Monday, 14 November 2022

ഉദ്യോഗപർവ്വം അദ്ധ്യായം 84 മുതൽ 142 വരെ

ഭഗവദ്യാന ഉപ പര്‍വ്വം തുടരുന്നു . . .

84. ശ്രീകൃഷ്ണന്റെ യാത്ര - വൈശമ്പായനൻ പറഞ്ഞു: ദേവകീപുത്രന്‍ ഹസ്തിനപുരിയിലേക്കു പോകുമ്പോള്‍ ശസ്ത്രധാരികളായ പത്തു മഹാരഥന്മാര്‍ ആ മഹാഭുജനെ അകമ്പടി സേവിച്ചു. സാദിവീരന്മാരായ ആയിരം കാലാള്‍ സൈന്യവും അസംഖ്യം ഭോജ്യസൈന്യങ്ങളും ധാരാളം ഭൃത്യന്മാരും അകമ്പടി സേവിച്ചു.

ജനമേജയൻ പറഞ്ഞു: മധുവൈരിയും മഹാശയനുമായ ദാശാര്‍ഹന്‍ പോയത്‌ ഏതു മട്ടിലാണ്‌? ആ മഹൗജസ്വി പോകുമ്പോള്‍ എന്തു നിമിത്തമാണ്‌ ഉണ്ടായത്‌?

വൈശമ്പായനൻ പറഞ്ഞു: ആ മഹാത്മാവ്‌ പോകുമ്പോഴുണ്ടായ നിമിത്തങ്ങളെ, ദൈവവശാല്‍ ഉണ്ടായ ഉല്‍പാതങ്ങളെ, ദുര്‍ന്നിമിത്തങ്ങളെ, ഞാന്‍ പറയാം. ഹേ ജനമേജയാ, ഭവാന്‍ കേട്ടാലും.

കാറില്ലാതെ തന്നെ മിന്നലുണ്ടായി. ഭയങ്കരമായി ഇടിവെട്ടി. ഉടനേ തന്നെ കാറ്റില്ലാതെ മേഘം മഴചൊരിഞ്ഞു. കിഴക്കോട്ടൊഴുകുന്ന പുഴയിലെ ജലം വിപരീതമായി പടിഞ്ഞാറോട്ടൊഴുകി. ഇങ്ങനെ സിന്ധുനദിയിലും വെള്ളം പൊങ്ങി മേൽപോട്ടേക്ക്‌ ഒഴുകി. ദിക്കുകളൊക്കെ തെറ്റി അറിയാത്ത വിധം ജനങ്ങള്‍ പരിഭ്രമിച്ചു. അഗ്നി സർവ്വദിക്കിലും ആളിക്കത്തുകയും ഭൂമി കുലുങ്ങുകയും ചെയ്തു. ഉദപാനം, കുംഭം ഇവ ജലത്തെ ധാരാളം ഒഴുക്കി. ലോകമൊക്കെ ഇരുട്ടടച്ച വിധമായി. ദിക്കുകളും വിദിക്കുകളും പൊടിമൂടി അറിയാതായി. ഭയങ്കരമായ ശബ്ദങ്ങള്‍ ആകാശത്തുണ്ടായി. എന്നാൽ ശബ്ദം പുറപ്പെടുന്ന ശരീരം കാണാനുമില്ലായിരുന്നു. ഈ ദുര്‍ന്നിമിത്തങ്ങള്‍ എല്ലാ രാജ്യത്തും ഉണ്ടായി. ഹസ്തിനാപുരത്തില്‍ തെക്കു പടിഞ്ഞാറന്‍ കാറ്റ്‌ അടിച്ചു തകര്‍ത്തു. മരക്കൂട്ടങ്ങളെ തകര്‍ത്തു മറിക്കുകയും ചരല്‍ വാരിക്കോരി ഭയങ്കരമായി വര്‍ഷിക്കുകയും ചെയ്തു.

എന്നാൽ ഏതേതു ദിക്കില്‍ വാര്‍ഷ്ണേയന്‍ എത്തുന്നുവോ അതാതു വഴിക്ക്‌ സുഖമായ കാറ്റു വീശുകയും മാര്‍ഗ്ഗം പ്രശോഭനമാക്കുകയും ചെയ്തു. പുഷ്പവര്‍ഷവുമുണ്ടായി. ധാരാളം പൊല്‍ത്താരുകള്‍ മാര്‍ഗ്ഗത്തില്‍ വര്‍ഷിച്ചു. കുശകണ്ടകാദികളില്ലാതെ മാര്‍ഗ്ഗം ഭംഗിയായി നിരപ്പായി ശോഭിച്ചു. സ്തോത്രവും പാട്ടുമായി വിപ്രന്മാര്‍ അതാതിടങ്ങളില്‍ ചേര്‍ന്നു വാസുദേവനെ മധുപര്‍ക്ക വസുക്കള്‍ കൊണ്ടര്‍ച്ചിച്ചു. വഴിമദ്ധ്യേ സ്ത്രീകള്‍ വന്ന് സർവ്വ ഭൂത ഹിതത്തിനായി സുഗന്ധമുള്ള വന്യപുഷ്പങ്ങള്‍ കൊണ്ട്‌ ആ മഹാത്മാവിനെ വര്‍ഷിച്ചു. എല്ലാ വിധം സസ്യങ്ങള്‍ തിങ്ങിയതും നല്ല ശാലികള്‍ നിറഞ്ഞ ഭവനസ്ഥലമുള്ളതുമായ പ്രദേശത്തെത്തി. പരമധര്‍മ്മിഷ്ഠനായ ആ പുരുഷോത്തമന്‍ സുഖമായി യാത്ര ചെയ്തു. അവിടെനിന്ന്‌ പിന്നെ വളരെ പശുക്കളെ ചേര്‍ത്ത്‌ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഗ്രാമപ്രദേശത്തെത്തി. പിന്നെ നാനാപുരങ്ങളും രാഷ്ട്രസ്ഥലങ്ങളും കടന്നു. നിത്യവും സംതൃപ്തന്മാരായവരും സന്തോഷത്തോടു കൂടിയവരും ശത്രുപീഡ ഏൽക്കാത്തവരും വൃസനമെന്തെന്ന്‌ അറിഞ്ഞു കൂടാത്തവരും ഭാരതന്മാരാല്‍ ഭരിക്കപ്പെടുന്നവരുമായ ജനങ്ങള്‍ വസിക്കുന്ന പ്രദേശങ്ങള്‍ കൃഷ്ണന്‍ പിന്നിട്ടു. കൃഷ്ണന്റെ വരവ്‌ അറിഞ്ഞ്‌ പുരവാസികളായ ജനങ്ങള്‍ ഉപപ്ലാവ്യത്തില്‍ നിന്ന്‌ ആ മഹാത്മാവിനെ കാണുവാന്‍ വന്നെത്തി വഴിയില്‍ കൂട്ടം കൂടി നിന്നു. കത്തുന്ന അഗ്നി പോലെ പ്രകാശിക്കുന്ന ആ പ്രഭുവിനെ, ദേശാതിഥിയായി എത്തിയ ദാശാര്‍ഹനെ, അവര്‍ സസന്തോഷം അര്‍ച്ചിച്ചു.

സൂര്യന്‍ രശ്മികള്‍ വിട്ട്‌ അംബരം രക്താഭമാക്കിയപ്പോള്‍ കേശവന്‍ വൃകപ്രസ്ഥത്തിലെത്തി. ഉടനെ രഥം നിര്‍ത്തി തേര്‍വിട്ട്‌ കൃഷ്ണന്‍ ഇറങ്ങി. യഥാവിധി ശരീരം ശുദ്ധി ചെയ്തു. തേര്‍ അഴിച്ച്‌ കുതിരകളെ വിടുവാന്‍ ആജ്ഞ നല്കിയ ദാരുകന്‍ കടിഞ്ഞാണഴിച്ച്‌ അശ്വങ്ങളെ വിട്ട്‌ ശാസ്ത്രാനുസരണം ലാളിച്ചു. കൃഷ്ണന്‍ സന്ധ്യോപാസന ചെയ്തു. അതിന്റെ ശേഷം ദാരുകനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: "ഹേ, ദാരുകാ, നാം, യുധിഷ്ഠിരന്റെ കാരൃത്തിന് വേണ്ടി ഇന്നു രാത്രി ഇവിടെ പാര്‍ക്കുക".

ഉടനെ കേശവന്റെ ആഗ്രഹമറിഞ്ഞ്‌ ആള്‍ക്കാര്‍ അന്നു രാത്രി അദ്ദേഹത്തിന് താമസിക്കുവാന്‍ സുഖ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അവിടെ ഗ്രാമമുഖ്യന്മാരായ ബ്രാഹ്മണര്‍ കൃഷ്ണന് സുഖമായി ഭക്ഷണങ്ങളും പാനീയങ്ങളും തയ്യാറാക്കി. ഹ്രീമാന്മാരും, ആര്യവംശജന്മാരും, ബ്രഹ്മവൃത്തിയില്‍ നിൽക്കുന്നവരുമായ മാന്യന്മാര്‍ എത്തി. ശത്രുജിത്തായ ഹൃഷീകേശനെ ആശിസ്സോടും മംഗളങ്ങളോടും കൂടി യഥാവിധി സല്‍ക്കരിച്ചു. സര്‍വ്വലോകാര്‍ച്ചിതനായ ദാശാര്‍ഹനെ അര്‍ച്ചന ചെയ്തു. ആ മഹാത്മാവിനെ വിചിത്ര രത്നാലംകൃതമായ ഗൃഹങ്ങളിലേക്ക്‌ ആനയിച്ചു. കൃഷ്ണന്‍ അവരുടെ ഗൃഹങ്ങളില്‍ പോവുകയും അവരുടെ അര്‍ച്ചനയില്‍ പ്രീതനായെന്നു സസന്തോഷം പറയുകയും ചെയ്തു. മൃഷ്ടാന്നം ബ്രാഹ്മണര്‍ക്കു നല്കി അവരോടു കൂടി ഊണു കഴിച്ച്‌ അന്നു രാത്രി വളരെ സുഖമായി അവിടെ പാര്‍ത്തു.

85. കൃഷ്ണന് മാര്‍ഗത്തില്‍ ദുര്യോധനന്‍ സഭ നിര്‍മ്മിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ദൂതന്മാര്‍ പറഞ്ഞ്‌ ധൃതരാഷ്ട്രന്‍ കൃഷ്ണന്റെ വരവ്‌ അറിഞ്ഞു. ഉടനെ മഹാശയന്മാരായ ഭീഷ്മൻ, ദ്രോണൻ, സഞ്ജയന്‍, വിദുരന്‍ മുതല്‍ പേരേയും മന്ത്രിമാരോടു കൂടിയ ദുര്യോധനനേയും വിളിച്ചു കൂട്ടി ധൃതരാഷ്ട്രന്‍ ഭീഷ്മനോട്‌ ഇപ്രകാരം പറഞ്ഞു; "അത്ഭുതം! ആശ്ചര്യം തന്നെ! ഹേ, കുരുനന്ദനാ! ആബാലവൃദ്ധം. സ്ത്രീലോകമടക്കം സകലരും വീടു തോറും പറയുന്നു, ചിലര്‍ മാനിച്ചു പറയുന്നു; ചിലര്‍ കൂട്ടം കൂടി പറയുന്നു; വേറെ പലരും പല വഴിക്കും, വഴിയമ്പലങ്ങളിലും, സത്രങ്ങളിലും, ആപണങ്ങളിലും ഇരുന്നു പറയുന്നു, മഹാനായ കൃഷ്ണന്‍ പാണ്ഡവാര്‍ത്ഥത്തിനായി ഇങ്ങോട്ടു വരുന്നുണ്ടത്രേ! നമ്മള്‍ക്കു മാന്യനും പൂജാര്‍ഹനും ആണല്ലോ മധുസൂദനന്‍. അവനിലാണല്ലോ ലോകത്തിന്റെ യാത്ര! ജീവികള്‍ക്ക്‌ അവനാണല്ലോ ഈശ്വരന്‍ ആ മാധവനില്‍ ഓജസ്സും, ധൃതിയും, പ്രജ്ഞയും, വീര്യവും സ്ഥിതി ചെയ്യുന്നു. ആ നൃവരനെ നാം പൂജിക്കുക. ശാശ്വതമായ ധര്‍മ്മമാണല്ലോ അവന്‍. അദ്ദേഹത്തെ പൂജിച്ചാല്‍ സുഖം ലഭിക്കും. പൂജിക്കാതിരുന്നാല്‍ ദുഃഖവും സംഭവിക്കും. ആ അരിന്ദമനായ ദാശാര്‍ഹന്‍, കൃഷ്ണന്‍, ഉപചാരത്താല്‍ പ്രീതനായി തീര്‍ന്നാല്‍ അവനില്‍ നിന്ന്‌ രാജാക്കന്മാരൊക്കെ സല്‍പ്പേരിന് പാത്രമായി തീരും. ഹേ പരന്തപാ! അവനെ പൂജിക്കുവാന്‍ വേണ്ടതെല്ലാം ഉടനെ ഒരുക്കണം. അദ്ദേഹത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തോറും ഉടനെ സഭകള്‍, സര്‍വ്വകാമങ്ങളായ മന്ദിരങ്ങള്‍, അത്ഭുതവേഗത്തില്‍ പടുത്തുയര്‍ത്തണം. അവന്‍ നിന്നില്‍ സന്തോഷം ജനിപ്പിക്കുവാന്‍ വേണ്ടതൊക്കെ സജ്ജമാക്കണം. ഹേ, ഗാന്ധാരീപുത്രാ! ഹേ, ഭീഷ്മാ! നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്‌?"

ഇതു കേട്ടു ധൃതരാഷ്ട്രനോട്‌ എല്ലാവരും അദ്ദേഹത്തിന്റെ അഭിപ്രായത്തെ വാഴ്ത്തിപ്പറയുകയും, വേണ്ട കാര്യമാണ്‌ രാജാവു പറഞ്ഞതെന്നു സമ്മതിക്കുകയും ചെയ്തു. അവരുടെ അഭിപ്രായം കേട്ട ഉടനെ ദുര്യോധന രാജാവ്‌ അഴകേറിയ സഭാസ്ഥാനങ്ങള്‍ അലങ്കരിക്കുവാന്‍ തുടങ്ങി. ഭംഗിയേറുന്ന സഭകള്‍ ദേശം തോറും ചെന്ന്‌ വിശിഷ്ട വസ്തുക്കളോടു കൂടി നിര്‍മ്മിച്ചു സജ്ജമാക്കി. പലേ ഗുണങ്ങളോടു കൂടിയ പലതരം വിശിഷ്ടാസനങ്ങള്‍, സുന്ദരിമാരായ പെണ്ണുങ്ങള്‍, ഭൂഷണങ്ങള്‍, സുരഭില വസ്തുക്കള്‍, മൃദുവായ വിശിഷ്ട വസ്ത്രങ്ങള്‍, ഹൃദയമായ അന്നപാനങ്ങള്‍. പലമാതിരി ഭോജ്യങ്ങള്‍, സുഗന്ധമേറിയ മാലകള്‍. ഇവയൊക്കെ രാജാവ്‌ സജ്ജമാക്കി. വൃക്ഷസ്ഥലിയിൽ എത്തുമ്പോള്‍ പാര്‍ക്കുവാന്‍ വിശേഷപ്പെട്ട സഭ നാനാ രത്നാഢ്യമായി ഭംഗിയായി നിര്‍മ്മിച്ചു. അതിമാനുഷമായി ഇതൊക്കെ തീര്‍പ്പിച്ചതിന് ശേഷം ധൃതരാഷ്ട്രനെ ചെന്നു കണ്ടു വിവരം അറിയിച്ചു.

കൃഷ്ണനാകട്ടെ, ആ നല്ല സഭകളും നാനാരത്നങ്ങളോടു കൂടിയ അലംകൃത വസ്തുക്കളും ഒന്നും തന്നെ നോക്കാതെ; കുരുമന്ദിരത്തിലേക്കു നേരെ യാത്ര ചെയ്തു.

86. ധൃതരാഷ്ട്രവാക്യം - കൃഷ്ണനെ സ്വീകരിക്കുവാന്‍ വേണ്ട ഒരുക്കം ധൃതരാഷ്രടന്‍ വിദുരനെ അറിയിക്കുന്നു -; ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, വിദുരാ, മധുസൂദനന്‍ ഉപപ്ലാവൃത്തില്‍ നിന്നു പോന്ന്‌ വൃകസ്ഥലിയിൽ എത്തിയതായി ഞാന്‍ അറിയുന്നു. ഇന്നവിടെ പാര്‍ത്ത്‌ നാളെ കാലത്ത്‌ ഇവിടെ എത്തുന്നതാണ്‌. ആഹുകന്മാരുടെ ( ആഹുകന്‍ - ഉഗ്രസേനന്റെ പിതാവ്‌ ) അധിപതിയും. എല്ലാ സാത്വതന്മാരുടെയും നായകനും, മഹാസേനനും, മഹാവീര്യനും മഹാസത്വനുമായ ജനാര്‍ദ്ദനന്‍ പരിപുഷ്ടമായ വൃഷ്ണിരാജ്യത്തിന് നാഥനും ഗോപ്താവുമാണ്‌. മൂന്നു ലോകത്തിനും ഭഗവാനും പ്രപിതാമഹനുമാണ്‌ ആ മഹാശയന്‍. വൃഷ്ണ്യന്ധകന്മാര്‍ തെളിഞ്ഞ്‌ ഇവന്റെ പ്രജ്ഞയ്ക്കു ചേര്‍ന്നു നിൽക്കുന്നു. ആദിതൃ വസു രുദ്രന്മാര്‍ ഗുരുവിന്റെ പ്രജ്ഞയെ ആശ്രയിക്കുന്ന വിധം അവര്‍ നിൽക്കുന്നു. മഹാത്മാവായ ആ കൃഷ്ണനെ ഇന്നു ഞാന്‍ ധര്‍മ്മജ്ഞനായ ഭവാന്‍ കണ്ടു നിൽക്കെ പൂജിക്കുന്നതാണ്‌. അത്‌ എങ്ങനെയാണെന്നു ഞാന്‍ പറയാം.

ഒരേ നിറത്തില്‍ മെയ്യുള്ളതായ ബാല്‍ഹീകന്മാരുടെ കുതിരകളെ നാലെണ്ണം വീതം പൂട്ടിയ സ്വര്‍ണ്ണരഥം പതിനാറെണ്ണം ഞാന്‍ അവന് നല്കുന്നതാണ്‌. കരിയുടെ തണ്ടു പോലെയുള്ള കൊമ്പുള്ള മദം കൊണ്ട് യോധഗജങ്ങളേയും എട്ടെട്ടു ഭൃതൃന്മാരോടു കൂടിയ എട്ടു ഗൃഹങ്ങളും ഞാന്‍ അവന് നല്കും. സ്വര്‍ണ്ണത്തിന്റെ നിറം പോലെ മെയ്യഴകുള്ളവരും പ്രസവിക്കാത്തവരുമായ മനോഹരികളായ നൂറു പെണ്ണുങ്ങളേയും അത്ര തന്നെ ദാസിമാരേയും ഞാന്‍ അദ്ദേഹത്തിന് നല്കുന്നതാണ്‌. പാര്‍വ്വതീയന്മാര്‍ നല്കിയ ഏറ്റവും മൃദുവായ കമ്പിളികള്‍ പതിനെണ്ണായിരം ഞാന്‍ അവന് നല്കുന്നതാണ്‌. ചീനദേശത്തു നിന്നു വരുത്തിയ ആയിരം കുതിരകളേയും ഞാന്‍ അവന് നല്കും. കേശവന്‍ അതിന്നൊക്കെ അര്‍ഹനാണ്‌. രാവും പകലും തെളിഞ്ഞു ശോഭിക്കുന്ന ഈ വിശിഷ്ടരത്നം ഞാന്‍ അവന് നല്കും. കേശവന്‍ അതിന് അര്‍ഹനാണ്‌. ഒരു പകല്‍ കൊണ്ട്‌ പതിന്നാലു യോജന സഞ്ചരിക്കുന്നതായ അശ്വതരീയാനമുണ്ടല്ലോ ( വേഗമുള്ള വാഹനം ) അതും ഞാന്‍ അവന് നല്കുന്നതാണ്‌. അവന് എത്ര വാഹനങ്ങളുണ്ടോ എത്ര ഭൃതൃന്മാരുണ്ടോ അതിന്റെ എട്ടിരട്ടി ഭോജ്യങ്ങള്‍ ഞാന്‍ അവന് നല്കും. ദുര്യോധനനൊഴിച്ച്‌ എന്റെ എല്ലാ പുത്രന്മാരും മിന്നുന്ന തേരില്‍ കയറി കൃഷ്ണനെ എതിരേൽക്കുവാന്‍ പോകട്ടെ. നല്ല പോലെ ആഭരണങ്ങളണിഞ്ഞ സുന്ദരിമാരായ വേശ്യാസ്ത്രീകള്‍ കാല്‍നടയായി ചെന്ന്‌ മഹാത്മാവായ മുകുന്ദനെ എതിരേൽക്കട്ടെ! നഗരത്തില്‍ കൃഷ്ണനെ കാണുവാനായി കല്യാണിമാരായ പെണ്‍കിടാങ്ങള്‍ മാറുമറയ്ക്കാതെ ഇറങ്ങട്ടെ! യോഗ്യരായ സ്ത്രീപുരുഷന്മാര്‍ നിരന്നുള്ള നഗരം മാന്യനായ മധുവൈരിയെ ഉദയസൂര്യനെ എന്ന പോലെ കണ്ടുകൊള്ളട്ടെ. കൊടി തൂങ്ങുന്നതായ വലിയ ധ്വജങ്ങള്‍, ദിക്കുതോറും നാട്ടട്ടെ! മാര്‍ഗ്ഗത്തിലെല്ലാം ജലം കൊണ്ടു നനച്ച്‌ പൊടിയൊതുക്കട്ടെ.

പിന്നെ കൃഷ്ണന് പാര്‍ക്കുവാന്‍ പറ്റിയത്‌ ദുര്യോധന ഗൃഹത്തേക്കാള്‍ മെച്ചപ്പെട്ട ദുശ്ശാസനഗൃഹമാണ്‌. ആ രമ്യമന്ദിരം ഉടനെ തുടച്ചു നന്നാക്കി സജ്ജമാക്കണം. ഭംഗിയേറിയ മേടകൊണ്ട്‌ എല്ലാവരിലും ഉപരിയായി അഴകേറുന്ന ഗൃഹം അതാണല്ലോ. ശിവവും രമ്യവുമായ സര്‍വ്വവസ്തുക്കള്‍ നിറഞ്ഞതും അതാണല്ലോ. എന്റേയും ദുര്യോധനന്റേയും വിലപിടിച്ച വസ്തുക്കളും ധനവുമൊക്കെ അതിലാണല്ലോ വച്ചിരിക്കുന്നത്‌. ദാശാര്‍ഹന് അര്‍ഹമായത്‌ ഏതെല്ലാമാണോ അതൊക്കെ യാതൊരു സംശയവും കൂടാതെ ഞാന്‍ നല്കും.;

87. വിദുരവാക്യം - കൃഷ്ണനെ സമ്മാനങ്ങള്‍ കൊണ്ട്‌ വശത്താക്കാന്‍ കഴിയുകയില്ലെന്നു വിദുരന്‍ പറയുന്നു - വിദുരന്‍ പറഞ്ഞു: ഹേ. രാജാവേ, ഭവാന്‍ മൂന്നു ലോകത്തിനും സമ്മതനും, സത്തമനും ലോക സംഭാവിതനും, ഏറ്റവും മാനിതനുമാണ്‌. ഈ നിലയ്ക്ക്‌ ഇപ്രകാരമൊക്കെ പറയുവാന്‍ തക്ക പ്രായം ചെന്നവനും, ശാസ്ത്രത്താലും ചിന്തയാലും സുസ്ഥിരനായ വൃദ്ധനുമാണ്‌ ഭവാന്‍. കല്ലില്‍ ലേഖ പോലേയും, സൂര്യനില്‍ ഭാസ്സു പോലേയും, കടലില്‍ തിര പോലെയും ഭവാനില്‍ ധര്‍മ്മം സ്ഥിതി ചെയ്യുന്നതായി നാട്ടുകാര്‍ കരുതുന്നു. എപ്പോഴും ലോകം നന്ദിയോടു കൂടി ഭവാന്റെ ഗുണത്തെപ്പറ്റി ചിന്തിക്കുന്നു. സബാന്ധവനായ ഭവാന്‍ എപ്പോഴും ഗുണം കാത്തു രക്ഷിക്കുവാനായി യത്നിച്ചാലും ആര്‍ജ്ജവം മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം. വൃദ്ധനായ ഭവാന്‍ ബാലചാപലും കാണിക്കരുത്‌. അങ്ങ്‌ പുത്രപൗത്ര സുഹ്യല്‍ പ്രിയജനങ്ങളെ മൗഢ്യത്തില്‍ പെടുത്തരുത്‌.

ഭവാന്‍ കൃഷ്ണന് അതിഥിസല്‍ക്കാരം ചെയ്യുവാന്‍ വിലപിടിച്ച പലതു കൊണ്ടും ചിന്തിക്കുന്നില്ലേ? അതും മറ്റു വിലപിടിച്ച വസ്തുക്കളും ഈ ലോകം മുഴുവനും തന്നെ ദാശാര്‍ഹന്‍ അര്‍ഹിക്കുന്നുണ്ട്‌. ഭവാന്‍ കൃഷ്ണനില്‍ ധര്‍മ്മം ചിന്തിച്ചിട്ടല്ല; അവനിലുള്ള നന്ദിയാലുമല്ല ഇപ്പറഞ്ഞതൊക്കെ കൃഷ്ണന് നല്കുവാന്‍ തയ്യാറായിരിക്കുന്നത്‌. ഞാന്‍ സത്യം ചെയ്യുന്നു. ആത്മാവാണ്‌ ഞാന്‍ ഈ പറഞ്ഞതു സത്യമാണ്‌. ഇത്‌ ഭവാന്റെ ഇന്ദ്രജാലമാണ്‌. മിഥ്യയായ കപടമാണ്‌. ഹേ, ഉദാരശീലാ, ഭവാന്‍ കപടം പുറമേ കാണിക്കാത്ത വിധം ഔദാര്യം കൊണ്ട്‌ മൂടി വെക്കുകയാണെന്ന്‌ നിമിത്തം കൊണ്ടും ഞാന്‍ കണ്ടിരിക്കുന്നു.

പാണ്ഡവന്മാര്‍ അഞ്ചുപേര്‍ക്ക്‌ അഞ്ചു ഗ്രാമമല്ലേ അവര്‍ ആഗ്രഹിച്ചുള്ളൂ. അത്‌ അവര്‍ക്കു നല്‍കുവാന്‍ ഭവാന്‍ തയ്യാറില്ല.

ഭവാന്‍ ശമം സ്വീകരിക്കുന്നില്ല. എന്നിട്ട്‌ മഹാഭുജനായ കൃഷ്ണനെ സ്വത്തു നല്കി വശീകരിക്കുവാന്‍ ശ്രമിക്കുകയാണ്‌. ഈ കൈക്കൂലി കൊണ്ട്‌ ഭവാന്‍ പാണ്ഡവരില്‍ നിന്നു കൃഷ്ണനെ അകറ്റുവാന്‍ ശ്രമിക്കുകയാണ്‌. വിത്തത്താലും, ഉദ്യമത്താലും, ഗര്‍ഹണം കൊണ്ടും അവനെ അര്‍ജ്ജുനനില്‍ നിന്നകറ്റുവാന്‍ അങ്ങയ്ക്കാകട്ടെ, ആര്‍ക്കുമാകട്ടെ സാദ്ധ്യമല്ല. അതിന്റെ തത്വം ഞാന്‍ പറഞ്ഞു തരാം. കൃഷ്ണന്റെ മാഹാത്മ്യം എനിക്കറിയാം. അവനിലുള്ള കൂറും എനിക്കറിയാം. കൃഷ്ണന്നു പ്രാണതുല്യനാണ്‌ അര്‍ജ്ജുനന്‍. അത്യാജ്യനാണ്‌ അര്‍ജ്ജുനന്‍. പൂര്‍ണ്ണകുംഭം കൊണ്ടു കാല്‍കഴുകല്‍, കുശലോക്തി ഇവ രണ്ടുമൊഴികെ മറ്റൊന്നും തന്നെ കൃഷ്ണന്‍ ഭവാനില്‍ നിന്നു സ്വീകരിക്കുകയില്ല. മാന്യനും മഹാബാഹുവുമായ അവന് ഇന്ന്‌ എന്ത്‌ ആതിഥ്യമാണോ അഭീ മായിട്ടുള്ളത്‌ അതു ഭവാന്‍ ചെയ്തു കൊള്ളുക ജനാര്‍ദ്ദനന്‍ മാനൃനാണല്ലേ. ജനാര്‍ദ്ദനന്‍ കുരുപാര്‍ശ്വത്തിലേക്കു വരുന്നതു നന്മയെ ഇച്ഛിച്ചാണ്‌. അവന് എന്താണ്‌ ആവശ്യമെന്നാല്‍ അതു ചെയ്യുകയാണ്‌ ഭവാന്‍ വേണ്ടത്‌. കൃഷ്ണന്‍ അങ്ങയ്ക്കും, ദുര്യോധനനും, പാണ്ഡവന്മാര്‍ക്കും ശമം ഇച്ഛിക്കുന്നു. ഹേ രാജാവേ, ഭവാന്‍ അദ്ദേഹം പറയുന്നതു ചെയ്യുക. ഭവാന്‍ പിതാവാണ്‌; അവര്‍ പുത്രന്മാരാണ്‌. ഭവാന്‍ വൃദ്ധനാണ്‌; അവര്‍ കുട്ടികളാണ്‌. ഭവാന്‍ അവരില്‍ അച്ഛനെ പോലെയാവുക; അവര്‍ പുത്രന്മാരെ പോലെ നിൽക്കും!;

88. ദുര്യോധനവാക്യം - ദുര്യോധനന്‍ കൃഷ്ണനെ ആക്ഷേപിച്ചു പറഞ്ഞപ്പോള്‍ ഭീഷ്മൻ സഭയില്‍ നിന്നിറങ്ങുന്നു - ദുര്യോധനന്‍ പറഞ്ഞു: വിദുരന്‍ കൃഷ്ണനെപ്പറ്റി പറഞ്ഞത്‌ അച്യുതനെ പ്പറ്റിയേടത്തോളം സത്യം തന്നെയാണ്‌. പാര്‍ത്ഥന്മാരില്‍ കൂറുള്ളവനായ കൃഷ്ണന്‍ വശീകരിച്ചാലൊന്നും മാറുന്നവനല്ല. ജനാര്‍ദ്ദനനെ സല്‍ക്കരിക്കുവാന്‍ യുക്തമായതും നല്കേണ്ടതുമായ ധനം പലമട്ടിലും ഭവാന്‍ കൊടുക്കാന്‍ പോകുന്നുണ്ടെന്നു പറഞ്ഞല്ലേ. അതൊന്നും കൊടുക്കുവാന്‍ ഒരിക്കലും വയ്യ. അങ്ങനെ ചെയുന്നതിന് ദേശകാലസ്ഥിതിക്ക്‌ ഇപ്പോള്‍ കേശവന്‍ അര്‍ഹിക്കുന്നില്ല. ഭയപ്പെട്ടു പൂജിക്കുകയാണെന്നു മാധവന്‍ വിചാരിക്കും. ഏതു ചെയ്താല്‍ ക്ഷത്രിയന് അവമാനം പറ്റുമോ, അത്‌ ഒരിക്കലും വിദ്വാന്‍ ചെയ്തു പോകരുതെന്നാണ്‌ എന്റെ അഭിപ്രായം. വിശാലലോചനനായ കൃഷ്ണന്‍ പൂജ്യന്‍ തന്നെയാണെന്നു ഞാന്‍ സമ്മതിക്കാം. മൂന്നു ലോകത്തിലും ഉള്ളവര്‍ക്കൊക്കെ അത്‌ അറിയാവുന്നതാണു താനും. അവന് ഒന്നും, കൊടുക്കാന്‍ പാടില്ല. കാലത്തിന്റെ ഗതി അതാണ്‌. യുദ്ധം തുടങ്ങുവാനാണു പോകുന്നത്‌. യുദ്ധം കൂടാതെ അടങ്ങുവാന്‍ പോകുന്നില്ല.;

വൈശമ്പായനൻ പറഞ്ഞു: ദുര്യോധനന്റെ വാക്കു കേട്ടപ്പോള്‍ കുരുപിതാമഹനായ ഭീഷ്മൻ വൈചിത്ര്യവീര്യ രാജാവിനോട്‌ ഇപ്രകാരം പറഞ്ഞു: ഹേ. രാജാവേ, പൂജിക്കുന്നില്ലെങ്കിലും കൃഷ്ണന്‍ കോപിക്കുകയില്ല. എന്നാൽ അവനെ നിന്ദിക്കരുത്‌. ഒരിക്കലും കേശവന്‍ നിന്ദ്യനല്ല. ഹേ മഹഭുജാ. മനസ്സു കൊണ്ട്‌ കാര്യമായി കണ്ടത്‌ എന്തു കാരൃമാണോ അത്‌ എന്ത്‌ ഉപായം കൊണ്ടും മറ്റൊരാള്‍ മാറ്റുകയില്ല, തീര്‍ച്ചയാണ്‌. ആ മഹാബാഹു എന്തു പറയുന്നുവോ, അതു ശങ്ക കൂടാതെ ചെയ്യുകയാണ്‌ വേണ്ടത്‌. വാസുദേവന്‍ മുഖേന പാണ്ഡവന്മാരുമായി യോജിക്കുകയാണു നല്ലത്‌. ധര്‍മ്മാര്‍ത്ഥപരമായിട്ടല്ലാതെ ധര്‍മ്മാത്മാവായ ജനാര്‍ദ്ദനന്‍ പറയുകയില്ല. അവനോടു പ്രിയമായ വാക്ക്‌ ബാന്ധവാര്‍ച്ചിതനായ ഭവാന്‍ പറയണം.

ദുര്യോധനന്‍ പറഞ്ഞു: രാജാവേ, ഞാന്‍ ഈ പറയുന്നതില്‍ യാതൊരു മാറ്റവും ഉണ്ടാവുകയില്ല. ഞാന്‍ ഈ കേവല ലക്ഷ്മിയെ അവരുമായി ചേര്‍ന്ന്‌ അനുഭവിക്കുകയില്ല. ഹേ പിതാമഹാ! ജീവന്‍ എന്നില്‍ നിൽക്കുന്നിടത്തോളം ഞാന്‍ അതു ചെയ്യുകയില്ല. ഈ മഹത്തായ കാര്യം ഞാന്‍ തീര്‍ച്ചയാക്കിയിട്ടുള്ളതാണ്‌. അതു ഭവാന്‍ കേള്‍ക്കുക. പാണ്ഡവന്മാര്‍ക്ക്‌ ആശ്രയമായ ഈ കൃഷ്ണനെ ഞാന്‍ പിടിച്ചു കെട്ടുന്നതാണ്‌. അവനെ പിടിച്ചു ബന്ധിച്ചാല്‍ വൃഷ്ണിപുംഗവന്മാരും ഭൂമിയും ഈ പാണ്ഡവന്മാരും ഒക്കെ എന്റെ പാട്ടിലാകും. അവന്‍ പുലര്‍ച്ചയ്ക്ക്‌ ഇവിടെഎത്തും. ജനാര്‍ദ്ദനന്‍ ധരിക്കാതെ അതിനുള്ള ഉപായം അപായം കൂടാത്ത വിധം ഭവാന്‍ എനിക്കു പറഞ്ഞു തരണം.

വൈശമ്പായനൻ പറഞ്ഞു. കൃഷ്ണനെപ്പറ്റി ഈ ഘോരമായ വര്‍ത്തമാനം അവന്‍ പറഞ്ഞപ്പോള്‍ മന്ത്രിമാരോടു കൂടിയ ധൃതരാഷ്ട്രന്‍ നടുങ്ങി പോയി. വിഷണ്ണനായി. പിന്നെ ദുര്യോധനനോടു ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ ഭൂപാലാ, ഇപ്രകാരം പറയരുത്‌. ഇതു ശാശ്വതമായ ധര്‍മ്മമല്ല. ഹൃഷീകേശന്‍ ദൂതനാണല്ലോ. നമ്മുടെ ഇഷ്ടനും സംബന്ധിയുമാണ്‌. കുരുക്കളില്‍ ഒരിക്കലും ഒരു അപരാധവും ചെയ്യാത്തവനാണ്‌. അവന്‍ എങ്ങനെ തടവിന് അര്‍ഹനാകും?

ഭീഷ്മൻ പറഞ്ഞു: ഹേ ധൃതരാഷ്ട്രാ, നിന്റെ പുത്രന്‍ ആസകലം മാറി പോയിരിക്കുന്നു. ജളാശയനായ ഇവന്‍ കാരണം സകല അനര്‍ത്ഥങ്ങളും വന്നു കൂടും. സുഹ്യജ്ജനങ്ങള്‍ ഇരക്കുന്നതായാല്‍ ഇവന്‍ അര്‍ത്ഥം നല്കുകയില്ല. പാപം തന്നെ ഉല്‍പതിച്ചു കൊണ്ടിരിക്കുന്നു. ഈ പാപം തുടരുന്ന പാപശീലനെ സുഹൃജ്ജനങ്ങളുടെ വാക്കു തള്ളിയിട്ട്‌ കഷ്ടം! നീ പിന്‍താങ്ങുകയാണ്‌. അക്ലീഷ്ടകാരിയായ കൃഷ്നോട്‌ ഏറ്റുമുട്ടി ഈ ദുരാശയനായ നിന്റെ പുത്രന്‍ ഉടനെ തന്നെ ഇല്ലാതാകുവാനാണു പോകുന്നത്‌. നൃശംശനും പാപിയും ദുഷ്ടബുദ്ധിയും അധാര്‍മ്മികനുമായ ഇവന്‍ അനര്‍ത്ഥങ്ങള്‍ പറയുന്നതു കേള്‍ക്കുവാന്‍ എനിക്ക്‌ ഒരിക്കലും വയ്യ. ഇപ്രകാരം പറഞ്ഞ്‌ ഭാരതശ്രേഷ്ഠനായ ആ വൃദ്ധന്‍, സതൃപരായണനായ ഭീഷ്മൻ, ക്രോധത്തോടെ അവിടെ നിന്ന്‌ എഴുന്നേറ്റു നടന്നു.

89. വിദുരഗ്യഹ പ്രവേശം - വൈശമ്പായനൻ പറഞ്ഞു; പ്രഭാതമായപ്പോള്‍ കൃഷ്ണന്‍ എഴുന്നേറ്റു. പ്രഭാതത്തില്‍ ചെയ്യാറുള്ള ആഹികമായ കര്‍മ്മം കഴിഞ്ഞതിന് ശേഷം ബ്രാഹ്മണരുടെ അനുജ്ഞ വാങ്ങി നഗരത്തിലേക്കായി പുറപ്പെട്ടു. മഹാബലനും മഹാബാഹുവുമായ ഗോവിന്ദന്‍ പോകുമ്പോള്‍ സമ്മതത്തോടു കൂടെ അവന് തുണയായി വൃകസ്ഥല നിവാസികള്‍ പുറപ്പെട്ടു.

കൃഷ്ണന്‍ പുറപ്പെട്ടപ്പോള്‍ എതിരേൽപിന്നായി ദുര്യോധനന്‍ ഒഴികെയുള്ള ധാര്‍ത്തരാഷ്ട്രന്മാര്‍ അണിഞ്ഞൊരുങ്ങി ഭീഷ്മദ്രോണ കൃപാദികളായ ഗുരുജനങ്ങളോടു കൂടി ചെന്നു. വളരെ അധികം പൗരന്മാരും കൃഷ്ണനെ കാണുവാനായി പലവാഹനങ്ങളില്‍ കയറിയും കാല്‍നടയായും വന്നു കൂടി. വഴിക്ക്‌ അക്ലിഷ്ടകര്‍മ്മാവായ ഭീഷ്മനോടും ദ്രോണനോടും ധാര്‍ത്തരാഷ്ട്രന്മാരോടും ചേര്‍ന്ന്‌ കൃഷ്ണന്‍ പുരത്തിലേക്കു കയറി. കൃഷ്ണനെ സല്‍ക്കരിക്കാന്‍ മോടികൂട്ടിയ ആ പുരത്തില്‍ വിശേഷവസ്തുക്കള്‍ ചിന്നിയ മട്ടില്‍ രാജവീഥി പ്രശോഭിച്ചു. അന്ന്‌ ആരും തന്നെ വീട്ടിനകത്ത്‌ അടച്ച്‌ ഇരുന്നില്ല. എല്ലാവരും, സ്ത്രീവൃദ്ധ ബാലകന്മാരൊക്കെയും കൃഷ്ണദര്‍ശന കൗതുകം മൂലം വീഥിയിലിറങ്ങി. രാജമാര്‍ഗ്ഗങ്ങളില്‍ ഭൂമിയില്‍ നിന്നിരുന്ന മര്‍ത്ത്യന്മാര്‍ വാസുദേവന്‍ പ്രവേശിക്കുമ്പോള്‍ വാഴ്ത്തി സ്തുതിച്ചു ശ്രേഷ്ഠകളായ സ്ത്രീകള്‍ നിറഞ്ഞ രാജമാര്‍ഗ്ഗത്തിലുള്ള ഉന്നതഗൃഹങ്ങള്‍ ഭാരം കൊണ്ട്‌ ഇളകുന്ന വിധം കാണപ്പെട്ടു. അപ്രകാരം തന്നെ ജനനിബിഡമായ രാജവീഥികളില്‍ കൂടി ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന രഥാശ്വങ്ങള്‍ക്ക്‌ ജനസാന്ദ്രത മൂലം ഗതിമുട്ടിയ വിധത്തിലായി. ആ ശത്രുകര്‍ശനനായ ഭഗവാന്‍ വെളുത്ത സൗധനിര കൊണ്ടും ശോഭിക്കുന്ന ധൃതരാഷ്ട്ര ഗൃഹത്തിലേക്കു കയറി. കേശവന്‍ രാജഗൃഹത്തില്‍ മൂന്നു കാവല്‍ സ്ഥാനങ്ങള്‍ കയറി ചെന്ന്‌ വൈചിത്ര്യവീര്യ രാജാവിന്റെ അരികിലെത്തി അദ്ദേഹത്തെ കണ്ടു. ദാശാര്‍ഹന്‍ വന്നടുക്കുന്ന സമയത്ത്‌ പ്രജ്ഞാദൃഷ്ടിയും കീര്‍ത്തിമാനുമായ രാജാവ്‌ ദ്രോണഭീഷ്മന്മാരോടു കൂടി എഴുന്നേറ്റു. സോമദത്തൻ, കൃപന്‍, ബാല്‍ഹിക രാജാവ്‌ എന്നിവരും ആസനംവിട്ട് എഴുന്നേറ്റ്‌ കൃഷ്ണനെ സല്‍ക്കരിച്ചു. കീര്‍ത്തിമാനായ ധൃതരാഷ്ട്ര രാജാവിന്റെ പാര്‍ശ്വത്തിലെത്തിയ കൃഷ്ണന്‍ ഭീഷ്മനോടു കൂടെ നല്ല വാക്കുകളാല്‍ രാജാവിനെ പൂജിച്ചു. അവരില്‍ ധര്‍മ്മക്രമത്തെ ചെയ്തതിന് ശേഷം മധുസൂദനന്‍ വയഃക്രമം പോലെ രാജാക്കന്മാരുമായി ചേര്‍ന്നു സപുത്രനായ ദ്രോണന്‍, കീര്‍ത്തിമാനായ ബാല്‍ഹീക രാജാവ്‌, സോമദത്തന്‍, കൃപന്‍ എന്നിവരുമായി ജനാര്‍ദ്ദനന്‍ ചേര്‍ന്നു. അവിടെ അലങ്കരിച്ചു വെച്ചിട്ടുള്ളതും ഊര്‍ജ്ജിതമായി ശോഭിക്കുന്നതുമായ വലിയ പൊന്മയമായ ആസനത്തില്‍ ധൃതരാഷ്ട്രന്റെ വാക്കു കേട്ട്‌ അച്യുതന്‍ ഇരുന്നു. പിന്നെ ഗോവ്‌, മധുപര്‍ക്കങ്ങള്‍ ജലം എന്നിവ മധുവൈരിയില്‍ ആചാരൃ മര്യാദ പോലെ ധൃതരാഷ്ട്രന്‍ മുതലായവര്‍ സമര്‍പ്പിച്ചു. സല്‍ക്കാരം ഏറ്റതിന് ശേഷംഗോവിന്ദന്‍ കുരുക്കളെ നന്ദിപ്പിച്ചു. ധൃതരാഷ്ട്രന്‍ സല്‍ക്കരിച്ച പൂജയേറ്റ്‌ കുരുക്കളുടെ മദ്ധ്യത്തില്‍ ബന്ധുജനബന്ധം കാണിച്ച ഗോവിന്ദന്‍ ആഹ്ളാദത്തോടെ വാണു. പിന്നെ രാജാവിന്റെ സമ്മതം വാങ്ങി അവിടെ നിന്നു നടന്നു. ന്യായം പോലെ കുരുസഭയില്‍ ചെന്ന്‌ കുരുക്കളെ കണ്ടതിന് ശേഷം രമ്യമായ വിദുരഗൃഹത്തിലേക്കു ചെന്നു. വിദുരന്‍ മംഗളദ്രവ്യങ്ങളുമായി ചെന്ന്‌ എതിരേറ്റ്‌. അഭീഷ്ടം പോലെ ദാശാര്‍ഹനായ വാസുദേവനെ പൂജിച്ചു. ഹേ പുഷ്കരാക്ഷാ, ഭവാനെ കാണുകയാല്‍ എന്റെ ഉള്ളിലെ രസം ഞാന്‍ എങ്ങനെ അറിയിക്കുവാന്‍ ശക്തനാകും! ഞാന്‍ എന്തു പറയട്ടെ! ഭവാന്‍ ദേഹികളുടെ അന്തരാത്മാവുമാണല്ലോ! ആതിഥ്യം ചെയ്തതിന് ശേഷം മധുവൈരിയായ ഗോവിന്ദനോട്‌ ധാര്‍മ്മികനായ വിദുരന്‍ പാണ്ഡവന്മാരുടെയെല്ലാം ക്ഷേമം ചോദിച്ചു. ധര്‍മ്മാര്‍ത്ഥനിതൃനായി, സത്തായി, ധീമാനായി, രോഷം ലേശവും ബാധിക്കാത്തവനായി, പ്രീതിയോടു കൂടി പ്രശോഭിക്കുന്ന ബുദ്ധിസത്തമനായ വിദുരന്‍ കുശലം ചോദിച്ചപ്പോള്‍ ആ ക്ഷത്താവോടു പാണ്ഡവന്മാരുടെ എല്ലാ ചേഷ്ടിതങ്ങളും വിസ്തരിച്ച്‌ പ്രതൃക്ഷമായി കണ്ടവനായ ദാശാര്‍ഹന്‍ പറഞ്ഞു.

90. കൃഷ്ണ കുന്തീ സംവാദം - വൈശമ്പായനൻ പറഞ്ഞു; വിദുരനെ കണ്ടതിന് ശേഷം അപരാഹ്നമായപ്പോള്‍ മാധവന്‍ തന്റെ അച്ഛന്‍ പെങ്ങളായ കുന്തിയെ കണ്ടു. സൂര്യതുല്യം പ്രശോഭിക്കുന്ന കൃഷ്ണന്‍ വന്നെത്തുന്നതു കണ്ട സമയത്ത്‌ അടുത്തു ചെന്ന്‌ കൃഷ്ണന്റെ കഴുത്തില്‍ തഴുകിക്കൊണ്ട്‌ തന്റെ പുത്രന്മാരെപ്പറ്റി ഓര്‍ത്ത്‌ കുന്തി വിലപിച്ചു. സത്വവാന്മാരായ തന്റെ മക്കളുടെ കൂട്ടുകാരനായ മുകുന്ദനെ വളരെ നാളുകള്‍ക്കു ശേഷം കണ്‍കുളിരെ കണ്ടു കണ്ണുനീര്‍ വാര്‍ത്ത്‌ ആതിത്ഥ്യം ചെയ്തു കൃഷ്ണനെ ഇരുത്തിയതിന് ശേഷം കണ്ണുനീരു നിറഞ്ഞു വല്ലാതെ വാടിയ മുഖത്തോടെ കുന്തി ഇപ്രകാരം സകരുണം പറയുവാന്‍ തുടങ്ങി: "ബാല്യം മുതല്‍ എപ്പോഴും ഗുരുശുശ്രൂഷ ചെയ്തവരും, സമ്മതന്മാരും, തമ്മില്‍ ഇഷ്ടത്തോടെ ജീവിക്കുന്ന സമബുദ്ധികളും, ആയ എന്റെ മക്കള്‍ വഞ്ചനയില്‍ പെട്ടു രാജ്യഭ്രഷ്ടരായി. ജനമദ്ധ്യത്തില്‍ താമസിക്കുവാന്‍ അര്‍ഹരായ അവര്‍ വിജനത്തില്‍ പോയി താമസിച്ചു. ബ്രഹ്മണ്യന്മാരും, ക്രോധവും ഹര്‍ഷവും അടക്കുന്ന സത്യവാദികളും, സുഖപ്രിയം വിട്ടവരും ആയ പാര്‍ത്ഥന്മാര്‍, കേഴുന്ന എന്നേയും വിട്ടു കാടു കയറി. അതുമൂലം എന്റെ ഹൃദയം തകര്‍ന്നു പോയി കൃഷ്ണാ! അനിന്ദ്യരും അര്‍ഹരും യോഗ്യരുമായ പാണ്ഡവന്മാര്‍, എന്റെ മക്കള്‍, എങ്ങനെ സിംഹവ്യാഘ്ര ഗജാകീര്‍ണ്ണമായ കാട്ടില്‍ പാര്‍ത്തു! ബാല്യത്തില്‍ അച്ഛനില്ലാതെ ഞാന്‍ ലാളിച്ചു വളര്‍ത്തിയവരാണ്‌ എന്റെ മക്കള്‍. പിതൃലാളനാസുഖം അനുഭവിക്കാത്തവരാണ്‌. മാതാവു മുതലായ ഗുരുജനങ്ങളെ കാണാതെ എങ്ങനെ കാട്ടില്‍ കഴിച്ചു കൂട്ടി! ശംഖധ്വനി കേട്ടും, ഭേരീരവം കേട്ടും, വേണുമൃദംഗ നിനാദം കേട്ടും, ബാല്യം മുതല്‍ ഉണര്‍ന്നെഴുന്നേൽക്കാറുള്ള എന്റെ മക്കള്‍, ആനകളുടെ ചിന്നം വിളിയും, കുതിരകളുടെ ശബ്ദവും, രഥചക്രധ്വനിയും കേട്ടു രാജഗൃഹത്തില്‍ ഉണര്‍ന്നിരുന്നവര്‍. ശംഖഭേരി നിനാദത്താലും, വേണുവീണാ സ്വനത്താലും, പുണ്യാഹഘോഷ സമ്മിശ്രമായി വിപ്രന്മാര്‍ സല്‍ക്കരിച്ചിരുന്നവര്‍, വിപ്രന്മാരെ വസ്ത്രരത്നാഭരണാദി കൊണ്ട്‌ സല്‍ക്കരിച്ചവര്‍ യോഗ്യരായ ബ്രാഹ്മണര്‍ക്കുള്ള മംഗളോക്തികള്‍ കൊണ്ട്‌ അര്‍ച്ചിതന്മാരായും, അര്‍ച്ച്യര്‍കളായും വാഴ്ത്തി മേടകളുടെ ഉയര്‍ന്ന നിലയില്‍ ഉണര്‍ന്നിരുന്നവര്‍, തോല്‍മെത്തകളില്‍ ഉറങ്ങിയിരുന്നവര്‍, എന്റെ മക്കള്‍ ക്രൂരരായി മുള്ളന്‍ പന്നികളുടെ ശബ്ദം കേട്ട്‌ ഉറങ്ങാറുണ്ടാവില്ല, തീര്‍ച്ചയാണ്‌! അവര്‍ അതിന് അനര്‍ഹരല്ലേ, ജനാര്‍ദനാ!

എങ്ങനെയാണ്‌ അവര്‍ പ്രഭാതത്തിൽ ഉണര്‍ന്നിരുന്നതെന്ന് നീ അറിയുന്നില്ലേ? മൃദംഗഭേരീ നിനാദത്താലും. ശംഖവേണു സ്വനത്താലും, മധുരസ്വരകളായ സ്ത്രീകളുടെ ഗാനനാദത്താലും, വന്ദിമാഗധ സൂതന്മാരുടെ സ്തോത്രങ്ങളാലും പതിവായി ഉണര്‍ന്നിരുന്നവര്‍, കാട്ടില്‍ ശ്വാപദങ്ങളുടെ നാദത്താല്‍ എപ്രകാരമാണ്‌ കൃഷ്ണ ഉണരുന്നത്‌! ഹ്രീമാനും ദാന്തനും, സത്യധ്യതിയും, സര്‍വ്വഭൂത ദയാപരനും, കാമക്രോധങ്ങള്‍ ജയിച്ച്‌ സന്മാര്‍ഗ്ഗത്തില്‍ നടക്കുന്നവനും മാന്ധാതാവ്‌, അംബരീഷന്‍, യയാതി, നഹുഷന്‍, ദിലീപന്‍, ഭരതന്‍, ഔശീനരന്‍, ശിബി എന്നീ പുരാണ രാജാക്കന്മാരുടെ ദൂര്‍ഭരമായ ഭാരം ഏറ്റവനും, ശീലവൃത്തങ്ങള്‍ ചേര്‍ന്നവനും, ധര്‍മ്മജ്ഞനും, സത്യസംഗരനും, മൂന്നു ലോകത്തിനും രാജാവാകുവാന്‍ തക്ക യോഗ്യതയുള്ളവനും, അജാതശത്രുവും, ധര്‍മ്മിഷ്ഠനും. തങ്കപ്പൊന്നിന്റെ നിറത്തോടു കൂടിയവനും, ധര്‍മ്മം, ശ്രുതം, വൃത്തം ഇവ കൊണ്ട്‌ കുരുക്കളില്‍ ഉയര്‍ന്നവനും, പ്രിയദര്‍ശനനും, ദിര്‍ഘബാഹുവുമായ എന്റെ പുത്രന്‍ ധര്‍മ്മജന്‍ എങ്ങനെ ജീവിക്കുന്നു കൃഷ്ണാ!

നാഗായുതപ്രാണനും. വായുവേഗനും, മഹാബലനും, അമര്‍ഷിയും, എന്നും ജ്യേഷ്ഠന് ഇഷ്ടം ചെയ്യുന്നവനും, പ്രിയങ്കരനും, കീചകന്റെ കുലത്തെ മുടിച്ചവനും, ശൂരനും. ക്രോധവശന്മാരായ ഹിഡുംബകന്മാരെ വധിച്ചവനും, വിക്രമത്തില്‍ ശക്രതുല്യനും, ശക്തിയില്‍ വായുതുല്യനും ക്രോധത്തിൽ രുദ്രതുല്യനും, യോധരില്‍ ഉത്തമനും, ക്രോധം, ശക്തി, അസഹിഷ്ണുത ഇവ ചേര്‍ന്ന്‌ പരന്തപനും. ജിതാത്മാവും, കോപിയും. അഗ്രജാജ്ഞയില്‍ നിൽക്കുന്നവനും, തേജോനിധിയും, മഹാത്മാവും, മഹൗജസ്സും, ഏറ്റവും ഉന്നതനുമായ ഭീമന്‍, ഹേ കൃഷ്ണാ, കാഴ്ചയില്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നു! ഹേ ജനാര്‍ദ്ദനാ, എന്നോടു പറയൂ, എന്റെ മകന്‍ വൃകോദരന്‍ ഇപ്പോള്‍ എന്തു മട്ടായിരിക്കും?

ദീര്‍ഘബാഹുവായ മദ്ധ്യമപാണ്ഡവന്‍ എങ്ങനെയിരിക്കുന്നു? ദീര്‍ഘബാഹവും ശക്തനുമായ അവന്‍ ആയിരം കൈകളുള്ള കാര്‍ത്തവിര്യാര്‍ജ്ജുനനോടും രണ്ടുകൈ കൊണ്ടു മത്സരിക്കുവാന്‍ കെല്പുള്ള എന്റെ പുത്രന്‍, അര്‍ജ്ജുനന്‍ എങ്ങനെ? ഒരു ഊക്കില്‍ അഞ്ഞൂറു ബാണങ്ങളെ അവന്‍ എയ്തു വിടും. ഇക്ഷ്വസ്ത്രത്തില്‍ അവന്‍ കാര്‍ത്തവീര്യ രാജാവിനോടു തുല്യനാണ്‌. തേജസ്സാല്‍ അര്‍ക്കസദൃശനാണ്‌. ദമത്തില്‍ ഋഷിതുല്യനാണ്‌. ക്ഷമയാല്‍ ക്ഷമയ്ക്കു തുല്യനാണ്‌. വിക്രമത്തില്‍ മഹേന്ദ്രതുല്യനാണ്‌. ദീപ്തമായി പേര്‍ പുകഴ്ന്ന അധിരാജ്യങ്ങളെ കൗരവര്‍ക്കായി വീര്യത്താല്‍ എല്ലാ ഉര്‍വ്വീശരില്‍ നിന്നും ഹരിച്ചവനാണ്‌. പാണ്ഡവര്‍ക്കൊക്കെ ആലംബമായ കയ്യൂക്കു ചേര്‍ന്നവനാണ്‌. രഥിശ്രേഷ്ഠനായ സത്യവിക്രമനാണ്‌. പോരില്‍ നേരിട്ടാല്‍ ഏതൊരുത്തനേയും ഉയിരോടെ മടക്കി അയയ്ക്കാത്തവനാണ്‌. സര്‍വ്വഭൂത വിജേതാവായ അജേയനാണ്‌. ജിഷ്ണു വാനവന്മാര്‍ക്ക്‌ ഇന്ദ്രന്‍ എന്ന പോലെ പാണ്ഡവന്മാര്‍ക്ക്‌ ആശ്രയമാണ്‌. നിന്റെഭ്രാതാവായ തോഴനാണല്ലോ ധനഞ്ജയന്‍. ഇന്ന്‌ അവന്റെ കഥ എന്താണു കൃഷ്ണാ!

സര്‍വ്വഭൂതങ്ങളിലും ദയാശാലിയും, ഹ്രീമാനും, അസ്ത്രജ്ഞനും, സുകുമാരനും, മൃദുശീലനും, എനിക്കു ഇഷ്ടനായ ധാര്‍മ്മികനും, മഹേഷ്വാസനും, ശൂരനും, പോരില്‍ വിളങ്ങുന്നവനും, യുവാവും, ധര്‍മ്മാര്‍ത്ഥദക്ഷനും, ഭ്രാതൃശുശ്രൂഷാതല്‍പരനും, ശുഭവൃത്തനും, മഹാത്മാവുമായ സഹദേവനെ എപ്പോഴും ഭ്രാതാക്കള്‍ മാനിക്കുന്നു. ജ്യേഷ്ഠവൃദ്ധികരനും, വീരനും, ഭടോത്തമനും, എന്റെ ഇഷ്ടം നോക്കുന്നവനുമായ ആ മാദ്രീപുത്രന്റെ കഥ എങ്ങനെയാണു കേശവാ!

സുകുമാരനും, ശൂരയുവാവും, അഴകേറിയവനും, വെളിവില്‍ നിൽക്കുന്ന എന്റെ പ്രാണനും, സുഖമായി വളര്‍ന്നവനുമായ എന്റെ ഉണ്ണി സുഖയോഗ്യനും അദുഃഖാര്‍ഹനും മഹാരഥനും ആയ എന്റെ മകന്‍ നകുലന്‍ എങ്ങനെയിരിക്കുന്നു? അവന് സുഖമല്ലേ? അവനെ ഇനി ഞാന്‍ കാണുകയില്ല? കണ്ണടയ്ക്കുന്ന ഒരു നിമിഷം പോലും അവനെ ഞാന്‍ വേര്‍പിരിയാത്തവളാണ്‌. അവന്‍ പോയതിന് ശേഷം എനിക്കു മനസ്സിന് തളര്‍ച്ചയാണ്‌. കൃഷ്ണാ! നീ എന്നെയൊന്നു നോക്കു!

ജനാര്‍ദ്ദനാ! മക്കളേക്കാള്‍ ഒക്കെ ഇഷ്ടയാണ്‌ എനിക്കു പാഞ്ചാലി. കുലീനയും, തികഞ്ഞ ഗുണസമ്പന്നയും പുത്രലോകത്തെ വിട്ട്‌ ഭര്‍ത്തൃലോകത്തെ ആശ്രയിക്കുന്നവളും സത്വാദിനിയും, ഇഷ്ടരായ പുത്രന്മാരെ വിട്ട്‌ പാണ്ഡവാന്തത്തില്‍ നിൽക്കുന്നവളും മഹാഭിജാത്യമുള്ളവളും സര്‍വ്വകാമാതി പൂജിതയും, കല്യാണിയും ഈശ്വരിയുമായ കൃഷ്ണ ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു?

അഞ്ചു ഭര്‍ത്താക്കുന്മാരുള്ള പാഞ്ചാലിക്കു സങ്കടമേറ്റു! പതിന്നാലു കൊല്ലമായില്ലേ കൃഷ്ണാ, അവള്‍ പുത്രാധിയാല്‍ വലഞ്ഞു ജീവിക്കുന്നു? അവളെ കണ്ടിട്ട്‌ പതിന്നാലു കൊല്ലമായില്ലേ ഞാന്‍! പുണ്യകര്‍മ്മം കൊണ്ട്‌ സുഖം നേടുകയില്ല എന്നുള്ളത്‌ ഇപ്പോള്‍ തീര്‍ച്ചയായി. അല്ലെങ്കില്‍ അങ്ങനെയുള്ള ദ്രൗപദി ഇത്തരത്തിലുള്ള ദുഃഖത്തിനു പാത്രമാകുമോ?

കൃഷ്ണയെ സദഭയിലിട്ട്‌ വലിച്ചിഴച്ച കാര്യമാലോചിക്കുമ്പോള്‍ അര്‍ജ്ജുനനും, ധര്‍മ്മപുത്രനും, ഭീമനും, യമന്മാരും എനിക്കൊട്ടും പ്രിയമുള്ളവരല്ലാതാകുന്നു. അവളെ സഭയില്‍ ആ നിലയില്‍ കാണുമാറായില്ലേ? എനിക്ക്‌ ജീവിതത്തില്‍ ഇതിനേക്കാള്‍ വലിയ ദുഃഖമുണ്ടായിട്ടില്ല. തീിണ്ടാരിയായിരുന്ന ദ്രൗപദിയെ ശ്വശുരന്മാരുടെ സമീപത്തു വെച്ച്‌ ക്രോധലോഭവശനായ ആ ദുഷ്ടന്‍ സഭയില്‍ പിടിച്ചു കൊണ്ടു വന്നു. ഒറ്റവസ്ത്രം മാത്രമായി നിൽക്കുന്ന അവളെ കൗരവന്മാരൊക്കെ കണ്ടു. അവിടെ ധൃതരാഷ്ട്രനും, ബാല്‍ഹീക രാജാവും, സോമദത്തനും, കൃപനും, കുരുക്കളും വിഷാദിച്ചു. ആ സദസ്സില്‍ എല്ലാവരിലും വച്ച്‌ ഞാന്‍ വിദുരനെ പുജിക്കുന്നു. വൃത്തത്താല്‍ ഒരുവന്‍ ആര്യനാവുകയില്ല. വിത്തത്താലോ വിദ്യയാലോ ഒരുവന്‍ ആര്യനാവുകയില്ല. ശൂദ്രനായി പിറന്നവനാണെങ്കിലും ആ മഹാബുദ്ധിമാന്‍ മഹാത്മാവാണ്‌. ഗംഭീരമാണ്‌ വിദുരന്റെ ബുദ്ധി! ലോകത്തില്‍ എല്ലാറ്റിലുമുപരിയായി നിൽക്കുന്നത്‌ ഒരുവന്റെ ശീലമാണ്‌. മനുഷ്യ വിഭൂഷണം ശീലമാണ്‌. മറ്റു ഗുണങ്ങള്‍ നിഷ്ഫലം തന്നെ ശീലഗുണമില്ലെങ്കില്‍.

വൈശമ്പായനൻ പറഞ്ഞു: ഗോവിന്ദനെ കണ്ടപ്പോള്‍ കുന്തി ശോകാര്‍ത്തയായും ഹൃഷ്ടയായും തന്നിലുള്ള പലമാതിരി ദുഃഖങ്ങള്‍ നേരിട്ടു പറഞ്ഞു.

കുന്തി പറഞ്ഞു: പണ്ടേ തന്നെ മൂഢന്മാരായ രാജാക്കന്മാര്‍ക്കു ചേര്‍ന്നതാണ്‌ ചൂതാട്ടവും നായാട്ടും. അതില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ എങ്ങനെ സുഖം കിട്ടും! കൃഷ്ണാ, എന്നെ ഇന്നു ദഹിപ്പിക്കുകയാണ്‌. സഭയില്‍ വെച്ചു കുരുക്കളുടെ സന്നിധിയില്‍ ധാര്‍ത്തരാഷ്ട്രന്‍ പരിക്കേൽപ്പിച്ചു സങ്കടപ്പെട്ടതു ചിന്തിക്കുമ്പോള്‍! പുരത്തില്‍ നിന്ന്‌ ഒഴിപ്പിക്കുക. വിട്ടു പോവുക! എന്നീ പലമാതിരി ദുഃഖങ്ങള്‍ അറിഞ്ഞവളാണ്‌ ഞാന്‍ കൃഷ്ണാ! അജ്ഞാതവാസം! കുട്ടികള്‍ക്ക്‌ ഈ വിരോധം, ഇതൊക്കെ മക്കളോടു കൂടിയ എനിക്കു ക്ലേശമാകയില്ലേ കൃഷ്ണാ! ദുര്യോധനന്റെ ചതിയാല്‍ പതിന്നാലാമത്തെ ആണ്ടില്‍ ദുഃഖത്താല്‍ സുഖം ഞങ്ങള്‍ക്ക്‌ ആ പുണൃഫലത്തിന്റെ ഹാനി കൊണ്ടു ലഭിക്കും. പാണ്ഡവന്മാരും ധാര്‍ത്തരാഷ്ട്രന്മാരും തമ്മില്‍ എനിക്കു ഭേദമില്ല. ആ സതൃത്താല്‍ വൈരിയുമായി യുദ്ധം ചെയ്തു നിന്നെ ശ്രീയാര്‍ന്ന്‌ ഹതവൈരിയായി പാണ്ഡവന്മാരോടു കൂടി ഞാന്‍ കാണും. ധര്‍മ്മപരായണരായ എന്റെ പുത്രന്മാര്‍ തോൽക്കുവാന്‍ ന്യായമില്ല. എന്റെ ഈ നിലയ്ക്ക്‌ ഞാന്‍ എന്റെ അച്ഛനെയാണ്‌ ഗര്‍ഹിക്കുന്നത്‌, എന്നെ തന്നെ യോദുര്യോധനനെയോ അല്ല. നിന്റെ അച്ഛന്‍, ധനികന്‍ വിത്തം എന്ന പോലെയല്ലേ എന്നെ കുന്തിഭോജനു നല്കിയത്‌? പന്തടിച്ചു കളിച്ചു നടന്നിരുന്ന കുട്ടിക്കാലത്ത്‌ നിന്റെ പിതാമഹന്‍ എന്നെ മഹാത്മാവും ഇഷ്ടനുമായ കുന്തിഭോജന് നല്കിയില്ലേ? ഞാന്‍ എന്റെ അച്ഛനാലും. ശ്വശുരനാലും തള്ളിവിട്ടവളാണ്‌ കൃഷ്ണാ! ഇത്രയധികം ദുഃഖം അനുഭവിച്ച ഞാന്‍ ജീവിച്ചിട്ട് എനിക്കെന്തു കാര്യം ? അര്‍ജ്ജുനനെ പ്രസവിച്ച കാലത്ത്‌ ഒരു അശരീരി വാക്ക്‌ ഉണ്ടായി; നിന്റെ പുത്രന്‍ ലോകം ജയിക്കും! കീര്‍ത്തി സ്വര്‍ഗ്ഗത്തിലും പരത്തും! പോരില്‍ കുരുക്കളെ ജയിച്ച്‌ രാജ്യം നേടി ധനഞ്ജയന്‍ ഭ്രാതാക്കളോടു കൂടി മൂന്നു യാഗം നടത്തും!

ഈ അശരീരിവാക്കിനെ ഞാന്‍ നിന്ദിക്കുന്നില്ല. ഞാന്‍ വിശ്വകര്‍ത്താവിനെ തൊഴുന്നു! മഹാനായ കൃഷ്ണനായിക്കൊണ്ട്‌! ധര്‍മ്മം ലോകം ഭരിക്കുകയാണല്ലേോ! ധര്‍മ്മം ഉണ്ടെങ്കില്‍ പറഞ്ഞ പോലെ നീ അതേ വിധം കാര്യം എല്ലാം സാധിപ്പിക്കും! എനിക്ക്‌ വൈധവ്യം വന്നു. ദ്രവ്യനാശം വന്നു. വിരോധങ്ങള്‍ ഉണ്ടായി. അതില്‍നിന്നൊക്കെ ഉണ്ടായ താപം എത്രയുണ്ടോ, അതിനേക്കാള്‍ എത്ര വലിയ താപമാണ്‌ പുത്രന്മാര്‍ പിരിഞ്ഞു പോയതില്‍! പുത്രവിരഹം എല്ലാ താപത്തേക്കാളും മീതെയാണ്‌.

ഗാണ്ഡീവ പാണിയായി, സർവ്വശസ്ത്രജ്ഞന്മാരിലും മുഖ്യനായി ശോഭിക്കുന്ന അര്‍ജ്ജുനനെ ഞാന്‍ കാണുന്നില്ല. എന്റെ ഹൃദയത്തിന് എങ്ങനെ ശാന്തി ലഭിക്കും? കൊല്ലം പതിന്നാലായില്ലേ എന്റെ പുത്രനായ ധര്‍മ്മപുത്രനെ കണ്ടിട്ട്‌! ഗോവിന്ദാ! ഫല്‍ഗുനനേയും. യമന്മാരേയും, ഭീമനേയും, കണ്ടിട്ട്‌; പതിന്നാലു വര്‍ഷമായില്ലേ!

ജീവനാശം വന്നവര്‍ക്കു മനുഷ്യര്‍ ശ്രാദ്ധംചെയ്യുന്നു. കാര്യം കൊണ്ട്‌ അവര്‍ എനിക്ക്‌ ചത്തവരാണ്‌; അവര്‍ക്കു ഞാനും. ധര്‍മ്മനിഷ്ഠനായ യുധിഷ്ഠിരനോടു ഞാന്‍ പറഞ്ഞതായി പറയുക: ഉണ്ണീ നിന്റെ ധര്‍മ്മം വളരെയേറെ കെട്ടു പോയിരിക്കുന്നു. ധര്‍മ്മം പാഴാക്കാതിരിക്കുക. വാസുദേവാ, അന്യന്റെ അധീനത്തില്‍ ജീവിക്കുന്നവള്‍ നിന്ദ്യയാണ്‌. എരന്ന്‌ ഉണ്ടു ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ ഒന്നും കഴിക്കാതെ കിടക്കുന്നതാണ്‌. ധനഞ്ജയനോടും ഭീമനോടും ഇതു പറഞ്ഞേക്കു. ക്ഷത്രിയസ്ത്രീ പ്രസവിക്കുന്നത്‌ എന്തിനാണൊ അതിന്റെ കാലമായി ഇപ്പോള്‍. ഈ സമാഗതമായ കാലം ഇപ്പോള്‍ പഴുതു നഷ്ടപ്പെടുത്തിയാല്‍ ലോകപൂജിതരും സത്തുക്കളുമായ നിങ്ങള്‍ നൃശംസം ചെയ്തു എന്നുവരും. നിങ്ങള്‍ നൃശംസം ചെയ്യുകയാണെങ്കില്‍ ഞാന്‍ എന്നെന്നേക്കുമായി ഇഹലോകം ഉപേക്ഷിക്കും. കാലം വന്നണയുമ്പോള്‍ ഈ ജീവനും വെടിയേണ്ടതാണല്ലോ. ക്ഷത്രധര്‍മ്മരതന്മാരായ മാദ്രേയന്മാരോടും പറഞ്ഞേക്കു; വിക്രമം കൊണ്ടു നേടിയ സൗഖ്യങ്ങള്‍ പ്രാണന്‍ കളഞ്ഞും അനുഭവിക്കുക. ക്ഷത്രധര്‍മ്മോപജീവിക്ക്‌ വിക്രമാര്‍ജ്ജിതമായ ധനമാണ്‌ ഉപജീവിക്കുവാന്‍ വെച്ചിട്ടുള്ളത്‌. അതുകൊണ്ടേ മനുഷ്യന്റെ മനസ്സിന് പ്രീതിയുണ്ടാകയുള്ളൂ. പിന്നെ സർവ്വശസ്ത്രധരോത്തമനായ അര്‍ജ്ജുനനോട്‌ പാഞ്ചാലിയുടെ മാര്‍ഗ്ഗത്തെ അവലംബിക്കുവാന്‍ പറയുക. ഭവാന്‍ അറികയില്ലേ കൃഷ്ണാ, ഭീമാര്‍ജ്ജുനന്മാര്‍ ക്രൂദ്ധരായാല്‍ അന്തകസന്നിഭരാകുമെന്ന്‌; അവര്‍ വാനവര്‍ക്കു കൂടി ശ്രേഷ്ഠമായ ഗതി നല്‍കുന്നവരാണ്‌. പാഞ്ചാലി സഭയില്‍ കേറിയത്‌ അവര്‍ക്ക്‌ ഒരു അവജ്ഞയല്ലേ? ദുശ്ശാസനനും കര്‍ണ്ണനും പരുഷോക്തി പറഞ്ഞതും അവര്‍ക്ക്‌ അവജ്ഞയല്ലേ? മനസ്വിയായ ഭീമന്റെ നേരെ ചെന്ന്‌ സുയോധനന്‍ കണ്ടു നിൽക്കെ പറഞ്ഞതിന്റെ ഫലം ആ കുരുശ്രേഷ്ഠന്‍ കണ്ടുകൊള്ളും. വൈരത്തില്‍ പെട്ട ഭീമന്‍ പിന്നെ അടങ്ങുകയില്ല. ഭീമന്റെ വൈരം വളരെക്കാലം ചെന്നാലും ശമിക്കുകയില്ല. ശത്രുകര്‍ശനനായ അവന്‍ ആ ശത്രുക്കൂട്ടത്തെ എല്ലാം ശരിപ്പെടുത്തും. ദുഃഖം മാത്രമല്ല, രാജ്യഹരണം, ചൂതിലെ തോല്‍വി ഇവയൊക്കെ കണക്കു തീര്‍ത്തവസാനിപ്പിക്കും. മക്കള്‍ ദൂരെ പോയതും എനിക്കു ദുഃഖകാരണമല്ല. ബൃഹതിശ്യാമയായ പാഞ്ചാലി ഒറ്റവസ്ത്രയായി സഭയില്‍ കേറ്റപ്പെട്ട്‌ പരുഷോക്തികള്‍ കേട്ട്‌ കാര്യം ഓര്‍ക്കുമ്പോഴാണ്‌ എനിക്കു സഹിക്കാനാവാത്തത്‌. ഇതില്‍പരം ദുഃഖമെന്തുണ്ട്‌! തീണ്ടാരിയായിരിക്കുന്ന ആ വരാരോഹ! ക്ഷ്രതധര്‍മ്മസ്ഥ, അപ്പോള്‍ സനാഥയായിട്ടും രക്ഷിക്കുവാന്‍ നാഥനില്ലാത്തവളായി. മക്കളോടു കൂടിയ എനിക്ക്‌ മധുസൂദനാ; നീയാണ്‌ നാഥന്‍. ബലവാനായ രാമനും പ്രദ്യുമ്ന മഹാരഥനും ഉള്ളപ്പോള്‍ ഞാന്‍ ഇപ്രകാരമുള്ള ദുഃഖം സഹിച്ചു ജീവിക്കേണ്ടി വന്നു. അടങ്ങാത്തവനും ദുര്‍ദ്ധര്‍ഷനുമായ ഭീമന്‍ ജീവിച്ചിരിക്കെ ഞാന്‍ ഇങ്ങനെ ദുഃഖിക്കേണ്ടി വന്നു.

വൈശമ്പായനൻ പറഞ്ഞു: പുത്രദുഃഖത്തില്‍ മുഴുകിയ അച്ഛന്‍ പെങ്ങളെ, അപ്പോള്‍ കുന്തിയുടെ പുത്രന്മാരുടെ മിത്രമായ ശൗരി ആശ്വസിപ്പിച്ചു.

