Monday, 27 June 2022

ശാന്തിപര്‍വ്വം അദ്ധ്യായം 151 മുതൽ 180 വരെ

അദ്ധ്യായം 151. ഇന്ദ്രോതപാരിക്ഷിതീയം (ജനമേജയന്റെയും ഇന്ദ്രോതന്റെയും കഥ തുടരുന്നു) 

152. ഇന്ദ്രോതപാരിക്ഷിതീയം (ജനമേജയന്റെയും ഇന്ദ്രോതന്റെയും കഥ അവസാനം)

153. ഗൃദ്ധ്രഗോമായുസംവാദം (കഴുകന്റെയും കുറുക്കന്റെയും കഥ) 

154 - 157. പവനശാല്മലീസംവാദം (കാറ്റിന്റെയും പൂളയുടെയും കഥ) 

158. ആപൻമൂലദോഷകഥനം (പാപം എങ്ങനെയുണ്ടാകുന്നു) 

159. അജ്ഞാനമാഹാത്മ്യം 

160. ദമകഥനം 

161. തപഃപ്രശംസ 

162. സത്യപ്രശംസ 

163. ലോഭനിരൂപണം 

164. നൃശംസാഖ്യാനം (നൃശംസന്റെ ലക്ഷണം) 

165. പ്രായശ്ചിത്തീയം 

166. ഖഡ്ഗോത്പത്തികഥനം (വാള്‍ ഏങ്ങനെ ഉണ്ടായി എന്ന കഥ) 

167. ഷഡ് ജ ഗീത ( ത്രിവര്‍ഗ്ഗത്തെപ്പറ്റിയുള്ള ചിന്ത ) 

168 - 173. കൃതഘ്‌നോപാഖ്യാനം (ദസ്യുസഹവാസത്താല്‍ ദസ്യുതുല്യനായ ഗൌതമന്റെ കഥ) 

174. ബ്രാഹ്മണസേനജിത്ത്‌ സംവാദകഥനം 

175. അച്ചനും മകനും തമ്മിലുള്ള സംവാദം (മകന്‍ അച്ഛനെ ഉപദേശിക്കുന്ന കഥ)

176. ശമ്പാകഗീത (ശമ്പാകന്റെ കഥ)

177. മങ്കിഗീത (മങ്കിയുടെ കാളകളുടെയും ഒട്ടകത്തിന്റെയും കഥ) 

178. ബോദ്ധ്യഗീത - ജനകരാജാവിന്റെ കഥ 

179. ആജഗരപ്രഹ്ലാദസംവാദം 

180. സൃഗാലകാശ്യപസംവാദം 

അദ്ധ്യായം 151. ഇന്ദ്രോതപാരിക്ഷിതീയം (ജനമേജയന്റെയും ഇന്ദ്രോതന്റെയും കഥ തുടരുന്നു) -- ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം അധിക്ഷേപിച്ചു പറയുന്ന മുനിയോട്‌ ജനമേജയരാജാവ്‌ വിഷാദത്തോടെ പറഞ്ഞു; ഞാന്‍ നിന്ദ്യനാണ്‌, അധിക്ഷേപാര്‍ഹനാണ്‌, ധിക്കാരിയാണ്‌. ഈ കൊളളരുതാത്തവനായ പാപി അങ്ങയെ വണങ്ങുന്നു. അങ്ങ്‌ എന്നില്‍ പ്രസാദിക്കണം. എന്റെ ദുഷ്കൃതം വലിയതു തന്നെ. ഞാന്‍ അഗ്നിയില്‍ വീണവനെപ്പോലെ വെന്തുരുകുകയാണ്‌. ഞാന്‍ ചെയ്ത ദുഷ്കൃതം ചിന്തിച്ചിട്ട എന്റെ മനസ്സിനു ഒരു പൊറുതിയും കിട്ടുന്നില്ല. യമന്റെ ഉഗ്രമായ ശിക്ഷയ്ക്ക്‌ ഞാന്‍ പാത്രമാകുമെന്ന്‌ ഭയപ്പെടുന്നു. എന്റെ മനസ്സിലുള്ള ആ ശല്യം പറിച്ചു നീക്കാതെ ഞാന്‍ എങ്ങനെ സമാധാനമായി ജീവിക്കും? അങ്ങ്‌ എന്റെ നേരെ കോപിക്കരുതേ! എന്നില്‍ പ്രസാദിക്കണേ! എനിക്കു വേണ്ടതെന്തെന്ന്‌ ഹേ! ശൗനകമുനേ, പറഞ്ഞു തന്നാലും. ഞാന്‍ വീണ്ടും വിപ്രനില്‍ ഭക്തനായി ഇതാ നില്ക്കുന്നു. എന്റെ കുലം നശിക്കാതിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങ്‌ അനുഗ്രഹിക്കണേ! ബ്രഹ്മഹത്യാ പാപം ചെയ്തവര്‍ക്ക്‌ യാതൊരു ഗതിയുമില്ലെന്ന്‌ ഞാന്‍ കരുതുന്നു. വേദജ്ഞരോട്‌ സംസര്‍ഗ്ഗവും അനുഗ്രഹവും ലഭിക്കാത്തവര്‍ക്കു യാതൊരു രക്ഷയുമില്ലെന്നു ഞാന്‍ കരുതുന്നു. ഞാന്‍ ആത്മാവിനെ വെറുത്തു കൊണ്ട്‌ അങ്ങയോട്‌ ഒന്നു പറയുന്നു. ദരിദ്രന്മാരെ നിസ്സംഗര്‍ എന്ന പോലെ വീണ്ടും ഭരിച്ചാലും യജ്ഞം ചെയ്യാത്തവര്‍ ഒരിക്കലും സ്വര്‍ഗ്ഗ ലോകം നേടുകയില്ല. പുളിന്ദന്മാരും ശബരന്മാരും എന്ന പോലെ അവര്‍ നരകത്തില്‍ത്തന്നെ വസിക്കും. അറിവില്ലാത്ത ശിഷ്യന് പ്രാജ്ഞനായ ഗുരുവെന്നപോലെയും അറിവില്ലാത്ത മകന്ന്‌ അച്ഛന്‍ എന്നപോലെയും അങ്ങ്‌ എനിക്കു വേണ്ട അറിവ്‌ ഉപദേശിക്കണേ! ബ്രാഹ്മണാ, ഞാന്‍ അങ്ങയോടു യാചിക്കുന്നു.

ശൗനകന്‍ പറഞ്ഞു: അറിവില്ലാത്തവന്‍ തെറ്റു ചെയ്തു എന്നതില്‍ എന്താണ്‌ അത്ഭുതം? എന്നാല്‍ അറിവുള്ളവന്‍ അവനില്‍ ഒരിക്കലും കോപിക്കുകയില്ല. കോപിക്കാന്‍ പാടില്ലാത്തതാണ്‌. അറിവിന്റെ ഉന്നത ശൃംഗത്തില്‍ എത്തി ദുഃഖത്തിന്റെ മറുകര കണ്ടവന്‍ ദുഃഖിതജനങ്ങളെ എങ്ങനെയാണു ദര്‍ശിക്കുന്നത്‌ എന്നറിയാമോ? ബോധവാനായ മനുഷ്യന്‍ കുന്നിന്റെ മുകളില്‍ നിന്നു താഴെ നില്ക്കുന്നവരെ നോക്കുന്നതു പോലെയാണു കാണുക. അതു കൊണ്ട്‌ ജ്ഞാനി ഒരിക്കലും അജഞന്മാരെ കുറ്റം പറയുകയില്ല. അവന്‍ അത്ഭുതപ്പെടുകയുമില്ല. ഇങ്ങോട്ട്‌ ആക്ഷേപിച്ചാലും ജഞാനിയായവന്‍ യാതൊരു ഭാവഭേദവും കാണി ക്കുകയില്ല. അല്ലയോ രാജാവേ, ഞാന്‍ ഭവാന്റെ വീര്യങ്ങളൊക്കെ അറിയുന്നു. വേദശാസ്ത്രത്തിന്റെ മഹത്ത്വവും അറിയുന്നു. അങ്ങ്‌ സമാശ്വസിച്ചാലും. അങ്ങയ്ക്കു ബ്രാഹ്മണന്‍ മാത്രമേ ശരണമുളളു! നിന്നോടു (ബാഹ്മണന്‍ ക്ഷമിക്കുകയാണെങ്കില്‍ അത്‌ നിനക്ക്‌ സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗം തുറന്നു തരും. നീ ചെയ്ത തെറ്റില്‍ നീ വീണ്ടു വീണ്ടും പശ്ചാത്തപിക്കുകയാണെങ്കില്‍ അത്‌ നിന്റെ കാഴ്ചപ്പാടിനെ തെളിയിക്കും. നീ ധര്‍മ്മമെന്തെന്നു ദര്‍ശിക്കും. അതുകൊണ്ട്‌ നീ ശരിയായ മാര്‍ഗ്ഗത്തിലെത്തും. നീ ധര്‍മ്മത്തെത്തന്നെ ചിന്തിക്കുക.

ജനമേജയന്‍ പറഞ്ഞു:  അല്ലയോ മഹര്‍ഷേ! ഞാന്‍ ചെയ്ത പാപത്തില്‍ ദുഃഖിക്കുന്നു. ധര്‍മ്മലോപം വന്നു ചേരാതിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അതിന് ശ്രമിക്കുന്നു. അങ്ങനെയാകാന്‍ ഇച്ഛിക്കുന്ന ഭക്തനായ എന്നില്‍ ഹേ കൗശികാ, ഭവാന്‍ കനിഞ്ഞാലും!

ശൗനകന്‍ പറഞ്ഞു: ഡംഭവും, മാനവും എല്ലാം വിട്ടുകളഞ്ഞ്‌ നിര്‍വ്യാജം നീ നിന്റെ പ്രീതിക്കായി ആഗ്രഹിക്കുക. എല്ലാ ഭൂതങ്ങളുടെ ഹിതവും അങ്ങ്‌ ചെയ്യുക. നീ ധര്‍മ്മത്തെത്തന്നെ ചിന്തിക്കുക. ഭയം, കൃപണത, ലോഭം എന്നിവ കൂടാതിരിക്കുവാന്‍ ഞാന്‍ നിന്നോട്‌ പറയുന്നു. വിപ്രന്മാരോടു കൂടെ ഞാന്‍ പറയുന്ന സത്യമായ മൊഴി നീ കേള്‍ക്കുക. എനിക്കു യാതൊരു പ്രതിഫലവും ആവശ്യമില്ല. നിന്നെ ധര്‍മ്മതല്പരനാക്കണം എന്ന ധര്‍മ്മവിചാരം മാത്രമേ എന്നിലുള്ളു. പാപിയായ നിനക്ക്‌ ഉപദേശം തരുന്നതറിഞ്ഞാല്‍ പലരും എന്നെ ശകാരിക്കും.  ഛീ ഛീ എന്നു പുച്ഛിക്കും. അസംബന്ധം അന്യായം എന്നു വിളിച്ചുപറയും. സുഹൃത്തുക്കള്‍ എന്നെ ധിക്കരിക്കും. എന്നാല്‍ ചില മഹാപ്രാജ്ഞന്മാര്‍ കാര്യത്തിന്റെ തത്ത്വം ശരിക്കും മനസ്സിലാക്കും. ശരിക്കും ഞാന്‍ പറയുന്നത്‌ ഗ്രഹിക്കുകയാണെങ്കില്‍ എന്റെ ആ ബന്ധുമിത്രങ്ങളുടെ, അവരുടെ ജീവിത ദുഃഖം നശിക്കാതിരിക്കയില്ല. കുട്ടീ, (ബ്രാഹ്മണരെക്കുറിച്ച്‌ എന്റെ അഭിപ്രായമെന്തെന്നു നീ ധരിക്കുക! ഹേ ഭാരതസത്തമാ! ബ്രാഹ്മണര്‍ക്ക്‌ നീ യാതൊരു ദ്രോഹവും ഇനി ചെയ്യരുത്‌. നീ മൂലം അവര്‍ ക്ഷേമത്തോടെ വര്‍ത്തിക്കുമാറകേട്ടെ! "ഞാന്‍ ഇനി ബ്രാഹ്മണദ്രോഹം ചെയ്യുന്നതല്ല" എന്നു ശപഥം ചെയ്യുക.

ജനമേജയൻ പറഞ്ഞു: അല്ലയോ മുനേ, ഞാന്‍ അങ്ങയുടെ പാദങ്ങള്‍ പിടിച്ചു ശപഥം ചെയ്യുന്നു. ഞാന്‍ ഒരിക്കലും മനസ്സാലും, വാക്കാലും, കര്‍മ്മത്താലും, ബ്രാഹ്മണ ദ്രോഹം ചെയ്യുന്നതല്ല. 

അദ്ധ്യായം 152. ഇന്ദ്രോതപാരിക്ഷിതീയം (ജനമേജയന്റെയും ഇന്ദ്രോതന്റെയും കഥ അവസാനം) - ശൗനകന്‍ പറഞ്ഞു: അങ്ങനെ നീ തീര്‍ച്ചയാക്കി ശപഥം ചെയ്ത നിലയ്ക്ക്‌, ദുഃഖിക്കുന്നവനായ നിന്നോട്‌ ഞാന്‍ ധര്‍മ്മം ഉപദേശിക്കാം. ശ്രീമാനും മഹാബലനും തുഷ്ടനുമായ നീ ധര്‍മ്മത്തെ ആദരിക്കുകയാണല്ലോ. മുമ്പെ സര്‍വ്വശക്തനായി, എന്തും ചെയ്യുവാന്‍ കെല്പുളളവനായി, ദാരുണനായി നിന്ന നീ ഇപ്പോള്‍ ഇത്തരം ഒരു മനോഭാവം കൈക്കൊണ്ടതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. സന്മനോഭാവത്താല്‍ രാജാവ്‌ ജീവജാലങ്ങളെ സംരക്ഷിക്കുന്നു.

ജനങ്ങള്‍ രാജാവിനെ, ഭയപ്പെടുന്നു. രാജാവ്‌ വിചാരിച്ചാല്‍ സര്‍വ്വവും ഭസ്മമാക്കിക്കളയും എന്ന ഒരു ഭയം ജനങ്ങള്‍ക്കുണ്ട്‌. അപ്രകാരം നില്ക്കുന്ന ഭവാന്‍ ധര്‍മ്മത്തെ സംരക്ഷിക്കുകയാണല്ലോ. അല്ലയോ ജനമേജയാ, എന്തിനും കഴിവുളളവനായ ഭവാന്‍ ഇത്തരത്തില്‍ ഭക്ഷ്യഭോജ്യങ്ങളെയൊക്കെ ഉപേക്ഷിച്ച്‌ തപോവൃത്തി സ്വീകരിച്ചു കഷ്ടപ്പെടുന്നു എന്നു കേള്‍ക്കുമ്പോള്‍ നീ ബാധയേലല്‍പിച്ചവര്‍ക്കൊക്കെ ഒരത്ഭുതം നിന്നെക്കുറിച്ചുളവാകുന്നു. ജനമേജയാ! ദാനശീലന്റെ ദൌര്‍ലഭ്യം, തപസ്വിയുടെ കൃപണത്വം ഇവ ആശ്ചര്യമല്ലെന്നു പറയുന്നു. അവ നില്ക്കുന്നത്‌ ദൂരത്തല്ല. നല്ലപോലെ നോക്കിക്കാണാത്തതൊക്കെ കൃപണത്വമാണ്‌. നല്ലപോലെ കാര്യം നോക്കിക്കണ്ട്‌ പ്രവര്‍ത്തിച്ചാല്‍ അതില്‍ എല്ലായ്പോഴും ഗുണം ഉണ്ടാകും.

യജ്ഞം, ദാനം, വേദം, ദയ, സത്യം ഇവ അഞ്ചും രാജാവേ, പവിത്രങ്ങളാകുന്നു. ആറാമത്തേത്‌ തപസ്സും. ഈ തപോവൃത്തി രാജാക്കന്മാര്‍ക്കെല്ലാം ശോഭനവും പുണ്യവുമാണ്‌. ജനമേജയാ, ആത്‌ സ്വീകരിച്ചാല്‍ നീ മുഖ്യമായ ധര്‍മ്മം നേടും.

പുണ്യമായ ദേശത്തില്‍ പോകുന്നത്‌ പവിത്രമാണ്‌. ഏറ്റവും ഉത്തമമാണ്‌. അതിന്ന്‌ പ്രമാണമായി യയാതി പാടിയ ഗാഥ ഇന്നും നടപ്പുണ്ട്‌. മനുഷ്യന്‍ ആയുസ്സോടു കൂടിയിരിക്കുമ്പോള്‍ ഏകാന്തമായി യജ്ഞം ചെയ്ത്‌ സന്ന്യസിച്ചു തപിക്കേണ്ടതാണ്‌. കുരുക്ഷേത്രം പുണ്യമാണ്‌. കുരുക്ഷേത്രത്തില്‍ പുണ്യമായ ഇടം സരസ്വതീ നദീതടമാണ്‌. സരസ്വതീ തീര്‍ത്ഥത്തില്‍ ഏറ്റവും പ്രധാമായ ഇടം പൃഥൂദകതീര്‍ത്ഥമാണ്‌. ആ പുണ്യജലത്തില്‍ കുളിച്ച്‌ ആചമിച്ചാല്‍ മരണത്തിന്റെ സങ്കടം ബാധിക്കയില്ല. മഹാസരഃ പുഷ്കരങ്ങള്‍, പ്രഭാസോത്തരമായ മാനസസരസ്സ്‌, കാലോദകം ഇവിടെയെല്ലാം ചെന്ന്‌ സ്നാനം ചെയ്യാതെ ജീവിച്ചിട്ട്‌ എന്തു കാര്യം? ആയുസ്സുളളവന്‍ അവിടെ ഒക്കെപ്പോയി കുളിച്ച്‌ ആചമിക്കണം.

സരസ്വതീ നദിയുടെയും ദൃഷദ്വതിയുടെയും സംഗമം, മാനസം എന്നീ രണ്ടു പുണ്യതീര്‍ത്ഥങ്ങളിലും പോയി സ്വാദ്ധ്യായ ശീലന്മാര്‍ സ്നാനംചെയ്യുണം. പുണ്യങ്ങളില്‍ ത്യാഗധര്‍മ്മമാണ്‌ സന്ന്യാസം എന്നു മനു പറയുന്നു. അതിനെപ്പറ്റി സത്യവാന്‍ ചൊല്ലിയ ഗാഥകള്‍ പുകഴ്ത്തുന്നുണ്ട്‌. സത്യവാനായ കുമാരന്‍ പുണ്യവാനോ പാപിയോ അല്ല. ഒരു ജീവിക്കും ദുഃഖവുമില്ല സുഖവുമില്ല. അങ്ങനെ പ്രകൃതിയുമായി ലയിച്ച്‌ എല്ലാവിധ സംസര്‍ഗ്ഗവും പൂണ്ടവര്‍ക്ക്‌, പുണ്യവും പാപവും നശിച്ചു ജീവന്‍ വിടുന്നവര്‍ക്ക്‌, മോക്ഷം ലഭിക്കും.

രാജാവ്‌ ചെയ്യേണ്ടവയില്‍ ശ്രേഷ്ഠമെന്താണെന്ന്‌ പറയാം. ബലംകൊണ്ടും സംവിഭാഗംകൊണ്ടും സ്വര്‍ഗ്ഗം (പ്രാപിക്കുകയാണ്‌ രാജാവേ വേണ്ടത്‌. ബലവും ഓജസ്സുമുള്ളവനും ധര്‍മ്മത്തില്‍ പ്രഭുവുമായ നരന്‍ അതാണ്‌ ചെയ്യേണ്ടത്‌.

ഹേരാജാവേ, ബ്രാഹ്മണര്‍ക്ക്‌ സുഖത്തിന് വേണ്ടി നീ ഭൂമി പാലിക്കുക. മുമ്പേ അവരെ നിന്ദിച്ച ഭവാന്‍ അവരെ സന്തോഷിപ്പിക്കുക. അവരെ പലവട്ടം ചവിട്ടിത്താഴ്ത്തി തളളി നീക്കി എങ്കിലും തന്നെപ്പോലെ തന്നെ അവരേയും പരിഗണിച്ച്‌ ഞാന്‍ വിപ്രരെ കൊല്ലുകയില്ല എന്ന്‌ നീ തീരുമാനിക്കുക. സ്വകീയമായ കര്‍മ്മങ്ങളിലേര്‍പ്പെട്ട് ഏറ്റവും നിഃശ്രേയസമായ കാര്യം ചെയ്യുക. മഞ്ഞ്‌, തീയ്‌, അന്തകന്‍ ഇവര്‍ക്കു തുല്യമാണ്‌ രാജാവ്‌. ചിലര്‍ മഞ്ഞുപോലെ ശീതളന്മാരായിരിക്കും. ചിലര്‍ തീപോലെ ക്രൂരന്മാരായിരിക്കും. ചിലര്‍ അന്തകനെപ്പോലെ ഭയങ്കരന്മാരായിരിക്കും. ചിലര്‍ കലപ്പ (കരി) പോലെ സര്‍വ്വ ശത്രുക്കളേയും വേരോടെ പിഴുതു മറിക്കുന്നവരാകും. ചിലര്‍ ഇടിത്തീ പോലെ പെട്ടെന്ന്‌ ശത്രുക്കളെ വീഴ്ത്തുന്നവരായിരിക്കും. തനിക്കു തന്നെ നാശം വരാതിരിക്കുവാന്‍ സൂക്ഷിക്കുന്നവന്‍ ഒരിക്കലും തന്റെ കര്‍മ്മത്തില്‍ കനത്ത ക്രൗര്യങ്ങള്‍ കലര്‍ത്തരുത്‌, സാമാന്യമായ കാര്യത്തിലും, പ്രത്യേക കാരൃത്തിലും അതു ചെയ്യരുത്‌.

ചെയ്ത കര്‍മ്മത്തില്‍ മനസ്സുചുട്ട്‌ പശ്ചാത്തപിക്കുന്നവനില്‍ നിന്ന്‌ അവന്‍ ചെയ്ത പാപം ഒഴിഞ്ഞുപോകും. ഇനി പാപം ചെയ്യുകയില്ല എന്നു നിശ്ചയിച്ചിരിക്കെ രണ്ടാമതും പാപം ചെയ്താൽ അതും പശ്ചാത്താപം കൊണ്ട്‌ നീങ്ങും. മൂന്നാമതും അതേ പാപം ചെയ്തിട്ടു പശ്ചാത്തപിച്ച്‌, ശപഥം ചെയ്ത്‌, ഉള്ളുരുകി വിരമിച്ചാല്‍ ആ പാപവും നീങ്ങും. ശുചിയായ തീര്‍ത്ഥസഞ്ചാരി ഇപ്രകാരം പല ദോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും.

ഐശ്വര്യം കാംക്ഷിക്കുന്ന പുരുഷന്‍ എപ്പോഴും മംഗളമായ കാര്യമേ ചെയ്യാവൂ. സുഗന്ധവസ്തു കൊണ്ട്‌ വ്യാപാരം ചെയ്യുന്നവനില്‍ ആ വാസന എപ്പോഴും ഉണ്ടാകും. ദുര്‍ഗ്ഗന്ധ വസ്തുവിനെ സേവിക്കുന്നവനില്‍ എപ്പോഴും ദുര്‍ഗ്ഗന്ധമുണ്ടാകും. അവരവര്‍ ഭജിക്കുന്നതിന്റെ ഗുണം അവരവരില്‍ കലരുന്നത്‌ നാം കാണുന്നുണ്ടല്ലേോ. തപശ്ചര്യാപരനായ പുരുഷനില്‍ നിന്ന്‌ പാപം വിട്ടൊഴിയും. ഒരു കൊല്ലം അഗ്നിയെ സേവിച്ചാല്‍ ദ്രോഹം കൊണ്ടുള്ള പാപം വിട്ടൊഴിയും. മൂന്നു വര്‍ഷം അഗ്നിയെ ഉപാസിച്ചാല്‍ ഭ്രൂണഹത്യാപാപം വിട്ടൊഴിയും. മഹാസരസ്സുകള്‍, പുഷ്കരങ്ങള്‍, പ്രഭാസതീര്‍ത്ഥം, മാനസതീര്‍ത്ഥം എന്നിവ നൂറു യോജന സഞ്ചരിച്ചു ചെന്ന് സ്നാനംചെയ്താല്‍ ഭ്രൂണഹത്യ നീങ്ങും. എത്ര പ്രാണികളെ താന്‍ കൊന്നുവോ അത്ര എണ്ണത്തോളം പ്രാണികളെ അന്യന്‍ കൊല്ലുമ്പോള്‍ രക്ഷപ്പെടുത്തിയാല്‍ അവന്റെ പ്രാണിഹത്യാപാപം ഒഴിഞ്ഞു പോകും.

വെളളത്തില്‍ മുങ്ങിനിവര്‍ന്ന്‌ അഘമര്‍ഷണ മന്ത്രം മൂന്നു പ്രാവശ്യം ചൊല്ലിയാല്‍ അശ്വമേധയാഗം ചെയ്ത്‌ അവഭൃഥസ്നാനം കഴിച്ചവന്നുളള ഫലം സിദ്ധിക്കുമെന്ന്‌ മനു പറഞ്ഞി ട്ടുണ്ട്‌. അതുകൊണ്ട്‌ പാപം തീരുമെന്നു മാത്രമല്ല, മറ്റുള്ളവരുടെ സല്‍ക്കാരങ്ങള്‍ക്ക്‌ പാത്രമാകും. എന്നുതന്നെയല്ല ജീവികള്‍ മൂകജഡന്മാരിലെന്ന പോലെ അവനില്‍ കരുണ കാണിക്കും.

സുരാചാര്യനായ ബൃഹസ്പതിയോട്‌ ചേര്‍ന്ന്‌ സുരന്മാരും അസുരന്മാരും ഒരിക്കല്‍ ചോദിക്കുകയുണ്ടായി. അല്ലയോ മഹര്‍ഷേ, അങ്ങ്‌ ധര്‍മ്മത്തിന്റെ ഫലം അറിഞ്ഞവനാണല്ലോ. കര്‍മ്മഫലം (നരകത്തിന്റെയും സ്വര്‍ഗ്ഗത്തിന്റേയും) അറിയുന്നവനാണല്ലോ. ഒരാള്‍ക്കു രണ്ടും തുല്യമാണെങ്കിൽ അതില്‍പ്പിന്നെ എന്തിന്നു വേണ്ടി യത്നിക്കണം? എന്തിന്ന്‌ യജിക്കേണ്ട? അതു കൊണ്ടു പുണൃഫലത്തെപ്പറ്റി അങ്ങ്‌ ഒന്നു വിശദീകരിച്ചു തന്നാലും! ധര്‍മ്മശീലന്മാര്‍ എങ്ങനെ അവരെ ബാധിക്കുന്ന പാപത്തില്‍ നിന്നു മോചിതന്മാരാകും?

ബൃഹസ്പതി പറഞ്ഞു: ആദ്യം പാപം അറിയാതെ ചെയ്തതിന്നു ശേഷം താന്‍ അറിഞ്ഞു കൊണ്ട്‌ അതിന്നു പരിഹാരമായി പുണ്യകര്‍മ്മം ചെയ്താല്‍ അവന്റെ പാപം മുഷിഞ്ഞ വസ്ത്രത്തിലെ ചളിയെ കാരം ചേര്‍ത്ത്‌ അലക്കിയാലെന്ന പോലെ ശുദ്ധമാക്കിത്തീര്‍ക്കും. ഒരുത്തന്‍ പാപകര്‍മ്മം ചെയ്തതിന്നു ശേഷം അതു വലിയ ഒരു ധീരതയായി പറയാതെ അടങ്ങി, താന്‍ അങ്ങനെ ഒന്ന്‌ ചെയ്തതായി അഭിമാനിക്കാതെ, വീണ്ടും നന്മചെയ്യുകയും ശ്രദ്ധയോടെ ജീവിക്കുകയും അന്യരില്‍ അസൂയപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍, സജ്ജനങ്ങള്‍ക്കുള്ള വെളിവായ ദൂഷ്യങ്ങളെ മറച്ചു വെക്കുന്നവന്‍, ഇങ്ങനെയുളളവന്‍, പാതകം ചെയ്തുവെങ്കിലും അവന്ന്‌ വീണ്ടും ശുഭം വന്നുചേരും. പ്രഭാതത്തില്‍ ഉദിക്കുന്ന സുര്യന്‍ ഇരുട്ടിനെ നീക്കുന്നതുമാതിരി നന്മചെയ്യുന്നവന്‍ തന്നെ ബാധിക്കുന്ന പാപത്തെ നീക്കുന്നതാണ്‌.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഇന്ദ്രോതമഹര്‍ഷി ജനമേജയനോട്‌ പറഞ്ഞു. ആ ശൗനകമഹര്‍ഷി അദ്ദേഹത്തെക്കൊണ്ട്‌ അശ്വമേധയാഗം ചെയ്യിച്ചു. അങ്ങനെ ആ രാജാവ്‌ ദുരിതങ്ങളില്‍ നിന്ന്‌ വിമുക്തനായി ശ്രേയസ്സോടെ അഗ്നിതുല്യനായി പ്രകാശിച്ചു. ആകാശത്തു പൂര്‍ണ്ണചന്ദ്രന്‍ എന്ന പോലെ രാജാവ്‌ തന്റെ നാട്ടില്‍ ശത്രുകര്‍ശനനായി പ്രശോഭിച്ചു.

അദ്ധ്യായം 153. ഗൃദ്ധ്രഗോമായുസംവാദം (കഴുകന്റെയും കുറുക്കന്റെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാ മഹാ! അങ്ങ്‌ വല്ലേടത്തും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ, ഒരുത്തന്‍ മരിച്ചതിന്നു ശേഷം വീണ്ടും ജീവിച്ചുവന്നതായിട്ട്‌? ഉണ്ടെങ്കില്‍ പറഞ്ഞുതന്നാലും!

ഭീഷ്മൻ പറഞ്ഞു: അല്ലയോ പാര്‍ത്ഥാ, പണ്ടു നടന്ന ഒരു കഥ ഞാന്‍ പറയാം, കേട്ടുകൊള്ളുക. നൈമിഷത്തില്‍ വെച്ച്‌ കഴുകനും കുറുക്കനും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌ കഥാവിഷയം.

പണ്ട്‌ ഒരു ബ്രാഹ്മണന്ന്‌ വളരെ പുണ്യകര്‍മ്മങ്ങള്‍ ചെയ്തതിന്റെ ഫലമായി ഉണ്ടായ ഒരു ബാലന്‍ മരിച്ചു പോയി. സുന്ദരനും, വിശാലലോചനനുമായ ആ കുട്ടി ബാലഗ്രഹണി പിടിച്ചിട്ടാണ്‌ മരിച്ചത്‌. യുവത്വം പ്രാപിച്ചിട്ടില്ലാത്ത ആ കുലസന്താനത്തെ എടുത്ത്‌ അവര്‍ കരഞ്ഞു. കുട്ടിയുടെ ആള്‍ക്കാര്‍ വിലപിച്ച്‌ ചുടു കാട്ടിലേക്ക്‌ കൊണ്ടുപോയി. അവിടെയെത്തി ആ കുട്ടിയെ അച്ഛനമ്മമാരും മറ്റു ബന്ധുജനങ്ങളും മാറിമാറി മടിയില്‍വച്ച്‌ കരഞ്ഞു. അവന്റെ കൊഞ്ചിക്കൊണ്ടുളള മുമ്പത്തെ സംഭാഷണങ്ങളെത്തന്നെ ഓര്‍ത്തോര്‍ത്ത്‌ ദുഃഖം മുഴുത്ത അവര്‍ കുട്ടിയെ ചുടുകാട്ടില്‍ ഇട്ട് പോകുവാന്‍ അശക്തരായി.

അവര്‍ ഇങ്ങനെ വിലപിക്കുന്നതുകേട്ട്‌ ഒരു കഴുകന്‍ അവിടെ പറന്നെത്തി. അവന്‍ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്കുണ്ടായ ഈ ഏകപുത്രന്‍ മരിച്ചിരിക്കുന്നു. നിങ്ങള്‍ എന്തിന്‌ വെറുതെ നിലവിളി കൂട്ടുന്നു? അവനെ ഉപേക്ഷിച്ച്‌ നിങ്ങള്‍ പോകുവിന്‍! വൈകരുത്‌. ഇവിടെ എത്രയോ പുരുഷന്മാരെയും, സ്ത്രീകളേയും കാലത്തിന്റെ കല്പനപ്രകാരം കൊണ്ടുവന്ന്‌ ഇവിടെയിട്ട്‌ ബന്ധുക്കള്‍ പോകുന്നു. നിങ്ങള്‍ നോക്കൂ. ഈ ലോകം ഒട്ടുക്കും സുഖവും ദുഃഖവും ചേര്‍ന്നതാണ്‌. യോഗവും, വിയോഗവും മാറിമാറിക്കൊണ്ടിരിക്കും. നിങ്ങള്‍ ഇന്ന്‌ ഈ കുട്ടിയേയും എടുത്തു കൊണ്ട്‌ ചുടുകാട്ടിലേക്ക്‌ പോന്നു. കുട്ടിയെ എടുത്തു പോന്ന നിങ്ങളേയും മറ്റു ചിലര്‍ എടുത്ത്‌ ഇവിടെ കൊണ്ടുവരും. എല്ലാ ജീവികളും അവരവര്‍ക്കു നിശ്ചയിച്ച ആയുസ്സൊടുങ്ങുമ്പോള്‍ ഈ ലോകം വിട്ടുപോകും. കുറുക്കന്മാരും കഴുക്കളും വസിക്കുന്ന, ധാരാളം അസ്ഥികള്‍ ചിന്നിച്ചിതറിക്കിടക്കുന്ന, രൗദ്രജന്തുക്കള്‍ കൂത്താടുന്ന, ഈ ചുടലക്കാട്ടില്‍ നിങ്ങള്‍ നില്ക്കരുത്‌. മരണത്തില്‍പ്പെട്ട്‌ വീണ്ടും ആരും ഇന്നേവരെ ജീവിച്ചിട്ടില്ല. മിത്രമായാലും ശത്രുവായാലും ഏതു പ്രാണിയും ചാവും. എല്ലാവര്‍ക്കും ഇതുതന്നെയാണ്‌ ഗതി. മനുഷ്യലോകത്തുണ്ടായവരെല്ലാം ചത്തു പോകണം. കാലന്‍ വന്നു കൊണ്ടു പോയവന്ന്‌ ജീവന്‍ നല്‍കുവാന്‍ ആര്‍ക്കു കഴിയും? ലോകം പ്രവൃത്തിയില്‍ നിന്നു വിരമിക്കുന്നു. സൂര്യന്‍ അസ്തമിക്കുന്നു. നിങ്ങള്‍ പുത്രസ്നേഹം കൈവിട്ട്‌ വേഗത്തില്‍ സ്വഗൃഹത്തിലേക്ക്‌ പൊയ്ക്കൊളളുവിന്‍.

കഴുകന്‍ പറഞ്ഞതു കേട്ടപ്പോള്‍ ആ ബന്ധുജനങ്ങളെല്ലാവരും കൂട്ടത്തോടെ നിലവിളിച്ചു. ആര്‍ത്തനാദം മുഴങ്ങി. അവര്‍ ചുടുകാട്ടില്‍ നിലത്ത്‌ കുട്ടിയെ വെച്ചു തിരിച്ചുപോകുവാന്‍ ഒരുങ്ങി. ഇനി അവനെക്കുറിച്ചു ചിന്തിച്ചിട്ട്‌ കാര്യമില്ല എന്നു തീര്‍ച്ച യാക്കി. അവനെ അവസാനമായി ഒന്നു നോക്കി ആശ വെടിഞ്ഞു വിലപിച്ച്‌ വീട്ടിലേക്കു യാത്രയായി.

അപ്പോള്‍ കറുത്തിരുണ്ട കാക്കയുടെ നിറമുള്ള ഒരു കുറുക്കന്‍ അവന്റെ മടവിട്ട്‌ പുറത്തുവന്നു. കുട്ടിയെ കാട്ടിലിട്ട് മടങ്ങിപ്പോകുന്ന അവരോട്‌ പറഞ്ഞു.

കുറുക്കന്‍ പറഞ്ഞു: മനുഷ്യര്‍ ദയയില്ലാത്ത കൂട്ടരാണ്‌. യാതൊരു സംശയവും അക്കാരൃത്തിലില്ല. ഹേ വിഡ്ഡികളേ, നോക്കൂ! സുര്യന്‍ അസ്തമിച്ചിട്ടില്ല. നിങ്ങള്‍ കൂട്ടിയെ സ്നേഹി ക്കുവിന്‍. ഭയപ്പെടേണ്ടാ. ഒരു മുഹൂര്‍ത്തം ബഹുരുപമാണ്‌. എന്തൊക്കെ അതില്‍ ഉണ്ടായിക്കൂടാ. ഒരു പക്ഷേ, അതിന്നിടയ്ക്ക്‌ കുട്ടി ജീവിച്ചെന്നു വരാം. നിര്‍ദ്ദയന്മാരേ, നിങ്ങള്‍ ഈ പൊന്നു പോലത്തെ കുട്ടിയെ ഒറ്റയ്ക്ക്‌ ചുടുകാട്ടിലിട്ട്‌ ലേശം പുത്രസ്നേഹം ഇല്ലാതെ പോകുന്നതെന്താണ്‌? കൊഞ്ചിക്കൊഞ്ചിപ്പറയുന്ന ഈ പിഞ്ചുകുട്ടിയില്‍ നിങ്ങള്‍ക്ക്‌ സ്നേഹമില്ലേ? ഇവന്റെ മധുരഭാഷണം നിങ്ങളെ ഇനിയും സന്തോഷിപ്പിക്കും. പുത്രസ്നേഹം എല്ലാ ജീവിയിലും കാണുന്നു. പശുപക്ഷിഗണങ്ങളിലും കാണുന്നു. ആ വക ജീവികള്‍ക്കു പുത്രന്മാരെ വളര്‍ത്തിയിട്ട്‌ ഒന്നും കിട്ടാന്‍ പോകുന്നില്ല. എങ്കിലും അവയും പുത്രസ്നേഹമുളളവരാണ്‌. നാല്ക്കാലികള്‍, പക്ഷികള്‍, പുഴുക്കള്‍ എന്നീ പ്രാണികള്‍ക്ക്‌ യാതൊരു പ്രതിഫലവും കിട്ടിയില്ലെങ്കിലും അവര്‍ തങ്ങളുടെ സന്താനങ്ങളെ ആത്മതൂല്യം സ്നേഹിക്കുന്നു. ഋഷിമാരുടെ നിഷ്കാമമായ യജ്ഞം പോലെയാണ്‌ അവര്‍ സന്താനങ്ങളെ സ്നേഹിക്കുന്നത്‌. തിര്യക്കുകള്‍ സ്വര്‍ഗ്ഗം കാംക്ഷിച്ചല്ല പുത്രരെ സ്നേഹിക്കുന്നത്‌. ഈ ലോകത്തിലും യാതൊരു പ്രയോജനവും അവര്‍ക്ക്‌ ലഭിക്കുന്നില്ല, എങ്കിലും അവര്‍ കിടാങ്ങളെ പോറ്റുന്നു. തങ്ങളുടെ സന്താനങ്ങളെക്കാണാഞ്ഞാല്‍ പശുപക്ഷികള്‍ ദുഃഖിച്ച്‌ മുറവിളി കൂട്ടും. ഒരു നിമിഷം കാണാതിരുന്നു കൂടാ, മൃഗങ്ങളുടേയും പക്ഷികളുടേയും മറ്റും സന്താനങ്ങള്‍ വളര്‍ന്നു വന്നാല്‍ അവരുടെ അച്ഛനമ്മമാരെ അവര്‍ സംരക്ഷിക്കുമെന്ന്‌ വിചാരിച്ചിട്ടല്ല അവര്‍ മക്കളെ പോറ്റുന്നത്‌! ഈ ദുഃഖിക്കുന്ന മനുഷ്യരുടെ കഥ നോക്കൂ! അവര്‍ക്ക്‌ എന്തു സ്നേഹമാണുളളത്‌. കുലദീപമായ ഈ കുട്ടിയെ വിട്ട്‌ അവര്‍ പോകുന്നത്‌ നോക്കൂ! ഹേ മനുഷ്യരെ, നിങ്ങള്‍ വാത്സല്യ ഭാജനമായ കുലസന്താനത്തെ വിട്ടു പോവുകയാണോ? നിങ്ങള്‍ നല്ലപോലെ കരഞ്ഞു കണ്ണുനീര്‍ വര്‍ഷിക്കുക, നല്ലപോലെ സ്നേഹം നിറഞ്ഞ കണ്ണു കൊണ്ട്‌ നോക്കുക. ഇത്തരം ഇഷ്ടവസ്തുക്കള്‍ വിശേഷിച്ച്‌ ദുസ്ത്യജങ്ങളാണ്‌. ആരാണ്‌ ബന്ധു?ആപത്തു വന്നവനെ വിട്ടു പിരിയാത്തവനാണ്‌ ബന്ധു. ആപല്‍ക്കാലത്ത്‌ ഇട്ടെറിഞ്ഞ്‌ പോകുന്നവനല്ല. അവന്‍ ശിക്ഷാര്‍ഹനാണ്‌. എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്‌ പ്രാണന്‍. അതില്‍ എല്ലാവര്‍ക്കും സ്നേഹമുണ്ട്‌. തിര്യക് ജാതിയുടേയും സ്നേഹം എപ്രകാരമാണെന്നു നോക്കുവിന്‍. താമര പോലെ മനോഹരമായ കണ്ണുകളുള്ള ഈ സുന്ദരബാലനെ നിങ്ങള്‍ വിട്ടു പോവുകയാണോ? വിവാഹത്തിന്ന്‌ കെട്ടിയുണ്ടാക്കി അണിയാനുള്ള പൂമാല പോലെ ഭംഗിയേറിയ ഈ മനോഹരബാലനെ വലിച്ചെറിഞ്ഞ്‌ കടന്നു കളയുകയാണോ? കുറുക്കന്‍ സങ്കടപ്പെട്ടവിധം പറയുന്ന വാക്കു കേട്ട്‌ അവരെല്ലാം ശവത്തിന്റെ അടുത്തേക്കു മടങ്ങി.

കഴുകന്‍ പറഞ്ഞു: കഷ്ടം! അല്പബുദ്ധിയും പാപിയുമാണ്‌ ആ കുറുക്കന്‍. ആ ക്ഷുദ്രന്‍ പറഞ്ഞ വാക്കുകേട്ട്‌ ബുദ്ധികെട്ട മനുഷ്യരേ, നിങ്ങള്‍ വീണ്ടും മടങ്ങി വന്നുവല്ലോ! പഞ്ചഭൂതം വിട്ട വെറും മുട്ടി പോലെയുള്ള വസ്തുവില്‍, ആത്മാവില്ലാത്ത വസ്തുവില്‍, നിങ്ങള്‍ കേഴുന്നു. എന്തിന്നു കേഴുന്നു? നിങ്ങള്‍ എന്തുകൊണ്ട്‌ നിങ്ങളുടെ ആത്മാവിനെപ്പറ്റി ചിന്തിക്കുന്നില്ല? കേഴുന്നില്ല? തീവ്രമായ തപസ്സു ചെയ്ത്‌ നിങ്ങളുടെ പാപം നീക്കുവാന്‍ നിങ്ങള്‍ തുനിയുവിന്‍. തപസ്സു കൊണ്ടു നിങ്ങള്‍ക്ക്‌ എല്ലാം ലഭിക്കും. വിലപിച്ചിട്ടെന്തു കാര്യം? ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിങ്ങളുടെ ഉടലോടു കൂടി പിറന്നിരിക്കുന്നു. നിങ്ങളുടെ സഹജമായ ഭാഗ്യക്കേടു കൊണ്ടാണ്‌ ഈ കുട്ടി അല്പായുസ്സായി ദുഃഖം നല്കി പോകാനിടയായത്‌. ധനം, പശുക്കള്‍, സ്വര്‍ണ്ണം, രത്നങ്ങള്‍, സന്താനം ഇവയൊക്കെ തപസ്സു കൊണ്ട്‌ നിങ്ങള്‍ക്കു ലഭിക്കും. ജീവികള്‍ക്ക്‌ കര്‍മ്മത്തിന്റെ വഴിക്കാണ്‌ സുഖദുഃഖങ്ങളുണ്ടാകുന്നത്‌. ജന്തുവര്‍ഗ്ഗം പിറക്കുന്നതു തന്നെ സുഖദുഃഖങ്ങളോടു കൂടെയാണ്‌. പിതാവിന്റെ കര്‍മ്മഫലം പുത്രനും ഭാഗിച്ചു കിട്ടുകയില്ല. പുത്രന്റെ കര്‍മ്മഫലം പിതാവിന്നും കിട്ടുകയില്ല. താന്താങ്ങളുടെ പുണ്യപാപകര്‍മ്മങ്ങളും കൊണ്ട്‌ വെവ്വേറെ വഴിക്ക്‌ അവരവര്‍ ഗമിക്കുന്നു. നിങ്ങള്‍ യത്നിച്ച്‌ ധര്‍മ്മം ചരിക്കുവിന്‍. അധര്‍മ്മം ചിന്തിക്കാതിരിക്കുവിന്‍. ദേവന്മാരെയും ബ്രാഹ്മണരെയും യഥാകാലം പൂജിക്കുവിന്‍! ശോകദൈന്യങ്ങളെ തളളിക്കളയുവിന്‍! പുത്രസ്നേഹം വിടുവിൻ! മൃതനായ ഇവനെ ഉപേക്ഷിച്ചു കാട്ടിലിട്ട്‌ വേഗം പോകുവിന്‍. അവന്റെ ശുഭകര്‍മ്മത്തിന്റെയും പാപകര്‍മ്മത്തിന്റെയും ഫലം അവന്‍ ഏല്ക്കുന്നു. അതില്‍ ബന്ധുജനങ്ങള്‍ക്കെന്തുണ്ട്‌? ഇഷ്ടബന്ധുവിനെ വിട്ടു പിരിഞ്ഞ്‌ ബന്ധുക്കള്‍ നില്ക്കാറില്ല. കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞ അവര്‍ സ്നേഹം വെടിഞ്ഞു പൊയ്ക്കൊളളും. പ്രാജഞനായാലും മൂര്‍ഖനായാലും, ധനവാനായാലും, ദരിദ്രനായാലും എല്ലാവരും കാലത്തിന്റെ പിടിയിലാണ്‌. ശുഭമായാലും അശുഭമായാലും എല്ലാം കാലത്തിന്റെ പിടിയിലാണ്‌? നിങ്ങള്‍ ദുഃഖിച്ചിട്ടെന്തു ഫലം? ചത്തവനെപ്പറ്റി എന്തിനു ദുഃഖിക്കുന്നു? കാലന്‍ എല്ലാവര്‍ക്കും പ്രഭുവാണ്‌. അവന്‍ ധര്‍മ്മത്താല്‍ സമദര്‍ശിതനാണ്‌. യുവാക്കളേയും, ബാലന്മാരേയും, വൃദ്ധന്മാരേയും ഗര്‍ഭസ്ഥരേയും മൃത്യു ബാധിക്കും. അവന്ന്‌ ആരിലും പക്ഷഭേദമില്ല. ലോകം അങ്ങനെയാണ്‌.

കുറുക്കന്‍ പറഞ്ഞു:  അമ്പോ! കഷ്ടം! ഈ ബുദ്ധികെട്ട കഴു സ്നേഹത്തെ താഴ്ത്തിപ്പറയുന്നു. പുത്രസ്നേഹാര്‍ത്തരായി മാഴ്കുന്ന നിങ്ങളില്‍ സ്നേഹത്തെ നിസ്സാരമാക്കിപ്പറയുന്നു. അവന്റെ വാക്കില്‍ വിശ്വസിച്ച്‌, ത്യജിക്കാന്‍ വയ്യാത്ത സ്നേഹത്തെ തൃജിച്ച്‌ നിങ്ങള്‍ പോവുകയാണോ? പുത്രശോകത്താല്‍ വിട്ടുപോകുന്ന മനുഷ്യന്റെ ദുഃഖം ചെറുതല്ല. തന്റെ കുട്ടി ചത്തു വിലപിക്കുന്ന പശുവിനെപ്പോലെ ഞാന്‍ കാണുന്ന മന്നില്‍ മര്‍ത്തൃര്‍ക്കുള്ള ദുഃഖത്തെ ഇപ്പോള്‍ ശരിയായി ഞാന്‍ മനസ്സി ലാക്കുന്നു. സ്നേഹം മൂലം എനിക്കും ബാഷ്പം ഒഴുകുന്നു. നിങ്ങള്‍ യത്നിക്കുവിന്‍. എപ്പോഴും നാം യത്നിക്കണം. കാര്യസിദ്ധി ദൈവത്തിന്റെ കൈയിലാണ്‌. കൃതാന്തനിലാണ്‌ ദൈവത്തിന്റെയും, പൌരുഷത്തിന്റെയും, സിദ്ധിയിരിക്കുന്നത്‌. അവന്‍ അനുഗ്രഹിച്ചാല്‍ സിദ്ധിയായി. ഒരിക്കലും വെറുപ്പുണ്ടാകരുത്‌. വെറുത്തവന്ന്‌ എങ്ങനെ സുഖം ലഭിക്കും? പ്രയത്നത്താൽ അര്‍ത്ഥലാഭമുണ്ടാകും. നിങ്ങള്‍ ഭയംവിട്ട് എങ്ങോട്ടു പോകുന്നു.? മാതാപിതാക്കന്മാരുടെ അര്‍ദ്ധദേഹം കൊണ്ടു തീര്‍ത്ത ദേഹാര്‍ദ്ധമായ രൂപമാണല്ലോ പുത്രന്‍. അവന്‍ പിത്യവംശം വളര്‍ത്തുന്നവനാണ്‌. അവനെ നിങ്ങള്‍ വിട്ടുപോവുകയാണോ? സൂര്യന്‍ അസ്തമിച്ചാല്‍, സന്ധ്യാകാലമടുത്താല്‍, നിങ്ങള്‍ ഉണ്ണിയേയും കൊണ്ടു പോകുവിന്‍. അല്ലെങ്കില്‍ ഇവിടെത്തന്നെ വസിക്കുവിന്‍.

കഴുകന്‍ പറഞ്ഞു: അല്ലയോ മനുഷ്യരേ, ഞാന്‍ പിറന്നിട്ട്‌ ആയിരം വര്‍ഷത്തിലധികമായി. ഇതേവരെ ഒരു ആണാകട്ടെ, പെണ്ണാകട്ടെ, ആണും പെണ്ണും കെട്ടവരാകട്ടെ, ചത്തുജീവിച്ചതായി കേട്ടിട്ടില്ല. ചത്താല്‍ പിന്നെ ഗര്‍ഭത്തില്‍ പിറക്കും. പിറന്നാല്‍ ചിലര്‍ ഉടനെ ചാകും. ചിലര്‍ നടക്കാറായതിന്നു ശേഷം ചാകും. ചിലര്‍ യൌവനം എത്തിയതിന്നു ശേഷം ചാകും. ഭാഗ്യങ്ങള്‍ ഇഹലോകത്ത്‌ അനിത്യങ്ങളാണ്‌. പക്ഷികള്‍ക്കും നാലക്കാലികള്‍ക്കും കൂടി ഇതാണു ഗതി. ചരാചരങ്ങളുടെ ആയുസ്സിന്ന്‌ ഒരു നിശ്ചയവുമില്ല. ഇഷ്ടഭാര്യയെ വേര്‍പെട്ടും പുത്രശോകാര്‍ത്തരായും അങ്ങനെ ഓരോരുത്തര്‍ നഷ്ടപ്പെട്ട്‌, ശോകത്താല്‍ വെന്ത്‌ മനുഷ്യന്‍ ഗൃഹത്തിലെത്തുന്നു. ആയിരം ഇഷ്ടങ്ങളും നൂറ്‌ അനിഷ്ടങ്ങളുമായി ജീവിച്ചു ദുഃഖിച്ച്‌ അനവധി ബന്ധുജനങ്ങള്‍ വെടിഞ്ഞു പോയിട്ടുണ്ടല്ലോ. നിങ്ങള്‍ ഈ കുട്ടി യെ, ചത്തു മരമുട്ടി പോലെ ആയിത്തീര്‍ന്ന, കാന്തിനശിച്ച്‌ ശൂന്യനായ ഈ കുട്ടിയെ, വിട്ടു പിരിഞ്ഞു വീട്ടിലേക്കു പോയ്ക്കൊളളുക. അവന്‍ ചത്ത്‌ ഇപ്പോള്‍ അന്യദേഹത്തെ പ്രാപിച്ചിരിക്കും. അവന്ന്‌ ഈ ശരീരം വെറും മരമുട്ടിയാണ്‌. എന്നിട്ടും നിങ്ങള്‍ വിട്ടുപോകാതിരിക്കുന്നതെന്താണ്‌? ഈ സ്നേഹത്തിന്ന്‌ ഒരര്‍ത്ഥവുമില്ല. ഈ പരിശ്രമത്തിന്ന്‌ ഒരു ഫലവും കിട്ടാന്‍ പോകുന്നില്ല. അവന്‍ അവന്റെ കണ്ണുകൊണ്ടു കാണുന്നില്ല. കാതുകൊണ്ടു കേള്‍ക്കുന്നില്ല. നിങ്ങള്‍ എന്താണ്‌ ഇവനെ വിട്ടു ഗൃഹത്തിലേക്കു പോകാത്തത്‌? മോക്ഷധര്‍മ്മം ചേര്‍ന്നതും യുക്തിക്കു ചേര്‍ന്നതും ദൃഡമായതുമായ വാക്കുകള്‍ ഞാന്‍ പറഞ്ഞതു കേട്ടിട്ടും പോകുന്നില്ലേ? പോകുവിന്‍! വീട്ടിലേക്കു പോകുവിന്‍! പ്രജ്ഞയും വിജ്ഞാനവുമുള്ള ഞാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധിയും ബോധവും നല്കുന്നു. അതൊക്കെ എന്നില്‍ നിന്നു ഗ്രഹിച്ചില്ലേ? ഇനി നിങ്ങള്‍ ഇവിടെ നിന്നാല്‍ ഓരോന്നു കണ്ടു ചിന്തിച്ച്‌ നിങ്ങളുടെ ദുഃഖം ഇരട്ടിക്കുകയേയുളളൂ, എന്നു കഴുകന്‍ പറഞ്ഞതു കേട്ടപ്പോള്‍ ആ മനുഷ്യര്‍ പോകുവാന്‍ തീര്‍ച്ചയാക്കി. ഉടനെ കുറുക്കന്‍ ചെന്ന്‌ ആ ബാലനെ നോക്കി ഇപ്രകാരം പറയുവാന്‍ തുടങ്ങി.

