Saturday, 11 June 2022

ശാന്തിപര്‍വ്വം അദ്ധ്യായം 30 വരെ

അദ്ധ്യായം ഒന്ന്. കര്‍ണ്ണാഭിജ്ഞാനം

അദ്ധ്യായം രണ്ട്. കര്‍ണ്ണശാപം

3. കര്‍ണ്ണാസ്ത്രപ്രാപ്തി

4. ദുര്യോധനസ്വയംവരം

5. കര്‍ണ്ണവീര്യകഥനം

6. സ്ത്രീശാപം

7. യുധിഷ്ഠിരപരിദേവനം

8. അര്‍ജ്ജുനവാക്യം

9. യുധിഷ്ഠിരവാക്യം

10. ഭീമവാക്യം

11. അര്‍ജ്ജുനവാക്യം

12. നകുലവാക്യം

13. സഹദേവവാക്യം

14. ദ്രൗപദീവാക്യം

15. അര്‍ജ്ജുനവാക്യം

16. ഭീമവാക്യം

17. യുധിഷ്ഠിരവാക്യം

18. അര്‍ജ്ജുനവാക്യം

19. യുധിഷ്ഠിരവാക്യം

20. ദേവസ്ഥാനവാക്യം

21. ദേവസ്ഥാനവാക്യം

22. അര്‍ജ്ജുനവാക്യം

23. വ്യാസവാകൃം

24. വ്യാസവാക്യം

25. സേനജിത്തിന്റെ ഉപാഖ്യാനം

26. യുധിഷ്ഠിരവാക്യം

27. വ്യാസവാക്യം

28. വ്യാസവാക്യം

29. ഷോഡശരാജോപാഖ്യാനം

30. നാരദപര്‍വ്വതോപാഖ്യാനം

രാജധര്‍മ്മാനുശാസനപര്‍വ്വം

അദ്ധ്യായം ഒന്ന്. കര്‍ണ്ണാഭിജ്ഞാനം - വൈശമ്പായനൻ പറഞ്ഞു: മരിച്ചുപോയ സുഹൃത്തുക്കള്‍ക്കൊക്കെ പാണ്ഡവര്‍ ഉദകക്രിയ ചെയ്തു: ധൃതരാഷ്ട്രനും, വിദുരനും, എല്ലാ ഭാരതസ്ത്രീകളും, പാണ്ഡവന്മാരോടു കൂടി ഉദകക്രിയ നടത്തി. ഒരു മാസം ആശൗചകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പുരം വിട്ട്‌ അവിടെ എല്ലാവരും കൂടി താമസമാക്കി. 

ഉദക്രകിയ ചെയ്യുന്ന ധര്‍മ്മപുത്രരാജാവിനെ കാണുന്നതിന്ന്‌ സിദ്ധന്മാരും, ബ്രഹ്മര്‍ഷികളും, മഹാത്മാക്കളും അവിടെ എത്തി. ദ്വൈപായനന്‍, നാരദന്‍, ദേവലന്‍, ദേവസ്ഥാനന്‍, കബ്ബന്‍ എന്നിവരും, അവരുടെയൊക്കെ ശിഷ്യന്മാരും, മറ്റു വേദജ്ഞാനികളും, കൃതജ്ഞരായ ദ്വിജന്മാരും കുരുമുഖ്യനായ ധര്‍മ്മപുത്രനെ ചെന്നു കണ്ടു. 

അവര്‍ ധര്‍മ്മരാജാവിന്റെ പൂജയേറ്റ്‌ മഹാര്‍ഹമായ പീഠങ്ങളില്‍ ഇരുന്നു. കാലോചിതമായ സല്‍ക്കാരം സ്വീകരിച്ച്‌ യുധിഷ്ഠിരന്നു ചുറ്റും ഉപാസിച്ചു, പുണ്യമായ ഗംഗാതീരത്തില്‍ ശോകവ്യാകുലചിത്തനായി ഇരിക്കുന്ന നൃപനെ വിപ്രന്മാര്‍ ആശ്വസിപ്പിച്ചു. നാരദന്‍, വേദവ്യാസന്‍ മുതലായ മുനിമാരുമായി സംഭാഷണം ചെയ്തതിന്നു ശേഷം ധര്‍മ്മപുത്രനോട്‌ നാരദന്‍ ഇപ്രകാരം പറഞ്ഞു. 

നാരദന്‍ പറഞ്ഞു: ഹേ യുധിഷ്ഠിരാ! കൈയൂക്കു കൊണ്ടും, മാധവന്റെ പ്രസാദം കൊണ്ടും, ധര്‍മ്മംകൊണ്ടും ഭവാന്‍ ഭൂമിയൊക്കെ ജയിച്ചല്ലോ! ഭാഗ്യത്താല്‍ നീ ഈ ലോകഭയങ്കരമായ പോര്‍ വിട്ടു കയറിപ്പോന്നു! ക്ഷത്രധര്‍മ്മത്തില്‍ തല്‍പരനായവന്‍ പിന്നെ ശോകമോഹങ്ങള്‍ക്ക്‌ അധീനനല്ലല്ലോ? ശത്രുക്കളെയൊക്കെ കൊന്ന്‌ ഹതാരിയായ ഭവാന്‍ സുഹൃത്തുക്കളെയൊക്കെ നിന്ദിപ്പിക്കുന്നില്ലേ? ശ്രീനേടിയ അങ്ങയെ ശോകം ബാധിക്കുന്നില്ലല്ലോ?

യുധിഷ്ഠിരന്‍ പറഞ്ഞു: കൃഷ്ണന്റെ പ്രസാദത്താലും, ക്ഷത്രിയന്മാരുടെ ബാഹുബലത്താലും, വിപ്രന്മാരുടെ പ്രസാദത്താലും, ഭീമാര്‍ജജുനന്മാരുടെ ഉഗ്രമായ ശക്തിയാലും ഞാന്‍ ഈ ഭൂമിയൊക്കെ വെന്നു. എന്നാലും എന്റെ ഹൃദയം ശാന്തിയെ പ്രാപിക്കുന്നില്ല. കനത്ത ദുഃഖം എന്നെ പീഡിപ്പിക്കുന്നു. ലോഭം കാരണം ഞാന്‍ ജ്ഞാതിവര്‍ഗ്ഗത്തിനെല്ലാം നാശം വരുത്തിക്കൂട്ടി. സുഭദ്രപുത്രനായ അഭിമന്യുവിനേയും, ദ്രൗപദിയുടെ എല്ലാ പുത്രന്മാരേയും കൊല്ലിച്ചു. ആ ഇഷ്ട സുതന്മാരുടെ നാശത്തില്‍, ഭഗവാനേ, ഈ ജയം എനിക്ക്‌ എങ്ങനെ ജയമാകും? ഈ ജയം എനിക്ക്‌ തോല്‍മയായിട്ടാണ്‌ തോന്നുന്നത്‌. ദ്വാരകാ പുരിയിലിരിക്കുന്ന എന്റെ വധുവായ വാര്‍ഷ്ണേയി, കൃഷ്ണന്‍ അങ്ങ്‌ ചെല്ലുമ്പോള്‍ എന്താണ്‌ പറയുക? മക്കളും, എല്ലാ ബന്ധുക്കളും മരിച്ചുപോയി ദുഃഖിക്കുന്ന പാവം പാര്‍ഷതി എന്റെ പ്രിയവും, ഹിതവും നോക്കുന്ന ആ സാധി! അവളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം നീറുന്നു! ഭഗവാനേ, നാരദാ! വേറെ ഒരു കാര്യം കൂടി ഭവാനോടു പറയാം: മന്ത്രസംവരണം മൂലം എന്റെ അമ്മ കുന്തി എന്റെ ദുഃഖത്തെ വളര്‍ത്തിയിരിക്കുന്നു. ഹാ, കഷ്ടം! ആയിരം ആനയുടെ ബലമുളളവന്‍ ലോകത്തില്‍ ഏറ്റവും ശ്രേഷ്ഠനും, എതിരില്ലാത്തവനുമായ മഹാരഥന്‍ ധീമാന്‍, ഗജേന്ദ്രഗമനന്‍, ഘൃണി, ദാതാവ്‌, യതവ്രതന്‍, ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ ആശ്രയമായവന്‍, മാനി, തീക്ഷ്ണപരാക്രമന്‍, അമര്‍ഷി, നിത്യസംരംഭി, രണത്തില്‍ ഞങ്ങള്‍ക്ക്‌ ആക്ഷേപദന്‍, ശീഘ്രാസ്ത്രന്‍, ചിത്രയോധി, കൃതി, അത്ഭുതിവിക്രമന്‍ ഇങ്ങനെയൊക്കെ സര്‍വ്വ ഗുണങ്ങളും തികഞ്ഞ കര്‍ണ്ണന്‍ കുന്തിക്കു ഗൂഢമായി ഉല്‍പന്നനായ പുത്രന്‍ ആയിരുന്നുപോലും! ഞങ്ങളുടെ ജ്യേഷ്ഠനായിരുന്നു പോലും! ഈ വാസ്തവം ഉദകക്രിയ സന്ദര്‍ഭത്തില്‍ മാത്രമാണ്‌ അമ്മ ഞങ്ങളോടു പറഞ്ഞത്‌. ആ സൂര്യപുത്രനെ പ്രസവിച്ച ഉടനെ പെട്ടിയില്‍വെച്ച്‌ ഗംഗയില്‍ ഒഴുക്കി! ലോകര്‍ അവനെ സൂതപുത്രന്‍,രാധേയന്‍ എന്നൊക്കെ വിചാരിച്ചു. അവന്‍ കുന്തിയുടെ ആദ്യത്തെ പുത്രനും, ഈ ഞങ്ങളുടെ ജ്യേഷ്ഠനുമാണ്‌. വാസ്തവമറിയാതെ ഈ പാപി ജ്യേഷ്ഠനെ കൊല്ലിച്ചു. ഈ വിചാരം എന്നെ ചുട്ടു ചാമ്പലാക്കുന്നു. പഞ്ഞിക്കെട്ടില്‍ തീപിടിച്ച പോലെ ഞാന്‍ നീറുന്നു. അവന്‍ ഭ്രാതാവായിരുന്നുവെന്ന്‌ ശ്വേതാശ്വനായ അര്‍ജ്ജുനന്‍ അറിഞ്ഞിരുന്നില്ല. ഭീമനും, ഞാനും, നകുലസഹദേവന്മാരും അറിഞ്ഞിരുന്നില്ല. അവന്റെ അരികില്‍ അമ്മ ചെന്ന്‌ നീയും എന്റെ പുത്രനാണെന്നു പറഞ്ഞു. ഞങ്ങളുടെ ശമത്തിന്നു വേണ്ടി യാചിച്ചു. മഹാത്മാവായ അദ്ദേഹം അമ്മയുടെ ആഗ്രഹം അനുസരിച്ചില്ല. ഒടുവില്‍ അമ്മയോട്‌ ഇപ്രകാരം പറഞ്ഞുവെന്ന്‌ ഞങ്ങള്‍ കേട്ടു: ദുര്യോധനനെ വിടുവാന്‍ എനിക്കു നിവൃത്തിയില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ അനാര്യനും, കൃതഘ്നനും, നൃശംസനുമാകും. അതുകൊണ്ട്‌ എനിക്ക്‌ അമ്മേ, നീ പറയുന്ന വിധം ധര്‍മ്മപുത്രനുമായി സന്ധിചെയ്യുവാന്‍ പാടില്ല.

പോരില്‍ അര്‍ജ്ജുനനെ ഭയപ്പെട്ട്‌ കര്‍ണ്ണന്‍ പാണ്ഡവരുമായി സന്ധിചെയ്തു എന്ന ഒരു ദുഷ്കീര്‍ത്തിയും എനിക്കുണ്ടാകും. ഞാന്‍ കൃഷ്ണനോടു കൂടിയ അര്‍ജ്ജുനനെ യുദ്ധത്തില്‍ ജയിച്ചതിന്നു ശേഷം ധര്‍മ്മജനുമായി സന്ധിചെയ്യാം എന്നു പറഞ്ഞു. പൃഥൂരസ്സായ അവനോട്‌ അമ്മ വീണ്ടും പറഞ്ഞു: നീ മറ്റ്‌ നാലു പേര്‍ക്കും അഭയം നല്കണം. അര്‍ജ്ജുനനോട്‌ എതിര്‍ത്തുകൊളളുക" എന്നു പറഞ്ഞ്‌ തന്റെ ചാരെ വിറച്ചുനില്ക്കുന്ന അമ്മയോട്‌ അവന്‍ കൈകുൂപ്പിപ്പറഞ്ഞു: എന്റെ പിടിയില്‍ കിട്ടുന്ന അവസരത്തില്‍ ഞാന്‍ ആ നാലുപേരേയും കൊല്ലാതെ വിടാം. അര്‍ജ്ജുനനൊഴികെ മറ്റുള്ള നാലുമക്കളേയും ഞാന്‍ സന്ദര്‍ഭം കിട്ടിയാലും കൊല്ലുകയില്ല. ദേവീ! ഭവതിക്ക്‌ അഞ്ചു മക്കള്‍ എന്നുമുണ്ടാകും! കര്‍ണ്ണന്‍ ചത്താല്‍ അര്‍ജ്ജുനന്‍! അര്‍ജ്ജുനന്‍ ചത്താല്‍ കര്‍ണ്ണന്‍. അപ്പോള്‍ അഞ്ചു മക്കള്‍ക്ക്‌ കുറവുണ്ടാകയില്ല. ഇതു കേട്ട ആ പുത്രനോട്‌ പുത്രവത്സലയായ അമ്മ വീണ്ടും പറഞ്ഞും: സ്വസ്തി ചെയ്യുവാന്‍ കണ്ട അനുജന്മാര്‍ക്കു നീ സ്വസ്തി ചെയ്യണം എന്നു പറഞ്ഞ്‌ അമ്മ പുത്രനോട്‌ യാത്ര പറഞ്ഞ്‌ സ്വഗൃഹത്തിലേക്കു പോന്നു. ആ വീരനായ ജ്യേഷ്ഠനെ അനുജനായ അര്‍ജ്ജുനന്‍ സംഹരിച്ചു. കര്‍ണ്ണനും അമ്മയും ആ സ്വകാര്യസംഭാഷണം പുറത്താക്കിയില്ല. ആ ശൂരനായ വില്ലാളി വീരനെ അര്‍ജ്ജുനന്‍ കൊന്നു. പിന്നീടാണ്‌ ഞാന്‍ അവനെ സോദരനാണെന്നറിഞ്ഞത്‌. കര്‍ണ്ണന്‍ എന്റെ ജ്യേഷ്ഠനാണെന്ന്‌ പിന്നീടാണ്‌ അമ്മ പറഞ്ഞത്‌. അതുകൊണ്ട്‌ ഭ്രാതൃഹന്താവായ ഞാന്‍ വ്യഥയില്‍ ആണ്ടുപോയിരിക്കുന്നു. കര്‍ണ്ണാര്‍ജ്ജുനസഹായമുണ്ടെങ്കില്‍ ഞാന്‍ ഇന്ദ്രനേയും ജയിക്കും. സഭയില്‍ വെച്ച്‌ ദുഷ്ടരായ ധാര്‍ത്തരാഷ്ട്രന്മാര്‍ ആ ക്ലേശമേല്‍പ്പിച്ചപ്പോള്‍ ഉടനെ ഉണ്ടായ ക്രോധം കര്‍ണ്ണനെ കണ്ടാല്‍ അടങ്ങും. ദുര്യോധനഹിതത്തിന്നു വേണ്ടി ചൂതരങ്ങത്തു വെച്ച്‌ അവന്‍ പറഞ്ഞ രൂക്ഷവും കടുത്തതുമായ വാക്കുകള്‍ കേള്‍ക്കിലും അവന്റെ പാദങ്ങള്‍ കാണുമ്പോള്‍ അതൊക്കെ അടങ്ങും. അവന്‍ അമ്മയുടെ പാദങ്ങള്‍ പോലിരിക്കുന്ന അവന്റെ പാദങ്ങള്‍ കാണുന്നു. കുന്തിക്കും അവനും തമ്മില്‍ സാമ്യം തിരഞ്ഞ എനിക്ക്‌ ആ പാദങ്ങള്‍ കണ്ടപ്പോള്‍ സംശയം തീര്‍ന്നു. യുദ്ധത്തില്‍ അവന്റെ രഥചക്രം ഭൂമി ഗ്രസിക്കുവാനുണ്ടായ കാരണം ചിന്തിച്ചിട്ട്‌ ഞാന്‍ കാണുന്നില്ല. എന്റെ ജ്യേഷ്ഠന്‍ ഈ ശാപമേറ്റതെങ്ങനെയെന്ന്‌ അങ്ങ്‌ പറഞ്ഞു തരുമോ? ഭഗവാനേ, തത്ത്വമായി എല്ലാം കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിദ്വാനും സര്‍വ്വജ്ഞനുമായ ഭവാന്‍ ലോകത്തില്‍ കൃതാകൃതങ്ങളെല്ലാം കാണുന്നവനാണല്ലോ. 

അദ്ധ്യായം രണ്ട്. കര്‍ണ്ണശാപം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ധര്‍മ്മപുത്രന്‍ പറഞ്ഞതുകേട്ട്‌ വാഗ്മിപുംഗവനായ നാരദന്‍ സൂതപുത്രന്നുപെട്ട ശാപവൃത്താന്തമൊക്കെയും പറഞ്ഞു. 

നാരദന്‍ പറഞ്ഞു: ഹേ മഹാബാഹോ നീ പറഞ്ഞതു ശരിയാണ്‌. കര്‍ണ്ണാര്‍ജ്ജുനന്മാര്‍ക്ക്‌ ലോകത്തില്‍ സാദ്ധ്യമല്ലാത്തത്‌ ഒന്നും തന്നെയില്ല. ദേവന്മാര്‍ക്കുമാത്രം അറിയാവുന്ന ചില സംഗതികള്‍ ഞാന്‍ നിന്നോടു പറയാം. മുമ്പുണ്ടായതാണ്‌. ശസ്ത്രസംശുദ്ധമായി ക്ഷത്രം സ്വര്‍ഗ്ഗത്തിലെത്തുവാന്‍ വേണ്ടി പരസ്പരസ്പര്‍ദ്ധ ജനിപ്പിക്കുവാന്‍ കന്യാഗര്‍ഭത്തെ സൃഷ്ടിച്ചതാണ്‌. അതുകൊണ്ട്‌ തേജസ്സാര്‍ന്ന ആ ബാലന്‍ സൂതപുത്രനുമായിത്തീര്‍ന്നു. അവന്‍ ദ്രോണാചാര്യനില്‍നിന്ന്‌ ധനൂര്‍വ്വേദം പഠിച്ചു. ഭീമന്റെ ശക്തിയും പാര്‍ത്ഥന്റെ കൈവേഗവും അവന്നുണ്ടായിരുന്നു. ഹേ രാജേന്ദ്രാ, നിന്റെ ബുദ്ധിയും നകുല സഹദേവന്മാരുടെ വിനയവും ചേര്‍ന്നവനായിരുന്ന കര്‍ണ്ണന്‍. അര്‍ജ്ജുനന്ന്‌ ബാല്യത്തില്‍ത്തന്നെ കൃഷ്ണനോടുണ്ടായ സഖ്യവും, പ്രജകളുടെ താല്‍പര്യവും കണ്ട്‌, കര്‍ണ്ണന്ന്‌ അന്തഃസ്താപമുണ്ടായി. തന്മൂലം ബാല്യത്തില്‍ത്തന്നെ അവന്‍ ദുര്യോധനനുമായി സഖ്യത്തിലായി. സ്വഭാവത്താലും ദൈവശക്തിയാലും നിങ്ങളുമായി നിത്യവിദ്വേഷിയായ ദുര്യോധനനുമായി സഖ്യത്തിലേര്‍പ്പെട്ടതില്‍ അത്ഭുതമില്ലല്ലോ. ധനുര്‍വ്വേദത്തില്‍ അര്‍ജ്ജുനന്‍ തന്നേക്കാള്‍ മീതെയായിക്കണ്ടപ്പോള്‍ കര്‍ണ്ണന്‍ ഗൂഡമായി ദ്രോണനെ ചെന്നുകണ്ട്‌ ഉണര്‍ത്തിച്ചു: ഹേ ഗുരോ, ഞാന്‍ അര്‍ജ്ജുനനോടു കിടയായി പൊരുതുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ ബ്രഹ്മാസ്ത്രം അറിഞ്ഞാല്‍ക്കൊളളാമെന്നുണ്ട്‌. എനിക്കതു ലഭിക്കണമെന്നു മോഹമുണ്ട്‌. അതെനിക്ക്‌ രഹസ്യമായി ഉപദേശിക്കണം. അങ്ങയ്ക്ക്‌ ശിഷ്യന്മാരിലും പുത്രനിലും സ്നേഹം ഒപ്പമാണല്ലേഠ. അങ്ങയുടെ പ്രസാദത്താല്‍ ഞാന്‍ കൃതാസ്ത്രനായില്ലെന്ന്‌ പണ്ഡിതന്മാരെക്കൊണ്ടു പറയിക്കുവാന്‍ ഇടവരുത്തരുത്‌. ഇപ്രകാരം കര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ ഗുരു അര്‍ജ്ജുനഹിതത്തിന്നു വേണ്ടി കര്‍ണ്ണനോട്‌ ഇപ്രകാരം മറുപടി പറഞ്ഞു: ബ്രഹ്മാസ്ത്രം ബ്രാഹ്മണന്നും തപസ്വിയായ ക്ഷത്രിയന്നും മാത്രമേ ഉപദേശിക്കുവാന്‍ പാടുള്ളൂ. അന്യര്‍ക്ക്‌ ഒട്ടും പാടില്ല. ഈ വാക്കുകേട്ട്‌ നിരാശപ്പെട്ട്‌ കര്‍ണ്ണന്‍ മടങ്ങി, മഹേന്ദ്രാദ്രിയിലേക്കു പോയി. പരശുരാമനെക്കണ്ട്‌ കൈകൂപ്പി ഭൃഗുവംശത്തില്‍പ്പെട്ട ബ്രാഹ്മണനാണ്‌ താനെന്നു വ്യാജം പറഞ്ഞ്‌ ശിഷ്വത്വം അഭ്യര്‍ത്ഥിച്ചു. രാമന്‍ അവന്റെ ഗോത്രം ചോദിച്ചറിഞ്ഞ്‌ അവനെ സ്വീകരിച്ചു. അവനെ സസന്തോഷം കൂടെ പാര്‍പ്പിച്ചു. 

സ്വര്‍ഗ്ലാഭമായ മഹേന്ദ്രത്തില്‍ കര്‍ണ്ണന്‍ വസിക്കുന്ന കാലത്ത്‌ യക്ഷഗന്ധര്‍വ്വാശരന്മാരോടും, അമരന്മാരോടും ഇടപെട്ടു. അവന്ന്‌ രാമന്‍ ഇക്ഷ്വസ്ത്രങ്ങള്‍ അഭ്യസിപ്പിച്ചു. ദേവദൈത്യാശരതന്മാര്‍ക്ക്‌ കര്‍ണ്ണന്‍ പ്രിയനായിത്തീര്‍ന്നു. 

ഒരിക്കള്‍ ആഴിക്കരയില്‍ ചരിക്കുന്ന അവന്‍ ആശ്രമാന്തികത്തില്‍ ഒറ്റയ്ക്കു വാളും വില്ലും ധരിച്ചു ചുറ്റി. ഒരു അഗ്നിഹോത്ര സംസക്തനായ ബ്രഹ്മവാദിയുടെ ഹോമധേനുവിനെ അവന്‍ അറിയാതെ കൊന്നു. അറിയാതെ താന്‍ തെറ്റുചെയ്തുവെന്ന്‌ അവന്‍ ബ്രാഹ്മണനെ ഉണര്‍ത്തി. കര്‍ണ്ണന്‍ പ്രസാദിപ്പിച്ച്‌ അവനോട്‌ ഇപ്രകാരം പറഞ്ഞു: ഭഗവാനെ, അങ്ങയുടെ പശുവിനെ ഞാന്‍ അറിയാതെ കൊന്നു. അതില്‍ ഭവാന്‍ എന്നോടു ക്ഷമിച്ച്‌ എന്നില്‍ പ്രസാദിക്കണംം എന്ന്‌ വീണ്ടും അപേക്ഷിച്ചു. എന്നാല്‍ ബ്രാഹ്മണന്റെ കോപം ശമിച്ചില്ല. വിപ്രന്‍ അവനെ ഗര്‍ഹിച്ചു പറഞ്ഞു: ഹേ ദുരാചാരാ! നീ വധാര്‍ഹനാണ്‌. ഈ ദുഷ്കര്‍മ്മത്തിന്റെ ഫലം നീ ഏല്ക്കട്ടെ! നീ ആരോടു മനസ്സു കൊണ്ടു മത്സരിക്കുന്നവോ, നീ ആരെ ജയിക്കുവാന്‍ ഉത്സാഹിക്കുന്നവോ, പാപീ, നീ അവനുമായി ഏറ്റുമുട്ടുമ്പോള്‍ നിന്റെ രഥചക്രം ഭൂമി ഗ്രസിക്കട്ടെ! നിന്റെ ശ്രതു ആ സമയത്ത്‌ നിന്നെ വീഴ്ത്തട്ടെ! നരാധമാ, നീ പൊയ്ക്കൊളളുക! പ്രമത്തയായ എന്റെ പശുവിനെ നീ കൊന്നവിധം ഹേ മൂഢാ, പ്രമത്തനായ നിന്റെ തല ശത്രു ഖണ്‍ഡിച്ചുവീഴ്ത്തും.ബ്രാഹ്മണശപ്തനായ കര്‍ണ്ണന്‍ ഉടനെ ആ ബ്രാഹ്മണ മുഖ്യനെ പ്രസാദിപ്പിച്ചു. രത്നങ്ങളും മറ്റു ധനങ്ങളും ബ്രാഹ്മണന്റെ മുമ്പില്‍ സമര്‍പ്പിച്ച്‌ ശാപമോക്ഷം യാചിച്ചു. ബ്രാഹ്മണന്‍ പിന്മാറിയില്ല. എന്റെ വാക്കുമാറ്റാന്‍ നിവൃത്തിയില്ല. എല്ലാ ലോകവും ഒത്തു ചേര്‍ന്നാലും അതിന്നു സാധിക്കയില്ല. ഹേ മൂഡാ , നീ പോവുക. പോകുന്നില്ലെങ്കില്‍ അവിടെ നിന്നുകൊള്ളൂ. അല്ലെങ്കില്‍ വേറെ എന്തെങ്കിലും ചെയ്തോളു! ഇപ്രകാരം ആ വിപ്രന്‍ പറഞ്ഞതു കേട്ട്‌ കര്‍ണ്ണന്‍ ദുഃഖിച്ച്‌ തലതാഴ്ത്തി ഇക്കാര്യമോര്‍ത്തു ഭയപ്പെട്ട്‌ രാമാന്തികത്തിലെത്തി. 

അദ്ധ്യായം 3. കര്‍ണ്ണാസ്ത്രപ്രാപ്തി - നാരദന്‍ പറഞ്ഞു; കര്‍ണ്ണന്റെ ബാഹുവീര്യം, സ്നേഹം, ദമം ഈ ഗുണങ്ങള്‍ കണ്ടും ഗുരുശുശ്രൂഷയേറ്റും ഭൃഗുരാമന്‍ സന്തോഷിച്ചു സനിവര്‍ത്തനമായ ബ്രഹ്മാസ്ത്രം അവന്ന്‌ അവ്യശഗ്രം ഉപദേശിച്ചു. തപസ്വിയായ കര്‍ണ്ണന്‌ തപസ്വിയായ രാമന്‍ എല്ലാം ഉപദേശിച്ചു. കര്‍ണ്ണന്‍ അസ്ത്രം പഠിച്ച്‌ ഭാര്‍ഗ്ഗവാഗ്രമത്തില്‍ സുഖമായി ജീവിച്ചു. ധനുര്‍വ്വേദത്തില്‍ യത്നംചെയ്ത്‌ അഭ്യസിച്ചു. 

ഒരുദിവസം രാമന്‍ ഉപവാസകര്‍ശിതനായി കര്‍ണ്ണന്റെ മടിയില്‍ തലവെച്ച്‌ ഉറങ്ങുവാന്‍ കിടന്നു. അപ്പോള്‍ കഫമേദോ മാംസ രക്തഭോജിയായ ഒരു ഭയങ്കര കീടം കര്‍ണ്ണന്റെ തുടയില്‍ രക്ത പാനത്തിന്നായി തുളച്ചു. കര്‍ണ്ണന്‍ അവന്റെ കടി സഹിച്ച്‌ ഇരുന്നു. അതിനെ തട്ടിക്കളയുവാന്‍ കര്‍ണ്ണന്‍ മുതിര്‍ന്നില്ല. കാരണം ഗുരുവിന്റെ ഉറക്കത്തിന്ന്‌ വിഘ്നംവന്നാലോ എന്നു ഭയപ്പെട്ടു. കര്‍ണ്ണന്‍ അസഹ്യമായ വേദന സഹിച്ച്‌ ഇളകാതെ, നടുങ്ങാതെ, ഗുരുവിനെ ധരിച്ച്‌ ഇരുന്നു. 

ഗുരുവിന്റെ ഉടലില്‍ ചോരയൊഴുകിച്ചെന്നപ്പോള്‍ അദ്ദേഹം ഉണര്‍ന്നു. ആ തേജസ്വി കര്‍ണ്ണന്റെ മുഖത്തുനോക്കി. കര്‍ണ്ണന്‍ ത്രസിക്കുന്നുണ്ടായിരുന്നു. അയ്യോ! ഞാന്‍ രക്തപങ്കിലനായല്ലോ. നീ എന്താണു ചെയ്തത്‌? എന്നോടെല്ലാം ശരിയായിപ്പറയുക ഭയപ്പെടാതെ. ഇതുകേട്ട്‌ കര്‍ണ്ണന്‍ ഗുരുവിനോട്‌ ആ കീടം കടിച്ച വൃത്താന്തമുണര്‍ത്തിച്ചു. പന്നി പോലെ തടിച്ച കീടത്തെ രാമന്‍ കണ്ടു. എട്ടു കാലുകളും തീക്ഷ്ണമായ ദംഷ്ട്രയും മെയ്യില്‍ നിറയെ രോമങ്ങളുമുണ്ടായിരുന്നു. അളര്‍ക്കനെന്നവനാണ്‌. രാമന്‍ നോക്കിയയുടനെ ആ കീടം ജീവന്‍ വെടിഞ്ഞു. അവന്‍ ചോരയില്‍ അലിഞ്ഞു. അത്‌ ഒരത്ഭുതമായി. ആകാശത്ത്‌ അപ്പോള്‍ വിശ്വരൂപനും ഭയങ്കരനുമായ ഒരു രാക്ഷസനെ കണ്ടു. അവന്‍ രോഹിതഗളനും കറുത്തവനും മേഘവാഹനനുമായിരുന്നു. അവന്‍ തൊഴുത്‌ സസന്തോഷം രാമനോട്‌ പറഞ്ഞു: ഹേ ഭൃഗുശാര്‍ദ്ദുലാ! ഭവാനു സ്വസ്തി! എന്നെ ഈ നരകത്തില്‍നിന്ന്‌ നീ കരകയറ്റി. അങ്ങയ്ക്കു ഭദ്രം! ഞാന്‍ അങ്ങയെ വന്ദിക്കുന്നു. ഭവാന്‍ എനിക്കു പ്രിയംചെയ്തു. ഞാന്‍ വന്നപടി പോകുന്നു.

ഉടനെ പ്രതാപവാനായ ജാമദഗ്ന്യന്‍ ചോദിച്ചു: നീ ആര്‍? എന്താണ്‌ നരകം പറ്റുവാന്‍ കാരണം.

അവന്‍ മറുപടി പറഞ്ഞു: പണ്ട്‌ ഞാന്‍ ദംശനെന്ന മഹാസുരനായിരുന്നു. അന്ന്‌ കൃതയുഗത്തില്‍ ഹേ മഹാത്മാവേ, ഞാന്‍ വയസ്സുകൊണ്ട്‌ ഭൃഗുതുല്യനായിരുന്നു. ഭൃഗുവിന്റെ ഇഷ്ട ഭാര്യയെ ഞാന്‍ ബലംകൊണ്ടു വരിച്ചു. മഹര്‍ഷി എന്നെ ശപിച്ചു. ശാപമേറ്റ്‌ ഞാന്‍ കൃമിയായി നിലംപതിച്ചു. നിന്റെ പൂര്‍വ്വപിതാമഹനായ അദ്ദേഹം കോപിച്ച്‌ എന്നോടു പറഞ്ഞു; നീ മൂത്രശ്‌ളേഷ്മാശനനായി പാപത്തില്‍ പതിക്കട്ടെ. ഇതുകേട്ടു ഭയപ്പെട്ടു ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. ബ്രഹ്മൻ!! എന്നാണ്‌ എനിക്കു ശാപമോക്ഷമുണ്ടാവുക? ഉടനെ ഭൃഗുമഹര്‍ഷി പറഞ്ഞു: ഭാര്‍ഗ്ഗവരാമനില്‍ നിന്നു നിനക്ക്‌ ശാപമോക്ഷം ഉണ്ടാകും. കുശലം കിട്ടാതെ ഈ ഗതിയില്‍പ്പെട്ട ഞാന്‍ നിന്റെ സംഗമത്താല്‍ പാപജന്മം വിട്ടുപോകുന്നു, എന്നു പറഞ്ഞ്‌ രാമനെ തൊഴുത്‌ ആ മഹാസുരന്‍ പോയി. 

ഉടനെ ക്രോധത്തോടെ രാമന്‍ കര്‍ണ്ണനെ നോക്കിപ്പറഞ്ഞു: ഹേ മുഡാ! ഇത്രയും കടുത്ത വേദന താങ്ങുവാന്‍ ഒരു ബ്രാഹ്മണന്ന്‌ കഴിയുകയില്ല. നിന്റെ വീര്യം കാണുമ്പോള്‍ നീ ക്ഷത്രിയനാണെന്നു തോന്നുന്നു. നീ നേരു പറയുക. ശാപഭീതനായ കര്‍ണ്ണന്‍ ഗുരുവിനെ കുമ്പിട്ടു പ്രസാദിപ്പിച്ച്‌ ഇപ്രകാരം പറഞ്ഞു: ഞാന്‍ ബ്രാഹ്മണനും ക്ഷത്രിയനുമല്ല. ഞാന്‍ ഒരു സൂതനാണ്‌. രാധേയനായ കര്‍ണ്ണന്‍ എന്നു ജനങ്ങള്‍ എന്നെ വിളിക്കുന്നു. ബ്രഹ്മന്‍, എന്നില്‍ പ്രസാദിക്കണേ! ഞാന്‍ അസ്ത്രലോഭത്താല്‍ ഭവാനോടു ചെയ്ത അപരാധം പൊറുക്കണേ! ഗുരു അച്ഛനാണല്ലോ. വേദവിദ്യാപ്രദനും പ്രഭുവുമാണല്ലോ ഭവാന്‍! അങ്ങയുടെ മുമ്പില്‍ ഞാന്‍ ഭാര്‍ഗ്ഗവഗോത്രജനാണെന്നു വ്യാജം പറഞ്ഞു.

ഇതുകേട്ട്‌ രാമന്‍ ചൊടിച്ച്‌ ഉടനെ ചിരിച്ച്‌ ഇപ്രകാരം പറഞ്ഞു. കര്‍ണ്ണന്‍ അപ്പോള്‍ പേടിച്ചു കൈകൂപ്പി മണ്ണില്‍ കിടക്കുകയായിരുന്നു. 

രാമന്‍ പറഞ്ഞു: നീ എന്നെ അസ്ത്രലോഭത്താല്‍ മിഥ്യാ ശുശ്രൂഷ ചെയ്കകൊണ്ട്‌ ഈ ബ്രഹ്മാസ്ത്രം മൂഢാ! നിനക്ക്‌ ഓര്‍മ്മയില്ലാതെ വരും. നീ നിന്റെ കിടയൊത്തവനുമായി പോരാടുമ്പോള്‍, മരണം അടുക്കുമ്പോള്‍. ബ്രഹ്മാസ്ത്രപ്രയോഗം ഓര്‍മ്മയില്‍ വരാതെ പോകും. അബ്രാഹ്മണനില്‍ ആ ബ്രഹ്മം സ്ഥിരമായി ഒരിക്കലും, നില്ക്കുന്നതല്ല. നുണ പറഞ്ഞ നിനക്ക്‌ ഇനി ഇവിടെ സ്ഥാനമില്ല. നിനക്കു കിടയായി ഒരു ക്ഷത്രിയന്‍ ഈ ലോകത്ത്‌ ഉണ്ടാകുന്നതല്ല. എന്നു രാമന്‍ പറഞ്ഞപ്പോള്‍ തന്റെ മുറ വേണ്ടസ് പ്രകാരം ചെയ്ത്‌ അവന്‍ ദുര്യോധനന്റെ സമീപത്തേക്കു പോയി, ഞാന്‍ കൃതാസ്ത്രനായി എന്നു പറഞ്ഞു.

അദ്ധ്യായം 4. ദുര്യോധനസ്വയംവരം - കന്യാഹരണം - നാരദന്‍ പറഞ്ഞു: കര്‍ണ്ണന്‍ ഇപ്രകാരം ഭാര്‍ഗ്ഗവനില്‍നിന്ന്‌ അസ്ത്രം സമ്പാദിച്ച്‌ ദുര്യോധനനോടു കൂടി സസന്തോഷം നിവസിച്ചു. ഒരിക്കല്‍ കലിംഗരാജ്യത്ത്‌ ചിത്രാംഗദരാജാവിന്റെ രാജധാനിയില്‍ സ്വയംവരത്തിന്നു രാജാക്കന്മാര്‍ ഒത്തുകൂടി. കന്യാലാഭത്തിന്നു വേണ്ടി അസംഖ്യം രാജാക്കന്മാര്‍ വന്നു ചേര്‍ന്നു. എല്ലാ രാജാക്കന്മാരും എത്തിയെന്നറിഞ്ഞ ദുര്യോധനന്‍ പൊന്നണിഞ്ഞ തേരില്‍ക്കയറി കര്‍ണ്ണനോടു കൂടി ചെന്നെത്തി. പിന്നെ സ്വയംവര മഹോത്സവം മുതിര്‍ന്നപ്പോള്‍ കന്യകാര്‍ത്ഥം രാജാക്കന്മാര്‍ വന്നുചേര്‍ന്നു. ശിശുപാലന്‍, ജരാസന്ധന്‍, ഭീഷ്മകന്‍, വക്രന്‍, കപോതരോമാവ്‌, നീലന്‍, രുഗ്മി, സൃഗാലരാജാവ്‌ സ്ത്രീരാജ്യാധീശന്‍, അശോകന്‍, ശതധന്വാവ്‌, ഭോജന്‍, വീരന്‍ - ഇവരും മറ്റു പലരും തെക്കേദിക്കില്‍നിന്നു വന്നവരും മ്ലേച്ഛാചാര്യക്ഷിതിപന്മാരും, കിഴക്കന്മാരും, വടക്കരുമൊക്കെ വന്നെത്തി. പൊന്നുകൊണ്ടുള്ള തോള്‍വളയിട്ടവരും, പൊന്‍നിറമുള്ളവരുമായ അവര്‍ എല്ലാവരും ഭാസുരാംഗന്മാരും, പുലിപോലെ ബലോല്‍ക്കടന്മാരുമായിരുന്നു. 

മന്നവന്മാരെല്ലാം സ്വയംവരമണ്ഡപത്തില്‍ ആസനസ്ഥരായി. വരവര്‍ണ്ണിനിയായ കന്യക ധാത്രിയോടുകൂടി രംഗത്തേക്കു വന്നു. രാജാക്കന്മാരുടെ പേര്‍ ധാത്രി പറഞ്ഞുകൊടുക്കുമ്പോള്‍ മാല കൈയിലേന്തി സുന്ദരി ധാര്‍ത്തരാഷ്ട്രനായ ദുര്യോധനന്റെ സമീപത്തിലെത്തി അതിക്രമിച്ചു കടന്നു. ഇത്‌ കുരുരാജാവായ  അദ്ദേഹം പൊറുത്തില്ല. രാജാക്കന്മാരെ ധിക്കരിച്ചു സുയോധനന്‍ കന്യയെ തടുത്തു. വീര്യബലോന്മത്തനും, ഭീഷ്മദ്രോണാവലംബനുമായ അവന്‍ കന്യയെ തേരില്‍ക്കയറ്റി കൊണ്ടുപോന്നു. ഉടു മ്പിന്‍ തോലുറയിട്ടവനും, ഖഡ് ഗധാരിയും രഥിയുമായ കര്‍ണ്ണന്‍ പിന്നില്‍ അവനെ തുണച്ചു. 

ഉടനെ പോരിന്നെത്തുന്ന മന്നവരുടെ തിരക്കു വര്‍ദ്ധിച്ചു. ചട്ടയിടലും, തേരുപൂട്ടലും തകൃതിയായി നടന്നു. ക്രുദ്ധരായ അവര്‍ കര്‍ണ്ണ ദുര്യോധനന്മാരോട്‌ എതിര്‍ത്തു. അവര്‍ മലകളില്‍ കാര്‍മേഘങ്ങളെന്ന പോലെ ശരവര്‍ഷം ചൊരിഞ്ഞു. കര്‍ണ്ണന്‍ പാഞ്ഞണഞ്ഞ്‌ അവരുടെ ഓരോരുത്തരുടേയും വില്ലുകള്‍ അറുത്തു. ശരജാലങ്ങളും അറുത്തിട്ടു. അമ്പെയ്യുന്ന ചിലരേയും, രഥശക്തിഗദാഡ്യന്മാരായ ചിലരേയും ആ യോധാഗ്രണിയായ കര്‍ണ്ണന്‍ കരവേഗത്താല്‍ ഇളക്കിവിട്ടു. സാരഥി മരിച്ചവരും മറ്റുമായ നരനാഥന്മാരെയൊക്കെ കര്‍ണ്ണന്‍ ജയിച്ചു. ആ ഭഗ്നമാനസരായ മന്നവന്മാര്‍ യുദ്ധംവിട്ട്‌ പിന്മാറി താനേ തേര്‍നടത്തി മടങ്ങിപ്പോയി. കന്യയേയുംകൊണ്ട്‌ സുയോധനന്‍ കര്‍ണ്ണന്റെ സഹായത്താല്‍ ഹസ്തിനപുരത്തേക്കു പുറപ്പെട്ടു.

അദ്ധ്യായം 5. കര്‍ണ്ണവീര്യകഥനം - നാരദന്‍ തുടര്‍ന്നു; കര്‍ണ്ണന്‍ ബലം കാട്ടിയതു കണ്ട്‌ അവനെ മഗധേശ്വരനായ ജരാസന്ധന്‍ ദ്വൈരഥത്തിന്നു വിളിച്ചു. പോര്‍ക്കളത്തില്‍ പലതരം ആയുധം തൂകി ദിവ്യാസ്ത്രവേദികളായ അവര്‍ തമ്മില്‍ യുദ്ധംനടന്നു. അമ്പുകള്‍ ഒടുങ്ങി, ചാപമറ്റ്‌ വാള്‍മുറിഞ്ഞ്‌, നിലത്തു നിന്ന്‌ മഹാബലന്മാരായ അവര്‍ രണ്ടു പേരും കൈകള്‍കൊണ്ട്‌ പൊരുതാന്‍ തുടങ്ങി. കൈയും നഖവും ഉപയോഗിച്ചുള്ള പോരാട്ടത്തില്‍ കര്‍ണ്ണന്‍ ജരാസന്ധന്റെ ജരകൂട്ടിയ ദേഹത്തിന്റെ കൂട്ടും ഭേദിച്ചു. തന്റെ ദേഹത്തിലെ കൂട്ടു ഭേദിക്കുമെന്നായപ്പോള്‍ ജരാസന്ധന്‍ കര്‍ണ്ണനോടു താന്‍ പ്രസാദിച്ചിരിക്കുന്നതായി പറഞ്ഞ്‌ പിന്മാറി. അവന്‍ വൈരം ഉപേക്ഷിച്ചു. അങ്ങനെ ജരാസന്ധന്‍ കര്‍ണ്ണനു തന്റെ രാജ്യത്തിലെ ഒരു ഭാഗമായ മാലിനീപുരം സമ്മാനിച്ചു. അംഗരാജാവായ കര്‍ണ്ണന്‍ വൈരിയെ ജയിച്ച്‌ ചമ്പയേയും സംരക്ഷിച്ചു. ദുര്യോധനനാണ്‌ അംഗരാജ്യം നല്‍കിയതെന്നു ഭവാനറിവുള്ളതാണല്ലോ.

