Tuesday, 30 August 2022

ആദിപർവ്വം (സംഭവപർവ്വം) അദ്ധ്യായം 100 മുതൽ 140 വരെ

100. സതൃയവതീലാഭോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ശാന്തനു രാജാവ്‌ ധര്‍മ്മാത്മാവും സത്യവാനുമാണെന്ന്‌ പ്രസിദ്ധനായി. ദമം, ദാനം ബുദ്ധി, ധൃതി, ക്ഷമ, ഹ്രീ, പ്രതാപം ഇവ മഹാസത്വനായ ശാന്തനു രാജര്‍ഷിയില്‍ എന്നുമുള്ള ഗുണങ്ങളായി വിളങ്ങി. ഇപ്രകാരമുള്ള ഗുണങ്ങള്‍ ചേര്‍ന്നവനും, ധര്‍മ്മാര്‍ത്ഥ കുശലനുമായ രാജാവ്‌ ഭാരത വംശത്തിന്റെ രക്ഷിതാവായി; ഭൂമിയില്‍ എല്ലാവര്‍ക്കും അപ്രകാരം തന്നെ രക്ഷാകര്‍ത്താവായി.

ശംഖു പോലുള്ള ഗളം, തടിച്ച ചുമല്‍, ഗജരാജനെ പോലെയുള്ള ഘനമായ നടത്തം ഇങ്ങനെ രാജോചിതമായ ലക്ഷണങ്ങള്‍ അവനില്‍ ചേര്‍ന്നിരുന്നു. കീര്‍ത്തിമാനായ രാജാവിന്റെ ജീവിതവൃത്തി കണ്ട്‌ എല്ലാവരും കാമാര്‍ത്ഥങ്ങളേക്കാള്‍ ഉത്കൃഷ്ടമായത്‌ ധര്‍മ്മം തന്നെയെന്നു തീരുമാനിച്ചു. ഇങ്ങനെ സല്‍ഗുണങ്ങളെല്ലാം നല്ലപോലെ ശാന്തനു രാജാവില്‍ ഒത്തു ചേര്‍ന്നു. ധര്‍മ്മം കൊണ്ട്‌ ഇവനൊത്ത രാജാവ്‌ ലോകത്തിൽ ഇല്ലാതെയായി. ധര്‍മ്മത്തില്‍ നില്ക്കുന്ന സർവ്വധര്‍മ്മവിത്തായ രാജാവിനെ എല്ലാവരും ചേര്‍ന്ന്‌ രാജാധിരാജനായി അഭിഷേകം ചെയ്തു. ശോകം, ഭീതി, രുജ എന്നിവ കൂടാതെ സുഖമായി ഉറങ്ങിയ രാജാക്കള്‍ ഭാരതാധിപനായ ശാന്തനുവിനെ സ്വന്തം നാഥനാണെന്നു വിചാരിച്ചു. ശക്രവീര്യനും, കീര്‍ത്തിശാലിയുമായ രാജാവു ഭരിച്ചിരുന്ന കാലത്ത്‌ യജ്ഞത്തിലും ദാനത്തിലും മറ്റു സത്കർമ്മങ്ങളിലും തത്പരരായി പാര്‍ത്ഥിവന്മാര്‍ ജീവിച്ചു. ശാന്തനു തുടങ്ങിയ മന്നവന്മാര്‍ നാടു ഭരിക്കുന്ന കാലത്ത്‌ സര്‍വ്വജാതിക്കാര്‍ക്കും ധര്‍മ്മം വേണ്ടതു പോലെ നടന്നു. ക്ഷത്രിയവംശം ബ്രാഹ്മണരെ അനുസരിച്ചു. വൈശ്യർ ക്ഷത്രിയരെ അനുസരിച്ചു. ബ്രഹ്മക്ഷ്രതാനുരക്തന്മാരായി ശൂദ്രജാതിക്കാര്‍ വൈശ്യരേയും സേവിച്ചു.

