Sunday 14 August 2022

അശ്വമേധപര്‍വ്വം ആദ്യ 50 അദ്ധ്യായങ്ങൾ

 1. യുധിഷ്ഠിരശോകം - ഭീക്ഷ്മരുടെ ഉദകക്രിയ കഴിഞ്ഞു ഗംഗയിൽ നിന്ന് കയറിയ യുധിഷ്ഠിരൻ മോഹാലസ്യപ്പെട്ട് വീഴുന്നു. ധൃതരാഷ്ട്രർ ധർമ്മപുത്രരെ സമാശ്വസിപ്പിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഉദകക്രിയ കഴിഞ്ഞ്‌ ധൃതരാഷ്ട്രനെ മുമ്പില്‍ നടത്തി മഹാഭുജനായ യുധിഷ്ഠിരന്‍ ഗംഗാനദിയില്‍ നിന്നു കരയിലേക്കു കയറി. ആകുലേന്ദ്രിയനായ യുധിഷ്ഠിരന്‍ കണ്ണില്‍ നിറഞ്ഞ കണ്ണുനീരോടെ കരയിലെത്തിയ ഉടനെ ഒരു ഒറ്റയാനായ ആന വീഴുന്ന മട്ടില്‍ ബോധം കെട്ട്‌ ഗംഗാതീരത്ത്‌ വീണു. ഉടനെ കൃഷ്ണന്‍, "ഭീമാ താങ്ങു!", എന്നു പറഞ്ഞയുടനെ ജ്യേഷ്ഠനെ ഭീമന്‍ താങ്ങി. ശത്രുബലാര്‍ദ്ദനനായ കൃഷ്ണന്‍, "പാടില്ല, ദുഃഖിക്കരുത്‌!", എന്നു തളര്‍ന്നു വീണ യുധിഷ്ഠിരനെ നോക്കി പറഞ്ഞു. ആര്‍ത്തനായി ഭൂമിയില്‍ വീണ്‌ അവിടെക്കിടന്നു നെടുവീര്‍പ്പിടുന്ന ധര്‍മ്മജനായ യുധിഷ്ഠിരനെ മറ്റു പാണ്ഡവന്മാര്‍ ചുറ്റും നിന്നു വിഷാദകലുഷമായ നയനങ്ങളോടെ നോക്കി. ദുഃഖാര്‍ത്തനായി, അവശനായി, ബോധം കെട്ടു തളര്‍ന്നു കിടക്കുന്ന രാജാവിനെക്കണ്ട്‌ പാണ്ഡവന്മാര്‍ ചുറ്റും ശോകപരവശരായി ഇരുന്നു പോയി. പുത്രശോകാര്‍ത്തനായ ധൃതരാഷ്ട്ര രാജാവ്‌, പ്രജ്ഞാദൃഷ്ടിയായ ആ മഹാബുദ്ധിമാന്‍, യുധിഷ്ഠിരനോട്‌ ഇപ്രകാരം പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അല്ലയോ കുരുശാര്‍ദ്ദൂലാ,എഴുന്നേല്‍ക്കൂ! കൗന്തേയാ, ഇനി മേല്‍ എന്താണ്‌ ചെയ്യേണ്ടതെന്നറിഞ്ഞ്‌ അതു നിര്‍വ്വഹിക്കുക! അല്ലയോ രാജാവേ, നീക്ഷത്രധര്‍മ്മം സ്വീകരിച്ച്‌ ഈ ധരിത്രിയെ ജയിച്ചിരിക്കുന്നു. സുഹൃത്തുക്കളോടും, ഭ്രാതാക്കളോടും ചേര്‍ന്ന്‌ നീ ഭൂമിയെ അനുഭവിച്ചു കൊള്ളുക. നിനക്ക്‌ ദുഃഖിക്കേണ്ടതായി ഞാന്‍ ഒന്നും കാണുന്നില്ല രാജാവേ! അല്ലയോ ധര്‍മ്മഭൃത്തമാ, ഞാന്‍ പറയുന്നത്‌ കേള്‍ക്കുക! നീ ഞങ്ങളുടെ കഥ ചിന്തിച്ചു നോക്കൂ! ഞങ്ങള്‍ക്കു നൂറു മക്കളും നഷ്ടപ്പെട്ടു. സ്വപ്നത്തില്‍ കൈയില്‍ക്കിട്ടിയ നിധി പോലെ അവരെല്ലാം നഷ്ടപ്പെട്ടു. രാജാവേ, ഈ ഞങ്ങള്‍ക്ക്‌, എനിക്കും ഗാന്ധാരിക്കും ദുഃഖിക്കേണ്ടതായിട്ടുണ്ട്‌. നിനക്ക്‌ എന്തുള്ളു ദുഃഖിക്കുവാന്‍? എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ നമുക്ക്‌ ഹിതമിച്ഛിക്കുന്ന മഹാനായ വിദുരന്‍ പറഞ്ഞ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായിരുന്നു. അതു ഞാന്‍ കേട്ടില്ല. ഈ ദുര്‍മ്മതിയായ ഞാന്‍, അതു കേള്‍ക്കാഞ്ഞതു കൊണ്ട്‌, ഇന്നു ദുഃഖത്തിന് പാത്രമായി. അന്നു വിദുരന്‍ പറഞ്ഞത്‌ ഇന്നും എന്റെ ഹൃദയത്തില്‍ മുഴങ്ങുന്നു.

വിദുരന്‍ പറഞ്ഞു: ദുര്യോധനന്‍ ചെയ്യുന്ന കുറ്റം മൂലം നിന്റെ വംശം നശിച്ചു പോകും. രാജാവേ, നീ നിന്റെ വംശത്തിന് സ്വസ്തി കാംക്ഷിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്നത്‌ ചെയ്യുക. ഈ ദുഷ്ടനും വിഡ്ഢിയുമായ ദുര്യോധനനെ ഉപേക്ഷിക്കുക! കര്‍ണ്ണനും ശകുനിയും ഇവനെ ഒരിക്കലും കാണരുത്‌. അവര്‍ നിശ്ചയിച്ചു വെച്ച ഈ ചൂതുകളിയുണ്ടല്ലോ, അതു നീ തടുത്തേ പറ്റൂ! നീ ധര്‍മ്മപുത്രനെ രാജാവായി അഭിഷേകം ചെയ്യണം. അവന്‍ ധര്‍മ്മിഷ്ഠനാണ്‌. വശിയായ അവന്‍, ഇന്ദ്രിയങ്ങള്‍ അടക്കി വാഴുന്ന അവന്‍, ധര്‍മ്മത്താല്‍ ഈ ഭുമി ഭരിച്ചു കൊള്ളും. കൗന്തേയനായ ധര്‍മ്മപുത്രനെ രാജാവാക്കുന്ന കാര്യത്തില്‍ നിനക്കു വിഷമമുണ്ടെങ്കില്‍ വേണ്ടാ; നീ തന്നെ എല്ലാറ്റിനും നാഥനായി രാജ്യം കൈയേറ്റ്‌ ഭരിക്കുക രാജാവേ! എല്ലാ ജീവികളിലും തുല്യമനോഭാവത്തോടെ നില്‍ക്കൂ നരാധിപാ! അല്ലയോ ജ്ഞാതിവര്‍ദ്ധനനായ രാജാവേ, നിന്നെ സകല ജ്ഞാതികളും സേവിച്ചു ജീവിക്കട്ടെ!

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇപ്രകാരം അന്നു ദീര്‍ഘദര്‍ശിയായ വിദുരന്‍ എന്നെ ഉപദേശിച്ചു. ഞാന്‍ ഭാഗ്യദോഷം നിമിത്തം വിദുരന്റെ വാക്കുകള്‍ മാനിച്ചില്ല. ആ വാക്കുകളെ തെറ്റിച്ച്‌ ഞാന്‍ പാപിയും ദൂര്‍ബുദ്ധിയുമായ ദുര്യോധനനെ പിന്‍തുടരുകയാണുണ്ടായത്‌. അവന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം ഞാന്‍ വഴങ്ങിക്കൊടുത്തു. ആ ധീരന്‍ പറഞ്ഞ മധുരമായ, ഹിതമായ വാക്ക്‌ കേള്‍ക്കാതിരുന്നത് മൂലം മഹാദുഃഖമായ ഫലമാണ്‌ ഞാന്‍ നേടിയത്‌. ഞാന്‍ ദുഃഖത്തിന്റെ മഹാസമുദ്രത്തില്‍ ആണ്ടുപോയി. രാജാവേ, വൃദ്ധരായി വാഴുന്ന ഈ മാതാപിതാക്കളെ നീ കാണുന്നില്ലേ? നോക്കൂ മകനെ, നിന്റെ ഈ വൃദ്ധരായ അച്ഛനമ്മമാര്‍ ദുഃഖിക്കുന്ന മഹാസകങ്കടത്തിന്റെ ആഴം നീ കാണുന്നില്ലേ? ഭവാന്‌ ദുഃഖിക്കുവാന്‍ ഒന്നും ഞാന്‍ കാണുന്നില്ല രാജാവേ.

2. കൃഷ്ണദ്വൈപായനസാന്ത്വനം - ധൃതരാഷ്ട്രന്റെ വാക്ക് കേട്ടിട്ടും മിണ്ടാതിരിക്കുന്ന യുധിഷ്ഠിരനെ കൃഷ്ണൻ സമാശ്വസിപ്പിക്കുന്നു - വൈശമ്പായനൻപറഞ്ഞു; ഇപ്രകാരം ധീമാനായ ധൃതരാഷ്ട്രരാജാവ്‌ പറഞ്ഞപ്പോള്‍ ആ ബുദ്ധിമാനായ രാജാവ്‌ മൗനമായിരുന്നു. അപ്പോള്‍ കേശവന്‍ ഇപ്രകാരം പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: അല്ലയോ ജനാധിപാ, മനസ്സു കൊണ്ട്‌ അധികമായി ദുഃഖിക്കുകയാണെങ്കില്‍ അവന്റെ മുമ്പെ മരിച്ചുപോയ പിതൃക്കള്‍ ആ ദുഃഖം മൂലം തപിപ്പിക്കപ്പെടും. രാജാവേ, ഭവാന്‍ വളരെ യജ്ഞങ്ങള്‍ ദക്ഷിണയോടു കൂടി നടത്തുക. സോമംകൊണ്ടും, സ്വധകൊണ്ടും, ദേവന്മാരെയും, പിതൃക്കളെയും തൃപ്തരാക്കുക. അന്നപാനം കൊണ്ട്‌ പാന്ഥന്മാരെയും, പലതരം ആഗ്രഹ നിവൃത്തി മൂലം ദരിദ്രരെയും തൃപ്തരാക്കുക. നിന്നെപ്പോലെയുള്ള മഹാബുദ്ധിമാന്മാര്‍ക്കു ചേര്‍ന്നതല്ല ഈ ദുഃഖഭാവം. അറിയേണ്ടതൊക്കെ നീ അറിഞ്ഞു. ചെയ്യേണ്ടതൊക്കെ നീ ചെയ്തു. രാജധര്‍മ്മങ്ങളെല്ലാം നീ ഭീഷ്മനില്‍ നിന്നു ഗ്രഹിച്ചുകഴിഞ്ഞു. വേദവ്യാസനും, നാരദനും, വിദുരനും, പറഞ്ഞതും എല്ലാം കേട്ടു ഗ്രഹിച്ചതിന് ശേഷം ഈ മൂഢവൃത്തിയെ പിന്നെ പിന്തുടരുകയാണോ? പിതൃപൈതാമഹമായ ക്രമത്തെ അനുസരിച്ചു ക്രമം തെറ്റാതെ നീ ഭാരം ഏല്ക്കുക. യശസ്സോടു കൂടി മിക്കവാറും എല്ലാ ക്ഷത്രിയന്മാരും പടവെട്ടി സ്വര്‍ഗ്ഗം പ്രാപിച്ചു. അതില്‍ ഞാന്‍ സംശയിക്കുന്നില്ല. ക്ഷത്രിയ ശൂരന്മാരില്‍ ആരും പിന്‍തിരിഞ്ഞ്‌ ഓടി വധിക്കപ്പെട്ടിട്ടില്ല. മഹാരാജാവേ,ഭവാന്‍ ശോകംവിടുക. വന്നതൊക്കെ വരേണ്ടതുതന്നെയാണ്‌. ഈ പോരില്‍ ചത്തവരെ വീണ്ടും ഒന്ന്‌ കാണണമെന്നുവെച്ചാല്‍ അതു സാദ്ധ്യമായ കാര്യമല്ല.

വൈശമ്പായനന്‍ പറഞ്ഞു: മാധവന്‍ ഇത്രയും ധര്‍മ്മജനായ യുധിഷ്ഠിരനോടു പറഞ്ഞ്‌ മിണ്ടാതെ നിന്നു. അപ്പോള്‍ തേജസ്വിയായ യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ഗോവിന്ദാ, ഭവാന് എന്നിലുള്ള പ്രീതി എത്രത്തോളം വലുതാണെന്നുള്ളത്‌എനിക്കറിയാം. അങ്ങ്‌ എന്നില്‍ എപ്പോഴും സൗഹൃദം കൊണ്ടും പ്രേമം കൊണ്ടും കനിയുന്നു. അല്ലയോ ഭഗവാനേ, യാദവനന്ദനാ! അങ്ങ്‌ സസന്തോഷം എന്നെ വനത്തിലേക്കു പോകുവാന്‍ അനുവദിക്കയാണെങ്കില്‍ ആ ഒരു പ്രവൃത്തി മൂലം അങ്ങ്‌ ഈ ലോകത്തില്‍ ഏറ്റവും വലിയ പ്രിയപ്രീതി എനിക്കു ചെയ്തതായി ഞാന്‍ കണക്കാക്കും. ഞാന്‍ യാതൊരു ശാന്തിയും കാണുന്നില്ല. പിതാമഹനെയല്ലേ വീഴ്‌ത്തിക്കളഞ്ഞത്‌! പോരില്‍ പിന്മാറാത്ത കര്‍ണ്ണനെയല്ലേ വീഴ്ത്തിയത്‌! ഗുരുജനങ്ങളെ വധിച്ച്‌ മഹാപാപം നേടിയ എനിക്ക്‌ ഈ ക്രൗര്യത്തിന് തക്കതായ പരിഹാരം എന്താണ്‌? എന്തു ചെയ്താലാണ്‌ ഞാന്‍ അതില്‍ നിന്നു മുക്തനാവുക? എന്റെ മനസ്സ്‌ ശുദ്ധമായി സമാധാനം കൊള്ളുവാന്‍ എന്തു ചെയ്യണമെന്നു പറയു കേശവാ.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന പാര്‍ത്ഥനോടു തേജസ്വിയും ധര്‍മ്മജ്ഞനുമായ വ്യാസന്‍ സാന്ത്വനം ചെയ്തു ശുഭവും അര്‍ത്ഥപൂര്‍ണ്ണവുമായ വാക്കുകള്‍ പറഞ്ഞു.

വ്യാസന്‍ പറഞ്ഞു; അല്ലയോ യുധിഷ്ഠിരാ, ഉണ്ണീ,നിനക്ക്‌ ഇപ്പോഴും മനസ്സിന് ഒരു ഉറപ്പും വന്നിട്ടില്ല. നീ വീണ്ടും ബാല്യത്വം മൂലം, വിവരക്കേടു മൂലം, ഭ്രമിച്ചു കൊണ്ടിരിക്കുന്നു. എന്തിനാണ്‌ ഉണ്ണീ, നാം ഇങ്ങനെ വെറുതെ വീണ്ടും വീണ്ടും പ്രലപിക്കുന്നത്‌? നീ ക്ഷത്രധര്‍മ്മജ്ഞനല്ലേ? ക്ഷത്രിയന്മാരുടെ ജീവിതധര്‍മ്മമല്ലേ യുദ്ധം? അപ്രകാരം ചെയ്യുന്ന രാജാവ്‌ ആധിയാകുന്ന ബന്ധത്തില്‍ പെടുന്നതു ശരിയല്ല, അരുതാത്തതാണ്‌. എല്ലാ മോക്ഷധര്‍മ്മങ്ങളും നീ ശരിക്കു കേട്ടു കഴിഞ്ഞു. കാമജങ്ങളായ പല സംശയങ്ങളും ഞാന്‍ പറഞ്ഞു തന്ന്‌ പരിഹരിച്ചു. ഭവാന്‍ ഒര്‍മ്മകെട്ടവനാണ്‌. ശ്രദ്ധയില്ലാത്തവനാണ്‌, അതില്‍ യാതൊരു സംശയവുമില്ല. ഇപ്രകാരം ആകാന്‍ പാടില്ല. ഇത്‌ നിനക്കു നന്നല്ല. ഇങ്ങനെ അജ്ഞത്വം ബാധിക്കുവാന്‍ പാടില്ല. അല്ലയോ ശുഭാശയാ! എല്ലാ പ്രായശ്ചിത്തവും നിനക്കറിയാം. രാജധര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളുമെല്ലാം നീ കേട്ടു. എന്നിട്ടും സര്‍വ്വധര്‍മ്മജ്ഞനും സര്‍വ്വ ആഗമ വിചക്ഷണനുമായ ഭവാന്‍ അറിയാത്തവനെ പോലെ വീണ്ടും ഇങ്ങനെ അന്ധതയില്‍ വീണു പോകാന്‍ എന്താണ്‌ കാരണം? എന്തേ, ഈ മാതിരി മോഹിക്കുവാന്‍?

3. സംവര്‍ത്തമരുത്തീയം അശ്വമേധയാലോചന മാരുത്തപ്രസംഗം - വല്ല പാപവും ചെയ്തു പോയിട്ടുണ്ടെങ്കിൽ അശ്വമേധം കഴിച്ചാൽ അവയ്‌ക്കെല്ലാം പരിഹാരമായെന്ന് വ്യാസന്‍ ഉപദേശിക്കുന്നു - വ്യാസന്‍ പറഞ്ഞു: അല്ലയോ യുധിഷ്ഠിരാ! ഭവാന്റെ പ്രജ്ഞ ഒട്ടും നന്നായില്ല എന്നാണ്‌ എന്റെ അഭിപ്രായം. ആര്‍ക്കും സ്വതന്ത്രനായി ഒരു ക്രിയയും നടത്തുവാന്‍ കഴിയുന്നതല്ല. തന്റെ യോഗൃത കൊണ്ടാണ്‌ ഇവിടെ ഓരോ കാര്യവും നടക്കുന്നതെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു വിഡ്ഡിത്തമാണ്‌. നല്ലതായാലും ചീത്തയായാലും മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മത്തിന് പ്രേരകമായി ഒരു ശക്തി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്‌. ദൈവമാണ്‌ പ്രവര്‍ത്തിപ്പിക്കുന്നവന്‍. അല്ലയോ മാനദാ, കാര്യങ്ങളുടെ രഹസ്യം അതായിരിക്കേ, പിന്നെ ആവലാതിപ്പെടുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ? താനാണ്‌ ഈ പാപം ചെയ്തവന്‍,ആത്മാവാണ്‌ പാപകര്‍മ്മാവ്‌, എന്ന്‌ നീ ഒടുവില്‍ ചിന്തിക്കുകയാണ്‌. അതുകൊണ്ടു നീ ഞാന്‍ പറയുന്നത്‌ കേള്‍ക്കൂ!

പാപം നശിക്കുവാനുള്ള ഉപായം, പാപമുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ ഞാന്‍ പറഞ്ഞുതരാം ഭാരതാ! തപസ്സ്‌,യജ്ഞം, ദാനം ഇവയാല്‍ ഏതു പാപിയും പാപത്തില്‍ നിന്ന് മുക്തനാകും. ഇത്‌ എപ്പോഴും നടക്കുന്നതാണ്‌. യജ്ഞം കൊണ്ടും, തപസ്സു കൊണ്ടും, ദാനം കൊണ്ടും അല്ലയോ രാജാവേ, ദുഷ്കര്‍മ്മം ചെയ്ത മര്‍ത്തൃര്‍ ശുദ്ധരാകും. അസുരന്മാരും, സുരന്മാരും പുണ്യത്തിന് വേണ്ടി യജ്ഞം ചെയ്യാറുണ്ട്‌. മഹാത്മാക്കള്‍ അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക്‌ അതാണല്ലോ ഒരു നിദര്‍ശനം.

മഹാത്മാക്കളായ ദേവകള്‍ മേലെയായി വരുവാന്‍ കാരണം യജ്ഞകര്‍മ്മങ്ങളാണ്‌. അങ്ങനെ യജ്ഞം ചെയ്ത ദേവകള്‍ ശക്തരായി ദാനവന്മാരെ തോല്പിച്ചു കളഞ്ഞു. രാജസൂയം, അശ്വമേധം, സര്‍വ്വമേധം, നരമേധം എന്നിവയെല്ലാം അല്ലയോ ഭാരതാ, ഭവാന്‍ ചെയ്തു കൊള്ളുക. യുധിഷ്ഠിരാ! വിധിപ്രകാരം ദക്ഷിണയോടു കൂടിയ അശ്വമേധം ഭവാന്‍ ചെയ്യുക. പണ്ട്‌ ശ്രീരാമന്‍ ചെയ്തതു പോലെ വേണ്ടുവോളം അന്നവും വിത്തവുമൊരുക്കി അശ്വമേധം തന്നെ കഴിക്കുക. ഭരതരാജാവ്‌, ദുഷ്യന്താത്മജനായ പൃഥ്വീനാഥന്‍, നിന്റെ പൂര്‍വ്വപിതാമഹന്‍, ശകുന്തളയിലുണ്ടായ വീരന്‍ എങ്ങനെഅശ്വമേധം ചെയ്തുവോ, അതേവിധം നീയും അശ്വമേധയാഗം കഴിക്കുക.

യുധിഷ്ഠിരന്‍ പറഞ്ഞു: അശ്വമേധം തീര്‍ച്ചയായും രാജാവിനെ ശുദ്ധനാക്കും. എന്നാല്‍, ഇക്കാരൃത്തില്‍ എനിക്ക്‌ ഒരഭിപ്രായം തോന്നുന്നു. അതും ഭവാന്‍ കേള്‍ക്കണേ! അല്ലയോ ദ്വിജോത്തമാ, ഞാന്‍ വലിയ ജ്ഞാതിദ്ധ്വംസം കഴിച്ചവനാണ്‌. ആ മഹാപാതകം യുദ്ധത്തില്‍ ചെയ്തു കഴിഞ്ഞതിന് ശേഷം ഞാന്‍ നടത്തുന്ന ഈ അശ്വമേധത്തില്‍ സ്വല്പമായി വല്ല ദാനവും കൊടുത്ത്‌ അവസാനിപ്പിച്ചാല്‍ പോരെന്ന്‌ ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ അതിന് തക്ക, അത്ര മാത്രം, ധനം എവിടെയുണ്ട്‌? ധനം ആവശ്യം പോലെ ഞാന്‍ കാണുന്നുമില്ല.

യുദ്ധം കഴിഞ്ഞ്‌ രാജ്യത്തിലെ ധനമൊക്കെ നശിച്ചിരിക്കുമ്പോള്‍, ദീനരായ ഈ ബാലരോട്‌ ഞാന്‍ എങ്ങനെ ധനം ആവശ്യപ്പെടും? ഇനിയും ഉണങ്ങിയിട്ടില്ലാത്ത വ്രണത്തോടു കൂടിയ രാജപുത്രരോട്‌ ഞാന്‍ എങ്ങനെ വിത്തം യാചിക്കും? ഞാന്‍ ആദ്യം ഭൂമിയെ യുദ്ധംചെയ്തു മുടിച്ചു. ഇപ്പോള്‍ യജ്ഞത്തിന് വേണ്ടി കരം വാങ്ങി മുടിക്കുന്നത് ശരിയാണോ? ദുഃഖത്തില്‍ പെട്ടുഴലുന്ന ഞാന്‍ എങ്ങനെ അതിന്നൊരുങ്ങും? ദുര്യോധനന്റെ കുറ്റത്താല്‍ മന്നില്‍ രാജാക്കന്മാരെല്ലാം നമുക്കു കീര്‍ത്തിയുണ്ടാക്കിത്തന്ന്‌ നശിച്ചുപോയി മുനിസത്തമാ! ദുര്യോധനന്‍ സ്വത്തിന് വേണ്ടി ധരിത്രിയെ ക്ഷയിപ്പിച്ചു. അതോടൊപ്പം ദുഷ്ടനായ ധാര്‍ത്തരാഷ്ട്രന്റെ ഖജനാവും തീര്‍ന്നുപോയി. ഭൂരിദക്ഷിണയായി വിധിപ്രകാരം ആദ്യമായി വിദ്വാന്മാര്‍ കണ്ട പ്രകാരം യജ്ഞം ചെയ്യണം. അല്ലെങ്കില്‍ അതില്‍ വിധിവിപര്യയമായി പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ പകരം മറ്റൊന്ന്‌ ചെയ്യണം. ഇന്നത്തെ സാമ്പത്തിക നില പരിഗണിച്ച്‌ ഞാന്‍ എന്തു ചെയ്യണമെന്ന്‌ ഒരു മന്ത്രിയെപ്പോലെ എന്നെ ഉപദേശിച്ചാലും.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍ കൃഷ്ണദ്വൈപായനന്‍ ഒട്ടു സമയം പിന്തിച്ച്‌ ധര്‍മ്മരാജാവിനോട്‌ ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു; ഉടഞ്ഞു പോയ ഭണ്ഡാരം പൂര്‍ണ്ണമാകും. ധാരാളം ദ്രവ്യം ഹിമാലയത്തില്‍ കിടപ്പുണ്ട്‌. മഹാത്മാവായ മരുത്തന്റെ യജ്ഞത്തില്‍ ബ്രാഹ്മണര്‍ ഉപേക്ഷിച്ചതാണ്‌ ആ സ്വര്‍ണ്ണം. അത്‌ വരുത്തിയാല്‍ കൗന്തേയ! ഭവാന്റെ ആവശ്യം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുവാന്‍ കഴിയും.

യുധിഷ്ഠിരന്‍ പറഞ്ഞു: മരുത്തന്റെ യജ്ഞത്തില്‍ വിത്തം എങ്ങനെയാണ്‌ സമ്പാദിച്ചത്‌? അത്രയേറെ സ്വര്‍ണ്ണം എവിടെ നിന്നു ലഭിച്ചു? ആ രാജാവ്‌ ഏതു കാലത്താണ്‌ ജീവിച്ചിരുന്നത്‌? വാഗമി സത്തമാ, പറഞ്ഞാലും!

വ്യാസന്‍ പറഞ്ഞു: രാജാവേ, എന്നാല്‍ കേള്‍ക്കുക. "കാരന്ധമ" രാജാവിനെപ്പറ്റി പറയാം. മഹാവീര്യവാനും, മഹാധനവാനുമായ ആ രാജാവ്‌ ഏതു കാലത്താണ്‌ വാണിരുന്നതെന്നും പറയാം. കേള്‍ക്കുക.

4. സംവര്‍ത്തമരുത്തീയം മരുത്തവംശകഥനം - മരുത്തന്റെ വംശകഥനവും മരുത്തൻ യാഗത്തിന് ഒരുങ്ങുന്നതും - യുധിഷ്ഠിരന്‍ പറഞ്ഞു: അല്ലയോ ധര്‍മ്മജ്ഞാ, ദ്വൈപായനാ! രാജര്‍ഷീന്ദ്രനായ മരുത്തന്റെ കീര്‍ത്തനം കേള്‍ക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌. അനഘാശയാ! അവന്റെ കഥ പറഞ്ഞാലും!

വ്യാസന്‍ പറഞ്ഞു: പണ്ട്‌ കൃതയുഗത്തില്‍ ദണ്ഡധരനും, ഭൂമിയുടെ പ്രഭുവുമായ മനു ഉണ്ടായി ഉണ്ണീ! പ്രസന്ധി എന്നു പേരായി പ്രസിദ്ധനായ ഒരു പുത്രന്‍ അവനുണ്ടായി. പ്രസന്ധിയുടെ പുത്രനായി പ്രസിദ്ധനായ ക്ഷുപനുണ്ടായി. ക്ഷുപന്റെ പുത്രനായി ഇക്ഷ്വാകു എന്നു പ്രസിദ്ധനായ രാജാവുണ്ടായി. അവന്‍ മഹാശക്തനായിരുന്നു. അവന് നുറു പുത്രന്മാരുണ്ടായി. അവര്‍ പ്രധാനപ്പെട്ട ധാര്‍മ്മികന്മാരായിരുന്നു. ഇക്ഷ്വാകു രാജാവ്‌ തന്റെ നുറു പുത്രന്മാരെയും രാജാക്കളാക്കി. അവരില്‍ ജ്യേഷ്ഠന്‍ വില്ലാളികളില്‍ ഉത്തമനായ വിംശനായിരുന്നു. വിംശന്റെ പുത്രനായി ശുഭശീലനായ വിവിംശനുണ്ടായി ഭരതര്‍ഷഭാ! വിവിംശന് പതിനഞ്ചു മക്കളുണ്ടായി. എല്ലാവരും ബ്രഹ്മണ്യരും, വില്ലെടുത്തവരില്‍ വിക്രാന്തന്മാരും, സത്യവാന്മാരുമായിരുന്നു. ശാന്തന്മാരും, ദാനധര്‍മ്മസ്ഥന്മാരും, എല്ലായ്പോഴും പ്രിയം മാത്രം പറയുന്നവരുമായിരുന്നു. അവരില്‍ ജ്യേഷ്ഠന്‍ "ഖനീനേത്ര"നായിരുന്നു. അവന്‍ രാജ്യം അകണ്ടകമായി നേടി. എന്നാല്‍ അവന് രാജ്യം പാലിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, പ്രജകള്‍ രാജാവില്‍ തൃപ്തരായിരുന്നില്ല. അവനെ രാജപദത്തില്‍ നിന്ന് നീക്കി പ്രജകള്‍ രാജാവിന്റെ തേജസ്വിയായ പുത്രനെ രാജാവായി അഭിഷേകം ചെയ്തു. എല്ലാവര്‍ക്കും സന്തോഷമായി. അച്ഛന്റെ പൈകൃതവും രാജ്യഭ്രംശവും കണ്ട്‌ അവന്‍ അടക്കത്തോടെ പ്രജകളുടെ ഹിതമറിഞ്ഞ്‌ രാജ്യം ഭംഗിയായി ഭരിച്ചു.

ബ്രഹ്മണ്യനും സത്യം പറയുന്നവനും ശുദ്ധനും ശമദമാന്വിതനുമായ അവനില്‍ പ്രജകള്‍ രഞ്ജിച്ചു. അവന്‍ ധര്‍മ്മനിത്യനും മനസ്വിയുമായിരുന്നു. ധര്‍മ്മം ചെയ്യുന്ന അവന്റെ ഭണ്ഡാരം ശോഷിച്ചു. സാമന്ത രാജാക്കന്മാര്‍ നിര്‍ദ്ധനനായിത്തീര്‍ന്ന അവനെ പീഡിപ്പിച്ചു. പലരും ആക്രമിക്കുവാന്‍ തുടര്‍ന്നപ്പോള്‍, ഭണ്ഡാരവും കുതിരകളും നശിച്ച അവന്‍ പുരത്തോടും ഭൃത്യജനങ്ങളോടും കൂടി ദുഃഖത്തിലായി. ബലം ക്ഷയിച്ചെങ്കിലും അവനെ വധിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്തു കൊണ്ടെന്നാല്‍ ആ രാജാവ്‌ സുവൃത്തനും ധര്‍മ്മപരായണനുമായിരുന്നു യുധിഷ്ഠിരാ!

പുരത്തോട് കൂടെ വലിയ ദുഃഖത്തില്‍ പതിച്ചപ്പോള്‍ രാജാവ്‌ തന്റെ കൈയില്‍ ബലമായി ഒന്ന്‌ ഊതി. ഉടനെ ആ രാജാവ്‌ ബലവാനായിത്തീര്‍ന്നു. പിന്നെ അവന്‍ അയല്‍രാജ്യത്തിലെ രാജാക്കന്മാരെയെല്ലാം ജയിച്ചു. അങ്ങനെ ഈ കരത്തില്‍ ഊതി ബലശാലിയായ രാജാവ്‌ കരന്ധമന്‍എന്ന പേരില്‍ പ്രസിദ്ധനായി രാജാവേ!

ത്രേതായുഗത്തിന്റെ ആദിയില്‍ അവന്‌ കാരന്ധമന്‍ എന്നറിയപ്പെടുന്ന പുത്രനുണ്ടായി. ശ്രീമാനായ അവന്‍ ഇന്ദ്രതുല്യനായി. ദേവകള്‍ക്കു പോലും എളുപ്പത്തില്‍ ജയിക്കുവാന്‍ കഴിയാത്തവനായി. ആ രാജാവിന്റെ അധീനത്തില്‍ മിക്ക രാജാക്കന്മാരും വന്നു ചേര്‍ന്നു. അവന്‍ സ്വഭാവം കൊണ്ടും ബലം കൊണ്ടും അവര്‍ക്കൊക്കെ ചക്രവര്‍ത്തിയായിത്തീര്‍ന്നു. അവിക്ഷിത്ത്‌ എന്ന പേരില്‍ അറിയപ്പെടുന്ന ആധര്‍മ്മജ്ഞന്‍ ശൗരൃത്താല്‍ ഇന്ദ്രസന്നിഭനായി. ശ്രുതിമാനും ധര്‍മ്മജ്ഞനും ധൃതിമാനും സംയതേന്ദ്രിയനുമായ അവന്‍ യാഗം ചെയ്യുവാന്‍ ഒരുങ്ങി.

തേജസ്സു കൊണ്ട്‌ അര്‍ക്കസദൃശനും ക്ഷമ കൊണ്ട്‌ ക്ഷമ(ഭൂമി)യോടു തുല്യനും ബുദ്ധി കൊണ്ട്‌ ബൃഹസ്പതിയോട് തുല്യനും സ്ഥിരതയില്‍ ഹിമവാനോടു തുല്യനുമായിരുന്നു. മനസ്സ്‌, വാക്ക്‌, കര്‍മ്മം എന്നിവയാലും ദമത്താലും ശാന്തിയാലും പ്രജകളുടെ മനസ്സ്‌ ആ രാജാവ്‌ രഞ്ജിപ്പിച്ചു. പ്രഭുവായിരിക്കുന്ന അവന്‍ നൂറ്‌ അശ്വമേധയാഗം ചെയ്തു. പ്രഭുവും വിദ്വാനുമായ അംഗിരസ്സു തന്നെ യജ്ഞം ചെയ്തു. അവന്റെ പുത്രന്‍ ഗുണങ്ങള്‍ കൊണ്ട്‌ അച്ഛനേക്കാള്‍ മേലെയായി. അവനാണ്‌ മരുത്തന്‍ എന്നു പേരു കേട്ട ചക്രവര്‍ത്തി.

പതിനായിരം ആനയ്ക്കു തുല്യം ബലമുള്ളവനായ അവന്‍ രണ്ടാമത്തെ വിഷ്ണു എന്ന പോലെ ശോഭിച്ചു. അവന്‍ യജ്ഞം ചെയ്യുവാന്‍ ഒരുങ്ങി. ഹിമാലയത്തിന്റെ വടക്കു ഭാഗത്ത്‌ മഹാമേരുവില്‍ പോയി ആയിരക്കണക്കിന്‌ സ്വര്‍ണ്ണപ്പാത്രങ്ങള്‍ നേടി. വിളമ്പുന്ന പാത്രങ്ങളും മറ്റു സകല സാധനങ്ങളും സ്വര്‍ണ്ണത്താല്‍ ഉണ്ടാക്കിച്ചു. പൊന്മയമായ വലിയ പാത്രങ്ങളും മറ്റും നേടി കര്‍മ്മം തുടങ്ങി. കുണ്ഡങ്ങള്‍, പാത്രപീഠങ്ങള്‍, മൂടിയുള്ള പലതരം പാത്രങ്ങള്‍, കലങ്ങള്‍, വട്ടകകള്‍,അടുക്കുപാത്രങ്ങള്‍ എല്ലാം സ്വര്‍ണ്ണം കൊണ്ടു പണിയിച്ചു. ഇങ്ങനെ പൊന്‍പണിക്കാരെക്കൊണ്ടു പണി ചെയ്യിച്ച പാത്രങ്ങള്‍ക്ക്‌ ഒരു കൈയും കണക്കുമില്ല. രാജധാനിക്ക്‌ അടുത്തു തന്നെ യജ്ഞശാലയും പണിതു. ധര്‍മ്മജ്ഞനായ ആ രാജാവ്‌ യാഗം വിധിപ്രകാരം ആരംഭിച്ചു. അങ്ങനെ അനേകം രാജാക്കന്മാരോടു ചേര്‍ന്നവനായ മരുത്തന്‍ യാഗം വേണ്ടവിധം തുടങ്ങി.

5. സംവര്‍ത്തമരുത്തീയം ഇന്ദ്രബ്യഹസ്പതിസംവാദം - ബ്യഹസ്പതിയുടെ ഉപദ്രവം. സംവർത്തൻ കാട്ടിലേക്ക് പോകുന്നു. മരുത്തനിൽ അസൂയാലുവായ ഇന്ദ്രൻ ബ്യഹസ്പതിയെ യാഗത്തിന് അയയ്ക്കാതിരിക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ആ രാജാവ്‌ എങ്ങനെയാണ്‌ ഇത്ര വലിയ ശക്തനായത്‌? അല്ലയോ വാഗ്‌മിസത്തമനായ ദ്വിജാ! എങ്ങനെയാണ്‌ രാജാവ്‌ ഇത്രയധികം സ്വര്‍ണ്ണം സമ്പാദിച്ചത്‌? ഭഗവാനേ ആ ദ്രവ്യം ഇപ്പോള്‍ എവിടെയാണു കിടക്കുന്നത്‌? അത്‌ എങ്ങനെ നമുക്കു നേടുവാന്‍ കഴിയും? തപോധനാ, പറഞ്ഞാലും!"

വ്യാസന്‍ പറഞ്ഞു: ദക്ഷപ്രജാപതിക്ക്‌ ദേവകളും ദൈത്യരുമായി ധാരാളം സന്താനങ്ങളുണ്ടായി. അവര്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടായി. അതുപോലെ അംഗിരസ്സിന് തുല്യവ്രതരായി പരസ്പരം കലഹിക്കുന്ന രണ്ടു മക്കള്‍ ഉണ്ടായി. ഒന്ന്‌ ബൃഹത്തായ തേജസ്സോടു കൂടിയ ബൃഹസ്പതിയും, മറ്റേത്‌ തപസ്വിയായ സംവര്‍ത്തനുമാണ്‌. അവര്‍, "ഞാന്‍ മേലെ,ഞാന്‍ മേലെ", എന്ന്‌ തമ്മില്‍ തിരക്കുന്നവരായിരുന്നു. അവര്‍ യോജിക്കാതെ ഭിന്നിച്ചു നിന്നു. സംവര്‍ത്തനെ ബൃഹസ്പതി വീണ്ടും ബാധിച്ച്‌ ദ്രോഹിച്ചു. ജൃേഷഠഭ്രാതാവ്‌ എപ്പോഴും ദ്രോഹിച്ചു കൊണ്ടിരിക്കുകയാല്‍ അര്‍ത്ഥങ്ങളൊക്കെ അവന്‍ വിട്ട്‌ ദിഗംബരനായി കാട്ടിലേക്കു പോയി. വാസവന്‍ ദൈത്യരെ മിക്കവാറും കൊന്നു വീഴ്ത്തിയും ജയിച്ചും ഇന്ദ്രത്വം നേടി. അംഗിരസ്സിന്റെ ജ്യേഷ്ഠപുത്രനും വിപ്രാഗ്രൃനുമായ ബൃഹസ്പതിയെ പുരോഹിതനായി വരിച്ചു. പണ്ട്‌ കരന്ധമനെ യജിപ്പിച്ച പുരോഹിതനായിരുന്നു അംഗിരസ്സ്‌. അംഗിരസ്സ്‌ കരന്ധമന്റെ കുലപുരോഹിതനായിരുന്നു താനും. വീര്യം,വൃത്തം, ബലം എന്നിവ കൊണ്ട്‌ കരന്ധമരാജാവ്‌ ശക്രനെപ്പോലെ ഓജസ്വിയും ധര്‍മ്മാത്മാവും സംശിത വ്രതനുമായിരുന്നു. അവന് വാഹനം, യോദ്ധാക്കള്‍, പലതരം മിത്രങ്ങള്‍, വിലപിടിച്ച നല്ലനല്ല കട്ടിലുകള്‍, മെത്തകള്‍ എന്നിവയൊക്കെ ഏകാഗ്ര മാനസനായി ധ്യാനിച്ച്‌ ഊതിയാല്‍ മതി, എല്ലാം വിചാരിച്ചതൊക്കെ ഉണ്ടാവുകയായി. ഇങ്ങനെ അവന്‍ സകല രാജാക്കന്മാരെയും തന്റെ ഗുണങ്ങള്‍ കൊണ്ടു കീഴടക്കി. ഇഷ്ടം പോലെ ജീവിച്ച്‌ അവസാനം ഉടലോടു കൂടി സ്വര്‍ഗ്ഗം പ്രാപിക്കുകയും ചെയ്തു. അവന് ഉണ്ടായ പുത്രനും യയാതിയെപ്പോലെ ധാര്‍മ്മികനായിരുന്നു. ശത്രുക്കളെയൊക്കെ ജയിച്ച അവന്‍ അവിക്ഷിത്ത്‌ എന്ന പേരില്‍ പ്രസിദ്ധനായി. അവന്‍ ധരിത്രിയെ തന്റെ അധീനത്തിലാക്കി. ഗുണങ്ങളാലും വീര്യങ്ങളാലും അവന്‍ അച്ഛനെപ്പോലെ തന്നെ മഹാനായി. പിന്നെ അവന് ഇന്ദ്രതുല്യനായി ഒരു പുത്രന്‍ ഉണ്ടായി. വീര്യവാനായ ആ കുമാരന്‍ മരുത്തന്‍ എന്നു പ്രസിദ്ധനായി. അവനില്‍ ആഴി ചൂഴുന്ന ഊഴി കൂറോടെ നിന്നു. അവന്‍ നിത്യവും പ്രതാപത്തില്‍ ദേവേന്ദ്രനുമായി മത്സരിച്ചു കൊണ്ടിരുന്നു. മരുത്തനെക്കാള്‍ മേലെയാകണമെന്ന്‌ ദേവേന്ദ്രനും തിരക്കിക്കൊണ്ടിരുന്നു. പൃഥ്വീപതിയായ മരുത്തന്‍ വിശുദ്ധനും ഗുണവാനുമായിരുന്നു. കിണഞ്ഞു നോക്കിയിട്ടും വാസവന്ന്‌ അവനെക്കാള്‍ യോഗ്യത പ്രാപിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെയായപ്പോള്‍ ബൃഹസ്പതിയെ വിളിച്ച്‌ ഇന്ദ്രന്‍ ദേവകളോടു കൂടിയാലോചിച്ച്‌ ഇപ്രകാരം പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ ബൃഹസ്പതി, അങ്ങയോട്‌ ഞാന്‍ ഒരു കാര്യം പറയുന്നു. എനിക്ക്‌ ഇഷ്ടം ചെയ്യുവന്‍ ഭവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അങ്ങ്‌ മരുത്തന് ദൈവകര്‍മ്മങ്ങളും പിതൃകര്‍മ്മങ്ങളും ഒന്നും ചെയ്യരുത്‌. ഞാന്‍ പറയുന്നത്‌ എന്തു കൊണ്ടാണെന്നു ഭവാന്‍ ഗ്രഹിക്കണം. ഞാന്‍ മൂന്നു ലോകത്തിന് മാത്രമല്ല, എല്ലാ ദേവകള്‍ക്കും നാഥനായ ഇന്ദ്രനാണ്‌! ഇന്ദ്രത്വം നേടിയ ഞാനും മരുത്തനും ഒരു പോലെയല്ല. മരുത്തന്‍ വെറും ഒരു ഭുമിപാലന്‍ മാത്രമാണ്‌. അല്ലയോ ബ്രാഹ്മണാ, ഭവാന്‍ സുരേന്ദ്രനായ അമരനെ (മരണമില്ലാത്തവനെ) യജിപ്പിച്ചു. പിന്നെ അങ്ങ്‌ പോയി മരുത്തനെ എങ്ങനെ യജിപ്പിക്കും? അവന്‍, ആ മരുത്തന്‍, മരണമുള്ളവനല്ലേ? മര്‍ത്തൃനല്ലേ? അത്‌ അങ്ങയ്ക്കു ചേര്‍ന്നതല്ല! അതുകൊണ്ട്‌ ദവാന്‍ ഒരു കാര്യം ചെയ്തേ കഴിയൂ. ഒന്നുകില്‍ എന്നെ സ്വീകരിക്കുക. അല്ലെങ്കില്‍ എന്നെ വിട്ട്‌ അവനെ സ്വീകരിക്കുക. രണ്ടു വഞ്ചിയിലും കാലിടുന്നതു നന്നല്ല. മരുത്തനെ വിട്ട്‌ സ്വസ്ഥനായി ഭവാന്‍ എന്നെത്തന്നെ ഭജിക്കുക. അതാണു നല്ലത്‌! അതാണ്‌ ശുഭമാവുക.

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം അല്ലയോ കൗരവ്യാ,ദേവേന്ദ്രന്‍ ബൃഹസ്പതിയോട്‌ പറഞ്ഞപ്പോള്‍ അല്പസമയം ചിന്തിച്ചു നിന്നതിന് ശേഷം ദേവേന്ദ്രനോടു പറഞ്ഞു.

ബൃഹസ്പതി പറഞ്ഞു: അല്ലയോ ഇന്ദ്രാ, ഭവാന്‍ സകലഭൂതങ്ങള്‍ക്കും അധിപതിയാണ്‌. ലോകമെല്ലാം നിന്റെ അധീനത്തില്‍ നില്ക്കുന്നു. നീ വലിയ വിക്രമങ്ങള്‍ ചെയ്തവനാണ്‌. വിശ്വരൂപന്‍, നമുചി, വലന്‍, എന്നിവരെയൊക്കെ വധിച്ചവനാണ്‌. ദേവകള്‍ക്കുള്ള അഗ്രശ്രീയെ ആഹരിച്ചവന്‍ ഭവാനാണ്‌. മന്നും വിണ്ണും ഭരിക്കുന്നവനാണു നീ. ഇത്‌ അങ്ങ്‌ എന്നും ചെയ്തു കൊണ്ടിരിക്കുന്നുവല്ലോ വലസൂദനാ! ഭവാന്റെ പൗരോഹിത്യം ഏറ്റിട്ട്‌ പിന്നെ എങ്ങനെയാണ്‌ ദേവഗണേശ്വരാ, ഞാന്‍ മര്‍ത്ത്യനായ മരുത്തനെ യജിപ്പിക്കുക? അല്ലയോ പാകശാസനനായ ഇന്ദ്രാ! ഭവാന്‍ ആശ്വസിക്കുക. ഞാന്‍ ഒരിക്കലും മനുഷ്യന് വേണ്ടി യജ്ഞത്തില്‍ സ്രുവം എടുക്കുന്നതല്ല. എന്റെ വാക്കിനെ ഭവാന്‍ കേള്‍ക്കുക. അഗ്നിക്ക്‌ ചൂടില്ലാതെയായേക്കാം, ഭൂമി കിടന്നു വട്ടം കറങ്ങിയേക്കാം, സൂര്യന്‍ രശ്മി ഉപേക്ഷിച്ചുവെന്നും വരാം. എന്നാല്‍ ഈയുള്ളവനില്‍ സത്യം ഒരിക്കലും തെറ്റിപ്പോവുകയില്ല.

വൈശമ്പായനൻ പറഞ്ഞു: ബൃഹസ്പതിയുടെ വാക്കു കേട്ട്‌ ഇന്ദ്രന്‍ മത്സരം വിട്ടു. ബൃഹസ്പതിയെ പ്രശംസിച്ച്‌ തന്റെ ഗൃഹത്തിലേക്കു പോന്നു.

6. സംവര്‍ത്തമരുത്തീയം സംവര്‍ത്തദര്‍ശനം ഇന്ദ്രബൃഹസ്പതി സംവാദം -  മരുത്തന്റെ ക്ഷണം ബൃഹസ്പതി നിഷേധിക്കുന്നു. നിരാശനായ മരുത്തനെ നാരദൻ ഉപദേശിക്കുന്നു - വ്യാസന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ നടപ്പുള്ളതു ഞാന്‍ പറയാം. ധീമാനായ മരുത്തനും ബൃഹസ്പതിയും തമ്മില്‍ നടന്ന സംവാദമാണത്‌.

ദേവരാജാവുമായി ബൃഹസ്പതി കരാറു ചെയ്തു എന്ന വൃത്താന്തം മരുത്തന്‍ കേട്ടു. അതു കൊണ്ടൊന്നും അവന്‍ കുലുങ്ങിയില്ല. യജ്ഞത്തിനു തയ്യാറായി ഒരുക്കങ്ങള്‍ ചെയ്തു. അങ്ങനെ യജ്ഞത്തിന് വേണ്ട കാര്യങ്ങളൊക്കെ ആ കരന്ധമരാജാവിന്റെ പൌത്രന്‍ ഒരുക്കി. വാഗ്‌മിയായ രാജാവ്‌ ബൃഹസ്പതിയുടെ സമീപത്തെത്തി പറഞ്ഞു.

മരുത്തന്‍ പറഞ്ഞു: ഭഗവാനേ, തപോധനാ, മുമ്പേ തന്നെ ഞാന്‍ ഭവാനെ ആശ്രയിച്ചു! യജ്ഞവും നിശ്ചയിച്ചു. ഗുരോ അങ്ങയുടെ വാക്കനുസരിച്ചാണ്‌ ഞാന്‍ ഇതില്‍ പ്രവര്‍ത്തിച്ചത്‌. ആ യജ്ഞത്തിന് വേണ്ടി സംഭാരങ്ങളെല്ലാമൊരുക്കി. ഞാന്‍ ഇതാ അങ്ങയെ ആശ്രയിക്കുന്നു. അല്ലയോ മഹാശയാ, ഞാന്‍ അങ്ങയ്ക്ക്‌ യാജ്യനാണ്‌. അങ്ങു വന്ന്‌ അതു നടത്തിത്തരിക്!.

ബൃഹസ്പതി പറഞ്ഞു: അല്ലയോ രാജാവേ, ഞാന്‍ നിന്നെ യജിപ്പിക്കുവാന്‍ വിചാരിക്കുന്നില്ല. എന്നെ ദേവേന്ദ്രന്‍ വരിച്ചു കഴിഞ്ഞു. ഞാന്‍ അവനോട്‌ ഏറ്റുപറയുകയുംചെയ്തു.

മരുത്തന്‍ പറഞ്ഞു: അച്ഛന്‍വഴി നിനക്ക്‌ യാഗംചെയ്യിക്കാന്‍ അവകാശപ്പെട്ടവനാണ്‌ ഞാന്‍. ഇന്നു തുടങ്ങിയതല്ല. നിന്റെ അച്ചനായിട്ട്‌, ഈ ഞങ്ങളുടെ വംശക്കാര്‍ക്ക്‌ യാഗം ചെയ്യിക്കാറുണ്ട്‌. ഞാന്‍ നിങ്ങളെ എത്രയും കാര്യമായി ബഹുമാനിച്ചിട്ടുണ്ട്‌; ബഹുമാനിക്കുന്നുമുണ്ട്‌. നിന്റെ യാജ്യനായി ഞാന്‍ ഇതാ വന്നിരിക്കുന്നു. അങ്ങയില്‍ കൂറുള്ളവനായ എന്നെ അങ്ങു സ്വീകരിച്ചാലും.

ബൃഹസ്പതി പറഞ്ഞു: എടോ രാജാവേ! ഞാന്‍ ദേവനെ യജിപ്പിച്ചതിന് ശേഷം പിന്നെ മർത്ത്യനെ യജിപ്പിക്കുക എന്നതുണ്ടാവുകയില്ല. മരുത്താ, നീ പൊയ്ക്കൊള്ളുക. അല്ലെങ്കില്‍ വേണ്ടാ, ഞാന്‍ നിന്നെ യജിപ്പിക്കുന്നതല്ല. നിങ്ങളുടെ യാജനം ഞാന്‍ ഉപേക്ഷിച്ചു. വേണമെങ്കില്‍ വേറെ വല്ലവരേയും നോക്കിക്കൊള്ളുക! നിന്റെ യജ്ഞം നടത്തിത്തരുവാന്‍ തയ്യാറുള്ളവര്‍ വേറെ ആരെങ്കിലും ഉണ്ടാകും. അവരെകണ്ട്‌ ഇഷ്ടം പോലെ വരിച്ചു കൊള്ളുക മഹാഭുജ!.

വ്യാസന്‍ പറഞ്ഞു: ബൃഹസ്പതി ഇപ്രകാരം പറഞ്ഞപ്പോള്‍ മരുത്തന്‍ ലജ്ജിച്ചു പോയി. നിരാശനായി അവന്‍ മടങ്ങിപ്പോകുന്ന സമയത്ത്‌ വഴിക്കു വച്ച്‌ നാരദമഹര്‍ഷിയെ കണ്ടുമുട്ടി. ദേവര്‍ഷിയായ നാരദന്റെ അടുത്തു ചെന്ന്‌ വിധിപ്രകാരം കൈകൂപ്പി നിന്നു. അപ്പോള്‍ ആ രാജാവിനോട് നാരദന്‍ പറഞ്ഞു.

നാരദന്‍ പറഞ്ഞു: രാജാവേ! അങ്ങ്‌ യാതൊരു ഹര്‍ഷവുമില്ലാത്തവനായി കാണുന്നു. എന്താണു വിശേഷം? സുഖം തന്നെയല്ലേ? അല്ലയോ സന്മതേ, ഭവാന്‍ എവിടെ പോയിരുന്നു? എവിടെ നിന്നാണ്‌ ഈ അസന്തുഷ്ടി സമ്പാദിച്ചത്‌? രാജാവേ! എനിക്കു കേള്‍ക്കുവാന്‍ വിരോധമില്ലെങ്കില്‍ പറയുക! നിന്റെ അല്ലല്‍ തീര്‍ക്കുന്നതിനു ഞാന്‍ കഴിയുന്ന ശ്രമം ചെയ്യാം. രാജാവേ, പറയൂ!

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം നാരദന്‍ പറഞ്ഞതു കേട്ട്‌ ആ രാജാവ്‌ തന്നെ ബൃഹസ്പതി ചതിച്ച കാര്യമൊക്കെ പറഞ്ഞു.

മരുത്തന്‍ പറഞ്ഞു: മഹര്‍ഷേ, ഞാന്‍ ആംഗിരസനായ ബൃഹസ്പതിയുടെ അടുത്തു ചെന്നു. എന്റെ യജ്ഞത്തിന്‌ ഋത്വിക്കായിരിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ അവന്‍ എന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു. അങ്ങനെ അവനാല്‍ തിരസ്‌കരിക്കപ്പെട്ടവനായ ഞാന്‍ നിരാശനായിരിക്കുന്നു. ഞാന്‍ ഇനി ജീവിച്ചിരിക്കുവാന്‍ വിചാരിക്കുന്നില്ല. ഗുരുവിനാല്‍ ഉപേക്ഷിക്കപ്പെട്ടവനായ ഞാന്‍ ദുഷിക്കപ്പെട്ടില്ലേ നാരദാ!

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം രാജാവ്‌ പറഞ്ഞപ്പോള്‍ നാരദന്‍ അതിനു മറുപടി പറഞ്ഞു. ആവിക്ഷിതരാജാവിനെ ജീവിപ്പിക്കുമാറ്‌ ഉന്മേഷം നല്കുന്ന വൃത്താന്തം പറഞ്ഞു.

നാരദന്‍ പറഞ്ഞു: രാജാവേ! കേള്‍ക്കൂ! അംഗിരസ്സിന്റെ പുത്രനായി മറ്റൊരാളുണ്ടല്ലോ! സംവര്‍ത്തന്‍ എന്ന്‌ അറിയപ്പെടുന്ന ആ മഹാന്‍ ധാര്‍മ്മികനാണ്‌. അവന്‍ ദിഗംബരനായി ദിക്കുകളിലൊക്കെ ചുറ്റി നടക്കുന്നുണ്ട്‌. സകല ജീവികളും അവനെക്കണ്ട്‌ അത്ഭുതപ്പെടുന്നു. ബൃഹസ്പതി ഉപേക്ഷിച്ചതില്‍ നീ വ്യസനിക്കേണ്ടതില്ല. അവനെ പോയിക്കാണുക. പ്രസന്നനും, യോഗിയുമായ സംവര്‍ത്തന്‍ നിന്റെ യാഗം നടത്തിത്തരും.

മരുത്തന്‍ പറഞ്ഞു: ഭഗവാനേ, നാരദാ, ഭവാന്‍ എന്നെ ജീവിപ്പിച്ചു. ഞാന്‍ ചത്തതായിരുന്നു! അങ്ങയുടെ വാക്കുകേട്ട്‌ ഞാന്‍ വീണ്ടും ജീവിക്കുന്നു! എവിടെയാണ്‌ അദ്ദേഹം?വാഗ്‌മി സത്തമാ, പറഞ്ഞു തരിക! അവന്റെ അടുത്ത്‌ എങ്ങനെ നില്ക്കണം? എങ്ങനെ കൈവിടാതിരിക്കുമെന്നുള്ള വിധം ഉപദേശിക്കണേ! അവനും എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ പിന്നെ ഞാന്‍ ഒരു നിമിഷം ജീവിച്ചിരിക്കുകയില്ല!

നാരദന്‍ പറഞ്ഞു: അവന്‍ ഒരു ഭ്രാന്തന്റെ വേഷം ധരിച്ച്‌ മഹാരാജാവേ, ശ്രീ വാരണാസിയില്‍ ശിവനെ കാണുവാന്‍ എത്തി ചുറ്റിത്തിരിയുന്നുണ്ട്‌. ആ പുരദ്വാരത്തില്‍ ഭവാന്‍ ചെന്നെത്തുക. അവിടെ ഒരിടത്ത്‌ ഒരു ശവം കൊണ്ടുവന്നു വെക്കുക. അതുകണ്ടാല്‍, ഒഴിഞ്ഞ്‌ ഓടിപ്പോകുന്നവന്‍ ആരോ, അവനാണ്‌ സംവര്‍ത്തനെന്നു ധരിക്കുക. ആ വീര്യവാന്‍ പോകുന്ന വഴിക്ക്‌ അവന്റെ പിന്നാലെ പോകണം. വിജനത്തില്‍പ്പോയി അവനെ കൈകൂപ്പണം. "അങ്ങല്ലാതെ എനിക്കു മറ്റൊരാശ്രയവുമില്ല" എന്നു പറയണം "നിന്നോട്‌ ആരു പറഞ്ഞു എന്നെപ്പറ്റി?", എന്ന്‌ അവന്‍ ചോദിച്ചാല്‍, "സംവര്‍ത്ത, ഭവാനെപ്പറ്റി നാരദന്‍ പറഞ്ഞതാണ്‌", എന്നു പറയണം. അവന്‍ എന്നെ പിന്തുടരുവാന്‍ ആഗ്രഹിച്ചു ചോദിച്ചാലോ, "നാരദന്‍ അഗ്നിയില്‍ പ്രവേശിച്ചിരിക്കയാണ്‌", എന്നു സംശയം കൂടാതെ പറയണം.

വ്യാസന്‍ പറഞ്ഞു: അങ്ങ്‌ പറഞ്ഞ പോലെ ചെയ്യാം എന്നു പറഞ്ഞ്‌ നാരദനെ പൂജിച്ച്‌ സമ്മതം വാങ്ങി ആ രാജര്‍ഷി വാരാണസിയിലേക്കു പോയി. അവിടെച്ചെന്ന്‌, നാരദന്‍ പറഞ്ഞ മാതിരി പുരത്തിന്റെ ദ്വാരത്തിലെത്തി. നാരദന്‍ പറഞ്ഞ പ്രകാരം ഒരു ശവം അവിടെ കൊണ്ടു വന്നു വെച്ചു. ഒപ്പം ആ വിപ്രനും വന്ന്‌ പുരത്തിന്റെ ദ്വാരത്തില്‍ കയറി. അപ്പോള്‍ ആ വിപ്രന്‍ ശവത്തിന്മേലേക്കു സൂക്ഷിച്ചു നോക്കി ഉടനെ പിന്മാറുന്നതു കണ്ടു. തിരിച്ചു പോകുന്ന അവനെ കൈകൂപ്പി രാജാവ്‌ അവന്റെ പിന്നാലെ കൂടി. ആവിക്ഷിത രാജാവ്‌ സംവര്‍ത്തന്റെ ശിഷ്യനാകുവാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. വിജനസ്ഥലത്തു വെച്ച്‌ അവനെക്കണ്ടു പറഞ്ഞപ്പോള്‍ആ ബ്രാഹ്മണന്‍ ആ രാജാവിന്റെ ദേഹത്തില്‍, ചുമച്ച്‌ കാര്‍പ്പിച്ച്‌ കഫവും മറ്റും തുപ്പി. തന്റെ ദേഹത്തില്‍ തുപ്പലും കഫവുമൊക്കെ ഏല്പിച്ചുവെങ്കിലും രാജാവ്‌ അവന്റെ പിന്നാലെ കൂടി. പ്രസാദിക്കണേ! എന്നപേക്ഷിച്ചു. കുറെ നടന്നതിന് ശേഷം ഒരിടത്തു സംവര്‍ത്തന്‍ തളര്‍ന്ന മട്ടില്‍ ഇരുന്നു. കുളുര്‍ത്തു നിഴലുള്ളതും, വളരെ കൊമ്പുകളുള്ള തുമായ ഒരു ആലിന്‍ചുവട്ടിലാണ്‌ ഇരുന്നത്‌.

7. സംവര്‍ത്തമരുത്തീയം സംവര്‍ത്തസ്വീകാരം - സംവര്‍ത്തന്‍ പല പരീക്ഷണങ്ങളും ചെയ്തു ഒടുവിൽ പ്രസാദിക്കുന്നു - സംവര്‍ത്തന്‍ പറഞ്ഞു: എന്നെ നീ എങ്ങനെ അറിഞ്ഞു? ആരാണ്‌ എന്നെ നിനക്കു പറഞ്ഞു തന്നത്‌? നീ എനിക്ക്‌ ഇഷ്ടം ചെയ്യുവാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ എന്നോടു ശരിക്ക്‌ പറയണം. സത്യം പറഞ്ഞാല്‍ നിനക്ക്‌ നീ വിചാരിച്ച മാതിരിയെല്ലാം സാധിക്കും. പൊളിയാണു പറയുന്നതെങ്കിലോ നിന്റെ തല നൂറു കഷണമായി തകര്‍ന്നു പോകും.

മരുത്തന്‍ പറഞ്ഞു: ഭഗവാനേ, നാരദനാണ്‌ എന്നോടു പറഞ്ഞത്‌. അവന്‍ ഒരു വഴിക്ക്‌ പോകുമ്പോഴാണ്‌ പറഞ്ഞത്‌. അങ്ങ്‌ എന്റെ ഗുരുവിന്റെ പുത്രനാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക്‌ അങ്ങയില്‍ ഉത്തമമായ പ്രീതിയുണ്ട്‌.

സംവര്‍ത്തന്‍ പറഞ്ഞു: സത്യം നീ പറഞ്ഞു. ഞാന്‍ വേഷം മാറി നടക്കുകയാണെന്ന്‌ അദ്ദേഹത്തിന് മാത്രം അറിയാം. എന്നാല്‍ ഇനി എന്നോടു പറയുക. എവിടെയാണ്‌ ഇപ്പോള്‍ നാരദന്‍?

മരുത്തന്‍ പറഞ്ഞു: അങ്ങയെപ്പറ്റി എന്നോട്‌ പറഞ്ഞ ദേവര്‍ഷിസത്തമന്‍ എന്നെ സമ്മതിപ്പിച്ചയച്ചതിന് ശേഷം അഗ്നിയില്‍ കയറി.

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം രാജാവ്‌ പറഞ്ഞതു കേട്ട്‌ സംവര്‍ത്തന്‍ സന്തോഷിച്ചു: ഇത്രയൊക്കെ ചെയ്യുവാന്‍ ഞാന്‍ മതി, എന്നു പറഞ്ഞു. പിന്നെ മരുത്തനോട്‌ ഭ്രാന്തനായ ആ ബ്രാഹ്മണന്‍ രൂക്ഷമായ വാക്കു കൊണ്ട്‌ ഭര്‍ത്സിക്കും പോലെ രാജാവിനോട്‌ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു.

സംവര്‍ത്തന്‍ പറഞ്ഞു: ഞാന്‍ ഒരു വാതരോഗിയാണ്‌. ഞാന്‍ പല തോന്നിവാസങ്ങളും ചെയ്യും. വികൃതാകൃതിയാണു ഞാന്‍. ഇങ്ങനെയുള്ള എന്നെക്കൊണ്ട്‌ നീ യാഗം ചെയ്യിക്കുവാന്‍ വിചാരിക്കുന്നതു വിചിത്രമായിരിക്കുന്നു!എനിക്ക്‌ ഒരു ചേട്ടനുണ്ട്‌. അവന്‍ മഹായോഗ്യനാണ്‌. അവന്‍ ഇന്ദ്രനോടു കൂടി ഇരിപ്പുണ്ട്‌. അവിടെ അവന്‍ യജ്ഞങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഇരിക്കുന്നുണ്ട്‌. അവനോട്‌ പറയു! അവന്‍ വേണ്ടമാതിരി ക്രിയചെയ്യും. ഗാര്‍ഹസ്ഥ്യവും, യജ്യതയും ഗ്രഹങ്ങളെയും, ദേവതമാരെയും എല്ലാം എന്നില്‍ നിന്ന്‌ എന്റെ ജ്യേഷ്ഠന്‍ തട്ടിയെടുത്തു. എന്റെ ദേഹം മാത്രമേ അവന്‍ വിട്ടു തന്നുള്ളൂു. അവന്റെ സമ്മതം കൂടാതെ അല്ലയോ ആവിക്ഷിതാ, അങ്ങയെ ഞാന്‍ ഒരിക്കലും യജിപ്പിക്കുകയില്ല. അദ്ദേഹം എനിക്ക്‌ പൂജ്യനാണ്‌. എടോ രാജാവേ, നീ ഉടനെ പോയി ബൃഹസ്പതിയെക്കണ്ട്‌ സമ്മതം വാങ്ങി വരൂ!. അതിന് ശേഷം നിന്നെ ഞാന്‍ യജിപ്പിക്കാം. യജിക്കാന്‍ അങ്ങയ്ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക! ഞാന്‍ യജിപ്പിക്കാം.

മരുത്തന്‍ പറഞ്ഞു: അല്ലയോ സംവര്‍ത്താ, ഞാന്‍ ആദ്യമായി ബൃഹസ്പതിയെ ചെന്നു കണ്ടു. ആ വൃത്താന്തം ഞാന്‍ പറയാം: അങ്ങ്‌ കേള്‍ക്കുക! അവന്റെ അടുത്തു ചെന്നു ഞാന്‍ പറഞ്ഞപ്പോള്‍ വാസവന്റെ താല്പര്യ പ്രകാരം എന്നെ അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്‌. അദ്ദേഹം പറഞ്ഞത്‌ കേള്‍ക്കണോ! ഞാന്‍ അമര്‍ത്ത്യനായ യാജ്യനുളളവനാണ്‌. മർത്ത്യനെ ഞാന്‍ യജിപ്പിക്കുകയില്ല, എന്നു തന്നെയല്ല ഇന്ദ്രന്‍ അവനോടു തടുത്തു പറയുകയും ചെയ്തു, "അങ്ങ്‌ മരുത്തനെ യജിപ്പിക്കരുത്‌". അല്ലയോ വിപ്രാ, ആരാജാവ്‌ എന്നോടു ഗുണങ്ങളാല്‍ മത്സരിക്കുന്നുണ്ട്‌. ഇതുകേട്ട്‌ ഭവാന്റെ ചേട്ടന്‍ അങ്ങനെയാകട്ടെ എന്നു വലാരിയോട്‌ പറയുകയും ചെയ്തു. ഞാന്‍ വളരെ ഇഷ്ടത്തോടെയാണ്‌ അദ്ദേഹത്തെ സമീപിച്ചത്‌. എന്നാല്‍ അദ്ദേഹം എന്നെ സ്വീകരിച്ചില്ല. ദേവേന്ദ്രനെ ആശ്രയിച്ചു നില്ക്കുക മൂലമാണ്‌ അദ്ദേഹം സമ്മതിക്കാതിരുന്നത്‌. മുനിശ്രേഷ്ഠാ! അങ്ങനെയുള്ള ഞാന്‍ എല്ലാംകൊണ്ടും അങ്ങയോട്‌ അഭ്യര്‍ത്ഥിക്കുന്നു. അങ്ങ്‌ എനിക്ക്‌ യജ്ഞം നിര്‍വ്വഹിച്ചുതരണം. ഭവാന്‍ ചെയ്യുന്ന യജ്ഞം മൂലം വന്നു ചേരുന്ന ഗുണങ്ങളാല്‍ ഞാന്‍ ഇന്ദ്രനെയും അതിക്രമിക്കുവാനാണ്‌ ആഗ്രഹിക്കുന്നത്‌ മഹര്‍ഷേ! അല്ലയോ ബ്രാഹ്മണാ ഇനിയും ആ ബൃഹസ്പതിയുടെ മുമ്പില്‍ നാണം കെട്ട്‌ ചെല്ലുവാന്‍ തോന്നുന്നില്ല. യാതൊരു കുറ്റവും ചെയ്യാത്ത എന്നെ തള്ളിക്കളഞ്ഞവനല്ലേ അവന്‍?