ഇപ്രകാരം ശസ്ത്രപ്രയോഗത്താല്‍ കര്‍ണ്ണന്‍ കീര്‍ത്തിമാനായി. നിന്റെ പ്രിയത്തിനായി കുണ്‍ഡലവും ചട്ടയും ഇന്ദ്രന്‍ വന്ന്‌ ഇരന്നു. കര്‍ണ്ണന്‍ തന്റെ സഹജമായ ചട്ടയും കുണ്ഡലവും ഇന്ദ്രന് നല്‍കി. കര്‍ണ്ണകുണ്ഡലവും ചട്ടയുമില്ലാത്ത കര്‍ണ്ണനെ യുദ്ധത്തില്‍ കൃഷ്ണന്‍ കണ്ടുനിൽക്കെ  അര്‍ജ്ജുനന്‍ കൊന്നു വീഴ്ത്തി. ബ്രാഹ്മണന്റേയും ഭാര്‍ഗ്ഗവന്റേയും ശാപത്താലും കുന്തിയുടെ വരത്താലും ഇന്ദ്രന്റെ മായയാലും, ഭീഷ്മന്‍ തേര്‍ എണ്ണുമ്പോള്‍ അര്‍ദ്ധരഥനായി തരംതാഴ്ത്തുകയാലും, ശല്യന്‍ ശകാരിച്ച്‌ തേജോവധം ചെയ്യുകയാലും, കൃഷ്ണന്റെ നീതിയാലും, രുദ്രന്റെയും, ദേവേന്ദ്രന്റെയും, യമന്റെയും, വരുണന്റെയും, കുബേരന്റെയും, ദ്രോണന്റെയും, കൃപന്റെയും ദിവ്യാസ്ത്രങ്ങള്‍ ഏന്തിയ അര്‍ജ്ജുനന്‍ സൂര്യദ്യുതിമാനായ കര്‍ണ്ണനെ വധിച്ചു. ഇപ്രകാരം പലരുംകൂടി ചതിച്ചിട്ടാണ്‌ കര്‍ണ്ണനെ കൊന്നത്‌. ആ നിലയ്ക്ക്‌ അവനെക്കുറിച്ച്‌ നീ വ്യസനിക്കേണ്ടതില്ല. അവന്‍ വീരനായി പോരാടിയിട്ടാണു മൃതിയടഞ്ഞത്‌.

അദ്ധ്യായം 6. സ്ത്രീശാപം - വൈശമ്പായനൻ പറഞ്ഞു; ഇത്രമാത്രം പറഞ്ഞ്‌ നാരദന്‍ മിണ്ടാതിരുന്നു. രാജര്‍ഷിയായ യുധിഷ്ഠിരന്‍ ശോകത്തില്‍ മുഴുകി ധ്യാനംപുണ്ടിരുന്നു. കണ്ണുനീര്‍ വാര്‍ത്ത്‌ പാമ്പിനെപ്പോലെ നിശ്വസിച്ചിരിക്കുന്ന ധര്‍മ്മപുത്രനെ ഹൃദയ വേദനയോടു കൂടി കുന്തി സമീപത്തു ചെന്നു കാലോചിതമായി സൗമ്യമായി സമാശ്വസിപ്പിച്ചു. ഹേ! മഹാബാഹോ! യുധിഷ്ഠിരാ! നീ അവനെ ഓര്‍ത്ത്‌ ദുഃഖിക്കരുത്‌. ദുഃഖം വെടിഞ്ഞ്‌ എന്റെ വാക്കുകള്‍ കേള്‍ക്കുക. അവന്‍ നിന്നില്‍ ഭ്രാതൃഭാവം കാട്ടുവാന്‍വേണ്ടി ഞാന്‍ പരിശ്രമിച്ചുനോക്കി. ഫലമുണ്ടായില്ല. അവന്റെ അച്ഛനായ സൂര്യദേവനും ശ്രമിച്ചുനോക്കി. ഒരു സുഹൃത്തിനെപ്പോലെ ഹിതം കാംക്ഷിച്ച്‌ ശ്രമിച്ചു. ദിവാകരന്‍ സ്വപ്നാന്തത്തില്‍ എന്റെ മുമ്പില്‍ എത്തി എന്നോട്‌ ആ വൃത്താന്തം പറഞ്ഞു. സ്നേഹംമുലം തനിക്ക്‌ ദുര്യോധനനെ വിടുവാന്‍.സാദ്ധ്യമല്ലെന്നു തീര്‍ത്തു പറഞ്ഞ കര്‍ണ്ണനെ നിന്നോട്‌ യോജിപ്പിക്കുവാന്‍ എനിക്കും അദ്ദേഹത്തിനും കഴിഞ്ഞില്ല. പിന്നെ കാലം സമാഗതമായപ്പോള്‍ പരാജിതയായ ഞാന്‍ അവനെ കൈയൊഴിക്കുകയാണുണ്ടായത്‌.

കുന്തിയുടെ വാക്കുകേട്ട്‌ കണ്ണുനീരാല്‍ കണ്ണുകള്‍ കലങ്ങി ശോകാകുലേന്ദ്രിയനായി ധര്‍മ്മാത്മാവു പറഞ്ഞു: അമ്മേ ഭവതി എന്നെ ദുഃഖത്തിലാഴ്ത്തി. ഗൂഢഭാഷണങ്ങള്‍ മറച്ചുവെച്ച്‌ എന്നെ ദുഃഖത്തിലാഴ്ത്തി. തേജസ്വിയായ ധര്‍മ്മപുത്രന്‍ ലോകത്തിലൊട്ടുക്കുള്ള സ്ത്രീസമുദായത്തെ ശപിച്ചു. സ്ത്രീകള്‍ക്ക്‌ ഇന്നു മുതല്‍ രഹസ്യങ്ങള്‍ മറച്ചുവെയ്ക്കാനുള്ള കെല്പില്ലാതെ പോകട്ടെ!

ധീമാനായ രാജാവ്‌ പുത്രപൗത്ര സുഹൃത് സംബന്ധി വര്‍ഗ്ഗത്തെ ഓര്‍ത്തോര്‍ത്ത്‌ ഉദ്വിഗ്നഹൃദയനായി ചൈതന്യം കെട്ട മട്ടിലായി. ശോകമുകനായി പുകയുന്ന അഗ്നിപോലെ സന്താപ പീഡിതനായി ഇരുന്ന്‌ നിര്‍വ്വേദംപൂണ്ടു.

അദ്ധ്യായം 7. യുധിഷ്ഠിരപരിദേവനം - വൈശമ്പായനൻ പറഞ്ഞു: ധർമ്മശീലനായ യുധിഷ്ഠിരന്‍ ശോകവ്യാകുലചേതനനായി മഹാരഥനായ കര്‍ണ്ണനെയോര്‍ത്ത്‌ ദുഃഖം പൂണ്ടിരുന്നു. അര്‍ജ്ജുനനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു: ഹേ അര്‍ജ്ജുനാ! വൃഷ്ണ്യന്ധകപുരത്തില്‍ നാം ഭിക്ഷാടനം ചെയ്തു ജീവിക്കുകയായിരുന്നെങ്കില്‍ ജ്ഞാതിധ്വംസം ചെയ്ത്‌ ഇങ്ങനെയുള്ള ദുര്‍ഗ്ഗതി നേടാതിരുന്നേനെ. ഋദ്ധാര്‍ത്ഥരായ നമ്മളുടെ ശത്രുക്കള്‍, കുരുക്കള്‍ നിഹതാര്‍ത്ഥരായി. തന്നെ താന്‍ തന്നെ കൊന്ന്‌ ഏതു ധര്‍മ്മഫലത്തെയാണ്‌ നാം നേടാന്‍ പോകുന്നത്‌! ഈ ക്ഷത്രിയാചാരം നിന്ദ്യംതന്നെ! ബലപൗരുഷം മോശം! അമര്‍ഷവും മോശംതന്നെ! ഇതുകൊണ്ട്‌ ആപത്തിലായി നമ്മള്‍! സാധുക്ഷമ, ശമം, ശാചം, വൈരാഗ്യം, അമത്സരം, അഹിംസ, സത്യവാക്ക്‌ ഇവയൊക്കെ വനത്തില്‍ ജീവിക്കുന്നവര്‍ക്കുണ്ടാകും. ലോഭം, മോഹം, ഡംഭം ഇവയില്‍ നാം പെട്ടുപോയി, രാജ്യഭോഗം കൊതിക്കുക കാരണം! മൂന്നു ലോകവും ഒന്നിച്ചു നമുക്കു തന്നാലും നമുക്കു ഹര്‍ഷം ജനിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ല. ഊഴി വെല്ലുവാനുള്ള ബന്ധുക്കളൊക്കെ കൊല്ലപ്പെട്ടില്ലേ? അങ്ങനെയുള്ള നമ്മള്‍ ഭൂമിമൂലം അവദ്ധ്യന്മാരെയൊക്കെ വധിച്ച്‌ വെടിയാന്‍ പാടില്ലാത്തവരെ വെടിഞ്ഞ്‌ ഹതബാന്ധവന്മാരായി ജീവിക്കുകയാണല്ലോ! മാംസം കൊതിക്കുന്ന, അതിന്നായി പരസ്പരം കടികൂടുന്ന നായ്ക്കളെപ്പോലെയുള്ളവര്‍ക്ക്‌ എങ്ങനെ ശുഭം സിദ്ധിക്കും! എനിക്ക്‌ അത്തരത്തിലുള്ള രാജ്യം വേണ്ട. 

ഭൂമി മുഴുവന്‍ ലഭിക്കുന്നതിന്നു വേണ്ടിയും സ്വര്‍ണ്ണം കുന്നു കൂട്ടുന്നതിന്നു വേണ്ടിയും, പശുക്കള്‍ക്കു വേണ്ടിയും, അശ്വങ്ങള്‍ക്കു വേണ്ടിയും നാം അനവധി പേരെ കൊന്നു വിട്ടു. കാമമന്യുക്കളോടു കൂടിയവരും, ക്രോധാമര്‍ഷങ്ങളോടു കൂടിയവരുമായ അവര്‍ മൃത്യുവിന്റെ യാനത്തില്‍ കയറി യമപുരിയിലെത്തി. 

അച്ഛന്മാര്‍ നന്മയേറിയ മക്കളെ ആഗ്രഹിക്കുന്നു. അതിന്നു വേണ്ടി തപസ്സു ചെയ്യുന്നു, ബ്രഹ്മചര്യമെടുക്കുന്നു, സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുന്നു, ദാനങ്ങള്‍ ചെയ്യുന്നു, വ്രതമെടുക്കുന്നു. ഗര്‍ഭവതിയായ മാതാവ്‌ പത്തുമാസം ചുമന്ന്‌ സ്വസ്തിയോടെ പ്രസവിച്ച്‌ ജീവിച്ചിരുന്നാല്‍, തങ്ങളുടെ മക്കള്‍ വളര്‍ന്ന്‌ ശക്തരായിത്തീര്‍ന്നാല്‍ തങ്ങള്‍ക്കു സുഖമാകുമെന്നു വിചാരിക്കുന്നു ഇഹത്തിലും പരത്തിലും ഗതികിട്ടുമെന്നു വിചാരിക്കുന്നു. അവരുടെ ഈ ആഗ്രഹവും ഉദ്യമവുമൊക്കെ നഷ്ടപ്പെട്ടു! അവരുടെ മക്കളൊക്കെ കൊല്ലപ്പെട്ടു! യുവാക്കന്മാരും ശുഭകുണ്ഡലന്മാരുമായ ആ സന്താനങ്ങള്‍ പാര്‍ത്ഥിവമായ ഭോഗങ്ങളൊന്നും അനുഭവിക്കാതെ പിതൃക്കള്‍ക്കും ദേവകള്‍ക്കും കടംവീട്ടാതെ യമപുരിയെ പ്രാപിച്ചില്ലേ? 

അവരുടെ അച്ഛനമ്മമാര്‍ ശുഭപ്രതീക്ഷയോടെ ഇരുന്നു. അവരില്‍ നിന്ന്‌ ധനരത്നസമുൃദ്ധി കാംക്ഷിച്ച സന്ദര്‍ഭത്തില്‍ത്തന്നെ അവര്‍ കൊല്ലപ്പെട്ടു! കാമമന്യുക്കളോടു കൂടിയവരും, ക്രോധഹര്‍ഷാകുലാശയരുമായ അവര്‍ ജയത്തിന്റെ ഫലം അനുഭവിച്ചില്ല. പാഞ്ചാലകൌരവന്മാരില്‍ ചത്തവരൊക്കെ ചത്തതു തന്നെ. അവരെയാരേയും ഇനി നമ്മള്‍ ആരും കാണുകയില്ല. ഈ ലോകത്തിന്റെ നാശത്തിന്നു കാരണം നമ്മള്‍തന്നെയാണ്‌. ധൃതരാഷ്ട്രപുത്രനാണ്‌ ഇതിനെല്ലാം ഉത്തരവാദി. എപ്പോഴും നികൃതപ്രാജ്ഞനും, ദ്വേഷിയും, മായോപജീവിയും ആയിരുന്നു അവന്‍. കുറ്റംചെയ്യാത്ത നമ്മളില്‍ എപ്പോഴും മിഥ്യാപ്രവൃത്തി ചെയ്യുകയായിരുന്നു. നമ്മള്‍ കാമം നേടുകയില്ല; അവര്‍ ജയിച്ചുമില്ല. അവര്‍ ഭൂമി ഭുജിച്ചില്ല; നാരീഗീതങ്ങള്‍ അവര്‍ കേട്ടുമില്ല കേള്‍വി കൂടുന്ന അമാത്യന്മാരുടേയും, സുഹൃത്തുക്കളുടേയും ഉക്തികേട്ടുമില്ല. നമ്മളിലുള്ള ദ്വേഷം മൂലം അവര്‍ സുഖം പൂണ്ടില്ല, നമ്മളിലുള്ള സമൃദ്ധികൊണ്ട്‌ ശകുനിയുമായി മന്ത്രിച്ച്‌ അച്ഛനെ പാട്ടിലാക്കി. അച്ഛന്‍ സുഖപ്രിയതയാല്‍ മകന്റെ അനയത്തില്‍ കൊണ്ടാടി. ഭീഷ്മനേയും, വിദുരനേയും അവഗണിച്ചു. ലുബ്ധനും, കാമിയുമായ പുത്രനെ ധൃതരാഷ്ട്രന്‍ അടക്കിയില്ല. അവന്‍ ദീപ്തകീര്‍ത്തിദ്രഷ്ടനായി സഗര്‍ഭ്യരെ കൊല്ലിച്ചു. ഈ വൃദ്ധരെ അഴല്‍ത്തീയില്‍ തള്ളിവിട്ടു. എപ്പോഴും നമ്മളില്‍ ദ്വേഷംമുലം പാപബുദ്ധിയായി കൃഷ്ണന്റെ അരികില്‍വെച്ച്‌ രണോദ്യുക്തനായ അവന്‍ പറഞ്ഞവിധം ആര്‍ പറയും. നമ്മള്‍ ആത്മദോഷംമൂലം എന്നേക്കും നഷ്ടരായി. നമ്മുടെ കുലം ദുര്യോധനന്‍മൂലം മുടിഞ്ഞു. അവദ്ധ്യന്മാരെ വധിച്ച്‌ നമ്മള്‍ അപവാദികളായി. ആ ദുര്‍ബുദ്ധിയെ രാജാവാക്കിയതുമൂലം ധൃതരാഷ്ട്രന്‍ ഇന്ന്‌ ദുഃഖിക്കുകയാണ്‌. ശുരന്മാരെ കൊന്നു പാപംചെയ്ത്‌ നാം നാടുമുടിച്ചു. കൊന്നപ്പോള്‍ തീര്‍ന്നു. ഇപ്പോള്‍ ശോകം ബാധിക്കുന്നു. ചെയ്ത പാപം തീരണമെങ്കില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യണം, ഉള്‍ത്താപമുണ്ടാകണം, പ്രദാനങ്ങള്‍ ചെയ്യണം, തീര്‍ത്ഥാടനം ചെയ്യണം, ശ്രുതിസ്മൃതികള്‍ ജപിക്കണം, ത്യാഗി വീണ്ടും പാതകം ചെയ്യുന്നതല്ലെന്നാണ്‌ ശ്രുതി പറയുന്നത്‌. ത്യാഗവാന്‍ ജന്മമരണം നേടുന്നതല്ല. അവന്‍ ബ്രഹ്മത്തെ പ്രാപിക്കും. ഹേ ധനഞ്ജയാ! ഞാന്‍ മുനിവൃത്തി സ്വീകരിച്ച്‌ നിങ്ങളോടൊക്കെ വിട വാങ്ങി കാടുകയറുകയാണ്‌. ഗൃഹസ്ഥനെന്ന നിലയില്‍ ധര്‍മ്മംനേടുവാന്‍ പറ്റുകയില്ല. പരിഗ്രഹാഭീപ്സയാല്‍ ഞാന്‍ പാതകം ചെയ്തുവല്ലോ. പരിഗ്രഹം, സുഖം, രാജ്യം ഇവയെല്ലാം കൈവിട്ടവന്‍, ജന്മക്ഷയനിമിത്തത്തെ നേടാമെന്നാണല്ലോ ശ്രുതി പറയുന്നത്‌. ഞാന്‍ മുക്തനായി, നിശ്ലോകനായി, നിര്‍മ്മമനായിത്തീരുവാന്‍ പോവുകയാണ്‌. ക്ഷോണി നിഷ്കണ്ടകമായി നീ കാത്തുകൊള്ളുക. ഹേ കുരുനന്ദനാ! എനിക്ക്‌ ഈ രാജ്യമേ വേണ്ടാ, ഭോഗവും വേണ്ടാ. ഇപ്രകാരം പറഞ്ഞ്‌ കുരു രാജാവായ യുധിഷ്ഠിരന്‍ അടങ്ങിയപ്പോള്‍ അനുജനായ അര്‍ജ്ജുനന്‍ പറയുവാന്‍ തുടങ്ങി.

അദ്ധ്യായം 8. അര്‍ജ്ജുനവാക്യം - വൈശമ്പായനൻ പറഞ്ഞു: ജ്യേഷ്ഠനില്‍നിന്നു ശകാരം കേട്ട പോലെ അര്‍ജ്ജുനന്റെ ക്ഷമ കെട്ടു. ദൃഢവാദപരാക്രമനായ അര്‍ജ്ജുനന്‍ ആത്മാവിന്റെ ഉഗ്രത കാട്ടിക്കൊണ്ട്‌ മന്ദസ്മിതം തുകി ഇപ്രകാരം പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: അമ്പോ! ദുഃഖം കൃച്ഛം! അമ്പോ! വൈക്ലബ്യം ഉത്തമം. അമാനുഷമായ ക്രിയകളൊക്കെ ചെയ്ത്‌ ഉത്തമ്രശീ ലഭിച്ചപ്പോള്‍ അത്‌ ഉപേക്ഷിക്കുന്നു. ഈ ബുദ്ധിലാഘവം ഒട്ടും പ്രശംസാര്‍ഹമല്ല. ശത്രുക്കളെ കൊന്ന്‌ സ്വന്തം ധര്‍മ്മത്താല്‍ മന്നുനേടി. ഇപ്പോള്‍ അതൊന്നും വേണ്ട. ക്ലീബന്‍ എപ്രകാരമാണ്‌ രാജ്യലാഭം, അതുപോലെ തന്നെയാണ്‌ ദീര്‍ഘസൂത്രനും. ഇങ്ങനെയാണെങ്കില്‍ ക്രോധമൂര്‍ച്ഛിതനായിട്ട്‌ എന്തിനീ രാജാക്കളെയൊക്കെ കൊന്നൊടുക്കി? ഭിക്ഷയേറ്റ്‌ ഉപജീവിക്കുന്നവന്‍ സ്വപൗരുഷം കൊണ്ട്‌ ആരുടേയും അര്‍ത്ഥം നേടാനുദൃമിക്കുകയില്ല. ദരിദ്രനും സ്വസ്തികെട്ടവനുമായ അവന്ന്‌ അതിന്നു സാദ്ധ്യമല്ല. ലോകത്തിലൊക്കെ പേരു ചീത്തയായവനും ഗോത്രവും ശ്രീയുമില്ലാത്ത ദരിദ്രനും സ്വസ്തികെട്ടവനുമായ പാപിയല്ലേ സര്‍വ്വ ഉദൃമങ്ങളേയും ഉപേക്ഷിച്ച്‌ അധമമായ കപാലീവൃത്തിക്കൊരുങ്ങുകയുള്ളു? സമൃദ്ധമായ രാജ്യത്തെ ഉപേക്ഷിച്ച്‌ ഇനി ഭവാന്‍ ഈ ഭിക്ഷാടനത്തിന്നു പുറപ്പെട്ടാല്‍ ജനങ്ങളെന്തു പറയും? ഹേ പ്രഭോ, ഭവാന്‍ പ്രാകൃതന്മാരെപ്പോലെ എന്താണ്‌ ഭിക്ഷോപജീവിയാകുവാന്‍ ഉച്ഛിക്കുന്നത്‌? രാജവംശത്തില്‍ പിറന്നവനും ലോകമൊക്കെ ജയിച്ചവനുമായ ഭവാന്‍ ധര്‍മ്മാര്‍ത്ഥങ്ങള്‍ വിട്ട്‌ കാടുകയറുകയോ?

 ദുഷ്ടന്മാര്‍ ഈ ഹവിസ്സുകളെ ഭവാന്‍ ഇല്ലാത്തതുകൊണ്ട്‌ വര്‍ഷിപ്പിക്കുകയാണെങ്കില്‍ അതിന്റെ പാപം അങ്ങയ്ക്കായിത്തന്നെ വന്നുകൂടും. നഹുഷന്‍ പറയുന്നത്‌ അകിഞ്ചനത്വം മുനികള്‍ക്ക്‌ ചേര്‍ന്നതാണെന്നാണ്‌. 

ധനമില്ലായ്മ വരുത്തിക്കൂട്ടുന്നത്‌ നൃശംസമാണ്‌. ദരിദ്രത പ്രശംസാര്‍ഹമല്ല. നാളെയ്ക്കില്ലായ്മ മുനികള്‍ക്ക്‌ ചേര്‍ന്ന ധര്‍മ്മമാണ്‌. അത്‌ അങ്ങയ്ക്കറിയാം. നമുക്ക്‌ ധനത്തിന്നുള്ള പ്രവൃത്തിയാണ്‌ ചേര്‍ന്നത്‌. ആര്‍ ആരുടെ ധനം നേടിയോ അവന്‍ അവന്റെ ധര്‍മ്മം നേടി. ധനം നേടുന്ന നാം ആരില്‍ ക്ഷമിക്കണം രാജാവേ ശാപമേറ്റവനെപ്പോലെയാണ്‌ അരികെ നില്ക്കുന്ന ദരിദ്രനെ ആളുകള്‍ കാണുന്നത്‌. ലോകത്തിലേറ്റവും ശോച്യമായത്‌ ദരിദ്രതയാണ്‌. അതിനെ ഭവാന്‍ വാഴ്ത്തരുത്‌. ഹേ രാജാവേ! പതിതന്‍ ശോച്യനാണ്‌. ദരിദ്രനും ശോച്യനാണ്‌. പതിതന്നും ദരിദ്രന്നും തമ്മിലൊരു ഭേദവും കാണുന്നില്ല. അതാതിടത്തുനിന്ന്‌ ധാരാളം അര്‍ത്ഥം ഞാന്‍ നേടി. ക്രിയയൊക്കെ കുന്നില്‍ നിന്ന്‌ ആറുകള്‍പോലെ എത്തുന്നു. അര്‍ത്ഥത്തില്‍നിന്നാണ്‌ ധര്‍മ്മവും കാമവും മോക്ഷവും. അര്‍ത്ഥമില്ലാതെ പ്രാണന്റെ യാത്രയും നടക്കുകയില്ല. അര്‍ത്ഥം ക്ഷയിച്ച്‌ അല്പബുദ്ധിയായ പുരുഷന്ന്‌ ക്രിയയൊക്കെ വേനലില്‍ പുഴയെന്നപോലെ അറ്റുപോകുന്നു. അര്‍ത്ഥം ആര്‍ക്കുണ്ടോ അവന്ന്‌ ഇഷ്ടന്മാരുണ്ട്‌. അര്‍ത്ഥം ആര്‍ക്കുണ്ടോ അവന്ന്‌ ബന്ധുക്കളുണ്ട്‌. ലോകത്തില്‍ അര്‍ത്ഥമുള്ളവന്‍ പുമാന്‍. അര്‍ത്ഥമുള്ളവനാണ്‌ പണ്ഡിതന്‍. അര്‍ത്ഥം മാനിക്കുന്നവനായ ദരിദ്രന്ന്‌ അര്‍ത്ഥം നേടാന്‍ കഴിയുന്നതല്ല. അര്‍ത്ഥം അര്‍ത്ഥത്താല്‍ മാത്രം ബന്ധിക്കപ്പെടുന്നു. ആനയാല്‍ ആന ബന്ധിക്കപ്പെടുന്നു. ധര്‍മ്മം, കാമം, സ്വര്‍ഗ്ഗം, ഹര്‍ഷം, ക്രോധം, ശ്രുതം, ദമം ഇവയൊക്കെ അര്‍ത്ഥത്താല്‍ പ്രവര്‍ത്തിക്കുന്നു രാജാവേ! ധനംകൊണ്ട്‌ കുലം പുലരും. ധനം കൊണ്ട്‌ ധര്‍മ്മം വളരും. നിര്‍ദ്ധനന്ഇ ഹലോകവും പരലോകവുമില്ല ഗതി. നിര്‍ദ്ധനന്‍ ധര്‍മ്മകൃത്യങ്ങള്‍ ശരിയാംവണ്ണം ചെയ്യുന്നതല്ല. ധനത്തില്‍നിന്നു ധര്‍മ്മങ്ങള്‍ കുന്നില്‍ നിന്ന്‌ ആറുകളെന്ന പോലെ ഒഴുകുന്നു. കൃശമായ അര്‍ത്ഥത്തോടു കൂടിയവന്‍. കൃശഗോവായവന്‍, കൃശഭൃത്യന്‍, കൃശാതിഥി ഇവരൊക്കെ കൃശന്മാരാണ്‌. ദേഹകൃശനും കൃശനെങ്കിലും അങ്ങനെയല്ല; ധനമുണ്ടെങ്കില്‍ എല്ലാ കൃശത്വവും തീരും. ന്യായം വേണ്ടവിധം പാലിക്കുക. ദേവന്മാരേയും അസുരന്മാരേയും നോക്കുക. ദേവകള്‍ ജ്ഞാതിഹിംസയൊഴിച്ച്‌ എന്ത്‌ ഇച്ഛിക്കുന്നു? അന്യന്റെ ഒന്നും ഹരിക്കുന്നില്ലെങ്കില്‍ ദേവന്മാരുടെ ധര്‍മ്മം എങ്ങനെ അവര്‍ നിവർത്തിക്കും? ഇതാണ്‌ ദേവകള്‍ക്കുള്ള കവികല്‍പിതമായ നിശ്ചയം. നിത്യവും ചിന്തിച്ച്‌ സംസാരിക്കുക. വിപത്തിനെ ഛേദിക്കുക. ധനം നേടുക. യത്നംചെയ്തു യജിക്കുക. വാനില്‍ ഉന്നതമായ സ്ഥാനമൊക്കെ ദേവന്മാര്‍ ദ്രോഹം ചെയ്തു നേടിയതാണ്‌. ഇന്നേവരെ ജ്ഞാതികളുടെ ദ്രോഹമൊഴികെ ദേവകളെന്താണ്‌ ചിന്തിച്ചിട്ടുള്ളത്‌. എന്നുറച്ച്‌ ദേവകളും ശാശ്വതമായ വേദവാദങ്ങളോതുകയും ഓതിക്കുകയും യജ്ഞം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു. അന്യരില്‍നിന്നുള്ള ആദാനമാണ്‌ എല്ലാ ശ്രേയസ്സും. ദ്രോഹമില്ലാതെ ഉണ്ടാകുന്ന വിത്തം നാം ഒരിടത്തും കാണുന്നില്ല. ഇപ്രകാരമല്ലേ രാജാക്കന്മാര്‍ ഈ ലോകമൊക്കെ ജയിച്ചത്‌? പിത്യവിത്തം മക്കള്‍ക്ക്‌ ലഭിക്കുന്നതു പോലെ വിജയിക്ക്‌ ധനം അവകാശപ്പെട്ടതാണ്‌. ഉത്തമരായ രാജര്‍ഷികള്‍ സ്വര്‍ഗ്ഗസ്ഥരായി; അവരുടെ ഉത്തമമായ ധര്‍മ്മം ഇതായിരുന്നു. 

പൂര്‍ണ്ണമായ സമുദ്രത്തില്‍നിന്നു ജലം പത്തു ദിക്കിലേക്കും ഒഴുകുന്നതുപോലെ ധനം രാജകുലത്തില്‍ നിന്നു പോന്ന്‌ ഭൂമിയിലേൽക്കുന്നു.

 ദിലീപന്റേതായിരുന്നു ഈ രാജ്യം, പിന്നെ നൃഗന്റേതായി, പിന്നെ നഹുഷന്റേതായി അംബരീഷന്റേതായി, മാന്ധാതാവിന്റേതായി, ആ മന്ന്‌ ഇപ്പോള്‍ നിന്റേതുമായി. സര്‍വ്വ ദക്ഷിണമായ ദ്രവ്യം അങ്ങയ്ക്കു വേണ്ടതാകുന്നു. അതങ്ങ്‌ ചെയ്യാതിരുന്നാല്‍, ഹേ രാജാവേ, അങ്ങയ്ക്കു പാപമുണ്ടാകും. ആരുടെ രാജാവാണ്‌ ദക്ഷിണാഡ്യമായ അശ്വമേധത്തെ ചെയ്യുന്നത്‌, അതിന്റെ അവഭൃതസ്നാനം ചെയ്യുന്ന എല്ലാവരും വിശുദ്ധരാകുന്നു. സര്‍വ്വമേധമഹാധ്വരത്തില്‍ വിശ്വരുപനായ മഹാദേവന്‍ സര്‍വഭൂതൌഘത്തേയും ഹോമിച്ച്‌ താന്‍ തന്നെത്തന്നെയും ഹോമിച്ചു. ഇത്‌ അന്തമില്ലാത്ത നിത്യ ഐശ്വര്യമാര്‍ഗ്ഗമാണ്‌, പത്തു തേര്‍ പോകുന്ന മാര്‍ഗ്ഗവുമാണ്‌. അതു ചിന്തിച്ചു ഭവാന്‍ കുമാര്‍ഗ്ഗത്തെ പ്രാപിക്കരുതേ!

അദ്ധ്യായം 9. യുധിഷ്ഠിരവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: മുഹൂര്‍ത്ത സമയം മനസ്സും ശ്രോത്രവും ഏകാഗ്രമാക്കി ഞാന്‍ പറയുന്നത്‌  നീ ധരിക്കുകയാണെങ്കില്‍ എന്റെ വാക്കും നിനക്കു രുചിക്കും. ഗ്രാമൃമായ സൗഖ്യങ്ങള്‍ വിട്ട് സജ്ജനങ്ങള്‍ പോകുന്നവഴിക്ക്‌ പോകുവാനാണ്‌ ഞാനാഗ്രഹിക്കുന്നത്‌. അല്ലാതെ, നീ പറയുന്നതുകേട്ട്‌ അതില്‍ ഞാന്‍ നില്ക്കുവാന്‍ പോകുന്നില്ല. ക്ഷേമത്തോടെ തനിച്ചു പോകേണ്ടുന്ന വഴി ഏതെന്നു ഞാന്‍ പറയാം, നീ ശ്രദ്ധിച്ചുകേള്‍ക്കുക. നീ ആവശ്യപ്പെടാത്തതാണ്‌ ഞാന്‍ പറയുന്നത്‌; എന്നാലും കേള്‍ക്കുക. ഗ്രാമൃമായ സുഖാചാരങ്ങളെ വിട്ട്‌ വലിയ തപസ്സു ചെയ്തു കാട്ടില്‍ കിഴങ്ങും കായും തിന്ന്‌ മാനുകളോടുകുടി ജീവിക്കുവാനാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. യഥാകാലം അഗ്നിയെ ഹോമിച്ച്‌, രണ്ടുനേരം കുളിച്ച്‌, കൃശനും മിതാഹാരനുമായി തോലുടുത്ത്‌ ജടാധരനായി വെയിലും, മഞ്ഞും, കാറ്റുമേറ്റ്‌, പൈദാഹശാന്തി വരുത്തി, വിധിദൃഷ്ടമായ തപസ്സുകൊണ്ട്‌ ദേഹം ശോഷിപ്പിച്ച്‌, കാട്ടില്‍ പരിചയപ്പെട്ട മൃഗപക്ഷി ഗണങ്ങളോടു കൂടി കര്‍ണ്ണാനന്ദകരമായി ഹൃദയത്തെ കുളിര്‍പ്പിക്കുന്ന വാക്കുകള്‍ കേട്ടും, പുത്ത വൃക്ഷലതാദികളുടെ പുഷ്പസൗരഭ്യം നുകര്‍ന്നും പലതരം ഭംഗിയുള്ള വന്യമൃഗങ്ങളെ കണ്ടും, വാനപ്രസ്ഥന്മാരെ കണ്ടും, കുലംവാഴുന്ന ജനത്തിന്നും ഗ്രാമം വാഴുന്ന ജനത്തിന്നും അപ്രിയംചെയ്യാതെ, ഏകാന്തശീലനായി പിതൃക്കള്‍ക്കും വാനവര്‍ക്കും തര്‍പ്പണം ചെയ്തു ഞാന്‍ ജീവിക്കുവാന്‍ വിചാരിക്കുന്നു. എന്റെ ശരീരസമാപ്തി  ഇത്തരത്തില്‍ സേവിച്ചു കൊണ്ട്‌ കാത്തിരിക്കാം. 

അല്ലെങ്കില്‍ ഒറ്റയ്ക്കു ഓരോരോ ദിവസങ്ങള്‍ മുണ്ഡനായ മുനിയായി ഭിക്ഷയേറ്റു ജീവിച്ച്‌ ഈ ദേഹം പോക്കുവാനാണ്‌ ആഗ്രഹിക്കുന്നത്‌. അല്ലെങ്കില്‍ പൊടി കൊണ്ട്‌ ഉടല്‍മൂടി ശൂന്യമായ ഗേഹത്തിലിരിക്കുകയോ, മരച്ചുവട്ടില്‍ പാര്‍ക്കുകയോ ചെയ്തു, ഇഷ്ടാനിഷ്ടങ്ങളെ വിട്ട്‌ ശോകഹര്‍ഷങ്ങളേല്ക്കാതെ സ്തുതിനിന്ദകളില്‍ സമഭാവനയോടെ, നിരാശിസ്സായി, നിര്‍മ്മമനായി, നിര്‍ദ്വന്ദനായി, നിഷ്പരിഗ്രഹനായി, ആത്മാരാമനായി, പ്രസന്നാത്മാവായി, ജഡനും അന്ധനും ബധിരനുമെന്ന പോലെയും, ഒരിക്കലും വേറിട്ട ആരോടും കൂടാതെയും, ചരാചരങ്ങള്‍ നാലുവിധത്തില്‍ ഒന്നിനേയും ഹിംസിക്കാതെയും, സ്വധര്‍മ്മസ്ഥരായ പ്രജകളില്‍ സമചിത്തനായി ആരേയും വിഹസിക്കാതെയും, പുരികം ചുളിക്കാതെയും, പ്രസന്നമുഖനായി നിത്യം ഇന്ദ്രിയങ്ങളെ അടക്കി ആരോടും വഴി ചോദിക്കാതെ വേറെ വഴിക്കു നടന്ന്‌ ഒരേടത്തും ഒരു ദിക്കിലും ചെല്ലുവാനിച്ഛിക്കാതെ, പോവാന്‍ ആശയില്ലാതെയും പിന്നോക്കം നോക്കാതെയും ഋജുവായി പ്രണിധാനസ്ഥനായി ചരാചരങ്ങളെ കൈവെടിഞ്ഞ്‌ അങ്ങനെ മുന്നോട്ടുപോകും. അപ്പോള്‍ എത്തുപെടുന്ന അശനങ്ങളും, വിരുദ്ധങ്ങളായ ദ്വന്ദങ്ങളും, നിനയ്ക്കാതെ കയ്ക്കുന്നതോ, സ്വാദുള്ളതോ ആയ ഭോജ്യം ഒരിടത്തു നിന്ന്‌ കിട്ടിയില്ലെങ്കില്‍ മറ്റൊരിടത്തു നിന്നു കിട്ടിയാല്‍ അനുഭവിച്ചും, കിട്ടാഞ്ഞാല്‍ സപ്തപൂര്‍ത്തിയായി എല്ലാവരും ഉണ്ടതിന്നുശേഷം നാലോ അഞ്ചോ ഇടത്തുപോയി കുറേശ്ശെ യാചിച്ചു കിട്ടിയ ഭിക്ഷകൊണ്ട്‌ ഒരുപ്രാവശ്യത്തെ ഭിക്ഷ ഭക്ഷിച്ച്‌ സ്നേഹമാകുന്ന പാശത്തില്‍ നിന്നു വിട്ടുപോന്ന്‌ ഞാനീ ഭൂമിയില്‍ സഞ്ചരിക്കുന്നതാണ്‌. 

കിട്ടിയാലും കിട്ടാഞ്ഞാലും രണ്ടും സമമായി കാണുന്നവനാണ്‌ തപോനിധി. ജീവിക്കുവാനും ചാകാനും പാര്‍ത്ത്‌ ഒന്നും ചെയ്യാതെ, ജീവിതത്തേയും മരണത്തേയും കുറിച്ച്‌ ഒന്നും കൊണ്ടാടാതെയും ഒന്നിലും ദ്വേഷമില്ലാതെ ഒരു കൈയില്‍ ഉളി കേറ്റുന്നവനിലും മറുകൈയില്‍ ചന്ദനം തേക്കുന്നവനിലും വൃത്യസ്ത വികാരം കൂടാതെ, രണ്ടു പേരിലും നന്മതിന്മകള്‍ നോക്കാതെ, ജീവിക്കുന്നവന്ന്‌ ചെയ്യാവുന്ന ഓരോരോ അഭ്യുദയക്രിയ ഒക്കെ കൈവെടിഞ്ഞ്‌, നിമേഷാദിയില്‍ നിന്ന്‌ അവയില്‍ സക്തി കൂടാതെ, സങ്കല്‍പത്തെ തൃജിക്കാതെ, തന്റെ പാപത്തെ തുടച്ചു നീക്കി സര്‍വ്വസംഗം വിട്ടൊഴിഞ്ഞ്‌, സര്‍വ്വകുരുക്കുകളും വിട്ട്‌, ആര്‍ക്കും വശത്തില്‍ നില്ക്കാതെ, വായു സാധര്‍മ്മ്യമാര്‍ന്ന്‌ രാഗം വിട്ട്‌ ഇപ്രകാരം ചുറ്റി നിത്യമായ തുഷ്ടി ഞാന്‍ നേടും. അജ്ഞാനത്താല്‍  തൃഷ്ണ എന്നെക്കൊണ്ടു പാതകം ചെയ്യിച്ചു. കുശലവും അകുശലവുമായ കര്‍മ്മം ചെയ്തിട്ട്‌ ചില മന്നവന്മാര്‍ സ്വജനങ്ങളെപ്പോലെ കാര്യകാരണസംബന്ധം വഹിക്കുന്നു. ആയുസ്സവസാനിക്കുമ്പോള്‍ പ്രാണന്‍ ഉടല്‍വിട്ടു ചത്തവന്‍ ആ പാപത്തെ ഏല്ക്കുന്നു. അതു കര്‍മ്മത്തിന്റെ ഫലമാണ്‌. 

ഇപ്രകാരം സംസാരചക്രത്തില്‍ ചുറ്റുന്ന തേരുകളൊത്ത്‌ അതില്‍ ഈ ഭൂത്രഗ്രാമം ഭൂതഗ്രാമോപയോഗിയായി എത്തുന്നു. ജനനം, മരണം, ജര, വ്യാധി, വേദന എന്നിവയേല്‍ക്കുന്ന അപാര പ്രായവും അസ്വസ്ഥവുമായ സംസാരം വിടുകയാണെങ്കില്‍ സുഖമാണ്‌. വാനില്‍ നിന്നു ദേവന്മാരും സ്ഥാനത്തു നിന്നു മുനീന്ദ്രന്മാരും ഭ്രംശിച്ചു പോകുന്നു. ഇപ്രകാരമിരിക്കുമ്പോള്‍ കാരണങ്ങള്‍ അറിയുന്ന ആര്‍ ഈ ഭവത്തെ കാംക്ഷിക്കുന്നു? വിവിധമായ അതാതു കര്‍മ്മംചെയ്യുന്ന രാജാവ്‌ മറ്റൊരു രാജാവിനാല്‍ അല്പഹേതു മൂലം കൊല്ലപ്പെടുന്നു. 

എന്നാല്‍ ഹേ അര്‍ജ്ജുനാ, ചിരകാലംകൊണ്ട്‌ എനിക്ക്‌ പ്രജ്ഞയാകുന്ന അമൃതു ലഭിച്ചിരിക്കുന്നു. അതനുഭവിച്ച്‌ ശാശ്വതവും നിശ്ചയവുമായ അവ്യയസ്ഥാനം ഞാന്‍ പ്രാപിക്കുന്നതാണ്‌. ഇപ്രകാരം ധൈര്യത്തോടുകൂടി എല്ലായ്പോഴും ആചരിച്ച്‌ ജന്മവും മരണവും വ്യാധിയും വേദനയും ഏല്ക്കുന്ന ദേഹം  ഞാന്‍ പോക്കുന്നതാണ്‌. നിര്‍ഭയമായ മാര്‍ഗ്ഗം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. 