കുരുപത്തനമായ ഹസ്തിനാപുരി വാണ ശാന്തനു ആഴി ചൂഴുന്ന ഊഴി മുഴുവന്‍ പാലിച്ചു പോന്നു. ഇന്ദ്രതുല്യനും, സത്യസന്ധനും, ധര്‍മ്മജ്ഞനും, ഉത്തമനുമായ അദ്ദേഹം ദാനം, ധര്‍മ്മം, തപസ്സ്‌ എന്നിവയോടു കൂടി അതിശ്രീമാനായി വിളങ്ങി. രാഗദ്വേഷങ്ങള്‍ വിട്ട ആ പ്രിയദര്‍ശനന്‍ തേജസ്സില്‍ അര്‍ക്കതുല്യനും, വേഗത്തില്‍ വായുതുല്യനും, കോപത്തില്‍ അന്തക തുല്യനും ക്ഷമയില്‍ ക്ഷമയോടു തുല്യനുമായി പ്രശോഭിച്ചു. ഗോക്കളേയും, വരാഹാദികളേയും, മൃഗപക്ഷികളേയും ശാന്തനു രാജ്യം ഭരിക്കുമ്പോള്‍ അനാവശ്യമായി വധിച്ചിരുന്നില്ല. ബ്രഹ്മധര്‍മ്മത്തോടു കൂടിയ രാജ്യത്ത്‌ ആ മഹാനായ ശാന്തനു കാമക്രോധങ്ങളെ വിട്ട്‌ ഭൂതജാലങ്ങളെയെല്ലാം സമഭാവനയോടെ സംരക്ഷിച്ചു. ദേവര്‍ഷികള്‍ക്കും പിതൃക്കള്‍ക്കും വേണ്ടി യജ്ഞങ്ങള്‍ആവും വിധം ചെയ്തു. അധര്‍മ്മമായി അന്ന്‌ ലേശവും പ്രാണിഹിംസ നടന്നില്ല. നാഥനില്ലാതെ മാഴ്കുന്ന തിര്യക്കുകള്‍ക്കെല്ലാംരാജാവ്‌ പിതാവായിത്തീര്‍ന്നു. കുരുരാജാവായ ശാന്തനു രാജരാജനായി വാഴുന്ന കാലത്ത്‌ വാക്ക്‌ സത്യത്തെ ആശ്രയിച്ചു. മനസ്സ്‌ ധര്‍മ്മത്തേയും ആശ്രയിച്ചു. മുപ്പത്തിരണ്ടു വര്‍ഷം സ്ത്രീരതി പ്രീതി വെടിഞ്ഞ്‌ രാജാവ്‌ കാട്ടില്‍ സഞ്ചരിച്ചു. ആ രൂപം, ആ ആചാരം, ആ നടപ്പ്‌, ആ പഠിപ്പ്‌ ഇവയോടു കൂടി അദ്ദേഹത്തിന്റെ പുത്രനായ ഗാംഗേയന്‍, ദേവ്രവതനായ വസു ശോഭിച്ചു. പാര്‍ത്ഥിവം, ദിവ്യം എന്നീ ശസ്ത്രാസ്ത്രങ്ങളില്‍ നിഷ്ഠിതനായി, മഹാബലനും, മഹാവീര്യനും, മഹാസത്വനും. മഹാരഥനുമായി ദേവവ്രതന്‍ വിളങ്ങി. ഒരു ദിവസം ശാന്തനു രാജാവ്‌ വേട്ടയാടി ഗംഗാ തീരത്തെത്തിയപ്പോള്‍ ഗംഗയില്‍ വെള്ളം വളരെ കുറവായിക്കണ്ടു. ഇതു കണ്ട്‌ ആരാജാവു ചിന്തിച്ചു; എന്താണ്‌ ഈ നദി മുമ്പത്തെപ്പോലെ ശക്തിയായി ഒഴുകാത്തത്‌? കാരണം അന്വേഷിച്ചു നടന്നപ്പോള്‍ രാജാവ്‌, ദേവതുല്യം തേജസ്വിയും പ്രിയദര്‍ശനനുമായ ഒരു കുമാരനെ കണ്ടെത്തി. അവന്‍ ദിവ്യാസ്ത്രം തൊടുത്തു നില്ക്കുന്നു! ഇവന്‍ ഇന്ദ്രനാണോ! എന്നു തോന്നി. ഗംഗയെ ചിറകെട്ടി തടഞ്ഞു നിര്‍ത്തിയിരിക്കയാണ്‌ അവന്‍! തീക്ഷ്ണമായ ശസ്ത്രങ്ങള്‍ തൂകി ഗംഗ നിരക്കെ മൂടി നില്ക്കുന്ന അവനെ കണ്ട്‌ രാജാവ്‌ വിസ്മയിച്ചു! അതുല്യ വിക്രമിയായ ഈ കുമാരന്‍ ഏതാണെന്ന്‌ രാജാവിന് മനസ്സിലായില്ല. കേവലം കൈക്കുഞ്ഞായിരുന്നപ്പോള്‍ കണ്ടതാണല്ലോ തന്റെ പുത്രനെ. മകന്‍ അച്ഛനെക്കണ്ടു. ഉടനെ മായയാല്‍ മോഹിപ്പിച്ചു. അവന്‍ അച്ഛനില്‍ മോഹം ജനിപ്പിച്ച്‌ പെട്ടെന്നു മറഞ്ഞു! അതൃത്ഭുതത്തോടെ രാജാവ്‌ ആ കുട്ടിയെ തിരഞ്ഞു. മോഹം ജനിപ്പിച്ചു മറഞ്ഞ കുമാരനെപ്പറ്റി ചിന്തിച്ചു. ഏതാണ്‌ ഈ കുട്ടി? തന്റെ പുത്രനാണേ ഈ അത്ഭുത വിക്രമന്‍? എന്നു ശങ്കിച്ച്‌ രാജാവ്‌ അവിടെ നിന്ന്‌ ഗംഗാദേവിയെ പ്രാര്‍ത്ഥിച്ചു: "ദേവി, എന്റെ പുത്രനെ കാണിച്ചു തരേണമേ". ഉത്തമമായ ആകൃതിയെടുത്ത ഗംഗ തന്റെ പുത്രനെ അലങ്കരിച്ച്‌ അവന്റെ വലതു കൈ പിടിച്ച്‌ രാജാവിന്റെ മുമ്പിലേക്കു ചെന്നു. ദിവ്യാഭരണ ഭൂഷിതയായി ദിവ്യവസ്ത്രം ധരിച്ച്‌ എത്തുന്ന ഗംഗയെ മുമ്പില്‍ കണ്ട ശാന്തനു തന്റെ ചിരകാല സഹധര്‍മ്മചാരിണി ആയിരുന്ന ഗംഗയെ അറിഞ്ഞില്ല!