സംവര്‍ത്തന്‍ പറഞ്ഞു: അങ്ങനെയാണോ? ആകട്ടെ! നിനക്ക്‌ എല്ലാം ഞാന്‍ നടത്തിത്തരാം. എനിക്ക്‌ വേണ്ടതൊക്കെ ഞാന്‍ പറയാം. അതു നീ ചെയ്തു തന്നാല്‍ മതി രാജാവേ! ഞാന്‍ യജിപ്പിക്കുന്ന ഭവാനെ ബൃഹസ്പതിയും ദേവേന്ദ്രനും ദ്വേഷിക്കും. അവര്‍ ക്രുദ്ധരാകുമ്പോള്‍ ഇത്‌ അങ്ങു നടത്തണം. എനിക്ക്‌ ഉറപ്പായ വിധം നീ ചെയ്യണം. അതില്‍ ശങ്കിക്കരുത്‌. ഞാന്‍ സംബാന്ധവനായ നിന്നെ ക്രോധിച്ച്‌ ഭസ്മക്കാതിരിക്കത്തക്ക വിധം നീ ശ്രദ്ധിക്കുക.

മരുത്തന്‍ പറഞ്ഞു: സൂത്യന്‍ തപിക്കുന്ന കാലത്തോളം, മാമല നില്ക്കുന്ന കാലത്തോളം, എനിക്ക്‌ ലോകങ്ങളൊന്നും വേണ്ടാ. ഞാന്‍ പറഞ്ഞ വാക്ക്‌ തെറ്റിക്കുകയാണെങ്കില്‍! ഞാന്‍ ശപഥം ചെയ്യുന്നു! അങ്ങനെ ഞാന്‍ വാക്കു തെറ്റിച്ചാല്‍ ശുഭബുദ്ധിത്വം എന്നില്‍ ഒരിക്കലും ഇല്ലാതെ പോകട്ടെ! വിഷയാസംഗിയായിക്കൊള്ളട്ടെ, വാക്കുതെറ്റിച്ചാല്‍.

സംവര്‍ത്തന്‍ പറഞ്ഞു: അല്ലയോ ആവിക്ഷിത, ക്രിയകളില്‍ ശുഭബുദ്ധി നിനക്കുണ്ട്‌, കേള്‍ക്കുക! ഈ യാജനംഎന്റെ ഉള്ളിലുള്ളതാണ്‌ രാജാവേ! അല്ലയോ മന്നവാ,ഞാന്‍ നിന്നോട്‌ പറയാം. അക്ഷയവും ഉത്തമവുമായ ദ്രവ്യം നിനക്ക്‌ ലഭിക്കും ഈ യജ്ഞം മൂലം നീ ദേവന്മാരെയും,ഗന്ധര്‍വ്വന്മാരെയും, ശക്രനെയും, കീഴിലാക്കും. എനിക്ക്‌ അര്‍ത്ഥത്തിലും, യാജ്യന്മാരിലും കാംക്ഷയില്ല; എങ്കിലും ഞാന്‍ എന്റെ ചേട്ടനും അവന്റെ ചങ്ങാതിയായ ഇന്ദ്രനും വിപ്രിയം ചെയ്യുവാന്‍ തന്നെ വിചാരിക്കുന്നു. ഞാന്‍ നിന്നെ ദേവേന്ദ്രന് തുല്യനാക്കിത്തരാം. അതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ഞാന്‍ സത്യം ചെയ്ത്‌ ഏറ്റുപറയുന്നു. ഞാന്‍ നിനക്ക്‌ ഇഷ്ടം ചെയ്തു കൊള്ളാം!

8. സംവര്‍ത്തമരുത്തീയം മഹാദേവസ്തവം - സംവര്‍ത്തന്‍ ഉപദേശിച്ച മഹാദേവസ്തുതിയാൽ ശിവൻ പ്രീതനായി മരുത്തന് ധാരാളം ധനം നൽകുന്നു - സംവര്‍ത്തന്‍ പറഞ്ഞു: ഹിമാലയത്തിന്റെ മുകളിലായി മുഞ്ജവാന്‍ എന്നു പേരായി ഒരു പര്‍വ്വതമുണ്ട്‌. അവിടെ എന്നും ഭഗവാന്‍ ഉമാപതി, തപസ്സു ചെയ്യുന്നു. മാമരങ്ങളുടെ ചുവട്ടിലും കുത്തന്‍ ശൃംഗങ്ങളിലും മലയുടെ ഗുഹകളിലും, ഇഷ്ടം പോലെ ഉമാപതി, ഭഗവാന്‍ മഹേശ്വരന്‍, തേജസ്വിയായ ശൂലപാണി, ദേവിയോടും ഭുതഗണങ്ങളോടും കൂടി വാഴുന്നു. അവിടെ സാദ്ധ്യന്മാരും, രുദ്രന്മാരും, വിശ്വേദേവകളും, വസുക്കളും, യമനും, വരുണനും, അപ്രകാരം കൂട്ടുകാരോടു കൂടി കുബേരനും, ഭുതപിശാചുക്കളും, നാസത്യന്മാരും, അശ്വികളും, ഗന്ധര്‍വ്വരും, അപ്സരസ്ത്രീകളും, യക്ഷന്മാരും, ദേവര്‍ഷിമാരും, ആദിത്യന്മാരും, മരുത്തുക്കളും, യാതുധാനന്മാരും, മഹാത്മാവും, ബഹുരൂപനുമായ ഉമേശനെ ഉപാസിക്കുന്നു. അവിടെ ഭഗവാന്‍, കുബേരന്റെ അനുയായികളായ വികൃതാകാരന്മാരായ വികൃതികളോടും കൂടി കളിക്കുന്നതും ബാലാദിത്യ സമപ്രഭനായി ശ്രീയോടു കൂടി ജ്വലിക്കുന്നതും കാണാവുന്നതാണ്‌. അവന്റെ രൂപം സംസ്ഥാനം ഇവയൊന്നും ഒരിക്കലും പറഞ്ഞവസാനിപ്പിക്കുവാന്‍ മാംസദൃഷ്ടികളായ പ്രാകൃതന്മാരായവര്‍ക്ക്‌ സാധിക്കുന്നതല്ല.

അവിടെ ചൂടോ, തണുപ്പോ ഇല്ല. കാറ്റില്ല, സൂര്യനില്ല, ജരയില്ല, വിശപ്പും ദാഹവുമില്ല, മരണമില്ല. ഭയമില്ല രാജാവേ! ആ ശൈലപാര്‍ശ്വങ്ങള്‍ തോറും ഇതാണു കഥ ജയിസത്തമാ! സുവര്‍ണ്ണധാതുക്കള്‍ അവിടെ അര്‍ക്കരശ്മികള്‍ പോലെ ഉണ്ട്‌. അവയ്ക്ക്‌ കുബേരന്റെ ആയുധധാരികളായ തുണക്കാര്‍ കാവല്‍ നില്ക്കുന്നു. അവരെല്ലാം മഹാത്മാവായ കുബേരന് പ്രിയം ചെയ്യുവാന്‍ മുതിര്‍ന്നവരാണ്‌. അവിടെ മഹേശവരന്‍ ആ ദേവഗണങ്ങളാല്‍ ആരാധിക്കപ്പെടുന്നു. മഹാദേവന്‍ പല പേരുകളാലും അറിയപ്പെടുന്നു: ശര്‍വ്വന്‍, വേധസ്സ്, രുദ്രന്‍, ശിതികണ്ഠന്‍, സുരൂപന്‍, സുവര്‍ച്ചന്‍, കപര്‍ദ്ദി, കരാളന്‍, ഹര്യക്ഷന്‍, വരദന്‍, ത്ര്യക്ഷന്‍, പൂഷദന്തഘ്നന്‍, വാമനന്‍, ശിവന്‍, യാമ്യന്‍, അവ്യക്തരൂപന്‍, സദ്ധൃത്തന്‍, ശങ്കരന്‍, ക്ഷേമ്യന്‍, ഹരികേശന്‍, സ്ഥാണു, പുരുഷന്‍, ഹരിനേത്രന്‍, മുണ്ഡന്‍, കൃശന്‍, ഉത്താരണന്‍, ഭാസ്വരന്‍, സുതീര്‍ത്ഥന്‍, ദേവദേവന്‍, ബ്രഹ്മന്‍, ഉഷ്ണീഷി, സുവ്രക്തന്‍, സഹ്രസാക്ഷന്‍, മീഡ്വന്‍, ഗിരീശന്‍, പ്രശാന്തന്‍, യതി, ചീരവാസന്‍, വില്വാദണ്ഡന്‍, സിദ്ധന്‍, സര്‍വ്വദണ്ഡധരന്‍, മൃഗവ്യാധന്‍, ധ്വനി, മഹാന്‍, ഭവന്‍, വരന്‍, സോമവ്രക്തന്‍,സിദ്ധമന്ത്രന്‍, ദൃക്ക്‌, ഹിരണ്യബാഹു, ഉഗ്രന്‍, ദിക്പതി,വൃഷന്‍, മാതൃഭക്തന്‍, സേനന്യന്‍, മദ്ധ്യമന്‍, സുവഹസ്തന്‍, ആപതി, ഭാര്‍ഗ്ഗവന്‍, അജന്‍, കൃഷ്ണനേത്രന്‍, വിരൂപാക്ഷന്‍, തീക്ഷ്ണദംഷ്ട്രന്‍, തീക്ഷ്ണന്‍, വൈശ്വാനരമുഖന്‍, മഹാദ്യുതി, അനംഗന്‍, വിലോഹിതന്‍, ദീപ്തന്‍, ദീപ്താക്ഷന്‍, മഹജന്‍, വസുരേതസ്സ്, പൃഥുവപുസ്സ്‌, കൃത്തിവാസന്‍, കപാലമാലി, സുവര്‍ണ്ണമകുടന്‍, മഹാദേവന്‍, കൃഷ്ണന്‍, ത്രൃംബകന്‍, അനഘന്‍, ക്രോധനന്‍, അനൃശംസന്‍, ബാഹുശാലി, മൃദു, ദണ്ഡി, തപ്തതപന്‍, ക്രൂരകര്‍മ്മാവ്‌, സഹസ്രശീര്‍ഷന്‍, സഹസ്രചരണന്‍, സധാത്മന്‍, ദംഷ്ട്രി, ബഹുരൂപന്‍, പിനാകി, മഹാദേവന്‍, മഹായോഗീശ്വരന്‍, അവ്യയന്‍, ത്രിശൂലഹസ്തന്‍, വരദന്‍, ഭുവനേശ്വരന്‍, ത്രിപുരഘ്നന്‍, ത്രിനയനന്‍, ത്രിലോകേശ്വരന്‍, സര്‍വ്വഭൂതപ്രഭവന്‍, ധാരണന്‍, ധരണീധരന്‍, ഈശാനന്‍, സര്‍വ്വന്‍, വിശ്വേശ്വരന്‍, ഉമാപതി, പശുപതി, വിശ്വരൂപന്‍, മഹേശ്വരന്‍, ദശഭുജന്‍, ദിവ്യഗോവൃഷഭദ്ധ്വജന്‍, രുദ്രന്‍, രൗദ്രന്‍, ശൗരി, ശനീശ്വരന്‍, ശിതികണ്ഠന്‍, ശുക്രന്‍, പൃഥു, പൃഥുഹരന്‍, ഹരന്‍, ചതുര്‍മ്മുഖന്‍,അനംഗാംഗഹരന്‍, എന്നീ പേരുകളാല്‍ അറിയപ്പെടുന്ന മഹാദേവന്‍ തന്നെ ശരണം എന്നു മനസാ ധരിച്ചു നീ തലതാഴ്ത്തി അണയുക! രംഹസ്സാകുന്ന ആ മഹാദേവനെ സമീപത്ത്‌ ഇപ്രകാരം തിരുനാമങ്ങള്‍ പറഞ്ഞു സ്തുതിച്ചു നമസ്‌കരിക്കുകയാണെങ്കില്‍ മഹാത്മാവിന്റെ അനുഗ്രഹത്താല്‍ രാജാവേ, ഭവാന്‍ സ്വര്‍ണ്ണത്തെ നേടുന്നതാണ്‌. സ്വര്‍ണ്ണം കൊണ്ടു വരുന്നതിന്ന്‌ നിന്റെ ആളുകള്‍ അങ്ങോട്ടു ചെല്ലട്ടെ!

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം അവന്‍ പറഞ്ഞ പ്രകാരം കാരന്ധമന്റെ പുത്രനായ രാജാവ്‌ നിര്‍വ്വഹിച്ചു. അതിമാനുഷമായി യജ്ഞവിധി അനുഷ്ഠിച്ചു. ശില്പികളെ വരുത്തി രാജാവ്‌ സ്വര്‍ണ്ണം കൊണ്ടു ധാരാളം പാത്രങ്ങള്‍ ഉണ്ടാക്കിച്ചു. ആ മരുത്തക്ഷിതീശന്‍ ദേവന്മാരെക്കാള്‍ ഐശ്വര്യവാനായി. ബൃഹസ്പതി ഈ വൃത്താന്തം അറിഞ്ഞു. അവന്‍ വല്ലാതെ തപിച്ച്‌ വിളറി മെലിഞ്ഞു. എന്റെ ശത്രുവായ സംവര്‍ത്തന്‍ ധനിയായി ഭവിക്കുവാന്‍ പോകുന്നു, എന്നു ബൃഹസ്പതി വല്ലാതെ ദുഃഖിച്ചു. ബൃഹസ്പതി അസൂയാലുവായി ദുഃഖിച്ചു കിടപ്പിലായത്‌ വാസവന്‍ കേട്ടു. ദേവന്മാരോടു കൂടി ദേവേന്ദ്രന്‍ അദ്ദേഹത്തെ ചെന്നു കണ്ട്‌, ഇപ്രകാരംപറഞ്ഞു.

9. സംവര്‍ത്തമരുത്തീയം അഗ്നിശക്രസംവാദം - സംവര്‍ത്തക്കൊണ്ട് മരുത്തന്റെ യാഗം നടത്തിക്കരുതെന്ന് ബൃഹസ്പതി ഇന്ദ്രനോട് അപേക്ഷിക്കുന്നു - ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ ബൃഹസ്പതി, അങ്ങയ്ക്ക്‌ ഉറക്കം സുഖമായി കിട്ടുന്നില്ലേ? അങ്ങയുടെ ഭൃത്യന്മാര്‍ നല്ലവരല്ലേ? അനുസരിക്കായ്കയോ മറ്റ്‌ അനര്‍ത്ഥങ്ങളോ അവര്‍ വരുത്തിവെക്കുന്നില്ലല്ലോ? ദേവന്മാര്‍ക്കു ഭവാന്‍ സുഖം ആശംസിക്കുന്നില്ലേ? ദേവന്മാര്‍ ഭവാനെ കാത്തു പോരുന്നില്ലേ?

ബൃഹസ്പതി പറഞ്ഞു: ദേവരാജാവേ, ഞാന്‍ സുഖമായി മെത്തയില്‍ കിടക്കുന്നുണ്ട്‌. എന്റെ ഭൃത്യന്മാരൊക്കെ നല്ലവര്‍ തന്നെയാണ്‌. ഞാന്‍ എന്നും ദേവന്മാര്‍ക്കു സുഖം ആശംസിക്കുന്നുണ്ട്‌. ദേവന്മാര്‍ എന്നെ ദൃഢമായി സംരക്ഷിച്ചു പോരുന്നുണ്ട്‌.

ഇന്ദ്രന്‍ പറഞ്ഞു: അങ്ങയ്ക്ക്‌ എന്തോ ഒരു രോഗം ബാധിച്ച പോലെ കാണുന്നു. അത്‌ മാനസികമോ ശാരീരികമോ ആകാം. അങ്ങു വല്ലാതെ വാടി വിളര്‍ത്തു പോയിരിക്കുന്നു. എന്താണ്‌ കാരണം? ബ്രാഹ്മണാ, നിന്റെ ദുഃഖംഎന്നോടു പറയു! അങ്ങയ്ക്കു ദ്രോഹം ചെയ്യുന്നവരെയൊക്കെ ഞാന്‍ കൊന്നു കളയും. ഒന്നിനെയും ഞാന്‍ ബാക്കി വെയ്ക്കുന്നതല്ല.

ബൃഹസ്പതി പറഞ്ഞു; അല്ലയോ മഘവാവേ, മരുത്തന്‍ യജിക്കുന്നതായി ഞാന്‍ കേള്‍ക്കുന്നു. ദക്ഷിണാഢ്യമായ മഹായജ്ഞം, മുഖ്യമായ യജ്ഞമാണ്‌, സംവര്‍ത്തന്‍ യജിപ്പിക്കുന്നതെന്നും കേള്‍ക്കുന്നു. അവനെക്കൊണ്ടു യജിപ്പിക്കരുത്‌ എന്നാണ്‌ എന്റെ ആഗ്രഹം.

ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ വിപ്രാ! അങ്ങയ്ക്ക്‌ ഒന്നു കൊണ്ടും ഒരു കുറവുമില്ലല്ലോ. എന്തു വേണമെങ്കിലും ദേവലോകത്തു കിട്ടും. ദേവന്മാര്‍ക്കു നീ മന്ത്രിയും ആചാര്യനുമാണ്‌. ജരാമരണങ്ങള്‍ ഇല്ലാത്തവനാണ്‌ നീ. നിന്നെ എന്തു ചെയ്യുവാന്‍ സംവര്‍ത്തന് കഴിയും? എന്തിനാണ്‌ അകാരണമായി ഭവാന്‍ ദുഃഖിക്കുന്നത്‌?

ബൃഹസ്പതി പറഞ്ഞു; അല്ലയോ ഇന്ദ്രാ, നീ ദേവന്മാരോടു കൂടിച്ചെന്ന്‌ ദൈത്യന്മാരെയെല്ലാം അടിച്ചോടിച്ച്‌, നീ അവരെയൊക്കെ കൂട്ടത്തോടെ കൊന്നൊടുക്കുവാനല്ലേ ആഗ്രഹിക്കുന്നത്‌? ആ ശത്രുക്കളില്‍ ആരെങ്കിലും പുഷ്ടിയോടും ഐശ്വര്യത്തോടും ഇരിക്കുന്നതായിക്കണ്ടാല്‍ നിനക്കു ദുഃഖമുണ്ടാകുന്നു. ആ ഒരു വല്ലായ്മ തന്നെയാണ്‌ എന്നെയും ബാധിച്ചിരിക്കുന്നത്‌. ശത്രുക്കള്‍ നന്നായി തടിച്ചു വരുന്നതു കണ്ടാല്‍ എങ്ങനെ ഉറക്കം വരും? എങ്ങനെ ക്ഷീണിക്കാതിരിക്കും? അതാണു ദേവേന്ദ്രാ, എന്നെ ഈമാതിരി വിവര്‍ണ്ണനാക്കിത്തീര്‍ത്തത്‌. നോക്കൂ! ഞാന്‍ എന്തു മാതിരി വിളര്‍ത്തു ക്ഷീണിച്ചിരിക്കുന്നു! എന്റെ ശത്രുക്കള്‍ വളരുന്നു, സുഖിക്കുന്നു, എന്നു കേള്‍ക്കുമ്പോള്‍ അതില്‍പ്പരം അസുഖം എന്തുണ്ട്‌? ദേവ്വേന്ദ്രാ! നീ അവരെ രണ്ടു പേരെയും അടക്കാതെ പറ്റില്ല. ആ സംവര്‍ത്തനെയും, ആ മരുത്തനെയും അടക്കിയേ പറ്റു!

ഇന്ദ്രന്‍ പറഞ്ഞു: വരൂ. ചെയ്യൂ! അഗ്നിദേവാ! ആ മരുത്തന്റെ അടുത്തു ചെന്നു പറയു. ഇന്ദ്രന്‍ പറയുന്നു, ബൃഹസ്പതി അങ്ങയെ യജിപ്പിക്കും എന്നും, നിന്നെ അമര്‍ത്തൃനാക്കും എന്നും!

അഗ്നി പറഞ്ഞു: ഭഗവാനേ! ഞാന്‍ ഇതാ ദൂതിന് പോകുന്നു. മരുത്തന് ബൃഹസ്പതിയെ നല്‍കാമെന്നു പറയുവാന്‍ പോവുകയാണ്‌. ഇന്ദ്രന്റെ വാക്യം സത്യമാക്കാനും ബൃഹസ്പതിക്ക്‌ പ്രിയം ചെയ്യുവാനുമാണ്‌ ഞാന്‍ പോകുന്നത്‌.

വ്യാസന്‍ പറഞ്ഞു: പിന്നെ മഹിതനായ ധുമകേതു(അഗ്നി) വനം ചുറ്റുന്ന വള്ളികളെ മഥിച്ചു കൊണ്ടും കാമത്തോടെ വേനല്‍ക്കാലത്ത്‌ ഇളകി കത്തിപ്പടര്‍ന്ന്‌ കാറ്റിനെപ്പോലെയാര്‍ത്തും വരുണന്റെ സമീപത്ത്‌ എത്തി.

മരുത്തന്‍ പറഞ്ഞു: ആശ്ചര്യം! ഇതാ മൂര്‍ത്തിമാനായി അഗ്നിദേവന്‍ വന്നിരിക്കുന്നു. ആസനവും, സലിലവും, പാദവും, ഗോവും, നല്കിയാലും മഹര്‍ഷേ! അഗ്നിയെ പൂജിക്കുക!

അഗ്നി പറഞ്ഞു: ആസനം, സലിലം, പാദ്യം എന്നിവയെല്ലാം അല്ലയോ അനഘാ! ഞാന്‍ സ്വീകരിച്ചിരിക്കുന്നു! അല്ലയോ മഹാശയാ! ഞാന്‍ ഇന്ദ്രന്‍ പറഞ്ഞുവിട്ട ദൂതനായി വന്നതാണ്‌.

മരുത്തന്‍ പറഞ്ഞു: ശ്രീമാനായ ദേവേന്ദ്രന്‍ എന്റെ സഖിയല്ലേ? അദ്ദേഹത്തിന് എന്നില്‍ പ്രീതിയില്ലേ? ദേവന്മാരെല്ലാം ആ രാജാവിന്റെ പാട്ടില്‍ നില്ക്കുന്നില്ലേ? എന്താണ്‌ അദ്ദേഹത്തിന്റെ സന്ദേശം ദേവാ, പറഞ്ഞാലും!

അഗ്നി പറഞ്ഞു: ശക്രന്‍ വളരെ സുഖിയായിത്തന്നെ ഇരിക്കുന്നു. നീയുമായി അജരമായ, നാശമില്ലാത്ത, പ്രീതി അവന്‍ ആഗ്രഹിക്കുന്നു. ദേവന്മാരെല്ലാം അവന്റെ പാട്ടില്‍ത്തന്നെ നില്ക്കുന്നുണ്ട്‌. ദേവേശ്വരന്‍ പറഞ്ഞയച്ച സന്ദേശം ഭവാന്‍ കേട്ടാലും. എന്തിനാണ്‌ ഇന്ദ്രന്‍ എന്നെ അങ്ങയുടെ അടുത്തേക്കു വിട്ടതെന്ന്‌ പറയാം. മരുത്തന് ബൃഹസ്പതിയെ നല്കാം. ഈ ആചാര്യന്‍ രാജാവേ, നിന്നെ യജിപ്പിക്കും. അങ്ങനെ ചെയ്താല്‍ നിന്നെ അമര്‍ത്ത്യനാക്കുകയും ചെയ്യാം. ഇതാണ്‌ സന്ദേശം.

മരുത്തന്‍ പറഞ്ഞു: ഈ സംവര്‍ത്തന്‍ എന്ന ദ്വിജന്‍ എന്നെ യജിപ്പിക്കും. ബൃഹസ്പതിയെ ഞാനിതാ കൈകൂപ്പുന്നു. ദേവേന്ദ്രനെ യജിപ്പിച്ച യോഗ്യന്‍ മര്‍ത്തൃനെ യജിപ്പിച്ചാല്‍ അത്‌ ഭംഗിയാവുകയില്ല!

അഗ്നി പറഞ്ഞു: ദേവലോകത്ത്‌ ശ്ലാഘ്യമായി ഏതെലാം ലോകങ്ങളുണ്ടോ, അതൊക്കെ ഭവാന്‍ നേടും. ദേവരാജന്‍ പ്രസാദിച്ചാലുള്ള ഗുണം ചെറുതല്ല. നിന്നെ ബൃഹസ്പതി യജിപ്പിക്കുകയാണെങ്കില്‍ നീ സ്വര്‍ഗ്ഗം ജയിക്കും!നീ ഏതുകാലത്തും കീര്‍ത്തിമാനാവുകയും ചെയ്യും. മാനുഷലോകത്തിന്നപ്പുറമുള്ള ദിവ്യലോകവും, പ്രജാപതിയുടെ ലോകവും, മറ്റു ലോകങ്ങളും ഭവാന്‍ നേടും. ദേവരാജ്യം മുഴുവനും ബൃഹസ്പതി യജിപ്പിക്കുന്നതായാല്‍ ഭവാന്‍ നേടും നര്രേന്ദാ!

സംവര്‍ത്തന്‍ പറഞ്ഞു: അല്ലയോ അഗ്നീ, ഭവാന്‍ ഈകാര്യത്തിന് ഇനി ദൂതനായി വരരുത്‌. മരുത്തന് ബൃഹസ്പതിയെ നല്കാം, എന്നുള്ള സന്ദേശവും കൊണ്ട്‌ ഇനി ഇവിടെ ചവിട്ടരുത്‌. ഈ വാക്ക്‌ കേട്ടപ്പോള്‍ത്തന്നെ എനിക്കു ദേഷ്യം കൊണ്ട്‌ കലികയറുകയാണ്‌. എടോ അഗ്നീ, ക്രൂരമായ എന്റെ ഒറ്റനോട്ടത്താല്‍ നിന്നെ ഞാന്‍ ചുട്ടുകളയും. അഗ്നീ, നീ എന്റെ മുമ്പില്‍ നിന്നു പൊയ്ക്കൊള്ളുക!.

വ്യാസന്‍ പറഞ്ഞു: ദേവന്മാരുടെ അരികിലേക്ക്‌ അഗ്നി അതിവേഗത്തില്‍ മടങ്ങിപ്പോയി. തന്നെ മഹര്‍ഷി ക്രോധാഗ്നിയില്‍ ദഹിപ്പിക്കുമോ എന്നു ഭയപ്പെട്ട്‌ ആലില പോലെ വിറച്ചു: ആടിയുലഞ്ഞു. ശക്രന്‍ അഗ്നിയെ കണ്ടയുടനെ ആ വമ്പനായ ബൃഹസ്പതിയുടെ മുമ്പില്‍ നിന്ന്‌ അഗ്നിയോടു ചോദിച്ചു.

ഇന്ദ്രന്‍ പറഞ്ഞു: എടോ അഗ്നീ, ഞാന്‍ പറഞ്ഞ പ്രകാരം നീ പോയി മരുത്തനോട്‌ ബൃഹസ്പതിയെ നല്കാമെന്ന്‌ പറഞ്ഞില്ലേ? യജ്ഞത്തിനൊരുങ്ങിയ അവന്‍ എന്തു സന്ദേശമാണ്‌ എനിക്ക്‌ തന്നയച്ചിട്ടുള്ളത്‌? എന്റെ വാക്ക്‌ സാദരം കൈക്കൊണ്ടില്ലേ?

അഗ്നി പറഞ്ഞു; നിന്റെ വാക്ക്‌ മരുത്തന്‍ കൈക്കൊണ്ടില്ല! ബൃഹസ്പതിക്ക്‌ ഒരു കൂപ്പുകൈ തന്നയച്ചിട്ടുണ്ട്‌. ഞാന്‍ പല പ്രാവശൃവും അവനോട്‌ ഇരന്നു പറഞ്ഞു. അങ്ങയുടെ സന്ദേശം വീണ്ടും വീണ്ടും ഉണര്‍ത്തിച്ചു. സംവര്‍ത്തന്‍ എന്നെ യജനം ചെയ്യിക്കും എന്ന്‌ അവന്‍ വീണ്ടും വീണ്ടും മറുപടി പറഞ്ഞു. എന്നു തന്നെയല്ല, മാനുഷവും ദിവ്യവും, അതിലൊക്കെ മികച്ച പ്രജാപതി ലോകവും, സമസ്ത ലോകവും ഞാന്‍ അവനുമായി കരാറു ചെയ്തു നേടുവാന്‍ വിചാരിക്കുന്നില്ല. അവന്റെ ഔദാര്യം കൊണ്ടു കിട്ടുന്ന ഒരു ലോകവും എനിക്കു വേണ്ടാ എന്നാണ്‌ അവന്‍ പറഞ്ഞയച്ചത്‌.

ഇന്ദ്രന്‍ പറഞ്ഞു: എടോ അഗ്നി, ഭവാന്‍ ഒന്നുകൂടി പോകൂ. എന്റെ സ്വാര്‍ത്ഥത്തിന് വേണ്ടി ഞാന്‍ പറയുന്ന വാക്ക്‌ ചെന്നു പറയു! വീണ്ടും പോയി പറയൂ, നീ ഞാന്‍ പറഞ്ഞത്‌ കേട്ടില്ലെങ്കില്‍ നിന്റെ നേരെ ഞാന്‍ വജ്രായുധം പ്രയോഗിക്കുമെന്നു പറയു!

അഗ്നി പറഞ്ഞു: ഗന്ധര്‍വ്വരാജാവു ദൂതനായി പോകട്ടെ! അല്ലയോ സുര്രേന്ദാ, ആ അതിതേജസ്വിയുടെ മുമ്പില്‍ ഇനി ചെല്ലുവാന്‍ എനിക്കു ധൈര്യമില്ല. തീക്ഷ്ണമായ രോഷത്തോടെ ആ ബ്രഹ്മചാരി പറഞ്ഞത്‌ കേള്‍ക്കണോ?നീ വീണ്ടും ഇങ്ങോട്ടെങ്ങാനും ഈ കാര്യം പറഞ്ഞു വന്നാല്‍, മരുത്തന് ബൃഹസ്പതിയെ നല്കാമെന്ന്‌ പറഞ്ഞു വന്നാല്‍, ഞാന്‍ ക്രോധിച്ച്‌ ക്രൂരമായി ഒറ്റ നോട്ടം കൊണ്ടു നിന്നെ ദഹിപ്പിച്ചു കളയും! അത്‌ ശക്രാ! നീ ഒന്നു ചിന്തിക്കണം!

ശക്രന്‍ പറഞ്ഞു: എടോ അഗ്നി, നീ മറ്റുള്ളവരെ ചുടുന്നവനല്ലേ? നിന്നെ ചുട്ട്‌ ഭസ്മമാക്കാന്‍ മറ്റാരും ഇല്ലല്ലോ! നീ ഇത്രയധികം ഭയപ്പെടുന്നു എന്ന്‌ കേട്ടാല്‍ ലോകത്തുളളവരാരും വിശ്വസിക്കുകയില്ല ഹവ്യവാഹാ!

അഗ്നി പറഞ്ഞു: അല്ലയോ ദേവ്വേന്ദ്രാ, വിണ്ണും, ഭൂമിയും എല്ലാം നീ വ്യാപിക്കുന്നവനല്ലേ? നീ നിന്റെ ബലത്താല്‍ സര്‍വ്വത്ര വ്യാപിച്ചിരിക്കുകയാണല്ലോ. അങ്ങനെയുള്ള നിന്നില്‍ നിന്ന്‌ പണ്ട്‌ വൃത്രാസുരന്‍ എങ്ങനെയാണ്‌ സ്വര്‍ഗ്ഗം തട്ടിയെടുത്തത്‌?

ഇന്ദ്രന്‍ പറഞ്ഞു: എന്റെ ശത്രുവിനെ എനിക്ക്‌ എന്റെ കാൽക്കീഴിലമര്‍ത്തി കീഴടക്കാന്‍ കഴിയും. മഹാമേരുവെ അണുവാക്കി ചെറുതാക്കാന്‍ എനിക്കു കഴിയും. ശത്രുക്കള്‍ അര്‍പ്പിക്കുന്ന സോമം ഞാന്‍ പാനം ചെയ്യുകയില്ല. ബലഹീനനില്‍ ഞാന്‍ എന്റെ മഹാശക്തിയുള്ള വരം പ്രയോഗിക്കുകയില്ല. ഒരുകാലത്ത്‌ വൃത്രന്‍ എന്നെ ജയിക്കുവാന്‍ ഒരുങ്ങി. എന്നാല്‍ ഒരു മനുഷ്യന്‍ എന്റെ ശത്രുത നേടിയിട്ടു പിന്നെ ജീവിക്കുമെന്നു വിചാരിക്കുന്നുണ്ടോ? ഞാന്‍ കാലകേയന്മാരെ ഭൂമിയിലേക്ക്‌ ഓടിച്ചു. സകല ദാനവന്മാരെയും സ്വര്‍ഗലത്തില്‍ നിന്നും ഓടിച്ചു. പ്രഹ്ലാദന്റെ സ്വര്‍ഗ്ഗലോക വാഴ്ചയും ഈയുള്ളവന്‍ അവസാനിപ്പിച്ചു. ഇത്രത്തോളം ശക്തനായ എന്നോടാണോ ഒരു മനുഷ്യന്‍ എതിര്‍ക്കുന്നത്‌? ഇത്‌ ഒരു നല്ല കളി തന്നെ! എന്നെ തൊട്ടു കളിച്ചിട്ട്‌ ഒരു മനുഷ്യനും സുഖമായിരിക്കുമെന്നു വിചാരിക്കേണ്ട. ഞാന്‍ കോപിച്ചാല്‍ അവനെ തകര്‍ത്തു കളയും!"

അഗ്നി പറഞ്ഞു: പണ്ട്‌ ശര്യാതിയെ ച്യവനന്‍ യാജനം ചെയ്യിച്ച കാലത്തു സംഭവിച്ചത്‌ ഓര്‍ക്കുന്നുണ്ടോ? അശ്വിമാരോടു കൂടി നീ സോമപാനം ചെയ്തില്ലേ? നീ ക്രോധത്തോടെ ആദ്യം അവനെ തടഞ്ഞു. അന്ന്‌ നടന്ന ആ ശര്യാതിയുടെ മഖത്തെപ്പറ്റി നീ ഓര്‍ക്കുന്നുണ്ടോ? കഠോരമായ വജ്രം ച്യവനന്റെ നേരെ, അല്ലയോ പുരന്ദരാ, നീ ഓങ്ങിയില്ലേ? ആ വിപ്രന്‍ കോപിച്ച്‌ വജ്രത്തോടു കൂടിയ നിന്റെ കൈ തപോബലത്താല്‍ സ്തംഭിപ്പിച്ചില്ലേ? പിന്നെ അവന്‍ രോഷത്തോടെ ഘോരരൂപനായ ഒരു ശത്രുവിനെ നിനക്കു വേണ്ടിസൃഷ്ടിച്ചില്ലേ?

നീ ആ വിശ്വരൂപനായ മദാസുരനെക്കണ്ട്‌ കണ്ണടച്ചില്ലേ? അന്ന്‌ നിന്റെ ശൗര്യം ഞങ്ങള്‍ കണ്ടതാണ്‌. ആ ദൈത്യന്‍ താടി ഭൂമിയിലും വായുടെ മറ്റേ അറ്റം ആകാശത്തിലുമായി നിന്നില്ലേ? തുറന്ന വായില്‍ ആയിരം പല്ലുകളും, അവന്റെ വായയുടെ വിസ്താരം നുറു യോജനയുമായിരുന്നില്ലേ? ഘോരമായ ആ തീക്ഷ്ണരുപം, തടിച്ചുരുണ്ട്‌ വെള്ളിത്തൂണു പോലെ ഇരുന്നൂറു യോജന നീളമുള്ള നാലു ദംഷ്ട്രകള്‍ ചേര്‍ന്ന രൂപം, നീ കണ്ടില്ലേ? ഘോരമായ ശൂലവുമേന്തി പല്ലിറുമ്മി നിന്റെ നേരെ അവന്‍ നിന്നെ കൊല്ലുവാനായി പാഞ്ഞു വന്നില്ലേ? ആ ഘോരനെ കണ്ടപ്പോള്‍ അന്ന്‌ എല്ലാവരും ഭവാന്റെ ഭാവങ്ങള്‍ നോക്കിക്കണ്ടു. അവനെക്കണ്ടു പേടിച്ച്‌ ഓടി നീ ആ മുനിയെ ശരണം പ്രാപിച്ച്‌, കൈകൂപ്പി നിന്നത്‌ മറന്നുവോ ദാനവഘ്ന! ഇതില്‍നിന്ന്‌ നീ ഒന്നു മനസ്സിലാക്കണം. ക്ഷത്രത്തെക്കാള്‍ മേലെയാണ്‌ ബ്രഹ്മവീര്യം. ബ്രഹ്മത്തെക്കാള്‍ മേലെയായി മറ്റൊന്നും കാണുകയില്ല. അങ്ങനെയുള്ള ഞാന്‍ ശരിക്കും ബ്രഹ്മതേജസ്സ്‌ അറിഞ്ഞവനാണ്‌. സംവര്‍ത്തനെ ജയിക്കുവാന്‍ നീ ശ്രമിക്കുന്നത്‌ ശരിയല്ല ശ്രകാ! അതില്‍ നീ വിജയിക്കുവാന്‍ പോകുന്നില്ല.

10. സംവര്‍ത്തമരുത്തീയം മരുത്തയജ്ഞകഥനം - ധൃതരാഷ്ട്രൻ എന്ന ഗന്ധര്‍വ്വന്‍ ദൂതനായി മരുത്തനെ സമീപിച്ചു നിരാശനായി മടങ്ങുന്നു. ഇന്ദ്രൻ യജ്ഞം മുടക്കാനെത്തുന്നു - ഇന്ദ്രന്‍ പറഞ്ഞു: (ബാഹ്മണന്റെ വീര്യം പറഞ്ഞ മാതിരി തന്നെയാണ്‌. ബ്രഹ്മവീര്യത്തെക്കാള്‍ മേലെയായി യാതൊന്നുമില്ല. എന്നാല്‍ ഞാന്‍ ആവിക്ഷിതന്റെ ബലത്തെ പൊറുക്കുവാന്‍ പോകുന്നില്ല. അവന്റെ നേരെ ഞാന്‍ എന്റെ വജ്രായുധമെടുത്തു പ്രയോഗിക്കുന്നതാണ്‌. അല്ലയോ ധൃതരാഷ്ട്രാ (ഒരു ദേവഗന്ധര്‍വ്വന്‍), നീ പോയി ആ മരുത്തന്‍ സംവര്‍ത്തനോടു കൂടി ഇരിക്കുന്നിടത്തു ചെന്ന്‌ പറയു, രാജാവേ, നീ ബൃഹസ്പതിയെ ഗുരുവായി സ്വീകരിക്കുക! അല്ലെങ്കില്‍ ഘോരമായ വജ്രം ഞാന്‍ പ്രയോഗിക്കും.

വ്യാസന്‍ പറഞ്ഞു: ഉടനെ ആ ധൃതരാഷ്ട്ര ഗന്ധര്‍വ്വന്‍ പോയി ആ രാജാവിനെക്കണ്ട്‌ ഇന്ദന്‍ പറഞ്ഞയച്ച സന്ദേശമുണര്‍ത്തിച്ചു.

ധൃതരാഷ്ട്രന്‍ പറഞ്ഞു; ഞാന്‍ ധുൃതരാഷ്ട്രനെന്നു പേരുള്ള ഒരു ഗന്ധര്‍വ്വനാണ്‌. നിന്റെ അടുത്ത്‌ ഒരു ദൂതനായി വന്നിരിക്കയാണ്‌ രാജാവേ! ദേവേന്ദ്രന്‍ പറഞ്ഞയച്ചു വന്നതാണ്‌ രാജസിംഹാ. മഹാത്മാവായ ലോകനാഥന്റെ കല്പന പ്രകാരമാണ്‌ എത്തിയിരിക്കുന്നത്‌. കല്പന എന്താണെന്നു കേള്‍ക്കുക: ബൃഹസ്പതിയെ നീ യാജകനായി വരിക്കുക! അല്ലെങ്കില്‍ ഘോരമായ വരം ഞാന്‍ നിന്റെനേരെ പ്രയോഗിക്കും. ഈ പറഞ്ഞതു നീ കേട്ടില്ലെങ്കില്‍ വന്നുചേരുന്ന ഭയങ്കര ഫലങ്ങള്‍ക്ക്‌ നീ കാരണമാകുമെന്ന്‌ ചിന്തിച്ചുകൊള്ളുക.

മരുത്തന്‍ പറഞ്ഞു: അല്ലയോ ഗന്ധര്‍വ്വാ! വിശ്വേദേവകള്‍ക്കും, വസുക്കള്‍ക്കും, അശ്വികള്‍ക്കും, നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഈ ലോകത്തില്‍ മിത്രദ്രോഹം ചെയ്തവര്‍ക്ക്‌ യാതൊരു രക്ഷയുമില്ലെന്ന്‌. അത്‌ ബ്രഹ്മഹത്യക്കു തുല്യമായ മഹാപാപമാണെന്ന്‌. ബൃഹസ്പതി വജ്രഭ്യത്തായ ദേവരാജാവിനെ യജിപ്പിക്കുന്നു. സംവര്‍ത്തന്‍ എന്നെയും യജിപ്പിക്കുന്നു. അവന്‍ പറഞ്ഞയച്ച വാക്ക്‌ എനിക്ക്‌എടുക്കേണ്ട കാര്യമില്ല.

ഗന്ധര്‍വ്വന്‍ പറഞ്ഞു: ആകാശത്ത്‌ ആര്‍ത്തു കൊണ്ട്‌ നില്ക്കുന്ന ദേവ്വേന്ദ്രന്റെ ഘോരമായ മേഘങ്ങളുടെ സ്വനം നീ കേള്‍ക്കു രാജസിംഹാ! ഇന്ദ്രന്‍ നിന്റെ നേരെ വജ്രം വിടുവാന്‍ സന്നദ്ധനായിട്ടാണു നില്ക്കുന്നത്‌. നിന്റെ ഗുണത്തിന് വേണ്ടത്‌ ചിന്തിച്ചുചെയ്യുക. അതിന് കാലമായിരിക്കുന്നു. വൈകിയാല്‍ നീ അപകടത്തിലാകും.

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം ധൃതരാഷ്ട്രന്‍ പറഞ്ഞ സന്ദേശവും ആർക്കുന്ന ഇന്ദ്രന്റെ ശബ്ദവും കേട്ട്‌ തപോനിത്യനായ രാജാവ്‌, ധര്‍മ്മവാന്മാരില്‍ അഗ്രഗണൃനായ രാജാവ്‌, സംവര്‍ത്തനോട്‌ ഈ ഗന്ധര്‍വ്വന്റെ സന്ദേശവും വന്നുചേര്‍ന്ന അപകടസന്ധിയും അറിയിച്ചു.

മരുത്തന്‍ പറഞ്ഞു: ഈ എന്റെ ആത്മാവ്‌ ഏറ്റവും ഉഴലുന്നവിധം കാരൃമെത്തിയിരിക്കുന്നു. മേഘസ്വനം ആകാശത്ത്‌ മുഴങ്ങുന്നു. ഇന്ദ്രന്‍ എത്തിയിട്ടുണ്ട്‌. എനിക്ക്‌ എന്താണ്‌ ഇനി രക്ഷ! ഞാന്‍ ഒന്നും കാണുന്നില്ല. അല്ലയോ വിപ്രേന്ദ്രാ! ഞാന്‍ ഭവാനാല്‍ ശര്‍മ്മം ഏല്ക്കുമാറാകട്ടെ! വിപ്രമുഖ്യാ, ഭവാന്‍ എനിക്ക്‌ അഭയം നല്കണേ! ഇതാ വജ്‌രി പത്തുദിക്കും പ്രശോഭിപ്പിച്ചു കൊണ്ടു വരുന്നു. ഘോരവും അമാനുഷവുമായ തേജസ്സോടെ സദസ്യരെ വിറപ്പിച്ചു കൊണ്ട്‌ ഇതാ എത്തുന്നു.

സംവര്‍ത്തന്‍ പറഞ്ഞു; രാജാവേ! ശക്രനെപ്പറ്റി ഭയപ്പെടേണ്ടാ. ഞാന്‍ ഇപ്പോള്‍ ഈ ഘോരഭയത്തെ "സംസ്‌നംഭിനീവിദ്യ"യാല്‍ ഈ ക്ഷണത്തില്‍ കെടുത്തിക്കളയാം. ഭവാന്‍ ഇതില്‍ ഒട്ടും ഭയപ്പെടാതെ സ്ഥിരമായി നില്ക്കുക! രാജാവേ, ആയിരം യാഗം ചെയ്തവനായാലും ശക്രനെ ഞാന്‍ സ്തംഭിപ്പിച്ചു കൊള്ളാം, നീ ഭയപ്പെടാതിരിക്കൂ! വേണ്ടി വന്നാല്‍ ഈ ദേവന്മാരുടെ എല്ലാവരുടെയും ആയുധങ്ങളെ ഞാന്‍ ഒടുക്കിക്കളയാം. ആകാശത്ത്‌ ഇന്ദ്രന്റെ ഇടിമിന്നല്‍ പരക്കട്ടെ! കാറ്റടിച്ച്‌ മേഘം മഴ ചൊരിയട്ടെ! വെള്ളം പാഴില്‍ ആകാശത്ത്‌ വന്നുചേരട്ടെ! ഭയപ്പെടേണ്ടാ, മിന്നലും ഇടിയുമൊക്കെയാകട്ടെ! നിനക്കു ഭയപ്പെടേണ്ട കാര്യമില്ല. വാസവന്‍ വര്‍ഷം ചൊരിയട്ടെ! ഇഷ്ടമുളേളടത്ത്‌ വജ്രം പ്രയോഗിക്കട്ടെ! നിന്റെ നാശത്തിന് വേണ്ടി ഭയങ്കരമായ ജലപ്രവാഹം ഉണ്ടാകട്ടെ! അഗ്നി നിന്നെ എല്ലാവിധത്തിലും രക്ഷിക്കും. ഭയപ്പെടാതിരിക്കുക!.

മരുത്തന്‍ പറഞ്ഞു: ഘോരമായ ശബ്ദം അത്യുച്ചഘോഷത്തോടെ കേള്‍ക്കുന്നു, അത്‌ കാറ്റോടു കൂടി വരുന്ന വജ്രത്തിന്റെ ശബ്ദമാകാം. അതുകൊണ്ട്‌, എന്റെ ആത്മാവ്‌ നടുങ്ങുന്നു വിപ്രാ! ഒരു സമാധാനവും ഞാന്‍ കാണുന്നില്ല.

സംവര്‍ത്തന്‍ പറഞ്ഞു: ഉഗ്രമായ വജ്രം കണ്ട്‌ നീ ഭയപ്പെടേണ്ട. ആ വജ്രത്തെ ഞാന്‍ കാറ്റു കൊണ്ട്‌ മുടിച്ചുകളയും നരേന്ദ്രാ! ഭയംവിട്ട്‌ നീ മറ്റൊരു വരം എന്നില്‍ നിന്നു വരിക്കുക! നിന്റെ ആഗ്രഹം എന്താണ്‌ അതു ഞാന്‍ നടത്തിത്തരാം.

മരുത്തന്‍ പറഞ്ഞു: ഇന്ദ്രന്‍ ഉടനെ പ്രത്യക്ഷനായി വരട്ടെ! യജ്ഞത്തില്‍ നിന്നു ഹവിസ്സ്‌ ഏറ്റുവാങ്ങട്ടെ! ദേവന്മാര്‍ അവരവരുടെ സ്ഥാനത്ത്‌ ഇരുന്നു കൊള്ളട്ടെ! നമ്മള്‍ ഹോമിക്കുന്ന സോമം അവര്‍ യഥാന്യായം ഏറ്റുകൊള്ളട്ടെ!.

സംവര്‍ത്തന്‍ പറഞ്ഞു: ഇതാ ഹരിവാഹനനായ ശക്രന്‍വരുന്നു ദേവന്മാര്‍ വാഴ്ത്തുന്ന ആ ദേവന്‍ ഇതാ എത്തുന്നു. ഞാന്‍ മന്ത്രത്താല്‍ മഖത്തില്‍ ആഹരിച്ച അവന്‍ മന്ത്രത്താല്‍ ത്രസിച്ചു കൊണ്ടാണ്‌ എത്തുന്നത്‌. നീ നോക്കുക!

വൈശമ്പായനൻ പറഞ്ഞു: ഉടനെ ദേവന്മാരോടു കൂടി ദേവരാജാവ്‌ തേരില്‍ ഹരിവാഹങ്ങളെപ്പൂട്ടി യജ്ഞത്തില്‍ വന്നെത്തി. എതിരില്ലാത്ത രാജാവായ ആവിക്ഷിതന്റെ സോമം കഴിക്കുവാനായി എത്തി. ദേവന്മാരോടു കൂടി ഇന്ദ്രന്‍ വരുന്നതു കണ്ട്‌ അവനെ എതിരേല്ക്കുവാന്‍ പുരോഹിതനോടു കൂടെ മരുത്തന്‍ ചെന്നു. ദേവാധി രാജാവിന് അഗ്രപൂജ കഴിച്ചു. ശാസ്ത്രോക്തമായ വിധിപ്രകാരം ഇന്ദ്രന്‍ പ്രീതനായി.

സംവര്‍ത്തന്‍ പറഞ്ഞു: അല്ലയോ ഇന്ദ്രാ! ദേവാധിരാജാ, അങ്ങയ്ക്ക്‌ സ്വാഗതം! അങ്ങയുടെ സാന്നിദ്ധ്യത്താല്‍ അല്ലയോ വിദ്വന്‍, ഈ യജ്ഞം വളരെ ഭംഗിയായിരിക്കുന്നു. അല്ലയോ വലവ്യത്രഘ്ന! വീണ്ടും ഞാന്‍ ഹോമിക്കുന്ന സോമം അങ്ങ്‌ ആസ്വദിച്ചാലും!.

മരുത്തന്‍ പറഞ്ഞു: എന്നെ ശുഭനായി നീ കാണുക. ഈര്‍ഷ്യ വിട്ട്‌ നോക്കുക. ഞാന്‍ അങ്ങയെ കൈകൂപ്പുന്നു. യജ്ഞം സിദ്ധവും സഫലവുമായി. എന്റെ ജീവനും രക്ഷയായി. അല്ലയോ സുരേന്ദ്രാ! ബൃഹസ്പതിയുടെ അനുജനാണ്‌ യാഗം ചെയ്യുന്നത്‌. അത്‌ ഭംഗിയാക്കിയാലും.

ഇന്ദ്രന്‍ പറഞ്ഞു: ഞാന്‍ തപസ്വിയായ നിന്റെ ഗുരുവിനെ അറിയുന്നുണ്ട്‌. അവന്‍ ബൃഹസ്പതിയുടെ അനുജനും, തിഗ്മശക്തിയുമാണെന്ന്‌ ഞാന്‍ അറിയുന്നു. ഇദ്ദേഹം ആഹ്വാനം ചെയ്തിട്ടാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌, രാജാവേ! ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുന്നു. എന്റെ മന്യു ഇതോടെ അവസാനിച്ചു.

സംവര്‍ത്തന്‍ പറഞ്ഞു: അല്ലയോ ദേവരാജാവേ, ഭവാന്‍ ഞങ്ങളില്‍ പ്രീതനാണെങ്കില്‍ ഈ യജ്ഞത്തിന് വേണ്ട വിധികളെല്ലാം പറഞ്ഞു തന്ന്‌ പ്രവര്‍ത്തിപ്പിച്ചാലും. ദേവന്മാര്‍ക്കുള്ള ഭാഗങ്ങള്‍ അങ്ങു തന്നെ വെച്ചാലും! അതിനാല്‍ ലോകമൊട്ടുക്കും അറിയട്ടെ ദേവാ, ഈ യജ്ഞം ഭവാനാണ്‌ ചെയ്യിപ്പിക്കുന്നതെന്ന്‌.

വ്യാസന്‍ പറഞ്ഞു: ഇപ്രകാരം ആംഗിരസനായ സംവര്‍ത്തന്‍ പറഞ്ഞപ്പോള്‍ ശക്രന്‍ ദേവന്മാരോട്‌ പറഞ്ഞു: ദേവന്മാരെ, നിങ്ങള്‍ സഭാസ്ഥാനം ഉടനെ നിര്‍മ്മിക്കുവിന്‍. ആയിരം വിചിത്രമായ മുറികളോടു കൂടി തീര്‍ക്കുവിന്‍. എല്ലാം കണ്ടാല്‍ വളരെ കൗതുകമുള്ളതാകണം. വിചിത്രമായി, സമൃദ്ധമായിരിക്കണം. ഗന്ധര്‍വ്വന്മാര്‍ക്കും അപ്സരസ്ത്രീകള്‍ക്കും ആരോഹണങ്ങള്‍ക്ക്‌ കോണികളും തൂണുകളും ഉണ്ടാക്കുവിന്‍. അപ്സരസ്ത്രീകള്‍ നൃത്തംവെച്ച്‌ യജ്ഞവാടം സ്വര്‍ഗ്ഗതുല്യമാക്കിത്തീര്‍ക്കുവിന്‍! മനോഹരമാക്കിത്തീര്‍ക്കുവിന്‍! ഇപ്രകാരം ഇന്ദ്രന്റെ കല്പന കേട്ട്‌ ദേവകള്‍ എല്ലാം ഭംഗിയായി നിര്‍മ്മിച്ചു രാജാവേ! പിന്നെ ഇന്ദ്രന്‍ മരുത്തരാജാവിന്റെ പൂജയേറ്റ്‌ പ്രീതനായി ഇപ്രകാരം പറഞ്ഞു; "രാജാവേ, ഞാന്‍ ഇതാ നിന്നോടും നിന്റെ പൂര്‍വ്വജന്മാരോടും കൂടി വന്നു ചേര്‍ന്നിരിക്കുന്നു. രാജേന്ദ്രാ! ദേവന്മാരെല്ലാം പ്രീതരായി നിന്നോട്‌ ഹവിസ്സ്‌ ഏറ്റുവാങ്ങുന്നതാണ്‌. രാജാവേ, ഇപ്പോള്‍ ഭവാന്‍ അഗ്നിയില്‍ ബലിയായി ഒരു ചുവന്ന കാളയെ അര്‍പ്പിക്കുക. വിശ്വേദേവകള്‍ക്കായി പലതരം നിറത്തിലുള്ള കാളയെ ബലിയായി നല്കുക. ശിശ്നം ചലിക്കുന്ന നീലനിറമുള്ള നല്ല കാളയെ ദേവകള്‍ക്കായി അര്‍പ്പിക്കുക". അപ്പോള്‍ ആയാഗാഗ്നി കത്തിജ്ജ്വലിച്ച്‌ യജ്ഞം തുടങ്ങി. ദേവന്മാര്‍ പ്രത്യക്ഷരായി വന്ന്‌ അന്നം വാങ്ങി. വിപ്രന്മാരുടെ പൂജയേറ്റ്‌ ശക്രന്‍ അശ്വാരുഡനായി വന്ന്‌ ആ യജ്ഞശാലയില്‍ സദസ്യനായി ഇരുന്നു. പിന്നെ ബലിപീഠത്തില്‍ കയറി സംവര്‍ത്തന്‍ രണ്ടാമത്തെ അഗ്നിപോലെ ജ്വലിച്ചു. മന്ത്രം ജപിച്ച്‌ അവന്‍ ഉച്ചത്തില്‍ ദേവന്മാരെ ആഹ്വാനം ചെയ്തു. ദേവകള്‍ക്ക്‌ ഹവ്യം നല്കി. ആദ്യമായി സോമം വലജിത്തായ ഇന്ദ്രന്‍ ആസ്വദിച്ചു. ദേവന്മാരും സോമം പാനം ചെയ്തു. ആ നരേശ്വരന്റെ ഹവ്യങ്ങള്‍ സ്വീകരിച്ച്‌ അനുഭവിച്ചു സന്തുഷ്ടരായി, അനുവാദത്തോടെ തിരിച്ചു പോയി. പിന്നെ ആ രാജാവ്‌ താന്‍ നേടിയ സ്വര്‍ണ്ണക്കൂട്ടമൊക്കെ ഒരിടത്തു കൂട്ടി അര്‍ഹരായ ബ്രാഹ്മണര്‍ക്ക്‌ കുബേരനെപ്പോലെ ശത്രുഘാതിയായ രാജാവ്‌ ദാനം ചെയ്തു. അങ്ങനെ വൈശ്രവണതുല്യനായി വിലസി. പലതരം ധനങ്ങളാല്‍ രാജാവ്‌ ഖജനാവ്‌ പൂര്‍ണ്ണമാക്കി. ഉത്സാഹത്തോടെ, സമൃദ്ധമായ രാജ്യം, കടലിന്നടുത്തോളം വിസ്തൃതമായ രാജ്യം, ആചാര്യന്റെ ഉപദേശം പോലെ ക്ഷേമപൂര്‍ണ്ണമാക്കി ഭരിച്ചു.

ഇപ്രകാരം ഗുണസമ്പന്നനായ ആ രാജാവിന്റെ യജ്ഞത്താല്‍ സ്വര്‍ണ്ണം ധാരാളം വര്‍ദ്ധിച്ചു വന്നു. അല്ലയോ യുധിഷ്ഠിരാ, ആ ധനമൊക്കെ കിടപ്പുണ്ടെന്നു ഞാന്‍ പറഞ്ഞുവല്ലൊ. അതൊക്കെ കൊണ്ടു വന്ന്‌ ഭവാന്‍ യജ്ഞം നടത്തുക. ദേവന്മാര്‍ക്കു തൃപ്തി നല്കുക!.

വൈശമ്പായനൻ പറഞ്ഞു: പിന്നെ പാണ്ഡവനായ യുധിഷ്ഠിര രാജാവ്‌ സന്തോഷത്തോടെ, സതൃവതീ സുതനായ വ്യാസന്റെ വാക്കുകേട്ട്‌ ആ ധനമെല്ലാം കൊണ്ടുവന്ന്‌ യാഗം കഴിക്കുവാന്‍ വേണ്ടി മനസ്സില്‍ ഉറപ്പിച്ച്‌ അമാത്യന്മാരെ വിളിച്ച്‌ ആ കാര്യത്തെക്കുറിച്ചു മന്ത്രാലോചന നടത്തി.

11. കൃഷ്ണധര്‍മ്മസംവാദം - വൃത്രനെ ഇന്ദ്രൻ കൊന്ന കഥ വിവരിച്ചു വൈമനസ്യം വിടുവാൻ കൃഷ്ണൻ യുധിഷ്ഠിരനെ ഉപദേശിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അത്ഭുതമായ കര്‍മ്മം വ്യാസന്‍ രാജാവിനോട്‌ പറഞ്ഞപ്പോള്‍, തേജസ്വിയായ വാസുദേവന്‍ ഇപ്രകാരം പറയുവാന്‍ തുടങ്ങി. ജ്ഞാതികളെയും, ബന്ധുക്കളെയും കൊന്നതു മൂലം ഉള്ളം തളര്‍ന്ന്‌ ഗ്രഹണത്തില്‍പ്പെട്ട സൂര്യനെപ്പോലെയും, പുകയുന്ന അഗ്നിപോലെയും നിര്‍വ്വിണ്ണനായിരിക്കയാണ്‌ യുധിഷ്ഠിരന്‍ എന്നറിഞ്ഞ്‌, വൃഷ്ണികുലോത്തമനായ കൃഷ്ണന്‍ ധര്‍മ്മപുത്രനെ ആശ്വസിപ്പിക്കുവാന്‍ വേണ്ടി ഇപ്രകാരം പറയുവാന്‍ തുടങ്ങി.

വാസുദേവന്‍ പറഞ്ഞു: മൃത്യുവിന്റെ മാര്‍ഗ്ഗം ജിഹ്മമാണ്‌, വക്രമാണ്‌. ബ്രഹ്മപദം ആര്‍ജ്ജവമാണ്‌. യുധിഷ്ഠിരാ, ഭവാന്റെ കര്‍മ്മം നിലച്ചിട്ടില്ല. നീ ശത്രുക്കളെ ജയിച്ചിട്ടില്ല. നീ നിന്നിലുള്ള നിന്റെ വൈരിയെ അറിയാത്തത്‌ കഷ്ടം തന്നെ! ഇക്കാര്യത്തില്‍ ഞാന്‍ അങ്ങയോട്‌ ധര്‍മ്മം കേട്ട പടിക്കു പറയാം. ഇന്ദ്രന്‍ വൃത്രാസുരനോട്‌ യുദ്ധം ചെയ്ത കഥ വിവരിക്കാം. പണ്ട്‌ വൃത്രന്‍ ഭൂമി മുഴുവന്‍ വ്യാപിച്ചു നിന്നു രാജാവേ! ഭൂമിയെ വ്യാപിച്ചു നിന്നപ്പോള്‍ അവന്‍ ഭൂമിയുടെ ഗന്ധസ്ഥാനത്തെ (ഗുണമായ ഗന്ധത്തെ) അപഹരിച്ചു. അപ്പോള്‍ എല്ലായിടത്തും ദുര്‍ഗ്ഗന്ധം പരന്നു. അപ്പോള്‍ ശത്രകതു അവന്റെ കര്‍മ്മത്തില്‍ ക്രോധത്തോടെ വജ്രായുധം വൃത്രന്റെ നേരെ പ്രയോഗിച്ചു. മഹാതേജസ്സോടെ വജ്രം അവനെ വധിക്കുവാന്‍ വിടുന്ന സമയത്ത്‌ അവന്‍ ഉടനെ വെള്ളത്തില്‍ പ്രവേശിച്ചു. ജലത്തിന്റെ വിഷയത്തെ അപഹരിച്ചു. അങ്ങനെ വൃത്രന്‍ ജലത്തിന്റെ ഗുണത്തെ നശിപ്പിച്ചു. രസാവസ്ഥ നശിച്ചു. ഉടനെ ശതക്രതു ക്രോധത്തോടെ അവന്റെ നേരെ വജ്രം വിട്ടു. അതിതേജസ്സായ വജ്രം അതില്‍ച്ചെന്ന്‌ വൃത്രനെ വധിക്കുവാന്‍ ഭാവിക്കുമ്പോള്‍ ഉടനെ തേജസ്സില്‍ വൃത്രന്‍ പ്രവേശിച്ച്‌ തേജസ്സിന്റെ ഗുണത്തെ ഗ്രഹിച്ചു. അപ്പോള്‍ വൃത്രന്‍ തേജസ്സില്‍ നിറയെ വ്യാപിച്ചു. അങ്ങനെയായപ്പോള്‍ രൂപവും നിറവും നഷ്ടപ്പെട്ടു. അപ്പോള്‍ കുടുതല്‍ ക്രോധത്തോടെ അതിലേക്ക്‌ ഇന്ദ്രന്‍ വജ്രായുധം വിട്ടു. അതിതേജസ്സായ വജ്രം തേജസ്സില്‍ കടന്ന്‌ വ്യത്രനെ വധിക്കുവാന്‍ ഭാവിക്കുമ്പോള്‍ ഉടനെ വായുവില്‍ പ്രവേശിച്ച്‌ അതിന്റെ വിഷയത്തെ അപഹരിച്ചു. വായുവില്‍ വൃത്രന്‍ നിറഞ്ഞപ്പോള്‍ അതിന്റെ ഗുണമായ സ്പര്‍ശസ്ഥാനം നഷടപ്പെട്ടു. ഉടനെ ശത്രക്രതു വായുവില്‍ വൃത്രസംഹാരത്തിന് വജ്രായുധം വിട്ടു. അതിതേജസ്വിയായ വജ്രം അതില്‍ പതിച്ചപ്പോള്‍ തന്നെ വധിക്കുമെന്ന ഭയം മൂലം വൃത്രന്‍ ആകാശത്തേക്കു പാഞ്ഞുകയറി, അതിന്റെ വിഷയത്തെയും അപഹരിച്ചു. വ്യോമം ഉടനെ വൃത്രപ്രിയമായി. ശബ്ദസ്ഥാനമെന്ന വ്യോമഗുണത്തെ അവന്‍ അപഹരിച്ചു. ഉടനെ ക്രോധത്തോടെ ശതക്രതു വജ്രം അവന്റെ നേരെ വിട്ടു. വജ്രം ആകാശത്തില്‍ കയറി വൃത്രനെ വധിക്കുമെന്നു കണ്ടപ്പോള്‍ വൃത്രന്‍ ഇന്ദ്രനിലേക്കു പാഞ്ഞുകയറി. അവന്റെ ഉള്ളില്‍ കടന്ന്‌ അവന്റെ വിഷയങ്ങളെ അപഹരിച്ചതോടെ ഇന്ദ്രന്‍ ബോധഹീനനായി വല്ലാതെ മോഹാലസ്യപ്പെട്ടു. ഉടനെ വസിഷ്ഠന്‍ അടുത്തു ചെന്ന്‌ രഥന്തരം എന്ന മന്ത്രം ജപിച്ച്‌ അവനെ ഉണര്‍ത്തി. പിന്നെ ഇന്ദ്രന്‍ തന്റെ ദേഹത്തിലിരിക്കുന്ന വൃത്രനെ വധിച്ചു രാജാവേ! അത്‌ അദൃശ്യമായ വജ്രം കൊണ്ടാണ്‌ ഇന്ദ്രന്‍ നിര്‍വ്വഹിച്ചത്‌, എന്നു നാം കേള്‍ക്കുന്നു. ധര്‍മ്മവും രഹസ്യവുമായ ഈ കഥ ഇന്ദ്രന്‍ മുനീന്ദ്രന്മാരോട്‌ പറഞ്ഞു. മഹര്‍ഷിമാര്‍ എന്നോടും പറഞ്ഞു. അല്ലയോ ജനാധിപാ, ഭവാന്‍ കേട്ടാലും.

12. കൃഷ്ണധര്‍മ്മസംവാദം - ശാരീരികവും മാനസികവുമായി രണ്ടു വിധം വ്യാധിയുണ്ടെന്നും, മാനസികവ്യാധി ജയിച്ചേ, മനുഷ്യൻ കർത്തവ്യനിരതനാകൂ എന്നും കൃഷ്ണൻ പറയുന്നു - വാസുദേവന്‍ പറഞ്ഞു: രണ്ടു വിധത്തിലാണ്‌ ലോകത്തില്‍ വ്യാധികള്‍. ഒന്ന്‌ ശാരീരികം, മറ്റേത്‌ മാനസികം. ശരീരത്തിലുണ്ടാകുന്ന വ്യാധിയാണ്‌ ശാരീരവ്യാധി. മനസ്സിലുണ്ടാകുന്ന വ്യാധിയാണ്‌ മാനസവ്യാധി. രാജാവേ! - ശീതം, ഉഷ്ണം, വായു ഇവ (വാതം, പിത്തം, കഫം) ശരീരജമായ ഗുണങ്ങളാണ്‌. ആ ഗുണം സമമായി തോതനുസരിച്ചു നില്ക്കുകയാണെങ്കില്‍ അത്‌ സ്വസ്ഥന്റെ ലക്ഷണമാണ്‌. അരോഗതയുടെ, ആരോഗൃത്തിന്റെ ലക്ഷണമാണ്‌. ഉഷ്ണം ശീതത്തെയും ശീതം ഉഷ്ണത്തെയും ബാധിക്കും.

സത്വം, രജസ്സ്‌, തമസ്സ്‌ എന്നീ മൂന്നുമാണ്‌ ആത്മഗുണങ്ങള്‍. ആ ഗുണം സമമായി തോതനുസരിച്ചു നിന്നാല്‍ അതാണ്‌ സ്വസ്ഥന്റെ ലക്ഷണം. ഈ പറഞ്ഞതില്‍ ഏതെങ്കിലും ഒന്നു വര്‍ദ്ധിച്ചാല്‍ ഉടനെ ചികിത്സിക്കണം. ശോകത്തെ ഹര്‍ഷം ബാധിക്കും. ശോകം ഹര്‍ഷത്തെയും ബാധിക്കും. ഒരുത്തന്‍ ദുഃഖത്തില്‍ വാഴുകയാണെങ്കില്‍ അവന്‍ അപ്പോള്‍ പണ്ടു കഴിഞ്ഞ സുഖങ്ങളെപ്പറ്റി ഓര്‍ക്കുകയായി. ഒരുത്തന്‍ സുഖത്തിലാണ്‌ വാഴുന്നതെങ്കില്‍ അപ്പോള്‍ അവന്റെ ചിന്ത കഴിഞ്ഞ കാലങ്ങളിലെ ദുഃഖകരമായ സംഭവങ്ങളെപ്പറ്റിയായിരിക്കും. ദുഃഖിതന്‍ ദുഃഖത്തെ സ്മരിക്കയില്ല; സുഖി സുഖത്തെപ്പറ്റിയും സ്മരിക്കയില്ല. കൗന്തേയാ! അതല്ലാതെ ഇപ്പോള്‍ നീ എന്താണ്‌ വിചാരിക്കുന്നത്‌? നിന്റെ ദുഃഖശമനത്തിന് എന്താണ്‌ സ്മരിക്കുവാന്‍ ഉദ്ദേശിക്കുന്നത്‌? തീണ്ടാരിയായി ഏകവ്രസ്തം ചുറ്റിയിരിക്കുന്ന കൃഷ്ണയെ സഭയിലേക്കു വലിച്ചു കൊണ്ടുവന്ന ആ നിൽപ് പാണ്ഡവന്മാര്‍ നോക്കി നില്‍ക്കെ കണ്ട അവളുടെ ആ ദയനീയമായ നില, എന്തുകൊണ്ട്‌ നീഇപ്പോള്‍ സ്മരിക്കുന്നില്ല. നിങ്ങളെ ചുതുകളിക്കു ശേഷം പുരത്തില്‍ നിന്നു പുറത്താക്കിയത്‌ എന്തുകൊണ്ട്‌ ഓര്‍ക്കുന്നില്ല? തോലുടുത്ത്‌ കൊടുംകാട്ടില്‍ പാര്‍ത്ത ആ കാലത്തെപ്പറ്റി നീ എന്തുകൊണ്ടു ചിന്തിക്കുന്നില്ല? ജടാസുരന്‍ മൂലം നിങ്ങള്‍ അനുഭവിച്ച ക്ലേശം, ചിത്രസേനനോടു പോരാടിയ കഥ, ജയദ്രഥന്‍ മൂലമുണ്ടായ ക്ലേശം, ഇതൊക്കെ ചെറിയ ദുഃഖങ്ങളാണോ? ഈ അവസരത്തില്‍ ആ കഴിഞ്ഞുപോയ പരിക്ലേശങ്ങളെപ്പറ്റി എതുകൊണ്ട്‌ ഭവാന്‍ സ്മരിക്കുന്നില്ല? വീണ്ടും അജ്ഞാതവാസത്തില്‍ പാഞ്ചാലപുത്രിയെ കീചകന്‍ കാല്‍കൊണ്ടു ചവിട്ടിയില്ലേ? എന്തേ നീ അതോര്‍ക്കുവാന്‍ ഒരുങ്ങാത്തത്‌? ദ്രോണനോടും ഭീഷ്മനോടും അങ്ങ്‌ പോരാടി അരിന്ദമാ! എന്തേ അതൊന്നും ഓര്‍ക്കാത്തത്‌?