അദ്ധ്യായം 10. ഭീമവാക്യം - ഭീമസേനന്‍ പറഞ്ഞു: ഹേ രാജാവേ! മന്ദനായ ബുധശ്രോത്രിയനെപ്പോലെ മുറചൊല്ലി കേട്ടതില്‍ ബുദ്ധി തത്ത്വാര്‍ത്ഥം അതില്‍ ഞാന്‍ അങ്ങയ്ക്കു കാണുന്നില്ല. ആലസൃത്തില്‍ മനസ്സു പതിച്ച്‌ രാജധര്‍മ്മത്തില്‍ ഈര്‍ഷ്യ അങ്ങയില്‍ ഉണ്ടായിരിക്കുന്നു. ഇങ്ങനെയാണെങ്കില്‍ ഈ ധാര്‍ത്തരാഷ്ട്രന്മാരെ കൊന്നിട്ട്‌ എന്തു ഫലം കിട്ടി? ക്ഷമ, അനുകമ്പ, കാരുണ്യം, ആനൃശംസ്യം ഇവ നിന്നെപ്പറ്റി ക്ഷാത്രധര്‍മ്മം അനുസരിക്കുന്ന ബന്ധുവിന്നു മുമ്പുണ്ടാവുകയില്ലായിരുന്നു. അങ്ങയ്ക്കു ഇത്തരം ബുദ്ധിയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ രിപുക്കളുടെ നേരേ ശസ്ത്രമെടുക്കുകയോ, അവരെ സംഹരിക്കുകയോ ചെയ്യുകയില്ലായിരുന്നു. ഈ ശരീരം വിടുന്നതുവരെ ഭിക്ഷയെടുത്തു തന്നെ ജീവിക്കാമായിരുന്നു. രാജാക്കന്മാരുമായി ഇത്രയും ഘോരമായ സംഗരം ഉണ്ടാകുമായിരുന്നില്ല. ചരാചരങ്ങളൊക്കെ പ്രാണന് അന്നമാണെന്നാണ്‌ ബുധന്മാര്‍ പറയുന്നത്‌. രാജ്യം പിടിക്കുന്നവന് വല്ലവരും എതിര്‍ നില്ക്കുകയാണെങ്കില്‍ അവരെ കൊല്ലണമെന്നാണ്‌ ക്ഷ്രതധര്‍മ്മജ്ഞന്മാരായ ബുധന്മാര്‍ പറയുന്നത്‌. രാജ്യത്തിന്ന്‌ എതിരായി നിന്ന ആ ദുഷ്ടന്മാരെയൊക്കെ നാം കൊന്നു. ഇനി ധര്‍മ്മാനുസരണം ഈ പാരിനെ സ്വീകരിക്കുക. രാജാവേ! വലുതായ ഒരു കിണര്‍ കുത്തിയിട്ട്‌ വെള്ളം കിട്ടാതെ ദേഹത്തിലൊക്കെ ചേറണിഞ്ഞു തിരിച്ചു പോകുമ്പോലെയായി നാം ചെയ്ത ഈ പണി. വലിയ മരത്തിന്റെ മുകളില്‍ക്കയറി കടന്നല്‍ക്കൂട്ടില്‍ നിന്നു തേനെടുത്ത്‌ അതു കുടിക്കുവാന്‍ സാധിക്കാതെ ചാകുന്ന മട്ടിലായി നാം ചെയ്ത ഈ പണി. ഒരുത്തന്‍ ഒരാശ വിചാരിച്ച്‌ ബഹുദൂരം പോയതിന്നുശേഷം നിരാശനായി പിന്മടങ്ങുന്നതു പോലെയായി നാം ചെയ്ത ഈ പണി. ശത്രുക്കളെ മുഴുവന്‍ ഒരാള്‍ കൊല്ലിച്ചതിന്നുശേഷം അയാള്‍ ആത്മഹത്യ ചെയ്യുന്നതുപോലെയായി നാം ചെയ്ത ഈ പണി. വിശന്നവന്‍ അന്നത്തേയും കാമി കാമിനിയേയും യദ്യച്ഛയാല്‍ നേടിയതിന്നു ശേഷം ഭുജിക്കുവാന്‍ തയ്യാറില്ലാത്തവനെപ്പോലെയായി നാം ചെയ്ത ഈ പണി. 

ഞങ്ങളെ ആക്ഷേപാര്‍ഹരാക്കിത്തീര്‍ക്കുന്ന മന്ദബുദ്ധിയായ ഭവാനെ ജ്യേഷ്ഠനാണെന്ന്‌ ചിന്തിച്ച്‌ കഷ്ടം! ഞങ്ങള്‍ പിന്തുടര്‍ന്നുവല്ലോ! കയ്യൂക്കുള്ളവരും, വിദ്യയുള്ളവരും, മനസ്വികളുമായ ഞങ്ങള്‍ ക്ലീബന്റെ വാക്കുകേട്ട്‌ അശക്തന്മാരെപ്പോലെ നില്ക്കുന്നു! 

ജര ബാധിച്ചവനോ, ശ്രതുവിനാല്‍ തോല്‍പിക്കപ്പെട്ടവനോ, ആപത്തു കാലത്ത്‌ സന്ന്യാസം സ്വീകരിക്കണം എന്നാണ്‌ അഭിജ്ഞന്മാര്‍ അനുശാസിക്കുന്നത്‌. അതുകൊണ്ട്‌ ഈ സന്ദര്‍ഭത്തില്‍ ത്യാഗത്തെ പ്രാജ്ഞന്മാര്‍ സമ്മതിക്കുന്നതല്ല. സൂക്ഷ്മ ദര്‍ശികള്‍ ഇത്‌ ഒരു ധര്‍മ്മവൃതിക്രമമായി എണ്ണും. ധര്‍മ്മത്തിനു തീര്‍ന്നവരും, അതില്‍ നില്ക്കുന്നവരും, അതു പിടിച്ചവരുമായ അവര്‍ അതില്‍ നിന്ദ പറയുമോ? അങ്ങനെയുള്ളവര്‍ നിന്ദയേല്ക്കുന്നവരാണ്‌. 

ശ്രീയില്ലാത്തവരും, ദരിദ്രന്മാരും, നാസ്തികന്മാരും തുടരുന്ന വേദാര്‍ത്ഥ വാദ വിജ്ഞാനങ്ങള്‍ സത്യാഭാസമായേ തീരൂ. തന്നെത്താന്‍ മൗനം സ്വീകരിച്ച്‌ ഇരിക്കുന്നവന്‍ ധര്‍മ്മഛത്മം പൂണ്ട്‌ ചാവാന്‍ പറ്റും, അല്ലാതെ ജീവിക്കാന്‍ കൊള്ളുകയില്ല. കാട്ടില്‍ ഒരുത്തന്ന്‌ യഥാസുഖം ജീവിക്കുവാന്‍ പറ്റും. പുത്രന്മാരേയും, പൗത്രന്മാരേയും നോക്കാതെ ദേവകള്‍ക്കും, പിതൃക്കള്‍ക്കും, മുനിമാര്‍ക്കും ഒന്നും അര്‍ച്ചിക്കാതെ ഒറ്റയാനായി ജീവിക്കുന്നതിന്നു കാട്ടില്‍ യഥാസുഖം സാധിക്കും. അങ്ങനെയാണെങ്കില്‍ മാന്‍, പന്നി, പക്ഷി എന്നിവയ്ക്കു നിശ്ചയമായും സ്വര്‍ഗ്ഗം ലഭിക്കേണ്ടതാണ്‌. 

സന്ന്യാസം കൊണ്ട്‌ ഒരു രാജാവ്‌ സിദ്ധി നേടുന്നതാണെങ്കില്‍ മരങ്ങളും കുന്നുകളും ഉടനെ സിദ്ധിനേടുമല്ലോ. ഇവരെ നിത്യസന്ന്യസ്ഥരായി, നിരുപദ്രവികളായി നാം കാണുന്നു. അവര്‍ അപരിഗ്രഹരും, നിത്യബ്രഹ്മചാരികളുമാണല്ലോ. 

സ്വന്തം ഭാഗ്യത്തില്‍ മറ്റുവഴിക്കു സിദ്ധി അങ്ങേൽക്കുന്നുവെങ്കില്‍ കര്‍മ്മം ചെയ്യുക തന്നെ വേണം. കര്‍മ്മഹീനന്നു മോക്ഷമില്ല. ഈ നിലയ്ക്കു ജലസൃഷ്ടികളായ ജന്തുക്കളും സിദ്ധി നേടുന്നതാണല്ലോ. അവര്‍ക്കു പോറ്റുവാന്‍ ആത്മാവ്‌ മാത്രമേയുള്ളു. ഹേ രാജാവേ, നോക്കൂ, താന്താങ്ങളുടെ കര്‍മ്മത്തെ ലോകമൊക്കെയും ചെയ്യുന്നു. അതുകൊണ്ട്‌ കര്‍മ്മംചെയ്യുക തന്നെ വേണം. ജീവിച്ചിരിക്കുവോളം കര്‍മ്മഹീനന്നു മോക്ഷം തീര്‍ച്ചയായും സിദ്ധിക്കുകയില്ല. 

അദ്ധ്യായം 11. അര്‍ജ്ജുനവാക്യം - അര്‍ജ്ജുനന്‍ പറഞ്ഞു; ഈ പ്രമേയത്തിന്ന്‌ ഉദാഹരണമായി പണ്ടുള്ളവര്‍ ഒരു കഥ പറയാറുണ്ട്‌. താപസന്മാരോട്‌ ഇന്ദ്രന്‍ പറഞ്ഞതാണ്‌. വീടു വിട്ടു ചില വിപ്രന്മാര്‍ കാടു കയറി കുലോത്ഭവരായ മീശ മുളയ്ക്കാത്ത ആ വിഡ്ഢികൾ  സന്ന്യാസം സ്വീകരിച്ചു. ഇത്‌ ധര്‍മ്മമാണെന്നു വിചാരിച്ചാണ്‌ അവര്‍ പിതൃഭ്രാതൃജനങ്ങളെയൊക്കെ വിട്ട്‌ ഇന്ദ്രനെ ഭജിച്ചത്‌. ഭഗവാന്‍ ഇന്ദ്രന്‍ ഒരു സ്വര്‍ണ്ണമയമായ പക്ഷിയുടെ രൂപത്തില്‍ വന്ന്‌ അവരോട്‌ പറഞ്ഞു; വിഘസാശികളായ മര്‍ത്ത്യന്മാര്‍ ചെയ്യുന്നതാണ്‌ അതിദുഷ്കരമായ പ്രവൃത്തി ഈ കര്‍മ്മം പുണ്യമാണ്‌. ജീവിതം പ്രശസ്തം തന്നെ. അര്‍ത്ഥം സിദ്ധിച്ച്‌ മുഖ്യമായ ഗതി ആ ധര്‍മ്മചാരികള്‍ പ്രാപിച്ചു. 

*** വിഘസാശികൾ  വിഘസം (ദേവന്മാർ, പിതൃക്കൾ, അതിഥികൾ, ഗുരുക്കന്മാർ എന്നിവർക്ക് സൽക്കരിച്ചതിനു ശേഷമുള്ള അന്നം ഭക്ഷിക്കുന്നവർ ***

ഋഷികൾ പറഞ്ഞു: അഹോ! ഈ പക്ഷി വിഘസാശികളെ പുകഴ്ത്തുന്നു. തീര്‍ച്ചയായും ഇതു നമ്മളെ പ്രശംസിക്കുകയാണ്‌. നമ്മള്‍ വിഘസാശികളാണല്ലോ. പക്ഷി പറഞ്ഞു: ചേറും പൊടിയും പുരണ്ട നിങ്ങളെ ഞാന്‍ പുകഴ്ത്തുന്നില്ല. ഉച്ഛിഷ്ടം ഉണ്ണുന്ന ജളന്മാരെ! നിങ്ങള്‍ വിഘസാശികളല്ല. അവര്‍ വേറെയാണ്‌. 

ഋഷികള്‍ പറഞ്ഞു: അത്‌ ശ്രേയസ്സാണെന്നു വിചാരിച്ച്‌ ഞങ്ങള്‍ അത്‌ സേവിക്കുകയാണ്‌. എടോ പക്ഷീ, ശ്രേയസ്സെന്താണെന്നു പറയു! ഞങ്ങള്‍ നിന്റെ മൊഴി ശ്രദ്ധിക്കാം. 

പക്ഷി പറഞ്ഞു: നിങ്ങള്‍ എന്നെ ശങ്കിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥമായ ഹിതം ഞാന്‍ പറഞ്ഞുതരാം. 

ഋഷികള്‍ പറഞ്ഞു: ഹേ ധര്‍മ്മാത്മാവേ, ഞങ്ങള്‍ അങ്ങയുടെ മൊഴി കേള്‍ക്കാം. അനുസരിക്കാം, നീ വഴി അറിഞ്ഞവനാണ്. 

പക്ഷി പറഞ്ഞു: നാലു കാലുള്ള ജീവികളില്‍ ഉത്തമം പശുവാണ്‌. ലോഹങ്ങളില്‍ ഉത്തമം സ്വര്‍ണ്ണമാണ്‌. ശബ്ദങ്ങളില്‍ ശ്രേഷ്ഠം മന്ത്രമാണ്‌. മനുഷ്യരില്‍ ശ്രേഷ്ഠന്‍ വിപ്രനാണ്‌. ജീവിപ്പവന്നും മരിച്ചവനും യഥാകാലം ശ്മശാനനിധനാദിയായും ജാതകര്‍മ്മാദികളായുമുള്ള മന്ത്രം ബ്രാഹ്മണനാണ്‌ വിധിച്ചിട്ടുള്ളത്‌. വിപ്രന്ന്‌ വൈദികമായ കര്‍മ്മം സ്വര്‍ഗ്ഗ്യവും ഉത്തമവുമാകുന്നു. എനിക്ക്‌ മന്ത്രസിദ്ധങ്ങളായ കര്‍മ്മങ്ങളൊക്കെ ചെയ്തു. എന്റെ ആത്മാവിന്ന്‌ ഉറപ്പായാല്‍ സിദ്ധിയും ഉറച്ചതു തന്നെ. പക്ഷങ്ങള്‍, മാസങ്ങള്‍, ജതുക്കള്‍, ഗണങ്ങള്‍, അര്‍ക്കേന്ദുനക്ഷത്രങ്ങള്‍, സര്‍വ്വഭൂതങ്ങള്‍ ഇവയെല്ലാം ഇച്ഛിക്കുന്നതു യാതൊന്നോ അതു തന്നെയാണ്‌ കര്‍മ്മം എന്നു പറയുന്നത്‌. സിദ്ധിക്ഷേത്രവും പുണ്യവും മഹത്തായ ആശ്രയവും ഇതുതന്നെയാണ്‌. കര്‍മ്മം നിന്ദിക്കുന്ന മര്‍ത്ത്യര്‍ ദുര്‍മ്മാര്‍ഗ്ഗചാരികളാണ്‌. മൂഡന്മാരായി അര്‍ത്ഥം നേടാത്ത അവര്‍ക്ക്‌ അഘം വന്നുകൂടുന്നു. നിത്യങ്ങളായ ദേവപിത്യബ്രാഹ്മണവംശങ്ങളെ വെടിഞ്ഞു നില്ക്കുന്ന മൂഡന്മാര്‍ വേദമാര്‍ഗ്ഗത്തെ വെടിഞ്ഞ്‌ പോകുന്നു. ദേവവംശം, ബ്രഹ്മവംശം പിത്യവംശം ഇവയൊക്കെ വേര്‍തിരിച്ചു കണ്ടുകൊണ്ടുള്ള ഗുരുചര്യ ദുഷ്കരമാണ്‌. ദേവന്മാര്‍ ദുഷ്കരകര്‍മ്മം ചെയ്തു വലിയ വിഭൂതിയെ നേടി. എന്നാല്‍ ഞാന്‍ പറയുന്നു ഗാര്‍ഹസ്ഥ്യം വളരെ ദുഷ്കരമാണെന്ന്‌. പ്രജയ്ക്കുവേണ്ടിയുള്ള മുഖ്യമായ ഒരു തപസ്സാണ്‌ ഇത്‌. അതിന്നു യാതൊരു സംശയവുമില്ല. കുടുംബവിധിയോടൊത്ത ഇതില്‍ തപസ്സ്‌ ഒതുങ്ങുന്നു എന്നു  നിർദ്വന്ദന്മാരും നിര്‍മ്മത്സരന്മാരുമായ വിപ്രന്മാര്‍ പറയുന്നു. തപസ്സു കൂടി ഇതിനോടൊപ്പിച്ചു നോക്കുമ്പോള്‍ മദ്ധ്യമമാണ്‌. ദുരാധര്‍ഷമായ പദത്തെ വിഘസാശികള്‍ പ്രാപിക്കുന്നു. അന്നം കാലത്തും അന്തിക്കും ഭാഗിച്ച്‌ വിധിപോലെ ഗൃഹത്തില്‍ ദേവാതിഥിപിതൃക്കള്‍ക്കും സ്വജനത്തിന്നും നല്കി, ശേഷിക്കുന്ന അന്നം അശിക്കുന്നവരാണ്‌ വിഘസാശികള്‍. സ്വധര്‍മ്മം ചെയ്യുന്ന സത്യവാദികളായ ആ സുവത്രന്മാര്‍ ലോകാചാര്യന്മാരായി തീര്‍ച്ചയായും ഉയരും. അവര്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്ന്‌ വിമത്സരന്മാരായി വളരെക്കാലം ഇന്ദ്രലോകത്തില്‍ ജീവിക്കും. 

അര്‍ജ്ജുനന്‍ പറഞ്ഞു: ധര്‍മ്മാര്‍ത്ഥങ്ങള്‍ ചേര്‍ന്ന മൊഴികള്‍ ആ പക്ഷി പറഞ്ഞതു കേട്ട്‌ അവര്‍ കാടുവിട്ട്‌ മുനി വ്യത്തി ഉപേക്ഷിച്ച്‌ ഗൃഹം പ്രാപിച്ചു. അതുകൊണ്ട്‌ സര്‍വ്വധര്‍മ്മജ്ഞനായ ഭവാന്‍ ശാശ്വതമായ ധൈര്യത്തോടെ ശ്രതുക്കളെ സംഹരിക്കുകയാല്‍ നിഷ്കണ്ടകമായ രാജ്യം ഹേ രാജാവേ, ഭവാന്‍  പരിപാലിച്ചാലും! 

അദ്ധ്യായം 12. നകുലവാക്യം - വൈശമ്പായനൻ പറഞ്ഞു: അര്‍ജ്ജുന൯ പറഞ്ഞതു കേട്ട്‌ നകുലനും പറയുവാന്‍ തുടങ്ങി. 

പ്രാജ്ഞനും ദീര്‍ഘബാഹുവും താമ്രാസ്യനും മിതഭാഷിയുമായ നകുലന്‍ ജ്യേഷ്ഠന്റെ മനസ്സിനെ പിന്തുടര്‍ന്ന്‌ ധര്‍മ്മരാജാവിനോടു പറയുവാന്‍ തുടങ്ങി. 

നകുലന്‍ പറഞ്ഞു: വിശാഖയൂപത്ത്‌ എല്ലാ സുരാഗ്നിചയനങ്ങളുമുണ്ട്‌. അതുകൊണ്ട്‌ വാനവരും കര്‍മ്മഫലസ്ഥരാണെന്നു മനസ്സിലാക്കുക. ഹേ രാജാവേ, വിധി നോക്കി അനാസ്തിക പ്രാണികള്‍ക്ക്‌ ഉയിര്‍ നല്കുന്ന പിതൃക്കളും കര്‍മ്മത്തെത്തന്നെ ചെയ്യുന്നു. നാസ്തികര്‍ വേദാര്‍ത്ഥ മുഡന്മാരാണെന്ന്‌ ഭവാനറിയാമല്ലൊ. സര്‍വ്വകാരൃത്തിലും വിപ്രന്‍ വേദോക്തത്തെ തൃജിക്കുകയാണെങ്കില്‍ ഗതിയില്ലാത്തവനായിത്തീരും. വേദവേദികള്‍ പറയുന്നു, എല്ലാ ആശ്രമങ്ങള്‍ക്കും മേലെ ഗൃഹസ്ഥാശ്രമമാണെന്ന്‌. ധര്‍മ്മോപാര്‍ജ്ജിതമായ വിത്തങ്ങളൊക്കെ ക്രതുക്കളില്‍ ചെലവിട്ടു ജിതാത്മാവായ രാജാവ്‌ സാത്വിക ത്യാഗിയായി വര്‍ത്തിക്കുന്നു. ഗൃഹം വിട്ടവനും, ചുറ്റിക്കറങ്ങി മരച്ചുവട്ടിലിരിക്കുന്നവനും, വചിക്കാത്തവനും, നിത്യയോഗിയും, ത്യാഗിയുമായ മുനിയാണ്‌ പാര്‍ത്ഥാ! ഭിക്ഷുകന്‍. ക്രോധവും, ഹര്‍ഷവും, പൈശൂന്യവും കുടാതെ വേദങ്ങള്‍ ചൊല്ലുന്നവനായ വിപ്രനാണ്‌ ത്യാഗി. സര്‍വ്വാശ്രമങ്ങളേയും മനീഷികള്‍ തൂക്കി നോക്കിയത്രേ. ഒരു ഭാഗത്ത്‌ മുന്നാശ്രമങ്ങളേയും മറുഭാഗത്ത്‌ ഗൃഹസ്ഥാശ്രമ ത്തേയും വെച്ചുപോലും. അപ്പോള്‍ രണ്ടും തുല്യമായിക്കണ്ടു. എന്തെന്നാല്‍ ഗൃഹസ്ഥാശ്രമത്താല്‍ കാമവും സ്വര്‍ഗ്ഗവും നേടാം. മഹര്‍ഷികള്‍ക്ക്‌ ഇതാണു മാര്‍ഗ്ഗം; ലോകജ്ഞര്‍ക്ക്‌ ഇതാണ്‌ ഗതി. നിഷ്‌കാമനായ ഗൃഹസ്ഥാശ്രമി ത്യാഗിയാകുന്നു. അവന്‍ ജളനെപ്പോലെ ഗൃഹം ഉപേക്ഷിച്ച്‌ കാടുകയറുകയില്ല. കാമങ്ങളെ പാര്‍ത്തിരിക്കുന്നവന്‍ ധര്‍മ്മവൈതംസികനാണ്‌. ധര്‍മ്മരാജാവേ!  അവന്‍ മൃത്യുപാശം കണ്ഠത്തിലണിയും. അഭിമാനത്തോടെ ചെയ്ത കര്‍മ്മം ഫലവത്താകയില്ല. ത്യാഗത്തോടെ ചെയ്തതൊക്കെ മഹാഫലവുമാകും. ശമം, ദമം, ധൈര്യം, സത്യം, ശുചി, ആര്‍ജ്ജവം യജ്ഞത്തില്‍ ബുദ്ധി, ധര്‍മ്മം, സത്യം ഇവ ആര്‍ഷവിധാനമാണ്‌. പിതൃദേവാതിഥികള്‍ക്കായി ചെയ്യുന്നത്‌ മംഗളമാണ്‌. മഹാരാജാവേ, കേവലം ഫലമായ ത്രിവര്‍ഗ്ഗം ഇതിലില്ല. പ്രതിഷേധം അര്‍ഹിക്കാത്ത ഈ വിധാനത്തില്‍ നില്ക്കുകയാണെങ്കില്‍ ഇങ്ങ്‌ ഏര്‍പ്പെടുന്ന ത്യാഗിക്ക്‌ ഉടവ്‌ ഒരിടത്തും പറ്റുകയില്ല. അകന്മഷനായ പ്രജാപതി പ്രജാസൃഷ്ടി ചെയ്തു. അത്‌ ദക്ഷിണയോടെ മഖം ചെയ്യുന്ന നമുക്കു വേണ്ടിയാണ്‌. ധാര്‍മ്മികനായ അവന്‍ ലതാ വൃക്ഷൗഷധികളേയും യജ്ഞത്തിന്നായി സൃഷ്ടിച്ചു. യജ്ഞഹവ്യങ്ങളായി മേദ്ധ്യപശുവ്യന്ദങ്ങളേയും സൃഷ്ടിച്ചു. ഗൃഹസ്ഥന്ന്‌ ആ യജ്ഞം സ്വാതന്ത്ര്യബന്ധകമാണ്‌. അതിനാല്‍ ഗാര്‍ഹസ്ഥ്യം ദുഷ്കരവും, ഏറ്റവും ദുര്‍ല്ലഭവുമാണ്‌. അതു നേടി പശു ധാന്യങ്ങളുള്ള ഗൃഹസ്ഥന്മാര്‍ യജിക്കാഞ്ഞാല്‍ വലിയ പാപം വന്നു ചേരും. സ്വാദ്ധ്യായ യജ്ഞരാണ്‌ ഋഷികള്‍. മറ്റുള്ളവര്‍ ജ്ഞാനയജ്ഞരാണ്‌. വേറെയുള്ളവര്‍ മഹായജ്ഞം മനസ്സു കൊണ്ടും ചെയ്യുന്നു. ഇപ്രകാരം മനസ്സമാധാനമാര്‍ഗേണ ഹേ രാജാവേ, യജ്ഞം ചെയ്താലും. ദേവന്മാര്‍കൂടി ബ്രഹ്മഭൂതരായ ദ്വിജാതികളെ കൊതിക്കുന്നു. അങ്ങും ഇങ്ങും നിന്ന്‌ ചിത്രരത്നനൗഘത്തെ നീ നേടി. അത്‌ മഖത്തില്‍ ചെലവാക്കാതെ ഇപ്പോള്‍  നാസ്തിക്യം ചൊല്ലുകയാണോ? കുടുംബം വാഴുന്ന അങ്ങയ്ക്കു ത്യാഗം കാണുന്നില്ലല്ലോ. രാജസൂയം, അശ്വമേധം, സര്‍വ്വമേധം മുതലായ യാഗങ്ങള്‍ വീണ്ടും ഭവാന്‍ ചെയ്യുക. ദേവേന്ദ്രനെപ്പോലെ ഭവാന്‍ ബ്രാഹ്മണര്‍ പൂജിക്കുന്ന മറ്റു യാഗങ്ങളും ചെയ്യുക. 

രാജാവിന്റെ പതനത്തില്‍ കള്ളന്മാര്‍ പ്രജകളുടെ ധനം കവരും. പ്രജകള്‍ക്കു ശരണ്യനാകാത്ത രാജാവാണ്‌ കലി എന്നു പറയുന്നവന്‍. അശ്വങ്ങള്‍, ഗോക്കള്‍, ദാസീജനം, പൊന്നണിഞ്ഞ ആനകള്‍, ഗ്രാമങ്ങള്‍, നാടുകള്‍, കൃഷിയിടങ്ങള്‍, ഭവനങ്ങള്‍ എന്നിവയൊന്നും ബ്രാഹ്മണര്‍ക്കു ദാനംചെയ്യാതെ മാത്സര്യാഭീഷ്ടചിത്തരായി നമ്മള്‍ രാജകലികളാകുവാന്‍ പോകയാണ്‌ രാജാവേ! അശരണ്യരും, അദാതാക്കളും, രാജകില്‍ബിഷഭാക്കുകളും, ദോഷത്തെത്തന്നെ ഏല്‍ക്കുന്നു. അവര്‍ ഒരിക്കലും സുഖമേല്ക്കുന്നില്ല. മഹായജ്ഞങ്ങള്‍ ചെയ്യാതെ, പിതൃക്കള്‍ക്കു നല്കാതെ, തീര്‍ത്ഥസ്നാനം ചെയ്യാതെ, ഹേ പ്രഭോ, ഭവാന്‍ സന്യസിക്കയാണെങ്കില്‍ കാറ്റില്‍പ്പെട്ട മേഘംപോലെ ഭവാന്‍ ഛിന്നഭിന്നമാകും. രണ്ടു ലോകവും വിട്ട ഇടയില്‍ നില്ക്കുന്നവന്‍, ഉള്ളിലും പുറത്തുമുള്ള മനോവ്യാസംഗഹേതുവെ ത്യജിക്കുകയാണെങ്കില്‍ അവന്‍ ത്യാഗിയാകുന്നില്ല. പ്രതിഷേധമില്ലാത്ത ഈ വിധാനത്തില്‍ നില്ക്കുന്നവന് ഉടവ്‌ ഒരിടത്തും പറ്റുകയില്ല. 

സമൃദ്ധമായ ശത്രുപ്രകരത്തെ മുടിച്ച്‌ ശക്രനെപ്പോലെ മരുവുന്ന ഏതു രാജാവാണ്‌ പൂര്‍വ്വരാജാക്കന്മാര്‍ ആര്‍ജ്ജിതമായ സ്വധര്‍മ്മം ഭുജിക്കേണ്ട സമയത്തു മാഴ്കുക? സ്വകീയമായ ക്ഷാത്രധര്‍മ്മത്താല്‍ ഉഗ്രമായ പരാക്രമംചെയ്ത്‌ ഊഴി വെന്ന്‌ മന്ത്രജ്ഞരായ ജനങ്ങള്‍ക്ക്‌ അര്‍ത്ഥദാനങ്ങള്‍ നല്കി ഭവാന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കും! ഭവാന്‍ ദുഃഖിക്കേണ്ടതായി ഒന്നുമില്ല. 

അദ്ധ്യായം 13. സഹദേവവാക്യം - സഹദേവന്‍ പറഞ്ഞു: ബാഹൃമായ ദ്രവ്യം ഉപേക്ഷിച്ചതു കൊണ്ട്‌ രാജാവേ! സിദ്ധി ലഭിക്കുന്നതല്ല. ശാരീരികമായ ദ്രവ്യം വിട്ടാല്‍ സിദ്ധി കിട്ടിയെന്നും, കിട്ടിയില്ലെന്നും വരാം. ബാഹ്യദ്രവ്യം വിട്ട്‌ ശാരീരത്തില്‍ കാംക്ഷിക്കുന്നവന്റെ ധര്‍മ്മവും, സുഖവും നമ്മള്‍ക്കുള്ള, ശത്രുക്കള്‍ ഏല്ക്കണം. ശരീര്രദവ്യം വിട്ട്‌ നാടു വാഴുന്നവന്റെ ധര്‍മ്മവും, സുഖവും നമ്മളുടെ ഇഷ്ടന്മാര്‍ക്ക്‌ ലഭിക്കണം. മൃത്യു എന്നത്‌ രണ്ടക്ഷരമാണ്‌. ശാശ്ചതമെന്നതു മുന്നക്ഷരമാണ്‌. അതു ബ്രഹ്മമാണ്‌. എന്റെ എന്നതാണ്‌ മൃത്യു. എന്റെ അല്ല എന്നതാണ്‌ ശാശ്വതം. ഈ ബ്രഹ്മമൃത്യുക്കള്‍ മഹാരാജാവേ, നമ്മുടെ ആത്മാവില്‍ നില്ക്കുന്നതാണ്‌. ഈ ഭൂതസഞ്ചയത്തെ, അദൃശ്യങ്ങളായ ഇവ തമ്മില്‍ പൊരുതിപ്പിക്കുകയാണ്‌. ഈ. സത്വത്തിന്ന്‌ നാശമില്ലെങ്കില്‍ ജീവികളുടെ ഉടല്‍ മുടിച്ചാലും അതില്‍ ഹിംസ പറ്റുന്നതല്ല. അതല്ലാ ഉല്പത്തിനാശങ്ങള്‍ സത്പങ്ങള്‍ക്കുണ്ടെങ്കില്‍ ദേഹം നശിച്ചാല്‍ ആത്മാവും നശിക്കും. അപ്പോള്‍ ക്രിയാവഴികളും പാഴാകും. ആയതു കൊണ്ട്‌ ഏകാന്തത ഉപേക്ഷിച്ച്‌ പണ്ടുള്ള സജ്ജനം നടന്ന വഴിയേ പോകേണ്ടതാണ്‌ അറിവുള്ളവന്റെ കടമ. ചരാചരങ്ങളോടൊത്ത ഭൂമി മുഴുവന്‍ നേടി അതിനെ ഭുജിക്കാത്ത നൃപന്‍ ശരിയായവനല്ല. അവന്റെ ജീവിതം പാഴിലാണ്‌. എന്നു തന്നെയല്ല കാട്ടില്‍ താമസിച്ച്‌ ഫലമൂലങ്ങള്‍ ഭുജിച്ച്‌ കാട്ടാറിലെ വെള്ളം കുടിച്ചു ജീവിച്ചാലും അവന്നു സ്വത്തില്‍ മമത്വം ഉണ്ടെങ്കില്‍ അവന്‍ മൃത്യുവിന്റെ വായില്‍ത്തന്നെ! ബാഹ്യവും ആന്തരവുമായ ഭൂതസ്വഭാവത്തെ ഭവാന്‍ കണ്ടാലും. ആ ഭൂതത്തെ കാണുന്നവര്‍ വലിയ ഭയംവിട്ട്‌ ഒഴിയും. എനിക്ക്‌ അച്ഛനും അമ്മയും: ഭ്രാതാവും ഗുരുവുമായി അങ്ങ്‌ ഒരാള്‍ മാത്രമാണ്‌. എന്റെ ദുഃഖപ്രലാപങ്ങള്‍ അങ്ങു കേട്ടു പൊറുക്കണേ! ഞാന്‍ വാസ്തവമോ, അവാസ്തവമോ, എന്തു പറയുന്നതായാലും അതെല്ലാം ഭക്തികൊണ്ടാണെന്നു വിചാരിക്കുക! രാജാവേ, പ്രസാദിച്ചാലും! 

അദ്ധ്യായം 14. ദ്രൗപദീവാക്യം - വൈശമ്പായനൻ പറഞ്ഞു: യുധിഷ്ഠിരന്‍ മൌനം പൂണ്ട്‌ ഇരുന്നപ്പോള്‍ വേദാനുസരണമായ തീര്‍പ്പുകള്‍ പലമട്ടില്‍ സോദരന്മാര്‍ പറഞ്ഞതിന്നുശേഷം മഹാ ആഭിജാത്യമുള്ളവളും, ശ്രീയാര്‍ന്നവളും ആയതലോചനയുമായ ദ്രൗപദി രാജേന്ദ്രനോടു നേരിട്ടു നിന്ന്‌ ഉചിതമായ ചില കാര്യങ്ങള്‍ സംസാരിച്ചു. അപ്പോള്‍ സിംഹശാര്‍ദ്ദൂലസന്നിഭന്മാരായ രാജഭ്രാതാക്കള്‍ ചുറ്റും നിന്നിരുന്നു. രാജാവ്‌ ഗജങ്ങളുടെ മദ്ധ്യേ യൂഥപന്‍ എന്നപോലെ ശോഭിച്ചു. ധര്‍മ്മജനില്‍ അഭിമാനത്തോടെ രാജലാളിതയായ ആ യോഷില്‍പ്രവര ഭര്‍ത്താവിനെ സവിനയം സംബോധനചെയ്തു സാമമായ വാക്കുകള്‍ ഇപ്രകാരം പറഞ്ഞു.

ദ്രൗപദി പറഞ്ഞു: ഹേ, കുന്തീനന്ദനാ! ഭവാന്റെ സോദരന്മാരായ ഇവര്‍ വ്യസനത്താല്‍ ശോഷിച്ച്‌, ജലത്തിന്നു വേണ്ടി ചാതകങ്ങള്‍പോലെ കരഞ്ഞുകൊണ്ടു നില്ക്കുന്നതു ഭവാന്‍ കാണുന്നില്ലേ? അവരെ ഭവാന്‍ സന്തോഷിപ്പിക്കുന്നില്ലല്ലോ! എത്ര കാലമായി അവര്‍ ഓരോ വിധത്തില്‍ ദുഃഖിക്കുന്നു! ഇപ്പോള്‍ അവരെ ഉചിതമായ വാക്കുകള്‍കൊണ്ട്‌ അങ്ങ്‌ എന്താണു സന്തോഷിപ്പിക്കാത്തത്‌? മഞ്ഞും കാറ്റും വെയിലും ഏറ്റു വലഞ്ഞ ഈ സോദരന്മാരോട്‌ ദ്വൈതവനത്തില്‍വച്ച്‌ ഭവാന്‍ പറഞ്ഞത്‌ ഓര്‍ക്കുന്നുണ്ടോ? ദുര്യോധനനെ നാം പോരില്‍ കൊന്ന്‌ ഞാന്‍ ഭൂമി ഭുജിക്കും. സര്‍വ്വകാമവും തികഞ്ഞവനും പോരില്‍ ജയം കാംക്ഷിക്കുന്നവരുമായ രഥികളുടെ തേര്‍ തകര്‍ത്ത്‌, കൂറ്റന്‍ ഗജങ്ങളേയും, കുതിരകളേയും കൊന്ന്‌, ശത്രുക്കളെ നിരത്തി, ഭൂരിദക്ഷിണയോടെ യജ്ഞങ്ങള്‍ ചെയ്യുമ്പോള്‍, ഈ വനവാസ ദുഃഖം നിങ്ങള്‍ക്ക്‌ സുഖം നല്കും! എന്ന്‌ ഇവരോടു വാക്കു കൊടുത്തിട്ടു ഹേ, ധാര്‍മ്മികാ! ഇപ്പോള്‍ എന്താണു പറയുന്നത്‌? ഞങ്ങളുടെ ഹൃദയം ഇപ്രകാരം തകര്‍ക്കുന്നത്‌ എന്താണ്‌? നപുംസകങ്ങള്‍ ഒരിക്കലും ഭൂമി ഭൂജിക്കയില്ല! ആണത്തമില്ലാത്തവന്‍ ധനം ഏല്ക്കുകയില്ല! ആണും പെണ്ണും കെട്ടവന്റെകൂടെ മക്കള്‍ പോലും നില്ക്കുകയില്ല! ചേറ്റില്‍ മത്സ്യം നില്ക്കുകയില്ലല്ലോ! അദണ്ഡ്യനായ ക്ഷത്രിയന്‍ ശോഭിക്കയില്ല! അദന്ധ്യനായവന്‍ ഭൂമിയെ ഏൽക്കുകയില്ല. അദണ്ഡൃരായ ഉര്‍വ്വീശയാരുടെ പ്രജകള്‍ സുഖിക്കുകയില്ല! സര്‍വ്യജീവിയിലും മ്രൈതി, ദാനം, അദ്ധ്യയനം, തപം ഇവയൊക്കെ ബ്രാഹ്മണന്ന്‌ ചേര്‍ന്നതാണ്‌, ക്ഷത്രിയന്നു ചേര്‍ന്നതല്ല! ദുഷ്ടന്മാരെ തടയുക, ശിഷ്ടന്മാരെ സംരക്ഷിക്കുക, ഇതാണ്‌ രാജാക്കളുടെ ധര്‍മ്മം. പോരില്‍ ഓടി ഒളിക്കാതെയിരിക്കുക എന്നത്‌ അവരുടെ ധര്‍മ്മമാണ്‌. ക്ഷമ, ക്രോധം, ദാനം, ആദാനം, ഭയം, അഭയം, നിഗ്രഹം, അനുഗ്രഹം ഇവയൊക്കെയുള്ളവനാണ്‌ ധര്‍മ്മജ്ഞന്‍! ശ്രുതം, ദാനം. സാന്ത്വം ഇവ കൊണ്ടല്ല ഭവാന്‍ ഈ പാരിടം നേടിയത്‌. യാചന കൊണ്ടുമല്ല. ദ്രോണൻ, കര്‍ണ്ണന്‍, കൃപന്‍ മുതലായവര്‍ ഭരിച്ചിരുന്ന ശത്രുക്കളുടെ മഹാചതുരംഗ സൈനൃത്തെ കൊന്നിട്ടാണ്‌ ഹേ വീരാ, നീ ഈ ഭൂമി നേടിയത്‌. അതുകൊണ്ട്‌ ഈ ഭുമി ദവാന്‍ ഭുജിക്കണം. നാനാജനപദങ്ങള്‍ ചൂഴുന്ന ജംബുദ്ധീപ്‌ ദണ്ഡത്താല്‍ മര്‍ദ്ദിച്ചു. ജംബുദ്ധീപിന്നു സദൃശമാണ്‌ ക്രഞ്ചദ്ധിപ്‌, ക്രഞ്ചദ്ധീപിന്ന്‌ സദൃശമാണ്‌ ശാകദ്വീപ്‌. ദണ്ഡത്താല്‍ മഹാമേരുവിന്റെ പശ്ചിമഭാഗം നീ മര്‍ദ്ദിച്ചിരിക്കുന്നു. മഹാമേരുവിന്റെ വടക്കായി ശാകദ്വീപ സമാനമായ ഭദ്രാശ്വം ഹേ, പുരുഷവ്യാഘ്രാ!  ഭവാന്‍ മര്‍ദ്ദിച്ചിരിക്കുന്നു. നാനാനാട്ടിലുള്ള ദ്വീപുകളും, ആന്തരദ്വീപുകളും ദണ്ഡത്താല്‍, കടലില്‍ച്ചെന്ന്‌ ഹേ വീരാ! ഭവാന്‍  മര്‍ദ്ദിച്ചിരിക്കുന്നു. എതിരറ്റ കര്‍മ്മങ്ങള്‍ ചെയ്ത്‌ വിപ്രപൂജയേറ്റ്‌ ഭവാന്‍ എന്താണ്‌ പ്രീതിപ്പെടാത്തത്‌? അങ്ങ്‌ ഈ (ഭ്രാതാക്കളെ നോക്കി അഭിനന്ദിക്കുക! മത്തര്‍ഷഭസമന്മാരും,  ഊര്‍ജ്ജിതമായ ഗജ്രേന്ദതുല്യന്മാരും, ദേവതുല്യന്മാരും, പരന്തപന്മാരുമാണ്‌ ഭവാന്റെ സഹജന്മാര്‍. എന്റെ സുഖത്തിന്ന്‌ ഇതില്‍ ഏതെങ്കിലും ഒരാള്‍ മതി. എന്നാലും ദേഹിയുടെ ചേഷ്ടയ്ക്കു പഞ്ചേന്ദ്രിയങ്ങള്‍പോലെ, അഖില ദര്‍ശിനിയായ ശ്വശ്രു കുന്തി പറഞ്ഞത്‌ ഭവാന്‍ ഓര്‍ക്കുന്നുണ്ടോ? പാഞ്ചാലീ, ധര്‍മ്മജന്‍ നിന്നെ സുഖിപ്പിക്കും. അനുത്തമേ? അനേകായിരം ഭൂപന്മാരെ കൊന്ന്‌ അവന്‍ നിന്നെ സുഖിപ്പിക്കും! അത്‌ പാഴ്വാക്കായി ഞാന്‍ ഇപ്പോള്‍ കാണുന്നു! നിന്റെ വ്യാമോഹം കൊണ്ട്‌ അങ്ങനെ വന്നിരിക്കുന്നു! ജ്യേഷ്ഠനെ പിന്തുടര്‍ന്ന അനുജന്മാരെല്ലാം ഭവാന്‍ ഉന്മാദം പൂണ്ടതുമൂലം, എല്ലാ പാണ്ഡവരും ഉന്മത്തരായിരിക്കുന്നു! അവര്‍ ഉന്മത്തരല്ലെങ്കില്‍ ഇങ്ങനെ ഏഭ്യരായി കണ്ടുനില്ക്കുമോ? ഉന്മത്തനായ ഭവാനെ നാസ്തികന്മാരോടൊപ്പം പിടിച്ചു കെട്ടി മന്നിനെ ശാസിച്ചേനെ. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന മൂഢന്‍ ശ്രേയസ്സേല്ക്കാതെയിരുന്നാല്‍ ധൂപാഞ്ജനങ്ങളാല്‍ അവനെ പിന്നെ നസ്യകര്‍മ്മങ്ങള്‍ ചെയ്യണം. വൈദ്യന്മാരെ വരുത്തി ഉന്മാദത്തിന്ന്‌ തക്ക ചികിത്സ നടത്തണം. വഴി പിഴച്ച ഭവാന്റെ ഈ ചിത്തവൃത്തി മൂലം ഞാന്‍ സ്ത്രീജനങ്ങളില്‍വച്ച്‌ ഏറ്റവും താഴ്ന്നവളായിത്തീര്‍ന്നിരിക്കുന്നു! 