ഗംഗ പറഞ്ഞു: ഹേ, രാജാവേ, എന്നില്‍ ഭവാനുണ്ടായ എട്ടാമത്തെ പുത്രനാണ്‌ ഇവന്‍. ഞാന്‍ ഈ കാലമൊക്കെയും വളര്‍ത്തിയ ഇവന്‍ സകല ദിവ്യാസ്ത്രങ്ങളും പഠിച്ചിരിക്കുന്നു. ഇവനോടു തുല്യനായി ഒരു ധനുര്‍ദ്ധരനുമില്ല. ഞാന്‍ വളര്‍ത്തിയെടുത്ത ഈ കുട്ടിയെ ഭവാന്‍ ഏറ്റുവാങ്ങിയാലും. വീരനായ ഇവനേയും കൊണ്ട്‌ വീരാത്മാവേ, ഭവാന്‍ രാജധാനിയിലേക്കു പോയാലും. ഇവന്‍ സാംഗവേദങ്ങള്‍ വസിഷ്ഠനില്‍ നിന്നു പഠിച്ചു. ഇവന്‍ അസ്ത്രവിദ്യയില്‍ ഇന്ദ്രതുല്യനാണ്‌. ഇവനെ പഠിപ്പിച്ച ഗുരു സുരന്മാര്‍ക്കും അസുരന്മാര്‍ക്കും പരക്കെ സമ്മതനായ ശുക്രനാണ്‌. അപ്രകാരം ദേവസുരാര്‍ച്ചിതനായ അംഗിരസ്സിന്റെ പുത്രന്‍ പഠിച്ചതെല്ലാം ഇവനെ പഠിപ്പിച്ചിട്ടുണ്ട്‌. പിന്നെ അസ്ത്രവിദ്യ പഠിച്ചത്‌ മഹാവീരനും പ്രതാപവാനുമായ ജാമദഗ്ന്യനില്‍ നിന്നാണ്‌. സാംഗോപാംഗങ്ങള്‍ സമസ്തവും അദ്ദേഹം പഠിപ്പിച്ചു. വില്ലാളിയായി രാജധര്‍മ്മങ്ങളെല്ലാം അറിഞ്ഞു വീരനായി വളര്‍ന്ന നിന്റെ പുത്രനെ ഇതാ ഞാന്‍ തരുന്നു.കൊണ്ടു പോയാലും!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഗംഗാദേവി പുത്രനെ ഏല്പിച്ചു! ശാന്തനു സൂര്യപ്രഭനായ പുത്രനേയും കൊണ്ട്‌ ഹസ്തിനാപുരിയിലേക്കു പോയി. പുരന്ദരന്റെ പുരിയെ തോല്‍പിക്കുന്ന തന്റെ പുരിയില്‍ ശാന്തനു രാജാവ്‌ പുത്രനോടു കൂടി പ്രവേശിച്ചു. താന്‍ സര്‍വ്വ കാമാര്‍ത്ഥ സിദ്ധനായെന്ന്‌ രാജാവ്‌ ചിന്തിച്ചു. പൗരന്മാര്‍ക്ക്‌ അഭയദനും വീരനുമായ ആ പുത്രനെ രാജാവു യുവരാജാവായി അഭിഷേകം ചെയ്തു. ഗുണവാനും യോഗ്യനുമാണ്‌ തന്റെ പുത്രന്‍ എന്നു രാജാവ് അഭിമാനപൂര്‍വ്വം വിചാരിച്ചു. ശാന്തനു പുത്രന്‍ നാട്ടുകാരേയും അച്ഛനേയും രാഷ്ട്രത്തേയും ഭരണം കൊണ്ടു രഞ്ജിപ്പിച്ചു.

ഇപ്രകാരം പുത്രനുമൊത്ത്‌ സസന്തോഷം പാര്‍ത്തു. അങ്ങനെയിരിക്കെ, നാലു വര്‍ഷത്തിനു ശേഷം, ഒരു ദിവസം യമുനാ സമീപത്ത്‌ കാട്ടില്‍ ശാന്തനു രാജാവ്‌ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ ഇന്ന വിധത്തിലാണെന്നു പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിധം അസാമാന്യമായ ഒരു ദിവ്യസൗരഭ്യം കാറ്റില്‍ വന്നു. രാജാവ്‌ ആ സുഗന്ധമാസ്വദിച്ചു. അത്‌ എവിടെ നിന്നു വരുന്നു എന്നറിയുവാന്‍ അവിടെ ചുറ്റി നടന്നു നോക്കി. അപ്പോള്‍ രാജാവ്‌ ഒരു ദേവനാരിയെ കണ്ടെത്തി. അല്ല, അവള്‍ ഒരു ദാശകന്യകയായിരുന്നു.

ആ നീലലോചനയായ ദിവ്യകനൃകയെ കണ്ട്‌ രാജാവ്‌ മന്ദംമന്ദം അടുത്തു ചെന്നു മധുരമായി ചോദിച്ചു: ഹേ, സുന്ദരി, നീ ആരുടെ പുത്രിയാണ്‌? അവള്‍ ഭീതയായി എഴുന്നേറ്റു. ഭയപ്പെടേണ്ട. എന്താണു നീ ചെയ്യുന്നത്‌? അവള്‍ ആ അത്ഭുതപുരുഷനെ നോക്കി മന്ദം സവിനയം പറഞ്ഞു: "ഞാന്‍ ഒരു മുക്കുവപ്പെണ്ണാണ്‌. വഞ്ചി കടത്തുകയാണ്‌. ഈ നാട്ടിലെ മുക്കുവരുടെ തലവനാണ്‌ എന്റെ അച്ഛന്‍. അദ്ദേഹം കല്പിച്ച പ്രകാരം ഞാന്‍ ധര്‍മ്മമായി ഇവിടെ തോണി കടത്തുകയാണ്‌".

