Sunday, 18 September 2022

വനപർവ്വം 51-ാം അദ്ധ്യായം വരെ

അരണ്യപർവ്വം

1. പൗരപ്രത്യാഗമനം - ജനമേജയൻ പറഞ്ഞു. ഹേ, വൈശമ്പായന, എന്റെ പൂര്‍വ്വന്മാരുടെ കഥ തുടര്‍ന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കള്ളച്ചൂതിൽ പാര്‍ത്ഥന്മാര്‍ തോല്‍പിക്കപ്പെട്ടു. അമാതൃന്മാരോടു കൂടി ദുഷ്ടരായ ധാര്‍ത്തരാഷ്ട്രന്മാര്‍ അവരെ കോപിപ്പിച്ചു. പരുഷോക്തികള്‍ കേള്‍പ്പിച്ചു. അങ്ങനെ ഭയങ്കരമായ വൈരം ജനിപ്പിച്ചു. എന്റെ പൂര്‍വ്വ പിതാമഹന്മാരായ കാരവ്യര്‍ പിന്നെ എന്തു ചെയ്തു?

അവര്‍ പെട്ടെന്നാണല്ലോ ഐശ്വര്യ ഭ്രഷ്ടരായിത്തീര്‍ന്നത്‌? പെട്ടെന്ന്‌ അഴലിലാണ്ടു പോയ ഇന്ദ്രവിക്രമന്മാരായ അവര്‍ കാട്ടില്‍ എങ്ങനെ ജീവിച്ചു? അത്യാപത്തില്‍ അവരെ ആരൊക്കെ പിന്തുടര്‍ന്നു? അവര്‍ ഏതു വിധത്തില്‍ ജീവിച്ചു? എന്തു ഭക്ഷിച്ചു ജീവിച്ചു? ആ മഹാശയന്മാര്‍ എവിടെ താമസിച്ചു? പന്ത്രണ്ടു വര്‍ഷം കാട്ടില്‍ എങ്ങനെ കഴിഞ്ഞു കൂടി? സര്‍വ്വസ്ത്രീകളിലും ശ്രേഷ്ഠയും പതിവ്രതയും മഹാഭാഗയും സത്യവാദിനിയും ഒരിക്കലും ദുഃഖിച്ച്‌ അലയുവാന്‍ അര്‍ഹതയില്ലാത്തവളുമായ ആ രാജപുത്രിയും വനവാസം ചെയ്തു എന്നു കേള്‍ക്കുന്നു! ഭയങ്കരം തന്നെ! തപോനിധേ, എല്ലാം എന്നോടു വിസ്തരിച്ചു പറയുക. മഹാവിക്രമികളായ അവരുടെ ചരിത്രം കേള്‍ക്കുവാന്‍ ഞങ്ങള്‍ക്കു കൗതുകമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞും: അങ്ങനെ ദുര്‍ബുദ്ധികളായ ധാര്‍ത്തരാഷ്ട്രന്മാര്‍ അമാതൃന്മാരോടു കൂടി പാണ്ഡവന്മാരെ ചൂതില്‍ പരാജിതരാക്കി. അവരാല്‍ കോപിപ്പിക്കപ്പെട്ട പാണ്ഡവന്മാര്‍, "വര്‍ദ്ധമാനം" എന്നു പേരായ പുരദ്വാരത്തിലൂടെ കൃഷ്ണയോടു കൂടി പോന്ന്‌ ശസ്ത്രധാരികളായി വടക്കോട്ടു യാത്രയാരംഭിച്ചു. ഇന്ദ്രസേനന്‍ മുതലായ പതിനാലു ഭൃത്യന്മാര്‍ അവരുടെ ഭാര്യമാരോടു കൂടി രഥത്തില്‍ അവരെ പിന്തുടര്‍ന്നു. പാണ്ഡവന്മാര്‍ കാട്ടിലേക്കു പോയ വൃത്താന്തമറിഞ്ഞു ദുഃഖിതരായ പൗരന്മാര്‍ ഭീഷ്മന്‍, ദ്രോണൻ, കൃപന്‍, വിദുരന്‍ മുതലായവരെ വീണ്ടും വീണ്ടും നിന്ദിച്ചു പറഞ്ഞു. അവര്‍ പലപല കവലകളിലും കൂട്ടം കൂടി നിന്ന്‌ കൗരവരെ ഭയം കൂടാതെ നിന്ദിച്ചു സംസാരിച്ചു കൊണ്ടിരുന്നു.

പൗരന്മാര്‍ പറഞ്ഞു: ദുഷ്ടനായ ദുര്യോധനന്‍ ശകുനിയുടെ സഹായത്തോടെ രാജ്യം ഭരിക്കുകയാണെങ്കില്‍ പിന്നെ ഈ വംശവുമില്ല, നമ്മളുമില്ല, നമ്മുടെ വീടുമില്ല. കര്‍ണ്ണ ദുശ്ശാസനന്മാരുമൊത്ത്‌ അവന്‍ രാജ്യം ഭരിച്ചാല്‍ ആ വംശമെവിടെ? ആചാരമെവിടെ? ധര്‍മ്മമെവിടെ? സുഖമെവിടെ? പാപികളായ മന്ത്രിമാരോടു കൂടെ ആ മഹാപാപി രാജ്യം ഭരിക്കുകയാണെങ്കില്‍ ലോകം മുടിയും. ഗുരുദ്രോഹിയായ ദുര്യോധനന്‍ മിത്രാചാരാദികള്‍ വിട്ടവനാണ്‌. ദുരാഗ്രഹിയാണ്‌! ഭള്ളു നിറഞ്ഞവനാണ്‌! നീച പ്രകൃതിയാണ്‌! നിര്‍ദ്ദയനാണ്‌! ദുര്യോധനന്‍ രാജാവായാല്‍ ഭൂമണ്ഡലം പിന്നെയില്ല. നശിച്ചതു തന്നെ! നമ്മളൊക്കെ ഇവിടം വിട്ടു പോവുക. പാണ്ഡവന്മാര്‍ എവിടെ പാര്‍ക്കുന്നുവോ അവിടെ പോയി നമുക്കു പാര്‍ക്കാം. അവര്‍ കനിവുള്ളവരും മഹാത്മാക്കളും ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിച്ചവരുമാണ്‌. ധാര്‍ത്തരാഷ്ട്ര വൈരികളായ അവര്‍ അധര്‍മ്മത്തില്‍ ലജ്ജയുള്ളവരും പ്രസിദ്ധന്മാരും ധര്‍മ്മാചാരാവലംബികളുമാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ പൗരന്മാര്‍ പാണ്ഡവന്മാരെ പിന്തുടര്‍ന്ന്‌ എത്തി. അവര്‍ കുന്തീമാദ്രീ പുത്രന്മാരോട്‌ കൈകൂപ്പി ഇപ്രകാരം പറഞ്ഞു.

പൗരന്മാര്‍ പറഞ്ഞു: നിങ്ങള്‍ക്കു ശുഭം വരട്ടെ! നിങ്ങള്‍ ദുഃഖിതരായ ഞങ്ങളെ വിട്ടു പോവുകയാണോ നിങ്ങള്‍ പോകുന്നിടത്തേക്കു ഞങ്ങളും പോരാം. അധര്‍മ്മത്താല്‍ നിങ്ങളെ ജയിച്ചു എന്ന അത്യാഹിത വാര്‍ത്ത കേട്ടു വിഷമിച്ച്‌ ഉഴലുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ! എന്നും നിങ്ങളോടു സ്നേഹമുള്ള, നിങ്ങളുടെ ഹിതം മാത്രം നോക്കി ജീവിക്കുന്ന ഞങ്ങളെ വിട്ടു പോകുന്നതു ശരിയല്ല. ദുഷ്ടരാജാക്കന്മാര്‍ ഭരിക്കുന്ന നാട്ടില്‍ പെട്ടു ഞങ്ങള്‍ നശിച്ചു പോകും. മഹാശയന്മാരേ, ഞങ്ങള്‍ പറയുന്നതു ഭവാന്മാര്‍ കേള്‍ക്കണേ! ഗുണദോഷങ്ങള്‍ എങ്ങനെയാണെന്നു ഞങ്ങള്‍ പറയാം. ശുഭന്മാരോടു ചേര്‍ന്നാല്‍ ശുഭവും, അശുഭന്മാരോടു ചേര്‍ന്നാല്‍ അശുഭവുമാണു ഫലം. വസ്ത്രം, വെള്ളം, ഭുമി, എള്ള്‌ എന്നിവ പുഷ്പങ്ങളോടു ചേര്‍ന്നാല്‍ പുഷ്പത്തിന്റെ സൗരഭ്യം അവയ്ക്കുണ്ടാകും. മൂഢന്മാരുമായുള്ള സംഗമം മോഹജാലങ്ങളുടെ ഉത്ഭവസ്ഥാനമാണ്‌. നല്ലവരുമായുള്ള ബന്ധം കൊണ്ടു നാള്‍ തോറും ധര്‍മ്മത്തിന്റെ വിളഭൂമിയായി ജീവിതം ശോഭിക്കും. അതു കൊണ്ട്‌ പണ്ഡിതന്മാരായ വൃദ്ധന്മാരും സത്യസന്ധരും സല്‍സ്വഭാവികളും സുഖഭാവരും തപസ്വികളുമായേ കൂട്ടുപാടുള്ളൂു. ശമം കാംക്ഷിക്കുന്നവര്‍ സത്തുക്കളോടു കൂടി വസിക്കണം. ജന്മം, കര്‍മ്മം, വിദ്യ എന്നീ മൂന്നും തെളിയുന്നവരുമായി ഇടപെട്ടു ജീവിക്കുന്നതാണ്‌ ശാസ്ത്രപഠനത്തേക്കാള്‍ ഉത്തമം. കര്‍മ്മം ചെയ്തില്ലെങ്കിലും പുണ്യവാന്മാരായ സജ്ജനങ്ങളുമായി കൂടി ചേരുന്നവര്‍ പുണ്യം നേടും. ദുഷ്ടസംഗമത്താല്‍ പാപം നേടും. ദുഷ്ടന്മാരെ കാണരുത്‌, തൊടരുത്‌, അവരോടു മിണ്ടരുത്‌, അവരുമായി ഒന്നിച്ചിരിക്കരുത്‌. അതു പാപമാണ്‌! ഇവ കൊണ്ടു ധര്‍മ്മം ഇടിഞ്ഞു പോകും. മര്‍ത്ത്യരുടെ ഗതി കെട്ടുപോവുകയും ചെയ്യും. നീചരോടു ചേര്‍ന്നാല്‍ മര്‍ത്ത്യന്റെ ബുദ്ധി നീചമാകും. മദ്ധ്യമന്മാരോടു ചേര്‍ന്നാല്‍ മദ്ധ്യമമാകും. ശ്രേഷ്ഠരോടു ചേര്‍ന്നാല്‍ മനുഷ്യന്റെ ബുദ്ധി ശ്രേഷ്ഠമാകും! വിശേഷിച്ചും വിഷയികളിലും നീചന്മാരിലും അധര്‍മ്മിഷ്ഠന്മാരിലും ചേരാത്തതും ധര്‍മ്മകാര്യാര്‍ത്ഥ സമ്പത്തിക്കൊത്ത്‌ ലോകത്തില്‍ പുകഴ്ന്നതും ലോകാചാരത്തിനും ശ്രുതിക്കും വിധിക്കും സജ്ജനസമ്മതത്തിന് യോജക്കാത്തതുമായ സല്‍ഗുണങ്ങള്‍ ഒന്നിച്ചു നിങ്ങള്‍ക്ക്‌ എല്ലാവര്‍ക്കുമുണ്ട്‌. വെവ്വേറെയുമുണ്ട്‌. ഞങ്ങള്‍ ശ്രേയസ്സിന് ഗുണവാന്മാരായ നിങ്ങളുടെ കൂടെയുള്ള വാസം ഇച്ഛിക്കുന്നു.

യുധിഷ്ഠിരന്‍ പറഞ്ഞു: നിങ്ങളുടെ കാരുണൃത്താലും സ്നേഹത്താലും ഞങ്ങള്‍ ധന്യരായിരിക്കുന്നു! വിപ്രന്മാര്‍ തുടങ്ങിയ നാട്ടുകാര്‍ ഞങ്ങളിലില്ലാത്ത ഗുണം പോലും ഞങ്ങളില്‍ ആരോപിച്ചു പറയുന്നു. എന്നാൽ, ഭ്രാതാക്കളോടു കൂടി ഞാന്‍ നിങ്ങളോട്‌ ഒരു കാര്യം പറയുന്നു. അതു നിങ്ങള്‍ തെറ്റിക്കരുത്‌. നിങ്ങള്‍ക്കു ഞങ്ങളിലുള്ള ദയാവാത്സല്യങ്ങളുടെ ശക്തി നിങ്ങളുടെ വഴി പിഴപ്പിക്കരുത്‌, മുത്തച്ഛനായ ഭീഷ്മനും, വിദുരനും മഹാരാജാവും, അമ്മയും, മിക്ക മിത്രങ്ങളും ഹസ്തിനാപുരത്തിലുണ്ട്‌. അവരെ ഞങ്ങളുടെ ഇഷ്ടത്തിന് വേണ്ടി നിങ്ങള്‍ കരുതി കാത്തു കൊള്ളണം. നിങ്ങളോടു കൂടി ദുഃഖിക്കുന്ന അവരെയൊക്കെയും നിങ്ങള്‍ സമാശ്വസിപ്പിക്കണം. നിങ്ങളെ ഏല്‍പിച്ചു തന്ന എന്റെ ബന്ധുജനങ്ങളില്‍ കുറുള്ളവരാകണം നിങ്ങള്‍. ഇത്‌ എന്റെ ഉള്ളില്‍ എല്ലാറ്റിലും മേലെയായി നിൽക്കുന്ന ഒരു വിചാരമാണ്‌. അതു ചെയ്താല്‍ എനിക്കു മറ്റെന്തിനേക്കാളും തൃപ്തിയുണ്ടാകും. അത്‌ എനിക്കു നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ സൽക്കാരമാകും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ സാന്ത്വനപ്പെടുത്തി നാട്ടുകാരോടു യാത്ര പറഞ്ഞു. അവരെല്ലാവരും ഹാ! രാജാവേ! എന്നു ആര്‍ത്തനാദം മുഴക്കി. ധര്‍മ്മപുത്രന്റെ ഗുണങ്ങള്‍ ഓരോന്നും ചിന്തിച്ചു നാട്ടുകാര്‍ ദുഃഖിതരായി മനസ്സില്ലാമനസ്സോടെ പാര്‍ത്ഥരോടു യാത്രാകുശലം പറഞ്ഞു പിന്‍തിരിഞ്ഞു.

പൗരന്മാര്‍ പോയ ശേഷം തേരില്‍ക്കയറി പാണ്ഡവന്മാര്‍ ഗംഗാതീരത്തു പ്രസിദ്ധമായ "പ്രമാണ"മെന്നു പേരായ ഒരു മഹാവട വൃക്ഷത്തിന്റെ സമീപത്തെത്തി. ശേഷിച്ച പകല്‍ അവിടെ ഇരുന്നു. രാത്രി ഗംഗയില്‍ കുളിച്ച്‌ അവിടെ പാര്‍ത്തു. അന്നു ഭക്ഷണമൊന്നും കഴിച്ചില്ല. ശുദ്ധമായ ഗംഗാജലം മാത്രം പാനം ചെയ്ത്‌ ആ രാവു കഴിച്ചു. നന്ദിയുള്ള ചില ബ്രാഹ്മണര്‍ അവിടെ അവരെ പിന്തുടര്‍ന്നു. ശിഷ്യരോടും ബന്ധുക്കളോടും കൂടി വന്നു ചേര്‍ന്ന അവര്‍ അഗ്നി കൂട്ടി ഹോമാദികര്‍മ്മങ്ങള്‍ ചെയ്തു. ബ്രഹ്മജ്ഞരായ അവരാല്‍ ചുറ്റപ്പെട്ട രാജപുത്രന്മാര്‍ ശോഭിച്ചു. സുന്ദരവും, അതോടൊപ്പം ഭീകരവുമായ ആ സായാഹത്തില്‍ അഗ്നി ജ്വലിപ്പിച്ച്‌ ആ ബ്രാഹ്മണര്‍ വേദോച്ചാരണവും സംഭാഷണവും തുടങ്ങി. ഹംസമധുസ്വരന്മാരായ ആ ബ്രഹ്മജ്ഞന്മാര്‍ കുരുശ്രേഷ്ഠനെ ആശ്വസിപ്പിച്ചു. അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞു.

2. പാണ്ഡവ പ്രവജനം - വൈശമ്പായനൻ പറഞ്ഞു: പ്രഭാതമായപ്പോള്‍ പാണ്ഡവന്മാര്‍ കാട്ടിലേക്കു നടക്കുന്ന സമയത്ത്‌ ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന ബ്രാഹ്മണര്‍ അവരുടെ മുമ്പില്‍ വന്നു ചേര്‍ന്നു. അവരെ കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ബ്രാഹ്മണരേ ഞങ്ങള്‍ നാടും ശ്രീയും സര്‍വ്വസ്വവും പോയി ഇപ്രകാരം കാടു കേറുന്നു. ഫലമൂലങ്ങളും, വേട്ടയാടി കിട്ടുന്ന മൃഗമാംസവും ഭക്ഷിച്ച്‌ ജീവിക്കുന്നവരായി തീര്‍ന്നു! കാട്‌ ആപല്‍ക്കരമാണ്‌. വളരെ ദോഷങ്ങള്‍ സംഭവിപ്പിക്കും. പാമ്പുകളും പുലികളുമുള്ള കാട്ടില്‍ ഞങ്ങളോടു കൂടി വന്നാല്‍ നിങ്ങള്‍ വളരെ കുഴങ്ങുമെന്നാണ്‌ എന്റെ അഭിപ്രായം. ബ്രാഹ്മണര്‍ ക്ലേശിക്കരുത്‌. അവരുടെ ക്ലേശം ദേവകളെ കൂടി ദുഃഖിപ്പിക്കും. മറ്റൊന്നും എനിക്ക്‌ പറയുവാനില്ല. ദ്വിജോത്തമന്മാരേ, നിങ്ങള്‍ പിന്തിരിഞ്ഞാലും!.

ബ്രാഹ്മണര്‍ പറഞ്ഞു; രാജാവേ, നിങ്ങള്‍ക്കു വന്നു കൂടിയ ഗതിയില്‍ ഞങ്ങളും പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതിന് ഒരുക്കമാണ്‌. ധര്‍മ്മം കാണുന്നവരും, കൂറുള്ളവരുമായ ഞങ്ങളെ ഭവാന്‍ കൈവിടരുതേ! ദൈവതങ്ങളും ഭക്തന്മാരില്‍ കനിയുന്നു. വിശേഷിച്ചും സദാചാരമുള്ള ഭൂസുരന്മാരെ ആരും ഉപേക്ഷിക്കാറില്ല!

യുധിഷ്ഠിരന്‍ പറ്ഞ്ഞു; ഹേ, വിപ്രന്മാരേ! എനിക്കും വിപ്രരില്‍ വലിയ ഭക്തിയുണ്ട്‌. നിസ്സഹായത ഒന്നു മാത്രം കൊണ്ടാണ്‌ ഞാന്‍ ഏറ്റവുമധികം വൃസനിക്കുന്നത്‌. ഫലങ്ങളും മൂലങ്ങളും മൃഗങ്ങളുമൊക്കെ തേടിക്കൊണ്ടു വരുന്നവരായ എന്റെ അനുജന്മാര്‍ ശോകക്ലേശം മൂലം മോഹിതന്മാരായി നില്ക്കുകയാണ്‌. ദ്രൗപദീ കര്‍ഷണം, രാജ്യഹരണം ഇവയൊക്കെ ചിന്തിച്ചു വ്യസനിച്ചു നിൽക്കുന്ന ഇവരെ ഞാന്‍ എങ്ങനെ ബുദ്ധിമുട്ടിക്കും? എനിക്ക്‌ അതിനു വയ്യ.

ബ്രാഹ്മണര്‍ പറഞ്ഞു ഞങ്ങളെ പോറ്റേണ്ട കാര്യത്തെപ്പറ്റി ഭവാന്‍ ചിന്തിച്ചു വിഷമിക്കരുത്‌. ഭക്ഷണം ഞങ്ങള്‍ക്കാവശ്യമുള്ളതു ഞങ്ങള്‍ തന്നെ സമ്പാദിച്ച്‌ നിങ്ങളെ പിന്തുടരാനാണ്‌ വിചാരിക്കുന്നത്‌. ധ്യാനവും, ജപവും മറ്റുമായി ഞങ്ങള്‍ അങ്ങയ്ക്കു ശുഭം നല്കാം. നല്ല കഥകള്‍ പറഞ്ഞു നിങ്ങളോടു കൂടി മനസ്സിന്‌ ആനന്ദത്തോടെ ഇരിക്കാം എന്നാണ്‌ ആഗ്രഹിക്കുന്നത്‌.

യുധിഷ്ഠിരന്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞതില്‍ തെറ്റില്ല. വിപ്രരോടു കൂടി സസന്തോഷം ജീവിക്കുവാന്‍ എനിക്കിഷ്ടമുണ്ട്‌. ഇപ്പോഴത്തെ കഷ്ടാവസ്ഥയില്‍ നിങ്ങളോടു കൂടിയുള്ള വാസം ആത്മനിന്ദയായി എനിക്കു തോന്നുന്നു. തനിയേ ഭക്ഷണം തേടിക്കൊണ്ടു വന്ന്‌ ഉണ്ണുന്ന നിങ്ങളുടെ മുഖത്ത്‌ ഞാന്‍ എങ്ങനെ നോക്കും? നിങ്ങള്‍ അതിന്‌ അര്‍ഹരല്ലല്ലോ. എന്നിലുള്ള സ്‌നേഹം മൂലം നിങ്ങള്‍ ദുഃഖിക്കുവാൻ ഇടവരുന്നത്‌ എനിക്ക്‌ വ്യസനകരമാണ്‌. ഈ ധൃതരാഷ്ട്രജന്മാര്‍ ദുഷ്ടന്മാര്‍ തന്നെ!

വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ ഇപ്രകാരംപറഞ്ഞ്‌ തളര്‍ന്നു നിലത്തു ദുഃഖിച്ചിരുന്നു. അപ്പോള്‍ അദ്ധ്യാത്മനിരതനും സാംഖൃയോഗ വിശേഷജ്ഞനും വിദ്വാനുമായ ശൗനകന്‍ രാജാവിനോടു പറഞ്ഞു.

ശൗനകന്‍ പറഞ്ഞു: മൂഢന്മാര്‍ക്ക്‌ ആയിരമായിരം ശോകത്തിനുള്ള മാര്‍ഗ്ഗങ്ങളും നൂറു കണക്കിന് ഭയത്തിനുള്ള മാര്‍ഗ്ഗങ്ങളും ദിവസേന ഉണ്ടായിക്കൊണ്ടിരിക്കും. ബുദ്ധിമാന്‌ അതു സംഭവിക്കുകയില്ല. അറിവില്ലാത്തവന്‍ ദുഃഖിക്കുവാനുള്ളതേ കാണൂ. അറിവുള്ള ധീരാത്മാക്കള്‍ക്ക്‌ അവയൊന്നും ചിന്താവിഷയം തന്നെയാകുന്നില്ല. ജഞാനത്തിന് എതിരായി ദോഷം വര്‍ദ്ധിച്ച്‌ ശ്രേയസ്സ്‌ അറ്റു പോകുന്ന വിധം, കണ്ട കര്‍മ്മങ്ങളില്‍ ബുദ്ധിയുള്ളവന്‍ ചാടുകയില്ല. ശ്രുതി സ്മൃതികളോടു കൂടിയതും സര്‍വ്വ ആപത്തും തടുക്കുവാന്‍ ശക്തിയുള്ളതും, അഷ്ടാംഗമായതുമായ ബുദ്ധി, രാജാവേ, അങ്ങേയ്ക്കുണ്ട്‌. ദുര്‍ഗ്ഗങ്ങളായ അര്‍ത്ഥകൃച്ഛ്റങ്ങളിലും, മിത്രങ്ങളുടെ ആപത്തിലും, ശരീരം കൊണ്ടും, മനസ്സു കൊണ്ടും ഭവാനെ പോലെയുള്ളവര്‍ ക്ലേശിക്കാറില്ല. ഹേ, യുധിഷ്ഠിര! പണ്ടു മഹാനായ ജനക മഹാരാജാവ്‌ ആത്മസംയമനത്തിന് പാടിയ ശ്ലോകങ്ങളൊക്കെ ഞാന്‍ ഭവാനെ ചൊല്ലി കേള്‍പ്പിച്ചു തരാം. ജീവികളൊക്കെ ശരീരമാനസ ക്ലേശങ്ങളേറ്റു ദുഃഖിക്കുകയാണ്‌. ചുരുക്കിയും വിസ്തരിച്ചും അതിനുള്ള ശാന്തി ഞാന്‍ പറയാം.

വ്യാധി, അസന്തോഷ ഹേതുക്കളുടെ സാമീപ്യം, കഠിനാദ്ധ്വാനം, ഇഷ്ടമുള്ള വസ്തുക്കളുടെ അഭാവം ഇവ നാലും ശാരീരികമായ ദുഃഖമാണ്‌. യോഗാഭ്യസനം കൊണ്ട്‌ മാനസിക രോഗങ്ങളെ മാറ്റിയകറ്റാം. അതു കൊണ്ടാണ്‌ ബുദ്ധിയുള്ള വൈദ്യന്മാര്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചും, ആഗ്രഹിച്ച വസ്തുക്കള്‍ നല്കിയും, ആദ്യമായി തങ്ങളുടെ രോഗികളുടെ മനോവേദന മാറ്റുന്നത്‌.

**************************************

മാനസിക ദുഃഖം കൊണ്ട്‌ ശരീരം തപിക്കുന്നു. പഴുത്ത ഇരുമ്പു കൊണ്ടു കുംഭത്തിലെ വെള്ളത്തെ എന്ന പോലെ മാനസിക ദുഃഖം ശാരീരിക അസ്വാസ്ഥ്യത്തിന് ഇടയാക്കുന്നു. അതു കൊണ്ട്‌ വെള്ളം കൊണ്ടു തീയിനെ എന്ന പോലെ ശരിയായ ജ്ഞാനം മാനസിക ദുഃഖത്തെ ഇല്ലാതാക്കുന്നു; മനോദുഃഖം മാറിയാല്‍ ശാരീരികാസ്വാസ്ഥ്യവും നീങ്ങുന്നു. മാനസികമായ ദുഃഖം ശമിച്ചവന്‍ ശാരീരികമായ ദുഃഖവും ശമിക്കും. മനോദുഃഖത്തിന് കാരണം സ്നേഹം ആണെന്നാണു കാണുന്നത്‌. സ്നേഹത്താല്‍ സക്തനായ ജീവി ദുഃഖത്തില്‍ അകപ്പെട്ടു പോകും. സ്നേഹം കാരണമായി ദുഃഖം വര്‍ദ്ധിക്കും. ഭയങ്ങളൊക്കെസ്നേഹത്തില്‍ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. സ്നേഹം മൂലം ഇച്ഛയുണ്ടാകുന്നു. ഇവ രണ്ടും ചീത്തയാണ്‌. ഇതില്‍ ആദ്യത്തേത്‌ കൂടുതല്‍ ചീത്തയാണ്‌.

**************************************

മരത്തിന്റെ കോടരങ്ങളില്‍ അഗ്നി പിടിച്ചാൽ വേരോടു കൂടി ആ വൃക്ഷത്തെ നശിപ്പിക്കുന്നതു പോലെ, അല്പമായ രാഗദോഷം മതി, അത്‌ ധര്‍മ്മാര്‍ത്ഥങ്ങളെ മുടിക്കും. അര്‍ത്ഥം വെടിഞ്ഞവന്‍ ത്യാഗിയായിക്കൊള്ളണമെന്നില്ല. മാത്രമല്ല, സമ്പത്തുള്ളവന്‍ അതിന്റെ ദോഷങ്ങളെ അറിഞ്ഞു ജീവിച്ചാല്‍ ശരിയായ ത്യാഗിയായും വരും. എല്ലാ ചീത്ത മോഹങ്ങളില്‍ നിന്നും വിമുക്തനും ഒന്നിലും ആത്മനിബദ്ധനുമല്ലാത്ത ആളാണ്‌ ശരിയായ യോഗി. അതു കൊണ്ട്‌ ഒരാളും സമ്പത്തിലോ, ഇഷ്ടമുള്ളവരിലോ സ്‌നേഹത്തെ ബദ്ധമാക്കി നിര്‍ത്തരുത്‌. അതുപോലെ, ആത്മസ്നേഹവും, ശരിയായ ജ്ഞാനം നശിപ്പിക്കുന്നു.

താമരയിലയില്‍ വെള്ളം എന്ന പോലെ, ജ്ഞാനികളില്‍ സ്നേഹം ഏൽക്കുകയില്ല. രാഗത്തില്‍ പെട്ട മനുഷ്യനെ കാമമിട്ടടക്കുന്നു. അവന്‍ ആദ്യം "ഇച്ഛ"യുണ്ടാകും. പിന്നെ തൃഷ്ണ ളര്‍ന്നു വരും. തൃഷ്ണയാണ്‌ സര്‍വ്വ പാപത്തിനും മൂലമായ ഉദ്വേഗത്തിന് കാരണം. അധര്‍മ്മപ്രായമായി അധികം ഘോരപാപങ്ങള്‍ ചെയ്യുവാന്‍ സഹായിക്കുന്നതും ആ തൃഷ്ണയാണ്‌. ദുര്‍ബുദ്ധികളെ വിട്ടൊഴിയാത്തതും ജീര്‍ണ്ണിച്ചവനിലും നിര്‍ജ്ജരമായി നിൽക്കുന്നതും, ആജീവനാന്തം നിലനില്ക്കുന്നതുമായ വ്യാധിയാണ്‌ തൃഷ്ണ. അതു വിട്ടവന് മാത്രമേ സുഖം ലഭിക്കുകയുള്ളു. ആദിയും അന്തവുമില്ലാത്ത ആ തൃഷ്ണ, മനുഷ്യരുടെ ഉള്ളില്‍ ജിവിക്കുകയാണ്‌. അകൃതാത്മാവായ മനുഷ്യന്‍ തൃഷ്ണ മൂലം, സഹജമായ ലോഭം മൂലം നാശകര്‍ത്താവാകുന്നു.

തന്നില്‍ ഉണ്ടാകുന്ന അഗ്നി കൊണ്ട്‌ മരം ചുട്ടു നശിപ്പിക്കുന്നത് പോലെ, അകൃതാത്മാവ്‌ തന്നില്‍ ഉണ്ടാകുന്ന ലോഭം മൂലം തന്നെത്തന്നെ നശിപ്പിക്കുന്നു.

രാജാവ്‌, വെള്ളം, അഗ്നി, കള്ളന്‍, ബന്ധുക്കള്‍ ഇവരെയെല്ലാം ധനികന്‍ ഭയപ്പെടുന്നു. ജീവികള്‍ക്കു മൃതിയിലുള്ള ഭയം പോലെയാണ്‌ ധനവാനുള്ള ഈ ഭയം. ആകാശത്തില്‍ പക്ഷികള്‍ക്കും ഭൂലോകത്തില്‍ ശ്വാപദങ്ങള്‍ക്കും, വെള്ളത്തില്‍ മീനുകള്‍ക്കും മാംസശകലം ആക്രമണത്തിന് വിധേയമാകുന്നതു പോലെ, ധനാഡ്യന്‍ എപ്പോഴും ആപത്തിന് ഇരയാകുന്നു. അര്‍ത്ഥം ചില മനുഷ്യര്‍ക്ക്‌ അനര്‍ത്ഥത്തിന് കാരണമാകുന്നു. അര്‍ത്ഥത്തിന്റെ ശ്രേയസ്സു നോക്കാത്തവന്‍ അനര്‍ത്ഥത്തില്‍ പെട്ടു പോകുന്നു. അതു കൊണ്ട്‌ അര്‍ത്ഥാഗമമൊക്കെ വ്യാമോഹമുണ്ടാക്കുന്നു. പിശുക്ക്‌, ഗര്‍വ്വ്‌, സ്വാഭിമാനം, ഭയം, ഉദ്വേഗം എന്നിവ ധനത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ദുഃഖങ്ങളാണ്‌. അര്‍ത്ഥം നേടുമ്പോഴും ദുഃഖമാണ്‌. അര്‍ത്ഥം പോകുമ്പോഴും ദുഃഖമാണ്‌. ഇങ്ങനെ മഹാദുഃഖം അര്‍ത്ഥം മൂലം സഹിക്കേണ്ടി വരുന്നു. അര്‍ത്ഥത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്നു. അര്‍ത്ഥം ഉപേക്ഷിക്കയാണെങ്കില്‍ ദുഃഖം. അര്‍ത്ഥം ശത്രുക്കളെ ഉണ്ടാക്കുന്നു, നേടുമ്പോള്‍ ദുഃഖമുണ്ടാക്കുന്നത്‌ പോകുമ്പോള്‍ എന്തിനു ദുഃഖിക്കുന്നു? മൂഢന്‍മാര്‍ എപ്പോഴും അത്യപ്തരാണ്‌. പണ്ഡിതന്മാര്‍ എപ്പോഴും തൃപ്തരാണ്‌. തൃഷ്ണയ്ക്ക്‌ ഒരു അന്തവുമില്ല. പരമമായ സുഖമാണ്‌ സംതൃപ്തി. സംതൃപ്തിയാണ്‌ മെച്ചമെന്നു പണ്ഡിതന്മാര്‍ കാണുന്നു. യൗവനം, സൗന്ദര്യം, രത്നാദിധനങ്ങള്‍ , ഐശ്വര്യം, ഇഷ്ടജനങ്ങളോടു കൂടിയ വാസം ഇവയെല്ലാം അനിത്യങ്ങളാകുന്നു. സ്ഥിരങ്ങളല്ല. അതു കൊണ്ട്‌ വിദ്വാന്മാരാരും അവയില്‍ കൊതിക്കുകയില്ല. അതു കൊണ്ടാണ്‌ ധാര്‍മ്മികന്മാര്‍ ധനേച്ഛയില്ലാത്തവരെ പുകഴ്ത്തുന്നത്‌. ധര്‍മ്മത്തിന് വേണ്ടി വിത്തത്തിന് ആഗ്രഹിക്കുന്നതിനേക്കാള്‍ നല്ലത്‌ അത്‌ ആഗ്രഹിക്കാതിരിക്കയാണ്‌. എന്തെന്നാല്‍ , ചളിയില്‍ ചവിട്ടുന്നതിനേക്കാള്‍ നല്ലതാണ്‌ ചളിയില്‍ ചവിട്ടാതിരിക്കുക. ചളിയില്‍ ചവിട്ടി കാല്‍ കഴുകുന്നവനേക്കാള്‍ നല്ലവന്‍ ചളിയില്‍ ചവിട്ടാത്തവനാണ്‌.

അതു കൊണ്ട്‌ ധര്‍മ്മപുത്രാ! നീ ഒന്നിലും ആശ വെയ്ക്കാത്തവനായി ജീവിക്കുക! ധര്‍മ്മം നിനക്കു വേണമെന്ന് ഉണ്ടെങ്കില്‍ അര്‍ത്ഥത്തില്‍ നീ കൊതിക്കാതിരിക്കുക.

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ ബ്രാഹ്മണ! ഞാന്‍ അര്‍ത്ഥത്തെ ആഗ്രഹിക്കുന്നത്‌ അര്‍ത്ഥഭോഗങ്ങളിലുള്ള ആശ കൊണ്ടല്ല. വിപ്രരെ സംരക്ഷിക്കുവാനാണ്‌. അല്ലാതെ ലോഭം കൊണ്ടല്ല. എന്നെപ്പോലെ ഗൃഹസ്ഥാശ്രമിയായ ഒരുത്തന്‍ കൂടെയുള്ളവരെ കാത്തു രക്ഷിക്കാതെ ഇരിക്കുന്നത്‌ എങ്ങനെ ധര്‍മ്മമാകും? സംവിഭാഗം (ഓഹരി) സര്‍വ്വഭൂതങ്ങള്‍ക്കും ഞാന്‍ കാണുന്നുണ്ട്‌. പചിക്കാത്തവര്‍ക്ക്‌ ഗൃഹമേധാവികള്‍ അന്നം നല്കണം. പുല്ല്‌, ഭൂമി, ജലം, മധുര ഭാഷണം ഇവ സത്തുക്കളുടെ ഗൃഹങ്ങളില്‍ ഇല്ലാതിരിക്കരുത്‌. ആര്‍ത്തനു കിടക്കാന്‍ പായന ല്‍കണം. നിന്നു തളര്‍ന്നവന് ഇരിക്കുവാന്‍ ഇരിപ്പിടം നല്കണം. ദാഹിച്ചവന് വെള്ളം കൊടുക്കണം. വിശക്കുന്നവന് ചോറു കൊടുക്കണം. അതിഥിക്ക്‌ ആദ്യം കണ്ണു കൊടുക്കുക. (നോക്കിക്കാണുക), പിന്നെ മനസ്സു കൊടുക്കുക, പിന്നെ സ്‌നേഹിച്ചു നല്ലവാക്കു പറയുക. ആതിഥേയന്‍ താന്‍ ഇരിക്കുന്നേടത്തു നിന്നെഴുന്നേറ്റ്‌ ആസനം നല്കണം. ഇതു ശാശ്വതമായ ധര്‍മ്മമാണ്‌. എതിരേൽക്കുക; മര്യാദ പോലെ സ്വീകരിക്കുക, അഗ്നിഹോത്രം ചെയ്യുക, വൃഷത്തെ കാക്കുക, ജഞാതികള്‍ , ബന്ധുക്കള്‍ , പാന്ഥര്‍, പുത്രന്മാര്‍, ഭാര്യ, ഭൃതൃര്‍ എന്നിവരെ പാലിക്കാത്തവര്‍ പാപത്താല്‍ മുടിഞ്ഞു പോകും. തനിക്കു വേണ്ടി മാത്രം ആരും ഭക്ഷണം പചിക്കരുത്‌. ദേവന്മാര്‍ക്ക്‌ അര്‍പ്പിക്കാതെ ആരും മൃഗങ്ങളെ കൊല്ലരുത്‌: വിധിപോലെ ദേവകള്‍ക്കും പിതൃക്കള്‍ക്കും മറ്റുള്ളവര്‍ക്കും നല്കാതെ താന്‍ തന്നെ തിന്നരുത്‌. നായ്ക്കള്‍ക്കും ചണ്ഡാലന്മാര്‍ക്കും പക്ഷികള്‍ക്കും ചോറു കൊടുത്ത്‌ വിശ്വദേവ എന്ന കര്‍മ്മം ചെയ്യണം. അന്തിക്കും പ്രഭാതത്തിലും ഈ ദാനം ചെയ്യണം. എന്നും, വിഘസം (ദാനം ചെയ്തതിന്റെ ശേഷമുള്ള അന്നം) ഉണ്ണണം. വിഘസം അമൃതിന്‌ ( യജ്ഞശേഷമുള്ള അന്നം ) തുല്യമാണെന്നു കരുതപ്പെടുന്നു. കണ്ണു കൊടുക്കുക, മനസ്സു കൊടുക്കുക, അലിവോടെ നല്ലവാക്കു പറയുക, വേണ്ട വിധം പൂജിക്കുക, അന്നപാനാദികള്‍ നല്കുക ഇവയാണ്‌ ആ യജ്ഞത്തിലെ വിഘസം, ഇവയാണ്‌ അഞ്ചു ദക്ഷിണകള്‍ . മുമ്പു കാണാത്തവനായ, ഉള്ളു തളര്‍ന്ന്‌ ഉഴലുന്ന പാന്ഥന് മടി കൂടാതെ അന്നം നല്കുന്നവന് മഹത്തായ പുണ്യം ലഭിക്കും. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഗൃഹസ്ഥനു ലഭിക്കുന്ന ധര്‍മ്മഫലം മഹത്താണ്‌. ഇതിനെക്കുറിച്ച്‌, ഹേ ബ്രാഹ്മണ, ഭവാന്റെ അഭിപ്രായം എന്താണ്‌?

ശൗനകന്‍ പറഞ്ഞു: അയ്യോ മഹാകഷ്ടം! ഈ ലോകം വിപരീതാത്മകമാണ്‌. സജ്ജനങ്ങള്‍ ഏതു കണ്ടാല്‍ ലജ്ജിക്കുമോ, അതു കാണുമ്പോള്‍ ദുര്‍ജ്ജനങ്ങള്‍ രസിക്കുന്നു. ശിശ്നത്തിന്റേയം, ഉദരത്തിന്റേയും ആവശ്യത്തിനാണ്‌ മൂഢന്മാര്‍ വിഘസം കൈക്കൊള്ളുന്നത്‌. മോഹാക്രാന്തനും, രാഗാക്രാന്തനുമായി അവന്‍ ഇന്ദ്രിയാര്‍ത്ഥമായി അനുവര്‍ത്തിക്കുന്നു. ആകര്‍ഷിക്കപ്പെടുന്ന ഇന്ദ്രിയങ്ങളുടെ അധീനത്തില്‍ കബളിപ്പിക്കപ്പെടുന്നു. കബളിപ്പിക്കപ്പെട്ട ദുഷ്ടാശ്വങ്ങളാല്‍ സൂതന്‍ എന്ന പോലെ ആകുന്നു. ആറ്‌ ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലും അതിന് ഇഷ്ടമുള്ള വസ്തു കണ്ടെത്തിയാല്‍ അതിലുള്ള ആസക്തി മനസ്സില്‍ ജനിക്കുന്നു. പിന്നീട്‌ ആ ആഗ്രഹ സാദ്ധൃത്തിനായി ശ്രമമുണ്ടാകും. ഒടുവില്‍ ലോഭാഗ്നിയില്‍ അവന്‍, എരിതീയില്‍ ഇയ്യാമ്പാറ്റ പോലെ, ആഗ്രഹ നിവൃത്തിക്കു വേണ്ടിയുള്ള ശ്രമത്തില്‍ നിന്നു ജന്യമായ വിഷയാസ്ത്രങ്ങളേറ്റു വീഴുന്നു. പ്രവൃത്തി കൊണ്ടും, ദുരാഗ്രഹം കൊണ്ടും, അജ്ഞത കൊണ്ടും എല്ലാ ജീവജാലങ്ങളും എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രം പോലെ ഈ ലോകത്തില്‍ പലവിധ ജന്മമെടുക്കുന്നു. ഇപ്രകാരം ഓരോ യോനിയില്‍ അകപ്പെടുന്നു. യഥാക്രമം ആ ബ്രഹ്മതൃണ പര്യന്തമുള്ള ഭൂതങ്ങളില്‍പ്പെട്ട് ഉഴലും. വെള്ളത്തിലും, കരയിലും, ആകാശത്തും ജനിച്ച്‌ വീണ്ടും കറങ്ങും. അജ്ഞന്മാരുടെ നിലയാണിത്‌. ഇനി ജ്ഞാനികളുടെ നില എങ്ങനെയാണെന്നു പറയാം.

ധര്‍മ്മശ്രേയസ്സില്‍ നിരതരായി അവര്‍ മോക്ഷം കാംക്ഷിക്കും. കര്‍മ്മം ചെയ്യുക, പക്ഷേ, അതില്‍ ( കര്‍മ്മഫലത്തില്‍ ) ആസക്തി പാടില്ല എന്നാണല്ലോ വേദത്തിലെ വചനങ്ങള്‍. അപ്രകാരമൊക്കെ ജീവിച്ച്‌ ഭള്ളു കൂടാതെ യാഗം, വേദാധ്യയനം, ദാനം, തപം, സത്യം, ദമം, ക്ഷമ, അലോഭം എന്നീ എട്ടു വഴി ധര്‍മ്മത്തിന് ഉള്ളതാണെന്നു പ്രസിദ്ധമാണ്‌. ഇതില്‍ ആദ്യത്തെ നാലെണ്ണം പിതൃമാര്‍ഗ്ഗത്തിനുള്ളതാണ്‌. തന്റെ കര്‍ത്തവ്യമാണെന്നു ചിന്തിച്ച്‌ അത്‌ ആത്മാര്‍ത്ഥമായി ചെയ്യണം. പിന്നത്തേതു ദേവമാര്‍ഗ്ഗമാണ്‌ എന്നു സജ്ജനങ്ങള്‍ പറയുന്നു. വിശുദ്ധാത്മാവ്‌ ഈ അഷ്ടാംഗ മാര്‍ഗ്ഗത്തില്‍ നടക്കണം. നല്ല സങ്കല്പ യോഗത്തോടെ, നല്ല ഇന്ദ്രിയ നിഗ്രഹത്തോടെ, നല്ല നീതിവിശേഷത്തോടെ, നല്ല സല്‍ഗുരുസേവയോടെ, നല്ല ആഹാരോപയോഗത്തോടെ നല്ല അദ്ധ്യയന നിഷ്ഠയോടടെ, നല്ല കര്‍മ്മസംന്യാസത്തോടെ, നല്ല ചിത്തജയത്തോടെ ധര്‍മ്മത്തെ സംസാരജയ കാംക്ഷയുള്ളവര്‍ ചെയ്യുന്നു.

രാഗദ്വേഷം കൈവിട്ട്‌ ഐശ്വര്യം പ്രാപിച്ച ദേവകളും രുദ്രന്മാരും, സാദ്ധ്യരും, ആദിതൃന്മാരും, നാസത്യന്മാരും, വസുക്കളും അവരുടെ യോഗൈശ്വര്യത്താലാണ്‌ പ്രജാധാരണം ചെയ്യുന്നത്‌. ഹേ, കൗന്തേയ അപ്രകാരം നിഷ്കാമ കര്‍മ്മത്തിലൂടെ അവരുടെ യോഗസിദ്ധി നീ തപോമാര്‍ഗ്ഗത്തിലൂടെ നേടാന്‍ ഉദ്യമിക്കുക. പിതൃമാതൃ പ്രായരായവരോടുള്ള കടപ്പാടെല്ലാം നിര്‍വ്വഹിക്കാനുള്ള കര്‍മ്മസിദ്ധി ഭവാനു ലഭിച്ചിട്ടുണ്ട്‌. വിപ്രന്മാരെ സേവിക്കുവാന്‍ തപപസ്സിദ്ധിക്കു ഭവാന്‍ ഉദ്യമിക്കുക. സിദ്ധന്മാര്‍ എന്താണ്‌ ആഗ്രഹിക്കുന്നത്‌ അത്‌ അനുഗ്രഹം കൊണ്ട്‌ സാധിക്കും. അതുകൊണ്ട്‌ ഭവാന്‍ തപസ്സു ചെയ്തു മനോഗതം നേടുക.

3. കാമൃകവന പ്രവേശം - വൈശമ്പായനൻ പറഞ്ഞു: ശൗനകന്‍ പറഞ്ഞതു കേട്ടു യുധിഷ്ഠിരന്‍ പുരോഹിതന്റെ സമീപത്തു ചെന്നു ഭ്രാതൃമദ്ധൃത്തില്‍ വച്ചു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ! എന്റെ കൂടെ വേദവേദികളായ ദ്വിജന്മാര്‍ പോരുന്നു. അവരെ പോറ്റുവാന്‍ എനിക്കു കഴിവില്ല. ഞാന്‍ അത്യധികം സങ്കടപ്പെടുന്നു. അവരെ എനിക്കു കൈവിടുവാന്‍ വയ്യ. അവര്‍ക്ക്‌ ഒന്നും നല്‍കുവാനുള്ള ശക്തിയും എനിക്കില്ല. ഞാന്‍ എന്തു ചെയ്യണം ഭഗവാനേ? അരുള്‍ ചെയ്താലും!

വൈശമ്പായനൻ പറഞ്ഞു; മുഹൂര്‍ത്ത സമയം ചിന്തിച്ച്‌ ധര്‍മ്മത്തിന്റെ ഗതി കണ്ട്‌ ആ ധര്‍മ്മജ്ഞ സത്തമനായ ധൗമ്യന്‍ യുധിഷ്ഠിരനോടു പറഞ്ഞു.

ധൗമ്യന്‍ പറഞ്ഞു: പണ്ട്‌ സൃഷ്ടിക്കപ്പെട്ട ഭൂതങ്ങള്‍ വിശന്നു വലഞ്ഞപ്പോള്‍ ആദിതൃ ഭഗവാന്‍ അച്ഛനെപ്പോലെ കനിവോടെ ഉത്തരായണത്തില്‍ പ്രവേശിച്ച്‌ രശ്മിയാല്‍ രസം എടുത്തതിന് ശേഷം ദക്ഷിണായനം പ്രാപിച്ചു ഭൂമിക്കു മുകളില്‍ നിന്നു. അപ്പോള്‍ ഓഷധീശന്‍ ( ചന്ദ്രന്‍ ) സൂര്യതേജസ്സു വാനില്‍ നിന്നു സ്വീകരിച്ചു മേഘങ്ങളെ സൃഷ്ടിച്ചു മഴ പെയ്യിച്ചു; അങ്ങനെ ചെടികളെ മുളപ്പിച്ചു. അതു കൊണ്ട്‌ സുരൃന്‍ തന്നെയാണ്‌ ആറു രസങ്ങളോടു കൂടിയ ചെടികളായി അന്നമായി, ചന്ദ്രന്റെ സഹായത്തോടെ ജീവികള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടത്‌. ഇപ്രകാരം അന്നം ഭാനുമതമാണ്‌. ഭൂതജാലങ്ങള്‍ക്കു പ്രാണധാരണമാണ്‌ അന്നം. സൂര്യന്‍ ഇപ്രകാരം എല്ലാവര്‍ക്കും പിതാവാണ്‌. അവനെ നീ ആശ്രയിക്കുക. മഹാന്മാരായ രാജാക്കന്മാര്‍ ജാതികര്‍മ്മങ്ങളാല്‍ വിശുദ്ധരായി പ്രജകളെ മഹത്തായ തപസ്സു കൊണ്ടു ഭരിക്കുന്നു. ഭീമന്‍, കാര്‍ത്തവീര്യന്‍, വൈന്യന്‍, നഹുഷന്‍ എന്നിവരെല്ലാം പ്രജകളെ ക്ലേശം കൂടാതെ തപോയോഗ സമാധികള്‍ കൊണ്ടു പരിപാലിച്ചു. അപ്രകാരം ധര്‍മ്മാത്മാവായ ഭവാനും ശുദ്ധിയോടു കൂടി തപസ്സു ചെയ്തു ധര്‍മ്മത്താല്‍ വിപ്രരെ സംരക്ഷിക്കുക.

ജനമേജയൻ പറഞ്ഞു; കുരുപുംഗവനായ ധര്‍മ്മപുത്ര രാജാവ്‌ എങ്ങനെ വിപ്രന്മാരെ പോറ്റുവാന്‍ വേണ്ടി ദിവ്യ ദര്‍ശനനായ സൂര്യനെ പൂജിച്ചു?

വൈശമ്പായനൻ പറഞ്ഞു: ഹേ! രാജാവേ! ഭവാന്‍ ശ്രദ്ധയോടെ ഞാന്‍ പറയുന്നതു ബുദ്ധിയുറപ്പിച്ച്‌, ശുചിയായി നിന്നു കേള്‍ക്കുക. എല്ലാം ഞാന്‍ പറയാം. ആദ്യമായി ധൗമ്യന്‍ മഹാത്മാവായ. യുധിഷ്ഠിരന് സൂര്യന്റെ നൂറ്റിയെട്ടു പര്യായങ്ങള്‍ ചേര്‍ന്ന മന്ത്രം പറഞ്ഞു കൊടുത്തു. അതു ഭവാന്‍ കേള്‍ക്കുക.

ധൗമ്യന്‍ പറഞ്ഞു: സൂര്യന്‍, അര്യമാവ്‌, ഭഗന്‍, ത്വഷ്ടാവ്‌, പൂഷാവ്‌, അര്‍ക്കന്‍, സവിതാവ്‌, രവി, ഗഭസ്തി, മാനജന്‍, കാലന്‍, മൃത്യു, ധാതാഖ്‌, പ്രഭാകരന്‍, പൃഥ്വി, ജലം, തേജസ്സ്‌, നഭസ്സ്‌, വായു, സോമന്‍, ബൃഹസ്പതി, ശുക്രന്‍, ബുധന്‍, അംഗാരകന്‍, പരന്‍, ഇന്ദ്രന്‍, വിവസ്വാന്‍, ദീപ്താംശു, ശുചി, സൗരി, ശനൈശ്ചരന്‍, വിധാതാവ്‌, വിഷ്ണു, രുദ്രന്‍, സ്‌കന്ദന്‍, വൈശ്രവണന്‍, യമന്‍, വൈദ്യുതന്‍, ജാഠരന്‍, വഹ്നി, ഐന്ധനന്‍, തേജോനാഥന്‍, ധര്‍മ്മധ്വജന്‍, വേദകര്‍ത്താവ്‌, വേദാംഗന്‍, വേദവാഹനന്‍, കൃതം, ത്രേതാ, ദ്വാപരം, കലി, കല, കാഷ്ട, മുഹൂര്‍ത്തം, ക്ഷപ, യാമം, ക്ഷണം, സംവത്സരകരന്‍, അശ്വത്ഥന്‍, കാലചക്രം, വിഭാവസു, പുരുഷന്‍, ശാശ്വതന്‍, യോഗി, വ്യക്തന്‍, അവ്യക്തന്‍, സനാതനന്‍, കാലാദ്ധ്യക്ഷന്‍, പ്രജാദ്ധ്യക്ഷന്‍, വിശ്വകര്‍മ്മാവ്‌, തമോനുദന്‍, വരുണന്‍, സാഗരോംശു, ജീമുതന്‍, ജീവനന്‍, അരിഹന്‍, ഭൂതാഗ്രയന്‍, ഭൂതപതി, സര്‍വ്വലോകനമസ്കൃതന്‍, സ്രഷ്ടാവ്‌, സംവര്‍ത്തകന്‍, വഹ്നി, സര്‍വ്വാദികന്‍, അലോലുപന്‍, അനന്തന്‍, കപിലന്‍, ഭാനു, കാമദന്‍, സര്‍വ്വതോമുഖന്‍, ജയന്‍, വിശാലന്‍, വരദന്‍, സര്‍വ്വധാതു, നിഷേവകന്‍, മനസ്സുപര്‍ണ്ണന്‍, ഭൂതാദിശീഘ്രഗന്‍, പ്രാണധാരകന്‍, ധന്വന്തരി, ധൂമകേതു, ആദിദേവന്‍, ദിതീസൂതന്‍, ദ്വാദശാത്മാവ്‌, അരവിന്ദാക്ഷന്‍, പിതാവ്‌, മാതാവ്‌, പിതാമഹന്‍, സ്വര്‍ഗ്ഗദ്വാരം, പ്രജാദ്വാരം, മോക്ഷദ്വാരം, ത്രിവിഷ്ടപം, ദേഹകര്‍ത്താവ്‌, പ്രശാന്താത്മാവ്‌, വിശ്വാത്മാവ്‌, വിശ്വതോമുഖന്‍, ചരാചരാത്മാവ്‌, സൂക്ഷ്മാത്മാവ്‌, മൈത്രേയന്‍, കരുണാന്വിതന്‍. ഞാന്‍ ഈ പറഞ്ഞ മന്ത്രം, തേജസ്വിയായ രവിയുടെ നൂറ്റിയെട്ടു പര്യായങ്ങള്‍ , സ്വയംഭൂവ്‌ അരുള്‍ ചെയ്തതാണ്‌. സുരഗണങ്ങളാലും, പിതൃക്കളാലും, യക്ഷന്മാരാലും, സേവിതനും, പരമസുരാശരസിദ്ധവന്ദിതനും, വരകനകഹുതാശനാഭനും ആയി കീര്‍ത്തിപ്പെടുന്ന ഭാസ്കരനെ ഞാന്‍ തൊഴുന്നു. സുര്യോദയത്തില്‍ ശ്രദ്ധയോടു കൂടി ഈ ധ്യാനം ജപിക്കുന്നവന്‍ കളത്ര പുത്രാര്‍ത്ഥങ്ങളോടു കൂടി മുജ്ജന്മത്തെ ഓര്‍ക്കുന്ന ധൃതി നേടുന്നതാണ്‌. വലിയ മേധാവിയുമായിതീരും. ആ പുരുഷന്‍ ശുദ്ധമനസായി ശുചിയായി മനസ്സിരുത്തി ആദിത്യ ദേവന്റെ ഈ സ്തോത്രം ജപിച്ചാല്‍ ദുഃഖങ്ങളൊക്കെ തരണം ചെയ്യുകയും, വനവും വഹ്നിയും ആഴിയും എന്നു മാത്രമല്ല കരളില്‍ വിചാരിച്ചത്‌ ഏന്തോ അതെല്ലാം നേടുകയും ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: കാലത്തിന് അനുരൂപമായി ധൗമ്യന്‍ ഇപ്രകാരം ഉപദേശിച്ചപ്പോള്‍ വിപ്രദാന സമാധിസ്ഥനും, ജിതാത്മാവും, ദൃഢവ്രതനും, ശുദ്ധചിത്തനുമായ ധര്‍മ്മരാജാവ്‌ അത്യുത്കൃഷ്ടമായ തപസ്സ്‌ ആരംഭിച്ചു. പുഷ്പോപഹാര ബലിയാല്‍ സുരൃഭഗവാനെ അര്‍പ്പിച്ചു. ഗംഗയില്‍ ഇറങ്ങി മുങ്ങിക്കുളിച്ച്‌ സുര്യന് അഭിമുഖമായി നിന്ന്‌ യോഗത്തില്‍ ഉറച്ച്‌, വായു മാത്രം ഭക്ഷിച്ച്‌ തപംചെയ്തു. ആ ജിതേന്ദ്രിയനായ രാജാവ്‌ ഗംഗാജലം ആചമിച്ച്‌ ആത്മപ്രാണായാമത്തില്‍ നിന്നു ശുചിയായി, ശുദ്ധമായ വാക്കിനാല്‍ സ്തോത്രം ചെയ്തു.

( സൂര്യസ്തുതിമന്ത്രം )

യുധിഷ്ഠിരന്‍ പറഞ്ഞു ഭാനോ! അങ്ങു ജഗത്തിന്റെ ചക്ഷുസ്സാകുന്നു! അങ്ങു സര്‍വ്വദേഹികളുടേയും ആത്മാവാകുന്നു. എല്ലാ ഭൂതങ്ങള്‍ക്കും അങ്ങ്‌ ഉത്ഭവസ്ഥാനമാകുന്നു. കര്‍മ്മികള്‍ക്ക്‌ അങ്ങ്‌ ആചാരമാകുന്നു. എല്ലാ സാംഖ്യര്‍ക്കും അങ്ങ്‌ ഗതിയാകുന്നു. യോഗികള്‍ക്ക്‌ അങ്ങ്‌ ആശ്രയമാകുന്നു. മോക്ഷം ഇച്ഛിക്കുന്നവര്‍ക്കെല്ലാം തടവില്ലാത്ത ഗതിയാകുന്നതു ഭവാനാകുന്നു. ലോകം വഹിക്കുന്നവന്‍ ഭവാനാകുന്നു. ലോകത്തെ പ്രകാശിപ്പിക്കുന്നതും ഭവാനാകുന്നു. അങ്ങ്‌ ലോകത്തെ ശുദ്ധമാക്കുന്നു. ലോകത്തെ പാലിക്കുന്നതും ഭവാനാകുന്നു. കാലേ അങ്ങയെ ഉപാസിച്ച്‌ വേദപാരംഗതന്മാരായ ബ്രാഹ്മണര്‍ സ്വശാഖാ വിഹിതമായ മന്ത്രം കൊണ്ട്‌ ഋഷിഗണ പൂജിതനായ ഭവാനെ അര്‍ച്ചിക്കുന്നു. അങ്ങയുടെ ദിവൃരഥത്തിന്റെ പിമ്പേ വരാര്‍ത്ഥികളായ ഉപാസകന്മാര്‍ സിദ്ധചാരണ ഗന്ധര്‍വ്വന്മാരും, യക്ഷഗുഹ്യക പന്നഗന്മാരും അനുയാത്ര ചെയ്യുന്നു. മുപ്പത്തിമൂന്നു ദേവന്മാരും, വൈമാനിക ഗണങ്ങളും, ഇന്ദ്രോപേന്ദ്രന്മാരും ഭവാനെ ഉപാസിച്ചു ഗതി നേടിയവരാകുന്നു. മനോരഥം സാധിച്ചവരായ എല്ലാ വിദ്യാധരേന്ദ്രന്മാരും, ദിവ്യമാനുഷരായ ഏഴു ഗണം ഗുഹൃകന്മാരും, പിതൃക്കളും ഭവാനെ ഉപാസിച്ച്‌ പ്രാധാന്യം നേടി നിൽക്കുന്നു. വസുക്കളും മരുത്തുക്കളും, രുദ്രന്മാരും, സാദ്ധ്യന്മാരും, മരീചിപന്മാരും, ബാലഖില്യര്‍. മുതലായ സിദ്ധന്മാരും, പ്രാണികളില്‍ ശ്രേഷ്ഠത്വം നേടിയത്‌ അങ്ങയെ ഉപാസിച്ചതു കൊണ്ടാകുന്നു. ബ്രഹ്മലോകം മുതല്‍ ഏഴു ലോകത്തിലും അര്‍ക്കനേക്കാള്‍ മീതെയായി ഒന്നും ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല. വലുപ്പം കൊണ്ടും വീര്യം കൊണ്ടും അങ്ങയെ കവിഞ്ഞു നിൽക്കുന്ന സത്വങ്ങള്‍ വേറെയും ഉണ്ടാകാം. എന്നാൽ അവയ്ക്കൊന്നും അങ്ങയുടെ ദീപ്തിയോ, പ്രഭാവമോ ഇല്ല. എല്ലാ ജ്യോതിസ്സും ഭവാനില്‍ സ്ഥിതി ചെയുന്നു. അങ്ങ്‌ എല്ലാ ജ്യോതിസ്സിനും നാഥനാകുന്നു. സത്യവും, സത്വവും, എല്ലാ സാത്വിക ഭാവങ്ങളും ഭവാനില്‍ സ്ഥിതിചെയ്യുന്നു. ഭവാന്റെ തേജസ്സാല്‍ ദേവശില്പി സുദര്‍ശന ചക്രം നിര്‍മ്മിച്ചു. ശാര്‍ങ്ഗ ധന്വാവ്‌ അതു കൊണ്ടാണല്ലോ ദേവാരികളുടെയെല്ലാം മദം നശിപ്പിച്ചത്‌. വേനല്‍ക്കാലത്തു രശ്മികള്‍ കൊണ്ട്‌ എല്ലാ ദേഹികളുടേയും, എല്ലാ ഔഷധി രസങ്ങളുടേയും തേജസ്സ്‌ ആകര്‍ഷിച്ച്‌ വര്‍ഷകാലത്ത്‌ അങ്ങ്‌ മോചിപ്പിക്കുന്നുവല്ലോ! അങ്ങയുടെ രശ്മികള്‍ തപിപ്പിക്കുകയും, ദഹിപ്പിക്കുകയും, വര്‍ഷത്തില്‍ മേഘമായി ഗര്‍ജ്ജിക്കുകയും, ഇടിവാള്‍ മിന്നിക്കുകയും, മഴ വര്‍ഷിക്കുകയും ചെയ്യുന്നുവല്ലോ. തണുപ്പും, കാറ്റും ഏൽക്കുന്നവര്‍ക്കു തീയോ, കരിമ്പടപ്പുതപ്പോ നല്‍കുന്നതിനേക്കാള്‍ കവിഞ്ഞ സഖ്യം അങ്ങയുടെ രശ്മികള്‍ നല്‍കുന്നു! പതിമൂന്നു ദ്വീപുകളോടു കൂടിയ ഭുമണ്ഡലം അങ്ങയുടെ തേജസ്സാല്‍ തെളിയിക്കുന്നു. മൂന്നു ലോകങ്ങളുടേയും ഹിതത്തിനായി അങ്ങയെപ്പോലെ ആര് പ്രവര്‍ത്തിക്കുന്നു? ഭവാന്‍ ഉദിക്കുന്നില്ലെങ്കില്‍ ഈ ലോകമൊക്കെയും. അന്ധകാര മയം തന്നെ! പിന്നെ മനീഷികള്‍ എങ്ങനെ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ പ്രവര്‍ത്തിക്കും? ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ഗണങ്ങള്‍, ആധാനം, പശു, ബന്ധം, ഇഷ്ടി, മന്ത്രം, യജ്ഞം, തപോവിധി ഇവയെല്ലാം അങ്ങയുടെ പ്രസാദത്താല്‍ പ്രാപിക്കുന്നു. ആയിരം യുഗങ്ങള്‍ കൂടുന്നതിന് ബ്രഹ്മാവിന്റെ ഒരു പകല്‍ എന്നു പറയുന്നു. അതിന്റെ ആദ്യാവസാനം ഭവാന്‍ നിൽക്കുന്നതായി കാലജ്ഞന്മാര്‍ പ്രകീര്‍ത്തിക്കുന്നു. മനുക്കള്‍ക്കും, മനുപുത്രന്മാര്‍ക്കും, ജഗത്തിലെ അമാനവന്മാര്‍ക്കും, മാനവന്മാര്‍ക്കും, എല്ലാ മന്വന്തരങ്ങള്‍ക്കും, എല്ലാ ഈശ്വരന്‍മാര്‍ക്കും, അങ്ങ്‌ ഈശ്വരനാകുന്നു. സംഹാര കാലം വന്നെത്തുമ്പോള്‍ ഭവാന്റെ ക്രോധത്തില്‍ നിന്നു "സംവര്‍ത്തകാഗ്നി" ഉണ്ടായി മൂന്നു ലോകത്തേയും ഭസ്മമാക്കുന്നു. അങ്ങയുടെ അംശുക്കളില്‍ നിന്നും ഉത്ഭവിച്ച നാനാവര്‍ണ്ണത്തിലുള്ള മഹാഘനങ്ങള്‍ ഇടിയും, മിന്നലുമായി ഈ വിശ്വമൊക്കെയും മുക്കിക്കളയും. പന്ത്രണ്ട്‌ ആദിതൃന്മാരായി വേറേ വേറേ നിന്നു ഭവാന്‍ ഏകന്‍ ദ്വാദശാദിതൃ മൂര്‍ത്തിയായി രശ്മികള്‍ കൊണ്ട്‌ ഈ ലോകമാകുന്ന മഹാര്‍ണ്ണവത്തെ വറ്റിക്കും. അങ്ങ്‌ ഇന്ദ്രനാകുന്നു. അങ്ങ്‌ രുദ്രനാകുന്നു. അങ്ങ്‌ വിഷ്ണുവാകുന്നു. അങ്ങ്‌ പ്രജാപതിയാകുന്നു. അങ്ങ്‌ അഗ്നിയാകുന്നു. അങ്ങ്‌ സൂക്ഷ്മമായ മനസ്സാകുന്നു. അങ്ങ്‌ പ്രഭുവാകുന്നു. ശാശ്വതമായ ബ്രഹ്മവും അങ്ങു തന്നെയാകുന്നു. അങ്ങ്‌ ഹംസനാകുന്നു. അങ്ങ്‌ സവിതാവാകുന്നു. അങ്ങ്‌ ഭാനുവും, അംശുമാലിയും, വൃഷാകപിയും ആകുന്നു. വിവസ്വാന്‍, മിഹിരന്‍, പൂഷാവ്‌, മിത്രന്‍, ധര്‍മ്മന്‍, സഹ്രസരശ്മി, ആദിത്യന്‍, തപനന്‍, ഗോക്കളുടെ പതി, മാര്‍ത്താണ്ഡന്‍, അര്‍ക്കന്‍, രവി, സൂര്യന്‍, ശരണ്യന്‍, ദിനകരന്‍, ദിവാകരന്‍, സപ്തസപ്തി, ധാമകേശി, വിരോചനന്‍, ആശുഗാമി, തമോഘ്നന്‍, ഹരിതാശ്വന്‍ എന്നെല്ലാം ഭവാന്‍ പുകഴ്ത്തപ്പെടുന്നു. സപ്തമിയിലോ, ഷഷ്ഠിയിലോ മന്ത്രം ജപിച്ചു നിര്‍വ്വേദവും അഹങ്കാരവും കൂടാതെ ഭവാനെ പൂജിക്കുന്ന നരനെ ലക്ഷ്മി പ്രാപിക്കുന്നു. അവന് ആപത്തു വന്നു ചേരുന്നതല്ല. അപ്രകാരം ആധിയോ, വ്യാധിയോ ഉണ്ടാകുന്നതല്ല. ഭവാനെ അനന്യ മാനസനായി അര്‍ച്ചിക്കുകയും വന്ദിക്കുകയും ചെയ്യുന്നവര്‍ എല്ലാ രോഗങ്ങളും നീങ്ങി, എല്ലാ പാപങ്ങളും നീങ്ങി, ചിരംജീവികളായി തീരും. ആഗ്രഹം സാധിച്ച്‌, അതിഥികളെയൊക്കെ സ്വീകരിച്ച്‌, സല്‍ക്കരിക്കുവാന്‍ ശ്രദ്ധയോടെ ആശിക്കുന്ന എനിക്ക്‌ അതിന് വേണ്ട അന്നം, അല്ലയോ അന്നപതേ, അങ്ങ്‌ നല്കിയാലും. ഭവാന്റെ പാദത്തില്‍ ആശ്രയിക്കുന്നവരും, അനുചരന്മാരുമായ മാഠരന്‍, അരുണന്‍, ദണ്ഡന്‍ എന്നിവരേയും, ഇടിമിന്നല്‍ എന്നിവ പുറപ്പെടുവിക്കുന്നവരായ ഭവാന്റെ പാര്‍ശ്വവര്‍ത്തികളേയും, ഞാന്‍ കൈകൂപ്പുന്നു. ക്ഷുഭയോടു കൂടിയ മൈത്രി മുതലായ മറ്റു ഭൂതമാതാക്കളേയും എല്ലാം ഞാന്‍ ഇതാ തൊഴുന്നു. ശരണാഗതനായ എന്നെ കാത്തുകൊള്ളേണമേ!

( സൂര്യസ്തുതിമന്ത്രം )

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരന്‍ സൂര്യഭഗവാനെ സ്തുതിച്ചപ്പോള്‍ ലോകപാവനനായ ദിവാകരന്‍ പാണ്ഡവന്റെ മുമ്പില്‍ പ്രീതിയോടെ സ്വതേജസ്സാല്‍ കത്തുന്ന അഗ്നി പോലെ ദീപ്തനായി കാണുമാറായി.

വിവസ്വാന്‍ പറഞ്ഞു: ഹേ യുധിഷ്ഠിര, നിന്റെ അഭീഷ്ടംഎന്താണ്‌? അതൊക്കെ നിനക്കു സാധിക്കും. ഞാന്‍ പന്ത്രണ്ടു വര്‍ഷത്തേക്ക്‌ അന്നം തരുന്നതാണ്‌. ഞാന്‍ ഈ തരുന്ന ചെമ്പുപാത്രം ഭവാന്‍ സ്വീകരിക്കുക. ഇതിലെ ചോറ്‌ പാഞ്ചാലി ഉണ്ണുന്നത് വരെ ലഭിക്കും. ഫലമൂലങ്ങള്‍ , ശാകമാംസങ്ങള്‍ , ചതുര്‍വ്വിധാന്നങ്ങള്‍ എന്നിവ, രാജകോവിലകത്തു തയ്യാറാക്കിയത്‌ എത്രയെടുത്താലും ഒടുങ്ങാതെ ലഭിക്കുന്നതാണ്‌. പതിനാലാമത്തെ വര്‍ഷം ഭവാന്‍ രാജ്യം നേടുകയും ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പാത്രം നല്കി അനുഗ്രഹിച്ചു ഭഗവാൻ പെട്ടെന്ന് മറഞ്ഞു. പരിശുദ്ധമായ മനസ്സോടു കൂടി സമാധിയോടെ വരാര്‍ത്ഥിയായി മറ്റു പുരുഷന്മാര്‍ ജപിച്ചാലും അയാള്‍ വിചാരിക്കുന്നതു സൂര്യന്‍ നല്കും; സുദുര്‍ല്ലഭമായ കാര്യങ്ങള്‍ കൂടി അവന് സിദ്ധിക്കും.

ഇത്‌ നിത്യവും ധരിക്കുന്നവനും പതിവായി കേള്‍ക്കുന്നവനും, അവന്‍ പുത്രാര്‍ത്ഥിയാണെങ്കില്‍ പുത്രനേയും, ധനാര്‍ത്ഥിയാണെങ്കില്‍ ധനത്തേയും നേടും. വിദ്യാര്‍ത്ഥിയാണെങ്കില്‍ വിദ്യ നേടും! പുരുഷന്‍ സ്ത്രീകളേയും നേടും. നിതൃവും പ്രഭാതത്തിലും, സന്ധ്യയ്ക്കും ഇപ്രകാരം സൂര്യനെ ധ്യാനിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക്‌ ആപത്തില്‍ നിന്നു മോചനം ലഭിക്കും. ബന്ധനം അനുഭവിക്കുന്നവന്‍ അതില്‍ നിന്നും വിമുക്തനാകും. ഇത്‌ പണ്ടു മഹാത്മാവായ ഇന്ദ്രന് പിതാമഹന്‍ ഉപദേശിച്ചു. നാരദന്‍ ഇന്ദ്രനില്‍ നിന്ന്‌ ഈ മന്ത്രം കൈയ്ക്കലാക്കി. അവന്‍ പിന്നെ ധൗമൃന് നല്കി. ധൗമൃന്‍ യുധിഷ്ഠിരനും നല്കി. അങ്ങനെ യുധിഷ്ഠിരന്‍ തന്റെ ആഗ്രഹങ്ങളെല്ലാം ഇതു കൊണ്ടു നേടി. ഈ മന്ത്രം നിത്യം ജപിക്കുന്നവന് പോരില്‍ എന്നും ജയം ലഭിക്കും; വളരെ ധനവും ലഭിക്കും. പാപങ്ങളൊക്കെ ആദിത്യന്‍ നശിപ്പിക്കും. അവസാനം അവന്‍ പാപങ്ങള്‍ നീങ്ങിയതിന് ശേഷം സൂരൃലോകത്തില്‍ ചെന്നെത്തുകയും ചെയ്യും.

വരം നേടിയതിന് ശേഷം വെള്ളത്തില്‍ നിന്ന്‌ ധര്‍മ്മിഷ്ഠനായ ധര്‍മ്മജന്‍ കയറി, ധൗമ്യന്റെ കാല്‍ക്കല്‍ കുമ്പിട്ടു. അനുജന്മാരെ സസന്തോഷം തഴുകി. പാഞ്ചാലിയോടൊത്ത്‌ അടുക്കളയില്‍ ചെന്ന്‌ ആ പാണ്ഡുപുത്രന്‍ ഭക്ഷണം സ്വയം തയ്യാറാക്കാനൊരുങ്ങി.

രാജകീയമായ അടുക്കളയിലുണ്ടാക്കപ്പെടുന്ന വിഭവങ്ങളോടു കൂടി യ സദ്യ വരുന്നവര്‍ക്കൊക്കെ സല്‍ക്കരിച്ചു. ചതുര്‍വ്വിധമായ അന്നം എത്ര കുറച്ചുണ്ടാക്കിയാലും നൂതനമായി അതില്‍ നിന്ന്‌ ഉണ്ടായിക്കൊണ്ടിരുന്നു. ഒടുങ്ങാതെ ഉണ്ടാകുന്ന അന്നം കൊണ്ട്‌ ആദ്യം വിപ്രന്മാരെ ഊട്ടുന്നു. വിപ്രന്മാര്‍ ഉണ്ടതിന് ശേഷം സോദരന്മാരേയും ഊട്ടുന്നു. ശേഷിച്ചത്‌ ( അതിനെ വിഘസം എന്നു പറയുന്നു ) യുധിഷ്ഠിരനും ഭുജിക്കും. യുധിഷ്ഠിരനെ ഊട്ടിയതിന് ശേഷം പാര്‍ഷതി ഉണ്ണും. പാഞ്ചാലി ഉണ്ടാല്‍ അന്നമൊക്കെ അവസാനിക്കും.

ഇപ്രകാരം അര്‍ക്കനില്‍ നിന്നു വരം വാങ്ങി അര്‍ക്കതുല്യനായ ആ പാണ്ഡുപുത്രന്‍ മനസ്സില്‍ അഭിലഷിച്ച അഭീഷ്ടമൊക്കെ വിപ്രന്മാര്‍ക്കു നല്കി.

തിഥി, നക്ഷത്രം, പര്‍വ്വം ഇവ തോറും ആചാരൃനെ മുന്‍നിര്‍ത്തി വിധി മന്ത്രപ്രമാണത്തോടെ യജ്ഞക്രിയ നടത്തി. പിന്നെ സ്വസ്ത്യയനം ചെയ്ത്‌ ധൗമ്യനോടു കൂടി, പാണ്ഡവന്മാര്‍ ദ്വിജസംഘത്തോടൊത്ത്‌ കാമൃകവനത്തില്‍ പ്രവേശിച്ചു.

4. വിദുരവാക്യ പ്രത്യാഖ്യാനം - വൈശമ്പായനൻ പറഞ്ഞു; പാണ്ഡവന്മാര്‍ വനത്തില്‍ പോയപ്പോള്‍ പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്രന്‍ ഹൃദയ വൃഥയോടു കൂടി, ധർമ്മനിരതനും അതിബുദ്ധിമാനുമായ വിദുരനോടു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ! വിദുരാ! നിന്റെ തെളിഞ്ഞ ബുദ്ധി ശുക്രാചാര്യന്റേതു പോലെയാണ്‌. ഏറ്റവും സൂക്ഷ്മമായ ധര്‍മ്മം അറിഞ്ഞവനാണു നീ. കുരുക്കളില്‍ സമനായി, സമ്മതനായി നീ വര്‍ത്തിക്കുന്നു. അവര്‍ക്കും എനിക്കും ഉചിതമായത്‌ ഭവാന്‍ പറയുക. വിദുരാ! ഞാന്‍ കഷ്ടത്തിലായി. നാട്ടുകാര്‍ എന്നെ അധിക്ഷേപിക്കുന്നു. എന്താണ്‌ ഇനി വേണ്ടത്‌? നാട്ടുകാര്‍ നമ്മെ സ്വീകരിക്കുന്നതിന് എന്താണ്‌ ഉപായം? എന്തു ചെയ്താലാണ്‌ അവര്‍ നമ്മെ വേരോടെ മുടിക്കാതിരിക്കുക? ഭവാന്‍ അതു ചിന്തിച്ചു വേണ്ടത്‌ ഉപദേശിക്കുക. ഭവാന്‍ കാര്യബോധം ഉള്ളവനാണല്ലോ!

വിദുരന്‍ പറഞ്ഞു; ധര്‍മ്മമൂലമായത്‌ മൂന്നു കാര്യങ്ങളാണ്‌ ( ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ) അത്‌ രാജ്യത്തിനും മൂലമായ ധര്‍മ്മമാണെന്ന്‌ ഋഷികള്‍ പറയുന്നു. ധര്‍മ്മത്തില്‍  തന്നെ ഉറച്ചു നിന്ന്‌ നിന്റെ മക്കളേയും പാണ്ഡുവിന്റെ മക്കളേയും നീ ശക്തിയോടെ കാക്കുക. ആ ധര്‍മ്മത്തെ സഭയില്‍ വച്ച്‌ സൗബലന്‍ മുതലായ പാപികള്‍ കബളിപ്പിച്ചു. സത്യത്തില്‍ ഉറച്ച ചൂതരങ്ങില്‍ ക്ഷണിച്ചു വരുത്തി യുഗിഷ്ഠിരനെ നിന്റെ പുത്രന്മാര്‍ ചതിയില്‍ തോല്‍പിച്ചു. ഇപ്രകാരമുള്ള ദുഷ്പ്രവൃത്തിക്കു ശേഷം ഇനി വേണ്ട ഉപായമെന്താണെന്ന്‌ ഞാന്‍ കാണുന്നുണ്ട്‌. അതു ചെയ്‌താല്‍ ഹേ! കുരുമുഖ്യ, നിന്റെ മക്കള്‍ പാപം അറ്റ്‌ ലോകത്തില്‍ നല്ല നിലയെ പ്രാപിക്കും. ഭവാന്‍ കൈക്കൊണ്ട സകല സമ്പത്തും പാണ്ഡവര്‍ക്കു തന്നെ മടക്കിക്കൊടുക്കുക. രാജാവേ, ഭവാന്‍ ചെയ്യേണ്ടത്‌ അതാണ്‌. സ്വന്തമായ സ്വത്തു കൊണ്ടു സുഖിക്കുക. പരന്മാരുടെ സമ്പത്തില്‍ ആഗ്രഹിക്കരുത്‌. അങ്ങനെ ചെയ്‌താല്‍ കീര്‍ത്തികേടു പറ്റുകയില്ല. ജഞാതി വൈരം പറ്റുകയില്ല. ധര്‍മ്മം നശിക്കുകയുമില്ല. നീ ചെയ്യേണ്ടതായ വലിയ ഒരു കാര്യം അതാണ്‌. പാണ്ഡവരെ സന്തോഷിപ്പിക്കുകയും ശകുനിയുടെ പ്രവൃത്തിയെ അധിക്ഷേപിക്കുകയും ചെയ്യുക. അങ്ങനെയായാല്‍ അവര്‍ കീഴില്‍ നിന്നു വൈശ്യന്മാരെ പോലെ ഭവാനെ സേവിക്കുന്നതാണ്‌. ദുര്യോധനനും ശകുനിയും കര്‍ണ്ണനും കുന്തീപുത്രനെ ശുശ്രൂഷിക്കട്ടെ. ദുശ്ശാസനന്‍ പരസ്യമായി സഭയില്‍ വച്ച്‌ ഭീമനോടും കൃഷ്ണയോടും ക്ഷമായാചനം ചെയ്യട്ടെ. ഭവാന്‍ യുധിഷ്ഠിരനെ സമാശ്വസിപ്പിക്കുക. സ്വരാജ്യത്തു കൂട്ടിക്കൊണ്ടു വന്ന്‌ സല്ക്കരിച്ചിരുത്തുക. ഭവാന്‍ ചോദിച്ചാല്‍ ഞാന്‍ വേറെ എന്തു പറയുവാനാണ്‌? ശരിക്കും ചെയ്യേണ്ടത്‌ ഇതാണ്‌. ഇപ്രകാരം ചെയ്താല്‍ ഭവാന്‍ കൃതകൃത്യനാകും.

ധൃതരാഷ്ട്രന്‍ പറഞ്ഞു. ക്ഷത്താവേ! നിന്റെ അഭിപ്രായമൊന്നും ശരിയല്ല. വെറും പക്ഷപാതപരമായാണ്‌ നീ എപ്പോഴും സംസാരിക്കുന്നത്‌. നീ സഭയില്‍ വെച്ച്‌ പലതും നമ്മെപ്പറ്റിയും പാണ്ഡവന്മാരെപ്പറ്റിയും പറഞ്ഞു. പാര്‍ത്ഥന്മാര്‍ക്ക്‌ ഹിതവും ഞങ്ങള്‍ ക്ക്‌ അഹിതവുമായിരുന്നു അതെല്ലാം. ഇപ്പോള്‍ ഒരുകാര്യം തീര്‍ച്ചയായി. ഞങ്ങള്‍ക്ക്‌ ഗുണം വരുന്നത്‌ നിനക്കു സഹിക്കുന്നില്ല. പാണ്ഡവന്മാര്‍ക്ക്‌ ഗുണമുണ്ടാകുന്നതു മാത്രമേ നീ പറയുകയുള്ളു, അതു ചിന്തിക്കുമ്പോള്‍ നീ എനിക്കു ഗുണം കാംക്ഷിക്കാത്തവനാണെന്നു കരുതാതെ പറ്റുകയില്ല. പാണ്ഡവന്മാര്‍ക്കു വേണ്ടി എന്റെ മകനെ ഉപേക്ഷിക്കണമത്രേ! അവരും എന്റെ മക്കളാണെന്നുള്ളതില്‍ വാദമില്ല. എന്നാൽ ദുര്യോധനന്‍ എന്റെ ദേഹജനാണ്‌. സ്വന്തം ദേഹത്തെ പരനു വേണ്ടി ഉപേക്ഷിക്കുവാനാണോ നീ ഉപദേശിക്കുന്നത്‌; വിദുര, നീ എന്നോട്‌ കുടിലതയാണു പറഞ്ഞത്‌. ഞാന്‍ നിന്നെ നല്ല പോലെ മാനിക്കുന്നവനാണ്‌. എന്നോട്‌ ഇതു വേണ്ടിയിരുന്നില്ല. ഇനി എനിക്കു നിന്റെ ഉപദേശമൊന്നും വേണ്ട. നിനക്ക്‌ യഥേഷ്ടം പോവുകയോ നിൽക്കുകയോ ചെയ്യാം. തേവിടിശ്ശികളെ ഇണക്കിയാലും അവര്‍ നില്ക്കില്ല. ധൂര്‍ത്തകള്‍ പോവുക തന്നെ ചെയ്യും,

വൈശമ്പായനൻ പറഞ്ഞു: ഇത്രത്തോളം ധൃതരാഷ്ട്രന്‍ പറഞ്ഞ്‌ പെട്ടെന്ന്‌ എഴുന്നേറ്റ്‌ അകത്തേക്കു പോയി. ഈ വംശം മുടിഞ്ഞതു തന്നെ! എല്ലാം തീര്‍ന്നു! എന്നു പറഞ്ഞ്‌ വിദുരന്‍ അവിടെ നിന്ന് എഴുന്നേറ്റു പാര്‍ത്ഥന്മാരുടെ അടുത്തേക്കും ബദ്ധപ്പെട്ടു നടന്നു.

5. വിദുരനിര്‍വാസം - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ വനവാസത്തിനു വേണ്ടി ഗംഗാതടം വിട്ടു കൂട്ടത്തോടെ നടന്ന്‌ കുരുക്ഷേത്രത്തിലെത്തി. സരസ്വതി, ദൃഷദ്വതി, യമുന എന്നീ നദികളെ പൂജിച്ച്‌ കാടുകള്‍ പലതും കടന്ന്‌ പശ്ചിമദിക്കിലേക്കു സഞ്ചരിച്ചു. സരസ്വതീ തടത്തില്‍ മരുധന്വ പരപ്പില്‍ മുനിജനങ്ങള്‍ക്കു പ്രിയങ്കരമായ കാമ്യകവനം ദര്‍ശിച്ചു. നാനാഖഗങ്ങളും മൃഗങ്ങളും നിറഞ്ഞ ആ വനത്തില്‍ അവര്‍ പാര്‍ത്തു. അടുത്തു കൂടി മുനികള്‍ അവരെ ആശ്വസിപ്പിച്ചു.

അങ്ങനെ ഒരു ദിവസം പാണ്ഡവന്മാരെ കാണുവാന്‍ എപ്പോഴും ആഗ്രഹിക്കുന്ന വിദുരന്‍, ഒറ്റത്തേരില്‍ യാത്ര ചെയ്ത്‌, തഴച്ചു നിൽക്കുന്ന കാമ്യക വനത്തില്‍ ചെന്നു.

