദ്വഹനായ രാജാവ്‌ പാപം ചിന്തിച്ച്‌ പരിതാപം പൂണ്ടു! മുനി മൗനവ്രതക്കാരനാണെന്ന്‌ അറിഞ്ഞ്‌ രാജാവ്‌ വീണ്ടം ശോകവും, സന്താപവും പുണ്ട ആ ശമീകന്റെ കാരുണ്യ വാത്സല്യ സ്ഥിതി കേള്‍ക്കുകയാല്‍ മന്നവന്‍ വീണ്ടും പരിതപിച്ചു. ഇത്രയും നല്ലവനായ ഋഷിയോട്‌ കുറ്റം കാണിച്ചതോര്‍ത്ത്‌ അതൃന്തം പരിതപിച്ചു. ഉടനെ മരണം സംഭവിക്കുമെന്നു കേട്ടിട്ടും അദ്ദേഹം ഇത്ര മാത്രം നടുങ്ങിയില്ല. പിന്നെ ഗൗരമുഖനോടു രാജാവ്‌ ശമീകനോടു പറയുവാന്‍, ഇപ്രകാരം പറഞ്ഞു: "ഭഗവാനേ! പ്രത്യേകം എന്നില്‍ പ്രസാദിക്കണം. എന്നു പറഞ്ഞ്‌ ഗൗരമുഖനെ അയച്ചതിന് ശേഷം മന്ത്രിമാരോടു കൂടി ആ മന്ത്രജ്ഞന്‍ വിഷണ്ണനായി കാര്യാലോചന നടത്തി". 

ഒറ്റത്തൂണായി രക്ഷയോടെ ഒരു മാളിക തീര്‍പ്പിച്ചു. വൈദ്യന്മാരും, മരുന്നുകളുമായി രക്ഷകള്‍ ഏര്‍പ്പെടുത്തി. മന്ത്രസിദ്ധരായ ബ്രാഹ്മണരെ ചുറ്റും ഇരുത്തി. അതില്‍ പാര്‍ത്തു രാജ്യകാരൃം നോക്കി മന്ത്രിമാരോടു കൂടി കാവല്‍ വെച്ചു. അങ്ങനെ ആ മാളികയില്‍ കയറിയ രാജാവിനെ കാണുവാന്‍ ആരേയും അനുവദിച്ചില്ല. കാറ്റിനും കൂടെ അവിടെ കടക്കുവാന്‍ അനുവാദമില്ലയിരുന്നു. 

രാജാവിനെ ചികിത്സിക്കുവാൻ  ഏഴാം ദിവസം ദ്വിജസത്തമനായ കാശ്യപന്‍ പുറപ്പെട്ടു. ആ ദ്വിജസത്തമന്‍ വിവരം അറിഞ്ഞു. തക്ഷകന്‍ പരീക്ഷിത്തിനെ കൊല്ലുമെന്നും തക്ഷകന്‍ കടിച്ചാല്‍ ആ വിഷം ഇറക്കാമെന്നും, അതുമൂലം അര്‍ത്ഥവും, ധര്‍മ്മവും തനിക്കു നേടാമെന്നും കരുതിയാണ്‌ ആ മുനി ഇറങ്ങിയത്‌. ഇപ്രകാരം ചിന്തിച്ച്‌ ഏകാഗ്രചിത്തനായിപ്പോകുന്ന മുനിയെ മാര്‍ഗ്ഗത്തില്‍ വെച്ച്‌ വൃദ്ധബാഹ്മണ രൂപം സ്വീകരിച്ച തക്ഷകന്‍ ചെന്നു കണ്ടു. 

കാശ്യപനോട്‌ തക്ഷകന്‍ പറഞ്ഞു; "ഹേ മുനേ! ഭവാന്‍ എങ്ങോട്ടാണ്‌ ബദ്ധപ്പെട്ടു പോകുന്നത്‌? എന്തു ചെയ്യുവാനാണ്‌ ഭവാന്റെ പുറപ്പാട്‌?".

കാശ്യപന്‍ പറഞ്ഞു. കുരുവംശത്തില്‍ ശ്രേഷ്ഠനായ പരിക്ഷിത്തു രാജാവിനെ, മഹാതേജോരൂക്ഷനായ തക്ഷകന്‍ ചുട്ടു കരിക്കും. പാണ്ഡവാന്വയകൃത്തായ ആ രാജവീരനെ തക്ഷകന്‍ കൊത്തി വിഷം ജ്വലിക്കുമ്പോള്‍ ആ വിഷ പീഡ നിക്കംചെയ്യുവാന്‍ ഞാന്‍ വേഗത്തില്‍ പോവുകയാണ്‌. 

തക്ഷകന്‍ പറഞ്ഞു: ആ തക്ഷകന്‍ ഞാന്‍ തന്നെയാണ്‌. ഞാന്‍ രാജാവിനെ ദംശിക്കുവാന്‍ പോവുകയാണ്‌. ഞാന്‍ കടിച്ചാല്‍ ചികിത്സിക്കുവാൻ  നീ ശക്തനല്ല. അതു കൊണ്ട്‌ മടങ്ങിപ്പോവുകയാണ്‌ നല്ലത്‌. 

കാശ്യപന്‍ പറഞ്ഞു: നീ കടിച്ച രാജാവിന്റെ പീഡയെ നീക്കുവാന്‍ എനിക്കു കഴിയുമെന്നാണ്‌ എന്റെ പ്രതീക്ഷ. എനിക്ക്‌ അതിനുള്ള ബുദ്ധിയും വിദ്യാബലവും കൈവശമുണ്ട്‌. 

43. തക്ഷകദംശനം - തക്ഷകന്‍ പറഞ്ഞു: ഞാന്‍ കടിച്ചാല്‍ ചികിത്സിക്കുവാൻ  ഭവാന്‍ ശക്തനാണെങ്കില്‍ ഞാന്‍ കടിക്കുന്ന മരത്തിന് ഭവാന്‍ ജീവന്‍ കൊടുക്കുമോ? ഭവാന്റെ മന്ത്രശക്തിയൊന്നു കാണട്ടെ! ഭവാന്റെ മുമ്പില്‍ നില്ക്കുന്ന ഈ ആല്‍ ഞാന്‍ കൊത്തി ചുട്ടെരിക്കാം. 

കാശ്യപന്‍ പറഞ്ഞു: ഹേ, നാഗേന്ദ്ര! നീ ഈ വന്മരത്തിന്മേല്‍ കൊത്തുക. നീ വൃക്ഷത്തില്‍ കൊത്തിയാല്‍ ഞാന്‍ വിഷമിറക്കി അതിനെ ജീവിപ്പിക്കും. 

സൂതന്‍ പറഞ്ഞു. കാശ്യപന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ തക്ഷകന്‍ ഔദ്ധത്യത്തോടെ ആല്‍മരത്തില്‍ ചെന്നു കൊത്തി. ആ മരം തല്‍ക്ഷണം ആ മഹാസര്‍പ്പദംശനമേറ്റ്‌ ചാമ്പലായി. തക്ഷകന്‍ കാശ്യപനോടു പറഞ്ഞു: "ആവുന്ന യത്നം ചെയ്ത്‌, നീ വൃക്ഷത്തെ ജീവിപ്പിക്കുക, ഞാന്‍ ഒന്നു കാണട്ടെ!".

സര്‍പ്പത്തിന്റെ വിഷവീര്യം കൊണ്ട്‌ ആ മരം ചാമ്പലായിത്തീര്‍ന്നു. ചാമ്പലൊക്കെ കൂട്ടിവെച്ച്‌ ആ മഹാനായ കാശ്യപന്‍ പറഞ്ഞു. 

കാശ്യപന്‍ പറഞ്ഞു: ഹേ, ഫണീന്ദ്ര! നീ എന്റെ വിദ്യാബലം കണ്ടു കൊള്ളുക, ഞാന്‍ ഇതാ ഈ വൃക്ഷത്തെ ജിീവിപ്പിക്കുവാന്‍ പോകുന്നു! നീ നോക്കിക്കൊണ്ടു നില്ക്കുമ്പോള്‍ തന്നെ ഞാന്‍ ജീവിപ്പിക്കാം. 

സൂതന്‍ പറഞ്ഞു: എന്നു പറഞ്ഞു ഭഗവാന്‍ കാശ്യപന്‍, ഭസ്മമായ വൃക്ഷത്തെ വീണ്ടും ജീവിപ്പിച്ചു. ആദൃമായി ആ വൃക്ഷം മുളച്ചുയര്‍ന്ന്‌ രണ്ട്‌ ഇല വിരിഞ്ഞു. പിന്നെ തുള്ളുന്ന ഇലകളും, പിന്നെ കൊമ്പുകളും ചില്ലകളുമായി വൃക്ഷം വളര്‍ന്നുവന്നു! ഇപ്രകാരം കാശ്യപന്‍ ആ വൃക്ഷത്തെ ജീവിപ്പിച്ചതു കണ്ട്‌ തക്ഷകന്‍ പറഞ്ഞു. 

തക്ഷകന്‍ പറഞ്ഞു; വിപ്ര! നിന്നെ സംബന്ധിച്ചിടത്തോളം ഇത്‌ അത്ഭുതമല്ല. എന്റെയോ, എന്നെപ്പോലെയുള്ളവന്റെയോ വിഷം ഭവാന്‍ ഹരിക്കും. അങ്ങ്‌ എന്തു കാര്യം മോഹിച്ചിട്ടാണ്‌ ഇപ്പോള്‍ പോകുന്നത്‌? അങ്ങ്‌ എന്താണു രാജാവില്‍ നിന്ന്‌ ആഗ്രഹിക്കുന്നത്‌? പറയൂ, അതെല്ലാം ഞാന്‍ തരാം, എത്ര ദുര്‍ല്ലഭമായ വസ്തുവായാലും തരാം. വിപ്രന്‍ ശപിക്കുകയും, ആയുസ്സ്‌ അവസാനിക്കുയും ചെയ്ത ഒരു മനുഷ്യനില്‍ ഭവാന്റെ പ്രയത്നം ഫലിച്ചില്ലെന്നും വരാം. സംശയാസ്പദമായ കാര്യത്തിന് പോയി സാധിക്കാതെ, ഉള്ള കീര്‍ത്തി ഭവാന്‍ നശിപ്പിക്കരുത്‌. മൂന്നു ലോകത്തിലും ഭവാന്‍ രശ്മി കുറഞ്ഞ അര്‍ക്കനെപ്പോലെ നിഷ്പ്രഭനാകും! ഭവാന്റെ പ്രഭ മാഞ്ഞു പോകും! 

കാശ്യപന്‍ പറഞ്ഞു; ഞാന്‍ ധനം മോഹിച്ച്‌ അങ്ങോട്ടു പോകുകയാണ്‌. നീ അതു തരികയാണെങ്കില്‍ പോകുന്നില്ല. ദ്രവ്യവും വാങ്ങി വന്ന വഴിക്കു തന്നെ തിരിച്ചു പൊയ്ക്കൊള്ളാം. 

തക്ഷകന്‍ പറഞ്ഞു: ആ രാജാവു തരുന്നതില്‍ കൂടുതല്‍ ഞാന്‍ തരാം. ഹേ ബ്രാഹ്മണ, വന്ന വഴിക്കു തന്നെ തിരിച്ചു പൊയ്ക്കൊള്ളുക.

സൂതന്‍ പറഞ്ഞു: ഇപ്രകാരം തക്ഷകന്‍ പറഞ്ഞപ്പോള്‍ കാശ്യപന്‍ രാജാവിനെക്കുറിച്ച്‌ നല്ല പോലെ ബുദ്ധിപൂര്‍വ്വം ചിന്തിച്ചു. ആ മഹര്‍ഷി ദിവൃജ്ഞാനം കൊണ്ട്‌ പരീക്ഷിത്ത്‌ ക്ഷീണായുസ്സാണെന്ന്‌ മനസ്സിലാക്കി. വൃഥാ യത്നത്തിന് ഒരുങ്ങുന്നത് ബുദ്ധിപൂര്‍വ്വകമല്ലെന്നും മനസ്സിലായി. തക്ഷകന്‍ വേണ്ടുവോളം ധനം കാശ്യപന് നല്കി. അതു വാങ്ങി കാശ്യപന്‍ വേഗത്തില്‍ മടങ്ങി. തക്ഷകന്‍ ഹസ്തിനപുരിയിലേക്കും പോയി. പോകുന്ന വഴിക്കു വെച്ചു തന്നെ രാജാവിനെ മന്ത്രങ്ങള്‍ കൊണ്ടും, ഔഷധങ്ങള്‍ കൊണ്ടും രക്ഷിക്കുവാന്‍ വേണ്ടുവോളം ദ്വിജന്മാര്‍ കൂടിയിരിക്കുന്നതായി തക്ഷകന്‍ അറിഞ്ഞു. 

സൂതന്‍ പറഞ്ഞു: പിന്നീട്‌ തക്ഷകന്‍ ചിന്തിച്ചു. രാജാവിനെ ഈ നിലയ്ക്ക്‌ ഓടിച്ചെന്നു കൊത്തുക എളുപ്പമല്ല. മായ കൊണ്ട്‌ അദ്ദേഹത്തെ വഞ്ചിക്കണം. എന്താണ്‌ പ്രയോഗിക്കേണ്ടത്‌ എന്നു ചിന്തിച്ച്‌, നാഗങ്ങളെ വിളിച്ച്‌, പെട്ടെന്നു മുനിവേഷത്തില്‍ ഫലങ്ങളും, ദര്‍ഭകളും ജലവും കൊണ്ടു വരുവാന്‍ വിട്ടു. 

തക്ഷകന്‍ പറഞ്ഞു: ഹേ! നാഗങ്ങളെ, നിങ്ങള്‍ കാര്യസിദ്ധിക്കു വേണ്ടി മുനിവേഷം സ്വീകരിച്ച്‌ ഫലം, മൂലം, ജലം എന്നിവ നല്കുന്നവരുടെ മട്ടില്‍ രാജാവിന്റെ സമീപത്തെത്തുവിന്‍

സൂതന്‍ തുടര്‍ന്നു: നാഗങ്ങള്‍ തക്ഷകന്റെ ആജ്ഞജയെല്ലാം അനുസരിച്ച്‌. രാജാവിന് ദര്‍ഭാംബു ഫലാദികളായ ഉപഹാരങ്ങള്‍ നല്കി. രാജാവ്‌ അവയെല്ലാം സ്വീകരിച്ച്‌ അവര്‍ക്ക്‌ ആവശ്യമുള്ളതൊക്കെ കൊടുത്തു സല്‍ക്കരിച്ച്‌ മടക്കി വിട്ടു. 

ഋഷിമാരുടെ രൂപത്തിലെത്തിയ ആ വിഷധാരികളായ നാഗങ്ങള്‍ പോയപ്പോള്‍ അമാത്യന്മാരോടും സ്നേഹിതന്മാരോടും ചേര്‍ന്നിരുന്ന്‌ രാജാവ്‌ പറഞ്ഞു. 

പരീക്ഷിത്തു പറഞ്ഞു: ഹേ, സ്നേഹിതന്മാരേ! സുര്യന്‍ അസ്തമിക്കാറായി, മുനി പറഞ്ഞ സമയം കഴിയുകയായി. ഇനി വിഷബാധയെപ്പറ്റി ചിന്തിക്കേണ്ടതില്ല. അത്‌ എന്നെ ബാധിക്കയില്ല. ഇനി നിങ്ങള്‍ എല്ലാവരും എന്നോടു കൂടി ഇരുന്ന്‌, സാധുതാപസന്മാര്‍ തന്ന, സ്വാദു കൂടുന്ന ഫലങ്ങള്‍ അനുഭവിക്കുക. 

സൂതന്‍ പറഞ്ഞു:. എന്നു പറഞ്ഞ്‌ രാജാവ്‌ സചിവന്മാരോടു കൂടി ഫലങ്ങള്‍ തിന്നുവാന്‍ ഒരുങ്ങി. വിധിയോഗം എന്നു പറയട്ടെ, ഉഗ്രമായ പന്നഗം ഏതു ഫലത്തിലാണ്‌ ഇരിക്കുന്നത്‌, ആ ഫലം രാജാവു തിന്നുവാന്‍ തുടങ്ങി. രാജാവ്‌ ഫലം തിന്നു കൊണ്ടിരിക്കെ അണുപ്രായമായ ഒരു. കൃമിയെക്കണ്ടു. കറുത്ത കണ്ണും, നീളം കുറഞ്ഞ ഉടലുമുള്ള ഒരു കൃമി! അതിനെ രാജാവ്‌ കൈയിലെടുത്ത്‌ സചിവന്മാരോടു പറഞ്ഞു. 

പരീക്ഷിത്ത്‌ പറഞ്ഞു: ഋഷിയുടെ വാക്ക്‌ സത്യമാകട്ടെ! സൂര്യന്‍ അസ്തമിക്കുന്നു. വിഷഭീതി ഇനിയില്ല. അതു കൊണ്ട്‌ ഈ കൃമിക്ക്‌ നാം തക്ഷകന്‍ എന്നു പേരു കൊടുക്കുക. അതു നമ്മെ കൊത്തട്ടെ! എന്നാൽ നമ്മെ ഏഴു ദിവസത്തിനുള്ളില്‍ തക്ഷകന്‍ കടിക്കും എന്ന ശാപം സത്യമാകുമല്ലോ. കാലചോദന കൊണ്ടു മന്ത്രിമാരും ഈ അഭിപ്രായം സമ്മതിച്ചു. ഇപ്രകാരം കല്പിച്ച്‌, ആ കൃമിയെ ചാകാനടുത്ത രാജാവ്‌ കഴുത്തില്‍ ചേര്‍ത്തു വെച്ച്‌, പൊട്ടിച്ചിരിച്ചു. അത്ഭുതം! രാജാവ്‌ ചിരിക്കുവാന്‍ തുടങ്ങിയപ്പോള്‍ കൃമി വലുതായി രാജാവിനെ ചുറ്റി. ആ ഫലത്തില്‍നിന്ന്‌ പുറപ്പെട്ട പുഴു ഇപ്രകാരം വലുതായി, തക്ഷകനായി. രാജാവിനെ പെട്ടെന്നു ചുറ്റിവരിഞ്ഞ്‌, തക്ഷകന്‍ ഭയങ്കരമായി ചീറ്റി ദംശിച്ചു. 