അനന്യ സാധാരണമായ സൗരഭ്യം, ദിവ്യമായ സൗന്ദര്യം, മധുരമായ ഭാഷണം, ആകര്‍ഷകമായ വിനയം ഇവ ചേര്‍ന്നു വിളങ്ങുന്ന, ദേവാംഗനോപമയായ ആ ദാശബാലികയെ കണ്ട്‌ ശാന്തനു കാമമോഹത്തില്‍ മുങ്ങിപ്പോയി. ശാലീനയായ അവളുടെ വീടു ചോദിച്ചറഞ്ഞ്‌, രാജാവ്‌ മുക്കുവന്റെ കുടിലില്‍ ചെന്നു കയറി ആ മുക്കവ പ്രഭുവിനെ കണ്ട്‌ സാദരം ചോദിച്ചു. അങ്ങയുടെ മകളെ എനിക്കു നല്‍കുമോ? മുക്കുവന്‍ രാജാവിനെ യഥോചിതം ആദരിച്ചു സ്വീകരിച്ചു പറഞ്ഞു.

മുക്കുവന്‍ പറഞ്ഞു: ഹേ, രാജാവേ, ജനിച്ച അന്നു മുതല്‍ ഇവള്‍ ഒരു വരന്നു നല്കേണ്ടവളാണെന്ന്‌ എനിക്കറിയാം. എന്റെ ഉള്ളില്‍ ഒരാശയുണ്ട്‌. എന്റെ മകളെ ഭവാന്‍ ധര്‍മ്മപത്നിയായി സ്വീകരിക്കുകയാണെങ്കില്‍, സതൃസന്ധമായി ഭവാന്‍ എന്നോട്‌ ഒരു ശപഥം ചെയ്യുകയാണെങ്കില്‍, എന്റെ പെണ്‍കിടാവിനെ ഞാന്‍ അങ്ങയ്ക്കു തരാം. നാടു വാഴുന്ന രാജാവിനേക്കാള്‍ ശ്രേഷ്ഠനായ ഒരു വരനെ എന്റെ മകള്‍ക്കു കിട്ടുകയില്ലല്ലൊ! ഞാന്‍ സംതൃപ്തനാകാം!

ശാന്തനു പറഞ്ഞു: എന്തു വരമാണ്‌ ഭവാനു ഞാന്‍ നല്കേണ്ടത്‌? നിന്റെ ഇഷ്ടമെന്താണെന്നു കേട്ടതിന് ശേഷം ഞാന്‍ തീര്‍ച്ചപ്പെടുത്താം. തരാവുന്നതാണെങ്കില്‍ തരാം. വയ്യാത്തത്‌ തരുവാന്‍ ഒക്കുകയില്ല!

ദാശന്‍ പറഞ്ഞു; ഇവള്‍ക്കുണ്ടാകുന്ന പുത്രനെ, ഹേ, രാജാവേ. ഭവാന്‍ രാജാവായി അഭിഷേകം ചെയ്യണം. രാജ്യം മറ്റാര്‍ക്കും നല്കരുത്‌!.

വൈശമ്പായനൻ പറഞ്ഞു: മുക്കുവന് ഈ വരം നല്കുവാന്‍ രാജാവ്‌ തയ്യാറായില്ല. കാമദേവന്‍ അവന്റെ മനസ്സിനെ കഠിനമായി തപിപ്പിച്ചുവെങ്കിലും ശാന്തനു വരം നല്കിയില്ല. ദാശരാജാവ്‌ മകളെ കൊടുത്തുമില്ല. കാമദേവ ശരം കൊണ്ട്‌ ആര്‍ത്തനായിരുന്നു എങ്കിലും രാജാവ്‌ ധീരതയോടെ മടങ്ങിപ്പോന്നു. അവളെ തന്നെ ഓര്‍ത്ത്‌, ആ മുക്കവപ്പെണ്ണിന്റെ മനോഹരമായ രൂപം ചിന്തിച്ച്‌, രാജാവിന്റെ മനസ്സില്‍ എപ്പോഴും അഗ്നിയെരിഞ്ഞു. പഞ്ചബാണ പീഡിതനായ രാജാവ്‌ ഹസ്തിനാപുരിയില്‍ മ്ലാനഭാവത്തോടെ പ്രവേശിച്ചു.

ശാന്തനു മഹാരാജാവ്‌ ചിന്തപുണ്ട്‌ ദുഃഖിതനായിരിക്കുന്നതു കണ്ട്‌ പുത്രനായ ദേവവ്രതന്‍ മെല്ലെ അടുത്തു ചെന്ന്‌  അച്ഛനോടു ചോദിച്ചു.

ദേവ്രവതന്‍ പറഞ്ഞു: എല്ലാം കൊണ്ടും അച്ഛന്‌ ക്ഷേമമാണല്ലോ. രാജാക്കന്മാരെല്ലാം ഭവാനു കീഴിലാണ്‌. എങ്കിലും, അച്ഛന്‍ വല്ലാത്ത ഒരു അല്ലലില്‍ പെട്ടതു പോലെ. എപ്പോഴും ദുഃഖചിന്തയിലാണ്ട്‌ ഇരിക്കുന്നുവല്ലോ! എന്നോട്‌ ആല്പമായേ ഭവാന്‍ സംസാരിക്കുന്നുള്ളൂ. ഇതിന്റെ കാരണം ഞാന്‍ കാണുന്നില്ല. എന്താണു ഭവാന്റെ ആധിക്കു കാരണം? അശ്വയാത്ര ചെയ്യുന്നില്ല! അച്ഛന്‍ മെലിഞ്ഞു വിളറിയിരിക്കുന്നു അതിനു വേണ്ട പ്രതിവിധി ചെയ്യുവാന്‍ വ്യാധിയെന്താണെന്ന്‌ എനിക്ക്‌ അറിയണമല്ലോ. ഇപ്രകാരം പുത്രന്‍ പറഞ്ഞപ്പോള്‍ ശാന്തനു മറുപടി പറഞ്ഞു.