പായുന്ന അശ്വത്തെ കെട്ടിയ തേരില്‍ക്കയറി യാത്ര ചെയ്ത്‌ വിദുരന്‍ കാമൃക വനത്തില്‍ ചെന്നു ചേര്‍ന്നു. അപ്പോള്‍ ദ്രൗപദിയോടും സോദരന്മാരോടും, വിപ്രന്മാരോടും കൂടി സംസാരിച്ച്‌ ഇരിക്കുന്ന യുധിഷ്ഠിരനെ കണ്ടു. വിദുരന്‍ ദൂരെ നിന്നു വരുന്നതായി കണ്ട ധര്‍മ്മജന്‍ ഭീമനോടു പറഞ്ഞു.

ധര്‍മ്മപുത്രന്‍ പറഞ്ഞു: ഭീമ! വിദുരന്റെ വരവുണ്ട്‌. എന്തു പറയുവാനാണാവോ പുറപ്പാട്‌? ശകുനി വീണ്ടും ചുതിന് പറഞ്ഞു വിട്ടിരിക്കയാണോ? ആ ക്ഷുദ്രന്‍ നമ്മുടെ കൈയില്‍ നിന്ന്‌ ആയുധങ്ങള്‍ തട്ടിയെടുക്കുമോ? ഇനിയും ആരെങ്കിലും പൊരുതുവാന്‍ വിളിച്ചാല്‍ എനിക്കു പിന്മാറുവാന്‍ വയ്യ ഭീമ! ഗാണ്ഡീവവും സംശയത്തിലായാല്‍ നമുക്കു പിന്നെ രാജ്യലാഭം സംശയത്തിലാകും.

വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാരെല്ലാവരും ക്ഷണത്തില്‍ എഴുന്നേറ്റ്‌ ക്ഷത്താവിനെ എതിരേറ്റു. ആ സല്‍ക്കാരം സ്വീകരിച്ച്‌ ആജമീഡന്‍ യഥോചിതം പാര്‍ത്ഥന്മാരോട് ചേര്‍ന്നു സന്തോഷിച്ചു. വിദുരന്‍ ആശ്വസിച്ചതിന് ശേഷംഅവര്‍ വിദുരനോടു വന്ന കാര്യം എന്താണെന്നു ചോദിച്ചു. വിദുരന്‍ വിസ്തരിച്ച്‌ ധൃതരാഷ്ട്രന്റെ വൃത്താന്തമെല്ലാം പറഞ്ഞു.

വിദുരന്‍ പറഞ്ഞു: അല്ലയോ അജാതശത്രോ, ധൃതരാഷ്ട്രന്‍ എന്നെ നിഗൂഢമായി വിളിച്ചു വരുത്തി ബഹുമാനാദരത്തോടു കൂടി ചോദിച്ചു, ഈ സന്ദര്‍ഭത്തില്‍ നിഷ്പക്ഷമായി പാര്‍ത്ഥന്മാര്‍ക്കും, നമുക്കും പത്ഥ്യമായ കാര്യം എന്താണു വേണ്ടത്‌ എന്ന്. ഞാന്‍ ധൃതരാഷ്ട്രന് ഹിതവും പത്ഥ്യവുമായ കാര്യങ്ങള്‍ പറഞ്ഞത്‌ രാജാവിന് ലേശം രുചിച്ചില്ല. മറ്റൊരു വഴിയും മതിയായതായി ഞാന്‍ കണ്ടതുമില്ല. പാര്‍ത്ഥരേ, ഞാന്‍ ശ്രേയസ്കരമായ കാര്യമാണു പറഞ്ഞത്‌. എന്നാൽ അത്‌ ധൃതരാഷ്ട്രന്‍ കേട്ടതുമില്ല. രോഗിക്കു പത്ഥ്യമായ മരുന്ന്‌ രുചിക്കാത്തതു പോലെ എന്റെ അഭിപ്രായം അദ്ദേഹത്തിന് രുചിച്ചില്ല. അജാതശത്രോ, വേശ്യയായ സ്ത്രീ ധര്‍മ്മിഷ്ഠന്റെ വീട്ടില്‍ താമസിച്ചാലും ധര്‍മ്മസഞ്ചാരിണിയായി മാറുകയില്ല. അതുപോലെ എന്റെ സദുപദേശങ്ങള്‍ ധൃതരാഷ്ട്രനെ നല്ല മാര്‍ഗ്ഗത്തിലേക്കു കൊണ്ടു വരാന്‍ ഉതകുകയില്ല. അറുപതു വയസ്സായ പുരുഷനെ ബാലികയായ വധു ഇഷ്ടപ്പെടാത്ത വിധം അദ്ദേഹം എന്റെ വാക്കില്‍ തൃപ്തനായില്ല. രാജാവേ, നാശം തീര്‍ച്ചയായും സംഭവിക്കും. കൗരവന്മാരുടെ നന്മയ്ക്കല്ലാ ധൃതരാഷ്ട്രന്റെ പുറപ്പാട്‌. താമരയിലയില്‍ വെള്ളമെന്ന പോലെ എന്റെ പത്ഥ്യവാക്ക്‌ അദ്ദേഹത്തില്‍ പറ്റുകയില്ല. ധൃതരാഷ്ട്രന്‍ എന്നോട്‌ ക്രോധത്തോടെ പറഞ്ഞു: എടോ! തനിക്ക്‌ ഇഷ്ടമുള്ളേടത്തു പൊയ്‌ക്കൊള്ളുക, നിന്റെ ഉപദേശം എനിക്കു വേണ്ടാ. ഞാന്‍ വല്ല വിധത്തിലും ഈ പുരം ഭരിച്ചോളാം.

ഇങ്ങനെ ധൃതരാഷ്ട്രന്‍ എന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍ , ഞാന്‍ രാജാവേ, നിനക്കു സദുപദേശം തരുവാന്‍ വന്നിരിക്കയാണ്‌. മുമ്പു ഞാന്‍ സഭയില്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടാകണം. ഞാന്‍ വീണ്ടും പറഞ്ഞു തരാം. ശത്രുക്കൂട്ടം ക്ലേശങ്ങള്‍ ഉണ്ടാക്കിയാലും ക്ഷമയോടെ കാലം പാര്‍ത്ത്‌ ഇരിക്കുന്നവന്‍, തീപ്പൊരിയില്‍ നിന്നു മഹാഗ്നിയെന്ന പോലെ, തീര്‍ച്ചയായും ലോകത്തെ അടക്കി ഭരിക്കും. അനുയായികള്‍ക്കു സമമായി സ്വത്തു നല്കുന്നവനെ ആപത്തിലും സഹായികള്‍ സഹായിപ്പാനെത്തും. സഹായികളെ ലഭിക്കുവാന്‍ ഇതാണ്‌ ഉപായം. സഹായിയുള്ളവന്‍ ലോകം നേടും. ഹേ, പാണ്ഡവ! സത്യമാണു ശ്രേഷ്ഠമായിട്ടുള്ളത്‌. പാഴ്വാക്കുകള്‍ പറയരുത്‌. ഇഷ്ടജനങ്ങളോടു കൂടി ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുക. സുഹൃത്തുക്കളുടെ മദ്ധ്യത്തില്‍ കൂടുതല്‍ യോഗ്യനാണു താനെന്ന് പ്രൗഢിയെ കാണിക്കരുത്‌. ഇപ്രകാരം ജീവിക്കുന്ന രാജാവ്‌ അഭിവൃദ്ധിയെ പ്രാപിക്കും.

യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങു പറയുന്ന വിധം ഞാന്‍ ചെയ്യാം. ആവുന്ന വിധം കരുതലോടെ, തെറ്റാതെ ജീവിക്കാം. ദേശകാലാനുസരണമായി ഭവാന്‍ പറയുന്ന മറ്റു കാര്യങ്ങളും ഞാന്‍ ചെയ്തു കൊള്ളാം!

6. വിദുരപ്രത്യാഗമനം - വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ പാണ്ഡവന്മാരുടെ ആശ്രമത്തിലേക്കു പോയപ്പോള്‍ മഹാബുദ്ധിമാനായ ധൃതരാഷ്ട്രന്‍ സന്തപിച്ചു. വിദുരന്‍ വിജ്ഞനാണ്‌; മഹാത്മാവാണ്‌. വിദുരന്റെ സന്ധിവിഗ്രഹാദി വിദ്യജ്ഞാനങ്ങളും മറ്റും ചിന്തിച്ച്‌ അദ്ദേഹത്തിന്റെ ഈ പോക്ക്‌ പാണ്ഡവന്മാരുടെ ശ്രേയസ്സിനാണ്‌ എന്നു ധൃതരാഷ്ട്രന്‍ വിചാരിച്ചു.

വിദുരന്‍ തന്നെ വിട്ടു പിരിഞ്ഞതിലുള്ള വൃസനത്താല്‍ മോഹിതനായി, ധൃതരാഷ്ട്രന്‍ സഭാദ്വാരത്തിലെത്തി രാജാക്കന്മാര്‍ കാണ്‍കെ ബോധംകെട്ടു വീണു. വീണ്ടും ബോധം വന്നപ്പോള്‍ നിലത്തു നിന്നെഴുന്നേറ്റു സമീപത്തു നിൽക്കുന്ന സഞ്ജയനോടു പറഞ്ഞു. പശ്ചാത്താപത്തോടു കൂടി വിദുരസ്മൃതിയാല്‍ മോഹിതനായ രാജാവ്‌, ഭ്രാതാവിനോടുള്ള സ്നേഹം മൂലം, സഞ്ജയനോടു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ! സഞ്ജയ! നീ പോയി എന്റെ അനുജനായ വിദുരനെ കാണുക. ഞാന്‍ കോപിച്ച്‌ അവനെ ആട്ടിയോടിച്ചു. അവന്‍ ഇപ്പോള്‍ ജിവിച്ചിരിപ്പുണ്ടോ എന്ന് അറിയുക. അവന്‍ എനിക്കു ലേശം പോലും അപ്രിയം മുമ്പു ചെയ്യാത്തവനാണ്‌. എന്റെ സഹോദരന്‍ ബുദ്ധിമാനും പണ്ഡിതനുമാണ്‌. ഞാന്‍ എന്റെ പ്രമാദം കൊണ്ട്‌ അവന് അപ്രിയം ചെയ്തു. അവനെ എനിക്ക്‌ ഇപ്പോള്‍ കാണണം. അല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ എന്റെ ജീവനെ ഉപേക്ഷിക്കും! സഞ്ജയ, ഞാന്‍ ഇപ്പോള്‍ ചാകും!

വൈശമ്പായനൻ പറഞ്ഞു: ആ രാജാവിന്റെ വാക്കിനെ ബഹുമാനിച്ച്‌ സഞ്ജയന്‍ അങ്ങനെയാകട്ടെ എന്നു പറഞ്ഞ്‌ വിദുരനെ കൊണ്ടു വരാമെന്നേറ്റ്‌ കാമ്യകവനത്തിലേക്ക്‌ ഓടി. ഏറെവൈകാതെ പാണ്ഡുപുത്രന്മാരുള്ള കാട്ടില്‍ പ്രവേശിച്ചു. അവിടെ മാന്‍തോലണിഞ്ഞ ധര്‍മ്മപുത്രനെ കണ്ടു. വിദുരനോടും ബ്രാഹ്മണരോടും ഭ്രാതാക്കളോടും ചേര്‍ന്നിരിക്കുന്ന യുധിഷ്ഠിരനെ കണ്ടപ്പോള്‍ ഇന്ദ്രന്‍ ദേവകളോടു കൂടി മരുവുന്നതിന്റെ സ്മരണ സഞ്ജയന്റെ ഹൃദയത്തിലുണ്ടായി.

യുധിഷ്ഠിരന്റെ സമീപത്തു ചെന്ന്‌ സഞ്ജയന്‍ ബഹുമാനപൂര്‍വ്വം കരം കൂപ്പി. ഭീമാര്‍ജ്ജുനയമന്മാരും അപ്പോള്‍ സഞ്ജയനെ സ്വീകരിച്ചു ബഹുമാനിച്ചു. രാജാവു കുശലം ചോദിച്ചു. പീഠം നല്കി. സഞ്ജയന്‍ താന്‍ വന്നതിന്റെ കാരണം പറഞ്ഞു.

സഞ്ജയന്‍ പറഞ്ഞു; അംബികാപുത്രനായ ധൃതരാഷ്ട്ര രാജാവ്‌ ഭവാനെ സ്മരിക്കുന്നുണ്ട്‌. ഹേ, വിദുര! ഉടനെ രാജാവിനെ പോയി കണ്ട്‌ അദ്ദേഹത്തെ ജീവിപ്പിക്കുക. നരേന്ദ്രന്മാരായ പാണ്ഡവന്മാരുടെ അനുവാദം വാങ്ങിച്ച്‌ ഹേ, മാനവശ്രേഷ്ഠ! ഭവാന്‍ രാജകല്പന അനുസരിച്ച്‌ പുറപ്പെടുക.

വൈശമ്പായനൻ പറഞ്ഞു. ധൃതരാഷ്ട്രന്റെ കല്പന കേട്ട്‌ ബുദ്ധിമാനും സുജനപ്രിയനുമായ വിദുരന്‍ യുധിഷ്ഠിരന്റെ അനുവാദം വാങ്ങി ഹസ്തിനാപുരത്തേക്കു പോന്നു. രാജധാനിയിൽ എത്തിയ വിദുരനോട്‌ ധൃതരാഷ്ട്രന്‍ പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു. എന്റെ ഭാഗ്യം കൊണ്ടു മാത്രമാണ്‌ എന്നെയോര്‍ത്ത്‌ നീ മടങ്ങി വന്നത്‌. രാവും പകലും ഞാന്‍ നീ കാരണമായി ഉറക്കമില്ലാതെ കിടക്കുന്നു. നീ പോയതിന് ശേഷം കണ്ണിന്റെ പോള കൂട്ടുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.

വൈശമ്പായനൻ പറഞ്ഞു: അദ്ദേഹം വിദുരനെ പിടിച്ചു മടിയിലടുപ്പിച്ചിരുത്തി ശിരസ്സില്‍ ഘ്രാണിച്ച്‌, "പകയില്ലാത്ത അനുജ, ഞാന്‍ പറഞ്ഞതൊക്കെ നീ ക്ഷമിക്കണം", എന്നു പറഞ്ഞു.

വിദുരന്‍ പറഞ്ഞു: ചേട്ടാ, രാജാവേ! ഞാന്‍ പണ്ടേ തന്നെ ഭവാനോടു ക്ഷമിച്ചിരിക്കുന്നു. ഭവാന്‍ എന്റെ ചേട്ടനാണല്ലേോ. പ്രഭോ! അങ്ങയെ കാണുന്നതിനുള്ള ആഗ്രഹം കൊണ്ടാണ്‌ ഞാന്‍ ഉടനെ വന്നത്‌. ഹേ പുരുഷവ്യാഘ്ര! ധര്‍മ്മചാരികളായ മാന്യന്മാര്‍ ദീനന്മാരില്‍ കനിയും. അതില്‍ ഒട്ടും ശങ്കിക്കേണ്ടതില്ല രാജാവേ! പാണ്ഡുവിന്റെ മക്കളെപ്പോലെ തന്നെയാണ്‌ എനിക്ക്‌ അങ്ങയുടെ പുത്രന്മാരും. അവര്‍ ദീനന്മാരായി കാട്ടില്‍ ജീവിക്കുന്നതോര്‍ത്ത്‌ എന്റെ ഹൃദയം അവരില്‍ കനിവുള്ളതായി തീര്‍ന്നിരിക്കുന്നു എന്നു മാത്രമേയുള്ളൂ.

വൈശമ്പായനൻ പറഞ്ഞു: അന്യോന്യം അനുനയം ചെയ്ത്‌, യോഗ്യരായ ആ ഭ്രാതാക്കള്‍ , ധൃതരാഷ്ട്ര വിദുരന്മാര്‍, പരമമായ പ്രീതിയോടെ ഇരുന്നു.

7. വ്യാസാഗമനം - വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ വന്നതും രാജാവ്‌ സാന്ത്വനം ചെയ്തതുമൊക്കെ അറിഞ്ഞ്‌ ദൂര്‍ബുദ്ധിയായ ദുര്യോധനന്‍ ദുഃഖത്തിലായി. ശകുനി, കര്‍ണ്ണന്‍, ദുശ്ശാസനന്‍ എന്നിവരെ വരുത്തി, ബുദ്ധിമോഹത്താല്‍ വിമൂഢനായ അവന്‍ ആലോചന നടത്തി.

ദുര്യോധനന്‍ പറഞ്ഞു: ധീമാനായ ധൃതരാഷ്ട്രന്റെ നാടുവിട്ടു പോയ മന്ത്രി വീണ്ടും വന്നു! വിദുരന്‍ പാണ്ഡവന്മാരുടെ മിത്രമാണ്‌. വിദ്വാനും ഹിതകാരിയുമാണ്‌. വിദുരന്‍ രാജാവിന്റെ ബുദ്ധി മാറ്റിമറിക്കും. പാണ്ഡവന്മാരെ അവന്‍ കൂട്ടിക്കൊണ്ടു വരുവാന്‍ ഏര്‍പ്പാടു ചെയ്യും. അതിന് മുമ്പ്‌ നിങ്ങള്‍ എന്റെ കാര്യത്തില്‍ മനസ്സു വെക്കണം. ഇനി പാണ്ഡവന്മാര്‍ ഇവിടെ വന്നു കയറിയാല്‍ ഞാന്‍ ജലപാനം കൂടാതെ ഇവിടെ കിടക്കും. പട്ടിണി കിടന്നു മെലിഞ്ഞ്‌ ആശകെട്ടു ചാകും! അല്ലെങ്കില്‍ വിഷം കുടിച്ചു ചാകും! അല്ലെങ്കില്‍ കത്തിയെടുത്തു ഹൃദയം പിളര്‍ന്നു ചാകും. അല്ലെങ്കില്‍ തീ ജ്വലിപ്പിച്ച്‌ അതില്‍ ചാടിച്ചാകും! അല്ലെങ്കില്‍ കയറെടുത്തു കെട്ടിത്തൂങ്ങി മരിക്കും! പിന്നെ ഞാന്‍ ജീവിച്ചിരിക്കുകയില്ല. അവര്‍ ശ്രേയസ്കരന്മാരായിരിക്കുന്നതു കണ്ട്‌ ഒരു നിമിഷം ഞാന്‍ ജീവിക്കുകയില്ല. അതിന് എനിക്ക്‌ സാധിക്കയില്ല.

ശകുനി പറഞ്ഞു: ഹേ രാജാവേ, ദുര്യോധന! നിനക്ക്‌ എന്താണ്‌ ഈ പൊട്ടപ്പോഴത്തം തോന്നുന്നത്‌? സത്യം ചെയ്തു കാട്ടിലേക്കു പോയ പാണ്ഡവന്മാര്‍ മടങ്ങി വരികയോ? അതുണ്ടാവില്ല! അവര്‍ സത്യം തെറ്റി നടക്കാത്തവരാണ്‌. സത്യം ഒരിക്കലുംഅവര്‍ തെറ്റിക്കയില്ല. അച്ഛന്‍ ആവശ്യപ്പെട്ടു വിളിച്ചാലും അവര്‍ വാക്കു തെറ്റിച്ചു വരില്ല. ഒരു കാലത്തും അവര്‍ സത്യം തെറ്റിക്കുന്നതല്ല. അതല്ല, വീണ്ടും അവര്‍ പുരത്തേക്കു വരികയാണെകിലോ, സത്യം വിട്ട അവര്‍ വീണ്ടും പണയപ്പെട്ടുപോകും. നമ്മള്‍ മദ്ധ്യസ്ഥരായി കണ്ടു നിന്നാല്‍ മതി. ഒന്നും പറയുകയോ ചെയ്യുകയോ വേണ്ടാ. നിഗൂഢമായി പാണ്ഡവന്മാര്‍ക്ക്‌ ഛിദ്രത്തിനുള്ള വഴി മാത്രം നോക്കി നിന്നാല്‍ മതി.

ദുശ്ശാസനന്‍ പറഞ്ഞും: ഇപ്പറഞ്ഞതൊക്കെ ശരിയാണ്‌. അമ്മാവന്‍ പറഞ്ഞത്‌ എനിക്ക്‌ ബോധിച്ചു!

കര്‍ണ്ണന്‍ പറഞ്ഞും: ദുര്യോധനാ, വരുന്നതു വരട്ടെ. നിന്റെ അഭീഷ്ടം ഞങ്ങള്‍ കാത്തു രക്ഷിക്കും. നമ്മളൊക്കെ ഐകമത്യത്തോടെ നിന്നാല്‍ മതി. കാലം കഴിഞ്ഞല്ലാതെ അവര്‍ മടങ്ങിവരില്ല. മടങ്ങിവന്നാല്‍ അപ്പോള്‍ ചൂതു കൊണ്ടു നീ അവരെ ജയിക്കുക

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ ദുര്യോധനന്‍ സന്തോഷിക്കാതെ മുഖം തിരിച്ചു. അതു കണ്ട്‌ കര്‍ണ്ണന്‍ കണ്ണുരുട്ടി ചൊടിച്ച്‌ ദുശ്ശാസനന്‍, ശകുനി, ദുര്യോധനന്‍ എന്നീ മൂന്നു പേരോടു കൂടി വളരെ ക്രോധത്തോടെ എഴുന്നേറ്റു പറഞ്ഞു.

കര്‍ണ്ണന്‍ പറഞ്ഞു: ഹേ! നരേന്ദ്രന്മാരേ! നിങ്ങള്‍ ഇനി എന്റെ അഭിപ്രായം കേട്ടു കൊള്ളുവിന്‍. നാമെല്ലാം രാജാവിന്റെ ദാസന്മാരാണ്‌. രാജപ്രിയം ചെയ്യേണ്ടതു നമ്മുടെ കടമയാണ്‌. എന്നാൽ എപ്പോഴും വേണ്ട പോലെ നമുക്കതു ചെയ്യാന്‍ കഴിയാറില്ല. പരതന്ത്രരായ നാം അവന്റെ ഇഷ്ടത്തിനു നില്ക്കണം. നാംഉ ടനെ തേരില്‍ കയറി ശസ്ത്രങ്ങള്‍ എടുത്തു ചട്ടയുമിട്ട കാട്ടില്‍ താമസിക്കുന്ന പാണ്ഡവന്മാരെ കൊല്ലുവാന്‍ ഒന്നിച്ചിറങ്ങണം. അവരെയൊക്കെ കീഴടക്കി അറിയാത്ത നിലയിലായാല്‍ പിന്നെ ശല്യം തീര്‍ന്നു. ഇടിഞ്ഞ നിലയില്‍ ഉഴലുന്ന ഈ അവസരത്തില്‍ അവരെ കൊല്ലണമെന്നാണ്‌ എന്റെ അഭിപ്രായം.

വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്റെ അഭിപ്രായം കേട്ട്‌ അവര്‍ അവനെ വീണ്ടും വീണ്ടും ശ്ലാഘിച്ചു. ശരി! നല്ല അഭിപ്രായം! എന്നെല്ലാവരും മറുപടി പറഞ്ഞു. ഇപ്രകാരം പറഞ്ഞ്‌ ക്രുദ്ധരായി വെവ്വേറെ തേരില്‍ കയറി ഒന്നിച്ച്‌ പാണ്ഡവന്മാരെ കൊല്ലുവാന്‍ ഇറങ്ങി. കൃഷ്ണദ്വൈപായനന്‍ അവരുടെ തള്ളിച്ചയോടു കൂടിയ പോക്കു കണ്ടു. ദിവ്യചക്ഷുസ്സു കൊണ്ട്‌ എല്ലാം കണ്ടറിഞ്ഞ്‌ ആ ശുദ്ധാത്മാവ്‌ എഴുന്നള്ളി. വിശ്വപൂജിതനായ ഭഗവാന്‍ വ്യാസന്‍ അവരെ തടഞ്ഞു നിര്‍ത്തി. അനന്തരം പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്രന്‍ വസിക്കുന്ന സ്ഥലത്തേക്കെത്തി, ധൃതരാഷ്ട്രനോടു പറഞ്ഞു.

8. വ്യാസവാക്യം - വ്യാസന്‍ പറഞ്ഞു: മഹാപ്രാജഞനായ ധൃതരാഷ്ട്ര! നീ എന്റെ വാക്കു കേള്‍ക്കുക! കൗരവന്മാര്‍ക്കൊക്കെ ഹിതമായ നല്ല കാര്യം ഞാന്‍ നിന്നോടു പറയാം. പാണ്ഡവന്മാര്‍ കാട്ടില്‍ പോയത്‌ എനിക്ക്‌ ഇഷ്ടമായിട്ടില്ല. ദുര്യോധനാദികള്‍ ചതിച്ച്‌ ചുതില്‍ തോല്‍പിച്ച്‌ ഇപ്രകാരം അവരെ ക്ലേശിപ്പിച്ചു. അവര്‍ ഈ ചതി തന്നെ ഓര്‍ത്തു പതിമൂന്നുവര്‍ഷം കഴിക്കും. ആ പതിമൂന്നാമത്തെ ആണ്ടു തികയുമ്പോള്‍ കഴിഞ്ഞ ദുഃഖങ്ങളെല്ലാം ഓര്‍മ്മിച്ച്‌ ഉഗ്രവിഷം പോലെ മാരകമായ ആയുധങ്ങള്‍ അവര്‍ കുരുക്കളില്‍ പ്രയോഗിക്കും. എന്നാൽ പാപിയായ നിന്റെ പുത്രന്‍, മഹാവിഡ്ഡി, എന്താണു രാജ്യത്തിന് വേണ്ടി പാണ്‌ഡവരെ കൊല്ലുവാന്‍ ശ്രമിക്കുന്നത്‌? അവനെ നല്ലപോലെ തടുക്കുക. അവന്‍ മിണ്ടാതിരിക്കുകയാണു നല്ലത്‌. കാട്ടില്‍ പോയ അവരെ കൊല്ലാന്‍ കാട്ടില്‍ ചെന്നാല്‍ ആ വിഡ്ഡി പിന്നെ മടങ്ങി വരില്ല. വെറുതെ ചാകാനുള്ള പോക്കാണിത്‌.

വിദ്വാനായ വിദുരന്‍, ഭീഷ്മൻ, കൃപന്‍, ദ്രോണൻ, ഈയുളളവന്‍ ഇവരൊക്കെ എങ്ങനെയാണോ, അപ്രകാരം തന്നെയാണല്ലോ ഭവാനും. മഹാമതേ, സ്വജനങ്ങളുമായുള്ള വൈരം എത്ര ചീത്തയാണെന്ന്‌ ഭവാന്‍ ഓര്‍ക്കുന്നുണ്ടോ? അത്‌ അധര്‍മ്മ്യവും, അയശസ്യവും ആണ്‌. ഭവാന്‍ അതു കൈക്കൊള്ളരുത്‌. ഇവന് പാണ്ഡവന്മാരിലുള്ള അസൂയ ഭവാന്‍ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ ആപത്തിലെത്തിക്കും. അല്ലെങ്കില്‍ മന്ദബുദ്ധിയായ നിന്റെ പുത്രന്‍ പാണ്ഡവന്മാരോടു കൂടെ കാട്ടില്‍ ജീവിക്കട്ടെ. ഒറ്റ മനുഷ്യനും അവനു തുണ പാടില്ല. അങ്ങനെയായാല്‍ പാര്‍ത്ഥര്‍ക്കു നിന്റെ പുത്രനോടു സംസര്‍ഗ്ഗജമായ സ്നേഹം ഉണ്ടായി വന്നെങ്കില്‍ നീ മഹാഭാഗ്യവാനായി; കൃതകൃത്യനായി. അല്ലെങ്കില്‍ ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം. അവനുണ്ടോ നന്നാവുന്നു! ദ്രോണനും, ഭീഷ്മനും, വിദുരനും, അങ്ങയ്ക്കും കാലം പോവുകയാണ്‌. വേണ്ട കാര്യം വൈകാതെ നടത്തുക.

9. സുരഭ്യുപാഖ്യാനം - ധൃതരാഷ്ട്രന്‍ പറഞ്ഞും: മുനേ, എനിക്കു താല്പര്യം കൊണ്ടല്ല ചൂതുണ്ടായത്‌. വിധി എന്നെക്കൊണ്ട്‌ അങ്ങനെ ചെയ്യിച്ചതാണ്‌. ഭീഷ്മനും ദ്രോണനും വിദുരനും ഈ ചൂതു രസിച്ചിട്ടില്ല. ഗാന്ധാരിക്കും അതില്‍ നീരസമാണ്‌. പിന്നെ ചൂത്, മോഹം കൊണ്ട്‌, വിവരക്കേടു കൊണ്ട്‌, നടന്നതാണ്‌. ബുദ്ധികെട്ട ദുര്യോധനനെ വിടുവാന്‍ എനിക്കു കഴിയുകയില്ല. കാര്യമൊക്കെ അറിയാമെങ്കിലും പുത്രസ്നേഹം കൊണ്ട്‌ എനിക്ക്‌ അവനെ ഉപേക്ഷിക്കുവാന്‍ സാദ്ധ്യമല്ല.

വ്യാസന്‍ പറഞ്ഞു: വൈചിത്ര്യവീര്യ രാജാവേ! ഭവാന്‍ പറഞ്ഞതു വാസ്തവമാണ്‌. പുത്രന്‍ ശ്രേഷ്ഠനാണ്‌. പുത്രനേക്കാള്‍ ശ്രേഷ്ഠനായി മറ്റൊന്നുമില്ലെന്ന്‌ എനിക്കറിയാം. ഇന്ദ്രനെ കണ്ണുനീരില്‍ കുളിപ്പിച്ച സുരഭിയുടെ കണ്ണുനീര്‍, പുത്രനാണ്‌ മറ്റെന്തിനേക്കാളും ശ്രേഷ്ഠമെന്ന്‌ ഇന്ദ്രനെ പഠിപ്പിച്ചു. ഞാന്‍ ഭവാനു മഹത്തായ ആ കഥ പറഞ്ഞു തരാം. അതു ദേവേന്ദ്രനും സുരഭിയും തമ്മില്‍ പറഞ്ഞ വൃത്താന്തമാണ്‌. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന. സുരഭി, ഗോക്കളുടെയെല്ലാം മാതാവാണ്‌. അവള്‍ കരഞ്ഞു പോലും. അപ്പോള്‍ ദേവേന്ദ്രന്‌ അവളില്‍ അലിവു തോന്നി.

ഇന്ദ്രന്‍ പറഞ്ഞു: ഭദ്രേ! നീ എന്താണു കരയുന്നത്‌? ദേവന്മാര്‍ക്കൊക്കെ ക്ഷേമം തന്നെയല്ലേ? ഭൂലോകത്തിലും പാതാളത്തിലും അശുഭമായി ഒന്നും ഉണ്ടായിട്ടില്ലല്ലോ? കാരണമെന്താണ്‌ ഭവതി കരയുവാൻ?

സുരഭി പറഞ്ഞു: ഭവാന്‍ അധോഗതിയൊന്നും കാണുന്നില്ല. സുരാധിപ! മകനെപ്പറ്റി ദുഃഖിച്ചാണ്‌ ഞാന്‍ കരയുന്നത്‌. നോക്കൂ ഇന്ദ്ര! കഴുത്തില്‍ നുകം വെച്ചു കരി വലിച്ചു തളര്‍ന്ന എന്റെ പുത്രനെ നോക്കു! ക്ഷീണിച്ചു ബലം കെട്ടു പോയ അവനെ ക്ഷുദ്രനായ കൃഷിക്കാരന്‍ ചമ്മട്ടി കൊണ്ട്‌ അടിക്കുന്നതു നീ കാണുന്നില്ലേ? തളര്‍ന്ന്‌ അവന്‍ തല്ലു കൊണ്ടു വീഴുന്നു സുരനായക! നീ നോക്കൂ, ഞാന്‍ കരള്‍ നൊന്തു വിഷമിക്കുന്നു! നീ കരുണയോടെ ഒന്നു നോക്കുക! നുകത്തില്‍ കെട്ടിയ രണ്ടു പേരില്‍ ബലമേറിയോന്‍ ഭാരം വളരെ വഹിക്കുന്നു. മറ്റേവന്‍, ദുര്‍ബ്ബലനും ക്ഷീണിച്ചവനും ഞരമ്പു പിടച്ചവനുമാണ്‌. അവന്‍ ഞെരുങ്ങി ഭാരംവലിക്കുന്നു. അവന്റെ ദുഃഖം കണ്ടിട്ട്‌ എനിക്ക്‌ സഹിക്കുന്നില്ല. ഇന്ദ്ര! ചമ്മട്ടി കൊണ്ടു ള്ള പ്രഹരം കൊണ്ടും ഇടയ്ക്കിടയ്ക്കുള്ള കുത്തു കൊണ്ടും ആ ഭാരം വലിക്കുവാൻ വയ്യാത്തവനായി ദുഃഖിക്കുകയാണ്‌ വാസവ! അവനെപ്പറ്റി ചിന്തിച്ചു ദുഃഖിക്കുകയാണ്‌ ഞാന്‍. ഇതാണ്‌ കരുണയോടു കൂടെ എന്റെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ചാടുവാനുണ്ടായ കാരണം.

ശക്രന്‍ പറഞ്ഞു: നിന്റെ അനേക ശതം പുത്രന്മാര്‍ ഇപ്രകാരം പീഡിപ്പിക്കപ്പെടുമ്പോള്‍ തല്ലേൽക്കുന്ന ഈ ഒരു പുത്രനെപ്പറ്റി മാത്രം ദുഃഖിക്കുവാനും കനിയുവാനും എന്താണു കാരണം?

സുരഭി പറഞ്ഞു: ജീവിച്ചിരിക്കുന്ന പുത്രസഹ്രസങ്ങളിലെല്ലാം എനിക്കു മമതയുണ്ട്‌. ദീനനായ പുത്രനില്‍ കൂടുതല്‍ ദയ തോന്നുന്നു വാസവ!

വ്യാസന്‍ പറഞ്ഞു; കാമധേനുവിന്റെ ഈ വാക്യം കേട്ട ഇന്ദ്രന്‍ വിപുലമായ വിസ്മയത്തോടെ, ജീവനേക്കാള്‍ പുത്രന്‍ മേലേയാണെന്നു ചിന്തിച്ചു. ഉടനെ അവിടെ തന്നെ ഉത്കടമായ മഴയുണ്ടാക്കി കൃഷിക്കാരനെ വിഷമിപ്പിച്ചു. പാകശാസനനായ ഇന്ദ്രന്‍ മഴ വര്‍ഷിക്കുവാന്‍ തുടങ്ങിയപ്പോള്‍ കൃഷിക്കാരന്‍ സഹിക്ക വയ്യാത്ത കാറ്റും മഴയും ഏറ്റ്‌, അതില്‍ നിന്നു രക്ഷപ്പെടാന്‍, കാളയെ നുകത്തില്‍ നിന്നഴിച്ചു വീട്ടിലേക്കു കൊണ്ടു പോയി.

കാമധേനു പറഞ്ഞപോലെ മക്കളൊക്കെ സമന്മാരാണെങ്കിലും, രാജാവേ, ദീനന്മാരില്‍ കൂടുതല്‍ കനിവുണ്ടാകും. എനിക്കു നീ പുത്രനാണ്‌; പാണ്ഡുവിനെപ്പോലെ തന്നെ! വിദ്വാനായ വിദുരനും അപ്രകാരം തന്നെയാണ്‌. സ്നേഹം കൊണ്ട്‌ ഞാന്‍ ഇതു നിന്നോടു പറഞ്ഞു. നിനക്കു വളരെ സന്താനങ്ങളുണ്ട്‌! നൂറ്റൊന്നു പേരുണ്ട്‌! അഞ്ചു മക്കളേ പാണ്ഡുവിനുള്ളു! അവര്‍ സാധുക്കളും ദുഃഖിതരുമാണ്‌. അവര്‍ എങ്ങനെ ജീവിക്കുന്നു? അവര്‍ ഈ നിലയില്‍ വര്‍ദ്ധിക്കുന്നത്‌ എങ്ങനെ? ഇങ്ങനെ ദുഃഖിതരായ പാണ്ഡവരെക്കുറിച്ചു ഞാന്‍ ദുഃഖിക്കുന്നു. കൗരവന്മാര്‍ ജീവനോടെ വാഴുവാന്‍ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിന്റെ മകനായ ദുര്യോധനന്‍ പാണ്ഡവന്മാരുമായി ക്രോധം വെടിഞ്ഞ്‌ ശമംഏല്ക്കട്ടെ! തമ്മില്‍ സ്നേഹത്തോടും, വിട്ടു വീഴ്ചയോടും കൂടി ശാന്തിയെ പ്രാപിക്കുവാന്‍ ആശിക്കട്ടെ!

10. മൈത്രേയശാപം - ധൃതരാഷ്ട്രന്‍ പറഞ്ഞു: മഹാപ്രാജ്ഞ! ഭവാന്‍ പറഞ്ഞതു ശരിയാണ്‌. എനിക്കും ഈ രാജാക്കന്മാര്‍ക്കുമൊക്കെ അതറിയാം. കുരുക്കളുടെ അഭിവൃദ്ധിക്കു വേണ്ടി ഭവാന്‍ ചിന്തിക്കുന്നുണ്ടെന്നുള്ളത്‌ ഞങ്ങളൊക്കെ അറിയുന്നുണ്ട്‌. എന്നോട്‌ വിദുരനും ഭീഷ്മനും ദ്രോണനും ഒക്കെ ഉപദേശിച്ചു. ഞാന്‍ അനുഗ്രാഹ്യനാണെങ്കില്‍ അങ്ങ്‌ കൗാരവന്മാരില്‍ കൃപ കാണിക്കുക. എന്റെ കുരുത്തം കെട്ട പുത്രനായ ദുര്യോധനനെ ഭവാന്‍ അനുശാസിക്കുക.

വ്യാസന്‍ പറഞ്ഞു: ഇതാ വരുന്നു മൈത്രേയമുനി. പാണ്ഡവ്ര ഭാതാക്കളെ കണ്ടതിനു ശേഷം നമ്മെ കാണുവാന്‍ വരുന്നതാണ്‌. ഈ മഹര്‍ഷി നിന്റെ പുത്രനായ ദുര്യോധനനെ ന്യായം പോലെ, ഈ കുലത്തിന്റെ രക്ഷയോര്‍ത്ത്‌ അനുശാസിക്കും. ഇദ്ദേഹം പറയുന്നതെന്തോ അത്‌ ഭവാന്‍ ശങ്ക വിട്ടു ചെയ്യണം. ഉപദേശം അനുസരിച്ചില്ലെങ്കില്‍ അദ്ദേഹം നിന്റെ പുത്രനെ ശപിക്കും.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ വ്യാസന്‍ പോയി. മൈത്രേയന്‍ വന്നടുത്തു. പുത്രനോടു കൂടെ രാജാവ്‌ മഹര്‍ഷിയെ സൽക്കാരപൂര്‍വ്വം വന്ദിച്ചു. അര്‍ഘ്യാദിക്ളായ ക്രിയകളാല്‍ വിശ്രാന്തനായ ആ മുനിയോടു ധൃതരാഷ്ട്രന്‍ വിനയപൂര്‍വ്വം പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഭഗവാനേ! ഭവാന്‍ കുരുജാംഗലത്തില്‍ നിന്നു സുഖമായിട്ടല്ലേ വരുന്നത്‌? വീര ഭ്രാതാക്കളായ പാണ്ഡവന്മാര്‍ക്കും സുഖം തന്നെയല്ലേ? അവര്‍ സത്യം പാലിക്കുവാന്‍ നിശ്ചയിച്ചല്ലേ നിൽക്കുന്നത്‌? കുരുക്കളുടെ സൗഭ്രാത്രം തകര്‍ന്നിട്ടില്ലല്ലോ?

മൈത്രേയന്‍ പറഞ്ഞു: ഞാന്‍ തീര്‍ത്ഥയാത്ര ചെയ്തു ചുറ്റുമ്പോള്‍ കുരുജാംഗലത്തിലെത്തി. ദൈവഗത്യാ കാമൃക വനത്തില്‍ വച്ച്‌ യുധിഷ്ഠിരനെ കണ്ടു. ജടയും മാന്‍തോലും ചാര്‍ത്തി തപോവന നിവാസിയായിരിക്കുന്ന ആ പുണ്യപുരുഷനെ കാണുവാന്‍ അനേകം മഹര്‍ഷിമാര്‍ ചെന്നു. അവിടെ വെച്ചാണ്‌ രാജാവേ, നിന്റെ മക്കളുടെ ദുഷ്പ്രവൃത്തികളെ കുറിച്ചു ഞാന്‍ കേട്ടത്‌. ദുര്‍ന്നയം ദ്യൂത രൂപത്തില്‍ വന്നു ചേര്‍ന്നു! അതില്‍ നിന്നു വലിയ ആപത്തു വന്നു കൂടി! അതു കൊണ്ട്‌ ഞാന്‍ നിന്റെ മുമ്പിലേക്കു വന്നതാണ്‌. കൗരവന്മാരുടെ ഹിതത്തിന് വേണ്ടി ഞാന്‍ ഇവിടെ വന്നതാണ്‌. എനിക്കു ഭവാനില്‍ അധികമായ പ്രീതിയും സ്നേഹവുമുണ്ട്‌. അങ്ങയും ഭീഷ്മനും ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ പരസ്പരം വൈരം വെച്ചു പോറ്റുന്നതു ശരിയല്ല. ഒക്കാത്ത കാര്യമാണത്‌. അതു നിങ്ങള്‍ക്കു ഭൂഷണമല്ല. ശിക്ഷിക്കയും ശാസിക്കയും ചെയ്യേണ്ട ഭവാന്‍ എല്ലാം കണ്ടു തൂണു പോലെ, ഈ ഘോര ദുര്‍ന്നയങ്ങളൊക്കെ കണ്ടു നിൽക്കുവാന്‍ എന്താണു കാരണം? കാളകളെ ബന്ധിക്കുന്ന കുറ്റി പോലെയാണ്‌ അങ്ങ്‌. എല്ലാം അങ്ങയെ ആശ്രയിച്ചിരിക്കുന്നു. എന്തുകൊണ്ട്‌ ഉപേക്ഷ കാണിച്ചു? സഭയില്‍ കാണിച്ച കര്‍മ്മം കള്ളന്മാര്‍ക്കു ചേര്‍ന്നതാണ്‌. കുരുനന്ദന! അതു കൊണ്ട്‌ മുനിമാര്‍ക്കു നിന്നെക്കുറിച്ചു നല്ല അഭിപ്രായമില്ല.

വൈശമ്പായനൻ പറഞ്ഞു: കോപിച്ച്‌, പിന്നെ അടുത്തു നിൽക്കുന്ന ദുര്യോധനന്റെ നേരെ തിരിഞ്ഞ്‌ ഭഗവാന്‍ മൈത്രേയമഹര്‍ഷി സൗമ്യമായി പറഞ്ഞു.

മൈത്രേയന്‍ പറഞ്ഞു; മഹാബാഹോ! ദുര്യോധന! ഞാന്‍ പറയുന്നതു നീ കേള്‍ ക്കണം. മഹാഭാഗ, നിനക്ക്‌ ഏറ്റവും ഹിതമായിട്ടുള്ളതാണു ഞാന്‍ പറയുന്നത്‌. നീ പാണ്ഡവരെ ദ്രോഹിക്കരുത്‌. തനിക്കും പാണ്ഡവര്‍ക്കും കുരുക്കള്‍ക്കും ലോകത്തിനും രാജാവേ, നീ ഹിതം ചെയ്യുക. ആ നരവ്യാഘ്രര്‍ എല്ലാവരും ശൂരരും വിക്രാന്തരും പതിനായിരം ആനകളുടെ ശക്തിയുള്ളവരുമാണ്‌. വജ്രം പോലെ കടുത്ത ശക്തിയുള്ളവരും സത്യവ്രതന്മാരും പൗരുഷമുള്ളവരുമാണ്‌. അവര്‍ ദേവവൈരികളും കാമരൂപന്മാരുമായ രാക്ഷസന്മാരെ കൊല്ലുന്നവരുമാണ്‌. ഹിഡിംബന്‍, ബകന്‍, കിര്‍മ്മീരന്‍ മുതലായ രാക്ഷസവീരന്മാരെ അവര്‍ കൊല ചെയ്തവരാണ്‌. ആ യോഗ്യന്മാര്‍ പോകുമ്പോള്‍ നദിയെ മലയെന്ന പോലെ തടഞ്ഞു നിന്ന കിര്‍മ്മീരനെ യുദ്ധക്കൊതിയനും ബലിഷ്ഠനുമായ ഭീമന്‍ ബലമായി അടിച്ചു കൊന്നു. പൂലി, ഒരു കൊച്ചു മാനിനെ കൊല്ലുന്ന പോലെ കൊന്നുകളഞ്ഞു! പതിനായിരം ആനയുടെ ശക്തിയുള്ളവനും ഭയങ്കരനും മഹാശക്തതുമായ ജരാസന്ധ രാജാവിനെ ഭീമന്‍ ദിക് വിജയത്തില്‍ വീഴത്തിയില്ലേ? അവരുടെ ബന്ധു വാസുദേവനാണ്‌. അവര്‍ക്ക്‌ തുല്യമായി പോരില്‍ ആരുണ്ട്‌ ജരാമരണമുള്ള മനുഷുൃരില്‍? ഹേ ഭരതർഷഭ! നീ അവരോട്‌ ഇടയരുത്‌. നിനക്കു ശമമാണു നല്ലത്‌. നീ ശമിക്കുക! അടങ്ങുക! നീ എന്റെ വാക്കു കേള്‍ക്കൂ! കോപത്തിന് നീ കീഴടങ്ങരുത്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മൈത്രേയ മുനി പറയുന്ന സമയത്ത്‌ ദുര്യോധനന്‍ തുമ്പിക്കൈയൊത്ത തന്റെ തുടയില്‍ കൈ കൊണ്ടു താളം പിടിച്ച്‌, ചിരിച്ച്‌, കാലു കൊണ്ടു മണ്ണില്‍ വരച്ച്‌, തല കുനിച്ച്‌, ഒന്നും മിണ്ടാതെ ആ ദുര്‍ബുദ്ധി നിന്നു. താന്‍ പറയുന്നതു കേള്‍ക്കാതെ. നിലത്തു കാല്‍ കൊണ്ടു വരച്ചു നിൽക്കുന്ന ദുര്യോധനനെ കണ്ട്‌ മൈത്രേയന് അതിയായ കോപമുണ്ടായി. അവന്റെ അവഗണന മുനിക്കു പിടിച്ചില്ല. മുനിസത്തമനായ മൈത്രേയന്‍, കോപം കലര്‍ന്ന്‌ ദൈവവിധിയെന്നു പറയട്ടെ, അവനെ ശപിക്കാന്‍ ഒരുങ്ങി. ഉടനെ ആചമനം ചെയ്ത്‌, കോപം കൊണ്ടു കലങ്ങിച്ചു വന്ന ന്രേതത്തോടെ, മഹര്‍ഷി ദുഷ്ടനായ ദുര്യോധനനെ ശപിച്ചു.

മൈത്രേയന്‍ പറഞ്ഞു: എടാ ദുര്യോധന, ദുര്‍ബുദ്ധേ! നീ എന്നോട്‌ ഒന്നും മിണ്ടാതെ എന്നെ അനാദരിച്ചു. ഈ ദുരഭിമാനത്തിന് തക്ക ഫലം നിനക്കു ഉടനെ ലഭിക്കും. നിന്റെ ദ്രോഹം മൂലം ഘോരമായ യുദ്ധം ഇവിടെ ഉണ്ടാകും. അതില്‍ ഭീമന്‍ ഗദയെടുത്തു നിന്റെ ആ തുട തല്ലിയൊടിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ ഉടനെ ധൃതരാഷ്ട്ര രാജാവ്‌, "അങ്ങനെ വരല്ലേ! അങ്ങനെ വരല്ലേ! അനുഗ്രഹിക്കണേ!", എന്നു പറഞ്ഞ്‌ യോഗിയെ പ്രസാദിപ്പിച്ചു.

മൈത്രേയന്‍ പറഞ്ഞു; ഹേ രാജാവേ, നീ വ്യസനിക്കേണ്ട! നിന്റെ പുത്രന്‍ പാണ്ഡവരുമായി ശമം സ്വീകരിക്കുകയാണെങ്കില്‍ എന്റെ ശാപം ഫലിക്കുന്നതല്ല. നേരെ വിപരീതമായി നിന്നാല്‍ ശാപം ഫലിക്കാതിരിക്കയില്ല.

വൈശമ്പായനന്‍ പറഞ്ഞു: ദുര്യോധനന്റെ പിതാവായ ധൃതരാഷ്ട്രന്‍ ഭീമന്റെ ശക്തിയറിയാന്‍ വേണ്ടി മൈത്രേയനോടുചോദിച്ചു.

ധൃതരാഷ്ടര്രന്‍ പറഞ്ഞു: എങ്ങനെയാണ്‌ ഭീമന്‍ കിര്‍മ്മീരനെ കൊന്നത്‌?

മൈത്രേയന്‍ പറഞ്ഞു: ഞാന്‍ ഇനി നിന്നോടൊന്നും പറയുന്നില്ല. പറഞ്ഞാല്‍ നിന്റെ മകനൊട്ടു കേള്‍ക്കുകയുമില്ല. ഞാന്‍ പോവുകയാണ്‌! ഞാന്‍ പോയതിന് ശേഷം എല്ലാം വിദുരന്‍ പറയും.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞു മൈത്രേയന്‍ ഇറങ്ങി, വന്ന പാടു തന്നെ പോവുകയും ചെയ്തു. കിര്‍മ്മീരനെ ഭീമന്‍ വധിച്ചു എന്നു കേട്ട്‌ മനഃക്ലേശത്തോടെ ദുര്യോധനനും പോയി.

കിര്‍മ്മീരവധപര്‍വ്വം

11. വിദുരവാക്യം - ഭീമസേനന്‍ കിര്‍മ്മീരനെ കൊന്ന കഥ - ധൃതരാഷ്ട്രന്‍ പറഞ്ഞു; ഹേ, വിദുര! കിര്‍മ്മീരനെ എങ്ങനെയാണ്‌ ഭീമന്‍ വധിച്ചതെന്നു കേള്‍ക്കുവാന്‍ എനിക്കു മോഹമുണ്ട്‌. രക്ഷസ്സോടു ഭീമന്‍ എങ്ങനെ ഏറ്റു പൊരുതി എന്നതു പറയുക!

വിദുരന്‍ പറഞ്ഞു: അമാനുഷ കര്‍മ്മാവായ ഭീമന്റെ കര്‍മ്മം കേള്‍ക്കണമെങ്കില്‍ പറയാം. ഞാന്‍ പല പ്രാവശ്യവും പാണ്ഡവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌.

ചൂതില്‍ തോറ്റ്‌ ഇവിടം വിട്ടു പോയ പാണ്ഡവന്മാര്‍ മൂന്നു രാപകല്‍ കൊണ്ടു കാമ്യകാരണ്യത്തിലെത്തി. കടുത്ത രാത്രിയില്‍ പാതിരാത്രി ചെന്നപ്പോള്‍ ഘോരകര്‍മ്മാക്കളും, മനുഷ്യരെ തിന്നുന്നവരുമായ രാത്രിഞ്ചരന്മാര്‍ സഞ്ചരിക്കുവാന്‍ തുടങ്ങുമ്പോള്‍ ആ കാട്ടില്‍ നിന്നു മുനിമാരും, ഇടയന്മാരും. ആ സ്ഥലം വിട്ട്‌, ആ മനുഷ്യത്തീനികളെ ഭയപ്പെട്ട്‌ ഒഴിഞ്ഞു പോകും. അത്ര ഭീകരമാണ്‌ ആ വനപ്രദേശം. ആ പ്രദേശത്തു കൂടി പാണ്ഡവന്മാര്‍ ചെന്നപ്പോള്‍ അവിടെ വഴി മുട്ടിച്ചു ജ്വലിക്കുന്ന കണ്ണുരുട്ടി പന്തവും കൈയിലെടുത്ത്‌ ഒരു രാക്ഷസന്‍ നിൽക്കുന്നതായി കണ്ടു. അവന്‍ കൈകള്‍ നീട്ടിപ്പരത്തി വായ് തുറന്നു ഭീഷണനായി പാണ്ഡവന്മാരുടെ വഴി തടഞ്ഞു മുട്ടി നിന്നു. എട്ടു ദംഷ്ട്രകളും കാട്ടി രക്താക്ഷനായി, ദീപ്തമായ ഊര്‍ദ്ധ്വകേശത്തോടെ, സൂര്യാംശു മിന്നുന്ന വെള്ളിരേഖയുള്ള കാര്‍മേഘം പോലെ രാക്ഷസ മായകള്‍ സൃഷ്ടിച്ച്‌ രൂക്ഷവും ഉത്ക്ടവുമായ ശബ്ദമുണ്ടാക്കി, പലമട്ട്‌ ഇടിവെട്ടുന്ന, തീയേന്തുന്ന കാര്‍മേഘം പോലെ അവന്‍ അലറി. അവന്റെ ശബ്ദം കേട്ടു പലതരം സ്ഥല ജല പക്ഷികള്‍ ഭയപ്പെട്ട് ആകാശത്ത്‌ അങ്ങുമിങ്ങും പറന്നു. പുലികളും, മാനുകളും, പോത്തും, കരടിയും ചാടി ഓടിപ്പോകുമ്പോള്‍ അവന്റെ നാദം കൊണ്ട്‌ ആ കാടാകെ ഇളകിയ പോലെയായി. അങ്ങുമിങ്ങും പായുന്ന അവന്റെ തുടയുടെ ചലനം കൊണ്ടുള്ള കാറ്റേറ്റ്‌ ഇളന്തളിര്‍ മരത്തെചുറ്റി നിൽക്കുന്ന ലതകള്‍ ഭയപ്പെട്ട പോലെ വൃക്ഷങ്ങളെ ആണ്ടു പുല്കി. അപ്പോള്‍ ഘോരമായ കാറ്റുണ്ടായി; ധൂളി പറന്ന്‌ ആകാശം മൂടി. ഇങ്ങനെ പഞ്ചപാണ്ഡവന്മാരുടെ മുമ്പില്‍ അജ്ഞാതനായ ഒരു ശത്രു, പഞ്ചേന്ദ്രിയങ്ങളോടേൽക്കുന്ന മഹാശോകം എന്ന പോലെ ഏറ്റവും വലിയ ശത്രു വന്നു പെട്ടു.

ആ രാക്ഷസന്‍, കറുത്ത മാന്‍തോലുടുത്തു വരുന്ന പാണ്ഡുപുത്രന്മാരെ കണ്ട്‌ മൈനാകപര്‍വ്വതം എന്ന പോലെ ആ വഴിയടച്ചു നിന്നു. ദുശ്ശാസനന്‍ ചുറ്റിയിഴച്ച്‌ അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയോടു കൂടിയ ദ്രൗപദി ഈ ഭയങ്കര കാഴ്ച കണ്ടു പേടിച്ച്‌ കണ്ണുചിമ്മി, അഞ്ചു കുന്നുകളുടെ നടുവില്‍ നിൽക്കുന്ന നദി പോലെ കുഴങ്ങി. വിഷയാസക്തമായ ഇന്ദ്രിയങ്ങള്‍ രതിയെ താങ്ങുന്ന പോലെ, ബോധഹീനയായി, മോഹാലസ്യപ്പെട്ട അവളെ അഞ്ചു പേരും കൂടി താങ്ങി! ഘോരമായ ഈ കാഴ്ച കാട്ടിയ രാക്ഷസ മായയെ ധൗമ്യന്‍ രക്ഷോഘ്നമായ വിവിധ മന്ത്രപ്രയോഗ ബലത്താല്‍, പാണ്ഡവന്മാര്‍ നോക്കി നിൽക്കെ തന്നെ നശിപ്പിച്ചു. മായ പോയപ്പോള്‍ അതിബലനായ അവന്‍ ക്രോധം കൊണ്ടു കണ്ണുരുട്ടി. കാമരൂപനും ക്രൂരനുമായ അവന്‍ കാലനെപ്പോലെ പാഞ്ഞു വന്നു. അവനോട്‌ ദീര്‍ഘപ്രജ്ഞനായ യുധിഷ്ഠിരന്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: അങ്ങ്‌ ആരാണ്‌? ആരുടെയാളാണ്‌? എന്താണു കാര്യം? എന്താണ്‌ ഭവാന്റെ ഉദ്ദേശം?

രാക്ഷസന്‍ പറഞ്ഞു: ഞാന്‍ ബകന്റെ അനുജനായ കിര്‍മ്മീരനാണ്‌. പ്രസിദ്ധനായ എന്നെ അറിയാത്തവരാരുണ്ട്‌? ഞാന്‍ സസുഖം കാമൃകവനത്തില്‍ ജീവിക്കുന്നു. എന്റെ ഭക്ഷണം നരമാംസമാണ്‌. പോരില്‍ തോല്പിച്ച മനുഷ്യരെ കൊണ്ടാണ്‌ എന്റെ ആഹാരം. ഇന്ന്‌ എന്റെ ആഹാരത്തിനു വന്നു ചേര്‍ന്ന നിങ്ങള്‍ ആരാണ്‌? നിങ്ങളെ ഞാന്‍ പോരില്‍ ജയിച്ചു തിന്നു കൊള്ളാം.

വിദുരന്‍ പറഞ്ഞു: ആ ദുഷ്ടന്‍ പറഞ്ഞ വാക്കു കേട്ട്‌ യുധിഷ്ഠിരന്‍ തന്റെ ഗോത്രനാമാദികള്‍ പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ധര്‍മ്മരാജാവായ പാണ്ഡവനാണ്‌ ഞാന്‍. ഭവാനും ഒരു പക്ഷേ, എന്നെ കേട്ടിരിക്കാം. ഭീമാര്‍ജ്ജുനാദി സകല ഭ്രാതാക്കളോടും കൂടി ഞാന്‍, നാടു പോയതു മൂലം വനവാസത്തിന് വേണ്ടി, നീ അടക്കി വസിക്കുന്ന ഈ ഭീകരവനത്തില്‍ വന്നതാണ്‌.

വിദുരന്‍ പറഞ്ഞു: ഇതു കേട്ടപ്പോള്‍ കിര്‍മ്മീരന്‍ അവനോടു പറഞ്ഞു.

കിര്‍മ്മീരന്‍ പറഞ്ഞു: ശരി, വളരെ നന്നായി! വളരെക്കാലമായി ഞാന്‍ വിചാരിച്ചിരുന്ന ഒരാഗ്രഹം പ്രയത്നം കൂടാതെ വന്നു ചേര്‍ന്നു. ഭീമസേനനെ കൊല്ലണമെന്നു വിചാരിച്ചു ഞാന്‍ ആയുധമേന്തി നടന്നിട്ടും അവനെ കണ്ടു കിട്ടുകയുണ്ടായില്ല. ഞാന്‍ ഭൂമിയൊക്കെ ചുറ്റിനടന്ന്‌ അന്വേഷിച്ചു. ഭാഗൃത്താല്‍ ഇപ്പോള്‍ എന്റെ മുമ്പില്‍ വന്നെത്തി. എന്റെ ഭ്രാതാവിനെ കൊന്ന അവനെ എന്റെ കൈയില്‍ കിട്ടി. ഇവനെന്റെ ജ്യേഷ്ഠനെ കൊന്ന പുള്ളിയാണ്‌. "വേത്രകീയവന"ത്തില്‍ ബ്രാഹ്മണ വേഷം ധരിച്ചു വന്നിട്ടാണ്‌ കൊന്നത്‌. വിദ്യാബലം കൊണ്ടാണ്‌ അത്‌ അവന് സാധിച്ചത്‌. കൈയൂക്കു കൊണ്ടല്ല. എന്റെ ഇഷ്ട സഖാവായ ഹിഡിംബനെ കൊന്ന്‌ ഈ ദുഷ്ടന്‍ അവന്റെ സഹോദരിയേയും അപഹരിച്ചു. ആ മൂഢന്‍ ഇന്നെന്റെ കൊടുങ്കാട്ടില്‍ വന്നു ചേര്‍ന്നു. ഞങ്ങള്‍ക്ക് അവകാശപ്പെട്ട സഞ്ചാരകാലമായ അര്‍ദ്ധരാത്രിയില്‍ എന്റെ കൈയിലകപ്പെട്ടു. ഏറെക്കാലം ആ പക വീട്ടുന്നതിന് കാത്തിരുന്ന ഞാന്‍ ഇവന്റെ രക്തം കൊണ്ട്‌ ബകന് തര്‍പ്പണം ചെയ്യുന്നതാണ്‌. എന്റെ ജ്യേഷ്ഠനും, എന്റെ സഖാവിനും, ഞാന്‍ ചെയ്യേണ്ട കടമ ഇന്നു ഞാന്‍ നിര്‍വ്വഹിക്കും. ഈ രാക്ഷസദ്രോഹിയെ കൊന്ന്‌ പരമമായ ശാന്തിയെ ഞാന്‍ പ്രാപിക്കും. അന്ന്‌ ആ ബകന്‍ ഭീമനെ വിട്ടയച്ചെങ്കിലും, ഇന്ന്‌ ഞാന്‍ നിന്റെ കണ്‍മുമ്പില്‍ വെച്ച്‌ ഇവനെ തിന്നു കളയും. യുധിഷ്ഠിര! അഗസ്ത്യന്‍ മഹാശക്തനായ വാതാപിയെന്ന അസുരനെ തിന്നു ദഹിപ്പിച്ചത് പോലെ ഈ ഭീമനെ ഞാനിന്നു തിന്നും.

വിദുരന്‍ പറഞ്ഞു: ഇതു കേട്ട്‌ ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ അതിന് നിനക്കു കഴിയുകയില്ല എന്ന് അധിക്ഷേപിച്ചു പറഞ്ഞു.

ഉടനെ ഭീമസേനന്‍ ഒരു വലിയ മരം പറിച്ചെടുത്ത്‌ പത്തു മാറ്‌ ഉയരമുള്ള ആ മരത്തിന്റെ ഇലയെല്ലാം ഊരി. വജ്രം പോലെ ശക്തമായ ഗാണ്ഡീവം കണ്ണടച്ചു തുറക്കുന്നതിന് മുമ്പു തന്നെ കുലയേറ്റി അര്‍ജ്ജുനനും നിന്നു.

ഭീമന്‍ അര്‍ജ്ജുനനെ മാറ്റി ഭീമനാദം മുഴക്കുന്ന രാക്ഷസനുമായി നേരിട്ടടുത്തു. ഉച്ചത്തില്‍, "നില്‍ ക്കു! നില്‍ ക്കു!", എന്ന് അലറി, ഭീമന്‍ തന്റെ വസ്ത്രം മുറക്കിയുടുത്തു. കൈ കൊണ്ട്‌ കൈ ഞെരിച്ചു ശക്തനായ അവന്‍ ചുണ്ടു കടിച്ച്‌ വൃക്ഷമാകുന്ന ആയുധത്തോടു കൂടി രാക്ഷസന്റെ നേരെ പാഞ്ഞു. യമദണ്ഡം പോലെയുള്ള ആ ഊക്കന്‍ വൃക്ഷം കൊണ്ട്‌ ആ രാക്ഷസന്റെ തലയില്‍ അടിച്ചു. ശക്രന്‍ വജ്രം പതിപ്പിക്കുന്ന വിധം അടിച്ചു. എന്നാൽ രാക്ഷസന് യാതൊരു കൂസലുമുണ്ടായില്ല! അവന്‍ യാതൊരു സംഭ്രമവും കൂടാതെ കത്തുന്ന തീക്കൊള്ളിയെടുത്ത്‌ ഇടിത്തീയെന്ന പോലെ ഭീമന്റെ നേര്‍ക്കെറിഞ്ഞു. ചീറിയെത്തുന്ന തീക്കൊള്ളി, പോരില്‍ വീരനായ വൃകോദരന്‍ ഇടങ്കാല്‍ കൊണ്ടു തട്ടി. രാക്ഷസന്റെ അടുത്തേക്കു പാഞ്ഞു ചെന്ന്‌ മരം പറിച്ചെടുത്ത്‌ രക്ഷസ്സും നല്ല പോലെ ഭീമനോട്‌ എതിര്‍ത്തു. ദണ്ഡപാണിയെ പോലെ അത്യുച്ചണ്ഡനായി രാക്ഷസന്‍ രോഷത്തോടെ ഘോരമായി പോരാടി. വൃക്ഷം കൊണ്ട്‌ ഒരു യുദ്ധം നടന്നു. ഒരേ പെണ്ണിന് വേണ്ടി ബാലി-സുഗ്രീവ ഭ്രാതാക്കള്‍ പണ്ടു ചെയ്ത യുദ്ധം പോലെ ഘോരമായി, വൃക്ഷങ്ങള്‍ വളരെ പറിച്ച്‌ അടിച്ചു തകര്‍ത്തു. ആനയുടെ മസ്തകത്തില്‍ അടിച്ചു തകര്‍ന്ന താമര പോലെ പല വൃക്ഷങ്ങളും, മേഖലപ്പുല്ലു പോലെ ചതഞ്ഞു പോയി. ചതഞ്ഞ മരങ്ങള്‍ കാട്ടില്‍ പഴന്തുണി പോലെ പറന്നു. അങ്ങനെ ആ വൃക്ഷ യുദ്ധം മുഹൂര്‍ത്ത സമയം നടന്നു. ആ രാക്ഷസമുഖ്യനും, നരമുഖ്യനും തമ്മില്‍ സമമായി യുദ്ധം ചെയ്തു. ഭയങ്കരമായി പോരാടുന്ന രാക്ഷസന്‍, ഭയങ്കരമായ. ഒരു പാറ പൊക്കി ഭീമനെ ശക്തിയായി പ്രഹരിച്ചു. എന്നാലും ഭീമന്‍ ഇളകിയില്ല. പിന്നെ അവന്‍ കൈപിരിച്ച്‌, രാഹു സൂര്യന്റെ നേര്‍ക്കെന്ന വിധം പാഞ്ഞു ചെന്നു. അവര്‍ തമ്മില്‍ പിടികുടി തമ്മിലിഴച്ചു. ഭയങ്കരാകാരന്മാരായ രണ്ടു കാളക്കൂറ്റന്മാര്‍ എന്ന പോലെ പോരാടി. ഭയങ്കരമായി ബഹളമായ യുദ്ധം നടന്നു. മദമേന്തിയ വ്യാഘ്രങ്ങള്‍ പോലെ നഖ ദംഷ്ട്രങ്ങളാല്‍ പരസ്പരം പോരാടി.

ദുര്യോധനച്ചതി ഓര്‍ത്തും, കൈയൂക്കു കൊണ്ടും, കൃഷ്‌ണാകടാക്ഷത്താലും വൃകോദരന്റെ ശൗര്യം വളരെ വര്‍ദ്ധിച്ചു. അടുത്തു കൂടി കൈ കൊണ്ടു പിടിച്ച്‌ കുംഭം പൊട്ടി മദം ചാടുന്ന ഗജത്തെ, ഗജം എന്ന പോലെ ഭീമന്‍ അവനെ പിടി കൂടി. അവനും ഭീമനെ പിടിച്ചു. മഹോജ്ജ്വലനായ ഭീമന്‍ അവനെ മുറുകെ പിടിച്ചു കുടഞ്ഞു. ശക്തരായ അവര്‍ തമ്മില്‍ അടിക്കുന്ന ശബ്ദം മുള തിക്കിപ്പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പോലെ ഭയങ്കരമായി പുറപ്പെട്ടു. ഉടനെ ഭീമന്‍ അവനെ അരക്കെട്ടില്‍ പിടി കൂടി. കൊടുങ്കാറ്റ്‌ മരത്തെയെന്ന പോലെ പിടിച്ചുലച്ചു. ശക്തനായ ഭീമന്‍ പിടിക്കുകയാല്‍ ശക്തികെട്ട രാക്ഷസന്‍ പാണ്ഡുപുത്രനെ ആവുന്ന വിധം കുടഞ്ഞുനോക്കി. അവന്‍ തളര്‍ന്നു പോയെന്നറിഞ്ഞപ്പോള്‍ വൃകോദരന്‍ അവനെ പശുവിനെയെന്ന പോലെ തന്റെ കൈ കൊണ്ടു പിടിച്ചു പൂട്ടി നിറുത്തി, ഭേരി പൊട്ടും പോലെ ഒച്ചയിട്ടാര്‍ക്കുന്ന അവനെപ്പിടിച്ചു. പിടയുമ്പോള്‍  തന്നെ പലവട്ടം വീശി. ബോധം കെടുന്നതു വരെ പിടിച്ചു വീശി. രാക്ഷസന്‍ വിഷണ്ണനായി എന്നറിഞ്ഞപ്പോള്‍ ഭീമന്‍ അവനെ കഴുത്തില്‍ പിടിച്ചു ഞെക്കി, മൃഗത്തെ കൊല്ലുന്നത് പോലെ ഞെരിച്ചു. അവന്റെ അരക്കെട്ടില്‍ ഭീമന്‍ മുട്ടുകുത്തി കണ്ഠത്തില്‍ ഞെക്കി. കണ്‍പോള കാണാത്ത വിധം രാക്ഷസന്റെ കണ്ണു തുറിച്ചു ദേഹം ഞെരിച്ചു നിലത്തിട്ടുരുട്ടി,. അവനോടു പറഞ്ഞു.

ഭീമസേനന്‍ പറഞ്ഞു: ഹിഡിംബനും, ബകനും കണ്ണുനീരു തുടയ്ക്കുവാന്‍ ദുഷ്ടാ, നീ ശക്തനാവില്ല; എന്തെന്നാല്‍ നീ കാലപുരിക്കു പോകയായി.

വിദുരന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ഭീമന്‍ ക്രോധത്തോടെ രാക്ഷസന്റെ അഴിഞ്ഞ വസ്ത്രാഭരണങ്ങള്‍ , അവന്‍ പിടഞ്ഞു മോഹിച്ചു വീണപ്പോള്‍ വലിച്ചെടുത്തു. കാര്‍മേഘം പോലെ ഭയങ്കരനായ അവനെ കൊന്നപ്പോള്‍ പാഞ്ചാലിയും, ഭ്രാതാക്കന്മാരും ഭീമനെ പ്രശംസിച്ചു; അവന്റെ വിവിധ ഗുണങ്ങളെ പുകഴ്ത്തി. പിന്നെ സസന്തോഷം ദ്വൈതവനത്തിലേക്കു പുറപ്പെട്ടു.

വിദുരന്‍ പറഞ്ഞു: ഇപ്രകാരം യുദ്ധത്തില്‍ കിര്‍മ്മീരനെ ഭീമന്‍ കൊന്നു. ഭീമസേനന്‍ ധര്‍മ്മരാജാവിന്റെ കല്പന ഇപ്രകാരം നിര്‍വ്വഹിച്ചു. ആ കാട്‌ നിഷ്കണ്ടകമാക്കിയതിന് ശേഷം പാഞ്ചാലിയോടു കൂടി ധര്‍മ്മജ്ഞരായ അവര്‍ അവിടെ പാര്‍ത്തു. ആ ഭരതര്‍ഷഭന്മാര്‍ പാഞ്ചാലിയെ ആശ്വസിപ്പിച്ചു. പ്രഹൃഷ്ട ചിത്തരായി അവര്‍ ഭീമനെ പ്രശംസിച്ചു. ഭീമന്റെ ബാഹുബലം കൊണ്ട്‌ ഭയങ്കരനായ രക്ഷസ്സു ചത്തപ്പോള്‍ നിഷ്കണ്ടകമായ ആ വനത്തില്‍ സുഖമായി അവര്‍ കയറി. പോകുന്ന വഴിക്ക്‌ ഞാന്‍ ഭീമന്‍ കൊന്നിട്ട ആ ഘോരമൂര്‍ത്തിയെ കണ്ടു. അവിടെ വച്ചു തന്നെ പാണ്ഡവരോടൊപ്പമുള്ള ബ്രാഹ്മണര്‍, എന്നോട്‌ ഭീമന്‍ ചെയ്ത വിക്രമങ്ങളെപ്പറ്റി പറഞ്ഞു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം രാക്ഷസശ്രേഷ്ഠനായ കിര്‍മ്മീരന്റെ വധം കേട്ട്‌ ചിന്താവിഷ്ടനായി ധൃതരാഷ്ട്രന്‍ നെടുവീര്‍പ്പിട്ടിരുന്നു.

അര്‍ജ്ജുനാഭിഗമനപര്‍വ്വം

12. ദ്രൗപദ്യാശ്വാസനം - വൈശമ്പായനൻ പറഞ്ഞു; ഭോജന്മാരും, വൃഷ്ണികളും, അന്ധകന്മാരും പാണ്ഡവന്മാര്‍ ദുഃഖാര്‍ത്തരായി പ്രവ്രജ്യാവ്രതത്തോടെ മഹാവനത്തില്‍ പ്രവേശിച്ച കഥ കേട്ട്‌ ഉടനെ അവിടെയെത്തി. പാഞ്ചാല പുത്രന്മാരും ചേദിരാജാവായ ധൃഷ്ടകേതുവും, പ്രസിദ്ധ വീരന്മാരായ അഞ്ചു കേകയന്മാരും സഹിക്ക വയ്യാത്ത ക്രോധത്തോടെ കാട്ടില്‍ ചെന്നെത്തി. "ഞങ്ങള്‍ എന്താണ്‌ ഇനി വേണ്ടത്‌? ആജ്ഞാപിക്കുക!", എന്നു പറഞ്ഞു അവര്‍ ധാര്‍ത്തരാഷ്ട്രന്മാരെ അധിക്ഷേപിച്ചു സംസാരിച്ചു. വാസുദേവനെ നേതാവാക്കി എല്ലാ ക്ഷത്രിയവീരന്മാരും, ധര്‍മ്മപുത്രന്റെ ചുറ്റും ചെന്നിരുന്നു. കുരുശ്രേഷ്ഠനെ വന്ദിച്ച്‌, വിഷണ്ണനായ കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ദുര്യോധനന്റേയും, കര്‍ണ്ണന്റേയും, ദുഷ്ടനായ ശകുനിയുടേയും, ദുശ്ശാസനന്റേയും ചോര ഭൂമീദേവി കുടിക്കും. ഇവരേയും ഇവരുടെ കൂടെ കൂടുന്ന സകല രാജാക്കന്മാരേയും കൊന്ന്‌ നാം ധര്‍മ്മപുത്രനെ അഭിഷേകം ചെയ്യുക! ചതിക്കുന്നവനെ കൊല്ലണം എന്നുള്ളത്‌ ശാശ്വതമായ ധര്‍മ്മമാണ്.

വൈശമ്പായനൻ പറഞ്ഞു: പാര്‍ത്ഥന്മാരുടെ അവമാനം കൊണ്ട്‌ ഇപ്രകാരം ക്രുദ്ധനായ വാസുദേവനെ ലോകം ചുടുന്ന വിധം കോപോജ്ജ്വലനായി കണ്ടപ്പോള്‍ , അര്‍ജ്ജുനന്‍ ശമോക്തികള്‍ പറഞ്ഞ്‌ ശാന്തമാക്കി. കൃഷ്ണനെ ക്രുദ്ധനായി കണ്ടപ്പോള്‍ മുജ്ജന്മത്തിലെ സ്മരണകള്‍ അര്‍ജ്ജുനന് ഉണ്ടായി. മാന്യനും, പരന്‍പുമാനുമായ ജിഷ്ണു അവന്റെ കര്‍മ്മങ്ങളെ പ്രകീര്‍ത്തിച്ചു. അപ്രമേയനും, സത്യമൂര്‍ത്തിയും, അത്ഭുതാമിതശക്തിമാനും, പ്രജാപതിയും, മഹാവിഷ്ണുവും, ലോകേശനും, വിഭുവുമായ വാസുദേവനെ പ്രകീര്‍ത്തിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: പതിനായിരം വര്‍ഷം, രാത്രിയില്‍ ഒത്ത ദിക്കില്‍ക്കിടന്ന്‌, ചെന്നേടം ഗൃഹമായി, മുനിയായി ഭവാന്‍ ജീവിച്ചില്ല? പണ്ട്‌ ഗന്ധമാദനത്തില്‍ അങ്ങനെ ജീവിച്ചില്ലേ? പതിനോരായിരം വര്‍ഷം വെള്ളം മാത്രം കുടിച്ച്‌ പുഷ്കര സരസ്സില്‍ ഹേ കൃഷ്ണാ, പണ്ടു വാണില്ലേ? ബദരീവനത്തില്‍ , ഊര്‍ദ്ധ്വബാഹുവായി, ഒറ്റക്കാലില്‍ നിന്ന്‌ കാറ്റു മാത്രം ഉണ്ട്‌ ഭവാന്‍ നൂറു കൊല്ലം തപം ചെയ്തില്ലേ? ഉത്തരീയം ഉപേക്ഷിച്ച്‌ ഏറ്റവും മെലിഞ്ഞു ഞരമ്പിന്‍ കൂടു പോലെയായി, പന്തീരാണ്ടു സരസ്വതീ തീരത്ത്‌ സത്രം ചെയ്തില്ലേ? പുണൃജനങ്ങള്‍ക്ക്‌ ഉചിതമായപ്രഭാസതടങ്ങളില്‍ ചെന്നു ഭവാന്‍ ആയിരം ദേവവത്സരം ഒറ്റക്കാലില്‍ നിന്നു തപസ്സു ചെയ്തില്ലേ? അങ്ങാണ്‌ സൃഷ്ടിക്കും അതിന്റെ ഗതിക്കും കാരണമെന്ന്‌ വ്യാസന്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. ഭവാന്‍ ക്ഷേത്രജ്ഞനും സര്‍വ്വഭൂതങ്ങള്‍ക്കും ആദ്യന്തനുമാണ്‌. മധുസൂദനാ! തപസ്സിന് നിദാനമായിട്ടുള്ളതും കൃഷ്ണാ! നീയാണ്‌. സനാതനമായ യജ്ഞന്‍ നീയാണ്‌. ഭാമനായ നരകനെ നീ കൊന്നു കുണ്ഡലങ്ങള്‍ ഹരിച്ചു! കൃഷ്ണാ! നീയാണ്‌ ആദ്യം അശ്വമേധയാഗം നടത്തിയത്‌. ആ കര്‍മ്മം ചെയ്തു ലോകരില്‍ ശ്രേഷ്ഠനായി വിശ്വം ജയിച്ചവനാണല്ലോ ഭവാന്‍! പോരില്‍ സര്‍വ്വ ദൈത്യദാനവ വീരന്മാരേയും ഭവാന്‍ കൊന്നില്ലേ? പിന്നെ ഭവാന്‍ ഇന്ദ്രന് സര്‍വ്വാധിപത്യവും നല്കിയില്ലേ? എന്നിട്ടു മനുഷ്യജന്മമെടുത്തില്ലേ? ശത്രു ജേതാവേ; യുഗാതീത കാലത്തെ ജലത്തില്‍ പൊങ്ങിക്കിടന്നു പിന്നെ ഹരിയായി. പിന്നെ നീ ബ്രഹ്മാവായി, നീ സോമനായി, നീ അര്‍ക്കനായി, നീ ധര്‍മ്മനായി, നീ ധാതാവായി, യമനായി, അനിലനായി, വായു, വൈശ്രവണന്‍, രുദ്രന്‍, കാലന്‍, ആകാശം, ഭുമി, ദിക്കുകള്‍ , അജന്‍, ചരാചരഗുരു, സൃഷ്ടാവ്‌ എല്ലാം നീയാണു പുരുഷോത്തമ! ദേവമാലിയായ മധുജിത്തേ, നീയാണ്‌ ആലംബമായിട്ടുള്ളത്‌! മഖങ്ങളാല്‍ ഭവാന്‍ യജിച്ചില്ലേ? ചൈത്രരഥവനത്തില്‍ അങ്ങ്‌ ദേവനാഥന്മാരുടെ ദേവനെ, പരബ്രഹ്മത്തെ, യാഗം ചെയ്തു സന്തുഷ്ടനാക്കിയില്ലേ? സ്വര്‍ണ്ണം അളവറ്റ്‌ അന്ന്‌ യജ്ഞത്തിലോരോന്നിലും ഭവാന്‍ ദാനംചെയ്തു. അദിതിയുടെ പുത്രനായി ഭവാന്‍. പിറന്നു. വിഷ്ണുവെന്നു പുകഴ്ന്ന നീ ഇന്ദ്രാവ്രജനായി! ബാലനായ നീ മൂന്നു കാലടി കൊണ്ട്‌ ആകാശവും സ്വര്‍ഗ്ഗവും ഭൂമിയും അളന്നു! ദ്യോവില്‍ ആകാശത്തിലെത്തി, ആദിതൃ രഥത്തില്‍ കയറി സ്വതേജസ്സാല്‍ , സുര്യനേക്കാള്‍ പ്രകാശിച്ചില്ലേ? ജഗന്മയ! അവതാര സഹ്രസങ്ങള്‍ എടുത്തു മുരപാശച്ഛേദിയായി ഭവാന്‍ അസംഖ്യം ദൈത്യരെ കൊന്നില്ലേ, കൃഷ്ണാ? പൗരവന്മാരേയും, നിസുന്ദ നരകന്മാരേയും കൊന്ന്‌ പ്രാഗ്ജ്യോതിഷത്തിലേക്കുള്ള മാര്‍ഗ്ഗംവീണ്ടും സുഗമമാക്കി. ജാരൂഥി നഗരാധിപനായ ആഹുതി, ക്രാഥന്‍, ശിശുപാലന്‍, ജരാസന്ധന്‍, ശതധന്വന്‍ ഇവരെയൊക്കെ ഭവാന്‍ ജയിച്ചു. ഇടിനാദം പോലെ മുഴങ്ങുന്നതും സൂര്യന്റെ കാന്തിയുള്ളതുമായ രഥത്തില്‍ കയറി രുഗ്മിയെ ജയിച്ച്‌, ഭവാന്‍, ഭോജപുത്രിയെ നേടിയില്ലേ? ഇന്ദ്രദ്യുമ്നനൂം, കസേരുമാന്‍ എന്ന യവനനും, സൗഭാധിപനായ ശാല്വനും. സൗഭത്തോടൊപ്പവും തകര്‍ന്നില്ലേ? ഇവരെയൊക്കെ ഭവാന്‍ സംഹരിച്ചു. ഇനിയും പറയാം. ഇരാവതിയില്‍ കാര്‍ത്തവീര്യന് തുല്യനായ ഭോജരാജാവിനെ കൊന്നു. ഗോപതിയായ താലികേതുവിനേയും ഭവാന്‍ സംഹരിച്ചു. സമ്പത് സമൃദ്ധവും, ഋഷികള്‍ ക്കു പ്രിയപ്പെട്ടതുമായ ദ്വാരകാപുരി ഭവാന്‍ സ്വന്തമാക്കി. അങ്ങ്‌ അവസാനം ദ്വാരകയെ കടലില്‍ മുക്കിക്കളയുകയില്ലേ? ക്രോധമാകട്ടെ, മത്സരമാകട്ടെ ഭോഷ്കാകട്ടെ, നൃശംസതയാകട്ടെ നേരുകേടാകട്ടെ, അല്ലയോ ദാശാര്‍ഹ, ഭവാനില്‍ കാണുന്നില്ല. ചൈത്യമദ്ധൃത്തില്‍ ഇരുന്നു സ്വന്തം ഭാസ്സാല്‍ ജ്വലിക്കുന്ന ഭവാനില്‍ , മഹര്‍ഷികള്‍ അഭയം തേടുന്നു. പ്രളയത്തില്‍ സര്‍വ്വഭൂതജാലങ്ങളേയും അടക്കി, ജഗത്തൊക്കെ തന്നിലാക്കി, താന്‍ തന്നെയായി, ഭവാന്‍ ശേഷിക്കുകയാണ്‌ പരന്തപ!

അല്ലയോ വാർഷ്ണേയ, യുഗാരംഭത്തില്‍ ഭവാന്റെ നാഭിപത്മത്തില്‍ നിന്നു ജനിച്ച ചരാചരഗുരുവായ ബ്രഹ്മാവിന്റേതാണല്ലോ ഈ ജഗത്ത്‌. അവനെ കൊല്ലുവാന്‍ ഒരുങ്ങിയ മധുകൈടഭന്മാരുടെ അക്രമം കണ്ടു ഹരേ! ഭവാന്‍ കോപിച്ചപ്പോള്‍ ഭവാന്റെ നെറ്റിമേല്‍ നിന്നു മുക്കണ്ണനായ ശംഭു ശൂലപാണിയായി ഉത്ഭവിച്ചു. ഇപ്രകാരം എല്ലാ ദേവവരന്മാരും ഭവാന്റെ മെയ്യില്‍ നിന്ന്‌ ഉത്ഭവിച്ചവരാണല്ലോ. നാരദന്‍ എന്നോടു. പറഞ്ഞു, ഭവാന്റെ കല്പനയ്ക്കു കീഴിലാണ്‌ അവര്‍ എല്ലാവരും എന്ന്.

മുമ്പേ ഹേ നാരായണ! ഭവാന്‍ ദക്ഷിണാഢ്യമായ മഖങ്ങള്‍ കൊണ്ട്‌ ച്വൈത്രരഥവനത്തില്‍ മഹത്തായ സത്രം ചെയ്തില്ലയോ? അല്ലയോ പുണ്ഡരീകാക്ഷ! എന്തെല്ലാം കര്‍മ്മം ബാലനായിരിക്കുമ്പോള്‍  തന്നെ മഹാബലനായ ഭവാന്‍ ബലഭദ്ര സഹായനായി ചെയ്തിരിക്കുന്നു! നീ കൈലാസത്തില്‍ വിപ്രരോടു കൂടി വസിച്ചിട്ടുണ്ട്‌.

വൈശമ്പായനന്‍ പറഞ്ഞു: കൃഷ്ണന്റെ ആത്മാവായ പാണ്ഡവന്‍, മഹാവിഷ്ണുവിനോട്‌ ഇപ്രകാരം പറഞ്ഞു. ഉടനെ കൃഷ്ണന്‍ നിശ്ശബ്ദനായ അര്‍ജ്ജുനനോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഹേ അര്‍ജ്ജുന! നീ എന്റെയാണ്‌! ഞാന്‍ നിന്റെയാണ്‌! എന്റേതെല്ലാം നിന്റേതുമാണ്‌. നിന്റെ വൈരി എന്റെ വൈരിയാണ്‌. നിന്റെ ഇഷ്ടം എന്റേയും ഇഷ്ടമാണ്‌. ഹേ ദുര്‍ദ്ധര്‍ഷ! നീ നരനാണ്‌. ഞാന്‍ നാരായണനായ ഹരിയാണ്‌. നരനാരായണര്‍ഷികളായ നാം ഈ ഭൂമിയില്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ ജനിച്ചിരിക്കയാണ്‌. നീ എന്നില്‍ നിന്ന്‌ അന്യനല്ല. നിന്നില്‍ നിന്ന്‌ അന്യനല്ല ഞാന്‍. നമ്മള്‍ക്കുള്ള അന്തരം കാണുവാന്‍ കഴിയുന്നതല്ല ഭരതര്‍ഷഭ!