ഇപ്പോള്‍ സമയം സമാഗതമായിരിക്കുന്നു. ശരിയായ ഒരു പോരാട്ടമാണ്‌ വന്നെത്തിയിരിക്കുന്നത്‌. അത്‌ ഒറ്റയ്ക്കു നിര്‍വ്വഹിക്കേണ്ട പോരാട്ടമാണ്‌. അത്‌ മനസ്സു കൊണ്ടുള്ള പോരാട്ടമാണ്‌. അതുകൊണ്ട്‌ അല്ലയോ ഭാരതാ! നീ തയ്യാറാവുക. മനസ്സിനോട്‌ ഒറ്റയ്ക്കു യുദ്ധം വെട്ടുവാന്‍ തയ്യാറാവുക. അവ്യക്ത രൂപത്തില്‍ വലിയ യുക്തിയാലും സ്വന്തം ക്രിയയാലും നീ മനസ്സിനെ കീഴടക്കണം. ഈ യുദ്ധത്തിന് ശരങ്ങളും മറ്റ്‌ ആയുധങ്ങളും ആവശ്യമില്ല. ബന്ധുമിത്രങ്ങളുടെ സഹായവും ആവശ്യമില്ല. ആത്മാവ്‌ എന്ന ഒരു ശത്രുവിനോടാണ്‌ നിനക്കു പൊരുതേണ്ടത്‌. അതിന് കാലമായിരിക്കുന്നു. ഈ പോരാട്ടത്തില്‍ നീ ആത്മാവിനെ ജയിച്ചില്ലെങ്കില്‍ നിന്റെ കഥ എത്ര ദയനീയമാകുമെന്നോ! അതു നല്ലപോലെ മനസ്സിലാക്കി നീ കര്‍ത്തവ്യാനുഷ്ഠാനം കൊണ്ട്‌ കൃതകൃത്യത പ്രാപിക്കുക. നീ ഈ പോരാട്ടത്തില്‍ വിജയശ്രീലാളിതനാവുക. ബുദ്ധിപൂര്‍വ്വം ചിന്തിച്ച്‌ എല്ലാ ജീവികളുടെയും വിധിയെന്തെന്നോര്‍ത്ത്‌ അങ്ങയുടെ പൂര്‍വ്വികന്മാരുടെ ജീവിതചര്യയെ അനുകരിച്ച്‌ പിതൃപൈതാമഹ നിലയില്‍ യഥോചിതം രാജ്യം ഭരിച്ചാലും!

13. കൃഷ്ണധര്‍മ്മസംവാദം - മമത ശക്തിമത്താണ്. അശ്വമേധം കൊണ്ട് മമതയെ കീഴടക്കണം - വാസുദേവന്‍ പറഞ്ഞു: ബാഹൃമായ ധനം ഉപേക്ഷിച്ചാലും സിദ്ധി ലഭിക്കുന്നതല്ല ഭാരതാ! ശാരീരമായ ദ്രവ്യം ഉപേക്ഷിച്ചാല്‍ സിദ്ധി ലഭിച്ചു എന്നും വരാം; ലഭിച്ചില്ല എന്നും വരാം. ബാഹൃദ്രവ്യം ഉപേക്ഷിച്ചവനും ശാരീര്രദവ്യം വിടാത്തവനും എന്തു ധര്‍മ്മമാണ്‌, എന്തു സുഖമാണ്‌, ലഭിക്കുന്നത്‌? അതു ശത്രുക്കള്‍ക്കു ചേര്‍ന്നതായി ഭവിക്കട്ടെ!

മൃത്യു രണ്ടക്ഷരമാണ്‌. ശാശ്വതമായ ബ്രഹ്മം മൂന്നക്ഷരമാണ്‌. "മമ" (എന്റെ) അതാണ്‌ മൃത്യു. "ന മമ" (എന്റെയല്ല) എന്നത്‌ ശാശ്വതമായ ബ്രഹ്മമാകുന്നു. രാജാവേ,ബ്രഹ്മമൃത്യുക്കള്‍ ആത്മാവില്‍ത്തന്നെ കുടികൊള്ളുന്നു. അദൃശ്യങ്ങളായ അവ ഭൂതാത്മാക്കളിലിരുന്നു തമ്മില്‍ പൊരുതിക്കൊണ്ടിരിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല.

അല്ലയോ ഭാരതാ! ഒരു ജീവിയും ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല എന്നതു സത്യമാണെങ്കില്‍ ഒരു ജീവിയെ കൊന്നു എന്നുള്ള അപരാധം ഒരുത്തനില്‍ ആരോപിക്കപ്പെടുവാന്‍ നിവൃത്തിയില്ല. എല്ലാ ചരാചരങ്ങളുമടങ്ങിയ ഭൂമി മുഴുവന്‍ തനിക്കധീനമായിട്ടും രാജാവും അതില്‍ തല്‍പരനല്ലെങ്കില്‍ പിന്നെ അവന് ലോകം കൊണ്ടെന്തു കാര്യം? എന്നാല്‍ അല്ലയോ പാര്‍ത്ഥാ, ലോകം ഉപേക്ഷിച്ചു കാട്ടില്‍ പോയി ഋഷിയുടെ ജീവിതം അനുഷ്ഠിക്കുന്ന ഒരുവന്‍ ധനാദികളില്‍ താല്‍പര്യം കാണിക്കുകയാണെങ്കില്‍ അവന്‍ മരണത്തിന്റെ വായില്‍ ജീവിക്കുന്നതാണെന്നേ പരിഗണിക്കാവൂ. മമത്വം മൃത്യുവാണല്ലൊ. ബാഹൃവും ആന്തരികവുമായ ശത്രുക്കളുള്ളത്‌ ആധ്യാത്മിക ദൃഷ്ടി കൊണ്ടു നോക്കിക്കാണണം. ആ ശത്രുക്കളുടെ ശരിയായ രൂപഭാവങ്ങള്‍ നോക്കിക്കാണാന്‍ കഴിയുകയും അനന്തമായ ആസ്തികത്തെ കാണുവാന്‍ കഴിയുകയും ചെയ്യുന്ന പുരുഷന് ആ ഭയത്തെ അതിജീവിക്കുവാന്‍ കഴിയുന്നതാണ്‌.

ലൗകികബന്ധങ്ങളില്‍ ആസക്തിയുള്ളവനെ ലോകം പ്രശംസിക്കുന്നില്ല. ആഗ്രഹം കൂടാതെ പ്രവൃത്തിയില്ല. എല്ലാ ആശകളും മനസ്സിന്റെ അംഗങ്ങളാകുന്നു. അതുകൊണ്ട്‌ ബുദ്ധിമാന്മാര്‍ ചിന്തിച്ച്‌ അവരുടെ ആഗ്രഹങ്ങളെ അടക്കുന്നു. ബ്രഹ്മവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന യോഗിക്കറിയാം, യോഗം മോക്ഷത്തിന്നുള്ള ശരിയായ മാര്‍ഗ്ഗമാണെന്ന്‌. അതീതജന്മത്തില്‍ തന്റെ അഭ്യാസബലം കൊണ്ടു സിദ്ധിച്ച വാസനമൂലം അയാള്‍ അത് ഗ്രഹിക്കുന്നു. ദാനവും, വേദാദ്ധ്യയനവും, തപസ്സും, കാമൃമായ പല കര്‍മ്മങ്ങളും, വേദസംബന്ധികളായ വ്രതങ്ങള്‍, യജ്ഞങ്ങള്‍ ഇവയൊക്കെ ശ്രേഷ്ഠങ്ങളാണെന്ന്‌ അറിഞ്ഞിട്ടും കാമം മൂലം അവയെ ചെയ്യാതിരുന്നാല്‍ അതായത്‌ നിഷ്കാമമായി കര്‍മ്മം ചെയ്താല്‍, അതില്‍ നിന്ന്‌ ഒരു ഫലം സിദ്ധിക്കുമെന്നുള്ള ആശ കൂടാതെ കര്‍മ്മം ചെയ്താല്‍, അതു തന്നെയാണ്‌ ധര്‍മ്മമായിട്ടുള്ളത്‌. ധര്‍മ്മത്തിന് മൂലമായിട്ടുള്ളത്‌ സംയമനമാകുന്നു. പണ്ടുള്ള മഹാശയന്മാര്‍ കാമന്‍ പാടിയ ഗാഥകള്‍ ചൊല്ലാറുണ്ട്‌. അത്‌ ഞാന്‍ ഇപ്പോള്‍ ചൊല്ലാം. യുധിഷ്ഠിരാ, നീ കേള്‍ക്കുക. കാമനെ (കാമത്തെ) നശിപ്പിക്കുവാന്‍, ഈയുള്ളവനെ നശിപ്പിക്കുവാന്‍, ഉപായം കൂടാതെ ആര്‍ക്കും സാധിക്കുന്നതല്ല. ആയുധത്തിന്റെ ബലം കൊണ്ട്‌ ആര്‌ എന്നെ കൊല്ലുവാന്‍ ഒരുങ്ങുന്നുവോ, അവന്റെ ആ ആയുധത്തില്‍ ഞാന്‍ വീണ്ടും വന്നു പിറക്കും. ദക്ഷിണാഢ്യമായ മഖം കൊണ്ട്‌ ആര്‌ എന്നെ കൊല്ലുവാന്‍ ഒരുങ്ങുന്നുവോ, ജംഗമത്തില്‍ ധര്‍മ്മിയെപ്പോലെ വീണ്ടും ഞാന്‍ അവിടെ ഉത്ഭവിക്കും.

വേദങ്ങളാലും, വേദാംഗങ്ങളാലും, ആര് എന്നെ കൊല്ലുവാന്‍ ഒരുങ്ങുന്നുവോ, സ്ഥാവരത്തില്‍ ധര്‍മ്മിയുടെ രൂപത്തില്‍ ഞാന്‍ അവിടെ ഉത്ഭവിക്കുന്നതാണ്‌. എന്നെ ധീരതയാല്‍ കൊല്ലുവാന്‍ ആര്‌ ഉദ്യമിക്കുന്നുവോ, ആ സതൃവിക്രമന് ഭാവമായി ഞാന്‍ നില്ക്കും. അവന്‍ അപ്പോള്‍ എന്നെ അറിയുകയില്ല. തപസ്സു കൊണ്ടു സംശിതവ്രതനായ ആര് എന്നെ കൊല്ലുവാന്‍ ഒരുങ്ങുന്നുവോ, അവന്റെ തപസ്സില്‍ വീണ്ടും ഞാന്‍ ഉത്ഭവിക്കുന്നതാണ്‌. മോക്ഷത്തെ പ്രാപിച്ച്‌ പണ്ഡിതനായ ഏതൊരുത്തന്‍ എന്നെ കൊല്ലാനൊരുങ്ങുന്നുവോ,മോക്ഷപ്രിയനായ അവന് മുമ്പില്‍ ഞാന്‍ നൃത്തം വെക്കുകയും ഹസിക്കുകയും ചെയ്യും. ഒരു ജീവി വിചാരിച്ചാലും എന്നെ കൊല്ലുവാന്‍ കഴിയുകയില്ല. സനാതനനായി ഒരുത്തനേയുള്ളു; അത്‌ ഞാന്‍ മാത്രമാണ്‌. അതുകൊണ്ട്‌ അങ്ങ്‌ കാമങ്ങളെ ദക്ഷിണാഢ്യമായ യജ്ഞങ്ങളാല്‍ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലൂടെ വിടുക. ഇതുമൂലം നല്ലതായ ഫലം അങ്ങയ്ക്ക്‌ സിദ്ധിക്കുന്നതാണ്‌.

അശ്വമേധയാഗം ചെയ്യുക, ദക്ഷിണാഢ്യമായ ആ യാഗം വിധിപ്രകാരം ചെയ്യുക, മറ്റു പലതരം യജ്ഞങ്ങളും ദക്ഷിണാഢ്യമായി നടത്തുക. അങ്ങ്‌ അതിന്‌ തയ്യാറാവുക. ബന്ധുജനങ്ങളെ നോക്കി നീ വിഷാദ കലുഷനാകാതിരിക്കുക. ഈ യുദ്ധക്കളത്തില്‍ കൊന്നവരെയാരെയും ഇനി കാണാമെന്നു നീ വിചാരിക്കേണ്ട. ഭൂരിദക്ഷിണമായ, സമൃദ്ധമായ പല ശ്ലാഘ്യമഖങ്ങളും ചെയ്ത്‌ പാരില്‍ വളരെ കീര്‍ത്തി സമ്പാദിച്ച്‌ ശ്ലാഘ്യമായ ഗതിയെ പ്രാപിക്കുക.

14. ഹസ്തിനപുരപ്രവേശം - വ്യാസനാരദാദികളാൽ സമാശ്വസിക്കപ്പെട്ട ധർമ്മപുത്രർ ഭീക്ഷ്മകർണ്ണാദികളുടെ പിതൃക്രിയ ചെയ്തു ഹസ്തിനപുരിയിൽ പ്രവേശിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പല പല സാനത്ത്വന വാക്കുകളാലും ഉപദേശങ്ങളാലും ആ തപസ്വികളായ മുനീന്ദ്രന്മാരാല്‍, ബന്ധുക്കള്‍ മൃതനായി ദുഃഖിക്കുന്ന രാജര്‍ഷിയായ യുധിഷ്ഠിരന്‍ ആശ്വസിച്ചു. ശ്രീവിഷ്ടരശ്രവസ്സാകുന്ന (വിഷ്ണു-കൃഷ്ണന്‍) ഭഗവാനും, കൃഷ്ണദ്വൈപായനനും, ദേവസ്ഥാനനും സമാശ്വസിപ്പിച്ചവനും, വിഭുവായ നാരദനും, ഭീമനും, നകുലനും, പിന്നെ ദ്രൗപദിയും, ഭീമാര്‍ജ്ജുനന്മാരും, മറ്റു പുരുഷവ്യാഘ്രന്മാരും, ശാസ്ത്രജ്ഞന്മാരും, വിപ്രന്മാരും, സാന്ത്വ വാക്കുകള്‍ പറഞ്ഞാശ്വസിപ്പിച്ചവനുമായ യുധിഷ്ഠിരന്‍ ലോകോത്ഭവമായ ദുഃഖവും മാനസതാപവും വിട്ട്‌ ദേവകളെയും, വിപ്രരെയും അര്‍ച്ചിച്ചു. പിന്നെ ആ രാജാവ്‌ മരിച്ച ബന്ധുക്കള്‍ക്ക്‌ പ്രേതകാര്യങ്ങള്‍ ചെയ്തു. ധര്‍മ്മിഷ്ഠനായ രാജാവ്‌ ആഴിചൂഴുന്ന ഊഴിയെ ഭരിച്ചു.

പ്രശാന്തചിത്തനായ കൗരവ്യന്‍ ഇപ്രകാരം സ്വരാജ്യം നേടി വ്യാസനോടും നാരദനോടും മറ്റുള്ളവരോടും പറഞ്ഞു: അല്ലയോ വൃദ്ധരായ മുനീശ്വരന്മാരെ നിങ്ങള്‍ എന്നെ ആശ്വസിപ്പിച്ചു. എനിക്ക്‌ ഇപ്പോള്‍ വ്യസനമെല്ലാം നീങ്ങിയിരിക്കുന്നു. ലേശം പോലും ദുഃഖം എനിക്കില്ല. വളരെ ധനം ലദിച്ചിട്ടുണ്ടല്ലോ. അതു കൊണ്ട്‌ ദേവന്മാരെ യജിക്കുന്നുണ്ട്‌. അല്ലയോ ഋഷിമാരേ, ഭവാന്മാരെ മുന്‍നിര്‍ത്തി ഞാന്‍ മഖം നടത്താം. ഭവാന്റെ രക്ഷയില്‍ ഞാന്‍ ഹിമാദ്രിയില്‍ ചെല്ലുന്നതാണ്‌. പിതാമഹാ, രാജര്‍ഷേ! അപ്രകാരം ചെയ്യണം, ഭവാന്റെ അധീനത്തില്‍എന്റെ യജ്ഞം നടക്കണം. ആ ദേശം വലിയ അത്ഭുതം നിറഞ്ഞതാണെന്നു ഞാന്‍ കേള്‍ക്കുന്നുണ്ട്‌. ദ്വിജോത്തമാ! അപ്രകാരം വിചിത്രമായ മംഗളം ഭഗവാന്‍ നാരദനും ദേവസ്ഥാനനും പറഞ്ഞു. ഭാഗ്യമില്ലാത്ത പുരുഷന് ഇപ്രകാരമുള്ള ഗുരുജനങ്ങളെ. വ്യസനിക്കുന്ന സന്ദര്‍ഭത്തില്‍ കിട്ടുന്നതല്ല. ഇത്ര സൗഹാര്‍ദ്ദമുള്ള നല്ലവരായ മാന്യരെ കാണുകയില്ല.

ഇപ്രകാരം രാജാവ്‌ പറഞ്ഞപ്പോള്‍ ആ രാജര്‍ഷിവരന്മാരെല്ലാവരും രാജാവിനെയും കൃഷണാര്‍ജ്ജുനന്മാരെയുംസമ്മതിപ്പിച്ച്‌ എല്ലാവരും കണ്ടു നില്ക്കെ അവിടെത്തന്നെ മറഞ്ഞു പോയി. പിന്നെ പ്രഭുവായ ധര്‍മ്മരാജാവ്‌ അവിടെത്തന്നെ ഇരുന്നു. ഇപ്രകാരം വളരെക്കാലം അവര്‍ക്കു കഴിഞ്ഞുപോയി. ഭീഷ്മൻ, കര്‍ണ്ണന്‍ തുടങ്ങിയവരായ കുരുക്കള്‍ക്ക്‌ ആ കുരുസത്തമന്‍ ധൃതരാഷ്ട്രനോടു കൂടി പിതൃക്രിയ നടത്തി. പിന്നെ പാണ്ഡവര്‍ഷഭനായ യുധിഷ്ഠിരന്‍ വിപ്രര്‍ക്ക്‌ ധാരാളം ധനം ദാനം ചെയ്തു. ധൃതരാഷ്ട്രനെ മുമ്പില്‍ നടത്തി ഹസ്തിനപുരത്തില്‍ കയറി. പ്രജ്ഞാദ്യക്കായ ധൃതരാഷ്ട്രനെ, ആശ്വസിപ്പിച്ച്‌ ധര്‍മ്മിഷ്ഠനായ ധര്‍മ്മപുത്രന്‍ അനുജന്മാരോടു കൂടി ഭൂമിയെ രക്ഷിച്ചു.

15. കൃഷ്ണാര്‍ജജുനവിനോദം - കൃഷ്ണൻ അർജ്ജുനനോട് കൂടി കുറെ ദിവസം പൂർവ്വകഥകൾ ഓരോന്നും പറഞ്ഞു രസമായി അവിടെ വസിക്കുന്നു - ജനമേജയൻ പറഞ്ഞു: പാണ്ഡവന്മാര്‍ യുദ്ധത്തില്‍ ജയിച്ച്‌ നാട്ടില്‍ ശാന്തിയുണ്ടായപ്പോള്‍ ആ വീരന്മാരായ വാസുദേവ ധനഞ്ജയന്മാര്‍ എന്തു ചെയ്തു?

വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ ജയിച്ച്‌ നാട്ടില്‍ ശാന്തിയുണ്ടായപ്പോള്‍ രാജാവേ, വാസുദേവ ധനഞജയന്മാര്‍ ഹൃഷ്ടരായി. മോദത്തോടെ അവര്‍ വിണ്ണില്‍ ദേവന്മാര്‍ എന്ന പോലെ വിഹരിച്ചു. വിചിത്രമായ കാടുകളിലം മലഞ്ചെരുവുകളിലും, പുണ്യതീര്‍ത്ഥങ്ങളിലും, പല്വലങ്ങളിലും, പുഴയിലും സന്തോഷത്തോടെ നന്ദനവനത്തില്‍ അശ്വികള്‍ എന്നപോലെ അവര്‍ വിഹരിച്ചു. കൃഷ്ണപാണ്ഡവന്മാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ പോയി കളിച്ചു. ആ രമ്യമായ സഭയില്‍ച്ചെന്നു വിഹരിച്ചു ഭാരതാ! അവിടെ പല യുദ്ധകഥകളും ചിത്രമായ ക്ലേശങ്ങളും പൂര്‍വ്വകഥകള്‍ പറയുന്നതിന് ഇടയിലൊക്കെ പ്രസംഗിച്ചു. ഋഷികളുടെയും ദൈവതങ്ങളുടെയും വംശങ്ങളെപ്പറ്റി പറഞ്ഞു. ആങ്ങനെ ആ പുരാണ മുനിസത്തമന്മാര്‍ പ്രീതിയോടെ പല കഥകളും പറഞ്ഞു. വിചിത്രവും രമ്യവുമായ കഥകള്‍, വിചിത്രമായ പൊരുളുകളുള്ള കഥകള്‍, എന്നിവയെല്ലാം കേശവന്‍ പാര്‍ത്ഥനോടു പറഞ്ഞു. പുത്രശോകം, ജ്ഞാതിശോകം, എന്നിവയോടു കൂടിയ അര്‍ജ്ജുനനെ, പുരാതനമായ പല കഥകള്‍ പറഞ്ഞ്‌ ജനാര്‍ദ്ദനന്‍ ആശ്വസിപ്പിച്ചു. വിജ്ഞാനജ്ഞനും തപോനിധിയുമായ കൃഷ്ണന്‍ ആശ്വസിപ്പിച്ച്‌ ആത്മഭാരം തീര്‍ത്തു വെച്ച്‌ വിശ്രമിച്ചു. ഗോവിന്ദന്‍ ആ കഥ പറഞ്ഞതിന് ശേഷം സാന്ത്വോക്തിയോടെ ശ്ലക്ഷ്ണമായി യുക്തിക്കൊത്ത വിധം ഇങ്ങനെ പറഞ്ഞു.

വാസുദേവന്‍ പറഞ്ഞു: അല്ലയോ പരന്തപാ, സവ്യസാചി!, നിന്റെ കൈയൂക്കിനെ ആശ്രയിച്ച്‌ രാജാവായ ധര്‍മ്മപുത്രന്‍ ശത്രുക്കളെ മുഴുവന്‍ കൊന്നൊടുക്കി ഭൂമി നേടിയിരിക്കുന്നു. ഭീമസേനന്റെയും, നകുല സഹദേവന്മാരുടെയും മിടുക്കാല്‍ ഭംഗിയായി ശത്രുസംഹാരം നടത്തി ഭൂമി നേടിക്കഴിഞ്ഞു. നരോത്തമാ! ധര്‍മ്മരാജാവ്‌ അകണ്ടകം നാടുനേടി. ധര്‍മ്മജ്ഞാ! രാജാവായ സുയോധനന്‍ ധര്‍മ്മത്താല്‍ പോരാടി മരിച്ചു. അവര്‍ ലുബ്ധന്മാരും അധര്‍മ്മികളും നിതൃവും അപ്രിയം പറയുന്നവരുമായിരുന്നു. ദുരാത്മാക്കളായ ധാര്‍ത്തരാഷ്ട്രര്‍ കൂട്ടത്തോടെ നശിച്ചു പോയി. അങ്ങനെ കലാപങ്ങളൊക്കെ നീങ്ങി ശമിച്ച ഭൂമി മുഴുവന്‍ നീ കാക്കുന്നത് മൂലം ധര്‍മ്മരാജാവ്‌ ഭരിക്കുന്നു. കുരൂദ്വഹാ! ഞാന്‍ നിന്നോടു കൂടെ പാണ്ഡുനന്ദനാ, കാട്ടിലും രമിക്കുന്നു. കുന്തിയും കൂട്ടരുമുള്ള ദിക്കില്‍ പറയാനില്ലല്ലോ അരികര്‍ശനാ! ധര്‍മ്മജരാജാവ്‌ എവിടെയുണ്ടോ, മഹാബലനായ ഭീമന്‍ എവിടെയുണ്ടോ, എവിടെ മാദ്രേയരുണ്ടോ, അവിടെ എനിക്കുള്ള പ്രീതി ചെറുതല്ല. അപ്രകാരം സ്വര്‍ഗ്ഗ തുല്യമായ സഭാഭാഗത്ത്‌ കൗരവാ, രമൃപുണ്യസ്ഥാലം തോറും അല്ലയോ അനഘാശയാ, നിന്നോടു കൂടി വളരെ നാള്‍ കഴിഞ്ഞു. ശൂരസൂനുവെയും, ബലനെയും, മറ്റു വൃഷ്ണിവര്യരെയും കാണാതെ വളരെ നാള്‍ കഴിഞ്ഞില്ലേ? ഇനി ഞാന്‍ ദ്വാരകയിലേക്ക്‌ ഒന്നു പോകട്ടെ! നീയും എന്നെ സസന്തോഷം വിട്ടയക്കണം.

യുധിഷ്ഠിര രാജാവിനോട്‌ പലതും അതാതിടത്തു വെച്ചു പറഞ്ഞു. നമ്മള്‍ ഭീഷ്മനോടും കൂടി ശോകപ്രശമനത്തിന്നായി പല ഉപദേശങ്ങളും പറഞ്ഞു. ശാസകനായ, പാണ്ഡവനായ,ധര്‍മ്മപുത്രനെ നാം ശാസിച്ചു. ഞാന്‍ പറഞ്ഞ മൊഴികള്‍ മഹാത്മാവായ അവന്‍ സ്വീകരിക്കുകയും ചെയ്തു. ധര്‍മ്മജ്ഞനായ ധര്‍മ്മജനില്‍ സത്യവാദിയായ ധര്‍മ്മജനില്‍, സത്യവും ധര്‍മ്മവും മുഖ്യമായ തീര്‍പ്പും നിലയും എപ്പോഴും സ്ഥിരമാണ്‌. അങ്ങ്‌ ചെന്ന്‌ ആ മഹാശയനായ രാജാവിനോട്‌, നിന്റെ ബോദ്ധ്യം പോലെ എന്റെ യാത്രയെപ്പറ്റി പറയണം. പ്രാണത്യാഗം വന്നാല്‍പ്പോലും ഞാന്‍ ആ രാജാവിന് ഒരിക്കലും അപ്രിയം ചെയ്യുന്നതല്ല. ദ്വാരകാപുരി യാത്രയില്‍പ്പിന്നെ പറയാനുണ്ടോ! അദ്ദേഹത്തിന് ഇഷ്ടമെന്തോ അതേ ഞാന്‍ ചെയ്യുകയുള്ളൂ. അദ്ദേഹം സസന്തോഷം സമ്മതിച്ചേ ഞാന്‍ ദ്വാരകയിലേക്കു പോകൂ! അല്ലയോ പാര്‍ത്ഥാ, ഞാന്‍ ഇവിടെ വസിച്ചു ചെയ്തതെല്ലാം നിന്റെ പ്രീതിയും ഹിതവും കാംക്ഷിച്ചാണ്‌. സത്യം പറഞ്ഞാല്‍ അല്ലയോ കൗരവ്യാ! ഇതു മിഥ്യയല്ല. ഞാന്‍ ഇവിടെ എന്തിന് പാര്‍ത്തുവോ അതിന്റെആവശ്യങ്ങളൊക്കെ നിര്‍വ്വഹിച്ചു. ധാര്‍ത്തരാഷ്ട്ര രാജാവ്‌ പടയോടൊപ്പം മരിച്ചു പോയി. അല്ലയോ താതാ, ധീമാനായ ധര്‍മ്മജന് പാരിടം പാട്ടിലായി വന്നു. ആഴി ചൂഴുന്ന ഭൂമി, കാടും മേടും നിറഞ്ഞ ഭൂമി, ധര്‍മ്മജന് പാട്ടിലായി. പല രത്നങ്ങളും ചിന്നുന്ന ഭൂമി കുരുരാജന്ന്‌ അധീനമായി പാണ്ഡവാ! ധര്‍മ്മജ്ഞനായ ധര്‍മ്മരാജാവ്‌ ഭൂമിയൊക്കെ ഭരിക്കട്ടെ! പല സിദ്ധരും മഹാത്മാക്കളും വന്ന്‌ ഉപാസിക്കുന്ന രാജാവ്‌, എപ്പോഴും വന്ദിമാര്‍ വാഴ്ത്തുന്നവന്‍! അല്ലയോ ഭരതര്‍ഷഭാ, എന്നോടു കൂടി ആ കുരുവര്‍ദ്ധനനായ മന്നവനെ കണ്ട്‌ ദ്വാരകാഗമനത്തിന് ചോദിക്കുക.

എന്റെ ഈ ദേഹവും, എന്റെ ഗൃഹവും, ഗൃഹത്തിലുള്ള ധനവും ഞാന്‍ യുധിഷ്ഠിരന് നല്‍കിയിരിക്കുന്നു. എനിക്ക്‌ വളരെ പ്രിയപ്പെട്ട മാന്യനാണ്‌ ധര്‍മ്മജന്‍. കുരുക്കള്‍ക്ക്‌ അധിപനാണ്‌ ആ മഹാമതി. ഞാന്‍ ഭവാന്റെ കൂട്ടു വെടിഞ്ഞ്‌ ജീവിക്കുന്നതില്‍ യാതൊരു പ്രയോജനവും കാണുന്നില്ല. ധരിത്രി ഭവാന്റെ ആജ്ഞയില്‍ നില്‍ക്കുന്നു. പാര്‍ത്ഥാ, നിന്റെ ജ്യേഷ്ഠനായ ധര്‍മ്മജന്റെയും പാട്ടില്‍ നില്ക്കുന്നു.

16. സിദ്ധകാശൃപസമാഗമം - സിദ്ധകാശൃപ സംവാദത്തെ ഉദാഹരിച്ചു ബ്രഹ്മസ്വരൂപം വിവരിക്കുന്നു - ജനമേജയന്‍ പറഞ്ഞു: ശത്രുക്കളെ സംഹരിച്ചതിന് ശേഷം മഹാത്മാക്കളായ കൃഷ്ണാര്‍ജ്ജുനന്മാര്‍ ആ സഭയില്‍ വാഴുമ്പോള്‍ അവിടെ അവര്‍ എന്തു വിഷയങ്ങളെ കുറിച്ചാണ്‌ സംസാരിച്ചത്‌?

വൈശമ്പായനൻ പറഞ്ഞു: കൃഷ്ണനോടു കൂടി അര്‍ജജുനന്‍ തന്റെ നഷ്ടപ്പെട്ട രാജ്യം വീണ്ടെടുത്ത്‌ വളരെ സന്തോഷത്തോടു കൂടി ആ ദിവ്യമായ സഭയില്‍ പാര്‍ത്ത്‌ വിഹരിച്ചു. സ്വര്‍ഗ്ഗതുല്യം മനോഹരമായ സഭയില്‍ ഒരിടത്ത്‌ സ്വജനങ്ങളോടു കൂടി യദൃച്ഛയാൽ സന്തോഷത്തോടെ ചെന്നു. പിന്നെ വളരെ പ്രീതിയോടു കൂടി പാണ്ഡവനായ അര്‍ജ്ജുനന്‍ കൃഷ്ണനോടു ചേര്‍ന്ന്‌ ആ മനോഹരമായ സഭയെ നോക്കി ഇപ്രകാരം പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ മഹാബാഹോ, ദേവകീപുത്രാ! യുദ്ധം തുടരുന്ന സന്ദര്‍ഭത്തില്‍ നിന്റെ മാഹാത്മൃവും നിന്റെ ഐശ്വര്യമായ രൂപവും ഞാന്‍ അറിഞ്ഞിരിക്കുന്നു. സൗഹൃദത്തോടെ ഭഗവാനേ, കേശവാ! അങ്ങ്‌ അന്നു പറഞ്ഞു തന്നതെല്ലാം ഭ്രഷ്ടബുദ്ധിയായ ഈയുള്ളവന്റെ മനസ്സില്‍ നിന്നില്ല. എല്ലാം മറന്നു പോയിരിക്കുന്നു. ആ തത്ത്വങ്ങള്‍ കേള്‍ക്കുന്നതില്‍ എനിക്കു വീണ്ടും ആഗ്രഹമുദിക്കുന്നു. അങ്ങയാണെങ്കില്‍ അധികം താമസിക്കാതെ ദ്വാരകയിലേക്കു പോവുകയും ചെയ്യും. മാധവാ, അങ്ങ്‌ എന്തു വിചാരിക്കുന്നു?

വൈശമ്പായനൻ പറഞ്ഞു: എന്ന്‌ അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ അര്‍ജ്ജുനനെ മഹാതേജസ്വിയും വാഗ്‌മി സത്തമനുമായ കൃഷ്ണന്‍ ഗാഢമായി പുണര്‍ന്ന്‌ ഇപ്രകാരം പറഞ്ഞു.

വാസുദേവന്‍ പറഞ്ഞു: ഏറ്റവും ഗുഹ്യവും സനാതനവുമായ ധര്‍മ്മസ്വരൂപവും, ശാശ്വതലോകവുമാണ്‌, ഞാന്‍ നിനക്കു പറഞ്ഞു തന്നത്‌. എടോ പാര്‍ത്ഥാ, നീ നിന്റെ ബുദ്ധിഹീനത കൊണ്ട്‌ അതു ഗ്രഹിച്ചില്ല. അത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമായില്ല. ഓരോ സന്ദര്‍ഭത്തില്‍ അതിന് അനുസരിച്ചാണ്‌ ഓരോ ചിന്തയും ഉദിക്കുക. ഇപ്പോള്‍ ആ സന്ദര്‍ഭവും ആ ചിന്തയും പോയി. അതുകൊണ്ട്‌ ആ സ്മൃതി ഇനി വരുവാന്‍ വിഷമമുണ്ട്‌. ഞാന്‍ പറയുമ്പോള്‍ അതു ശ്രദ്ധിച്ചു ശ്രഹിക്കേണ്ടതായിരുന്നു. നീ അതു ചെയ്തില്ല. നീ ദുര്‍മ്മേധസ്സാണ്‌ പാണ്ഡവാ! ബുദ്ധിഹീനനാണ്‌. എടോ ധനഞ്ജയാ! അതൊക്കെ വീണ്ടും ഒന്നു പറയൂ എന്നു പറഞ്ഞാല്‍ എങ്ങനെ പറ്റും? ആ ധര്‍മ്മം അന്നു പറഞ്ഞത്‌ മതിയായിരുന്നു. ബ്രഹ്മപദമെന്തെന്ന്‌ അറിയിക്കുവാന്‍, അതൊക്കെ വീണ്ടും പറയുവാന്‍, ഇനി പറ്റുന്നതുമല്ല. ഞാന്‍ ബ്രഹ്മത്തെപ്പറ്റി പറഞ്ഞു. അപ്പോള്‍ ഞാന്‍ യോഗത്തില്‍ മുഴുകുകയും ചെയ്തു. ഇനി അക്കാര്യത്തില്‍ പുരാതനമായ ഇതിഹാസം മാത്രം ഞാന്‍ പറയാം. അതു പുരാതനമാണ്‌. ആ ബുദ്ധി നേടി അഗ്ര്യമായ ഗതി ഭവാനു നേടുവാന്‍ കഴിയും. അതിനു തക്ക വിധം ഞാന്‍ പറയാം. ധര്‍മ്മിഷ്ഠന്മാരില്‍ ശ്രേഷ്ഠനായ ഭവാന്‍ അത്‌ ശ്രദ്ധയോടെ കേട്ടു കൊള്ളുക.

ശത്രുനിഷൂദനാ, സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഒരു ബ്രാഹ്മണന്‍, ബ്രഹ്മലോകത്തില്‍ നിന്ന്‌ ദുര്‍ദ്ധര്‍ഷനായ ഒരു ബ്രാഹ്മണന്‍, എന്റെ അരികില്‍ വന്നെത്തി. ഞാന്‍ അവനെ ദിവ്യമായ വിധിയനുസരിച്ച്‌ അര്‍ച്ചിച്ചു. ഞാന്‍ അവനോട്‌ ചിലതൊക്കെ ചോദിച്ചു. അതിന്‌ അവന്‍ പറഞ്ഞ മറുപടി ഞാന്‍ പറയാം. അതു നീ കേള്‍ക്കുക. ശങ്ക കൂടാതെ കേള്‍ക്കുക! നിന്റെ സകല സംശയവും നീങ്ങും.

ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ കൃഷ്ണാ, ഭവാന്‍ എന്നോട്‌ മോക്ഷത്തെപ്പറ്റി ചോദിച്ചുവല്ലോ. ഭൂതാനുകമ്പയ്ക്കായും മോഹങ്ങള്‍ ഇല്ലാതാക്കാനും വേണ്ടിയാണല്ലോ ചോദിച്ചത്‌. അങ്ങ്‌ ഈ ചോദിച്ചത്‌ പരന്മാര്‍ക്കു വേണ്ടിയാണെന്ന്‌ എനിക്കറിയാം മാധവാ! മധുസൂദനാ ഞാന്‍ പറയുന്നത്‌ ഭവാന്‍ ശ്രദ്ധ വെച്ചു കേള്‍ക്കുക.

മഹാതപസ്വിയായ ഒരു വിപ്രന്‍, ധര്‍മ്മവിത്തമനായ കാശ്യപന്‍, ധര്‍മ്മാഗമം അറിഞ്ഞവനായ മറ്റൊരു വിപ്രനെക്കണ്ട്‌ ഒന്നിച്ചു കൂടി. അവന്‍ ഭൂതഭാവി രഹസ്യങ്ങളെപ്പറ്റി അറിയുന്നവനും, ജ്ഞാനവിജ്ഞാനങ്ങള്‍ ഗ്രഹിച്ചവനും, സുഖദുഃഖ കാരണങ്ങള്‍ മനസ്സിലാക്കിയവനും, ലോകതത്ത്വാര്‍ത്ഥങ്ങള്‍ അറിഞ്ഞവനുമായിരുന്നു. ജന്മമൃത്യുക്കളുടെ രഹസ്യമറിഞ്ഞവനും, പുണ്യപാപഫലങ്ങള്‍ ഗ്രഹിച്ചവനും, വിദഗ്ദ്ധനും, കര്‍മ്മങ്ങളാല്‍ ഉയര്‍ന്നതും താഴ്ന്നതുമായ ദേഹിമാരുടെ ഗതി കണ്ടവനും, മുക്തപ്രായനായ സിദ്ധനും, വിജിതേന്ദ്രിയനും; ശാന്തനും, ബ്രഹ്മതേജസ്സില്‍ എല്ലായിടത്തും വ്യാപിക്കുവാന്‍ കഴിവുള്ള യോഗ്യനും, അന്താര്‍ദ്ധാനഗതിജ്ഞനും ആണെന്നു കാശ്യപന്‍ കേട്ടു. അപ്രകാരം ഇഷ്ടം പോലെ മറയുകയും പ്രതൃക്ഷപ്പെടുകയും ചെയ്യുന്നവനുംചക്രധരന്മാരെയും സിദ്ധന്മാരെയും അനുഗമിക്കുന്നവനും അവരോടു കൂടി സല്ലപിക്കുന്നവനും, ഏകാന്തമായിടത്ത്‌ ഇരിക്കുന്നവനും, കാറ്റു പോലെ ഒന്നിലും സക്തിയില്ലാതെ യദൃച്ഛയാ സഞ്ചരിക്കുന്നവനുമായ ആ ബ്രാഹ്മണനെ മേധാവിയായ ദ്വിജസത്തമന്‍, കാശ്യപന്‍ കണ്ടു. ധര്‍മ്മാര്‍ത്ഥിയും, തപസ്വിയും, സമാഹിതനുമായ അവന്റെ ആശ്ചരൃമായ സിദ്ധിയെ അവന്‍ അറിഞ്ഞു. അതു കണ്ടു വിസ്മയപ്പെട്ട്‌ കാശ്യപന്‍ ആ ദ്വിജമുഖ്യനെ കാല്‍പിടിച്ചു വന്ദിച്ച്‌ മഹത്തായ പരിചര്യ കൊണ്ട്‌ സന്തോഷിപ്പിച്ചു. ആ ശ്രുതചാരിത്രശാലിയെ അപ്രകാരം തക്കവിധം ഗുരു വൃത്തിയാല്‍ സന്തോഷിപ്പിക്കെ, ആ ശിഷ്യനില്‍ പ്രസാദിപ്പിച്ച്‌ പരമമായ സിദ്ധിയെ ചിന്തിച്ച്‌, ആ സിദ്ധന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ പറയാം. അതിനെ ജനാര്‍ദ്ദനാ, ഭവാന്‍ കേള്‍ക്കുക!

സിദ്ധന്‍ പറഞ്ഞു: ഉണ്ണീ, മര്‍ത്തൃര്‍ പല കര്‍മ്മങ്ങളാലും പുണ്യയോഗങ്ങളാലും ഇഹത്തില്‍ പല ഗതിയെ പ്രാപിക്കുന്നു; ദൈവലോകത്ത്‌ വാസവും പ്രാപിക്കുന്നു. ഒരു സ്ഥലത്തും എല്ലാ നാളും ഉന്നതമായ സുഖം ലഭിക്കുന്നതല്ല. ഒരിടത്തും സ്ഥിരമായ ഒരു പദവിയും മനുഷ്യന് നിലനില്ക്കുകയില്ല. വളരെ ദുഃഖിച്ച്‌ കഷ്ടപ്പെട്ടു നേടിയ മഹത്തായ സ്ഥാനം കൈവിട്ട്‌ വീണ്ടും പതിക്കും.

ഞാന്‍ വളരെ കഷ്ടമായ, അഗുഭമായ, പാപങ്ങള്‍ ചെയ്തതു മൂലം വളരെ ദയനീയമായ ജന്മങ്ങൾ എടുക്കേണ്ടി വന്നിട്ടുള്ള ഒരു പാപിയായിരുന്നു. കാമവും, ക്രോധവും മൂലം, തൃഷ്ണയും, മോഹവും മൂലം, വളരെ ക്ലേശകരമായ ജന്മങ്ങളെടുത്തവനാണ്‌ ഞാന്‍. വളരെ വളരെ ജനനമരണങ്ങള്‍ക്ക് അധീനനായവനാണ്‌. ആ വക ജന്മങ്ങളില്‍ പലതരം ആഹാരങ്ങളും ഞാന്‍ ഭക്ഷിച്ചു. പല പ്രാവശ്യവും പല ജീവികളായും പിറന്നു. പല മുലകളും കുടിച്ചു. പല മാതാക്കളെയും ഞാന്‍ കണ്ടു. പല പിതാക്കളെയും ഞാന്‍ കണ്ടു. പല സുഖങ്ങളും അനുഭവിച്ചു. വിചിത്രമായ പലതും അനുഭവിച്ചു. പല വിചിത്ര ദുഃഖങ്ങള്‍ക്കും പാത്രമായി അനഘാശയാ! പല പ്രാവശ്യം പല ഇഷ്ടന്മാരുമായി സഹവസിച്ചു. പലതരത്തില്‍ വിരഹ ദുഃഖങ്ങളും തന്മൂലം നേടി. പലപാട്‌ അനിഷ്ടമായ സഹവാസവും ഉണ്ടായി. ദുഃഖിച്ച്‌ ധനം നേടി ധനനാശവും സംഭവിച്ചു. കഷ്ടമായ പല അപമാനങ്ങളും രാജാവില്‍ നിന്നും സ്വജനങ്ങളില്‍ നിന്നും അനുഭവിച്ചു. ശരീരസംബന്ധമായും മാനസികമായും പല ക്രൂരവേദനകളും അനുഭവിച്ചു. അത്യുഗ്രമായ അവമാനം, ദാരുണമായ വധം, ബന്ധനം, നരകത്തില്‍ പതനം, യമലോകത്തില്‍ ദുഃഖം ഇവയൊക്കെ അനുഭവിച്ചു. എപ്പോഴും ജരാരോഗങ്ങളും പലതരം വ്യസനങ്ങളും ഇങ്ങനെ പല ദ്വന്ദങ്ങളും ഞാന്‍ ഈ ലോകത്തില്‍ കുറച്ചല്ല അനുഭവിച്ചത്‌. പിന്നീടൊരിക്കല്‍ അപമാനത്തില്‍ പെട്ടു പോവുകയാല്‍ സഹിക്ക വയ്യാത്ത ദുഃഖത്തില്‍ പെട്ടു കുഴങ്ങിയ ഞാന്‍ ജീവിതത്തെ വെറുത്ത്‌ ലോകതന്ത്രം ഉപേക്ഷിച്ചു. ഇഹലോകാനുഭവം ഏറ്റവുമധികം അനുഭവിച്ചവനായ ഞാന്‍ അതില്‍ വെറുത്ത്‌ ഈ മാര്‍ഗ്ഗത്തെ സ്വീകരിച്ചു. ലോകസുഖങ്ങള്‍ വെടിഞ്ഞു സമാധിയില്‍ പിറന്ന ആത്മപ്രസാദം മൂലം ഞാന്‍ ഈ സിദ്ധിയെ നേടുകയും ചെയ്തു.

ഇനി ഞാന്‍ ഈ ലോകത്തിലേക്കു വരികയില്ല. ഞാന്‍ ഇവിടെ ലോകങ്ങളെല്ലാം ദര്‍ശിക്കുന്നുണ്ട്‌. സൃഷ്ടി മുതല്‍ മോക്ഷം വരെയുള്ള ഗതിയും, ശുഭമായ ആത്മഗതിയുമൊക്കെ, ഞാന്‍ കണ്ടു കഴിഞ്ഞു. ഏറ്റവും മുഖ്യമായ ഈ സിദ്ധിയും ഞാന്‍ നേടിക്കഴിഞ്ഞു. ഇനി ഞാന്‍ മേൽപോട്ട് ഉയരുകയാണ്‌. ഇതിന്നൊക്കെ അപ്പുറമായി ഒരു ദിവ്യമായ പദമുണ്ട്‌. അവ്യക്തമായ ആ പദം ബ്രഹ്മപദമാണ്‌. അതില്‍ ഞാന്‍ പൂകുന്നുണ്ട്‌. നീ അതില്‍ ഒട്ടും സംശയിക്കേണ്ട. ഇനി ഞാന്‍ മര്‍ത്ത്യലോകത്തില്‍ വന്നു ജനിക്കുകയില്ല പരന്തപാ! അല്ലയോ മഹാപ്രാജ്ഞാ, ഞാന്‍ നിന്നില്‍ പ്രീതനായിരിക്കുു്‌ന്നു. എന്താണ്‌ ഞാന്‍ അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്‌?

നിന്റെ ജീവിത കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ട കാലമായെന്നും നീ അതിന് അര്‍ഹനായെന്നും നിനക്കു തോന്നുന്നുണ്ടെങ്കില്‍,എന്നില്‍ നിന്ന്‌ അതിന്നാവശ്യമുള്ളതു വരിച്ചു കൊള്ളുക! അതിന് പറ്റിയ കാലം ഇതാണ്‌. എന്തു കൊണ്ടെന്നാല്‍ ഞാന്‍ ഉടനെ ഈ ലോകം വിട്ടു പോവുകയാണ്‌. ഭവാന്‍ എന്തിനാണ്‌ എന്റെ അരികില്‍ വന്നത്‌ എന്നു ഞാനറിയുന്നുണ്ട്‌. ഉടനെ എനിക്ക്‌ ഈ ലോകം വിടണം. അതുകൊണ്ട്‌ ഞാന്‍ നിന്നെ പ്രേരിപ്പിക്കുകയാണ്‌. അല്ലയോ വിചക്ഷണാ, നിന്റെ സ്വഭാവ ഗുണത്താല്‍ ഞാന്‍ പ്രീതനായിരിക്കുന്നു. നീ എന്നോട്‌ ആവശ്യമുള്ള നന്മ വരിച്ചു കൊള്ളുക. നിനക്കു കുശലത്തിന് ആവശ്യമായതൊക്കെ ഞാന്‍ പറഞ്ഞു തരാം. നീ ബുദ്ധിമാനാണ്‌. ഞാന്‍ നിന്റെ ബുദ്ധിയെ ബഹുമാനിക്കുന്നു. ഞാന്‍ നിന്നെ പൂജിക്കുന്നു. അല്ലയോ കാശ്യപാ! ഭവാന്‍ എന്നെ തിരിച്ചറിഞ്ഞ മേധാവിയാണ്‌. അതിനുള്ള കഴിവ്‌ നിന്റെ ബുദ്ധിക്കുണ്ടായതില്‍ ഞാന്‍ അഭിനന്ദിക്കുന്നു.

17. സിദ്ധകാശ്യപസംവാദം - പ്രാണികളുടെ ദേഹനാശം, പുനർജ്ജന്മം, കർമ്മം, കർമ്മഫലം മുതലായവ വിവരിക്കുന്നു - വാസുദേവന്‍ പറഞ്ഞു: ആ സിദ്ധന്റെ കാല്‍ പിടിച്ച്‌, ആ സിദ്ധനോടു പല ചോദ്യങ്ങളും അവന്‍ ചോദിച്ചു. മറുപടി പറയുവാന്‍ വളരെ ദുര്‍ഘടമായ ചോദ്യങ്ങളായിരുന്നു അവ. ആ ധര്‍മ്മജ്ഞന്‍ അതിനെല്ലാം മറുപടി പറഞ്ഞു.

കാശ്യപന്‍ പറഞ്ഞു; ദേഹം എങ്ങനെ നശിക്കുന്നു? ദേഹം എങ്ങനെ ഉണ്ടാകുന്നു? കഷ്ടമായ, ക്ലേശഭൂയിഷ്ഠമായ സംസാരത്തില്‍പ്പെട്ടവന്‍ എങ്ങനെ അതില്‍ നിന്നു മുക്തനാകും? കുറെക്കാലം പ്രകൃതിയെ ആശ്രയിച്ച്‌, സുഖങ്ങളനുഭവിച്ച്‌, ജീവന്‍ പിന്നെ ആ പ്രകൃതി നല്കിയ ശരീരം എങ്ങനെ കൈവിടുന്നു? ശരീരം വിട്ടവന്‍ പിന്നെ മറ്റൊന്നിനെ ( ബ്രഹ്മം ) എങ്ങനെ പ്രാപിക്കുന്നു? നരന്‍ ചെയ്യുന്ന ശുഭാശുഭങ്ങളായ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ എങ്ങനെയാണ്‌ അനുഭവിക്കുന്നത്‌? ദേഹം വിട്ടവന്റെ കര്‍മ്മം എവിടെയാണ്‌ നില്ക്കുന്നത്‌?

ബ്രാഹ്മണന്‍ പറഞ്ഞു: ഇപ്രകാരം ചോദിച്ചപ്പോള്‍ ആ സിദ്ധന്‍ ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമോരോന്നും ക്രമപ്രകാരം പറഞ്ഞു: അല്ലയോ വാര്‍ഷ്ണേയാ! ഞാന്‍ പറയുന്നത്‌ ഭവാന്‍ കേള്‍ക്കുക.

സിദ്ധന്‍ പറഞ്ഞു: ആയുഷ്കരവും യശസ്കരവുമായി ഏതു കര്‍മ്മത്തെ സേവിക്കുന്നുവോ, ഏതു ദേഹമെടുത്താലും അവയെല്ലാം ക്ഷയിക്കും. ആയുസ്സ്‌ ക്ഷയിക്കുമ്പോള്‍ വിപരീതങ്ങള്‍ ചെയ്യാന്‍ തുടങ്ങും. നാശം വന്നടുക്കുമ്പോള്‍ മനുഷ്യന്റെ ബുദ്ധിക്കു മാറ്റം വരും. അനാത്മവാനായ മനുഷ്യന്‍ സത്വം, ബലം, കാലം എന്നിവ മനസ്സിലാക്കി വിരുദ്ധങ്ങളെ അധികമായി അനുഭവിക്കുവാന്‍ തുടങ്ങും. അങ്ങനെ ബോധമില്ലാത്തവനായി മനുഷ്യന്‍ അതികഷ്ടങ്ങളായ ഇവയെഏല്ക്കുവാന്‍ തുടങ്ങുമ്പോള്‍ അവന്‍ ചിലപ്പോള്‍ കൂടുതല്‍ ഭക്ഷിക്കും. ചിലപ്പോള്‍ ഒന്നും ഭക്ഷിക്കാതെ കിടക്കും. അങ്ങനെ വിരുദ്ധാഹാരനാകും. അന്യോന്യ വിരുദ്ധങ്ങളായ ദുഷ്ടാന്നങ്ങളും, മാംസങ്ങളും, മദ്യങ്ങളും, മറ്റു പാനങ്ങളും കഴിക്കും; ധാരാളം കഴിക്കും. ഗുരുത്വമുള്ള ആഹാരങ്ങള്‍ ഭക്ഷിച്ചതിന് ശേഷം അതു ദഹിക്കുന്നതിന് മുമ്പ്‌ വീണ്ടും ഭക്ഷിക്കും. അധികമായി അദ്ധ്വാനിക്കും, അധികമായി സ്ത്രീസേവ ചെയ്യും, മൈഥുനം അധികം ചെയ്യും. എപ്പോഴും കര്‍മ്മലോഭം മൂലം വന്ന വേഗങ്ങളെ അടക്കും (രോഗാഃ സര്‍വ്വേപിജായന്തേ വേഗോദീരണധാരണൈഃ - അഷ്ടാംഗഹൃദയം). രസം കലര്‍ന്ന ചോറുണ്ണും. പകല്‍ കിടന്നുറങ്ങും. വേണ്ട സമയത്ത്‌ ദഹിക്കാത്ത അന്നം ദോഷകോപങ്ങളുണ്ടാക്കും (വാതം, പിത്തം, കഫം എന്നിവ വികൃതമാകുമ്പോള്‍ ദോഷങ്ങള്‍ ചെയ്യും). അങ്ങനെ ദോഷം കോപിച്ച്‌ മർത്ത്യനെ മരണത്തിലെത്തിക്കും. അല്ലെങ്കില്‍ മര്‍ത്ത്യന്‍ രോഗം കൂടാതെ തന്നെ തൂങ്ങിയോ മറ്റോ മരണത്തിന് വിധേയനാകും. ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട്‌ ദേഹം ജീവികള്‍ക്ക്‌ വിട്ടു പോകുന്നു. ജീവന്‍ എന്താണെന്നുള്ളതും നീ ശരിയായി ധരിക്കുക.

തീവ്രമായി വായു അടിച്ചു ദേഹത്തില്‍ ഈഷ്മാവു കോപിച്ച്‌ ദേഹത്തില്‍ എല്ലാ ഭാഗത്തും ചെന്നെത്തി പ്രാണവായുവിനെ തടുക്കുന്നു. ഏറ്റവും ശക്തിയേറിയ ഒരു ഈഷ്മാവ്‌ ദേഹത്തില്‍ കോപിച്ച്‌ ജീവസ്ഥാനങ്ങളായ മര്‍മ്മങ്ങള്‍ ഭേദിക്കുന്ന വസ്തുതയും നീ ധരിക്കുക. പിന്നെ വേദനപ്പെട്ട്‌ ജീവന്‍ ജഡം വിട്ട്‌ ഒഴിഞ്ഞു പോകും. മര്‍മ്മച്ഛേദം വരുമ്പോള്‍ ജീവി വേദനപ്പെട്ട്‌ ദേഹത്തെ തൃജിക്കുന്നു. ഇത്‌ നീ ചിന്തിക്കണം ദ്വിജശ്രേഷ്ഠാ! ജനനമരണങ്ങളില്‍ സുഖദുഃഖാദി വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ എന്നും ഉഴലുന്നവരാണ്‌ എല്ലാ ജന്തുക്കളും. അല്ലയോ ദ്വിജര്‍ഷഭാ, ദേഹങ്ങള്‍ കൈവിടുകയും പിന്നെ ജന്മമെടുക്കുകയും ചെയ്യുക എന്ന സംസാരദുഃഖത്തില്‍ മനുഷ്യന്‍ കിടന്ന്‌ ഉഴലുകയാണ്‌. അങ്ങനെ തന്നെ ഗര്‍ഭത്തില്‍ പൂകുമ്പോഴും ഗര്‍ഭത്തില്‍ നിന്നു പുറത്തു വരുമ്പോഴും ജീവി ക്ലേശങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും പാത്രമാകുന്നു. ഈ വേദന എപ്പോഴും വീണ്ടും വീണ്ടും മർത്ത്യനെ ബാധിക്കുന്നു. അവന്റെ ദേഹസന്ധികള്‍ ഭേദിക്കപ്പെടുന്നു. മാതാവിന്റെ ഗര്‍ഭാശയ ജലത്തില്‍ കിടന്നു കഷ്ടത അനുഭവിക്കുന്നു. പഞ്ചഭൂതങ്ങള്‍ കൂടിച്ചേര്‍ന്നത്‌ വിട്ടു പോകുന്ന വിധം വേര്‍പെട്ടു പോകുന്നു. പഞ്ചഭൂതങ്ങളില്‍ പ്രാണാപാനസ്ഥാനത്ത് ഇരിക്കുന്നവനായ തീവ്രവായു ശൈത്യത്തില്‍ മെയ്യില്‍ കുപിതനായി അടിക്കും. പണിപ്പെട്ട്‌ പ്രാണികളെ വിട്ട്‌ വായു പോകും. ഇങ്ങനെ ദേഹത്തില്‍ നിന്നു വായു വേര്‍പെട്ടു പോകും. അപ്പോള്‍ ശ്വാസോച്ഛാസമില്ലാതാകും. ചൂടും ശ്വാസവും സൗന്ദര്യവും ബോധവും ഒന്നും ആ ശരീരത്തില്‍ അപ്പോള്‍ ഇല്ലാതാകും. അങ്ങനെ ദേഹത്തില്‍ നിന്ന്‌ ബ്രഹ്മം (ജീവന്‍) വിട്ടു പോകുമ്പോള്‍ മനുഷ്യന്‍ മൃതനായി എന്നു പറയുന്നു. ഏത്‌ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ ദേഹി ഇന്ദ്രിയാര്‍ത്ഥങ്ങള്‍ കാണുന്നുവോ, ആ ഇന്ദ്രിയങ്ങള്‍ അവയെ അറിയാതെയാകും. പ്രാണന്‍ ആഹാരസംഭവമാണ്‌. ദേഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവന്‍ ആരാണോ അവനാണ്‌ ജീവന്‍ എന്നു പറയുന്നത്‌. ആ ജീവന്‍ സനാതനനാണ്‌. നാശമില്ലാത്തവനാണ്‌. അപ്രകാരം ഏതേതിടത്തില്‍ ഏതേതു കൂടിച്ചേര്‍ന്നു നില്ക്കുന്നുവോ, അതാതിടം മര്‍മ്മമെന്നു ചിന്തിക്കണം. അങ്ങനെയാണ്‌ ശാസ്ത്രത്തില്‍ കാണുന്നത്‌. ആ മര്‍മ്മങ്ങള്‍ പിളര്‍ന്നാല്‍ അവിടം വിട്ടുയര്‍ന്ന്‌ അവന്‍ ജന്തുവിന്റെ ഹൃദയത്തില്‍ പ്രവേശിച്ച്‌ സത്വത്തെയും തടയും. പിന്നെ സചേതനനായ ജന്തു ഒന്നും അറിയുകയില്ല. എന്തു കൊണ്ടെന്നാല്‍ മര്‍മ്മങ്ങള്‍ മറയുമ്പോള്‍ ജ്ഞാനം തമസ്സു കൊണ്ടു മറയുന്നു. ആ ജീവന്‍ നിലയില്ലാതെ വായുവില്‍ ചലിക്കപ്പെടും. പിന്നെ അവന്‍ അതിദാരുണമായി മഹോഛ്വാസം ഉഛ്വസിച്ച്‌ നിഷ്ക്രമിക്കുമ്പോള്‍ അചേതനമായ ഉടലിനെ ഇളക്കും. ആ ജീവന്‍ ദേഹം വിടുമ്പോള്‍ താന്‍ ചെയ്ത എല്ലാ പുണ്യപാപ ഫലങ്ങളോടു കൂടിച്ചേരും. ശരിയായി ശ്രുതനിശ്ചയന്മാരും ജ്ഞാനവാന്മാരുമായ ബ്രാഹ്മണന്മാര്‍, പുണ്യവാനെയും പാപവാനെയും ലക്ഷണങ്ങള്‍ കൊണ്ട്‌ അറിയും. ഇരുട്ടില്‍ പറന്നു നടക്കുന്ന മിന്നാമിനുങ്ങുകളെ എപ്രകാരം കണ്ണുള്ളവര്‍ കാണുന്നുവോ, അപ്രകാരം ജ്ഞാനചക്ഷുസ്സുള്ളവര്‍ ഈ പുണ്യവാന്മാരെയും അല്ലാത്തവരെയും കാണുന്നു. ഇപ്രകാരം സിദ്ധന്മാര്‍ ദിവ്യചക്ഷുസ്സു കൊണ്ട്‌ ജീവനെ കാണും. ജീവന്‍ പോകുമ്പോഴും, ജീവന്‍ വരുമ്പോഴും, യോനിയില്‍ ചെല്ലുമ്പോഴും അവര്‍ കാണുന്നു. മൂന്നു സ്ഥാനങ്ങളും ഇങ്ങനെ ശാസ്ത്രദൃഷ്ടി കൊണ്ടു കാണുവാന്‍ അവന് കഴിയും. ജന്തുക്കള്‍ നിന്നു പോരുന്ന ഈ ഭൂമിയാണ്‌ കര്‍മ്മഭൂമി. അതില്‍ എല്ലാ ജീവികളും ശുഭമോ, അശുഭമോ ചെയ്ത്‌ സ്വര്‍ഗ്ഗമോ, നരകമോ നേടുന്നു. ഈ കര്‍മ്മഭൂമിയില്‍ തങ്ങള്‍ ചെയ്യുന്ന ഉയര്‍ന്നതും താണതും ഉല്‍കൃഷ്ടവും നികൃഷ്ടവുമായ കര്‍മ്മങ്ങളാല്‍ അതാതിന്റെ ഫലം നേടുന്നു. പാപകര്‍മ്മാക്കള്‍ക്ക്‌ കര്‍മ്മത്തിന്റെ ഫലം നരകം തന്നെയാണ്‌. അത്‌മ നുഷ്യനെ സേവിക്കുന്ന കഷ്ടമായ അധോഗതിയാകുന്നു. അതില്‍ പെട്ടു പോയാല്‍ ആ ദുഃഖം ഒഴിഞ്ഞു പോകാന്‍ എപ്പോഴും ആത്മാവിനെ പാപത്തില്‍ നിന്നു കാത്തു രക്ഷിക്കുക തന്നെ വേണം.

ജീവികള്‍ ഉയര്‍ന്ന്‌ ഉല്‍ക്കര്‍ഷം പ്രാപിച്ചാല്‍ ഏതേതിടത്തിലാണു നില്ക്കുക എന്നുള്ളതും പറയാം. അതും തത്ത്വമായി നീ കേള്‍ക്കുക. അതു കേട്ടാല്‍ നൈഷ്ഠിക ജ്ഞാനമുണ്ടാകും. കര്‍മ്മനിശ്ചയം അറിയുവാന്‍ കഴിയും. താരാകാരങ്ങളായ ചന്ദ്രമണ്ഡലം ഏതേതിടത്തിലാണ്‌, ഏതേതു ലോകത്താണ്‌ സ്വന്തം ശോഭയാല്‍ സൂര്യമണ്ഡലം ഭാസിക്കുന്നത്‌ എന്നു കാണാം. ആ ദിവ്യലോകങ്ങളൊക്കെ പുണ്യങ്ങള്‍ ചെയ്യുന്ന ജനങ്ങള്‍ക്കുള്ളതാണ്‌. കര്‍മ്മക്ഷയത്താല്‍ അവരൊക്കെ ദിവ്യമായ ലോകത്തില്‍ നിന്ന്‌ താഴോട്ടു വീണ്ടും വീണു പോകും. അവിടെയും നീചം, ഉച്ചം, മദ്ധ്യമം എന്നീ മൂന്നു നിലകളുണ്ട്‌. തന്മൂലം അവിടെ മറ്റു ചിലര്‍ക്ക്‌ ദീവ്യമായ ശ്രീ കണ്ടാല്‍ അവിടെയും സംതൃപ്തിക്കവകാശമില്ല. ഇപ്രകാരം മനുഷ്യാത്മാക്കള്‍ക്കുള്ള ഗതികള്‍ ഞാന്‍ വേര്‍തിരിച്ചു പറഞ്ഞു കഴിഞ്ഞു.

ഇനി ഗര്‍ഭത്തിന്റെ ഉൽപത്തിയെപ്പറ്റി പറയാം. അപ്രകാരം ഞാന്‍ പറയുന്നത്‌ അല്ലയോ ദ്വിജാ, ഭവാന്‍ കേള്‍ക്കുക.

18. ബ്രാഹ്മണോപദേശം - ശുഭാശുഭ കർമ്മങ്ങൾ ആത്മാവിനെ പിന്തുടരുന്നു. മോക്ഷത്തിന് വേണ്ടി ശാശ്വതമല്ലാത്ത സുഖദുഃഖങ്ങളെ വിടുവാൻ ഉപദേശിക്കുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: ശുഭവും അശുഭവുമായ കര്‍മ്മങ്ങള്‍ക്ക്‌ ജീവന്‍ ചെയ്യുന്നതൊന്നിന്നും നാശം സംഭവിക്കുന്നതല്ല. അത്‌ ഓരോ ശരീരത്തിലും പ്രവേശിച്ച്‌ ആ ചെയ്ത പുണ്യപാപങ്ങള്‍ക്ക് അനുസൃതമായ ഫലം നല്കിക്കൊണ്ടിരിക്കും. ഒരു വൃക്ഷം നട്ടുണ്ടായാല്‍ ആ വൃക്ഷം യഥാകാലം വളര്‍ന്ന്‌ പൂത്ത്‌ കായ്‌ ഉണ്ടായി നല്‍കുന്നതു പോലെ ശുദ്ധചിത്തന്‍ ചെയ്യുന്ന സല്‍ക്രിയകള്‍ക്കു സല്‍ഫലവും ദ്രോഹചിത്തന്മാര്‍ ചെയ്യുന്ന പാപകര്‍മ്മങ്ങള്‍ക്ക്‌ പാപഫലവും നല്കിക്കൊണ്ടിരിക്കുന്നു. ജീവന്‍ അല്ലെങ്കില്‍ ആത്മാവ്‌ മനസ്സിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ പ്രേരണ നല്കുന്നു. കാമക്രോധങ്ങള്‍ക്കു വശംവദനായി കര്‍മ്മാനുഗുണനായി ഗര്‍ഭാശയത്തില്‍ പ്രവേശിക്കുന്നു. ശുക്ലവും, രക്തവും, കൂടിച്ചേര്‍ന്ന്‌ സ്ത്രീയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ച്‌ ജീവന്റെ ക്ഷേത്രമായിത്തീര്‍ന്ന്‌, നല്ലതോ ചീത്തയോ ആയ ഉത്ഭവം ആ ആത്മാവിന്റെ കര്‍മ്മഫലത്തിന് അനുസരിച്ച്‌ ഉണ്ടാകുന്നു. ശരീരമുണ്ടായാലും അതില്‍ അധിവസിക്കുന്ന ജീവന്‍ അതിനോടു ബന്ധിക്കപ്പെട്ടു നില്ക്കുന്നില്ല. എന്തു കൊണ്ടെന്നാല്‍, അതിന്റെ സൂക്ഷ്മഭാവവും സ്വഭാവവും അതു പോലെയാണ്‌. അതുകൊണ്ട്‌ ആ അവ്യക്തത്തെ, ജീവനെ, ശാശ്വത ബ്രഹ്മം എന്നു പറയുന്നു. ആ ജീവന്‍ അല്ലെങ്കില്‍ ആത്മാവ്‌ എന്നു പറയുന്നതാണ്‌ എല്ലാ പ്രാണികളിലും വിത്തായി, ബീജമായി, നില്ക്കുന്നത്‌. അതിലാണ്‌ ജീവികള്‍ എല്ലാം ജീവിക്കുന്നത്‌. ആ ജീവന്‍ എല്ലാ അംഗങ്ങളിലും വ്യാപിച്ച്‌ മനസ്സിന്റെ ഗുണത്തെ സ്വീകരിച്ച്‌ പ്രാണന്റെ എല്ലാ ഭാഗത്തും വര്‍ത്തിച്ച്‌ ഗര്‍ഭത്തില്‍ ജീവനെ താങ്ങി സംരക്ഷിക്കുന്നു. തന്മൂലം ഗര്‍ഭത്തിലെ പ്രജ ജീവനോടു ചേര്‍ന്ന്‌ അംഗങ്ങളെ ചലിപ്പിക്കുന്നു. . ഉരുക്കിയ ഇരുമ്പ്‌ ഒരു മൂശയില്‍ ഒഴിച്ചാല്‍ ആ മൂശയുടെ രൂപം പ്രാപിക്കുന്ന മാതിരി ജീവന്‍ ഏതു രൂപത്തില്‍ പ്രവേശിക്കുന്നുവോ, ആ രൂപമായിത്തീരുന്നു. ഒരിരുമ്പു വസ്തു ഉലയില്‍ വെച്ചു പഴുപ്പിച്ചാല്‍ അഗ്നി ആ വസ്തുവിന്റെ രൂപത്തില്‍ നാം കാണുന്നു. അതു പോലെയാണ്‌ ഗര്‍ഭസ്ഥനായ പ്രജയില്‍ ജീവന്റെ രൂപം. ഒരു വിളക്ക്‌ ഒരു മുറിക്കകത്തു കത്തുമ്പോള്‍ എല്ലാ വസ്തുക്കളും അതില്‍ തെളിഞ്ഞു കാണുന്നു. ഈ വിധത്തിലാണ്‌ മനസ്സ്‌ ദേഹങ്ങളെ പ്രകാശിപ്പിക്കുന്നത്‌. കഴിഞ്ഞ ജന്മത്തില്‍ ദേഹം കൊണ്ടു ചെയ്ത പുണ്യമോ പാപമോ ആയ കര്‍മ്മത്തിന്റെ ഫലം ഈ ജന്മത്തില്‍ ആ ജീവി ഈ പുതിയ ശരീരം കൊണ്ട്‌ സുഖമോ, ദുഃഖമോ അനുഭവിച്ച്‌ കര്‍മ്മഫലം തീര്‍ന്നു പോയാല്‍ പിന്നെ മറ്റു കര്‍മ്മങ്ങള്‍ ചെയ്യുകയും അതിന്റെ ഫലം വന്നു കൂടുകയും ചെയ്യുന്നു. ധര്‍മ്മത്തെക്കുറിച്ചുള്ള ജ്ഞാനം ലഭിക്കുന്നതില്‍ വിജയിക്കുകയും മോക്ഷചിന്ത പ്രാപിക്കുകയും ചെയ്യുന്നു. ചെയ്ത കര്‍മ്മഫലം നീങ്ങിപ്പോകുവാന്‍ തക്കവണ്ണമുള്ള ധര്‍മ്മം കാണാത്ത കാലത്തോളം ആ കര്‍മ്മഫലം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ഇതിനെപ്പറ്റി ഞാന്‍ പറയാം. അല്ലയോ നരര്‍ഷഭാ, ജീവന്‍ വിണ്ടും വീണ്ടും ജന്മമെടുക്കുമ്പോള്‍ എങ്ങനെ നല്ല നിലയിലെത്തുമെന്നുള്ളത്‌, എങ്ങനെ ജീവിച്ചാല്‍, എന്തു ചെയ്താല്‍ ജന്മം ശ്രേയസ്കരമാകുമെന്നുള്ളത്‌ പറയാം.