ശാന്തനു പറഞ്ഞു: ശരിയാണു നീ പറഞ്ഞത്‌. ഞാന്‍ കുറച്ചു നാളായി ധ്യാനിക്കുകയായിരുന്നു. കാരണം ഞാന്‍ പറയാം. നമ്മുടെ കുലം വലിയതാണ്‌. കുലത്തില്‍ നീ ഒരു സന്താനമേയുള്ളൂ. നീ ആയുധമെടുത്തു പ്രയോഗിക്കുന്നവനും, പൗരുഷത്തോടു കൂടിയവനുമാണ്‌. ലോകം അസ്ഥിരമാണല്ലോ. ഉണ്ടാവുകയും നശിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, ആര്‍ക്ക്‌ എപ്പോള്‍ എവിടെ വെച്ച്‌ എന്തു സംഭവിക്കും എന്നു പറയുവാന്‍ പറ്റുമോ എന്നു ചിന്തിച്ചു വ്യസനിക്കുകയാണു ഞാന്‍. നീയെങ്ങാന്‍ വിപത്തില്‍പ്പെട്ടു പോയാല്‍ ഈ കുലത്തിന്റെ കഥ അതോടെ അവസാനിക്കും. നൂറു മക്കളുണ്ടാകുന്നതിനേക്കാള്‍ ഉത്തമനായ നീ ഒരു പുത്രന്‍ മാത്രം മതി എന്നതു സത്യമാണ്‌. ഞാന്‍ വെറുതെ വീണ്ടും വിവാഹം കഴിക്കണമെന്ന്‌ ആഗ്രഹിക്കുന്നില്ല. എന്നാൽ അക്ഷയമായ സന്താനസിദ്ധിക്ക്‌ ഞാന്‍ കാംക്ഷിക്കുന്നു. അതൊന്നു മാത്രമാണ്‌ എന്റെ ചിന്ത. നിനക്കു ശുഭം വരട്ടെ. ഏകാപത്യന്‍ അനപത്യന് തുല്യനാണെന്നാണ്‌ ധാര്‍മ്മികർ  പറയുന്നത്‌. അഗിഹോത്രം, വേദാഭ്യസനം, സന്താനാഭിവൃദ്ധി ഇവയെപ്പറ്റി ചിന്തിക്കുമ്പോള്‍ സന്താനത്തിന്റെ ശ്രേഷ്ഠത മുന്തി നില്ക്കുന്നു. മറ്റുളളവ അതിന്റെ പതിനാറില്‍ ഒന്നിന്‌ ഒക്കുകയില്ല. ഇപ്രകാരം മനുഷ്യര്‍ക്കുള്ള യോഗ്യതകളൊക്കെ സന്താനത്തിലാണ്‌. നല്ല അപത്യങ്ങള്‍ ഇപ്രകാരമാണ്‌. അതില്‍ എനിക്കു യാതൊരു സംശയവുമില്ല. പുരാണത്തിന്റെയും, വേദാര്‍ത്ഥത്തിന്റെയും, ദേവന്റെയും എല്ലാം സാരാംശം ഇതു തന്നെയാണ്‌. അല്ലയോ കുരുദ്വഹാ! നീയാണെങ്കില്‍ ശൂരനും സദാമര്‍ഷിയും ശസ്ത്രം എപ്പോഴും കൈയിലെടുത്തവനുമാണ്‌. നിനക്ക്‌ പോരിലല്ലാതെ മറ്റൊന്നിലും നാശം വന്നു കൂടുകയില്ല. നിന്റെ കഥ കഴിഞ്ഞാല്‍ കുലത്തിന്റെ നില എന്താകുമെന്നു ചിന്തിച്ച്‌ ഞാന്‍ വൃസനിക്കുകയാണ്‌. ഇതാണ്‌ എന്റെ ദുഃഖത്തിന് കാരണം. ഞാന്‍ എന്റെ അന്തര്‍ഗ്ഗതം ഒന്നും മറച്ചു വെക്കാതെ നിന്നോടു പറയുകയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അച്ഛന്‍ പറഞ്ഞതു കേട്ട്‌ തത്വമെല്ലാം അറിഞ്ഞ്‌ ദേവവ്രതന്‍ കേവലം ബുദ്ധി കൊണ്ടു ചിന്തിച്ചു. ഉടനെ പോയി അച്ഛന്‌ ഏറ്റവും ഇഷ്ടപ്പെട്ടവനും വൃദ്ധനുമായ മന്ത്രിമുഖ്യനെ കണ്ട്‌ അച്ഛന്റെ ദുഃഖത്തിന്റെ കാരണം ശരിക്കു മനസ്സിലാക്കുവാന്‍ ശ്രമിച്ചു. ഏറ്റവും ചുഴിഞ്ഞു ചോദിക്കുന്ന ദേവവ്രതനോട്‌ അവന്‍ കാര്യം വൃക്തമാക്കി. അച്ഛന്‍ ആ മുക്കുവപ്പെണ്ണില്‍ അത്യധികമായ പ്രേമത്താല്‍ പീഡിതനായിരിക്കുകയാണ്‌ എന്നു മന്ത്രി പ്രസ്താവിച്ചു. ഒട്ടും വൈകാതെ ദേവവ്രതന്‍ വൃദ്ധരായ ക്ഷത്രിയന്മാരോടു കൂടി മുക്കുവ പ്രഭുവിന്റെ ഗൃഹത്തില്‍ ചെന്ന്‌  അവനോട്‌ അച്ഛനു വേണ്ടി കന്യകയെ അര്‍ത്ഥിച്ചു. തന്റെ ഗൃഹത്തിലേക്കു എഴുന്നള്ളിയിരിക്കുന്ന രാജപുത്രനെ എതിരേറ്റു സല്‍ക്കരിച്ചിരുത്തിയ ശേഷം രാജ്യമദ്ധ്യത്തിലിരിക്കുന്ന രാജകുമാരനോട്‌ അദ്ദേഹം പറഞ്ഞു.