വൈശമ്പായനൻ പറഞ്ഞു: മഹാത്മാവായ കേശവന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ , ആ വീരന്മാരുടെ സമ്മേളനത്തില്‍ രാജാക്കന്മാര്‍ ക്രോധത്തോടെ നിൽക്കുമ്പോള്‍ , ധൃഷ്ടദ്യുമ്നന്‍ തുടങ്ങിയ സോദരന്മാരാല്‍ ചുഴന്നു നിൽക്കുന്ന ദ്രൗപദി, ഭ്രാതൃമദ്ധ്യത്തില്‍ നിൽക്കുന്ന കൃഷ്ണന്റെ സമീപത്തേക്കു ചെന്നു. ആ ശരണ്യനെ ശരണം പ്രാപിച്ച്‌, കോപത്തോടെ പറഞ്ഞു.

ദ്രൗപദി പറഞ്ഞു; അസിതപുത്രനായ ദേവലമഹര്‍ഷി എന്നോടു പറഞ്ഞതു സത്യമല്ലേ? ഭവാന്‍ മാത്രമാണ്‌ സൃഷ്ടിക്കു മുമ്പ്‌ ഉണ്ടായിരുന്നത്‌! പിന്നെ സര്‍വ്വലോകങ്ങളുടേയും സൃഷ്ടിക്കു പ്രജാപതിയായതും ഭവാനാണ്‌. നീ വിഷ്ണുവല്ലേ, ഹേ, ദുര്‍ദ്ധര്‍ഷാ? നീ യജ്ഞമല്ലേ മധുസുദനാ?

യജിക്കുന്നവനും യഷ്ടവ്യനും നീയാണെന്നാണ്‌ ജാമദഗ്ന്യനും പറയുന്നത്‌. ക്ഷമയാണ്‌ നീ എന്ന് ഋഷികള്‍ പറയുന്നു. പുരുഷോത്തമാ! സത്യം നീയാണല്ലോ. സത്യോത്ഭവമായ യജ്ഞവും നീയാണെന്നു കാശൃപന്‍ പറയുന്നു. സാദ്ധ്യന്മാര്‍, ദേവകള്‍ , ശിവന്മാര്‍ ഇവര്‍ക്കും ഉത്ഭവം നിന്നില്‍ നിന്നാണെന്നും, നീയാണു ജഗത് സൃഷ്ടാവെന്നും നാരദന്‍ പറയുന്നു. ബ്രഹ്മ ശങ്കര ശക്രാദി ദേവവൃന്ദത്തെ ഭവാന്‍, കളിക്കോപ്പു കൊണ്ട്‌ ബാലന്മാരെന്ന പോലെ വീണ്ടും വീണ്ടും കളിക്കുന്നവനാണ്‌. ആകാശം നിന്റെ ശിരസ്സാല്‍ വ്യാപ്തമാണ്‌. ഭവാന്റെ കാലടിയാല്‍ ഭൂമിയും വ്യാപ്തമാണ്‌. പ്രഭോ, നിന്റെ കുക്ഷിയാണ്‌ ഈ ലോകങ്ങളെല്ലാം. ഭവാന്‍ ശാശ്വതനായ പുരുഷനാണ്‌. വിദ്യാതപസ്തപ്തരായി, തപസ്സ്‌ കൊണ്ട്‌ ആത്മവിത്തുക്കളായ ഋഷിമാരില്‍, ഏറ്റവും മുഖ്യന്‍ ഭവാനാണ്‌.

പോരില്‍ പിന്മാറാത്ത പുണ്യവാന്മാരായ രാജര്‍ഷികള്‍ക്കും സര്‍വ്വധര്‍മ്മം പ്രാപിച്ചവര്‍ക്കും, ഹേ പുരുഷോത്തമാ! നീയാണ്‌ ഗതി! നീ പ്രഭുവാണ്‌. നീ വിഭുവാണ്‌. നീ ഭൂതാത്മാവാണ്‌. എല്ലാറ്റിലും വിലസുന്നവന്‍ നീയാണ്‌. ലോകങ്ങളും ലോകപാലന്മാരും നക്ഷത്രാവലിയും ദിക്കുകളും നഭസ്സും സൂര്യചന്ദ്രന്മാരും എല്ലാം നിന്നില്‍ ഉറച്ചുനിൽക്കുന്നു.

ഈ ഭൂമിയിലെ ജീവജാലങ്ങളുടെ ധര്‍മ്മവും, സുരന്മാര്‍ക്ക്‌ അമരത്വവും, ഇങ്ങനെയുള്ള ലോകകാര്യങ്ങളെല്ലാം നിന്നില്‍  തന്നെ ഉറച്ചതാണ്‌. അങ്ങാണ്‌ എല്ലാവരുടേയും നാഥന്‍.

മധുസൂദനാ! പ്രണയം മൂലം ഞാന്‍ എന്റെ ദുഃഖം നിന്നോടു പറയുന്നു. ദിവ്യമാനുഷ ഭൂതങ്ങള്‍ക്കൊക്കെ നീ നാഥനാണല്ലോ. ആ നിലയ്ക്ക്‌ എളിയ ഞാന്‍ ഭവാനോട്‌. സര്‍വ്വജീവികളുടേയും നാഥനോട്‌, എന്റെ സങ്കടം പറയുന്നു ( പാഞ്ചാലി ഗദ്ഗദസ്വരത്തില്‍ തുടര്‍ന്നു )

ഹേ കൃഷ്ണാ! പാര്‍ത്ഥന്മാരുടെ പത്നിയായ ഞാന്‍, കൃഷ്‌ണസഖിയായ ഞാന്‍, ധൃഷ്ടദ്യുമ്നന്റെ സഹോദരിയായ ഞാന്‍, സഭയില്‍ ഇമ്മാതിരി വലിച്ചിഴയ്ക്കപ്പെടാവുന്നവളാണോ? തീണ്ടാരിയായി വിറച്ചു മേവുന്ന ഞാന്‍, ദേഹത്തില്‍ ചോര പുരണ്ടവളായ ഞാന്‍ ഒറ്റവസ്ത്രത്തോടെ സഭയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. കഷ്ടം! തീണ്ടാരി ചോരയാര്‍ന്ന എന്നെ രാജമമദ്ധ്യത്തില്‍, നിറഞ്ഞ സദസ്സില്‍, സഭയില്‍ കണ്ടിട്ട്‌ ദുഷ്ടരായ ധാര്‍ത്തരാഷ്ട്രന്മാര്‍ കൈകൊട്ടിച്ചിരിച്ചു. ഈ എന്നെ ദാസിയായി വെക്കുവാന്‍ മധുസൂദനാ! അവര്‍ ആഗ്രഹിച്ചു. ഈ പാണ്ഡവന്മാര്‍ ജീവനോടു കൂടിയിരിക്കെ, ഈ പാഞ്ചാലന്മാര്‍ ജീവിച്ചിരിക്കെ, ഈ വൃഷ്ണീന്ദ്രന്മാര്‍ ജീവിച്ചിരിക്കെ, ധര്‍മ്മത്താല്‍ ഭീഷ്മര്‍ക്കും ധൃതരാഷ്ട്രര്‍ക്കും സ്നുഷയായിരിക്കുന്ന ഈ എന്നെ ബലാല്‍ക്കാരമായി അവര്‍ ദാസിയാക്കി!

പോരില്‍ ശക്തരും മഹാബലന്മാരുമായ പാണ്ഡുപുത്രന്മാരെ തന്നെയാണു പഴിക്കേണ്ടത്‌. ധര്‍മ്മപത്‌നിയെ അനൃന്‍ ധര്‍ഷിക്കുന്നത്‌ അവര്‍ നോക്കി നിന്നില്ലേ? ഭീമന്റെ കൈയൂക്കു നിന്ദ്യം! എന്തിനു കൊള്ളും! മോശം! പാര്‍ത്ഥന്റെ ഗാണ്ഡീവവും മോശം തന്നെ! ക്ഷുദ്രരായ കൗരവര്‍ എന്നില്‍ ചെയ്ത കുറ്റം അവര്‍ പൊറുത്തു. മാധവാ! സജ്ജനസേവിതമായ ശാശ്വത ധര്‍മ്മമാര്‍ഗ്ഗം ഇതാണോ? ദുര്‍ബ്ബലരായ ഭര്‍ത്താക്കന്മാര്‍ പോലും അവരുടെ ഭാര്യമാരെ രക്ഷിക്കുന്നു. ഭാര്യയെ രക്ഷിച്ചാല്‍ മക്കള്‍ക്കു രക്ഷയാണല്ലോ. ഭാര്യയെ സംരക്ഷിക്കുന്നതു കൊണ്ട്‌ മക്കളെ രക്ഷിക്കുന്നു; മക്കളെ രക്ഷിക്കുന്നതു കൊണ്ട്‌ ആത്മരക്ഷയും നിര്‍വ്വഹിക്കുന്നു. ഭാര്യയില്‍ ആത്മാവിനെ ജനിപ്പിക്കുന്നത് കൊണ്ടാണല്ലോ അവള്‍ ജായയായത്‌. ഭര്‍ത്താവ്‌ സ്വന്തം ഉദരത്തില്‍ ജന്മമെടുക്കുന്നതു കൊണ്ട്‌ ഭാര്യ അവനേയും സംരക്ഷിക്കണം. പാണ്ഡവന്മാര്‍ ശരണം പ്രാപിച്ചവരെ ഒരിക്കലും തൃജിക്കുകയില്ല. എന്നിട്ടും ശരണം പ്രാപിച്ച എന്നെ പാണ്ഡവന്മാര്‍ രക്ഷിച്ചില്ല. ഈ അഞ്ചു ഭര്‍ത്താക്കന്മാര്‍ക്കും അഞ്ചു വീരകുമാരന്മാര്‍ എന്നില്‍ ജനിച്ചിട്ടുണ്ട്‌. അവരെ ചിന്തിച്ചിട്ടെങ്കിലും ഇവര്‍ എന്നെ ആപത്തില്‍ കാക്കേണ്ടതല്ലേ കൃഷ്ണാ? ധര്‍മ്മജന് പ്രതിവിന്ധ്യനും, ഭീമന് സൂതസോമനും, അര്‍ജ്ജുനന് ശ്രുതകീര്‍ത്തിയും, നകുലന് ശതാനീകനും, ഏറ്റവും ഇളയവന് ശ്രുതകര്‍മ്മാവും ജനിച്ചു. എല്ലാവരും പ്രദ്യുമ്നനെ പോലെ സത്യവിക്രമരും മഹാരഥന്മാരുമാണ്‌. വില്ലാളി വീരന്മാരായ ഇവര്‍ വൈരിവീരന്മാര്‍ക്ക്‌ അജയ്യന്മാരാണ്‌. എന്തിന്‌ അവര്‍ ഇങ്ങനെ അശക്തരായ ധാര്‍ത്തരാരാഷ്ട്രരെ സഹിച്ചു ജീവിക്കുന്നു? കള്ളത്തരത്തില്‍ പാണ്ഡവന്മാരുടെ നാടു നഷ്ടപ്പെട്ടു. എല്ലാവര്‍ക്കും ദാസ്യവും കൊടുത്തു. തീണ്ടാരിയായി ഒറ്റവസ്ത്രം ഉടുത്ത്‌ ഇരിക്കുന്ന എന്നെ ബലമായി പിടിച്ചു വലിച്ചു സഭയിലും കയറ്റി. മറ്റൊരാള്‍ക്കും കുലയേറ്റാന്‍ പോലും സാധിക്കാത്തതാണല്ലോ ഗാണ്‌ഡീവം. ഭീമാര്‍ജ്ജുനന്മാര്‍ക്കും അങ്ങയ്ക്കും മാത്രമല്ലേ അതിനു സാധിക്കു? ഭീമന്റെ കൈയൂക്കു കൊണ്ട്‌ എന്തു കാര്യം? മോശം തന്നെ! പാര്‍ത്ഥന്റെ പരുഷം മോശം! കഷ്ടം തന്നെ! അല്ലെങ്കില്‍ ഈ ധിക്കാരമൊക്കെ ചെയ്ത ദുര്യോധനന്‍ ഒരു മുഹൂര്‍ത്തം ജീവിച്ചിരിക്കുവാന്‍ അനുവദിക്കുമോ? ജീവനോടു കൂടിയിരിക്കുമ്പോള്‍ ഞാന്‍ ഇവരുടെ. കൈയൂക്കിനേയും പൗരുഷത്തേയും പറ്റി എങ്ങനെ പ്രശംസിക്കും? ആര് പ്രശംസിക്കും? നിന്ദ്യം തന്നെ മാധവാ! ലജ്ജാകരം തന്നെ!

എന്നു തുടങ്ങിയതാണ്‌ ഈ ദുര്യോധനന്റെ ധിക്കാരങ്ങള്‍? ഇതിന് ഒരറുതി വരുത്തുവാന്‍ ഈ പഞ്ചമഹാവീരന്മാര്‍ക്ക്‌ കഴിഞ്ഞോ?

വ്രതസ്ഥരായി അദ്ധ്യയനം ചെയ്യുന്ന ബാല്യകാലത്ത്‌ ഭീമസേനന്റെ ചോറില്‍ ഈ പാപി വിഷം കലര്‍ത്തി പോലും! ഭയങ്കരമായ കാളകൂട വിഷം. തീക്ഷ്ണവും രോമഹര്‍ഷണവുമായ മഹാവിഷം! അന്നത്തോടു കൂട്ടിച്ചേര്‍ത്ത അതു നിര്‍ബാധമായി ഭീമന് ദഹിച്ചു.

പ്രമാണമെന്ന ആല്‍ച്ചുവട്ടിലുള്ള ഗൃഹത്തില്‍ ശങ്ക വിട്ടുറങ്ങുന്ന ഭീമനെ കെട്ടി ഗംഗയിലിട്ട്‌ അവര്‍ പുരത്തിലേക്കു പോന്നു. ഉണര്‍ന്നപ്പോള്‍ ബന്ധനങ്ങള്‍ അറുത്ത്‌ മഹാബലനായ ഭീമസേനന്‍, കുന്തിപുത്രന്‍, എഴുന്നേറ്റു. കൃഷ്ണസര്‍പ്പങ്ങളെ കൊണ്ട്‌ ഭീമനെ സര്‍വ്വാംഗങ്ങളിലും കടിപ്പിച്ചു. പക്ഷേ, അരിമര്‍ദ്ദനനായ അവന്‍ മരിച്ചില്ല. ഉണര്‍ന്നെഴുന്നേറ്റ കൗന്തേയന്‍ പാമ്പുകളെയൊക്കെ കൊന്നു. ദുര്യോധനന്റെ സാരഥിയേയും ഇടതുകൈ കൊണ്ടു കൊന്നു.

അരക്കില്ലം കൊള്ളിവെച്ചില്ലേ, ബാലരായ ഇവരും അമ്മയും കിടന്നുറങ്ങുന്ന സമയത്ത്‌? ഇത്ര നീചമായ കര്‍മ്മം മറ്റാര്‍ ചെയ്യും? മഹാവൃസനത്തില്‍ പെട്ടു തീയെരിയുന്ന സമയം അയ്യോ! നശിച്ചു ഞാന്‍! അഗ്നിഭയത്തില്‍ ! എന്താണ്‌ ഒരു ശാന്തി? അനാഥയായ ഞാന്‍ കൊച്ചു പൈതങ്ങളോടു കൂടി ഇതാ വെന്തു നശിക്കുന്നേ! എന്നു മുറവിളി കൂട്ടുന്ന അമ്മയേയും സോദരന്മാരേയും, മഹാബാഹുവും വായുവേഗ പരാക്രമനുമായ ഭീമന്‍ആശ്വസിപ്പിച്ചു. ഞാന്‍ നിങ്ങളെ പക്ഷിശ്രേഷ്ഠനായ ഗരുഡന്‍ കൊണ്ടു പോകുന്നതു പോലെ കൊണ്ടു പോകുന്നുണ്ട്‌, നിങ്ങള്‍ ഭയപ്പെടേണ്ട, എന്നു പറഞ്ഞ്‌ ഇടത്തെ ഒക്കില്‍ അമ്മയേയും, വലത്തെ ഒക്കില്‍ തന്റെ ജ്യേഷ്ഠനേയും, തോളില്‍ മാദ്രീസൂതന്മാരേയും, പുറത്ത്‌ അര്‍ജ്ജുനനേയും എടുത്ത്‌ തീയില്‍ നിന്ന്‌ ഊക്കോടെ ചാടി. ഇങ്ങനെ അഗ്നിയില്‍ നിന്നു രക്ഷിക്കുവാന്‍ അമ്മയേയും, ഭ്രാതാക്കളേയും എടുത്തു ഭീമന്‍ ഊക്കോടെ ചാടി. അമ്മയോടു കൂടി രാത്രിയില്‍  തന്നെ അവര്‍ ഹിഡിംബവന ഭാഗത്തു കാട്ടില്‍ കയറി. തളര്‍ന്ന്‌ ദുഃഖിച്ച്‌ അവര്‍ ഉറങ്ങുന്ന സമയത്ത്‌ ഹിഡിംബി എന്ന രാക്ഷസി അവരുടെ സമീപത്തെത്തി. അമ്മയോടു കൂടെ ഉറങ്ങുന്ന പാര്‍ത്ഥരെ കണ്ട്‌ സ്മരബാധയില്‍ പെട്ട്‌ അവള്‍ ഭീമസേനനെ കാമിച്ചു. ഭീമസേനന്റെ അങ്കത്തില്‍ കാലു രണ്ടും അണച്ച്‌ മൃദുവായ കൈത്താര്‍ കൊണ്ട്‌ മെല്ലെമെല്ലെ ആ കല്യാണി തലോടി, അമേയാത്മാവായ ആ സത്യവിക്രമന്‍ അതറിഞ്ഞ്‌ അവളോടു ചോദിച്ചു:

എന്താണ്‌ മാന്യ, നിന്റെ മനോരഥം?

ഭീമന്‍ ഇപ്രകാരം ചോദിച്ചപ്പോള്‍ കാമരൂപിണിയായ രാക്ഷസി പറഞ്ഞു:

ഈ കാടുവിട്ട്‌ നിങ്ങള്‍ ഓടിക്കൊള്ളുക! ശക്തനായ എന്റെ സഹോദരന്‍ ഇവിടെ ഇപ്പോള്‍ വന്നു നിങ്ങളെ കൊല്ലും. ഓടിക്കൊള്ളുവിന്‍!

ഭീമന്‍ ഇതു കേട്ട്‌ അഭിമാനത്തോടെ അവളോടു പറഞ്ഞും, എനിക്ക്‌ ഭയമില്ല, അവന്‍ വരട്ടെ, അവനെ ഞാന്‍ ഒറ്റയ്ക്കു കൊല്ലും എന്ന്.

അവര്‍ സംസാരിക്കുന്നതു കേട്ടു കൊണ്ട്‌ ആ രാക്ഷസാധമന്‍ ഓടി വന്നു. ഭീഷണാകാരനായ അവന്‍ ഘോരമായി ആര്‍ത്തടുത്ത്‌ അവളോടു പറഞ്ഞു;

നീ ആരോടാണ്‌ സംസാരിക്കുന്നത്‌? അവനേയും കൊണ്ട്‌ഇ വിടെ വരു! ഹിഡിംബി, നമ്മള്‍ക്ക്‌ അവനെ തിന്നാം. താമസിക്കേണ്ട.

പാഞ്ചാലി പറഞ്ഞു: കനിവുള്ള മനസ്സോടു കൂടി മനസ്വിനിയായ അവള്‍ കൃപ കൊണ്ട്‌ അതൊന്നും അവനോടു പറയുവാന്‍ വിചാരിച്ചില്ല. മഹാഘോരമായ ആരവത്തോടു കൂടി മാനുഷാശനനായ രാക്ഷസന്‍ ഊക്കോടെ ഭീമന്റെ അടുത്തേക്കു പാഞ്ഞുചെന്നു ഉത്കടമായ ക്രോധത്തോടെ ആ രാക്ഷസന്‍ ഭീമന്റെ കൈ കടന്നു പിടിച്ചു. ഇടിത്തീപോലെ വജ്രകഠിനമായ കൈ ബലമായി പിടി കൂടി. മഹാബാഹുവായ വൃകോദരന്‍ അതു സഹിച്ചില്ല. ഭീമസേനഹിഡിംബന്മാര്‍ തമ്മില്‍ ഉത്കടമായ ഒരു പോരാട്ടം നടന്നു. സര്‍വ്വാസ്ത്ര വിജ്ഞരായ വൃത്ര വാസവന്മാര്‍ പോലെ, ഒട്ടുസമയം രാക്ഷസനുമായി ലീലായുദ്ധം നടത്തിയതിന് ശേഷം ബലം കുറഞ്ഞ അവനെ ബലവാനും വീര്യവാനുമായ ഭീമന്‍ കൊന്നു വീഴ്ത്തി. ഹിഡിംബനെ കൊന്ന്‌ ഭീമന്‍സോദരന്‍മാരോടു കൂടി പോന്നു. ഹിഡിംബിയോടു സഹവസിച്ച കാലത്ത്‌ ഘടോല്‍ക്കചന്‍ എന്ന പുത്രന്‍ ഭീമസേനനുണ്ടായി.

പിന്നെ അവര്‍ അമ്മയോടുകുടി ഏകചക്രയിലേക്കു പോന്നു. ബ്രാഹ്മണരാല്‍ ചൂഴപ്പെട്ടു പുറപ്പെടുമ്പോള്‍ , അവരുടെ ഹിതപ്രിയനായ വ്യാസന്‍ വന്ന്‌ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. വ്രതനിഷ്ഠരായ പാര്‍ത്ഥന്മാര്‍ ഏകചക്രയില്‍ ചെന്നു. അവിടെ വച്ച്‌ അവര്‍ ശക്തനും ഉന്നതനുമായ ബകനോട്‌ എതിര്‍ത്തു. മനുഷ്യരെ തിന്നുന്നവനും, മഹാഘോരനുമായ അവന്‍, ഹിഡിംബനോടു തുല്യനാണ്‌. യുദ്ധദക്ഷനായ വൃകോദരൻ ഉഗ്രനായ അവനെ കൊന്ന്‌, സര്‍വ്വ ഭ്രാതാക്കളോടും കൂടി ദ്രുപദമന്ദിരം പ്രാപിച്ചു. അവിടെ വച്ച്‌ സവൃയസാചിയാല്‍ ഇവര്‍ എന്നെ നേടി. കൃഷ്ണഭഗവാന്‍ രുഗ്മിണീ ദേവിയെ നേടിയതു പോലെ. സ്വയംവരത്തില്‍ അന്യന്മാര്‍ക്ക്‌ അസാദ്ധ്യമായ ക്രിയ ചെയ്തിട്ട്‌, അവിടെ വന്നുചേര്‍ന്ന രാജാക്കന്മാരെ പോരില്‍ തോല്‍പിച്ചാണ്‌ എന്നെ നേടിയത്‌.

അങ്ങനെയുള്ള ഞാന്‍ ഇപ്പോള്‍ വളരെ ക്ലേശങ്ങള്‍ അനുഭവിച്ചു ദുഃഖത്തോടെ അമ്മയെക്കൂടാതെ ധൗമ്യന്റെ പിന്നിലായി ജീവിക്കാറായി. ഇവര്‍ സിംഹവീര്യന്മാരും ശത്രുക്കളേക്കാള്‍ ബലമുള്ളവരുമാണ്‌. എന്നിട്ടും ആ ഹീനന്മാര്‍ ചെയ്ത കഷ്ടപ്പാടുകള്‍ എന്താണു സഹിക്കുവാന്‍? എന്തിന്നു സഹിക്കുന്നു? ഇപ്രകാരമുള്ള ദുഃഖങ്ങള്‍ ദുര്‍ബലന്മാരും ദുര്‍മ്മതികളുമായ ആ പാപികള്‍ ഏല്പിച്ചിട്ട്‌ ഞാന്‍ ഇവിടെക്കിടന്നു നീറുകയാണ്‌. ദിവ്യകര്‍മ്മം കൊണ്ടു നല്ല വംശത്തില്‍ പിറന്ന ഞാന്‍, പാണ്ഡവന്മാരുടെ ധര്‍മ്മപത്നിയായ ഞാന്‍, മാന്യനായ പാണ്ഡുവിന്റെ സ്നുഷയായ ഞാന്‍ ഹേ കൃഷ്ണാ! തലമുടി ചുറ്റിപ്പിടിച്ച്‌ സഭയില്‍ വലിച്ചിഴയ്ക്കപ്പെട്ടു! പഞ്ചപാണ്ഡവന്മാരുടെ കണ്ണിന് മുമ്പില്‍ വെച്ച്‌ അവര്‍ എന്നെ ഇത്തരത്തില്‍ അപമാനിച്ചു.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ മധുരഭാഷിണിയായ പാര്‍ഷതി, താമരപ്പു പോലെയുള്ള കൈകള്‍ കൊണ്ടു മുഖം പൊത്തി വിമ്മിവിമ്മിക്കരഞ്ഞു. തടിച്ചു ലക്ഷണമൊത്ത വീഴാത്ത കുളുര്‍ കൊങ്കകള്‍ കണ്ണുനീരില്‍ നനഞ്ഞു. കണ്ണുരണ്ടും തുടച്ച്‌, നെടുവീർപ്പിട്ട്‌, തൊണ്ടയിടറി, കണ്ണുനീര്‍ വാര്‍ത്ത്‌, വീണ്ടും അവള്‍ തുടര്‍ന്നു.

ദ്രൗപദി പറഞ്ഞു: എനിക്കു ഭര്‍ത്താക്കന്മാരില്ല! മക്കളില്ല! എനിക്കു ബന്ധുക്കളില്ല! എനിക്കു സോദരന്മാരില്ല! എനിക്ക്‌ മധുസൂദനാ, ഭവാനുമില്ല. ക്ഷുദ്രന്മാരുടെ ധിക്കാരമേറ്റ എന്നെ കൈവിട്ടവരല്ലേ നിങ്ങള്‍? കര്‍ണ്ണന്‍ ദുഷിച്ചു പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എന്റെ സങ്കടം ഒതുങ്ങുന്നില്ല. കൃഷ്ണാ! നാലു കാരണങ്ങള്‍ ചിന്തിക്കുമ്പോള്‍ നീ എന്നെ കാക്കേണ്ടതല്ലേ, ബന്ധം കൊണ്ടും, ബഹുമാനം കൊണ്ടും, സ്നേഹം കൊണ്ടും, നീ എന്റെ പ്രഭുവായതു കൊണ്ടും?

വൈശാമ്പായനന്‍ പറഞ്ഞു: ഉടനെ വീരന്മാരുടെ മദ്ധ്യത്തില്‍ വെച്ച്‌ കൃഷ്ണന്‍ ദ്രൗപദിയോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ദ്രൗപദീ, ഇങ്ങനെ കേഴുന്ന നിന്റെ കോപത്തിന് പാത്രമായവരുടെ ഭാര്യമാര്‍, അര്‍ജ്ജുനാസ്ത്രങ്ങള്‍ ദേഹത്തിലൊക്കെ കയറി ചോരയണിഞ്ഞു. നിലത്തു ചത്തു വീണ കാന്തരെ കണ്ടു നിശ്ചയമായും കേഴും! ഭദ്രേ! നീ വ്യസനിക്കേണ്ട; പാണ്ഡുപുത്രന്മാര്‍ക്കു വേണ്ടതൊക്കെ ഞാന്‍ നടത്തിക്കൊള്ളാം, ഞാന്‍ സത്യം ചെയ്യുന്നു. നീ രാജപത്നിയായി നിശ്ചയമായും വിളങ്ങും! ആകാശം ഇടിഞ്ഞു വീഴാം, ഹിമവാന്‍ പൊടിഞ്ഞേക്കാം, ഭൂമി തകര്‍ന്നേക്കാം, സമുദ്രം വറ്റിയേക്കാം, കൃഷ്ണേ! ഞാന്‍ പറഞ്ഞ വാക്കു പിഴയ്ക്കുകയില്ല!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞ ഉത്തരം കേട്ട്‌ ദ്രൗപദി തന്റെ മദ്ധ്യമകാന്തനെ, തിരിഞ്ഞൊന്നു കടാക്ഷിച്ചു അപ്പോള്‍ അര്‍ജ്ജുനന്‍ കൃഷ്ണയോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: കരയേണ്ടാ പങ്കജാക്ഷീ, മധുസൂദനന്‍ പറഞ്ഞത്‌ നിശ്ചയമായും സംഭവിക്കും. അതിലൊട്ടും തെറ്റു പറ്റുകയില്ല സുന്ദരീ!

ധൃഷ്ടദ്യുമ്നന്‍ പറഞ്ഞു: ഞാന്‍ ദ്രോണനെ കൊല്ലും; ശിഖണ്ഡി ഭീഷ്മനെ കൊല്ലും; ഭീമന്‍ ദുര്യോധനനെ കൊല്ലും; അര്‍ജ്ജുനന്‍ കര്‍ണ്ണനേയും കൊല്ലും. രാമകൃഷ്ണന്മാരുടെ സഹായത്താല്‍ നാം അജയ്യരായി ഭവിക്കും. നമ്മെ പിന്നെ യുദ്ധത്തില്‍ ജയിക്കുവാന്‍ ഇന്ദ്രന് പോലും കഴിയുകയില്ല. പിന്നെയുണ്ടോ ധൃതരാഷ്ട്രപുത്രന്മാര്‍ക്കു കഴിയുന്നു?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധൃഷ്ടദ്യുമ്നന്‍ പറഞ്ഞപ്പോള്‍ രാജാക്കന്മാരെല്ലാം കൃഷ്ണനെ നോക്കി. അവരുടെ മദ്ധ്യത്തില്‍ വെച്ചു കൃഷ്ണന്‍ പറഞ്ഞു.

13. വാസുദേവവാക്യം - വാസുദേവന്‍ പറഞ്ഞു: ഞാന്‍ ദ്വാരകയിൽ ഉണ്ടായിരുന്നെങ്കില്‍ ഈ കഷ്ടപ്പാടുകളൊന്നും സംഭവിക്കുകയില്ലായിരുന്നു. ധൃതരാഷ്ട്രനും ദുര്യോധനനും ക്ഷണിച്ചില്ലെങ്കിലും, ഞാന്‍ ചൂതിന്റെ സന്ദര്‍ഭത്തില്‍ എത്തുമായിരുന്നു. അതിലുള്ള ദോഷങ്ങളൊക്കെ ചൂണ്ടിക്കാണിച്ച്‌ ഞാന്‍ ചൂതു തടുക്കുമായിരുന്നു. ഭീഷ്മന്റേയും ദ്രോണന്റേയും കൃപന്റേയും ബാല്‍ഹീക രാജാവിന്റേയും സഹായത്തോടെ ധൃതരാഷ്ട്ര രാജാവിനോടു പറയുമായിരുന്നു, "ചൂതു പാടില്ല, നീ മൂലം നിന്റെ മക്കള്‍ തമ്മില്‍ ചൂതു കളിക്കരുത്‌", എന്ന്. ഭവാനു വീഴ്ച വന്ന കാര്യവും ഞാന്‍ ഭവാനോടു പറയുമായിരുന്നു. ചൂതു കൊണ്ടാണല്ലോ വൈരസേനിയായ നളന് രാജ്യം നഷ്ടപ്പെട്ടത്‌. ചൂതില്‍ വിചാരിക്കുവാന്‍ വയ്യാത്ത നാശം പറ്റും രാജാവേ! വാശിയുണ്ടാകും. ചൂതില്‍ അതു നാശകാരണമാകും എന്നു ശരിക്കു പറഞ്ഞ്‌ ഞാന്‍ ചൂതിനെ തടയുമായിരുന്നു. സ്ത്രീ, ചൂതാട്ടം, വേട്ട, മദ്യപാനം എന്നിവ ചതുര്‍ദ്ദോഷങ്ങളാണ്‌; നാശഹേതുക്കളാണ്‌. നരന്മാരുടെ ശ്രീ ഇവയാലാണ്‌ നശിക്കുക. ശാസ്ത്രജ്ഞന്മാര്‍ ഇവയിലൊക്കെ ദോഷം കാണുന്നു. ചൂതില്‍ ഭ്രാന്തുള്ളവര്‍ക്കും ഈ സത്യം അറിയാം. ഈ ചൂത്‌ എന്നു പറയുന്ന വ്യസനം ഒറ്റ ദിവസം കൊണ്ട്‌ അനര്‍ത്ഥങ്ങള്‍ നല്കുന്നതാണ്‌. അര്‍ത്ഥങ്ങള്‍ക്കു വലുതായ അഭുക്ത നാശവും, വലിയ വാക്കേറ്റവും, മറ്റു പല അനര്‍ത്ഥങ്ങളും, അതു വാശിയാല്‍ വരുത്തിക്കൂട്ടും. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്‌ ഞാന്‍ ധൃതരാഷ്ട്രനോടു പറയുമായിരുന്നു. ഇപ്രകാരം ഞാന്‍ പറയുന്നത്‌ അവന്‍ സമ്മതിച്ചാല്‍ , അനാമയമായ ധര്‍മ്മം കുരുക്കുള്‍ക്കു ഭവിക്കും. പത്ഥ്യമായ എന്റെ വാക്ക്‌ മരുന്നു പോലെ അവന്‍ സ്വീകരിക്കാതിരുന്നാല്‍ മഹാരാജാവേ, ബലമായി അവനെ ഞാന്‍ നിര്‍ബ്ബന്ധിക്കുമായിരുന്നു. അപ്പോള്‍ അവനെ, മിത്രഭാവത്തില്‍ അവന്റെ സഭയിലുള്ള അവന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ തുണയ്ക്കുകയാണെങ്കില്‍ , ആ സഭാവാസി സമൂഹത്തെ മുഴുവന്‍ ആ ചൂതുകളിക്കാരോടൊപ്പം, ഒന്നിനേയും ബാക്കിവെക്കാതെ, ഞാന്‍ കൊന്നൊടുക്കിയേനേ! ഹേ, കൗരവ്യാ! ഞാന്‍ ആ ദുര്‍ഘട ഘട്ടങ്ങളില്‍ അടുത്തുണ്ടായിരുന്നില്ലല്ലോ. അതാണ്‌ ഭവാന്‍ ചൂതില്‍ ഇപ്രകാരം നശിക്കുവാന്‍ കാരണം. ഹേ കുരുശ്രേഷ്ഠാ, പാണ്ഡുനന്ദനാ! ഞാന്‍ ദ്വാരകയില്‍ ചെന്നപ്പോള്‍ നിനക്കു സംഭവിച്ച മഹാവിപത്തെല്ലാം യുയുധാനന്‍ (സാത്യകി) പറഞ്ഞറിഞ്ഞു. കേട്ടയുടനെ വലിയ ഉദ്വേഗത്തോടെ ഇങ്ങോട്ടു പുറപ്പെട്ടു. ഭവാനെ കാണുവാന്‍ തിടുക്കമായി. അയ്യോ! ഞങ്ങള്‍ എല്ലാവരും കഷ്ടത്തിലായി. വ്യസനത്തില്‍ മുങ്ങിയ ഭവാനെ സഹോരരന്മാരോടു കൂടി ഞാന്‍ കാണുന്നു! കഷ്ടം!

14. സൗഭവധോപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: കൃഷ്ണാ! ഭവാന്‍ അപ്പോള്‍ എവിടെയായിരുന്നു? അങ്ങ്‌ എവിടെ പോയിരുന്നു? അങ്ങു രാജൃത്തിന് പുറത്തായിരുന്നപ്പോള്‍ എന്തൊക്കെ സംഭവിച്ചു? എന്തൊക്കെ ചെയ്തു?

കൃഷ്ണന്‍ പറഞ്ഞു: ഞാന്‍ ശാല്വന്റെ നഗരത്തിലേക്ക്‌ അവനെ വധിക്കുവാന്‍ പോയിരിക്കയായിരുന്നു. അതിനുള്ള കാരണം ഞാന്‍ പറയാം. രാജാവേ, കേട്ടാലും, ദമഘോഷപുത്രനായ ശിശുപാലനെ ഞാന്‍ കൊന്ന കഥ എങ്ങും പ്രസിദ്ധമായി. മഹാത്മാവും, മഹാവീര്യനും, മഹാകീര്‍ത്തിമാനുമായ രാജാവായിരുന്നു ശിശുപാലന്‍. ഭവാന്റെ രാജസൂയ യാഗത്തില്‍ എന്നെഅഗ്രാസനത്തിലിരുത്തി പൂജിച്ചത്‌ ദുരാത്മാവായ ശിശുപാലന് പൊറുത്തില്ല. അവന്‍ കോപിച്ചുവല്ലോ. അവനെ കൊന്ന വര്‍ത്തമാനം അറിഞ്ഞ്‌ ശാല്വന്‍ ഉത്കടരോഷനായി. ഞാന്‍ ഇങ്ങോട്ടു പോന്ന സന്ദര്‍ഭം നോക്കി ദ്വാരകയില്‍ ചെന്ന്‌ വൃഷ്ണിവീരകുമാരന്മാരോട്‌ യുദ്ധത്തിനൊരുവെട്ട്‌ അനേകം ബാലരായ വൃഷ്ണിവീരന്മാരെക്കൊന്ന്‌ അവന്‍ വിജയിച്ച്‌ സൗഭത്തിലിരുന്നു, പുരോദ്യാനങ്ങളൊക്കെ നശിപ്പിച്ചു. വൃഷ്ണികുലാധമനായ അവന്‍ ഇപ്രകാരം ജല്പിച്ചു.

ശാല്വന്‍ പറഞ്ഞു: ആ വിഡ്ഡിയായ വാസുദേവന്‍ എവിടെ പോയി? ആ യുദ്ധക്കൊതിയന്റെ ഗര്‍വ്വ്‌ ഞാന്‍ ഇന്ന്‌ അവസാനിപ്പിക്കും. ഹേ ആനര്‍ത്തരേ! നിങ്ങള്‍ നേരു പറയുവിന്‍, അവന്‍ എവിടെയാണെന്ന്‌. കംസനേയും കേശിയേയും കൊന്ന അവനെ ഞാന്‍ എന്റെ കൈയില്‍ കിട്ടിയാല്‍ വിടുന്നതല്ല. ഞാന്‍ ഇപ്പറയുന്നതു സത്യമാണ്‌. ആയുധം പിടിച്ചു ഞാന്‍ സത്യം ചെയ്യുന്നു; ഞാന്‍ അവനെ കൊല്ലാതെ മടങ്ങുകയില്ല. അവന്‍ എവിടെ? എവിടെ? എന്നോടു പൊരുതുവാന്‍ ആഗ്രഹിക്കുന്ന, സൗഭനായകനായ എന്നോടു പൊരുതുവാന്‍ മോഹിക്കുന്ന, വിശ്വാസഘാതിയായ ക്ഷുദ്രപാപിയെ ശിശുപാലവധക്രോധം മൂലം ഞാന്‍ കാലപുരിക്കയയ്ക്കും! എന്റെ ഭ്രാതാവായ ശിശുപാല രാജാവിനെ കൊന്ന ആ ജനാര്‍ദ്ദനനെ പോരില്‍ ഞാന്‍ വധിക്കും. ഭ്രാതാവും ബാലനുമായ ആ രാജാവിനെ പോര്‍ക്കളത്തില്‍ വെച്ചല്ലാതെ ഓര്‍ക്കാപ്പുറത്തു കൊന്നു കളഞ്ഞ അവനെ ഞാന്‍ കൊന്നു കളയും.

കൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം ഓരോന്നു പറഞ്ഞ്‌ എന്നെ നിന്ദിച്ച്‌ രാജാവേ, വിചിത്ര ലോഹനിര്‍മ്മിതവും ഇഷ്ടംപോലെ എങ്ങോട്ടും പോകാന്‍ കഴിയുന്നതുമായ "സൗഭ"മെന്നു പേരായ തന്റെ തേരില്‍ ആകാശത്തില്‍ അവന്‍ നിലയുറപ്പിച്ചു. ഞാന്‍ അവിടെ മടങ്ങിച്ചെന്നപ്പോള്‍ ആ ദുഷ്ടനായ മാര്‍ത്തിക രാജാവ്‌ എന്നെക്കുറിച്ചു പറഞ്ഞതൊക്കെ കേട്ടു.

ഞാന്‍ ഉടനെ കടുംക്രോധം കൊണ്ട്‌ അന്ധചിത്തനായി. ഞാന്‍ അവനെ കൊല്ലുവാന്‍ തന്നെ ഉറച്ചു. അല്ലയോ കൗരവേന്ദ്ര! ആനര്‍ത്താക്രമവും, എന്നില്‍ വര്‍ഷിച്ച നിന്ദയും, ദുര്‍വൃത്തനായ അവന്റെ ഗര്‍വ്വും ചിന്തിച്ചപ്പോള്‍ ഞാന്‍ ആ നീചനെ കൊല്ലുവാന്‍ തന്നെ തീരുമാനിച്ചു പുറപ്പെട്ടു. ചുറ്റും കടല്‍; അതിന്റെ നടുവിലുള്ള ഒരു ദ്വീപില്‍ അവന്‍ നിൽക്കുന്നതായി ഞാന്‍ കണ്ടു. രാജാവേ, ഉടനെ ഞാന്‍ ജലജമായ പാഞ്ചജന്യം എന്നു പേരായ എന്റെ ശംഖു വിളിച്ച്‌, ശാല്വനെ പോരിന് വിളിച്ചു. അപ്പോള്‍ ഞാനും അനേകം ദാനവന്മാരുമായി കടുത്ത യുദ്ധമുണ്ടായി. അവരെയെല്ലാം ഞാന്‍ കീഴടക്കി. സകലത്തിനേയും ഞാന്‍ കൊന്നു ഭൂമിയില്‍ വീഴ്ത്തി.

ഈ യുദ്ധം കാരണമാണ്‌ ഞാന്‍ അവിടെ ദ്യൂതം നടക്കുമ്പോള്‍ എത്താതിരുന്നത്‌. ഹസ്തിനാപുരത്തില്‍ വെച്ചു നടന്ന അന്യായമായ ആ ദ്യൂതം കേട്ടറിഞ്ഞ്‌ ദുഃഖത്തില്‍ പെട്ടുഴലുന്ന നിങ്ങളെ കാണുവാന്‍ ഞാന്‍ ക്ഷണത്തില്‍ ഇങ്ങോട്ടു പോന്നു.

15. സൗഭവധോപാഖ്യാനം - യുധിഷ്ഠിരന്‍ പറഞ്ഞു: മഹാബാഹോ! വാസുദേവാ! എല്ലാം വിസ്തരിച്ചു പറഞ്ഞാലും. സൗഭവധം കേട്ടു തൃപ്തിയാവുന്നില്ല. എല്ലാം വിശദമായി കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിസ്തരിച്ചു പറഞ്ഞാലും.

വാസുദേവന്‍ പറഞ്ഞു: *** ശ്രുതശ്രവസ്സിന്റെ പുത്രനായ ശിശുപാലനെ കൊന്നു എന്ന വര്‍ത്തമാനം അറിഞ്ഞ്‌ ശാല്വന്‍ ദ്വാരാവതിയിലേക്കു പുറപ്പെട്ടു. അവന്‍ ദ്വാരകാ നഗരത്തെചുറ്റും തടഞ്ഞു വാനിലും നഗരത്തിന് ചുറ്റും, ശാല്വന്‍ വ്യൂഹമുറപ്പിച്ചു നിന്നു. അവന്‍ മുകളില്‍ നിന്നു കൊണ്ട്‌ ദ്വാരകാപുരിയെ എതിര്‍ത്തു. എല്ലാ ഭാഗത്തു നിന്നും ആയുധം വര്‍ഷിച്ചു യുദ്ധം നടന്നു. ദ്വാരകാപുരത്തിന്റെ ചുറ്റും തോരണങ്ങളും കൊടികളും കെട്ടി അലങ്കരിച്ചിട്ടുണ്ടായിരുന്നു. അലങ്കരിക്കപ്പെട്ട പടിവാതിലുകളും, പടയും, കൈനിലകളും, യന്ത്രശസ്ത്രങ്ങളും, തുരങ്കവും, ഇരുമ്പാണി തറച്ച പാതകളും, തീ ജ്വലിക്കുന്ന മേടകളും, ഗോപുരങ്ങളും, ചക്രയന്ത്രങ്ങളും, കൊള്ളിയന്ത്രങ്ങളും, പാറക്കവണകളും ഒക്കെ പുരസംരക്ഷണത്തിന് സജ്ജീകരിച്ചിരുന്നു. മണ്‍കുടം, തോൽക്കുടം, ഭേരി, പണവം, ആനകം, തോമരം, തോട്ടി, കരി, മുള്‍ത്തടി, മുസൃണ്ഠി, ഉരുളന്‍പാറ, പലതരം ശസ്ത്രങ്ങള്‍ , വെണ്‍മഴു, ഇരുമ്പു പരിച, ലോഹം കൊണ്ടും തോലു കൊണ്ടുംനിര്‍മ്മിക്കപ്പെട്ട ആയുധങ്ങള്‍ , തീയുണ്ട വിടുന്ന ആയുധം ( സാഗ്നിനഃ സഗുഡശ്യംഗികു )  ഇവ ശാസ്ത്രപ്രകാരം സജ്ജീകരിച്ചു രാജാവേ! പലമാതിരി രഥത്തോടു കൂടി ഗദന്‍, സാംബന്‍, ഉദ്ധവന്‍ എന്നീ പുരുഷവീരന്മാരായ യോദ്ധാക്കള്‍ ഏതു ശത്രുവിനേയും നേരിടാന്‍ കഴിവുള്ളവരും ശക്തരുമായ അനവധി യുദ്ധവീരന്മാരുമൊത്ത്‌ ആ പുരം കാത്തു. അവരെല്ലാം നേതൃസ്ഥാനത്ത് നിന്ന്‌ രഥാശ്വസഹായത്തോടെ ആ പട്ടണം സംരക്ഷിച്ചു. ഉഗ്രസേനന്‍, ഉദ്ധവന്‍ മുതലായവര്‍ അശ്രദ്ധയുണ്ടാക്കരുതെന്ന കരുതലോടെ ആ പുരത്തില്‍ ആരും മദൃപിക്കരുതെന്നു വിളംബരം ചെയ്തു. കരുതി നിന്നില്ലെങ്കില്‍ ശാല്വന്‍ തങ്ങളുടെ പുരം തകര്‍ക്കുമെന്ന്‌ അവര്‍ക്ക് അറിയാവുന്നതു കൊണ്ട്‌ എല്ലാ വൃഷ്ണ്യന്ധകന്മാരും കരുതലോടെയിരുന്നു. ആനര്‍ത്തരായ നടനനര്‍ത്തക ഗായകന്മാരെയൊക്കെ നഗരത്തില്‍ നിന്നു പുറത്താക്കി.

കിടങ്ങുകളില്‍ ചുറ്റും ശൂലം നാട്ടി. കിണറും കുഴികളുമൊക്കെ അഗ്നിഗുഢങ്ങളാക്കി. വിളിപ്പാടിടയ്ക്ക്‌, ഇടയ്ക്കിടയ്ക്ക്‌ ഇരിമ്പു കുറ്റികള്‍ സ്ഥാപിച്ചു. പാലമൊക്കെ തകര്‍ത്തിട്ടു. തോണികളൊക്കെ മുടക്കി നിര്‍ത്തി. ഇങ്ങനെ സ്വതവേ തന്നെ ദുര്‍ഗ്ഗമമായ ദുര്‍ഗ്ഗം കൂടുതല്‍ പ്രതിരോധ നടപടികൾ എടുത്തതു മൂലം വളരെ ദുര്‍ഗ്ഗമമാക്കി തീര്‍ത്തു. എന്നും സര്‍വ്വ ആയുധ സജ്ജീകരണങ്ങളോടു കൂടിയ പുരം, വിശേഷിച്ചും ആയുധോപേതമാക്കി തീര്‍ത്തു. ആ പുരം അപ്പോള്‍ ഇന്ദ്രപൂരം പോലെ സുരക്ഷിതമായി. മുദ്ര കൂടാതെ ആരേയും പുറത്തേക്കു വിട്ടില്ല. ആരേയും അകത്തേക്കു കടത്തിയില്ല. ഇങ്ങനെയൊക്കെ ആയിരുന്നു സൗഭന്‍ ആക്രമണത്തിന് അടുത്തപ്പോള്‍ ദ്വാരകയിലെ സ്ഥിതി.

തേര്‍വീഥി തോറും, മറ്റു തുറസ്സായ സ്ഥലങ്ങളിലും, അനവധി ഗജാശ്വ സൈന്യം വന്നു നിന്നു. എല്ലാ ഭടന്മാര്‍ക്കും സ്വര്‍ണ്ണമാണ്‌ വേതനമായി കൊടുത്തത്‌. എല്ലാ ഭടന്മാര്‍ക്കും ഭക്ഷണവും, ശമ്പളവും, ഉടുപ്പും, ആയുധവും വേണ്ടത്ര കൊടുത്തു സംതൃപ്തരാക്കി. ശമ്പളമില്ലാത്തവരും, ഭീരുക്കളും, ശമ്പളം കിട്ടാത്തവരുമായി ആരും തന്നെ സൈന്യത്തില്‍ ഉണ്ടായിരുന്നില്ല. ഇപ്രകാരം അല്ലയോ രാജീവലോചനാ, അടച്ചുറപ്പോടു കൂടി ആഹുകന്റെ ( ഉഗ്രസേന രാജാവ്‌ ) നേതൃത്വത്തില്‍ പുരം രക്ഷിക്കപ്പെട്ടു

*** ശ്രീ കൃഷ്ണന്റെ അച്ഛന്റെ പെങ്ങള്‍ ആണ് ശിശുപാലന്റെ അമ്മയായ ശ്രുതശ്രവസ്സ്.

16. സൗഭവധോപാഖ്യാനം - വാസുദേവന്‍ പറഞ്ഞു: സൗഭനാഥനായ ശാല്വന്‍ വലിയ കാലാള്‍പ്പടയോടും ആനപ്പടയോടും കൂടി അവിടേക്ക്‌ ആക്രമിച്ചു കയറി. സൈന്യം വെള്ളം നിറഞ്ഞൊഴുകുന്ന സമഭൂമിയില്‍ നിന്നു ചതുരംഗബലത്തോടു കൂടിയ ശാല്വ രാജാവിന്റെ രക്ഷയില്‍, ചുടലക്കാടും, ക്ഷേത്രവും, പുറ്റും, ചൈത്യവൃക്ഷങ്ങളും ഒഴിച്ചു മറ്റു ദിക്കുകളില്‍ അവന്റെ സൈന്യം നിലയുറപ്പിച്ചു. സേനാവിഭാഗങ്ങള്‍ മൂലം ഞങ്ങളുടെ വഴിയൊക്കെ അടഞ്ഞു. ഗൂഢ മാര്‍ഗ്ഗങ്ങള്‍ പോലും ശത്രുക്കളുടെ കൂടാരങ്ങള്‍ കൊണ്ടു തടസ്സപ്പെട്ടു.

സര്‍വ്വ ആയുധങ്ങളും ചേര്‍ന്ന്‌ സര്‍വ്വശസ്ത്ര വിദഗ്ദ്ധരായി തേരും, ആനകളും, കാലാളുകളും ചേര്‍ന്നു തുഷ്ടവും പുഷ്ടവുമായ സൈന്യത്തോടൊത്തു വീരലക്ഷണം കലര്‍ന്ന വിചിത്രധ്വജസന്നാഹത്തോടെ, വിചിത്രചാപരഥങ്ങളോടെ, ശാല്വന്‍ ദ്വാരകയ്ക്കു നേരെ പക്ഷിരാജാവായ ഗരുഡനെപ്പോലെ ആക്രമണം ആരംഭിച്ചു. വ

ശാല്വന്റെ മഹാസൈന്യം പാഞ്ഞടുത്തപ്പോള്‍ എതിര്‍ത്തു ചെന്നു വൃഷ്ണിവീരകുമാരന്മാര്‍ പൊരുതി. ശാല്വന്റെ ആക്രമണം കണ്ടു പൊറുത്തില്ല. ചാരുദേഷ്ണന്‍, സാംബന്‍, മഹാരഥനായ പ്രദ്യുമ്നന്‍ ചിത്രാഭരണ കേതനന്മാരായി ചട്ടയിട്ടു തേരില്‍ കയറി. കൊടി പറപ്പിച്ചു കൊണ്ടു ശാല്വന്റെ മഹത്തും ബൃഹത്തുമായ സൈന്യത്തെ ഒപ്പം നേരിട്ടു. വില്ലെടുത്തു ശാല്വന്റെ പ്രധാനമ്രന്തിയും സേനാനായകനുമായ ക്ഷേമവൃദ്ധിയോടു സാംബന്‍ സസന്തോഷം പൊരുതി. അവന്റെ ദേഹത്തില്‍ ജാംബവതീ സുതന്‍ ബാണവര്‍ഷം ചൊരിഞ്ഞു. ഇന്ദ്രന്‍ മഴവര്‍ഷിക്കുന്നത് പോലെ ശരം വര്‍ഷിച്ചു. പടനായകന്‍ ആ ബാണവര്‍ഷം സഹിച്ചു. ഹിമാദ്രിപോലെ നിശ്ചലനായ ക്ഷേമവൃദ്ധി രാജാവ്‌ മായാമയമായ ബാണവര്‍ഷം സാംബന്റെ മേല്‍ വര്‍ഷിച്ചു. മായാമയമായ ആ ശരജാലം മായ കൊണ്ടു തന്നെ പിളര്‍ന്ന്‌ അവന്റെ തേരില്‍ വളരെ ശരം സാംബനും വര്‍ഷിച്ചു. ഉടനെ സാംബശരമേറ്റു ക്ഷേമവൃദ്ധി എന്ന സേനാനായകന്‍, പായുന്ന കുതിരകളോടെ, സാംബബാണം സഹിക്കാതെ ഓടി. ക്രൂരനായ ആ ശാല്വസേനാ നാഥന്‍ ഓടിയപ്പോള്‍, വേഗവാന്‍ എന്നുപേരായ ശക്തനായ ദാനവന്‍ എന്റെ മകനോട്‌ എറ്റു. എതിര്‍ക്കപ്പെട്ടപ്പോള്‍ വൃഷ്ണിപുംഗവനായ സാംബന്‍ വേഗവാന്റെ വേഗം സഹിച്ച്‌ ഉറച്ചു നിന്നു. സാംബന്‍ തന്റെ ശക്തമായ ഗദചുറ്റി ഊക്കോടെ എറിഞ്ഞു. സാംബന്റെ വേഗമേറിയ ഗദ ചെന്നുകൊണ്ട വേഗവാന്‍ ഭൂമിയില്‍ വീണു! വേരു ജീര്‍ണ്ണിച്ച വൃക്ഷം കാറ്റില്‍ വീഴുന്ന പോലെ വേഗവാന്‍ വേഗത്തില്‍ ഭൂമിയില്‍ പതിച്ചു. ഗദയേറ്റ്‌ ആ വീരന്‍ ചത്തു വീണപ്പോള്‍ പെരുമ്പടയില്‍ ചാടിക്കയറി എന്റെ മകന്‍ ഘോരമായി പൊരുതി. ചാരുദേഷ്ണനുമായി ദാനവോത്തമനായ വിവിന്ധ്യന്‍ ഏറ്റുമുട്ടി. മഹാരഥനായ അവന്‍ മഹാധനുര്‍ദ്ധരനും ശക്തനുമാണ്‌. ചാരുദേഷ്ണനും വിവിന്ധ്യനുമായി മഹായുദ്ധം നടന്നു. പണ്ട്‌ വൃത്രസുര്രേന്ദന്മാര്‍ തമ്മില്‍ ഉണ്ടായ പോലെ ഭയങ്കരമായ രണം. പരസ്പരം കോപിച്ച്‌, പരസ്പരം ശരം വര്‍ഷിച്ചു. സിംഹങ്ങളെ പോലെ ഘോരമായി അലറി അവര്‍ പോരാടി. അഗ്നി പോലെയോ, സൂര്യനെപ്പോലെയോ, തീക്ഷ്ണമായ ഒരു അസ്ത്രം രുഗ്മിണീ പുത്രന്‍ അഭിമന്ത്രിച്ചു വിട്ടു. അതേറ്റ്‌ ആ ദാനവന്‍ ഉടനെ ചത്തു വീണു.

വിവിന്ധ്യന്‍ ചത്തതും സൈന്യങ്ങള്‍ കലങ്ങിയതും കണ്ട്‌ സുന്ദരവും കാമഗവുമായ സൗഭത്തില്‍ കയറി ശാല്വന്‍ എത്തി. ഉടനെ ദ്വാരകയിലെ ജനങ്ങളും സൈന്യങ്ങളും, ഭയം കൊണ്ട്‌ ഇടറി പോയി. സൗഭസ്ഥനായി അടുക്കുന്ന ശാല്വനെ കണ്ട്‌ അവര്‍ വിഷമിച്ചു. ഉടനെ പ്രദ്യുമ്നന്‍ ആനര്‍ത്ത സൈന്യത്തെ തടഞ്ഞു നിലയ്ക്കു നിര്‍ത്തി ഇപ്രകാരം പറഞ്ഞു.

പ്രദ്യുമ്നന്‍ പറഞ്ഞു: നിങ്ങള്‍ എല്ലാവരും നിൽക്കുവിന്‍! എല്ലാവരും കാണുവിന്‍! ഞാന്‍ ഇപ്പോള്‍ രാജാവോടു കൂടി സൗഭത്തെ ഓടിക്കുന്നതു കണ്ടു കൊള്ളുവിന്‍! സര്‍പ്പങ്ങള്‍ പോലുള്ള അമ്പു കൊണ്ടു സൗഭരാജാവിന്റെ സൈന്യത്തെ വില്ലു കുലച്ചു വലിച്ച്‌ എയ്ത്‌ ഞാന്‍ കൊല്ലുന്നത്‌ യദുവീരന്മാരെ, കണ്ടുകൊള്ളുവിന്‍! നിങ്ങള്‍ ആശ്വസിക്കുവിന്‍! ഭയപ്പെടേണ്ട! സൗഭരാജാവിന്റെ കഥ ഇപ്പോള്‍ കഴിയും!

കൃഷ്ണന്‍ പറഞ്ഞു: ഇപ്രകാരം പ്രദ്യുമ്നന്‍ ധീരമായി പറഞ്ഞപ്പോള്‍ , ഹേ പാണ്ഡുനന്ദനാ! ഉറച്ചു നിന്നു സൈന്യം സന്തോഷത്തോടു കൂടി യുദ്ധം ചെയ്തു തുടങ്ങി.

17. സൗഭവധോപാഖ്യാനം - വാസുദേവന്‍ തുടര്‍ന്നു: രുഗ്മിണീ പുത്രന്‍ യാദവന്മാരോട്‌ ഇപ്രകാരം പറഞ്ഞ്‌ കോപ്പുകള്‍ അണിഞ്ഞ അശ്വങ്ങളെ പൂട്ടിയ കാഞ്ചനത്തേരില്‍ ഇരുന്ന്‌, വായ്‌ തുറന്ന അന്തകനെപ്പോലെ ഭീകരമായ മകരധ്വജം വഹിച്ച ആ തേരില്‍ , ആകാശത്തില്‍ പറക്കുന്ന വിധം പായുന്ന കുതിരകളെ ഓടിച്ച്‌, ശത്രുസൈന്യത്തില്‍ കടന്നു. വില്ലിട്ടുലച്ചു ചെറുഞാണൊലിയുണ്ടാക്കി തൂണീഖള്‍ഗാന്വിതനായി ഉടുമ്പിന്‍തോലുറ കൈയില്‍ ഇട്ടു. മിന്നലൊക്കുന്ന തന്റെ വില്ല്‌ രണ്ടു കൈകളിലും വേഗത്തില്‍ മാറിമാറി പിടിച്ചു കൊണ്ട്‌ സൗഭനഗരവാസികളേയും ദൈതൃന്മാരേയും വിറപ്പിച്ചു. അങ്ങനെ പുച്ഛഭാവത്തില്‍ അവന്‍ ഇരുന്നു ദാനവരെ കൊന്നൊടുക്കി തുടങ്ങിയപ്പോള്‍ , വില്ലുലയ്ക്കുന്നതിലും, ബാണം തൊടുക്കുന്നതിലും, ശത്രുക്കളെ കൊല്ലുന്നതിലും ഒരു ചെറിയ ഇടപോലും ആരും കണ്ടില്ല.

അവന്റെ മുഖത്ത്‌ ഒരു ഭാവഭേദവും നിറമാറ്റവും കണ്ടില്ല. ശരീരത്തിന് യാതൊരു വിറയും ഉണ്ടായില്ല. സിംഹംപോലെ അലറുന്ന അവന്റെ ശബ്ദം കേട്ടു ജനങ്ങള്‍ അവന്റെ വീരത്വത്തില്‍ രോമാഞ്ചം കൊണ്ടു. സ്വര്‍ണ്ണക്കൊടിയുടെ അഗ്രത്തിലിരിക്കുന്ന മത്സ്യം വായും തുറന്നു തിമിംഗലം പോലെ ധ്വജത്തിന്റ തലയ്ക്കല്‍ ഭയം ഉണ്ടാക്കുന്ന വിധം ശോഭിച്ചു.

ശത്രുഘ്നനായ പ്രദ്യുമ്നന്‍ പിന്നെ ശാല്വന്റെ നേര്‍ക്കു യുദ്ധം വെട്ടുവാന്‍ പാഞ്ഞെത്തി. പോരില്‍ പ്രദ്യുമ്നന്‍ എതിര്‍ത്തതു കണ്ട്‌ സംക്രുദ്ധനായ ശാല്വനു സഹിച്ചില്ല. അവന്‍ രോഷാകുലോന്മത്തനായി തേരില്‍ നിന്നും ഇറങ്ങിച്ചെന്ന്‌ പ്രദ്യുമ്നനുമായി പൊരുതി. ശാല്വവൃഷ്ണി പ്രവീരന്മാര്‍ തമ്മില്‍ അതികഠിനമായ യുദ്ധം, പണ്ടു ബലിയും ശക്രനും തമ്മില്‍ എന്ന പോലെ നടന്നു. ജനങ്ങള്‍ അത്ഭുതപ്പെട്ടു.

മായാമയമായ ശാല്വന്റെ തേര്‌ സ്വര്‍ണ്ണം കൊണ്ടു മോടി പിടിപ്പിച്ചതും; തൂണും കൊടിയുടെ അടിത്തണ്ടും കൊടിക്കൂറയുമായി ശോഭിക്കുന്നതുമാണ്‌.

മഹാശക്തനും പ്രസിദ്ധനുമായ അവന്‍ ആ തേരില്‍ കയറി പ്രദ്യുമ്നന്റെ നേരേ ബാണങ്ങള്‍ വിട്ടു. കൈയൂക്കോടെ ശരവര്‍ഷം ചൊരിഞ്ഞു. പ്രദ്യുമ്നന്‍ ശാല്വനെ പോരില്‍ മോഹിപ്പിക്കുന്ന വിധം ശരങ്ങള്‍ ചൊരിഞ്ഞു. പോരില്‍ സൗഭേശന്‍ ശരമേറ്റു പൊറുതിമുട്ടി. അവന്‍ കത്തുന്ന തീപോലുള്ള ശരങ്ങള്‍ എന്റെ പുത്രനില്‍ വര്‍ഷിച്ചു. ശക്തിയായി അമ്പുകള്‍ എത്തുമ്പോള്‍ മഹാബലനായ അവന്‍ അപ്പപ്പോള്‍ അറുത്തു വിട്ടു. ജ്വലിക്കുന്ന അമ്പുകള്‍ വളരെ അവന്‍ എന്റെ പുത്രനില്‍ ചൊരിഞ്ഞു. ശാല്വന്റെ ബാണങ്ങളേറ്റു രുഗ്മിണീപുത്രന്‍ ക്രുദ്ധനായി നല്ലപോലെ മര്‍മ്മം പിളര്‍ക്കുന്ന ശരങ്ങള്‍ ശാല്വന്റെ നേരേ തെരുതെരെ വിട്ടു. ചട്ടപൊട്ടിച്ച്‌, എന്റെ പുത്രന്‍ വിട്ട ബാണം, അവന്റെ ഹൃദയം പിളര്‍ന്നു. അവന്‍ ഉടനെ മോഹിച്ചു വീണു. വീരനായ ശാല്വരാജാവു മോഹിച്ചു വീണപ്പോള്‍ ദാനവന്മാരൊക്കെ ഭൂമി പിളര്‍ന്നു ദ്വാരത്തില്‍  കൂടി ഓടി പോയി. ഹാ! ഹാ! എന്നു നിരാശയോടെ ദുഃഖാര്‍ത്തരായി ശാല്വ സൈന്യം പാഞ്ഞു. സൗഭാധിപന്‍ നഷ്ട്രപജ്ഞനായി വീണപ്പോള്‍ ദാനവ സൈനൃത്തില്‍ ആകെ കലകലാരവം മുഴങ്ങി. ശാല്വന്‍ ഉടനെ മയക്കത്തില്‍ നിന്ന്‌ ഉണര്‍ന്നെഴുന്നേറ്റു പ്രദ്യുമ്നന്റെ നേര്‍ക്കു ശക്തിയേറിയ ശരങ്ങള്‍ വര്‍ഷിച്ചു. പോരില്‍ മഹാബാഹുവായ പ്രദ്യുമ്നന്‍ ശത്രുസായകമേറ്റ്‌ മെയ്യുമുറിഞ്ഞ്‌ സമരത്തില്‍ ഉറച്ചു നിന്നു. ശത്രുവിന്റെ മാറില്‍ ശരം വിട്ടു. ശരമേറ്റ്‌ അവന്‍ തേര്‍ത്തടത്തില്‍ തളര്‍ന്ന്‌ ഇരുന്നു പോയി. ഉടനെ ശാല്വന്‍ എഴുന്നേറ്റ്‌ രുഗ്മിണീ പുത്രനെ വീണ്ടും എയ്ത്‌ ലോകം മുഴക്കുമാറ്‌ ഒന്ന്‌ അലറി! എന്റെ നന്ദനന്‍ അവന്റെ ശരമേറ്റു മോഹാലസ്യപ്പെട്ട സമയത്ത്‌ ശാല്വന്‍ ദുസ്സഹമായ ബാണങ്ങള്‍ എയ്തു. അവന്‍ എയ്ത അമ്പുകളേറ്റു മോഹിച്ച പ്രദ്യുമ്നന്‍ യുദ്ധക്കളത്തില്‍ നിശ്ചേഷ്ടനായിത്തീര്‍ന്നു.

18. സൗഭവധോപാഖ്യാനം - വാസുദേവന്‍ പറഞ്ഞു: ബാലനായ പ്രദ്യുമ്നന്‍ ശാല്വ ബാണങ്ങളാല്‍ പീഡിതനായപ്പോള്‍ യോദ്ധാക്കള്‍ നിരാശരായി. എല്ലാവൃഷ്ണികളും അന്ധകന്മാരും ഹാ! ഹാ! എന്ന് ആര്‍ത്തനാദം മുഴക്കി. പ്രദ്യുമ്നന്‍ മോഹിതനായപ്പോള്‍ വൈരികള്‍ക്കു ബഹുസന്തോഷമായി. അവന്‍ മോഹിച്ചു രഥത്തില്‍ വീണപ്പോള്‍ ദാരുകാത്മജനായ സൂതന്‍ രഥം ഓടിച്ചു പടക്കളത്തില്‍ നിന്നു പോയി. വളരെ ദൂരത്തെത്തിയപ്പോള്‍ പ്രദ്യുമ്നന്‍ ഉണര്‍ന്നു വില്ലുയര്‍ത്തി സൂതനോടു ചോദിച്ചു.

പ്രദ്യുന്മന്‍ പറഞ്ഞു: ഹേ സൂതപുത്രാ! ഭവാന്‍ എന്താണ്‌ കാണിക്കുന്നത്‌? പിന്തിരിക്കുകയാണോ? ഈ പ്രവൃത്തി വൃഷ്ട്‌ണി വീരന്മാര്‍ക്കു ചേര്‍ന്നതോണോ? യുദ്ധക്കളത്തില്‍ ശാല്വനെക്കണ്ടു ഭവാന്‍ ഭയപ്പെടുകയാണോ? പോരില്‍ ഭവാന്‍ പേടിക്കുന്നുണ്ടോ?

സൂതന്‍ പറഞ്ഞു: ഹേ ജനാര്‍ദ്ദനപുത്രാ! മോഹവും ഭയവുമൊന്നും എനിക്കില്ല. ഞാന്‍ വിചാരിക്കുന്നു, ശാല്വന്‍ ഭവാനു കീഴടക്കുവാന്‍ കഴിയാത്തവനാണെന്ന്‌. വീരാ! ഞാന്‍ യുദ്ധത്തില്‍ നിന്നു പതുക്കെ പിന്മടങ്ങുകയാണ്‌. അവന്‍ അങ്ങയേക്കാള്‍ മഹാശക്തനുമാണ്‌. മോഹിക്കുന്ന രഥിവീരനെ, അവനെത്ര ധീരനായിരുന്നാലും രക്ഷിക്കേണ്ടത്‌ സൂതന്റെ കടമയാണ്‌. അതുപോലെ ഭവാന്‍ എന്നേയും രക്ഷിക്കണം. രഥിയെ രക്ഷിക്കണമെന്നു ചിന്തിച്ചു പിന്‍വാങ്ങിയതാണ്‌ ഞാന്‍. അങ്ങ്‌ ഏകനാണ്‌. മഹാബാഹോ! ഈ ദാനവേന്ദ്രന്മാര്‍ അനവധി പേരുണ്ട്‌, മഹാശക്തരുമാണ്‌. അങ്ങയ്ക്ക്‌ അവരോട്‌ തുല്യശക്തിയില്‍ പൊരുതുവാന്‍ പറ്റില്ലെന്നു ചിന്തിച്ച്‌ ഞാന്‍ പിന്മാറുകയാണ്‌.

വാസുദേവന്‍ പറഞ്ഞു: ഇപ്രകാരം സൂതന്‍ പറഞ്ഞപ്പോള്‍ ആ മകരകേതനന്‍ തേരു തിരിക്കുവാന്‍ ആജ്ഞാപിച്ചു.

പ്രദ്യുമ്നന്‍ പറഞ്ഞു: ഹേ ദാരുകപുത്ര! ഇനി മേലില്‍ നീ ഇപ്രകാരം വിഡ്ഡിത്തം കാണിക്കരുത്‌. എനിക്കു ജീവനുള്ളപ്പോള്‍ പിന്മാറുക എന്നതു ഒരിക്കലും ചെയ്തു പോകരുത്‌. പോരില്‍ പിന്‍വാങ്ങുന്നവന്‍ വൃഷ്ണിവംശജനല്ല. വീണവനേയും, ഞാന്‍ അങ്ങയുടെ ആളാണ്‌ എന്നു പറയുന്നവനേയും, കരയുന്നവനേയും, സ്ത്രീകളേയും, കുട്ടിയേയും, വൃദ്ധനേയും, വിരഥനേയും, കോപ്പുകളഴിഞ്ഞവനേയും, ശസ്ത്രങ്ങള്‍ കൈയിലില്ലാത്തവനേയും വധിക്കുന്നതു വൃഷ്ണിപുത്രന്മാര്‍ക്കു ചേര്‍ന്ന ധര്‍മ്മമല്ല. നീ സൂതകുലജനല്ലേ? സൂതകര്‍മ്മം പഠിച്ചവനല്ലേ? പടത്തലയ്ക്കല്‍ വൃഷ്ണിഇന്ദ്രര്‍ക്കു ചേര്‍ന്ന ധര്‍മ്മം ഗ്രഹിച്ചവനല്ലേ? സൂത! നീ ഇനി യുദ്ധരംഗത്തില്‍ പിന്‍വാങ്ങരുത്‌. പിന്‍വാങ്ങുമ്പോള്‍ , പിന്നിലമ്പേറ്റ്‌, പോര്‍ വിട്ടു മാറിയാല്‍ എന്നോട്‌ ദുരാധര്‍ഷനും ഗദാഗ്രജനുമായ മാധവന്‍ എന്തു പറയും? നീലാംബരനും മദോന്മത്തനും കേശവാഗ്രജനും മഹാബാഹുവുമായ ബലദേവന്‍ വന്നെത്തിയാല്‍ എന്തു പറയും? വില്ലാളി വീരനും ധീരാഗ്രഗണ്യനുമായ സാത്യകി എന്തു പറയും? ആ സമതിഞ്ജയനായ സാംബന്‍ എന്തു പറയും? യുദ്ധക്കളത്തില്‍ നിന്നു പിന്മാറിയ എന്നെക്കണ്ടാൽ ദുരാധര്‍ഷനായ ചാരുദേഷ്ണന്‍, ഗദന്‍, സാരണന്‍, വീരനായ അക്രൂരന്‍ ഇവരെല്ലാം എന്തു പറയും സൂത? ശൂരാഭീമാനം, ശാന്തത്വം ഇവയോടു കൂടി ആണത്തത്തോടെ ജീവിക്കുന്ന എന്നെ വൃഷ്ണിവീരന്മാരുടെ സ്ത്രീകള്‍ ഒത്തു ചേരുമ്പോള്‍ എന്തു പറയും? അവര്‍ക്കു ചിരിക്കുവാന്‍ ഒരു വഴിയായി. ഇതാ വരുന്നു പ്രദ്യുമ്നന്‍! പോരില്‍ പേടിച്ചോടിയവന്‍! ഭീരു! മോശം! എന്നു പറയും. അല്ലാതെ എന്തു പറയും അവര്‍? അവരൊരിക്കലും ഞാന്‍ ചെയ്തത്‌ ഉചിതമായെന്നു പറയില്ല. എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും ആക്ഷേപ വാക്കും വാക് പരിഹാസവും മരണത്തേക്കാള്‍ വലിയതാണ്‌. ഹേ സൂത! നീ പിന്‍വാങ്ങരുത്‌. മധുനിഗ്രഹനായ ഹരി എന്നില്‍ ഭാരം ഏല്പിച്ചിട്ടാണ്‌ ഭാരതസിംഹന്റെ ( യുധിഷ്ഠിരന്റെ ) രാജസുയത്തിനു പോയത്‌. അവന് എന്റെ ഈ പേടിച്ചോട്ടം സഹിക്കുമോ സൂത? കൃതവർമ്മാവ്‌ ശാല്വനുമായി നേരിടാന്‍ ഇറങ്ങുമ്പോള്‍ ഞാന്‍ തടഞ്ഞു. ഞാന്‍ തടുക്കാം ശാല്വനെ, നീ നിൽക്കുക! എന്നു പറഞ്ഞ്‌ എന്നെ ബഹുമാനിക്കാനാണ്‌ ആ ഹൃദികാപുത്രന്‍ (കൃതവര്‍മ്മാവ്‌) പിന്മാറിയത്‌. എന്നെ വിശ്വസിച്ച്‌ വീരനായ കൃതവര്‍മ്മാവ്‌ പിന്മാറി. പോരില്‍ നിന്നു പിന്‍തിരിഞ്ഞ്‌ ഓടി പോന്നതിന് ശേഷം ഞാന്‍ അവനോട്‌ എന്തു പറയും? ബലദേവന്‍, സാത്യകി, മറ്റു വൃഷ്ണ്യന്ധകന്മാര്‍ എല്ലാവരും തന്നെ എന്നെക്കുറിച്ച്‌ എപ്പോഴും അഭിമാനം കൊള്ളുന്നു. ഇവരോടൊക്കെ ഞാന്‍ എന്തു പറയും സൂത?

ഈ പോരില്‍ നിന്നു പിന്‍തിരിയുമ്പോള്‍ പിന്നില്‍ അസ്ത്രമേറ്റു പരുക്കു പറ്റുന്ന ഞാന്‍, നീ കൊണ്ടു പോയാല്‍ , ജീവിച്ചിരിക്കുമെന്നു ചിന്തിക്കുന്നുണ്ടോ? ഹേ ദാരുകനന്ദന! തേരു വീണ്ടും യുദ്ധരംഗത്തിലേക്കു തന്നെ ഓടിക്കുക. എന്താപത്തു പറ്റിയാലും ഇനി നീ നാണം കെട്ട പണിക്ക്‌ ഒരുങ്ങരുത്‌. ജീവനെ ഞാന്‍ ഒട്ടും മാനിക്കുന്നില്ല.

പോരില്‍ പേടിച്ചു പിന്മാറി, പോരില്‍ അമ്പേറ്റു പേടിച്ചുഴന്നതായിട്ട്‌ നീ എന്നെ വല്ലപ്പോഴും കണ്ടിട്ടുണ്ടോ? ഭീരുവിനെപ്പോലെ ഞാന്‍ പോരില്‍ വല്ലപ്പോഴും പിന്മാറിയതായി നിനക്കറിവുണ്ടോ? നീ യുദ്ധരംഗം വിട്ടു പോന്നതു നന്നായില്ല. ഞാന്‍ യുദ്ധാര്‍ത്ഥിയായി നിൽക്കുമ്പോള്‍ നീ പിന്മാറുകയോ? പാടില്ല. രഥം ക്ഷണത്തില്‍ ഓടിക്കുക.

19. സൗഭവധോപാഖ്യാനം - വാസുദേവന്‍ പറഞ്ഞു: ഇപ്രകാരം പ്രദ്യുമ്നന്‍ പറഞ്ഞപ്പോള്‍ സൂതപുത്രന്‍ മെല്ലെ ഭംഗിയായി മറുപടി പറഞ്ഞു.

സൂതന്‍ പറഞ്ഞു: ഹേ, രുഗ്മിണീപുത്ര! എനിക്കു യാതൊരു പരിഭ്രമവും ഇക്കാര്യത്തിലില്ല. പോരില്‍ തേരു വേണ്ടപോലെ നടത്തുവാന്‍ എനിക്കറിയാം. യുദ്ധത്തില്‍ വൃഷ്ണികളില്‍ നീ ശക്തനാണെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. സ്വാമീ, സൂതര്‍ക്കു ചെയ്യേണ്ടതായ ചില ഉപദേശങ്ങള്‍ എനിക്കു സിദ്ധിച്ചിട്ടുണ്ട്‌. സാരഥ്യവൃത്തിയില്‍ അതു പാലിക്കണം. എല്ലാവിധത്തിലും രഥിയെ കാക്കേണ്ടവനാണ്‌ സാരഥി. അങ്ങുന്നു ശാല്വന്‍ എയ്ത ശരമേറ്റു മോഹാലസ്യപ്പെട്ടു പോയി. അതു കൊണ്ടാണ്‌ ഞാന്‍ മാറിയത്‌. ഭവാന്‍ ഇപ്പോഴാണ്‌ മോഹാലസ്യത്തില്‍ നിന്നുണര്‍ന്നത്‌. ഇനി ഇതാ ഞാന്‍ തേര്‍ നടത്തുന്നു. എന്റെ സാമര്‍ത്ഥ്യം ഭവാന്‍ കണ്ടു കൊള്ളുക. ഞാന്‍ ദാരുകന്റെ പുത്രനാണ്‌! ശാല്വന്റെ പ്രൗഢമായ സൈന്യത്തില്‍ ഞാന്‍ നിര്‍ഭയം ചെന്നു കയറുന്നതു കണ്ടു കൊള്ളുക.

വാസുദേവന്‍ തുടര്‍ന്നു: എന്നു പറഞ്ഞ്‌ രാജാവേ! അവന്‍ കടിഞ്ഞാണ്‍ വലിച്ചു പിടിച്ചു കുതിരകളെ പോര്‍ക്കളത്തിലേക്കു പായിച്ചു. കടിഞ്ഞാണ്‍ വലിച്ചപ്പോള്‍ ഹയങ്ങള്‍ വേഗത്തില്‍ പാഞ്ഞു. വിചിത്രമായി തിരിഞ്ഞും, വളഞ്ഞും, ചുറ്റിയും, ഇടത്തോട്ടും വലത്തോട്ടും മാറിമാറിയും ആകാശത്തേക്കു കയറുന്ന മാതിരി കുതിരകള്‍ പാഞ്ഞു. ദാരുകാത്മജനുള്ള കൈവേഗം അറിഞ്ഞ കുതിരകള്‍ തീയില്‍ പൊരിയുന്ന വിധം, കാല്‍ കൊണ്ടു നിലം തൊടാത്ത വിധം പാഞ്ഞു. അവന്‍ ശാലന്റെ പടയ്ക്കു ചുറ്റും നിഷ്പ്രയാസം ചെന്നു കയറിയതു കണ്ടു നിന്നവര്‍ അത്ഭുത പരതന്ത്രരായി. പ്രദ്യുമ്നന്‍ തന്റെ പടയ്ക്കുള്ളില്‍ കയറിയത്‌ ശാല്വന് സഹിച്ചില്ല. അവന്റെ സൂതനെ മൂന്നു ശരങ്ങള്‍ കൊണ്ട്‌ ശാല്വന്‍ പീഡിപ്പിച്ചു. ആ ബാണവേഗം വക വെക്കാതെ ദാരുക പുത്രന്‍ വീണ്ടും വലത്തോട്ടു കയറി. പിന്നേയും പല ബാണങ്ങള്‍ വീണ്ടും സൗഭനായകന്‍ രുഗ്മിണീ പുത്രന്റെ നേരേ വിട്ടു. അവ എത്തുന്നതിന് മുമ്പ് തന്നെ അവന്‍ അമ്പെയ്തു അറുത്തു. പ്രദ്യുമ്നന്‍ സസ്മിതം കൈവേഗത്തോടെ അയച്ച ബാണങ്ങളെയൊക്കെ ശാല്വനും ഖണ്ഡിച്ചു. അപ്പോള്‍ ശാല്വന്‍ ഘോരമായ അസുരമഹാമായ കാട്ടി ബാണങ്ങള്‍ ചൊരിഞ്ഞു. ശക്തിയേറിയ ദാനവാസ്ത്രം പ്രയോഗിച്ചതറിഞ്ഞ്‌ ബ്രഹ്മാസ്ത്രം കൊണ്ട്‌ അവന്റെ അമ്പ്‌ അറുത്ത്‌ വേറെ അമ്പ്‌ വീര്യവാനായ പ്രദ്യുമ്നന്‍ എയ്തു. അസ്ത്രം കളഞ്ഞ്‌ ആ ബാണങ്ങള്‍ പാഞ്ഞ്‌ മുഖത്തും വക്ഷസ്സിലും കയറി രക്തം കുടിച്ചു. ഉടനെ ശാല്വന്‍ മോഹിച്ചു വീണു. ബാണപീഡിതനായി ക്ഷുദ്രനായ ശാലന്‍ വീണപ്പോള്‍ രൗഗ്മിണേയന്‍ മറ്റൊരമ്പു തൊടുത്തു. നന്നായി സര്‍വ്വ ദാശാര്‍ഹരാലും അര്‍ച്ചിക്കപ്പെടുന്നതും സര്‍പ്പവിഷം പോലെ ഉഗ്രമായതുമായ ആ ബാണം ഞാണിന്മേല്‍ അണച്ചതു കണ്ടപ്പോള്‍ ഹാ ഹാ! എന്നുള്ള ഘോഷം ആകാശത്തു മുഴങ്ങി! അപ്പോള്‍ ഇന്ദ്രന്‍, കുബേരന്‍ മുതലായ എല്ലാ ദേവന്മാരും നാരദനേയും പവനനേയും മനോവേഗത്തില്‍ പറഞ്ഞയച്ചു. അവര്‍ ക്ഷണത്തില്‍ പ്രദ്യുമ്നന്റെ അടുത്തു ചെന്ന്‌ ദേവന്മാര്‍ പറഞ്ഞ വാക്കുകള്‍ ഉണര്‍ത്തിച്ചു.

നാരദനും വായുവും പറഞ്ഞു: ഹേ വീരാ! ശാല്വന്‍ നിനക്കു വദ്ധ്യനല്ല. നിന്റെ ബാണങ്ങളാല്‍ ഇവന്‍ മരിക്കുകയില്ല! ഉടനെ ബാണം സംഹരിക്കുക! നീയുമായുള്ള പോരില്‍ ശാല്വന്‍ മരിക്കുകയില്ല! ഈ അമ്പയച്ചാല്‍ വധിക്കപ്പെടാതെ ആരും തന്നെ ഒരു ദിക്കിലും ഇല്ല. എന്നാൽ, ഈ ശാല്വന്റെ അന്തകനായി നിശ്ചയിക്കപ്പെട്ടവന്‍ ദേവകീ പുത്രനായ കൃഷ്ണനാണ്‌. വിധിയുടെ വിധി തെറ്റാതിരിക്കട്ടെ!.

വാസുദേവന്‍ പറഞ്ഞു: ഇതു കേട്ട്‌ പ്രദ്യുമ്നന്‍ ഉത്തമമായ ശരം വില്ലില്‍ നിന്ന്‌ എടുത്ത്‌ ആവനാഴിയില്‍  തന്നെ വെച്ചു. ശാല്വന്‍ ബുദ്ധിക്ഷയത്തോടെ എഴുന്നേറ്റു. പടയോടു കൂടെ പ്രദ്യുമ്ന ശരപീഡയേറ്റ ശാല്വന്‍ പിന്തിരിഞ്ഞ്‌ ഓടി. ആ കുബുദ്ധി വൃഷ്ണികളുടെ പീഡനമേറ്റ്‌ ദ്വാരകാപുരി വിട്ടു. ഉടനെ മനോഹരലോഹ നിര്‍മ്മിതമായ തന്റെ രഥത്തില്‍ കയറി ആകാശത്തിലേക്കു പൊങ്ങിമറഞ്ഞു.

20. സൗഭവധോപാഖ്യാനം -- വാസുദേവന്‍ പറഞ്ഞു: അവന്‍ ആനര്‍ത്തരാജ്യം വിട്ടു പോയതിന് ശേഷമാണ്‌ രാജാവേ! ഞാന്‍ ഭവാന്റെ മഹാമഖമായ രാജസൂയം കഴിഞ്ഞു മടങ്ങിയെത്തിയത്‌. ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച പരിതാപകരമായിരുന്നു. ദ്വാരകയുടെ അഴകൊക്കെ നശിച്ചിരിക്കുന്നു. വേദാദ്ധ്യയനമോ. ഹോമകര്‍മ്മങ്ങളോ ഇല്ലാതായിരിക്കുന്നു. സ്ത്രീകള്‍ അലങ്കാരശൂന്യരായിരുന്നു. ദ്വാരകോദ്യാനങ്ങളെല്ലാം കണ്ടാലറിയാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കുന്നു! ഞാന്‍ ശങ്കയോടെ കൃതവര്‍മ്മാവിനെ വിളിച്ചു ചോദിച്ചു: "എന്താണ്‌ ഹാദ്ദിക്യാ, നമ്മുടെ പട്ടണം ഈ മട്ടിലായത്‌? സ്ത്രീകളും പുരുഷന്മാരുമൊക്കെ അസ്വസ്ഥരായി കാണപ്പെടുന്നുവല്ലോ? സംഗതിയെന്തെന്നു പറയൂ". ഇപ്രകാരം ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ വിസ്തിരിച്ച്‌ എല്ലാം പറഞ്ഞു. ശാല്വരോധവും വിമോചനവും ഒക്കെ, ഒന്നും വിടാതെ, കൃതവര്‍മ്മാവു പറഞ്ഞു കേള്‍പ്പിച്ചു. എല്ലാം ഞാന്‍ കേട്ടറിഞ്ഞപ്പോള്‍ ശാല്വന്റെ വധത്തിന് തന്നെ ഞാന്‍ തീരുമാനിച്ചു. ഉടനെ തന്നെ പൗരന്മാരെയൊക്കെ ആശ്വസിപ്പിച്ചു. രാജാവായ ആഹുകനും, ആനകദുന്ദുഭിക്കും ( വസുദേവനും ), സര്‍വ്വവൃഷ്ണി പ്രവീരന്മാര്‍ക്കും ഹര്‍ഷം ജനിപ്പിക്കുന്ന വിധം പറഞ്ഞു: "ഹേ യാദവ വീരന്മാരേ! നിങ്ങള്‍ തെറ്റുപറ്റാത്ത വിധം പുരം കാക്കണം. ഞാന്‍ ശാല്വവധത്തിന് പോകയാണ്‌. അവനെ കൊല്ലാതെ ഞാന്‍ ദ്വാരകയില്‍ മടങ്ങി എത്തുന്നതല്ല. സൗഭത്തോടു കൂടി ആ ശാല്വനെ തകര്‍ത്തതിന് ശേഷമല്ലാതെ ഞാന്‍ ദ്വാരകയില്‍ കാലു കുത്തുന്നതല്ല. മൂന്നുവിധത്തില്‍ ശത്രുഭീഷണമായ പെരുമ്പറ കൊട്ടുക".