വാസുദേവന്‍ പഠഞ്ഞു: കുന്തീ, അച്ഛന്‍ പെങ്ങളേ, ഭവതിയെ പോലെ ഏതു സ്ത്രീയാണ്‌ ഇന്നു ലോകത്തിലുള്ളത്‌? ശൂര രാജാവിന്റെ മകളായി പിറന്ന നീ ആജമീഢാന്വയത്തിലേക്കു വന്നു ചേര്‍ന്നു! ഒരു കയം വിട്ട്‌ മറ്റെരു കയത്തിലേക്കെന്ന വിധം ഭവതി വലിയ കുലത്തിൽ എത്തിച്ചേര്‍ന്നു. സര്‍വ്വകല്യാണിയും ഈശ്വരിയുമായി ഭര്‍ത്താവ്‌ ഭവതിയെ സ്വീകരിച്ച്‌ ആദരിച്ചു വീരപ്രസുവും വീരപത്നിയുമായ ഭവതി എല്ലാ ഗുണങ്ങളും ഒത്തവളാണ്‌. ഹേ പ്രാജേഞ, സുഖവും ദുഃഖവും ഭവതി സഹിക്കണേ! ക്രോധം, ഹര്‍ഷം, നിദ്ര, മടി, വിശപ്പ്‌, ദാഹം, മഞ്ഞ്‌, ചൂട്‌ ഇവയെ ജയിച്ച്‌ പാര്‍ത്ഥന്മാര്‍ നിത്യവും വീരസുഖങ്ങളെ കാംക്ഷിക്കുന്നവരായി, ഗ്രാമൃസുഖത്തെ വിട്ട്‌ നിത്യം വീരസുഖപ്രിയരായി വര്‍ത്തിക്കുന്നു. അവര്‍ അല്പം കൊണ്ടു തൃപ്തിപ്പെടുന്നവരല്ല. മഹോത്സാഹരും മഹാബലരുമാണ്‌. ധീരന്മാര്‍ അവസാനമേ ഉത്തമ ക്ലേശങ്ങളും അമാനുഷ സുഖങ്ങളും അനുഭവിക്കുകയുള്ളൂ. മദ്ധ്യത്തില്‍ സുഖിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രാമൃസുഖ പ്രിയന്മാരാണ്‌. ധീരന്മാര്‍ അന്ത്യത്തിലേ സുഖിക്കുകയുള്ളൂ. മദ്ധ്യത്തില്‍ അവര്‍ രമിക്കയില്ല. അന്ത്യപ്രാപ്തിയെ സുഖമാണെന്നു പറയണം. അതിന്നിടയ്ക്ക്‌ ദുഃഖമുണ്ടാകും. കൃഷ്ണയോടു കൂടി പാണ്ഡവന്മാര്‍ ഭവതിയെ അഭിവാദ്യം ചെയ്യുന്നു. ആത്മാവില്‍ കുശലം പറഞ്ഞ്‌ അനാമയം ഉണര്‍ത്തുന്നു. അരോഗരും സിദ്ധാര്‍ത്ഥരുമായി ഭവതിക്കു പാണ്ഡവന്മാരെ വേഗത്തില്‍ കാണുവാന്‍ സാധിക്കും. അവര്‍ ശത്രുക്കളെ കൊന്ന്‌ ലക്ഷ്മിയെ നേടി ലോകര്‍ക്ക്‌ അധീശരായി ശോഭിക്കുന്നതു ഭവതിക്കു കാണാം. ഇപ്രകാരം ആശ്വസിപ്പിക്കപ്പെട്ട കുന്തി കൃഷ്ണനോട്‌ പുത്രന്മാരെക്കുറിച്ചുള്ള ആധി മൂത്ത്‌ അജ്ഞാന തമസ്സ്‌ അടക്കി, ഇപ്രകാരം ഉത്തരം പറഞ്ഞു.

കുന്തി പറഞ്ഞു: മഹാബാഹോ. അവര്‍ക്കു പഥ്യം എന്താണ്‌ മാധവാ! അതൊക്കെ അറിഞ്ഞു ഭവാന്‍ ചെയ്തു കൊള്ളുക. ധര്‍മ്മലോഭം വരുത്താതേയും ചതി കൂടാതേയും ഭവാന്‍ ചെയ്തു കൊള്ളുക. നിന്റെ പ്രഭാവവും, സത്യവും, ആഭിജാത്യവും ഞാന്‍ കണ്ടിട്ടുള്ളവളാണ്‌. ഭവാന്റെ വ്യവസ്ഥയും, മിത്രരില്‍ ആ ബുദ്ധിയും വിക്രമശക്തിയും എന്റെ കുലത്തിലെ ധര്‍മ്മവും തപസ്സും നീയാണ്‌. തപസ്സും, സത്യവും, മഹത്വവും നീയാണ്‌. നീ മഹാബ്രഹ്മമാണ്‌. ത്രാതാവാണ്‌. എല്ലാം നിന്നില്‍ സ്ഥിതി ചെയ്യുന്നു. നീ പറഞ്ഞതെല്ലാം നിന്നില്‍ സത്യമായി ഭവിക്കും.

വൈശമ്പായനൻ പറഞ്ഞു; ഗോവിന്ദന്‍ കുന്തിയെ വലം വെച്ച്‌ അവിടെ നിന്നും യാത്ര ചെയ്തു ദുര്യോധന ഗൃഹത്തിലേക്കു പുറപ്പെട്ടു.;

91. കൃഷ്ണനും ദുംര്യാധനനും തമ്മിലുള്ള സംവാദം - വൈശമ്പായനൻ പറഞ്ഞു: ഗോവിന്ദന്‍ കുന്തിയെ വലം വെച്ചു യാത്ര പറഞ്ഞ്‌ ദുര്യോധനന്റെ മണിമാളികയിലേക്കു പോയി. വളരെ ഐശ്വര്യമുള്ളതും, പുരന്ദരന്റെ ഗൃഹം പോലെ പ്രശോഭിക്കുന്നതും, വിചിത്രാസനങ്ങളാല്‍ മോടി കൂട്ടുന്നതുമായ ആ ഗുഹത്തിലേക്കു ജനാര്‍ദ്ദനന്‍ പ്രവേശിച്ചു. മൂന്നു കാവല്‍സ്ഥലം കയറി , കാവല്‍ക്കാര്‍ തടയാത്തവനായ കൃഷ്ണന്‍, ശുഭ്രഘനച്ഛായ ഉള്ളതും, ശൈലശ്യംഗം പോലെ ഭംഗിയില്‍ ഉയര്‍ന്നു നിൽക്കുന്നതും, ശ്രീ ചേര്‍ന്നു വിളങ്ങുന്നതുമായ പ്രാസാദത്തിലേക്ക്‌, ആ കീര്‍ത്തിശാലി കയറി ചെന്നു.

കൃഷ്ണന്‍ ചെല്ലുമ്പോള്‍ അസംഖ്യം രാജാക്കന്മാരും, കുരുവീരന്മാരും ചുറ്റും കൂടിയിരിക്കുന്നതും ദുര്യോധനന്‍ അവരുടെ മദ്ധ്യത്തില്‍ പരമാസനത്തിൽ ഇരിക്കുന്നതും ആ മഹാബാഹു കണ്ടു. ദുശ്ശാസനനും കര്‍ണ്ണനും ശകുനിയും ദുര്യോധനന്റെ അരികെ തന്നെ പീഠത്തില്‍ വാഴുന്നതും അച്യുതന്‍ ദര്‍ശിച്ചു. ദാശാര്‍ഹന്‍ വന്നടുക്കുന്ന സമയത്ത്‌ കിര്‍ത്തിമാനായ ധാര്‍ത്തരാഷ്ട്രന്‍ അദ്ദേഹത്തെ ബഹുമാനിക്കാനായി മന്ത്രിമാരോടു കൂടി എഴുന്നേറ്റു. മന്ത്രിമാരോടു കൂടിയ ദുര്യോധനനുമായി കേശവന്‍ ചേര്‍ന്നു. വയഃക്രമം പോലെ മറ്റു മന്നവരോടും കേശവന്‍ ചേര്‍ന്നു. അവിടെ സജ്ജമാക്കിയതും, പൊന്മയമായതും, പലമട്ടിലുള്ള വിചിത്രമായ മേല്‍ വിരിപ്പുള്ളതും, പരിഷ്കൃതവുമായ പീഠത്തില്‍ അച്യുതന്‍ ഇരുന്നു. ജനാര്‍ദ്ദനനു പശു, മധുപര്‍ക്കം, ജലം എന്നിവയും ഗൃഹവും രാജ്യവും ആ കുരുശ്രേഷ്ഠന്‍ നിവേദിപ്പിച്ചു. പ്രസന്നമായ അര്‍ക്കപ്രകാശത്തില്‍ വാഴുന്ന ജനാര്‍ദ്ദനനെ കുരുക്കന്മാരും മറ്റു രാജാക്കന്മാരും ഉപാസിച്ചു. പിന്നീട്‌ ജയിയായ വാര്‍ഷ്ണേയനെ സുയോധനന്‍ ഊണിന്നായി ക്ഷണിച്ചു. എന്നാൽ അതു കൃഷ്ണന്‍ ആദരിച്ചില്ല. പിന്നെ കുരുമദ്ധ്യത്തില്‍ വെച്ചു കൃഷ്ണനോടു സുയോധനന്‍ ആദ്യം മൃദുവായും. പിന്നെ ശാഠ്യമായും കൃഷ്ണനെ നോക്കി ഇപ്രകാരം പറഞ്ഞു: "ഈ അന്നപാനങ്ങളും വസ്ത്രങ്ങളും ശയനങ്ങളും അങ്ങയ്ക്കായി കൊണ്ടു വന്നിട്ടും എന്താണ്‌ ഭവാന്‍ കൈക്കൊള്ളാതിരിക്കുവാന്‍ കാരണം? ഹേ, ജനാര്‍ദ്ദനാ! ഭവാന്‍ ഇരുകൂട്ടരേയും സഹായിക്കുന്നവനും ഇരുപേരുടേയും സുഖത്തിന്നായി ഉദ്യമിക്കുന്നവനുമല്ലേ? ഹേ, മാധവാ, ഭവാന്‍ ധൃതരാഷ്ട്രന്നു സംബന്ധിയും ഇഷ്ടനുമല്ലേ? ഹേ, ഗോവിന്ദാ, ഭവാന്‍ ധര്‍മ്മാര്‍ത്ഥ തത്വങ്ങളെല്ലാം അറിയുന്നവനും ആണല്ലോ. ഇതിന്റെ കാരണം കേള്‍ക്കുവാന്‍ ചക്രഗദാധരാ, എനിക്കു മോഹമുണ്ട്‌".;

വൈശമ്പായനന്‍ പറഞ്ഞു: ഇപ്രകാരം സുയോധനന്‍ ചോദിച്ചപ്പോള്‍ മഹാശയനായ ഗോവിന്ദന്‍, രാജീവലോചനന്‍, തന്റെ മഹാഭുജം ഉയര്‍ത്തിക്കൊണ്ട്‌ പുതുമേഘ സ്വനം പോലെ, ഇളവു കൂടാതെ, ഒന്നും വിഴുങ്ങാതെ, പതറാതെ, വ്യക്തമായി യുക്തിക്കു ചേര്‍ന്ന വിധം ഉത്തമമായ വാക്കുകളാല്‍ രാജാവിനോടു പറഞ്ഞു: "കൃതാര്‍ത്ഥന്മാരായ ദൂതന്മാര്‍ ഉണ്ണുകയും പൂജ കൈക്കൊള്ളുകയും ചെയ്യും. ഹേ ഭാരതാ! കൃതാര്‍ത്ഥനാക്കിയതിന് ശേഷം അമാത്യന്മാരോടു കൂടി എന്നെ പൂജിക്കുക!".;

ഇതുകേട്ടു ധാര്‍ത്തരാഷ്ട്രന്‍ കൃഷ്ണനോട്‌ ഉത്തരം പറഞ്ഞു: ഭവാന് ഈയുള്ളവരില്‍ ഈ അയുക്തം കാണിക്കരുത്‌. ഭവാന്‍ കൃതാര്‍ത്ഥനാണോ അകൃതാര്‍ത്ഥനാണോ എന്നു നോക്കി പൂജിക്കുവാന്‍ ഒരു പക്ഷേ, ഞങ്ങള്‍ക്കു സാധിച്ചിരിക്കയില്ല. മധുസൂദനാ, ഈ കാരണം ഞാന്‍ കാണുകയുണ്ടായില്ല; പ്രീതരായി പൂജ ചെയ്തിട്ടും പൂജ ഏൽക്കാതിരിക്കുവാന്‍ തക്കവണ്ണമുള്ള കാരണം ഞങ്ങള്‍ കാണുകയുണ്ടായില്ല. ഗോവിന്ദാ! ഞങ്ങള്‍ക്കു ഭവാനോട്‌ ഒട്ടും വൈരമില്ല. യുദ്ധവുമില്ല. പൂജ്യനായ ഭവാന്‍ അതു ചിന്തിച്ച്‌ ഇത്തരത്തില്‍ പറയാതിരിക്കണേ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദുര്യോധനന്‍ പറഞ്ഞതു കേട്ട്‌ ജനാര്‍ദ്ദനന്‍ പറഞ്ഞു: വാശി, ദ്വേഷം എന്നിവ അര്‍ത്ഥം കാരണമായി കാണും. എന്നാൽ കപടം, ലോഭം എന്നിവയാല്‍ ഞാന്‍ ധര്‍മ്മം വിടുകയില്ല. പ്രീതിയോടു കൂടി തരുന്ന ഭക്ഷണം ഉണ്ണണം. അത്‌ കുഴപ്പമുണ്ടെങ്കിലും ആകാം. എന്നാൽ താങ്കള്‍ക്കാണെങ്കില്‍ പ്രീതി ലേശവുമില്ല. എനിക്കു യാതൊരു കുഴപ്പവുമില്ല. വെറുതെ നിങ്ങള്‍ പാണ്ഡവന്മാരെ ജനനം മുതല്‍ ദ്വേഷിക്കുവാന്‍ തുടങ്ങി. അവരാണെങ്കില്‍ ഗുണം തികഞ്ഞവരും പ്രിയം നോക്കുന്ന സഹോദരന്മാരുമാണ്‌, പാണ്ഡവന്മാരില്‍ ലേശവും ദ്വേഷം വെറുതെ കാണിക്കുന്നതും നന്നല്ല. പാണ്ഡവന്മാര്‍ ധര്‍മ്മസ്ഥന്മാരാണ്‌. ആരു പറയും അവര്‍ക്കു തെറ്റ്‌? അവരിലാരാണോ ദ്വേഷി അവന്‍ എന്റെയും ദ്വേഷിയാണ്‌. അവരില്‍ പ്രിയന്‍ ആരോ അവന്‍ എന്റെയും പ്രിയനാണ്‌. ധര്‍മ്മിഷ്ഠരായ പാണ്ഡവന്മാരോട്‌ ഞാന്‍ ഏകാത്മാവാണെന്നു നീ ധരിച്ചു കൊള്ളുക. കാമക്രോധമദവശനായി വിരോധിക്കുവാന്‍ മുതിര്‍ന്നവന്‍ ഗുണവാനില്‍ ദ്വേഷവാനായ പുരുഷാധമനാണല്ലോ. നന്മചേര്‍ന്ന ജ്ഞാതികളെ ലോഭത്തെറ്റാല്‍ കാണുന്നവന്‍ അജിതാത്മാവായി ജിതക്രോധനായി ചിരകാലം ശ്രീയോടു കൂടി വാഴുകയില്ല. നേരെമറിച്ച്‌ ഗുണം ചേര്‍ന്ന്‌ ഉള്ളില്‍ ഇഷ്ടമുള്ള കൂട്ടരെ പ്രിയം ചെയ്ത്‌ ഇണക്കുന്നവന്‍ വളരെക്കാലം കീര്‍ത്തിമാനായി വാഴും. ദുഷ്ടന്മാരാല്‍ സജ്ജീകൃതമായ ഈ അന്നമൊന്നും എനിക്കു ഭുജിക്കുവാന്‍ പറ്റുകയില്ല. ക്ഷത്താവ്‌ ഒരാള്‍ മാത്രം നല്കുന്ന അന്നം ഉണ്ണാമെന്നാണ്‌ എന്റെ നിശ്ചയം.;

അമര്‍ഷിയായ ദുര്യോധനനോട്‌ ഇപ്രകാരം പറഞ്ഞ്‌ ആ മഹാത്മാവ്‌ ഇറങ്ങി. പിന്നെ മഹാബാഹുവായ വാസുദേവന്‍ മഹാത്മാവായ വിദുരന്റെ ഭവനത്തില്‍ പാര്‍ക്കുവാനായി അങ്ങോട്ടു നടന്നു. വിദുരന്റെ ഗൃഹത്തില്‍ ചെന്ന്‌ അവനെ കണ്ടു. അപ്പോള്‍ ദ്രോണനും കൃപനും ഭീഷ്മനും കുരുമുഖ്യനായ ബാല്‍ഹീകനും മറ്റു കൗരവന്മാരും മധുവൈരിയായ മാധവ വീരനോടു പറഞ്ഞു; "വാര്‍ഷ്ണേയാ! ഭവാന് ഇതാ രത്നഗൃഹങ്ങള്‍ നിവേദിപ്പിച്ചിരിക്കുന്നു". ഇതുകേട്ട്‌ തേജസ്വിയായ കൃഷ്ണന്‍ ആ കൗരവന്മാരോടു പറഞ്ഞു: "നിങ്ങളൊക്കെ പൊയ്ക്കൊള്ളുവിന്‍. നിങ്ങള്‍ സല്‍കാരമൊക്കെ ചെയ്തിരിക്കുന്നു".

കുരുക്കള്‍ പോയപ്പോള്‍ വിദുരന്‍, തോല്‍ക്കാത്തവനായ യദുവീരനെ ശ്രദ്ധയോടു കൂടി സര്‍വ്വകാമങ്ങളാലും പൂജിച്ചു. വിദുരന്‍ പലമാതിരി അന്നപാനങ്ങള്‍ ശുചിയായി മഹാത്മാവായ കേശവന് നല്കി. അവ സ്വീകരിച്ചു മധുജിത്ത്‌ ആദ്യമായി വിപ്രന്മാരെ തര്‍പ്പിച്ചു. ആദ്യമായി ദ്രവ്യങ്ങളേയും വേദജ്ഞന്മാര്‍ക്കായി നല്കി. പിന്നെ കൂട്ടരോടു കൂടി ദേവന്മാര്‍ ഇന്ദ്രനോട്‌ എന്ന വിധം ഗുണം ചേരുന്ന ശുദ്ധിയുള്ള അന്നം, വിദുരന്‍ നല്കിയത്‌ ഭുജിച്ചു.

92. ശ്രികൃഷ്ണ വിദുര സംവാദം - വൈശമ്പായനൻ പറഞ്ഞു: ഊണു കഴിഞ്ഞ്‌ ആശ്വസിച്ച്‌ ഇരിക്കുന്ന സമയത്ത്‌ രാത്രിയില്‍ വിദുരന്‍ കൃഷ്ണനോടു പറഞ്ഞു. കേശവാ, ഭവാന്റെ ഈ പുറപ്പാട്‌ നല്ല മട്ടായി എനിക്കു തോന്നുന്നില്ല. ധര്‍മ്മാര്‍ത്ഥം തെറ്റി നടക്കുന്നവനും മന്ദബുദ്ധിയും വാശിക്കാരനുമാണ്‌ അവന്‍. മാനം നശിപ്പിക്കുന്നവനും മാനം ഇച്ഛിക്കുന്നവനുമാണ്‌. വൃദ്ധന്മാരുടെ ആജ്ഞ നിരസിക്കുന്നവനാണ്‌. ധര്‍മ്മശാസ്ത്രം വിട്ട ആ വിഡ്ഡി ദുഷ്ടനും നിര്‍ബ്ബന്ധ ബുദ്ധിയുമാണ്‌. ശ്രേയസ്സിന്റെ മാര്‍ഗ്ഗം വിട്ടാണ്‌ ആ ധാര്‍ത്തരാഷ്ട്രന്റെ നില. കാമിയായ അവന്റെ ഭാവം പ്രാജ്ഞനാണെന്നാണ്‌. മിത്രഘ്നനും സര്‍വ്വശങ്കിതനുമാണ്‌ അവന്‍. സല്‍പ്രവൃത്തി ചെയ്യാത്തവനും കൃതജ്ഞത ഇല്ലാത്തവനുമാണ്‌. ചതിയിലാണ്‌ അവനു താൽപര്യം. മൂഢാത്മാവായ അവന്‍ അനുഭവത്തില്‍ നിന്നും പഠിക്കാത്തവനാണ്‌, ഇന്ദ്രിയങ്ങളെ അടക്കാത്തവനുമാണ്‌. എന്തും തോന്നുമ്പോലെ ചെയ്യുന്നവനും ഒന്നിലും തീര്‍ച്ചയില്ലാത്തവനുമാണ്‌. ഇപ്രകാരം പിന്നെ വേറേയും ദോഷങ്ങള്‍ സകലതും തികഞ്ഞവനാണ്‌. ഭവാന്‍ ശ്രേയസ്സു പറഞ്ഞു കൊടുത്താലും അവന്‍ അവയൊന്നും സ്വീകരിക്കുകയില്ല. ഭീഷ്മൻ, ദ്രോണൻ, കൃപന്‍, കര്‍ണ്ണന്‍. ദ്രോണപുത്രന്‍, ജയ്രദ്രഥന്‍ ഇവര്‍ക്കു പണി വര്‍ദ്ധിപ്പിക്കുകയല്ലാതെ ശമം അവന്‍ നോക്കുന്നേയില്ല. കര്‍ണ്ണനോടു കൂടിയ ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ ഒരു കാര്യമായ ഉറപ്പു മനസ്സിലുണ്ട്‌. ഭീഷ്മദ്രോണന്മാരോട്‌ എതിര്‍ക്കുവാന്‍ പാണ്ഡവന്മാര്‍ പോരായെന്ന്‌. പാര്‍ത്ഥിവന്മാരുടെ സൈന്യങ്ങളെയൊക്കെ കൂടിയ ആ മൂഢന്‍ താന്‍ കൃതാര്‍ത്ഥനായെന്നു വിചാരിക്കുകയാണ്‌. കര്‍ണ്ണന്‍ ഒരാള്‍ മാത്രം മതി വൈരികളെയൊക്കെ ജയിക്കുവാനെന്നാണ്‌ അവന്റെ ദൃഢമായ വിശ്വാസം. ദുഷ്ടനായ ധാര്‍ത്തരാഷ്ട്രന്‌ ശമം കൈക്കൊള്ളുവാന്‍ അവന്‍ സമ്മതിക്കുകയില്ല. ധാര്‍ത്തരാഷ്ട്രന്മാര്‍ക്കൊക്കെ ഒരേയൊരു ബുദ്ധിയും ജ്ഞാനവുമാണ്‌. സൗഭ്രാത്രത്തിനു മോഹിച്ചു ശമത്തിനു വേണ്ടി യത്നിച്ചാലും യാതൊരു ഫലവും ഉണ്ടാകുവാന്‍ പോകുന്നില്ല. ഉചിതമായി നാം യാതൊന്നും പാണ്ഡവന്മാര്‍ക്ക്‌ നല്കരുത്‌ എന്നാണ്‌ അവരുടെ ഉറച്ച നയം. പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല. നല്ലവാക്കു പറഞ്ഞാലും ചീത്തവാക്കു പറഞ്ഞാലും ഈ കാര്യത്തില്‍ ഒപ്പമാണ്‌. ചെകിടു പൊട്ടന്മാരുടെ മുമ്പില്‍ പാട്ടു പാടിയിട്ട്‌ എന്തു കാര്യം ? നിരസിക്കുന്നതു മര്യാദ കെട്ട മൂഢന്റെ അരികില്‍ പ്രാജ്ഞന്മാര്‍ പോകരുത്‌. ചണ്ഡാലന്മാരോട്‌ ദ്വിജന്റെ വാക്യം പോലെ ഭവാന്‍ അവരോടു പറയുന്നതു യുക്തമല്ല. ഭവാന്‍ പറയുന്നതൊനും ബലവാനായ ഈ വിഡ്ഡി ചെയ്യുന്നതല്ല. അവനില്‍ വെറുതെയാകും ഭവാന്റെ വാക്കുകള്‍. ആ പാപികള്‍ നിരന്നിരിക്കുന്നിടത്തേക്കു ഭവാന്‍ കയറി ചെല്ലുന്നത്‌ എനിക്ക്‌ ഒട്ടും ബോധിക്കുന്നില്ല. അശിഷ്ടരും ദുഷ്ടചിത്തന്മാരും ദുര്‍ബുദ്ധികളുമായ അവരുടെ മദ്ധ്യത്തില്‍ ഭവാന്റെ അപ്രിയമായ വാക്ക്‌ ഒക്കുകയില്ല. വൃദ്ധോപാസന ചെയ്യാത്തവനും ശ്രീദര്‍പ്പം കൊണ്ടു വിമോഹിതനും യൗവനത്തള്ളൽ ഉള്ളവനും ഗര്‍വ്വിയുമായ അവന്‍ അങ്ങു പറയുന്ന നന്മയുണ്ടോ കേള്‍ക്കുവാന്‍ പോകുന്നു! അവനോടു ബലമായി ഊന്നിപ്പറഞ്ഞാല്‍ അവന് വലുതായ ശങ്കയാണു തോന്നുക. ഭവാന്റെ വാക്കു കേള്‍ക്കുകയില്ല. ഇന്ദ്രനോടു കൂടിയ ദേവന്മാര്‍ പോലും ഇതു പോരാടി വാങ്ങുകയില്ല എന്നുള്ള ഉറപ്പ്‌ ആ ധാര്‍ത്തരാഷ്ട്രന്മാര്‍ക്കുണ്ട്‌. കാമക്രോധവശന്മാരായി ഈ നിലയിലുള്ള കൂട്ടരില്‍ ഭവാന്റെ സമര്‍ത്ഥമായ വാക്ക്‌ സമര്‍ത്ഥ നില വിട്ടതായി തീരും.

മന്ദനായ അവന്‍ ആനപ്പടയും തേരും കുതിരയുമൊക്കെ ചേര്‍ന്ന സൈന്യത്തിന്റെ നടുവില്‍ വാഴുമ്പോള്‍ ആ മൂഢനായ ദുര്യോധനന്‍ പേടിവിട്ട് ഓര്‍ക്കുകയാണ്! ഈ ഭൂമിയെല്ലാം ഞാന്‍ ജയിച്ചു കഴിഞ്ഞു എന്ന്‌. ധൃതരാഷ്ട്ര പുത്രന്‍ ആശിക്കുന്നത് എന്താണെന്നോ? ഭൂമിയില്‍ ശത്രുവില്ലാത്ത മഹാരാജ്യമാണ്‌. അവനില്‍ പിന്നെയുണ്ടോ അല്പമെങ്കിലും ശമം ഫലിക്കുന്നു? ബന്ധപ്പെട്ടതെല്ലാം താന്‍ നേടിക്കഴിഞ്ഞു എന്നാണ്‌ അവന്‍ വിചാരിക്കുന്നത്‌. ലോകത്തിൽ എങ്ങുമുള്ള യോധന്മാരെല്ലാം കാലപക്വമായ ദുര്യോധനനു വേണ്ടി, പാണ്ഡവന്മാരോട്‌ എതിര്‍ക്കുവാനായി, മിക്ക രാജാക്കന്മാരും വന്നു ചേര്‍ന്നല്ലോ. കൃഷ്ണാ, ഈ വന്ന രാജാക്കന്മാര്‍ക്കൊക്കെ പണ്ടേ തന്നെ പാണ്ഡവന്മാരോടു വൈരമുണ്ട്‌. രാജാക്കന്മാരൊക്കെ അവരോടു തോറ്റ്‌ ധനം നഷ്ടപ്പെട്ടവരാണ്‌. ഭവാനോടുള്ള വെറുപ്പാല്‍ ദുര്യോധനനോടു ചേര്‍ന്ന്‌ കര്‍ണ്ണനോടു കൂടി ആ വീരന്മാര്‍ നിൽക്കുകയാണ്‌. പ്രാണന്‍ കളഞ്ഞ്‌, കൗരവന്മാരോടു ചേര്‍ന്ന്‌. സന്തോഷത്തള്ളലോടു കൂടി പാര്‍ത്ഥന്മാരുമായി പോരടിക്കുവാന്‍ അവര്‍ സന്നദ്ധരായി നിൽക്കുകയാണ്‌. അവരുടെ മദ്ധ്യത്തിലേക്കു ഭവാന്‍ കടന്നു ചെല്ലുന്നത്‌ അപകടമാണെന്നാണ്‌ എന്റെ അഭിപ്രായം. ദുഷ്ടന്മാരായ അവര്‍ കൂടി ചേര്‍ന്നു വസിക്കുന്ന സ്ഥലത്തേക്ക്‌, ശത്രുമദ്ധ്യത്തിലേക്ക്‌, ഭവാന്‍ ചെല്ലുകയോ?

എല്ലാം കൊണ്ടും ദേവന്മാര്‍ക്കു പോലും ദുസ്സഹനാണ്‌ ഭവാന്‍. ഹേ, ശത്രുനാശനാ, ഭവാന്റെ വീര്യബുദ്ധിശക്തികള്‍ ഞാന്‍ കാണുന്നുണ്ട്‌. പാര്‍ത്ഥരേക്കാളും കവിഞ്ഞതാണ്‌ ഭവാനിലുള്ള എന്റെ പ്രീതി. ബഹുമാനത്താലും പ്രേമത്താലും ഇഷ്ടത്താലും ഞാന്‍ പറയുന്നതാണ്‌. ഹേ, പുഷ്കരാക്ഷാ! ഭവാനെ കണ്ടിട്ട് എനിക്കുണ്ടായിട്ടുള്ള ഈ രസത്തെ ഞാന്‍ എങ്ങനെ പറയുന്നു! അസാദ്ധ്യമാണ്‌. വാക്കുകളാല്‍ പ്രകാശിപ്പിക്കാന്‍ സാദ്ധ്യമല്ല. ദേഹികള്‍ക്കെല്ലാം ഭവാന്‍ അന്തരാത്മാവാണല്ലോ.;

93.ശ്രീകൃഷ്ണവാക്യം - ശ്രീകൃഷ്ണന്‍ വിദുരനോട്‌ തന്റെ ഉദ്യമത്തിന്റെ ഔചിതൃം വര്‍ണ്ണിക്കുന്നു - ശ്രീകൃഷ്ണന്‍ പറഞ്ഞു: ഹേ, വിദുരാ! മഹാപ്രാജ്ഞന്മാര്‍ എപ്രക്രാരമാണോ പറയുക, വിചക്ഷണന്മാര്‍ എപ്രകാരമാണോ പറയുക, അപ്രകാരമാണ്‌ നീ പറയുന്നത്‌. അങ്ങനെ നിന്നെ പോലെ ചെയ്യുന്നവനാരോ അവന്‍ ഒരിക്കലും ആക്ഷേപാര്‍ഹനായി ഭവിക്കയില്ല. ധര്‍മ്മാര്‍ത്ഥത്തോടു കൂടിയതും സത്യമായിട്ടുള്ളതും ഭവാന്‌ അനുരൂപമായിട്ടുള്ള മാതാപിതാക്കള്‍ക്ക്‌ ചേര്‍ന്ന വിധം നല്ല വാക്കുകളാണ്‌ ഭവാന്‍ എന്നോടു പറഞ്ഞത്‌. സത്യവും കാലോചിതവും യുക്തവുമാണ്‌ ഭവാന്‍ പറഞ്ഞത്‌. ഹേ, ക്ഷത്താവേ, ഭവാന്‍ ശ്രദ്ധയോടെ കേള്‍ക്കുക. ഞാന്‍ വന്നതിന്റെ കാരണം പറയാം.

ധാര്‍ത്തരാഷ്ട്രന്മാരുടെ ദുഷ്ടതയും ക്ഷത്രിയന്മാരുടെ വൈരവും നല്ല പോലെ മനസ്സിലാക്കി തന്നെയാണ്‌ ഞാന്‍ കൗരവന്മാരുടെ അടുത്തേക്ക്‌ ഇപ്പോള്‍ വന്നത്‌. ധരിക്കാതെയല്ല, ആന, തേര്‌, കുതിരക്കൂട്ടം ഇവയോടൊത്ത്‌ മാറിക്കൊണ്ടിരിക്കുന്ന ഈ പാരിടത്തെ മൃത്യുപാശത്തില്‍ നിന്നു വേര്‍പെടുത്തി സംരക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വലിയ ധര്‍മ്മമില്ലല്ലോ. തന്റെ ശക്തി പോലെ ധര്‍മ്മമായ കാര്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിച്ചിട്ട്‌ ആ പ്രയത്നം ഫലിക്കാതെ വരികയാണെങ്കിലും മനുഷ്യന്‍ അതിന്റെ പുണ്യം നേടുന്നുണ്ട്‌. എനിക്ക്‌ അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാൽ. മനസ്സില്‍ പാപം കരുതിയിട്ട്‌ സല്‍പ്രവൃത്തി (ധര്‍മ്മം ), ചെയ്യാതെ ഒരുത്തന്‍ പിന്മാറുകയാണെങ്കില്‍ അവന്‌ എങ്ങനെ അതിന്റെ ഫലം സിദ്ധിക്കും? സിദ്ധിക്കയില്ല. ഹേ, വിദുരാ! ഞാന്‍ യാതൊരു വ്യാജവും കൂടാതെ ആത്മാര്‍ത്ഥമായി തന്നെ ശമത്തിനു വേണ്ടി യത്നിക്കുകയാണ്‌, യുദ്ധത്തില്‍ ചാകുവാൻ ഒരുങ്ങി നിൽക്കുന്ന കുരുസൃഞ്ജയര്‍ തമ്മില്‍ ശമം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്‌. കുരുക്കളില്‍ തന്നെ കേവലം ഈ ഘോരമായ ആപത്തുണ്ടായി. അത്‌ കര്‍ണ്ണദുര്യോധനന്മാര്‍ ഇളക്കി വിട്ട ആപത്താണ്‌. അതില്‍ അവരെല്ലാവരും ചേരുകയും ചെയ്തിരിക്കുന്നു. വ്യസനത്തില്‍ ക്ലേശിക്കുന്ന മിത്രത്തെ ശക്തിയായ വിധം സമ്മതിപ്പിച്ചു സംരക്ഷിക്കാത്തവന്‍ ക്രൂരനാണെന്നേ ബുധന്മാര്‍ പറയു! മിത്രത്തെ; അകാര്യത്തില്‍ നിന്നു വലിച്ചു മാറ്റേണ്ട സന്ദര്‍ഭം വന്നാല്‍ അതും ചെയ്യണം. യഥാശക്തി യഥാസമയം പ്രയത്നിക്കുന്നവനെ ആരും കുറ്റം പറയുകയില്ല. ധര്‍മ്മാര്‍ത്ഥം ചേര്‍ന്നതും ഹിതമായതും തക്കതുമായ നല്ലവാക്കു പറഞ്ഞാല്‍ അമാത്യന്മാരോടു കൂടിയ ധാര്‍ത്തരാഷ്ട്രന്‍ തീര്‍ച്ചയായും കേള്‍ക്കണം. ധാര്‍ത്തരാഷ്ട്രര്‍ക്കും പാണ്ഡവന്മാര്‍ക്കും ഒപ്പം ഹിതമായതുമായ കാര്യത്തിന്‌ ഞാന്‍ ചതിവിട്ട്‌ യത്നിക്കുകയാണ്‌. ഹിതത്തിനു യത്നിക്കുന്ന എന്നെ ദുര്യോധനന്‍ സംശയിച്ചേക്കാം. എന്നാലും, എന്റെ മനസ്സില്‍ എന്നെ കൊണ്ടാവുന്നത്‌ എല്ലാ വിധത്തിലും ചെയ്തു നോക്കി എന്നുള്ള കൃതാര്‍ത്ഥത ഉണ്ടാകുമല്ലോ. ആ സംതൃപ്തി തന്നെ, എന്റെ കടം തീര്‍ന്നു എന്നുള്ള പ്രീതി എന്നില്‍ വളര്‍ത്തും.

ദായാദികള്‍ പിണങ്ങുന്ന സമയത്ത്‌ എല്ലാ യത്നത്താലും ആപത്തില്‍ നിന്നു കാക്കാന്‍ നോക്കാത്ത മിത്രം മിത്രമല്ല എന്നാണ്‌ ബുധന്മാര്‍ പറയുന്നത്‌. ഞാന്‍ അധര്‍മ്മിഷ്ഠനാണ്‌ എന്നു മൂഢന്മാരായ വൈരികള്‍ക്കു പറയുവാനുള്ള വഴി വയ്ക്കരുത്‌. ശക്തനായ കൃഷ്ണന്‍ രണ്ടു കൂട്ടരുടേയും ബന്ധുവായി നിന്നിട്ടു ക്രുദ്ധരായ കുരുപാണ്ഡവന്മാരെ തടുത്തില്ല എന്നുള്ള ആക്ഷേപം ഉണ്ടാകുവാന്‍ പാടില്ല. രണ്ടു കൂട്ടരുടേയും കാര്യസിദ്ധിക്കു വേണ്ടിയാണ്‌ ഞാന്‍ ഇവിടെ വന്നത്‌. പ്രയത്നം ചെയ്തു മനുഷ്യരില്‍ ദുഷ്പേര്‌ ഇല്ലാതാക്കി പോകുവാനാണ്‌ ഞാന്‍ വന്നത്‌. ധര്‍മ്മാര്‍ത്ഥ യുക്തമായി കേടുതട്ടാത്ത, എന്റെ വാക്കുകേള്‍ക്കാത്ത, മൂഢന്‍ ദൈവത്തിന്റെ പാട്ടില്‍ വരിക തന്നെ ചെയ്യും.

പാര്‍ത്ഥന്മാരുടെ അര്‍ത്ഥത്തിനു നാശം വരാതെ തന്നെ കുരുക്കളുമായി ശമം ഉണ്ടാക്കിയാല്‍ ഞാന്‍ ചെയ്തതു വലിയ പുണ്യമായില്ല? കുരുക്കള്‍ക്കു മൃത്യുപാശത്തില്‍ നിന്നു മോചനവുമായില്ലേ? ധര്‍മ്മാര്‍ത്ഥം ചേര്‍ന്ന്‌ ഏറ്റവും അഹിംസ്രമായ വിധത്തില്‍ ഞാന്‍ ചൊല്ലുന്നതായ കാവ്യമാകുന്ന നല്ലവാക്യം ശമത്തിനു വേണ്ടി ദുര്യോധനന്‍ സ്വീകരിക്കയില്ലേ? കൗരവന്മാര്‍ അവിടെ ചെല്ലുന്ന എന്നെ പുജിക്കുകയില്ലേ?

ഹേ, ക്ഷത്താവേ! അവരെല്ലാവരും കൂടി എന്നെ അപകടത്തിലാക്കുമെന്നു നീ ഭയപ്പെടേണ്ട. ആ രാജാക്കന്മാര്‍ എല്ലാവരും കൂടിയാല്‍ തന്നെ എനിക്ക്‌ ഒരു ഇരയ്ക്കില്ല. ക്രൂദ്ധനായ സിംഹത്തിന്റെ മുമ്പില്‍ മറ്റു മൃഗങ്ങള്‍ എന്നപോലെ ആയിരിക്കും അവരുടെ കഥ.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ടു വൃഷ്ണിപുംഗവനും യദുസൗഖ്യകരനുമായ കൃഷ്ണന്‍ മൃദുമെത്തയില്‍ കയറി കിടന്നു.

94. ശ്രീകൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: ആ ബുദ്ധിമാന്മാര്‍ ഇപ്രകാരം പറഞ്ഞു കൊണ്ടു കിടക്കവേ ശിവനക്ഷത്രമായ ആ ദിവ സം അങ്ങനെ കഴിഞ്ഞു.

ധര്‍മ്മാര്‍ത്ഥ കാമങ്ങളോടു ചേര്‍ന്നതും, ചിത്രമായ ആശയങ്ങളും ചിത്രമായ പദാക്ഷരങ്ങളും കൂടിയതും മഹാശയനായ വിദുരന്‍ പറഞ്ഞതുമായ പല നല്ല മൊഴികള്‍ കേട്ടും ഓജസ്വിയായ കൃഷ്ണന്‍ പറഞ്ഞ സന്ദര്‍ഭോചിതമായ കഥകള്‍ കേട്ടും സംതൃപ്തി വരാതെ അവര്‍ക്ക്‌ ആ രാത്രി അങ്ങനെ അതിവേഗത്തില്‍ തീര്‍ന്നു പോയി. സ്വരജ്ഞരായ പല സൂതമാഗധന്മാര്‍ ശംഖദുന്ദുദി ഘോഷത്തോടെ മധുവൈരിയെ ഉണര്‍ത്തി. സര്‍വ്വസാത്വത പുംഗവനായ ദാശാര്‍ഹന്‍ എഴുന്നേറ്റ്‌ കാലത്തുള്ള ദിനകൃത്യങ്ങള്‍ കഴിച്ചു. ജലസ്പര്‍ശം, ജപം, ഹോമം ഇവയെല്ലാം ചെയ്ത്‌ ഉദിക്കുന്ന ആദിത്യനേയും മാധവന്‍ സേവിച്ചു.

ഈ സമയത്തു ദുര്യോധനനും സൗബലനായ ശകുനിയും ജപിച്ചു കൊണ്ടു നിൽക്കുന്ന ജയിയും ദാശാര്‍ഹനുമായ കൃഷ്ണന്റെ പുരോഭാഗത്തെത്തി നിന്നു. പിന്നെ, ദുര്യോധനന്‍ കൃഷ്ണനോട്‌ ഇപ്രകാരം പറഞ്ഞു: "ധൃതരാഷ്ട്രന്‍ സഭയിലേക്കു പോയിരിക്കുന്നു. ഭീഷ്മൻ തുടങ്ങിയ കൗരവഭൂപാലന്മാരും മറ്റു രാജാക്കന്മാരും ഭവാന്റെ വരവു പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്‌. ദേവന്മാര്‍ ഇന്ദ്രനെയെന്ന വിധം ഹേ, ഗോവിന്ദാ! ഭവാനെ കൗരവന്മാര്‍ പ്രതീക്ഷിക്കുന്നു". കൃഷ്ണന്‍ അവരെ ഭംഗിയായ നല്ല വാക്കുകളാല്‍ പ്രശംസിച്ചു സന്തോഷിപ്പിച്ചു.

പിന്നെ, സൂര്യന്‍ തെളിഞ്ഞു വിളങ്ങിയപ്പോള്‍ ജനാര്‍ദ്ദനന്‍ ബ്രാഹ്മണര്‍ക്കായി സ്വര്‍ണ്ണം, വസ്ത്രം, പശു, കുതിര എന്നിവയൊക്കെ ദാനം ചെയ്തു. അപരാജിതനായ കൃഷ്ണന്‍ പല രത്നങ്ങള്‍ നല്കിയതിനു ശേഷം നന്ദിച്ചു വാഴുന്ന സമയത്ത്‌ രഥസാരഥി ചെന്നു വന്ദിച്ച്‌ ഉടനെ മണികിങ്ങിണിയണിഞ്ഞു ശുചിയായി നിൽക്കുന്ന അശ്വങ്ങളെ പൂട്ടിയ തേര്‍ ദാരുകന്‍ കൊണ്ടു വന്നു നിറുത്തി. വലിയ കാറിന്റെ നിനദം ചേര്‍ന്നതും നല്ല രത്നമണിഞ്ഞതുമായ ആ ദിവ്യമായ രഥത്തെ കൊണ്ടു വന്നതായി കണ്ട്‌ ആ മഹാശയന്‍ അഗ്നിയേയും വിപ്രന്മാരെയും വലം വച്ച്‌, കൗസ്തുഭമണി ചാര്‍ത്തി മഹത്തായ ശ്രീയോടെ ജലിച്ച്‌, ചുറ്റും കുരുക്കളോടു കൂടി നിൽക്കുന്ന കൃഷ്ണന്‍, വൃഷ്ണിവീരാഭി രക്ഷിതനായി തേരില്‍ കയറി. സര്‍വ്വയാദവ നന്ദനനും, സര്‍വ്വപ്രാണികരനും, സര്‍വ്വബുദ്ധി വരോത്തമനുമായ കൃഷ്ണന്റെ പിറകേ ധര്‍മ്മവിത്തമനായ വിദുരന്‍ കയറി. വേറെ തേരില്‍ ദുര്യോധനനും ശകുനിയും കയറി, പരന്തപനായ കൃഷ്ണനെ പിന്‍തുടര്‍ന്നു. കൃതവര്‍മ്മനും, സാതൃകിയും മറ്റ്‌ വൃഷ്ണിവീരന്മാരും കൃഷ്ണന്റെ പിമ്പേ ആന, തേര്‍ തുരഗ ഗണങ്ങളോടു കൂടി അകമ്പടിയായി പോയി. പൊന്നണിഞ്ഞു നല്ല കുതിരകളെ കെട്ടിയ തേരുകള്‍ പ്രശോഭിച്ചു! ശ്രീമാനും ധീമാനുമായ കൃഷ്ണന്‍ രാജര്‍ഷികള്‍ സഞ്ചരിക്കുന്ന, അടിച്ചു തളിച്ചു വൃത്തിയാക്കിയ മാര്‍ഗ്ഗത്തിലെത്തി.

ദാശാര്‍ഹന്‍ യാത്രയായപ്പോള്‍ കാഹളങ്ങള്‍ വിളിച്ച, ശംഖുകള്‍ വിളിച്ച്‌, വാദ്യങ്ങള്‍ ഘോഷിച്ചു. യുവാക്കളും വിശ്വവീരന്മാരും സിംഹവിക്രമരുമായ അവര്‍ കൃഷ്ണന്റെ തേരിനു ചുറ്റുമായി നടന്നു. ചിതവ്രസ്ത്രങ്ങള്‍ ഉടുത്ത്‌ അസംഖ്യം മറ്റു വീരന്മാരും വാളും കത്തിയുമായി കൃഷ്ണന് അകമ്പടി സേവിച്ചു. അഞ്ഞൂറ്‌ ആനകള്‍, അപ്രകാരം തന്നെ ആയിരം നല്ല തേരുകള്‍, അപരാജിതനായ ദാശാര്‍ഹ വീരനെ പിന്തുടര്‍ന്നു. കുരുരാജ പുരത്തില്‍ കൃഷ്ണനെ കാണുവാനായി ബാലന്മാരും, വൃദ്ധന്മാരും, സ്ത്രീകളുമടക്കം സകലരും രാജവീഥിയിലെത്തി. തറയില്‍ പറ്റി നിന്നും, കയറി നിന്നും, അസംഖ്യം സ്ത്രീകള്‍ കൂടുന്ന ഭാരത്താല്‍ ഭവനങ്ങള്‍ ചലിച്ചു പോയി.

കുരുക്കള്‍ പൂജിക്കുന്നതേറ്റും നല്ല ചൊല്ലുകള്‍ കേട്ടും, അവരെ പ്രതിപൂജിച്ചും. മെല്ലെ രഥത്തെ നടത്തി എല്ലാവരേയും കണ്ടു സന്തുഷ്ടനായി കൃഷ്ണന്‍ യാത്ര ചെയ്തു. സഭയില്‍ വന്നു ചേര്‍ന്ന ഉടനെ കൃഷ്ണന്റെ അനുയായികള്‍ ശംഖു പോലെ മുഴങ്ങുന്ന കാഹളം കൊണ്ടു ദിക്കുകള്‍ മുഴക്കി. തേജസ്വിയായ നൃപന്റെ ആ സദസ്സു സമസ്തവും കൃഷ്ണന്‍ വന്നതു കാണുവാന്‍ ഒട്ടാകെ ഒന്നിളകി. കൃഷ്ണന്‍ വന്നെത്തിയ ഉടനെ രാജാക്കന്മാര്‍ ഇടി വെട്ടുന്നതു പോലുള്ള രഥനിര്‍ഘോഷം കേട്ട്‌ കോള്‍മയിര്‍ കൊണ്ടു. സഭാദ്വാരത്തിൽ എത്തിയപ്പോള്‍ സര്‍വ്വസാത്വത പുംഗവനായ ശൗരി കൈലാസ ശൃംഗ തുല്യമായ തേര്‍വിട്ട്‌ ഇറങ്ങി. പുതുമേഘത്തിനോടു തുല്യമായും, തേജസ്സാല്‍ ഉജ്ജ്വലിച്ചും, ഇന്ദ്രാലയം പോലുള്ള സഭയില്‍ ചെന്നു കയറി. വിദുരന്‍, സാതൃകി ഇവര്‍ ചെന്നു കൈപിടിച്ചവനായ ആ മഹാശയന്‍ അര്‍ക്കന്‍ താരകളെ എന്ന വിധം, ശ്രീ കൊണ്ടു കുരുക്കളെ ജയിച്ചു.

കൃഷ്ണന്റെ മുമ്പില്‍ കര്‍ണ്ണന്‍, ദുര്യോധനന്‍ എന്നിവരും, കൃഷ്ണന്റെ പിന്നിലായി കൃതവര്‍മ്മനും വൃഷ്ണികളും, ധൃതരാഷ്ട്രനെ മുമ്പിലാക്കി ഭീഷ്മദ്രോണാദ്യന്മാരും. എല്ലാവരും ആസനം വിട്ടെഴുന്നേറ്റു മുകുന്ദനെ ആദരിച്ചു. ദാശാര്‍ഹന്‍ വന്നു കയറുന്ന സമയത്ത്‌ പ്രജ്ഞാദൃഷ്ടിയായ നരേശ്വരന്‍, ദ്രോണഭീഷ്മന്മാരോടു കൂടി എഴുന്നേറ്റു. ജനേശ്വരനായ ധൃതരാഷ്ട്ര മഹാരാജാവ് എഴുന്നേറ്റ ഉടനെ ആ രാജസഹ്രസമൊക്കെ ചുറ്റുംഎഴുന്നേറ്റു. പൊന്നണിഞ്ഞതും, സര്‍വ്വതോഭ്രമായിട്ടുള്ളതുമായ ആസനം കൃഷ്ണനായി ധൃതരാഷ്ട്രന്റെ ആജ്ഞപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്‌. മന്നവന്മാരേയും ഭീഷ്മദ്രോണന്മാരേയും നോക്കി കൃഷ്ണന്‍ പുഞ്ചിരിച്ചു കൊണ്ടു സംസാരിച്ചു. ആ ധര്‍മ്മമൂര്‍ത്തി മറ്റു മന്നവന്മാരോടും ഒപ്പം തന്നെ സംസാരിച്ചു. അവിടെ സഭയില്‍ ചെന്ന മുകുന്ദനെ രാജാക്കളും എല്ലാ കൗരവന്മാരും പൂജിച്ചു. ദാശാര്‍ഹന്‍ നൃപമദ്ധത്തില്‍ നിന്നു മേലോട്ടു നോക്കി. വാനത്തു മാമുനികളെ പരന്തപന്‍ ദര്‍ശിച്ചു. നാരദന്‍ മുതലായ മാമുനിമാരെ കണ്ട സമയത്തു ശാന്തനവനായ ഭിഷ്മനോട്‌ യദുത്തമനായ കൃഷ്ണന്‍ പറഞ്ഞു; "രാജാവേ, ഈ രാജസഭ കാണുവാന്‍ മുനിമാര്‍ വന്നിട്ടുണ്ട്‌; അവരെ ക്ഷണിക്കുക. ആസനം നല്കി വലുതായ പൂജ ചെയ്യുക. ആ യോഗ്യരിരിക്കാതെ ആരും ഇരുന്നു കൂടാ. ഉടനെ തന്നെ ആത്മജ്ഞരായ മുനീന്ദ്രന്മാര്‍ക്കും പൂജ നല്കുക".

ഭീഷ്മൻ സഭാദ്വാരത്തില്‍ മുനികളെ കണ്ടു. ഉടനെ ഭൃത്യന്മാരോട്‌ ആസനങ്ങള്‍ കൊണ്ടു വന്നിടുവാന്‍ ആജ്ഞാപിച്ചു. തുടച്ചു നന്നാക്കി വലിയ ശ്രേഷ്ഠാസനങ്ങള്‍, പൊന്മണിമയമായ പല ആസനങ്ങള്‍, കൊണ്ടു വന്ന് ചുറ്റും നിരത്തി. അവര്‍ വരാസനങ്ങളെ സ്വീകരിച്ചു പുജയേറ്റു. അതിനു ശേഷം കൃഷ്ണന്‍ വരാസനത്തില്‍ ഇരുന്നു. ഉടനെ നരേന്ദ്രന്മാരും യഥാസ്ഥാനം അലങ്കരിച്ചു. ദുശ്ശാസനന്‍ സാതൃകിക്ക്‌ ഉത്തമമായ ആസനം നല്കി. കൃതവര്‍മ്മാവിനു സ്വര്‍ണ്ണാസനം വിവിംശതി നല്കി. കര്‍ണ്ണനും ദുര്യോധനനും കൃഷ്ണന്റെ അരികത്തായി ഏകാസനത്തിൽ ഇരുന്നു. ഗാന്ധാര രാജാവായ ശകുനി ഗാന്ധാരന്മാരുടെ രക്ഷയില്‍ പുത്രന്മാരോടു കൂടെ ഇരുന്നു. വെള്ളത്തോല്‍ വിരിച്ച രത്നപീഠത്തില്‍ മഹാദ്യുതിയായ വിദുരന്‍ കൃഷ്ണന്റെ പീഠവും തൊട്ടു കൊണ്ട്‌ ഇരുന്നു. വളരെനേരം ദാശാര്‍ഹനെ നോക്കിക്കൊണ്ടിരുന്ന രാജാക്കന്മാര്‍ അമൃതില്‍ എന്ന പോലെ സംതൃപ്തി വരാതെ വീണ്ടും വീണ്ടും കൃഷ്ണനെ നോക്കിക്കൊണ്ടിരുന്നു. കായാമ്പൂ നിറമായ ദേഹത്തില്‍ മഞ്ഞപ്പട്ടു ചാര്‍ത്തിയ ജനാര്‍ദ്ദനന്‍ പൊന്നിന്‍ പച്ചക്കല്ലു പോലെ സഭാമദ്ധ്യത്തില്‍ വിളങ്ങി. എല്ലാവരും ഗോവിന്ദനില്‍ തന്നെ മനസ്സു വെച്ചു നിശ്ശബ്ദമായി ഇരുന്നു. സഭ പൂര്‍ണ്ണനിശ്ശബ്ദമായി. ഒറ്റ സഭാവാസിയും ആ സഭയില്‍ ഒന്നും സംസാരിക്കാതെ ഇരുന്നു.;

95. ശ്രീകൃഷ്ണവാക്യം - ശ്രീകൃഷ്ണന്റെ പ്രഭാവയുക്തമായ ഭാഷണം - വൈശമ്പായനൻ പറഞ്ഞു: എല്ലാവരും ഇരുന്നതിനു ശേഷം രാജാക്കന്മാര്‍ ആരും തന്നെ ഒന്നും മിണ്ടാതിരിക്കെ, സുദംഷ്ട്രനും ദുന്ദുഭിസ്വരത്തോടു കൂടിയവനുമായ കൃഷ്ണന്‍ പറയുവാന്‍ തുടങ്ങി. വര്‍ഷാരംഭക്കാറിനെ എന്ന പോലെ സഭാവാസികള്‍ ശ്രദ്ധാപൂര്‍വ്വം കൃഷ്ണന്‍ പറയുന്നതിനെ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ധൃതരാഷ്ട്രനെ നോക്കി അദ്ദേഹത്തോടായി കൃഷ്ണന്‍ ഇപ്രകാരം പറയുവാന്‍ തുടങ്ങി..

ശ്രീഭഗവാന്‍ പറഞ്ഞു: ഹേ, വീരനായ രാജാവേ! കുരുക്കള്‍ക്കും പാണ്ഡവന്മാര്‍ക്കും നാശം സംഭവിക്കാതെ ശമമുണ്ടാക്കുവാന്‍ വേണ്ടി ഭവാനോടു യാചിപ്പാനാണ്‌ ഞാന്‍ ഇവിടെ വന്നിരിക്കുന്നത്‌. രാജാവേ, ഭവാന്റെ നന്മയ്ക്കു വേണ്ടി വേറെ പറയേണ്ടതില്ല. എല്ലാവരുടെ നന്മകളും ഇതില്‍ അടങ്ങിയിരിക്കുന്നു. അല്ലയോ അരിന്ദമാ, അറിയേണ്ടുന്നതൊക്കെ അങ്ങേയ്ക്കറിയാമല്ലോ. സര്‍വ്വ രാജാക്കന്മാരുടെ വംശത്തെക്കാളും മീതെയാണ്‌ ഈ വംശം. രാജാവേ, ഭവാന്റെ വംശം. അറിവും വൃത്തിയും ചേര്‍ന്ന്‌ സർവ്വഗുണങ്ങളും തികഞ്ഞതാണ്‌. കൃപ, അനുകമ്പ, കാരുണ്യം, ആനൃശംസ്യത, ആര്‍ജ്ജവം, ക്ഷമ, സതൃം ഇവയെല്ലാം കുരുക്കളില്‍ ഇതരന്മാരെ അപേക്ഷിച്ച്‌ മെച്ചമാണ്‌. രാജാവേ, വലുതായ ഈ കുലം ഇപ്രകാരം ഇരിക്കുമ്പോള്‍ ഭവാന്‍ കാരണം വിശേഷിച്ചും. അതിന് വിപരീതമായി സംഭവിക്കുവാന്‍ പാടില്ല. ഹേ, കുരുത്തമാ, ഭവാനാണല്ലോ കുരുക്കളെയൊക്കെ സംരക്ഷിക്കുന്ന ശ്രേഷ്ഠന്‍! താതാ! ബാഹ്യമായും ആഭ്യന്തരമായും മിഥ്യാചാരങ്ങള്‍ ചെയ്തതിനാല്‍ ഹേ, കൗരവാ. ഭവാന്റെ പുത്രന്മാരായ ദുര്യോധനാദികള്‍ ധര്‍മ്മാര്‍ത്ഥ കര്‍മ്മങ്ങളെയൊക്കെ പുറത്തു നിര്‍ത്തി നൃശംസന്മാരെ പോലെ പ്രവര്‍ത്തിച്ചു വരുന്നു. അശിഷ്ടരായി, മര്യാദ വിട്ടവരായി, ലോഭം കൊണ്ടു ബുദ്ധികെട്ടവരായി, മുഖ്യരായ സ്വബന്ധുക്കളില്‍ പെരുമാറി വരുന്നത്‌ നരര്‍ഷഭനായ ഭവാന്‍ അറിയുന്നുണ്ടല്ലോ. കുരുക്കളില്‍ മുളച്ചുണ്ടായ ഈ ഘോരമായ വിപത്ത്‌ ഭവാന്‍ തടുക്കുന്നില്ലെങ്കില്‍ അതു വളര്‍ന്ന്‌ ഈ ലോകം മുഴുവന്‍ മുടിച്ചു കളയും. കുലനാശത്തില്‍ ഭവാന്‌ ആശയില്ലെങ്കില്‍ ഈ ആപത്തിനെ ഒതുക്കി നിര്‍ത്താം. ശമം അസാദ്ധ്യമല്ല എന്നാണ്‌ എന്റെ പക്ഷം. നിനക്കധീനമായ ശമം എനിക്കും അധീനമാണ്‌. ഹേ കൗരവ്യാ! ഭവാന്‍ ഭവാന്റെ മക്കളെ നിലയ്ക്കു നിര്‍ത്തുക. മറ്റോരെ ഞാനും നിറുത്താം. ഹേ, രാജേന്ദ്ര, ഭവാന്റെ ആജ്ഞ ഭവാന്റെ മക്കള്‍ കേള്‍ക്കണം. ഭവാന്റെ ആജ്ഞപ്രകാരം നിൽക്കുകയാണെങ്കില്‍ അത്‌ ഭവാന്റെ മക്കള്‍ക്കു ഹിതമായി ഭവിക്കും; അത്‌ പാണ്ഡവന്മാര്‍ക്കും ഹിതമായി ഭവിക്കും. ഞാന്‍ ശമത്തിനായി ഉദൃമിക്കുമ്പോള്‍ അതില്‍ അടങ്ങാത്ത മക്കളെ ഭവാന്‍ ശാസിക്കുകയാണെങ്കില്‍ അതു രണ്ടു കൂട്ടര്‍ക്കും ഹിതമായി ഭവിക്കും. ഭാരതന്മാര്‍ രാജാവേ, ഭവാനെ എല്ലായിടത്തും സഹായിക്കുന്നതാണ്‌. ധര്‍മ്മാര്‍ത്ഥങ്ങളില്‍ പാണ്ഡവര്‍ക്കുള്ള രക്ഷയില്‍ ഭവാന്‍ നിൽക്കുക, അങ്ങനെ പാണ്ഡവന്മാരുടെ രക്ഷയില്‍ നിലക്കുന്ന ഭവാനെ ജയിക്കുവാന്‍ ഏതു ഭൂതജാലങ്ങള്‍ യത്നിച്ചാലും പോരില്‍ വെല്ലുവാന്‍ സാദ്ധ്യമല്ല. ദേവന്മാരോടു കൂടിയ ഇന്ദ്രന് കൂടി സാധിക്കയില്ല ഭവാനെ വെല്ലാന്‍. പിന്നെ മറ്റു രാജാക്കന്മാരുടെകഥ പറയുവാനുണ്ടോ?

ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, കര്‍ണ്ണന്‍, വിവിംശതി, വികര്‍ണ്ണന്‍, അശ്വത്ഥാമാവ്‌, ബാല്‍ഹികന്‍, സോമദത്തൻ, സൈന്ധവന്‍, കലിംഗന്‍, കാംബോജന്‍, സുദക്ഷിണന്‍, യുധിഷ്ഠിരന്‍, ഭീമസേനന്‍, അര്‍ജ്ജുനന്‍, യമന്മാര്‍, തേജസ്വിയായ സാത്യകി, യുയുത്സു ഇവരൊക്കെ മഹാരഥന്മാരാണ്‌. ആരാണ്‌ വിപരിതാത്മാക്കളെങ്കില്‍ അവരോട്‌ ഹേ, ഭാരതാ, ഭവാന്‍ ഏറ്റാലും. ലോകൈശ്വര്യവും ഒട്ടേറെ ശത്രുക്കള്‍ക്ക്‌ അധൃഷ്യ ഭാവവും ചേര്‍ന്ന അമിത്രഘ്ന, കുരുപാണ്ഡവന്മാര്‍ ചേര്‍ന്നാല്‍ ഭവാനോട്‌ ഏൽക്കുവാന്‍ ലോകത്തില്‍ ആരും തന്നെ ഉണ്ടാവുകയില്ല. അപ്രകാരമുള്ള ഭവാനോട്‌ തങ്ങള്‍ക്കു കിടക്കാരായ രാജാക്കന്മാരും, മേലെയുള്ള രാജാക്കന്മാരും സന്ധി ചെയ്യുന്നതാണ്‌. അങ്ങനെയുള്ള ഭവാന്‍ പുത്രപൗത്രന്മാരും, പിതൃ ഭ്രാതൃ ജനങ്ങളും, ഇഷ്ടരുമൊക്കെ രക്ഷിക്കുമ്പോള്‍ ചിരകാലം സുഖമായി ജീവിച്ചിരിക്കും. ഇവരെയൊക്കെ മുന്നില്‍ നിര്‍ത്തി മുമ്പത്തെ മട്ടില്‍ തന്നെ സൽക്കരിച്ച്‌ ഈ പാര്‍ത്തട്ടു മുഴുവന്‍ തന്നെ ഭവാന്‍ ഭുജിക്കും. ഇവരെല്ലാവരും ആ പാണ്ഡുപുത്രന്മാരും ചേര്‍ന്ന്‌ മറ്റു വൈരികളെ വെല്ലുക. ഇതൊക്കെ ഭവാന്റെ കാര്യങ്ങളാണ്‌. അവര്‍ നേടിയ ഭൂമിയൊക്കെ ഭവാന്‍ ഭുജിക്കും; അമാതൃന്മാരോടു കൂടിയ പുത്രന്മാരോട്‌ ഭവാന്‍ ചേരുകയേ വേണ്ടൂ.

യുദ്ധത്തെപ്പറ്റി ചിന്തിച്ചു നോക്കു! അതില്‍ ഞാന്‍ വലുതായ ക്ഷയം കാണുന്നു. രണ്ടു പക്ഷവും നശിച്ചിട്ട്‌ എന്തു ധര്‍മ്മമാണ്‌ നരാധിപാ? പോരില്‍ പാണ്ഡവന്മാര്‍ ശക്തന്മാരാണ്‌. മക്കള്‍ചത്തു വീണതില്‍ നിന്നു ലഭിക്കുന്ന സുഖമെന്താണെന്ന്‌ അറിഞ്ഞാല്‍ കൊള്ളാം. പാര്‍ത്ഥന്മാര്‍ ക്രൂരന്മാരാണ്‌. എല്ലാവരും കൃതാര്‍ത്ഥന്മാരാണ്‌, എല്ലാവരും യുദ്ധകാംക്ഷികളുമാണ്‌. നിന്റെ കൂട്ടരും അപ്രകാരം തന്നെയാണ്‌. അവരെ വലിയ ഭയത്തില്‍ നിന്നും ഭവാന്‍ കാത്താലും. കൗരവന്മാരും പാണ്ഡവന്മാരും തമ്മില്‍ പോര്‍ ചെയ്ത്‌ ഇരുപങ്കിലേയും പോരാളികള്‍ വധിക്കപ്പെട്ട്‌ യുദ്ധക്കളത്തില്‍ വീണു കിടക്കും. അങ്ങനെ പോരില്‍ വീണു കിടക്കുന്ന പാണ്ഡവരേയും കൗരവരേയും നമുക്കു കാണേണ്ടാ എന്നാണ്‌ എന്റെ ആഗ്രഹം. ഇങ്ങനെ പരസ്പരം അവര്‍ വെട്ടി സകലരും മരിക്കുന്നതോടു കൂടി തന്നെ വന്നു ചേര്‍ന്ന രാജാക്കന്മാരും അമര്‍ഷവശരായി മുടിയും. സകല പ്രജകളും മുടിയും. രാജാവേ, ലോകത്തെ കാക്കുക, പ്രജകള്‍ നശിക്കാതെ രക്ഷിക്കുക. ഭവാന്‍ പ്രകൃതി കൈക്കൊണ്ടാല്‍ ശേഷം ഹേ കുരുത്തമാ, കാണാം! ശ്രീമാന്മാരായ ശുക്മോദാരന്മാര്‍, ആര്യന്മാര്‍, പുണ്യാഭിജാതികള്‍, അന്യോന്യമിത്രര്‍ ഇങ്ങനെയുള്ള അവരെ ഭയത്തില്‍ ഭവാന്‍ കാത്താലും. ശുഭമായി ഇവിടെ വന്നു ചേര്‍ന്ന ഈ മന്നവന്മാരെല്ലാം ഒത്തു ചേര്‍ന്ന്‌, പരസ്പരം ഒന്നിച്ചുണ്ണുകയും കുടിക്കുകയും ചെയ്ത്‌ അവരവരുടെ ഗൃഹങ്ങളിലേക്കു പൊയ്ക്കൊള്ളട്ടെ. നല്ല വസ്രതങ്ങളും മാലകളും ധരിച്ച്‌ പൂജയേറ്റ്‌ അമര്‍ഷം നീക്കി വൈരം കൈവെടിഞ്ഞ്‌ പരസ്പരം ആശ്ലേഷിച്ചു പിരിയട്ടെ!

പാണ്ഡവന്മാരില്‍ അങ്ങയ്ക്കുള്ള ഇഷ്ടം ഈ മരണം അടുത്ത നാള്‍ മുമ്പത്തെ മട്ടില്‍ തന്നെ ഉണ്ടാകട്ടെ! ഹേ, ഭരതര്‍ഷഭാ! യോജിക്കുക!

ബാല്യത്തില്‍ തന്നെ അച്ഛന്‍ മരിച്ചു പോയ അവരെ പോറ്റിയത്‌ ഭവാനല്ലേ? അവരേയും സ്വന്തം മക്കളേയും ന്യായമായി ഭവാന്‍ പാലിച്ചാലും; നീ കാക്കേണ്ടവരാണ്‌ അവര്‍. വിശേഷിച്ചും വ്യസനങ്ങളില്‍ നീ നോക്കേണ്ടവരാണ്‌. ധര്‍മ്മവും അര്‍ത്ഥവും അങ്ങയ്ക്കു കെട്ടുപോകാതെ ഇരിക്കട്ടെ! പാണ്ഡവന്മാര്‍ ഭവാനെ അഭിവാദ്യം ചെയ്ത്‌ ഉണര്‍ത്തുന്നതു കേട്ടാലും:

രാജാവേ, ഭവാന്റെ ആജ്ഞയാല്‍ ഞങ്ങള്‍ കൂട്ടരോടു കൂടി ദുഃഖങ്ങള്‍ അനുഭവിച്ചു. ഞങ്ങള്‍. പന്ത്രണ്ടു വര്‍ഷം കാട്ടില്‍ കഴിച്ചു. പതിമൂന്നാമത്തെ വര്‍ഷം നാട്ടുകാര്‍ അറിയാതെ നാട്ടിലും വസിച്ചു. ഈ കഷ്ടമൊക്കെ ഞങ്ങള്‍ അനുഭവിച്ചത്‌ അച്ഛന്‍ കരാറു പോലെ ഞങ്ങളില്‍ നിൽക്കും എന്നുള്ള ഉറപ്പിനാലാണ്‌. ഞങ്ങള്‍ കരാറ്‌ തെറ്റിച്ചില്ല. ഹേ താതാ. വിപ്രന്മാര്‍ക്ക്‌ അതു ബോദ്ധ്യമായിട്ടുണ്ട്‌. ആ കരാറു പോലെ നിൽക്കുന്ന ഞങ്ങളില്‍ അച്ഛന്‍ കരാറു പോലെ നിന്നാലും! സ്വരാജ്യത്തിന്റെ അംശം സദാ ക്ലിഷ്ടരായ ഞങ്ങള്‍ ഏൽക്കട്ടെ രാജാവേ! ധര്‍മ്മാര്‍ത്ഥങ്ങള്‍ അറിഞ്ഞ്‌ അങ്ങുന്ന്‌ ഞങ്ങളെ നന്നായി കാത്താലും! ഭവാന്റെ ഗുരുത്വം നോക്കി ഞങ്ങള്‍ ഏറെ ക്ലേശം സഹിക്കുകയാണ്‌. അച്ഛനും അമ്മയുമെന്ന പോലെ ഭവാന്‍ ഞങ്ങളില്‍ നിന്നാലും. ഗുരുശിഷ്യന്മാര്‍ക്കു ചേര്‍ന്ന മുഖ്യമായ വൃത്തി ഭവാനില്‍ ഞങ്ങള്‍ കൈക്കൊള്ളുന്നു. ഭവാന്‍ അതു പോലെയുള്ള മനോഭാവം ഞങ്ങളിലും കൈക്കൊള്ളുക.

മക്കളായ ഞങ്ങള്‍ തെറ്റി നടന്നാല്‍ അച്ഛന്‍ ഞങ്ങളെ നേരെ നടത്തണം. ഞങ്ങളെ ശരിയായ മാര്‍ഗ്ഗത്തില്‍ ഭവാന്‍ നിര്‍ത്തുക. ഭവാന്‍ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ നിൽക്കുക. ഭവാന്റെ മക്കള്‍ ഇതു വലിയ സഭയാണെന്നല്ലേ പറയുന്നത്‌!

ധര്‍മ്മജ്ഞന്മാര്‍ സഭാവാസികളായി നിൽക്കുമ്പോള്‍ അയുക്തം പറയുന്നതു ശരിയല്ല. അധര്‍മ്മത്താല്‍ ധര്‍മ്മവും അസതൃത്താല്‍ സത്യവും എവിടെ വിദ്ധമാകുന്നുവോ, അവിടെ കണ്ടു നിൽക്കുന്ന സദസ്യര്‍ കെട്ടവരായി തീരുന്നു. ഏതു സദസ്സില്‍ ധര്‍മ്മത്തിന് അധര്‍മ്മത്താല്‍ വേധം സംഭവിക്കുന്നുവോ, അവന്റെ ശല്യം ഏതു സദസ്സില്‍ തീര്‍ക്കുന്നില്ലയോ, അവിടെ സഭ്യര്‍ വിദ്ധന്മാരായി ഭവിക്കുന്നു. അങ്ങനെയുള്ള അധാര്‍മ്മികരെ ധര്‍മ്മം പുഴവക്കില്‍ നിലക്കുന്ന വൃക്ഷങ്ങളെ ഒഴുക്ക്‌ എന്ന പോലെ വീഴ്ത്തുന്നതാണ്‌. ധര്‍മ്മത്തെ തന്നെ കണ്ടു കൊണ്ടും. ഒന്നും മിണ്ടാതെ ഇരിക്കുന്നവരുണ്ട്‌. അവര്‍ ധർമ്മ്യവും ന്യായവുമായ സത്യമാണു വ്യക്തമാക്കേണ്ടത്‌.

മറ്റെന്തുണ്ട്‌ ഭവാനു പറയുവാന്‍ , ദാനം ചെയ്യുക എന്നുള്ളതു മാത്രമല്ലാതെ! സഭയില്‍ ചുറ്റുമിരിക്കുന്ന രാജാക്കന്മാര്‍ ഇതിന്റെ ന്യായാന്യായത്തെ പറയട്ടെ! ധര്‍മ്മാര്‍ത്ഥങ്ങളെ നോക്കി സത്യമാണു ഞാന്‍ പറഞ്ഞതെങ്കില്‍, മൃത്യുപാശത്തില്‍ നിന്നു ക്ഷത്രിയന്മാരെ ഭവാന്‍ വിടര്‍ത്തുക. ഹേ ഭാരതശ്രേഷ്ഠാ, ശമിച്ചാലും. മഹാദുഃഖത്തിന്റെ പാട്ടിലാകരുതേ!! പിതാവിന്റെ സ്വത്തിന്റെ അംശം അവര്‍ക്കു വേണ്ടവണ്ണം നല്കി കൃതാര്‍ത്ഥനായി മക്കളോടു കൂടി സുഖമായി ജീവിക്കുക.

അജാതശത്രു ധര്‍മ്മനിഷ്ഠനാണെന്നു ഭവാന്‍ അറിയുന്നില്ലേ? സപുത്രനായ ഭവാനില്‍ അവന് ഉള്ള വൃത്തിയേയും അറിയുന്നില്ലേ? തീ വെച്ചു ചുട്ടിട്ടും തള്ളിവിട്ടിട്ടും അവര്‍ നിന്നെ തന്നെ ആശ്രയിക്കുകയാണ്‌. മക്കളോടൊത്ത്‌ ഭവാന്‍ അവനെ ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചു. അവന്‍ അവിടെപ്പാര്‍ത്തിട്ടും, രാജാക്കന്മാരെ കീഴടക്കി, അവരെയെല്ലാം ഭവാന്റെ പാട്ടിലാക്കി. അവര്‍ ഭവാനെ തെറ്റി ഒരിക്കലും നടന്നിട്ടില്ല. അവര്‍ അപ്രകാരം നിന്നിട്ടും അവരുടെ രാഷ്ട്രവും ധനധാന്യങ്ങളും ഹരിക്കുവാന്‍ വിചാരിച്ച ശകുനിയാല്‍ വലിയ ഒരു ചതിയില്‍ അവരെ കുടുക്കി. ആ അവസ്ഥയില്‍ പെട്ടിട്ടും സദസ്സില്‍ കൃഷ്ണയെ കണ്ടിട്ടും അമേയാത്മാവായ യുധിഷ്ഠിരന്‍ ക്ഷത്രധര്‍മ്മത്തില്‍ നിന്നു ചലിക്കുക ഉണ്ടായില്ല.

ഞാന്‍ അങ്ങയ്ക്കും അവര്‍ക്കും ശ്രേയസ്തിനായി ഇച്ഛിക്കുകയാണ്‌. ധര്‍മ്മം, അര്‍ത്ഥം, സുഖം എന്നിവയെ ഓടിച്ച്‌, അനര്‍ത്ഥത്തെ അര്‍ത്ഥമാണെന്നു വിചാരിച്ച്‌, അര്‍ത്ഥം അനര്‍ത്ഥമാണെന്നു ഭ്രമിച്ച്‌ ഭവാന്‍ നാടു മുടിക്കരുത്‌. ലോഭത്തില്‍ ചാടുന്ന പുത്രന്മാരെ ഭവാന്‍ തടഞ്ഞാലും. അരിന്ദമരായ പാര്‍ത്ഥന്മാരാണെങ്കില്‍ ശുശ്രൂഷയ്ക്കോ അഥവാ യുദ്ധത്തിനോ ഏതിനും തയ്യാറായി നിൽക്കുകയാണ്‌. ഭവാന്‍ ഈ പറഞ്ഞ രണ്ടു കാര്യത്തില്‍ ഏറ്റവും താല്‍പര്യം ഏതിലാണോ അതില്‍ ഉറച്ചു നിൽക്കുക!

വൈശമ്പായനൻ പറഞ്ഞു; ഭഗവാന്‍ പറഞ്ഞ ആ വാക്കുകളെ രാജാക്കന്മാരൊക്കെ ഹൃദയം കൊണ്ട്‌ അഭിനനിച്ചു. എന്നാൽ മുന്നോട്ടു വന്ന് പറയുവാനായി ആരും മുതിര്‍ന്നില്ല.