44. ജനമേജയരാജ്യാഭിഷേകം - സൂതന്‍ പറഞ്ഞു; ഇപ്രകാരം സര്‍പ്പം ചുറ്റി രാജാവിനെ ദംശിക്കുന്നത് കണ്ട്‌ മന്ത്രിമാര്‍ ഭയപ്പെടുകയും, ഉച്ചത്തില്‍ നിലവിളി കൂട്ടുകയും ചെയ്തു. സര്‍പ്പത്തിന്റെ ഭയങ്കരമായ ചീറ്റല്‍ കേട്ട്‌ മന്ത്രി വീരന്മാര്‍ ഭയപ്പെട്ട്‌ ഓടി. ഉടനെ പഞ്ചവര്‍ണ്ണമായ ഒരു ആകാരം കണ്ടു. സീമന്തരേഖയിടുന്ന മാതിരി, ആകാശത്ത്‌ നാഗരാജാവായ തക്ഷകന്‍ പോകുന്നതു കണ്ട്‌, മന്ത്രിമാര്‍ ആകുലപ്പെട്ടു. 

പാമ്പിന്റെ ഉഗ്രമായ വിഷത്താല്‍ ആ ഗൃഹം തീപ്പിടിച്ചതു പോലെ ആളിക്കത്തി. ഉടനെ അവിടെ നിന്ന്‌ ചാടി മന്ത്രിമാര്‍ ഓടി. രാജാവ്‌ ഇടിവെട്ടേറ്റു കരിഞ്ഞ വൃക്ഷം പോലെ വെന്തു. മന്നവന്‍ തക്ഷകനാല്‍ ദഗ്ദ്ധനായപ്പോള്‍ എല്ലാവരും വ്യസനിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ വിധിപ്രകാരം പുരോഹിതന്മാര്‍ മന്ത്രിമാരോടു കൂടി നിര്‍വ്വഹിച്ചു. 

ഉടനെ ഹസ്തിനപുരത്തിലുള്ള ജനങ്ങള്‍, ബാല്യസ്ഥിതി വിട്ടിട്ടില്ലെങ്കിലും, പരീക്ഷിത്തിന്റെ പുത്രനായ ജനമേജയനെ മുറയ്ക്ക്‌ രാജാവായി അഭിഷേകം ചെയ്തു. 

കേവലം ബാലനായിരുന്നു ആ രാജാവ്‌ എങ്കിലും, പുരോഹിതനോടും, അമാതൃന്മാരോടും കൂടി മുറയ്ക്ക്‌ കുരുവംശ രാജാക്കന്മാരായ പ്രപിതാമഹന്മാരെപ്പോലെ തന്നെ വീരനായി അവന്‍ രാജ്യം ഭരിച്ചു. 

ശത്രുക്കളെ ദുഃഖിപ്പിക്കുന്ന വിധത്തില്‍ ജനമേജയൻ യോഗൃനായി വളര്‍ന്നു. മന്ത്രിസത്തമന്മാര്‍ കാശിരാജാവായ സുവര്‍ണ്ണ വര്‍മ്മന്റെ പുത്രിയായ വപുഷ്ടമ എന്ന കന്യകയെ രാജാവിന് വേണ്ടി വരിച്ചു. കാശിരാജാവ്‌ വപുഷ്ടമ എന്ന തന്റെ പുത്രിയെ തരത്തിനൊത്ത കുരുരാജാവിന് നല്കി. ആ കനൃകയെ വിവാഹം കഴിച്ച്‌ രാജാവ്‌, അന്യനാരികളിലൊന്നും മനസ്സു വെയ്ക്കാതെ, വപുഷ്ടമയില്‍ തന്നെ ആസക്തനായി അവളോടു ചേര്‍ന്നു സുഖമായി ജീവിച്ചു. 

ആ സുന്ദരിയോടു കൂടി മന്നവന്‍ പുതു പൂവനങ്ങളില്‍ ഉല്ലസിച്ചു. തെളിഞ്ഞ പൊയ്കകളില്‍ കുളിച്ചു. പണ്ട്‌ പുരൂരവസ്സ്‌ ഉര്‍വ്വശിയോടു കൂടി രമിച്ച്‌ വാണ വിധം ജനമേജയൻ വപുഷ്ടമയോടു കൂടി രസിച്ചു വാണു. ആ സുന്ദരിയായ വപുഷ്ടമാദേവിയും, സുന്ദരനായ കാന്തനെ സന്തോഷിപ്പിച്ചു. ബഹുമാനൃകളായ പുരന്ധ്രി വര്‍ഗ്ഗത്തില്‍ മികച്ച സുന്ദരിയായ വപുഷ്ടമ വിഹാരക്രീഡകളാല്‍ ഭര്‍ത്താവിനെ ആനന്ദിപ്പിച്ചു. 

45. ജരല്‍ക്കാരുപിതൃദര്‍ശനം - സൂതന്‍ പറഞ്ഞു; ഇക്കാലത്ത്‌ ജരല്‍ക്കാരു എന്ന തപോധനന്‍ മന്നിലൊക്കെ ചുറ്റിനടന്ന്‌ ചെന്നേടം ഗൃഹമാക്കി അങ്ങനെ ദിനങ്ങള്‍ കഴിച്ചു. ആത്മനിഗ്രഹം ഇല്ലാത്തവര്‍ക്ക്‌ കഴിയാത്ത വ്രതങ്ങള്‍ എടുത്ത്‌, തീര്‍ത്ഥസ്നാനം ചെയ്ത്‌, പുണ്യ തീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ച്‌, വായുഭക്ഷണം മാത്രമായി, ദേഹം മെലിഞ്ഞ്‌ നടക്കുന്ന കാലത്ത്‌ ഒരു ഗര്‍ത്തത്തില്‍ തല കീഴായി തൂങ്ങിനില്ക്കുന്ന പിതൃക്കളെ കണ്ടു. ഒരു വേരു മാത്രമായ വീരണപ്പുല്ലു പിടിച്ചു നില്ക്കുന്നു! ആ വേരും എലി തിന്നുന്നതായിക്കണ്ടു. മലയിടുക്കില്‍ ഭക്ഷണമില്ലാതെ ചടച്ച്‌, രക്ഷയില്ലാതെ നില്ക്കുന്ന അവരെക്കണ്ട്‌,, ദുഃഖിച്ച്‌ അവന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു.
ജരല്‍ക്കാരു പറഞ്ഞു: ഈ ദീനാവസ്ഥയില്‍ നില്ക്കുന്ന നിങ്ങള്‍ ആരാണ്‌? വീരണപ്പുല്‍ക്കൊടിക്ക്‌ ഒരു വേരു കൂടിയുണ്ട്‌. അതും ഇപ്പോള്‍ എലി കൂര്‍ത്ത പല്ലു കൊണ്ട്‌ കടിച്ച്‌ അറുക്കുമല്ലോ! അപ്പോള്‍ നിങ്ങള്‍ തലകീഴായി കുണ്ടില്‍ച്ചെന്ന്‌  വീഴുകയും ചെയ്യുമല്ലോ! ഞാന്‍ എന്തു ചെയ്താണ്‌ ഭവാന്മാരെ രക്ഷിക്കേണ്ടത്‌! എന്റെ തപസ്സിന്റെ നാലിലൊന്നോ മൂന്നിലൊന്നോ, പകുതിയോ എന്താണ്‌ വേണ്ടതെന്നു പറയുക. നിങ്ങള്‍ ആവശ്യപ്പെടുന്നതു ഞാന്‍ തരാം. നിങ്ങളെ പാപത്തിൽ നിന്ന്‌ കയറ്റുവാന്‍ എന്തുചെയ്യണം? അല്ലെങ്കിൽ എന്റെ തപസ്സിന്റെ ഫലം മുഴുവന്‍ തരാം! വേഗം പറയുവിന്‍! ഞാന്‍ എന്തിനും തയ്യാറാണ്‌.

പിതൃക്കള്‍ പറഞ്ഞു: ഹേ, വൃദ്ധനും ബ്രഹ്മചാരിയുമായ വിപ്രശ്രേഷ്ഠ, അങ്ങ്‌ ഞങ്ങളെ രക്ഷിക്കുവാന്‍ വിചാരിക്കയാണോ? എന്നാൽ, അങ്ങയുടെ തപസ്സു കൊണ്ട്‌ തീര്‍ക്കുവാന്‍ സാധിക്കുന്നതല്ല ഈ വിപത്തെന്നുള്ളത്‌ ഭവാനോടു ഞങ്ങള്‍ ഉണര്‍ത്തിക്കുന്നു. തപസ്സിന്റെ ഫലം ഞങ്ങള്‍ക്കുമുണ്ട്‌. എന്നാൽ സന്താനനാശം മൂലം ഞങ്ങള്‍ നരകത്തില്‍ വീഴുവാന്‍ പോവുകയാണ്‌. പിതാമഹന്‍ പറയുന്നത്‌ സന്താനമാണ്‌ ധര്‍മ്മം എന്നാണ്‌. ഞങ്ങള്‍ ബോധഹീനരായി തൂങ്ങിക്കിടന്ന്‌ വിഷമിക്കുകയാണ്‌. അതു കൊണ്ട്‌ നീ ആരാണെന്നു പോലും ഞങ്ങള്‍ അറിയുന്നില്ല. നീ ഖ്യാതനായിരിക്കാം. ദുഃഖിതരെ തുണയ്ക്കുവാന്‍ എത്തിയ വൃദ്ധനായ ഭവാന്‍ പൂജിതനാണ്‌. ഞങ്ങള്‍ യായാവരന്മാരായ മുനികളാണ്‌. സന്താനക്ഷയം മൂലം പുണൃലോകത്തു നിന്നു വിഴുകയാണ്‌. ഞങ്ങളുടെ തപസ്സും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കു സന്തതിയുമില്ല. ഇല്ലെന്ന്‌ തീര്‍ത്തു പറഞ്ഞു കൂടാ, ഇല്ലാത്ത ഫലമാണ്‌. ജരല്‍ക്കാരു എന്ന ഒരു പുത്രനുണ്ട്‌. വേദവേദാംഗപാരഗനാണ്‌ അവന്‍. ജിതചിത്തനാണ്‌! മഹാബുദ്ധിമാനാണ്‌! തപോബലനാണ്‌. അവന്‍ തപസ്വിയായി മാത്രം ജീവിച്ച്‌ ദാമ്പതൃ വിമുഖനായതു മൂലം ഞങ്ങള്‍ ഈ ആപത്തില്‍ പെട്ടു പോയതാണ്‌. അദ്ദേഹത്തിന് ഭാര്യയില്ല, സന്താനങ്ങളില്ല, ബന്ധുക്കളില്ല. അതാണ്‌ ഞങ്ങളുടെ ഈ ദുരിതാവസ്ഥയ്ക്കു കാരണം. 

ഞങ്ങളില്‍ അലിവുതോന്നുന്ന ഭവാന്‍ ചെന്ന്‌  ജരല്‍ക്കാരുവിനോട്‌ ഇപ്രകാരം പറഞ്ഞാല്‍ കൊള്ളാം! 

കുണ്ടില്‍, കഷ്ടം! നിന്റെ പിതൃക്കള്‍ അധോമുഖരായി തൂങ്ങുന്നു! കളത്രത്തേ ഗ്രഹിച്ച്‌ സന്താനങ്ങളെ ജനിപ്പിക്കുക! അയാള്‍ മാത്രമേ ഈ പിതൃക്കളായ ഞങ്ങള്‍ക്ക്‌ വംശതന്തുവായിട്ടുള്ളൂ. അത്‌ അറ്റു പോയാല്‍ ഞങ്ങള്‍ക്കു പിന്നെ ഗതിയില്ല!. വീരണപ്പുല്ലിലാണല്ലോ ഞങ്ങള്‍ ഇപ്പോള്‍ തുങ്ങിക്കിടക്കുന്നത്‌. കാലത്താല്‍ അറ്റു പോയ വേരുകള്‍ സന്താനതന്തുക്കളാണ്‌. ഇനി ഒറ്റവേരു മാത്രമേയുള്ളൂ. അതും അറ്റുപോകാന്‍ താമസമില്ല. എലിയെക്കണ്ടില്ലേ? ശക്തനായ കാലമാണ്‌ ആ എലി. ഏകപുത്രനായ തന്തുവാണ്‌ അറ്റുപോകാന്‍ ഭാവിക്കുന്നത്‌. അവന്റെ തപസ്സു കൊണ്ടൊന്നും ഞങ്ങള്‍ക്കു രക്ഷ കിട്ടുകയില്ല. കാലം നശിപ്പിച്ചു കീഴ്പ്പോട്ടു തള്ളിവിടുന്ന വിധം ഞങ്ങള്‍ കീഴ്പോട്ടു പോകുന്നത്‌ ഭവാന്‍ കാണുന്നില്ല? ഞങ്ങള്‍ ബന്ധുക്കളോടു കൂടി വീണ കുഴിയില്‍ അവനും കാലത്താല്‍ ഛേദിക്കപ്പെട്ട് വീഴുന്നതാണ്‌. തപസ്സോ, മറ്റു പുണ്യങ്ങളോ എല്ലാം തന്നെ സന്താനമാകുന്ന പുണൃത്തോട് ഒക്കുന്നതല്ല. അതു കൊണ്ട്‌ ഞങ്ങള്‍ പറഞ്ഞ ഈ സത്യാവസ്ഥ നീ ജരല്‍ക്കാരുവിനെ കണ്ട്‌ ഉണര്‍ത്തിക്കണം. ഇവിടെ കണ്ടതൊക്കെ പറയണം. അവനെക്കൊണ്ടു വിവാഹം കഴിപ്പിക്കണം. അവന്റെ ബന്ധുവംശത്തെ സ്വന്തം വംശംപോലെ കരുതുന്ന മഹാശയനായ ഭവാന്‍ ആരാണെന്നറിയുവാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്‌. 

46. വാസുകിജരല്‍ക്കാരുസമാഗമം - സൂതന്‍ പറഞ്ഞു: ഇതുകേട്ടു ജരല്‍ക്കാരു കഠിന ദുഃഖത്തോടെ പിതൃക്കളോട്‌ ബാഷ്പകുല നേത്രനായി തൊണ്ടയിടറി പറഞ്ഞു. ജരല്‍ക്കാരു പറഞ്ഞു: ഹേ! പിതൃക്കളെ, നിങ്ങള്‍ എല്ലാവരും എന്റെ പൂര്‍വ്വന്മാരാണ്‌. എന്റെ പിതൃപിതാമഹന്മാരാണ്‌. അതു കൊണ്ട്‌ ഞാന്‍ എന്ത്‌ ഇഷ്ടമാണു ഭവാന്മാര്‍ക്കു ചെയ്യേണ്ടത്‌? ആ ദ്രോഹിയായ ജരല്‍ക്കാരു ഞാന്‍ തന്നെയാണ്‌! നിങ്ങളുടെ നിര്‍ഭാഗ്യവാനായ പുത്രന്‍ ഞാന്‍ തന്നെയാണ്‌! അജ്ഞനായ ഈ പാപിയെ നിങ്ങള്‍ ശിക്ഷിച്ചു കൊള്ളുക! 

പിതൃക്കള്‍ പറഞ്ഞു; ഉണ്ണീ! ഭാഗ്യം കൊണ്ട്‌ നീ ഞങ്ങളുടെ മുമ്പില്‍ യദുച്ഛയാ എത്തി. ഹേ! പുത്ര, നീ എന്തു കൊണ്ട്‌ ധര്‍മ്മദാരങ്ങളെ പരിഗ്രഹിച്ചില്ലാ?

ജരല്‍ക്കാരു പറഞ്ഞു: പിതൃക്കളേ, എന്റെ ഉള്ളിലിരിക്കുന്ന മോഹം ഇതാണ്‌. ഊര്‍ദ്ധ്വരേതസ്സായി, ദേഹം ഊര്‍ദ്ധ്വലോകത്തയയ്ക്കണം. വേളികഴിക്കുകയില്ല! ഇതാണ്‌ എന്റെ ഹൃദയത്തില്‍ ഞാന്‍ നിശ്ചയം ചെയ്തിരിക്കുന്നത്‌. എന്നാൽ നിങ്ങള്‍ വാവല്‍പ്പക്ഷികള്‍ പോലെ തൂങ്ങിനില്ക്കുന്ന നിലയില്‍ കണ്ടതോടു കൂടി ഞാന്‍ ബ്രഹ്മചര്യം പിന്‍വലിക്കുവാന്‍ തീരുമാനിക്കുന്നു. നിങ്ങളുടെ ആഗ്രഹ നിവൃത്തിക്കു വേണ്ടി ഞാന്‍ വേള്‍ക്കുവാന്‍ തീര്‍ച്ചയാക്കുന്നു. എന്നാൽ ഞാന്‍ വേള്‍ക്കുന്ന സ്ത്രീയുടെ പേരും എന്റെ പേരു തന്നെയാകണം. രണ്ടു പേരുടേയും നാമം ഒന്നാകണമെന്നു തന്നെയല്ല നേരിട്ട്‌ എനിക്ക്‌ അര്‍പ്പിച്ചു കിട്ടുകയും വേണം. എനിക്കു ഭരിക്കേണ്ട ചുമതല ഉണ്ടാവുകയും പാടില്ല! അങ്ങനെയുള്ള ഒരു സ്ത്രീയെ എങ്ങാനും കിട്ടിയെങ്കിൽ ഞാന്‍ വേള്‍ക്കും, ഇല്ലെങ്കില്‍ വേളിയില്ല. ഇത്‌ എന്റെ നിശ്ചയമാണ്‌. ഇതാണ്‌ എന്റെ സത്യം! ഹേ! പിതാമഹ ഗുരുക്കളേ! അവളില്‍ ഉണ്ടാകുന്ന എന്റെ പുത്രന്‍ നിങ്ങളെ കരകയറ്റും. നശിക്കാത്ത വിധം നിങ്ങള്‍ എന്നും ദിവ്യലോകത്തില്‍ നിന്നു കൊള്ളുവിന്‍.

സൂതന്‍ പറഞ്ഞു: എന്നു പിതൃക്കളോടു പറഞ്ഞു ജരല്‍ക്കാരു മഹര്‍ഷി മന്നുചുറ്റി. വൃദ്ധന് ഭാര്യയെ കിട്ടുകയുണ്ടായില്ല, ജീവിതത്തില്‍ വെറുത്തു. പിതൃക്കളുടെ വാക്കോര്‍ത്ത്‌ അവന്‍ കാട്ടില്‍ച്ചെന്ന്‌  ഉറക്കെ വിലപിച്ചു. അവന്‍ മൂന്നു പ്രാവശ്യം കന്യകാഭിക്ഷയ്ക്ക്‌ അര്‍ത്ഥിച്ചു നടന്നു. 