ദാനം, വ്രതം, ബ്രഹ്മചര്യം, ബ്രഹ്മധാരണം, ദമം, പ്രശാന്തത, ഭൂതാനുകമ്പ, ആനൃശംസ്യം, സംയമനം, പരധനകാംക്ഷയില്ലായ്മ, മനസ്സു കൊണ്ടു പോലും ഭൂതങ്ങളെ ദ്രോഹിക്കായ്ക, മാതാപിതാക്കന്മാരെ ശുശ്രൂഷിക്കല്‍, ദേവാതിഥി പൂജ, ഗുരുപൂജ, ഘ്യണ, ശൗചം, ഇന്ദ്രിയനിഗ്രഹം, ശുഭങ്ങള്‍ ചെയ്യല്‍, ഇവയെല്ലാം സജ്ജനങ്ങളുടെ വൃത്തിയാണ്‌. എന്നും പ്രജകളെ കാക്കുന്ന ധര്‍മ്മം അതേ വഴിക്കുണ്ടാകുന്നു. ഇപ്രകാരം സജ്ജനങ്ങളില്‍ ഈ നില ദൃഢമായും കാണും. ആചാരം ധര്‍മ്മമാണ്‌. ശാന്തന്മാര്‍ ആ ധര്‍മ്മത്തില്‍ സ്ഥിതി ചെയ്യുന്നു. ആ ധര്‍മ്മം സനാതനമാകുന്നു. അതിനെ ആശ്രയിക്കുന്നവന്‍ ഒരിക്കലും ദുര്‍ഘടത്തില്‍ ചെന്നെത്തുകയില്ല. അതാണ്‌ ധര്‍മ്മമാര്‍ഗ്ഗം വിടുന്നവരെ അതില്‍ നിന്നു തടുക്കുന്നത്‌. മുക്തനായ യോഗി ഇവരെക്കാള്‍ മേലെയാകുന്നു. ധര്‍മ്മം അനുഷ്ഠിക്കുന്ന അവന് അപ്രകാരം തന്നെ ശുഭവും വന്നു ചേരുന്നു. അവന് വളരെ നാളത്തെ ശുഭമായ പ്രവൃത്തി കൊണ്ട്‌ സംസാരത്തെ കടക്കുവാന്‍ സാധിക്കുന്നതാണ്‌.

ഇപ്രകാരം മുമ്പു ചെയ്ത കര്‍മ്മത്തെ ജീവി ഏല്ക്കുന്നു. ഇങ്ങനെ ജീവിതന്റെ ശരിയായ രൂപത്തില്‍ നിന്ന്‌ വൃത്യസ്തമായ ഭാവരൂപങ്ങളോടെ ലോകത്തില്‍ വന്നു ചേരുന്നു. കാരണം താന്‍ അതീതജന്മങ്ങളില്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്‌ പിന്നെയുണ്ടാകുന്ന ഓരോ ദേഹത്തിനും രൂപവും ഭാവവും നല്കുന്നത്‌. എന്നാല്‍ ഇതില്‍ ഒരു സംശയം ചോദിക്കുവാന്‍ ഇടയുണ്ട്‌. എന്തായിരുന്നു ഒരു ജീവന്റെ ആദ്യരൂപം, ആദ്യം ലഭിച്ച ശരീരത്തിന്റെ രൂപം? ലോകപിതാമഹനായ ബ്രഹ്മാവ്‌ സൃഷ്ടിയുടെ ആരാഭത്തില്‍ ഓരോന്നിനും ഓരോ രൂപം നല്കി. അങ്ങനെ മൂന്നു ലോകവും സൃഷ്ടിച്ചു. അങ്ങനെ ലോകത്തില്‍ ചരാചരങ്ങള്‍ ഉണ്ടായി. പിതാമഹന്‍ തന്നെത്താനെ ഒരു രൂപം കൈക്കൊണ്ടു. പിന്നെ അവന്‍ പ്രധാനനെ സൃഷ്ടിച്ചു. ആ പ്രധാനനാണ്‌ ബാഹ്യമായ പ്രപഞ്ചത്തിന്റെ രൂപത്തിന് ഹേതുവായിരിക്കുന്നത്‌. അവനാല്‍ പ്രപഞ്ചം മൂടിയിരിക്കുന്നു. ഏറ്റവും പരമനായി അവന്‍ അറിയപ്പെടുന്നു. അതില്‍ കാണപ്പെടുന്നത്‌ മരണമുള്ളതാണ്‌, നാശമുള്ളതാണ്‌. കാണപ്പെടാത്തത്‌, മരണമില്ലാത്തതും, ശാശ്വതവുമാണ്‌. നാശമുള്ളതിനെ ക്ഷരമെന്നും നാശമില്ലാത്തതായ പരത്തിനെ അക്ഷരമെന്നും പറയുന്നു. എല്ലാ പുരുഷനും ക്ഷരം, അക്ഷരം എന്നീ ദ്വന്ദ രൂപങ്ങള്‍ മൂന്നിന്നുമുണ്ട്‌. ഓരോന്നിനും വെവ്വേറെയുമുണ്ട്‌. മുമ്പേ തന്നെ പ്രജാപതി ചരാചരങ്ങളായ ഭൂതങ്ങളെ സൃഷ്ടിച്ച്‌ അവര്‍ക്കെല്ലാം ഒരു നിശ്ചിത കാലയളവും സൃഷ്ടിച്ചു. പിന്നെ ആ ഭൂതജാലങ്ങള്‍ക്ക്‌ പ്രവൃത്തിയും നിവൃത്തിയും സൃഷ്ടിച്ചു. കഴിഞ്ഞ ജന്മത്തില്‍ ദുഷ്ടാത്മാവും അതേ സമയത്ത്‌ ബുദ്ധിമാനുമായ ഒരാള്‍, ഞാന്‍ ഈ പറഞ്ഞ മാതിരിയുള്ള ഫലങ്ങളൊക്കെ അനുഭവിക്കുന്നതാണ്‌. സുഖവും ദുഃഖവും നിത്യങ്ങളല്ലെന്നും, അമേദ്ധൃത്തിന്റെ കൂട്ടമാണ്‌ ഈ ശരീരമെന്നും, അതു കര്‍മ്മത്തിന്റെ നന്മ കൊണ്ട്‌ ഇല്ലാതായി വരുമെന്നും, സല്‍ക്കര്‍മ്മം കൊണ്ട്‌ പാപം ക്ഷയിപ്പിക്കാമെന്നും അറിയുന്നവന്‍ ആരോ, സൗഖ്യമായി കാണുന്നതെല്ലാം ദുഃഖമാണെന്നു ചിന്തിക്കുന്നവന്‍ ആരോ, അവന്‍ തീര്‍ച്ചയായും ഘോരമായ സംസാരസമുദ്രം തരണം ചെയ്യുന്നതാണ്‌. പ്രധാനനെ അറിഞ്ഞവന്‍ ജരാമൃത്യു രോഗങ്ങള്‍ ഇടപെട്ട പുരുഷന്‍, ചൈതന്യവത്തായി ജീവികളില്‍ ചൈതന്യത്തെ സമമായി ദര്‍ശിക്കുന്നു. പരമമായ പദത്തെ തിരയുന്നവന്‍ നിര്‍വ്വിണ്ണനാകുന്നു. അതില്‍ അല്ലയോ ഭാരതാ, സത്യമായ ഉപദേശം ഞാന്‍ നല്കാം. ശാശ്വതവും അവ്യയവുമായ ഇതിന്റെ ഉത്തമജ്ഞാനം ഞാന്‍ പറയുന്നതു ഭവാന്‍ കേട്ടു ധരിക്കുക.

19. യോഗവിചാരം - കർമ്മവൈമുഖ്യവും വൈരാഗ്യവും കൊണ്ട് മോക്ഷം പ്രാപിക്കാം - ബ്രാഹ്മണന്‍ പറഞ്ഞു: ബ്രഹ്മത്തില്‍ ലയിച്ചവനായിരുന്നിട്ട്‌ തന്നെക്കുറിച്ച്‌ തീരെ ചിന്തയില്ലാത്തവനായി, എല്ലാ വിധത്തിലും തന്റെ അസ്തിത്വത്തെപ്പറ്റിയുള്ള ചിന്തയില്‍ നിന്നു വിട്ടവനായി പതുക്കെ ഓരോന്നോരോന്നായി ലോകബന്ധങ്ങളില്‍ നിന്ന്‌ വിമുക്തനായി സംസാരമാകുുന്ന സമുദ്രം തരണം ചെയ്യുന്നവനായി ഭവിക്കുന്നു. എല്ലാവരിലും മിത്രനായവൻ, എല്ലാം സഹിക്കുന്നവന്‍, ശമസക്തന്‍, ജിതേന്ദ്രിയന്‍, ഭയമന്യുക്കള്‍ അറ്റവന്‍, ഇങ്ങനെയുള്ളവന്‍ ആത്മാവില്‍ മുക്തനായി ഭവിക്കുന്നതാണ്‌. തന്നിലെന്ന പോലെ ഏവനിലും പെരുമാറുന്നവനും നിയതനും, ശുചിയും, അഹങ്കാരമില്ലാത്തവനും, അഭിമാനം നശിച്ചവനുമായ അവന്‍ എവിടെയും മുക്തന്‍ തന്നെയാണെന്നു കരുതണം. ജീവിതവും മരണവും തുല്യമായവന്‍, സുഖവും ദുഃഖവും തുല്യമായവന്‍ ലാഭവും അലാഭവും തുല്യമായവന്‍, പ്രിയവും ദ്വേഷവും തുല്യമായവന്‍ ആരോ, അവന്‍ വിമുക്തനാണെന്ന്‌ അറിയണം. ഒന്നിലും ആഗ്രഹിക്കാതിരിക്കുക, ഒന്നും ധിക്കരിക്കാതിരിക്കുക അങ്ങനെ നിര്‍ദ്വന്ദ്വനും രാഗമില്ലാത്തവനും ആയിരിക്കുന്നവന്‍ ആരാണോ അവന്‍ മുക്തനാണെന്നറിയണം. . ശത്രുഹീനന്‍, ബന്ധുഹീനന്‍, പുത്രഹീനന്‍ ഒന്നിലും കാംക്ഷയില്ലാത്തവന്‍, ധര്‍മ്മാര്‍ത്ഥകാമങ്ങളെ ത്യജിച്ചവന്‍, ഇങ്ങനെയുള്ളവന്‍ വിമുക്തനാണ്‌. അധര്‍മ്മിയല്ലാതിരിക്കുക, ധര്‍മ്മിയുമല്ലാതിരിക്കുക, മുമ്പേ നേടിയതിനെ തൃജിക്കുക, ധാതുക്ഷയം മൂലം പ്രശാന്താത്മാവായവന്‍, നിര്‍ദ്വന്ദ്വന്‍, ഇങ്ങനെയുള്ളവന്‍ മുക്തനാകുന്നു. കര്‍മ്മങ്ങളൊക്കെ വര്‍ജ്ജിക്കുക, കാംക്ഷയില്ലാതിരിക്കുക, അസ്വസ്ഥവും അവശവും മൂഢവും ജന്മമൃത്യു ജരാന്ധിതവുമായ വിശ്വം ക്ഷയിക്കുന്നതായി കാണുന്നവനും വൈരാഗ്യ ബുദ്ധിയായി എപ്പോഴും ആത്മദോഷങ്ങളെ നോക്കുന്നവനുമായ പുമാന്‍ ഉടനെ ആത്മബന്ധ വിമോക്ഷത്തെ ചെയ്യുന്നതാണ്‌. രസം, ഗന്ധം, സ്പര്‍ശം, ശബ്ദം, രൂപം എന്നിവയുമായി യാതൊരു ബന്ധവും കുടാത്ത അനഭിജേഞയനായ ആത്മാവിനെക്കണ്ടാല്‍ അവന്‍ വിമുക്തനാകും. പഞ്ചഭൂതഗുണം വിട്ട്‌, ശരീരം കൂടാതെ ഹേതുവിനെ നിര്‍ഗ്ഗുണനായ ഗുണഭോക്താവായി ആരു കാണുന്നുവോ, അവന്‍ മുക്തനാകുന്നു. ജ്ഞാനത്താല്‍ മാനസം, ശരീരം എന്നീ സങ്കല്പങ്ങളെ വ്യക്തമായിക്കണ്ടവന്‍ ആരോ അവന്‍ വിറകു തീര്‍ന്ന അഗ്നി എന്ന പോലെ മെല്ലെ നിര്‍വ്വാണം പ്രാപിക്കുന്നതാണ്‌.

എല്ലാവിധ സംസ്കാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നവനും, നിര്‍ദ്വന്ദ്വനും, നിഷ്പരിഗ്രഹനും തപസ്സു കൊണ്ട്‌ ഇന്ദ്രിയങ്ങളെ ചരിപ്പിക്കുന്നവനുമായവന്‍ മുക്തനാകുന്നു. എല്ലാവിധ സംസ്‌കാരങ്ങളില്‍ നിന്നും വിട്ടവന്‍ സനാതനവും, ശാന്തവും, അചലവും, നിത്യവും, അക്ഷയവുമായ ബ്രഹ്മത്തെ പ്രാപിക്കുന്നതാണ്‌.

ഇനി മഹത്തരമായ യോഗശാസ്ത്രത്തെപ്പറ്റി പറയാം. യോഗം കൊള്ളുന്ന യോഗികള്‍ എങ്ങനെയാണ്‌. സിദ്ധാത്മാവെ കാണുന്നതെന്ന്‌ പറയാം. അതിന്നുള്ള ഉപദേശം ഞാന്‍ വ്യക്തമാക്കാം. നീ അത്‌ ശരിക്കു ധരിക്കുക. ആ വഴിയിലൂടെയാണെങ്കില്‍ ആത്മാവില്‍, എപ്പോഴും ആത്മാവിനെക്കാണാം. ഇന്ദ്രിയങ്ങള്‍ അടക്കി മനസ്സ്‌ ആത്മാവില്‍ നിര്‍ത്തുക. ആദ്യം തീവ്രമായ തപസ്സു ചെയ്ത്‌ മോക്ഷയോഗത്തെ ചരിക്കുക. തപസ്വി എന്നും യോഗത്താല്‍ യോഗശാസ്ത്രം അഭ്യസിക്കണം. മനീഷിയായ വിപ്രന്‍ ആത്മാവില്‍ മനസ്സു കൊണ്ട്‌ ആത്മദര്‍ശകനാകുന്നു. ആത്മാവിനെ ആത്മാവാല്‍ അടക്കുവാന്‍ ആരു ശക്തനാണോ, ആ ഏകാന്തി ആത്മാവില്‍ ആത്മാവിനെ ദര്‍ശിക്കും. എപ്പോഴും സംയതനായ യോഗി, ആത്മവാനും വിജിതേന്ദ്രിയനുമായ യോഗി, യോഗത്തില്‍ ആത്മാവിനെ ആത്മാവില്‍ ദര്‍ശിക്കും. നാം സ്വപ്നത്തില്‍ ഒരുത്തനെ കണ്ടിട്ട്‌ ഉണരുമ്പോള്‍ അവനെയാണ്‌ നാം കണ്ടത്‌ എന്നു മനസ്സിലാക്കുന്ന വിധം അപ്രകാരം യോഗത്തില്‍ ഒരു നല്ലവനായ യോഗി ആത്മാവിനെ ദര്‍ശിക്കും.

ഇഷീകയെ മുഞ്ജത്തില്‍നിന്ന്‌ തിരിച്ചറിയുന്നത് പോലെ ( നേരിയ നാര്‌ മുഞ്ജപ്പുല്ലില്‍ നിന്ന്‌ തിരിച്ചറിയുന്നത് പോലെ ) യോഗി ദേഹത്തില്‍ നിന്ന്‌ ആത്മാവെ തിരിച്ചറിയുന്നു. മുഞ്ജപ്പുല്ലിനെ ദേഹമായും, ഇഷീകയെ ആത്മാവായും കണക്കാക്കി ചിന്തിക്കുക. യോഗജ്ഞന്മാര്‍ ഇതിനെ ഉദാഹരണമായിപ്പറയും. ദേഹി (ദേഹമുള്ളവന്‍) ആത്മാവിനെ നന്നായി കാണുന്നതായാല്‍ പിന്നെ അവന് നാഥനായി മറ്റൊരാള്‍ ഇല്ല. അവന്‍ മൂന്നു ലോകത്തിന്റെയും പ്രഭുവാകുന്നു. അവന് ഏതു രൂപം കൈക്കൊള്ളുന്നതിനും സാധിക്കുന്നതാണ്‌. ജരാമൃത്യുക്കള്‍ അവനില്ല. അവന്‍ ദുഃഖിക്കുകയോ, സന്തോഷിക്കുകയോ ചെയ്യുന്നതല്ല. ദേവകള്‍ക്കും ദേവനെന്ന നില, വശിയായ അവന്‍ പ്രാപിക്കുന്നതാണ്‌. നശ്വരമായ ശരീരം ഉപേക്ഷിച്ച്‌ അവ്യയമായ ബ്രഹ്മത്തെ അവന്‍ പ്രാപിക്കുന്നതാണ്‌. ഭൂതങ്ങള്‍ നാശം പ്രാപിച്ചാലും അതില്‍ അവന് ഭയമെന്നുള്ളതില്ല. ഭൂതങ്ങള്‍ ക്ലേശമേറ്റാലും അവന്‍ അതില്‍ ക്ലേശിക്കുകയില്ല. സ്നേഹ സംഗങ്ങളില്‍ നിന്ന്‌ ഉല്‍ഭൂതമായ ഘോരമായ ദുഃഖം, ശോകം, ഭയം എന്നിവയാല്‍ യോഗി ഇളക്കപ്പെടുന്നതല്ല. എന്തു കൊണ്ടെന്നാല്‍ യോഗി നിസ്പൃഹനും ശാന്തചിത്തനുമാണ്‌. അവനില്‍ ശസ്ത്രങ്ങള്‍ പ്രവേശിക്കുന്നതല്ല. അവന് മൃത്യു ഇല്ല. ലോകത്തില്‍ അവനെക്കാള്‍ അപ്പുറമായി യാതൊരു സുഖിയേയും കാണുകയില്ല. ജരാദുഃഖങ്ങള്‍ വിട്ട്‌ അവന്‍ നന്നായി ആത്മയോഗം പ്രാപിച്ച്‌ ആത്മാവില്‍ അമരും; സുഖമായി നിദ്ര ചെയ്യും. ഈ മനുഷ്യ ശരീരം വിട്ട്‌ ഇഷ്ടമുള്ള ശരീരം പ്രാപിക്കുവാന്‍ അവന് കഴിയും. യോഗത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന്‍ പിന്നെ യോഗത്തില്‍ നിന്ന്‌ തെറ്റിപ്പോകരുത്‌. എപ്പോള്‍ ആത്മാവെ ആത്മാവില്‍ നല്ല ഒരു യോഗിക്ക്‌ കാണാന്‍ കഴിവു ലഭിക്കുന്നുവോ, അപ്പോള്‍ ആ യോഗി ദേവ്വേന്ദ്രന്റെ മേന്മ പോലും ആഗ്രഹിക്കുന്നതല്ല. ഇന്ദ്രന്റെ അലൗകിക സുഖങ്ങളെക്കാള്‍ ഉപരിയായ ഒരു നില യോഗിക്ക്‌ ലഭിക്കും.

ഏകാന്തശിീലനായ അവന്‍ എങ്ങനെയാണ്‌ യോഗത്തെ പ്രാപിക്കുക എന്നതും ഞാന്‍ പറയാം. അതു ഭവാന്‍ കേള്‍ക്കുക:

ആദ്യമായി ഒരു പുരത്തെ ചിന്തിച്ച്‌ അതില്‍ വാഴുക. ( പുരം എന്നത്‌ ദേഹമാണ്‌ - ശ്രീമദ് ഭാഗവതം ഭാഗം 19 ചതുർത്ഥസ്കന്ധം: പുരഞ്ജനോപാഖ്യാനം ). വാഴുമ്പോള്‍ ആ പുരത്തില്‍ തന്നെ മനസ്സിനെ നിര്‍ത്തുക. വെളിയില്‍ മനസ്സു വെക്കരുത്‌. അതില്‍ വസിക്കുമ്പോള്‍ ബാഹ്യാഭ്യന്തരമായി ചലിക്കുന്ന മനസ്സിനെ അതില്‍ ഉറപ്പിക്കണം. ആ പ്രത്യേകമായ മുറിയെ നോക്കിക്കാണുക. ആ സമയത്ത്‌ ധ്യാനനിമഗ്നനായ പുരുഷന്‌ എല്ലാം വ്യക്തമായി കാണുവാന്‍ കഴിയും, ബ്രഹ്മത്തെ കാണുവാന്‍ കഴിയും. പ്രപഞ്ചത്തിന്റെ ആത്മാവാണ്‌ ബ്രഹ്മം. അപ്പോള്‍ മനസ്സു വാഴുന്നിടത്ത്‌ ബ്രഹ്മത്തിന് അപ്പുറമായി മറ്റൊന്നും ഉള്ളതായി കാണുന്നതല്ല. എല്ലാ ഇന്ദ്രിയങ്ങളേയും, നിശ്ശബ്ദമായ കാട്ടില്‍, നിര്‍ജ്ജനമായ കാട്ടില്‍, എന്നപോലെ സ്ഥിരമാക്കി അടക്കി നിര്‍ത്തി ബ്രഹ്മത്തെ ധ്യാനിക്കുക. ആഭ്യന്തരമായും ശാരീരികമായും മനസ്സിനെ നിര്‍ത്തി ധ്യാനിക്കണം.

പല്ലുകള്‍, അണ്ണാക്ക്‌, നാവ്‌, തൊണ്ട, കഴുത്ത്‌, കരള്‍ എന്നിവയെ അടക്കി ചിന്തിക്കണം. ഇപ്രകാരം ഞാന്‍ പറഞ്ഞ മേധാവിയായ ശിഷ്യന്‍ വീണ്ടും മോക്ഷധര്‍മ്മത്തെപ്പറ്റി ചോദിച്ചു; നാം ഉണ്ണുന്ന ചോറ്‌ വയറ്റില്‍ക്കിടന്ന്‌ എങ്ങനെ പചിക്കുന്നു? അത്‌ എങ്ങനെ രസമായി പരിണമിക്കുന്നു? പിന്നെ അത്‌ എങ്ങനെ രക്തമായി പരിണമിക്കുന്നു. മാംസം, മേദസ്സ്‌, ഞരമ്പ്‌, അസ്ഥി എന്നിവ എങ്ങനെ ഉണ്ടാകുന്നു? അവയെല്ലാം ജീവികളില്‍ എങ്ങനെ വളരും? വളരുന്നവന് ബലം എങ്ങനെ വളരുന്നു? ഓജസ്സു നഷ്ടപ്പെട്ട മലങ്ങള്‍ എങ്ങനെ വെവ്വേറെ പുറത്തേക്കു പോകുന്നു? അവന്‍ എന്തിന്, എങ്ങനെ ശ്വാസോഛ്വാസം നിര്‍വ്വഹിക്കുന്നു? ഏത്‌ സ്ഥാനത്തിലായിട്ടാണ്‌ ആത്മാവ്‌ ആത്മാവില്‍ നില്ക്കുന്നത്‌? എങ്ങനെ ദേഹത്തെ ജീവന്‍ വഹിക്കുന്നു? എങ്ങനെ ചേഷ്ടിപ്പിക്കുന്നു? വീണ്ടും അവന്‍ വര്‍ത്തിക്കുന്ന ദേഹത്തിന്റെ രൂപവും, നിറവും എന്തായിരിക്കും? അനഘാശയാ, ശരിയായവിധം എന്നോടു പറഞ്ഞാലും.

ഇപ്രകാരം ആ ദ്വിജന്‍ ചോദിച്ചപ്പോള്‍ അല്ലയോ മാധവാ! ഞാന്‍ അതിന് മറുപടി പറഞ്ഞു മഹാബാഹോ, അരിന്ദമമാ, അവന്‍ ചോദിച്ചതിന് ഞാന്‍ ഇപ്രകാരം പറഞ്ഞു. ഒരാള്‍ക്ക്‌ അയാളുടെ വില പിടിച്ച രത്നം തന്റെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നതിനെ കുറിച്ച്‌ എപ്പോഴും ശ്രദ്ധയുണ്ടായിരിക്കുന്നത് പോലെ, തന്റെ ദേഹത്തിനുള്ളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആത്മാവിനെ നിശ്ചലമായ മനസ്സോടെ അന്വേഷിച്ചറിയുന്നത് പോലെ, തെറ്റുപറ്റാതെ ഇരിക്കണം. അങ്ങനെ ആത്മാവിനെ അറിഞ്ഞു കൊണ്ട്‌ ഇരിക്കുന്നവന്‍, പ്രീതനായി എപ്പോഴും ബ്രഹ്മസായൂജ്യത്തില്‍ ഉദ്യുക്തനായിരിക്കുന്നവന്‍, താമസിക്കാതെ തന്നെ ആ കേവലബ്രഹ്മത്തെ കാണുന്നതാണ്‌. കണ്ണു കൊണ്ട്‌ ബ്രഹ്മത്തെ കാണുവാന്‍ കഴിയുകയില്ല. മറ്റ്‌ ഇന്ദ്രിയങ്ങളാലും അറിയുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ മനസ്സാകുന്ന ദീപത്താല്‍ മാത്രം കാണപ്പെടുന്നു. ആ ബ്രഹ്മത്തിന് അനേകം കൈകളും, കാലുകളും, എല്ലാ ഭാഗത്തുമുണ്ട്‌. അവന് എല്ലാ ഭാഗത്തും വായകളും, കണ്ണുകളും, ചെവികളുമുണ്ട്‌. അവന്‍ എല്ലാ ദിക്കിലും, സര്‍വ്വത്ര സര്‍വ്വ വസ്തുക്കളിലും വ്യാപിച്ചു നില്ക്കുന്നു. ജീവന്‍ ആത്മാവിനെ ദേഹത്തില്‍ നിന്നു വേര്‍പെട്ട്‌ ഇപ്രകാരം കാണും. ആ സ്വദേഹം വിട്ട അവന്‍, കേവല ബ്രഹ്മചാരിയായി മനസ്സു കൊണ്ട്‌ ആത്മാവെ പ്രവസിക്കുന്ന വിധം കാണും; ഇപ്രകാരം ബ്രഹ്മത്തെ ആശ്രയിച്ചു മോക്ഷത്തെ പ്രാപിക്കുന്നതാണ്‌.

ഈ പറഞ്ഞത്‌ ഏറ്റവും ശുഭമായ, രഹസ്യമായ, കാര്യമാണ്‌. ദ്വിജോത്തമാ, ഇതു ഞാന്‍ ഭവാനോട്‌ പറഞ്ഞു. ഇനി പോകട്ടെ! ഞാന്‍ യാത്ര പറയുന്നു. അങ്ങ്‌ യഥാസുഖം പോയാലും. ഇപ്രകാരം ഞാന്‍ പറഞ്ഞപ്പോള്‍ സംശിത വ്രരതനായ ആ ശിഷ്യന്‍ വലിയ തപസ്വിയായ ആ വിപ്രന്‍, യഥേഷ്ടം പോയി.

വാസുദേവന്‍ പറഞ്ഞു: അല്ലയോ പാര്‍ത്ഥാ, ഇപ്രകാരം എന്നോടു പറഞ്ഞതിന് ശേഷം ആ ബ്രാഹ്മണസത്തമന്‍, നല്പ പോലെ മോക്ഷധര്‍മ്മത്തില്‍ മുഴുകിയവനായ ആ മഹാശയന്‍, മറഞ്ഞു പോയി. എടോ പാര്‍ത്ഥാ, നീഏകാഗ്രചിത്തനായി ഞാന്‍ പറഞ്ഞത്‌ കേട്ടുവല്ലോ. അന്ന്‌ തേര്‍ത്തട്ടില്‍ വെച്ച്‌, യുദ്ധം തുടങ്ങുന്നതിന് മുമ്പ്‌. ഞാന്‍ നിന്നോട്‌ പറഞ്ഞിട്ടുണ്ട്‌. നീ എന്നില്‍ നിന്ന്‌ ഇത്‌ കേട്ടിട്ടുണ്ട്‌. എന്നിട്ടും നീ നല്ലപോലെ ധരിക്കാത്ത മട്ടില്‍ കാണുന്നു. നീ ആത്മജ്ഞാനം വേണ്ട പോലെ ഉറയ്ക്കാത്തവനായി തോന്നുന്നു. ദഹനേന്ദ്രിയത്തിന് ഒതുങ്ങാത്ത ഭക്ഷണം കഴിച്ചവനെപ്പോലെ കാണപ്പെടുന്നു.

അല്ലയോ ഭരതര്‍ഷഭാ! ദേവന്മാര്‍ക്കു പോലും അറിയുവാന്‍ വയ്യാത്ത രഹസ്യമാണ്‌ ഞാന്‍ പറഞ്ഞത്‌. അതു നീ കേട്ടില്ലേ? മനുഷ്യരില്‍ ആരും ഇതു കേട്ടിട്ടില്ല, നീയല്ലാതെ മറ്റാരെയും ഇതു കേള്‍ക്കുവാന്‍ അര്‍ഹനായി ഞാന്‍ കാണുന്നില്ല സന്മതേ! തെളിയാത്ത മനസ്സു കൊണ്ട്‌ ഇത്‌ ആര്‍ക്കും ഗ്രഹിക്കുവാന്‍ സാദ്ധ്യമല്ല. പതറാതെ കേള്‍ക്കണം. പ്രവ്യത്തി മാര്‍ഗ്ഗത്തില്‍ ഏര്‍പ്പെട്ടവരാല്‍ ദേവലോകം സമാവൃതമായിരിക്കുന്നു. പ്രവൃത്തി മാര്‍ഗ്ഗസ്ഥന്മാരെ ദേവകള്‍ ഇഷ്ടപ്പെടുന്നു. മര്‍ത്ത്യരൂപം എടുക്കുന്നവര്‍ നിവൃത്തി മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌ ദേവകള്‍ക്കു തൃപ്തിയല്ല. എന്തു കൊണ്ടെന്നാല്‍ ആ മാര്‍ഗ്ഗം സ്വീകരിക്കുന്ന മര്‍ത്തൃന്മാര്‍ ദേവന്മാരുടെ മഹത്ത്വത്തെക്കാള്‍ ഉന്നതമായ നിലയിലെത്തുന്നതാണ്‌. ഈ നില സ്വീകരിച്ച്‌ ദേഹം വിടുന്നവന്‍ പരസല്‍ഗതിയായ സനാതന ബ്രഹ്മത്തെ, അമൃതത്ത്വത്തെ നേടി സുഖിക്കും. പാപയോനികളില്‍ ജനിച്ചവരായാലും ഈ ധര്‍മ്മം സ്വീകരിച്ചാല്‍ സ്ത്രീയായാലും, വൈശ്യനായാലും, ശുദ്രനായാലും. പരമമായ സല്‍ഗതി നേടുന്നതാണ്‌. പിന്നെ വിപ്രരുടെ കാര്യം പറയാനുണ്ടോ. ബഹുശ്രുതന്മാരായ നൃപന്മാരുടെ ബ്രഹ്മലോക പരായണരായ മഹാശയന്മാരുടെ കാര്യം പറയാനുണ്ടോ? ഇത്‌ എഴുതപ്പെട്ടത്‌ അതിന്റെ അടങ്ങിയ കാരണങ്ങളാലും, അതില്‍ സിദ്ധിക്കുള്ള മാര്‍ഗ്ഗങ്ങളാലും, അതിന്റെ ഫലങ്ങളാലുമാണ്‌. ദുഃഖത്തില്‍ നിന്നുള്ള മോചനമാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. ഇതിലപ്പുറമായി യാതൊരു സുഖവുമില്ല ഭരതര്‍ഷഭാ! ബുദ്ധിമാനും, ശ്രദ്ധയുള്ളവനും, പരാക്രമിയും, ലോകസാരത്തെ അസാരം പോലെ ഉപേക്ഷിക്കുന്നവനും ആരാണോ അവന്‍ പരമമായ സല്‍ഗതി പ്രാപിക്കൂന്നതാണ്‌. ഇത്ര മാത്രമേ പറയേണ്ടതുള്ളു. ഇതിലപ്പുറമൊന്നുമില്ല. നിത്യമുക്തന് ആറുമാസം കൊണ്ട്‌ യോഗത്തെ പ്രാപിക്കാന്‍ കഴിയും.

20. ബ്രഹ്മഗീത - ജ്ഞാനയോഗത്തെപ്പറ്റി വിവരിക്കുന്നു - വാസുദേവന്‍ പറഞ്ഞു; ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ രണ്ടു ദമ്പതിമാര്‍ തമ്മിലുള്ള സംഭാഷണമാണ്‌ ഭരതര്‍ഷഭാ! ജ്ഞാനവിജ്ഞാന നിധിയായ ഒരു ബ്രാഹ്മണന്‍ വിജനമായ ഒരുസ്ഥലത്ത്‌ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായ ബ്രാഹ്മണി സമീപത്തു ചെന്ന്‌ ഇപ്രകാരം പറഞ്ഞു: യാതൊരു ദയയും ഇല്ലാത്തവനും, മൂഢനും, കര്‍മ്മം കൈവിട്ടവനും, പതിയുമായ ഭവാനെ ആശ്രയിച്ചു ജീവിക്കുന്ന ഈയുള്ളവള്‍ ഏതുലോകം പ്രാപിക്കും? ഭാര്യമാര്‍ ഭര്‍ത്തൃലോകങ്ങളെ പ്രാപിക്കുമെന്നു കേള്‍ക്കുന്നു. അങ്ങ്‌ ഭര്‍ത്താവായ ഞാന്‍ എന്തു ഗതിയാണു പ്രാപിക്കുക? ഇപ്രകാരം തന്റെ ഭാര്യയായ ബ്രഹ്മണി പറയുന്നതു കേട്ടു ചിരിച്ചു കൊണ്ട്‌ ആ ശാന്താത്മാവ്‌ പറഞ്ഞു: 

അല്ലയോ സുഭഗേ, സന്മതേ, നിന്റെ ഈ വാക്കു കേട്ടിട്ട്‌ എനിക്കു നിന്നില്‍ യാതൊരു വിദ്വേഷമോ, ആക്ഷേപമോ, അസൂയയോ, പരിഭവമോ തോന്നുന്നില്ല സന്മതേ! ഗ്രാഹൃവും, ദൃശ്യവുമായി, യഥാര്‍ത്ഥമായി, സത്യമായി, കര്‍മ്മമുണ്ടെങ്കില്‍ അതാണു കര്‍മ്മമെന്ന്‌ കര്‍മ്മനിരതന്മാരായ ജ്ഞാനികള്‍ പറയുന്നു. ജ്ഞാനമില്ലാത്ത മര്‍ത്ത്യര്‍ മിഥ്യകളെ കര്‍മ്മം മൂലം സംഭരിക്കുന്നു. കര്‍മ്മങ്ങളില്‍ നിന്നു വിട്ടുനില്ക്കുക എന്നത്‌ ഒരു നിമിഷം പോലുമില്ല. കിട്ടുന്ന സര്‍വ്വനിമിഷവും കര്‍മ്മമുള്ളതാണ്‌. ജന്മം മുതല്‍ ശരീരം മറ്റൊരു രൂപം എടുക്കുന്നതു വരെ മനസ്സുകൊണ്ടും വാക്കുകൊണ്ടും ശുഭവും, അശുഭവുമായ കര്‍മ്മം എല്ലാ ജീവികളിലും നിലകൊള്ളുന്നു. ദൃശ്യങ്ങളായ കര്‍മ്മമാര്‍ഗ്ഗങ്ങള്‍ രക്ഷോബാധകള്‍ക്ക്‌ വിധേയമാകുന്നതു കാണുമ്പോള്‍ അവയില്‍ നിന്നു മാറി നിന്നുകൊണ്ട്‌ ആത്മാവിന്റെ സഹായത്താല്‍ ഞാന്‍ എന്നിലുള്ള ആത്മാവിന്റെ സ്ഥാനത്തെ കണ്ടെത്തിയിരിക്കുന്നു. അനിര്‍ദ്വന്ദ്വമായ, ഉപാധിഭേദമില്ലാതെ എല്ലാറ്റിനും ഉപരിയായി നില്ക്കുന്ന ബ്രഹ്മം എവിടെയുണ്ടോ, സോമനും അഗ്നിയും എവിടെയുണ്ടോ അവിടെ ധൈര്യവാനും ഭൂതധാരകനുമായ വായു നിത്യം സഞ്ചരിക്കുന്നു.

ആ നാശമില്ലാത്ത (അക്ഷരമായ) സ്ഥാനത്തെ പ്രാപിക്കുന്നതിന് വേണ്ടിയാണ്‌ ബ്രഹ്മാദിദേവന്മാര്‍ യോഗത്തില്‍ഏകാഗ്രമായി ശ്രദ്ധ കേന്ദ്രീകരിച്ച്‌ ആരാധിക്കുന്നത്‌. സുവ്രതന്മാരും, ജ്ഞാനികളും, ശാന്താത്മാക്കളും, ജിതേന്ദ്രിയരുമായ എല്ലാ മഹാശയന്മാരും ഈ അക്ഷരമായ സ്ഥാനത്തെ, ബ്രഹ്മത്തെ പ്രാപിക്കുന്നതിന് വേണ്ടിയാണ്‌ ഏകാഗ്രമായി ഭജിക്കുന്നത്‌. ആ അക്ഷരമായ സ്ഥാനം മൂക്കു കൊണ്ട്‌ മണത്തറിയുവാന്‍ സാദ്ധ്യമല്ല. നാവു കൊണ്ട്‌ ആസ്വദിച്ചറിയുവാനും സാദ്ധ്യമല്ല. ത്വക്കു കൊണ്ട്‌ സ്പര്‍ശിച്ചറിയുവാനും സാദ്ധ്യമല്ല. മനസ്സു കൊണ്ട്‌ കണ്ടറിയുവാന്‍ കഴിയും. കണ്ണുകള്‍ക്ക്‌ കാണുവാന്‍ കഴിയാത്തതും, ചെവികള്‍ക്ക്‌ കേള്‍ക്കുവാന്‍ കഴിയാത്തതും, രസ ഗന്ധ സ്പര്‍ശ രൂപ ശബ്ദങ്ങളാല്‍ അലക്ഷ്യമായിട്ടുള്ളതുമാണ്‌ അതിന്റെ ലക്ഷണം. ആ സ്ഥാനത്തു നിന്നാണ്‌ പ്രപഞ്ചത്തിന്റെ ഉത്ഭവം. അവിടെയാണ്‌ പ്രപഞ്ചത്തിന്റെ സ്ഥിതി, നിലനില്‍പ്പ്‌, പ്രാണന്‍, അപാനന്‍. സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നീ വായുക്കള്‍ ആ സ്ഥാനത്തു നിന്ന്‌ ഉണ്ടാവുകയും ആ സ്ഥാനത്തു തന്നെ പ്രവേശിക്കുകയും ചെയ്യുന്നു. സമാനവ്യാന വായുക്കളുടെ മദ്ധൃത്തിലാണ്‌ പ്രാണാപാനന്മാരുടെ സഞ്ചാരം. അത്‌ നില്ക്കുമ്പോള്‍, ആത്മാവ്‌ ഉറങ്ങുമ്പോള്‍, സമാനനും വ്യാനനും അതില്‍ ലയിക്കുന്നു. അപാനപ്രാണമദ്ധ്യത്തില്‍ ഉദാനന്‍ സര്‍വ്വവ്യാപിയായി തിങ്ങിനില്ക്കുന്നു. അതുകൊണ്ട്‌ ഉറങ്ങുന്ന നരനെ പ്രാണാപാനവായുക്കള്‍ വെടിയുന്നില്ല. എല്ലാ പ്രാണവായുക്കളെയും നിയന്ത്രിക്കുന്നവനാകയാല്‍ അവന് ഉദാനന്‍ എന്നു പേരുണ്ടായി.

അതു കൊണ്ട്‌ ബ്രഹ്മോച്ചാരണം നടത്തുന്ന ബ്രഹ്മജ്ഞാനികള്‍, എന്നെ ലക്ഷ്യമാക്കി ( ബ്രഹ്മമാക്കി ) തപോവ്രതാദികള്‍ അനുഷ്ഠിക്കുന്നു. ദേഹത്തില്‍ സഞ്ചരിക്കുന്നവയും, അന്യോന്യം വിഴുങ്ങുകയും ചെയ്യുന്ന പ്രാണവായുക്കളുടെ ഇടയില്‍ വൈശ്വാനരന്‍ എന്നു പറയുന്ന അഗ്നി ഏഴു ജ്വാലകളോടെ ഉജ്ജ്വലിക്കുന്നു. ഈ ജ്വാലകള്‍ ഏഴു ജിഹ്വകളാണ്‌. നാവുകളാണ്‌. ഈ ഏഴു ജിഹ്വകള്‍ ഏതാണെന്നു പറയാം: മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ദൃക്ക്‌, ശ്രോത്രം, മനസ്സ്‌, ബുദ്ധി എന്നിവയാണ്‌ വൈശ്വാനരാഗ്നിയുടെ ജ്വാലകളാകുന്ന ജിഹ്വകള്‍. ഈ അഗ്നിയില്‍ ഹോമിക്കുന്ന ഇന്ധനങ്ങള്‍. ഘ്രേയം, ദൃശ്യം, പേയം, സ്പര്‍ശ്യം, ശ്രവ്യം, മന്തവ്യം, ബോധവ്യം ഇങ്ങനെ ഏഴു വിധമുണ്ട്‌. ഘ്രാണിക്കുന്നവന്‍, ഭക്ഷിക്കുന്നവന്‍, കാണുന്നവന്‍, സ്പര്‍ശിക്കുന്നവന്‍, കേള്‍ക്കുന്നവന്‍, മനനം ചെയ്യുന്നവന്‍, ബോദ്ധാവ്‌ ഇങ്ങനെ ഏഴു പേരാണ്‌ അഗ്നി ആഹുതി ചെയ്യുന്ന ഋത്വിക്കുകള്‍.

ഘ്രേയം, പേയം, ദൃശ്യം, സ്പര്‍ശ്യം, ശ്രവ്യം, മന്തവ്യം,ബോധവ്യം, എന്നീ ഹവ്യങ്ങളെല്ലാം ഏഴഗ്നികളില്‍ ഹോമിക്കുന്നവന്‍ ആരോ അവന് അതാതു വസ്തുക്കള്‍ തന്നില്‍ നിന്നു തന്നെ ജനിക്കുവാന്‍ കഴിയുന്നു. ഭൂമി, ആകാശം, വായു, ജലം, ജ്യോതിസ്സ്‌ എന്നീ പഞ്ചഭൂതങ്ങളും, മനസ്സും ബുദ്ധിയും കൂടി ഏഴെണ്ണമാണ്‌. ഉത്ഭവസ്ഥാനങ്ങള്‍ ഹോമിക്കപ്പെടുന്ന ഹവിസ്സുകള്‍ എല്ലാം നശിക്കുകയല്ല, അഗ്നിജമായി ഭൂതഗണത്തെ പ്രാപിക്കുകയാണ് ചെയ്യുന്നത്‌. ആ അഗ്നിയില്‍ വാണ്‌ അതില്‍ത്തന്നെ വീണ്ടും ഓരോന്നിന്റെയും യോനികളില്‍ ജന്മമെടുക്കുന്നു. പ്രളയകാലത്തോളം യഥാസ്ഥാനം നിലനില്ക്കുന്നു. അതില്‍നിന്നു ഗന്ധമുണ്ടാകുന്നു. അതില്‍നിന്നു രസമുണ്ടാകുന്നു. അതില്‍നിന്നു രൂപമുണ്ടാകുന്നു. അതില്‍നിന്നു സ്പര്‍ശമുണ്ടാകുന്നു. അതില്‍നിന്ന്‌ ശബ്ദമുണ്ടാകുന്നു. അതില്‍നിന്ന്‌ സംശയാത്മകമായ മനസ്സുണ്ടാകുന്നു. അതില്‍നിന്ന്‌ നിശ്ചയാത്മകമായ ബുദ്ധിയുണ്ടാകുന്നു. ഇങ്ങനെ ഏഴുവിധമാണ്‌ സൃഷ്ടി. പൗരാണികന്മാരും ഈ മട്ടില്‍ത്തന്നെയാണ്‌ ഗ്രഹിച്ചിട്ടുള്ളത്‌. പൂര്‍ണ്ണവും അവസാനത്തേതുമായ മൂന്നാഹുതികള്‍ കൊണ്ട്‌, തേജസ്സുകൊണ്ട്‌, നിറയുന്നതായി ഭവിക്കുന്നു.

21. ബ്രാഹ്മണഗീത - ദശഹോതൃവിധാനം - ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും പറ്റിയുള്ള വിവരണം - ബ്രാഹ്മണന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ദശഹോതൃവിധാനമാണ്‌. അത്‌ എപ്രകാരമാണെന്നു കേട്ടാലും ശ്രോത്രം, ത്വക്ക്‌, ദൃക്ക്‌, നാക്ക്‌. മൂക്ക്‌, കാല്‌, കൈ, ഉപസ്ഥം, ഗുദം ഇവ പത്തും ഹോതാക്കളാണ്‌ ഭാമിനീ! ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം,വാക്ക്‌, തൊഴില്‌, യാത്ര എന്നിവയും, ശുക്ലം, മൂത്രം, മലം എന്നിവ വിടലും കൂടി പത്തു ഹവിസ്സുകള്‍ ഉണ്ട്‌. പിന്നെ ദിക്കുകള്‍, കാറ്റ്‌, സൂര്യന്‍, ചന്ദ്രന്‍, ഭൂമി, അഗ്നി, വിഷ്ണു, ഇന്ദ്രന്‍, പ്രജാപതി, മിത്രന്‍ ഇവര്‍ പത്തഗ്നികളാണ്‌ ഭാമിനീ. പത്തിന്ദ്രിയങ്ങള്‍ ഹോതാക്കളാകുന്നു. ഹവിസ്സുകള്‍ അങ്ങനെ പത്താകുന്നു. ഈ പത്തഗ്നികളില്‍ ഹോമിക്കപ്പെടുന്ന ഇന്ധനങ്ങളാണ്‌ വിഷയങ്ങള്‍. ചിത്തം എന്നു പറയുന്നത്‌ ഹവിസ്സില്‍ ഹോമിക്കുവന്‍ ആജ്യമെടുക്കുന്ന വെള്ളിക്കയിലാണ്‌.

ധനം എന്നു പറയുന്നത്‌, യജ്ഞം അനുഷ്ഠിക്കുന്നവന്റെ പവിത്രവും ഉത്തമവുമായ ജ്ഞാനമാകുന്നു. ഈ ജഗത്തു മുഴുവന്‍ ജ്ഞാനത്തില്‍ നിന്നു വേര്‍തിരിച്ചു കാണിക്കപ്പെട്ടിരിക്കുന്നതായി കേള്‍ക്കുന്നു. എല്ലാ അറിവിന്റെയുംവിഷയമായിട്ടുള്ളത്‌ മനസ്സാകുന്നു. അറിവ്‌ കാണുക മാത്രമാണു ചെയ്യുന്നത്‌. സൂക്ഷ്മമായ രൂപത്തില്‍ ശരീരസ്ഥനായ ആത്മാവ്‌, ജീവന്‍ ശുക്ലോത്ഭവമായ ശരീരത്തില്‍ വര്‍ത്തിക്കുന്നു. ആ ശരീരം വഹിക്കുന്നവന്‍ ഗൃഹസ്ഥാശ്രമമായ അഗ്നിയോടു കൂടിയവനാണ്‌. അതില്‍നിന്നു മറ്റൊരഗ്നി സംജാതമാകുന്നു. മനസ്സ്‌ ആഹവനീയാഗ്നിയാണ്‌. അതിലേക്കാണ്‌ ഹവ്യം അര്‍പ്പിക്കപ്പെടുന്നത്‌. അതില്‍ നിന്നാണു വേദത്തിന്റെ ഉത്ഭവം. മനസ്സ്‌ ആ വേദത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. പിന്നെ രൂപം ഉണ്ടാവുകയും അതു മനസ്സിന് നേരെ പാഞ്ഞെത്തുകയും ചെയ്യുന്നു.

ബ്രാഹ്മണി പറഞ്ഞു: എന്തു കൊണ്ടാണ് വാക്ക്‌ ആദ്യമുണ്ടായത്‌. മനസ്സ്‌ പിന്നെയും ഉണ്ടായതായി പറഞ്ഞുവല്ലോ. മനസ്സ്‌ ആദ്യം ഉത്ഭവിച്ചിട്ട്‌ പിന്നെ മനസ്സുകൊണ്ടു ചിന്തിച്ചിട്ടല്ലേ വാക്യം ഉണ്ടാകുന്നത്‌? എന്തു വിജ്ഞാനയോഗം കൊണ്ടാണ്‌ മതി (പ്രാണന്‍) ചിത്തത്തില്‍ രക്ഷ നേടുന്നത്‌? എന്തുകൊണ്ടു നിദ്രയില്‍ മനസ്സു വിട്ടു നില്ക്കുമ്പോഴും പ്രാണന്‍ സര്‍വ്വത്തേയും കൈവശമാക്കുന്നില്ല? എന്താണ്‌ പിന്നെ അതിനെ ( പ്രാണനെ ) നിയന്ത്രിക്കുന്നത്‌?

ബ്രാഹ്മണന്‍ പറഞ്ഞു: അപാനവായു നേതൃത്വം വഹിച്ച്‌ പ്രാണവായുവിനെ തന്റെ നിയ്ന്ത്രണത്തിലാക്കുന്നു. ആ നേതൃത്വം മൂലം അത്‌ അപാനവായുവിന്റെ സ്വഭാവം കൈക്കൊള്ളുന്നു. താല്‍ക്കാലികമായി അപാനവായുവിനോട്‌ തുല്യമാക്കപ്പെട്ട പ്രാണവായുവിന്റെ നിയന്ത്രിത സഞ്ചാരം മനസ്സിന്റെ സഞ്ചാരമായി പറയപ്പെടുന്നു. അതുകൊണ്ട്‌ മനസ്സു പ്രാണനെ ആശ്രയിച്ചു നില്ക്കുന്നില്ല. അതുകൊണ്ട്‌ സ്വപ്നമില്ലാത്ത നിദ്രയില്‍ മനസ്സിന്റെ അസാന്നിദ്ധ്യത്തില്‍ പ്രാണന്‍ അപ്രത്യക്ഷമാകുന്നില്ല.

വാക്കിനെയും മനസ്സിനെയും പറ്റി നീ എന്നോട്‌ ചോദിക്കുകയുണ്ടായല്ലോ. അതുകൊണ്ട്‌ അവ തമ്മിലുള്ള ഒരു സംഭാഷണം ഞാന്‍ നിന്നോടു വെളിവാക്കാം. പണ്ട്‌ വാക്കും മനസ്സുംകൂടി ബ്രഹ്മാവിന്റെ അടുത്തു ചെന്നു ചോദിച്ചു; "പിതാമഹാ, ഞങ്ങളില്‍ ആരാണ്‌ മേലെ. അങ്ങു പറയൂ! സംശയം തീര്‍ത്തു തരൂ!". ഭഗവാന്‍ ഉടനെ പറഞ്ഞു: "മനസ്സാണ്‌ മേലെ". ഉടനെ സരസ്വതി ചോദിച്ചു: "ഞാന്‍ അങ്ങയുടെ എല്ലാ ആഗ്രഹങ്ങളുടെയും ഫലം നല്‍കുന്നുണ്ടല്ലോ! അങ്ങെന്താണ്‌ ഇങ്ങനെ പറയുന്നത്‌? വാക്കുകളില്‍ കൂടെയാണല്ലോ ദൃശ്യവും അദൃശ്യവുമായ ഫലങ്ങള്‍ സിദ്ധിക്കുന്നത്‌. നിശ്ചയമായും വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്‌ സാധാരണം മാത്രമല്ല, വേദമന്ത്രങ്ങളും വേദവാക്യങ്ങളും ഉള്‍പ്പെടുമല്ലോ?".

ബ്രഹ്മാവു പറഞ്ഞു: സ്ഥാവരം എന്നും ജംഗമമെന്നും എനിക്കു രണ്ടു വിധം മനസ്സുണ്ട്‌. സ്ഥാവരമായിട്ടുള്ളത്‌ എന്റെ കൂടെയാണ്‌. ജംഗമമായിട്ടുള്ളത്‌ നിന്റെ കൂടെയുമാണ്‌. മന്ത്രം, വര്‍ണ്ണം, സ്വരം എന്നിവയെല്ലാം ജംഗമമായ മനസ്സാണ്‌. നിന്റെ അധീനത്തിലാണ്‌ നില്ക്കുന്നത്‌. അതുകൊണ്ട്‌ നീയാണ്‌ മേലെ. നിനക്കു ശോഭനത്തിങ്കല്‍ ധ്യാനാവസ്ഥയെ സ്വയം ഏല്ക്കുന്നു. അതുകൊണ്ടാണ്‌ ഉഛ്വാസം ഏറ്റു കൊണ്ട് ഞാന്‍ പറയുന്നത്‌ സരസ്വതീ.

വാഗ്ദേവി എപ്പോഴും പ്രാണാപാനവായുക്കളുടെ മദ്ധ്യത്തിലാണ്‌ നില്ക്കുന്നത്‌. എന്നാല്‍ അപാനനിലേക്ക്‌ ഇറങ്ങിക്കൊണ്ട്‌, പ്രാണനില്‍ നിന്നു വേര്‍തിരിഞ്ഞത് കൊണ്ട്‌ മേല്ലോട്ട്‌ ഉയര്‍ത്തപ്പെട്ടെങ്കിലും അവള്‍ പ്രജാപതിയുടെ സമീപത്തു ചെന്ന്‌ ഭഗവാനേ, എന്നില്‍ പ്രസാദിക്കണേ എന്നു പറഞ്ഞു. ഒരിക്കല്‍ക്കൂടി അപ്പോള്‍ വാക്ക്‌ പോഷിപ്പിച്ചു കൊണ്ട്‌ പ്രാണന്‍ പ്രതൃക്ഷപ്പെട്ടു. അതുകൊണ്ട്‌ പുറത്തേക്ക്‌ ഉഛ്വസിച്ചു കൊണ്ട്‌ യാതൊന്നും ഉച്ഛരിക്കുന്നില്ല. വാക്ക്‌ എപ്പോഴും ശബ്ദമയിയായി അവസാനമില്ലാത്ത മട്ടില്‍ ഒഴുകുന്നു. ഘോഷമുണ്ടാക്കുന്ന വാക്കുകളേക്കാള്‍ മേന്മയേറിയത്‌ നിര്‍ഘോഷമായ (ഉച്ചാരണമില്ലാത്ത) വാക്കാണ്‌. നിര്‍ഘോഷമായ വാക്ക്‌ (ധ്വനിപ്രധാനമായ വാക്ക്‌) നല്ല പാല്‍ നല്കുന്ന പശുവിനെപ്പോലെ നാനാസാരങ്ങള്‍ അടങ്ങിയ അര്‍ത്ഥം ചുരത്തിത്തരുന്നു. എന്നും അവള്‍ ശാശ്വതമായ ബ്രഹ്മത്തെപ്പറ്റിയുള്ള വാക്കുകള്‍, എന്നും ദിവ്യങ്ങളും അദിവ്യങ്ങളുമായ പ്രഭാവത്താല്‍ വാഗ്ദേവി ചുരത്തിക്കൊണ്ടിരിക്കുന്നു ശുചിസ്മിതേ! സൂക്ഷ്മങ്ങളായിരിക്കുന്ന ഇവയുടെ വൃത്യാസം നീ മനസ്സിലാക്കുക.

ബ്രാഹ്മണി പറഞ്ഞു: സംസാരിക്കുവാന്‍ ആഗ്രഹിക്കുകയും വാക്ക്‌ ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോള്‍ അന്നു സരസ്വതി എന്താണു പറഞ്ഞത്‌?

ബ്രാഹ്മണന്‍ പറഞ്ഞു: പ്രാണനാല്‍ ശരീരത്തില്‍ ഉണ്ടാക്കപ്പെടുന്ന വാക്ക്‌ പിന്നീട്‌ പ്രാണനില്‍ നിന്ന്‌ അപാനനിലേക്ക്‌ എത്തിച്ചേരുന്നു. അതിന് ശേഷം ഉദാനനായി മാറി ശരീരത്തില്‍ നിന്നു പുറത്തു വന്ന്‌ വ്യാനനോടു കൂടി എല്ലായിടത്തും വ്യാപിക്കുന്നു. അതിന് ശേഷം അവള്‍ സമാനനില്‍ വസിക്കുന്നു. ഇപ്രകാരമാണ്‌ വാക്ക്‌ ആദ്യമായി പുറപ്പെട്ടത്‌. അതുകൊണ്ട്‌ മനസ്സ്‌ സ്ഥാവരമായതിന്റെ ഫലമായി മേലെയായി നില്ക്കുന്നു. അതുകൊണ്ടു വാഗ്ദേവി ജംഗമത്വം ഹേതുവായി ഉയര്‍ന്നു നില്ക്കുന്നു.

22. ബ്രാഹ്മണഗീത സപ്തഹോത്യൃവിധാനം അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ മനസ്സ്, ബുദ്ധി എന്നിവയുടെ പ്രവർത്തനം - ബ്രാഹ്മണന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരുപഴങ്കഥ പറയാറുണ്ട്‌. അല്ലയോ സുഭഗേ, അതു സപ്തഹോതൃക്കളുടെ വിധാനത്തിന്റെ മാതിരിയാണ്‌. മുക്കും, ദൃക്കും, നാക്കും, ത്വക്കും അഞ്ചാമതായി ചെവിയും, മനസ്സും, ബുദ്ധിയും ഇങ്ങനെ ഹോതാക്കള്‍ വെവ്വേറെയായി ഏഴുപേര്‍ നില്ക്കുന്നു. എന്നാല്‍ അവ പരസ്പരം കാണുന്നില്ല. സ്വഭാവാല്‍ സപ്തഹോതൃക്കളാണ്‌ ഇവയെന്നു ശോഭനേ, നീചിന്തിക്കണം.

ബ്രാഹ്മണി പറഞ്ഞു: സൂക്ഷ്മമായ ഒരിടത്ത്‌ ഇവരെല്ലാം വസിക്കുമ്പോള്‍ അവര്‍ തമ്മില്‍ക്കാണുന്നില്ലെന്നു പറയുന്നത്‌ എന്തു കൊണ്ടാണ്‌? ഭഗവാനേ, അവര്‍ക്കുള്ള സ്വഭാവമെന്തെന്നുള്ളത്‌ പ്രഭോ, പറയണേ!

ബ്രാഹ്മണന്‍ പറഞ്ഞു: വസ്തുവിന്റെ ഗുണങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയെ അജ്ഞാനമെന്നും, അവയെപ്പറ്റിയുള്ള ജ്ഞാനത്തെ അഭിജ്ഞാനമെന്നും പറയുന്നു. ഈ പറയപ്പെട്ട ഏഴും, അവര്‍ക്ക്‌ ഓരോരുത്തര്‍ക്കുമുള്ള ഗുണങ്ങളെ പരസ്സരം അറിയുവാനോ ഗ്രഹിക്കുവാനോ സാധിക്കാത്ത നിലയാണ്‌.

നാവ്‌, ദൃഷ്ടി, ചെവി, ത്വക്ക്‌, മനസ്സ്‌, ബുദ്ധി ഇവയൊന്നും ഗന്ധങ്ങളില്‍ ചെല്ലുന്നില്ല. എന്നാല്‍ മൂക്ക്‌ അവയിലെല്ലാം ചെന്നെത്തുന്നു. മൂക്കും, ദൃക്കും, ചെവിയും, ത്വക്കും, മനസ്സും, ബുദ്ധിയും രസങ്ങളില്‍ ചെന്നെത്തുന്നില്ല. എന്നാല്‍ നാക്ക്‌ അവയില്‍ ചെന്നെത്തും.

മൂക്കും, നാവും, ചെവിയും, ത്വക്കും, മനസ്സും, ബുദ്ധിയും രൂപങ്ങളില്‍ ചെന്നെത്തുകയില്ല. ദൃക്ക്‌ അവയില്‍ ചെന്നെത്തും. അപ്രകാരം മൂക്കും, നാവും, ദൃഷ്ടിയും, ശ്രോത്രവും,ബുദ്ധിയും, മനസ്സും സ്പര്‍ശങ്ങളില്‍ ചെല്ലുകയില്ല. ത്വക്ക്‌ അവയില്‍ ചെന്നെത്തും.

മൂക്ക്‌, നാവ്‌, ത്വക്ക്‌, ദൃഷ്ടി, മനസ്സ്‌, ബുദ്ധി എന്നിവ ശബ്ദങ്ങളില്‍ ചെല്ലുകയില്ല, അവയില്‍ ശ്രോത്രം എത്തും.

മൂക്ക്‌, നാവ്‌, ത്വക്ക്‌, ദൃഷ്ടി, ശ്രോത്രം, മനസ്സ്‌ എന്നിവ നിഷ്ഠയില്‍ ചെല്ലുകയില്ല. അതില്‍ ബുദ്ധി ചെന്നെത്തും. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. മനസ്സും ഇന്ദ്രിയങ്ങളും തമ്മിലുള്ള സംഭാഷണമാണ്‌ കഥാവിഷയം ഭാരതാ!

മനസ്സു പറഞ്ഞു: എന്നെക്കൂടാതെ മുക്ക്‌ ഗന്ധം അറിയുകയില്ല. നാവ്‌ രസം അറിയുകയില്ല, കണ്ണ്‌ രൂപത്തെ കാണുകയില്ല, തൊലി സ്പര്‍ശം അറിയുകയില്ല, ചെവി ശ്ബദം ഗ്രഹിക്കുകയില്ല. ഞാനില്ലാഞ്ഞാല്‍ ഒരിക്കലും ഇവ നടക്കുന്നതല്ല.

എല്ലാ ഭൂതത്തിലും മേലെ സനാതനമായിട്ടുള്ളത്‌ ഞാനാണ്‌, ശൂന്യമായ ഗ്രഹംപോലെ, അഗ്നികെട്ട സ്ഥാനംപോലെ, ഇന്ദ്രിയങ്ങളൊന്നും ഞാനില്ലാതെ പ്രകാശിക്കുന്നതല്ല. നനഞ്ഞ വിറകു പോലെ ഇന്ദ്രിയങ്ങള്‍ ഇണക്കിയാലും ഞാന്‍ ഇല്ലെങ്കില്‍ ഇന്ദ്രിയം കൊണ്ട്‌ ഒരു ജീവിക്കും ഒന്നും അറിയുവാന്‍ കഴിയുന്നതല്ല.

ഇന്ദ്രിയങ്ങള്‍ പറഞ്ഞു : ഭവാന്‍ പറഞ്ഞത്‌ ശരിയാണ്‌സത്യമാണ്‌. ഭവാന്റെ ചിന്ത തെറ്റല്ല. എന്നാല്‍ ഞങ്ങളില്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ വിഷയമായ വസ്തുക്കളില്‍ നിന്നുള്ള സുഖങ്ങള്‍ എങ്ങനെയാണു മനസ്സേ, നീ അനുഭവിക്കുക? ഞങ്ങള്‍ കെട്ടുപോയാല്‍ അങ്ങയുടെ തര്‍പ്പണമെവിടെ? പ്രാണധാരണമെവിടെ? വസ്തുക്കളുടെ അനുഭവമെവിടെ? ഞങ്ങളുടെ സഹായമില്ലാതെ യാതൊരു ഭോഗവും അങ്ങയ്ക്ക്‌ ഭുജിക്കുവാന്‍ സാദ്ധ്യമല്ല. ആഗ്രഹമുണ്ടായാല്‍ പോരല്ലോ! അങ്ങ്‌ ചിന്തിച്ചവിധം തന്നെയാണ്‌. അതു സത്യമാണ്‌. അതല്ലാത്ത മട്ടില്‍ ഞങ്ങള്‍ വിഷയങ്ങളില്‍ പറ്റി നില്ക്കുകയാണെങ്കില്‍, സങ്കല്പത്താല്‍ അങ്ങ്‌ ശരിയായ വിധം ഭോഗങ്ങളെ ഏലക്കുന്നതാണ്‌. അതല്ലാതെ ഞങ്ങളുടെ അര്‍ത്ഥസിദ്ധി നിന്നില്‍ നിന്റെ വരുതിയിലാണെങ്കില്‍ നീ മൂക്കുകൊണ്ട്‌ കാണുക. കണ്ണുകൊണ്ടു തിന്നുക. ചെവികൊണ്ട്‌ ഗന്ധം ആസ്വദിക്കൂ! നാവുകൊണ്ട്‌ സ്പര്‍ശസുഖം ഏല്ക്കുക! ശബ്ദം തൊലികൊണ്ടു ഗ്രഹിക്കുക. ബുദ്ധികൊണ്ടു തൊടുക! ദുര്‍ബ്ബലന്മാര്‍ക്കുള്ളതാണ്‌ നിയമം. ശക്തന്മാര്‍ക്കുള്ളതല്ല. പുതുതായി നീ ഭോഗമേറ്റാലും ഉച്ഛിഷ്ടം നീ ഭുജിക്കരുത്‌. നീ മുമ്പ്‌ ആസ്വദിക്കാത്തത്‌ ഇപ്പോള്‍ ആസ്വദിക്കുക. മുമ്പ്‌ മറ്റുള്ളവര്‍ രുചി നോക്കിയത്‌ നീ അനുഭവിക്കുവാന്‍ പാടില്ല. ഒരു ശിഷ്യന്‍ ശ്രുതികള്‍ ലഭിക്കുന്നതിന് വേണ്ടി എപ്രകാരം ഒരു ഗുരുവിനെ സമീപിക്കുകയും, അങ്ങനെ ശ്രുതികള്‍ ലഭിച്ച ശേഷം ശ്രുതിയുടെ അര്‍ത്ഥമറിഞ്ഞ്‌ പെരുമാറുന്നുവോ അപ്രകാരം ഞങ്ങള്‍ കാണിച്ചു തന്ന വിഷയങ്ങളെ നീ കരുതുന്നു. അത്‌ ജാഗ്രത്തിലും സ്വപ്നത്തിലും തുടരുന്നു.

വൈമനസ്യം ബാധിച്ച അല്പതേജസ്സായ ജന്തുവിനും ജനത്തിനും ഞങ്ങള്‍ ചെയ്ത അര്‍ത്ഥകാര്യത്തില്‍ പ്രാണധാരണം കാണുന്നു. പല സങ്കല്പങ്ങളോടു ചേര്‍ന്നും പല സ്വപ്നങ്ങള്‍ കണ്ടും ബുഭുക്ഷ കൊണ്ടു കുഴങ്ങി വിഷയങ്ങളില്‍ പ്രവേശിക്കുന്നു.

മാനസിക ലക്ഷ്യങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള ആസ്വാദനത്തില്‍ പ്രവേശിച്ച്‌ ശരിയായ വസ്തുക്കളില്‍ ബന്ധപ്പെടാതെയും ഉള്ളവന്‍ എപ്പോഴും മരണവുമായി ഏറ്റുമുട്ടുന്നു. അതു പ്രാണവായുക്കളുടെ നാശം മൂലം വിറകു തീരുമ്പോള്‍ അഗ്നി എന്നപോലെ ആകുന്നു.