ഞാന്‍ ഇപ്രകാരം ആശ്വസിപ്പിച്ചപ്പോള്‍ ആ വീരന്മാര്‍ എന്നോടു സന്തോഷത്തോടെ പറഞ്ഞു. "ചെല്ലുക! ആ ശത്രുക്കളെ കൊല്ലുക!", എന്നു ഹര്‍ഷത്തോടെ ആ വീരന്മാര്‍ നല്കിയ ആശീര്‍വ്വാദങ്ങളേറ്റ്‌ ഞാന്‍ വിപ്രന്മാരുടെ അനുഗ്രഹങ്ങളും വാങ്ങി ശിവനെ പ്രണമിച്ചു. ശൈബൃസുഗ്രീവങ്ങളെ പൂട്ടിയ തേരില്‍ കയറി ദിക്കു മുഴങ്ങുമാറു പാഞ്ചജന്യ മഹാശംഖം വിളിച്ചു. പെരുമ്പറയോടു കൂടി സൈന്യങ്ങളെ കൂട്ടി അണിയണിയായി, പല ദേശങ്ങളും പല തരം വൃക്ഷങ്ങളുലയുന്ന മലകളും, പല സരസ്സുകളും, പല പുഴകളും കയറിക്കടന്നു "മാര്‍ത്തികാവത"ത്തിലെത്തി. അപ്പോള്‍ ഞാന്‍ കേട്ടു നരവ്യാഘ്ര! ശാല്വന്‍ സമുദ്രതീരത്തേക്ക്‌ സൗഭമേറി പോയെന്ന്‌. ഉടനെ ഞാന്‍ അവന്‍ പോയ വഴി പിന്തുടര്‍ന്നു. കടല്‍ക്കരയ്ക്കു ചെന്നപ്പോള്‍ അവനെ കാണുന്നില്ല. നോക്കിയപ്പോള്‍ അവന്‍ സൗഭത്തില്‍ കയറി വലിയ കോളിളകുന്ന കടലിന്റെ ഉള്ളില്‍ , സമുദ്രനാഭിയില്‍ ചെന്ന്‌ ഇരിക്കുന്നതായി കണ്ടു. എന്നെ ദൂരെ നിന്ന്‌ അവന്‍ നോക്കി ഒന്നു ചിരിച്ചു. യുധിഷ്ഠിരാ! ആ ദുഷ്ടന്‍ അവിടെയിരുന്ന്‌ എന്നെ തുടര്‍ച്ചയായി പോരിന് വിളിച്ചു. ഞാന്‍ ശാര്‍ങ്ഗം വലിച്ച്‌ എയ്തു വിട്ട മര്‍മ്മഭേദികളായ ശരങ്ങളും അവന്റെ തേരിന്റെ അടുത്തെത്തിയില്ല. അപ്പോള്‍ എനിക്കു വലിയ കോപം വന്നു. പാപപ്രകൃതിയായ ആ ദൈത്യന്‍ എന്നില്‍ അസംഖ്യം ശരധാര വര്‍ഷിച്ചു. എന്റെ സൈന്യത്തേയും സൂതനേയും അശ്വങ്ങളേയും ലക്ഷ്യം വെച്ച്‌ എയ്തു. ശരങ്ങള്‍ വക വെക്കാതെ ഞങ്ങള്‍ തമ്മില്‍ പൊരുതി. നൂറും ആയിരവും ശരങ്ങള്‍ ശാല്വന്റെ യോദ്ധാക്കള്‍ എന്നില്‍ പ്രയോഗിച്ചു. അവര്‍ അശ്വങ്ങളേയും തേരിനേയും ദാരുകനേയും മര്‍മ്മം പിളര്‍ക്കുന്ന ബാണങ്ങള്‍ എയ്തു മൂടി. എന്റെ ഹയങ്ങളേയും തേരിനേയും സൂതനായ ദാരുകനേയും ഭടന്മാരേയും കാണാത്ത വിധം അമ്പുകളാല്‍ മൂടി. കുന്തീപുത്രാ! പിന്നെ അസംഖ്യസഹ്രസം ബാണങ്ങളെ ദിവൃമന്ത്രം ജപിച്ചു വില്ലില്‍ വെച്ചു ഞാന്‍ ആഞ്ഞു വിട്ടു. എന്റെ യോദ്ധാക്കള്‍ ക്ക്‌, അവന്റെ രഥം രണ്ടു നാഴിക ദൂരെ ആകാശത്തു നില്ക്കയാല്‍ , അവനെ കാണാന്‍ കഴിഞ്ഞില്ല. കാഴ്ചക്കാരായി അവര്‍ അരങ്ങത്തു നിൽക്കുന്ന വിധം നിന്നു. കൈകൊട്ടി സിംഹനാദം മുഴക്കി അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാന്‍ എയ്ത വിചിത്രശരങ്ങള്‍ ആ ദൈത്യന്മാരുടെ മെയ്യില്‍ ഒപ്പം ചെന്നു ശലഭം പോലെ കയറി. സൗഭമദ്ധൃത്തില്‍ അപ്പോള്‍ ദീനസ്വരങ്ങള്‍ മുഴങ്ങി. സൗാഭത്തിലിരിക്കുന്ന ദൈത്യേന്ദ്രന്മാര്‍ ചത്തു കടലില്‍ വീഴുവാന്‍ തുടങ്ങി. കൈയും കഴുത്തുമറ്റ്‌ ഉഗ്രമായ കബന്ധങ്ങളായി അവര്‍ കടലില്‍ തുരുതുരെ വീഴുവാന്‍ തുടങ്ങി. ഘോരമായ ആരവത്തോടെ ആര്‍ത്തു വീഴുന്ന അവരെ സമുദ്രത്തിലെ തിമിംഗലങ്ങള്‍ മുതലായ ജലജീവികള്‍ തിന്നു തുടങ്ങി.

പശുവിന്‍ പാല്‍ , മുല്ലപ്പുവ്‌, ചന്ദ്രന്‍, വെള്ളി ഇവയുടെ നിറത്തേയും പ്രഭയേയും വെല്ലുന്ന പാഞ്ചജന്യം എടുത്തു ഞാന്‍ ഉച്ചത്തില്‍ ഊതി. ആ വീരയോദ്ധാക്കള്‍ വീണതു കണ്ടു സൗഭേശനായ ശാല്വന്‍ മായായുദ്ധം എന്നോട്‌ ആരംഭിച്ചു. ഉടനെ ഗദ, ഹലം, കത്തി, ശൂലം, ശക്തി, പരശ്വധം, വാള്‍ , കുന്തം, വജ്രം, പാശം, ശരം, മുസൃണ്ഠി, പട്ടസം ഇവയൊക്കെ എന്റെ ദേഹത്തില്‍ അനവരതം വീണുകൊണ്ടിരുന്നു. മായ കൊണ്ടു മായയെതടുത്തു ഞാന്‍ പൊരുതി. മായ പോയപ്പോള്‍ ഗിരിശൃംഗമെടുത്ത്‌ അവന്‍ പൊരുതി. ഉടനെ ആകെ അന്ധകാരമായി. ഉടനെ തന്നെ വെളിച്ചമായി. ദുര്‍ദ്ദിനമുണ്ടായി. ഉടനെ സുദിനമുണ്ടായി, ശീതമുണ്ടായി. ഉടനെ ഉഷ്ണമുണ്ടായി. ഹേ, മഹാശക്തനായ രാജാവേ! ഇങ്ങനെ വിചിത്രമായി പലതും യുദ്ധത്തില്‍ കാണിക്കപ്പെട്ടു. ധൂളി, തീക്കനല്‍ , വര്‍ഷങ്ങള്‍ , അസ്ത്രവര്‍ഷങ്ങള്‍ ഇങ്ങനെ പല മായയും എടുത്ത്‌ ഉഗ്രമായി അവന്‍ എന്നോടു പൊരുതി. അതൊക്കെ അറിഞ്ഞ്‌ മായയെ മായ കൊണ്ടു തന്നെ നശിപ്പിച്ച്‌ ഞാന്‍ സമയാനുസൃതം അസ്ത്രം കൊണ്ടു പോരാടി. ഉടനെ ആകാശം നുറു സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പോലെ ജ്വലിച്ചു. ഉടനെ അതൊക്കെ പോയി നൂറു ചന്ദ്രനും അസംഖ്യം താരങ്ങളും ചേര്‍ന്ന മട്ടിലും ആകാശം ശോഭിച്ചു. അപ്പോള്‍ തെക്കും വടക്കും, രാവും പകലും തിരിയാത്ത മട്ടായി. പരിഭ്രാന്തനായ ഞാന്‍ ഉടനെ പ്രജ്ഞാസ്ത്രം പ്രയോഗിച്ചു. അപ്പോള്‍ ആ അസ്ത്രം കാറ്റത്തു പഞ്ഞി പോലെ പാഞ്ഞു പോയി. ഇപ്രകാരം ആ പോരാട്ടം അതിഘോരമായി, രോമഹര്‍ഷമുണ്ടാക്കുമാറു നടന്നു. വെളിച്ചം വീണ്ടു കിട്ടിയപ്പോള്‍ ഞാന്‍ ശത്രുവിനോടു വീണ്ടും നേരിട്ടു.

21. സൗഭവധോപാഖ്യാനം - വാസുദേവന്‍ പറഞ്ഞു: ഇപ്രകാരം മഹാശത്രുവും മഹാവീരനുമായ ശാല്വന്‍ എന്നോടു യുദ്ധം ചെയ്തു. വീണ്ടും ആകാശത്തിലുയര്‍ന്നു യുദ്ധം തുടങ്ങി. ഉടനെ ശതഘ്നി, ഗദ, വാള്‍ , ശൂലം, മുസലം എന്നിവ ജയാശയോടെ എന്നില്‍ ശാല്വന്‍ വര്‍ഷിച്ചു. ഞാന്‍ അമ്പെയ്തു അവയെത്തുന്നതിന് മുമ്പു തന്നെ, ആകാശത്തില്‍ വെച്ചു തന്നെ, മൂന്നു നാലു കഷണങ്ങളാക്കി വിട്ടു. അവന്‍ വിട്ട ശരങ്ങളാല്‍ ദാരുകനും തേരും കുതിരകളും മൂടി. ഉടനെ വിഹ്വലനായി എന്നോടു ദാരുകന്‍ പറഞ്ഞു.

ദാരുകന്‍ പറഞ്ഞു: നില്ക്കണം! നില്ക്കണം! ഞാന്‍ ശാല്വബാണങ്ങളേറ്റു തളര്‍ന്നിരിക്കുന്നു. എനിക്കു നിൽക്കുവാന്‍ വയ്യ.

വാസുദേവന്‍ പറഞ്ഞു: ഇപ്രകാരം സങ്കടപ്പെട്ടു സൂതന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവനെ നോക്കി. ദാരുകന്‍ ഘോരപീഡയില്‍ പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. അവന്റെ ദേഹവും നെഞ്ചും തലയും കൈയും മെയ്യുമൊക്കെ അമ്പു കയറ്റി തുളഞ്ഞ വ്രണം ഞാന്‍ കണ്ടു. ഒരു ലേശവും അമ്പു കൊള്ളാത്ത പഴുതു കണ്ടില്ല. രക്തം ദേഹത്തില്‍ നിന്ന്‌ ഒഴുകി. നല്ല ഒരു മഴയ്ക്കു ശേഷം ചെങ്കല്‍ക്കുന്നില്‍ നിന്നെന്നപോലെ ശാല്വ ശരമേറ്റ ദാരുകന്റെ ദേഹത്തില്‍ നിന്നും ധാരധാരയായി രക്തമൊഴുകിക്കൊണ്ടിരുന്നു. കടിഞ്ഞാണ്‍ പിടിച്ച്‌ ഈ ദയനീയസ്ഥിതിയില്‍ നിൽക്കുന്ന ദാരുകനെ ഞാന്‍ സമാശ്വസിപ്പിച്ചു. ഈ സമയത്തു ദ്വാരകാവാസിയായ ഒരാള്‍ വേഗത്തില്‍ തേരിനടുത്തു വന്ന്‌ സ്നേഹപൂര്‍വ്വം പറഞ്ഞു: ആഹുകന്‍ പറഞ്ഞു വിട്ട പരിചാരകന്‍ വിഷണ്ണനായി തൊണ്ടയിടറി എന്നോട്‌ പറഞ്ഞത്‌ ഹേ, യുധിഷ്ഠിരാ! ഭവാന്‍ കേട്ടാലും!

സൂതന്‍ പറഞ്ഞു: ദ്വാരകാധീശ്വരനായ വീരാ! ഭവാനോട്‌ ആഹുകന്‍ പറഞ്ഞു: ഹേ കേശവ! ഭവാന്റെ അച്ഛന്റെ മിത്രം പറയുന്നതു കേള്‍ക്കുക! ദുദ്ധര്‍ഷനായ വൃഷ്ണികുമാരാ, ശാല്വന്‍ ദ്വാരകയില്‍ വന്ന്‌, ഇന്നു ഭവാനില്ലാത്ത തക്കം നോക്കി വസുദേവനെ വധിച്ചു. അതു കൊണ്ട്‌ യുദ്ധം നിറുത്തി ദ്വാരകയിലേക്കു പോരിക! ദ്വാരകാപുരി രക്ഷിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം.

വാസുദേവന്‍ പറഞ്ഞു: ഇപ്രകാരം ആ ദൂതന്‍ വന്നു പറഞ്ഞപ്പോള്‍ ഞാന്‍ സങ്കടത്തിലായി. വേണ്ടതെന്താണ്‌, വേണ്ടാത്തതെന്താണ്‌ എന്ന് ഉറയ്ക്കാത്ത മട്ടിലായി എന്റെ ചിത്തം. ബലദേവനേയും, സാതൃകിയേയും, പ്രദ്യുമ്നനേയും ഞാന്‍ ഈ വര്‍ത്തമാനം കേട്ടപ്പോള്‍ മനസ്സ് കൊണ്ടു നിന്ദിച്ചു. ആ ദുഃഖവര്‍ത്തമാനം എന്നെ നടുക്കിക്കളഞ്ഞു. ഞാന്‍ ദ്വാരകയ്ക്കും അച്ഛനും രക്ഷയ്ക്ക്‌ അവരെ നിറുത്തിയാണല്ലോ പോന്നത്‌. ശത്രുഹരനായ ബലരാമന്‍ ജീവിച്ചിരിക്കുന്നില്ലേ? പ്രദ്യുമ്നനും സാതൃകിയും ജീവിച്ചിരിക്കുന്നില്ലേ? സാംബാദികളും ജീവിച്ചിരിക്കുന്നില്ല? എന്നെല്ലാം ചിന്തിച്ചു ഞാന്‍ വിവശനായി. ഇവര്‍ ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരിക്കലും വസുദേവനെ വധിക്കുവാന്‍ ഇന്ദ്രന് പോലും സാദ്ധ്യമല്ല! വസുദേവന്‍ കൊല്ലപ്പെട്ടുവെങ്കില്‍ നിശ്ചയമായും ബലദേവാദികളും നശിച്ചിരിക്കണം. അതു തീര്‍ച്ചയാണ്‌. അവര്‍ക്കും അപ്രകാരം നാശം വന്നിരിക്കും എന്നും ഞാന്‍ ഓര്‍ത്തു. വിഹ്വലനായി ഞാന്‍ ശാല്വനുമായി പൊരുതി. അപ്പോള്‍ ഞാന്‍ കണ്ട കാഴ്ചയെന്താണ്‌! അത്ഭുതം! സൗഭത്തില്‍ നിന്നു വസുദേവന്‍ താഴെ വീഴുന്നു! ഞാന്‍ ഇതു കണ്ടതോടു കൂടി രാജാവേ! മോഹാലസ്യപ്പെട്ടു പോയി. താഴെ വീഴുന്ന എന്റെ അച്ഛന്റെ രൂപം കണ്ടപ്പോള്‍, സ്വര്‍ഗ്ഗം വിട്ടു കീഴോട്ടു വീഴുന്ന യയാതിയുടെ സ്മരണ എന്നിലുണ്ടായി! അതുപോലെ ആയിരുന്നു ആ വീഴ്ച. തലപ്പാവു തെറിച്ച്‌ മുടിയും വസ്ത്രവും ചിന്നി, അദ്ദേഹം പുണ്യം ക്ഷയിച്ച ഗ്രഹം പോലെ വീണു! അതു കണ്ടതോടു കൂടി എന്റെ കൈയില്‍ നിന്ന്‌ ശാര്‍ങ്ഗധനുസ്സ്‌ താഴെ വീണു. ഞാന്‍ മോഹാലസ്യപ്പെട്ടു തേര്‍ത്തട്ടില്‍ ചാഞ്ഞു പോയി! ഉടനെ സൈന്യങ്ങളുടെ മദ്ധ്യത്തില്‍ നിന്ന്‌ ഹാ! ഹാ! എന്ന ശബ്ദമുയരുകയും ചൈതന്യ രഹിതമാവുകയും ചെയ്തു. കൈകാലുകള്‍ വിടര്‍ത്തി വീഴുന്ന പക്ഷിരാജനെ പോലെ ആയിരുന്നു അച്ഛന്റെ അപ്പോഴത്തെ രൂപം.. അച്ചന്‍ വീഴുമ്പോള്‍ മഴു, കുന്തം എന്നിവ കൊണ്ട്‌ ശത്രുക്കള്‍ കഠിനമായി മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഈ കാഴ്ച എന്നെ നിശ്ചേഷ്ടനാക്കി; ഹൃദയം തകര്‍ത്തു. പക്ഷേ, മോഹാലസ്യത്തില്‍ നിന്നു ഉണര്‍ന്നപ്പോള്‍ യുദ്ധമദ്ധ്യത്തില്‍ സൗഭത്തോടു കൂടി യ ശാല്വനേയും കണ്ടില്ല, വൃദ്ധപിതാവിനേയും കണ്ടില്ല! ഉടനെ എന്റെ ഉള്ളില്‍ ഇതു മായാവിദ്യയാണെന്ന ബോധമുണ്ടായി! ഞാന്‍ ഉണര്‍ന്നു! പിന്നെ ഞാന്‍ നൂറുകണക്കിന് അസ്ത്രങ്ങള്‍ ശക്തിയായി എയ്തു!.

22. സൗഭവധോപാഖ്യാനം - വാസുദേവന്‍ പറഞ്ഞു: ഹേ, ഭാരതശ്രേഷ്ഠാ! പിന്നെ ഞാന്‍ അമ്പെയ്തു സൗഭത്തില്‍ നിന്നു വമ്പന്മാരായ ദൈത്യന്മാരുടെ തല നല്ലപോലെ അരിഞ്ഞു വീഴ്ത്തി. ശാര്‍ങ്ഗത്തില്‍ നിന്നു സര്‍പ്പസദൃശമായ, അതിവേഗവും തേജസ്സുമുള്ള, അസ്ത്രശതങ്ങളെ വിട്ടു. പെട്ടെന്ന്‌ ശാല്വനെ കണ്ടില്ല. അവന്‍ മായയാല്‍ മറഞ്ഞത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു! ഉടനെ വികൃതമായ മുഖത്തോടും വികൃതമായ കേശത്തോടും കൂടിയ ദാനവന്മാര്‍ ഉച്ചത്തില്‍ ആർപ്പു വിളിച്ചു. ഒച്ച കേട്ട ദിക്കിലേക്കു നോക്കി ഞാന്‍ ശരം അയച്ചു. അപ്പോള്‍ ആ ശബ്ദം നിലച്ചു. ശബ്ദിച്ച ദാനവന്മാരെയൊക്കെ ഞാന്‍ കൊന്നു വീഴ്ത്തി.

ശബ്ദവേധികളായ ശരങ്ങള്‍, ആദിത്യ ശോഭയുള്ള അസ്ത്രങ്ങള്‍, വിട്ട്‌ അവരെ സംഹരിച്ചു!

ആ ശബ്ദം നിലച്ചപ്പോള്‍ വേറെ ദിക്കിലും ശബ്ദമുണ്ടായി. ആ ശബ്ദം കേട്ട ദിക്കിലേക്കും ഞാന്‍ ശരം വിട്ടു. പത്തുദിക്കിലും ഇപ്രകാരം കീഴും മേലും എവിടെയൊക്കെ നാദം അസുരന്മാര്‍ മുഴക്കിയോ, അവിടെയൊക്കെ എന്റെ മന്ത്രശക്തിയുള്ള അസ്ത്രം ചെന്ന്‌ ആ ദാനവന്മാരെ വീഴ്ത്തി. എന്റെ കണ്ണഞ്ചിച്ചു കൊണ്ട്‌ കാമഗവും ദിവ്യലോഹ നിര്‍മ്മിതവുമായ സൗഭം പിന്നെ പ്രാക്ജ്യോതിഷത്തില്‍ ചെന്നു വീണ്ടും കാണപ്പെട്ടു. ലോകം മുടിക്കുന്ന വിധം ദാരുണാകൃതികളായ ദാനവര്‍ വലിയ പാറകള്‍ എടുത്ത്‌ എന്നെ മൂടുമാറു വര്‍ഷിച്ചു. ഞാന്‍ പര്‍വ്വത വര്‍ഷമേറ്റു കുഴങ്ങി പോയി. ഞാന്‍ പുറ്റു പോലെ പര്‍വ്വതാവൃതനായി. സൂതനോടും, കുതിരകളോടും കൂടിയ ഞാന്‍ പര്‍വ്വതത്താല്‍ മൂടപ്പെട്ടപ്പോള്‍ മലകള്‍ക്കുള്ളില്‍ എന്നെ കാണാത്ത വിധമായി. എന്റെ ഭടന്മാരായ വൃഷ്ണിവീരന്മാര്‍ ഭയപ്പെട്ടു പത്തു ദിക്കിലേക്കും പാഞ്ഞു, "ഹാ! ഹാ!", എന്നുള്ള ആകുല ശബ്ദം മുഴങ്ങി. ആകാശത്തിലും ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ഒരിടത്തും എന്നെ കാണാതായപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ വിഷാദത്തില്‍ പെട്ടു പോയി. ദുഃഖഭാരത്തോടെ അവര്‍ കരഞ്ഞു മുറവിളി കൂട്ടി. എല്ലാവരും കരഞ്ഞു. വൈരിവൃന്ദങ്ങള്‍ക്കു സന്തോഷവും സുഹൃത്തുക്കള്‍ക്കു ദുഃഖവുമുണ്ടായി. ഈ അവസ്ഥയെപ്പറ്റി ഞാന്‍ അറിഞ്ഞത്‌ ശത്രുക്കളെ നശിപ്പിച്ചു യുദ്ധത്തില്‍ ജയിച്ചതിന് ശേഷമാണ്‌.

പിന്നെ ഞാന്‍ ഇന്ദ്രനു പ്രിയപ്പെട്ടതും പാറയൊക്കെ പിളര്‍ക്കുന്നതുമായ വജ്രം കൈയിലെടുത്തു പര്‍വ്വതങ്ങളെ ഒക്കെ നുറുക്കി. അപ്പോള്‍ പര്‍വ്വത ഭാരത്താല്‍ ദുഃഖിതരായി, ശക്തി നശിച്ച്‌, ഓടുവാന്‍ വയ്യാതെ എന്റെ അശ്വങ്ങള്‍ നിന്നു വിറയ്ക്കുവാന്‍ തുടങ്ങി. മഴക്കാറു നീങ്ങി സൂര്യന്‍ പുറത്തു വന്നതു പോലെ പര്‍വ്വതങ്ങളില്‍ നിന്നു പൊങ്ങിവന്ന എന്നെ കണ്ട്‌ ബന്ധുവര്‍ഗ്ഗങ്ങള്‍ സന്തോഷിച്ചു! മരണമടുത്ത പോലെ വിറയ്ക്കുന്ന അശ്വങ്ങളെ കണ്ട്‌ സൂതന്‍ സന്ദര്‍ഭത്തിന് യോജിച്ചവിധം പറഞ്ഞു.

സൂതന്‍ പറഞ്ഞു: ഹേ വാര്‍ഷ്ണേയാ! സൗഭേശനായ ശാല്വന്‍ അതാ തകരാറൊന്നും പറ്റാതെ സുഖമായി നിൽക്കുന്നു! നമ്മളോ, അവശരുമായിരിക്കുന്നു! ഇതു വലിയ അവമാനം തന്നെ! മതി; ഇനി നല്ല ശ്രമം തുടങ്ങുക! മൃദുത്വവും സത്യവും ശാല്വനില്‍ കരുതരുത്‌. ശാല്വനെ വേഗം കൊല്ലുക! അവനെ ഇനി ഒരു നിമിഷം ജീവനോടെ വയ്ക്കരുത്‌. സര്‍വ്വ വീര്യവും എടുത്തു ശത്രുവിനെ വധിക്കണം. സ്വന്തം കാലിനു ചുവട്ടിലുള്ള അശക്തനായ ശത്രുവിനെ പോലും വധിക്കണം. പിന്നെ നമ്മോടു നേരിടാന്‍ ധൈര്യപ്പെട്ട അവനെ കൊല്ലുവാന്‍ എന്തിന് മടിക്കുന്നു? ഇനി കാലം നീട്ടരുത്‌ പുരുഷശ്രേഷ്ഠാ! ഇവന്‍ അങ്ങയുടെ തോഴനല്ല. പിന്നെ ഇവനില്‍ എന്തിനു മൃദുത്വം കാട്ടുന്നു? ഭവാനുമായി പൊരുതുന്ന ഇവന്‍ ദ്വാരകാപുരിയെ കലക്കിയവനല്ലേ?

വാസുദേവന്‍ പറഞ്ഞു: ഹേ കൗന്തേയാ! ഇപ്രകാരം സാരഥി പറഞ്ഞതു കേട്ട്‌ ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നു തന്നെ ധരിച്ച്‌ ഞാന്‍ ശാല്വവധത്തിനും സൗഭം നശിപ്പിക്കുന്നതിനും നിശ്ചയിച്ചു യുദ്ധം തുടങ്ങി. ഞാന്‍ ദാരുകനോടു പറഞ്ഞു. ശരി! ആകട്ടെ! മുഹൂര്‍ത്തം നിൽക്കുക എന്ന്.

പിന്നെ എന്തിലും തുളഞ്ഞു കയറുന്നതും ദിവ്യവും തടവറ്റതും അഭേദ്യവും വീര്യത്തോടെ സര്‍വ്വവും നശിപ്പിക്കുന്നതും മഹാപ്രഭവും, ആഗ്നേയവുമായ അസ്ത്രം വില്ലില്‍ തൊടുത്തു. പിന്നീട്‌ അതുല്യവും ദൈത്യരാക്ഷസ യക്ഷന്മാരേയും നീചരാജാക്കന്മാരേയും ഭസ്മമാക്കി തീര്‍ക്കുന്നതും, തീക്ഷ്ണമായ അഗ്രമുള്ളതും, അമലവും. അന്തക തുല്യവുമായ സുദര്‍ശന ചക്രം അഭിമന്ത്രിച്ചു. സൗഭത്തേയും അതിലുള്ള എന്റെ ശത്രുക്കളേയും മുടിക്കുക എന്നു പറഞ്ഞു കോപത്തോടെ ഞാന്‍ അതിലേക്കായി വിട്ടു സുദര്‍ശനം വാനിലൂടെ പായുമ്പോള്‍ യുഗാവസാനത്തില്‍ ദഹിപ്പിക്കുന്ന രണ്ടാം സുര്യന്റെ ആകൃതിയുണ്ടായി. ഉടനെ അതു പാഞ്ഞു ചെന്ന്‌ ഐശ്വര്യം നശിച്ച സൗഭപുരത്തെ നല്ല ഈര്‍ച്ചവാള്‍ മാമരത്തെ എന്ന പോലെ പിളര്‍ന്നു. സുദര്‍ശനം കൊണ്ടു രണ്ടായി പിളര്‍ന്ന സൗഭപട്ടണം മഹേശ്വര ശരമേറ്റ ത്രിപുരം പോലെ വീണു. സൗഭം പിളര്‍ന്നതിന്റെ ശേഷം ചക്രം എന്റെ കൈയില്‍ തന്നെ വന്നു ചേര്‍ന്നു. ഉടനെ വീണ്ടും സുദര്‍ശനമെടുത്തു ശാല്വന് എന്നു പറഞ്ഞു വിട്ടു. കനത്ത ഒരു ഗദയെടുത്തു വീശിയെറിയാൻ ഒരുമ്പെട്ടു നിൽക്കുന്ന ശാല്വനെ ക്ഷണത്തില്‍ രണ്ടായി പിളര്‍ന്ന്‌ സുദര്‍ശനം കത്തിജ്ജ്വലിപ്പിച്ചു. ആ ധീരയോദ്ധാവിനെ കൊന്ന സമയത്തു ഭയപ്പെട്ട ദാനവസ്ത്രീകള്‍ "ഹാ! ഹാ!", എന്നു പറഞ്ഞു പത്തു ദിക്കിലേക്കും ദുഃഖാര്‍ത്തരായി പാഞ്ഞു. പിന്നെ, ഞാന്‍ സൗഭത്തിന്റെ സമീപത്തു തേരണപ്പിച്ചു നിന്നു. സന്തോഷപൂര്‍വ്വം ശംഖുവിളിച്ചു സുഹൃത്തുക്കള്‍ക്കു മോദം വളര്‍ത്തി. മേരുശൃംഗാഭമായ അവരുടെ നഗരം അതിലെ കൊട്ടാരങ്ങളും വാതിലുകളും തകര്‍ക്കപ്പെട്ടു കത്തുന്നതു കണ്ടു ഭയപ്പെട്ട്‌ ദാനവന്മാര്‍ ഓടി. ഇങ്ങനെ പോരില്‍ ശാല്വനെ കൊന്ന്‌, സൗഭത്തെ നശിപ്പിച്ച്‌ വീണ്ടും ആനര്‍ത്തത്തില്‍ തിരിച്ചെത്തി, ഞാന്‍ സുഹൃത്തുക്കള്‍ക്കു പ്രീതി വര്‍ദ്ധിപ്പിച്ചു.

ഈ യുദ്ധം കാരണമാണ്‌ രാജാവേ! ഞാന്‍ ഹസ്തിനാപുരിയിൽ വന്നെത്താതിരുന്നത്‌. ഞാന്‍ വന്നിരുന്നെങ്കില്‍, ഹേ, ശത്രുഹരാ ദുര്യോധനന്‍ ജീവിക്കില്ലായിരുന്നു. അഥവാ, ഞാന്‍ എത്തിയിരുന്നുവെങ്കില്‍ ചൂതു നടക്കില്ലായിരുന്നു. ഇനി എന്തുചെയ്യും? അണക്കെട്ടു തകര്‍ന്ന ശേഷം വെള്ളം എങ്ങനെ തടഞ്ഞു നിര്‍ത്തും?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം യുധിഷ്ഠിരനോടു പറഞ്ഞ്‌, മധുവൈരിയും ശ്രീമാനുമായ പുരഷോത്തമന്‍, പാണ്ഡവന്മാരെ അഭിവാദ്യം ചെയ്തു പിന്മടങ്ങാനൊരുങ്ങി. ധര്‍മ്മിഷ്ഠനായ ധര്‍മ്മപുത്രനെ ആ മഹാബാഹു അഭിവാദ്യം ചെയ്തു. ധര്‍മ്മപുത്രനും ഭീമനും കൃഷ്ണനെ മൂര്‍ദ്ധാവില്‍ ഘ്രാണിച്ചു. അര്‍ജ്ജുനന്‍ ആലിംഗനം ചെയ്തു. യമന്മാര്‍ കാല്ക്കല്‍ കുമ്പിട്ടു. ധൗമ്യന്‍ മാനിച്ചവനും കൃഷ്ണ കണ്ണുനീരിനാല്‍ പൂജിച്ചവനുമായ കൃഷ്ണന്‍ സുഭദ്രയേയും അഭിമന്യുവിനേയും രഥത്തില്‍ കയറ്റി. ശൈബ്യസുഗ്രീവങ്ങളെ പൂട്ടിയ സൂര്യതേജസ്സുള്ള രഥത്തില്‍ കയറി ധര്‍മ്മരാജാവിനെ സമാശ്വസിപ്പിച്ചതിന് ശേഷം ദ്വാരകയിലേക്കു പോയി.

ദാശാര്‍ഹന്‍ പോയ തിനുശേഷം പാഞ്ചാലനന്ദനനായധൃഷ്ടദ്യുമ്നന്‍ ദ്രപദീപുത്രരെ തന്റെ നഗരത്തിലേക്കു കൊണ്ടു പോയി. നകുലപത്നിയായ സ്വസഹോദരിയേയും കൊണ്ട്‌ചൈദ്യനായ ധൃഷ്ടകേതുവും പാര്‍ത്ഥന്മാരെക്കണ്ടു യാത്രാനുവാദം വാങ്ങി ശുക്തിമതി എന്നു പേരായ സ്വന്തം പുരിയില്‍ ചെന്നുചേര്‍ന്നു. കൈക്േയന്മാരും ഓജസ്വിയായ കഈന്തേയരുടെഅനുവാദത്തോടെ പാണ്ഡവന്മാരോടു യാത്രപറഞ്ഞു മടങ്ങി പോയി. ബ്രാഹ്മണരും വൈശ്യരുമായ നാട്ടുകാര്‍, പാണ്ഡവന്മാര്‍അഭ്യര്‍ത്ഥിച്ചുവെങ്കിലും, പാര്‍ത്ഥന്മാരെ വിട്ടു പോകാന്‍ അവര്‍ശക്തരായില്ല. ആ മഹാത്മാക്കളെ ചുറ്റി കാമ്യവനത്തില്‍ നിന്ന ആ മഹാസംഘം അസാധാരണവും അത്ഭുതകരവുമായിത്തോന്നി, മഹാരാജാവേ! യുധിഷ്ഠിരന്‍ ആ ബ്രാഹ്മണരേയും മറ്റുംവേണ്ടവിധം ബഹുമാനിച്ച്‌, കാലേ തന്നെ ആള്‍ ക്കാരോട്‌ തേരുതയ്യാറാക്കിനിര്‍ത്തുവാന്‍ ആജ്ഞാപിച്ചു.

23. ദ്വൈതവനപ്രവേശം - വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്‍ പോയതിന് ശേഷം യുധിഷ്ഠിരനും, ഭീമാര്‍ജ്ജുനന്മാരും, നകുലസഹദേവന്മാരും, കൃഷ്ണയും, ധൗമ്യനും, നല്ല അശ്വങ്ങളെ പൂട്ടിയ തേരില്‍ കയറി വനത്തിലേക്കു പോന്നു. അനേകനിഷ്ക, സ്വര്‍ണ്ണം, വസ്ത്രങ്ങള്‍ , ഗോക്കള്‍ ഇവയെല്ലാം ദക്ഷിണയായി ശിക്ഷാക്ഷരമന്ത്രജ്ഞരായ വിപ്രന്മാര്‍ക്ക്‌ കൊടുത്തു. ആയുധങ്ങള്‍ ധരിച്ച്‌ ഇരുപതു ഭൃത്യന്മാര്‍ ശസ്ത്രങ്ങള്‍, വില്ല്‌, ഉജ്ജ്വല ബാണജാലം, യന്ത്രങ്ങള്‍ , വാള്‍ ഇവയൊക്കെ കൊണ്ട്‌ അവരെ പിന്തുടര്‍ന്നു. പിന്നെ, രാജ്ഞിയുടെ ( ദ്രൗപദിയുടെ ) ദാസീജനങ്ങള്‍, ധാത്രികള്‍ എന്നിവരെയും വസ്ത്രഭൂഷണങ്ങളും രഥത്തില്‍ കയറ്റി. ഇന്ദ്രസേനന്‍ വേഗത്തില്‍ അവരെ പിന്തുടര്‍ന്നു. അപ്പോള്‍ ആ കുരുശ്രേഷ്ഠന് ചുറ്റും നടന്ന്‌ കുരുജാംഗലത്തിലെ ദ്വിജന്മാര്‍ സസന്തോഷം ആശിസ്സു ചൊല്ലി. ധര്‍മ്മരാജാവ്‌ എല്ലാവരോടും നല്ല വാക്കുകള്‍ പറഞ്ഞ്‌ ആ കുരുജാംഗലത്തിലെ ജനങ്ങളെ നോക്കി നിന്നു. അച്ഛന് തന്റെ മക്കളിലെന്ന പോലെയുള്ള സ്നേഹത്തോടു കൂടി നിൽക്കുന്ന രാജാവിനെ, മക്കള്‍ അച്ഛനോടെന്ന വിധം സ്നേഹ ബഹുമാനങ്ങളോടെ നോക്കി നിന്നു.

ഹാ, നാഥാ! ഹാ, ധര്‍മ്മജാ! എന്നു പറഞ്ഞ്‌ അവര്‍ ലജ്ജ പൂണ്ടു കണ്ണുനീരൊലിപ്പിച്ചു നിന്നു.

ജനങ്ങള്‍ പറഞ്ഞു: ഹേ രാജാവേ! ഞങ്ങളെ പുത്രനിര്‍വ്വിശേഷം സ്നേഹിച്ചു പാലിച്ച ഭവാന്‍ എവിടെ പോകുന്നു? നിന്ദ്യനാണ്‌ ധൃതരാഷ്ട്രപുത്രന്‍! സൗബലനോടു കൂടിയ കര്‍ണ്ണനും പാപിയാണ്‌! മഹാദേവപുരാഭമായ ഇന്ദ്രപ്രസ്ഥപുരം ചമച്ച മഹാനുഭാവനായ ഭവാന്‍ അതുംവിട്ട്‌ ധര്‍മ്മരാജാവേ, എങ്ങോട്ടു പോകുന്നു. ഭവാന്‍ ഇന്ദ്രസഭയ്ക്കു തുല്യമായ സഭ, മയനാല്‍ തീര്‍പ്പിക്കപ്പെട്ടവനാണല്ലേോ. ദേവാഢ്യമായ ആ സഭ ഉപേക്ഷിച്ചു ഭവാന്‍ പോവുകയാണോ?

ധര്‍മ്മാര്‍ത്ഥകാമജ്ഞനായ അര്‍ജ്ജുനന്‍ അവരോട്‌ ഉറക്കെ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ മഹാജനങ്ങളേ! നിങ്ങള്‍ വ്യസനിക്കേണ്ട. വനവാസം കൊണ്ട്‌ ശത്രുക്കളുടെ സല്‍പ്പേരില്ലാതാക്കാനാണ്‌ മഹാരാജാവ്‌ ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ ഓരോരുത്തരും എല്ലാവരും കൂടിയും ദ്വിജേന്ദ്രന്മാരെ മുന്‍നിര്‍ത്തി, ധര്‍മ്മാര്‍ത്ഥവിജ്ഞാനികളായ നിങ്ങള്‍ എല്ലാവരും, താപസന്മാരോട്‌ ഞങ്ങള്‍ക്കു നന്മവരുവാന്‍ അനുഗ്രഹിക്കണമെന്ന്‌ അപേക്ഷിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ ദ്വിജന്മാര്‍ മറ്റുള്ള എല്ലാവരോടും കൂടി നിന്ന്‌ ആ ധാര്‍മ്മികന് അനുഗ്രഹമാശംസിച്ചു; നന്ദിയോടെ വലംവെച്ചു പാണ്ഡവന്മാരോടു യാത്ര പറഞ്ഞു.

പഞ്ചപാണ്ഡവന്മാരോടും യാജ്ഞസേനിയോടും വിടവാങ്ങി, മങ്ങിയ ഹൃദയത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി അവര്‍ ധര്‍മ്മരാജാവിനെ കൈകൂപ്പി. അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം രാജ്യത്തേക്കു പോയി.

24. ദ്വൈതവനപ്രവേശം - വൈശമ്പായനൻ പറഞ്ഞു: അവരൊക്കെ പോയതിന് ശേഷം സതൃശീലനായ യുധിഷ്ഠിരന്‍ തന്റെ സഹോദരന്മാരോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: നമുക്ക്‌ വിജനമായ കാനനത്തില്‍ പന്ത്രണ്ടു വര്‍ഷം വസിക്കണം! മൃഗങ്ങളും പക്ഷികളും അധിവസിക്കുന്ന കാടു നോക്കി കണ്ടുപിടിക്കുവിന്‍! പൂവും കായും സുലഭമായും, മനോഹരവും, ശുഭവും, പുണ്യമായ ജലം ലഭിക്കുന്നതുമായ സ്ഥലം നോക്കി കണ്ടെത്തുക. അവിടെച്ചെന്നു നമ്മളെല്ലാം സുഖമായി പാര്‍ക്കണം.

ഇതുകേട്ടപ്പോള്‍ ധര്‍മ്മജനോട്‌, തന്റെ ആത്മീയ ഗുരുവിനോടെന്ന പോലെ സാദരം അര്‍ജ്ജുനന്‍ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഭവാന്‍ വൃദ്ധരും മഹാന്മാരുമായ മുനിമാരെ സേവിക്കുന്നവനാണല്ലോ. മനുഷ്യ ലോകത്ത്‌ ഭവാനറിയാത്തത്‌ എന്തുണ്ട്‌?; അങ്ങ്‌ നിത്യവും ഭൂസുരന്മാരെ സേവിക്കുന്നവനാണല്ലോ. വ്യാസാദികളേയും താപസേന്ദ്രനായ നാരദനേയും സേവിച്ചവനാണല്ലോ ഭവാന്‍. നാരദനാണെങ്കില്‍, സര്‍വ്വ ലോകമാര്‍ഗ്ഗവും ചുറ്റുന്നവനും വശിയുമാണ്‌. അദ്ദേഹത്തില്‍ നിന്ന്‌ ദേവലോകം മുതല്‍ ബ്രഹ്മലോകം വരെ ഗന്ധര്‍വ്വാപ്സരോഗൃഹങ്ങള്‍ കൂടിയും അറിയുന്നവനാണ്‌ ഭവാന്‍. അങ്ങ്‌ ബ്രാഹ്മണരെ പറ്റിയും അവരുടെ ശക്തിയെപ്പറ്റിയും നിസ്സംശയം അറിയുന്നവനാണ്‌. എല്ലാ ശ്രേയസ്സും അതിന്റെ കാരണവും ഭവാനറിയാം. മഹാരാജാവേ, ഭവാന്‍ എവിടെ തീര്‍ച്ചപ്പെടുത്തുന്നുവോ, അവിടെ പാര്‍ക്കാം. ഇതാ ദ്വൈതവനം കാണുന്നു. പുണ്യമായ സരോജലത്താലും പൂവും കായും സുലഭമായി മനോഹരമായി കാണുന്നു. എല്ലാവിധ മൃഗങ്ങളും അവിടെ വേണ്ടുവോളമുണ്ട്‌. പന്തീരാണ്ടു കാലം അവിടെ സുഖമായി പാര്‍ക്കാമെന്നാണ്‌ എന്റെ അഭിപ്രായം. അങ്ങേയ്ക്കും ബോദ്ധ്യമാണെങ്കില്‍ അതാകാം. അല്ലെങ്കില്‍ വേറെയാകാം.

യുധിഷ്ഠിരന്‍ പറഞ്ഞു: അര്‍ജ്ജുനാ! നീ പറഞ്ഞത്‌ എനിക്കും സമ്മതം തന്നെയാണ്‌. പുണ്യമായ, പ്രസിദ്ധമായ ആ ദ്വൈതവന തടാകത്തിലേക്കു നാം പോവുക!

വൈശമ്പായനൻ പറഞ്ഞു: ഉടനെ ധര്‍മ്മചാരികളായ പാണ്ഡവന്മാര്‍ പുറപ്പെട്ടു. പുണ്യമായ, ദ്വൈതവന സരസ്സിലേക്കു നടന്നു. ബ്രാഹ്മണരും അനുഗമിച്ചു. സാഗ്നിഹോത്രന്മാരും അല്ലാത്തവരുമായ ബ്രാഹ്മണരും, സ്വാദ്ധ്യായമുള്ളവരും, ഭിക്ഷുക്കളും, വനവാസികളുമായ ദ്വിജന്മാരും, ഇങ്ങനെ പലരും ധർമ്മരാജാവിന്റെ ചുറ്റും കൂടി. തപസ്സിദ്ധിയുള്ള അസംഖ്യം മഹാത്മാക്കളും കൂടെ ഉണ്ടായിരുന്നു. അങ്ങനെ അനേകം വിപ്രരോടു കൂടി പോന്ന്‌ ആ പാണ്ഡുപുത്രന്മാര്‍ പുണ്യവും രമ്യവുമായ ദ്വൈതവനത്തില്‍ പ്രവേശിച്ചു.

പയന്‍മരം, കടമ്പ്‌, പന, മാവ്‌, ഇരിപ്പ, കൊന്ന, നീര്‍മരുത്‌, വേങ്ങ ഇവ മഴക്കാലത്തു തഴച്ചു പൂത്തു നിൽക്കുന്നതായ ആ കാട്‌ യുധിഷ്ഠിരന്‍ കണ്ടു. ആ മഹാവൃക്ഷങ്ങളില്‍ കയറിയിരുന്നു മനോജ്ഞമായ ശബ്ദമുതിര്‍ത്ത്‌ മയിലുകളും, നത്തുകളും, ചകോരങ്ങളും, കുയിലുകളും, മറ്റു പക്ഷികളും അവിടെ സസന്തോഷം വസിക്കുന്നു. മദം വര്‍ദ്ധിച്ച മഹാഗജങ്ങള്‍ , മഹാമല പോലെ ഉന്നതന്മാരായ ഗജങ്ങള്‍ പിടികളോടു കൂടി, കൂട്ടമായി സഞ്ചരിക്കുന്ന ആ കാട്‌ യുധിഷ്ഠിരന്‍ കണ്ടു. ഭോഗവതീ ( സരസ്വതീ ) തടത്തില്‍ ചെന്ന്‌, വിശുദ്ധരും ചീരജടാധരന്മാരുമായ അനേകം ധര്‍മ്മശീലന്മാരായ സിദ്ധര്‍ഷിമാര്‍ വാഴുന്ന സ്ഥലം അവര്‍ കണ്ടു. അപ്പോള്‍ തേര്‍ത്തട്ടില്‍ നിന്ന്‌ ഇറങ്ങി രാജാവ്‌ ഭ്രാതാക്കളും കൂട്ടരും ചേര്‍ന്ന്‌ കാട്ടില്‍ , ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തിലെന്ന വിധം പ്രവേശിച്ചു. ആ സത്യവാനായ രാജാവിനെ കാണാന്‍ ആഗ്രഹിച്ച്‌ അനേകം സിദ്ധന്മാരും ചാരണന്മാരും സംഘമായി വന്നു കൂടി. മഹാമനസ്വിയായ ആ നരേന്ദ്രസിംഹന്റെ ചുറ്റും അവര്‍ നിന്നു. ആ സര്‍വ്വസിദ്ധന്മാരേയും രാജാവ്‌ കൈകൂപ്പി. അദ്ദേഹം രാജസുരോപമം സംപുജിതനായി. എല്ലാ ദ്വിജന്മാരോടും കൂടി ധര്‍മ്മനിഷ്ഠനായ ആ രാജാവ്‌ കാട്ടില്‍ പ്രവേശിച്ചു. ആ പുണൃശീലനായ രാജാവ്‌ ആ മഹര്‍ഷിമാരോടു കൂടി അവരുടെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ച്‌ പൂത്തു നില്‍ക്കുന്ന ഒരു മരത്തിന്റെ ചുവട്ടില്‍ അവരുടെ നടുക്കായി. പണ്ട്‌ തന്റെ അച്ഛനായ പാണ്ഡു ഇരുന്നതു പോലെ ഇരുന്നു. ഭീമനും, കൃഷ്ണയും, ധനഞ്ജയനും, മാദ്രേയന്മാരും, രാജാവിന്റെ ഭൃത്യന്മാരും, അശ്വങ്ങളെ വിട്ട്‌, തളര്‍ന്ന്‌, രാജാവിന്റെ അടുത്തു ചെന്ന്‌ ഇരുന്നു. പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പു കൊണ്ട്‌ മനോഹരമായ ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ധന്വികളായ പഞ്ചപാണ്ഡവന്മാര്‍ ഉരിപ്പുറപ്പിക്കുകയാല്‍ മഹാഗജങ്ങള്‍ ചൂഴുന്ന പര്‍വ്വതം എന്ന പോലെ ആ വൃക്ഷം ശോഭിച്ചു.

25. ദ്വൈതവനപ്രവേശം - വൈശമ്പായനൻ പറഞ്ഞു: വളരെ കഷ്ടപ്പാടുകള്‍ക്കു ശേഷം. ആ രാജപുത്രന്മാര്‍ക്കു വളരെ സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു സങ്കേതം കാട്ടില്‍ ലഭിച്ചു. ഇന്ദ്രോപമന്മാരായ അവര്‍ പുണ്യമായ സരസ്വതീ തീരത്തിലെ സാലവൃക്ഷങ്ങള്‍ നിറഞ്ഞ കാട്ടില്‍ സുഖമായി കളിച്ചു വസിച്ചു. യതീന്ദ്രന്മാരേയും, മുനിമുഖ്യന്മാരേയും, വിപ്രമുഖ്യന്മാരേയും രാജാവ്‌, ഫലമൂലങ്ങള്‍ ദാനം ചെയ്തും മഹിതമായ അനുഭാവത്തോടെ സല്‍ക്കരിച്ചും തൃപ്തിപ്പെടുത്തി. പിതൃതുല്യനായ ധൗമ്യന്‍ അവിടെ വച്ച്‌ "ഇഷ്ടി" പിത്ര്യാദികര്‍മ്മങ്ങള്‍ കഴിച്ചു പോന്നു.

ഇങ്ങനെ നാടുവിട്ട്‌ പാണ്ഡവന്മാര്‍ കാട്ടില്‍ വാഴുന്ന കാലത്ത്‌ ഒരുദിവസം പുരാണ മുനിയും അത്യുഗ്ര തേജോനിധിയുമായ മാര്‍ക്കണ്ഡേയ മഹര്‍ഷി, യാത്രാമദ്ധ്യത്തില്‍ പാണ്ഡവാശ്രമത്തില്‍ ചെന്നു കയറി.

ഉടനെ മഹാസത്വ വീര്യവാനും, മഹാശക്തനുമായ യുധിഷ്ഠിരന്‍ കത്തിജ്ജ്വലിക്കുന്ന തേജസ്സോടു കൂടിയവനും, ദേവന്മാര്‍ക്കും ഋഷികള്‍ക്കും ആരാധ്യനുമായ ആ മഹര്‍ഷിവര്യന്‍ വന്നണഞ്ഞപ്പോള്‍, ആ മഹര്‍ഷിയെ യഥോചിതം പൂജിച്ചിരുത്തി.

മഹര്‍ഷിമാരാല്‍ ചുറ്റപ്പെട്ട്‌ ദ്രൗപദിയേയും, ധര്‍മ്മരാജാവിനേയും, ഭിമസേനാര്‍ജ്ജുനന്മാരേയും കണ്ടപ്പോള്‍ , ശ്രീരാമന്‍ കാട്ടില്‍ വാണിരുന്ന സ്മരണ മനസ്സില്‍ ഉദിക്കുകയാല്‍ അവരുടെ മദ്ധ്യത്തില്‍ ഇരുന്ന്‌ മഹര്‍ഷി ചിരിച്ചു. ഇതു കണ്ട്‌ നീതിമാനായ യുധിഷ്ഠിരന്‍ വൈമനസ്യത്തോടെ മഹര്‍ഷിയോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: ഈ താപസന്മാരെല്ലാം എന്നെ ഈ കഷ്ടസ്ഥിതിയില്‍ ഇവിടെ കണ്ടു സഹതപിക്കുന്നു! ഭവാന്‍ ഈ മുനീന്ദ്രന്മാരുടെ മദ്ധൃത്തില്‍ വെച്ച്‌ എന്നെ നോക്കി സന്തോഷിച്ചിട്ടെന്ന പോലെ ചിരിക്കുന്നു! എന്താണ്‌ ഇങ്ങനെ ചിരിച്ചത്‌?

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു: ഉണ്ണീ യുധിഷ്ഠിരാ! ഞാന്‍ ഹര്‍ഷം കൊണ്ടു ചിരിച്ചതല്ല. സന്തോഷത്തില്‍ നിന്നുളവായ അഹങ്കാരം എന്റെ ഹൃദയത്തെ ബാധിക്കയുമില്ല. അങ്ങയ്ക്കു വന്ന ഈ ആപത്തു കണ്ടു ഞാന്‍ ദാശരഥിയെ ഓര്‍ത്തു പോയതാണ്‌! ശ്രീരാമനും, സത്യവാനുമായ രാമനെ ഓര്‍ത്തു പോയതാണ്‌! ആ രാജാവും ലക്ഷ്മണനോടു കൂടെ കോദണ്ഡ ധാരിയായി അച്ഛന്റെ വാക്കു പാലിക്കുവാന്‍ കാട്ടില്‍ ചുറ്റുന്നതായി ഞാന്‍ ഋഷ്യമൂകാദ്രിയുടെ താഴ്വരയില്‍ വെച്ചു മുമ്പു കാണുകയുണ്ടായിട്ടുണ്ട്‌. സഹസ്രനേത്ര തുല്യനും, യമനെപ്പോലും നിയന്ത്രിക്കുന്നവനും, നമുചി നിഗ്രഹനും, അനഘനുമായ രാമന്‍, താതന്റെ ആജ്ഞ കേട്ട അപ്രകാരം സ്വധര്‍മ്മാനുഷ്ഠാനത്തിനു വേണ്ടി കാട്ടില്‍ സഞ്ചരിച്ചില്ലേ? അദ്ദേഹമാണെങ്കില്‍ ശക്രസമപ്രഭാവനാണ്‌, മഹാനുഭാവനാണ്‌, പോരില്‍ അജയ്യനാണ്‌. എന്നിട്ടും അധര്‍മ്മം ചെയ്തില്ല. ശക്തനാണു താന്‍ എന്നു വിചാരിച്ച്‌ ആരും അധര്‍മ്മം ചെയ്തു പോകരുത്‌. നാഭാഗന്‍, ഭഗീരഥന്‍ മുതലായ രാജാക്കന്മാര്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട ഈ രാജ്യം മുഴുവന്‍ ഭരിച്ചവരാണ്‌. സത്യം കൊണ്ട്‌ അവര്‍ ലോകം ഒക്കെ ജയിച്ചു. അതിനു ശേഷം എല്ലാ പുണ്യലോകങ്ങളും നേടി. അതു കൊണ്ടു ശക്തനാണു താനെന്നു വിചാരിച്ച്‌ അധര്‍മ്മം ചെയ്യരുത്‌! നരശ്രേഷ്ഠനും, ധര്‍മ്മചാരിയും, സത്യവ്രതനുമായിരുന്നു കാശി, കുരൂഷം എന്നീ രാജ്യങ്ങളുടെ രാജാവ്‌. ആ രാജാവ്‌ ധര്‍മ്മത്തിനായി നാടും, സര്‍വ്വദ്രവ്യവും കൈവെടിഞ്ഞു. അതു കൊണ്ട്‌ അദ്ദേഹം "ഭ്രാന്തന്‍നായ" എന്നു വിളിക്കപ്പെട്ടു. *** ശക്തനാണു താന്‍ എന്നു വിചാരിച്ച്‌ ആരും അധര്‍മ്മം ചെയ്തു പോകരുത്‌. ധാതാവു വേദത്തില്‍ വിധിച്ചതു പോലെ തന്നെ ഹേ, രാജപ്രവര! സപതര്‍ഷികള്‍ ആകാശത്തില്‍ എന്നും ഉജ്ജ്വലിച്ചു വാഴുന്നു. ഭവാന്‍ കാണുന്നില്ലേ? അതു കൊണ്ട്‌ ഞാന്‍ ശക്തനാണെന്നു വിചാരിച്ച്‌ അധര്‍മ്മം ചെയ്യരുത്‌. കൊടുമുടികള്‍ പോലെ ശക്തരായ ദിഗ്ഗജങ്ങള്‍ വലിയ കൊമ്പുകളോടു കൂടി സൃഷ്ടികര്‍ത്താവിന്റെ കല്പനയ്ക്കു വിധേയരായി നിൽക്കുന്നു. വിഭോ, നോക്കുക! താന്‍ ശക്തന്നാണെന്നു വിചാരിച്ച്‌ അധര്‍മ്മം ചെയ്യരുത്‌! ഹേ നരശ്രേഷ്ഠാ! എല്ലാ ജീവജാലങ്ങളും വിധാതാവു വിധിച്ചതിനു വിധേയരായി തന്നെ നിൽക്കുന്നു! അതു കൊണ്ട്‌ ആരും ഞാന്‍ ശക്തനാണ്‌ എന്നു വിചാരിച്ച്‌ അധര്‍മ്മം ചെയ്യരുത്‌. സത്യത്തിലും, ധര്‍മ്മത്തിലും, വിനയത്തിലും, സല്‍സ്വഭാവത്തിലും ഭവാന്‍ എല്ലാവരേക്കാളും ശ്രേഷ്ഠനാണ്‌. മഹത്തായ കീര്‍ത്തിയും തേജസ്സും അങ്ങയ്ക്ക്‌ അഗ്നിയെ പോലെയും, അര്‍ക്കനെ പോലെയും ഉണ്ട്‌ രാജാവേ! സതൃസന്ധതയുടെ ക്ലേശകരമായ ഈ വനവാസകാലം കഴിഞ്ഞ ശേഷം അങ്ങ്‌ അങ്ങയുടെ ശക്തി കൊണ്ടു തന്നെ കൗരവന്മാരില്‍ നിന്ന്‌ അങ്ങ്യുടെ മഹത്തായ ശ്രീ വീണ്ടെടുക്കും.

*** നേശേ ബലസ്യേതി ചരേദധര്‍മ്മം - താന്‍ ശക്തനാണ്‌ എന്നു വിചാരിച്ച്‌ അധര്‍മ്മം ചെയ്യരുത്‌. മറ്റൊരു വീക്ഷണം - താൻ ശക്തനല്ല എന്നു വന്നാല്‍ അധര്‍മ്മം ചെയ്യാം എന്ന് അർത്ഥമില്ല.

വൈശമ്പായനൻ പറഞ്ഞു: തപസ്വികളുടെ മദ്ധ്യത്തില്‍ വെച്ചു തന്റെ സുഹൃത്തുക്കളോടു കൂടി ഇരിക്കുന്ന രാജാവിനോടു മാര്‍ക്കണ്ഡേയ മഹര്‍ഷി ഇപ്രകാരം പറഞ്ഞു. ധൗാമ്യനോടു കൂടിയിരിക്കുന്ന പാണ്ഡവന്മാരോടു യാത്ര പറഞ്ഞ്‌, ആ മഹര്‍ഷി വടക്കേ ദിക്കുനോക്കി ഗമിച്ചു.

26. ദ്വൈതവനപ്രവേശം - വൈശമ്പായനൻ പറഞ്ഞു:ഇപ്രകാരം ദ്വൈതവനത്തില്‍ മഹാശയന്മാരായ പാണ്ഡവന്മാര്‍ വസിക്കുമ്പോള്‍ ആ മഹാരണ്യം ബ്രാഹ്മണേന്ദ്രന്മാര്‍ തിങ്ങിയ വിധത്തിലായിത്തീര്‍ന്നു. എല്ലാ സമയത്തും എല്ലാ ഭാഗത്തും വിപ്രന്മാരുടെ വേദഘോഷം മുഴങ്ങി കേള്‍ക്കുകയാല്‍ പുണ്യമായ ദ്വൈതവനസരസ്സ്‌ രണ്ടാം ബ്രഹ്മലോകം പോലെ ശോഭിച്ചു. ഋക്‌, യജുസ്സ്‌, സാമം എന്നീ വേദങ്ങള്‍ ബ്രാഹ്മണര്‍ ഉച്ഛരിക്കുന്ന ഘോഷം ഹൃദയംഗമമായി. പാര്‍ത്ഥന്മാരുടെ ഞാണൊലിയും ബ്രാഹ്മണരുടെ വേദോച്ചാരണവും ഇടകലര്‍ന്ന കര്‍ണ്ണമധുരമായ ശബ്ദം ബ്രഹ്മവും ക്ഷത്രവും, ഒന്നായിച്ചേര്‍ന്ന അവസ്ഥ സൃഷ്ടിച്ചു. ഒരിക്കല്‍ യുധിഷ്ഠിരന്‍ ഭൂസുരന്മാരോടു കൂടി സന്ധ്യോപാസന ചെയ്യുമ്പോള്‍ ദാല്‍ഭ്യ വംശത്തില്‍ പെട്ട ബകനെന്ന ഋഷി പറഞ്ഞു.

ബകമഹര്‍ഷി പറഞ്ഞു: ഹേ പാര്‍ത്ഥ! ദ്വൈതവനം നോക്കൂ! തപസ്വികളായ ബ്രാഹ്മണര്‍ക്കു ഹോമത്തിനുള്ള കാലം വന്നു ചേര്‍ന്നു. വിശുദ്ധാഗ്നിയോടു കൂടിയ ഹോമവേല കണ്ടാലും! ധൃതവ്രതരായ മുനിമാര്‍ ധര്‍മ്മം ചരിക്കുന്നു! അവിടെ കാക്കുന്ന ഭാര്‍ഗ്ഗവാംഗിരസ വാസിഷ്ഠ കാശ്യപന്മാരും മഹാന്മാരായ ആഗസ്ത്യാത്രേയന്മാരും യതവ്രതന്മാരായി ഭവാനോടു കൂടെ ഇരിക്കുന്നു. ഞാന്‍ പറയുന്ന ഈ വാക്കു ഭവാന്‍ കേട്ടാലും കുന്തീപുത്ര! ഭ്രാതാക്കളോടൊത്ത ഭവാനോട്‌ ഞാന്‍ പറയുന്നു. കുരുശ്രേഷ്ഠനായ കുന്തീപുത്ര, ബ്രഹ്മം ക്ഷത്രത്തോടും ക്ഷത്രം ബ്രഹ്മത്തോടും ചേര്‍ന്നാല്‍ തീയും കാറ്റും ചേര്‍ന്ന വനം എപ്രകാരമോ അപ്രകാരം ശത്രുക്കളെ നശിപ്പിച്ചു കളയും! വിപ്രന്മാര്‍ സഹായിക്കാതെ ഇഹത്തിലും പരത്തിലും ആരും നീണ്ടു നിൽക്കുന്ന ശ്രേയസ്സു നേടുകയില്ല. ധര്‍മ്മാര്‍ത്ഥവിജ്ഞരും കാമലോഭതിന്മകള്‍ തീണ്ടാത്തവരുമായ വിപ്രന്മാരുമായി ചേര്‍ന്നാല്‍ രാജാവ്‌ ശത്രുസമൂഹത്തെ കൊന്നു മുടിച്ചു കളയും.

ഈ ധര്‍മ്മം അനുസരിച്ചുള്ള പ്രജാസംരക്ഷണം മൂലം മോക്ഷം സിദ്ധിക്കുമെന്നു മഹാരാജാവായിരുന്ന ബലിക്കറിയാമായിരുന്നു. ബ്രാഹ്മണനെ കൂടാതെ മറ്റു വഴിയൊന്നുമില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. വിരോചനപുത്രനും ദൈത്യേന്ദ്രനുമായ മഹാബലിക്ക്‌ അഭീഷ്ടമായ ശ്രീ, അന്യൂനമായ ഐശ്വര്യം അതിരില്ലാതെ ഉണ്ടായിരുന്നു. ബ്രാഹ്മണ സഹായത്താല്‍ ഈ ഭൂമി മുഴുവനും മഹാബലിക്കു ലഭിച്ചു; അവരോടു തെറ്റു ചെയ്തതു മൂലം എല്ലാം നഷ്ടപ്പെട്ടു പോവുകയും ചെയ്തു. വിപ്രന്മാര്‍ തുണച്ചില്ലെങ്കില്‍ സമ്പല്‍ സമൃദ്ധമായ ഈ ഭൂമി ഏതു രാജാവിനും വളരെക്കാലം നിലനിൽക്കുന്നതല്ല. നയത്തോടെ വിപ്രന്‍ ഗുരുവായവന് ആഴിചൂഴുന്ന ഊഴി നഷ്ടപ്പെട്ടു പോകുന്നതല്ല. യുദ്ധത്തില്‍ പാപ്പാനില്ലാത്ത ആനയ്ക്ക്‌ എന്ന വിധം ബ്രാഹ്മണനില്ലാത്ത രാജാവിന് ബലക്ഷയം പറ്റും. മുഖ്യമായ വിപ്രദൃഷ്ടിയാണു മുഖ്യമായ ക്ഷാത്രബലം. ഇവ രണ്ടും യഥോചിതം ചേര്‍ന്നാല്‍ ലോകമൊക്കെ ആ സഖ്യത്തിന് എളുപ്പത്തില്‍ കീഴടങ്ങുന്നു. കാറ്റോടു ചേര്‍ന്ന അഗ്നി മരവും വൈക്കോലും ദഹിപ്പിക്കുന്ന പോലെ വിപ്രനോടു ചേര്‍ന്ന രാജാവ്‌ ശത്രുപക്ഷത്തെ തീര്‍ച്ചയായും ചുട്ടുകളയും. ബുദ്ധിമാനായ രാജാവ്‌ വിപ്രനെ തന്നെ കൂട്ടു പിടിക്കണം. കിട്ടാത്തതു കിട്ടുവാനും കിട്ടിയതു സംരക്ഷിക്കുവാനും വര്‍ദ്ധിക്കുവാനും അത്‌ ആവശ്യമാണ്‌. അതുപോലെ നല്ല കാര്യങ്ങള്‍ക്കു വേണ്ടിയും അര്‍ഹിക്കുന്നവര്‍ക്കു വേണ്ടിയും നേടിയ ധനം വിനിയോഗിക്കുവാനും, യശസ്വിയും വിദഗ്ദ്ധനും ബുദ്ധിമാനും വേദജ്ഞനുമായ ഒരു ബ്രാഹ്മണന്‍ എപ്പോഴും ഉപദേശകനായി കൂടെ വേണം. അങ്ങയ്ക്ക്‌ യുധിഷ്ഠിരാ! ബ്രാഹ്മണരില്‍ താല്പര്യമുണ്ട്‌. അതു കൊണ്ട്‌ ലോകത്തിലൊക്കെ ഭവാന്റെ യശസ്സു പുകഴുന്നുമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു: അപ്പോള്‍ എല്ലാ ബ്രാഹ്മണരും ദാല്‍ഭൃ വംശജനായ ബക മഹര്‍ഷിയെ പുജിച്ചു. യുധിഷ്ഠിരനെ അദ്ദേഹം വാഴ്ത്തുന്നതു കേട്ട്‌ എല്ലാവരും സംപ്രീതരായി. ദ്വൈപായനന്‍, നാരദന്‍, ഇന്ദ്രദ്യുമ്നന്‍, ഭാലുകി, കൃതചൈതസ്സ്, സഹസ്രപാത്‌, കര്‍ണ്ണശ്രവസ്സ്‌, മുഞ്ജന്‍, കാശ്യപന്‍, ലവണാശ്വന്‍, അഗ്നിവേശ്യന്‍, കൃതവാക്ക്‌, സുവാക്ക്‌, ബൃഹദശ്വന്‍. വിഭാവസു, ഊര്‍ദ്ധ്വരേതസ്സ്‌, വൃഷാമിത്രന്‍, സുഹോത്രൻ, ഹോത്രവാഹനന്‍ ഇവരും മറ്റു പല സംശിതവ്രതരായ വിപ്രന്മാരും., പുരന്ദരനെ സ്വര്‍ഗ്ഗത്തില്‍ ഋഷീന്ദ്രന്മാര്‍ എന്ന പോലെ, ധര്‍മ്മപുത്രനെ അര്‍പ്പിച്ചു.

27. ദ്രൗപദീ പരിതാപവാക്യം - വൈശമ്പായനൻ പറഞ്ഞു: കാട്ടില്‍ വസിക്കുന്നവരായ പാണ്ഡവന്മാര്‍ രാത്രിയായപ്പോള്‍ കൃഷ്ണയോടു കൂടി ശോകാര്‍ത്തരായി ഇരുന്ന്‌ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ നല്ലപോലെ പഠിപ്പുള്ളവളും, സൗന്ദര്യവതിയും, പതിവ്രതയുമായ പാഞ്ചാലി ഇപ്രകാരം യുധിഷ്ഠിരനോടു പറഞ്ഞു.

ദ്രൗപദി പറഞ്ഞു: ആ പാപിയും, ദുഷ്ടനും, ക്രൂരനുമായ ധാര്‍ത്തരാഷ്ട്രനു ലേശമെങ്കിലും സങ്കടം നമ്മള്‍ ദുഃഖിക്കുന്നതിലില്ല. അതു തീര്‍ച്ചയാണ്‌. ഭവാനോടൊപ്പം എന്നേയും മാന്‍തോലുടുപ്പിച്ച്‌ ഇങ്ങനെ കാടു കയറ്റിയതില്‍ , ദുര്‍ബുദ്ധിയായ അവന്‍ നിശ്ചയമായും സന്തപിക്കുന്നില്ല! ദുഷ്കര്‍മ്മം ചെയ്യുന്ന അവന്റെ ഹൃദയം ഇരുമ്പു കൊണ്ടുണ്ടാക്കിയതാണ്‌; സംശയമില്ല. ധര്‍മ്മിഷ്ഠനും, ജ്യേഷ്ഠ ഭ്രാതാവുമായ ഭവാനെ അതികഠിനമായി അധിക്ഷേപിച്ചു പറഞ്ഞില്ലേ? സുഖയോഗ്യനും, ഒരിക്കലും ദുഃഖിക്കേണ്ടവനുമല്ലാത്ത അങ്ങയെ കൂട്ടത്തോടെ ആ ഖലന്‍ ഇപ്രകാരം ദുഃഖത്തിലാക്കി വിട്ട്‌, ആ ദുര്‍മ്മതി, സന്തോഷിക്കുന്നു! നാലു പാപികള്‍ക്കു മാത്രമേ നാം കാട്ടിലേക്കു പോരുന്നതു കണ്ട്‌ കണ്ണുനീര്‍ വരാതിരുന്നുള്ളു. മാന്‍തോലും ധരിച്ച്‌ അങ്ങു കാട്ടിലേക്കിറങ്ങുന്നതു കണ്ടപ്പോള്‍ ആ നാലു മഹാപാപികള്‍ മാത്രമേ കരയാതിരുന്നുള്ളു! ദുര്യോധനനും, കര്‍ണ്ണനും ദൂര്‍ബുദ്ധിയായ ശകുനിയും, ദുഷ്ടനും അത്യുഗ്രനും ദുര്യോധന സഹോദരനുമായ ദുശ്ശാസനനും! ഇങ്ങനെ നാലു മഹാപാപികള്‍ മാത്രം! ഇവര്‍ കൂടാതെ മറ്റു സകല കൗരവന്മാര്‍ക്കും കുരുശ്രേഷ്ഠാ! സഹിക്ക വയ്യാത്ത സങ്കടം മൂലം കണ്ണുനീര്‍ ഒഴുകി. ഇപ്പോഴത്തെ ഈ കിടപ്പും, മുമ്പത്തെ അങ്ങയുടെ ആ സ്ഥിതിയും കണ്ട്‌, സുഖയോഗ്യനും ദുഃഖാനര്‍ഹനുമായ അങ്ങയെ ഓര്‍ത്ത്‌, ഞാന്‍ ദുഃഖിക്കുന്നു. സഭാമദ്ധ്യത്തില്‍ ദന്തനിര്‍മ്മിതവും രത്നഖചിതവുമായ സിംഹാസനം കണ്ട ഞാന്‍ ഈ ദര്‍ഭപ്പുല്ലുപായ കണ്ട്‌ ഇണ്ടലില്‍ ആണ്ടു പോകുന്നു. സഭാമദ്ധ്യത്തില്‍ രാജാക്കന്മാരാല്‍ ചുറ്റപ്പെട്ട ഭവാന്റെ നില കണ്ട ഞാന്‍ ഇന്ന്‌ അത്‌ കാണാതിരിക്കുമ്പോള്‍ എന്റെ ഹൃദയത്തിന് എങ്ങനെ ശാന്തി ലഭിക്കും? ചന്ദനം പൂശി ആദിത്യനെ പോലെ ശോഭിക്കുന്നതായി ഭവാനെ കണ്ടിരുന്ന ഞാന്‍, ധൂളി പുരണ്ട ഭവാനെ കണ്ടു മോഹിച്ചു പോകുന്നു! പണ്ടു നിര്‍മ്മലമായ വെള്ളപ്പട്ടു ചാര്‍ത്തിയിരുന്ന ഭവാന്റെ മേനിയില്‍ എന്താണു കാണുന്നത്‌? വല്‍ക്കലം! മരത്തോല്‌! കഷ്ടം തന്നെ!

സ്വര്‍ണ്ണത്തളികകളില്‍ അനേകം ബ്രാഹ്മണര്‍ക്ക്‌ അങ്ങയുടെ ഗൃഹത്തില്‍ നിന്നും ഇഷ്ടം പോലെ അന്നം നല്‍കിയിരുന്നു. ഭിക്ഷുക്കള്‍ക്കും അപ്രകാരം തന്നെ ഗൃഹമേധികളായ തപസ്വികള്‍ക്കും ഭവാന്‍ ഭക്ഷണം നല്കി. ആയിരം ബ്രാഹ്മണര്‍ക്ക്‌ ഒപ്പം സല്‍ ക്കരിക്കുവാന്‍ ഭവാന് ഒരു വിഷമയവും ഉണ്ടായിരുന്നില്ല. ഭവാന്റെ ഇഷ്ടത്തിനൊക്കുമാറ്‌ ഭവാൻ ഗൃഹത്തില്‍ സല്‍ക്കരിച്ചു. അതു കാണാതിരിക്കുമ്പോള്‍ എന്റെ ഹൃദയത്തിന്‌ എങ്ങനെ ശാന്തി കിട്ടും? മിന്നുന്ന കുണ്ഡലം, നല്ല വസ്ത്രങ്ങള്‍ ഇവ ധരിച്ച്‌ അതിമാനിതരായ വിളമ്പുകാര്‍ യുവാക്കള്‍ , ഭവാന്റെ ഭ്രാതാക്കള്‍ക്കു നല്ല അന്നം വിളമ്പിക്കൊടുക്കും. അവരൊക്കെ ഇപ്പോള്‍ കാട്ടില്‍ നിന്നു കിട്ടുന്നതു തിന്ന്‌ കാട്ടില്‍ ജീവിക്കേണ്ടി വന്നു! ദൂഃഖിതരാവാന്‍ അവകാശമില്ലാത്ത അവരെ കാണുമ്പോള്‍ , ഹേ, രാജാവേ, എന്റെ മനസ്സിനു ശാന്തി ലഭിക്കുന്നില്ല! വനവാസത്തില്‍ ദുഃഖിക്കുന്ന ഭീമനെ കാണുമ്പോള്‍ ഭവാനു കോപം എന്തു കൊണ്ടു ജലിക്കുന്നില്ല; അതിന് സമയമായിട്ടും തന്നത്താനെ വേലയെടുത്തു കഷ്ടപ്പെടുന്ന ഭീമന്‍ ഇങ്ങനെ ദുഃഖിക്കുമ്പോള്‍, അവനിത്‌ അര്‍ഹിക്കാത്തതാണെന്ന്‌ അറിഞ്ഞിട്ടും, എന്താണു ഭവാൻ കോപിക്കാത്തത്‌? പല വാഹനങ്ങളാല്‍ ചുറ്റപ്പെട്ട്‌, വിശിഷ്ടാഭരണങ്ങളാല്‍ വിഭൂഷിതനായി സന്തോഷത്തോടെ വാണിരുന്ന അവന്‍ കാട്ടില്‍ വാഴുന്നതു കണ്ട്‌ എന്താണു ഭവാന്റെ കോപം കത്തിജ്ജ്വലിക്കാത്തത്‌? ഇവന്‍ യുദ്ധത്തില്‍ കുരുകുലം തകര്‍ക്കുവാന്‍ തയ്യാറുള്ളവനാണ്‌. ഭവാന്റെ പ്രതിജ്ഞയെ ഓര്‍ത്താണ്‌ ഇപ്പോള്‍ അവന്‍ പൊറുക്കുന്നത്‌. രണ്ടു കൈ മാത്രമേ ഉള്ളു എങ്കിലും അമ്പെയ്യുന്നതിലുള്ള വേഗത്തിലും, ബാഹുവീര്യത്തിലും ആയിരം കൈയുള്ള കാര്‍ത്തവീര്യാര്‍ജ്ജുനനോടു തുല്യനാണ്‌ അര്‍ജ്ജുനന്‍. ശത്രുക്കള്‍ക്ക്‌ ഇവന്‍ കാലാന്തക യമോപമനാണ്‌. ഇവന്റെ ശസ്ത്രശക്തി മൂലം എല്ലാ രാജാക്കന്മാരും അധീനരായി. അങ്ങനെ ഭവാന്റെ മുഖത്തില്‍ വിപ്രന്മാരെ പൂജിക്കുവാന്‍ ആ രാജാക്കന്മാര്‍ നിന്നു. ദേവദാനവന്മാരാല്‍ ആരാധൃനായ ആ പുരുഷ വ്യാഘ്രന്റെ ഈ ശോച്യാവസ്ഥ കണ്ട്‌ ഭവാനു ശത്രുക്കളുടെ നേരെ എന്താണു കോപം തോന്നാത്തത്‌? സുഖയോഗ്യനും, അദുഃഖാര്‍ഹനുമായ ആ പാര്‍ത്ഥനെ ഈ വനത്തില്‍ ഈ വിധം കണ്ടിട്ടും ഭവാനില്‍ കോപം ഉണ്ടാകാത്തതു കണ്ടു ഞാന്‍ അത്ഭുതപ്പെടുന്നു! ദേവന്മാരേയും, മര്‍ത്ത്യരേയും സര്‍പ്പങ്ങളേയും ഒറ്റത്തേരാല്‍ ജയിച്ച അവന്‍ കാട്ടില്‍ വസിക്കുന്നതു കണ്ടിട്ടും ഭവാന് ഒരു കുലുക്കവുമില്ലല്ലേ. വിവിധതരത്തിലുള്ള ഗജാശ്വരഥങ്ങളോടെ അവന്‍ രാജാക്കളില്‍ നിന്നു ധനം തന്റെ കൈയൂക്കു കൊണ്ടു നേടിയവനാണ്‌. പരന്തപ! ഒന്നിച്ച്‌ അഞ്ഞുറു ബാണം വിടുന്നവനാണ്‌. അവനല്ലേ കാട്ടില്‍ വന്നു വസിക്കുന്നത്‌? ഇതു കണ്ടിട്ടും ഭവാന്‍ കോപിഷ്ഠനാകുന്നില്ലല്ലോ!

അരോഗ ദൃഢഗാത്രനും, തരുണനും, സുന്ദരനും, ഖള്‍ഗധാരികളില്‍ മുമ്പനും ആയ നകുലന്‍ കാട്ടില്‍ കിടക്കുന്നതു കണ്ട്‌ എന്താണു ഭവാന്‍ കോപിക്കാത്തത്‌? സുന്ദരനും, ധീരനുമായ മാദ്രീപുത്രന്‍, സഹദേവന്‍, കാട്ടില്‍ വാഴുന്നതു കണ്ട്‌ എന്താണ്‌ ഇങ്ങനെ ക്ഷമിച്ചിരിക്കുന്നത്‌? സുഖയോഗ്യരും അദഃഖാര്‍ഹരുമായ നകുല സഹദേവന്മാരെ കണ്ടിട്ടും എന്തു കൊണ്ടു ഭവാന്‍ കുലുങ്ങുന്നില്ല? ദ്രുപദ കുലത്തില്‍ പിറന്ന ഞാന്‍, മാന്യനായ പാണ്ഡു രാജാവിന്റെ സ്നുഷയായ ഞാന്‍, ധൃഷ്ടദ്യുമ്നന്റെ പെങ്ങളായ ഞാന്‍, വീരന്മാരുടെ പത്നിയായ ഞാന്‍, പതിവ്രതയായ ഞാന്‍, കാട്ടില്‍ കിടക്കുന്നതു കണ്ടിട്ടും ഭവാന്‍ ക്ഷമിക്കുകയാണോ? അങ്ങയ്ക്കു മന്യു എന്നൊന്നില്ലെന്നു തീര്‍ച്ചയായി! ഭ്രാതാക്കളേയും. എന്നേയും കണ്ട്‌ ഇണ്ടലില്ലാത്ത ഭവാന്‍ ചുണയുണ്ടെന്നു വിചാരിക്കുവാന്‍ ഞാന്‍ ന്യായം കാണുന്നില്ല. കോപമില്ലാത്ത ക്ഷത്രിയനില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്‌. ക്ഷത്രിയനായ ഭവാന്‍ ആ പഴഞ്ചൊല്ലിനൊരു അപവാദമാണ്‌. വേണ്ട കാലത്തു കോപം കാട്ടാത്ത ക്ഷത്രിയനെ ഹേ പാര്‍ത്ഥ! എല്ലാക്കാലത്തും, എല്ലാ ജീവികളും, പുച്ഛിക്കും. അതു കൊണ്ട്‌ രാജാവേ! ഭവാന്‍ ശത്രുക്കളില്‍ ഒരിക്കലും ക്ഷമിക്കരുത്‌. അങ്ങ്‌ ഒന്നു ക്രോധിച്ചാല്‍ അവരൊക്കെ സംഹരിക്കപ്പെടും. ഒരു വിഷമവുമില്ല അവരെ കൊല്ലുവാന്‍. തീര്‍ച്ചയാണ്‌! ക്ഷമ വേണ്ടപ്പോള്‍ ക്ഷത്രിയന്‍ ക്ഷമിക്കുകയും വേണം. ക്ഷമിക്കാത്ത ക്ഷത്രിയന്‍ ആര്‍ക്കും ഇഷ്ടനുമല്ലാതാകും. അവന്‍ ഇഹലോകത്തിലും, പരലോകത്തിലും നശിക്കുകയും ചെയ്യും!

28. ദ്രൗപദീ വാക്യം - ദ്രൗപദി പറഞ്ഞു: ഞാന്‍ പറഞ്ഞതിന്‌ ഉദാഹരണമായി പറയാറുള്ള ഒരു ഇതിഹാസകഥ പറയാം. പ്രഹ്ളാദനും. വിരോചനപുത്രനായ ബലിയും തമ്മിലുണ്ടായ സംഭാഷണമാണത്‌. അസുരേന്ദ്രനും, മഹാപ്രാജ്ഞനും, സര്‍വ്വധര്‍മ്മാര്‍ത്ഥ കോവിദനും ആയ തന്റെ മുത്തച്ഛനായ പ്രഹ്ളാദനോട്‌ ബലി ചോദിച്ചു.

ബലി പറഞ്ഞു: പിതാമഹ! ക്ഷമയോ ശ്രേഷ്ഠമായത്‌. ബലമോ ശ്രേഷ്ഠമായത്‌? എന്റെ ഈ സംശയത്തെ ഭവാന്‍ വിസ്തരിച്ചു വൃക്തമാക്കിത്തരണം. ഏതാണ്‌ ശ്രേയസ്കരം? സംശയം തീര്‍ത്തു പറഞ്ഞു തരണം! ഭവാന്‍ അനുശാസിക്കുന്ന വിധം ഞാന്‍ ചെയ്തുകൊള്ളാം. ഇപ്രകാരം ബലി ചോദിച്ചപ്പോള്‍ മുത്തച്ഛനായ പ്രഹ്ളാദന്‍ പറഞ്ഞു.

പ്രഹ്ളാദന്‍ പറഞ്ഞു: നശ്രേയഃ സതതം തേജോ ന നിത്യംശ്രേയസി ക്ഷമാ ഇതി താത, വിജാനീഹിദ്വയയമേതദ സംശയം.