മക്കളൊക്കെ മരിച്ചു വേര്‍പെട്ട പിന്നേയും ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഞാന്‍ ഒന്നു പറഞ്ഞാല്‍ എന്റെ ഇംഗിതം പാഴിലാകുമെന്നു തോന്നുന്നുണ്ടോ? അങ്ങ്‌ ഈഴിയൊക്കെ വിട്ട്‌ ഇപ്പോള്‍ തന്നെത്താനെ ആപത്ത്‌ ഉണ്ടാക്കിവെക്കുവാനാണ്‌ ഭാവം. മന്നില്‍ മന്നവന്മാരാല്‍ സമ്മതിക്കപ്പെട്ട ഭവാന്‍, മാന്ധാതാവ്‌, അംബരീഷന്‍ എന്നിവരെപ്പോലെ വിളങ്ങുന്ന ഭവാന്‍, ധര്‍മ്മാനുസരണം ഭൂമിയെ ഭരിക്കുക! ജനങ്ങളെ സംരക്ഷിക്കുക! കാടും മാടും മേടുമൊത്ത ഭൂമിയെ പരിപാലിക്കുക! ബുദ്ധി മങ്ങാതെ, പലതരം യജ്ഞം ചെയ്യുക, യുദ്ധം ചെയ്യുക, ദാനം ചെയ്യുക. വിപ്രര്‍ക്ക്‌ വിത്തം, ഭോഗങ്ങള്‍, വസ്ത്രം ഇവ നല്കുക. സജ്ജനങ്ങളെ സന്തോഷിപ്പിക്കുക. 

അദ്ധ്യായം 15. അര്‍ജ്ജുനവാക്യം - വൈശമ്പായനൻ പറഞ്ഞു: പാഞ്ചാലിയുടെ വാക്കു കേട്ട്‌ വീണ്ടും അര്‍ജ്ജുനന്‍ യുധിഷ്ഠിരനോട്‌ ഇങ്ങനെ പറഞ്ഞു: ദണ്ഡം പ്രജകളെ ശാസിക്കുന്നു. ദണ്ഡം ജനങ്ങളെ രക്ഷിക്കുന്നു. സുപ്തരില്‍ ജാഗ്രത്ത്‌ ദണ്ഡമാകുന്നു. ദണ്ഡം ബുധാദൃതമായ ധര്‍മ്മമാകുന്നു. ദണ്ഡം ധര്‍മ്മാര്‍ത്ഥങ്ങളെ കാക്കുന്നു. ദണ്ഡം കാമത്തെയും സംരക്ഷിക്കുന്നു. ത്രിവര്‍ഗ്ഗം ദണ്ഡമാകുന്നു. ദണ്ഡം ധാന്യത്തെ കാക്കുന്നു. ദണ്ഡം ധനത്തെ കാക്കുന്നു. ഇതറിഞ്ഞ്‌ ലൗകികസ്ഥിതി ഭവാന്‍ കൈക്കൊണ്ടാലും. ചില പാപികള്‍ രാജദണ്ഡഭയം മൂലം പാപം ചെയ്യുകയില്ല. ചിലര്‍ യമദണണ്ഡം ഭയന്നും പാപം ചെയ്യുകയില്ല. ചിലര്‍ പരലോക ഭയം മൂലം പാപം ചെയ്യുകയില്ല. ചില പാപികള്‍ പരസ്പര ഭയം മൂലവും പാപം ചെയ്യുകയില്ല. ഈ സ്വഭാവമുള്ളവരെല്ലാം ദണ്ഡത്താലാണു നില്ക്കുന്നത്‌. ദണ്ഡം പരിപാലിച്ചില്ലെങ്കില്‍ ലോകം കൂരിരുട്ടില്‍ പെട്ടു പോകും. അദാന്തരെ ദമിപ്പിക്കും. ദണ്ഡിപ്പിക്കുന്ന അശിഷ്ടരെ ദമത്താല്‍ ദണ്ഡിപ്പിക്കും. 

വാക്കാല്‍ ദണ്ഡം ബ്രാഹ്മണര്‍ക്കാണ്‌. ക്ഷത്രിയര്‍ക്ക്‌ ദണ്ഡം കൈകൊണ്ടാണ്‌. ദാനംകൊണ്ടാണ്‌ വൈശ്യരുടെ ദണ്ഡം. ശൂദ്രന്മാര്‍ നിര്‍ദ്ദണ്ഡരാണ്‌. | 

മനുഷ്യര്‍ക്ക്‌ ഉള്‍ഭ്രമം ഉണ്ടാവാതിരിക്കുവാനും അര്‍ത്ഥം രക്ഷിക്കുവാനും ദണ്ഡനീതി പാരില്‍ നടപ്പാക്കി. എവിടെ കറുത്ത്‌ കണ്‍ചുവത്തി ദണ്ഡം ശിക്ഷയാല്‍ ചുറ്റുന്നുവോ അവിടെ നാട്ടുകാര്‍ മോഹിക്കുകയില്ല. രാജാവ്‌ ദണ്ഡം പാലിച്ചാല്‍ മതി. 

ബ്രഹ്മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍,യതീന്ദ്രന്‍ ഇവരൊക്കെയും ദണ്ഡം നടത്തുന്ന രാജാവിന്റെ നാട്ടില്‍ വലയാതെ കഴിഞ്ഞു കൂടുന്നു. മനുഷ്യരെല്ലാം ശരിയായ വഴിക്കു നില്ക്കുന്നത്‌ ദണ്ഡഭയം മൂലമാണ്‌. ഭീതിവിട്ടവന്‍ യജിക്കയില്ല. ഭീതിവിട്ടവന്‍ കൊടുക്കുകയില്ല. ഭീതിവിട്ടവന്‍ കരാറിന്മേല്‍ നില്ക്കുകയില്ല രാജാവേ! 

പരന്മാരുടെ മര്‍മ്മം പിളര്‍ക്കാതെയും ദുഷ്കരം ചെയ്യാതെയും മീനിനെ കൊല്ലുന്നപോലെ, ജനങ്ങളെ കൊല്ലാതെ ആര്‍ക്കും ലക്ഷ്മിയെ നേടാന്‍ കഴിയുകയില്ല. കൊല്ലാത്ത രാജാവിന്നു കീര്‍ത്തിയില്ല, വിത്തമില്ല, പ്രജയില്ല. ഇന്ദ്രന്‍ വൃത്രനെ കൊല്ലാതെ മഹേന്ദ്രനായോ? ഹന്താക്കളായ ദേവന്മാരെ ലോകര്‍ പൂജിക്കുന്നു. രുദ്രന്‍, ഇന്ദ്രന്‍, സ്‌കന്ദന്‍, അഗ്നി, യമന്‍, വായു, മൃത്യു, വിത്തേശന്‍, അര്‍ക്കന്‍, വസു എന്നിവരും എന്തു കൊണ്ടാണു പുജിക്കുപ്പെടുന്നത്‌? ജനങ്ങള്‍ ഈ ദേവന്മാരെ പുജിക്കുന്നത്‌ അവര്‍ ഹന്താക്കളായതുകൊണ്ടാണ്‌. ധാതാവിനേയും ബ്രഹ്മാവിനേയും പുഷാവിനേയും ജനങ്ങള്‍ പൂജിക്കുന്നു. സര്‍വ്വ മദ്ധ്യസ്ഥരായിട്ട്‌ ദമം കൈക്കൊണ്ട്‌ കര്‍മ്മങ്ങളില്‍ ശാന്തചിത്തരായി മര്‍ത്ത്യരാരും യജിക്കുന്നില്ല. അഹിംസയാല്‍ ജീവിക്കുന്നതായി നാം ആരേയും ലോകത്തില്‍ കാണുന്നില്ല. ജീവി ജീവിയെക്കൊണ്ടു ജീവിക്കുന്നു. ബലി ദുര്‍ബ്ദലനെക്കൊണ്ടു ജീവിക്കുന്നു. 

കീരി മൂഷികനെ തിന്നുന്നു. കീരിയെ പൂച്ച തിന്നുന്നു. ചിത്ര വ്യാഘ്രം പട്ടിയേയും തിന്നുന്നു. പുരുഷന്‍ അതൊക്കെ തിന്നുന്നു. കാലഗതിയുടെ ക്രമം കാണുക! പ്രാണന്നുള്ള അന്നമായി ഈ ചരാചരങ്ങളെയെല്ലാം ദൈവം കല്‍പിച്ചതാണ്‌. അതില്‍ വിദ്വാന്‍ മോഹിക്കുകയില്ല. ഹേ രാജേന്ദ്രാ, ഭവാനും സൃഷ്ടിച്ച മട്ടില്‍ നില്ക്കണം. ക്രോധഹര്‍ഷങ്ങള്‍വെന്ന രാജാക്കള്‍, കാട്ടില്‍ വാഴുന്നവര്‍, വധം കൂടാതെ താപസന്മാരും പ്രാണധാരണം ചെയ്യുകയില്ല. വെള്ളത്തില്‍ ജീവികളേയും ഊഴിയില്‍ കായ്കളേയും ആരും കൊല്ലാതിരിക്കുന്നില്ല. പിന്നെ പ്രാണനെ രക്ഷിക്കുന്ന കാര്യത്തില്‍ പറയേണ്ടതുണ്ടോ? കാണാന്‍ വയ്യാത്ത  അണുപ്രാണികളുമുണ്ട്‌, കണ്ണടച്ചാലും അവയില്‍ ചിലതു ചാവും. 

ഗ്രാമം ഉപേക്ഷിച്ച്‌ കാട്ടില്‍ പാര്‍ക്കുന്ന മുനികളും മാത്സര്യ ക്രോധ വര്‍ജ്ജിതരായിട്ടും പിന്നെയും മോഹം മൂലം കുടുംബികളായിത്തീരുന്നു. മണ്ണു വെട്ടിയും, വൃക്ഷം വെട്ടിയും, ഔഷധികളേയും പക്ഷികളേയും പശുക്കളേയും കൊന്നും, യത്നം ചെയ്യുന്നവരും സ്വര്‍ഗ്ഗത്തിലെത്തുന്നുണ്ട്‌. ദണ്ഡനീതി നടത്തിയാലും സല്‍ഗതിയുണ്ടാകും. ഹേ! കൗന്തേയാ, അതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ലോകത്തില്‍ ദണ്ഡനീതി ഇല്ലെങ്കില്‍ പ്രജകളൊക്കെ നശിക്കും. വെള്ളത്തിലെ മത്സ്യങ്ങളെപ്പോലെ വലിയ മീനുകള്‍ ചെറിയ മീനുകളെ പിടിച്ചു തിന്നും. ബ്രഹ്മാവ്‌ മുമ്പ്‌ ഇപ്രകാരം സത്യമായ കാര്യം പറഞ്ഞ്‌ നന്നായി ദണ്ഡം നടപ്പാക്കിയാല്‍ ലോകം സംരക്ഷിക്കാം. ഭയംകൊണ്ട്‌ അഗ്നി ശാന്തമാവുകയും സംതര്‍ജ്ജിച്ചാല്‍ ദണ്ഡഭയം കൊണ്ട്‌ അഗ്നി ജലിക്കുകയും ചെയ്യുന്നു. 

ദണ്ഡമില്ലെങ്കില്‍ ലോകം ഇരുട്ടില്‍പെടും. നന്മയും തിന്മയും തിരിച്ചറിവാന്‍ ഞെരുങ്ങും. വേദനിന്ദകരായ നാസ്തികന്മാര്‍ മര്യാദ തെറ്റിച്ചു നില്ക്കും. അവരും ദണ്‍ഡപീഡിതരായാല്‍ മര്യാദയ്ക്കു നില്ക്കും. ലോകമൊക്കെ ദണ്ഡജിതമാണ്‌. ശുചിയായ ജനം ദുര്‍ല്ലഭമാണ്‌. 

ചാതുര്‍വർണ്യസുഖത്തിന്നും നല്ല നീതി നടപ്പാക്കുന്നതിന്നും ദണ്ഡത്തെ ധാതാവു കല്‍പിച്ചു. അതു കൊണ്ടാണ്‌ ലോകത്തില്‍ ധര്‍മ്മാര്‍ത്ഥങ്ങള്‍ രക്ഷിക്കപ്പെടുന്നത്‌. ദണ്ഡത്തില്‍ ഭയമില്ലെങ്കില്‍ പക്ഷികളും ശ്വാപദന്മാരും കൂടി പശുക്കളേയും മനുഷ്യരേയുമൊക്കെ പിടിച്ചു തിന്നുകളയും. യജ്ഞഹവ്യങ്ങളേയും വന്നു തിന്നുകളയും! ബ്രഹ്മചാരി ഓത്തു ചൊല്ലുകയില്ല; നല്ല പശുക്കളെ കറക്കുവാന്‍ കിട്ടുകയില്ല; കന്യ വേളി  കഴിക്കയില്ല; ദണ്ഡം രക്ഷിക്കുന്നില്ലെങ്കില്‍ കഥ ഇതാണ്‌. 

എല്ലായിടത്തും ലോപം തുടരും. എല്ലാചിറകളും പൊട്ടിത്തകര്‍ന്നുപോകും. മമത്വം അറിയാന്‍ കഴികയില്ല. ദണ്ഡം രക്ഷിച്ചില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കും. 

ഭയമറ്റ ജനങ്ങള്‍ വത്സരസത്രങ്ങള്‍ ചെയ്യുകയില്ല. ആശ്രമ ധര്‍മ്മങ്ങള്‍ പാലിക്കപ്പെടുകയില്ല. ആരും വിദ്യ നേടുകയില്ല. ഒട്ടകം, കാള, കഴുത, അശ്വം എന്നിവയൊന്നും വാഹനങ്ങള്‍ വഹിക്കുകയില്ല. ദണ്ഡം രക്ഷിക്കാതിരുന്നാല്‍ ഇതൊക്കെ സംഭവിക്കും. 

ദാസന്മാരാരും പറഞ്ഞതു കേള്‍ക്കില്ല. ബാലന്മാരും അങ്ങനെ തന്നെ. പെണ്ണും ധര്‍മ്മത്തില്‍ നിലിക്കുകയില്ല. ദണ്ഡം രക്ഷിക്കാഞ്ഞാല്‍ ഇതൊക്കെ സംഭവിക്കും. 

പ്രജകള്‍ ദണ്ഡത്തില്‍ നില്ക്കുന്നു. ബുധന്മാര്‍ ദണ്ഡത്തില്‍ ഭയം കാണുന്നു. മര്‍ത്ത്യര്‍ക്കു സ്വര്‍ഗ്ഗം ദണ്ഡത്തില്‍ നില്ക്കുന്നു. ഈ ലോകം നില്ക്കുന്നതും ദണ്ഡത്തിലാണ്‌. 

ദണ്ഡം എവിടെ നന്നായി നടക്കുന്നുവോ അവിടെ ശത്രുക്കള്‍ നശിക്കുന്നു. ചതി, പാപം, വഞ്ചന ഇവയൊന്നും അവിടെ കാണുന്നതല്ല. 

ഹവിസ്സു കണ്ടാല്‍ നായ വന്നു നക്കും. ദണ്ഡമോങ്ങാതിരുന്നാല്‍, ദണ്ഡം രക്ഷിച്ചില്ലെങ്കില്‍, പുരോഡാശം കാക്ക കൊത്തും. ഈ രാജ്യം ധര്‍മ്മവിഹിതമാണ്‌, അധര്‍മ്മാഹൃതമായിയെങ്കിലും, അതില്‍ ശോകം ഭവാന്‍ കൊള്ളുകയാണോ? ഭോഗം അനുഭവിക്കൂ! ഭവാന്‍ യജിക്കുക. 

നിര്‍മ്മലാംബരരായ ശ്രീമാന്മാര്‍ സുഖത്തില്‍ ധര്‍മ്മം ചെയ്യുന്നു. മുഖ്യാന്നത്തെ ഭുജിക്കുന്നവര്‍ ഫലദാനങ്ങള്‍ വര്‍ഷിക്കുന്നു. അര്‍ത്ഥത്തിലാണ്‌ യത്നങ്ങളൊക്കെ നിസ്സംശയം നില്ക്കുന്നത്‌. അതു ദണ്ഡത്തിന്നധീനമാണ്‌. ഹേ രാജാവേ ദണ്ഡഗൗരവം കണ്ടാലും. 

ധര്‍മ്മശാസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ലോകയാത്രയ്ക്കു വേണ്ടിയാണ്‌. ചിലപ്പോള്‍ അഹിംസ സാധുവധമാകും. ഗുണം ധര്‍മ്മപരിഗ്രഹമാണ്‌. 

അതൃന്തഗുണമായി .ലോകത്തിലൊന്നുമില്ല. അത്യന്ത ദുര്‍ഗ്ഗുണമായും ഒന്നുമില്ല. എല്ലാ ക്രിയയിലും ഇതുപോലെ നന്മ തിന്മകള്‍ കാണാം. 

കാളകളുടെ വൃഷണം ഉടച്ച്‌ മുക്കു തുളച്ച്‌ കയറിട്ടു ഭാണ്ഡം ഭേസിപ്പിക്കുകയും ബന്ധിക്കുകയും പാട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു. 

ഇപ്രകാരം പര്യാകുലമായ ലോകം ജര്‍ജ്ജരപ്പെട്ട്‌ തകര്‍ന്നു നില്ക്കുമ്പോള്‍ അതാത്‌ മുറയായി ഭവാന്‍ മുന്‍ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക! 

യജിക്കുക! നാട്ടാര്‍ക്കൊക്കെ നല്കുക! ധര്‍മ്മത്തെ നോക്കുക! ശ്രതുക്കളെ കൊല്ലുക! മിത്രങ്ങളെ സംരക്ഷിക്കുക.

നീ ശ്രതുക്കളെ കൊന്നത്‌ ദൈന്യം കൊണ്ടല്ല; അതു ചെയ്തവന്ന്‌ പാപമില്ല. വധോദ്യുതന്‍ വധിക്കുവാന്‍ വന്നവനെ കൊന്നുവെങ്കില്‍ അവന്‍ അതില്‍ ഭ്രൂണഹന്താവല്ല. ക്രോധം ആ ക്രോധത്തെ ഏറ്റ്‌ നശിക്കുന്നു. 

അന്തരാത്മാവ്‌ സര്‍വ്യവജീവിക്കും അവദ്ധ്യനാണ്‌. അതില്‍ ഒട്ടും സംശയമില്ല. ആത്മാവ്‌ അവദ്ധ്യനായി നില്ക്കുമ്പോള്‍ ആര്‍ കൊല്ലപ്പെടുന്നു? പുരുഷന്‍ പുതിയ ഗൃഹത്തില്‍ പ്രവേശിക്കുന്നതു പോലെ അതാതു ശരീരങ്ങളില്‍ ജീവന്‍ കയറി ഇരിക്കുകയാണ്‌. പഴയവീട്‌ ഉപേക്ഷിച്ച്‌ പുതിയ വീട്‌ മാറിത്താമസിക്കുകയാണ്‌ . ആത്മാക്കള്‍. ഇപ്രകാരമാണ്‌ തത്വദര്‍ശികള്‍ മൃത്യുമുഖത്തെ പരാമര്‍ശിക്കുന്നത്‌. 

അദ്ധ്യായം 16. ഭീമവാക്യം - വൈശമ്പായനൻ പറഞ്ഞു: ഏറ്റവും അമര്‍ഷണനായ ഭീമന്‍ അര്‍ജ്ജുനന്റെ വാക്കുകേട്ട്‌ ധൈര്യത്തോടെ ജ്യഷ്ഠനോടു പറഞ്ഞു: രാജാവേ! അങ്ങ്‌ ധര്‍മ്മവിത്താണല്ലോ. അങ്ങുന്ന്‌ അറിയാത്തതൊന്നുമില്ലു. ഭവാന്റെ നടപ്പു പഠിക്കുന്ന ഞങ്ങള്‍ക്ക്‌ ആ ദുഃഖം ഏല്ക്കുവാന്‍ ആവില്ല. എന്റെ ഉള്ളിലെ വിചാരം ഒന്നും മിണ്ടാതെ ഇരിക്കണമെന്നാണ്‌. എന്നാല്‍ അതിദുഃഖംകൊണ്ടു മിണ്ടാതിരിക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ പറയുന്നതു രാജാവേ, ഭവാന്‍ കേള്‍ക്കുക! ഭവാന്റെ ദുഃഖാന്ധതമൂലം എല്ലാം സംശയത്തിലായിരിക്കുന്നു. ഞങ്ങള്‍ക്കു വൈക്ലബ്യവും ദുര്‍ബ്ബലതയും വന്നു കൂടിയിരിക്കുന്നു. സര്‍വശാസ്ത്ര വിശാരദനായ ലോകരാജാവ്‌ എന്താണ്‌ ദൈന്യം കൊണ്ട്‌ വിഡ്ഢിയെപ്പോലെ മോഹിക്കുന്നത്‌? ലോക ത്തിനുണ്ടാകുന്ന ഗതിയും ഗതികേടുമൊക്കെ ഭവാന്‍ കണ്ടിട്ടുള്ളവനല്ലേ? വര്‍ത്തമാന ഭുതഭാവികളൊക്കെ ഭവാനറിയാം! എന്നിരിക്കെ രാജ്യത്തെപ്പറ്റി എന്തു പറയാനാണ്‌. എങ്കിലും ഞാന്‍ ചിലതു പറയാം. അങ്ങുന്ന്‌ മനസ്സു വെച്ച്‌ അതു കേള്‍ക്കണം. വ്യാധി രണ്ടുവിധം ഉണ്ട്‌. ശാരീരികവും മാനസികവുമാണ്‌ അവ. രണ്ടു വ്യാധികളും ചേര്‍ന്നേ വരൂ, ഒറ്റയ്ക്കു വരില്ല. ശരീരത്തിന്ന്‌ വ്യാധി വന്നാല്‍ മാനസമായ വ്യാധിയും തീര്‍ച്ചയായും ഉണ്ടാകും. ശാരീരികവും മാനസികവുമായ ദുഃഖം പോയ സമയത്ത്‌ അതിനെയോര്‍ത്ത്‌ ഉള്ളു തപിക്കുന്നവന്‍ വെറും ദുഃഖം മൂലം, ദുഃഖത്തെ ഏല്ക്കുന്നു. രണ്ട്‌ അനര്‍ത്ഥങ്ങളും നേടുന്നു. 

തണുപ്പ്‌, ചൂട്‌, കാറ്റ്‌ എന്നീ മൂന്നാണ്‌ ശാരീരികമായ ഗുണം. ആ ഗുണങ്ങള്‍ക്കുള്ള സാമ്യമാണ്‌ സ്വസ്ഥന്റെ ലക്ഷണം. അതില്‍ ഒന്ന്‌ അധികമായാല്‍ ചികിത്സ ചെയ്യണം. തണുപ്പ്‌ ചൂടു കൊണ്ട്‌ മാറ്റാം. ചൂട്‌ തണുപ്പു കൊണ്ടു മാറ്റാം. 

സത്വം, രജസ്സ്‌, തമസ്സ്‌, എന്നീ മൂന്നുമാണ്‌ മാനസമായ ഗുണം. ആ ഗുണങ്ങള്‍ക്കുള്ള സാമ്യമാണ്‌ സ്വസ്ഥന്റെ ലക്ഷണം. അതില്‍ ഒന്ന്‌ അധികമായാല്‍ ചികിത്സിക്കണം. ഹര്‍ഷംകൊണ്ട്‌ ശോകം അടക്കാം. ശോകം കൊണ്ട്‌ ഹര്‍ഷമടക്കാം. സുഖത്തില്‍ നില്ക്കുന്ന ഒരുവന്‍ ദുഃഖത്തെ ഓര്‍ക്കാന്‍ ശ്രമിക്കും. ദുഃഖത്തില്‍ നില്ക്കുന്ന ഒരുവന്‍ സുഖത്തെ ഓര്‍ക്കാന്‍ ശ്രമിക്കും. 

രാജാവേ, ഭവാന്‍ ദുഃഖിയല്ല ദുഃഖിക്കുവാന്‍. സുഖിയല്ല സുഖിക്കുവാന്‍. അദുഃഖിതന്‍ സുഖജവും, അസുഖന്‍ ദുഃഖജവും സ്മരിക്കേണ്ടതില്ലല്ലെ കൌരരവ്യാ! ദൈവം ബലവാനാണ്‌. അല്ലെങ്കില്‍ ഈ ക്ലേശിക്കുന്ന സ്വഭാവം ഭവാന് സഹജമായി ഉള്ളതാണ്‌. അല്ലെങ്കില്‍, സഭയില്‍ ഒറ്റവസ്ത്രം ചാര്‍ത്തിയ, തീണ്ടാര്‍ന്ന കൃഷ്ണയെ, പാണ്ഡവന്മാര്‍ നോക്കിനില്‍ക്കെ, കണ്ടവനായ ഭവാന്‍ അത്‌ എന്തേ ഓര്‍ക്കാത്തത്‌? 

പിന്നെ നാം സന്ന്യാസവൃത്തി സ്വീകരിച്ച്‌, തോല്‍ ഉടുത്ത്‌ കൊടുങ്കാട്ടില്‍ പാര്‍ത്തു. ഇതൊക്കെ ഭവാന്‍ എന്തേ ഓര്‍ക്കാത്തത്‌? ജടാസുരനില്‍ നിന്നുണ്ടായ പരിക്ലേശം, ചിത്രസേനനുമായുണ്ടായ യുദ്ധം, ജയദ്രഥന്‍ ദ്രൌപദിയെ പരിക്ലേശിപ്പിച്ചത്‌, ഇതെല്ലാം അങ്ങ്‌ മറന്നോ? പിന്നെ അജഞാതവാസത്തില്‍ കീചകന്റെ ചവിട്ട്‌ ദ്രൗപദിക്ക്‌ ഏറ്റതും ഭവാന്‍ മറന്നുവോ? ഭീഷ്മദ്രോണന്മാരോട്‌ ഭവാന്‍ പോരടിച്ചു. അപ്രകാരം മനസ്സുവെച്ചു പൊരുതേണ്ടത്‌ ഇനിയും ആവശ്യമാണ്‌. അതിനുള്ള കാലമായിരിക്കുന്നു ഭവാന്‍. ആ പോരാട്ടത്തിന്‌ അമ്പ്‌ ആവശ്യമില്ല. മിത്രബന്ധുക്കളും വേണ്ടാ. ആത്മാവു കൊണ്ടാണ്‌ ഇനിയത്തെ പോരാട്ടം. അതിന്ന്‌ അങ്ങയ്ക്കു കാലം സമാഗതമായിരിക്കുന്നു. ആ യുദ്ധത്തില്‍ ജയിക്കാതെ ഭവാന്‍ പ്രാണന്‍ തൃജിക്കയാണെങ്കില്‍ വേറെ ദേഹം എടുത്തിട്ടും അവരുമായി പൊരുതേണ്ടിവരും. അതുകൊണ്ട്‌ ഇപ്പോള്‍ത്തന്നെ ആ പോരാട്ടത്തിന്നു തയ്യാറാകണം. ഭരതര്‍ഷഭാ! പൊരുതുക! സ്വകര്‍മ്മത്താല്‍ വൃക്തം വിട്ട അവ്യക്തരുപനായി പൊരുതണം. ആ യുദ്ധത്തില്‍ ഭവാന്‍ ജയിച്ചില്ലെങ്കില്‍ ഭവാന്റെ രൂപം എന്താകും? ആ യുദ്ധവും ജയിച്ചാലേ ഭവാന്‍ കൃതകൃത്യനാകൂ! ഈ ബുദ്ധി ഉള്ളില്‍ ധരിച്ച്‌ ഭൂതത്തിന്റെ ഗതാഗതി അറിഞ്ഞ്‌ അച്ഛന്‍, മുത്തച്ഛന്‍ എന്നിവരുടെ പിന്‍ഗാമിയായി മുറയ്ക്ക്‌ രാജ്യം യഥോചിതം ഭരിക്കുക! ഭാഗ്യം! ദുര്യോധനനെന്ന ആ പാപി കൂട്ടത്തോടെ ചത്ത്‌ രണഭൂമിയില്‍ വീണു! ഭാഗ്യം! കൃഷ്ണയുടെ ക്ലേശമാകുന്ന പാശം അറുത്ത്‌ അങ്ങ്‌ മാന്യമായ പദവിയില്‍ എത്തിയിരിക്കുന്നു! 

വിധിപ്രകാരം അശ്വമേധയാഗം ദക്ഷിണയോടുകൂടി ഭവാന്‍ നടത്തുക. ഹേ, പാര്‍ത്ഥാ! ഞങ്ങള്‍ ഭവാന്റെ കിങ്കരന്മാരാണ്‌. വീര്യവാനായ വാസുദേവനും ഭവാന്റെ കിങ്കരനാണ്‌! 

അദ്ധ്യായം 17. യുധിഷ്ഠിരവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: അസന്തോഷം, പ്രമാദം, മദം, രാഗം, അശാന്തത, ബലം, മോഹം, അഭി മാനം, ഉദ്വേഗം ഇവയെല്ലാം എങ്ങും ചേര്‍ന്ന രാജ്യത്തെ നീ കാംക്ഷിക്കുകയാണ്‌. വിഷയാസക്തി വെടിഞ്ഞ്‌, മുക്തനായി. ശാന്തനായി നീ സുഖത്തെ പ്രാപിക്കുക. ഈ ഭൂമിയെ ശാസിക്കുന്നത്‌ ഏതൊരു രാജാവോ, അവന്നും വയറ്‌ ഒന്നേയുള്ളൂ! നീ എന്താണീപ്പറയുന്നത്‌! ഇച്ഛയടങ്ങാത്ത ആ വയറു നിറയ്ക്കുവാന്‍, സമ്പൂര്‍ണ്ണമാക്കുവാന്‍, ദിവസംകൊണ്ടോ മാസംകൊണ്ടോ, വര്‍ഷംകൊണ്ടോ, ആയുഷ്കാലം മുഴുവന്‍കൊണ്ടോ  സാധിക്കുമോ? തിയ്യ്‌ കത്തിച്ചാല്‍ ആളും, കത്തിക്കാഞ്ഞാല്‍ കെടും. അതുപോലെ അല്പാഹാരം കൊണ്ടുണ്ടാകുന്ന ഉദരാഗ്നിയെ നീ കെടുക്കുക! അതാണു വേണ്ടത്‌. 

പ്രാജ്ഞന്‍ തന്റെ വയറ്റിന്റെ കാര്യത്തിന്ന്‌ ഏറ്റവും വിഘ സം ചെയ്യുന്നു; അടക്കുന്നു. നീ നിന്റെ വയറിനെ ആദ്യമായി ജയിക്കുക! ശ്രേയസ്സിനെ ജയിച്ചാല്‍ ഭൂമിയെ ജയിച്ചതുതന്നെ! 

മര്‍ത്ത്യരുടെ കാമത്തേയും, ഭോഗത്തേയും ഐശ്ചരൃത്തേയുമാണ്‌ നീ വാഴ്ത്തുന്നത്‌. ഭോഗം വിട്ട ദുര്‍ബ്ദലന്മാര്‍ ഉത്തമസ്ഥാനത്തെ പ്രാപിക്കും. രാഷ്ട്രയോഗക്ഷേമവും, ധര്‍മ്മാധര്‍മ്മങ്ങളും നിന്നില്‍ നില്ക്കുന്നു. മഹാഭാരം വിട്ട്‌ ത്യാഗത്തെത്തന്നെ നീ ആശ്രയിക്കുക! 

വ്യാഘ്രം അവന്റെ ഒറ്റവയറിനുവേണ്ടി വലിയ വിഘസം ചെയ്യുന്നു. മറ്റു മൃഗങ്ങളും അങ്ങനെ ഉപജീവിക്കുന്നു. വിഷയം വിട്ട്‌ മനസ്സുടക്കി സന്ന്യാസത്തെ സ്വീകരിക്കുന്നതില്‍ രാജാക്കള്‍ സന്തോഷിക്കുകയില്ല. ബുദ്ധിയുടെ അന്തരം നോക്കൂ! ഇലതിന്നുന്നവരും ദന്തോലൂഖലിമാരും വായു ഭക്ഷിക്കുന്നവരും ജലം മാത്രം പാനം ചെയ്യുന്നവരുമായ ത്യാഗികള്‍ നരകത്തെ ജയിച്ചു. അവര്‍ക്ക്‌ ഈ പാര്‍ മുഴുവന്‍ ഭരിക്കുന്ന രാജാവും, കല്ലും കാഞ്ചനവും ഭേദമില്ലാതെ കാണുന്ന ത്യാഗിയും, ഇവ രണ്ടില്‍  ആരാണ്‌ കൃതാര്‍ത്ഥനെന്നറിയാമോ? ത്യാഗിയാണ്‌! നി സങ്കല്പാരംഭം വിട്ട്‌ മുക്താശയനായി നിര്‍മ്മമനായാലും! ശോകാവിട്ട അവ്യയമായ സ്ഥാനം നീ പ്രാപിക്കുക. മാംസപ്രേമം, ലൌകിക സുഖാസക്തി ഉപേക്ഷിച്ചവര്‍ ദുഃഖിക്കയില്ല. നീ എന്തിനായി മാംസതൃഷ്ണയില്‍ മാഴ്കുന്നു? സര്‍വ വിധത്തിലുള്ള മാംസത്യഷ്ണയും വിട്ടാല്‍ നീ മിഥ്യാവചനങ്ങള്‍ പിന്നെ പറയുന്നതല്ല. പിതൃയാനവും ദേവയാനവും വിശ്രുതമാണ്‌. യജിക്കുന്നവര്‍ പിതൃയാനത്താലും, മോക്ഷികള്‍ ദേവയാനത്താലും, മൃത്യുലോകത്തിലെത്താതെ തന്നെ സ്വര്‍ഗ്ഗപ്രാപ്തരാകും. മഹര്‍ഷിമാര്‍ ബ്രഹ്മചര്യം, സ്വാദ്ധ്യായം, തപസ്സ്‌ ഇവയാല്‍ മൃത്യുലോകത്തിലെത്താതെ തന്നെ, ദേഹം വെടിഞ്ഞതിന്നുശേഷം മോക്ഷത്തെ പ്രാപിക്കുന്നു. 

ആമിഷേച്ഛ പാരില്‍ ബന്ധനമാണ്‌! കര്‍മ്മവും അതുപോലെ തന്നെ ബന്ധനമാണ്‌. ആ രണ്ടു പാപവും വിട്ടവന്‍ പരമമായ പദത്തിലെത്തിച്ചേരും. നിര്‍ദ്വന്ദനായി ആമിഷേച്ഛ, ഭോഗതൃഷ്ണ, വിട്ടൊഴിഞ്ഞ്‌ മോക്ഷത്തെ കണ്ടിരുന്ന ജനകമഹാരാജാവ്‌ മുമ്പ് പാടിയിരുന്ന ഗാഥ ഇന്നും ജനങ്ങള്‍ പാടാറുണ്ട്‌. 

അന്തമില്ലെനിക്കുള്ള ധനത്തിന്നെന്നാലിതിലൊന്നുമേയെനിക്കുള്ളതല്ലെന്നു ചിന്തിക്കുന്നേന്‍! മിഥിലാപുരിയെങ്ങാനഗ്നിയിലെരിഞ്ഞീടില്‍ അതിലെന്‍ ധനമൊന്നു൦ വെന്തുപോവുകയില്ല. 

പ്രജ്ഞയുടെ പ്രാസാദത്തില്‍ കയറി ശോചിക്കുന്ന അശോച്യരെ കുന്നിന്റെ മുകളില്‍ നില്‍ക്കുന്നവന്‍ താഴെ നില്‍ക്കുന്നവരെ എന്ന പോലെ, ആ വിഡ്ഡി കാണുകയില്ല. ദൃശ്യനെ നോക്കിക്കാണുന്നവന്‍ കണ്ണുള്ളവനും, ബുദ്ധിമാനുമാണ്‌. അറിയാത്തത്‌ അറിഞ്ഞു മനസ്സിലാക്കുന്നതാണ്‌ ബുദ്ധി. ബ്രഹ്മഭാവം കാണിച്ച്‌, വിദ്വാനെന്നു നടിക്കുന്ന ആളുകളുടെ വാക്കുമാത്രം അറിയുന്നവന്‍, യഥാര്‍ത്ഥമായ ബഹുമാനമെന്താണെന്ന്‌ അറിയുന്നവനായിത്തീരുകയില്ല. ഭൂതങ്ങളുടെ വ്യത്യസ്തഭാവം എപ്പോള്‍ ഏവന്‍ ഏകമായി കാണുന്നുവോ, ആ ഏകത്വത്തില്‍ പ്രപഞ്ചം മുഴുവന്‍ അടങ്ങിയിരിക്കുന്നതായി ഏവന്‍ കാണുന്നുവോ, അവന്‍ അപ്പോള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നവനാകുന്നു. മുഢന്മാര്‍ക്കും, അബുദ്ധികള്‍ക്കും ഗതി കിട്ടുകയില്ല. ജ്ഞാനവും, തപസ്സും നേടാത്തവര്‍ക്കും ഗതി കിട്ടുകയില്ല. മോക്ഷപ്രാപ്തി ജ്ഞാനത്തില്‍ സ്ഥിതിചെയ്യുന്നു! 

അദ്ധ്യായം 18. അര്‍ജ്ജുനവാക്യം - വൈശമ്പായനൻ പറഞ്ഞു; മനനം പ്രാപിച്ച രാജാവിനോട്‌ വീണ്ടും അര്‍ജ്ജുനന്‍ പറഞ്ഞു: ദുഃഖശോകങ്ങളാല്‍ തപ്തനായി വാക് ശല്യപീഡിതനായി രാജാവ്‌ നിശ്ചലനായിരിക്കെ അര്‍ജ്ജുനന്‍ വീണ്ടും പറഞ്ഞു:  രാജാവേ ജനങ്ങള്‍ പറയാറുണ്ട്‌ പണ്ടു നടന്നതായ ഒരു കഥ. അത്‌ വിദേഹരാജാവും ഭാര്യയും തമ്മിലുണ്ടായ സംവാദമായിരുന്നു. രാജ്യം വെടിഞ്ഞ്‌ വിദേഹരാജാവ്‌ ഭിക്ഷാടനത്തിന്നു മനസ്സുറപ്പിച്ച്‌ പുറപ്പെട്ടു. അപ്പോള്‍ രാജാവിനോട്‌ പട്ടമഹിഷി ദുഃഖത്തോടെ പറഞ്ഞതാണ്‌ വിഷയം. 

ധനങ്ങള്‍, ഭാര്യ, സന്താനം, പലവിധം രത്നങ്ങള്‍ എന്നിങ്ങനെയുള്ള ശുദ്ധിമാര്‍ഗ്ഗങ്ങളെല്ലാം വിട്ട്‌ ജനകമഹാരാജാവ്‌ മൌഡ്യത്തോടെ ഇരിപ്പായി. മത്സരം വിട്ട്‌, ആഗ്രഹങ്ങളെല്ലാം വെടിഞ്ഞ്‌ വറുത്ത ഒരു പിടി യവം കൊണ്ടു മാത്രം ഭിക്ഷാന്നം കഴിക്കുന്ന ഭര്‍ത്താവിനെ അവള്‍ കണ്ടു. അവള്‍ ഭര്‍ത്താവിന്റെ അടുത്ത്‌ നിര്‍ഭയം ചെന്ന്‌ ക്രുദ്ധയായി ഇപ്രകാരം ഉണര്‍ത്തിച്ചു: ഹേ, ധനധാഢ്യനായ രാജാവേ! ഭവാന്‍ എന്താണ്‌ രാജ്യം ഉപേക്ഷിക്കുന്നത്‌? കപാലിയായി ഈ ഒരു പിടി യവം കൊണ്ട്‌ ഭിക്ഷാന്നം കഴിച്ചു ജീവിക്കുന്നത്‌ ഭവാന്നു ചേര്‍ന്നതല്ല. രാജാവേ! ഭവാന്റെ ശപഥമൊന്ന്‌ പ്രവൃത്തി മറ്റൊന്ന്‌. വലിയ രാജ്യം ഉപേക്ഷിച്ച്‌ അല്പമായ വസ്തു കൊണ്ടാണല്ലോ ഭവാന്‍ സന്തോഷിക്കുന്നത്‌. ഇതുകൊണ്ട്‌ പാന്ഥന്മാരെയും ദേവര്‍ഷിമാരെയും പോറ്റുവാന്‍ ഭവാനാകുമോ? ഭവാന്റെ പരിശ്രമം പാഴില്‍ത്തന്നെ! ദേവര്‍ഷിമാരാലും, പിതൃവര്‍ഗ്ഗത്താലും തൃക്തനായി ഹേ രാജാവേ, ഭവാന്‍ നിഷ്ക്രിയനായി ഭിക്ഷാടനത്തിനു നടക്കുന്നുവല്ലോ! 

വൃദ്ധവിപ്രജനങ്ങള്‍ക്കും ലോകത്തിനും രക്ഷിതാവായി നിന്ന ഭവാന്‍ അവരുടെ മുമ്പില്‍ ഭിക്ഷാപാത്രം കാണിക്കുകയാണോ? 