96. ദംഭോത്ഭവോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: മഹാത്മാവായ കേശവന്‍ പറഞ്ഞ വാക്കുകള്‍ കേട്ട്‌ സ്തംഭിച്ച്‌ രോമാഞ്ചമണിഞ്ഞു സദസ്യരൊക്കെ ഇരുന്നു. ഇവരിലാരും ഇതിന് ഉത്തരം പറയുവാന്‍ നോക്കുന്നില്ലല്ലോ എന്നു രാജാക്കന്മാരെല്ലാവരും ഉള്ളു കൊണ്ടു വിചാരിച്ചു. അപ്രകാരം ആ രാജാക്കന്മാരെല്ലാം മിണ്ടാതെ സ്തംഭിച്ചിരിക്കുമ്പോള്‍ ജാമദഗ്ന്യന്‍ (പരശുരാമന്‍) ആ കുരുസദസ്സില്‍ ഇപ്രകാരം പറഞ്ഞു: "ദൃഷ്ടാന്തത്തോടു കൂടി ഞാന്‍ ചിലതു പറയാം. നിങ്ങള്‍ അതു ശങ്ക കൂടാതെ കേട്ടാലും. നന്നെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതിലെ നന്മയെ കൈക്കൊള്ളുക".

പണ്ടു സാര്‍വ്വഭാമനായി ദംഭോത്ഭവന്‍ എന്ന രാജാധിരാജനുണ്ടായി. എല്ലാ ഭൂമിയും അവന്‍ കീഴടക്കി ഭരിച്ചു എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്‌.

മഹാരഥനായ അവന്‍ ദിവസേന പ്രഭാതത്തില്‍ എഴുന്നേറ്റ്‌ ബ്രാഹ്മണരോടും ക്ഷത്രിയരോടും ചോദ്യം ചെയ്യും. "ഹേ, ബ്രാഹ്മണരേ, ഈ ലോകത്തില്‍ എന്നെ പോലെയോ, എന്നെക്കാള്‍ മീതെയായോ പോരിന് യോഗ്യരായി ആരെങ്കിലും ഇന്നു ജിവിച്ചിരിപ്പുണ്ടോ? ശൂദ്രനോ, വൈശ്യനോ, ക്ഷ്രതിയനോ, വിപ്രനോ ഉണ്ടോ ശസ്ത്രം ഏന്തുന്നവനായിട്ട്‌? ഇപ്രകാരം പറഞ്ഞ്‌ മന്നില്‍ ഒട്ടുക്കും രാജാവു സഞ്ചരിച്ചു. ഗര്‍വ്വു കൊണ്ട്‌ ഏറ്റവും മദം കൊണ്ടവനായ അവന്‍ ഒരാളേയും വകവെച്ചില്ല. വിദ്വാന്മാരും അകൃപണരുമായ വിപ്രന്മാര്‍, ആരിലും ഭയമില്ലാത്തവര്‍, ആത്മപ്രശംസ ചെയ്യുന്ന ആ രാജാവിനെ തടുത്തു. അപ്പോള്‍ തടുത്ത ആ വിപ്രരോട്‌ അവന്‍ പലപാടു ചോദിച്ചു. അതിമാനിയും ശ്രീമദാന്ധനുമായ അവനോട്‌ തപസ്വികളും മഹാത്മാക്കളും വേദവിശ്വാസികളും ആത്മപ്രശംസകനായ ആ രാജാവിനോട്‌ കത്തുന്ന ക്രോധത്തോടെ പറഞ്ഞു: "വടക്ക്‌ അനേകം പേരെ ജയിച്ചവരായ രണ്ടു പുരുഷോത്തമന്മാരുണ്ട്‌. അവരോട്‌ ഒരിക്കലും നീ തുല്യനല്ല".

ഇപ്രകാരം ആ ദ്വിജന്മാര്‍ പറഞ്ഞതു കേട്ടപ്പോള്‍ ആ രാജാവു വീണ്ടും ചോദിച്ചു: "ആ വീരന്മാര്‍ എവിടെ പിറന്നവരാണ്‌? അവരുടെ തൊഴിലെന്താണ്‌?". ബ്രാഹ്മണര്‍ പറഞ്ഞു: "നരന്‍, നാരായണന്‍ ഇങ്ങനെ രണ്ടു പുരുഷന്മാര്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നു കേള്‍ക്കുന്നു. അവരുമായി രാജാവേ, ഭവാന്‍ പൊരുതിയാലും. അവര്‍ നരനാരായണര്‍ഷികൾ ആണെന്നു കേള്‍ക്കുന്നുണ്ട്‌. പറഞ്ഞറിയിക്കുവാന്‍ കഴിയാത്തത്ര ഭയങ്കരമായ തപസ്സ്‌ അവര്‍ ഗന്ധമാദനത്തില്‍ ചെയ്യുന്നുണ്ട്‌". ഇതു കേട്ടപ്പോള്‍ രാജാവ്‌ ആറംഗങ്ങളോടു കൂടിയ പടയോടു കൂടി ഉടനെ യാത്രയായി. തോല്‍വി പറ്റാത്ത അവര്‍ അധിവസിക്കുന്ന ഇടം നോക്കി യാത്ര തുടര്‍ന്നു. വിഷമവും ഘോരവുമായ ഗന്ധമാദന പര്‍വ്വതത്തിൽ എത്തിയ അവന്‍ തിരഞ്ഞു കാട്ടില്‍ തപസ്സു ചെയ്യുന്ന അവരെ കണ്ടെത്തി.

ആ താപസ്സേന്ദ്രന്മാര്‍ പൈദാഹമേറ്റു ഞരമ്പു പൊങ്ങി, മെലിഞ്ഞ്‌ വെയിലും മഞ്ഞും കാറ്റുമേറ്റ്‌ വാടിത്തളര്‍ന്ന മട്ടില്‍ കണ്ടു. അവന്‍ അടുത്തു ചെന്ന്‌ അവരെ വന്ദിച്ചു കുശലം ചോദിച്ചു. ഫലമൂലങ്ങള്‍, പീഠം, വെള്ളം ഇവയാല്‍ അര്‍ച്ചിച്ചതിന് ശേഷം ആ രാജാവിനോട്‌ മഹര്‍ഷിമാര്‍ ചോദിച്ചു; "ഞങ്ങള്‍ ഭവാന്‌ എന്തു കാര്യം ചെയ്യണം? പറഞ്ഞാലും!". ഇതുകേട്ട്‌ അവന്‍ ആദ്യത്തെ സമ്പ്രദായം വിടാതെ തന്നെ അവരോടു പറഞ്ഞു: "ഈ ഭൂമിയൊക്കെ എന്റെ ഈ കൈ കൊണ്ടു ഞാന്‍ ജയിച്ച്‌ സകല ശത്രുക്കളേയും ഞാന്‍ കൊന്നു കളയും. ഇപ്പോള്‍ നിങ്ങളോടു പൊരുതാൻ ആഗ്രഹിച്ചാണു ഞാന്‍ ഈ പര്‍വ്വതത്തില്‍ വന്നിരിക്കുന്നത്‌. ഏറെ നാളായി കൊതിച്ചിരുന്ന ഈ ആതിഥ്യം നിങ്ങള്‍ എനിക്കു നല്കണം".

നരനാരായണന്മാര്‍ പറഞ്ഞു: ഹേ രാജ്യസത്തമാ, ഈ ആശ്രമം ക്രോധലോഭങ്ങള്‍ വിട്ടതാണ്‌. ഈ ആശ്രമത്തില്‍ യുദ്ധം പാടില്ല. ശസ്ത്രമെവിടെ? അവക്രതയെവിടെ? മറ്റു വല്ലേടവും യുദ്ധത്തിന് മാര്‍ഗ്ഗമുണ്ടോ എന്നന്വേഷിക്കുക! ധാരാളം രാജാക്കന്മാര്‍ ഭൂമിയിലുണ്ടല്ലോ!

രാമന്‍ പറഞ്ഞു: ഇപ്രകാരം ആ നരനാരായണന്മാര്‍ പറഞ്ഞപ്പോള്‍ ദംഭോത്ഭവന്‍ ആ മുനിമാരെ സാന്ത്വനം ചെയ്തു ക്ഷമിപ്പിച്ച്‌ പോരിന് തന്നെ നിശ്ചയിച്ച്‌ ആ മുനീന്ദ്രരെ വിളിച്ചു. അപ്പോള്‍ നരന്‍ ഇഷീകപ്പുല്ല്‌ ഒരു പിടിയെടുത്തു പറഞ്ഞു: "വരൂ, പോരിന് ആഗ്രഹിക്കുന്ന രാജാവേ, വരൂ, പൊരുതൂ! ഇനി മേലില്‍ നിനക്ക്‌ യുദ്ധക്കൊതി ഉണ്ടാവുകയില്ല. അത്തരത്തില്‍ നിന്നെ ഞാന്‍ ആക്കിത്തരും. ശസ്ത്രങ്ങളൊക്കെ എടുത്തോളു. പടകുട്ടിക്കോളൂ".

ദംഭോത്ഭവന്‍ പറഞ്ഞു: നമ്മോട്‌ ഈ അസ്ത്രം മതിയെന്നാണു ഭാവമെങ്കില്‍ ഹേ താപസാ, ഇതു കൊണ്ടും നിന്നോട്‌ ഏൽക്കുന്നു. പോരിന്നാശിച്ചാണു ഞാന്‍ വന്നത്‌.

രാമന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ആ രാജാവ്‌ ശരവര്‍ഷം തൂകി. ആ മുനിയെ തന്റെ പടയോടു കൂടി ആക്രമിച്ചു. ശത്രുക്കളുടെ ദേഹം പിളര്‍ക്കുന്ന അവന്റെ ശരമൊക്കെ നിസ്സാരമാക്കിക്കൊണ്ട്‌ മുനി ഇഷീകപ്പുല്ലു കൊണ്ട്‌ എയ്ത്തു തുടങ്ങി. ഇഷീകപ്പുല്ലു കൊണ്ട്‌ എയ്തിട്ടും തോല്‍വിപറ്റാത്ത അവന്‍ പ്രതൃസ്ത്രം വിടാത്തത്‌ ഒരു അത്ഭുതമായി തീര്‍ന്നു. ആ ദംഭോത്ഭവന്റെ കണ്ണ്, കാത്‌, മൂക്ക്‌ ഇവയൊക്കെ മായയാല്‍ ലക്ഷൃത്തിലെത്തിക്കുന്ന മുനി, ഇഷീക കൊണ്ടു മൂടി. ഇഷീകം തിങ്ങിയതു മൂലം ആകാശം വെണ്മയായി കണ്ടപ്പോള്‍ രാജാവ്‌ മുനിയുടെ കാല്ക്കല്‍ വീണു: "എനിക്കു സ്വസ്തി" എന്ന് ഉണര്‍ത്തി.;

ഭീതനായി കാല്ക്കല്‍ വീണ രാജാവിനോടു നരന്‍ പറഞ്ഞു; ബ്രാഹ്മണ്യനാവുക. ധര്‍മ്മാത്മാവാകുക. ഇനി ഇത്തരത്തില്‍ ആകരുത്‌, ഇപ്രകാരം ആകരുതു രാജാവേ. ക്ഷത്രധര്‍മ്മം നിനയ്ക്കുന്നവരാരും മനസ്സു കൊണ്ടു പോലും ഏറ്റവും ശത്രുജിതനായ രാജാവായാലും കൂടി ഗര്‍വ്വാന്ധനായി ആരെയും ഒരിക്കലും നിന്ദിക്കരുത്‌. താഴ്ന്നവനേയും ശ്രേഷ്ഠനേയും നിന്ദിക്കരുത്‌. പ്രജ്ഞയാര്‍ന്നവനും ലോഭമറ്റവനും ഗര്‍വ്വ്‌ ഒഴിഞ്ഞവനും ആത്മവാനും സരമ്യനും ദാന്തനും മൃദുശിലനും ക്ഷാന്തനുമായി ഭവാന്‍ ലോകരെ രക്ഷിക്കുക. ബലാബലം അറിയാതെ ആരേയും ധിക്കരിക്കരുത്‌. ഞാന്‍ സമ്മതിക്കുന്നു. സ്വസ്തി! പോയാലും! മേലാല്‍ ഇപ്രകാരം ചെയ്യരുത്‌. വേഗത്തില്‍ പോയി വിപ്രന്മാരില്‍ ഞങ്ങള്‍ കുശലം അന്വേഷിച്ചതായി പറയുക.;

രാജാവ്‌ പിന്നെ ആ മഹാത്മാക്കളുടെ കാല്ക്കല്‍ വന്ദിച്ച്‌ തന്റെ പുരത്തില്‍ തിരിച്ചെത്തി ധര്‍മ്മാനുഷ്ഠാനത്തില്‍ തല്‍പരനായി വര്‍ത്തിച്ചു.

പണ്ട്‌ ആ നരന്‍ ചെയ്ത കര്‍മ്മം ഏറ്റവും മഹത്താണ്‌. അതിലും ഗുണമേറുന്നവനാണ്‌ നാരായണന്‍. അതു കൊണ്ട്‌ ഗാണ്ഡീവം വില്ലില്‍ എപ്പോള്‍ അസ്ത്രം തൊടുക്കുന്നുവോ അതിനു മുമ്പായി അര്‍ജ്ജുനനുമായി മാനമൊക്കെ നീക്കി വച്ചു തമ്മില്‍ ചേരുക.:

കാകുദികം, ശുകം, നാകം, അക്ഷിസന്തര്‍ജ്ജനം, സന്താനം, നര്‍ത്തകം, ഘോരം, ആസ്യമോദകം ഇങ്ങനെ എട്ടാണ്‌ ശരങ്ങള്‍. ഇവയേറ്റാല്‍ ഏതു മനുഷ്യരും മരിക്കും. കാമം, ക്രോധം, ലോഭം, മോഹം, മദം, മാനം, മാത്സര്യം, അഹങ്കാരം ഇവയില്‍ ക്രമേണ പെട്ട്‌ ഉന്മത്തരായി, ബോധം പോയി, കരള്‍ കെട്ടവര്‍ കിടന്നു കറങ്ങും. കിടക്കും, ഉരുളും, ഛര്‍ദ്ദിക്കും, എപ്പോഴും മുത്രം വീഴ്ത്തും, കരയും, ചിരിക്കും. ഇതൊക്കെ അര്‍ജ്ജുനനെ കണ്ടാല്‍ യോദ്ധാക്കള്‍ക്ക് ഉണ്ടാകും. നാരായണ ബന്ധുവായ അര്‍ജ്ജ്ജുനന്‍ യുദ്ധത്തില്‍ ദുസ്സഹനാണ്‌. മൂന്നു ലോകത്തിലും നോക്കിയാല്‍ അവനെ ജയിക്കുവാന്‍ ആരുണ്ട്‌; കപിദ്ധ്വജനായ ജിഷ്ണുവീരന്‍ പോരില്‍ കിടയ്ക്ക്‌ ആരുമില്ല. പാര്‍ത്ഥന് അനവധി ഗുണങ്ങളുണ്ട്‌. ആ ഗുണങ്ങളില്‍ മെച്ചം കൂടിയത്‌ കൃഷ്ണനിലാണ്‌. കൗന്തേയനായ അര്‍ജ്ജുനനെ ഭവാന്‍ വീണ്ടും അറിയും. ഞാന്‍ പറഞ്ഞ നരനാരായണന്മാരാണ്‌ അര്‍ജ്ജുനനും കൃഷ്ണനും. വീരന്മാരായ പുരുഷോത്തമന്മാര്‍ ആരാണെന്നു മനസ്സിലായില്ലേ. ഇതങ്ങുന്ന്‌ അറിയുന്നതായാല്‍ നന്ന്‌. ദുശ്ശങ്ക വേണ്ട. സല്‍ബുദ്ധിയോടു കൂടി പാര്‍ത്ഥന്മാരോട്‌ ഇണങ്ങുക.

ഛിദ്രം നമുക്ക്‌ ശ്രേയസ്സല്ലെന്നു കാണുന്നുണ്ടെങ്കില്‍ ഹേ, ഭാരതശ്രേഷ്ഠാ! ശമിക്കുക. യുദ്ധത്തിന്‌ ഒരുങ്ങരുത്‌. ലോകത്തില്‍ ഏറ്റവും സമ്മതമായിട്ടുള്ളതാണ്‌ നിങ്ങളുടെ വംശം. അത്‌ അങ്ങനെ തന്നെ മാറ്റം കൂടാതെ നിൽക്കട്ടെ! ശുഭമാകട്ടെ! സ്വകീയമായ കാര്യം മാത്രം നീ നിനയ്‌ക്കുക!

97. മാതലിവരാന്വേഷണം - വൈശമ്പായനൻ പറഞ്ഞു: ജാമദഗ്ന്യന്‍ പറഞ്ഞതു കേട്ടപ്പോള്‍ ഭഗവാനായ കണ്വമഹര്‍ഷിയും കുരുസഭയില്‍ വച്ച്‌ ദുര്യോധനനോടു പറഞ്ഞു.

കണ്വന്‍ പറഞ്ഞു: ജഗത് പിതാമഹനും ദേവനുമായ ബ്രഹ്മാവ്‌ അക്ഷയനും അവ്യയനുമാണ്‌. അപ്രകാരം തന്നെ ഭഗവാന്മാരാണ്‌ നരനാരായണര്‍ഷികള്‍. ആദിതൃന്മാരില്‍ വച്ച്‌ സനാതനനായ ഏകന്‍ വിഷ്ണുവാണല്ലോ. അജയ്യനും അവ്യയനും ശാശ്വതനും പ്രഭുവും ഈശ്വരനുമാണ്‌ അവന്‍. നാശമുള്ളവരാണു മറ്റുള്ളവര്‍. ചന്ദ്രാര്‍ക്കന്മാര്‍, മഹി, ജലം, അഗ്നി വായുക്കള്‍, ആകാശം, ഗ്രഹതാരാഗണങ്ങള്‍ ഇവയൊക്കെയും ലോകക്ഷയത്തില്‍ മൂന്നു ലോകത്തേയും കൈവിട്ട്‌, ഏവരും നശിക്കുകയും ഉണ്ടാവുകയും ചെയ്യുന്നു. മുഹൂര്‍ത്ത മൃത്യുക്കളായ ചില മനുഷ്യരും മൃഗങ്ങളും പക്ഷികളും തിര്യക് യോനികളും മറ്റു ജീവലോകചരങ്ങളും അപ്രകാരം തന്നെ. രാജാക്കന്മാര്‍ ശ്രീ അറ്റ്‌ ആയുസ്സ്‌ അറുമ്പോള്‍ ചെറുപ്പത്തില്‍ തന്നെ പുണ്യപാപങ്ങളേല്‍ക്കുവാന്‍ ചെല്ലും. അതു കൊണ്ട്‌ ഭവാന്‍ ക്ഷത്രധര്‍മ്മമോര്‍ത്തു ശമം ചെയ്യണം. പാരിടം പാണ്ഡവന്മാരും കുരുക്കളും ഭരിക്കട്ടെ! ഞാന്‍ ബലവാനാണ്‌ എന്ന് സുയോധനാ, നീ വിചാരിക്കരുത്‌. ബലിഷ്ഠന്മാരില്‍ ബലികളെ കാണുന്നുണ്ട്‌. ബലികളില്‍ ബലമായതു ബലമല്ല കൗരവാ! ദേവവിക്രമന്മാരായ പാണ്ഡവന്മാര്‍ ബലിഷ്ഠരല്ലേ; ഇതിന് ഉദാഹരണമായി പറയാറുള്ള ഒരുപഴങ്കഥ പറയാം. കനൃകയ്ക്കു വേണ്ടി വരനെ അന്വേഷിച്ച മാതലിയുടെ കഥയാണ്‌.

ത്രൈലോക്യനാഥനന് ഇഷ്ടസാരഥിയായ മാതലിക്ക്‌ അഴകില്‍ പേരു കേട്ടവളായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ദേവരൂപിണിയായ അവളുടെ നാമം ഗുണകേശി എന്നായിരുന്നു. അന്യസ്ത്രീകളേക്കാള്‍ അവള്‍ ശ്രീയും ശരീര സൗന്ദര്യവും ഉള്ളവളാണ്‌. അവളുടെ വിവാഹകാലം ആയപ്പോള്‍ ഭാര്യയോടു കൂടി മാതലി വരനെ ആലോചന നടത്തി. ലഘുശീലന്മാരും ഉയര്‍ന്ന യശസ്വികളും മൃദുസത്വന്മാരുമായ നരന്മാരുടെ കുലത്തില്‍ കന്യകയുടെ ഉത്ഭവം മോശം തന്നെ. മാത്യവംശവും പിതൃവം ശവും കനൃകയെ കൊടുക്കുന്ന വംശവും ഈ മൂന്നു കുലത്തേയും സത്തുക്കളുടെ കനൃക കഷ്ടത്തിലാക്കുന്നു! ദേവമാനുഷ വംശങ്ങള്‍ രണ്ടും മാനുഷദൃഷ്ടിയില്‍ വരനെ തെളിഞ്ഞു കണ്ടില്ല. ഞാന്‍ ഇറങ്ങിയന്വേഷിച്ചു നോക്കി.

ദേവന്മാരെ, ദൈതൃന്മാരെ, ഗന്ധര്‍വ്വന്മാരെ, മനുഷ്യരെ, മാമുനിമാരെ, ഇവരെയൊക്കെ വരനാക്കാന്‍ അന്വേഷണം നടത്തിയെങ്കിലും ബോദ്ധ്യപ്പെട്ടില്ല. രാത്രിയില്‍ "സുധര്‍മ്മ" എന്നു പേരായ തന്റെ ഭാര്യയുമൊത്ത്‌ മാതലി മന്ത്രിച്ചു. അങ്ങനെ നാഗലോകത്തു പോകാനായി മാതലി തീരുമാനിച്ചു. ഗുണകേശിക്കു ചേരുന്ന വരനെ ദേവമര്‍ത്ത്യരില്‍ ആരേയും കാണുകയുണ്ടായില്ല. നാഗങ്ങളില്‍ കണ്ടുമുട്ടിയെന്നു വരാം എന്ന് സുധര്‍മ്മയോടുപറഞ്ഞ്‌ കന്യകയെ വലംവച്ചു ശിരസ്സില്‍ ഘ്രാണനം ചെയ്ത്‌ മഹീതലത്തിലേക്ക് ഇറങ്ങി.

98. മാതലിവരാന്വേഷണം - വരുണലോകം - കണ്വന്‍ പറഞ്ഞു: പോകുന്ന വഴിക്ക്‌ നാരദഭഗവാനെ മാതലി യദുച്ഛയാ കണ്ടുമുട്ടി. ആ ഋഷിപുംഗവന്‍ വരുണനെ കാണുവാന്‍ പോവുകയായിരുന്നു. നാരദന്‍ മാതലിയോട്‌: "ഭവാന്‍ എങ്ങോട്ടു പോകുന്നു? സ്വന്തം കാര്യത്തിനോ അതോ ശക്രന്റെ ശാസന നിര്‍വ്വഹിക്കുവാന്‍ സൂതകാര്യമായിട്ടോ പുറപ്പെട്ടിരിക്കുന്നത്‌".

ഇപ്രകാരം യാത്രാകാര്യം ചോദിച്ച നാരദനോടു മാതലി തന്റെ യാത്രോദ്ദേശങ്ങളെല്ലാം പറഞ്ഞു. അതു കേട്ടപ്പോള്‍ മുനിപറഞ്ഞു; ഹേ, മാതലേ, നമുക്ക്‌ ഒന്നിച്ചു പോകാം. ഞാനും വരുണനെ കാണുവാന്‍ വാനില്‍ നിന്ന്‌ ഇറങ്ങിയതാണ്‌. ഞാന്‍ ഭൂമിയില്‍ എല്ലാം കാണിച്ചു തന്ന്‌ നിന്നോട്‌ എല്ലാം വിവരിച്ചു പഞ്ഞ തരാം. ഭവാനു വരനെ കണ്ടു തെരഞ്ഞെടുക്കുകയും ചെയ്യാം.

അങ്ങനെ അവര്‍ രണ്ടുപേരും ഭൂമിയില്‍ ഇറങ്ങി. മഹാത്മാക്കളായ നാരദനും മാതലിയും ചെന്നു വരുണനെ കണ്ടു. നാരദന്‍ ദേവര്‍ഷിക്കു ചേര്‍ന്ന പൂജയേറ്റു. മാതലി മഹേന്ദ്രന് ചേര്‍ന്ന സല്ക്കാരവും സ്വീകരിച്ചു. രണ്ടുപേരും കാര്യാര്‍ത്ഥമായി വന്നതാണെന്നു ജലേശ്വരനോടു പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ സമ്മതത്തോടെ അവര്‍ നാഗലോകത്തു ചുറ്റി നടന്നു. നാരദന്‍ ഭൂമിയുടെ ഉള്ളില്‍ അധിവസിക്കുന്ന എല്ലാ ഭൂതങ്ങളുടെയും തത്വങ്ങള്‍ സൂതനോട് പറഞ്ഞു.

നാരദന്‍ പറഞ്ഞു: ഹേ, സൂതപുത്രാ! ഭവാന്‍ പുത്രപൗത്രന്മാരോടു കൂടിയ ജലേശനെ കണ്ടുവല്ലോ. സമൃദ്ധവും സര്‍വ്വതോഭദ്രവുമായ ജലേശ്വരന്റെ മന്ദിരം ഭവാന്‍ കണ്ടാലും. ഗോനാഥനായ വരുണന്റെ മഹാപ്രാജ്ഞനായ പുത്രനാണ്‌ ഈ നിൽക്കുന്നവ൯. പുഷ്കരേക്ഷണനായ ഈ പുഷ്കരന്‍ വരുണന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രനാണ്‌. രൂപവാനും ദര്‍ശനീയാംഗനും സോമപുത്രിയുടെ വല്ലഭനുമാണ്‌ ഇവന്‍. സോമപുത്രിക്കു ജ്യോല്‍സ്ന എന്നും കാളി എന്നും പേരുണ്ട്‌. അവള്‍ അഴകില്‍ രണ്ടാമത്തെ ശ്രീഭഗവതി ആണെന്നു തോനും. അവളുടെ കാന്തനാണ്‌ ഈ പുഷ്കരന്‍. അദിതിയുടെ ജേൃഷ്ഠപുത്രനായ ഇവന്‍ ഏറ്റവും ശ്രേഷ്ഠനായ വരനാണ്‌.

വരുണന്റെ പൊന്മയമായ ഭവനം ഭവാന്‍ കണ്ടാലും. സുരന്മാര്‍ ഇതിനെ നേടിയതു കൊണ്ടാണു സുരന്മാരായതു തന്നെ. ഇതു ദൈതൃന്മാരുടെ കൈവശത്തിലായിരുന്നു. ദേവന്മാര്‍ അതു കീഴടക്കിയതാണ്‌. അവിടെ സര്‍വ്വ ആയുധങ്ങളും ശോഭയോടെ സ്ഥിതി ചെയ്യുന്നുണ്ട്‌. അവയൊക്കെ അക്ഷങ്ങളായി തന്നെ നിൽക്കുന്നു. ഒരു കാലത്ത്‌ അവ കൊണ്ടു ദേവന്മാര്‍ അസുരന്മാരെ ജയിച്ചിട്ടുള്ളവരാണ്‌. രാക്ഷസജാത്യങ്ങളായും ദൈതൃജാത്യങ്ങളായും പല ദിവ്യായുധങ്ങള്‍, ദൈതൃന്‌ വിട്ടയച്ചവ ഇവിടെ കാണുന്നുണ്ട്‌.

ശോഭയോടു കൂടി യ അഗ്നി ഇതാ വരുണ ഹൃദയത്തില്‍ നില്‍ക്കുന്നു. പുകയറ്റ അഗ്നിയോടു കൂടി വിട്ടയച്ച വൈഷ്ണവചക്രമാണ്‌ ഇത്‌. ഗാണ്ഡീവമയമായ ചാപം. ( ഗാണ്ഡീവമയം - ഗ്രന്ധിയോടു കൂടിയത്‌. ഗാണ്ഡീവം എന്ന ചാപം സോമന്‍ വരുണന് നല്കി. വരുണന്‍ പിന്നെ അഗ്നിക്കു നല്കി. അഗ്നി അര്‍ജ്ജുനനും നല്കി ).

ലോക സംഹാര കല്പിതമായ ചാപം, ഇതാ കാണുന്നു. ഈ ചാപത്തെ നിത്യവും ദേവന്മാര്‍ സംരക്ഷിക്കുന്നു. ഇതാണ്‌ പ്രസിദ്ധമായ ഗാണ്ഡീവം എന്ന വില്ല്‌. വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ അതാതിന്നനുസരിച്ച ബലം അതു സമാര്‍ജ്ജിക്കും. ആയിരം നൂറു പ്രാണബലമുള്ള ഈ ചാപം എപ്പോഴും ദൃഢമായിരിക്കുന്നു. രാജാക്കന്മാര്‍ക്ക്‌ ആശരവൃത്തിയില്‍ ഈ ചാപം ആശാസ്യന്മാരെ കൂടി ശാസിക്കുന്നതാണ്‌. ഭീഷണമായ ഈ ചാപത്തെ ആദ്യമായി ബ്രഹ്മാവു സൃഷ്ടിച്ചതാണ്‌. രാജാക്കന്മാര്‍ക്ക്‌ ഏറ്റവും മഹത്തായിട്ടുള്ളതാണ്‌ ഇത്‌, എന്ന് ഇന്ദ്രന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ജലരാജാവിന്റെ പുത്രന്മാര്‍ താങ്ങുന്നതായ മഹോദയം ഇതാ ശോഭിക്കുന്നു. ജലേശന്റെ ഉത്തമമായ ഈ ഛത്രം ഛത്രഗൃഹത്തില്‍ നില്‍ക്കുന്നു. ഇതു ചുറ്റും കുളുര്‍ ജലത്തെ മേഘം പോലെ വര്‍ഷിക്കുന്നു. ഛത്രത്തില്‍ നിന്നു സോമനിര്‍മ്മലമായ ജലം ഊര്‍ന്നു വീണു കൊണ്ടിരിക്കുന്നു. മൂടല്‍ ബാധിച്ച പോലെ, കാഴ്ച കാണാത്ത മട്ടില്‍ ഇതു ശോഭിക്കുന്നു. ഇങ്ങനെ അത്ഭുതങ്ങള്‍ പലതും കാണുവാന്‍ ഇവിടെയുണ്ട്‌. അതെല്ലാം കണ്ടുനിന്നാല്‍ കാര്യത്തിന് തടസ്സമുണ്ടായേക്കാം. അതു കൊണ്ടു വൈകാതെ പോകാം.

99. മാതലിവരാന്വേഷണം പാതാളലോകം - നാരദന്‍ പറഞ്ഞു: ഇതാണ്‌ നാഗലോകത്തിന് അടുത്തു നിൽക്കുന്ന പാതാളം എന്ന പുരം. ദൈതൃദാനവന്മാരാല്‍ സേവിതമാണ്‌ ഈ പുരം. വെള്ളത്തള്ളല്‍ കൊണ്ട് ആണ്ടു കിടക്കുന്ന ഈ പുരത്തില്‍ ജീവജാലങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഭയജനകമായ ശബ്ദങ്ങള്‍ പുറപ്പെടുന്നു. അതില്‍ എപ്പോഴും ജലം പാനം ചെയ്യുന്ന ആസുരാനലന്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. ആ അഗ്നി താന്‍ വ്യാപാരത്താല്‍ ബദ്ധനായല്ലോ എന്നു വിചാരിച്ച്‌ അടങ്ങി വസിക്കുകയാണ്‌. ദേവന്മാര്‍ ഹതാരികളായി അമൃത്‌ അവിടെ വെച്ചു പാനം ചെയ്തു. അതു കൊണ്ടാണ്‌ സോമന് വൃദ്ധിയും ക്ഷയവും ഉണ്ടാകുവാന്‍ കാരണം. ഇവിടെ ഹയമുഖനായ ആദിത്യന്‍ കാലേ പര്‍വ്വതങ്ങള്‍ തോറും വിശ്വം മുഴക്കുന്ന സുവര്‍ണ്ണന്റെ വാക്കനുസരിച്ച്‌ ഉയരുന്നു. വേണ്ടുവോളം ജലമൂര്‍ത്തികളൊക്കെ അതില്‍ പതനം ചെയ്യുന്നതു കൊണ്ട്‌ ഈ മാഹാത്മ്യമേറിയ പുരത്തിന് പാതാളം എന്നു പേരുണ്ടായി. ഇതില്‍ നിന്ന്‌ ഐരാവണന്‍ ജലം വഹിച്ച്‌ ലോകഹിതത്തിനായി കാര്‍മേഘങ്ങളില്‍ ചേര്‍ക്കുന്നു. എന്നിട്ട്‌ ഇന്ദ്രന്‍ ആ മേഘങ്ങളെ കൊണ്ടു കുളുര്‍മ്മയോടെ മഴ പൊഴിപ്പിക്കുന്നു. ഈ പാതാളത്തില്‍ എത്രയോ അധികം പലതരം രൂപമുള്ള ജലചാരികളായ തിമിംഗലങ്ങള്‍ ജലത്തിനടിയില്‍ സോമപ്രഭ കുടിച്ച്‌ ഇരിക്കുന്നു. ഇതില്‍ സൂര്യാംശു തട്ടി പാതാള തലത്തില്‍ ആണ്ടു പോയ ജീവികള്‍ പകല്‍ ചത്തു പോയാലും രാത്രിയില്‍ ജീവിക്കുന്നു. അതില്‍ നിത്യവും ഉദിക്കുന്ന ചന്ദ്രന്‍ രശ്മികളാകുന്ന കൈകള്‍ കൊണ്ട്‌ അമൃതു തടവി ദേഹികള്‍ക്കു ജീവന്‍ കൊടുക്കുകയാണ്‌. അതില്‍ ധര്‍മ്മപരന്മാരായി കാലബന്ധന പീഡിതന്മാരായി ദേവേന്ദ്രന്‍ ഹരിച്ച ദൈതൃന്മാര്‍ എപ്പോഴും വാഴുന്നു. ഇവിടെ ഭൂതപതിയായ. സര്‍വ്വഭൂത മഹേശ്വരന്‍ സർവ്വ ഭൂതങ്ങളുടേയും മഹാഭുതിക്കായി മഹാതപം ആചരിച്ചിട്ടുണ്ട്‌. വേദാദ്ധ്യയന കര്‍ശിതന്മാരായ ഗോവ്രതി വിപ്രന്മാരായ മഹര്‍ഷികള്‍ പ്രാണന്‍ പോയി സ്വര്‍ഗ്ഗം പ്രാപിച്ചതിന് ശേഷം ഇവിടെ വസിക്കുന്നു. എവിടെയായാലും ഒരാള്‍ നിത്യവും ആശിക്കുന്ന യശസ്സിനെ മറ്റൊരാള്‍ തട്ടിക്കൊണ്ടു പോകുന്നതാണ്‌ ഗോവ്രതം. ഐരാവതം, വാമനന്‍, കുമുദന്‍, അഞ്ജനന്‍, സുപ്രതീകന്‍, കുലോല്പന്നന്‍ ഇവരാണ്‌ മഹാഗജങ്ങള്‍. നോക്കൂ! ഭവാന്റെ മകള്‍ക്കു പറ്റിയ ഒരു വരന്‍ ഈ മഹാഗജങ്ങളില്‍ ഏതെങ്കിലും ഒന്നു മതിയെങ്കില്‍ ഞാന്‍ ചെന്ന്‌ അവരില്‍ ഒരുത്തനെ വരിക്കാം. പ്രണയത്തോടു കൂടി സ്വീകരിക്കാം.

ജലത്തില്‍ വച്ചിരിക്കുന്ന ഈ അണ്ഡം നോക്കുക. ഇത്‌ ശ്രീയാല്‍ ഏറ്റവും ജ്വലിച്ചു കൊണ്ടിരിക്കുന്നു. പ്രജാസൃഷ്ടി മുതല്‍ ജ്വലിച്ചു കൊണ്ടിരിക്കുന്ന ഈ അണ്ഡം പൊട്ടുകയോ, ചലിക്കുകയോ ചെയ്യുകയില്ല. ഇതിന്റെ ജാതിസ്വഭാവം എന്താണെന്നു കൂടി ഞാന്‍ പറഞ്ഞു കേട്ടിട്ടില്ല. ഈ അണ്ഡത്തിന്റെ അച്ഛനാരാണ്‌, അമ്മയാരാണ്‌ എന്നു കൂടി എനിക്കറിയില്ല. എന്നാൽ പ്രളയത്തില്‍ ഉയരുന്ന മഹാനലന്‍ ചരാചരാത്മകമായ ഈ മൂന്നു ലോകവും ചുട്ടെരിച്ചു കളയും.

പിന്നെ നാരദന്‍ പറഞ്ഞ ആ വാക്കു കേട്ട്‌ മാതലി പറഞ്ഞു: മഹര്‍ഷേ, എന്റെ മകള്‍ക്കു ഭര്‍ത്താവാകുവാന്‍ ഈ ആനകളെയൊന്നും എനിക്കു ബോധിച്ചില്ല. വേറെ എവിടെയെങ്കിലും പോയി വരാന്വേഷണം നടത്തുക. ഇനി വൈകിക്കൂടാ.

100. മാതലിവരാന്വേഷണം - ഹിരണ്യപുരം - നാരദന്‍ പറഞ്ഞു: ഹേ, മാതലീ, ഇത്‌ അനേകായിരം മായകള്‍ കാണിക്കുന്ന ദൈത്യന്മാരുടേയും ദാനവന്മാരുടേയും വാസസ്ഥാനമായ ഹിരണ്യപുരമാണ്‌. ഏറ്റവും പ്രസിദ്ധമായ വലിയ പുരവുമാണ്‌ ഇത്‌. വളരെ പണിപ്പെട്ട്‌ വിശ്വകര്‍മ്മാവായ മയന്‍ തന്റെ മനോധര്‍മ്മത്താല്‍ പാതാളത്തില്‍ സൃഷ്ടിച്ചതാണ്‌.

ഈ പുരിയില്‍ പണ്ടേ വരം നേടിയവരും ഓജസ്വികളും മായാസഹസ്രങ്ങള്‍ കാട്ടുന്നവരും ശൂരന്മാരുമായ ദാനവന്മാര്‍ വസിക്കുകയാണ്‌. ഇന്ദ്രന്‍, യമന്‍, ജലേശ്വരന്‍, കുബേരന്‍ ഇവരെ കൊണ്ടൊനും അധീനമാക്കാന്‍ കഴിയാത്തവരാണ്‌ ഈ ദാനവന്മാര്‍. വിഷ്ണുപദോത്ഭവരായ കാലകേയാസുരന്മാരായ ഈ അസുരന്മാര്‍ നൈതൃതന്മാരും യാതുധാനന്മാരും ബ്രഹ്മപാദസമുത്ഥരും ഇങ്ങനെ പല വംശക്കാരും അവരിലുണ്ട്‌. ദംഷ്ട്രയുള്ളവരും ഭീമവേഗന്മാരും വായുവേഗ പരാക്രമന്മാരും മായാവീര്യവാന്മാരുമായി പലരും ഇവിടെ വാഴുന്നുണ്ട്‌. നിത്യവും രണോദ്ധതരായ നിവാതകവചന്മാരും ഇവരിലുണ്ട്‌. ഇവര്‍ക്കു യാതൊരു ഉപദ്രവവും ചെയ്യുവാന്‍ ഇന്ദ്രനാലും കഴിയുകയില്ല. അക്കാര്യം ഇന്ദ്രന് അറിയുകയും ചെയ്യാം. ഹേ, മാതലേ, പലപാടും ഭവാനും ഭവാന്റെ പുത്രനായ ഗോമുഖനും ശചീശനായ ഇന്ദ്രനും പുത്രന്മാരോടു കൂടി എതിര്‍ത്തിട്ട്‌ ഇവരോടു തോറ്റു പോവുകയാണല്ലോ ഉണ്ടായത്‌.

മാതലേ, ഭവാന്‍ നോക്കൂ! വെള്ളി കൊണ്ടും സ്വര്‍ണ്ണം കൊണ്ടും തീര്‍ത്ത മനോഹരമായ ഭവനങ്ങള്‍ വിധിക്കു തക്കതായ കര്‍മ്മത്തോടു ചേര്‍ന്നു യോജിച്ചു നിൽക്കുന്നു! വൈഡൂര്യ രത്നങ്ങള്‍ വിചിത്രമായി പതിച്ചവയും പവിഴം കൊണ്ടു നിര്‍മ്മിച്ചവയും അര്‍ക്കസ്ഫടികം പോലെ ഉറപ്പുള്ളവയും ഉജ്ജ്വല പ്രകാശത്തോടു കൂടിയവയുമായ അവ മന്നു പോലെ പത്മരാഗപ്രഭയോടെ ശോഭിക്കുന്നു. മരങ്ങളുടെ ഛായയില്‍ ശിലാപ്രായത്തിലും കാണുന്നു. സൂര്യപ്രഭ പോലെയും പത്മരാഗപ്രഭ പോലെയും കത്തുന്ന അഗി പോലെയും മണിജാല വിചിത്രങ്ങളായി തിങ്ങിപ്പൊങ്ങിത്തിളങ്ങി പ്രശോഭിക്കുന്നു. ഇവ രൂപത്താലും ദ്രവ്യത്താലും ഇന്ന മാതിരിയെന്നു പറയുവാന്‍ വയ്യാത്ത മാഹാത്മ്യത്തോടെ പ്രകാശിക്കുന്നു. ഗുണങ്ങളാല്‍ സുസ്നിഗ്ദ്ധങ്ങളായി, പ്രമാണ ഗുണ സമ്പൂര്‍ണ്ണമായി പ്രശോഭിതങ്ങളായ ദൈത്യാരാമങ്ങള്‍ ഭവാന്‍ കണ്ടു കൊള്ളുക. അപ്രകാരം തന്നെ ശയനാഗാരങ്ങളും കണ്ടു കൊള്ളുക. മഹാര്‍ഹങ്ങളായ രത്നങ്ങള്‍ പതിച്ച പാത്രങ്ങളും ആസനങ്ങളും എത മനോഹരമായി പ്രശോഭിക്കുന്നു!

കാറു പോലെ ഉയര്‍ന്നു ശോഭിക്കുന്ന പര്‍വ്വതങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളോടു കൂടിയ ചോലകളും കാമ്യങ്ങളായ പുഷ്പഫലങ്ങളോടു കൂടിയ കാമചാരിദ്രുമങ്ങളും ഇവിടെയുണ്ട്‌. ഇവയില്‍ അധിവസിക്കുന്ന ദൈത്യസുന്ദരന്മാരില്‍ ആരെയെകിലും മാതലേ, മകള്‍ക്കു വരനായി പിടിച്ചുവോ? ബോധിച്ചെങ്കില്‍ ആകാം. ഇല്ലെങ്കില്‍ വേണ്ട. ഭവാനു സമ്മതമാണെങ്കില്‍ മറ്റു ഭൂഭാഗത്തേക്കു പോകാം.

ഇപ്രകാരം പറയുന്ന നാരദനോട്‌ മാതലി പറഞ്ഞു: ഹേ! ദേവര്‍ഷേ, ഞാന്‍ ദേവകള്‍ക്ക്‌ ആര്‍ക്കും തന്നെ അപ്രിയം ചെയ്യുകയില്ല. നിത്യവും വൈരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഭ്രാതാക്കന്മാരാണ്‌ സുരന്മാരും അസുരന്മാരും. പരപക്ഷച്ചാര്‍ച്ചയില്‍ ഞാന്‍ എങ്ങനെ തൃപ്തനാകും? ശത്രുകുലത്തില്‍ യോഗ്യന്മാർ ഉണ്ടെകിലും അതില്‍ നിന്നു മകള്‍ക്കു ഭര്‍ത്താവു വേണ്ട. വേറെ ഇടത്തേക്കു പോവുക. എത്ര യോഗ്യത ഉള്ളവൻ ആയാലും വേണ്ട. എനിക്ക്‌ ദൈത്യന്മാരെ കാണുകയേ വേണ്ട. അങ്ങും ഹിംസാത്മകന്മാരായ ദൈതൃന്മാരുടെ ശത്രുവാണെന്നു ഞാന്‍ വിചാരിക്കുന്നു.

101. മാതലിവരാന്വേഷണം - ഗരുഡലോകം - നാരദന്‍ പറഞ്ഞു: ഹേ മാതലേ, ഇവിടെയാണ്‌ നാഗാശനന്മാരായ ഗരുഡന്മാരുടെ ലോകം. വിക്രമം കൊണ്ടും ഗമനം കൊണ്ടും ഭാരമെടുക്കുന്നതു കൊണ്ടും തളരാത്തവരാണ്‌ ഇവര്‍. ഈ വംശം ആറു ഗരുഡസൂതന്മാരാല്‍ പൂര്‍ണ്ണമാണ്‌. സുമുഖന്‍, സുനാമ്മാവ്‌, സുവര്‍ച്ചസ്സ്‌, സുനേത്രന്‍, സുരുക്ക്‌, സുബലന്‍ ഇവരൊക്കെയാണ്‌ ആ ആറു പക്ഷി രാജാക്കന്മാര്‍. വിനതാകുല കര്‍ത്താക്കളായ ഇവര്‍ പരപ്പോടെ കുലം വളര്‍ത്തി.

പക്ഷിരാജാഭിജാത്യം പൂണ്ട ഇവര്‍ ആയിരവും നൂറും കശ്യപാന്വയ ജാതന്മാരാണ്‌. ഇവര്‍ ഭൂതിവാച്ചവരാണ്‌, ശ്രീവത്സലാഞ്ച്രനത്തോടു കൂടിയ ഇവരൊക്കെ ശ്രീയുള്ളവരാണ്‌. എല്ലാവരും ശ്രീയിൽ ആഗ്രഹിച്ചു ബലത്തെ ധരിക്കുന്നതാണ്‌. കര്‍മ്മം കൊണ്ട്‌ ഇവര്‍ ക്ഷത്രിയരാണ്‌. ലേശം ദയയില്ലാതെ പാമ്പുകളെ പിടിച്ചു ഭക്ഷിച്ചു കളയും. ജഞാതികളെ നശിപ്പിക്കുക കാരണം ഇവര്‍ ബ്രാഹ്മണ്യത്തെ നേടുകയുണ്ടായില്ല.

ഇവരുടെ പേര്‍ പറയാം. പ്രാധാന്യമനുസരിച്ചു ക്രമപ്രകാരം ഞാന്‍ പറയുന്നതു ഭവാന്‍ കേട്ടാലും. വിഷ്ണു കൈക്കൊണ്ട ഈ വംശം ശ്ലാഘ്യമാകുന്നു. ഇവര്‍ക്കു ദൈവതം വിഷ്ണുവാണ്‌. വിഷ്ണു ഉള്ളില്‍. പരായണം വിഷ്ണുവാണ്‌. വിഷ്ണു തന്നെ എപ്പോഴും ഗതി. സുവര്‍ണ്ണചൂഡന്‍, നാഗാശി, ദാരുണന്‍, ചണ്ഡതുണ്ഡകന്‍. അനിലന്‍, അനലന്‍, വിശാലാക്ഷന്‍, കുണ്ഡലി, പങ്കജിത്ത്‌, വജ്രന്‍, വിഷ്കമ്പന്‍, വാമനന്‍, വൈനതേയന്‍, വാതവേഗന്‍, നിശാചാക്ഷുനിമേഷന്‍, നിമിഷന്‍, ത്രിവാരന്‍; സപ്തവാരന്‍, വാല്മീകി, ദ്വീപകന്‍, ദൈതൃദ്വീപന്‍, സരിദ്വീപന്‍, സാരസന്‍, പത്മകേതനന്‍, സുമുഖന്‍, ചിത്രകേതു, അനഘന്‍, ചിത്രബര്‍ഹന്‍, മേധഹൃത്‌, കുമുദന്‍, ദക്ഷന്‍, സര്‍പ്പാന്തകന്‍, സോമഭോജന്‍, ഗുരുഭാരന്‍, കപോതന്‍, സൂര്യനേത്രന്‍, ചിരാന്തകന്‍, കുമാരന്‍, വിഷ്ണു ധര്‍മ്മാവ്‌, ഹരി, പാരിബര്‍ഹന്‍, സുസ്വരന്‍, മധുപര്‍ക്കന്‍, ഹേമവര്‍ണ്ണന്‍, മാലയന്‍, മാതരിശ്വാവ്‌, നിശാകരന്‍, ദിവാകരന്‍. കീര്‍ത്തി പ്രാധാന്യം അനുസരിച്ച്‌ ഞാന്‍ ഗരുഡന്റെ മക്കളെ ഉദ്ദേശിച്ചു പറഞ്ഞതാണ്‌. ഇവരില്‍ ആരെയെങ്കിലും ഭവാന്റെ പുത്രിക്കു വരനായി സ്വീകരിക്കാം. ഇതിലും തൃപ്തിയില്ലെങ്കില്‍ വരു! ഇനിയും വരന്മാരെ കാണിച്ചു തരാം. നല്ല വരനെ കിട്ടുന്നതിനു പറ്റിയ ഇടത്തിലേക്കു ഞാന്‍ ഭവാനെ കൊണ്ടു പോകാം.

102. മാതലിവരാന്വേഷണം - രസാതലം - നാരദന്‍ പറഞ്ഞു: ഏഴാമത്തെ ധരാതലമായ രസാതലത്തിലാണ്‌ നാം ഇപ്പോള്‍ എത്തിയിരിക്കുന്നത്‌. ഈ ലോകത്തിലാണ്‌ അമൃതില്‍ നിന്ന്‌ ഉത്ഭവിച്ച സുരഭി എന്ന പശു വാഴുന്നത്‌. ഭൂമിയുടെ സത്തില്‍ നിന്നുണ്ടായ പാല്‍ അവള്‍ എപ്പോഴും ചുരത്തും. ആറു രസങ്ങളുടേയും സത്തായ ഉത്തമമായ രസമാണത്‌. അമൃതിനാല്‍ തൃപ്തനായി പണ്ടു പിതാമഹന്‍ അതിന്റെ സാരം പുറത്തേക്കു സംതൃപ്തിയായി, പിതാമഹന്റെ മുഖത്തു നിന്നു പ്രസാദമായി, ഈ. സുരഭി ഉത്ഭവിച്ചു. മാന്യയായ ഇവളുടെ ക്ഷീരധാര ഭൂലോകത്തില്‍ പതിച്ചപ്പോള്‍ കയമായി പവിത്രവും വിശ്രുതവുമായ ക്ഷീരസമുദ്രമുണ്ടായി. പൂത്തു നിൽക്കുന്ന പോലെ വക്കില്‍ നിൽക്കുന്ന നുരയെ പാനം ചെയ്ത്‌ ഫേനനപന്മാരായി മുനീശ്വരന്മാര്‍ വസിക്കുന്നു. അതു കൊണ്ട്‌ ഫേനവന്മാര്‍ എന്ന് ആ ഫേനഭോജികള്‍ക്കു പേരുണ്ടായി. വലിയ തപസ്വികളായ അവരെ ദേവകള്‍ കൂടി ഭയപ്പെടുന്നു.

അവളുടെ ചുറ്റുമായി നാലു പശുക്കളുണ്ട്‌. ദിക്കുകളൊക്കെ പാലിച്ചു കൊണ്ട്‌ അവര്‍ നാലു ദിക്കുകളിലും നില്‍ക്കുന്നു. സുരൂപയായ സൗരഭിയാണ്‌ കിഴക്കു ദിക്കു വഹിക്കുന്നവള്‍. ഹംസിക തെക്കേ ദിക്കിനേയും വഹിക്കുന്നു. വരുണന്റെ പടിഞ്ഞാറേ ദിക്കിനെ വഹിക്കുന്നത്‌ സുഭദ്രയാണ്‌. മഹാനുഭാവയായ അവള്‍എപ്പോഴും വിശ്വരൂപിയായി നിലകൊള്ളുന്നു. സര്‍വ്വകാമദുഘാ എന്നറിയപ്പെടുന്ന ധേനു വിത്തേശന്റെ വടക്കുദിക്കു താങ്ങുന്ന ധര്‍മ്മൃയാണ്‌. കടലില്‍ ഇവരുടെ പയസ്സിനെ മന്ദര പര്‍വ്വതമാകുന്ന കടകോല്‍ കൊണ്ടു കടഞ്ഞ്‌ സുരാസുരന്മാര്‍ വാരുണി, ലക്ഷ്മി, അമൃത്‌ ഇവയെ നേടി. ഉച്ചൈശ്രവസ്സ്‌ എന്ന അശ്വരാജനേയും കൗസ്തുഭം എന്ന രത്നത്തേയും നേടി. സുധാശന്മാര്‍ക്കു സുധയേയും, സ്വധാശരില്‍ സ്വധയേയും (; സ്വധ - പിതൃക്കള്‍ക്കുള്ള ദാനം ); ;അമൃതാശര്‍ക്ക്‌ അമൃതും പാലായി സുരഭി നല്കുന്നു. പാതാളവാസികള്‍ പണ്ട്‌ ഇതിനെ കുറിച്ച്‌ ഒരു ഗാഥയുണ്ടാക്കി ഗാനം ചെയ്തു.

ത്രിവിഷ്ടപം നാഗലോകം സ്വര്‍ഗ്ഗലോകമിവറ്റിലും മെച്ചം കൂട്ടുന്നതാം വാസം രസാതലനിവാസമാം.

103. മാതലിവരാന്വേഷണം - നാഗലോകം - നാരദന്‍പറഞ്ഞു; ഇപ്പോള്‍ നാം എത്തി നിൽക്കുന്നത്‌ വാസുകി രക്ഷിച്ചുവരുന്ന ഭോഗവതീ പുരിയിലാണ്‌. ഈ പുരി ഇന്ദ്രന്റെ അമരാവതിക്കൊക്കും. ഇതാ, ലോകമുഖ്യനായ ശേഷന്‍ തപസ്സാലും യോഗത്താലും പ്രഭാവം കൂടിയ ഊഴിയെ താങ്ങി നിൽക്കുന്നു. ശ്വേതാചലം പോലെ ഉയര്‍ന്നു നിൽക്കുന്ന ഇവന്‍ ദിവ്യാഭരണ ഭൂഷിതനായി, ജ്വാലാജിഹ്വനായി, ആയിരം തലയുള്ളവനായി ശോഭിക്കുന്നതു നീ നോക്കൂ. ഇവിടെ നാനാകാരത്തിൽ ഉള്ളവരും നാനാ ഭൂഷണങ്ങൾ അണിഞ്ഞവരും സുരസാസൂതന്മാരുമായ നാഗങ്ങള്‍ വൃഥ കൂടാതെ വസിക്കുന്നു. മണിസ്വസ്തിക ചക്രങ്ങള്‍ ധരിച്ചവരും കമണ്ഡലു കലാലംകൃതരും ശക്തിയേറിയവരും സ്വഭാവാല്‍ ക്രൂരരായവരുമാണ്‌ സംഖ്യയറ്റ അവരെല്ലാം. അവരില്‍ ആയിരം തലയുള്ളവരും അഞ്ഞൂറു തലയുള്ളവരും ഉണ്ട്‌. നൂറു തലയുള്ളവരും മൂന്നു പടമുള്ളവരും അവരിലുണ്ട്‌. പത്തു തലയുള്ളവരും ഏഴു തലയുള്ളവരുമുണ്ട്‌. മഹാഭോഗരും മഹാകായരും ശൈലങ്ങള്‍ പോലെ ശോഭിക്കുന്നവരും അവരിലുണ്ട്‌. ഒരേ വംശത്തില്‍ ആയിരവും പതിനായിരവും ലക്ഷവും ഇവരിലുണ്ട്‌. ഇവരില്‍ മുഖ്യന്മാരെ ഞാന്‍ പറയാം: വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ധനഞ്ജയന്‍, കാളിയന്‍. നഹുഷന്‍, കംബളന്‍, അശ്വതരന്‍, മണിനാഗന്‍, ബാഹൃകുണ്ഡന്‍, ആപൂരണന്‍, ഖഗന്‍, വാനവന്‍, ഐലപുത്രന്‍, കുകുരന്‍, കുകുണന്‍, ആര്യകന്‍, നന്ദകന്‍, കലശപോതകന്‍, കൈലാസകന്‍, പിഞ്ജരകന്‍, ഐരാവതന്‍, സുവനന്‍, ഉദധിവ്രക്തന്‍, ശംഖന്‍, നന്ദന്‍, ഉപനന്ദുകന്‍. ആപ്തന്‍, കോടരകന്‍, ശിഖി, നിഷ്ഠൂരകന്‍, ഹസ്തിഭശ്രന്‍, തിത്തിരി, കുമുദന്‍, മാലൃപിണ്ഡകന്‍, പത്മന്‍, പുണ്ഡരീകന്‍, പുഷ്പന്‍, മുല്‍ഗരപര്‍ണ്ണകന്‍,. കരവിരന്‍, പിഠരകന്‍, സംവൃത്തന്‍, വൃത്തന്‍, പിണ്ഡാരന്‍, വില്പപത്രന്‍, മൂഷികാദന്‍, ഗിരീഷകന്‍, ദിലീപന്‍, ശംഖശിര്‍ഷന്‍, ജ്യോതിഷ്കന്‍. അപരാജിതന്‍, കൗരവ്യന്‍, ധൃതരാഷ്ട്രന്‍, കുഹരന്‍, കൃശകന്‍, വിരജന്‍, ധാരണന്‍, സുബാഹു, മുഖരന്‍, ജയന്‍, ബധിരന്‍, അന്ധന്‍. വിശുണ്ഡി, വിരസന്‍, സുരസന്‍ ഇങ്ങനെ ഇവരും മറ്റു പലരും കശ്യപന്റെ പുത്രന്മാരാണ്‌. ഹേ മാതലേ, ഈ യോഗ്യന്മാരായ സര്‍പ്പങ്ങളില്‍ ആരെങ്കിലും പോരേ നിന്റെ മകള്‍ക്കു വരനാകുവാന്‍ ? ഇപ്പോള്‍ ഭവാന്‍ പ്രസാദിച്ചോ?

കണ്വന്‍ പറഞ്ഞു: അവ്യഗ്രനായി മാതലി ആ മഹാസര്‍പ്പങ്ങളെ കണ്ണു കൊണ്ട്‌ ഒരു പരിശോധന നടത്തിയതിനു ശേഷം നാരദനോടു സന്തോഷത്തോടെ ചോദിച്ചു.

മാതലി പറഞ്ഞു: കൗരവ്യനായ ആര്യകന്റെ മുമ്പില്‍ ഈ നിൽക്കുന്നവന്‍ ധൃതിമാനും ദര്‍ശനീയനുമാണ്‌. ഇവന്‍ ആരുടെ കുലനന്ദനനാണ്‌? ഇവന്റെ അമ്മയാരാണ്‌? അച്ഛന്‍ ആരാണ്‌? ഏതു മഹാനായ സര്‍പ്പ രാജാവിന്റെ കുലത്തിനു ഹേതുഭൂതനായിട്ടാണ്‌ ഇവന്‍ നിൽക്കുന്നത്‌? ഇവനെ എനിക്കു ബോധിച്ചു. ഈ സര്‍പ്പശ്രേഷ്ഠന്‍ എന്റെ മകള്‍ ഗുണകേശിക്കു ചേര്‍ന്ന ഭര്‍ത്താവു തന്നെയാണ്‌. ഈ ശ്രേഷ്ഠന്റെ ആദരവോടു കൂടിയ പെരുമാറ്റം, ധൈര്യം, വയസ്സ്‌, രൂപം എന്നിവ കൊണ്ടുള്ള ചേര്‍ച്ച ഇവയൊക്കെ കാണുമ്പോള്‍ എനിക്കു ബോധിച്ചിരിക്കുന്നു.

കണ്വന്‍ പറഞ്ഞു: സുമുഖനെ കണ്ട്‌ മാതലി പ്രീതനായി എന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ അവന്റെ മാഹാത്മ്യം, ജന്മം, കര്‍മ്മം എന്നിവയൊക്കെ നാരദമുനി പറഞ്ഞു കേള്‍പ്പിച്ചു.

നാരദന്‍ പറഞ്ഞു: ഈ നിൽക്കുന്ന സുമുഖന്‍ എന്നവന്‍ ഐരാവത കുലത്തില്‍ പിറന്ന നാഗേന്ദ്രനാണ്‌. ആര്യകന്റെ ഏറ്റവും ഇഷ്ടപ്പെട്ട പൗത്രനാണ്‌. വാമനന്റെ മകളുടെ മകനാണ്‌. ഇവന്റെ അച്ഛന്‍ ചികരന്‍ എന്ന സര്‍പ്പമാണ്‌. അവന്‍ ഈയിടെയാണ്‌ ഗരുഡനാല്‍ കൊല്ലപ്പെട്ടത്‌.

ഉടനെ മാതലി പ്രീതനായി നാരദനോടു പറഞ്ഞു: ഹേ താതാ, എനിക്കു ബോധിച്ചു ഈ സര്‍പ്പശ്രേഷ്ഠനെ. ഇവന്‍ തന്നെയാകണം എന്റെ മകളുടെ വരന്‍. എന്റെ ജാമാതാവാകാന്‍ പറ്റിയവന്‍ തന്നെ. ഇനി ഭവാന്‍ അതിനായി പ്രയത്നിച്ചാലും. ഞാന്‍ ഇവനില്‍ പ്രീതനായി. ഈ നാഗന്ന്‌ എന്റെ പ്രിയപ്പെട്ട പുത്രിയെ ഞാന്‍ നല്കുന്നതാണ്‌.

104. മാതലിവരാന്വേഷണം - നാരദന്‍ ആര്യകനോടു പറഞ്ഞു: ഇവന്‍ ഇന്ദ്രന്റെ ഇഷ്ടസാരഥിയായ മാതലിയാണ്‌. ശുചിയും ശീലഗുണം ചേര്‍ന്നവനും തേജസ്സും വിര്യവുമുള്ളവനും ശക്തനുമാണ്‌ ഇവന്‍. ഇവന്‍ ഇന്ദ്രന് മന്ത്രിയും സഖാവും സാരഥിയുമാണ്‌; പ്രഭാവത്താല്‍ ഇന്ദ്രനോടും നരനോടും തൊട്ടടുത്തു നിൽക്കുന്നവനാണ്‌. ആയിരം കുതിരകളെ ചൈത്രമെന്ന രഥത്തില്‍ ഇവന്‍ പൂട്ടി തെളിക്കും. ദേവാസുര യുദ്ധങ്ങളില്‍ ഇവന്‍ ഈ രഥം മനസ്സാല്‍ തെളിക്കും. ഇവന്‍ അശ്വങ്ങളാല്‍ ശത്രുക്കളെ ജയിച്ചാല്‍ പിന്നെ വാസവന്‍ തന്റെ കൈകളാല്‍ കൊന്നു വിടുകയും ചെയ്യുന്നു. മുമ്പ്‌ മാതലി പ്രഹരിച്ചു വിട്ടവനെയാണ്‌ വലാന്തകനായ ഇന്ദ്രന്‍ പ്രഹരിക്കുക. ഇവന് സുന്ദരിയായ ഒരു മകളുണ്ട്‌. അഴകു കൊണ്ട്‌ ഇവളോടു കിടപിടിക്കാന്‍ ലോകത്തില്‍ ആരുമില്ല. സതൃശീല ഗുണങ്ങള്‍ ചേര്‍ന്ന ഗുണകേശി പ്രസിദ്ധയാണ്‌. ഇവന്‍ വളരെ യത്നിച്ച്‌ മൂന്നു ലോകത്തിലും തിരഞ്ഞു മകള്‍ക്കു പറ്റിയ ഒരു വരനെ കണ്ടുകിട്ടുവാന്‍. ഒടുവില്‍ ഇതാ, നിന്റെ പുത്രനായ സുമുഖനെ കണ്ടെത്തിയിരിക്കുന്നു; ബോദ്ധ്യപ്പെട്ടിരിക്കുന്നു. ഭവാനും ഈ ബന്ധം യോജിച്ചതായി തോന്നുന്നുണ്ടെങ്കില്‍ ഇനി ഒട്ടും വൈകിക്കരുത്‌. ഹേ ആര്യകാ! ഭവാന്‍ ഉടനെ തന്നെ കന്യാസ്വീകാരത്തിന് മനസ്സു വെയ്ക്കുക. വിഷ്ണുഗൃഹത്തില്‍ ലക്ഷ്മി പോലെ, അഗ്നിക്കു സ്വാഹ പോലെ, നിന്റെ കുലത്തില്‍ സുമമദ്ധ്യമയായ ഗുണകേശി വാഴട്ടെ! പൗത്രന് വേണ്ടി ഭവാന്‍ ഗുണകേശിയെ ഏറ്റു വാങ്ങിയാലും! ഇന്ദ്രന് ശചി എന്ന പോലെ സുമുഖന്ന്‌ ഗുണകേശി ചേര്‍ന്നവളാണ്‌. ഇവന് അച്ഛനില്ലാത്തത്‌ ഒരു പോരായ്മയായി ഞങ്ങള്‍ കാണാതെയല്ല; എങ്കിലും ചെറുക്കന്റെ ഗുണം കണ്ട്‌ ഞങ്ങള്‍ വരിക്കുകയാണ്‌. എന്നു തന്നെയല്ല, നിന്നിലും ഐരാവതനിലും ഞങ്ങള്‍ക്കുള്ള ബഹുമാനം ചെറുതല്ല. ശീലം, ശൗചം, ദമം മുതലായ ഗുണങ്ങളില്‍ ഈ സുമുഖന്‍ ഏറ്റവും പ്രാപ്യനാണെന്നറിഞ്ഞ്‌ കന്യാദാനത്തിന് നിശ്ചയിച്ചതാണ്‌. അതു കൊണ്ട്‌ മാതലിക്ക്‌ ഒരു സല്കാരം. ജാമാതാവിനെ നല്കുക എന്നു സല്കാരം, ഭവാനും ചെയ്യേണ്ടതാണ്‌.

കണ്വന്‍ പറഞ്ഞു: ഇതു കേട്ടപ്പോള്‍ ആര്യകൻ നാരദനോട് ഇപ്രകാരം പറഞ്ഞു.

ആര്യകന്‍ പറഞ്ഞു: ഹേ രാജര്‍ഷേ! എന്റെ മകന്‍ മരിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മകന്റെ മകന്ന്‌ ഒരു മംഗള കാര്യം ആലോചിച്ചു വന്ന ഭവാനോട്‌ ഞാന്‍ എന്താണു പറയേണ്ടത്‌? ഗുണകേശിയെ സ്നുഷയായി ലഭിക്കുന്ന കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യണം? ഭവാന്റെ വാക്ക്‌ എനിക്കു ബോധിച്ചില്ലെന്നല്ല ഞാന്‍ പറയുന്നതിന്റെ സാരം. അങ്ങനെ ധരിക്കരുത്‌. ഇന്ദ്രന്റെ സഖിയുമായി ഒരു ചാര്‍ച്ച ഏതവനാണ്‌ രുചിക്കാതിരിക്കുക? കാരണത്തിന്റെ ദൗര്‍ബ്ബല്യം ഓര്‍ത്തിട്ടാണ്‌ എന്റെ വിഷാദം. ഈ സുമുഖന്റെ ദേഹകൃത്തായ എന്റെ മകന്‍, ഗരുഡന്റെ ഭക്ഷണമായതില്‍ ഞാന്‍ ദുഃഖിക്കുകയാണ്‌. അവനെ തിന്നു പോകുന്ന സമയത്ത്‌ പിന്നെയും വിനതാസുതനായ ഗരുഡന്‍ ഒരു വാക്കു പറഞ്ഞു. അതോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. അടുത്ത മാസം ഞാന്‍ വരാം. അന്നു ഞാന്‍ സുമുഖനെ തിന്നുന്നതാണ്‌! അവന്‍ അങ്ങനെ പറഞ്ഞാല്‍ അതു ചെയ്യുന്നവനാണ്‌. അവന്‍ ഒരു വാക്കു പറഞ്ഞാല്‍ അതു പോലെ ചെയ്യും! ആ സുപര്‍ണ്ണന്റെ വാക്കു കേട്ടതു മൂലം എന്റെ സകല ഹര്‍ഷവും നശിച്ചിരിക്കയാണ്‌.

കണ്വന്‍ പറഞ്ഞു: ഇതു കേട്ടപ്പോള്‍ മാതലി പറഞ്ഞു: ഞാന്‍ ഉക്കാരൃത്തില്‍ ബുദ്ധി വെച്ച്‌ നിന്റെ പുത്രനായ സുമുഖനെ ജാമാതാവായി വരിച്ചിരിക്കുന്നു. എന്നോടും നാരദനോടുമൊന്നിച്ച്‌; ഈ പന്നഗോത്തമന്‍ സുരേശനായ വാസവനെ ചെന്നു കാണുക ആവശ്യമാണ്‌. ശേഷം കാര്യം കൊണ്ട്‌ ഇവന്റെ ആയുസ്സു ഞാന്‍ അറിയുന്നു. ഗരുഡനെ തടുക്കുവാനും ഞാന്‍ യത്നിക്കുന്നുണ്ട്‌. സമുഖനും ഞാനും ഒന്നിച്ച്‌ ഇന്ദ്രനെ പോയി കാണും. അങ്ങയ്ക്കു കാര്യസിദ്ധി ശുഭമായി വന്നു കൂടും.

പിന്നെ ഓജസ്വികളായ അവര്‍ സുമുഖനോടു കൂടി ശ്രീമാനായി വസിക്കുന്ന ദേവരാജാവിനെ ചെന്നു കണ്ടു. അവിടെ ചെല്ലുമ്പോള്‍ സംഗതിവശാല്‍ ചതുര്‍ഭുജനായ സാക്ഷാല്‍ വിഷ്ണു അവിടെ എത്തിയിരുന്നു. അവിടെ വെച്ച്‌ നാരദന്‍ മാതലിയെപ്പറ്റി വിഷ്ണുവിനോട്‌ എല്ലാക്കാര്യവും ഉണര്‍ത്തിച്ചു.

വൈശമ്പായനൻ പറഞ്ഞു: ഭുവനേശ്വരനായ ശക്രനോട്‌ വിഷ്ണു അപ്പോള്‍ കല്പിച്ചു; "ഹേ ഇന്ദ്രാ, ഭവാന്‍ ഇവന് ഉടനെ അമൃതം നല്കുക. അങ്ങനെ സുമുഖന്‍ അമരതുല്യനായി ഭവിക്കട്ടെ. മാതലിക്കും നാരദനും സുമുഖനും നിന്നില്‍ നിന്ന്‌ ഈആഗ്രഹം സാധിക്കട്ടെ!". പുരന്ദരന്‍ ആ സമയത്ത്‌ ഗരുഡന്റെ വിക്രമത്തെപ്പറ്റി ചിന്തിച്ച്‌ ഇപ്രകാരം പറഞ്ഞു: "ഭവാന്റെ കൈ കൊണ്ടു തന്നെ അവന്‍ അമൃതം പാനം ചെയ്യട്ടെ!"

വിഷ്ണു പറഞ്ഞു: ഭവാന്‍ സകല ചരാചരങ്ങളും അടങ്ങിയ ഈ ലോകത്തിനെല്ലാം ഈശ്വരനാണ്‌. നീ കൊടുത്താല്‍ അതു കൊടുത്തത് ഇല്ലാതാക്കുവാന്‍ ആര്‍ക്കു സാധിക്കും? വിഷ്ണുവിന്റെ വാക്കു കേട്ട ഉടനെ തന്നെ ആ പന്നഗന് വാസവന്‍ ഉത്തമമായ ആയുസ്സു നല്കി. അമൃതു ദാനം ചെയ്യാതെ തന്നെ സുമുഖനെ ദേവകല്പനാക്കി തീര്‍ത്തു. വരം ലഭിച്ചയുടനെ സുമുഖന്‍ സുമുഖനായി തീര്‍ന്നു. അനന്തരം വിവാഹവും കഴിഞ്ഞ്‌ സ്വഗൃഹത്തിലേക്കു പോകുകയും ചെയ്തു. നാരദനും ആരൃകനും രസമായി കാര്യം നേടി ശ്രീമാനായ ഇന്ദ്രനെ പൂജിച്ചു പോവുകയും ചെയ്തു.

105. മാതലിവരാന്വേഷണം - ഗരുഡാഹങ്കാരശമനം - കണ്വന്‍ പറഞ്ഞു: അവിടെ നടന്ന കഥകളെല്ലാം നടന്ന വിധം തന്നെ മഹാബലനായ ഗരുഡന്‍ കേട്ടു. ഇന്ദ്രന്‍ നാഗത്തിന് ആയുസ്സു കൊടുത്തു പോലും! സഹിക്ക വയ്യാത്ത കോപം അവനില്‍ ജ്വലിച്ചു. ചിറകിന്റെ കാറ്റു കൊണ്ട്‌ മൂന്നു ലോകത്തേയും പ്രകമ്പിപ്പിക്കുമാറ്‌ സുപര്‍ണ്ണന്‍ ക്രോധത്തോടെ ചിറകടിച്ചു പറന്ന്‌ ഇന്ദ്രന്റെ സമീപത്തിലെത്തി.

ഗരുഡന്‍ പറഞ്ഞു: ഭഗവാനേ, എന്നെ നിന്ദിച്ചു കൊണ്ട്‌ എന്റെ കൊറ്റു മുടക്കുവാന്‍ എന്താണു കാരണം. ഇച്ഛാനുരൂപമായി പ്രവര്‍ത്തിക്കുവാന്‍ എന്നെ അനുഗ്രഹിച്ചു വിട്ടതിന് ശേഷം ഇപ്പോള്‍ അതിന് വിപരീതമായി പ്രവര്‍ത്തിച്ചതു ശരിയാണോ? ഒരിക്കല്‍ ഒരു വരം തന്നിട്ട്‌ അതില്‍ ഇളക്കം വരുത്തുന്നത്‌ ആര്‍ക്കു ചേര്‍ന്നതാണ്‌? സര്‍വ്വഭൂത സ്വഭാവത്തിന്റേയും സര്‍വ്വഭൂതേശനായ വിധി എനിക്കു കല്പിച്ചതായ ആഹാരം തടുക്കുവാന്‍ അങ്ങ്‌ ആരാണ്‌? സമയം നിശ്ചയിച്ച്‌ ഞാന്‍ ആഹാരത്തിന് വരിച്ചവനാണ്‌ ഈ സര്‍പ്പം. എനിക്ക്‌ ഏറ്റവും വലിയ സന്താന പരമ്പരയുണ്ട്‌. അവരെ ഭവാന്‍ രക്ഷിക്കണം. ഇവനെ കാലേ തന്നെ നിശ്ചയിച്ചിരിക്കെ, മറ്റുള്ളവരൊക്കെ അറിഞ്ഞിരിക്കെ, മറ്റൊരുത്തനെ പിടിച്ചു കൊന്നു തിന്നേണ്ടി വന്നു ഗരുഡന്‍, എന്ന അപവാദത്തിനു പാത്രമാക്കരുത്‌. അതു ഞാന്‍ ചെയ്യുകയില്ല. ഈ ഞാന്‍ പട്ടിണി കിടന്നു ചത്തോളാം. എന്റെ പരിജനങ്ങളും പട്ടിണി കിടന്നു ചത്തോളാം. ഭൃതൃരും ചത്തോട്ടെ! ഭവാന്‍ സന്തോഷിക്കുക. ഭവാന്‍ ഇച്ഛാനുരൂപമായ പ്രവൃത്തി കൊണ്ടു കളിക്കുകയാണോ? ഈ മൂന്നു ലോകത്തിനും ഈശ്വരനായ ഞാന്‍ പരന്മാരുടെ ഭൃത്യനായി തീര്‍ന്നിരിക്കയാണ്‌. ഇതു ഞാന്‍ സഹിക്കുകയില്ല. ഹേ വ്യത്രവലാന്തകാ! ഞാന്‍ ഇതിന്‌ അര്‍ഹനാണോ, ഇത്തരം അവമാനത്തിന്‌? ഭവാന്‍ ഇരിക്കുമ്പോള്‍, ത്രൈലോക്യ രാജ്യമൊക്കെ ഭവാന്‍ ഭരിച്ചു വരുമ്പോള്‍, വിഷ്ണുവാണ്‌ ഇതിനൊക്കെ കാരണം എന്ന്‌ ഭവാന്‍ ഭാവിക്കുന്നത്‌ ശരിയല്ല.