കുറുക്കന്‍ പറഞ്ഞു: കഴു പറഞ്ഞതുകേട്ട്‌ പാവങ്ങള്‍ ഈ പൊന്നുമകനെ ഉപേക്ഷിച്ചു പോകുന്നു. പൊന്‍വാളം തട്ടി നീട്ടിയ പോലെയുള്ള പൊന്നുമോന്‍! പൊന്‍കോപ്പണിഞ്ഞു കിടക്കുമ്പോള്‍ കിടന്നു തിളങ്ങുന്നു. പിതൃപിണ്ഡദനായ ഈ കുലദീപത്തെ ഈ കഴു പറഞ്ഞതു കേട്ട് ആരെങ്കിലും ഉപേക്ഷിച്ചു പോകുമോ? സ്നേഹത്തിന്നു വല്ല അറുതിയുമുണ്ടോ? വിലാപ ദുരിതത്തിന്നും വല്ല അറുതിയുമുണ്ടോ? മരിച്ച ഈ കൂട്ടിയെ വിട്ടു പോയാല്‍ നിങ്ങള്‍ തീര്‍ച്ചയായും വ്യസനത്തിന്നു പാത്രമാകും. പണ്ട്‌ ധര്‍മ്മനിഷ്ഠനായ ശ്രീരാമന്റെ കൈകൊണ്ട്‌ ശംബുകന്‍ എന്ന ശൂദ്രന്‍ (തപസ്വി) വധിക്കപ്പെട്ടപ്പോള്‍ ഒരു ബ്രാഹ്മണന്റെ മൃതനായ പുത്രന്‍ ജീവിച്ചു എന്നു കേട്ടിട്ടുണ്ട്‌. അപ്രകാരം തന്നെ ശ്വേതരാജര്‍ഷിയുടെ പുത്രന്‍ മരിച്ചിട്ട്‌, ധര്‍മ്മിഷ്ഠനായ ശ്വേതന്റെ ശക്തി കൊണ്ടു ജീവിച്ചു എന്നു കേട്ടിട്ടുണ്ട്‌. അങ്ങനെ ഒരു സിദ്ധനോ, മുനിയോ, ദേവനോ കനിഞ്ഞിട്ട്‌ നിങ്ങളുടെ ഈ മരിച്ചു കിടക്കുന്ന പുത്രന്‍ ജീവിച്ചു എന്നും വന്നുകൂടേ? നിങ്ങളുടെ സങ്കടത്തില്‍ അവരിലാരെങ്കിലും കനിഞ്ഞാല്‍ കാര്യം ശുഭമായിക്കൂടേ? ഇപ്രകാരം കുറുക്കന്‍ പറഞ്ഞതു കേട്ട്‌, പോകാനൊരുങ്ങിയ അവര്‍ വീണ്ടും തിരിച്ചു വന്ന്‌ കുട്ടിയെ എടുത്തു മടിയില്‍ കുട്ടിയുടെ തലവെച്ച്‌ ആ ശ്മശാനത്തിലിരുന്ന്‌ എല്ലാവരും വിലപിക്കുവാന്‍ തുടങ്ങി. അവര്‍ കരച്ചില്‍ തുടങ്ങിയപ്പോള്‍ കഴുകന്‍ അവരോട്‌ വീണ്ടും പറഞ്ഞു.

കഴുകന്‍ പറഞ്ഞു  കണ്ണുനീരില്‍ നനഞ്ഞുകിടക്കുന്ന ഈ കുട്ടി, കൈകൊണ്ട്‌ തഴുകലേറ്റ ഈ കുട്ടി, യമധര്‍മ്മ രാജാവിന്റെ പ്രയോഗത്താല്‍ ദീര്‍ഘനിദ്രയില്‍ പ്രവേശിച്ചിരിക്കുന്നു. തപസ്വികളും ബുദ്ധിമാന്മാരും ധനവാന്മാരും എല്ലാവരും യമധര്‍മ്മ രാജാവിന്റെ പട്ടണത്തില്‍ എത്തും. അത്‌ പ്രേതങ്ങളുടെ പട്ടണമാണ്‌. ആയിരമായിരം ബാലന്മാരെയും വൃദ്ധന്മാരെയും നിത്യവും കൈവെടിഞ്ഞ്‌, ബന്ധുജനങ്ങള്‍ രാവും പകലും ഇപ്രകാരം ദുഃഖിച്ചു നില്ക്കുന്നു. ശോകത്തെ താങ്ങുവാന്‍ നിങ്ങള്‍ ശക്തരാവുക. വിശ്വാസക്കുറവ്‌ തോന്നുകയാണോ? ഇവന്ന്‌ ജീവന്‍ വീണ്ടും കിട്ടുമെന്നാണോ വിചാരിക്കുന്നത്‌? ചത്ത്‌ ശരീരം വെടിഞ്ഞവന്ന്‌ പിന്നെ ആ ദേഹത്തില്‍ വിണ്ടും വന്നു കൂടുവാന്‍ കഴിയുകയില്ല. ഇവിടെ നൂറു കുറുക്കന്മാര്‍ വന്ന്‌ മൂര്‍ത്തി നല്കിയാലും അതൊക്കുന്ന കാര്യമല്ല. നൂറ്റാണ്ടു കാലം ശ്രമിച്ചാലും സാദ്ധ്യമല്ല. പിന്നെ രുദ്രനോ, സ്‌കന്ദനോ, (ബ്രഹ്മാവോ, വിഷ്ണുവോ ഇവന്ന്‌ വരം നല്കുകയാണെങ്കില്‍ ഈ ശിശു ജീവിക്കുന്നതാണ്‌. അല്ലാതെ കണ്ണുനീര്‍ വാര്‍ത്തതുകൊണ്ടോ, നെടുവീര്‍പ്പുകൊണ്ടോ, വിലാപംകൊണ്ടോ ഇവന്റെ ജീവിതം മടക്കിക്കിട്ടുവാന്‍ പോകുന്നില്ല. ഞാനൊരു കുറുക്കനാണ്‌, നിങ്ങളോ അവന്റെ ബന്ധുജനങ്ങളാണ്‌. ധര്‍മ്മാധര്‍മ്മങ്ങളെ ധരിച്ച്‌ യഥാന്യായം മാര്‍ഗ്ഗത്തില്‍ നില്ക്കുന്നു.

അപ്രിയം, പരുഷം, പരദ്രോഹം. പരാംഗന, അധര്‍മ്മം, അനൃതം ഇവയൊക്കെ ബോധമുളളവന്‍ ദൂരെ ഉപേക്ഷിക്കണം. ധര്‍മ്മം, സത്യം, ശ്രുതം, ന്യായം, പ്രാണിദയ, അശഠത്വം, ആര്‍ജ്ജവം ഇവയെ പരിശ്രമം കൊണ്ട്‌ നേടുവിന്‍. അച്ഛനമ്മമാരെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും ജീവിച്ചിരിക്കുമ്പോള്‍ വേണ്ട പോലെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാതിരിക്കുന്നതാണ്‌ ധര്‍മ്മദോഷം. ഈ ബാലനാണെങ്കില്‍ മൃതനാണ്‌. അവന്ന്‌ കണ്ണു കാണുകയില്ല, ചെവി കേള്‍ക്കുകയില്ല. അങ്ങനെയുളളവന്റെ പേരില്‍, ചത്തു കിടക്കുന്നവന്റെ പേരില്‍, കരഞ്ഞിട്ട് എന്തു കിട്ടാനാണ്‌? കഴുകന്‍ പറഞ്ഞത്‌ ശ്രദ്ധയോടെ കേട്ട അവര്‍ സങ്കടത്തോടെ ആ കുട്ടിയ ശ്മശാനത്തില്‍ കിടത്തി. പുത്രസ്‌നേഹം കൊണ്ട്‌ ഉരുകുന്ന ഹൃദയത്തോടെ അവര്‍ വീട്ടിലേക്കു തിരിച്ചു.

കുറുക്കന്‍ പറഞ്ഞു: കഷ്ടം! മര്‍ത്ത്യന്റെ (മരണമുള്ളവന്റെ) ഈ ജീവിതലോകം ഭയങ്കരം തന്നെ! ഇവിടെ ഒരു ജിവിക്കും രക്ഷയില്ല. എല്ലാ ജീവികളുടെയും ജീവിതം ഹ്രസ്വമാണ്‌. ഇഷ്ടബന്ധുക്കളൊക്കെ എല്ലായ്‌പോഴും വിട്ടുപിരിയുന്നു. വളരെ അപ്രിയങ്ങള്‍ ഉണ്ടാക്കുന്നതും, അസതൃവും, അതിവാദവും, പ്രിയംവദവുമായി അത്‌ നീങ്ങുന്നു. ദുഃഖശോകവിവര്‍ദ്ധനമാണ്‌ മര്‍ത്ത്യജീവിതം. എനിക്ക്‌ ഈ മര്‍ത്തൃഭാവം ഒട്ടും രുചിക്കുന്നില്ല. അമ്പോ! ഈ ക്ഷുദ്രനായ, കെട്ട കഴുകന്റെ വാക്കു കേട്ട്‌ ബുദ്ധികെട്ടവരുടെ മട്ടില്‍ സ്നേഹം വെടിഞ്ഞ്‌ കുട്ടിയേയും ചുടുകാട്ടില്‍ കിടത്തി നിങ്ങള്‍ പോകുവാന്‍ തുനിഞ്ഞല്ലോ? മര്‍ത്ത്യരേ, പുത്രശോകോദ്ദീപ്തരായ നിങ്ങള്‍ ഉടനെ മടങ്ങുവിന്‍, അകൃതാത്മാവും, പാപിയുമായ ഈ കഴു പറഞ്ഞതു കേള്‍ക്കുകയാണ്‌ നിങ്ങള്‍. നല്ലപോലെ ചിന്തിക്കുവിന്‍. ഞാന്‍ ഒരു കാര്യം പറയട്ടെ! സുഖത്തിന്നപ്പുറം ദുഃഖമുണ്ടാകും. ദുഃഖത്തിന്നപ്പുറം സുഖമുണ്ടാകും. സുഖദുഃഖസമ്മിശ്രമായ ലോകത്തില്‍ ഒന്നും സ്ഥിരമല്ല. നിങ്ങള്‍ ഈ അഴകേറിയ കുട്ടിയെ വെടിഞ്ഞ്‌ പോകുന്നു. മൂഢരേ, നിങ്ങളുടെ വംശസമ്പത്തല്ലേ ഈ ബാലന്‍? അവനെ ഇങ്ങനെ വെടിഞ്ഞു പോകാമോ? രൂപയൗവനങ്ങളോടെ, ശ്രീയോടെ വിലസുന്നതായും ഉള്ളു കൊണ്ട്‌ ജീവിക്കുന്നതായും, ഇവനെക്കണ്ടാല്‍ തോന്നുന്നില്ലേ? എനിക്ക്‌ യാതൊരു സംശയവുമില്ല. ഇവന്‍ ഇപ്പോള്‍ കണ്ണുതുറന്ന്‌ നിങ്ങളെ നോക്കും. ഇവന്‍ നശിക്കുകയില്ല മര്‍ത്ത്യരേ, എല്ലാം ശുഭമാകും. പുത്രശോകതപ്തരായ നിങ്ങള്‍ക്കും മൃതിയുണ്ടെന്നോര്‍ക്കൂ. അതുകൊണ്ട്‌ നിങ്ങള്‍ ഇവിടെയിരുന്ന്‌ അവന്റെ ജീവന്‍ മടങ്ങിവരുമെന്നു ചിന്തിച്ച്‌ ഭയം കൂടാതെ ഇരിക്കുവിന്‍. നിങ്ങള്‍ ഇവനെ വിട്ടുപോകുന്നത്‌ വിഡ്ഡിത്തമാണ്‌. മന്ദരെപ്പോലെ പോകരുത്‌.

ഭീഷ്ണന്‍ പറഞ്ഞു: ഇപ്രകാരം ധര്‍മ്മവിരോധമായി വെറുതെ പ്രിയംപറഞ്ഞ്‌, എപ്പോഴും ശ്മശാനത്തില്‍ത്തന്നെ വസിക്കുന്നവനായ കുറുക്കന്‍, തന്‍കാര്യം നേടുന്നതിന്നുവേണ്ടി രാത്രിയെ പ്രതീക്ഷിച്ച്‌ ഇരിപ്പായി. അവന്‍ അമൃതൊക്കുന്ന വാക്കു കൊണ്ട്‌ ആ ബന്ധുജനങ്ങളെ കയറില്ലാതെ അവിടെ കെട്ടിയിട്ടു. അവന്‍ ആ ശ്മശാനത്തില്‍ നിന്നു.

കഴുകന്‍ പറഞ്ഞു അല്ലയോ മര്‍ത്ത്യരേ, ഈ ശ്മശാനം ഭയങ്കരമാണ്‌. പ്രേതങ്ങള്‍ ചിന്നിക്കിടക്കുന്ന സ്ഥലമാണ്‌. യക്ഷരാക്ഷസന്മാര്‍ രാത്രിയില്‍ കൂത്താടുന്ന ഇടമാണ്‌. കാട്ടുജന്തുക്കള്‍ വിഹരിക്കുന്ന ഇടമാണ്‌. അശുഭന്മാരായ കൂമന്മാര്‍ കൂടുന്ന ഇടമാണ്‌. ഭയജനകവും ഘോരവുമായ ഇടമാണ്‌. കാളമേഘം പോലെ കറുത്ത ഇരുട്ടു കൂടുന്ന ഇടമാണ്‌. ഇവിടെ നിങ്ങള്‍ നില്ക്കരുത്‌. ശവത്തിനെ ഉപേക്ഷിച്ച്‌, കുട്ടിയുടെ പ്രേതകാര്യങ്ങള്‍ നോക്കുവാന്‍ മടങ്ങിപ്പോകുവിന്‍. സൂര്യന്‍ അസ്തമിക്കുന്നതിന്നു മുമ്പ്‌ ഇവനെ വിടുക. വെളിച്ചം മങ്ങുന്നതിന്നു മുമ്പ്‌ വീട്ടിലെത്തുക. വീട്ടില്‍ എത്തിയതിന്നു ശേഷം കുട്ടിയുടെ ആത്മാവിന് വേണ്ട ക്രിയകള്‍ ചെയ്യുക. പരുന്തുകള്‍ ഉഗ്രമായി ശബ്ദിക്കുന്നതു കേള്‍ക്കുന്നില്ലേ? കുറുക്കന്മാര്‍ കൂട്ടംകൂടി ഓരിയിടുന്നതു കേള്‍ക്കുന്നില്ലേ? മൃഗ്രേന്ദന്മാര്‍ അലറുന്നു, ആഹ്ലാദിക്കുന്നു, തിമര്‍ക്കുന്നു! സൂര്യന്‍ ഇതാ അസ്തമിക്കുന്നു. നീലനിറമുള്ള ചിതാധൂമങ്ങള്‍ വൃക്ഷങ്ങളെ മറയ്ക്കുന്നു. ശ്മശാനത്തില്‍ പട്ടിണിയിട്ട ദേവതകള്‍ ആഹ്ലാദിച്ചാര്‍ക്കുന്നു.

ഈ ഘോരമായ ശ്മശാനദേശത്തുള്ളവയൊക്കെ വികൃതാകാരരാണ്‌. മാംസം തിന്നുന്ന ആ വികൃത ജീവികളെല്ലാം നിങ്ങളെ ആക്രമിക്കും. ഈ വനവിഭാഗം ക്രൂരമാണ്‌. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ആപത്ത്‌ വന്നു കൂടും. ഈ മരമുട്ടി പോലെ കിടക്കുന്ന ശവത്തെ വിട്ട്‌ നിങ്ങള്‍ ഉടനെ സ്ഥലം വിടൂ. കുറുക്കന്റെ വാക്ക്‌ നിങ്ങള്‍ വിശ്വസിക്കരുത്‌. വെറുതെ നിങ്ങള്‍ കുറുക്കന്‍ പറഞ്ഞ നിഷ്ഫലവും പൊളിയുമായ വാക്കുകള്‍ കേള്‍ക്കുകയാണെങ്കില്‍, വിജ്ഞാനം കെട്ട നിങ്ങള്‍ എല്ലാവരും ഈ ചുടുകാട്ടില്‍ ദുഷ്ടജന്തുക്കള്‍ക്ക്‌ ഇരയാകും. എല്ലാറ്റിന്റേയും കഥ ഇപ്പോള്‍ അവസാനിക്കും.

കുറുക്കന്‍ പറഞ്ഞു; അല്ലയോ മര്‍ത്ത്യരേ! നിങ്ങള്‍ ഭയപ്പെടരുത്‌. നിങ്ങള്‍ നിൽക്കുവിന്‍! സൂര്യന്‍ ഉദിച്ചു വരുന്നതു വരെ നിങ്ങള്‍ ഇവിടെ നില്ക്കുവിന്‍. അതുവരെ നിങ്ങള്‍ സുത സ്നേഹം വിടരുത്‌. വെറുപ്പു കൂടാതെ നില്ക്കുക. നിങ്ങള്‍ ഇവന്‍ ജീവിക്കുമെന്നു വിശ്വസിച്ച്‌ ആശയോടെ പ്രാര്‍ത്ഥിച്ചു കരഞ്ഞ്‌, സ്നേഹത്തോടെ നോക്കി നില്ക്കുവിന്‍. സൂര്യന്‍ ഉദിച്ചിട്ടു പോകാം. ഈ കഴുവിന്റെ വാക്കുകേട്ട്‌ നിങ്ങള്‍ പരിഭ്രമിക്കേണ്ടാ. ഈ കഴുകന്റെ തീവ്രമായ ചൊല്ലുകേട്ട്‌ നിങ്ങള്‍ മടങ്ങിപ്പോയാല്‍ നിങ്ങള്‍ക്കു പുത്രനെ നഷ്ടപ്പെടും. അത്‌ ധരിച്ചുകൊള്ളുക.

അസ്തമിച്ച്‌ എല്ലാം കഴിഞ്ഞു എന്നു കഴുകനും, ഇല്ല! കഴി ഞ്ഞിട്ടില്ല! എന്നു കുറുക്കനും പറഞ്ഞു. ചത്ത കുട്ടിയുടെ ബന്ധുജനങ്ങളോട്‌ ആ രണ്ടുപേരും വിപരീതമായി പറഞ്ഞിളക്കി. രണ്ടു പേരും ശ്മശാനവാസികളാണ്‌. രണ്ടുപേരും വിശന്നിരിക്കുന്നവരാണ്‌. രണ്ടുപേരും തന്‍കാര്യം നേടുന്നതില്‍ ആസക്തരാണ്‌. രണ്ടുപേരും വിശപ്പും ദാഹവുംകൊണ്ട്‌ ഉഴന്നവരാണ്‌. രണ്ടുപേരും ശാസ്ത്രം അനുസരിച്ചാണ്‌ വാദിക്കുന്നതും.

കഴുകന്റെ വാക്കുകേട്ടു പോകാനൊരുങ്ങുകയും, കുറുക്കന്റെ അമൃതൊക്കുന്ന വാക്കുകേട്ടു നില്ക്കുകയും, ഇങ്ങനെ അവരുടെ മനസ്സ്‌ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടുനിന്നു. തന്‍കാര്യം നേടുന്നതില്‍ സമര്‍ത്ഥനായ കുറുക്കന്‍ അവരെയെല്ലാം ശ്മശാനത്തില്‍ നിറുത്തി രാത്രിയാകുമ്പോള്‍ ശാപ്പിടാമെന്നു ചിന്തിച്ച്‌ അവരെ വാക്കുകൊണ്ടു സംഭ്രമിപ്പിച്ചു നിന്നു. രണ്ടു പേരും വിജ്ഞാനപണ്ഡിതന്മാരാണ്‌. അവര്‍ അങ്ങനെ വാദിച്ചു നില്ക്കുമ്പോള്‍, ബന്ധുജനങ്ങള്‍ കുട്ടിയെ കാത്തു നില്ക്കുമ്പോള്‍, മഹേശ്വരന്‍ ശ്രീപാര്‍വ്വതി പറയുക മൂലം അവിടേക്ക്‌ എഴുന്നളളി. ഭഗവാന്‍ അവരെ അലിവോടെ നോക്കി. ആ മര്‍ത്ത്യരോടു ഭഗവാന്‍ പറഞ്ഞു:  മര്‍ത്ത്യരേ, ഞാന്‍ നിങ്ങളില്‍ കനിയുന്നു. നിങ്ങള്‍ക്കു ഞാന്‍ വരം തരുന്നതാണ്‌. എന്തു വേണമെന്നു പറയുവിന്‍!

അവര്‍ ഭഗവാന്റെ മുമ്പില്‍ കുമ്പിട്ടു നിന്നു തൊഴുത്‌ ഉണര്‍ത്തിച്ചു.  ദേവാ! ഞങ്ങള്‍ക്കുള്ള ഈ ഒറ്റ മകന്‍ നഷ്ടപ്പെട്ടു. ഞങ്ങളെല്ലാം ജീവിതാര്‍ത്ഥികളാണ്‌! പുത്രന്റെ ജീവന്‍ മടക്കിത്തന്ന്‌ ഈയുളളവര്‍ക്കു ജീവന്‍ നല്കേണമേ!

അവര്‍ ഇപ്രകാരം പറയുന്നതു കേട്ടപ്പോള്‍ ഭഗവാന്റെ കണ്ണില്‍ കണ്ണുനീരുയര്‍ന്നു. നിറഞ്ഞ കണ്ണുകൊണ്ട്‌ ബാലനെ നോക്കി.  അപ്രകാരമാകട്ടെ! ഇവന്‍ നൂറുവര്‍ഷം ജീവിക്കും എന്നു പറഞ്ഞു.

സര്‍വ്വജീവികളോടും കരുണയുള്ളവനായ ഭഗവാന്‍ കുറുക്കനും കഴുകനും വിശപ്പു മാറുവാന്‍ വേണ്ട വരവും നല്കി.

അവര്‍ ദേവനെ കൈകുപ്പി. വളരെ സന്തോഷത്തോടു കൂടി കൃതാര്‍ത്ഥരായി ഗൃഹത്തിലേക്കു പുറപ്പെട്ടു. ഏറെക്കാലത്തെ അനിര്‍വ്വേദവും, ദൃഢമായ നിശ്ചയവും, ഈശ്വരപ്രസാദവും ഉണ്ടെങ്കില്‍ കാര്യത്തിന്റെ ഫലം ഉടനെ സിദ്ധിക്കും. ഹേ യുധി ഷ്ഠിരാ, ദൈവയോഗം നീ കാണുക! ബന്ധുജനങ്ങളുടെ ഉറപ്പും നീ കാണുക. കഠിന ദുഃഖത്താല്‍ കരയുന്ന അവരുടെ കണ്ണുനീര്‍ ശ്രീശങ്കരന്‍ തന്നെ പ്രത്യക്ഷനായി വന്നു തുടച്ചത്‌ നീ ചിന്തിക്കു ക. അല്പകാലം കൊണ്ട്‌, അവരുടെ നിശ്ചയാന്വേഷണങ്ങള്‍ കൊ ണ്ട്‌, ഈശ്വരന്‍ പ്രസാദിച്ചു. ദുഃഖിതരായ അവര്‍ സുഖിക്കുകയും ചെയ്തു. അവര്‍ വിസ്മയിച്ചു. അവര്‍ ഹര്‍ഷിച്ചു. അവരുടെ മൃതനായ പുത്രനാണു ജീവിച്ചിരിക്കുന്നത്‌! അവര്‍ ഗൗരീകാന്തന്റെ പ്രസാദം കൊണ്ട്‌ ഹേ ഭരതര്‍ഷഭാ, കാര്യം നേടിയവരായി.

അവര്‍ പിന്നെ ആ ബാലനേയും കൊണ്ടു ദുഃഖം വെടിഞ്ഞ്‌ സന്തോഷത്തോടെ പുരത്തില്‍ പ്രവേശിച്ചു. ഈ ജീവിതക്രമം നാലു വര്‍ണ്ണത്തിന്നു വേണ്ടി നിര്‍ദ്ദേശിച്ചതാണ്‌. ധര്‍മ്മാര്‍ത്ഥബോധമുള്ളവര്‍ ഈ ചരിത്രം ശ്രവിക്കേണ്ടതാണ്‌. കേട്ടാല്‍ മനുഷ്യര്‍ ഇഹത്തിലും പരത്തിലും സുഖിക്കുന്നതാണ്‌.

അദ്ധ്യായം 154. പവനശാല്മലീസംവാദം (കാറ്റിന്റെയും പൂളയുടെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ഞാന്‍ ഒരു കാരൃം ചോദിക്കുന്നു. നിത്യവും ബലവാനായ ഒരു ശത്രു അടുത്തുണ്ടെങ്കില്‍, അവന്‍ സ്നേഹിച്ചാല്‍ ഗുണവും, ഇടഞ്ഞാൽ ദോഷവും ചെയ്യുവാന്‍ ശക്തനാണെങ്കില്‍, അവനെ വെറുതെ പൊങ്ങച്ചക്കാരനായ മറ്റൊരുത്തന്‍, നിസ്സാരനും ദുര്‍ബ്ബലനുമായ ഒരുവന്‍, അനാവശ്യം പറഞ്ഞു ദ്രോഹിച്ചാല്‍ പിന്നെ അവന്‍ ആത്മബലം കൊണ്ട്‌ എങ്ങനെ പെരുമാറണം? അവന്‍ ക്രോധിച്ച്‌ ഏല്ക്കുകയാണെങ്കില്‍ ശക്തനായ അവനില്‍ നിന്നു ശക്തനായ നരന്‍ എങ്ങനെ രക്ഷപ്പെടും? ശത്രുവിനെ എങ്ങനെ ജയിക്കാന്‍ കഴിയും?

ഭീഷ്മന്‍ പറഞ്ഞു: ഹേ യുധിഷ്ഠിരാ, ഇതിന്നുദാഹരണമായി ഞാന്‍ ഒരു പഴങ്കഥ പറയാം. ഈ കഥ പണ്ടേ നടപ്പുള്ളതാണ്‌. ഇലവും കാറ്റും തമ്മിലുളള സംവാദമാണ്‌ കഥാവിഷയം. പണ്ട്‌ ഹിമാലയത്തില്‍ വലിയ ഒരു മരമുണ്ടായിരുന്നു. ഇലവും കൊമ്പും കവരവും വളര്‍ന്നുവാച്ച്‌ അനേകം നൂറ്റാണ്ടുകാലമായി അതു നില്ക്കുന്നു. വെയില്‍കൊണ്ടു തളര്‍ന്നു മദിച്ച ആനകളും മറ്റു മൃഗങ്ങളും അതിന്റെ ചുവട്ടില്‍ വിരമിച്ചിരുന്നു. നാനൂറു കോല്‍ ചുറ്റളവില്‍ നിഴല്‍ പരത്തുന്ന ആ മഹാവൃക്ഷത്തില്‍ പൂത്തുകായ്ച്ചു നില്ക്കുന്ന സമയത്ത്‌ അനേകം തത്തകളും മറ്റു പക്ഷികളും ചേക്കണഞ്ഞിരുന്നു. സഞ്ചാരികളായ വണിക്കുകളും, മറ്റു വഴിയാത്രക്കാരും, മുനികളും അവിടെ ഇടയ്ക്കിടയ്ക്ക്‌ യാത്രാമദ്ധ്യേ അതിന്റെ ചുവട്ടില്‍ വിശ്രമിക്കാറുണ്ട്‌. അതിന്റെ വലിയ കൊമ്പുകളും കവരങ്ങളും കണ്ട്‌ നാരദമഹര്‍ഷി ഒരു ദിവസം അതിനോടു പറഞ്ഞു.

നാരദന്‍ പറഞ്ഞു: അമ്പോ! നീ രമണീയന്‍ തന്നെ! യോഗ്യന്‍ തന്നെ! മനോഹരനാണ്‌ നീ. ഹേ ശാല്മലീവ്യക്ഷമേ, നിന്നെക്കണ്ടു ഞങ്ങള്‍ സന്തോഷിക്കുന്നു. എന്നും അനേകം പക്ഷികളും മൃഗങ്ങളും, ഗജങ്ങളും സന്തോഷത്തോടും കൗതുകത്തോടും കൂടി അല്ലയോ മനോഹര വ്യക്ഷമേ, നിന്നെ ആശ്രയിച്ച്‌ നിന്നില്‍ പാര്‍ക്കുന്നു. നീ മഹാനുഭാവന്‍ തന്നെ, നിന്റെ കൊമ്പും ചില്ലയും വലിയ സ്കന്ധങ്ങളും കാറ്റേറ്റിട്ടും ഒടിഞ്ഞതായി കാണുന്നില്ല. നീ മനോഹരനായിത്തന്നെ നില്ക്കുന്നു! അല്ലയോ താതാ, കാറ്റു നിന്നില്‍ പ്രീതിമാനാണോ? അതോ നിന്റെ തോഴനാണോ? നിന്നെ ഈ കാട്ടില്‍ കാറ്റ്‌ എപ്പോഴും സംരക്ഷിക്കുന്നു. അതില്‍ യതൊരു സംശയവുമില്ല. വേഗം കൂടിയവനായ വായു ഭഗവാന്‍ ഗിരിശ്യംഗങ്ങളേയും നാനാവൃക്ഷങ്ങളേയും നിന്ന നിലയില്‍ നിന്ന്‌ ഉലയ്ക്കാറുണ്ട്‌. കാറ്റു കഠിനമായി ഈതിയാല്‍ പാതാളവും, പുഴയും, സമുദ്രവും കൂടെ അവന്‍ വറ്റിക്കും. അങ്ങനെയുള്ള വായു നിന്നെ സംരക്ഷിക്കുന്നുണ്ട്‌. അതില്‍ സംശയമില്ല. നിങ്ങള്‍ക്കു സഖ്യമുണ്ടെന്നുളളത്‌ ഉറപ്പാണ്‌. അതു കൊണ്ടാണ്‌ വളരെ കൊമ്പുകളോടും ഇലകളോടും കൂടി നീ പൂവും കായുമേന്തി ശോഭിക്കുന്നത്‌. ഈ പക്ഷികള്‍ നിന്നില്‍ മോദിച്ച്‌ വസിക്കുന്നതു കാണുമ്പോള്‍ നീ നന്മയുള്ളവനാണെന്ന്‌ ഞാന്‍ കാണുന്നു. നീ പൂത്തുനില്ക്കുന്ന സമയത്ത്‌ നിന്നില്‍ വന്നു ചേരുന്ന പക്ഷികളുടെ മനോഹരമായ ഗാനം നിനക്കു പ്രതിഫലമായി അവ പ്രഭാതത്തില്‍ നല്കുന്നു. അതു സന്തോഷകരം തന്നെ. കൂട്ടം ചേർന്നു ചുറ്റിത്തളര്‍ന്ന ആനകള്‍ ചൂടേറ്റു ചീറ്റിപ്പാഞ്ഞു വരുമ്പോള്‍ നീ അവയ്ക്കു നിഴല്‍ വിരിച്ചു കൊടുക്കുന്നു. അവ സുഖമായി വിശ്രമിക്കുന്നു. അവ സുഖമായി കിടന്നുറങ്ങുന്നു. അല്ലയോ മഹാനായ പുളമരമേ, നീ എത്ര ഉദാരനായി ശോഭിക്കുന്നു. നിന്നെ ആശ്രയിച്ച്‌ എത്രയോ മൃഗപക്ഷിജാലങ്ങള്‍ കഴിഞ്ഞു കൂടുന്നു. എല്ലാം കണ്ട്‌ നീ മേരുപര്‍വ്വതം പോലെ സന്തോഷത്തോടെ ശോഭിക്കുന്നു. തപസ്സിദ്ധരായ ബ്രാഹ്മണരും താപസശ്രവണാഗ്ര്യന്മാരും ചേര്‍ന്നിരിക്കുന്ന നിന്റെ നിഴല്‍വിരിച്ച ഇരിപ്പിടം സ്വര്‍ഗ്ഗതുല്യമായി ഞാന്‍ കാണുന്നു.

അദ്ധ്യായം 155. പവനശാല്മലീസംവാദം (കാറ്റിന്റെയും പൂളയുടെയും കഥ തുടരുന്നു) - നാരദന്‍ പറഞ്ഞു: എടോ ഇലവേ, നീ വായുവുമായി ചാര്‍ച്ചയോ വേഴ്ചയോ ഉളളവനാണ്‌. അതില്‍ എനിക്കു യാതൊരു സംശയവുമില്ല. അല്ലെങ്കില്‍ ഭീമനും സര്‍വ്വഗനുമായ വായു നിന്നെ കാക്കുമോ? നീ വായുവിന്നു വിധേയനായി നില്ക്കുകയാണ്‌. കാറ്റു നിന്റെ സുഹൃത്താകയാല്‍ അവന്‍ നിന്നെ എപ്പോഴും കാത്തു രക്ഷിച്ചു പോരുന്നു. ഇപ്രകാരം ഒരു വൃക്ഷത്തേയും ഞാന്‍ കാണുന്നില്ല. ഒരു കുന്നിനേയും ഒരു സൗധത്തേയും കാറ്റു സംരക്ഷിക്കുന്നതായി ഞാന്‍ കാണുന്നില്ല. ശക്തനായ കാറ്റ്‌ അടിച്ചുടയ്ക്കാത്തതായി ഒന്നിനേയും ഞാന്‍ കാണുന്നില്ല. നിന്നെ കാറ്റ്‌ കാത്തു രക്ഷിക്കുന്നതു കൊണ്ടാണ്‌ നീ പരിവാരത്തോടു കൂടി സുരക്ഷിതമായി നില്ക്കുന്നത്‌. അതില്‍ സംശയിക്കാന്‍ വഴിയില്ല.

ശാല്മലി പറഞ്ഞു: അല്ലയോ ബ്രഹ്മന്‍, കാറ്റ്‌ എന്റെ ഇഷ്ടനല്ല, സുഹൃത്തല്ല, ബന്ധുവുമല്ല, ബ്രഹ്മാവുമല്ല എന്നെ കാത്തു രക്ഷിക്കുവാന്‍. വായുവേക്കാള്‍ എന്റെ തേജോബലം ഭീമമാണ്‌ നാരദാ! ശക്തിയില്‍ എന്റെ പതിനെട്ടില്‍ ഒരു ഭാഗത്തിന്നില്ല വായു. അവന്‍ എത്ര രൂക്ഷനായി വന്നാലും എനിക്ക്‌ അതൊന്നും അത്ര സാരമായി തോന്നുന്നില്ല. ഞാന്‍ അവനെ തടഞ്ഞു നിര്‍ത്തും. മരങ്ങളും കുന്നുകളും മറ്റും ഉടയ്ക്കുന്നവനാണു താനെന്ന്‌ ഒരു ഹുങ്ക്‌; അവന്നുണ്ടായിരിക്കാം. അത്‌ എന്നോടു നടക്കുകയില്ല. ആ പ്രഭഞ്ജനന്‍ ഇടഞ്ഞു വന്നാലും മഹര്‍ഷേ, ഞാന്‍ ഭയപ്പെടുകയില്ല.

നാരദന്‍ പറഞ്ഞു: എടോ പൂളേ, നിന്റെ കാഴ്ച തെറ്റിപ്പോകുന്നു. അതില്‍ യാതൊരു സംശയവുമില്ല. ബലത്തില്‍ വായുവിന്നു തുല്യമായി യാതൊരു വസ്തുവുമില്ല. ഇന്ദ്രന്‍, യമന്‍, വൈശ്രവണന്‍, ജലനാഥനായ വരുണന്‍ ഇവരാരും തന്നെ വായുവിനോളം ശക്തരല്ല! പിന്നെ വനസ്പതിയായ ഇലവേ, നിന്റെ കഥ പറയുവാനുണ്ടോ? എടോ പൂളേ, ഈ ലോകത്തില്‍ പ്രാണികള്‍ ചേഷ്ടിക്കുന്നതൊക്കെ ഭഗവാനായ വായുവിന്റെ ചേഷ്ടാബലം കൊണ്ടാണ്‌. അവന്‍ പ്രാണന്‍ നല്‍കുന്ന വിഭുവാണെന്ന്‌ നീ അറിയുന്നുണ്ടോ? നന്മയോടെ പെരുമാറുമ്പോള്‍ പ്രാണികളില്‍ അവന്‍ നന്മയോടെ ചേഷ്ടിപ്പിക്കുന്നു. നന്മയിലല്ലെങ്കിലോ വികൃതമായി മര്‍ത്ത്യരെ ചേഷ്ടിപ്പിക്കുന്നു. ഇപ്രകാരം സര്‍വ്വസത്വശ്രേഷ്ഠനായ വായുവിനെ, ആ പുജ്യനെ, ഭവാന്‍ പുജിക്കുന്നില്ലെങ്കില്‍ അതില്‍പ്പരം വിവരക്കേടു പറയുവാനുണ്ടോ! നിസ്സാരനും ദൂര്‍മ്മതിയുമായ ഭവാന്‍ വായില്‍ത്തോന്നിയത്‌ പറയുന്നു. ക്രോധാദിദോഷങ്ങള്‍ ബാധിച്ചവനായ നീ വെറുംവാക്കുകള്‍ ഓരോന്ന്‌ പറയുകയാണ്‌. നീ ഇങ്ങനെ വെറും വാചകങ്ങള്‍ അടിക്കുന്നതു കേള്‍ക്കുമ്പോള്‍ എനിക്കു കോപം വരികയാണ്‌. ഞാന്‍ ഇപ്പോള്‍ പോയി വായുവിനോട്‌ നിന്റെ ദുര്‍ഭാഷിതങ്ങളൊക്കെ പറയും. ചന്ദനം, സൃന്ദനം (തൊടുകാര) താലം (കരിമ്പന), സരളം (ചരളം) ദേവതാരം, വേതസം, ധമ്പനം ഇവയൊക്കെ നല്ലു ബലമുള്ള വൃക്ഷങ്ങളാണ്‌. അവ ദുര്‍മ്മതിയായ പൂളേ, നിന്നെക്കാള്‍ കാതലുളളവയാണ്‌. അവയൊന്നും വായുവിനെ ആക്ഷേപിക്കുന്നില്ല. അവയ്ക്കറിയാം കാറ്റിന്റെ ബലം. തങ്ങളുടെ ബലവും അവയ്ക്കറിയാം. അതുകൊണ്ട്‌ അവ കാറ്റിനെ തലകുനിച്ചു നമസ്കരിക്കുന്നു. അനന്തമായ വായുബലത്തെ വിഡ്ഡി യായ ഇലവേ, നീ അറിയുന്നില്ല. ഞാന്‍ പോകട്ടെ! വായുവിന്റെ അടുത്തുചെന്ന്‌ നിന്റെ വാക്കുകള്‍ ഞാന്‍ വായുവിനെക്കണ്ടു പറയട്ടെ! 

അദ്ധ്യായം 156. പവനശാല്മലീസംവാദം (കാറ്റിന്റെയും പൂളയുടെയും കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം ഇലവിനോടു പറഞ്ഞ്‌ ആ ബ്രഹ്മസത്തമന്‍ അവിടെ നിന്നു പോയി. ഇലവു പറഞ്ഞതൊക്കെ നാരദന്‍ വായുവിനോടു പറഞ്ഞു.

നാരദന്‍ പറഞ്ഞു: അല്ലയോ മാരുതാ, ഹിമാലയത്തില്‍ ഒരു ഇലവ്‌ നില്ക്കുന്നുണ്ട്‌. അവന്‍ വലിയ പരിവാരങ്ങളോടു കൂടിയവനാണ്‌. നല്ലപോലെ വേരുന്നി നല്ലപോലെ തഴച്ചുനില്ക്കുന്ന അവന്‍ നിന്നെ പുച്ഛിച്ചു പറഞ്ഞിരിക്കുന്നു. നിന്നെക്കുറിച്ച്‌ വളരെയധികം അവന്‍ അധിക്ഷേപിച്ച്‌ പറഞ്ഞു. ഞാന്‍ അതൊക്കെ എന്തിന്നു പറയുന്നു? നിന്റെ മുമ്പില്‍ നില്‍ക്കുവാനുള്ള ശക്തി അവന്നില്ലെന്ന്‌ എനിക്കറിയാം. സര്‍വ്വപ്രാണീശനായ നിന്നെ ഞാന്‍ ശരിക്കും അറിയുന്നുണ്ട്‌ മാരുതാ! നീ വരിഷ്ഠനാണ്‌. നീ ഗരിഷ്ഠനാണ്‌. നീ കോപിച്ചാല്‍ അന്തകതുല്യനാണ്‌.

നാരദന്‍ പറഞ്ഞ വാക്ക്‌ വായു കേട്ടു. അവന്‍ ഇലവിന്റെ അടുക്കല്‍ച്ചെന്ന്‌ കോപത്തോട പറഞ്ഞു. എടോ പൂളേ, നീ നാരദനോട്‌ എന്തു പറഞ്ഞു? നീ എന്നെ നിന്ദിച്ചു പറഞ്ഞതായി ഞാന്‍ അറിഞ്ഞു. വായുവാണ്‌ ഞാന്‍. നിനക്കു മനസ്സിലായോ? ഞാന്‍ എന്റെ ശക്തി നിനക്കു കാണിച്ചു തരാം. നിനക്ക്‌ എത്രത്തോളം കഴിവുണ്ടെന്നതൊക്കെ എനിക്കറിയാം. എടോ വൃക്ഷമേ, നീ എന്നെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അറിയിച്ചു തരാം. സൃഷ്ടി കാലത്ത്‌ പ്രഭുവായ ബ്രഹ്മാവ്‌ നിന്നില്‍ വിശ്രമിച്ചു. അവന്‍ വിശ്രമിച്ച വൃക്ഷമല്ലേ നീ എന്നോര്‍ത്ത്‌ ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കയായിരുന്നു. അതു കൊണ്ടാണു വിഡ്ഢിയായ പൂളേ, നിന്നെ ഞാന്‍ കാത്തിരുന്നത്‌. നിന്റെ ശക്തിയോര്‍ത്ത്‌ ഭയപ്പെട്ടിട്ടാണെന്നാണോ നീ ധരിച്ചത്‌? എടോ ദുഷ്ടവ്യക്ഷമേ, നീ മറ്റ്‌ പ്രാകൃതന്മാരെപ്പോലെ എന്നെ നിന്ദിക്കുകയാണോ? ഇനിമേല്‍ എന്നെ അവമാനിക്കാനാകാത്ത മട്ടില്‍ ഞാന്‍ എന്നെ നിനക്കു കാണിച്ചു തരാം.

ഭീഷ്മൻ പറഞ്ഞു: വായു ഇപ്രകാരം പറഞ്ഞപ്പോള്‍ ആ ഇലവ്‌ ഒരു പരിഹാസഭാവത്തില്‍ പുഞ്ചിരിയോടെ പറഞ്ഞു: എടോ കാറ്റേ, നീ കോപിച്ചു വന്ന്‌ എന്നോടു നിന്റെ ശൗര്യമൊന്നു കാട്ടൂ. ഞാനൊന്നു കാണട്ടെ നിന്റെ പ്രതാപം! നീ എന്തിന്ന്‌ എന്നോട്‌ കോപിക്കുന്നു! കോപം വിടൂ. നീ ക്രോധിച്ചാല്‍ എനിക്കൊരു ചുക്കും വരാനില്ല. നീ എന്നോട്‌ എന്തു കാട്ടും? എടോ കാറ്റേ, ഞാന്‍ നിന്നെ പേടിക്കുകയില്ല. ആ മോഹം വിട്ടോളൂ! നീ ഒരു പ്രഭുവാണെന്നുളള ഭാവം നിന്നിലുണ്ട്‌! ഞാന്‍ നിന്നെക്കാള്‍ എത്ര ശക്തനാണ്‌! എനിക്ക്‌ നിന്നെ ഭയപ്പെടേണ്ടതായി ഒരു കാര്യവുമില്ല. ശരീരത്തിന്റെ ബലമല്ല ബലം. ബുദ്ധിയുടെ ബലമുളളവരാണു ബലശാലികള്‍. മനസ്സിലായോ! പ്രാണന്നു ബലമുളളവരൊന്നും ബലവാന്മാരല്ല. അതു നിന്റെ തെറ്റായ ധാരണയാണ്‌.

പുളയുടെ ആക്ഷേപവാക്കുകള്‍ കേട്ട്‌ കാറ്റു പറഞ്ഞു നാളെയാകട്ടെ നിന്റെ മേല്‍ എന്റെ തേജസ്സ്‌ ഞാന്‍ കാട്ടിത്തരാം. സൂര്യന്‍ അസ്തമിച്ചു; അന്നത്തെ പകല്‍ കഴിഞ്ഞു.

ഉടനെ ഉള്ളുകൊണ്ട്‌ ഇലവ്‌ വായുവിന്റെ ആക്രമണമുണ്ടാകുമെന്ന്‌ ഉറച്ചു. താന്‍ വായുവിനോട്‌ തുല്യനല്ല എന്നതും (ഗ്രഹിച്ചു. ഇലവു തന്നത്താല്‍ പറഞ്ഞു; ഞാന്‍ നാരദനോട്‌ ഏറ്റുപറഞ്ഞ വാക്ക്‌ പാഴിലാകും. വായുവിനോടു മല്ലടിക്കുവാനുള്ള ശക്തി എനിക്കില്ല. അവന്‍ എന്നെക്കാള്‍ എത്രയോ ബലം കൂടിയ ബലവാനാണ്‌. നാരദന്‍ പറഞ്ഞതു ശരിയാണ്‌. അവന്‍ ബലവാന്‍ തന്നെയാണ്‌. ഞാന്‍ മറ്റ്‌ വൃക്ഷങ്ങളേക്കാള്‍ ബലം കെട്ടവനാണ്‌. കാതലില്ലാത്തവനാണ്‌; അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു കാര്യം, എന്നെപ്പോലെ ബുദ്ധി ഒരു വൃക്ഷത്തിന്നുമില്ല. അതുകൊണ്ട്‌ എന്റെ ബുദ്ധിയെടുത്ത്‌ കാറ്റില്‍ നിന്നുളള ഭയം ഞാന്‍ നീക്കുന്നതാണ്‌. ആ ബുദ്ധിയെടുത്ത്‌ നിന്നാല്‍ കാട്ടിലുള്ള എല്ലാ പ്രാണികള്‍ക്കും ക്രോധിച്ചു വരുന്ന കാറ്റില്‍ നിന്നു രക്ഷപ്പെടാം. ആ വിഡ്ഢികള്‍ക്ക്‌ എന്നെപ്പോലെ ബുദ്ധിയില്ലാത്തതുകൊണ്ട്‌ അവര്‍ അവരെ അറിയുന്നില്ല. കാറ്റ്‌ കോപിച്ചുവരട്ടെ, ഞാനൊന്നു കാണട്ടെ!

അദ്ധ്യായം 157. പവനശാല്മലീസംവാദം (കാറ്റിന്റെയും പൂളയുടെയും കഥ അവസാനം) - ഭീഷ്മൻ പറഞ്ഞു: കാറ്റിനോട്‌ മത്സരിക്കുവാന്‍ തന്നെ ശാല്മലീ വ്യക്ഷം മനസ്സു കൊണ്ട്‌ ഉറപ്പിച്ചു. താന്‍ തന്നെ തന്റെ കൊമ്പുകളും ചില്ലകളും കൊഴിച്ചു കളഞ്ഞു. അവന്‍ കൊമ്പും, പുവും, കായുമെല്ലാം ഉപേക്ഷിച്ച്‌ കാലത്തു കാറ്റിന്റെ വരവു പ്രതീക്ഷിച്ചു മല്ലടിക്കുവാന്‍ തയ്യാറായി നിന്നു. ഉടനെ ഭയങ്കരമായി ചീറ്റി മാമരങ്ങള്‍ പുഴക്കി വീഴ്ത്തിക്കൊണ്ട്‌ കാറ്റ്‌ ആ നീണ്ടുനിവര്‍ന്നു നില്ക്കുന്ന ശാല്മലിയുടെ അടുത്തേക്ക്‌ ആഞ്ഞടിച്ചു കയറി. അവിടെ എത്തിയപ്പോള്‍ കാറ്റു കണ്ടതെന്താണ്‌? വലിയ കൊവുകളും, ചില്ലകളും, പൂവും ഒക്കെ ഉപേക്ഷിച്ചു നില്‍ക്കുന്ന വൃക്ഷത്തെയാണ്‌ കണ്ടത്‌. കാറ്റ്‌ വിസ്മയത്തോടും നല്ല ഒരു രസത്തോടും കൂടി ശാഖാഢ്യനായ ശാല്മലിയോട്‌ പറഞ്ഞു: എടോ പുളേ, നീയെന്താണീച്ചെയ്തത്‌? ഞാനും ക്രോധിച്ചണഞ്ഞാല്‍ ഇതിലപ്പുറം ഒന്നും നിന്നെ ചെയ്യുകയില്ലായിരുന്നു. അതു നീ തന്നത്താന്‍ ചെയ്തു. നീ തനിയെ കഷ്ടപ്പെട്ട് ഇതു ചെയ്തു. നീ നിന്റെ ശാഖകളെയൊക്കെ കൊഴിച്ചു കളഞ്ഞു. നീ പൂവും ശാഖകളും അറ്റവനായി! ഇലയും, കൂമ്പും കൊഴിഞ്ഞവനായി. നീ നിന്റെ ദുര്‍മ്മന്ത്രിതം കാരണം എന്റെ വീരൃത്തിന്നധീനനായി. കാറ്റിന്റെ വാക്കു കേട്ട്‌ ശാല്മലി നാണിച്ചു നിന്നുപോയി. ഉള്ളു തപിച്ചു. അവന്‍ നാരദമഹര്‍ഷി പറഞ്ഞ വാക്കിനെ ഓര്‍ത്തു.

ഇപ്രകാരം അല്ലയോ രാജശാര്‍ദ്ദുലാ, ബലവാനോടു ദൂര്‍ബ്ബലന്‍ വൈരം തുടര്‍ന്നാല്‍ വിഡ്ഡിയായ അവന്‍ ഇലവിന്റെ മാതിരി ദുഃഖിക്കേണ്ടി വരും. അതു കൊണ്ട്‌ ബലിഷ്ഠനോട്‌ ദുര്‍ബലന്‍ ഒരിക്കലും വഴക്കിന്നു പോകരുത്‌. ഇലവിന്റെ കഥ കണ്ടു മനസ്സിലാക്കുക. മഹാന്മാരായ ജനങ്ങള്‍ തങ്ങളെ ദ്രോഹിക്കുന്നവരില്‍ വൈരം കാണിക്കുകയില്ല, വെളിവാക്കുകയില്ല. ദുര്‍ബുദ്ധിയായ മനുഷ്യന്‍ ബുദ്ധിമാനോട്‌ വൈരം കാട്ടരുത്‌. ബുദ്ധിമാന്റെ ബുദ്ധി പുല്‍ക്കൂട്ടത്തില്‍ തീപോലെ, എളുപ്പത്തില്‍ പ്രകാശിക്കും. പുരുഷനില്‍ ബുദ്ധിക്കു തുല്യം മറ്റൊന്നുമില്ല രാജാവേ! അതുപോലെ തന്നെ ബലത്തിന്നു തുല്യം മറ്റൊന്നുമി ല്ല. മന്നവാ! അതുകൊണ്ട്‌ ബാലന്മാരില്‍ ക്ഷമിക്കണം. ജഡന്മാരിലും, അന്ധന്മാരിലും ബധിരന്മാരിലും ക്ഷമിക്കണം. ഈ ചൊല്ലിന്റെ മഹത്ത്വം അല്ലോ അരിനാശനാ! നിന്റെ കാര്യത്തില്‍ത്തന്നെ കണ്ടതല്ലേ? പതിനൊന്നും പിന്നെ ഏഴും അക്ഷൗഹിണി സൈന്യങ്ങള്‍ ചേര്‍ന്നാല്‍പ്പോലും വന്‍പനായ അര്‍ജ്ജുനന്നൊക്കുകയില്ല രാജാവേ. പോരില്‍ ബലവാനായി കയറുന്ന പാകശാസനനന്ദനനായ പാണ്ഡുപുധ്രന്‍, കീര്‍ത്തിമാനായ അര്‍ജ്ജുനന്‍, ശത്രുക്കളെ കൊന്നു മുടിച്ചില്ലേ? ഹേ ഭാരതാ! ഞാന്‍ രാജധര്‍മ്മവും ആപത് ധര്‍മ്മവും വിസ്തരിച്ചു പറഞ്ഞു. ഇനിയെന്താണ്‌ കേള്‍ക്കേണ്ടത്‌? പറയൂ.

അദ്ധ്യായം 158. ആപൻമൂലദോഷകഥനം (പാപം എങ്ങനെയുണ്ടാകുന്നു) - യുധിഷ്ഠിരന്‍ പറഞ്ഞു: പാപത്തിന്ന്‌ എന്താണ്‌ അധിഷ്ഠാനം. എന്തില്‍ നിന്നാണ്‌ പാപം ഉത്ഭവിക്കുന്നത്‌? അല്ലയോ ഭരതര്‍ഷഭാ! ഇതു തത്ത്വമായി കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌. അങ്ങ്‌ അതു വ്യക്തമാക്കി തന്നാലും.

ഭീഷ്മന്‍ പറഞ്ഞു; അല്ലയോ യുധിഷ്ഠിരാ, പാപത്തിന് അധിഷ്ഠാനമെന്താണെന്നു ഞാന്‍ പറയാം. രാജാവേ, കേട്ടാലും! ലോഭം എന്ന ഒന്നു മാത്രമാണ്‌ ഏറ്റവും വലിയ എല്ലാ യോഗ്യതകളേയും നന്മകളേയും നശിപ്പിക്കുന്നത്‌. ലോഭത്തില്‍ നിന്നാണ്‌ പാപം ഉത്ഭവിക്കുന്നത്‌. ലോഭത്തില്‍ നിന്നു പാപവും അധര്‍മ്മവും ഉണ്ടാകുന്നു. രണ്ടും ചേര്‍ന്നു ദുഃഖമുണ്ടാക്കുന്നു. ഈ ലോഭത്തില്‍ നിന്നു തന്നെയാണ്‌ സകല ചതിയും തെമ്മാടിത്തവും ലോകത്തില്‍ ഉണ്ടാകുന്നത്‌. ലോഭത്തില്‍ നിന്നു ക്രോധം ഉണ്ടാകും. ലോഭത്താല്‍ കാമം വര്‍ദ്ധിക്കും. ലോഭത്തില്‍ നിന്നു മോഹവും ഉണ്ടാകുന്നു. മായയും, മാനവും, സ്തംഭവും, മരണവും, അക്ഷാന്തിയും, നാണമില്ലായ്മയും, ഐശ്വര്യനാശവും, ധര്‍മ്മക്ഷയവും, ദ്രോഹേച്ഛയും, ദുഷ്കീര്‍ത്തിയും ഇവയൊക്കെ മോഹത്തില്‍ നിന്നാണുണ്ടാകുന്നത്‌. കൊടുക്കായ്ക, വര്‍ദ്ധിച്ച ആശ, വികര്‍മ്മത്തില്‍ പ്രവൃത്തികള്‍, കുലമദം, വിദ്യാമദം, രൂപമദം, ഐശ്വര്യമദം, സര്‍വ്വഭൂതദ്രോഹം, സര്‍വ്വഭൂതാവമാനം, എല്ലാവരിലും അവിശ്വാസം, എല്ലാറ്റിലും അനാര്‍ജ്ജവം, പരദ്രവ്യാപഹരണം, പരഭാര്യാവിമര്‍ശനം, വാക്കിന്റെ കുത്ത്‌, ഉള്‍ക്കുത്ത്‌, നിന്ദക്കുത്ത്‌, ഉപസ്ഥകുക്ഷിക്കുത്ത്‌, മൃത്യുക്കുത്ത്‌ ഇവയൊക്കെ ഭയങ്കരമാണ്‌. ശക്തിയേറിയ ഈര്‍ഷ്യയാലുള്ള കുത്ത്‌, അതു പോലെ തന്നെ മിഥ്യക്കുത്ത്‌ ഇവയൊക്കെ ദുര്‍ജ്ജയമാണ്‌. രസക്കുത്ത്‌ തടുക്ക വയ്യാത്തതാണ്‌. ശ്രോത്രക്കുത്ത്‌ സഹിക്കവയ്യാത്തതാണ്‌. നിന്ദ, ഡംഭം, മാത്സര്യം, പാനം, ദുഷ്കരകാരിത, ചെയ്യരുതാത്ത എല്ലാ സാഹസക്രിയയും- ഇവയൊക്കെ ലോഭത്തില്‍ നിന്നുണ്ടാകുന്നു. ജീവിതത്തില്‍ മര്‍ത്ത്യര്‍ക്ക്‌ ലോഭത്തെ ഉപേക്ഷിക്കുവാന്‍ കഴിയുകയില്ല; ബാലനായാലും യുവാവായാലും, വൃദ്ധനായാലും സാധിക്കയില്ല. മരിച്ചു ശരീരം നശിച്ചാലും മോഹം നശിക്കുന്നില്ല.