പ്രശോഭിക്കുന്ന ശ്രീയെ ഉപേക്ഷിച്ച്‌ നായയെപ്പോലെ തേങ്ങുകയാണോ? നിന്നാല്‍ അമ്മ അപുത്രയായി! കൌസല്യപതി ഹീനയായി! ധര്‍മ്മാര്‍ത്ഥികളായ ക്ഷത്രിയർ നിന്നെ സേവിച്ചു നില്ക്കുകയാണ്‌. നിന്റെ ആശയെ കാത്തിരിക്കുന്ന പാവങ്ങള്‍ ഫലകാംക്ഷികളാണ്‌. അവരെ പാഴിലാക്കുന്ന നീ ഏതു ലോകം ഗമിക്കുവാനാണ്‌ ഭാവം? മോക്ഷം സന്ദിഗ്ദ്ധമായി, ദേഹികള്‍ അസ്വതന്ത്രരുമായി നിൽക്കെ നിനക്കു പരലോകം എവിടെ? പാപിക്കു മോക്ഷമെവിടെ? ധര്‍മ്മ്യദാരങ്ങളെ വിട്ട്‌ ജീവിക്കുവാന്‍ ഓര്‍ക്കുകയാണല്ലോ നീ! ഭൂഷണവും, ചന്ദനവും, മാലയും, പല മാതിരി വസ്ത്രങ്ങളും, ഇവയൊക്കെ ഉപേക്ഷിച്ച്‌ നിഷ്ക്രിയനായി എന്തിനാണ്‌ ഭവാന്‍ പരിവ്രജിക്കുന്നത്‌? എല്ലാവര്‍ക്കും പാവനമായ മഹാനിപാനനില പ്രാപിച്ച ഭവാന്‍ ഫലസമൃദ്ധമായ വൃക്ഷമായി നിന്നിട്ട്‌ ഇപ്പോള്‍ അന്യരെ സേവിക്കുകയാണോ? സന്യാസത്താല്‍ ആനയേയും, ക്രവ്യാദങ്ങള്‍ തിന്നും, കൃമിക്കുട്ടങ്ങളേയും ഭക്ഷിക്കും. പിന്നെ നിസ്വനായ നിന്റെ കഥ പറയുവാനുണ്ടോ? നിന്റെ ഈ കിണ്ടി തച്ചുടച്ച്‌, (ത്രിദണ്ഡത്തെ തകര്‍ത്ത്‌, വസ്ത്രം തട്ടിപ്പറിച്ചെടുത്താല്‍ നിന്റെ മനസ്സ്‌ എന്തു മട്ടാകും? എല്ലാം വിട്ട്‌ ഒരുപിടി യവത്തിന്റെ രക്ഷയിലാണല്ലൊ നീ. ഏതു കൊണ്ട്‌ അങ്ങ്‌ ഒരുങ്ങുന്നുവോ ആ അത്‌ സര്‍വ്വത്തിനും സമമാണ്‌. ഈ യവപ്പിടി മാത്രം മതിയെങ്കില്‍ നിന്റെ സത്യം ഇതാ അറ്റു പോയിരിക്കുന്നു. നാം തമ്മിലുള്ള ബന്ധത്തില്‍ എന്നില്‍ ഭവാന്റെ കനിവെവിടെ? ഹേ രാജാവേ, ഭൂമി രക്ഷിക്കുക, ഭവാന്റെ അനുഗ്രഹമുണ്ടെങ്കില്‍ പ്രസാദം, വാഹനം, മെത്ത, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ദരിദ്രന്മാര്‍, സുഖസ്ഥര്‍ ഇവരെല്ലാം അര്‍ത്ഥവത്തുക്കളായി ഭവിക്കും. അവയെ ഭവാന്‍ എന്തിനായി ഉപേക്ഷിക്കുന്നു? ഏറ്റവും ദാനംചെയ്യുന്ന ഒരുവന്‍, എല്ലാം വാങ്ങുന്ന മറ്റൊരുത്തന്‍ ഇവര്‍ തമ്മിലുള്ള അന്തരം ഭവാന്‍ അറിയുന്നില്ലേ? ആരാണ്‌ ഇതില്‍ ഉത്തമന്‍? എല്ലായ്പോഴും ഇരക്കുന്നവന്നും, ഡംഭമുള്ളവന്നും, ദക്ഷിണ ദാനം ചെയ്യുന്നത്‌ കാട്ടുതീയില്‍ ഹോമിക്കുന്നതിന്നു തുല്യമാണ്‌. രാജാവേ, തീയ്‌ ദഹിപ്പിക്കാതെ അടങ്ങുകയില്ല. അതുപോലെ എല്ലായ്പോഴും ഇരക്കുന്ന ദ്വിജനും ശമം പ്രാപിക്കുന്നതല്ല. സത്തുക്കള്‍ക്കും അന്ന ദാതാവിനുമാണല്ലോ ലോകത്തില്‍ പ്രകൃതി നില്ക്കുന്നത്‌. രാജാവ്‌ ദാനംചെയ്തില്ലെങ്കില്‍ മോക്ഷകാംക്ഷികളുണ്ടാകുമോ? ഗൃഹസ്ഥരെ ഭിക്ഷുക്കളും പ്രാണനും അന്നത്താല്‍ പ്രവര്‍ത്തിക്കുന്നു. അന്നദാതാവ്‌ പ്രാണദാതാവാണ്‌. ഗൃഹസ്ഥരേക്കാള്‍ നിര്‍മ്മുക്തര്‍ ഗൃഹസ്ഥരെ ആശ്രയിക്കുന്നവരാണ്‌. പ്രതിഷ്ഠയും പ്രഭവവും ദാന്തര്‍ നേടി പുലരുന്നു. ത്യാഗംകൊണ്ട്‌ ഭിക്ഷുവാകയില്ല. അര്‍ത്ഥം തൃജിക്കുന്നവന്‍ ഋജുവാണ്‌. ഭിക്ഷാടനം സുഖമല്ല. ബന്ധമറ്റ നിസ്സംഗന്‍ അസക്തനും മിത്രശ്രതുക്കളില്‍ സമചിത്തനുമാണല്ലൊ. കാഷായധാരികളായ മുണ്ഡന്മാര്‍ അർത്ഥത്തത്തിന്നുവേണ്ടി സന്ന്യാസം സ്വീകരിക്കുന്നു. ബഹുവിധം പാശം കൊണ്ട്‌ കെട്ടപ്പെട്ടവരും ആമിഷഭോജികളും (ത്രയീവാര്‍ത്താത്മജത്യാഗം ചെയ്തു സന്ന്യാസമേന്തുന്നു. മന്ദന്മാര്‍ ത്രിദണ്ഡവും കാവിവസ്ത്രവും. ധരിക്കുന്നു. രാഗാദിയുക്തനായവന്‍ കാഷായവസ്ത്രം ഉടുക്കുന്നത്‌ ആഗ്രഹ നിവൃത്തിക്കാണ്‌. മുണ്ഡന്മാരായ ധര്‍മ്മധ്വജന്മാര്‍ക്ക്‌ അതു കൊറ്റിനു വേണ്ടിയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. 

കാഷായം, അജിനം, ചീരം ഇവ ധരിച്ചവരും, നഗ്നരും, മുണ്ഡരും, ജടികളുമായ സാധുക്കളെ ഭവാന്‍ പോറ്റിയിട്ട് ലോകത്തെ ജയിക്കുക! ജിതേന്ദ്രിയത്വം കൈക്കൊള്ളുക. അഗ്ന്യാധാനങ്ങളായ വലിയ അര്‍ത്ഥവും, ദക്ഷിണാഢ്യമായ മഖങ്ങളും, ദിനം തോറുമുള്ള ദാനവും ഇവയോടു കൂടിയ മര്‍ത്ത്യനേക്കാള്‍ ധാര്‍മ്മികനായി മറ്റാരുണ്ട്‌? 

അര്‍ജ്ജുനന്‍ പറഞ്ഞു തത്വജ്ഞനായ ജനകന്‍ രാജാവാണെന്ന്‌ ലോകപ്രസിദ്ധമാണ്‌. അദ്ദേഹവും മോഹത്തില്‍പ്പെട്ടു പോയി! ഭവാന്‍ മോഹത്തില്‍ മുങ്ങരുത്‌. ഇപ്രകാരം ധര്‍മ്മത്തില്‍ നില്ക്കുന്നവരും ദാനതപോധനന്മാരും ആനൃശംസ്യമായ ഗുണം ചേരുന്നവരും കാമക്രോധം വിട്ടവരും പ്രജാരക്ഷയ്ക്ക്‌ ഒരുമ്പെട്ടവരും മുഖ്യമായ ദാനം നലകുന്നവരുമായ നമ്മള്‍ ഇഷ്ട ലോകത്തെ പ്രാപിക്കട്ടെ! ഭൂുതാരികളായ ദേവാതിഥികള്‍ക്ക്‌ തൃപ്തി നല്‍കിക്കൊണ്ട്‌ ബ്രഹ്മണ്യരായി സത്യവാദികളായ നമ്മള്‍ ഇഷ്ടസ്ഥാനത്തെത്തും. 

അദ്ധ്യായം 19. യുധിഷ്ഠിരവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: പരാപരങ്ങളായ ശാസ്ത്രങ്ങള്‍ ഹേ താതാ! ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. ചെയ്ത കര്‍മ്മവും അവയുടെ ത്യാഗവും എന്നീ രണ്ട്‌ ശാസ്ത്രവിധാനവും ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. ആകുലപ്പെട്ട ശാസ്ത്രങ്ങള്‍ യുക്തികൊണ്ട്‌ ചിന്തിക്കുന്നുമുണ്ട്‌. വിധിപ്രകാരം ചെയ്യുന്ന മന്ത്രത്തില്‍ ഫലസിദ്ധിയും ഞാന്‍ കാണുന്നുണ്ട്‌. നീയാണെങ്കില്‍ കേവലം അസ്ത്രജ്ഞനും വീരവ്രതം മാത്രം ഉള്ളവനുമാണ്‌. ശാസ്‌ത്രാര്‍ത്ഥതത്വം അറിയുവാനുള്ള കഴിവ്‌ നിനക്കില്ല. ശാസ്‌ത്രാര്‍ത്ഥതത്വം അറിയുന്നവനും, ധര്‍മ്മത്തീര്‍പ്പുകളില്‍ വിചക്ഷണനുമായ എന്നോട്‌ നീ ധര്‍മ്മദര്‍ശിയാണെങ്കില്‍ ഇങ്ങനെ പറയരുത്‌. സഹോദരസ്നേഹംമുലം നീ ഇപ്പറഞ്ഞ മൊഴികള്‍ ന്യായമായിട്ടുള്ളതു തന്നെ! അതില്‍ ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു! യുദ്ധകര്‍മ്മത്തിലും ക്രിയാനൈപുണ്യത്തിലും നിന്നോട്‌ തുല്യനായി ആരും ഈ മുന്നു ലോകത്തിലുമില്ല. സുക്ഷ്മതരമായ ധര്‍മ്മം പറഞ്ഞ്‌ സമര്‍ത്ഥിക്കുവാന്‍ നിനക്കാവില്ല. ഹേ! ധനഞ്ജയാ! നീ എന്റെ ബുദ്ധിയെ ശങ്കിക്കാതിരിക്കൂ! നീ യുദ്ധശാസ്ത്രജ്ഞനാണല്ലോ. നീ വൃദ്ധരെ സേവിച്ചിട്ടില്ല. സംക്ഷേപ വിസ്താര വിജ്ഞന്മാരുടെ തീര്‍പ്പ്‌ നീ അറിയുന്നില്ല. തപം, ത്യാഗം, വിധി ഇവ ധീരന്മാരുടെ നിശ്ചയമാണ്‌. നൈശ്രേയസാര്‍ത്ഥികള്‍ക്ക്‌ ഇവ മേല്ക്കുമേല്‍ ഉത്തമമാണ്‌. ധനത്തിലും മേലെ ഒന്നുമില്ലെന്ന്‌ ഹേ! അര്‍ജ്ജുനാ! നീ കാണുന്നു. അതില്‍ പ്രാധാന്യമില്ലെന്നുള്ളത്‌ ഞാന്‍ നിന്നോട്‌ പറയാം. ധാര്‍മ്മികരും തപസ്സ്‌ സ്വാദ്ധ്യായം ഇവയുള്ളവരും ശാശ്വതസ്ഥാനമുള്ളവരും തപോ വ്രതന്മാരുമായ മുനീന്ദ്രരെ നീ കാണുന്നില്ലേ! 

വനവാസികളായ അവര്‍ അജാതശത്രുക്കളും ധീരന്മാരുമാണ്‌. കാട്ടില്‍ സ്വാദ്ധ്യായത്താല്‍ പലരും സ്വര്‍ഗ്ഗപ്രാപ്തരായി. ആചാര്യരായ അവര്‍ ഉത്തമമാര്‍ഗ്ഗത്തിലൂടെ വിഷയം നിഗ്രഹിച്ചു കൊണ്ട്‌ അജ്ഞാനതിമിരം നീക്കി ത്യാഗികളുടെ ലോകങ്ങള്‍ നേടി. ഭാസുരമായ ദക്ഷിണാപഥ മാര്‍ഗ്ഗത്തുടെ ശ്മശാനം പ്രാപിച്ച കര്‍മ്മശാലികളുടെ ലോകങ്ങളാണ്‌ അവ. പറഞ്ഞറിയിക്കുവാന്‍ വയ്യാത്ത ഗതിമോക്ഷം പ്രാപിച്ചവര്‍ കാണുന്നു. പ്രധാനമായ യോഗം അറിവാന്‍ വിഷമമാണ്‌. ശാസ്ത്രങ്ങളില്‍ ഉറപ്പോടെ വിശ്വസിക്കുന്ന കവികള്‍ ഇവിടെയല്ല ഇവിടെയല്ല എന്നു കണ്ട്‌ സാരാസാരങ്ങള്‍ നോക്കി വേദവാദങ്ങളും ആരണൃകശാസ്ത്രവും കയറി! വാഴത്തടി പൊളിച്ചിട്ട്‌ ഒടുവില്‍ കാതല്‍ അവര്‍ കണ്ടെത്തിയില്ല. പിന്നെ ഏകാന്തംവിട്ട്‌ പഞ്ചഭൂതസഞ്ചിതമായ ദേഹത്തില്‍ ഇച്ഛയും ദ്വേഷവുമുള്ള ആത്മാവിനെ ആരോപിച്ചു. അത്‌ അവരുടെ ആഗ്രഹമായിരുന്നു. കണ്ണില്‍ പെടുവാന്‍ ആകാതെ സൂക്ഷ്മവും, വാക്കാല്‍ ചൊല്ലപ്പെടാത്തതുമായി, കര്‍മ്മഹേതുക്കളെ മുമ്പാക്കി ഭുതങ്ങളില്‍ അത്‌ വര്‍ത്തിക്കുന്നു. കല്യാണഗോചരം ചെയ്ത്‌, ചിത്തതൃഷ്ണയടക്കി, കര്‍മ്മജാലം കൈവെടിഞ്ഞ്‌, വാഴുന്ന നിര്‍മ്മമന്‍ സുഖിയായിത്തീരും. സത്തുക്കള്‍ സേവിക്കുന്ന ഈ സൂക്ഷ്മമായ മാര്‍ഗ്ഗം ഇരിക്കുമ്പോള്‍  അനര്‍ത്ഥംകൂടുന്ന അര്‍ത്ഥത്തെ എന്താണ്‌ അര്‍ജ്ജുനാ, നീ പുകഴ്ത്തുന്നത്? ശാസ്ത്രത്തില്‍ അറിവു സമ്പാദിച്ചവരും, ദാനയജ്ഞാദി കര്‍മ്മങ്ങളിലും ക്രിയകളിലും എപ്പോഴും തല്പരരായിരിക്കുന്നവരും, പൂര്‍വ്വന്മാരുമായ ആത്മജ്ഞാനികള്‍ എപ്പോഴും ഇപ്രകാരംതന്നെയാണ്‌ അര്‍ജ്ജുനാ, അഭിപ്രായപ്പെട്ടിട്ടുള്ളത്‌. 

അല്ലയോ ഭാരതാ, ഞാന്‍ ഒരു കാര്യം നിന്നോടു പറയാം. ഈ ലോകത്തില്‍ ധാരാളം വിഡ്ഡികളുണ്ട്‌. അവരില്‍ ചിലര്‍ യുക്തിയുക്തമായി, ഭംഗിയായി ജനങ്ങളെ പ്രസംഗംകൊണ്ട്‌ വശീകരിക്കുവാന്‍ സാമര്‍ത്ഥ്യമുള്ളവരാണ്‌. അവര്‍ ആത്മാവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. ആത്മാവില്ല പുനര്‍ജ്ജന്മമില്ല എല്ലാം  ഭോഷ്ക്ക്‌ എന്ന്‌ വാദിക്കുന്നു. അവരെ പറഞ്ഞ്‌ സമ്മതിപ്പിക്കു വാന്‍ ആര്‍ക്കും കഴിയുകയില്ല. പാപമോചനം, മോക്ഷം എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു നേരമ്പോക്കാണ്‌. ഇത്തരക്കാരെ ശരിക്ക്‌ മനസ്സിലാക്കുവാന്‍ ആര്‍ക്കു കഴിയുന്നു! അതുപോലെതന്നെ ശരിയായ ജ്ഞാനം നേടിയവരേയും  അറിയുവാന്‍ വിഷമമുണ്ട്‌. 

അല്ലയോ പാര്‍ത്ഥാ, വിശ്രുതന്മാരായ പ്രാജ്ഞന്മാര്‍, ശാസ്ത്രവിത്തമന്മാരായ മഹാന്മാര്‍, തപസ്സിനാല്‍ (ബഹ്മത്തെ ഏല്ക്കുന്നു. ബുദ്ധിയാല്‍ മഹത്തില്‍ ചെല്ലുന്നു. തത്വജ്ഞന്‍ എപ്പോഴും ത്യാഗത്താല്‍ സുഖം ഏല്ക്കുന്നു. 

അദ്ധ്യായം 20. ദേവസ്ഥാനവാക്യം - വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ യുധിഷ്ഠിരന്‍ പറഞ്ഞപ്പോള്‍, വാഗ്മിയും തപോനിധിയുമായ ദേവസ്ഥാനന്‍ യുക്തിപൂര്‍വ്വമായ വാക്കുകള്‍ യുധിഷ്ഠിരനോടു പറഞ്ഞു. 

ദേവസ്ഥാനന്‍ പറഞ്ഞു:  ധനത്തിലും മേലെ ഒന്നുമില്ലെന്നല്ലേ അര്‍ജ്ജുനന്‍ പറഞ്ഞത്‌. അതിനെപ്പറ്റി ഞാന്‍ പറയാം, ഭവാന്‍ മനസ്സിരുത്തി കേള്‍ക്കുക. 

ഹേ അജാതശത്രോ! ധര്‍മ്മത്താല്‍ ലോകം മുഴുവന്‍ നീ ജയിച്ചു. അത്‌ നേടിയതിന്നു ശേഷം വെറുതെ കൈവിടരുത്‌. നാലു കാലുള്ള കോണി ബ്രഹ്മത്തില്‍ത്തന്നെ വെക്കുന്നതാണ്‌. 

ക്രമാല്‍ അത്‌ ഭവാന്‍ ശരിയായി ജയിച്ചാലും! അതുകൊണ്ട്‌ ഹേ പാര്‍ത്ഥാ! ഭൂരിദക്ഷിണമായ മഹായജ്ഞം യജിക്കുക. മുനികള്‍ സ്വാദ്ധ്യയയജ്ഞരുമാണ്‌. ചിലര്‍ കര്‍മ്മനിഷ്ഠരാണ്‌. ചിലര്‍ തപോനിഷ്ഠരാണ്‌. ഹേ! കൗന്തേയാ, അങ്ങനെ കേട്ടിരിക്കുന്നു വൈഖാനസോക്തി. ധനഹേതുവിന്‌, ഈഹിക്കുന്നവന്‍, അതിന്നു മീതെ അനീഹ (വെറുപ്പ്‌) ഉണ്ടാകുന്നു. അതിദോഷമുള്ള ആ ധര്‍മ്മത്തെ ആശ്രയിക്കുകയാലാണ്‌ അതു സംഭവിക്കുന്നത്‌. വിധികാരണം വളരെ ധനസംഹാരം നടക്കുന്നു. 

ബുദ്ധിഹീനന്‍ ആത്മാവെ അറിയുന്നില്ല. ഭ്രൂണഹത്യയെ അറിയുന്നില്ല. അനര്‍ഹമായതില്‍ നില്ക്കുന്നവനും, അര്‍ഹിക്കുന്നതിന്ന്‌ നല്കാത്തവനും, അര്‍ഹാനര്‍ഹങ്ങളില്‍ വകതിരിച്ചറിവ്‌ ഇല്ലാത്ത കാരണം ദാനധര്‍മ്മവും ദുഷ്കരംതന്നെ! 

ധനങ്ങള്‍ ധാതാവ്‌ യജ്ഞത്തിന്നായി തീര്‍ത്തതാണ്‌. യജേഞാദ്ദിഷ്ടനായ പുരുഷന്‍ രക്ഷിതാവുമായി ധനം മിക്കവാറും യജ്ഞകര്‍മ്മത്തിന്നു വേണ്ടിയാണ്‌ ഉപയോഗിക്കേണ്ടത്‌. പിന്നെ അതില്‍ കാമവും ചേരുന്നു. 

ഇന്ദ്രന്‍ രത്നോപേതമായ യജ്ഞങ്ങള്‍കൊണ്ട്‌ തേജസ്വിയായി; എല്ലാ അമരന്മാരോടും കൂടിച്ചേര്‍ന്നു. അങ്ങനെ ഇന്ദ്രത്വത്തോടെ ശോഭിക്കുന്നു. അതു കൊണ്ട്‌ എല്ലാ യജ്ഞവും കര്‍മ്മോപയോജ്യം ആകുന്നു. മഹിതനായ മഹാദേവന്‍ സര്‍വ്വ യജ്ഞത്തിലും സ്വന്തം ആത്മാവിനെ ആഹുതി ചെയ്ത്‌ ദേവദേവനായിത്തീര്‍ന്നു. ലോകത്തില്‍ വ്യാപിച്ച കീര്‍ത്തി നിലനിര്‍ത്തി കൃത്തിവാസനായി, ദ്യുതിമാനായി മഹാദേവന്‍ ശോഭിക്കുന്നു.  ആവിക്ഷിതനായ മരുത്തന്‍ എന്ന രാജാവ്‌ വൃദ്ധികൊണ്ട്‌ ദേവേന്ദ്രനെ ജയിച്ചു. ഹേ രാജാവേ, അദ്ദേഹത്തിന്റെ യജ്ഞത്തില്‍ ശ്രീ നിന്നു. അതുകൊണ്ട്‌ ആ യജ്ഞത്തില്‍ പാത്രങ്ങളൊക്കെ സ്വര്‍ണ്ണമായി. ഹരിശ്ചന്ദ്രരാജാവിനെപ്പറ്റി കേട്ടിട്ടില്ലേ? യജ്ഞം ചെയ്ത്‌ ആ പുണ്യവാന്‍ ശോകഹീനനായി. അഭിവൃദ്ധികൊണ്ട്‌ ദേവേന്ദ്രനെപ്പോലും അദ്ദേഹം ജയിച്ചു. അതുകൊണ്ടു മനുഷ്യന് എല്ലാം യജ്ഞംകൊണ്ട്‌ സാധിക്കുന്നതാണ്‌. 

അദ്ധ്യായം 21. ദേവസ്ഥാനവാക്യം - ദേവസ്ഥാനന്‍ തുടര്‍ന്നു: ഇതിന്നുദാഹരണമായി ഒരു പഴങ്കഥ പറയാറുണ്ട്‌. പണ്ട്‌ ശക്രന്‍ ചോദിച്ചതിന്ന്‌ ബൃഹസ്പതി പറഞ്ഞ മറുപടിയാണത്‌. സന്തോഷമാണ്‌ സ്വര്‍ഗ്ഗത്തേക്കാള്‍ മേലെ. സന്തോഷമാണ്‌ പരമമായ സുഖം. സന്തോഷത്തേക്കാള്‍ മേലെ ഒന്നുമില്ല. സന്തോഷം നന്നായി നില്ക്കുന്നതായാല്‍ അതില്‍പ്പരം മറ്റൊന്നില്ല. ആമ തന്റെ അംഗത്തെയെന്ന പോലെ കാമങ്ങളെയൊക്കെ അടക്കുകയാണെങ്കില്‍ ആത്മജ്യോതിസ്സ്‌ അപ്പോള്‍ ആത്മാവില്‍ തെളിയും. അവന്‍ ആരേയും പേടിക്കാതേയും, അവനെ ആരും പേടിക്കാതേയും എപ്പോള്‍ കാമദ്വേഷങ്ങളെ ജയിക്കുന്നു, അപ്പോള്‍ ആത്മാനുദര്‍ശനം സാധിക്കും. എപ്പോള്‍ അവന്‍ സര്‍വ്വഭൂതദ്രോഹാ വിട്ട്‌ ഇച്ഛ കൈവിടുന്നു, കര്‍മ്മത്താലും മനസ്സാലും വാക്കാലും, അപ്പോള്‍ അവന്‍ ബ്രഹ്മത്വം പ്രാപിക്കുന്നു. ഇപ്രകാരം അതാതു ധര്‍മ്മത്തെ അതാതുപടി ജീവികള്‍ ആത്മാവിനാല്‍ കാണുന്നു. അന്യര്‍ സാമത്തെ വാഴ്ത്തുന്നു. മറ്റുള്ളവര്‍ വ്യായാമത്തെ വാഴ്ത്തുന്നു. മറ്റു ചിലര്‍ രണ്ടും വാഴ്ത്തുന്നില്ല. ചിലര്‍ രണ്ടും വാഴ്ത്തുന്നു. വേറെ ചിലര്‍ യജ്ഞത്തെ വാഴ്ത്തുന്നു. മറ്റുചിലര്‍ സന്യാസത്തെ വാഴ്ത്തുന്നു. ചിലര്‍ അപ്രതിഗ്രഹത്തെ വാഴ്ത്തുന്നു. ചിലര്‍ എല്ലാംവിട്ട്‌ മനനത്തോടെ ധ്യാനിച്ചിരിക്കുന്നു. ചിലര്‍ സല്‍പ്രജാ പരിപാലനം ചെയ്യുന്നു. ശത്രുക്കളെ വെട്ടിക്കൊന്നും നശിപ്പിച്ചും ബുധന്മാര്‍ ഇതൊക്കെയും കണ്ടിട്ട്‌ ഇങ്ങനെ നിശ്ചയിച്ചു: 

ഭൂതദ്രോഹമില്ലാത്ത ധര്‍മ്മം സജ്ജനസമ്മതമാണ്‌ അദ്രോഹം, സത്യവചനം, പങ്കിട്ടുകൊടുക്കല്‍, ദമം, ദയ, സ്വന്തം ഭാര്യയില്‍ സന്താനോല്‍പാദനം, മൃദുത്വം, ശ്രീ, അചാപല്യം എന്നീ ധര്‍മ്മങ്ങളാണ്‌ പ്രധാനമായ ഇഷ്ടകാര്യം എന്ന്‌ സ്വായം ഭൂവമനു പറഞ്ഞു. അതുകൊണ്ട് ഇത്‌ യത്നിച്ച്‌ ഹേ, കുന്തീപുത്രാ! ഭവാന്‍ കാക്കുക! രാജ്യം വാഴുന്നവന്‍ വശിയും, പ്രിയത്തിലും, അപ്രിയത്തിലും സമഭാവനയോടുകൂടിയവനും ആയിരിക്കണം. 

ക്ഷത്രിയന്‍ ശാസ്ത്ര തത്വജ്ഞനാകുന്നു! യജ്ഞശിഷ്ടം ഭുജിക്കുന്നവനാണ്‌ നൃപന്‍! രാജാവ്‌ ധര്‍മ്മംവഴി പ്രജകളെ നിര്‍ത്തി ധര്‍മ്മത്തില്‍ നില്ക്കണം. ദുര്‍ജ്ജനങ്ങളേയും ഹിംസകന്മാരേയും നിലയ്ക്കു നിര്‍ത്തി സാധു സംരക്ഷണ തല്‍പരനായി രാജാവ്‌ വര്‍ത്തിക്കണം. അവസാനം പുത്രനില്‍ രാജ്യശ്രീ ചേര്‍ത്ത്‌ കാട്ടില്‍ വന്യാന്നങ്ങളശിച്ച്‌ ശ്രാവണവിധിയാല്‍ കര്‍മ്മം മടി കൂടാതെ ചെയ്യണം. ഇപ്രകാരം ധര്‍മ്മനിശ്ചിതനായി ഏതു രാജാവു നില്ക്കുന്നുവോ, അവന്ന്‌, ഇഹലോകത്തും പരലോകത്തും നല്ലതായ ഫലോഭയം ഉണ്ടാകും. നിര്‍വ്വാണം പ്രാപിക്കുവാന്‍ വളരെ വിഘ്നങ്ങള്‍ സഹിക്കുകയും, ക്ലേശങ്ങളോടു നേരിടുകയും വേണം എന്നാണ്‌ എന്റെ അഭിപ്രായം. ഇപ്രകാരം ധര്‍മ്മമാര്‍ഗ്ഗചാരികളായി, സത്യദാനതപോരതന്മാരായി, ആ നൃശംസ്യ ഗുണം ചേര്‍ന്നവരായി, കാമക്രോധങ്ങള്‍ വിട്ടവരായി, ഉത്തമമായ ധര്‍മ്മം ആശ്രയിച്ച്‌ പ്രജാരക്ഷയ്ക്ക്‌ ഒരുമ്പെട്ടവര്‍, ബ്രാഹ്മണരക്ഷയ്ക്കു വേണ്ടിയും, ഗോവിനു വേണ്ടിയും ആയുധമെടുത്തു പൊരുതിയവര്‍, മുഖ്യമായ സല്‍ഗതി നേടി. ഹേ പരന്തപാ, ഇപ്രകാരം വസുരുദ്രന്മാര്‍, ആദിത്യന്മാര്‍, സാദ്ധ്യര്‍, രാജര്‍ഷികള്‍ ഇവരൊക്കെ ഈ ധര്‍മ്മത്തെ സംശ്രയിച്ചവരാണ്‌. അപ്രമത്തരായ അവര്‍ ശ്രേഷ്ഠമായ പുണ്യകര്‍മ്മംകൊണ്ട്‌ സ്വർഗ്ഗം നേടിയവരാണ്‌.

അദ്ധ്യായം 22. അര്‍ജ്ജുനവാക്യം - വൈശമ്പായനന്‍ പറഞ്ഞു: പിന്നെയും അര്‍ജ്ജുനന്‍ നിര്‍വ്വേദത്തില്‍ മുഴുകി ഇരിക്കുന്ന ജ്യേഷ്ഠനോടു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞും:  ധര്‍മ്മജ്ഞാ! ക്ഷത്രധര്‍മ്മത്താല്‍ ദൂര്‍ല്ലഭമായ നാട്‌ നേടിയിട്ടും ശ്രതുക്കളെ ജയിച്ചിട്ടും എന്തേ ഭവാന്‍ മാഴ്കുന്നത്‌? ക്ഷത്രിയര്‍ക്ക്‌ പോരില്‍ ചാകുന്നത്‌ ധര്‍മ്മസമ്മതമാണല്ലേോ. യജ്ഞങ്ങളേക്കാള്‍ മുഖ്യമായ ക്ഷത്രധര്‍മ്മത്തെ ഭവാന്‍ ചിന്തിക്കുക! 

ബ്രാഹ്മണര്‍ക്കു പരലോക സംബന്ധമായ തപവും ത്യാഗവുമാണ്‌ ധര്‍മ്മം. ക്ഷത്രിയര്‍ക്ക്‌ പടക്കളത്തില്‍ മരിക്കുന്നത്‌ കല്പിതമാണ്‌. രൗദ്രമായ ക്ഷത്രധര്‍മ്മം ശാസ്ത്രാനുസാരിയും സ്മൃതി പ്രകീര്‍ത്തിതവുമാണ്‌. യഥാകാലം ശസ്ത്രവധം ശ്രേഷ്ഠമാണ്‌. ബ്രാഹ്മണനായാലും ക്ഷത്രധര്‍മ്മത്തില്‍ നില്ക്കുകയാണെങ്കില്‍ അതും ശ്രേഷ്ഠംതന്നെ. എന്തു കൊണ്ടെന്നാല്‍ ക്ഷത്രം ബ്രഹ്മസംഭവമാണ്‌. ത്യാഗമല്ല, യജ്ഞമല്ല, തപമല്ല രാജാവിന് വിധിച്ചിട്ടുള്ളത്‌; അനൃദ്രവ്യവ്യത്തിയുമല്ല. ഭവാന്‍ സര്‍വ്വ ധര്‍മ്മജ്ഞനും ധര്‍മ്മാത്മാവുമാണ്‌. 

രാജാവും വിദ്വാനും നിപുണനും ലോകത്തില്‍ ഉച്ചനീചത്വങ്ങള്‍ കണ്ടവനുമാണ്‌. സന്താപസങ്കടം വിട്ട്‌ കര്‍മ്മത്തില്‍ സജ്ജനായാലും ഭവാന്‍ ക്ഷത്രധര്‍മ്മത്താല്‍ വൈരികളെ കൊന്ന്‌ അകണ്ടകമായ നാടു സമ്പാദിച്ചു. ജിതാത്മാവായി നരേശ്ചരാ! ഭവാന്‍ യജ്ഞദാനങ്ങള്‍ ചെയ്യുക! ഇന്ദ്രന്‍ ബ്രഹ്മഭൂവിന്റെ പുത്രനാണ്‌. കര്‍മ്മത്താല്‍ ക്ഷത്രിയനായി. അവന്‍ എണ്ണുറ്റിപ്പത്തു ദുഷ്ടജ്ഞാതികളെ കൊന്നു. അവന്റെ ആ കര്‍മ്മം രാജാവേ! ശ്രേഷ്ഠവും പ്രശസ്തവുമാണ്‌. അതു കൊണ്ട്‌ അവന്‍ ദേവകള്‍ക്ക്‌ ഇന്ദ്രനായി എന്നു ഞാന്‍ കേള്‍ക്കുന്നു. അതു കൊണ്ട്‌ ഭവാന്‍ ഭൂരിദക്ഷിണമായ യജ്ഞം യജിക്കുക ഇന്ദ്രനെപ്പോലെ, നരേന്ദ്രാ! പലനാള്‍ അല്ലല്‍ കൂടാതെ വര്‍ത്തിക്കുക! ഭവാന്‍ ഈ നിലയില്‍ ഒട്ടും മാഴ്കരുത്‌. ശസ്ത്രപൂതരായ ക്ഷത്രിയര്‍ ക്ഷത്രധര്‍മ്മത്താല്‍ ഗതി നേടി. അങ്ങനെയാണ്‌ സംഭവിച്ചിട്ടുള്ളത്‌; ഇനിയും അതു സംഭവിക്കും. ഹേ നരശാര്‍ദ്ദൂലാ, ദൈവത്തെ തട്ടിമാറ്റാന്‍ ശ്രമിക്കുന്നത്‌ അസാദ്ധ്യമാണ്‌. 

അദ്ധ്യായം 23. വ്യാസവാകൃം - വൈശമ്പായനൻ പറഞ്ഞു: ഗുഡാകേശന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ധര്‍മ്മജന്‍ ഇരുന്നു. അപ്പോള്‍ വ്യാസന്‍ പറഞ്ഞു..! 

വ്യാസന്‍ പറഞ്ഞു:  ബീഭത്സുവിന്റെ സൌമ്യമായ വാക്ക്‌ ഹേ യുധിഷ്ഠിരാ! സത്യമാണ്‌. ശാസ്ത്ര ദൃഷ്ടമായ ശ്രേഷ്ഠധര്‍മ്മം, ഗാര്‍ഹസ്ഥ്യമാണ്‌. ഇതു സ്വീകരിച്ച്‌ ധര്‍മ്മം ചരിക്കുക! ശാസ്ത്രത്തില്‍ പറഞ്ഞ പോലെ യഥാവിധി നടക്കുക! ഗാര്‍ഹസ്ഥ്യം ഉപേക്ഷിച്ചിട്ടല്ല അങ്ങയ്ക്ക്‌ ആരണ്യം വിധിച്ചിട്ടുള്ളത്‌. ദേവന്മാരും പിതൃക്കളും ഭൃത്യന്മാരും പാര്‍ത്ഥന്മാരും ഭവാനെ ആശ്രയിച്ചു ജീവിക്കുന്നു. അവരെ ഭവാന്‍ ഭരിക്കുക. മൃഗങ്ങളും പക്ഷികളും മറ്റു ഭൂതങ്ങളും ഗൃഹസ്ഥരാണ്‌. അവരും ഭാര്യയേയും മക്കളേയും പോറ്റുന്നു. അതുകൊണ്ട്‌ ശ്രേഷ്ഠന്‍ ഗൃഹസ്ഥനാണ്‌. നാല് ആശ്രമങ്ങളില്‍ വെച്ച്‌ സുദശ്ചരമായിട്ടുള്ളതു ഗാര്‍ഹസ്ഥ്യമാണ്‌. ദുര്‍ബ്ദലേന്ദ്രിയന്മാര്‍ക്കു ഗാര്‍ഹസ്ഥ്യം ദുശ്ചരമായ കാര്യമാണ്‌. അതിനെ ഭവാന്‍ അനുഷ്ഠിക്കുക. വേദങ്ങളെല്ലാം നീ ഗ്രഹിച്ചിരിക്കുന്നു. കഠിനമായ തപസ്സും നീ ചെയ്തിട്ടുണ്ട്‌. പിതൃപൈതാമഹമായ രാജ്യഭാരം നീ ഭാരം വഹിക്കുന്നവനെപ്പോലെ വഹിക്കുക. 

തപസ്സ്‌, യജ്ഞം, വിദ്യ, ദൈക്ഷ്യം, ഇന്ദ്രിയനിഗ്രഹം, ധ്യാനം, ഏകാന്തശീലത്വം, തുഷ്ടി, ബോധം, മതി ഇവ ബ്രാഹ്മണര്‍ക്ക്‌ സിദ്ധി നല്കുന്ന ചേഷ്ടയാണ്‌. ക്ഷത്രിയര്‍ക്കുള്ളതും ഞാന്‍ പറയാം. അത്‌ അങ്ങയ്ക്ക്‌ അറിവുള്ളതാണല്ലോ. യജ്ഞം, വിദ്യ, സമുത്സാഹം, ശ്രീയിൽ തൃപ്തിപ്പെടായ്ക, ദണ്ഡധനാഹരണം, ഉഗ്രത്വം, പ്രജാരക്ഷണം, വേദജ്ഞാനം ഇവയ്ക്കൊക്കെ പുറമേ തപസ്സ്, ധാരാളം (ദ്രവ്യം സമ്പാദിക്കല്‍, സല്‍പാത്രങ്ങളില്‍ ദാനം ഇവയൊക്കെയാണ്‌ രാജധര്‍മ്മങ്ങള്‍. ഇവയൊക്കെയാണ്‌ രാജാവേ, രാജസുകൃതങ്ങള്‍! ഇവ കൊണ്ട്‌ രാജാക്കന്മാര്‍ രണ്ടു ലോകവും നേടുന്നു. ഇവയില്‍ വെച്ച്‌ ശ്രേഷ്ഠമായതു ദണ്ഡധാരണമാണ്‌. ബലം നിത്യം ക്ഷത്രിയനില്‍ നില്ക്കുന്നു; ദണ്ഡം ബലത്തിലും നില്ക്കുന്നു. ഈ വിദ്യകള്‍ രാജാവേ, ക്ഷത്രിയര്‍ക്കു സിദ്ധി കൊടുക്കുന്നവയാണ്‌. ഈ വിഷയത്തെപ്പറ്റി ബഹസ്പതി ഒരു ഗാഥ പാടിയിട്ടുണ്ട്‌. അതു ഞാന്‍ ചൊല്ലാം: 

ശത്രുവോടിടയാത്ത ഭൂപനെ വിഴുങ്ങുന്നു ഇദ്ധരാതലം സര്‍പ്പം മുഷികേന്ദ്രനെപ്പോലെ വിപ്രവാസിയായീടും വിപ്രനെ വിഴുങ്ങുന്നിതിപ്രകാരം താന്‍ ഭൂമിയെന്നു നീ ധരിച്ചാലും! 

സുദ്യുമ്നന്‍ എന്ന രാജര്‍ഷി ദണ്ഡധാരണംകൊണ്ട്‌ (നിയമപാലനം മൂലം) സമര്‍ത്ഥനായ പ്രചേതസനെപ്പോലെ സിദ്ധിയെ പ്രാപിച്ചു. 

യുധിഷ്ഠിരന്‍ പറഞ്ഞു: ഭഗവാനേ! സുദ്യുമ്നരാജാവ്‌ എന്തു കര്‍മ്മം ചെയ്താണ്‌ പരയായ സംസിദ്ധി നേടിയത്‌? അത്‌ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു! 

വ്യാസന്‍ പറഞ്ഞു:  അതിന്ന്‌ ഉദാഹരണമായി ഈ പഴങ്കഥ ഇന്നും ജനങ്ങള്‍ പറയാറുണ്ട്‌. സംശിത വ്രതരായി ശംഖന്‍ എന്നും ലിഖിതന്‍ എന്നും പേരായ രണ്ടു സോദരന്മാരുണ്ടായിരുന്നു. അവര്‍ക്കു വെവ്വേറെ രണ്ട്‌ ആശ്രമങ്ങളുമുണ്ടായിരുന്നു. എന്നും പൂവും കായും അണിയുന്ന മരങ്ങള്‍ നില്ക്കുന്ന ബാഹുദാ നദിയുടെ തീരത്തായിരുന്നു ആശ്രമം. ഒരിക്കല്‍ ലിഖിതന്‍ ശംഖന്റെ ആശ്രമത്തില്‍ ചെന്നു. ശംഖന്‍ അവിടെ ഉണ്ടായിരുന്നില്ല. ഇവന്‍ യദൃച്ഛയാ ആശ്രമംവിട്ട്‌ പുറത്തു പോയിരുന്നു. ലിഖിതന്‍ ശ്രേഷ്ഠനായ ജ്യേഷ്ഠന്റെ ആശ്രമത്തില്‍ച്ചെന്നു തോട്ടത്തില്‍ നടന്നു നോക്കി. അനവധി കായ്കള്‍ പഴുത്തുനില്ക്കുന്നതു കണ്ടു. അവന്‍ തോട്ടിയെടുത്ത്‌ തോട്ടത്തില്‍ പഴുത്തു നില്ക്കുന്ന കായ്കളെ കൊഴിച്ചു. അവയെടുത്തു സുഖമായി ഭക്ഷിക്കുകയും ചെയ്തു. 

അവന്‍ ഫലങ്ങള്‍ തിന്നു കൊണ്ടിരിക്കുന്ന സമയത്ത്‌ ശംഖന്‍ ആശ്രമത്തില്‍ മടങ്ങിയെത്തി. ഭക്ഷിക്കുന്ന അനുജനെ നോക്കി ശംഖന്‍ ഇങ്ങനെ പറഞ്ഞു; എവിടെ നിന്ന്‌ ഈ കായ്കള്‍ കിട്ടി? നീ എന്താണ്‌ ഇങ്ങനെ തിന്നുവാന്‍? ഉടനെ ജ്യേഷ്ഠനെ ചെന്നു വന്ദിച്ച്‌ അവന്‍ ചിരിച്ചു പറഞ്ഞു: ഞാന്‍ ഇവിടെ ചേട്ടന്റെ തോട്ടത്തില്‍ നിന്നു പറിച്ചതാണ്‌ ഈ പഴങ്ങള്‍. ഉടനെ കടുത്ത കോപത്തോടെ അവനോടു ശംഖന്‍ പറഞ്ഞു:  ആരുമില്ലാത്തപ്പോള്‍, താനെ കായ്കള്‍ പറിച്ചു തിന്നവനാണ്‌ നീ. നീ ഈ ചെയ്തതു മോഷണമാണ്‌. നീ പോയി രാജാവിനെ കണ്ട്‌ താന്‍ ചെയ്ത കര്‍മ്മത്തെ ഉണര്‍ത്തിക്കു! കൊടുക്കാത്തത്‌ ഞാന്‍ എടുത്തു രാജാവേ, അതുകൊണ്ട്‌ ഞാന്‍ കള്ളനാണെന്നറിഞ്ഞ്‌ അങ്ങ്‌ ആത്മധര്‍മ്മം പാലിച്ചാലും! എനിക്കു തക്ക ശിക്ഷ തന്നാലും! ഇതുകേട്ട്‌ ലിഖിതന്‍ സുദ്യുമ്ന രാജാവിന്റെ അടുത്തു ചെന്നു. സുദ്യുമ്നന്‍ കാവല്‍ക്കാര്‍ പറഞ്ഞ്‌ ലിഖിതന്റെ വരവ്‌ അറിഞ്ഞു. രാജാവ്‌ സംശിത വ്രതനായ ലിഖിതനെ മന്ത്രിമാരോടു കൂടി കാല്‍നടയായി ചെന്ന്‌ എതിരേറ്റു. രാജാവ്‌ ലിഖിതനോടു ചോദിച്ചു:  ഭഗവാനേ! ഭവാന്‍ എന്തിനായി ഇങ്ങോടു പുറപ്പെട്ടു? പറഞ്ഞാലും! ഞാന്‍ അതു നിര്‍വ്വിഹിക്കാം. 

ഇതു കേട്ട്‌ ആ ബ്രാഹ്മണ ഋഷി സുദ്യുമ്ന രാജാവിനോടു പറഞ്ഞു; ഞാന്‍ ആവശ്യപ്പെടുന്നത്‌ ഭവാന്‍ ചെയ്യാമെന്നു പറയു; എന്നാല്‍ പറയാം, അങ്ങ്‌ ചെയ്യണം! ഹേ മനുജര്‍ഷഭാ! ഗുരു കല്പിച്ചു. നല്കാത്ത കായ്‌ ഞാന്‍ ഭക്ഷിച്ചു. രാജാവേ, ഞാന്‍ ചെയ്ത കുറ്റത്തിന്നു തക്കശിക്ഷ എനിക്കു തരണം. 

സുദ്യുമ്നന്‍ പറഞ്ഞു:  ശിക്ഷയില്‍ പ്രമാണം ഭൂപനാണെന്നാണ്‌ നിന്റെ മതമെങ്കില്‍ അനുജ്ഞയിലും അപ്രകാരംതന്നെ. ഭവാനു ഞാന്‍ മാപ്പു തന്നിരിക്കുന്നു. ഭവാന്റെ കര്‍മ്മത്താല്‍ ഭവാന്‍ ശുദ്ധകര്‍മ്മാവായിരിക്കുന്നു! മഹാവ്രതനായ ഭവാനു വേറെ എന്തിഷ്ടമാണു ചെയ്യേണ്ടത്‌? ഭവാന്‍ പറഞ്ഞത്‌ ഞാന്‍ നടത്തിക്കൊള്ളാം. 