ഞങ്ങള്‍ക്ക്‌ ഗുണസംഗത്തില്‍ ബന്ധമുണ്ടെന്നുള്ളത്‌ വാസ്തവമാണ്‌. ഞങ്ങള്‍ക്ക്‌ ഗുണങ്ങളുമായി അറിവില്ല. എന്നാല്‍ ഞങ്ങളെ കൂടാതെ അങ്ങയ്ക്ക്‌ അനുഭൂതി ലഭിക്കുന്നതല്ല. ഞങ്ങളെ കൂടാതെ സൗഖ്യവും സിദ്ധിക്കുന്നതല്ല.

23. ബ്രാഹ്മണഗീത പഞ്ചഹോത്യവിധാനം പ്രാണാപാനാദി പഞ്ചപ്രാണങ്ങളെ പറ്റിയുള്ള വിവരണം - ബ്രാഹ്മണന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരുപഴങ്കഥ പറയാറുണ്ട്‌. സുഭഗേ, പഞ്ചഹോതാക്കള്‍ വിധാനത്തിന്റെ മാതിരിയാണത്. പ്രാണന്‍, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ എന്നീ പഞ്ചഹോതാക്കളായ ഇവരെ ബുധന്മാര്‍ പ്രധാന ഭാവങ്ങളായി കാണുന്നു.

ബ്രാഹ്മണി പറഞ്ഞു: സ്വഭാവാല്‍ ഏഴു ഹോതാക്കളാണ്‌ ഉള്ളതെന്നായിരുന്നു എന്റെ വിചാരം. ആ പ്രധാനത എങ്ങനെ പഞ്ചഹോതാക്കളായി? അതു പറഞ്ഞാലും.

ബ്രാഹ്മണന്‍ പറഞ്ഞു: പ്രാണനാല്‍ സംഭൃതനായ വായു വ്യാനനായി പുറപ്പെടുന്നു. വ്യാനനാല്‍ സംഭൃതനായ വായു ഉദാനനായി പുറപ്പെടും. ഉദാനനാല്‍ സംഭൃതനായ വായു സമാനന്‍ എന്ന പേരില്‍ അറിയപ്പെടും. അവര്‍ ഒന്നിച്ചു ചെന്ന്‌ പണ്ട്‌ ആദ്യ പിതാമഹനോടു ചോദിച്ചു. പിതാമഹാ,ഞങ്ങളില്‍ ശ്രേഷ്ഠനായിട്ടുള്ളവന്‍ ആരാണ്‌. ആരാണ്‌ ഞങ്ങളില്‍ വെച്ച്‌ മേലെ?

ബ്രഹ്മാവു പറഞ്ഞു: ആര്‌ ഇല്ലാതായാല്‍ എല്ലാ പ്രാണങ്ങളും നശിച്ചു പോകുന്നുവോ, ഏവന്‍ പ്രാണികളുടെ മെയ്യില്‍ ചരിച്ചാല്‍ എല്ലാ പ്രാണങ്ങളും പ്രാണികളുടെ മെയ്യില്‍ ചരിക്കുന്നുവോ, അവനാണ് ശ്രേഷ്ഠന്‍! നീ ഇഷ്ടമുള്ളേടത്തു പൊയ്ക്കൊളളുക.

പ്രാണന്‍ പറഞ്ഞു: ഈ ഞാന്‍ ലയിച്ചു പോയാല്‍ സകല പ്രാണങ്ങളും പ്രാണികളുടെ മെയ്യില്‍ ലയിച്ചു പോകും. ഞാന്‍ സഞ്ചരിച്ചാല്‍ ഉടനെ പ്രാണികളുടെ മെയ്യിലും പ്രാണന്‍ ചരിക്കും. ഞാനാണ്‌ എല്ലാറ്റിലും വെച്ച്‌ ശ്രേഷ്ഠന്‍. ഞാന്‍ ലയിക്കുന്നതു കാണിച്ചു തരാം.

ബ്രാഹ്മണന്‍ പറഞ്ഞു: പ്രാണന്‍ ഉടനെ ലയിച്ചു. പിന്നെ പ്രചരിക്കുകയും ചെയ്തു. ശുഭേ, പിന്നെ സമാനനുംഉദാനനും പറഞ്ഞു: നീ ഞങ്ങളെപ്പോലെ എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്നില്ല. അല്ലയോ പ്രാണാ, നീ ഞങ്ങളെക്കാള്‍ മേലെയല്ല. അപാനനല്ലെ നിന്റെ പാട്ടിലുള്ളൂ?

വ്യാനൻ വീണ്ടും ചരിച്ചു. അപ്പോള്‍ അപാനന്‍ പറഞ്ഞു: ഈ ഞാന്‍ ലയിച്ചാല്‍ ഏല്ലാ പ്രാണങ്ങളും പ്രാണികളുടെ മെയ്യില്‍ ലയിക്കും. ഞാന്‍ സഞ്ചരിച്ചാലോ ഉടനെ ചരിക്കും. ഞാനാണ്‌ എല്ലാറ്റിലും വെച്ചു ശ്രേഷ്ഠന്‍! കാണണോ ഞാന്‍ ലയിക്കുന്നത്‌?

അപ്പോള്‍ അവനോട്‌ വ്യാനനും, ഉദാനനും പറഞ്ഞു;എടോ അപാനാ, നീ ശ്രേഷ്ഠനല്ല. പ്രാണനല്ലെ, നിന്റെ പാട്ടിലുള്ളൂ അപാനന്‍ ചുറ്റി ഉടനെ വ്യാനനോടു പറഞ്ഞു: ഞാന്‍ എല്ലാവരിലും വെച്ച്‌ ശ്രേഷ്ഠനാണ്‌. എന്തു കൊണ്ടാണെന്നു പറയാം. കേള്‍ക്കുവിന്‍! ഈ ഞാന്‍ ലയിച്ചാല്‍ എല്ലാ പ്രാണങ്ങളും പ്രാണികളുടെ ശരീരത്തില്‍ ലയിച്ചു പോകും. ഞാന്‍ സഞ്ചരിച്ചാല്‍ ഉടനെ ചരിക്കും. ഞാനാണ്‌ ഏറ്റവും ശ്രേഷ്ഠന്‍. ഞാന്‍ ലയിക്കുന്നത്‌ കാണിച്ചു തരാം.

ഉടനെ വ്യാനന്‍ ലയിച്ചു. പിന്നെയും പ്രചരിച്ചു. അപ്പോള്‍ പ്രാണനും, അപാനനും, സമാനനും, ഉദാനനും അവനോടു പറഞ്ഞു: എടോ വ്യാനാ, നീ ശ്രേഷ്ഠനാണെന്ന്‌ അഭിമാനം കൊള്ളുന്നതിന് അര്‍ത്ഥമില്ല. സമാനനല്ലെ നിന്റെ പാട്ടിലുള്ളൂ! പിന്നെയും വ്യാനന്‍ ചരിച്ചു. ഉടനെ സമാനന്‍ പറഞ്ഞു:

എല്ലാറ്റിലും വെച്ച്‌ ശ്രേഷ്ഠന്‍ ഞാനാണ്‌. എന്തു കൊണ്ടെന്നു പറയാം. ഈ ഞാന്‍ ലയിച്ചാല്‍ സകല പ്രാണങ്ങളും ഉടനെ പ്രാണികളുടെ ശരീരത്തില്‍ ലയിക്കും. ഞാന്‍ സഞ്ചരിച്ചാലോ ഉടനെ ചരിക്കുകയും ചെയ്യും. ഞാനാണ്‌ ശ്രേഷ്ഠന്‍. ലയിക്കുന്ന എന്നെ നോക്കുക. സമാനന്‍ ഉടനെ ചുറ്റി. അവനോടു പിന്നെ ഉദാനന്‍ പറഞ്ഞു: എല്ലാവരിലും വെച്ച്‌ ശ്രേഷ്ഠനാണ്‌ ഞാന്‍. എന്തുകൊണ്ടാണെന്നു പറയാം. ഈ ഞാന്‍ ലയിച്ചാല്‍ എല്ലാ പ്രാണങ്ങളും പ്രാണികളുടെ ദേഹത്തില്‍ ലയിക്കും. ഞാന്‍ സഞ്ചരിച്ചാല്‍ ഉടനെ സഞ്ചരിക്കും. ഞാനാണ്‌ ശ്രേഷ്ഠന്‍. ലയിക്കുന്ന എന്നെ കാണുക. അപ്പോള്‍ ഉദാനന്‍ ലയിച്ചു പിന്നെയും സഞ്ചരിച്ചു പ്രാണാപാനസമാനന്മാരും വ്യാനനും അപ്പോള്‍ പറഞ്ഞു: ഉദാനാ, നീ ശ്രേഷ്ഠനല്ല. വ്യാനനല്ലെ നിന്റെ പാട്ടിലുള്ളൂ!

ഒന്നിച്ചു നില്ക്കുന്ന അവരോട്‌ ഉടനെ പ്രജാപതിയായ ബ്രഹ്മാവു പറഞ്ഞു: എല്ലാവരും ശ്രേഷ്ഠന്മാരാണ്‌. ഒരാള്‍ മീതെയെന്നു പറയുവാന്‍ വയ്യ. എല്ലാവരും അന്യോന്യധര്‍മ്മികളാണ്‌. എല്ലാവരും അവരവരുടെ സ്ഥാനത്ത്‌ ശ്രേഷ്ഠന്മാരാണ്‌. എല്ലാവരും പരസ്പരധര്‍മ്മികളാണ്‌, എന്ന്‌ തുല്യതയില്‍ നില്ക്കുന്ന അവരോട് എല്ലാവരോടുമായി പ്രജാപതിപറഞ്ഞു. സ്ഥിരനായി ഒരുത്തനുണ്ട്‌. അസ്ഥിരനായും ഒരുത്തനുണ്ട്‌. വിശേഷാല്‍ യോഗ്യത പറയുകയാണെങ്കില്‍ അഞ്ചു പ്രാണമാരുതന്മാരുണ്ട്‌. എന്റെ ആത്മാവ്‌ ഒന്നു മാത്രം. അത്‌ പല മാതിരി വര്‍ദ്ധിച്ചു വരും. നിങ്ങള്‍ തമ്മില്‍ സുഹൃത്തുക്കളാണ്‌. തമ്മില്‍ നിങ്ങള്‍ തൃപ്തിപ്പെടുത്തുവിന്‍! നിങ്ങള്‍ക്കു സ്വസ്തിഭവിക്കട്ടെ! നിങ്ങള്‍ ശാന്തരായി പിരിയുവിന്‍. ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ പരസ്പരം താങ്ങി നിന്നു കൊള്ളുവിന്‍

24. ബ്രാഹ്മണഗീത പഞ്ചഹോതൃവിധാനം സൃഷ്ടിക്രമത്തെപ്പറ്റി ബ്രാഹ്മണന്‍ ബ്രാഹ്മണിയോട് പറയുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരുപഴങ്കഥ പറയാറുണ്ട്‌. അത്‌ നാരദ മഹര്‍ഷിയും ദേവതമ മഹര്‍ഷിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ്‌.

ദേവതമന്‍ പറഞ്ഞു; ഒരു ജീവി ഉത്ഭവിക്കുമ്പോള്‍ എന്താണ്‌ആദ്യമായി ഉണ്ടാവുക? പ്രാണനോ, അപാനനോ, സമാനനോ, വ്യാനനോ, ഉദാനനോ?

നാരദന്‍ പറഞ്ഞു: ഏതു ജന്തുവിനെയാണ്‌ സൃഷ്ടിക്കുന്നത്‌, എന്തൊരു ജീവിയാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌, അതില്‍ നിന്നു വൃതൃസ്തമായ മറ്റൊന്നാണ്‌ ആദ്യം ഉണ്ടാവുക? ജീവന്റെ വായു ദ്വന്ദ്വമായി അറിയപ്പെടുന്നു. അത്‌ ഇരട്ടയായി മേലും കീഴും വിലങ്ങുമായി വീശുന്നു.

ദേവതമന്‍ പറഞ്ഞു: ജീവവായുക്കളില്‍ ആരാല്‍ ജീവി ഉത്ഭവിക്കപ്പെടുന്നു? ആ രണ്ടു ജീവവായുക്കളില്‍ ആദ്യം വരുന്നത്‌ ഏതാണ്‌? ഇരട്ടയായ ആ ജീവവായുക്കുളെ പറ്റി പറയാമോ? തലങ്ങും വിലങ്ങും, മേലും, കീഴും പായുന്ന അവയെപ്പറ്റി പറയാമോ?

നാരദന്‍ പറഞ്ഞു: സങ്കല്പത്തില്‍ നിന്ന്‌ (ആഗ്രഹത്തില്‍ നിന്ന്‌) ഹര്‍ഷം ഉത്ഭവിക്കുന്നു. അത്‌ ശബ്ദത്തില്‍ നിന്ന്‌ ഉത്ഭവിക്കും. അത്‌ രസത്തില്‍ നിന്നും ഉത്ഭവിക്കും, അത്‌ രൂപത്തില്‍ നിന്നും ഉത്ഭവിക്കും. അങ്ങനെ രക്തത്തോടു കൂടിച്ചേര്‍ന്ന്‌ ശുക്ലത്തില്‍ നിന്ന്‌ ആദ്യമായി പ്രാണന്‍ ഉത്ഭവിക്കും. പ്രാണന്‍ ശുക്ലത്തെ വികൃതമാക്കിയാല്‍ അപാനന്‍ ഉണ്ടാകും. ശുക്ലത്താലും ഉണ്ടാകുന്ന രസത്താലും ജനിക്കും. ഇതാണ്‌ ഉദാനനന്റെ രൂപം. സ്ത്രീപുരുഷ സംയോഗത്തില്‍ നിന്നാണ്‌ ഹര്‍ഷമുണ്ടാകുന്നത്‌. കാമം മൂലമാണ്‌ ശുക്ലമുണ്ടാകുന്നത്‌. സ്ത്രീകള്‍ക്ക് രജസ്സും കാമം കൊണ്ടു തന്നെ ഉത്ഭവിക്കുന്നു. ശുക്ലശോണിതങ്ങളുടെ മേളനത്താല്‍ സമാനനും, വ്യാനനും ഉണ്ടാകുന്നു. പ്രാണാപാനങ്ങള്‍ എന്ന ഈ ദ്വന്ദ്വം മേലും കീഴും ചരിക്കും. വ്യാനനും, സമാനനും രണ്ടും കൂടി തിര്യക്ദ്വന്ദ്വത്വം പ്രാപിക്കുന്നു. വിലങ്ങനെ സഞ്ചരിക്കുന്നു. അഗ്നി എന്നത്‌ സര്‍വ്വ ദേവകളുമാണ്‌. ഇതാണ്‌ വേദത്തില്‍ പഠിപ്പിക്കുന്നത്‌.

ജ്ഞാനമാകുന്ന അഗ്നി ബ്രാഹ്മണനില്‍ ബുദ്ധിയോടു ചേര്‍ന്നുണ്ടാകുന്നു. ആ അഗ്നിയുടെ ധൂമമാണ്‌ തമസ്സെന്നു പറയുന്നത്‌. തേജസ്സിന്റെ രൂപം ഭസ്മരജസ്സാകുന്നു. നന്മ അഗിയുടെ അംശത്തില്‍ നിന്നുത്ഭവിക്കുന്നു. ആ അഗ്നിഭാഗം ഹവ്യം അര്‍പ്പിക്കപ്പെടുന്നതാണ്‌. യജ്ഞജ്ഞാനികള്‍ സമാനനും വ്യാനനും സത്വഗുണങ്ങളായി കാണുന്നു. പ്രാണനും അപാനനും അഗ്നിയില്‍ ആഹുതി ചെയ്യപ്പെടുന്ന ആജ്യമാണ്‌. അവയ്ക്കു രണ്ടിനും ഇടയ്ക്കാണ്‌ ഉദാനന്റെ ശ്രേഷ്ഠമായ സ്ഥാനം ബ്രാഹ്മണര്‍ കാണുന്നത്‌.

ഇനി നിര്‍ദ്വന്ദ്വമെന്നത്‌ എന്താണെന്നു പറയാം. അത്‌ കേള്‍ക്കുക. അവയ്ക്കു രണ്ടിനും ഇടയിലാണ്‌ അഗ്നി. രാവും പകലും ഉണ്ടല്ലോ, അവയുടെയും ഇടയില്‍ അഗ്നിയാണ്‌. ഇത്‌ ഉദാനന്റെ പരമരൂപമായി ബ്രാഹ്മണര്‍ കാണുന്നു. ആദ്യം സമാനന്‍ പിന്നെ വ്യാനന്‍. സത്ത്‌ അസത്ത്‌ എന്നത്‌ ദ്വന്ദ്വമാണ്‌. അവയ്ക്ക്‌ ഇടയില്‍ അഗ്നിയാണ്‌. ഇത്‌ ഉദാനന്റെ പരമരൂപമായി ബ്രാഹ്മണര്‍ കാണുന്നു. പിന്നെയുള്ള കര്‍മ്മം സമാനനും വ്യാനനും വേര്‍തിരിക്കും. പിന്നെ മുന്നാമത്‌ സമാനന്‍ വീണ്ടും വേര്‍തിരിക്കും. ശാന്തിക്കായി വ്യാനന്‍ സ്ഥിതി ചെയ്യുന്നു. ശാന്തി തന്നെയാണ്‌ ശാശ്വതമായ ബ്രഹ്മം. ഇതാണ്‌ ഉദാനന്റെ പരമമായ രൂപമെന്ന്‌ ബ്രാഹ്മണര്‍ കാണുന്നു.

25. ബ്രാഹ്മണഗീത ചാതുര്‍ഹോത്രവിധാനം - ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും കൂടി ചെയ്യുന്ന കർമ്മങ്ങളുടെ സ്വഭാവം - ബ്രാഹ്മണൻ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരുപഴങ്കഥ പറയാറുണ്ട്‌. ചാതുര്‍ഹോത്രവിധാനത്തിന്റെ മാതിരി വിധിപ്രകാരം അതിന്റെയെല്ലാം വിധാനം ഞാന്‍ പറയാം. ഭദ്രേ, ഞാന്‍ പറയുന്നത്‌ നീ കേള്‍ക്കുക. ഇത്‌ രഹസ്യവും വളരെ അത്ഭുതകരവുമാണ്‌. കാരണം ക്രിയ, കര്‍ത്താവ്‌, മോക്ഷം എന്നിങ്ങനെ അല്ലയോ ഭാമിനീ, നാല് ഹോതാക്കളുണ്ട്‌. ഇവരാല്‍ ഈ ജഗത്ത്‌ നിറഞ്ഞിരിക്കുന്നു. ഹേതുക്കളുടെ സാധനത്തെ മുഴുവന്‍ നീ കേള്‍ക്കുക: മുക്ക്‌, നാവ്‌, ത്വക്ക്‌, ദൃക്ക്‌, ശ്രോത്രം ഇങ്ങനെ അഞ്ചും മനസ്സും, ബുദ്ധിയും കൂടി ഗുണഹേതുക്കള്‍ ഏഴാണ്‌. ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം ഇവയും മന്തവ്യം, ബോദ്ധവ്യം ഇവയും കൂടി ഏഴാണ്‌ കര്‍മ്മഹേതുക്കള്‍. ഘ്രാണിക്കുന്നവന്‍, തിന്നുന്നവന്‍, കാണുന്നവന്‍, കേള്‍ക്കുന്നവന്‍, പറയുന്നവന്‍ ഇങ്ങനെ അഞ്ചുപേരും, മന്താവ്‌, ബോദ്ധാവ്‌ എന്നീ രണ്ടും കൂടി ഏഴാണ്‌ കര്‍ത്തൃഹേതുക്കള്‍.

ശുഭമോ അശുഭമോ ആയ അവരുടെ സ്വഗുണങ്ങള്‍ അതാതു ഗുണവാന്മാര്‍ അനുഭവിക്കുന്നു. ആത്മാവിനെ സംബന്ധിച്ചിടത്തോളം അത്‌ നിര്‍ഗ്ഗുണനും അനന്തനുമാണ്‌. ഇവയേഴുമാണ്‌ മോക്ഷകാരണങ്ങള്‍, വിധിപ്രകാരം സ്ഥാനങ്ങള്‍ അറിയുന്ന വിദ്വാന്മാര്‍ക്ക്‌, ഗുണങ്ങള്‍ ദേവതകളായിഎന്നും ഹവിസ്സ്‌ ഭുജിക്കുന്നു. അജ്ഞനായ നരന്‍ പലതരം അന്നം ഭക്ഷിച്ച്‌ മഹത്ത്വത്തെ ഏല്ക്കുന്നു.

തനിക്ക്‌ അന്നം പചിപ്പിക്കുന്നവന്‍ മമത്വംമൂലം തന്നെത്താന്‍ കെട്ടുപോകുന്നു. കഴിക്കരുതാത്ത അന്നം ഭക്ഷിക്കുകയും, മദ്യം കുടിക്കുകയും ചെയ്യുന്നത് കൊണ്ട്‌ അവന്‍ തന്നെത്താന്‍ ഹനിക്കുന്നു. അന്നത്തെ കെടുത്തവനെ അന്നം കെടുത്തിക്കളയും. തന്മൂലം അവന്‍ കെട്ടുപോകും, നശിച്ചുപോകും. ബുദ്ധിമാനായ നരന്‍ ഈ അന്നത്തെ കൊല്ലുകയാണെങ്കില്‍ അതു വീണ്ടും ജനിപ്പിക്കുന്നു. അവന്‍ കഴിക്കുന്ന അന്നത്തില്‍ നിന്നു സൂക്ഷ്മമായ വ്യതിക്രമമുണ്ടാവുകയില്ല.

മനസ്സാല്‍ എന്തില്‍ എത്തുന്നു, വാക്കുകൊണ്ട്‌ എന്തു പറയുന്നു, ചെവിയാല്‍ എന്തു കേള്‍ക്കുന്നു. കണ്ണുകൊണ്ട്‌ എന്തു കാണുന്നു, സ്പര്‍ശത്താല്‍ എന്തു ഏല്ക്കുന്നു, മൂക്കുകൊണ്ട്‌ എന്തു ഘ്രാണിക്കുന്നു. മനഃഷഷ്ഠങ്ങളായ ഈ ഹവ്യങ്ങളെയെല്ലാം അടക്കിക്കൊണ്ട്‌ ഗുണവാനായ അഗ്നി നമ്മുടെ ശരീരത്തില്‍ ജ്വലിക്കുന്നു.

യോഗത്താലുള്ള ആ യജ്ഞം ഞാന്‍ നിര്‍വ്വഹിക്കുന്നു. ആ യജ്ഞം ജ്ഞാനവഹ്നി പ്രഭോത്ഭവമാണ്‌. മേൽപോട്ട്‌ ഗതിയായ പ്രാണവായുവാണ്‌ ആ യജ്ഞത്തിലെ സ്തോത്രം. കീഴോട്ട്‌ ഗതിയായ അപാനവായുവാണ്‌ അതിലെ ശസ്ത്രം.

സര്‍വ്വത്യാഗങ്ങളാണ്‌ അഗ്ര്യമായ ദക്ഷിണ. മനസ്സും, ബുദ്ധിയും, ആത്മാവും, ബ്രഹ്മവും അതിലെ ഹോത്രിയും, അദ്ധ്യൂരുക്കും ഉദ്ഗാത്രിയുമാകുന്നു. സത്യമാണ്‌ പ്രശസ്താവിന്റെ ശസ്ത്രം. ദക്ഷിണ മുക്തിയാണ്‌. ഇതിനോടൊപ്പം ശ്രീനാരായണ വേദികള്‍ ഋക്കുകള്‍ പാരായണം ചെയ്യുന്നു. ശ്രിനാരായണ ദേവന് പണ്ടു കാലത്ത്‌ പശുക്കളെ അര്‍പ്പിച്ചിട്ടുണ്ട്‌. അതിനെപ്പറ്റി സാമങ്ങള്‍ പാടുകയും, അതിനെ പ്രമാണമായി കൈക്കൊള്ളുകയും ചെയ്യുന്നു. അല്ലയോ ഭീരൂ, ദേവനായനാരായണന്‍ സര്‍വ്വാത്മാവാണെന്നു നീ അറിയുക.

26. ബ്രാഹ്മണഗീത - ആത്മൈകൃകഥനം - ദേവർഷി നാഗാസുരന്മാർക്ക് പ്രജാപതി ഓംകാരം ഉപദേശിക്കുന്നു - ബാഹ്മണന്‍ പറഞ്ഞു: ശാസ്താവ്‌ ഒന്നേയുള്ളു. രണ്ടു ശാസ്താവില്ല. അവന്‍ ഉള്ളില്‍ വാണ്‌ ഭരണം നടത്തുന്നു. അവനെ ഞാന്‍ പറഞ്ഞു തരാം. അവനാല്‍ പ്രേരിതനായ ഞാന്‍ താഴ്‌ന്ന സ്ഥലത്തേക്ക്‌ ഒഴുകുന്ന ജലമെന്നപോലെ പായുന്നു. അവന്റെ കല്പന ഞാന്‍ നിര്‍വ്വഹിക്കുന്നു.

ഒരേയൊരു ഗുരുവേയുള്ളു. രണ്ടാമത്‌ ഒരു ഗുരു, അവന്നപ്പുറത്ത്‌ ഇല്ല. അവന്‍ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു. അവനെപ്പറ്റി ഞാന്‍ പറയാം. ആ ഗുരുവിന്റെ കല്പന പ്രകാരം അവര്‍ സര്‍പ്പങ്ങളെപ്പോലെ മനസ്സില്‍ ശത്രുതയുള്ളവരാകുന്നു. ഒരേയൊരു ബന്ധുവേയുള്ളു. അവനല്ലാതെ രണ്ടാമതായി മറ്റൊരു ബന്ധുവുമില്ല. അവന്‍ മനസ്സില്‍ സ്ഥിതി ചെയ്യുന്നു. അവനെപ്പറ്റി പറയാം: അവന്റെ ചൊല്ലുമൂലം ബാന്ധവര്‍ ബന്ധുമാന്മാരാവുകയും സപ്തര്‍ഷികള്‍ അല്ലയോ പാര്‍ത്ഥാ, വാനില്‍ ശോഭിക്കുകയും ചെയ്യുന്നു. ഒരുത്തന്‍ മാത്രമേ സംശയം തീര്‍ക്കുന്ന ശ്രോതാവായിട്ടുള്ളു; രണ്ടാമത്‌ ഒരു ശ്രോതാവില്ല. ആ ശ്രോതാവ്‌ ഉള്ളില്‍ വാഴുന്നു. അവനെ ഞാന്‍ പറഞ്ഞു തരാം. ആ ഗുരുവിന്റെ കീഴില്‍ ഗുരുകുലത്തില്‍ വസിച്ച്‌ ശക്രന്‍ മൂന്നു ലോകത്തിന്റെയും ആധിപത്യം നേടി. ഒരേയൊരു ശത്രുവേയുള്ളു. രണ്ടാമത്‌ ഒരു ശത്രുവില്ല. അവന്‍ വസിക്കുന്നത്‌ ഹൃദയത്തിലാണ്‌. അവനെപ്പറ്റി ഞാന്‍ ഇപ്പോള്‍പ്പറയാം. ആ ഗുരു ശാസിച്ചപ്പോള്‍ ലോകത്തില്‍ സകലസര്‍പ്പങ്ങളും എപ്പോഴും ശത്രുതയിലായി.

ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. അത്‌ ദേവന്മാരും, ഋഷികളും, സര്‍പ്പങ്ങളും, അസുരന്മാരും പ്രജാപതിയുടെ ചുറ്റും ഇരുന്നു പറഞ്ഞതാണ്‌. അവര്‍ പ്രജാപതിയോട്‌ പറഞ്ഞു; പിതാമഹാ, ഞങ്ങള്‍ക്കു നന്മ ചെയ്താലും.

ശ്രേയസ്സാഗ്രഹിച്ച്‌ അടുത്തു വന്നവരോട്‌ ഭഗവാന്‍ ഉടനെ "ഓം" എന്ന ഏകാക്ഷര ബ്രഹ്മം ഉപദേശിച്ചു. ഓം എന്ന്‌ ബ്രഹ്മാവു പറഞ്ഞതോടെ, അതു കേട്ടയുടനെ, അവര്‍ നാനാ വശങ്ങളിലേക്കും ഓടിക്കളഞ്ഞു. ആത്മോപദേശാര്‍ത്ഥം കേട്ട്‌ എഴുന്നേറ്റോടുന്ന അവരില്‍ സര്‍പ്പങ്ങള്‍ക്ക്‌ ആദ്യമായി ദംശിക്കുവാനുള്ള ബുദ്ധിയുണ്ടായി. അസുരന്മാരില്‍ സ്വഭാവജമായി ദംഭ ഭാവമുണ്ടായി.

ദേവന്മാര്‍ ദാനം മനസ്സു കൊണ്ടു തീര്‍ച്ചയാക്കി. മഹര്‍ഷിമാരില്‍ ദമം ഉണ്ടായി. ഒരേ ശാസ്താവില്‍ ഒരേ വാക്കാല്‍ സംസ്കൃതര്‍ എത്തിച്ചേര്‍ന്നു. പല തീര്‍പ്പിലാണ്‌ സര്‍പ്പങ്ങളും, ദേവന്മാരും, ഋഷിമാരും ചെന്നെത്തിയത്‌. പറഞ്ഞാല്‍ കേള്‍ക്കുന്നവനും ശരിയായവിധം ഗ്രഹിക്കുന്നവനും ചോദിച്ചു അറിയുന്നവനുമായി ഇവനെ വിട്ടു മറ്റൊരു ഗുരുവുമില്ല. അവന്റെ സമ്മതത്തോടെ കര്‍മ്മം തുടരുന്നു. ഗുരുവും ബോദ്ധാവും കേള്‍ക്കുന്നവനും, ദ്വേഷ്ടാവും, ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവനാണ്‌. പാപം തുടര്‍ന്നാല്‍ ഇവന്‍ പാപചാരിയാകുന്നു. ശുഭം ചെയ്താല്‍ ഇവന്‍ ശുഭചാരിയുമാകും. കാമത്തോടു ചേര്‍ന്നാല്‍ ഇവന്‍ കാമചാരിയായി ഇന്ദ്രിയാനന്ദ തല്പരനായി ഭവിക്കും. ബ്രഹ്മചാരിയായ അവന്‍ നിത്യവും ഇന്ദ്രിയജയത്തില്‍ ഉദ്യുതനാകും. വ്രതകര്‍മ്മങ്ങള്‍ കൈവിട്ടിട്ടും പിന്നെയും ബ്രഹ്മത്തില്‍ നില്ക്കുന്നവന്‍, ബ്രഹ്മമായി പറയപ്പെടുന്നവന്‍, ലോകത്തില്‍ ബ്രഹ്മചാരിയായി വര്‍ത്തിക്കുന്നു. ബ്രഹ്മം സമിത്താണ്‌, ബ്രഹ്മം അഗ്നിയാണ്‌, ബ്രഹ്മം അയാളുടെ ഉല്‍ഭവസ്ഥാനമാണ്‌, ജലം അവന്റെ ബ്രഹ്മമാണ്‌. ബ്രഹ്മം അവന്റെ ഗുരുവാണ്‌. അവന്‍ ബ്രഹ്മസമാഹിതനാണ്‌. ഇപ്രകാരം ബ്രഹ്മചര്യത്തെ ബുധന്മാര്‍ സൂക്ഷ്മമായി അറിയുന്നു. ക്ഷേത്രജ്ഞനെ അറിഞ്ഞവര്‍ അതിനെ സ്വീകരിക്കുന്നു.

27. ബ്രാഹ്മണഗീത ആരണ്യകം - ബ്രഹ്മവിദ്യയെ ഒരു മഹാരണ്യമായി ബ്രാഹ്മണൻ രൂപണം ചെയ്യുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: സങ്കല്പങ്ങളാകുന്ന മൂട്ടയും കൊതുകും നിറഞ്ഞതും, ശോകവും ഹര്‍ഷവുമാകുന്ന ഹിമവും ആതപവും ചേര്‍ന്നതും, മോഹമാകുന്ന കൂരിരുട്ടുള്ളതും, ലോഭവ്യാധികളും ഭുജംഗമങ്ങളും നിറഞ്ഞതും, ധനമാകുന്ന അപകടമുള്ളതും, കാമക്രോധങ്ങളാകുന്ന കൊള്ളക്കാര്‍ നിറഞ്ഞതും ശത്രുഭീഷണവുമായ ദുര്‍ഗ്ഗം കയറി ഞാന്‍ വലിയ ഒരു കാട്ടില്‍ക്കടന്നിരിക്കുന്നു.

ബ്രാഹ്മണി പറഞ്ഞു; അല്ലയോ മഹാപ്രജ്ഞാ! എവിടെയാണ്‌ ആ വനം? ആ മരങ്ങളെന്താണ്‌? അതിലെ നദികളെന്താണ്‌? എന്താണ്‌ കുന്നും മലയും? എത്ര ദൂരെയാണ്‌ ആ കാട്?

ബ്രാഹ്മണന്‍ പറഞ്ഞു: അതില്‍ നിന്നു വിട്ട്‌ മറ്റൊന്നില്ല. അതിനെക്കാള്‍ സുഖമായി മറ്റൊന്നുമില്ല. അതില്‍ നിന്നു വേര്‍പെടാത്തതായി വേറെ ഒന്നുമില്ല. അതിനേക്കാള്‍ ചെറിയതായി ഒന്നുമില്ല. അതിനേക്കാള്‍ വലിയതായും മറ്റൊന്നുമില്ല. അതിനേക്കാള്‍ അണുവായി ഏറ്റവുമധികം സൂക്ഷ്മമായി മറ്റൊന്നുമില്ല. അതിനു തുല്യമായി ഒരു സുഖം വേറെയില്ല. അതില്‍ ചെന്നാല്‍ ദ്വിജാദികള്‍ ദു:ഖിക്കുകയില്ല, ഹര്‍ഷിക്കുകയുമില്ല. ആരെയും ഭയപ്പെടുകയില്ല. ആരും അവനെയും ഭയപ്പെടുത്തുകയില്ല.

ആ കാട്ടില്‍ ഏഴു മഹാദ്രുമങ്ങളുണ്ട്‌. ഏഴു ഫലങ്ങളുണ്ട്‌. ഏഴ്‌ പാന്ഥന്മാരുണ്ട്‌. ഏഴാശ്രമവും, ഏഴു സമാധിയും, ഏഴു ദീക്ഷയും അടങ്ങിയതാണ്‌ ആ അരണൃത്തിന്റെ സ്വരൂപം.

ആ കാട്ടില്‍ എല്ലായിടത്തും അഞ്ചു വര്‍ണ്ണത്തിലുള്ള ദിവ്യങ്ങളായ പൂക്കളും കായ്കളും സൃഷ്ടിക്കുന്ന വൃക്ഷങ്ങള്‍ നില്ക്കുന്നുണ്ട്‌. സുവര്‍ണ്ണങ്ങളും ദ്വിവര്‍ണ്ണങ്ങളുമായ പൂക്കളും കായ്കളും സൃഷ്ടിക്കുന്ന വൃക്ഷങ്ങള്‍ ആ കാട്ടില്‍ എല്ലായിടത്തും നില്ക്കുന്നുണ്ട്‌.

സുഗന്ധികളും ദ്വിവര്‍ണ്ണങ്ങളുമായ പൂക്കളും കായ്കളും സര്‍ജ്ജിക്കുന്ന വൃക്ഷങ്ങള്‍ ആ കാട്ടില്‍ നില്ക്കുന്നുണ്ട്‌. സുഗന്ധിയും, ഏകവര്‍ണ്ണങ്ങളുമായ പൂക്കളും, കായ്കളും സര്‍ജ്ജിക്കുന്ന വൃക്ഷങ്ങള്‍ ആ കാട്ടില്‍ നില്ക്കുന്നുണ്ട്‌.

അവ്യക്തവര്‍ണ്ണങ്ങളായ പല വൃക്ഷങ്ങളും, പൂക്കളും, കായ്കളും വിസര്‍ജ്ജിക്കുന്ന രണ്ടു മഹാവൃക്ഷം ആ കാട്ടില്‍ നില്ക്കുന്നുണ്ട്‌.

അവിടെ ഒരഗ്നി, നല്ല ഹൃദയമുള്ളവന്‍, ഉണ്ട്‌. അത്‌ ഒരുവിപ്രനാണ്‌. പഞ്ചേന്ദ്രിയങ്ങള്‍ ചമതകൂട്ടമാണ്‌. അവയ്ക്ക്‌ ഏഴു ദീക്ഷാഗുണങ്ങള്‍ മോക്ഷമാര്‍ഗ്ഗമായി (മോക്ഷത്തിലേക്ക്‌ എത്തിക്കുന്നതായി) ഉണ്ട്‌. അതിന്റെ ഗുണങ്ങള്‍ ഫലങ്ങളാണ്‌. അതിഥികള്‍ ആ ഫലങ്ങള്‍ ആസ്വദിക്കുന്നു. അവിടെ പലയിടങ്ങളിലിരുന്ന്‌ ഋഷികള്‍ ആതിത്ഥ്യം സ്വീകരിക്കുന്നു. അവര്‍ ധ്യാനത്തില്‍ മുഴുകുമ്പോള്‍ അവര്‍ വേറെ ഒരു വനം പ്രശോഭിക്കുന്നതായി കാണുന്നു. ആ വനത്തില്‍ വൃക്ഷം പ്രജ്ഞയാണ്‌. ഫലം മോക്ഷമാണ്‌. അതിന്റെ നിഴല്‍ ശാന്തിയാണ്‌. ജ്ഞാനമാണ്‌ ആശ്രയം. തൃപ്തിയാണ്‌ ആ വനത്തിലെ ജലം. ക്ഷേത്രജ്ഞനാണ്‌ അതിലെ സൂര്യന്‍. അതു കണ്ടെത്തുന്ന സത്തുക്കള്‍ക്ക്‌ പിന്നെ ഭയം എന്നതുണ്ടാവില്ല. അതിന്റെ അന്തം കാണുന്നതല്ല. മേലും, കീഴും വിലങ്ങും അതിന്റെ അറ്റം കാണുവാന്‍ സാദ്ധ്യമല്ല.

അതില്‍ ഏഴു സ്ത്രീകള്‍ മുഖം താഴ്ത്തിയിരിക്കുന്നുണ്ട്‌. അവര്‍ രശ്മി തൂകുന്ന അമ്മമാരാണ്‌. പ്രജതോറും വൃത്യസ്തമായ രസത്തെ അവര്‍ ഗ്രഹിക്കുന്നു. അവര്‍ നിത്യാനിത്യഭാവസ്വരൂപന്മാരാകുന്നു. ഏഴു സിദ്ധന്മാരായ സപ്തര്‍ഷിമാര്‍, വസിഷ്ഠന്‍ തുടങ്ങിയവര്‍ അവിടെത്തന്നെയാണ്‌ നില്ക്കുന്നത്‌. അവിടെത്തന്നെ അവര്‍ എത്തുകയും ചെയ്യും. യശസ്സ്‌, വര്‍ച്ചസ്സ്‌, ഭഗന്‍, വിജയന്‍, സിദ്ധഭാസ്സുകള്‍ ഇവ ഏഴും ആ സൂര്യന് ചുറ്റും കറങ്ങുന്നു. ഗിരിശൈലങ്ങളും അവിടെ ചേര്‍ന്നു നില്ക്കുന്നു. അവിടെത്തെ ബ്രഹ്മജമായ അംബുക്കള്‍ വഹിക്കുന്ന അരുവികളും നദിയും ചുറ്റുന്നു. വൈതാനസന്നിധാനത്തില്‍ നദികള്‍ക്ക്‌ ഒരു സംഗമസ്ഥാനമുണ്ട്‌. അവിടെ ബലിയര്‍പ്പിക്കുവാനുള്ള പ്രത്യേക സ്ഥാനമുണ്ട്‌. ആത്മത്യപ്തന്മാരായവര്‍ അതില്‍, സാക്ഷാല്‍ ബ്രഹ്മദേവന്റെ സമീപത്തില്‍ എത്തുന്നു. ആശ ചുരുങ്ങിയവരും, സുവ്രതാശന്മാരും,തപസ്സു മൂലം അഘം അറ്റവരും സാക്ഷാല്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ഇങ്ങനെയുള്ള വിദൃയാകുന്ന അരണ്യത്തെപ്പറ്റി അറിയുന്നവര്‍ ശമത്തെ വാഴ്ത്തുന്നു. അവിടെ അരണ്യത്തെ നോക്കിയറിഞ്ഞ്‌ ധീരമായ വിധം അതില്‍ വന്നു പിറക്കുന്നു. അങ്ങനെ ബ്രാഹ്മണര്‍ പുണ്യമായ അരണ്യത്തെ കാണുന്നു. ആ അരണ്യത്തെ അറിഞ്ഞ്‌ ക്ഷേത്രജ്ഞന്‍ നിര്‍ദ്ദേശിച്ച മട്ടില്‍ ബ്രാഹ്മണര്‍ വസിക്കുന്നു.

28. ബ്രാഹ്മണഗീത - അദ്ധ്യുര്യു യതി സംവാദം - യാഗത്തിന് വേണ്ടി ചെയ്യുന്ന ഹിംസ അധർമ്മമോ പാപമോ അല്ലെന്നതിനെപ്പറ്റി യതിയും അദ്ധ്യുര്യൂക്കും തമ്മിൽ സംവാദം - ബ്രാഹ്മണന്‍ പറഞ്ഞു: ഞാന്‍ ഗന്ധത്തെ ഘ്രാണിക്കുന്നില്ല. ഞാന്‍ രസവും സ്വീകരിക്കുന്നില്ല. രൂപത്തെ ഞാന്‍ കാണുന്നില്ല. സ്പര്‍ശവും ഞാനേല്ക്കുന്നില്ല. പലതരം ശബ്ദവും ഞാന്‍ കേള്‍ക്കുന്നില്ല. ഒന്നിനെപ്പറ്റിയും ഞാന്‍ സങ്കല്പിക്കുന്നുമില്ല. ഇഷ്ടമുള്ള സാധനങ്ങളെ ആഗ്രഹിക്കുക എന്നത്‌ പ്രകൃതിസ്വഭാവമാണ്‌. ഇഷ്ടമില്ലാത്തതിനെ വെറുക്കുക എന്നതും പ്രകൃത്യാലുള്ള സ്വഭാവമാണ്‌. ആഗ്രഹവും വെറുപ്പും സ്വഭാവജമാണ്‌. അത്‌, ആ കാമദ്വേഷങ്ങള്‍, പ്രാണാപാനന്മാര്‍ ജീവികളുടെ ദേഹത്തില്‍ പ്രകൃത്യാ ഏല്ക്കുന്നു. ഇവയ്ക്കെല്ലാം പുറമേ, ഇവയോടു ബന്ധപ്പെട്ട്‌ ഭൂതങ്ങളുടെ ആത്മാവായി മറ്റൊന്ന്‌ എല്ലാ ദേഹങ്ങളിലും കാണപ്പെടുന്നുണ്ട്‌. അതില്‍ നില്ക്കുന്നവന്‍ കാമം, ക്രോധം, ജര, മരണം എന്നിവയില്‍ സക്തനാകുന്നില്ല. ഞാന്‍ കാമങ്ങളൊന്നിനേയും കാമിക്കുന്നില്ല. ദ്വേഷങ്ങളെ ദ്വേഷിക്കുന്നുമില്ല. എനിക്ക്‌ ഭാവങ്ങളിലൊന്നിലും ഒട്ടിപ്പിടിക്കുന്ന ഭാവമില്ല. പാപം വിട്ടവനാണ്‌ ഞാന്‍. താമരയിലയില്‍ വെള്ളത്തുള്ളി പോലെ ഞാന്‍ ഒന്നിലും ഒട്ടുന്നില്ല. ഞാന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതില്‍ ഞാന്‍ ബന്ധപ്പെട്ടു നില്ക്കുന്നില്ല. ഒരു കര്‍മ്മസുഖവും എന്നെ ബാധിക്കുന്നില്ല. സൂര്യരശ്മികള്‍ ആകാശത്തു പല രൂപങ്ങളും ഭംഗിയായി വരയ്ക്കും. എന്നാല്‍ അവയൊന്നും അംബരത്തില്‍ തങ്ങി നില്ക്കുന്നില്ല. ആകാശവുമായി ഒട്ടി നില്ക്കുന്നില്ല. ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. ഒരു അദ്ധ്യുര്യുവും, ഒരു യതിയും തമ്മില്‍ നടന്ന സംഭാഷണമാണ്‌ കഥാവിഷയം. അല്ലയോ സുന്ദരീ, നീ അതു കേള്‍ക്കുക.

യജ്ഞത്തില്‍ ഒരു ആടിനെ ഹോമിക്കുന്നതിന് വേണ്ടി ആദ്യമായി ജലമെടുത്തു ജപിച്ച്‌ അതിന്റെ ദേഹത്തില്‍ തളിക്കുന്നതു കണ്ട്‌ യതി അദ്ധര്യുവിനോടു പറഞ്ഞു: "ഇത്‌ ഹിംസയാണ്‌! കഷ്ടം! പാപമാണിത്‌!".

യതിയുടെ വാക്കു കേട്ട്‌ അദ്ധര്യു പറഞ്ഞു: ഈ ആട്‌ ഒരിക്കലും നാശത്തെ പ്രാപിക്കുന്നില്ല. ഈ ആട്‌ ഈ യജ്ഞത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്നത് മൂലം ശ്രേയസ്സിനെ പ്രാപിക്കുന്നതാണ്‌. വേദത്തില്‍പ്പറഞ്ഞ പ്രമാണം ശരിയാണെങ്കില്‍ ഈ ആടിന്റെ പൃഥ്വീ ഭാഗം പൃഥ്വിയില്‍ ചെന്നുചേരും. ജലത്തിന്റെ അംശം ജലത്തില്‍ ചെന്നു ചേരും. കണ്ണ്‌ അര്‍ക്കനില്‍ ചെല്ലും. ശ്രോത്രം ദിക്കുകളില്‍ച്ചെല്ലും. മൂക്ക്‌ ദ്യോവിലും എത്തും. ആഗമമത്തിന്റെ അനുശാസനങ്ങളനുഷ്ഠിക്കുന്ന എന്നെ പാപമൊന്നും ബാധിക്കുകയില്ല. ഞാന്‍ യാതൊരു പാപവും ചെയ്യുന്നില്ല.

യതി പറഞ്ഞു: ഈ ആടിന്റെ ജീവന്‍ പോകുമ്പോള്‍ അതിനാണ്‌ ശ്രേയസ്സു വന്നു കൂടുന്നതെങ്കില്‍ യാഗത്തിന്റെ ഗുണം ആടിനാണെങ്കില്‍ അങ്ങയ്ക്ക്‌ ഇതിലെന്തു കാര്യം? ഈ ആടിനും ആച്ചന്‍, അമ്മ, സഹോദരന്മാര്‍, ബന്ധുക്കള്‍എന്നിവരൊക്കെയുണ്ടല്ലോ. അവരുടെയെല്ലാം സമ്മതം വാങ്ങിയിട്ടാണോ അങ്ങ്‌ ഇവനെ ഇതിലേക്ക്‌ പിടിച്ചു കൊണ്ടു വന്ന്‌ നിറുത്തിയിരിക്കുന്നത്‌? ഈ ആടും സ്വതന്ത്രനല്ല. സമ്മതം ബന്ധപ്പെട്ടവര്‍ നല്കിയിട്ടുണ്ടെന്ന്‌ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ശരിയായ ബന്ധുജനങ്ങളെ ഭവാന്‍ ചെന്നു കാണുക. ഭവാന്‍ സമ്മതം ചോദിക്കുക. എന്നിട്ട്‌ അതിനെപ്പറ്റി ചിന്തിക്കാം.

ഈ ആടിന്റെ പ്രാണവായുവിനെയും, അതിന്റെ ഉത്ഭവസ്ഥാനത്ത് നീ എത്തിച്ചു കഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ളത് നിശ്ചേഷ്ടമായ ദേഹം മാത്രമാണ്‌. ആ ആട്‌ വിറകിന് തുല്യമായി, ഹോമത്തിന്നുള്ള വിറകു മാത്രം. ഹോമം നടത്തി കീര്‍ത്തി നേടണമെന്നു വിചാരിക്കുന്നവര്‍ ഇത്‌ ഒരു ഇന്ധനമായേ കാണുന്നുള്ളു; ആട്‌ എന്നു പേരായ ഒരുവിറക്‌. ഹിംസിക്കരുത്‌ എന്നും, അഹിംസ എല്ലാ ധര്‍മ്മങ്ങളിലും വെച്ചു ശ്രേഷ്ഠമായ കര്‍മ്മമാണെന്നും വൃദ്ധജനങ്ങള്‍ പറയുന്നു. ഹിംസ കൂടാതെയുള്ള കര്‍മ്മമാണ്‌ നല്ലതെന്നു കാണുന്നു. കൂടുതല്‍ പറയുകയാണെങ്കില്‍ പലതരത്തിലുള്ള പാപങ്ങളും ചെയ്യുവാന്‍ അങ്ങയ്ക്കു കഴിയും. സര്‍വ്വഭൂതങ്ങളിലും അഹിംസാ വ്രതം നമുക്ക്‌ എപ്പോഴും രുചിക്കുന്നതാണ്‌. പ്രതൃക്ഷമായി നമുക്കിത്‌ മനസ്സിലാക്കാം. അപ്രതൃക്ഷമായ കാര്യത്തെ ഞാന്‍ വിശ്വസിക്കുകയില്ല; ആശ്രയിക്കുകയില്ല.

അദ്ധര്യു പറഞ്ഞു: ഭൂമിയുടെ ഗുണമായ ഗന്ധത്തെ ഭവാന്‍ അനുഭവിക്കുന്നു. ജലത്തിന്റെ ഗുണമായ രസത്തെ അങ്ങ്‌ ആസ്വദിക്കുന്നു. ജ്യോതിസ്സിന്റെ ഗുണമായ രൂപത്തെ അങ്ങു കാണുന്നു. മരുത്തിന്റെ ഗുണമായ സ്പര്‍ശം ഭവാന്‍ അറിയുന്നു. വ്യോമത്തിന്റെ ഗുണമായ ശബ്ദം ഭവാന്‍ കേള്‍ക്കുന്നു. മനസ്സിന്റെ ഗുണമായ ചിന്തയെ ഭവാന്‍ ചിന്തിക്കുന്നു. ഈ ഭൂതങ്ങളൊക്കെ പ്രാണനെന്നാണല്ലോ ഭവാന്‍ കാണുന്നത്‌? ആ പ്രാണങ്ങളെ ദാനം ചെയ്യുക എന്നതില്‍ നിന്നു വിട്ടു നില്ക്കുന്ന ഭവാന്‍ ഹിംസയില്‍ തന്നെയാണ്‌ നില്ക്കുന്നത്‌. അല്ലയോ ദ്വിജാ! ഭവാന്‍ വിചാരിക്കുന്നത്‌ പറയൂ. ഹിംസ കൂടാതെ ചേഷ്ടയില്ല എന്നതാണല്ലോ സത്യം?

യതി പറഞ്ഞു: അക്ഷരമെന്നും, ക്ഷരമെന്നും ആത്മാവിന് രണ്ടു നിലയുണ്ട്‌. സല്‍ഭാവമാണ്‌ അക്ഷരം. സ്വഭാവമാണു ക്ഷരം. പ്രാണന്‍, ജിഹ്വ, മനസ്സ്‌, സല്‍ഭാവഗുണം,രജസ്സ്‌ ഇവ അക്ഷരമാണ്‌, ശാശ്വതമാണ്‌. ക്ഷരമെന്നു പറയുന്നത്‌ നാശമുള്ളതാണ്‌. ആത്മാവ്‌ ഈ രൂപങ്ങള്‍ക്കൊക്കെ അതീതമായി നില്ക്കുന്നു. നിര്‍ദ്വന്ദ്വനായി, നിരീഹനായി, ജിതാത്മാവായി, നിര്‍മ്മമനായി, സമനായി, സര്‍വ്വജീവിയിലും സ്വതന്ത്രമായി സ്ഥിതി ചെയ്യുന്നു. എല്ലാ സംഗങ്ങളും വിട്ടവന് ഭയം ലേശവും ഉണ്ടാകുന്നതല്ല.

അദ്ധര്യു പറഞ്ഞു: സത്തുക്കളോടു ചേര്‍ന്ന്‌ സംവാസം ചെയ്യേണ്ടതാണ്‌ മഹാശയാ! ഭവാന്റെ ഈ അഭിപ്രായം കേട്ട്‌ എന്റെ മനസ്സു തെളിയുന്നു. ഭഗവാനേ, അങ്ങയുടെ സല്‍ബുദ്ധിയെ കൈക്കൊണ്ടു ഞാന്‍ പറയുകയാണ്‌. മന്ത്രപൂര്‍വ്വകമായ വ്രതം ചെയ്യുന്ന എനിക്ക്‌ തെറ്റു വരുന്നതല്ല ദ്വിജാ!.

ബ്രാഹ്മണന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞപ്പോള്‍ യതി മിണ്ടാതെ നിന്നു. അദ്ധ്വര്യുവും മോഹം കൂടാതെ മഹാദ്ധ്വരം തുടര്‍ന്നു. ബ്രാഹ്മണോത്തമന്‍ ഇപ്രകാരം സൂക്ഷ്മമായ മോക്ഷമെന്തെന്ന്‌ അറിയുന്നു. അറിഞ്ഞതിന് ശേഷം അതെല്ലാം കണ്ടറിയുന്ന ക്ഷേത്രജ്ഞന്‍ നിര്‍ദ്ദേശിച്ച വിധം അവയെല്ലാം അനുഷ്ഠിക്കുന്നു.

29. ബ്രാഹ്മണഗീത ക്ഷാത്രോച്ഛേദനം - കാർത്തവീര്യാർജ്ജുനനും സമുദ്രവുമായി സംഭാഷണം - ബ്രാഹ്മണന്‍പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു കഥ പറയാറുണ്ട്‌. അത്‌ കാര്‍ത്തവീര്യനും സമുദ്രവുമായി നടന്ന ഒരു സംഭാഷണമാണ്‌ ഭാമിനീ!

ആയിരം കൈകളുള്ള കാര്‍ത്തവീര്യാര്‍ജ്ജുനന്‍ എന്ന രാജാവ്‌ സമുദ്രത്താല്‍ ചുറ്റപ്പെട്ട ഊഴി മുഴുവന്‍ വില്ലു കൊണ്ട്‌ ജയിച്ചവനാണ്‌. തന്റെ ബലം കൊണ്ട്‌ ദര്‍പ്പത്തോടെ അവന്‍ ഒരിക്കല്‍ കടല്‍വക്കത്തു ചുറ്റുകയായിരുന്നു. അപ്പോള്‍ അവന്‍ അനേകായിരം ശരങ്ങള്‍ സമുദ്രത്തിലേക്ക്‌ ഏയ്തു എന്നു പറഞ്ഞു കേള്‍ക്കുന്നു. ഉടനെ സമുദ്രം അവന്റെ മുമ്പില്‍ തൊഴുകൈയോടെ നിന്ന്‌ ഇപ്രകാരം പറഞ്ഞു: അല്ലയോ വീരനായ രാജാവേ! അങ്ങ്‌ ഏന്തിനാണ്‌ ശരങ്ങള്‍ പ്രയോഗിക്കുന്നത്‌. അങ്ങയുടെ കല്പന നിര്‍വ്വഹിക്കുവാന്‍ ഞാന്‍ സന്നദ്ധനാണ്‌. ചെയ്യേണ്ടതെന്തെന്നു പറഞ്ഞാലും. എന്നില്‍ അധിവസിക്കുന്ന ജീവജാലങ്ങളെല്ലാം നീ എയ്ത ശരങ്ങളേറ്റ്‌ അല്ലയോ നരശാര്‍ദ്ദൂലാ! ചത്തു പോകുന്നു. അവര്‍ക്ക്‌ വിഭോ, അങ്ങ്‌ അഭയം നില്കിയാലും!

അര്‍ജ്ജുനന്‍ പറഞ്ഞു: പോരില്‍ എനിക്കു കിടയായി വില്ലെടുത്തവരില്‍ വല്ലവരും വല്ല ഇടത്തിലുമുണ്ടോ? ഉണ്ടെങ്കില്‍ പറയൂ! എന്നോടു പൊരുതാന്‍ തക്ക യോഗൃതയുള്ളവൻ ഉണ്ടെങ്കില്‍ കേള്‍ക്കട്ടെ പറയു.

സമുദ്രം പറഞ്ഞു: രാജാവേ, അങ്ങ്‌ ജമദഗ്നി എന്ന മഹര്‍ഷിയെപ്പറ്റി കേട്ടിട്ടുണ്ടാകും. ആ ഋഷിയുടെ പുത്രന്‍ അങ്ങയുടെ ആതിത്ഥൃത്തിന് തക്ക യോഗ്യനാണ്‌.

ബ്രാഹ്മണന്‍ പറഞ്ഞു: ഉടനെ വലിയ കോപത്തോടെ ആ രാജാവു പോയി. രാജാവിന്റെ മുഖം കോപം കൊണ്ട്‌ ജ്വലിച്ചു. തന്നെക്കാള്‍ യോഗ്യനുണ്ടെന്നോ? അവന് അതു സഹിച്ചില്ല. അവന്‍ ആശ്രമത്തില്‍ച്ചെന്ന്‌ രാമനോട്‌ ഒരു കൈ നോക്കുവാന്‍ തന്നെ ഒരുങ്ങി. അനവധി കൂട്ടുകാരോടു കൂടിയാണ്‌ രാജാവ്‌ പുറപ്പെട്ട്‌ എത്തിയിരിക്കുന്നത്‌. ആ കാര്‍ത്തവീര്യാര്‍ജ്ജുന രാജാവ്‌ രാമനോടെതിര്‍ത്തു. അങ്ങനെ മഹാത്മാവായ രാമനെ അവന്‍ യുദ്ധത്തിന്നിറക്കി.

തേജസ്വിയായ രാമന്റെ തേജസ്സ്‌ വല്ലാതെ ഉജ്ജ്വലിച്ചു. ശത്രുസൈന്യത്തെ ചുട്ടെരിക്കുമാറ്‌ ജ്വലിച്ചു കമലേക്ഷണേ! ഉടനെ രാമന്‍ തന്റെ മഴു കൈയിലെടുത്തു. ആയിരം കൈകളുള്ള രാജാവിനെ രാമന്‍ ഖണ്ഡിച്ചു ഖണ്ഡിച്ചു വീഴ്ത്തി. പല കൊമ്പുകളുള്ള വൃക്ഷത്തിന്റെ കൊമ്പ്‌ വെട്ടി മുറിച്ചിടുന്നത് പോലെ വെട്ടിമുറിച്ചു വീഴ്ത്തി. അങ്ങനെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മരിച്ചു വീണു. ഇതു കണ്ട്‌ അവന്റെ ബന്ധുജനങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു വാളും വേലും കൈകളിലെടുത്ത്‌ ആ ഭൃഗുവര്യന്റെ നേരെ പാഞ്ഞേറ്റു. രാമന്‍ വില്ലെടുത്ത്‌ തേരിലിരുന്നു ശരങ്ങള്‍ വര്‍ഷിച്ചു തുടങ്ങിയപ്പോള്‍ രാജാവിന്റെ പട നാമാവശേഷമായി. ചില ക്ഷത്രിയന്മാര്‍ പരശുരാമനെ ഭയപ്പെട്ട്‌ സിംഹം ഓടിക്കുന്ന മൃഗങ്ങളെപ്പോലെ ഗിരി ദുര്‍ഗ്ഗങ്ങളിലേക്കു കയറി. തങ്ങള്‍ക്കു ചേര്‍ന്ന കര്‍മ്മങ്ങള്‍ അവര്‍ രാമനെ ഭയന്ന്‌ ചെയ്യാതിരുന്നത് കൊണ്ട്‌ അവരുടെ സന്താനങ്ങള്‍ക്ക്‌ ശൂദ്രത്വം വന്നു പെട്ടു. ക്ഷത്രിയരായ അവര്‍ ബ്രാഹ്മണരുടെ സഹായത്തോടെ നടത്തേണ്ട ആചാരകര്‍മ്മങ്ങള്‍ രാമനെ ഭയന്ന്‌ ചെയ്യാതിരുന്നത് മൂലം സന്തതികള്‍ വൃഷലത്വം പ്രാപിച്ചു. ഇപ്രകാരം ദ്രാവിഡന്മാരും, ആഭീരന്മാരും, പുണ്ഡന്മാരും, ശബരന്മാരും വൃഷലത്വം പ്രാപിച്ചു. ക്ഷത്രിയരായ ആ കൂട്ടരൊക്കെ തങ്ങളുടെ മുറ തെറ്റുകയാലാണ്‌ വൃഷലത്വം പ്രാപിച്ചത്‌. യുദ്ധത്തില്‍ മരിച്ചു പോയ ക്ഷത്രിയന്മാരുടെ സ്ത്രീകളില്‍ ബ്രാഹ്മണര്‍ സന്താനങ്ങളെ ജനിപ്പിച്ചു. അങ്ങനെ വിപ്രന്മാര്‍ ജനിപ്പിച്ച ക്ഷത്രിയന്മാരും ജാമദഗ്യയന്റെ ശരത്തിന്നിരയായി. അങ്ങനെ ഇരുപത്തൊന്നു വട്ടം ക്ഷത്രിയ വംശത്തെ പരശുരാമന്‍ കൊന്നൊടുക്കി. അങ്ങനെയിരിക്കെ, ഒരു അശരീരിവാക്കു കേട്ടു. മധുരമായ ആ ദിവ്യവാക്കുകള്‍ എല്ലാ ലോകങ്ങളും കേട്ടു. "രാമാ, രാമാ,നിര്‍ത്തുക! ഇതുകൊണ്ടെന്താണ്‌ നിനക്ക്‌ ഗുണം? വത്സാ, വീണ്ടും വീണ്ടും ക്ഷത്രബന്ധുക്കളുടെ ഉടല്‍ പോക്കുന്നതില്‍ എന്തു കാര്യം?". ആ മഹാത്മാവിനോട്‌ ഇപ്രകാരം ഋചീകാദികളായ പിതാമഹന്മാര്‍ മതിയാക്കുക എന്നു പറഞ്ഞു മഹാഭാഗേ! പിതൃഘാതത്താല്‍ അമര്‍ഷിയായ രാമന്‍ ഋഷിമാരോട്‌ പറഞ്ഞു: "അല്ലയോ മഹാശയന്മാരേ, ഭവാന്മാര്‍ ഇതില്‍ എന്നെ തടുക്കരുത്‌".

പിതൃക്കള്‍ പറഞ്ഞു: അല്ലയോ യജികളില്‍ സത്തമാ! താഴ്ന്ന തരം ക്ഷത്രിയന്മാരെ ഭവാന്‍ വധിക്കരുത്‌. രാജാക്കന്മാരെ കൊന്നൊടുക്കുക എന്ന കര്‍മ്മം അല്ലയോ മഹാശയാ, ബ്രാഹ്മണനായ ഭവാനു ചേര്‍ന്നതല്ല.

30. ബ്രാഹ്മണഗീത ഇന്ദ്രിയജയം - പിതൃക്കള്‍ തപസ്സിനെപ്പറ്റി പരശുരാമനെ ഉല്ബോധിപ്പിക്കുന്നു - പിതൃക്കള്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. ആ കഥ കേട്ട്‌ അപ്രകാരം നീ ചെയ്യണം ദ്വിജസത്തമാ! അളര്‍ക്കന്‍ എന്ന്‌ പേരായി ഒരു രാജര്‍ഷി പണ്ട്‌ ഉണ്ടായിരുന്നു. വലിയ തപോനിധിയായിരുന്നു അദ്ദേഹം. ധര്‍മ്മജ്ഞനും, സത്യം പറയുന്നവനും, മഹാത്മാവും, ദൃഢവ്രതനുമായിരുന്നു. ആഴിയാല്‍ ചുറ്റപ്പെട്ട ഈ ഊഴിയെല്ലാം വില്ലുകൊണ്ട്‌ ജയിച്ചവനാണ്‌ അവന്‍. വലിയ ദുഷ്കരമായ കര്‍മ്മം അവന്‍ ചെയ്തു. മനസ്സിനെ സൂക്ഷ്മത്തിലാക്കി മരച്ചുവട്ടില്‍ വാഴുന്ന അവന് ചിന്തയുണ്ടായി. അവന്‍ മഹാകര്‍മ്മങ്ങളൊക്കെ വിട്ടൊഴിച്ച്‌ സൂക്ഷ്മത്തില്‍ മനസ്സുറപ്പിച്ചു.

അളര്‍ക്കന്‍ പറഞ്ഞു. എന്റെ മനസ്സിന് വേണ്ടുവോളം ബലം ലഭിച്ചിരിക്കുന്നു. ഞാന്‍ എന്റെ മനസ്സിനെ ജയിച്ചിരിക്കുന്നു. മനസ്സു ജയിച്ചാല്‍ എല്ലാ ജയവും തീര്‍ച്ചയാണ്‌! ശത്രുക്കളാല്‍ ചുഴന്ന ഞാന്‍ അവരുടെ നേരെ ശരങ്ങള്‍ വിടുന്നില്ല. മറ്റൊരിടത്തേക്കാണ്‌ എയ്യുന്നത്‌. മനസ്സാണ്‌ ചപലമായിട്ടുള്ളത്‌. അതിന്റെ ചാപല്യം മൂലം ഞാന്‍ മനുഷ്യരില്‍ ദ്രോഹം ചെയ്യുന്നു. അതുകൊണ്ട്‌ കൂര്‍ത്തുമൂര്‍ത്ത അമ്പ്‌ ഞാന്‍ എന്റെ മനസ്സിലേക്ക്‌ അയയ്ക്കാം.

മനസ്സു പറഞ്ഞു: എടോ അളര്‍ക്കാ, നിന്റെ ബാണമൊന്നും എന്നില്‍ കടക്കുകയില്ല. അത്‌ നിന്റെ മര്‍മ്മത്തെത്തന്നെയാണ്‌ കീറുക. അതുകൊണ്ട്‌ നീ തന്നെയാണ്‌ ചാവുക. എന്നെ കൊല്ലുവാന്‍ കെല്‍പ്പുള്ള മറ്റുവല്ല ശരങ്ങളുമുണ്ടോ എന്ന്‌ നോക്കു! ഇതു കേട്ടു ചിന്തിച്ച്‌ അവന്‍ പിന്നെയും പറഞ്ഞു.

അളര്‍ക്കന്‍ പറഞ്ഞു: പല ഗന്ധങ്ങളും ഘ്രാണിക്കുക മൂലം മൂക്ക്‌ അതിനെത്തന്നെ വീണ്ടും വീണ്ടും ഇഷ്ടപ്പെട്ടു ചെല്ലുന്നു. അതുകൊണ്ട്‌ ഞാന്‍ എന്റെ മൂര്‍ച്ചയുള്ള ബാണങ്ങളെ മൂക്കിലേക്ക്‌ എയ്തു കളയാം.

മൂക്കുപറഞ്ഞു: എടോ അര്‍ളക്കാ, നിന്റെ ബാണം എന്നിലേക്ക്‌ കടക്കുകയില്ല. അത്‌ നിന്റെ മര്‍മ്മം തന്നെയാണ്‌ കീറുക. നീ മര്‍മ്മം പൊട്ടി മരിച്ചു പോകും. എന്നെ കൊല്ലുവാന്‍ തക്ക മറ്റു വല്ല ശരവുമുണ്ടോ എന്ന്‌ അന്വേഷിച്ചു നോക്കു! അതു കേട്ട്‌ അവന്‍ പിന്നെയും ചിന്തിച്ചു.

അളര്‍ക്കന്‍ പറഞ്ഞു: സ്വാദുള്ള രസങ്ങള്‍ അനുഭവിച്ച്‌ നാവ്‌ അതിനെത്തന്നെ കൊതിക്കുന്നു. അതിലേക്കു തന്നെ ചെല്ലുന്നു. അതുകൊണ്ട്‌ ഞാന്‍ നാവിലേക്ക്‌ എന്റെ മൂര്‍ച്ചയുള്ള ശരങ്ങള്‍ എയ്തു കളയാം.

നാവ്‌ പറഞ്ഞു; എടോ അളര്‍ക്കാ, നിന്റെ ബാണങ്ങള്‍ എന്നില്‍ ഒട്ടും പ്രവേശിക്കുകയില്ല. അതു നിന്റെ മര്‍മ്മത്തിനെ തന്നെയാണ്‌ കീറുക. നീ ആ മര്‍മ്മം പൊട്ടി മരിക്കുകയും ചെയ്യും. എന്നെ കൊല്ലുവാന്‍ തക്ക ശരം വേറെ ഉണ്ടോ എന്ന്‌ നോക്കു, ഇതു കേട്ട്‌ പിന്നേയും അവന്‍ ചിന്തിച്ച്‌ ഇപ്രകാരം പറഞ്ഞു.

അളര്‍ക്കന്‍ പറഞ്ഞു: ത്വക്ക്‌ പല തരത്തിലുള്ള സ്പര്‍ശ സുഖം അനുഭവിച്ച്‌ അതില്‍ത്തന്നെ ചെല്ലുന്നു. അതുകൊണ്ട്‌ കങ്കപത്ര ശരങ്ങള്‍ പ്രയോഗിച്ച്‌ ഞാന്‍ ത്വക്കിനെ പിളര്‍ന്നുകളയാം.

ത്വക്ക്‌ പറഞ്ഞു: എടോ അളര്‍ക്കാ! നിന്റെ ബാണങ്ങളൊന്നും എന്നില്‍ കടക്കുകയില്ല. അവ നിന്റെ മര്‍മ്മങ്ങളെത്തന്നെ പിളര്‍ക്കും. നീ മര്‍മ്മം പൊട്ടി മരിക്കുകയും ചെയ്യും. അതാണ്‌ സംഭവിക്കുക. അതുകൊണ്ട്‌ എന്നെപ്പിളര്‍ക്കുവാന്‍ വേറെ വല്ല ബാണവുമുണ്ടോ എന്നു നോക്കു! അതുകേട്ടു വീണ്ടും അവന്‍ ചിന്തിച്ചു പറഞ്ഞു.