എത്ര നേടിയാലും ലോഭം പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല രാജാവേ! എത്ര ശക്തിയായ ഒഴുക്കുള്ള പുഴകളിലെ വെള്ളം നാനാഭാഗത്തു നിന്നും കടലില്‍ വന്നു ചേര്‍ന്നാലും കടലിന്നുണ്ടോ അതു കൊണ്ട്‌ മതിയാകുന്നു? ലോഭം കൊണ്ട്‌ അതു സന്തോഷിക്കുകയില്ല. കാമത്താല്‍ സംതൃപ്തി നേടുകയും ചെയ്യുന്നില്ല. ദേവന്മാര്‍ക്കോ, ഗന്ധര്‍വ്വന്മാര്‍ക്കോ ദൈത്യന്മാര്‍ക്കോ സര്‍പ്പഗണങ്ങള്‍ക്കോ ഇതിന്റെ നിജമായസ്ഥിതി അറി യുവാന്‍ സാദ്ധ്യമല്ല രാജാവേ!

ഇങ്ങനെയുളള ലോഭത്തെ ജിതാത്മാവ്‌ മോഹത്തോടു കൂടെ ജയിക്കണം. ദംഭം, ദ്രോഹം, നിന്ദ: അതുപോലെ തന്നെ ഏഷണി, മത്സരം ഇവ അകൃതാത്മാക്കളായ ലുബ്ധരില്‍ കുടികൊള്ളുന്നു. മഹത്തായ ശാസ്ത്രങ്ങള്‍ ധരിച്ചാലും, ധാരാളം വിദ്യ അഭൃസിച്ചവര്‍ പോലും അന്യരുടെ സംശയങ്ങള്‍ തീര്‍ക്കുന്നവര്‍ പോലും, ഇതില്‍ സ്വല്പ ബുദ്ധികളായി ക്ലേശിക്കുന്നു. ലോഭികള്‍ ദ്വേഷക്രോധങ്ങളേറ്റവരാണ്‌. അവര്‍ ശിഷ്ടാചാരങ്ങള്‍ ഉപേക്ഷിച്ചവര്‍, ഉള്ളില്‍ ക്രൗര്യമുള്ളവര്‍, നല്ല വാക്കു പറയുന്നവര്‍; പുല്ലു മൂടിയ കിണറു പോലെ ധര്‍മ്മത്തിന്റെ വേഷവും കെട്ടുന്നു. ആ ക്ഷുദ്രന്മാർ ലോകത്തെ വഞ്ചിക്കുന്നു. ലോഭജ്ഞാനത്തില്‍ നില്ക്കുന്ന അവര്‍ യുക്തിശക്തി കൊണ്ട്‌ പല ദൂര്‍വ്യാഖ്യാനങ്ങളും പറഞ്ഞ്‌ മാര്‍ഗ്ഗങ്ങളുണ്ടാക്കും. സന്മാര്‍ഗ്ഗങ്ങള്‍ കെടുത്തും. ലോഭഗ്രസ്തരായ ദുരാത്മാക്കള്‍ അതില്‍ ധര്‍മ്മത്തെ കവരും. വികാരപ്പെട്ട ഓരോ നിലയും വീണ്ടും തുടരും.

ദര്‍പ്പം, ക്രോധം, മദം, സ്വപ്നം, ഹര്‍ഷം, മാനിത, ശോകം ഇവയൊക്കെ ലുബ്ധബുദ്ധികളില്‍ കാണുന്നു. രാജാവേ, ഇങ്ങനെയുളളവര്‍ എന്നും ലോഭമില്ലാത്ത ഇവര്‍ അശിഷ്ടന്മാരാണെന്നു ധരിക്കണം.

ഇനി ശിഷ്ടന്മാര്‍ ആരാണെന്നു ഞാന്‍ പറയാം. അവര്‍ നല്ല ആചരമുളളവരും, നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നവരുമാണ്‌. ആപത്തില്‍പ്പോലും ആര്‍ക്ക്‌ ഭയമില്ല, പരലോകത്തെപ്പറ്റി ആര്‍ക്കു ഭയമില്ല, ആര്‍ക്ക്‌ ആ വിഷയത്തില്‍ കാംക്ഷയില്ല, ആര്‍ക്ക്‌ അപ്രിയത്തിലോ പ്രിയത്തിലോ കാംക്ഷയില്ല, ആര്‍ക്ക്‌ ശിഷ്ടചാരമിഷ്ടമാണോ, ആരില്‍ ദമം നില്ക്കുന്നുവോ, ആര്‍ക്ക്‌ സുഖവും ദുഃഖവും തുല്യമാണോ, ആര്‍ക്ക്‌ സത്യം അവലംബമാണോ അവര്‍ ശിഷ്ടന്മാരാണ്‌.

അവര്‍ ദാനം കൊടുക്കുന്നവരാണ്‌, ദാനം വാങ്ങുന്നവരല്ല. അവര്‍ കനിവുളളവരാണ്‌, പിത്യദേവാതിഥി പരന്മാരാണ്‌, നിത്യോത്സാഹികളാണ്‌, സര്‍വ്വോപകാരികളും വീരന്മാരുമാണ്‌. എല്ലാ ധര്‍മ്മങ്ങളും കാക്കുന്നവരാണ്‌, എല്ലാ ഭൂതഹിതവും ചെയ്യുന്നവരാണ്‌. സര്‍വ്വവും നല്‍കുന്നവരാണ്‌. അവരുടെ മനസ്സ് ഇളക്കുവാൻ ആർക്കും സാധ്യമല്ല. ധർമ്മകാര്യങ്ങളേ അവർ ചെയ്യൂ. പണ്ട് സജ്ജനങ്ങൾ ചെയ്ത വൃത്തം അവർ തെറ്റിക്കുകയില്ല. ഭയപ്പെടുകയില്ല, ഇളകുകയില്ല, ഉഗ്രരല്ല, സന്മാര്‍ഗ്ഗത്തെ അവര്‍ വിടുകയില്ല.

അവര്‍ കാമക്രോധങ്ങള്‍ വിട്ടവരാണ്‌. നിരഹങ്കാരരാണ്‌. നിര്‍മ്മലന്മാരാണ്‌. സുവ്രതന്മാരും, അതില്‍ സ്ഥിരബുദ്ധികളും, സ്ഥിരമായ മര്യാദയുള്ളവരും ആണ്‌. ഇത്തരക്കാരോടു കൂടി നീ വസിക്കണം. അവരില്‍ നിന്ന്‌ ഉപദേശം കേള്‍ക്കണം.

ഇത്തരക്കാര്‍ ധര്‍മ്മം അനുഷ്ഠിക്കുന്നത്‌ അര്‍ത്ഥത്തിന്നോ കീര്‍ത്തിക്കോ അല്ല. ദേഹകൃത്യങ്ങള്‍ എന്ന പോലെ ചെയ്യേണ്ടതാണെന്നു വെച്ചു ചെയ്യുന്നു എന്നു മാത്രം. അവരുടെ കര്‍മ്മം നിഷ്‌കാമമാണ്‌. അവര്‍ക്ക്‌ ഭയമാകട്ടെ, ക്രോധമാകട്ടെ, ചാപല്യമാകട്ടെ, ശോകമാകട്ടെ, ഇല്ല. ധര്‍മ്മധ്വജം ഉയര്‍ത്തിക്കാട്ടി അഭിമാനിക്കുന്നവരുമല്ല. രഹസ്യമായി വെക്കേണ്ടതൊന്നും അവര്‍ക്കില്ല. ലോഭമറ്റവരും, ദ്രോഹം വിട്ടവരും, സത്യവും, ആര്‍ജ്ജവവുമുളളവരും, (ഭംശമില്ലാത്തവരുമായ ഇത്തരക്കാരില്‍ ഹേ പാര്‍ത്ഥാ! നീ രഞ്ജിച്ചുകൊള്ളുക.

ഈ നല്ല ജനങ്ങള്‍ ലാഭത്തില്‍ ഹര്‍ഷിക്കുകയില്ല; കിട്ടിയില്ലെങ്കില്‍ നടുങ്ങുകയുമില്ല. സമദര്‍ശികളും സത്വസ്ഥന്മാരും നിരഹങ്കാരികളും നിര്‍മ്മമന്മാരുമാണ്‌ അവര്‍.

ലാഭം, അലാഭം, സുഖം, ദുഃഖം, പ്രിയം, അപ്രിയം, ജീവി തം, മരണം എന്നിവ തുല്യമായിക്കാണുന്ന സ്ഥിരവിക്രമന്മാര്‍ ബുഭുത്സയോടുകൂടിയ സല്‍പ്പഥസ്ഥന്മാരാണ്‌. ധർമ്മപ്രിയന്മാരും മഹാനുഭാവന്മാരുമായ ആ മഹാശയന്മാരെ എന്നും പൂജിക്കുക. എല്ലാ വാക്പ്രലാപങ്ങളും ദൈവേച്ഛയാല്‍ മാത്രം ഫലപ്രദമായി ഭവിക്കും; അതില്ലെങ്കില്‍ എല്ലാം അശുഭമാവുകയും ചെയ്യും.

അദ്ധ്യായം 159. അജ്ഞാനമാഹാത്മ്യം - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! എല്ലാ അനര്‍ത്ഥങ്ങള്‍ക്കും അധിഷ്ഠാനമായത്‌ ലോഭമാണെന്ന്‌ അങ്ങ്‌ പറഞ്ഞുവല്ലോ. എന്നാല്‍ അജ്ഞാനത്തെക്കുറിച്ചു വിശദമായി അങ്ങയില്‍ നിന്ന്‌ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭീഷ്മൻ പറഞ്ഞു:  അജ്ഞാനം കൊണ്ട്‌ പാതകം ചെയ്യുന്നവന്‍, തന്റെ നാശം അറിയാത്തവന്‍, സദ് വൃത്തരില്‍ ദ്വേഷമുള്ളവ൯, ഇവരൊക്കെ ലോകത്തില്‍ നിന്ദ്യരാകുന്നു. അജ്ഞാനത്താല്‍ മര്‍ത്ത്യന്‍ നരകത്തില്‍ ചെന്നു ചേരും. അജ്ഞാനത്താല്‍ ദുര്‍ഗ്ഗതി പ്രാപിക്കും. അജ്ഞാനത്താല്‍ ക്ലേശം ഏല്ക്കും. അജ്ഞാനത്താല്‍ ആപത്തുകളില്‍ ചെന്നു ചാടും.

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! അജ്ഞാനത്തിന്റെ ഉത്ഭവം, സ്ഥാനം, വളര്‍ച്ച, നാശം, ഉദയം, മൂലം, യോഗം, പോക്ക്‌, കാലം, കാരണം, ഹേതു എന്നിവയെക്കുറിച്ച്‌ തത്ത്വമായി ശരിക്കു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇഹലോകത്തില്‍ വന്നു കൂടുന്ന എല്ലാ ദുഃഖവും അജ്ഞാനത്തില്‍ നിന്ന് ഉത്ഭവിച്ചതല്ലേ?"

ഭീഷ്മൻ പറഞ്ഞു: രാഗം, ദ്വേഷം, മോഹം, ഹര്‍ഷം, ശോകം, അഭിമാനം, കാമം, ക്രോധം, ദര്‍പ്പം, തന്ദ്രി, ആലസ്യം, ഇച്ഛ, ദ്വേഷം, താപം, പരവൃദ്ധിയില്‍ താപം, ഇവയെല്ലാം അജ്ഞാനമാണെന്നു പറയുന്നു. എല്ലാ പാപ്രകിയകളും അജ്ഞാനമാണ്‌.

ഇതിന്റെ പ്രവൃത്തി, വൃദ്ധി മുതലായവയാണല്ലോ നീ ചോദി ച്ചത്‌. ഞാന്‍ വിസ്തരിച്ചു പറയാം. വിശേഷിച്ചും അത്‌ കേള്‍ക്കുക. അജ്ഞാനം, അതിലോഭം എന്നീ രണ്ടും തുല്യഗുണ തുല്യദോഷങ്ങള്‍ ആകുന്നു രാജാവേ. അതു കൊണ്ട്‌ അവ രണ്ടും ഒന്നായി ഗണിച്ചാല്‍ മതി. ലോഭത്തില്‍ നിന്നാണ്‌ അജ്ഞാനം ഉണ്ടാകുന്നത്‌. ലോഭം വളരുമ്പോള്‍ അജ്ഞാനവും വളരും. ലോഭം നില നില്ക്കുമ്പോള്‍ അജ്ഞാനവും നില നില്ക്കും. ലോഭം നശിക്കുമ്പോള്‍ അജ്ഞാനവും നശിക്കും. ലോഭം ഉദിക്കുമ്പോൾ അജ്ഞാനവും ഉദിക്കും. ലോഭത്തിന്റെ ഗതി എന്തോ, അത് തന്നെയാണ് അജ്ഞാനത്തിന്റെയും ഗതി. ലോഭത്തിന്റെ മൂലം മോഹമാണ്‌. ലോഭത്തിന്റെ ഗതി അനന്തമായ കാലഗതി തന്നെ. ലോഭം ഛിന്നഭിന്നമായാല്‍ അതിന്ന്‌ കാരണം കാലമാകുന്നു. അജ്ഞാനത്താല്‍ ലോഭവും, ലോഭത്താല്‍ ജ്ഞാനഹാനിയും വന്നു കൂടുന്നു. സര്‍വ്വ ദോഷങ്ങളും ലോഭത്താല്‍ വരുന്നു. അതു കൊണ്ട്‌ ലോഭത്തെ ഒഴിവാക്കണം.

ജനക മഹാരാജാവ്‌, യുവനാശ്വന്‍, വൃഷാദര്‍ഭി, പ്രസേനജിത്, ഇവരൊക്കെ ലോഭം വിട്ട്‌ സ്വര്‍ഗ്ഗം പ്രാപിച്ചവരാണ്‌. അപ്രകാരം വേറെ മന്നവന്മാരും സ്വര്‍ഗ്ഗം പ്രാപിച്ചിട്ടുണ്ട്. ഇതൊക്കെ പ്രത്യക്ഷ പ്രമാണങ്ങളാണ്‌. അതു കൊണ്ടു തന്നത്താനെ ലോഭത്തെ തൃജിക്കണം. ലോഭം തൃജിച്ചാല്‍ സുഖം ഈ ലോകത്തില്‍ മാത്രമല്ല, പരലോകത്തും സിദ്ധിക്കും.

അദ്ധ്യായം 160. ദമകഥനം -- യുധിഷ്ഠിരന്‍ പറഞ്ഞു:  സ്വാദ്ധ്യായത്തില്‍ (വേദപഠനത്തില്‍) പ്രയത്നിക്കുന്ന മനുഷ്യന്ന്‌, ധര്‍മ്മകാമനായ മനുഷ്യന്ന്‌, എന്താണ്‌ ശ്രേയസ്സ്‌ എന്നു പറഞ്ഞു തന്നാലും. ലോകം പല തരത്തില്‍ കാണപ്പെടുമ്പോള്‍ ശരിയായ ശ്രേയസ്സ്‌ എന്താണെന്ന്‌ അറിയുന്നില്ല. ഇഹത്തിലേക്കും പരത്തിലേക്കും ഉള്ള ശ്രേയസ്സൊെന്തെന്ന് ഉപദേശിച്ചാലും. ബഹുശാഖകളോടു കൂ ടിയ ധര്‍മ്മമാര്‍ഗ്ഗം മഹത്താണല്ലേോ ഭാരതാ! ഇന്ന്‌ ധര്‍മ്മങ്ങളില്‍ ചെയ്യേണ്ടത്‌ എന്താണെന്നാണ്‌ അങ്ങയുടെ അഭിപ്രായം? വളരെ ശാഖോപശാഖകളോടു കൂടിയ മഹത്തായ- ധര്‍മ്മമാര്‍ഗ്ഗം മന്നില്‍ തത്ത്വമായി വലിയ മൂലമായി എന്തുണ്ട്‌? അവയെല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു രാജാവേ!

ഭീഷ്മൻ പറഞ്ഞു: നിന്റെ ചോദ്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. നീ ശ്രേയസ്സേന്തുമാറ്‌ ഞാന്‍ എല്ലാം നിന്നോട്‌ പറയുന്നുണ്ട്‌. പ്രാജ്ഞന്‍ അമൃത്‌ പാനം ചെയ്ത മാതിരി ജ്ഞാനം കൊണ്ട്‌ നീ തൃപ്തനാകും. മഹര്‍ഷിമാര്‍ തങ്ങളുടെ വിജ്ഞാനം അവലംബിച്ച്‌ അനേകം ധര്‍മ്മവിധികള്‍ പറഞ്ഞിട്ടുണ്ട്‌. അവയ്ക്കൊക്കെ ആശ്രയം ദമമാണ്‌. തീര്‍പ്പു കാണുന്നവരായ വൃദ്ധന്മാര്‍ പറയുന്നു ദമമാണ്‌ എല്ലാ ശ്രേയസ്സിനും കാരണം എന്ന്‌. ബ്രാഹ്മണന്ന്‌ വിശേഷിച്ചും ദമം സനാതനമായ ധര്‍മ്മമാണ്‌. അവന് ക്രിയാസിദ്ധി ദമം കൊണ്ട്‌ വന്നു ചേരും. ദാനം, അദ്ധ്യയനം, യജ്ഞം എന്നിവയേക്കാള്‍ മേലെയാണ്‌ ദമം. ദമം തേജസ്സിനെ വര്‍ദ്ധിപ്പിക്കുന്നു. പരമമായ പവിത്രമാണ്‌ ദമം. തേജസ്വി ദമത്താല്‍ പാപം അറ്റ്‌ മഹത്തേന്തുന്നു. ദമത്തിന്ന്‌ തുല്യമായ അന്യധര്‍മ്മം ഉലകില്‍ എങ്ങും കേള്‍ക്കുന്നില്ല. എല്ലാ ധര്‍മ്മാശ്രിതന്മാര്‍ക്കും ദമം പ്രശസ്തമായിട്ടുളളതാണ്‌. ഹേ രാജാവേ, ദമം കൈക്കൊണ്ട പുരുഷന്‍ ഇഹലോകത്തും പരലോകത്തും പരമമായ സുഖം പ്രാപിക്കും. ദമത്തോടു കൂടിയവന്‍ പിന്നെ മഹത്തായ ധര്‍മ്മം പ്രാപിക്കും. ദാന്തന്‍ സുഖമായി ഉറങ്ങും, സുഖമായി ഉണരും, സുഖമായി ലോകങ്ങളില്‍ എത്തും, അവന്റെ ഹൃദയം തെളിഞ്ഞ്‌ വിളങ്ങും.

ദമം അറ്റവനായ പുരുഷന്‍ വളരെ ക്ലേശിക്കും. മറ്റു പല ദോഷങ്ങളും തന്നില്‍നിന്നുത്ഭവിക്കും, അതിനെ തുടര്‍ന്നു കൊണ്ടിരിക്കും. നാലാശ്രമ വ്രതത്തേക്കാള്‍ ഉത്തമമായത്‌ ദമവ്രതമാണെന്നു വിജ്ഞന്മാര്‍ പറയുന്നു. അതിന്റെ ചിഹ്നങ്ങൾ എന്തൊക്കെയാണെന്നും രാജാവേ, ഞാന്‍ പറഞ്ഞു തരാം. ധൃതി, ക്ഷമ, അഹിംസ, സമത്വം, സത്യം, ആര്‍ജ്ജവം, ഇന്ദ്രിയജയം, ദാക്ഷ്യംം മാര്‍ദ്ദവം, ശ്രീ, അചാപല്യം, അകാര്‍പ്പണ്യം, കോപമില്ലായ്മ, സന്തോഷം, പ്രിയവാദിത, അഹിംസ, അനസുയ, ഇങ്ങനെ ഇവയെല്ലാം ചേര്‍ന്ന ഒന്നാണ്‌ ദമം എന്നു പറയുന്നത്‌. ഗുരുപൂജ, ഭൂതദയ, പൈശൂന്യം, ജനവാദം, പാഴ്‌വാക്ക്‌, സ്തുതി, നിന്ദവിടായ്ക, കാമം, ക്രോധം, ലോഭം, ദര്‍പ്പം, സ്തംഭം, വികത്ഥനം, രോഷം, ഈര്‍ഷ്യ, അവമാനം ഇവയെ ദാന്തന്‍ ഏല്ക്കുന്നതല്ലു. ഇവയൊന്നും ദാന്തനില്‍ ഉണ്ടാകുന്നതല്ല. അനിന്ദിതന്‍, അകാമാത്മാവ്‌, മഹത്തായ ഇച്ഛാശക്തിയുളളവന്‍, അനസുയകന്‍, ഇങ്ങനെ സമുദ്രം പോലെ വിശാലാശയനായ മനുഷ്യന്‍ ഒരി ക്കലും കടല്‍ പോലെ തന്നെ പൂര്‍ണ്ണനാകാതിരിക്കുന്നു. ഞാന്‍ നിന്റേയാണ്‌, നിങ്ങള്‍ നിങ്ങളുടേതാണ്‌, അവര്‍ എന്നിലാണ്‌, ഞാന്‍ അവരിലാണ്‌. ഇങ്ങനെയുള്ള പൂര്‍വ്വ സംബന്ധി സംയോഗങ്ങളൊന്നും ദാന്തന്‍ സ്വീകരിക്കുകയില്ല. ലോകത്തിലുള്ള സര്‍വ്വ ഗ്രാമ്യാരണ്യ പ്രവൃത്തികളും, നിന്ദയും, സ്തുതിയും പറ്റി നില്ക്കാത്തവന്‍ മുക്തനായിത്തീരുന്നു. മ്രൈതന്‍, ശീലവാന്‍, പ്രസന്നാത്മാവി, ആത്മവിത്ത്‌, ഇങ്ങനെയുള്ളവന്‍ പല സംഗവും വിട്ടാല്‍ അവന്ന്‌ മഹത്തായ പരലോകം സിദ്ധിക്കും. സുവൃത്തനും, ശീലവാനും, പ്രസന്നാത്മാവും, ആത്മവിത്തും, ബുധനുമായവന്‍ ലോകത്തിന്റെ സല്‍ക്കാരമേറ്റ്‌ സല്‍ഗതിയെ പ്രാപിക്കു ന്നു. ശുഭമായ കര്‍മ്മം എന്തോ അതാണ്‌ സജ്ജനങ്ങളുടെ ആചാരം. അതു കൊണ്ടുത ന്നെയാണ്‌ ജ്ഞാനിയായ മുനിക്ക്‌ വഴി തെറ്റാത്തത്‌.

വീടു വിട്ടിറങ്ങി,കാടു കയറി ജ്ഞാനിയായ ജിതേന്ദ്രിയന്‍ കാലം കാത്ത്‌ ഈ വിധം പ്രവര്‍ത്തിച്ച്‌ ബ്രഹ്മസായുജ്യത്തെ പ്രാപിക്കുന്നു. ഏതൊരാള്‍ക്ക്‌ ആരേയും ഭയമില്ല, ഏതൊരാളെ മറ്റാരും പേടിക്കുന്നില്ല, അവന്‍ ഉടല്‍ വിടുമ്പോള്‍ ഒരിടത്തിലും അവന്നു ഭയം ഉണ്ടാകുന്നതല്ല. കര്‍മ്മസിദ്ധങ്ങളെയെല്ലാം ചെലവിടുകയും, ഒന്നും സമ്പാദിച്ചുവെക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും, എല്ലാവരേയും തുല്യമായി ദര്‍ശിക്കുകയും, എല്ലാവരിലും മ്രൈതി ഉണ്ടാവുകയും ചെയ്യുന്നവന്ന്‌ ബ്രഹ്മസായുജ്യം ലഭിക്കും. ആകാശത്തില്‍ പറക്കുന്ന പക്ഷിയുടെ വഴി, പോയ മാര്‍ഗ്ഗം, പിന്നെ തെളിഞ്ഞു കാണുകയില്ല. ജലത്തില്‍ സഞ്ചരി ക്കുന്ന മത്സൃത്തിന്റെ വഴി പിന്നെ നോക്കിയാല്‍ കാണില്ല. അതു പോലെ ഇത്തരക്കാര്‍ ഗമിക്കുന്ന മാര്‍ഗ്ഗം ആരെയും ആകർഷിക്കുകയില്ല. വെളിക്കു കാണുക തന്നെയില്ല. ഗൃഹത്തെ ഉപേക്ഷിച്ച്‌ മോക്ഷ മാര്‍ഗ്ഗത്തെ സ്വീകരിക്കുന്നവന്ന്‌ ലോകം എന്നെന്നേക്കും തേജോമയമായിരിക്കും. കര്‍മ്മമൊക്കെ സന്നൃസിക്കുക, തപസ്സും

സന്നൃയസിക്കുക, വിദ്യയൊക്കെ സന്ത്യസിക്കുക, സര്‍വ്വവും സന്നൃസിക്കുക, അങ്ങനെ സര്‍വ്വകാമനായി, സത്യത്തെ വിടാത്തവനായി, പ്രസന്നാത്മാവായി, ആത്മവിത്തായി, ശുചിയായിരിക്കുന്ന പുരുഷന്‍ ലോകത്തിന്റെ സര്‍ക്കാരമേറ്റ്‌ സ്വര്‍ഗ്ഗത്തെ പ്രാപിക്കും.

പിതാമഹന്മാരുടെ സ്ഥാനമേതോ, ബ്രഹ്മചാരി സമുത്ഭവമേതോ, അത്‌ ഗുഹയ്ക്കകത്താണ്‌. എന്നും ദമം കൊണ്ട്‌ അതില്‍ ചെല്ലാവുന്നതാണ്‌. താന്‍ ബുദ്ധനും സർവ്വഭൂതഹിതനുമായി ആത്മാരാമനുമായി വര്‍ത്തിച്ചാല്‍ പുനര്‍ജ്ജന്മ ഭയമില്ലാതെ അവരെ പിന്തുടര്‍ന്ന്‌ പരലോകത്ത്‌ എത്തും. ദമത്തിന്ന്‌ ഒറ്റ ദോഷ മേയുളളൂ. രണ്ടാമതൊന്നില്ല. ക്ഷമിക്കുന്നവനെ ശക്തിയില്ലാത്തവന്‍ എന്ന്‌ ജനങ്ങള്‍ കരുതും. പറയും, ഈ ഒറ്റ ദോഷമുണ്ടെങ്കിലും ഗുണം ഒന്നല്ല, വളരെയാണ്‌. ക്ഷമിക്കുന്നവന്നു കിട്ടുന്നത്‌ മഹത്തായ ബഹുലോകങ്ങളാണ്‌. ദാന്തന്ന്‌ കാട്ടില്‍പ്പോകേണ്ട കാര്യമില്ല. അദാന്തന്‍ കാട്ടില്‍പ്പോയിട്ടും കാര്യമില്ല. ദാന്തന്‍ പാര്‍ക്കുന്ന സ്ഥലം തന്നെ തപോവനമാണ്‌. അതാണ്‌ ആശ്രയം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭീഷ്മന്റെ മൊഴി കേട്ടപ്പോള്‍ യുധിഷ്ഠിരരാജാവ്‌ അമൃതത്താല്‍ തൃപത്നായ വിധം ഏറ്റവും പ്രഹൃഷ്ടനായി. ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്‍ ഭീഷ്മനോടു പിന്നെയും ചോദിച്ചു. അവനോടു കുരുദ്വഹനായ ഭീഷ്മന്‍ പ്രീതിയൊടെ എല്ലാറ്റിനും ഉത്തരം പറഞ്ഞു കൊടു ത്തു.

അദ്ധ്യായം 161. തപഃപ്രശംസ - ഭീഷ്മൻ പറഞ്ഞു: എല്ലാം തപോ മൂലമാണെന്നു കവീശ്വരന്മാര്‍ പറയുന്നു. തപം ചെയ്യാത്ത മൂഢന്‍ ക്രിയയുടെ ഫലം നേടുന്നതല്ല. ബ്രഹ്മാവ്‌ ഇതൊക്കെയും സൃഷ്ടിച്ചു. ഋഷികള്‍ തപസ്സാല്‍ വേദങ്ങളെയും നേടി. തപസ്സാല്‍ തന്നെയാണ്‌ ഫലമൂലങ്ങളും സൃഷ്ടിക്കപ്പെട്ടത്‌. സമാഹിതന്മാര്‍ (ശ്രദ്ധാലുക്കള്‍) തപസ്സു കൊണ്ടു തന്നെ മുന്നു ലോകവും ദര്‍ശിക്കുന്നു. അഗദാദ്യഔഷധങ്ങളും, പലേ ക്രിയകളും, തപസ്സു കൊണ്ടു തന്നെയാണു സിദ്ധിക്കുന്നത്‌. തപസ്സ്‌ മൂലമായി എല്ലാം സാധിക്കുന്നു. ദുസ്സാദ്ധ്യമായതു പോലും തപസ്സു കൊണ്ട്‌ ലഭിക്കും. സകലതും ലഭിക്കും തപസ്സു കൊണ്ട്‌. ഋഷികള്‍ തപസ്സു കൊണ്ടാണ്‌ എല്ലാ ഐശ്വര്യവും നേടുന്നത്‌. അതില്‍ യാതൊരു സംശയവുമില്ല. മദ്യവനും, തസ്കരനും, ഭ്രൂണഹന്താവും, ഗുരുതല്പഗതനും, നേടിയ കൊടുംപാപം അവര്‍ തപസ്സു ചെയ്യുന്നതായാല്‍ അവരെ വിട്ടൊഴിയും. തപസ്സുകള്‍ പലമട്ടിലുണ്ട്‌. അനശനത്തിലും വലിയ തപപസ്സില്ല. അതുകൊണ്ട്‌ കാര്യം നേടും. അഹിംസ, സത്യവചനം, ദാനം, ഇന്ദ്രിയനിഗ്രഹം, ഇവയിലും മേലെയാണ്‌ അനശനം (പട്ടിണി). ദാനത്തെക്കാള്‍ ദുഷ്ക രമായി മറ്റൊന്നില്ല. അമ്മയെക്കാള്‍ മേലെ മറ്റാശ്രയമില്ല. ത്രൈവിദൃയയെക്കാള്‍ മേലെ ഒന്നുമില്ല. പരമമായ തപസ്സാണ്‌ സന്ന്യാസം. സ്വര്‍ഗ്ഗധര്‍മ്മാഭിഗുപ്തിക്ക്‌ ഇന്ദ്രിയങ്ങളെ കാക്കുന്നു. ധര്‍മ്മാര്‍ത്ഥങ്ങള്‍ക്ക്‌ അനശനത്തേക്കാള്‍ മേലെയായി തപസ്സില്ല. ഋഷിമാര്‍, പിതൃക്കള്‍, ദേവന്മാര്‍, മനുഷ്യര്‍, പക്ഷികള്‍, ചരാചരങ്ങളായ മറ്റു ഭൂതങ്ങള്‍ ഇവയെല്ലാം തപസ്സിനെ ആശ്രയിക്കുന്നു. അവരെല്ലാം തപസ്സു കൊണ്ട്‌ നേടിയവരാണ്‌. അങ്ങനെ ദേവന്മാരും തപസ്സു കൊണ്ട്‌ മഹത്ത്വത്തെ നേടി. ഈ നന്മകള്‍ ജഗത്തില്‍ കാണുന്നതെല്ലാം തന്നെ തപസ്സിന്റെ ഫലമായി സിദ്ധിച്ചതാണ്‌. തപസ്സു കൊണ്ടു ദേവഭാവവും കൂടി തീര്‍ച്ചയായും നേടുവാന്‍ കഴിയും.

അദ്ധ്യായം 162. സത്യപ്രശംസ - യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ, സത്യത്തെ ധര്‍മ്മമായി വിപ്രര്‍ഷികളും, പിതൃക്കളും, ദേവകളും പറയുന്നു. സത്യത്തെപ്പറ്റി പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌; അങ്ങ്‌ പറഞ്ഞാലും! സത്യത്തിന്ന്‌ എന്താണു ചിഹ്നം? അത്‌ എങ്ങനെ ലഭിക്കും? സത്യം സ്വീകരിച്ചവന്ന്‌ എന്തു ലഭിക്കും? എല്ലാം വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭീഷ്മൻ പറഞ്ഞു: ചാതുര്‍ വര്‍ണ്യത്തിന്ന്‌ ധര്‍മ്മസങ്കരം ഒരിക്കലും മംഗളമായിത്തീരുകയില്ല. ഓരോ ജാതിക്കും നിശ്ചയിക്കപ്പെട്ട ധര്‍മ്മം കൂട്ടിക്കലരാതിരിക്കണം. അത്‌ ശരിയായി പാലിക്കുന്നതാണ്‌ എല്ലാ ജാതിക്കുമുള്ള സത്യം.

സത്യം സത്തുക്കളില്‍ ധര്‍മ്മമാണ്‌. സത്യം സനാതനമായ ധര്‍മ്മമാണ്‌. സത്യത്തെ നാം പൂജിക്കണം. ഏറ്റുവും പരമമായ ഗതി സത്യമാകുന്നു. സത്യം ധര്‍മ്മമായ തപോയോഗമാണ്‌. സത്യം സനാതനമായ ബ്രഹ്മമാണ്‌. സത്യമാണ്‌ മുഖ്യമായ യജ്ഞം. എല്ലാം സത്യത്തില്‍ നില്‍ക്കുന്നു. സത്യത്തിന്നുള്ള ആചാരവും, ക്രമവും, ലക്ഷണവും ഞാന്‍ മുറയ്ക്കു പറയാം. സത്യം എങ്ങനെ നേടുന്നു എന്നുള്ളതും നീ അറിയേണ്ടതാണ്‌.

സത്യം ലോകമൊട്ടുക്കും പതിമ്മൂന്നു വിധത്തിലുണ്ട്‌. സമതയും, അതു പോലെ തന്നെ ദമവും സത്യമാണ്‌. അമാത്സര്യം, ക്ഷമ, ശ്രീ, തിതിക്ഷ, അസൂയ, ത്യാഗം, ധ്യാനം, ആര്യത്വം, ധൃതി, ദയ, അഹിംസ, ഇവ പതിമ്മുന്നും സത്യത്തിന്റെ ആകാരങ്ങളാണ്‌

രാജാവേ! സത്യമെന്നാല്‍ അവ്യയമാണ്‌, നിത്യമാണ്‌, നിര്‍വ്വികാരമാണ്‌. സര്‍വ്വവിധം ധര്‍മ്മദോഷം വിട്ട യോഗം കൊണ്ട്‌ ഇതു ലഭി ക്കും. തന്നില്‍ ഇഷ്ടമുളളവരിലും, അനിഷ്ടമുളളവരിലും, രിപുക്കളിലും സമത്വം കാണുക. ഇച്ഛാക്ഷയം, ദ്വേഷക്ഷയം, ഇവ നേടുക. കാമക്രോധങ്ങളെ ഉപേക്ഷിക്കുക. ദമം, അന്യസ്പൃഹയില്ലായ്മ, എല്ലായ്പോഴും ഗാംഭീര്യം, ധൈര്യം, അഭയം, രോഗശമനം, ഇവയെല്ലാം ജ്ഞാനത്താല്‍ ലഭിക്കും.

ആരൃത്വം എന്നത്‌ ജീവികള്‍ക്കു വേണ്ടി ശുഭകര്‍മ്മ നിരാകാരനായി, വീതരാഗനായി, യത്നിച്ചു ചെയ്യുന്ന കര്‍മ്മമാണ്‌. അതു പോലെ ധൃതിയെന്നത്‌ സുഖദുഃഖങ്ങളേല്ക്കുമ്പോഴുളള നിര്‍വ്വികാരതയാണ്‌. ആത്മാവിന്ന്‌ ഐശ്വര്യം കൊതിക്കുന്ന പ്രാജ്ഞന്‍ അത്‌ എന്നും നേടും. എല്ലാം കൊണ്ടും ക്ഷമിക്കണം; തല്പരനാകണം. ഹര്‍ഷം, ഭയം, ക്രോധം എന്നിവ വിട്ടവനായ പണ്ഡിതന്‍ ധൃതിയെ നേടുന്നതാണ്‌.

എല്ലാ ജീവികളിലും മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ദ്രോഹം ചെയ്യാതിരിക്കുക, അനുഗ്രഹിക്കുക, വേണ്ടതു നല്കുക. ഇവ സനാതനമായ സാധു ധര്‍മ്മമാകുന്നു. ഇങ്ങനെ പതിമ്മൂന്നും വെവ്വേറെ സതൃത്തിന്റെ ലക്ഷണങ്ങളാകുന്നു. സത്യത്തെ ഭജിക്കുന്നവരില്‍ സത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലപ്പുറമായി സത്യത്തിന്റെ ഗുണത്തെപ്പറ്റി പറയുവാനില്ല ഭാരതാ! അതു കൊണ്ട്‌ സത്യത്തെ വിപ്രന്മാരും പിതൃക്കളും ദേവകളും വാഴ്ത്തുന്നു. സത്യത്തെക്കാള്‍ വലുതായി ധര്‍മ്മമില്ല. നുണയെക്കാള്‍ വലുതായി പാതകമില്ല. ശ്രുതിധര്‍മ്മത്തിന്ന്‌ സത്യം പ്രമാണമാണ്‌. അതു കൊണ്ട്‌ സത്യത്തെ കെടുത്തരുത്‌. സത്യത്തില്‍ ദാനവും ദക്ഷിണാഡ്യമായ മഖങ്ങളും ത്രേതാഗ്നിഹോത്രങ്ങളും എല്ലാ വേദങ്ങളും മറ്റു ധര്‍മ്മനിശ്ചയങ്ങളും അടങ്ങിയിരിക്കുന്നു. അശ്വമേധ സഹ്രസങ്ങളെയെല്ലാം ഒരു തട്ടിലും സത്യത്തെ മാത്രം മറ്റേത്തട്ടിലും വെച്ച്‌ ദേവകള്‍ തുലാസ്സില്‍ തൂക്കി നോക്കിയപ്പോള്‍ സത്യം കൂടുതല്‍ ഭാരമുള്ളതായി, തൂങ്ങുന്നതായിക്കണ്ടു. അതു കൊണ്ട്‌ സതൃത്തേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്നു ധരിക്കണം.

അദ്ധ്യായം 163. ലോഭനിരൂപണം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ഭരതര്‍ഷഭാ, എന്തില്‍ നിന്നാണ്‌ ക്രോധവും കാമവും ജനിക്കുന്നത്‌? വിധിത്സ (ചെയ്യാനുള്ള ആഗ്രഹം)യും ശോകവും മോഹവും പാരതന്ത്ര്യവും എന്തില്‍ നിന്നാണുണ്ടാകുന്നത്‌? പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു:  പ്രാണികള്‍ക്കുളള പതിമ്മൂന്നു ശക്തിയേറിയ വൈരികളെല്ലാം പുരുഷന്മാരെ ഉപാസിക്കുന്നു. രാജാവേ! പ്രമത്തനായ മനുഷ്യനെ അപ്രമത്തങ്ങളായ ഇവ ആക്രമിക്കും. ശ്രദ്ധയില്ലാത്തവന്റെ നേരെ പെട്ടെന്ന്‌ ചാടി വീഴുന്ന ചെന്നായ്ക്കള്‍ പോലെ ഇവ ബലമായി ആക്രമിച്ച്‌ മനുഷ്യനെ ഛിന്നഭിന്നമാക്കിക്കളയും. ഇവയില്‍ നിന്നു ദുഃഖമുണ്ടാകും. ഇവയില്‍ നിന്നു പാപമുണ്ടാകും. ഈ വാസ്തവം എന്നും മനുഷ്യന്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. ഇവയുടെ ഉത്ഭവം, സ്ഥാനം, ക്ഷയം ഇവയെല്ലാം ഞാന്‍ നിന്നോടു പറയാം. ക്രോധത്തിന്റെ ഉല്‍പ്പത്തി മുതല്‍ തുടങ്ങാം. അത്‌ ഹേ രാജാവേ, നീ മനസ്സിരുത്തി കേള്‍ക്കണം.

ലോഭത്താല്‍ ക്രോധം ജനിക്കുന്നു. പരദോഷം കൊണ്ട്‌ അതു വര്‍ദ്ധിക്കും. ക്ഷമയാല്‍ അതു നില്ക്കും. രാജാവേ, ക്ഷമയാല്‍ അത്‌ ഒഴിയുകയും ചെയ്യും. സങ്കല്പം കൊണ്ട്‌ കാമമുണ്ടാകും. അതിനെ സേവിച്ചാല്‍ അത്‌ വര്‍ദ്ധിച്ചു വരും. പ്രാജ്ഞനായവന്‍ മിണ്ടാതെ അടങ്ങിയിരിക്കയാണെങ്കില്‍ അതു നശിച്ചു പോകും. ക്രോധലോഭങ്ങളുടെ ഇടയില്‍ നിന്ന്‌ അസൂയ എന്നത്‌ പുറത്തു വരും. എല്ലാരിലും ഭയവും നിര്‍വ്വേദവും കാണിച്ചാല്‍ അത്‌ വിട്ടു പോകും. ചീത്ത കണ്ടാല്‍ ഉദിക്കുന്ന തത്വജ്ഞാനം മൂലവും വിദ്വാന്മാര്‍ക്ക്‌ അതൊഴിഞ്ഞു പോകും. അജ്ഞാനത്തില്‍ നിന്നാണ്‌ മോഹം ജനിക്കുന്നത്‌.  പാപാഭ്യാസം മൂലം അതു പുറത്തു വരും. പ്രാജ്ഞന്മാരുമായി ഇടപഴകുമ്പോള്‍ അത്‌ ഒഴിഞ്ഞു പോകും. വിരുദ്ധമായ നീചശാസ്ത്രങ്ങള്‍ നോക്കുന്നവര്‍ക്ക്‌ അല്ലയോ കുരുദ്വഹാ, വിധിത്സയുളവാകും. തത്വജ്ഞാനം കൊണ്ട്‌ അത്‌ ഒഴിഞ്ഞു പോകും. പ്രീതിമൂലം ആ ദേഹിയുടെ വിരഹത്തില്‍ ശോകമുണ്ടാകും. നിരര്‍ത്ഥമാണെന്നറിയുമ്പോള്‍ അത്‌ അപ്പോള്‍ നശിച്ചു പോകും. പാരതന്ത്ര്യം ക്രോധലോഭാഭ്യാസത്താല്‍ ഉണ്ടാകും. എല്ലാവരിലും ദയയാലും നിര്‍വ്വേദത്താലും അത്‌ ഒഴിഞ്ഞു പോകും. മാത്സര്യം സത്യം വെടിയുകയാലും അഹിത സേവയാലും ഉണ്ടാകും. അത്‌ സജ്ജനസേവ കൊണ്ട്‌ ക്ഷയിച്ചു പോകും. കുലം, ഐശ്വര്യം, ജ്ഞാനം ഇവയില്‍ നിന്ന്‌ ലോകര്‍ക്ക്‌ മദം ഉണ്ടാകും. അവയെപ്പറ്റി നന്നായറിയുമ്പോള്‍ അത്‌ ഇല്ലാതാകും. ഈര്‍ഷ്യ കാമം കൊണ്ടുണ്ടാകും. സംഘര്‍ഷം മൂലം അതുയരും. മറ്റുളള സത്വത്തില്‍ പ്രജ്ഞ മൂലം അതു നശിക്കും. ലോകബാഹൃവിലാസം മൂലം അനിഷ്ടവും ദ്വിഷ്ടവുമായ വാക്കുകൊണ്ട്‌ നിന്ദയും ഉണ്ടായിവരും. രാജാവേ! അത്‌ ലോകം കാണുമ്പോള്‍ അടങ്ങും. ബലവാനായ എതിരാളിയോട്‌ എതിരു ചെയ്യുവാന്‍ ശക്തിയില്ലാത്തവരില്‍ കഠിനമായ അസൂയ ഉണ്ടാകും. കാരുണ്യത്താല്‍ അത്‌ ഒഴിഞ്ഞു പോകും. എന്നും കൃപണരെക്കണ്ടാല്‍ അപ്പോള്‍ കൃപയുണ്ടാകും. ധര്‍മ്മത്തിലുള്ള നിഷ്ഠ അറിയുമ്പോള്‍ അതു ശമിക്കും.

അജ്ഞാനത്തില്‍ നിന്നുത്ഭവിച്ചതാണ്‌ ലോഭം. അത്‌ എല്ലാ ജീവികളിലും എപ്പോഴും കാണുന്നു. ഭോഗങ്ങളുടെ അസ്ഥിരത്വത്തെ കണ്ടാല്‍ അത്‌ ഒഴിഞ്ഞുപോകും. ഇങ്ങനെ പതിമ്മൂന്നെണ്ണത്തേയും അതിന്നുള്ള പ്രശമത്താല്‍ ജയിക്കാം. ഈ പതിമ്മുന്നു ദോഷങ്ങളും ധൃതരാഷ്ടപുത്രരിലുണ്ട്‌. സത്യാര്‍ത്ഥിയായ നീ ജ്യേഷ്ഠസേവ കൊണ്ട്‌ അതൊക്കെ ജയിച്ചവനാണ്‌.

അദ്ധ്യായം 164. നൃശംസാഖ്യാനം (നൃശംസന്റെ ലക്ഷണം) - യുധിഷ്ഠിരന്‍ പറഞ്ഞു: ആനൃശംസ്യം (സാമ്യത, കൃപ) ഞാന്‍ എല്ലായ്പോഴും സജ്ജനങ്ങളെ കാണുന്നതു മൂലം അറിയുന്നുണ്ട്‌. നൃശംസരേയും അവരുടെ കര്‍മ്മത്തേയും പറ്റി എനിക്കറിഞ്ഞു കൂടാ. മുള്ളുകളും തീയും കിണറും മര്‍ത്ത്യന്‍ വര്‍ജ്ജിക്കുന്ന മാതിരി നൃശംസകനായ മനുഷ്യനെ മര്‍ത്ത്യര്‍ വര്‍ജ്ജിക്കുന്നു. ഈ ലോകത്തിലും പരലോകത്തിലും അവന്നു രക്ഷയില്ല. അതു കൊണ്ട്‌ അവനെപ്പറ്റിയുള്ള ധര്‍മ്മനിശ്ചയെമെന്തെന്ന്‌ അല്ലയോ കുരൂദ്വഹാ, പറഞ്ഞു തന്നാലും.

ഭീഷ്മൻ പറഞ്ഞു; നൃശംസനായ പുരുഷന്‍ എപ്പോഴും ക്രൂരത ചെയ്യും. ക്രൂരത ചെയ്യുവാനുള്ള ഒരു താല്‍പര്യം എപ്പോഴും അവനില്‍ കാണും. അവന്‍ അന്യന്മാര്‍ക്കു ദൂഷണങ്ങള്‍ പറയും. താന്‍ അന്യനാല്‍ വഞ്ചിതനായെന്നു പറയുകയും ചെയ്യുന്നു. കൊടുത്തത്‌ വിളിച്ചു പറയുന്നവന്‍ ദ്രോഹിയും ക്ഷുദ്രനും ചതിയനും ശഠനുമാണ്‌. പങ്കിട്ട ആര്‍ക്കും കൊടുക്കാത്തവനും ദുരഭിമാനിയും സംഗിയും മേനിപറയുന്നവനും സര്‍വ്വരിലും ദുശ്ശങ്കിയുമായ പുരുഷന്‍ ഏറ്റവും ബാലിശനും കൃപണനുമാണ്‌. അവന്‍ എന്നും തന്റെ കൂട്ടരെ വാഴ്ത്തും. ആശ്രമദ്വേഷിയും സങ്കലിയുമാണവന്‍. ഹിംസാവിഹാരിയും ഗുണദോഷങ്ങള്‍ വേര്‍തിരിച്ചു അറിയാത്തവനുമാണ്‌ അവന്‍. വളരെ വഞ്ചനയും മായാവേഷവും കാണിക്കും. ധൈര്യമുളളവനും ലുബ്ധനും ക്രൂരതയില്‍ പ്രിയമുളളവനുമാണ്‌. ഗുണാഡ്യനായ ധാര്‍മ്മികനെ ഇത്തരക്കാര്‍ പാപികളാണെന്നു ധരിക്കും. തന്റെ ശീലത്തെ പ്രമാണമായി കരുതി ആരേയും വിശ്വസിക്കാതിരിക്കും. പരന്മാര്ക്ക്‌ ദോഷം ചെയ്യുന്ന രഹസ്യങ്ങള്‍ വിളിച്ചു പറയും. തനിക്ക്‌ ദോഷം പറ്റിയാല്‍ അന്യന്റെ കൊറ്റിന്നും ദോഷം കരുതിക്കൂട്ടി ചെയ്യും. തനിക്കുപകാരം ചെയ്യുന്നവനേയും വഞ്ചിതനായി കാണും. ഉപ്രകാരം ചെയ്തവന്ന്‌ ധനം കൊടുത്തതിന്നു ശേഷം ഇരുന്നു ദുഃഖിക്കും. നല്ല ഭക്ഷണവും നല്ല പാനീയവുമൊക്കെ മറ്റുളേളോരുടെ മുമ്പില്‍ വെച്ച്‌ അന്യനു നല്കാതെ ശാപ്പിടും. ഇമ്മാതിരിയുളവനാണ്‌ നൃശംസന്‍.

ബ്രാഹ്മണര്‍ക്ക്‌ ആദ്യം നല്കി പിന്നെ ഇഷ്ടന്മാരോടു കൂടി ഭക്ഷിക്കുന്നവന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം പ്രാപിക്കും. ഇഹലോകത്തില്‍ അവന്‍ സുഖിക്കുകയും ചെയ്യും. 

ഇങ്ങനെ നൃശംസസനെപ്പറ്റി ഞാന്‍ പറഞ്ഞു. അറിവുള്ള പുരു ഷന്‍ എപ്പോഴും നൃശംസനെ വര്‍ജ്ജിക്കണം.

അദ്ധ്യായം 165. പ്രായശ്ചിത്തീയം - ഭീഷ്മൻ പറഞ്ഞു: ദ്രവ്യം കള്ളന്മാരാല്‍ അപഹരിക്കപ്പെട്ടവനും യജ്ഞകാംക്ഷിയും സര്‍വ്വവേദാന്തവേദിയും ആചാര്യ പിതൃ കാര്യങ്ങള്‍ക്കു വേണ്ടി അര്‍ത്ഥിക്കുന്നവനും സ്വാദ്ധ്യായാര്‍ത്ഥം ഏറ്റവനുമായ ബ്രഹ്മണന്‍ ദാനം വാങ്ങുവാന്‍ അര്‍ഹനാണ്‌. ധര്‍മ്മഭിക്ഷുക്കളായി കാണുന്ന ഇത്തരം സാധുവിപ്രന്മാര്‍ക്ക്‌, സ്വത്തില്ലാത്ത ഇത്തരക്കാര്‍ക്ക്‌ ദാനം നല്‍കണം. വിദ്യയും നല്കണം. അങ്ങനെയല്ലാത്തവര്‍ക്കു ദക്ഷിണ നല്കണം. വേദിക്കു പുറത്ത്‌ മറ്റുളളവര്‍ക്കു പാകം ചെയ്ത അന്നം നല്‍കണമെന്നു വിധിച്ചിട്ടുണ്ട്‌. എല്ലാവിധം രത്നങ്ങളും രാജാവ്‌ അര്‍ഹിക്കുന്നവര്‍ക്ക്‌ ഒത്ത വിധം നല്കണം. വേദങ്ങളും ബ്രാഹ്മണരും ദക്ഷിണാഡ്യമായ മഖങ്ങളും അന്യോന്യം വിഭവം കൂട്ടി ഗുണത്തോടെ നിതൃവും യജിക്കേണ്ടതാണ്‌.