വ്യാസന്‍ പറഞ്ഞു: മഹാത്മാവായ നൃപന്റെ വരം മുനി കൈയേറ്റു. ആ ബ്രഹ്മർഷി സത്തമന്‍ വരം ഒന്നും വാങ്ങിയില്ല. തക്ക ശിക്ഷയല്ലാതെ വേറെ വരമൊന്നും തന്നെ ആവശ്യപ്പെടുകയുണ്ടായില്ല. അപ്പോള്‍ ആ രാജാവ്‌ അപഹര്‍ത്താവിന്ന്‌ തക്ക ശിക്ഷ വിധിച്ചു. മഹാനായ ലിഖിതന്റെ രണ്ടു കൈകളും ഖണ്ഡിച്ചു. അവന്‍ ശിക്ഷയേറ്റു പോവുകയും ചെയ്തു. അവന്‍ ആര്‍ത്ത നായി ജൃഷ്ഠനായ ശംഖന്റെ അടുത്തുചെന്നു പറഞ്ഞു: ദുര്‍ബ്ദുദ്ധിയായി ശിക്ഷയേറ്റ എന്റെ കുറ്റം നീ ക്ഷമിച്ചാലും. 

ശംഖന്‍ പറഞ്ഞു: ഹേ ധര്‍മ്മജ്ഞാ! എനിക്ക്‌ കോപമില്ല. നിന്നില്‍ ഞാന്‍ ദോഷം കണ്ടില്ല. നിനക്ക്‌ ധര്‍മ്മം തെറ്റിപ്പോയി. നീ പ്രായശ്ചിത്തം കഴിച്ചു. നീ പോയി യഥാവിധി ബാഹുദയില്‍ ദേവര്‍ഷിപിതൃവര്‍ഗ്ഗങ്ങള്‍ക്ക്‌ തര്‍പ്പണം ചെയ്യുക. അധര്‍മ്മം മേലാല്‍ ചിന്തിക്കരുത്‌. 

ശംഖന്‍ പറഞ്ഞ വാക്കുകേട്ട്‌ ലിഖിതന്‍ ഉടനെ പോയി പുണ്യമായ പുഴയില്‍ മുങ്ങി ഉദകക്രിയയ്ക്കൊരുങ്ങി. അപ്പോള്‍ താമരപ്പുക്കള്‍ പോലുള്ള രണ്ടു കൈകള്‍ അവന്ന്‌ ഉണ്ടായി. 

അവന്‍ ഓടിപ്പോയി അത്ഭുതത്തോടെ ജ്യേഷ്ഠന്ന്‌ തന്റെ കരങ്ങള്‍ വീണ്ടും ഉണ്ടായതു കാണിച്ചുകൊടുത്തു. ശംഖന്‍ ഇതു കണ്ട്‌ അവനോട്‌ പറഞ്ഞു: അനുജാ! ഞാന്‍ ഇതു തപസ്സാല്‍ സാധിച്ചതാണ്‌. ഇതില്‍ നിനക്കു ശങ്ക വേണ്ട, വിഷാദം വേണ്ടാ, ഇതു ദൈവകല്പിതമാണ്‌. 

ലിഖിതന്‍ പറഞ്ഞു: ഹേ മഹാദ്യുതേ! ഭവാന്‍ എന്തേ എന്നെ ആദ്യം ശുദ്ധമാക്കാഞ്ഞത്‌? അങ്ങയുടെ തപോവീര്യം ഇത്ര മഹത്തായിരുന്നുവല്ലെൊ! 

ശംഖന്‍ പറഞ്ഞു: എനിക്ക്‌ ഇതേ ചെയ്യുവാന്‍ പാടുള്ളൂ. നിന്റെ ദണ്ഡകന്‍ ഞാനല്ല. ക്ഷത്രിയന്റെ ധര്‍മ്മമാണ്‌ ദണ്ഡം. ആ രാജാവും നീയും പിതൃജനത്തോടൊപ്പം പരിശുദ്ധരായിത്തീര്‍ന്നു. 

വ്യാസന്‍ പറഞ്ഞു:  ആ രാജാവ്‌ ആ കര്‍മ്മംമൂലം ശ്രേയസ്സുള്ളവനായിത്തീര്‍ന്നു. യുധിഷ്ഠിരാ, ദക്ഷനായ പ്രചേതസനെപ്പോലെ അവന്‍ സിദ്ധിയെ പ്രാപിച്ചു. ഈ ധര്‍മ്മം ക്ഷത്രിയര്‍ക്കാണ്‌; പ്രജകളെ പാലിക്കുകയെന്നത്‌. രാജാക്കന്മാര്‍ക്ക്‌ ശ്രേയസ്‌കരമായി മറ്റെന്തുണ്ട്‌. ശോകത്തില്‍ ഭവാന്‍ കരള്‍വെക്കരുത്‌. ഈ ഭ്രാതാവിന്റെ ഹിതമായ വാക്ക്‌ ഹേ ധര്‍മ്മജ്ഞാ! ഭവാന്‍ കേള്‍ക്കുക. രാജാവേ, ക്ഷത്രധര്‍മ്മം എന്നത്‌ ദണ്ഡനമാണ്‌, മുണ്ഡനമല്ല. 

അദ്ധ്യായം 24. വ്യാസവാക്യം - വൈശമ്പായനൻ പറഞ്ഞു: വീണ്ടും വ്യാസമുനി അജാതശത്രുവായ കുന്തീപുത്രനോടു പറഞ്ഞു: ഉണ്ണീ കാട്ടില്‍ പാര്‍ത്ത ധീരന്മാരായ നിന്റെ അനുജന്മാരുടെ മനോരഥങ്ങള്‍ അവര്‍ നേടട്ടെ! യയാതി, നഹുഷന്‍ എന്നീ രാജാക്കന്മാരെപ്പോലെ ഹേ പാര്‍ത്ഥാ നീ പാരിടം പാലിക്കുക! അരണൃത്തില്‍ തപസ്വികളായി അവര്‍ ദുഃഖവാസമനുഭവിച്ചില്ലേ! ദുഃഖാന്തത്തില്‍ അവര്‍ സുഖം അനുഭവിക്കട്ടെ! ധര്‍മ്മം, അര്‍ത്ഥം, കാമം ഇവ ഇവരോടുകൂടി അനുഭവിച്ച്‌ ഭവാന്‍ (പസ്ഥാനവും ചെയ്യാം. അര്‍ത്ഥികള്‍ക്കും പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും വീട്ടേണ്ടതായ കടം നീ തീര്‍ക്കുക. സര്‍വ്വമേധമായ അശ്വമേധം ചെയ്യുക! അതിന്നു ശേഷം സല്‍ഗതിയെ പ്രാപിക്കുക. ഭൂരിദക്ഷിണ യജ്ഞങ്ങള്‍ അനുജര്‍ക്കും അണച്ച്‌ അവര്‍ അതിരറ്റ കീര്‍ത്തി പ്രാപിച്ച്‌ അരുളട്ടെ! ഹേ। പുരുഷവ്യാഘ്രാ! ഞാന്‍ നിന്റെ വാക്കിന്റെ ആശയം അറിയുന്നു. അധര്‍മ്മത്തില്‍ നിന്ന്‌ മുക്തനാകുവാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം. അതനുസരിച്ച്‌ ജീവിച്ചാല്‍ വിജയം നിശ്ചയമാണ്‌. രാജാവ്‌ ദേശവും കാലവും കണ്ട്‌ ദസ്യുക്കളില്‍ അമര്‍ഷമേന്തിയാലും ശാസ്ത്രബുദ്ധിയില്‍ മുഴുകിയവന്‍ പാപം ഏല്‍ക്കുകയില്ല. ആറിലൊന്നു നികുതിയായി വാങ്ങി രാജ്യം രക്ഷിക്കാത്ത ബലവാനായ രാജാവ്‌ നാലിലൊന്നു പാപത്തിന്റെ ഉപഭോക്താവാകും. രാജാവ്‌ ധര്‍മ്മ ഭ്രംശം ഏല്ക്കാത്ത ആ നില മനസ്സിലാക്കണം. ധര്‍മ്മ ശാസ്ത്രങ്ങള്‍ തെറ്റിച്ചാല്‍ നിര്‍ഭയനായി എതിരിട്ട്, കാമക്രോധങ്ങള്‍ വിട്ട അച്ഛനെപ്പോലെ, സമദര്‍ശിയായി ശാസിക്കണം. ശാസ്ത്ര ബുദ്ധിയില്‍ മുഴുകിയ അവന്‍ പാപം അനുഭവിക്കയില്ല. ഭൂപന്‍ ദൈവോപഹതനായി മഹോദ്യുതമായ കര്‍മ്മകാലത്തില്‍ ധര്‍മ്മം സാധിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്‌ അതിക്രമമാവുകയില്ല. ബുദ്ധി പൂര്‍വ്വം ബലമായി ശത്രുക്കളെ നിഗ്രഹിക്കണം. പാപികളോട്‌ ഒരിക്കലും ഇണങ്ങരുത്‌. ഇങ്ങനെ രാജ്യവും പുണ്യവും ഭവാന്‍ കാക്കുക! ശൂരന്മാരും ആര്യന്മാരുമായ പണ്ഡിതന്മാരെ ഹേ യുധിഷ്ഠിരാ! ഭവാന്‍ മാനിക്കണം. ഗോവ്‌, ധനം ഇവയുള്ളവരേയും വിശേഷാല്‍ കാത്തു രക്ഷിക്കണം. ധര്‍മ്മമായ വ്യവഹാരത്തില്‍ ബഹുശ്രുതന്മാരെ നിയമിക്കണം. ഗുണവാനാണെങ്കിലും ഒരുത്തനില്‍ത്തന്നെ വിശ്വാസം പാടില്ല. രക്ഷിക്കാത്തവനായ രാജാവ്‌, ദുര്‍വ്വിനീതന്‍, മാനി, സ്തബ്ധന്‍, അസൂയാലു, ദൂര്‍ദ്ദാന്തന്‍ എന്നിങ്ങനെയുള്ള ചീത്തപ്പേരിന്ന്‌ അര്‍ഹനായിത്തീരും. പാപം സമ്പാദിക്കുകയും ചെയ്യും. ജനങ്ങള്‍ രക്ഷകൂടാതെ ദൈവഹതരായി ക്ഷയിച്ചാലും കുറ്റം രാജാവിന്നാകും. കള്ളന്മാര്‍ മൂലം ധനനാശം വന്നാലും കുറ്റം രാജാവിന്നാകും. 

നല്ല കാര്യാലോചനയും നീതിയും ചേര്‍ന്ന്‌ എല്ലായിടത്തും ചേരുന്ന വിധം പൌരുഷം ചെയ്താല്‍ ഒരു ദോഷവും ആരും പറയുന്നതല്ല. തുടര്‍ന്ന കാര്യം അവസാനിച്ചു എന്നു വരാം, ദൈവാനുകൂല്യം കൊണ്ട്‌ കാരൃസിദ്ധിയുണ്ടായി എന്നും വരാം. എന്നാല്‍ രാജാവ്‌ പൌരുഷം ചെയ്താല്‍ രാജാവിന്ന്‌ പാപം വന്നു ചേരുകയില്ല. ഇക്കാര്യത്തില്‍ ഹേ രാജാവേ, നിന്നോട്‌ ഒരു കഥ ഞാന്‍ പറഞ്ഞു തരാം. 

ഹയ്രഗ്രീവ രാജര്‍ഷിക്ക്‌ പണ്ടു നടന്നതാണ്‌ സംഭവം. ശത്രുദ്ധ്വംസനത്തിന്ന്‌ തക്ക കര്‍മ്മം ചെയ്തു പ്രജകളെ കാക്കുവാന്‍ യുദ്ധംചെയ്തു. കീര്‍ത്തി നേടി ഹയഗ്രീവരാജാവ്‌ സ്വര്‍ഗ്ഗസ്ഥനായി മോദിച്ചിരിക്കുന്നു. ശസ്ത്രച്ഛിന്നനായി ദസ്യു വര്‍ഗ്ഗങ്ങളെ വെന്ന രാജാവ്‌ കര്‍മ്മശീലനും മഹാത്മാവും സിദ്ധാര്‍ത്ഥനുമായി വിണ്ണില്‍ മോദിച്ചിരിക്കുന്നു. 

അദ്ദേഹത്തിന്ന്‌ വില്ല് യൂപവും, രസനവില്‍ ഞാണും, ശരം സ്രുക്കും, സ്രുവം ഖള്‍ഗവും, രക്തം ആജ്യവും, തേര്‍ വേദിയും, യുദ്ധം അഗ്നിയും, ചാതുര്‍ഹോത്രം നാലശ്വങ്ങളുമായിരുന്നു. ആ യജ്ഞാഗ്നിയില്‍ ശത്രുവര്‍ഗ്ഗത്തെ ഹോമിച്ച്‌ പാപം വിട്ടവനും രാജസിംഹനും തപസ്വിയുമായ അവന്‍ ആ യുദ്ധാവഭൃഥത്തില്‍ പ്രാണന്‍ ഹോമിച്ച്‌ സ്വര്‍ഗ്ഗത്തില്‍ മോദിച്ചിരിക്കുന്നു. ബുദ്ധിപൂര്‍വ്വം നയത്താല്‍ രാജ്യം കാക്കുന്നവനും യജ്ഞശീലനും മഹാത്മാവും ലോകത്തിലെങ്ങും പരന്ന കീര്‍ത്തിയുള്ളവനുമായ ഹയഗ്രീവൻ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത്‌ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സുഖമായിരിക്കുന്നു! അപ്രകാരം ഇരിക്കുന്ന ഹയഗ്രീവനെ ഭവാന്‍ ചിന്തിച്ചാലും. അനുകരിച്ചാലും! ദൈവീസിദ്ധിയും മനുഷീസിദ്ധിയും ദണ്ഡനീതിയും ഭൂമിയും യോഗന്യാസശക്തിയാല്‍ ഭരിച്ചവനും രാജാവും ധര്‍മ്മശീലനും മഹാത്മാവുമായ ആ ഹയ്യഗ്രീവന്‍ സ്വര്‍ഗ്ഗത്തില്‍ മോദിച്ചിരിക്കുന്നു. 

വിദ്വാനും ത്യാഗിയും ശ്രദ്ധയുള്ളവനും കൃതജ്ഞനുമായി കര്‍മ്മം ചെയ്ത്‌ ഈ മര്‍ത്ത്യലോകം വെടിഞ്ഞ്‌ മേധാവിമാരായ പണ്ഡിതന്മാരാല്‍ ശ്ലാഘിക്കപ്പെട്ട്‌ ദേഹം വെടിഞ്ഞവര്‍ വസിക്കുന്ന ദിവ്യമായ ലോകത്തെ ആ നര്രേന്ദ്രന്‍ പ്രാപിച്ചു. 

നല്ലപോലെ വേദവും ശാസ്ത്രവും അഭ്യസിച്ച്‌ നല്ല പോലെ രാജ്യഭരണം നിര്‍വ്വഹിച്ച്‌ മഹാത്മാവായി നാലു വര്‍ണ്ണത്തേയും അവരവരുടെ വര്‍ണ്ണത്തിന്റെ അതിരു വിടാതെ നിലനിര്‍ത്തി ഹയഗ്രീവന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ മോദത്തോടെ വസിക്കുന്നു. 

യുദ്ധത്തില്‍ വിജയം നേടി തന്റെ പ്രജകളെ ഭരിച്ച്‌ സോമംപാനം ചെയ്ത്‌, ദ്വിജന്മാര്‍ക്ക്‌ തൃപ്തി നല്കി, യുക്തി പോലെ വേണ്ടിടത്ത്‌ പ്രജകള്‍ക്കു ശിക്ഷ നല്കി, പോരില്‍ മരിച്ച അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ മോദിച്ച്‌ വസിക്കുന്നു. 

മനുഷ്യര്‍ ശ്ലാഘിക്കേണ്ടതായ അദ്ദേഹത്തിന്റെ പൂജ്യമായ ചരിത്രം നല്ലവരായ വിദ്വാന്മാര്‍ എന്നും പൂജിക്കുന്നു. സ്വര്‍ഗ്ഗത്തെ ജയിച്ച്‌ വീരലോകങ്ങള്‍ നേടി മഹാനായി സിദ്ധനായി, അവന്‍ പുണ്യമായ കീര്‍ത്തിയെ നേടി സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നു. 

അദ്ധ്യായം 25. സേനജിത്തിന്റെ ഉപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു; ജിഷ്ണു കോപിച്ചു നില്‍ക്കെ ലൈപായനോക്തി കേട്ട്‌ കൗന്തേയനായ യുധിഷ്ഠിരന്‍ പറഞ്ഞു. 

യുധിഷ്ഠിരന്‍ പറഞ്ഞു:  ഈ പാര്‍ത്ഥിവമായ രാജ്യവും, ഈ പലമാതിരി ഭോഗങ്ങളും എന്റെ ഹൃദയത്തിന്ന്‌ പ്രീതി നൽകുന്നില്ല! ഹേ, മഹാശയാ, എന്നെ ശോകം തടുക്കുകയാണ്‌. വീരന്മാര്‍ വേര്‍പെട്ട്‌, മക്കള്‍ മരിച്ചു വിലപിക്കുന്ന വധുക്കളുടെ ദീനാലാപം കേട്ട്‌ എന്റെ മനസ്സിന്‌ ഒരു വിധത്തിലും ശാന്തി ലഭിക്കുന്നില്ല. ഇതു കേട്ട്‌ യോഗജ്ഞഞരില്‍ പ്രഭുവും, വേദപാരഗനും, ധര്‍മ്മജ്ഞനുമായ വ്യാസന്‍ യുധിഷ്ഠിരനോടു പറഞ്ഞു. 

വ്യാസന്‍ പറഞ്ഞു: മനുഷ്യന്‍ വിധി കലപിതം അതാതിന്റെ കാലം വരുമ്പോള്‍ നേടുന്നു. കര്‍മ്മത്താലും യജ്ഞത്താലും അല്ല, ദാതാവ്‌ തന്നിട്ടുമല്ല അതു സിദ്ധിക്കുന്നത്‌. ശാസ്ത്രം പഠിച്ചതു കൊണ്ടു മാത്രം അകാലത്തില്‍ നല്ലബുദ്ധി ഉണ്ടാകണമെന്നില്ല. കാലം വന്നാലേ മെച്ചം നേടാന്‍ കഴിയു. മൂര്‍ഖനും ചിലപ്പോള്‍ അര്‍ത്ഥം ലഭിക്കും. കാലം കാരൃത്തിനെ മെച്ചപ്പെടുത്തുന്നു. ഐശ്വര്യമില്ലാത്ത കാലത്ത്‌ ഫലം ലഭിക്കയില്ല. ശില്പങ്ങളും മന്ത്രങ്ങളും മഹാഔഷധങ്ങളും ഫലിക്കുകയില്ല. വേണ്ടകാലത്ത്‌ ഉപയോഗിച്ചാല്‍ ഫലം ലഭിക്കുകയും ചെയ്യും. നല്ലകാലത്തിന്റെ ആനുകൂല്യമുണ്ടെങ്കില്‍ അവ സിദ്ധിക്കുകയും ചെയ്യും. ഓരോന്നിനും ഓരോ കാലമുണ്ട്‌. ആ കാലത്തേ അവ വര്‍ദ്ധിക്കൂ. കാലം വരുമ്പോള്‍ താമരകള്‍ ജലത്തിലുണ്ടാകും. കാലം വരുമ്പോള്‍ വൃക്ഷങ്ങള്‍ പൂക്കും. കാലം വരുമ്പോള്‍ ഇരുട്ടു നീങ്ങി വെളിച്ചും വരും. കാലം വരുമ്പോള്‍ കൃശനായ ചന്ദ്രൻ പൂര്‍ണ്ണനാകും. കാലം വരാതെ മരങ്ങള്‍ പൂത്ത്‌ കായ്ക്കുകയില്ല. പുഴയ്ക്ക്‌ ജലപ്രവാഹം ഉണ്ടാകുവാനും കാലം വരണം. കാലം വരുമ്പോഴേ പക്ഷികള്‍ക്കും പാമ്പിനും മാനിനും കാട്ടുമൃഗാദികള്‍ക്കും മദമുണ്ടാകയുള്ളു. കാലത്തിലല്ലാതെ സ്ത്രീകള്‍ക്ക്‌ ഗര്‍ഭമുണ്ടാകയില്ല. അകാലത്തിങ്കല്‍ ചുടും കുളുര്‍മ്മയും വര്‍ഷവും ഉണ്ടാകയില്ല. കാലത്തിലേ ജനിക്കൂ. കാലത്തിലേ മരിക്കൂ, കാലത്തിലല്ലാതെ കുട്ടി സംസാരിച്ചുതുടങ്ങുകയില്ല. കാലം വന്നല്ലാതെ ബാലന്‍ യുവാവാകയില്ല. നട്ടവിത്ത്‌ വായ്ക്കുന്നതും കാലത്തിലാണ്‌. സുര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാലത്തിനനുസരിച്ചു തന്നെ. ചന്ദ്രന്ന്‌ വൃദ്ധിക്ഷയവും അകാലത്തുണ്ടാകയില്ല. കടലിനു തിരമാല പൊങ്ങുവാനും അതിന്നുള്ള കാലം വരണം. അതിന്നുദാഹരണമായി ഈ പഴങ്കഥ ചൊല്ലാറുണ്ട്‌. ദുഃഖിതനായ സേനജിത്ത്‌ എന്ന രാജാവ്‌ പറഞ്ഞതാണിത്‌. 

എല്ലാ മര്‍ത്ത്യര്‍ക്കും ഉണ്ടാകുന്നതായ ഈ മാറ്റം വളരെയേറെ ദുസ്സഹമാണ്‌. കാലത്താല്‍ പരിപക്വന്മാരായി എല്ലാ പാര്‍ത്ഥിവന്മാരും മരിക്കും. അവര്‍ അന്യന്മാരെ കൊല്ലും. അന്യന്മാര്‍ അവരെയും കൊല്ലും.  "കൊല്ലാ, കൊല്ലപ്പെടാ" എന്നുള്ളത്‌ ഒരു നാടന്‍ വര്‍ത്തമാനം മാത്രം. ഒരുത്തന്‍ കൊല്ലണമെന്ന്‌ ചിന്തിക്കുമ്പോള്‍ മറ്റൊരുത്തന്‍ കൊല്ലേണ്ടതില്ലെന്നും ചിന്തിക്കും. ജീവികള്‍ക്കു ജന്മവും വിനാശവും പ്രകൃതി നിശ്ചയമാണ്‌. ധനം നശിക്കുകയും ഭാര്യാമക്കള്‍, അച്ഛന്‍, അമ്മ എന്നിവര്‍ മരിക്കുകയും ചെയ്യുമ്പോള്‍ അമ്പോ!  ഇത്‌ മഹാദുഃഖംതന്നെ എന്ന്‌ വിചാരിച്ചുപോകുന്നു. അതു പാടില്ല. ദുഃഖിക്കാതിരിക്കണം. എന്തേ നീ മൗഢ്യം കൊണ്ട്‌ ദുഃഖിക്കുന്നത്‌? എന്തേ ശോച്യരേ, നിങ്ങള്‍ ശോചിക്കുന്നത്‌? നിങ്ങള്‍ ദുഃഖത്തില്‍ ദുഃഖിക്കയാണെങ്കില്‍ ഭയത്തില്‍ ഭയവുമുണ്ടാകും. ആത്മാവ്‌ എന്റെയല്ല. ഈ ഊഴിയും എന്റെയല്ല. എന്റെ മട്ടില്‍ത്തന്നെയാണ്‌ മറ്റുള്ളവരുടേയും കഥ. എന്നുകണ്ടാല്‍ പിന്നെ ആരു ദുഃഖിക്കും. ആയിരമായിരം ശോകകാരണങ്ങള്‍ ആയിരം, ആയിരം പിന്നെ ആയിരം ഹര്‍ഷകാരണങ്ങള്‍ ഇവ മൂഡന്ന്‌ ദിവസംതോറും ഉണ്ടാകും. എന്നാല്‍ പണ്ഡിതന്ന്‌ അത്‌ ഉണ്ടാകയില്ല. പണ്ഡിതന്‍ അങ്ങനെ ദുഃഖിക്കാനും സന്തോഷിക്കാനും പോകുന്നില്ല. 

കാലം പരിണാമവിധേയമാണ്‌. പ്രിയദ്വേഷങ്ങള്‍ മാറിമാറി പോകുന്നില്ല. ഉണ്ടായിക്കൊണ്ടിരിക്കും. ജീവികളില്‍ അത്‌ സുഖവും ദുഃഖവും ഉണ്ടാക്കുന്നു. ശരിയായി ലോകത്തില്‍ ഉള്ളത്‌ ദുഃഖമാണ്‌. അതു കൊണ്ടാണ്‌ നമുക്ക്‌ കിട്ടുന്നതില്‍ സുഖം തോന്നുന്നത്‌! തൃഷ്ണാര്‍ത്തിയില്‍ നിന്നുണ്ടാകുന്നതാണ്‌ ദുഃഖം. ദുഃഖാര്‍ത്തിയില്‍ നിന്നുണ്ടാകുന്നതാണ്‌ സുഖം. സുഖത്തിന്നപ്പുറം ദുഃഖം. ദുഃഖത്തിന്നപ്പുറം സുഖം. എപ്പോഴും ദുഃഖമുണ്ടാകയില്ല. എപ്പോഴും സുഖമുണ്ടാകയില്ല. സുഖത്തിന്റെ അവസാനത്തില്‍ ദുഃഖവും ദുഃഖത്തിന്റെ അവസാനത്തില്‍ സുഖവും ഉണ്ടാകുന്നു. നിത്യമായ സഖ്യം കൊതിക്കുന്നവന്‍ ഈ പറഞ്ഞ സുഖത്തേയും ദുഃഖത്തേയും കൈവിടണം. സുഖാന്തസംഭവമാണ്‌ സുഖം. തന്മൂലമാകുന്നു ശോകം. ദുഃഖം മൂര്‍ച്ഛിച്ച്‌ തപമോ ആയാസമോ സംഭവിക്കും. അതുകൊണ്ട്‌ ആ സുഖ ത്തേയും ദുഃഖത്തേയും ഒന്നിച്ച്‌ തള്ളിക്കളയണം. ദുഃഖമോ, സുഖമോ, പ്രിയമോ, അപ്രിയമോ എന്തായാലും വരുന്നതു വരട്ടെ അവയെ ഉള്ളു തോല്ക്കാതെ ഏറ്റുകൊള്ളണം. 

തന്റെ ശരീരത്തിനും ഭാര്യക്കും പുത്രന്മാര്‍ക്കും ഇഷ്ടം ചെയ്തിരുന്ന നീ പിന്നീട്‌ ആരുടെ? എന്നാല്‍, എങ്ങനെ? എന്ന്‌ അറിയേണ്ടതായി വരും. 

ലോകത്തില്‍ ഏറ്റവും മൂഢരും, ഏറ്റവും ബുദ്ധിമാന്മാരും സുഖിക്കുന്നു. ഇടയ്ക്കുള്ളവര്‍ അങ്ങനെയല്ല, അവര്‍ കുഴങ്ങുകയാണ്‌. എന്നാണ്‌ മഹാപ്രാജ്ഞനായ സേനജിത്തു പറഞ്ഞത്‌, യുധിഷ്ഠിരാ! ലോകത്തിന്റെ ഉയര്‍ച്ചയും താഴ്ചയും കണ്ട്‌ സുഖദുഃഖവിത്തായ ധാര്‍മ്മികന്‍ ഏതു ദുഃഖം കൊണ്ട്‌ അവന്‍ കേഴുന്നു, അവന്‍ സുഖിയാകുന്നില്ല. ദുഃഖങ്ങള്‍ക്ക്‌ ക്ഷയം എന്നത്‌ ഇല്ല. ഒരു ദുഃഖത്തില്‍നിന്ന്‌ മറ്റൊരു ദുഃഖമുണ്ടാകും. സുഖങ്ങളും ദുഃഖങ്ങളും; ഭവങ്ങളും അഭവങ്ങളും; ലാഭവും അലാഭവും; മരണവും ജീവിതവും എല്ലാം മാറി മാറി വന്നു കൊണ്ടിരിക്കുന്നു. അതു കൊണ്ട്‌ ധീരന്മാര്‍ അവയില്‍ ഹര്‍ഷിക്കരുത്‌; ദുഃഖിക്കയുമരുത്‌. 

രാജാവിന്ന്‌ യുദ്ധത്തില്‍ ശ്രദ്ധ, രാജ്യത്തിന്റെ കാര്യത്തില്‍ നന്മയിലുള്ള ചിന്ത, ദണ്ഡനീതി, ദക്ഷിണയായി മഖത്തില്‍ ദ്രവ്യദാനം, സല്‍പ്പാത്രത്തില്‍ ദാനം ഇവ പാവനമാണെന്ന്‌ അറിഞ്ഞാലും! നയംകൊണ്ട്‌ രാജ്യം ബുദ്ധിപൂര്‍വ്വം പാലിക്കുന്ന രാജാവ്‌, ത്യക്താത്മാവും, മഹാശയനുമായ രാജാവ്‌, ലോകം ദൃഷ്ടി കൊണ്ട്‌ നോക്കിക്കണ്ട്‌ ധര്‍മ്മം നടത്തുന്ന രാജാവ്‌, ദേഹം വിട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ മോദിച്ചിരിക്കും. പടവെട്ടി ജയിച്ചും, സ്വന്തം രാജ്യം ഭരിച്ചും, സോമയാഗം കഴിച്ചും, പ്രജകളെ പോറ്റിയും, യുക്തിയോടെ വേണ്ടമാതിരി പ്രജകളില്‍ ദണ്ഡം നടത്തിയും പോരില്‍ ദേഹം വെടിഞ്ഞ രാജാവ്‌ വിണ്ണില്‍ മോദിച്ചിരിക്കും. വേദവും, ശാസ്ത്രവും നല്ലപോലെ പഠിച്ചും, നന്നായി രാജ്യം രക്ഷിച്ചും, സ്വധര്‍മ്മത്തില്‍ ചാതുര്‍വ്വര്‍ണ്യത്തെ നിര്‍ത്തി രാജ്യം ഭരിച്ച രാജാവ്‌ പൂതാത്മാവായി സ്വര്‍ഗ്ഗത്തില്‍ മോദിച്ചിരിക്കും. 

സ്വര്‍ഗ്ഗസ്ഥരായ ആരുടെ നടപടിയെ ജനം ബഹുമാനത്തോടെ കൂപ്പുന്നുവോ, പൗരന്മാരോടും, ജാനപദന്മാരോടും കൂടിയ ആ രാജാവ്‌ മന്നവോത്തമനാകുന്നു. 

അദ്ധ്യായം 26. യുധിഷ്ഠിരവാക്യം - വൈശമ്പായനൻ പറഞ്ഞു: ഈ സന്ദര്‍ഭത്തില്‍ ഉദാരാശയനായ യുധിഷ്ഠിരന്‍ ഏറ്റവും ബോദ്ധ്യപ്പെടുന്ന വിധത്തില്‍ അര്‍ജ്ജുനനോടു പറഞ്ഞു: ധനത്തേക്കാള്‍ മീതെ യാതൊന്നുമില്ലെന്നാണല്ലൊ അര്‍ജ്ജുനാ! നീ കാണുന്നത്‌. സ്വര്‍ഗ്ഗവും സുഖവും അര്‍ത്ഥവും നിസ്വനില്ലെന്നു പറയുന്നത്‌ മിഥ്യയാണ്‌. സ്വാദ്ധ്യായ യജ്ഞ സിദ്ധന്മാരായ വളരെ സിദ്ധന്മാരെ നാം കാണുന്നുണ്ട്‌. തപസ്വികളായ മുനിമാരേയും കാണുന്നുണ്ട്‌. അവര്‍ക്കു ലഭിക്കുന്നത്‌ നിത്യമായ അനശ്വരമായ ലോകമാണ്‌. ഹേ ധനഞ്ജയാ, ഋഷികളുടെ നിശ്ചയം കാക്കുന്നവര്‍ ബ്രഹ്മചര്യാശ്രമം സ്വീകരിച്ചവരും വിപ്രന്മാരും സര്‍വ്വജ്ഞരായ ദേവകളുമാണ്‌. ഋഷികള്‍ സ്വാദ്ധ്യായനിഷ്ഠരാണ്‌. ചിലര്‍ ജഞാനനിഷ്ഠരും ചിലര്‍ ധര്‍മ്മനിഷ്ഠരുമാണ്‌. ഇതിന്ന്‌, യാതൊരു മാറ്റവുമില്ലെന്ന്‌ ഓര്‍ക്കുക. ധനഞ്ജയാ, ജ്ഞാനനിഷ്ഠന്മാരില്‍ കാര്യം സമര്‍പ്പിക്കുക എന്നത്‌ മുമ്പെ വൈഖാനസന്മാര്‍ ചൊല്ലിയതും നാം അറിഞ്ഞതുമാണ്‌ അര്‍ജ്ജുനാ! 

അജന്മാരും, പൃശ്നികളും, സികതന്മാരും, കേതുക്കളും, അരുണന്മാരും സ്വാദ്ധ്യായാല്‍ സ്വര്‍ഗ്ഗം പ്രാപിച്ചവരാണ്‌. ഈ വേദപ്രോക്തമായ കര്‍മ്മങ്ങള്‍ സാധിച്ചിട്ട്‌ ദാനം, അദ്ധ്യയനം, യജ്ഞം, ദുര്‍ജ്ജയമായ നിഗ്രഹം ഇവ നടത്തി സൂര്യന്റെ ദക്ഷിണായന മാര്‍ഗ്ഗത്തില്‍ സ്വര്‍ഗ്ഗം പ്രാപിച്ച കൂട്ടരെപ്പറ്റി ഞാന്‍ മുമ്പെ പറഞ്ഞുവല്ലോ. നീ വടക്കുഭാഗം വേണ്ടവിധത്തില്‍ നിയമത്തോടെ അധിവസിക്കുന്നു. യജഞവാന്മാര്‍ക്കുള്ള നിത്യയോഗങ്ങള്‍ ഇങ്ങനെയാണ്‌ അര്‍ജ്ജുനാ! അതില്‍ മേല്‍ഗതിയെ പൂര്‍വ്വവേദികള്‍ വാഴ്ത്തുന്നു. സന്തോഷം സ്വര്‍ഗ്ഗത്തേക്കാള്‍ മേലെയാണ്‌. സന്തോഷമാണ്‌ പരമമായ സുഖം. തുഷ്ടിക്കു മേലെ മറ്റൊന്നുമില്ല. 

ക്രോധഹര്‍ഷങ്ങള്‍ ജയിച്ചവന്ന്‌ നിത്യവും ഉത്തമവുമായ സിദ്ധിയുണ്ടാകുന്നു. അതിന്നു യയാതിയുടെ ഗാഥ ഉദാഹരിക്കാം: 

കാമത്തെത്താന്‍ ചുരുക്കേണം ആമ തന്നംഗമെന്നപോല്‍. പേടിയെപ്പോള്‍ വിടുമിവന്‍, ഇവനില്‍പ്പേടിയാതെയാം, ഇച്ഛാദ്വേഷങ്ങളറ്റീടും, അപ്പോള്‍ ബ്രഹ്മത്വമാര്‍ന്നിടും. കര്‍മ്മത്താലും മനസ്സാലും വാക്കാലും ഭൂതമൊന്നിലും പാപംചെയ്യാന്‍ നില്ക്കാത്തോന്‍ പൂജ്യൻ ബ്രഹ്മത്വമാര്‍ന്നിടും. മാനമോഹങ്ങള്‍ കൈവിട്ട്‌ സംഗമേറെയൊഴിഞ്ഞവന്‍, ആത്മജ്യോതിസ്സാര്‍ന്ന ധീമാന്‍, നിര്‍വ്വാണം നേടിയും ധ്രുവം. 

ഹേ പാര്‍ത്ഥാ! ഞാന്‍ പറയുന്ന ഇക്കാര്യവും കുടെ നീ കേള്‍ക്കുക. നീ സംയതേന്ദ്രിയനാണല്ലോ. ചിലര്‍ ധര്‍മ്മത്തേയും, ചിലര്‍ വൃത്തിയേയും ഇച്ഛിക്കുന്നു. ചിലര്‍ ധനം ഇച്ഛിക്കുന്നു. ധനഹേതുവിന്ന്‌ ഇച്ഛിക്കുന്നതിനേക്കാള്‍ നല്ലത്‌ ഇച്ഛയില്ലായ്മയാണ്‌. വിത്തത്തിന്ന്‌ ദോഷം വളരെയുണ്ട്‌. അതില്‍ ധര്‍മ്മത്തിന്നും അങ്ങനെ തന്നെ! അതു ഞാന്‍ പ്രത്യക്ഷമായിക്കാണുന്നു. നീയും അതു കാണണം. വര്‍ജ്ജിക്കേണ്ടവ വര്‍ജ്ജിക്കുവാന്‍ അതില്‍ ഇച്ഛയുള്ളവനും വളരെ വിഷമമുണ്ട്‌. വിത്തം ഇച്ഛിക്കുന്നവരില്‍ നല്ലവരെ കാണുവാന്‍ ഞെരുക്കമാണ്‌. മറ്റുള്ളവരെ ദ്രോഹിക്കാതെ വിത്തം നേടാന്‍ പറ്റുകയില്ല; അങ്ങനെ നേടുന്ന ധനം കുഴപ്പങ്ങള്‍ സൃഷ്ടിക്കയും ചെയ്യും. സങ്കുചിത ബുദ്ധിയായി അന്യരെ ദ്രോഹിച്ച്‌ ധനം നേടുന്നവന്‍ സ്രഹ്മഹത്യാ പാപമാണ്‌ ഏല്ക്കുന്നത്‌ എന്നറിയുന്നില്ല. അവര്‍ ദസ്യുക്കളാല്‍ അപഹരിക്കപ്പെട്ട പോലെ കരുതുന്നു. ദുര്‍ല്ലഭമായ ധനം നേടിയവന്‍ അതു കൊടുക്കുമ്പോള്‍ ദുഃഖിക്കുന്നു. ധനമില്ലാത്ത ദരിദ്രന്‍ ആര്‍ക്കും ആക്ഷേപാര്‍ഹനല്ല. അവന്‍ വിമുക്തനും സുഖിയുമാണ്‌. ധനം നേടിയവന്‍ ഒരിക്കലും സുഖിയാകുന്നില്ല. യജ്ഞഗീതമായ ഈ ഗാഥയില്‍ പൂര്‍വ്വ വേദികള്‍ വിത്തത്തെ കീര്‍ത്തിക്കുന്നത്‌ ത്രയീ സംബന്ധമായി യജ്ഞവിസ്താരകാരകമായിട്ടാണ്‌. 

യജ്ഞത്തിന്നായ്ത്തീര്‍ത്തു ധാതാവു വിത്തത്തെ യജ്ഞാര്‍ത്ഥസൃഷ്ടനാം രക്ഷാകര്‍ത്താ. മുറ്റുമാ വിത്തമോ യജേഞാപയോജ്യമാം, കാമത്തിന്നായതു ശ്ലാഘ്യമല്ല. 

കാമമത്തിന്നല്ല ധാതാവ്‌ അര്‍ത്ഥത്തെ സൃഷ്ടിച്ചത്‌! അതു മര്‍ത്ത്യര്‍ക്ക്‌ നല്കിയത്‌ യജ്ഞത്തിന്നുവേണ്ടിയാണ്‌. അതു കൊണ്ട്‌ അത്‌ ഒരുത്തനിലും സ്ഥിരമാണെന്നു ബുധന്മാര്‍ ഓര്‍ക്കുന്നില്ല. അതു കൊണ്ട്‌ മര്‍ത്ത്യന്‍ ശ്രദ്ധയോടെ കൊടുക്കുകയും യജിക്കുകയും വേണം. നേടിയ ധനം ദാനം ചെയ്യുന്നത്‌ ശ്ലാഘ്യമാണ്‌. ഭോഗത്തിന്ന്‌ ഉപയോഗപ്പെടുത്തുന്നത്‌ ഒരിക്കലും ശ്ലാഘ്യമല്ല. അങ്ങനെയുള്ള ധനം നേടിയിട്ട് ശ്രേഷ്ഠകാര്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താതിരിക്കുന്നത്‌ പാപമാണ്‌. സ്വധര്‍മ്മം വിട്ടു ജീവിക്കുന്നവര്‍ക്ക്‌ ധനം ദാനംചെയ്യരുത്‌. അപാത്രങ്ങളില്‍ ദാനം ചെയ്യുന്ന സ്വല്പബുദ്ധികള്‍ മരിച്ചതിന്നുശേഷം നൂറ്റാണ്ടുകാലം നരകത്തില്‍ മലം ഭക്ഷിച്ചുകിടക്കും. അനര്‍ഹന്ന്‌ നല്കുന്നതും, അര്‍ഹന്ന്‌ നല്കാതിരിക്കുന്നതും തുല്യമാണ്‌. അര്‍ഹാനര്‍ഹന്മാരെ തിരിച്ചറിഞ്ഞ്‌ ദാനധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വിഷമമാണ്‌. നേടിയാലും ധനങ്ങള്‍ക്കുള്ള രണ്ട്‌ അതിക്രമങ്ങളേയും ഇത്തരത്തില്‍ കാണണം, അപാത്രദാനവും, സത്പാത്രത്തില്‍ നല്കാതിരിക്കലും. 

അദ്ധ്യായം 27. വ്യാസവാക്യം - യുധിഷ്ഠിരന്‍ പറഞ്ഞു: ബാലനായ അഭിമന്യു മരിച്ചു. ദ്രൗപദിയുടെ മക്കളൊക്കെ മരിച്ചു. ധൃഷ്ടദ്യുമ്നന്‍ മരിച്ചു. വിരാടന്‍ മരിച്ചു. വൃഷസേനന്‍ മരിച്ചു. ധൃഷ്ടകേതു മരിച്ചു. പോരില്‍ നാനാനാട്ടുകാരായ മറ്റു രാജാക്കന്മാരും മരിച്ചു. എന്നെ ദുഃഖം വിടുന്നില്ല. ഞാന്‍ ജഞാതിഘാതിയാണ്‌. ആര്‍ത്തനാണ്‌. രാജ്യാര്‍ത്ഥിയായ ക്രൂരനാണ്‌. സ്വവംശവിച്ചേദകാരിയാണ്‌. ഞാന്‍ ആരുടെ മടിത്തട്ടില്‍ കളിയാടിയുരുണ്ടുവോ ആ ഗാംഗേയനായ മുത്തച്ഛനേയും രാജ്യലോഭിയായ ഞാന്‍ കൊല്ലിച്ചു. 