അളര്‍ക്കന്‍ പറഞ്ഞു: പല ശബ്ദങ്ങള്‍ കേട്ട്‌ അവയില്‍ത്തന്നെ ചെവി പ്രവേശിക്കുന്നു. അതുകൊണ്ട്‌ ഞാന്‍ ചെവിയിലേക്ക്‌ മൂര്‍ച്ചയുള്ള എന്റെ ശരങ്ങള്‍ എയ്യുന്നതാണ്‌.

ചെവി പറഞ്ഞു: അല്ലയോ അളര്‍ക്കാ! നിന്റെ ശരങ്ങളൊന്നും എന്നില്‍ കടക്കുകയില്ല. നിന്റെ മര്‍മ്മം തന്നെ കീറും. മര്‍മ്മം പൊട്ടി മരിക്കുകയും ചെയ്യും. അതുകൊണ്ട്‌ എന്നെ കൊല്ലുവാന്‍ തക്ക ശരം വേറെ വല്ലതുമുണ്ടോ, എന്ന്‌ നോക്കുക! അതുകേട്ട്‌ പിന്നെയും രാജാവ്‌ ചിന്തിച്ചു പറഞ്ഞു.

അളര്‍ക്കന്‍ പറഞ്ഞു: പല രൂപങ്ങളും കണ്ട്‌ അതില്‍ത്തന്നെ കണ്ണ്‌ ചെല്ലുകയാണ്‌. അതുകൊണ്ട്‌ ഞാന്‍ നിശിതമായ ശരങ്ങള്‍ അയച്ച്‌ കണ്ണിനെ കൊന്നു കളയാം.

കണ്ണ്‌ പറഞ്ഞു: എടോ അളര്‍ക്കാ! നിന്റെ ശരങ്ങളൊന്നും എന്നില്‍ കടക്കുകയില്ല. നിന്റെ മര്‍മ്മം തന്നെയാണ്‌ കീറുക. മര്‍മ്മംപൊട്ടി നീ തന്നെയാണ്‌ മരിക്കുക! എന്നെക്കൊല്ലുവാന്‍ തക്ക ശരങ്ങള്‍ വല്ലതുമുണ്ടോ എന്ന്‌ നോക്കൂ! ഇതുകേട്ട്‌ പിന്നെയും ചിന്തിച്ച്‌ അളര്‍ക്കന്‍ പറഞ്ഞു.

അളര്‍ക്കന്‍ പറഞ്ഞു: പലതരത്തിലുള്ള നിഷ്ഠ പ്രജ്ഞകൊണ്ട്‌ കരുതുന്നു. അതുകൊണ്ട്‌ ഞാന്‍ ബുദ്ധിയില്‍ നിശിതബാണങ്ങളെ എയ്യുന്നു.

ബുദ്ധി പറഞ്ഞു: അളര്‍ക്കാ! എന്നില്‍ ഈ ബാണങ്ങള്‍ കടക്കുന്നതല്ല. നിന്റെ മര്‍മ്മമാണ്‌ അവ കൊണ്ട്‌ കീറുക. അതുകൊണ്ട്‌ നീ മര്‍മ്മംപൊട്ടി മരിക്കുന്നതാണ്‌. എന്നെ കൊല്ലുവാന്‍ മറ്റുവല്ല ശരങ്ങളുമുണ്ടോ എന്ന്‌ നോക്കുക.

ബ്രാഹ്മണന്‍ പറഞ്ഞു: അളര്‍ക്കന്‍ പിന്നീട്‌ ഘോരവും ദുഷ്കരവുമായ തപസ്സു ചെയ്തു. ഈ ഏഴിന്ദ്രിയങ്ങളിലും പ്രയോഗിക്കുവാന്‍ തക്ക ശക്തിയുള്ള ബാണമൊന്നും അവന്‍ കണ്ടില്ല. പിന്നെ പ്രഭുവായ അവന്‍ മനസ്സിരുത്തി ചിന്തിച്ചു. വളരെക്കാലം ചിന്തിച്ചിട്ട്‌ യോഗത്താല്‍ പരമമായ ശ്രേയസ്സ്‌, ആ മതിസത്തമന്‍, ദര്‍ശിച്ചില്ല.

പിന്നെ ആ മഹാവിര്യവാന്‍ മനസ്സിനെ ഏകാഗ്രമാക്കി നിശ്ചലനായി യോഗത്തില്‍ മുഴുകി. ഒറ്റബാണം കൊണ്ട്‌ സകല ഇന്ദ്രിയങ്ങളെയും കൊന്നു കളഞ്ഞു. യോഗംകൊണ്ട്‌ അവന്‍ ആത്മാവിലെ പരമമായ സിദ്ധിയെ പ്രാപിച്ചു. വിസ്മയിച്ചു കൊണ്ട്‌ ആ രാജര്‍ഷി പിന്നെ ആ ഗാഥ പാടി. അയ്യോ കഷ്ടം! നാം അനുഷ്ഠിച്ച കര്‍മ്മങ്ങളൊക്കെ ബാഹ്യമായിരുന്നു! ഭോഗതൃഷ്ണയുമായി മുമ്പ്‌ രാജ്യോപാസന ചെയ്തു. പിന്നെ യോഗത്തെക്കാള്‍ ശ്രേഷ്ഠമായ സുഖമില്ലെന്നു കണ്ടു. രാമാ അത്‌ നീ അറിയുന്നുണ്ടല്ലോ. രാമാ! ഇനി രാജാക്കന്മാരെയൊന്നും കൊല്ലരുത്‌. ഘോരമായ തപസ്സില്‍ ഏർപ്പെടുക! അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ശ്രേയസ്സ്‌ ലഭിക്കുന്നതാണ്‌.

ഇപ്രകാരം പിതാമഹന്മാര്‍ പറഞ്ഞപ്പോള്‍ ജമദഗ്നിയുടെ പുത്രനായ രാമന്‍ ഘോരമായ തപസ്സ്‌ ചെയ്യുകയും ദുര്‍ഗ്ഗമമായ സിദ്ധി നേടുകയും ചെയ്തു.

31. ബ്രാഹ്മണഗീത അംബരീഷഗാഥ - ലോഭത്തിന്റെ ദോഷങ്ങളെപ്പറ്റിയുള്ള വിവരണം - ബ്രാഹ്മണന്‍ പറഞ്ഞു; ലോകത്തില്‍ മൂന്നു വൈരികളുണ്ട്‌. അവ പെരുക്കി ഒമ്പതായി വരുന്നു. ഹര്‍ഷം, പ്രീതി, ആനന്ദം ഇവ മുന്നും സാത്വികമായ ഗുണങ്ങളാണ്‌. തൃഷ്ണ, ക്രോധം, വാശി ഇവ മൂന്നും രാജസമായ ഗുണങ്ങളാണ്‌. യാതൊരു ക്ഷീണവും കൂടാതെ വളരെ ചുണയോടു കൂടി ഇവയെ ശരജാലങ്ങളാല്‍ ജയിച്ച്‌, പിന്നെ പരന്മാരെ ജയിക്കുവാന്‍ പ്രശാന്താത്മാവും ജിതേന്ദ്രിയനുമായ ധീരന്‍ ശ്രമിക്കണം. മുമ്പത്തെ കല്പം അറിയുന്ന ജനം ഇതിനെപ്പറ്റി ഗാഥകള്‍ പാടുന്നുണ്ട്‌. അത്‌ ശമം കണ്ട അംബരീഷ രാജാവ്‌ പണ്ട്‌ ചൊല്ലിയതാണ്‌. ദോഷങ്ങള്‍ വളരെ വന്നുയര്‍ന്നിട്ടും സജ്ജനങ്ങള്‍ ബാധയേറ്റപ്പോള്‍ ശക്തിയോടെ കീര്‍ത്തിമാനായ അംബരീഷന്‍ രാജ്യം കൈയേറ്റു. ആത്മദോഷങ്ങളെ ജയിച്ച്‌ സാധുപുജ ചെയ്തു. വലിയ സിദ്ധി നേടിയതിന് ശേഷം അവന്‍ ഇപ്രകാരം ഒരു ഗാഥ പാടി;

ഞാന്‍ മിക്ക ദോഷങ്ങളെയും ജയിച്ചു. ഞാന്‍ മിക്ക രിപുക്കളെയും വധിച്ചു. എന്നാല്‍ വലിയ ഒരു ദോഷം ഇപ്പോഴും ബാക്കി കിടപ്പുണ്ട്‌. അതിനെ ഞാന്‍ കൊന്നിട്ടില്ല. എന്തിന്റെ പ്രേരണയാല്‍ ജീവി വൈതൃഷ്ണ്യം (ആഗ്രഹമില്ലായ്മ) പ്രാപിക്കാതിരിക്കുന്നത്‌, തൃഷ്ണാര്‍ത്തനെപ്പോലെ പാഞ്ഞു ചെന്നു വീണ്‌ അറിയാതിരിക്കുന്നത്‌, എന്തിന്റെ പ്രേരണയാലാണ്‌ മര്‍ത്ത്യന്‍ അകൃത്യം തുടരുന്നത്‌, ആ ലോഭത്തെ തീക്ഷ്ണമായ വാളു കൊണ്ട്‌ അറുക്കുവിന്‍! ലോഭം മൂലം തൃഷ്ണയുണ്ടാകും. പിന്നെ ചിന്ത തുടരും. അവന്‍ കൊതിച്ചു നേടുന്നത്‌ മിക്കതും രാജോഗുണമാണ്‌. അതില്‍ അകപ്പെട്ടാല്‍ മിക്കതും തമോഗുണം വന്നു പെടും. ഈ കണ്ട ഗുണങ്ങള്‍ കൊണ്ട്‌ ദേഹം എടുത്ത്‌ വിണ്ടും വീണ്ടും പിറക്കും. പിന്നെ ക്രിയകള്‍ ചെയ്യുവാന്‍ പ്രേരിതനാകും. ജീവിതം അവസാനിക്കുമ്പോള്‍ ഉടലറ്റ്‌ പഞ്ചഭൂതങ്ങളായി മാറി ചിന്നുന്നു. ജന്മത്തോടെ മൃത്യുവില്‍ ചെന്നെത്തും. അതുകൊണ്ട്‌ നല്ല പോലെ ചിന്തിച്ച്‌ ലോഭത്തെ. ജയിച്ചു തന്നെ, ആത്മാവിന്റെ രാജ്യത്തെപ്പറ്റി ധീരനായി ചിന്തിക്കണം. ഇതാണ്‌ ശരിയായ രാജ്യം. ഇതിനെക്കാള്‍ ശ്രേഷ്ഠമായി മറ്റു രാജ്യമില്ല. അതിലെ രാജാവോ, ആത്മാവാണ്‌. ഈ തത്ത്വം ഞാന്‍ നന്നായി അറിയുന്നുണ്ട്‌.

ഇപ്രകാരം പ്രസിദ്ധനായ അംബരീഷ രാജാവ്‌ ഗാഥകള്‍ പാടി. ആധിരാജ്യത്തെ മുന്‍നിര്‍ത്തി ലോഭത്തെയും കാമത്തെയും ആ രാജാവ്‌ അറുത്തു കളഞ്ഞു.

32. ബ്രാഹ്മണഗീത, ജനക ബ്രാഹ്മണ സംവാദം - ജനകരാജാവും ബ്രാഹ്മണനും തമ്മിൽ സംവാദം. മമത്വ ത്യാഗമാണ് ആത്മജ്ഞാനത്തിന്റെ ആദ്യത്തെ പടി - ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ ഭാമിനീ, ഇതിന് ഉദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. ജനകനും ബ്രാഹ്മണനും തമ്മില്‍ നടന്ന ഒരു സംവാദമാണ്‌ അതിലെ വിഷയം. ഒരു കുറ്റത്തില്‍ അകപ്പെട്ട ബ്രാഹ്മണനെ ജനകരാജാവ്‌ വിളിച്ച്‌ ശിക്ഷയായി ഇപ്രകാരം പറഞ്ഞു: "എന്റെ രാജ്യത്ത്‌ നീ പാര്‍ക്കരുത്‌".

ഇപ്രകാരം രാജവ്‌ കല്പിച്ചതു കേട്ട്‌ ആ ബ്രാഹ്മണന്‍ പറഞ്ഞു: "രാജാവേ, ഏതു വരെയാണ്‌ ഭവന്റെ അധീനത്തിലുള്ള രാജ്യം? ഞാന്‍ വേറെ ഒരു രാജാവിന്റെ രാജ്യത്തിലേക്കു പോകുവാനാണ്‌ പ്രഭോ, ആഗ്രഹിക്കുന്നത്‌! രാജാവേ, അങ്ങയുടെ കല്പന അനുസരിക്കുവാന്‍ ഞാന്‍ വിചാരിക്കുന്നു". ഇപ്രകാരം യശസ്വിയായ ആ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ രാജാവ്‌ ചുടുനെടുവീര്‍പ്പുവിട്ട്‌ ഒരക്ഷരവും മിണ്ടാതെ ഇരുന്നു. ധ്യാനിച്ചിരിക്കുന്ന ഓജസ്വിയായ രാജാവില്‍ വല്ലാത്ത ഒരു വിഷാദം വന്നുകൂടി; രാഹു വിഴുങ്ങിയ സുര്യനെപ്പോലെയായി രാജാവ്‌ ആശ്വസിച്ച്‌ വിഷാദം തീര്‍ന്നതിന്നു ശേഷം അല്പം കഴിഞ്ഞിട്ട്‌ ആ വിപ്രനോടു പറഞ്ഞു.

ജനകന്‍ പറഞ്ഞു: പിതൃപൈതാമഹമായ രാജ്യവും നാടുമൊക്കെ എന്റെ അധീനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ രാജ്യത്തിന്റെ അതിര്‍ത്തി തപ്പുകയായിരുന്നു. ഒരു വിധത്തിലും ഞാന്‍ അത്‌ കണ്ടെത്തിയില്ല. ഊഴി കാണാതെ മിഥിലയുടെ ഉള്ളിലൊക്കെ തിരഞ്ഞു. അതിലും കാണാതെ സ്വന്തം പ്രജകളിലും ഞാന്‍ നോക്കി. അതിലും കാണാതായപ്പോള്‍ എനിക്കു വിഷാദമായി. കശ്മലമൊക്കെ വിട്ടപ്പോള്‍ എനിക്ക്‌ അതില്‍ ബുദ്ധി വീണ്ടും ചെന്നു. എനിക്കു വിഷയം രാജ്യം ഞാന്‍ കണ്ടില്ല, അല്ലെങ്കില്‍ എല്ലാം എന്റെ രാജ്യം തന്നെ. ഈ ദേഹം പോലും എന്റെയല്ല. അല്ലെങ്കില്‍ ഈ ലോകം മുഴുവന്‍ എന്റെയാണ്‌. അതേ സമയത്തു തന്നെ അല്ലയോ ദ്വിജോത്തമാ, അവയെല്ലാം എത്രത്തോളം എന്റെയാകുന്നുവോ, അത്രത്തോളം അവയെല്ലാം അന്യരുടേതുമാണ്‌. അതുകൊണ്ട്‌ ഭവാന്‍ ആഗ്രഹമുള്ള കാലം വരെ ഇവിടെ പാര്‍ത്തു കൊള്ളുക! ഇഷ്ടമുള്ള കാലത്തോളം അനുഭവിച്ചു കൊള്ളുക.

ബ്രാഹ്മണന്‍ പറഞ്ഞു: പിതൃപൈതാമഹമായ രാജ്യവും നാടുമൊക്കെ കൈയിലിരിക്കുമ്പോള്‍ ഭവാന്‍ എന്തു കാരണത്താലാണ്‌ മമത്ത്വം ഉപേക്ഷിച്ചത്‌? എന്തു ബുദ്ധി കൊണ്ടാണ്‌ എല്ലാം അങ്ങയുടെ വിഷയമായത്‌? (രാജ്യമായത്‌?) എന്തു കൊണ്ടാണ്‌ അങ്ങയുടെ രാജ്യത്തെ കാണാഞ്ഞത്‌? അഥവാ എല്ലാം അങ്ങയുടെ രാജ്യമായി കാണപ്പെട്ടത്‌?

ജനകന്‍ പറഞ്ഞു: എല്ലാ ക്രിയകള്‍ക്കും ഒരു അറുതി നില ഞാന്‍ ദര്‍ശിച്ചു. അതുകൊണ്ട്‌ ഇത്‌ എന്റെയാണ്‌ എന്നു പറയാവുന്നതായി ഒന്നും ഞാന്‍ കണ്ടില്ല. ഇതിനെപറ്റി ചിന്തിക്കുമ്പോള്‍ ഏതവന്റെ വസ്തുക്കളെയും ചിന്തിക്കുമ്പോള്‍ എന്റെ ബുദ്ധിയില്‍ എന്റേതായി ഞാന്‍ ഒന്നും കണ്ടെത്തുന്നില്ല. ഈ ചിന്തയെ ആശ്രയിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിന്ന്‌ മമത്ത്വം ഓടിക്കളയുന്നു. പിന്നെ എന്തു കൊണ്ടാണ്‌ ബുദ്ധി ഇതൊക്കെ എന്റെ രാജ്യത്തിലേതാണെന്നു പറഞ്ഞത്‌ എന്നുള്ളതും പറയാം, കേള്‍ക്കുക. മൂക്കില്‍ ഏല്ക്കുന്ന ഗന്ധത്തെപ്പോലും അത്‌ എനിക്കായി കരുതുന്നില്ല. അതുകൊണ്ടു ഞാന്‍ ജയിച്ച ഭൂമി നിതൃവും എന്റെ അധീനത്തില്‍ നില്ക്കുകയാണ്‌. നാവില്‍ വന്നു പെടുന്ന രസത്തെ എനിക്കു വേണ്ടി ലഭിച്ചതായി ഞാന്‍ വിചാരിക്കുന്നില്ല. അതുകൊണ്ട്‌ ഞാന്‍ ജയിച്ച ജലം എന്റെ അധീനത്തില്‍ നില്ക്കുന്നു. ജ്യോതിസ്സിന്റെ രൂപം കണ്ണില്‍ വന്നു പെട്ടാല്‍ അത്‌ ഞാന്‍ എന്റെ നേട്ടമായി കരുതുന്നില്ല. അതുകൊണ്ട്‌ ഞാന്‍ വെന്ന ജ്യോതിസ്സ്‌ എന്റെ അധീനത്തില്‍ നില്ക്കുകയാണ്‌. ത്വക്ക്‌ ഏല്ക്കുന്ന സ്പര്‍ശത്തെ ഞാന്‍ എന്റെ സുഖത്തിന്നായി വിചാരിക്കുന്നില്ല. അതുകൊണ്ട്‌ ഞാന്‍ ജയിച്ച വായു എന്റെ അധീനത്തില്‍ നില്ക്കുകയാണ്‌. ചെവി ഏല്ക്കുന്ന ശബ്ദത്തെ ഞാന്‍ എന്റെ ആവശ്യത്തിന്നായി കണക്കാക്കുന്നില്ല. അതുകൊണ്ട്‌ ഞാന്‍ ജയിച്ച ശബ്ദം, എനന്റെ പാട്ടില്‍ത്തന്നെ നില്ക്കുന്നു. മനസ്സിന്റെ സ്ഥാനത്തു നില്ക്കുന്ന മനസ്സിനെ ഞാന്‍ എനിക്കു വേണ്ടിയാണെന്ന്‌ അഭിമാനിക്കുന്നില്ല. അതുകൊണ്ട്‌ ഞാന്‍ ജയിച്ച മനസ്സ്‌ എന്റെ പാട്ടില്‍ത്തന്നെ നില്ക്കുകയാണ്‌. പിതൃക്കള്‍ക്കും ദൈവതങ്ങള്‍ക്കും, ഭൂതങ്ങള്‍ക്കും, അപ്രകാരം തന്നെ അതിഥികള്‍ക്കും വേണ്ടിയാണ്‌ എന്നിലുള്ള സര്‍വ്വതും, എന്റെ സര്‍വ്വകര്‍മ്മങ്ങളും, ഞാന്‍ ചെയ്യുന്നത് മുഴുവനും.

ഇത്‌ കേട്ടപ്പോള്‍ ആ ബ്രാഹ്മണന്‍ ചിരിച്ച്‌ ജനക രാജാവിനോടു പറഞ്ഞു: രാജാവേ, ഭവാനെ പരീക്ഷിക്കുവാന്‍ വേണ്ടി വന്നവനായ ധര്‍മ്മമാണ്‌ ഞാന്‍. അല്ലയോ രാജാവേ, ഭവാന്‍ ഒഴികെ ആരുണ്ട്‌ ധര്‍മ്മചക്രത്തെ തിരിക്കുവാന്‍? ഈ ചക്രത്തിന്റെ നേമി നന്മകളാണ്‌. ദുര്‍വ്വാരമായ ബ്രഹ്മലാഭത്തിന് വേണ്ടി സത്വനേമിസ്ഥമായ ചക്രത്തിന്റെ പ്രവര്‍ത്തകനായി മറ്റാരുണ്ട്‌?

33. ബ്രാഹ്മണഗീത, തത്ത്വസംഗ്രഹം - പരലോകത്തെപ്പറ്റിയുള്ള ഭാര്യയുടെ സംശയം തീർക്കുന്നു - ബ്രാഹ്മണന്‍ പറഞ്ഞു: അല്ലയോ ഭീരു, നിന്റെ ബുദ്ധിയില്‍ കണ്ട മാതിരി, നീ രസിക്കുന്ന വിധം ഞാന്‍ ചെയ്യുന്നവനല്ല. ഞാന്‍ വേദജ്ഞനായ ഒരു ബ്രാഹ്മണനാണ്‌, മുക്തനാണ്‌. വനസഞ്ചാരിയായ ഈ ഞാന്‍ ഗൃഹസ്ഥാശ്രമിയുമാണ്‌. ശുഭത്തിലും, അശുഭത്തിലും, നല്ലതിലും, ചീത്തയിലും നീ കാണുന്ന മാതിരിയുള്ള ഒരുത്തനല്ല ഞാന്‍. ഈ ജഗത്തിലുള്ള ഒന്നില്‍ ഞാന്‍ എന്നും വ്യാപിച്ചിരിക്കുന്നു. ലോകത്തിലുള്ള സകല ചരാചരങ്ങള്‍ക്കും ഞാന്‍ നാശകര്‍ത്താവാണ്‌, അന്തകനാണ്‌. മരത്തിന്നുള്ളില്‍ അഗ്നിയെന്ന പോലെ അവയുടെ നാശകര്‍ത്താവായി ഞാന്‍ സ്ഥിതിചെയ്യുന്നു. ഈ ഭൂമിയിലും, സ്വര്‍ഗ്ഗത്തിലും ഈ ബുദ്ധി കാത്തിരിക്കുന്നു. ഈ ജ്ഞാനം തന്നെയാണ്‌ എന്റെ ധനം. ബ്രാഹ്മണര്‍ക്ക്‌ ഒരേ ഒരു വഴി മാത്രമേയുള്ളു. അതിനെപ്പറ്റി അറിയുന്നവര്‍ ആ വഴി എന്തെന്ന്‌ പറയുന്നു. ഗൃഹത്തിലും, വനവാസത്തിലും, ഭിക്ഷയിലും, ബ്രഹ്മവൃത്തിയിലും ഒരേയൊരു മാര്‍ഗ്ഗം അവര്‍ പിന്തുടരുന്നു. പല തരത്തിലുള്ള അവ്യഗ്രമായ അടയാളങ്ങളാലും, പലമാതിരി ജീവിതധര്‍മ്മങ്ങളാലും അവര്‍ പല മാര്‍ഗ്ഗം അവലംബിക്കുന്നുണ്ടെങ്കിലും ആദര്‍ശം ഒന്നു തന്നെയാണ്‌. മാര്‍ഗ്ഗം ഭിന്നമായാലും ലക്ഷ്യം ഒന്നാണ്‌. പലപുഴകളും ഒരേ സമുദ്രത്തില്‍ ചെന്നു ചേരുന്നത് പോലെയാണ്‌. ബുദ്ധികൊണ്ട്‌ എത്തുന്ന വഴി ദേഹം കൊണ്ടും പ്രാപിക്കുന്നതാണ്‌.

കര്‍മ്മങ്ങള്‍ക്ക്‌ ആദിയും അന്തവുമുണ്ട്‌. ശരീരം ആ കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ അല്ലയോ സുഭഗേ, നിനക്ക്പ രലോകത്തെപ്പറ്റി ഭയപ്പെടേണ്ടതില്ല. തല്‍ഭാവപരയായി നീ നിന്റെ ആത്മാവില്‍ എത്തുന്നതാണ്.

34. ബ്രാഹ്മണഗീത, ബ്രാഹ്മണഗീതാവസാനം - ഈ പറഞ്ഞ കഥകളിലെ ബ്രാഹ്മണൻ തന്റെ മനസ്സും ബ്രാഹ്മണി തന്റെ ബുദ്ധിയും ക്ഷേത്രജ്ഞൻ താൻ തന്നെയുമാണെന്ന് കൃഷ്ണൻ വെളിപ്പെടുത്തുന്നു - ബ്രാഹ്മണി പറഞ്ഞു: ശുദ്ധമല്ലാത്ത ആത്മാവോടു കൂടിയവനും ബുദ്ധി കുറഞ്ഞവനും ഇതു ഗ്രഹിക്കുവാന്‍ വളരെ വിഷമമുണ്ട്‌. എന്റെ ബുദ്ധിയാണെങ്കില്‍ വളരെ മോശം. അല്പബുദ്ധിയാണ് ഞാന്‍. വളരെ ചുരുങ്ങിയതു മാത്രമല്ല, വളരെ കലര്‍ന്നതുമാണ്‌, അവ്യക്തമാണ്‌. അങ്ങു പറഞ്ഞ ആ ജ്ഞാനത്തിന്റെ അര്‍ത്ഥം ചുരുക്കത്തില്‍ പറഞ്ഞു തരാമോ? ഈ ജ്ഞാനത്തിന്റെ ഉറവിടം ഗ്രഹിക്കുവാന്‍ എനിക്കാഗ്രഹമുണ്ട്‌.

ബ്രാഹ്മണന്‍ പറഞ്ഞു: ബ്രഹ്മത്തില്‍ അധിഷ്ഠിതമായ ബുദ്ധിയാണ്‌ താഴെയുള്ള അഗ്നി. ഗുരുവാണ്‌ ഉപരിഭാഗത്തെ അഗ്നി. തപശ്രുതങ്ങളെ കടഞ്ഞാല്‍ (തപസ്സും വേദങ്ങളും) ജ്ഞാനാഗ്നി അതില്‍ നിന്നുണ്ടായിവരുന്നതാണ്‌.

ബ്രാഹ്മണി പറഞ്ഞു: ബ്രഹ്മത്തിനുള്ള ലിംഗം ക്ഷേത്രജ്ഞന്‍ എന്നു പറയുന്നതാണെങ്കില്‍ അതറിയുവാന്‍ തക്ക ലക്ഷണം എന്താണ്‌?

ബ്രാഹ്മണന്‍ പറഞ്ഞു: അലിംഗം നിര്‍ഗ്ഗുണമാണ്‌, അതു കാണാന്‍ പറ്റുകയില്ല. അതില്ലാഞ്ഞതാണ്‌ അതിന് കാരണം. അതിനെ ഗ്രഹിക്കുകയോ ഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്നതിന്നുള്ള ഉപായം ഞാന്‍ പറയാം.

മോക്ഷത്തിന്റെ സിദ്ധിക്കു വേണ്ടി ഇന്നതു ചെയ്യുക, ഇന്നതു ചെയ്യരുത്‌ എന്നൊന്നും എഴുതി വെച്ചിട്ടില്ല. സ്വര്‍ഗ്ഗത്തെ ആരു കാംക്ഷിക്കുന്നുവോ, അവര്‍ കണ്ടും കേട്ടും വേണ്ടത്‌ അറിഞ്ഞാണ്‌ അനുഷ്ഠിക്കുക. ഇവിടെ നൂറും ആയിരവും അവ്യക്തവും വ്യക്തവുമായ രൂപങ്ങള്‍ വെളിവാക്കണം. വളരെ നാനാര്‍ത്ഥങ്ങളോട് കൂടിയതും വളരെ പ്രതൃക്ഷയുക്തികളോട് കൂടിയതുമായ അവയെല്ലാം അഭ്യസിച്ച്‌ എവിടെ എത്തിയാല്‍ പിന്നെ അതിന്നപ്പുറം മറ്റൊരു നില ഏതൊന്നില്ലയോ അതിനെ പ്രാപിക്കും.

ശ്രീഭഗവാന്‍ പറഞ്ഞു: പിന്നെ ആ ബ്രാഹ്മണിയുടെ ബുദ്ധി ക്ഷേത്രജ്ഞ സംശയത്തില്‍, ക്ഷേത്രജ്ഞാനത്താല്‍, ക്ഷേത്രജ്ഞന്മാരുടെയും അപ്പുറമായി എത്തി നിന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ കൃഷ്ണാ, എവിടെയാണ്‌ ആ ബ്രാഹ്മണന്റെ ഭാര്യ?. ആ ബ്രാഹ്മണശ്രേഷ്ഠന്‍ എവിടെയാണ്‌?. അല്ലയോ അച്യുതാ, ഈ സിദ്ധിനേടിയ അവരെപ്പറ്റി അങ്ങു പറയണേ!.

ശ്രീഭഗവാന്‍ പറഞ്ഞു: അര്‍ജ്ജുനാ, എന്റെ മനസ്സാണ്‌ ആ ബ്രാഹ്മണന്‍. എന്റെ ബുദ്ധിയാണ്‌ ആ ബ്രാഹ്മണി. ക്ഷേത്രജ്ഞന്‍ എന്നു പറയപ്പെടുന്നവന്‍ ഞാന്‍ തന്നെയാണ്‌ ധനഞ്ജയാ!

35. ഗുരുശിഷ്യസംവാദം, തത്ത്വനിര്‍വ്വചനം - കൃഷ്ണൻ മോക്ഷധർമ്മത്തെപ്പറ്റിയും അതിനുള്ള മാർഗ്ഗത്തെപ്പറ്റിയും പ്രതിപാദിക്കുന്നു - അര്‍ജജുനന്‍ പറഞ്ഞു: അറിയേണ്ടതായ ബ്രഹ്മത്തെപ്പറ്റി ഭവാന്‍ ഒന്ന്‌ വിവരിച്ചു തരണേ! അങ്ങയുടെ പ്രസാദത്താല്‍ എന്റെ മനസ്സ്‌ സൂക്ഷ്മാന്വേഷണത്തില്‍ ഉത്സുകമായിരിക്കുന്നു.

വാസുദേവന്‍ പറഞ്ഞു: ഇതിന് ഉദാഹരണമായി ഒരുപഴങ്കഥ പറയാറുണ്ട്‌. അത്‌ ശിഷ്യനും ഗുരുവുമായി നടന്ന ഒരു സംഭാഷണമാണ്‌. അത്‌ മോക്ഷത്തെപ്പറ്റി ഉള്ളതാണ്‌. സംശിത്രവ്രതനായ ഒരു ബ്രാഹ്മണനായ ആചാര്യന്റെ സമീപത്തു ചെന്ന്‌ ബുദ്ധിമാനായ ശിഷ്യന്‍ ചോദിച്ചു: "ഭഗവാനേ,ഞാന്‍ അങ്ങയെ സംശ്രയിക്കുന്നു. നിശ്രേയസപരായണനായ എനിക്ക്‌ അല്ലയോ പരന്തപാ, അങ്ങ്‌ ശ്രേയസ്സ്‌ ഉപദേശിച്ചു തന്നാലും, ഞാന്‍ അങ്ങയുടെ പാദത്തില്‍ കുമ്പിട്ട്‌ ഇരക്കുന്നു. ഞാന്‍ ആവശ്യപ്പെട്ടതു പറഞ്ഞു തന്നാലും".

ഇപ്രകാരം പറയുന്ന ശിഷ്യനോട്‌ ഗുരു പറഞ്ഞു: എടോ ദ്വിജാ,നിനക്കു സംശയം തോന്നുന്നതൊക്കെ ചോദിച്ചു കൊള്ളുക. നിന്റെ സംശയങ്ങളൊക്കെ ഞാന്‍ തീര്‍ത്തു തന്നു കൊള്ളാം. ഇപ്രകാരം വലിയ വാത്സല്യത്തോടെ ഗുരു പറഞ്ഞപ്പോള്‍ ശിഷ്യന്‍ കൈകൂപ്പി നിന്ന്‌ എന്താണു ചോദിച്ചതെന്നു പറയാം. മഹാമതേ കേള്‍ക്കുക!

ശിഷ്യന്‍ പറഞ്ഞു: ഗുരോ, ഞാന്‍ എവിടെ നിന്ന്‌ ഇഹത്തില്‍ വന്നു? ഭവാന്‍ എവിടെ നിന്നു വന്നു? ഏറ്റവും പരമമായ സത്യമെന്തെന്ന്‌ പറഞ്ഞാലും. ചരങ്ങളും അചരങ്ങളുമായ ഭൂതങ്ങളൊക്കെ എവിടെ നിന്ന്‌ ഉത്ഭവിച്ചു? എന്തിനാലാണ്‌ ഭൂതങ്ങള്‍ ജീവിക്കുന്നത്‌? അവയുടെ ആയുസ്സ്‌ എത്രത്തോളമുണ്ട്‌? എന്താണ്‌ സത്യം? എന്താണ്‌ തപസ്സ്‌? ഹേ, ബ്രാഹ്മണാ, എന്താണ്‌ ഗുണങ്ങള്‍? ശിവമായ മാര്‍ഗ്ഗങ്ങള്‍ എന്താണ്‌? എന്താണ്‌ സുഖം? എന്താണു പാപം, ദുഷ്കൃതം? ഭഗവാനേ, എന്റെ ഈ ചോദ്യത്തിന്‌ സുവ്രതാ, ഭവാന്‍ ശരിയായ ഉത്തരം പറയണേ വിപ്രർഷേ! തത്ത്വപ്രകാരവും, ക്രമപ്രകാരവും ഉത്തരം പറയണേ! ഈ ചോദ്യങ്ങള്‍ക്ക്‌ അങ്ങയൊഴികെ വിവരിക്കുവാന്‍ മറ്റൊരാളുമില്ല. അല്ലയോ ധര്‍മ്മജ്ഞരില്‍ ശ്രേഷ്ഠാ, ഇതു കേള്‍ക്കുവാന്‍ എനിക്ക്‌ അത്യധികമായ കൗതുകമുണ്ട്‌. മോക്ഷധര്‍മ്മാര്‍ത്ഥ കുശലനായ ഭവാന്‍ ലോകത്തില്‍ പ്രസിദ്ധനാണ്‌. എല്ലാ സംശയങ്ങളും തീര്‍ത്തു തരുവാന്‍ അങ്ങയല്ലാതെ മറ്റാരുമില്ല. സംസാര ഭീരുക്കളായ ഞങ്ങള്‍ മോക്ഷകാംക്ഷികളാണ്‌.

വാസുദേവന്‍ പറഞ്ഞു: തന്റെ സമീപത്തു വന്ന്‌ ആശ്രയിച്ച്‌ വേണ്ട വിധം ചോദിക്കുന്ന അവനോട്‌, പ്രശാന്തനായി ഗുരുവിനെ പിന്‍തുടരുന്ന ഗുണവാനായ ശിഷ്യനോട്‌, നിഴല്‍ പോലെ പിന്‍തുടരുന്ന ദാന്തനും, യതിയുമായ ബ്രാഹ്മചാരിയോട്‌ അപ്പോള്‍ മേധാവിയും, ദൃഢവ്രതനുമായ ഗുരു അവന്റെ ചോദ്യത്തിന്നുള്ള ഉത്തരം മുഴുവനും പറഞ്ഞു കൊടുത്തു അരിന്ദമാ, കുരുദ്വഹാ!.

ഗുരു പറഞ്ഞു: ലോകപിതാമഹനായ ബ്രഹ്മാവു തന്നെ ഇതൊക്കെ പണ്ടു പറഞ്ഞിട്ടുള്ളതാണ്‌. ഇതൊക്കെ. ഋഷിമാര്‍ കൊണ്ടാടി സേവിച്ചിട്ടുള്ളതുമാണ്‌. വേദജ്ഞാനത്തെ ആശ്രയിച്ച്‌ തത്ത്വഭൂതാര്‍ത്ഥങ്ങളെപ്പറ്റി ഭാവന ചെയ്യുന്നതുമാണ്‌. ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്‌ ജ്ഞാനമാണ്‌. ഉത്തമമായ തപസ്സ്‌ സന്ന്യാസമായും ഞാന്‍ കാണുന്നു. ആത്മാവ്‌ സര്‍വ്വഭൂതസ്ഥനാണെന്ന്, യാതൊരു ബാധയും കൂടാതെ ഉറപ്പോടെ ജ്ഞാനതത്ത്വത്തെപ്പറ്റി അറിയുന്നുവോ, അവന്‍ സര്‍വ്വഗനായി ഭവിക്കുന്നു. അവന്‍ പരമപദ പ്രാപ്തനായി കരുതപ്പെടുന്നു. എല്ലാ ജീവികളുടെയും ആവാസം ഒരിടത്തിലാണെന്നും അവയുടെ നിവാസവും ഒരിടത്തില്‍ തന്നെയാണെന്നും ആര്‌ അറിയുന്നുവോ, അപ്രകാരം നാനാത്വത്തില്‍ ഏകത്വം ആരു ദര്‍ശിക്കുന്നുവോ, അവന്‍ എല്ലാവിധ ദുഃഖങ്ങളില്‍ നിന്നും വിമുക്തനാകുന്നതില്‍ വിജയിക്കുന്നു. യാതൊന്നിനെയും കാമിക്കാതിരിക്കുകയും താന്‍, തന്റേതെന്ന്‌ ഒന്നും അഭിമാനിക്കാതിരിക്കുകയും ചെയ്യുന്നുവോ, അങ്ങനെയുള്ളവന്‍ ഇഹലോകത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും അവന്‍ ബ്രഹ്മഭാവം പ്രാപിച്ചവനാണ്‌. പ്രധാന (പ്രകൃതി) ഗുണതത്ത്വജ്ഞനും ഭൂതവിധിവിത്തമനും നിര്‍മ്മമനും നിരഹങ്കാരനുമായ പുരുഷന്‍ തീര്‍ച്ചയായും മുക്തനാകും. അവ്യക്തം എന്ന വിത്തില്‍ നിന്നുത്ഭവിച്ചതും ബുദ്ധിയാകുന്ന തടിയായി വളര്‍ന്നതും മഹാഹങ്കാരമാകുന്ന കൊമ്പുകളോടു കൂടിയതും, ഇന്ദ്രിയങ്ങളാകുന്ന ചിനപ്പുകളോടു കൂടിയതും, അഞ്ചു മഹാഭൂതങ്ങളാകുന്ന പുമൊട്ടുകളോടു കൂടിയതും, ധാതുക്കളാകുന്ന വിശേഷമാകുന്ന ചില്ലകളോടു കൂടിയതും, നിത്യവും ഇലകള്‍ വളരുന്നതും, നിത്യവും പുഷ്പിക്കുന്നതും, നിത്യവും ശുഭഫലങ്ങള്‍ ഉണ്ടാക്കുന്നതും, സര്‍വ്വജീവികള്‍ക്കും ആശ്രയമായതും, സനാതനവും ആകുന്നു; ബ്രഹ്മബീജോത്ഭവമായ അത്‌ നാശമില്ലാത്തതാകുന്നു. ഈ തത്ത്വം മനസ്സിലാക്കി സംസാരവൃക്ഷത്തിന്റെ ശാഖകള്‍ ജ്ഞാനമാകുന്ന മൂര്‍ച്ചയുള്ള വാള്‍ കൊണ്ട്‌ അറുത്ത്‌ അമരനായിത്തീര്‍ന്നാല്‍ അവന് പിന്നെ മൃത്യുജന്മങ്ങള്‍ ഉണ്ടാകുന്നതല്ല. ഭൂതഭവ്യഭവിഷ്യാദികളും ധര്‍മ്മാര്‍ത്ഥകാമങ്ങളും, അവയുടെ നിര്‍ണ്ണയങ്ങളും പൂര്‍വ്വകല്പമായ സനാതനതത്ത്വങ്ങളും സിദ്ധസംഘങ്ങള്‍ അറിയുന്നു. അല്ലയോ മഹാപ്രജ്ഞാ, ഉത്തമമായ ആ പദത്തെപ്പറ്റി ഞാന്‍ പറഞ്ഞുതരാം. മനീഷികള്‍ ബുദ്ധിയാല്‍ സംസിദ്ധരാകുന്നു. പണ്ടു തമ്മില്‍ പരീക്ഷിക്കുന്ന മഹര്‍ഷികള്‍ ഒന്നിച്ചു ചേര്‍ന്നു. പ്രജാപതി, ഭരദ്വാജന്‍, ഗൗതമന്‍, ഭാര്‍ഗ്ഗവന്‍, വസിഷ്ഠന്‍, കശ്യപന്‍, വിശ്വാമിത്രന്‍, അത്രി എന്നിവര്‍ പല മാര്‍ഗ്ഗങ്ങളും ചുറ്റിക്കറങ്ങി സ്വന്തം കര്‍മ്മങ്ങള്‍ കൊണ്ടു തളര്‍ന്ന്‌ ഋഷിയും വൃദ്ധനുമായ ആംഗീരസിനെ മുന്‍പെ നടത്തി, ദ്വിജാതികള്‍ ബ്രഹ്മാലയത്തില്‍ ചെന്ന്‌ കല്മഷം വിട്ടു വിളങ്ങുന്ന ബ്രഹ്മദേവനെ കണ്ടു. സസുഖം വസിക്കുന്ന ആ ദേവനെക്കണ്ടു കുമ്പിട്ട്‌ മഹര്‍ഷികള്‍ വിനയത്തോടെ ഏറ്റവും നൈശ്രേയസമായ ഈ വാക്യംചോദിച്ചു: "എങ്ങനെയാണ്‌ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക? എന്തു ചെയ്താല്‍ കില്‍ബിഷങ്ങള്‍ (പാപങ്ങള്‍) തീരും? ശുഭമായ മാര്‍ഗ്ഗങ്ങള്‍ എന്താണ്‌? എന്താണ്‌ സത്യം? ദുഷ്കൃതം എന്താണ്‌? പ്രളയം, മുക്തി, ഭൂതങ്ങളുടെ ജന്മം, നാശം എന്നിവയുംഎന്താണ്‌?".

ഈ ചോദ്യം കേട്ടപ്പോള്‍ അവരോട്‌ അതിന് മറുപടിയായി ബ്രഹ്മാവ്‌ എന്തു പറഞ്ഞുവോ, അതു ഞാന്‍ നിന്നോടു പറയാം. കേട്ട മാതിരി പറയാം ശിഷ്യാ, നീ കേള്‍ക്കുക. ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ സുവ്രതന്മാരേ, ഭൂതങ്ങളും സര്‍വ്വചരാചരങ്ങളും സത്യത്തില്‍ നിന്നുത്ഭവിച്ചു. അവ തപസ്സു കൊണ്ടു ജീവിക്കുന്നു. ഇതു നിങ്ങള്‍ ഓര്‍ക്കുവിന്‍! സ്വന്തം ജന്മസ്ഥാനത്തെ വിട്ട്‌ തങ്ങളുടെ കര്‍മ്മത്തിന്റെ പ്രേരണയാല്‍ വൃത്യസ്തമായി വര്‍ത്തിക്കുന്നു. സത്യം ഗുണങ്ങളോടു ചേരുമ്പോള്‍ അഞ്ചു ലക്ഷണങ്ങളോടു കൂടിയതാകുന്നു. ബ്രഹ്മം സത്യമാണ്‌, തപസ്സ്‌ സത്യമാണ്‌, പ്രജാപതി സത്യമാണ്‌. എല്ലാ ചരാചരങ്ങളും ആ സത്യത്തില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. സത്യം തന്നെ ജഗന്മയമായ വിശ്വം. അതുകൊണ്ടു സത്യാത്മാക്കളായ വിപ്രന്മാര്‍ നിതൃവും യോഗപരായണരായി ക്രോധവും, സന്താപവും, വിട്ടു നിഷ്ഠയോടു കൂടി ധര്‍മ്മത്തെ സേവിക്കുന്നു. അന്യോന്യ നിഷ്ഠന്മാരും, വൈദ്യന്മാരും, ധര്‍മ്മസേതുപ്രവര്‍ത്തകരും, ലോകഭാവനരും, നിത്യരുമായ അവരെപ്പറ്റി ഇനി ഞാന്‍ പറയാം. നാലു വിദ്യ, നാലു വര്‍ണ്ണം,നാലാശ്രമം എന്നിവയുടെ മാര്‍ഗ്ഗത്തില്‍ നാലു കാലുകളോടു കൂടിയ ധര്‍മ്മം നിത്യമായി സ്ഥിതി ചെയ്യുന്നു എന്നു മനീഷികള്‍ പറയുന്നു. ദ്വിജേന്ദ്രന്മാരേ, നിങ്ങളോട്‌ ആ നല്ല മോക്ഷത്തിന്റെ മാര്‍ഗ്ഗം ഉപദേശിക്കാം. ബ്രഹ്മസിദ്ധിക്കു വേണ്ടി മനീഷികള്‍ സഞ്ചരിച്ചിട്ടുള്ളതാണ്‌ ആ മാര്‍ഗ്ഗം. ഞാന്‍ ഈ പറയുന്ന ദുര്‍ഘടമായ മാര്‍ഗ്ഗം മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ളതാണെങ്കിലും ആ മാര്‍ഗ്ഗം ഉത്തമമായിട്ടുള്ളതാണ്‌. പരമമായ പദത്തിലേക്കുള്ള ആ മാര്‍ഗ്ഗത്തെ മഹാഭാഗന്മാരെ നിങ്ങള്‍ ധരിക്കുവിന്‍!

ഒന്നാമത്തെ പദം . ബ്രഹ്മചര്യാശ്രമമാണ്‌ എന്നു പറയാം. രണ്ടാമത്തെ ആശ്രമമാണ്‌ ഗാര്‍ഹസ്ഥ്യം. പിന്നെ മൂന്നാമത്തേതാണ്‌ വാനപ്രസ്ഥം. അതിന്റെ അപ്പുറമാണ്‌ പരമപദമായ അദ്ധ്യാത്മം. ജ്യോതിസ്സ്‌, ആകാശം, ആദിത്യന്‍, വായു, ഇന്ദ്രന്‍, പ്രജാപതി എന്നിവരെ ആദ്ധ്യാത്മത്തില്‍ എത്തുന്നതു വരെ കാണുന്നതല്ല. അതിന്നുള്ള ആദ്ധ്യാത്മ സിദ്ധിക്കുള്ള ഉപായം എന്തെന്നു പറയാം. അത്‌ ആദ്യമായി മനസ്സിലാക്കുക. ഫലമൂലങ്ങള്‍ ഭക്ഷിച്ച്‌ കാട്ടില്‍ ജീവിക്കുന്ന മുനികള്‍ക്കു വിധിച്ചിട്ടുണ്ട്‌. ബ്രഹ്മണ ക്ഷത്രിയ വൈശ്യന്മാരായ മൂന്നു ദ്വിജാതികള്‍ക്കും ആ ജീവിതാശ്രമം വിധിച്ചിട്ടുണ്ട്‌, വാനപ്രസ്ഥം എന്ന ആശ്രമം. ഗൃഹസ്ഥാശ്രമം നാലു വര്‍ണ്ണങ്ങള്‍ക്കും ഒപ്പംതന്നെ വിധിക്കപ്പെട്ടിരിക്കുന്നു. ധര്‍മ്മം എന്നത്‌ ശ്രദ്ധയെന്ന ലക്ഷണത്തോടു കൂടിയതാണ്‌. ധര്‍മ്മത്തില്‍ വിശ്വാസം ഉണ്ടായിരിക്കുക എന്നാതാണ്‌ ലക്ഷണം എന്നു ധീരാത്മാക്കള്‍ പറയുന്നു. ധീരന്മാര്‍ സ്വീകരിച്ച ഈ മാര്‍ഗ്ഗത്തെ ദേവയാനം എന്ന മാര്‍ഗ്ഗമായി പറയുന്നു. ധര്‍മ്മസേതു ലംഘിക്കാതെ കര്‍മ്മം ചെയ്യുന്ന ധീരാത്മാക്കള്‍ ഈ മാര്‍ഗ്ഗം അവലംബിച്ചിട്ടുണ്ട്‌. ഇവയില്‍ ഏതെങ്കിലും ഒരു ധര്‍മ്മമാര്‍ഗ്ഗം അവലംബിച്ച ദൃഢവ്രതന്മാര്‍ കാലാനുസൃതമായ ഭൂതപ്രഭാവത്തേയും, ഭൂതക്ഷയത്തെയും കാണുന്നു. വിഷയസ്ഥങ്ങളായി വേര്‍തിരിക്കപ്പെട്ട തത്ത്വങ്ങളെപ്പറ്റി ശരിയായി കാരണ സഹിതം ഞാന്‍ പറയാം. മഹാത്മാവായ അവ്യക്തം, അഹങ്കാരം; ഇന്ദ്രിയങ്ങള്‍ പതിനൊന്നും, ജ്ഞാനേന്ദ്രിയങ്ങളും, കര്‍മ്മേന്ദ്രിയങ്ങളും, അഞ്ചു മഹാഭൂതങ്ങളും നാശമില്ലാത്ത സൃഷ്ടികളാണ്‌. ഭൂതങ്ങള്‍ ഇങ്ങനെ നാലും ഇരുപതും പിന്നെ ഒന്നും ഉണ്ട്‌. ഈ തത്ത്വങ്ങളുടെയെല്ലാം ഉത്ഭവവും നാശവും അറിയുന്നവന്‍ ആരോ, അവന്‍ എല്ലാ ജീവികളിലും വെച്ചു ധീരനാണെന്നു പറയാം. അവനെ ഒരിക്കലും മായാവ്യാമോഹം ബാധിക്കുന്നതല്ല. ശരിക്കു തത്ത്വങ്ങള്‍ ആര്‌ അറിയുന്നുവോ, എല്ലാ ഗുണങ്ങളെയും എല്ലാ ദേവതകളെയും അറിയുന്നുവോ, അവന്‍ സകലപാപങ്ങളും നശിച്ച്‌, സകല ബന്ധങ്ങളെയും വേര്‍പെട്ട്‌ ശുഭമായ സകല ലോകസുഖങ്ങളും അനുഭവിക്കുന്നതാണ്.

36. ഗുരുശിഷ്യസംവാദം - തമോഗുണനിരൂപണം - ബ്രഹ്മാവു പറഞ്ഞു: അവ്യക്തവും അനുദ്രിക്തവും സര്‍വ്വവ്യാപിയും, ധ്രുവവും, സ്ഥിരവും, ഒമ്പതു ദ്വാരമുള്ളതും, മൂന്നു ഗുണത്തോട് കൂടിയതും, അഞ്ചു ധാതുക്കളോട് കൂടിയതുമായ പുരത്തെ കാണുക. പതിനൊന്നു കൂട്ടം മനസ്സുള്‍പ്പെടെ ചുറ്റിനില്ക്കുന്നതും, ബുദ്ധിയാകുന്ന ഭരണകര്‍ത്താവോട് കൂടിയതുമാണ്‌ ആ പുരം. അതില്‍ മൂന്ന്‌ സ്രോതസ്സുണ്ട്‌. അവ എപ്പോഴും പൂരിക്കുന്നു. മൂന്ന്‌ ഓവുകളുണ്ട്‌. അവ ഗുണാത്മകമാണ്‌; എപ്പോഴും പ്രവര്‍ത്തിക്കുന്നു. തമസ്സ്‌, രജസ്സ്‌, സത്വം എന്നീ പേരുകളാല്‍ മുന്നു ഗുണങ്ങളും അറിയപ്പെടുന്നു. അവയെല്ലാം തമ്മില്‍ തമ്മില്‍ ഇണകളായി നില്ക്കുന്നതും, പരസ്പരോപ ജീവികളായിരിക്കുന്നവയുമാണ്‌. അവ ഇരട്ടയ്ക്ക്‌ അന്യോന്യാലംബങ്ങളും, അന്യോന്യം പില്‍തുടരുന്നവയുമാണ്‌. അവ തമ്മില്‍ ചേര്‍ന്നു നില്ക്കുന്നു. ഇവയോട്‌ തമ്മില്‍ തമ്മില്‍ മൂന്നു ഗുണങ്ങളും, അപ്രകാരം അഞ്ച്‌ ധാതുക്കളുമായും ചേര്‍ന്ന് നില്ക്കുന്നു. തമസ്സിന് ഇണയായി സത്വവും, സത്വത്തിന് ഇണയായി രജസ്സും, രജസ്സിന്നിണയായി സത്വവും, സത്വത്തിന്നിണയായി തമസ്സും നില്ക്കുന്നു.

തമസ്സിനെ അടക്കുന്നിടത്ത്‌ രജസ്സ്‌ തുടങ്ങുകയായി. രജസ്സ്‌ അടക്കുന്നിടത്ത്‌ സത്വം തുടങ്ങുകയായി. നൈശാത്മകമാണ്‌ തമസ്സ്‌ എന്നറിയണം. ആ തമസ്സിന് മൂന്നു സ്വഭാവങ്ങളുണ്ട്‌. അതിന്റെ നാമം മോഹം എന്നാണ്‌. ആ മോഹത്തിന് അധര്‍മ്മം എന്ന ഒരു ലക്ഷണമുണ്ട്‌. അതു പാപകര്‍മ്മങ്ങളില്‍ ഉറച്ചതാണ്‌. ഇതാണ്‌ താമസമായ കര്‍മ്മത്തിന്റെ രൂപം. ഇതാണ്‌ തമസിന്റെ പ്രകൃതി. രജസ്സ്‌ മാറിപ്പോകുനതാണ്‌. സര്‍വ്വഭൂതത്തിലും ഉല്‍പ്പത്തി കൊണ്ട്‌ അതിന്റെ സ്ഥിതിയെ ലക്ഷണമായി അറിയണം. ലാഘവം, ശ്രദ്ധധാനത എന്നിവയാണ്‌ എല്ലാ ജീവികളിലുമുള്ള സാത്വിക ഗുണത്തിന്റെ ലക്ഷണമെന്നു നല്ല ജനങ്ങള്‍ പറയുന്നു. ഇവയുടെ ഗുണതത്ത്വങ്ങള്‍ തത്ത്വയുക്തിയാല്‍ ഞാന്‍ പറയുകയാണ്‌. അവ ചേര്‍ത്തും വേര്‍തിരിച്ചും ഞാന്‍ പറയാം, അത്‌ ശരിയായി കേള്‍ക്കുക.

മോഹം, അജ്ഞാനം, അത്യാഗം, കര്‍മ്മങ്ങള്‍ക്ക്‌ അദൃഢത്വം, സ്വപ്നം, സ്തംഭം, ഭയം, ലോഭം, ശോകം, സുകൃതദൂഷണം, ഓര്‍മ്മക്കേട്‌, അവിപാകം, നാസ്തിക്യം, വൃത്തിതെറ്റല്‍, ഭേദം നോക്കാതിരിക്കല്‍, അന്ധത്വം, നീചവൃത്തിയെടുക്കല്‍, ചെയ്യാതെ ചെയ്തെന്ന്‌ മാനിക്കല്‍, അജ്ഞാനി ജ്ഞാനിയാണെന്നു ഭാവിക്കല്‍, അമൈത്രി, കര്‍മ്മമില്ലായ്ക, അശ്രദ്ധ, ജളഭാവം, നേരില്ലായ്ക, ധരിക്കായ്ക, പാപകര്‍മ്മം, അബോധം, ഗൗരവം, സന്നഭാവം, അവശിത്വം, അധോഗതി, ഈ ഗുണങ്ങളൊക്കെ താമസങ്ങളാണ്‌, തമോഗുണങ്ങളാണ്‌. അതു പറഞ്ഞു കഴിഞ്ഞു. ഈ ലോകത്തിലുള്ള ഭാവമെന്ന ഭാവങ്ങളെല്ലാം ഏതേതിടത്ത്‌ തമോഗുണവുമായി ചേര്‍ന്നിരിക്കുന്നുവോ അതും താമസമായി കണക്കാക്കണം. ദേവന്മാരെക്കുറിച്ചും, ബ്രാഹ്മണരെപ്പറ്റിയും, വേദങ്ങളെപ്പറ്റിയും, കുറ്റങ്ങള്‍ പറയുക, ദാനം ചെയ്യാതിരിക്കുക, ഗര്‍വ്വു കാണിക്കാതിരിക്കുക, വ്യാമോഹം, വിദ്വേഷം, സഹിച്ചു കൂടായ്ക, മാത്സര്യം,ഇവയൊക്കെ ജീവികളില്‍ താമസമായ വൃത്തിയാകുന്നു. കാര്യങ്ങള്‍ പാഴില്‍ ചെയ്യുക, പാഴായ ദാനങ്ങള്‍ ചെയ്യുക, പാഴായി ഭക്ഷണം ഈ പറഞ്ഞതൊക്കെ താമസമായ പ്രവൃത്തികളാണ്‌. അതിവാക്കു പറയുക, പൊറുത്തു കൂടായ്ക, മാത്സരും, അഭിമാനം, ശ്രദ്ധയില്ലായ്മ എന്നീ പറഞ്ഞവയെല്ലാം താമസവൃത്തിയാകുന്നു. ഈ ലോകത്ത്‌ പാപകര്‍മ്മങ്ങള്‍ ചെയ്യുന്ന ഇത്തരക്കാര്‍, മര്യാദകെട്ട്‌ ജീവിക്കുന്ന മനുഷ്യര്‍ എല്ലാം താമസവൃത്തികളാണ്‌. ആ പാപികള്‍ക്കു നിശ്ചയമായും വന്നുചേരുന്ന ജന്മങ്ങളെപ്പറ്റിപ്പറയാം. കീഴ്‌ ലോകത്തില്‍ നിരയം ഏല്ക്കുന്നതിന്നായി തിരൃങ്‌ നരകത്തില്‍ ചെന്നു ചേരും. അപ്രകാരം സ്ഥിരമായ ഭൂതങ്ങള്‍, വാഹനങ്ങള്‍, പശുക്കള്‍, ക്രവ്യാദങ്ങള്‍, സര്‍പ്പങ്ങള്‍, കൃമികള്‍, പുഴുക്കള്‍, പക്ഷികള്‍, അണ്ഡജങ്ങള്‍, നാൽക്കാലി വര്‍ഗ്ഗങ്ങള്‍, ഭ്രാന്തന്മാര്‍, ഊമകള്‍, പൊട്ടന്മാര്‍, മറ്റുള്ള പാപരോഗികള്‍ മുതലായികാണപ്പെടുന്നവര്‍ തമസ്സില്‍പ്പെട്ടു പോയ ദുര്‍വൃത്തരാണെന്നു മുന്‍പറഞ്ഞ ലക്ഷണം കൊണ്ടു ഗ്രഹിക്കണം. താമസന്മാരെല്ലാം പാപികളായി അധോഗതിയില്‍ പെട്ടു കീഴോട്ടൊഴുകുകയാണ്‌.

അത്തരക്കാര്‍ക്ക്‌ ഉന്നതിക്കു വേണ്ടി പുണ്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ ഇനി ഞാന്‍ പറയാം. അവര്‍ എങ്ങനെ പുണ്യം ചെയ്തു പുണ്യലോകം പൂകും എന്നത്‌ വ്യക്തമാക്കാം. പാപകര്‍മ്മത്തിന്ന്‌ വിപരീതമായി സല്‍ക്കര്‍മ്മം ചെയ്തു തളര്‍ന്നവരും, സ്വകര്‍മ്മനിരതരുമായ ബ്രാഹ്മണരുടെ സംസ്‌കാരം കൊണ്ട്‌ യത്നിച്ചു മേലെ സാലോക്യം പ്രാപിക്കും. അവര്‍ വാനവര്‍ക്കുള്ള സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നതാണെന്ന്‌ വൈദികശ്രുതികള്‍ ഉല്‍ഘോഷിക്കുന്നു. മറിച്ച്‌ ഏറ്റവരും (അനൃഥാ പ്രതിപന്നാസ്തേ) സ്വകര്‍മ്മങ്ങള്‍ അറിഞ്ഞവരും, വീണ്ടും സംസാരചക്രത്തില്‍ തിരിഞ്ഞ്‌ മനുഷ്യരായി പിറക്കുന്നു. ആദ്യം പാപയോനികളായ ചണ്ഡാലരായും, ഊമകളായും. കൊഞ്ഞന്മാരുമായും പിന്നെ പിന്നെ ഉയര്‍ന്നുയര്‍ന്നു ജാതി മാറി നല്ല നിലയില്‍ ജനിച്ച്‌ ക്രമത്തില്‍ ശൂദ്രയോനിയും കടന്ന്‌, മറ്റു തമോഗുണങ്ങളെയും കടന്ന്‌, ഉയര്‍ന്ന നിലയിലെത്തുന്നു. കാമവുമായുള്ള കെട്ടുപാടാണ്‌, ബന്ധമാണ്‌, വലിയ മോഹമായിക്കാണുന്നത്‌. മുനിമാരും, ഋഷിമാരും, ദേവന്മാര്‍ പോലും സുഖത്തിനെ മോഹിച്ച്‌ മോഹത്തില്‍ പെ ട്ടു പോയിട്ടുണ്ട്‌. തമോമോഹമാണ്‌ വലിയ മോഹം. താമിസ്രം എന്നത്‌ (നരകം) ക്രോധമാണ്‌. മരണമെന്നത്‌ അന്ധതാമിസ്രമാണ്‌. വര്‍ണ്ണത്താലും, ഗുണത്താലും, ജന്മത്താലും യഥാര്‍ത്ഥമായി, യഥാവിധി ഈ തമസ്സിനെ വിപ്രന്മാരേ, ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തന്നു.

ഇത്‌ ആരാണ്‌ നന്നായി അറിയുന്നത്‌? ആരാണ്‌ നന്നായി കാണുന്നത്‌? തമസ്സിന്റെ ലക്ഷണം എന്തെന്നു പറയാം. യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത്‌ ഉണ്ടെന്നു തോന്നുക! ഇല്ലാത്തതിനെ ഉണ്ടെന്നു കാണുക! ഇതാണ്‌ അന്ധത. ഇങ്ങനെ തമസ്സിന്റെ രൂപത്തെ പല മാതിരി ഞാന്‍ പറഞ്ഞു; ആ ഇരുട്ടിന്റെ ചെറുതും വലുതുമായ ഭാവങ്ങളെയും വിശദമാക്കിത്തന്നു. ഞാന്‍ ഈ പറഞ്ഞതൊക്കെ മനസ്സില്‍ വെയ്ക്കുന്ന ഒരുവന് പിന്നെ തമോഗുണം വന്നുപെട്ട്‌ കുഴങ്ങുവാന്‍ ഇടവരികയില്ല. തമസ്സ്‌ അവനില്‍ നിന്ന്‌ ഒഴിഞ്ഞു പോകുന്നതാണ്.

37. ഗുരുശിഷ്യസംവാദം - രജോഗുണനിരൂപണം - ബ്രഹ്മാവ്‌ പറഞ്ഞു: അല്ലയോ സത്തുക്കളേ, മഹാഭാഗന്മാരേ, ഇനി ഞാന്‍ രജസ്സിനെപ്പറ്റി ശരിയാം വിധം പറയാം. നിങ്ങള്‍ രജോഗുണനിരൂപണം കേള്‍ക്കുവിന്‍! സംഘാതം, രൂപം, ആയാസം, സുഖം, ദുഃഖം, ഹിമം, ആതപം, ഐശ്വര്യം,വിഗ്രഹം, സന്ധി, അസൂയ, ക്ഷമ, ബലം, ശൗര്യം, ദമം, രോഷം, വ്യായാമം, കലഹം, ഈര്‍ഷ്യ, ഏഷണി, രണം, മമത്വം, സംരക്ഷണം, വധം, ബന്ധം, പരിക്ലേശം, വാങ്ങല്‍ വില്ക്കല്‍, അറക്കുക, വെട്ടുക, കീറുക, പരമര്‍മ്മം പിളര്‍ക്കുക, ഉഗ്രഭയങ്കരത, ക്രൂരത, ആക്രോശം, പരന്മാരുടെ ഛിദ്രം, അനുശാസ്യം, ലോകചിന്ത, അനുചിന്ത, മത്സരം, അന്യന്റെ തെറ്റിനെ ചൂണ്ടിക്കാണിക്കല്‍, കാത്തു കൊള്ളല്‍, പാഴായ വാദം, പാഴായ ദാനം, വികല്പം, ധിക്കരിക്കല്‍, നിന്ദ, സ്തുതി, പ്രശംസ, പ്രതാപം, ആക്രമം, ശുശ്രൂഷ, പരിചര്യ, സേവ, തൃഷ്ണ, വ്യപാശ്രയം, കൂട്ടം, നയം, തെറ്റ്‌, കുറ്റം പറയല്‍, പരിഗ്രഹം, ലോകത്തില്‍ പലതായി വേറെ നില്ക്കുന്ന സംസാരമേല്ക്കല്‍, ഗൃഹം, ദ്രവ്യം എന്നിവയില്‍ വലിയ സന്തോഷവും അവയില്‍ അവിശ്വാസവും, വ്രതങ്ങള്‍, നിയമങ്ങള്‍, ആശിസ്സോടു കൂടിയ കര്‍മ്മങ്ങള്‍, പലമാതിരി പൂര്‍ത്തങ്ങള്‍, സ്വാഹാകാരം, നമസ്‌കാരം, സ്വധാകാരം, വഷള്‍ക്കാരം, യജിപ്പിക്കുക, പഠിപ്പിക്കുക, യജിക്കുക, പഠിക്കുക, ദാനം കൊടുക്കല്‍, വാങ്ങിക്കല്‍, പ്രായശ്ചിത്തങ്ങള്‍, മംഗളം, "ഇതെനിക്ക്‌ ഇതെനിക്ക്‌ എന്നുള്ള സ്നേഹം", ഗുണസമുല്‍ഭവം, അഭിദ്രോഹം, മായ, ചതി, മാനം, ചൗര്യം, ഹിംസ, ജുഗുപ്സ, പരിതാപം, പ്രജാഗരം, ഛലം, ദര്‍പ്പം, രാഗം, ഭക്തി, പ്രീതി, പ്രമോദനം, ചൂത്‌, ജനവാദം, സ്ത്രീസംബന്ധങ്ങള്‍, ആട്ടം, കൊട്ട്‌, പാട്ട്‌, പ്രസംഗങ്ങള്‍, ഈ പറഞ്ഞവയൊക്കെ അല്ലയോ വിപ്രന്മാരെ രാജസമാണ്‌. ഭൂമിയില്‍ ഭൂതഭവ്യഭവന്‍, ഭാവങ്ങളുടെ ഭാവന, ത്രിവര്‍ഗ്ഗപരമായി ധര്‍മ്മാര്‍ത്ഥ കാമങ്ങളെ പറ്റിയുള്ള ചിന്ത എന്നിവ രജോഗുണത്തെ പോഷിപ്പിക്കുന്നു. ഈ മര്‍ത്തൃരുടെ ജന്മം അധോഗതിയായി ഭവിക്കുന്നു. വീണ്ടും വീണ്ടും ജനിച്ച്‌ സുഖാനുഭവത്തില്‍ തന്നെ മുഴുകുന്നു. അവര്‍ പരലോകത്തില്‍ ഇച്ഛിക്കുന്നത്‌ ഇഹലോഹകത്തിലും ഇച്ഛിക്കുന്നു. അവര്‍ ദാനം നല്കുന്നു, ദാനം വാങ്ങുന്നു, പിതൃക്കളെ തര്‍പ്പിക്കുന്നു, അഗ്നിയില്‍ ഹോമിക്കുന്നു. ഇങ്ങനെ രജോഗുണത്തിന്റെ രൂപം പല വിധമുള്ളത്‌ ഞാന്‍ പറഞ്ഞു. ഗുണങ്ങളുടെ പ്രവൃത്തിയും ഞാന്‍ ശരിക്കു പറഞ്ഞു. ഇപ്രകാരം ഗുണങ്ങള്‍ ആരറിയുന്നുവോ അവനില്‍ നിന്നു രജോഗുണം മുഴുവനും ഒഴിഞ്ഞു പോകുന്നതാണ്‌.