മൂന്നു വര്‍ഷത്തേക്ക്‌ ഭൃത്യനെ ചോറു കൊടുത്ത്‌ പേറ്റാനുള്ള കഴിവുള്ളവനും, അതിനേക്കാള്‍ ധനസ്ഥിതിയും കഴിവുളളവനുമായ ബ്രാഹ്മണന്ന്‌ സോമപാനം ചെയ്യുവാന്‍ അര്‍ഹതയുണ്ട്‌. യാഗം ചെയ്യുന്നവന്ന്‌ ഒരംശം ധനത്തിന്റെ പോരായ്മ മൂലം യാഗം നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍, വിശേഷിച്ചും ആ ബ്രാഹ്മണന്നു ധാര്‍മ്മികനായ രാജാവിന്റെ കല്പനയനുസരിച്ച്‌ ധാരാളം പശുക്കളുള്ള വൈശ്യന്റെ, സോമയാഗം ചെയ്യാത്തവനും സോമപാനം ചെയ്യാത്തവനുമായ വൈശ്യന്റെ, ഗോധനം ബ്രാഹ്മണന്റെ യജ്ഞം പൂര്‍ണ്ണമാക്കുവാന്‍ വേണ്ടി ഹരിക്കണം. എന്നാല്‍ ശുദ്രന്റെ ഗൃഹത്തില്‍ നിന്ന്‌ ഒന്നും സ്വീകരിക്കരുത്‌. യജ്ഞങ്ങള്‍ക്കൊന്നിന്നും ശൂദ്രന്റെ പരിഗ്രഹം ഉപയോഗിക്കുവാന്‍ പാടില്ല. അവന്‍ സന്തോഷിച്ചു തന്നാലും വാങ്ങാന്‍ പാടി ല്ല. അനേകശതം ഗോക്കളുള്ളവന്‍, യാഗം ചെയ്യാത്തവന്‍, ഇവരുടെയൊക്കെ ഗൃഹത്തില്‍ നിന്നു ശങ്ക കൂടാതെ ഗോക്കളെ രാജാവിന്നു ഹരിക്കാം. അല്ലാത്തവരില്‍ നിന്ന്‌ അവരെ വിളിച്ചു വരുത്തി ചോദിച്ച്‌ ധനം വാങ്ങാം. മറ്റവരില്‍ നിന്നു സമ്മതം നോക്കേണ്ട ആവശ്യമില്ല. ഇപ്രകാരം ചെയ്യുന്നതെല്ലാം രാജാവിന്നു ചേര്‍ന്ന ധര്‍മ്മമാണ്‌. ആറു നേരം പട്ടിണി കിടന്ന ബ്രാഹ്മണന്ന്‌ അന്നം ആരില്‍ നിന്നും വാങ്ങിക്കൊടുക്കണം. അതില്‍ പാപമില്ല. നീചന്മാരില്‍ ധനമുണ്ടെങ്കില്‍, അവന് നാളേക്ക്‌ ഇല്ലെങ്കില്‍പ്പോലും, ബലമായി രാജാവ്‌ പിടിച്ചെടുത്ത്‌ നല്കണം. കളം, കണ്ടം, കാവ്‌ മുതലായ ദിക്കില്‍ നിന്നു പിടിച്ചെടുത്ത്‌ ബ്രാഹ്മണന്നു നല്കാം. ചോദിച്ചാലും ചോദിച്ചില്ലെങ്കിലും രാജാവിനോട്‌ വിവരം പറയണം. ധര്‍മ്മജ്ഞനായ രാജാവ്‌ അങ്ങനെ പിടിച്ചെടുത്ത്‌ ദാനം ചെയ്തവനെ ശിക്ഷിക്കരുത്‌. രാജാവിന്റെ മൗഢ്യം കൊണ്ടാണ്‌ തന്റെ നാട്ടില്‍ ബ്രാഹ്മണന്‍ ക്ലേശിച്ചു പട്ടിണി കിടക്കേണ്ടി വരുന്നത്‌. ശ്രുതശീലങ്ങള്‍ അറിഞ്ഞ്‌ ആ വക ബ്രാഹ്മണര്‍ക്കു ജീവിത വൃത്തിക്കുളള വഴി തെളിയിക്കണം. അവനെ അച്ഛന്‍ മകനെയെന്ന വിധം രക്ഷിക്കണം. വൈശ്വാനരേഷ്ടി (എല്ലാ മനുഷ്യരുടേയും നന്മയ്ക്കു വേണ്ടിയുള്ള യാഗം) വര്‍ഷം തോറും വര്‍ഷം മാറുമ്പോള്‍ ചെയ്യണം. അനുകല്പം (സര്‍വ്വാംഗയുക്തമായ കര്‍മ്മത്തില്‍ നിന്ന്‌ ഏതാനും കുറഞ്ഞ കര്‍മ്മം) ധര്‍മ്മവാക്കാല്‍ ധര്‍മ്മമായിട്ടുള്ളതാണ്‌. അത്‌ ചെയ്യണം. മൃത്യുഭീതി അകറ്റാന്‍ വിശ്വേദേവകളും, സാദ്ധ്യന്മാരും, ആപത്തില്‍ ചെയ്യുവാന്‍ വിധിച്ചിട്ടുളളതാണ്‌ അത്‌.

മുഖ്യകര്‍മ്മം നടത്തുവാന്‍ കെല്പുള്ളവന്‍ അനുകല്പം നടത്തുകയാണെങ്കില്‍ അയാള്‍ക്ക്‌ പരലോകം ലഭിക്കയില്ല. ദുര്‍ഗ്ഗ തി തന്നെയാണ്‌ ഫലം. വേദജ്ഞനായ വിപ്രന്‍ ആ വകയൊന്നും രാജാവിനെ അറിയിക്കരുത്‌. തന്റെ രാജാവിന്റെ വീര്യത്തേക്കാള്‍ മഹത്തരമാണ്‌ സ്വന്തം വീര്യം. അതു കൊണ്ട്‌ രാജാവിന്ന്‌ ബ്രഹ്മതേജസ്സ്‌ ദുസ്സഹമാണ്‌. കര്‍ത്താവും, ശാസ്താവും, വിധാതാവുമാണ്‌ ബ്രാഹ്മണന്‍. ബ്രാഹ്മണന്‍ ദേവനാണ്‌. അവന്‍ ഒരിക്കലും അകുശലം പറയുവാന്‍ പാടില്ല. ശുഷ്കമായ വാക്കും പറയരുത്‌. ക്ഷത്രിയന്‍ കൈയൂക്കു കൊണ്ട്‌ തന്റെ ആപത്തിനെ തരണം ചെയ്യണം. വൈശ്യനും ശൂദ്രനും ധനം കൊണ്ടു തങ്ങളുടെ ആപത്തിനെ തരണംചെയ്യുണം. ദിജന്‍ മന്ത്രഹോമങ്ങളാല്‍ ആപത്ത്‌ തരണം ചെയ്യുണം. കന്യയോ, യുവതിയോ, വിഡ്ഡിയോ, മന്ത്രഹീനനോ, അസംസ്കൃതനോ, യജ്ഞത്തില്‍ ആഹുതി ചെയ്യരുത്‌. അങ്ങനെയുളളവര്‍ ഹോമിച്ചാല്‍ അവരും ഹോമിക്കാന്‍ അനുവദിച്ച യജമാനനും നരകത്തില്‍ പോകും. അതുകൊണ്ട്‌ വൈദികന്‍ വിതാനകുശലനായ ഹോതാവാകുക.. പ്രാജാപത്യം എന്ന ദക്ഷിണ അഗ്ന്യാധേയന്നു നല്‍കിയില്ലെങ്കില്‍ അവന്‍ അനാഹിതാഗ്നിയാണെന്നു ധര്‍മ്മദര്‍ശികള്‍ പറയുന്നു. അതുകൊണ്ട്‌ ജിത്രേന്ദിയന്‍ ശ്രദ്ധയോടെ പുണ്യങ്ങള്‍ ചെയ്യണം. പൂര്‍ണ്ണ ദക്ഷിണമല്ലാതെ ഒരുത്തനും യജ്ഞം ചെയ്യരുത്‌. ദക്ഷിണയില്ലാത്ത യജ്ഞം പ്രജകളേയും, പശുക്കളേയും, സ്വര്‍ഗ്ഗത്തേയും ഇല്ലാതാക്കും. യശസ്സിന്നും കീര്‍ത്തിക്കും ആയുസ്സിന്നും അത്‌ കേടു വരുത്തും. അശുദ്ധസ്ത്രീകളെ മൈഥുനംചെയ്യുന്ന ദ്വിജന്മാര്‍, അനഗ്നികള്‍, നിഃശ്രോത്രിയന്മാര്‍ ഇവര്‍ ആഹുതി ചെയ്യാന്‍ പാടില്ല. ചെയ്താല്‍ അവര്‍ പാപികളാകും. ഒരു കൂപം മാത്രമുളള ഗ്രാമത്തില്‍ ശൂദ്രസ്ത്രീയുടെ ഭര്‍ത്താവായി പന്ത്രണ്ടു വര്‍ഷം പാര്‍ത്ത്‌ ബ്രാഹ്മണന്‍ ശൂദ്രകര്‍മ്മാവായി അധഃപതിക്കും. ഭാരൃയല്ലാത്തവളെ മെത്തയില്‍ കിടത്തുന്ന ബ്രാഹ്മണന്‍, ശൂദ്രരേയും അബ്രാഹ്മണരേയും വൃദ്ധരായിക്കണ്ട്‌ ബഹുമാനിക്കുന്നവന്‍, പുല്ലില്‍ക്കിടക്കണം. അതാണതിന്നു പ്രായശ്ചിത്തം. എന്നാല്‍ അവന്‍ ശുദ്ധനാകും. എന്റെ മൊഴി രാജാവേ, കേള്‍ക്കുക.

നികൃഷ്ടനെ സേവിക്കുന്ന ബ്രാഹ്മണന്‍ ഒരേ ഒരു രാവാല്‍ സ്ഥാനാസനം കൊണ്ടു പാപം ചെയ്താല്‍, മൂന്നു വര്‍ഷത്തെ വ്രതം കൊണ്ട്‌ ആ പാപം തീരും. നേരമ്പോക്കില്‍ നുണ പറഞ്ഞാല്‍ അത്‌ പാപമാവുകയില്ല. സ്ത്രീകളോട്‌ കാര്യസാദ്ധ്യത്തിന്നും വേള്‍ക്കുന്നതിന്നും നുണ പറഞ്ഞാല്‍ പാപമില്ല. ഗുരുവിന് ധനത്തിന്നു വേണ്ടിയും, ഉപജീവനത്തിന് വേണ്ടിയും അല്പം നുണ പറഞ്ഞാല്‍ പാപമില്ലെന്നാണ്‌ വെപ്പ്‌.

ശ്രദ്ധയോടു കൂടി നല്ല വിദ്യ നീചന്മാരോടും പഠിക്കാം; അമേദ്ധൃത്തില്‍ കിടക്കുന്നതായിക്കണ്ടാലും സ്വര്‍ണ്ണം എടുക്കുന്നതില്‍ ശങ്കിക്കേണ്ടതില്ല. ദുഷ്കുലത്തില്‍ നിന്നും സ്ത്രീരത്നങ്ങളെ സ്വീകരിക്കാം. വിഷത്തില്‍ നിന്ന്‌ അമൃതിനെ എടുക്കാം. രത്നം, ജലം എന്നിവയ്ക്കു ദോഷം കല്‍പിച്ചു കൂടാ. ഗോക്കളുടേയും ബ്രാഹ്മണരുടേയും രക്ഷയ്ക്കു വേണ്ടി ആയുധമെടുക്കുന്നതില്‍ പാപമില്ല. ജാതിമിശ്രം വരുമ്പോള്‍ രക്ഷപ്പെടുത്തുന്നതിന്നും ശസ്ത്രം എടുക്കാം. ആത്മരക്ഷയ്ക്കു വൈശ്യന്നും ശസ്ത്രമെടുക്കാം.

മദൃപാനം, ബ്രഹ്മഹത്യ, ഗുരുതല്പഗമനം ഇവയെല്ലാം പാടില്ലാത്തതാണ്‌. മരണം വരെ ഇത്‌ ഓര്‍മ്മയിലിരിക്കണം. സ്വര്‍ണ്ണാപഹരണം. ബ്രഹ്മസ്വാപഹരണം ഇവ പാതകങ്ങളാണ്‌. മദ്യപാനം ചെയ്ത്‌ അഗമ്യസ്ത്രീസംഗം ചെയ്ത്‌ കളിക്കുന്നവൻ, ഭ്രഷ്ടസംസര്‍ഗ്ഗം ഏല്ക്കുന്നവന്‍, ബ്രാഹ്മണിയുടെ യോനി സ്പര്‍ശിച്ചവന്‍, ഇങ്ങനെയുള്ളവന്‍ വൈകാതെ തന്നെ ഭ്രഷ്ടനാകും. ദുഷ്ടസംസര്‍ഗ്ഗം ഏറ്റവന്‍ ഒരു വര്‍ഷത്തിനിടയ്ക്കു ഭ്രഷ്ടനാകും. ഒരു  ഭ്രഷ്ടനുമൊത്തു യാത്രചെയ്യുന്നതോ, ഒരു പന്തി യിലിരുന്ന്‌ ഉണ്ണുന്നതോ, ഒരേ ഇരിപ്പിടത്തിലിരിക്കുന്നതോ, ഒരേ ശയ്യയില്‍ കിടക്കുന്നുതോ പ്രായശ്ചിത്തം ചെയ്യത്തക്ക പാപമല്ല. ഇവയൊഴികെ എല്ലാം പ്രായശ്ചിത്തം ചെയ്യേണ്ട പാപങ്ങളാണ്‌.

പറഞ്ഞ വിധിപ്രകാരം പ്രായശ്ചിത്തം ചെയ്താല്‍ കാലക്രമേണ വ്യസനങ്ങളൊക്കെ തീരും. പ്രേതകര്‍മ്മം ചെയ്തില്ലെങ്കിലും സ്വര്‍ണ്ണവും, അന്നവും എടുക്കാം. മുമ്പു പറഞ്ഞ ഈ മൂന്നു കൂട്ടരിലും അതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല. അമാതൃന്മാരേയും ആചാര്യന്മാരേയും ധാര്‍മ്മികന്‍ ധര്‍മ്മപ്രകാരം ഒഴിവാക്കണം. പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവരുമായി ചേരുവാന്‍ പാടില്ല. അധര്‍മ്മം ചെയ്തവന്‍ ധര്‍മ്മത്താലും, തപസ്സാലും പാപത്തെ പരിഹരിക്കും. കള്ളനെ കള്ളന്‍ എന്നു പറയുന്നതും പാപമാണ്‌. കളളനല്ലാത്തവനെ കളളന്‍ എന്നു വിളിച്ചാല്‍ പാപം ഇരട്ടിയാണ്‌. ബ്രഹ്മഹത്യാപാപത്തിന്റെ മൂന്നിലൊന്നു പാപം കന്യ ദുഷിച്ചാല്‍ അവള്‍ക്കുണ്ട്‌. അവളെ ദുഷിപ്പിച്ചവന്‍ മുന്നില്‍ രണ്ടു ഭാഗം പാപം ഏല്ക്കും. വിപ്രന്മാരെ അധിക്ഷേപിച്ച്‌ അവരെ പ്രഹരിച്ചാല്‍ വലിയ പാപമാണ്‌. നൂറ്റാണ്ടു കാലത്തോളം ആ പാപം നിലനില്ക്കും. അവന്‍ നരകത്തില്‍ ആയിരം വര്‍ഷം പാര്‍ക്കേണ്ടിവരും. അതു കൊണ്ട്‌ ബ്രാഹ്മണനെ അധിക്ഷേപിക്കുകയോ കൈ വെക്കുകയോ അരുത്‌. ബ്രാഹ്മണന്റെ രക്തം എത്ര മണ്ണിന്‍ തരിയില്‍ വീണു നനഞ്ഞുവോ അത്രത്തോളം വര്‍ഷം ആ കൈയേറ്റം ചെയ്തവന്‍ നരകത്തില്‍ കിടക്കും. ഭ്രൂണഹന്താവ്‌ യുദ്ധത്തില്‍ ശസ്ത്രം ഏല്ക്കുകയാണെങ്കില്‍ പാപം നീങ്ങിയവനാകും. അല്ലെങ്കില്‍ കത്തുന്ന തീയില്‍ ആത്മാഹുതി ചെയ്താലും അവന്‍ ശുദ്ധനാകും. മദ്യം കഴിച്ചവൻ പൊള്ളുന്ന മദ്യം കഴിച്ചാല്‍ പാപം തീരും. അതുളളില്‍ച്ചെന്ന്‌ കുടലു വെന്ത്‌ ചത്താലും പാപം തീരും.

നാടും ഗ്രാമങ്ങളും വിപ്രനില്ലെങ്കില്‍ നേടുന്നതല്ല. ഗുരുവിന്റെ ഭാര്യയെ പ്രാപിച്ചവന്‍ മഹാപാപിയാണ്‌. ജ്വലിക്കുന്ന സ്ത്രീ പ്രതിമയെ കെട്ടിപ്പിടിച്ച്‌ പൊളളി മരിച്ചാല്‍ അവന്‍ ശുദ്ധനാകും. അല്ലെങ്കില്‍ അവന്‍ പാപം ചെയ്ത ശിശ്നത്തേയും വൃഷ്ണത്തേയും കൈകൊണ്ട്‌ പറിച്ചെടുത്ത്‌ നേരെ തെക്കുപടിഞ്ഞാട്ട് ഓടി വീണു ചാകണം. അല്ലെങ്കില്‍ ഒരു വിപ്രന് വേണ്ടി പ്രാണനെ കളഞ്ഞാലും അവന്റെ പാപം തീരും. അശ്വമേധം യജിച്ചോ, ഗോമേധം കഴിച്ചോ, അഗ്നിഷ്ടോമം കഴിച്ചോ ഇഹത്തിലും പരത്തിലും പുജ്യനാകാം. ബ്രഹ്മഹത്യ ചെയ്തവന്‍ പ്രന്തണ്ടു വര്‍ഷം തലയോട്‌ ഭിക്ഷാപാത്രമായി എടുത്ത്‌ ഭിക്ഷ യാചിച്ചു ജീവിക്കണം. ബ്രഹ്മചാരിയായി മുനിവൃത്തി സ്വീകരിക്കണം. ബ്രഹ്മഘ്നന്‍ ഇപ്രകാരം തപശ്ചര്യയോടെ സേവനം ചെയ്യണം.

അറിഞ്ഞുകൊണ്ടു തന്നെ ഗര്‍ഭിണിയെ കൊന്നവന്‍ ബ്രഹ്മഹത്യാപാപത്തിന്റെ ഇരട്ടി ശിക്ഷ അനുഭവിക്കും. മദ്യം കഴിച്ച വന്‍ ആഹാരം ഒരു നേരം കഴിച്ച്‌ ബ്രഹ്മചാരിയായി, നിലത്തു കിടന്ന്‌ മൂന്നു വര്‍ഷം കഴിഞ്ഞാല്‍ അഗ്നിഷ്ടോമം കഴിക്കണം. പിന്നെ ഒരു കാളയേയും, ആയിരം പശുവിനേയും ദാനം ചെയ്താല്‍ ശുദ്ധനാകും. വൈശ്യനെ കൊന്നാല്‍ രണ്ടു കൊല്ലം മുന്‍പറഞ്ഞ വ്രതമെടുത്ത്‌ ഒരു കാളയേയും, നൂറ്‌ പൈക്കളേയും ദാനം ചെയ്യണം. ശൂദ്രനെ കൊന്നാല്‍ ഒരാണ്ടു വ്രതമെടുത്ത്‌ ഒരു കാളയേയും, നൂറ്‌ പശുക്കളേയും ദാനം ചെയ്യണം.

പൂച്ച, സര്‍പ്പം, കാള, എലി, ചാഷം, തവള, കഴുത, നായ, പന്നി, ഇവയെക്കൊന്നാല്‍ ശൗദ്രോപമമായ വ്രതം എടുക്കണം. പശുവിന്ന്‌ സമമായ ദോഷം പ്രാണിവധത്തിലുണ്ട്‌. രാജാവേ, വേറെയും പ്രായശ്ചിത്തങ്ങള്‍ പറയാനുണ്ട്‌. അവ ക്രമമായി ഞാന്‍ പറയാം.

അല്പം പാപം ചെയ്താലും പശ്ചാത്തപിക്കണം. ഒരാണ്ട്‌ വ്രതവുമെടുക്കണം. വിപ്രന്റെ ഭാര്യയെ പ്രാപിച്ചാല്‍ ഒരു വര്‍ഷം, അന്യന്റെ ഭാര്യയെ (പാപിച്ചാല്‍ നാലാംദിവസം മാത്രം ഭക്ഷണം കഴിച്ച്‌ ബ്രഹ്മചര്യ വ്രതമെടുക്കണം. അഗ്നിയെ നശിപ്പിച്ചവനും ധിക്കരിച്ചവനും മൂന്നു ദിവസം നിന്ന്‌ പിന്നെ ഇരുന്ന്‌ ഭക്ഷിക്കണം; മൂന്നു ദിവസം പച്ചവെള്ളം മാത്രമേ കുടിക്കാവൂ.

കാരണം കൂടാതെ അമ്മയേയും, അച്ഛനേയും, ഗുരുവിനേയും ഉപേക്ഷിച്ചു പോയവന്‍ ഏറ്റവും പതിതനാണെന്നാണ്‌ ധര്‍മ്മത്തിന്റെ നിശ്ചയം. അവന് ഈണും, ഉടുപ്പും മാത്രം നല്കാമെന്നാണ്‌ കാണുന്നത്‌. സ്ത്രീ വ്യഭിചാരിണി ആവുകുയാണെങ്കില്‍ പരസ്ത്രീയെ പ്രാപിച്ച പുരുഷന്‍ ചെയ്യുന്ന പ്രായശ്ചിത്തം അവളും ചെയ്യണം. ശ്രേഷ്ഠനെ (ഭര്‍ത്താവ।നെ) വിട്ട്‌ വേറെ ഒരു ദുഷ്ടനെ മെത്തയില്‍ക്കേറ്റിയാല്‍ അവളെ രാജാവ്‌ പരസ്യമായി നായ്ക്കളെ വിട്ട്‌ കടിപ്പിക്കണം. ആ പുരുഷനേയോ പഴുപ്പിച്ച ഇരുമ്പു കട്ടിലില്‍ രാജാവ്‌ കയറ്റണം. ആ പാപി എരിഞ്ഞു ചാകുന്ന വിധം അഗ്നിയും കൂട്ടണം. സ്ത്രീകള്‍ക്ക്‌ ഇതാണ്‌ ഭര്‍ത്തൃജനാതി ക്രമണത്തിന്ന്‌ ശിക്ഷ. ഒരാണ്ടിനുള്ളില്‍ പ്രായശ്ചിത്തം ചെയ്യാത്ത ദുഷ്ടന്‍ ഇരട്ടിപ്രായശ്ചിത്തം ചെയ്യണം. പിന്നെയും ചെയ്യാത്തവന്‍ ക്രമത്തില്‍ ഈരാണ്ട്‌, മുവ്വാണ്ട്‌, നാലാണ്ട്‌, അയ്യാണ്ട്‌ ഇങ്ങനെ മുനിവ്യത്തിയെടുത്ത്‌ ഭിക്ഷ തെണ്ടി ഭക്ഷണം കഴിച്ച്‌ ജീവിക്കാം.

ഒരു ഇളയ സഹോദരന്‍ ജ്യേഷ്ഠന് മുമ്പെ വിവാഹം ചെയ്താൽ,വിവാഹം ചെയ്ത ഇളയ സഹോദരനും വിവാഹം ചെയ്യാത്ത മൂത്ത സഹോദരനും വിവാഹം ചെയ്യപ്പെട്ട സ്ത്രീയും ഇവര്‍ മൂന്നു പേരും ഭ്രഷ്ടരായി കണക്കാക്കണം. അവരെ വിവാഹം കഴിപ്പിക്കാന്‍ കൂടിയവരും പാപഭാക്കുകളാണ്‌. അതിന്ന്‌ പരിഹാരമായി വീരഘാതി ചെയ്യേണ്ട വ്രതം എല്ലാവരും എടുക്കണം. ഒരു മാസം കൃചമായ ചാന്ദ്രായണ്ര വ്രതം എടുക്കണം. അല്ലെങ്കില്‍ വിവാഹം കഴിച്ച അനുജന്‍ ഭാര്യാസമേതം ജ്യേഷ്ഠന്റെ മുമ്പില്‍ ചെന്നു നിന്ന്‌ ഇതു നിന്റെ സ്നുഷയാണ്‌, ഇവളെ എനിക്കു ദാനം ചെയ്യൂ, എന്ന്‌ പറയണം. പിന്നീട്‌ ജേഷ്ഠന്റെ ആജ്ഞയനുസരിച്ച്‌ അവളെ ഭാരൃയാക്കാം. എന്നാല്‍ അവര്‍ക്ക്‌ മൂന്നു പേര്‍ക്കും മുക്തി ലഭിക്കും. അമാനുഷികളില്‍ ഗോവിന്നൊഴികെ മറ്റ്‌ ജന്തുക്കളെ ഹിംസിക്കുന്നതില്‍ തെറ്റില്ല. പശുക്കളെ ഹിംസിക്കുന്നവന്ന്‌ മേലാളുകളെ ദ്രോഹിച്ചവന്നുളള പാപം ബാധിക്കും. പശുവിനെ ഏതു വിധത്തില്‍ ഹിംസിച്ചുവോ ആ കാര്യം പറഞ്ഞ്‌ ഏഴു ഗൃഹത്തില്‍ പോകണം. വെണ്‍ചാമരയും മണ്‍പാത്രവും കൈയിലെടുത്ത്‌ നിതൃവും നടക്കണം, കിട്ടിയതു കഴിക്കണം. അങ്ങനെ പന്ത്രണ്ടു ദിവസം ചെയ്താല്‍ പാപം നീങ്ങും. ഒരു കൊല്ലം ആ വ്രതമെടുത്താല്‍ പാപം തീരെ അറ്റുപോകും.

മനുഷ്യരില്‍ ഇപ്രകാരം പ്രായശ്ചിത്തം പ്രധാനമാണ്‌. ദാനശക്തന്മാരില്‍ ദാനം കല്‍പിക്കണം. അനാസ്തികന്മാരില്‍ ഗോമാത്രദാനം കല്‍പിക്കണം. നായ, പന്നി, കോഴി, കഴുത, മനുഷ്യര്‍ ഇവയുടെ മാംസം, മൂത്രം, മലം ഇവ ഭക്ഷിച്ചവന്‍ പ്രായശ്ചിത്തം ചെയ്യണം. സോമപനായ ബ്രാഹ്മണന്‍ മദ്യം കഴിച്ചവന്റെ ഗന്ധം ഏറ്റാല്‍ മൂന്നു ദിവസം ചുടു വെള്ളം മാത്രം കുടിക്കണം. പിന്നെ മൂന്നു ദിവസം ചൂടുള്ള പാലും, മൂന്നു ദിവസം ചൂടു വെളളവും കുടിച്ച്‌ കാറ്റു മാത്രം ഭക്ഷിച്ച്‌ ഇരിക്കണം.

ഇങ്ങനെ പാപങ്ങള്‍ക്കു സനാതനമായ പ്രായശ്ചിത്തം നിശ്ചയിച്ചിരിക്കുന്നു; ബ്രാഹ്മണന്ന്‌ പ്രതേകിച്ചും ഇതു പറഞ്ഞിരിക്കുന്നു.

അദ്ധ്യായം 166. ഖഡ്ഗോത്പത്തികഥനം (വാള്‍ ഏങ്ങനെ ഉണ്ടായി എന്ന കഥ) - വൈശമ്പായനൻ പറഞ്ഞു: ഭീഷ്മന്റെ ആ പ്രസംഗം അവസാനിച്ചപ്പോള്‍ വാള്‍പ്പോരില്‍ സമര്‍ത്ഥനായ നകുലന്‍ ശരതല്പത്തില്‍ക്കിടക്കുന്ന പിതാമഹനോടു ചോദിച്ചു.

നകുലന്‍ പറഞ്ഞു: അല്ലയോ പിതാമഹാ! ആയുധങ്ങളില്‍ വെച്ച്‌ പ്രാധാന്യം വില്ലിനാണെന്നു പറയുന്നു. അല്ലയോ ധര്‍മ്മവിത്തേ, എന്റെ മനസ്സ്‌ എപ്പോഴും വാളില്‍ത്തന്നെ പറ്റി നില്ക്കു ന്നു. എനിക്കു കൂടുതല്‍ താല്പര്യം വാളിനോടാണ്‌. രാജാവേ, വില്ലറ്റ്, കുതിരകളൊക്കെ കൊല്ലപ്പെട്ടു വീഴുമ്പോള്‍, വാള്‍ കൈയിലുള്ളവന്ന്‌ ആത്മാവിനെ രക്ഷിക്കാം. വില്ലെടുത്തവരേയും, വാള്‍, ഗദ എന്നിവ കൈയിലുള്ളവരേയും, വാള്‍ കൈയിലുള്ള ഒരു വീരന്ന്‌ ഏറ്റു ബാധിക്കുവാന്‍ കഴിയും. രാജാവേ, എനിക്ക്‌ ഇതില്‍ സംശയമുണ്ട്‌, വലിയ കൗതുകവുമുണ്ട്‌. എല്ലാ യുദ്ധത്തിലും ശ്രേഷ്ഠമായ ആയുധം ഏതെന്നു പറഞ്ഞു തന്നാലും. വാള്‍ എങ്ങനെ ഉണ്ടായി. എന്തു കാര്യത്തിന്നാണ്‌ അതുണ്ടായത്‌? ആരാണ്‌ വാളിന്റെ പൂര്‍വ്വ ഗുരു? ഇവയൊക്കെ വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വൈശമ്പായനന്‍ പറഞ്ഞു: ബുദ്ധിമാനായ മാദ്രേയന്‍ പറഞ്ഞ വാക്കുകള്‍ കേട്ട്‌, സുക്ഷ്മ ചിത്രാര്‍ത്ഥ സമ്മതമായും, കുശലമായും, സ്വരാക്ഷരങ്ങള്‍ ചേരുന്ന വിധം മനോഹരമായും ശോഭിക്കുന്ന വാക്കുകള്‍ കൊണ്ട്‌ അഭ്യാസമേറിയവനും ദ്രോണശിഷ്യനുമായ നകുലനോട്‌, ധനുര്‍വ്വേദപാരഗനും, ധര്‍മ്മജ്ഞനും, ശരതല്‍പത്തില്‍ കിടക്കുന്നവനുമായ ഭീഷ്മൻ പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു;  അല്ലയോ മാദ്രേയാ, നീ ചോദിച്ച കാര്യത്തിന്റെ ശരിയായ മറുപടി ഞാന്‍ പറയാം. നീ ശ്രദ്ധിച്ചു കേള്‍ക്കുക. നിന്റെ ചോദ്യത്തില്‍ മനയോലയൊഴുകുന്ന അദ്രിപോലെ ഞാന്‍ ഉയര്‍ന്ന്‌ ഉണര്‍ന്നിരിക്കുന്നു.

ഉണ്ണീ, ഈ പ്രപഞ്ചം പ്രളയജലത്താല്‍ മൂടിക്കിടന്നിരുന്നു. ആകാശം പോലുമില്ലാതെ നിശ്ചലമായി നിന്നു. ഇരുളടഞ്ഞ്‌ അസ്പര്‍ശമായി, അതിഗംഭീരമായി, നിശ്ശൂബ്ധമായി നിന്നു. അപ്രമേയമായ അതില്‍ പിതാമഹന്‍ ജനിച്ചു. ആ വീര്യവാൻ വായു, അഗ്നി, സൂര്യന്മാര്‍ എന്നിവരെ സൃഷ്ടിച്ചു. മേലെ ആകാശവും, താഴെ നൈരൃതിക്ഷിതിയേയും സൃഷ്ടിച്ചു. നഭസ്സ്‌, ചന്ദ്രതാരങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, സംവത്സരം, ഋതുക്കള്‍, മാസങ്ങള്‍, പക്ഷങ്ങള്‍, ക്ഷണങ്ങള്‍, ലവങ്ങള്‍ എന്നിവയും സൃഷ്ടിച്ചു. പിന്നെ ലോകത്തിന് ശരീരം ഉറപ്പിച്ച്‌ പിതാമഹന്‍ തേജസ്വികളായ മക്കളെ സൃഷ്ടിച്ചു. മുനിമാരായ മരീചി, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍, അംഗിരസ്സ്‌, ഈശന്‍, രുദ്രന്‍ എന്നിവരെ സൃഷ്ടിച്ചു. പ്രചേതസനായ ദക്ഷന്‍ അറുപതു കന്യകമാരെ സൃഷ്ടിച്ചു. സന്തതിക്കായി അവരെ മഹര്‍ഷികള്‍ വേട്ടു. അവരില്‍ നിന്നു വിശ്വഭൂതങ്ങളും ദേവകളും, പിതൃക്കളും ഗന്ധര്‍വ്വരും, അപ്സരസ്ത്രീകളും, പലതരം രാക്ഷസന്മാരും, മൃഗപക്ഷികളും, മത്സ്യങ്ങളും, സര്‍പ്പങ്ങളും, പ്ലവങ്ങളും, കരയി ലും, വെള്ളത്തിലും ജീവിക്കുന്ന മറ്റു പക്ഷിഗണങ്ങളും, ഉത്ഭിജങ്ങളും, സ്വേദജങ്ങളും, ജരായുജങ്ങളും, അണ്ഡജങ്ങളും മുറയ്ക്കുണ്ടായി. അങ്ങനെ ചരാചരമായ ലോകമൊക്കെയും ഉണ്ടായി. ഇങ്ങനെ ഈ ഭൂതവര്‍ഗ്ഗത്തെ സൃഷ്ടിച്ചതിന് ശേഷം സര്‍വ്വലോക പിതാമഹനായ ബ്രഹ്മാവ്‌ ശാശ്വതമായി വേദത്തില്‍ പറഞ്ഞിരിക്കുന്ന ധര്‍മ്മവും പ്രയോഗിച്ചു.

പുരോഹിതാചാര്യരോടു കൂടി ധര്‍മ്മജ്ഞരായ ദേവകളും, ആദിത്യവസുരുദ്രന്മാരും, സാദ്ധ്യന്മാരും, മരുത്തുക്കളും, അശ്വികളും, അംഗിരസ്സ്‌, ഭൃഗു, അത്രി എന്നിവരും സിദ്ധന്മാരും, കാശ്യപന്‍, താപസര്‍, വസിഷ്ഠന്‍, ഗൗതമന്‍, അഗസ്ത്യന്‍, നാരദപര്‍വ്വതന്മാര്‍, ഋഷിമാര്‍, ബാലഖില്യന്മാര്‍, പ്രഭാസര്‍, സികതന്മാര്‍, ഘൃതപന്മാര്‍, സോമവായു വൈശ്വാനര മരീചിപന്മാര്‍, അകൃഷ്ടര്‍, ഹംസര്‍ ഇങ്ങനെ വായു അഗ്നിയോനികളും, വാനപ്രസ്ഥ പൃശ്നികളും ബ്രഹ്മാവിന്റെ ആജ്ഞപ്രകാരം നിന്നു.

പിതാമഹന്റെ കല്പനയെ തെറ്റി നിന്ന്‌ ദാനവന്മാര്‍ ക്രോധ ലോഭങ്ങളില്‍പ്പെട്ട്‌ ധര്‍മ്മത്തെ ക്ഷയിപ്പിച്ചു. ഹിരണ്യകശിപു, ഹിരണ്യാക്ഷന്‍, വിരോചനന്‍, ശംബരന്‍, വിപ്രചിത്തി, പ്രഹ്ലാദന്‍, നമുചി, ബലി ഇവരും മറ്റു പലരും കൂട്ടമായി ദൈത്യദാനവന്മാരും സ്വയം ധര്‍മ്മം വെടിഞ്ഞ്‌ അധര്‍മ്മത്തില്‍ തന്നെ ഉറച്ചു നിന്നു കൂത്താടി. ഞങ്ങളൊക്കെ ഒരു പോലെ തുല്യാഭിജാതന്മാരാണ്‌. ഞങ്ങളും ദേവന്മാരെപ്പോലെ തന്നെ ഉയര്‍ന്നവരാണ്‌ എന്നു പറഞ്ഞ്‌ സുരന്മാരോടും മുനിമാരോടും മത്സരവും വൈരവും ഉയര്‍ത്തി. അവര്‍ ഭൂതങ്ങളോട്‌ ദയയോ പ്രിയമോ കാണിച്ചില്ല. ജീവകാരുണ്യം വെടിഞ്ഞവരായി വിഹരിച്ചു. അവര്‍ സാമവും ദാനവും ഭേദവും വിട്ട ദണ്ഡം കൊണ്ടു മാത്രം ലോകരെ നിര്‍ത്തി. ദര്‍പ്പം മൂലം അവരുമായി അസുരന്മാരില്‍ ഉത്തമന്മാര്‍ ചേര്‍ന്നു നില്ക്കാതായി. പിന്നെ ബ്രഹ്മർ‍ഷിമാര്‍ ചെന്ന്‌ ബ്രഹ്മദേവനെ സേവിച്ചു. ഹിമവാന്റെ ശൃംഗത്തില്‍ അഴകില്‍ നൂറു യോജന വിസ്താരമുള്ള ഒരു പത്മത്തിന്റെ മൊട്ടില്‍ ബ്രഹ്മാവ്‌ വാണു. ആ പര്‍വ്വതത്തില്‍ ചുറ്റും പൂമരക്കാട്‌ ശോഭിച്ചിരുന്നു. ആയിരം വര്‍ഷം ചെന്നപ്പോള്‍ (ബഹ്മദേവന്‍ കല്പത്തില്‍ കണ്ട വിധിപ്രകാരം വേണ്ട നടപടിപോലെ ഒരു യജ്ഞം ചെയ്തു. ആ യജ്ഞം അതിഭയങ്കരമായിരുന്നു. ആ യജ്ഞത്തില്‍ ക്രിയ നടത്തിയത്‌ ദക്ഷനും ഋഷിമാരുമാണ്‌. അവര്‍ സമിത്തുക്കള്‍ അണച്ച്‌ അഗ്നിയെ ജലിപ്പിച്ചു. സുവര്‍ണ്ണയജ്ഞ ഭാണ്ഡങ്ങള്‍ പ്രശോഭിച്ചു. ദേവഗണ ശ്രേഷ്ഠന്മാരാല്‍ ചുറ്റും യജ്ഞമണ്ഡലം ചുഴന്ന്‌ ശോഭിച്ചു. ബ്രഹ്മർ‍ഷികളും സദസ്യരും ആകും വിധം പങ്കു കൊണ്ട്‌ അതാതു കാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ആ യജ്ഞത്തിന്റെ ഘോരമായ വൃത്താന്തം ഋഷിമാര്‍ പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു. ആകാശം നക്ഷത്രങ്ങളാല്‍ തെളിഞ്ഞ്‌ ചന്ദ്രനാല്‍ ശോഭ വീശുന്ന മട്ടില്‍ അഗ്നി ചിന്നിച്ചു കൊണ്ട്‌ അപ്പോള്‍ അതില്‍ നിന്ന്‌ ഒരു ഭൂതം ഉയര്‍ന്നു.

നീലോലല്‍പലത്തിന്റെ നിറത്തോടെ, തീക്ഷ്ണമായ, കൃശമായ ഉദരത്തോടെ, വളരെ പൊക്കത്തില്‍, അത്യധികമായ തേജസ്സോടെ, ദുഷ്പ്രധര്‍ഷണമായ ഒരു രുപം പ്രത്യക്ഷമായി. ആ ഘോരസത്വം പൊങ്ങുന്ന സമയത്ത്‌ മന്നിടം ഇളകിപ്പോയി. തിരയും ചുഴിയും തിങ്ങി, സമുദ്രം കലങ്ങി, കൊള്ളിമീന്‍ ചാടി, വൃക്ഷശാഖകള്‍ വീണു. പത്തു ദിക്കും അശാന്തമായി. ദുഷ്ടമായ കാറ്റുവീശി. ഇങ്ങനെ ഭയങ്കരമായ ഉല്‍പ്പാതങ്ങളുണ്ടായി.

വീണ്ടും വീണ്ടും ഭൂതജാലങ്ങള്‍ ഭയപ്പെട്ട്‌ നടുങ്ങി. ആ ഭൂതത്തിന്റെ വരവും ഉല്‍പ്പാതങ്ങളും കണ്ട്‌ മഹര്‍ഷിമാരോടും സുരന്മാരോടും ഗന്ധര്‍വന്മാരോടും പിതാമഹന്‍ പറഞ്ഞു: ഹേ ദേവന്മാരേ, ഋഷിമാരേ, ഗന്ധര്‍വ്വന്മാരെ, ഇത്‌ ഞാന്‍ ഉള്ളില്‍ സങ്കല്പിച്ചുട്ടുളള വീര്യവാനായ  "അസി"യാണ്‌. ലോകത്തിന്റെ രക്ഷയ്ക്കും അപ്രകാരം തന്നെ സുരദ്രോഹികളുടെ വധത്തിന്നും വേണ്ടിയാണ്‌ ഞാന്‍ ഇവനെ വരുത്തിയത്‌.

പിന്നെ ആ രൂപം വെടിഞ്ഞ്‌ അവന്‍ വാളിന്റെ രൂപമായിത്തീര്‍ന്നു. കാലാന്തകോപമനായി അവന്‍ തീക്ഷ്ണധാരയോടെ തിളങ്ങി. വൃഷകേതനനും നീലകണ്ഠനുമായ രുദ്രന്ന്‌ അധര്‍മ്മത്തെ നശിപ്പിക്കുന്നതിന്നു വേണ്ടി ആ വാള്‍ നല്കി.

ഉടനെ മഹര്‍ഷിമാര്‍ രുദ്രനെ പുകഴ്ത്തി. ആ വാള്‍ വാങ്ങിച്ച്‌ അമേയാത്മാവായ നീലകണ്ഠന്‍, മറ്റൊരു രുപം സ്വീകരിച്ചു. നാലു കൈയുമായി, ഉന്നത ശരീരനായി, അര്‍ക്കനില്‍ ശിരസ്സ്‌ മുട്ടുന്ന വിധം വളര്‍ന്നു നിന്നു. മേലോട്ട്‌ കണ്ണുമായി, മഹാലിംഗനായി, വായില്‍ അഗ്നിജ്ജ്വാലയോടെ, നീല, വെളള, ചുവപ്പ്‌, എന്നീ നിറങ്ങള്‍ മാറിമാറി വീശുന്ന വിധം സ്വര്‍ണ്ണപ്പുള്ളികളോടു കൂടിയ കൃഷ്ണാജിനം ചാര്‍ത്തി നിന്നു. അര്‍ക്കനെപ്പോലെയുളള ഒറ്റ ക്കണ്ണ്‌ നെറ്റിയില്‍ മിന്നി. മറ്റു രണ്ടു നയനങ്ങള്‍ കൃഷ്ണപിംഗളമായും മിന്നി. ഭഗവാന്‍ കാലാഗ്നി സന്നിഭമായ ആ വലിയ വാള്‍ കൈയിലെടുത്തു. മൂന്നു മൊട്ടുളളതും മിന്നല്‍ക്കാറു പോലുള്ളതുമായ പരിച കൈയിലെടുത്തു. അങ്ങനെ ആ മഹാബലപരാക്രമന്‍ ആകാശത്ത്‌ ആ വാള്‍ വീശി യുദ്ധം നടത്തുവാനായി പല മാര്‍ഗ്ഗങ്ങളായി ചുറ്റി. അവര്‍ നാദം ഉതിര്‍ത്തുകൊണ്ട്‌ അത്യുച്ചത്തില്‍ ചിരിച്ചപ്പോള്‍ ആ രുദ്രന്റെ രൂപം കൂടുതല്‍ ഘോരമായി പരിണമിച്ചു.

രൗദ്രരൂപം രൗദ്രകര്‍മ്മത്തിന്നായി രുദ്രന്‍ എടുത്തപ്പോള്‍ അതു കേട്ട്‌ വളരെ ഹര്‍ഷത്തോടെ ദാനവന്മാരെല്ലാം  ഇപ്പോള്‍ രുദ്രനെ തവിടുപൊടിയാക്കണമെന്നു പറഞ്ഞ്‌ വലിയ പാറകളും കത്തുന്ന തീക്കൊളളികളും പന്തങ്ങളും കത്തിയുടെ കൂര്‍ത്ത മുനപോലെ മുനയുള്ള ഇരിമ്പു കുറ്റികളും മറ്റുമായി പാഞ്ഞടുത്തു. സര്‍വ്വത്തേയും ഭസ്മമാക്കി കളയുന്ന അച്യുതനായ രുദ്രനെക്കണ്ട്‌ പാഞ്ഞിരമ്പിക്കയറുന്ന ദൈത്യസൈന്യം മോഹിച്ചുഴന്നുപോയി.

രുദ്രന്‍ ഒറ്റയ്ക്ക്‌ വാള്‍ കൈയിലേന്തി ശീഘ്രഗതിയില്‍ ചിത്രമായി ചരിക്കെ അസുരന്മാരൊക്കെ രുദ്രന്‍ ആയിരം രൂപത്തില്‍ ചുറ്റുന്നു, എന്നു ചിന്തിച്ചുപോയി! വെട്ടിക്കീറി അരിഞ്ഞുതള്ളി, കൊത്തിക്കീറി ഓരോ ദിക്കില്‍ വീഴ്ത്തി, അങ്ങനെ ശത്രുക്കളില്‍ രുദ്രന്‍ ഉണക്കക്കാട്ടില്‍ പിടിച്ച അഗ്നിപോലെ ചുറ്റി.

വാളിന്റെ ഈക്കേറ്റ്‌ ഉടഞ്ഞ്‌ കൈയും കാലും മാറും മുറി ഞ്ഞ്‌, കുടലും ദേഹവും ചിന്നി, ആ മഹാബലന്മാര്‍ മന്നില്‍ വീണു. ഉടഞ്ഞു തകര്‍ന്ന അസുരപ്പട വാളേറ്റ്‌ നടുങ്ങി അവര്‍ തമ്മില്‍ത്തമ്മില്‍ മര്‍ദ്ദിച്ചു. തമ്മില്‍ത്തമ്മില്‍ കൂട്ടിയടിച്ച്‌ പത്തു ദിക്കിലേക്ക്‌ ഓടിക്കളഞ്ഞു. ചിലര്‍ ഭൂമിയുടെ ഉള്ളില്‍പ്പോയി ഒളിച്ചു. മറ്റു ചിലര്‍ മലകയറി. വേറെചിലര്‍ ആകാശത്തേക്കു പാഞ്ഞു. ചിലര്‍ വെള്ളത്തില്‍പ്പോയി ഒളിച്ചു.

ആ മഹാഘോരമായ യുദ്ധം നടന്നപ്പോള്‍ മന്നിടം മാംസം, ചോര എന്നിവ അരഞ്ഞ്‌ കുതിര്‍ന്ന ചേറായി പരിണമിച്ചു. ചോര ചിന്നി താഴെവീണ ദൈത്യരുടെ ദേഹങ്ങള്‍ ചിന്നിയപ്പോള്‍ പൂത്ത മുരുക്കുകള്‍ ചേര്‍ന്ന മലകള്‍ തകര്‍ന്നു ചിന്നിയപോലെ പാരിടം വിളങ്ങി. അങ്ങനെ ചോരയണിഞ്ഞു ചുവന്ന്‌ രക്താര്‍ദ്രവസ്ത്രം ധരിച്ച മത്തകാശിനിപോലെയായി ധരിത്രി.

അങ്ങനെ രുദ്രന്‍ അസുരന്മാരെ സംഹരിച്ച്‌ നാട്ടില്‍ ധര്‍മ്മം പുലര്‍ത്തി. രൌദ്രരൂപം വിട്ട ശിവന്‍ ശിവമായ രൂപം കൈക്കൊണ്ടു.

ഉടനെ എല്ലാ മുനികളും എല്ലാ ദേവന്മാരും അത്യത്ഭുതമായ വിജയം കണ്ട്‌ ദേവദേവനായ ശിവനെ പൂജിച്ചു. പിന്നെ ഭഗവാന്‍ രുദ്രന്‍, ദൈത്യന്മാരുടെ രക്തമണിഞ്ഞ വാള്‍, ധര്‍മ്മം രക്ഷിച്ച വാള്‍, വിഷ്ണുവിന്ന്‌ നല്കി.

വിഷ്ണു ആ വാള്‍ മരീചിക്കു നല്കി. മരീചി ഭഗവാന്‍ ആ ഖഡ്ഗം മഹര്‍ഷിമാര്‍ക്കു നല്കി. മഹര്‍ഷികള്‍ അത്‌ ഇന്ദ്രന്നു നല്കി. മഹേന്ദ്രന്‍ അത്‌ ലോകപാലന്മാര്‍ക്കു നല്കി. ലോകപാലന്മാര്‍ അതു സൂര്യപുത്രനായ മനുവിന്നു നല്കി, ഇപ്രകാരം പറഞ്ഞു:  അല്ലയോ മനു! നീ മനുഷ്യര്‍ക്ക്‌ അധീശ്വരനാണ്‌. ധര്‍മ്മം ചേര്‍ന്ന ഈ വാള്‍ കൈയിലെടുത്ത്‌ നാട്ടുകാരെ രക്ഷി ക്കണം. ധര്‍മ്മത്തിന്റെ അതിര്‍ത്തി കടന്നവരെ സ്ഥുലസൂക്ഷ്മാത്മ കാരണത്താല്‍, യദുച്ഛയാലല്ല, ധര്‍മ്മത്താല്‍, ദണ്ഡം ഭാഗിച്ച്‌ രക്ഷിക്കണം. ചിലരെ വാക്കുകളാകുന്ന വാള്‍കൊണ്ട്‌ ശാസിക്കണം. ചെറിയ കുറ്റത്തിന്നു വാള്‍ എടുത്ത്‌ പ്രയോഗിക്കരുത്‌. വാളിന്റെ ഇത്തരം രൂപങ്ങള്‍ ദുര്‍വ്വാരങ്ങളാണ്‌, പ്രശംസാര്‍ഹങ്ങ ളാണ്‌. വാളിന്റെ ഈവക രൂപങ്ങള്‍ പാലിക്കുന്നതിന്ന്‌, തന്റെ പുത്രനായ ക്ഷുവനെ പ്രജാരക്ഷയ്ക്കു വേണ്ടി അഭിഷേചിച്ചതിന്നു ശേഷം പ്രജകളെ രക്ഷിക്കുന്നതിന്നു വേണ്ടി മനു വാള്‍ അവന്ന്‌ നല്കി. 

ക്ഷുവനില്‍നിന്ന്‌ ഇക്ഷ്വാകു വാള്‍ വാങ്ങി. ഇക്ഷ്വാകുവില്‍ നിന്ന്‌ വാള്‍ പുരൂരവന്‍ വാങ്ങി. പുരൂരവന്‍ വാള്‍ ആയുസ്സിന്ന്‌ നല്കി. ആയുസ്സിന്റെ കൈയില്‍നിന്നു നഹുഷന്‍ വാങ്ങി. നഹുഷനില്‍നിന്നു യയാതി സമ്പാദിച്ചു. യയാതിയുടെ കൈയില്‍ നിന്ന്‌ പുരു ഏറ്റുവാങ്ങി. പിന്നെ അമൂത്തരയനന്‍, പിന്നെ ഭൂമിശയന്‍, പിന്നെ ദുഷ്യന്തപുത്രനായ ഭരതന്‍ ഭൂമിശയനില്‍ നിന്ന്‌ വാങ്ങി. അവനില്‍ നിന്നു ധര്‍മ്മജഞനായ ഐളബിളന്‍ നേടി. ഐളബിളനില്‍ നിന്ന്‌ വാള്‍ നരേശ്വരനായ ധുന്ധുമാരന്‍ നേടി. ധുന്ധുമാരനില്‍ നിന്നു കാംബോജന്‍ നേടി. കാംബോജന്‍ മുചുകുന്ദന്നു നല്‍കി. മുചുകുന്ദന്‍ മരുത്തന്ന്‌ നല്കി. മരുത്തനില്‍ നിന്ന്‌ രൈവതന്‍ വാങ്ങി. രൈവതനില്‍നിന്ന്‌ യുവനാശ്വന്‍ വാങ്ങി. യുവനാശ്വനില്‍ നിന്ന്‌ രഘു വാങ്ങി. ഇഷ്വാകു വംശ്യനായ രഘുവില്‍ നിന്ന്‌ പ്രതാപവാനായ ഹിരണൃശ്വന്‍ വാങ്ങി. ഹരിണ്യാശ്വനില്‍ നിന്ന്‌ ആ വാള്‍ ശൂനകന്‍ വാങ്ങി. ശൂനകനില്‍നിന്ന്‌ ധര്‍മ്മശീലനായ ഉശീനരന്‍ വാങ്ങി. അവനില്‍നിന്ന്‌ ഭോജയാദവനായ ശിബി വാങ്ങി. യദുവഴി ശിബിയില്‍ നിന്നു പ്രതര്‍ദ്ദനന്‍ വാങ്ങി. പ്രതര്‍ദുനനില്‍ നിന്ന്‌ അഷ്ടകന്‍ വാങ്ങി. അഷ്ടകനില്‍ നിന്ന്‌ പൃഷദശ്വന്‍.വാങ്ങി. പൃഷദശ്വനില്‍നിന്ന്‌ ഭരദ്വാജന്‍ വാങ്ങി. ഭരദ്വാജനില്‍നിന്ന്‌ ദ്രോണന്നു ലഭിച്ചു. ദ്രോണനില്‍നിന്ന്‌ കൃപന്ന്‌ കിട്ടി. പിന്നെ ഭ്രാതാക്കളോടു കൂടിയ ഭവാനും ഈ മാഹാത്മൃമുള്ള വാള്‍ ലഭിച്ചു. കാര്‍ത്തിക നക്ഷത്രത്തിലാണ്‌ വാള്‍ ജനിച്ചത്‌. അഗ്നിയാണ്‌ അതിന്റെ ദൈവതം. രോഹിണീ ഗോത്രജാതനായ ഇതിന്ന്‌ രുദ്രനാണ്‌ ഉത്തമഗുരു.

അസിക്ക്‌ എട്ടു നാമങ്ങളുണ്ട്‌. അവ രഹസ്യമായി നീ ധരിക്കുക. ഹേ പാണ്ഡവാ, അവ ജപിച്ചാല്‍ വിജയം നിശ്ചയമാണ്‌. അസി, വിശസനം, ഖഡ്ഗം, തീക്ഷ്ണധാരം, ദുരാസദം, ശ്രീഗര്‍ഭം, വിജയം, ധര്‍മ്മപാലം. അതേ വിധം അല്ലയോ മാദ്രീ പുത്രാ, ആയുധങ്ങളില്‍ ശ്രേഷ്ഠമാണ്‌ ഖഡ്ഗം. അതു മഹേശ്വരന്‍ നടപ്പാക്കി പണ്ടേ നിശ്ചയിക്കപ്പെട്ടതാണ്‌.

അരിന്ദമനായ പൃഥുവാണ്‌ വില്ലുണ്ടാക്കിയത്‌. അതുകൊണ്ട്‌ പൃഥിവിയെ വൈന്യന്‍ പല സസ്യവും കറന്നെടുത്ത്‌ ധര്‍മ്മത്താല്‍ കാലം നോക്കി പൃഥിവിയെക്കാത്തു. ഇത്‌ ഋഷിപ്രോക്തമായ പ്രമാണമാണ്‌. അതു നീ സ്വീകരിച്ചാലും. യുദ്ധവിശാരദ ന്മാര്‍ എന്നും വാളിനെ പൂജിക്കണം.

ഇങ്ങനെ മുഖ്യമായ വാളിന്റെ ഇതിഹാസം ഞാന്‍ നിന്നോടു വിവരിച്ചു പറഞ്ഞു. വാളുണ്ടായ കഥ നീ ശരിക്കു മന സ്സിലാക്കിയല്ലോ.

ഈ പ്രധാനമായ ഖഡ്ഗസിദ്ധി വേണ്ടപോലെ ശ്രദ്ധിച്ചു കേട്ടാല്‍ ആ പുരുഷന്‍ ഇഹലോകത്തിലും പരലോകത്തിലും കീര്‍ത്തിമാനായി വിളങ്ങും.