വജ്രം പോലെ ഉഗ്രമായ അര്‍ജ്ജുനന്റെ ശരങ്ങള്‍ തറച്ച പിതാമഹനെ ശിഖണ്ഡിയുടെ മുമ്പില്‍ വിറച്ചു നില്ക്കുന്ന ഗാംഗേയനെ കണ്ട സമയത്ത്‌ നടുങ്ങിപ്പോയി! വൃദ്ധസിംഹാഭനും നീണ്ടുനിവര്‍ന്നവനുമായ എന്റെ അച്ഛാച്ഛന്‍ ശരങ്ങള്‍ ഏറ്റു നിന്ന ആ നിൽപ് എങ്ങനെ ഞാന്‍ മറക്കും? കിഴക്കോട്ട്‌ മുഖമായി ദുഃഖിച്ച്‌ തേരില്‍ ഉലഞ്ഞ മല പോലെ നിന്ന നില്പു കണ്ട്‌ ഞാന്‍ നടുങ്ങിപ്പോയി. വില്ലും അമ്പുമെടുത്ത്‌ അദ്ദേഹം ഭൃഗുരാമനുമായി കുരുക്ഷേത്രത്തില്‍ പലനാള്‍ പടവെട്ടി. കാശിയില്‍ വെച്ച്‌ അദ്ദേഹം കന്യകയ്ക്കു വേണ്ടി ഒറ്റത്തേരാല്‍ രാജാക്കന്മാരെ പോരിന്നു വിളിച്ചു. ദുരാസദനും ചക്രവര്‍ത്തിയുംഉഗ്രായുധനുമായ ആ നര്രേന്ദനെ ഞാന്‍ പോരില്‍ തോല്‍പിച്ചു! തന്റെ മൃത്യുവിന്നു വേണ്ടി ആ പാഞ്ചാല്യനായ ശിഖണ്ഡിയെ അമ്പെയ്തു വീഴ്ത്താതിരുന്ന ആ വീരനെ അര്‍ജ്ജുനന്‍ വീഴ്ത്തി! എപ്പോള്‍ അര്‍ജ്ജുനന്‍ ആ പിതാമഹനെ അമ്പെയ്തു വീഴ്ത്തുന്നത്‌ ഞാന്‍ കണ്ടുവോ അപ്പോള്‍ മഹര്‍ഷേ, എനിക്കു ഉഗ്രമായ ജ്വരം ബാധിച്ചു. ഞാന്‍ വിറച്ചു പോയി. ബാലരായ ഞങ്ങളെ പോറ്റി ഏറെക്കാലം ലാളിച്ചു വളര്‍ത്തിയ ആ മഹാശയനായ അച്ഛാച്ഛനെ രാജ്യലുബ്ധനായ ഈ മഹാപാപി കൊല്ലിച്ചു. ഞാന്‍ ഗുരുഘാതകനാണ്‌. സ്വല്പം നാള്‍ക്കുള്ള രാജ്യത്തിന്നു വേണ്ടിയല്ലേ മുഡഃനായ ഞാന്‍ ആ മഹാപാതകം ചെയ്തത്‌! 

സര്‍വ്വമന്നവരും പൂജിക്കുന്ന വില്ലാളിയായ ഗുരുനാഥനോടും ഞാന്‍ മഹാപരാധം ചെയ്തു. മകനെപ്പറ്റി മഹാപാപിയായ ഞാന്‍ ഗുരുവിന്റെ മുമ്പില്‍നിന്ന്‌ മുഖത്തുനോക്കി നുണ പറഞ്ഞു. എന്നോട്‌ ഗുരു പറഞ്ഞ വാക്ക്‌ എന്റെ ദേഹത്തെ ചുട്ടു ദഹിപ്പിക്കുന്നു. മഹര്‍ഷേ! സത്യം പറയൂ രാജാവേ, എന്റെ പുത്രന്‍ ജീവിച്ചിരിപ്പുണ്ടോ? സത്യം കരുതി എന്നോട്‌ ആ ദ്വിജോത്തമന്‍ ചോദിച്ചു. ആന എന്ന്‌ പതുക്കെ അദ്ദേഹം കേള്‍ക്കാത്തവിധം ഞാന്‍ പറഞ്ഞു. രാജ്യം കൊതിക്കുന്ന ഈ ഞാന്‍ മഹാപാപിയാണ്‌! ഗുരുഘാതകനാണ്‌. സത്യമായ ചട്ടധരിച്ച്‌ ഗുരുവിനോട്‌ ഞാന്‍ അസത്യം പറഞ്ഞു:  അശ്വത്ഥാമാവ്‌ ഹതനായി എന്ന്‌ (അശ്വത്ഥാമാ ഹതഃ കഞ്ജരഃ) ഞാന്‍ പറഞ്ഞു. ചത്തത്‌ ആനയാണ്‌. ദുഷ്കരമായ ഏത്‌ ക്രിയ കഴിച്ച്‌ ഏത്‌ ലോകത്തേയാണ്‌ പാപിയായ ഈ ഞാന്‍ പ്രാപിക്കുക! പോരില്‍ പിന്മാറാത്ത കര്‍ണ്ണനേയും ഞാന്‍ കൊല്ലിച്ചു! അത്യുഗ്രനായ ജ്യേഷ്ഠനെ! എന്നേക്കാള്‍ പാപി ആരുണ്ട്‌? 

മലയില്‍ പ്രസവിച്ച സിംഹത്തോടു തുല്യനായ, കുട്ടിയായ, അഭിമന്യുവിനെ ദ്രോണൻ കാക്കുന്ന വന്‍പടയിലേക്ക്‌ രാജ്യലുപ്തനായ ഞാന്‍ കടത്തി വിട്ടു. അന്നു തൊട്ട്‌ ഈ അര്‍ജ്ജുനന്റെ മുഖത്തു. നോക്കാന്‍ കൂടി ഞാന്‍ അശക്തനായി. കൃഷ്ണനെ നോക്കുവാനും ഞാന്‍ ശക്തനല്ല! ഭൂണഹന്താവായ മഹാപാതകിയായ ഞാന്‍ അശക്തനാണ്‌. മക്കള്‍ അഞ്ചുപേരും മരിച്ച്‌ ദുഃഖിക്കുന്ന കൃഷ്ണയെ അഞ്ച്‌ അദ്രികള്‍ പോയ ഭൂമിദേവിയെപ്പോലെ കുണ്ട്‌ ഞാന്‍ ദുഃഖിക്കുന്നു. ആ കുറ്റംചെയ്ത ഞാൻ മഹാപാപിയാണ്‌. ഈ ഭൂമി.മുഴുവന്‍ മുടിച്ച മഹാപാപിയാണ്‌ ഞാന്‍. ഈ മട്ടിലിരുന്ന്‌ എന്റെ ദേഹം ഞാന്‍ നശിപ്പിക്കും. ഗുരുഘാതകനായ ഞാന്‍ പ്രായോപവേശം ചെയ്യുന്നു. കുലം മുടിച്ച ഈ പാപി ഇനിയൊരു ജാതിയിലും പിറക്കരുത്. ഞാന്‍ ഇനി ഉണ്ണുകയില്ല, വെള്ളംപോലും ഒരിക്കലും കുടിക്കുകയില്ല. ഇവിടെയിരുന്ന്‌ പ്രിയമായ പ്രാണനെ ഞാ൯ ശോഷിപ്പിക്കും. ഹേ മുനീന്ദ്രരേ, നിങ്ങള്‍ യഥേഷ്ടം പോയാലും. ഞാന്‍ ഈ ലോകം വിടുന്നു. നിങ്ങള്‍ എന്നില്‍ പ്രസാദിക്കണം. നിങ്ങളെയൊക്കെ സമ്മതിപ്പിച്ച്‌ ഞാന്‍ എന്റെ ശരീരം തൃജിക്കുന്നു? 

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ബന്ധു ശോകാര്‍ത്തനായ യുധിഷ്ഠിരനെ ഇതു വയ്യ! എന്നു തടുത്ത്‌ മുനീശ്വരനായ വ്യാസന്‍ പറഞ്ഞു. 

വ്യാസന്‍ പറഞ്ഞു: ഹേ രാജാവേ, ഇങ്ങനെ കഠിനമായ ദുഃഖത്തില്‍ ഭവാന്‍ മുഴുകരുത്. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു. പ്രഭോ, ഇതു ദൈവഹിതമാണ്‌. ജനിച്ച ജീവികള്‍ക്കൊക്കെ മരണമുണ്ട്‌. സംയോഗം വിപ്രയോഗാന്തമാണ്‌. അതു തീര്‍ച്ചയാണ്‌. വെള്ളത്തിലെ പോളപോലെയുണ്ടാകുന്നു, നശിക്കുന്നു. വൃദ്ധികളൊക്കെ ക്ഷയത്തിലേ ചെന്നു നില്‍ക്കൂ! ഉയര്‍ച്ചകളൊക്കെ പതനത്തിലേ അവസാനിക്കൂ! സംയോഗങ്ങളെല്ലാം വിരഹത്തിലേ കലാശിക്കു! ജീവിതം മരണാന്തമാണ്‌ (മരണാന്തം ഹി ജീവിതം) സുഖങ്ങളൊക്കെ ദുഃഖത്തിലേ ചെന്നവസാനിക്കു! സുഖം, ദുഃഖാന്തം, ആലസ്യം, ദാക്ഷ്യം, ദുഃഖം, സുഖോദയം, ഭൂതി, ശ്രീ, (ഹ്രി, കീര്‍ത്തി, ധൃതി ഇവ ദക്ഷന്നുള്ളതാണ്‌; അലസന്ന്‌ ഇവയൊന്നുമില്ല. സുഖത്തിന്ന്‌ ബന്ധുക്കള്‍ മതിയാകയില്ല. ദുഃഖത്തിന്ന്‌ വൈരികളാവുകയില്ല. പ്രജഞ അര്‍ത്ഥത്തിന്നു പറ്റുകയില്ല. വിത്തം സുഖത്തിന്നും മതിയാകയില്ല. ധാതാവു സൃഷ്ടിച്ച വിധം ഹേ കൗന്തേയാ, നീ ധര്‍മ്മം ചെയ്യുക. അതു കൊണ്ട്‌ രാജാവേ, നിനക്കു സിദ്ധിയുണ്ടാകും. നീ കര്‍മ്മേശനല്ല രാജാവേ! 

അദ്ധ്യായം 28. വ്യാസവാക്യം - വൈശമ്പായനൻ പറഞ്ഞു: ശോകാഭിതപ്തനായി പ്രാണത്യാഗം ചെയ്യുവാനൊരുങ്ങിയ ധര്‍മ്മപുത്രന്റെ ശോകം വ്യാസന്‍ പറഞ്ഞുതീര്‍ത്തു. 

വ്യാസന്‍ പറഞ്ഞു: ഇതിന്നുദാഹരണമായി പണ്ടുള്ളവര്‍ പറയാറുള്ള അശ്മഗീതം ഹേ പാണ്ഡവാ, നീ ധരിക്കു! പ്രാജ്ഞനായ അശ്മബ്രാഹ്മണനോടു പണ്ട്‌ ദുഃഖാര്‍ത്തനായി വിദേഹ രാജാവായ ജനകന്‍ തനിക്കുള്ള സംശയം ചോദിച്ചു. 

ജനകന്‍ പറഞ്ഞു: ജ്ഞാതികള്‍ക്കും ധനത്തിനും അഭിവൃദ്ധിയുണ്ടാകുമ്പോഴും. ക്ഷയമുണ്ടാകുമ്പോഴും ശുഭകാംക്ഷിയായ മര്‍ത്ത്യന്‍ എന്താണു ചെയ്യേണ്ടതെന്നറിയിച്ചാലും. 

അശ്മാവ്‌ പറഞ്ഞു: മനുഷ്യന് ദേഹമുണ്ടായത് മുതല്‍ മേല്‍ക്കുമേല്‍ ഓരോരോ സുഖദുഃഖങ്ങള്‍ ഉണ്ടാകുന്നു. ഓരോരോ ദുഃഖവുമുണ്ടാകുമ്പോള്‍ അത്‌ കാറിനെ കാറ്റു പോലെ അടിച്ച്‌ ചൈതന്യം പോക്കുന്നു. "സിദ്ധനാണ്‌ ഞാന്‍, അഭിജാതനാണ്‌ ഞാന്‍, വെറും മാനുഷ്യനല്ല ഞാന്‍" എന്നീ വിചാരങ്ങള്‍ അവന്ന്‌ ആദ്യമായി ഉണ്ടായാല്‍ അവന്റെ ഉള്ള്‌ അഹങ്കാരത്തില്‍ നിറഞ്ഞിരിക്കും. അച്ഛന്‍ നേടിയ സ്വത്ത്‌ പോരാതെ പരധനത്തില്‍ കൊതി മൂത്ത്‌ അവ നേടുവാന്‍ മനസ്സു വെക്കുകയായി. മര്യാദ വിട്ട്‌ തെറ്റായ മാര്‍ഗ്ഗത്തില്‍ ധനം നേടാന്‍ നോക്കുന്ന അവനെ രാജാവ്‌, മാനിനെ വേടന്‍ അമ്പുകൊണ്ടെന്ന വിധം തടുക്കുവാന്‍ നോക്കും. ഇരുപതു വയസ്സായവരും, മുപ്പതു വയസ്സായവരും, ആരും ഒരു നൂറ്റാണ്ടിലേറെ ജീവിച്ചിട്ടില്ല. രാജാവേ, അതു കൊണ്ട്‌ ആ മഹാസങ്കടങ്ങള്‍ക്കാണു ചികിത്സിക്കേണ്ടത്‌. അതു ബുദ്ധികൊണ്ടാണ്‌. ജീവിയുടെ വൃത്തം നോക്കിക്കണ്ട്‌ ചികിത്സ നിശ്ചയിക്കണം. മനസ്സിലുള്ള ദുഃഖം ഉള്‍ഭ്രമം മൂലമുണ്ടാകുന്നതാണ്‌. അനിഷ്ടപ്രാപ്തിയും കാരണമായേക്കാം. മൂന്നാമതൊന്നില്ല. ഇപ്രകാരം ഓരോരോ ദുഃഖങ്ങള്‍ മനുഷ്യനെ ബാധിക്കും. വിഷയാസംഗജാതങ്ങളായ ആ ദുഃഖങ്ങള്‍ പല മാതിരിയുണ്ട്‌. 

മനുഷ്യനെ ചെന്നായ്ക്കള്‍ പോലെ ജരാമൃത്യുക്കള്‍ കടിച്ചു കീറി തിന്നും. അശക്തന്മാരെയും, ശക്തന്മാരേയും, കൃശന്മാരെയും, കൂറ്റന്മാരെയുമൊക്കെ അതു കടിച്ച്‌ കൊന്നു തിന്നും. ഈ ജരാമൃത്യുക്കളുടെ പിടിയില്‍ നിന്ന്‌ വിട്ടോടുവാന്‍ ഒരു ജീവിക്കും സാധിക്കുകയില്ല. ഏഴാഴിചൂഴുന്ന ഊഴിക്കൊക്കെ അധീശനായാലും ജരയുടെ പിടിയില്‍ ജീവികളൊന്നും വിട്ടുപോരികയില്ല. അവയ്ക്ക്‌ സുഖമോ ദുഃഖമോ വന്നു കൂടും ഏതവശനും അതിന്റെ പിടിയില്‍പ്പെടും. ഇതിന്നു യാതൊരു മറുകൈയുമില്ല. ചെറുപ്പത്തിലോ, യുവത്വത്തിലോ, വാര്‍ദ്ധകൃത്തിലോ എപ്പോഴെന്നില്ല വരിക തന്നെ ചെയ്യും. ഈ അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും കാംക്ഷിക്കാതെ തന്നെ വരും. അനിഷ്ടാസംഗം, ഇഷ്ടജനവിയോഗം ഇങ്ങനെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ വിധിയുടെ നിശ്ചയംപോലെ വരുന്നു. ജീവികളുടെ ഉത്ഭവം, ജീവികളുടെ നാശം, ജീവികളുടെ നേട്ടം, അദ്ധ്വാനം, യോഗം ഇവയൊക്കെ നിശ്ചയമായും വന്നു കൂടുന്ന കാര്യങ്ങളാണ്‌. 

ഗന്ധം, വര്‍ണ്ണം, രസം, സ്പര്‍ശം ഇവയൊക്കെ സ്വഭാവാല്‍ വിട്ടു പോകുന്നു. ഇപ്രകാരം സുഖദുഃഖങ്ങള്‍ വിധിച്ച പോലെ വന്നു ചേരുകയും ചെയ്യും. ആസനം, ശയനം, യാനം, ഉത്ഥാനം, പാനം, ഭോജനം ഇവയൊക്കെ ജീവികള്‍ക്ക്‌ കാലത്താല്‍ വന്നു ചേരുകയും ചെയ്തും. 

വൈദ്യന്മാരും രോഗികളാകും. ശക്തന്മാരും അശക്തന്മാരാകും. ശ്രീമാന്മാരും ഷണ്ഡന്മാരാകും. കാലത്തിന്റെ മാറ്റം വിചിത്രംതന്നെ! 

കുലത്തില്‍ ജനനം, വീര്യം, ആരോഗ്യം, രൂപം, സൌഭാഗ്യം, ഉപഭോഗം ഇവയെല്ലാം ഭാവിയോഗത്താല്‍ സംഭവിക്കും. 

മക്കളുണ്ടാകണമെന്ന്‌ ആഗ്രഹമില്ലാത്ത ദരിദ്രന്മാര്‍ക്ക്‌ വളരെയധികം മക്കളുണ്ടാകുന്നു. ധനികന്മാര്‍ക്ക്‌ പുത്രരുണ്ടാകാന്‍ ആഗ്രഹിച്ചിട്ടും ഉണ്ടാകുന്നുമില്ല. വിധിയുടെ ചേഷ്ടിതം വിചിത്രം തന്നെ! 

വ്യാധി, അഗ്നി, ജലം, ശസ്ത്രം, വിശപ്പ്‌, ജ്വരം, കീഴോട്ടുള്ള വീഴ്ച, വിഷം; ആപത്ത്‌ ഇവയാലൊക്കെ മരണം ജീവികള്‍ക്കുണ്ടാകും. സൃഷ്ടിക്കുമ്പോള്‍ വിധിച്ച സേതുവില്‍ക്കുടെയാണ്‌ ജീവി യാത്രചെയ്യുന്നത്‌. അതിനെ അതിക്രമിക്കുന്നവനെയും വിട്ടുപോകുന്നവനെയും നാം കാണുന്നില്ല. ചാടിക്കയറുന്നവന്‍ നിഗ്രഹിക്കപ്പെടാതെയും കാണുന്നുണ്ട്‌. യുവാവായ ധനവാന്‍ നശിക്കുന്നതും നാം കാണുന്നുണ്ട്‌. ജരയില്‍പ്പെട്ട്‌ നൂറ്റാണ്ടു ദുഃഖിച്ചു ജീവിക്കുന്ന ദരിദ്രനേയും നാം കാണുന്നുണ്ട്‌. ദരിദ്രന്മാര്‍ ചിരംജീവികളായിരിക്കുന്നതും കാണ്മാനുണ്ട്‌. സമൃദ്ധിയുള്ള കുലത്തില്‍ ജനിച്ച്‌ പാറ്റപോലെ നശിച്ചുപോകുന്നവരേയും നാം കാണുന്നുണ്ട്‌. പ്രായേണ ശ്രീമാന്മാര്‍ക്ക്‌ ശക്തി അനുഭവിക്കുവാന്‍ കഴിയാതെ പോകുന്നതായും കാണുന്നു. ദരിദ്രന്മാര്‍ക്ക്‌ വിറകു പോലും തിന്നാല്‍ ദഹിച്ചുപോകും. 

കാലചോദിതന്‍ ഇതു ഞാന്‍ ചെയ്യുന്നുവെന്നു വിചാരിക്കുന്നു. ഇഷ്ടകാര്യങ്ങള്‍ സന്തോഷംകുടാതെ ചിലര്‍ ചെയ്യുന്നു. ദുഷ്ടന്‍ പാതകം ചെയ്യുന്നു. 

വേട്ട, ചുതാട്ടം, കുടി, പെണ്ണുപിടുത്തം, ബുധഗര്‍ഹിതം ഇതില്‍ മാന്യരായ അറിവുള്ളവരും കൂടി ഏര്‍പ്പെട്ടുകാണുന്നു. ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതുമായ അര്‍ത്ഥമൊക്കെ ഇങ്ങനെ കാലത്താല്‍ ജീവികള്‍ക്കൊക്കെ വന്നു ചേരുന്നു. അതിന്റെ കാരണം നാം കാണുന്നില്ല. 

കാറ്റ്‌, ആകാശം, തീ, ച്രന്ദ്രന്‍, സൂര്യന്‍, സസ്ധ്യം ജ്യോതിസ്സ്‌, പുഴ, കുന്ന്‌ ഇവയെ നശിപ്പിക്കുന്നത്‌ ആര്‍? സൃഷ്ടിക്കുന്നത്‌ ആര്‍? 

കാലത്താല്‍ ചൂടും, കുളിരും, മഴയും മാറിമാറി വരും. ഇപ്രകാരം മനുഷ്യര്‍ക്ക്‌ സുഖദുഃഖങ്ങളും വന്നുകൂടുന്നു. ഓഷധം, മന്ത്രം, ഹോമം, ജപം ഇവയൊന്നും മരണമോ, ജരയോ വന്നു പെട്ട മർത്ത്യനെ അവയില്‍ നിന്നു രക്ഷിക്കുകയില്ല. സമുദ്രത്തില്‍ എങ്ങനെ ഒഴുകി വരുന്ന മരമുട്ടിയും, അതു പോലെ വരുന്ന മറ്റൊരു മുട്ടിയും കൂട്ടി മുട്ടി പിരിയുന്നുവോ, അതേ മട്ടാണ്‌ ഭൂതജാലങ്ങളുടെ സമ്മേളനം. 

സ്ത്രീകളുടെ ഗീതവാദ്യങ്ങള്‍ അനുഭവിച്ച പുരുഷന്മാരിലും, ആരുമില്ലാത്ത അനാഥ ജനങ്ങളിലും കാലം ഒപ്പം അഷ്ടി നല്കുന്നു. അനേകായിരം അമ്മമാരും, അനേകായിരം അച്ഛന്മാരും, അനേകായിരം ഭാര്യമാരും, അനേകായിരം പുത്രന്മാരും സംസാരത്തില്‍ മുഴുകിയിട്ടുണ്ട്‌, മുഴുകുന്നുമുണ്ട്‌. അവര്‍ ആര്‍ക്കു വേണ്ടി മുഴുകി? നമ്മള്‍ ആര്‍ക്കുവേണ്ടി മുഴുകുന്നു? 

ഇവന്ന്‌ ആരും ഉണ്ടാവുകയില്ല. ഇവന്‍ ആരുടേയുമല്ല. ഭാര്യ, ബന്ധു, സുഹൃത്ത്‌ ഇവരുമായുള്ള ചേര്‍ച്ച, ഇവര്‍ വഴിയായുള്ള ബന്ധം മാത്രമാണ്‌. 

ഞാന്‍ എവിടെ ഇരിക്കുന്നു? എവിടേക്കു പോകുന്നു? ഞാനാരാണ്‌? എന്തിനു ഞാന്‍ ഇവിടെ ഉരിക്കുന്നു? ഞാന്‍ ദുഃഖിക്കുന്നത്‌ എന്തിനാണ്‌? ഉത്തരമില്ലാത്തതാണ്‌ ഈ ചോദ്യം. ഒന്നും തിരിയാത്ത ജീവിത രഹസ്യത്തെ ചിന്തിച്ച്‌ മനസ്സിനെ അടക്കി നിര്‍ത്തുക! 

അനിത്യവും അപ്രിയവുമായ സംസാരചക്രത്തിന്റെ ചുറ്റലില്‍ വഴിയില്‍ വന്നു കൂടുന്ന കുട്ടുകാര്‍ മാത്രമാണ്‌ ഭ്രാതാവ്‌, അച്ഛന്‍, അമ്മ, സഖാവ്‌ എന്നിവരെല്ലാം. പണ്ഡിതന്മാരും തങ്ങളുടെ കണ്ണുകൊണ്ടു പരലോകത്തെ കണ്ടിട്ടില്ല. 

ഭക്ഷണക്കൊതിയാല്‍ മനസ്സാക്ഷിക്കു വിരോധമായി ശാസ്ത്രങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പിതൃദൈവകൃത്യങ്ങള്‍ ചെയ്യണം. ധര്‍മ്മകര്‍മ്മങ്ങള്‍ ചെയ്യണം. വിധിപ്രകാരം യജിക്കണം. ത്രിവര്‍ഗ്ഗം ചെയ്യണം. ബുദ്ധിയുള്ളവന്‍ ഇവയൊക്കെ അനുഷ്ഠിക്കണം. 

ഈ ജഗത്ത്‌ ആഴമേറുന്ന കാലത്തിന്റെ കടലില്‍ ആണ്ടു പോകും. ലോകം ജരാമൃത്യുവാല്‍ ഗ്രസിക്കപ്പെടും. അത്‌ ഒരുത്തനും ഓര്‍ക്കുന്നില്ല. പരിഗ്രഹത്തോടു കൂടിയവരും, ആയുര്‍വ്വേദം പഠിച്ചവരുമായ പല വൈദ്യന്മാരും രോഗപീഡിതരായി കാണപ്പെടുന്നുണ്ട്‌. അവര്‍, ഓരോരോ കഷായവും, നെയ്യും, രസായനവും മറ്റും പാകംചെയ്ത്‌ വിധിപ്രകാരം കഴിച്ചാലും മൃത്യുവിനെ കരയെ കടലിന്നെന്നവിധം കടക്കുവാന്‍ കഴിയു ന്നില്ല! നന്നായി രസായനം സേവിക്കുന്ന രസായനവിജ്ഞരെ ജര തകര്‍ക്കുന്നതും നാം കാണുന്നുണ്ട്‌. ആന മരത്തെ തകര്‍ക്കുന്ന പോലെ തകര്‍ത്തു വിടുന്നുണ്ട്‌. 

ഇപ്രകാരം തപസ്വികളും സ്വാദ്ധ്യായം ശീലിക്കുന്നവരും ദാനം ചെയ്യുന്നവരും യജ്ഞം ചെയ്യുന്നവരും ഇവരാരും തന്നെ ജരാമൃതികള്‍ കടക്കുന്നതായി കാണുന്നില്ല. കഴിഞ്ഞ ദിവസങ്ങള്‍ തിരിച്ചു വരികയില്ല. കഴിഞ്ഞു പോയവ കഴിഞ്ഞവ തന്നെ. മാസങ്ങളും ആണ്ടുകളും വീണ്ടും തിരികെ വരികയില്ല. പക്ഷങ്ങളും രാത്രികളും അങ്ങനെ തന്നെ. ജനിച്ചവര്‍ക്കൊക്കെ ഇതാണു നില. ഇങ്ങനെ കാലത്തിന്റെ വമ്പു ചേര്‍ന്ന ധ്രുവമായ മാര്‍ഗ്ഗത്തെ അനിത്യനും അവശനുമായ നരന്‍ പ്രാപിക്കുന്നു. കാലം സര്‍വ്വഭൂതനിഷേവിതമാണ്‌! ദേഹം ജീവനിലോ ജീവന്‍ ദേഹത്തിലോ ആദ്യം ബന്ധപ്പെടുന്നു. പിന്നെ ജീവിതത്തിന്റെ വഴിയാത്രയില്‍ ഭാര്യാബന്ധുക്കളേയും കൂട്ടിമുട്ടുന്നു. യാത്രയില്‍ ഒരാള്‍ക്ക്‌ മറ്റൊരാളോട്‌ എന്നെന്നും കൂട്ടുനില്ക്കുവാന്‍ സാധി ക്കയില്ല. സ്വന്തം ദേഹത്തോടുപോലും സാധിക്കയില്ല. പിന്നെ അന്യനോടു പറയുവാനുണ്ടോ? 

ഹേ രാജാവേ! നിന്റെ അച്ഛന്‍ ഇപ്പോള്‍ എവിടെയാണ്‌? മുത്തച്ഛനെവിടെ? നീ അവരെ കാണുന്നില്ലല്ലോ അവര്‍ നിന്നേയും കാണുന്നില്ല! പുരുഷന്‍ സ്വര്‍ഗ്ഗത്തേയും നരകത്തേയും കാണുന്നില്ല! സത്തുക്കളുടെ ആഗമം അവരുടെ നേത്രമാണ്‌. അതുകൊണ്ട്‌ ആ കണ്ണു കൊണ്ട്‌ കണ്ടു വേണ്ടതു ചെയ്യുക! ബ്രഹ്മചര്യം അനുഷ്ഠിക്കണം, സന്താനങ്ങളെ ജനിപ്പിക്കണം, യജിക്കണം. അസൂയ വിട്ട്‌ പിതൃക്കള്‍ക്കും ദേവകള്‍ക്കും മനുഷ്യര്‍ക്കുമുള്ള കടം വീട്ടണം. 

പ്രജയ്ക്കുവേണ്ടി വേളി കഴിച്ചവനും, ശക്തശീലനും, ആദ്യം ബ്രഹ്മചാരിയും ഏകാന്തദൃഷ്ടിയുമായ ധീമാന്‍ സ്വര്‍ഗ്ഗത്തേയും ലോകത്തേയും ആരാധിക്കട്ടെ! സമചിത്തനായി ധര്‍മ്മം ചെയ്യുന്നവനും ദ്രവ്യം സംഭരിക്കുന്നവനുമായ ധര്‍മ്മിഷ്ഠനായ രാജാവിന്ന്‌ ചരാചരങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ എങ്ങും യശസ്സു വര്‍ദ്ധിക്കുന്നതാണ്‌. 

ഇപ്രകാരം യുക്തിപൂര്‍ണ്ണമായ വാക്കുകള്‍ കേട്ട്‌ വിദേഹ രാജാവ്‌ അശ്മാവിനോടു വിടവാങ്ങി. ജനകമഹാരാജാവ്‌ ശുദ്ധാത്മാവായി ശോകം ശമിച്ച്‌ സ്വഗൃഹത്തിലേക്കു മടങ്ങി. 

അപ്രകാരം ഹേ യുധിഷ്ഠിരാ, ശോകം വിട്ട്‌ ശക്രോപമനായി ഹര്‍ഷത്തെ പ്രാപിക്കുക! ക്ഷാത്രധര്‍മ്മത്താല്‍ ക്ഷിതിയെ ജയിച്ചവനാണ്‌ ഭവാന്‍ അതിനെ പ്രാപിക്കുക. ആത്മനിന്ദ വിടുക!

അദ്ധ്യായം 29. ഷോഡശരാജോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മപുത്രരാജാവ്‌ മിണ്ടാതിരിക്കെ അര്‍ജ്ജുനന്‍ കൃഷ്ണനോടു പറഞ്ഞു. 

അര്‍ജ്ജുനന്‍ പറഞ്ഞു: ജ്ഞാതിശോകതപ്തനായി പരന്തപനായ രാജാവ്‌ ശോകാബ്ധിയില്‍ മുങ്ങിപ്പോയിരിക്കുന്നു. ജ്യേഷ്ഠന്‍ വ്യാകുലപ്പെട്ടു കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ ഒന്നു സമാശ്വസിപ്പിക്കൂ, മാധവാ! നാം എല്ലാവരും വീണ്ടും സംശയത്തിലായിരിക്കുന്നു, ജനാര്‍ദ്ദനാ! ഈ ശോകം തീര്‍ത്തില്ലെങ്കില്‍ എല്ലാം അബദ്ധത്തിലാകും. 

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വീരനായ അര്‍ജ്ജുനന്‍ പറഞ്ഞപ്പോള്‍ പുണ്ഡരീകാക്ഷനായ അച്യുതന്‍ രാജാവിന്റെ നേരിട്ടുചെന്നു. നിരസിക്കുവാന്‍ തക്ക ഒരാളല്ല ധര്‍മ്മജന്ന്‌ അച്യുതന്‍. ബാല്യം തൊട്ടേ അര്‍ജ്ജുനനേക്കാള്‍ ഇഷ്ടപ്പെട്ടവനാണ്‌ കൃഷ്ണന്‍. ശൈലസ്തംഭം പോലെയുള്ള ചന്ദനം തേച്ച കൈ പിടിച്ച്‌ മഹാബാഹുവായ കൃഷ്ണന്‍ ചിരിച്ചു. വിനോദത്തോടെ പറയുവാന്‍ ഭാവിച്ചപ്പോഴേക്കും യുധിഷ്ഠിരന്റെ മുഖം പ്രസന്നമായി. കണ്ണില്‍ ഒരു പ്രകാശം വ്യാപിച്ചു. പുഞ്ചിരി പുറത്തുവന്നു. പല്ലുകള്‍ വിളങ്ങി. സൂര്യോദയത്തില്‍ വിടര്‍ന്ന താമരപ്പുവുപോലെ യുധിഷ്ഠിരന്റെ മുഖം പ്രശോഭിച്ചു. 

വാസുദേവന്‍ പറഞ്ഞു: ദേഹം ചടയ്ക്കുന്ന വിധം ശോകത്തില്‍ മുഴുകിയിരിക്കരുത്‌. ഭവാന്‍ എത്ര ദുഃഖിച്ചാലും ചത്തവരെ ജീവിപ്പിച്ചെടുക്കാന്‍ സാധിക്കയില്ല. സ്വപ്നത്തില്‍ കണ്ട നേട്ടങ്ങള്‍ ഉണര്‍ന്നാല്‍ പോകുന്ന പോലെ ഈ ക്ഷത്രിയന്മാരൊക്കെ പോരില്‍ അവസാനിച്ച്‌ മാഞ്ഞുപോയി. അവരൊക്കെയും ശൂരന്മാരായിരുന്നു.നേരിട്ട്‌ യുദ്ധം ചെയ്തു ജയിച്ചവരുമായിരുന്നു. പിന്തിരിഞ്ഞ്‌ ഓടിയവരോ, ഓടുമ്പോള്‍ വീണവരോ അതില്‍ ഉണ്ടായിട്ടില്ല. പ്രാണനെ ഉപേക്ഷിച്ചും പോരില്‍ ഏറ്റ വീരരായിരുന്നു അവര്‍. ശസ്ത്രപൂതന്മാരായിത്തന്നെ അവര്‍ സ്വര്‍ഗ്ഗം(പാപിച്ചു. അവരെപ്പറ്റി ദുഃഖിക്കുവാന്‍ എന്തുണ്ട്‌?

ക്ഷത്രധര്‍മ്മസ്ഥരായ ആ ശൂരര്‍ വേദവേദാംഗവേദികളുമായിരുന്നു. ഹേ വീരാ, സല്‍ഗതി പ്രാപിച്ചവരാണ്‌ അവര്‍. അവരെപ്പറ്റി മാഴ്കുവാനെന്തുണ്ട്‌? മരിച്ച യോഗ്യരായ ഭൂമിപാലകന്മാരെ ഭവാന്‍ കേട്ടറിവുണ്ടല്ലോ, അതിന്നുദാഹരണമായി ഈ പഴങ്കഥ പറഞ്ഞു വരാറുണ്ട്‌. 

പുത്രശോകാര്‍ത്തനായ സൃഞ്ജയനോട്‌ നാരദന്‍ പറഞ്ഞതാണ്‌: ഹേ സൃഞ്ജയാ, സുഖദുഃഖങ്ങളില്‍ നിന്ന്‌ ഞാനും, നീയും, ലോകരും വിമുക്തരല്ലാതെ ചാകുന്നതില്‍ എന്തിന്‌ ആവലാതിപ്പെടുന്നു?

ആദ്യമേ തന്നെ രാജാക്കന്മാര്‍ക്കുള്ള മഹാഭാഗ്യം ഞാന്‍ പറയാം. അതു നീ ശ്രദ്ധയോടെ കേള്‍ക്കുക! അതു മനസ്സിരുത്തി കേള്‍ക്കുക! പിന്നെ ഭവാന്‍ ദുഃഖിക്കയില്ല. മരിച്ച യോഗ്യരായ ഭൂപന്മാരുടെ കഥ കേട്ട്‌ സന്താപം ശമിപ്പിക്കുക. സവിസ്തരം കേള്‍ക്കുക. ഈ കഥ കേട്ടാല്‍ ക്രൂര്രഗഹദോഷങ്ങള്‍ പോലും നീങ്ങുകയും ആയുസ്സു വര്‍ദ്ധിക്കുകയും ചെയ്യും. രാജാഗ്രണികളുടെ ഈ കഥ ഉത്തമമായിട്ടുള്ളതാണ്‌. ശോഭനവുമാണ്‌! 

ആവിക്ഷിതനായ മരുത്തന്‍ മരിച്ചു എന്നു കേള്‍ക്കുന്നു സൃഞ്ജയാ! ഇന്ദ്രനും വരുണനും ചേര്‍ന്ന്‌ വ്യാഴം തുടങ്ങിയ ദേവകളോടു കൂടി ഈ മഹാനായ രാജാവിന്റെ അദ്ധ്വരത്തില്‍ ചെന്നു.  ശക്രദേവനെ അവന്‍ സ്പര്‍ദ്ധ കൊണ്ടു ജയിച്ചു. വിദ്വാനായ ബൃഹസ്പതി, ശ്രകപ്രിയാര്‍ത്ഥിയായിരുന്നതു കൊണ്ട്‌ ആ രാജാവിനെ ധിക്കരിച്ച്‌, അനുസരിച്ചില്ല. ഉടനെ രാജാവ്‌ ബൃഹസ്പതിയുടെ സഹോദരനായ സംവര്‍ത്തനെക്കൊണ്ട്‌ യജിപ്പിച്ചു. 

ആ രാജാവ്‌ രാജ്യം ഭരിക്കുന്ന കാലത്ത്‌ ഉഴാതെ തന്നെ ഭൂമിക്കു വിളവുണ്ടായി. ചൈത്യമാലിനിയായ ഭുമി വിളങ്ങി! 

ആവിക്ഷിത മഹാരാജാവിന്റെ സത്രത്തില്‍ വിശ്വേദേവന്മാര്‍ സദസ്യരായി. മഹാന്മാരായ മരുത്തുക്കളും സാദ്ധ്യരും വിളമ്പക്കാരായി. 

മരുത്തുക്കള്‍ മരുത്തന്റെ സോമം പാനംചെയ്യുകയാല്‍ ദേവദാനവഗന്ധര്‍വ്വന്മാരില്‍വെച്ച്‌ ഏറെ ദക്ഷിണ നേടി ഹേ യുധിഷ്ഠിരാ, നിന്നേക്കാള്‍ നാലിരട്ടി മേന്മകൂടിയ അവന്‍ മരിച്ചുപോയി. നിന്റെ പുത്രനേക്കാള്‍ സുകൃതിയായിരുന്നു അവന്‍. പുത്രനെപ്പറ്റി ദുഃഖിക്കരുത്‌. 

സുഹോത്രനായ അതിഥിയും മരിച്ചു എന്നു കേള്‍ക്കുന്നു സൃഞ്ജയാ! അവന്‍ വാഴുന്ന കാലത്ത്‌ ഇന്ദ്രന്‍ ഒരാണ്ട്‌ സ്വര്‍ണ്ണം വര്‍ഷിച്ചു. ഭൂമിക്ക്‌ വസുമതിയെന്ന നാമം ആ രാജാവിന്റെ കാലത്ത്‌ യഥാര്‍ത്ഥമായിത്തീര്‍ന്നു. പുഴകളില്‍പ്പോലും സ്വര്‍ണ്ണം ഒഴുകി. 

വിശ്വപൂജിതനായ ഇന്ദ്രന്‍ ആമ, ഞണ്ട്‌, മുതല, മകരം, ശിംശുമാരം ഇവയെ പുഴയില്‍ വീഴ്ത്തി. നൂറും ആയിരവും ജല ജന്തുക്കളും പുഴയില്‍ വീണു കണ്ടപ്പോള്‍, അവയൊക്കെ സ്വര്‍ണ്ണ വര്‍ണ്ണമായിക്കണ്ടപ്പോള്‍, അതിഥിരാജാവ്‌ വിസ്മയിച്ചു. അന്തമറ്റു നിറഞ്ഞ സ്വര്‍ണ്ണം കുരുജാംഗലയില്‍ യജിക്കുന്ന രാജാവ്‌ യജ്ഞമദ്ധ്യത്തില്‍ വെച്ച്‌ ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. ഹേ, സൃഞ്ജയാ! നിന്നേക്കാള്‍ നാലു മടങ്ങു യോഗ്യനായ അവനും മരിച്ചു. നിന്റെ പുത്രനേക്കാള്‍ സുകൃതിയായിരുന്നു അവന്‍. പുത്രനെപ്പറ്റി ദുഃഖിക്കാതിരിക്കൂ! ഹേ അയജ്വാവും അദാതാവുമായ നിന്റെ പുത്രനെപ്പറ്റി ചിന്തിച്ചു ദുഃഖിക്കരുത്‌. അടങ്ങൂ. ദുഃഖം വെടിയൂ! 

അംഗരാജാവായിരുന്ന ബൃഹൃദ്രഥനും മരിച്ചുപോയെന്നു കേള്‍ക്കുന്നു. അവന്‍ യജ്ഞത്തിന്റെ മദ്ധ്യത്തില്‍ ദക്ഷിണയായി ആയിരമായിരം ശ്വേതാശ്വങ്ങളെയും പൊന്‍കോപ്പുകള്‍ അണിഞ്ഞ ആയിരമായിരം കന്യകമാരെയും ദക്ഷിണയായി നല്കി. അതിപത്മികളായ ആയിരമായിരം ആനകളേയും നല്കി. അനേകായിരം പൊന്‍കോപ്പണിഞ്ഞ കാളകളേയും അത്ര തന്നെ പശുക്കളേയും ദക്ഷിണയായി നല്കി. അംഗന്‍ വിഷ്ണുപദപര്‍വ്വതത്തില്‍ യജിക്കുമ്പോള്‍ ഇന്ദ്രന്‍ സോമത്താലും, വിപ്രര്‍ ദക്ഷിണയാലും മദിച്ചു. പണ്ട്‌ അവന്‍ ചെയ്ത നുറു യജ്ഞങ്ങളില്‍ ദേവമാനുഷഗന്ധര്‍വ്വന്മാരേക്കാള്‍ കൂടുതല്‍ ദക്ഷിണ നല്കി. ഇങ്ങനെ ഒരു ദാനശീലന്‍ ഇന്നേവരെ ഭുമിയില്‍ പിറന്നിട്ടില്ല. അംഗന്‍ സോമസംസ്ഥം നല്കിയപോലെ ഇന്നേവരെ ആരും വിത്തം നല്‍കിയിട്ടില്ല. അവനും മരിച്ചു സൃഞ്ജയാ! നിന്നേക്കാള്‍ നാലു മടങ്ങ്‌ നല്ലവനായിരുന്നു അവന്‍. നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. പുത്രനെപ്പറ്റി മാഴ്കരുത്‌. 

ഔശീനരനായ ശിബി രാജാവും മരിച്ചു എന്നു കേള്‍ക്കുന്നു സൃഞ്ജയാ! ഈ ഭൂമി മുഴുവന്‍ തോല്‍വാറുകൊണ്ട്‌ എന്ന പോലെ ചുറ്റിയവനാണ്‌ ആ രാജാവ്‌. മുഴുത്ത രഥഘോഷം കൊണ്ട്‌ ഭൂമിയൊക്കെ മുഴക്കുന്നവനായിരുന്നു. ഭൂമി ഏകച്ഛത്രമാക്കിത്തീര്‍ത്തു അവന്‍ തന്റെ ജ്രെതത്തേരുകൊണ്ട്‌. ആരണ്യ പശുവര്‍ഗ്ഗങ്ങളുള്ള അവന്ന്‌ എത്ര പശുക്കളും അശ്വങ്ങളുമുണ്ടോ അത്ര പശുക്കളെ യജ്ഞത്തില്‍ ബ്രാഹ്മണര്‍ക്കു ദാനംചെയ്തു. ആ ഔശീനരനായ ശിബിയെ താങ്ങുവാന്‍ ഒരാളേയും പ്രജാപതി കണ്ടില്ല. രാജാക്കന്മാരില്‍ ആരും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ഇന്ദ്രവീര്യനായ ശൈബ്യന്‍, ഔശീനര രാജര്‍ഷി, അതുല്യപ്രഭാവനായിരുന്നു. അവനും മരിച്ചു സൃഞ്ജയാ! നിന്റെ പുത്രനേക്കാള്‍ നാലിരട്ടി യോഗ്യനായിരുന്നു; സുകൃതിയായിരുന്നു. 