ജരല്‍ക്കാരു പറഞ്ഞു; ചരാചരങ്ങളേ, എന്റെ മൊഴി കേള്‍ക്കുവിന്‍! എന്റെ പിതൃക്കള്‍ സന്തതിക്കു വേണ്ടി ഞാന്‍ വേള്‍ക്കണമെന്ന്‌ എന്നോടു കല്‍പിക്കുന്നു. അവര്‍ ഉഗ്രമായി തപിച്ച്‌ ദുഃഖിക്കുകയാണ്‌. ഞാന്‍ കന്യകാഭിക്ഷയ്ക്കു വേണ്ടി തെണ്ടിയലയുകയാണ്‌. ദാരിദ്ര്യദുഃഖസ്ഥനായ ഞാന്‍ പിതൃപ്രേരണ കൊണ്ട്‌, യാചിക്കുന്നു. നിങ്ങളില്‍ ആര്‍ക്കു കനൃകയുണ്ടോ, ആ കന്യകയെ ലോകം ചുറ്റിവന്ന എനിക്ക്‌ തന്നാലും. പേര്‍ ഒന്നാകണം, ഭിക്ഷയായിത്തരണം, ഭരിക്കാന്‍ പറയരുത്‌. അങ്ങനെയാകണം അവളെ തരുന്നത്.

സൂതന്‍ പറഞ്ഞു: ജരല്‍ക്കാരുവിന്റെ ഇംഗിതം അറിയുവാന്‍ വാസുകി ശട്ടം കെട്ടി വിട്ട പന്നഗര്‍, ഈ വര്‍ത്തമാനം അറിഞ്ഞ്‌ വാസുകിയോടു വിവരം അറിയിച്ചു. വാസുകി ചിലരെ മുന്‍കൂട്ടി ഏര്‍പ്പാടു ചെയ്തിരുന്നു. അവര്‍ പറഞ്ഞതു കേട്ട്‌ അദ്ദേഹം സ്വന്തം സഹോദരിയെ അലങ്കരിച്ച്‌, വനത്തില്‍ ആ മുനിയുടെ സമീപത്തേക്ക്‌ കൊണ്ടു ചെന്നു. അവളെ താപസേന്ദ്രന് ഭിക്ഷയായി നല്കി. നാഗരാജാവ്‌ സഹോദരിയെ കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ആദ്യം മഹര്‍ഷിക്ക്‌ സമ്മതമുണ്ടായില്ല. കാരണം പേര്‍ ഒത്തു വരികയില്ലെന്നും, ഭാര്യ ഒരു ഭാരമാണെന്നും മഹര്‍ഷി വിചാരിച്ചു: "ഹേ! നാഗരാജാവേ, എനിക്ക്‌ ഇവള്‍ വേണ്ടാ! പേര് ഒന്നാകണമെന്നു നിര്‍ബ്ബന്ധമുണ്ട്‌. പിന്നെ ഭരിക്കാന്‍ ഞാന്‍ തയാറുമില്ല". 

മോക്ഷത്തിന് വേണ്ടി ശ്രമിക്കുന്നവനും, വിവാഹബന്ധത്തില്‍ ഭീതനുമായ മുനി, കന്യകയെ സ്വീകരിക്കുവാന്‍ അങ്ങനെ ആദ്യം മടി കാണിച്ചു. പിന്നെ അവളുടെ പേര് എന്താണെന്ന്‌ അറിയുവാന്‍ ചോദിച്ചു. വാസുകിയോട്‌ അവളെ താന്‍ ഭരിക്കുന്നതല്ലെന്നും പറഞ്ഞു ഭൃഗുനന്ദന! 

47. ജരല്‍ക്കാരുനിര്‍ഗ്ഗമം - സൂതന്‍ പറഞ്ഞു: ജരല്‍ക്കാരുവിനോട്‌ ഉരഗപ്രഭുവായ വാസുകി പറഞ്ഞു: ഇവളുടെ പേര് ജരല്‍ക്കാരു എന്നാണ്‌. അങ്ങ്‌ ഇവളെ ഭരിക്കേണ്ടതില്ല. ഞാന്‍ സംരക്ഷിച്ചു കൊള്ളാം. എന്റെ സഹോദിരിയായ ഇവളെ അല്ലയോ തപോധന! ഞാന്‍ ഭവാനു വേണ്ടി രക്ഷിച്ചു വളര്‍ത്തുകയാണ്‌. തപസ്വിനിയാണിവള്‍. അങ്ങയുടെ പേര്‌ ഒത്ത ഇവളെ ഭാരൃയായി അങ്ങ്‌ സ്വീകരിച്ചാലും. 

ഋഷി പറഞ്ഞു; ഞാന്‍ ഇവളെ ഭരിക്കുകയില്ലെന്നുള്ളത്‌ എന്റെ നിശ്ചയമാണ്‌. എന്നില്‍ ഒരിക്കലും അപ്രിയം കാണിക്കയുമരുത്‌. കാണിച്ചാല്‍ അന്ന്‌ ഞാന്‍ ഇവളെ വിട്ടു പോവുകയും ചെയ്യും. അതിനു സമ്മതമുണ്ടെങ്കില്‍ ഭവാന്റെ സഹോദരിയെ ഭിക്ഷയായി ഞാന്‍ സ്വീകരിക്കാം. 

സൂതന്‍ പറഞ്ഞു; വാസുകി ഭഗിനിയുടെ ഭാരം കൈയേറ്റതിന് ശേഷം, ജരല്‍ക്കാരു വാസുകിയുടെ ഗൃഹത്തില്‍ താമസമാക്കി. യത്രവദിയും തപോവൃദ്ധനുമായ മുനി വിധിമന്ത്ര പുരസരം പാണിഗ്രഹണം ചെയ്തു. ഭാര്യയോടു കൂടി മുനി ധന്യമായ മണിയറയില്‍ പ്രവേശിച്ചു. മൃദുവായി വിരിച്ചിട്ട മെത്തയില്‍ സഭാര്യനായി മുനി ശയിച്ചു. മെത്തയില്‍ക്കിടന്ന്‌ അവന്‍ ഭാര്യയോട്‌ തന്റെ നിശ്ചയത്തെ ധരിപ്പിച്ചു. എന്നില്‍ നീ യാതൊരു അപ്രിയവും പറയരുത്‌. യാതൊരു അപ്രിയവും ചെയ്യരുത്‌. അപ്രിയം കാണിച്ചാല്‍ ഉടനെ നിന്നേയും, നിന്റെ ഗൃഹത്തേയും ഞാന്‍ ഉപേക്ഷിക്കും. എന്റെ ഈ വാക്കു ധനേ, നീ എപ്പോഴും ഓര്‍മ്മിച്ചു കൊള്ളുക! ഇതുകേട്ടു പരിഭ്രമത്തോടെ ആ നാഗേന്ദ്ര സോദരി ദുഃഖത്തോടെ അതിന് വഴങ്ങി. ക്ലേശിപ്പിക്കുന്ന ഭര്‍ത്താവിനെ അവള്‍ ശുശ്രൂഷിച്ചു പോന്നു. അവള്‍ പട്ടിയെപ്പോലെ ജാഗ്രതയോടും, മാനിനെപ്പോലെ ഭയത്തോടും, കാക്കയെപ്പോലെ മുന്‍കരുതലോടും കൂടി ശുശ്രൂഷിച്ച്‌ മുനിയുടെ ഹൃദയം ഇണക്കി. ആ മനസ്വിനി ഒരു ദിവസം ഋതുസ്നാനം കഴിഞ്ഞ്‌ വിധിപോലെ ഭര്‍ത്താവിനെ സമീപിച്ചു. അന്ന്‌ അവള്‍ക്കു ഗര്‍ഭം ഉണ്ടായി. ആ ഗര്‍ഭം വഹ്നിപോലെ ഉജ്ജ്വലമായിരുന്നു. ശുക്ലപക്ഷത്തിലെ ചന്ദ്രനെപ്പോലെ ഗര്‍ഭം വളര്‍ന്നു. 

ഒരു ദിവസം ജരല്‍ക്കാരു ഭാര്യയുടെ മടിയില്‍ തലവെച്ചു ഖിന്നനായി ഉറങ്ങുകയായിരുന്നു. സുര്യന്‍ അസ്തമിക്കുവാന്‍ ഭാവിക്കുന്ന ആ സമയത്ത്‌ അവള്‍ ധര്‍മ്മലോപഭയം മൂലം വിഷമിച്ചു ചിന്തിച്ചു: ഇപ്പോള്‍ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തുന്നതു പുണ്യമോ, പാപമോ? വിളിച്ചുണര്‍ത്തിയാല്‍ കോപിക്കുമോ?കോപിച്ചാല്‍ അദ്ദേഹത്തിന്നു ഞാന്‍ അപ്രിയം ചെയ്തതായി ഭാവിച്ച്‌ അദ്ദേഹം പോയാലോ? വിളിക്കാതിരുന്നാല്‍ ധര്‍മ്മലോപമാകുമോ? ഒന്നു ധര്‍മ്മശീലക്രോധം, മറ്റൊന്നു ധര്‍മ്മലോപം. ഇതില്‍ ഏതാണു വലിയത്‌? ധര്‍മ്മലോപം തന്നെ വലുതെന്നു ചിന്തിച്ച്‌ അവള്‍ ഉണര്‍ത്തുവാനുറച്ചു. ഉണര്‍ത്തിയാല്‍ തീര്‍ച്ചയായും മുനി കോപിക്കും. സന്ധൃ തെറ്റിയാല്‍ മുനിക്കു ധര്‍മ്മലോപം വന്നു കൂടുമല്ലോ എന്നു വിചാരിച്ചു ജരല്‍ക്കാരു നാഗാംഗന, ആ തപോധനനോട്‌ ഇപ്രകാരം മധുരമായി, മൃദുവായി, പറഞ്ഞു. 

പന്നഗി പറഞ്ഞു: ആര്യ! വേഗം എണീക്കുക! സൂര്യന്‍ ഇതാ അസ്തമിക്കുവാന്‍ പോകുന്നു. ഭഗവാനേ! നിഷ്ഠയോടു കൂടി സന്ധ്യാവന്ദനം ചെയ്യുക! അഗ്നിഹോത്രം ജ്വലിക്കുന്ന ഈ മുഹൂര്‍ത്തം രമ്യ ദാരുണമാണ്‌. നോക്കൂ നാഥ! പടിഞ്ഞാറെ ദിക്കിലേക്ക്‌ സന്ധ്യയായിരിക്കുന്നു! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ അവള്‍ മുനിയെ ഉണര്‍ത്തി. അത്യുഗ്ര കോപത്തോടെ മുനി എഴുന്നേറ്റു ഭാര്യയോടു ചുണ്ടു വിറച്ചു കൊണ്ട്‌ പറഞ്ഞു. 

ജരല്‍ക്കാരു പറഞ്ഞു: എടീ പന്നഗി, നീ എന്നെ അവമാനിച്ചു! ഇനി നിന്റെ അരികില്‍ ഞാന്‍ ഉരിക്കുന്നതല്ല. ഞാന്‍ വന്നപാടു പോവുകയാണ്‌! ഹേ സുന്ദരി, ഞാന്‍ ഉറങ്ങുമ്പോള്‍ സൂര്യന് അസ്തമിക്കുവാന്‍ ധൈര്യമുണ്ടാകുമോ? അസ്തമിക്കുന്നതല്ലെന്ന്‌ എനിക്കുറപ്പുണ്ട്‌. കാലം വന്നാലും സൂര്യന്‍ അസ്തമിക്കുവാന്‍ ധൈര്യപ്പെടുകയില്ല. ധിക്കാരം ഏറ്റ ഒരു ദിക്കില്‍ പാര്‍ക്കുവാന്‍ ആര്‍ക്കും രുചിക്കുന്നതല്ല. പിന്നെ ധര്‍മ്മശീലനായ ഞാനുണ്ടോ പൊറുക്കുന്നു?

സൂതന്‍ പറഞ്ഞു: മനസ്സ്‌ കിടിലം കൊള്ളിക്കുന്ന വിധംഭ ര്‍ത്താവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ ഉരഗേന്ദ്ര ഭഗിനിയായ ജരല്‍ക്കാരു പറഞ്ഞു; ഞാന്‍ ഭവാനെ ഉണര്‍ത്തിയത്‌ അവമാനിച്ചു കൊണ്ടല്ലല്ലോ! അല്പവും ധര്‍മ്മലോപം പറ്റരുതെന്ന്‌ വിചാരിച്ചാണ്‌! 

പ്രിയയുടെ വാക്കു കേട്ടു താപസികന്‍ പറഞ്ഞു: ഞാന്‍ ഒരിക്കലും അനൃതം പറയുന്നതല്ല. ഹേ! പന്നഗി, ഞാന്‍ ഇതാ പോകുന്നു. മുമ്പു ഞാന്‍ നിന്നോടു ചെയ്ത കരാറ്‌ അപ്രകാരമാണല്ലോ. നീ ഭ്രാതാവിനോട്‌ ഞാന്‍ പോയതായി പറയുക. വ്യസ്‌നിക്കാതെ സസുഖം വാഴുക! 

ഇപ്രകാരം മുനി പറഞ്ഞപ്പോള്‍ പന്നഗി കരഞ്ഞ്‌, വിഷണ്ണയായി, ഇടറുന്ന വാക്കോടു കൂടി, വിളര്‍ത്ത മുഖത്തോടു കൂടി, തൊഴുതു കണ്ണുനീരൊലിപ്പിച്ച്‌, തോറും അതേ സമയം ഹൃദയത്തുടിപ്പോടും കൂടി പറഞ്ഞു: ഹേ ധര്‍മ്മജ്ഞ! തെറ്റൊന്നും ചെയ്യാത്ത എന്നെ ഉപേക്ഷിച്ചു പോകരുതേ! പ്രിയം ചെയ്തും ധര്‍മ്മം കാക്കുന്നവളല്ലേ ഞാന്‍! അങ്ങയ്ക്ക്‌ എന്നെ തരുന്നതിന് മൂലകാരണമായ ഫലം നേടാത്ത എന്നെ ഉപേക്ഷിക്കരുതേ! വാസുകി എന്തു പറയും! മാതൃശാപാര്‍ത്തരായ എന്റെ ജഞാതികള്‍ക്ക്‌ ഇഷ്ടം ചെയ്യുവാന്‍ ഭവാനില്‍ എനിക്കു സന്താനമുണ്ടായില്ലല്ലോ. നാം തമ്മിലുള്ള സംബന്ധം ഭവാന്‍ നിഷ്ഫലമാക്കരുതേ! ഭഗവാനേ, പ്രസാദിച്ചാലും! ജ്ഞാതി വര്‍ഗ്ഗത്തിന് ക്ഷേമം ആശിക്കുന്ന എന്നെ, ഗര്‍ഭം വ്യക്തമാക്കാത്ത എന്നെ, വിട്ടു പോകരുതേ! ഞാന്‍ നിര്‍ദ്ദോഷിയാണേ.

ഇപ്രകാരം താണുകേണപേക്ഷിക്കുന്ന പത്നിയോടു ജരല്‍ക്കാരു പറഞ്ഞു: ഹേ സുഭഗേ, അഗ്നിസമപ്രഭമായ ഗര്‍ഭം നിന്നിലുണ്ട്‌. ആ ഗര്‍ഭം വേദവേദാംഗവേദിയായി, ധര്‍മ്മിഷ്ഠനായി, ഭവിക്കും. 

ഇപ്രകാരം പറഞ്ഞു സത്യവാനായ ജരല്‍ക്കാരു മുനി വീണ്ടും തപസ്സിനായി നിശ്ചയിച്ച്‌ അവിടെ നിന്നു പോയി. 

48. ആസ്തികോൽപത്തി - സൂതന്‍ കഥ തുടര്‍ന്നു: ഭര്‍ത്താവ്‌ പോയതിന് ശേഷം സഹോദരന്റെ അടുത്തു ചെന്നു ജരല്‍ക്കാരു സഹോദരി വിവരം അറിയിച്ചു. അപ്രിയമായ ഈ വര്‍ത്തമാനം കേട്ടു വാസുകി വ്യസനിക്കുന്ന സഹോദരിയോടു ദുഃഖാര്‍ത്തനായി ചോദിച്ചു. 

വാസുകി പറഞ്ഞു: ഭദ്രേ! നീ ദാനകാര്യത്തിന്റെ പ്രയോജനം അറിയുന്നുണ്ടല്ലോ. പന്നഗങ്ങളുടെ നന്മയ്ക്കു വേണ്ടി പുത്രലാഭത്തിന്നാണല്ലോ നിന്നെ മഹര്‍ഷിക്കു സമര്‍പ്പിച്ചത്‌. അവന്‍ സര്‍പ്പസത്രത്തില്‍ നിന്ന്‌ നമ്മള്‍ക്കു മോക്ഷം നല്കും എന്നാണല്ലോ ദേവന്മാരോടു കൂടി നിന്നു ബ്രഹ്മാവു പറഞ്ഞത്‌. ആ പുണ്യവാനില്‍ നിന്നു നിനക്ക്‌ ഗര്‍ഭം ഉണ്ടായിട്ടുണ്ടോ? ആ പുണ്യവാന്റെ ഗാര്‍ഹസ്ഥ്യം നിഷ്ഫലമാകുവാന്‍ ഇടയില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ നിന്നോടു ചോദിക്കുന്നത്‌ ഉചിതമല്ല. കാരൃഗൗരവമോര്‍ത്ത്‌ ഞാന്‍ ചോദിക്കുകയാണ്‌. വീരനായ നിന്റെ ഭര്‍ത്താവിന്റെ തപോവിരൃമോര്‍ത്ത്‌ ഞാന്‍ പിമ്പേ അന്വേഷിച്ചു ചെല്ലുവാന്‍ ധൈര്യപ്പെടുന്നില്ല. അവന്‍ എന്നെ ശപിച്ചാലോ എന്നു ഭയപ്പെടുന്നു. ഭദ്രേ! ഉള്ള കാരൃം പറയൂ. എന്റെ ഹൃദയം ദുഃഖത്തിലാഴുന്നു. എന്റെ ഹൃദയത്തില്‍ ചിരകാലമായി തറച്ചിട്ടുള്ള മുള്ള്‌ നീ വലിച്ചു കളയുക!