മുക്കുവന്‍ പറഞ്ഞു: മതിമാനായ ശാന്തനുവിന്‌ ഭവാന്‍ മതിമാനായ നന്ദനന്‍ തന്നെയാണ്‌. ശസ്ത്രത്തില്‍ ശ്രേഷ്ഠനാണ്‌ ഭവാന്‍. ഞാന്‍ ഭവാനോട്‌ ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. പ്രശംസാര്‍ഹവും അഭികാമ്യവുമായ ഇത്തരം വിവാഹബന്ധത്തെ, സംഗതി വന്നിട്ടും ആദരിക്കാതെ ഒഴിവാക്കിയാല്‍ അതു നിരാശയ്ക്കു വഴി നല്കും. ഏതവനും ദുഃഖിക്കേണ്ടി വരും; തീര്‍ച്ചയാണ്‌. സത്യവതിയുടെ ജന്മത്തിന് ബീജാവാപം ചെയ്ത ആള്‍ നിങ്ങളെപ്പോലെ ഗുണം തികഞ്ഞ ഒരു മാന്യനാണ്‌. അദ്ദേഹത്തിന്റെ അപത്യമാണ്‌ ഇവള്‍. ഭവാന്റെ അച്ഛനെപ്പറ്റി അദ്ദേഹം പല പ്രാവശ്യം എന്നോടു വാഴ്ത്തി പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം എല്ലാം കൊണ്ടും ഇവള്‍ക്കു ചേര്‍ന്ന ഒരു ഭര്‍ത്താവാകുവാന്‍ യോഗ്യനാണ്‌. ദേവര്‍ഷിയായ അസിതന്‍ ഇവളെ വിവാഹാന്വേഷണത്തിന് വരികയുണ്ടായി. ഞാന്‍ ആ കാര്യം കൊള്ളാവുന്നതാണെങ്കിലും ഉപേക്ഷിക്കുകയാണുണ്ടായത്‌. അദ്ദേഹം സത്യവതിയെ കിട്ടുവാന്‍ കുറച്ചല്ല ആഗ്രഹിച്ചത്‌. രാജാവേ, കന്യകയുടെ പിതാവെന്ന നിലയില്‍ ഞാന്‍ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ! ശത്രുത്വമുണ്ടാകുവാന്‍ അവസരം നല്കുന്നതാണ്‌ ഈ വിവാഹം. ഭവാന്‍ പ്രബലനാണ്‌. ഭവാന് എതിരായി നില്ക്കുന്നവന്‍ ഗന്ധര്‍വ്വനോ, ദാനവനോ ആയാല്‍ പോലും അവന്‍ ഏറെക്കാലം ആയുസ്സോടു കൂടി ഇരിക്കുകയില്ല. ഭവാന്റെ ക്രോധത്തിന് പാത്രമാകുന്നവന്റെ കഥ ഉടനെ കഴിക്കും! പരന്തപനായ രാജാവേ, അങ്ങനെ ഒരു ദോഷം ഇക്കാര്യത്തിലുണ്ട്‌. അതല്ലാതെ വേറെ ഒരു ദോഷവും ഈ സംബന്ധത്തില്‍ നിന്നുണ്ടാകുവാന്‍ പോകുന്നില്ല. ഹേ വീരാ, ദാനാദാനങ്ങളില്‍ ഇതാണു തത്വം.

വൈശമ്പായനൻ പറഞ്ഞു: ദാശപ്രഭുവിന്റെ വാക്ക്‌ കേട്ടു ഗാംഗേയന്‍ ഇപ്രകാരം അതിന്‌ ഒത്ത മറുപടി പറഞ്ഞു. താതന്റെ കാര്യത്തിന് വേണ്ടി കൂടെ വന്നവരായ ആ ക്ഷത്രിയ വൃദ്ധന്മാര്‍ കേട്ട്‌ ഇരുന്നു. ദേവവ്രതന്‍ പറഞ്ഞു: ഹേ, സതൃശീലാ! എനിക്കു സത്യത്തേക്കാള്‍ വലിയ വ്രതമില്ല. ഭവാന്‍ അതു ധരിക്കുക! ഈ ലോകത്തിലുണ്ടായവരാരും പറയാത്തതാണിത്‌. ഇന്ന്‌ ഒരു രാജാവും ഇപ്രകാരം ഒരു സത്യം ചെയ്യുമെന്നും തോന്നുന്നില്ല! ഭവാന്‍ പറഞ്ഞ പ്രകാരം തന്നെ ഞാന്‍ ചെയ്യാമെന്നേല്ക്കുന്നു! ഈ കന്യകയില്‍ ജനിക്കുന്ന പുത്രന്‍ ഞങ്ങളുടെ രാജാവാകും, സത്യം! ഈ വാക്കു കേട്ടപ്പോള്‍ ദാശന്‍ വീണ്ടും പറഞ്ഞു.