എപ്പോഴും ബലപ്രയോഗം നല്ലതല്ല. എന്നാൽ എപ്പോഴും ക്ഷമയും നന്നല്ല. ഈ പറഞ്ഞ രണ്ടു സത്യവും സംശയാതീതമായി നീ ധരിക്കണം. ഉണ്ണീ! നിത്യവും. എപ്പോഴും, ക്ഷമിക്കുന്നവന് വളരെ ദോഷങ്ങള്‍ പറ്റും; അവനെ ഭൃതൃരും നാരിമാരും നിന്ദിക്കും. എല്ലാ ജീവികളും അവനില്‍ അധീനരാകയില്ല. അതുകൊണ്ട്‌ പണ്ഡിതന്മാര്‍ എല്ലായ്പോഴും ക്ഷമ കൈക്കൊള്ളുകയില്ല. എപ്പോഴും ക്ഷമിക്കുന്നവനെ ഭൃതൃര്‍ നിരസിച്ച്‌ ഓരോ ദോഷങ്ങള്‍ ചെയ്യും. സ്വല്പ ബുദ്ധികള്‍ അവന്റെ സ്വത്തു നേടാനും ശ്രമിക്കും. വാഹനം, ഭൂഷണം, വസ്ത്രം, മെത്ത, ആസനം, ഭോജനം, പാനം എന്നു മാത്രമല്ല സര്‍വ്വ ഉപകരണങ്ങളും തട്ടിയെടുക്കുവാന്‍ അബുദ്ധികളായ വേലക്കാര്‍ തരം നോക്കും. നായകന്‍ കല്പിച്ചവ ഒട്ടു നല്കുകയുമില്ല. അവനെ സ്വാമിയാണെന്നു വിചാരിച്ചു മാനിക്കുകയുമില്ല. ലോകത്തില്‍ മരണത്തെക്കാള്‍ മോശമാണല്ലോ അപമാനം. അങ്ങനെ ക്ഷമിക്കുന്നവനില്‍ കടുത്ത വാക്ക്‌ മക്കളും ഭൃത്യരും തന്റെ ജനങ്ങളും അപരിചിതര്‍ പോലും പറയും. ക്ഷമിക്കുന്നവന്റെ ഭാര്യമാരിലും ചിലര്‍ കടന്നാക്രമിക്കും. അവന്റെ ഭാര്യമാരിലും ചിലര്‍ കൈവെക്കും. ധീ കെട്ടവന്റെ ഭാര്യമാരും തന്നിഷ്ടം പോലെ നടക്കും. ഇങ്ങനെ തുടങ്ങുമ്പോള്‍ ഒട്ടും സ്വാമിയില്‍ നിന്നു ശിക്ഷയേൽക്കുന്നില്ലെങ്കില്‍ സ്വയം ദോഷപ്പെട്ട, ദ്രോഹങ്ങള്‍ വീണ്ടും ഏല്ക്കേണ്ടതായും വന്നു കൂടും. ഇവയും മറ്റു പല ദോഷങ്ങളും ഏൽക്കും. ഹേ, വിരോചനപുത്ര! ഇനി ഞാന്‍ ക്ഷമയില്ലാത്തവനു വന്നുചേരുന്ന ദോഷവും പറയാം. അതും നീ കേള്‍ക്കുക. വേണ്ടാത്തേടത്തും വേണ്ടേടത്തും കോപാന്ധനായി തന്റെ ബലം കൊണ്ട്‌ ശിക്ഷ നല്കുന്നതാണെങ്കില്‍ അവര്‍ സുഹൃത്തുക്കളുമായി പിണങ്ങും. നാട്ടിലുള്ളവരുടെയൊക്കെ ദ്വേഷത്തിന് പാത്രമാകും. സ്വജനങ്ങളുടെ ദ്വേഷത്തിനും പാത്രമാകും. അപമാനം കൊണ്ട്‌ ദ്രവ്യനാശവും അനാദരമായ ശകാരവും കേള്‍ക്കും. സന്താപവും, ദ്വേഷവും, മോഹവും, അയാള്‍ക്കുണ്ടാകും. ധാരാളം ശത്രുക്കളും അയാള്‍ക്കുണ്ടാകും. നയമില്ലാത്ത മനുഷ്യന്‍ ക്രോധം മൂലം മര്‍ത്തൃരില്‍ വലിയ ശിക്ഷ നലകുന്നു. അവന്‍ ഉടനെ ഐശ്വര്യം, പ്രാണന്‍, ബന്ധുജനങ്ങള്‍ ഇവയാല്‍ ഭ്രഷ്ടനാകും. ഉപകാരികളിലും ദ്രോഹികളിലും ഒരു പോലെ ഒരാള്‍ ക്രോധിക്കുകയാണെങ്കില്‍ അവനെ ലോകത്തിലുള്ളവരൊക്കെ വീട്ടില്‍ സര്‍പ്പം കടന്നാലെന്ന വിധം ഭയപ്പെടും. ലോകത്തിലുള്ളവരെല്ലാം ഭയപ്പെടുന്നവനു പിന്നെ എങ്ങനെ ഐശ്വര്യമുണ്ടാകും? പഴുതു കണ്ടാല്‍ ലോകര്‍ അവനെ ഒഴിഞ്ഞു മാറിപ്പോകും തീര്‍ച്ചയാണ്‌. അതു കൊണ്ട്‌ അതിക്രോധം പാടില്ല. അതിമാര്‍ദ്ദവവും പാടില്ല. വേണ്ട നേരത്ത്‌ മൃദുവാകണം. അതുപോലെ തന്നെ വേണ്ട നേരത്ത്‌ തീക്ഷ്ണനാവുകയും വേണം. വേണ്ട സമയത്ത്‌ മൃദുവാകുന്നവനും വേണ്ട നേരത്തു തീക്ഷ്ണനാകുന്നവനും ഇഹലോകത്തിലും പരലോകത്തിലും സുഖം നേടും. എപ്പോഴൊക്കെയാണ്‌ ക്ഷമിക്കേണ്ടതെന്നും ഞാന്‍ വിസ്തരിച്ചു പറയാം. അതും നീ കേള്‍ ക്കുക. ഇവയൊന്നും ഉപേക്ഷിക്കരുതെന്നാണ്‌ മുനികള്‍ പറയുന്നത്‌.

മുമ്പേ നിനക്ക്‌ ഉപകാരം ചെയ്തവന്‍ വലിയ ഒരു തെറ്റു നിന്നില്‍ ചെയ്താലും ഉപകാരം ചിന്തിച്ച്‌ അവന്റെ അപകാരം ക്ഷമിക്കണം. എല്ലാറ്റിലും അറിവ്‌ ഒരു മനുഷ്യനും ഉണ്ടാവുകയില്ല. അറിഞ്ഞു ചെയ്ത ഒരു തെറ്റിനെ അറിയാതെ ചെയ്തതാണെന്നു പറഞ്ഞാലും ആ ദുഷ്ടന്മാരെ വിടരുത്‌. അവരെ ചെറിയ പിഴയിലും ശിക്ഷിക്കണം. കാരണം അവര്‍ വക്രന്മാരാണെന്നു ധരിക്കണം. ഏതു ജീവിയുടെയായാലും ഒരു കുറ്റം നീ പൊറുക്കണം. രണ്ടാമത്തെ കുറ്റം ചെറിയതായാലും നീ ശിക്ഷിക്കണം. അറിയാതെ ഒരുത്തന്‍ ഒരു കുറ്റം ചെയ്താല്‍ പരീക്ഷകള്‍ കഴിച്ചതിനു ശേഷം ക്ഷമിക്കാം. സാമം കൊണ്ടു ക്രൂരനെ കൊല്ലാം.

സാമത്താല്‍ മൃദുവേയും കൊല്ലാം. അതൊക്കെ തന്റെ ബലവും അബലവും ദേശവും കാലവും നോക്കി വേണം പ്രവര്‍ത്തിക്കുവാന്‍ എന്നു മാത്രം. ദേശത്തിനും കാലത്തിനും ചേര്‍ന്നതല്ലെങ്കില്‍ ഒരു പ്രവൃത്തിയും വിജയിക്കില്ല. എപ്പോഴും ദേശകാലങ്ങള്‍ നോക്കണം; അപ്രകാരം തന്നെ ലോകഭയം കൊണ്ടും കുറ്റം ക്ഷമിക്കണം. ബഹുജന പ്രക്ഷോഭണമുണ്ടാക്കുന്ന ശിക്ഷ നടപ്പാക്കുന്നതില്‍ കരുതലുണ്ടാകണം. അപ്പോള്‍ ക്ഷമിക്കുകയാണു വേണ്ടത്‌. ഇതൊക്കെ ക്ഷമിക്കേണ്ട കാലങ്ങളാണ്‌. ഇങ്ങനെയല്ലാത്ത സന്ദര്‍ഭങ്ങളില്‍ ക്രോധിക്കേണ്ട കാലമാണ്‌. അത്‌ ആവശ്യവുമാണ്‌.

ദ്രൗപദി പറഞ്ഞു: ധര്‍മ്മരാജാവേ! ഇപ്പോള്‍ ഭവാന്‍ ബലം പ്രയോഗിക്കേണ്ട കാലമാണ്‌. എന്നും ദ്രോഹം ചെയ്യുന്ന ദുഷ്ടരായ ധാര്‍ത്തരാഷ്ട്രന്മാരില്‍ ക്ഷമിക്കേണ്ട കാലമല്ല. ദുഷ്ടരായ ആ കുരുക്കളില്‍ ലേശവും ക്ഷമ കാണിക്കുവാന്‍ ന്യായമില്ല. ഇപ്പോള്‍ ക്ഷമയുടെയല്ല ശക്തിയുടെ കാലമാണ്‌. അങ്ങ്‌ അവരില്‍ സ്വതേജസ്സ്‌ കാണിക്കുക തന്നെ വേണം. അതിവിനയിയും മുദുവുമായവനെ ജനങ്ങള്‍ അവഗണിക്കും. തീക്ഷ്ണനായവന്‍ മറ്റുള്ളവരെ ശിക്ഷിക്കുകയും ചെയ്യും. ഇവ രണ്ടും വേണ്ടകാലത്ത്‌ അറിഞ്ഞ്‌ പെരുമാറുന്നവനാണ്‌ രാജാവ്‌.

29. ദ്രൗപദീ യുധിഷ്ഠിരസംവാദം - യുധിഷ്ഠിരന്‍ പറഞ്ഞു; ഹേ, മഹാപ്രാജേഞ, ദ്രൗപദീ; ക്രോധം മനുഷ്യരെ കൊല്ലും. ക്രോധം അഭിവൃദ്ധിയുണ്ടാക്കും ശ്രേയസ്സും നാശവുമൊക്കെ ക്രോധം മൂലമാണെന്ന്‌ നീ ഓര്‍ക്കുക. ക്രോധത്തെ സംഹരിക്കുന്നവന് സുന്ദരി! തിര്‍ച്ചയായും അഭിവൃദ്ധിയുണ്ടാകും. നിത്യവും ക്രോധിച്ചു കൊണ്ടിരിക്കുന്നവന് എന്തു സംഭവിക്കുമെന്നുള്ളത്‌ നിനക്കറിയാമല്ലോ. ക്രോധം വിനാശത്തിന്റെ മൂലമാണ്‌. അതു പരമദാരുണവുമാണ്‌. ക്രോധം എല്ലാ ജീവികള്‍ക്കും നാശഹേതുവാണ്‌. പിന്നെ, എങ്ങനെ എന്നെപ്പോലുള്ളവര്‍ ലോകവിനാശഹേതുവായ ക്രോധം സ്വീകരിക്കും? പാപം ചെയ്യുന്ന നരനാണ്‌ ക്രുദ്ധന്‍. ക്രുദ്ധന്‍ ഗുരുക്കളെ കൊല്ലും. ക്രുദ്ധന്‍ പരുഷ വാക്കു കൊണ്ട്‌ യോഗ്യരേയും ഭര്‍ത്സിക്കും. കോപിക്ക്‌ വാച്യാവാച്യങ്ങള്‍ അറിയുകയില്ല, പറയേണ്ടതും പറയേണ്ടാത്തതും അറിയുകയില്ല. ക്രുദ്ധനു വയ്യാത്ത കാര്യങ്ങളൊന്നുമില്ല. എന്തും ചെയ്യും. ക്രുദ്ധന് അവാച്യങ്ങളുമില്ല. എന്തും പറയും. അവദ്ധ്യന്മാരെ കോപിച്ച്‌ അവന്‍ കൊല്ലും. വദ്ധ്യന്മാരെ പൂജിക്കുകയും ചെയ്യും. ക്രുദ്ധന്‍ ആത്മാവിനെ പോലും യമപുരിക്കയയ്ക്കും. ഈ ദോഷങ്ങള്‍ വേണ്ടപോലെ അറിഞ്ഞിട്ടാണ്‌ വിദ്വാന്മാര്‍ രോഷത്തെ ജയിക്കുന്നത്‌.

ഇഹത്തിലും പരത്തിലും എന്നും ശ്രേയസ്സിന് കാംക്ഷിക്കുന്ന ബുദ്ധിമാന്മാ൪ വര്‍ജ്ജ്ജിക്കുന്ന ക്രോധത്തെ എന്നെപ്പോലുള്ളവന്‍ സ്വീകരിക്കുമോ? അതു മനസ്സിലാക്കിക്കൊണ്ടാണ്‌ ജ്ഞാനികള്‍ ക്രോധം ഒരിക്കലും കൈക്കൊള്ളാത്തത്‌. ഇതെല്ലാം അറിയാവുന്നതു കൊണ്ടാണ്‌ ദ്രൗപദി, ഞാനും ക്രുദ്ധനാവാത്തത്‌. ക്രോധിക്കുന്നവനില്‍ ക്രോധിക്കാത്തവന്‍ മഹാവിപത്തുകളില്‍ നിന്ന്‌ തന്നേയും അന്യന്മാരേയും രക്ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ളവന്‍ വൈദ്യനാണ്‌ രണ്ടു കൂട്ടരുടേയും. അതായത്‌ കോപിക്കുന്ന ആളുടേയും അവനവന്റേയും.

അശക്തനായ മൂഢന്‍ തന്നെ ക്ലേശിപ്പിക്കുന്ന ശക്തന്മാരോടു കോപിക്കുകയാണെങ്കില്‍ അത്‌ ആത്മഹാനി വരുത്തിക്കൂട്ടും. ഇങ്ങനെയുള്ള ആത്മത്യാഗിക്ക്‌ ഒരു ലോകവും ലഭിക്കുകയില്ല. അതു കൊണ്ട്‌ ദ്രൗപദീ, അശക്തന്‍ ക്രോധത്തെ എപ്പോഴും അടക്കണം. അപ്രകാരം ശക്തനും വിദ്വാനുമായവന്‍ കോപമടക്കി തന്നെ ഉപദ്രവിക്കുന്നവനെ അവഗണിച്ചാല്‍ പരലോകത്തില്‍ സുഖിക്കും. അതു കൊണ്ട്‌ വിവരമുള്ളവര്‍ ബലമുണ്ടായാലും ഇല്ലെങ്കിലും അപരന്‍ കുറ്റം ചെയ്താലും എപ്പോഴും ക്ഷമിക്കണം. കൃഷ്ണേ! അതു കൊണ്ടാണ്‌ സജ്ജനങ്ങള്‍ ക്രോധമടക്കിയവരെ പ്രശംസിക്കുന്നത്‌. സത്യസന്ധനും ക്ഷമാശാലിയുമായവന് എന്നും വിജയം ലഭിക്കുമെന്നു സജ്ജനങ്ങള്‍ പറയുന്നു. അസതൃത്തേക്കാള്‍ ശ്രേഷ്ഠം സത്യമാണ്‌. അതുപോലെ ക്ഷമയും വിനയവും ക്രോധത്തേക്കാള്‍ ശ്രേഷ്ഠമാണ്‌. അങ്ങനെ ദോഷം കൂടിയ ക്രോധത്തെ സജ്ജനങ്ങള്‍ വര്‍ജ്ജിക്കുന്നു. ദുര്യോധനനെ കൊല്ലുവാന്‍ വേണ്ടി മാത്രം ഞാന്‍ എങ്ങനെ ക്രോധത്തെ സ്വീകരിക്കും? ദീര്‍ഘദര്‍ശിയും ബുധശ്രേഷ്ഠനും തേജസ്വിയുമാണെന്ന്‌ ജനങ്ങള്‍ പറയുന്നവര്‍ പുറമേക്കു മാത്രം കോപം നടിക്കുന്നവരാണ്‌. പണ്ഡിതന്മാരും ബുദ്ധിമാന്മാരും അത്തരക്കാരെ യഥാര്‍ത്ഥ മനശ്ശക്തിയുള്ളവരായി കരുതുന്നു.

ക്രോധം ഒരിക്കലും ആവശ്യമില്ലെന്നുള്ളതു തീര്‍ച്ചയാണ്‌. മനശ്ശക്തിയുള്ളവന്‍ അത്‌ എന്നും വര്‍ജ്ജിക്കും. ഉയര്‍ന്നു വരുന്ന ക്രോധത്തെ ആത്മപ്രജ്ഞ കൊണ്ടടക്കുന്നവന്‍ തേജസ്വിയാണെന്നു തത്വദര്‍ശികള്‍ പറയുന്നു. ഹേ, സുന്ദരീ! ക്രുദ്ധന്‍ കാര്യം വേണ്ടവിധം ധരിക്കുന്നില്ല. ക്രുദ്ധന് അകാര്യവും മര്യാദയും അറിയുകയില്ല. ക്രുദ്ധന്‍ അവദ്ധ്യന്മാരെ ഹനിക്കും. ക്രുദ്ധന്‍ ഗുരുജനങ്ങളെ പോലും കൊല്ലും. അതു കൊണ്ട്‌ തേജസ്സിന്‌ ക്രോധത്തെ ദുരെയകറ്റണം. ദാക്ഷ്യം, ശൗര്യം, അമര്‍ഷം, ശീഘ്രത്വം, തേജോഗുണം ഇവയൊന്നും ക്രോധിക്ക്‌ എളുപ്പത്തില്‍ നേടുവാന്‍ സാധിക്കുകയില്ല. ക്രോധം ഉപേക്ഷിച്ച പുരുഷന്‍ തേജസ്സു നന്നായി നേടും.

മഹാപ്രാജ്ഞ! സന്ദര്‍ഭോചിതം തന്റെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ ക്രുദ്ധനു കഴിവുണ്ടാവുകയില്ല. ക്രോധം ശക്തിയുടെ പര്യായമായി വിഡ്ഡികള്‍ കരുതുന്നു. ക്രോധം ലോകനാശത്തിന് വേണ്ടി മനുഷ്യനു നല്കപ്പെട്ടതാണ്‌. അതു കൊണ്ട്‌ നല്ലവനായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ ക്രോധത്തെ വെടിയണം. സ്വധര്‍മ്മ നിഷ്ഠനേ നല്ലവനാകൂ. ക്രുദ്ധന്‍ സ്വധര്‍മ്മ നിഷ്ഠനാവുകയില്ല. ബുദ്ധിയില്ലാത്ത അല്പന്മാര്‍ക്ക്‌ ഏതൊക്കെ തെറ്റിയാലും ഹേ മാന്യ! എന്നെപ്പോലുള്ളവര്‍ക്ക്‌ ആ തെറ്റുകള്‍ പറ്റുവാന്‍ പാടുണ്ടോ? ഭൂമിയെപ്പോലെ ക്ഷമാശീലരായവര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ സമാധാനം തീരെ ലഭിക്കുമായിരുന്നില്ല. എന്നും എപ്പോഴും അനുസ്യൂതമായി കോപം മൂലമുണ്ടാകുന്ന വഴക്കുകള്‍ കൊണ്ട്‌ ഈ ലോകം അശാന്തമായി തീര്‍ന്നേനെ! വേദനിപ്പിക്കപ്പെട്ടവന്‍ പകരം വേദനിപ്പിക്കയും ഉപദ്രവിക്കപ്പെട്ടവന്‍ തിരിച്ച്‌ ഉപദ്രവിക്കയും ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലം സര്‍വ്വനാശവും തിന്മയും മാത്രമായിരിക്കും. ഈ ലോകത്തില്‍ ജീവികള്‍ക്കു നാശം അധര്‍മ്മം മൂലം സംഭവിക്കുന്നു.

ശകാരിച്ചാല്‍ അതിന് എതിരായി മനുഷ്യര്‍ ശകാരിക്കുകയും ഹനിച്ചാല്‍ അതിനു പകരം ഹനിക്കുകയും, ഹിംസിച്ചാല്‍ പകരം ഹിംസിക്കുകയും ചെയ്യുകയാണെങ്കില്‍ പിതാക്കള്‍ മക്കളെ കൊല്ലുകയും, പിതാക്കന്മാരെ മക്കള്‍ കൊല്ലുകയും, ഭര്‍ത്താക്കന്മാര്‍ ഭാരൃമാരെ കൊല്ലുകയും, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൊല്ലുകയും ചെയ്യും. നാട്ടില്‍ ഇപ്രകാരം കോപം തുടങ്ങിയാല്‍ കൃഷ്ണേ, ഉത്പത്തി എങ്ങനെ നടക്കും? ഹേ സുമുഖി, ജീവജാലങ്ങളുടെ കാരണം സമാധാനമാണെന്ന്‌ മനസ്സിലാക്കു. ഹേ, ദ്രൗപദീ! രാജാക്കന്മാര്‍ ക്രോധത്തിന്നിരയായാല്‍ പ്രജകള്‍ക്ക്‌ എങ്ങനെ ക്ഷേമമുണ്ടാകും? ക്രോധം പ്രജകള്‍ക്കു നാശത്തിനും ക്ഷയത്തിനും മാത്രമാണ്‌ ഉപകരിക്കുക. ഭൂമിദേവിയെ പോലെ ക്ഷമാശീലരായ മാനൃന്മാര്‍ നാട്ടിലുണ്ടായത് കാരണം ഭൂതജാലത്തിന് ശാന്തിയും തന്മൂലം ജന്മവും അഭിവൃദ്ധിയും സംഭവിക്കുന്നു. ക്ഷമാശീലരില്‍ നിന്നാണ്‌ ജീവജാലങ്ങള്‍ നാശം കൂടാതെ തുടരുന്നത്‌. ശക്തനായ പുരുഷന്‍ ശകാരിച്ച്‌ അടിച്ചു കോപിപ്പിക്കുമ്പോള്‍ ക്ഷമിക്കുന്നവനാരോ, അവന്‍ വിദ്വാനും ഉത്തമ പുരുഷനുമാണ്‌. നിത്യം ക്രോധത്തെ ജയിച്ചവനാണ്‌ വിദ്വാന്‍. അപ്രകാരം ആത്മപ്രഭാവവാനായവന് ശാശ്വതമായ ലോകം സിദ്ധിക്കും. ക്രോധിക്കുന്നവന് ഇഹലോകത്തിലും പരലോകത്തിലും ഗതി കിട്ടുകയില്ല. ക്ഷമാവാനെപ്പറ്റി കാശ്യപമ ഹര്‍ഷിഎഴുതിയ ഗാനങ്ങള്‍ ഇവ്വിടെ പ്രസിദ്ധങ്ങളാണല്ലെ, കൃഷ്ണേ! ക്ഷമാവാനെപ്പറ്റി അദ്ദേഹം പാടിയത്‌ നീ കേട്ടിട്ടുണ്ടോ?

കാശ്യപമഹര്‍ഷി പറഞ്ഞു: ക്ഷമ ധര്‍മ്മമാണ്‌. ക്ഷമ യജ്ഞമാണ്‌. ക്ഷമ വേദമാണ്‌. ക്ഷമ ശ്രുതിയാണ്‌. ക്ഷമ ബ്രഹ്മമാണ്‌. ക്ഷമ സത്യമാണ്‌. ക്ഷമ ഭൂതഭവ്യമാണ്‌. ക്ഷമ തപമാണ്‌. ക്ഷമ ശൗചമാണ്‌. ക്ഷമ ലോകം ഭരിക്കുന്നതാണ്‌. യജ്ഞവിത്തിനേക്കാള്‍ ശ്രേഷ്ഠമായ ലോകം ക്ഷമയുള്ളവര്‍ നേടുന്നു. ബ്രഹ്മജ്ഞനേക്കാളും തപസ്വിയേക്കാളും ശ്രേഷ്ഠമായ നിലയില്‍ ശ്രേഷ്ഠമായ ലോകം ക്ഷമാവാന്‍ നേടുന്നു. യജിക്കുന്നവര്‍ക്കും കര്‍മ്മികള്‍ക്കുമുള്ള അന്യലോകങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലോകം ക്ഷമാവാന്‍ നേടുന്നു. ക്ഷമിക്കുന്നവര്‍ക്ക്‌ ബ്രഹ്മലോകത്തില്‍ മാന്യമായ സ്ഥാനം നല്കപ്പെടും. തേജസ്വികള്‍ക്ക്‌ ക്ഷമ തേജസ്സാണ്‌. തപസ്വിക്ക്‌ ക്ഷമ ബ്രഹ്മമാണ്‌. സത്യസ്ഥര്‍ക്ക്‌ ക്ഷമ സത്യമാണ്‌. ക്ഷമ യജ്ഞമാണ്‌. ക്ഷമ ശമമാണ്‌. അപ്രകാരമുള്ള ക്ഷമയെ കൃഷ്ണേ! എന്നെപ്പോലെയുള്ളവര്‍ ഉപേക്ഷിക്കുമോ? അതിലാണല്ലോ ബ്രഹ്മയജ്ഞമായ പരലോകങ്ങള്‍ നിൽക്കുന്നത്‌! അറിവുള്ള പുരുഷന്മാര്‍ ക്ഷമയെ കൈവിടരുത്‌. എല്ലാം ക്ഷമിക്കുവാന്‍ കഴിവുള്ളവന് നിശ്ചയമായും ബ്രഹ്മസമ്പത്തു വന്നുചേരും. ഇഹലോകം ക്ഷമാവാന്മാര്‍ക്കു ലഭിക്കും. പരലോകവും ക്ഷമാവാന്മാര്‍ക്കുള്ളതാണ്‌. ഇഹലോകത്തു സമ്മാനവും പരലോകത്ത്‌ സല്‍ഗതിയും ക്ഷമാവാന്മാര്‍ക്കു ലഭിക്കും! ക്രോധത്തെ നിത്യം ക്ഷമയാല്‍ ജയിക്കുന്നവര്‍ക്ക്‌ മേലെമേലെയായി പരലോകങ്ങള്‍ ലഭിക്കും! അതു കൊണ്ട്‌ മുഖ്യമായ ഒന്നാണ്‌ ക്ഷമ.

ധര്‍മ്മപുത്രന്‍ പറഞ്ഞു: ക്ഷമിക്കുന്നവരെപ്പറ്റി ഇപ്രകാരമാണ്‌ കാശ്യപന്‍ ഗാഥ പാടിയത്‌. ഈ ക്ഷമാഗാഥകള്‍ കേട്ട്‌ ഹേ! ദ്രാപദീ, നീ കോപമുപേക്ഷിച്ച്‌ സംതൃപ്തയാവുക!

പിതാമഹനായ ശന്തനുപുത്രന്‍ ശമത്തെ പൂജിക്കും! ദേവകീ പുത്രനായ കൃഷ്ണന്‍ ശമത്തെ പൂജിക്കും. ആചാര്യനും ( ദ്രോണന്‍ ) വിദുരനും ശമത്തെ പുകഴ്ത്തും. കൃപനും സഞ്ജയനും ശമത്തെ പുകഴ്ത്തും. യുയുത്സുവും, സോമദത്തനും, ദ്രോണപുത്രനും, പിതാമഹനായ വ്യാസനും, ഈ ശമത്തെ നിത്യവും പുകഴ്ത്തും. ഇവരൊക്കെ ശമം കൈക്കൊള്ളുവാന്‍ നിര്‍ബ്ബന്ധിക്കുന്നു. രാജാവു രാജ്യം തരും എന്നാണ്‌ എന്റെ അഭിപ്രായം. അതിന് വിപരീതമായി അദ്ദേഹം ലോഭം കൈക്കൊണ്ടാല്‍ മുടിയുകയും ചെയ്യും!

എന്നാൽ ഇതു ഭാരതകുലം മുടിയാന്‍ അടുത്ത ഘോരമായ കാലമാണ്‌ അത്‌ മുന്‍കൂട്ടി തന്നെ ഞാന്‍ അല്ലയോ ഭാമിനീ! മനസ്സിലാക്കിയിട്ടുണ്ട്‌. സുയോധനന്‍ രാജ്യം അര്‍ഹിക്കുന്നില്ല. അതുകൊണ്ട്‌ അവന്‍ ക്ഷമ കൈക്കൊള്ളുന്നില്ല. ഞാനാണെങ്കില്‍ രാജ്യാധികാരം അര്‍ഹിക്കുന്നു. അതു കൊണ്ട്‌ ക്ഷമ വെടിയാതിരിക്കുന്നു. ക്ഷമ എന്നില്‍ ഉറച്ചതാണ്‌. അതിന് ഇളക്കമുണ്ടാവുകയില്ല. ക്ഷമയും ശാന്തതയും മനസ്സിനെ അടക്കുവാന്‍ കഴിവുളളവരുടെ ഗുണങ്ങളാണ്‌. ഇത്‌ സനാതനമായ ധര്‍മ്മമാണ്‌! ഇപ്രകാരം അനൃശംസ്യമായ ക്ഷമ ഞാന്‍ ഒരു കാലത്തും ഉപേക്ഷിക്കുകയില്ല.

30. ദ്രൗപദീവാക്യം - ദ്രൗപദി പറഞ്ഞു: അങ്ങയ്ക്കു മോഹം നല്കിയ ധാതാവിനും, വിധാതാവിനും ഞാന്‍ കൈകൂപ്പുന്നു. അങ്ങയുടെ ഈ ക്ലേശസ്ഥിതിയില്‍ ഭവാന്‍ അങ്ങയുടെ പിതൃപൈതാമഹന്മാര്‍ ചിന്തിച്ച മട്ടിലല്ല ചിന്തിക്കുന്നത്‌. കര്‍മ്മകല്പിതമായ ലോകം പലര്‍ക്കും പലേ വിധമാണ്‌. കര്‍മ്മങ്ങള്‍ ഒഴിച്ചു കൂടാത്ത ഫലങ്ങളുണ്ടാക്കുന്നു. അതു കൊണ്ട്‌ അതില്‍ നിന്നു കാംക്ഷിക്കുന്നത്‌ വെറും ഭ്രമം മാത്രം! ഇതോര്‍ക്കുമ്പോള്‍ ധര്‍മ്മം മാത്രമല്ല അനൃശംസ്യം, ക്ഷമ, ആര്‍ജ്ജവം, ദയ ഇവയൊന്നും മര്‍ത്ത്യന്ന്‌ ശ്രീ നേടുവാന്‍ മൂലമാവുമെന്നു തോന്നുന്നില്ല! ഹേ ഭാരത! അങ്ങനെയല്ലെങ്കില്‍ ഈ ഘോരമായ വൃസനം ഭവാനും, ശക്തരായ അങ്ങയുടെ അനുജന്മാര്‍ക്കും, അതിന് അനര്‍ഹരായിരുന്നിട്ടും, എങ്ങനെ വന്നു കൂടി? നല്ലകാലത്തും ചീത്തക്കാലത്തും അങ്ങയ്ക്കു ധര്‍മ്മത്തേക്കാള്‍ പ്രിയപ്പെട്ട മറ്റൊന്നും ഉണ്ടായിരുന്നില്ല. അങ്ങ്‌ ധര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമാണ്‌ ജീവിതം തന്നെയെന്ന്‌ എന്നും കരുതിയില്ലേ?

അങ്ങയുടെ രാജ്യം ധര്‍മ്മത്തിന് വേണ്ടിയാണ്‌. ജീവിതവും ധര്‍മ്മത്തിന് വേണ്ടിയാണ്‌. ബ്രാഹ്മണര്‍ക്കും, ഗുരുക്കള്‍ക്കും, ദേവന്മാര്‍ക്കും ഇതറിയാം. ഭീമാര്‍ജ്ജുനന്മാരേയും, ഈ മാദ്രേയന്മാരേയും, എന്നേയും ഭവാന്‍ തൃജിച്ചേക്കാം എന്നാണ്‌ എന്റെ അഭിപ്രായം. എന്നാലും ഭവാന്‍ ധര്‍മ്മം തൃജിക്കുകയില്ല. ധര്‍മ്മം കാക്കുന്ന രാജാവിനെ ധര്‍മ്മം രക്ഷിക്കും എന്ന് ആര്യന്മാര്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്‌. എന്നാൽ ധര്‍മ്മം അങ്ങയെ രക്ഷിച്ചില്ല. ഭവാന്റെ ധര്‍മ്മം ഭവാനെ ആപത്തില്‍ നിന്നു രക്ഷപ്പെടുത്തിയോ? മറ്റൊന്നിലും ഭവാന്റെ ബുദ്ധി ചെല്ലുന്നില്ല. എപ്പോഴും ധര്‍മ്മം! ധര്‍മ്മം! ധര്‍മ്മത്തില്‍  തന്നെ നിഴല്‍ മനുഷ്യനെ എന്ന പോലെ എപ്പോഴും ധര്‍മ്മത്തില്‍  തന്നെ ഭവാന്‍ ചെല്ലുന്നു. തുല്യരേയും താഴ്ന്നവരേയും അങ്ങൊരിക്കലും നിന്ദിച്ചിട്ടില്ല. ഭവാനാണെങ്കില്‍ ഭൂമി മുഴുവന്‍ ജയിച്ചിട്ടും ലേശം പോലും അഹങ്കാരം ഉള്ളിലുണ്ടായില്ല. അല്ലയോ പാര്‍ത്ഥ, ഭവാന്‍ സ്വാഹാ സ്വധാ പൂജകളാല്‍ ദ്വിജദേവപിതൃക്കളെ എപ്പോഴും രക്ഷിച്ചിരുന്നില്ലേ? ബ്രാഹ്മണരുടെ സര്‍വ്വകാമങ്ങളേയും ഭവാന്‍ സാധിപ്പിച്ചു. യതികളും സന്യാസികളും ഗൃഹസ്ഥരും എന്നും സ്വര്‍ണ്ണപാത്രത്തില്‍ ഭവാന്റെ ഗൃഹത്തില്‍ ഉണ്ണുമ്പോള്‍ ഞാന്‍ പരിചാരികയായി വിളമ്പിക്കൊടുത്തിരുന്നില്ലേ? സ്വര്‍ണ്ണ പാത്രങ്ങളും ഭക്ഷണവും വാനപ്രസ്ഥര്‍ക്കു നല്കിയിരുന്നില്ലേ? ബ്രാഹ്മണര്‍ക്കു കൊടുക്കുവാന്‍ വയ്യാത്തതായി ഭവാന്റെ ഗൃഹത്തില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ! വിശ്വേദേവ പൂജ അങ്ങയുടെ ഗൃഹത്തില്‍ ശാന്തിക്കായി ചെയ്തു കൊണ്ടിരുന്നതാണ്‌. പാന്ഥന്മാര്‍ക്കും മറ്റുള്ളവര്‍ക്കും അന്നം നല്കി ബാക്കിയുള്ളതു ഭവാന്‍ ഭുജിച്ചു. "ഇഷ്ടികളും പശുബന്ധങ്ങളും" കാമ്യനൈമിത്തികങ്ങളായ ഗൃഹകര്‍മ്മങ്ങളാണ്‌. പാകയജ്ഞം തുടങ്ങിയ മറ്റെല്ലാ യജ്ഞങ്ങളും നിതൃവും അങ്ങയുടെ ഗൃഹത്തില്‍ ചെയ്തിരുന്നു. കള്ളന്മാര്‍ വാഴുന്ന വിജനമായ ഈ വന്‍കാട്ടില്‍ നാടു വിട്ടു വന്നു പാര്‍ക്കുമ്പോഴും അങ്ങയുടെ ധര്‍മ്മത്തിനു ഗ്ലാനി ഒട്ടും വന്നിട്ടില്ല. അശ്വമേധം, പുണ്ഡരീകം, രാജസൂയം, ഗോസവം എന്നീ അനവധി ദക്ഷിണ ചെയ്യേണ്ട മഹായജ്ഞങ്ങള്‍ ഭവാന്‍ ചെയ്തു. രാജാവേ! എന്നിട്ടും ഭവാന്‍ ബുദ്ധി പിഴച്ച്‌ ആ ചൂതില്‍ തോറ്റ അശുഭ മുഹൂര്‍ത്തത്തില്‍ രാജ്യവും, ധനവും, ശസ്ത്രവും മാത്രമല്ല ഭ്രാതാക്കളേയും എന്നേയും പണയം വെച്ചില്ലേ? ദയാശീലനും, സൗമൃനും, വിശാലമനസ്കനും, വിനീതനും സത്യവാദിയുമായ ഭവാന് എങ്ങനെ ചൂതിനുള്ള കമ്പമുണ്ടായി? എന്താണ്‌ ഇങ്ങനെ ബുദ്ധിമാറി പോയത്‌? എന്റെ ഹൃദയം അങ്ങയെപ്പറ്റി ചിന്തിക്കുമ്പോള്‍ തകര്‍ന്നു പോകുന്നു. ഗുണവാനായ അങ്ങയ്ക്ക്‌ ഇത്തരം ദുഃഖമയമായ ആപത്ത്‌ അകപ്പെട്ടു കാണുമ്പോള്‍ ഞാന്‍ അങ്ങേയറ്റം അമ്പരക്കുന്നു.

ഇതിന് ഉദാഹരണമായി ഒരു പഴമൊഴി പറഞ്ഞു വരാറുള്ളതു ഞാന്‍ പറയാം. ഈ ലോകം സ്വതന്ത്രമല്ല. ഈശ്വരന്റെ അധീനത്തിലാണ്‌ അതിന്റെ നില്‍ പ്പ്‌. ധാതാവാണ്‌ ജീവികള്‍ക്കു സുഖവും ദുഃഖവും പ്രിയവും അപ്രിയവും ഒക്കെ ചെയ്യുന്നത്‌. ജനനത്തിന് മുന്‍പ്‌ ഇവയൊക്കെ ദൈവം വിധിക്കുന്നത്‌ പൂര്‍വ കര്‍മ്മത്തിന്റെ ഫലം അനുസരിച്ചാണ്‌. ഹേ, രാജാവേ! നാം വിധിയുടെ കൈയില്‍ മരപ്പാവകള്‍ പോലെ കളിപ്പിക്കപ്പെടുകയാണ്‌. ചരടു വലിച്ചു പാവക്കളി നടത്തുന്നതു പോലെ ഈ ജീവജാലങ്ങളെല്ലാം സര്‍വ്വശക്തന്റെ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ഭൂതജാലത്താല്‍ എല്ലാം മൂടുന്ന ആകാശം പോലെ സര്‍വ്വവ്യാപിയായ ഈശ്വരന്‍ ഏവനും നന്മതിന്മകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ചരടിന്റെ ഒരു തുമ്പത്തു കെട്ടിയ പക്ഷി പോലെ നാം അസ്വത്രന്ത്രരാണ്‌. ഈശ്വരാധീനരാണ്‌ എല്ലാവരും. ആരും അവനവന് അധീനനല്ല. നുലില്‍ കോര്‍ത്ത മുത്തു പോലെ, മൂക്കില്‍ കയറിട്ട കാള പോലെ, നദീ തീരത്തില്‍ നിന്നും നദിയുടെ നടുക്കു വീണ്‌ ഒഴുക്കില്‍ പെട്ട വൃക്ഷം പോലെ, എല്ലാവരും ധാതാവിന്റെ ശാസനയ്ക്കു വിധേയരായിരിക്കുന്നു. എന്തെന്നാല്‍ വിധാതാവില്‍ അധിഷ്ഠിതമാണ്‌ സര്‍വ്വവും. അന്ധകാരാവൃതരായ ഭുതങ്ങള്‍ക്ക്‌ ഒന്നിലും സ്വാധീനതയില്ല. പ്രപഞ്ചാത്മാവില്‍ ആശ്രിതനായ മനുഷ്യന്‌ ഒരു നിമിഷം പോലും സ്വത്രത്രനാകാന്‍ കഴിയുകയില്ല. തന്റെ സുഖദുഃഖങ്ങള്‍ താന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാലും അതു നടക്കുകയില്ല. ഈശ്വരന്‍ തള്ളിവിടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ എത്തും. അത്‌ ഈശ്വരനാണ്‌ നിശ്ചയിക്കുന്നവന്‍. പുല്‍ക്കൊടിത്തുമ്പു ശക്തിയായ കാറ്റില്‍ എന്ന പോലെ, സര്‍വജീവജാലങ്ങളും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. ഹേ ഭാരത! ധാതാവിന്റെ പാട്ടില്‍ സര്‍വ്വഭൂതങ്ങളും നിൽക്കുന്നു. സ്വര്‍ഗ്ഗവും, നരകവും, ദൈവനിശ്ചയവും ഈശ്ചരേച്ഛ അനുസരിച്ചു കിട്ടുന്നു. ലോകവ്യാപകമായ ആ വിധിയുടെ ചൈതന്യം നന്മയും തിന്മയും ഇടകലര്‍ന്ന കര്‍മ്മങ്ങളില്‍ മുഴുകി ഈ പ്രപഞ്ചത്തില്‍ സദാ നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, ദൈവത്തിന്റെ സ്വരൂപം കാണുവാന്‍ സാധിക്കയില്ല. ക്ഷേത്രം എന്നു പറയുന്ന ദേഹം കാരണമാത്രം ആകുന്നു. ആ ദേഹം കൊണ്ട്‌ ഈശ്വരന്‍ ശുഭാശുഭങ്ങളെ ചെയ്യിക്കയാണ്‌. ഈശ്വരന്‍ ചെയ്തു വെച്ച മായാമഹിമ നോക്കൂ! ഭൂതജാലത്തെ ഭൂതജാലം കൊണ്ടു തന്നെ മായയാല്‍ കൊല്ലുന്നു. ഇതിനെ തത്വജ്ഞരായ മുനിമാര്‍ മറ്റു വിധത്തില്‍ കാണുന്നു. അവര്‍ ഇതിനെ മറ്റൊരു വെളിച്ചത്തിലാണ്‌ കാണുന്നത്‌. സുര്യരശ്മിയെ എന്ന പോലെ സാധാരണ ജനങ്ങള്‍ മറ്റു വിധത്തിലും കാണുന്നു. വിഭിന്ന രീതിയില്‍ ഓരോ കാരൃവും പുരുഷന്‍ ചിന്തിക്കുന്നു. എന്നാൽ വിധി തന്നെയാണ്‌ വിവിധ ജന്മങ്ങളും മരണങ്ങളും നല്കി എല്ലാം ചെയ്യുന്നത്‌. അചേതനമായ മരം കൊണ്ട്‌ മരത്തിനേയും, കല്ല് കൊണ്ട്‌ കല്ലിനേയും, ഇരുമ്പു കൊണ്ട്‌ ഇരുമ്പിനേയും എന്ന പോലെ ദൈവം മായയാല്‍ തന്റെ സൃഷ്ടികളെ പരസ്പരം കൊല്ലിക്കുന്നു.

ഇപ്രകാരം ആ സര്‍വ്വശക്തനായ ദേവന്‍, സ്വയംഭൂ, (പ്രപിതാമഹന്‍, ഭൂതങ്ങളെ ഭൂതങ്ങളാല്‍ വേഷം മാറി നിന്നു കൊല്ലുന്നു. ഇപ്രകാരം സൃഷ്ടിച്ചും നശിപ്പിച്ചും സ്വേച്ഛ പോലെ ദൈവം ജീവജാലങ്ങളുമായി കളിക്കുന്നു. കളിമണ്ണു കൊണ്ടുണ്ടാക്കിയ കളിക്കോപ്പു കൊണ്ട്‌ കുട്ടി കളിക്കുന്നതു പോലെ വിധി കളിക്കുന്നു. അച്ഛനമ്മമാരെ പോലെയല്ല ഈ വിധി തന്റെ സൃഷ്ടികളോടു പെരുമാറുന്നതെന്ന്‌ എനിക്കു തോന്നുന്നു. ഹേ രാജാവേ, ക്രുദ്ധരെ പോലെയാണ്‌ അവന്റെ പ്രവൃത്തി. ദുഷ്ടനെ പോലെയാണ്‌ അവന്റെ പ്രവ്യത്തി. മഹാത്മാക്കളും സുശീലന്മാരുമായവര്‍ ഉഴലുന്നതും, അനാര്യന്മാരും ദുഷ്ടന്മാരുമായവര്‍ സന്തുഷ്ടരായി കഴിയുന്നതും കണ്ട്‌ ഞാന്‍ ദുഃഖിക്കുകയാണ്‌. അങ്ങയുടെ ഈ കഷ്ടപ്പാടും, ദുര്യോധനനുള്ള സമൃദ്ധിയും ഒത്തു നോക്കുമ്പോള്‍ വിധാതാവിനെ പ്രകീര്‍ത്തിക്കാന്‍ എനിക്കു തോന്നുന്നില്ല. ഈ വിധി നീതി കെട്ടവനാണ്‌. ക്രൂരനും, ലുബ്ധനും, അധാര്‍മ്മികനും, വക്രബുദ്ധിയുമായ ദുര്യോധനന് ഈ ശ്രീ നല്‍കിയിട്ട്‌ വിധിക്ക്‌ എന്തു കാര്യം? കര്‍മ്മം ചെയ്തവനാകുന്നു ഫലമെങ്കില്‍ കര്‍ത്താവായി അന്യനില്ലെങ്കില്‍ വിധി ചെയ്യുന്ന ആ പാപകര്‍മ്മത്തിന്റെ ഫലം തീര്‍ച്ചയായും ഈശ്വരനെ തന്നെ ബാധിക്കും. അതല്ലാ, കര്‍മ്മജമായ പാപം അതു ചെയ്തവനില്ലെങ്കില്‍ പിന്നെ പ്രമാണം കൈയൂക്കു തന്നെയാണ്‌! ബലവാന് എന്തും ചെയ്യാമെന്നു തന്നെ ഇതിന്റെയൊക്കെ അര്‍ത്ഥം! ഈ നിലയ്ക്ക്‌ ബലഹീനന്മാരെപ്പറ്റി ചിന്തിച്ച്‌ ഞാന്‍ ദുഃഖിക്കുന്നു!

31. യുധിഷ്ഠിരവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ഭംഗിയായി, വിചിത്രപദമായി, ഹൃദ്യമായി, സുഗമമായ ആശയങ്ങളോടെ യാജ്ഞസേനീ, നീ ആവിഷ്കരിച്ച അഭിപ്രായ പ്രകാശനങ്ങള്‍ ശ്രദ്ധിച്ചു കേട്ടു. നീ നാസ്തികൃ ഭാഷയിലാണ്‌ ഇപ്പോള്‍ പ്രസംഗിച്ചത്‌.

ഹേ കൃഷ്ണേ! കര്‍മ്മഫലം നോക്കിയിട്ടല്ല ഞാന്‍ കര്‍മ്മാനുഷ്ഠാനം ചെയ്യുന്നത്‌. ഞാന്‍ കൊടുക്കുന്ന ദാനത്തിന്റേയോ, ചെയ്യുന്ന യാഗത്തിന്റേയോ അനന്തര ഫലത്തെ ഞാന്‍ ചിന്തിക്കാറില്ല. കൊടുക്കണം എന്നു ഞാന്‍ വിചാരിക്കുന്നതു കൊണ്ട്‌ ഞാന്‍ കൊടുക്കുന്നു. യജിക്കണം എന്നു ഞാന്‍ വിചാരിക്കുന്നതു കൊണ്ട്‌ യജിക്കുന്നു. ഫലം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യട്ടെ. പുരുഷന്‍ അവന്റെ കര്‍ത്തവ്യം ചെയ്യണം. അത്‌ ഗൃഹസ്ഥന്റെ ധര്‍മ്മമാണ്‌ കൃഷ്ണേ! അതു കൊണ്ട്‌ ശക്തിപോലെ ഞാന്‍ എന്റെ കര്‍ത്തവ്യം ചെയ്യുന്നു. ഞാന്‍ ധര്‍മ്മം ചരിക്കുന്നു. ധര്‍മ്മം അനുഷ്ഠിക്കുന്നു. അതു ധര്‍മ്മത്തിന്റെ ഫലം ആശിച്ചല്ല സുന്ദരീ, ഞാന്‍ ചെയ്യുന്നത്‌. ശാസ്ത്രം തെറ്റിക്കാതേയും സജ്ജനങ്ങളുടെ പ്രവൃത്തികള്‍ നോക്കിയറിഞ്ഞും കൃഷ്ണേ! ധര്‍മ്മത്തില്‍ എന്റെ ചിത്തം, സ്വഭാവത്താല്‍  തന്നെ ഉറച്ചതാണ്‌. ധര്‍മ്മം കൊണ്ട്‌ സ്വര്‍ഗ്ഗലാഭത്തിനുളള ഒരു ലാഭക്കച്ചവടം നടത്തുന്നവന്‍ ധര്‍മ്മജ്ഞന്മാര്‍ക്കു നിന്ദ്യനാണ്‌. പ്രതിഫലത്തിനു വേണ്ടി കര്‍മ്മം ചെയ്യുന്നതാണ്‌ കച്ചവടം. അത്തരക്കാര്‍ നിന്ദ്യരാണ്‌; അവരെ ഒരിക്കലും ധര്‍മ്മിഷ്ഠരായി കണക്കാക്കുകയില്ല. ധര്‍മ്മത്തില്‍ നിന്നു ഫലത്തെ ആഗ്രഹിക്കുന്നവന്‍ കര്‍മ്മത്തിന്റെ മഹത്തായ ഫലം നേടുന്നതുമല്ല. അവൻ നാസ്തികനും പാപിയുമായവനാണ്‌. സത്കര്‍മ്മം ചെയ്ത ശേഷം ധര്‍മ്മത്തെ സംശയിക്കുന്നവനും ഐശ്വര്യം നേടുകയില്ല. എടോ കൃഷ്ണേ! ഞാന്‍ വേദത്തെ അടിസ്ഥാനമാക്കി വീണ്ടും വീണ്ടും പറയുന്നു, ധര്‍മ്മത്തെ സംശയിക്കരുത്‌ എന്ന്.

ധര്‍മ്മത്തെ ശങ്കിക്കുന്നവനു തിരൃക്കുകളുടെ ഗതി അടുത്ത ജന്മത്തില്‍ വന്നുകൂടും. ധര്‍മ്മത്തേയും ഋഷികളേയും ശങ്കിക്കുന്ന ദുര്‍ബല മാനസന്റെ ഗതി അധോഗതിയാണ്‌. വേദത്തില്‍ ശൂദ്രന്‌ എന്ന പോലെ അവനു നിത്യലോകത്തില്‍ സ്ഥാനം ലഭിക്കുന്നതല്ല. മനസ്വിനി, വേദോച്ചാരണം ചെയ്യൂന്ന ധര്‍മ്മപരനും സല്‍ കുലീനനുമായവന്‍ ബാലനായിരുന്നാലും, രാജര്‍ഷികള്‍ അവനെ വൃദ്ധതപസ്വിയായി കണക്കാക്കുമെന്ന്‌ ധര്‍മ്മചാരികള്‍ പറയുന്നു. വേദനിയമങ്ങള്‍ ലംഘിക്കുകയും, ധര്‍മ്മത്തില്‍ ശങ്കിക്കുകയും ചെയ്യുന്ന മന്ദബുദ്ധി ശൂദ്രനേക്കാളും കള്ളന്മാരേക്കാളും പാപിയാണ്‌. എടോ. മനസ്വിനീ! നീ പ്രത്യക്ഷമായി കണ്ടില്ലേ?തപോനിധിയും, മുനീശ്വരനും. ധര്‍മ്മത്താല്‍ ചിരംജീവിയുമായ മാര്‍ക്കണ്ഡേയന്‍ ഇവിടെ വന്നു പോയ ത്‌? അദ്ദേഹം ധര്‍മ്മത്താലാണ്‌ ചിരംജീവിയായത്‌.

വ്യാസന്‍. വസിഷ്ഠന്‍, മൈത്രേയന്‍, നാരദന്‍, ലോമശന്‍, ശുകന്‍, മറ്റു താപസന്മാരും ഇവരൊക്കെ ധര്‍മ്മം കൊണ്ടു ശുദ്ധമാനസന്മാർ ആയവരാണ്‌. ഈ ദിവ്യയോഗീശ്വരന്മാരെ നീ പ്രത്യക്ഷമായി കാണുകയും, ഇവര്‍ ശാപാനുഗ്രഹ ശക്തന്മാരും ദേവമാന്യന്മാരുമാണെന്ന്‌ നീ അറിയുകയും ചെയ്തിട്ടുണ്ടല്ലോ. അനഘേ! ഇവര്‍ പ്രഥമമായ മനുഷ്യകര്‍ത്തവ്യം ധര്‍മ്മമാണെന്നു വര്‍ണ്ണിക്കുന്നു. ദേവതുല്യരായ ഇവര്‍ വേദജ്ഞരാണ്‌. അതുകൊണ്ട്‌ ശുഭേ, നീ ദൈവത്തേയും ധര്‍മ്മത്തേയും മൗഢ്യത്താല്‍ ആക്ഷേപിക്കുകയും സംശയിക്കുകയും ചെയ്യരുത്‌.

*******************

തത്വദര്‍ശികളായ വിജ്ഞന്മാരെയൊക്കെ ജളന്മാര്‍ ഭ്രാന്തന്മാരാണെന്നു പുച്ഛിക്കും. ധര്‍മ്മത്തില്‍ ശങ്കിക്കുന്നവന്‍, അന്യന്‍ ഉയര്‍ത്തിക്കാണിച്ചു പറയുന്ന പ്രമാണം വിശ്വസിക്കയില്ല. താന്‍ കണ്ടതാണ്‌ ശരിയായ പ്രമാണമെന്ന്‌ മൂഢന്‍ ഉറപ്പിച്ചു പറയും. ശ്രേയസ്സിനെ നിരസിക്കുന്ന അവന്‍ ഇന്ദ്രിയ പ്രീതികരമായി ഈ ലോകത്തില്‍ കാണുന്നതു മാത്രമാണ്‌ സത്യമായിട്ടുള്ളതെന്നു വിചാരിക്കുകയും അതിന്റെ പിന്നാലെ രമിക്കുകയും ചെയ്യും. ഇങ്ങനെ ധര്‍മ്മത്തെ ശങ്കിക്കുന്ന പാപി ചെയ്യുന്ന പാപത്തിനു പ്രായശ്ചിത്തം പോലുമില്ലെന്ന്‌ നീ അറിയണം. ലുബ്ധനും, പാപിയും, ദുരാഗ്രഹിയുമായ അവന് പരലോകത്തില്‍ സ്ഥാനമില്ല. ശാസ്ത്രവിരുദ്ധമായി ജീവിക്കുന്നവന്‍, വേദശാസ്ത്രാര്‍ത്ഥങ്ങളെ നിന്ദിക്കുന്നവന്‍, കാമലോഭങ്ങളില്‍ പെട്ട മൂഢന്‍, നരകത്തില്‍ ചെന്നു വീഴുകയേയുള്ളു. ലി

വിജ്ഞാനത്തിന്റെ മറുകര കണ്ടവരും സര്‍വ്വജ്ഞരുമായ ഋഷിമാരാല്‍ രൂപം കൊടുക്കപ്പെട്ടതും, ധര്‍മ്മിഷ്ഠര്‍ എന്നും വിശ്വസിച്ച്‌ അനുഷ്ഠിക്കുന്നതും, പുരാതനവുമായ, ധര്‍മ്മവിശ്വാസത്തെ, ഹേ, കൃഷ്ണേ! നീ സംശയിക്കരുത്‌. ആര്‍ഷ്രപമാണത്തെ ധിക്കരിച്ച്‌ ധര്‍മ്മത്തെ വക വെക്കാതിരിക്കുന്ന, സര്‍വ്വ ശാസ്ത്രാതിഗനായ മൂഢന്‍, ഒരു ജന്മത്തിലും സുഖിക്കുന്നതല്ല. വേദപ്രമാണം വക വെക്കാത്തവനും ശിഷ്‌ടാചാരം വെടിയുന്നവനുമായ പുരുഷന്‍ പരലോകത്തിലും ഇഹലോകത്തിലും ഗതി കിട്ടുന്നതുമല്ല. അതു കൊണ്ട്‌ ശിഷ്‌ടന്മാര്‍ ചെയ്യുന്ന കര്‍മ്മത്തില്‍ കൃഷ്ണേ! നീ ശങ്കിക്കരുത്‌. സ്വര്‍ഗ്ഗം പ്രാപിക്കുവാൻ ആഗ്രഹിക്കുന്നവന് ധര്‍മ്മമാകുന്ന വഞ്ചിയല്ലാതെ വേറെ വാഹനമൊന്നുമില്ല. ഈ ധര്‍മ്മനൗക, സമുദ്രത്തിന്റെ മറുകരയ്ക്ക്‌ എത്തിക്കുന്ന കച്ചവടക്കാരന്റെ കപ്പല്‍ എന്ന വിധം, വിശ്വാസികളെ എത്തിക്കും. ധര്‍മ്മചാരികള്‍ ചെയ്യുന്ന ധര്‍മ്മം ഫലഹീനമാണെങ്കില്‍ മാന്യേ, ഈ ജഗത്ത്‌ നിലയില്ലാത്ത ഇരുട്ടില്‍ പെട്ടു പോകും. അപ്പോള്‍ മനുഷ്യര്‍ മൃഗപ്രായരാവും. മോക്ഷം ജീവികള്‍ക്കു സിദ്ധിക്കാതാകും. ആരും വിദ്യ ശീലിക്കുകയില്ല. ആരും പുരുഷാര്‍ത്ഥങ്ങള്‍ യഥാക്രമം ഗ്രഹിക്കുകയില്ല. അങ്ങനെ മനുഷ്യര്‍ മൃഗപ്രായരായി തീരും. തപസ്സ്‌, ബ്രഹ്മചര്യം, യജ്ഞം, സതൃസന്ധത, ദാനം. ആര്‍ജ്ജവം ഇവയൊക്കെ നിഷ്ഫലമാണെങ്കില്‍ തലമുറകളായി മനുഷ്യന്‍ ധര്‍മ്മം ആചരിക്കുകയില്ലായിരുന്നു.ക്രിയയ്ക്കു ഫലമില്ലെങ്കില്‍ ലോകം അന്ധകാരമയമായി തീരും.

ധര്‍മ്മം നിഷ്ഫലമാണെങ്കില്‍ എന്തുകൊണ്ടാണ്‌ ഋഷിമാരും, ദേവകളും, ഗന്ധര്‍വ്വന്മാരും, ആശരന്മാരും, ദൈതൃന്മാരും. ദേവകള്‍ കൂടിയും ഈ ധര്‍മ്മത്തെ ആദരിച്ചു സ്വീകരിക്കുന്നത്‌. അവര്‍ക്ക്‌ ഈ സത്യം വ്യക്തമായും അറിയാം. ഫലം നല്കുന്നവന്‍ ധാതാവാണെന്ന്‌. അതു കൊണ്ട്‌ അവര്‍ ധര്‍മ്മം അനുഷ്ഠിക്കുന്നു. ഹേ, കൃഷ്ണേ! ധര്‍മ്മത്തില്‍ നിന്നാണ്‌ ശാശ്വതമായ ശ്രേയസ്സു വന്നു ചേരുന്നത്‌. ധര്‍മ്മം പാഴാവുകയില്ല. അധര്‍മ്മവും പാഴാവുകയില്ല. വിദ്യക്കും തപസ്സിനുമുള്ള ഫലം നീ തന്നെ കാണുന്നില്ലേ? കൃഷ്ണേ, നിന്റെ ജന്മത്തെപ്പറ്റി തന്നെ നീ കേട്ടറിയുന്നില്ലേ? പ്രതാപിയായ ധൃഷ്ടധ്യുമ്നന്റെ ജന്മത്തെപ്പറ്റിയും നീ കേട്ടറിയുന്നില്ലേ. ശുചിസ്മിതേ! ഇതു തന്നെയാണ്‌ അതിനുള്ള ദൃഷ്ടാന്തവും. വിദ്യ, തപസ്സ്‌ മുതലായ ധര്‍മ്മൃകര്‍മ്മങ്ങള്‍ക്കുള്ള ഫലം എത്ര കുറച്ചായിരുന്നാലും മനഃസംയമനം കൈവന്നവര്‍ സന്തോഷിക്കും. എന്നാൽ, ബുദ്ധിഹീനന്മാര്‍ എത്ര വലിയ ഫലം ലഭിച്ചാലും സന്തോഷിക്കുകയില്ല; അവര്‍ക്കു പരലോക സുഖം ലഭിക്കുകയുമില്ല. ഹേ, സുന്ദരി! പുണ്യപാപ കര്‍മ്മങ്ങളുടെ ഫലങ്ങളെക്കുറിച്ചും, കര്‍മ്മങ്ങളുടെ ഉത്ഭവ നാശങ്ങളെ കുറിച്ചും ദേവന്മാര്‍ക്കു പോലും അറിഞ്ഞു കൂടാ. ഇവ ആര്‍ക്കുമറിയാത്ത രഹസ്യങ്ങളാണ്‌. സാധാരണക്കാര്‍ക്ക്‌ ഇതിനേക്കുറിച്ച്‌ ഒട്ടും ജഞാനമില്ല. ഗൂഡമായാ മയന്മാരാണല്ലോ ദേവന്മാര്‍. ആ ദേവന്മാരാല്‍ പരിരക്ഷിതമായ ഈ രഹസ്യങ്ങള്‍ രാഗം. ദ്വേഷം, മുതലായവയില്ലാത്തവരും, ദൃഢവ്രതന്മാരും, തപസ്സിനാല്‍ മാലിന്യം നീങ്ങിയവരും, പ്രസന്ന ചിത്തരുമായ ബ്രാഹ്മണര്‍, ബ്രഹ്മജ്ഞന്മാര്‍, മാത്രമേ അറിയുവാന്‍ ശക്തരാകുന്നുള്ളു.

അതു കൊണ്ട്‌ ഫലം കാണുന്നില്ലെന്നു വിചാരിച്ച്‌ ശോഭനേ! നീ ധര്‍മ്മത്തേയും ദൈവത്തേയും പറ്റി സംശയിക്കരുത്‌.

ശ്രദ്ധയോടെ യജിക്കേണ്ടതും അസൂയ കൂടാതെ ദാനം ചെയ്യേണ്ടതും നമ്മുടെ കടമയാണ്‌. ഫലത്തെക്കുറിച്ചു നോക്കാതെ നമ്മുടെ ആ കടമ, കര്‍ത്തവ്യം, നാം നിര്‍വ്വഹിക്കണം.

കര്‍മ്മങ്ങള്‍ ക്കെല്ലാം ഫലമുണ്ട്‌; ധര്‍മ്മം ശാശ്വതവുമാണ്‌. അതില്‍ നീ ഒട്ടും ശങ്കിക്കരുത്‌. ശങ്കയുണ്ടെങ്കില്‍ അതു പാടേ അകറ്റുക. അവിശ്വാസം വിശ്വാസത്തിനു വഴിമാറിക്കൊടുക്കട്ടെ!

സര്‍വ്വേശ്വരനായ വിധാതാവിനെ നീ ആക്ഷേപിക്കരുത്‌. അവനെ എങ്ങനെ മനസ്സിലാക്കാമെന്നു നീ അറിയുക. ആ ദേവനെ നീ നമസ്കരിക്കുക. നിന്റെ ബുദ്ധി ഇനി മേല്‍ പിഴച്ചു പോകാതിരിക്കട്ടെ. ആ ദേവന്റെ പ്രസാദത്താല്‍ , അനുഗ്രഹത്താല്‍ , ഭക്തനായ മര്‍ത്ത്യന്‍ അമര്‍ത്തൃനായി ഉയരും. അങ്ങനെയുള്ള മുഖ്യദേവതയെ ഹേ കൃഷ്ണേ, നീ ഒരിക്കലും നിന്ദിക്കരുത്‌.

32. ദ്രൗപദീവാക്യം - ദ്രൗപദി പറഞ്ഞു: ഞാന്‍ ധര്‍മ്മത്തെ ഒരിക്കലും അവമാനിക്കുകയോ, നിന്ദിക്കുകയോ ചെയ്യുകയില്ല! ആ പ്രജാപതിയായ വിധാതാവിനെ ഞാനെന്തിനു നിന്ദിക്കുന്നു? ദുഃഖാര്‍ത്തയായ ഞാന്‍ പലതും പറഞ്ഞു വിലപിക്കുന്നതിന്നിടയില്‍ ആരെയെങ്കിലും പഴിക്കുന്നതായാല്‍ അത്‌ കരുതലോടു കൂടി ചെയ്യുന്ന നിന്ദയാണെന്നു ഭവാന്‍ വിചാരിക്കരുത്‌. ഞാന്‍ വീണ്ടും കരയുകയാണ്‌. എന്റെ നേരേ അനുതാപത്തോടെ, ഞാന്‍ പറയുന്നതു ഭവാന്‍ കേട്ടാലും!

കര്‍മ്മം എല്ലാവരുടേയും, എല്ലാറ്റിന്റേയും കര്‍ത്തവ്യമാണല്ലോ. കര്‍മ്മമില്ലാതിരുന്നാല്‍ ചേതനങ്ങളായ ജീവികളൊന്നും തന്നെ ജീവിക്കുകയില്ല. അചേതനങ്ങള്‍ക്കേ കര്‍മ്മം വേണ്ടാതുള്ളു. പശുക്കുട്ടി ജനിച്ച ഉടനെ അതിന്റെ അമ്മയുടെ മുല കുടിച്ചു തുടങ്ങുന്നു. ആഭിചാരത്തിനു വിധേയരായവര്‍ക്ക്‌ ദുഃഖമുണ്ടാകുന്നു. അതുപോലെ, രാജാവേ, മുന്‍ജന്മഫലമെന്നോണം ജന്തുക്കള്‍ ഓരോവക ജീവിതവൃത്തി തുടരുന്നു. ജംഗമങ്ങളില്‍ വെച്ചു മനുഷ്യര്‍ മാത്രം ഇഹത്തിലെന്ന പോലെ പരത്തിലും തന്റെ അഭീഷ്ടത്തിന് അനുസരിച്ച്‌ ഉപജീവിക്കുവാന്‍ തക്കവിധം കര്‍മ്മം ചെയ്യുന്നു! ഈ കാര്യത്തില്‍ മനുഷ്യന്‍ മറ്റു ജീവികളെ പോലെയല്ല. പൂര്‍വ്വകര്‍മ്മഫലത്തെ സര്‍വ്വഭൂതങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്നു നാം ചെയ്യുന്ന കര്‍മ്മമാണ്‌ നാളത്തെ അനുഭവത്തിനു ഹേതുവായി ഭവിക്കുന്നത്‌. സൃഷ്ടികര്‍ത്താവായ ഈശ്വരന്‍ പോലും, സര്‍വ്വജീവികളും പൂര്‍വ്വജന്മപ്രചോദിതമായി, വെള്ളത്തില്‍ കൊക്ക്‌ എന്ന പോലെ, ജീവിതം നയിക്കുന്നു. കര്‍മ്മം കൂടാതെ ജീവിതമില്ല. ഇന്നു നാം കാണുന്ന ജീവിതം പൂര്‍വ്വ കര്‍മ്മങ്ങളില്‍ നിന്ന്‌ ഉണ്ടായതാണ്‌. സര്‍വ്വജന്തുക്കളും പൂര്‍വ്വകര്‍മ്മ സംസ്‌കാരത്തെ ആശ്രയിച്ചു ജീവിക്കുന്നു. അതുകൊണ്ട്‌ ഏതു ജീവിയും എപ്പോഴും കര്‍മ്മം ചെയ്തു കൊണ്ടു തന്നെയിരിക്കണം. എപ്പോഴും കര്‍മ്മനിരതനായി ഇരിക്കയല്ലാതെ കര്‍മ്മത്തെ മുടക്കുകയോ, കര്‍മ്മത്തെ മുടിക്കുകയോ, ആരും ചെയ്തു പോകരുത്‌. കര്‍മ്മം ചെയ്യുക. കര്‍മ്മത്തില്‍ മടുക്കരുത്‌. കര്‍മ്മത്താല്‍ സജ്ജനാവുക! കര്‍മ്മത്തിന്റെ പ്രയോജനത്തെക്കുറിച്ച്‌ അറിഞ്ഞവര്‍ ആയിരത്തില്‍ ഒന്നു പോലും ഇല്ലെന്നും വരാം. കര്‍മ്മത്താല്‍ കവചിതനാകണം. ശ്രീ നേടുന്നതിനും, നേടിയതിനെ സംരക്ഷിക്കുന്നതിനും ഒരുപോലെ കര്‍മ്മം ആവശ്യമാണ്‌. എന്തെന്നാല്‍ നേടാന്‍ ശ്രമിക്കാതെ വ്യയം മാത്രം ചെയ്തു കൊണ്ടിരുന്നാല്‍ ആരുടേയും സമ്പത്ത്‌, അത്‌ ഹിമവല്‍ പര്‍വ്വതം പോലെ ബൃഹത്തായിരുന്നാല്‍ പോലും, ക്ഷയിച്ചു പോകും. ജനങ്ങള്‍ കര്‍മ്മവിമുഖരായി, കര്‍മ്മഹീനരായി, വര്‍ത്തിച്ചിരുന്നെങ്കില്‍ ഈ ലോകം നിശ്ശേഷം നശിച്ചു പോവുകയല്ലാതെ മറ്റെന്തുണ്ടാകുമായിരുന്നു? കര്‍മ്മങ്ങളൊക്കെ നിഷ് ഫലമാണെങ്കില്‍ ലോകത്തില്‍ ഇക്കാണുന്ന അഭിവൃദ്ധിയെല്ലാം എങ്ങനെ ഉണ്ടായി? ഫലം വേണ്ടെന്നു വിചാരിച്ചു കൂടി കര്‍മ്മം ചെയ്യുന്നവരുണ്ട്‌. അത്ര മഹത്വമേറിയതാണ്‌ കര്‍മ്മത്തിന്റെ പ്രഭാവം. എന്തെന്നാല്‍ , കര്‍മ്മമില്ലാതെ ജീവിതമില്ല. ദൈവത്തില്‍ നിന്നു തനിക്കു കിട്ടേണ്ടതെല്ലാം കിട്ടുമെന്നു വിചാരിച്ചു മേലനങ്ങാതെ കാത്തിരിക്കുന്നവനും, വരുവാനുള്ളതെല്ലാം ഭാഗ്യത്താല്‍ കര്‍മ്മം കൂടാതെ മുറയ്ക്കു ലഭിച്ച കൊള്ളുമെന്നു കരുതുന്നവനും വെറും മൂഢാത്മാവാണ്‌. കര്‍മ്മതത്പരന്‍ മാത്രമാണ്‌ പ്രശംസാര്‍ഹന്‍. എല്ലാം വിധിയുടെ ഹിതം പോലെ വരട്ടെയെന്ന്‌ വിചാരിച്ച്‌ പ്രയത്നിക്കാതെ കര്‍മ്മഹീനനായി സസുഖം കിടക്കുന്ന വിഡ്ഡി വെള്ളത്തില്‍ വീണ പച്ചക്കളിമണ്‍കുടം ( വേവിക്കാത്ത കളിമണ്‍കുടം ) പോലെ നശിച്ചുപോകും. അപ്രകാരം തന്നെ കര്‍മ്മം ചെയ്യുവാന്‍ ശക്തിയുള്ള ആള്‍ ഭാഗ്യത്തെ മാത്രം ആശ്രയിച്ച്‌ തന്റെ ബുദ്ധിശൂന്യത കൊണ്ട്‌, കര്‍മ്മഹീനനായി, അലസനായി അടങ്ങിയിരുന്നാല്‍ എന്തു സംഭവിക്കും? അവന്‍ അനാഥനെപ്പോലെ ദുര്‍ബലനായിത്തീരും. അധികംനാള്‍ കഴിയുന്നതിന് മുമ്പായി നശിക്കുകയും ചെയ്യും. ഒട്ടും യത്നിക്കാതിരുന്ന്‌ അവിചാരിതമായി സമ്പത്തു നേടുവാന്‍ കഴിയുമെങ്കില്‍ അതിനെ ഭാഗ്യമായി കണക്കാക്കുന്നു. എന്തു കൊണ്ടെന്നാല്‍ , ആരും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. എല്ലാം ദൈവവിധി പോലെ വരുമെന്നു ചിന്തിച്ചു നിശ്ചയിച്ച്‌ മതകര്‍മ്മങ്ങള്‍ മാത്രം അനുഷ്ഠിച്ച്‌ ദൈവത്തെ മാത്രം നോക്കിയിരുന്ന്‌ അതില്‍ നിന്ന്‌ സല്‍ക്കാര്യം സാധിക്കുമെങ്കില്‍ അതിനെ ദൈവഹിതമായി കണക്കാക്കുന്നു. കര്‍മ്മം തന്നത്താന്‍ ചെയ്ത്‌ അതില്‍ നിന്ന്‌ ഈ ലോകത്തില്‍ പ്രതൃക്ഷമായ ഫലം ഒരുവന്‍ നേടുന്നത്‌ പൗരുഷമാണ്‌, അതിനെ അടിസ്ഥാനമാക്കിയാണ്‌ വൃക്തിപ്രഭാവം കണക്കാക്കുന്നത്‌, കാരണം കൂടാതെ സ്വാഭാവികമായി ഫലം നേടുന്നതായാല്‍ അതു സ്വഭാവാത്മകമാണ്‌. ഇതില്‍ ഹഠം. ദൈവം ( ഭാഗ്യം ), സ്വഭാവാത്മകം എന്നിവയെല്ലാം പൂര്‍വ്വജന്മകര്‍മ്മങ്ങളെ ആശ്രയിച്ചു നിക്കുന്നു. പൂര്‍വ്വകാലത്ത്‌ കര്‍മ്മം ചെയ്തിട്ടില്ലാത്ത ഒരുവന് ഹഠമോ. ദൈവമോ, സ്വാഭാവികമോ ബാധകമല്ല. വാസ്തവത്തില്‍ ഇവയ്ക്കു മൂന്നിനും ആധാരം കര്‍മ്മം തന്നെയാണെന്നും ചിന്തിച്ചാല്‍ കാണാം. ഈശ്വരന്‍ പൂര്‍വ്വകര്‍മ്മഫലങ്ങളെ വിഭജിച്ചു നല്കുക മാത്രമേ ചെയ്യുന്നുള്ളു. അതായത്‌ ഈ ദേഹം എന്നത്‌ ഈശ്വരന്റെ കൈയിലെ ഉപകരണം മാത്രമാണ്‌.

ജീവികള്‍ക്കു വിധിവിഹിതമായുണ്ടാകുന്ന ശുഭാശുഭങ്ങള്‍ പൂര്‍വ്വകര്‍മ്മങ്ങളുടെ വിളവുകളാണ്‌. പൂര്‍വ്വകര്‍മ്മങ്ങളില്‍ നിന്ന്‌ ഈ ജീവിതമുണ്ടാകുന്നു. ഈ ജീവിതത്തില്‍ നിന്ന്‌ ഭാവികര്‍മ്മങ്ങളും ഉണ്ടാകുന്നു. മനുഷ്യന്‍ ധാതാവിന്റെ പ്രേരണ പോലെ പ്രവര്‍ത്തിക്കുന്നവനാണ്‌. ആ മഹേശ്വരനായ വിധി മനുഷ്യനെ ഓരോ വിധ കൃത്യങ്ങളില്‍ വിനിയോഗിക്കുന്നു. വിധി ഇങ്ങനെയാണ്‌ സര്‍വ്വജീവികളേയും പ്രവര്‍ത്തിപ്പിക്കുന്നത്‌. അതു കൊണ്ട്‌ ജീവികള്‍ സ്വയം ഒന്നും ചെയ്യുന്നില്ലെന്നു പറയാം. ഈശ്വരന്‍ അവയെ പ്രവര്‍ത്തിപ്പിക്കുന്നു.

വിധി പൂര്‍വ്വകര്‍മ്മാത്മകമാണെന്നും, ഭാവി ശ്രേയസ്സ്‌ ഇന്നത്തെ കര്‍മ്മത്തില്‍ നിന്നാണ്‌ ഉണ്ടാകുന്നതെന്നും മനസ്സിലാക്കി മനുഷ്യന്‍ തനിക്കു വേണ്ടുന്നതെല്ലാം ചിന്തിച്ച്‌ നിശ്ചയിച്ച്‌, അതൊക്കെ ബുദ്ധിപൂര്‍വ്വം കര്‍മ്മം കൊണ്ടു നേടുന്നു. ഹേ, കുന്തീപുത്ര! അതു കൊണ്ട്‌, മനുഷ്യന്‍ തന്നെയാണ്‌ അവന്റെ പ്രവൃത്തിക്കു കാരണമെന്നു നാം പറയുന്നു. നമുക്കു ചുറ്റും കാണുന്ന ലോകത്തിലെ വിഭവങ്ങള്‍ മുഴുവന്‍ മനുഷ്യ കര്‍മ്മത്താല്‍ ഉണ്ടായതല്ലേ? വീടും നാടും നഗരവുമൊക്കെ നിര്‍മ്മിച്ചത്‌ പൗരുഷത്താലാണ്‌.

എള്ളില്‍ നിന്ന്‌ എണ്ണയും, പശുവില്‍ നിന്നു പാലും, വിറകില്‍ നിന്നു തീയും ലഭിക്കുമെന്ന്‌ ബുദ്ധിമാന്മാര്‍ ബുദ്ധി കൊണ്ട്‌ ഗ്രഹിച്ച്‌ അതു നേടാനുള്ള വഴി അറിഞ്ഞ്‌ അപ്രകാരം പ്രവര്‍ത്തിക്കുക കാരണം സിദ്ധി നേടിയിരിക്കുന്നു. ഇപ്രകാരം സ്വന്തം കര്‍മ്മത്തിന്റെ ആ സിദ്ധിയെയാണ്‌ ഇന്നു ജീവികള്‍ അനുഭവിച്ച്‌ ഉപജീവിക്കുന്നത്‌. സമര്‍ത്ഥന്റേയും അസമര്‍ത്ഥന്റേയും വ്യത്യാസം അവരുടെ കര്‍മ്മങ്ങളുടെ മേന്മ താരതമ്യപ്പെടുത്തി മനസ്സിലാക്കാവുന്നതാണ്‌. മനുഷ്യന്‍ അവന്റെ കര്‍മ്മത്തിനു കാരണമായിരുന്നില്ലെങ്കില്‍ ലൗകികമോ, ദൈവികമോ ആയ ക്രിയകള്‍ക്കു ഫലമുണ്ടാവുകയില്ല; ഗുരുശിഷ്യഭേദവും ഉണ്ടാവുകയില്ലായിരുന്നു. അതാണ്‌ കര്‍മ്മസിദ്ധിയില്‍ ആ കര്‍മ്മത്തിന്റെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നതും കര്‍മ്മദോഷത്താല്‍ കര്‍മ്മസിദ്ധിയേൽക്കാത്തവനെ നിന്ദിക്കുന്നതും. മനുഷ്യന്‍ തന്നെയല്ല അവന്റെ കര്‍മ്മത്തിനും ഫലത്തിനും ഹേതു എങ്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ ന്യായീകരിക്കാം?

ചിലര്‍ എല്ലാം ദൈവഹിതമാണെന്നു കരുതുന്നു. മറ്റു ചിലര്‍ അതല്ലെന്നും വിശ്വസിക്കുന്നു. പക്ഷേ, ഭാഗ്യം കൊണ്ടും ദൈവഹിതം കൊണ്ടും നേടുന്നതായി കരുതുന്നതിനെല്ലാം ആധാരം പൂര്‍വ്വജന്മങ്ങളിലെ തെറ്റോ, ശരിയോ ആയ കര്‍മ്മങ്ങള്‍ മാത്രമാണ്‌. ദൈവഹിതത്താലും ഭാഗ്യത്താലും കാരൃസിദ്ധിയുണ്ടാകും. ഹഠം കൊണ്ടും, ദൈവം കൊണ്ടും, സ്വന്തം കര്‍മ്മം കൊണ്ടുമാണ്‌ പുരുഷനു ഫലോദയമുണ്ടാകുന്നത്‌. ഇവ മൂന്നുമൊഴികെ കാര്യസിദ്ധിക്ക്‌ നാലാമതായി വേറെ കാരണമില്ലെന്ന്‌ സത്യജ്ഞന്മാരായ ജ്ഞാനികള്‍ പറയുന്നു. സല്‍ക്കര്‍മ്മ ദുഷ്കര്‍മ്മങ്ങള്‍ പോലെയാണ്‌ ഇഷ്ടാനിഷ്ടഫലങ്ങള്‍. ജീവികള്‍ക്കു വിധി നല്കുന്ന സിദ്ധാന്തം ശരിയല്ലെങ്കില്‍ ലോകത്തില്‍ ദുഃഖിതരായി ആരും തന്നെ ഉണ്ടാവേണ്ടതല്ലായിരുന്നു. പൂര്‍വ്വകര്‍മ്മത്തിന്‌ സ്ഥാനമില്ലെങ്കില്‍ മനുഷ്യന്‍ ഏത്‌ ആശയോടു കൂടി കര്‍മ്മം ചെയ്യുന്നുവോ അതൊക്കെ അപ്പോൾ തന്നെ ഫലിക്കേണ്ടതല്ലേ? കര്‍മ്മമാണ്‌ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ക്കു കാരണമെന്നും പൂര്‍വ്വജന്മ കര്‍മ്മങ്ങള്‍ ക്ക്‌ സ്ഥാനമുണ്ടെന്നും ഹഠം മുതലായ മൂന്നിനും കര്‍മ്മമാണ്‌ ആധാരമെന്നും അറിയാത്തവന്‍ വെറും മൂഢനാണെന്നു പറയുക തന്നെ വേണം.

ഈ പറഞ്ഞതെല്ലാം നേടുവാന്‍ മനുഷ്യന്‍ യത്നിക്കണം. മനുവിന്റെ നിശ്ചയമാണിത്‌. കര്‍മ്മം ചെയ്യാതെ നിശ്ചേഷ്ടനായി കിടക്കുന്നവന്‍ പരാജിതനാവുക തന്നെ ചെയ്യും. എപ്പോഴും യത്നിച്ചു കൊണ്ടിരിക്കുന്നവനാണ്‌ ഫലസിദ്ധി. കര്‍മ്മം കൊണ്ടു വിജയം കൈവന്നില്ലെങ്കില്‍  തന്നെ അതു കര്‍മ്മവൈകല്യം കൊണ്ടാണെന്ന്‌ അറിഞ്ഞ്‌ ആ ദോഷത്തെ പരിഹരിക്കാന്‍ ശ്രമിക്കണം. നമ്മുടെ കടമകള്‍ തീര്‍ക്കുന്നതിന്നും കര്‍മ്മം കാരണമാകുന്നു, വിജയിച്ചാലും ഇല്ലെങ്കിലും. അലസനായി കിടക്കുന്ന മനുഷ്യനെ അലക്ഷ്മി ബാധിക്കും. കര്‍മ്മകുശലന്‍ സമയത്തു ഫലം നേടി ഐശ്വര്യം പ്രാപിക്കും. കര്‍മ്മനിരതന്മാരായ ബുദ്ധിമാന്മാര്‍ കര്‍മ്മത്തെപ്പറ്റി സംശയിക്കുന്നവരെ, തോറ്റവരും അവിശ്വാസികളുമായി കണക്കാക്കുന്നു. കര്‍മ്മത്തില്‍ ഒട്ടും സംശയമില്ലാത്തവരും ആത്മവിശ്വാസികളുമായവരെ, വിജയികളായും കണക്കാക്കുന്നു. അല്ലയോ രാജാവേ! നമുക്കു വളരെയധികം അനര്‍ത്ഥങ്ങള്‍ നേരിട്ടിരിക്കുന്ന കാലമാണ്‌ ഇത്‌. ഭവാന്‍ സംശയം വെടിഞ്ഞ്‌ പൗരുഷത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ നമ്മളെ ബാധിച്ച അനര്‍ത്ഥങ്ങള്‍ നീങ്ങുകയുള്ളു. ഒരു പക്ഷേ, ഫലസിദ്ധി ഉണ്ടായില്ലെങ്കില്‍  തന്നെ സ്വന്തം പൗരുഷം കൊണ്ട്‌ അങ്ങയ്ക്കും; വൃകോദരനും, അര്‍ജ്ജുനനും, നകുലസഹദേവന്മാര്‍ക്കും അഭിമാന ഭംഗം ഭവിക്കുകയില്ല. കര്‍മ്മം മറ്റുള്ളവരിലെല്ലാം ഫലിച്ചു കാണുമ്പോള്‍ നമ്മളില്‍ മാത്രം അതുണ്ടാകാതിരിക്കുമോ? നാം നമ്മുടെ കര്‍മ്മങ്ങള്‍ ശരിക്ക്‌ നിര്‍വ്വഹിക്കണം. വല്ല കാരണവശാലും നമുക്കു ഫലസിദ്ധി ഉണ്ടായില്ലെങ്കില്‍ ആ തെറ്റു നമ്മുടേതല്ല. കര്‍ഷകന്‍ കരി കൊണ്ടു നിലം ഉഴുതു വിതച്ചു കഴിഞ്ഞാല്‍ അവന്റെ ജോലി തീര്‍ന്നു. പിന്നത്തെ ജോലി മഴക്കാറിന്റേതാണ്‌. മഴ. പെയ്യാതെ കൃഷി നശിച്ചാല്‍ ആ കുറ്റം കര്‍ഷകന്റേതല്ലല്ലോ. അന്യന്‍ യത്നിച്ചു ഫലം നേടിയ മാര്‍ഗ്ഗം അതേ വിധം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നുവെന്നും, ഇതില്‍ നിന്നു ലഭിക്കുന്ന ഫലം തനിക്കുള്ളതാണെന്നും, താന്‍ വേണ്ട വിധം യത്നിച്ചിട്ട്‌ അതു ഫലിക്കാതിരുന്നാല്‍ തനിക്ക്‌ അതില്‍ യാതൊരു അപരാധവുമില്ലെന്നും, കരുതുന്നതല്ലാതെ ഒരിക്കലും ധീരന്‍ ആത്മനിന്ദ ചെയ്യുകയില്ല! പണിപ്പെട്ടാലും ഫലം സിദ്ധിക്കുകയില്ല എന്ന നിര്‍വ്വേദം മനുഷ്യന് ഉണ്ടാകരുത്‌. ഫലസിദ്ധി ഉണ്ടായാലും ഇല്ലെങ്കിലും കര്‍മ്മം ചെയ്യുക തന്നെ വേണം. പല കാരണങ്ങളുടേയും ചേര്‍ച്ചയില്‍ നിന്നാണ്‌ കര്‍മ്മസിദ്ധി ഉണ്ടാകുന്നത്‌. ചില കാരണങ്ങളുടെ അഭാവത്താല്‍ , ഫലം കുറഞ്ഞു പോയെന്നോ, തീരെ ഉണ്ടായില്ലെന്നോ വന്നേക്കാം. അതു വിചാരിച്ച്‌ മനുഷ്യന്‍ അലസനാകരുത്‌. ഒന്നും ചെയ്യാതിരിക്കുന്നവന് ഗുണമെവിടെ? ഫലമെവിടെ? ഒന്നും ഉണ്ടാവുകയില്ല. ബുദ്ധിമാന്മാര്‍ ഫലസിദ്ധിക്കായി ദേശം, കാലം, ഉപായം, മംഗളം എന്നിവയെല്ലാം നോക്കി ബുദ്ധി ഉപയോഗിച്ച്‌ സ്വന്തം ശക്തിക്കനുസരിച്ച്‌ അപ്രമത്തനായി യത്നിക്കണം. സൂക്ഷ്മതയോടും വിവേകത്തോടും കൂടി സ്വന്തം പരാക്രമത്തെ ആശ്രയിച്ച്‌ കാര്യത്തില്‍ ഏര്‍പ്പെടണം. കാരൃഘടനകളില്‍ ശ്രേഷ്ഠമായത്‌ പരാക്രമമാണ്‌. തന്നേക്കാള്‍ ഗുണങ്ങള്‍ തികഞ്ഞ്‌ പ്രശസ്തന്മാരായ ശത്രുക്കളെ ധീമാന്‍ സാമം കൊണ്ടും മറ്റുപായങ്ങള്‍ കൊണ്ടും വശീകരിക്കുവാന്‍ ശ്രമിക്കണം. ശത്രുക്കള്‍ക്കു തിന്മമാത്രമേ ചെയ്യാവു. അവരെ നാട്ടില്‍ നിന്നും ഓടിക്കണം. വിജയം കാംക്ഷിക്കുന്നവന്‍ തന്നോടും തന്റെ ബന്ധുക്കളോടുമുള്ള കടപ്പാടു തീര്‍ക്കുവാന്‍ ശത്രുവിന്റെ പഴുത്‌ എപ്പോഴും നോക്കിക്കൊണ്ട്‌ ഉത്സാഹത്തോടെ പ്രയത്നിക്കണം. മനുഷ്യനെന്നല്ല ശത്രു സമുദ്രവും പര്‍വ്വതവും കൂടി ആയാല്‍ പോലും ഇതേ മാര്‍ഗ്ഗം തന്നെ അവലംബിക്കണം. തന്നെ താന്‍ ഒരിക്കലും അവമാനിക്കരുത്‌. അത്‌, ആത്മനിന്ദയാണ്‌. ഞാന്‍ ഒന്നിനും കൊള്ളില്ല, എന്ന്ആ ത്മനിന്ദ ചെയ്യുന്നവന് ഐശ്വര്യം ഉണ്ടാവുന്നതല്ല. ഫലസിദ്ധി ദേശകാലങ്ങളെ നോക്കിയുള്ള ശ്രമത്തെ ആശ്രയിച്ചിരിക്കുന്നു. അതു ശരിക്കും അറിഞ്ഞു കൊണ്ട്‌ ഭവാന്‍ യത്നിക്കുക. എന്റെ അച്ഛന്‍ രാജധാനിയില്‍ പാര്‍പ്പിച്ചിരുന്ന ഒരു വിപ്രന്‍ എന്റെ ഭ്രാതാക്കള്‍ക്ക്‌ ബൃഹസ്പതിയുടെ നീതിശാസ്ത്രം ഉപദേശിക്കാറുണ്ട്‌. സഹോദരന്മാരില്‍ നിന്നും പിന്നീട്‌ ഞാനിതു കേട്ടു മനസ്സിലാക്കി. ഇടയ്ക്കൊക്കെ ഒഴിവു സമയത്ത്‌ അച്ഛന്റെ മടിയില്‍ ചെന്നിരിക്കുമ്പോള്‍ എന്നോടും ആ വിദ്വാനായ ബ്രാഹ്മണന്‍ മധുരമായി, പറഞ്ഞു തരാറുണ്ട്‌ രാജാവേ!