സൂതന്‍ പറഞ്ഞു: ഇപ്രകാരം പറയുന്ന വാസുകിയോട്‌ ജരല്‍ക്കാരു പതുക്കെ അവന്റെ ഹൃദയം സമാശ്വസിപ്പിക്കുമാറ്‌ പറഞ്ഞു. 

പന്നഗി പറഞ്ഞു: പുത്രകാര്യത്തെക്കുറിച്ച്‌ അദ്ദേഹം പോകുമ്പോള്‍, ഞാന്‍ ചോദിച്ചു. അസ്തി ( ഉണ്ട് ) എന്നു പറഞ്ഞ്‌ അദ്ദേഹം പോയി. വിനോദത്തില്‍ പോലും അദ്ദേഹം പൊളിപറയുന്നവനല്ല. പിന്നെ വ്യസനിക്കുന്ന എന്നോട്‌ അദ്ദേഹം പൊളിപറയുന്നതല്ല. ഹേ, പന്നഗി! നീ സന്തപിക്കേണ്ടതില്ല. നിനക്ക്‌ അഗ്നി പോലെയും, അര്‍ക്കന്‍ പോലെയുമുള്ള ഒരു പുത്രന്‍ ജനിക്കും. ഇപ്രകാരം പറഞ്ഞാണ്‌ ജ്യേഷ്ഠ, എന്റെ ഭര്‍ത്താവ്‌ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞത്‌. അതു കൊണ്ട്‌ വളരെക്കാലമായി ഹൃദയത്തില്‍ വർദ്ധിച്ചിരുന്ന അല്ലല്‍ ഉപേക്ഷിക്കുക! 

സൂതന്‍ പറഞ്ഞു: ഈ വാക്കുകേട്ട്‌ ശ്രീമാനായ വാസുകി രസത്തോടെ "ആകട്ടെ" എന്നു ഭഗിനീ ഭാഷിതത്തെ കൊണ്ടാടി. അവന്‍ ഭഗിനിയെ സാന്ത്വനം ചെയ്തു. വിത്തദാനം കൊണ്ടും പൂജനം കൊണ്ടും ഇഷ്ടമുള്ള മറ്റു ദാനങ്ങള്‍ കൊണ്ടും സഹോദരിയെ പ്രീതിപ്പെടുത്തി. 

മഹാതേജഃപ്രകാശത്തോടെ ഗര്‍ഭം വളര്‍ന്നു. ശുക്ലപക്ഷത്തിലെ ചന്ദ്രനെന്ന വിധം ക്രമേണ വളര്‍ന്നു. ആ നാഗനാരി യഥാകാലം പ്രസവിച്ചു, പിതൃമാതൃഭയം തീര്‍ക്കുന്ന ദേവഗര്‍ഭാഭനായ ഒരു ബാലന്‍ ജനിച്ചു. അവന്‍ നാഗരാജാവിന്റെ ഭവനത്തില്‍ വളര്‍ന്നു. ച്യവന ഭാര്‍ഗ്ഗവനില്‍ നിന്ന്‌ അവന്‍ സാംഗവേദങ്ങള്‍ അഭ്യസിച്ചു. ബാല്യത്തില്‍ തന്നെ ബുദ്ധിഗുണം കൊണ്ട്‌ അവന്‍ വ്രതങ്ങള്‍ സ്വീകരിച്ചു. ആസ്തീകന്‍ എന്ന പേരില്‍ അവന്‍ പ്രസിദ്ധനായി. പിതാവ്‌ അമ്മയെ വിട്ടു പോകുമ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ വര്‍ത്തിക്കുമ്പോള്‍, അസ്തി ( ഉണ്ട്‌ ) എന്ന് അച്ഛന്‍ അമ്മയോടു പറഞ്ഞതു കാരണം അവന് ആസ്തീകന്‍ എന്ന പേര് പ്രസിദ്ധമായി. നാഗരാജാവിന്റെ രക്ഷയില്‍ അവന്‍ ദീപ്തിമാനും, ദേവദേവനുമായ ശൂലിയെപ്പോലെ വളര്‍ന്നുവന്ന്, പന്നഗങ്ങള്‍ക്കു സന്തോഷം വളര്‍ത്തി. 

49. പരീക്ഷിദുപാഖ്യാനം - ശൗനകൻ പറഞ്ഞു; ജനമേജയന്‍ അച്ഛന്റെ മരണത്തെക്കുറിച്ച്‌ മന്ത്രിമാരോടു ചോദിച്ചത്‌ എന്താണ്‌? ഭവാന്‍ അതും വിസ്തരിച്ചു പറയുക. 

സൂതന്‍ പറഞ്ഞു: മുനേ, മന്ത്രിമാരോട്‌ ജനമേജയൻ ചോദിച്ചതും, പരീക്ഷിത്തിന്റെ മരണത്തെപ്പറ്റി അവര്‍ പറഞ്ഞതും എല്ലാം ഞാന്‍ പറയാം. 

ജനമേജയന്‍ പറഞ്ഞു: അച്ഛന്റെ ചരിതം നിങ്ങള്‍ എല്ലാവരും അറിയും. കീര്‍ത്തി കേട്ട അവിടുത്തെ മരണവും ഭവാന്‍ പറഞ്ഞു കേട്ടതിന് ശേഷം, അദ്ദേഹത്തിന് വേണ്ടി മംഗളം ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. 

സൂതന്‍ പറഞ്ഞു: ഇപ്രകാരം ജനമേജയൻ പറഞ്ഞതു കേട്ട്‌ മന്ത്രിമാര്‍ ജനമേജയനോടു പറഞ്ഞു. 

മന്ത്രിമാര്‍ പറഞ്ഞു: രാജാവിന്റെ ചരിത്രവും, മാന്യനായ അദ്ദേഹം മരിച്ച കഥയും വിഭോ! ഞങ്ങള്‍ പറയാം. ധര്‍മ്മപരനും പൂജ്യനുമായ രാജാവ്‌ തന്റെ ചാതുര്‍വര്‍ണ്യം തെറ്റാതെ സ്വധര്‍മ്മം ചെയ്തു പോരുന്ന വിധം, മൂര്‍ത്തിമത്തായ ധര്‍മ്മം എന്ന പോലെ, രാജ്യത്തെ പാലിച്ചു. ഭൂരിശ്രീമാനും അതുല്യ വിക്രമനുമായി രാജാവ്‌ ഭൂമി ഭരിക്കുമ്പോള്‍ അദ്ദേഹത്തിന് ശത്രുക്കളുണ്ടായിരുന്നില്ല, ആരുടെയും ശത്രുവുമായിരുന്നില്ല. ബ്രാഹ്മണ ക്ഷത്രിയ വൈശൃശൂദ്രന്മാരെല്ലാം സര്‍വ്വഭൂതസമനും പ്രജാപതി തുല്യനുമായ രാജാവിന്റെ രക്ഷയില്‍ സര്‍വ്വോല്‍ക്കര്‍ഷത്തോടെ വര്‍ത്തിച്ചു. വിധവകള്‍ക്കും, അനാഥര്‍ക്കും, ദരിദ്രര്‍ക്കും, വികലര്‍ക്കും അദ്ദേഹം ആശ്രയമായി വിളങ്ങി. ചന്ദ്രനെപ്പോലെ രാജാവ്‌ എല്ലാവര്‍ക്കും പ്രിയദര്‍ശനനായി. സന്തുഷ്ടരും പരിപുഷ്ടരുമായ പ്രജകളോടു കൂടിയവനും, സത്യനിഷ്ഠനും, ശ്രീമാനും, പരാക്രമിയുമായ അദ്ദേഹം ധനുര്‍വ്വേദത്തില്‍ കൃപാചര്യന്റെ ശിഷ്യനുമായിരുന്നു. കൃഷ്ണനും ഭവാന്റെ അച്ഛന്‍ ഇഷ്ടനായിരുന്നു. കുരുവംശം നശിച്ച കാലത്ത്‌ ഉത്തരയില്‍ പിറന്നവനായ അദ്ദേഹം എല്ലാവരുടെയും പ്രിയനായി. അഭിമന്യുവിന്റെ പുത്രനായ അദ്ദേഹം പരീക്ഷിത്ത്‌ എന്ന വിശ്രുതനായിരുന്നു. രാജധര്‍മ്മകുശലനും രാജധര്‍മ്മ ഗുണോജ്ജ്വലനും ജിതേന്ദ്രിയനും ബുദ്ധിശാലിയും നീതിശാസ്ത്രജ്ഞനും ഉത്തമനുമായ ഭവാന്റെ പിതാവ്‌ അറുപതു കൊല്ലം ഭംഗിയായി പ്രജകളെ പാലിച്ചു. പിന്നെ എല്ലാവര്‍ക്കും ദുഃഖമുണ്ടാക്കുന്ന വിധം അവസാനിക്കുകയും ചെയ്തു. പിന്നീട്‌ ഭവാന്‍ ധര്‍മ്മാനുസരണം രാജ്യഭാരം കൈയേറ്റു. ഇനി ഭവാന്‍ ആയിരം വര്‍ഷം സര്‍വ്വോര്‍ഷേണ പ്രജാപാലനംചെയ്തു വര്‍ത്തിച്ചാലും! ബാല്യത്തില്‍ തന്നെ ഭവാന്‍ രാജാവായല്ലോ!

ജനമേജയൻ പറഞ്ഞു; പിതാമഹന്മാരുടെ ചരിതം നിനയ്ക്കുമ്പോള്‍ നമ്മുടെ വംശത്തില്‍ ആരും പ്രജകളുടെ ഹിതം നോക്കാതെ ഭരിച്ചതായി കുണുന്നില്ല. അപ്രകാരം വാണ എന്റെ അച്ഛന്‍ എങ്ങനെയാണ്‌ മൃതനായതെന്നു മുറയ്ക്ക്‌ എന്നോടു പറയുക. അതു കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. 

സൂതന്‍ പറഞ്ഞു; രാജാവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ പ്രിയഹിതം പറയുന്നവരായ മന്ത്രിമാര്‍ പറഞ്ഞു. 

മന്ത്രിമാര്‍ പറഞ്ഞു: സര്‍വ്വപ്യഥ്വീശ്വരനും സര്‍വൃശാസ്ത്ര വിചക്ഷണനുമായ രാജാവ്‌ നായാട്ടില്‍ വലിയ തല്‍പരനായി തീര്‍ന്നു. വില്ലാളി വീരനായ പാണ്ഡുവിനെപ്പോലെ തന്നെ ഭവാന്റെ പിതാവും മൃഗയാതല്‍പരനായി; ഞങ്ങളില്‍ രാജ്യഭാരമൊക്കെ ഏല്പിച്ച്‌ കാട്ടില്‍ നായാട്ടിന് പോയി. ഒരു മാനിനെ അമ്പെയ്തു. അമ്പേറ്റ് പായുന്ന മാനിന്റെ പിന്നാലെ രാജാവ്‌ ഓടി. വില്ലും തൂണിയും വാളുമായി കാല്‍നടയായി രാജാവ്‌ കുതിച്ചു. മാനിനെ കണ്ടെത്തിയില്ല. അറുപതു വയസ്സു ചെന്നവനും, ജരബാധിച്ചവനുമായ രാജാവ്‌ ക്ഷീണിച്ച്‌, ദാഹിച്ച്‌, വിശന്ന്‌ അവശനായി. അപ്പോള്‍ കാട്ടില്‍ ഒരു മുനിയെ കണ്ടു. മാനിയും, ശാന്തനും, കുറ്റിപോലെ നിശ്ചലനായി നില്ക്കുന്നവനുമായ മുനിയോട്‌രാജാവ്‌ മാനിനെക്കണ്ടുവോ എന്നു ചോദിച്ചു. മുനി മറുപടി പറഞ്ഞില്ല. രാജാവിന് കോപമായി! മൗനവ്രതമാണ്‌ മുനിക്കെന്നറിയാതെ രാജാവ്‌ ആ മഹര്‍ഷിയെ നിന്ദിച്ചു. അല്പം അകലെ ചത്തു കിടന്നിരുന്ന ഒരു പാമ്പിനെ വില്ലു കൊണ്ട്‌ തോണ്ടിയെടുത്ത്‌ ശുദ്ധാത്മാവായ ആ മുനിയുടെ കഴുത്തിലിട്ടു. മുനി എന്നിട്ടും ഒന്നും മിണ്ടിയില്ല. നല്ലതും പറഞ്ഞില്ല, ചീത്തയും പറഞ്ഞില്ല. അവന്‍ ആ സര്‍പ്പവും ഭേസി അക്ഷോഭ്യനായി അങ്ങനെ നിന്ന നിലയില്‍ തന്നെ നിന്നു.

50. പരീക്ഷിത്തും മന്ത്രിമാരും തമ്മിലുള്ള സംവാദം - മന്ത്രിമാര്‍ പറഞ്ഞു: പിന്നെ, വിശന്നു വലഞ്ഞ ആ രാജാവ്‌, ഹേ, മന്നവ്വേന്ദ്ര! മുനിയുടെ കഴുത്തില്‍ പാമ്പിനെ ഇട്ടതിന് ശേഷം വേഗത്തില്‍ ഹസ്തിനപുരത്തേക്കു മടങ്ങി. ആര്യനായ ആ മുനിക്ക്‌ ഒരു പശുവിലുണ്ടായ പുത്രനാണ്‌ ശൃംഗി. ക്ഷിപ്രകോപനായ ആ മഹര്‍ഷി ബ്രഹ്മാവിനെ കണ്ട്‌ വന്ദിച്ചു മടങ്ങുന്ന വഴിക്ക്‌, ഭവാന്റെ അച്ഛന്‍ അവന്റെ അച്ഛന്റെ കഴുത്തില്‍ ചത്ത പാമ്പിനെ അണിയിച്ച വൃത്താന്തം സ്നേഹിതനില്‍ നിന്ന്‌ അറിഞ്ഞു. തന്റെ പിതാവിനെ രാജാവു നിന്ദിച്ചതു ശൃംഗി മനസ്സിലാക്കി. ചത്ത പാമ്പിനെ കഴുത്തില്‍ ധരിച്ച്‌, യാതൊരു കുറ്റവും ചെയ്യാതെ, മഹാതപസ്വിയും, വിപുല മഹസ്സും, ജിത്രേന്ദ്രിയനും, ശുദ്ധശീലനും, കര്‍മ്മനിഷ്ഠയില്‍ നില്ക്കുന്നവനും, തപസ്സു കൊണ്ടു ദ്യോതിതാത്മാവായി സ്വാംഗസംയമത്തോടു കൂടിയവനും, ശുഭാചാരനും, ശുഭചരിതനും, ശുഭസ്ഥിതനും, അലോലുപനും, അക്ഷുദ്രനും, അനസൂയനും, വൃദ്ധനും, മൗനവ്രതസ്ഥിതനുമായ മുനിസത്തമനെ ശരണ്യനായ ഭവാന്റെ പിതാവ്‌ ധര്‍ഷിച്ചു എന്നു കേട്ടപ്പോള്‍ ശൃംഗി കത്തിജ്ജ്വലിക്കുന്ന കോപത്തോടെ അങ്ങയുടെ അച്ഛനെ ശപിച്ചു. ഋഷിപുത്രന്‍ ബാലനാണെങ്കിലും വൃദ്ധര്‍ഷിയെപ്പോലെ ശോഭിക്കുന്നവനാണ്‌. ജലസ്പര്‍ശംചെയ്തു ശുദ്ധനായി, ജ്വലിക്കുന്ന കോപത്തോടെ ആ തപോധനന്‍ ഭവാന്റെ അച്ഛനെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞു. 

ശൃംഗി പറഞ്ഞു; നിര്‍ദ്ദോഷിയായ എന്റെ അച്ഛന്റെ കഴുത്തില്‍ ചത്ത പാമ്പിനെ അണിയിച്ച ദുഷ്ടനെ, ആശിവിഷനും, തീക്ഷ്ണവിഷനുമായ തക്ഷകന്‍ എന്റെ വാക്കാല്‍ ദംശിച്ചു ഭസ്മമാക്കും. ഏഴു ദിവസത്തിനുള്ളില്‍ എന്റെ ശാപത്തിന്റെ ഫലം നിങ്ങള്‍ക്കു കാണാം! 

മന്ത്രിമാര്‍ തുടര്‍ന്നു: ഇപ്രകാരം ഘോരമായ ശാപം കൊടുത്ത്‌ അവന്‍ അച്ഛന്റെ അരികിലേക്കു ചെന്നു. വൃത്താന്തം അറിഞ്ഞ്‌ ദുഃഖിച്ച അവന്റെ അച്ഛന്‍ ഗൗരമുഖന്‍ എന്ന തന്റെ ശിഷ്യനെ രാജാവിന്റെ അടുത്തേക്കു വിട്ടു. അവന്‍ വന്നു വിശ്രമിച്ച്‌ രാജാവിനോടു സാവകാശം ശാപവൃത്താന്തം മുനിയുടെ വാക്കില്‍ ഉണര്‍ത്തിച്ചു; "ഹേ, മന്നവേന്ദ്ര! ഭവാനെ എന്റെ പുത്രന്‍ ശപിച്ചതില്‍ ഞാന്‍ വിഷാദിക്കുന്നു! ഭവാന്‍ സൂക്ഷിച്ചിരിക്കുക! ഏഴു ദിവസത്തിനുള്ളില്‍ തക്ഷകന്‍ ഭവാനെ കടിച്ചു കൊല്ലും!".

ഘോരമായ ഈ വാക്കുകള്‍ കേട്ടു രാജാവ്‌ സര്‍പ്പദംശനഭയം മൂലം സൂക്ഷിച്ച്‌ ഇരുന്നു. പിന്നെ, ഏഴാമത്തെ ദിവസം വന്നെത്തിയപ്പോള്‍ ബ്രഹ്മര്‍ഷിയായ കാശ്യപന്‍ രാജസന്നിധിയിലേക്കു പുറപ്പെട്ടു. വഴിക്കു വെച്ചു കാശൃപനെ മൂര്‍ഖനായ തക്ഷകന്‍ കണ്ടെത്തി. ദ്വിജവേഷത്തില്‍ തക്ഷകന്‍ മുന്നില്‍ വന്നു ചോദിച്ചു: "ഭവാന്‍ എങ്ങോട്ടു പോകുന്നു? അവിടെ എന്താണ്‌ അങ്ങേയ്ക്കു കാര്യം?".