മുക്കുവന്‍ പറഞ്ഞു; ശാന്തനുവിന്റെ സകല ശ്രീക്കും ഭവാന്‍ അന്തമറ്റ നാഥനാണ്‌. അങ്ങനെയുള്ള ഭവാനെക്കൊണ്ട്‌ രാജ്യാര്‍ത്ഥമായ കൃത്യം ചെയ്യിക്കുക ദുഷ്കരമാണ്‌. കന്യാദാനം കഴിപ്പിക്കുവാന്‍ ഭവാന്‍ സര്‍വ്വഥാ ശക്തനുമാണ്‌. ഹേ സമാ, എന്റെ ഈ വാക്കുകൂടെ ഭവാന്‍ കേള്‍ക്കേണ്ടത്‌ ആവശ്യമാണ്‌. പുത്രീവാത്സല്യം മൂലം ഹേ, വീരാ, ഞാന്‍ പറയുന്നതില്‍ ഭവാന്‍ ക്ഷമിക്കണം. സത്യവതി നിമിത്തമായി ഭവാന്‍ സത്യധര്‍മ്മപരനാണല്ലോ! ഈ രാജാക്കന്മാരുടെ മുമ്പില്‍ വെച്ചാണല്ലോ ഭവാന്‍ സത്യം ചെയ്തിരിക്കുന്നത്‌. ആ സത്യം സത്യസന്ധനായ ഭവാനു മാത്രം ചേര്‍ന്ന നടപടിയായിട്ടുണ്ട്‌. മറ്റാര്‍ക്കും കഴികയുമില്ല. അതില്‍ ഞാന്‍ തൃപ്തനാണ്‌. അതു മറിച്ചു വരുമെന്ന്‌ ഒരു സംശയം എനിക്കില്ല. എന്നാൽ ഭവാനെക്കുറിച്ചല്ല എനിക്കു ഭയം. ഭവാനുണ്ടാകുന്ന സന്താനത്തെക്കുറിച്ചാണ്‌. ഭവാന്റെ സന്താനം വരുമ്പോഴാണ്‌ കാര്യത്തില്‍ സംശയം!

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ സതൃതത്പരനായ ദേവവ്രതന്‍ ചിന്തിച്ചു. അവന്റെ ഇംഗിതം മനസ്സിലാക്കി രാജാക്കന്മാരുടെ മദ്ധ്യത്തില്‍ വെച്ച്‌ താതപ്രിയനായ പുത്രന്‍ ഇപ്രകാരം പ്രതിജ്ഞ ചെയ്തു.

ദേവവ്രതന്‍ പറഞ്ഞു: ഹേ, ദാശ്രപ്രഭോ! ഭവാന്‍ എന്റെ വാക്കുകള്‍ കേട്ടു കൊള്ളുക! എന്റെ അച്ഛന്റെ പ്രിയത്തിനായി രാജസദസ്സില്‍ വെച്ചു ഞാന്‍ പറയുന്നതാണിത്‌! രാജാക്കന്മാരേ! മുമ്പേ തന്നെ ഞാന്‍ രാജത്വം ഉപേക്ഷിച്ചു എന്ന് ശപഥം ചെയ്തല്ലോ. അപത്യ കാര്യത്തിലും ഞാന്‍ ഉറച്ചതായ ഒരു നിശ്ചയം ചെയ്യുന്നു. ഹേ, ദാശപ്രഭോ! ഇന്നു മുതല്‍ ഞാന്‍ ബ്രഹ്മചര്യം സ്വീകരിക്കുന്നു! ഞാന്‍ അനപത്യനായാലും ദ്യോവില്‍ അക്ഷയമായ ലോകം ഞാന്‍ പ്രാപിക്കും! സത്യം!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അവന്‍ സത്യം ചെയ്തപ്പോള്‍ ആ ദാശന്‍ രോമാഞ്ചമണിഞ്ഞു. ധര്‍മ്മശീലനായ അവന്‍ തന്റെ പുത്രിയെ നല്കാമെന്നു സസന്തോഷം സമ്മതിച്ചു. അപ്പോള്‍ അന്തരീക്ഷത്തില്‍ ദേവര്‍ഷി മണ്ഡലം ഒന്നായി പുഷ്പവര്‍ഷം ചൊരിഞ്ഞു. ഇവന്‍ ഭീഷ്മന്‍ തന്നെ! എന്ന് ആകാശത്തു നിന്ന്‌ അശരീരിവാക്കുണ്ടായി.

പിന്നെ ദാശന്‍ തന്റെ കന്യകയെ യാത്രയാക്കി. രാജപുത്രന്‍ താതനു വേണ്ടി, ആ ധന്യയായ കന്യകയുടെ സമീപത്തണഞ്ഞു പറഞ്ഞു.

ദേവവ്രതന്‍ പറഞ്ഞു: അമ്മേ, തേരില്‍ക്കയറുക! നാം നമ്മുടെ ഗൃഹത്തിലേക്കു പോകുക!