എന്റെ അമ്മ ആരാണെന്ന്‌ ഭവാന്‍ അറിയുന്നുണ്ടോ? ദക്ഷന്റെ പുത്രിയാണ്‌. അച്ഛന്‍ കശ്യപനാണ്‌. എന്റെ ശക്തി നീ അറിയുമോ? ലോകം മുഴുവന്‍ ഞാന്‍ ഏറ്റിക്കൊണ്ടു പോകും തോന്നിയിടത്തേക്ക്‌. എല്ലാവരേക്കാളും ബലം എനിക്കുണ്ടെന്നുള്ളത്‌ ഞാന്‍ ഇപ്പോള്‍ കാട്ടിത്തരാം. ഞാനും ദൈത്യയുദ്ധത്തില്‍ ഉത്തമമായ കര്‍മ്മം ചെയ്യാത്തവനല്ല, ഞാന്‍ ചിലരെയൊക്കെ വധിച്ചിട്ടുമുണ്ട്‌. ശ്രുത്രശ്രീ, ശ്രുതസേനന്‍, വിവസ്വാന്‍ , രോചനാമുഖന്‍, കാലകാക്ഷന്‍, പ്രസ്തുതന്‍ ഇവരെയൊക്കെ ഹനിച്ചവനാണു ഞാനെന്ന്‌ ഭവാനറിയുമോ? നിന്റെ തമ്പിയുടെ കൊടിത്തുമ്പില്‍ വാണ്‌ ശുശ്രുഷ ചെയ്യുകയും വഹിക്കുകയും ചെയ്യുകയാല്‍ നീ എന്നെ നിന്ദിക്കുകയാണോ? അത്രയ്ക്കു വേണ്ടാ! എന്നെ പോലെ കനത്ത ഭാരം വഹിക്കുവാന്‍ ശക്തിയുള്ള ഒരുത്തനെ നീ കാണിച്ചുതരൂ! എന്നെക്കാള്‍ ബലവാനായ ഒരുത്തന്‍ ആരുണ്ട്‌ ഈ ത്രിലോകത്തില്‍? എന്നെക്കാള്‍ ശിഷ്ടനായി ഇഷ്ടരോടൊപ്പം നിന്റെ തമ്പിയെ വഹിക്കുവാന്‍ കെല്‍പ്പുള്ള ഒരു മാന്യനെ നീ കാട്ടിത്തരു! നീ എന്നെ നിരസിച്ച്‌ എന്റെ അന്നം മുടക്കി വിട്ടതു ചെറിയ കാര്യമല്ല. നീയും ഇവരും കൂടി ചേര്‍ന്ന്‌ എന്റെ അന്തസ്സു നശിപ്പിക്കുവാന്‍ ചെയ്ത പണിയാണിതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. അദിതിക്കു പിറന്നവരൊക്കെ ബലവിക്രമശാലികളാണ്‌. അവരില്‍ എല്ലാവരിലും വെച്ച്‌ നീ ഏറ്റവും ശക്തനാണെന്ന്‌ എനിക്കറിയാം. ഞാന്‍ എന്റെ ഒറ്റച്ചിറകിന്റെ അറ്റത്ത്‌, തുമ്പത്ത്‌, നിന്നെയേറ്റി പറക്കാം. നീ യോഗ്യനാണെന്ന്‌ അഭിമാനിക്കുന്നുണ്ടല്ലോ. വേണം എങ്കില്‍ കാണിച്ചു തരാം. എനിക്ക്‌ അതിന് ലേശം വിഷമമില്ല. നമുക്ക്‌ ഒരു മറിനോക്കാം. ധീമന്‍, ആര്‍ക്കാണു ബലമെന്നു ഞാന്‍ കാട്ടിത്തരാം.

കണ്വന്‍ പറഞ്ഞു: ബലപരീക്ഷണത്തിനുള്ള ഗരുഡന്റെ ഘോരമായ വെല്ലുവിളി കേട്ട അക്ഷോഭ്യനായ ഗരുഡനെ ക്ഷോഭിപ്പിക്കുമാറ്‌ ചക്രപാണി പറഞ്ഞു: എടോ ഗരുഡാ, ദുര്‍ബ്ബലനായ നീ ബലവാനാണെന്ന്‌ ഭാവിക്കുന്നു! എന്റെ മുമ്പില്‍ വച്ച്‌ ഈ അധികപ്രസംഗം വേണ്ട. ആത്മപ്രശംസ നിര്‍ത്തൂ! മൂന്നു ലോകം ചേര്‍ന്നു ശ്രമിച്ചാലും എന്റെ ഈ കൈ ഒന്നു പൊക്കുവാന്‍ കഴിയുകയില്ല. ഞാന്‍ തന്നെ എന്നെയും നിന്നെയും വഹിക്കുന്നു ( ഗരുഡന്റെ വിചാരം താന്‍ വിഷ്ണുവിനെ വഹിക്കുന്നവനാണെന്നാണ്‌ ). വീരനായ നീ എന്റെ ഈ വലം കൈ ഒന്നു പൊക്കുക. അതു നിനക്കു താങ്ങാന്‍ കഴിഞ്ഞാല്‍ നിന്റെ ഈ വികത്ഥനം സഫലമായി തീരും എന്നു പറഞ്ഞ്‌ ഭഗവാന്‍ തന്റെ വലം കൈ ഗരുഡന്റെ ചുമലില്‍ പതുക്കെ ഒന്നു വച്ചു. ഗരുഡന്‍ ഭാരം സഹിക്കുവാന്‍ വയ്യാതെ ക്ഷീണാര്‍ത്തനായി മറിഞ്ഞു നിലത്തു വീണു. പര്‍വ്വതങ്ങളോടു കൂടിയുള്ള ഭൂമിയുടെ മുഴുവന്‍ ഭാരം വിഷ്ണുവിന്റെ ഒരു കൈയ്ക്കു തന്നെയുണ്ടെന്ന്‌ അവന് തോന്നി. ബലവത്തരനായ ഭഗവാന്‍ തന്റെ ബലത്താല്‍ അവനെ പീഡിപ്പിക്കുവാൻ കരുതിയില്ല. അതു കൊണ്ട്‌ അവന്റെ പ്രാണന്‍ കളഞ്ഞില്ല. വായ്‌ തുറന്ന്‌, ദേഹം തളര്‍ന്ന്‌, മോഹിച്ച്‌ ആ ഖഗം വിഹ്വലനായി. ഭാരം സഹിക്ക വയ്യായ്കയാല്‍ അവന്റെ തൂവലൊക്കെ കൊഴിഞ്ഞു വീണു. ഉടനെ വിനതാപുത്രന്‍ ശിരസ്സു കുനിച്ചു വിഷ്ണുവിനെ വണങ്ങി. വിബുദ്ധിയും വിഹ്വലനും ദീനനുമായ അവന്‍ ഇങ്ങനെ പറഞ്ഞു: "ഭഗവാനേ, ലോകഭാരമൊക്കുന്ന ശരീരത്തോടു കൂടിയ ഭവാന്‍ അയച്ചു വിട്ട കൈ താങ്ങുവാന്‍ കഴിയാതെ ഞാന്‍ ഭൂമിയില്‍ വീണു ചതഞ്ഞരഞ്ഞു പോയിരിക്കുന്നു. ദേവാ, അല്പബുദ്ധിയായ ഈയുള്ളവന്‍ വലഞ്ഞിരിക്കുന്നു. എന്നില്‍ പൊറുക്കണേ! ബലാഹങ്കാരം കെട്ട്‌ അവശനായ ഇവന്‍ ഭവാന്റെ കൊടിയില്‍ വാഴുന്നവനല്ലേ! ഇവനില്‍ പൊറുക്കണേ ദേവാ! ഭവാന്റെ ഈ മഹത്തായ ബലത്തെ ഞാന്‍ അറിഞ്ഞിരുന്നില്ല. അതു കൊണ്ടു ( ഭവാനെ ചുമക്കുന്ന ഞാന്‍ ) അനന്യ സാധാരണമായ ബലം എനിക്കുണ്ടെന്നു വിചാരിച്ചു പോയി.

ഗരുഡന്റെ ദീനരോദനം കേട്ടപ്പോള്‍ ഭഗവാന്‍ അവനില്‍ പ്രസാദിച്ച്‌ സ്നേഹത്തോടെ പറഞ്ഞു: മേലാല്‍ നീ ഇങ്ങനെ ചെയ്യരുത്‌. ദേവന്‍ പാദാംഗുഷ്ഠം കൊണ്ട്‌ സുമുഖനെ എടുത്ത്‌ ഗരുഡന്റെ മാറിലിട്ടു. ഹേ രാജാവേ, അന്നു മുതല്‍ ഗരുഡന്‍ സര്‍പ്പത്തോടു കൂടി വസിച്ചു. ഇപ്രകാരം വിഷ്ണു ബലാക്രാന്തനായ ഗരുഡന്റെ സര്‍വ്വഗര്‍വ്വും കെട്ടടങ്ങി. ബലവാനും വിനതാ സുതനുമായ താര്‍ക്ഷ്യന്‍ പിന്നെ ബലത്തില്‍ അഹങ്കരിച്ചിട്ടില്ല.

കണ്വന്‍ തുടര്‍ന്നു: അപ്രകാരം ഹേ ഗാന്ധാരിപുത്രാ. വീരന്മാരായ പാണ്ഡവന്മാരുമായി എതിര്‍ക്കുന്ന കാലത്തോളം മാത്രമേ നിനക്ക്‌ ആയുസ്സുള്ളൂ. അത്രത്തോളമേ നീ ജീവിച്ചിരിക്കയുള്ളൂ. മഹാബലനും വായുപുത്രനും പ്രഹാരി പ്രവരനുമായ ഭീമന്‍, ഇന്ദ്രപുത്രനായ അര്‍ജ്ജുനന്‍ ഇവര്‍ പോരില്‍ ആരെയാണു വധിക്കാതെ വിടുക? വിഷ്ണു, വായു, ഇന്ദ്രന്‍, യമന്‍, അശ്വിനീപുത്രര്‍ ഈ ദേവകളെ നോക്കുവാന്‍ നീ എന്തു കൊണ്ടു ശക്തനാകും?

അതു കൊണ്ട്‌ നീ ആ പാണ്ഡവരോട്‌ വിരോധം വച്ചു പുലര്‍ത്തരുത്‌. അവരോടു ശമംചെയ്യുക. വാസുദേവന്‍ മുഖാന്തരം കുലം രക്ഷിക്കുക എന്നുള്ളതാണ്‌ പ്രധാന വിഷയം. എല്ലാം പ്രതൃക്ഷമായി കാണുന്നവനാണ്‌ ഈയുള്ളവന്‍. തപോനിധിയായ നാരദനും എല്ലാം കാണുന്നവനാണ്‌. ഗദാചക്രധരനായ വിഷ്ണുവിന്റെ മാഹാത്മ്യമൊക്കെ നാരദന് അറിയാം.

ഇതു കേട്ടപ്പോള്‍ നെറ്റിയും പുരികവും ചുളിച്ച്‌ മുഖം വീര്‍പ്പിച്ച്‌ സുയോധന്‍ കര്‍ണ്ണന്റെ നേരെ നോക്കി, മുനിമാരെ പരിഹസിക്കുന്ന വിധം പൊട്ടിച്ചിരിച്ചു. മഹര്‍ഷിയായ കണ്വന്റെ വാക്കിനെ ധിക്കരിച്ച്‌ ആ ദുര്‍മ്മതി തുമ്പിക്കരം പോലെയുള്ള തന്റെ തുടയില്‍ കൈ കൊണ്ടു തട്ടി ഇപ്രകാരം പറഞ്ഞു: "ദൈവം എന്നെ സൃഷ്ടിച്ചപ്പോള്‍ എനിക്ക്‌ എന്തുണ്ടാകുമെന്ന്‌ അദ്ദേഹം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്‌. അതു പോലെയൊക്കെ വരും. അതു മാറ്റാന്‍ ഒക്കുമോ? പിന്നെ എന്താണ്‌ നിങ്ങളുടെ ഈ പ്രലാപം കൊണ്ടൊക്കെ കാര്യം?"

106. ഗാലവചരിതം - ജനമേജയൻ പറഞ്ഞു: അനര്‍ത്ഥങ്ങളില്‍ ശാഠ്യം പിടിക്കുന്നവനും, പരന്മാരുടെ അര്‍ത്ഥത്തില്‍ ദുരാഗ്രഹിയും, അനാര്യമായ പ്രവൃത്തി ചെയ്യുന്നവനും, ചാകുവാന്‍ തന്നെ ഉറച്ചവനും, ജഞാനികള്‍ക്കു ദുഃഖം വളര്‍ത്തുന്നവനും, ബന്ധുജനങ്ങള്‍ക്കു ദുഃഖം ഉണ്ടാക്കുന്നവനും, സുഹൃത്തുക്കള്‍ക്കു ക്ലേശം ഉദിപ്പിക്കുന്നവനും, ശത്രുക്കള്‍ക്കു സന്തോഷം വളര്‍ത്തുന്നവനും, ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവനുമായ അവനെ എന്തു കൊണ്ട്‌ ബന്ധുക്കള്‍ തടഞ്ഞില്ല? സൗഹ്യദത്താല്‍ സുഹൃത്തും ഇഷ്ടനുമല്ലേ ഭഗവാനും പിതാമഹനും?;

വൈശമ്പായനൻ പറഞ്ഞു: ഭഗവാനും ഭീഷ്മനും വേണ്ട വിധമൊക്കെ ഉപദേശിച്ചു. പലമാതിരി ഒക്കെ നാരദനും പറഞ്ഞു നോക്കി. അതും ഞാന്‍ പറയാം. ഭവാന്‍ കേട്ടാലും.

നാരദന്‍ പറഞ്ഞു: പറഞ്ഞാല്‍ കേള്‍ക്കുന്ന സുഹൃത്തുക്കളും ഹിതം പറയുന്ന ബന്ധുക്കളും ചുരുക്കമാണ്‌. സുഹൃത്തു നിൽക്കുന്ന ദിക്കില്‍ ബന്ധു നിൽക്കുകയില്ല. അതു കൊണ്ട്‌ കുരുനന്ദനാ, ഭവാന്‍ സുഹൃത്തിന്റെ മൊഴി തട്ടരുത്‌. ഒരിക്കലും നിര്‍ബന്ധ ബുദ്ധി പാടില്ല. അതു വളരെ അപങ്കടമാണ്‌; ദാരുണമാണ്‌. ഇതിന് ഉദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്‌. അതു ഞാന്‍ പറയാം. നിര്‍ബ്ബന്ധം കൊണ്ട്‌ ഗാലവന് വലിയ തോല്മ പറ്റിയതാണ്‌ കഥാവിഷയം.

വിശ്വാമിത്രന്‍ പണ്ടു തപസ്സു ചെയ്യുന്ന കാലത്ത്‌ ആ രാജര്‍ഷിയെ പരീക്ഷിക്കുവാനായി വസിഷ്ഠന്റെ രൂപമെടുത്ത്‌ യമധര്‍മ്മന്‍ ചെന്നു. സപ്തര്‍ഷിമാരില്‍ ഒരാളാണല്ലോ വസിഷ്ഠന്‍. ആ മഹര്‍ഷിയുടെ രൂപത്തില്‍ തന്നെ വിശന്നു വലഞ്ഞ മട്ടില്‍ കൗശികാശ്രമത്തിൽ എത്തി. വിശ്വാമിത്രന്‍ സംഭ്രമിച്ച്‌ ഹവിസ്സു വെച്ചുണ്ടാക്കി. ആ വിശിഷ്ടമായ അന്നം വെച്ചുണ്ടാക്കി വരുന്നതു വരെ നിൽക്കുവാന്‍ ആ അതിഥി തയ്യാറായില്ല. അവന്‍ മറ്റു മുനിമാരുടെ ആശ്രമത്തില്‍ ചെന്ന്‌ സുഖമായി ഊണു കഴിച്ചു. അപ്പോഴേക്കും വിശ്വാമിത്രന്‍ ചൂടുള്ള ചോറു വെച്ചുണ്ടാക്കി. ചോറും കറിയും പാത്രത്തിലാക്കി മഹര്‍ഷിയെ തെരഞ്ഞു പുറപ്പെട്ടു. വഴിക്ക്‌ വിശ്വാമിത്രനെ ആ പ്രച്ഛന്ന വേഷന്‍ കണ്ടുമുട്ടി.;

അദ്ദേഹം പറഞ്ഞു: ഹേ മഹര്‍ഷേ! ഭവാന്‍ തെല്ലിട ഇവിടെ നിൽക്കുക! ഞാന്‍ ഇപ്പോള്‍ വരാം, എന്നു പറഞ്ഞ്‌ ഭഗവാന്‍ അവിടെ നിന്നു പോയി. മഹാദ്യുതിയായ വിശ്വാമിത്രന്‍ ചൂടുള്ള ആ അന്നപാത്രവും തലയില്‍ ചുമന്ന്‌ മഹര്‍ഷിയുടെ വരവും കാത്തു നിന്നു. രണ്ടുകൈ കൊണ്ടും ചോറു തലയില്‍ താങ്ങി ജിതവ്രതനായി, വായു ഭക്ഷണനായി തൂണു പോലെ വിശ്വാമിത്രന്‍ നിന്നു. തന്റെ ഗുരു ഈ വിധം നിൽക്കുമ്പോള്‍ അദ്ദേഹത്തെ ശ്രദ്ധയോടു കൂടി ശിഷ്യനായ ഗാലവന്‍ ശുശ്രൂഷിച്ചു. മുനിയായ ഗാലവന്‍ ഗുരുവിനെ വളരെ ഗൗരവത്തോടും ബഹുമാനത്തോടും സ്നേഹത്തോടും ഇഷ്ടത്തോടുമാണ്‌ ശുശ്രൂഷിച്ചത്‌.;

അങ്ങനെ ഒരു നൂറ്റാണ്ടു ചെന്നപ്പോള്‍ വീണ്ടും ധര്‍മ്മന്‍ വസിഷ്ഠ വേഷത്തില്‍ തന്നെ ചോറിനായി അവിടെ വിശ്വാമിത്രന്റെ സമീപത്തെത്തി. ബുദ്ധിശാലിയായ വിശ്വാമിത്ര മഹര്‍ഷി വായു ഭക്ഷണനായി ചോറും തലയിലേന്തി നിൽക്കുന്ന നില്പു കണ്ടപ്പോള്‍ ധര്‍മ്മന്‍ ആ മഹര്‍ഷിയുടെ ശിരസ്സിലിരിക്കുന്ന ചൂടുള്ള ചോറു വാങ്ങിഉണ്ട്‌ സന്തുഷ്ടനായി ഇപ്രകാരം പറഞ്ഞു: "ബ്രഹ്മര്‍ഷേ, ഞാന്‍ സന്തുഷ്ടനായി" എന്നു പറഞ്ഞ്‌ അവിടെ നിന്നു പോയി. ഉടനെ വിശ്വാമിത്രന്‍ ക്ഷത്രഭാവം വിട്ട്‌ ബ്രാഹ്മണത്വം നേടി. ധര്‍മ്മന്റെ വാക്കുപ്രകാരം ക്ഷത്രഭാവം വിട്ട വിശ്വാമിത്രന്‍ പ്രീതനാവുകയും അന്നു മുതല്‍ ബ്രഹ്മര്‍ഷിയായി ഭവിക്കുകയും ചെയ്തു.

വിശ്വാമിത്രന്‍ തന്റെ ശിഷ്യനായ ഗാലവന്റെ ശുശ്രൂഷയാലും, ഗുരുഭക്തിയാലും പ്രീതനായി ഇപ്രകാരം പറഞ്ഞു: ഉണ്ണീ ഗാലവാ, എന്റെ അനുവാദത്താല്‍ നീ ഇഷ്ടം പോലെ പൊയ്‌ക്കൊള്ളുക! ഇപ്രകാരം ഗുരു പറഞ്ഞപ്പോള്‍ ഗാലവന്‍ ദ്യുതിമാനായ കൗശികനോടു നന്ദിയോടെ നല്ല വാക്കാല്‍ പറഞ്ഞു: "ഗുരോ, ഭവാന് ഞാന്‍ എന്തു ദക്ഷിണയാണ്‌ ഗുരുവൃത്തിക്കായി നൽകേണ്ടത്‌? കര്‍മ്മം ദക്ഷിണയോടു കൂടിയേ സിദ്ധമാവുകയുള്ളു! സ്വയം ദക്ഷിണ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തെ നേടും. സ്വര്‍ഗ്ഗത്തില്‍ ക്രതുഫലം ശാന്തി ദക്ഷിണയാണെന്നു പറയുന്നു. ഗുരുവിന് വേണ്ടി ഞാന്‍ എന്താണ്‌ കൊണ്ടു വരേണ്ടത്‌? ഭവാന്‍ അരുള്‍ ചെയ്താലും!

അവന്റെ ശുശ്രൂഷയെപ്പറ്റി അറിയുന്നവനായ ഭഗവാന്‍ , പലകുറി അവന്‍ ഇപ്രകാരം ചോദിച്ചപ്പോഴും, ഗുരുദക്ഷിണ കാംക്ഷിക്കാതെ "പോയാലും! പോയാലും!" എന്നു പറഞ്ഞു. "പോവുക! പോവുക! ഞാന്‍ അനുവദിക്കുന്നു", എന്ന് വിശ്വാമിത്രന്‍ പലകുറി പറഞ്ഞിട്ടും അപ്രകാരം ചെയ്യാതെ "എന്താണു തരേണ്ടത്‌? എന്താണു തരേണ്ടത്‌?" എന്നു ചോദിച്ച്‌ അവന്‍ പിന്നെയും നിര്‍ബന്ധ ബുദ്ധിയായി തന്നെ നിന്നു. ഇതു കേട്ട്‌ വിശ്വാമിത്രന്‍ അല്പം മുദുവായി കോപിച്ചു പറഞ്ഞു: "ഒരു കാതു കറുത്ത്‌ ചന്ദ്രവര്‍ണ്ണത്തിലുള്ള എണ്ണൂറു കുതിരകളെ എനിക്കു നല്‍കണം. ഹേ, ഗാലവാ! നീ വൈകാതെ പോവുക".

107. ഗാലവചരിതം - നാരദന്‍ പറഞ്ഞു: ധീമാനായ വിശ്വാമിത്രന്‍ ഇപ്രകാരം പറഞ്ഞു വിട്ട ഗാലവന്‍ കിടപ്പും ഇരിപ്പും ഊണും വെടിഞ്ഞ്‌ എരിപൊരി കൊള്ളുവാന്‍ തുടങ്ങി. അവന്‍ വാടിത്തളര്‍ന്ന്‌ എല്ലും തൊലിയുമായി ചിന്താശോകാന്ധനായി തീര്‍ന്നു. വൃസനാധികൃത്താലും മന്യുവാലും ദുഃഖിച്ചു ദുഃഖിച്ച്‌ ഗാലവന്‍ ക്ഷീണിച്ചു, സുയോധനാ! എവിടെയുണ്ട്‌ എന്നെ സഹായിക്കാന്‍ പുഷ്ടരായ മിത്രങ്ങള്‍? അര്‍ത്ഥസഞ്ചയമെവിടെ? തിങ്കള്‍ വെള്ളക്കുതിരകള്‍ എണ്ണൂറ്‌ എവിടെ? ജീവിതശ്രദ്ധ നശിച്ചു. ഇനി ജീവിച്ചിരുന്നിട്ടെന്തു ഫലം ? ഞാന്‍ കടലിന്റെ കരയിലോ, ലോകത്തിന്റെ അങ്ങേയറ്റത്തോ പോയി ആത്മഹത്യ ചെയ്തേക്കാം. എന്തിന് ഇനി ജിവിച്ചിരിക്കുന്നു? നിര്‍ദ്ധനനായ ഞാന്‍ അകൃതാര്‍ത്ഥനാണ്‌. എല്ലാ ഫലവും ഒഴിഞ്ഞവനാണ്‌. കടക്കാരനായി ജീവിക്കുമ്പോള്‍ ജിവിതത്തില്‍ ആശയില്ലാതെ എന്തു സുഖം? സുഹൃത്തിന്റെ മുതല്‍ തിന്ന്‌ കാമങ്ങള്‍ ഏറ്റു പറഞ്ഞ്‌ അതു ചെയ്യുവാന്‍ അശക്തനായി ജീവിക്കുന്നവന് മരണമാണ്‌ ആ ജീവിതത്തേക്കാള്‍ ഭേദം. ചെയ്യാമെന്ന്‌ ഏറ്റു പറഞ്ഞ്‌ ആ കൃത്യം നിർവ്വഹിക്കാതിരിക്കുന്നവന്, പാഴ്വാക്കാല്‍ വെന്തു പോയവന്, ഇഷ്ടാപൂര്‍ത്തം നശിക്കും. അസത്യവാനു രൂപമില്ല. അസത്യവാനു സന്തതിയില്ല. അസത്യവാനു ആധിപത്യമില്ല. പിന്നെ എങ്ങനെ അവന് ശുഭമായ ഗതി ലഭിക്കും? കൃതഘ്നന് യശസ്സ് എവിടെ? നിലയെവിടെ? സുഖമെവിടെ? വിശ്വസിക്കുവാന്‍ കൊള്ളാത്തവന്‍ കൃതഘ്നനാണ്‌. കൃതഘ്നന് നിഷ്കൃതിയില്ല. നിര്‍ദ്ധനന്‍ പാപിയാണ്‌. അവന്‍ ജീവിക്കയില്ല. പാപിക്ക്‌ എന്തുണ്ടു തന്ത്രം? പാപി തീരെ നശിക്കും. ഉപകാരം മുടിക്കുന്ന പാപി തീരെ നശിക്കും. പാപി ഏറ്റവും കൃതഘ്നനാണ്‌. നേരുകെട്ടവന്‍ കൃപണനാണ്‌. കാര്യം നേടിയതിന്റെ ശേഷം ഗുരുവിന്റെ വാക്കു ചെയ്യാതായാല്‍ ഈ എന്നേക്കാള്‍ പാപിയും കൃതഘ്നനും കൃപണനുമായി മറ്റാരുണ്ട്‌? ഈ വിധം ജീവിക്കുന്ന ഞാന്‍ പണിപ്പെട്ട്‌ പ്രാണനെ തൃജിക്കുക തന്നെ ചെയ്യും. യാചന ദേവകളോടും ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല. മഖങ്ങളില്‍ വാനോരെല്ലാം എന്നെ മാനിക്കാറുണ്ട്‌. അതു കൊണ്ട്‌ ഞാന്‍ വിബുധ ശ്രേഷ്ഠനും ദേവനും ഭുവന നാഥനും, ഗതിയുള്ളവര്‍ക്കു ഗതിയുമായ വിഷ്ണുവിനെ ആശ്രയിക്കുന്നു. എല്ലാ ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഭാവി സുഖത്തിന് ആശ്രയ മൂര്‍ത്തിയാണല്ലോ ആ ദേവന്‍. അവ്യയനും യോഗിയുമായ ആ കൃഷ്ണനെ ഞാന്‍ ചെന്നു കണ്ടു വണങ്ങട്ടെ. എന്ന് അവന്‍ പറഞ്ഞയുടനേ ഇഷ്ടനും വിനതാ സുതനുമായ ഗരുഡന്‍ ഹൃഷ്ടനായി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഇപ്രകാരം ഇഷ്ടകാംക്ഷയോടെ പറഞ്ഞു: "നീ എന്റെ ഇഷ്ടപ്പെട്ട സുഹൃത്താണല്ലോ; സുഹൃത്തുക്കളില്‍ വെച്ചു പ്രിയപ്പെട്ട സഖിയാണല്ലോ. ഐശ്വര്യമുള്ളപ്പോള്‍ നിന്റെ ഇഷ്ടം സാധിപ്പിക്കേണ്ടവനാണു ഞാന്‍. ഹേ, വിപ്രാ! ഇവിടെ ഐശ്വര്യമുണ്ട്‌. ഞാന്‍ വിഷ്ണുവിനോടും നിന്റെ കാര്യം മുമ്പേ പറഞ്ഞു. എന്റെ ഇഷ്ടം ആ ദേവന്‍ കൈയേറ്റിട്ടുണ്ട്‌. അതുകൊണ്ട്‌ ഭവാന്‍ എന്റെ കൂടെ വരിക, പോകുക. ഞാന്‍ ഭവാനെ ലോകത്തിന്റെ മറുകരയ്ക്കു പോലും കൊണ്ടു പോകാം. പോകുക! ഹേ ഗാലവാ! ഇനി വൈകേണ്ടാ.

108. ഗാലവചരിതം - സുപര്‍ണ്ണന്‍ പറഞ്ഞു: ഹേ, ഗാലവാ, ജ്ഞാന യോഗവാനായ ദേവന്‍ ഈ കാര്യം സമ്മതിച്ചിട്ടുണ്ട്‌. ഇഷ്ടം നിന്നെപ്പറ്റി പറയുകയും ചെയ്തു. ഭവാനെ ഞാന്‍ ആദ്യമായി എവിടെയാണു കൊണ്ടു പോകേണ്ടത്‌? കിഴക്കു ദിക്കിലോ തെക്കു ദിക്കിലോ പടിഞ്ഞാറു ദിക്കിലോ വടക്കു ദിക്കിലോ ഏതു ദിക്കിലേക്കാണു കൊണ്ടു പോകേണ്ടത്‌? ആദ്യം കിഴക്കു ദിക്കിലേക്കു പോകാം.

ലോകം തെളിയിക്കുന്ന ആദിതൃ ഭഗവാന്‍ ഉയരുന്ന ദിക്ക്‌, സന്ധ്യാകാലത്ത്‌ സാദ്ധ്യന്മാര്‍ വന്‍തപം ചെയ്യുന്ന ദിക്ക്‌, ജഗത്തിലൊക്കെ വ്യാപിക്കുന്ന ചന്ദ്രന്‍ ആദ്യം വന്നുയരുന്ന ദിക്ക്‌ ധര്‍മ്മത്തിന്റെ ചക്ഷുസ്സു രണ്ടും ഊന്നി പ്രകാശിക്കുന്ന ദിക്ക്‌, ഹവ്യം ഹോമിച്ചാല്‍ ലഭിക്കുന്ന ഫലം എല്ലായിടത്തും വ്യാപിക്കുന്ന സ്ഥലം, ദിവസാധ്വാവിന് ഈ കിഴക്കേ ദിക്കാണല്ലോ ദ്വാരമായി ശോഭിക്കുന്നത്‌.

പണ്ട്‌ ലോകരെ ദക്ഷപുത്രി പ്രസവിച്ചത്‌ ഇവിടെ വച്ചാണ്‌. അതു കാരണം ദേവലക്ഷ്മി പണ്ട്‌ ഇന്ദ്രനെ അവിടെ വാഴിച്ചു. ദേവകള്‍ അവിടെ വച്ചാണ്‌ ഇന്ദ്രനോടു കൂടി തപിച്ചത്‌. ഇക്കാരണം കൊണ്ടാണ്‌ ആ ദിക്കിനെ പൂർവ്വദിക്ക്‌ എന്നു പറയുന്നത്‌. പൂര്‍വ്വകാലത്ത്‌ ദേവന്മാര്‍ പൂര്‍വ്വമായി വരിച്ചതു കൊണ്ട്‌ പുര്‍വ്വദിക്ക്‌ എന്ന പേര്‍ അന്വര്‍ത്ഥമായി. സുഖകാംക്ഷയാല്‍ ദേവകാര്യങ്ങളൊക്കെ പൂര്‍വ്വദിക്കില്‍ അനുഷ്ഠിക്കുന്നു. പൂര്‍വ്വകാലത്ത്‌ ദേവന്മാരോട്‌ ഭഗവാനായ വിശ്വഭാവനന്‍ ഇവിടെ വച്ചാണ്‌ ഉപദേശിച്ചത്‌. ബ്രഹ്മജ്ഞരോട്‌ ഇവിടെ വച്ച്‌ സാവിത്രിയും സവിതാവും ഉപദേശിച്ചു. സൂര്യന്‍ ഇവിടെ വച്ച്‌ യജുസ്സുകള്‍ നല്കി. വരം വാങ്ങി സോമം ഇവിടെ വച്ചാണ്‌ ദേവന്മാര്‍ പാനം ചെയ്യുന്നത്‌. ഇവിടെ വച്ച്‌ ആത്മബീജോപയോഗം അഗ്നികള്‍ ചെയ്യുന്നു. ഇവിടെ പാതാളത്തിലേക്ക് ഇറങ്ങി വരുണന്‍ ശ്രീ നേടി. പുരാണനായ വസിഷ്ഠനും ഇവിടെ വച്ചാണ്‌ സൂതിപ്രതിഷ്ഠയും പിന്നെ വിനാശവും പ്രകാശിച്ചത്‌. ഓങ്കാരത്തിന് ഇവിടെ ആയിരം മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നു.

ഇവിടെ ധൂമപരന്മാരായ ഋഷികള്‍ ധൂമം പാനം ചെയ്യുന്നു. പ്രോക്ഷണം ചെയ്ത്‌ അസംഖ്യ വരാഹാദികളായ മൃഗങ്ങളെ യജ്ഞഭാഗകത്തിനായി ശക്രന്‍ ദൈവതങ്ങളില്‍ ഇവിടെയാണു കല്പിച്ചിരിക്കുന്നത്‌. അഹിതന്മാരെയും കൃതഘ്നന്മാരെയും മര്‍ത്തൃന്മാരെയും ദൈത്യന്മാരെയും. ഇവിടെ ഉദിക്കുന്ന എല്ലാവരേയും ക്രോധത്താല്‍ വിഭാവസു വധിച്ചു വിടുന്നു. ഇതാണ്‌ ത്രിലോകിക്കും സ്വര്‍ഗ്ഗത്തിനും സുഖത്തിനും ദ്വാരം. ഇതാണ്‌ ആദിദിക്കായ പൂര്‍വ്വം. അവിടെ വേണം എങ്കില്‍ ചെന്നെത്താം. ഞാന്‍ ആരുടെ ചൊല്‍പ്പടിയില്‍ നിൽക്കുന്നുവോ അവന്റെ ഇഷ്ടം ഞാന്‍ നടത്താം. എന്തുവേണം, എങ്ങോട്ടു പോകണം? ഹേ ഗാലവാ, പറഞ്ഞാലും. ഇനി മറ്റൊരു ദിക്കിനെ കുറിച്ചു ഞാന്‍ പറഞ്ഞു തരാം.

109. ഗാലവചരിതം - സുപര്‍ണ്ണന്‍ പറഞ്ഞു: പണ്ട്‌ വിവസ്വാന്‍ ഈ ദിക്കിനെ സ്‌റൗതമായ വിധിയാല്‍ ഗുരുദക്ഷിണയായി നല്കി. അതു കൊണ്ട്‌ ഈ ദിക്കിന്‌ ദക്ഷിണദിക്ക്‌ എന്നു പേരു വന്നു. ഈ ദിക്ക്‌ മുന്നു ലോകത്തിന്റേയും പിതൃപക്ഷ പ്രതിഷ്ഠയാണ്‌. ഇവിടെ ഊഷ്മപന്മാരായ ദേവന്മാര്‍ വാഴുന്നതായി കേള്‍വിയുണ്ട്‌. വിശ്വേദേവകള്‍ ഇവിടെയാണ്‌ പിതൃഗണത്തോടു കൂടി വാഴുന്നത്‌. ലോകം തോറും യജ്ഞഭാഗം ഒപ്പം ഇവിടെ വാങ്ങിക്കുന്നു. ഇത്‌ ധര്‍മ്മത്തിനുള്ള രണ്ടാമത്തെ വാതിലാണെന്നു പറയുന്നു. ലവം, ത്രുടി മുതൽക്കു കണക്കു കൂട്ടി ഇവിടെ വച്ചു കാലത്തെ നിശ്ചയിക്കുന്നു. ദേവര്‍ഷികളും പിതൃ ലോകര്‍ഷിമാരും രാജര്‍ഷികളും ഇവിടെ വൃഥ കൂടാതെ വസിക്കുന്നു. ധര്‍മ്മവും സതൃവും കര്‍മ്മവും ഒക്കെ തെളിയുന്നത്‌ ഇവിടെയാണ്‌. അന്തം അണഞ്ഞവര്‍ക്കൊക്കെ കര്‍മ്മത്തിന്റെ ഗതിയായി തീരുന്നത്‌ ഈ ദിക്കാണ്‌. എല്ലാവരും അവസാനമായി ചെല്ലണ്ടതായ ദിക്ക്‌ ഇതാണ്‌. അബോധം കൊണ്ട്‌ ഉടയുകയാല്‍ സുഖമായി ഇതില്‍ പോവുകയില്ല. ഇവിടെ അനേകായിരം നൈതൃതന്മാര്‍ ഉണ്ട്‌. അകൃതാത്മാക്കള്‍ക്കു പ്രതികൂലമായ കാഴ്ചയ്ക്കു സൃഷ്ടിക്കപ്പെട്ടവരാണ്‌ അവര്‍. ഇവിടെ മന്ദാര ലതാ നികുഞ്ജത്തിലും വിപ്രര്‍ഷിമാരുടെ നിലയങ്ങളിലും ഗന്ധര്‍വ്വന്മാര്‍ ചിന്തയും ബുദ്ധിയും കവരുമാറുള്ള ഗാഥ പാടുന്നു. ഇവിടെ സാമഗാനവും ഗാഥയുമൊക്കെ കേട്ടിട്ട്‌ രൈവതനും ഭാര്യയും മന്ത്രിമാരും നാടുവിട്ടു കാടുകയറി. ഇവിടെ സാവര്‍ണ്ണിയും പിന്നെ യവക്രീതന്റെ പുത്രനും സൂര്യന്‍ തെറ്റാത്ത വിധം മര്യാദ കല്പിച്ചു. മഹാത്മാവായ പുലസ്ത്യന്റെ പുത്രനായ രാവണ രാക്ഷസ രാജാവ്‌, വലിയ തപസ്സു ചെയ്ത്‌ "സുരാവദ്ധ്യത്വം" എന്ന വരം വാങ്ങിയത്‌ ഇവിടെ വച്ചാണ്‌. ഇവിടെ വൃത്തം കൊണ്ട്‌ വൃത്രന്‍ ഇന്ദ്രശത്രുത്വം നേടി. ഇവിടെ എല്ലാ പ്രാണനും എത്തി പഞ്ചത്വത്തെ പ്രാപിക്കുന്നു.

ഇവിടെ പാപം ചെയ്ത മര്‍ത്ത്യരെയൊക്കെ വേവിക്കുന്ന ഇടമാണ്‌. ഇവിടെയാണ്‌ വിതരണന്മാരുള്ള വൈതരണീനദി. ഇവിടെയാണ്‌ എല്ലാ സുഖത്തിനും അറുതിയായ ഇടം. ദുഃഖത്തിന്‌ അന്തവും ഇവിടെയാണ്‌. ഇവിടെ അര്‍ക്കന്‍ ആവര്‍ത്തിച്ചാണ്‌ സുരസാബുവിനെ ഭരിക്കുന്നതും വാസിഷ്ഠ കാഷ്ഠയില്‍ ചെന്ന്‌ മഞ്ഞുവീശി വിടുന്നതും.

ഇവിടെ മുമ്പ്‌ ഹേ, ഗാലവാ, വലിയ വിശപ്പോടു കൂടിയിരിക്കുമ്പോള്‍ ചിന്തിച്ച്‌, പൊരുതിക്കൊണ്ടിരുന്ന വമ്പന്മാരായ ആനയേയും ആമയേയും ഞാന്‍ കൊണ്ടു പോയി ഭക്ഷിച്ചു. ഇവിടെ ചക്രധനുസ്സ്‌ എന്നു പേരുള്ള സൂര്യജന്റെ പുത്രനായ, സഗരാത്മജ താപനനായ, കപിലമുനി വസിക്കുന്നു. ഇവിടെ സിദ്ധന്മാരായ ശിവാഖ്യന്മാരും വേദപാരഗന്മാരായ വിപ്രന്മാരും വേദമൊക്കെ പഠിച്ച്‌ ഇവിടെ മോക്ഷത്തെ പ്രാപിക്കുന്നു. ഇവിടെയാണ്‌ വാസുകി ഭരിക്കുന്ന ഭോഗവതീപുരി. ഇവിടെ നിര്യാണ കാലത്തു വലിയ തപസ്സ്‌ ഭാസ്കരനായാലും കൃഷ്ണവര്‍മ്മാവിനായാലും ചെയ്യേണ്ടി വരുന്നു. ഇതാണു ഗാലവാ, പരിവാര്യമായ അതിലേക്കുള്ള മാര്‍ഗ്ഗം. ആ വഴിക്കു വേണം എങ്കില്‍ നമുക്കു പോകാം. ഇനി പടിഞ്ഞാറു ദിക്കിനെപ്പറ്റി ഞാന്‍ പറയാം. അതും ഭവാന്‍ കേട്ടുകൊള്ളുക.;

110. ഗാലവചരിതം - സുപര്‍ണ്ണന്‍ പറഞ്ഞു; ഗോവിന്‌ അധീശനായ വരുണന് ഈ ദിക്ക്‌, പടിഞ്ഞാറേ ദിക്ക്‌, ഏറ്റവും ഇഷ്ടമുള്ളതാണ്‌. ഇവിടെ അര്‍ക്കന്‍ പകലിനു പശ്ചാല്‍ ( ശേഷം) ഗോക്കളെ (രശ്മികളെ) വെടിയുന്നു. പശ്ചിമം എന്ന് ഈ ദിക്കിനു തന്മൂലം പ്രസിദ്ധിയുണ്ടായി. യദോഗണത്തിന്റെ രാജ്യത്ത്‌ ജലം താങ്ങുവാനായി ഭഗവാന്‍ കശ്യപന്‍ വരുണനെ അഭിഷേകം ചെയ്തു. ഇവിടെയാണ്‌ വരുണന്റെ ആറു രസങ്ങളും കുടിക്കുക കാരണം യുവാവായി ഭവിക്കുന്ന സോമന്‍ ശുക്ലപക്ഷത്തിൽ ഇരുള്‍ പോക്കുന്നത്‌. ഇവിടെ പശ്ചാല്‍കൃതന്മാരായി, ദൈത്യന്മാര്‍ വായുബദ്ധരായി നിശ്വസിച്ചു മഹാവാതപീഡ കൊണ്ടു സുപ്തരാകുന്നു. ഇവിടെ ഇഷ്ടനായ സൂര്യനെ പര്‍വ്വതം കൈക്കൊള്ളുന്നു. അസ്തമയവും പശ്ചിമസന്ധ്യയും അപ്പോഴാണ്‌ ഉണ്ടാകുന്നത്‌. ദിവസാന്ത്യത്തില്‍ രാവും നിദ്രയും അപ്പോള്‍ ഉണ്ടാകുന്നു. അപ്പോള്‍ ജീവലോകത്തിന്റെ ആയുസ്സു പകുതിയും കവരുന്നു. ഇവിടെ ഗര്‍ഭിണിയായി ഉറങ്ങിക്കിടക്കുന്ന ദിതിദേവിയെ ഗര്‍ഭമില്ലാത്തവൾ ആക്കിത്തീര്‍ത്തു ശക്രന്‍. അതില്‍ നിന്നു മരുത്ഗണങ്ങള്‍ ഉത്ഭവിച്ചു. ഇവിടെയാണ്‌ ഹിമവാന്റെ മൂലമായ മന്ദരപര്‍വ്വതം. ആയിരം വര്‍ഷം ചുറ്റിയാലും അതിന്റെ അതിരു കാണുവാന്‍ കഴിയുകയില്ല. ഇവിടെ പൊന്‍കുന്നിന്റേയും പൊല്‍ത്താമരയുടേയും സമുദ്രത്തിന്റേയും അടുത്തു നിൽക്കുന്ന സുരഭി ധാരാളം പാല്‍ ചുരത്തുന്നു. ഇവിടെ സമുദ്രത്തിന്റെ നടുവിലായി സൂര്യകല്പനും സോമസൂര്യ വൈരിയുമായ രാഹുവിന്റെ കബന്ധം കാണാം. അദൃശ്യനും അപ്രമേയനുമായ ഹരിരോമാവ്‌ പാടുന്ന സ്വര്‍ണ്ണശിരസ്സിന്റെ ശബ്ദം ഇവിടെ കേള്‍ക്കാം. ഇവിടെയാണ്‌ ഹരിമേധസ്സിന്റെ മകളായ ധ്വജവതി ആകാശത്തില്‍ "നിൽക്കുക, നിൽക്കുക" എന്നു സൂര്യന്‍ കല്പിക്കുകയാല്‍ നിൽക്കുന്നതും. ഇവിടെയാണ്‌ വായു, അഗ്നി, ആകാശം, രാവ്‌, പകല്‍ എന്നിവ ദുഃഖകരമായ കരസ്പര്‍ശം വിടുന്നത്‌. അതിനു ശേഷം സൂര്യന്റെ ഗതി ഒന്നു വിലങ്ങും. എല്ലാ ജ്യോതിസ്സുകളും ഇവിടെയാണ്‌ സൂര്യബിംബത്തില്‍ എൽക്കുന്നത്‌. ചന്ദ്രനോടു കൂടി ഇരുപത്തെട്ടാം രാത്രി തോറും സഞ്ചരിച്ചു സോമയോഗം പോലെ സൂര്യയോഗം ചെയ്ത്‌ എത്തുന്നതും ഇവിടെയാണ്‌. ഇവിടെയാണ്‌ ആഴികളുടെ ഉയര്‍ച്ചയ്ക്കു വേണ്ടി പുഴകള്‍ക്കുള്ള ഉത്ഭവവും. മൂന്നു ലോകത്തിനും ആവശ്യമായ ജലം ഈ വരുണാലയത്തിലുണ്ട്‌.

ഇവിടെയാണ്‌ പന്നഗ രാജാവായ അനന്തന്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ തന്നെയാണ്‌ അനാദ്യന്തനായ വിഷ്ണുവിന്റേയും ഉത്തമസ്ഥാനം. ഇവിടെയാണ്‌ അഗ്നിയുടെ ഇഷ്ടനായ വായുവിന്റെ നിവേശനം. മാരീചനായ കശ്യപമഹാമുനിയുടെ ഇരിപ്പിടവും ഇവിടെയാണ്‌.

അങ്ങയ്ക്കു പടിഞ്ഞാറന്‍ദിക്കിന്റെ മാര്‍ഗ്ഗമാണ്‌ ഞാന്‍ ചുരുക്കിപ്പറഞ്ഞു തന്നത്‌. ഹേ ഗാലവാ, ഈ വഴിക്കാണോ പോകേണ്ടത്‌? ഭവാന് ഇഷ്ടമാണെങ്കില്‍ ഈ വഴിക്കു നമുക്കു പോകാം.

111. ഗാലവചരിതം - സുപര്‍ണ്ണന്‍ പറഞ്ഞു: പാപത്തെ ഉത്തരിപ്പിച്ച്‌ നിശ്രേയസം അണയ്ക്കുകയാല്‍ ഉത്താരണബലം കൊണ്ട്‌ ഉത്തര എന്ന് ആ ദിക്കിന് പേരുണ്ടായി. ഉത്തമമായ സ്വര്‍ണ്ണജാ ലങ്ങള്‍ക്ക്‌ ഇതു നിധാനമാണ്‌. പൂര്‍വ്വപശ്ചിമ ദിക്കിനും മദ്ധ്യമായ സ്വര്‍ഗ്ഗമാര്‍ഗ്ഗമാണിത്‌. വിശിഷ്ടയായ ഉത്തരദിക്കില്‍ സൗമ്യനല്ലാതെ, ഉള്ളടങ്ങാതെ, ധര്‍മ്മിഷ്ഠരായ ജനങ്ങളില്ല.

ഇവിടെ നാരായണനായ കൃഷ്ണനും ജിഷ്ണുവും ബ്രഹ്മാവും ബദര്യാശ്രമത്തില്‍ വസിച്ചു. ഇവിടെ എന്നും ഹിമവല്‍പൃഷ്ഠത്തില്‍ മഹേശ്വരന്‍ വസിക്കുന്നു. പ്രകൃതിയോടു ചേര്‍ന്ന പുരുഷനും പ്രളയാഗ്നി സമപ്രഭനുമാണ്‌ ആ മഹേശ്വരന്‍. മുനികള്‍ക്കും ഇന്ദ്രാദിസുരന്മാര്‍ക്കും ആ ദേവന്‍ ദൃശ്യനല്ല. നരനാരായണന്മാര്‍ക്കും യക്ഷഗന്ധര്‍വ്വന്മാര്‍ക്കും മാത്രമേ ആ ദേവന്‍ ദൃശ്യനാകുന്നുള്ളു. ഇവിടെ സഹസ്രാക്ഷനും സഹസ്രപദനും അവ്യയനും സഹസ്രശീര്‍ഷനുമായ ഒരാളെ മായയാല്‍ കാണുന്നു.

ഇവിടെയാണ്‌ ചന്ദ്രനെ ദ്വിജരാജാവായി അഭിഷേചിച്ചത്‌. ആകാശത്തു നിന്നു വീഴുന്ന ഗംഗയെ ശ്രീമഹേശ്വരന്‍ ഏറ്റ്‌ മര്‍ത്തൃലോകത്തിലേക്ക്‌ ഇറക്കിക്കൊടുത്തത്‌ ഇവിടെയാണ്‌. ഇവിടെയാണ്‌ പാര്‍വ്വതി ശിവനേ മോഹിച്ചു തപസ്സു ചെയ്തത്‌. ഇവിടെ കാമവും രോഷവും ഉമ ശൈലവും യക്ഷരാക്ഷസ ഗന്ധര്‍വ്വ പരിഷയ്ക്കു വെളിവായി. കൈലാസത്തില്‍ ധനങ്ങള്‍ക്ക്‌ അധിപനായി വൈശ്രവണനെ അഭിഷേചിച്ചു. ഇവിടെയാണ്‌ പ്രസിദ്ധമായ ചൈത്രരഥം എന്ന ഉദ്യാനവും വൈശ്രവണന്റെ ആശ്രമവും. ഇവിടെയാണ്‌ മന്ദരപര്‍വ്വതവും മന്ദാകിനീ നദിയും. ഇവിടെയാണു സൗഗന്ധിക വനം പാലിക്കുവാന്‍ രാക്ഷസന്മാര്‍ കാവല്‍ നിൽക്കുന്നത്‌.

ശാദ്വലവും കദളീസ്കന്ധവും സന്താനവ്യക്ഷങ്ങളും സംയമാസക്തരും സ്വൈരസഞ്ചാരികളായ സിദ്ധവര്‍ഗ്ഗവും അവരുടെ കാമഭോഗ്യങ്ങളായ വിമാനങ്ങളും ഇവിടെയാണ്‌ ഗാലവാ! ഇവിടെ സപ്തര്‍ഷികളും അരുന്ധതീ ദേവിയും വസിക്കുന്നു. ഇവിടെയാണ്‌ സ്വാതി നിൽക്കുന്നത്‌, അവരുടെ ഉദയവും ഇവിടെയാണ്‌, ഇവിടെ യജ്ഞം ചെയ്യുക കാരണം പിതാമഹന്‍ സ്ഥിരമായി നിൽക്കുന്നു. ജ്യോതിസ്സുകളും അര്‍ക്കേന്ദുക്കളും നിതൃവും ഗംഗാമഹാദ്വാരം രക്ഷിക്കുന്നു. ധാമാഖ്യരായ മഹാത്മാക്കളും സത്യവാദികളായ മുനിമാരും ഉണ്ട്‌. അവരുടെ ശരിയായ രൂപവും തപസ്സും ഇന്ന വിധമെന്ന്‌ അറിയുവാന്‍ സാധ്യമല്ല. ഗതാഗതം യജ്ഞപാത്രം, കാമഭോഗ്യങ്ങള്‍ ഇവ ഏതേതു വിധമാണോ ചെയ്യുന്നത്‌ അതാതില്‍ നരന്‍ തൽപരനായി അതാതു വിധമായി ലയിക്കുന്നു. ഇവിടേക്ക്‌ മുമ്പ്‌ മറ്റാരും തന്നെ കടന്നു ചെന്നിട്ടില്ല, നരനും നാരായണനുമൊഴികെ.

ഇവിടെ കൈലാസം എന്നു പറയുന്നത്‌ വിത്തേശന്റെ നിവാസ സ്ഥാനമാണ്‌. വിദ്യുല്‍ പ്രഭാഖ്യമാരായി ഇവിടെ പത്ത്‌ അപ്സരസ്സുകള്‍ ഉണ്ടായി. ഇവിടെ വിഷ്ണുപദം, പാദം വെക്കുന്നവിഷ്ണു തീര്‍ത്തതാണ്‌.ബ്രഹ്മന്‍ മുപ്പാരുകളും ആക്രമിച്ച കാലത്ത്‌ ഉത്തരദിക്കിലായി മരുത്തന്‍ എന്ന രാജാവ്‌ ഇവിടെ യജ്ഞം ചെയ്തു. ഇവിടെ ഉശീര ബീജത്തിലാണ്‌ പൊന്മയമായ പൊയ്ക. അത്‌ മഹാത്മാവായ ജിമൂത വിപ്രര്‍ഷിക്കു വേണ്ടി ഉദിച്ചതാണ്‌. സാക്ഷാല്‍ പുണ്യമായ ഹൈമവതം, നിര്‍മ്മലവും കനകാകാരവുമായ ഹൈമവതം, സര്‍വ്വവും ബ്രാഹ്മണര്‍ക്കു വേണ്ടി സ്വന്തമാക്കി, മഹര്‍ഷിയായ ജീമൂതന്‍ ആ ധനം വരിച്ചു. ആ ധനം ദിക്പാലന്മാര്‍ രണ്ടു സന്ധ്യയ്ക്കും ഏന്തി ശോഭിക്കുന്നു. ആര്‍ക്ക്‌ എന്തു കാര്യം സാധിക്കണം എന്ന് അവര്‍ ഉച്ചത്തില്‍ ചോദിക്കുന്നു. ഇപ്രകാരം വിപ്രഗുണം ചേര്‍ന്ന്‌ ഏറ്റവും ഉത്തരമായി ഉത്തര എന്ന കീര്‍ത്തിയോടെ സര്‍വ്വകാമത്തിനാലും ഉത്തരയായി ഉത്തരദിക്കു ശോഭിക്കുന്നു. ഈ ദിക്കുകള്‍ ഞാന്‍ ഭവാനോടു വിവരിച്ചു പറഞ്ഞു. നാലും ക്രമത്തില്‍ ഹേ ഗാലവാ, ഞാന്‍ അങ്ങയ്ക്കു പറഞ്ഞു തന്നു. ഭവാന് ഇനി എവിടെ പോകാനാണ്‌ ആഗ്രഹം? ഹേ ദ്വിജശ്രേഷ്ഠാ! ഞാന്‍ സന്നദ്ധനാണ്‌, ഭവാനെ ദിക്കുകള്‍ കാട്ടിത്തരുവാന്‍. ഹേ, ബ്രാഹ്മണാ! ഭവാന്‍ എന്റെ പുറത്തു കയറിക്കൊള്ളുക. ഞാന്‍ ഭൂമി ഒട്ടുക്കും കാണിച്ചു തരാം.

112. ഗാലവചരിതം - ഗാലവന്‍ പറഞ്ഞു: ഹേ ഗരുഡാത്മനേ, നാഗശത്രോ, സുപര്‍ണ്ണ, വിനതാത്മജാ! കര്‍മ്മത്തിന്റെ നേത്രമുള്ളതായ പൂർവ്വദിക്കിലേക്കു തന്നെ നീ എന്നെ കൊണ്ടു പോയാലും. ആദ്യം പറഞ്ഞു വെച്ച ദിക്കിലേക്കു തന്നെ ആദ്യം പോവുക. അവിടെയാണ്‌ ദേവകളുടെ സാന്നിദ്ധ്യം എന്നല്ലേ ഭവാന്‍ പറഞ്ഞു വെച്ചത്‌! ഇവിടെ സത്യത്തേയും ധര്‍മ്മത്തേയും പറ്റി നീ നല്ല പോലെ വര്‍ണ്ണിക്കുകയും ഉണ്ടായല്ലോ. എല്ലാ ദേവഗണങ്ങളുമായും സംഗമിക്കാന്‍ എനിക്ക്‌ ആഗ്രഹം തോന്നുന്നു. അരുണാനുജാ! എനിക്കു വീണ്ടും ദേവകളെ കാണുവാന്‍ ഇച്ഛയുണ്ട്.

നാരദന്‍ പറഞ്ഞു; ഇങ്ങനെ ഗാലവന്‍ പറഞ്ഞപ്പോള്‍ അവനോട്‌ ഗരുഡന്‍ തന്റെ പുറത്തു കയറിക്കൊള്ളുവാന്‍ പറഞ്ഞു.

ഗാലവന്‍ പറഞ്ഞു: ഹേ, പന്നഗാശനാ, പറക്കുന്നതായ നിന്റെ രൂപം പൂര്‍വ്വാഹ്നത്തില്‍ സഹസ്രാമ്ശുവായ ആദിത്യന്റെ മാതിരി ഞാന്‍ കാണുന്നു. നിന്റെ വേഗത്തില്‍ ചിറകിന്റെ കാറ്റടിയാല്‍ പിമ്പേ പറക്കുന്ന വൃക്ഷങ്ങളുടെ ഗതി ഞാന്‍ കാണുന്നുണ്ട്‌. അവ കൂടെ പോരികയാണെന്നു തോന്നുന്നു. കടലും കായലും കാടും മേടും കൂടുന്ന ഈ പാരിടം ഭവാന്റെ ചിറകടിക്കുമ്പോഴുണ്ടാകുന്ന കാറ്റാല്‍, നീ പിടിച്ചു വലിക്കുന്നതു പോലെ ശോഭിക്കുന്നുവല്ലോ! മത്സ്യം, പാമ്പ്‌ മുതലായവയോടു കൂടിയ വെള്ളം ആകാശത്തേക്കു നിന്റെ ചിറകടിമൂലം ഉണ്ടാകുന്ന കൊടുങ്കാറ്റാല്‍ മേൽപ്പോട്ട് അടിച്ചു കയറ്റുന്ന മാതിരി തോന്നുന്നു. തുല്യരൂപത്തിലുള്ളതും തുല്യമുഖത്തോടു കൂടിയതുമായ തിമിംഗലം, ത്ധഷം എന്നിവയേയും, നരന്മാരുടെ മുഖമുള്ള നാഗങ്ങളേയും ഞാന്‍ ഉന്മഥിതങ്ങളായി കാണുന്നു. വലിയ കടലിന്റെ ആരവത്താല്‍ ചെകിടു കൊട്ടിയടച്ച മാതിരിയായി. ഒന്നും കേള്‍ക്കുകയും, ഒന്നും കാണുകയും ചെയ്യാത്ത മാതിരിയിലായി ഞാന്‍. കാരണമൊന്നും തിരിയുന്നില്ലല്ലോ! ഹേ, ഗരുഡാ. ഒന്നു പതുക്കെപ്പോകു! അല്ലെങ്കില്‍ വെറുതെ ഭവാന്‍ ബ്രഹ്മഹത്യാ പാപത്തിന് പാത്രമാകും. ഹേ ഖഗാ! എനിക്കു സൂര്യനേയും ദിക്കുകളും ആകാശവും ഒന്നും കാണുവാന്‍ കഴിയുന്നില്ല. ഇരുട്ടു മാത്രമേ കാണുന്നുള്ളു. നിന്റെ ദേഹം കൂടി ഞാന്‍ കാണുന്നില്ല. ജാത്യരത്നം പോലെ നിന്റെ രണ്ടു കണ്ണുകളും കാണുന്നുണ്ട്‌. നിന്റേയും എന്റേയും ശരീരം കാണുന്നില്ല. അടിക്കടിക്കു ദേഹത്തില്‍ നിന്ന്‌ അഗ്നി പുറപ്പെടുന്നതു പോലെ തോന്നുന്നു. നിന്റെ രണ്ടു കണ്ണും കാണുമ്പോള്‍ അതും കെടുന്നതായി കാണുന്നു. യാത്രയില്‍ മഹാവേഗം നീ ചുരുക്കുക. അല്ലെങ്കില്‍ എനിക്കു യാത്ര ചെയ്യേണ്ട; എനിക്ക്‌ ഒന്നും വേണ്ട. വേഗം പിന്‍തിരിക്കൂ! തിരിക്കു. എനിക്കു നിന്റെ വേഗം സഹിക്കാനാവുന്നില്ല. ഗുരുവിനോട്‌ എണ്ണൂറു കുതിരകളെ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഒരു കാതു കറുത്തതും ചന്ദ്രന്റെ നിറത്തിലുള്ളതുമാകണം എന്നും പറഞ്ഞിട്ടുണ്ട്‌. അവയെ നല്കുവാനായി ഞാന്‍ മാര്‍ഗ്ഗം ഒന്നും കാണുന്നില്ലല്ലോ അണ്ഡജാ! അതു കൊണ്ട്‌ ദേഹത്യാഗം ചെയ്യാന്‍ തന്നെ ഞാന്‍ വിചാരിക്കുന്നു. എനിക്ക്‌ ഒട്ടും ധനമില്ല. ഇഷ്ടനായ ധനികനുമില്ല. വളരെയധികം വിത്തം കിട്ടിയാലും സാധിക്കാവുന്ന കാര്യവുമല്ല അത്‌.

ഇപ്രകാരം ദീനനായി അതുമിതും പറഞ്ഞു കരയുന്ന ഗാലവനോട്‌, പോകുന്ന സമയത്ത്‌ ഗരുഡന്‍ ചിരിച്ച്‌ ഇപ്രകാരം മറുപടി പറഞ്ഞു: മുമ്പേ തന്നെ ആത്മത്യാഗത്തിന് ചിന്തിക്കുന്നവന്‍ ബുദ്ധിയില്ലാത്തവനാണ്‌. കാലനിഷ്ഠ പ്രാപ്യനല്ല. കാലന്‍ പരമേശ്വരനാണ്‌. ഭവാന്‍ ഈ സംഗതി എന്തേ മുന്‍കൂട്ടി പറയാതിരുന്നത്‌? ഇതു സാധിക്കുവാൻ വലിയ കൗശലമുണ്ടല്ലോ. ഋഷഭമെന്ന പര്‍വ്വതം ഇതാ കടല്‍ക്കരയില്‍ കാണുന്നു. അവിടെ പോയിറങ്ങി വിശ്രമിച്ച്‌ ആഹാരം കഴിച്ചു തിരിച്ചു പോകാമല്ലോ ഗാലവാ!

113. ഗാലവചരിതം - നാരദന്‍ പറഞ്ഞു: ഋഷഭത്തിന്റെ കൊടുമുടിയില്‍ ആ ദ്വിജനും പക്ഷിയും ഇറങ്ങി. അവിടെ അധിവസിക്കുന്ന ശാണ്ഡിലി എന്ന ബ്രാഹ്മണ താപസസ്ത്രീയെ കണ്ട്‌ സുപര്‍ണ്ണന്‍ അഭിവാദ്യം ചെയ്തു; ഗാലവന്‍ അര്‍ച്ചനം ചെയ്തു. അവള്‍ സ്വാഗതം പറഞ്ഞു. ആ രണ്ടു മാന്യന്മാരും അവിടെ ആസനങ്ങളില്‍ ഇരുന്നു. ബലിമന്ത്രാര്‍ച്ചിതയായ അവള്‍ വെച്ചു നല്കിയ ഭോജനം കഴിച്ച്‌ അവര്‍ രണ്ടുപേരും തളര്‍ന്നു നിലത്തു കിടന്ന്‌ ഉറങ്ങി മയങ്ങി.

മുഹൂര്‍ത്ത സമയം കഴിഞ്ഞപ്പോള്‍ പോകാന്‍ ബദ്ധപ്പാടോടു കൂടി സുപര്‍ണ്ണന്‍ ഉണര്‍ന്നു. അപ്പോള്‍ തന്റെ ചിറകൊക്കെ കൊഴിഞ്ഞതായി ഗരുഡന്‍ കണ്ടു. കാലും തലയും ഒരു മാംസക്കട്ടയും മാത്രമായിരിക്കുന്നു ആ പക്ഷി. അവനെ ഈ നിലയില്‍ കണ്ടപ്പോള്‍ ഗാലവന്‍ വിഷണ്ണനായി ചോദിച്ചു: "എടോ സുപര്‍ണ്ണാ! എന്താ കഥ? എന്തേ ഇങ്ങനെയായത്‌? ഇവിടെ വന്നതിന്റെ ഫലമാണോ ഇത്‌? ഇനി എത്രനാള്‍ ഇവിടെ പാര്‍ക്കണം? ഭവാന്‍ വല്ല അധര്‍മ്മവും മനസ്സില്‍ ചിന്തിച്ചുവോ? ധര്‍മ്മത്തിന് തെറ്റായ ചിന്ത എന്താണു നിന്നില്‍ ഉണ്ടായത്‌? പറയൂ! ചെറിയ അധര്‍മ്മമല്ല ഭവാനെ ബാധിച്ചത്‌!"

സുപര്‍ണ്ണന്‍ പറഞ്ഞു; ഹേ, ദ്വിജാ! ഞാന്‍ പ്രജാപതിയുടെ പാര്‍പ്പിടത്തില്‍ ചെന്ന്‌ ഈ സിദ്ധിയെ ഒന്നു കണ്ടു പോകുവാന്‍ വിചാരിച്ചു. എവിടെ ദേവനായ മഹാദേവന്‍ ഉണ്ടോ, എവിടെ സനാതനനായ വിഷ്ണുവുമുണ്ടോ, എവിടെ ധര്‍മ്മം, യജ്ഞം ഇവകളുണ്ടോ അവിടെ ഇവള്‍ വാഴട്ടെ എന്നു ഞാന്‍ വിചാരിച്ചു. അങ്ങനെ വിചാരിച്ച ഞാന്‍ ഭഗവതിയുടെ പ്രസാദത്തിനായി ആ ദേവിയുടെ മുമ്പില്‍ കൈകൂപ്പി പ്രീതിക്കായി ഇരക്കുന്നു. ശോചിക്കുന്ന മനസ്സു കൊണ്ട്‌ ഇപ്രകാരം ഞാന്‍ കരുതി. ബഹുമാനത്താല്‍ ഇങ്ങനെ ഒരു അനിഷ്ടം ഞാന്‍ ചെയ്തു പോയി. ഞാന്‍ ചെയ്തതു പുണ്യമായാലും പാപമായാലും മാഹാത്മൃത്താല്‍ അങ്ങു ക്ഷമിച്ചാലും.

അവള്‍ സുപര്‍ണ്ണന്റെ പ്രാര്‍ത്ഥന കേട്ടു സന്തുഷ്ടയായി ഇപ്രകാരം പറഞ്ഞു: ഹേ! സുപര്‍ണ്ണാ, ഭയപ്പെടേണ്ട, സംഭ്രമിക്കേണ്ടാ. ഹേ! വത്സാ, നീ എന്നെ നിന്ദിച്ചു. ഞാന്‍ നിന്ദയെ പൊറുക്കുകയില്ല. എന്നെ നിന്ദിക്കുന്ന പാപലോകത്തില്‍ നിന്നു പ്രഭ്രഷ്ടനാകും. മിക്കവാറും ദുര്‍ലക്ഷണം വിട്ടു നിന്ദ്യയല്ലാത്ത ഞാന്‍ ആചാരം കൈക്കൊണ്ട്‌ ഈ ശ്രേഷ്ഠയായ സിദ്ധിയെ നേടി. ആചാരം ധര്‍മ്മകരമാണ്‌. ആചാരം ധനകൃത്തുമാണ്‌. ആചാരത്താല്‍ ശ്രീ ലഭിക്കും. ആചാരം അലക്ഷണം പോക്കും. ഹേ ആയുഷ്മാനേ! പക്ഷി രാജാവേ! ഭവാന്‍ യഥേഷ്ടം പൊയ്ക്കൊണ്ടാലും. എന്നെ ഭവാന്‍ മേലാല്‍ നിന്ദിക്കരുത്‌. ഭവാന്‍ സ്ത്രീകളെ ഒരിക്കലും നിന്ദിക്കരുത്‌. മുമ്പത്തെ പോലെ തന്നെ ബലവും വീര്യവുമുള്ളവനായി ഭവിക്കട്ടെ ഭവാന്‍!

അവള്‍ ഇപ്രകാരം പറഞ്ഞയുടനെ അവന്റെ വിലപ്പെട്ട രണ്ടു പക്ഷങ്ങളും വളര്‍ന്നു. ശാണ്ഡിലിയുടെ സമ്മതം വാങ്ങി വന്ന വഴിക്കു തന്നെ പോന്നു. പറഞ്ഞ മാതിരിയുള്ള കുതിരകളെ അവിടെ അന്വേഷിച്ചു. എന്നാൽ കണ്ടുകിട്ടുക ഉണ്ടായില്ല. അങ്ങനെ മാര്‍ഗ്ഗത്തില്‍ നിൽക്കുന്ന ഗാലവനെ ഗുരുവായ കൗശികന്‍ കണ്ടുമുട്ടി. വാഗ്മിയായ അവന്‍ വൈനതേയന്റെ മുമ്പില്‍ വെച്ച്‌ ഇപ്രകാരം പറഞ്ഞു; "ഹേ! ദ്വിജാ, നീ എനിക്കു തരാമെന്ന്‌ ഏറ്റു പറഞ്ഞു പോയ ആ ധനമില്ലേ, അതു തരേണ്ട കാലമായി. നീ എന്താണു വിചാരിക്കുന്നത്‌; ഇനിയും ഞാന്‍ എതക്രാലം കാത്തിരിക്കണം? കാര്യം സാധിക്കേണ്ട മാര്‍ഗ്ഗം നീ ചിന്തിച്ചു കൊള്ളുക".

ഗുരുവിന്റെ വാക്കു കേട്ടപ്പോള്‍ അപാരമായി ദുഃഖിച്ചു നിൽക്കുന്ന ഗാലവനോട്‌ ഗരുഡന്‍ പറഞ്ഞു: വിശ്വാമിത്രന്‍ പറഞ്ഞത്‌ എനിക്കിപ്പോള്‍ പ്രതൃക്ഷമായി. വരൂ, ഗാലവാ! നമുക്ക്‌ ഒന്നു ഗാഢമായി ആലോചിക്കാം. ഭവാന്‍ ഗുരുദ്രവ്യമെല്ലാം കൊടുക്കുക തന്നെ വേണം; കൊടുക്കാതിരുന്നു കൂടാ.

114. ഗാലവചരിതം - നാരദന്‍ പറഞ്ഞു: ദുഃഖത്തില്‍ മുഴുകി വലഞ്ഞ ഗാലവനോട്‌ ഖഗോത്തമനായ സുപര്‍ണ്ണന്‍ പറഞ്ഞു; ഹേ! ഗാലവാ, മന്നില്‍ അഗ്നി നിര്‍മ്മിച്ചതും, വായു ശുദ്ധമാക്കിയതും, ഹിരണ്യമെന്നു പറയപ്പെടുന്നതുമായ വസ്തുവാൽ എല്ലാം ഹിരണ്മയമായിരിക്കുന്നു. ധനം ലോകത്തെ ഭരിക്കുകയും ജീവനെ കൊടുക്കുകയും ചെയ്യുന്നു. അതു കൊണ്ട്‌ ധനം എന്ന് അതിന് പേര്‍ സിദ്ധിച്ചു. ഏതു ലോകത്തിനും ആവശ്യമാകയാല്‍ അതു ത്രിലോകത്തില്‍ ശാശ്വതമായി നിലകൊള്ളുന്നു. ധനം പ്രോഷ്ഠപദത്തില്‍ ശുക്രവാരത്തില്‍ വിത്തേശ്വരനില്‍ സ്ഥിതിചെയ്യുന്നു. കുബേരന്റെ നിധി വര്‍ദ്ധിപ്പിക്കുവാന്‍ അഗ്നി ധനത്തെ മനുഷ്യരില്‍ അര്‍പ്പിക്കുന്നു. അങ്ങനെ ഭൂഗര്‍ഭത്തില്‍ അഗ്നിയാൽ ഉണ്ടാക്കപ്പെട്ട ധനം അജൈകപാത്ത്‌, അഹര്‍ബുദ്ധ്നി എന്നിവര്‍ പാലിക്കുന്നു. അവരെ കുബേരനും പാലിക്കുന്നു. ഇപ്രകാരമുള്ള ധനം കൂടാതെ അലബ്ധദ്രവൃമായ വസ്തുക്കളൊന്നും ലഭിക്കുകയില്ല. ധനം കൂടാതെ ഭവാന് അശ്വങ്ങളെ ലഭിക്കുന്നതല്ല. അതു കൊണ്ട്‌ ന്യപര്‍ഷിവംശത്തിലെ രാജാവിനോടു ഭവാന്‍ ചെന്ന്‌ അര്‍ത്ഥിക്കുക. പ്രജകള്‍ക്കു ദുഃഖം കൂടാതെ നമ്മള്‍ക്കു വേണ്ടതു നല്കുന്ന രാജാവിനെ ചെന്നു കാണണം.

സോമകുലത്തില്‍ എന്റെ സഖിയായി ഒരു രാജാവുണ്ട്‌. അവന്റെ അരികില്‍ പോയാല്‍ കാര്യം നടക്കും. അവന്‍ വിഭവമുളളവനാണ്‌. യയാതിയെന്നു പേരായ ആ രാജര്‍ഷി സതൃവിക്രമനാണ്‌. ഭവാന്‍ ഇരക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞാല്‍ അവന്‍ ധനം ഭവാനു നല്കുന്നതാണ്‌, അവന്റെ കയ്യില്‍ വിത്തേശന്റെ കയ്യിലെന്ന പോലെ ധാരാളം ധനമുണ്ട്‌. ഇങ്ങനെ ധനം സമ്പാദിച്ചു ഭവാന്‍ ദാനം കൊണ്ടു ഗുരുധനം വീട്ടുക.

ഇപ്രകാരം അവന്‍ പറഞ്ഞപ്പോള്‍ അതു യുക്തം തന്നെ എന്നു ചിന്തിച്ച്‌ യയാതി ഇരിക്കുന്നിടത്ത്‌ അവര്‍ ചെന്നു. അര്‍ഘ്യപാദ്യാദി സല്‍ക്കാരം കൊണ്ട്‌ അവന്‍ അതിഥികളെ സ്വീകരിച്ചു. നല്ല സന്ദര്‍ഭത്തില്‍ രാജാവിനോടു ഗരുഡന്‍ ഇപ്രകാരം പറഞ്ഞു:ഹേ! നഹുഷപുത്രാ! ഈ ഗാലവന്‍ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവനാണ്‌. താപസനാണ്‌ ഇവന്‍. പതിനായിരം വര്‍ഷം വിശ്വാമിത്രന്റെ ശിഷ്യനായി ശുശ്രൂഷിച്ചു വന്നവനാണ്‌. അവന്റെ സമ്മതത്തോടു കൂടി ഉപകാരം ചെയ്യുവാന്‍ ഈ ശിഷ്യന്‍ ഗുരുവിനോടു പറഞ്ഞു: മഹാഭാഗാ, ഞാന്‍ കാലേ ദക്ഷിണ നല്കാം - ഇങ്ങനെ പല പ്രാവശ്യവും ഇവന്‍ ആവശ്യമില്ലാതെ പറയുകയാല്‍ മഹര്‍ഷി അല്പം കോപിച്ച്‌, ലഘുവായ വിഭവമാണ്‌ ഉള്ളില്‍ ഇവന്‍ വിചാരിക്കുന്നതെന്നു മനസ്സിലാക്കി, ഇപ്രകാരം പറഞ്ഞു: "ഒരു കാതു കറുത്തതും ഏറ്റവും ശുഭ്രമായതും ശുദ്ധജന്മമായതും ചന്ദ്രശ്രീയുള്ളതുമായ എണ്ണൂറു കുതിരകളെ നീ കൊണ്ടു വന്നു തരണം. നിനക്ക്‌ ആകുമെങ്കില്‍ ഇതു കൊണ്ടു വന്നു തരികഗാലവാ!"

ഇങ്ങനെ വിശ്വാമിത്രന്‍ കോപത്തോടെ പറഞ്ഞപ്പോള്‍ ഈ ദ്വിജര്‍ഷഭന്‍ വലിയ ദുഃഖത്താല്‍ തപ്തനായി തീര്‍ന്നു. കൊടുപ്പാന്‍ ശക്തനാകായ്കയാല്‍ ഇവന്‍ ഭവാനെ വന്നു കണ്ടതാണ്‌. ഹേ! മഹാഭാഗാ, ഭവാന്‍ നല്കുന്ന ഭിക്ഷ ഏറ്റ്‌ അല്ലല്‍ കൂടാതെ ഗുരുവിന്റെ കടം വീട്ടി വലിയ തപസ്സില്‍ ഇവന്‍ ഏർപ്പെടും. എന്നാൽ ഇവന്റെ തപസ്സില്‍ ഒരു ഭാഗം ഭവാനും തന്നു കൊള്ളും. രാജര്‍ഷിയായ ഭവാനെ തപസ്സേന്തുന്നവനായ ഇവന്‍ സമ്പൂര്‍ണ്ണനാക്കും. അശ്വരോമങ്ങള്‍ എത്രയുണ്ടോ അത്ര അശ്വമേധം ചെയ്താല്‍ ലഭിക്കുന്ന മഹാലോകങ്ങള്‍ ഭവാനു ലഭിക്കുന്നതാണ്‌. വാങ്ങുവാന്‍ ഇവന്‍ പാത്രമാണ്‌. കൊടുക്കുവാന്‍ ഭവാനും പാത്രമാകുന്നു. ശംഖില്‍ പാല്‍ എന്ന വിധം ഈ ദാനം ഒത്തു ചേരുന്നതാണ്‌. രാജാവേ, അങ്ങനെ ചെയ്താലും!