കാശ്യപന്‍ പറഞ്ഞു; ഹേ, ദ്വിജ! നരനാഥനും കുരുശ്രേഷ്ഠനുമായ പരീക്ഷിത്തു രാജാവിനെ കാണുവാന്‍ പോവുകയാണ്‌. അവന്‍ ഇന്നു ക്രുദ്ധനായ തക്ഷകന്റെ കടിയേറ്റു ചാകുമെന്നു കേള്‍ക്കുന്നു. ഞാന്‍ അവനെ രക്ഷപ്പെടുത്തുവാന്‍ പോകയാണ്‌. ഞാന്‍ രക്ഷിക്കുന്ന അവനെ ദ്രോഹിക്കുവാന്‍ തക്ഷകന് കഴിയുകയില്ല. 

തക്ഷകന്‍ പറഞ്ഞു; ഞാന്‍ കടിക്കുന്നവനെ നീ രക്ഷിക്കുവാന്‍ പോകുയാണോ? ആ തക്ഷകന്‍ ഞാനാണ്‌. നിനക്ക്‌ എന്റെ മഹാത്ഭുതമായ വീര്യം കാണേണമോ? കാട്ടിത്തരാം. എന്നു പറഞ്ഞ്‌ ആ ഉഗ്രസര്‍പ്പം ഒരു ആലിന്മേല്‍ കൊത്തി. ഞാന്‍ കൊത്തുന്ന അവനെ ജീവിപ്പിക്കുവാന്‍ നീ ശക്തനല്ല. 

മന്ത്രിമാര്‍ പറഞ്ഞു; അവന്‍ ഇപ്രകാരം പറഞ്ഞ്‌ ആ വൃക്ഷത്തിന്മേല്‍ കൊത്തി. കടിച്ച മാത്രയില്‍ മരം വെന്തു വെണ്ണിറായി. ഉടനെ കാശ്യപന്‍ ആ വെണ്ണീറില്‍ നിന്നു മരത്തിനെ ജീവിപ്പിച്ചുയര്‍ത്തി. ഇതു കണ്ടപ്പോള്‍ തക്ഷകന്‍ അവന് ഇഷ്ടമുള്ളതു കൊടുക്കാമെന്ന്‌ പ്രലോഭിപ്പിച്ചു.

കാശ്യപന്‍ പറഞ്ഞു; ഞാന്‍ ധനാര്‍ത്ഥിയാണ്‌. തക്ഷകന്‍ ഇതു കേട്ടു മധുരമായ വാക്കുകള്‍ പറഞ്ഞു; നീ രാജാവില്‍ നിന്ന്‌ എത്ര ധനം ഇച്ഛിക്കുന്നുവോ, അത്ര ധനം ഞാന്‍ തരാം. അതിലുമധികവും തരാം. എന്നില്‍ നിന്നു വാങ്ങിക്കൊള്ളുക. എന്നിട്ട്‌ ഭവാന്‍ പിന്തിരിഞ്ഞാലും! തക്ഷകന്‍ പറഞ്ഞ പ്രകാരം ധനം വാങ്ങി കാശ്യപന്‍ തിരിച്ചു പോയി. വിപ്രന്‍ പോയതിന് ശേഷം ചതിയാല്‍ ചെന്നു തക്ഷകന്‍ സൗധത്തില്‍ സൂക്ഷിച്ചിരിക്കുന്ന രാജാവിനെ കടിച്ചു ദഹിപ്പിച്ചു. പിന്നെ, ഭവാന്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ഇതു ഞാന്‍ കണ്ടതും കേട്ടതുമായ സംഭവങ്ങളാണ്‌. ഇപ്രകാരം രാജാവിന്റേയും, ഉത്തങ്ക ഋഷിയുടേയും പരാഭവം കേട്ടതിന് ശേഷം ഇനി വേണ്ടതു ഭവാന്‍ ചെയ്താലും! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം മന്ത്രിമാര്‍ പറഞ്ഞപ്പോള്‍ അരിന്ദമനായ ജനമേജയരാജാവ്‌ മന്ത്രിമാരോടു പറഞ്ഞു?

ജനമേജയൻ പറഞ്ഞു: വൃക്ഷത്തില്‍ ഇപ്രകാരം ആശ്ചര്യം കാണിച്ച നിലയ്ക്ക്‌ കാശ്യപന്‍ മന്ത്രം കൊണ്ടു വിഷം തീര്‍ത്താല്‍ അച്ഛനു നാശം സംഭവിക്കില്ലായിരുന്നു! താന്‍ വിഷമേല്പിക്കുന്ന രാജാവിനെ കാശ്യപന്‍ ജീവിപ്പിച്ചാല്‍ തനിക്ക്‌ വിഷം കെട്ടു പോയെന്ന് ജനശ്രുതി പരക്കുമെന്ന്‌ തക്ഷകന്‍ കരുതിയിരിക്കണം. നാട്ടുകാരുടെ പരിഹാസത്തിന് തക്ഷകന്‍ പാത്രമാകും എന്നു വിചാരിച്ച്‌ തക്ഷകന്‍ കാശ്യപനെ പ്രസാദിപ്പിച്ചിരിക്കണം! ആട്ടെ, ഉപായമുണ്ട്‌! ആ ദുഷ്ടന് തീവ്രമായ വേദന ഞാനുണ്ടാക്കാം. 

വിജനമായ വനത്തില്‍ വെച്ചു തക്ഷകനും കാശ്യപനും തമ്മില്‍ നടന്ന സംഭാഷണം ആരാണ്‌ കേട്ടത്‌? ആരാണ്‌ കണ്ടത്‌? നിങ്ങള്‍ എങ്ങനെ ഈ സംഗതി അറിഞ്ഞു? ഇതൊക്കെ അറിയാന്‍ ഞാനാഗ്രഹിക്കുന്നു. എല്ലാം അറിഞ്ഞതിന് ശേഷം ഞാന്‍ നാഗങ്ങളെ സംഹരിക്കുവാനുള്ള മാര്‍ഗ്ഗം ചിന്തിക്കാം, പ്രവര്‍ത്തിക്കാം. 

മന്ത്രിമാര്‍ പറഞ്ഞു: രാജാവേ, ആരാണ്‌ അക്കാലത്ത്‌ വഴിയില്‍വെച്ച്‌ കാശ്യപ തക്ഷക സംവാദം കേട്ട്‌ ഞങ്ങളോടു പറഞ്ഞതെന്നുള്ളത്‌ പറയാം. 

വിറകിനായി ഒരു മര്‍ത്ത്യന്‍ മരത്തില്‍ ഉണക്കക്കൊമ്പു നോക്കി മുകളില്‍ കയറി ഇരിക്കുകയായിരുന്നു. ആ ദ്രുമത്തില്‍ ഒരു മനുഷ്യന്‍ ഇരിപ്പുണ്ടെന്ന്‌ ഉരഗമാകട്ടെ, ദ്വിജനാകട്ടെ അറിഞ്ഞിരുന്നില്ല. അവന്‍ ആ മരത്തോടൊപ്പം ഭസ്മമായി! വിപ്രന്റെ പ്രഭാവം മൂലം വൃക്ഷത്തോടൊപ്പം വീണ്ടും ജീവിക്കുകയും ചെയ്തു. ആ തക്ഷക ദ്വിജന്മാരുടെ വൃത്താന്തം ഉണ്ടായതെല്ലാം, കണ്ടതും കേട്ടതുമായ വൃത്താന്തങ്ങളെല്ലാം, ആ ചത്തു ജീവിച്ച മനുഷ്യന്‍ പറഞ്ഞു ഞങ്ങളെ കേള്‍പ്പിച്ചു. രാജാവേ! എല്ലാം കേട്ടറിഞ്ഞ്‌ വേണ്ടതെന്തെന്നു ഭവാന്‍ കല്‍പിച്ചാലും! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം മന്ത്രി പറഞ്ഞതു കേട്ടപ്പോള്‍ ജനമേജയരാജാവ്‌ വല്ലാതെ ദുഃഖിച്ചു. കൈയും, കാലും ഞെരിച്ച്‌, ഇടയ്ക്കു നെടുവീർപ്പിട്ട്‌, ചുടുബാഷ്പം പൊഴിച്ച്‌, ഒഴുകുന്ന കണ്ണുനീരോടു കൂടി വല്ലാതെ കരഞ്ഞു. വര്‍ദ്ധിച്ച ദുഃഖശോകങ്ങളാല്‍ ആര്‍ത്തനായി, രാജാവ്‌ അടക്കുവാന്‍ വയ്യാത്ത കണ്ണുനീരു വാര്‍ത്ത്‌, ആചമിച്ച്‌, മുഹൂര്‍ത്ത സമയം ചിന്തിച്ച്‌, മനസ്സില്‍ ഒന്ന്‌ ഉറച്ച്‌, അമര്‍ഷത്തോടെ അമാത്യന്മാരോടു കല്‍പിച്ചു. 

ജനമേജയൻ പറഞ്ഞു: അച്ഛന്റെ നിര്യാണം നിങ്ങള്‍ പറഞ്ഞു ഞാന്‍ കേട്ടു. ഞാന്‍ ഒന്നു മനസ്സില്‍ വിചാരിച്ചുറച്ചിരിക്കുന്നു. അതും നിങ്ങള്‍ കേള്‍ക്കുക! ആ ദുഷ്ടനായ തക്ഷകനോടു പകരം ചെയ്യുവാന്‍ ഞാന്‍ വിചാരിക്കുന്നു. ശൃംഗിയെ ഒരു കാരണമാക്കി തക്ഷകന്‍ എന്റെ അച്ഛനെ കടിച്ചു കൊന്നു. അതില്‍ കാശ്യപനെ മടക്കി അയച്ചു എന്നതാണ്‌ അധികമായ ദുഷ്ടത. ആ വിപ്രന്‍ വന്നിരുന്നെങ്കില്‍ അച്ഛന്‍ ജീവിക്കുമായിരുന്നു. കാശ്യപന്റെ കൃപ കൊണ്ടും, മന്ത്രിമാരുടെ നീതി കൊണ്ടും രാജാവ്‌ ജീവിച്ചാല്‍ അവന് എന്തു നഷ്ടമുണ്ട്‌! കാശൃപനെ മടക്കി വിട്ടതാണ്‌ വലിയ അക്രമം! രാജാവ്‌ ജീവിക്കാതിരിക്കുവാന്‍ അവന് ധനം പോലും കൊടുത്തുവല്ലോ! അതു കൊണ്ട്‌ ഉത്തങ്കന് രസവും, എനിക്കു പ്രിയവും, നിങ്ങള്‍ക്ക്‌ ഇഷ്ടവുമായ വിധം ഞാന്‍ അവനോടു പക വീട്ടുന്നതാണ്‌. 

51. സര്‍പ്പസത്രോദ്യമം - സൂതന്‍ പറഞ്ഞു: മന്ത്രിമാരുടെ സമ്മതത്തോടു കൂടി ജനമേജയ രാജാവ്‌ സര്‍പ്പസത്രം കഴിക്കുവാന്‍ മനസ്സു കൊണ്ട്‌ ഉറപ്പിച്ച്‌ സത്യം ചെയ്തു. അല്ലയോ വിപ്ര! ഭാരതശാര്‍ദ്ദുലനായ പരീക്ഷിത്തിന്റെ പുത്രനായ മന്നവന്‍ ഋത്വിക്കുകളോടു കൂടി പുരോഹിതന്മാരെ വരുത്തി. വാഗ്മിയായ രാജാവ്‌ ഇപ്രകാരം കാര്യസിദ്ധിക്കു ചേര്‍ന്നവിധം പറഞ്ഞു. 

ജനമേജയൻ പറഞ്ഞു: ദുഷ്ടനായ തക്ഷകന്‍ എന്റെ അച്ഛനെ കൊന്നതിന് ഞാന്‍ പ്രതിക്രിയയ്ക്ക്‌ ഒരുങ്ങുകയാണ്‌! അത്‌ എങ്ങനെ വേണമെന്നു നിങ്ങള്‍ വിധിച്ചാലും. തക്ഷകനെ അവന്റെ സകല ബന്ധു വര്‍ഗ്ഗത്തോടു കൂടി അഗ്നിയില്‍ ദഹിപ്പിച്ചു കളയണം. അതിന് വേണ്ടുന്ന ക്രിയാക്രമം നിങ്ങള്‍ക്ക്‌ അറിയുമോ? എന്റെ അച്ഛനെ അവന്‍ വിഷാഗ്നിയില്‍ ദഹിപ്പിച്ചു. അതുപോലെ ദുഷ്ടനായ ആ പന്നഗത്തെ അഗ്നിയില്‍ പൊരിക്കണം എന്നാണ്‌ എന്റെ ആശ. 

ഋത്വിക്കുകള്‍ പറഞ്ഞു: ദേവകല്പിതമായ ഒരു മഹാസത്രമുണ്ട്‌. ഹേ, ജഗല്‍പ്പതേ, സര്‍പ്പസത്രം എന്നാണതിന് പേര്. പൗരാണികന്മാര്‍ പറയുന്ന ആ സര്‍പ്പസത്രം ഭവാനല്ലാതെ മറ്റാരും ചെയ്യുന്നതല്ല. പൗരാണികര്‍ കഥിച്ച ആ യാഗം ഞങ്ങള്‍ക്കറിയാം. 

സൂതന്‍ പറഞ്ഞു: ഋത്വിക്കുകള്‍ പറഞ്ഞപ്പോള്‍ രാജാവ് തക്ഷകന്‍ കത്തുന്ന തീയില്‍ എത്തി എന്നും, അവന്‍ വെന്തു പോയി എന്നു വിചാരിച്ചു. എന്നിട്ടു മന്ത്രജ്ഞരായ വിപ്രന്മാരോടു രാജാവു പറഞ്ഞു: ആ സത്രത്തിന് വേണ്ടതൊക്കെ ഒരുക്കുവിന്‍. 

ഋത്വിക്കുകള്‍ ഉടനെ ശാസ്ത്രത്തില്‍ പറഞ്ഞ പ്രകാരം സത്രശാലയ്ക്കുള്ള ഭൂമി ആദ്യമായി അളപ്പിച്ചു. വേദവിദ്യാവിദഗ്ദ്ധന്മാരും, ശുദ്ധന്മാരും, ബുദ്ധിമാന്മാരുമായ വിപ്രന്മാര്‍ വന്നു ചേര്‍ന്നു. ധനധാന്യങ്ങള്‍ സമൃദ്ധിയായി ഒരുക്കി. ഋത്വിക്കുകളും വന്നു ചേര്‍ന്നു. വിധിപ്രകാരം, സത്രശാല തീര്‍പ്പിച്ചു. പിന്നെ രാജാവിന് സര്‍പ്പസത്രത്തില്‍ ദീക്ഷ നടത്തി. 

സര്‍പ്പസത്രം തുടങ്ങുന്ന മുഹൂര്‍ത്തത്തില്‍ യജ്ഞത്തിന് വിഘ്നം സംഭവിക്കുമെന്ന വിധം ഒരു നിമിത്തമുണ്ടായി. യജ്ഞശാല ഉണ്ടാക്കുന്ന യത്നത്തില്‍ തന്നെ അതു തച്ചുശാസ്ത്രജ്ഞന്‍ പറഞ്ഞു. ബുദ്ധിമാനും, തച്ചുശാസ്ത്രമറിയുന്നവനും, പൗരാണികനും, സൂതനും, സൂത്രധാരനുമായ മൂത്താശാരി വിധിച്ചു: ഈ ദേശകാലയോഗം കൊണ്ടു ചിന്തിക്കുമ്പോള്‍ ഇപ്രകാരം യാഗശാല അളക്കുകയാല്‍ ബ്രാഹ്മണന്‍ മൂലം ഈ യാഗം പൂര്‍ത്തിയാകുന്നതല്ല. ദീക്ഷയ്ക്കു മുമ്പു രാജാവ്‌ ഇതു കേട്ട്‌ കാവല്‍ക്കാരോടു പറഞ്ഞുറപ്പിച്ചു: ഞാന്‍ അറിയാതെ ഇനി ആരും ഈ യാഗശാലയില്‍ കയറരുത്‌.

52. സര്‍പ്പസത്രോപക്രമം - സൂതന്‍ പറഞ്ഞു; അനന്തരം വിധി പോലെ സര്‍പ്പസത്രം തുടങ്ങി. യാജകന്മാര്‍ മുറപോലെ സര്‍പ്പസത്രം ആരംഭിച്ചു. കറുത്ത വസ്‌ത്രം ധരിച്ച്‌, ധൂമം കൊണ്ട്‌ അരുണാക്ഷരായി, ജ്വലിച്ച അഗ്നിയില്‍ മന്ത്രജപത്തോടെ ഹോമം ആരംഭിച്ചു. സര്‍പ്പങ്ങള്‍ക്കൊക്കെ ഉള്‍ക്കമ്പം ഉണ്ടാക്കുന്ന വിധം വഹ്നിയില്‍ സര്‍വ്വസര്‍പ്പാഹുതി ചെയ്യുവാന്‍ തുടങ്ങി. പിടഞ്ഞും, ദുഃഖത്തോടെ കൂക്കിവിളിച്ചും, പൊരിഞ്ഞും, ചീറ്റിയും, തലയും വാലും ചുറ്റിപ്പിരിഞ്ഞും, തിരിഞ്ഞും, കൂട്ടമായി കെട്ടി മറിഞ്ഞും കടുത്ത തീയില്‍ പാഞ്ഞെത്തി പാമ്പുകള്‍ വന്നു ചാടി! വെളുത്തതും, കറുത്തതും, നീലച്ചതുമായ സര്‍പ്പങ്ങള്‍, കിഴവന്മാര്‍, കിടാങ്ങള്‍ എന്നിങ്ങനെ പല മാതിരി സര്‍പ്പങ്ങള്‍ ശബ്ദമുണ്ടാക്കി തീയില്‍ വന്നു വീണു. ക്രോശയോജന നീളമുള്ളവരും പശുച്ചെവി പ്രായമായവരും ജ്വലിക്കുന്ന തീയില്‍ പിടഞ്ഞ്‌ ഇടവിടാതെ ചാടുവാൻ  തുടങ്ങി. ഇപ്രകാരം നൂറായിരം, പ്രയുതം, അര്‍ബ്ബുദം ഇങ്ങനെ അനവധി ലക്ഷം സര്‍പ്പങ്ങള്‍ അവശതയില്‍ പെട്ട്‌ ഭസ്മമായി! തുരഗപ്രായരും, തുമ്പിക്കരം പോലുള്ളവരും, മത്തഹസ്തി പ്രായരായ കൂറ്റന്‍ ബലിഷ്ഠരും, ചെറിയവരും, വലിയവരും, നാനാവര്‍ണ്ണത്തിലുള്ളവരും, ഉഗ്രവിഷമുള്ളവരും, ഘോരന്മാരും, ഇരിമ്പുലക്ക പോലുള്ളവരും ആയ നാഗങ്ങള്‍ മാതൃശാപം മൂലം അഗ്നിയില്‍ച്ചെന്നു വിണ്‌, പൊരിഞ്ഞ്‌ കത്തി വെണ്ണീറായി.. 