33. ഭീമവാക്യം - വൈശമ്പായനൻ പറഞ്ഞു: യാജ്ഞസേനി പറഞ്ഞതു കേട്ട്‌, ഏറ്റവും അമര്‍ഷണനായ ഭീമന്‍ കോപത്തോടെ നെടുവീർപ്പിട്ട്‌, അരികെച്ചെന്ന്‌, യുധിഷ്ഠിരനോട്‌ പറഞ്ഞു.

ഭീമസേനന്‍ പറഞ്ഞു: ഹേ, രാജാവേ! സത്പുരുഷന്മാര്‍ക്ക്‌ ഉചിതമായ മാര്‍ഗ്ഗം അവലംബിക്കുക. രാജ്യപദവി വെടിഞ്ഞ്‌ നമ്മള്‍ ധര്‍മ്മാര്‍ത്ഥകാമ ഹീനന്മാരായി ഈ കാട്ടില്‍ വാഴുന്നതു കൊണ്ട്‌ എന്താണു പ്രയോജനം? ദുര്യോധനന്‍ ധര്‍മ്മം കൊണ്ടല്ല രാജ്യം നേടിയത്‌. ആര്‍ജ്ജവം കൊണ്ടല്ല നേടിയത്‌. ഓജസ്സു കൊണ്ടല്ല നേടിയത്‌. കള്ളച്ചൂതു കൊണ്ടാണ്‌. ശക്തനായ സിംഹത്തിന്റെ തീറ്റിയെ ദുര്‍ബ്ബലനായ ഒരു കുറുക്കന്‍ തട്ടിയെടുത്തതു പോലെ അവന്‍ നമ്മുടെ നാട്‌ അപഹരിച്ചു. പ്രതിജ്ഞാപാലനമെന്ന അര്‍ത്ഥശൂന്യമായ ധര്‍മ്മം സംരക്ഷിക്കുവാന്‍ വേണ്ടി ധര്‍മ്മകാമ മൂലമായ സമ്പത്തു മുഴുവന്‍ വെടിഞ്ഞ്‌, തന്നെത്താന്‍ ദുഃഖത്തില്‍ പതിച്ച്‌ എന്തിന് ഭവാന്‍ തപിക്കുന്നു? എല്ലാറ്റിനും കാരണം ഭവാന്റെ അശ്രദ്ധയാണ്‌. നാം കാണ്‍കെ തന്നെ രാജ്യത്തെ ശത്രുക്കള്‍ തട്ടിയെടുത്തത്‌ ഭവാന്റെ തെറ്റു കൊണ്ടാണ്‌. ഗാണ്ഡീവധാരിയായ അര്‍ജ്ജുനന്‍ കാത്തു സംരക്ഷിക്കുമ്പോള്‍ ദേവേന്ദ്രന് പോലും നമ്മുടെ രാജ്യം കൈയടക്കുവാന്‍ കഴിയുമോ? നമ്മള്‍ ജീവിച്ചിരിക്കവേ നമ്മുടെ കണ്ണിന് മുമ്പില്‍ വെച്ചു തന്നെ കൈയില്ലാത്തവനില്‍ നിന്നു കൂവളക്കായയേയും; കാലൊടിഞ്ഞവനില്‍ നിന്ന്‌ പശുക്കളേയും തട്ടിയെടുക്കുന്നതു പോലെ ആ ദുര്യോധനന്‍, ഭവാന്റെ കുറ്റത്താല്‍ , നമ്മുടെ രാജ്യത്തെ അപഹരിച്ചു. അങ്ങ്‌ എന്നും ധര്‍മ്മത്തെ മാത്രം ഉദ്ദേശിച്ചു ജീവിക്കുന്നവനാണ്‌. ഈ ഘോരമായ ദുഃഖം ധര്‍മ്മത്തെ തന്നെ വിശ്വസിച്ചു കൊണ്ടിരിക്കുന്ന ഭവാന്റെ പ്രിയത്തിന് വേണ്ടി മാത്രം ഞങ്ങള്‍ സഹിച്ചു വരികയാണ്‌. ഭവാനു ഞങ്ങള്‍ അധീനരായതിനാലാണ്‌ ഇന്നു നാം മിത്രങ്ങളെ ദുഃഖിപ്പിക്കുകയും, ശത്രുക്കളെ സന്തോഷിപ്പിക്കുകയും ചെയ്യുമാറായത്‌. അവിടെ വെച്ചു തന്നെ ധാര്‍ത്തരാഷ്ട്രന്മാരെ കൊല്ലാതെ ഞങ്ങള്‍ വിട്ടത്‌ ഭവാന്റെ വാക്കുകള്‍ കേട്ടിട്ടാണ്‌. അന്നതു ചെയ്യാഞ്ഞതു തെറ്റായി പോയി. ആ തെറ്റ്‌ ഇപ്പോള്‍ എന്നെ കഠിനമായി ദുഃഖിപ്പിച്ചു കൊണ്ടിരിക്കുന്നു. ബലവാന്മാര്‍ ഒരിക്കലും സ്വീകരിക്കാത്തതും ദുര്‍ബ്ബലന്മാര്‍ മാത്രം കൈക്കൊള്ളുന്നതുമാണ്‌ മൃഗോചിതമായ ഈ വനവാസം. ഈ ജീവിതത്തെ കൃഷ്ണനാകട്ടെ, ബീഭത്സുവാകട്ടെ, അഭിമന്യുവാകട്ടെ, സൃഞ്ജയരാകട്ടെ; ഞാനാകട്ടെ, നകുല സഹദേവന്മാരാകട്ടെ, ഒന്നു കൊണ്ടും അഭിനന്ദിക്കുന്നില്ല. ഭവാനോ എന്തു ചെയ്യുന്നു? എല്ലായ്‌പോഴും ധര്‍മ്മം ധര്‍മ്മം എന്നു പറഞ്ഞു ജീവിക്കുന്നു! നിരാശയില്‍ അങ്ങേയ്ക്കു പൗരുഷം നഷ്ടപ്പെട്ടോ? ശ്രീ വീണ്ടെടുക്കുവാന്‍ കഴിയാത്ത ഭീരുക്കള്‍ക്കു മാത്രമേ സ്വാര്‍ത്ഥ നാശകവും നിഷ്ഫലവുമായ ഈ വൈരാഗ്യത്തില്‍ പ്രിയമുണ്ടാവുകയുള്ളു. ഭവാനു കണ്ണുണ്ടായിട്ടും എന്തു കൊണ്ട്‌ തങ്ങള്‍ക്കുള്ള പൗരുഷം ഭവാന്‍ കാണുന്നില്ല? ഭവാന്‍ എപ്പോഴും ദയാശീലനായതു കൊണ്ടു വന്നു ചേരുന്ന അനര്‍ത്ഥങ്ങളെ കാണുവാന്‍ ഭവാനു കഴിയാതായിരിക്കുന്നു. എപ്പോഴും നമ്മള്‍ ഇപ്രകാരം ക്ഷമിച്ചുകൊണ്ട് ഇരിക്കുന്നതു കൊണ്ട്‌ ആ ധാര്‍ത്തരാഷ്ട്രന്മാര്‍ നമ്മെ അശക്തരാണെന്നു കരുതുന്നു. അതാണ്‌ എനിക്കേറ്റവും സങ്കടകരമായത്‌. മരണത്തേക്കാളും ഭയങ്കരമാണ്‌ അവമാനം. യുദ്ധത്തിൽ എര്‍പ്പെട്ടു മരിക്കുന്നതില്‍ സങ്കടമില്ല. ചതിപ്പണി കൂടാതെയും പിന്മാറാതെയും പൊരുതി മരിക്കുകയാണ്‌ എല്ലാം കൊണ്ടും നല്ലത്‌. അപ്പോള്‍ പ്രേതരാജ്യമെങ്കിലും നമുക്കു ലഭിക്കും. അഥവാ ധാര്‍ത്തരാഷ്ട്രന്മാരെ മുഴുവന്‍ ആ യുദ്ധത്തില്‍ കൊന്ന്‌ രാജ്യം വീണ്ടെടുക്കുവാന്‍ സാധിച്ചെങ്കില്‍ അതു നമുക്കു കീര്‍ത്തികരവുമാകുമല്ലോ. അതു കൊണ്ട്‌ ക്ഷ്രതിയന് ചേര്‍ന്ന വിധം ക്ഷാത്രധര്‍മ്മപ്രകാരം പ്രവര്‍ത്തിക്കുകയാണ്‌ ഉചിതമായിട്ടുള്ളത്‌. വിപുലമായ കീര്‍ത്തിയെ കാംക്ഷിച്ച്‌ നാം പക വീട്ടുക തന്നെ വേണം. നമ്മുടെ കര്‍ത്തവ്യമാണ്‌ ആത്മാര്‍ത്ഥം യുദ്ധം ചെയ്യുകയെന്നത്‌. അങ്ങനെയുള്ള യുദ്ധത്തിലാണു നമ്മുടെ രാജ്യം ശത്രു അപഹരിച്ചതെങ്കില്‍ ആ നഷ്ടം ഒരിക്കലും നിന്ദാര്‍ഹമല്ല; അഭിമാനാര്‍ഹമാണ് താനും. ഭവാന്റെ ഈ ധര്‍മ്മമാകട്ടെ, നമുക്കും ബന്ധുജനങ്ങള്‍ക്കും ദുഃഖത്തിന് കാരണമായി തീരുക മാത്രം ചെയ്യുന്നു. ദുഃഖമുണ്ടാക്കുന്നത്‌ ഏതോ അത്‌ എങ്ങനെ ധര്‍മ്മമാകും? അത്‌ അധര്‍മ്മമാണ്‌. ധര്‍മ്മം ചിലപ്പോള്‍ ചിലര്‍ക്കു ദൗ൪ബ്ബല്യമാകാറുമുണ്ട്‌. എല്ലാ വിധത്തിലും ധര്‍മ്മനിത്യനായി ധര്‍മ്മചിന്തയാല്‍ ദുര്‍ബ്ബലനായ മർത്ത്യനെ, സുഖദുഃഖങ്ങള്‍ മൃതശരീരത്തെ എന്ന പോലെ, : അര്‍ത്ഥകാമങ്ങള്‍ ഉപേക്ഷിക്കും. ധര്‍മ്മത്തെ ധര്‍മ്മത്തിനു വേണ്ടി പാലിച്ചു കൊണ്ടിരിക്കുന്ന ധാര്‍മ്മികന് എന്നും ക്ലേശമായിരിക്കും ഫലം. വാസ്തവത്തില്‍ അങ്ങനെയുള്ളവര്‍ പണ്ഡിതനാകുന്നതെങ്ങനെ? എന്തെന്നാല്‍ , കുരുടന്‍ സൂര്യപ്രകാശത്തെ എന്ന വിധം അവന്‍ ധര്‍മ്മോദ്ദേശ്യത്തെ അറിയുന്നില്ല.

സ്വന്തം ആവശ്യത്തിനായി അർത്ഥം സമ്പാദിക്കുന്നവന്‍ ധനത്തിന്റെ ഉദ്ദേശത്തെ മനസ്സിലാക്കുന്നില്ല. കൂലി കിട്ടുന്നതിന് കാട്ടില്‍ നടക്കുന്ന പശുക്കളെ മേയ്ക്കുന്നവനെ പോലെയാണവന്‍. അര്‍ത്ഥത്തില്‍ അത്യാഗ്രഹം മൂലം ധര്‍മ്മകാമങ്ങളെ കൈക്കൊള്ളാതിരിക്കുന്നവന്‍ എല്ലാവരാലും നിന്ദ്യനും വദ്ധ്യനുമാണ്‌. എപ്പോഴും കാമത്തില്‍ മാത്രം മനസ്സു വച്ച്‌ ധര്‍മ്മാര്‍ത്ഥങ്ങളെ അവഗണിക്കുന്നവനാകട്ടെ, ധര്‍മ്മാര്‍ത്ഥമിശ്രനാശം സംഭവിച്ച്‌ അധഃപതിക്കുക തന്നെ ചെയ്യും. യഥേഷ്ടം കാമത്തില്‍ മാത്രം ശ്രദ്ധാലുക്കളായ അവര്‍ ധര്‍മ്മാര്‍ത്ഥഹീനരായി, വെള്ളം വറ്റുമ്പോള്‍ മത്സ്യം എന്ന പോലെ, കാമാവസാനത്തില്‍ നശിച്ചു പോകുന്നു. അതുകൊണ്ട് പണ്ഡിതന്മാര്‍ ധര്‍മ്മാര്‍ത്ഥങ്ങളില്‍ നിന്ന്‌ ഒരിക്കലും തെറ്റി നിൽക്കുകയില്ല. അരണി അഗ്നിയുടെ ഉത്ഭവസ്ഥാനം എന്ന വിധം ധര്‍മ്മാര്‍ത്ഥങ്ങളാണ്‌ കാമത്തിന്റെ മൂലം. ധര്‍മ്മത്തിന് അര്‍ത്ഥവും അര്‍ത്ഥത്തിന് ധര്‍മ്മവും ആധാരമാണ്‌, രാജാവേ, ഇവ രണ്ടും കാറും കടലും പോലെ തമ്മില്‍ ബന്ധപ്പെട്ടു നിൽക്കുന്നു! സമുദ്രത്തില്‍ നിന്നു കാറുണ്ടാകുന്നു; കാറു പെയ്തു കടല്‍ നിറയുന്നു. അര്‍ത്ഥം ലഭിക്കുന്നതിനാലും, വസ്തുക്കളുടെ സ്പര്‍ശനത്താലും ഉണ്ടാകുന്ന പ്രീതിയാണു സുഖം. സുഖം മനസ്സിന്റെ സങ്കല്പം മാത്രമാണ്‌. അതിന്ന്‌ ആകാരമൊന്നുമില്ല. അതു കൊണ്ട്‌ ആര്‍ക്കും കാണാന്‍ കഴിയുകയില്ല. അര്‍ത്ഥത്തെ ഇച്ഛിക്കുന്നവന്‍ മഹത്തായ ധര്‍മ്മത്തെ കാംക്ഷിക്കുന്നു. കാമാര്‍ത്ഥിയാകട്ടെ, അര്‍ത്ഥത്തെ മാത്രമല്ലാതെ മറ്റൊന്നിനേയും അഭിലഷിക്കുന്നില്ല. കാമം കൊണ്ടു കാമമല്ലാതെ മറ്റൊരു കാരൃവും സാധിക്കുവാനില്ല. ഒരു സുഖത്തില്‍ നിന്നും അതിന്റെ ഫലമെന്നോണം മറ്റൊരു സുഖമുണ്ടാവുകയില്ല. വിറകില്‍ നിന്നു ഭസ്മമല്ലാതെ ഭസ്മത്തിൽ നിന്ന് മറ്റെന്താണ്‌ കിട്ടുവാന്‍ പോകുന്നത്‌?

വേടന്‍ പക്ഷിയെ കൊല്ലുന്നത് പോലെ പാപം ഈ ലോകത്തിലെ ജീവികളെയെല്ലാം നശിപ്പിക്കുന്നു. കാമം കൊണ്ടോ, ലോഭം കൊണ്ടോ ധര്‍മ്മത്തിന്റെ സ്വരൂപത്തെ കാണാതിരിക്കുന്ന ദുര്‍മ്മതി വദ്ധൃയനാണ്‌. ഇഹത്തിലും പരത്തിലും അവന്‍ നിന്ദാര്‍ഹനായിരിക്കും. അര്‍ത്ഥ വിഷയമായ ദ്രവ്യപരിഗ്രഹവും, ആ ദ്രവ്യത്തെ സംബന്ധിക്കുന്ന ഭോഗങ്ങളും, അതിന് വന്നേക്കാവുന്ന മാറ്റങ്ങളും, ഭവാനു ശരിയായി അറിയാവുന്നതാണല്ലോ. ദ്രവ്യത്തിനു വിനാശമോ, വിയോഗമോ ഭവിച്ചാല്‍ അതിനെ അനര്‍ത്ഥമെന്നു പറയുന്നു. അപ്രകാരമുള്ള അനര്‍ത്ഥം ഇപ്പോള്‍ നമ്മെ പിടി കൂടിയിരിക്കുന്നു. ഈ അനര്‍ത്ഥം ജര കൊണ്ടോ, മരണം കൊണ്ടോ ആണ്‌ വന്നു ചേരുക. അങ്ങനെയല്ലാത്ത നിലയില്‍ നാം അനര്‍ത്ഥത്തില്‍ വീണിരിക്കയാണ്‌.

പഞ്ചേന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും വിഷയത്തില്‍ വര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പ്രീതിയാണു കാമം. അതാണ്‌ ഉത്തമമായ കര്‍മ്മഫലം. ഈ വിധത്തില്‍ ധര്‍മ്മത്തേയും, അര്‍ത്ഥത്തേയും, കാമത്തേയും നാം വെവ്വേറെ നോക്കി കാണണം. മനുഷ്യന്‍ ധര്‍മ്മത്തില്‍ മാത്രം നിരതനായിരുന്നു കൂടാ. അര്‍ത്ഥത്തില്‍ മാത്രം നിരതനായിരുന്നു കൂടാ. കാമത്തില്‍ മാത്രം നിരതനായിരുന്നു കൂടാ. എന്നാൽ ഇവ മൂന്നിലും ഒരു പോലെ പ്രവര്‍ത്തിക്കണം. ദിനകൃത്യങ്ങളില്‍ കാലത്തു നാം ധര്‍മ്മത്തേയും, ഉച്ചയ്ക്ക്‌ അര്‍ത്ഥത്തേയും, വൈകുന്നേരം കാമത്തേയും ഉള്‍ക്കൊള്ളിക്കണം. ശാസ്ത്രകൃതമായ വിധി അപ്രകാരമാണ്‌. ഇപ്പറഞ്ഞ പോലെ പണ്ഡിതന്‍ ധര്‍മ്മാര്‍ത്ഥകാമങ്ങളെ കാലം നോക്കി വേണ്ടതു പോലെ വിഭജിച്ച്‌ ജീവിതത്തിന്റെ ആദൃഘട്ടം ധര്‍മ്മത്തിന് വേണ്ടിയും, രണ്ടാമത്തെ ഘട്ടം ധനത്തിന് വേണ്ടിയും, അവസാന ഘട്ടം കാമത്തിന് വേണ്ടിയും പരിസേവിക്കണമെന്നും ശാസ്ത്രം പറയുന്നു.

ഹേ, കുരുനന്ദന! സുഖാര്‍ത്ഥികള്‍ക്ക്‌ പരമമായ ശ്രേയസ്സ്‌; ഇവ മൂന്നും ( ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ) ഉള്ള അവസ്ഥയില്‍ നിന്നോ, ഇവയില്ലാത്ത അവസ്ഥയില്‍ നിന്നോ ലഭിക്കുകയെന്നു യുക്തിയോടും, ബുദ്ധിയോടും കൂടി ആലോചിച്ച്‌ ഭവാന്‍ മനസ്സില്‍ ഉറപ്പിക്കണം. പിന്നീട്‌ ഒന്നുകില്‍ അവ നേടാന്‍; അല്ലെങ്കില്‍ അവ തീരെ ഉപേക്ഷിക്കുവാന്‍ ശ്രമിക്കണം. ഇവ രണ്ടില്‍ ഒന്ന്‌ ഭവാന്‍ അംഗീകരിക്കുക. രണ്ടിലുമല്ലാതെ നടുവില്‍ നില്ക്കരുത്‌. ഈ നില്പും ശോഭനമല്ല.

അങ്ങ്‌ എല്ലായ്പോഴും ധര്‍മ്മനിരതനാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. ഇതറിയാവുന്നതു കൊണ്ടാണ്‌ ആ ധര്‍മ്മം പാലിക്കുവാന്‍ അങ്ങയെ മിത്രങ്ങള്‍ ഉപദേശിക്കുന്നത്‌. ദാനം, യജ്ഞം, സജ്ജനപുജ, വേദാദ്ധ്യയനം, സത്യസന്ധത എന്നിവയാണല്ലോ ഇഹലോകത്തും പരലോകത്തും ഒരു പോലെ ഉദ്ദിഷ്ട ഫലപ്രദായകമായ ധര്‍മ്മാചരണം. ആയതൊന്നും അനുഷ്ഠിക്കുവാന്‍ അര്‍ത്ഥഹീനന്‍ ശക്തനാവുന്നില്ല, മറ്റു സകല ഗുണങ്ങളും തികഞ്ഞിരുന്നാലും, അര്‍ത്ഥമില്ലാത്തവന്‍ ധര്‍മ്മം ആചരിക്കുന്നതില്‍ അശക്തനായി ഭവിക്കുന്നു. ഈ ജഗത്തിന് മൂലം ധര്‍മ്മമാണെന്നും, ധര്‍മ്മത്തിന്‌ ഉപരിയായി മറ്റൊന്നുമില്ലെന്നും ഞാന്‍ സമ്മതിക്കുന്നു. എന്നാൽ മഹത്തായ ആ ധര്‍മ്മത്തെ സേവിക്കുവാന്‍ അര്‍ത്ഥം കൂടാതെ കഴിയുകയില്ല. വെറും ഭിക്ഷാടനത്താലോ, കാതരത്വം കൊണ്ടോ, അര്‍ത്ഥം നേടുവാന്‍ വയ്യ. എങ്കിലുംബുദ്ധിശക്തി കൊണ്ട്‌ ധര്‍മ്മാനുസൃതമായി ജീവിച്ചാല്‍ ധനം സമ്പാദിക്കുവാന്‍ കഴിയും. യാചനം ബ്രാഹ്മണര്‍ക്കല്ലാതെ ഭവാനു ചേര്‍ന്നതുമല്ല. അതു കൊണ്ട്‌ പുരുഷോത്തമനായ ഭവാന്‍ സ്വന്തം ശക്തിയും തേജസ്സും കൊണ്ട്‌ അര്‍ത്ഥം നേടുവാന്‍ യത്നിക്കുകയാണു വേണ്ടത്‌. ഭിക്ഷാടനമോ, ശൂദ്രജീവിതമോ ഭവാനു പറ്റിയതല്ല. ക്ഷത്രിയന്റെ വിശിഷ്ടമായ ധര്‍മ്മം ഉത്സാഹവും ബലവുമാണ്‌. അതു കൊണ്ടു ഭവാന്‍ സ്വധര്‍മ്മത്തെ കൈക്കൊള്ളുക. ശത്രുവര്‍ഗ്ഗത്തെ കൊന്നൊടുക്കുക. ഹേ പാര്‍ത്ഥ, ധാര്‍ത്തരാഷ്ട്രന്മാരുടെ ബലത്തെ എന്റേയും അര്‍ജ്ജുനന്റേയും സഹായത്തോടെ ഭവാന്‍ നശിപ്പിക്കുക. ബുദ്ധിമാന്മാരായ വിദ്വാന്മാര്‍ പറയുന്നു, പരമാധികാരമാണ്‌ പരമധര്‍മ്മം എന്ന്. അതിനാല്‍ ഐശ്വരൃത്തിലല്ലാതെ അനൈശ്വര്യത്തില്‍ മനസ്സു പതിയുവാന്‍ പാടില്ല. സനാതനമായ ക്ഷാത്രധര്‍മ്മം ഭവാന്‍ ഓര്‍മ്മിക്കണം. ജനങ്ങളെ ദുഃഖാര്‍ത്തരാക്കുന്ന ക്രൂരകര്‍മ്മം ചെയ്യാറുള്ള ക്ഷത്രിയകുലത്തിലല്ലയോ ഭവാന്‍ ജനിച്ചത്‌? പ്രജാപാലനത്തില്‍ നിന്നുള്ള ഫലം ഭവാന് ഒരിക്കലും നിന്ദൃമല്ല. വിധിവിഹിതം അതാണ്‌. സനാതനമായ ധര്‍മ്മം അതാണ്‌; പ്രജാപാലനം. ആ ധര്‍മ്മത്തില്‍ നിന്ന്‌ ഭവാന്‍ ഭ്രംശിച്ചാല്‍ ലോകത്തില്‍ അപഹാസ്യനായി ഭവിക്കും. സ്വധര്‍മ്മത്തില്‍ നിന്ന്‌ വൃതിചലിക്കുന്നത്‌ പുരുഷന് ചേര്‍ന്നതല്ല. ഈ ദുര്‍ബ്ബല ഹൃദയത്തെ വെടിഞ്ഞ്‌ ക്ഷാത്ര ധര്‍മ്മാനുസൃതം ഹേ കുരുനന്ദന! ഭവാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പൗരുഷത്തോടെ തന്റെ തേജസ്സു കൊണ്ടു തന്നെ ചെയ്യുക. ധര്‍മ്മത്തെ മാത്രം ആശ്രയിച്ചു നിൽക്കുന്ന രാജാവ്‌ രാജ്യത്തേയോ, ശ്രീയേയോ, ഐശ്വര്യത്തേയോ നേടുകയില്ല.

വേടന്‍ ഇര കാണിച്ച്‌ മൃഗങ്ങളെ പിടിച്ചു കൊല്ലുന്നതു പോലെ നീചരും, ലോഭികളുമായ ശത്രുക്കളെ അവര്‍ക്കു പ്രിയം ചെയ്യുന്നതു പോലെ ഭാവിച്ച്‌, വശീകരിച്ച്‌, ചതിച്ച്‌ ബുദ്ധിയുള്ളവന്‍ നാടു നേടണം. അസുരന്മാര്‍ സമൃദ്ധിയിലും ശക്തിയിലും, ദേവന്മാരുടെ ജ്യേഷ്ഠ ഭ്രാതാക്കന്മാരായിരുന്നു. അവരെ ദേവന്മാര്‍ ജയിച്ചത്‌ ചതിപ്പണി കൊണ്ടല്ലയോ? ബലവാന്മാര്‍ക്ക്‌ എല്ലാം അധീനപ്പെടും. അതു കൊണ്ട്‌ മഹാബാഹോ, ഭവാന്‍ ശത്രുക്കളെ നയം കൊണ്ടും, വഞ്ചന കൊണ്ടും നശിപ്പിക്കുക.

യുദ്ധത്തില്‍ അര്‍ജ്ജുനനെ പോലെ വില്ലാളിയായ യോദ്ധാവ്‌ മറ്റാരുമില്ല. ഗദാധരന്മാരില്‍ എന്നെപ്പോലെ മറ്റാരുമില്ല. അതുകൊണ്ട്‌ ശത്രുക്കളെ എതിരിടുന്നതില്‍ ഭവാന്‍ ഭയപ്പെടേണ്ട കാര്യമില്ല, വീര്യം കൊണ്ടല്ലാതെ ജയം നേടുവാന്‍ കഴിയുകയില്ലെന്നു ഭവാന്‍ ഓര്‍ക്കണം. ശക്തന്മാര്‍ ശത്രുവിന്റെ എണ്ണത്തേയോ ചാരന്മാരില്‍ നിന്നും ലഭിച്ച ശത്രുക്കളെക്കുറിച്ചുള്ള അറിവിനേയോ അല്ല ആശ്രയിക്കുന്നത്‌. മറിച്ച്‌ സ്വന്തം ശക്തിയെ മാത്രമാണ്‌. അതു കൊണ്ട്‌, ഹേ പാണ്ഡുപുത്ര, വീഴ്ച കൂടാതെ മഹോത്സാഹത്തോടു കൂടി ഭവാന്‍ വീര്യത്തെ മാത്രം അവലംബിക്കുക. അര്‍ത്ഥം ഉണ്ടാകണമെങ്കില്‍ വീര്യം കൂടിയേ കഴിയു. മറ്റൊന്നുമല്ല അതിന് മൂലം. ശൈത്യത്തില്‍ വൃക്ഷച്ഛായയെന്ന പോലെ ബലമില്ലെങ്കില്‍ എല്ലാം നിഷ്ഫലമായി തീരുന്നു. വീര്യമില്ലാത്തവനെ കൊണ്ട്‌ പ്രയോജനമില്ല. കുറച്ചു വിത്തു വിതച്ച്‌ അധികം വിളവെടുക്കുന്നതു പോലെ, അര്‍ത്ഥം ചെലവഴിച്ച്‌ അര്‍ത്ഥം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. അതു കൊണ്ട്‌ അങ്ങു മനസ്സിലെ സംശയം കൈവെടിയുക. ആവശ്യമില്ലാത്ത ധനമോ, ലാഭമില്ലാത്ത സമ്പത്തോ നേടാന്‍ വേണ്ടി യത്നിക്കരുത്. അതിന് വേണ്ടി ധനം ചെലവിടുന്നത്‌, കഴുത ചൊറിയുന്നതു പോലെ ആദ്യം രസകരവും പിന്നീടു വേദനാജനകവും ആയിരിക്കും. അതാണ്‌ അല്പം ധര്‍മ്മം വെടിഞ്ഞ്‌ മഹാധര്‍മ്മം നേടുവാന്‍ വിത്തു വിതയ്ക്കുന്നതു പോലെ, ശ്രമിക്കുന്നവരെ ബുദ്ധിമാന്മാരായി കണക്കാക്കുന്നത്‌. അതു കൊണ്ട്‌ ധാര്‍ത്തരാഷ്ട്രന്മാരുമായുള്ള കരാറ്‌ അത്ര കാര്യമാക്കേണ്ടതില്ല. അതില്‍ ഈ സംശയം വേണ്ട. മിത്രസമ്പന്നനാണ്‌ ശത്രുവെങ്കില്‍ നാം അതിനെ ലംഘിക്കണം. അവനെ മിത്രങ്ങളില്‍ നിന്നു വേര്‍പെടുത്തണം. അതാണ്‌ ബുദ്ധിമാന്‍ ചെയ്യുക. മിത്രങ്ങളില്ലാത്ത ദുര്‍ബ്ബലനെ എളുപ്പത്തില്‍ പാട്ടിലാക്കാം.

സ്വന്തം വീരൃത്താല്‍ യുദ്ധം ചെയ്തല്ലാതെ ഘാതസാന്ദ്വങ്ങളാല്‍ പ്രജകള്‍ കീഴടങ്ങുകയില്ല. വീര്യമില്ലെങ്കില്‍ സ്ഥിരോത്സാഹം കൊണ്ടും കാര്യമില്ല. നാം ദുര്‍ബ്ബലന്മാരെന്നു ഭവാന്‍ ഭയപ്പെടരുത്‌. ദുര്‍ബ്ബലന്മാര്‍ ഒന്നിച്ചുചേര്‍ന്നാല്‍ ബലവാനേയും കൊല്ലുവാന്‍ കഴിയും. തേനീച്ചകള്‍ കൂട്ടത്തോടെ എതിര്‍ത്താല്‍ തേനെടുക്കുന്നവന്‍ കുത്തേറ്റു ചത്തുപോകും. ദുര്‍ബ്ബലന്മാര്‍ സംഘടിച്ചാല്‍ ബലവാനേയും വീഴ്ത്താം. സൂര്യന്‍ സ്വന്തം രശ്മി കൊണ്ട്‌ ജീവജാലങ്ങളെ പരിപോഷിപ്പിക്കുകയും, നശിപ്പിക്കുകയും ചെയ്തുന്നില്ലേ? അതു പോലെ ഭവാന്‍ ശത്രുക്കളെ സംഹരിച്ച്‌ പ്രജകളെ അനുഗ്രഹിക്കുക. ക്ഷത്രിയധര്‍മ്മം പ്രജാപാലനമാണ്‌. ഇതും ഒരു തരം തപസ്സാണെന്നു നാം വേദങ്ങളില്‍ കേള്‍ക്കുന്നു. രാജാവേ, നമ്മുടെ പിതാമഹന്മാര്‍ ആ ധര്‍മ്മം വിധി പോലെ നിര്‍വ്വഹിച്ചിരിക്കുന്നു. വീര്യം കൊണ്ടുള്ള യുദ്ധത്തിലോ, വിജയം കൊണ്ടോ, തോല്‍വി കൊണ്ടോ അല്ലാതെ വെറും തപസ്സു കൊണ്ടു ക്ഷത്രിയന് പരലോകത്തില്‍ നില കിട്ടുകയില്ല. ഭവാന്റെ ഈ വൃഥ കണ്ട്‌ ഇനി ആദിത്യനില്‍ നിന്നു തേജസ്സും, ചന്ദ്രനില്‍ നിന്നു കാന്തിയും മറഞ്ഞു പോയേക്കുമോ എന്നു പോലും ലോകര്‍ വിചാരിച്ചു പോകുന്നു. അങ്ങനെ സ്തുതിച്ചും, ശത്രുക്കളെ നിന്ദിച്ചും, സജ്ജനങ്ങള്‍ ഒന്നിച്ചും. വെവ്വേറേയും പറയുന്നു. ബ്രാഹ്മണരും, കൗരവന്മാരും ഭവാന്റെ സത്യനിഷ്ഠയെ ഒരു പോലെ പുകഴ്ത്തുന്നു. കാമം, ലോഭം, മോഹം; ഭയം. കൃപണത ഇവയാലും ദ്രവ്യാശയാലും, ഭവാന്‍ അസത്യം പറയുകയില്ലെന്ന്‌ ഏവനും അറിയാം. ഭൂമി നേടിയ രാജാവ്‌ ഒരു പാപം ചെയ്തു എന്നു വെച്ചാലും അതൊക്കെ രാജാവ്‌ ചെയ്യുന്ന ദക്ഷിണാഢ്യമായ മുഖങ്ങള്‍ മൂലം തീരുന്നതാണല്ലോ. വിപ്രന്മാര്‍ക്ക്‌ ഗ്രാമം നല്കി അവരുടെ അനുഗ്രഹാശിസ്സുകള്‍ മൂലം അങ്ങ്‌ എല്ലാ പാപങ്ങളില്‍ നിന്നും ചന്ദ്രന്‍ ഇരുട്ടില്‍ നിന്നെന്ന പോലെ വിട്ടൊഴിഞ്ഞു പ്രകാശിക്കും. ജാനപദന്മാരും, പൗരന്മാരും ആബാല വൃദ്ധം ഭവാനെ സ്തുതിക്കുന്നു. പട്ടിത്തോലില്‍ പാല്‌, ശുദ്രനില്‍ വേദം, ചോരനില്‍ സത്യം, സ്ത്രീയില്‍ ബലം ഈ വിധത്തിലാണ്‌ ദുര്യോധനനില്‍ രാജ്യം എന്നു മാലോകര്‍. സ്ത്രീകളും കുട്ടികളുമടക്കം സകലരും സ്വാദ്ധ്യായം പോലെ ദിവസേന പറയുന്നു. ഭവാന്‍ ഞങ്ങളോടു കൂടി ഈ ദുരവസ്ഥയിലായി. അങ്ങയുടെ മഹാവിപത്ത്‌ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെടുത്തി.

ഉപകരണങ്ങള്‍ മുഴുവന്‍ സജ്ജീകരിക്കുക. വിപ്രന്മാരെ പ്രസാദിപ്പിച്ച്‌ അവരില്‍ നിന്ന്‌ ആശീര്‍വ്വാദാനുഗ്രഹങ്ങള്‍ വാങ്ങി നാം വേഗത്തില്‍ ചെന്ന്‌ ഇപ്പോള്‍  തന്നെ ഹസ്തിനാപുരിയെ ആക്രമിക്കുക. മഹാധനുര്‍ദ്ധരന്മാരും, വീരന്മാരുമായ ഭ്രാതാക്കന്മാരാല്‍ ചുഴന്നു ദേവന്മാരാല്‍ ആവൃതനായ ശക്രനെപ്പോലെ, ഭവാന്‍ ചെന്നു ധാര്‍ത്തരാഷ്ട്രന്മാരോട് എതിര്‍ക്കുക. ശത്രുക്കളെ തേജസ്സു കൊണ്ടു വെന്ന്‌ ഭവാന്‍ ബ്രാഹ്മണദാനാര്‍ത്ഥം സ്വന്തം ശ്രീയെ വീണ്ടെടുക്കുക! ഹേ കുന്തീപുത്ര, അങ്ങ്‌ ശക്തനാണ്‌. അങ്ങയുടെ ബലം കൊണ്ട്‌ ഇന്ദ്രന്‍ അസുരന്മാരെ എന്ന പോലെ ശത്രുക്കളെ ചതച്ചരയ്ക്കുക. അങ്ങനെ ധാര്‍ത്തരാഷ്ട്രന്മാരില്‍ നിന്ന്‌ അവര്‍ കൈയടക്കിയ സമ്പത്തു വീണ്ടെടുക്കാം. അര്‍ജ്ജുനന്റെ ഗാണ്ഡീവത്തില്‍ നിന്ന്‌ സര്‍പ്പങ്ങള്‍ പോലെ പുറപ്പെടുന്ന കഴുകച്ചിറകു വെച്ച ഉഗ്രമായ ശരങ്ങള്‍ ഏതു മനുഷ്യനു സഹിക്കുവാന്‍ കഴിയും? ഹേ ഭാരത, ക്രുദ്ധനായ ഞാന്‍ ഗദയെടുത്ത്‌ ആഞ്ഞ്‌ അടിക്കുന്നതു സഹിക്കുവാന്‍ ഏതു വീരന് കഴിയും? ആനയ്ക്കും, കുതിരയ്ക്കും കൂടി അതു താങ്ങാന്‍ കഴിയുകയില്ല. ഹേ കുന്തീപുത്ര, വൃഷ്ണിവീരനോടും, സൃഞ്ജയ കേകയന്മാരോടും കൂടി നമ്മള്‍ ശത്രുക്കളോട്‌ എതിര്‍ത്താല്‍ നാം രാജ്യം നേടുകയില്ലെന്നു തോന്നുന്നുണ്ടോ? മഹത്തായ ബലത്തോടു കൂടി നാം വേണ്ട വിധം പ്രയത്നിച്ചാല്‍ തീര്‍ച്ചയായും ശത്രുവില്‍ നിന്ന്‌ നമുക്കു രാജ്യം വീണ്ടെടുക്കുവാന്‍ കഴിയുകയില്ലേ?

34. യുധിഷ്ഠിരവാക്യം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വൃകോദരൻ പറഞ്ഞപ്പോള്‍ അല്പസമയം കഴിഞ്ഞ്‌ നരേന്ദ്രനും, സത്യവ്രതനും, മഹാനുഭാവനുമായ അജാതശത്രു, യുധിഷ്ഠിരന്‍, ക്ഷമയോടെ അതിനുത്തരം പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ഭീമ, നീ പറഞ്ഞതെല്ലാം ശരിയാണ്‌ നീ എന്നെ വാക് ശല്യം കൊണ്ട്‌ കുത്തിത്തുളയ്ക്കുന്നു. നീ അങ്ങനെ ചെയ്യണം. അത്രമാത്രം അപരാധം ചെയ്തവനാണു ഞാന്‍. എന്റെ ദുര്‍ന്നയം തന്നെയാണ്‌ നിങ്ങളെ ദുഃഖത്തിലാഴ്ത്തിയത്‌. ധൃതരാഷ്ട്രപുത്രനില്‍ നിന്ന്‌ സകല രാജ്യവും നേടി എന്റേതാക്കാമെന്ന്‌ കരുതിയാണ്‌ ഞാന്‍ ചൂതില്‍ ഏർപ്പെട്ടത്‌. ദുര്യോധനന് വേണ്ടി എന്നോട്‌ കളിച്ചത്‌ ശഠനും, ചതിയനുമായ ശകുനിയാണല്ലോ. മഹാചതിയനായ ശകുനി, സൂത്രശാലിയായ ആ ഗിരിവര്‍ഗ്ഗക്കാരന്‍, സഭാമദ്ധ്യത്തില്‍ കുള്ളച്ചൂതു കളിച്ചു. ചതി അറിയാത്ത എന്നെ വഞ്ചിച്ചു തോല്പിച്ചു. അങ്ങനെ നിങ്ങള്‍ ക്ക്‌ ഈ ദുഃഖവും വന്നുപെട്ടു. ശകുനി തന്റെ ഇഷ്ടത്തിനൊത്ത്‌ കരുക്കള്‍ പ്രയോഗിക്കുന്നതു ഞാന്‍ കണ്ടു. ആ മാതിരി കരുക്കള്‍ വീഴത്തക്കവണ്ണം അവന്‍ എന്തോ ചതിപ്പണി ചെയ്യുന്നുണ്ടെന്ന്‌ ഞാന്‍ അറിഞ്ഞു. അപ്പോള്‍ ഞാന്‍ ചൂതുകളിയില്‍ നിന്നു പിന്മാറേണ്ടതായിരുന്നു കഷ്ടം! അപ്പോള്‍ അങ്ങനെ ചെയ്യുവാന്‍ സ്പര്‍ദ്ധ മൂലം എനിക്കു കഴിഞ്ഞില്ല. മനുഷ്യ മാനസം അന്ധമാക്കുന്നതാണല്ലേോ സ്പര്‍ദ്ധ! ഹേ, ബാല, പൗരുഷം കൊണ്ടും, അഭിമാനം കൊണ്ടും, വീര്യം കൊണ്ടും, ആവേശിതമായ മനസ്സിനെ നിയ്രന്തിക്കുവാന്‍ ആര്‍ക്കും കഴിവില്ല. നീ ഇപ്പോള്‍ എന്നെ ആക്ഷേപിക്കുന്നതു കേട്ട്‌ എനിക്കു നിന്നോട്‌ ഒട്ടും വെറുപ്പു തോന്നുന്നില്ല. എന്തു ചെയ്യും! നമുക്ക്‌ അങ്ങനെയൊക്കെ മുന്‍വിധിയാല്‍ വന്നു കൂടി! രാജ്യത്തെ ഇച്ഛിച്ച്‌ ധൃതരാഷ്ട്ര പുത്രനായ ദുര്യോധനന്‍ നമ്മെ ദുഃഖത്തിലാഴ്ത്തിക്കളഞ്ഞു. ദാസ്യത്തില്‍ കുടുങ്ങിയ നമ്മളെ  ദ്രൗപദിയാണ്‌ അന്നു രക്ഷിച്ചത്‌. ഇതൊക്കെ നിങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്‌.

രണ്ടാമതും ചൂതുണ്ടായപ്പോള്‍ ദുര്യോധനന്‍ ആ സഭയില്‍ കൗരവന്മാരുടെ സന്നിധിയില്‍ വച്ച്‌ പറഞ്ഞ ആ പന്തയം നിനക്കും അര്‍ജ്ജുനനും അറിയാം. ഇതായിരുന്നു അവന്റെ വാക്കുകള്‍. ഹേ. അജാതശത്രുവായ രാജാവേ, കളിയില്‍ പരാജയപ്പെടുന്നവന്‍ പന്ത്രണ്ടു വര്‍ഷം യഥേഷ്ടം മറ്റുള്ളവര്‍ അറിയുന്ന മട്ടില്‍ കാട്ടില്‍ പാര്‍ക്കണം. പിന്നെ, ഒരുവര്‍ഷം അജ്ഞാതരായി നാട്ടില്‍ ഒളിച്ചു ജീവിക്കണം. അപ്രകാരം അജ്ഞാതവാസം ചെയ്യുന്ന കാലത്ത്‌ ചാരന്മാര്‍ മുഖേനയോ മറ്റോ വല്ലവരും കണ്ടറിഞ്ഞാല്‍ വിണ്ടും കഴിഞ്ഞ പ്രകാരം വനവാസവും അജ്ഞാതവാസവും തുടരണം. ഇതു മനസ്സിലാക്കി പരസ്പരം കരാറു ചെയ്യുക. എന്റെ ചാരന്മാരാരും അറിയാതെ അജ്ഞാതവാസം ചെയ്തു കഴിഞ്ഞാല്‍ ഈ പഞ്ചനദിപ്രദേശം മുഴുവന്‍ വീണ്ടും അങ്ങയ്ക്കു വിട്ടു തരാം. സഭാമദ്ധ്യത്തില്‍ വെച്ച്‌ ഞാന്‍ ശപഥം ചെയ്യുന്നു. ഞങ്ങളും അങ്ങയാല്‍ തോല്പിക്കപ്പെട്ടാല്‍ സമ്പത്തെല്ലാം വെടിഞ്ഞ്‌ ഇപ്രകാരം ജീവിച്ചു കൊള്ളാം. ഞാന്‍ ആ കരാറു സമ്മതിച്ചാണ്‌ കളിച്ചത്‌. കളിയില്‍ നാം തോൽക്കുകയും വനവാസം കൈയേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ കാടുകളില്‍ ചുറ്റിനടന്ന്‌ കഷ്ടപ്പെടുവാനും ഇടയായി. പതിമൂന്നു വര്‍ഷം നാം ഇങ്ങനെ ക്ലേശിക്കുക തന്നെ വേണം. ഇതു കൊണ്ടും തൃപ്തിപ്പെടാതെ സുയോധനന്‍ വിദ്വേഷത്തോടെ നമ്മുടെ വിപത്തില്‍ സന്തോഷിക്കാന്‍ കുരുക്കളെ പ്രേരിപ്പിക്കുന്നു. ഏതായാലും രാജ്യത്തിന് വേണ്ടിയോ ഭൂമിക്കു വേണ്ടിയോ മഹാന്മാരുടെ മുമ്പില്‍ വച്ചുണ്ടായ കരാറു തെറ്റിക്കുവാന്‍ ഞാന്‍ വിചാരിക്കുന്നില്ല. സഭയില്‍ വച്ചു ചെയ്ത സത്യം ഞാന്‍ ലംഘിക്കയില്ല. അതിനേക്കാള്‍ ഭേദം മരിക്കുകയാണ്‌. ആര്യന്മാര്‍ക്ക്‌ അതാണ് നല്ലത്‌. എനിക്കാശയില്ല, ധര്‍മ്മം വെടിഞ്ഞ്‌ രാജ്യം നേടുവാന്‍. ചുതുകളിക്കാലത്തു നീ എന്റെ കൈ ചുട്ടുകളയുവാനൊരുങ്ങി. എന്തേ, അന്നു ചെയ്യാഞ്ഞത്‌? അന്ന്‌ സ്വന്തം കൈകള്‍ ഞെരിക്കുക മാത്രം ചെയ്തു. അര്‍ജ്ജുനന്‍ തടഞ്ഞപ്പോള്‍ നീയെന്തിനു വഴിപ്പെട്ടു? അത്രയ്ക്കു കരുതലോടെ അടങ്ങിയ നീ കരാറിന് മുമ്പ് എന്നെ തടുക്കുവാന്‍, എന്നെ കരാറു ചെയ്യിപ്പിക്കാതിരിക്കുവാന്‍, നീ എന്തു കൊണ്ട് ശക്തനായില്ല. കാലം തെറ്റിയതിന് ശേഷം എന്നെ ആക്ഷേപിക്കുന്നതെന്തിന്‌? പാഞ്ചാലിയെ ദ്രോഹിക്കുന്നതു കണ്ടിട്ടു പോലും അടങ്ങി നില്ക്കേണ്ടതായി വന്നതോര്‍ത്ത്‌ ഇപ്പോഴും ഘോരവിഷം കുടിച്ചതു പോലെയുള്ള മഹാദുഃഖം എനിക്കുണ്ട്‌. എന്നാലും, എനിക്കു വയ്യ, കുരുമദ്ധ്യത്തില്‍ വച്ചു ചെയ്ത സത്യത്തെ ലംഘിക്കുവാന്‍. വിത്തു വിതച്ചു കഴിഞ്ഞാല്‍ അതിന്റെ ഫലോദയം വരെ കാക്കണം. ആ സുഖോദയകാലം നാം കാത്തു കൊണ്ടിരിക്കുക തന്നെ വേണം.

മുമ്പേ ചെയ്ത ചതിയെ വിസ്മരിക്കാതെ എല്ലാം ഓര്‍ത്തു കൊണ്ട്‌ പൗരുഷത്തോടു കൂടി വൈരിസംഘത്തെ, സമയമെത്തുമ്പോള്‍ സ്വന്തം ശക്തി കൊണ്ട്‌ മൂലത്തോടെ നശിപ്പിക്കുന്നതില്‍ വിജയിക്കുന്നവന്‍ തീര്‍ച്ചയായും ഒരു മഹത്തായ കര്‍മ്മമാണ്‌ നിറവേറ്റുന്നത്‌. അവന്‍ നശിക്കാത്ത കീര്‍ത്തി നേടുന്ന ധീരനാണ്‌. അവനാണ്‌ പരിപൂര്‍ണ്ണമായ ശ്രീയെ പ്രാപിക്കുന്നവന്‍! അവനെ വൈരികള്‍ കുമ്പിട്ടു വന്ദിക്കുന്നു. ഇന്ദ്രനെ ദേവന്മാരെ എന്ന പോലെ അവനെയാണ്‌ മിത്രങ്ങള്‍ സേവിക്കുക! ഹേ, ഭീമാ! എന്റെ പ്രതിജ്ഞ ഞാനൊരിക്കലും ലംഘിക്കുകയില്ലെന്നറിയുക.

സത്യത്തേയും ധര്‍മ്മത്തേയും ജീവിതത്തെക്കാളേറെ, സ്വര്‍ഗ്ഗത്തെക്കാളേറെ, ശ്രേഷ്ഠമായി കരുതുന്നവനാണ്‌ ഞാന്‍. രാജ്യം, പുത്രന്മാര്‍, യശസ്സ്‌, ധനം എന്നിവ സത്യവുമായി തുലനം ചെയ്യുമ്പോള്‍ സതൃത്തിന്റെ പതിനാറിലൊരംശത്തോളം പോലും അവ തൂങ്ങുകയില്ല.

35. ഭീമവാക്യം - ഭീമന്‍ പറഞ്ഞു: അന്തകനും, ശീഘ്രഗാമിയും. അനന്തനും, അപ്രമേയനും. നിതൃവാഹിയും, സര്‍വ്വഹാരി സ്രോതസ്സുമായ കാലവുമായി സന്ധി ചെയ്ത്‌ ഇണക്കി നിറുത്താമെന്നാണോ ഭവാന്‍ വിചാരിക്കുന്നത്‌? മനുഷ്യന്‍ കാലനുവശഗനാണ്‌. മര്‍ത്തൃജീവിതം വെള്ളത്തിലെ പോളപോലെ പെട്ടെന്നു മാഞ്ഞുപോകുന്നതും, പഴുത്ത ഫലം പോലെ പെട്ടെന്നു വിണു പോകുന്നതുമാണ്‌. അങ്ങനെയുള്ള നാം സൂചി കൊണ്ടു കണ്ണെഴുത്തു മഷി എടുത്തു കുറയുന്നതു പോലെ, കാലത്തിന്റെ അന്ത്യം കണ്ണിനു മുമ്പില്‍ കാണുവാന്‍ കാത്തിരുന്നു കൂടാ. അടുത്ത നിമിഷത്തില്‍  തന്നെ ആയുസ്സു പോകുന്ന നിലയിലാണ്‌ മനുഷ്യന്റെ നില്‍പ്പ്‌. അമിതമായ ആയുസ്സോടു കൂടിയവനും, അഥവാ മരണമില്ലാത്തവനും, സര്‍വ്വത്തേയും പ്രതൃക്ഷമായി കാണുവാന്‍ കഴിയുന്നവനുമായ കാലജ്ഞന് കാലത്തെ കാത്തു കൊണ്ടിരിക്കാം. അതില്‍ തെറ്റില്ല. നാം ആരും അത്തരക്കാരല്ലല്ലോ. നമുക്കാകട്ടെ, പതിമൂന്നു ദീര്‍ഘസംവത്സരം മുഴുവന്‍ കാത്തിരിക്കേണ്ടതുണ്ട്‌. അത്ര കാലത്തോളം ആയുസ്സു നിൽക്കുമെന്നുള്ളതിനു വല്ല ഉറപ്പുമുണ്ടോ? ആയുസ്സു കുറഞ്ഞു കുറഞ്ഞ്‌ മരണം അടുത്തടുത്തു കൊണ്ടിരിക്കുമ്പോള്‍ ഇത്രയും ദീര്‍ഘമായ കാലം നാം എങ്ങനെ കാക്കും? മരണം ശരീരികളുടെ ശരീരത്തില്‍ എപ്പോഴും കുടികൊള്ളുന്നു. എപ്പോഴാണ്‌ അവന്‍ പുറത്തു വരികയെന്നു തീര്‍ത്തു പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല. മരണത്തിനു മുമ്പേ നാം രാജ്യത്തിന് വേണ്ടി ശ്രമിക്കേണ്ടതില്ലേ?

സല്‍ക്കീര്‍ത്തി നേടാതെ, ആരുമറിയാതെ, വീര്യമില്ലാതെ ജീവിക്കുന്ന മര്‍ത്ത്യന്‍ ഭൂമീദേവിക്കു വെറും ഭാരമാണ്‌. പക വീട്ടുവാന്‍ ശ്രമിക്കാത്ത നിര്‍വ്വീരൃന്‍ ദുര്‍ജ്ജാതനും, മൃഗപ്രായനുമാണ്‌. അവന്റെ ജന്മം കൊണ്ടെന്തു കാര്യം? അവന്‍ നിന്ദ്യമായി നശിച്ചു പോകുന്നു. അത്തരക്കാരെ ഹീനജരായി ഞാന്‍ കണക്കാക്കുന്നു. ഭവാന്‍ മഹാബാഹുവും, വിപുല കീര്‍ത്തിമാനുമാണ്‌. കരബലം കൊണ്ട്‌ ശത്രുക്കളെ സംഹരിച്ചു ഭൂമി മുഴുവന്‍ നേടിയിട്ട്‌, അതു ഭവാന്‍ അനുഭവിച്ചാലും!

മഹാരാജാവേ, വഞ്ചകനായ ശത്രുവിനെ നിഗ്രഹിച്ച ശേഷം, അവന് നരകമാണ്‌ ഫലമെങ്കില്‍ അവിടേയും അവന് സ്വര്‍ഗ്ഗമാണ്‌. അമര്‍ഷം കൊണ്ടുള്ള ദുഃഖത്തിന് അഗ്നിയേക്കാള്‍ ദീപ്തി കൂടും. അതിതീക്ഷ്ണമായ അഗ്നിയില്‍ ഞാന്‍ ദഹിക്കുകയാണ്‌. രാവും പകലും എനിക്കു കിടക്കുവാന്‍ കഴിയുന്നില്ല. വില്ലാളികളില്‍ പ്രഥമ ഗണനീയനായ ബീഭത്സു, മഹാസന്താപത്തില്‍ പെട്ട്‌ ഗുഹയില്‍ സിംഹമെന്ന പോലെ അടങ്ങി കിടക്കുകയാണ്‌. ഒറ്റയ്ക്കു നിന്നു ഭൂലോകത്തിലെ സകല യോദ്ധാക്കളേയും വെല്ലുവാന്‍ ശക്തനായ സവ്യസാചി, ഈ സന്താപം ശക്തനായ ആനയെപ്പോലെ സഹിക്കുന്നു. നകുലനും, സഹദേവനും. വീരപ്രസുവായ വൃദ്ധമാതാവു കുന്തിയും, നിശ്ശബ്ദരും നിഷ്ക്രിയരുമായി ജീവിക്കുന്നത്‌ ആരുടെ പ്രിയത്തിനു വേണ്ടിയാണ്‌? ഭവാന്റെ പ്രിയത്തിനു വേണ്ടി മാത്രം! സൃഞ്ജയന്മാരടക്കം നമ്മുടെ മിത്രങ്ങളെല്ലാം തന്നെ അങ്ങയുടെ പ്രീതി കാംക്ഷിക്കുന്നു. സന്തപ്തനായ ഞാനും പ്രതിവിന്ധ്യന്റെ അമ്മയും ( പാഞ്ചാലി ) സന്താപാഗ്നിയാല്‍ അങ്ങയോടു കാര്യം തുറന്നു പറയുന്നു. ഭവാനില്‍ പ്രിയം കൂടിയ എല്ലാവര്‍ക്കും ഹിതമായിട്ടുള്ളതാണ്‌ ഞാന്‍ ഈ പറയുന്നത്‌.

ഈയുള്ള സകലരും ശോകാര്‍ത്തരാണ്‌. അതേസമയം യുദ്ധകാംക്ഷികളുമാണെന്നു ധരിക്കണം. ഇപ്പോള്‍ നമ്മെ ബാധിച്ച ആപത്തിനേക്കാള്‍ കഠിനമായ ഒരാപത്ത്‌ നമുക്കു വേറെ ഉണ്ടാകാനില്ല. ദുര്‍ബ്ബലന്മാരായ നീചന്മാര്‍ നമ്മുടെ രാജ്യം തട്ടിയെടുത്ത്‌ അനുഭവിക്കുന്നു. രാജാവേ, ദൗർബ്ബല്യം കൊണ്ടല്ലെ ഭവാന്‍ ഈ പ്രതിജ്ഞ ലംഘിക്കുന്നതു ലജ്ജാവഹമായി കരുതുന്നത്‌! ഹേ, ശത്രുനാശക, അങ്ങയുടെ ഈ ക്ഷമയേയും ഈ കഷ്ടതരമായ ജീവിതത്തേയും ആരും അഭിനന്ദിക്കുന്നില്ല. അര്‍ത്ഥജ്ഞാനമില്ലാതെ വേദാക്ഷരങ്ങള്‍ മാത്രം ഉരുവിട്ട്‌ അഭ്യസിച്ച മൂഢനും കുത്സിതനുമായ ശ്രോത്രിയന് തത്വബോധം എങ്ങനെയുണ്ടാകും? ഭവാന്റെ നിലയും ആ മൂഢന്റെ നിലയും തമ്മിലെന്താണ്‌ അന്തരം? ക്ഷത്രിയനായി ജനിച്ചിട്ടും ബ്രാഹ്മണനെപ്പോലെ ഭവാന്‍ ദയാലുവായിത്തീര്‍ന്നതു കഷ്ടം തന്നെ! മിക്കവാറും ക്രൂരബുദ്ധികളാണല്ലോ ക്ഷത്രിയ വംശത്തില്‍ ജനിക്കാറുള്ളത്‌. മനു പറഞ്ഞിട്ടുള്ള രാജധര്‍മ്മങ്ങളൊക്കെ ഭവാന്‍ ഗ്രഹിച്ചിട്ടില്ലേ? ക്ഷത്രിയധര്‍മ്മം വക്രവും വഞ്ചനാധിഷ്ഠിതവുമാണ്‌. അത്‌ ധര്‍മ്മത്തിനും സമാധാനത്തിനും നേരെ വിപരീതമാണ്‌.

ഭവാന്‍ ആരോടാണു ക്ഷമിക്കുന്നത്‌? ക്രൂരന്മാരും വഞ്ചകന്മാരും ദുരാത്മാക്കളുമായ ധാര്‍ത്തരാഷ്ട്രന്മാരോടോ? ഹേ പുരുഷവ്യാ(ഘ്രാ, ബുദ്ധിയും വീര്യവുമുള്ള ഭവാന്‍, ആഭിജാത്യവും അദ്ധ്യയനവുമുള്ള ഭവാന്‍, അവനവന്റെ കര്‍ത്തവൃത്തില്‍ പെരുമ്പാമ്പിനെപ്പോലെ അലസനായി കിടക്കുന്നതെന്താണ്‌? ഹേ കുന്തീപുത്രാ, ക്ഷമ കൊണ്ടു നമ്മെ മൂടിക്കളയാനാഗ്രഹിക്കുന്നത്‌ ഒരു പിടി പുല്‍ക്കൊടി കൊണ്ട്‌ ഹിമാലയത്തെ മൂടിക്കളയുവാന്‍ ഭാവിക്കുന്നതു പോലെയാണ്‌.

ലോകപ്രസിദ്ധി സമ്പാദിച്ച ഭവാന്‌ അജ്ഞാതവാസം അസാദ്ധ്യമാണ്‌. സൂര്യദേവന് ആകാശത്തില്‍ ഒളിച്ചിരിക്കുവാന്‍ എവിടെയാണു കഴിയുക? ജലപ്രദേശത്ത്‌ വളര്‍ന്നുയര്‍ന്ന്‌ പൂക്കളണിഞ്ഞ കൊമ്പുകളോടു കൂടിയ മഹാവൃക്ഷം പോലെയും, ഇന്ദ്രന്റെ ആന ( ഐരാവതം ) പോലെയും പ്രശോഭിക്കുന്ന അര്‍ജ്ജുനന് അജ്ഞാതനായി എങ്ങനെ സഞ്ചരിക്കുവാന്‍ കഴിയും? സിംഹ സന്നിഭന്മാരായ നകുലസഹദേവവന്മാര്‍ എങ്ങനെ അജ്ഞാതവാസം നിര്‍വ്വഹിക്കും? പുണൃശീലയും, ദ്രുപദപുത്രിയും, വീരപ്രസുവും വിശ്രുതയുമായ കൃഷ്ണ എങ്ങനെ അജ്ഞാതയായി വാഴും? പിന്നെ എന്റെ കാര്യം. എന്നെ നാട്ടിലുള്ള സകലര്‍ക്കും കുട്ടിക്കാലം മുതല്‍ നന്നായി അറിയാം. അജ്ഞാതവാസം ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന്‌ എനിക്കറിഞ്ഞു കൂടാ. മേരു പര്‍വ്വതത്തെ ഒളിപ്പിക്കാം. ഭീമനെ ഒളിപ്പിക്കാന്‍ വിഷമമാണ്‌.

നാം നാടു കടത്തി വിട്ടിട്ടുള്ള രാജാക്കന്മാരും, രാജപുത്രന്മാരും കുറച്ചല്ല, അവരെല്ലാം ധാര്‍ത്തരാഷ്ട്രന്മാരോടു ചേര്‍ന്നു നിൽക്കും. നാം അവരെ ദണ്ഡിപ്പിച്ചതും നിരാകരിച്ചതും അവര്‍ ഇനിയും മറന്നിട്ടില്ല. അവര്‍ ധാര്‍ത്തരാഷ്ട്രത്തിന് വേണ്ടി നമ്മളെ ദ്രോഹിക്കുമെന്നതില്‍ സംശയമില്ല. അവരും ഗൂഢമായിചാരന്മാരെ നിയോഗിച്ച്‌ നമ്മളെ നിശ്ചയമായും കണ്ടു പിടിക്കും. അതില്‍ നിന്നു നമുക്ക്‌ ആപത്തു നേരിടും. ഇങ്ങനെ ചിന്തിച്ചു നോക്കുമ്പോള്‍ അജ്ഞാതവാസം പരാജയപ്പെടുവാനാണു മാര്‍ഗ്ഗം കാണുന്നത്‌. കാട്ടില്‍ പാര്‍ത്തു തുടങ്ങിയിട്ട്‌ ഇപ്പോള്‍ ശരിക്കു പതിമൂന്നു മാസവും കഴിഞ്ഞു. ഈ പതിമൂന്നു മാസത്തെ പതിമൂന്നു കൊല്ലമായി കണക്കാക്കാമെന്ന്‌ പണ്ഡിതന്മാര്‍ക്കഭിപ്രായമുണ്ട്‌. സോമലത കിട്ടാത്തപ്പോള്‍ പകരത്തിനു ചീര കൊടുക്കുന്ന പോലെ, നല്ല ചുമടു വഹിക്കുന്ന കാളയ്ക്ക്‌ തൃപ്തി വരുത്തി പാപം ഒഴിവാക്കാം. അതു നല്ലൊരു പ്രായശ്ചിത്തമാണ്‌. കരാറു കാലം കഴിഞ്ഞുവെന്നു കരുതുക. പോരെങ്കില്‍ ബാക്കി കാലങ്ങള്‍ക്കു വേണ്ട പ്രായശ്ചിത്തം നമുക്കു ചെയ്യാം. അങ്ങനെ കരാറില്‍ നിന്ന്‌ നമുക്ക്‌ ഒഴിവാകണം. ഏതു വിധത്തിലും ശത്രു വധത്തിനു നാം ഉടനെ ഒരുങ്ങുക തന്നെ വേണം. ക്ഷത്രിയന് യുദ്ധമാണ്‌ എല്ലാറ്റിലും വച്ചു വലിയ ധര്‍മ്മം.

36. കാമൃകവനഗമനം - വൈശമ്പായനൻ പറഞ്ഞു: ഭീമസേനന്‍ പറഞ്ഞ വാക്കുകള്‍ കേട്ട്‌ പുരുഷവ്യാഘ്രനും ശത്രുസംഹാരിയും കുന്തീപുത്രനുമായ യുധിഷ്ഠിരന്‍ ഒന്നു നെടുവീര്‍പ്പിട്ടു. ഇനി എന്താണു ചെയ്യേണ്ടതെന്ന്‌ ക്ഷണനേരം ആലോചിച്ചുറച്ചു. രാജധര്‍മ്മവും വര്‍ണ്ണധര്‍മ്മവുമൊക്കെ എനിക്കറിയാം. ആ ധര്‍മ്മങ്ങള്‍ മനസിലാക്കി അതനുസരിച്ച്‌ തന്റെ വര്‍ത്തമാനത്തിലേയും ഭാവിയിലേയും കര്‍മ്മങ്ങളെ രൂപം കൊടുക്കുന്നവനാണു പണ്ഡിതന്‍. ഉത്തമവും ദുര്‍ഗ്രഹവുമായ ധര്‍മ്മത്തിന്റെ ഗതി കണ്ടിരിക്കുന്നവനായ ഞാന്‍ മേരുവിനെ മര്‍ദ്ദിക്കുക എന്നപോലെ ധര്‍മ്മത്തെ നശിപ്പിക്കുന്ന കര്‍മ്മത്തില്‍ എങ്ങനെ പ്രവേശിക്കും? എന്നിങ്ങനെ വിചാരിച്ചിരുന്നതിന്റെ ശേഷം ഭീമനെ വീണ്ടും തുടരാനനുവദിക്കാതെ യുധിഷ്ഠിരന്‍ ഇങ്ങനെ മറുപടിപറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ മഹാബാഹുവായ ഭീമാ! നീ പറഞ്ഞതൊക്കെ ശരിയായ കാര്യമാണ്‌. ഞാന്‍ മറ്റൊരു കാരൃവും കൂടി പറയാം. ഹേ, വാക്യവിശാരദാ, നീ കേള്‍ക്കുക!

ഭീമാ, സ്വന്തം ശക്തിയെ മാത്രം ആശ്രയിച്ചു കൊണ്ട്‌ എന്തെങ്കിലും നേടാന്‍ വേണ്ടി ഭയങ്കരമായ പാപകര്‍മ്മങ്ങളിൽ ഏര്‍പ്പെട്ടാല്‍ ഒടുവില്‍ ദുഃഖിക്കേണ്ടി വരും. നേര്‍വഴിക്കു വിവരമുള്ളവരുമായി ആലോചിച്ചുറച്ച്‌, വേണ്ടത്ര സാമഗ്രികളോടെ നല്ല കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ കാര്യസാദ്ധ്യമുണ്ടാവുകയുള്ളു. ദൈവങ്ങള്‍ അതിലാണു സഹായിക്കുക. സ്വന്തം കൈയൂക്കില്‍ അതിരറ്റ അഹങ്കാരത്തോടു കൂടി ചാപല്യത്താലാണ്‌ ഇപ്പോള്‍ യുദ്ധത്തില്‍ ചെന്നു ചാടുവാൻ നീ ഉദ്ദേശിക്കുന്നത്‌. ഞാന്‍ പറയുന്നതു കേള്‍ക്കുക. ഭൂരിശ്രവസ്സ്‌, ശലന്‍, ശല്യന്‍, വീര്യവാനായ ജലസന്ധന്‍, ഭീഷ്മൻ, ദ്രോണന്‍, കര്‍ണ്ണന്‍, അശ്വത്ഥാമാവ്‌ മുതലായവരും ദുര്യോധനന്‍ തുടങ്ങിയ ധാര്‍ത്തരാഷ്ട്രന്മാരും മറ്റും കീഴടക്കാന്‍ വയ്യാത്ത അത്ര ശക്തരായ കൃതാസ്ത്രന്മാരാണ്‌. അവര്‍ എപ്പോഴും നമ്മോടു നേരിടാന്‍ തയ്യാറുമാണ്‌. മുമ്പ്‌ ഓരോ കാര്യത്തിന്‌ ദണ്ഡിച്ചു ദുഃഖിപ്പിച്ചു വിട്ട രാജാക്കന്മാരെല്ലാം ഇപ്പോള്‍ സ്നേഹത്തോടു കൂടി ദുര്യോധനന്റെ പക്ഷത്തില്‍ ചെന്ന്‌ ആശ്രയിച്ചിട്ടുമുണ്ട്‌. ഹേ, ഭാരത, ദുര്യോധനന്റെ ഹിതത്തിന് നിൽക്കുന്ന അവര്‍ നമുക്കു ഉപദ്രവം ചെയ്യുവാന്‍ സന്നദ്ധരുമാണ്‌. അവര്‍ പൂര്‍ണ്ണമായ ഭണ്ഡാരത്തോടും വലിയ സൈന്യ ബലത്തോടും കൂടി കൗരവ സൈന്യത്തില്‍ ചേര്‍ന്ന്‌ നമ്മോടു പരമാവധി പൊരുതും. കൗരവ സൈന്യത്തിൽ ഉള്ളവരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഭക്ഷണവും, വസ്ത്രവും, വേതനവും, മറ്റു വളരെ സുഖഭോഗങ്ങളും ദുര്യോധനന്‍ നല്കുന്നുണ്ട്‌. ദുര്യോധനനാല്‍ സവിശേഷം മാനിതരായ അവര്‍ അവന് വേണ്ടി യുദ്ധത്തില്‍ പ്രാണന്‍ കളയുവാന്‍ കൂടി തയ്യാറുണ്ടാകും. മഹാത്മാക്കളായ ഭീഷ്മദ്രോണകൃപന്മാര്‍ക്ക്‌ നമ്മളും അവരും ഒരുപോലെ ആണെങ്കിലും ചോറു തരുന്ന സ്വാമിയില്‍ അവര്‍ക്കു കൂടുതലായ കൂറുണ്ടാകും. ആ കൂറു കൊണ്ട്‌ ദുര്യോധനന് വേണ്ടി യുദ്ധത്തില്‍ ഏവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതായ പ്രാണന്‍ കൂടി കളയുവാന്‍ അവര്‍ മടിക്കയില്ല. ധര്‍മ്മപരായണന്മാരും ദിവ്യാസ്ത്രജ്ഞന്മാരുമാണവര്‍. വാസവനാല്‍ നയിക്കപ്പെട്ട ദേവന്മാര്‍ക്കു കൂടി അജയ്യന്മാരാണ്‌ അവരെന്ന്‌ നമ്മള്‍ പ്രത്യേകിച്ചും കരുതണം. പിന്നെ മഹാരഥനായ കര്‍ണ്ണനുണ്ട്‌ അവരുടെ കൂടെ. അഭേദൃമായ കവചമുള്ള അവന്‍ കോപിഷ്ഠനും, സാഹസിയും, സര്‍വ്വാസ്ത്രജ്ഞനും അജയ്യനുമാണ്‌. ഈ പുരുഷസത്തമന്മാരെയെല്ലാം യുദ്ധത്തില്‍ ജയിക്കണം. സഹായത്തിന് ആരുമില്ലാത്ത നിനക്ക്‌ എങ്ങനെ കഴിയും അവരെ ജയിച്ച്‌ ദുര്യോധനനെ കൊല്ലുവാന്‍? ഹേ വൃകോദരാ, എല്ലാ വില്ലാളികളിലും വെച്ച്‌ ഏറ്റവും മികച്ചവനാണു കര്‍ണ്ണനെന്ന്‌ എനിക്കു തോന്നുന്നു. ആ സൂതപുത്രന്റെ കൈവേഗത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്ക്‌ ഉറക്കമുണ്ടാകുന്നില്ല.

വൈശമ്പായനൻ തുടര്‍ന്നു: യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഏറ്റവും അമര്‍ഷണനായ ഭീമന്‍ ഭയപ്പെട്ടു പോയി. സാഹസിയായ അവന്‍ ഒന്നും മിണ്ടാതെ നിന്നു. ഇങ്ങനെ ആ പാണ്ഡുപുത്രന്മാര്‍ പരസ്പരം സംസാരിച്ചു കൊണ്ടു നിൽക്കുമ്പോള്‍ സത്യവതീ പുത്രനായ വ്യാസമഹര്‍ഷി അവിടെ വന്നെത്തി. യഥാവിധി യഥായോഗ്യം പാണ്ഡവന്മാരാല്‍ പുജിതനായ വ്യാസന്‍ യുധിഷ്ഠിരനോട്‌ ഇപ്രകാരം പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: എടോ യുധിഷ്ഠിരാ! നിന്റെ മനോവിചാരം എന്താണെന്നു ദിവ്യചക്ഷുസ്സു കൊണ്ട്‌ മനസ്സിലാക്കിയാണ്‌ ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നത്‌. ഹേ, പുരുഷര്‍ഷഭാ! ഭീഷ്മൻ, ദ്രോണൻ, കൃപന്‍, അശ്വത്ഥാമാവ്‌, ദുര്യോധനന്‍, ദുശ്ശാസനന്‍ മുതലായവരെപ്പറ്റി നിനക്കുള്ള ഭയത്തെ വിധിവിഹിതമായ കര്‍മ്മം കൊണ്ടു ഞാന്‍ നശിപ്പിക്കാം. ഹേ ശത്രുനാശനാ, ഞാന്‍ പറയുന്നതു മനസ്സിലാക്കി ക്ഷമയോടെ അതേ വിധം നീ പ്രവര്‍ത്തിച്ച്‌ നിന്റെ ഈ സന്താപത്തെ നീക്കിക്കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: രാജാവേ, ആ വാക് പടു, പരാശരപുത്രന്‍ ഇപ്രകാരം ആശ്വസിപ്പിച്ച്‌ യുധിഷ്ഠിരനെ മറ്റൊരിടത്തേക്കു കൂട്ടിക്കൊണ്ടു പോയി, കാര്യം ഫലിക്കുവാന്‍ ഭാവിയില്‍ ചെയ്യേണ്ടതെന്തെന്നു രഹസ്യമായി ഇങ്ങനെ അറിയിച്ചു.,

വ്യാസന്‍ പറഞ്ഞു: ഹേ ഭാരതശ്രേഷ്ഠാ, യുധിഷ്ഠിരാ! നിനക്കു ശ്രേയസ്സിനുള്ള കാലമായി; പൃഥാപുത്രനായ ധനഞ്ജയന്‍ ശത്രുക്കളെയെല്ലാം ജയിക്കും. അതിന് വേണ്ടി മൂര്‍ത്തിമത്തായ സിദ്ധി എന്ന പോലെയുള്ള "പ്രതിസ്മൃതി"യെന്ന വിദ്യയെ എന്നില്‍ നിന്നു നീ ഗ്രഹിച്ചുകൊള്ളുക. നീ ഇതു ഗ്രഹിക്കാന്‍ യോഗ്യനാണ്‌. ഈ വിദ്യ കൊണ്ട്‌ അര്‍ജ്ജുനന്‍ കാര്യം സാധിക്കുന്നതാണ്‌. അസ്ത്രലാഭത്തിന് വേണ്ടി മഹേന്ദ്രനേയും രുദ്രനേയും വരുണനേയും കുബേരനേയും യമനേയും അര്‍ജ്ജുനന്‍ കാണാന്‍ പോകട്ടെ. ഇവരില്‍ നിന്ന്‌ തന്റെ ശക്തി കൊണ്ടും യോഗം കൊണ്ടും അര്‍ജ്ജുനന്‍ അസ്ത്രങ്ങള്‍ നേടി മഹത്തായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ യോഗ്യനാണ്‌. ഇവന്‍ ദേവകളെ തപശ്ശക്തി കൊണ്ടും പരാക്രമം കൊണ്ടും ദര്‍ശിക്കും. ഇവന്‍ നാരായണ സഖാവും തേജസ്വിയുമായ ഋഷിയാണ്‌. പുരാണനും ദേവനും അജേയനും ശാശ്വതനും വിഷ്ണുവും അച്യുതനുമായ ഇവന്‍ മുന്‍പറയപ്പെട്ട ദേവന്മാരില്‍ നിന്ന്‌ അസ്ത്രങ്ങള്‍ വാങ്ങി മഹാകര്‍മ്മങ്ങള്‍ നടത്തും. ഈ കാട്ടില്‍ നിന്നു നിങ്ങള്‍ മറ്റൊരിടത്തേക്കു മാറിപ്പാര്‍ത്തു കൊള്ളുവിന്‍. ഒരിടത്തു പലനാള്‍ പാര്‍ക്കുന്നതു നന്നല്ല. ക്ഷത്രിയന്മാരായ നിങ്ങള്‍ ശാന്തന്മാരായ താപസന്മാര്‍ക്കു ശല്യം ഉണ്ടാക്കരുത്‌. കാട്ടില്‍ ഒരേടത്തു തന്നെ താമസിച്ചാല്‍ മൃഗങ്ങള്‍ മുടിഞ്ഞു പോകും, ഫലമൂലാദികള്‍ ഒടുങ്ങുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ ദേവജ്ഞന്മാരായ അസംഖ്യം ബ്രാഹ്മണരെ രക്ഷിച്ചു കൊണ്ടിരിക്കുന്നവർ ആണല്ലോ നിങ്ങള്‍.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ധര്‍മ്മാത്മാവായ യുധിഷ്ഠിരന് ഉത്തമമായ വിദ്യ ഉപദേശിച്ച്‌ സത്യവതീ പുത്രനായ ആ മഹാത്മാവ്‌ ധര്‍മ്മജന്റെ സമ്മതത്തോടെ മറഞ്ഞു പോയി. യതമാനസനും ധര്‍മ്മബുദ്ധിയുമായ യുധിഷ്ഠിരന്‍ സമയനിഷ്ഠയോടെ കര്‍മ്മാനുഷ്ഠാനം ചെയ്തു വന്നു. വ്യാസന്റെ ഉപേദശമനുസരിച്ച്‌ അദ്ദേഹം ദ്വൈതവനത്തില്‍ നിന്നു പോന്ന്‌ സരസ്വതീ തീരത്തിലുള്ള കാമൃകവനത്തില്‍ ചെന്നുചേര്‍ന്നു. തപസ്വികളും ബ്രാഹ്മണന്മാരും ഋഷികളും ദേവന്മാര്‍ ഇന്ദ്രനെയെന്ന പോലെ യുധിഷ്ഠിരനെ അനുഗമിച്ചു.

പിന്നെ കാമൃകത്തില്‍ മഹാത്മാക്കളായ അവര്‍ മന്ത്രിമാരോടും പരിവാരങ്ങളോടും കൂടി അസ്ത്രാഭ്യാസം ചെയ്തും വേദം ശ്രവിച്ചും, മൃഗങ്ങളെ പരിശുദ്ധങ്ങളായ അസ്ത്രങ്ങള്‍ കൊണ്ടു വേട്ടയാടിയും, വിധിപ്രകാരം പിതൃക്കളേയും ദേവന്മാരേയും ബ്രാഹ്മണരേയും പൂജിച്ചും, വളരെ നാള്‍ നിവസിച്ചു.

37. ഇന്ദ്രദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാര്‍ കാമൃകത്തില്‍ താമസിച്ചു വരുന്ന കാലത്ത്‌ ഒരു ദിവസം മുനിയുടെ സന്ദേശം ചിന്തിച്ച്‌ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ മഹാബുദ്ധിമാനും പുരുഷര്‍ഷഭനുമായ അര്‍ജ്ജുനനെ വിജനസ്ഥലത്തു വിളിച്ചു കൈ കൊണ്ടു ദേഹം തഴുകി മന്ദസ്മിതത്തോടെ സാന്ത്വനപൂര്‍വ്വം ഇപ്രകാരം രഹസ്യമായി പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: എടോ ധനഞ്ജയ! ഭീഷ്മൻ, ദ്രോണൻ, കൃപന്‍, കര്‍ണ്ണന്‍, ദ്രോണപുത്രന്‍ എന്നിവര്‍ക്കു ധനുര്‍വ്വേദത്തില്‍ ആദാനം, സന്ധാനം, വിസര്‍ഗ്ഗം, സംഹാരം എന്ന നാലു പാദങ്ങളും വേണ്ടവിധം അറിയാം. ദൈവം, ബ്രാഹ്മം, മാനുഷം മുതലായ സര്‍വ്വ അസ്ത്രങ്ങളും പ്രയോഗത്തിലും പ്രതികാരത്തിലും നൈപുണ്യത്തോടു കൂടി അവര്‍ ഗ്രഹിച്ചിട്ടുണ്ട്‌. അവരെ ധൃതരാഷ്ട്രപുത്രന്‍ ഇഷ്ടമുള്ളതെല്ലാം കൊടുത്തു സംതൃപ്തരും സന്തുഷ്ടരുമാക്കി തന്റെ പക്ഷത്തില്‍ നിര്‍ത്തി മാനിച്ചു വരുന്നു. സര്‍വ്വയോദ്ധാക്കളിലും അവന് എല്ലായ്പോഴും വലിയ പ്രീതിയുണ്ട്‌. സംപ്രീതരായ ആ ആചാര്യന്മാര്‍ അവന് വല്ല ആപത്തും നേരിട്ടാല്‍ അതു പരിഹരിക്കുവാന്‍ ഒരുങ്ങി നിൽക്കുന്നു. കാലം സമാഗതമാകുമ്പോള്‍ ആ സംപൂജ്യരില്‍ മഹത്തായ ശക്തി പ്രകാശിക്കും. ഇപ്പോള്‍ ഭൂമി മുഴുവന്‍ ദുര്യോധനന്റെ അധീനത്തിലാണ്‌. ഗ്രാമങ്ങള്‍ , നഗരങ്ങള്‍ , വനങ്ങള്‍ , സമുദ്രങ്ങള്‍ എല്ലാം അവന്‍ കീഴടക്കി ഭരിക്കുന്നു. ഈ നിലയില്‍ നീ പ്രതേകിച്ച്‌ ഒരു കാരൃം ചെയ്യേണ്ടതുണ്ട്‌. ഞങ്ങള്‍ക്കു നിന്നിലാണ്‌ അധികം പ്രിയമുള്ളത്‌. എല്ലാ ഭാരവും നിന്നിലാണ്‌ വെച്ചിരിക്കുന്നത്‌. കാലോചിതമായി ഇപ്പോള്‍ ചെയ്യേണ്ടത്‌ ഞാന്‍ പറയാം. വ്യാസമഹര്‍ഷി ഒരു രഹസ്യവിദ്യ എനിക്ക്‌ ഉപദേശിച്ചു തന്നിട്ടുണ്ട്‌. അതു വേണ്ടപോലെ പ്രയോഗിച്ചാല്‍ ജഗത്തു മുഴുവന്‍ പ്രകാശിക്കും. ഏകാഗ്രചിത്തനായ യോഗിയായി നീ മന്ത്രം കൊണ്ട്‌ ദേവതകളെ പ്രസാദിപ്പിക്കുക. ഉഗ്രമായ തപസ്സില്‍ നീ പ്രവേശിക്കണം. വില്ലും വാളും കവചവും ധരിച്ച്‌, മഹാവ്രതനായ മുനിയായി ആര്‍ക്കും വഴി ഒഴിഞ്ഞു മാറാതെ നീ നേരെ വടക്കോട്ടു ചെല്ലുക. സര്‍വ്വ ദിവ്യാസ്ത്രങ്ങളും ഇന്ദ്രന്റെ കൈവശമുണ്ട്‌. വൃത്രനെ ഭയപ്പെട്ടു ദേവന്മാര്‍ അവര്‍ക്കുള്ള എല്ലാ അസ്ത്രങ്ങളും ഇന്ദ്രനെ ഏല്‍പിച്ചിട്ടുണ്ട്‌. പല ദിക്കിലുമായി കിടന്നിരുന്ന അവയെല്ലാം ഇപ്പോള്‍ ഒരു ദിക്കില്‍ കിടപ്പുണ്ട്‌. അവ നേടുന്നതിനു നീ ശക്രനെ സേവിക്കണം. ആ പുരന്ദരനെ കാണുവാന്‍ ഒട്ടും വൈകാതെ ഇന്നു തന്നെ പുറപ്പെടുക. തീര്‍ച്ചയായും അതു നിനക്കു ലഭിക്കും.

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ വിധിപ്രകാരം വ്രതം സ്വീകരിച്ചു മന്ത്രം യുധിഷ്ഠിരനില്‍ നിന്നു ഗ്രഹിച്ച്‌, ഗാണ്‌ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും ധരിച്ച്‌, കൈയില്‍ ഉറയും മെയ്യില്‍ ചട്ടയും അണിഞ്ഞ്‌, ബ്രാഹ്മണരുടെ ആശീര്‍വ്വാദവും ഏറ്റു യാത്രയ്ക്കു തയ്യാറായി നിന്നു. ധാര്‍ത്തരാഷ്ട്രന്മാരുടെ വധത്തെക്കുറിച്ചു ചിന്തിച്ച്‌ നെടുവീര്‍പ്പിട്ട് ആകാശത്തേക്കു നോക്കി നിൽക്കുന്ന പാര്‍ത്ഥന് ഭവാന്റെ വിചാരം പോലെ കാര്യലാഭമുണ്ടാകട്ടെ! ഭവാനു വിജയമുണ്ടാകും എന്നു ബ്രാഹ്മണര്‍ അനുഗ്രഹിച്ചു. അപ്പോള്‍ സാലസ്കന്ധം പോലെ ഉയര്‍ന്നു നിൽക്കുന്ന അര്‍ജ്ജുനന്റെ അരികെച്ചെന്ന്‌ കൃഷ്ണ സര്‍വ്വരുടെയും ഹൃദയത്തെ ആവര്‍ജ്ജിക്കുമാറ്‌ ഇപ്രകാരം പറഞ്ഞു.