അദ്ധ്യായം 167. ഷഡ് ജ ഗീത ( ത്രിവര്‍ഗ്ഗത്തെപ്പറ്റിയുള്ള ചിന്ത ) - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ഭീഷ്മൻ മൌനമായിക്കിടന്നു. യുധിഷ്ഠിരന്‍ മുതലായവര്‍ അപ്പോള്‍ ഗൃഹത്തിലേക്കു പോയി. അവിടെച്ചെന്ന്‌ സഹോദരന്മാരോടു കൂടി വിദുരന്റെ സമീപത്തിരുന്നു. ധര്‍മ്മജന്‍ സഹജന്മാരോടു ചോദിച്ചു: ലോകത്തിന്റെ നിലനില്പ്‌ ധര്‍മ്മം, അര്‍ത്ഥം, കാമം ഇവയിലാണല്ലോ. ഇതില്‍ മേലെ ഏതാണ്‌? മദ്ധ്യത്തിലുളളതേതാണ്‌? താഴ്ന്നതേതാണ്‌? ത്രിവര്‍ഗ്ഗത്തെ ജയിക്കുവാന്‍ ഏതിലാണ്‌ ഉള്ളു വെക്കേണ്ടത്‌? സന്തോഷത്തോടെ ചിത്തിച്ചുറപ്പിച്ച്‌ ശരിയായതു പറയണേ! യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ മുമ്പേ കാര്യത്തിന്റെ ഗതി മനസ്സിലാക്കി ചിന്തിക്കുന്ന വിദുരന്‍ ധര്‍മ്മശാസ്ത്രത്തെ ചിന്തിച്ച്‌ ധര്‍മ്മജനോടു പറഞ്ഞു.

വിദുരന്‍ പറഞ്ഞു:  ബഹുശ്രുതം, തപം, ത്യാഗം, ശ്രദ്ധ, യജ്ഞക്രിയ, ക്ഷമ, ഭാവശുദ്ധി, ദയ, സത്യം, സംയമം ഇവയെല്ലാം തന്റെ ആത്മാവു നേടുന്ന ധനമാണ്‌. ഇവയെ നീ സ്വീകരിക്കുക. നിന്റെ മനസ്സ്‌ ഇവയില്‍ നിന്നു ചലിക്കരുത്‌. ഇവയുടെ മൂലം ധര്‍മ്മാര്‍ത്ഥങ്ങളാണ്‌ എന്നാണെന്റെ നിശ്ചയം.

ധര്‍മ്മത്താല്‍ ഋഷികള്‍ പുരോഗമിച്ചു. ലോകം ധര്‍മ്മത്തില്‍ നില്ക്കുന്നു. ദേവകള്‍ ധര്‍മ്മത്താല്‍ ശ്രേയസ്സുളളവരായി. അര്‍ത്ഥം ധര്‍മ്മത്തോടു കൂടി നില്ക്കുന്നു. രാജാവേ, ശ്രേഷ്ഠമായ ഗുണം ധര്‍മ്മമാണ്‌. മദ്ധ്യത്തില്‍ നില്ക്കുന്നത്‌ അര്‍ത്ഥമാണ്‌. ബുദ്ധിമാന്മാര്‍ പറയുന്നത്‌ കാമം അവയില്‍ വെച്ചു താഴ്‌ന്നതാണെന്നാണ്‌. എല്ലാവരും ധര്‍മ്മപ്രധാനന്മാരാകാനാണ്‌ ശ്രമിക്കേണ്ടത്‌. അതു കൊണ്ട്‌ മനസ്സിനെ അടക്കിയ യതികള്‍ എല്ലാ ജീവിയിലും തന്നോടെന്ന പോലെ ഭാവിക്കണമെന്നു പറയുന്നു.

വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ പറഞ്ഞു കഴിഞ്ഞ പ്പോള്‍ അര്‍ത്ഥശാസ്ത്രവിചക്ഷണനും ധര്‍മ്മാര്‍ത്ഥതത്ത്വജ്ഞനുമായ അര്‍ജ്ജുനന്‍ ധര്‍മ്മജന്റെ ചോദ്യത്തിന്ന്‌ ഇപ്രകാരം മറുപടി പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: നാം വസിക്കുന്ന ഭൂമി കര്‍മ്മഭൂമി എന്നു പ്രസിദ്ധമായതാണ്‌ രാജേവേ! ഈ ഭൂമിയില്‍ പ്രധാനം വാര്‍ത്തയാണ്‌ (കൃഷി, കച്ചവടം തുടങ്ങിയവ). കൃഷി, പശുക്കളെ മേയ്ക്കല്‍, കച്ചവടം, പലതരം കൈത്തൊഴിലുകള്‍ ഇവയാണു പ്രധാനം. എല്ലാ കര്‍മ്മത്തിന്നും പ്രതിഫലം അര്‍ത്ഥലാഭം തന്നെ. അര്‍ത്ഥം കൂടാതെ ധര്‍മ്മമെവിടെ? കാമമെവിടെ? എന്നു തന്നെ ശ്രുതി പറയുന്നു. അര്‍ത്ഥമുള്ളവന്‍ മുഖ്യമായ ധര്‍മ്മത്തെ വിഷയങ്ങളില്‍ അര്‍ച്ചിക്കുന്നു. അകൃതാത്മാക്കള്‍ നേടാത്ത കാമം അര്‍ത്ഥവാന്‍ നേടും. ധര്‍മ്മവും കാമവും അര്‍ത്ഥത്തിന്റെ അംഗങ്ങളാണെന്നാണ്‌ ശ്രുതി പറയുന്നത്‌. അര്‍ത്ഥം നേടിക്കഴിഞ്ഞാല്‍ അവന്‍ ധര്‍മ്മവും കാമവും നേടുവാന്‍ സമര്‍ത്ഥനാകുന്നു. അര്‍ത്ഥമുള്ള പുരുഷനെ ഏറ്റവും വിശിഷ്ടന്മാരായിപ്പിറന്നവര്‍ പോലും, എല്ലാ ഭൂതങ്ങളും, ബ്രാഹ്മണനെ എന്ന പോലെ ഉപാസിക്കുന്നു.

പൂണുനൂൽ ഉപേക്ഷിച്ചവരും, തല മൊട്ടയടിച്ചവരും, കാവി വസ്ത്രമുടുത്തവരും, താടി വളര്‍ത്തിയവരും, ലജ്ജിതന്മാരും, സര്‍വ്വസംഗ വിമുക്തന്മാരും, ശാന്തന്മാരും ജ്ഞാനികളും ഇവരൊക്കെ അര്‍ത്ഥത്തിന്നു വേണ്ടിത്തന്നെ പല വേഷവും എടുത്തവരായിക്കാണുന്നു. ചിലര്‍ അര്‍ത്ഥത്തിന്ന്‌ ആഗ്രഹിക്കുന്നു. ചിലര്‍ സ്വര്‍ഗ്ഗം കാംക്ഷിക്കുന്നു. ചിലര്‍ കുലധര്‍മ്മം നോക്കി സ്വധര്‍മ്മം ചെയ്യുന്നു. ചിലര്‍ നാസ്തികന്മാരാകുന്നു. ചിലര്‍ അനാസ്തികന്മാരാകുന്നു. ചിലര്‍ സംയതസ്ഥിതരാകുന്നു.

അജ്ഞാനം കൂരിരുട്ടാണ്‌. പ്രജ്ഞാനം വെളിച്ചമാണ്‌. ഭൃത്യന്മാര്‍ക്കും ശത്രുക്കള്‍ക്കു ജീവിതസൗഖ്യം നല്കുന്നതും ശിക്ഷ നല്‍കുന്നതും അര്‍ത്ഥവാനാകുന്നു.

ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനായ രാജാവേ, എന്റെ മതം ഇതാണ്‌. കണ്ഠത്തില്‍ വാക്കേന്തുന്ന ഇവര്‍ പറയുന്നതു നീ കേള്‍ക്കുക.

വൈശമ്പായനൻ പറഞ്ഞു: ഉടനെ ധര്‍മ്മാര്‍ത്ഥകുശലരായ മാദ്രീപുത്രന്മാര്‍, സഹദേവനും നകുലനും, ഇങ്ങനെ പറഞ്ഞു.

നകുലസഹദേവന്മാര്‍ പറഞ്ഞു: ഇരിക്കുന്നവനും, നടക്കുന്നവനും, കിടക്കുന്നവനും പലമാതിരി കൗശലവും പ്രയോഗിച്ച്‌ തീര്‍ച്ചയായും അര്‍ത്ഥം നേടണം. ഏറ്റവും പ്രിയപ്പെട്ടതും ദുര്‍ല്ലഭമായതുമാണ്‌ അര്‍ത്ഥം. ഇതു നേടിയാല്‍ പ്രതൃക്ഷമായും കാമത്തെ വിഷമം കൂടാതെ നേടാം. അതില്‍ യാതൊരു സംശയവുമില്ല. ധര്‍മ്മത്തോടു ചേര്‍ന്ന അര്‍ത്ഥവും അര്‍ത്ഥത്തോടു ചേര്‍ന്ന ധര്‍മ്മവും വിട്ടവന്‍ ശവപ്രായനാണ്‌. ഇവ രണ്ടും ലോകസമ്മതമായ കാര്യമാണ്‌.

അര്‍ത്ഥമില്ലാത്തവന്ന്‌ കാമമില്ല. അധര്‍മ്മിക്ക്‌ ധര്‍മ്മവുമില്ല. ധര്‍മ്മാര്‍ത്ഥങ്ങള്‍ വിട്ടവനെ ലോകം ഭയപ്പെടും. സംയതാത്മാവ്‌ ധര്‍മ്മത്തെ അറിഞ്ഞു നല്കി അര്‍ത്ഥത്തെ നേടണം. ജീവജാലങ്ങളില്‍ വിശ്വാസമുള്ളവനാകണം. എന്നാല്‍ ഇതൊക്കെ സിദ്ധമാകും. ആദ്യം ധര്‍മ്മം ആചരിക്കുക. പിന്നെ ധര്‍മ്മത്തോടൊപ്പം അര്‍ത്ഥമുണ്ടാകും. പിന്നെ കാമം, അതിന്നുമേല്‍ അര്‍ത്ഥവും പ്രാപിച്ചുകൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: ആ വാക്കു പറഞ്ഞു അശ്വിനീ കുമാരന്മാർ നിര്‍ത്തിയപ്പോള്‍ ഭീമന്‍ പറയുവാന്‍ തുടങ്ങി.

ഭീമന്‍ പറഞ്ഞു; കാമമില്ലാത്തവനുണ്ടോ അര്‍ത്ഥം കാമിക്കുന്നു. അകാമന്‍ ധര്‍മ്മത്തേയും നേടുകയില്ല; അകാമന്‍ കാമവും നേടുകയില്ല. അതുകൊണ്ട്‌ ഈ ധര്‍മ്മാര്‍ത്ഥകാമങ്ങളില്‍ വെച്ചു പ്രധാനമായത്‌ കാമമാണ്‌. കാമമുള്ളവരാണ്‌ മഹര്‍ഷിമാര്‍. അതു കൊണ്ടാണ്‌ അവര്‍ തപസ്സില്‍ പ്രധാനികളായത്‌. പലതരം ഫലങ്ങളും കിഴങ്ങുകളും തിന്നു ജീവിക്കുന്നവരും, ഒന്നും തിന്നാതെ കാറ്റു മാത്രം ഉണ്ടു കഴിയുന്നവരുമായ സംയതന്മാരും, വേദോപവേദാഡ്യന്മാരും, സ്വാദ്ധ്യായ പാരഗന്മാരും, ശ്രദ്ധായജ്ഞക്രിയാസക്തന്മാരും കൊള്ളക്കൊടുക്കയില്‍ സക്തന്മാരും, കച്ചവടക്കാരും, കൃഷിക്കാരും, പശുക്കളെ മേയ്ക്കുന്നവരും, കരകൗശലപ്പണികള്‍ ചെയ്യുന്നവരും, ദേവകര്‍മ്മകരന്മാരും എല്ലാവരും കാമം കൊണ്ട്‌ കര്‍മ്മസങ്കരന്മാരായവരാണ്‌. കാമം മൂലം ചിലര്‍ ചീറിയിരമ്പുന്ന കടലില്‍ പോകുന്നു. കാമം പലമട്ടിലാണ്‌ എല്ലായിടത്തും വ്യാപിക്കുന്നത്‌. കാമമില്ലാതെ ഇന്നേവരെ ഒരു ജീവിയും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. ഞാന്‍ ഈ പറഞ്ഞതു സത്തായ കാര്യമാണു രാജാവേ! ഈ പറഞ്ഞ കാമത്തിലാണ്‌ ധര്‍മ്മാര്‍ത്ഥങ്ങള്‍ രണ്ടും നില്ക്കുന്നത്‌.

ധര്‍മ്മാര്‍ത്ഥങ്ങളില്‍ ലയിച്ച കാമം തയിരില്‍ വെണ്ണപോലെയാണ്‌. പിണ്ണാക്കിനേക്കാള്‍ മെച്ചമല്ലേ എണ്ണ? പാടയേക്കാള്‍ മെച്ചമല്ലേ നെയ്യ്‌? പൂവും കായുമില്ലാത്ത തടി എന്തിന്നുകൊള്ളാം? അതുകൊണ്ട്‌ ധര്‍മ്മത്തെക്കാളും അര്‍ത്ഥത്തെക്കാളും മുഖ്യമായതു കാമമാണ്‌. പൂവില്‍നിന്ന്‌ തേന്‍ എന്നപോലെ ധര്‍മ്മാര്‍ത്ഥങ്ങളില്‍ നിന്നു സാരമായത്‌ കാമമാണ്‌. കാമം ധര്‍മ്മാര്‍ത്ഥങ്ങളുടെ ബീജമാണ്‌, അതില്‍നിന്ന്‌ അവയെ ജനിപ്പിക്കുന്നതും കാമമാണ്‌.

അന്നത്തിലും, അര്‍ത്ഥത്തിലും കാമം ഇല്ലാത്ത ഒരു വിപ്രനും ഈ ലോകത്തിലില്ല. കാമം ഉപേക്ഷിച്ച വിപ്രന്ന്‌ ആര്‍ ദാനം നല്കും? ലോകം ചേഷ്ടിക്കുന്നതും കാമം കൂടാതെയല്ല. സകല ജീവജാലങ്ങളും ചേഷ്ടിക്കുന്നത്‌ ഓരോ ഉദ്ദേശത്തോടു കൂടിയാണ്‌. കാമം പ്രഥമമായി ദര്‍ശിക്കുക. ത്രിവര്‍ഗ്ഗത്തില്‍ പ്രാധാന്യം കാമത്തിന് തന്നെയാണ്‌. അല്ലയോ രാജാവേ, അങ്ങ്‌ എങ്ങനെ ജീവിക്കണമെന്നു ഞാന്‍ പറയാം. കാമംവിട്ടു കഴിവുള്ളവന്‍ ജീവിക്കുന്നത്‌ വിഡ്ഡിത്തമാണ്‌. മനോഹരമായി മോടിയില്‍ ചമഞ്ഞൊരുങ്ങി നല്ല സാരിയും, പൊന്‍വളകളും, കുണ്ഡലങ്ങളുമൊക്കെ ദേഹത്തില്‍ ചാര്‍ത്തി, സുഗന്ധദ്രവ്യങ്ങള്‍ പൂശി, പൂമാലചൂടി, മദം കൊണ്ടു ശോഭിക്കുന്ന സുന്ദരിമ രായ സ്ത്രീകളോടു ചേര്‍ന്ന്‌ ഹേ രാജാവേ, അങ്ങ്‌ യഥാകാലം രമിക്കുക. നമ്മള്‍ക്ക്‌ ഏറ്റവും സ്വീകാരുൃമായ, ഏറ്റവും നല്ല കാര്യം കാമമായി ഭവിക്കട്ടെ.

ഈ ബുദ്ധിയില്‍ മുഴുകിയ എനിക്ക്‌ അങ്ങയുടെ വിചാരം കൊണ്ട്‌ ഒരു കാര്യവും കാണുന്നില്ല. എന്റെ വാക്ക്‌ സത്തുക്കള്‍ സമ്മതിക്കുന്നതാണ്‌. കാതലുളളതാണ്‌. അതില്‍ യാതൊരു ദോഷവും സ്പര്‍ശിക്കുന്നുമില്ല.

ധര്‍മ്മാര്‍ത്ഥകാമങ്ങളെ സമമായി ചിന്തിച്ചു ഭരിക്കുക. ഏതെങ്കിലും ഒന്നിനെമാത്രം മെച്ചപ്പെട്ടതായിക്കരുതി മറ്റു രണ്ടിനേയും തളളിക്കളുയുന്നവനാണ്‌ താഴ്ന്നവന്‍ എന്നാണു ഞാന്‍ പറയുന്നത്‌. അവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തെ മാത്രം സ്വീകരിച്ചവന്‍ മദ്ധ്യമനാണ്‌. ത്രിവര്‍ഗ്നത്തെ മൂന്നിനേയും തുല്യമായിക്കരുതി സ്വീകരിക്കുന്നവനാണ്‌ ഉത്തമന്‍. അങ്ങനെ പ്രാജ്ഞനും ചന്ദനച്ചാറു പൂശി വിചിത്രമായ മാലകളും, ആഭരണങ്ങളും, വസ്ത്ര ങ്ങളും ചാര്‍ത്തി മോടിയില്‍ നില്ക്കുന്നവനുമായ ഭീമന്‍ വിരമിച്ചു.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ഭീമന്‍ ധര്‍മ്മാര്‍ത്ഥ കാമങ്ങളെപ്പറ്റി പ്രസംഗിച്ച്‌ അടങ്ങി നിന്നപ്പോള്‍ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ചിന്തിച്ചു. താന്‍ എല്ലാവരുടേയും അഭിപ്രായം കേട്ടുകഴിഞ്ഞു. ഈ കൂട്ടര്‍ പറഞ്ഞതെല്ലാം തെറ്റാണെന്നു യുധിഷ്ഠിരന്നു തോന്നി. ശാസ്ത്രങ്ങളും ശ്രുതികളുമെല്ലാം കേട്ട ഹൃദയവികാസം പ്രാപിച്ചുവനായ ധര്‍മ്മജന്ന്‌ അവര്‍ പറഞ്ഞ അഭിപ്രായങ്ങളൊന്നും ശരിയായിത്തോന്നിയില്ല. അദ്ദേഹം ചിന്തിച്ച്‌ പറ ഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: നിങ്ങള്‍ ഉറപ്പോടെ ധര്‍മ്മശാസ്ത്രനിശ്ചയങ്ങളെപ്പറ്റി നടത്തിയ ചര്‍ച്ച ഞാന്‍ കേട്ടു. നിങ്ങളെല്ലാം ഉദാഹരണസഹിതം പറഞ്ഞ തത്ത്വങ്ങള്‍ ഞാന്‍ മനസ്സി രുത്തിക്കേട്ടു. ജഞാനത്തിന്ന്‌ ആഗ്രഹിക്കുന്നവനായ എന്നോട്‌ നിങ്ങള്‍ നിസ്സംശയം പറഞ്ഞ എല്ലാ മൊഴികളും. ഞാന്‍ മനസ്സി ലാക്കിയിരിക്കുന്നു.

എന്നാല്‍ ഞാന്‍ ഈ പഠയുന്ന വാക്കും നിങ്ങള്‍ നല്ല പോലെ മനസ്സിരുത്തികേള്‍ക്കുക. ഏതൊരുത്തനാണോ പുണ്യത്തെക്കുറിച്ചോ, പാപത്തെക്കുറിച്ചോ ചിന്തിച്ച്‌ അതിന്നുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുന്നനത്‌, ഏതൊരുത്തനാണോ ധര്‍മ്മാര്‍ത്ഥകാമങ്ങളെ മൂന്നിനേയും മനസ്സില്‍ നിന്നു വിട്ടൊഴിച്ചു കഴിയുന്നത്‌, ഏതൊരുത്തനാണോ സകല ദോഷങ്ങളില്‍ നിന്നും വിമുക്തനായി നില്ക്കുന്നത്‌, ഏതൊരുത്തനാണോ ശ്രേയസ്സിലും, കീര്‍ത്തിയിലും ഭ്രമിക്കാതെ അവയെ കാമിക്കാതെ ജീവിക്കുന്നത്‌, ഏതൊരുത്തനാണ്‌ സ്വര്‍ണ്ണക്കട്ടയും കളിമണ്‍കട്ടയും ഒന്നു പോലെ കാണുന്നത്‌, അവന്‍ ദുഃഖങ്ങളില്‍ നിന്നും സുഖങ്ങളില്‍ നിന്നും വിമുക്തനാകുന്നു. എല്ലാ ജീവികള്‍ക്കും ജനനമരണങ്ങളുണ്ട്‌. എല്ലാം മാറിമാറിക്കൊണ്ടിരിക്കുന്നു. ഒന്നിനും ഒരു സ്ഥിരതയില്ല. അവ വീണ്ടും ഉണര്‍ന്നെഴുന്നേറ്റ്‌ മോക്ഷത്തെ വാഴ്ത്തുന്നുണ്ട്‌. നാം ശരിയായ തത്ത്വം എന്തയുന്നു? എന്താണു മോക്ഷം എന്നു നാം ശരിക്കും അറിയുന്നില്ല. സ്വയംഭൂവായ ഭഗവാന്‍ പറഞ്ഞിട്ടുളളത്‌, "സ്നേഹം മനസ്സില്‍ ഉദിച്ചവന്ന്‌, രാഗത്താല്‍ കെട്ടപ്പെട്ടവന്ന്‌, പിന്നെ മുക്തിയില്ല" എന്നാണ്‌. 

അതു കൊണ്ടു നിര്‍വ്വാണം (** )  ഇച്ഛിക്കുന്നവരായ ബുധന്മാര്‍ (പിയവസ്തുക്കളേയോ അപ്രിയവസ്തുക്കളേയോ പരിഗണിക്കരുത്‌. ഈ ദര്‍ശനമാണു നല്ലത്‌. ഒരാള്‍ക്ക്‌ അയാളുടെ ഇച്ഛ പോലെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ തികച്ചും കഴിഞ്ഞെന്നു വരില്ല. ഞാന്‍ ആ പരാശക്തിയുടെ നിശ്ചയമനുസരിച്ച്‌ ഓരോന്നു ചെയ്യുന്നു എന്നു മാത്രം. എല്ലാവരേയും വിധി ഓരോ കാര്യങ്ങള്‍ ചെയ്യുവാന്‍ മുന്‍കുട്ടി നിശ്ചയിച്ചിരിക്കുന്നു. നാം അത്‌ അറിയുന്നില്ലെന്നു മാത്രം. ദൈവം തന്നെ സര്‍വ്വശക്തന്‍. അലഭ്യമായ കാര്യം പ്രയത്നം കൊണ്ടു സാധിക്കാമെന്നു വിചാരിക്കുന്നത്‌ വെറുതെയാണ്‌. വരാനുള്ളത്‌ വരിക തന്നെ ചെയ്യും എന്നു ധരി ക്കുക. ര്രിവര്‍ഗ്ഗങ്ങളെ വിട്ടവനും മോക്ഷം ലഭിക്കാം. അതു കാണിക്കുന്നത്‌, നിര്‍വ്വാണം എന്നത്‌ ഏറ്റവും ശ്രേഷ്ഠമാണെന്നാണ്‌. അത്‌ ഉല്‍കൃഷ്ടമായ നന്മ കൊണ്ടാണ്‌ ലഭിക്കുന്നതെന്നും ധരിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഏറ്റവും പ്രശസ്തമായതും യുധിഷ്ഠിരന്റെ ഹൃദയത്തില്‍ വേരൂന്നിനില്ക്കുന്നതും യുക്തിക്കു ചേര്‍ന്നതുമായ ഈ വാക്കുകള്‍ പാഞ്ഞപ്പോള്‍ വലിയ സന്തോഷത്തോടെ ഭീമനും മറ്റുളളവരും കുരുപ്രവീരന്റെ മുമ്പില്‍ കൈകൂപ്പി തലകുനിച്ചു. മനോഹരമായതും, വര്‍ണ്ണ ങ്ങളും അക്ഷരങ്ങളും സമഞ്ജസമായി ചേര്‍ന്നതും, തന്റെ മനസ്സിനൊത്തപോലെ കണ്ടകഹീനവുമായ ആ ഭാഷണം ധര്‍മ്മപുത്രന്‍ പറഞ്ഞതു കേട്ട്‌ രാജാവേ, ആ രാജാക്കന്മാരെല്ലാം മുക്തകണ്ഠം പ്രശംസിച്ചു.

താന്‍ പറഞ്ഞ കാര്യം നല്ലപോലെ സഹോദരന്മാര്‍ ഗ്രഹിച്ചിരിക്കുന്നു. അവര്‍ക്ക്‌ അതു പിടിച്ചിരിക്കുന്നു എന്നു വീര്യവാനായ ധര്‍മ്മജന്‍ ഗ്രഹിച്ചു. പിന്നെ അവര്‍ മനസ്സു നന്നായി പ്രസന്നമായി ശയിക്കുന്ന ഗംഗാപുത്രനായ ഭീഷ്മന്റെ സമീപത്തില്‍ച്ചെന്ന്‌ ധര്‍മ്മകാര്യങ്ങളെപ്പറ്റി ചോദിച്ചു.

**  ഈ തത്ത്വം (നിർവ്വാണ തത്ത്വം) ബുദ്ധമതത്തിന്റെ ഭാഗമാണെന്നും അത്‌ ശാന്തിപർവ്വത്തിൽ  ബുദ്ധമതപ്രചരണകാലത്ത്‌ കുട്ടിച്ചേർക്കപ്പെട്ടതാണെന്നും ഇംഗ്‌ളീഷ്‌ വിവർത്തകനായ പ്രതാപ് ചന്ദ്ര റോയ് അഭിപ്രായപ്പെടുന്നു.

അദ്ധ്യായം 168. കൃതഘ്‌നോപാഖ്യാനം (ദസ്യുസഹവാസത്താല്‍ ദസ്യുതുല്യനായ ഗൌതമന്റെ കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: പിതാമഹാ, മഹാപ്രാജ്ഞാ, കുരുക്കളുടെ പ്രീതിയെ വര്‍ദ്ധിപ്പിക്കുന്ന മഹാശയാ! ഞാന്‍ അങ്ങയോട്‌ ഒരു കാര്യം ചോദിക്കുന്നു, അതൊന്നു വിവരിച്ചു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കന്നു. സൌമൃര്‍ എന്ന്‌ ആരെപ്പറ്റിപറയാം? എങ്ങനെയുളളവരാണ്‌ സൗമ്യന്മാര്‍? ഏതു തരക്കാരുമായി കൂടിച്ചേര്‍ന്നു ജീവിക്കുന്നതാണ്‌ ഇന്നേക്കും നാളേക്കും നന്മ നല്കുക? അതിന്നു തക്കവര്‍ ഏവരാണ്‌? പറഞ്ഞാലും. വര്‍ദ്ധിച്ചതായ ധനം, സംബന്ധികള്‍, ബന്ധുജനങ്ങള്‍, എന്നു തന്നെയല്ല, ലോകത്തില്‍ ഒരു ജീവിയും സുഹൃത്തുക്കള്‍ നില്ക്കുന്നിടത്ത്‌ നില്ക്കുകയില്ല. സുഹൃത്തിനോട്‌ കിടപിടിക്കുന്നതായി ഒന്നും തന്നെയില്ല, എന്നാണ്‌ എന്റെ അഭിപ്രായം. കേള്‍ക്കുന്നവനും ഹിതനുമായ സുഹൃത്ത്‌ വളരെ ദുര്‍ല്ലഭനാണ്‌. അല്ലയോ ധര്‍മ്മിഷ്ഠന്മാരില്‍ ശ്രേഷ്ഠാ, അങ്ങ്‌ എല്ലാം വിശദീ കരിച്ചുതരണേ!

ഭീഷ്മൻ പറഞ്ഞു; ഇണങ്ങേണ്ടവർ ആരാണെന്നും ഇണങ്ങുവാന്‍ വയ്യാത്തവർ ആരാണെന്നും തത്ത്വമായി ഞാന്‍ പറയാം. അത്‌ ഭവാന്‍ ശ്രദ്ധിച്ചുകേള്‍ക്കുക.

ലുബ്ധന്‍, ക്രൂരന്‍, ധര്‍മ്മം വിട്ടവന്‍, ചതിയന്‍, ശഠന്‍, ക്ഷുദ്രന്‍, പാപകരന്‍, സര്‍വ്വദുശ്ശുങ്കി, മടിയന്‍, ദീര്‍ഘസൂത്രന്‍, ആര്‍ജ്ജവമില്ലാത്തവന്‍ (കുടിലന്‍), ക്രോധവാന്‍, ഗുരുവിന്റെ ഭാര്യയെ പ്രധര്‍ഷിക്കുന്നവന്‍, ആപത്തില്‍ ഉപേക്ഷിക്കുന്നവന്‍, ദുഷ്ടന്‍, നാണമില്ലാത്തവന്‍, എല്ലായിടത്തും കുറ്റം കാണുന്നവന്‍, നാസ്തികന്‍, വേദങ്ങളെ നിന്ദിക്കുന്നവന്‍, സമ്മിശ്രേന്ദ്രിയന്‍, ഈ പാരില്‍ കാമം കൈവിടാതെ നടക്കുന്നവന്‍, ലോകര്‍ക്ക്‌ ശത്രുവായവന്‍, സത്യംവിട്ടവന്‍, കരാറ്‌, സമയനിഷ്ഠ ഇവ പാലിക്കാത്തവന്‍, പ്രജ്ഞയില്ലാത്തവന്‍, ഏഷണി കൂട്ടുന്നവന്‍, മത്സരിക്കുന്നവന്‍, പാപത്തില്‍ പെരുമാറുന്നവന്‍, ദുശ്ലീലന്‍, അകൃതാത്മാവ്‌, നൃശംസന്‍, കിതവന്‍, മിത്രദ്രോഹി, എപ്പോഴും അന്യന്റെ ധനം കാംക്ഷിക്കുന്നവന്‍, യഥാശക്തി കൊടുത്താലും തൃപ്തി കാണിക്കാത്ത ജളാശയന്‍, ധൈര്യമില്ലാത്ത മിത്രത്തെ കാര്യങ്ങളില്‍ നിയോഗിക്കുന്നവന്‍, ശുണ്ഠിക്കാരന്‍, ഇണങ്ങാത്തവന്‍, പെട്ടെന്ന്‌ മുഷിയുന്ന സ്വഭാവക്കാരന്‍, നന്മചെയ്യുന്ന നല്ലവരെ തൃജിക്കുന്നവന്‍, തെറ്റുചെയ്യുന്നവന്‍, അല്പമായ ദ്രോഹം അറിവില്ലായ്മ കൊണ്ട്‌ ചെയ്തവനിലും ക്ഷമിക്കാത്തവന്‍, കാര്യസാദ്ധ്യത്തിന്നു മാത്രം മിത്രത്തെ സേവിക്കുന്നവന്‍, കാരൃസാദ്ധൃത്തിന്നു വേണ്ടി മിത്രങ്ങളെ ദ്വേഷിക്കുന്നവന്‍, മിത്രത്തിന്റെ വേഷത്തില്‍ നില്ക്കുന്ന ശത്രു, കളളക്കണ്ണിട്ടു നോക്കുന്നവന്‍, നന്മയില്‍ കൂറില്ലാത്തവന്‍, മറ്റുള്ളവരേയും കൂറില്ലാത്തവരാക്കിത്തീര്‍ക്കുന്നവന്‍, മദ്യപന്‍, ദ്വേഷണന്‍, ക്രോധി, നിര്‍ഘ്യണന്‍, പരുഷന്‍, പരോപതാപി, മിത്രദ്രോഹി, പ്രാണിഘാതകന്‍, കൃതഘ്നന്‍, അധമന്‍ ഇങ്ങനെയുള്ളവരാരും ലോകത്തില്‍ അടുക്കാന്‍ പറ്റാത്തവരാണ്‌. ഇത്തരക്കാരുമായി ചേര്‍ന്ന്‌ ജീവിക്കരുത്‌. ഇവര്‍ ഒരിക്കലും സന്ധേയരല്ല, ചേരാന്‍ പറ്റിയവരല്ല. മിത്രാന്വേഷിയായവന്‍ ഇത്തരക്കാരെ സൂക്ഷിക്കുക!

ഇനി കൊളളാവുന്നവരെ, ചേരാന്‍ പറ്റിയവരെപ്പറ്റിപ്പറയാം. കുലീനര്‍, നല്ല ചൊല്ലുളളവര്‍, ജഞാനവിജ്ഞാന കോവിദന്മാര്‍, അഴകുള്ളവര്‍, ഗുണാഡ്യന്മാര്‍, അലുബ്ധന്മാര്‍, തളരാത്തവര്‍, നല്ല മിത്രങ്ങളുള്ളവര്‍, കൃതജ്ഞന്മാര്‍, സര്‍വ്വജ്ഞന്മാര്‍, അലോഭികള്‍, ശീലമാധുര്യമുള്ളവര്‍, സത്യസന്ധന്മാര്‍, ജിതേന്ദ്രിയന്മാര്‍, എപ്പോഴും പ്രയത്നശീലരായവര്‍, കുലപുത്രന്മാര്‍, കുലോദ്വഹന്മാര്‍ ദോഷങ്ങളില്ലാത്തവര്‍, കീര്‍ത്തിമാന്മാര്‍ ഇങ്ങനെയുള്ളവരെ രാജാവ്‌ സ്വീകരിക്കണം. യഥാശക്തി കാര്യം നിര്‍വഹിക്കുന്നവര്‍, സന്തോഷമുളളവര്‍ വേണ്ടാത്തനേരത്ത്‌ ക്രോധിക്കാത്തവര്‍, പെട്ടെന്ന്‌ മുഷിയാത്തവര്‍, ഇടയിച്ചാല്‍ മനസ്സുകൊണ്ടും മുഷിയാത്ത അര്‍ത്ഥകോവിദന്മാര്‍, തനിക്ക്‌ പീഡയേറ്റാല്‍പ്പോലും ഇഷ്ടകാര്യം നടത്തുന്നവര്‍, രക്തക്കമ്പിളിപോലെ ഇഷ്ടന്മാരോട്‌ രാഗം വിടാത്തവര്‍, ലോഭം, മോഹം, ക്രോധം, ധനതൃഷ്ണ സ്ത്രീജനതാല്‍പര്യം ഇവയൊന്നും സുഹൃത്തുക്കളില്‍ കാണിക്കാത്തവര്‍, വിശ്വസ്തന്മാര്‍, ധാര്‍മ്മികന്മാര്‍, മണ്ണും, പൊന്നും തുല്യമായി ദര്‍ശിക്കുന്നവര്‍, സുഹൃത്തില്‍ സൗഹൃദബുദ്ധിയുറച്ചവര്‍, അഭിമാനം പുലര്‍ത്തുന്നവര്‍, പറഞ്ഞകാര്യം വിടാതെ പാലിക്കുന്നവര്‍, കുട്ടുകാരെ വിളിച്ചുകൂട്ടി സ്വാമിയുടെ കാര്യം നിര്‍വ്വഹിക്കുവാന്‍ പ്രാപ്തിയുളളവര്‍, ഇപ്രകാരമുള്ള പുരുഷശ്രേഷ്ഠന്മാരുമായി രാജാവ്‌ ഇണങ്ങി നില്ക്കുകയാണെങ്കില്‍ അവന്റെ രാജ്യം ചന്ദ്രന്റെ ജ്യോത്സന (നിലാവു) പോലെ വര്‍ദ്ധിക്കുന്നതാണ്‌.

ശാസ്ത്രനിതൃന്മാരും, ക്രോധം ജയിച്ചവരും, പോരില്‍ ബലവാന്മാരും, ജന്മശീലഗുണം ചേരുന്നവരുമായ നരോത്തമന്മാര്‍ സ്വീകാര്യന്മാരാണ്‌. അല്ലയോ അനഘാശയാ, ദോഷവാന്മാരായ മനുഷ്യരെപ്പറ്റി ഞാന്‍ പറഞ്ഞല്ലൊ. ഈ പറഞ്ഞവരേക്കാളൊക്കെ അധമന്മാരാണ്‌ മിത്രഘ്നന്മാരും കൃതഘ്നന്മാരും. ഈ ദുരാജാരന്മാരെ ഒരാളും അടുപ്പിക്കരുത്‌. എല്ലാവരും ദൃഡമായും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: രാജാവേ, അങ്ങ്‌ ഇക്കാര്യമൊന്നു വിസ്തരിച്ചു പറഞ്ഞുതരണേ. അങ്ങു പറഞ്ഞ മിത്രഘാതിയുടേയും, കൃതഘ്നന്റേയും നില ഉദാഹരണം കാണിച്ച്‌ വിശദമാക്കിത്തരണേ!

ഭീഷ്മൻ പറഞ്ഞു: യുധിഷ്ഠിരാ, ഞാന്‍ അതിനെ ഉദാഹരിക്കുന്ന ഒരു പഴയ കഥ, പണ്ടേ നടപ്പുള്ള ഒരു കഥ, വിവരിക്കാം. അത്‌ പണ്ടു വടക്കു മ്ലേച്ഛന്മാരുടെ നാട്ടില്‍ നടന്ന കഥയാണ്‌ നരാധിപാ.

പണ്ട്‌ മദ്ധ്യപ്രദേശവാസിയും ബ്രഹ്മവര്‍ജ്ജിതനുമായ ഒരു ബ്രാഹ്മണന്‍ യാത്രാമദ്ധ്യേ പുഷ്ടമായ ഒരു ഗ്രാമം കണ്ടു. അവിടെ ഭിക്ഷയിരക്കുവാന്‍ ചെന്നുകയറി. ആ ഗ്രാമത്തില്‍ സര്‍വ്വ ജാതിവിശേഷങ്ങളും അറിയുന്നവനും ധനവാനുമായ ഒരു ദസ്യു ഉണ്ടായിരുന്നു. അവന്‍ ബ്രഹ്മണ്യനും സതൃസന്ധനും ദാന തല്‍പ്പരനുമായിരുന്നു. അവന്റെ വീട്ടില്‍ക്കയറിച്ചെന്നു (ബാഹ്മണന്‍ ഭിക്ഷയാചിച്ചു.

ആ ദസ്യു അവന്നു പാര്‍ക്കുവാന്‍ ഒരു ഇടവും, ഒരു വര്‍ഷത്തേക്ക്‌ ആഹാരത്തിന്നുള്ള വകയും, ഒരു പുതിയ വീടും, വസ്ത്രവും, ഭര്‍ത്താവില്ലാത്ത സമവയസ്കയായ ഒരു പെണ്ണിനേയും നല്കി. ദസ്യു ഇതൊക്കെ നല്കിയപ്പോള്‍ ആ ഗൌതമന്‍ അതൊക്കെ സസന്തോഷം സ്വീകരിച്ച്‌ ആ ഗൃഹത്തില്‍ അവളോടു കൂടി രമിച്ചു വസിച്ചു. അവന്‍ ദാസിക്കും, കുടുംബത്തിന്നും സഹായം ചെയ്ത്‌ ആ പരിപുഷ്ടമായ ശബരഗൃഹത്തില്‍ വളരെ വര്‍ഷങ്ങള്‍ അധിവസിച്ചു.

ആ ബ്രാഹ്മണന്‍ അമ്പെയ്യുവാന്‍ പഠിച്ചു. ആ ഗൌതമന്‍ അരയന്നങ്ങളേയും മൃഗങ്ങളേയും നിത്യവും വേട്ടയാടി. ദസ്യുക്കളെപ്പോലെ അവന്‍ നിത്യവും പ്രാണിവധത്തില്‍ ഏര്‍പ്പെട്ടു. അവന്‍ കൊല ചെയ്യുന്നതില്‍ മഹാമിടുക്കനായി, നിര്‍ദ്ദയനായി അവിടെ വസിച്ചു. ആ ഗൌതമന്‍ സഹവാസം കൊണ്ട്‌ (ദസ്യുക്കളുടെ കൂടെ സുഖമായി താമസിച്ച്‌), ദസ്യുതുല്യനായി, പല പക്ഷികളെ വധിച്ച്‌, പല മാസവും അങ്ങനെ കഴിഞ്ഞു.

അങ്ങനെയിരിക്കെ വേറെ ഒരു വിപ്രന്‍ ആ ദിക്കിലെത്തി. അവന്‍ ജടാചീവരങ്ങള്‍ ധരിച്ചവനും, സ്വാദ്ധ്യായപരനും, ശുചിയും, വിനീതനും, നിയതാചാരനും, ബ്രഹ്മണ്യനും, വേദപാരഗനുമായിരുന്നു. ആ ബ്രഹ്മചാരി അവന്റെ നാട്ടുകാരനും, തോഴനുമായിരുന്നു. അവന്‍ ഗൌതമന്‍ പാര്‍ക്കുന്ന ദസ്യുഗ്രാമത്തില്‍ച്ചെന്നു. ശൂദ്രന്മാരുടെ അന്നം കഴിക്കുകയില്ലെന്ന്‌ നിര്‍ബ്ബന്ധമുള്ള ആ വിപ്രന്‍ ഒരു ബ്രാഹ്മണഗൃഹം അന്വേഷിച്ച്‌ ചുറ്റുമ്പോഴാണ്‌ ജനങ്ങള്‍ ഗൌതമന്റെ ഗൃഹം അവന്ന്‌ കാണിച്ചു കൊടുത്തത്‌. അവന്‍ ഗൌതമഗൃഹത്തില്‍ കയറിച്ചെന്നു. ഈ സന്ദര്‍ഭത്തില്‍ പുറത്തു പോയിരുന്ന ഗൌതമനും വീട്ടില്‍ മടങ്ങിയെത്തി.

അരയന്നങ്ങളുടെ കെട്ടു തോളിലിട്ട്‌, വില്ലുമമ്പുമേന്തി, മേലൊക്കെ ചോരപറ്റി ഗൃഹദ്വാരത്തില്‍ വന്നു നിന്ന ആ ബ്രാഹ്മണനെ, ആകാശത്തുനിന്ന്‌ ഭൂമിയിലേക്ക്‌ പൊട്ടിവീണ രാക്ഷസനെപ്പോലെ നില്ക്കുന്ന തന്റെ സുഹൃത്തിനെ കണ്ട്‌ ആ ബ്രാഹ്മണന്‍ ലജ്ജിച്ചുപോയി. അവന്‍ ഗൌതമനെ മനസ്സിലാക്കി ഇപ്രകാരം പറഞ്ഞു: "എടോ ദ്വിജാ, നീ മൗഢ്യം കൊണ്ട്‌ എന്താണീ ചെയ്യുന്നത്‌? നീ കുലോദ്വഹനായ വിപ്രനല്ലേ? മദ്ധ്യദേശത്തില്‍ പ്രസിദ്ധനായ നീ ദസ്യുവിനെപ്പോലെ എങ്ങനെ ആയിത്തീര്‍ന്നു? നീ നിന്റെ വംശത്തിലെ പ്രസിദ്ധന്മാരായ വേദജ്ഞന്മാരേയും പൂര്‍വ്വജ്ഞാനികളേയും ചിന്തിക്കൂ! അവരുടെ വംശത്തില്‍പ്പിറന്നവനല്ലേ നീ? എന്തേ ഇങ്ങനെ കുലപാംസനനാകാന്‍? തന്നെ താന്‍തന്നെ അറിയുക. സത്വം, ശീലം, ശ്രുതം, ദമം, അനു ക്രോശം ഇവയൊക്കെ ചിന്തിച്ച്‌ ഹേ ദ്വിജാ! നീ ഈ പാര്‍പ്പിടം ഉടനെ വിട്ടുപോവുക!"

ഹിതൈഷിയായ ആ സുഹൃത്ത്‌ ഇപ്രകാരം പറയുന്നതു കേട്ട്‌ ആ ദ്വിജന്‍ നല്ലപോലെ ചിന്തിച്ചുറച്ച്‌ ആര്‍ത്തനെപ്പോലെ മറുപടി പറഞ്ഞു:  അല്ലയോ ദ്വിജശ്രേഷ്ഠാ! ഞാന്‍ നിര്‍ദ്ധനനാണ്‌. ഞാന്‍ വേദജ്ഞനല്ല. ഞാന്‍ ധനം കാംക്ഷിച്ച്‌ ഇവിടെ വന്നവനാണ്‌. അങ്ങ്‌ അതോര്‍ക്കണം ദ്വിജോത്തമാ! ഭവാനെ കണ്ടതുകൊണ്ട്‌ ഞാന്‍ കൃതാര്‍ത്ഥനായിരിക്കുന്നു വിപ്രേന്ദ്രാ! നാളെ നമ്മള്‍ക്കൊന്നിച്ചു പോകാം. ഈ രാവ്‌ ഇവിടെ പാര്‍ക്കുക. ആ വിപ്രന്‍ അന്ന്‌ അവിടെ പാര്‍ത്തു. സ്നേഹശീലനായ അവന്‍ അവന്റെ അന്നമോ മറ്റോ ഒന്നും സ്പര്‍ശിച്ചില്ല. അവന്‍ വിശപ്പു സഹിച്ച്‌ അന്ന്‌ അവിടെ കിടന്നു. അവന്‍ കൊടുത്തിട്ടും ഒന്നും സ്വീകരിച്ചില്ല.

അദ്ധ്യായം 169. കൃതഘ്നോപാഖ്യാനം (ഗൌതമന്റെ കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: ആ രാത്രി കഴിഞ്ഞു. നേരം പ്രഭാതമായപ്പോള്‍ അതിഥി ബ്രാഹ്മണന്‍ പോയി. അതിഥി പോയതിന്നുശേഷം ഗൌതമന്‍ വീട്ടില്‍നിന്നിറങ്ങി കടല്‍ത്തീരത്തേക്ക്‌ പുറപ്പെട്ടു. അവന്‍ വഴിക്കുവെച്ച്‌ കപ്പല്‍ക്കച്ചവടക്കാരെ കണ്ടു. ആ കൂട്ടുകാരോടു കൂടി അവന്‍ കടലിലേക്കും പോയി. അങ്ങനെ പോകുമ്പോള്‍ അവര്‍ ഒരു ഗിരിഗര്‍ത്തത്തിലെത്തി അവിടെവച്ച്‌ ഒരാന മദിച്ചു പാഞ്ഞുവന്നു. മദിച്ചുവന്ന ആന കുത്തിയും ചവിട്ടിയും കൂട്ടുകാരില്‍ മിക്കവരും ചത്തു. ആ വിപ്രന്‍ പേടിച്ചോടി! ഒരു മട്ടില്‍ എങ്ങനെയോ രക്ഷപ്പെട്ടു. അവന്‍ ഭയപ്പെട്ടുഴന്ന്‌ ആത്മരക്ഷയ്ക്കു വേണ്ടി വടക്കോട്ടോടി. അവന്‍ കൂട്ടംപിരിഞ്ഞ്‌ ആ പ്രദേശമൊക്കെ വിട്ട്‌ കാട്ടില്‍ കിംപുരുഷന്റെ മാതിരി തനിയെ ചുറ്റി.

സമുദ്രത്തിലേക്ക്‌ പോകേണ്ടതായ വഴിവിട്ടു തിരിഞ്ഞ്‌, മരങ്ങള്‍ പൂത്ത്‌ അഴകോടെ നില്ക്കുന്ന ദിവ്യമായ ഒരു കാട്ടിലെത്തി. ഋതുതോറും കായ്ക്കുന്ന പൂത്ത മാവുകള്‍ ഉള്ളതും നന്ദനവനം പോലെ ശോഭിക്കുന്നതും യക്ഷകിന്നരന്മാര്‍ വിഹരിക്കുന്നതും, പയിന്‍, പച്ചിലപ്പന, കാരകില്‍ക്കാട്‌, മെച്ചമേറിയ ചന്ദനങ്ങള്‍ ഇവയാല്‍ ഭംഗി പിടിപ്പിക്കുന്നതുമായ മലയുടെ ഉപത്യകയില്‍ സുഗന്ധം പരക്കുന്ന ഇടത്ത്‌ വളരെ നല്ല പക്ഷികള്‍ ശബ്ദിച്ചു വിഹരിക്കുന്നതും അവന്‍ കണ്ടു. അവയുടെ മനോഹരമായ പാട്ടുകേട്ട്‌ അവന്‍ നിന്നു.

മനുഷ്യരുടെ കര്‍ണ്ണങ്ങള്‍ക്ക്‌ ആനന്ദം നല്കുന്ന ദാരുണ്ഡാം എന്ന്‌ പ്രസിദ്ധമായ സമുദ്രഗിരിജാതങ്ങളായ ഖഗങ്ങള്‍, ഭൂലിംഗഖഗങ്ങള്‍ എന്നിവയേയും അവന്‍ കണ്ടു. അവന്റെ ഹൃദ യത്തെ കവര്‍ന്ന ആ പക്ഷികളുടെ ഗാനം കേട്ട്‌ ഗതമന്‍ അങ്ങോട്ടു ചെന്നു. പിന്നെ അവന്‍ അവിടെ ഭംഗിയുള്ള പൊന്‍മണല്‍ത്തരിയുളള, ഇടം കണ്ടു. ആകാശം പോലെ വിസ്തൃതമായി പരന്നു കിടക്കുന്ന സ്വര്‍ഗ്ഗതുല്യമായ വിചിത്രസ്ഥലത്ത്‌ ശ്രീയോടുകൂടി നല്ല വട്ടത്തില്‍ വളര്‍ന്നുനില്ക്കുന്ന ഒരു ആല്‍മരം ഭംഗിയായി കൊമ്പുകള്‍ പരന്ന്‌, കുടപിടിച്ചതുപോലെ നില്ക്കുന്നതായി അവന്‍ കണ്ടു. അതിന്റെ ചുവട്ടില്‍ അവന്‍ ചെന്നു. അവിടം ചന്ദനച്ചാര്‍ തളിച്ച്‌ സുരഭിലമായ പുഷ്പങ്ങള്‍ ചിതറി ബ്രഹ്മാവിന്റെ സഭ പോലെ ശോഭിക്കുന്നതായിക്കണ്ടു. പൂത്തുനില്ക്കുന്ന മറ്റു വൃക്ഷങ്ങളും ചേര്‍ന്നു ശോഭിക്കുന്ന ആ സ്ഥലം അവന്ന്‌ വളരെ ഇഷ്ടപ്പെട്ടു. അവന്‍ ചുറ്റും നോക്കി സന്തോഷത്തോടെ ആ വൃക്ഷത്തിന്റെ ചുവട്ടില്‍ച്ചെന്ന്‌ ഇരുന്നു.

അങ്ങനെ അവിടെ അവന്‍ വസിക്കുമ്പോള്‍ ഹേ കുന്തീപു ത്രാ, പുക്കളില്‍ത്തട്ടി വരുന്ന ശീതളമന്ദമാരുതന്‍ അവന്റെ അംഗം തലോടി. ഇളംകാറ്റ്‌ ഗൌതമന്റെ അംഗങ്ങളെ ആനന്ദിപ്പിച്ചു. ആ വിപ്രന്‍ ഏറ്റവും പുണ്യമായ ആ മാരുതനേറ്റ്‌ ഏറ്റവും പ്രശാന്തനായി സുഖമായി കിടന്നുറങ്ങി. സൂര്യന്‍ അസ്തമിക്കുകയും ചെയ്തു.

സൂര്യന്‍ അസ്തമിച്ച്‌ ഇരുട്ടു പരന്നു. അപ്പോള്‍ ബ്രഹ്മലോകത്തില്‍നിന്നു ഖഗോത്തമന്മാര്‍ പറന്ന്‌ തങ്ങളുടെ കൂടുകളിലേക്കു വന്നെത്തി. ഈ സമയത്ത്‌ ഗൌതമന്‍ ഉണര്‍ന്നു. പക്ഷികളുടെ വരവു നോക്കിക്കണ്ടു. അപ്പോള്‍ അവന്ന്‌ അത്ഭുതം ജനിപ്പിക്കുമാറ്‌ ഒരു പക്ഷിശ്രേഷ്ഠന്‍ വൃക്ഷത്തിലേക്ക്‌ വന്നുചേര്‍ന്നു. അവന്‍ സാധാരണക്കാരനായിരുന്നില്ല. ബ്രഹ്മാവിന്റെ ഇഷ്ടസഖിയായ നാഡീജംഘന്‍ എന്ന ബകരാജാവായിരുന്നു. മഹാപ്രാജ്ഞനായ അവന്‍ കാശ്യപന്റെ പുത്രനാണ്‌.  രാജധര്‍മ്മാവ്‌ എന്നു പാരില്‍ പുകഴ്‌ന്നവനാണ്‌. എതിരറ്റവനുമാണ്‌. ദേവകന്യകയില്‍ പിറന്നവനും, ശ്രീമാനും, വിദ്വാനും, ദേവസമപ്രഭനും, അര്‍ക്കശ്രീ ചേര്‍ന്ന ആഭരണങ്ങള്‍ വേണ്ടുവോളം ഗാത്രത്തില്‍ എല്ലായിടത്തും അണിഞ്ഞവനുമായ ദേവനന്ദനനാണ്‌. ഇങ്ങനെ മഹോജ്ജ്വലനായ ആ പക്ഷി വന്നതു കണ്ട്‌ ഗൌതമന്‍ വിസ്മയിച്ച്‌ അവനെ നല്ലപോലെ നോക്കി.

രാജധര്‍മ്മാവ്‌ പറഞ്ഞു: അല്ലയോ വിപ്രാ, അങ്ങയ്ക്ക്‌. സ്വാഗതം! നീ എന്റെ ഗൃഹത്തില്‍ വന്നതുമൂലം ഞാന്‍ ഭാഗ്യവാനായിരിക്കുന്നു. സൂര്യന്‍ അസ്തമിക്കുകയും സന്ധ്യവരികയും ചെയ്തു. ഈ സമയത്ത്‌ എന്റെ ഗൃഹത്തില്‍ എത്തിയ അങ്ങ്‌ എന്റെ പ്രിയപ്പെട്ട അതിഥിയാണ്‌. അനിന്ദിതനായ ഭവാന്‍ വിധി പ്രകാരമുള്ള എന്റെ സല്ക്കാരം സ്വീകരിച്ച്‌ എന്റെ പൂജ കൈക്കൊണ്ട്‌ രാത്രി ഇവിടെ കൂടി, നാളെ പ്രഭാതമാകുമ്പോള്‍ ഭവാന്‍ യഥാസുഖം പോകാം.

അദ്ധ്യായം 170. കൃതഘ്നോപാഖ്യാനം (ഗൌതമന്റെ കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു:  ആ പക്ഷിയുടെ ഭംഗിയേറിയ വാക്കുകള്‍ കേട്ട്‌ ഗൗതമന്‍ അത്ഭുതപ്പെട്ടു. രാജാവേ, അവന്‍ കൌതുകത്തോടെ രാജധര്‍മ്മാവിനെ നോക്കി. രാജധര്‍മ്മാവ്‌ പറഞ്ഞു: ഹേ ബ്രാഹ്മണാ, ഞാന്‍ കാശ്യപന്റെ പുത്രനാണ്‌. എന്റെ അമ്മ ദക്ഷന്റെ പുത്രിയാണ്‌. അങ്ങയാണെങ്കില്‍ ഗുണവാനായ അതിഥിയാണ്‌. അല്ലയോ ദ്വിജോത്തമാ! അങ്ങയ്ക്ക്‌ സ്വാഗതം!