53. വാസുകിവാക്യം - ശൗനകൻ പറഞ്ഞു; ജനമേജയന്റെ സര്‍പ്പസത്രത്തില്‍ ഋത്വിക്കുകളായ മഹര്‍ഷികള്‍ ആരൊക്കെയായിരുന്നു? സര്‍പ്പങ്ങള്‍ക്കു ദുഃഖം വര്‍ദ്ധിപ്പിക്കുന്ന ആ സര്‍പ്പസത്രത്തില്‍ ഘോരകര്‍മ്മാക്കളായ സദസ്യന്മാര്‍ ആരൊക്കെയായിരുന്നു? എല്ലാം ഹേ! സൂതനന്ദന! വിസ്തരിച്ചു പറയുക! എല്ലാവരേയും അറിയണമെന്നാഗ്രഹമുണ്ട്‌. 

സൂതന്‍ പറഞ്ഞു: ഇനി യാഗത്തില്‍ ക്രിയ ചെയ്യുന്ന ആചാര്യന്മാരായ മുനിമാരുടെ പേരുകള്‍ പറയാം. അന്ന്‌ ഹോതാവായിരുന്നത്‌ വേദപാരഗനും ച്യവനാന്വയ സംഭൂതനുമായ ചണ്ഡഭാര്‍ഗ്ഗവമുനിയാണ്‌. ഉല്‍ഗാതാവ്‌ വിദ്വാനും വൃദ്ധനുമായ കൗത്സബ്രാഹ്മണനായിരുന്നു. ബ്രഹ്മാവ്‌ ജൈമിനി മഹര്‍ഷിയായിരുന്നു ( യാഗ്രക്രിയ ചെയ്യുന്ന 16 പേരില്‍ ഒരാളാണ്‌ ബ്രഹ്മാവ്‌ ). അദ്ധ്വര്യുക്കള്‍ ശാര്‍ങ്ഗരവനും പിംഗളനുമായിരുന്നു ( അധ്വരം സ്വന്തമെന്ന നിലയില്‍ നടത്തുന്നവനാണ്‌ അദ്ധര്യുക്ക് ). വ്യാസന്‍ പുത്രശിഷ്യ വര്‍ഗ്ഗത്തോടു കൂടി സദസ്യനായി വന്നു. ഉദ്ദാലകന്‍, പ്രമതകന്‍, പിംഗളന്‍, ശ്വേതകേതു, അസിതന്‍, ദേവലന്‍, നാരദന്‍, പര്‍വ്വതന്‍, ആത്രേയന്‍, കുണ്ഡജാഠരന്‍, കാലഘടന്‍, വാത്സൃശ്രുതശ്രവസ്സ്‌ എന്ന ജപതപോരതനായ വൃദ്ധന്‍, കോഹലന്‍, ദേവശര്‍മ്മാവ്‌, മല്‍ഗല്യന്‍, സമസൗരഭന്‍ ഇവരും മറ്റു പലവേദജഞ ദ്വിജ മുഖ്യന്മാരും ജനമേജയന്റെ സത്രത്തിലെ സദസന്മാരായി വന്നുചേര്‍ന്നു. 

ഋത്വിക്കുകള്‍ മഹാസത്രത്തില്‍ ഹോമിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഭയങ്കരന്മാരായ ഘോരസര്‍പ്പങ്ങള്‍ വന്നു വീഴുവാന്‍ തുടങ്ങി. നാഗങ്ങളുടെ വസയും മേദസ്സും തോട്ടില്‍ ഒലിച്ചു. എരിയുന്ന സര്‍പ്പങ്ങളുടെ ഗന്ധം പാരില്‍ പരന്നു. തീയില്‍ വീഴുന്നവരും വാനില്‍ വരുന്നവരും ദേഹം കത്തി ദഹിക്കുന്നവരുമായ സര്‍പ്പങ്ങളുടെ ശബ്ദം എങ്ങും മുഴങ്ങി. ജനമേജയ രാജാവ്‌ ദീക്ഷിച്ച കഥ കേട്ടു പേടിച്ച്‌ തക്ഷകന്‍ പുരന്ദര പുരിയില്‍ പോയി ദേവാധിരാജനെ ശരണം പ്രാപിച്ചു. പേടിച്ചു വിറച്ച്‌ തക്ഷകന്‍ ഇന്ദ്രനെ ശരണം പ്രാപിച്ചപ്പോള്‍ ഇന്ദ്രന്‍ അവനോടു പറഞ്ഞു: "ഹേ തക്ഷക, സര്‍പ്പവര്യ! സര്‍പ്പസത്രത്തെ നീ ഭയപ്പെടേണ്ട. ഭവാനു വേണ്ടി ഞാന്‍ മുമ്പെ തന്നെ വിരിഞ്ചനെ കനിയിച്ചിട്ടുണ്ട്‌. ഭവാന്‍ ഇതില്‍ വൈഷമ്യമുണ്ടാകയില്ല. ഉള്‍ഭ്രാന്തി കൈവിട്ടാലും!". 

ഇന്ദ്രന്‍ പന്നഗപ്രഭുവായ തക്ഷകനെ ആശ്വസിപ്പിച്ചു. നന്ദിയോടെ ഇന്ദ്രഭവനത്തില്‍ അവന്‍ പാര്‍ത്തു. സര്‍പ്പങ്ങള്‍ തീയില്‍ സങ്കടപ്പെട്ട് തുരുതുരെ വീഴുവാന്‍ തുടങ്ങിയപ്പോള്‍, തന്റെ പരിവാരങ്ങള്‍ ഒടുങ്ങിയ വാസുകി സംഭ്രമിച്ചു. അവന്‍ ഉള്ളുഴന്ന്‌ സഹോദരിയെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു. 

വാസുകി പറഞ്ഞു: ഭദ്രേ, എന്റെ ദേഹം തളരുന്നു. ഒരു ദിക്കും ഞാന്‍ കാണുന്നില്ല. എന്റെ മനസ്സ്‌ ഉഴലുന്നു. കണ്ണു ചുറ്റുന്നു. ഹൃദയം പിളരുന്നു. ഞാനും അവശനായി ആ തീയില്‍ ചെന്നു ചാടും. പാരിക്ഷിതന്റെ മഖം നമ്മെ പൊരിക്കുന്നതിന് നടത്തുന്നതാണ്‌. ഞാനും യമാലയത്തില്‍ ഉടനെ പോകേണ്ടതായി വരും. നിന്നെ എന്തു വിചാരിച്ചാണോ ജരല്‍ക്കാരുവിന് നല്കിയത്‌, ഇപ്പോള്‍ അതിന്റെ കാലമായി. നീ ഞങ്ങളെ കെല്‍പോടെ കാക്കുക. ആ സര്‍പ്പസത്രം എത്ര വൃത്തിയായി നടക്കുന്നതായാലും ആസ്തീകന്‍ ചെന്ന്‌  അതു നിര്‍ത്തുമെന്ന്‌ പത്മജന്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. വത്സേ വൃദ്ധഹിതനും വേദവിത്തനുമായ നിന്റെ പുത്രനെ നീ പറഞ്ഞു വിടുക. ഭൃത്യന്മാരോടു കൂടി അവന്‍ പോയി എന്നെ വിമുക്തനാക്കട്ടെ! 

54. ആസ്തീകാഗമനം - സൂതന്‍ പറഞ്ഞു: ജരല്‍ക്കാരു എന്ന ദിവ്യനാഗസ്ത്രീ തന്റെ പുത്രനോട് വാസുകിയുടെ അഭ്യര്‍ത്ഥന കേട്ട്‌ ഇപ്രകാരം പറഞ്ഞു. 

ജരല്‍ക്കാരു പറഞ്ഞു: ഉണ്ണീ, നിന്റെ അച്ഛന് നിന്റെ അമ്മാവന്‍ എന്നെ നല്കിയത്‌ ഒരു കാര്യം ഉദ്ദേശിച്ചാണ്‌. അതിന്റെ കാലം ഇപ്പോള്‍ സമാഗതമായിരിക്കുന്നു. നീ അതു വേണ്ടവണ്ണം ചെയ്യുക.

ആസ്തീകന്‍ പറഞ്ഞു: അച്ഛന് അമ്മാവന്‍ അവയെ എന്തുദ്ദേശിച്ചാണ് നല്കിയതെന്ന്‌ പറഞ്ഞാലും! അതുകേട്ട്‌ ഞാന്‍ അമ്മയുടെ ആഗ്രഹം സാധിപ്പിക്കുന്നതാണ്‌.

സൂതന്‍ പറഞ്ഞു: ബന്ധുജനങ്ങള്‍ക്കു നന്മ നിനയ്ക്കുന്നവനും ഉരഗേന്ദ്രനുമായ വാസുകിയുടെ സഹോദരി ജരല്‍ക്കാരു, പാരവശ്യം കൂടാതെ പറഞ്ഞു. 

ജരല്‍ക്കാരു പറഞ്ഞു: നാഗങ്ങളുടെ മാതാവ്‌ കദ്രുവാണ്‌. അവള്‍ കോപിച്ചു മക്കളെ ശപിച്ചു. വിനതയോടുള്ള വാദത്തില്‍ ഉച്ചൈശ്രവസ്സില്‍ ചതി പ്രയോഗിക്കുവാന്‍ കദ്രു പുത്രന്മാരോടു പറഞ്ഞു. അവര്‍ അതിനും സമ്മതിച്ചില്ല. അപ്പോള്‍ അമ്മ ശപിച്ചു. ജനമേജയന്റെ യജ്ഞത്തില്‍ അഗ്നി നിങ്ങളെ ദഹിപ്പിക്കട്ടെ. അതില്‍ വെന്തുമരിച്ച്‌ നിങ്ങള്‍ പ്രേതലോകത്തിലെത്തുവിന്‍! ഇപ്രകാരം ശപിക്കുന്ന അവളെ ലോകപിതാമഹന്‍ സമ്മതിച്ച്‌, അങ്ങനെ സംഭവിക്കട്ടെ! എന്ന് അനുവദിച്ചു. ഇതു കേട്ട്‌വാസുകി ദേവന്മാരെ ശരണം പ്രാപിച്ചു. 

അമൃതമഥനം ചെയ്തതിന് ശേഷം അമരന്മാര്‍ കൃതാര്‍ത്ഥരായി എന്റെ ഭ്രാതാവിനേയും കൊണ്ട്‌ അവര്‍ ബ്രഹ്മലോകത്തു ചെന്നു. അവര്‍ എല്ലാവരും കൂടി പിതാമഹനെ കനിയിച്ചു. ഈ ശാപം പറ്റാതിരിക്കുവാന്‍ അപേക്ഷിച്ചു. 

ദേവകള്‍ പറഞ്ഞു: പിതാമഹ! നാഗരാജാവായ വാസുകി ജ്ഞാതി നാശം ഓര്‍ത്തു ദുഃഖിക്കുന്നു. മാതൃശാപം ഫലിക്കാതിരിക്കുവാന്‍ എന്താണു കൗശലം?

ബ്രഹ്മാവു പറഞ്ഞു. ജരല്‍ക്കാരു വേളി കഴിച്ച്‌ ജരല്‍ക്കാരു എന്ന വരാംഗനയില്‍ പിറക്കുന്ന ബ്രാഹ്മണന്‍ ഉരഗങ്ങളുടെ ശാപം തീര്‍ക്കും. 

ജരല്‍ക്കാരു പറഞ്ഞു: ഇതു കേട്ട്‌ അഹിശ്രേഷ്ഠനായ വാസുകി ഹേ സുരോപമ, എന്നെ നിന്റെ അച്ഛനായ മഹാത്മാവിന് നല്കി. ഈ ആപത്തിന് മുമ്പായി തന്നെ നീ ജനിച്ചു. ഇപ്പോള്‍ നിന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ട കാലവും വന്നു. നീ കെല്പോടു കൂടി ഞങ്ങളെ രക്ഷിക്കുക. നീ എന്റെ സഹോദരനേയും തീയില്‍ നിന്നു രക്ഷിക്കണം. എന്നാലേ എന്നെ നിന്റെ അച്ഛന് നല്കിയതിന്റെ ഫലം വന്നു ചേരു. നിന്റെ യത്നം വെറുതെയാകയില്ല. അല്ലയോ പുത്ര! നീ എന്തു കരുതുന്നു?

സൂതന്‍ പറഞ്ഞു: ഇതു കേട്ട്‌ അങ്ങനെയാകാം എന്ന്ആ സ്തീകന്‍ പറഞ്ഞു. അനന്തരം വാസുകിക്ക്‌ ജീവന്‍ നല്കുമാറ്‌ ആസ്തീകന്‍ പറഞ്ഞു: ഹേ പന്നഗോത്തമ, വാസുകി! ഭവാനെ ഞാന്‍ ഈ ആപത്തില്‍ നിന്നു രക്ഷിക്കുന്നുണ്ട്‌. ഞാന്‍ പറഞ്ഞ വാക്ക്‌ സത്യമാണ്‌. ഭവാന്‍ സ്വസ്ഥനായി വാണാലും! വൈഷമ്യമില്ല രാജാവേ, ഭവാന്റെ ശ്രേയസ്സിനായി ഞാന്‍ യത്നിക്കുന്നുണ്ട്‌. എന്റെ വാക്ക്‌ ഭോഷ്കാകുകയില്ല. നേരമ്പോക്കായിട്ടു പോലും ഞാന്‍ പൊളി പറയുകയില്ല. ഞാന്‍ പറയുന്നതു വിശ്വസിക്കുക. ഞാന്‍ ഉടനെ ദീക്ഷിതനായ ജനമേജയ രാജാവിനെ മംഗളോക്തികള്‍ കൊണ്ട്‌ ഭംഗിയില്‍ പ്രീതനാക്കുന്നതാണ്‌. മാതുല! ഞാന്‍ രാജാവിന്റെ യജ്ഞം നിര്‍ത്തിക്കുന്നതാണ്‌. എന്നില്‍ എല്ലാം സാധിക്കുമാറ്‌ സന്തോഷത്തോടെ ആശംസിച്ചാലും! അഹീശ്വരാ, ഭവാന്‍ എന്നില്‍ മിഥ്യാബുദ്ധി കരുതരുത്‌. ഞാന്‍ വെറുതെ പറയുകയല്ല. 

വാസുകി പറഞ്ഞു: ആസ്തീകാ, ഞാന്‍ ഇതാ കറങ്ങുന്നു! എന്റെ ഹൃദയം ഇതാ പിളരുന്നു! ബ്രഹ്മദണ്ഡ പ്രപീഡനം മൂലം ഞാന്‍ ദിക്കൊന്നും കാണുന്നില്ല.

ആസ്തീകന്‍ പറഞ്ഞു: ഹേ നാഗപതേ! ഭവാന്‍ ഒട്ടും സന്തപിക്കരുത്‌. വലുതായ അഗ്നി ഭയത്തിന് ഞാന്‍ അന്തം വരുത്തുന്നതാണ്‌. കാലവഹി പോലെ ക്രൂരമായ തേജസ്സുള്ള ബ്രഹ്മദണ്ഡത്തെപ്പോലും ഞാന്‍ നശിപ്പിക്കുന്നതാണ്‌. ലേശവും ഭയപ്പെടേണ്ട. 

സൂതന്‍ പറഞ്ഞു: അനന്തരം വാസുകിയുടെ ഹൃദയ വ്യാകുലത തീര്‍ത്ത്‌ അംഗത്തില്‍ ചേര്‍ത്തു തഴുകി വേഗത്തില്‍ പുറപ്പെട്ടു. ജനമേജയന്റെ ഗുണമേറുന്ന യാഗശാലയിലേക്ക്‌ ദ്വിജോത്തമനായ ആസ്തീകന്‍ പന്നഗങ്ങളുടെ ദുഃഖം തീര്‍ക്കുവാന്‍ വേണ്ടി വേഗത്തില്‍ നടന്നു. അഗിസൂര്യസമന്മാരായ അനേകം സദസ്യര്‍ ചേര്‍ന്ന മനോഹരമായ ആ യജ്ഞസ്ഥലം അവന്‍ കണ്ടു. മനോജ്ഞമായ ആ സ്ഥലത്തേക്ക്‌, ആസ്തികന്‍ കടക്കുമ്പോള്‍ ദ്വാരപാലകര്‍ അവനെ തടഞ്ഞു. ആര്യനായ ആസ്തീകന്‍ വാതില്‍ക്കല്‍ നിന്ന്‌ ആ യജ്ഞത്തെ സ്തുതിച്ചു. അകത്തുകടക്കുവാന്‍ ആഗ്രഹിച്ചു നില്ക്കുന്ന ആസ്തീകന്‍ യോഗ്യനും സുകൃതിയുമായ രാജാവിനേയും പ്രസിദ്ധരായ ഋത്വിക് സദസ്യാദികളേയും മനോഹര മംഗള പദങ്ങള്‍ കൊണ്ട്‌ ഹൃദയം കവരുമാറു സ്തുതിച്ചു. 

55. ആസ്തീക കൃത രാജസ്തവം - ആസ്തീകന്‍ പറഞ്ഞു; സോമകന്റെ യജ്ഞം, വരുണന്റെ യജ്ഞം, പ്രയാഗത്തില്‍ ബ്രഹ്മദേവന്റെ യജ്ഞം, അപ്രകാരം ഹേ, മന്നവേന്ദ്ര! ഭവാന്റെ യജ്ഞവും എന്റെ പ്രിയത്തിനായി സ്വസ്തിയാകട്ടെ! 