നിന്റെ പുത്രനോ, അയജ്വാവും, അദാതാവുമായിരുന്നു. അവനെപ്പറ്റി നീ ദുഃഖിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ദുഷ്യന്തപുത്രനായ ഭരതന്‍ മരിച്ചു എന്നു കേള്‍ക്കുന്നു. സൃഞ്ജയാ! ശകുന്തളാപുത്രനായ ആ രാജാവ്‌ വളരെ സമ്പത്തു നേടിയ മഹാത്മാവായിരുന്നു. മുന്നുറശ്വങ്ങളെ കെട്ടി യമുനാതടത്തില്‍ ദേവന്മാര്‍ക്ക്‌ ആയിരം അശ്വമേധങ്ങള്‍ നടത്തി. ഗംഗയില്‍ നൂറ്‌ രാജസൂയവും ചെയ്തു. ഭരതന്റെ മഹാകര്‍മ്മം പോലെയുള്ള കര്‍മ്മം അനുഷ്ഠിച്ച്‌ സ്വര്‍ഗം പ്രാപിക്കുവാന്‍ ഒരു രാജാവിന്നും സാദ്ധ്യമല്ല. അനേകായിരം അശ്വങ്ങളെക്കൊണ്ട്‌ അവന്‍ വേദി നിറച്ചു. പത്മസാഹസ്രകം കണ്വന്  ഭരതന്‍ നല്കി. ഹേ സൃഞ്ജയാ, ആ ഭരതനും മരിച്ചുപോയി! നിന്നേക്കാള്‍ നാലുമടങ്ങ്‌ നല്ലവനായിരുന്നു അവന്‍. നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. നീ പുത്രനെപ്പറ്റി മാഴ്കരുത്‌. ദശരഥ പുത്രനായ ശ്രീരാമനും മരിച്ചു എന്നു കേള്‍ക്കുന്നു. സൃഞ്ജയാ! തന്റെ ഔരസ പുത്രന്മാരെപ്പോലെ പ്രജകളോട്‌ വാത്സല്യമുണ്ടായിരുന്നു ആ രാജാവിന്ന്‌. അവന്റെ നാട്ടില്‍ വിധവമാരുണ്ടായിരുന്നില്ല അനാഥകളുമുണ്ടായിരുന്നില്ല. രാമന്‍ രാജ്യം ഭരിക്കുന്ന കാലത്ത്‌ അവര്‍ക്കൊക്കെ രാമന്‍ അച്ഛനായിരുന്നു. പര്‍ജ്ജന്യം യഥാകാലം വര്‍ഷിച്ച്‌ സസ്യസഞ്ചയം ധാരാളം ഉണ്ടാക്കി. എല്ലായിടത്തും സുഭിക്ഷംതന്നെ. വെള്ളത്തില്‍ മുങ്ങി ചാവുകയോ ജീവികള്‍ തീയിലെരിഞ്ഞു ചാവുകയോ ഉണ്ടായിരുന്നില്ല. രാമന്‍ ഭരിക്കുന്ന കാലത്ത്‌ രോഗഭീതിയും ഉണ്ടായിരുന്നില്ല. ആയിരം കൊല്ലം സ്ത്രീപുരുഷന്മാര്‍ ജീവിച്ചിരുന്നു. അരോഗരും സിദ്ധാര്‍ത്ഥരുമായി അവര്‍. സ്ത്രീകള്‍ക്കു തമ്മില്‍ വഴക്കില്ല. പുരുഷന്മാര്‍ തമ്മില്‍ പിന്നെ പറയേണ്ടതുണ്ടോ! പ്രജകള്‍ ധര്‍മ്മത്തോടെ ജീവിച്ചു. മര്‍ത്ത്യര്‍ സത്യവ്രതന്മാരും സന്തുഷ്ടരും നിര്‍ഭയരുമായി. രാമന്‍ രാജ്യം ഭരിച്ച കാലത്ത്‌ കേടു കൂടാതെ മരങ്ങള്‍ എന്നും പൂവും കായും അണിഞ്ഞു. പശുക്കള്‍ക്കൊക്കെ പാല്‍ പറവീതം ലഭിച്ചു. ആ തപോനിധി പതിന്നാലു വര്‍ഷം കാട്ടില്‍ പാര്‍ത്തു. സ്തുത്യമായ പത്ത്‌ അശ്വമേധം നടത്തി. ശ്യാമനും, യുവാവും, ലോഹിതാക്ഷനും, ആനത്തലവനെപ്പോലെ ശോഭിക്കുന്നവനും, ആജാനബാഹുവും, സുമുഖനും, സിംഹസ്കന്ധനും, മഹാഭുജനുമായ രാമന്‍ പതിനായിരവും പത്തും നൂറും സംവത്സരം അയോദ്ധ്യാധിപനായി രാജ്യം ഭരിച്ചു. ഹേ സൃഞ്ജയാ, അവനും മരിച്ചു. നിന്നേക്കാള്‍ നാലിരട്ടി യോഗ്യനായിരുന്നു അവന്‍. നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. പുത്രനെപ്പറ്റി ദുഃഖിക്കാതിരിക്കു! 

ഭഗീരഥരാജാവും മരിച്ചുപോയെന്നു കേള്‍ക്കുന്നു സൃഞ്ജയാ! അവന്റെ യാഗത്തില്‍ ഇന്ദ്രന്‍ സോമപാനംചെയ്തു മദോല്‍ക്കടനായി. അനേകായിരം ദൈത്യന്മാരെ ഇന്ദ്രന്‍ തന്മൂലം ജയിച്ചു. അവന്‍ അനേകായിരം പൊന്നണിഞ്ഞ കന്യകമാരെ യജ്ഞമദ്ധ്യത്തില്‍ ദാനമായി നല്കി. കന്യകമാരൊക്കെ തേരില്‍! തേരിന്നെല്ലാം നന്നാലു കുതിരകള്‍, തേരിന്ന്‌ നൂറാനവിതം, ഓരോ ആനയ്ക്കും ആയിരം അശ്വങ്ങള്‍. ഒരശ്വത്തിന്ന്‌ ആയിരം പശു. ഒരു പശുവിന്ന്‌ ആയിരം ആടുകള്‍. ഇങ്ങനെയായിരുന്നു ദാനം.

ഇവന്‍ ഒറ്റയ്ക്കു വാഴുമ്പോള്‍ ഗംഗ ഇവന്റെ അങ്കത്തില്‍ വന്നു കയറി. ഭാഗീരഥി അന്നുമുതല്‍ ഉര്‍വ്വശിയായി. ഭൂരിദക്ഷിണനായ ഭഗീരഥന്‍ മഖം ചെയ്യുമ്പോള്‍ മുന്നു ലോകത്തില്‍ക്കൂടെ ഒഴുകിപ്പോകുന്ന ഗംഗ മകളായിത്തീര്‍ന്നു. 

അവനും മരിച്ചു സൃഞ്ജയാ! നിന്നേക്കാള്‍ നാലുമടങ്ങു യോഗ്യനായിരുന്നു അവന്‍. നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. പുത്രനെപ്പറ്റി ദുഃഖിക്കാതിരിക്കുക! 

മഹാത്മാവായ ദിലീപനും മരിച്ചു എന്നു കേള്‍ക്കുന്നു. സഞ്ജയാ! അവന്റെ കര്‍മ്മങ്ങള്‍ ദ്വിജാദികള്‍ പുകഴ്ത്തുന്നു. ധനം വര്‍ദ്ധിച്ച വസുധയൊക്കെ ആ രാജാവ്‌ ആ യജ്ഞത്തില്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അവന്‍ യജിക്കുന്ന യജ്ഞം തോറും പുരോഹിതന്‍ ആയിരം പൊന്നണിഞ്ഞ ആനകളെ ദക്ഷിണ വാങ്ങി. ശ്രീയാര്‍ന്ന അവന്റെ യജ്ഞത്തില്‍ ഹിരണ്മയമായ യൂപം നിന്നു. വേല ചെയ്ത അവനെ ശക്രാദി ദേവകള്‍ പുജിച്ചു. അവന്റെ ആ പൊന്‍ചക്ഷാലമായ സ്വര്‍ണ്ണയൂപം ഉയര്‍ന്നതില്‍ ഏഴുവഴി ആറായിരം ദേവഗന്ധര്‍വന്മാര്‍ നൃത്തം വെച്ചു. വിശ്വാവസു തനിച്ച്‌ നടുക്കു വീണവായിച്ചു. അവര്‍ ഓരോരുത്തരും വിചാരിച്ചു, ഇവന്‍ വീണ വായിക്കുന്നത്‌ എന്റെ മുമ്പിലാണ്‌, എന്റെ മുമ്പിലാണ്‌ എന്ന്‌. ഇത്‌ ദിലീപരാജന്റെയാണ്‌, മന്നവന്മാര്‍ പിന്തുടരുന്നതാണ്‌ എന്നും ഓര്‍ത്തു. പൊന്നണിഞ്ഞ ഹസ്തികള്‍ മത്തുപിടിച്ച്‌ വഴിയില്‍ക്കിടന്നു. മഹാത്മാവും ശതധന്വാവും സത്യവാദിയുമായ ദിലീപരാജാവിനെക്കണ്ട്‌ ദേവന്മാര്‍ സ്വര്‍ഗ്ഗം പൂകി. ദിലീപന്റെ ഗൃഹത്തില്‍ മൂന്നു ശബ്ദം എപ്പോഴും കേള്‍ക്കാം. സ്വാദ്ധ്യായഘോഷം, ജ്യാഘോഷം നല്കുക എന്നീ ശബ്ദങ്ങളാണ്‌ അവ. അവനും മരിച്ചു സൃഞ്ജയാ! നിന്നേക്കാള്‍ നാലു മടങ്ങ്‌ നല്ലവനും, നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു അവന്‍. സൃഞ്ജയാ, നീ പുത്രനെപ്പറ്റി ദുഃഖിക്കരുത്‌. 

യൌവനാശ്വനായ മാന്ധാതാവും മരിച്ചു എന്നു കേള്‍ക്കുന്നു. വാനവരും മരുത്തുക്കളും പിത്യപാര്‍ശ്വാല്‍ കൈക്കൊണ്ട ഗര്‍ഭമായിരുന്നു. വമ്പനായ യുവനാശ്വന്റെ ജാരത്തിലാണ്‌ അവന്‍ വളര്‍ന്നത്‌. പൃഷദാജ്യോത്ഭവനും ശ്രീമാനുമായ ഈ രാജാവ്‌ മുന്നു ലോകങ്ങളേയും ജയിച്ചവനാണ്‌. 

ദേവാഭനായ ഇവനെ മടിയില്‍ കണ്ടയുടനെ, ആരെ ഇവന്‍ ധാനംചെയ്യും (എന്തു ഭക്ഷിച്ച്‌ ജീവിക്കും) എന്ന്‌ ദേവകള്‍ തമ്മില്‍ പറഞ്ഞു. "മാം ധാനം ചെയ്യും" എന്ന്‌ ഇന്ദ്രന്‍ ഉടനെ പറഞ്ഞു.  മാന്ധാതാവ്‌ എന്ന്‌ തന്മുലം ശതക്രതു അവന്നു പേര്‍ നല്കി. ആ മഹാത്മാവിന്നു പുഷ്ടിയൂണ്ടാക്കാന്‍ ഇന്ദ്രന്റെ വിരല്‍ യൗവനാശ്വന്റെ വായില്‍ പയോധാരയൊഴുക്കി. ഇന്ദ്രന്റെ കൈവിരല്‍ കുടിച്ച്‌ അവന്‍ ഒരു പകല്‍കൊണ്ട്‌ നൂറുപലം വര്‍ദ്ധിച്ചു. പന്ത്രണ്ടു ദിവസം കൊണ്ട്‌ പന്ത്രണ്ടു വയസ്സിന്റെ പ്രായപുഷ്ടിയുണ്ടായി. ഒരു പകല്‍ കൊണ്ട്‌ ഭൂമി മുഴുവന്‍ അവന്നു പാട്ടിലായി. പോരില്‍ ധര്‍മ്മാത്മാവായ ആ മഹാശൂരന്‍ ഇന്ദ്രതുല്യനായി ഒറ്റ ദിവസം കൊണ്ടു ചക്രവര്‍ത്തിയായി.

അംഗാരമന്നവന്‍, മരുത്തന്‍, അസിതന്‍, ഗയന്‍, ബൃഹദ്രഥാംഗര്‍ ഇവരെയെല്ലാം മാന്ധാതാവ്‌ യുദ്ധത്തില്‍ ജയിച്ചു. യൌവനാശ്വന്‍ പോരില്‍ കത്തിജ്ജലിക്കുന്ന വിധം പൊരുതുമ്പോള്‍ ചെറുഞാണൊലിയാല്‍ ദ്യോവ്‌ പിളരുന്നതായി ദേവന്മാര്‍ക്കു തോന്നിപ്പോയി. എവിടെ സൂര്യനുദിക്കുന്നുവോ, എവിടെ സുര്യന്‍ ചെന്ന്‌ അസ്തമിക്കുന്നുവോ, അതൊക്കെ മാന്ധാതാവിന്റെ ക്ഷ്രേതമായിത്തീര്‍ന്നു! അശ്വമേധങ്ങള്‍ നൂറു ചെയ്തു. രാജസൂയവും നുറെണ്ണംചെയ്തു. രോഹിത മത്സ്യങ്ങള്‍ വിപ്രര്‍ക്കു നല്കി. പൊന്മയമായ യോജനം പത്തു യോജന നീളവും ഒരു യോജന വീതിയും ഉണ്ടായിരുന്നത്‌ ബ്രാഹ്മണര്‍ക്കു നല്‍കി. ബാക്കിയായത്‌ മറ്റുള്ളവര്‍ പങ്കിട്ടെടുത്തു. അവനും മരിച്ചു സൃഞ്ജയാ! നിന്നേക്കാള്‍ നാലിരട്ടി നല്ലവനായിരുന്നു അവന്‍. നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. പുത്രനെപ്പറ്റി ദുഃഖിക്കാതിരിക്കുക! 

നഹുഷപുത്രനായ യയാതിയും മരിച്ചു എന്നു കേള്‍ക്കുന്നു സുൃഞ്ജയാ! ആഴിചുഴുന്ന ഊഴിയൊക്കെ ജയിച്ചവനായിരുന്നു ആ രാജാവ്‌. ശമ്യാപാതം കൊണ്ടു കയറി മന്നില്‍ അവന്‍ വേദിയണഞ്ഞു. പല മുഖ്യമായ മഖവും അവന്‍ ചെയ്തു. ധരിത്രിയെ പാലിച്ചു. ആയിരം യാഗം ചെയ്തു. അശ്വമേധം നുറു ചെയ്തു. മൂന്നു പൊന്‍കുന്നുകള്‍ വിപ്രരെ തര്‍പ്പിച്ചു. വൃഡാസുരയുദ്ധ ത്തില്‍ വെച്ച്‌ ദാനവന്മാരേയും ദൈത്യരേയും അനവധി കൊന്നു. ഭൂമിയൊക്കെ വിഭജിച്ചു. അതിര്‍ത്തിയില്‍ യദു, ദ്രുഹ്യു തുടങ്ങിയ മക്കളെ നിയമിച്ചു. പുരുവെ രാജ്യം ഏല്‍പിച്ച്‌ സഭാര്യനായി കാട്ടില്‍പ്പോയി. 

അവനും മരിച്ചു സൃഞ്ജയാ! നിന്നേക്കാള്‍ നാലുമടങ്ങു നല്ലവനായിരുന്നു അവന്‍! നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. ഹേ രാജാവേ! പുരതനെപ്പറ്റി ദുഃഖിക്കാതിരിക്കൂ! 

നാഭാഗനായ അംബരീഷന്‍ മരിച്ചു എന്നു കേള്‍ക്കുന്നു, സൃഞ്ജയാ! പുണ്യഗോപ്താവായ ആ രാജാവിനെ നാട്ടുകാര്‍ വരിച്ചു. ആയിരം യാഗങ്ങള്‍ ചെയ്ത.ആ പുണൃകൃത്ത്‌ ആയിരം രാജാക്കന്മാരെ യജ്ഞമദ്ധ്യത്തില്‍ ബ്രാഹ്മണര്‍ക്കു നല്കി. മുമ്പ്‌ ആരും ഈ മഹല്‍കൃത്യം ചെയ്തിട്ടില്ല ഇനി ചെയ്യുകയുമില്ല, എന്ന്‌ ദക്ഷിണ വാങ്ങി (ബ്രാഹ്മണര്‍ അംബരീഷനെ പുകഴ്ത്തി. നൂറു രാജസഹ്രസങ്ങളും നുറു രാജശതങ്ങളും കൊണ്ടാടി. അശ്വമേധംചെയ്ത്‌ അവന്‍ ദക്ഷിണായനം പിന്തുടര്‍ന്നു.

ഹേ സൃഞ്ജയാ നിന്നേക്കാള്‍ നാലിരട്ടി യോഗ്യനായിരുന്ന അവനും മരിച്ചു. നിന്റെ പുത്രനേക്കാള്‍ സുകൃതിയായിരുന്നു അവന്‍. പു(തനെപ്പറ്റി ദുഃഖിക്കാതിരിക്കൂ! 

ശശബിന്ദു എന്ന ചൈത്രരഥനും മരിച്ചു എന്നു കേള്‍ക്കുന്നു, സൃഞ്ജയാ! ആ മഹാത്മാവിന്ന്‌ നൂറായിരം ഭാര്യമാരുണ്ടായിരുന്നുവത്രേ! ആയിരമായിരം ശശബിന്ദുപുത്രന്മാര്‍ അവന്നുണ്ടായി. എല്ലാവരും പൊന്‍ചട്ടയിട്ടവരും മുഖ്യ ധധ്വികളുമായിരുന്നു. ഓരോരോ രാജപുത്രന്നു തുണയായി നൂറു കന്യകമാരും ഓരോ കന്യകയ്ക്ക്‌ നൂറ്‌ ആനകളും ഓരോ ആനയ്ക്കും നൂറു തേരുകളും തേരു തോറും നൂറു കുതിരകളും ഓരോ കുതിരയ്ക്കും നുറു പശുക്കളും ഓരോ പശുവിന്നും നൂറ്‌ ആടുകളും എന്നീ ധനങ്ങള്‍ ഉണ്ടായിരുന്നു. അശ്വമേധമഹാമഹപര്യന്തം ശശബിന്ദുമഹാരാജാവ്‌ ബ്രാഹ്മണര്‍ക്ക്‌ വളരെ വളരെ ധനം ദാനം ചെയ്തു. അവനും ഹേ സൃഞ്ജയാ! മരിച്ചുപോയി. നിന്നേക്കാള്‍ നാലിരട്ടി യോഗ്യനായിരുന്നു. നിന്റെ പുത്രനേക്കാള്‍ സുകൃതി യുമായിരുന്നു. പുര്രനെപ്പറ്റി ദുഃഖിക്കാതിരിക്കൂ! | 

ഗയനും മരിച്ചു എന്നു കേള്‍ക്കുന്നു. സൃഞ്ജയാ! ആ രാജാവ്‌ ആയിരം വര്‍ഷം ഹുതോച്ഛിഷ്ടം ഭുജിച്ചു പോലും! വഹ്നി അവന്നു വരം നല്‍കി. ഗയന്‍ വരം വാങ്ങി. വിത്തം കൊടുത്താല്‍ തീരാതിരിക്കണം. ധര്‍മ്മശ്രദ്ധയും വര്‍ദ്ധിക്കണം. എന്റെ ഉള്ള്‌ സത്യത്തില്‍ രമിക്കണം. ഇവ ഹേ ഹുതാശനാ, ഭവാന്റെ പ്രസാദം കൊണ്ട്‌ എനിക്കുണ്ടാകുണം. 

ദശത്തിലും പൂര്‍ണ്ണമാസത്തിലും ചാതുര്‍മ്മാസ്യത്തിലും ആയിരം വര്‍ഷം അവന്‍ അശ്വമേധയാഗം ചെയ്തു. നൂറായിരം പശുക്കള്‍, അശ്വങ്ങള്‍ ഇവയൊക്കെ ആയിരം വര്‍ഷം അവന്‍ ഉത്സാഹത്തോടെ നല്കി. ദേവകളെ സോമം കൊണ്ട്‌ തര്‍പ്പണം ചെയ്തു. ദ്വിജരെയും തര്‍പ്പണം ചെയ്തു. സ്വധയാല്‍ പിതൃവര്‍ഗ്ഗത്തേയും കാമത്താല്‍ സ്ത്രീകളേയും! പത്തുയോജന വീതിയും ഇരട്ടി നീളവും ഭുമി പൊന്മയമാക്കി. അശ്വമേധയാഗത്തില്‍ രാജാവ്‌ ദക്ഷിണ നല്കിയത്‌ കടല്‍പ്പുറത്തെ പൂഴിത്തരിയോളമെണ്ണം പശുക്കളെയാണ്‌. ആമൂര്‍ത്തരയസനായ ഗയന്‍ ഇപ്രകാരം മഹാനായി വര്‍ത്തിച്ചു. ആ രാജാവും മരിച്ചു. സൃഞ്ജയാ, നിന്നേക്കാള്‍ നാലിരട്ടി നല്ലവനായിരുന്നു. നിന്റെ പുത്രനേക്കാള്‍ സുകൃതിയായിരുന്നു. പുത്രനെപ്പറ്റി മാഴ്കരുത്‌! 

സാംകൃത്യയനായ രന്തിദേവന്‍ മരിച്ചുവെന്നു കേള്‍ക്കുന്നു, സൃഞ്ജയാ! ആ തപോനിധി ഇന്ദ്രനെ സേവിച്ചു വരം വാങ്ങി. "ധാരാളം അന്നം ലഭിക്കണം, അതു നല്കാന്‍ ധാരാളം അതിഥികളേയും ലഭിക്കണം, ദാനശ്രദ്ധ എന്നിലുണ്ടാകണം, ആരോടും ഇരക്കുവാന്‍ ഇടവരരുത്‌". പശുക്കള്‍ താനേ സംശിത്രവതനും, ഗ്രാമ്യാരണ്യങ്ങള്‍ പുകഴ്ന്നവനുമായ രന്തിദേവനെ സേവിച്ചു. ചര്‍മ്മരാശിനുലഞ്ഞ്‌ മഹാനദി ഒഴുകിയതു കാരണം ചര്‍മ്മണ്വതി എന്ന പേര്‍ മഹാനദിക്കുണ്ടായി. ബ്രാഹ്മണര്‍ക്ക്‌ നിഷ്കങ്ങള്‍ വന്‍സദസ്സില്‍ വെച്ച്‌ ആ രാജാവ്‌ നല്കി. അങ്ങയ്ക്ക്‌ നിഷ്കം! അങ്ങയ്ക്ക്‌ നിഷ്കം! എന്നു ഭൂസുരന്മാര്‍ ആര്‍ത്തു.  അങ്ങയ്ക്കു ആയിരം എന്ന്‌ ബ്രാഹ്മണാന്തികത്തില്‍ അവന്‍ പറഞ്ഞ്‌ നല്‍കി. കുടം, പാത്രം, കടാഹങ്ങള്‍, താലം, മരിക എന്നിവയെല്ലാം രന്തിദേവന്നു സ്വര്‍ണ്ണമായിരുന്നു. അവിടെ ഗവാലഭം നൂറും ആയിരവുമുണ്ട്‌. അതില്‍ മണികുണ്ഡലമണ്ഡിതന്മാരായ സൂതന്മാര്‍ ആർക്കുന്നു.  "ഇഷ്ടസൂപങ്ങള്‍ ഭക്ഷിക്കുവിന്‍! മുന്‍മട്ടിലല്ല മാംസം ഇവിടെ!" ഇങ്ങനെ ദാനതന്‍ പരനായി വിളങ്ങിയ അവനും മരിച്ചു സൃഞ്ജയാ! അവന്‍ നിന്നേക്കാള്‍ നാലിരട്ടി മഹാനായിരുന്നു. നിന്റെ പുത്രനേക്കാള്‍ സുകൃതിയായിരുന്നു. രാജാവേ, നീ പുത്രനെപ്പറ്റി ദുഃഖിക്കാതിരിക്കുക! 

ഹേ, സൃഞ്ജയാ! മഹാത്മാവായ സഗരനും മരിച്ചതായി ഞാന്‍ കേള്‍ക്കുന്നു. ഐക്ഷ്വാകനും പുരുഷവ്യാഘ്രനും അതിമാനുഷ വിക്രമനുമായ സഗരന്‍ പോകുമ്പോള്‍ അവനെ അവന്റെ അറുപതിനായിരം മക്കളും പിന്‍തുണച്ചിരുന്നു. വര്‍ഷാന്തത്തില്‍ താരകേശന്ന്‌ ജ്യോതിര്‍വര്‍ഗ്ഗങ്ങള്‍ പോലെയായിരുന്നു അവരെല്ലാം. കരപ്രതാപം മൂലം അവന്ന്‌ ലോകം മുഴുവന്‍ ഏകച്ഛത്രത്തിന്നു കീഴിലായി. ആയിരം അശ്വമേധങ്ങള്‍ കൊണ്ട്‌ മര്‍ത്തൃരെ തര്‍പ്പിച്ചു. അവന്‍ തൂണ്‌ പൊന്നായിട്ടുള്ളതും, സര്‍വ്വം കാഞ്ചനമായതും, താമരക്കണ്ണികള്‍ നിറഞ്ഞതും, ശയനസങ്കുലമായതുമായ പ്രാസാദം യോഗ്യരായ ബ്രാഹ്മണര്‍ക്കു നല്കി. പല കാമങ്ങളേയും നല്കി. അവന്റെ ആജ്ഞയാല്‍ ദ്വിജാതികള്‍ വിത്തം പങ്കിട്ടു. കോപത്താല്‍ കടല്‍വക്കില്‍ കുഴികള്‍ കുഴിപ്പിച്ചു. അവന്റെ പേരുകൊണ്ട്‌ സമുദ്രത്തിന്ന്‌ സാഗരം എന്ന പേര്‍ സിദ്ധിച്ചു. ഹേ സൃഞ്ജയാ! അവന്‍ മരിച്ചു. നിന്നേക്കാള്‍ നാലിരട്ടി മഹാനായിരുന്നു അവന്‍. നിന്റെ പുത്രനേക്കാള്‍ സുകൃതിയുമായിരുന്നു. രാജാവേ, പുത്രനെപ്പറ്റി ദുഃഖിക്കാതിരിക്കുക. 

വൈന്യനായ പൃഥു രാജാവും മരിച്ചുവെന്നു കേള്‍ക്കുന്നു സൃഞ്ജയാ! കാട്ടില്‍പ്പോലും മഹര്‍ഷികള്‍ അവനെ അഭിഷേചിച്ചു. ലോകമൊക്കെ പൃഥിപ്പിക്കുകയാല്‍ അവന്‍ പൃഥുവെന്നു കീര്‍ത്തി സമ്പാദിച്ചു. ക്ഷതത്തില്‍നിന്ന്‌ ത്രാണനം ചെയ്യുകയാല്‍ ക്ഷത്രിയാബിധനായി. പ്രജവൈന്യന്‍ പൃഥുവോട്‌ ഇണങ്ങി. അനുരാഗംകൊണ്ട്‌ അവന്നു രാജാവെന്ന പേരും യോജിച്ചു. ഭൂമി ഉഴാതെ വിളയുകയും, തേന്‍ പുടം തോറും ഉണ്ടാവുകയും ചെയ്തു. പശുക്കള്‍ക്കൊക്കെ കറവ്‌ പറക്കണക്കിന്നുണ്ടായി. വൈന്യന്‍ നാടു ഭരിച്ച നാളുകളില്‍ ഭൂമി സമൃദ്ധമായി. മനുഷ്യര്‍ ഭയമറ്റവരും, അരോഗരും, സിദ്ധാര്‍ത്ഥരുമായി. ക്ഷേത്രം തോറും, ഗൃഹത്തിലും അവര്‍ യഥേഷ്ടം പാര്‍ത്തു. അവന്‍ സമുദ്രത്തില്‍ ചെല്ലുമ്പോള്‍ ജലം സ്തംഭിച്ചു. പുഴകള്‍ എതിര്‍ത്തില്ല. ധ്വജംഗമുണ്ടായില്ല. ഇരുപത്തൊന്നു കുന്നുകള്‍ സ്വര്‍ണ്ണമായിത്തീര്‍ന്നു. രാജാവ്‌ അവ അശ്വമേധയാഗത്തില്‍ ബ്രാഹ്മണര്‍ക്കു വാരിക്കോരി കൊടുത്തു. ഹേ സൃഞ്ജയാ, അവനും. മരിച്ചു. അവന്‍ നിന്നേക്കാള്‍ നാലുമടങ്ങ്‌ നല്ലവനായിരുന്നു. നിന്റെ പുത്രനേക്കാള്‍ സുകൃതിയായിരുന്നു. പുത്രനെപ്പറ്റി മാഴ്കാതിരിക്കുക! 

ഹേ സൃഞ്ജയാ! എന്താണ്‌ ഭവാന്‍ മിണ്ടാത്തത്‌? അങ്ങ്‌ ധ്യാനമേല്ക്കുന്നതെന്താണ്‌? എന്തു ചിന്തിച്ചിരിക്കുന്നു? രാജാവേ, എന്റെ വാക്കിനെ ഭവാന്‍ കേള്‍ക്കുകയുണ്ടായോ? ഞാന്‍ പുലമ്പുന്നത്‌ വെറുതെയായില്ലല്ലോ? മരിക്കാന്‍ പോകുന്നവന്ന്‌ മരുന്നു പോലെ നിഷ്ഫലമായോ എന്റെ ഉപദേശം? 

സൃഞ്ജയന്‍ പറഞ്ഞു: ഹേ നാരദാ! ഞാന്‍ ഭവാന്റെ വാക്കു കേട്ടു. ചിത്രാര്‍ത്ഥമായ പദമാല കോര്‍ത്ത്‌ പുണ്യഗന്ധം കലരുന്ന രാജര്‍ഷിമാരുടെ കീര്‍ത്തനീയമായ ചരിത്രം കേട്ടു. എന്റെ ശോകം കെടുത്തുവാന്‍ ഭവാന്‍ ചെയ്ത ശ്രമം പാഴിലായില്ല! ഭവാന്റെ കാഴ്ച എന്റെ മാലിനെ നീക്കി. ഹേ ബ്രഹ്മര്‍ഷേ! നിന്റെ മൊഴിയെ ഞാന്‍ ആദരിക്കുന്നു. സുധാപാനംപോലെ അതു കേട്ടിട്ട്‌ എനിക്ക്‌ മതിയാകുന്നില്ല: താപം കൊണ്ടു. ദഹിക്കുന്ന എന്നില്‍ ഭവാന്‍ പ്രസാദിച്ചാലും. അങ്ങയുടെ പ്രസാദത്താല്‍ മരിച്ച പുത്രന്‍ ജീവിക്കണം. എനിക്ക്‌ സുതസംഗമം തരണം! 

നാരദന്‍ പറഞ്ഞു: നിനക്ക്‌ പര്‍വ്വതന്‍ തന്ന പുത്രന്‍ മരിച്ചു. സ്വര്‍ണ്ണഷ്ഠീവിയെന്ന ആ പുത്രന്‍ ആയുസ്സറ്റു പേഠയി. ഹിരണ്യനാഭനായി, ആയിരംവര്‍ഷം ജീവിക്കുന്ന, മറ്റൊരു പുത്രനെ ഞാന്‍ നല്കാം! 

അദ്ധ്യായം 30. നാരദപര്‍വ്വതോപാഖ്യാനം - യുധിഷ്ഠിരന്‍ ചോദിച്ചു: സൃഞ്ജയന്ന്‌ എങ്ങനെ പൊന്നുതുപ്പുന്ന നന്ദനനുണ്ടായി? പര്‍വ്വതന്‍ എന്തിനു നല്കി? അവന്‍ എങ്ങനെ മരിച്ചു? ഒരായിരം വര്‍ഷം മനുഷ്യന്‍ ജീവിച്ചിരുന്ന കാലമുണ്ടായിരുന്നോ? യവനം തികയുന്നതിന്നു മുമ്പു സൃഞ്ജയന്റെ പുത്രന്‍ മരിച്ചത്‌ എങ്ങനെ? സ്വര്‍ണ്ണഷ്ഠീവിയെന്ന്‌ അവന്നു കേവലം പേരു മാത്രമായിരുന്നോ? പൊന്നു തുപ്പുന്നത്‌ എങ്ങനെ? ഇവയൊക്കെ വിസ്തരിച്ചു കേള്‍ക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. 

ശ്രീകൃഷ്ണന്‍ പറഞ്ഞു: ഹേ രാജാവേ, ഞാന്‍ ഭവാനോടു നടന്ന ആ കഥ വര്‍ണ്ണിച്ചു കേള്‍പ്പിക്കാം. വിശ്വസമ്മതന്മാരായി രണ്ടു മുനിമാര്‍ വാനില്‍നിന്ന്‌ ഇങ്ങോട്ട് ഇറങ്ങി വന്നു. നാരദനും പര്‍വ്വതനുമായിരുന്നു. അവര്‍. നാരദന്‍ അമ്മാവനും, പര്‍വ്യതന്‍ ഭാഗിനേയനുമായിരുന്നു. പരിശുദ്ധമായ നെല്ലരിച്ചോറും, ഭോജ്യങ്ങളും, ദേവഭോജ്യങ്ങളും അവര്‍ കഴിച്ച്‌ ഭൂമിയില്‍ വിഹരിച്ചു. തപസ്വികളായ രണ്ടു പേരും മനുഷ്യഭോഗങ്ങള്‍ അനുഭവിച്ച്‌ മുറയ്ക്കു ചുറ്റിക്കറങ്ങി. പ്രീതിമാന്മാരും, മോദവാന്മാരുമായ അവര്‍ തമ്മില്‍ ഒരു കരാറുണ്ടാക്കി. നല്ലതോ ചീത്തയോ ആകട്ടെ, മനസ്സില്‍ ഉണ്ടാകുന്ന സങ്കല്പങ്ങളൊക്കെ തമ്മില്‍ പറയണം. അതു പറഞ്ഞില്ലെങ്കില്‍ പിഴയാകുന്നതു ശാപമാണ്‌. ലോകപൂജിതന്മാരായ അവര്‍ പരസ്പരം സമ്മതിച്ചു. ശ്വൈത്യസൃഞ്ജയരാജാവിനെ ഒരു ദിവസം ഇവര്‍ പോയി കണ്ടു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇവിടെ കുറേക്കാലം പാര്‍ക്കാം, നിന്റെ ഹിതത്തിന്നായി. ഞങ്ങളില്‍ ഭവാന്‍ അനുകുലിച്ചാലും! രാജാവു സമ്മതിച്ച്‌  അവരെ ബഹുമാനത്തോടെ സേവിച്ചു. ഒരു ദിവസം രാജാവ്‌ ആ മുനിമാരോടു പറഞ്ഞു: എനിക്ക്‌ ഒരു പുത്രിയുണ്ട്‌. വരവര്‍ണ്ണിനിയായ അവള്‍ നിങ്ങളെ ശുശ്രൂഷിക്കട്ടെ! എന്റെ ഏക ഓമനയാണവള്‍. കണ്ടാല്‍ അവള്‍ അനവദ്യാംഗിയും, നല്ല ശീലസ്വഭാവഗുണങ്ങള്‍ ചേര്‍ന്നവളുമാണ്‌. അല്ലിത്താമര പോലെ കാന്തിമതിയാണ്‌ സുകുമാരാംഗിയായ കുമാരി! മുനിമാര്‍ സമ്മതിച്ചു. രാജാവ്‌ കന്യകയോടു പറഞ്ഞു: മകളേ, പിതൃദേവകളെപ്പോലെ ഈ വിപ്രരെ നീ സേവിക്കുക. കന്യക അച്ഛന്റെ കല്‍പന കേട്ടു.അപ്രകാരമാകാമെന്ന്‌ ആ ധര്‍മ്മചാരിണി സമ്മതിച്ചു. രാജാജ്ഞ പോലെ അവരെ മാനിച്ചുപചരിച്ചു. അവളുടെ ഉപചാരത്താലും അതുല്യമായ അഴകിനാലും നാരദന് അപ്പോള്‍ മനസ്സില്‍ പെട്ടെന്ന്‌ കാമദേവന്‍ വന്നു പെട്ടു. ആ മഹാത്മാവിന്റെ ഉള്ളില്‍ മന്മഥന്‍ കുടി കൊണ്ടു, വളരുവാന്‍ തുടങ്ങി. വെളുത്ത പക്ഷത്തില്‍ ചന്ദ്രന്‍ വളരുന്ന വിധം വളര്‍ന്നു. 

മഹാത്മാവായ ഭാഗിനേയനോട്‌, പര്‍വ്വതനോട്‌, അമ്മാവന്‍ ലജ്ജ മൂലം ഇക്കാര്യം പറഞ്ഞില്ല. അമ്മാവന്റെ തീവ്രമായ കാമം തപസ്സാലും, ഇംഗിതത്താലും പര്‍വ്വതന്‍ അറിഞ്ഞു.  അവ്യഗ്രനായി ഞാനുമൊത്ത്‌ കരാര്‍ ചെയ്‌തിട്ട്‌ നല്ലതോ, ചീത്തയോ എന്ത്‌ മനസ്സില്‍ വന്നാലും എല്ലാ സങ്കല്പവും പരസ്പരം പറയാമെന്നുള്ള കരാര്‍ ഭവാന്‍ തെറ്റിച്ചിരിക്കുന്നു. ഹേ ബ്രഹ്മന്‍, ഞാന്‍ അതു കൊണ്ട്‌ ഭവാനെ ശപിക്കുന്നു. ഭവാന്‌ ഈ കന്യകയോടുണ്ടായ കാമത്തെ എന്തുകൊണ്ടു പറഞ്ഞില്ല? ഞാന്‍ ഭവാനെ ശപിക്കുന്നു! ബ്രഹ്മചാരിയും തപസ്വിയുമായ ഭവാന് ഇതു ചേര്‍ന്നതാണോ? സുകുമാരിയായ ഈ കന്യക ഭവാന്റെ ഭാര്യയാകും. അതില്‍ സംശയമില്ല. എന്നാല്‍ വേളി കഴിഞ്ഞ നാള്‍ മുതല്‍ രൂപം മര്‍ക്കടരുപമായിത്തീരട്ടെ. ഈ ശാപം കേട്ട ഉടനെ നാരദന്‍ മരുമകനേയും ക്രോധത്തോടെ ശപിച്ചു. തപസ്സ്‌, (ബ്രഹ്മചര്യം, സത്യം, ദമം ഇവയൊക്കെ ഉണ്ടായാലും നീ സ്വര്‍ഗ്ഗത്തില്‍ ചെല്ലുകയില്ല. ഇങ്ങനെ അവര്‍ പരസ്പരം ശപിച്ച്‌ തമ്മില്‍ ക്രുദ്ധരായ കുംഭീന്ദ്രരെപ്പോലെ പോയി. പര്‍വ്യവതന്‍ ലോകത്തിലെങ്ങും ചുറ്റിത്തിരിഞ്ഞു. സ്വതേജസ്സാല്‍ യഥാന്യായം പുജ കൈക്കൊണ്ടു നാരദന്‍ പിന്നീട്‌ സൃഞ്ജയകന്യകയെ ധര്‍മ്മപ്രകാരം വിവാഹംചെയ്തു. 

നാരദനെ കന്യക ശാപ്രഗസ്തനായ മട്ടില്‍ കണ്ടു. പാണിഗ്രഹണമന്ത്രം ജപിച്ചു ഉടനെ നാരദന്‍ മര്‍ക്കടമുഖനായിത്തീര്‍ന്നു. ദേവര്‍ഷി മര്‍ക്കടമുഖനായിത്തീര്‍ന്നതുകൊണ്ട്‌ അവള്‍ അദ്ദേഹത്തെ മാനിക്കാതിരുന്നില്ല. നേരേമ റിച്ച്‌ അവള്‍ക്ക്‌ അദ്ദേഹത്തില്‍ പ്രീതി വര്‍ദ്ധിക്കുകയാണുണ്ടായത്‌. അവള്‍ ഭര്‍ത്താവിനെത്തന്നെ ഉപാസിച്ചു. അന്യപുരുഷനെ ചിന്തിച്ചില്ല. ആ പതി വത്സലയായ അവള്‍ അന്യദേവര്‍ഷിമാരിലോ, യക്ഷന്മാരിലോ മനസ്സുവെച്ചില്ല. 

പിന്നീടൊരിക്കല്‍ ചുറ്റിത്തിരിഞ്ഞ്‌ പര്‍വ്വതന്‍ ഒരു ശുന്യമായ കാട്ടില്‍ വന്നു ചേര്‍ന്നു. അവിടെവച്ച്‌ നാരദനെ കണ്ടുമുട്ടി. ഉടനെ പര്‍വ്വതന്‍ നാരദന്റെ മുമ്പില്‍ കുമ്പിട്ട്‌ ഇപ്രകാരം പറഞ്ഞു: മഹര്‍ഷേ! ഭവാന്‍ എനിക്ക്‌ സ്വര്‍ഗ്ഗപ്രാപ്തനാകാന്‍ എന്നില്‍ പ്രസാദിക്കണേ നാരദന്‍ പര്‍വ്വതനെ നോക്കി പറഞ്ഞു: നീ എന്നെ ശപിച്ചപ്പോള്‍ മത്സരം കൊണ്ട്‌ ഞാനും ശപിച്ചതാണ്‌. ഇതു നിനക്ക്‌ ഒക്കാത്തതാണ്‌. നീ എന്റെ പുത്രസ്ഥാനത്ത്‌ ഇരിക്കുന്നവനാണ്‌, ഭാഗിനേയനാണ്‌. അതുകൊണ്ട്‌ ഞാന്‍ നിനക്കുതന്ന ശാപം പിന്‍വലിക്കുന്നു ഇതു കേട്ട്‌ സന്തുഷ്ടനായ പര്‍വ്വതന്‍ നാരദന്റെ നേരെ താന്‍ ചെയ്ത ശാപവും പിന്‍വലിച്ചു. അപ്പോള്‍ നാരദന്‍ ശ്രീമാനായി ദേവാഭനായിത്തീര്‍ന്നു. ദേവാഭനും ശ്രീമാനുമായ നാരദനെക്കണ്ട്‌ പരപുരുഷനാണെന്നു വിചാരിച്ച്‌ ആ സുന്ദരി പാഞ്ഞോടിക്കളഞ്ഞു. മാന്യയായ അവള്‍ ഓടുന്നത്‌ കണ്ട്‌ പര്‍വ്വതന്‍ പറഞ്ഞു: ഇവന്‍ നിന്റെ ഭര്‍ത്താവാണ്‌. അതില്‍ നീ ശങ്കിക്കരുത്‌. ഏറ്റവും ധര്‍മ്മശീലനായ നാരദര്‍ഷിയാണനദ്ദേഹം. ഭഗവാനും, പ്രഭുവുമാണദ്ദേഹം. നിന്റെ ഹൃദയം മാറരുത്‌. ഇതില്‍ ശങ്കിക്കയുമരുത്‌. പല മട്ടിലും മഹാശയനായ പര്‍വ്വതന്‍ സാന്ത്വോക്തി പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ശാപമോക്ഷം കേട്ട്‌ അവള്‍ മുന്‍സ്ഥിതിയെ പ്രാപിച്ചു. പര്‍വ്വതന്‍ സ്വര്‍ഗ്ഗത്തേയും, നാരദന്‍ സ്വഗൃഹത്തേയും പ്രാപിച്ചു. 

വാസുദേവന്‍ തുടര്‍ന്നു; സര്‍വ്വം പ്രത്യക്ഷമായിക്കാണുന്ന ഭഗവാനായ നാരദ മഹര്‍ഷി ഭവാന്‍ ചോദിച്ചാല്‍ നടന്ന കഥയൊക്കെപ്പറയും. 



No comments:

Post a Comment