ഭീഷ്മൻ പറഞ്ഞു: വിധിയില്‍ കണ്ട കര്‍മ്മനിശ്ചയപ്രകാരം അവന്‍ ഗൌതമനെ സമ്ക്കരിച്ചു. സാലപുഷ്പംകൊണ്ട്‌ ദിവ്യമായ മെത്തയുണ്ടാക്കി. ഭഗീരഥന്റെ തേരോട്ടം ഏറ്റു ഗംഗയുടെ തീരസ്ഥലങ്ങളില്‍ ചുറ്റുന്ന നല്ല വലിയ മീനുകളെ പിടിച്ചു പാകംചെയ്ത്‌ അവന്നു നല്കി. ഏറ്റവും ജലിക്കുന്ന അഗ്നികൂട്ടി. വലിയ മത്സ്യങ്ങളെ ആഹാരമായി ആ അതിഥിക്ക്‌ കശ്യപാത്മജന്‍ നല്കി. ഭക്ഷണം കഴിഞ്ഞു വിശപ്പുമാറി മനസ്സു തെളിഞ്ഞിരിക്കുന്ന ആ വിപ്രനെ, തപോനിധിയായ പക്ഷി അതിഥിയുടെ തളര്‍ച്ച തീര്‍ക്കുവാന്‍ തന്റെ ചിറകുകൊണ്ട്‌ വീശി.

അങ്ങനെ ക്ഷീണവും തളര്‍ച്ചയും തീര്‍ന്നിരിക്കുന്ന വിപ്രനോട്‌ ആ ഖഗം അവന്റെ ഗോത്രത്തെപ്പറ്റി ചോദിച്ചു. എന്നാല്‍ അതിഥിയായ ആ ബ്രാഹ്മണന്‍ ഞാന്‍ ഗൌതമനാണ്‌ എന്നു മാത്രമേ മറുപടി പറഞ്ഞുള്ളു. മറ്റൊരു സംഗതിയും പറഞ്ഞില്ല.

അവന്ന്‌ ഇല വിരിച്ച്‌ അതില്‍ ദിവ്യമായ പുഷ്പങ്ങള്‍ ചിതറി ദിവ്യമായ ശയ്യ തീര്‍ത്ത്‌ അതില്‍ ചന്ദനച്ചാറു തളിച്ചു സുരഭിലമാക്കി കിടക്കുവാന്‍ അവനെ ക്ഷണിച്ചു. ഗൌതമന്‍ മെത്തയില്‍ക്കയറി കിടന്ന്‌ സുഖമായി ഉറങ്ങി.

മെത്തയില്‍ക്കിടക്കുന്ന വിപ്രനോട്‌ ധര്‍മ്മരാട്ടായ ഖഗം, വാഗ്മിയായ കാശ്യപന്‍ ചോദിച്ചു: അങ്ങ്‌ ഇങ്ങോട്ടു വരുവാന്‍ എന്താണു കാരണം? ഉടനെ ഗൌതമന്‍ മറുപടി പറഞ്ഞു: മഹാമതേ, ഞാന്‍ ഒരു ദരിദ്രനാണ്‌. ദ്രവ്യം നേടുവാന്‍ വേണ്ടി പുറപ്പെട്ടതാണ്‌. കടല്‍ യാത്രയ്ക്കു പോന്നതാണ്‌. കാശ്യപന്‍ ഇതു കേട്ട്‌ അവനോടു നന്ദിയോടെ പറഞ്ഞു:  അങ്ങ്‌ മാഴ്കരുത്‌! അങ്ങയ്ക്ക്‌ കൃതാര്‍ത്ഥനായി സ്വഗൃഹത്തിലേക്കു ധനത്തോടുകൂടി മടങ്ങാം. ബൃഹസ്പതിയുടെ അഭിപ്രായപ്രകാരം നാലുതരത്തില്‍ അര്‍ത്ഥലാഭമുണ്ട്‌. പാരമ്പര്യം, ദൈവം, കാമ്യം, മൈത്രം ഇങ്ങനെയാണവ. നീ എന്റെ മിത്രമായല്ലോ. എനിക്കു നിന്നില്‍ സൗഹൃദമു ണ്ട്‌. ഭവാന്‍ ഒരു ധനികനാകേണ്ടവിധം ഞാന്‍ യത്നിക്കുന്നുണ്ട്‌. അങ്ങനെ അവന്‍ ഉറങ്ങുവാന്‍ പോയി.

നേരം പ്രഭാതമായപ്പോള്‍, "എന്താ ബ്രാഹ്മണാ, നിദ്ര സുഖമായില്ല?", എന്നു ചോദിച്ച്‌ കാശ്യപന്‍ തുടര്‍ന്നു: "ഹേ സൗമ്യാ, ഭവാന്‍ ഈ വഴിയെ പൊയ്ക്കൊളളുക. ഭവാന്‍ എന്നാല്‍ കൃതാര്‍ത്ഥനാകും. മൂന്നു യോജന നീ നടന്നാല്‍ വലിയ ഒരു ഗൃഹം കാണാം. അതില്‍ രാക്ഷസന്മാരുടെ അധിപനായ വിരൂപാക്ഷനെ കാണാം. അവന്‍ മഹാബലവാനാണ്‌. അവന്‍ എന്റെ തോഴനാണ്‌. അല്ലയോ ദ്വിജ്രേന്ദാ നീ അവന്റെ അടുത്തു ചെല്ലുക. ഞാന്‍ പറഞ്ഞതായി പറയുക. അവന്‍ നിനക്ക്‌ അഭീഷ്ടമായ ആഗ്രഹങ്ങളൊക്കെ സാധിപ്പിക്കും. വേണ്ടുവോളം ധനം നൽകും. അതില്‍ ഒട്ടും സംശയിക്കേണ്ട."

അങ്ങനെ കാശ്യപന്‍ സല്‍ക്കരിച്ച ഫലങ്ങളും ഭക്ഷിച്ച്‌ സുഖമായി ഗൌതമന്‍ സസന്തോഷം രാക്ഷസഗൃഹത്തിലേക്കു നടന്നു. നല്ല അകിലും ചന്ദനമരങ്ങളും ഇലവര്‍ങ്ങമരങ്ങളും വളര്‍ന്നുനില്‍ക്കുന്ന വനഭാഗത്തൂടെ അവന്‍ നടന്നു. അവന്‍ മേരു വ്രജമായ പുരത്തിലെത്തി. കമാനങ്ങള്‍ മലയായി വിളങ്ങുന്ന ദിക്കിലെത്തി. അവിടെ മണ്‍കോട്ടകള്‍ കണ്ടു. കുന്നും ശൈലയന്ത്രങ്ങളുമുള്ളയിടത്തെത്തി. അവന്‍ ധീമാനായ രാക്ഷസേന്ദ്രന്റെ പുരത്തിന്റെ പുറത്ത്‌ നിന്നു. രാക്ഷസേന്ദ്രന്‍ അവനെ മനസ്സിലാക്കി. തന്റെ സുഹൃത്തായ കാശ്യപന്‍ പറഞ്ഞു വിട്ടവനാണെന്നറിഞ്ഞു. സുഹൃത്തിന്റെ പ്രിയന്‍ തനിക്കും പ്രിയന്‍ തന്നെ. ആ രാക്ഷസേന്ദ്രന്‍ തന്റെ ഭൃത്യന്മാരോടു പറഞ്ഞു. എന്നെ കാണുവാന്‍ ഗൌതമന്‍ എന്ന ഒരു ബ്രാഹ്മണന്‍ വന്ന്‌ പുരദ്വാരത്തിന്റെ പുറത്തു നില്ക്കുന്നു. അവനെ ഇവിടെ ഉടനെ എത്തിക്കുക.

ഉടനെ രാക്ഷസന്റെ ആള്‍ക്കാര്‍ പരുന്തിന്റെ മാതിരി പറന്ന്‌ പുരദ്വാരത്തില്‍ച്ചെന്ന്‌ ഗൌതമാ എന്നു വിളിച്ചു. അവര്‍ ഗൌതമനെക്കണ്ടു. ആ രാജദാസന്മാര്‍ അവനോടു പറഞ്ഞു: "വേഗം ഇങ്ങോട്ടു പോരു! നിന്നെ മന്നവന്‍ കാത്തിരിക്കുന്നു. വീരനായ രാക്ഷസാധീശ്വരന്‍, വിരൂപാക്ഷന്‍, നിന്നെക്കാണുവാന്‍ വെമ്പുന്നു. വേഗം പോരിക". ഈ വാക്കുകേട്ടയുടനെ ഗതമന്‍ വിസ്മയിച്ചു. അവന്‍ ക്ഷീണം കൂടാതെ വേഗത്തില്‍ നടന്നു. അവിടെയുള്ള മഹത്തായ ധനസമൃദ്ധി കണ്ട്‌ ഗൌതമന്‍ അത്ഭുതപ്പെട്ടു. രാക്ഷസാധീശ്വരനെക്കാണുവാന്‍ അവരോടു കൂടി ഗൌതമന്‍ രാജഗൃഹത്തിലേക്കു കടന്നു ചെന്നു.

അദ്ധ്യായം 171. കൃതഘ്നോപാഖ്യാനം (ഗൌതമന്റെ കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: രാക്ഷസരാജാവ്‌ അവനെയറിഞ്ഞു. അവന്‍ ഭവനത്തില്‍ കടന്നു. രാക്ഷസേന്ദ്രന്‍ അവനെ പൂജിച്ചു. പുജയേറ്റ്‌ അവന്‍ പീഠത്തില്‍ ഇരുന്നു. രാക്ഷസന്‍ അവന്റെ ഗോത്രം, ചരണം, സ്വാദ്ധ്യായം, ബ്രഹ്മചര്യം എന്നിവയെപ്പറ്റിയൊക്കെ ചോദിച്ചു. എന്നാല്‍ ബ്രാഹ്മണന്‍ തന്റെ ഗോത്രമല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ബ്രഹ്മതേജസ്സ്‌ കെട്ട്‌, സ്വാദ്ധ്യായം വിട്ട്‌, ഗോത്രം മാത്രം അറിയാവുന്ന അവന്റെ പാര്‍പ്പ്‌ എവിടെയാണെന്ന്‌ രാജാവു ചോദിച്ചു: ഹേ ബ്രാഹ്മണാ, ഭവാന്റെ പാര്‍പ്പിടം എവിടെയാണ്‌? ഏതു ഗ്രാമത്തിലാണ്‌? നിന്റെബ്രാഹ്മണി ഏതു ഗോത്രത്തിലാണ്‌? ഉള്ള കാര്യം പറയൂ. എന്തിനു ഭയപ്പെടുന്നു? നീ സുഖമായി എന്നെ വിശ്വസിക്കൂ.

ഗൌതമന്‍ പറഞ്ഞു: ഞാന്‍ മദ്ധ്യപ്രദേശത്തു ജനിച്ചവനാണ്‌. പാര്‍ക്കുന്നത്‌ ശബരാലയത്തിലാണ്‌. മുമ്പ്‌ അനൃനൊരുത്തന്‍ വേട്ട ശുദ്രസ്ത്രീയാണ്‌ എന്റെ ഭാര്യ. ഞാന്‍ പരമാര്‍ത്ഥം ഭവാനോടു പറയുകയാണ്‌.

ഇതു കേട്ട്‌ രാജാവു ചിന്തിച്ചു: ഞാന്‍ ഇതില്‍ എന്തുചെയ്യേണ്ടു! എന്തുചെയ്താല്‍ എനിക്കു സുകൃതം ലഭിക്കും? അവന്‍ വീണ്ടും ഓര്‍ത്തു: "അവന്‍ വിപ്രനായി പിറന്നവനാണ്‌. ആ യോഗ്യനായ ഖഗേന്ദ്രന്റെ സുഹൃത്തുമാണ്‌. ആ കാശ്യപന്‍ , എന്റെ അരികിലേക്കു പറഞ്ഞുവിട്ടവനുമാണ്‌. അവന്ന്‌ ഞാന്‍ എന്നും ഇഷ്ടം ചെയ്യും. എനിക്ക്‌ ആശ്രിതനാണ്‌ അവന്‍. ഭ്രാതാവും ബന്ധുവും സഖിയുമാണ്‌ എനിക്ക്‌ അവന്‍. എന്റെ കരളാണവന്‍. ഈ കാര്‍ത്തിക നക്ഷത്രത്തില്‍ ആയിരം ദ്വിജസത്തമന്മാര്‍ക്ക്‌ ഞാന്‍ അന്നം കൊടുക്കുന്നുണ്ട്‌. അതില്‍ ഈ ദ്വിജനും ഉണ്ടുകൊള്ളട്ടെ! ഇവനും ഞാന്‍ ധനം കൊടുത്തേക്കാം. ആ പുണ്യദിനമായ കാര്‍ത്തികയും വന്നു; വിരുന്നുകാരനായി ഇവനും വന്നു. എന്തുകൊടുക്കണമെന്ന്‌ ധനത്തെപ്പറ്റി ചിന്തിക്കുകയും ചെയ്തു. ഇനി ഇതിലപ്പുറം ഒന്നും ചിന്തിക്കുന്നില്ല."

പിന്നെ വിദ്വാന്മാരായ ആയിരം ബ്രാഹ്മണര്‍ കോപ്പണിഞ്ഞ്‌ നല്ല പട്ടുടുത്തു വന്നു ചേര്‍ന്നു. ആ ദ്വിജശ്രേഷ്ഠന്മാര്‍ വന്നു ചേര്‍ന്നപ്പോള്‍ രാജാവേ, ആ വിരൂപാക്ഷന്‍ അവരെ വിധിപ്രകാരമുള്ള ആചാരത്തോടെ യഥാര്‍ഹം സ്വീകരിച്ചു.

ആ രാക്ഷസന്റെ കല്‍പന പ്രകാരം ദര്‍ഭപ്പുല്‍പ്പായ അവര്‍ക്കു നല്കി. മന്നില്‍ ദര്‍ഭവിരിച്ച്‌ അതില്‍ രാജാവു പൂജിച്ച ദ്വിജന്മാര്‍ ഇരുന്നു. തിലദര്‍ഭോദകം കൊണ്ട്‌ വിധിപ്രകാരം ആ അര്‍ത്ഥിതരായ ബ്രാഹ്മണരെ, വിശ്വേദേവന്മാര്‍, പിതൃക്കള്‍, അഗ്നിമാര്‍ എന്നിങ്ങനെ സങ്കല്പിക്കപ്പെട്ട അവരെ, പുഷ്പാനുലേപം മുതലായ ഉപചാരങ്ങളോടെ പുജിച്ചു. ഉടനെ വജ്രം പതിച്ച്‌ മിന്നുന്ന പൊന്നിൻ പാത്രങ്ങള്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ പ്രശോഭിച്ചു. അതില്‍ നെയ്യും, തേനും ചേര്‍ത്ത്‌ ദ്വിജന്മാര്‍ക്ക്‌ ചോറു നൽകി.

ആഷാഡം, മാഘം എന്നീ മാസങ്ങളില്‍ എന്നും ധാരാളം ദ്വിജന്മാര്‍ വന്ന്‌ ആ രാക്ഷസരാജാവില്‍ നിന്ന്‌ ഈപ്സിതമായ അഭീഷ്ടവും സല്‍ക്കാരങ്ങളും അന്നവും സ്വീകരിക്കാറുണ്ട്‌. വിശേഷിച്ചും കാര്‍ത്തികയില്‍ വിപ്രന്മാര്‍ക്ക്‌ അവന്‍ നല്‍കും. ശരല്ക്കാലം കഴിയുമ്പോഴും വാവിന്‍നാളും രത്നം ദാനംചെയ്യാറുണ്ടെന്നുളളത്‌ പ്രസിദ്ധമാണ്‌. പൊന്ന്‌, വെള്ളി, മണിമുത്ത്‌, മികച്ച വൈരം, വൈഡൂര്യം, രങ്കു, മാന്‍തോല്‍, കംബളം, വിരിപ്പുകള്‍, രത്നസഞ്ചയം ഇവയൊക്കെ ദക്ഷിണയായി നല്‍കാറുണ്ട്‌ ഭാരതാ!

പിന്നെ മഹാബലനായ വിരൂപാക്ഷന്‍ ദ്വിജ്രേന്ദനോട്‌ പറഞ്ഞു: "ഈ രത്നങ്ങള്‍ യഥോത്സാഹം, യഥേഷ്ടം നിങ്ങള്‍ എടുത്തു കൊള്ളുവിന്‍. ഏതേത്‌ പാത്രത്തില്‍ നിങ്ങള്‍ ഉണ്ടുവോ, അതും നിങ്ങള്‍ക്ക്‌ എടുക്കാം. അതുകൊണ്ട്‌ ഹേ ദ്വിജമുഖ്യന്മാരെ, നിങ്ങള്‍ സസന്തോഷം വീട്ടിലേക്കു പൊയ്ക്കൊള്ളുവിന്‍!" രാജാവേ, മഹാത്മാവായ ആ രാക്ഷസേന്ദ്രന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഇഷ്ടം പോലെ ആ ബ്രാഹ്മണര്‍ ആ രത്നങ്ങളൊക്കെ എടുത്തു.

ശുഭമായ രത്നത്താല്‍ അര്‍ച്ചിക്കപ്പെട്ടവരും, മഹാര്‍ഹന്മാരുമായ ആ ബ്രാഹ്മണരെല്ലാം നല്ലപോലെ വസ്ത്രം ധരിച്ച്‌ സന്തുഷ്ടരായിത്തീര്‍ന്നു. അതിന്നുശേഷം ആ ദ്വിജന്മാരോട് നാടുചുറ്റുന്ന രാക്ഷസന്മാരെ തടുത്തിട്ട്‌ പറഞ്ഞു: "അല്ലയോ ബ്രാഹ്മണേന്ദ്രന്മാരെ, നിങ്ങള്‍ക്ക്‌ ഇന്ന്‌ ഒരു ഒറ്റദിവസം രക്ഷോഭയം ബാധി ക്കുന്നതല്ല. നിങ്ങള്‍ യഥേഷ്ടം പ്രമോദിക്കുവിന്‍! വൈകാതെ പോകുവിൻ!". ഉടനെ നാലുപാടും വിപ്രസംഘങ്ങളൊക്കെ പോന്നു. സ്വര്‍ണ്ണഭാരം എടുത്ത്‌ ഗൌതമനും പോന്നു. അദ്ദേഹം പണിപ്പെട്ട്‌ ആ ചുമടുമെടുത്ത്‌ ആ ആല്‍മരത്തിന്റെ ചുവട്ടിലെത്തി. തളര്‍ന്ന്‌, ക്ഷീണിച്ച്‌, വിശന്ന്‌ അവന്‍ ആ ആല്‍മരച്ചുവട്ടില്‍ ഇരുന്നു.

ഈ സമയത്ത്‌ അവനെക്കണ്ട്‌ രാജധര്‍മ്മന്‍ എന്ന ഖഗോത്തമന്‍ എത്തി. സ്വാഗതത്താല്‍ ഗൌതമനെ ആ മിത്രവത്സലന്‍ കൊണ്ടാടി. അവനെ ആ ഖഗം ചിറകുകൊണ്ട്‌ വീശി ക്ഷീണം തീര്‍ത്തു. ബുദ്ധിമാനായ അവന്‍ പൂജിച്ച്‌ അവന്നു ഭോജനവും നല്കി. അവന്‍ നല്കിയ ഭക്ഷണം കഴിച്ച്‌ തളര്‍ച്ച നിശ്ശേഷം മാറിയപ്പോള്‍ ഗൗതമന്‍ അവിടെയിരുന്ന്‌ ചിന്തിച്ചു: നല്ല മാറ്റുള്ള സ്വര്‍ണ്ണത്തിന്റെ ഭാരമേറിയ ചുമടാണ്‌ ഞാന്‍ കൈയില്‍ വെച്ചിരിക്കുന്നത്‌. ലോഭമോഹങ്ങളാല്‍ ഞാന്‍ അത്‌ നേടി. എനിക്കു വളരെ ദുരെ എത്തേണ്ടിയിരിക്കുന്നു. വഴിക്ക്‌ തിന്നാന്‍ ഒന്നും എന്റെ കൈയിലില്ല. പ്രാണധാരണം ചെയ്യണം. പ്രാണന്‍ രക്ഷിക്കാന്‍ എന്താണ്‌ വഴി? എന്തുചെയ്താലാണ്‌ പ്രാണധാരണം സാധിക്കുക? ഇപ്രകാരം അവന്‍ ചിന്തിച്ചിരുന്നു.

അവന്‍ ആലോചിച്ചിട്ട്‌ ഒന്നും കണ്ടില്ല. വഴിയില്‍ അഷ്ടിക്ക്‌ വഴികാണാഞ്ഞതു കൊണ്ട്‌ , ആ കൃതഘ്നന്‍ മനസ്സുകൊണ്ട്‌ ഇങ്ങനെ ചിന്തിച്ചു: അടുത്തുണ്ടല്ലോ ബകരാജാവ്‌. ഇവന്‍ മുഴുവന്‍ ഒരു മാംസക്കൂട്ടമാണ്‌. ഇവനെ കൊന്ന്‌ മാംസവുമെടുത്ത്‌ വേഗം പോകാം.

അദ്ധ്യായം 172. കൃതഘ്നോപാഖ്യാനം (ഗൌതമന്റെ കഥ തുടരുന്നു) - ഭീഷ്മൻ പറഞ്ഞു: അവിടെ ആ ബ്രാഹ്മണന്റെ രക്ഷയ്ക്ക്‌ ഖഗരാജാവ്‌ അഗ്നികൂട്ടി ജലിപ്പിച്ചിട്ടുണ്ടായിരുന്നു. കാറ്റത്ത്‌ അഗ്നി ആളിക്കത്തിക്കൊണ്ടിരുന്നു. അതിഥിയായ ബ്രാഹ്മണനെ വിശ്വസിച്ച്‌ ആ ഖഗം അവന്റെ അരികില്‍ത്തന്നെ ഉറങ്ങുകയായിരുന്നു. ആ കൃതഘ്നനായ ദുഷ്ടന്‍ മെല്ലെ അവന്റെ അരികില്‍ച്ചെന്നു അവനെ കൊല ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു. കത്തുന്ന അഗ്നിയില്‍ വിശ്വസ്തനായ അവനെപ്പിടിച്ചു ബലമായി തളളിയിട്ട്‌ കൊന്നു. അവന്‍ സന്തോഷത്തോടെ അവനെ കൊന്നു. പക്ഷേ, അതിന്റെ ഫലത്തെപ്പറ്റി അവന്‍ ചിന്തിചില്ല.

അതിന്റെ പപ്പും പൂുടകളും ഒക്കെ നീക്കി അവനെ അഗ്നി യില്‍ ചുട്ടു. വെന്തു കഴിഞ്ഞപ്പോള്‍ അവനേയും സ്വര്‍ണ്ണഭാണ്ഡത്തേയും എടുത്ത്‌ അവന്‍ അവിടെനിന്നു വേഗത്തില്‍ നടന്നു.

പിറ്റേദിവസം വിരൂപാക്ഷന്‍ മകനോടു പറഞ്ഞു: മകനേ, ഇന്ന്‌ രാജധര്‍മ്മ ഖഗ്രേന്ദനെ കണ്ടില്ലല്ലോ. പൂര്‍വ്വസന്ധ്യയ്ക്ക്‌ അവന്‍ എന്നും ബ്രഹ്മസേവയ്ക്കു പോകും. ആ ഖഗം എന്നെക്കാണാതെ ഗൃഹത്തില്‍ ഒരിക്കലും എത്താറില്ല. രണ്ടു ദിവസമായല്ലോ, രണ്ടു സന്ധ്യയ്ക്കും വരാതായിട്ട്‌. എന്റെ മനസ്സ്‌ തെളിയുന്നില്ല. അവന്ന്‌ വല്ല ആപത്തും സംഭവിച്ചുവോ? മകനേ, നീ ഒന്നു പോയി സുഹൃത്തിനെ അന്വേഷിക്കൂ. സ്വാദ്ധ്യായം അറ്റവനും, ബ്രഹ്മതേജസ്സ്‌ തീരെ ഇല്ലാത്തവനുമായ ആ ദ്വിജാധമന്‍ അങ്ങോട്ട്‌ പോയതില്‍ എനിക്ക്‌ ശങ്ക തോന്നുന്നു. അവന്‍ കൊന്നേക്കുമോ എന്റെ സുഹൃത്തിനെ എന്ന്‌ എനിക്കു വല്ലാതെ ഭയം തോന്നുന്നു. ദുര്‍ബുദ്ധിയും, ദുരാചാരനുമായ അവനെ അവന്റെ സൂചനയില്‍ നിന്ന്‌, ലക്ഷണം കൊണ്ട്‌, ഞാന്‍ അറിഞ്ഞു. അവന്‍ നിര്‍ദയനും, ദാരുണാകാരനും, ദുഷ്ടനും, ദസ്യുവിന്നു തുലും അധമനുമാണ്‌. ആ ഗൌതമന്‍ അങ്ങോട്ടായിരിക്കും പോയതെന്നു ഞാന്‍ ഈഹിക്കുന്നു. മകനേ, നീ വേഗം അവന്റെ ഗൃഹത്തില്‍പ്പോയി ആ ശുദ്ധാത്മാവായ രാജധര്‍മ്മന്‍ ജീവിക്കുന്നുണ്ടോ എന്ന്‌ നോക്കു! വൈകരുത്‌. അച്ഛന്‍ പറഞ്ഞതു കേട്ട്‌ ആ രാജാവിന്റെ പുത്രന്‍ രാക്ഷസന്മാരോടു കൂടി പുറപ്പെട്ടു. അവര്‍ നടന്ന്‌ ആല്‍മരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ എന്താണ്‌ കണ്ട ത്‌. കഷ്ടം! രാജധര്‍മ്മനെ കണ്ടില്ല. അവന്റെ അസ്ഥിയാണ്‌ കണ്ടത്‌! ധീമാനായ രാക്ഷസനന്ദനന്‍ കരഞ്ഞ്‌ രാക്ഷസേന്ദ്രന്റെ സമീപത്തെത്തി. രാജാവ്‌ വിവരം അറിഞ്ഞപ്പോള്‍ തന്റെ കിങ്കരന്മാരെ വിട്ടു. ആ നിശാചരന്മാര്‍ അതിവേഗത്തില്‍ പാഞ്ഞു. വഴിക്കു വെച്ചു ഗൌതമനെ അവര്‍ പിടികൂടി. അസ്ഥിയും, കാലും, ചിറകുംപോയ രാജധര്‍മ്മന്റെ ശരീരവും കണ്ടെത്തി. അതെടുത്ത്‌ രാക്ഷസന്മാര്‍ മേരുവ്രജത്ത്‌ എത്തി. രാജാവിന്റെ അടുത്തുചെന്ന്‌ അവര്‍ രാജധര്‍മ്മന്റെ ദേഹം കാണിച്ചുകൊടുത്തു. ആ പാപം ചെയ്ത കൃതഘ്നനായ ഗൌതമനേയും കാട്ടിക്കൊടുത്തു.

അവനെക്കണ്ട്‌ അമാത്യന്മാരോടും ആചാര്യനോടുംകൂടിയ രാജാവ്‌ വിലപിച്ചു. അവന്റെ ഗൃഹത്തില്‍ ആര്‍ത്തനാദം മുഴങ്ങി. രാജാവും, സചിവന്മാരും, സ്ത്രീകളും, കുട്ടികളും കരയുന്നതു കേട്ട്‌ രാജധാനിയിലും നഗരത്തിലും എല്ലായിടത്തും ജനങ്ങള്‍ വിലപിക്കുവാന്‍ തുടങ്ങി.

രാജാവ്‌ മകനോട്‌, "ഈ പാപിയെ കൊല്ലൂ" എന്നു പറഞ്ഞു. ഇവന്റെ മാംസം തിന്ന് എല്ലാവരും ഇഷ്ടത്തോടെ വിഹരിക്കട്ടെ. പാപാചാരനും, പാപകൃത്തും പാപാത്മാവും, പാപസാധനനുമായ ഇവന്‍ ഭവാന്മാര്‍ കൊല്ലേണ്ടവനാണ്‌ എന്നാണ്‌ നിശാചരന്മാരെ, എന്റെ അഭിപ്രായം, എന്ന്‌ ആശരേന്ദ്രന്‍ പറഞ്ഞതുകേട്ട്‌ ഉഗ്രവിക്രമന്മാരായ ആശരന്മാര്‍ പാപിയായ അവന്റെ മാംസം തിന്നുവാന്‍ ഇഷ്ടപ്പെട്ടില്ല. പുരുഷാധമനും, നീചനുമായ ഇവനെ ദസ്യുക്കള്‍ക്ക്‌ തിന്നുവാന്‍ കൊടുക്കാം, എന്നു വിചാ രിച്ച്‌ ആ രാക്ഷസന്മാരെല്ലാം രാജാവിനോട്‌ തലകുനിച്ചു തൊഴുതു പറഞ്ഞു:  ഇവന്റെ പാപം ഞങ്ങള്‍ക്കു തിന്നുവാനായി നല്കരുതേ!  അങ്ങനെയാകട്ടെ എന്നു രാജാവ്‌ അവരോടു പറഞ്ഞു.  രാക്ഷസന്മാരേ, നിങ്ങള്‍ ഇപ്പോള്‍ ദസ്യുക്കള്‍ക്ക്‌ ഈ കൃതഘ്നനെ നല്‍കുവിന്‍!

രാജാവ്‌ കല്‍പിച്ച ഉടനെ അവര്‍ ആ പാപിയെപ്പിടിച്ചു മൂര്‍ച്ചയുളള കത്തികൊണ്ടു കഷണം കഷണമായി വെട്ടിയുറിക്കി ദസ്യുക്കള്‍ക്ക്‌ തിന്നുവാനായി നല്കി. എന്നാല്‍ ആ പാപിയെ തിന്നുവാന്‍ ദസ്യുക്കളും ആശിച്ചില്ല. ക്രവ്യാദരും കൃതഘ്നനെ തിന്നുകയുണ്ടായില്ല!

ബ്രഹ്മഘ്നന്നും, മദ്യപന്നും, കള്ളന്നും, വ്രതഹാവിന്നും പ്രായശ്ചിത്തം കല്‍പിച്ചിട്ടുണ്ട്‌. എന്നാല്‍ കൃതഘ്നന്ന്‌ യാതൊരു പ്രായശ്ചിത്തവുമില്ല. ഈ മിത്രദ്രോഹി കൃതഘനനും നൃശ്സനുമായ പുരുഷാധമനാണ്‌. അവനെ കാട്ടിലെ ക്രൂരജന്തുക്കളോ, കൃമികള്‍ പോലുമോ ഭക്ഷിക്കയില്ല. 

അദ്ധ്യായം 173. കൃതഘ്‌നോപാഖ്യാനം (ഗൌതമന്റെ കഥ, അവസാനം) - ഭീഷ്മൻ പറഞ്ഞു: ഉടനെ ആ രാക്ഷസരാജാവ്‌ ബകരാജാവിന്ന്‌ ചിതയുണ്ടാക്കി. അവനെ രത്നങ്ങളും പല സുഗന്ധവസ്തുക്കളും വസ്ത്രങ്ങളും അണിയിച്ചു. പ്രതാപി യായ ആ ബകരാജാവിനെ ചിതയില്‍വെച്ചു ദഹിപ്പിച്ചു. പിന്നെ രാക്ഷസരാജാവ്‌ വിധിപ്രകാരം ഉദക്രകിയാദികള്‍ ചെയ്തു.

ഈ സമയത്ത്‌ സുരഭിയെന്ന ദക്ഷപുത്രി, ശുഭയായ തപസ്വിനി, ആ ചിതയുടെ മുകളില്‍ ആകാശത്ത്‌ വന്നുനിന്നു. അവളുടെ വായില്‍നിന്നു പാലിന്റെ നുര പുറപ്പെട്ട രാജധര്‍മ്മന്റെ ചിതയില്‍ പതിച്ചു. അല്ലയോ അനഘാശയാ! ഉടനെ ബകരാജാവ്‌ ജീവിച്ച്‌ ചിതയില്‍നിന്ന്‌ എഴുന്നേറ്റുവന്നു. ഉടനെ വിരൂപാക്ഷന്റെ മുമ്പില്‍ ബകരാജാവ്‌ പറന്നെത്തി. അപ്പോള്‍ വിരൂപാക്ഷന്റെ പുരത്തില്‍ ദേവേന്ദ്രനും എത്തി. ഇന്ദ്രന്‍ വിരൂപാക്ഷനോടു പറഞ്ഞു. ഭാഗ്യം! നീ ബകരാജാവിനെ ജീവിപ്പിച്ചു.

വിരൂപാക്ഷനോട്‌ ബ്രഹ്മാവ്‌ പണ്ട്‌ രാജധര്‍മ്മനെ ശപിച്ച പൂര്‍വ്വകഥ വിവരിച്ചു പറഞ്ഞുകൊടുത്തു.

പതിവായി ബ്രഹ്മാവിനെ ബകരാജാവ്‌ പോയി കാണാറുണ്ടായിരുന്നു. ഒരു ദിവസം അവന്‍ ബ്രഹ്മാവിനെ കാണുവാന്‍ പോയില്ല. തന്നെ അവഗണിച്ചതില്‍ കോപിച്ച്‌ ബ്രഹ്മാവ്‌ അവനെ ശപിച്ചു. മൂഡനായ ബകാധിപന്‍ എന്റെ സഭയില്‍ വരാതിരുന്നതു കൊണ്ട്‌ ആ ദുഷ്ടാത്മാവ്‌ വൈകാതെ മൃത്യുവിനെ പ്രാപി ക്കും.

പിതാമഹന്റെ ആ വാക്ക്‌ യഥാര്‍ത്ഥമായി വന്നു. അതുകാരണമാണ്‌ അവനെ ഗൌതമന്‍ കൊല്ലാനിടവന്നത്‌. അവന്‍തന്നെ അമൃത് വര്‍ഷിച്ചിട്ടാണ്‌ ബകരാജാവിനെ ജിീവിപ്പിച്ചത്‌. രാജധര്‍മ്മ ബകന്‍ കുമ്പിട്ടു തൊഴുത്‌ ശക്രനോടു പറഞ്ഞു: സുരേശ്വരാ! ഭവാന്‍ എന്നെ ആനുഗ്രഹിക്കുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ എന്റെ ഇഷ്ടസഖിയായ ഗൌതമന്‍ ജീവിക്കണം.

അവന്റെ വാക്കുകേട്ട ഹേ പുരുഷര്‍ഷഭാ, വാസവന്‍ ഗൌതമ വിപ്രനെ അമൃതുപെയ്തു ജീവിപ്പിച്ചു. അവന്ന്‌ ദാനമായി ലഭിച്ച വസ്തുക്കളോടുകൂടി അവന്‍ ജീവിച്ച്‌ എഴുന്നേറ്റു. ഉടനെ ബക രാജാവായ രാജധര്‍മ്മന്‍ അവനെ ഗാഡമായി പുണര്‍ന്നു. എന്റെ സുഹൃത്തു ജീവിച്ചു ഭാഗ്യം! എന്നു പ്രീതിയോടെ പറഞ്ഞു. പിന്നെ രാജധര്‍മ്മന്‍ ആ മഹാപാപിയെ ധനത്തോടുകൂടി യാത്രയയച്ച്‌ തന്റെ ഗൃഹത്തിലേക്കു മടങ്ങി. പിന്നെ ആ ബകന്‍ ഉചിതംപോലെ ബ്രഹ്മസദസ്സിലേക്കു പോയി.

ആ ഗൗതമന്‍ അവിടെനിന്നു പോയി ശബരാലയത്തില്‍ ചെന്നുചേര്‍ന്നു. ആ ശൂദ്രസ്ത്രീയില്‍ പാപികളായ മക്കളെ ജനി പ്പിച്ചു. ദേവഗണങ്ങള്‍ അവന്ന്‌ വലിയ ശാപം നല്‍കി. ഈ പാപി പുനര്‍ഭു(**)വിന്റെ വയറ്റില്‍ പാപികളെ ഉണ്ടാക്കട്ടെ; ഈ കൃതഘ്നന്‍ മഹാനരകം പൂകട്ടെ. ഇങ്ങനെ അവനെ ശപിച്ചു.

** അന്യൻ ആദ്യം വേട്ട തന്റെ ഭാര്യ 

ഈ പുരാണകഥ എന്നോട്‌ നാരദന്‍ പറഞ്ഞതാണ്‌. അത്‌ ഓര്‍മ്മവെച്ചു നടന്ന മാതിരിതന്നെ ഞാന്‍ നിന്നോടും പറഞ്ഞു രാജാവേ! കൃതഘ്നന്ന്‌ എവിടെയാണ്‌ കീര്‍ത്തി? എവിടെയാണു സുഖം? കൃതഘ്നന്‍ അവിശ്വാസ്യനാണ്‌. അവനെ വിശ്വസിച്ചു പോകരുത്‌. കൃതഘ്നന്ന്‌ യാതൊരു പ്രായശ്ചിത്തവും വിധിച്ചിട്ടില്ല. വിശേഷിച്ചും പുരുഷന്‍ മിത്രദ്രോഹം ചെയ്തുപോകരുത്‌. മിത്രദ്രോഹിക്ക്‌ അന്തമില്ലാത്ത ഘോരമായ നരകം വന്നുചേരും. എന്നും പുരുഷന്‍ കൃതജ്ഞനാകണം. മിത്രങ്ങളെ ഇഷ്ടപ്പെടുന്നവനുമാകണം.

എല്ലാ ശ്രേയസ്സും മിത്രങ്ങള്‍ മൂലം വന്നുചേരും. മിത്രങ്ങള്‍ മൂലം പുരുഷന്‍ കീര്‍ത്തിമാനായി പൂജയേല്ക്കും. മിത്രങ്ങള്‍ മൂലം ഐശ്വര്യങ്ങള്‍ ലഭിക്കും. മിര്രങ്ങള്‍ മൂലം ആപത്തില്‍നിന്നു രക്ഷപ്രാപിക്കും. മിത്രത്തെ നല്ലപോലെ സല്‍ക്കരിച്ച്‌ വിചക്ഷണന്മാര്‍ പുജിക്കേണ്ടതാണ്‌.

നാണംകെട്ട്‌ പാപിയായ കൃതഘ്നനെ ബുദ്ധിമാന്മാര്‍ അകറ്റി നിര്‍ത്തണം. അവരുമായി സംസര്‍ഗ്ഗം പാടില്ല. മിത്രദ്രോഹിയും, കുലാംഗാരനും, പാപകൃത്തുമായ കൃതഘ്നനെ വീട്ടില്‍ കയറ്റരുത്‌. അല്ലയോ ധര്‍മ്മിഷ്ഠാ, നിന്നോടു ഞാന്‍ മിത്രദ്രോഹിയായ കൃതഘ്നന്റെ കഥ, പാപിയുടെ കഥ പറഞ്ഞു. എങ്ങനെയുളളവനാണ്‌ മിത്രദ്രോഹിയായ പാപി എന്നു വ്യക്തമാക്കി. ഇനി എന്താണ്‌ കേള്‍ക്കേണ്ടത്‌? പറഞ്ഞാലും.

വൈശമ്പായനൻ പറഞ്ഞു: മഹാത്മാവായ ഭീഷ്മൻ പറഞ്ഞ മൊഴികള്‍കേട്ട്‌ യുധിഷ്ഠിരന്‍ വളരെ സന്തോഷിച്ചു ജനമേജയാ!

മോക്ഷധർമ്മപർവ്വം

അദ്ധ്യായം 174. ബ്രാഹ്മണസേനജിത്ത്‌ സംവാദകഥനം - പിംഗളാഗീത - യുധിഷ്ഠിരന്‍ പറഞ്ഞു: രാജധര്‍മ്മത്തില്‍ വേണ്ട സൽ ധര്‍മ്മങ്ങളെ എല്ലാം പിതാമഹന്‍ പറഞ്ഞു. ഇനി ആശ്രമങ്ങള്‍ സ്വീകരിച്ചവര്‍ക്കുള്ള മുഖ്യമായ ധര്‍മ്മം എന്തെന്ന്‌ രാജാവേ, പറഞ്ഞു തന്നാലും.

ഭീഷ്മൻ പറഞ്ഞു: എല്ലാ ആശ്രമങ്ങള്‍ക്കും ധര്‍മ്മം വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്‌. തപസ്സിന്റെ ഫലം പരലോകത്തിലാണ്‌. ഇഹത്തില്‍ നമുക്ക്‌ കാണാന്‍ കഴിയുകയില്ല. ഏതേതു വിഷയത്തില്‍ ഏതേതു പുരുഷന്‍ നിശ്ചയം എടുക്കുന്നുവോ അത്‌ അവനവന്‍ ഏറ്റവും മഹത്തും ഫലവത്തുമായി കരുതുന്നു. മറ്റൊന്നും അവന്‍ അറിയുന്നില്ല, ഭരതോത്തമാ! ലോകതന്ത്രം തുച്ഛമാണെന്ന്‌ ഏതേതു വിധത്തില്‍ കാണുന്നവോ അതാതു വിധത്തില്‍ അവന്‍ വൈരാഗ്യം കൈക്കൊള്ളും. അതില്‍ യാതൊരു സംശയവുമില്ല. ഹേ യുധിഷ്ഠിരാ, ഇപ്രകാരം ദോഷം വര്‍ദ്ധിച്ചതായി ലോകത്തെ കാണുകയാണെങ്കില്‍ ആത്മമോക്ഷത്തിന്നുള്ള വഴിക്കു ശ്രമിക്കുന്ന പുരുഷന്‍ ബുദ്ധിമാന്‍ തന്നെയാണ്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: ധനം നഷ്ടപ്പെട്ടാല്‍, ഭാര്യ മരിച്ചാല്‍, മകന്‍ മരിച്ചാല്‍, അച്ഛന്‍ മരിച്ചാല്‍ ബുദ്ധി കൊണ്ട്‌ സങ്കടം നീക്കുവാനുള്ള മാര്‍ഗ്ഗം എന്താണെന്ന്‌ പിതാമഹാ, പറഞ്ഞു തന്നാലും.

ഭീഷ്മൻ പറഞ്ഞു: ധനം നഷ്ടപ്പെട്ടാലും, ഭാര്യയും മകനും അച്ഛനും മരിച്ചാലും മനുഷ്യന്‍ സങ്കടപ്പെടും. അത്‌ സങ്കടം ഉണ്ടാക്കുന്ന കാര്യമാണെന്നു ചിന്തിച്ച്‌, ആ സങ്കടത്തെ അടക്കുവാനുള്ള, സങ്കടം നശിപ്പിക്കുവാനുള്ള പണിയെടുക്കണം. അതിന്നുദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥ ഞാന്‍ പറയാം: പണ്ട്‌ സേനജിത്തിനോട്‌ അവന്റെ സുഹൃത്തായ ഒരു ബ്രാഹ്മണന്‍ ചെന്നു പറഞ്ഞതാണ്‌ വിഷയം. പുത്രശോകം കൊണ്ട്‌ ഉള്ളു ചുട്ട്‌ ദുഃഖിക്കുന്ന രാജാവിനെ, വിഷണ്ണ ചിത്തനായി കണ്ടപ്പോള്‍, ആ ബ്രാഹ്മണന്‍ ഇപ്രകാരം പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: ഹേ! രാജാവേ, അങ്ങ്‌ മൂഢനാണോ? ശോച്യനായ നീ എന്താണ്‌ ശോചിക്കുന്നത്‌? നിന്നെക്കുറിച്ച്‌ ശോചിക്കുന്ന അവരും ശോച്യരായിത്തീരും. കുറച്ചു ദിവസം കഴിഞ്ഞാല്‍ നിന്നെക്കുറിച്ചും മറ്റുളളവര്‍ ശോചിക്കും. അവരും അവരുടെ കാലം വന്നാല്‍ പോകും. അവരെക്കുറിച്ച്‌ വേറെ ചിലരും ദുഃഖിക്കും. അങ്ങയും, ഞാനും, മറ്റുളളവരും, നിന്റെ ആശ്രിതന്മാരെല്ലാവരും മൃത്യുവിന്റെ ഗൃഹത്തിലേക്ക്‌ പോകും. നാം വന്ന വഴിക്കു തന്നെ മടങ്ങേണ്ടവരാണ്‌. എവിടെ നിന്ന്‌ വന്നുവോ, അവിടേക്കു പോകും.

സേനജിത്ത്‌ പറഞ്ഞു: ഹേ ബ്രാഹ്മണാ, എന്താണ്‌ ബുദ്ധി എന്നത്‌? തപസ്സ്‌ എന്നതു എന്താണ്‌? എന്താണ്‌ മനസ്സിന്റെ ഏകാഗ്രതയെന്നത്‌? എന്താണ്‌ ശ്രുതം? എന്താണ്‌ ജ്ഞാനം? ദുഃഖത്തിന്നു വശംവദനാകാതിരിക്കുന്നതിന്നുളള ജ്ഞാനം എന്താണ്‌?

ബ്രാഹ്മണന്‍ പറഞ്ഞു: ഹേ രാജാവേ, സകല ഭൂതങ്ങളും ദുഃഖത്തോട്‌ ഇടചേര്‍ന്നതാണ്‌. അവ ഉത്തമങ്ങളായാലും, മദ്ധ്യമങ്ങളായാലും, അധമങ്ങളായാലും, അവരുടെ തൊഴില്‍ എന്തു തന്നെയായാലും അവര്‍ ദുഃഖത്താല്‍ കെട്ടപ്പെട്ടവരാണ്‌.

രാജാവേ, ഞാന്‍ എന്റെ ആത്മാവു തന്നെ എനിക്കുള്ളതായി കണക്കാക്കുന്നില്ല. നേരേ മറിച്ച്‌ ഈ ലോകം മുഴുവന്‍ എന്റെയാണെന്നു കണക്കാക്കുകയും ചെയ്യുന്നു. എന്നു തന്നെയല്ല ഞാന്‍ ഈ കാണുന്നതെല്ലാം എന്റെയെന്ന പോലെ മറ്റുളളവരുടേയുമാണെന്നു ഞാന്‍ വിചാരിക്കുന്നു. ആ വിചാരം എന്നില്‍ നല്ലപോലെ ഉറച്ചിരിക്കുകായല്‍ എനിക്കു യാതൊരു ദുഃഖവും ഇല്ല. രാജാവേ! ഈയൊരു ധാരണ കൊണ്ട്‌ ഞാന്‍ സന്തോഷിക്കുന്നുമില്ല, ദുഃഖിക്കുന്നുമില്ല. കടലില്‍ ഒഴുകുന്ന ഒരു മരമുട്ടി യദൃച്ഛയാല്‍ അങ്ങനെ ഒഴുകുന്ന മറ്റൊരു മരമുട്ടിയുമായി കൂട്ടിമുട്ടുന്ന മാതാരി പ്രാണികള്‍ ചേരുകയും, ആ മരമുട്ടികള്‍ വേര്‍പേട്ടു പോകുന്ന മാതിരി പിരിയുകയും ചെയ്യുന്നു. ഇപ്രകാരം പുത്രന്മാരും, പൌത്രന്മാരും, ജഞാതികളും, ബന്ധുക്കളും ജീവിത യാത്രയില്‍ ചേരുന്നു, പിരിയുന്നു. അവരെ സ്നേഹിച്ചു കൂടാ. അവരുമായി തീര്‍ച്ചയായും പിരിയും. സ്നേഹിച്ചവര്‍ പിരിയുമ്പോള്‍ ദുഃഖമുണ്ടാകും.

നീ കാണാത്ത നിലയില്‍ നിന്ന്‌ ഇവിടെ വന്നവനാണ്‌. നീ ജനിക്കുന്നതിന്നു മുമ്പ്‌ എവിടെയായിരുന്നു? നിനക്കറിയാമോ? നീ അറിയുന്നില്ല. വീണ്ടും നീ ഇവിടെ നിന്നു പിരിഞ്ഞു പോകും. എവിടേക്കു പോകും? അറിയാമോ? അറിഞ്ഞുകൂടാ? നിങ്ങള്‍ അന്യോന്യം അറിയുന്നില്ല. നീ ആരാണ്‌? നിനക്കറിയാമോ? അറിയുകയില്ല. നീ ആരെപ്പറ്റി കേഴുന്നു? തൃഷ്ണാര്‍ത്തിയില്‍ നിന്നാണ് ദുഃഖം ജനിക്കുന്നത്‌. ദുഃഖാര്‍ത്തിയില്‍ നിന്നാണ്‌ സുഖം ജനിക്കുന്നത്‌. ദുഃഖത്താല്‍ ദുഃഖം വന്നു കൂടും. ഇങ്ങനെ ദുഃഖം വീണ്ടും വരും. സുഖത്തിന്റെ ഒടുവില്‍ ദുഃഖവും, ദുഃഖത്തിന്റെ ഒടുവില്‍ സുഖവും വരുന്നു. മര്‍ത്ത്യര്‍ക്കു ചക്രം പോലെ സുഖദുഃഖങ്ങള്‍ തിരിയുന്നു. സുഖം മൂലമാണ്‌ നീ ദുഃഖത്തിലാണ്ടത്‌. വീണ്ടും നീ സുഖത്തെ പ്രാപിക്കും. ഒരുത്തന്‍ എന്നും ദുഃഖം ഏൽക്കുകയില്ല; എന്നും സുഖവും ഏൽക്കുകയില്ല. ദുഃഖത്തിന്നും സുഖത്തിന്നും ആശ്രയം ശരീരം തന്നെയാണ്‌.

സുഖത്തിന്നാലംബം ശരീരമാണ്‌. ദുഃഖത്തിന്ന്‌ ആലംബനവും ശരീരം തന്നെ. എന്തെന്തു കര്‍മ്മങ്ങള്‍ ശരീരി ദേഹം കൊണ്ടു ചെയ്യുന്നുവോ, അവയാല്‍ അത്‌ ഏല്ക്കും.

ഓരോരുത്തനും ജനിക്കുമ്പോള്‍ ദേഹത്തോടുകൂടി ജീവനും ഉത്ഭവിക്കുന്നു. രണ്ടും ഒപ്പം നടക്കും; രണ്ടും ഒപ്പം നശിക്കുകയും ചെയ്യും. വിഷയത്തില്‍ സ്നേഹപാശക്കെട്ടു പെട്ട ഈ ജനം വെളളത്തില്‍ ഒഴുക്കിനെതിരായി മണ്ണു കൊണ്ടു ചിറ കെട്ടുന്നതു പോലെ പൊട്ടിത്തകര്‍ന്നു പോകുന്നു. എള്ളിൻ മണിയുടെ മാതിരി ഉള്ളില്‍ സ്നേഹം (എണ്ണ) മൂലം ലോചക്രമാകുന്ന ചക്കില്‍പ്പെട്ടു ചതഞ്ഞ്‌ ദുഃഖത്തിന്നു പാത്രമാകുന്നു. അജ്ഞാനത്താലുള്ള ക്ലേശവര്‍ദ്ധനയാല്‍ എള്ളും പിന്നെ പിണ്ണാക്കു പോലെയാകുന്നു.

മനുഷ്യന്‍ ഭാര്യയ്ക്കു വേണ്ടി അശുഭമായ കര്‍മ്മം ചെയ്യും. എന്നാല്‍ അതിന്റെ ഫലം ഭാര്യയ്ക്കു പങ്കുവെച്ചു കൊടുക്കുന്നി ല്ല. തനിച്ചു താന്‍ തന്നെ ഈ ലോകത്തിലും പരലോകത്തിലും അതിന്റെ ക്ലേശഫലം അനുഭിക്കും. "എന്റെ പുത്രന്‍, എന്റെ ഭാര്യ, എന്റെ കുടുംബം" എന്നുള്ള സക്തി മൂലം സര്‍വ്വ മര്‍ത്ത്യരും ശോകമാകുന്ന ചേറ്റില്‍ താണു പോകുന്നു. ചേറ്റില്‍ താണു പോകുന്ന കാട്ടാനകള്‍ പോലെ നശിച്ചു പോകുന്നു. പുത്രനാശം, ദ്രവ്യനാശം, ജ്ഞാതിനാശം, ബന്ധുനാശം ഇവയിലൊക്കെപ്പെട്ട്‌ വലിയ ദുഃഖം, കാട്ടുതീയില്‍ പെട്ടമാതിരി, മനുഷ്യന്‍ അനുഭവിക്കുന്നു. ഭാവാഭാവങ്ങളായ സുഖദുഃഖങ്ങള്‍ക്കെല്ലാം അടിസ്ഥാനം ദൈവാധിനമെന്നല്ലാതെ മറ്റൊന്നും പറയുവാനില്ല. സുഹൃത്തു നശിച്ചവനും, സുഹൃത്ത്‌ ഉള്ളവനും, ശത്രു ഉള്ളവനും, ശത്രു ഇല്ലാത്തവനും, പ്രജ്ഞയുള്ളവനും, പ്രജ്ഞയില്ലാത്തവനും ദൈവാധീനം പോലെ സുഖം അനുഭവിക്കുന്നു. മിത്രങ്ങളെക്കൊണ്ട്‌ ഒരുത്തനും സുഖം നല്കാന്‍ സാധിക്കയില്ല. ശത്രുക്കള്‍ക്കു ദുഃഖമുണ്ടാക്കാനും കഴിയുകയില്ല. പ്രജഞകൊണ്ടും, മിടുക്കുകൊണ്ടും ഒരുത്തന്നും ധനം സമ്പാദിക്കുവാനും കഴിയുകയില്ല. ധനംകൊണ്ട്‌ സുഖം ഉണ്ടാക്കാമെന്നും വിചാരിക്കേണ്ടാ. ബുദ്ധികൊണ്ടു ധനം സമ്പാദിച്ചുകളയാമെന്നും വിചാരിക്കേണ്ടാ. ബുദ്ധിഹീനത കൊണ്ടാണ്‌ ദാരിദ്ര്യം വന്നത്‌ എന്നും വിചാരിക്കേണ്ടാ.

ലോകത്തിന്റെ മാറ്റത്തിന്റെ സ്വഭാവം ബുധനേ കാണൂ. ബുദ്ധിഹീനന്‍ അതു കാണുകയില്ല. ബുദ്ധിമാന്‍, ശൂരൻ, ജളന്‍, കവി, മൂഡന്‍, ഭീരു, ദുര്‍ബലന്‍, ബലവാന്‍-ഈ പറഞ്ഞവരൊക്കെ ഭാഗ്യമുണ്ടെങ്കില്‍ സുഖിക്കും. പശു അതിന്റെ കിടാവിന്നും, പശുവിനെ പാലിക്കുന്നവനും, അതിന്റെ ഉടമസ്ഥനും, അതിനെ കറക്കുന്നവനും ഉള്ളതാണ്‌. അതിന്റെ പാല്‍ ആര്‌ കുടിക്കുന്നുവോ, തീര്‍ച്ചയായും അവന്നുള്ളതാണ്‌ പശു. ലോകത്തില്‍ ഏറ്റവും മൂഡനായവനും, ബുദ്ധിയുളളവനും സുഖമായി ഇരി ക്കും. ഇവ രണ്ടിന്നും ഇടയ്ക്കുള്ളവര്‍ കുഴങ്ങുക തന്നെ ചെയ്യും.