ശക്രന്റെ യജ്ഞം നൂറു പോലെ എന്ന് പ്രസിദ്ധിയുണ്ട്‌. അതു പോലെയുള്ള നൂറുനൂറ്‌ യജ്ഞങ്ങള്‍ ചേര്‍ന്ന പോലെ ഹേ, പാരിക്ഷിത, ഭവാന്റെ യജ്ഞവും എന്റെ പ്രിയത്തിനായി സ്വസ്തിയാകട്ടെ! 

യമന്റെ യജ്ഞം, ഹരിമേധന്റെ യജ്ഞം, ഭൂമീശനായ രന്തിദേവന്റെ യജ്ഞം, അപ്രകാരം ഭവാന്റെ യജ്ഞവും ഹേ, പാരിക്ഷിത, എന്റെ പ്രിയത്തിനായി സ്വസ്തിയാകട്ടെ! 

ഗയന്റെ യജ്ഞം, ശശബിന്ദുക്ഷിതീശന്റെ യജ്ഞം, വൈശ്രവണന്റെ യജ്ഞം അപ്രകാരം നിന്റെ യജ്ഞവും രാജാവായ പരിക്ഷിത! എന്റെ പ്രിയത്തിന് വേണ്ടി സ്വസ്തിയാകട്ടെ! 

നര്രേന്ദനായ ആജമീഡന്റെ യജ്ഞം നര്രേന്ദ്രനായ രാമചന്ദ്രന്റെ യജ്ഞം അപ്രകരം ഭവാന്റെ യജ്ഞവും ഹേ, പാരിക്ഷിത എന്റെ പ്രിയത്തിനായി സ്വസ്തിയാകട്ടെ! 

സ്വര്‍ഗ്ഗത്തിലും പുകഴ്ന്ന ആജമീഡനായ യുധിഷ്ഠിരന്റെ, ധര്‍മ്മയജ്ഞത്തിന്റെ യജ്ഞം പോലെ ഭവാന്റെ യജ്ഞവും ഹേ, പാരിക്ഷിത, എന്റെ പ്രിയത്തിനായി സ്വസ്തിയാകട്ടെ! 

സാക്ഷാല്‍ സത്യവതീ സൂതനായ കൃഷ്ണന്റെ സ്വയമായ കര്‍മ്മം ചെയ്തതായ യജ്ഞം! അപ്രകാരം മന്നവ്വേന്ദ്രനായ പാരിക്ഷിത, ഭവാന്റെ യജ്ഞവും എന്റെ പ്രിയത്തിനായി സ്വസ്തിയാകട്ടെ! 

അങ്ങയെ, വൃത്രജിത്തിന്റെ യജ്ഞത്തിലെന്നപോലെ. സൂര്യാഭന്മാരായ ഋഷിമാര്‍ ഒത്തു ചേര്‍ന്ന്‌ അങ്ങയുടെ ചുറ്റും ഇരിക്കുന്നു! ഇവര്‍ക്ക്‌ അറിയാത്തതായി ഒന്നും തന്നെയില്ല. ഇവര്‍ക്ക്‌ നല്കുന്ന ദാനം നശിക്കുന്നതല്ല!

ലോകത്തിലെങ്ങും തിരഞ്ഞാലും ദ്വൈപായനന്ന്‌ തുലനായ ഋത്വിക്‌ ഇല്ല എന്നുള്ളതു തീര്‍ച്ചയാണ്‌. ഇദ്ദേഹത്തിന്റെ ശിഷ്യനാണ്‌ ഊഴി ചുറ്റുന്ന ഋത്വിക് ജനം. അവര്‍ എല്ലാവരുമാണ്‌ കര്‍മ്മങ്ങളിലും ദീക്ഷയിലും ഏര്‍പ്പെട്ടവര്‍! 

വിഭാവസു, ശ്രീ ഭഗവാനായ ചിത്രഭാനു, ഹിരണ്യരേതസ്സ്‌, കൃഷ്ണവര്‍മ്മാവ്‌, ഹുതാശനന്‍ ഇപ്രകാരം അറിയപ്പെടുന്ന അഗ്നിഭഗവാന്‍ പ്രദക്ഷിണമായി ജ്വാല ചുറ്റി ജ്വലിച്ച്‌ ഭവാന്റെ ഹവൃത്തെ ദേവകള്‍ക്കു വേണ്ടി നയിക്കുന്നു. 

ഭവാനെപ്പോലെ പ്രജാപാലകനായിട്ട്‌ ജീവലോകത്തില്‍ വേറെ മന്നവരില്ല! ഭവാന്റെ ധീരതയാല്‍ ഞാന്‍ പ്രീതനാകുന്നു. ഭവാന്‍ വരുണനോ, ധര്‍മ്മരാജാവോ ആരാണ്‌!

വജ്രഭൃത്തായ സാക്ഷാല്‍ ഇന്ദ്രന്‍ ജഗത്തിന് എന്ന വിധം പ്രജാപാലകനായ ഭവാന്‍ ഞങ്ങള്‍ക്ക്‌ ഏറ്റവും സമ്മതനാണ്‌! 

ഇപ്രകാരം ഒരു രാജാവ്‌ ഇന്നു ജീവിച്ചിരിപ്പില്ല. പണ്ട്‌ ഉണ്ടായിട്ടുമില്ല.

ഖട്വാംഗന്‍, നാഭാഗന്‍, ദിലീപന്‍, യയാതി, മാന്ധാതാവ്‌ എന്നിവര്‍ക്ക്‌ തുല്യമായ പ്രഭാവത്തോടു കൂടിയവനേ! ആദിത്യന്റെ തേജസ്സോട്‌ തുല്യമായ തേജസ്സുള്ള ഭീഷ്മരോടൊപ്പം സുവ്രതനാണ്‌ ഭവാന്‍! 

ഭവാന് വാല്മീകിയെപ്പോലെ വീരൃമുണ്ട്‌! വസിഷ്ഠനെപ്പോലെ ദൃഢമായ കോപമുണ്ട്‌! ഇന്ദ്രനോടു തുല്യമായ പ്രഭുത്വമുണ്ട്‌! നാരയണന് തുല്യമായ ദ്യുതിയുമുണ്ട്‌ എന്നാണ്‌ എന്റെ മതം! 

ധര്‍മ്മനിശ്ചയത്തില്‍ ഭവാന്‍ യമോപമനാണ്‌? സര്‍വ്വഗുണത്തിലും ഭവാന്‍ കൃഷ്ണോപമനാണ്‌! അല്ലയോ വസൂപമ! ഭവാന്‍ ശ്രീയുടെ നിധിയാണ്‌! എല്ലാ ക്രതുക്കള്‍ക്കും ഭവാന്‍ ആശ്രയനാണ്‌?

ദംഭോത്ഭവനെപ്പോലെ ഭവാന്‍ ബലവാനാണ്‌! ശാസ്ത്രാസ്ത്രങ്ങളെപ്പറ്റി ഓര്‍ത്താല്‍ ഭവാന്‍ ഭൃഗുരാമ തുല്യനാണ്‌! ഔര്‍വ്വനോടും, ത്രിതനോടും തുല്യമായ തേജസ്സുള്ളവനാണ്‌ ഭവാന്‍! അങ്ങ്‌ ഭഗീരഥനെപ്പോലെ അധൃഷ്യനാണ്‌! 

സൂതന്‍ പറഞ്ഞു: ഇപ്രകാരം ആസ്തീകന്‍ മധുരപ്പദങ്ങള്‍ കോര്‍ത്ത്‌ സംഗീത മാധുരിയോടെ സ്തുതിക്കുവാന്‍ തുടങ്ങിയപ്പോള്‍ ജനമേജയരാജാവ്‌ സന്തോഷിച്ചു. സദസ്യരും, ഋത്വിക്കുകളും, അഗ്നിയും തെളിഞ്ഞു! അവരുടെ ഇംഗിതം അറിഞ്ഞ്‌ ദേവനായി ജയമേജയന്‍ പറഞ്ഞു.

56. ആസ്തിക വരപ്രദാനം - ജനമേജയൻ പറഞ്ഞു: വൃദ്ധനെപ്പോലെ ഈ ബാലന്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ ഇവന്‍ ബാലനാണെന്നു വിചാരിക്കുവാന്‍ പ്രയാസമുണ്ട്‌. ബാലനാണെങ്കിലും ഇവന്‍ ജ്ഞാനവൃദ്ധനാണ്‌. ഇവന് വരം നല്കുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. അതിന്‌ ഹേ! വിപ്രന്മാരേ നിങ്ങളും സമ്മതിക്കുവിന്‍! ഞാന്‍ അത്രയ്ക്ക്‌ ഇവനില്‍ പ്രീതനായിരിക്കുന്നു. 

സദസ്യന്മാര്‍ പറഞ്ഞു: ബാലനായാലും വിപ്രന്‍ രാജമാനൃനാണ്‌. വിദ്വാനാണെങ്കില്‍ പിന്നെ ഏറ്റവും വിശേഷമായി! ഇദ്ദേഹത്തിന് ഭവാന്‍ ഇഷ്ടമായ വരം നല്കിയാലും! ആ തക്ഷകന്‍ ഉടനെ എത്തുവാന്‍ തക്കവിധം വരം നല്കുക! 

സൂതന്‍ പറഞ്ഞു; വരം വരിക്കുവാനായി രാജാവ്‌ ആസ്തീകനോടു പറയുമ്പോഴേക്കും ഹോതാവ്‌ അസന്തുഷ്ടിയോടെ പറഞ്ഞു; എന്താണ്‌ ഈ തക്ഷകന്‍ എത്താത്തത്‌ എന്ന്?. 

ജനമേജയന്‍ പറഞ്ഞു: തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ ക്രിയ സമ്പൂര്‍ണ്ണമാകുമാറ്‌ ഉടനെ തന്നെ തക്ഷകന്‍ വന്നു ചേരുവാന്‍ ദൃഢമായി ശക്തിയോടെ നിങ്ങളെല്ലാം ശ്രമിക്കുവിന്‍! ശഠനായ അവനാണല്ലോ നമ്മുടെ ശത്രു!

ഋത്വിക്കുകള്‍ പറഞ്ഞു: ശാസ്ത്രം ഞങ്ങളോട്‌ പറയുന്നു, അഗ്നിയും പറയുന്നു, തക്ഷകന്‍ ഭീതനായി രാജാവേ, ഇന്ദ്രഗേഹത്തില്‍ വാഴുകയാണെന്ന്‌. ഇന്ദ്രന്‍ അവനില്‍ അലിഞ്ഞ്‌ അവനെ രക്ഷിച്ചു കൊള്ളാമെന്നും, അഗ്നി സ്പര്‍ശിക്കുകയില്ലെന്നു വരം നല്കിയിരിക്കുന്നു. 

ജനമേജയന്‍: ഹേ, ഹോതാക്കളേ, നിങ്ങള്‍ ഉത്സാഹിക്കുവിന്‍! തക്ഷകന്‍ ഉടനെ എത്തണം! 

ഇതു കേട്ടപ്പോള്‍ ഹോതാവ്‌ മന്ത്രം കൊണ്ട്‌ ക്രൂരമായ ആഹുതി ചെയ്തു! അപ്പോള്‍ സ്ഫീതശ്രീമാനായ ഇന്ദ്രനും കൂടി തക്ഷകന്റെ ഒപ്പം പുറപ്പെട്ടു. വിമാനം കയറി, വാനവരാല്‍ വാഴ്ത്തപ്പെടുന്നവനും, വലാഹകൗഘത്തോടു കൂടിയവനുമായ സാക്ഷാല്‍ വലാരി സ്ഥാനത്തു നിന്നു ചലിച്ചു. ആ നാഗേന്ദ്രനായ തക്ഷകന്‍ ഇന്ദ്രന്റെ ഉത്തരീയത്തില്‍ ഒതുങ്ങി ഭയപ്പെട്ട്‌, വിഷമിച്ച്‌, അടുക്കുന്നതിന്‌ മുമ്പായി രാജാവ്‌ ക്രോധത്തോടെ തക്ഷക ധ്വംസനത്തിന് ഉറച്ച്‌, മാന്ത്രികന്മാരോടു ബലമായിപ്പറഞ്ഞു. 

ജനമേജയൻ പറഞ്ഞു: ദുഷ്ടനായ തക്ഷകന്‍ ഇന്ദ്രഗേഹത്തില്‍ ഒളിച്ച്‌ അഭയം തേടിയിരിക്കയാണെങ്കില്‍, ഇന്ദ്രനോടൊപ്പം അവനെ ആവാഹിച്ച്‌ വഹ്‌നിയില്‍ ആഹുതി ചെയ്തു വീഴ്ത്തുവിന്‍. 

സൂതന്‍ പറഞ്ഞു: അപ്പോള്‍ ജനമേജയന്റെ വാക്കു കേട്ട്‌ ഹോതാവ്‌ അപ്രകാരം തന്നെ തക്ഷകനെ ആഹുതി ചെയ്തു. ഇപ്രകാരം ആഹ്വാനം ചെയ്ത ഉടനെ ഇന്ദ്രനോടു കൂടി തക്ഷകന്‍ പ്രാണാപായഭയത്താല്‍ ആതുരനായി ആകാശത്തു വരുന്നത്‌ കാണുമാറായി. ഇന്ദ്രന്‍ ഹോമാഗ്നി കണ്ടതോടു കൂടി പേടിച്ചു വിറച്ച്‌, തക്ഷകനേയും വിട്ട്‌ സ്വര്‍ഗ്ഗത്തിലേക്ക്‌ ഓടിക്കളഞ്ഞു. ഇന്ദ്രന്‍ പോയതോടു കൂടി ആശ കൈവെടിഞ്ഞ്‌ തക്ഷകന്‍ ഭീതിയോടെ മോഹിച്ചു വിറച്ച്‌, അഗ്നിജ്ജ്വാലയ്ക്ക്‌ ഉപരിയായി അടുത്ത്‌ മന്ത്രശക്തിയാല്‍ ആനയിക്കപ്പെട്ടു. 

ഋത്വിക്കുകള്‍ പറഞ്ഞു: ഹേ, ക്ഷിതിനായക! ഭവാന്റെ കര്‍മ്മം വിധിപ്രകാരം ഫലിച്ചു കഴിഞ്ഞു. ആ ബ്രാഹ്മണന് ഇനി ഭവാന്‍ വരം നല്കിയാലും! 

വരം നല്കുവാന്‍ ഉന്നിയ രാജാവിന്റെ മുമ്പില്‍ വരം വാങ്ങുവാന്‍ തയ്യാറായി നില്ക്കുന്ന ബാലനായ ബ്രാഹ്മണനെ വിസ്മരിക്കാതെ, ആ സദസ്സിനെ പ്രീതനാക്കിയ ബാലന്റെ നേരെ തിരിഞ്ഞ്‌ ഇതിനിടയ്ക്ക്‌, രാജാവ്‌ പറഞ്ഞു. 

ജനമേജയന്‍ പറഞ്ഞു; ബാല്യത്തില്‍ തന്നെ വിദ്യാഗമസിദ്ധി സാധിച്ച ആര്യനായ അങ്ങയ്ക്ക്‌ ഇതാ ഞാന്‍ വരം തരുന്നു! ഭവാന്‍ അഭീഷ്ടമെന്താണ്‌? ചോദിച്ചാലും! ദാനം ചെയ്യുവാന്‍ വയ്യാത്തതാണ്‌ ചോദിക്കുന്നതെങ്കില്‍ പോലും അതും ഞാന്‍ ഭവാന്‍ നല്കാം. 

ഇതിന്നിടയ്ക്ക്‌ ഋത്വിക്കുകള്‍ പറഞ്ഞു; രാജാവേ, ഇതാ ഭവാന്റെ പാട്ടില്‍ വേഗത്തില്‍ തക്ഷകന്‍ എത്തിക്കഴിഞ്ഞു. അവന്‍ചീറ്റുന്നതിന്റെ ഉഗ്രമായ ശബ്ദം ഇതാ കേള്‍ക്കുന്നു! ഇന്ദ്രന്‍ കൈവിട്ടത് മൂലം അവന്‍ ഇതാ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ കീഴോട്ടു വീണും, മന്ത്രശക്തി കൊണ്ട്‌ തളര്‍ന്നും, ആകാശത്ത്‌ ചുറ്റത്തിരിഞ്ഞും, സംജ്ഞകെട്ടു തളര്‍ന്നും വരുന്നു. തിര്‍ച്ചയായും തീവ്രമായി അവന്‍ ചീറ്റുന്ന ശബ്ദമാണ്‌ ഈ കേള്‍ക്കുന്നത്‌. 

സൂതന്‍ പറഞ്ഞു: പന്നഗേന്ദ്രനായ തക്ഷകന്‍ ആ അഗ്നിയില്‍ പതിക്കുന്ന സമയത്ത്‌, ആ കൃത്യമായ സമയത്ത്‌, ആസ്തീകന്‍ പെട്ടെന്ന്‌ ഇങ്ങനെ പറഞ്ഞു. 

ആസ്തീകന്‍ പറഞ്ഞു: എനിക്ക്‌ വരം തരികയാണെങ്കില്‍ ഹേ, ജനമേജയ, ഞാന്‍ ഇതാ വരിക്കുന്നു. രാജാവേ! സത്രം നില്ക്കട്ടെ! പാമ്പുകള്‍ ഇനി വീഴുവാന്‍ പാടില്ല! നില്ക്കട്ടെ അവിടെ! 

സൂതന്‍ പറഞ്ഞു: അവന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ജനമേജയന്‍ അതി പ്രീതനാകാതെ സന്തോഷം മങ്ങി ആസ്തീകനോടു പറഞ്ഞു. 

ജനമേജയൻ പറഞ്ഞു: സ്വര്‍ണ്ണം, വെള്ളി, പശു എന്നിവയില്‍ അങ്ങയ്ക്ക്‌ ആവശ്യമുള്ളിടത്തോളം പറയൂ. തരാന്‍ ഞാന്‍ തയ്യാറാണ്‌. എന്നാലും സത്രം നിവര്‍ത്തിച്ചു തരുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു

ആസ്തീകന്‍ പറഞ്ഞു; സ്വര്‍ണ്ണവും, വെള്ളിയും, പശുവും ഞാന്‍ ചോദിക്കുന്നില്ല. സത്രം നിര്‍ത്തി വയ്ക്കുക! എന്റെ മാതൃകുലത്തിന്ന്‌ സ്വസ്തി ഭവിക്കട്ടെ! 

സൂതന്‍ പറഞ്ഞു: ആസ്തീകന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ജനമേജയരാജാവ്‌ വീണ്ടും ആസ്തീകനോടു സാദരം ഇപ്രകാരംപറഞ്ഞു. 