115. ഗാലവചരിതം - നാരദന്‍ പറഞ്ഞു: സുപര്‍ണ്ണന്‍ സത്യമായ വാക്കു പറഞ്ഞപ്പോള്‍ മനസ്സു വെച്ച്‌ രാജാവു കുറച്ചു നേരം ചിന്തിച്ചിരുന്നു. ആയിരം യജ്ഞം ചെയ്തവനും, ദാതാവും, ദാനപതിയും, പ്രഭുവുമായ യയാതി ഇഷ്ടനായ താര്‍ക്ഷ്യനേയും, ദ്വിജനായ ഗാലവനേയും നോക്കി. തപോദൃഷ്ടാന്തമായും ശ്ലാഘ്യമായുമിരിക്കുന്ന ഭിക്ഷ ചോദിച്ചതോര്‍ത്ത്‌ രാജാവ്‌ ഇപ്രകാരം പറഞ്ഞു: സുര്യവംശജന്മാരായ രാജാക്കളെയൊക്കെ വിട്ട് എന്റെ അടുത്തേക്കു വന്ന നിങ്ങളുടെ ബുദ്ധിയെപ്പറ്റി ഞാന്‍ ചിന്തിക്കുന്നു. ഇന്ന്‌ എന്റെ ജന്മം സഫലമായെന്നും, എന്റെ കുലം ഉദ്ധരിക്കപ്പെട്ടുവെന്നും ഞാന്‍ വിചാരിക്കുന്നു. ഹേ, അനഘാശയനായ താര്‍ക്ഷ്യാ! ഭവാന്‍ എന്റെ രാജ്യത്തേയും ഉദ്ധരിച്ചിരിക്കുന്നു! ഞാന്‍ പറയുവാന്‍ പോകുന്നത്‌ സഖേ, ഭവാന്‍ കേട്ടാലും. ഭവാന്‍ എന്നെ മുമ്പേ അറിയുന്നവനും ആണല്ലോ. ഞാന്‍ ഇപ്പോള്‍ അത്രയ്ക്ക്‌ വിത്തവാനല്ലാതായിരിക്കുന്നു. എന്റെ ധനമൊക്കെ ദാനം ചെയ്തു തീര്‍ന്നിരിക്കയാണ്‌. ഖഗ്രേന്ദ്രാ! നിന്റെ വരവ്‌ പാഴിലാക്കുവാനും പാടുള്ളതല്ലല്ലോ. ഈ വിപ്രര്‍ഷിയുടെ ആഗ്രഹം ഞാന്‍ വിഫലമാക്കുകയില്ല. ഈ കാര്യം നേടാന്‍ പറ്റിയ ഒരു മുതല്‍ എന്റെ കയ്യിലുണ്ട്‌. അതു ഞാന്‍ ഇതാ നല്‍കുന്നു. ഗൃഹത്തില്‍ വന്ന്‌ ഇരന്ന്‌ ആശകെട്ടു മടങ്ങി പോയവന്‍ കുടുംബം കെടുത്തിക്കളയും. ഇതിലും വലുതായി വേറെ പാപമില്ല. ആശ നശിപ്പിക്കുന്നതില്‍ പരം പാപം വേറെയില്ല. നല്കാതിരുന്നാല്‍ അര്‍ത്ഥം ലഭിക്കാത്ത അര്‍ത്ഥി മൃത തുല്യനായി തീരും. ഹിതം ചെയ്യാത്തവന്റെ പുത്രപൗത്രവര്‍ഗ്ഗം കെട്ടു നശിക്കും. അതുകൊണ്ട്‌ ഞാന്‍ ഇതാ എന്റെ മകളെ നല്കുന്നു. ഇവള്‍ നാലുവംശത്തെ നിലനിര്‍ത്തും. സുരസ്ത്രീക്കു തുല്യമായ ഇവള്‍ സര്‍വ്വധര്‍മ്മങ്ങളും ചേര്‍ന്നവളാണ്‌. എന്നും ദേവനരന്മാരും, ദൈതൃന്മാരും കാംക്ഷിക്കുന്ന എന്റെ പുത്രിയെ ഭവാന്‍ സ്വീകരിക്കുക. ഇവള്‍ക്കു ശുല്ക്കമായി രാജാക്കന്മാര്‍ രാജ്യവും കൂടി നല്കുവാന്‍ തയ്യാറുണ്ട്‌. തീര്‍ച്ചയായും നല്കുന്നതാണ്‌. പിന്നെ കാതു കറുത്ത എണ്ണൂറു വാജികളെ കിട്ടുവാനാണോ വിഷമം? അതുകൊണ്ട്‌ ഭവാന്‍ എന്റെ മാധവിക്കുട്ടിയെ വാങ്ങുക. ഞാനും ദൗഹിത്രനുള്ളവനായി ഭവിക്കട്ടെ! അതെനിക്കും ശ്രേയസ്കരമാണല്ലോ?

രാജാവു നല്കിയ മാധവിയെന്ന പുത്രിയേയും സ്വീകരിച്ച്‌ ഗാലവന്‍ പക്ഷി രാജാവിനോടു കൂടി അവിടെ നിന്നിറങ്ങി. അശ്വങ്ങള്‍ക്കുള്ള മാര്‍ഗ്ഗം ഒത്തു എന്ന് ഗരുഡന്‍ പറഞ്ഞു. ഗാലവനോടു യാത്ര പറഞ്ഞ്‌ സുപര്‍ണ്ണന്‍ പോയി സ്വഗൃഹത്തിലെത്തി.

പക്ഷി രാജാവു പോയതിന് ശേഷം കന്യകയോടു കൂടി ഗാലവന്‍, മന്നവന്മാരില്‍ ധാരാളം ശുൽക്കം ( കന്യകയെ കൊടുത്തു വാങ്ങുന്ന ധനം); തരുവാന്‍ കഴിവുള്ളവന്‍ ആരായിരിക്കും, എന്നു ചിന്തിച്ചു പുറപ്പെട്ടു. അവന്‍ മനസ്സില്‍ ഇക്ഷ്വാകു വംശത്തിലെ ഹരൃശ്വന്‍ എന്ന രാജാവിനെഓര്‍ത്തു. അയോദ്ധ്യാ രാജാവായ ഹരൃശ്വന്‍ ചതുരംഗ ബലാഡ്യനാണ്‌. ധനധാന്യങ്ങളും ബലവുമുള്ളവനും ഇഷ്ടപൗരന്മാരോടു ചേര്‍ന്നവനും ദ്വിജന്മാരില്‍ ഇഷ്ടമുള്ളവനുമായ ആ രാജാവിനെ ചിന്തിച്ചു. അയോദ്ധ്യയില്‍ ചെന്ന്‌ ഹരൃശ്വ രാജാവിനെ കണ്ട്‌, ഗാലവന്‍ പറഞ്ഞു: "രാജാവേ, ഇവള്‍ എന്റെ കനൃകയാണ്‌. പ്രസവിച്ചു വംശം വളര്‍ത്തുന്നവളാണ്‌. ശുൽക്കം തന്ന്‌ ഇവളെ ഭാര്യയാക്കുവാന്‍ ഭവാന്‍ വാങ്ങിയാലും. ഭവാനോടു ശുൽക്കത്തെപ്പറ്റി പറയാം. അതു ഭവാന്‍ കേട്ടു ധരിച്ചാലും".

116. ഗാലവചരിതം - നാരദന്‍ പറഞ്ഞു; പ്രജാകാംക്ഷിയായ ഹരൃശ്വ രാജാവ്‌ പലപാടു ചിന്തിച്ച്‌ ചുടുന്ന നെടുവീര്‍പ്പോടു കൂടി ഇപ്രകാരം പറഞ്ഞു: ഉയര്‍ന്നവളും, ഉയര്‍ന്ന ആറില്‍ സൂക്ഷ്മയായവളും, സൂക്ഷ്മമായ ഏഴിലും മുന്നിലും ഗംഭീരയും, അഞ്ചില്‍ രക്തകാന്തി വഹിക്കുന്നവളുമാണ്‌ ഇവള്‍. ബഹുദേവസുരലോകയും, ബഹുഗന്ധർവ്വദര്‍ശനയും, മഹാലക്ഷണങ്ങള്‍ തികഞ്ഞവളുമായ ഈ കന്യക ബഹുപ്രസവമുള്ളവളുമാണ്‌. സകല ലക്ഷണങ്ങളും തികഞ്ഞ ഇവള്‍ ചക്രവര്‍ത്തിയായ പുത്രനെ പ്രസവിക്കുവാന്‍ മതിയായവളാണ്‌. അങ്ങ്‌ എന്റെ വിഭവം മനസ്സിലാക്കി ശുൽക്കം എന്തു വേണം എന്നു പറഞ്ഞാലും.

ഗാലവന്‍ പറഞ്ഞു: ചന്ദ്രശുഭ്രങ്ങളും, നല്ല മെയ്യുള്ളവയും, ഒരു കാതു കറുത്തിട്ടുള്ളവയുമായ എണ്ണൂറു കുതിരകളെ ഭവാന്‍ എനിക്കു നല്കുക. എന്നാൽ ഞാന്‍ ഇവളെ ഭവാനു നല്കാം. ആയതേക്ഷണയായ ഈ ശുഭാംഗി അഗ്നികളെ അരണി എന്ന പോലെ തേജസ്വികളായ പുത്രന്മാരെ പ്രസവിക്കും.

നാരദന്‍ പറഞ്ഞു: ഇതുകേട്ട്‌ കാമമോഹിതനായ ഹര്യശ്വ രാജര്‍ഷി, ദീനനായ വിധത്തില്‍ ഗാലവ ഋഷീന്ദ്രനോടു പറഞ്ഞു: ഭവാന്‍ പറഞ്ഞ വിധമുള്ള ഇരുനൂറു കുതിരകള്‍ എന്റെ കൈവശമുണ്ട്‌. മറ്റു തരത്തിലുള്ള കുതിരകള്‍ വേണ്ടുവോളമുണ്ട്‌. ഇവളില്‍ ഞാന്‍ ഒരു പുത്രനെ ജനിപ്പിക്കട്ടെ ഗാലവാ! എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌ ഒരു പുത്രനുണ്ടാവുക എന്നുള്ളത്‌. അത്‌ ഇവളില്‍ നിന്നു സാധിപ്പിക്കുവാന്‍ ഭവാന്‍ എന്നെ അനുവദിച്ചാലും.

രാജാവ്‌ ഇപ്രകാരം പറഞ്ഞതു കേട്ടപ്പോള്‍ ആ കന്യക ഗാലവനോടു പറഞ്ഞു: ഹേ ഗാലവര്‍ഷേ! എനിക്കു ബ്രഹ്മവാദിയായ ഒരു ഋഷി ഒരു വരം നല്കിയിട്ടുണ്ട്‌, "പ്രസവിക്കുന്തോറും നീ കന്യകയായി ഭവിക്കും" എന്ന്. ഭവാന്‍ അശ്വങ്ങളെ വാങ്ങി എന്നെ ഈ രാജാവിന് നല്കുക. നാലു രാജാക്കന്മാര്‍ വഴിയായി ഭവാന് എണ്ണൂറ്‌ അശ്വങ്ങള്‍ തികയും. ആ വഴിക്ക്‌ എനിക്കു നാലു രാജാക്കന്മാരില്‍ നിന്നു നാലു പുത്രന്മാരും ഉണ്ടാകും. ഗുരുവിന് നല്കുവാന്‍ അര്‍ത്ഥത്തിന് വേണ്ടി ഭവാന്‍ ഇപ്രകാരം ചെയ്താലും. ഇങ്ങനെ എനിക്ക്‌ ഒരു ബുദ്ധി തോന്നുന്നു. ഭവാന്റെ അഭിപ്രായമെന്താണ്‌? ഇപ്രകാരം ആ കനൃക പറഞ്ഞപ്പോള്‍ ഗാലവമുനി സന്തോഷത്തോടെ ഹരൃശ്വ രാജാവിനോടു പറഞ്ഞു: "രാജാവേ, ഭവാന്‍ ഈ കന്യകയെ സ്വീകരിച്ചാലും! ശുൽക്കത്തില്‍ നാലിലൊന്നാല്‍ ഭവാന്‍ ഇവളില്‍ ഒരു പുത്രനെ ജനിപ്പിക്കുക.

അപ്രകാരം രാജാവ്‌ ആ കന്യകയെ വാങ്ങി ഗാലവനെ ശ്ലാഘിച്ചു. അങ്ങനെ കന്യകയായ മാധവിയെ ഭാര്യയായി നേടിയ രാജാവിന് യഥാകാലം ഒരു പുത്രന്‍ പിറന്നു. അവന്‍ വസുമനസ്സ്‌ എന്നു പിന്നീടു വിഖ്യാതനായി. ഭൂമിയില്‍ ഏറ്റവും വലിയ വസുമാനായി ആ രാജാവു ശോഭിച്ചു. വസുപ്രതിമനായ വസുമനസ്സ്‌ വസുപ്രദനുമായി ഭവിച്ചു.

പിന്നെ കാലമായപ്പോള്‍ ധീമാനായ ഗാലവന്‍ ഹരൃശ്വ രാജാവിന്റെ സമീപത്തെത്തി. അദ്ദേഹത്തെ സമീപിച്ചു വന്ദിക്കുന്ന ഹരൃശ്വ രാജാവിനോട്‌ ഗാലവന്‍ പറഞ്ഞു:

ഹേ രാജാവേ, ഭവാന് അര്‍ക്കതുല്യനായ പുത്രനുണ്ടായല്ലോ. ഭിക്ഷയ്ക്കായി മറ്റു രാജാവിനെ കാണുവാന്‍ എനിക്കു പോകേണ്ട കാലമായി. ഹര്യശ്വന്‍ സത്യവാക്കില്‍ നില്‍ക്കുന്നവനും പൗരുഷമുള്ളവനുമാണ്‌. കുതിരകളുടെ ദൗര്‍ലഭ്യം ഹേതുവായി മാധവിയെ ഗാലവന് മടക്കിയേല്പിച്ചു. ജ്വലിക്കുന്ന രാജലക്ഷ്മിയെ വിട്ട്‌ മാധവി വീണ്ടും കനൃകയായി. ഇച്ഛ പോലെ ഗാലവന്റെ പിന്നാലെ പോയി. പോകുമ്പോള്‍ ഗാലവന്‍ രാജാവിനോട്‌, "കുതിരകള്‍ ഇപ്പോള്‍ ഇവിടെ നില്ക്കട്ടെ; ഞാന്‍ കൊണ്ടു പൊയ്ക്കൊള്ളാം", എന്നു പറഞ്ഞു. അങ്ങനെ ഗാലവന്‍ കനൃകയോടു കൂടി ദിവോദാസ ന്യപേന്ദ്രന്റെ അടുത്തേക്കു പോയി.

117. ഗാലവചരിതം - ഗാലവന്‍ പറഞ്ഞു: മഹാവീര്യനും കാശി രാജ്യത്തിന്റെ അധിപനും പ്രഭുവും ഭീമസേന പുത്രനുമായ ദിവോദാസ രാജാവിന്റെ അടുത്തേക്കു നാം പോവുക. ഭദ്രേ! നീ ദുഃഖിക്കരുത്‌. പതുക്കെ പോന്നാലും. ആ രാജാവ്‌ ധാര്‍മ്മികനും സംയമിയും സത്യവാനുമാണ്‌.

നാരദന്‍ പറഞ്ഞു; അവനെ ചെന്നു കണ്ട്‌ ആ മുനി സല്‍ക്കാരമൊക്കെ സ്വീകരിച്ചു. ഗാലവന്‍ സന്തതിക്കായി ആ രാജാവിനെ പ്രേരിപ്പിച്ചു.

ദിവോദാസന്‍ പറഞ്ഞു: ഹേ ദ്വിജാ. ഭവാന്‍ പറഞ്ഞത്‌ ഞാന്‍ കേട്ടു. ഞാന്‍ ഈ വര്‍ത്തമാനം മുമ്പേ തന്നെ കേട്ടിരിക്കുന്നു. അന്നു മുതല്‍ ഈ കാര്യം ഞാന്‍ കാത്തിരിക്കുകയാണ്‌. ഇത്‌ എനിക്ക്‌ ഏറ്റവും മാനമായ കാര്യമാണ്‌. മറ്റു രാജാക്കളെയൊക്കെ വിട്ട്‌ ഭവാന്‍ എന്റെ പാര്‍ശ്വത്തില്‍ വന്നുവല്ലോ. ഇത്‌ വരാനുള്ളത് ആണെന്നതില്‍ സംശയമില്ല. എനിക്കും പറഞ്ഞ മാതിരിയുള്ള അശ്വവിഭവം അത്ര തന്നേയുള്ളു. ഇവളില്‍ ഞാനും ഒരു രാജാവിനെ ജനിപ്പിക്കട്ടെ!

അപ്രകാരമാകട്ടെ എന്നു പറഞ്ഞ്‌ ആ കന്യകയെ ദിജശ്രേഷ്ഠന്‍ രാജാവിനു നല്കി. വിധി പോലെ ആ കന്യകയെ രാജാവു സ്വീകരിച്ചു. അവളില്‍ രാജാവ്‌, പ്രഭാവതിയില്‍ അര്‍ക്കന്‍ എന്ന പോലെയും, സ്വാഹയില്‍ പാവകന്‍ എന്ന പോലെയും, പൗലോമിയില്‍ ഇന്ദ്രന്‍ എന്ന പോലെയും രമിച്ചു. ചന്ദ്രന്‍ രോഹിണിയിലും, യമന്‍ ധൂമോര്‍ണ്ണയിലും. വരുണന്‍ ഗരിയിലും, കുബേരന്‍ ഋദ്ധിയിലും എന്ന പോലെ ദിവോദാസന്‍ മാധവിയില്‍ രമിച്ചു. നാരായണന്‍ ലക്ഷ്മിയിലും, സമുദ്രം ഗംഗയിലും, രുദ്രന്‍ രുദ്രാണിയിലും, ബ്രഹ്മം വേദിയിലും, വാസിഷ്ഠന്‍ അദൃശ്യന്തിയിലും, വസിഷ്ഠന്‍ സ്വാക്ഷമാലയിലും, ച്യവനന്‍ സുകന്യയിലും, പുലസ്ത്യന്‍ സന്ധ്യയിലും, അഗസ്ത്യന്‍ വൈദര്‍ഭിയിലും. സത്യവാന്‍ സാവിത്രിയിലും എന്ന പോലെ അവര്‍ പരസ്പരസ്നേഹ ബദ്ധരായി ജീവിച്ചു. പോരാ, ഭൃഗു പുലോമയില്‍, കശ്യപന്‍ ഹേമവതിയില്‍ എങ്ങനെയോ അപ്രകാരം അവര്‍ പരസ്പരം ചേര്‍ന്നു.

കൗശികന്‍ ഹൈമവതിയില്‍, ആര്‍ച്ചികന്‍ രേണുകയില്‍, ഗുരു താരയില്‍, ശുക്രന്‍ ശതപര്‍വ്വയില്‍, ഭൂമിപതി ഭൂമ്യയില്‍, പുരൂരവന്‍ ഉർവ്വശിയില്‍, ഋചീകന്‍ സത്യവതിയില്‍, മനു സരസ്വതിയില്‍, ദുഷ്യന്തന്‍ ശകുന്തളയില്‍, ധര്‍മ്മന്‍ ധൃതിയില്‍, നാരദന്‍ സതൃവതിയില്‍, നളന്‍ ദമയന്തിയില്‍, ജരല്‍കാരു ജരല്‍കാരുവില്‍, പുലസ്ത്യന്‍ പ്രതീചിയില്‍, ഊര്‍ണ്ണായുസ്സ്‌ മേനകയില്‍, തുംബുരു രം ഭയില്‍, വാസുകി ശതശീര്‍ഷിയില്‍, ധനഞ്ജയന്‍ കുമാരിയില്‍, ശ്രീരാമന്‍ വൈദേഹിയില്‍, ജനാര്‍ദ്ദനന്‍ രുക്മിണിയില്‍ എന്ന പോലെ രമിക്കുന്ന ദിവോദാസ രാജാവിന് മാധവി പ്രതര്‍ദ്ദന കുമാരനെ ജനിപ്പിച്ചു.

അങ്ങനെ സമയം വന്നപ്പോള്‍ ഭഗവാന്‍ ഗാലവന്‍ ദിവോദാസന്റെ സമീപത്തു വന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഭവാന്‍ കന്യകയെ തന്നാലും. വാജികള്‍ ഇവിടെ തന്നെ നില്‍ കട്ടെ! രാജാവേ, മറ്റൊരു ദിക്കില്‍ ഞാന്‍ ശുൽക്കത്തിന്നായി പോകട്ടെ! നേരില്‍ നിൽക്കുന്നവനും ധര്‍മ്മബുദ്ധിയുമായ ദിവോദാസന്‍ കാലമായപ്പോള്‍ ഗാലവന് ആ കനൃകയെ തിരികെ ഏല്പിച്ചു.

118. ഗാലവചരിതം - നാരദന്‍ പറഞ്ഞു: ഇപ്രകാരം ആ ശ്രീയും ഉപേക്ഷിച്ചു. കനൃകയായി തീര്‍ന്ന ആ സുന്ദരി ഗാലവമുനിയുടെ സമീപത്തെത്തി. തന്റെ കാരൃത്തില്‍ മനസ്സു വെച്ച്‌ ആലോചിച്ച്‌ ഗാലവന്‍ ഭോജപുരത്തില്‍ പോയി ഉശീനര രാജാവിനെ കാണുവാന്‍ ചെന്നു. സതൃവിക്രമനായ ആ ഭൂപനെ കണ്ട്‌ ഗാലവന്‍ പറഞ്ഞു: ഈ കന്യക ഭവാനു രണ്ടു രാജാക്കന്മാരായ പുത്രന്മാരെ ജനിപ്പിക്കും. രാജാവേ, സോമാര്‍ക്ക തുല്യരായ രണ്ടു മക്കളെ ഇവളില്‍ ജനിപ്പിച്ച്‌, ഭവാന്‍ ഇഹത്തിലും പരത്തിലും സിദ്ധാര്‍ത്ഥനായി ഭവിക്കും. ശുൽക്കമായി ഭവാന്‍ എനിക്ക്‌ ഒരു കാതു കറുത്തതും ചന്ദ്രപ്രഭ ഉള്ളതുമായ നാനൂറ്‌ അശ്വങ്ങളെ നല്കണം. ഈ യത്നം ഗുരുവിന് അര്‍ത്ഥം നല്കുവാന്‍ വേണ്ടി മാത്രമാണ്‌. എനിക്കു ഗുരുദക്ഷിണ നിർവ്വഹിക്കേണ്ട കാര്യത്തിനാണ്‌. മഹാ രാജാവേ, ആകാമെങ്കില്‍ അധികം ആലോചിക്കാതെ ഉടനെ ഇവളെ സ്വീകരിച്ചാലും. ഭവാന്‍ അനപത്യനാണല്ലോ.

ഭവാന്‍ രണ്ടു പുത്രന്മാരെ നേടുക. പുത്രനാകുന്ന പ്ലവത്താല്‍ ഭവാന്‍ പിതൃക്കളെ കയറ്റുന്നതോടൊപ്പം ദുര്‍ഘടത്തില്‍ നിന്ന്‌ എന്നേയും കരകയറ്റുക. രാജര്‍ഷേ, പുത്രഫലാഢ്യന്മാര്‍ ഒരിക്കലും വാനില്‍ നിന്നു പതിക്കുന്നതല്ല. അപുത്രന്മാരെ പോലെ ഉഗ്രമായ നരകത്തിലും വീഴുന്നതല്ല. ഇപ്രകാരവും മറ്റും ഗാലവന്റെ വാക്കുകേട്ട്‌ അവനോട്‌ ഉശീനര രാജാവ്‌ മറുപടി പറഞ്ഞു: "ഹേ, ഗാലവാ, ഭവാന്‍ പറഞ്ഞ വാക്കൊക്കെ ഞാന്‍ കേട്ടു. വിധി ബലവാനാണ്‌ വിപ്രാ. എന്റെ മനസ്സ്‌ ഏറ്റവും സജ്ജമാണ്‌. ഇപ്രകാരമുള്ള അശ്വങ്ങള്‍ ഇവിടെ ഇരുനൂറെണ്ണമുണ്ട്‌. മറ്റു മാതിരി കുതിരകള്‍ ഇവിടെ ധാരാളം കാണും. ഹേ, ഗാലവാ, ഞാന്‍ ഇവളില്‍ ഒരു പുത്രനെ ജനിപ്പിക്കാം. മറ്റു രാജാക്കന്മാര്‍ പോയ മാര്‍ഗ്ഗത്തില്‍ തന്നെ ഞാനും പോകാം. ബ്രാഹ്മണ ശ്രേഷ്ഠാ! വിലയ്ക്കനുസരിച്ചു ഞാന്‍ ചെയ്തു കൊള്ളാം. പൗരന്മാര്‍ക്കും ജാനപദന്മാര്‍ക്കും ഉപകാരത്തിനാണ്‌; അല്ലാതെ എനിക്കു ഭോഗത്തിനായിട്ടല്ല എന്റെ ധനം. പരലോകഹിതമായ ധനം കാമത്തിന് വേണ്ടി ചെലവാക്കുന്ന രാജാവ്‌ ധര്‍മ്മത്തെ പ്രാപിക്കുകയില്ല. യശസ്സും നേടുകയില്ല. തീര്‍ച്ചയാണക്കാര്യം. അങ്ങനെ ജീവിക്കുന്നവനായ ഞാന്‍ കന്യകയെ കൈക്കൊള്ളുന്നു. എനിക്കു ഭവാന്‍ നല്കിയാലും. ഒരു പുത്രന്‍ ജനിക്കുവാൻ വേണ്ടി മാത്രം ദേവകന്യാഭയായ ഈ കന്യകയെ സ്വീകരിക്കാം.

ഇപ്രകാരം ആ കനൃകയെപ്പറ്റി ഉശീനര രാജാവു പറഞ്ഞപ്പോള്‍ ഗാലവന്‍ സന്തോഷിച്ചു. ഉശീനരനെ വേള്‍പ്പിച്ചതിന് ശേഷം ഗാലവന്‍ തപസ്സിനായി കാട്ടിലേക്കു പോയി. പുണ്യവാന്‍ ശ്രീയോടു ചേര്‍ന്ന പോലെ അവളോടു കൂടി ഉശീനരന്‍ രമിച്ചു. മനോഹരമായ. ശൈലകന്ദര ഭാഗങ്ങളിലും മനം കുളുര്‍പ്പിക്കുന്ന നദികളുടെ വെള്ളച്ചാട്ടങ്ങളുള്ള സ്ഥലങ്ങളിലും, വിചിത്രോദ്യാനങ്ങളിലും, രുചിരങ്ങളായ വനങ്ങളിലും ഉപവനങ്ങളിലും നല്ല വലിയ മേടകളിലും, പ്രാസാദങ്ങളുടെ അഗ്രസ്ഥലങ്ങളിലും, വാതായന വിമാന സ്ഥാനങ്ങളിലും, ലതാനികുഞ്ജങ്ങളിലും. ഗര്‍ഭഗൃഹങ്ങളിലും അവര്‍ കൗതുകത്തോടെ ചേര്‍ന്നു രമിച്ചു. അങ്ങനെ യഥാകാലം അവന് ബാലാര്‍ക്കസമനായ ഒരു പുത്രന്‍ ജനിച്ചു. ശിബി എന്നു പ്രസിദ്ധനായി തീര്‍ന്ന രാജാവ്‌ മാധവിയില്‍ ഉശീനര രാജാവിന് ഉണ്ടായവനാണ്‌.

കാലമായപ്പോള്‍ ഗാലവന്‍ മാധവിയെ രാജാവിന്റെ അടുത്തു ചെന്നു തിരികെ കൂട്ടിക്കൊണ്ടു പോയി. അങ്ങനെ അവര്‍ പോകുന്ന സമയത്ത്‌ മാര്‍ഗ്ഗമദ്ധ്യേ സുപര്‍ണ്ണനെ കണ്ടുമുട്ടി.

119. ഗാലവചരിതം - നാരദന്‍ പറഞ്ഞു; രാജാവേ, ദുര്യോധനാ! ഗരുഡന്‍ ഗാലവനെ കണ്ടപ്പോള്‍ ചിരിച്ചു കൊണ്ട്‌ ഇപ്രകാരം പറഞ്ഞു; "ഭാഗ്യം! കൃതാര്‍ത്ഥനായ ഭവാനെ ഞാന്‍ വീണ്ടും കണ്ടെത്തി.

ഗരുഡന്‍ പറഞ്ഞതു കേട്ടപ്പോള്‍ ഗാലവന്‍ ഇനിയും കാര്യം നാലിലൊന്നു നിർവ്വഹിക്കേണ്ട തുണ്ടെന്നുള്ള തന്റെ സ്ഥിതിയെപ്പറ്റി അറിയിച്ചു. അപ്പോള്‍ വാഗ്മിയായ ഗരുഡന്‍ ഗാലവനോട് ഇപ്രകാരം പറഞ്ഞു: ഹേ, ഗാലവാ, ഭവാന്‍ ബുദ്ധിമുട്ടിയതു മതി. ഭവാന്‍ ഇക്കാര്യം തികയുന്ന കാര്യം നടപ്പില്ല. കന്യകുബ്ജത്തില്‍ പണ്ട്‌ ഗാഥി തന്റെ സത്യവതി എന്ന പുത്രിയെ ഭാര്യയായി ലഭിക്കുവാന്‍ ആഗ്രഹിച്ചു വന്ന ഋചീകനോടു പറഞ്ഞു: ഒരു കാതു കറുത്ത്‌ ഇന്ദുവര്‍ണ്ണമുള്ള ആയിരം കുതിരകളെ എനിക്കു തന്നാലും. ഋചീകന്‍ ഇതുകേട്ട്‌ അപ്രകാരമാകാമെന്നു പറഞ്ഞ്‌ വരുണാലയത്തില്‍ പോയി. അശ്വതീര്‍ത്ഥത്തില്‍ ചെന്ന്‌ അശ്വങ്ങളെ നേടി രാജാവിന് കൊണ്ടു പോയിക്കൊടുത്തു. രാജാവ്‌ പുണ്ഡരീകം ചെയ്ത്‌ അവയെ വിപ്രന്മാര്‍ക്കു ദാനം ചെയ്തു. വേറെ നാനൂറുള്ളവ വിതസ്ത എന്ന നദി കടത്തുന്ന സമയത്ത്‌ ഒഴുക്കില്‍ പെട്ടു ചത്തു പോകുകയും ചെയ്തു. ഇങ്ങനെയാണ്‌ അത്തരം അശ്വങ്ങളുടെ കഥ. അതു കൊണ്ടാണ്‌ അസാദ്ധ്യമാണ്‌ ഇക്കാര്യമെന്നു ഞാന്‍ പറഞ്ഞത്‌. കിട്ടാത്ത വസ്തു എങ്ങനെ കിട്ടാനാണ്‌? അതു കൊണ്ട്‌ പോരാത്ത ഇരുനൂറ്‌ ഹയങ്ങള്‍ക്കു പകരമായി ഈ പെണ്‍കുട്ടിയെ കൊടുക്കുക. അങ്ങനെ വിശ്വാമിത്രന് അറുനൂറു ഹയങ്ങളുമായും ഈ പെണ്‍കുട്ടിയുമായി കാരും നിര്‍വ്വഹിക്കുക. അങ്ങനെയായാല്‍ ധാര്‍മ്മികനായ നിന്റെ മോഹം തീരുകയും കൃതകൃത്യത നേടുകയും ചെയ്യാം. അങ്ങനെ തന്നെയാകാമെന്നു പറഞ്ഞ്‌ ഗാലവന്‍ അശ്വങ്ങളും കന്യകയുമായി വിശ്വാമിത്രന്റെ സമീപത്തെത്തി. ഗുരോ, ഭവാന്‍ കാംക്ഷിച്ചിരിക്കുന്ന അശ്വങ്ങളില്‍ അറുനൂറ്‌ ഞാന്‍ ഇതാ കൊണ്ടു വന്നിരിക്കുന്നു. ബാക്കി ഇരുനൂറിന് പകരം ഭവാന്‍ ഈകന്യകയെ വാങ്ങിയാലും. രാജര്‍ഷിമാര്‍ക്ക്‌ ഇവളില്‍ ധാര്‍മ്മികരായ മൂന്നു മക്കള്‍ ജനിച്ചിട്ടുണ്ട്‌. ഭവാന്‍ നാലാമത്തെ ഒരു രാജാവിനെ ഇവളില്‍ ജനിപ്പിച്ചാലും. ഇങ്ങനെ ഭവാന്‍ എണ്ണൂറ്‌ അശ്വങ്ങള്‍ തികയട്ടെ! ഭവാന്‍ ഞാന്‍ കടംവീട്ടി എന്ന കൃതാര്‍ത്ഥതയോടെ കാട്ടില്‍ പോയി തപസ്സു ചെയ്യട്ടെ!

വിശ്വാമിത്രന്‍ ഗാലവനെ ഗരുഡനോടു ചേര്‍ന്നു കണ്ടപ്പോള്‍, ആ സുന്ദരിയായ കന്യകയെ, നോക്കിയതിന് ശേഷം ഇപ്രകാരം പറഞ്ഞു: ഹേ ഗാലവാ, നീ ഇവളെ എന്തേ എനിക്ക്‌ ആദ്യമായി നല്കാതിരുന്നത്‌? ഇവളില്‍ കുലവര്‍ദ്ധനരായ നാലുപുത്രന്മാര്‍ എനിക്ക്‌ ഉണ്ടാകുമായിരുന്നില്ലേ; ഗുരുവിന് ഒരു പുത്രലാഭം ഉണ്ടാകുവാന്‍ വേണ്ടി നിന്റെ ഈ കനൃകയെ കൈക്കൊള്ളുന്നു. അശ്വങ്ങള്‍ എന്റെ ആശ്രമത്തിന് ചുറ്റും സഞ്ചരിക്കട്ടെ!

മഹാദ്യുതിയായ വിശ്വാമിത്രന്‍ മാധവിയോടു കൂടി രമിച്ച്‌ അവളില്‍ അഷ്ടകന്‍ എന്നു പേരായ ഒരു പുത്രനെ ജനിപ്പിച്ചു. ആ പുത്രന്‍ പിറന്നപ്പോള്‍ വിശ്വാമിത്ര മഹര്‍ഷി അര്‍ത്ഥധര്‍മ്മങ്ങളേയും, പിന്നീട്‌ അശ്വങ്ങളേയും അവനില്‍ ചേര്‍ത്തു. സോമപത്തനം പോലുള്ള പുരത്തില്‍ അഷ്ടകന്‍ കയറി. പിന്നെ കന്യകയെ ശിഷ്യന് തിരികെ ഏല്പിച്ച്‌ കൗശികന്‍ തപസ്സിനായി കാടു കയറി. ഇങ്ങനെ ഗരുഡനോടു കൂടിച്ചെന്ന്‌ ഗാലവന്‍ ഗുരുദക്ഷിണ ചെയ്തു.

പ്രീതിയോടു കൂടി ഗാലവന്‍ ആ കന്യകയോടു പറഞ്ഞു: ഹേ മാധവീ, നിനക്കു ദാനമതിയും, ശൂരനുമായ മറ്റൊരു പുതനും കൂടി പിറന്നില്ല? സത്യധര്‍മ്മസ്ഥനാണ്‌ ഒരുത്തന്‍. മറ്റേവന്‍ ഏറ്റവും യോഗ്യനായ യജ്വാവുമാണ്‌. വരാരോഹേ, നീ വരു. പുത്രന്മാരാല്‍ നീ താതനെ ഉദ്ധരിച്ചു നാലു രാജാക്കളേയും എന്നേയും നീ നരകത്തില്‍ നിന്ന്‌ ഉദ്ധരിച്ചിരിക്കുന്നു.

അങ്ങനെ ഗാലവന്‍ പന്നഗ വൈരിയായ ഗരുഡനോടു കൂടി കന്യകയെ കൊണ്ടു പോയി അച്ഛനായ യയാതി രാജാവിനെ ഏല്പിച്ച്‌ നന്ദി പ്രകാശിപ്പിച്ചു വന്ദനം പറഞ്ഞ്‌ തപസ്സിനായി കാട്ടിലേക്കു പോയി.

120. ഗാലവചരിതം - നാരദന്‍ പറഞ്ഞു: വീണ്ടും മകള്‍ക്കു സ്വയംവരം നടത്തുവാന്‍ രാജാവ്‌ ഗംഗാ യമുനകള്‍ ചേരുന്നിടത്ത്‌ ആശ്രമഭൂമിയില്‍ എത്തി. മാധവിയെ തേരില്‍ കയറ്റി പൂമാലയും എടുത്തു പുറപ്പെടുമ്പോള്‍ പെങ്ങളെ പിന്‍തുടര്‍ന്ന്‌ യദുവും പുരുവും ആശ്രമത്തിലെത്തി. നാഗന്മാര്‍, യക്ഷന്മാര്‍, മര്‍ത്ത്യന്മാര്‍, ഗന്ധര്‍വ്വന്മാര്‍, മൃഗങ്ങള്‍, പക്ഷികള്‍, ശൈലങ്ങള്‍, ദ്രുമങ്ങള്‍, വനൗകസ്സുകള്‍ എന്നിവരൊക്കെ മഹോത്സവത്തില്‍ ഒത്തുകൂടി. നാനാപുരുഷന്മാരും നാനാദേശ്യന്മാരും ഈശ്വരന്മാരും ബ്രഹ്മകല്പരായ മുനിശ്രേഷ്ഠന്മാരും ചേര്‍ന്ന ആ വനം പ്രശോഭിച്ചു. വരന്മാരെ തിരിച്ചു കാണിക്കുമ്പോള്‍ ആ വരവര്‍ണ്ണിനി വരന്മാരെയൊക്കെ വിട്ട്‌ വനത്തെ വരനായി വരിച്ചു. തേര്‍വിട്ടിറങ്ങി ബന്ധുക്കളെയൊക്കെ വന്ദിച്ച്‌ ആ കന്യക, യയാതി പുത്രി, വനത്തെ പ്രാപിച്ചു തപസ്സു ചെയ്തു. പല തരത്തിലുള്ള ഉപവാസവും പലതരം ദീക്ഷാനിയമങ്ങളും ശീലിച്ച്‌ ആത്മാവിനു ലഘുത്വം ഏകി. മൃഗചര്യയെ ആചരിച്ചു.

വൈഡൂര്യക്കതിരു പോലുള്ള മൃദുവായ പച്ചപ്പുല്ല്‌, ചവര്‍പ്പും പുളിയും മധുരവുമായ നല്ല ഇളംപുല്ല്‌, തിന്ന്‌ അവള്‍ ജീവിച്ചു. പുണ്യമായ പുഴകളില്‍ ശുദ്ധിയും സ്വാദുമുള്ള, തെളിഞ്ഞു തണുത്ത ജലം അവള്‍ കുടിച്ചു. മൃഗ രാജാവ്‌, പുലി എന്നിവ സഞ്ചരിക്കുന്ന കാടുകളില്‍, കാട്ടുതീ കൂടാത്ത ശൂനൃമായ ഗഹനങ്ങളില്‍ മാന്‍പേട പോലെ അവള്‍ മാന്‍കൂട്ടത്തോടു കൂടി സഞ്ചരിച്ചു.

അങ്ങനെ അവള്‍ ഉത്തമമായ ബ്രഹ്മചര്യം അനുഷ്ഠിച്ചു. യയാതി രാജാവ്‌, പൂര്‍വ്വരാജവൃത്തം അനുഷ്ഠിച്ച്‌ അനേകായിരം വര്‍ഷം വാണ്‌ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പൂരുവും യദുവും രണ്ടു വംശകര്‍ത്താക്കളായി. ആ സന്തതികള്‍ മൂലം യയാതി പരലോകത്തു വാഴിക്കപ്പെട്ടു.

അങ്ങനെ വാനില്‍ മഹീപാലനായ യയാതി വാഴുന്ന കാലത്ത്‌ ഒരു സംഭവമുണ്ടായി. മഹര്‍ഷി തുല്യനായ ആ രാജര്‍ഷി സ്വര്‍ഗ്ഗഫലാന്വിതനായി അനേകായിരം വര്‍ഷം സ്വര്‍ഗ്ഗസുഖങ്ങള്‍ അനുഭവിച്ചു വാഴുമ്പോള്‍ മഹാസമൃദ്ധിയോടു കൂടിയ രാജര്‍ഷികളുടെ മദ്ധ്യത്തില്‍ വെച്ച്‌ ഐശ്വര്യത്തള്ളലോടെ യയാതി അറിവില്ലാത്തവനെ പോലെ ദേവര്‍ഷിനികരത്തേയും സകല മര്‍ത്ത്യരേയും നിന്ദിച്ചു. വലാരിയായ ഇന്ദ്രന്‍ ഈ വൃത്താന്തമറിഞ്ഞപ്പോള്‍ ആ രാജര്‍ഷികളും ഒക്കെ യയാതി ചീത്തയായി പോയി എന്നു പറഞ്ഞു. എന്നാൽ യയാതിയെ കണ്ടപ്പോള്‍ ഇന്ദ്രനു വിഷാദമുണ്ടായി. ഇതാരാണ്‌? ഏതു രാജാവിന്റെ പുത്രനാണ്‌? ഇവന്‍ എങ്ങനെ സ്വര്‍ഗ്ഗത്തിലെത്തി? എന്തു കര്‍മ്മത്താലാണ്‌ ഇവനു സ്വര്‍ഗ്ഗത്തില്‍ എത്തുവാനുള്ള സിദ്ധി ഉണ്ടായത്‌? എന്തു മഹാതപസ്സാണ്‌ ഇവന്‍ ചെയ്തത്‌? എന്താണ്‌ അറിയുവാന്‍ മാര്‍ഗ്ഗം? ഇനി സ്വര്‍ഗ്ഗത്തില്‍ ഇവയെപ്പറ്റി അറിവുള്ളവര്‍ ആരാനുമുണ്ടോ? ഇപ്രകാരം ആലോചിച്ച്‌ സ്വര്‍ഗ്ഗത്തിലുള്ളവര്‍ യയാതി രാജാവിന്റെ പുര്‍വ്വകഥകളെ പറ്റി അന്വേഷണം നടത്തി. പല വിമാന പാലന്‍ന്മാര്‍ക്കും സ്വര്‍ഗ്ഗദ്വാസ്ഥന്മാര്‍ക്കും ആസനപാലന്മാര്‍ക്കും അവനെപ്പറ്റി ഒന്നും അറിയുകയില്ലെന്നുള്ള വിവരമാണു കിട്ടിയത്‌. ജ്ഞാനം മറഞ്ഞു പോകയാല്‍ ആ നൃപനെ ആരും അറിയാതായി. ഒറ്റ മുഹൂര്‍ത്തത്താല്‍ യയാതി ഹതൗജസ്സായി ഭവിച്ചു.

121. ഗാലവചരിതം - നാരദന്‍ പറഞ്ഞു; പിന്നെ യയാതി രാജാവ്‌ സ്ഥാനം വിട്ട്‌ ഇളകുകയും പെട്ടെന്ന്‌ ആസനച്യുതനാവുകയും ചെയ്തു. മനസ്സു പിടയുകയും ശോകാഗ്നിയാല്‍ പരിതപ്തനാവുകയും ചെയ്തു. മാല വാടുകയും ജ്ഞാനം നശിക്കുകയും കിരീടവും തോള്‍വളയും താനേ വീണു പോവുകയും ചെയ്തു.

ദേഹം ഉലഞ്ഞു തളര്‍ന്ന്‌, അംബരാലങ്കാരങ്ങളൊക്കെ ചിന്നി, ഇങ്ങോട്ടു കാണാത്തവരെ കണ്ടും, കാണാതെ കണ്ടുമായി, ശൂന്യനായി, ശൂന്യമനസ്കനായി മന്നില്‍ വീഴുവാന്‍ തുടങ്ങി.;

രാജാവു വിചാരിച്ചു: ഞാന്‍ എന്തശുഭമാണ്‌ ഉള്ളില്‍ ചിന്തിച്ചത്‌? എന്തു ധര്‍മ്മദൂഷണമാണു ചിന്തിച്ചത്‌? സ്ഥാനഭ്രംശം വരുവാന്‍ തക്കതായി ഞാന്‍ എന്തു ചെയ്തു? ആ രാജാക്കളും ആ സിദ്ധന്മാരും അപ്സരസ്സുകളും അവിടെ നിന്നു യയാതി ആലംബഹീനനായി വീഴുന്നതു കണ്ടുകൊണ്ടു തന്നെ നിന്നു. അപ്പോഴേക്കും പുണൃമറ്റവരെ വീഴ്ത്തുന്നവനായ പുരുഷന്‍ യയാതിയോട് ‌ഇന്ദ്രന്റെ ശാസന വായിച്ചു:

നീ ഏറ്റവും മദമത്തനാണ്‌. നീ നിന്ദിക്കാതെ ഒരാളേയും വിട്ടിട്ടില്ല. ഗര്‍വ്വാല്‍ നിനക്കു സ്വര്‍ഗ്ഗഭ്രംശം വന്നിരിക്കുന്നു. സ്വര്‍ഗ്ഗത്തിന്‌ ഇനി നീ അര്‍ഹനല്ല. പ്രകാശം കെട്ട നീ പൊയ്ക്കൊള്ളുക. താഴെ വിണു കൊള്ളുക! എന്നു പറഞ്ഞു.;

ഇതു കേട്ടപ്പോള്‍ നഹുഷപുത്രന്‍ മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞു: "ഞാന്‍ ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ സത്തുക്കളുടെ മദ്ധ്യത്തില്‍ പതിക്കേണമേ!".;

പതിക്കുമ്പോള്‍ യയാതി തന്റെ ഗതിയെപ്പറ്റി ചിന്തിച്ചു. ഇക്കാലത്തു നൈമിഷത്തില്‍ നാലു നൃപതി മുഖ്യന്മാരെ രാജാവു ചിന്തിച്ചു. പ്രതര്‍ദ്ദനന്‍, വസുമനസ്സ്, ശിബി, അഷ്ടകന്‍ ഇവര്‍ വാജപേയത്താല്‍ ഇന്ദ്രനെ തര്‍പ്പിക്കുകയായിരുന്നു. രാജാവ്‌ മുകളില്‍ നിന്നു നോക്കിക്കണ്ടു. ഇവരുടെ അദ്ധ്വരത്തില്‍ നിന്നു പുറപ്പെടുന്ന ധൂമം സ്വര്‍ഗ്ഗദ്വാരത്തിലോളം എത്തിക്കൊണ്ടിരിക്കുന്നു. യയാതി ആ ധൂമഗന്ധം ശ്വസിച്ചു കൊണ്ടാണ്‌ മന്നിലേക്കു പതിച്ചു കൊണ്ടിരുന്നത്‌. മന്നിലും വിണ്ണിലും മുട്ടുന്ന നദി പോലെ പുറപ്പെട്ടു കൊണ്ടിരുന്ന ധൂമപ്രവാഹത്തെ ഗംഗയെയെന്ന പോലെ ആശ്രയിച്ച്‌ ആ രാജാവു കിഴോട്ടു പോന്നു. ശ്രീമാന്മാരായ തന്റെ ദൗഹിത്രന്മാര്‍ നാലുപേര്‍ അവഭ്യഥസ്നാന ശുദ്ധാഗ്രണികളാണ്‌. ലോകപാലോപമന്മാരായ അവരുടെ നടുവില്‍ ആ രാജാവു ചെന്നു പതിച്ചു. ഹുതാഗ്നിക്കു തുല്യമായ നാലു രാജസിംഹാഗ്നികളുടെ നടുവില്‍ സുകൃതം ക്ഷയിച്ച യയാതി വന്നു വീണു. ശ്രീയാല്‍ ജ്വലിക്കുന്ന അവനോട്‌ രാജാക്കള്‍ ചോദിച്ചു; "അങ്ങ്‌ ആരാണ്‌? ആരുടെ പുത്രനാണ്‌; ഏതു ദിക്കിന്‌, ഏതു പുരിക്ക്‌, ബന്ധപ്പെട്ടവനാണ്‌: യക്ഷനാണോ? ദേവനാണോ? ഗന്ധര്‍വ്വനാണോ? രാക്ഷസനാണോ? മര്‍ത്തൃസ്വരൂപനല്ല. തീര്‍ച്ചയാണ്‌! ഭവാന്‍ എന്താണ്‌ ഇച്ഛിക്കുന്നത്‌?"

യയാതി പറഞ്ഞു: ഞാന്‍ യയാതി രാജാവാണ്‌. സുകൃതക്ഷയം മൂലം സ്വര്‍ഗ്ഗത്തില്‍ നിന്നു ഭ്രഷ്ടനായി വീഴുകയാണ്‌. വീഴുകയാണെങ്കിലും അതു സജ്ജനങ്ങളുടെ മദ്ധ്യത്തിലാകണം എന്നു വിചാരിച്ച്‌ ഞാന്‍ നിങ്ങളുടെ മദ്ധ്യത്തില്‍ വന്നു വീഴുകയാണ്‌.

രാജാക്കന്മാര്‍ പറഞ്ഞു; ഭവാന്റെ ആഗ്രഹം സത്യമായി ഭവിക്കട്ടെ! ഹേ പുരുഷർഷഭ, ഞങ്ങള്‍ക്കുള്ള യജ്ഞഫലവും ധര്‍മ്മവും ഭവാന്‍ ഉടനെ വാങ്ങിയാലും!

യയാതി പറഞ്ഞു: പ്രതിഗ്രഹം വാങ്ങുവാന്‍ ഞാന്‍ ബ്രാഹ്മണനല്ല. ഞാന്‍ ക്ഷത്രിയനാണ്‌. അന്യരുടെ പുണ്യം നശിപ്പിക്കുവാന്‍ ഞാന്‍ കരുതുന്നുമില്ല.

നാരദന്‍ പറഞ്ഞു; ഈ സമയത്ത്‌, മൃഗചര്യയെടുത്ത മാധവി അവിടെയെത്തി. അവളെ കണ്ടപ്പോള്‍ രാജാക്കന്മാര്‍ പാദത്തില്‍ നമസ്കരിച്ച്‌ ഇപ്രകാരം ഉണര്‍ത്തി; "അമ്മേ, ഭവതി എന്തിനാണു വന്നിരിക്കുന്നത്‌? ഭവതി കല്പിച്ചാലും! ഭവതിയുടെകല്പന കേള്‍ക്കേണ്ടവരാണ്‌ ഞങ്ങള്‍! തപോധനേ, ഈ ഞങ്ങളെല്ലാം ഭവതിയുടെ മക്കളാണ്‌".;

അവര്‍ ആ പറഞ്ഞ വാക്കു കേട്ട മാധവി ആനന്ദമഗ്നയായി. അച്ഛനായ യയാതിയുടെ അരികെച്ചെന്ന്‌ പാദത്തില്‍ കുമ്പിട്ടു തൊഴുതു. തന്റെ മക്കളുടെ ശിരസ്സില്‍കൈ വെച്ചു കൊണ്ട്‌ താപസിയായ മാധവി. രാജാവിനോടുപറഞ്ഞു: "ഹേ, രാജ്രേന്ദാ! ഇവര്‍ ഭവാന്റെ ദൗഹിത്രരാണ്‌; അന്യരല്ല. ഇവര്‍ ഭവാനെ കയറ്റി വിടും. ഞാന്‍ വേദത്തില്‍ കണ്ടിരിക്കുന്നു. ഭവാന്റെ പുത്രിയാണു ഞാന്‍. മൃഗചാരിണിയായ മാധവിയാണ്‌. ഞാനും ധര്‍മ്മം ചെയ്തിട്ടുണ്ട്‌; ഭവാന്‍ അതില്‍ പകുതി എടുത്താലും. മര്‍ത്ത്യരെല്ലാം സന്തതികളുടെ ഫലം എൽക്കുന്നവരായതു കൊണ്ട്‌, ഭവാനെ പോലെ തന്നെ ഇവരും ദൗഹിത്രന്മാരെ ഉച്ഛിക്കുന്നവരായതു കൊണ്ട്‌ അവര്‍ ചെയ്ത പുണ്യത്തിന്റെ ഫലം ഏൽക്കുന്നതിന് ഭവാന് അര്‍ഹതയുണ്ട്‌.

ഉടനെ ആ രാജാക്കന്മാരെല്ലാം ശിരസ്സു കുനിച്ച്‌ അമ്മയെ അഭിവാദ്യം ചെയ്തു കൈകൂപ്പി മാതാമഹനോടു പറഞ്ഞു. ഉച്ചത്തില്‍ അവരുടെ മധുരസ്വരം പാരില്‍ പരന്നു. അതിന്നിടയ്ക്ക്‌ വാനില്‍ നിന്നു വീണ യയാതിയെ കയറ്റുവാനുള്ള വിമാനവുമായി ദേവകിങ്കരന്മാരെത്തി. അപ്പോഴേക്കും അവിടേക്കെത്തിയ ഗാലവന്‍ പറഞ്ഞു: "എന്റെ തപസ്സിന്റെ എട്ടിലൊരു ഭാഗത്താല്‍ ഭവാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാലും!"

122. ഗാലവചരിതം - യയാതി സ്വര്‍ഗ്ഗാരോഹണം - നാരദന്‍ പറഞ്ഞു: ആ സത്തുക്കള്‍ യയാതിയെ അറിഞ്ഞ മാത്രയില്‍ ആ രാജപുംഗവന്‍ ഭൂമിയില്‍ തൊടാതെ തന്നെ സ്വര്‍ഗ്ഗത്തിലേക്കു വീണ്ടും ഉയര്‍ന്നു. ദിവ്യമായ സ്ഥാനത്തിന് അര്‍ഹനായി,. ദുഃഖം കുടാത്തവനായി, യയാതി ശോഭിച്ചു. ദിവ്യമാല്യാംബരം ചാര്‍ത്തി, ദിവ്യാഭരണ ഭൂഷിതനായി ഭവൃഗന്ധഗുണം ചേര്‍ന്നവനായി, ആ രാജാവ്‌ ഭൂമിയില്‍ സ്പര്‍ശിക്കാതെ നിന്നു. അപ്പോള്‍ വസുമനസ്സ്‌ ആദ്യമായി ലോകത്തില്‍ ദാനം കൊണ്ടു പ്രസിദ്ധി നേടിയ രാജാവിനോട്‌ ഉച്ചത്തില്‍ ഉച്ഛരിച്ചു; "സര്‍വ്വവര്‍ണ്ണത്തിലും അനിന്ദൃമായി ഈ ലോകത്തില്‍ ഞാന്‍ സമ്പാദിച്ച സകലപുണൃവും ഞാന്‍ ഭവാനു നല്‍കുന്നു. അതുമായി ഭവാന്‍ ചേരുമാറാകണമേ! ദാനശീലന് എന്തു ഫലമാണോ, ക്ഷമിക്കുന്നവന് എന്തു ഫലമാണോ, യജ്ഞത്തിന് എന്തു ഫലമാണോ, അതുമായി ഭവാന്‍ ചേരുമാറാകണേ!

പിന്നെ പ്രതര്‍ദ്ദനന്‍ പറഞ്ഞു: നിത്യവും ധര്‍മ്മമനസ്സായും യുദ്ധസന്നദ്ധനായും ഞാന്‍ ലോകത്തില്‍ ക്ഷത്രവംശോത്തമമായ കീര്‍ത്തിയെന്തു നേടിയോ, വീരന്‍ എന്ന ശബ്ദത്തിന് അര്‍ഹമായ ഫലമെന്താണോ, അതുമായി ഭവാന്‍ ചേരേണമേ.

പിന്നെ ഔശീനരനായ ശിബി മധുരമായി പറഞ്ഞു; ബാലന്മാരിലും സ്ത്രീകളിലും വിനോദപരരിലും സംഗരത്തിലും നിപാതത്തിലും ആപത്തിലും ഞാന്‍ അസത്യം പറയുകയില്ല. ഈ സതൃത്താല്‍ ഭവാന്‍ വാനില്‍ ഉയരുമാറാകട്ടെ! പ്രാണനും രാജ്യവും കാമസുഖവും ഞാന്‍ വിട്ടേക്കാം. എന്നാലും ഞാന്‍ സത്യം വിടുകയില്ല. എന്റെ ഈ സത്യത്താല്‍ ഭവാന്‍ സ്വര്‍ഗ്ഗം പ്രാപിച്ചാലും! എന്റെ സതൃത്താല്‍ ധര്‍മ്മനും വഹ്നിദേവനും ശക്രനും പ്രീതനായി. അപ്രകാരമുള്ള എന്റെ സത്യത്താല്‍ ഭവാന്‍ വാനില്‍ കേറുക!

ഉടനെ അഷ്ടക രാജര്‍ഷി, മാധവീ സുതനായ കൗശികന്‍, ധര്‍മ്മജ്ഞനും വളരെ യാഗങ്ങള്‍ ചെയ്തിട്ടുള്ളവനുമായ യയാതിയോടു പറഞ്ഞു: അനേകം ഗോസവം, പുണ്ഡരീകം മുതലായ യജ്ഞങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്‌. വാജപേയക്രതുവും ഞാന്‍ ചെയ്തിട്ടുണ്ട്‌. അവയുടെയെല്ലാം ഫലം ഭവാന്‍ ഏറ്റാലും! രത്നം, പരിച്ഛദം, വിത്തം ഇവയെ ക്രതുവില്‍ ഞാന്‍ ഉപയോഗിക്കാതെ ബാക്കി വെച്ചിട്ടില്ല. ഈ സത്യത്താല്‍ ഭവാന്‍ വാനു കേറിയാലും ?;

ദൗഹിത്രന്മാര്‍ ആ രാജാവിനോട്‌ എങ്ങനെ പറഞ്ഞുവോ അങ്ങനെ പാര്‍ത്തട്ടു വിട്ട്‌ ആ രാജാവ്‌ വിണ്ണിലേക്കുയര്‍ന്നു. ഇപ്രകാരം ആ ഭൂപന്മാരൊക്കെ ചേര്‍ന്നു താന്താങ്ങളുടെ സുകൃതങ്ങള്‍ കൊണ്ട്‌, മഖദാനധര്‍മ്മങ്ങള്‍ കൊണ്ട്‌ വാനില്‍ നിന്നു കീഴോട്ടു വീണ രാജാവിനെ സ്വര്‍ഗ്ഗത്തിലേക്കു തന്നെ കയറ്റി. നാലു രാജവംശത്തിലുണ്ടായ കുലവര്‍ദ്ധനന്മാരായ ആ പ്രാജ്ഞന്മാര്‍ മാതാമഹനെ ക്ഷണത്തില്‍ വാനിലേക്ക്‌ ഉയര്‍ത്തി.

രാജാക്കന്മാര്‍ പറഞ്ഞു; രാജഗുണം ചേര്‍ന്നവരും, ധര്‍മ്മഗുണം തികഞ്ഞവരുമായ ദൗഹിത്രന്മാരാണ്‌ രാജാവേ ഞങ്ങള്‍. ഭവാന്‍ വിണ്ണിലേക്ക്‌ ഉയര്‍ന്നാലും!

123. ഗാലവചരിതം - നാരദന്‍ പറഞ്ഞു: ഭൂരിദക്ഷിണന്മാരും സത്തുക്കളുമായ നൃപന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ ഉയര്‍ത്തിയവനായ യയാതി ദൗഹിത്രന്മാരുടെ സമ്മതം മൂലം സ്വര്‍ഗ്ഗത്തില്‍ വാണു. മണമേറുന്ന നാനാതരം പുഷ്പവര്‍ഷങ്ങളാല്‍ രാജാവ്‌ അഭിഷിക്തനായി. പുണ്യഗന്ധമെഴുന്ന പുണ്യവായു ദേഹത്തിലേറ്റ്‌, ദൗാഹിത്രന്മാരുടെ പുണൃഫലം സ്വീകരിച്ച്‌ നിശ്ചയിക്കപ്പെട്ട സ്ഥാനത്തെത്തി. സല്‍ക്കര്‍മ്മം കൊണ്ടു പുഷ്ടി പ്രാപിച്ച്‌ വലിയ ലക്ഷ്മിയോടു കൂടി ശോഭിച്ചു. നാനാഗന്ധര്‍വ്വാപ്സരസ്സുകളുടെ സംഗീതങ്ങള്‍ കൊണ്ടും നൃത്താദികള്‍ കൊണ്ടും അഭിപൂജിതനായി. വിണ്ണില്‍ പെരുമ്പറയടിച്ച യയാതിയുടെ ആഗമത്തില്‍ ദേവകള്‍ എതിരേറ്റു. പലവിധത്തില്‍ ദേവര്‍ഷികളും രാജര്‍ഷികളും ചാരണന്മാരും പുകഴ്ത്തി. ഉത്തമമായ അര്‍ഘ്യങ്ങളാലും അര്‍ച്ചനകളാലും ദേവന്മാര്‍ അദ്ദേഹത്തെ കൊണ്ടാടി സ്വാഗതം ചെയ്തു. അങ്ങനെ ആദരവോടെ സ്വീകരിച്ചിരുത്തി.;

സ്വര്‍ഗ്ഗഫലം നേടി ശാന്തനായി ഭവിച്ചപ്പോള്‍ വളരെ സംതൃപ്തി ജനിപ്പിക്കത്തക്ക വണ്ണം പിതാമഹന്‍ അവനോടു പറഞ്ഞു: ലോക്യമായ കര്‍മ്മത്താല്‍ നീ നാലു കാലായ ധര്‍മ്മത്തെ ചരിച്ചു. അക്ഷയമായ ഈ വാനില്‍ നിനക്ക്‌ അക്ഷയമായ കീര്‍ത്തി ലഭിച്ചിട്ടുണ്ട്‌. പിന്നെ ഭവാന്‍ തന്നെ ഭവാന്റെ പ്രവൃത്തി കൊണ്ട്‌ അതിനെ തകര്‍ത്തു കളഞ്ഞു. വാനില്‍ വാഴുന്നവര്‍ക്കെല്ലാം തന്മൂലം മനസ്സ്‌ തമസ്സാല്‍ മൂടി. ആ ഇരുട്ടിനാല്‍ നിന്നെ അറിയാതായതു കൊണ്ടാണ്‌ സ്വര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വീഴ്ത്തിയത്‌. പിന്നെ ദൗഹിത്രന്മാര്‍ പ്രീതിയാല്‍ ഭവാനെ കയറ്റിയതു മൂലം ഇവിടെ വിണ്ടും എത്തി. സ്വകര്‍മ്മത്താല്‍ നേടിയതും ശാശ്വതവും ഉത്തമവും അചലവും ധ്രുവവുമായ പുണ്യം ഭവാനുണ്ട്‌. അതു കൊണ്ട്‌ അവ്യയമായ സ്ഥാനത്തെ ഭവാന്‍ വീണ്ടും പ്രാപിച്ചു.;

യയാതി പറഞ്ഞു: ഭഗവാനേ. ലോകപിതാമഹാ. എനിക്ക്‌ ഒരു സംശയമുണ്ട്‌. ഞാന്‍ അതു ഭഗവാനോടു ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ സംശയം അങ്ങുന്നു തീര്‍ത്തു തരണേ!

അനേകായിരം കാലം ഞാന്‍ പ്രജാ സംരക്ഷണത്താല്‍ പുഷ്ടിപ്പെടുത്തിയതും, അനേകം യജ്ഞങ്ങളാല്‍ ഞാന്‍ നേടിയതുമായ മഹത്തായ ഫലം അല്പകാലം കൊണ്ടു ക്ഷയിക്കുവാന്‍ എന്താണു കാരണം? ഇത്ര വേഗം ഞാന്‍ പുണ്യം ക്ഷയിച്ചു താഴെ വീണു പോകുവാന്‍ എന്താണു കാരണം? എന്റെ നിത്യലോകങ്ങളൊക്കെ ഭഗവാന്‍ അറിയാവുന്നതാണല്ലോ. അതൊക്കെയും എനിക്കെന്തേ ഇങ്ങനെ നഷ്ടമായി പോകാന്‍; മഹാദ്യുതേ, ഭഗവാനേ!! അങ്ങ്‌ എന്റെ സംശയം തീര്‍ത്തു തരേണമേ!

പിതാമഹന്‍ പറഞ്ഞു: ഹേ! രാജാവേ, നീ അനേകം വര്‍ഷം പ്രജാസംരക്ഷണം കൊണ്ടു പുഷ്ടിപ്പെടുത്തിയതും അനേകം യജ്ഞം കൊണ്ടും ദാനം കൊണ്ടും നേടിയെടുത്തതുമായ മഹാഫലം അതിദ്വേഷം മൂലം നശിച്ചതു കൊണ്ടാണ്‌ നീ വിണു പോയത്‌. അതിമാനത്താല്‍ രാജര്‍ഷേ, സ്വര്‍ഗ്ഗസ്ഥന്മാര്‍ നിന്നെ നിരസിച്ചു. മാനത്താലും ബലത്താലും ഹിംസയാലും രാജ്യത്താലും മായയാലും ഈ ശാശ്വതമായ പദം ആര്‍ക്കും ലഭിക്കുകയില്ല. തന്നേക്കാള്‍ താഴെയുള്ളവരേയും മേലെയുള്ളവരേയും മദ്ധ്യമന്മാരേയും നീ നിരസിക്കരുത്‌; അവഗണിക്കരുത്‌; നിന്ദിക്കരുത്‌. ഈ അധുഃപതനവും ഉല്‍ഗമനവും പറഞ്ഞ്‌ അനൃരെ കേള്‍പ്പിക്കുന്ന മനുഷ്യര്‍ എന്തു വിഷമത്തില്‍ ചെന്നു പതിച്ചാലും അതില്‍ നിന്നൊക്കെ കയറിപ്പോരും. യാതൊരു സംശയവുമില്ല.

നാരദന്‍ പറഞ്ഞു; അതിമാനം മൂലം പണ്ടു നഹുഷന്‍ ഇപ്രകാരം ദോഷം അനുഭവിക്കേണ്ടി വന്നു. നിര്‍ബന്ധം മൂലം ഗാലവനും വളരെ ക്ലേശം അനുഭവിക്കേണ്ടി വന്നു. ഹിതം കാത്തു രക്ഷിക്കുന്നവരായ, ഹിതേച്ഛുക്കളായ, ഇഷ്ടജനങ്ങള്‍ പറയുന്നതു കേള്‍ക്കണം. നിര്‍ബന്ധബുദ്ധി പാടില്ല. നിര്‍ബ്ബന്ധം നാശത്തിന്റെ മൂലമാണ്‌. അതു കൊണ്ട്‌ ഹേ, ഗാന്ധാരിപുത്രാ! മാനക്രോധങ്ങളെ ഭവാന്‍ ഉപേക്ഷിക്കുക. ഹേ വീരാ. പാണ്ഡവന്മാരുമായി സന്ധിയാവുക, വാശി കൈവിടുക!

ഹേ രാജാവേ, കൊടുക്കുന്നതിന്റേയും ചെയ്യുന്നതിന്റേയും, തപിക്കുന്നതിന്റേയും ഹോമിക്കുന്നതിന്റേയും ഫലം നശിച്ചുപോവുകയോ ഇടിഞ്ഞു പോവുകയോ ഇല്ല. ആ ഫലം മറ്റാര്‍ക്കും പോകുന്നതുമല്ല. ആ ഫലമൊക്കെ ഗുണമായാലും ദോഷമായാലും അതു ചെയ്യുന്നവന്‍ തന്നെ അനുഭവിക്കും.

ബഹുശ്രുതന്മാരും, രോഷം, രാഗം ഇവ വിട്ടവരുമായ പുണ്യവാന്മാരുടെ ഹിതമായ ഈ മഹാഖ്യനം ഏറ്റവും ഉത്തമമാണ്‌. ഇതു ശരിയായി ഗ്രഹിച്ച്‌ പല പ്രാവശ്യവും പറഞ്ഞു കേള്‍പ്പിച്ചാല്‍ ത്രിവര്‍ഗ്ഗങ്ങളെ, ധര്‍മ്മാര്‍ത്ഥകാമങ്ങളെ, കാണുന്നവനായി ക്ഷിതിയില്‍ അവന്‍ വാഴുന്നതാണ്‌.

124. ഭഗവദ്വാക്യം - ധൃതരാഷ്ട്ര പ്രേരണയാല്‍ കൃഷ്ണന്‍ ദുര്യോധനനെ ഉപദേശിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: നാരദ മഹര്‍ഷേ, ഭഗവാനേ, ഭവാന്‍ പറഞ്ഞതൊക്കെ ശരിയാണ്‌. അങ്ങ്‌ പറയുന്നതു പോലെ നടക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാൽ എനിക്ക്‌ അതിനു സ്വാതന്ത്ര്യമില്ലല്ലോ.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം നാരദനോടു പറഞ്ഞിട്ട്‌ ധൃതരാഷ്ട്രന്‍ കൃഷ്ണനോടു പറഞ്ഞു; സ്വര്‍ഗ്ഗവും ലോക്യവും ധര്‍മ്മവും സ്യായവുമാണ്‌ ഭവാന്‍ എന്നോടു പറഞ്ഞത്‌. താതാ, ഞാന്‍ സ്വതന്ത്രനല്ല. പ്രവര്‍ത്തിക്കുവാനും എനിക്കു പ്രിയം തോന്നുന്നില്ല. കൃഷ്ണാ! ശാസ്ത്രം നോക്കി നടക്കാത്തവനായ എന്റെ ദുര്യോധനനെ ഭവാന്‍ സമ്മതിപ്പിക്കുവാന്‍ നോക്കിയാലും. സുബാഹോ! പുരുഷോത്തമാ!! ഭവാന്‍ അങ്ങനെ ചെയ്താലും. അവന്‍ നല്ലവര്‍ ചൊല്ലുന്ന മൊഴിയൊന്നും കേള്‍ക്കുന്നില്ല. ഗാന്ധാരിയും വിദുരനും ഭീഷ്മാദികളും ഹിതം നോക്കുന്ന മറ്റ്‌ ഇഷ്ടജനങ്ങളും പറയുന്നതും അവന്‍ കേള്‍ക്കുന്നില്ല. ജനാര്‍ദ്ദനാ, ഭവാന്‍ ഈ പാപിയും ക്രൂരനും പാപചിത്തനും അബുദ്ധിയുമായ ദുര്യോധനനെ അനുശാസിച്ചാലും. അങ്ങനെ ചെയ്താല്‍ മഹത്തായ ഒരു സുഹ്യദ് കാര്യം ഭവാന്‍ ചെയ്തുവെന്നു വരുമല്ലോ!

വൈശമ്പായനൻ തുടര്‍ന്നു; ഉടനെ ദുര്യോധനന്റെ നേരെ തിരിഞ്ഞ്‌ സര്‍വ്വ ധര്‍മ്മാര്‍ത്ഥ തത്വജ്ഞനായ ഹരി ഭംഗിയായ വിധം ഇപ്രകാരം പറഞ്ഞു:

ഹേ, കുരുസത്തമാ, ദുര്യോധനാ, ഭവാന്‍ എന്റെ വാക്കു മനസ്സിരുത്തി കേള്‍ക്കൂ. വിശേഷിച്ചും കൂട്ടുകാരോടു കൂടിയ ഭവാന്റെ ശമത്തിനായി ഞാന്‍ പറയുന്നു. മഹാപ്രാജ്ഞാ, കുലീനനായ ഭവാന്‍ നല്ലതായ ആ കാര്യം ചെയ്യണം. പഠിപ്പും വൃത്തിയും ചേര്‍ന്നവനും ഗുണങ്ങളെല്ലാം തികഞ്ഞവനുമായ ഭവാന് ഇതു ചേര്‍ന്നതല്ല. ഇതൊക്കെ ആര്‍ക്കു ചേര്‍ന്നതാണ് എന്നറിയാമോ? ദുഷ്ടന്മാര്‍, ദുഷ്കുലത്തില്‍ പിറന്നവര്‍, ക്രൂരന്മാര്‍, നാണം കെട്ടവര്‍ ഇത്തരക്കാര്‍ക്കൊക്കെ ചേര്‍ന്നതാണ്‌ ഇത്‌. നീ ഇപ്പോള്‍ അത്തരത്തിലാണ്‌ ഓര്‍ക്കുന്നത്‌. സദ്‌ വൃത്തി ധര്‍മ്മാര്‍ത്ഥങ്ങളോടു ചേര്‍ന്നതായി ലോകത്തില്‍ കണ്ടുവരുന്നില്ലേ? ദുർജ്ജനങ്ങളുടെ വൃത്തി ഇപ്പറഞ്ഞതിനു കടക വിരുദ്ധമായിരിക്കും. നിന്നില്‍ ഈ വിപരീതവൃത്തി ഞാന്‍ പലപ്പോഴും കാണുന്നു. അധര്‍മ്മഫലമാണ്‌ ഈ ലോകത്തില്‍ ഘോരവും പ്രാണഹരവുമായി ഭവിക്കുന്നത്‌. അനിഷ്ടവും അനിമിത്തവുമായ അതിനെ നീക്കുവാന്‍ അസാദ്ധ്യമാണ്‌. അങ്ങനെയുള്ള അനര്‍ത്ഥത്തെ വിളിച്ചു വരുത്താതെ ആത്മശ്രേയസ്സിനു വേണ്ടി യത്നിച്ചാലും. ഭ്രാതാക്കള്‍ക്കും ഭൃതൃമിത്ര വര്‍ഗ്ഗത്തിനും അധര്‍മ്മവും ദുര്‍യശസ്കരവുമായ കര്‍മ്മത്തെ നീ വിട്ടൊഴിക്കു! പാണ്ഡവന്മാര്‍ പ്രാജ്ഞരാണ്‌, ശൂരന്മാരാണ്‌, മഹോത്സാഹന്മാരാണ്‌, ബഹുശ്രുതന്മാരാണ്‌. ഹേ, ഭരതര്‍ഷഭാ, ഭവാന്‍ പാണ്ഡവന്മാരുമായി സന്ധിയാവുക. അത്‌ ധീമാനായ ധൃതരാഷ്ട്രന്‌ ഹിതവും പ്രിയവുമാണ്‌. പിതാമഹനും ദ്രോണനും മതിമാനായ വിദുരനും കൃപനും സോമദത്തനും ധീമാനായ ബാല്‍ഹീക രാജാവിനും ദ്രൗണിക്കും സഞ്ജയനും വിവിംശതിക്കും വികര്‍ണ്ണനും മിക്ക ജ്ഞാതികള്‍ക്കും അവരുടെയൊക്കെ മിത്രങ്ങള്‍ക്കും അത്‌ ഇഷ്ടമാണ്‌. ശമത്താല്‍ മിക്കവാറും ലോകത്തിനൊക്കെ സുഖമാണു ഭവിക്കുക. നീ ഹ്രീമാനും, കുലീനനുമാണല്ലോ. ശ്രുതവാനും ക്രൗര്യമറ്റവനുമാണ്‌. അങ്ങനെയുള്ള ഭവാന്‍ അച്ഛനമ്മമാരുടെ ശാസനയെ അനുസരിച്ചു നിൽക്കുക. അച്ഛന്‍ ശാസിക്കുന്നതാണ്‌ ശ്രേയസ്സ്‌ എന്നു സജ്ജനങ്ങള്‍ വിചാരിക്കുന്നു. ആപത്തില്‍ അകപ്പെടുന്ന ദുര്‍മ്മതികള്‍ അച്ഛന്‍ പറഞ്ഞതിനെ അപ്പോള്‍ ഓര്‍ക്കാതിരിക്കുകയില്ല. ഹേ, താതാ, പാണ്ഡവന്മാരുമായി സന്ധി നിന്റെ അച്ഛനു സമ്മതമാണ്‌. അമാതൃന്മാരോടു കൂടി ഭവാനും അതു സമ്മതിക്കൂ! സുഹൃത്തുക്കള്‍ ചിന്തിച്ചു വിധിക്കുന്ന ഒരു കാര്യം കൈക്കൊള്ളാതിരിക്കുന്നത്‌ കാഞ്ഞിരപ്പഴം തിന്നുന്നവനെ പോലെ കിടന്നു വേകുവാനിടയാക്കും. നന്മ പറഞ്ഞു കൊടുക്കുമ്പോള്‍ അതു മോഹം കൊണ്ടു തള്ളിക്കളയുന്ന ദീര്‍ഘസൂത്രക്കാരന്‍ സകല ധനവും നശിച്ചു പശ്ചാത്തപിക്കേണ്ടി വരും. നന്മ പറഞ്ഞു കൊടുക്കുമ്പോള്‍ തിന്മയൊക്കെ കൈവിട്ട്‌ അതു സ്വീകരിക്കുന്നവന്‍ ലോകത്തില്‍ ഏറ്റവും അധികം സുഖിക്കുന്നവനാകും. ഇഷ്ടം അര്‍ത്ഥിക്കുന്നവന്‍ പറയുന്ന വാക്കു കേള്‍ക്കാതെ, സഹിക്ക വയ്യാത്തവനായി മറിച്ചു ചെയ്യുന്നവന്‍ ശത്രുക്കളുടെ പിടിയിലായി തീരും. ശിഷ്ടന്മാരുടെ അഭിപ്രായം സ്വീകരിക്കാതെ ദുഷ്ടന്മാരുടെ പാട്ടില്‍ അവര്‍ പറയുന്നതു മാത്രം കേട്ട ഏതൊരുത്തന്‍ ദുഷ്ടന്മാരുടെ കൂടെ നിൽക്കുന്നുവോ, അവന്‍ ഉടനെ തന്നെ ആപത്തില്‍ പെട്ട്‌ സുഹുത്തുക്കളുടെ വ്യസനത്തിനു പാത്രമാകും. മുഖ്യന്മാരായ നല്ല മന്ത്രിമാരെ വിട്ട്‌ നീചന്മാരുടെ പാട്ടില്‍ ഏവന്‍ നിൽക്കുന്നുവോ ഘോരമായ ആപത്തിന്റെ കുഴിയില്‍ വീണ്‌ കയറുവാന്‍ കഴിയാതെ അവന്‍ കഷ്ടത്തിലാകും. ദുഷ്ടന്മാരെ സേവിക്കുന്നവനും, തെറ്റായി നടക്കുന്നവനും, ശിഷ്ടന്മാരായ ഇഷ്ടന്മാരുടെ വാക്കിനെ ധിക്കരിക്കുന്നവനും, ശത്രുഗ്രാഹിയും, സുഹൃത് ദ്രോഹിയുമായവന്‍ ഭൂമിക്ക്‌ ആവശ്യമില്ലാത്തവനാണ്‌. അവന്‍ ഭൂമിയില്‍ വസിക്കുന്നത്‌ ലോകത്തിന്‌ ആപത്തു വരുത്തിക്കൂട്ടും. ഭവാന്‍ ആ വീരന്മാരുമായി തെറ്റിയിട്ട അന്യന്‍ കാക്കുമെന്ന്‌ ഉറപ്പിച്ചിരിക്കയായിരിക്കും. മഹാരഥന്മാരും ഇന്ദ്രാഭന്മാരുമായ ദായാദികളെ വിട്ട്‌ അശിഷ്ടരും മൂഢന്മാരും കാര്യത്തിനു മതിയാകാത്തവരുമായ അന്യന്മാര്‍ രക്ഷിക്കുമെന്ന്‌ നീയല്ലാതെ ഏതൊരു മനുഷ്യനാണ്‌ ഇച്ഛിക്കുക?