ധീരന്മാര്‍ക്കു സുഖം ഒടുക്കമാണ്‌. ഇടയ്ക്കു വെച്ച്‌ അവര്‍ക്കു സുഖം ലഭിക്കയില്ല. ഒടുവില്‍ മാത്രം സുഖം. ആദിയും, മദ്ധ്യവും അവര്‍ക്കു ദുഃഖം തന്നെ.

ഏതൊരുത്തനാണോ ജ്ഞാനസുഖമുളളവന്‍, നിര്‍ദ്വന്ദനും, നിര്‍മ്മത്സരനുമായവന്‍, അവന്ന്‌ അനര്‍ത്ഥവുമില്ല അര്‍ത്ഥവുമില്ല. അവന്നു രണ്ടും തുല്യമാണ്‌. അങ്ങനെയുളളവര്‍ക്ക്‌ ഒരി ക്കലും അല്ലല്‍ ബാധിക്കുകയില്ല.

ആരാണോ ജ്ഞാനം നേടാത്തവന്‍, ആരാണോ മൂഢത്വത്തില്‍ കയറി നില്ക്കുന്നത്‌, അവന്‍ നന്നായി ഹര്‍ഷിക്കും. അതു പോലെ തന്നെ ഭയങ്കരമായി ദുഃഖിക്കുകയും ചെയ്യും.

മൂഢന്‍ എന്നും അതിരറ്റ്‌ ആഹ്ലാദിക്കും. ദേവന്മാര്‍ സ്വര്‍ഗ്ഗത്തില്‍ എന്ന പോലെ മൂഢന്‍ ഹര്‍ഷിക്കും. വലിയ ഗര്‍വ്വു ബാധിച്ച്‌ കരള്‍ കെട്ടവന്റെ നില അപ്രകാരമാണ്‌. സുഖം ദുഃഖത്തിലേ കലാശിക്കൂ. ആലസ്യം ദുഃഖത്തിലെത്തിക്കും. ദാക്ഷ്യം സുഖത്തെ ഉണ്ടാക്കും. ഇങ്ങനെ ദക്ഷനായ പുരുഷന്ന്‌ ശ്രീയോടു കൂടിയ ഐശ്വര്യം ഉണ്ടാകും. അലസനായ പുരുഷന്ന്‌ ഈ വക ഐശ്വര്യഗുണങ്ങളൊന്നും ലഭിക്കുകയില്ല. സുഖമോ, ദുഃഖമോ അപ്രിയമോ എന്തു തന്നെ വന്നു കൊള്ളട്ടെ അതൊക്കെ ധീരനായ പുരുഷന്‍ ഏല്ക്കുവാന്‍ സന്നദ്ധനായിരിക്കണം.

എല്ലാ ദിവസവും മൂഡന്മാര്‍ക്ക്‌ ആയിരമായിരം ദുഃഖത്തിന്നുളള സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നു. നൂറുനൂറ്‌ കാര്യങ്ങള്‍ ഭയത്തിനുളളതും ഉണ്ടാകുന്നു. എന്നാല്‍ ധീരന്ന്‌ അത്‌ ഉണ്ടാകുന്നില്ല. ബുദ്ധിശാലിയും, കൃതപ്രജ്ഞനും, ശുശ്രൂഷുവും, അനസുയകനും, ദാന്തനും, ജിതേന്ദ്രിയനുമായ പുരുഷന്ന്‌ അല്ലല്‍ എന്നത്‌ ഏല്ക്കുകയില്ല. ഇപ്രകാരം ചിന്തിച്ച്‌ ഉള്ളടക്കി ബുധന്‍ ജീവിക്ക ണം. ഉദയവും അസ്തമനവും അറിയുന്ന പുരുഷനെ ക്ലേശങ്ങള്‍ ബാധിക്കുകയില്ല. എന്തില്‍ നിന്നാണോ ശോകം ഉത്ഭവിക്കുന്നത്‌, എന്തു കൊണ്ടാണോ താപദുഃഖങ്ങള്‍ ഉണ്ടാകുന്നത്‌, എന്തു കൊണ്ടാണോ ആയാസമുണ്ടാകുന്നത്‌, അതു തന്റെ ഒരു അംഗത്തില്‍ നിന്നായാല്‍ പോലും അതിനെ ലാളിക്കരുത്‌. അതു മുറിച്ചു നീക്കണം. ചെറുതാണെങ്കിലും അത്‌ എന്റേതാണ്‌ എന്നു വിചാരിച്ച്‌ ഉപേക്ഷിച്ചില്ലെങ്കില്‍ അത്‌ ഒടുവില്‍ വലിയ പരിതാപത്തിന്നിടവരുത്തും. ഏതേത്‌ കാമത്തെ നാം ഉപേക്ഷിക്കുന്നുവോ, അതാത്‌ കാമങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ നാം സുഖത്തിന്നും പാത്രമായിത്തീരും. കാമത്തെ ലാളിക്കുന്ന പുരുഷന്‍ കാമത്തോടു കൂടെത്തന്നെ അവസാനിക്കും. ലോകത്തിലെ കാമസുഖവും, ദിവ്യമായ മഹാസുഖവും, തൃഷ്ണ വിട്ടവന്റെ സുഖത്തിന്റെ പതിനാറിലൊരംശത്തിന്‌ ഒക്കുകയില്ല. ശുഭമോ അശുഭമോ എന്തോ, മുന്‍ജന്മത്തില്‍ ചെയ്ത കര്‍മ്മം ഏതോ, അതിന്റെ ഫലമാണ്‌ ജീവികള്‍ക്കു ലഭിക്കുന്നത്‌. അതു പ്രാജ്ഞനായാലും ശൂരനായാലും മൂഡനായാലും അനുഭവിക്കാതെ പറ്റില്ല. ഇപ്രകാരമാണ്‌ ഇഷ്ടാനിഷ്ടങ്ങള്‍ സംഭവിക്കുന്നത്‌. ജീവികളില്‍ അവരുടെ കര്‍മ്മഫലം പോലെ സുഖവും ദുഃഖവും ചുറ്റിത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്നു. ഈ ബോധം മനസ്സില്‍ ചിന്തിച്ചുകൊണ്ട്‌ ഗുണവാന്‍ സുഖത്തോടെ ഇരിക്കുന്നു.

എല്ലാ കാമങ്ങളേയും വെറുക്കണം. കോപത്തെ ഉപേക്ഷി ക്കണം. ഇത്‌ ഉളളില്‍ വച്ചുവെന്നാല്‍, കാമക്രോധങ്ങള്‍ ഉള്ളില്‍ വളര്‍ന്നു വന്നാല്‍, ഉള്ളില്‍ കുടിയിരിക്കുന്നത്‌ മൃത്യവായിരിക്കും. ദേഹികളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത്‌ ക്രോധമാണ്‌ എന്നു ബുധന്മാര്‍ പറയുന്നു. ആമ തന്റെ അംഗങ്ങളെ എന്ന പോലെ കാമങ്ങളെ അടക്കി ഒതുക്കി നിര്‍ത്തുന്നവന്‍ ആത്മാവില്‍ ആത്മജ്യോതിസ്സിനെ ആത്മാവ്‌ കാണും. കാമം അല്പമായാലും അതിനെ താലോചിച്ചാല്‍ അതു വലിയ ദുഃഖത്തിന്നു മർത്ത്യനെ പാത്രമാക്കിത്തീര്‍ക്കും. ഇവന്‍ ആരേയും ഭയപ്പെടാതെ, ഇവനെ ആരും ഭയപ്പെടാതെ ഇരിക്കുന്ന വിധം ജീവിക്കണം. ഇച്ഛകള്‍ വിട്ടവനും, ദ്വേഷങ്ങളെ വെടിഞ്ഞവനും ഏവനോ അവന്‍ ഉടനെ ബ്രഹ്മമായി പരിണമിക്കുന്നു. സത്യാസത്യങ്ങളേയോ, ശോകാനന്ദങ്ങളേയോ, ഭയാഭയങ്ങളേയോ, പ്രിയാപ്രിയങ്ങളേയോ ഇങ്ങനെയുളള ദ്വന്ദങ്ങളെ വിട്ടവന്‍ ശാന്താത്മാവായി ഭവിക്കും. മനസ്സ് കൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും എല്ലാ ജീവികളിലും എല്ലാ ജഗത്തിലും പാപം ചെയ്യാതിരുന്നാല്‍ അവന്‍ അപ്പോള്‍ ബ്രഹ്മമായി പരിണമിക്കും. ദുര്‍മ്മതികള്‍ക്ക്‌ ഉപേക്ഷിക്കുവാന്‍ വയ്യാത്തതും പഴക്കം കൊണ്ട്‌ ക്ഷയം പറ്റാത്തതും പ്രാണന്‍ പോകുന്നതു വരെ വിട്ടു പിരിയാത്തതുമായ ഒരു രോഗമുണ്ട്‌; അതാണ്‌ തൃഷ്ണ. ആ തൃഷ്ണയെ നീക്കം ചെയ്തവനേ സുഖം ലഭിക്കുകയുള്ളു. ഇവിടെ പിംഗള പാടിയ ഒരു ഗാഥ ഞാന്‍ ചൊല്ലാം. അവള്‍ കഷ്ടപ്പാടിലാണ്‌ സനാതനമായ ധര്‍മ്മം നേടി യത്‌. സങ്കേതത്തില്‍ കാമുകന്‍ വരാതായ വേശ്യയായ പിംഗള പിന്നെ കഷ്ടപ്പെട്ട്‌ ശാന്തബുദ്ധി വേഗത്തില്‍ നേടി. അവള്‍ പാടി യത്‌ കേള്‍ക്കുക: ഭ്രാന്തു പിടിച്ച്‌ ഭ്രാന്ത്‌ വിട്ടവനായ കാന്തനെ ഞാന്‍ ഏറെ നാള്‍ കാത്തു. അവന്‍ മരണം അടുത്തവനാണെന്നു ഞാന്‍ ആദ്യം അറിഞ്ഞില്ല. ഒറ്റത്തൂണും ഒമ്പതു വാതിലുമുള്ള എന്റെ ഗൃഹം ഇന്നു ഞാന്‍ പൂട്ടിയിടുന്നു. ഇവിടെയെത്തുന്ന കാന്തനെ കാന്തയെന്നുവെച്ച്‌ ഇനി ആര്‍ കാക്കും? കാമരൂപന്മാ രായ ആ ധൂര്‍ത്തന്മാരെ, നരകാകാരന്മാരായി ഞാന്‍ കാണുന്നു. അകാമയായ എന്നെ ഇനി അവര്‍ ചതിക്കുകയില്ല. അതിന്‌ അവര്‍ക്ക്‌ ഇനി കഴിയുകയില്ല. എനിക്ക്‌ ബോധം ലഭിച്ചിരിക്കു ന്നു. ഞാന്‍ അജ്ഞാനത്തില്‍ നിന്ന്‌ ഉണര്‍ന്നിരിക്കുന്നു. അര്‍ത്ഥം അനര്‍ത്ഥത്തില്‍ ഉണ്ടാകും. ദൈവവശാല്‍ മുന്‍ കര്‍മ്മഫലത്താല്‍ ഉണ്ടാകും. ഇന്ന്‌ ഞാന്‍ അജിതേന്ദ്രിയയല്ല. നിരാകാരയായ വിബുദ്ധയാണ്‌ ഞാന്‍. ഇന്ന്‌ ഞാന്‍ സുഖമായി ഉറങ്ങും. എനിക്ക്‌ നിരാശയോടാണ്‌ നിരാശ. നിരാശയെ ഞാന്‍ അകറ്റി. അതാണ്‌ പരമമായ സുഖം. ഇങ്ങനെ ആശയെ നൈരാശ്യമാക്കിയ പിംഗള സുഖമായി ഉറങ്ങി.

ഭീഷ്മൻ പറഞ്ഞു: ഇങ്ങനെ യുക്തിക്ക്‌ ചേര്‍ന്ന വിധം പലതും വിപ്രന്‍ പറഞ്ഞു. അവന്റെ വാക്കു കേട്ട്‌ പ്രസേനജിത്തു രാജാവ്‌ ഉളളുറപ്പിച്ച്‌ സുഖമായി മോദിച്ചു.

അദ്ധ്യായം 175. അച്ചനും മകനും തമ്മിലുള്ള സംവാദം (മകന്‍ അച്ഛനെ ഉപദേശിക്കുന്ന കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളേയും സംഹരിച്ചു കൊണ്ട്‌, ആര്‍ക്കു വേണ്ടിയും കാത്തു നില്ക്കാതെ, കാലം കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍, അല്ലയോ പിതാമഹാ, എന്തു സ്വീകരിക്കുന്നതാണ്‌ ശ്രേയസ്കരമായിട്ടുള്ളത്‌? പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു: ഈ പറഞ്ഞതിന് ഉദാഹരണമായി ഒരു പഴങ്കഥ നടപ്പുണ്ട്‌. അച്ഛനും മകനും തമ്മിലുള്ള സംവാദമാണ്‌ വിഷയം. അതു ഞാന്‍ പറഞ്ഞുതരാം. മനസ്സിരുത്തി കേള്‍ക്കുക.

സ്വാദ്ധ്യയപരനായ ഒരു ബ്രാഹ്മണന്ന്‌ ഹേ പാണ്ഡവാ, മേധാവിയായി (ബുദ്ധിമാനായി) മേധാവി എന്ന്‌ പേരുള്ള ഒരു പുത്രനുണ്ടായി. സ്വാദ്ധ്യായപരനായ (വേദം പഠിച്ചവനായ) അച്ഛനോട്‌ മോക്ഷധര്‍മ്മാര്‍ത്ഥകുശലനും ലോകതത്ത്വവിചക്ഷണനുമായ മകന്‍ ചോദിച്ചു.

മകന്‍ പറഞ്ഞു: പിതാവേ, മനുഷ്യരുടെ ജീവിതം വളരെ വേഗത്തില്‍ അവസാനിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇതു കണ്ടു കൊണ്ട്‌ ഒരു ബുദ്ധിമാനായ മനുഷ്യന്‍ എന്താണ്‌ ചെയ്യേണ്ടത്‌? പിതാവേ, അങ്ങ്‌ അര്‍ത്ഥയോഗം ചേരുമാറ്‌ എന്തു ചെയ്യണമെന്ന്‌ പറഞ്ഞാലും. അങ്ങയുടെ ഉപദേശം കേട്ടിട്ട്‌ ഞാന്‍ ധര്‍മ്മം അനുഷ്ഠിക്കുന്നതാണ്‌.

അച്ഛന്‍ പറഞ്ഞു: ബ്രഹ്മചര്യം അനുഷ്ഠിച്ച്‌ ആദ്യമായി വേദം പഠിക്കണം. പിന്നെ പിതൃശുദ്ധിക്കു വേണ്ടി പുത്രനെ ഇച്ഛിച്ച്‌ വിവാഹിതനാകണം. പിന്നെ അഗ്നിയെ ആധാനം ചെയ്ത്‌ യജ്ഞം കഴിക്കണം. വേദനിശ്ചയ പ്രകാരം അങ്ങനെ ജീവിച്ച്‌ വാര്‍ദ്ധകൃത്തില്‍ തപസ്സു ചെയ്യുന്നതിന്നു വനത്തില്‍ പോകണം.

മകന്‍ പറഞ്ഞു: ലോകം ഹതമായി നില്ക്കുമ്പോള്‍, എല്ലായിടത്തു നിന്നും അനവരതം ആക്രമിക്കപ്പെട്ടു കൊണ്ടു നില്ക്കുമ്പോള്‍, ഭയങ്കരമായി തടുക്കാന്‍ വയ്യാത്ത മാരണങ്ങള്‍ വന്നു വീണുകൊണ്ടിരിക്കുമ്പോള്‍, ധീരനെപ്പോലെ അങ്ങയ്ക്ക്‌ എങ്ങനെ ഇങ്ങനെ പറയുവാന്‍ കഴിയുന്നു?

അച്ഛന്‍ പറഞ്ഞു: ലോകം എന്തുകൊണ്ടാണ്‌ ആഹതമായിരിക്കുന്നത്‌? എന്തിനാലാണ്‌ ചുഴലപ്പെട്ടിരിക്കുന്നത്‌? അമോഘകളായി എന്തു പതിക്കുന്നു? എന്തൊന്നാണ്‌ പേടിപ്പെടുത്തുന്നത്‌?

മകന്‍ പറഞ്ഞു; ലോകം മൃത്യുവാല്‍ ആഹതമാണ്‌, ജര കൊണ്ട്‌ പൊതിഞ്ഞിരിക്കുകയാണ്‌. അമോഘകളായ രാത്രികള്‍ വന്നും പോയും കൊണ്ടിരിക്കുന്നു. തടുക്കാന്‍ വയ്യാത്ത കാര്യങ്ങളോടു കൂടിയ ദിനങ്ങള്‍ കഴിയെ ജീവിതവും ചുരുങ്ങി വരുന്നു. മൃത്യു കാത്തു നില്ക്കുകയില്ലെന്നു ഞാന്‍ അറിയുന്നു. ഇങ്ങനെയിരിക്കെ ഞാന്‍ എന്റെ ജീവിതം എങ്ങനെ ജ്ഞാനത്താല്‍ ആവരണം ചെയ്തു സംരക്ഷിക്കും? രാത്രി ഓരോന്നും തീരുമ്പോള്‍ ആയുസ്സ്‌ അത്രയ്ക്കു കുറയുന്നു. അതുകൊണ്ട്‌ ദിവസം പാഴായിപ്പോകുന്നു എന്നു വിചക്ഷണന്മാര്‍ കാണണം. വെളളം വാറുന്ന പുഴയില്‍ മത്സ്യമെന്ന പോലെ ആയുസ്സ്‌ വറ്റിപ്പോകുമ്പോള്‍ ആരാണ്‌ സുഖം കാണുക? കാമങ്ങള്‍ നേടുന്നതിന്നു മുമ്പേ മൃത്യവിന്ന്‌ ഏറ്റ്‌ മർത്ത്യനെ വീഴ്ത്തിക്കളയുന്നു. പുവറുക്കുന്നവനെ പോലെ മറ്റൊന്നില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കെ, ആടിനെ ചെന്നായ എന്ന പോലെ അവനെ പെട്ടെന്ന്‌ ആക്രമിച്ചു കൊണ്ടു പോകുന്നു. അതു കൊണ്ട്‌ ശ്രേയസ്‌കരമായത്‌ എന്തോ, അത്‌ ഇപ്പോള്‍ ത്തന്നെ സമയം തെറ്റാതെ ചെയ്യണം. കാര്യങ്ങള്‍ ചെയ്തു തീരുന്നതിന്നു മുമ്പ്‌ മൃത്യു വന്നു പിടിച്ചാലോ! നാളത്തെക്കാര്യം ഇന്നു ചെയ്യണം. ഉച്ചയ്ക്കു വേണ്ടതു പുലര്‍ച്ചെ ചെയ്തോളൂ. മൃത്യു ചെയ്തതും ചെയ്യാനുള്ളതുമൊന്നും അന്വേഷിക്കുകയില്ല. ആര്‍ക്ക്‌? എപ്പോള്‍? മൃത്യു വന്നെത്തുമെന്ന്‌ ഒരാള്‍ക്കും പ്രവചിക്കാന്‍ കഴിയുകയില്ല. യുവാവ്‌ ധര്‍മ്മം ചെയ്യുക! ഈ ജീവിതം അനിത്യമാണ്‌.

ധര്‍മ്മം അനുഷ്ഠിച്ചാല്‍ ഇഹത്തിലും പരത്തിലും കീര്‍ത്തിയുണ്ടാകും. ഭാര്യാപുത്രന്മാര്‍ക്കു വേണ്ടി മാത്രം ഓരോന്നിന്ന്‌ മുതിരുന്നവന്‍ മോഹം ബാധിച്ചവനാണ്‌. കാര്യങ്ങളും അകാര്യങ്ങളും ചെയ്ത്‌ സമ്പത്തു വര്‍ദ്ധിപ്പിച്ച അവര്‍ക്ക്‌, പശുക്കളും പുത്രന്മാരും വര്‍ദ്ധിച്ചിരിക്കെ, പരമാസക്തചിത്തനായ അവനെ, ഓടിപ്പോകുന്ന മാനിനെ വ്യാഘ്രം എന്നപോലെ മൃത്യു പിടികൂടി കൊണ്ടു നടക്കും. ഇന്ന്‌ ഇതു ചെയ്തു, ഇനി മറ്റേത്‌ ചെയ്യണം, ഇനിയും വളരെ ചെയ്യാനും നേടാനുമുണ്ട്‌ എന്ന്‌ സന്തോഷത്തോടെ ചിന്തിച്ചിരിക്കുമ്പോള്‍ അവനെ കാലന്‍ വന്നു പിടികൂടി കൊണ്ടു പോകും. ചെയ്ത കര്‍മ്മങ്ങളുടെ കര്‍മ്മഫലം കിട്ടുന്നതിന്നു മുമ്പ് വയല്‍, കൃഷി, കച്ചവടം, വീട്, പറമ്പ്‌, ഇങ്ങനെ ഓരോന്നു ചെയ്യുന്നതിന്നിടയില്‍ കാലന്‍ പിടികൂടി കൊണ്ടു പോകുന്നു. ദുര്‍ബ്ബ ലന്‍, ബലവാന്‍, ശൂരന്‍, ഭീരു, ജഡന്‍, കവി ഇങ്ങനെയുള്ളവരെ അവരുടെ കാമാര്‍ത്ഥങ്ങള്‍ ലഭിക്കുന്നതിന്നു മുമ്പായി കാലന്‍ പിടികൂടി കൊണ്ടു പോകുന്നു. മൃത്യു, ജര, വ്യാധി, പലതരം ദുഃഖങ്ങള്‍, ഇവ ദേഹത്തില്‍ ചുറ്റിപ്പറ്റി നില്ക്കുമ്പോള്‍ അങ്ങ്‌ എന്താണ്‌ സ്വസ്ഥനെപ്പോലെ നില്ക്കുന്നത്‌? പ്രസവിച്ച അന്ന്‌ ദേഹിയെ കൊല്ലാന്‍ ജരയും അന്തകനും കരുതി കൂടെക്കൂടിയി രിക്കുന്നു. എല്ലാ ചരാചരങ്ങളും ഇവ രണ്ടും ചേര്‍ന്നവയാണ്‌. ഗ്രാമവാസത്തിന്ന്‌ ആഗ്രഹിക്കുന്നവര്‍ മൃത്യുവിന്റെ മുഖത്താണ്‌ അധിവസിക്കുന്നത്‌. ദേവകള്‍ക്കുള്ള ഗോഷ്ഠം കാടാണെന്നാണ്‌ ശ്രുതി ഘോഷിക്കുന്നത്‌. കെട്ടുവാനുള്ള കയറാണ്‌ ഗ്രാമവാസത്തിലുള്ള ആഗ്രഹം. സുകൃതികള്‍ ഈ കയറിനെ അറുക്കുന്നു. ദുഷ്കൃതിക്കാര്‍ക്ക്‌ അത്‌ അറുക്കുവാന്‍ കഴിയുകയില്ല. മനസ്സു കൊണ്ടും, വാക്കുകൊണ്ടും, കര്‍മ്മംകൊണ്ടും പ്രാണിഹിംസ ചെയ്യാത്തവന്‍ ജീവിതം കൊണ്ടുള്ള സാഫല്യം അനുഭവിക്കും. അവന്‍ പുണ്യം കൊണ്ടുപോകും. കര്‍മ്മബദ്ധനായി വരികയി ല്ല. മൃത്യുവിന്റെ സൈന്യം വന്നടുക്കുമ്പോള്‍ ആര്‍ക്കും എതിര്‍ക്കുവാന്‍ പറ്റുകയില്ല. സത്യത്തെ മാത്രം യമന്‍ നശിപ്പിക്കുകയില്ല. അസത്യം മുതലായവയെയൊക്കെ അവന്‍ പരാജയപ്പെടുത്തിക്കളയും. മരണമില്ലാത്ത വസ്തു സത്യം മാത്രമാണ്‌. മറ്റുള്ള അസത്യാദികളൊക്കെ മൃത്യുവിന്റെ കൈയുടെ പിടുത്തത്തില്‍ തകര്‍ന്നു പോകും. അതു കൊണ്ട്‌ സത്യത്തെ ആരാധിക്കുക. സത്യ വ്രതമെടുത്തവന്‍, സത്യ യോഗപരായണന്‍, സത്യാഗമന്‍, ദാന്തന്‍, സത്യവാന്‍ ഇവര്‍ മൃത്യുവെ വിജയിക്കും. അമൃതവും, പുണ്യവും ഇവ രണ്ടും ദേഹത്തില്‍ ഇരിക്കുന്നതാണ്‌. മോഹത്താല്‍ മൃത്യു വന്നു കയറും; സത്യത്താല്‍ ജീവിക്കുകയും ചെയ്യും.

ഈ ഞാന്‍ അഹിംസനും, സത്യാർത്ഥിയും, കാമക്രോധങ്ങള്‍ വിട്ടവനുമാണ്‌. സുഖദുഃഖങ്ങളില്‍ സമത്വം കാണുന്നവനാണ്‌. അതുകൊണ്ടു ഞാന്‍ അമര്‍ത്തൃനെപ്പോലെ മൃത്യുവെ ജയിക്കും. ശാന്തിയജ്ഞപരനും, ദാന്തനും, ബ്രഹ്മയ്ജ്ഞനുമായ്‌ മുനിയായി, ഞാന്‍ വാക്കുകൊണ്ടും, മനസ്സുകൊണ്ടും, കര്‍മ്മം കൊണ്ടും യജ്ഞം ഉത്തരായണത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്ന കാലത്ത്‌ ചെയ്യുന്നുണ്ട്‌. എപ്രകാരമുളളവന്‍ ഹിംസ്രങ്ങളായ പശുയജ്ഞങ്ങള്‍ യജിക്കുന്നവോ, എപ്രകാരം പിശാച്‌ ക്ഷേത്രയജ്ഞം ചെയ്യുന്നുവോ, അതു പോലെ പണ്ഡിതന്‍ ജ്ഞാനയജ്ഞം ചെയ്യുന്നു. വാക്കും, മനസ്സും, എപ്പോഴും നന്നായി വെച്ചി രുന്നാല്‍ തപസ്സ്‌, യോഗം, ത്യാഗം ഇവയാല്‍ പരമസിദ്ധനാകും.

വിദൃയെപ്പോലെ കാഴ്ച തരുന്ന കണ്ണില്ല. സത്യം പോലെ നന്നായി ഒരു തപസ്സും ഇല്ല. രാഗത്തെപ്പോലെ മനുഷ്യനെ അപകടത്തിലാക്കുന്ന ദുഃഖമില്ല. ത്യാഗത്തിന്ന്‌ തുല്യം നന്മ ചെയ്യുന്ന ഒരു സുഖവും ഇല്ല. തന്നില്‍ താന്‍ തന്നെ ഉണ്ടായവനും, തന്നില്‍ നില്ക്കുന്നവനും, അപ്രജ്ഞനുമാണ്‌ ഞാനെങ്കിലും തന്നില്‍ത്തന്നെ എത്തും. എന്നെ സന്തതി കേറ്റുകയില്ല. (ഞാന്‍ ബ്രഹ്മത്തില്‍നിന്നുണ്ടായവനാണ്‌, ബ്രഹ്മത്തില്‍ക്കൂടെ പുറപ്പെട്ടവനാണ്‌. ഞാന്‍ തന്നെത്താനെ ബ്രഹ്മത്തെ ഭജിക്കുന്നു. ഞാന്‍ സന്താ മില്ലാത്തവനാണെങ്കിലും, ഞാന്‍ ബ്രഹ്മത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്യും. എന്നെക്കയറ്റുവാന്‍ എനിക്കു തന്നെ കെല്‍പ്പുണ്ട്‌. അതിന്ന്‌ സന്താനത്തിന്റെ സഹായം എനിക്കാവശ്യമില്ല)

ഇപ്രകാരമുള്ള ഏകാകിയായ ബ്രാഹ്മണന്‌ അര്‍ത്ഥം ആവശ്യമില്ല. സമത്വം, ഐക്യം, സത്യം ഇവയൊക്കെയാണാവശ്യം. ശീലം, സ്ഥിതി, ദണ്ഡവിധാനം, ആര്‍ജ്ജവം, അതാതില്‍ നിന്നുളള വിട്ടുനില്ക്കല്‍ ഇവയാണാവശ്യം.

എന്തിനാണ്‌ അങ്ങയ്ക്ക്‌ ഈ ധനം? എന്തിനാണ്‌ ബന്ധു? ഭാര്യയെന്തിന്ന്‌? അങ്ങ്‌ തീര്‍ച്ചയായും മരിക്കുന്നവനല്ലേ? അങ്ങയുടെ ഗുഹയ്ക്കുള്ളില്‍ ഇരിക്കുന്ന ആത്മാവിനെ അന്വേഷിക്കുക! അതാണ്‌ വേണ്ടത്‌. മറ്റുളളതൊന്നും നിലനില്ക്കുകയില്ല. ആത്മാവു മാത്രമാണ്‌ ശാശ്വതമായിട്ടുള്ളത്‌. അങ്ങയുടെ പ്രിയപ്പെട്ട മുത്തച്ഛന്‍ ഇപ്പോള്‍ ഉണ്ടോ? അങ്ങയുടെ അച്ഛനും എവിടെ?

ഭീഷ്മൻ പറഞ്ഞു; മകന്റെ ഈ തത്ത്വമൊത്ത വാക്കുകേട്ട്‌ അച്ഛന്‍ എങ്ങനെ സതൃപരായണനായി വര്‍ത്തിച്ചുവോ, അതു പോലെ ഭവാനും വര്‍ത്തിച്ചുകൊള്ളുക.

അദ്ധ്യായം 176. ശമ്പാകഗീത (ശമ്പാകന്റെ കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, എങ്ങനെയൊക്കെയാണ്‌, എപ്പോഴൊക്കെയാണ്‌ സുഖവും ദുഃഖവും ധനികന്മാര്‍ക്കും ദരിദ്രന്മാര്‍ക്കും ഉണ്ടാകുന്നത്‌? വ്യത്യസ്തമായ കര്‍മ്മങ്ങളാണല്ലോ അവര്‍ക്കുള്ളത്‌ പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു. ഇതിന്നുദാഹരണമായി ഒരു കഥ പണ്ടേ കേട്ടിട്ടുണ്ട്‌. ശമ്പാകന്‍ മുക്തനായി ശാന്തി കൈക്കൊണ്ടു പറഞ്ഞതാണത്‌.

പണ്ടൊരിക്കല്‍ എന്നോട്‌ ത്യാഗിയായ ഒരു ബ്രാഹ്മണന്‍ പറഞ്ഞതാണ്‌. ദുശ്ലീലയായ ഭാര്യയില്‍ നിന്ന്‌ ദുഃഖം അനുഭവിച്ചവനും, മുഷിഞ്ഞു കീറിയ ഒരു പഴയ മുണ്ടുടുത്തവനും, വിശപ്പ്‌ സഹിക്കുന്നവനുമായ ഒരു ബ്രാഹ്മണന്‍ എന്റെ അടുത്തു വന്നു. ശമ്പാക൯ എന്നാണ്‌ അവന്റെ പേര്‌.

 

ബ്രാഹ്മണന്‍ പറഞ്ഞു; ഈ ലോകത്തില്‍ ജനിച്ച സകല മനുഷ്യരേയും, ജനിച്ച നിമിഷം മുതല്‍ പല മട്ടില്‍ സുഖങ്ങളും ദുഃഖങ്ങളും പിന്‍തുടരും. അങ്ങനെയിരിക്കെ ഒരു ദിവസം അവനേയും കാലം കൊണ്ടുപോകും. അതുകൊണ്ട്‌ സുഖത്തില്‍ ഹര്‍ഷിക്കുകയോ ദുഃഖത്തില്‍ പരിതപിക്കുകയോ ചെയ്യരുത്‌. തനിക്കു കഴിയുന്നതായാലും നീ ശ്രേയസ്സ്‌ ചെയ്യുന്നില്ല. അകാത്മാവായാലും എന്നും ഭാരം വഹിച്ച്‌ നിസ്വനായി സഞ്ചരിക്കുകയാണെങ്കില്‍ സുഖം കൈക്കൊണ്ട്‌ ആശ്വസിക്കും.  നിസ്വന്‍, -ദരിദ്രന്‍- സുഖമായി ഉറങ്ങും; സുഖമായി ഉണരും. നിസ്വത്വം ലോകത്ത്‌ സൗഖ്യം നല്കും. അത്‌ പത്ഥ്യവും അനാമയവുമായ സുഖം നല്കും. ശത്രുത വിട്ട, ശത്രു ഇല്ലാത്തവന്റെ ഈ മാര്‍ഗ്ഗം ദൂര്‍ല്ലഭവും സുഖദവുമാണെന്നാണ്‌ എന്റെ അഭിപ്രായം. നിഷ്കിഞ്ചനനായ ദരിദ്രന്ന്‌ സമനായി, ശുദ്ധനും സര്‍വ്വസിദ്ധനുമായ ദരിദ്രന്ന്‌ സമനായി മറ്റൊന്നിനേയും ഈ മുന്നു ലോകത്തിലും നോക്കിയാല്‍ കാണുകയില്ല.

നിസ്വത്വവും രാജ്യവും തുലാസ്റ്റിന്റെ ഓരോ തട്ടില്‍ വെച്ച്‌ തൂക്കി നോക്കി പോലും. അതില്‍ ദാരിദ്ര്യമാണ്‌ അധികം തൂങ്ങിയത്‌. ദാരിദ്ര്യമാണ്‌ രാജ്യത്തേക്കാള്‍ ഗുണം കൂടി മേലേയായത്‌. നിസ്വത്വവും രാജ്യാധികാരവും തമ്മിലുള്ള വൃത്യാസം മഹത്തരമാണ്‌. ധനവാന്‍ മൃത്യുവിന്റെ വായില്‍ അകപ്പെട്ട മട്ടില്‍ ഉദ്ധിഗ്നനാകുന്നു. നിസ്വനോ അഗ്നിയില്ല! അരിഷ്ടമില്ല! മൃത്യുവില്ല! വൈരികളില്ല! ധനത്യാഗം മൂലം വിമുക്തനായ ആ നിരാശിസ്സ് എന്തുവേണം?

യഥോഷ്ടം മെത്ത വിരിക്കാതെ കിടക്കുന്ന അവനെ, തലയ്ക്ക്‌ കൈവെച്ച്‌ മറ്റൊരുപധാനവും കുടാതെ കിടക്കുന്ന ആ ശാന്താത്മാവിനെ, ദേവന്മാര്‍ വാഴ്ത്തുന്നു. ധനവാന്‍ ക്രോധലോഭങ്ങള്‍ മൂലം ഉളളു കെട്ടവനാണ്‌. പാപിയായ അവന്‍ തിര്യക്ദ്യഷ്ടിയും മുഖം വാടിയവനും ഭ്രൂകുടീമുഖനുമാണ്‌. ചുണ്ടു രണ്ടും കടിക്കുന്നവനും ക്രുദ്ധനും, ക്രൂരമായ വാക്ക്‌ പറയുന്നവനുമായ അവന്‍ ഭൂമി നല്കുവാന്‍ വിചാരിച്ചാലും ആരാണ്‌ അവനെ ഇഷ്ടപ്പെട്ടു നോക്കുക?

എന്നും സമ്പല്‍സമൃദ്ധിയോടെ കഴിയുന്ന അവിഗ്ദദ്ധന്‍ അത്യധികം അതില്‍ മയങ്ങിപ്പോകുന്നു. കാറ്റ്‌ കന്നിക്കാറിനെ എന്നപോലെ അവന്റെ കരള്‍ കൊണ്ടുപോകും. ഈ ധനവാനെ പല ദോഷങ്ങളും,വേറേയും ബാധിക്കും. തന്റെ രൂപത്തില്‍ ദുരഭിമാനം ഉണ്ടാകും. ധനം കൊണ്ടുളള ഗര്‍വ്വും വളരെയുണ്ടാകും. താന്‍ അഭിജാതനാണെന്ന്‌ അഭിമാനിക്കും. സിദ്ധനാണെന്നും എല്ലാം തികഞ്ഞവനാണെന്നും അഭിമാനിക്കും. "ഞാന്‍ വെറും മനുഷ്യനല്ല" എന്ന്‌ അവന്‍ ധരിക്കും. ഈ മൂന്നു കാരണങ്ങള്‍ കൊണ്ട്‌ അവന്റെ മനസ്സില്‍ മദമുണ്ടാകും. അച്ഛന്‍ കഷ്ടപ്പെട്ട നേടിവെച്ച ഭോഗങ്ങളെ നശിപ്പിച്ച്‌, ധനം ക്ഷയിച്ച്‌ പരന്മാരുടെ ദ്രവ്യം നേടുന്നത്‌ നല്ലതായി കണക്കാക്കാം. മര്യാദവിട്ട് അവി ടന്നും ഇവിടന്നും തട്ടിച്ചെടുക്കുമ്പോള്‍ വേടന്മാര്‍ മാനിനെ എതിര്‍ക്കുന്ന മട്ടില്‍ രാജാവ്‌ അവനെ പിടികൂടും.

ഇങ്ങനെ ഓരോവിധം സങ്കടങ്ങള്‍ ദേഹസംസര്‍ഗോത്ഭവങ്ങളായി മനുഷ്യനെ പലമട്ടില്‍ ബാധിക്കും. വര്‍ദ്ധിച്ച ആ സങ്കടങ്ങള്‍ക്കു ബുദ്ധി കൊണ്ടു ചികിത്സ നടത്തണം. ലോകധര്‍മ്മം ധിക്കരിച്ചുളള ഈ ധര്‍മ്മങ്ങളെ മാറ്റണം. ഈ രോഗം വിടാതെ സുഖം ലഭിക്കുയില്ല. മോക്ഷവും ലഭിക്കുകയില്ല. ഈ ദോഷങ്ങള്‍ വിട്ടില്ലെങ്കില്‍ ഭയം കൂടാതെ ഉറങ്ങുവാന്‍ കഴികയില്ല. അതു കൊണ്ട്‌ എല്ലാറ്റിനേയും വിട്ട നീ സുഖിക്കുക..

ഇപ്രകാരം പണ്ട്‌ ഹസ്തിനപുരത്തില്‍വ ന്ന്‌ ശമ്പാകന്‍ എന്നു പേരായ ഒരുബ്രാഹ്മണന്‍ എന്നോടു പറഞ്ഞു. അതില്‍ നിന്നു മനസ്സിലാക്കേണ്ടത്‌ ത്യാഗമാണ്‌ ഏറ്റവും ശ്രേഷ്ഠമായതെന്നാണ്‌. 

അദ്ധ്യായം 177. മങ്കിഗീത (മങ്കിയുടെ കാളകളുടെയും ഒട്ടകത്തിന്റെയും കഥ) - യുധിഷ്ഠിരന്‍ പറഞ്ഞു: ഒരു പുരുഷന്‍ ഉദാരനായി, ഉത്സാഹത്തോടെ തന്റെ കര്‍മ്മങ്ങള്‍ ചെയ്തിട്ടും ആവശ്യത്തിന്നുള്ള ധനം നേടാതിരിക്കുകയാണെങ്കില്‍ ധനതൃഷ്ണാ ക്രാന്തനായ അവന്ന്‌ പിന്നെ എന്തു ചെയ്താലാണ്‌ സുഖം ലഭിക്കുക! പിതാമഹാ! പറഞ്ഞാലും.

ഭീഷ്മൻ പറഞ്ഞു. എങ്ങനെയുളളവനാണ്‌ സുഖിയെന്ന്‌ പറയാം. സുഖമോ, ദുഃഖമോ, ബഹുമതിയോ, അപനമാനമോ എന്നു തന്നെയല്ല എല്ലാറ്റിനേയും തുല്യമായി കരുതുക, ഭൗതിക സുഖങ്ങളെ വളര്‍ത്തുവാന്‍ അദ്ധ്വാനിക്കാതിരിക്കുക. സത്യവാക്കായിരിക്കുക, എല്ലാ ബന്ധങ്ങളേയും ഉപേക്ഷിക്കുക, ആഗ്രഹങ്ങളെ വിടുക. ഇവ ആരില്‍ ഉണ്ടാകുന്നുവോ, അവനാണ്‌ യഥാര്‍ത്ഥ സുഖി. ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും പ്രശാന്തിക്ക്‌ അടിസ്ഥാനമാണെന്ന്‌ വിജഞന്മാര്‍ പറയുന്നു. ഇത്‌ സ്വര്‍ഗ്ഗവും, ധര്‍മ്മവും, ഏറ്റവും മുഖ്യമായ സൌഖ്യവുമാണെന്നാണ്‌ മഹത്തുക്കളുടെ അഭിപ്രായം. ഇതിന്ന്‌ ഉദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്‌. നിര്‍വ്വേദത്താല്‍ മങ്കി പാടിയതാണ്‌ അതിലെ വിഷയം. ആ കഥ  ഞാന്‍ പറ്യാം, അത്‌ ഹേ യുധിഷ്ഠിരാ, കേട്ടാലും!

ധനം ആഗ്രഹിക്കുന്നവനായ മങ്കി പല പ്രയത്നങ്ങളും ചെയ്തു. അവന്നു ധനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കൈയിലുണ്ടായിരുന്നതും നഷ്ടപ്പെട്ടു. ഒടുവില്‍ ശേഷിച്ച കുറച്ചു പണംകൊണ്ട്‌ അവന്‍ രണ്ടു കാളയെ വാങ്ങിച്ചു. ആ രണ്ടു പൂട്ടുകാളകളേയും നിലം ഉഴുവാന്‍ നുകം വെച്ചു വിടുന്ന സമയത്ത്‌ അവ ഈക്കില്‍ ഓടിക്കളഞ്ഞു. ഒരു ഒട്ടകത്തിന്റെ നേരെ പാഞ്ഞു. അവ പാഞ്ഞു വന്ന സമയത്ത്‌ ഒട്ടകം പെട്ടെന്നെഴുന്നേറ്റു. അതിന്റെ ചുമല്‍ കൊണ്ട്‌ ചുണയോടെ നുകത്തില്‍ ബന്ധിച്ചിരിക്കുന്ന കാളുകളെ ഏറ്റുപൊക്കി. ആ മഹാശക്തനും, മഹാജവനുമായ ഒട്ടകം ആ കാളകളേയും കൊണ്ടു പാഞ്ഞു. ആ ഒട്ടകം ആ കാളകളെ മഥിച്ചു കൊണ്ടു പാഞ്ഞു പോകുമ്പോള്‍ അവ നിശ്ചയമായും ചാകുവാന്‍ പോകുന്നതായി മങ്കി കണ്ടു. അവന്‍ ഇപ്രകാരം പറഞ്ഞു.

മങ്കി പറഞ്ഞു: വിധിക്കാത്ത മുതല്‍ യത്നം കൊണ്ടൊന്നും നേടാന്‍ ഒരുത്തനും കഴിയുകയില്ല. ഏതു സമര്‍ത്ഥനും സാധിക്കയില്ല. ശ്രദ്ധയോടു കൂടി നന്നായി ഇച്ഛയെ കാത്തു ശ്രമിച്ചാലും അതു സാധിക്കുകയില്ല. മുന്‍ജന്മത്തില്‍ ചെയ്ത അനര്‍ത്ഥങ്ങളുടെ ഫലം സമ്പാദിച്ചവനായ ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്കു വന്നു ചേര്‍ന്ന ഭാഗ്യനാശം നോക്കുക! എന്റെ കാളകള്‍ എത്ര ഭയങ്കരമായ ആപത്തിലാണ്‌ പെട്ടത്‌! അവ എന്തു വിഷമത്തിലൂടെയാണ്‌ പോകുന്നതെന്നു നോക്കു! ആ കാളകള്‍ രണ്ടും യാദ്യച്ഛികമായി വന്നുചേര്‍ന്ന ആപത്തില്‍പ്പെട്ട്‌ ഒട്ടകത്തിന്റെ പിരടിയില്‍ തൂങ്ങി ഇതാ പായുന്നു. എന്റെ കാളുകള്‍ രണ്ടും ആ ശക്തനും, തടിയനുമായ ഒട്ടകത്തിന്റെ കഴുത്തില്‍ മണിപോലെ തുങ്ങി ഉലയുന്നു. അവയ്ക്കു രക്ഷയില്ല. അവ ചാകുവാന്‍ പോകുന്നു. ഈ ലോകത്തില്‍ എല്ലാം ഭാഗ്യത്തെ, ദൈവത്തെ, മാത്രം ആശ്രയിച്ച്‌ ഓരോന്നും സംഭവിക്കുന്നു. ശുദ്ധമേ ദൈവഗതി എന്നല്ലാതെ ഒന്നും പറയുവാനില്ല. പൌരുഷം കൊണ്ട്‌ ഒരു കാര്യവും ഇല്ല. വല്ലേടവും അല്പം പൌരുഷം കൊണ്ടു വല്ലതും സംഭവിക്കുന്നുണ്ടെങ്കില്‍ അതും ചിന്തിച്ചാല്‍ ദൈവത്തില്‍ത്തന്നെ അണയുന്നുണ്ടെന്നു കാണാം. വിധി തന്നെ വലുത്‌. അതുകൊണ്ട്‌ സുഖം ആഗ്രഹിക്കുന്നവന്‍ നിര്‍വ്വേദം കൊള്ളുന്നതാണ്‌ ഉത്തമം. എല്ലാ ബന്ധത്തേയും, എല്ലാ ആഗ്രഹങ്ങളേയും, ധനതൃഷ്ണയേയും വലിച്ചെറിയുക; അതു മനസ്സില്‍ നിന്നു പോയിക്കഴിഞ്ഞാല്‍ അവന്നു സുഖമായി കിടന്നുറങ്ങാന്‍ കഴിയും.

ശുകന്‍ തന്റെ പിതാവായ കൃഷ്ണദ്വൈപായനന്റെ ഗൃഹം വിട്ട്, എല്ലാം ഉപേക്ഷിച്ച്‌ കാടുകയറുവാന്‍ ഭാവിച്ച അന്ന്‌, എല്ലാം ശരിക്ക്‌, എല്ലാറ്റിന്റേയും ശരിയായ തത്ത്വം, പറഞ്ഞിട്ടുണ്ട്‌.

ഒരാള്‍ എല്ലാ കാമങ്ങളും നേടി എന്നു വെക്കുക. മറ്റൊരാള്‍ എല്ലാ കാമങ്ങളും ഉപേക്ഷിച്ചു എന്നും വെക്കുക. ഇതില്‍ ആരാണ്‌ യോഗ്യന്‍? എല്ലാ കാമങ്ങളും കൈവന്നവനേക്കാള്‍ എല്ലാ കാമങ്ങളും ത്യജിച്ചവനാണെന്നു മനീഷികള്‍ പറയുന്നു. ആഗ്രഹത്തിന്ന്‌ ഒരു അന്തവുമില്ല. അതിന്റെ അറ്റത്ത്‌ എത്തിയവര്‍ ആരുമില്ല. ദേഹത്തിലും. ജീവനിലും, തൃഷ്ണ മൂഢന് അധികമായി വരും. അല്ലയോ കാമുകാ, കാമങ്ങളെ ആഗ്രഹിക്കുന്നവനേ, നി (വിധിത്സയെ) ആഗ്രഹങ്ങളെ വിടുക! നിര്‍വ്വേദം പൂണ്ട്‌ അടങ്ങുക! നിനക്കു പലകുറി ചതി പറ്റിയിട്ടും നിന്റെ മനസ്സില്‍ നിര്‍വ്വേദം (സുഖാസക്തി പരിത്യാഗം, അനാസക്തി) ഉദിച്ചില്ല. ഞാന്‍ വിനാശ്യനല്ലെങ്കില്‍, നീ എന്നാല്‍ ഇവിടെ രമിക്കുകയാണെങ്കില്‍, ഹേ വിത്തകാമുകാ, നീ പാഴില്‍ ലോഭത്തോടു കൂടി എന്നെ ഇണക്കി നിര്‍ത്തരുത്. ഹേ ധനകാമുകാ, നീ നേടിയ വിത്തമെവിടെ? അതു നഷ്ടപ്പെട്ടു. വീണ്ടും നേടിയോ? ഉവ്വ്‌! അതെവിടെ? അതും നഷ്ടപ്പെട്ടു. എന്നിട്ടും നീ ധനേച്ഛ വിടുകയില്ലെന്നോ! അമ്പോ! നമ്മുടെ മൂഢത്വം നോക്കൂ! നിന്റെ കളിക്കോപ്പായിരിക്കുന്നു ഇവിടെ ഞാന്‍! മുമ്പുണ്ടായവരാരും കാമത്തിന്റെ അറ്റം കാണാതെ പോയവരാണ്‌. സുഖം അനുഭവിച്ചു മതിയാകാത്തവരാണ്‌. ഇനി ജനിക്കുവാന്‍ പോകുന്നവരും കാമത്തിന്റെ അറ്റം കാണുകയില്ല. സര്‍വ്വാശ്രമങ്ങളും വിട്ട്‌ ഞാന്‍ യഥാര്‍ത്ഥം ഗ്രഹിക്കുന്നു. ഞാന്‍ മോഹത്തില്‍ നിന്ന്‌ ഉണര്‍ന്നു കഴിഞ്ഞു.

എടോ അര്‍ത്ഥകാമാ, നിന്റെ ഹൃദയം വജ്രം പോലെ കഠിനമാണ്‌. തീര്‍ച്ചയാണ്‌. നൂറ്‌ അനര്‍ത്ഥങ്ങള്‍ ഏറ്റിട്ടും നീ നൂറു കഷണമായി തകര്‍ന്നു പോയില്ലല്ലോ! എടോ കാമാ, ഞാന്‍ നിന്നെ അറിയുന്നു. നിന്റെ മനസ്സിലുള്ള ഇഷ്ടം എന്തെന്നും ഞാന്‍ അറിയുന്നു. നിനക്ക്‌ ഇഷ്ടം ചിന്തിച്ചിട്ട്‌ ഞാന്‍ ആത്മസൗഖ്യം കിട്ടാത്തവനായിത്തീര്‍ന്നു. ഹേ കാമാ, ഞാന്‍ നിന്റെ മൂലത്തെപ്പറ്റിയും അറിയുന്നു. നീ ജനിച്ചതു വെറും സങ്കല്പത്തില്‍ നിന്നാണ്‌. നിന്നെ ഞാന്‍ സങ്കല്പിക്കുന്നില്ലെങ്കില്‍ പിന്നെ നിനക്ക്‌ എവിടെയാണ്‌ നിലനില്പ്‌! അതുകൊണ്ടു ഞാന്‍ നിന്നെക്കുറിച്ചുള്ള സങ്കല്പം ഉപേക്ഷിക്കുന്നു. നീ മൂലത്തോടെ തകര്‍ന്നുപോകട്ടെ!

ധനേച്ഛ എന്നു പറയുന്നത്‌ ഒരിക്കലും സുഖം നല്കുകയി ല്ല. അതു നേടിയാല്‍ പിന്നെ ചിന്ത വര്‍ദ്ധിക്കുകയായി. ലഭിച്ച നാശമോ, മൃത്യുതുല്യമാണുതാനും. ധനം ആശിച്ചിട്ട്‌ കിട്ടിയെന്നു വരാം, കിട്ടിയില്ലെന്നും വരാം. വിട്ടൊഴിച്ചാലോ, ലഭിക്കാതെയുമാകും, അതില്പരം ദുഃഖം വേറെയില്ല. ലഭിച്ചാലും തുഷ്ടി ഉണ്ടാവുകയില്ല. വീണ്ടും നേടാതിരിക്കുകയും ചെയ്യുകയില്ല. തൃഷ്ണ കൂട്ടുന്നതാണ്‌ അര്‍ത്ഥം. സ്വാദു കൂട്ടുന്ന ഗംഗാജലം പോലെയാണത്‌.

എന്റെ വിലാപം ഇതാകുന്നു. ഞാന്‍ ഇപ്പോള്‍ ഉണര്‍ത്തപ്പെട്ടവനായിരിക്കുന്നു. അതുകൊണ്ടു ധനതൃഷ്ണ തൃജിക്കുക. എന്റെ ഭൂതഗ്രാമമയമായ ദേഹത്തില്‍ സഞ്ചരിക്കുന്നവനായ അവന്‍ യഥേഷ്ടം വിട്ടുപോകട്ടെ! സുഖമായി നില്ക്കുകയാണെങ്കില്‍ അങ്ങനെയാകട്ടെ!

കാമലോഭങ്ങള്‍ തുടരുന്ന നിങ്ങളില്‍ എനിക്കു പ്രീതിയി ല്ല. അതുകൊണ്ടു കാമങ്ങളെ വിട്ട്‌ സത്യത്തെ ആശ്രയിക്കുവിന്‍. സര്‍വ്വഭൂതങ്ങളേയും തന്റെ ദേഹത്തിലും മനസ്സിലും കാണുക. യോഗത്തില്‍ ബുദ്ധിയും, ശ്രുതത്തില്‍ സത്വവും, ബ്രാഹ്മണനില്‍ മനസ്സുമായി വിഹരിക്കുന്നവന്‍ അനാസക്തനാണ്‌. അവന്‍ ലോകത്തില്‍ നിരാമയനാണ്‌, സുഖിയാണ്‌. നീ എന്നെ വീണ്ടും ദുഃഖത്തില്‍ കൊണ്ടുപോയി ഇറക്കാതിരിക്കത്തക്ക വിധം നീ എന്നെ പ്രേരിപ്പിക്കുകയാണെങ്കില്‍ പിന്നെ വേറെ ഗതിയൊന്നും എനിക്കില്ല. ഹേ കാമാ! തൃഷ്ണ, ശോകം, ശ്രമം, എന്നിവയ്ക്കു നീയാണ്‌ എപ്പോഴും മൂലമായിട്ടുള്ളത്‌. ധനം നഷ്ടപ്പെട്ടാല്‍ വലിയ ദുഃഖം തന്നെ. ഏറ്റവും വലിയ ദുഃഖം അതാണെന്നു കാണുന്നു. ജഞാതികള്‍ ധനം ഇല്ലാത്തവനെ നിന്ദിക്കും. മിത്രങ്ങളും ധനഹീനനെ മാനിക്കയില്ല. ആയിരമായിരം അവമാനങ്ങളും കൈയേല്ക്കേണ്ടി വരും. ധനത്തില്‍ ദോഷം ചെറുതല്ല അടങ്ങിയിരിക്കുന്നത്‌.