ജനമേജയൻ പറഞ്ഞു: ഹേ, ദ്വിജോത്തമ! ഭവാനു ഭദ്രം ഭവിക്കട്ടെ! ഭവാന്‍ വേറെ വരം ചോദിക്കുക! 

സൂതന്‍ പറഞ്ഞു; മറ്റൊന്നും ആസ്തീകന്‍ ആവശ്യപ്പെട്ടില്ല. അപ്പോള്‍ വേദജ്ഞനായ അരചനോട്‌ എല്ലാ സദസ്യരും ഒന്നിച്ചു പറഞ്ഞു; ഈ ബ്രാഹ്മണൻ ആവശ്യപ്പെടുന്ന വരം നല്കിയാലും!

57. സര്‍പ്പനാമുകഥനം - ശൗനകൻ പറഞ്ഞു: സര്‍പ്പസത്രാഗ്നിയില്‍ പെട്ട്‌ പൊരിഞ്ഞു നശിച്ച നാഗങ്ങളുടെയൊക്കെ പേരു പറഞ്ഞു കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. 

സൂതന്‍ പറഞ്ഞു: അനേകായിരം ലക്ഷം പ്രയുതം അര്‍ബ്ലുദം നാഗങ്ങള്‍ സര്‍പ്പസത്രാഗ്നിയില്‍പ്പെട്ട്‌ വെണ്ണീറായിപ്പോയി. എല്ലാം എണ്ണിപ്പറയുവാന്‍ സാദ്ധ്യമല്ല. ഓര്‍മ്മയില്‍പ്പെട്ടതൊക്കെ ഞാന്‍ പറയാം, കേട്ടാലും! പ്രധാനമായി വാസുകിയുടെ വംശക്കാരെ പറയാം. നീലരക്തസിതന്മാരും, ഘോരവിഷോഗ്രരുമായി അസംഖ്യം പേര്‍ തീയില്‍ വീണു വെന്തു പോയി. മാതൃശാപം കൊണ്ടു തീയില്‍ പതിച്ചവരാണിവര്‍. കോടിശന്‍, മാനസന്‍, പൂര്‍ണ്ണന്‍, ശലന്‍, പാലന്‍, ഹലീമകന്‍, പിച്ഛീലന്‍, കരണപന്‍, ചക്രന്‍. കാലവേഗന്‍, പ്രകാലനന്‍, ഹിരണ്യബാഹു, ശരണന്‍, കക്ഷകന്‍, കാലദന്തകന്‍, ഇവരൊക്കെ വാസുകിയുടെ പുത്രന്മാരാണ്‌. ഇവര്‍ തീയില്‍ പതിച്ചു പോയി. പിന്നെ ആ വംശത്തില്‍ പെറ്റുണ്ടായ മഹാബലന്മാരും, ഘോരന്മാരുമായ മറ്റു പന്നഗങ്ങള്‍ ഒക്കെ തീയില്‍ വീണു ദഹിച്ചു പോയി.

ഇനി തക്ഷക വംശക്കാരെപ്പറയാം. പുച്ഛാണ്ഡകന്‍, മുണ്ഡലകന്‍, പിണ്ഡസേക്താരന്‍, ഭേണകന്‍, ഉച്ഛിഖന്‍, ശരഭന്‍, ഭംഗന്‍, ഭില്വതേജസ്സ്‌, വിരോഹണന്‍, ശീലി, ശലകരന്‍, മുകന്‍, സുകുമാരന്‍, പ്രവേപനന്‍, മമുല്‍ഗരന്‍, ശിശുരോമാവ്‌, സുരോമാവ്‌, മഹാഹനു, ഇവരൊക്കെ തക്ഷകവംശന്മാരാണ്‌. ഇവരും തീയില്‍ വീണു പോയി. 

പാരാവത൯, പാരിജാതന്‍, പാണ്ഡരന്‍, രികൃശന്‍, വിഹംഗന്‍, ശരഭന്‍, മേദന്‍, പ്രമോദന്‍, സംഹതാപനന്‍ ഇവര്‍ ഐരാവതകുലോത്ഭവരാണ്‌ ഇവരും തീയില്‍പ്പതിച്ചു മരിച്ചു പോയി.. ഇനി കൗരവ്യകുലജാതന്മാരെപ്പറയാം. ഏരകന്‍, കുണണ്‍ഡലന്‍, വേണി, വേണീസ്കന്ധന്‍, കുമാരകന്‍, ബാഹുകന്‍, ശ്യംഗവേരന്‍, ധൂര്‍ത്തകന്‍, പ്രാതരാതകന്‍ ഇവരും തീയില്‍പ്പതിച്ച്‌ അവസാനിച്ചു. 

ധൃതരാഷ്ട്രാന്വയന്മാരെപ്പറയാം. ഇവര്‍ ഉഗ്രവിഷമുള്ളവരായിരുന്നു. ശങ്കുകര്‍ണ്ണന്‍, പിഠരകന്‍, കുഠാരമുഖന്‍, സേചകന്‍, പൂര്‍ണ്ണാംഗദന്‍, പൂര്‍ണ്ണമുഖന്‍, പ്രഹാസന്‍, ശകുനി, ദരി, അമാഫഠന്‍, കമഠകന്‍, സുഷേണന്‍, മാനസന്‍, അവ്യയന്‍, ഭൈരവന്‍, മുണ്ഡവേദാംഗന്‍, പിശംഖന്‍, ഉപദ്രപാരകന്‍, ഋഷഭദവന്‍, വേഗവാന്‍, സര്‍വ്വസാരാംഗന്‍, സമൃദ്ധപടവാസകന്‍, വരാഹകന്‍, വീരണകന്‍, സുചിത്രന്‍, ചിത്രവേഗികന്‍, പരാശരന്‍, തരുണകന്‍, മണിസ്കന്ധന്‍, ആരുണി. കീര്‍ത്തിയുള്ള ഈ അഹികളില്‍ പ്രധാനികളെയെല്ലാം ഞാന്‍ പറഞ്ഞു. ഇനിയും ഇപ്രകാരമുള്ളവര്‍ വേറെയുണ്ട്‌. ബാഹുല്യം കൊണ്ടു പറഞ്ഞില്ലെന്നു മാത്രം. ഇവരുടെ മക്കളും, മക്കളുടെ മക്കളും, അവരുടെ മക്കളും തീയില്‍ വീണു. അവരെയെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ്‌ ഒടുക്കുവാന്‍ പ്രയാസമുണ്ട്‌. പതിമുന്നും, പത്തും, ഏഴും ആയി പല മാതിരി കാലാനലോഗ്രവിഷരായ അനേകായിരം നാഗങ്ങള്‍ തീയില്‍ ഹോമിക്കപ്പെട്ടു. മഹാദേഹമുള്ളവര്‍, മഹാവേഗമുള്ളവര്‍, മഹാദ്രി പോലെ ഉയര്‍ന്നവര്‍, ഒന്നും രണ്ടും യോജന നീളമുള്ളവര്‍, കാമരൂപമുള്ളവര്‍, കാലബലമുള്ളവര്‍, ഭയങ്കരമായ വിഷമുള്ളവര്‍ ഇങ്ങനെ അനവധി സര്‍പ്പങ്ങള്‍ മാതൃശാപം മൂലം സര്‍പ്പസത്രാഗ്നിയില്‍ വീണ്‌ കത്തി വെണ്ണീറായിപ്പോയി!

58. സര്‍പ്പസത്രസമാപ്തി - സൂതന്‍ പറഞ്ഞു: ആസ്തീകന്റെ അത്ഭുതമാഹാത്മൃങ്ങള്‍ അവിടെ കേള്‍ക്കുമാറായി. ജനമേജയന്‍ വരം നല്കുന്ന നേരത്ത്‌, ഇന്ദ്രന്‍ കൈവിട്ട തക്ഷകന്‍ അഗ്നിയില്‍ വിഴാതെ ആകാശത്തു നിരാലംബമായി നിന്നു. ഇതു കണ്ടപ്പോള്‍ ജനമേജയൻ ചിന്തയില്‍ പെട്ടു. കത്തിക്കാളുന്ന തീയില്‍ വിധിപ്രകാരം ഹോമിക്കുമ്പോഴും ഭീതനായി നില്ക്കുന്ന തക്ഷകന്‍ അഗ്നിയില്‍ വീഴാതെ നിന്നുവല്ലൊ. അത്ഭുതം തന്നെ! 

ശൗനകന്‍ പറഞ്ഞു: മന്ത്രജ്ഞരായ ദ്വിജന്മാര്‍ക്കു മന്ത്രം തോന്നാതെയായോ? എന്താണു തക്ഷകന്‍ അപ്പോള്‍ തീയില്‍ വീഴാതിരിക്കുവാന്‍ കാരണം?

സൂതന്‍ പറഞ്ഞു: പെട്ടെന്ന്‌ ഇന്ദ്രന്‍ വിട്ടപ്പോള്‍ ബോധം കെട്ട്‌ ഉഴലുന്ന വാസുകിയോട്‌ ആസ്തീകന്‍ മൂന്നു പ്രാവശ്യം. "നില്ക്കൂ, നില്ക്കു, നില്ക്കൂ", എന്നു വിളിച്ചു പറഞ്ഞു. ഉടനെ തക്ഷകന്‍ കീയോട്ടു വീഴാതെ അന്തരീക്ഷത്തില്‍ നിന്നു. സ്വര്‍ഗ്ഗത്തിനും, ഭൂലോകത്തിനും മദ്ധ്യത്തില്‍, ആകാശത്തു നില്ക്കുന്ന ഒരു മനുഷ്യനെപ്പോലെ നിന്നു. ഇതു കണ്ട്‌, സദസ്യര്‍ പറഞ്ഞതു കേട്ട്‌, രാജാവ്‌ ആസ്തീകന്റെ അഭീഷ്ടം അര്‍പ്പിക്കുന്നു എന്നു പറഞ്ഞു. 

ജനമേജയന്‍ പറഞ്ഞു: എന്നാൽ ക്രിയ അവസാനിപ്പിക്കട്ടെ! പന്നഗങ്ങള്‍ക്ക്‌ അനാമയമുണ്ടാകട്ടെ! ആസ്തീകന്‍ സന്തോഷിക്കട്ടെ! ബ്രാഹ്മണന്‍ നിമിത്തം യാഗം മുഴിമിക്കുകയില്ലെന്നുള്ള മൂത്താശാരിയുടെ വാക്ക്‌ സത്യമാകട്ടെ!

സൂതന്‍ പറഞ്ഞു: ഉടനെ ഹര്‍ഷസൂചനമായ ഹലഹലാ ശബ്ദമുണ്ടായി. അപ്പോള്‍ രാജാവ്‌ ആസ്തീകന് വരം നല്കി. അങ്ങനെ ജനമേജയന്റെ യാഗം നിര്‍ത്തി വെച്ചു. രാജാവ്‌ സന്തോഷിച്ച്‌ ഋത്വിക്കുകള്‍ക്കും, സദസ്യര്‍ക്കും, മറ്റുള്ളവര്‍ക്കും പത്തും, നൂറും, ആയിരവും സംഖ്യ വീതം യഥായോഗ്യം നല്കി. ലോഹിതാക്ഷന്‍ എന്ന സൂതസ്ഥപതിക്ക്‌ (ആശാരിക്ക്‌) ആ മഹാപ്രഭു വളരെ ദാനങ്ങള്‍ നല്കി. അവനാണല്ലൊ ഒരു വിശുദ്ധ ബ്രാഹ്മണന്‍ കാരണം സര്‍പ്പസത്രം മുടങ്ങുമെന്ന്‌ ആദ്യം പറഞ്ഞത്‌. അതു കൊണ്ട്‌ അവന് കൂടുതല്‍ ധനം നല്കി. അന്നവസ്ത്രാദികളോടു കൂടിയാണ്‌ അവന് മഹാധനം ദാനം ചെയ്തത്‌. അത്ഭുതവിക്രമനായ അവനില്‍ രാജാവ്‌ പ്രീതനായി! 

പിന്നെ രാജാവ്‌ അവഭൃഥസ്നാനം വിധിപ്രകാരം ചെയ്തു. പ്രീതിയോടു കൂടി കൃതാര്‍ത്ഥനായി രാജാവ്‌ ആസ്തീക ബ്രാഹ്മണനെ സൽക്കരിച്ച്‌, മാനിച്ച്‌, ഗൃഹത്തിലേക്കയച്ചു. പോകുമ്പോള്‍ ജനമേജയ രാജാവ്‌ ആസ്തീകനോടു പറഞ്ഞു: അടുത്തു തന്നെ എന്റെ അശ്വമേധയാഗമുണ്ടാകും. അതില്‍ ഭവാന്‍ വരണം. അതില്‍ സദസ്യനാവുകയും വേണം. അപ്രകാരമാകാം എന്ന് ആസ്തീകനും രാജാവിനോടു സസന്തോഷം ഏറ്റു പറഞ്ഞു. ആസ്തീകന്‍ ആനന്ദത്തോടെ സ്വന്തകാര്യം നിറവേറ്റി, രാജാവിനെ സന്തോഷിപ്പിച്ച്‌, മോദത്തോടെ പോന്ന്‌ അമ്മയേയും, അമ്മാവനേയും കണ്ടു വന്ദിച്ച്‌ വൃത്താന്തമെല്ലാം ധരിപ്പിച്ചു. ഈ വൃത്താന്തമെല്ലാം കേട്ട് ഭയമോഹാദികള്‍ തീര്‍ന്ന നാഗങ്ങള്‍ നന്ദിയോടെ ആസ്തീകനില്‍ പ്രീതരായി. ഇഷ്ടമുള്ള വരം ആവശ്യപ്പെട്ടുകൊള്ളുവാന്‍ ആസ്തീകനോടു പറഞ്ഞു. 

ആസ്തീകന്‍ പറഞ്ഞു: സന്ധ്യയ്ക്കും, പുലര്‍ച്ചയ്ക്കും ആത്മശുദ്ധിയോടു കൂടി ദ്വിജന്മാരും മറ്റുള്ളവരും ഈ എന്റെ ധര്‍മ്മാഖ്യാനം ചൊല്ലുന്നതായാല്‍ നിങ്ങള്‍ മൂലമുള്ള ഭയം അവര്‍ക്കുണ്ടാകരുത്‌. 

സൂതന്‍ പറഞ്ഞു: ഇതു കേട്ട്‌ അവര്‍ സന്തോഷത്തോടെ ഭാഗിനേയനോടു പറഞ്ഞു: ഈ വരം നിനക്കു സിദ്ധമാണ്‌. പ്രീതിയോടു കൂടി നിന്റെ ആഗ്രഹം ഹേ, ഭാഗിനേയ, ഞങ്ങള്‍ നിര്‍വഹിക്കും! 

സുനീഥനേയും, അസിതനേയും, ആര്‍ത്തിമാനേയും സ്മരിക്കുന്നവന് രാവും പകലും അഹിഭയം വരുന്നതല്ല. ജരല്‍ക്കാരു, ജരല്‍ക്കാരുവില്‍ ജനിപ്പിച്ച കീര്‍ത്തീമാനായ ആസ്തീകന്‍ സര്‍പ്പസത്രത്തില്‍ സര്‍പ്പങ്ങളെ രക്ഷിച്ചുവല്ലേ. അവനെ ചിന്തിക്കുന്നവനെ ഹേ, മാന്യനാഗങ്ങളെ! നിങ്ങള്‍ ഹിംസിക്കരുത്‌. ഹേ, മഹാവിഷസര്‍പ്പമേ, പോയാലും. നിനക്കു ഭദ്രം ഭവിക്കട്ടെ! ജനമേജയ സത്രത്തില്‍ ആസ്തീകന്‍ പറഞ്ഞത്‌ ഓര്‍ക്കുക. ഇപ്രകാരമുള്ള ആസ്തീകവാക്കു കേട്ടിട്ടും സര്‍പ്പം പിന്മാറുന്നില്ലെങ്കില്‍ ശിംശവൃക്ഷത്തിന്റെ ഫലം എന്ന പോലെ അവന്റെ തല നൂറായി പൊട്ടിത്തെറിക്കും. 

ഇപ്രകാരം വരം നാഗേന്ദ്രമുഖ്യന്മാര്‍ ചേര്‍ന്ന്‌ അനുഗ്രഹിച്ചു പറഞ്ഞപ്പോള്‍ ആ ദ്വിജ്രേന്ദന്‍ വളരെ പ്രീതനായി, പോകുന്നതിന് തീരുമാനിച്ചു. 

സര്‍പ്പസത്രത്തില്‍ നിന്നു സര്‍പ്പങ്ങള്‍ക്കു മോക്ഷം കൊടുത്ത്‌ ദ്വിജോത്തമനായ ആസ്തീകന്‍ പുത്രപൗത്രാന്വിതനായി വളരെക്കാലം ജിവിച്ചതിന് ശേഷം, സിദ്ധിനേടി.. ഇങ്ങനെ ചേര്‍ന്നപോലെ ഞാന്‍ ആസ്തീകാഖ്യാനം പ്രസ്താവിച്ചു. ഈ ആഖ്യാനം പറഞ്ഞാല്‍ സര്‍പ്പഭയം ഒരിക്കലും പറ്റുന്നതല്ല. 

സൂതന്‍ പറഞ്ഞു: ഹേ ബ്രാഹ്മണ, നിന്റെ പൂര്‍വ്വപുരുഷനായ പ്രമതിദ്വിജന്‍, പുത്രനായ രുരു ചോദിച്ചപ്പോള്‍ വിസ്തരിച്ചു പറഞ്ഞതു പോലെ, നിങ്ങളുടെ ചോദ്യം കേട്ട്‌ ആദ്യം മുതല്‍ക്ക്‌ ആസ്തീകന്റെ സല്‍ക്കഥ ഞാന്‍ സസന്തോഷം പറഞ്ഞു. ഡുണ്ഡുഭത്തിന്റെ ഉക്തിക്രമം കേട്ട്‌ ഭവാന്‍ വീണ്ടും ചോദിക്കുക കാരണം ധര്‍മ്മിഷ്ഠനായ ആസ്തീകന്റെ പുണ്യമായ ചരിതവും ഞാന്‍ പറഞ്ഞു. ഇത കേട്ട്‌ അല്ലയോ ബ്രഹ്മന്‍, ഭവാന്‍ സംതൃപ്തനായി വര്‍ത്തിക്കുക. 



No comments:

Post a Comment