നീ ജന്മം മുതല്‍ എപ്പോഴും പാര്‍ത്ഥന്മാരില്‍ ദ്രോഹങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. എന്നാൽ അവര്‍ അല്പം പോലും നിന്നില്‍ കോപിക്കുന്നില്ല. കാരണം, പാണ്ഡവന്മാര്‍ ധര്‍മ്മശാലികളാണ്‌. താതാ, ജന്മം തൊട്ട്‌ ഇന്നേ വരെ നിങ്ങള്‍ ചെയ്ത മിഥ്യോപചാരങ്ങളൊക്കെ സഹിച്ച യശസ്വികളായ പാണ്ഡവന്മാര്‍ നിന്നില്‍ നന്മയാണ്‌ ഇപ്പോഴും നിനയ്ക്കുന്നത്‌. നീയും അപ്രകാരം തന്നെ അവരോടു ചെയ്യണം. മുഖ്യരായ സ്വബന്ധുക്കളില്‍ ഈ മന്യു കരുതരുത്‌. പ്രാജഞന്മാരുടെ വൃത്തി ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ചേര്‍ന്നതാണ്‌. ത്രിവര്‍ഗ്ഗം മൂന്നും ഒത്തില്ലെങ്കില്‍ ധര്‍മ്മത്തേയും മാനവന്മാര്‍ നോക്കും. അതും വിപരീതമായാല്‍ ധീരന്‍ ധര്‍മ്മത്തെ നോക്കും. എന്നാൽ കലിയായ ജളന്‍ മദ്ധ്യമാര്‍ത്ഥമായ കാമത്തെ മാത്രമേ നോക്കുകയുള്ളു. ഇന്ദ്രിയ പ്രാകൃതനായവന്‍, ധര്‍മ്മത്തെ ലോഭം കൊണ്ട്‌ ഉപേക്ഷിച്ചു വഴിതെറ്റി കാമാര്‍ത്ഥ കാംക്ഷിയായി നശിക്കുക തന്നെ ചെയ്യും. ധര്‍മ്മാര്‍ത്ഥ കാംക്ഷയുള്ളവന്‍ ആദ്യം ധര്‍മ്മത്തെയാണ്‌ നടത്തേണ്ടത്‌. ഒരിക്കലും ധര്‍മ്മം വിട്ട്‌ അര്‍ത്ഥം നിൽക്കുകയില്ല. അര്‍ത്ഥം വിട്ട്‌ കാമവും നിൽക്കുകയില്ല. ത്രിവര്‍ഗ്ഗത്തിന്‌ ഉപായം ധര്‍മ്മമാണല്ലോ. ആ വഴിക്ക്‌ ആഗ്രഹിച്ചാല്‍ ത്രിവര്‍ഗ്ഗങ്ങള്‍ കാട്ടില്‍ തീ എന്ന പോലെ വര്‍ദ്ധിക്കുന്നതാണ്‌. താതാ, നീ വഴിതെറ്റി മോഹിക്കുകയാണ്‌. രാജാക്കന്മാരിലൊക്കെ കീര്‍ത്തിപ്പെട്ടതാണല്ലോ ദീപ്തമായ രാജാധിരാജത്വം!

നന്മയ്ക്കു നിൽക്കുന്നവരില്‍ തെറ്റു ചെയ്യുന്നവൻ എങ്ങനെ ആ മഹാപദവിക്ക് അര്‍ഹനാകും? അവന്‍ മഴുവാല്‍ കാടിനെ എന്ന വിധം തന്നെ തന്നെ മുടിക്കുകയാണ്‌. തോല്‍വി ആര്‍ക്കുണ്ടാകണം എന്നു വിചാരിക്കുന്നുവോ അവന്‍ മതിയെ അറുക്കരുത്‌. ഗതി തെറ്റാതെയുള്ളവന് മതി (ബുദ്ധി) മംഗളത്തിലേ നേടു. ആത്മവാന്‍ മൂന്നു പാരിലും ആരെയും അവമാനിക്കുകയില്ല, സാധാരണക്കാരനെ പോലും അവമാനിക്കുകയില്ല. പിന്നെ പാണ്ഡവനമാരെ പറ്റി പറയുവാനുണ്ടോ? അമര്‍ഷത്തിന്റെ പിടിയില്‍ പെട്ടു പോകുന്നവന്‍ ഒന്നും തന്നെ അറിയുകയില്ല. എല്ലാ ശാസ്ത്രപ്രമാണങ്ങളും അവനില്‍ അറ്റുപോകുന്നു. ദുഷ്ട സംഗത്തിനേക്കാള്‍ നല്ലത്‌ പാണ്ഡവരുമായുള്ള സംഗമമാണ്‌. അവരോട്‌ ഇഷ്ടത്തില്‍ നീ നിന്നാല്‍ സകല കാമവും നേടും. പാണ്ഡവന്മാര്‍ ജയിച്ച ഭൂമി നിനക്കനുഭവിക്കാം. അങ്ങനെയുള്ള പാര്‍ത്ഥന്മാരെ തള്ളിക്കഞ്ഞ്‌ അന്യന്റെ രക്ഷയെ നീ ആഗ്രഹിക്കുന്നു. ദുശ്ശാസനന്‍, ദുര്‍വ്വിഷഹന്‍, കര്‍ണ്ണന്‍, ശകുനി എന്നിവരില്‍ ഐശ്വര്യം ചേര്‍ത്തു ഭൂതിക്കായി നീ ഇച്ഛിക്കുന്നു! ഇവര്‍ അറിവില്‍ പോരാത്തവരാണ്‌. ധര്‍മ്മാര്‍ത്ഥ കാര്യങ്ങളിലും വിവരമില്ലാത്തവരാണ്‌. നിന്നോടു ചേര്‍ന്ന ഈ രാജാക്കന്മാരും പോരാ, പോരില്‍ ക്രോധിച്ചു നിൽക്കുന്ന ഭീമസേനന്റെ മുഖത്തേക്ക്‌ ഒന്നു നോക്കാന്‍.

താതാ, ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്ന നിന്റെ സഹായികളായ രാജാക്കന്മാരുടെ സൈന്യങ്ങളൊക്കെ ചേര്‍ന്നാല്‍, ഈ ഭീഷ്മനും ദ്രോണനും ഈ കര്‍ണ്ണനും കൃപനും സോമദത്താത്മജനും യൂപകേതുവും ദ്രൗണിയും ജയദ്രഥനും ഇവരൊക്കെ ചേര്‍ന്നാലും, ധനഞ്ജയനോട്‌ ഏൽക്കുവാന്‍ പോരാ. എല്ലാ ദേവാസുരന്മാരും എല്ലാ ഗന്ധര്‍വ്വമാനുഷന്മാരും ചേര്‍ന്നാലും യുദ്ധത്തില്‍ അര്‍ജ്ജുനനെ ജയിക്കുവാന്‍ സാദ്ധ്യമല്ല. അതുകൊണ്ട്‌ ഹേ ദുര്യോധനാ, നീ യുദ്ധത്തില്‍ മനസ്സ് വെക്കരുത്‌.

എല്ലാ രാജാക്കന്മാരുടെ സൈന്യത്തിലും തിരഞ്ഞു നോക്കൂ; പാര്‍ത്ഥനുമായി പോരാടി കേടു കൂടാതെ തന്റെ വീട്ടില്‍ മടങ്ങിയെത്തുവാന്‍ കെല്‍പുള്ളവനായിട്ട്‌ ആരെങ്കിലും ഉണ്ടോ എന്ന്!; നീ ഈ വന്നവരില്‍ ഒരുത്തനെങ്കിലും ഉണ്ടോ എന്ന് ഒന്നു തിരഞ്ഞു നോക്കൂ;;

ഞാന്‍ ഒന്നു ചോദിക്കട്ടെ, ദുര്യോധനാ! ഈ ജനങ്ങളെയൊക്കെ നശിപ്പിച്ചിട്ട്‌ അങ്ങയ്ക്ക്‌ എന്തുണ്ട്‌? അവനെ ജയിക്കുവാന്‍ പറ്റിയ ഒരുത്തനെ നീ കാണു ആദ്യം! ദേവന്മാരെയും ദാനവന്മാരെയും യക്ഷന്മാരെയും അഹിവര്‍ഗ്ഗങ്ങളെയും ദൈത്യപുംഗവന്മാരെയും ഖാണ്ഡവത്തില്‍ ജയിച്ചവനാണ്‌ അര്‍ജ്ജുനന്‍ എന്നു നിങ്ങള്‍ക്കറിഞ്ഞു കൂടെ? അവനോട്‌ ആരെതിര്‍ക്കും? അപ്രകാരം തന്നെ വിരാടപുരിയില്‍ വലിയ ഒരു അത്ഭുതം കേള്‍ക്കുന്നു. ഒരുത്തന്‍ പലരുമായി പോരാടിയ മഹാത്ഭുത കഥ! ഈ ഒരു കഥ മാത്രം പോരേ ഞാൻ ഈ; പറഞ്ഞതിനു ദൃഷ്ടാന്തം ? സാക്ഷാല്‍ മഹാദേവദത്തനെ തന്നെ പോരില്‍ പ്രീതനാക്കിയവനാണ്‌ അര്‍ജ്ജുനന്‍. അജേയനായി, അനാധൃഷ്യനായി, അച്യുതനായി പ്രശോഭിക്കുന്ന ജിഷ്ണുവീരനെ ഊര്‍ജ്ജിതനായ പാര്‍ത്ഥനെ, ജയിക്കുവാന്‍ നീ മോഹിക്കുന്നു! കഷ്ടം!

ഇനി ഒരു കാര്യം കൂടി ഞാന്‍ പറയാം: ഞാന്‍ തുണയ്ക്കുന്ന പാര്‍ത്ഥനോട്‌ ഇന്ന്‌ ആരാണ്‌ എതിര്‍ക്കുവാന്‍ വിചാരിക്കുന്നത്‌? പോരില്‍ നേരിട്ടടുക്കുമ്പോള്‍ സാക്ഷാല്‍ ദേവേന്ദ്രനു പോലും തടി കിട്ടുമെന്നു തോന്നുന്നുണ്ടോ?

പാര്‍ത്ഥനെ വെല്ലുന്നവന്‍ കൈ കൊണ്ടു ഭൂമണ്ഡലം പൊക്കിപ്പിടിക്കും! ക്രുദ്ധനായി പ്രജകളെ ഒക്കെ ചുട്ടുകളയും! വിണ്ണില്‍ നിന്ന്‌ ദേവന്മാരെ വീഴ്ത്തും! നോക്കു. നിന്റെ പുത്രന്മാരെയും സഹോദരന്മാരെയും ജ്ഞാതികളെയും സംബന്ധികളെയും! ഈ ഭരതസത്തമന്മാരെ ഒക്കെ ഒന്നു നോക്കൂ! ഇവരെയൊക്കെ നീ കൊലയ്ക്കു കൊടുക്കുവാന്‍ പോവുകയല്ലേ? വെറുതെ ഇവരെ കൊല്ലിക്കരുത്‌. ഇവരൊക്കെ ഭാരതസത്തമന്മാരാണ്‌. കൗരവന്മാര്‍ ശേഷിക്കുന്ന ഈ കുലം മുടിയാതെ നിലനിൽക്കട്ടെ! ഹേ, ദുര്യോധനാ, നീ കീര്‍ത്തി കെട്ടു കുലഘ്നനായി തീരരുത്‌.

നിങ്ങള്‍ സൗഹാർദ്ദത്തില്‍ പോവുകയാണെങ്കില്‍ ആ മഹാരഥന്മാര്‍ നിന്നെ തന്നെ യുവരാജാവാക്കി വാഴിക്കും. അച്ഛന്‍ യുധിഷ്ഠിരനെ മഹാരാജാവുമാക്കും. ഹേ, താതാ*! താനേ വന്നുയരുന്ന ശ്രീയെ നീ ധിക്കരിക്കരുത്‌. പാര്‍ത്ഥന്മാര്‍ക്കു പകുതി രാജ്യം നല്കി മഹാശ്രീയോടു കൂടി നീ വാഴുക. പാര്‍ത്ഥന്മാരുമായി സന്ധി ചെയ്ത്‌ സുഹൃത്തുക്കളുടെ ചൊല്പടിയില്‍ നിന്നു മിത്രങ്ങളോടു കൂടി സസന്തോഷം ഭദ്രമായി ഏറെക്കാലം ഭവാന്‍ ധരയില്‍ ജീവിച്ചിരിക്കട്ടെ!

താതന്‍ = വന്ദനീയന്‍, ബഹുമാനിക്കത്തക്കവന്‍.

125. ഭീഷ്മാദിവാകും - ഭീഷ്മദ്രോണ വിദുര ധ്യതരാഷ്ട്രന്മാര്‍ ദുര്യോധനന് ഉപദേശം നല്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: കോപിഷ്ഠനായ ദുര്യോധനനോട്‌ ശാന്തനവനായ ഭീഷ്മന്‍ കേശവന്റെ വാക്കു കേട്ട് ഇപ്രകാരം പറഞ്ഞു:

ഹേ ദുര്യോധനഃ, കൃഷ്ണന്‍ നിന്നോടു പറഞ്ഞല്ലോ സുഹൃജ്ജനങ്ങളുമായി ശമം കൈക്കൊള്ളണം എന്ന്‌. അതു നീ സ്വീകരിക്കുക. മന്യുവിന്റെ (മന്യു = ദുഃഖം, കോപം, അനര്‍ത്ഥം) പിടിയിലാകരുത്‌. വത്സാ, നീ മാന്യനായ കേശവന്റെ വാക്ക്‌ കേള്‍ക്കാതിരിക്കുക യാണെങ്കില്‍ ശ്രേയസ്സു വന്നു ചേരുകയില്ല. സുഖം കിട്ടുകയില്ല. മംഗളം ഭവിക്കുകയുമില്ല. മഹാഭുജനായ കൃഷ്ണന്‍ ധര്‍മ്മാര്‍ത്ഥ സഹിതമായി നിന്നെ ഉപദേശിച്ചു. രാജാവേ, നീ ആ വാക്കു തട്ടരുത്‌; നാട്ടുകാരെ മുടിക്കരുത്‌. രാജാക്കളിലൊക്കെ ശോഭിക്കുന്ന ഈ ഭാരതശ്രീയെ ഭവാന്‍ ധൃതരാഷ്ട്രന്‍ ജീവിച്ചിരിക്കുമ്പോള്‍ ദുഷ്ടത മൂലം ഭ്രഷ്ടയാക്കി തീര്‍ക്കും. മക്കള്‍, അനുജന്മാര്‍, ബന്ധുക്കള്‍, മന്ത്രിമാര്‍ ഇവരോടു കൂടി ആത്മാവിന്‌ അഹങ്കാരം ഹേതുവായി നീ ജീവഭ്രംശം വരുത്തും. കേശവന്റേയും അച്ഛന്റേയും മതിമാനായ വിദുരന്റേയും സത്യമായും അര്‍ത്ഥപൂര്‍ണ്ണമായും ഉള്ള മൊഴി നീ തള്ളിക്കളയുക യാണെങ്കില്‍ ഈ പറഞ്ഞതൊക്കെ സംഭവിക്കും. കുലഘ്നനായ ദുഷ്ടപുരുഷനായി, ദുര്‍ബുദ്ധിയായി നീ വഴിതെറ്റി സഞ്ചരിക്കരുത്‌. സങ്കടസമുദ്രത്തില്‍ അച്ഛനമ്മമാരെ താഴ്ത്തരുത്‌.

ഉടനെ ദ്രോണൻ ദുര്യോധനനെ നോക്കി, അമര്‍ഷവശനായി ദുര്യോധനന്‍ നെടുവീര്‍പ്പിട്ടി രിക്കുന്നതായി കണ്ട്‌, ഇങ്ങനെ പറയുവാന്‍ തുടങ്ങി: ധര്‍മ്മാര്‍ത്ഥങ്ങളോടു കൂടിയ വാക്ക്‌ നിന്നോടു കേശവന്‍ പറഞ്ഞു. അപ്രകാരം തന്നെ ശാന്തനവനായ ഭിഷ്മനും വേണ്ടത്‌ പറഞ്ഞു. അതു ഭവാന്‍ കേള്‍ക്കണം. പ്രാജ്ഞരും മേധാവിമാരും ദാന്തരും അറിവുള്ളവരുമായ ആ അര്‍ത്ഥകാംക്ഷികള്‍ എന്തു പറഞ്ഞുവോ അതു നീ സ്വീകരിക്കുക. കൃഷ്ണനും ഭീഷ്മനും എന്തു പറഞ്ഞുവോ അതു നീ അനുഷ്ഠിക്കുക. ഹേ. പരന്തപാ, നീ ബുദ്ധിമോശം കൊണ്ട്‌ മാധവനെ നിന്ദിക്കരുത്‌. നിന്റെ കൃതൃത്തിന്‌ ഇവര്‍ ഉത്സാഹമുണ്ടാക്കുന്നതാണ്‌. രണത്തില്‍ വൈരം ശത്രുക്കളുടെ ഗളത്തിലേല്പിക്കുന്നതല്ല. പ്രജകളേയും മക്കളേയും അനുജന്മാരേയും മുടിക്കുവാന്‍ സംഗതി വരുത്തരുത്‌. കൃഷ്ണാര്‍ജ്ജുനന്മാരോടു കൂടിയ കൂട്ടര്‍ അജയന്മാരാണെന്ന്‌ നീ ധരിക്കണം. സൗഹൃദത്താല്‍ കൃഷ്ണനും ഭീഷ്മനും പറഞ്ഞ സത്യവാക്ക്‌ നീ കൈക്കൊള്ളാതിരിക്കുക യാണെങ്കില്‍ നീ പശ്ചാത്താപത്തിനു പാത്രമാകും. ജാമദഗ്ന്യന്‍ പറഞ്ഞ മട്ടില്‍ പോരാ, അതിലും മേലെയാണ്‌ അര്‍ജ്ജുനന്റെ നില. ദേവകീ പുത്രനായ കൃഷ്ണനാണെങ്കില്‍ വാനവന്മാര്‍ക്കു പോലും താങ്ങാന്‍ സാധിക്കാത്തവനാണ്‌. നിന്നോടു മുഖസ്തുതി പറഞ്ഞിട്ട്‌ എനിക്കു യാതൊരു കാര്യവുമില്ല. അതുകൊണ്ട്‌ ഉള്ള കാര്യം ഞാന്‍ പറഞ്ഞു. ഇനി നീ നിന്റെ ഇഷ്ടമെന്തോ അതു ചെയ്തു കൊള്ളുക. നിന്നോട്‌ ഞാന്‍ വീണ്ടും പറയുന്നില്ല.;

വൈശമ്പായനൻ തുടര്‍ന്നു: ദ്രോണൻ പറഞ്ഞു കഴിഞ്ഞ ഉടനെ വിദുരന്‍ അമര്‍ഷിയായ ദുര്യോധനനോടു പറഞ്ഞു: ഹേ, ദുര്യോധനാ! എനിക്കു നിന്നെ കുറിച്ചു യാതൊരിണ്ടലും ഇല്ല. വൃദ്ധരായ നിന്റെ അച്ഛനമ്മമാരെ പറ്റിയാണ്‌ എന്റെ വിചാരം. കഷ്ടം! ധൃതരാഷ്ട്രനേയും ഗാന്ധാരിയേയും കാണുമ്പോള്‍ ഞാന്‍ ദുഃഖത്തില്‍ മുങ്ങിപ്പോകുന്നു. ദുഷ്ടനായ നിന്റെ രക്ഷയിലിരിക്കുന്ന ഇവര്‍ അനാഥരായി ഉഴലുമല്ലോ എന്നു ചിന്തിച്ചാണ്‌ ഞാന്‍ ദുഃഖിക്കുന്നത്‌. മിത്രങ്ങളും അമാതൃന്മാരുമൊക്കെ വധിക്കപ്പെട്ട ഇവര്‍ ചിറകറ്റ പക്ഷികള്‍ പോലെ ഉഴലുന്നത്‌ കാണേണ്ടി വരും. ഇവര്‍ ദുഃഖിച്ചു ജീവിക്കേണ്ടി വരുമല്ലോ എന്നു ചിന്തിച്ചാണ്‌ എന്റെ ദുഃഖം. കുലഘ്നനും പാപിയും നീചനുമായ നിന്നെ തീര്‍ത്തു വിട്ട നിന്റെ അച്ഛനമ്മമാര്‍ ദുഃഖിച്ച്‌ ഈ ഭൂമി നീളെ പിച്ച തെണ്ടി നടക്കേണ്ടതായി വന്നു കൂടും.

വിദുരന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ധൃതരാഷ്ട്രന്‍ ദുര്യോധനനോട്‌ അനുജന്മാരും മന്നവന്മാരും ചുറ്റും ചേര്‍ന്നിരിക്കെ പറഞ്ഞു:

ഹേ മകനേ ദുര്യോധനാ! മാന്യനായ അച്ഛന്റെ വാക്ക്‌ നീ ധരിക്കുക! നീ ഒട്ടേറെ ശുഭത്തെ കൈക്കൊള്ളുക. അതു നിനക്കു യോഗക്ഷേമം ഉണ്ടാക്കും. നാശമുണ്ടാക്കുകയില്ല. അക്ലിഷ്ടകാരിയായ കൃഷ്ണന്റെ വലിയ സഹായത്തോടു കൂടി നമുക്ക്‌ എല്ലാ മന്നവരിലും ഇഷ്ടമായ അഭിപ്രായമുണ്ടാക്കാം. നീ കേശവനോടു കൂടി ധര്‍മ്മജനുമായി ചേരുക. ഉടനെ മറ്റു കാര്യങ്ങളും ഭാരതന്മാര്‍ക്ക് അനാമയമായ സ്വസ്ത്യയനവും ചെയ്യുക. ഉണ്ണീ, വാസുദേവന്‍ മുഖാന്തരം ശമം പ്രാപിക്കുക. കാലോചിതമായി ചെയ്യേണ്ടത്‌ ഇതാണ്‌. അതു നീ തെറ്റിക്കരുത്‌. ശമം യാചിക്കുന്ന കൃഷ്ണനെ, നിന്റെ നന്മയ്ക്കു വേണ്ടി പറയുമ്പോഴും നീ ധിക്കരിക്കുക യാണെങ്കില്‍ തോല്‍വി പറ്റാതെ വരില്ല.

126. ഭീഷ്മദ്രോണവാകൃം - ഭീഷ്മനും ദ്രോണനും ദുര്യോധനനെ വീണ്ടും ഉപദേശിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ധൃതരാഷ്ട്രന്‍ പറഞ്ഞതു കേട്ട്‌ വൃഥയോടെ ഭീഷ്മനും ദ്രോണനും ഉപദേശം വകവെക്കാത്തവനായ ദുര്യോധനനോട്‌ ഇപ്രകാരം പറഞ്ഞു: കൃഷ്ണന്മാര്‍ സജ്ജരാകുന്നതിന് മുമ്പ്‌, ഗാണ്ഡീവം എടുത്തു പിടിക്കുന്നതിനു മുമ്പ്‌, ധൗമ്യന്‍ മേധാഗ്നിയില്‍ ശത്രുപ്പട ഹോമിക്കുന്നതിന് മുമ്പ്‌, ലജ്ജാലുവായ മഹാധനുര്‍ദ്ധരന്‍, യുധിഷ്ഠിരന്‍, കോപത്തോടെ സൈന്യത്തെ നോക്കുന്നതിന് മുമ്പ്‌ വൈരം ശമിക്കണം. കുന്തീപുത്രനായ ആ ധനുര്‍ദ്ധരന്‍, ഭീമസേനന്‍, സ്വസേനയില്‍ ഉറച്ചു നിൽക്കുന്നതായി കാണുന്നതിനു മുന്‍പ്‌ വൈരം ശമിക്കണം. ഗദാപാണിയായ ഭീമസേനന്‍ സൈന്യം ഹര്‍ഷിക്കുന്ന വിധം മാര്‍ഗ്ഗങ്ങള്‍ ചുറ്റുന്നതിന് മുമ്പായി പാണ്ഡവ പുത്രന്മാരുമായി ശമം കൈക്കൊള്ളുക! ഗജയോധികളുടെ ശിരസ്സുകളെ വലിയ മരങ്ങളുടെ കായ്കള്‍ പോലെ. കാലപക്വങ്ങളായ അവയെ വീരദ്ധ്വംസിനിയായ ഗദ കൊണ്ട്‌ ഭീമന്‍ അടിച്ചു കൊഴിക്കുന്നതിന് മുമ്പായി വൈരം ശമിക്കണം. നകുലനും സഹദേവനും ധൃഷ്ടദ്യുമ്നനും മത്സ്യനും ശിഖണ്ഡിയും ശിശുപാലപുത്രനും ചട്ടയിട്ട, നക്രങ്ങള്‍ സമുദ്രത്തിലെന്ന പോലെ സൈന്യത്തില്‍ ശക്തിയോടെ അസ്ത്രമെയ്തു കേറുന്നതിന് മുമ്പായി വൈരം ശമിക്കണം. രാജാക്കന്മാരുടെ മൃദുവായ ശരീരത്തിലെങ്ങും ഗൃദ്ധ്റപത്രശരങ്ങള്‍ കേറുന്നതിന് മുമ്പായി വൈരം ശമിക്കണം. ചന്ദനം പൂശിയും ഹാരപ്പതക്കങ്ങള്‍ അണിഞ്ഞും യോധന്മാരുടെ മാര്‍ത്തട്ടില്‍ ധ്വനികളുടെ ഇരിമ്പു ശരങ്ങള്‍ ലാക്കു നോക്കി പതിപ്പിക്കുന്നതിന് മുമ്പായി വൈരം ശമിക്കണം.

ഹേ ദുര്യോധനാ! തലകുമ്പിട്ടു വന്ദിക്കുന്നവനായ നിന്നെ മന്നവകുഞ്ജരനായ യുധിഷ്ഠിരന്‍, ധര്‍മ്മരാജന്‍, കൈകള്‍ കൊണ്ടു പിടിക്കുന്നതു കാണുമാറാകട്ടെ! ധ്വജാങ്കുശ പതാകാഞ്ചിതമായ ആ മഹാശയന്റെ വലംകൈ ദാക്ഷിണ്യത്തോടെ നിന്റെ ചുമലില്‍ ശാന്തിക്കായി വെക്കുമാറാകട്ടെ! രത്നാ ഔഷധികളും രത്നാംഗുലിയും ചേര്‍ന്ന കൈകൊണ്ട്‌ ആ മഹാത്മാവ്‌ ഇരിക്കുന്ന നിന്റെ പുറംതൊട്ടു തലോടുമാറാകട്ടെ! സാലസ്കന്ധനും മഹാഭുജനുമായ ഭീമന്‍, വൃകോദരൻ, നിന്നെ പുല്കി ശാന്തിക്കായി സാമവാക്കു പറയുമാറാകട്ടെ! രാജാവേ, അര്‍ജ്ജുനനും യമന്മാരും നിന്നെ വന്ദിക്കുന്ന സമയത്ത്‌ നീ അവരെ അടുപ്പിച്ച്‌ മൂര്‍ദ്ധാവില്‍ ഘ്രാണിച്ച്‌ ഇഷ്ടം ചൊല്ലുക. വീരസോദരന്മാരായ പാര്‍ത്ഥന്മാരോട്‌ നീ ചേര്‍ന്ന്‌ ശോഭിക്കുന്നതു കണ്ട്‌ രാജാക്കന്മാര്‍ ആനന്ദബാഷ്പം പൊഴിക്കുന്നതു കാണുമാറാകട്ടെ! മന്നവന്മാരുടെ ഗൃഹങ്ങളില്‍ സര്‍വ്വസമ്പത്തുകളും തികഞ്ഞ ഘോഷങ്ങള്‍ മുഴങ്ങട്ടെ! ഭ്രാതൃഭാവത്തോടു കൂടി ഭവാന്‍ ഭൂമിയെ കയ്യേൽക്കുക. വിജ്വരനായി ഭവാന്‍ വിളങ്ങുമാറാകട്ടെ!;

127. ദുര്യോധനവാക്യം - കൃഷ്ണനോട്‌ ദുര്യോധനന്റെ മറുപടി - വൈശമ്പായനൻ പറഞ്ഞു; കുരുസംസത്തില്‍ ഈ വാക്കുകള്‍ കേട്ട്‌ സുയോധനന്‍ യശസ്വിയായ വാസുദേവനോടു പറഞ്ഞു: കേശവാ, ഭവാന്‍ ഇപ്രകാരം പറയുന്നത്‌ ചിന്തിച്ചു നോക്കിയിട്ടു വേണം. നീ എന്താണ്‌ എന്നെ തന്നെ വിശേഷിച്ചും രൂക്ഷമായി നിന്ദിക്കുവാന്‍ ? പാര്‍ത്ഥന്മാരുടെ ഭക്തിവാദത്താല്‍ പെട്ടെന്ന്‌ ഭവാന്‍ ഗര്‍ഹിക്കുകയാണോ? ഭവാന്‍ എന്തു ബലാബലത്തെ കണ്ടിട്ടാണ്‌ ഈ പറയുന്നതൊക്കെ? ഭവാനും ക്ഷത്താവും രാജാവും ഈ ഗുരുവും പിതാമഹനും, മറ്റു രാജാക്കന്മാരെ ഒക്കെ വിട്ട്‌ എന്നെ തന്നെ എന്താണ്‌ ഇങ്ങനെ നിന്ദിക്കുവാന്‍ ? ഞാന്‍ എന്നില്‍ ലേശവും ഒരു കുറ്റവും കാണുന്നില്ല. എന്നിട്ടും രാജാവിനോടു ചേര്‍ന്ന്‌ എന്നെ നിങ്ങള്‍ കഠിനമായി ദ്വേഷിക്കുന്നു! കേശവാ, ഞാന്‍ ഇതിന് തക്ക അപരാധമൊന്നും ചെയ്തതായി എത്ര ചിന്തിച്ചിട്ടും, ചെറിയതായിട്ടുള്ള ഒരു അപരാധം പോലും, കാണുന്നില്ല. ഇഷ്ടന്മാരുമായി ഏറ്റ ചൂതില്‍ പാര്‍ത്ഥന്മാര്‍ ശകുനിയോടു കളിച്ച്‌ രാജ്യം പണയം വെച്ചു തോറ്റു. അതില്‍ എനിക്ക്‌ എന്താണ്‌ തെറ്റ്‌? പാണ്ഡവന്മാര്‍ ആ കളിയില്‍ ദ്രവ്യം നേടിയിരുന്നുവെങ്കില്‍ അത്‌ അവര്‍ക്കു ലഭിക്കുമായിരുന്നില്ലേ? ആ ചൂതില്‍ ഞങ്ങള്‍ക്കു ലേശവും തെറ്റില്ല. അവര്‍ അജേയരാണെന്ന്‌ ഭവാന്‍ പറഞ്ഞല്ലോ. ആ അജേയര്‍ തന്നെ ചൂതില്‍ തോറ്റ്‌ കാടുകേറി. ജയിച്ചു ഞാന്‍ കുറ്റക്കാരനുമായി! കൊള്ളാം! എന്തു കുറ്റം ചൊല്ലിയാണ്‌ പാര്‍ത്ഥര്‍ അശക്തരായ ശത്രുക്കളോട് എതിര്‍ക്കുവാന്‍ ഹൃഷ്ടരായി ശത്രുക്കളെ പോലെ ഒരുങ്ങിയിരിക്കുന്നത്‌? അവര്‍ക്ക്‌ ഞങ്ങള്‍ എന്തു ചെയ്തിട്ടാണ്‌ ഇപ്പോള്‍ സൃഞ്ജയന്മാരോടു കൂടി ധാര്‍ത്തരാഷ്ട്രനെ കൊല്ലണം എന്നു പറഞ്ഞു പുറപ്പെട്ടിരിക്കുന്നത്‌? ഉഗ്രമായ കര്‍മ്മത്താലും ഉഗ്രമായ വാക്കാലും ഞങ്ങള്‍ ഭ്രംശിച്ചു പേടിച്ച്‌ ഇന്ദ്രനെ പോലും കുമ്പിടുമെന്നു വിചാരിക്കേണ്ടാ. ആ നിലയില്‍ ക്ഷത്രധര്‍മ്മം അനുസരിച്ച്‌ നമ്മെ പോരില്‍ ജയിക്കുവാന്‍ പോന്ന ഒരാളേയും ഞാന്‍ ഇന്നു കാണുന്നില്ല! ഭീഷ്മദ്രോണ കൃപന്മാരും കര്‍ണ്ണനും വാനവന്മാര്‍ക്കു പോലും അജേയന്മാരാണ്‌. പിന്നെ പാണ്ഡവരുടെ കാര്യം പറയുവാനുണ്ടോ? സ്വധര്‍മ്മം തന്നെ നോക്കി യുദ്ധത്തില്‍ അസ്ത്രമേറ്റു ചത്താലും അതും കേവലം സ്വര്‍ഗ്യം തന്നെയാണ്‌. ക്ഷത്രിയരായ നമുക്ക്‌ ഇതും മുഖ്യമായ ധര്‍മ്മമല്ലേ, ജനാര്‍ദ്ദനാ! യുദ്ധത്തില്‍ ശരതല്പത്തില്‍ നാം കിടക്കും എന്നു തന്നെ വന്നാലും, യുദ്ധം വെട്ടി വീരശയനം പ്രാപിച്ചാലും സന്തോഷമാണ്‌. എന്നാലും ശത്രുക്കളെ വണങ്ങുമെന്നു വിചാരിക്കേണ്ട. നല്ല കുലത്തില്‍ ജനിച്ച ഒരു ക്ഷത്രിയന്‍, ക്ഷതധര്‍മ്മം ആചരിക്കുന്നവന്‍, കൊറ്റിനു പേടിച്ചെവിടെയെങ്കിലും വണങ്ങുന്നതായി കേട്ടിട്ടുണ്ടോ? ഉദ്യമിക്കണം, വണങ്ങുന്ന പ്രശ്‌നമേയില്ല. ഉദ്യമം തന്നെയാണ്‌ പൗരുഷം. "മൊട്ടില്‍ അല്ലാതെ പൊട്ടിയെന്നു വന്നാലും വളയുക എന്നതുണ്ടാവില്ല" എന്നുള്ള മാതംഗ വചനം ഹിതാര്‍ത്ഥികളൊക്കെ കാത്തിരിക്കുകയാണ്‌. എന്നെപ്പോലുള്ളവര്‍ ധര്‍മ്മത്തെയും ബ്രാഹ്മണരെയും കൂപ്പും. മറ്റുള്ളവരെ ഗണിക്കാതെ ചാകുന്നതു വരെ ക്ഷത്രിയധര്‍മ്മം നടത്തുക തന്നെ ചെയ്യും. ഇതാണ്‌ എന്നെന്നും എന്റെ മതം. പണ്ട്‌ എന്റെ അച്ഛന്‍ എനിക്കു വെച്ച രാജ്യാംശമാണ്‌ അതെല്ലാം. അത്‌ ഞാന്‍ ഒരിക്കലും അന്യന് നല്കുകയില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിനാരും മോഹിച്ചിട്ടു കാര്യമില്ല. ധൃതരാഷ്ട്ര രാജാവു ജീവിച്ചിരിക്കുന്ന കാലത്ത്‌ അസ്ത്രം വെച്ച്‌ ഉപജീവിക്കുന്നവര്‍ അവരോ ഞങ്ങളോ എന്നു കാണാം. പൗരവനായ എനിക്ക്‌ അന്നു തന്ന രാജ്യം മറ്റാര്‍ക്കും കൊടുത്തു കൂടാത്തതാണ്‌. ഞാന്‍ ജീവിച്ചിരിക്കെ, അജ്ഞാനത്താലോ ഭയത്താലോ ബാലനായ ഞാന്‍ നിൽക്കുമ്പോള്‍ അതും പാണ്ഡവന്മാര്‍ക്ക്‌ എന്നില്‍ നിന്നും ലഭിക്കുകയില്ല. മഹാബാഹുവായ ഈ ഞാന്‍ ജീവിച്ചിരിക്കെ, ഹേ മാധവാ, അതിന് പാണ്ഡവന്മാര്‍ മോഹിച്ചിട്ട്‌ ഒരു ഫലവും കിട്ടുവാന്‍ പോകുന്നില്ല. കൂര്‍ത്ത സൂചിത്തുമ്പു കൊണ്ടു കുത്തിയാല്‍ കാണുന്നിടത്തോളം ഭൂമിപോലും ഞങ്ങള്‍ പാണ്ഡവനമാര്‍ക്കു വിട്ടു കൊടുക്കുകയില്ല. ഞാന്‍ ഈപറഞ്ഞത്‌ ഉറച്ച കാരൃമാണ്‌.

128. കൃഷ്ണവാക്യം - കൃഷ്ണന്‍ ഭര്‍ത്സിച്ചതു കേട്ട്‌ ദുര്യോധനന്‍ സഭ വിട്ട്‌ ഇറങ്ങിപ്പോകുന്നു - വൈശമ്പായനന്‍ പറഞ്ഞു: ഈ വാക്കു കേട്ടപ്പോള്‍ കൃഷ്ണന്‍ ക്രോധ വ്യാകുല ദ്യഷ്ടിയായി, ചിരിച്ച്‌, കുരുസംസത്തില്‍, ദുര്യോധനനോട്‌ ഇപ്രകാരം പറഞ്ഞു: നീ വീരശയനം നേടും. ഈ മോഹം സാധിക്കും! നീ അമാത്യന്മാരുമൊത്ത്‌ സ്ഥിരമായി നില്‍ക്കൂ! മഹാരണം വന്നടുത്തു! പാര്‍ത്ഥരില്‍ തെറ്റു നീ കാണുന്നില്ലെന്നാണോ മൂഢാ നീ കാണുന്നത്‌? എന്നാൽ ഞാന്‍ അതൊക്കെ പറയാം നരേന്ദ്രന്മാരേ, നിങ്ങള്‍ കേട്ടു കൊള്ളുവിന്‍!

യോഗ്യന്മാരായ പാണ്ഡവന്മാരുടെ ഐശ്വര്യം കണ്ടു മനസ്സില്‍ അസൂയ മൂത്തു ദുഃഖിച്ച്‌ നീയും ശകുനിയും ദ്യൂത ദുര്‍മ്മന്ത്രം ചെയ്തു. ഹേ, താതാ, ജ്ഞാനികളായ ആ യോഗ്യന്മാര്‍ അജിശ്മരാണ്‌. വക്രബുദ്ധി അവര്‍ക്കില്ല. സാധുസമ്മതന്മാരാണ്‌. ലോകത്തില്‍ വക്രബുദ്ധിയായ നീ എങ്ങനെ അന്യായം ചെയ്തു എന്നുള്ളതു പറയാം.

ഹേ പ്രാജ്ഞാ! ചൂതാട്ടം സാധുബുദ്ധി വിനാശനമായിട്ടുള്ളതാണ്‌. ചൂതാട്ടത്തില്‍ അസത്തുക്കള്‍ക്കു ഛിദ്രവും വ്യസനവും ഉത്ഭവിക്കും. ഈ ഘോരമായ വ്യസനം നീ ചൂതാട്ടം വഴിക്ക്‌ ഉണ്ടാക്കി വെച്ചു. സത്തുക്കളോട്‌ ആലോചന ചെയ്യാതെ ദുഷ്ടന്മാരുമായി ഗൂഢാലോചന ചെയ്തുറപ്പിച്ചു. ഞാന്‍ ചോദിക്കട്ടെ! നീയല്ലാതെ വേറെ ആരെങ്കിലും ചെയ്യുമോ ഭ്രാതൃ ഭാര്യാപമാനനം! നീ പറഞ്ഞിട്ടല്ലേ കൃഷ്ണയെ സഭയില്‍ കൊണ്ടു വന്നത്‌? കുലീനശീല ഗുണമുള്ളവളും പാണ്ഡവന്മാര്‍ക്ക്‌ പ്രാണനേക്കാള്‍ മികച്ച ഇഷ്ടമഹിഷിയുമായ അവളെ സഭയില്‍ കയറ്റി നീ നിന്ദിച്ചു. അന്ന്‌ കൗരവസഭയില്‍ വെച്ചു നിങ്ങള്‍ ചെയ്ത അന്യായങ്ങള്‍ എല്ലാ കുരുക്കള്‍ക്കും അറിയാം. വീരന്മാരായ പാര്‍ത്ഥന്മാര്‍ അന്നു പോകുമ്പോള്‍ ദുശ്ശാസനന്‍ പറഞ്ഞ വാക്കുകളും എല്ലാ കുരുക്കളും കേട്ടിട്ടുള്ളതാണ്‌. സദ്ധൃത്തരും ലോഭമറ്റവരുമായ ധര്‍മ്മചാരികളുടെ നേരേ ബന്ധുജനങ്ങളില്‍ നല്ലവര്‍ ആരെങ്കിലും ഇത്തരം അക്രമം ചെയ്യുമോ? ക്രൂരമായി മര്യാദ വിട്ട പലതരം പരുഷവാക്കുകള്‍ നീയും കര്‍ണ്ണനും ദുശ്ലാസനനും കൂടി പറഞ്ഞില്ലേ? അമ്മയോടു കൂടി അവരെ ബാല്യത്തില്‍ തന്നെ ജീവനോടെ ചുടുവാന്‍ വാരണാവതത്തില്‍ നീ പ്രയത്നിച്ചു; ഫലിച്ചില്ലെന്നു മാത്രം. അന്ന്‌ വളരെക്കാലം പാണ്ഡവന്മാര്‍ ഒളിവില്‍ ഏകചക്രയില്‍ വിപ്രഗൃഹത്തില്‍ അമ്മയോടു കൂടി പാര്‍ത്തില്ലേ? വിഷം കൊടുത്തും സര്‍പ്പത്തെക്കൊണ്ടു കടിപ്പിച്ചും പാണ്ഡവന്മാരെ നശിപ്പിക്കുവാന്‍ പല ഉപായങ്ങളും നീ എടുത്തു; അതൊക്കെയും ഫലിക്കാതെ വന്നു. പാണ്ഡവന്മാരില്‍ ഈ ബുദ്ധി തന്നെ വെച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നീ തെറ്റൊനും ചെയ്തിട്ടില്ലെന്നോ? ആലോചിച്ചിട്ടു പോലും കാണുന്നില്ലെന്നോ? യാചിക്കുന്ന ഇവര്‍ക്ക്‌ പിതാവിന്റെ അംശം നല്കുകയില്ല, അല്ലേ? നിന്റെ ഐശ്വര്യമൊക്കെ ഭ്രംശിച്ചു നീ വീഴുമ്പോള്‍ എടോ ദുഷ്ടാ! നീ അതും കൊടുക്കും. ക്രൂരന്മാരുടെ മട്ടില്‍ അകാര്യമൊക്കെ പാര്‍ത്ഥന്മാരില്‍ ചെയ്തിട്ട്‌ മിഥ്യാചാരനും അനാര്യനുമായി നീ അതൊനും സമ്മതിക്കാതെ ധര്‍മ്മിഷ്ഠനായി നിൽക്കുന്നു! അച്ഛന്‍, അമ്മ, ഭീഷ്മൻ, ദ്രോണൻ, വിദുരന്‍ ഇവരൊക്കെ "ശമിക്കൂ ശമിക്കൂ" എന്നു പറഞ്ഞിട്ടും രാജാവേ, നീ ശമിക്കുന്നില്ല! ശമത്താല്‍ ഉണ്ടാകുന്ന മഹാലാഭം നിനക്കും പാര്‍ത്ഥനും ഒപ്പമാണ്‌. അതു ബോധിക്കാത്തത്‌ നിന്റെ ബുദ്ധിയുടെ കേടു തന്നെ മറ്റെന്തു പറയാനാണ്‌? സുഹൃത്തിന്റെ ചൊല്ലു കേള്‍ക്കാത്തവന് ഒരിക്കലും സുഖം ലഭിക്കുകയില്ല. ഹേ രാജാവേ, അധര്‍മ്മ്യവും അയശസ്യവുമാണ്‌ നീ ചെയ്യുന്നത്‌!

വൈശമ്പായനൻ പറഞ്ഞു: അമര്‍ഷിയായ ദുര്യോധനനോട്‌ ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ ദുശ്ശാസനന്‍ കുരുസദസ്സില്‍ ഇപ്രകാരം പറഞ്ഞു:

രാജാവേ, പാര്‍ത്ഥരുമായി ഭവാന്‍ ഇഷ്ടത്തോടെ സന്ധി ചെയ്യുന്നില്ലെങ്കില്‍ നിന്നെ ബന്ധിച്ച്‌ കൗരവന്മാര്‍ കുന്തീപുത്രന് നല്കുമത്രേ! ഭീഷ്മനും ദ്രോണനും അച്ഛനും കൂടി കര്‍ണ്ണനേയും ഭവാനേയും എന്നേയും ഇങ്ങനെ മൂന്നു പേരെയാണ്‌ ബന്ധിച്ച്‌ പാണ്ഡവര്‍ക്കു നല്കുവാന്‍ പോകുന്നത്‌.

അനുജന്റെ വാക്കുകേട്ട്‌ ധാര്‍ത്തരാഷ്ട്രനായ സുയോധനന്‍ സര്‍പ്പത്തെ പോലെ ചീറ്റി കോപിച്ച്‌ അവിടെ നിന്നെഴുന്നേറ്റു നടന്നു. വിദുരന്‍, ധൃതരാഷ്ട്രന്‍. ബാല്‍ഹീക രാജാവ്‌., സോമദത്തന്‍, കൃപന്‍, ഭിഷ്മന്‍, ദ്രോണന്‍, കൃഷ്ണന്‍ എന്നിവരെയെല്ലാം ലജ്ജയില്ലാത്തവനും ദുഷ്ടനും അശിഷ്ടനും മാനിയും മര്യാദ കെട്ടവനും മാന്യനിന്ദകനുമായ അവന്‍ നിന്ദിച്ചു സംസാരിച്ചു. ക്രോധത്തോടെ സഭയില്‍ നിന്ന്‌ എഴുന്നേറ്റു പോകുന്ന ആ മനുജ ശ്രേഷ്ഠനെ കണ്ട്‌ അനുജന്മാരും മന്ത്രിമാരും മറ്റു രാജാക്കന്മാരും അവന്റെ പിന്നാലെ പോയി.

സഭയില്‍ ക്രുദ്ധനായി ഭ്രാതാക്കന്മാരോടു കൂടി ഇറങ്ങിപ്പോകുന്ന ദുര്യോധനനെ നോക്കി ഭീഷ്മൻ പറഞ്ഞു: ധര്‍മ്മാര്‍ത്ഥങ്ങളെ വിട്ട്‌ കോപവും അഹങ്കാരവും (സംരംഭം) കൊള്ളുന്നവന്റെ വ്യസനത്തില്‍ താമസിക്കാതെ ശത്രുക്കള്‍ ചിരിക്കുന്നതു കാണാറാകും. ഗര്‍വ്വിയും ദുഷ്ടനുമായ ഈ രാജപുത്രന്‍, ധാര്‍ത്തരാഷ്ട്രന്‍, ക്രോധലോഭ പരാധീനനായി നാടുമുഴുവന്‍ കൂട്ടിച്ചോറാക്കും! ഈ ക്ഷത്രമൊക്കെ തീര്‍ച്ചയായും കാലപക്വമാണ്‌ ജനാര്‍ദ്ദനാ! മന്ത്രിമാരോടു കൂടി രാജാക്കന്മാരെല്ലാവരും പിന്‍തുടര്‍ന്നു! ഭീഷ്മന്റെ ആ വാക്കുകേട്ട്‌ പുഷ്കരേക്ഷണനായ ദശാര്‍ഹന്‍, ഭീഷ്മ ദ്രോണാദ്യന്മാരോടെല്ലാം ഇപ്രകാരം അരുള്‍ ചെയ്തു:

കുരുവൃദ്ധന്മാര്‍ക്കെല്ലാം ഇതു വലിയ ഒരു അക്രമമായി. ബലത്താല്‍ ഈ മൂഢനായ രാജാവിന് ഐശ്വര്യം തടയാതിരുന്നതു വലിയ ആപത്തായി ഭവിച്ചു. ഹേ, അരിന്ദമന്മാരേ, കാലോചിതമായി ഒരു കാര്യം ഉടനെ ചെയ്യേണ്ടതുണ്ട്‌. അതേ ഒരു മാര്‍ഗ്ഗമുള്ളൂ. അതു ചെയ്താല്‍ എല്ലാവര്‍ക്കും സുഖം ലഭിക്കുന്നതാണ്‌. നിങ്ങള്‍ മനസ്സിരുത്തി കേള്‍ക്കുവിന്‍. പ്രതൃക്ഷമായി ഒരു സംഭവം ഞാന്‍ നിങ്ങളോടു പറയാം. ആ ഹിതമായ ഉദാഹരണം നിങ്ങള്‍ക്കു ബോധിക്കുമെങ്കില്‍ ചെയ്യാം.

വൃദ്ധനായ ഭോജ രാജാവിന്റെ അനാത്മജ്ഞനായ ദുരാശയന്‍ അച്ഛന്‍ ജീവിച്ചിരിക്കെ ഐശ്വര്യം നേടി മൃത്യുവിന്റെ അധീനത്തില്‍ പെട്ടു പോയതു കേട്ടിട്ടില്ലേ? ഉഗ്രസേനാത്മജനായ കംസനെ ബന്ധുക്കള്‍ ഒക്കെ വെടിഞ്ഞപ്പോള്‍ ജ്ഞാതികളുടെ ഹിതത്തിന്നായി ഞാന്‍ അവനെ രണത്തില്‍ കൊന്നു കളഞ്ഞു. ആ കംസനെ കുലത്തിന് വേണ്ടി ത്യജിച്ച്‌ അന്ധകവൃഷ്ണികളായ എല്ലാ യാദവന്മാരും കൂടി ചേര്‍ന്നു സുഖിക്കുന്നു. എന്നു തന്നെയല്ല വേറേയും ഉദാഹരണം ഇക്കാര്യത്തിനുണ്ട്‌. ദേവാസുര യുദ്ധത്തിന് ശസ്ത്രമെടുത്തു പരമേഷ്ടിയായ പ്രജാപതി നിൽക്കുമ്പോള്‍, ലോകങ്ങള്‍ രണ്ടു പങ്കായി നിന്ന്‌ പോരാടി നശിക്കുവാന്‍ പോകുന്നതു കണ്ട്‌ സര്‍വ്വസൃഷ്ടി കര്‍ത്താവായ വിശ്വഭാവനന്‍, ഭഗവാന്‍ ദേവന്‍ ഇപ്രകാരം ചിന്തിച്ചു: അസുരന്മാരും ദൈതൃന്മാരും ദാനവന്മാരും എല്ലാവരും തോറ്റു പോകും; ആദിത്യ വസു രുദ്രന്മാര്‍ ദിവ്യഔകസ്സുകളായി വരും. ദേവാസുര മനുഷ്യരും ഗന്ധര്‍വ്വന്മാരും അഹികളും നിശാചരന്മാരുമൊക്കെ ഈ യുദ്ധത്തില്‍ ക്രോധിച്ചു തമ്മിലിടഞ്ഞ്‌ പടവെട്ടി തമ്മില്‍ കൊന്നു മുടിക്കും. ഇപ്രകാരം ചിന്തിച്ചു പരമേഷ്ടിയായ പ്രജാപതി ധര്‍മ്മനോടു പറഞ്ഞു: ദൈത്യദാനവന്മാരെ കെട്ടി വരുണന് നല്കണം. എന്നു കേട്ട ഉടനെ ധര്‍മ്മന്‍ ബ്രഹ്മദേവന്റെ ആജ്ഞപ്രകാരം ദൈത്യദാനവന്മാരെ കെട്ടി വരുണന് നല്കി. ധര്‍മ്മദേവപാശം കൊണ്ടു ജലേശ്വരനായ വരുണന്‍ ദാനവദൈതൃന്മാരെ കെട്ടി കടലില്‍ എപ്പോഴും കാത്തുവരുന്നു. ഇപ്രകാരം ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നീ മൂന്നു പേരെയും കെട്ടി പാണ്ഡവന്മാര്‍ക്കു കൊടുക്കുവിന്‍. കുലത്തിനായി ഏകനെ വിടുക. ഗ്രാമത്തിന്റെ ഗുണത്തിനായി കുലവും വിടുക. നാട്ടിനായി ഗ്രാമം വിടുക. ആത്മാവിന് വേണ്ടി പാരിടവും വിടുക. ഈ ദുര്യോധനനെ കെട്ടി ഹേ, രാജാവേ പാര്‍ത്ഥരുമായി ചേരുക. ഭവാന്‍ മൂലം ഹേ ക്ഷത്രിയര്‍ഷഭ! ക്ഷത്രിയന്മാര്‍ നശിക്കാതിരിക്കട്ടെ!

129. ഗാന്ധാരീവാക്യം - ഗാന്ധാരി ദുര്യോധനന് ഹിതം ഉപദേശിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്റെ വാക്കുകേട്ടു ധൃതരാഷ്ട്ര രാജാവ്‌ ധര്‍മ്മജ്ഞനായ വിദുരനോടു സംഭ്രമത്തോടെ പറഞ്ഞു: താതാ, ദീര്‍ഘദ്യക്കായ പ്രാജ്ഞാ, ഭവാന്‍ പോയി ഗാന്ധാരിയെ ഇങ്ങോട്ടു വരുത്തുക. അവളോടു കൂടി ഈ ദുഷ്ടനോട്‌ ഒന്നു പറഞ്ഞു നോക്കാം. അവള്‍ ഈ ദുഷ്ടനായ ദുഷ്ടബുദ്ധിക്ക്‌ ശമം ഉണ്ടാക്കുക യാണെങ്കില്‍ നമ്മള്‍ ഇഷ്ടനായ കൃഷ്ണന്റെ ചൊല്പടിക്കു നില്‍ക്കുന്നു എന്നു വരുമല്ലോ. മോഹത്തില്‍ പെട്ട ദുര്‍ബുദ്ധിയായ ദുസ്സഹായന് ശമത്തിന്നായി നല്ലവഴി കാണിച്ചു കൊടുക്കുകയില്ലേ. അവള്‍ നല്ലവാക്ക്‌ അവനോടു പറയും. ദുര്യോധനന്‍ മൂലം ഇപ്പോള്‍ നമ്മള്‍ക്കൊക്കെ വന്നു പെട്ടിരിക്കുന്ന ഈ മഹാഭയം തീര്‍ത്ത്‌ എന്നും ശമത്തിനുള്ള മാര്‍ഗ്ഗം അവള്‍ കാണിച്ചു കൊടുക്കും. അവ്യയമായ യോഗക്ഷേമം നമുക്കു നല്കും.

രാജാവു പറഞ്ഞതു കേട്ടു വിദുരന്‍ ആ ദീര്‍ഘ ദര്‍ശിനിയായ ഗാന്ധാരിയെ ധൃതരാഷ്ട്രാജ്ഞ പ്രകാരം ധൃതരാഷ്ട്ര സന്നിധിയില്‍ കൊണ്ടു വന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഗാന്ധാരീ, ശാസ്യം കേള്‍ക്കാത്ത ദുഷ്ടാത്മാവായ നിന്റെ പുത്രന്‍ ഐശ്വര്യ ലോഭം മൂലം ഐശ്വര്യത്തേയും ജീവനേയും നശിപ്പിക്കുവാനാണ്‌ ഉദ്യമിക്കുന്നത്‌. അശിഷ്ടന്മാരെ പോലെ ദുഷ്ടന്മാരോടു ചേര്‍ന്ന്‌, മര്യാദ കെട്ട, സുഹൃത്തിന്റെ വാക്കു കേള്‍ക്കാതെ ആ ദുര്‍മ്മതി, മൂഢന്‍, സഭ വിട്ട്‌ ഇറങ്ങി പോയി.

വൈശമ്പായനൻ പറഞ്ഞു: ഭര്‍ത്താവിന്റെ വാക്കുകേട്ടു കീര്‍ത്തിമതിയായ ആ രാജപുത്രി, ഗാന്ധാരി, വലുതായ നന്മയോര്‍ത്ത്‌ ഇപ്രകാരം പറഞ്ഞു.

ഗാന്ധാരി പറഞ്ഞു: രാജ്യാര്‍ത്ഥിയും അവശനുമായ പുത്രനെ വേഗം വരുത്തുക. ധര്‍മ്മാര്‍ത്ഥ ലോഭിയായ ദുഷ്ടന്‍ രാജൃത്തിന് അര്‍ഹനായി വരികയില്ല. അവിനീതന്‍ നേടുവാനും നേടിയാല്‍ കാക്കുവാനും അര്‍ഹനാകയില്ല. ഹേ ധൃതരാഷ്ട്ര, സൂതപ്രിയനായ ഭവാന്‍ തന്നെയാണ്‌ ഗാര്‍ഹ്യന്‍! അവന്റെ ദുഷ്ട്‌ ഭവാന്‍ കണ്ടവനാണ്‌. എന്നിട്ടും അവന്റെ ദുഷ്ടമായ ബുദ്ധിക്ക്‌ ഭവാന്‍ കൂട്ടു നിന്നു. കാമ മന്യുക്കള്‍ കൊണ്ട്‌ ഇവന്‍ ദുര മൂത്തവനാണ്‌. രാജാവേ, ബലമായി നിന്നാല്‍ അവനെ തിരിപ്പിക്കുവാന്‍ അസാദ്ധ്യമാണ്‌. മൂഢനും ജളനും. ദുസ്സഹായനും ദുരാത്മാവും ലുബ്ധനുമായ അവന് രാജ്യം നല്കിയതിന്റെ ഫലമാണ്‌ ഇപ്പോള്‍ അങ്ങ്‌ അനുഭവിക്കുന്നത്‌. സ്വജനച്ഛിദ്രം രാജാവു കണ്ട്‌ അടങ്ങിയിരിക്കുവാന്‍ പാടുണ്ടോ? സ്വജനച്ഛിദ്രമുള്ള അങ്ങയെ ശത്രുക്കള്‍ പരിഹസിക്കും. സാമഭേദങ്ങളാല്‍ തീര്‍ക്കാവുന്ന ആപത്തില്‍ ഏതു രാജാവാണ്‌ സ്വജനങ്ങളില്‍ ദണ്ഡം എല്പിക്കുവാന്‍ മുതിരുക?

വൈശമ്പായനൻ പറഞ്ഞു: അമര്‍ഷിയായ ദുര്യോധനനെ ധൃതരാഷ്ട്രാജ്ഞയാലും അമ്മ പറയുകയാലും വിദുരന്‍ ചെന്ന്‌ സഭയിലേക്കു കൊണ്ടു വന്നു. അവന്‍ വിണ്ടും അമ്മ പറയുന്നതു കേള്‍ക്കുന്നതിന് വേണ്ടി സഭയില്‍ വന്നു കയറി. ക്രോധം കൊണ്ടു കണ്ണു തുടുത്തവനും പാമ്പിനെ പോലെ ചീറുന്നവനുമായ ആ ദുര്‍മ്മാര്‍ഗ്ഗിയായ പുത്രന്‍ സഭയില്‍ വന്നു കയറിയതറിഞ്ഞ്‌ ഗാന്ധാരി ശമത്തെ ആഗ്രഹിച്ചു. പുത്രനെ നിന്ദിച്ച്‌ ഇപ്രകാരം പറഞ്ഞു;;

ഗാന്ധാരി പറഞ്ഞു; എടാ ദുര്യോധനാ. എന്റെ പുത്രാ! നീ എന്റെ വാക്കു ധരിക്കൂ! ഹിതം ചിന്തിക്കുന്ന കൂട്ടര്‍ക്കും മേലാല്‍ ഏറ്റവും സുഖപ്രദമായിരിക്കും ഞാന്‍ പറയുന്നതു കേട്ടാല്‍.

ദുര്യോധനാ, ഭാരതസത്തമനായ നിന്റെ അച്ഛന്‍ പറഞ്ഞില്ലേ; ഭീക്ഷ്മനും ദ്രോണനും കൃപനും ക്ഷത്താവും പറഞ്ഞില്ലേ? ഈ സുഹൃത്തുക്കളുടെ വാക്ക്‌ നീ കേള്‍ക്കുക. അങ്ങനെ നീ ചെയ്താല്‍ അതു ഭിഷ്മനും നിന്റെ അച്ഛനും എനിക്കും നന്മ ചെയ്യുകയാണ്‌. നീ ശമം ചെയ്യുകയാണെങ്കില്‍ അത്‌ ദ്രോണാദികളായ കൂട്ടുകാര്‍ക്കും നന്മയായി ഭവിക്കും. മഹാപ്രാജ്ഞാ, രാജ്യമെന്നത്‌ സ്വന്തം കാമം പോലെ നേടുവാനും കാക്കുവാനും ഏൽക്കുവാനും പറ്റുന്നതല്ല. അജിതേന്ദ്രിയന്‍ വളരെക്കാലമൊന്നും രാജ്യം ഭരിക്കുകയില്ല. ജിതാത്മാവായ മേധാവി ചിരകാലം രാജ്യം പാലിച്ചു വാഴും. അര്‍ത്ഥത്തില്‍ നിന്നു മര്‍ത്ത്യനെ കാമക്രോധങ്ങള്‍ അകറ്റിക്കളയുന്നു. അതു രണ്ടും ജയിച്ച രാജാവ്‌ ഊഴി ജയിക്കും. ലോകേശ്വരപ്രഭു സ്ഥാനമെന്നത്‌ മഹത്തായിട്ടുള്ളതാണ്‌. രാജ്യം ഇഷ്ടം പോലെ നേടി ആ സ്ഥാനം രക്ഷിക്കുവാന്‍ ദുഷ്ടബുദ്ധികള്‍ മതിയായവരായി ഭവിക്കുകയില്ല. ധര്‍മ്മ മഹത്വങ്ങളെ അര്‍ത്ഥിക്കുന്നവന്‍ ഇന്ദ്രിയങ്ങളെ അടക്കണം. ഇന്ദ്രിയങ്ങളെ ജയിച്ചാല്‍ തീക്കൊള്ളിയില്‍ അഗ്നി ജ്വലിക്കുന്ന വിധം ബുദ്ധി ജ്വലിക്കും. ഇവയെ പാട്ടിലാക്കുന്നില്ലെങ്കിൽ ഇവ തന്നെ മതി മുടിക്കുവാന്‍. അസമര്‍ത്ഥനായ സൂതനെ മാര്‍ഗ്ഗത്തില്‍ ദുഷ്ടാശ്വങ്ങള്‍ എന്ന വിധം അടങ്ങാത്ത ഇന്ദ്രിയങ്ങള്‍ ദുര്‍ബുദ്ധിയെ തകര്‍ത്തു കളയും. ആത്മാവിനെ ജയിക്കാതെ അമാതൃന്മാരെ ജയിക്കുവാന്‍ വിചാരിക്കുന്നവന്‍, അജിതാമാതൃനായി ശത്രുവിനെ ജയിക്കുവാന്‍ പുറപ്പെട്ടാല്‍ കെട്ടു പോവുകയേ ഉള്ളൂ. ശത്രുവിനെ പോലെ തന്നെ ആത്മാവിനെ പാട്ടില്‍ വരുത്തണം. ആത്മാവിനെ ആദ്യം പാട്ടിലാക്കണം. പിന്നെ അമാത്യാദികളെ പാട്ടിലാക്കണം. എന്നാൽ ജയം സഫലമാകും. ജിതേന്ദ്രിയന്‍, ജിതാമാതൃന്‍, തെറ്റു ചെയ്യുന്നവനെ ശിക്ഷിക്കുന്നവന്‍, സുക്ഷിച്ചു പ്രവര്‍ത്തിക്കുന്ന ധീരന്‍ ഇങ്ങനെയുള്ളവനേ ലക്ഷ്മിക്ക്‌ ആസ്പദമാകൂ. ചെറിയ നൂലു കൊണ്ടു കെട്ടിയുണ്ടാക്കിയ വലിയ വലയില്‍ പെട്ട മത്സ്യം പോലെ ഉള്ളില്‍ പെട്ട കാമക്രോധങ്ങള്‍ ജ്ഞാനത്തെ കേടു വരുത്തും. ഈവക ദോഷങ്ങള്‍ ഉള്ളവര്‍ വാനു പൂകുമ്പോള്‍ വാനോര്‍ സ്വര്‍ഗ്യദ്വാരം അടച്ചിടും. താന്‍ തന്നെ തീര്‍ത്ത കാമക്രോധങ്ങള്‍ ഭയപ്പെടുന്ന അസക്തനില്‍ ദേവന്മാര്‍ പ്രസാദിക്കയില്ല. കാമം, ക്രോധം, ലോഭം, ദംഭം, ഗര്‍വ്വം ഇവ നന്നായി ജയിക്കുവാന്‍ അറിയുന്ന രാജാവ്‌ മര്‍ത്ത്യരുടെ നാഥനായി ഭവിക്കും.

രാജാവ്‌ എപ്പോഴും ഇന്ദ്രിയങ്ങളെ ജയിക്കുവാന്‍ ഒരുങ്ങണം. അര്‍ത്ഥം ഇച്ഛിക്കുന്നവനും ധര്‍മ്മവും ശത്രുപരാജയവും ആഗ്രഹിക്കുന്നവനും ഇതു കൂടാതെ കഴിയുകയില്ല. കാമവും ക്രോധവും ബാധിച്ചവന്‍ തെറ്റിദ്ധാരണയ്ക്ക്‌ അടിമയാകും. അവനെ തന്റെ ആള്‍ക്കാരും അന്യജനങ്ങളും സഹായിക്കുകയില്ല. പണ്ഡിതന്മാരും ശൂരന്മാരും ശത്രു സംഹാരികളുമായ പാണ്ഡവന്മാരോട്‌ നീ ഒന്നിച്ചു ചേര്‍ന്ന്‌ ഉണ്ണീ, സുഖമായി ഭൂമി ഭുജിക്കുക. ശാന്തനവനായ ഭീഷ്മൻ, മഹാരഥനായ ദ്രോണാചാര്യന്‍, ഇവര്‍ പറഞ്ഞതു സത്യമാണ്‌ ഉണ്ണി, കൃഷ്ണ പാര്‍ത്ഥന്മാര്‍ അജേയരാണ്‌.

ഹേ, മഹാബാഹോ, നീ ശ്ലാഘ്യകൃത്തായ കൃഷ്ണനെ ആശ്രയിക്കുക. കേശവന്‍ പ്രസാദിച്ച്‌ രണ്ടു പങ്കിനും സുഖമായി രക്ഷ നല്കും. പ്രാജ്ഞന്മാരും പഠിപ്പുള്ളവരും അര്‍ത്ഥം ഗ്രഹിക്കുന്നവരുമായ സുഹൃത് ജനങ്ങള്‍ ശാസിക്കുന്ന വിധം നിൽക്കാത്തവന്‍ ശത്രുക്കള്‍ക്ക്‌ രസം നല്കുവാന്‍ മാത്രം കൊള്ളാം. യുദ്ധത്തില്‍ ശുഭവും ധര്‍മ്മാര്‍ത്ഥവുമില്ല. പിന്നെ സുഖം എവിടെ? ഉണ്ണീ, ജയം നിത്യമല്ല. അതു കൊണ്ടു നീ യുദ്ധത്തില്‍ ഏര്‍പ്പെടരുത്‌. ഭീഷ്മനും നിന്റെ അച്ഛനും ബാല്‍ഹീക രാജാവും ഛിദ്രം പേടിച്ച്‌ രാജ്യാംശം അവര്‍ക്കു നല്കി. ആ ദാനത്തിന്റെ ഫലം നീ ഇപ്പോള്‍ കാണുന്നില്ലേ? ആ ശൂരന്മാര്‍ പ്രതിബന്ധങ്ങളൊക്കെ തകര്‍ത്തു നേടിയ രാജ്യമൊക്കെ ഇപ്പോള്‍ നീ അനുഭവിക്കുന്നില്ലേ?

ഹേ അരിന്ദമാ, നീ പാണ്ഡവന്മാര്‍ക്ക്‌ യഥോചിതം രാജ്യം നല്കുക. അമാത്യന്മാരോടു കൂടി നീ സുഖമായി ഇരിക്കുവാന്‍ ഇച്ഛിക്കുന്നുണ്ടെങ്കില്‍ പകുതി രാജ്യം നല്കുക. പാതിരാജ്യം മതി അമാത്യന്മാരോടു കൂടി നിനക്കു വാഴുവാന്‍. സുഹൃത്തുക്കളുടെ വാക്കു കേട്ട്‌ അതില്‍ നിൽക്കുക. കീര്‍ത്തി സമ്പാദിക്കുക. ധീരാഗ്രണികളും ധീമാന്മാരും ആത്മവാന്മാരും ബുദ്ധിമാന്മാരും ജിതേന്ദ്രിയന്മാരുമായ പാണ്ഡവന്മാരോടു പോരടിച്ചാല്‍ ഉണ്ണീ, ഇന്നുള്ള സകല സുഖങ്ങളും കെട്ടുപോകും. സുഹൃത്തുക്കളുടെ മന്യു അടക്കിയതിന് ശേഷം രാജ്യം യഥോചിതം പാലിക്കുക. അവരുടെ അംശം അവര്‍ക്കു നല്കുക. പതിമൂന്നു വര്‍ഷം ചെയ്ത ഈ വികാരം, കാമക്രോധം കൊണ്ട്‌ വാച്ച ഈ വികാരം, മതി,; ഇനി അത്‌ അടക്കുക. പാര്‍ത്ഥന്മാര്‍ക്കുള്ള മുതല്‍ നീ നേടാന്‍ നോക്കിയാല്‍ അത്‌ ഒരിക്കലും സാധിക്കുകയില്ല. കര്‍ണ്ണന്‍. ദൃഢക്രോധനനായ നിന്റെ അനുജന്‍ ദുശ്ശാസനന്‍, ഭീഷ്മൻ. ദ്രോണൻ, കൃപന്‍, കൃഷ്ണന്‍, ഭീമസേനന്‍, ധനഞ്ജയന്‍, ധൃഷ്ടദ്യുമ്നന്‍ ഇവരൊക്കെ കോപിച്ചാല്‍ പിന്നെ പ്രജകള്‍ വല്ലവരും ബാക്കിയുണ്ടാകുമോ?

ഉണ്ണീ, നീ അമര്‍ഷത്തിന് അടിമപ്പെട്ട കുരുക്കളെ മുടിക്കരുത്‌. ഈ പാരിടം മുഴുവന്‍ നീ കാരണം നാശമാക്കരുത്‌.

എടോ വിഡ്ഡി, നീ വിചാരിക്കുന്നുണ്ടാകും ഭിഷ്മനും ദ്രോണനും കൃപനും മറ്റും തങ്ങളുടെ സർവ്വ ശക്തികളും എടുത്തു പൊരുതുമെന്ന്‌. അതുണ്ടാകുമെന്നു വിചാരിക്കേണ്ട. ആ ആത്മജ്ഞന്മാര്‍ക്കു രാജ്യവും സ്ഥാനവും പ്രസാദവുമൊക്കെ സമമാണ്‌, നിങ്ങളിലും പാണ്ഡവന്മാരിലും. എന്നാൽ ധര്‍മ്മത്തിന്റെ കാര്യത്തിലോ മെച്ചം അപ്പുറത്താണു താനും. രാജദണ്ഡ ഭയം കൊണ്ട്‌ അവര്‍ ദേഹം തൃജിക്കുവാന്‍ തന്നെ തയ്യാറായാലും അവരാരും തന്നെ കോപത്തോടെ യുധിഷ്ഠിര നരേന്ദ്രനെ നോക്കാന്‍ പോലും ശക്തരല്ല.

ലോഭം കൊണ്ട്‌ അര്‍ത്ഥ സമ്പാദ്യം നരന്മാര്‍ക്ക്‌ കാണുന്നില്ല. ഉണ്ണീ ഭരതര്‍ഷഭാ ലോഭം കളയുക. ശമം കൈക്കൊള്ളുക.;

130. വിദുരവാക്യം - കൃഷ്ണനെ പിടിച്ചുകെട്ടാനുള്ള ദുര്യോധനന്റെ ഗൂഢാലോചന - വൈശമ്പായനന്‍ പറഞ്ഞു: സാരവത്തായ മാതാവിന്റെ ഉപദേശം കേള്‍ക്കാതെ വീണ്ടും ക്രോധത്തോടു കൂടി ദുര്യോധനന്‍ ദുഷ്ടന്മാര്‍ കൂടിയിരിക്കുന്നിടത്തേക്കു പോന്നു. സഭ വിട്ടിറങ്ങിയതിനു ശേഷം അവന്‍ അക്ഷക്രിയാ ചതുരനായ ശകുനിയോട്‌ കൂടിയാലോചന നടത്തി. അപ്രകാരം ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി, ദുശ്ശാസനന്‍ ഈ നാലുപേരും ചേര്‍ന്ന്‌ ഗൂഢാലോചന നടന്നു. ഉടനെ തന്നെ നമ്മെ ജനാര്‍ദ്ദനന്‍ ധൃതരാഷ്ട്ര രാജാവിനോടും ഭീഷ്മനോടും ചേര്‍ന്ന്‌ ക്ഷണത്തില്‍ പിടിച്ച്‌ ബന്ധിക്കും. ഇപ്പോള്‍ വേണ്ടത്‌ നമ്മള്‍ തന്നെ ഹൃഷീകേശനെ പിടിക്കണം. പുരുഷനായ ബലിയെ ശക്രന്‍ എന്ന പോലെ ബലമായി ശക്തിയോടെ പിടികൂടണം. കൃഷ്ണനെ പിടിച്ചു കെട്ടിയെന്നു കേട്ടാല്‍ മനസ്സു കെട്ട്‌ പാണ്ഡവന്മാര്‍, വിഷപ്പല്ലു പറിച്ച സര്‍പ്പത്തെ പോലെ സകല പരിശ്രമങ്ങളും ഉപേക്ഷിച്ചു കളയും. ഈ പാണ്ഡവന്മാര്‍ക്കെല്ലാം ഈ മഹാബാഹു ശര്‍മ്മവും ധര്‍മ്മവുമാണ്‌. വരദനും സാത്വത ശ്രേഷ്ഠനുമായ ഇവന്‍ ബന്ധനത്തിലായാല്‍ സോമകന്മാരോടു കൂടി പാണ്ഡവന്മാര്‍ യുദ്ധോദ്യമത്തില്‍ നിന്നു പിന്മാറും. അതു കൊണ്ട്‌ വേഗമേറുന്ന കൃഷ്ണനെ ഇവിടെ വച്ച്‌ ധൃതരാഷ്ട്രന്‍ കരഞ്ഞാലും പിന്മാറാതെ, പിടിച്ചു ബന്ധിക്കണം. പിന്നെ ശത്രുക്കളോട്‌ ഒരു മറി നോക്കാം.