ധനത്തില്‍ കുറച്ചു സുഖമുണ്ട്‌. ഇല്ലെന്നു പറഞ്ഞുകൂടാ. എന്നാല്‍ ആ സുഖവും ദുഃഖത്തിലാണ്‌ നിലകൊള്ളുന്നത്‌. ഒരുത്തനു ധനമുണ്ടെന്നറിഞ്ഞാല്‍ കള്ളന്മാരും കൊള്ളക്കാരും പതിയിരുന്നു ഹനിച്ചു കളയും. പല ദണ്ഡങ്ങളാല്‍ ക്ലേശിപ്പിക്കുക യും, പീഡിപ്പിക്കുകയും ചെയ്യും. അര്‍ത്ഥലോദഭം ദുഃഖകരമാണെന്ന്‌ ഞാന്‍ പഴക്കം കൊണ്ടു ഗ്രഹിച്ചിരിക്കുന്നു. ഹേ കാമാ, എന്തെന്ത്‌ ആലംബമാകുമോ, നീ അതാതിന്നു ചേര്‍ന്നമട്ടിലാണ്‌. എന്നാല്‍ നീ അജ്ഞനാണ്‌, വിവരമില്ലാത്ത ബാലനാണ്‌. തന്നില്‍ സന്തോഷിക്കാത്തവനാണ്‌. എത്ര കിട്ടിയാലും തന്നില്‍ ദഹിപ്പിക്കുന്ന അഗ്നിയാണ്‌. നിന്നെ തൃപ്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല. സുലഭമേതാണെന്നും ദുര്‍ല്ലഭമേതാണെന്നുമുള്ള വിവേചനം നിനക്കില്ല. നീ അതിനെപ്പറ്റി ചിന്തിക്കുന്നി ല്ല. പാതാളം പോലെ നിന്റെ ഉദരം ഭയങ്കരമാണ്‌. അതില്‍ എന്തും കൊളളും. നിറയ്ക്കുവാന്‍ കഴിയുകയില്ല. അങ്ങനെയുള്ള നീ എന്നെ ദുഃഖിപ്പിക്കുകയാണ്‌. ഇപ്പോള്‍ ഇനി നിനക്ക്‌ എന്നില്‍ കടന്നേല്ക്കുവാന്‍ കഴിയുകയില്ല. അല്ലയോ കാമാ, ആഗ്രഹമേ, നീ ഇനി അതിന്നുശ്രമിക്കേണ്ടാ. യദ്യച്ഛയാല്‍ വന്ന ദ്രവ്യനാശം മൂലം ഞാന്‍ നിര്‍വ്വേദം പൂണ്ടിരിക്കുകയാണ്‌. ഏറ്റവും നിര്‍വൃതിയോടു കൂടിയവനായി ഞാന്‍ കാമങ്ങളെപ്പറ്റി ചിന്തിക്കാതായിരിക്കുന്നു. ഞാന്‍ അതിക നേരം പൊറുക്കുന്നു. ഞാന്‍ ധനനാശത്താല്‍ വഞ്ചിതനാണ്‌. ഞാന്‍ വിഗതജ്വരനായി കിടക്കുകയാണ്‌.

എടോ കാമാ, ഞാന്‍ നിന്നെ ഉപേക്ഷിച്ചു. മനോഗതി ഞാന്‍ വെടിഞ്ഞു. ഹേ കാമാ, നീ എന്നോടു കൂടെ ഇനി വസിക്കുകയില്ല, രമിക്കുകയുമില്ല. ആര് എന്നെ ശകാരിച്ചാലും ഞാന്‍ രമിക്കുവാന്‍ തയ്യാറാണ്‌. ആര് എന്നെ ഹിംസിച്ചാലും ഞാന്‍ അവരെ ഹിംസിക്കുകയില്ല. ദോഷം ചൊല്ലിയാല്‍ പ്രിയം പറയും. അപ്രിയം ഞാന്‍ ചിന്തിക്കുകയേയില്ല. |

തൃപ്തനും, സ്വസ്‌തേന്ദ്രിയനും, നിത്യവും കിട്ടുന്ന സ്വത്തു കൊണ്ടു കഴിയുന്നവനുമായി ഞാന്‍ എന്റെ ശത്രുവായ നിന്റെ ആഗ്രഹത്തെ എടോ കാമാ, ഞാന്‍ യഥാര്‍ത്ഥമാക്കുവാന്‍ വിചാരിക്കുന്നില്ല.

തൃപ്തി, നിര്‍വൃതി, നിര്‍വ്വേദം, ശാന്തി, സത്യം, ദമം, ക്ഷമ, എല്ലാരിലും ദയ ഇവയോടെയാണ്‌ ഞാന്‍ ഇരിക്കുന്നതെന്നു നീ ധരിച്ചു കൊളളുക. അതുകൊണ്ട്‌ കാമം, ലോഭം, തൃഷ്ണ, കാര്‍പ്പണ്യം എന്നിവയെ ഉപേക്ഷിക്കുന്നവനായ എന്നെ അവരും ഉപേക്ഷിക്കട്ടെ. ഞാന്‍ ഇന്നു സ്വസ്ഥനായിത്തീര്‍ന്നിരിക്കുന്നു. കാമലോഭങ്ങളെ വിട്ട്‌ ഞാന്‍ ഇതാ സുഖം കൈക്കൊണ്ടിരിക്കു ന്നു. അനാത്മാവായി ലോഭത്തിന്റെ പാട്ടിലായി ഞാന്‍ ഇനി മാഴ്കുകയില്ല.

കാമാര്‍ത്തി എന്തെന്ന് ഉപേക്ഷിക്കുന്നുവോ, സുഖത്തിന്ന്‌ അത്രയ്ക്ക്‌ അതുപൂർണ്ണമായിത്തീരും. കാമത്തിന്റെ പാട്ടിലായവന്‍ എന്നെന്നും ദുഃഖത്തിന്നു പാത്രമാകും. കാമാനുബന്ധമായ രജസ്സു കളയുന്ന ഈയുള്ളവന്‍. കാമക്രോധോത്ഭവമായ ദുഃഖം വെടിഞ്ഞ്‌ അരതിയായിത്തീര്‍ന്നവന്‍, കുളുര്‍ത്ത ജലമുള്ള കയത്തില്‍ വേനല്ക്കാലത്തു മുങ്ങുന്നവനെപ്പോലെ ബ്രഹ്മത്തില്‍ ആണ്ടുപോകുന്നു. ഞാന്‍ ശമം കൈക്കൊള്ളുന്നു. ഇപ്പോള്‍ കേവലമായ സുഖം എനിക്കു ലഭിച്ചിരിക്കുന്നു.

ലോകത്തില്‍ കാമസുഖവും, മഹത്തായ മറ്റു ദിവ്യ സുഖങ്ങളുമെല്ലാം തൃഷ്ണാക്ഷയം കൊണ്ടു ലഭിക്കുന്ന സുഖത്തിന്റെ പതിനാറില്‍ ഒരംശത്തിന്നൊക്കുകയില്ല. കാമത്തിന്റെ തത്ത്വമറിഞ്ഞ്‌ ആ കാമത്തെ നശിപ്പിച്ച്‌, തന്റെ ദേഹത്തോടൊപ്പം ഏഴാമത്തെ വൈരിയായ കാമത്തെ ജയിച്ച്‌, നിര്‍ബ്ബാധമായി, ബ്രഹ്മലോകത്തില്‍ ഞാന്‍ രാജാവിനെപ്പോലെ സുഖിക്കും.

ഇപ്രകാരം ബുദ്ധിയില്‍ കണ്ട്‌ മങ്കി നിര്‍വ്വേദത്തെ പ്രാപിച്ചു. അവന്‍ എല്ലാ കാമങ്ങളേയും ഉപേക്ഷിച്ച്‌ ബ്രഹ്മസുഖം പ്രാപി ച്ചു. കാളകള്‍ നഷ്ടപ്പെട്ട മങ്കി വിലമതിക്കാന്‍ വയ്യാത്ത മരണമില്ലാത്ത അവസ്ഥ നേടി. കാമത്തിന്റെ മൂലത്തെ നശിപ്പിച്ച്‌ മഹത്തായ സുഖം അവന്‍ നേടി.

അദ്ധ്യായം 178. ബോദ്ധ്യഗീത - ജനകരാജാവിന്റെ കഥ - ഭീഷ്മൻ പറഞ്ഞു: ഇനി ഇതിന് ഉദാഹരണമായി പണ്ടേ നടപ്പുള്ള ഒരു കഥ ഞാന്‍ പറയാം. വിദേഹരാജാവായ ജനകന്‍ ശമം പ്രാപിച്ചതിനെപ്പറ്റിയുള്ളതാണ്‌ കഥ.

എന്റെ വിത്തം അനന്തമാണ്‌. മിഥിലാനഗരം കത്തി നശിച്ചാലും എന്റെ സ്വത്തൊന്നും നശിക്കുകയില്ല. അങ്ങനെ നശിക്കുന്ന ധനമൊന്നും എനിക്കില്ല എന്നു ജനകന്‍ പറഞ്ഞു. ഇതിനോടനുബന്ധിച്ച്‌ ഇതിനെപ്പറ്റിത്തന്നെ ബോദ്ധ്യന്റെ അഭിപ്രായ പ്രസംഗവും പറയുന്നു. ബന്ധങ്ങളില്‍ നിന്നു വേര്‍പെട്ട നിര്‍വ്വേദം പുണ്ടിരിക്കുവാനാണ്‌ ബോദ്ധ്യന്‍ ഉപദേശിക്കുന്നത്‌. അതും ഹേ യുധിഷ്ഠിരാ, ഭവാന്‍ കേള്‍ക്കുക.

പണ്ട്‌ ബോദ്ധ്യന്‍ എന്നു പേരായ ശാന്തസ്വരൂപനായ മഹര്‍ഷിയോട്‌, നഹുഷപുത്രനായ യയാതി, ശാസ്ത്രജ്ഞാനം കൊണ്ട്‌ ബുദ്ധിതെളിഞ്ഞ്‌ നിര്‍വ്വേദത്താല്‍ ശാന്തിപ്രാപിച്ച യയാതി, ചോദിച്ചു: അല്ലയോ മഹര്‍ഷേ, മഹാപ്രാജ്ഞാ, ശമത്തിന്നു വേണ്ട ഉപദേശം ഭവാന്‍ എനിക്കു നല്കണേ! ഭവാന്‍ എന്തു ബുദ്ധിയാലാണ്‌ ശാന്തനായി നിര്‍വ്വേദം പ്രാപിച്ചത്‌?

ബോദ്ധ്യന്‍ പറഞ്ഞു: ഞാന്‍ ആരേയും ശാസിക്കാറില്ല. എല്ലാവരോടും ഞാന്‍ ഉപദേശിക്കുകയേയുള്ളു. അവയുടെ ലക്ഷണം എന്തെന്നു പറയാം. അതിനെ കേട്ടു ധരിക്കുക. പിംഗളാകുരരം (ഞാറപ്പക്ഷി), സര്‍പ്പം, സാരംഗമാര്‍ഗ്ഗണം, ഇഷ്ടകാരന്‍ (വില്ലാളി), കുമാരി ഇവര്‍ ആറു പേരുമാണ്‌ എന്റെ ഗുരുക്കള്‍; എനിക്ക്‌ അറിവുണ്ടാക്കിത്തന്നവര്‍.

ഭീഷ്മൻ പറഞ്ഞു: രാജാവേ, ആശ എന്നു പറയുന്നത്‌ ബവത്തായിട്ടുള്ളതാണ്‌. ആശയില്‍ നിന്നുള്ള വേര്‍പാട്‌. ആശയില്ലായ്മ, അത്‌ ഏറ്റവും സുഖപ്രദമാണ്‌. ആശയെ ആശയില്ലായ്മയാക്കി മാറ്റി പിംഗള സുഖമായി കിടന്നുറങ്ങി. മാംസമുള്ള കുരരത്തെ മാംസം കിട്ടാത്തവന്‍ അതിന്നു വേണ്ടി കൊന്നു. തന്റെ മാംസത്തെ ദാനം ചെയ്യുക കാരണം കുരരം നിത്യസുഖത്തെ പ്രാപിച്ചു. ത്യാഗത്തിന്റെ മാഹാത്മൃമാണ്‌ അതു കാണിച്ചത്‌. വീടു കെട്ടുന്നത്‌ ദുഃഖമുണ്ടാക്കുകയാണ്‌. അത്‌ ഒരിക്കലും സുഖത്തിന്നായി ഭവിക്കുകയില്ല. അന്യന്റെ ഗൃഹത്തില്‍ക്കിടന്ന്‌ സുഖമായി സര്‍പ്പം ഉറങ്ങും. ഭിക്ഷവാങ്ങി ഉപജീവനം കഴിക്കുന്ന മുനികള്‍ ജീവികളെ ദ്രോഹിക്കാതെ സാരംഗങ്ങളെ (തേനീച്ചകളെ) പോലെ ജീവിക്കുന്നു. അസ്ത്രമുണ്ടാക്കുന്നതില്‍ തന്നെ മനസ്സു വെച്ച ഒരു പണിക്കാരന്‍ അരികെ പോകുന്ന രാജാവിനെ കണ്ടി ല്ല. രണ്ടുപേര്‍ തമ്മില്‍ നേരമ്പോക്കു പറഞ്ഞാലും അതില്‍ നിന്നു പലര്‍ക്കും കലഹം ഉത്ഭവിക്കും. കുമാരിയുടെ ശംഖു വള പോലെ ഞാന്‍ ഒറ്റയ്ക്കു കൂട്ടു കൂടാതെ ചരിക്കുന്നതാണ്‌. (വളകള്‍ കൂട്ടി മുട്ടുമ്പോള്‍ ശബ്ദമുണ്ടാകും. ഒറ്റ വളയായാല്‍ ശബ്ദമുണ്ടാകയില്ല. ശബ്ദമുണ്ടായാല്‍ പലരും അറിയും.) 

അദ്ധ്യായം 179. ആജഗരപ്രഹ്ലാദസംവാദം - പ്രഹ്ലാദന്റെയും അജഗരമുനിയുടെയും കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലോയോ വൃത്തജ്ഞാ! അങ്ങ്‌ മനുഷ്യചരിതങ്ങളെല്ലാം അറിയുന്നവനാണല്ലോ! എന്തു ചെയ്താല്‍ മനുഷ്യന്‍ ദുഃഖവിമുക്തനായി ഭൂമിയില്‍ വര്‍ത്തിക്കും? എന്തു ചെയ്താല്‍ പുരുഷന്‍ ഉത്തമമായ സദ്ഗതി പ്രാപിക്കും?

ഭിഷ്മന്‍ പറഞ്ഞു:  അതിന്നുദാഹരണമായി ഈ പുരാണ കഥ നാട്ടില്‍ പണ്ടേതന്നെ പറഞ്ഞു വരാറുണ്ട്‌. (പഹ്ലാദനും അജഗരമുനിയും തമ്മിലുള്ള സംഭാഷണമാണ്‌ വിഷയം. യാതൊരു രോഗവുമില്ലാതെ സുഖമായി ഊഴിചുറ്റുന്ന ഒരു ബുദ്ധിമാനായ ബ്രാഹ്മണനെ കണ്ട്‌ ബുദ്ധിമാനായ പ്രഹ്ലാദന്‍ ചോദിച്ചു.

പ്രഹ്ലാദന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണാ, സ്വസ്ഥനും ശുദ്ധനും, മൃദുവും, ദമിയും, പ്രഗല്ഭനും വാഗ്മിയും, മേധാവിയുമായ ഭവാന്‍ ആഗ്രഹവും അസൂയയും വിട്ടവനായി ഒരു ബാലനെപ്പോലെ ചരിക്കുന്നു. ഭവാന്‍ ഒന്നും കിട്ടുവാന്‍ ആഗ്രഹിക്കു ന്നില്ല. കിട്ടാഞ്ഞാല്‍ ദുഃഖിക്കുന്നുമില്ല. നിതൃ തൃപ്തനെ പോലെ ഇരിക്കുന്നു. ഒന്നിനെക്കുറിച്ചും ഭവാന് ആവലാതിയില്ല. ഒന്നിനെപ്പറ്റിയും അങ്ങു ചിന്തിക്കുന്നില്ല. മറ്റു ജീവികള്‍ സംസാരത്തിന്റെ പ്രവാഹത്തില്‍പ്പെട്ട്‌ ബുദ്ധി മങ്ങി പൊയ്ക്കൊണ്ടിരിക്കെ ഭവാന്‍ അവയെല്ലാം കണ്ട്‌ നിസ്സംഗനായി സ്വതന്ത്രനായി ഒന്നിലും ബന്ധപ്പെടാത്തവനായി എല്ലാം കണ്ടുകൊണ്ടു നില്ക്കുന്നു. ധര്‍മ്മകാമാര്‍ത്ഥങ്ങളില്‍ അങ്ങു ബന്ധപ്പെടുന്നില്ല. അങ്ങയ്ക്ക്‌ കാമവും കാണുന്നില്ല. ഒന്നിലും ആഗ്രഹം കാണുന്നില്ല. ഇന്ദ്രിയാര്‍ത്ഥത്തെ വിട്ട്‌ മുക്തനായി എല്ലാം കാണുന്ന ഒരു സാക്ഷിയുടെ മാതിരിയാണല്ലോ ഭവാന്റെ നില. അങ്ങയുടെ ശ്രുതം-പ്രമാണം-എന്താണ്‌? പ്രജ്ഞയെന്താണ്‌? അങ്ങയുടെ വൃത്തിയെന്താണ്‌? അങ്ങ്‌ കാണുന്ന ശ്രേയസ്സെന്താണ്‌? അല്ലയോ ബ്രഹ്മന്‍, അങ്ങു പറഞ്ഞു തരണേ! ഭീഷ്മൻ പറഞ്ഞു:   പ്രഹ്ലാദന്‍ ചോദിച്ചുതു കേട്ട്‌ ആ മേധാവിയായ ബ്രാഹ്മണന്‍, ലോകധര്‍മ്മം അറിഞ്ഞബ്രാഹ്മണന്‍, പൊരുള്‍ ചേര്‍ന്ന ശ്ലക്ഷ്ണമായ വാക്കുകളാല്‍ പ്രഹ്ലാദനോടു പറഞ്ഞു.

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ പ്രഹ്ലാദാ, ഭൂതങ്ങളുടെ അനിമിത്തമായ പിറവിയും അധോഗതിയും ഉയര്‍ച്ചയും അങ്ങു കാണുന്നില്ലേ? ഞാന്‍ അതില്‍ ഹര്‍ഷിക്കുന്നുമില്ല; ദുഃഖിക്കുന്നുമില്ല. എല്ലാം അവരവരുടെ കര്‍മ്മഫലത്തെത്തന്നെ ആശ്രയിച്ചിരിക്കുന്നു. എനിക്ക്‌ ഒരു പുത്രന്‍ ജനിച്ചാല്‍ ഞാനതില്‍ ആഹ്ളാദിക്കുകയില്ല. അവന്‍ മരിച്ചാല്‍ ഞാന്‍ ദുഃഖിക്കുകയുമില്ലു. അവന്റെ ജനനവും മരണവും അവന്റെ മര്‍ത്ത്യപ്രകൃതി ഭാവത്തെ ആശ്രയിച്ചിരിക്കുന്നു. എനിക്ക്‌ ആ മര്‍ത്തൃപ്രകൃതിയെ മറ്റൊരു വിധമാക്കിത്തീര്‍ക്കുവാന്‍ സാദ്ധ്യമല്ല. സ്വഭാവപ്രകൃതി പോലെ പ്രപഞ്ചത്തിലെ പ്രവൃത്തികളെല്ലാം നടക്കുന്നു. എല്ലാവരും അവരവരുടെ സ്വഭാവപ്രകൃതിക്കധീനരാണ്‌. ഞാന്‍ ഒന്നിലും രോഷി ക്കുന്നില്ല. അല്ലയോ പ്രഹ്ലാദാ, കാണുക! സംയോഗം എല്ലാം വിയോഗാന്തമാകുന്നു. എല്ലാ സഞ്ചയങ്ങളും വിനാശാന്തങ്ങളാകുന്നു. ഇതിലൊന്നിലും ഞാന്‍ മനസ്സു ചെലുത്തുന്നില്ല. ഗുണങ്ങളുള്ള എല്ലാ ജീവികളും നശിക്കും. ഉല്‍പത്തിയും നാശവും കാണുന്നവന്ന്‌ എന്തു കാര്യമാണ്‌ ശേഷിക്കുന്നതായി കാണുവാന്‍ കഴിയുക?

സമുദ്രത്തിലും മറ്റു ജലാശയങ്ങളിലുമുള്ള ജീവികള്‍ക്കും അവസാനമുണ്ട്‌. ഉണ്ടായ എല്ലാ ജീവികളും അവ എത്ര വലിയതായാലും ചെറിയതായാലും നശിക്കും. ചരാചരങ്ങളായ എല്ലാ ജീവികള്‍ക്കും കരയിലുള്ളവയ്ക്കും ഹേ അസുരാധിപാ, നാശമുണ്ട്‌. മൃത്യുവിന്റെ അധീനത്തില്‍ പെടാത്തതൊന്നുമില്ല. ആകാശത്തില്‍ പറക്കുന്ന പക്ഷികള്‍ക്കും അതു പോലെ തന്നെ ഹേ ദാനവ്വേന്ദോ! കാലാനുരൂപമായി മൃത്യു വന്നു ചേരുന്നുണ്ട്‌. ഇങ്ങനെ സകല ഭൂതങ്ങളേയും മൃത്യുവന്നേല്ക്കുന്നതായിക്കണ്ട്‌, സര്‍വ്വ സാമാനൃഗനും അറിയുന്നവനുമായ ഞാന്‍ സ്വസ്ഥനായി സുഖമായി കിടക്കുന്നു. ഞാന്‍ യദ്യച്ഛയാ കിട്ടിയാല്‍ വേണ്ടുവോളം തിന്നും. വലിയ തീറ്റ തിന്നും. വളരെ ദിവസങ്ങള്‍ ഉണ്ണാതെയും കിടക്കും. അതില്‍ എനിക്ക്‌ ഒരു വിഷമവുമില്ല. നിരാശയുമില്ല. പലരും എനിക്ക്‌ ധാരാളം ഭക്ഷണം തരാറുണ്ട്‌; പിന്നെ, കുറെ നാളേക്ക്‌ കിട്ടാതെയും ഇരുന്നിട്ടുണ്ട്‌. ചിലപ്പോള്‍ ചണംപയറ്‌ തിന്നും. ചിലപ്പോള്‍ പിണ്ണാക്ക്‌ തിന്നും, ചിലപ്പോള്‍ ശാലിയും, ചിലപ്പോള്‍ മാംസവും തിന്നും, ചിലപ്പോള്‍ വേറേയും പലതും തിന്നും, കിട്ടുന്നതനുസരിച്ച്‌ ഭക്ഷിക്കും. ചിലപ്പോള്‍ മെത്തകേറിക്കിടക്കും. ചിലപ്പോള്‍ മണ്ണില്‍ക്കിടക്കും, മേടമേലും കിടക്കും. എന്താണ്‌ കിടക്കാന്‍ സാകര്യപ്പെട്ടതെന്നാല്‍ അതു സ്വീകരിക്കും. ഇന്നത്‌ കിട്ടിയാലേ ഭക്ഷിക്കൂ എന്ന നിര്‍ബ്ബന്ധമൊന്നും എനിക്കില്ല. അതു പോലെ തന്നെ മരത്തോലുടുക്കും, ചാക്ക്‌ ഉടുക്കും, പട്ടുടുക്കും, മൃഗത്തോലുടുക്കും, വളരെ വില പിടിച്ച വസ്ത്രങ്ങളും ഉടുക്കും. എന്ത്‌ കിട്ടിയോ അതു ധരിക്കും. വസ്ത്രത്തിന്റെ കാര്യത്തിലും എനിക്കു നിര്‍ബന്ധമില്ല. യദ്യച്ഛയാല്‍ ധര്‍മ്മ്യമായ ഉപഭോഗങ്ങള്‍ ലഭിച്ചാല്‍ ഞാന്‍ അതു വേണ്ടെന്നു പറഞ്ഞു തളളുന്നതല്ല. ദുര്‍ല്ലഭമായതിനെ ഞാന്‍ അമ്പേഷിക്കാറുമില്ല. ശിവവും, അചലവും, അനശ്വരവും വിശോകവും, ശുചിയും, എതിരില്ലാത്തതുമായതെല്ലാം പണ്ഡിതന്മാര്‍ക്കു ബോദ്ധ്യമായതാകുന്നു. മൂഢാത്മാക്കള്‍ക്ക്‌ ഇതൊന്നും രസിക്കുകയില്ല. ശുചിയായി ഞാന്‍ ആജഗരമായ (**) വ്രതത്തെ സ്വീകരിക്കുന്നു. അചലമതിയും സ്വധര്‍മ്മത്തില്‍നിന്നു തെറ്റിപ്പോകാത്തവനും, പരിമിതസംസൃതിയും, പരാവരജ്ഞനുമായ ഞാന്‍ ഭയകലുഷനാകാതെ ലോഭമോഹങ്ങളെ തൃജിച്ചു ശുചിയായി ആജഗര വ്രതത്തെ അനുഷ്ഠിക്കുന്നു. നിയതമല്ലാതെ ലഭിക്കുന്ന ഫലഭക്ഷ്യ ഭോജ്യങ്ങളെ വിധിയുടെ മാറ്റത്തിന്നനുസരിച്ച്‌ ദേശകാലാനുസാരമായി സ്വീകരിച്ച്‌ ജളന്മാര്‍ കൈക്കൊളളാത്ത സുഖത്തെ ഞാനേറ്റ്‌ ശുചിയായി ആജഗര വ്രതം അനുഷ്ഠി ക്കുന്നു.

ഇതും ഇതും ഇനിയും വേണമെന്ന തൃഷ്ണ വന്നു മനസ്സില്‍ കയറി. ധനം ലഭിക്കാതെ വിഷണ്ണരായി അലയുന്ന ജനങ്ങളെ നല്ലപോലെ നോക്കി മനസ്സിലാക്കി തത്ത്വബോധത്തോടു കൂടി ശുചിയായി ആജഗരമായ വ്രതത്തെ ഞാന്‍ സ്വീകരിക്കുന്നു. ധനത്തിന്റെ ആഗമനം പലവിധത്തിലും കണ്ട്‌ കൃപണനായി അനാര്യന്മാരെ ആശ്രയിക്കാതെ രുചിയെ ശമിപ്പിച്ചു ശാന്താത്മാവായി ശുചിയായി ഞാന്‍ ആജഗരമായ വ്രതത്തെ സ്വീകരിക്കുന്നു. സുഖം, അസുഖം, അര്‍ത്ഥലാഭം, അര്‍ത്ഥനഷ്ടം, രതി, അരതി, മൃതി, ജീവിതം ഇവയുടെ രഹസ്യമെല്ലാം തത്ത്വമായി അറിഞ്ഞവനായ ഞാന്‍ ശുചിയായി ആജഗരമായ വ്രതം സ്വീകരിക്കുന്നു. ഭയം, രാഗം, മോഹം, ഗര്‍വും എന്നിവയെ വിട്ടവനും, ധൃതി, മതി, ബുദ്ധി, എന്നിവയോടു കൂടിയവനും, പ്രശാന്തനുമായ ഞാന്‍, ഫലം സിദ്ധിക്കുന്ന ഭോഗിമാരെ ഓര്‍ത്തു കൊണ്ട്‌ ശുചിയായ ഞാന്‍, ആജഗര വ്രതത്തെ സ്വീകരിക്കുന്നു. അശനം, ശയനം എന്നിവയില്‍ നിഷ്ഠവിട്ട്‌ സ്വഭാവാല്‍ ദമം, നിയമം, എന്നീ വ്രതത്തോടെ സത്യം, ശാചം എന്നിവയില്‍ സക്തനായി, ഫലാസക്തി ഒഴിവാക്കി പ്രഹൃഷ്ടനായി, ശുചിയായി ഞാന്‍ ആജഗര വ്രതം അനുഷ്ഠിക്കുന്നു. അഴല്‍ ഉണ്ടാക്കുന്ന അര്‍ത്ഥത്തില്‍ ആഗ്രഹിക്കാതെ, ശരിയായ ബോധത്തോടെ, ആത്മസ്വഭാവത്തോടെ, ആഗ്രഹങ്ങളില്‍ ഇളകുന്ന മനസ്സിനെ അടക്കുവാന്‍ ശുചിയായി ഞാന്‍ ആജഗര വ്രതം അനുഷ്ഠിക്കുന്നു. മനസ്സുകൊണ്ടും, വാക്കുകൊണ്ടും, കരളുകൊണ്ടും പ്രിയപ്പെട്ട സുഖത്തിന്റെ ദുര്‍ല്ലഭതയേയും അനിതൃതയേയും കുറിച്ച്‌ ചിന്തിക്കാതെ, ദ്വന്ദ്വങ്ങളുടെ സ്വഭാവം കണ്ടറിഞ്ഞ്‌, ശുചിയായി ഞാന്‍ ആജഗര വ്രതം അനുഷ്ഠിക്കുന്നു.

ബുദ്ധിമാന്മാരായ കവികള്‍ പലതും കഥിക്കുന്നു. തങ്ങള്‍ക്കു കീര്‍ത്തിക്കു വേണ്ടി പലതും നിര്‍മ്മിക്കുന്നു. ഇതും ഇതും എന്ന്‌ ഓരോന്നിലും തന്റേയും അന്യരുടേയും അഭിപ്രായങ്ങള്‍ തമ്മില്‍ ഭേദം കാണിച്ച്‌ വിഡ്ഡികള്‍ നിന്ദിക്കുന്നു. ഇതൊക്കെ ശരിയായി ധരിക്കാതെ വീഴ്ച വരുത്തുന്ന അപണ്ഡിതന്മാര്‍ അവയെ ഏല്ക്കുന്നതായിക്കണ്ട്‌ അതിരറ്റ ദോഷത്തെ നരന്‍ കൈയേല്‍ക്കുന്നതു കണ്ട്‌ ഞാന്‍ തൃഷ്ണവിട്ടവനായി ജീവിക്കുന്നു.

ഭീഷ്മൻ പറഞ്ഞു: മഹാത്മാവായ നരന്‍, ആജഗര വ്രതം സ്വീകരിച്ച്‌ വിരക്തനായി ജീവിക്കുന്നവന്‍, ഭയം, ദുഃഖം, ദുരാഗ്രഹം, മോഹം ഇവയൊക്കെ വിട്ട്‌ അതിസുഖത്തോടെ ലോകത്തില്‍ വിഹരിക്കും.

(**) ആജഗര വ്രതം എന്നാല്‍ ആജഗരത്തിന്റെ (പെരുമ്പാമ്പിന്റെ) വ്രതം എന്നാണർത്ഥം. പെരുമ്പാമ്പ് ഒരിടത്തു കിടക്കും. തരത്തിന്നു വന്നു കിട്ടിയതു കഴിക്കും; കിട്ടിയില്ലെങ്കിൽ എത്ര  നാളും പട്ടിണി കിടക്കും.  അന്വേഷിച്ചു നടക്കാറില്ല.

അദ്ധ്യായം 180. സൃഗാലകാശ്യപസംവാദം - കുറുക്കന്റെയും കാശ്യപന്റെയും കഥ - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ പിതാമഹാ, ബന്ധുക്കള്‍, തന്റെ ധനം, പ്രജ്ഞ ഇവയില്‍ ഏതാണ്‌ മനുഷ്യന്റെ ആശ്രയം? എന്താണെന്നു ഞാന്‍ അങ്ങയോട്‌ ചോദി ക്കുന്നു. അങ്ങു പറഞ്ഞു തന്നാലും..

ഭീഷ്മൻ പറഞ്ഞു: ലോകര്‍ക്ക്‌ പ്രതിഷ്ഠയായിട്ടുളളത്‌ പ്രജ്ഞയാണ്‌. ഉത്തമമായ ലാഭം നരന്മാര്‍ക്കു പ്രജ്ഞയാണ്‌. നരന്റെ സൌഖ്യം എന്നതു തന്നെ പ്രജ്ഞയാണ്‌. നരന്ന്‌ സ്വര്‍ഗ്ഗവും പ്രജ്ഞയാണ്‌. സജ്ജനസമ്മതമായിട്ടുള്ള കാര്യമാണ്‌ ഞാന്‍ പറഞ്ഞത്‌.

ഐശ്വര്യം നഷ്ടപ്പെട്ട കാലത്ത്‌ മഹാബലി പ്രജഞകൊണ്ടാണ്‌ സിദ്ധാര്‍ത്ഥനായി വിരാജിച്ചത്‌. പ്രഹ്ലാദനും, മങ്കിയും, നമുചിയും പ്രജ്ഞയാല്‍ ശ്രേയസ്സു നേടി. ഇതില്പരം ഉദാഹരണങ്ങള്‍ എന്തുണ്ട്‌ പറയുവാന്‍!

ഇപ്പറഞ്ഞതിന്ന്‌ ഉദാഹരണമായി പണ്ടുള്ളവര്‍ പറയാറുള്ള ഒരു കഥ ഞാന്‍ പറയാം. അത്‌ ഇന്ദ്രനും, കാശ്യപനും തമ്മില്‍ നടന്ന ഒരു സംവാദമാണ്‌ യുധിഷ്ഠിരാ!

ഒരു വൈശ്യന്‍ വ്രതമെടുത്ത കാശ്യപമഹര്‍ഷിയുടെ കുമാരനെ തേരോടിക്കുമ്പോള്‍ തട്ടിവീഴ്ത്തി. വൈശ്യന്‍ ധനത്താല്‍ ഗര്‍വ്വുളളവനും ശ്രീമാനുമായിരുന്നു. ബാലനോ, ഒരു തപസ്വിയുടെ മകനായിരുന്നു. രഥചക്രം തട്ടിവീണ അവന്‍ വേദനിച്ച്‌ കോപിച്ച്‌ ആത്മത്യാഗത്തിന്നു തന്നെ തീര്‍ച്ചയാക്കി. അവന്‍ പറഞ്ഞു: ഞാന്‍ ഇവിടെക്കിടന്നു ചാവുകയാണ്‌. ധനമില്ലാത്തവന്‍ ജീവിച്ചിട്ടെന്തു കാര്യം! ഇങ്ങനെ ആത്മനിന്ദ ചെയ്ത്‌ അവന്‍ ചാകുവാന്‍ തന്നെ തീരുമാനിച്ച്‌ അവിടെയിരുന്നു.

ഈ സന്ദര്‍ഭത്തില്‍ ഇന്ദ്രന്‍ ഒരു കുറുക്കന്റെ രൂപമെടുത്തു ചെന്ന്‌ ആ ലുബ്ധചിത്തനോടു പറഞ്ഞു: എല്ലാ ജീവികളും എല്ലായിടത്തും മനുഷ്യജന്മം ലഭിക്കുവാനാണ്‌ ആഗ്രഹിക്കുന്നത്‌. മനുഷ്യത്വത്തില്‍ വിപ്രത്വം ലഭിച്ചാല്‍ അതിവിശേഷമായി എന്നാണ്‌ എല്ലാവരും പറയുന്നത്‌. അങ്ങയാണെങ്കില്‍ മനുഷ്യനാണ്‌, വിപ്രനാണ്‌, ശ്രോത്രിയനാണ്‌. ഇതില്പരം മേന്മയെന്തുണ്ട്‌? കാശ്യപാ! ദുര്‍ല്ലഭമായ അനുഗ്രഹം കൈവന്ന നീ ദോഷത്തെ ചിന്തിച്ച്‌ ചാകുവാന്‍ വിചാരിക്കുകയാണോ? ലോഭമൊക്കെ അഭിമാനത്തോടെ ചേര്‍ന്നതാണെന്ന നിന്റെ ശ്രുതി സത്യമാണ്‌. സന്തോഷിക്കേണ്ടവനായ ഭവാന്‍ ലോഭത്താല്‍ അഭിമാനിക്കുകയാണല്ലോ ചെയ്യുന്നത്‌.

ഹേ ബ്രാഹ്മണാ, നീ കാര്യത്തിന്റെ യോഗ്യത അറിയുന്നി ല്ല. ആര്‍ക്കു കൈകള്‍ ദൈവം നല്‍കിയിട്ടുണ്ടോ, അവര്‍ എല്ലാ അര്‍ത്ഥവും നേടിയവരാണ്‌. ആര്‍ക്ക്‌ കൈകളുണ്ടോ, അവരില്‍ എനിക്ക്‌ അളവറ്റ അസൂയയാണുളളത്‌. പാണിമാന്മാരില്‍ (കൈയുളളവരില്‍) ഞങ്ങള്‍ കൊതിക്കുന്നു. നിങ്ങളുടെ ധനത്തിലും കൊതി തോന്നുന്നു. പാണി ലാഭത്തേക്കാള്‍ മെച്ചപ്പെട്ട ഒരു ധനലാഭവും ഞാന്‍ കാണുന്നില്ല. ഹേ ബ്രാഹ്മണാ, കൈകളില്ലാത്ത കാരണം മുള്ളുതറച്ച ഞങ്ങള്‍ക്ക്‌ അതുംകൊണ്ട്‌ നടക്കാനേ പറ്റു. വല്ല ജീവികളും ദേഹത്തിലിരുന്നു കടിച്ചാല്‍ അതിനെ അടിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല. വിരല്‍ പത്തുള്ള കൈകള്‍ ദൈവം ആര്‍ക്ക്‌ കൽപിച്ചിരിക്കുന്നുവോ, അവര്‍ തങ്ങളുടെ ദേഹത്തില്‍ വന്നു കടിക്കുന്ന ഏതു ജീവിയേയും അടിച്ചു കൊന്നുകളയും. മഴവന്നാലും, മഞ്ഞുവന്നാലും, വെയിലായാലും അതില്‍ നിന്നൊക്കെ രക്ഷ കിട്ടുവാന്‍ വേണ്ട പണികള്‍ അവന്‍ കൈകൊണ്ടു ചെയ്യും. വസ്ത്രങ്ങള്‍ ഉണ്ടാക്കി ഉടുക്കും. സുഖമായി ശയ്യയുണ്ടാക്കി അതില്‍ കിടക്കും. കാറ്റു തട്ടാത്ത വിധം ദേഹത്തെ രക്ഷിക്കും. പശുവിനെ പിടിച്ച്‌ അറുത്തു മാംസം തിന്നും. കാളകളെ പിടിച്ച്‌ പൂട്ടും, വണ്ടിക്കു കെട്ടും. ഇങ്ങനെ പല ഉപായങ്ങളാലും പലതിനേയും തന്റെ പാട്ടില്‍ നിര്‍ത്തും. നാവില്ലാത്തവരും കൈയില്ലാത്തവരും നിര്‍ഭാഗ്യവാന്മാര്‍ തന്നെ. കൃപണന്മാരായ അവര്‍ ദുര്‍ബ്ബലന്മാരാണ്‌. എന്നാല്‍ ഭാഗ്യം കൊണ്ട്‌ അത്തരത്തിലല്ലല്ലോ ഭവാന്‍. നീ കുറുക്കനല്ല, ഭാഗ്യം! കൃമിയല്ല നീ. എലിയല്ല നീ. പാമ്പല്ല, തവളയല്ല, മറ്റു പാപയോനികളില്‍ ഒന്നിലും ജനിച്ചവനല്ല. ഇത്രത്തോളം ലഭിച്ച ലാഭം കൊണ്ട്‌ കാശ്യപാ, നീ സന്തോഷിക്കുക. പിന്നെ എന്തുവേണം? നീ എല്ലാ ജീവികളിലും വെച്ചു ശ്രേഷ്ഠനായ ബ്രാഹ്മണോത്തമനല്ലേ!

എന്റെ കഥ ഒന്നു നോക്കൂ! എന്നെ കൃമികള്‍ കടിക്കുന്നു. അവയെ ഒന്നു തുടച്ചു നീക്കുവാന്‍ കൈകളില്ലാതെ ഞാന്‍ കഷ്ടപ്പെടുന്നത്‌ നീ കാണുന്നുണ്ടോ! ഈ ദുഃഖാവസ്ഥയില്‍ നിടക്കുന്ന ഞാന്‍ ആത്മത്യാഗത്തിന്നൊരുങ്ങുന്നില്ല. ഈ പാപിയായ കുറുക്കനായിപ്പിറന്ന്‌ ഞാന്‍ എന്തിനിങ്ങനെ കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നു കരുതി ഞാനിപ്പോള്‍  തൂങ്ങിമരിക്കും, വെള്ളത്തില്‍ മുങ്ങിച്ചാകും എന്നൊന്നും വിചാരിക്കുന്നില്ല. ഇതിലും പാപമായ മറ്റു ജന്മം കിട്ടാതിരിക്കണേ എന്നാണ്‌ എന്റെ വിചാരം, പാപജന്മങ്ങള്‍ ലഭിച്ചവരുടെ നടുവില്‍ ഞാന്‍ ഒരു കുറുക്കനായിട്ടാണ്‌ പിറന്നത്‌. ഇതിലും അധികം പാപമുള്ള എത്ര പാപയോനിജന്മാര്‍ കിടക്കുന്നു ഭൂമിയില്‍!

ചിലര്‍ ജന്മനാ സുഖിക്കുന്നവരായി പിറക്കുന്നു. ചിലരെന്നും ദുഃഖിച്ചു കഴിയേണ്ടവരായി പിറക്കുന്നു. എന്നാല്‍ എല്ലാക്കാലവും സുഖമായിത്തന്നെ ഇരിക്കുന്നവരെ ഞാന്‍ ഒരിടത്തും കാണുന്നില്ല. മനുഷ്യര്‍ ആഢ്യരായി രാജ്യം ഇച്ഛിക്കുന്നു. രാജ്യം ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ ഇനി ദേവനാവാനെന്തു വേണം എന്നാണാഗ്രഹിക്കുന്നത്‌. ദേവത്വം കിട്ടിയാലോ തൃപ്തിയാവുകയില്ല. ദേവേന്ദ്രനാകാന്‍ എന്താണ്‌ മാര്‍ഗ്ഗമെന്നാണ്‌ അവന്‍ ചിന്തിക്കുക. നീ ആഢ്യനായാലും, രാജാവായാലും, പിന്നെ ദേവനായി മാറിയാലും, പിന്നെ ദേവേന്ദ്രനായിത്തീര്‍ന്നാലും നീ സന്തോഷിക്കുകയില്ല. ആഗ്രഹങ്ങള്‍ അങ്ങനെ കയറിക്കയറിപ്പോകും. ഇഷ്ടപ്പെട്ടതു ലഭിച്ചാല്‍ തൃപ്തിയാവുകയില്ല. അതിലും അധികം പ്രിയപ്പെട്ടതിലേക്കായിരിക്കും അവന്റെ നോട്ടം. തൃഷ്ണയെന്നത്‌ വലിയ ഒരു അഗ്നിയാണ്‌. അത്‌ വെളളം ഒഴിച്ചാല്‍ കെടുന്ന അഗ്നിയല്ല. സമിത്തിനാല്‍ അഗ്നിയെന്നപോലെ അത്‌ വീണ്ടും വീണ്ടും കത്തിജ്ജ്ലിക്കും.

അങ്ങയ്ക്ക്‌ ശോകവും വരും, ഹര്‍ഷവും വരും. സുഖത്തിന്റേയും ദുഃഖത്തിന്റേയും നില അതാണ്‌. അതില്‍ ആവലാതിപ്പെടാനെന്തുണ്ട്‌? എല്ലാ കാമങ്ങളേയും, മൂലത്തേയും, എല്ലാ കര്‍മ്മങ്ങളുടെ മൂലത്തേയും, ബുദ്ധിയാലും ഇന്ദ്രിയത്താലും തടഞ്ഞു നിര്‍ത്തുക. കൂട്ടില്‍ പക്ഷികളെ ഇടുന്ന മട്ടില്‍ ബന്ധിച്ചു നിര്‍ത്തുക. ഒരാളുടെ ശിരസ്സ്‌ ഒരിക്കല്‍ അറുത്തുവീഴ്ത്തിയാല്‍ രണ്ടാമതും വീഴ്ത്തുമെന്ന്‌ അവന്‍ ഭയപ്പെടാറുണ്ടോ? രണ്ടു പ്രാവശ്യത്തെ വധം ഒരാള്‍ക്കുണ്ടാകുമോ? ഒരുത്തന്‍ ഒരു പ്രാവശ്യമേ മരിക്കൂ! തനിക്കു മുന്നാമതു ഒരു കൈ ഉണ്ടായില്ലല്ലോ എന്നു വിചാരിച്ച്‌ ആരെങ്കിലും ഭയപ്പെടുന്നുണ്ടോ? ദുഃഖിക്കുന്നുണ്ടോ? രസജ്ഞനല്ലാത്ത പുരുഷന്ന്‌ കാമം ജനിക്കുകയില്ല. തൊട്ടാല്‍ അറിയും, നോക്കിയാല്‍ കണ്ടറിയും, കേട്ടാല്‍ കേട്ടതറിയും. അതാണ്‌ രസജ്ഞാനം.

വാരുണിയെ (ഒരുതരം മദ്യം) പ്പറ്റി നീ ചിന്തിക്കുന്നുണ്ടോ? ലഡ്വാകപ്പക്ഷിയെപ്പറ്റി നീ അറിയുന്നുണ്ടോ? ഈ പറഞ്ഞത്‌ രണ്ടും നല്ല രസമുള്ളവയാണ്‌. വറുത്ത ലഡ്വാകമാംസവും കൂട്ടി മദ്യം കുടിക്കുവാന്‍ വളരെ രസമാണ്‌. നീ അത്‌ അനുഭവിക്കാത്തതുകൊണ്ട്‌ നിനക്കതില്‍ മോഹമില്ല. ഇവ രണ്ടിലും നല്ല ഭക്ഷ്യം വേറെയില്ലെന്നാണ്‌ അനുഭവിച്ചവര്‍ പറയുന്നത്‌. വേറേയും നല്ല ഭക്ഷണങ്ങള്‍ ജീവികളിലുണ്ട്‌. നീ അവയെ മുമ്പ്‌ അനുഭവിക്കാത്തവയാകയാല്‍ നീ അതില്‍ കൊതിക്കുന്നില്ല. ബ്രാഹ്മണാ! തിന്നാതിരിക്കുക, തൊട്ടു നോക്കാതിരിക്കുക, കാണാതിരിക്കുക എന്നിങ്ങനെ പുരുഷന്നു ചില നിയമം പാലിക്കേണ്ടതുണ്ട്‌. അത്‌ ശ്രേയസ്സിന്നുളളതാണ്‌. അതില്‍ യാതൊരു സംശയവുമില്ല.

കൈ ഉളളവര്‍ ബലവാന്മാരാണ്‌. അവര്‍ തന്നെയാണ്‌ ധനവാന്മാര്‍. അതില്‍ സംശയത്തിന്നു വഴിയില്ല. മനുഷ്യര്‍ക്കു ദാസ്യം ഉണ്ടാക്കിയത്‌. മനുഷ്യര്‍ തന്നെയാണ്‌. മറ്റാരാലുമല്ല അവര്‍ക്കു ദാസ്യം. അവര്‍ വധം, ബന്ധം, പരിക്ലേശം എന്നിവയാല്‍ വീണ്ടും വീണ്ടും ക്ലിഷ്ടരാകുന്നു. ഈ അല്ലലില്‍പ്പെട്ടു കിടക്കുന്നവരും രമിക്കുന്നു, രസിക്കുന്നു, ഹസിക്കുന്നു. ചിലര്‍ കൈയുക്കുള്ളവരും, വിദ്യയുള്ളവരും, മനസ്വികളും ആകുന്നു. ചിലര്‍ വെറുപ്പിക്കുകയും കൃപണമായ പാപവ്യത്തിയെ ഏല്‍ക്കുകയും ചെയ്യുന്നു. അവര്‍ വേറെ വൃത്തിയേൽക്കുവാനും ശ്രമിക്കും. സ്വകര്‍മ്മം കൊണ്ട്‌ അപ്രകാരം ദൃഢമായും വന്നു കൂടേണ്ടതായും വരും.

ചണ്ഡാലനും, പുല്ക്കസനും ആത്മത്യാഗത്തിന്നു നിനയ്ക്കുകയില്ല. അവര്‍ തങ്ങളുടെ ജാതി കൊണ്ടു തന്നെ സന്തുഷ്ടന്മാരാണ്‌. ലോകത്തിന്റെ മായാബലം നോക്കൂ! ഞൊണ്ടി നടക്കുന്നവരെ നീ കാണുന്നില്ലേ? പക്ഷവാതം പിടിച്ചവരെ നീ കാണുന്നില്ലേ? രോഗം പലതും ബാധിച്ചവരെ നീ കാണുന്നില്ലേ? ആ തരക്കാരനല്ലല്ലോ നീ. നിനക്ക്‌ ഒരു രോഗവും ഇല്ല ഇപ്പോള്‍. നീ ജന്മനാ പൂര്‍ണ്ണനാണ്‌. എല്ലാ അവയവങ്ങളും തികഞ്ഞവനാണ്‌. ഒന്നിനും ഒരു ഹാനിയുമില്ല. രോഗം ബാധിച്ചു ചാകാന്‍ പോകുന്നുമില്ല. ഈ നിലയ്ക്ക്‌ നീ ലാഭവാനല്ലേ?

ഹേ ബ്രാഹ്മണാ, നിന്റെ ദേഹം രോഗഹീനമാണ്‌. നീ നിരാമയനാണ്‌. അംഗങ്ങളെല്ലാം സമ്പൂര്‍ണ്ണമാണ്‌. പാരില്‍ നീ ധിക്കരിക്കപ്പെട്ടവനല്ല, വെറുക്കപ്പെട്ടവനല്ല. അപവാദത്താല്‍ അസത്യം സത്യമാക്കുന്നതാണ്‌ ലോകം. അതു കൊണ്ട്‌ ഹേ വിപ്രര്‍ഷേ, നീ ധര്‍മ്മത്തിന്നായിക്കൊണ്ട്‌ എഴുന്നേറ്റാലും! ആത്മഹതൃക്ക്‌ ഒരുങ്ങരുതേ! അല്ലയോ ബ്രാഹ്മണാ! ഞാന്‍ ഒരു കുറുക്കനാണെന്നു വിചാരിച്ച്‌ എന്റെ വാക്കു നീ തള്ളിക്കളയരുത്‌. അങ്ങ്‌ ഞാന്‍ പറഞ്ഞതില്‍ ശ്രദ്ധ ചെലുത്തുക. എന്നാല്‍ വേദത്തില്‍ പറഞ്ഞ ധര്‍മ്മത്തിന്റെ മുഖ്യമായ ഫലം ഭവാന്‍ അനുഭ വിക്കും.

സ്വാദ്ധ്യായം, അഗ്നിസംസ്കാരം എന്നിവ പ്രമാദം വിട്ട്‌ നീ കാക്കണം. സത്യം, ദമം, ദാനം ഇവ നീ മറ്റൊരാളോടും തിരക്കരുത്‌. സ്വാദ്ധ്യായമുള്ളവരും, യജനയാജനങ്ങളുള്ളവരും, ചീത്തക്കാര്യങ്ങള്‍ ചിന്തിക്കുകയോ അതിനെപ്പറ്റി അനുശോചിക്കുകയോ ചെയ്യുകയില്ല. വിഹാരം ഇച്ഛിക്കുന്ന അവര്‍ മഹത്തായ സുഖം നേടും. നല്ല നാളില്‍, നല്ല പക്കത്തില്‍, നല്ല മുഹൂര്‍ത്തത്തില്‍ ജനിച്ചവര്‍ യജ്ഞം, ദാനം, പ്രജ എന്നിവയില്‍ ശക്തിയായി ഉത്സാഹത്തോടെ പ്രയത്നിക്കും. ആസുരമായ നാളില്‍, ചീത്ത പക്കത്തില്‍, ചീത്ത സമയത്ത്‌ പിറന്നവന്‍, യജ്ഞവും സന്താനങ്ങളുമില്ലാത്തവനായി, ദുര്‍വൃത്തനായി, അസുരയോനിയില്‍ ചെന്നു ചാടും.

ഹേ ബ്രാഹ്മണാ, ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ഒരു വിദ്വാനായിരുന്നു. ഒരു യുക്തിവാദിയായിരുന്നു. വേദനിന്ദകനായിരുന്നു. പാഴായ ആസ്വീക്ഷികീതര്‍ക്കവിദ്യയില്‍ (**) ബഹുതല്‍പരനായിരുന്നു. ഹേതുവാദങ്ങള്‍ വാദിക്കുന്നവനും, ഹേതുവാദികളുടെ സദസ്സില്‍ പ്രസംഗിക്കുന്നവനുമായിരുന്നു. വളരെ ആക്ഷേപം പറയുന്നവനും, സജ്ജനങ്ങളും വേദജ്ഞന്മാരുമായ ബ്രാഹ്മണരെ, ബ്രഹ്മവാകൃത്തെപ്പറ്റിപ്പറഞ്ഞ്‌, ശകാരിക്കുന്നവനുമായിരുന്നു. നാസ്തികനും, സര്‍വ്വത്തിനേയും ദുശ്ശങ്കയോടെ വീക്ഷിക്കുന്നവനും, മൂര്‍ഖനും, പാണ്ഡിത്യ ഗര്‍വ്വുളളവനുമായിരുന്നു. ഹേ ദ്വിജോത്തമാ! അതിന്റെ ഫലമായി എനിക്കു കിട്ടിയതാണ്‌ കുറുക്കന്റെ ജന്മം. വളരെ രാവും പകലും പിന്നിട്ടു പോകുമ്പോള്‍ ഒരു കാലത്ത്‌ കുറുക്കന്റെ ജന്മം വിട്ട്‌ മര്‍ത്ത്യജന്മം എനിക്കു കിട്ടാതിരിക്കുമോ?

സന്തോഷിക്കുന്നവനും, അപ്രമത്തനും, യജ്ഞദാന തപോത്തമനും, അറിയേണ്ടത്‌ അറിഞ്ഞവനുമായ്‌ വര്‍ജ്ജ്യങ്ങളെ വര്‍ജ്ജിക്കുന്നവനുമായിത്തീരണം അന്നു ഞാന്‍.

ഉടനെ ആ കാശ്യപന്‍ അവിടെനിന്ന്‌ എഴുന്നേറ്റ്‌ കുറുക്കനോട്‌ പറഞ്ഞു:  അമ്പോ! നീ മഹാന്‍ തന്നെ! ബുദ്ധിമാന്‍ തന്നെ! എന്നു വിസ്മയത്തോടെ പറഞ്ഞു. ആ കുറുക്കന്റെ നേരെ ബ്രാഹ്മണന്‍ തന്റെ ദീര്‍ഘമായ ലോചനങ്ങളാല്‍, ജ്ഞാനത്താല്‍ നോക്കി. ബ്രാഹ്മണന്ന്‌ ആ സൃഗാലനെ മനസ്സിലായി. ശചീപതിയായ ഇന്ദ്രനാണ്‌ കുറുക്കന്റെ വേഷത്തില്‍ തന്നെ ഉപദേശിക്കാന്‍ വന്നിരിക്കുന്നതെന്ന്‌ (ബാഹ്മണന്‍ അറിഞ്ഞു. ഉടനെ ബ്രാഹ്മണന്‍ ഭക്തിയോടെ കൈകുപ്പി ഇന്ദ്രന്റെ മുമ്പില്‍ നിന്നു. ഇന്ദ്രന്‍ സ്വന്തരൂപത്തില്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷനായി. ഇന്ദ്രന്റെ സമ്മതത്തോടെ ബ്രാഹ്മണന്‍ സസന്തോഷം സ്വഗൃഹത്തിലേക്കു പോയി.

(**) ഗൗതമന്റെ ന്യായശാസ്ത്രം


No comments:

Post a Comment