കൃഷ്ണ പറഞ്ഞു: അല്ലയോ ധനഞ്ജയ! ഭവാന്‍ ജനിച്ചപ്പോള്‍ കുന്തീദേവി ഭവാനേക്കുറിച്ച്‌ എന്തെല്ലാം ഉച്ഛിച്ചുവോ അതൊക്കെയും, ഭവാന്‍ ആഗ്രഹിക്കുന്നതു മുഴുവനും, അങ്ങനെ തന്നെ മാറ്റം കൂടാതെ സംഭവിക്കട്ടെ! നമ്മള്‍ ആരും തന്നെ ഒരിക്കലും ക്ഷത്രിയ കുലത്തില്‍ പിറക്കാതിരിക്കട്ടെ! ഭിക്ഷ കൊണ്ട്‌ ഉപജീവിക്കുന്ന ആ ബ്രാഹ്മണരെ ഞാന്‍ നിതൃവും നമസ്കരിക്കുന്നു. നമുക്ക്‌ ഉപജീവനമാര്‍ഗ്ഗം അവരാണല്ലോ കാണിച്ചു തന്നത്‌.

എനിക്ക്‌ ഏറ്റവും വലിയ ദുഃഖം പാപിയായ സുയോധനന്‍ രാജസദസ്സില്‍ വച്ച്‌ നിങ്ങളെ പശു, പശു! എന്നു പൊട്ടിച്ചിരിച്ച്‌ സഭയില്‍ വെച്ച്‌ എന്നെ നോക്കി പരിഹസിച്ച്‌ അവമാനിച്ചില്ലേ? അതാണ്‌ ഇപ്പോള്‍ അതിനേക്കാള്‍ വലിയ ദുഃഖമാണ്‌ ഭവാന്റെ വേര്‍പാടിനെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കുണ്ടാകുന്നത്‌.

ഭവാന്റെ അസാന്നിദ്ധൃത്തില്‍ ഭവാന്റെ വീരകര്‍മ്മങ്ങളെപ്പറ്റി, നിദ്രപോലും വെടിഞ്ഞ്‌ അനവരതം ഓരോന്നും പറഞ്ഞു രസിച്ചു ജീവിക്കുന്നവരാണ്‌ ഈ സഹോദരന്മാർ എല്ലാവരും. ഭവാന്റെ വിയോഗത്തില്‍ ഞങ്ങള്‍ക്ക്‌ ധനത്തിലോ സുഖാനുഭവത്തിലോ ജീവിതത്തില്‍ തന്നേയോ സംതൃപ്തി ഉണ്ടാവുകയില്ല. ഞങ്ങളുടെ സകല ദുഃഖങ്ങളുടെയും ഇരിപ്പിടം ഭവാനാണ്‌. ഞങ്ങളുടെ ജീവിതവും മരണവും രാജ്യവും ഐശ്വര്യവും ഒക്കെ ഭവാനില്‍ നില്‍ക്കുന്നു. അപ്രകാരമുള്ള ഭവാന്റെ വേര്‍പാട്‌ ദുസ്സഹമായ ദുഃഖത്തിന് ഹേതുവാണ് എന്നിരിക്കിലും ഈ യാത്ര ഞങ്ങളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ആകയാല്‍ ഭവാന്‍ പോകുന്നതില്‍ ഞാന്‍ സര്‍വ്വാത്മനാ സമ്മതിച്ചു കൊള്ളുന്നു. ഭവാന് നന്മ ഭവിക്കട്ടെ! ബലവാന്മാരോടു പോലും ജയിച്ചു ഭവാന്‍ ഉദ്ദേശിച്ച കാര്യം നടത്തും. വിഘ്നമൊന്നും കൂടാതെ വിജയം നേടുവാന്‍ ഭവാന്‍ വേഗം പോയാലും. ഞാന്‍ ധാതാവിനേയും വിധാതാവിനേയും നമസ്കരിക്കുന്നു. ഭവാനു മംഗളം ഭവിക്കട്ടെ! ആമയം കൂടാതെ പോയിവരിക! ഹ്രീയും, ശ്രീയും, കീര്‍ത്തിയും, ദ്യുതിയും, പുഷ്ടിയും, ഉമയും, ലക്ഷ്മിയും, സരസ്വതിയും യാത്രയില്‍ ഭവാനെ രക്ഷിക്കട്ടെ! നീ ജ്യേഷ്ഠന്റെ കല്പന അനുസരിക്കുന്ന ഭ്രാതൃവചന കാരകനാണല്ലൊ. ഭവാന് ഈ യാത്രയില്‍ ശാന്തിയുണ്ടാകുവാന്‍ വസുക്കള്‍ , രുദ്രന്മാര്‍, ആദിത്യന്മാര്‍, മരുത്തുകള്‍ , വിശ്വേദേവന്മാര്‍, സാദ്ധ്യന്മാര്‍ എന്നിവരേയും ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു. അന്തരീക്ഷത്തില്‍ നിന്നും ഭൂമിയില്‍ നിന്നും ദിവ്യഭൂതങ്ങളില്‍ നിന്നും സര്‍വ്വ എതിരാളികളില്‍ നിന്നും ഭവാനു നന്മ ഭവിക്കട്ടെ.

വൈശമ്പായനൻ പറഞ്ഞു: യശശ്വിനിയായ കൃഷ്ണ, ഇപ്രകാരം ആശീര്‍വദിച്ച്‌ മൗനമായി അടങ്ങി നിനു. ബാഹുവായ അര്‍ജ്ജുനന്‍ ധൗമ്യനേയും. ഭ്രാതാക്കളേയും പ്രദക്ഷിണം ചെയ്തു രുചിരമായ തന്റെ ധനുസ്സെടുത്തു പുറപ്പെട്ടു. സര്‍വ്വഭൂതങ്ങളും അവന്‍ ചെല്ലുന്ന സമയത്ത്‌ വഴിമാറിക്കൊടുത്തു. ഇന്ദ്രനെ കാണുവാനുള്ള ആസക്തിയോടെ പോകുന്ന പരാക്രമിയായ ആ മഹാബലന് തടസ്സമൊന്നുമുണ്ടായില്ല. യോഗബലത്താല്‍ മനോജവത്തോടെ പോകുന്ന ആ മഹാപുരുഷന്‍ തപോധനന്മാര്‍ വാഴുന്ന പല പര്‍വ്വതങ്ങളും കടന്ന്‌ ദിവ്യവും പുണ്യയവുമായ ഹിമവാനില്‍ ഒരു ദിവസം കൊണ്ട്‌ എത്തിച്ചേര്‍ന്നു. പിന്നെ ഹിമവാനും, ഗന്ധമാദന പര്‍വ്വതവും, കടന്ന്‌ അര്‍ജ്ജുനന്‍ പല രാപകല്‍ കൊണ്ട്‌, ഒട്ടും ക്ഷീണം കൂടാതെ ദുർഗ്ഗങ്ങളും കുന്നുകളും കടന്ന്‌ "ഇന്ദ്രകീല"ത്തില്‍ എത്തി, അവിടെ നിന്നു. ഉടനെ ആകാശത്തില്‍ നിന്ന്‌ "നിൽക്കുക!", എന്നൊരു വാക്കു പുറപ്പെട്ടു. പെട്ടെന്നു സവ്യസാചി ചുറ്റും തിരിഞ്ഞു നോക്കി. അപ്പോള്‍ ബ്രഹ്മശ്രീ കൊണ്ടു ശോഭിക്കുന്നവനും മഞ്ഞളിച്ച ജട ധരിപ്പവനും. കൃശനുമായ ഒരു തപസ്വി വൃക്ഷത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നത്‌ സവ്യസാചി കണ്ടു. അവന്‍ അര്‍ജ്ജുനനോടു ചോദിച്ചു.

തപസ്വി പറഞ്ഞു: ഇവിടെ വന്ന നീ ആരാണ്‌? വില്ല്‌, ശരം, വാള്‍ , കൈയുറ, ചട്ട ഇവ ധരിച്ചിരിക്കുന്ന നീ ഒരു ക്ഷത്രിയനാണെന്നു ഞാന്‍ വിചാരിക്കുന്നു. ആയുധം കൊണ്ട്‌ ഇവിടെ നിനക്ക്‌ എന്താണു കാര്യം? ക്രോധഹര്‍ഷങ്ങള്‍ വെടിഞ്ഞ ശാന്തന്മാരും തപസ്വികളുമായ ബ്രാഹ്മണരുടെ വാസസ്ഥാനമാണിത്. വില്ലു കൊണ്ട്‌ ഇവിടെ കാര്യമൊന്നും ഇല്ല. യുദ്ധവുമില്ല. എടോ, ഈ വില്ലു താഴെ വെക്കു! ഓജസ്സു കൊണ്ടും. തേജസ്സു കൊണ്ടും നീ അനൃര്‍ക്ക്‌ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത പരമമായ പദത്തെ ഇപ്പോള്‍  തന്നെ പ്രാപിച്ചിരിക്കുന്നു. ഇനി നിനക്ക്‌ എന്തിനാണ്‌ ഈ ആയുധമെല്ലാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ താപസന്‍ ചിരിച്ചു കൊണ്ട്‌ വീണ്ടും പറഞ്ഞു. അര്‍ജ്ജുനന്റെ മനസ്സ്‌ ഇളക്കുവാ൯ മഹര്‍ഷിക്കു കഴിഞ്ഞില്ല. ആ വീരന്‍ വില്ല്‌ ഉപേക്ഷിച്ചില്ല. അത് കണ്ട്‌ താപസന്‍ സംപ്രീതനായി പുഞ്ചിരിയോടെ അജ്ജുനനെ ആശീര്‍വദിക്കുകയും താന്‍ ശക്രനാണെന്ന്‌ അറിയിക്കുകയും, എന്തു വരം ആവശ്യമുണ്ടെങ്കിലും അതു തരുന്നതാണെന്നു പറയുകയും ചെയ്തു.

ഉടനെ അര്‍ജ്ജുനന്‍ ഇന്ദ്രനെ നമസ്കരിച്ചു തമ്പിക്ക്‌ ദിവ്യാസ്ത്രങ്ങളെല്ലാം നല്കണമെന്നും, അതാണു തനിക്ക് വേണ്ടുന്ന വരം എന്നും അതിനുള്ള ആഗ്രഹത്തോടെയാണ്‌ താൻ ഇങ്ങോട്ട് പറപ്പെട്ടതെന്നും പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: കാമം കൊണ്ടോ, ലോഭം കൊണ്ടോ എന്റെ മനസ്സു ചലിക്കുന്നതല്ല. സ്വന്തം സൂഖത്തേയോ ദേവത്വത്തേയോ ഞാന്‍ ഇപ്പോള്‍ ഗണിക്കുന്നില്ല. ദിവ്യമായ ഐശ്വര്യങ്ങള്‍ മുഴുവ൯ കിട്ടിയാലും എന്റെ സഹോദരന്മാരെ ഞാന്‍ കാട്ടിൽ ഉപേക്ഷിക്കുകയോ പക വീട്ടാതിരിക്കുകയോ ചെയ്യുന്നതല്ല. അങ്ങനെ ചെയ്താൽ ലോകത്തിലൊക്കെ ദുഷ് കീർത്തി എനിക്കുണ്ടാകും. അത് എന്നെന്നും നില നിൽക്കുകയും ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ ഇന്ദ്രൻ ആ പാണ്ഡു നന്ദനനോട് പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ഭൂതേശനും മുക്കണ്ണനും ശൂലധാരിയുമായ ശിവനെ നീ എന്ന് കാണുന്നുവോ അന്ന് ദിവ്യാസ്ത്രങ്ങളും ഞാൻ നിനക്ക് തരാം. നീ ആ മഹാദേവനെ കാണുവാൻ യത്നിച്ചു കൊള്ളുക. ശിവനെ ദർശിച്ചാൽ നീ സിദ്ധനായി സ്വർഗ്ഗത്തിൽ വാഴും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഫല്‍ഗുനനോടു പറഞ്ഞതിന്റെ ശേഷം ശക്ര൯ അവിടെ നിന്ന്‌ അപ്പോള്‍ തന്നെ മറഞ്ഞു. അര്‍ജ്ജുനന്‍ അപ്പോള്‍ അവിടെ തന്നെ നിന്ന് തപസ്സിനൊരുങ്ങി.

കൈരാതപര്‍വ്വം

38. മുനിശങ്കരസംവാദം - ജനമേജയൻ പറഞ്ഞു: ദഗവാനേ, വിസ്തരിച്ച്‌ ആ കഥ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അക്ലിഷ്ട കര്‍മ്മാവായ പാര്‍ത്ഥന്‍ എങ്ങനെ അസ്ത്രങ്ങള്‍ നേടി; പുരുഷവ്യാഘ്രനും തേജസ്വിയും ദീര്‍ഘബാഹുവുമായ ധനഞ്ജയന്‍ ഭയം കൂടാതെ ആ നിര്‍ജ്ജന വനത്തില്‍ പ്രവേശിച്ചത്‌ എങ്ങനെയാണ്‌? അവിടെ പാര്‍ത്ത്‌ അവന്‍ എത്തൊക്കെ ചെയ്തു? ഭഗവാന്‍ സ്ഥാണുവിനേയും ദേവരാജനേയും എങ്ങനെ പ്രസാദിപ്പിച്ചു? ഇവയൊക്കെ ഭവാന്റെ പസാദത്താൽ കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുസു. ദിവ്യപ്രഭാവങ്ങളൊക്കെ അറിയുന്ന സര്‍വ്വജഞനാണല്ലോ ഭവാന്‍. അതൃത്ഭുതകരവും രോമാഞ്ചപ്രദവും ആയ വിധം, എതിരില്ലാത്ത വിധം, പാര്‍ത്ഥന്‍ ശിവനോടു പോരടിച്ചു പോലും.  മുമ്പേ തന്നെ വീരനും പോരില്‍ തോൽക്കാത്തവനുമാണല്ലോ അര്‍ജ്ജുനന്‍. ആ ചരിത്രം കേട്ടപ്പോള്‍ നരേന്ദ്രന്മാരും ശൂരന്മാരുമായ പാണ്ഡവന്മാര്‍ക്കു ദൈന്യഹര്‍ഷവിസ്മയങ്ങളാൽ ഹൃദയങ്ങള്‍ പിടച്ചു പോലും! പാര്‍ത്ഥന്‍ എന്തൊക്കെ ചെയ്തുവെന്ന്‌ ഒന്നും വിടാതെ പറഞ്ഞാലും. ഈ ജിഷ്ണു അല്പവും നിന്ദ്യവുമായ കര്‍മ്മം ചെയ്യുകയില്ല; തീര്‍ച്ചയാണ്‌. ആ ശൂരന്റെ ചരിതമൊക്കെ വിസ്തരിച്ചു പറഞ്ഞാലും!

വൈശമ്പഠയനന്‍ പറഞ്ഞു: ഹേ പൗരവശാര്‍ദൂലാ! മഹാത്മാവായ അര്‍ജ്ജുനന്റെ അത്ഭുതകരവും ദിവ്യവുമായ കഥ ഞാന്‍ പറയാം. ശിവനോടു പോരാടിയ ആ അത്ഭുതകഥ! നരേശ്വരനായ ശക്രനേയും. ദേവദവനായ ശങ്കരനേയും കാണുവാൻ യുധിഷ്ഠിരന്റെ വാക്ക്‌ കേട്ട് ദിവൃമായ ചാപവും സ്വര്‍ണ്ണവാളും എടുത്ത്‌ മഹാബലനും മഹാബാഹുവുമായ അവന്‍ കാര്യസിദ്ധി കാംക്ഷിച്ച്‌ പുറപ്പെട്ടു. വളരെ പരിഭ്രമത്തോടെ ആ ഘോരകാന്താരം കണ്ട് സർവ്വലോക മഹാരഥനും സ്ഥിരചിത്തനുമായ ഇന്ദ്രപുത്രൻ തപസ്സു ചെയ്യുവാന്‍ വിചാരിച്ചു കാട്ടിലേക്ക് പ്രവേശിച്ചു. ആ കാനനം ഘോരകണ്ടകാകീർണ്ണവും മാനുഷവർജ്ജിതവും സിദ്ധചാരണ സേവിതവും നാനാമൃഗങ്ങളാൽ ആവൃതവും നാനാപുഷ്പങ്ങളാൽ സമ്പൂർണ്ണവും ആയിരുന്നു. കൗന്തേയൻ അതിലേക്ക് പ്രവേശിച്ചു. ആ നിർജ്ജന വനത്തിലേക്ക് അർജ്ജുനൻ പ്രവേശിച്ചപ്പോൾ ആകാശത്തിൽ ശംഖുകളിൽ നിന്നും പെരുമ്പറകളിൽ നിന്നും ശബ്ദം മുഴങ്ങുകയും ഭൂമിയില്‍ പുഷ്പം വര്‍ഷിക്കുകയും ചെയ്തു. മേഘങ്ങള്‍ പരന്നു സകല ദിക്കിലും നിഴലുണ്ടാക്കി. വനദുർഗ്ഗങ്ങൾ കയറി കൊടുമുടിക്കരികെ ഹിമപര്‍വ്വതത്തില്‍ അർജ്ജുനൻ ചെന്നു നിന്നു. ആ വനത്തിൽ മനോഹരമായി പാടുന്ന പക്ഷികള്‍ വസിക്കുന്ന പൂത്ത വൃക്ഷങ്ങളും, വൈഡൂര്യം പോലെ ഹിമപ്രഭ കലർന്ന വലിയ ചുഴികളോട് കൂടി ഒഴുകുന്ന നദികളും ശീതളവും നിർമ്മലവുമായ ജലം ചേർന്നു രമണീയമായ ശോഭിക്കുന്ന ആ പ്രദേശത്ത് അർജ്ജുനൻ വിളങ്ങി. ഹംസങ്ങളുടെയും കുളക്കോഴികളുടെയും സാരസങ്ങളുടേയും കുയിലുകളുടെയും മയിലുകളുടെയും ചക്രവാകങ്ങളുടേയും ശബ്ദങ്ങൾ കേട്ടും കാടിന്റെ ഭംഗി കണ്ടും പുണ്യജലം ഒഴുകുന്ന ആറ് കണ്ടും അർജ്ജുനന്റെ ഹൃദയം കുളിർത്തു. അവിടെ ആ ഉഗ്രതപസ്വി മരത്തോലുടുത്ത് ദണ്ഡും മാൻതോലും ധരിച്ചു, പഴുത്തു കൊഴിഞ്ഞു വീഴുന്ന ഇലകൾ മാത്രം ഭക്ഷിച്ചു ഉഗ്രമായ തപസ്സിൽ ഏർപ്പെട്ടു. മുമ്മൂന്നു ദിവസം കൂടുമ്പോൾ ഒരിക്കൽ മാത്രം ഫലം ഭുജിച്ചു കൊണ്ട് ഒരു മാസം കഴിച്ചു. അടുത്ത മാസത്തിൽ ആറു ദിവസം കൂടുമ്പോൾ ഒരിക്കൽ മാത്രമായി ഫലാഹാരം. മൂന്നാം മാസത്തിൽ പക്ഷം തോറും മാത്രമായി ആഹാരം. പിന്നെ അര്‍ജ്ജുനന്‍ വായു മാത്രം ഭക്ഷിച്ചു നാളുകളും മാസങ്ങളും കഴിച്ചു. കാല്‍ വിരലൂന്നി, കൈകളുയര്‍ത്തി ഒന്നിന്മേലും തൊടാതെ ഏകാഗ്രചിത്തനായി നിന്നു. അപ്പോള്‍ ആ മഹാത്മാവിന്റെ ജട മിന്നലോടു കൂടി യ കാര്‍മേഘം പോലെ ശോഭിച്ചു. അര്‍ജ്ജുനന്റെ ഈ ഉഗ്ര തപസ്സു കണ്ട്‌ അതിനെപ്പറ്റി അറിയിക്കുവാന്‍ ഋഷിമാര്‍ ശിവന്റെ സമീപത്തു ചെന്നു.

മഹര്‍ഷികള്‍ പറഞ്ഞു; മഹാതേജസ്വിയായ അര്‍ജ്ജുനന്‍ ഹിമവാനില്‍ നിന്ന്‌ ദിക്കു മുഴുവന്‍ പുകയുമാറ്‌ ഉഗ്രമായ തപസ്സു ചെയ്യുന്നു. അവന്റെ ആഗ്രഹമെന്താണെന്ന്‌ ഞങ്ങള്‍ അറിയുന്നില്ല. ഞങ്ങളെയൊക്കെ തപിപ്പിക്കുന്നതു കൊണ്ട്‌ ഭവാന്‍ അവന്റെ തപസ്സിനെ തടഞ്ഞാലും!

മഹാദേവന്‍ പറഞ്ഞു: ഫല്‍ഗുനനെ വിചാരിച്ച്‌ നിങ്ങള്‍ ഒന്നു കൊണ്ടും വിഷാദിക്കേണ്ട. നിങ്ങള്‍ പൊയ്ക്കൊള്ളുക. എന്താണ്‌ അവന്റെ സങ്കല്പമെന്ന്‌ എനിക്കറിയാം. അവന്‍ സ്വര്‍ഗ്ഗത്തെയോ, ഐശ്വരൃത്തെയോ, ആയുസ്സിനെയോ കാംക്ഷിച്ചല്ല തപസ്സു ചെയ്യുന്നത്‌. അവന്റെ ആഗഹമൊക്കെ ഇന്നു തന്നെ ഞാന്‍ സാധിപ്പിച്ചു കൊടുക്കും.

വൈശമ്പായനൻ പറഞ്ഞു: ശര്‍വ്വന്റെ വാക്കു കേട്ട്‌ സത്യവാദികളായ മഹര്‍ഷികള്‍ പ്രകര്‍ഷത്തോടെ താന്നാങ്ങളുടെ ആലയങ്ങളിലേക്കു തിരിച്ചു.

39. മഹാദേവസ്തവം - വൈശമ്പായനൻ പറഞ്ഞു: മഹാത്മാക്കളായ തപസ്വിമാരെല്ലാം പോയതിന് ശേഷം പിനാകപാണിയും സര്‍വ്വപാപഹരനും ഹരനുമായ ഭഗവാന്‍ പൊന്മരം പോലെ ഉന്നതാകാരനായ ഒരു കിരാതന്റെ വേഷമെടുത്ത്‌, മഹാമേരു പോലെ വിപുലാകാരനായി വിലസി. നല്ല വില്ലും സര്‍പ്പോഗ്രമായ ബാണങ്ങളുമെടുത്ത്‌, ശരീരമെടുത്ത അഗ്നിപോലെ പുറപ്പെട്ടു. ഉമാദേവി കിരാതസ്ത്രീയുടെ വേഷത്തില്‍ ഭര്‍ത്താവിനെ അനുഗമിച്ചു. നാനാവേഷ ധരന്മാരായ ഭൂതങ്ങളോടും കിരാതവേഷ ധാരിണികളായ ആയിരക്കണക്കിന് സ്ത്രീകളോടും കൂടി പാര്‍വ്വതിയോടു കൂടിയ ശിവന്‍ കാട്ടില്‍ എത്തി. അപ്പോള്‍ വനം പെട്ടെന്നു മനോഹരമായി ശോഭിച്ചു.

ഉടനെ ആ കാട്‌ സര്‍വ്വത്ര നിശ്ശബ്ദമായി. പക്ഷികളുടെ നാദം നിലച്ചു. വനനിര്‍ത്ധരങ്ങളുടെ ശബ്ദം കൂടി നിലച്ചു!

അക്ലിഷ്ട കര്‍മ്മാവായ പാര്‍ത്ഥന്‍ നിൽക്കുന്നിടത്തേക്കു ചെന്നപ്പോള്‍ അത്ഭൂത രൂപം പൂണ്ടു നിൽക്കുന്ന "മൂക"നെന്നു പേരായ അസുരനെ കണ്ടു. അവന്‍ പന്നിയുടെ വേഷത്തില്‍ പാര്‍ത്ഥനെ കൊല്ലുവാന്‍ എത്തിയിരിക്കയാണ്‌. തക്കംനോക്കി തന്നെ ആക്രമിക്കുവാന്‍ നിൽക്കുന്ന അവനെ പാര്‍ത്ഥന്‍ കണ്ടു. ഉടനെ ഫല്‍ഗുനന്‍ ഗാണ്ഡീവവും സര്‍പ്പതുല്യമായ ബാണവുംഎടുത്തു വില്ലുപൂട്ടി ചെറുഞാണൊലിയിട്ടു കൊണ്ടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: കുറ്റം യാതൊന്നും ചെയ്യാതെ ഇവിടെ സ്വൈര്യമായി നിൽക്കുന്ന എന്നെ നീ കൊല്ലുവാന്‍ വിചാരിച്ചതു കൊണ്ട്‌ മുമ്പെ തന്നെ ഞാന്‍ നിന്നെ യമപുരിക്ക്‌ അയച്ചേക്കാം.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ അവനെ ദൃഢധന്വാവായ പാര്‍ത്ഥന്‍ എയ്യുവാന്‍ തുടങ്ങിയപ്പോള്‍ കിരാതമൂര്‍ത്തിയായ ശങ്കരന്‍ തടസ്സപ്പെടുത്തി.

കിരാതന്‍ പഠഞ്ഞു: ഈ "ഇന്ദ്രകേല"സമപ്രഭനായ ഇവനില്‍ ആദ്യമായി ഞാനാണ്‌ ഉന്നം വെച്ചത്‌. എയ്യരുത്‌!

വൈശമ്പായനൻ പറഞ്ഞു: കിരാതന്‍ പറഞ്ഞതിനെ വില വെക്കാതെ അര്‍ജ്ജുനന്‍ അതിനെ എയ്തു. ഒപ്പം കിരാതനും ഇടിത്തീ പോലെ, അഗ്നിശിഖ പോലുള്ള ശരം പ്രയോഗിച്ചു. അവര്‍ എയ്ത ശരങ്ങള്‍ രണ്ടും ഒപ്പം അതിന്റെ ദേഹത്തില്‍ പതിച്ചു. മലപോലെ ഉറപ്പുള്ള ഭീമാകാരനായ മൂകന്റെ ശരീരത്തില്‍ രണ്ടും ഒപ്പം പതിച്ചപ്പോള്‍ പര്‍വ്വതത്തില്‍ ഇടിത്തീയും വജ്രവും ഒപ്പം പതിച്ചാലെന്ന പോലെയുള്ള ശബ്ദം മുഴങ്ങി. പന്നഗതുല്യങ്ങളായ ദീപ്ത ബാണങ്ങള്‍ ദേഹത്തില്‍ തുളഞ്ഞു കയറി. ഉടനെ മൂകന്‍ വരാഹ രൂപം വെടിഞ്ഞ്‌ ഭയങ്കരമായ രാക്ഷസ രൂപമെടുത്ത്‌ അവിടെ ചത്തു വീണു. പിന്നെ അര്‍ജ്ജുനന്‍ കിരാത വേഷനായി സ്ത്രീകളോടു കൂടെ നിൽക്കുന്ന കാഞ്ചനപ്രഭനായ ആ പുരുഷനോട്‌ മന്ദസ്മിതത്തോടെ ചോദിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഈ ശൂന്യമായ കാന്താരത്തില്‍ സ്ത്രീകളോടു കൂടി സഞ്ചരിക്കുന്ന കനകപ്രഭനായ ഭവാന്‍ ആരാണ്‌? ഈ ഘോരകാനനത്തില്‍ സഞ്ചരിക്കുവാന്‍ ഭവാനു ഭയമില്ല? ഞാന്‍ ലക്ഷ്യം വെച്ച പന്നിയെ ഭവാന്‍ ഇടയില്‍ പ്രവേശിച്ച്‌ എയ്തതു ന്യായമായോ? ഇവിടെ വന്ന ഈ രാക്ഷസനോടു മുമ്പെ എതിര്‍ത്തതു ഞാനാണല്ലോ. അതു കണ്ടിട്ടും മൃഗയാധര്‍മ്മം പാലിക്കാത്ത ഭവാന്‍ ദുര കൊണ്ടോ നിന്ദ കൊണ്ടോ ഇവിടെ ഈ ചെയ്ത കൃത്യം എനിക്കു പൊറുക്കുവാന്‍ വയ്യ! നായാട്ടിന് ചേര്‍ന്ന ധര്‍മ്മമല്ല നീ ചെയ്തത്‌. അതു കൊണ്ട്‌ ഇനി ഞാന്‍ ഭവാനെ വിട്ടയയ്ക്കുകയില്ല.. കാട്ടാള! ഞാന്‍ നിന്നെ ഇപ്പോള്‍ കൊന്നുകളയും.

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ കിരാതന്‍ പുഞ്ചിരി തൂകിക്കൊണ്ടു സവൃസാചിയോടു പറഞ്ഞു.

കിരാതന്‍ പറഞ്ഞു: ഹേ, വീരാ! ഈ കാട്ടില്‍ ഞാന്‍ കാരണം നീ ഭയപ്പെടേണ്ട. പാര്‍ക്കുവാന്‍ ഞങ്ങള്‍ക്കൊക്കെ പറ്റിയതാണ്‌ ഈ സ്ഥലം. അങ്ങ്‌ എന്തിനാണ്‌ ഇവിടെ ഇത്ര വിഷമിച്ചു പാര്‍ക്കുന്നത്‌? ഹേ താപസാ, ധാരാളം ഹിംസ്ര ജന്തുക്കളുള്ള ഇവിടെ പാര്‍ക്കുന്നത്‌ കിരാതന്മാരായ ഞങ്ങള്‍ക്കു ചേര്‍ന്നതാണ്‌. കൃഷ്ണശരീരനും സുകുമാരനും സുഖോചിതനുമായ ഭവാന്‍ ഏകാകിയായി ഈ ശൂന്യ കാനനത്തിൽ  എന്തു കൊണ്ടാണു സഞ്ചരിക്കുന്നത്‌?

അര്‍ജ്ജുനന്‍ പറഞ്ഞു: ഗാണ്ഡീവവും അഗ്നിതുല്യമായ ശരങ്ങളുമേന്തി ഞാന്‍ ഈ മഹാരണ്യത്തില്‍ രണ്ടാം പാവകിയെ ( സുബ്രഹ്മണ്യൻ ) പോലെ പാര്‍ത്തു വരുന്നു. മൃഗരൂപം ധരിച്ച ഈ ഘോരരാക്ഷസന്‍ എന്നോട്‌ എതിര്‍ത്തു വന്നപ്പോള്‍ ഞാന്‍ അവനെ കൊന്നു വീഴ്ത്തി. നീ കണ്ടില്ലേ? ശത്രുസംഹാരത്തില്‍ ഇത്രയും ശക്തനായ എനിക്ക്‌ ഈ കാട്ടില്‍ ഏകനായി സഞ്ചരിക്കുവാന്‍ ഒട്ടും ഭയമില്ല. ആരെ ഭയപ്പെടണം?

കിരാതന്‍ പറഞ്ഞു: ഭവാനല്ലല്ലോ ഈ രാക്ഷസനെ കൊന്നത്‌! ഞാനാണല്ലോ. ഞാന്‍ തന്നെ എന്റെ വില്ലില്‍ നിന്ന്‌ എയ്തു വിട്ട ശരം ഏറ്റുവീണ ഇവന്‍ യമപുരി പ്രാപിച്ചു. ഇവന്‍ ആദ്യമേ ലക്ഷ്യമായതും എനിക്കാണ്‌ എന്റെ മുമ്പിലാണ്‌ ഇവന്‍ ആദ്യം വന്നു ലക്ഷ്യവിഷയമായത്‌. ഞാനാണ്‌ ആദ്യം ഉന്നംവെച്ച്‌ അടുത്തത്‌. അവനെ കൊന്നു വിട്ടതും ഞാന്‍ തന്നെയാണ്‌. സ്വന്തം ദോഷങ്ങളെ അനൃനില്‍ ചുമത്തി തനിക്കു കൈയൂക്കു കൂടുമെന്നു ഗര്‍വ്വിച്ചു പറയരുത്‌. മൂഢാത്മാവായ നിനക്കു കുറച്ചെന്നുമല്ല ഗര്‍വ്വം. ഹേ, ഗര്‍വ്വിഷ്ഠാ, നിന്നെ ഞാന്‍ വെറുതെ വിടില്ല. നീ ശക്തനാണെങ്കില്‍ തടുത്തു കൊള്ളുക. നിന്റെ ശരം എന്റെ നേരെ പ്രയോഗിക്കുക. നിന്നെ ഞാന്‍ കൊല്ലും.

വൈശമ്പായനൻ പറഞ്ഞു: ആ കാട്ടാളന്റെ വാക്കു കേട്ടു വല്ലാതെ കുപിതനായി തീ ന്ന അര്‍ജ്ജുനന്‍ യുദ്ധത്തിനൊരുങ്ങി. അര്‍ജ്ജുനന്‍ കിരാതന്റെ നേരെ ശരം വിട്ടു. വേടന്‍ ശരങ്ങളെ സസന്തോഷം ഏറ്റു ശരങ്ങള്‍ അന്യോന്യം വര്‍ഷിച്ചു. "ഹേ, മന്ദ! ഇനിയും അയയ്ക്കൂ!. ഇനിയും ശരം പ്രയോഗിക്കു!", എന്നായി കിരാതന്‍. അര്‍ജ്ജുനന്‍ പിന്നെയും ബാണങ്ങള്‍ കിരാതനില്‍ പ്രയോഗിച്ചു. ആ ബാണങ്ങള്‍ ഏറ്റ്‌ സന്തുഷ്ട ചിത്തനായി ശങ്കരന്‍ മുഹൂര്‍ത്തസമയം ശരവര്‍ഷം ഏറ്റു. യാതൊരു കുലുക്കവും കൂടാതെ പിനാകി മലപോലെ നിന്നു. ശരവര്‍ഷം നിഷ്ഫലമായിക്കണ്ടപ്പോള്‍ ധനഞ്ജയന്‍ അത്ഭുതപ്പെട്ട്, "കൊള്ളാം നന്ന്‌", എന്നു പറഞ്ഞു. അര്‍ജ്ജുനന്‍ വിസ്മയപ്പെട്ടു.

അഹോ! ഈ സുകുമാരാംഗനായ മലയന്‍ ആരാണ്‌? ഗാണ്ഡീവത്തില്‍ നിന്നു പായുന്ന ശരങ്ങളെല്ലാം കുലുക്കം കൂടാതെ ഇവന്‍ ഏല്‍ക്കുന്നുവല്ലേോ. ഇവന്‍ സുരനോ, അസുരനോ, യക്ഷനോ, സാക്ഷാല്‍ രുദ്രനോ? ആരാണിവന്‍? ഈ പര്‍വ്വതത്തില്‍ ദേവന്‍മാര്‍ വാഴുന്നുണ്ടെന്ന്‌ ഞാന്‍ മുമ്പേ തന്നെ കേട്ടിട്ടുണ്ട്‌. അവരില്‍ ആരെങ്കിലുമാകുമോ എന്നോടെതിര്‍ക്കുന്ന ഈ കിരാതന്‍? ഞാന്‍ ആയിരക്കണക്കിന് എയ്തു വിടുന്ന ശരങ്ങള്‍ സഹിക്കുവാന്‍ സാക്ഷാല്‍ രുദ്ര ഭഗവാനല്ലാതെ ആര്‍ക്കാണു സാധിക്കുക? ഇവന്‍ ദേവനോ, യക്ഷനോ ആരായാലും, കൊള്ളാം. ഇവന്‍, രുദ്രനൊഴികെ മറ്റാരായാലും എന്റെ തീക്ഷ്ണശരങ്ങള്‍ കൊണ്ട്‌ ഞാന്‍ ഇവനെ കൊല്ലും. ഇപ്രകാരം വിചാരിച്ച്‌ സവ്യസാചി, മര്‍മ്മം പിളര്‍ക്കുന്ന ബാണങ്ങള്‍ സുര്യന്‍ രശ്മികള്‍ വിടും പോലെ വിട്ടു. അതൊക്കെ ശൂലപാണിയായ ഭഗവാന്‍, ശിലാവര്‍ഷത്തെ ശൈലം എന്ന പോലെ ഏറ്റ്‌ ഹൃഷ്ടനായി ഇളകാതെ നിന്നു. അമ്പു തന്റെ ആവനാഴിയില്‍ ഒടുങ്ങി തുടങ്ങിയതു കണ്ട്‌ അര്‍ജ്ജുനന് ഭയമായി. തനിക്കു ഖാണ്ഡവത്തില്‍ വെച്ച്‌ അമ്പൊടുങ്ങാത്ത ആവനാഴി തന്ന അഗ്നി ഭഗവാനെ അര്‍ജ്ജുനന്‍ സ്മരിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഭഗവാനെ, ഞാന്‍ ഇനി എന്തു കൊണ്ടാണ്‌ എയ്യേണ്ടത്‌? ശരങ്ങളൊക്കെ ഗ്രസിക്കുന്ന ഈ പുരുഷന്‍ ആരാണ്‌? ശുലാഗ്രം കൊണ്ട്‌ ആനയെ എന്ന പോലെ, ഇവനെ ഞാന്‍ വില്ലു കൊണ്ട്‌ ദണ്ഡധാരിയായ യമന്റെ പുരിയിലേക്കയയ്ക്കും.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ അര്‍ജ്ജുനന്‍ വില്ലു കൊണ്ട്‌ അടിക്കുകയും, ഞാണു കൊണ്ടു വലിക്കുകയും, വജ്രതുല്യമായ മുഷ്ടി കൊണ്ട്‌ ആ കിരാതനെ ഇടിക്കുകയും ചെയ്തു. അടിക്കുവാന്‍ ഓങ്ങിയ വില്ല്‌ കിരാതന്‍ പിടിച്ചു വലിച്ചെടുക്കുകയാല്‍ അവന് വില്ലുമില്ലാതായി. അപ്പോള്‍ അര്‍ജ്ജുനന്‍ വാള്‍ ഊരി ഒറ്റവെട്ടിന്‌ അവനെ കൊല്ലുവാന്‍ ഉദ്ദേശിച്ചു. പര്‍വ്വതത്തിന് പോലും തടുക്കുവാന്‍ കഴിയാത്ത വാള്‍ കിരാതന്റെ ശിരസ്സില്‍ ആഞ്ഞു പ്രയോഗിച്ചു. വാള്‍ പെട്ടെന്നു ശിരസ്സില്‍ ക്കൊണ്ടയുടനെ പൊട്ടിത്തകര്‍ന്നു വീണു. പിന്നീട്‌ വൃക്ഷങ്ങളും ശിലകളും പറിച്ചെടുത്തു പൊരുതി. അവയൊന്നും കിരാതനില്‍ ഏൽക്കായ്‌കയാല്‍ അര്‍ജ്ജുനന്‍ മുഷ്ടി കൊണ്ടു പൊരുതി. ക്രോധാവേശം കൊണ്ടു മുഖം പുകഞ്ഞു. വജ്രസങ്കാശമായ മുഷ്ടി കൊണ്ട്‌ ദുരാധര്‍ഷനായ കിരാതനെ ഫല്‍ഗുനനും, അശനിതുല്യവും ദാരുണവുമായ മുഷ്ടി കൊണ്ട്‌ ഫല്‍ഗുനനെ കിരാതനും ഇടിച്ചു. ഉടനെ ഘോരമായ ചടചടാശബ്ദം പുറപ്പെട്ടു. ആ ഘോരമായ മുഷ്ടിയുദ്ധം ഒരു മുഹൂര്‍ത്തം നടന്നു. മുഷ്ടി കൊണ്ടും ഉരസ്സു കൊണ്ടും ഊക്കോടെ ഇടിക്കുകയാല്‍ അവരുടെ ശരീരത്തില്‍ നിന്നു തീയും പുകയും പുറപ്പെട്ടു. പിന്നെ മഹാദേവന്‍ അര്‍ജ്ജുനനെ പിടിച്ച്‌ അമര്‍ത്തി ഞെക്കി വീർപ്പു മുട്ടിക്കുകയാല്‍ അവന്‍ നിശ്ചേഷ്ടനായി ബോധംകെട്ടു വീണു.

ഒരു മുഹൂര്‍ത്തം കഴിഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ ദേഹം മുഴുവന്‍ രക്തത്തില്‍ മുഴുകിയ നിലയില്‍ എഴുന്നേറ്റു. ദുഃഖസംതപ്തനായി മഹാദേവനെ ധ്യാനിച്ചു. മണ്ണു കൊണ്ട്‌ ഒരു വിഗ്രഹമുണ്ടാക്കി അതിന്മേല്‍ പുഷ്പാര്‍ച്ചന ചെയ്തു. അപ്പോള്‍ വിഗ്രഹത്തില്‍ അര്‍ച്ചിക്കുന്ന പുഷ്പങ്ങളെല്ലാം കിരാതന്റെ ശിരസ്സില്‍ പ്രശോഭിക്കുന്നതായി കണ്ടു. ഇതു കണ്ടപ്പോള്‍ തന്റെ എതിരാളി സാക്ഷാല്‍ രുദ്ര ഭഗവാന്‍ തന്നെയാണെന്ന്‌ ആ പാണ്ഡുപുത്രോത്തമന്‍ അറിഞ്ഞു. ഉടനെ ക്ലേശം നീങ്ങി അതിയായ സന്തോഷത്തോടെ അവന്‍ ഭഗവാന്റെ പാദങ്ങളില്‍ വീണു. മഹാദേവനും അര്‍ജ്ജുനനില്‍ ഏറ്റവും സന്തുഷ്ടനായി. തപസ്സു കൊണ്ടു തളര്‍ന്നു വലഞ്ഞ്‌ തന്റെ പാദതലത്തില്‍ വീണു കിടക്കുന്ന അര്‍ജ്ജുനനെ മേഘഗര്‍ജ്ജനം പോലെയുള്ള ഗംഭീര സ്വരത്തില്‍ ഭഗവാന്‍ സമാശ്വസിപ്പിച്ചു.

ഭഗവാന്‍ പറഞ്ഞു: എടോ ഫല്‍ഗുനാ! നിന്റെ അതുല്യമായ കര്‍മ്മത്താല്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. ശൗരൃത്തിലും സ്വൈര്യത്തിലും നിന്നോടു തുല്യനായി ക്ഷത്രിയന്‍ വേറെയില്ല. ശക്തി കൊണ്ടും തേജസ്സു കൊണ്ടും നീ എന്നോടു തുല്യനാണ്‌. മഹാബാഹുവായ നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. പുരാണ മഹര്‍ഷിയാണ്‌ നീ. നിനക്ക്‌ എന്നെ കാണുന്നതിനു വേണ്ടി ദിവൃദൃഷ്ടി തരും. യുദ്ധത്തില്‍ സര്‍വ്വശത്രുക്കളേയും നീ ജയിക്കും. ദേവന്മാരെ കൂടി നീ ജയിക്കും. ഞാന്‍ നിന്നില്‍ ഏറ്റവും പ്രീതനായതിനാല്‍ ആര്‍ക്കും തടുക്കുവാന്‍ വയ്യാത്തതായ അസ്ത്രം ഞാന്‍ നിനക്കു തരാം. എന്റെ ആ അസ്ത്രം ഉടനെ നിനക്കു തരുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഉടനെ ദിവൃദൃഷ്ടി കൊണ്ട്‌ ഫല്‍ഗുനന്‍ കൈലാസവാസിയും മഹാദേവനുമായ ശിവനെ, ശൂലപാണിയെ, മഹാദ്യുതിയോടെ ഉമാസമേതനായി കണ്ടു. മുട്ടുകുത്തി നിലത്തു തലമുട്ടി ശത്രുപുരവിജയിയായ ആ പൃഥാപുത്രന്‍ നമിച്ച്‌ ഹരനെ സ്തോത്രങ്ങളാല്‍ പ്രസാദിപ്പിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, കപര്‍ദ്ദിന്‍! സര്‍വ്വദേവേശാ! ഭഗനേത്രാ! വിനാശകാ! ഹര! പ്രഭോ! നീലകണ്ഠാ! ജടാധരാ! മുക്കണ്ണനും വിഭുവുമായ നീയാണ്‌ എല്ലാറ്റിനും മൂലമെന്നു ഞാന്‍ അറിയുന്നു. കാരണങ്ങള്‍ക്കു ആദ്യനും എല്ലാ ദേവകള്‍ക്കും ആശ്രയവും ആണെന്നു ഞാന്‍ അറിയുന്നു. ഈ പ്രപഞ്ചമെല്ലാം നിന്നില്‍ നിന്നു ഭവിച്ചു. നീ ദേവാസുര മാനുഷമായ മൂന്നു ലോകത്തിനും അജയ്യനാണ്‌. വിഷ്ണുവിന്റെ രൂപത്തോടു കൂടിയ ശിവനും ശിവന്റെ രൂപത്തോടു കൂടിയ വിഷ്ണുവും നീ ഒരുത്തന്‍ തന്നെയാണ്‌. പണ്ട്‌ ദക്ഷന്റെ മഹായജ്ഞം നീ നശിപ്പിച്ചു. ഹേ ഹരേ! ഹേ രുദ്ര! ഞാന്‍ ഭവാനെ കൈകൂപ്പുന്നു. നെറ്റിമേല്‍ നേത്രങ്ങളുള്ള ശര്‍വ്വാ! ശൂലധാരകാ! പിനാകധരാ! സൂര്യാ! ശുദ്ധാ! പ്രജാപതേ! ഞാന്‍ കുമ്പിടുന്നു. ഭവാന്‍ എന്നില്‍ പ്രസാദിച്ചാലും. നീ ജഗത്തിനു ഗണേശനാകുന്നു. ലോകങ്ങള്‍ക്ക്‌ ആദികാരണമായതും നീ തന്നെ. നീയാണു പുരുഷോത്തമന്‍. പരമോന്നതനും സൂക്ഷ്മതരനും നീയാണ്‌. നീ ഹരനാകുന്നു. ഭഗവാനേ! ശങ്കരാ, ഭവാന്‍ എന്റെ അപരാധങ്ങളെ, അതിക്രമങ്ങളെ, ക്ഷമിച്ചാലും! ഞാന്‍ ഭഗവദ് ദര്‍ശനത്തിനാണ്‌ തപസ്വികളുടെ ഈ പ്രിയപ്പെട്ട സങ്കേതവും അങ്ങയ്ക്കു പ്രിയവുമായ ഈ മഹാഗിരിയിൽ എത്തിയത്‌. ഭഗവാനേ! എന്നില്‍ നീ പ്രസാദിച്ചാലും! സര്‍വ്വലോക വന്ദിതാ! പ്രസാദിച്ചാലും! സര്‍വ്വലോക വന്ദിതാ! പ്രസാദിച്ചാലും. ഞാന്‍ ചെയ്ത സാഹസങ്ങള്‍ എന്നില്‍ കുറ്റമായി കുരുതരുതേ! അറിവില്ലാത്ത ഞാന്‍ ഭവാനോടു പൊരുതിയതാണ്‌. ശരണം പ്രാപിച്ച എന്നില്‍ ഭവാന്‍ ക്ഷമിച്ചാലും.

വൈശമ്പായനൻ പറഞ്ഞു: അപ്പോള്‍ മഹാതേജസ്വിയായ വൃക്ഷഭധ്വജന്‍ അര്‍ജ്ജുനന്റെ സുന്ദരമായ കൈകള്‍ രണ്ടും പിടിച്ച്‌ പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു: "ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു", എന്ന്. പിന്നെ ഹരന്‍ സന്തോഷത്തോടെ തന്റെ ഭക്തനെ തഴുകുകയും പിന്നെയും പിന്നെയും സമാശ്വസിപ്പിക്കുകയും ചെയ്തു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു.

40. ശിവ പ്രസ്ഥാനം - ദേവദേവന്‍ പറഞ്ഞു: പൂര്‍വ്വജന്മത്തില്‍ നീ നാരായണ സ്നേഹിതനായ നരനായിരുന്നു. നീ അനേകായിരം സംവത്സരം ബദര്യാശ്രമത്തില്‍ ഉഗ്രമായ തപസ്സു ചെയ്തിട്ടുണ്ട്‌. നിന്നിലും പുരുഷോത്തമനായ വിഷ്ണുവിലും പരമമായ തേജസ്സ്‌ കുടികൊള്ളുന്നു. പുരുഷാഗ്രിമന്‍മാരായ നിങ്ങള്‍ രണ്ടു പേരാണ്‌ തേജസ്സു കൊണ്ട്‌ ഈ ലോകത്തെ ധരിക്കുന്നത്‌. ഇന്ദ്രാഭിഷേക കാലത്ത്‌ മേഘനിര്‍ഘോഷത്തോടു കൂടിയ ധനുസ്സേന്തി, ഭവാനും കൃഷ്ണനും കൂടി ദൈത്യന്മാരെ നിഗ്രഹിച്ചു. നിന്റെ കരത്തിനു ചേര്‍ന്ന ഈ ഗാണ്ഡീവം അന്നത്തെ ആ വില്ലാണ്‌. നാം തമ്മില്‍ നടന്ന പോരില്‍ മായ കൊണ്ടാണ്‌ ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും ഞാന്‍ ഗ്രസിച്ചത്‌. ഹേ പാര്‍ത്ഥ, നിനക്കു ചേര്‍ന്ന ഈ ആവനാഴി വീണ്ടും അമ്പൊടുങ്ങാത്തതാവും. നിനക്കു പോരിലുണ്ടായ വൈവശ്യം എല്ലാം ഉടനെ നീങ്ങിപ്പോകും. കുരുനന്ദനാ! നിന്റെ ശക്തി അജയ്യമാണ്‌. ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു. ഹേ, പുരുഷശ്രേഷ്ഠാ! നീ ആഗ്രഹിക്കുന്ന വരം എന്നില്‍ നിന്നു വാങ്ങിക്കൊള്ളുക. നിന്നോടു തുല്യനായി മര്‍ത്ത്യലോകത്തില്‍ മറ്റൊരു ക്ഷത്രിയനും ഇല്ല. സ്വര്‍ഗ്ഗത്തിലും നിന്നേക്കാള്‍ ശ്രേഷ്ഠനായി ഒരു പുരുഷനുമില്ല.

അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ വൃക്ഷഭദ്വജാ! എന്റെ കാംക്ഷിതം പോലെ ചെയ്യുവാന്‍ തക്കവണ്ണം ഭവാന്‍ എന്നില്‍ പ്രീതിയുണ്ടെങ്കില്‍ , ദിവ്യവും ഘോരവുമായ പാശുപതാസ്ത്രം എനിക്കു തന്നാലും. ദാരുണമായ യുഗാന്ത കാലത്ത്‌ ജഗത്തിനെ മുഴുവന്‍ സംഹരിക്കുന്ന രൗദ്രവും, ഭീമപരാക്രമവുമായ ആ ബ്രഹ്മശിരസ്സാണ്‌ ഈ അസ്ത്രം. കര്‍ണ്ണന്‍, ഭീഷ്മൻ, കൃപന്‍, ദ്രോണൻ എന്നിവരോട്‌ എനിക്ക്‌ ഉഗ്രമായി യുദ്ധം ചെയ്യേണ്ടതായി വരും. ആ യുദ്ധത്തില്‍ ഭവാന്റെ പ്രസാദത്താല്‍ അവരെ എനിക്കു ജയിക്കണം. യുദ്ധത്തില്‍ ദൈത്യന്മാരേയും, രാക്ഷസന്മാരേയും, ഭൂതങ്ങളേയും, പിശാചുക്കളേയും, പന്നഗ ഗന്ധര്‍വ്വന്മാരേയും ദഹിപ്പിക്കുവാന്‍ ഇതിനാല്‍ ഞാന്‍ ശക്തനായി ഭവിക്കണം. ഈഅസ്ത്രത്തില്‍ നിന്ന്‌ അനേകായിരം ശൂലങ്ങളും, ഉഗ്രമായ ഗദകളും, സര്‍പ്പാകാരങ്ങളായ ശരങ്ങളും പുറപ്പെടുന്നു. ഭീഷ്മദ്രോണ കൃപന്മാരോടും, എല്ലായ്പോഴും കടുത്ത വാക്കുകള്‍ പുലമ്പുന്ന സൂതപുത്രനോടും ഞാന്‍ ഈ അസ്ത്രം കൊണ്ടു പൊരുതണം. ഇതാണ്‌ എന്റെ ഏറ്റവും വലിയ അഭിലാഷം. ഭഗനേത്രഹനനായ അവിടുത്തെ അനുഗ്രഹത്താല്‍ ഞാന്‍ അവരെ യുദ്ധത്തില്‍ തോല്പിക്കാന്‍ സമര്‍ത്ഥനാകണം!

ഭഗവാന്‍ പറഞ്ഞു: ഹേ പാണ്ഡവാ! എനിക്കു പ്രിയമേറിയ ആ പാശുപതാസ്ത്രം ഞാന്‍ ഇതാ നിനക്കു തരുന്നു. അതു ധരിക്കുവാനും, പ്രയോഗിക്കുവാനും, പിന്‍വലിക്കുവാനും നീ സമര്‍ത്ഥനാണ്‌. ദേവേന്ദ്രനോ, യമനോ, യക്ഷരാജനോ, വരുണനോ, വായുവിനോ ഇതറിഞ്ഞു കൂടാ. പിന്നെ മര്‍ത്ത്യരുടെ കഥ പറയേണ്ടതുണ്ടോ? സാധാരണന്മാരില്‍ ഈ അസ്ത്രം പ്രയോഗിച്ചു കൂടാ. അശക്തനായവനില്‍ ഇതു പ്രയോഗിച്ചാല്‍ ലോകം മുഴുവന്‍ നശിപ്പിക്കും. ചരാചരാത്മകമായ പ്രപഞ്ചത്തില്‍ മൂന്നു ലോകത്തിലും ഈ അസ്ത്രത്തിനു നശിപ്പിക്കുവാന്‍ വയ്യാത്തതായി ഒന്നുമില്ല. വാക്കോ, നോട്ടമോ, മനസ്സോ, വില്ലോ കൊണ്ട്‌ ഈ അസ്ത്രം പ്രയോഗിക്കാം.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ടപ്പോള്‍ അര്‍ജ്ജുനന്‍ ശുചിയായ ആ ലോകാധിപതിയുടെ മുന്‍പില്‍ ഏകാഗ്രചിത്തനായി നിന്ന്‌, "എനിക്ക്‌ ഉപദേശിച്ചാലും", എന്നു പറഞ്ഞു. അന്തകതുല്യമായ പാശുപതാസ്ത്രം, പ്രയോഗിക്കുന്നതിലും സംഹരിക്കുന്നതിലും ഉള്ള സര്‍വ്വ രഹസ്യങ്ങളോടും കൂടി, ശിവന്‍ ആ പാണ്ഡുപുത്രനെ ഗ്രഹിപ്പിച്ചു. ഉമാനാഥന് എന്ന പോലെ ആ അസ്ത്രം പാര്‍ത്ഥനും അധീനമായി. അര്‍ജ്ജുനന്‍ സസന്തോഷം പാശുപതാസ്ത്രം വാങ്ങിയ ഉടനെ കാടും കടലും മലയും വൃക്ഷവും നാടും നഗരവും ചേര്‍ന്ന ഭൂമി കുലുങ്ങുകയും, ശംഖ ദുന്ദുഭി നാദം മുഴങ്ങുകയും, കൊള്ളിമീനുകള്‍ വീഴുകയും ചെയ്തു. കൊടുങ്കാറ്റും ചുഴലിക്കാറ്റുമുണ്ടായി. ഉജ്വലവും ഘോരവുമായ ആ അസ്ത്രം അര്‍ജ്ജുനന്റെ പാര്‍ശ്വത്തില്‍ മൂര്‍ത്തിമത്തായി നിൽക്കുന്നത്‌ ദേവദാനവന്മാര്‍ കണ്ടു. രുദ്രന്‍ സ്പര്‍ശിച്ചതോടു കൂടി ഫല്‍ഗുനന്റെ ശരീരത്തിലുള്ള മാലിന്യവും വേദനയുമെല്ലാം പോയി. ഇനി അര്‍ജ്ജുനാ! നിനക്കു സ്വര്‍ഗ്ഗലോകത്തു പോകാം എന്ന് മഹേശ്വരന്‍ അര്‍ജ്ജുനനോടു പറഞ്ഞു. മഹാദേവനില്‍ നിന്ന്‌ അനുജ്ഞ കിട്ടിയ ഉടനെ മഹാദേവനെ വിജയന്‍ കുമ്പിട്ടു തൊഴുത്‌, ആകാശത്തേക്കു നോക്കി. അപ്പോള്‍ അത്യുഗ്ര തേജസ്വിയും, ദേവദേവനും, കൈലാസനാഥനും, ഉമാകാന്തനുമായ മഹേശ്വരന്‍ ദൈത്യപിശാച നാശനമായ ഗാണ്ഡീവമെന്ന മഹത്തായ ധനുസ്സ്‌ അര്‍ജ്ജുനനു നല്കി. ഉടനെ. ശുഭ്രവും, ഋഷിസങ്കേതവും, അനുഗൃഹീതവും മഞ്ഞു മൂടിയതുമായ ഗുഹകള്‍ നിറഞ്ഞ പര്‍വ്വതം വിട്ട്‌, അര്‍ജ്ജുനന്‍ നോക്കി നില്ക്കെ പിനാകപാണിയും, വൃഷഭധ്വജനുമായ ശിവന്‍, ഉമാസമേതം മറഞ്ഞു. ലോകര്‍ നോക്കി നില്ക്കെ സൂര്യന്‍ മറയുന്നതു പോലെ ആ തേജസ്വി മറഞ്ഞു.

41. ദേവപ്രസ്ഥാനം - വൈശമ്പായനൻ പറഞ്ഞു: സാക്ഷാല്‍ മഹാദേവനെ പ്രതൃക്ഷമായി കാണുവാന്‍ കഴിയുകയാല്‍ അര്‍ജ്ജുനന്‍ ഏറ്റവും കൃതാര്‍ത്ഥനായി. ശത്രുനാശനനായ അര്‍ജ്ജുനന്‍ അത്ഭുതപ്പെട്ടു. അരൂപിയും, വരദനും, പിനാകിയും, ഹരനും ആയ മുക്കണ്ണനെ ഞാന്‍ എന്റെ കണ്ണു കൊണ്ടു കണ്ടു! ഞാന്‍ കൈ കൊണ്ടു തൊട്ടു! ഞാന്‍ ധന്യനായി! അനുഗൃഹീതനുമായി! ശത്രുക്കളെ മുഴുവന്‍ ജയിച്ചു കഴിഞ്ഞു എന്നു ഞാന്‍ വിചാരിക്കുന്നു! വന്ന കാര്യമൊക്കെ ഞാന്‍ നേടുകയും ചെയ്തു കഴിഞ്ഞു എന്ന് ഇപ്പോള്‍ നിശ്ചയിക്കാറായി. ഇപ്രകാരം പാര്‍ത്ഥന്‍ ആലോചിച്ചു നില്‍ക്കുന്ന സമയത്ത്‌ വൈഡൂര്യപ്രഭയാല്‍ ദിക്കൊക്കെ വിളക്കിക്കൊണ്ട്‌, ജലജന്തുക്കൾ, നാഗങ്ങള്‍ , ദൈത്യന്മാര്‍, സാദ്ധ്യന്മാര്‍, നദങ്ങള്‍ , നദികള്‍ , ദേവന്മാര്‍ എന്നിവരോടു കൂടി വരുണദേവന്‍ അവിടെ വന്നു. അപ്പോള്‍ ആകാശമെങ്ങും ശോഭിപ്പിച്ചു കൊണ്ട്‌ യക്ഷഗണങ്ങളോടു കൂടി മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണരഥത്തില്‍, സ്വര്‍ണ്ണാഭനും, അത്ഭുതദര്‍ശനനുമായ കുബേരനും അര്‍ജ്ജുനനെ കാണുവാന്‍ പിതൃക്കളോടും, ഗുഹ്യക ഗന്ധര്‍വ്വന്മാരോടും കൂടി വന്നുചേര്‍ന്നു. യുഗാന്തത്തിലെ രണ്ടാമത്തെ ആദിത്യനെപ്പോലെ പ്രശോഭിച്ചു കൊണ്ട്‌ പ്രതാപവാനും, ലോകാന്തകരനും, സൂര്യപുത്രനും, ദണ്ഡധരനുമായ യമനും വന്നുചേര്‍ന്നു. ചിത്രശൈല ശിഖരങ്ങളുള്ള ആ മഹാഗിരിയില്‍ തപസ്വിയായ അര്‍ജ്ജുനനെ അവര്‍ ചെന്നു കണ്ടു. ഒരു മുഹുര്‍ത്ത സമയം ഇന്ദ്രാണിയോടു കൂടി ഐരാവതത്തില്‍ കയറി വെണ്‍കൊറ്റക്കുട ഉയര്‍ത്തി, ശുഭ്രമായ മേഘങ്ങള്‍ കൊണ്ടു ചുഴന്ന ആകാശത്ത്‌ ചന്ദ്രന്‍ എന്ന പോലെ ശോഭിച്ചു. ദേവന്മാരും, ഗന്ധര്‍വ്വന്മാരും, ഋഷികളും പുകഴ്ത്തുന്ന ദേവേന്ദ്രന്‍ അവിടെ ഉദിച്ചു നില്‍ക്കുന്ന സൂര്യനെ പോലെ വിളങ്ങി. തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു പര്‍വ്വത ശിഖരത്തിൽ ഇരുന്ന്‌ പരമ ധര്‍മ്മജ്ഞനായ യമന്‍ മേഘഗര്‍ജ്ജനത്തോടൊത്ത ശബ്ദത്തില്‍ ആദ്യമായി അര്‍ജ്ജുനനെ അനുഗ്രഹിച്ചു.

യമന്‍ പറഞ്ഞു: എടോ! അര്‍ജ്ജുന! ഇവിടെ എത്തിയിരിക്കുന്ന ലോകപാലകന്മാരായ ഞങ്ങളെ ഭവാന്‍ കണ്ടു കൊള്ളുക! ഞങ്ങളെ ദര്‍ശിക്കുവാന്‍ അര്‍ഹനായ നിനക്ക്‌ ഞാന്‍ ദിവ്യചക്ഷുസ്സു തരാം. മഹാബലനായ നീ നരനെന്നു പേരായ പുരാണ ഋഷിയാണ്‌. ബ്രഹ്മാവിന്റെ നിശ്ചയ പ്രകാരമാണ്‌ നീ മര്‍ത്ത്യനായി പിറന്നത്‌. വസു സംഭൂതനും മഹാവീര്യനും പരമധര്‍മ്മാത്മാവുമായ ഭീഷ്മപിതാമഹനെ നിനക്കു യുദ്ധത്തില്‍ ജയിക്കുവാന്‍ കഴിയും. ഭരദ്വാജ പുത്രന്റെ നേതൃത്വത്തില്‍ തേജസ്സുള്ള ക്ഷത്രിയരെ നിനക്കു ജയിക്കുവാന്‍ സാധിക്കും. മനുഷ്യരായി പിറന്ന മഹാവീര്യന്മാരായ ദാനവന്മാരെയും നിനക്കു ജയിക്കുവാന്‍ കഴിയും. നിവാത കവചന്മാരെയും നീ സംഹരിക്കും. ആ കര്‍ണ്ണന്‍ എന്റെ അച്ഛന്റെ, സര്‍വ്വലോക പ്രതാപിയായ സൂര്യന്റെ, അംശമാണ്‌. ആ മഹാവീര്യവാനും നിന്നാല്‍ ഹതനാകും. ഹേ, കുന്തീപുത്ര, ഭൂമിയില്‍ പിറന്ന ദേവദാനവ രക്ഷസ്സുകളുടെ അംശങ്ങളെ നീ സംഹരിക്കും. പിന്നീട്‌ അവര്‍ അവരവരുടെ കര്‍മ്മഗതിക്ക്‌ അനുരൂപമായ ഗതിയെ പ്രാപിക്കും. ഹേ, ഫല്‍ ഗുന!! നിനക്കു ലോകത്തില്‍ അക്ഷയമായ കീര്‍ത്തിയുണ്ടാകും. സാക്ഷാല്‍ മഹാദേവനെ യുദ്ധത്തില്‍ സന്തോഷിപ്പിച്ചവനാണു നീ. വിഷ്ണുവോടു കൂടി നീ ഭൂമിയെ ദുര്‍ഭാരത്തില്‍ നിന്നു രക്ഷപ്പെടുത്തുക. ആര്‍ക്കും തടുക്കുവാന്‍ സാദ്ധ്യമല്ലാത്ത എന്റെ ഈ ദണ്ഡ്‌ നീ വാങ്ങിക്കൊള്ളുക. നീ മഹത്തായ കര്‍മ്മം ഈ ആയുധം കൊണ്ടു നിര്‍വ്വഹിക്കും.

വൈശമ്പായനന്‍ പറഞ്ഞു: പാര്‍ത്ഥന്‍ അതു വിധിപ്രകാരം ഏറ്റുവാങ്ങി. അതു പ്രയോഗിക്കുവാനും, പിന്‍വലിക്കുവാനുമുള്ള മന്ത്രങ്ങളും മനസ്സിലാക്കി. പിന്നെ പടിഞ്ഞാറെ ഭാഗത്തു നിൽക്കുന്ന നീലമേഘ വര്‍ണ്ണനും, ജലാധിപനുമായ വരുണന്‍ പാര്‍ത്ഥനോടു പറഞ്ഞു.

വരുണന്‍ പറഞ്ഞു: എടോ പാര്‍ത്ഥ! ക്ഷത്രിയ ധര്‍മ്മത്തില്‍ ഉറച്ചു നില്‍ക്കുന്നവനായ നീ, ക്ഷത്രിയ മുഖ്യനാണ്‌. ഹേ വിശാല താമ്രാക്ഷാ, നോക്കൂ! ഞാനാണ്‌ ജലാധിപനായ വരുണന്‍. ആര്‍ക്കും തടുക്കുവാന്‍ ആകാത്ത ഈ വാരുണ പാശങ്ങളെ അവയുടെ രഹസ്യങ്ങളോടു കൂടി ഞാന്‍ ഇതാ നിനക്കു തരുന്നു. അതു നീ ഗ്രഹിച്ചു കൊള്ളുക. ഇവ കൊണ്ട്‌ താരക സംബന്ധമായുണ്ടായ യുദ്ധത്തില്‍ പണ്ടു ഞാന്‍ അനേകായിരം ദാനവന്മാരെ ബന്ധിച്ചിടുണ്ട്‌. എന്റെ പ്രസാദത്താല്‍ ഈ പാശങ്ങളെ നീ നേടിയിരിക്കുന്നു. ഇവ നിന്റെ കൈവശമുള്ള കാലത്തോളം യമന് പോലും നിന്നോട്‌ എതിര്‍ക്കുവാന്‍ സാദ്ധ്യമല്ല. നീ ഈ ആയുധവുമായി പോര്‍ക്കളത്തില്‍ ഇറങ്ങിയാല്‍, ഇവ കൊണ്ട്‌ ലോകത്തിലെ ക്ഷത്രിയന്മാരെ നിശ്ശേഷം നശിപ്പിക്കുവാന്‍ നീ ശക്തനാകും.

വൈശമ്പായനൻ പറഞ്ഞു: യമനും, വരുണനും, ദിവ്യാസ്ത്രങ്ങള്‍ കൊടുത്തതിന് ശേഷം, കൈലാസ വാസിയായ ധനാധിപന്‍ പറഞ്ഞു.

ധനാധിപന്‍ പറഞ്ഞു: എടോ പാണ്ഡുപുത്ര! അസാമാനൃ ശക്തനും, വിജ്ഞനുമായ നിന്നില്‍ ഞാനും പ്രസാദിച്ചിരിക്കുന്നു. നിന്നോടുള്ള സമാഗമം കൃഷ്ണനോടുള്ള കൂടിക്കാഴ്ച പോലെ എനിക്ക്‌ ഏറ്റവും സന്തോഷപ്രദമാണ്‌. ഹേ, സവൃസാചീ, മഹാബാഹോ, സനാതനനായ പുരാണ ദേവനാണു നീ. പൂര്‍വ്വകല്പത്തില്‍ ഞങ്ങളോടു കൂടി ഭവാന്‍ തപസ്സു ചെയ്തിട്ടുണ്ട്‌. അജയ്യരായ ദൈതൃദാനവന്മാരെ പോലും നീ ജയിക്കും. ഈ ദിവ്യാസ്ത്രത്തെ ഞാന്‍ നിനക്ക്‌ ഇതാ തരുന്നു! ഹേ! ധനഞ്ജയ! എന്റെ പ്രിയപ്പെട്ട "അന്തര്‍ദ്ധാനം" എന്ന അസ്ത്രം നീ വാങ്ങിക്കൊള്ളുക. ദുര്‍ജ്ജയന്മാരായ അമര്‍ത്തൃന്മാരെ പോലും നിനക്ക്‌ ഇതു കൊണ്ടു ജയിക്കുവാന്‍ കഴിയും. ഈ അസ്ത്രത്താല്‍ നീ ധാര്‍ത്തരാഷ്ട്ര സൈന്യത്തെ നശിപ്പിക്കും! ഓജസ്സും, തേജസ്സും, ദ്യുതിയും വര്‍ദ്ധിപ്പിക്കുന്നതും, ശത്രുനാശകരവും, എനിക്ക്‌ഏറ്റവും പ്രിയപ്പെട്ടതുമായ അന്തര്‍ദ്ധാനാസ്ത്രം ഭവാന്‍ ഗ്രഹിച്ചു കൊള്ളുക. മഹാത്മാവായ ശങ്കരന്‍ മഹാശക്തരായ ത്രിപുരന്മാരെ ദഹിപ്പിച്ചത്‌ ഈ അസ്ത്രത്താലാണ്‌. മേരുതുല്യമായ ഗരവവും, അജയ്യ പരാക്രമവും ചേര്‍ന്ന ഭവാന്‍ ഈ അസ്ത്രം ധരിക്കുവാന്‍ അര്‍ഹനാണ്‌.

വൈശമ്പായനൻ പറഞ്ഞു: കുബേരന്‍ നല്‍കിയ അസ്ത്രം വിധിപ്രകാരം കുരുനന്ദനനായ അര്‍ജ്ജുനന്‍ സ്വീകരിച്ചു. ഉടനെ അക്ലിഷ്ട കര്‍മ്മാവായ പാര്‍ത്ഥനോട്‌ ദേവരാജാവ്‌ സാന്ത്വ പൂര്‍വ്വം ഭംഗിയായി മേഘദുന്ദുഭി നിസ്വനം പോലെ, മധുരമായി പറഞ്ഞു.

ദേവേന്ദ്രന്‍ പറഞ്ഞു: മഹാബാഹുവായ കുന്തീപുത്ര! നീ പുരാതനനായ ഈശാനനാണ്‌. ശ്രേഷ്ഠമായ സിദ്ധി നേടി നീ ദേവതുല്യനായിരിക്കുന്നു. നീ മഹത്തായ ദേവകാര്യം ഇനി നിര്‍വ്വഹിക്കേണ്ടതുണ്ട്‌. സ്വര്‍ഗ്ഗത്തിലേക്കു കയറുവാന്‍ മഹാതേജസ്വിയായ നീ ഒരുങ്ങിക്കൊള്ളുക. നിന്നെ കൊണ്ടു പോകുവാന്‍ മാതലി രഥവുമായി വേഗം ഇവിടെ എത്തും. ഹേ, കൗരവ, സ്വര്‍ഗ്ഗത്തില്‍ വന്നതിനു ശേഷം ഞാന്‍ അവിടെ വച്ചു ദിവ്യാസ്ത്രങ്ങള്‍ തരുന്നതാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ പര്‍വ്വതാഗ്രത്തില്‍ വെച്ച്‌ ലോകപാലകന്മാരെ കാണുകയും, അവര്‍ കൃതാര്‍ത്ഥരായി അനുഗ്രഹിക്കുകയും ചെയ്തപ്പോള്‍ കുന്തീപൂത്രനായ ധനഞ്ജയന്‍ വിസ്മയപ്പെട്ടു. പിന്നെ പാര്‍ത്ഥന്‍ അവരെയെല്ലാം വിധിപോലെ പൂജിച്ചു. വാക്ക്‌, ജലം, ഫലം, ഇവയാല്‍ സല്‍ ക്കരിച്ചു. പാര്‍ത്ഥന്റെ സല്‍ക്കാരം സസന്തോഷം സ്വീകരിച്ച്‌ മനോവേഗമുള്ള ആ ദേവന്മാര്‍ വനസ്ഥലത്തേക്കു മറഞ്ഞു പോയി. ദേവമാനിതനായി വിജയന്‍ ദിവ്യാസ്ത്രങ്ങള്‍ നേടി താന്‍ കാമസമ്പൂര്‍ണ്ണനും കൃതാര്‍ത്ഥനുമായി എന്ന് സന്തോഷത്തോടെ ചിന്തിച്ചു.

ഇന്ദ്രലോകാഭിഗമനപര്‍വം

42. അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗലോകഗമനം - വൈശമ്പായനന്‍ പറഞ്ഞു: അല്ലയോ രാജേന്ദ്രാ! ലോകപാലകന്മാര്‍ പോയതിന് ശേഷം ശത്രുഹന്താവായ അര്‍ജ്ജുനന്‍ ഇന്ദ്രന്റെ രഥത്തെക്കുറിച്ചു സ്മരിച്ചു. ധീമാനായ ഗുഡാകേശന്‍ അങ്ങനെ ചിന്തിച്ചു നിൽക്കുന്ന സമയത്ത്‌ മാതലി നടത്തുന്ന ആ രഥം ഇരുട്ടു നീക്കി, ആകാശം പ്രകാശിപ്പിച്ചു. മേഘനിര്‍ഘോഷം പോലെ മേഘം പിളര്‍ക്കുന്ന വിധം ശബ്ദമുണ്ടാക്കി, അവിടെ വന്നെത്തി. കാണുമ്പോള്‍  തന്നെ ഉഗ്രമായി തോന്നുന്ന ഭീമങ്ങളായ വാളുകള്‍ , വേലുകള്‍ , ഗദകള്‍ എന്നിവയും, ദിവ്യപ്രഭയോടു കൂടിയ പ്രാസങ്ങളും, മഹാപ്രഭയോടു കൂടിയ വിദ്യുത്തുകളും, ഇരമ്പുന്ന കൊടുങ്കാറ്റുകളും, ഭയങ്കരമായ ഇടികള്‍, ചക്രതുലാഗുള കദംബങ്ങള്‍, മഹാമേഘനാദങ്ങള്‍, വലിയ രൂപത്തിലുള്ള വിഷോജ്ജ്വലിത മുഖങ്ങളായ ദാരുണ സര്‍പ്പങ്ങള്‍, വെള്ളമേഘമൊത്ത വെള്ളപ്പാറകള്‍ എന്നിവയും ചേര്‍ന്നതും, പൊന്‍നിറമുള്ള പതിനായിരം കുതിരകളെ കെട്ടിയതും കണ്‍കവരുന്നതുമായ മായാമയ ദിവ്യരഥത്തെ അര്‍ജ്ജുനന്‍ അത്ഭുതത്തോടെ കണ്ടു. നീലത്താമര പോലെയും, ഇന്ദീവരം പോലെയും, ശ്യാമളവും കനക ഭൂഷിതവും മഹാപ്രഭവുമായ മുള പോലെ ഋജുവുമായ "വൈജയന്തം" എന്ന ധ്വജം അതില്‍ വിളങ്ങുന്നു. ആ തേരില്‍ സ്ഥിതി ചെയ്യുന്ന പൊന്‍കോപ്പണിഞ്ഞ സൂതനേയും പാര്‍ത്ഥന്‍ കണ്ടു. ഇതെല്ലാം കണ്ടപ്പോള്‍ അതു ദേവന്മാരുടേതാണെന്നു പാര്‍ത്ഥന്‍ മനസ്സിലാക്കി. ഇങ്ങനെ ചിന്തിച്ച്‌ അര്‍ജ്ജുനന്‍ നിൽക്കുമ്പോള്‍ മാതലി രഥം നിര്‍ത്തി ഇറങ്ങി വന്നു പാര്‍ത്ഥനെ വന്ദിച്ച്‌ ഇപ്രകാരം അറിയിച്ചു.

മാതലി പറഞ്ഞു: അല്ലയോ ശക്രാത്മജ! ഭവാനെ കാണുവാന്‍ ശക്രന്‍ തന്നെ കാത്തിരിക്കുന്നു. ഇന്ദ്രന്റെ ഈ രഥത്തില്‍ ശ്രീമാനായ ഭവാന്‍ താമസം കൂടാതെ കയറിയാലും! ഭവാന്റെ പിതാവും അമരനാഥനുമായ ശതക്രതു എന്നോടിങ്ങനെ കല്പിച്ച പ്രകാരമാണ്‌ ഞാന്‍ ഇങ്ങോട്ടു വന്നിരിക്കുന്നത്‌. "കുന്തീപുത്രനായ അര്‍ജ്ജുനനെ ഇങ്ങോട്ടു കൊണ്ടു വരൂ. ദേവന്മാര്‍ അവനെ നേരില്‍ കാണട്ടെ". അദ്ദേഹം ദേവന്മാരോടും, ഗന്ധര്‍വ്വാപ്സരസ്സുകളോടും, മുനിമാരോടും കൂടി ഭവാനെ കാണുവാന്‍ കാത്തിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെത്തിയ ഭവാനെ ദേവഗണങ്ങള്‍ കാണട്ടെ! പാകശാസനന്റെ ശാസനം അനുസരിച്ചു ഭവാന്‍ ഈ ലോകം വിട്ട്‌ എന്നോടൊപ്പം ദേവലോകത്തിലേക്കു പുറപ്പെടുക! അസ്ത്രങ്ങള്‍ സമ്പാദിച്ചു മടങ്ങിപ്പോരാം.

അര്‍ജ്ജുനന്‍ പറഞ്ഞു: എടോ, മാതലി! ഈ ഉത്തമമായ രഥത്തില്‍ കയറുവാനുള്ള ഭാഗ്യം എളുപ്പത്തില്‍ കിട്ടുന്നതല്ല. രാജസൂയം, അശ്വമേധം മുതലായ യാഗങ്ങള്‍, നൂറുനൂറെണ്ണം ദക്ഷിണയോടു കൂടി കഴിച്ച മഹാപുണ്യവാന്മാരായ രാജാക്കള്‍ക്കു തൊട്ടു നോക്കുവാന്‍ കൂടി സാധിച്ചിട്ടില്ലാത്തതാണ്‌ ഈ രഥം. ദേവകള്‍ക്കും, ദാനവന്മാര്‍ക്കും കൂടി ഈ രഥത്തില്‍ കയറുവാന്‍ യോഗ്യതയില്ല! ഘോരമായ തപസ്സു ചെയ്തവര്‍ക്കു പോലും കാണുവാനും, തൊട്ടു നോക്കുവാനും കൂടി കഴിയാത്ത പുണ്യമായ ഈ രഥത്തില്‍ കയറുവാനുള്ള ഭാഗ്യം ഇന്ദ്രപ്രസാദത്താല്‍ എനിക്കു സാധിച്ചിരിക്കുന്നു! ഭവാന്‍ തേരിലിരുന്നു കുതിരകളെ നിയന്ത്രിച്ചാല്‍, പുണ്യവാന്‍ സല്‍പഥത്തിലേക്ക്‌ എന്ന മാതിരി ഞാന്‍ കയറിക്കൊള്ളാം.

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ പറഞ്ഞതു കേട്ട്‌ ശക്രന്റെ സൂതനായ മാതലി തേരില്‍ കയറി കടിഞ്ഞാണ്‍ പിടിച്ചു കുതിരകളെ നിര്‍ത്തി. സന്തോഷ പൂര്‍ണ്ണനായ കൗന്തേയന്‍ ഗംഗാസ്നാനം കൊണ്ടു വിശുദ്ധനായി വിധി പോലെ മന്ത്രം ജപിച്ചു. ആ കുരുനന്ദനന്‍ പിതൃതര്‍പ്പണം യഥാവിധി ന്യായപ്രകാരം ചെയ്ത്‌, പര്‍വ്വത്രേന്ദ്രനായ മന്ദര പര്‍വ്വതത്തോട്‌ ഇപ്രകാരം യാത്രപറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: പുണ്യവാന്മാരും, സാധുശീലരുമായ മുനികള്‍ക്ക്‌ ഹേ പര്‍വ്വതമേ! ഭവാനാണ്‌ ആശ്രയം. സ്വര്‍ഗ്ഗം കാംക്ഷിക്കുന്നവര്‍ക്കൊക്കെ ഗിരീശ്വരാ! ഭവാനാണ്‌ ആശ്രയം! ഭവാന്റെ പ്രസാദത്താല്‍ ബ്രാഹ്മണരും ക്ഷത്രിയരും, വൈശ്യരും സ്വര്‍ഗ്ഗത്തെ പ്രാപിച്ചു ദേവന്മാരോടു കൂടി സസന്തോഷം ദുഃഖം തീര്‍ന്നു ചരിക്കുന്നു അദ്രി രാജാവേ! മഹാശൈലമേ! തീര്‍ത്ഥവാനേ! മുനിപ്രിയാ! നിന്നില്‍ സുഖമായി പാര്‍ത്ത ഞാന്‍ ഇപ്പോള്‍ യാത്ര പറയുന്നു! നിന്റെ താഴ്വരകള്‍ , കുഞ്ജങ്ങള്‍ , നദികള്‍ , ചോലകള്‍ ഇവയൊക്കെ ഞാന്‍ പലവട്ടവും കണ്ടിട്ടുണ്ട്‌. സുഗന്ധിയായ ഫലങ്ങള്‍ ഭക്ഷിക്കുകയും ചോലകളിലെ അമൃതജലം കുടിക്കുകയും ചെയ്ത ഞാന്‍ ഇപ്പോള്‍ ഭവാനെ വിട്ടു പിരിയുന്നു.

കുഞ്ഞ്‌ പിതാവിന്റെ മടിയിലെന്ന പോലെ ഞാന്‍ ഭവാന്റെ മടിയില്‍ ക്രീഡിച്ചു. അപ്സരോഗണങ്ങളുടെ സംഗീതവും വേദഘോഷവും ഇടകലര്‍ന്നു മുഴങ്ങുന്ന ഭവാന്റെ സാനുക്കളില്‍ ഞാന്‍ പലനാള്‍ വിഹരിച്ചു. ഇനി ഞാന്‍ യാത്ര പറയട്ടെ! വൈശമ്പായനൻ തുടര്‍ന്നു: ഇപ്രകാരം ആ ഗിരിയോട്‌ ആമന്ത്രിച്ച്‌ ശത്രുഹന്താവായ അര്‍ജ്ജുനന്‍ കത്തിജ്ജലിക്കുന്ന സൂര്യനെ പോലെ ആ ദിവ്യരഥത്തില്‍ കയറി. ഉടനെ ആദിത്യപ്രകാശത്തോടും അത്ഭുതപ്രഭാവത്തോടും കൂടിയ ആ രഥം മേൽപോട്ടു പൊങ്ങി. ധര്‍മ്മചാരികളായ മനുഷ്യര്‍ക്കു പോലും കാണുവാന്‍ കഴിയാത്ത മാര്‍ഗ്ഗത്തില്‍ കൂടി സഞ്ചരിക്കുന്ന പാര്‍ത്ഥന്‍ അത്ഭുത രൂപത്തോടു കൂടിയ അനേകം വിമാനങ്ങളെ കണ്ടു. അവിടെ പ്രകാശിക്കുന്നത്‌ സൂര്യനോ, ചന്ദ്രനോ, നക്ഷത്രങ്ങളോ, അഗ്നിയോ ആയിരുന്നില്ല. പുണ്യം കൊണ്ടു ലഭിച്ച സ്വകീയമായ പ്രഭ ആ പ്രദേശത്തിന് തന്നെയുണ്ട്‌. ഏറ്റവും ബൃഹത്തായിരുന്നിട്ടും, ദുരം കൊണ്ടു ദീപം പോലെ വളരെ ചെറുതായി താരാ രൂപത്തില്‍ കാണുന്ന അവ സ്വസ്ഥാനങ്ങളില്‍ ദേവരൂപന്മാരായി സ്വന്തം പ്രഭയോടെ നിൽക്കുന്നതു പാര്‍ത്ഥന്‍ കണ്ടു. സിദ്ധന്മാരും, രാജര്‍ഷികളും, തപസ്സു കൊണ്ടു സ്വര്‍ഗ്ഗം നേടിയവരും, മറ്റു ഗന്ധര്‍വ്വ ഗുഹ്യാപ്സരസ്സുകളും, അവിടെ ആയിരക്കണക്കിനു സഞ്ചരിക്കുന്നതായി കണ്ടു. ആത്മപ്രഭയോടു കൂടിയ ആ ലോകത്തെ കണ്ട്‌ അര്‍ജ്ജുനന്‍ അത്ഭുതപ്പെട്ട്‌ അതെന്താണെന്ന് മാതലിയോടു ചോദിച്ചു. ഭൂമിയില്‍ നിന്ന്‌ നക്ഷത്രങ്ങളായി കാണുന്ന ഇവര്‍ സ്വസ്ഥാനങ്ങളില്‍ നിൽക്കുന്ന സുകൃതികളാണെന്ന്‌ അര്‍ജ്ജുനനോട്‌ മാതലി സന്തോഷത്തോടെ ഉത്തരം പറഞ്ഞു. പിന്നീടു പടിവാതില്ക്കല്‍ ശൃംഗത്തോടു കൂടിയ കൈലാസം പോലെ നിൽക്കുന്ന നാല്‍ക്കൊമ്പനായ ഐരാവതത്തെ കണ്ടു. പിന്നെ പാണ്ഡുപുത്രനും കുരുസത്തമനുമായ അര്‍ജ്ജുനന്‍ സിദ്ധമാര്‍ഗ്ഗം കടന്നു പോകുമ്പോള്‍ രാജസത്തമനായ മാന്ധാതാവിനെപ്പോലെ പ്രശോഭിച്ചു. ആ രാജീവലോചനന്‍ ധര്‍മ്മാത്മാക്കളായ രാജാക്കന്മാര്‍ക്കുള്ള ലോകവും കടന്നു പോയി. അങ്ങനെ കീര്‍ത്തിമാനായ അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗലോകത്തില്‍ പല പ്രദേശങ്ങളും കടന്ന്‌ ശക്രപത്തനമായ അമരാവതി പുരിയെ കണ്ടു.