സഭ ഇങ്ങനെ അനിശ്ചിതാവസ്ഥയിൽ ഇരിക്കെ ദുഷ്ടബുദ്ധികളായ ആ പാപികളുടെ പാപചിന്തനം ഇംഗിതജ്ഞനായ കവി, സാതൃകി കണ്ടറിഞ്ഞു. അതു മനസ്സിലാക്കി സാത്യകി കൃതവര്‍മ്മാവിനോടു കൂടി വെളിയില്‍ പോന്നു. സാതൃകി വേഗത്തില്‍ പട കൂട്ടുവാന്‍ കൃതവര്‍മ്മാവിനോടു പറഞ്ഞു: വേഗം നീ പടകൂട്ടി ചട്ടയിട്ട സഭാദ്വാരത്തില്‍ വരു!";

അപ്പോഴേക്കും അക്ലിഷ്ടകാരിയായ കൃഷ്ണനോട്‌ ഈ വിവരം ഉണര്‍ത്തുവാനായി, സിംഹം ഗുഹയില്‍ എന്ന പോലെ ആ വീരന്‍ സഭയില്‍ പ്രവേശിച്ചു. മഹാത്മാവായ കൃഷ്ണനോട്‌ ഈ അഭിപ്രായം ഉണര്‍ത്തിച്ചു. പിന്നെ ധൃതരാഷ്ട്രനോടും വിദുരനോടും സാതൃകി പുഞ്ചിരിയോടെ പറഞ്ഞു: "ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ വിട്ട കര്‍മ്മം. സജ്ജന ഗര്‍ഹിതമായ കര്‍മ്മം, മൂഢന്മാര്‍ ചെയ്യുവാന്‍ വിചാരിക്കുന്നു. അതു സാധിക്കയില്ല, പാപന്മാരായ മൂഢന്മാര്‍ കാമ മന്യുക്കള്‍ ഉള്ളില്‍ നിറഞ്ഞ്‌ ക്രോധലോഭ വശന്മാരായി ഇവിടെ ഇപ്പോള്‍ ഇളകിക്കൂടും. എന്തിനാണ് എന്നറിയാമോ? ഈ പങ്കജാക്ഷനെ പിടിച്ചു കെട്ടാന്‍! അതിനുള്ള ഗൂഢാലോചന ആ മൂഢന്മാര്‍ നടത്തുന്നു. കത്തുന്ന തീ മുണ്ടു കൊണ്ടു മൂടാന്‍ നോക്കുന്ന വിഡ്ഢികളായ കുട്ടികളെ പോലെ ഈ മൂഢന്മാര്‍ ഒരുങ്ങുന്നു.

ഇപ്രകാരം സാത്യകി പറഞ്ഞപ്പോള്‍ ദീര്‍ഘദര്‍ശിയായ വിദുരന്‍, കുരുമദ്ധ്യത്തില്‍ മഹാബാഹുവായ ധൃതരാഷ്ട്രനോടു പറഞ്ഞു: ഹേ! പരന്തപാ, രാജാവേ! ഭവാന്റെ മക്കളുടെയൊക്കെ കാലം മാറിയിരിക്കുന്നു. അശകൃവും ദുഷ്കീര്‍ത്തികരവുമായ കര്‍മ്മത്തിന്‌ അവര്‍ ഉദ്യമിക്കുകയാണ്‌. ഈ പങ്കജാക്ഷനെ ധിക്കരിച്ച്‌ ബലമായി പിടിക്കുവാന്‍ നോക്കുന്നു. കൂട്ടരോടു കൂടി ഈ ഇന്ദ്രാനുജനെ ബന്ധിക്കുവാനാണു ശ്രമം. അപ്രധൃഷ്യനും ദുരാധര്‍ഷനുമായ ഈ പുരുഷസിംഹനില്‍ അണഞ്ഞാല്‍ തീയിൽ ഇയ്യാംപാറ്റ പോലെ ഇവര്‍ ഇല്ലാതാകും. ഈ ജനാര്‍ദ്ദനന്‍ വിചാരിച്ചാല്‍ തന്റെ നേരെ വരുന്ന ദുര്‍മ്മതികളെയെല്ലാം ക്രൂദ്ധനായ സിംഹം ഗജങ്ങളെയെന്ന വിധം കൊന്നു മുടിക്കും. എന്നാൽ ഈ ദേഹം നിന്ദ്യമായ പാപം ഒരിക്കലും ചെയ്യുകയില്ല. ധര്‍മ്മം തെറ്റിക്കുകയും ചെയ്യുകയില്ല. അച്യുതനായ കൃഷ്ണന്‍ പുരുഷോത്തമനാണല്ലോ".;

ഇപ്രകാരം വിദുരന്‍ പറഞ്ഞപ്പോള്‍ കേശവന്‍ സുഹൃത് ജനങ്ങള്‍ കേട്ടുനിൽക്കേ ധൃതരാഷ്ട്രന്റെ നേരെ തിരിഞ്ഞു പറഞ്ഞു: രാജാവേ, ഇവര്‍ കോപിച്ച്‌ എന്നെ നിഗ്രഹിക്കുവാന്‍ പോകുന്നു. അങ്ങനെയാകട്ടെ! ഇവര്‍ എന്നെ നിഗ്രഹിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരെ നിഗ്രഹിക്കുക. ഇവ രണ്ടിലൊന്ന്‌ ഇപ്പോള്‍ നടക്കും. അത്‌ ഭവാനു സമ്മതമല്ല? അങ്ങ്‌ ഇപ്പോള്‍ അതിനു സമ്മതിക്കുക! സംരബ്ധരായ ഇവരെ എല്ലാറ്റിനേയും ഞാന്‍ വെല്ലുവാന്‍ മുതിരും; അപ്പോള്‍ ഇവിടെ ചിലതൊക്കെ സംഭവിക്കും. ആ നിന്ദ്യമായ പാപകര്‍മ്മം ഞാന്‍ ഒരിക്കലും ചെയ്യുന്നതല്ല. പാണ്ഡവന്മാരുടെ അര്‍ത്ഥത്തില്‍ ലോഭം മൂലം സ്വാര്‍ത്ഥത്തിലേക്ക്‌ നിന്റെ മക്കള്‍ പോകുകയാണ്‌. ഇവര്‍ ഇപ്രകാരം ചിന്തിക്കുകയാണെങ്കില്‍ ധര്‍മ്മപുത്രന്‍ കൃതാര്‍ത്ഥനായി. ഞാന്‍ ഇപ്പോള്‍ തന്നെ ഇവരെ കൂട്ടത്തോടെ നിഗ്രഹിച്ച്‌ പാര്‍ത്ഥര്‍ക്കു നല്കാം. എന്നാൽ, അത്‌ കഷ്ടമായി തീരും. ഹേ ഭാരതാ! ഞാന്‍ ഈ നിന്ദ്യകര്‍മ്മം ചെയ്യുവാന്‍ തുടങ്ങുന്നില്ല. രാജാവേ. എന്നാൽ ഭവാന്റെ മുമ്പില്‍ വെച്ച്‌, ഈ ദുര്യോധനന്‍ ക്രോധത്താലും പാപബുദ്ധിയാലും നിരൂപിച്ചതു ചെയ്യട്ടെ! നിന്റെ പുത്രന്മാരെല്ലാവരും കൂടി എന്നെ പിടിച്ചു കെട്ടട്ടെ! ഞാന്‍ സമ്മതിച്ചു.

ഇതുകേട്ട്‌ വിദുരനോട്‌ ധൃതരാഷ്ട്രന്‍ പറഞ്ഞു: രാജ്യലുബ്ധനും പാപിയുമായ ദുര്യോധനനെ ഇങ്ങോട്ടു കൊണ്ടു വരു. മിത്രാമാതൃന്മാരും അനുജഭടന്മാരും കൂടി ഇവിടെ വരട്ടെ. വേണ്ടവഴിക്കു തിരിച്ചു വിടാന്‍ എന്നെ കൊണ്ട്‌ ആകുമോ എന്നൊന്നു നോക്കട്ടെ!

ദുര്യോധനനെ ആ ഭ്രാതൃരാജഗണങ്ങളോടു കൂടി, മനസ്സില്ലെങ്കിലും, വിദുരന്‍ രാജസഭയിലേക്കു കൊണ്ടു വന്നു. ധൃതരാഷ്ട്ര രാജാവ്‌ ദുര്യോധനനോടു പറഞ്ഞു. കര്‍ണ്ണദുശ്ശാസനന്മാരും മന്നവന്മാരും ചുറ്റും നിന്നു കേട്ടു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ക്രൂരനായ മഹാപാപി. ക്ഷുദ്രകര്‍മ്മ സഹായികളോടു കൂടി, ദുര്‍ബുദ്ധികളോടു കൂടി നീ പാപകര്‍മ്മം ചെയ്യുവാനാണോ പുറപ്പാട്‌: അസാദ്ധ്യവും ദുഷ്കീര്‍ത്തികരവും സജ്ജന ഗര്‍ഹിതവുമായ ഇത്തരം പ്രവൃത്തിക്ക്‌ നിന്നെപ്പോലുള്ള കുലപാംസനൻ അല്ലാതെ ആരെങ്കിലും ഒരുങ്ങുമോ? കുലം മുടിക്കുവാന്‍ ജനിച്ച ദ്രോഹിയല്ലാതെ ഒരുങ്ങുമോ? അപ്രധൃഷ്യനും ദുരാധര്‍ഷനും (തടുക്കുവാന്‍ വയ്യാത്തവന്‍) ആയ ഈപങ്കജാക്ഷനെ നീ ദുസ്സഹായികളോടു കൂടി നിഗ്രഹിക്കുവാന്‍ ഒരുങ്ങുന്നു പോലും! നീ ഇവവെപ്പറ്റി വല്ലതും ഗ്രഹിച്ചിട്ടുണ്ടോ, മൂഢാ! ഇന്ദ്രാദി ദേവന്മാര്‍ക്കു പോലും ബലത്താല്‍ ജയിക്കുവാന്‍ അശകൃനായ കൃഷ്ണനെ പിടിച്ചുകെട്ടുവാന്‍ ഒരുങ്ങുന്നു പോലും! ചന്ദ്രനെ പിടിക്കുവാന്‍ കൈനീട്ടുന്ന പൈതലിനെ പോലെ വിഡ്ഡിയായ നീ മോഹിക്കുന്നു! ദേവദാനവ ഗന്ധര്‍വ്വ ദൈത്യ നാഗങ്ങള്‍ക്കു പോലും പോരില്‍ താങ്ങുവാന്‍ കഴിയാത്ത കൃഷ്ണനെ നീ അറിയുമോ? എടോ കുട്ടീ! കാറ്റിനെ കൈ കൊണ്ടു പിടിക്കുവാന്‍ കഴിയുമോ? ചന്ദ്രനെ കൈ കൊണ്ട്‌ തൊടുവാനൊക്കുമോ? ഭൂമണ്ഡലം തലയില്‍ കേറ്റുവാന്‍ കഴിയുമോ? എന്നാൽ നിനക്ക്‌ കൃഷ്ണനെ ബലമായി പിടിക്കാം.

ധൃതരാഷ്ട്രന്‍ പറഞ്ഞപ്പോള്‍ വിദുരനും പറഞ്ഞു: ഹേ ദുര്യോധനാ, നീ ഇപ്പോള്‍ എന്റെ വാക്കു കേട്ടു കൊള്ളുക. സൗഭദ്വാരത്തില്‍ വെച്ച്‌ ദ്വിവിദന്‍ എന്ന കപീന്ദ്രന്‍ വലിയ പാറകള്‍ വര്‍ഷിച്ച്‌ കൃഷ്ണനെ മൂടി. കൃഷ്ണനെ പിടിക്കുവാനായിരുന്നു അവന്റെ മഹാപ്രയത്നം. എന്നിട്ടെന്തുണ്ടായി? പിടിക്കുവാന്‍ പറ്റിയില്ല. നീയും അപ്രകാരം ബലമായി അവനെ പിടിക്കുവാന്‍ മോഹിക്കുകയാണ്‌. പ്രാക്‌ജ്യോതിഷത്തില്‍ വെച്ച്‌ ധരകന്‍ ദൈത്യരോടു കൂടി ശൗരിയെ പിടിക്കുവാന്‍ നോക്കി, കഴിഞ്ഞില്ല! നീയും ബലമായി പിടിക്കുവാന്‍ തന്നെ മോഹിക്കുന്നു. പോരില്‍ ഭൂരിയുഗായുസ്സായ നരകനെ വീഴ്ത്തിയതിന് ശേഷം ആയിരം കന്യകമാരെ വീണ്ടെടുത്ത്‌ മുറയ്ക്ക്‌ അവരെ വേട്ടവനാണ്‌ ഇവന്‍. നിര്‍മ്മോചനത്തില്‍ പാശബദ്ധരായ ആറായിരത്തില്‍ പരം ദൈത്യന്മാര്‍ക്ക്‌ പിടിക്കുവാന്‍ കഴിയാത്ത ഇവനെ നീ പിടിക്കുവാന്‍ മോഹിക്കുന്നു. ഇവന്‍ ബാല്യത്തിലേ തന്നെ പൂതനയേയും പക്ഷിയേയും വധിച്ച കഥ നീ കേട്ടിട്ടില്ലേ? ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈ കൊണ്ടു പൊക്കിപ്പിടിച്ച്‌ ഗോക്കളെ രക്ഷിച്ചു. അരിഷ്ടന്‍. ധേനുകന്‍, ശക്തരായ ചാണുരന്മാര്‍, അശ്വരാജന്‍, തെറ്റുചെയ്ത കംസന്‍ ഇവരൊക്കെ ഇവന്റെ കൈ കൊണ്ടു ഹതരായി. ജരാസന്ധന്‍, ദന്തവക്ത്രന്‍, വീരൃവാനായ ശിശുപാലന്‍, ബാണന്‍ ഇവരൊക്കെ പോരില്‍ ഹതരായി. അനവധി രാജാക്കന്മാരും മുടിക്കപ്പെട്ടു. വരുണ രാജാവിനേയും അഗ്നിയേയും ഈ മഹാബലന്‍ പാരിജാത ഹരണത്തില്‍ ശചീശനേയും ജയിച്ചു. ഏകാര്‍ണ്ണവ സ്വാപിയായ ഇവന്‍ മധുകൈടഭന്മാരേയും കൊന്നു. ജന്മാന്തരത്തില്‍ ഹയഗ്രീവനെ കൊന്നു. കര്‍ത്താവായ ഇവന്‍ പൗരുഷത്തിന് കാരണമൊന്നും ചെയ്യുകയില്ല. ഈ ശൗരി എന്തെല്ലാം ഇച്ഛിക്കുന്നുവോ, അതൊക്കെ അയത്നമായി ചെയ്യും. ഘോരവീര്യവാനും ഗോവിന്ദനും അച്യുതനും സര്‍പ്പത്തെ പോലെ ചൊടിക്കുന്നവനും മാന്യനും തേജസ്വിയുമായ കൃഷ്ണനെ നീ അറിയുന്നില്ല. മഹാഭുജനും ശ്ലാഘ്യകാരിയുമായ കൃഷ്ണനെ നീ ഇളക്കിയാല്‍ അമാത്യന്മാരോടു കൂടി അഗ്നിയിൽ ഇയ്യാംപാറ്റ പോലെ നീ നശിക്കും.

131. വിശ്വരുപദര്‍ശനം - വൈശമ്പായനൻ പറഞ്ഞു. ഇപ്രകാരം വിദുരന്‍ പറഞ്ഞപ്പോള്‍ ശത്രുനാശനനായ കേശവന്‍ ധൃതരാഷ്ട്ര പുത്രനായ ദുര്യോധനനോടു പറഞ്ഞു: "എടോ സുയോധനാ, ഇപ്പോള്‍ ഞാന്‍ തനിച്ചേ ഉള്ളു എന്നു വിചാരിച്ചു ദുര്‍ബുദ്ധിയായ നീ മോഹിച്ച്‌ എന്നെ അവമാനിച്ചു പിടിക്കുവാന്‍ വിചാരിക്കുന്നു. ഇവിടെ എന്റെ കൂടെ എല്ലാ പാണ്ഡവന്മാരും വൃഷ്ണ്യന്ധക ഗണങ്ങളും ആദിത്യ വസു രുദ്രന്മാരും മഹര്‍ഷികളും ഉണ്ട്‌. ഞാന്‍ തനിച്ചാണെന്നു മൂഢനായ നീ വിചാരിക്കുന്നു". എന്ന് പറഞ്ഞു ഉച്ചത്തില്‍ ശത്രുനാശനനായ കേശവന്‍ ഒന്നു ചിരിച്ചു. ആ മഹാത്മാവായ ശൗരി ചിരിക്കുമ്പോള്‍ മിന്നല്‍ പ്രകാശമുണ്ടായി. അംഗുഷ്ഠപ്രായരായ ദേവകള്‍ അനലജ്വാല തൂകി. അവന്റെ നെറ്റിയില്‍ ബ്രഹ്മാവു ശോഭിച്ചു. മാറത്ത്‌ രുദ്രന്‍ വിളങ്ങി. കൈകളില്‍ ലോകപാലകന്മാരും വായില്‍ അഗ്നിയും ആദിത്യന്മാരും, സാദ്ധ്യരും, വസുക്കളും, അശ്വിനീപുത്രന്മാരും, ഇന്ദ്രനോടു കൂടിയ മരുത്തുക്കളും, വിശ്വേദേവകളും, ഗന്ധര്‍വ്വാശരന്മാരും ഒരേ രൂപത്തില്‍ ഉണ്ടായി. രണ്ടു കൈകളില്‍ നിന്നുംസങ്കര്‍ഷണ ധനഞ്ജയന്മാർ ഉണ്ടായി. വലത്തു ഭാഗത്ത്‌ പാര്‍ത്ഥന്‍ വില്ലെടുത്തും, ഇടത്തു ഭാഗത്ത്‌ ഹലായുധനായ ബലഭദ്രനും കാണപ്പെട്ടു. ഭീമനും യുധിഷ്ഠിരനും പുറത്ത്‌ അശ്വിനീ പുത്രന്മാരും പ്രദ്യുമ്നന്‍ മുതലായ വൃഷ്ണ്യന്ധകന്മാരും അപ്പോള്‍ കാണുമാറായി. കൃഷ്ണന്റെ മുമ്പിലായി വലിയ ആയുധങ്ങള്‍ ധരിച്ച യോദ്ധാക്കള്‍ വിളങ്ങി. ശംഖ്‌, ചക്രം, ഗദ, ശക്തി, ശാര്‍ങ്ഗം, വലിയ കരി, നന്ദകം ഇവയൊക്കെ സമുദ്യുതങ്ങളായി. മറ്റ്‌ ആയുധങ്ങളും കാണുമാറായി. ഇവയൊക്കെ ജ്വലിച്ചു കൊണ്ട്‌ കൃഷ്ണന്റെ കൈകളില്‍ വിളങ്ങി. കണ്ണ്‌, മൂക്ക്‌, കാത്‌ എന്നിവയിലൊക്കെ ഒരു പോലെ മഹാരൗദ്രമായ പുകയുമായി അഗ്നിജ്വാല ഉയര്‍ന്നു. സൂര്യന് അംശുക്കള്‍ പോലെ രോമകൂപങ്ങള്‍ തോറും അഗ്നി ജ്വലിച്ചു. ഇതുകണ്ടു പേടിച്ച്‌ ഉള്ളുഴന്ന്‌ കൗരവന്മാര്‍ ഒപ്പം കണ്ണടച്ചു. ദ്രോണനും ഭീഷ്മനും വിദുരനും ധൃതരാഷ്ട്രനും മഹാഭാഗനായ സഞ്ജയനും മുനീന്ദ്രന്മാരും ഒഴികെ മറ്റുള്ളവരൊക്കെ കണ്ണടച്ചു. ഭഗവാന്‍ ജനാര്‍ദ്ദനന്‍ അവര്‍ക്ക്‌ ദിവ്യചക്ഷുസ്സു നല്കി. മാധവന്റെ മഹാശ്ചര്യം സഭയില്‍ കണ്ടയുടനേ ദേവദുന്ദുഭി ശബ്ദിക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.;

ധൃതരാഷ്ട്രന്‍ പറഞ്ഞു: പുണ്ഡരീകാക്ഷാ, നീയാണല്ലോ എല്ലാ ലോകങ്ങള്‍ക്കും ഹിതം ചെയ്യുന്നവന്‍. അതുകൊണ്ട്‌ ഹേ യാദവശ്രേഷ്ഠാ! ഭവാന്‍ പ്രസാദിക്കണേ! ഭഗവാനേ, ഞാന്‍ കണ്ണു കാണാത്തവനാണ്‌. ഭവാനെ കാണുവാന്‍ എനിക്കു മോഹമുണ്ട്‌. മറ്റൊന്നും എനിക്കു കാണേണ്ട.

ഇതുകേട്ട്‌ മഹാബാഹുവായ ജനാര്‍ദ്ദനന്‍ ധൃതരാഷ്ട്രനോടു പറഞ്ഞു: നിന്റെ കണ്ണു രണ്ടും വീണ്ടും കാണാതെയാകും, കുരുനന്ദന!

ഉടനെ മഹാത്ഭുതമുണ്ടായി! കൃഷ്ണന്റെ വിശ്വരൂപം കാണുവാന്‍ ധൃതരാഷ്ട്രന്റെ കണ്ണുകള്‍ക്കു കാഴ്ചയുണ്ടായി! ധൃതരാഷ്ട്രന്റെ കണ്ണിന് കാഴ്ച വെച്ചതില്‍ വിസ്മയിച്ച്‌ രാജാക്കന്മാരും മുനിമാരും മധുവൈരിയെ പുകഴ്ത്തി. ഭൂമിയൊക്കെ കുലുങ്ങി. സാഗരങ്ങളും കുലുങ്ങി. രാജാക്കന്മാരൊക്കെ അത്ഭുതപ്പെട്ടു.

പിന്നെ ആ പുരുഷവ്യാഘ്രന്‍ വപുസ്സിനെ സംഹരിച്ചു. വിചിത്ര ദിവ്യാത്ഭുതമായി വലുതായി നിൽക്കുന്ന ശരീരം പിന്‍വലിച്ചു.

കൃതവര്‍മ്മാവിന്റേയും സാതൃകിയുടേയും കൈപിടിച്ച്‌ ഋഷിമാരുടെ സമ്മതത്തോടു കൂടി മധുസൂദനന്‍ ഇറങ്ങി. അപ്പോള്‍ നാരദാദികളായ മഹര്‍ഷിമാര്‍ മറഞ്ഞു പോയി. ആ കോലാഹലത്തില്‍ മഹര്‍ഷിമാര്‍ മറഞ്ഞത്‌ ഒരു അത്ഭുതമായി!

കൃഷ്ണന്‍ പോകുന്നതായി കണ്ടപ്പോള്‍ കൗരവന്മാരും, നരേന്ദ്രന്മാരും ഇന്ദ്രനെ അമരന്മാര്‍ എന്ന പോലെ ആ നരവ്യാഘ്രനെ പിന്‍തുടര്‍ന്നു. മഹാത്മാവ്‌ ആ നൃപകുലത്തെ വക വെക്കാതെ പുകയുന്ന അഗ്നി പോലെ പുറത്തേക്കിറങ്ങി.

ഉടനെ വലിയതും, മണികിങ്ങിണി ചാര്‍ത്തിയതും, പൊന്‍ജാല ചിത്രം ലഘുവായി കാറ്റു പോലെ മുഴങ്ങിയും, ശുഭമായസൂപസ്‌കരം വ്യാഘ്രചര്‍മ്മക്നുപ്തമായ വരുഥി (തേരിനെപ്പൊതിയുന്ന പുലിത്തോല്‍) ഇട്ടതും, ശൈബ്യസുഗ്രീവങ്ങളെ പൂട്ടിയതുമായ രഥം ദാരുകന്‍ കൊണ്ടു വന്നു. മഹാരഥനായ കൃതവര്‍മ്മനും, വൃഷ്ണിമുഖ്യനായ സാത്യകിയും തേരില്‍ കയറി. തേരില്‍ കയറാന്‍ പോകുന്ന അരിന്ദമനായ കൃഷ്ണനോട്‌ ധൃതരാഷ്ട്ര രാജാവ്‌ വീണ്ടും ഇപ്രകാരം പറഞ്ഞു: "ഹേ, ജനാര്‍ദ്ദനാ! എന്റെ മക്കള്‍ക്കുള്ള ബലം ഭവാന്റെ കാഴ്ചയില്‍ പ്രതൃക്ഷമാണല്ലോ. അങ്ങയ്ക്കു കാണാന്‍ കഴിയാത്തത്‌ ഒന്നും തന്നെയില്ലല്ലോ. കുരുക്കള്‍ക്ക്‌ ശമം കാംക്ഷിച്ച്‌ ഞാന്‍ ഉദ്യമിച്ചതും ഭവാന്‍ അറിഞ്ഞ്‌ എന്റെ നിലയില്‍ ഭവാന്‍ ശങ്കിക്കാതിരിക്കണേ! കേശവാ, എനിക്ക്‌ പാണ്ഡവന്മാരില്‍ യാതൊരു ദുഷ്ടവിചാരവുമില്ല. ഞാന്‍ ദുര്യോധനനോടു ഹിതം ഉപദേശിച്ചതൊക്കെ ഭവാന്‍ കേട്ടതുമാണല്ലേോ. ഞാന്‍ സര്‍വ്വാത്മനാ ശമത്തിന് ഉദ്യമിച്ചത്‌ കുരുക്കള്‍ എല്ലാവരും മന്നിലുള്ള സകല മന്നവന്മാരും അറിയുന്നുണ്ട്‌ കേശവാ!".

വൈശമ്പായനൻ പറഞ്ഞു: മഹാബാഹുവായ ജനാര്‍ദ്ദനന്‍ ധൃതരാഷ്ട്രനോടും, ഭീഷ്മൻ, ദ്രോണന്‍, കൃപന്‍, ക്ഷത്താവ്‌, ബാല്‍ഹീകന്‍ ഇവരോടുമായി പറഞ്ഞു.

കൃഷ്ണന്‍ പറഞ്ഞു: നിങ്ങള്‍ കുരുസദസ്സില്‍ നടന്ന സംഭവങ്ങളൊക്കെ കണ്ടുവല്ലോ. അശിഷ്ടന്മാരുടെ മാതിരി ആ മന്ദന്‍ രോഷത്തോടെ ഉദൃമിച്ചതും നിങ്ങള്‍ കണ്ടതാണല്ലോ. ധൃതരാഷ്ട്ര രാജാവ്‌ പറയുന്നു, താന്‍ അസ്വതന്ത്രനാണെന്ന്‌. ഞാന്‍ നിങ്ങളോടൊക്കെ യാത്ര പറയുന്നു. ഞാന്‍ ധര്‍മ്മജന്റെ അടുത്തേക്കു പോകട്ടെ!

യാത്ര പറഞ്ഞ്‌ ശൗരി തേരില്‍ കയറുമ്പോള്‍ വില്ലാളി വീരന്മാരായ ഭരതര്‍ഷഭന്മാര്‍ പിന്തുടര്‍ന്നു. ഭിഷ്മന്‍, ദ്രോണൻ, കൃപന്‍, ക്ഷത്താവ്‌, ബാല്‍ഹീകന്‍, ധൃതരാഷ്ട്രന്‍, വികര്‍ണ്ണന്‍, അശ്വത്ഥാമാവ്‌, യുയുത്സു എന്നീ മഹാശയന്മാര്‍ കൃഷ്ണനെ അനുഗമിച്ചു യാത്രയയച്ചു. കിങ്ങിണി കെട്ടിച്ച വെള്ളത്തേരില്‍ കയറി അവന്‍ തന്റെ അച്ഛന്‍ പെങ്ങളായ കുന്തിയെ കാണുവാന്‍ കൗരവന്മാര്‍ കാണ്‍കെ അവിടെ നിന്നു പോയി.

132. കുന്തിവാക്യം - ധര്‍മ്മപുത്രനോടു പറയേണ്ട സന്ദേശം കുന്തി കൃഷ്ണനോടു വിവരിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: കൃഷ്ണന്‍ കുന്തിയുടെ ഗൃഹത്തില്‍ ചെന്ന്‌ അവളുടെ പാദത്തില്‍ വന്ദിച്ചു. കുരു സംസത്തില്‍ നടന്ന കഥയൊക്കെ കൃഷ്ണന്‍ അച്ഛന്‍ പെങ്ങളോടു പറഞ്ഞു.

വാസുദേവന്‍ പറഞ്ഞു; മഹര്‍ഷിമാരും ഞാനും യുക്തിയുക്തമായി കൈക്കൊള്ളേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു. എന്നാൽ ദുര്യോധനന്‍ അതൊന്നും സ്വീകരിച്ചില്ല. സുയോധനന്റെ വശം നിൽക്കുന്നവരൊക്കെ കാലപക്വങ്ങളാണ്‌. ഞാന്‍ ഭവതിയോടു യാത്ര പറയുന്നു. പാര്‍ത്ഥന്മാരുടെ അടുത്തേക്കു ഞാന്‍ പോവുകയാണ്‌. എന്താണ്‌ ഞാന്‍ അവിടുത്തെ വാക്കായി, കല്പനയായി, പറയേണ്ടത്‌? അതു ഭവതി പറഞ്ഞാലും! ഞാന്‍ അതു കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.

കുന്തി പറഞ്ഞു: ധര്‍മ്മാത്മാവായ ധര്‍മ്മപുത്ര രാജാവോടു ഞാന്‍ പറഞ്ഞതായി പറയൂ. ധര്‍മ്മം വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാലം പാഴാക്കരുത്‌ ഉണ്ണീ! പാണ്ഡിത്യം കെട്ട മന്ദനായ ശ്രോത്രിയനെ പോലെ അനുപാകത്താല്‍ ബുദ്ധികെട്ട്‌ ധര്‍മ്മത്തെ നോക്കുകയാണ്‌ നീ. എടോ ധര്‍മ്മപുത്രാ, വിധിയുടെ സൃഷ്ടിപ്രകാരമാണ്‌ നീ ധര്‍മ്മത്തെപ്പറ്റി ചിന്തിക്കേണ്ടത്‌. ക്ഷത്രിയന്മാര്‍ ബാഹുക്കളില്‍ നിന്നു ജനിച്ചവരാണ്‌. അവര്‍ ബാഹുവിര്യം കൊണ്ട്‌ ഉപജീവിക്കണം എന്നാണ്‌ വിധി കല്പിച്ചിട്ടുള്ളത്‌. പ്രജകളെ രക്ഷിക്കുവാന്‍ ക്രൂരകര്‍മ്മം ചെയ്യേണ്ടി വരുന്നതും അവനു വിധിച്ചിട്ടുള്ള ധര്‍മ്മമാണ്‌. അതില്‍ യാതൊരു തെറ്റുമില്ല. ഞാന്‍ അതിനു ദൃഷ്ടാന്തമായി ഒരു കഥ പറയാം. പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതാണത്‌. പണ്ട്‌ വൈശ്രവണന്‍ രാജര്‍ഷിയായ മുചുകുന്ദന് ഈ ഭൂമിയൊക്കെ നല്കി. എന്നാൽ സസന്തോഷം സമ്മാനിച്ച ആ ഭൂമി ആ രാജര്‍ഷി സ്വീകരിച്ചില്ല. ആ മഹാശയന്‍ പറഞ്ഞത് എന്താണെന്നു കേള്‍ക്കണോ? ഞാന്‍ കയ്യൂക്കു കൊണ്ടു നേടുന്ന ഭൂമി മാത്രമേ ഏൽക്കുകയുള്ളു. സൗജന്യമൊന്നും സ്വീകരിക്കുകയില്ല. ഇതു കേട്ടപ്പോള്‍ വൈശ്രവണന്‍ പ്രീതനായി അത്ഭുത പരതന്ത്രനായി നിന്നു പോയി. പിന്നെ മുചുകുന്ദ രാജാവ്‌ തന്റെ കയ്യൂക്കു കൊണ്ട്‌ ഭൂമിയൊക്കെ നേടി ക്ഷത്രധര്‍മ്മം തെറ്റാതെ ഭരിച്ചു.

രാജാവ്‌ നന്നായി ഭരിക്കുന്ന നാട്ടിലെ നാട്ടുകാര്‍ ഏതു ധര്‍മ്മം ചെയ്യുന്നുവോ ആ ധര്‍മ്മത്തിന്റെ നാലില്‍ ഒരു ഭാഗം രാജാവു നേടുന്നുണ്ട്‌. രാജാവു ചെയ്യുന്ന കര്‍മ്മം ദേവത്വത്തിനും ആയി തീരും. അധര്‍മ്മം രാജാവു ചെയ്താല്‍ നരകത്തില്‍ പതിക്കുകയും ചെയ്യും. ചാതുര്‍വ്വര്‍ണ്യത്തിനു നിശ്ചയിക്കപ്പെട്ട ധര്‍മ്മം (ദണ്ഡനീതി) രാജാവു തെറ്റായി ചെയ്താല്‍ അത്‌ അധര്‍മ്മമായി തീരും. രാജാവ്‌ നന്നായി ദണ്ഡനീതി നടത്തുന്നതായാല്‍ അപ്പോള്‍ ശ്രേഷ്ഠമായ കൃതയുഗ കാലം ലോകത്തില്‍ നടക്കും. രാജാവു കാരണമാണോ കാലം, കാലം കാരണമാണോ രാജാവ്‌ എന്നു സംശയിക്കേണ്ടതില്ല. കാലത്തിനു കാരണം രാജാവാണ്‌. കൃതവും ത്രേതയും ദ്വാപരവും കലിയുമൊക്കെ രാജാവാണ്‌ സൃഷ്ടിക്കുന്നത്‌. രാജാവ്‌ ഭരണം കൊണ്ടു കൃതമാക്കിയാല്‍ ലോകം എന്നെന്നും സ്വര്‍ഗ്ഗമായി തീരും. ത്രേതമാക്കിയാല്‍ അത്രത്തോളം സ്വര്‍ഗ്ഗമാവുകയില്ല. ദ്വാപരത്തെയാണ്‌ രാജാവ്‌ ഭരണം കൊണ്ടു സൃഷ്ടിക്കുന്നതെങ്കില്‍ അതിന്നനുസരിച്ച അംശം അതില്‍ നിന്നു ലഭിക്കും. രാജാവ്‌ ദുഷിച്ച ഭരണംകൊണ്ട്‌ ദുഷിച്ച കലിയാക്കി തീര്‍ത്താല്‍ അതിന്റെ ഫലമായി അതൃന്തം പാപത്തെ അനുഭവിക്കുന്നതാണ്‌. ദുഷ്കര്‍മ്മിയായ അവന്‍ വളരെക്കാലം നരകത്തില്‍ തന്നെ കിടക്കും. രാജദോഷം ജനങ്ങളേയും ജനദോഷം രാജാവിനേയും ബാധിക്കും. അതുകൊണ്ട്‌ പിതൃപൈതാ മഹന്മാര്‍ അനുഷ്ഠിച്ചു വന്ന രാജധര്‍മ്മങ്ങള്‍ നീ കാക്കുക. ഇപ്പോള്‍ നീ നിൽക്കുവാന്‍ നോക്കുന്നത്‌ രാജര്‍ഷിമാര്‍ക്കു ചേര്‍ന്നതല്ല. വൈക്ലബൃത്തോടു കൂടി ആ നൃശംസ്യത്തില്‍ നിൽക്കുന്നവന്‍ പ്രജാരക്ഷ കൊണ്ടു കിട്ടുന്ന ഫലമൊന്നും ഒരിക്കലും നേടുകയില്ല. ഈ ആശിസ്സ് പാണ്ഡുവും ഞാനും പിതാമഹന്മാരാരും തന്നെ, സ്വമേധ കൊണ്ടു നീ നടത്തുന്ന വിധം, മുമ്പെ ചെയ്തിട്ടില്ല.

യജ്ഞം, ദാനം, തപം, ശൗര്യം. പ്രജ്ഞ, സന്താനം, മാഹാത്മ്യം, ബലം, ഓജസ്സ്‌ എന്നിവ ഞാന്‍ നിത്യവും പ്രാര്‍ത്ഥിച്ചു കൊണ്ടാണ്‌ കഴിച്ചത്‌. നിത്യവും സ്വാഹയും, സുധയും നല്കുന്ന മാനുഷ ദേവതകളാണ്‌ അവര്‍. പ്രസാദിച്ചാല്‍ ദീര്‍ഘായുസ്സ്‌, ധനം, സന്താനങ്ങള്‍ എന്നിവയെ അവര്‍ നല്കും. പിതാക്കള്‍ ദേവകളോട്‌ അര്‍ത്ഥിക്കുന്നത് എന്താണെന്ന്‌ അറിയുന്നുണ്ടോ? ദാനം. അദ്ധ്യയനം. യജ്ഞം, പ്രജാ സംരക്ഷണം എന്നിവയിലൊക്കെ മക്കള്‍ അദ്വിതീയരാകണം എന്നാണ്‌. ധര്‍മ്മാധര്‍മ്മങ്ങളൊക്കെ നീ ജന്മത്താല്‍ അറിയുന്നുണ്ടല്ലോ. കുലീനന്മാരും പണ്ഡിതന്മാരുമായവര്‍ അവൃത്തിക്ലിഷ്ടരാകാം. വിശന്നുഴന്നു വലയുന്നവര്‍ ശൂരനായ രക്ഷാധികാരിയെ കിട്ടി നന്ദിക്കുന്നതായാല്‍ അതിലും ധര്‍മ്മമായി മറ്റെന്തുണ്ട്‌? ദാനത്താല്‍ ഒരുത്തനെ, ശക്തി കൊണ്ട്‌ അന്യനെ, മറ്റൊരുത്തനെ വാക്കു കൊണ്ട്‌ ഇങ്ങനെ ഓരോരുത്തനേയും പാട്ടില്‍ വെക്കുകയാണ്‌ ധാര്‍മ്മികനായ രാജാവു ചെയ്യേണ്ടത്‌. ബ്രാഹ്മണന്‍ ഭിക്ഷയേല്‍ക്കണം. ക്ഷത്രിയന്‍ ഭൂമി ഭരിക്കണം. വൈശ്യന്‍ ധനം സമ്പാദിക്കണം. ശൂദ്രന്‍ ശുശ്രുഷ ചെയ്യണം. നിഷിദ്ധമായ ഭിക്ഷാടനം ക്ഷത്രിയനായ നിനക്കു ചേര്‍ന്നതല്ല. കൃഷിയും നിനക്കു പറ്റിയതല്ല. നീ ക്ഷതത്രാതാവായ ക്ഷത്രിയനാണ്‌. നീ ബാഹുവീര്യോപ ജീവിയാണ്‌. നീ ആജാനേയത്തെ (**) ഓര്‍ത്ത്‌ ഭാരം ഏറ്റുവലിക്കുക തന്നെ വേണം. സത്വവും മാനവും സ്വീകരിക്കുക. തന്റെ പൗരുഷം താന്‍ അറിയുക.

** ആജാനേയം - കുതിരക്കാരന്റെ സംജ്ഞ അറിയുന്ന ഇണങ്ങിയ കുതിര.

മഹാബാഹോ, പിതൃധനം താഴ്ന്നു പോയത്‌ നീ ഉദ്ധരിക്കുക. സാമം, ഭേദം. ദാനം, ദണ്ഡം, നയം എന്നീ രാജനീതികളെ നീ പ്രയോഗിച്ചു നോക്കുക.

നീ ഒന്നു ചിന്തിച്ചു നോക്കൂ! ഇതിലും അധികം ദഃഖകരമായി എന്താണു ലോകത്തിലുള്ളത്‌? ഹീനബാന്ധവയായി, പരന്റെ അന്നവും ഭക്ഷിച്ച്‌, മിത്രാഭിനന്ദനയായ നിന്റെ അമ്മ, ഇവിടെ ചോറിന് കാത്തു കിടക്കുന്നു എന്നുള്ളതില്‍ പരം അവമാനകരമായി, ദുഃഖകരമായി എന്തുണ്ട്‌?

നീ ക്ഷത്രധര്‍മ്മം കൈക്കൊള്ളുക. ശത്രുക്കളുമായി പൊരുതുക! പിതൃക്കള്‍ക്ക്‌ അവമാനം വരുത്തി വെക്കരുത്‌. അനുജരോടു കൂടിയ നീ പുണ്യം വെടിഞ്ഞ്‌ പാപത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ഗമിക്കരുത്‌.

133. വിദുളാപുത്രാനുശാസനം - കുന്തി പറഞ്ഞു: ഇതിന് ഉദാഹരണമായി നാട്ടുകാര്‍ ഇങ്ങനെ ഒരു പഴങ്കഥ പറയാറുണ്ട്‌. വിദുളയും പുത്രനുമായുള്ള സംവാദമാണ്‌ അത്‌. അതു ഞാന്‍ പറയാം.

വലിയ യശസ്വിനിയും ദുഃഖിതയുമായ വിദുളയെപ്പറ്റി ഇന്നും രാജാക്കന്മാര്‍ പുകഴ്ത്തുന്നുണ്ട്‌. ശ്രേയസ്സു ചേരുന്ന ആ കുലോല്‍പന്ന ധര്‍മ്മം ചേരുമാറ്‌ തന്റെ പുത്രനോടു ചൊടിച്ചു കൊണ്ടു പറഞ്ഞ ആ വാക്കുകള്‍ ഞാന്‍ നിങ്ങളോടു പറയേണ്ടി വന്നിരിക്കുന്നു. സിന്ധു രാജാവായ സഞ്ജയന്‍ ശത്രുക്കളോടു പോരാടി തോറ്റോടി തന്റെ ഗൃഹത്തില്‍ വന്നു കിടക്കുമ്പോള്‍ രാജമാതാവായ വിദുള ഇപ്രകാരം പറഞ്ഞു:

വിദുള പറഞ്ഞു: എടോ ദുഷ് പുത്രാ! നന്ദിപ്പിക്കാത്ത നന്ദനാ! വൈരിസന്തോഷ വര്‍ദ്ധനാ! നീ എങ്ങനെ ഈ ഭൂമിയില്‍ വന്നു ചേര്‍ന്നു; ഞാനും അച്ഛനുമല്ല നിന്റെ ജന്മത്തിനു ഹേതു. നീ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഉണ്ടായവനല്ല! നീ എവിടെ നിന്നു വന്നു കൂടി ചുണയില്ലാത്തവനായ നീ. കണക്കിലെടുക്കാന്‍ പറ്റാത്ത ക്ലീബസാധനമായ നീ, പുരുഷനായി ചാകുന്നതു വരെ നിരാശനായി ശുഭത്തിനു വേണ്ടി ഭാരം ചുമക്കു! ആത്മാവമാനനം ചെയ്യരുത്‌. സ്വല്പം കൊണ്ട്‌ കഴിയാന്‍ നോക്കരുത്‌. മനസ്സ്‌ ശുഭമാക്കി ഭയത്തിനെ അടക്കി ജീവിക്കുക. എടോ വിഡ്ഡീ, എഴുന്നേല്‍ക്കൂ! നീ തോറ്റു വന്നു കിടക്കുകയാണോ? വൈരികള്‍ക്കു സന്തോഷവും മിത്രങ്ങള്‍ക്കു ദുഃഖവും നല്കുന്ന നീ എന്തു ചെയ്യുന്നു?

ചെറുപുഴ വേഗത്തില്‍ നിറയും, മൂഷികന്റെ കൊച്ചുകൈ നിറയുവാന്‍ അധികം ജലം വേണ്ട. വിഡ്ഡി അല്പം കൊണ്ടു വേഗം സന്തോഷിക്കും. എടോ വങ്കാ! നീ പാമ്പിന്റെ വിഷപ്പല്ലു പോയി പറിച്ച്‌ അപ്പോള്‍ തന്നെ ചാവുകയാണെങ്കില്‍ ചാകട്ടെ! ശൂരനായ മനുഷ്യന്‍ ജീവനില്‍ സംശയിച്ചും പരാക്രമം എടുക്കും. ആകാശത്തു ചുറ്റിപ്പറക്കുന്ന പരുന്തിനെ പോലെ ശത്രുവിന്റെ പഴുത്‌ നീ നോക്കിക്കാണു! തര്‍ക്കിച്ചും ശങ്കിച്ചും മൗനം കൊണ്ടും നിൽക്കാതെ വേഗം പോകൂ!

എന്തേ ഇമ്മാതിരി മങ്ങിക്കിടക്കാന്‍? വജ്രമേറ്റവനെ പോലെ? എടോ വിഡ്ഡി, എഴുന്നേല്‍ക്കൂ! നീ തോറ്റു കിടക്കുകയാണോ? നീ നിസ്സാരനായി ചാകരുത്‌! പ്രവൃത്തി കൊണ്ടു പേരെടുത്തു മരിക്കണം പുരുഷന്‍! നടുക്കു നില്ക്കരുത്‌! താണു നില്ക്കരുത്! കീഴില്‍ നില്ക്കരുത്‌! നീ ഉന്നതനായി തന്നെ നില്ക്കണം! ശത്രുക്കളോട്‌ ആര്‍ത്ത്‌ ഏന്തി പോരാടി തന്നെ നില്ക്കണം! തിന്ദുക (പനച്ചി) കൊള്ളി പോലെ അല്പസമയമെങ്കിലും ആളിക്കത്തുക. ജീവന്‍ ഇച്ഛിക്കുന്നവനാണു നീയെങ്കില്‍ ഉമിത്തീ പോലെ പുകഞ്ഞു കിടക്കരുത്‌. വളരെനാള്‍ പുകഞ്ഞു പുകഞ്ഞു കിടക്കുന്നതിനേക്കാള്‍ ഭേദം അല്പസമയം ആളിക്കത്തലാണ്‌. ഏതു രാജഗൃഹത്തിലും കര്‍ക്കശനായിരിക്കണം രാജാവ്‌. മൃദുവായി ഭവിക്കരുത്‌. മനുഷ്യധര്‍മ്മം ചെയ്ത്‌ മുഖ്യമായ പോരാട്ടം നടത്തിയവന്‍ ധര്‍മ്മത്തിന്റെ കടം വീട്ടുകയും ആത്മനിന്ദ ഏൽക്കാതിരിക്കുകയും ചെയ്യും. നേടിയാലും ഇല്ലെങ്കിലും പണ്ഡിതന്‍ ദുഃഖിക്കുകയില്ല. ഉടനെ തന്നെ യത്നിക്കും. പ്രാണനാശത്തെപ്പറ്റി ബുദ്ധിമാന്‍ ചിന്തിക്കുകയില്ല. ധര്‍മ്മത്തെ മുന്‍നിര്‍ത്തി യത്നിച്ച്‌ വീര്യപ്പുകഴ്ചയോ നിതൃഗതിയോ ഗമിക്കുക. അല്ലാതെ നീ എന്തിന് വേണ്ടി ജീവിക്കുന്നു? നിന്റെ ഇഷ്ടാപൂര്‍ത്തവും മറ്റു കീര്‍ത്തിയും വിട്ടു പോയതിന് ശേഷം. ഹേ, ക്ലീബാ! സുഖത്തിന്റെ വേരറ്റ നീ എന്തിന് ജീവിച്ചിരിക്കുന്നു? ഇടിഞ്ഞു വീഴുന്ന നേരത്തും ശത്രുവിന്റെ കാൽ പിടിച്ചു വലിച്ചിടണം. വേരറ്റു വീഴുന്ന നേരത്തും വിഷാദിക്കാതിരിക്കണം. ആജാനേയമായ കുതിരയെ പോലെ നീ ഭാരം വലിക്കണം. സത്വവും മാനവും കൈക്കൊള്ളണം. അതാണ്‌ മനുഷ്യന്റെ പൗരുഷം. നീ കാരണം താഴ്ന്നു പോയ കുലത്തെ നീ തന്നെ ഉദ്ധരിക്കുവാന്‍ നോക്കുക! അത്ഭുതാവമാനങ്ങളെ പറ്റി ജനങ്ങള്‍ പറയാതിരിക്കത്തക്ക വണ്ണം നീ പ്രവര്‍ത്തിക്കുക. ആണും പെണ്ണും കെട്ട മനുഷ്യന്‍ വളരുന്ന ഒരു വസ്തു മാത്രമാണ്‌! ദാനം, തപം, സത്യം ഇവയൊക്കെ വെടിഞ്ഞ്‌ വിദ്യയും അര്‍ത്ഥസിദ്ധിയും വിട്ടു ജീവിക്കുന്ന മനുഷ്യന്‍ പെറ്റ മാതാവിന്റെ മലമാണ്‌! അത്രയേ അവനെ കുറിച്ചു പറയുവാന്‍ കാണുന്നുള്ളു. പുരുഷന്‍ എന്നു പറഞ്ഞു കൂടാ. ശ്രുതം, തപസ്സ്‌, സമ്പത്ത്‌, വീര്യം എന്നിവ കൊണ്ടു മറ്റുള്ളവരെ താഴ്ത്തത്തക്ക വിധം പ്രവര്‍ത്തിക്കുന്നവന്‍ ആരോ അവനാണു പുരുഷന്‍!

എടോ പുത്രാ! നീ പൊട്ടക്കാപാലികനെ പോലെ കൊറ്റിന് ഇച്ഛിക്കുവാന്‍ അര്‍ഹനാണോ? നൃശംസനായി കീര്‍ത്തികെട്ടു ദുഃഖിക്കുന്ന നീചന്റെ മാതിരിയാകാമോ? ക്ഷീണിച്ചു കിടക്കുന്ന ഏവനെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞു രസിക്കുന്നുവോ, നികൃഷ്ടാസനനും നികൃഷ്ട വസ്ത്രധാരിയും ആയിരിക്കുന്ന ഏവനെപ്പറ്റി മറ്റുള്ളവര്‍ നിന്ദിച്ചു പറയുന്നുവോ, ലോഭത്തോടെ അല്പജീവന തല്‍പരനായി ഏവന്‍ ജീവിക്കുന്നുവോ അവനെ കൊണ്ടു ബന്ധു ജനങ്ങള്‍ക്കു സുഖം ലഭിക്കുന്നതാണോ?

കൊറ്റിന് വഴിയില്ലാതെ നശിക്കുന്നവനും, നാട്ടില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെട്ടവനും, സർവ്വകാമരസങ്ങളും കെട്ടവനും, സ്ഥാനഭ്രഷ്ടനും. ദരിദ്രനുമായി മംഗളങ്ങള്‍ ചെയ്യാത്തവനായി കുലവും വംശവും മുടിക്കുന്നവനായി പുത്രന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കലിയായ നിന്നെ എടോ സഞ്ജയാ!! ഞാന്‍ പ്രസവിച്ചുവല്ലോ. അമര്‍ഷവും, ഉത്സാഹവും വീര്യവുമില്ലാതെ ശത്രുക്കളെ ചിരിപ്പിക്കുവാന്‍ മാത്രം പോന്ന ഇത്തരം സന്താനത്തെ ഒരു സ്ത്രീയും ഭൂമിയില്‍ പ്രസവിക്കാതിരിക്കട്ടെ! എടോ പുത്രാ! നീ കിടന്ന്‌ പുകയാതിരിക്കൂ! നീ ശത്രുക്കളില്‍ കേറിക്കത്തുക! കേറിക്കൊല്ലുക! ശത്രുവിന്റെ ശിരസ്സില്‍ മുഹൂര്‍ത്തമോ ക്ഷണനേരമോ കേറി ജ്വലിക്കൂ! ക്ഷമിക്കാതെ അമര്‍ഷിയായി ശോഭിക്കൂ! എന്നാൽ, അവന്‍ പുരുഷനാണെന്നു ഞാന്‍ പറയും. നേരേമറിച്ച്‌ ശത്രുക്കളില്‍ ക്ഷമിച്ച്‌, അമര്‍ഷം ഏൽക്കാത്തവനായി വര്‍ത്തിക്കുന്നവന്‍ ആണുമല്ല, ചെണ്ണുമല്ല. മനുഷ്യന്റെ അലംഭാവവും തൃപ്തിയും സമ്പത്തിനെ കൊന്നു കളയും. അപ്രകാരം തന്നെ അനുകമ്പയും സമ്പത്തിനെ കൊന്നു കളയും. മടിയും പേടിയുമുള്ള നിസ്പൃഹന്‍ എങ്ങനെ മഹത്വം നേടും? ഈ നിന്ദ്യമായ പാപങ്ങള്‍ നീ തന്നത്താനെ ഒഴിവാക്കുക. ഹൃദയത്തെ കാരിരുമ്പാക്കി മാറ്റി സ്വന്തം സമ്പത്തിനെ നേടുക. അങ്ങനെ ശത്രുവിനോട്‌ എതിരിടൂ. അപ്പോള്‍ നീ പുരുഷനായി തീരും. പെണ്ണിനെ പോലെ ജീവിക്കുന്നവന് ആത്മാവ്‌ നിഷ്ഫലമാണ്‌. ശൂരനും ഊര്‍ജ്ജിത ചിത്തനും സിംഹവിക്രമിയുമായ പുരുഷന്‍ മരിച്ചാലും അവന്റെ സന്തതികള്‍ക്കു സുഖം ലഭിക്കാതിരിക്കുകയില്ല. തന്റെ പ്രിയസുഖങ്ങളൊക്കെ വിട്ട് ശ്രീ നേടുന്നവന്‍ ഉടനെ തന്നെ അമാത്യന്മാര്‍ക്ക്‌ ഏറ്റവും സന്തോഷം നല്കും.

മകന്‍ പറഞ്ഞു: അമ്മേ, എന്നെ കാണാന്‍ കഴിയാതെ വന്നാല്‍ ഈ ലോകമൊക്കെ പിന്നെ, അമ്മയ്ക്ക്‌ എന്തിനാണ്‌? ഈ ഭൂഷണങ്ങളൊക്കെ എന്തിന്‌? ഭോഗം എന്തിന്‌? ജീവന്‍ എന്തിന്‌?

അമ്മ പറഞ്ഞു; തീറ്റ അന്വേഷിച്ചു മാത്രം ജീവിക്കുന്നവര്‍ക്കുള്ള ലോകം ശത്രുക്കള്‍ പ്രാപിക്കു മാറാകട്ടെ! അദൃതാത്മാക്കളുടെ ദിവൃലോകം സുഹൃത്തുക്കള്‍ക്കും ലഭിക്കട്ടെ! ഭൃത്യരില്ലാതെ, അന്യന്റെ അന്നവും കഴിച്ചു ജീവിക്കുന്ന. ദരിദ്രരായി കഴിഞ്ഞു കൂടുന്ന സത്വം കെട്ടവര്‍ക്കുള്ള ജീവിത വൃത്തിയെ നീ അനുവര്‍ത്തിക്കരുത്‌. നിന്നെ ആശ്രയിച്ച്‌ അനേകം വിപ്രന്മാരും മിതവ്രര്‍ഗ്ഗങ്ങളും പര്‍ജ്ജന്യത്തെ ജീവികള്‍ എന്ന വിധം, ഇന്ദ്രനെ ദേവകള്‍ എന്ന വിധം അനുജീവിക്കട്ടെ! പഴുത്ത ഫലങ്ങള്‍ നിറഞ്ഞ മാമരത്തെ ജീവികളെന്ന പോലെ ആരെ ആശ്രയിച്ച്‌ ഏവരും ആജീവിക്കുന്നുവോ, അവന് ഏറ്റവും സഫലമാണ്‌ ജന്മം. ഏതു ശൂരന്റെ വീര്യം കൊണ്ട്‌ ബാന്ധവന്മാര്‍ സുഖം പ്രാപിക്കുന്നുവോ, ഇന്ദ്രന്റെ വീരൃത്താല്‍ വാനവരെന്ന പോലെ സുഖം പ്രാപിക്കുന്നുവോ, അവന്റെ ജീവിതം ഉത്തമമാണ്‌. തന്റെ കയ്യൂക്കിനെ ആശ്രയിച്ചു പുലരുന്ന പുരുഷന്‍ പാരില്‍ കീര്‍ത്തി വളര്‍ത്തി പരലോകത്തു സല്‍ഗതിയെ പ്രാപിക്കുന്നതാണ്‌.

134. വിദുളാപുത്രാനുശാസനം - വിദുള പറഞ്ഞു: എടോ പുത്രാ! പൗരുഷം നീ ഇപ്രകാരം വിടുവാനാണ്‌ ഭാവമെങ്കില്‍ നികൃഷ്ടന്മാര്‍ പോകുന്ന വഴിക്ക്‌ ഉടനെ നീ എത്തും. യാതൊരു സംശയവുമില്ല. ശക്തിക്കടുത്ത തേജസ്സു കൊണ്ടു വീര്യം കാണിക്കാത്ത ക്ഷത്രിയന്‍ ജീവിത കാംക്ഷിയായ കള്ളനാണ്‌ എന്നേ ജനങ്ങള്‍ അവനെപ്പറ്റി പറയൂ. അര്‍ത്ഥം ചേര്‍ന്ന ഗുണമുള്ളതായ വാക്ക്‌ നിന്നില്‍ ഫലിക്കുകയില്ല. ചാകാന്‍ പോകുന്നവന് നല്ല മരുന്നു കൊണ്ട്‌ എന്തു പ്രയോജനം? സിന്ധു രാജാവായ നിനക്കു തൃപ്തി നല്കുന്ന കൂട്ടുകാരില്ല. ആ വിഡ്ഡികള്‍ ദൗര്‍ബല്യത്താല്‍ വൃസനം കാത്തിരിക്കുകയാണ്‌. സഹായ വൃദ്ധിയുണ്ടാക്കി ഒരുക്കിക്കൂട്ടി നിന്റെ പൗരുഷം കാണാതെ ആകുമ്പോള്‍ മറ്റുള്ളവരും ദുഷ്ടില്‍ പെട്ടു പോകും. അവരെയൊക്കെ നീ വിളിച്ചു കൂട്ടി ഗിരിദുര്‍ഗ്ഗത്തില്‍ പോയി വാഴുക! ശത്രുവിന്റെ വ്യസനത്തിന്നു വേണ്ട ലാക്കു നോക്കുക. അവന്‍ അജരാമരനല്ലെന്ന്‌ചിന്തിക്കുക. പോരില്‍ മാത്രം നീ സഞ്ജയനാണ്‌ (സമ്യക്കാകുംവണ്ണം ജയിക്കുന്നവന്‍). എന്നാൽ, അത്‌ ഒട്ടും നിന്നില്‍ കാണുന്നുമില്ല. നീ അന്വര്‍ത്ഥനാമാവാകുക. വൃര്‍ത്ഥനാമകനാകാതിരിക്കുക.

മുമ്പ്‌ ബാലനായ നിന്നെ കണ്ട്‌ ഒരു ദ്വിജന്‍ നല്ല പോലെ നോക്കിക്കണ്ടതിന് ശേഷം പറഞ്ഞു: ഇവന്‍ കഷ്ടപ്പെട്ടു വീണ്ടും വൃദ്ധിയെ പ്രാപിക്കും. ആ വിപ്രന്റെ വാക്കോര്‍ത്തു കൊണ്ട്‌ ഞാന്‍ നിന്റെ വിജയത്തെ പ്രതീക്ഷിക്കുന്നു. അതാണ്‌ ഉണ്ണീ നിന്നോട്‌ ഇപ്രകാരം വീണ്ടും വീണ്ടും പറഞ്ഞത്‌. ആരുടെ അര്‍ത്ഥ സമ്പത്തില്‍ മറ്റുള്ളവര്‍ തൃപ്തരാകുന്നുവോ നയത്തില്‍ അര്‍ത്ഥം നോക്കുന്നവനായ അവന് തീര്‍ച്ചയായും അര്‍ത്ഥപ്രാപ്തി ഉണ്ടാകും. വൃദ്ധിയോ, ക്ഷയമോ എന്റെ പൂര്‍വ്വന്മാര്‍ക്കും ഉണ്ടായിരിക്കും എന്നു നീയും വിചാരിക്കൂ! യുദ്ധശ്രദ്ധ ഉപേക്ഷിക്കാതെ പരിശ്രമിക്കുക.

പണ്ട്‌ ശംബരന്‍ പറഞ്ഞ ഒരു വാക്യം ഞാന്‍ പറയാം. ഇതിലും കഷ്ടമായ ഒരു അവസ്ഥ മനുഷ്യന് എന്താണുള്ളത്‌! ഇന്ന്‌ അത്താഴത്തിനും നാളെ പുലര്‍ച്ചയ്ക്കു പ്രാതലിനും വഴി കാണാതിരിക്കുക ആണെങ്കില്‍? ഭര്‍ത്താവു മരിച്ചാലും പുത്രന്‍ മരിച്ചാലും ഉള്ള ദുഃഖം സഹിക്കാം. ഈ ദുഃഖം സഹിക്കുവാന്‍ സാദ്ധ്യമല്ല. ദാരിദ്ര്യം എന്നു പറയുന്നത്‌ മരണത്തിന്റെ ഒരു വകഭേദമാണ്‌.

ഹേ. കുലീനാ! ഞാന്‍ ഒരു കയം വിട്ട്‌ മറ്റൊരു കയത്തിലേക്കെന്ന വിധം നിന്റെ കുലത്തിലേക്ക് എത്തിയവളാണ്‌. സര്‍വ്വ കല്യാണീശ്വരിയായി ഭര്‍ത്താവിനാല്‍ ആദരിക്കപ്പെട്ടവളാണ്‌ ഞാന്‍. മഹാര്‍ഹമായ മാല്യങ്ങളും ശുഭ്രമായ വസ്ത്രങ്ങളും ഞാന്‍ അണിഞ്ഞിട്ടുണ്ട്‌. അങ്ങനെയുള്ള എന്നെ സുഹൃത് ജനങ്ങളുടെ മദ്ധ്യത്തില്‍ കണ്ട്‌ പണ്ട്‌ സുഹൃത് ജനങ്ങള്‍ നിന്ദിച്ചിട്ടുണ്ട്‌. അങ്ങനെയുള്ള അമ്മയായ എന്നേയും നിന്റെ ഭാര്യയേയും ദുഃഖത്തോടു കൂടെ കാണുകയാണെങ്കില്‍ നിന്റെ ജീവന്‍ കൊണ്ട്‌എന്തു ഫലമാണ്‌ സഞ്ജയാ ഉണ്ടാവുക? ദാസന്മാരും ശമ്പളക്കാരും ആചാര്യന്മാരും ഋത്വിക്കുകളും പുരോഹിതന്മാരും ഞാനും കൊറ്റിനു മാര്‍ഗ്ഗമില്ലാത്തവരായി തീര്‍ന്നാല്‍ നിന്റെ ജീവന് എന്തു ഫലമാണുള്ളത്‌? ശ്ലാഘ്യവും യശസ്യവുമായ നിന്റെ കൃത്യങ്ങള്‍ മുമ്പത്തെ മട്ടില്‍ കാണുന്നില്ലെങ്കില്‍ പിന്നെ എന്റെ ഉള്ളില്‍ എങ്ങനെ ശാന്തി ലഭിക്കും? വിപ്രന്‍ വന്നു ഭിക്ഷ യാചിക്കുമ്പോള്‍ അവനോട്‌ ഇവിടെ ഒന്നും ഇല്ലെന്നു പറഞ്ഞാൽ എന്റെ ഹൃദയം തളര്‍ന്നു പോകും! ഞാനും എന്റെ ഭര്‍ത്താവും ഒരിക്കലും ഒരു വിപ്രനോടും ഇല്ലെന്നു പറയുകയുണ്ടായിട്ടില്ല. അന്യര്‍ ആശ്രയിക്കേണ്ടവരാണ്‌ നമ്മള്‍; അന്യന്മാരുടെ ചൊല്ലുകള്‍ കേള്‍ക്കാത്തവരാണ്‌ നമ്മള്‍; അന്യാശ്രയത്തില്‍ എനിക്കു ജീവിക്കേണ്ടതായ ഒരു കാലം വന്നാല്‍ അന്ന്‌ ഞാന്‍ എന്റെ ജീവന്‍ നശിപ്പിച്ചു കളയും. അപാരത്തില്‍ ഭവനമാണ്‌ പാരം; അപ്ലവത്തില്‍ ഭവനമാണ്‌ പ്ലവം. അസ്ഥാനത്തിങ്കല്‍ സ്ഥാനം ഉണ്ടാക്കുക! ചത്തവര്‍ക്ക്‌ നീ ജീവന്‍ നല്കുക.

നീ ജീവനിലുള്ള കൊതി എന്നു വിടുന്നുവോ അന്നു നിന്റെ ശത്രുക്കള്‍ നിനക്കു ജയ്യരാണ്‌. എന്നിട്ട്‌ ഈ ക്ലീബ വൃത്തിയെ നീ കൈക്കൊള്ളുകയാണോ? വെറുപ്പോടു കൂടി ഈ ബുദ്ധികെട്ട കഷ്ടപ്പാടിനെ നീ ഒഴിവാക്കുക. ഒരേയൊരു ശത്രുവിനെ കൊന്നിട്ടും ശൂരന്മാര്‍ വലിയ കീര്‍ത്തിയെ പ്രാപിക്കുന്നു. ഇന്ദ്രന്‍ വൃത്രവധത്തിനാല്‍ മഹേന്ദ്രന്‍ എന്ന പ്രസിദ്ധിയെ നേടിയില്ല? അങ്ങനെ മഹേന്ദ്രപദത്തെ വാങ്ങി ദേവന്മാരുടെ ഒക്കെ അധീശനായില്ലേ?

പേരു കേള്‍പ്പിച്ച്‌, പോരില്‍ വൈരിയെ വെല്ലുവിളിച്ച്‌, പടത്തലയുടച്ച്‌, പ്രധാനിയെ വധിച്ച്‌ വീരന്‍ യുദ്ധത്തില്‍ എപ്പോഴാണോ കീര്‍ത്തി നേടുന്നത്‌ അപ്പോള്‍ അവന്റെ ശത്രുക്കള്‍ നടുങ്ങുകയും വണങ്ങുകയും ചെയ്യും. ജളന്മാര്‍ കൂടി ആത്മത്യാഗത്താല്‍ ദക്ഷരും ശൂരന്മാരുമായി തീരും. കാമസമൃദ്ധി കൊണ്ട്‌ അവശന്മാര്‍ പോലും തൃപ്തരായി തീരും. രാജ്യം എന്നത്‌ ഉഗ്രരഭ്രംശവത്താണ്‌; പ്രാണ സംശയമുള്ളതാണ്‌. കയ്യില്‍ കിട്ടിയ ശത്രുവിനെ പിന്നെ സജ്ജനങ്ങള്‍ ബാക്കി വെക്കുകയില്ല. അതു സ്വര്‍ഗ്ഗദ്വാരം പോലെയെന്നു പറഞ്ഞാല്‍ പോരാ, അമൃതിനെ പോലെയാണെന്നു പറയണം. രാജ്യത്തെ രോധിക്കപ്പെട്ട മാര്‍ഗ്ഗം കണ്ട്‌ തീക്കൊള്ളി പോലെ ശത്രു വീരരില്‍ ചെന്നു വീഴുക. ഹേ വീരാ, നീ ശത്രുക്കളെ സംഹരിച്ച്‌ സ്വധര്‍മ്മത്തെ പാലിക്കുക. നിന്നെ കൃപണനായി ശത്രുക്കള്‍ കാണാതിരിക്കട്ടെ. ശത്രുക്കള്‍ ഭയത്തെ ഉണ്ടാക്കുന്നതാണ്‌. എന്റെ കൂട്ടര്‍ ദുഃഖിച്ചും ശത്രുക്കള്‍ സന്തോഷിച്ചാര്‍ത്ത്‌ ചുറ്റും ഞാന്‍ കാണാതിരിക്കട്ടെ! ദീനനേക്കാള്‍ ദീനനായി നിന്നെ ഞാന്‍ കാണാതിരിക്കട്ടെ! നീ പഴയ മട്ടില്‍ തന്നെ സൗവീര പെണ്‍കുട്ടികളുമായി ഹര്‍ഷത്തോടെ അര്‍ത്ഥശ്ലാഘ്യനായി ഞാന്‍ കാണട്ടെ! അവശനായി. സൈന്ധവ പെണ്‍കിടാങ്ങളുടെ പാട്ടില്‍ കിടക്കുന്നതു ഞാന്‍ കാണാതിരിക്കട്ടെ!

നീ യുവാവാണ്‌, സുന്ദരനാണ്‌, വിദ്യാസമ്പന്നനാണ്‌, ഉന്നതകുല ജാതനാണ്‌, യശസ്വിയാണ്‌, ലോകപ്രഥിതനാണ്‌. അങ്ങനെയുള്ള നീ ഇത്തരത്തില്‍ മാറുകയാണെങ്കില്‍ ഭാരം വഹിക്കാന്‍ ശക്തിയില്ലാത്തവന്‍ ഭാരം താങ്ങും പോലെ അതും മരണം തന്നെയാണ്‌. പിന്‍പുറത്തു നീ നടന്നാല്‍ എന്റെ ഹൃദയത്തിന്‌ ശാന്തി ലഭിക്കുമോ! ഈ വംശത്തില്‍ പിറന്നവരാരും തന്നെ അന്യന്റെ പിന്നാലെ നടന്നിട്ടില്ല. അന്യാനുചരനായി ഉണ്ണീ, നീ ജീവിക്കുവാന്‍ അര്‍ഹനല്ല. നിതൃമായ ക്ഷത്രഹൃദയം അറിഞ്ഞവളാണു ഞാന്‍.

പൂര്‍വ്വന്മാരും ശ്രേഷ്ഠന്മാരുമായ പൂര്‍വ്വവ്യദ്ധന്മാര്‍ പറഞ്ഞതും, ശാശ്വതവും അവ്യയവുമായി പ്രജാപതി സൃഷ്ടിച്ചതുമായ ആ ക്ഷത്രഹൃദയം ഞാന്‍ മനസ്സിലാക്കിയിട്ടാണു നിന്നോടു പറയുന്നത്‌. ക്ഷത്രധര്‍മ്മജഞനായ ക്ഷത്രിയന് പിറന്ന പുരുഷന്‍ കൊറ്റിന് വേണ്ടിയും ഭയപ്പെട്ടും മറ്റൊരാളെ വണങ്ങുകയില്ല. അവന്‍ ഉദൃമിക്കും; വണങ്ങുന്ന പ്രശ്നമേയില്ല. ഉദൃമം തന്നെയാണ്‌ പൗരുഷം. മൊട്ടിലല്ലാതെ തന്നെ പൊട്ടിയെന്നു വരാം. എന്നാലും വളയുന്നവനല്ല ക്ഷത്രിയന്‍. മഹാശയനായ അവന്‍ മത്തഹസ്തീന്ദ്രനെ പോലെ സഞ്ചരിക്കും! ധര്‍മ്മത്തിനും ബ്രാഹ്മണര്‍ക്കും വണങ്ങും. ഹേ സഞ്ജയാ, മറ്റുള്ളവരെ കിഴടക്കി, ദുഷ്ടന്മാരെ സംഹരിച്ച്‌ സഹായികളോടു കൂടിയോ തനിച്ചോ ജീവനുള്ള കാലത്തോളം പൗരുഷത്തോടെ വാഴണം.

135. വിദുളാപുത്രാനുശാസനം - മകന്‍ പറഞ്ഞു; അമ്മേ, കാരിരുമ്പു കൊണ്ടാണോ നിന്റെ ഹൃദയം തീര്‍ത്തത്‌? കൃപയില്ലാത്ത അമ്മേ, വീരധീയുള്ള അമര്‍ഷണേ, അമ്പോ! അത്ഭുതം! ക്ഷത്രിയമുറകൾ അന്യനോടെന്ന വിധം എന്നോട് ഉപദേശിച്ച്‌ പരമാതാവിനെ പോലെ എന്നെ പോരിന് നീ അയയ്ക്കുന്നു! തന്റെ ഓമനപ്പുത്രനോട്‌ ഇങ്ങനെ കര്‍ക്കശമായി ഭവതി പറയുന്നുവല്ലോ! എന്നെ കാണാതായാല്‍ അമ്മയ്ക്ക്‌ ഈ മന്നൊക്കെ പിന്നെ എന്തിനാണ്‌? ഈ ഭൂഷകള്‍ കൊണ്ടൊക്കെ എന്തു കാര്യം ? ഭോഗം എന്തിന്? ജീവന്‍ എന്തിന്? വിശേഷിച്ചും പ്രിയസുതനായ ഈ ഞാന്‍ പോരില്‍ മരിക്കുകയാണെങ്കില്‍!

അമ്മ പറഞ്ഞു: ബുധന്മാരുടെ അവസ്ഥയൊക്കെ ധര്‍മ്മാര്‍ത്ഥമൂലമാണ്‌. ഹേ സഞ്ജയാ! ഞാന്‍ നിന്നെ പ്രേരിപ്പിക്കുന്നതും അതോര്‍ത്താണ്‌. വിക്രമം കാട്ടേണ്ടുന്ന മുഖ്യമായ കാലമാണ്‌ ഇപ്പോള്‍. ഈ സന്ദര്‍ഭത്തില്‍ നീ കാര്യം ഏൽക്കാതിരിക്കുക യാണെങ്കില്‍, അനൃശംസത ഏൽക്കുകയാണെങ്കില്‍, നീഎത്രയോ വലിയ നിന്ദാര്‍ഹനായി തീരും. നിന്നോട്‌ ഇപ്പോള്‍ വേണ്ടത് ഉപദേശിച്ചില്ലലെങ്കില്‍ നീ ദുഷ്കീര്‍ത്തിക്കു പാത്രമാകും. അല്ലാതെ നിന്നെ ഇപ്പോള്‍ ഞാന്‍ ഓമനിച്ചിരുത്തിയാല്‍ അതിനെ കഴുത സ്നേഹം എന്നാണു പറയുക. നിസ്സാമര്‍ത്ഥ്യവും അഹേതുകവുമാണ്‌. നല്ലവര്‍ നിന്ദിക്കുന്നതും മൂര്‍ഖന്മാര്‍ പോകുന്നതുമായ മാര്‍ഗ്ഗത്തെ നീ ഉപേക്ഷിക്കുക. പ്രജകള്‍ക്കെല്ലാം ഉള്ളതായ ഈ അവിദ്യ, അജ്ഞാനം നിനക്കുമുണ്ടെങ്കില്‍ സദ് വൃത്തി മൂലം എനിക്ക്‌ നീ ഇഷ്ടനായി ഭവിക്കും. ധര്‍മ്മാര്‍ത്ഥ ഗുണ യോഗത്താല്‍, മറ്റൊന്നാലല്ല, ദൈവവും മാനുഷവും ചേര്‍ന്നു നീ സജ്ജനാചാരത്തോടു കൂടിയവനായി തീരും. അവിനീതനായി പുതപൗത്രനോടു കൂടി രമിക്കുന്നവനും, ഉത്സാഹമില്ലാത്തവനും ദുര്‍വ്വിനീതനായ ദുരാശയനാണ്‌. കര്‍മ്മം ചെയ്യാതെ നികൃഷ്ടകൃത്യങ്ങള്‍ ചെയ്തു ജീവിക്കുന്നവന്‍ പുത്രനൊത്തു രസിച്ചാലും

അവന്റെ പ്രജാസമ്പത്തു നിഷ്ഫലമാണ്‌. പുരുഷാധമന്മാര്‍ക്ക്‌ ഇഹത്തിലും പരത്തിലും സുഖം കിട്ടുകയില്ല. ഹേ സഞ്ജയാ, യുദ്ധത്തിനും ജയത്തിനും വേണ്ടിയാണ്‌ ക്ഷത്രിയനെ സൃഷ്ടിച്ചിരിക്കുന്നത്‌. അവന്‍ യുദ്ധം ചെയ്തു ജയിച്ചാലും മരിച്ചാലും ഇന്ദ്രസാലോക്യത്തെ പ്രാപിക്കുന്നതാണ്‌. ആ സുഖം, ക്ഷത്രിയന്‍ ശത്രുവിനെ ജയിച്ചു നേടുന്ന സുഖം, പുണ്യമായ ഇന്ദ്രഗൃഹത്തില്‍ പോലും സിദ്ധിക്കയില്ല.

മന്യു കൊണ്ട്‌ എരിഞ്ഞ്‌ ധീരനായ പുരുഷന്‍. പലപാട്‌ അവമാനങ്ങളേറ്റ്‌, ശത്രുനാശത്തിന്ന്‌ ഉന്നിയവന്‍. ആത്മാവിനെ കളഞ്ഞിട്ടോ. ശത്രുവിനെ കൊന്നു വീഴ്ത്തിയിട്ടോ അല്ലാതെ അവന് ശമം എങ്ങനെ സിദ്ധിക്കും? സ്വല്പലാഭത്തെ പ്രാജ്ഞന്മാര്‍ ഇഷ്ടപ്പെടുകയില്ല. ആര്‍ക്കാണോ സ്വല്പം പ്രിയമായിട്ടുള്ളത്‌ അത്‌ അപ്രിയമായേ തീരു. പ്രിയം ലഭിക്കാത്ത പുരുഷന്‍ ഒരിക്കലും ശോഭന കാര്യം നേടുകയില്ല. സാഗരത്തില്‍ ചെല്ലുന്ന ഗംഗ പോലെ ഇല്ലാത്ത അവസ്ഥയിലേ അതു ചെന്നെത്തുകയുള്ളൂ.

മകന്‍ പറഞ്ഞു: ഈ ബുദ്ധി നീ പറയരുത്‌, അമ്മേ! പുത്രനോട്‌ ഒട്ടും പറയരുതേ, ജഡമൂലമായ കാരുണ്യം നീ കാണുക!

അമ്മ പറഞ്ഞു: എനിക്കു നിന്നില്‍ ധാരാളം നന്ദിയുണ്ട്‌; നീ ഇന്ന്‌ ഇത്തരത്തില്‍ കാണപ്പെട്ടപ്പോള്‍. ഈ ചോദ്യം നീ ചോദിച്ചില്ലേ! നിന്നെ ഞാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു. നീ സൈന്ധവന്മാരെ ഒക്കെ കൊന്നു വന്നാല്‍ ഞാന്‍ നിന്നെ ഏറെ മാനിക്കാം. ആദ്യം നഷ്ടപ്പെട്ടവനായ നീ ജയിക്കുമെന്നാണു ഞാന്‍ കാണുന്നത്.