38. ഗുരുശിഷ്യസംവാദം - സത്വഗുണനിരൂപണം - ബ്രഹ്മാവ്‌ പറഞ്ഞു: ഇനി ഞാന്‍ മൂന്നാമത്തെ ഉത്തമമായ സത്വഗുണത്തെപ്പറ്റി പറയാം. അത്‌ സര്‍വ്വഭൂതങ്ങള്‍ക്കും ഹിതമായിട്ടുള്ളതും, ലോകത്തില്‍ മഹത്തായ ധര്‍മ്മവും ആക്ഷേപാര്‍ഹമല്ലാത്തതുമാണ്‌. ആനന്ദം, പ്രീതി, ഉദ്രേകം ,തെളിവ്‌, സുഖം, അകാര്‍പ്പണ്യം, അസംരംഭം, സംതൃപ്തി, ശ്രദ്ധ, ക്ഷമ, ധൈര്യം, അഹിംസ, സമത്വം, സത്യം, ആര്‍ജ്ജവം, ക്രോധം, അസൂയയില്ലായ്മ, ശൗചം, ദാക്ഷ്യം, പരാക്രമം, വെറും ജ്ഞാനം, വെറും വൃത്തി, വെറും സേവ, വെറും ശ്രമം, ഇപ്രകാരം പല കര്‍മ്മങ്ങളും ഉള്ളവന്‍ പരമമായ ആനന്ദത്തെ അനുഭവിക്കുന്നതാണ്‌. നിര്‍മ്മമന്‍, നിരഹങ്കാരന്‍, നിരാശിസ്സ്‌, എല്ലാറ്റിലും സമചിത്തത, അകാമന്‍ ഇങ്ങനെയുള്ളത്‌ സനാതനമായ സാധുധര്‍മ്മമാണ്‌. വിസ്രംഭം, ഹ്രീ, തിതിക്ഷ, ത്യാഗം, ശൗചം, അതന്ദ്രിത, ആനൃശംസ്യം, അസമ്മോഹം, എല്ലായിടത്തും ദയ, അപൈശുനം, തുഷ്ടി, ഹര്‍ഷം, വിസ്മയം,വിനയം, സാധുവൃത്തി, ശാന്തികര്‍മ്മങ്ങളില്‍ ശുദ്ധി, ശുഭബുദ്ധി, വിമുക്തി, ഔദാസീന്യം, ബ്രഹ്മചര്യം, ത്യാഗം, നിര്‍മ്മമത്വം, ആഗ്രഹമില്ലായ്മ, ധര്‍മ്മക്കെട്ട്‌ വിടാതിരിക്കുക, വെറും ദാനം, വെറും യജ്ഞം, വെറും മുറ, വെറും വ്രതം, വെറും പ്രതിഗ്രഹം, വെറും ധര്‍മ്മം, വെറും തപം ഇപ്രകാരം ഉള്ളവരാണ്‌ ലോകത്തില്‍ തത്ത്വസംശ്രയന്മാര്‍. ബ്രഹ്മയോനികളും, ധീരന്മാരും, സാധുദര്‍ശികളുമാണ്‌ ബ്രാഹ്മണര്‍. സര്‍വ്വപാപങ്ങളും വിട്ട്‌ ശോകം അറ്റ ധീരന്മാരായ മര്‍ത്തൃര്‍ വിണ്ണിലെത്തി മൂര്‍ത്തികള്‍ എടുക്കുന്നു. ഈശിത്വം, വശിത്വം, മനസ്സിന് ലഘുത്വം എന്നിവ മാറി മഹാത്മാക്കള്‍ വിണ്ണില്‍ ദേവകള്‍ പോലെ ഏല്ക്കും. അവര്‍ മേൽപോട്ട്‌ ഒഴുകുന്നവരാണ്‌. പുരോഗതി മുകളിലേക്കുമുള്ളവരാണ്‌ അവര്‍. അവര്‍ വിണ്ണിലെത്തി ദേവകളായി വികാരത്തെ പ്രാപിക്കുന്നു. പ്രകൃത്യാ മാറ്റത്തെ പ്രാപിക്കുന്നു. അവര്‍ എന്ത്‌ ഇച്ഛിക്കുന്നുവോ,അതൊക്കെ അവര്‍ നേടുന്നു; ദാനം ചെയ്യുകയും ചെയ്യുന്നു. ഇതാണ്‌ സാത്വികമായ വൃത്തം. ദ്വിജമുഖ്യന്മാരേ, അത്‌ ഞാന്‍ നിങ്ങളോടു പറഞ്ഞു. ഇത്‌ അറിഞ്ഞാല്‍ മുറയ്ക്ക്‌ ഇച്ഛിക്കുന്നതൊക്കെ നേടും. ഇങ്ങനെ സത്വഗുണം ഞാന്‍ വിശേഷമായി വിവരിച്ചു. ശരിക്ക്‌ ഗുണപ്രവൃത്തികളും പറഞ്ഞു. ഇപ്രകാരം ഗുണങ്ങള്‍ ആരറിയുന്നവോ, അവന്‍ ഗുണങ്ങളെ അനുഭവിക്കുന്നതാണ്‌. എന്നാല്‍ ഗുണങ്ങളില്‍ അവന്‍ ലിപ്തനാവുകയില്ല.

39. ഗുരുശിഷ്യസംവാദം ഗുണത്രയനിരൂപണം - ത്രിഗുണങ്ങൾ സകല ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്നു - ബ്രഹ്മാവ്‌ പറഞ്ഞു; എല്ലാ ഗുണങ്ങളെയും വ്യക്തമായി വേറെ വേറെ തിരിച്ച്‌ പറയുവാന്‍ സാദ്ധ്യമല്ല. സത്വം,രജസ്സ്‌, തമസ്സ്‌ എന്നീ മൂന്നു ഗുണങ്ങളും മിശ്രമായിട്ടാണ് കാണുന്നത്‌. അവ തമ്മില്‍ത്തമ്മില്‍ ചേര്‍ന്നു കിടക്കുന്നു. അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. അവ തമ്മില്‍ ആശ്രയിക്കപ്പെട്ടിരിക്കുന്നു. അവ തമ്മില്‍ രക്ഷപ്രാപിച്ചിരിക്കുന്നു. രജസ്സുള്ള കാലത്തോളം അതിനെ തമസ്സും അനുധാവനം ചെയ്യുന്നു. അവ കൂടിക്കലര്‍ന്ന്‌ നടത്തുകയും തമ്മില്‍ കൂടിച്ചേര്‍ന്ന്‌ ഒരു കൂട്ടായി നടക്കുകയും ചെയ്യുന്നു. ഹേതു ഉണ്ടായിട്ടും ഇല്ലാതേയും അവ കൂടിച്ചേര്‍ന്നാണ്‌ നില്ക്കുന്നതും. തമ്മില്‍ കലര്‍ന്ന്‌ ഒന്നിച്ചു ചേര്‍ന്ന്‌ ബോധവൃത്തി ഇല്ലാത്ത അവയ്ക്ക്‌ ഉളള കുറവും കുറവില്ലായ്മയും ഞാന്‍ ഇനി ശരിക്കും വിവരിക്കാം.

തിര്യക് ഭാവം പ്രാപിച്ച തമസ്സ്‌ എവിടെയാണോ വര്‍ദ്ധിച്ചു നില്ക്കുന്നത്‌ അവിടെ അല്പം രജസ്സ്‌ ഉണ്ടെന്നു ചിന്തിക്കുക. സത്വഗുണം വളരെ കുറച്ചേ അതില്‍ക്കാണൂ.

മദ്ധ്യസ്രോതസ്സ്‌ പ്രാപിച്ച രജസ്സ്‌ എവിടെയാണോ, വര്‍ദ്ധിച്ചു നില്ക്കുന്നത്‌ അവിടെ അല്പം തമസ്സുണ്ടെന്ന്‌ വിചാരിക്കുക. സത്വം അവിടെ വളരെ കുറച്ചേ ഉണ്ടായിരിക്കൂ.

ഊര്‍ദ്ധ്വസ്രോതസ്സിലെത്തിയ സത്വം എവിടെ വര്‍ദ്ധിച്ചു നില്ക്കുന്നുവോ, അവിടെ അല്പമായി തമസ്സുണ്ടാകും. എന്നാല്‍ രജസ്സ്‌ അവിടെ ഏറ്റവും കുറച്ചേ ഉണ്ടാകയുള്ളു. സത്വം വൈകാരികീയോനിയാണ്‌. അത്‌ ഇന്ദ്രിയക്കാഴ്ചയെ നല്കുന്നു. സത്വത്തേക്കാള്‍ മേലെയായി യാതൊരു ധര്‍മ്മവുമില്ല. സത്വസ്ഥര്‍ മേൽപോട്ടു ചെല്ലുകയും നടുക്കായി രാജസര്‍ നില്ക്കുകയും ചെയ്യുന്നു. താഴ്‌ന്ന ഗുണമുള്ളവരായ താമസന്മാര്‍ താഴോട്ടും പോകുന്നു. തമസ്സ്‌ ശൂദ്രനിലും, രജസ്സ്‌ ക്ഷത്രിയനിലും, ഉത്തമമായ സത്വം ബ്രാഹ്മണനിലും വര്‍ത്തിക്കുന്നു. ഇങ്ങനെ മൂന്നു വര്‍ണ്ണത്തില്‍ മൂന്നു ഗുണങ്ങളും വര്‍ത്തിക്കുന്നു. അവ കൂട്ടുചേര്‍ന്നു കൂട്ടമായി ദൂരത്തു സത്വരജസ്സ്തമോഗുണങ്ങള്‍ ചേര്‍ന്ന്‌ ഒന്നായി ജൃംഭിച്ച്‌ ദൂരത്തു നിന്നു കാണാന്‍ കഴിയുന്നുണ്ട്‌. അങ്ങനെ രജസ്സും, തമസ്സും,സത്വവും വെവ്വേറെ കൂട്ടമായും കാണപ്പെടുന്നുണ്ടെന്ന്‌ നാം കേള്‍ക്കുന്നു.

സൂര്യന്‍ ഉദിക്കുന്നതു കണ്ടാല്‍ കുചരന്മാര്‍ക്ക്‌ (കള്ളന്മാര്‍ക്ക്‌ ദൂര്‍മ്മാര്‍ഗ്ഗികള്‍ക്ക്‌) ഭയമായി. ഉഷ്ണമായാല്‍ വഴിയാത്രക്കാര്‍ തപിക്കുകയായി. അവര്‍ക്ക്‌ സൂര്യാതപം ദുഃഖംഉണ്ടാക്കുന്നു. വര്‍ദ്ധിച്ച സത്വമാണ്‌ ആദിത്യന്‍. വര്‍ദ്ധിച്ച തമസ്സിന്‌ മാതൃകയാണ്‌ കള്ളന്മാര്‍. വഴിപോക്കര്‍ക്കുള്ള താപമാണ്‌ വര്‍ദ്ധിച്ച രജോഗുണം. തെളിഞ്ഞ സത്വമാണ്‌ ആദിത്യന്‍. ചൂടാണ്‌ രജോഗുണം. പര്‍വ്വങ്ങളിലുള്ള നിഴലാണ്‌ തമസ്സ്‌. ഇപ്രകാരം എല്ലാ പ്രകാശ ഗ്രഹങ്ങളിലും മുന്നു ഗുണത്തെയും കാണാം. ഇത്‌ അതാതു വസ്തുക്കളില്‍ മാറിമാറി അതാതു വിധം വര്‍ത്തിക്കുന്നു. എല്ലാ അചരവസ്തുക്കളിലും ഈ ഗുണങ്ങള്‍ മാറിമാറി വരും. കയ്പ്‌, എരിവ്‌, മധുരം ഇവ മൂന്നും തമസ്സ്‌, രജസ്സ്‌, സത്വം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. പാകപ്പെടുത്തുമ്പോള്‍ രസഭേദവും വന്നുചേരും. അങ്ങനെ തിര്യക്ഭാവം പുണ്ട തമസ്സ്‌ സ്ഥിരങ്ങളിലുണ്ട്‌. രാജസങ്ങള്‍ അവയില്‍ തിരിയുന്നു. സ്നേഹഭാവം സാത്വികമാണ്‌.

പകല്‍ മൂന്നു ഭാഗമാണ്‌. രാത്രിയും അതുപോലെ മുന്നായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം തന്നെയാണ്‌ പക്ഷങ്ങളും, മാസങ്ങളും, വത്സരവും, ഋതുക്കളും, സന്ധികളും. ദാനങ്ങള്‍ മൂന്നുവിധം ചെയ്യുന്നു. യജ്ഞങ്ങള്‍ മൂന്നുവിധം ചെയ്യുന്നു. മൂന്നുവേദം, മൂന്നുലോകം, മൂന്നുവിധം വിദൃകള്‍, ഭൂതം,വര്‍ത്തമാനം, ഭാവി ഇങ്ങനെ മൂന്നുവിധം കാലം, ധര്‍മ്മം,അര്‍ത്ഥം, കാമം, ഇവ മൂന്നും, പ്രാണന്‍, അപാനന്‍, ഉദാനന്‍ ഇങ്ങനെ മൂന്നു ഗുണങ്ങള്‍. ഇവ അതാതു വിധമായി അതാതിടത്തില്‍ വര്‍ത്തിക്കുന്നു. ഇങ്ങനെ ഈ ലോകത്തിലുള്ളതെല്ലാം ത്രിഗുണാത്മകമാണ്‌.

40. ഗുരുശിഷ്യസംവാദം മഹത്ത്വനിരൂപണം - മഹത്വമെന്ന പേരിനാൽ വ്യവഹരിക്കപ്പെടുന്ന ആത്മാവിനെപ്പറ്റിയുള്ള നിരൂപണം - ബ്രഹ്മാവ്‌ പറഞ്ഞു: അവ്യക്തത്തില്‍ നിന്ന്‌ ആദ്യമായി മഹാമതിയായ മഹാന്‍, ആത്മാവ്‌ ഉണ്ടായി. എല്ലാ ഗുണങ്ങള്‍ക്കും ആദ്യനായ അവന്‍ ഒന്നാമത്തെ സൃഷ്ടിയാണ്‌ എന്നു പറയപ്പെടുന്നു. മഹാന്‍ ആത്മാമതീ, വിഷ്ണു, ജിഷ്ണു, ശംഭു, വീര്യവാന്‍, ബുദ്ധി, പ്രജ്ഞ, ഉപലബ്ധി, കീര്‍ത്തി, ധൃതി, സ്മൃതി ഇങ്ങനെ മഹാനായ ആത്മാവിനെ പര്യായപദങ്ങള്‍ കൊണ്ട്‌ അറിയപ്പെടുന്നു. അവനെക്കാണുന്നവനായ വിദ്വാന്‍,ബ്രഹ്മജ്ഞന്‍, മോഹത്തെ പ്രാപിക്കുന്നതല്ല. എല്ലായിടത്തും കൈകളും, എല്ലായിടത്തും കാലുകളും, എല്ലായിടത്തും കണ്ണുകളും, എല്ലായിടത്തും തലകളും, എല്ലായിടത്തും ചെവികളുമായി, എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്നവനും, മഹാപ്രഭാവനുമായ ആ പുരുഷന്‍ എല്ലാറ്റിന്റെയും ഹൃത്തില്‍ വസിക്കുന്നു. അണിമാ, ലഘിമാ, പ്രാപ്തി, ജ്യോതിസ്സ്‌, ഈശാനന്‍, അവ്യയന്‍ എന്നിങ്ങനെ വിളങ്ങുന്ന അവനില്‍ ബുദ്ധി ചേര്‍ന്നവരായ ലോകര്‍, സല്‍ഭാവത്തോടു കൂടിയവര്‍, അവനെ ധ്യാനിക്കുന്നവര്‍, നിത്യയോഗികള്‍, സത്യസന്ധര്‍, ജിതേന്ദ്രിയന്മാര്‍, ജഞാനവാന്മാര്‍, ലോഭം വിട്ടവര്‍,കോപം ജയിച്ചവര്‍, പ്രസന്നചിത്തന്മാര്‍, ധീരന്മാര്‍, നിരഹങ്കാരികള്‍, നിര്‍മ്മമന്മാര്‍, വിമുക്തന്മാര്‍, ഇവരെല്ലാം മഹത്ത്വത്തെ നേടും. മഹാനായ ആത്മാവിന്റെ പുണ്യമായ സല്‍ഗതിയെ കണ്ടതു കൊണ്ട്‌ അവര്‍ മഹത്ത്വത്തെ പ്രാപിക്കുന്നു.

അഹങ്കാരപ്രസൂതങ്ങളായ അഞ്ചു മഹാഭൂതങ്ങള്‍ ഭൂമി, വായു, ആകാശം, ജലം, ജ്യോതിസ്സ്‌ ഇവയാണ്‌. ഈ ഭൂതങ്ങള്‍ അഞ്ചും ഭൂതങ്ങളിലും ചേര്‍ന്നു നില്ക്കുന്നു. അവ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഇവയുടെ പ്രവൃത്തിയില്‍ ചേര്‍ന്നു നില്ക്കുന്നു. മഹാഭൂതങ്ങളുടെ വിനാശത്തില്‍ പ്രളയം വരുമ്പോള്‍ അല്ലയോ ധീരന്മാരേ, ജീവികള്‍ക്കെല്ലാം മഹത്തായ ഭയം വന്നുചേരും. പിന്നെ ലോകത്തില്‍ ആ വീരന്‍ ഒരിക്കലും മോഹത്തില്‍പ്പെടുന്നതല്ല. ആദിസര്‍ഗ്ഗത്തില്‍ വിഷ്ണു തന്നെയാണ്‌ സ്വയംഭൂവായി വരുന്ന പ്രഭു. ഇപ്രകാരം പരനും പുരാണനും വിശ്വരൂപനും, ഹിരണ്‍മയനും, ഗുഹയില്‍ ശയിക്കുന്നവനും എല്ലാവരുടെയും പരമമായ പദവുമായി ആര് കാണുന്നുവോ, അവനാണ്‌ ബുദ്ധിമാന്‍. അവന്റെ ബുദ്ധി സര്‍വ്വോപരി പ്രശോഭിക്കുന്നു.

41. ഗുരുശിഷ്യസംവാദം - അഹങ്കാരത്വനിരൂപണം - ബ്രഹ്മാവു പറഞ്ഞു: ആദ്യമായി ഉണ്ടായതാണല്ലോ മഹത്‌. അവന്‍ രണ്ടാമത്തെ സൃഷ്ടിയായി അഹം (ഞാന്‍), ആയി പുറപ്പെട്ടപ്പോള്‍ അവന്‍ രണ്ടാമത്തെ സൃഷ്ടിയായി. ആ അഹങ്കാരത്തില്‍നിന്നാണ്‌ എല്ലാ ജീവികളുടെയും ഉത്ഭവം. എന്തുകൊണ്ടെന്നാല്‍ അതില്‍ നിന്നു വികാരഭേദം പ്രാപിച്ചവയാണ്‌ എല്ലാം.

ശുദ്ധമായ തേജസ്സാണ്‌ ചേതനയുടെ അവലംബം. ദേവൗഘപ്രഭവനായ ദേവന്‍ പ്രജാപതി മനസ്സു കൊണ്ട്‌ വിചിത്രമായ വിശ്വം സൃഷ്ടിച്ചു. മൂന്നു ലോകവും സൃഷ്ടിച്ചു. അവന്‍ തന്നെത്താനെ ഇതെല്ലാം ഞാന്‍ തന്നെ എന്ന്‌ അഭിമാനിക്കുന്നു. അദ്ധ്യാത്മജ്ഞാന സംതൃപ്തരായ ഭവിതാത്മ മഹര്‍ഷികള്‍ക്ക്‌ സ്വാദ്ധ്യായ ക്രതുസിദ്ധന്മാര്‍ക്ക്‌ ഇവന്‍ സനാതനമായ ലോകമാകുന്നു. അഹങ്കാരം കൊണ്ട്‌ പെടുന്ന ഗുണങ്ങളെ ഭൂതാദിയായ ആ ഭൂതകരന്‍ ചമയ്ക്കുന്നു. എല്ലാം അവനില്‍ നിന്നുത്ഭവിക്കുന്നു. എല്ലാറ്റിനേയും അവന്‍ സൃഷ്ടിക്കുന്നു. അവന്‍ എല്ലാ പരിണാമങ്ങള്‍ക്കും കാരണമാകുന്നു. അവന്‍ എല്ലാറ്റിനെയും ചലിപ്പിക്കുന്നു. അവന്‍ സ്വതേജസ്സാല്‍ വിശ്വത്തെ പ്രശോഭിപ്പിക്കുന്നു.

42. ഗുരുശിഷ്യസംവാദം - അദ്ധ്യാത്മവിവേചനം സൃഷ്ടിക്രമവിവരണം - ബ്രഹ്മാവു പറഞ്ഞു: അഹകങ്കാരത്തില്‍ നിന്ന്‌ അഞ്ചു മഹാഭൂതങ്ങളും ജനിക്കുന്നു. പൃഥ്വി, അപ്പ്‌ (ജലം), അഗ്നി, വായു, ആകാശം ഇവയഞ്ചുമാണ്‌ മഹാഭൂതങ്ങള്‍. എല്ലാ ഭൂതങ്ങളും ഈ പറഞ്ഞ അഞ്ചു മഹാഭൂതങ്ങളില്‍ ശബ്ദം, സ്പര്‍ശം, രസം, ഗന്ധം, രൂപം എന്ന ഈ പ്രവൃത്തിയില്‍ മോഹിച്ചു പോകുന്നു. മഹാഭൂതങ്ങളുടെ വിനാശത്തില്‍ പ്രളയം വരുമ്പോള്‍ അല്ലയോ ധീരന്മാരേ, ജീവികള്‍ക്കെല്ലാം മഹത്തായ ഭയം വന്നു ഭവിക്കും. ഏതു ഭൂതത്തില്‍ നിന്ന്‌, ഏത്‌ ആദിയില്‍ സൃഷ്ടിക്കപ്പെട്ടുവോ, അത്‌ ആ ഭൂതത്തില്‍ത്തന്നെ ലയിക്കുന്നതാണ്‌. അങ്ങനെ മേല്‍ക്കുമേല്‍ പ്രതിലോലമായി ( പിന്നോക്കമടിച്ച്‌ ) ഓരോന്നും മറ്റതില്‍ ക്രമപ്രകാരം ലയിച്ചു പോകും. അങ്ങനെഎല്ലാ ചരാചരജഗത്തും ലയിക്കുമ്പോള്‍ ഓര്‍മ്മയുള്ള ധീരന്മാര്‍ മാത്രം ലയിക്കാതെ നില്ക്കും. ശബ്ദം, സ്പര്‍ശം, നിറം, സ്വാദ്‌, ഗന്ധം, ഇവയഞ്ചും ക്രിയ നില്ക്കുന്ന കാരണത്താല്‍ അവ അനിത്യമാണ്‌. മോഹം എന്ന്‌ അവയ്ക്ക്‌ പേര്‌ പറയും. ഫലകാമത്താല്‍ ജനിപ്പിക്കപ്പെട്ടവയും പരസ്പരം വ്യത്യാസമില്ലാത്തവയും, യഥാര്‍ത്ഥത്തില്‍ അകിഞ്ചനരും മാംസശോണിതജാതന്മാരും, പരസ്പരം ആശ്രിതരും, ആത്മാവിന് പുറത്ത്‌ ചരിക്കുന്നവരുമായ ഇവയെല്ലാം നിരാശ്രയരും ശക്തിഹീനരുമാണ്‌. പ്രാണന്‍, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ ഈ അഞ്ചു വായുക്കളും എല്ലായ്പോഴും ജീവനുമായി (അന്തരാത്മാവുമായി) അടുത്തു ബന്ധപ്പെട്ടവരാണ്‌. വാക്ക്‌, മനസ്സ്‌, ബുദ്ധി എന്നിവയോടു ചേര്‍ന്ന്‌, ഈ ലോകത്തെ എട്ടു ധാതുക്കളോടു ചേര്‍ത്തു ഘടിപ്പിച്ചിരിക്കുന്നു.

ത്വക്കും, മൂക്കും, ദൃക്കും, ചെവിയും, നാവും, വാക്കും,അടക്കുകയും, ശുദ്ധമായ മനസ്സും തെറ്റിപ്പോകാത്ത ബുദ്ധിയും ആര്‍ക്കുണ്ടോ, ഈ എട്ടഗ്നികള്‍ ആരുടെ മനസ്സിനെ ദഹിപ്പിക്കാതിരിക്കുന്നുവോ, അവന്‍ ശുഭമായ ബ്രഹ്മത്തെ പ്രാപിക്കുന്നതാണ്‌. ആ ബ്രഹ്മത്തിലും അപ്പുറമായി മറ്റൊന്നുമില്ല.

ഇനി പതിനൊന്ന്‌ ഇന്ദ്രിയങ്ങളെപ്പറ്റി പറയുന്നുണ്ടല്ലോ. അതും ഞാന്‍ വിശദമാക്കാം ദ്വിജേന്ദ്രന്മാരേ! ശ്രോത്രം, ത്വക്ക്‌, ദൃക്ക്‌, നാക്ക്‌, മൂക്ക്‌, ഇങ്ങനെ അഞ്ചിന്ദ്രിയങ്ങള്‍. കാല്‌, ഉപസ്ഥം, ഗുദം, കൈ, വാക്ക്‌ ഇവയഞ്ചും കൂടുമ്പോള്‍ പത്തെണ്ണമായി. പതിനൊന്നാമത്തേതായി മനസ്സും. ആദ്യമായി ഈപ തിനൊന്ന്‌ ഇന്ദ്രിയ ഗ്രാമത്തെ (ഇന്ദ്രിയ സമൂഹങ്ങളെ) ജയിക്കണം. അവയെ ജയിച്ചു കഴിഞ്ഞാല്‍ അവനില്‍ ബ്രഹ്മം തെളിയുന്നതാണ്‌. ഈ പത്ത്‌ ഇന്ദ്രിയങ്ങള്‍ പറഞ്ഞവയില്‍ ആദ്യത്തെ അഞ്ചെണ്ണം ജ്ഞാനേന്ദ്രിയങ്ങളും, പിന്നത്തെ അഞ്ചെണ്ണം കര്‍മ്മേന്ദ്രിയങ്ങളുമാണ്‌. ശ്രോത്രം തുടങ്ങിയവ അഞ്ചും ജ്ഞാനവുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. മറ്റേ അഞ്ചും കര്‍മ്മവുമായിട്ടാണ്‌ ബന്ധപ്പെട്ടു നില്ക്കുന്നത്‌. അതില്‍ വൃത്യാസമില്ല. മനസ്സ്‌ രണ്ടു വകുപ്പില്‍പ്പെട്ടവയുമായി ബന്ധപ്പെട്ടു നില്ക്കുന്നു. ബുദ്ധി എല്ലാറ്റിനും ഉപരിയായി പന്ത്രണ്ടാമതായി നില്ക്കുന്നു. ഇങ്ങനെ ഇന്ദ്രിയങ്ങളെ പതിനൊന്നിനെയും ഞാന്‍ യഥാക്രമം വിവരിച്ചുവല്ലോ. ഇപ്രകാരം ഇവയെ അറിഞ്ഞു കഴിഞ്ഞാല്‍ ആ വിദ്വാന്‍ കൃതകൃത്യനായി എന്നഭിമാനിക്കാം. ഇനി പലമാതിരിയുള്ള ഇന്ദ്രിയത്തെപ്പറ്റിപറയാം.

ആകാശം ഒന്നാമത്തെ ഭൂതം, ശ്രോത്രം അദ്ധ്യാത്മമാണ്‌, അത്‌ ആത്മാവുമായി ബന്ധപ്പെട്ട്‌ ചെവി എന്നറിയപ്പെടുന്നു, വസ്തുക്കളുമായി ബന്ധപ്പെട്ട്‌ ശബ്ദമായി കേള്‍ക്കുന്നു, ദിക്കുകള്‍ അതിന്റെ അധിദൈവതമാണ്‌ ( അതിന്റെ ദേവതയാണ്‌ ). വായു രണ്ടാമത്തെ ഭൂതമാണ്‌, ത്വക്ക്‌ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിന്റെ അധിഭൂതം സ്പർശമാണ്‌. അതിന്റെ അധിദൈവതം വിദ്യുത്താണ്‌. ജ്യോതിസ്സ്‌ മൂന്നാമത്തെ ഭൂതമാണ്‌, ചക്ഷുസ്സ്‌ അദ്ധ്യാത്മമാണ്‌. രൂപം അധിഭൂതമാണ്‌; സുര്യന്‍ അതിന്റെ അധിദൈവമാണ്‌. നാലാമത്തേത്‌ ജലമാണ്‌. അതില്‍ നാക്ക്‌ അദ്ധ്യാത്മമാണ്‌. അധിഭൂതം രസമാണ്‌, അതിന്റെ ദൈവതം സോമനാണ്‌. അഞ്ചാമത്തെ ഭൂതം ഭൂമിയാണ്‌, മുക്ക്‌ അദ്ധ്യാത്മമാണ്‌, അധിഭൂതം ഗന്ധമാണ്‌, അതിന്റെ അധിദൈവതം വായുവാകുന്നു. ഈ അഞ്ചു ഭൂതങ്ങളിലും മുമ്മൂന്ന്‌ ഇനമായി ഇങ്ങനെ തിരിച്ചിരിക്കുന്നു.

ഇനി പലമാതിരി ഇന്ദ്രിയത്തെപ്പറ്റി പറയുന്നു. കാലുകള്‍ അദ്ധ്യാത്മമാണ്‌. വിപ്രന്മാര്‍ തത്ത്വദര്‍ശികളാണ്‌, പോകുന്ന ഇടം അധിഭൂതമാണ്‌, വിഷ്ണു അതിന്റെ അധിദൈവതമാണ്‌. കീഴെ പോകുന്നത്‌ അപാനനാണ്‌, അദ്ധ്യാത്മം ഗുദമാണ്‌, അധിഭൂതം വിസര്‍ഗ്ഗമാണ്‌, മിത്രന്‍ അതിന്റെ അധിദൈവതമാണ്‌. സര്‍വ്വഭൂതോത്ഭവമായ ഉപസ്ഥം അദ്ധ്യാത്മമാണ്‌, അധിഭൂതം ശുക്ലമാണ്‌, അതിന്റെ വിധിദൈവം പ്രജാപതിയാണ്‌. അദ്ധ്യാത്മജ്ഞാനികളായ ജനങ്ങള്‍ പറയുന്നു കൈകള്‍ അദ്ധ്യാത്മമാണെന്ന്‌. അധിഭൂതം കര്‍മ്മജാലങ്ങളാണ്‌, ശക്രനാണ്‌ അതിന്റെ അധിദൈവം.

പഞ്ചഭൂതാത്മ സഞ്ചാരിയായ മനസ്സ്‌ അദ്ധ്യാത്മമാണ്‌, അധിഭൂതം സങ്കല്പമാണ്‌. അതിന്റെ അധിദൈവതം ചന്ദ്രനാണ്‌. സര്‍വ്വസംസാരകാരകമായ അഹങ്കാരം അദ്ധ്യാത്മമാണ്‌, അധിഭൂതം അഭിമാനമാണ്‌, അതിന്റെ അധിദൈവതം രുദ്രനാണ്‌. ആറ്‌ ഇന്ദ്രിയങ്ങളേയും നടത്തിക്കുന്ന ബുദ്ധി അദ്ധ്യാത്മമാണ്‌, അധിഭൂതം ജേഞയമാണ്‌, അതിന്റെ അധിദൈവതം ബ്രഹ്മാവാകുന്നു. ഭൂതങ്ങള്‍ക്ക്‌ മൂന്നു നിലയാണ്‌. നാലാമതായി ഒരു നിലയുമില്ല. സ്ഥലം, ജലം, വ്യോമം ഇവയാണ്‌ അവ. ജന്മം നാലു വിധത്തിലാണ്‌. അണ്ഡജം, ഉല്‍ഭിജം, സ്വേദജം, ജരായുജം ഇങ്ങനെ നാലു വിധത്തിലാണ്‌ ജീവികള്‍ ജനിക്കുന്നത്‌. മറ്റു ജീവികളും, ഖേചരങ്ങളും ഇപ്രകാരം തന്നെയാണ്‌. ഇഴജന്തുക്കള്‍ അണ്ഡജങ്ങളാണ്‌. കൃമികളും, അപ്രകാരമുള്ള ജന്തുക്കളും യഥാക്രമം സ്വേദജങ്ങളാണ്‌. ഇത്‌ ഒരു രണ്ടാം ജന്മമാണ്‌. അത്‌ ഒരു താഴ്‌ന്ന ജന്മമാണ്‌. കാലമാറ്റത്തില്‍ ഭൂമി പിളര്‍ന്നുണ്ടാകുന്നവ ഉല്‍ഭിജങ്ങള്‍ എന്നറിയപ്പെടുന്നു മുനിമുഖ്യന്മാരേ!

രണ്ടു കാലുള്ള ജീവികളും, വളരെ കാലുള്ളവയും തിര്യക് ഗതിയുള്ളവയും, ജരായുജങ്ങളായ ജീവികളാണ്‌. അവയില്‍ ചിലവ വികൃതങ്ങളായിക്കാണപ്പെടുന്നു. ശാശ്വതമായ ബ്രഹ്മയോനികളായവര്‍ രണ്ടു വിധമുണ്ട്‌. അതു തപസ്സുള്ളവരും, പുണ്യകര്‍മ്മമുള്ളവരുമായി രണ്ടു വിധമാണ്‌ എന്നു ബുധന്മാര്‍ പറയുന്നു. കര്‍മ്മം പലതരത്തിലുണ്ട്‌. യജ്ഞം, യജ്ഞത്തില്‍ ദാനം, ജനിച്ചവര്‍ക്കുള്ള അദ്ധ്യയനം ഇപ്രകാരമാണ്‌ പുണ്യകര്‍മ്മമെന്നു വൃദ്ധന്മാര്‍ അനുശാസിക്കുന്നു. ഇതു നല്ലപോലെ അറിയുന്നവന്‍ യോഗിയാണെന്ന്‌ അല്ലയോ മുനിമുഖ്യരേ, ഗ്രഹിച്ചാലും, അവന്‍ എല്ലാ പാപവും വിട്ടൊഴിഞ്ഞവനുമാണെന്ന്‌ ഗ്രഹിക്കണം. ഇങ്ങനെ ശരിയായ അദ്ധ്യാത്മവിധിയെ ഞാന്‍ നിങ്ങളോടു പറഞ്ഞു. അല്ലയോ ധര്‍മ്മജ്ഞന്മാരെ, ജ്ഞാനികള്‍ക്ക്‌ ഇതില്‍ ജ്ഞാനം ഉദിക്കുന്നതാണ്‌. ഇന്ദ്രിയം, ഇന്ദ്രിയവസ്തുക്കള്‍, അഞ്ചു മഹാഭൂതങ്ങള്‍ ഇവയെല്ലാം കൂടി മനസ്സുകൊണ്ട്‌ ധരിക്കണം. മനസ്സ്‌ ക്ഷയിക്കുകയാണെങ്കില്‍ ജന്മം കൊണ്ടുള്ള സുഖം ഒരിക്കലും ലഭിക്കുന്നതല്ല. ജ്ഞാനസമ്പന്ന സത്വന്മാര്‍ക്ക്‌ ആ സുഖം ബുധസമ്മതമാണ്‌.

ഇനി സൂക്ഷ്മമായ ഭാവം ചെയ്യുന്നതിനെപ്പറയാം. മൃദുവായും, ദാരുണമായുമിരിക്കുന്ന സര്‍വ്വഭൂത നിവൃത്തിയെപ്പറ്റി പറയാം. ഗുണാഗുണങ്ങളില്‍ ലിപ്തനാകാതെ, യാതൊരു ബന്ധത്തിലും പെടാതെ ഒന്നിലും മമതയില്ലാതെ ഏകാന്ത ജീവിയായി, യാതൊന്നിലും ഭേദബുദ്ധിയില്ലാതെ ജീവിക്കുക എന്നതാണ്‌ ബ്രഹ്മപദപ്രാപ്തി, എല്ലാ സുഖങ്ങളുടെയും ഉറവിടമാണത്‌. വിദ്വാന്മാരായ പുരുഷന്മാര്‍ ആമ അംഗങ്ങളെ ചുരുക്കുന്ന മാതിരി കാമത്തെ അടക്കുന്നു. രജസ്സ് വിട്ട്‌ വിമുക്തനായ അവന്‍ എപ്പോഴും സുഖിയാകുന്നു. കാമങ്ങളെല്ലാം അടക്കി, തൃഷ്ണയറ്റവനും, സമാഹിതനുമായ പുരുഷന്‍, സര്‍വ്വഭൂതങ്ങള്‍ക്കും സുഹൃത്തുമായ പുരുഷന്‍ ബ്രഹ്മമായി ഭവിക്കും. വിഷയാര്‍ത്ഥികളായ ഇന്ദ്രിയഗണങ്ങളെയെല്ലാം അടക്കുകയാല്‍, നാടുവിട്ട മുനിക്ക്‌ ആദ്ധ്യാത്മികമായ അഗ്നി തെളിയും. വിറകിനാല്‍ എപ്രകാരമാണോ അഗ്നി വലിയ ജ്യോതിസ്സായി വളരുന്നത്‌ അപ്രകാരം ഇന്ദ്രിയരോധം മൂലം മഹാത്മാവ്‌ തെളിയുന്നതാണ്‌. ആത്മഹൃത്തില്‍ പ്രസന്നാത്മാവ്‌ ഭൂതൗഘത്തെ കാണുമ്പോള്‍ ജ്യോതിസ്സ്‌ സൂക്ഷ്മത്തില്‍ വെച്ച്‌ അത്യുത്തമമായ സൂക്ഷ്മത്തെ സ്വയം പ്രാപിക്കുന്നതാണ്‌.

ശരീരത്തെപ്പറ്റി ചിന്തിക്കുക. അതിന്റെ നിറത്തിന് അഗ്നിയുണ്ട്‌. രക്തത്തിനും മറ്റു നീരിനും ജലമുണ്ട്‌. സ്പര്‍ശത്തിന് വായുവുണ്ട്‌. മാംസത്തിനും എല്ലിനും മറ്റുമായി പൃഥ്വിയുണ്ട്‌. ശബ്ദത്തിന്‌ ആകാശമുണ്ട്‌. രോഗങ്ങളും ശോകങ്ങളും ഉള്ളില്‍ ചേര്‍ന്ന്‌ അഞ്ചു ശ്രോതസ്സുകളോടും ചേര്‍ന്നിരിക്കുന്നു. പഞ്ചഭൂതങ്ങളാല്‍ കെട്ടിയുണ്ടാക്കിയതും ഒമ്പതു വാതിലുകളുള്ളതും രണ്ടു ദൈവതങ്ങള്‍ വസിക്കുന്നതുമാണ്‌ ആ ഗൃഹം (ക്ഷേത്രം). ജീവനും ഈശ്വരനുമാണ്‌ ആ ദൈവതങ്ങള്‍. അതില്‍ നിറയെ രജസ്സാണ്‌. അതിന്റെ ചപലതമൂലം അത്‌ ദുര്‍ദര്‍ശമാണ്‌. അത്‌ മൂന്നു ഗുണങ്ങളാല്‍ (സത്വം, രജസ്സ്‌, തമസ്സ്‌) ഉണ്ടാക്കപ്പെട്ടതാണ്‌. മൂന്നു ധാതുക്കള്‍ (വാതം. പിത്തം, കഫം) കൊണ്ടു ചേര്‍ക്കപ്പെട്ടവയാണ്‌ സന്ദേഹസക്തമാണ്‌. ഈ ജഡം മോഹാകുലമാണ്‌. അത്‌ ഈ ലോകത്തിൽ ദുശ്ചരമാണ്‌. കൊണ്ടു നടക്കുവാന്‍ വിഷമമുള്ളതാണ്‌. അത്‌ സത്വത്തെ ആശ്രയിച്ചു നില്ക്കുന്നു. ഈ ലോകത്തില്‍ ഈ ദേഹമാണ്‌ കാലചക്രമായി തിരിയുന്നത്‌. അതു നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്നു. സംസാരചക്രമായി തിരിഞ്ഞു കൊണ്ടിരിക്കുന്നു. ഈ ദേഹം ഒരു മഹാര്‍ണ്ണവമാണ്‌. ഘോരമായ, അഗാധമായ മോഹമെന്ന് പേരുള്ള ഒരു സമുദ്രമാണത്‌. ഈ ദേഹം തന്നെയാണ്‌ ദേഹികളോടു ചേര്‍ന്ന്‌ ലോകത്തില്‍ സൃഷ്ടിയും, സംഹാരവും, ബോധവും നല്കുന്നത്‌. കാമം, ക്രോധം, ഭയം, ലോഭം,അഭിദ്രോഹം. അനൃതം ഇവയൊക്കെ ദുസ്ത്യജമാണെങ്കിലും ഇന്ദ്രിയങ്ങളെ നിരോധിച്ചാല്‍ തൃജിക്കാവുന്നതാണ്‌. പഞ്ചധാതുക്കള്‍ വെന്നവന്‍ ആരോ, ലോകത്തില്‍ അവന്‌ ആനന്ദത്തെ പ്രാപിക്കുന്ന സ്ഥാനം ലഭിക്കുന്നതാണ്‌. പഞ്ചേന്ദ്രിയങ്ങളാകുന്ന കുത്തനെയുള്ള കരയോടു കൂടിയതും, കാമതാല്‍പര്യങ്ങള്‍ ചേര്‍ന്ന്‌ കുത്തിച്ചാടി ഒഴുകുന്ന മനസ്സാകുന്ന പ്രവാഹമുള്ളതുമായ പുഴ, മോഹമായ കുണ്ടുള്ള പുഴ, നീന്തിക്കടന്ന്‌ കാമക്രോധങ്ങളെ ജയിക്കണം. ഈ ദോഷങ്ങളെ വിട്ടു കയറിയവന്‍ തീര്‍ച്ചയായും പരത്തിനെ ദര്‍ശിക്കുന്നതാണ്‌. മനസ്സിനെ മനസ്സില്‍ നിറുത്തി, ആത്മാവിനെ ആത്മാവില്‍ അവന്‍ ദര്‍ശിക്കുന്നതാണ്‌. സര്‍വ്വജ്ഞനായ അവന്‍,എല്ലായിടത്തും ആത്മാവിനെ ആത്മാവില്‍ക്കാണുന്നതാണ്‌. ഒന്നു പലതായി അവന്‍ ദീപത്തില്‍ നിന്നു കൊളുത്തിയ അനേകായിരം ദീപങ്ങള്‍ പോലെ തന്നെ എല്ലാറ്റിലും ദര്‍ശിക്കും. ആത്മാവിനെ എല്ലായിടത്തും എല്ലാറ്റിലും പല രൂപത്തില്‍ കാണും. അവന്‍ വിഷ്ണുവാണ്‌. അവന്‍ മിത്രനാണ്‌ (സുര്യന്‍). അവന്‍ പാശി (വരുണന്‍) യാണ്‌. അവന്‍ അഗ്നിയാണ്‌, അവന്‍ പ്രജാപതിയാണ്‌, അവന്‍ ധാതാവാണ്‌, അവന്‍ പ്രഭുവാണ്‌,അവന്‍ സര്‍വ്വതോമുഖനാണ്‌. എല്ലാ ഭൂതത്തിന്റേയും മഹാത്മാവിന്റെ ഹൃദയത്തില്‍ പ്രകാശിക്കും. ഭൂദേവന്മാരും, ദേവാസുരന്മാരും, യക്ഷരാക്ഷസന്മാരും, ഭൂതങ്ങളും, നാഗങ്ങളും,പിശാചുക്കളും, ഖഗങ്ങളും, മഹര്‍ഷിമാരും എല്ലാവരും ആ നിലയിലെത്തിയവനെ സ്തുതിക്കുന്നതാണ്‌.

43. ഗുരുശിഷ്യസംവാദം വിഭൂതിധര്‍മ്മജ്ഞാനനിരൂപണം - സ്ഥാവരജംഗമങ്ങളിൽ ആധിപത്യം, ധർമ്മാദികളുടെ ലക്ഷണം, ക്ഷേത്രജ്ഞസ്വഭാവം - ബ്രഹ്മാവ്‌ പറഞ്ഞു; മനുഷ്യരില്‍ രാജാവ്‌ ക്ഷത്രിയനാണ്‌. രജോഗുണമാണ്‌ രാജാവില്‍ വിളങ്ങുന്നത്‌. വാഹനങ്ങളില്‍, ഭാരം വഹിക്കുന്നവയില്‍, രാജാവ്‌ ആനയാണ്‌. കാട്ടുമൃഗങ്ങളില്‍ സിംഹമാണ്‌ രാജാവ്‌. യജ്ഞമൃഗങ്ങളില്‍ ചെമ്മരിയാടാണ്‌ മെച്ചപ്പെട്ടത്‌. ഇഴജന്തുക്കളില്‍ പാമ്പും,വളര്‍ത്തു മൃഗങ്ങളില്‍ കാളയും, കോവര്‍ കഴുതകളില്‍ പെണ്ണുമാണ്‌ നായകന്മാര്‍. പിന്നെ പേരാല്‍, ഞാവല്‍ മരം, അരയാല്‍, പൂള, ഇലഞ്ഞി, മേഷശ്യംഗം, കീചകം ഇവയൊക്കെയാണ്‌ വൃക്ഷങ്ങളില്‍ രാജാക്കള്‍. അതില്‍ യാതൊരു സംശയവുമില്ല.

ഹിമവാന്‍, പാരിയാത്രം, സഹ്യം, വിന്ധ്യന്‍, ത്രികൂടം. ശ്വേതന്‍, നീലന്‍, ഭാസന്‍, കോഷ്ഠവാന്‍, ഗുരുസ്കന്ധന്‍, മഹേന്ദ്രൻ, മാലൃവാന്‍ ഇവരെല്ലാം പര്‍വ്വതരാജാക്കളാണ്‌. അതുപോലെ മരുത്തുക്കള്‍ ഗണങ്ങളില്‍ നായകരാകുന്നു. ഗ്രഹങ്ങള്‍ക്ക്‌ അധിപന്‍ സൂര്യനാകുന്നു. നക്ഷ്രതങ്ങള്‍ക്ക് അധിപന്‍ ചന്ദ്രനാകുന്നു. യമന്‍ പിതൃക്കള്‍ക്ക്‌ അധിപനാകുന്നു. പുഴകള്‍ക്ക്‌ അധിപന്‍ സമുദ്രമാകുന്നു. ജലങ്ങള്‍ക്ക്‌ അധിപന്‍ വരുണനാകുന്നു. മരുത്തുക്കള്‍ക്ക്‌ അധിപന്‍ വാസവനാകുന്നു. ഉഷ്ണങ്ങള്‍ക്ക്‌ അധിപന്‍ സൂര്യനാകുന്നു. ജ്യോതിസ്സുകള്‍ക്ക്‌ അധിപന്‍ ചന്ദ്രനാകുന്നു. ഭൂതങ്ങള്‍ക്ക്‌ അധിപന്‍ അഗ്നിയാകുന്നു. ബ്രാഹ്മണര്‍ക്ക്‌ അധിപന്‍ ബൃഹസ്പതിയാകുന്നു. സോമന്‍ ഔഷധികള്‍ക്കെല്ലാം ഈശ്വരനാകുന്നു. ബലവാന്മാര്‍ക്ക്‌ ഈശ്വരന്‍ വിഷ്ണുവാകുന്നു. രൂപങ്ങള്‍ക്ക്‌ ഈശ്വരന്‍ ത്വഷ്ടാവാകുന്നു. പശുക്കള്‍ക്ക്‌ ഈശ്വരന്‍ ശിവനാകുന്നു. ദീക്ഷിതര്‍ക്ക്‌ ആധിപത്യം യജ്ഞത്തിനാകുന്നു. ഇന്ദ്രൻ ദേവന്മാര്‍ക്ക്‌ നാഥനാകുന്നു.

ദിക്കുകള്‍ക്ക്‌ നായകത്വം കിഴക്കുദിക്കിനാണ്‌. അന്തണര്‍ക്കു പ്രതാപവാനായ സോമനാണ്‌. രത്നങ്ങള്‍ക്കെല്ലാം വിത്തേശനാണ്‌. ദേവന്മാര്‍ക്ക്‌ പുരന്ദരനാണ്‌. ഇതു ഭൂതാധീശ്വരന്റെ സൃഷ്ടിയാണ്‌. പ്രജകള്‍ക്ക്‌ പ്രജാപതിയാണ്‌ നാഥന്‍. എല്ലാ ഭൂതങ്ങള്‍ക്കും ഈ ഞാനാണ്‌ ബ്രഹ്മമയനായ മഹാന്‍. എന്നെക്കാളും വിഷ്ണുവിനേക്കാളും മേലെയായി ഒരു ഭൂതവുമില്ല. ഏവര്‍ക്കും രാജാധിരാജനായി ബ്രഹ്മമയനും മഹാനുമായി വിഷ്ണു വിളങ്ങുന്നു. ഈശ്വരത്വം എല്ലാം അറിയുവിന്‍. എല്ലാറ്റിന്നും കര്‍ത്താവ്‌ അകൃതനായ ഹരിയാകുന്നു.

നരന്മാര്‍, കിന്നരന്മാര്‍, യക്ഷന്മാര്‍, അഹികള്‍, രക്ഷസ്സുകള്‍, ഗന്ധര്‍വ്വന്മാര്‍, ദേവന്മാര്‍, ദാനവന്മാര്‍, നാഗങ്ങള്‍ ഇവര്‍ക്കെല്ലാം ഈശ്വരനാണ്‌ ഹരി. കാമുകന്മാര്‍ പിന്തുടരുന്ന കൂട്ടരായ സ്ത്രീകള്‍ക്ക്‌, വാമലോചനയും മഹേശ്വരിയും മഹാദേവിയുമായ പാര്‍വ്വതിയാണ്‌ നായിക. ശുഭയായ ഉമാദേവി സ്ത്രീകളില്‍ ശ്രേഷ്ഠയാണ്‌. സുഖിക്കുന്ന സമ്പന്നകളായ നാരിമാരില്‍ ശ്രേഷ്ഠകള്‍ അപ്സരസ്ത്രീകളാണ്‌. ധര്‍മ്മകാംക്ഷികളാണ്‌ രാജാക്കന്മാര്‍. ധര്‍മ്മസേതുക്കളാണ്‌ ബ്രാഹ്മണര്‍. അതുകൊണ്ട്‌ ദ്വിജന്മാരെ രക്ഷിക്കുവാന്‍ രാജാവ്‌ പ്രയത്നിക്കേണ്ടതാണ്‌.

ഏതു രാജാവിന്റെ നാട്ടില്‍ സജ്ജനങ്ങള്‍ കഷ്ടപ്പെടുന്നുവോ, ആ രാജാക്കന്മാര്‍ ഗുണഹീനരായിത്തീരുകയും മരണാനന്തരം ദുര്‍ഗ്ഗതി പ്രാപിക്കുകയും ചെയ്യും. ഏതൊരു രാജാവിന്റെ നാട്ടില്‍ സജ്ജനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവോ, ആ രാജാവ്‌ ഈ ലോകത്തില്‍ സുഖമനുഭവിക്കും, പരലോകത്തിലും സുഖിയാകുന്നതാണ്‌. അല്ലയോ ദ്വിജമുഖ്യന്മാരെ, മഹാത്മാക്കള്‍ ഉന്നതമായ സ്ഥാനത്തിൽ എത്തിച്ചേരുമെന്ന് ധരിച്ചു കൊള്ളുവിന്‍.

ഇനി ധര്‍മ്മലക്ഷണത്തെപ്പറ്റി പറയാം. അഹിംസയാണ്‌ പരമമായ ധര്‍മ്മം. ഹിംസ അധര്‍മ്മമാണ്‌. പ്രകാശമാകുന്ന ചിഹ്നത്തോട് കൂടിയവരാണ്‌ ദേവന്മാര്‍. മാനവന്മാര്‍ കര്‍മ്മമാകുന്ന ലക്ഷണത്തോട് കൂടിയവരാണ്‌. ശബ്ദമാകുന്നു ആകാശത്തിന്റെ ലക്ഷണം. സ്പര്‍ശം കാറ്റിന്റെ ലക്ഷണമാണ്‌. ജ്യോതിസ്സ്‌ രൂപമാകുന്ന ലക്ഷണത്തോട് കൂടിയതാണ്‌. ജലം രസലക്ഷണമാണ്‌. ഗന്ധമാകുന്ന ലക്ഷണത്തോട് കൂടിയതാണ്‌ സര്‍വ്വഭൂത ധാരിണിയായ ഭൂമി. സ്വരവ്യഞ്ജന സംസ്‌കാരമായ വാക്കാണ്‌ ശബ്ദ ലക്ഷണം. മനസ്സിന്റെ ലക്ഷണമാണു ചിന്ത. ചിന്തയുടെ ലക്ഷണമാണു ബുദ്ധി. മനസ്സുകൊണ്ട്‌ അര്‍ത്ഥങ്ങളെ ചിന്തിക്കും. ബുദ്ധികൊണ്ട്‌ തീര്‍ച്ചപ്പെടുത്തും. വ്യവസായമാണ്‌ ബുദ്ധിയുടെ ലക്ഷണം. അതില്‍ സംശയമില്ല.

മനസ്സിന്റെ ലക്ഷണമാണ്‌ ധ്യാനം. അവ്യക്തം സത്തുക്കളുടെ ലക്ഷണമാണ്‌. അവരുടെ പ്രവൃത്തി എന്തെന്ന്‌ അവര്‍ വിളംബരം ചെയ്യുകയില്ല. പ്രവൃത്തി ലക്ഷണമാണ്‌ യോഗം. ജ്ഞാനം സന്യാസമാകുന്ന ലക്ഷണത്തോട് കൂടിയതാണ്‌. അതുകൊണ്ട്‌ ജ്ഞാനത്തെ മുന്‍നിര്‍ത്തി ബുദ്ധിമാന്‍ സന്യസിക്കണം. ജ്ഞാനിയായ സന്യാസി പരമമായ സല്‍ഗതിയെ പ്രാപിക്കുന്നതാണ്‌. തമസ്സ്‌, മൃത്യു, ജര എന്നിവയെ അതിഗമിക്കുന്നവന്‍ എല്ലാ ദ്വന്ദ്വങ്ങളെയും അതിവര്‍ത്തിക്കും. വിധിപ്രകാരം ലക്ഷണത്തോടു കൂടിയ ധര്‍മ്മം ഞാന്‍ നിങ്ങളോടു പറഞ്ഞു.

ഇനി ഞാന്‍ ഗുണങ്ങളുടെ ഗ്രഹണത്തെയും നന്നായിപറയാം. പൃഥ്വിയുടെ ഗുണമായ ഗന്ധം മൂക്കു കൊണ്ട് ഗ്രഹിക്കുന്നു. മൂക്കില്‍ നില്ക്കുന്ന വായു ഗന്ധത്തെ ഗ്രഹിക്കുവാന്‍ സഹായിക്കും. ജലത്തിന്റെ ധാതു രസം ഗ്രഹിക്കുന്നത്‌ നാക്കു കൊണ്ടാണ്‌. നാക്കില്‍ നില്ക്കുന്ന സോമന്‍ രസം അറിയുവാന്‍ സഹായിക്കുന്നു. ജ്യോതിസ്സിന്റെ ഗുണമായ രൂപം കണ്ണു കൊണ്ട്‌ ഗ്രഹിക്കുന്നു. കണ്ണില്‍ നില്ക്കുന്ന സൂര്യന്‍ രൂപത്തെ ഗ്രഹിക്കുവാന്‍ സഹായിക്കുന്നു. വായവ്യമായ സ്പര്‍ശം ത്വക്കു കൊണ്ട്‌ ഗ്രഹിക്കുന്നു. ത്വക്കില്‍ നില്ക്കുന്ന വായു സ്പര്‍ശത്തിന് സഹായിക്കുന്നു. ആകാശത്തിന്റെ ഗുണം ചെവി കൊണ്ട്‌ ഗ്രഹിക്കുന്നു. ചെവിയില്‍ വാഴുന്ന ദിക്ക്‌ ശബ്ദത്തെ ഗ്രഹിക്കുവാന്‍ സഹായിക്കുന്നു. മനസ്സിന്റെ ഗുണമാണ്‌ ചിന്ത. അത്‌ ഗ്രഹിക്കുന്നത്‌ പ്രജ്ഞ മൂലമാണ്‌. ഹൃദയത്തിലുള്ള ചേതനാധാതു മനസ്സിന്റെ ബോധത്തെ സഹായിക്കുന്നു. ബുദ്ധിജ്ഞാനം കൊണ്ടു മഹാനെ അദ്ധ്യവസായം ചെയ്യുന്നു, തിട്ടപ്പെടുത്തുന്നു. വ്യക്താവ്യക്തങ്ങളെ മനസ്സില്‍ ബുദ്ധി ഉറപ്പിക്കുന്നു. അതില്‍ ശങ്കയില്ലാതെ തീരുമാനത്തിലെത്തുന്നു.

ക്ഷേത്രജ്ഞന്‍ അലിംഗഗ്രഹണനും, നിത്യനും, നിര്‍ഗ്ഗുണാത്മകനുമാകുന്നു. അതുകൊണ്ട്‌ അലിംഗനായ ക്ഷേത്രജ്ഞന്‍ കേവലം ജ്ഞാനം കൊണ്ടു മാത്രം ഗ്രഹിക്കേണ്ടവനാണ്‌. അവ്യക്തം എന്നത്‌ ക്ഷേത്രമാണ്‌. ആ ക്ഷേത്രത്തില്‍ ഗുണങ്ങള്‍ ഉത്ഭവിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു. ഞാന്‍ എപ്പോഴും അതിനെ, അതു മറവിലാണെങ്കിലും കാണുകയും അറിയുകയും കേള്‍ക്കുകയും ചെയ്യുന്നു. അത്‌ ഒളിവിലാണെങ്കിലും പുരുഷന്‍ അത്‌ അറിയുന്നു. ക്ഷേത്രത്തെ അറിയുന്നത് കൊണ്ട്‌ ആ പുരുഷനെ ക്ഷേത്രജ്ഞന്‍ എന്നു പറയുന്നു. ഗുണവൃത്തങ്ങളും അപ്രകാരം അവൃത്തങ്ങളും എല്ലാം ക്ഷേത്രജ്ഞന്‍ കാണുന്നു. . ആദിമദ്ധ്യാവസാനത്തോട് കൂടിയതും വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടുന്നതും, അചേതനവുമായ സൃഷ്ടികളൊന്നും തന്നെത്താനെ അറിയുന്നില്ല. അവയ്ക്ക്‌ ആദിമദ്ധ്യാവസാനങ്ങള്‍ ഉള്ളത് കൊണ്ടാണ്‌ ശരിയായ ജ്ഞാനം ഇല്ലാത്തത്‌. സത്യം ആരും കാണുന്നില്ല. ഗുണങ്ങളില്‍ നിന്നു ജനിച്ചവയ്ക്ക്‌ അതു സാദ്ധ്യമല്ല. ഗുണങ്ങള്‍ ആത്മാവെ കാണുന്നില്ല. എന്നാല്‍ ക്ഷേത്രജ്ഞന്‍ മാത്രം എല്ലാം കാണുന്നു. ഗുണം ചേര്‍ന്നതായ ഗുണങ്ങള്‍ക്ക്‌ പരമായിട്ടുള്ളത്‌ മഹത്താകുന്നു. അതാകുന്നു പരമായത്‌. അതുകൊണ്ട്‌ ധര്‍മ്മജ്ഞനായവന്‍ എല്ലാ ഗുണങ്ങളെയും തള്ളിക്കളഞ്ഞ്‌, എല്ലാ ബുദ്ധിയെയും വിട്ട്‌, പാപങ്ങള്‍ നശിപ്പിച്ച്‌, ദോഷങ്ങള്‍ തീര്‍ന്നവന്‍ ക്ഷേത്രജ്ഞനില്‍ ചെന്നു ലയിക്കും. നിര്‍ദ്വന്ദ്വനായി, ആരുടെ മുമ്പിലും തല കുനിക്കാത്തവനായി, സ്വാഹാകാരം വെടിഞ്ഞവനായി, അസ്ഥാനനും അചലനുമായിരിക്കുന്നവന്‍ ആരോ, അവനാണ്‌ ക്ഷേത്രജ്ഞന്‍. അവന്‍ ഏറ്റവും പരനായ പ്രഭുവാകുന്നു.

44. ഗുരുശിഷ്യസംവാദം ഭൂതാദ്യന്തനിരൂപണം - ആത്മജ്ഞാനം അനശ്വരവും ശ്രേയസ്സാധാനവുമാണെന്ന് - ബ്രഹ്മാവ്‌ പറഞ്ഞു: ആദിയും, മദ്ധ്യവും, അന്തവുമുള്ളതും, നാമലക്ഷണങ്ങളോടു കൂടിയതും, ഗ്രഹിക്കുവാന്‍ കഴിയുന്നതുമായ എല്ലാറ്റിനെയും പറ്റി ഞാന്‍ തത്ത്വമായി പറയാം. ആദ്യമായി പകല്‍, പിന്നെ രാത്രി, പിന്നെ മാസം. മാസത്തില്‍ ശുക്ലപക്ഷം ആദിയില്‍, പിന്നെ നക്ഷത്രങ്ങള്‍. തിരുവോണം മുതല്‍ നക്ഷത്രങ്ങള്‍, ശിശിരം മുതല്‍ ഋതുക്കള്‍; ഇങ്ങനെ തുടങ്ങുന്നു. ഗന്ധങ്ങള്‍ക്ക്‌ ആദിയാകുന്നത്‌ ഭൂമിയാണ്‌. അപ്രകാരം രസങ്ങള്‍ക്ക്‌ ആദിയാകുന്നത്‌ ജലം, ഭൂതങ്ങള്‍ക്ക്‌ ജ്യോതിസ്സാകുന്നത്‌ സൂര്യന്‍, സ്പര്‍ശങ്ങള്‍ക്ക്‌ ആദിയാകുന്നത്‌ വായു, ശബ്ദത്തിന്‌ ആദിയാകുന്നത്‌ ആകാശം, ഗുണങ്ങള്‍ ഭൂതോത്ഭവങ്ങളാകുന്നു.

ഇനി ഭൂതങ്ങളുടെ ആദിയായി ഉത്തമമായിട്ടുള്ളതിനെപ്പറയാം. ജ്യോതിസ്സുകള്‍ക്ക്‌ അര്‍ക്കന്‍ ആദിയാകുന്നു. ഭൂതങ്ങള്‍ക്ക്‌ ആദി അഗ്നിയാകുന്നു. വിദ്യകള്‍ക്കെല്ലാം ആദി സാവിത്രി ( മന്ത്രം ) ആകുന്നു. ദേവകള്‍ക്ക്‌ ആദി പ്രജാപതിയാകുന്നു. വേദങ്ങള്‍ക്കൊക്കെ ആദി ഓംകാരമാകുന്നു. വാക്കുകള്‍ക്ക്‌ ആദി പ്രാണനാകുന്നു. ലോകങ്ങളെല്ലാം നിയതമായി അംഗീകരിച്ചത്‌ സാവിത്രിയാകുന്നു. ഛന്ദസ്സുകള്‍ക്ക്‌ ആദ്യത്തേതു ഗായ്രതിയാകുന്നു. എല്ലാ ജീവികള്‍ക്കും മുന്നില്‍ ഗണിക്കേണ്ടത്‌ ആടിനെയാകുന്നു. നാല്‍ക്കാലികളില്‍ ആദിയായത്‌, ശ്രേഷ്ഠമായത്‌ പശുവാകുന്നു. മനുഷ്യരില്‍ പ്രഥമസ്ഥാനം ദ്വിജാതികള്‍ക്കാണ്‌. പക്ഷികളില്‍ ശ്രേഷ്ഠന്‍ പരുന്താകുന്നു. യജ്ഞങ്ങള്‍ക്ക് ഉത്തമമായത്‌ ഹുതമാണ്‌, ഹവ്യമാണ്‌. ഇഴജന്തുക്കളില്‍ ശ്രേഷ്ഠമായത്‌ സര്‍പ്പമാണ്‌ ദ്വിജേന്ദ്രന്മാരേ! എല്ലാ യുഗങ്ങളിലും ആദിയായത്‌, ശ്രേഷ്ഠമായത്‌ കൃതയുഗമാണ്‌. അതില്‍ യാതൊരു സംശയവുമില്ല. രത്നങ്ങളില്‍ ശ്രേഷ്ഠമായത്‌ സ്വര്‍ണ്ണമാണ്‌. സസ്യങ്ങളില്‍ ശ്രേഷ്ഠമായത്‌ യവമാണ്‌. എല്ലാ ഭക്ഷ്യഭോജ്യങ്ങളെക്കാള്‍ ശ്രേഷ്ഠമായത്‌ അന്നമാണ്‌ ( ഊണ് ). പേയങ്ങളായ എല്ലാ ദ്രവ്യത്തെക്കാളും ശ്രേഷ്ഠമായത്‌ ശുദ്ധജലം തന്നെ. സ്ഥാവര ഭൂതങ്ങളില്‍ എല്ലാറ്റിലും ശ്രേഷ്ഠമായത്‌ പ്ലക്ഷമാണ്‌. അതു ബ്രഹ്മക്ഷേത്രവും എപ്പോഴും പുണ്യവുമാണ്‌. പ്രജാപതികളായ ശ്രേഷ്ഠന്മാരില്‍ വെച്ചു ശ്രേഷ്ഠന്‍ ഞാനാകുന്നു. എന്നില്‍ വെച്ചു ശ്രേഷ്ഠന്‍ എന്റെ അചിന്ത്യാത്മാവായ വിഷ്ണുവാകുന്നു. മലകള്‍ക്കെല്ലാം ആദിമന്‍ മഹാമേരുവാകുന്നു. എല്ലാ പ്രദിക്കുകള്‍ക്കും മേലെയായത്‌ പൂര്‍വ്വദിക്കാകുന്നു. നദികള്‍ക്കും മേലെയായത്‌ ത്രിപഥഗയായ ഗംഗയാകുന്നു. എല്ലാ ജലാശയങ്ങളിലും വെച്ചു ശ്രേഷ്ഠമായത്‌ സമുദ്രമാകുന്നു. ദേവദാനവ ഭൂതാഹിപിശാചുക്കള്‍ക്കും നരകിന്നരയക്ഷന്മാര്‍ക്കും പ്രഭുവായത്‌ ഈശ്വരന്‍ (ശംഭു) ആകുന്നു. വിശ്വജഗത്തിനും ബ്രഹ്മമയനും മഹാത്മാവായ വിഷ്ണുവാണ്‌ ആദിപുരുഷന്‍. അവനേക്കാള്‍ മേലെയായി ഒരു ഭൂതവും മൂന്നുലോകത്തുമില്ല. ആശ്രമങ്ങളില്‍ ശ്രേഷ്ഠമായത്‌ ഗാര്‍ഹസ്ഥ്യമാണ്‌. അതില്‍ യാതൊരു സംശയവുമില്ല. ലോകങ്ങള്‍ക്കെല്ലാം ആദിയായത്‌ അവ്യക്തമാണ്‌. എല്ലാറ്റിനും അന്തമായതും അതു തന്നെയാണ്‌.

പകലിന് അന്തം അസ്മമയമാണ്‌. രാത്രിക്ക്‌ അന്തം ഉദയമാണ്‌. സുഖത്തിന് അന്തം ദുഃഖമാണ്‌. ദുഃഖത്തിന് അന്തം സുഖമാണ്‌. വളര്‍ച്ചയുടെ അന്തം ക്ഷയമാണ്‌. ഉയര്‍ച്ചയുടെ അറുതി വീഴ്ചയാണ്‌. സംയോഗത്തിന് അറുതി വേര്‍പാടാണ്‌. ജീവന്റെ അവസാനം മരണമാണ്‌. കൃതത്തിന് അറുതി നാശമാണ്‌. ജനിച്ചവന് അറുതി മരണമാണ്‌. ഈ പറഞ്ഞത്‌ തീര്‍ച്ചയാകുന്നു. ഈ ലോകത്തില്‍ ഒരു ചരവും ഒരു അചരവും ശാശ്വതമല്ല. യജ്ഞം, ദാനം, മുറ, തപം, വ്രതങ്ങള്‍, നിയമങ്ങള്‍ ഇവയുടെയെല്ലാം അറുതി നാശമാകുന്നു. ജ്ഞാനത്തിന് ഒരറ്റവുമില്ല. അതുകൊണ്ട്‌ ശുദ്ധമായ ജ്ഞാനം ഒന്നു കൊണ്ടു മാത്രം ജിതേന്ദ്രിയനായി നിര്‍മ്മമനായി നിരഹങ്കാരനായിരിക്കുന്ന ശാന്താത്മാവ്‌ പാപത്തില്‍ നിന്നു വിമുക്തനാകുന്നു.