43. ഇന്ദ്രസഭാദര്‍ശനം - വൈശമ്പായനൻ പറഞ്ഞു: ആ പത്തനം സിദ്ധചാരണന്മാര്‍ സേവിക്കുന്നതും, എല്ലാ ഋതുക്കളിലും കുസുമ സമൃദ്ധമായതും, എല്ലാവിധ പുണ്യവൃക്ഷങ്ങളാല്‍ പ്രശോഭിക്കുന്നതും, രമണീയവുമായി കണ്ടു. അവിടെ പുണ്യ സൗരഭ്യമുള്ള പുഷ്പങ്ങളില്‍ നിന്നു സൗരഭ്യമേന്തി വിലസുന്ന പുണ്യവായുവേറ്റ്‌ അപ്സരസ്സുകൾ നന്ദനോദ്യാനത്തില്‍ ക്രീഡിക്കുന്നു. ദിവ്യപുഷ്പങ്ങളോടു കൂടിയ വൃക്ഷങ്ങള്‍ തന്നെ സ്വാഗതം ചെയ്യുന്നതായി അര്‍ജ്ജുനന് തോന്നി. അഗ്നിയില്‍ ഹോമം ചെയ്യാത്തവര്‍ക്കും, കഠിനമായ തപസ്സു ചെയ്യാത്തവര്‍ക്കും കാണാന്‍ പറ്റാത്ത ലോകമാണത്‌. അതു ധര്‍മ്മിഷ്ഠര്‍ക്കു മാത്രമുള്ള ലോകമാണ്‌; യുദ്ധത്തില്‍ പിന്‍തിരിഞ്ഞവര്‍ക്ക്‌ ആ ലോകത്ത്‌ സ്ഥാനമില്ല. യാഗം കഴിക്കാത്തവര്‍ക്കും, വേദജ്ഞരല്ലാത്തവര്‍ക്കും കഠിന വ്രതങ്ങളനുഷ്ഠിക്കാത്തവര്‍ക്കും പുണ്യജലത്തില്‍ സ്നാനം ചെയ്യാത്തവര്‍ക്കും, ദാനം കൊണ്ടും യാഗം കൊണ്ടും സല്‍ക്കീര്‍ത്തി നേടാത്തവര്‍ക്കും ഈ ലോകം കാണാന്‍ പറ്റുകയില്ല. ഹീനര്‍ക്കും, മദ്യപാനികള്‍ക്കും, ഗുരുപത്നീ ദ്രോഹികള്‍ക്കും, ദുഷ്ടര്‍ക്കും അശുദ്ധമാംസം കഴിക്കുന്നവര്‍ക്കും, യാഗം മുടക്കികള്‍ക്കും ഇതു കാണാന്‍ യോഗ്യതയില്ല. ദിവ്യഗീതം കലര്‍ന്ന ആ ദിവ്യ പൂങ്കാവനം കണ്ട്‌ മഹാബാഹുവായ അര്‍ജ്ജുനന്‍ ശക്രന്റെ പ്രിയപ്പെട്ട പുരിയില്‍ പ്രവേശിച്ചു. അവിടെ യഥേഷ്ടം സഞ്ചരിക്കുന്ന ദേവവിമാനങ്ങള്‍ ബഹുസഹ്രസം അങ്ങോട്ടുമിങ്ങോട്ടും വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു. ഗന്ധര്‍വ്വന്മാരും, അപ്സരസ്സുകളും ചെയ്യുന്ന സ്തുതികള്‍ രസിച്ചും, പൂമണം കലര്‍ന്ന ഇളം കാറ്റേറ്റ്‌ ആനന്ദിച്ചും ദേവന്മാരും, ഗന്ധര്‍വ്വന്മാരും, സിദ്ധന്മാരും, മഹര്‍ഷികളും ചെയ്യുന്ന ആശീര്‍വ്വാദങ്ങളും പൂജകളുമേറ്റും, ദിവ്യമായ വാദൃഘോഷങ്ങള്‍ കേട്ടും സുരവീഥിയെന്നു വിശ്രുതമായ നക്ഷത്രമാര്‍ഗ്ഗത്തില്‍  കൂടി ശത്രുമര്‍ദ്ദനനായ അര്‍ജ്ജുനന്‍ സാദ്ധ്യന്മാര്‍, വിശ്വേദേവന്മാര്‍, മരുത്തുക്കള്‍ , അശ്വിനികള്‍ , ആദിത്യവസുരുദ്രന്മാര്‍, ബ്രഹ്മര്‍ഷികള്‍ , ദിലീപാദികളായ രാജാക്കന്മാര്‍, രാജര്‍ഷികള്‍ , ഗന്ധര്‍വ്വന്മാര്‍, ഹാഹാ, ഹുഹു, നാരദന്‍, തുംബുരു മുതലായവരോടു കൂടി ഇരിക്കുന്ന ശതക്രതുവായ ദേവേന്ദ്രനെ കണ്ടു.

അവിടെ എത്തിയ ക്ഷണത്തില്‍. തേരില്‍ നിന്നിറങ്ങി പാര്‍ത്ഥന്‍ തന്റെ അച്ഛനും, പാകശാസനനുമായ സാക്ഷാല്‍ ദേവേന്ദ്രനെ സമീപിച്ചു.

അഴകേറിയ സ്വര്‍ണ്ണത്തണ്ടോടു കൂടിയ വെണ്‍കൊറ്റക്കുട ചൂടി, ദിവൃഗന്ധം ചേര്‍ന്ന ചാമരം കൊണ്ടു വീശി, വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ പ്രശംസിക്കപ്പെട്ട് ഋഗ്യയജുസ്സാമവേദജ്ഞന്മാരായ വിപ്രന്മാരുടെ വേദഘോഷങ്ങള്‍ കേട്ടു കീര്‍ത്തിതനായി ശക്രന്‍ വിളങ്ങുന്നു! ആ പുരന്ദരന്റെ സമീപത്തേക്ക്‌ ഫല്‍ഗുനന്‍ ചെന്നു കുമ്പിട്ടു തൊഴുതു നിന്നു. ഇന്ദ്രന്‍ തന്റെ നീണ്ടുരുണ്ട ബാഹുക്കള്‍ കൊണ്ട്‌ പാര്‍ത്ഥനെ പിടിച്ചു! വണക്കത്താല്‍ താഴുന്ന പുത്രനെ ദിവ്യവും ദേവര്‍ഷി സേവ്യവുമായ ഇന്ദ്രാസനത്തില്‍ തന്നോടൊപ്പം താങ്ങിയിരുത്തി. ന്രമമായ അര്‍ജ്ജുന ശിരസ്സില്‍ വീണ്ടും വീണ്ടും മുകര്‍ന്നു. സുരേശ്വരന്‍ തന്റെ പുത്രനെ മടിയില്‍ കയറ്റിയിരുത്തി. അപ്പോള്‍ ഇന്ദ്രാസനത്തില്‍ ഇരുന്നരുളുന്ന മഹാതേജസ്വിയായ പൃഥാപുത്രന്‍ രണ്ടാം ഇന്ദ്രനെന്ന പോലെ പ്രശോഭിച്ചു. ശക്രന്‍ പ്രേമത്തോടു കൂടി, പുണ്യഗന്ധം കലര്‍ന്ന വജ്രായുധത്തഴമ്പു കലര്‍ന്ന കൈ കൊണ്ടു വിജയന്റെ ശുഭമായ മുഖത്തെ സ്പര്‍ശിക്കുകയും, ഞാണ്‍തഴമ്പോടു കൂടിയ നീണ്ടുരുണ്ട സുവര്‍ണ്ണ ചാരുസ്തംഭം പോലുള്ള കരങ്ങളെ തന്റെ പുണ്യഗന്ധമുള്ള കരങ്ങളാല്‍ തലോടുകയും ചെയ്ത്‌ തന്റെ പുത്രനെ ആശ്വസിപ്പിച്ചു. ഹര്‍ഷോല്‍ഫുല്ല നയനങ്ങളാല്‍ സഹ്രസാക്ഷന്‍ വീണ്ടും വീണ്ടും നോക്കി സംതൃപ്തിയടയാതെ ഇരുന്നു.

ഒരേ പീഠത്തില്‍ സ്ഥിതി ചെയ്യുന്ന അച്ഛനും മകനും ഒരേ രാശിയില്‍ ചതുര്‍ദ്ദശി നാള്‍ സ്ഥിതിചെയ്യുന്ന സുര്യചന്ദ്രന്മാരെപ്പോലെ ശോഭിച്ച്‌ സഭയ്ക്കു മാറ്റു കൂട്ടി. സംഗീത കുശലന്മാരായ ഗന്ധര്‍വ്വന്മാര്‍ തുംബുരുവിന്റെ നേതൃത്വത്തില്‍ മനോഹരമായി ഗാഥകള്‍ പാടി. ഘൃതാചി, മേനക, രംഭ, പൂര്‍വ്വചിത്തി, സ്വയംപ്രഭ, ഉര്‍വ്വശി, ഗോപാലി, കുംഭയോനി, വ്രജാഗര, ചിത്രലേഖ, സഹ, മധുരസ്വര, മിശക്രേശി, വരുഥിനി, ദണ്ഡഗൗരി, സഹജന്യ, ചിത്രസേന മുതലായി അനേകായിരം പത്മാക്ഷികള്‍ കടാക്ഷ വിലാസങ്ങളാല്‍ ഹൃദയം കവര്‍ന്നു. സിദ്ധന്മാര്‍ക്കു സന്തോഷം വളര്‍ത്തുന്ന ആ സുന്ദരികള്‍ തടിച്ച ജഘനമുലച്ച്‌, കൊങ്ക കുലുക്കി നൃത്തം ചെയ്തു.

44. അര്‍ജ്ജുനന്റെ അസ്ത്രസംഗീതപഠനം - വൈശമ്പായനന്‍ പറഞ്ഞു: ഇന്ദ്രന്റെ ഇഷ്ടമറിഞ്ഞ്‌ ദേവന്മാരും ഗന്ധര്‍വ്വന്മാരും അര്‍ജ്ജുനനെ പൂജിച്ചു കൈകാല്‍ കഴുകാന്‍ വെള്ളം കൊടുത്തു ഇന്ദ്രന്റെ അനുജ്ഞ പ്രകാരം മന്ദിരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ യഥോചിതം ഇന്ദ്രപുത്രന്‍ സല്‍കൃതനായി. ദിവ്യമായ മഹാസ്ത്രങ്ങള്‍ തൊടുക്കാനും സംഹരിക്കാനുമുള്ള വിദ്യ അഭൃസിച്ച്‌ ജിഷ്ണു പിതാവിന്റെ ഗൃഹത്തില്‍ നിവസിച്ചു. ശക്രനില്‍ നിന്ന്‌ അവനേറ്റവും പ്രിയപ്പെട്ട ദുസ്സഹമായ വജ്രായുധ പ്രയോഗവും, മയിലുകളുടെ നൃത്തവും, മേഘങ്ങളുടെ വരവും അടയാളമായുള്ള മഹാനാദത്തോടു കൂടിയ ഇടിത്തീ പ്രയോഗവും മറ്റും അര്‍ജ്ജുനന്‍ ഗ്രഹിച്ചു. ഇങ്ങനെ സോദരന്മാരെ വിട്ട്‌ അഞ്ചു വര്‍ഷം സ്വര്‍ഗ്ഗത്തില്‍ സര്‍വ്വസുഖ ഭോഗങ്ങളോടെ ഇന്ദ്രശാസന പ്രകാരം അവന്‍ നിവസിച്ചു.

അസ്ത്രങ്ങളെല്ലാം നേടിയതിന് ശേഷം അര്‍ജ്ജുനന്‍ തന്റെ ഭ്രാതാക്കളെപ്പറ്റി ചിന്തിച്ചു. ഒരു ദിവസം ഇന്ദ്രന്‍ അര്‍ജ്ജുനനെ വിളിച്ചു പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ഹേ, കുന്തീപുത്രാ! മനുഷ്യലോകത്ത്‌ അറിയപ്പെടാത്തതും, ദേവഹിതവുമായ നൃതൃഗീതവാദ്യങ്ങള്‍ ചിത്രസേനനില്‍ നിന്നു നീ പഠിക്കുക. അതു നിനക്കു വളരെ സഹായകമാകാതിരിക്കില്ല.

വൈശമ്പായനൻ പറഞ്ഞു: പുരന്ദരന്‍ ചിത്രസേനനെ അര്‍ജ്ജുനന്റെ മിത്രമാക്കിക്കൊടുത്തു. ആട്ടം, കൊട്ട്‌, പാട്ട്‌ എന്നിവ ചിത്രസേനനില്‍ നിന്നും അഭ്യസിച്ച്‌ അവനോടൊപ്പം അര്‍ജ്ജുനന്‍ പാര്‍ത്തു വന്നു. എന്നാൽ കുള്ളച്ചൂതിനേയും ദുശ്ശാസനവധത്തേയും സൗബലനായ ശകുനിയേയും പറ്റി ഓര്‍ത്ത്‌ അര്‍ജ്ജുനന്‌ സ്വാസ്ഥ്യമില്ലാതായി. എങ്കിലും ആ വാദൃഗീതാദിപഠനത്തില്‍ മുഴുകി തന്നെ ഗന്ധര്‍വ്വന്മാരില്‍ നിന്ന്‌ അതുല്യമായ നൃത്തവും, വാദ്യവും അഭ്യസിച്ചു. അമ്മയേയും ഭ്രാതാക്കളേയും പറ്റിയുള്ള വിചാരം അര്‍ജ്ജുനനെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ ഗീതനൃത്തങ്ങളൊന്നും പഠിക്കുന്നതില്‍ പാര്‍ത്ഥന്‍ വൈമുഖ്യം കാണിച്ചില്ല.

45. ചിത്രസേനോര്‍വ്വശീസംവാദം - വൈശമ്പായനൻ പറഞ്ഞു: ഒരിക്കല്‍ അര്‍ജ്ജുനന്‍ ഉര്‍വ്വശിയെ ഒന്നു നല്ലവണ്ണം നോക്കുകയുണ്ടായി. അത്‌ ഇന്ദ്രന്‍ കാണുകയും ചെയ്തിട്ടുണ്ട്‌. ഒരു ദിവസം ഇന്ദ്രന്‍ ചിത്രസേനനെ രഹസ്യമായി വിളിപ്പിച്ച്‌ ഉര്‍വശിയുടെ അരികില്‍ പോയി ഇപ്രകാരം പറയുവാന്‍ കല്പിച്ചു.

ഇന്ദ്രന്‍ പറഞ്ഞു: അപ്സരസ്സുകളില്‍ ശ്രേഷ്ഠയായ ഉര്‍വ്വശി എന്റെ കല്പന പ്രകാരം അര്‍ജ്ജുനനെ പ്രാപിക്കട്ടെ. ഞാന്‍ അവനെ കൃതാസ്ത്രനും സര്‍വ്വവിദ്യാ വിചക്ഷണനുമാക്കിയതു പോലെ നീ അവനെ സ്ത്രീ സംഗത്തില്‍ വിശാരദനാക്കുക. വേണ്ട മാതിരി പഠിപ്പിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഗന്ധര്‍വ്വരാജാവായ ചിത്രസേനന്‍ വാസവന്റെ കല്പന പ്രകാരം ഉര്‍വ്വശിയുടെ അടുത്തു ചെന്നു. സസുഖം വാഴുന്ന അവളാല്‍ പൂജിക്കപ്പെട്ട ചിത്രസേനന്‍ ആസനസ്ഥനായി മന്ദസ്മിതപൂര്‍വ്വം പറഞ്ഞു.

ചിത്രസേനന്‍ പറഞ്ഞു: ഹേ, സുശ്രോണീ, ഭവതിയുടെ പ്രസാദം എപ്പോഴും ആദരിക്കുന്ന സുരേശ്വരന്‍ കല്പിച്ച പ്രകാരമാണ്‌ ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്‌. സഹജഗുണങ്ങള്‍ കൊണ്ട്‌ ദേവന്മാരിലും മനുഷ്യരിലും വെച്ച്‌ ശ്രേഷ്ഠനും ശ്രീ, ശീലം, രൂപം, വ്രതം, ദമം ഇവ കൊണ്ട്‌ കീര്‍ത്തിപ്പെട്ടവനും, ബലത്തിലും വീര്യത്തിലും പ്രതിഭയിലും സമ്മതനുമാണ്‌ അര്‍ജ്ജുനന്‍ എന്നു ഭവതിക്കറിയാമല്ലോ. തേജസ്വിയും ക്ഷമാവാനും നിര്‍മ്മത്സരനുമാണ്‌ ആ പാണ്ഡവന്‍. നാലു വേദങ്ങളിലും നിപുണനും ഗുരുശുശ്രൂഷയില്‍ നിരതനുമായ പാര്‍ത്ഥനില്‍ ബ്രഹ്മചര്യം, അനാലസ്യം, ആഭിജാത്യം, താരുണ്യം എന്നിവ തികച്ചുമുണ്ട്‌. സ്വര്‍ഗ്ഗത്തെ ഇന്ദ്രന്‍ എന്ന വിധം ഭൂമിയെ ഒറ്റയ്ക്കു പരിപാലിക്കാന്‍ കഴിവുള്ളവനാണ്‌ അര്‍ജ്ജുനന്‍. പ്രിയംവദനായ ആ ദാതാവ്‌ സുഹൃത്തുക്കള്‍ക്കായി പലതരം അന്നപാനങ്ങള്‍ വര്‍ഷിക്കുന്നു. സത്യവാദിയും പൂജിതനും വാഗ്മിയും രൂപവാനും നിരഹങ്കാരിയുമാണ്‌ അര്‍ജ്ജുനന്‍. പ്രിയനും സുമുഖനും ഭക്താനുകമ്പിയുമായ ആ അര്‍ജ്ജുനനില്‍ കുടികൊള്ളുന്ന ഗുണങ്ങള്‍ ഏവരേയും കൊതിപ്പിക്കുന്നതാണ്‌. ഗുണങ്ങളാല്‍ മഹേന്ദ്രനോടും വരുണനോടും തുലൃനാണു ഫല്‍ഗുനന്‍. അവനെ നിനക്കു നന്നായി അറിയാം. ഹേ ഉര്‍വ്വശി, അവന്‍, ആ വിജയന്‍, സ്വര്‍ഗ്ഗസുഖങ്ങളെല്ലാം അനുഭവിക്കേണ്ടവനാണ്‌. ഇന്ദ്രന്റെ കല്പന പ്രകാരം ഭവതിയുടെ കാലടി ലഭിക്കട്ടെ! ശുഭേ, ഇന്നു മുതല്‍ അര്‍ജ്ജുനനു ഭവതിയില്‍ താല്‍പര്യമുണ്ട്‌. അല്ലയോ കല്യാണി, ഭവതി ധനഞ്ജയനെ പ്രസാദിപ്പിക്കുക. തക്കവിധം ഭവതി പ്രവര്‍ത്തിച്ചു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞപ്പോള്‍ പുഞ്ചിരിയോടെ ചിത്രസേനനെ നോക്കി ഉര്‍വ്വശി ബഹുമാനത്തോടെ പ്രീതയായി. അനിന്ദിതയായ ഉര്‍വ്വശി ചിത്രസേനനോടുപറഞ്ഞു.

ഉര്‍വ്വശി പറഞ്ഞു: ഭവാന്‍ പറഞ്ഞതു ശരിയാണ്‌. ഈ പറഞ്ഞ ഗുണങ്ങളുള്ള ഏതൊരാളും ആരാദ്ധ്യനാണ്‌. അതു കൊണ്ട്‌ എനിക്കെന്തു കൊണ്ട്‌ അര്‍ജ്ജുനനെ കാമുകനായി സ്വീകരിച്ചു കൂടാ? അര്‍ജ്ജുനന്റെ ഗുണങ്ങളെപ്പറ്റി ഞാന്‍ മുമ്പെ തന്നെ കേട്ടിട്ടുണ്ട്‌. അന്നു മുതല്‍ ഞാന്‍ അവനില്‍ കാമാര്‍ത്തയായിരിക്കുന്നു. മഹേന്ദ്രന്റെ കൽപനയാലും, ഭവാനിലുള്ള പ്രണയത്താലും ഫല്‍ഗുനനിലുള്ള ഗുണത്താലും ഞാന്‍ ആ പാണ്ഡവശ്രേഷ്ഠനെ കാമിച്ചു കഴിഞ്ഞു. ഇനി ഭവാന്‍ പൊയ്ക്കൊള്ളുക. ഞാന്‍ ഇഷ്ടം പോലെ സുഖമായി വേണ്ടതു ചെയ്തു കൊള്ളാം.

46. ഉര്‍വ്വശീശാപം - വൈശമ്പായനൻ പറഞ്ഞു: ഗന്ധര്‍വനെ പറഞ്ഞയച്ച ഉടനെ ശുചിസ്മിതയായ ഉര്‍വ്വശി ഫല്‍ഗുന ദര്‍ശനത്തില്‍ ലാലസയായിത്തിര്‍ന്നു. സ്നാനം കഴിഞ്ഞ്‌ ഹൃദ്യവിഭൂഷണങ്ങളും ദേവസുഗന്ധ മാല്യങ്ങളും ചാര്‍ത്തി അര്‍ജ്ജുന സൗന്ദര്യത്താല്‍ മാരബാണങ്ങളേറ്റ്‌ മനസ്സ് തളര്‍ന്നും, കാമാഗ്നിയില്‍ പെട്ട്‌ പൊരിഞ്ഞും കൊണ്ട്‌ അവള്‍ ദിവ്യമായ വിരിപ്പു ചേര്‍ന്ന മൃദുല ശയ്യയില്‍ മനസങ്കല്പത്തില്‍ അര്‍ജ്ജുനനോടു കൂടി യഥാകാമം രമിച്ചു. രാത്രിയായപ്പോള്‍ പൂ പോലെയുള്ള നിലാവില്‍ പാര്‍ത്ഥന്റെ ശയ്യാതലത്തിലേക്ക്‌ ആ പൃഥുശ്രോണി മന്ദം നടന്നു. കുമുദകുസുമം ചാര്‍ത്തിയ നീണ്ടു ചുരുണ്ട കൂന്തലാല്‍ അ മനോമോഹിനി കൂടുതല്‍ ശോഭിച്ചു. ചില്ലീവിലാസവും, ആലാപമാധുര്യവും, ശോഭയും സൗമ്യതയും തികഞ്ഞ ഉര്‍വ്വശി തന്റെ മുഖചന്ദ്രനെ കൊണ്ടു ചന്ദ്രനെ പോരിനു വിളിച്ചു. ദിവ്യമായ അംഗരാഗവും ദിവ്യമായ ചന്ദനവും രുചിരമായ ഹാരവുമണിഞ്ഞു രുചിരഹാരങ്ങള്‍ അണിഞ്ഞ കുചകുംഭങ്ങള്‍ കുലുക്കിക്കൊണ്ട്‌ ആ സുരസുന്ദരി നടന്നു. കുചങ്ങളുടെ സംക്ഷോഭത്താല്‍ അവള്‍ ഓരോ പാദവും എടുത്തു വെക്കുമ്പോള്‍ അല്പമൊന്നു കുനിഞ്ഞു. അത്യധികം വിചിത്രമായ വലീത്രയത്താല്‍ ശോഭിതമായ മദ്ധ്യവും, അതിന് താഴെ ഭൂധരം പോലെ വിസ്തീര്‍ണ്ണമായതും ഉന്നതവും തടിച്ചതും കാമദേവന്റെ പാര്‍പ്പിടവുമായ ദിവ്യവും, ശുഭ്രവുമായ അരഞ്ഞാണു കൊണ്ടും മാല കൊണ്ടും അലങ്കരിച്ചതുമായ നിതംബവും ചേര്‍ന്ന്‌, മഹര്‍ഷികള്‍ക്കു കൂടിയും കാമവൃഥ ചേര്‍ക്കുമാറ്‌ ആ മനോമോഹിനി വിളങ്ങി! എത്രയും നേരിയ മനോഹരമായ പൂംപട്ടണിഞ്ഞ്‌ കിങ്ങിണീക്വണിതത്തോടു കൂടിയ ചെഞ്ചായമണിഞ്ഞ പാദങ്ങള്‍ മന്ദമന്ദമെടുത്തു വെച്ച്‌, മന്മഥശരത്താലും, മധുപാനത്താലും മദാലസയായി നാനാവിലാസങ്ങളോടെ സഞ്ചരിക്കുന്ന അവള്‍ സര്‍വ്വര്‍ക്കും ദര്‍ശനീയയായി പ്രശോഭിച്ചു. സിദ്ധചാരണഗന്ധര്‍വ്വന്മാര്‍ക്കും മഹാശ്ചര്യം ജനിക്കുമാറ്‌ ആ വിലാസിനി സ്വര്‍ഗവാസികളെയെല്ലാം ഭ്രമിപ്പിക്കുമാറ്‌ അതിലോലമായ ഉത്തരീയം ധരിച്ച്‌ ശുഭമേഘമാല കൊണ്ട്‌ ശോഭിക്കുന്ന ചന്ദ്രക്കല പോലെ വെള്ളമേഘങ്ങളുടെയിടയില്‍ ശോഭിക്കുന്ന ചന്ദ്രലേഖ പോലെ, ആകാശത്തില്‍ വായുവിന്റേയോ മനസ്സിന്റേയോ വേഗത്തില്‍ ഉര്‍വ്വശി മൃദുസ്മിതത്തോടെ ഫല്‍ഗുന ഭവനത്തിലെത്തി. തന്റെ ആഗമനം ആ പത്മാക്ഷി ദ്വാരപാലകരെ കൊണ്ട്‌ അറിയിച്ചു. തന്റെ മനോഹരമായ ഭവനത്തിലേക്ക്‌ ശുഭലോചനയായ ഉര്‍വ്വശി വന്നിരിക്കുന്നതായി അറിയിച്ചു. രാത്രി സമയത്ത്‌ ഉര്‍വ്വശി തന്റെ ഭവനത്തില്‍ കയറിയത്‌ അല്പം ശങ്കയ്ക്കിടയാക്കിയെങ്കിലും അതു മറച്ച്‌ അര്‍ജ്ജുനന്‍ ലജ്ജയാല്‍ കൂപ്പിയ കണ്ണുകളോടെ ഗുരുക്രമത്തില്‍ അഭിവാദ്യം ചെയ്തു!

അര്‍ജ്ജുനന്‍ പറഞ്ഞു: അപ്സരോരത്നമേ! ഞാന്‍ ഭവതിയെ വന്ദിക്കുന്നു. ദേവി ആജ്ഞാപിക്കുന്നതെന്തോ അതു ചെയ്യുവാന്‍ സന്നദ്ധനായി അങ്ങയുടെ ദാസനായ ഞാന്‍ ഇതാ നിൽക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ഫല്‍ഗുനന്റെ ഭാവവും, സംസാരവും ഉര്‍വ്വശിയെ നിരുത്സാഹപ്പെടുത്തി. അവളുടെ ഉള്ള്‌ മന്ദീഭവിച്ചു. അവള്‍ ചിത്രസേനന്‍ പറഞ്ഞ ഇന്ദ്രകല്പന അവനെ കേള്‍ പ്പിച്ചു.

ഉര്‍വ്വശി പറഞ്ഞു: ഹേ പുരുഷോത്തമാ! എന്താണ്‌ ചിത്രസേനന്‍ എന്നോടു പറഞ്ഞതെന്നും, എന്തിനാണ്‌ ഞാന്‍ ഇവിടെ വന്നതെന്നും കേള്‍പ്പിക്കാം.

ഹേ, പുരുഷശ്രേഷ്ഠാ! മഹേന്ദ്രാജ്ഞയാല്‍ സ്വര്‍ഗ്ഗത്തില്‍ മഹോത്സവമായിരുന്ന ഒരുദിവസം രുദ്രന്‍, ആദിത്യന്‍, വസുക്കള്‍, അശ്വിനികള്‍, മഹര്‍ഷികള്‍, രാജര്‍ഷികള്‍, സിദ്ധചാരണന്മാര്‍, പന്നഗയക്ഷന്മാര്‍ മുതലായവര്‍ സ്ഥാനമാന പ്രഭാവങ്ങളോടു കൂടി യോഗം ചേര്‍ന്നു സ്ഥിതി ചെയ്യുമ്പോള്‍, ഗന്ധര്‍വ്വഗണങ്ങള്‍ ദിവ്യവും മനോഹരവുമായ ഗീതം ആലപിക്കുമ്പോള്‍, വീണവായിക്കുമ്പോൾ അപ്സരോവരകള്‍ നര്‍ത്തനം തുടങ്ങുമ്പോള്‍ ഭവാന്‍ എന്നെ തന്നെ കണ്ണടയ്ക്കാതെ ഉറ്റു നോക്കുകയുണ്ടായില്ലേ? ആ ദേവസദസ്സ്‌ അങ്ങയുടെ അച്ഛന്റെ അനുമതിയോടെ പിരിഞ്ഞു. എല്ലാവരും താന്താങ്ങളുടെ ഗൃഹത്തിലേക്കു പോയതിന് ശേഷം ഭവാന്റെ പിതാവ്‌ ചിത്രസേനനെ വിളിച്ച്‌ എന്റെ അരികിലേക്കയച്ചു. ആ ഗന്ധര്‍വ്വന്‍ എന്നോട്‌ ഇപ്രകാരം പറഞ്ഞു. ഞാന്‍ ഇന്ദ്രന്റെ കല്പന്പ്രന പ്രകാരമാണ്‌ ഇവിടെ വന്നിരിക്കുന്നത്‌. മഹേന്ദ്രനും എനിക്കും തനിക്കു തന്നേയും ഭവതി പ്രിയം ചെയ്താലും! ശക്രതുല്യനും, രണശൂരനും, ഉദാരഗുണവാനുമായ പാര്‍ത്ഥനെ ഭവതി പ്രാപിക്കുക. ഇപ്രകാരം ഭവാന്റെ പിതാവു കല്പിക്കുകയാലാണ്‌ ഞാന്‍ ഭവാനെ ശുശ്രൂഷിക്കുവാന്‍ ഇപ്പോളിവിടെ വന്നത്‌. ഭവാന്റെ ഗുണങ്ങളാല്‍ എന്റെ മനസ്സ്‌ ആവര്‍ജ്ജിതമായിരിക്കുകയാണ്‌. ഞാന്‍ ഭവാനില്‍ കാമാര്‍ത്തയാണ്‌. ഞാന്‍ വളരെ നാളായി ഭവാനെ പ്രാപിക്കുവാന്‍ കൊതിച്ചു കൊണ്ട്‌ കഴിഞ്ഞു കൂടുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഉര്‍വ്വശി പറഞ്ഞതു കേട്ടയുടനെ അര്‍ജ്ജുനന്‍ തന്റെ കാതുകള്‍ രണ്ടും കൈകള്‍ കൊണ്ടു പൊത്തി ലജ്ജയാല്‍ മുഖം തിരിച്ചു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, സുഭഗേ! എനിക്കു കേള്‍ക്കുവാന്‍ വയ്യാത്ത വാക്കുകളാണ്‌ ഭവതി പറയുന്നത്‌. ഭവതി നിശ്ചയമായും എനിക്കു ഗുരുദാരങ്ങള്‍ പോലെയാണ്‌.

മഹാഭാഗയായ കുന്തിയും, ഇന്ദ്രാണിയായ ശചിയും എനിക്ക്‌ എപ്രകാരമോ, അപ്രകാരം തന്നെയാണ്‌ ശുഭയായ ഭവതിയും. ഞാന്‍ ഭവതിയെ ഉറ്റു നോക്കിയതു ശരിയാണ്‌. അതിന് തക്കതായ കാരണമുണ്ട്‌. ഭവതി പൗരവംശത്തിന്റെ ജനനിയല്ലേ? അത്‌ അറിഞ്ഞിട്ടാണ്‌ ഞാന്‍ നിർന്നിമേഷനായി ഭവതിയെ നോക്കിയത്‌, അല്ലാതെ മറ്റു വിധത്തിലല്ല. എന്നെ ഭവതി ശങ്കിക്കരുത്‌. എനിക്കു ഗുരുവിനേക്കാള്‍ ഗുരുതരയാണ്‌ ഭവതി. എന്റെ വംശവര്‍ദ്ധിനിയുമാണ്‌ ഭവതി.

ഉര്‍വ്വശി പറഞ്ഞു: അപ്സരസ്സുകളായ ഞങ്ങളെല്ലാവരും അനാവൃതകളായ സ്വേച്ഛാചാരിണികളാണ്‌. അങ്ങനെയുള്ള എന്നെ ഗുരുസ്ഥാനത്തില്‍ ഭവാന്‍ കരുതുന്നതു യുക്തമല്ല. തപശ്ശക്തി കൊണ്ട്‌ സ്വര്‍ഗ്ഗം പ്രാപിച്ച പുരുവംശ പുത്രന്മാര്‍ ഇവിടെ എന്നോടൊന്നിച്ചു രമിച്ചു വരുന്നു. അതു കൊണ്ട്‌ ഭവാന്‍ മാത്രം എന്നെ മാതാവായി കരുതുന്നതില്‍ ഒരു യുക്തിയുമില്ല. എന്നില്‍ ഭവാന്‍ പ്രസാദിച്ചാലും! കാമപരവശയായി ഭവാനെ സമീപിച്ച എന്നെ ഭവാന്‍ ഉപേക്ഷിക്കരുതേ! അതു പാടില്ല, ഞാന്‍ സന്തപ്തയാണ്‌! എന്നെ സ്വീകരിക്കുക

അര്‍ജ്ജുനന്‍ പറഞ്ഞു: ഞാന്‍ ഭവതിയോടു സത്യം തുറന്നുപറയാം. അത്‌ സര്‍വ്വദേവന്മാരും, സര്‍വ്വദിക്കുകളും, ഭവതിയും കേള്‍ക്കണം. എനിക്കു കുന്തിയും, മാദ്രിയും, ശചീദേവിയും പോലെ ഭവതിയും എന്റെ വംശജനനിയാണ്‌. തന്മൂലം എനിക്ക്‌ ആരാധ്യയായ മാതാവാണ്‌. ഞാന്‍ ഇതാ, ഭവതിയുടെ കാല്ക്കല്‍ ശിരസ്സു കുനിക്കുന്നു, കൈകൂപ്പുന്നു. ഭവതി എനിക്ക്‌ അമ്മയാണ്‌. ഞാന്‍ ഭവതിക്കു പുത്രനാണ്‌. അമ്മേ! എന്നെ പുത്രനെപ്പോലെ കരുതിയാലും!

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ ഇപ്രകാരം തീര്‍ത്തു പറഞ്ഞതു കേട്ടപ്പോള്‍ ഉര്‍വ്വശി ക്രോധമോഹിതയായി വിറച്ചു. പുരികം ചുളിച്ച്‌ അവള്‍ അര്‍ജ്ജുനനെ ശപിച്ചു.

ഉര്‍വ്വശി പറഞ്ഞു: ഭവാന്റെ പിതാവ്‌ ആജ്ഞാപിക്കുകയാല്‍ കാമവിവശയായി ഇവിടെ വന്ന എന്നെ ആദരിക്കാതിരുന്നതു കൊണ്ട്‌, ഹേ, പാര്‍ത്ഥ! ഭവാന്‍ ആണല്ലാത്തവനാണെന്ന് പരക്കെ അറിയുന്ന വിധം ഷണ്ഡനാകട്ടെ. മാനം വെടിഞ്ഞ്‌ സ്ത്രീജന മദ്ധ്യത്തില്‍ ആടിപ്പാടി നടക്കുന്നവനായി തീരട്ടെ!

വൈശമ്പായനൻ പറഞ്ഞു: വിറയ്ക്കുന്ന ചുണ്ടോടു കൂടി ഇപ്രകാരം ശപിച്ച്‌ ഉര്‍വ്വശി തന്റെ വസതിയിലേക്കു നടന്നു. അര്‍ജ്ജുനന്‍ ചിത്രസേനനോടു കാര്യമെല്ലാം പറഞ്ഞു. പ്രത്യേകിച്ച്‌ ശാപത്തെക്കുറിച്ച്‌ പലവട്ടം പറഞ്ഞു. ചിത്രസേനന്‍ ഇന്ദ്രനോടും ഈ സംഭവം പറഞ്ഞു. ഇന്ദ്രന്‍ അര്‍ജ്ജുനനെ വിജന പ്രദേശത്തില്‍ വിളിച്ചു പുഞ്ചിരി തൂകിക്കൊണ്ട്‌ സ്നേഹപൂര്‍വ്വം സാന്ത്വനം ചെയ്തു.

ഇന്ദ്രന്‍ പറഞ്ഞു: അര്‍ജ്ജുന! നിന്നെ പുത്രനായി നേടുകയാല്‍ പൃഥ സല്‍പുത്രവതിയായി തീര്‍ന്നിരിക്കുന്നു! മഹാബാഹുവായ നീ ക്ഷമയിലും ആത്മനിയന്ത്രണ ശേഷിയിലും മഹര്‍ഷിമാരെ കൂടി വിജയിച്ചിരിക്കുന്നു. ഉര്‍വ്വശി നിനക്കു തന്ന ശാപം ഉപകാരമായി വരും. ഭൂമിയില്‍ നിങ്ങള്‍ക്കു പതിമൂന്നാമത്തെ വര്‍ഷത്തില്‍ അജ്ഞാതവാസം നിര്‍വ്വഹിക്കേണ്ടതുണ്ടല്ലോ. അന്ന്‌ ഈ ശാപം ഉപകാരമായിത്തീരും. ആണല്ലാത്തവനായി നര്‍ത്തക വേഷത്തില്‍ നീ ഒരു വര്‍ഷം വസിച്ചു കൊള്ളുക. അതു കഴിഞ്ഞാല്‍ നിനക്കു പുരുഷത്വം വീണ്ടും ലഭിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ശക്രന്‍ പറഞ്ഞപ്പോള്‍ ശത്രുനാശനനായ ഫല്‍ഗുനന്‍ വളരെ സന്തോഷിച്ചു. ശാപത്തെപ്പറ്റി പിന്നീടു ചിന്തിച്ചതേയില്ല. പ്രസിദ്ധനായ ചിത്രസേനനോടു കൂടി സ്വര്‍ഗ്ഗത്തില്‍ സസുഖം പാര്‍ത്തു.

പാണ്ഡുപുത്രന്റെ ഈ ചരിത്രം നിതൃവും കേൾക്കുകയാണെങ്കില്‍ ആരും അപഥ സഞ്ചാരം ചെയ്യുകയില്ല. അവര്‍ കോപം, കാമം, മദം, ദംഭം മുതലായ ദോഷങ്ങള്‍ ബാധിക്കാതെ സ്വര്‍ഗ്ഗത്തെ പ്രാപിച്ചു സുഖമായി വസിക്കും.

47. ലോമശാഗമനം - വൈശമ്പായനൻ പറഞ്ഞു: ലോകങ്ങളിലൊക്കെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ലോമശ മഹര്‍ഷി ഒരുദിവസം ദേവേന്ദ്രനെ കാണുവാന്‍ അമരാവതിയിലെത്തി. ആ മഹര്‍ഷി ഇന്ദ്രനെ നമസ്‌കരിച്ചു. മഹര്‍ഷി ഇന്ദ്രനോടൊപ്പം അതേ ആസനത്തില്‍ പാണ്ഡവനെ കണ്ടു. മറ്റു മഹര്‍ഷിമാരാല്‍ പൂജിതനായ വാസവന്റെ അനുമതിയോടു കൂടി ആസനസ്ഥനാവുകയും ചെയ്തു. അപ്പോള്‍ ഇന്ദ്രനോടൊപ്പം തന്നെ ഇന്ദ്രാസനാര്‍ദ്ധത്തില്‍ ഇരിക്കുന്ന അര്‍ജ്ജുനനെ കണ്ട്‌ മഹര്‍ഷിക്ക്‌ സംശയം വളര്‍ന്നു.

ക്ഷത്രിയനായ അര്‍ജ്ജുനന്‍ ഇന്ദ്രാസനത്തില്‍ കയറിയിരിക്കുവാൻ എന്താണ്‌ അര്‍ഹത? ഈ മഹത്തായ സ്ഥാനം അലങ്കരിക്കത്തക്ക സത്കര്‍മ്മങ്ങളെന്താണ്‌ അര്‍ജ്ജുനന്‍ ചെയ്തിട്ടുള്ളത്‌? ഈ മര്‍ത്ത്യന്‍ ഏതൊക്കെ പുണ്യലോകങ്ങളാണ്‌ നേടിയിട്ടുള്ളത്‌? ദേവന്മാരാല്‍ നമസ്കരിക്കപ്പെടുന്ന ഈ ഉന്നത പദവി എങ്ങനെ പാണ്ഡവന്‍ പ്രാപിച്ചു?

ഇങ്ങനെ ലോമശനില്‍ വളര്‍ന്ന സംശയം വൃത്രനാശനനായ ശക്രന്‍ അറിഞ്ഞ്‌ അതു തീര്‍ത്തു കൊടുക്കുവാന്‍ തീരുമാനിച്ചു. ശചീകാന്തനായ ഇന്ദ്രന്‍ ഇങ്ങനെ പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ബ്രഹ്മര്‍ഷേ! അങ്ങയുടെ മനോവിചാരം ഞാന്‍ അറിയുന്നു. ഭവാന്റെ സംശയം ഞാന്‍ തീര്‍ത്തുതരാം. ഇവന്‍ കേവലം മര്‍ത്ത്യനല്ല. ഇപ്പോള്‍ മനുഷ്യരൂപം ധരിച്ചിരിക്കുന്നു എന്നു മാത്രം. മഹാഭുജനായ ഈ കുന്തീപുത്രന്‍ എന്റെ പുത്രനാണ്‌. ചില കാരണങ്ങള്‍ മൂലം എന്നില്‍ നിന്ന്‌ അസ്ത്രങ്ങള്‍ സമ്പാദിക്കുവാനാണ്‌ ഇവന്‍ ഇവിടെ എത്തിയത്‌. അത്ഭുതം! ഈ പുരാണ മുനിസത്തമനെ ഭവാന്‍ അറിഞ്ഞില്ലെന്നോ? ആരാണ്‌ ഇവനെന്നും എന്താണ്‌ ഇവന്റെ ഉദ്ദേശ്യമെന്നും ഞാന്‍ പറഞ്ഞു തരാം. പുരാണ മുനീശ്വരന്മാരായ നരനാരായണന്മാരാണ്‌ ഹൃഷീകേശനും, ധനഞ്ജയനും. മൂന്നു ലോകങ്ങളിലും വിഖ്യാതരായ നരനാരായണ മുനിമാര്‍ കാര്യനിര്‍വ്വഹണത്തിന് ധര്‍മ്മാര്‍ത്ഥം ഭൂമിയില്‍ അവതരിച്ചിരിക്കുന്നു. മഹര്‍ഷികള്‍ ക്കും ദേവന്മാര്‍ക്കും കൂടി കാണുവാന്‍ വയ്യാത്ത വിശ്രുതമായ ബദര്യാശ്രമത്തിലാണു മുമ്പ്‌ ഈ ജിഷ്ണുവും, വിഷ്ണുവും പാര്‍ത്തിരുന്നത്‌. സിദ്ധചാരണ സേവിതമായ ഗംഗാനദി ഉത്ഭവിക്കുന്ന സ്ഥാനത്താണ്‌ ആ ആശ്രമം. ഹേ, ബ്രാഹ്മണാ, എന്റെ അപേക്ഷ പ്രകാരം അവര്‍ ഈ ഭൂമിയില്‍ ജനിച്ചിരിക്കുകയാണ്‌. ഈ മഹാവീരന്മാര്‍ ഭൂമിയുടെ ഭാരം തീര്‍ക്കും. ഉദ്ധതന്മാരായ നിവാത കവചന്മാരെന്ന അസുരന്മാര്‍ വരബലത്താല്‍ മോഹിതന്മാരായി നമുക്ക്‌ അപ്രിയം ചെയ്തു വരികയാണ്‌. വരബലം കൊണ്ട്‌ ദര്‍പ്പത്തോടു കൂടിയ അവര്‍ സുരന്മാരെ കൊല്ലുവാന്‍ തക്കം നോക്കി നിൽക്കുകയാണ്‌. ദേവന്മാരെ അവര്‍ ഭയപ്പെടുന്നില്ല, അവര്‍ അങ്ങനെയാണു വരം നേടിയത്‌. പാതാളത്തില്‍ അധിവസിക്കുന്ന രൗദ്രന്മാരും മഹാബലന്മാരുമായ ദാനവന്മാരെ കൊല്ലുവാന്‍ സര്‍വ്വ ദേവന്മാരും ചേര്‍ന്നെതിര്‍ത്താലും കഴിയുകയില്ല. ഇപ്പോള്‍ ഭൂമിയില്‍ വാഴുന്ന മധുസൂദനനായ വിഷ്ണുവാണ്‌ പണ്ട്‌ കപില മഹര്‍ഷിയായി സഗരപുത്രന്മാരെ രസാതലം തുരക്കുമ്പോള്‍ ഒരേ ഒരു നോട്ടം കൊണ്ട്‌ ദഹിപ്പിച്ചത്‌. ആ ഹരി നമുക്കു വലിയ കാര്യങ്ങള്‍ നേടിത്തരാന്‍ ശക്തനാണ്‌. അവനെക്കൊണ്ടും ഈ പാര്‍ത്ഥനെക്കൊണ്ടും യുദ്ധത്തില്‍ ഞങ്ങള്‍ക്കു മഹത്തായ കാര്യങ്ങള്‍ നേടേണ്ടതുണ്ട്‌. നാഗങ്ങളെ പണ്ടു മഹാസരസ്സില്‍ വെച്ച്‌ ഒറ്റ നോട്ടം കൊണ്ട്‌ കൊല്ലുവാന്‍ ശക്തനായ ഹരി, നിവാതകവചന്മാരെ അവരുടെ അനുയായികളോടൊപ്പം കൊല്ലുവാന്‍ ശക്തനാണ്‌. എന്നാൽ ലഘുവായ കാര്യങ്ങള്‍ക്ക്‌ മധുവൈരിയെ ഇളക്കി വിട്ടു കൂടാ. അങ്ങനെ ചെയ്താല്‍ ആ മഹാതേജസ്വിയുടെ വര്‍ദ്ധിച്ച തേജസ്സാല്‍ ലോകം മുഴുവന്‍ ദഹിപ്പിച്ചേക്കും. ആ ദൈതൃന്മാരോട് എതിര്‍ക്കുവാന്‍ അര്‍ജ്ജുനന്‍ മതി. ഈ വീരന്‍ അവരെ സംഹരിച്ചുകഴിഞ്ഞാല്‍ ഭൂമിയിലേക്കു തിരിച്ചു പോകും. അതിനു മുമ്പ്‌ ഭവാന്‍ കാമ്യക വനത്തില്‍ ചെന്ന്‌ മഹാധര്‍മ്മിഷ്ഠനും അതിശക്തനുമായ യുധിഷ്ഠിരനെ കണ്ട്‌ എന്റെ വാക്കായി ഇപ്രകാരം പറയുക.

അര്‍ജ്ജുനനെ ചിന്തിച്ച്‌ ഉത്കണ്ഠ വേണ്ട. അവന്‍ സകല അസ്ത്രങ്ങളും നേടി അവിടെ ഉടനെ വരുന്നതാണ്‌. അസ്ത്രജ്ഞതയോ, ബാഹുവീരൃമോ കുറഞ്ഞവന്‍ ഭീഷ്മദ്രോണന്മാരോട് എതിര്‍ക്കുവാന്‍ കഴിയുകയില്ല. ഈ പരമാര്‍ത്ഥം ഭവാന് അറിയാവുന്നതാണല്ലൊ. മഹാമനസ്വിയും, മഹാബാഹുവും, കൃതാസ്ത്രനുമാണ്‌ ഗുഡാകേശന്‍.. അവന്‍ ദിവ്യങ്ങളായ നൃത്തവാദ്യഗീതങ്ങളിലും കുശലനായി തീര്‍ന്നിരിക്കുന്നു. അര്‍ജ്ജുനന്‍ അവിടെ എത്തുന്നതിന് മുമ്പ്‌ ഭ്രാതാക്കളോടു കൂടി ഭവാന്‍ പുണൃതീര്‍ത്ഥങ്ങളെല്ലാം സന്ദര്‍ശിച്ച്‌ അവയില്‍ സ്നാനം ചെയ്ത്‌ അനഘനായിത്തീരുക. അങ്ങനെ പാപം നശിച്ച്‌ താപം കളഞ്ഞു ജീവിക്കുക. ഭവാന്‍ രാജ്യം നേടി സസുഖം വാഴും! എന്റെ ഈ സന്ദേശം ഭവാന്‍ യുധിഷ്ഠിരനെ അറിയിക്കണം. തപോബലം കൂടിയ ഭവാന്‍ തീര്‍ത്ഥയാത്ര ചെയ്യുന്ന പാണ്ഡവന്മാരെ രക്ഷിക്കുകയും ചെയ്യുക. ഗിരിദുര്‍ഗ്ഗങ്ങളില്‍ നിന്നും രൗദ്രരാക്ഷസന്മാരില്‍ നിന്നും ഭവാന്‍ അവരെ അവരുടെ തീര്‍ത്ഥാടന കാലത്ത്‌ രക്ഷിക്കുക.

വൈശമ്പായനൻ പറഞ്ഞു: മഹേന്ദ്രന്‍ പറഞ്ഞു കഴിഞ്ഞതിന് ശേഷം വിഭസ്തുവും മഹര്‍ഷിയോടു പറഞ്ഞു.

വിഭസ്തു പറഞ്ഞു: ഹേ മഹര്‍ഷേ! ഭവാന്‍ പാണ്ഡുപുത്രന്മാരെ സംരക്ഷിച്ചാലും. ഭവാന്റെ സംരക്ഷയില്‍ രാജാവായ യുധിഷ്ഠിരന്‍ തീര്‍ത്ഥയാത്ര കഴിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. ബ്രാഹ്മണര്‍ക്ക്‌ വേണ്ട്രത ദാനങ്ങളും ഭവാന്‍ ചെയ്യിപ്പിക്കേണമെന്നും പറഞ്ഞുകൊള്ളുന്നു.

വൈശമ്പായനൻ തുടര്‍ന്നു: അപ്രകാരം തന്നെയാകാം എന്നു പറഞ്ഞ്‌ മഹാതപസ്വിയായ ലോമശന്‍ കാമ്യകാരണ്യത്തെ ലക്ഷ്യമാക്കി ഭൂമിയിലേക്കു പോയി. അവിടെച്ചെന്ന്‌ ശത്രുവിനാശകനും, കുന്തീപുത്രനും, സതൃസന്ധനുമായ യുധിഷ്ഠിരരാജാവിനെ മുനീന്ദ്രന്മാരാലും, സോദരന്മാരാലും, ചുറ്റപ്പെട്ടിരിക്കുന്നതായി കണ്ടു.

48. ധൃതരാഷ്ട്രവിലാപം - ജനമേജയൻ പറഞ്ഞു: തേജസ്വിയായ അര്‍ജ്ജുനന്റെ ഈ അത്യത്ഭുതമായ കര്‍മ്മങ്ങളെ കേട്ടപ്പോള്‍ മഹാപ്രാജ്ഞനായ ധൃതരാഷ്ട്രന്‍ എന്തു പറഞ്ഞു?

വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുനന്‍ ഇന്ദ്രപുരിയില്‍ പോയ വര്‍ത്തമാനം അംബികാ പുത്രനായ ധൃതരാഷ്ട്ര രാജാവ്‌ ദ്വൈപായനനില്‍ നിന്നു കേട്ടപ്പോള്‍ സഞ്ജയനെ അരികില്‍ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു.

ധൃതരാഷ്ട്രന്‍- പറഞ്ഞു: എടോ സൂതാ, ധീമാനായ അര്‍ജ്ജുനന്റെ കര്‍മ്മങ്ങള്‍ മുഴുവന്‍ ഞാന്‍ കേട്ടു. സൂതാ! നീയും അതൊക്കെ കേട്ടിരിക്കും. എല്ലാം ശരിയായി അറിഞ്ഞിട്ടുണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നു.

ഗ്രാമ്യവിഷയങ്ങളില്‍ സദാ മദിച്ചു കൊണ്ടിരിക്കുന്ന എന്റെ പുത്രനായ ദുര്യോധനന്‍ മന്ദബുദ്ധിയും, മഹാപാപിയും, ദുര്‍ബുദ്ധിയുമാണ്‌. ദുഷ്ടനായ അവന്‍ ഈ ഭൂമിയെ നശിപ്പിക്കും. നേരമ്പോക്കില്‍ കൂടിയും അസത്യം പറയുകുയോ, പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത മഹാത്മാവിന്ന്‌ ( യുധിഷ്ഠിരന്‍ ) ധനഞ്ജയന്‍ തുണയായി യുദ്ധം ചെയ്യുമ്പോള്‍ മൂന്നു ലോകങ്ങളും നിശ്ചയമായും നേടും. കല്ലില്‍ മൂര്‍ച്ച കൂട്ടിയ കൂര്‍ത്തുമൂര്‍ത്ത അമ്പുകള്‍ അര്‍ജ്ജുനന്‍ പ്രയോഗിക്കുമ്പോള്‍ മൃത്യുവും നാശവുമില്ലാത്തവര്‍ കൂടി ( ദേവന്മാര്‍ ) എതിര്‍ത്തു നിൽക്കുവാന്‍ ശക്തരല്ല. ദുരാത്മാക്കളായ എന്റെ മക്കള്‍ മൃത്യുപാശത്തില്‍ കുരുങ്ങിക്കഴിഞ്ഞു. അവരും പാണ്ഡവന്മാരും തമ്മിലുള്ള യുദ്ധം സമീപിച്ചു കഴിഞ്ഞു. ആ ഗാണ്ഡീവ പാണിയോട്‌ യുദ്ധത്തില്‍ മത്സരിക്കുന്നതിന്‌ ശക്തനായ പുരുഷനെ രാത്രിയും പകലും മുഴുവന്‍ചിന്തിച്ചിട്ടും കാണുന്നില്ല. ദ്രോണനോ, കര്‍ണ്ണനോ, ഭീഷ്മന്‍ തന്നെയോ, അര്‍ജ്ജുനനോട്‌ മത്സരിച്ചു ജയിക്കുമെന്നുള്ള ബോദ്ധ്യം എനിക്കില്ല. കരുണ നിറഞ്ഞവനും പ്രമാദിയുമാണ്‌ കര്‍ണ്ണന്‍. ദ്രോണനാകട്ടെ വൃദ്ധനായി; അര്‍ജ്ജുനന്റെ ഗുരുവുമാണ്‌. അമര്‍ഷിയും ബലവാനും ദൃഢവിക്രമനുമാണ്‌ അര്‍ജ്ജുന൯. ഇവരെല്ലാം അജയ്യ വിക്രമികളായതു കൊണ്ട്‌ അതികഠിനമായ യുദ്ധം അനിവാര്യമായി തീര്‍ന്നിരിക്കുന്നു. അവരെല്ലാവരും മഹാകീര്‍ത്തിമാന്മാരും കൃതാസ്ത്രന്മാരുമാണ്‌. സര്‍വ്വേശ്വരത്വം പോലും ഇച്ഛിക്കത്തക്ക അപരാജിതന്മാരാണ്‌ അവര്‍. എന്റെ മക്കളാകട്ടെ, അര്‍ജ്ജുനനാകട്ടെ, വധം കൊണ്ടല്ലാതെ അടങ്ങുകയില്ല. ഇവരിലാരെങ്കിലും മുടിഞ്ഞാലേ സമാധാനം കൈവരൂ. എന്നാൽ അര്‍ജ്ജുനനെ കൊല്ലുവാനോ വെല്ലുവാനോ ഞാന്‍ ആരെയും കാണുന്നില്ല. നമ്മളില്‍ അര്‍ജ്ജുനനുള്ള വൈരംഎങ്ങനെ ശമിക്കുവാനാണ്‌? അതു ശമിക്കാഞ്ഞാല്‍ എങ്ങനെ യുദ്ധമുണ്ടാകാതിരിക്കും? ദേവേന്ദ്ര തുല്യനായ അവന്‍ ഖാണ്ഡവത്തില്‍ വെച്ച്‌ അഗ്നിദേവനെ സംതൃപ്തനാക്കി. രാജസൂയ മഹായാഗത്തില്‍ അവന്‍ സര്‍വ്വരാജാക്കളേയും കീഴടക്കി. വജ്രം പര്‍വ്വത ശിഖരത്തില്‍ പ്രയോഗിച്ചാല്‍ ആ പര്‍വ്വതം അല്പമെങ്കിലും ബാക്കി കണ്ടു എന്നു വരാം. എന്നാൽ കിരീടിയുടെ ബാണങ്ങള്‍ ഏറ്റാല്‍ അല്പവും അവശേഷിക്കുകയില്ല. ചരാചരങ്ങളെ ആദിതൃരശ്മി എന്ന വിധം എന്റെ മക്കളെ അര്‍ജ്ജുനാസ്ത്രങ്ങള്‍ തപിപ്പിക്കും. സവ്യസാചിയുടെ രഥഘോഷം കൊണ്ടു തന്നെ ഭാരതസൈന്യം പേടിച്ചുഴന്നു പോകും. സര്‍വ്വവും നശിപ്പിക്കുന്നതിന് വിധാതാവിനാല്‍ സൃഷ്ടിക്കപ്പെട്ട അന്തകനെ പോലെ നിന്ന്‌ ശരങ്ങള്‍ തൊടുത്തു വിട്ട്‌ പാര്‍ത്ഥന്‍ തന്റെ ശത്രുക്കളെ ചാമ്പലാക്കും. ആര്‍ക്ക്‌ അവനെ തോല്പിക്കാന്‍ കഴിയും?

49. ധൃതരാഷ്ട്രസന്താപം - സഞ്ജയന്‍ പറഞ്ഞു: ഭവാന്‍ പറഞ്ഞതു പരമാര്‍ത്ഥമാണ്‌. ദുര്യോധനനെപ്പറ്റി ഭവാന്‍ പറഞ്ഞതൊക്കെയും ശരിയാണ്‌. അതൊക്കെ ഭവാന്‍ പറഞ്ഞതില്‍ നിന്നും ഒട്ടും വൃത്യാസപ്പെട്ടു പോകുമെന്നുള്ള അഭിപ്രായം എനിക്കില്ല. മഹാതേജസ്വികളായ പാണ്ഡവന്മാരില്‍ അവരുടെ ധര്‍മ്മപത്നിയും യശസ്വിനിയുമായ കൃഷ്ണയെ സഭയിലേക്കു വലിച്ചു കൊണ്ടു വന്നത്‌ ഏറ്റവും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. ദുശ്ശാസനന്റേയും കര്‍ണ്ണന്റേയും ദാരുണമായ വാക്കുകള്‍ അവരില്‍ ഭയങ്കരമായി വൈരം ജനിപ്പിച്ചു. അതു കൊണ്ട്‌ കുരുക്കള്‍ക്കൊരിക്കലും അവര്‍ മാപ്പുകൊടുക്കില്ല. അര്‍ജ്ജുനന്‍ പതിനൊന്നു ശരീരങ്ങളോടു കൂടിയ സ്ഥാണുവിനെ യുദ്ധത്തില്‍ സന്തോഷിപ്പിച്ചു എന്നു ഞാന്‍ കേള്‍ക്കുന്നു. അസ്ത്രലാഭത്തിന് തപസ്സു ചെയ്ത ഫല്‍ഗുനനെ പരീക്ഷിക്കുവാന്‍ ശിവന്‍ തന്നെ കിരാത രൂപത്തില്‍ നേരിട്ടു. ലോകപാലകന്മാരെ ആ വീരന്‍ പ്രസാദിപ്പിച്ചു. അവരില്‍ നിന്നും ദിവ്യാസ്ത്രങ്ങളെല്ലാം സമ്പാദിച്ചു. അതു മറ്റാര്‍ക്കാണു കഴിയുക, ഫല്‍ഗുനനൊഴികെ? ഈശ്വരന്മാരെ കണ്‍മുമ്പില്‍ കാണുകയെന്നത്‌ മനുഷ്യര്‍ക്കു സാധിക്കുന്ന കാരൃമാണോ?എട്ടുരൂപം കൈക്കൊള്ളുന്ന മഹേശ്വരനായ അഷ്ടമൂര്‍ത്തിക്കു കൂടിയും ക്ഷീണിപ്പിക്കുവാന്‍ കഴിയാത്തവനാണ്‌ അര്‍ജ്ജുനന്‍. ആ മഹാവീര്യവാനെ തോല്‍പ്പിക്കുവാന്‍ ലോകത്തിലാരുണ്ട്‌? ദ്രൗപദിയെ സഭയില്‍ വലിച്ചിഴച്ച്‌ കോപിപ്പിച്ചവര്‍ ഘോരവും ഉഗ്രവും ഭീകരവുമായ ആപത്തിനെ ക്ഷണിച്ചു വരുത്തിയിരിക്കയാണ്‌. ദുര്യോധനന്‍ തന്റെ തുട ദ്രൗപദിക്കു നഗ്നമായി കാണിച്ചു കൊടുക്കുകയാല്‍ ആ തുട തന്റെ ശക്തിയേറിയ ഗദ കൊണ്ട്‌, പതിമൂന്നു കൊല്ലങ്ങള്‍ക്കു ശേഷം, അടിച്ചൊടിക്കുമെന്ന്‌ ഭീമന്‍ ശപഥം ചെയ്തിട്ടുണ്ടല്ലോ. പാണ്ഡുപുത്രന്മാരെല്ലാവരും മഹാവിക്രമികളാണ്‌; മഹാതേജസ്വികളാണ്‌; അവര്‍ സര്‍വ്വാസ്ത്രജ്ഞന്മാരാണ്‌. ദേവന്മാര്‍ക്കു കൂടിയും അവരെ ജയിക്കുവാന്‍ കഴിയുകയില്ല. അവരുടെ ഭാര്യയെ അവമാനിക്കുകയാല്‍ വൈരം വളര്‍ന്ന പാര്‍ത്ഥന്മാര്‍ ക്രുദ്ധരായി അങ്ങയുടെ പുത്രന്മാരെ സകലരേയും സംഹരിച്ചുകളയുമെന്ന്‌ ഞാന്‍ വിചാരിക്കുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ സൂതാ, കൃഷ്ണയെ സഭയിലേക്കു കൊണ്ടു വന്നതു തന്നെ, മതി അവര്‍ക്കു വൈരത്തിന്. പിന്നെ ആ കര്‍ണ്ണന്‍ എന്തിന് ആ പരുഷവാക്കുകള്‍ പറഞ്ഞു? പോരെന്നു വെച്ചിട്ടാണോ? എന്റെ മക്കള്‍ മഹാമന്ദന്മാരാണ്‌. ദുര്‍ബുദ്ധികളാണ്‌. അവര്‍ നേര്‍വഴിക്കു നടക്കുകയില്ല. അവരില്‍ മൂത്തവനായ ദുര്യോധനന്‍ മറ്റുള്ളവര്‍ക്കു ഗുരുവല്ലേ? അവന്‍ ഒരു ലേശമെങ്കിലും നീതി നോക്കാത്തവനാണ്‌. ഞാന്‍ പറയുന്നതൊന്നും ആ മൂഢന്‍ കേള്‍ക്കുന്നില്ല. ഈ കുരുടനെ ഒരു നിശ്ചേഷ്ട വസ്തു പോലെ മാത്രമേ അവന്‍ കരുതുന്നുള്ളു. അവന്റെ മന്ത്രിമാര്‍ കുബുദ്ധികളായ, ദുരാത്മാക്കളായ, കര്‍ണ്ണന്‍, ശകുനി മുതലായവരാണ്‌. ദുര്യോധനന്‍ കാര്യങ്ങള്‍ ശരിക്കു ഗ്രഹിക്കാന്‍ കഴിവില്ലാത്തതു കൊണ്ട്‌ അവന്റെ ദുഷ്പ്രവൃത്തികള്‍ക്ക്‌ കൂട്ടുനിൽക്കുന്നു. തേജസ്വിയായ അര്‍ജ്ജുനന്‍ വെറും നേരമ്പോക്കിന് വിടുന്ന അസ്ത്രം പോലും എന്റെ മക്കളെ ചുട്ടുകളയും. പിന്നെ അവന്‍ പകയോടു കൂടി എന്റെ പുത്രന്മാരുടെ നേരെ അസ്ത്രം പ്രയോഗിച്ചാലത്തെ പാടെന്താകും? അവന്റെ മഹാചാപത്തില്‍ നിന്ന്‌ ബാഹുബലത്തോടു കൂടി അര്‍ജ്ജുനന്‍ മന്ത്രം ജപിച്ചു പ്രയോഗിക്കുന്ന ദിവ്യാസ്ത്രങ്ങള്‍ ദേവന്മാരെ കൂടി തളര്‍ത്തി വിടും. അവന്റെ മന്ത്രിയും രക്ഷകനും സഖാവും സാക്ഷാല്‍ മധുസൂദനനാണ്‌. മൂന്നു ലോകത്തിന്റേയും നാഥനായ ഹരിക്കു ജയിക്കുവാന്‍ കഴിയാത്തതായി എന്തുണ്ട്‌? എടോ, സഞ്ജയ! അര്‍ജ്ജുനനെ മഹേശ്വരന്‍ കൈ കൊണ്ടു കെട്ടിപ്പിടിച്ചുവെന്നു കേള്‍ക്കുന്നു! വലിയ അത്ഭുതം തന്നെ! അഗ്നിദേവനെ സഹായിക്കുവാന്‍ ഫല്‍ഗുനന്‍ കൃഷ്ണ സഹായത്തോടു കൂടി ഖാണ്ഡവദാഹം ചെയ്തത്‌ എല്ലാവരും കണ്ടതാണല്ലോ? പാര്‍ത്ഥനും ഭീമനും വാസുദേവനും ക്രുദ്ധരായി ഒന്നിച്ചു ചേര്‍ന്ന്‌ കഴിഞ്ഞാല്‍ ശകുനി മുതലായ സുഹുത്തുക്കളോടു കൂടി യ എന്റെ പു്തന്മാര്‍ ബന്ധു വര്‍ഗ്ഗത്തോടു കൂടി നശിച്ചു പോകുമെന്ന കാര്യം തീര്‍ച്ചയാണ്‌. എന്റെ പുത്രന്മാര്‍ക്ക്‌ രക്ഷ കാണുന്നില്ല. അര്‍ജ്ജുനനും, ഭീമനും, വാസുദേവനും, സാതൃകിയും കയര്‍ത്താല്‍ പിന്നെ എന്റെ മക്കള്‍ക്കു രക്ഷയെവിടെ?

50. പാര്‍ത്ഥാഹാരകഥനം - ജനമേജയൻ പറഞ്ഞു: ധൃതരാഷ്ട്രന്‍ പാണ്ഡുപുത്രന്മാരെ കാടു കയറ്റിയതിന് ശേഷം എന്തിനു വെറതെയിരുന്നു ദുഃഖിച്ചു? എന്തു കാര്യം? അദ്ദേഹം തന്റെ പുത്രനായ ആ വിഡ്ഡിയെ, വീരന്മാരായ പാണ്ഡുപുത്രന്മാരെ കോപിപ്പിക്കാന്‍ എന്തിന് അനുവദിച്ചു? ഇനി ഞങ്ങളോടിതു പറയുക. പാണ്ഡുപുത്രന്മാര്‍ എന്തു ഭക്ഷിച്ചാണ്‌ കാട്ടില്‍ കഴിഞ്ഞു കൂടിയിരുന്നത്‌? കാട്ടില്‍ നിന്നു കിട്ടിയിരുന്നതോ, അതോ കൃഷി ചെയ്തുണ്ടാക്കിയതോ?, എന്തു കഴിച്ചാണു ജീവിച്ചത്‌? അതും ഭവാന്‍ പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: വനത്തിലുണ്ടായ ഫലമൂലങ്ങളും ശുദ്ധബാണങ്ങള്‍ കൊണ്ട്‌ എയ്തു കൊന്ന മാനുകളുടെ മാംസവും ബ്രാഹ്മണര്‍ക്ക്‌ ആദ്യം ദാനംചെയ്തതിന് ശേഷം ബാക്കിയുള്ളത്‌ പാണ്ഡവന്മാര്‍ ഭക്ഷിച്ചു. അങ്ങനെയാണ്‌ കാട്ടില്‍ വാഴുന്ന കാലത്ത്‌ അവര്‍ ആഹാരം കഴിച്ചിരുന്നത്‌. മോക്ഷദായകമായ കര്‍മ്മങ്ങള്‍ അറിഞ്ഞവരായ അനേകായിരം സ്നാതകന്മാരും അഗ്നിപൂജ ചെയ്യുന്നവരും ചെയ്യാത്തവരുമായ രണ്ടു തരത്തിലുള്ള ബ്രാഹ്മണരും അവരെ പിന്തുടര്‍ന്നു. അങ്ങനെ പതിനായിരം ബ്രാഹ്മണരെ യുധിഷ്ഠിരന്‍ നിത്യം സംരക്ഷിച്ചു പോന്നു. രുരു, കൃഷ്ണമൃഗം മുതലായ വളരെ വന്യമൃഗങ്ങളെ അമ്പെയ്തു കൊന്ന്‌ ആഹാരത്തിന് ഉപയോഗപ്പെടുത്തി. വൈവര്‍ണ്യം കലര്‍ന്നവരോ രോഗികളോ ആയ ജനങ്ങളാരും അവരുടെ സഖ്യത്തില്‍ ഉണ്ടാകുവാന്‍ ഇടവരുത്തിയില്ല. കൃശന്മാരും ദുര്‍ബ്ബലന്മാരും ദീനന്മാരും ഭീതരും ഉണ്ടായിരുന്നില്ല. ഭ്രാതാക്കളെ സ്വന്തം പുത്രന്മാരെ പോലെയും ബന്ധുക്കളെ ഭ്രാതാക്കളെ പോലെയും ധര്‍മ്മിഷ്ഠനും കുരുരാജാവുമായ യുധിഷ്ഠിരന്‍ സംരക്ഷിച്ചു. യശസ്വിനിയായ ദ്രൗപദി ബ്രാഹ്മണര്‍ക്കും ഭര്‍ത്താക്കുന്മാര്‍ക്കും അമ്മയെപ്പോലെ എല്ലാവര്‍ക്കും വിളമ്പി കൊടുത്തതിന് ശേഷം ഭക്ഷിച്ചു.

കിഴക്കു ദിക്കില്‍ രാജാവും, തെക്കു ദിക്കില്‍ ഭീമനും, വടക്കും പടിഞ്ഞാറും യമന്മാരും ധനുസ്സേന്തി ദിവസവും സംഹരിക്കുന്ന മൃഗങ്ങളാല്‍ സദ്യ നിര്‍വ്വഹിക്കപ്പെട്ടു. അര്‍ജ്ജുനന്‍ പോയതിന് ശേഷം ഇപ്രകാരം കാമ്യകവനത്തില്‍ പാണ്ഡുപുത്തന്മാര്‍ ഉത്കണ്ഠയോടെ പാര്‍ത്തു കൊണ്ട്‌ അഞ്ചു വര്‍ഷം പിന്നിട്ടു. ജപവും ഹോമവും പഠനവും അവര്‍ മുടങ്ങാതെ നടത്തുകയും ചെയ്തു.

51. ധൃതരാഷ്ട്രവിലാപം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പാണ്ഡുപുത്രന്മാരുടെ അമാനുഷമായ ജീവിതത്തെപ്പറ്റി കേട്ടപ്പോള്‍ പുരുഷര്‍ഷഭനും അംബികാ പുത്രനുമായ ധൃതരാഷ്ട്രന് വലിയ വിചാരമായി. ശോകവും ഉത്കണ്ഠയും നല്ലപോലെ ഉണ്ടായി. ആ മഹാരാജാവ്‌ ദുഃഖതാപത്താല്‍ നിമഗ്നനായി, ചുടു നെടുവീര്‍പ്പുകള്‍ വിട്ടു കൊണ്ട്‌ സഞ്ജയനെ വിളിച്ചു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ സൂതാ! രാവും പകലുംഎനിക്കു യാതൊരു മനശ്ശാന്തിയും ലഭിക്കുന്നില്ല. എന്റെ പുത്രന്മാരുടെ ചൂതിലുണ്ടായ ഘോരമായ ദുര്‍ന്നയം ചിന്തിക്കുന്തോറും എനിക്കു ശാന്തി ലഭിക്കുന്നില്ല, അതു മാത്രമല്ല, പാണ്ഡുപുത്രന്മാരുടെ ശൗര്യം, ധൃതി, ധൈര്യം, അമാനുഷമായ അവരുടെ ഭ്രാതൃസ്നേഹം ഇവയൊക്കെ ചിന്തിക്കുന്തോറും എനിക്ക്‌ ഒരു ശാന്തിയും ലഭിക്കുന്നില്ല. ദേവപുത്രന്മാരും മഹാകീര്‍ത്തിമാന്മാരും ഇന്ദ്രതുല്യ പ്രഭാവന്മാരും അജയ്യരുമായ പാണ്ഡു പു(തന്മാരായ നകുല സഹദേവന്മാരെ കുറിച്ച്‌ ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം പിടയ്ക്കുന്നു. നകുലനും സഹദേവനും പ്രയോഗിക്കുന്ന ശരങ്ങള്‍ വളരെ ദൂരം ചെല്ലുന്നവയാണ്‌. ദൃഢാസ്ത്രന്മാരാണ്‌ അവര്‍. യുദ്ധസന്നദ്ധരാണ്‌. അവര്‍ ശക്തിയും കൈയൂക്കുമുള്ളവരാണ്‌. ഭീമാര്‍ജ്ജുനന്മാരെ മുമ്പിലാക്കി അവര്‍ പോര്‍ക്കഉത്തിലിറങ്ങി നിൽക്കുമ്പോള്‍ സിംഹതുല്യ വീര്യന്മാരും അശ്ചിനിദേവ തുല്യന്മാരുമായ അവര്‍ ആയുധങ്ങളേന്തിയണഞ്ഞാല്‍ പിന്നെ എന്റെ സൈന്യത്തില്‍ ഒരെണ്ണം പോലും അവശേഷിക്കുമോ?

സഞ്ജയാ, മഹാരഥന്മാരും ദേവപുത്രന്മാരുമായ അവര്‍ ക്രുദ്ധരായാല്‍, ദ്രൗപദിക്ക്‌ ഏല്‍പിക്കപ്പെട്ട ക്ലേശം പൊറുത്തു ദയ കാണിക്കുമോ? വില്ലാളികളായ വൃഷ്ണിവീരന്മാരും മഹാതേജസ്വികളായ പാഞ്ചാലന്മാരും പിന്നെ പാര്‍ത്ഥന്മാരും, അജയ്യനും അതുലൃ ശക്തനുമായ വാസുദേവന്റെ ശാസനത്തിന്‍ കീഴില്‍ നേരിട്ടാല്‍ എന്റെ സൈന്യത്തെ മുഴുവന്‍ ചുട്ടു ചാമ്പലാക്കിക്കളയും. രാമകൃഷ്ണന്മാര്‍ നേതൃത്വം നല്‍കുന്ന വൃഷ്ണിപ്പടയെ പോലും തടുക്കുവാന്‍ എന്റെ കൂട്ടര്‍ എല്ലാവരും ഒന്നിച്ചു ചേര്‍ന്നാലും കഴിയുകയില്ല. അക്കൂട്ടത്തില്‍ മഹാശക്തനും ഭീമപരാക്രമനുമായ ഭീമന്‍ ഏതു വീരന്മാരെ കൊല്ലുവാനും കഴിവുള്ള ഇരുമ്പുഗദയും വീശി നടക്കും. എല്ലാറ്റിനും മേലെ, ഇടിവെട്ടുന്നതു പോലെ ഗാണ്ഡീവത്തിന്റെ കടുത്ത നാദവും കേള്‍ക്കും. ഭീമസേനന്റെ ഗദയുടെ ശക്തിയും ഗാണ്ഡീവത്തിന്റെ ഘോരനാദവും നമ്മുടെ രാജാക്കന്മാര്‍ക്ക്‌ ആര്‍ക്കും താങ്ങാന്‍ ശേഷിയില്ല. ഞാന്‍ ദുര്യോധനന്റെ വാക്കനുസരിച്ചതു തെറ്റായി പോയി. എന്റെ സ്നേഹിതന്മാര്‍ ഉപദേശിച്ചതൊന്നും ഞാന്‍ കേട്ടില്ല. അവരുടെ ഉപദേശങ്ങളെയെല്ലാം ഞാന്‍ സ്മരിക്കുന്നു; ഞാനതു സ്വീകരിക്കേണ്ടതായിരുന്നു.

സഞ്ജയന്‍ പറഞ്ഞു; ഇതെല്ലാം അങ്ങയുടെ തെറ്റു കൊണ്ടു വന്നു ചേര്‍ന്നതാണ്‌. അങ്ങയുടെ പുത്രന്മാര്‍ ഘോരമായ അക്രമങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവിടുന്ന്‌ അതില്‍ ഉപേക്ഷ കാണിക്കുകയല്ലേ ചെയ്തത്‌? അങ്ങ്‌ അതു നിര്‍ത്തുവാന്‍ സമര്‍ത്ഥനായിരുന്നിട്ടും സ്വപുത്രനെ തടഞ്ഞില്ലല്ലോ?

പാണ്ഡവന്മാര്‍ ചൂതില്‍ തോറ്റ്‌ കാടു കയറിയ ഉടനെ അവരെ ചെന്നു കണ്ട്‌ ആശ്വസിപ്പിക്കുവാന്‍ മഹാത്മാവായ മധുസൂദനന്‍ കാമൃക വനത്തില്‍ ചെന്നു. ധൃഷ്ടദ്യുമ്നനെ മുന്‍നിര്‍ത്തി ദ്രുപദ പുത്രന്മാരും വിരാടനും ധൃഷ്ടകേതുവും മഹാരഥന്മാരായ കേകയന്മാരും കാമൃകത്തില്‍ ചെന്നതും, അവര്‍ തമ്മില്‍ സംഭാഷണങ്ങള്‍ നടന്നതും, മധുസൂദനനോട്‌ യുദ്ധത്തില്‍ ഫല്‍ഗുന സാരഥിയാവാന്‍ ആവശ്യപ്പെട്ടതും, ഹരി അങ്ങനെയാകട്ടെ എന്ന് ഉടനെ സമ്മതിച്ചതും ചാരന്മാര്‍ മുഖേന ഞാന്‍ അറിഞ്ഞത്‌ ഭവാനെ അപ്പോള്‍  തന്നെ അറിയിക്കുകയുണ്ടായില്ലേ? കൃഷ്ണനു മാന്‍തോലുടുത്ത പാണ്ഡവന്മാരെ കണ്ടപ്പോള്‍ വല്ലാത്ത കോപമുണ്ടായി. ഉടനെ കൃഷ്ണന്‍ യുധിഷ്ഠിരനോടു പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: ഇന്ദ്രപസ്ഥത്തില്‍ ഭവാനുണ്ടായ സമൃദ്ധിയെ കണ്ടവനാണു ഞാന്‍. രാജസൂയത്തില്‍ മറ്റു രാജാക്കന്മാര്‍ക്കാര്‍ക്കും ഇത്ര മഹത്തായ ഐശ്വര്യം ലഭിക്കുകയുണ്ടായില്ല. രാജാക്കന്മാരൊക്കെ അവിടെ ശസ്ത്രതേജോ ഭയാര്‍ത്തന്മാരായി വംഗര്‍, അംഗര്‍, പൗണ്ഡ്രന്മാര്‍, ചോളർ, ദ്രാവിഡര്‍, ആന്ധ്രര്‍, കടല്‍ത്തീര വാസികള്‍ , പ്രാന്തവാസികള്‍ , സിംഹളന്മാര്‍, ബര്‍ബ്ബരന്മാര്‍, ലങ്കാപുരവാസികള്‍ , പല നാട്ടിലും പടിഞ്ഞാറന്‍ കടല്‍ത്തീരത്തും വസിക്കുന്നവര്‍, ദരദന്മാര്‍, യവനന്മാര്‍, കിരാതന്മാര്‍, ശകന്മാര്‍, പല്ലവന്മാര്‍, ചീനന്മാര്‍, ഹാരാഹുണന്മാര്‍, സൈന്ധവന്മാര്‍, തുഷാരന്മാര്‍, രാമഠന്മാര്‍, ജാഗുഡന്മാര്‍, സ്ത്രീരാജ്യര്‍, തംഗണന്മാര്‍, കേകയന്മാര്‍, മാളവന്മാര്‍, കാശ്മീരകന്മാര്‍ ഇവരെയൊക്കെ നിന്റെ യജ്ഞത്തില്‍ പരിവേഷകരായി കണ്ടവനാണു ഞാന്‍. ഈ രാജ്യം കളവായി അപഹരിച്ചവന്‍ ആരോ അവനെ ഞാന്‍ കൊന്ന്‌ ഇതു മടക്കിപ്പിടിച്ച്‌ ഇപ്പോള്‍ തരാം. രാമനോടും, ഭീമാര്‍ജ്ജുനന്മാരോടും, മാദ്രേയന്മാരോടും, പ്രദ്യുമ്ന സാംബാക്രൂരാഹുകന്മാരോടും കൂടി ചേര്‍ന്ന്‌ വീരനായ ധൃഷ്ടദ്യുമ്നനോടും, ശിശുപാലപുത്രനോടും കൂടി ചേര്‍ന്ന്‌, ദുര്യോധനനേയും കര്‍ണ്ണനേയും വധിച്ച്‌, ദുശ്ശാസനന്‍, സൗബലന്‍ എന്നു വേണ്ട എതിര്‍ത്തു വരുന്നവരെ സകലരേയും കൊന്ന്‌ ഞാന്‍ രാജ്യം വീണ്ടെടുക്കും. പിന്നെ നീ ഹസ്തിനാപുരത്തില്‍ ഭ്രാതാക്കളോടു കൂടി ധാര്‍ത്തരാഷ്ട്ര ശ്രീയും ഏറ്റ്‌ ഈ ലോകം മുഴുവന്‍ ഭരിക്കുക..

സഞ്ജയന്‍ പറഞ്ഞു: ഈ വാക്യം കേട്ടപ്പോള്‍ ആ രാജമദ്ധ്യത്തില്‍ വെച്ച്‌ ധൃഷ്ടദ്യുമ്നാദികളായ വീരന്മാര്‍ കേള്‍ക്കെ യുധിഷ്ഠിരന്‍ പറഞ്ഞു.

ഹേ ജനാര്‍ദ്ദനാ! ഞാന്‍ ഭവാന്റെ വാക്കു കൈക്കൊള്ളുന്നു. പതിമ്മൂന്നു കൊല്ലങ്ങള്‍ക്കു ശേഷം എന്റെ വൈരികളെ കൂട്ടത്തോടെ ഭവാന്‍ നശിപ്പിക്കുക. ഹേ, കേശവാ, നീ സത്യം ചെയ്യൂ എനിക്കു വേണ്ടി. ഞാന്‍ രാജമദ്ധ്യത്തില്‍ വെച്ച്‌ ഇങ്ങനെ കാട്ടില്‍ ജീവിച്ചു കൊള്ളാമെന്നു സത്യം ചെയ്തിട്ടുണ്ട്‌. പതിമ്മൂന്നു വര്‍ഷം ക്ഷമിച്ച്‌ ഭവാന്‍ എന്നെ സത്യവാനാക്കുക.

സഞ്ജയന്‍ പറഞ്ഞും ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്റെ വാക്കു സമ്മതിച്ചപ്പോള്‍ ധൃഷ്ടദ്യുമ്നന്‍ മുതലായവര്‍ അമര്‍ഷിയായ കേശവനെ മധുരവും കാലോചിതവുമായ വാക്കുകള്‍ കൊണ്ടു ശാന്തനാക്കി. കല്യാണിയായ ദ്രൗപദിയോടും വാസുദേവന്‍ കേള്‍ക്കെ ഇങ്ങനെ പറഞ്ഞു.

ദേവി, ദുര്യോധനന്‍ നിന്റെ കോപം മൂലം ജീവന്‍ വെടിയും. ഞങ്ങള്‍ സത്യംചെയ്യുന്നു. വരവര്‍ണ്ണിനീ, നീ അതു കൊണ്ടു ദുഃഖിക്കാതിരിക്കൂക. കൃഷ്ണേ, ചൂതില്‍ നിന്നെ നേടിയതു കൊണ്ട്‌ ആരൊക്കെ നിന്നെ കളിയാക്കി ചിരിച്ചുവോ, അവരെല്ലാം അതിന്റെ ഫലമനുഭവിക്കും. അവരുടെ ദേഹത്തിലെ മാംസം ചെന്നായ്ക്കളും, പക്ഷികളും കടിച്ച്‌, കൊത്തിച്ചീന്തി വലിക്കും! കുറുക്കനും കഴുക്കളും അവരുടെ രക്തം പാനം ചെയ്യും. നിന്നെ സഭയില്‍ ഇഴച്ചവരുടെ തല അവിടെ മാംസഭോജികളായ ജന്തുക്കള്‍ ഇഴയ്ക്കും. അതൊക്കെ കൃഷ്ണേ! നിനക്കു നിന്റെ കണ്ണു കൊണ്ടു കാണാം. നിന്നെ ക്ലേശിപ്പിച്ചവരും, അവമാനിച്ചവരും തലയറ്റു ഭൂമിയില്‍ പതിക്കും! ഭൂമി അവരുടെ രക്തം കുടിക്കും.

സഞ്ജയന്‍ പറഞ്ഞു: ഇങ്ങനേയും മറ്റും ആ ഭരതര്‍ഷഭര്‍ കൃഷ്ണന്റെ സന്നിധിയില്‍ വെച്ച്‌ കൃഷ്ണയേടു പറഞ്ഞു. വീരന്മാരും, ശക്തന്മാരും, പ്രാപ്തന്മാരും, യുദ്ധലക്ഷണന്മാരുമാണ്‌ ഇവരെല്ലാവരും. പതിമ്മൂന്നു കൊല്ലം കഴിയുമ്പോള്‍ യുധിഷ്ഠിരന് വേണ്ടി വാസുദേവനെ മുന്‍നിര്‍ത്തി അവര്‍ പോരിനെത്തും. രാമകൃഷ്ണന്മാര്‍, ധനഞ്ജയന്‍, പ്രദ്യുമ്നന്‍, സാംബന്‍, യുയുധാനന്‍ ( സാത്യകി ), ഭീമ മാദ്രേയന്മാര്‍, കേകയ രാജപുത്രന്മാര്‍, പാഞ്ചാല രാജകുമാരന്മാര്‍, മത്സ്യരാജാവ്‌ മുതലായ തേജസ്വികളും, അജയ്യരുമായ വീരന്മാര്‍ കൂട്ടത്തോടെ പടയൊരുക്കി എത്തുമ്പോള്‍ ജീവനില്‍ കൊതിയുള്ളവര്‍ ആരാണ്‌ അവരോട് എതിര്‍ക്കുവാന്‍ ഒരുങ്ങുക? ആ സിംഹങ്ങളോട് എതിര്‍ക്കുവാന്‍ ആര്‍ക്കു കഴിയും?

ധൃതരാഷ്ട്രന്‍ പറഞ്ഞു: സഞ്ജയാ! എന്നോടു ദ്യൂതകാലത്തു വിദുരന്‍ പറഞ്ഞു, രാജാവേ നീ പാണ്ഡവന്മാരെ ചൂതില്‍ തോല്പിക്കാനാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചായായും ഇതു കുരുക്കള്‍ക്കു നാശം വരുത്തിക്കൂട്ടും, കടുത്ത രക്തപ്രളയമുണ്ടാകും എന്ന്. എന്നോടു വിദുരന്‍ മുമ്പേ പറഞ്ഞതാണിത്‌. അന്നു ഞാന്‍ അത്‌ അവഗണിച്ചു. ആ മഹാശയന്‍ പറഞ്ഞതു പോലെ ഒക്കെ ശരിക്കു വന്നു ചേരും. യുദ്ധം തീര്‍ച്ചായായും ഉണ്ടാകും! പറഞ്ഞ കാലം കഴിയുകയേ വേണ്ടൂ!


No comments:

Post a Comment