മകന്‍ പറഞ്ഞു: ഭണ്ഡാരവും സഹായികളുമില്ലാത്ത എനിക്ക്‌ എങ്ങനെ ജയമുണ്ടാകുമെന്നാണ്‌ അമ്മ വിചാരിക്കുന്നത്‌. ഇത്രയും ഉഗ്രമായ ഒരു അവസ്ഥാന്തരം എനിക്കു പറ്റിയതറിഞ്ഞാല്‍ എന്നെ പണം കൊണ്ടും സൈന്യം കൊണ്ടും സഹായിക്കുവാന്‍ ആരുണ്ടാകും? പാപിക്കു സ്വര്‍ഗ്ഗത്തിലെന്ന പോലെ എനിക്കു രാജ്യത്തില്‍ കൊതി നശിച്ചിരിക്കുകയാണ്‌. ഈ നിലയിലെത്തിയ എനിക്കു കാരൃസാദ്ധൃത്തിന് വല്ല ഉപായവും കാണുന്നുണ്ടെങ്കില്‍ പരിണതപ്രജ്ഞയായ അമ്മയോടു ഞാന്‍ ചോദിക്കുന്നു, വേണ്ട മാര്‍ഗ്ഗം ഉപദേശിച്ചു തന്നാലും. അമ്മ കല്പിക്കുന്ന വിധം ഞാന്‍ ചെയ്തു കൊള്ളാം.

അമ്മ പറഞ്ഞു: ഉണ്ണീ, നീ ആത്മനിന്ദ ചെയ്യാതിരിക്കൂ. മുമ്പുള്ള അസമൃദ്ധിയില്‍ നിന്ന്‌ സമൃദ്ധിയും സമൃദ്ധിയില്‍ നിന്ന്‌ അസമൃദ്ധിയും ഉണ്ടാവുക സാധാരണമാണ്‌. ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ഉണ്ടാവുകയും ഉണ്ടായതു കെട്ടു പോവുകയും ചെയ്യുക ലോകസ്വഭാവമാണ്‌. അതില്‍ അമര്‍ഷം കൊള്ളുന്നത്‌ ബാലിശമാണ്‌. എല്ലാ ക്രിയയ്ക്കും ഉണ്ട്‌ ഫലത്തില്‍ അനിത്യത. ആ അനിതൃതയെ ഗ്രഹിച്ചവര്‍ നേടിയെന്നും വരാം. പ്രയത്നം ചെയ്യുന്നില്ലെങ്കില്‍ നേടുകയില്ലെന്നുള്ളതു തീര്‍ച്ചയാണ്‌. അനീഹയ്ക്കുണ്ട്‌ ഒരു നില; ആ കര്‍മ്മത്തില്‍ ഫലശൂന്യതയാണ്‌. ഈഹയ്ക്കു ഗുണം രണ്ടുണ്ട്‌; അത്‌ ഫലം ഉണ്ടെനും ഇല്ലെന്നുമാണ്‌. എല്ലാ അര്‍ത്ഥങ്ങള്‍ക്കും അനിതൃത മുമ്പേ തന്നെ കണ്ടിരിക്കുന്നവന്‍, വിരുദ്ധ പീഡയും ഐശ്വരൃവും വേര്‍പെടുത്തുന്നതാണ്‌. ഹേ നൃപാത്മജാ! നീ ഉത്സാഹിക്കൂ! ഉണരൂ! വേലയില്‍ ഏര്‍പ്പെടു! ഉണ്ടാകും എന്നു തന്നെ വിചാരിച്ച്‌ എപ്പോഴും വൃഥ കൂടാതെ പരിശ്രമിക്കുക! മംഗളത്തേയും വിപ്രന്മാരേയും ദേവന്മാരേയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രാജഞനായ രാജാവിന് ഉണ്ണീ, തീര്‍ച്ചയായും വൃദ്ധി വേഗത്തില്‍ ഉണ്ടാകും. കിഴക്കു ദിക്കില്‍ അര്‍ക്കന്‍ എന്ന പോലെ അവനില്‍ ശ്രീയും ഉദിച്ചുയരും. ദൃഷ്ടാന്തങ്ങളും ഉപായങ്ങളും വളരെയേറെ പ്രോത്സാഹനങ്ങളും നാട്ടുകാരുടെ സമ്പ്രദായങ്ങളും ഞാന്‍ നിനക്കു പറഞ്ഞു തന്നു. ഇനി ഞാന്‍ നിന്റെ പൗരുഷമൊന്നു കാണട്ടെ!

ഇഷ്ടമായ പൗരുഷം കൊണ്ട്‌ നീ അര്‍ത്ഥം സമ്പാദിക്കുവാന്‍ അര്‍ഹനാണ്‌. ക്രുദ്ധരും ലുബ്ധരും പരിക്ഷീണരും ഗര്‍വ്വിഷ്ഠരും നിന്ദിതരും, തിരക്കുള്ളവരും ഇങ്ങനെ പലതരത്തിൽ ഉള്ളവരായ ജനങ്ങളെ നീ മനസ്സു വെച്ചു ധരിക്കണം. ഈ വഴിക്കു വലിയ ഒരു കൂട്ടം ജനങ്ങളെ, മേഘങ്ങളെ മഹാവേഗമൊക്കുന്ന കാറ്റു പോലെ നീ ഏൽക്കേണ്ടി വരും. അവര്‍ക്ക്‌ ആദ്യം നല്കുക.

കാലേ ഉണര്‍ന്നെഴുന്നേല്‍ക്കുകയും, പ്രിയം പറയുന്നവനാവുകയും ചെയ്യുക. എന്നാൽ നീ അവരുടെ പ്രിയനായി ഭവിക്കും. അവര്‍ നിന്നെ മുമ്പില്‍ നിര്‍ത്തുകയും ചെയ്യും. ജീവന്‍ കളഞ്ഞിട്ടും ശത്രു ഏൽക്കുമെന്ന്‌ അറിയുമ്പോള്‍ ഗൃഹത്തില്‍ വാഴുന്ന സര്‍പ്പത്തെയെന്ന പോലെ അവനില്‍ പേടിയുണ്ടാകും. വിക്രാന്തനായി കണ്ട അവനെ പാട്ടിലാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസാരിപ്പിച്ച്‌ അടക്കുന്നതായാല്‍ അതു മതി. സംസാരിച്ച്‌ ആസ്പദം സ്വീകരിച്ചു കഴിഞ്ഞാല്‍ ധനാഭിവൃദ്ധിയുണ്ടാകും. ധനവാനെ സ്നേഹിതന്മാര്‍ ഭജിക്കുകയും ആശ്രയിക്കുകയും ചെയ്യും. അര്‍ത്ഥ ഭ്രംശത്തില്‍ അവരും ബന്ധുവര്‍ഗ്ഗവും തൃജിക്കും. അത്തരം ഗതികേടിലെത്തിയാല്‍ അവനെ ബന്ധുക്കള്‍ വിശ്വസിക്കയില്ല. വെറുക്കുകയും ചെയ്യും. വൈരിയെ തുണയാക്കി വിശ്വാസം പൂണ്ടിരിക്കുന്ന പുരുഷന്‍ രാജ്യം നേടുകയെന്നുള്ളത്‌ ഒരിക്കലും ഉണ്ടാകാത്ത കാര്യമാണ്‌.

136. വിദുളാപുത്രാനുശാസനം - അമ്മ പറഞ്ഞു; എന്താപത്തു വന്നാലും രാജാവ്‌ ഭയപ്പെടുവാന്‍ പാടില്ല. നടുങ്ങിയാലും നടുങ്ങാത്ത മട്ടില്‍ ധീരനായി തന്നെ നിൽക്കണം. നടുങ്ങി അമ്പരന്ന പോലെ നിൽക്കരുത്‌. നടുങ്ങി നിൽക്കുന്ന രാജാവിനെ കണ്ടാല്‍ എല്ലാവരും നടുങ്ങിപ്പോകും. എല്ലാം തകരാറാവുകയും ചെയ്യും. സൈന്യങ്ങളും നാടും മന്ത്രിമാരും ബുദ്ധിയുമൊക്കെ ഭിന്നിക്കും. ചിലര്‍ ശത്രുവിന്റെ ഭാഗത്തു ചേരും. ചിലര്‍ രാജാവിനെ വിട്ടു പോകുകയും ചെയ്യും. ആദ്യം അടിച്ചു താഴ്ത്തപ്പെട്ട ചില ശത്രുക്കള്‍ തലപൊക്കി രാജാവിനെ പ്രഹരിക്കുവാന്‍ നോക്കും. ഇഷ്ടന്മാര്‍ മാത്രം അവനെ വിട്ടു പോയില്ലെന്നു വരാം. കെട്ടിയിട്ട കുട്ടിയുടെ സമീപത്തു നിന്നു വിട്ടു പോകാത്ത പശുവിനെ പോലെ ശക്തി കെട്ടിട്ടും, സ്വസ്തിയോര്‍ത്ത്‌ അവര്‍ നിൽക്കും. ബന്ധുക്കള്‍ മരിച്ചാലെന്ന പോലെ വിലപിക്കുമ്പോള്‍ കൂടെ അവരും വിലപിക്കും. മുമ്പേ പൂജിതരായാലും, പിമ്പേ ഇഷ്ടപ്പെട്ടിരിക്കുക യാണെങ്കിലും അത്തരക്കാരുടെ നില ഇതാണ്‌. ഈ നിലയിലെത്തിയാല്‍ രാജവ്യസന കാംക്ഷികളായ ജനങ്ങള്‍ രാജ്യത്തില്‍ ആശ വെച്ചു പരിശ്രമം തുടരും. അതു കൊണ്ട്‌ നീ നടുങ്ങുകയോ ഉഴലുകയോ ചെയ്യരുത്‌. നിന്നെ, സുഹൃജ്ജനം വിട്ടു പോയേക്കും. നിന്നില്‍ പ്രഭാവവും, ബുദ്ധിവീര്യവും, ഇവ കാണുന്നതിനായി, തേജസ്സുയര്‍ന്നു കാണുവാനായി ഞാന്‍ നിന്നെ ആശ്വസിപ്പിക്കുന്നതിന് ഇപ്രകാരം പറഞ്ഞതാണ്‌. നീ ഇത്‌ ഉള്ളില്‍ ധരിച്ചെങ്കില്‍, എന്റെ വാക്യം യോഗ്യമായി തോന്നുന്നുണ്ടെങ്കില്‍, എന്നെ സൗമൃസ്ഥിതിക്കാക്കി ജയിക്കുവാന്‍ ഹേ സഞ്ജയാ! നീ എഴുന്നേൽക്കുക! നമുക്കു ധാരാളം ധനമുണ്ട്‌. നിനക്ക്‌ അറിവുമുണ്ട്‌. അതു നല്കുവാന്‍ അറിയുകയില്ല. പല മാതിരി ഇഷ്ടന്മാര്‍ നിനക്കുണ്ട്‌. അവര്‍ സുഖദുഃഖങ്ങള്‍ താങ്ങുന്നവരും പോരില്‍ പിന്‍തിരിയാത്തവരുമാണ്‌. ഐശ്വര്യം ചിന്തിക്കുന്ന പുരുഷന് അപ്രകാരമുള്ള മന്ത്രിമാര്‍ ഇഷ്ടസിദ്ധിക്ക്‌ ഉദ്ദേശിക്കുന്ന സമയത്ത്‌ സഹായിക്കണം. ഇപ്രകാരം ചിത്രാര്‍ത്ഥ വര്‍ണ്ണപദ പൂര്‍ണ്ണമായ വാക്കുകള്‍ വിദുള പറഞ്ഞപ്പോള്‍ അല്പചേതസ്സായ പുത്രന്റെ തമസ്സൊക്കെ അകന്നു പോയി.

മകന്‍ പറഞ്ഞു: ജലത്തോടു കൂടിയ ഭൂമണ്ഡലം തന്നെ ഞാന്‍ താങ്ങും! കുണ്ടില്‍ ചാടി മരിക്കാം! അതിനൊന്നും എനിക്കു മടിയില്ല. ഭൂതി കാണിക്കുന്ന അവിടുന്ന്‌ എനിക്കു; വഴി കാണിക്കുക യാണെങ്കില്‍ അമ്മ അരുളുന്ന വാക്ക്‌ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ഇപ്രകാരം പറഞ്ഞു മിണ്ടുവാന്‍ ശക്തനാകാതെ ഒട്ടു നേരം നിശ്ശബ്ദമായി നിന്ന്‌ കൃച്ഛ്റലബ്ധമായ ബന്ധുസൂക്തം സുധ പാനം ചെയ്യുന്ന പോലെ അനുഭവിച്ചു മതി വരാതെ വീണ്ടും അവന്‍ പറഞ്ഞു: ഞാന്‍ ഇതാ ശത്രുനാശത്തിനും ജയത്തിനുമായി ഉദൃമിക്കുന്നു!

കുന്തി പറഞ്ഞു: പ്രേരിപ്പിക്കപ്പെട്ട അശ്വത്തെ പോലെ വാക്കുകളാകുന്ന ശരം ഏറ്റ്‌ ഉണര്‍ന്നവനായ അവന്‍ അമ്മ കല്പിച്ച മാതിരിയൊക്കെ ചെയ്തു. തേജോവര്‍ദ്ധനമായ ഈ ഘോരമായ പ്രോത്സാഹനം ശത്രുവിനാല്‍ തോൽപിക്കപ്പെട്ട രാജാവിനെ മന്ത്രി കേള്‍പ്പിക്കണം. ജയം എന്നു പേരുള്ള ഈ ചരിതം ജയിക്കുവാന്‍ ഉദ്ദേശിച്ച്‌ ഉത്സാഹിക്കുന്നവന്‍ കേള്‍ക്കേണ്ടതാണ്‌. എന്നാൽ ഉടനെ ഭൂമി ജയിക്കുകയും ശത്രുവര്‍ഗ്ഗത്തെ മര്‍ദ്ദിക്കുകയും ചെയ്യും. ഇത്‌ ഗര്‍ഭിണികളായ സ്ത്രീകള്‍, പുംസവനാന്തരം വീരപുരുഷന്മാരെ കാംക്ഷിക്കുന്നവര്‍ ശ്രദ്ധയോടെ കേള്‍ക്കേണ്ടതാണ്‌. എന്നാൽ അവര്‍ തീര്‍ച്ചയായും വീരനായ പുത്രനെ പ്രസവിക്കും. വിദ്യാശൂരന്‍, തപഃശൂരന്‍, ദാനശൂരന്‍, തപോനിധി, ബ്രഹ്മതേജസ്സുയര്‍ന്നവന്‍, സാധു സംവാദസമ്മതന്‍. അര്‍ച്ചിസ്സുള്ളവന്‍, ബലമുള്ളവന്‍, മഹാഭാഗന്‍, മഹാരഥന്‍, ധൃതിയുള്ളവന്‍, അപ്രധൃഷ്യന്‍, ജയിക്കുന്നവന്‍, തോൽക്കാത്തവന്‍, ദുഷ്ടന്മാരെ അമര്‍ക്കുന്നവന്‍, ധര്‍മ്മിഷ്ഠന്മാര്‍ക്കു രക്ഷകന്‍, സത്യവീരന്‍ ഇങ്ങനെയുള്ള മഹാനായ പുത്രനെ ഈ കഥ കേട്ടു കൊണ്ടിരിക്കുന്ന സ്ത്രീ പ്രസവിക്കും.

137. കുന്തീവാക്യം - പാണ്ഡവന്മാര്‍ക്കുള്ള കുന്തീസന്ദേശം - കുന്തി പറഞ്ഞു: കൃഷ്ണാ, നീ അര്‍ജ്ജുനനോടു ഞാന്‍ പറഞ്ഞതായി പറയണം, നിന്നെ പ്രസവിച്ച ദിവസം ആശ്രമത്തില്‍ സ്ത്രീകള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്ന സമയത്ത്‌, ആകാശത്തില്‍ നിന്ന്‌ ദിവ്യമായ ഒരു വാക്ക്‌ ഭംഗിയായി കേള്‍ക്കുകയുണ്ടായി. കുന്തി, നിന്റെ ഈ പുത്രന്‍ ഇന്ദ്രതുല്യനായി തീരും. ഇവന്‍ പോരിന് വരുന്ന സകല കുരുക്കളേയും വെല്ലുന്നതാണ്‌. ഭീമസേനന്റെ സഹായത്തോടു കൂടി ലോകം മുഴുവന്‍ ഇളക്കും. ഇവന്‍ പാരിടം മുഴുവന്‍ ജയിക്കും; ഇവന്റെ കീര്‍ത്തി സുരലോകത്തും എത്തുന്നതാണ്‌. വാസുദേവന്റെ സഹായത്തോടു കൂടി കൗരവന്മാരെ ഒക്കെ ജയിച്ച്‌ നശിച്ചു പോയ പൈതൃകാംശം വീണ്ടും നേടിയെടുക്കും. ശ്രീമാനായ ഇവന്‍ ഭ്രാതാക്കന്മാരോടു കൂടി മൂന്ന്‌ അശ്വമേധം നടത്തും. ആ സത്യസന്ധനും ബലശാലിയും ദുരാസദനും ബീഭത്സുവുമായ ജിഷ്ണു ഏതു നിലയിൽ ഉള്ളവനാണെന്ന്‌ ഹേ, അച്യുതാ! നീ അറിയുന്നുണ്ടല്ലോ. ആ ആകാശ ഭാഷിതം അപ്രകാരം തന്നെ സംഭവിക്കട്ടെ! ഹേ, വാര്‍ഷ്ണേയാ, കുലനന്ദനാ! ധര്‍മ്മമുണ്ടെങ്കില്‍ അതു സത്യമായി തീരും. നിശ്ചയമാണ്‌. അപ്രകാരം നീ എല്ലാം സാധിപ്പിക്കും. ആ പറഞ്ഞ വാക്കിനെ ഞാന്‍ കുറ്റം പറയുകയല്ല. ആ മഹാധര്‍മ്മത്തെ ഞാന്‍ തൊഴുന്നു. ധര്‍മ്മം ലോകരെ താങ്ങുന്നു, ഇത്‌ അര്‍ജ്ജുനനോടു പറയണം.;

വ്യകോദരന്‍ നിത്യോദ്യുക്തനാണ്‌. അവനോടും പറയണം ക്ഷത്രിയസ്ത്രീ പ്രസവിക്കുന്നത്‌ എന്തിനാണെന്ന്‌. അതിന്റെ കാലം ഇപ്പോള്‍ ആയി എന്നും പറയുക. വൈരത്തില്‍ അകപ്പെട്ട പുരുഷര്‍ഷഭന്മാര്‍ കേഴുകയില്ല. ഭീമ മതിയായ അവന് എല്ലാം അറിയാം. അടങ്ങുന്നവനല്ല. അവന്‍ ശത്രുക്കളെ മുടിച്ചേ അടങ്ങുകയുള്ളൂ.;

സര്‍വ്വധര്‍മ്മത്തിന്റെയും സാരം അറിഞ്ഞവളും മാന്യയും പാണ്ഡു രാജാവിന്റെ സ്നുഷയും കല്യാണിയും കീര്‍ത്തിമതിയുമായ കൃഷ്ണയോടും ഹേ കൃഷ്ണാ! നീ പറയുക. മഹാഭാഗേ, കുലിനേ, കീര്‍ത്തിശാലിനീ, നീ എന്റെ മക്കളിലൊക്കെ തുല്യമായി സ്നേഹത്തോടെ വര്‍ത്തിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ക്ഷത്രധര്‍മ്മസ്ഥരായ മാദ്രീ പുത്രന്മാരോടും ഭവാന്‍ പറയുക. ജീവനേക്കാള്‍ നിങ്ങള്‍ വിക്രമം കൊണ്ടു വെന്ന സഖ്യത്തെ കൊതിക്കുവിന്‍! വിക്രമാര്‍ജ്ജിതമായ വസ്തുക്കള്‍ ക്ഷത്രധര്‍മ്മസ്ഥനായ മനുഷ്യന് ഏറ്റവും മനഃസ്സുഖം നല്കും! സര്‍വ്വധര്‍മ്മ സമൃദ്ധരായ നിങ്ങള്‍ കണ്ടു നിൽക്കയല്ലേ പരുഷവാക്കുകള്‍ കൃഷ്ണയോട്‌ അവര്‍ പറഞ്ഞത്‌? അത്‌ ആര്‍ക്ക്‌ സഹിക്കുവാന്‍ കഴിയും?

രാജ്യഹരണം ദുഃഖമല്ല. ചൂതില്‍ തോല്‍വി പറ്റി എന്നുള്ളതിലും ദുഃഖമില്ല. മക്കള്‍ കാട്ടില്‍ പോയതിലും എനിക്കു ദുഃഖമില്ല. ബൃഹതീശ്യാമയായ ദ്രൗപദി സഭയില്‍ കേണു കൊണ്ട്‌ പരുഷോക്തികള്‍ കേട്ടു നിൽക്കേണ്ടി വന്നില്ലേ? അതിലാണ്‌ എനിക്ക്‌ ഏറ്റവും വലിയ ദുഃഖം. തീണ്ടാരി ആയിരിക്കെ ആ സുന്ദരാംഗി, ക്ഷത്രധര്‍മ്മസ്ഥയായ പാര്‍ഷതി, സനാഥയായ അവള്‍, നാഥനില്ലാത്ത മട്ടില്‍ നിന്ന്‌ വിലപിച്ചു! മഹാബാഹോ, സര്‍വ്വശസ്ത്രധരന്മാരില്‍ മുഖ്യനായി ശൂരനായിരിക്കുന്ന അര്‍ജ്ജുനനോടു ഞാന്‍ പറഞ്ഞതായി പറയുക: പാഞ്ചാലിയുടെ മാര്‍ഗ്ഗത്തെ അവലംബിക്കൂ! എന്ന്. കൃഷ്ണാ, ഭവാന്‍ അറിയുകയില്ലേ കോപം പൂണ്ടവരും, കാലാന്തകോപമമരുമായ ഭീമാര്‍ജ്ജുനന്മാരുടെ വിക്രമം അവര്‍ ഇടഞ്ഞു വന്നാല്‍ വാനോര്‍ക്കു പോലും അന്തമായ ഗതി നല്കും!

പാഞ്ചാലി സഭ കേറിയ കാര്യം അവര്‍ക്ക് അറിവുള്ളതാണ്‌. ദുശ്ശാസനന്‍ ഭീമനോട്‌ കടുത്ത വാക്കുകള്‍ പറഞ്ഞതും അറിവുള്ളതാണ്‌. കുരുവീരന്മാര്‍ കാണേ പറഞ്ഞ ആ വാക്കുകളെ ഞാന്‍ ഇപ്പോള്‍ ഒന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌. കൃഷ്ണാ! ഭവാന്‍ പാഞ്ചാലിയോടൊപ്പം പാര്‍ത്ഥന്മാരോടു കുശലം പറയുക. അവരോട് എല്ലാവരോടും എന്റെ കുശലം ഒന്നു കൂടി പറയുക. വഴിക്കു ഭവാന് സുഖമുണ്ടാകട്ടെ! നീ എന്റെ മക്കളെ വേണ്ട വിധം കാത്തുകൊണ്ടാലും.

വൈശമ്പായനൻ പറഞ്ഞു: അഭിവാദ്യം ചെയ്ത്‌ കുന്തിയെ വലം വെച്ച്‌ മഹാബാഹുവും സിംഹവിക്രമനുമായ കേശവന്‍ ഇറങ്ങി. പിന്നെ ഭീഷ്മമുഖ്യരായ കുരുക്കളെ പറഞ്ഞു വിട്ടു. കര്‍ണ്ണനെ തേരില്‍ കയറ്റി സാത്യകിയോടു കൂടി പോന്നു. ദാശാര്‍ഹന്‍ പോയതിന് ശേഷം കൗരവന്മാര്‍ തമ്മില്‍ ഒന്നിച്ചു ചേര്‍ന്ന്‌ കേശവനില്‍ കണ്ടതായ, അത്ഭുതാശ്ചര്യങ്ങളെ കുറിച്ചു സംസാരിച്ചു. ഭൂമിയൊക്കെ മോഹിച്ചു പോയെന്നും. എല്ലാം മൃത്യു പാശത്തില്‍ പെട്ടു പോയെന്നും, ദുര്യോധനന്റെ മൗഢ്യം മൂലം സകലതും നശിച്ചു പോയെന്നും, എല്ലാം അസ്തമിച്ചുവെന്നും അവര്‍ പറഞ്ഞു. പിന്നെ ആ പുരുഷോത്തമന്‍ പുരം വിട്ട് ഇറങ്ങി കര്‍ണ്ണനോടു കൂടി വളരെ നേരം സംസാരിച്ചു. രാധേയനെ വിട്ടയച്ചതിന് ശേഷം വളരെ വേഗത്തില്‍ കുതിരകളെ ഓടിച്ചു. വ്യോമം വിഴുങ്ങുന്ന വിധം ദാരുകന്‍ വാജികളെ വിട്ടു. മനോമാരുത വേഗത്തില്‍ ആ കുതിരകള്‍ കുതിച്ചു പാഞ്ഞു. പറക്കുന്ന പരുന്തിനെ പോലെ അശ്വങ്ങള്‍ ഒട്ടേറെ വഴി പോന്ന്‌, ശാര്‍ഗ്ങിയേയും വഹിച്ച്‌, ഉപപ്ലാവ്യത്തിലേക്കു പോയി.

138. ഭീഷ്മദ്രോണവാക്യം - ഭീഷ്മനും ദ്രോണനും ദുര്യോധനനെ ഗുണദോഷിക്കുന്നു - വൈശമ്പായനൻ പറഞ്ഞു: കുന്തി പറഞ്ഞതു കേട്ട്‌ ഭിഷ്മദ്രോണന്മാര്‍ അനുസരണമില്ലാത്ത ദുര്യോധനനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു;

ഹേ, മഹാവ്യാഘ്രാ, കുന്തി കൃഷ്ണന്റെ അടുത്തു പൊരുള്‍ ചേര്‍ന്ന മുഖ്യധര്‍മ്മം, ഉഗ്രമായ വാകൃത്തില്‍ പറഞ്ഞത്‌ നീ അറിഞ്ഞുവോ? കൃഷ്ണന്റെ സമ്മതത്തോടു കൂടി അതു കൗന്തേയന്മാര്‍ ചെയ്യും. അവര്‍ രാജ്യം കിട്ടാതെ അല്പം പോലും അടങ്ങുവാന്‍ പോകുന്നില്ല. നീ കുഴക്കിയവരായ പാണ്ഡവന്മാര്‍ ധര്‍മ്മത്താല്‍ ബദ്ധരായതു കൊണ്ടാണ്‌ കൃഷ്ണയെ സഭയില്‍ കയറ്റിയതു കണ്ടപ്പോഴും നിന്റെ നേരെ പൊറുത്തത്‌. കൃതാസ്ത്രനായ അര്‍ജ്ജുനനേയും തീര്‍പ്പുണ്ടാക്കുവാന്‍ സമര്‍ത്ഥനായ ഭീമസേനനേയും ഗാണ്ഡീവമെന്ന വില്ലും അപ്രകാരമുള്ള ആവനാഴിയും തേരും ധ്വജവും ബലവീര്യവാന്മാരായ മാദ്രീപുത്രന്മാരേയും സഹായിയായി കൃഷ്ണനേയും നേടിയ യുധിഷ്ഠിരന്‍ അടങ്ങുകയില്ല.

ഹേ, മഹാബാഹോ! ധീമാനായ അര്‍ജ്ജുനന്‍ മുമ്പെ വിരാടപുരിയില്‍ വെച്ചു നമ്മെ എല്ലാവരേയും ജയിച്ചതു നീ കണ്ടതല്ലേ? പോരില്‍ ക്രൗര്യമുള്ള ദൈത്യന്മാരേയും നിവാത കവച സംഘത്തേയും രൗദ്രമായ അസ്ത്രമെടുത്ത്‌ നരകേതനനായ അര്‍ജ്ജുനന്‍ ചുട്ടുകളഞ്ഞില്ലേ? ഈ കര്‍ണ്ണാദ്യന്മാരേയും ചട്ടയിട്ട തേരിലിരുന്ന നിന്നേയും ഘോഷയാത്രയില്‍ ഗന്ധര്‍വ്വന്മാരുടെ കയ്യില്‍ നിന്നു വിടുര്‍ത്തതും പോരേ നിദര്‍ശനം? ഭ്രാതാക്കളായ പാണ്ഡവരുമായി ശമമാണ്‌ നിനക്കു നല്ലത്‌. മരണത്തിന്റെ വായില്‍ പെട്ടു പോയ ലോകത്തെ നീ രക്ഷിക്കുക. ജ്യേഷ്ഠഭ്രാതാവും ധര്‍മ്മിഷ്ഠനും മൃദുഭാഷിയും കവിവത്സലനുമായ ആ നരവ്യാഘ്രനെ നീ പോയി നിശ്ശങ്കം കാണുക. വില്ലു വെച്ച്‌, ശാന്തമായായി ശ്രീമാനായ ഭവാന്‍ പോയി കാണുകയാണെങ്കില്‍ ഈ കുലത്തിന് രക്ഷയായി; ശാന്തിയായി. അമാതൃരോടു കൂടി ആ രാജപുത്രനെ ചെന്നു പുല്കുക. രാജാവിനെ പ്രായത്തിന് അനുസരിച്ച്‌ യഥാക്രമം കുമ്പിടുകയും ചെയ്യുക. അഭിവാദ്യം ചെയ്ത നിന്നെ ഭീമപൂര്‍വ്വജനായ യുധിഷ്ഠിരന്‍, കുന്തീപുത്രന്മാരില്‍ ജ്യേഷ്ഠന്‍ സൗഹാര്‍ദ്ദത്താല്‍ സ്വീകരിക്കുമാറാകട്ടെ! നീണ്ടുരുണ്ട കയ്യുള്ളവനും. സിംഹസ്കന്ധനും, മഹാഭുജനും, യോധാഗ്രണിയുമായ ഭീമന്‍ നിന്നെ കൈകളാല്‍ പുല്കുമാറാകട്ടെ!

കംബുകണ്ഠനും കമലലോചനനും ഗുഡാകേശനും ആയ ധനഞ്ജയന്‍ നിന്നെ നമസ്കരിക്കു മാറാകട്ടെ.

വീരന്മാരായ ആശ്വനേയന്മാര്‍, ലോകത്തിലേക്ക്‌ അതുല്യസുന്ദരന്മാര്‍, ഗുരുവിനെ പോലെ നിന്നെ പൂജിച്ചു സ്വീകരിക്കുമാറാകട്ടെ! ദാശാര്‍ഹാദികളായ രാജാക്കന്മാര്‍ ഇതൊക്കെ കണ്ട്‌ ആനന്ദാശ്രു പൊഴിക്കുമാറാകട്ടെ! മാനം വെടിഞ്ഞ്‌ ഭ്രാതാക്കന്മാരുമായി ചേരു! പിന്നെ ഭ്രാതാക്കളോടു കൂടി രാജ്യം മുഴുവന്‍ കാത്തുകൊള്ളുക. രാജാവേ, യുദ്ധം വേണ്ടാ സുഹൃജ്ജനങ്ങള്‍ തടുത്തു പറയുന്ന നല്ലവാക്ക്‌ നീ കേള്‍ക്കുക! യുദ്ധത്തില്‍ സര്‍വ്വക്ഷത്രിയരും നശിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ഗ്രഹങ്ങളൊക്കെ പിഴച്ചു നിൽക്കുന്നതായി കാണുന്നു. നിമിത്തം മോശം! മൃഗപക്ഷികളൊക്കെ ഉഗ്രങ്ങളായി കാണുന്നു. ക്ഷത്രനാശത്തിന് പറ്റിയ സകല ദുര്‍ന്നിമിത്തങ്ങളും കാണുന്നുണ്ട്‌. കൊള്ളിമീന്‍ എരിഞ്ഞു വീഴുന്നു. നിന്റെ സൈന്യങ്ങള്‍ ബാധയേൽക്കുന്നുണ്ട്‌. വാഹനങ്ങള്‍ (ആനകളും കുതിരകളും ) സന്തോഷിക്കുന്നില്ല. അവ അകാരണമായി വൃസനിച്ചു കരയുന്നു. കഴുകന്മാര്‍ നിന്റെ സൈനൃത്തിന്റെ മുകളിലായി ചുറ്റിപ്പറക്കുന്നു. നഗരവും രാജധാനിയും മുമ്പത്തെ പോലെ ശോഭിക്കുന്നില്ല; മ്ലാനമായി കാണുന്നു. ജ്വലിക്കുന്ന ദിക്കില്‍ നിന്നു കുറുക്കന്‍ ഓരിയിടുന്നു. നന്മ ചിന്തിക്കുന്ന അച്ഛനും അമ്മയും ഞങ്ങളും പറയുന്ന വാക്കുകള്‍ നീ കേള്‍ക്കുക. മഹാബാഹോ, ശമവും യുദ്ധവും ഇവ രണ്ടും നിന്റെ ഇഷ്ടത്തിലാണു നില്‍ക്കുന്നത്‌. ഹേ. ശത്രു കര്‍ശനാ! കൂറുള്ളവര്‍ പറയുന്ന വാക്ക്‌ നീ കേള്‍ക്കുന്നില്ലെങ്കില്‍ പാര്‍ത്ഥബാണങ്ങളാല്‍ ആര്‍ത്തരായ സൈനൃത്തെ കാണുമ്പോള്‍ നീ ദുഃഖത്തിന് പാത്രമാകും. പോരില്‍ ശക്തനായ ഭീമസേനന്‍ ഘോരമായി ആർക്കുന്ന ഘോഷവും, ഗാണ്ഡീവത്തിന്റെ നാദവും കേട്ടാല്‍ അപ്പോള്‍ എന്റെ മൊഴി ഭവാന്‍ ഓര്‍ക്കും. ഞാന്‍ പറയുന്ന ഈ വാക്ക്‌ നിനക്കു പ്രിയം നല്കുന്നില്ലെങ്കിലും ഇതു സത്യമായി വരുമ്പോള്‍ നീ ഓര്‍ക്കാതിരിക്കയില്ല.;

139. ഭീഷ്മദ്രോണവാക്യം - വൈശമ്പായനൻ പറഞ്ഞു: ഭീഷ്മദ്രോണന്മാര്‍ ഇപ്രകാരം പറഞ്ഞതു കേട്ടു ദുര്യോധനന്റെ മനസ്സു ക്ഷീണിച്ചു. അവന്‍ മുഖം താഴ്ത്തി ദൃഷ്ടി ചെരിച്ചു പുരികം ചുളിച്ച്‌ ഒന്നും മിണ്ടാതെ നിന്നു. ബുദ്ധിക്ഷയം ബാധിച്ച അവനെ ആ നരപുംഗവന്മാര്‍ പരസ്പരം നോക്കി വീണ്ടും പറയുവാന്‍ തുടങ്ങി.

ഭീഷ്മൻ പറഞ്ഞു: എന്നെ ശുശ്രൂഷിക്കുന്നവനും, എന്നില്‍ ഈര്‍ഷ്യയില്ലാത്തവനും ബ്രഹ്മണ്യനും, സത്യവാദിയും ആയ പാര്‍ത്ഥനെ ഞാന്‍ ചെന്ന്‌ എതിര്‍ത്തു കൊള്ളാം. ഇതില്പരം ഒരു ദുഃഖം എനിക്കെന്തുണ്ട്‌?

ദ്രോണൻ പറഞ്ഞു; എന്റെ ഉണ്ണിയായ അശ്വത്ഥാമാവിനേക്കാള്‍ എന്നില്‍ കൂടുതല്‍ ബഹുമാനവും, വണക്കവും കപികേതനനായ അര്‍ജ്ജുനനില്‍ ഉണ്ട്‌. പുത്രനേക്കാള്‍ പ്രിയപ്പെട്ട ആ പാര്‍ത്ഥനോടു ക്ഷത്രധര്‍മ്മം എടുത്ത ഞാന്‍ ഏറ്റ്‌ എതിര്‍ത്തു കൊള്ളാം! ഈ ക്ഷത്രജീവിതം നിന്ദ്യം തന്നെ! അവന് കിടനിൽക്കുന്ന വില്ലാളികളാരും ഇന്നില്ല. എന്റെ പ്രസാദത്താല്‍ മറ്റു ധനുര്‍ദ്ധരന്മാരില്‍ വെച്ചു ശ്രേഷ്ഠനാണ്‌ അര്‍ജ്ജുനന്‍. മിത്രദ്രോഹിയായ ശഠന്‍, ദുഷ്ടനും നാസ്തികനും നേരുകെട്ടവനുമാണ്‌. യജഞ്ത്തില്‍ മൂര്‍ഖനെ പോലെ അവന്‍ സജ്ജനങ്ങളുടെ പൂജ എൽക്കുകയില്ല. പാപശീലന്മാര്‍ എത്ര തടുത്താലും പാപം മാത്രമേ ചെയ്യുവാൻ ഒരുങ്ങുകയുള്ളു. ശുഭാത്മാക്കാള്‍ എപ്പോഴും ശുഭം തന്നെ ചെയ്യും. പാപന്മാര്‍ എത്ര പ്രേരിപ്പിച്ചാലും അവര്‍ അശുഭം ചെയ്യുകയില്ല. മിഥ്യോപചാരങ്ങള്‍ അവരോടു ചെയ്താലും അവര്‍ പ്രിയത്തോടു കൂടിയേ പാര്‍ക്കുകയുള്ളു. ഹേ, ഭരതര്‍ഷഭാ! അഹിതങ്ങള്‍ നിനക്കു ദോഷമാണ്‌. കുരുവൃദ്ധനായ ഭീഷ്മനും, വിദുരനും ഞാനും നിന്നോടു പറഞ്ഞു; വാസുദേവനും വേണ്ടതൊക്കെ ഉപദേശിച്ചു; എന്നിട്ടും നീ നന്മയെ സ്വീകരിക്കുന്നില്ല. തനിക്കു ബലമുണ്ട്‌ എന്നു വിചാരിച്ചു വര്‍ഷകാലത്ത്‌ മുതലകളും മകരങ്ങളും ചേര്‍ന്ന ഘോരമായ ഗംഗയെ പോലെ കുതിച്ചു കയറുന്നു! അന്യന്റെ വസ്ത്രം കൊണ്ട്‌ ഉടുക്കുവാന്‍ നോക്കുന്നവനെ പോലെയാണ്‌ നിന്റെ പുറപ്പാട്‌. തൃക്തമായ മാല്യം എടുത്തു നിൽക്കുന്നവനെ പോലെയാണു നീ യുധിഷ്ഠിരന്റെ ശ്രീ നേടി നിൽക്കുന്നത്‌. ആയുധങ്ങൾ എടുത്ത അനുജന്മാരും കൃഷ്ണനും ചേര്‍ന്ന പാര്‍ത്ഥനെ ജയിക്കുവാന്‍, കാട്ടില്‍ വാഴുന്നവനാണ്‌ അവനെങ്കിലും, നാടുവാണരുളുന്ന ഏതു രാജാവിന് കഴിയും? ആരുടെ ആജ്ഞയ്ക്കു കീഴില്‍ രാജാക്കന്മാര്‍ പോലും കിങ്കരന്മാരയി നിൽക്കുന്നുവോ. ആ വിത്തേശന്റെ മുമ്പിലും യുധിഷ്ഠിരന്‍ ആദരണീയനായി ശോഭിക്കുന്നു! കുബേര ഭവനത്തില്‍ ചെന്നു രത്നങ്ങള്‍ നേടി പുഷ്ടിപ്പെടുത്തിയ രാജ്യത്തെ പാണ്ഡവന്മാര്‍ ഇച്ഛിക്കുന്നു. ദാനം, ഹോമം, അദ്ധൃയനം എന്നിവ അനുഷ്ഠിച്ചു വിപ്രന്മാര്‍ക്കു വിത്തവും നല്കി. ഞങ്ങള്‍ക്ക് ആണെങ്കില്‍ ധാരാളം പ്രായവുമായി; ആയുസ്സും അവസാനിക്കാറായി. ഞങ്ങള്‍ ഈ യുദ്ധത്തില്‍ മരിച്ചാലും കൃതകൃത്യരാകും. നിന്റെ കഥയോ? ഒന്നു ചിന്തിച്ചു നോക്കു! സുഖവും, രാജ്യവും, ഇഷ്ടന്മാരും. സകലധനങ്ങളും വെടിഞ്ഞു പാണ്ഡവന്മാരോടു പടവെട്ടി സങ്കടപ്പെടുവാനല്ലേ പോകുന്നത്‌?

തപോഘോരവ്രതം അനുഷ്ഠിച്ച സതൃവാദിനിയായ പാര്‍ഷതി അവന് ജയം ആശിക്കുമ്പോള്‍ പാര്‍ത്ഥനെ എങ്ങനെ ജയിക്കുവാന്‍ കഴിയും? മന്ത്രിയായി കൃഷ്ണനുള്ളപ്പോള്‍, സര്‍വ്വശസ്ത്രജ്ഞനായ അര്‍ജ്ജുനന്‍ തുണയുള്ളപ്പോള്‍, പാര്‍ത്ഥനെ എങ്ങനെ വെല്ലുവാന്‍ കഴിയും? ജിത്തേന്ദ്രിയന്മാരും ധൃതിമാന്മാരും ആയ വിപ്രന്മാര്‍ സഹായിക്കുമ്പോള്‍ തപസ്വികളായ ആ വീരപാര്‍ത്ഥന്മാരെ എങ്ങനെ നീ ജയിക്കും? ഞാന്‍ വീണ്ടും പറയുന്നു, ഭൂതി ഇച്ഛിക്കുന്ന സുഹൃജ്ജനം, ദുഃഖാബ്ധിയില്‍ തങ്ങളുടെ സുഹൃത്ത്‌ താഴ്ന്നു പോകുമ്പോള്‍ എന്താണു ചെയ്യുക? രക്ഷിക്കയല്ലേ! അതു കൊണ്ടു ഞാന്‍ പറയുകയാണ്‌ നീ അടങ്ങു സുയോധനാ! ആ വീരന്മാരുമായി നീ പോരിന് പോകേണ്ട. ഞാനാണു പറയുന്നത്‌. നീ കുരുക്കളുടെ വൃദ്ധിക്കു വേണ്ടി അടങ്ങുക! പുത്രന്മാരോടും, അമാത്യന്മാരോടും, സൈന്യങ്ങളോടും കൂടി നീ തോറ്റ്‌ അമ്പേണ്ടാ.

140.ശ്രീകൃഷ്ണവാക്യം - കര്‍ണ്ണനെ കൃഷ്ണന്‍ പ്രബോധിപ്പിക്കുന്നു - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, സഞ്ജയാ! രാജപുത്രന്മാരാല്‍ ചുറ്റപ്പെട്ട വാസുദേവന്‍ കര്‍ണ്ണനെ വിളിച്ചു തേരില്‍ കയറ്റി പോവുകയുണ്ടായല്ലോ. അമേയനായ ആ അരിസുദനന്‍ രാധേയനോട്‌ എന്താണു പറഞ്ഞത്‌? ആ സൂതപുത്രനോട്‌ എന്തൊക്ക സാന്ത്വമാണു പറഞ്ഞത്‌? കാളമേഘസ്വനനായ കൃഷ്ണന്‍ കര്‍ണ്ണനോടു പറഞ്ഞതു മൃദുവായിട്ടോ തീക്ഷ്ണമായിട്ടോ? എന്താണെന്ന് എന്നോടു പറഞ്ഞാലും!

സഞ്ജയന്‍ പറഞ്ഞു: ക്രമത്തില്‍ തീക്ഷ്ണമായും പിന്നെ മൃദുവായുമാണ്‌ സംസാരിച്ചത്‌. പ്രിയമായും, സതൃധര്‍മ്മാനുസൃതമായും, ഹിതമായും. സ്വീകാര്യമായും, ഉള്ള വാക്കുകള്‍ ആ; അമേയ ശക്തിയായ ഗോവിന്ദന്‍ കര്‍ണ്ണനോടു പറഞ്ഞു. എന്തൊക്കെയാണ്‌ പറഞ്ഞതെന്നു ഞാന്‍ പറയാം; ഭവാന്‍ കേട്ടാലും!

വാസുദേവന്‍ പറഞ്ഞു: ഹേ, രാധേയാ! നീ വേദപാരഗന്മാരായ വിപ്രന്മാരെ ഉപാസിച്ചു. അസൂയ വിട്ട നിയമിയായ നീ തത്വാര്‍ത്ഥങ്ങളൊക്കെ കേട്ടിട്ടുണ്ടല്ലോ. എടോ കര്‍ണ്ണാ, നീ വേദവാദങ്ങളൊക്കെ മുമ്പേ തന്നെ ഗ്രഹിച്ചിട്ടുള്ളവനാണ്‌. നീ സൂക്ഷ്മമായ ധര്‍മ്മശാസ്ത്രത്തില്‍ അറിവുള്ളവനും ആണ്‌. കന്യകയില്‍ ജനിച്ചവര്‍ രണ്ടു തരക്കാരുണ്ട്‌. ഒന്നു കാനീനന്‍; രണ്ടു സഹോഡന്‍. വിവാഹകാലത്തു ഗര്‍ഭിണിയായിരുന്നവളുടെ പുത്രനാണ്‌ സഹോഡന്‍. ഇവരുടെയൊക്കെ അച്ഛനായി കരുതേണ്ടത്‌ ആമാതാവിനെ വേട്ട പുരുഷനെയാണ്‌. ഇങ്ങനെയാണ്‌ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്‌. കര്‍ണ്ണാ, നീ അങ്ങനെയുള്ള ഒരുത്തനാണ്‌. ധര്‍മ്മാനുസരണം ചിന്തിക്കുമ്പോള്‍ പാണ്ഡുവിന്റെ പുത്രനാണ്‌. ധര്‍മ്മശാസ്ത്രാശയ പ്രകാരം നീ എന്റെ കൂടെ പോരൂ! നീ രാജാവാകും. നിന്റെ അച്ഛന്റെ പങ്കിലാണ്‌ പാര്‍ത്ഥമ്മാര്‍. അമ്മയുടെ പങ്കിലാണ്‌ വൃഷ്ണികള്‍. ഹേ പുരുഷര്‍ഷഭാ, ഈ രണ്ടു പങ്കും നീ മനസ്സില്‍ കണ്ടു ചിന്തിച്ച്‌ അറിയുക. എന്നോടു കൂടി അവിടെ ചെന്നെത്തുന്ന നിന്നെ, യുധിഷ്ഠിരന്റെ അഗ്രജനായ കൗന്തേയനാണെന്നു പാണ്ഡവന്മാര്‍ ഉടനെ അറിയട്ടെ! നിന്റെ പാദം ഭ്രാതാക്കന്മാരായ അഞ്ചു പാണ്ഡവന്മാരും പിടിക്കും. പാഞ്ചാലി പുത്രന്മാര്‍ അഞ്ചു പേരും, അപരാജിതനായ അഭിമന്യുവും പിടിക്കും. പാണ്ഡവന്മാര്‍ക്കു വേണ്ടി യുദ്ധത്തിന് വന്നു ചേര്‍ന്നിട്ടുള്ള സകല രാജാക്കന്മാരും അവരുടെ പുത്രന്മാരും നിന്റെ പാദത്തില്‍ കുമ്പിടും. നിന്റെ പാദം സകല വൃഷ്ണ്യന്ധക ജനങ്ങളും പിടിക്കും. അങ്ങയുടെ അഭിഷേകത്തിനായി പൊന്‍കുടവും, വെള്ളിക്കുടവും, മണ്‍കുടവും, മരുന്നുകളും, സർവ്വബീജങ്ങളും, ചെടികളും, രത്നങ്ങള്‍ മുതലായവയുമൊക്കെ രാജാക്കന്മാരും കന്യകമാരും ഏറ്റട്ടെ! ആറാമത്തെ ഊഴത്തില്‍ പാഞ്ചാലി ഭവാനോടും ചേരുന്നതാണ്‌. നിനക്ക്‌ അഗ്ന്യാഹുതി ധൌമൃമുനി കഴിക്കട്ടെ! നാലു വേദങ്ങളും അറിയുന്ന ദ്വിജന്മാര്‍ ഭവാനെ അഭിഷേചിക്കട്ടെ! ബ്രഹ്മകര്‍മ്മത്തില്‍ നിൽക്കുന്നവരായ പാണ്ഡവന്മാരുടെ പുരോഹിതനും, പുരുഷശ്രേഷ്ഠരും, അഞ്ചു സഹോദരന്മാരായ പാണ്ഡവന്മാരും, പാഞ്ചാലീ പുത്രന്മാരായ അഞ്ചുപേരും, പാഞ്ചാലന്മാരും ചേദികളും, ഞാനും ഹേ രാജാവേ, ഭവാനെ രാജാവായി അഭിഷേചനം ചെയ്യും. ഭവാന്റെ യൗവരാജ്യം ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ ഏൽക്കട്ടെ! വെണ്‍ചാമരം എടുത്തു ധര്‍മ്മിഷ്ഠനും, സംശിത വ്രതനുമായ യുധിഷ്ഠിരന്‍ ഭവാന്റെ തേരില്‍ പിന്നില്‍ കയറി നിന്നു വീശട്ടെ! മഹാബലനായ ഭീമസേനന്‍ വെണ്‍കൊറ്റക്കുട എടുത്ത്‌ അഭിഷേക കര്‍മ്മം കഴിഞ്ഞ ഭവാന്റെ ശിരസ്സിന് പരിയായി ചൂടി നിൽക്കും! കിങ്ങിണി നിര ശബ്ദിക്കുന്നതും, പുലിത്തോലു പൊതിഞ്ഞതും, ശ്വേതാശ്വങ്ങള്‍ കെട്ടിയതുമായ തേര്‍ ധനഞ്ജയന്‍ നടത്തും. അഭിമന്യു ഭവാന്റെ സമീപത്ത്‌ എപ്പോഴും പെരുമാറും. സഹദേവനും, നകുലനും പാഞ്ചാലിപുത്രന്മാര്‍ അഞ്ചുപേരും, പാഞ്ചാലന്മാരും മഹാരഥനായ ശിഖണ്ഡിയും, ഈ ഞാനും ഭവാനെ പിന്തുടരും. എല്ലാ വൃഷ്ണ്യന്ധകന്മാരും ഭവാനെ പിന്തുടരുന്നതാണ്‌. ദാശാര്‍ഹരും, ദശാര്‍ണ്ണരും ഭവാന്റെ ഭടന്മാരാകും. മഹാബാഹോ! ഭവാന്‍ ഭ്രാതാക്കളായ പാണ്ഡവന്മാരോടു കൂടി രാജ്യം വാണാലും! ജപഹോമങ്ങളും നാനാമംഗളങ്ങളും ചേര്‍ന്നു ഭവാന്റെ അകമ്പടി സേവിക്കട്ടെ! ദ്രാവിഡന്മാരും, കുന്തളന്മാരും, അന്ധതാലചരന്മാരും, ചൂചുപന്മാരും, രേണുപന്മാരും ഭവാന് അകമ്പടി നിൽക്കട്ടെ! ഭവാനെ പല വിധത്തില്‍ സൂതമാഗധന്മാര്‍ സ്തുതിക്കട്ടെ! സുഷേണന്റെ വിജയം പാണ്ഡവന്മാര്‍ ഘോഷിക്കട്ടെ! നക്ഷത്രങ്ങളോടു കൂടിയ ചന്ദ്രനെ പോലെ പാണ്ഡവന്മാരോടു കൂടി ഭവന്‍ രാജ്യത്തെ രക്ഷിക്കുക. കുന്തിക്കും പ്രീതിയുണ്ടാകട്ടെ! ഇന്നു ഭ്രാതാക്കളായ പാണ്ഡവരോടു കൂടി ചേര്‍ന്നു ഭവാന്റെ സൗഭ്രാത്രം വിജയിക്കട്ടെ.

141. കര്‍ണ്ണന്‍ കൃഷ്ണനോടു പറയുന്ന മറുപടി - കര്‍ണ്ണന്‍ പറഞ്ഞു: ഹേ, വാര്‍ഷ്ണേയാ! ഭവാന്‍ തീര്‍ച്ചയായും സൗഹൃദത്താലും, സൗഖ്യത്താലും, പ്രണയത്താലും എന്റെ നന്മയിലുള്ള താല്‍പര്യത്താലുമാണ്‌ ഇപ്രകാരം പറഞ്ഞതെന്നു ഞാന്‍ ധരിക്കുന്നു. ഇതൊക്കെ ഞാന്‍ ശരിക്കും അറിഞ്ഞു കൊണ്ടു തന്നെയാണ്‌ പറയുന്നത്‌. ധര്‍മ്മശാസ്ത്രാശയം നോക്കുമ്പോള്‍ ഞാന്‍ ധര്‍മ്മത്താല്‍ പാണ്ഡുപുത്രൻ ആണെന്നുള്ളതും ഭവാന്‍ അറിയുന്ന പ്രകാരം തന്നെ ഞാന്‍ അറിയുന്നുണ്ട്‌.

എന്നെ കന്യക ഗര്‍ഭം ധരിച്ചത്‌ അര്‍ക്കനില്‍ നിന്നാണെനും ആ അര്‍ക്കന്റെ വാക്കു പ്രകാരം എന്നെ പ്രസവിച്ച ഉടനെ മാതാവ്‌ ഉപേക്ഷിച്ചു എന്ന കഥയും ഞാന്‍ അറിയുന്നുണ്ട്‌.

ഹേ, കൃഷ്ണാ! ഞാന്‍ അങ്ങനെ ഉണ്ടായവനാണ്‌. ധര്‍മ്മത്താല്‍ ഞാന്‍ പാണ്ഡുപുത്രനാണ്‌. കുന്തി എന്നെ കുശലം കുടാതെ കൈവെടിയുകയാണല്ലോ ചെയ്തത്‌. എന്നെ അതിരഥന്‍ എന്ന സൂതന്‍ കണ്ടെടുത്തു ഗൃഹത്തില്‍ കൊണ്ടു പോയി സൗഹൃദത്താല്‍ രാധയ്ക്കു നല്കി. എന്നില്‍ സ്നേഹം മൂലം രാധയുടെ മുല ഉടനെ ചുരന്നു പോലും! അവള്‍ എന്റെ മലമൂത്രങ്ങള്‍ എടുത്തു. അവള്‍ എന്നെ അങ്ങനെ കഷ്ടപ്പെട്ടു വളര്‍ത്തി. അവള്‍ക്ക്‌ പിണ്ഡം നല്കാതെ ധര്‍മ്മശാസ്ത്രജ്ഞനും, ധര്‍മ്മശാസ്ത്രം കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നവനുമായ എന്നെ പോലെയുള്ളവന്‍ ഇരിക്കുമോ? സൂതനായ അതിരഥന്‍ എന്നെ പുതനായി കാണുന്നു. അവനെ ഞാന്‍ സൗഹൃദത്താല്‍ അച്ഛനായും കരുതുന്നു. മാധവാ, അവന്‍ എന്റെ ജാതകര്‍മ്മാദികളൊക്കെ പുത്രപ്രീതിയോടു കൂടി, ശാസ്ത്രവിധി അനുസരിച്ച്‌ ചെയ്യിച്ചു. വിപ്രന്മാരെ വരുത്തി വസുഷേണന്‍ എന്ന് എനിക്കു പേരും ഇട്ടു. അവനോട്‌ ഇണങ്ങി ജീവിച്ചു. വിവാഹം ചെയ്തു ഭാര്യമാരെ നേടി. എനിക്കു പുത്രപൗത്രന്മാരും ഉണ്ടായി. അവരില്‍ കാമബന്ധത്തോടൊത്ത്‌ എന്നില്‍ ഉണ്ടായ ആ സൗഹുദം ഭൂമി മുഴുവന്‍ കൊണ്ടും വളരെ പൊന്നിന്‍കുന്നുകള്‍ കൊണ്ടും ഹര്‍ഷഭയ ദ്വേഷാദികള്‍ കൊണ്ടും ഞാന്‍ പാഴാക്കി കളയുകയില്ല. ഹരേ, ഞാന്‍ ദുര്യോധനനെ ആശ്രയിച്ചു ധൃതരാഷ്ട്ര ഗൃഹത്തില്‍ പതിമ്മൂന്നു സംവത്സരം നിഷ്കണ്ടകമായി രാജ്യം ഭുജിച്ചു. സൂതന്മാരോടു ചേര്‍ന്ന്‌ കുലധര്‍മ്മം അനുസരിച്ചു വിവാഹാദികള്‍ നടത്തിച്ചു. ദുര്യോധനന്‍ എന്നെ അവലംബിച്ച്‌ ശസ്ത്രസമുദൃമങ്ങള്‍ ചെയ്തു; പാണ്ഡുപുത്രന്മാരുമായി വൈരവും നേടി. അത്‌ ദ്വൈരഥത്തില്‍ സവ്യസാചിയുമായി എതിര്‍ക്കുന്നതിന് വേണ്ടിയാണ്‌. എതിരാളിയായി അവന്‍ എന്നെയാണ്‌ വരിച്ചത്‌. വധം, ബന്ധം, ഭയം, ലോഭം എന്നിവയാല്‍ ധീമാനായ ധാര്‍ത്തരാഷ്ട്രന് ഞാന്‍ നേരുകേടു ചെയ്യുന്നതല്ല. സവ്യസാചിയോടു ഞാന്‍ ദ്വൈരഥം ചെയ്യുന്നതല്ലെങ്കില്‍ ഹൃഷീകേശാ, എനിക്ക്‌ അകീര്‍ത്തിയാണ് ഉണ്ടാവുക. ആ അകീര്‍ത്തി എനിക്കും പാര്‍ത്ഥനും സമമാണു താനും.

ഹേ, മധുസുദനാ! ഭവാന്‍ തീര്‍ച്ചയായും എന്റെ ഹിതത്തിനാണു പറഞ്ഞതെന്ന് എനിക്കറിയാം. ഭവാന്റെ പാട്ടിലാണ്‌ പാണ്ഡവന്മാര്‍. അതു കൊണ്ടു ഭവാന്‍ പറഞ്ഞാല്‍ അതു പോലെയൊക്കെ അവര്‍ ചെയ്യുമെന്നുള്ളതില്‍ സംശയമില്ല. ഈ രഹസ്യമന്ത്രം ഭവാന്‍ മറച്ചു വെക്കണം. ആരോടും പറയരുത്‌. അതാണു നല്ലത്‌ എന്നു ഞാന്‍ വിചാരിക്കുന്നു. കുന്തിയുടെ പ്രഥമ പുത്രനാണു ഞാന്‍ എന്നു യുധിഷ്ഠിരന്‍ അറിയരുത്‌. ആരും അറിയരുത്. അറിഞ്ഞു കഴിഞ്ഞാല്‍ ജിതേന്ദ്രിയനായ ആ ധര്‍മ്മരാജാവ്‌ രാജ്യം കയ്യേല്‍ക്കുകയില്ല. മഹത്തായ ഈ രാജ്യം പിന്നെ എനിക്കു കിട്ടിയാല്‍ അതു ഞാന്‍ ദുര്യോധനന് നല്കുന്നതാണ്‌. ധര്‍മ്മാത്മാവായ യുധിഷ്ഠിരന്‍ എല്ലാ കാലത്തേക്കും രാജാവായി തന്നെ ഭവിക്കട്ടെ! ഏതൊരു രാജാവിന് ഹൃഷീകേശന്‍ നേതാവാകുന്നുവോ, പാര്‍ത്ഥന്‍ യോദ്ധാവാകുന്നുവോ, ഭീമസേനന്‍ രഥിയാകുന്നുവോ, രാഷ്ട്രവും ഭൂമിയുമൊക്കെ ആ രാജാവിനുള്ളതാണ്‌. സഹദേവനും നകുലനും ദ്രൗപദേയന്മാരും ധൃഷ്ടദ്യുമ്നനും സാത്യകിയും യുധാമന്യുവും ഉത്തമൗജസ്സും പാര്‍ഷതനും ആര്‍ക്ക്‌ സഹായികളായി നിൽക്കുന്നുവോ, ആ രാജാവിനുള്ളതാണ്‌ രാഷ്ട്രവും ഭൂമിയുമെല്ലാം. രഥികളായ യുധാമന്യുവും ഉത്തമൗജസ്സും പാര്‍ഷതനായ സത്യധര്‍മ്മനും ചേകിതാനനും ചൈദ്യനും ശിഖണ്ഡിയും ഇന്ദ്രഗോപാഭരായ കേകയ ഭ്രാതാക്കളും ഇന്ദ്രായുധാഭനും ഭീമസേനന്റെ അമ്മാവനുമായ കുന്തീഭോജനും സേനജിത്തും ശംഖനും ഇങ്ങനെ വളരെയധികം ക്ഷത്രിയ പ്രഭുക്കന്മാരെ വരുത്തിയിട്ടുണ്ടല്ലേ. രാജാക്കന്മാരില്‍ ഏറ്റവും പ്രസിദ്ധന്മാരും പ്രശസ്തമായ രാജ്യവും നിങ്ങള്‍ക്ക്‌ ഒത്തു ചേര്‍ന്നിരിക്കുന്നു. ധാര്‍ത്തരാഷ്ട്രന് ഇവിടെ വെച്ചു ശസ്ത്രയജ്ഞം നടക്കുവാന്‍ പോകുന്നു. ഈ യജ്ഞത്തെപ്പറ്റി പൂര്‍ണ്ണമായി അറിയുന്നവനാണല്ലോ ഭവാന്‍. അങ്ങെയാണല്ലോ കൃഷ്ണാ ഈ യജ്ഞത്തില്‍ അദ്ധ്വരം ചെയ്യുവാന്‍ പോകുന്നത്‌. ഹോതാവ്‌ ബീഭത്സുവാണ്‌. കപികേതനന്‍ അതിന് സന്നദ്ധനായി നിൽക്കുന്നു. സ്രുക്ക്‌ ഗാണ്ഡിവമാണ്‌. ആജ്യം പുമാന്മാരുടെ വീര്യമാണ്‌. സവൃസാചി പ്രയുക്തമായ ഐന്ദ്രം, പാശുപതം, ബ്രാഹ്മം, സ്തൂണാകര്‍ണ്ണം എന്നിവ മന്ത്രങ്ങളായി ഭവിക്കും. അച്ഛനെ പിന്‍തുടരുന്നവനും വിക്രമത്തില്‍ അച്ഛനെ അതിശയിക്കുന്നവനുമായ സൗഭദ്രന്‍, ഗീതം ഭംഗിയായി സ്തോത്രം ചെയ്യും. ആനപ്പട മുടിച്ച്‌ ആര്‍ക്കുന്ന മഹാബലനായ ഭീമന്‍ ഇവിടെ ഉല്‍ഗാതാവും പ്രസ്തോതാവുമാണ്‌. ധര്‍മ്മശീലനായ യുധിഷ്ഠിര രാജാവ്‌ ഇതില്‍ എന്നും ജപഹോമങ്ങളോടു കൂടിയ ബ്രഹ്മനായി സ്ഥിതി ചെയ്യും. ശംഖനാദങ്ങള്‍, മുരജഭേരീ നാദങ്ങള്‍, ഉല്‍കൃഷ്ടമായ സിംഹനാദം ഇവ ആഹ്വാനങ്ങളാകും. മഹാവീര്യവാന്മാരായ മാദ്രീപുത്രന്മാര്‍ നല്ല പോലെ ശാമിത്രം ചെയ്യും (ബലിമൃഗങ്ങളെ അറക്കും) ചിത്രദ്ധ്വജങ്ങളോടു കൂടി വിളങ്ങുന്ന രഥ പംക്തികള്‍ ഈ യജ്ഞത്തിലെ യൂപങ്ങളായി നിൽക്കും. കര്‍ണ്ണി, നാളീകം, നാരാചം, വത്സദന്തം ഇവ തവികളാകും. തോമരം സോമപാത്രങ്ങളാകും. ധനുസ്സുകള്‍ പവിത്രങ്ങളാകും. വാളുകള്‍ കലാപങ്ങളും ശിരസ്സുകള്‍ പുരോഡാശങ്ങളുമാകും. ആ യജ്ഞത്തില്‍ ഹേ, കൃഷ്ണാ, രക്തം ഹവിസ്സായും ഭവിക്കും. വേല്‌, ഗദ എന്നിവ ഇദ്ധ്മങ്ങളായ പരിധികളാകും. ദ്രോണശിഷ്യന്മാരും കൃപശിഷ്യന്മാരും സദസ്യരാകും. ഗാണ്ഡീവിയും ദ്രോണ ദ്രൗണിമാരും മറ്റു രഥികളും പ്രയോഗിക്കുന്ന ബാണങ്ങള്‍ പരിസ്തോമങ്ങളാകും. പ്രതിപ്രാസ്ഥാനികമായ കര്‍മ്മം ഇവിടെ സാതൃകി ചെയ്യും. ഇവിടെ ധാര്‍ത്തരാഷ്ട്രനാണ്‌ ദീക്ഷിതന്‍. അവന്റെ ഭാര്യയാകുന്നതു സൈന്യമാണ്‌. മഹാബലനായ ഘടോല്‍ക്കചന്‍ ചെയ്യുന്ന കുശാമിത്രമാണ്‌ യജ്ഞകര്‍മ്മം നടത്തുമ്പോള്‍ അതിര്‌. ഈ യജ്ഞത്തിലെ ദക്ഷിണയാകുന്നത്‌ വൈതാനകര്‍മ്മത്തില്‍ അഗ്നിയില്‍ നിന്നുയരുന്ന പ്രതാപവാനായ ധൃഷ്ടദ്യുമ്നനാണ്‌.

ഹേ കൃഷ്ണാ, ഞാന്‍ പാണ്ഡവരോടു കടുത്ത വാക്കുകള്‍ പറഞ്ഞു. അത്‌ ധാര്‍ത്തരാഷ്ട്രന്റെ സേവയ്ക്കു വേണ്ടി പറഞ്ഞതാണ്‌. അത്‌ ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സു തപിക്കുന്നു. ഞാന്‍ അത്യധികം ഖേദിക്കുന്നു.

കൃഷ്ണാ, എന്നെ അര്‍ജ്ജുനന്‍ കൊന്നതായി എപ്പോള്‍ ഭവാന്‍ കാണുന്നുവോ, അപ്പോള്‍ ഈ യജഞത്തിന് പുനഃശ്ചയനമായി. ആര്‍ക്കുന്ന ദുശ്ശാസനന്റെ രക്തം പാണ്ഡവന്‍ എപ്പോള്‍ കുടിച്ച്‌ ആർക്കുന്നുവോ, അപ്പോള്‍ അതു സൂയവും ആകും. ദ്രോണനേയും ഭീഷ്മനേയും എപ്പോള്‍ പാഞ്ചാല്യര്‍ വീഴ്ത്തുന്നുവോ, അപ്പോള്‍ യജ്ഞാവസാനവുമായി എന്നു വിചാരിക്കാം. മഹാബലനായ ഭീമന്‍ എപ്പോള്‍ ദുര്യോധനനെ വീഴ്ത്തുന്നുവോ, അപ്പോള്‍ മാധവാ! ധാര്‍ത്തരാഷ്ട്രന്റെ യജ്ഞവും അവസാനിക്കും. ധാര്‍ത്തരാഷ്ട്ര സ്നുഷകളും പ്രസ്നുഷകളും ഒപ്പം പതിപുത്രന്മാര്‍ മരിച്ച്‌ അനാഥ മട്ടില്‍ കേഴും ജനാര്‍ദ്ദനാ! ഗാന്ധാരിയോടു കൂടി അവര്‍ കഴുക്കളുടേയും കുറുനരികളുടേയും കുരരങ്ങളുടേയും മദ്ധ്യത്തില്‍ ഇരുന്നു വിലപിക്കും. അത്‌ യജ്ഞത്തിന്റെ അവഭൃതവുമായി തീരും. വയോവിദ്യാ വൃദ്ധന്മാരായ ക്ഷത്രിയന്മാര്‍ ഹേ കേശവാ, ഭവാന്‍ മൂലം മരണമേൽക്കാതിരിക്കണം എന്ന്‌ ഞാന്‍ ഭവാനോടു പറയുന്നു.

ശസ്ത്രമേറ്റു മരിക്കുകയാണെങ്കില്‍ അങ്ങനെയാകട്ടെ! വര്‍ദ്ധിച്ച ഈ ക്ഷത്രിയ മണ്ഡലം മൂന്നു ലോകത്തിലും പുണ്യമായ കുരുക്ഷേത്രത്തില്‍ വെച്ച്‌ അവസാനിക്കട്ടെ! അങ്ങനെയായാല്‍ ഹേ, പുണ്ഡരീകാക്ഷാ, ഭവാന്റെ അഭീഷ്ടം നിറവേറുമല്ലോ. വാര്‍ഷ്ണേയാ, ക്ഷത്രിയന്മാരൊക്കെ സ്വര്‍ഗ്ഗം കയറുമാറാകട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു. കുന്നും, പുഴകളും പാരില്‍ നിൽക്കുന്ന കാലത്തോളം കീര്‍ത്തി കൊണ്ടുള്ള ആ പേരു നിതൃമായി നിലനിൽക്കും! ബ്രാഹ്മണര്‍ മഹാഭാരത യുദ്ധത്തിന്റെ കഥ ഭൂമിയില്‍ എന്നെന്നും പ്രകിര്‍ത്തിക്കും. എതിര്‍ പോര്‍ ചെയ്ത ക്ഷത്രിയന്മാര്‍ക്ക്‌ യശോധനം അര്‍ഹിക്കുന്നതാണ്‌ ഈ കഥ. കേശവാ, കൗന്തേയനെ രണത്തിനായി ഭവാന്‍ എന്റെ സമീപത്തെത്തിക്കുക. നമ്മുടെ മന്ത്രം പുറത്തു വിടരുത്. ആ ചരിത്രം ഗോപ്യമായി തന്നെ ഇരിക്കട്ടെ.

142. ഭഗവദ്വാക്യം - സഞ്ജയന്‍ പറഞ്ഞു: കര്‍ണ്ണന്റെ വാക്കു കേട്ടു ശത്രുനാശനനായ കേശവന്‍ കുലുങ്ങിച്ചിരിച്ചു. പിന്നെ മന്ദസ്മിതത്തോടെ ഇപ്രകാരം പറഞ്ഞു.

ഭഗവാന്‍ പറഞ്ഞു: രാജ്യ സംപ്രാപ്തിക്കു വേണ്ട കൗശലങ്ങള്‍ ഞാന്‍ പറഞ്ഞു തന്നിട്ടും അതു നീ സ്വീകരിക്കുകയില്ലെന്നോ? ഞാന്‍ തരുന്ന ഭൂമി രക്ഷിക്കുവാന്‍ നീ ഇച്ഛിക്കുന്നില്ലെന്നോ? യുദ്ധത്തിലേര്‍പ്പെട്ടാല്‍ പാണ്ഡവന്മാര്‍ക്കു ജയം തീര്‍ച്ചയാണ്‌. അതില്‍ എനിക്കു യാതൊരു സംശയവുമില്ല. ഉയര്‍ന്നു നില്‍ക്കുന്ന ഉഗ്രമായ വാനര ചിഹ്നത്തോടു കൂടിയ ജയധ്വജം പാണ്ഡവനുണ്ട്‌. അത്‌ വിശ്വകര്‍മ്മാവു സൃഷ്ടിച്ചിടുള്ളതാണ്‌. ശക്രന്റെ കൊടിയോടു തുല്യമായിട്ടുള്ളതുമാണ്‌. ദിവ്യവും ഭയങ്കരവുമായ ഭൂതങ്ങള്‍ ആ കൊടിയില്‍ അധിവസിക്കുന്നു. അതു ശൈലങ്ങളിലോ വൃക്ഷങ്ങളിലോ തടയാത്തതുമാണ്‌. മേലോട്ടും വിലങ്ങനേയും യോജനമാത്ര രൂപത്തില്‍ ഉയര്‍ന്നു പാവക കാന്തി ചിന്തി ധനഞ്ജയന്റെ ആ ധ്വജം ശോഭിക്കുന്നു.

ഹേ കര്‍ണ്ണാ, എപ്പോള്‍ സാരഥിയായ കൃഷ്ണനോടു ചേര്‍ന്ന ശ്വേതാശ്വന്‍, അഗ്നി വായുക്കള്‍ ഉണ്ടാക്കും വിധം ഐന്ദ്രാസ്ത്രം വിടുന്നുവോ ഇടി വെട്ടുന്ന ശബ്ദം പോലെ ഗാണ്ഡീവധ്വനി മുഴക്കുന്നുവോ അപ്പോള്‍ കാലത്തിന്റെ കഥയൊക്കെ കഴിഞ്ഞതു തന്നെ! പിന്നെ കൃതയുമില്ല, ത്രേതയുമില്ല, ദ്വാപരയുമില്ല!

കുന്തീപുത്രനായ. യുധിഷ്ഠിരന്‍, തപോധനങ്ങളോടു കൂടിയ ധര്‍മ്മരാജാവ്‌, ജപഹോമനിരതനായ പാണ്ഡവന്‍, യുദ്ധത്തില്‍ സൂര്യനെ പോലെ ദുര്‍ദ്ധര്‍ഷനായി സ്വന്തം സൈന്യത്തെ ഭരിച്ചു ശത്രുസൈന്യത്തെ തപിപ്പിക്കുന്നതായി എപ്പോള്‍ കാണുന്നുവോ, അപ്പോള്‍ തീര്‍ന്നു കാലങ്ങളൊക്കെ. പിന്നെ കൃതയുമില്ല, ത്രേതയുമില്ല, ദ്വാപരയുമില്ല.

എപ്പോള്‍ ദുശ്ശാസനന്റെ രുധിരം കുടിച്ച്‌ ആര്‍ത്തു തുള്ളി മത്തഗജേന്ദ്രനെ പോലെ എതിര്‍ ഗജത്തെ ജയിച്ച്‌ മഹാബലനായ ഭീമസേനനെ യുദ്ധത്തില്‍ കാണുന്നുവോ. അപ്പോള്‍ കാലത്തിന്റെ കഥ കഴിഞ്ഞതു തന്നെ. പിന്നെ ത്രേതയുമില്ല, കൃതയുമില്ല, ദ്വാപരയുമില്ല!

എപ്പോള്‍ യുദ്ധത്തില്‍ ദ്രോണനേയും ഭീഷ്മനേയും കൃപനേയും ദുര്യോധനനേയും ജയ്രദഥനേയും പോരിന് പാഞ്ഞേൽക്കുമ്പോള്‍ സവ്യസാചി തടുക്കുന്നതായി കാണുന്നുവോ, അപ്പോള്‍ കാലത്തിന്റെ കഥ തീര്‍ന്നതു തന്നെ പിന്നെ കൃതയുമില്ല, ത്രേതയുമില്ല, ദ്വാപരയുമില്ല!

എപ്പോള്‍ യുദ്ധത്തില്‍ മഹാബലരായ മാദ്രീപുത്രന്മാര്‍ ഗജങ്ങളെ പോലെ ധാര്‍ത്തരാഷ്ട്രപ്പടയെ മഥിക്കുന്നതും, ജ്യംഭിക്കുന്ന അസ്തവ്രര്‍ഷം കൊണ്ട്‌ ശത്രുവീരന്മാരെ വെല്ലുന്നതും കാണുന്നുവോ, അപ്പോള്‍ തീര്‍ന്നു കാലത്തിന്റെ കഥയൊക്കെ. പിന്നെ കൃതയുമില്ല, ത്രേതയുമില്ല, ദ്വാപരയുമില്ല!

ഹേ, കര്‍ണ്ണാ, നീ പോയി ഭീഷ്മനോടും, ദ്രോണനോടും, ഗൗതമനോടും പറഞ്ഞേക്കു, ഇതു നല്ല മാസമാണ്‌. വളരെ നെല്ലും, വിറകുമുള്ള കാലമാണ്‌. സര്‍വ്വ സസ്യങ്ങളും വാച്ചു കായ്ച്ചു നിൽക്കുന്നു. ഈച്ചകള്‍ കുറവുള്ള കാലമാണ്‌. ചെളിയൊക്കെ പോയി, കലങ്ങല്‍ നീങ്ങി, വെള്ളം തെളിഞ്ഞു. തണുപ്പും, ചൂടും ഇല്ലാത്ത നല്ല സുഖമുള്ള കാലാവസ്ഥയാണ്‌. ഏഴു ദിവസം കഴിഞ്ഞാല്‍ അമാവാസ്യമായി. അന്നു യുദ്ധത്തിന് ഒരുങ്ങാം. ശക്രനാണ്‌ അന്നത്തെ നാളിന്റെ ദൈവതം. ഇപ്രകാരം യുദ്ധത്തിന് വന്ന രാജാക്കളോടൊക്കെ നീ പറയണം. നിങ്ങള്‍ക്കൊക്കെ എന്താണ്‌ ഇഷ്ടമെങ്കില്‍ അതൊക്കെ ഞാന്‍ സാധിപ്പിച്ചു തരാം. ദുര്യോധനന്റെ പങ്കില്‍ ചേര്‍ന്ന രാജാക്കന്മാരും, രാജപുത്രന്മാരും എല്ലാം ശസ്ത്രം കൊണ്ടു മരിക്കും; മുഖ്യമായ ഗതി നേടുകയും ചെയ്യും.

ഭഗവദ്യാന ഉപ പര്‍വ്വം തുടർന്ന് വായിക്കുക . . . . https://keralam1191.blogspot.com/2022/11/143-196.html


No comments:

Post a Comment