45. ഗുരുശിഷ്യസംവാദം ഗൃഹസ്ഥാശ്രമവിധി - ഗാർഹസ്ഥ്യമാണ് ശ്രേഷ്ഠമായ ആശ്രമമെന്ന് - ബ്രഹ്മാവു പറഞ്ഞു: കാലചക്രം തിരിയുകയാണ്‌. അതിന് ബലമായി നില്ക്കുന്നത്‌ ബുദ്ധിയാണ്‌. മനസ്സാണ്‌ അതിന്റെ തൂണ്‍. അതിന്മേലാണ്‌ ആ ചക്രം സ്ഥിതിചെയ്യുന്നത്‌. പഞ്ചേന്ദ്രിയങ്ങളാണ്‌ അതില്‍ കെട്ടിയിരിക്കുന്നത്‌. മഹാഭൂതങ്ങളാണ്‌ ചക്രത്തിന്റെ കുംഭം. ആ ചക്രത്തിന്റെ ആവരണം കുടുംബമാണ്‌. ജര, ശോകം എന്നിവയാല്‍ ആവേശിച്ചിരിക്കുന്നു. വ്യാധിയും വ്യസനവും അതില്‍ നിന്നുത്ഭവിക്കുന്നു. സമയം, കാലം എന്നിവയോടു ബന്ധപ്പെട്ട്‌ ആ ചക്രം തിരിയുന്നു. ശ്രമവ്യായാമങ്ങള്‍ അതു തിരിയുമ്പോഴുള്ള ഘോഷങ്ങളാകുന്നു. രാവും പകലും ആ ചക്രത്തിന്റെ തിരിച്ചിലാണ്‌. ശീതവും ഉഷ്ണവും അതിനെ ചുറ്റിയിരിക്കുന്നു. സുഖവും ദുഃഖവുമാണ്‌ അതിന്റെ ഏപ്പുകള്‍. വിശപ്പും ദാഹവുമാണ്‌ അതില്‍ അടിച്ചുറപ്പിച്ച ആണികള്‍. സൂര്യാതപവും നിഴലും അതിന്റെ ചാലുകളാണ്‌. അതു നിമേഷോന്മേഷങ്ങളാല്‍ വിഹ്വലമാണ്‌. ഘോരമായ മോഹാംബു നിറഞ്ഞു നില്ക്കുന്നതാണ്‌ അചേതനം. അതിനെ മാസമായും മാസാര്‍ദ്ധമായും അളന്നു കണക്കാക്കുന്നു. അതു സർവ്വത്ര മാറ്റങ്ങളോടെ ലോകത്തില്‍ ഉരുളുന്നു. തമസ്സാകുന്ന ചേറ്റിലൂടെയും, രജസ്സാകുന്ന ഒഴുക്കിലൂടെയും മഹാഹങ്കാരം കത്തിജ്ജ്വലിക്കെ ഗുണങ്ങളാല്‍ ഭരിക്കപ്പെടുന്നു. അരതിയാല്‍ അത് കെട്ടപ്പെട്ടിരിക്കുന്നു. നാശത്തിന്റെയും ദുഃഖത്തിന്റെയും മദ്ധ്യത്തിലൂടെ ആ ചക്രം ഉരുളുന്നു. ക്രിയകളും ക്രിയാകാരണങ്ങളും അതില്‍ ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ ബന്ധം വലിയതാണ്‌. വിസ്തൃതമാണ്‌. ലാഭേച്ഛയുംമോഹവും അതില്‍ കുടികൊള്ളുന്നു. അജ്ഞാന സംഭവമായ ചിന്തയോട്‌ അതു ചേര്‍ന്നു നില്ക്കുന്നു. ഭയമോഹാദികളോടു കൂടി ഭൂതസമ്മോഹ കാരകമായി ആനന്ദപ്രീതിയുടെ ലക്ഷ്യത്തിലേക്ക്‌ പായുകയും ചെയ്യുന്നു. കൈവശമുള്ളത്‌ കാമക്രോധങ്ങളാണ്‌. മഹത്ത്‌ ആദിയായും പഞ്ചഭൂതങ്ങള്‍ അവസാനമായും ഭവിക്കുന്നതുമാണത്‌. അതിന്റെ സ്വഭാവവും ഉല്‍പത്തിയും നാശവും അനവരതം ഉണ്ടാക്കുക എന്നതാണ്‌. അതിന്റെ തിരിച്ചലിന്റെ വേഗം മനോവേഗ തുല്യമാണ്‌. മനസ്സാണ്‌ അതിന്റെ അതിര്‍. അങ്ങനെ മനോരമൃമായ കാലച്ചക്രം അനവരതം തിരിഞ്ഞു കൊണ്ടിരിക്കുന്നു. ചൈതനൃഹീനമായ ഈ കാലചക്രം, ദ്വന്ദ്വത്തോട്‌ (വിരുദ്ധമായ രണ്ടു കാര്യങ്ങൾ ) ചേര്‍ന്നതായ ഈ കാലചക്രം, വാനവരോടു ചേര്‍ന്നു സൃഷ്ടിക്ഷയബോധങ്ങളെ നല്‍കുന്നു. ശരിക്ക്‌ സത്യമായി കാലച്ചക്രത്തിന്റെ പ്രവൃത്തികളും, നിവ്യത്തികളും നിത്യവും അറിയുന്നവനായ നരന്‍ ഭൂതങ്ങളിലൊന്നിലും മയങ്ങിപ്പോകുന്നതല്ല. എല്ലാ സംസ്‌കാരങ്ങളേയും വിട്ട്‌, എല്ലാ ദ്വന്ദ്വങ്ങളെയും വിട്ട്‌, എല്ലാ പാപങ്ങളും വിട്ട്‌ ഒഴിയുമ്പോള്‍ അവന്‍ പരമമായ സല്‍ഗതിയെ പ്രാപിക്കുന്നതാണ്‌. ബ്രഹ്മചര്യം. ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം ഇങ്ങനെയുള്ള നാലാശ്രമങ്ങള്‍ക്കും മൂലമായിട്ടുളളത്‌ ഗാര്‍ഹസ്ഥൃമാണ്‌. അതില്‍ നിന്നാണ്‌ മറ്റാശ്രമങ്ങളുടെ ഉത്ഭവം.

ഈ ലോകത്തില്‍ പ്രസിദ്ധമായ ആഗമം എന്തുണ്ടോ, എന്ത്‌ അംഗീകരിച്ചിട്ടുണ്ടോ, അതു മേന്മയുള്ളതാണ്‌. ആദ്യമേ തന്നെ സംസ്കാര സംസ്കൃതനായി ശരിയായി വ്രതമനുഷ്ഠിച്ച്‌ ഗുണങ്ങള്‍ ചേര്‍ന്ന കുലത്തില്‍ ശ്രേഷ്ഠവര്‍ണ്ണത്തില്‍ ജനിച്ചവന്‍ ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ്‌ സമാവര്‍ത്തനം ചെയ്യണം. അവന്‍ സദാരനിരതനായി നല്ല ആചാരങ്ങള്‍ അനുവര്‍ത്തിച്ച്‌ ജിതേന്ദ്രിയനായി ശ്രദ്ധയോടെ പഞ്ചമഹായജ്ഞങ്ങളെ യജിക്കണം. ദേവതകള്‍ അതിഥികളെ പൂജിച്ച്‌ അന്നദാനം ചെയ്തു വിഘസം അശിച്ച്‌ വേദകര്‍മ്മ തല്‍പരരായി യഥാശക്തി യഥാസൗഖ്യം ഇജ്യാദാനങ്ങളോട് കൂടിയവനായി കൈകാലുകളുടെ ചാപല്യങ്ങള്‍ വിട്ടവനായി മുനിയായി വാക് ചാപല്യം, അംഗചാപല്യം എന്നിവ വിട്ടവനായി വര്‍ത്തിച്ചാല്‍ അവന്‍ ശിഷ്ടജനങ്ങള്‍ക്ക്‌ ആദരണീയനായി ഭവിക്കും. എന്നും യജേഞാപവീതം ധരിക്കുക, ശുഭ്രവസ്ത്രം ധരിക്കുക, ശുചിവ്രതനാവുക! യമദാനങ്ങളുള്ള അവന്‍ ശിഷ്ടരോടു കൂടി വസിക്കണം. ഉദരത്തേയും ഉല്‍പാദനേന്ദ്രിയത്തേയും അടക്കണം. മൈത്രനാകണം. ഒരു മുളവടി കൈയില്‍ ധരിച്ചിരിക്കണം. കൈയില്‍ ഒരു കമണ്ഡലു ഉണ്ടാകണം. വേദം ചൊല്ലുകയും, വേദം പഠിപ്പിക്കുകയും യജ്ഞം ചെയ്യുകയും, യജിപ്പിക്കുകയും, ദാനംകൊടുക്കുകയും, ദാനം വാങ്ങിക്കുകയും ഇങ്ങനെ ആറു വൃത്തികള്‍ ചെയ്യണം.

ബ്രാഹ്മണന്റെ ജീവിതവൃത്തി മൂന്നാണ്‌. യജിപ്പിക്കുക, പഠിപ്പിക്കുക, ശുദ്ധാത്മാക്കള്‍ ദാനംചെയ്യുന്നത്‌ വാങ്ങിക്കുക. ഇനിയും വേറെ മൂന്നു കര്‍മ്മങ്ങളുണ്ടല്ലോ. ദാനം, അദ്ധ്യയനം, യാഗം ഇവ മൂന്നും ധര്‍മ്മയുക്തങ്ങളാണ്‌. ആ മൂന്നു കര്‍മ്മങ്ങളിലും ധാര്‍മ്മികന്‍ തെറ്റിപ്പോകരുത്‌. ദാന്തന്‍, മൈത്രന്‍, ക്ഷമിക്കുന്നവന്‍, സര്‍വ്വഭൂതസമന്‍, മുനി ഈ നിലയില്‍ നിന്നു ചലിക്കുവാന്‍ പാടില്ല. ശുചിയായി ഇതൊക്കെ വിപ്രന്‍ യഥാശക്തി അനുഷ്ഠിക്കണം. ഇപ്രകാരമായാല്‍ സംശിതവ്രതനായ ഗൃഹസ്ഥന്‍ സ്വര്‍ഗ്ഗം നേടുന്നതാണ്‌.

46. ഗുരുശിഷ്യസംവാദം - സന്ന്യാസാശ്രമവിധി - ബ്രഹ്മാവു പറഞ്ഞു: ഈ പറഞ്ഞ മാതിരി യഥാവിധി യഥാശക്തി പഠിച്ചവനും, ബ്രഹ്മചര്യമെടുത്തവനും, സ്വധര്‍മ്മ നിരതനും, വിദ്വാനും, സര്‍വ്വ ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചവനും, മുനിയും ഗുരുപ്രിയ ഹിതങ്ങള്‍ക്കു സന്നദ്ധനും, സത്യധര്‍മ്മപരനും, ശുചിയുമായവന്‍ ഗുരുവിന്റെ അനുവാദം വാങ്ങി യാതൊരു കുറ്റവും പറയാതെ അന്നം ഭുജിക്കണം. "ഹവിഷ്യ" ഭൈക്ഷ്യം ഭുജിക്കുന്നതിന് സ്ഥാനം, ആസനം, വിഹാരം എന്നിവ സ്വീകരിക്കണം. ദേവമാര്‍ക്ക്‌ അര്‍പ്പിക്കുന്നതിന് ഭിക്ഷയായിക്കിട്ടിയ ധാന്യം കൊണ്ട്‌ ഒരു രൂപത്തില്‍ നെയ്യും, പാലും ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം പായസമാണ്‌ ഹവിഷ്യം. അവന്‍ അഗ്നിയില്‍ രണ്ടുനേരം ഹോമിക്കണം. ശുദ്ധനും യതേന്ദ്രിയനുമായിരിക്കണം. പ്ലാശിന്റെയോ, കൂവളത്തിന്റെയോ വടിയായിരിക്കണം അവന്റെ കൈയില്‍. പട്ടോ, പരുത്തി വസ്ത്രമോ, മാന്‍തോലോ, കാഷായവസ്ത്രമോ ഉടുക്കണം എന്നതു നിയമമാണ്‌. നിത്യവും ഉദക്രക്രിയാ വ്രതവാനായി മൗഞ്ജിമേഖല ധരിക്കണം ജടിയാകണം. യജേഞോപവീതം ധരിക്കണം. സ്വാദ്ധ്യായിയാകണം. അലുബ്ധനാകണം. നിയതവ്രതനാകണം. ശുദ്ധജലം കൊണ്ടു ദൈവതങ്ങളെ തര്‍പ്പിക്കണം. ഇവ ഭാവനിഷ്ഠയോടെ ചെയ്യുന്ന ബ്രഹ്മചാരി പ്രശസ്തനാകും. ഈ യോഗം അനുഷ്ഠിച്ച്‌ ഊര്‍ദ്ധ്വരേതസ്സായവന്‍ സ്വര്‍ഗ്ഗത്തെ ജയിക്കുന്നതാണ്‌. പരമമായ സ്ഥാനം പ്രാപിച്ചവന്‍ പിന്നെ ജന്മങ്ങളില്‍ ചെന്നു പെടുന്നതല്ല.

ഇങ്ങനെ നല്ലപോലെ സംസ്കൃത സംസ്‌കാരനായി ബ്രഹ്മചര്യവാനായി ഗ്രാമം വിട്ട്‌ അരണ്യത്തില്‍ വ്രജിതനായി മുനിയായി വാഴുക. തോലോ, വല്ക്കലമോ, ചാര്‍ത്തി രണ്ടു സന്ധ്യയ്ക്കും ആചമിക്കുക. എന്നും അരണ്യത്തില്‍ വസിക്കുന്നവന്‍ പിന്നെ ഗ്രാമത്തിലേക്കു വരരുത്‌. കാലേ പാന്ഥന്മാരെ പൂജിച്ച്‌ ഇരിപ്പിടം നല്കണം. കിഴങ്ങോ, ഇലയോ, കായോ, ചാമയോ ഭക്ഷിക്കണം. വെള്ളം, കായ എന്നിവയൊക്കെ കാട്ടില്‍ നിന്നു തന്നെ അനുഭവിക്കണം. ഭിക്ഷയെടുത്തത് പോലെ ക്രമത്തില്‍ ആഹാരം കഴിക്കണം. ഭിക്ഷയാകുന്ന ഫലമൂലങ്ങളാല്‍ ആഗതനായ പാന്ഥനെ പൂജിക്കണം. തന്റെ ഭക്ഷ്യം ഭിക്ഷയായി യാതൊരു ക്ഷീണവും കൂടാതെ ദാനം ചെയ്യണം. ദേവതകള്‍ക്കും അതിഥികള്‍ക്കും ദാനം ചെയ്തതിന് ശേഷം വാഗ്യതനായി ഭക്ഷിക്കണം. സ്പര്‍ദ്ധവിട്ട ഹൃദയത്തോടെ കിട്ടുന്നത്‌ ഉണ്ണുക; ദേവന്മാരെ വന്ദിക്കുക, ദാന്തനും, മൈത്രനും, ക്ഷമാവാനും, താടിയും, തലയും വളര്‍ത്തിയവനും, സാദ്ധ്യായശീലനും, ഹോമിക്കുന്നവനും, സതൃധര്‍മ്മ പരായണനും, ശുദ്ധദേഹനും, സദാദക്ഷനും, വനവാസിയും, സമാഹിതനും, ജിതേന്ദ്രിയനും വാനപ്രസ്ഥനുമായ യോഗി മോക്ഷത്തെ നേടുന്നതാണ്‌.

ഗൃഹസ്ഥനായ ബ്രഹ്മചാരിയും വാനപ്രസ്ഥനും മോക്ഷം പ്രാപിക്കുവാന്‍ ആശിക്കുകയാണെങ്കില്‍ ഉത്തമമായ വൃത്തിയെ കൈക്കൊള്ളണം. എല്ലാ ജീവിക്കും അഭയം നല്കി നിര്‍മ്മലനായി ജീവിക്കണം. സര്‍വ്വഭൂതങ്ങളിലും മൈത്രിയും സുഖവും ആശംസിക്കുന്നവനായി സര്‍വ്വ ഇന്ദ്രിയങ്ങളേയും അടക്കി മുനിയായി വാഴുക. ഇരക്കാതെയും തനിക്കു വേണ്ടി താന്‍ പാകം ചെയ്യാതെയും യദ്യച്ഛയാ കിട്ടിയതു കഴിച്ചു ജീവിക്കണം. അഗ്നികര്‍മ്മം കഴിഞ്ഞ്‌, ഊണു കഴിഞ്ഞ്‌ തീയും പുകയും ഒക്കെ പോയ ഗൃഹത്തില്‍ വല്ലതും ഉണ്ടെങ്കില്‍ അതു ചെന്നു ഭിക്ഷയായി വാങ്ങി അശിക്കണം. മോക്ഷം ആഗ്രഹിക്കുന്നവന്‍ അങ്ങനെയുള്ള ഗൃഹത്തില്‍ ചെന്നു ഭിക്ഷ വാങ്ങാം. പാത്രങ്ങള്‍ എല്ലാം കഴുകിക്കമിഴ്ത്തിയ ഇടത്തുചെന്നു ബാക്കിയുള്ളത്‌ വല്ലതും കിട്ടിയാല്‍ സന്തോഷം കൊണ്ട്‌ ആഹ്ളാദിക്കരുത്‌. വല്ലതും കിട്ടാതിരുന്നലോ ബുദ്ധി മങ്ങിപ്പോവുകയുമരുത്‌. ജീവിതയാത്രയെ കാംക്ഷിക്കുന്നവന്‍, കാലം നോക്കുന്നവന്‍, സമാഹിതനായി ഭിക്ഷ വാങ്ങണം. സാമാന്യം ലാഭം ആശിക്കരുത്‌. അഭിപൂജിതനായി സല്‍ക്കാരം കൈക്കൊള്ളരുത്. വലിയ പൂജയോടെ സർൽക്കരിക്കുന്നത് സ്വീകരിക്കുവാന്‍ ഭിക്ഷു പോകരുത്‌. അതില്‍ വെറുക്കേണ്ടവനാണ്‌ ഭിക്ഷു. ഉണ്ണുമ്പോള്‍ രസം ആസ്വദിച്ച്‌ ആനന്ദിച്ചു കഴിക്കരുത്‌. കയ്പ്‌, എരിവ്‌, ചവര്‍പ്പ്‌ എന്നീ രസങ്ങള്‍ അറിഞ്ഞു ഭക്ഷിക്കരുത്‌. അവയില്‍ വെറുപ്പു തോന്നരുത്. മധുരമായ രസം ആസ്വദിക്കുകയുമരുത്‌. മോക്ഷജ്ഞാനമുള്ളവന്‍ ഭൂതസംരോധം കൂടാതെ വൃത്തിയെ മാത്രം ഇച്ഛിക്കണം. മറ്റ്‌ അന്നമൊന്നും ഭിക്ഷയേല്ക്കുന്നവന്‍ ഒരിക്കലും ഇച്ഛിക്കരുത്‌. ആളുകള്‍ കാണ്‍കെ ധര്‍മ്മം ചെയ്യരുത്‌. നിര്‍ജ്ജനപ്രദേശത്തു വെച്ച്‌ വിരജനായി ചെയ്യണം.

ശൂന്യമായ ഗൃഹം, കാട്‌, മരച്ചുവട്‌, പുഴവക്ക്‌, പര്‍വ്വതഗുഹ ഇവയിലേതെങ്കിലും ഇരിപ്പിടമായി സ്വീകരിക്കണം. വേനല്ക്കാലത്ത്‌ ഒരു ദിക്കില്‍ ഒരു ദിവസം, കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം പാര്‍ക്കാം. സൂര്യന്‍ കാണിക്കുന്ന മാര്‍ഗ്ഗത്തിലൂടെ ഒരു പുഴു ഊഴി ചുറ്റുന്നതു പോലെ ഊഴി ചുറ്റിത്തിരിയുക! സര്‍വ്വഭൂതദയാവാനായ അവന്‍ ഭൂമിയിലേക്കു നോക്കി പ്രാണികളെ ചവിട്ടാതെ നടക്കണം. ഒന്നും നേടരുത്‌. സ്നേഹിതന്മാരുടെയോ, മറ്റു സ്നേഹമുള്ളവരുടെയോ കൂടെ വസിക്കരുത്‌. കര്‍മ്മങ്ങളൊക്കെ ശുദ്ധജലം കൊണ്ടു ചെയ്യണം. വെള്ളം മുക്കിയെടുത്ത്‌ പുരുഷന്‍ ഉപസ്പര്‍ശിക്കണം. അവിടെ ബ്രഹ്മചര്യം, സത്യം, ആര്‍ജ്ജവം, അക്രോധം, അനസൂയ,ദമം, അപൈശുനം (ഏഷണി കൂട്ടാതിരിക്കുക) ഈ എട്ടു കാര്യങ്ങളിലും വ്രതവാനായി അവയെ വര്‍ജ്ജിക്കണം. യാതൊരു ആഗ്രഹവും കാണിക്കാതെ ലഭിച്ച അന്നം മിണ്ടാതിരുന്ന്‌ ഉണ്ണണം. കേവലം പ്രാണയാത്രയെ മാത്രം ഉദ്ദേശിച്ച്‌ അന്നം കഴിക്കണം. ധര്‍മ്മമായി ലഭിച്ചതു കഴിക്കണം. ജിഹ്വാസുഖത്തിന് വേണ്ടി കഴിക്കരുത്‌. ചോറോ വസ്ത്രമോ അല്ലാതെ മറ്റൊരു സാധനവും ആരു തന്നാലും വാങ്ങരുത്‌. എത്രത്തോളം ഒരാള്‍ക്ക്‌ ഊണിന് വേണം, അത്രയ്ക്കു വാങ്ങാമെന്നല്ലാതെ അതില്‍ക്കവിഞ്ഞു പിറ്റേ ദിവസത്തേക്ക്‌ ഇരിക്കട്ടെ എന്നു വിചാരിച്ചു വാങ്ങരുത്‌. ശത്രുക്കളില്‍ നിന്ന്‌ ഒന്നും വാങ്ങരുത്‌. ദാനം കൊടുക്കാനും വിചാരിക്കരുത്‌. ദൈത്യഭാവം കണ്ട്‌ ജീവികള്‍ക്കു പങ്കിട്ടു കൊടുക്കാന്‍ ശ്രമിക്കരുത്‌. പരദ്രവ്യം എടുക്കരുത്‌. ചോദിക്കാതെ അന്യന്റെ വസ്തു എടുക്കരുത്‌. ഭക്ഷണം വാങ്ങി കഴിച്ചതിന് ശേഷം അവന്റെ മറ്റു വസ്തുക്കളൊന്നും ആഗ്രഹിക്കരുത്‌. മണ്ണ്‌, വെള്ളം, അന്നം, പാത്രം, പുഷ്പം, ഫലം ഇവയൊന്നും പരസ്യമായി സ്വീകരിക്കരുത്‌.

ശില്പവിദ്യയെടുത്തു ജീവിക്കുവാന്‍ വിചാരിക്കരുത്‌. സ്വര്‍ണ്ണം ആഗ്രഹിക്കരുത്‌. ക്ഷണിക്കപ്പെടാതെ ചെന്നെത്തിയവന്‍ ദ്വേഷ്ടാവാകരുത്; ഉപദേഷ്ടാവുമാകരുത്‌്. ശ്രദ്ധാപൂതങ്ങളായവ സ്വീകരിക്കാം. നിമിത്തങ്ങളെ ഒഴിവാക്കണം. നല്ല വൃത്തി അനുഷ്ഠിക്കുന്നവനാവുക, അസക്തനായി ഒരേ നിലയില്‍ എല്ലാവരിലും വര്‍ത്തിക്കുക. ഫലേച്ഛയോടു കൂടിയവയായാലും ഹിംസയോടു കൂടിയവയായാലും ലൌകിക ജീവിതത്തിന് വേണ്ടി സംഭരിക്കുന്നതൊന്നും ചെയ്തു പോകരുത്‌. എല്ലാ ഭാവവും വിട്ട്‌ ലഘുമിത്രനായി പരിവ്രജിക്കണം. സകല ചരാചരങ്ങളിലും സമനായി വര്‍ത്തിക്കണം. പരനില്‍ ഭയം ഉണ്ടാക്കരുത്‌. ഒന്നിലും ഭയപ്പെടുകയുമരുത്‌. എല്ലാവര്‍ക്കും വിശ്വാസ്യനായിരിക്കുക. അങ്ങനെയുള്ളവന്‍ മോക്ഷജ്ഞനാണെന്നു പറയുന്നു. വരാന്‍ പോകുന്നതില്‍ ഉല്‍ക്കണ്ഠ പാടില്ല. കഴിഞ്ഞതിനെക്കുറിച്ചു ദുഃഖിക്കരുത്‌. കാലകാംക്ഷിയായവന്‍ സമാഹിതനായി വര്‍ത്തമാനത്തെ ഉപേക്ഷിക്കുക. കണ്ണുകൊണ്ടും, മനസ്സുകൊണ്ടും, വാക്കുകൊണ്ടും ഒരു സ്ഥലവും ദുഷിപ്പിക്കരുത്‌. ആരെയും വേദനിപ്പിക്കരുത്‌. വെളിവായോ, രഹസ്യമായോ യാതൊരു പാപവും ചെയ്യരുത്‌. ആമ അംഗങ്ങള്‍ അടക്കുന്നതു പോലെ എന്നും ഇന്ദ്രിയങ്ങളെ അടക്കുക. ക്ഷീണേന്ദ്രിയനും, മനസ്സും, ബുദ്ധിയും, അടക്കിയവനും, നിരീഹനും, തത്ത്വവിത്തമനും, നിര്‍ദ്വന്ദ്വനും, നിര്‍ന്നമസ്‌കാരനും, നിസ്വാഹാകാരനും, നിര്‍മ്മമനും, നിരഹങ്കാരനും, നിര്‍യോഗക്ഷേമനുമായവനെ ആത്മവാനെന്നു പറയാം. നിരീഹനും, നിര്‍ഗ്ഗുണനും, ശാന്തനും, നിരാസക്തനും, നിരാശ്രയനും, തത്ത്വജ്ഞനും, ആത്മസംസക്തനുമായ പുരുഷന്‍ മുക്തനാകും; അതില്‍ യാതൊരു സംശയവുമില്ല. കൈ, കാല്‌, പുറം, തല, വയറ്‌ ഇവയൊന്നും ഇല്ലാത്തതായും, ഗുണവും കര്‍മ്മവും ക്രിയയും ഇല്ലാത്തതായും, കേവലം വിമലമായും, സ്ഥിരമായും, രസം, ഗന്ധം, രൂപം, ശബ്ദം, സ്പര്‍ശം ഇവയില്ലാത്തതായും അനുഗമ്യമായും, അനാസക്തമായും മാംസമില്ലാത്തതായും എന്തുണ്ടോ, നിശ്ചിന്ത്യവും, അവ്യയവും, ദിവ്യവും എപ്പോഴും ഗൃഹസ്ഥവുമായി എന്തുണ്ടോ, ആ ഭൂതവ്യാപിയായ ആത്മാവെ കാണുന്നവര്‍ ഒരിക്കലും മൃതരാകുന്നതല്ല. അവിടേക്കു ബുദ്ധിയും ഇന്ദ്രിയങ്ങളും ദേവതമാരും ചെല്ലുന്നതല്ല. ദേവയജ്ഞങ്ങളും, ലോകങ്ങളും, തപസ്സും, വ്രതങ്ങളും ഒന്നും അവിടെ പ്രവേശിക്കുന്നതല്ല. ജഞാനവാന്മാര്‍ എത്തുന്ന ഇടം അലിംഗ ഗ്രഹണമായ ഇടമാണെന്നാണ്‌ എന്റെ അഭിപ്രായം. അതുകൊണ്ട്‌ അലിംഗ ധര്‍മ്മജ്ഞന്‍ ധര്‍മ്മതത്ത്വം ചരിക്കണം. ഗൃഹധര്‍മ്മാശ്രിതനായ വിദ്വാന്‍ വിജ്ഞാനാചാരത്തെ ഏല്ക്കണം. അമൂഢനായ അവന്‍ മൂഢന്‍ എന്നപോലെ ധര്‍മ്മത്തെ ദൂഷ്യപ്പെടാത്ത വിധം ഏല്ക്കണം. അന്യന്മാര്‍ എന്നും ഇവനെ അപമാനിക്കുന്ന വിധം ചെയ്തു ചുറ്റണം. ശാന്തനായി സദ്ധര്‍മ്മത്തെ നിന്ദിക്കാതെ ചുറ്റണം. ഇപ്രകാരം സദ് വൃത്തനായി വാഴുന്നവന്‍ ശ്രേഷ്ഠനായ മുനിയാകുന്നു. ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയവിഷയങ്ങള്‍, അഞ്ചു മഹാഭൂതങ്ങള്‍, മനസ്സ്‌, ബുദ്ധി, അഹങ്കാരം, അവ്യക്തം, പുരുഷന്‍ ഇവയെക്കുറിച്ചെല്ലാം ശരിയായ ജ്ഞാനം ആര്‍ക്കുണ്ടോ, അവന്‍ എല്ലാ ബന്ധങ്ങളെയും വിട്ടു മോക്ഷം പ്രാപിക്കുന്നതാണ്‌.

എല്ലാം മനസ്സിലാക്കി തത്ത്വജ്ഞനായിത്തീര്‍ന്ന അവന്‍ വിജനത്തില്‍പ്പോയി ധ്യാനിക്കണം; അങ്ങനെ നിരാലംബനായി ധ്യാനിക്കുന്നവന്‍ മുക്തനാകും. എല്ലാ സംഗങ്ങളെയും വിട്ട്‌ ആകാശത്തു വായു പോലെ ക്ഷീണകോശനായി നിരാതങ്കനായി ഭവിച്ചവന്‍ മോക്ഷപദത്തെ പ്രാപിക്കുന്നതാണ്‌.

47. ഗുരുശിഷ്യസംവാദം മുക്തിമാര്‍ഗ്ഗം - സന്യാസവും ജ്ഞാനയോഗവും തപോനുഷ്ഠാനവും ഒരു പോലെ ശ്രേയസ്കരം - ബ്രഹ്മാവു പറഞ്ഞു: സത്യത്തെ ഉറപ്പിച്ച്‌ വൃദ്ധന്മാരായ ചിലര്‍ പറയുന്നു, സന്യാസം എന്നതു തപസ്സാണെന്ന്‌. ബ്രഹ്മത്തില്‍ നിന്നുത്ഭവിച്ചവരായ ബ്രാഹ്മണര്‍ പറയുന്നു, ജ്ഞാനം ബ്രഹ്മമാണ്‌ എന്നും. ബ്രഹ്മം അതിദൂരാത്മകമാണ്‌. അത്‌ വേദത്തെ ആശ്രയിച്ചാണ്‌ നാം അറിയുന്നത്‌. നിര്‍ദ്വന്ദ്വവും, നിര്‍ഗുണവും, നിത്യവും, അചിന്ത്യവും, ഉത്തമവുമാണ്‌ ആ ബ്രഹ്മം. തപസ്സുകൊണ്ടും, ജഞാനംകൊണ്ടും ധീരന്മാരായ അവര്‍ ആ പരമാത്മാവിനെ ദര്‍ശിക്കും. മനസ്സു നിര്‍മ്മലമായ ശുദ്ധാത്മാക്കള്‍, പാപം കഴുകിക്കളഞ്ഞവര്‍, രജസ്സ്‌ (കാമാദികള്‍) ഇല്ലാത്തവര്‍ അങ്ങനെയുള്ളവര്‍ ബ്രഹ്മത്തെ ദര്‍ശിക്കും. തപസ്സു കൊണ്ട്‌ ക്ഷേമമായ മാര്‍ഗ്ഗത്തുടെ പരമേശ്വരനില്‍ പുണ്യാത്മാക്കള്‍ ചെന്നെത്തുന്നു. സന്യാസനിഷ്ഠന്മാരായ ബ്രഹ്മവേദികള്‍ എന്നും ചെന്നെത്തുന്നു. തപം പ്രതീപമാണെന്നും ആചാരം ധര്‍മ്മസാധനമാണെന്നും ജ്ഞാനം പരമമാണെന്നും സന്യാസം ഏറ്റവും ഉത്തമമാണെന്നും പറയുന്നു. നിരാധാരമായ ജ്ഞാനം ആര്‌ തത്ത്വ നിശ്ചയത്താല്‍ കാണുന്നു, സര്‍വ്വജീവിയിലും ആത്മാവെ ആരു കാണുന്നു, അവന്‍ സര്‍വ്വഗാമിയാകുന്നു. സഹവാസവും വിവാസവും ഏതു പണ്ഡിതന്‍ കാണുന്നുവോ, ഒന്നായും പലതായും ആരു കാണുന്നുവോ, നാനാത്വത്തില്‍ ഏകത്വം ഏവന്‍ ദര്‍ശിക്കുന്നുവോ, അവന്‍ എല്ലാ ദുഃഖത്തില്‍ നിന്നും വിമുക്തനാകും.

ഒന്നും കാമിക്കാത്തവന്‍, ഒന്നിനെയും നിന്ദിക്കാത്തവന്‍, അവന്‍ ഇഹലോകത്തില്‍ വാണാലും അവന്‍ ബ്രഹ്മഭാവത്തെ പ്രാപിക്കുന്നതാണ്‌. വിധാനഗുണതത്ത്വജ്ഞന്‍ സര്‍വ്വപ്രാധാന്യത്തെ അറിയുന്നവന്‍, നിര്‍ദ്വന്ദ്വന്‍, നിരഹങ്കാരന്‍ എന്ന നിലയിലെത്തിയവന്‍ തീര്‍ച്ചയായും മുക്തനാകും. നിര്‍ദ്വന്ദ്വന്‍, നിര്‍നമസ്‌കാരന്‍, നിഃസ്വധാകാരന്‍, നിര്‍ഗ്ഗുണം, നിത്യം, അദ്വൈതം, ഇങ്ങനെയുള്ള ഗുണമുള്ളവന്‍ ശമത്തെ പ്രാപിച്ച്‌ മുക്തനാകും.

ഗുണമയമായ സകല കര്‍മ്മവും വിട്ട്‌, ശുഭാശുഭമായഎല്ലാകര്‍മ്മവും വിട്ട്‌, സത്യവും അനൃതവും വിട്ട്, ഒന്നിലും ലിപ്തനാകാത്തവന്‍ തീര്‍ച്ചയായും മുക്തനാകും. അവ്യക്തയോനിയില്‍ നിന്നുത്ഭവിച്ചതും, ബുദ്ധിയാകുന്ന കവരത്തോടു കൂടിയതും വലുതായി വളര്‍ന്നതും, മഹാഹങ്കാരമെന്നു പേരുള്ളതുമായ വൃക്ഷം, ഇന്ദ്രിയാങ്കുരങ്ങളാകുന്ന കോടരങ്ങളോടു കൂടിയതും, മഹാഭൂതങ്ങളാല്‍ വിശാലമായതുമായ ആവൃക്ഷം, മരങ്ങളില്‍ വെച്ചു ശ്രേഷ്ഠമാണ്‌. എന്നും പൂവും കായുമായി ശുഭാശുഭഫലങ്ങള്‍ അത്‌ നല്കുന്നു. സര്‍വ്വജീവികള്‍ക്കും ജീവിക്കുവാന്‍ കഴിവുറ്റ ആ ബ്രഹ്മവൃക്ഷം സനാതനമാണ്‌, നിത്യമാണ്‌, അക്ഷയമാണ്‌. ഇപ്രകാരം തത്ത്വജ്ഞാനമായ വാള്‍കൊണ്ട്‌ വെട്ടിപ്പിളര്‍ന്ന്‌, ആ മരത്തോട്‌ ഒട്ടുന്ന സംഗ പാര്‍ശ്വങ്ങളെ അറുത്ത്‌, ജന്മമൃത്യുക്കളെയും ജരയെയും ഛേദിച്ചു കാണിച്ച നിര്‍മ്മമനും, നിരഹങ്കാരനുമായ ജ്ഞാനി മുക്തനാകും. അതില്‍ യാതൊരു സംശയവുമില്ല. രണ്ടു പക്ഷികള്‍ സുഹൃത്തുക്കളായുണ്ട്‌. അവ നിത്യങ്ങളാണ്‌, ചൈതനൃഹീനങ്ങളാണ്‌, ബുദ്ധിഹീനങ്ങളാണ്‌. ഇവയ്ക്കു രണ്ടിന്നുമപ്പുറത്ത്‌ ഒന്നുണ്ട്‌. അത്‌ ചൈതന്യമുള്ളതാണ്‌. അത്‌ ബുദ്ധിയുള്ളതായി അറിയപ്പെടുന്നു.

അചേതനനും, സത്വസംഖ്യാ വിമുക്തനും, സത്വത്തില്‍ പരമായ ചേഷ്ഠയുള്ളവനുമാണ്‌ അന്തരാത്മാവ്‌. ആ ക്ഷേത്രജ്ഞന്‍ സര്‍വ്വസംഖ്യാത ബുദ്ധിയാകുന്നു. ഗുണാതിഗനുമാകുന്നു. അവനെ ശരിയായി അറിഞ്ഞവന്‍ ആരോ, അവന്‍ സകല പാപങ്ങളില്‍ നിന്നും വിമുക്തനാകുന്നു.

48. ഗുരുശിഷ്യസംവാദം പുരുഷവിവേചനം - ജീവാത്മാ പരമാത്മാക്കളുടെ രൂപവിവരണം - ബ്രഹ്മാവ്‌ പറഞ്ഞു: ചിലര്‍ പറയുന്നു, ബ്രഹ്മം വലിയ ഒരു മരമാണെന്ന്‌. ചിലര്‍ പറയുന്നു, വലിയ ഒരു കാനനമാണെന്ന്‌. ചിലര്‍ പറയുന്നു ബ്രഹ്മം അവ്യക്തമാണെന്ന്‌. ചിലര്‍ പറയുന്നു ബ്രഹ്മം പരമവും അനാമയവുമാണ്‌ എന്ന്‌. ചിലര്‍ അതിനെ എല്ലാറ്റിന്റേയും പ്രഭവമായും എല്ലാം ചെന്നു ലയിക്കുന്ന അവ്യക്തമായും പറയുന്നു. ഒറ്റ ശ്വാസത്തിന്റെ ഇട കൊണ്ട്‌ അന്തകാലത്തില്‍ സമനായ അവന്‍ ആത്മാവില്‍ ചെന്നു ചേര്‍ന്ന്‌ അമൃതത്വം പ്രാപിക്കുന്നു. നിമിഷ സമയം ആത്മാവിനെ ആത്മാവില്‍ അടക്കുന്നതായാല്‍ ആത്മാവില്‍ അമൃതത്വം പ്രാപിക്കുന്നതാണ്‌. ആത്മപ്രസാദത്താല്‍ അവ്യയമായ വിദ്വല്‍ സ്ഥാനം പ്രാപിക്കുന്നതാണ്‌. പ്രാണായാമങ്ങളാല്‍ പ്രാണനെ അടക്കിയാല്‍ വീണ്ടും ചെന്നെത്തുന്നതാണ്‌. പത്തും പിന്നെ പന്ത്രണ്ടും ഇരുപത്തിനാലിനപ്പുറവും ഇപ്രകാരം പ്രസന്നാത്മാവ്‌ എന്തു വിചാരിക്കുന്നുവോ, അതെല്ലാം നേടുന്നതാണ്‌.

(നീലകണ്ഠന്‍ എന്ന വ്യാഖ്യാതാവ്‌ ഇതിനെപ്പറ്റി ഇപ്രകാരമാണ്‌ പറയുന്നത്‌. പത്തു കൂട്ടം എന്ന് പറഞ്ഞത്‌ യോഗമുറകളാണ്‌. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി എന്നിവയും, തര്‍ക്കവും, വൈരാഗ്യവും ചേര്‍ന്നതാണ്‌ പത്തുകൂട്ടം. കാര്യങ്ങള്‍ പന്ത്രണ്ട്‌ എന്നു പറഞ്ഞത്‌, മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നീ നാലും ആദ്യത്തെ എട്ടും ചേരുമ്പോള്‍ പന്ത്രണ്ടാകുന്നു. യമങ്ങള്‍ അഞ്ചും, നിയമങ്ങള്‍ അഞ്ചും, യോഗങ്ങള്‍ ആറും, മ്രൈത്രി തുടങ്ങിയവ നാലും ആകുന്നു)

അവ്യക്തത്തില്‍ നിന്ന് ഉപരിയായ തത്ത്വം അമൃതത്ത്വത്തിന്നായി വരും. സത്വത്തെ അറിഞ്ഞവര്‍ സത്വത്തെക്കാള്‍ മേലെയായി ഒന്നിനെയും വാഴ്ത്താറില്ല. സത്വസംസ്ഥനായ പുമാനെ അനുമാനം കൊണ്ട്‌ അറിയുന്നു. പുമാനെ ഇപ്രകാരമല്ലാതെ അറിയുവാനോ പറയുവാനോ പറ്റുന്നതല്ല മുനിമുഖ്യന്മാരേ!

ധൈര്യം, ക്ഷമ, അഹിംസ, സമത്വം, സത്യം, ആര്‍ജ്ജവം,ജ്ഞാനം, ത്യാഗം, സന്ന്യാസം എന്നിവയെല്ലാം സാത്വികന്മാരുടെ ലക്ഷണമാണ്‌. ഈ പറഞ്ഞ അനുമാനത്തെ കണ്ട്‌ മനീഷികള്‍ സത്വഗുണവാന്മാരെ തിരിച്ചറിയുന്നു. ജ്ഞാനത്തില്‍ ഉറച്ച ചില വിദ്വാന്മാര്‍ പറയുന്നു, ക്ഷേത്രജ്ഞനും പ്രകൃതിയും തമ്മില്‍ ഒന്നായിട്ടല്ല സ്ഥിതി ചെയ്യുന്നതെന്ന്‌. പുരുഷനില്‍ നിന്നും ഭിന്നമാണ്‌ പ്രകൃതി എന്നത്‌ തീര്‍ച്ചയാണ്‌. പ്രകൃതിയാല്‍ സഹജമായ പരത്തെ വേറെ വിധത്തില്‍ അറിയണം. പുരുഷനും പ്രകൃതിയും തമ്മിലുള്ള വ്യത്യാസവും ഐക്യവും ശരിയായി മനസ്സിലാക്കണം. ബുദ്ധിയില്‍ കണ്ട മട്ടില്‍ സമ്മതമായ ഏകത്വനാനാത്വങ്ങളെപ്പറ്റി പറഞ്ഞു. പ്രാണിയും അത്തിയും ഒന്നായിട്ടു തോന്നാം. എന്നാല്‍ അത്‌ വേറെവേറെ ആണല്ലോ. വെള്ളത്തില്‍ മത്സ്യം വേറെയാണ്‌. വെള്ളവും മത്സ്യവും ഒന്നല്ല. അപ്രകാരമാണ്‌ ഈ പ്രകൃതിയും പുരുഷനും തമ്മിലുള്ള അന്തരം. ചെന്താമരയിലയില്‍ ജലബിന്ദു പോലെയാണ്‌. ഒന്നില്‍ മറ്റൊന്ന്‌ സ്ഥിതി ചെയ്യുന്നു. രണ്ടും ഒന്നല്ല; രണ്ടും തമ്മില്‍ പറ്റുന്നുമില്ല.

ഗുരു പറഞ്ഞു: ഇപ്രകാരം പറയുന്ന ലോകപിതാമഹനോട്‌ മുനിസത്തമനായ ആ ദ്വിജന്‍ പിന്നെയും സംശയത്തോടെ ചോദിച്ചു.

49. ഗുരുശിഷ്യസംവാദം ഋഷിപ്രശ്മം - ധർമ്മസ്വരൂപത്തെപ്പറ്റി ചോദിക്കുന്നു - ഋഷികള്‍ പറഞ്ഞു; ധര്‍മ്മങ്ങളില്‍ വെച്ച്‌ ഏറ്റവും അവശ്യമായി ചെയ്യേണ്ടത്‌ എന്താണ്‌? ധര്‍മ്മത്തെപ്പറ്റി പലമാതിരി വിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുവല്ലൊ! ദേഹം നശിച്ചു കഴിഞ്ഞാല്‍ പിന്നെ ചിലതുണ്ട്‌ അതിനപ്പുറത്ത്‌ എന്നു ചിലര്‍ പറയുന്നു. ദേഹം നശിച്ചാല്‍ പിന്നെ ഒന്നുമില്ല ബാക്കിയെന്ന്‌ വേറെ ചിലര്‍ പറയുന്നു ചിലര്‍ അക്കാര്യം വളരെ സംശയത്തിലാണെന്നു പറയുന്നു. ചിലര്‍ പറയുന്നു, സംശയമൊന്നുമില്ല, തീര്‍ച്ചയാണ്‌, ഉണ്ടെന്ന്‌. ചിലര്‍ പറയുന്നു നിത്യം, ശാശ്വതം എന്നൊക്കെ പറയുന്നുണ്ടല്ലോ അത്‌ അങ്ങനെയല്ല എന്ന്‌. ചിലര്‍ ഉണ്ടെന്നു പറയുമ്പോള്‍ മറ്റു ചിലര്‍ ഇല്ലെന്നു പറയുന്നു. ചിലര്‍ പറയുന്നു, രണ്ടായിക്കാണുന്നത്‌ ഒന്നാണെന്ന്‌. വേറെ ചിലര്‍ പറയുന്നു. രണ്ടും കൂടി കലര്‍ന്നതാണെന്ന്‌. ബ്രഹ്മജ്ഞാനികളായ ബ്രാഹ്മണര്‍, സത്യവാന്മാര്‍ പറയുന്നു, ഒന്നേയുള്ളു അനേകമില്ല എന്ന്‌. അതു വ്യക്തമാണെന്ന്‌ ചിലര്‍. പലതായി ചിലരും പറയുന്നു. ചിലര്‍ പറയുന്നു, ദേശവും കാലവും മാത്രമേയുള്ളു വാസ്തവമായിട്ട്‌ എന്ന്‌. മറ്റു ചിലര്‍ അത്‌ അങ്ങനെയല്ല എന്ന്‌.

ഇനി ചിലരുടെ വേഷങ്ങള്‍ പറയാം. ജടയും മാന്‍തോലും ധരിച്ച്‌ ചിലര്‍ നടക്കുന്നു. ചിലര്‍ തല മൊട്ടയടിച്ചു നടക്കുന്നു. ചിലര്‍ നഗ്നരായി, ദിഗംബരന്മാരായി നടക്കുന്നു. ചിലര്‍ കുളിക്കുകയില്ല, ചിലര്‍ കുളിയില്‍ താല്‍പര്യമുള്ളവരാണ്‌, ഈ ബ്രാഹ്മണര്‍ തത്ത്വജ്ഞ ബ്രഹ്മദര്‍ശികളായ ദേവന്മാരാണ്‌.

ചിലര്‍ ആഹാരം ഇച്ഛിക്കുന്നു. ചിലര്‍ ഉപവാസത്തില്‍ തന്നെ കഴിയുന്നു. ചിലര്‍ കര്‍മ്മത്തെ വാഴ്ത്തുന്നു. ചിലര്‍ ശാന്തിയെയും വാഴ്ത്തുന്നു. ചിലര്‍ മോക്ഷത്തെ വാഴ്ത്തുന്നു. ചിലര്‍ പലതരം ഭോഗങ്ങളെയും വാഴ്ത്തുന്നു. ചിലര്‍ ധനത്തെ ഇച്ഛിക്കുന്നു മറ്റു ചിലര്‍ നിര്‍ദ്ധനത്വത്തെപ്പറ്റി പുകഴ്‌ത്തുന്നു. ചിലര്‍ പറയുന്നു, ജീവിതത്തിന് വേണ്ട വഹ സമ്പാദിക്കണമെന്ന്‌. ചിലര്‍ പറയുന്നു, അതു പാടില്ല എന്ന്‌. ചിലര്‍ അഹിംസാ തല്‍പരരാണ്‌. ചിലര്‍ ഹിംസാപരായണരാണ്‌. ചിലര്‍ പറയുന്നു, യോഗ്യതകള്‍ക്കും കീര്‍ത്തിക്കും വേണ്ടിയാണ് ജീവിക്കുന്നതെന്ന്‌. മറ്റു ചിലര്‍ പറയുന്നു, അതു ശരിയല്ലെന്ന്‌. അങ്ങനെ ഉണ്ടെന്നുള്ളതില്‍ ചിലര്‍ തല്‍പരരാണ്‌. ചിലര്‍ ഉണ്ടോ ഇല്ലയോ എന്നും സംശയിക്കുന്നവരാണ്‌. ചിലര്‍ ദുഃഖിക്കുവാനും, ചിലര്‍ സുഖിക്കുവാനും, ചിലര്‍ ധ്യാനിക്കുവാനും തല്‍പരരായിക്കാണുന്നു. ചില ജ്ഞാനികളായ ബ്രാഹ്മണര്‍ പറയുന്നു, അതു യജ്ഞമാണെന്ന്‌. ചിലര്‍ അത്‌ ദാനമായി പറയുന്നു. ചിലര്‍ അത്‌ തപമായി പറയുന്നു. മറ്റു ചിലര്‍ വേദാദ്ധ്യയനമായി ഘോഷിക്കുന്നു. ചിലര്‍ ജ്ഞാനത്തെയും, സന്യാസത്തെയും അനുകരിക്കുവാന്‍ അനുശാസിക്കുന്നു. ചിലര്‍ ഭൂതങ്ങളില്‍ ചിന്തിച്ചു പറയുന്നത്‌, ഈ കാണുന്നതു പ്രകൃതി മാത്രമാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നുമാണ്‌. ചിലര്‍ എല്ലാറ്റിനെയും പുകഴ്ത്തുന്നു. ചിലര്‍ ഒന്നിനെയും പുകഴ്ത്തുന്നില്ല.

ഇപ്രകാരം ധര്‍മ്മം പുറപ്പെട്ട്‌ പല മട്ടില്‍ അറിയിക്കുമ്പോള്‍ ദേവാ, ഞങ്ങള്‍ ഒന്നിലും ഒരു തീര്‍പ്പ്‌, നിശ്ചയം കാണുന്നില്ല. സുരസത്തമാ, ഞങ്ങള്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കാത്ത മൂഢന്മാരായിരിക്കുന്നു.

"ഇതാണ്‌ ശ്രേയസ്സ്‌ ഇതാണ്‌ ശ്രേയസ്സ്‌" എന്ന്‌ ഏറ്റ് ഏര്‍പ്പെടുന്ന ജനം ആര്‌ ഏതു ധര്‍മ്മമേല്ക്കുന്നുവോ അത്‌ അവന്‍ പുജിക്കുന്നു. അതുകൊണ്ട്‌ ഞങ്ങള്‍ക്കു പ്രജ്ഞ ശരിക്കും ലഭിക്കുന്നില്ല. പല മട്ടിലായിരിക്കുന്നു മനസ്സും. എന്താണ്‌ ശ്രേയസ്സ്‌ എന്നുള്ളതു പറഞ്ഞു കേള്‍ക്കുവാന്‍ ആശയുണ്ട്‌. ഇതിന് ഉപരിയായി എന്താണ്‌ ഗുഹ്യമായിക്കിടക്കുന്നത്‌? അത്‌ അങ്ങു ഉപദേശിക്കണേ! എന്താണ്‌ പ്രകൃതിയും ക്ഷേത്രജ്ഞനും തമ്മില്‍ ബന്ധം? അവയുടെ ഹേതു എന്താണ്‌?

ഇപ്രകാരം ഋഷിമാരായ ബ്രാഹ്മണര്‍ ചോദിച്ചതു കേട്ട്‌ ലോകഭാവനനായ ഭഗവാന്‍, ബുദ്ധിമാനായ ധര്‍മ്മാത്മാവ്‌ അവരോട്‌ ശരിയായി ഉത്തരം പറഞ്ഞു.

50. ഗുരുശിഷ്യസംവാദം തത്ത്വഗുണവിസ്താരം - അറിവിനെ പ്രവൃത്തിയിൽ കൊണ്ടുവരുവാൻ ബ്രഹ്മാവ് ഉപദേശിയ്ക്കുന്നു - ബ്രഹ്മാവു പറഞ്ഞു: അല്ലയോ സത്തുക്കളെ, നിങ്ങള്‍ ചോദിച്ചതിനുള്ള മറുപടി ഞാന്‍ ഇതാ പറയുന്നു. അതു നിങ്ങള്‍ കേട്ടു ധരിക്കുവിന്‍. മുമ്പ്‌ ഒരു ഗുരു ശിഷ്യനോട്‌ ഉപദേശിച്ചതാണിത്‌. അത്‌ അപ്രകാരം തന്നെ ഞാന്‍ നിഞഃളോട്‌ പറയുന്നു. എല്ലാം നല്ലപോലെ കേട്ടു ധരിക്കുവിന്‍.

സര്‍വ്വഭൂതങ്ങള്‍ക്കും അഹിംസയാണ്‌ ഏറ്റവും സ്വീകാര്യമായിട്ടുള്ളത്‌. ഒന്നിനെയും ഹിംസിക്കാതിരിക്കുക. ആരെയും ഭയപ്പെടുത്താത്ത ഈ നില ശ്രേഷ്ഠമായിട്ടുള്ളതും ധര്‍മ്മലക്ഷണവുമാണ്‌. നിഃശ്രേയസമാണ്‌ ജ്ഞാനമെന്നു വൃദ്ധന്മാരായ തത്ത്വദര്‍ശികള്‍ പറയുന്നു. അതുകൊണ്ട്‌ വിശുദ്ധമായ ജ്ഞാനം കൊണ്ട്‌ കില്‍ബിഷമെല്ലാം നീങ്ങും. ഹിംസയില്‍ വലിയ താല്‍പര്യമുള്ളവരും നാസ്തികന്മാരും ഉണ്ടല്ലോ. ലോഭമോഹാന്വിതന്മാരായ അവര്‍ നരകത്തില്‍ പോകുന്നതാണ്‌. ആശിസ്സു ചേര്‍ന്ന കര്‍മ്മങ്ങള്‍ യാതൊരു ഇളവും കൂടാതെ ചെയ്യുന്ന ഈ ലോകത്തില്‍ വീണ്ടും വീണ്ടും ജന്മമെടുത്ത്‌ മോദിക്കുന്നതാണ്‌. ശ്രദ്ധയോടുകൂടി കര്‍മ്മം ചെയ്യുന്ന പണ്ഡിതന്മാര്‍, നിഷ്‌കാമമായി സല്‍ക്കര്‍മ്മം ചെയ്യുന്ന ധീരന്മാര്‍, സാധുദര്‍ശികളാകുന്നു. നല്ല ഉള്‍ക്കാഴ്ചയുള്ളവരാകുന്നു.

ഇനി ക്ഷേത്രജ്ഞനും പ്രകൃതിയും തമ്മിലുള്ള യോഗവും വിയോഗവും വ്യക്തമാക്കാം. സത്തുക്കളേ, അത്‌ നിങ്ങള്‍ ധരിക്കുവിന്‍! വിഷയവും, വിഷയിത്വവും, സംബന്ധവും ഞാന്‍ പറയാം. പുരുഷന്‍ വിഷയിയും സത്വം (പ്രകൃതി) വിഷയവും എന്നാണ്‌ എന്റെ അഭിപ്രായം. മുമ്പെ ഇതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്‌. പ്രാണിയും അത്തിമരവും എന്ന പോലെയാണെന്ന്‌. അനുഭവിക്കുന്ന നിന്റെ, ആസ്വദിക്കുന്ന നിന്റെ നില ഇതാണ്‌. പ്രകൃതി അചേതനമാണ്‌, ചിന്തിക്കാന്‍ കഴിയാത്തതാണ്‌. അതുകൊണ്ട്‌ അതനുഭവിക്കുന്നത്‌ അറിയുന്നില്ല. അത്‌ അറിയുന്നവനാരോ, അവനാണ്‌ ഭുജിക്കുന്നവന്‍ എന്നു പറയണം. ക്ഷേത്രജ്ഞനാണ്‌ ആസ്വാദകന്‍, പ്രകൃതി അത്‌ അനുഭവിക്കുന്നു എന്നു വിചാരിക്കാം. ജ്ഞാനികള്‍ പറയുന്നു പ്രകൃതി ദ്വന്ദ്വഭാവമുള്ളതാണെന്ന്‌. അതു കൊണ്ടാണ്‌ ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്ന്‌. അതിന്‌ ഗുണസംബന്ധമുണ്ട്‌. ക്ഷേത്രജ്ഞന്‍ നിര്‍ദ്വന്ദ്വനാണ്‌, നിഷ്കളങ്കനാണ്‌, നിത്യനാണ്‌, നിര്‍ഗ്ഗുണാത്മകനാണ്‌, സമനാണ്‌. എല്ലാറ്റിലും ഒരുപോലെ വര്‍ത്തിക്കുന്നു. സംജ്ഞാനുഗനാണ്‌. പ്രകൃതിയുമായി അവന്‍ താമരയിലയില്‍ ജലമെന്ന പോലെ ചേര്‍ന്നു നിന്ന്‌ സത്വത്തെ, പ്രകൃതിയെ, ആസ്വദിക്കുന്നു. ജ്ഞാനിയായ അവന്‍ എത്ര ഗുണമേറ്റാലും അതില്‍ ഒട്ടി നില്ക്കുകയില്ല. താമരയിലയില്‍ നിന്നു തുള്ളുന്ന നീര്‍ത്തുള്ളി ഇലയിലൊട്ടാത്തത് പോലെ ക്ഷേത്രജ്ഞന്‍ പ്രകൃതിയോട്‌ ബന്ധപ്പെടാതെ നില്ക്കുന്നു. ഇപ്രകാരം ലേപനം വിട്ടവനായി പുരുഷന്‍ നില്ക്കുന്നു എന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

പ്രകൃതിയെന്നത്‌ പുരുഷന്റെ ദ്രവ്യമാണെന്നാണ്‌ ശാസ്ത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. പ്രകൃതിയും പുരുഷനും തമ്മിലുള്ള ചേര്‍ച്ചയാണ്‌, വസ്തുവും അതിന്റെ കര്‍ത്താവും തമ്മിലുള്ള ബന്ധം. ഒരാള്‍ ഒരു വിളക്കു തെളിയിച്ച്‌ അതുമായി ഇരുളടഞ്ഞ സ്ഥലത്തു കടക്കുന്നതു പോലെയാണ്‌ പരമാര്‍ത്ഥികള്‍ സത്വമാകുന്ന ദീപവുമേന്തി പോകുന്നത്‌. എത്രത്തോളം ദ്രവ്യമുണ്ടോ അത്രത്തോളം അതിന്റെ ഗുണവും നില്ക്കുന്നു. എത്രത്തോളം എണ്ണയും തിരിയുമുണ്ടോ അത്രത്തോളം വിളക്കു തെളിഞ്ഞ്‌ വെളിച്ചം നല്കുന്നു. തിരി കെട്ടു പോയാല്‍ വസ്തുവും, ഗുണവും, (എണ്ണയും, തിരിയും) തീര്‍ന്നു പോയി എന്നറിയണം. അപ്രകാരം പ്രകൃതി (സത്വം) എന്നത്‌ വ്യക്തമാണ്‌. പരനായ പുരുഷന്‍ അവ്യക്തനാണ്‌. അല്ലയോ ബ്രാഹ്മണരേ, ഇതു നിങ്ങള്‍ ഗ്രഹിക്കുവിന്‍. ഇനി വേറെ പറയാം.

ആയിരം ദുര്‍ബുദ്ധികള്‍ ആയിരം വ്യാഖ്യാനിച്ചാലും ജ്ഞാനം നേടാന്‍ ബുദ്ധിക്കു കഴിയുകയില്ല. നാലിലൊരംശം കൊണ്ടും ബുദ്ധിമാന്‍ സുഖമായി അറിവിനെ നേടും. ധര്‍മ്മത്തെ നേടുന്നത്‌ ഉപായം കൊണ്ടാണെന്നറിയണം. ഉപായം കണ്ടറിഞ്ഞ ബുദ്ധിമാന്‍ അത്യന്തമായ സുഖം അനുഭവിക്കും. വഴിച്ചെലവു കൂടാതെ, വേണ്ട സൗകര്യങ്ങള്‍ നോക്കാതെ, യാത്ര തുടരുന്നവന്‍ വളരെ ക്ലേശത്തോടു കൂടെ മാത്രമേ പോവുകയുള്ളൂ. ഇടയ്ക്കു വെച്ച്‌, ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ്‌, അവന്‍ നശിച്ചു പോയെന്നും വരാം. ഇപ്രകാരം കര്‍മ്മങ്ങളെ മനസ്സിലാക്കണം. അപ്രകാരമുള്ള കര്‍മ്മങ്ങള്‍ക്ക്‌ ഫലം ലഭിച്ചു എന്നും ലഭിച്ചില്ല എന്നും വരാവുന്നതാണ്‌. ഏതാണോ ഒരുത്തന്ന്‌ ശുഭം, ഏതാണോ അശുഭം എന്നത്‌ പരീക്ഷിച്ചറിയണം. വളരെ നീളം കൂടിയ വഴി കാല്‍നടയായി പോവുകയാണെങ്കില്‍, മുമ്പെ കാണാത്തതായ ആ വഴിയെപ്പറ്റി ഒന്നുമറിയാതെ തുടരുകയാണെങ്കില്‍, അവന്റെ അനുഭവം എപ്രകാരമായിരിക്കും, അതാണ്‌ അറിവില്ലാത്തവന്റെ ,ജ്ഞാനമില്ലാത്തവന്റെ, ജീവിതയാത്രയുടെ പുരോഗതി. എന്നാല്‍, ബുദ്ധിയുള്ളവന്റെ ജീവിതയാത്ര അറിവുള്ള പാതയില്‍ക്കൂടെ നല്ല വേഗതയുള്ള കുതിരകളെപ്പൂട്ടിയ രഥത്തില്‍ കയറിയുള്ള യാത്ര പോലെയാണ്‌. ഒരു കുന്നിന്റെ മുകളില്‍ക്കയറിയ അവന്‍ ഭൂമിയുടെ നിരപ്പിലേക്ക്‌ നോക്കാറില്ല. തേരാല്‍ ക്ലേശിച്ചുഴന്ന തേരാളിയെ നോക്കുക. തേരിന് പോകുവാന്‍ പറ്റിയ പാത എത്രത്തോളമുണ്ടോ അത്രയ്ക്ക്‌ അവന് പോകുവാന്‍ പറ്റും. തേരിനുള്ള വഴിയില്ലെങ്കില്‍ ഇറങ്ങി അവന്‍ നടക്കുക തന്നെ വേണം. തത്ത്വയോഗവിധാനജ്ഞനും, ഗുണജ്ഞനുമായ മേധാവി പാര്‍ത്തറിഞ്ഞ്‌ അങ്ങനെ മേൽപോട്ടു പോകും. തോണി കൂടാതെ ഉല്‍ക്കടമായ കടലില്‍ ചെന്നിറങ്ങിയാല്‍ സമ്മോഹം കൊണ്ട്‌ അവന്‍ കൈകൊണ്ടു നീന്തിക്കയറുവാന്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും അവന്‍ മുങ്ങിച്ചാവുക തന്നെ ചെയ്യുന്നതാണ്‌.

വഴിയറിയുന്ന പ്രാജ്ഞന്‍ നല്ല തണ്ടു വെച്ചു കെട്ടിയ തോണിയില്‍ക്കയറി വെള്ളത്തില്‍ ഒട്ടും ഭയപ്പെടാതെ തണ്ടു വലിച്ചു കയം കയറിക്കടക്കുന്നതാണ്‌. മറുകരയെത്തി അവന്‍ തോണി വിട്ടു നിര്‍മ്മമനായി കയറിക്കടക്കുന്നതുമാണ്‌. മുമ്പെ ഇതിനെപ്പറ്റി രഥയാത്രയും കാല്‍നടത്തവും ഉദാഹരണമായി പറഞ്ഞു കഴിഞ്ഞു. സ്‌നേഹം മൂലം മായാമോഹത്തില്‍ പെട്ടവനായി, തോണിയോട്‌ മുക്കുവന്‍ എന്ന പോലെ മമത്വം ബാധിച്ച്‌ അവന്‍ അലന്റെ മാര്‍ഗ്ഗത്തില്‍ ചുറ്റിക്കറങ്ങുകയാണ്‌. ഒരുത്തനും തോണിയില്‍ക്കയറി കരയില്‍ ചുറ്റിത്തിരിയുവാന്‍ സാദ്ധ്യമല്ല. അപ്രകാരം തന്നെ വണ്ടിയില്‍ക്കയറികടലില്‍ യാത്ര ചെയ്യുവാനും സാദ്ധ്യമല്ല. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവര്‍ത്തനരംഗങ്ങളുണ്ട്‌. ലോകത്തില്‍ എപ്രകാരം ഒരുത്തന്‍ ചെയ്യുന്നുവോ, അപ്രകാരം ആ കര്‍മ്മങ്ങളുടെ ഫലം അവനേല്ക്കുന്നതാണ്‌. ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം, ഇവ കൂടാതെ മുനിമാര്‍ ബുദ്ധിയാല്‍ കാണുന്നു. അതു തന്നെയാണ്‌ പ്രധാനം എന്നു പറയുന്നു. പ്രധാനമാണ്‌ അവ്യക്തം. അവ്യക്തത്തിന്റെ ഗുണമാണ്‌ മഹത്ത്‌. അഹങ്കാരം ആണ് മഹത്ത്‌ എന്ന പ്രധാന ഭൂതത്തിന്റെ ഗുണം. ആ അഹങ്കാരത്തില്‍ നിന്നാണ്‌ മഹാഭൂത കൃതമായ ഗുണം ഉണ്ടായത്‌. ഭൂതങ്ങള്‍ക്ക്‌ വെവ്വേറെയുള്ള ഗുണങ്ങളാണ്‌ വിഷയങ്ങള്‍. ബീജധര്‍മ്മം അവ്യക്തമാണ്‌. അത്‌ പ്രസവാത്മകമാണ്‌. ബീജധര്‍മ്മം മഹാനായ ആത്മാവാകുന്നു എന്നും അതാണ്‌ ഉത്ഭവമെന്നും നാം കേട്ടിരിക്കുന്നു. ബീജധര്‍മ്മമാണ്‌ അഹങ്കാരം. അതില്‍ നിന്നാണ്‌ വീണ്ടും വീണ്ടും ഉത്ഭവമുണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഈ അഞ്ചു ഭൂതങ്ങള്‍ക്കും ബീജപ്രസവധര്‍മ്മങ്ങളുണ്ട്‌. ഈ ബീജധര്‍മ്മികളാണ്‌, പ്രസവത്തെയും ചെയ്യുന്നത്‌. പഞ്ചഭൂത വിശേഷങ്ങളോടു കൂടിയ ചിത്തം വിശേഷണമാകുന്നു. ആകാശത്തിന് ഒരു ഗുണം മാത്രം. വായുവിന് രണ്ടു ഗുണമുണ്ട്‌. ജ്യോതിസ്സിന് മൂന്നു ഗുണമുണ്ട്‌. വെള്ളത്തിന്നു നാലു ഗുണമുണ്ട്‌. ചരാചരങ്ങള്‍ ചേര്‍ന്ന ഭൂമി സര്‍വ്വഭൂതവിധാത്രിയായി ശുഭാശുഭങ്ങള്‍ കാണിച്ചുവല്ലോ. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അഞ്ചുമാണ്‌ ഭൂമിക്കുള്ള ഗുണങ്ങള്‍. അത്‌ ദ്വിജമുഖ്യരേ,ധരിച്ചാലും! എപ്പോഴും ഭൂമിക്ക്‌ ഗന്ധമുണ്ട്‌. ആ ഗന്ധം പല വിധത്തിലാണ്‌. ആ ഗന്ധത്തിന്റെ പല ഗുണവും ഞാന്‍ വിസ്തരിച്ചു പറയാം. ഗന്ധം ഇഷ്ടവും അനിഷ്ടവുമുണ്ട്‌, മധുരം, കടു, അമ്ലം, നിര്‍ഹാരി, സംഹതം, സ്നിഗ്ദ്ധം, രൂക്ഷം, വിശദം ഇങ്ങനെ പൃഥ്വിക്ക്‌ പത്തു ഗന്ധമുണ്ട്‌.

ശബ്ദം, സ്പര്‍ശം, രൂപം, ദ്രവം എന്നിവ ജലത്തിന്റെ ഗുണങ്ങളാണ്‌. രസജ്ഞാനത്തെപ്പറ്റി പറയാം: രസം പല വിധത്തിലാണ്‌. മധുരം, പുളി, കയ്പ്‌, ചവര്‍പ്പ്‌, എരുവ്‌ ഇങ്ങനെ ആറു രസങ്ങളോടു കൂടിയ രസം ജലമയമാകുന്നു. ശബ്ദം, സ്പര്‍ശം, രൂപം ഇങ്ങനെ ജ്യോതിസ്സിന്നു മൂന്നു ഗുണങ്ങളുണ്ട്‌. ജ്യോതിസ്സിന്റെ ഗുണമാണ്‌ രൂപം. രൂപം പല മാതിരിയാണ്‌; ശുക്ലം, കൃഷ്ണം, രക്തം, നീലം, പീതം, അരുണം, ഹ്രസ്വം, ദീര്‍ഘം, കൃശം, സ്ഥൂലം, വൃത്തം, ചതുരശ്രം ഇങ്ങനെ തേജസ്സിന്റെ രൂപം പന്ത്രണ്ടു വിധം വിസ്താരത്തെ പ്രാപിച്ചിരിക്കുന്നതു കാണാം. ഇവയെല്ലാം വൃദ്ധന്മാരും, ധാര്‍മ്മികരും,സത്യവാദികളുമായവര്‍ ഗ്രഹിച്ചിരിക്കുന്നു. ശബ്ദം, സ്പര്‍ശം എന്നീ രണ്ടു ഗുണമാണ്‌ വായുവിനുള്ളത്‌. സ്പര്‍ശം പലമട്ടിലുണ്ട്‌: രൂക്ഷം, ശീതം, ഉഷ്ണം, സ്നിഗ്ദ്ധം, വിശദം, കഠിനം, ചിക്കണം, ശ്ലക്ഷ്ണം, പിഛിലം, ദാരുണം, മൃദു എന്നീ പന്ത്രണ്ട് തരത്തില്‍ വിസ്തരിച്ച്‌ വായുവിന്റെ ഗുണത്തെപ്പറ്റി വിധി പോലെ തത്ത്വദര്‍ശികളും, ധാര്‍മ്മികരുമായ വിപ്രന്മാര്‍ പറയുന്നു.

ആകാശത്തിന് ഒരു ഗുണമേയുള്ളു. ആ ഗുണം ശബ്ദം മാത്രമാകുന്നു. ആ ശബ്ദത്തെ വിസ്തരിച്ച്‌ പല ഗുണങ്ങളെപ്പറ്റിയും പറയാം. ഷള്‍ജ്ജര്‍ഷഭങ്ങള്‍, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, നിഷാദം, ധൈവതം ഇപ്രകാരം അവയെ അറിയണം. ശബ്ദം, ഇഷ്ടം, അനിഷ്ടം, സംഹതം, ഭിന്നം ഇങ്ങനെ പത്തു വിധം ശബ്ദം ആകാശ സംഭവമായി ഉണ്ട്‌. ആകാശമാണ്‌ ഏറ്റവും ഉത്തമമായ ഭൂതം. അതിന് മേലെ അഹങ്കാരം, അഹങ്കാരത്തെക്കാള്‍ മേലെ ബുദ്ധി, ബുദ്ധിയെക്കാള്‍ മേലെ ആത്മാവ്‌, അതിലും മേലെയാണ്‌ അവ്യക്തം, അവൃക്തത്തെക്കാള്‍ മേലെയാണ്‌ പുരുഷന്‍. പരാപരജ്ഞനും ഭുതങ്ങളുടെയെല്ലാം കര്‍മ്മമറിഞ്ഞവനും, സര്‍വ്വഭൂതാത്മാഭൂതാത്മാവുമായവന്‍ അവ്യയാത്മാവില്‍ ചെന്നെത്തുന്നതാണ്‌.


No comments:

Post a Comment