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ഭീഷ്മൻ ആ ശ്രേഷ്ഠ കനൃകയെ തേരില്‍ക്കയറ്റി ഹസ്തിനാപുരിയിലേക്കു തിരിച്ചു. ആ മനോമോഹിനിയെ അച്ഛന്റെ സമീപത്തെത്തിച്ചു. രാജാക്കന്മാര്‍ ഭീഷ്മന്റെ ദുഷ്കരമായ കര്‍മ്മത്തെ വാഴ്ത്തി. അവര്‍ ഓരോരുത്തരും ഒറ്റയ്ക്കും കൂട്ടായും ഇവന്‍ ഭീഷ്മൻ തന്നെ! എന്നു പുകഴ്ത്തി.

ഭീഷ്മന്റെ ദുഷ്കരമായ ആ കര്‍മ്മം കേട്ട്‌ ഹൃദയത്തിലടങ്ങാത്ത നന്ദിയോടും, ആനന്ദത്തോടും, അത്ഭുതത്തോടും, വാത്സല്യത്തോടും കൂടി ശാന്തനു പറഞ്ഞു.

ശാന്തനു പറഞ്ഞു; മകനേ, നീ സ്വച്ഛന്ദ മൃത്യുവാകുക! നീ ജീവിച്ചിരിക്കുവാനാഗ്രഹിക്കുന്ന കാലത്തോളം മൃത്യു നിന്നെ ബാധിക്കുകയില്ല. നിന്റെ സമ്മതമുണ്ടെങ്കിലേ മൃത്യു നിന്നെ സ്പര്‍ശിക്കുകയുള്ളൂ! ഇതു സത്യമാണ്‌! ഇപ്രകാരം ശാന്തനു രാജാവ്‌ തന്റെ പുത്രനു വരം നല്കി അനുഗ്രഹിച്ചു.

101. ചിത്രാംഗദോപാഖ്യാനം - വൈശമ്പായനൻ പറഞ്ഞു; പിന്നെ ശാന്തനു രാജാവ്‌ ദാശകന്യയെ വിധിപ്രകാരം വേളി കഴിച്ചു സ്വഗൃഹത്തിലിരുത്തി. സത്യവതി യഥാകാലം ചിത്രാംഗദന്‍ എന്ന പുത്രനെ പ്രസവിച്ചു. അവന്‍ വീരനും പുരുഷർഷഭനുമായി വളര്‍ന്നു. പിന്നെയും സത്യവതി ഗര്‍ഭം ധരിച്ചു വിചിത്രവീര്യനെന്ന പുത്രനെ പ്രസവിച്ചു. അവന്‍ യൗവനമാകുന്നതിന് മുമ്പു തന്നെ ശാന്തനു കാലധര്‍മ്മം പ്രാപിച്ചു. അച്ഛന്‍ മരിച്ചപ്പോള്‍ ഭീഷ്മൻ സതൃവതിയുമായി ആലോചിച്ച്‌ ചിത്രാംഗദനെ രാജാവാക്കി. ചിത്രാംഗദൻ വീരനായിരുന്നു. അവന്‍ ശൗര്യം കൊണ്ട്‌ രാജാക്കന്മാരെ തോല്‍പിച്ചു കീഴടക്കി. മനുഷ്യരാരും തനിക്കു കിട നില്ക്കുകയില്ലെന്ന്‌ അവന്‍ വിചാരിച്ചു. മനുഷ്യദേവഗന്ധര്‍വ്വൌഘത്തെയെല്ലാം പരാജിതരാക്കിയിരിക്കെ ചിത്രാംഗദന്‍ എന്നു തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വന്‍ അവനോടു പോരിന് വന്നു. കുരുക്ഷേത്രത്തില്‍ വെച്ച്‌ അതിഭയങ്കരമായ പോരാട്ടം നടന്നു. ബലം കൊണ്ടും, അഭ്യാസം കൊണ്ടും നാമം കൊണ്ടും സമാനന്മാരായ അവര്‍ തമ്മില്‍ സരസ്വതി തീരത്തു വച്ച്‌ മൂന്നു വര്‍ഷം യുദ്ധം നടത്തി. വലിയ ശരവര്‍ഷത്തോടു കൂടിയ ആ അത്യുഗ്രമായ യുദ്ധത്തില്‍ മായാവിയായ ഗന്ധര്‍വ്വനാല്‍ കുരു രാജാവായ ചിത്രാംഗദൻ വധിക്കപ്പെട്ടു. ചിത്രാംഗദനെ കൊന്നു വീഴ്ത്തിയ അവന്‍ സസന്തോഷം ആകാശത്തിലേക്ക്‌ ഉയര്‍ന്നു. മഹാതേജസ്വിയായ ആ പുരുഷശ്രേഷ്ഠന്‍ മരിക്കുന്ന കാലത്ത്‌ വിചിത്രവീര്യന്‍ ബാലനായിരുന്നു. ചിത്രാംഗദന്റെ ശേഷക്രിയയ്ക്കു ശേഷം ഭീഷ്മൻ വിചിത്രവീര്യനെ, യൗവനം പ്രാപിച്ചിട്ടില്ലെങ്കിലും രാജാവായി വാഴിച്ചു. വിചിത്രവീര്യൻ ഭീഷ്മന്റെ ചൊല്പടിക്കു നിന്ന്‌ പിതൃപൈതാമഹമായ പദം പാലിച്ചു. ശര്‍മ്മശാസ്ത്രത്തില്‍ അതിനിപുണനായ ദേവവ്രതനെ ധര്‍മ്മാനുസരണം അവന്‍ പൂജിച്ചു. ഭീഷ്മൻ അവനെ കാത്തു രക്ഷിക്കുകയും ചെയ്തു.

102. വിചിത്രവീരൃന്റെ നിര്യാണം - വൈശമ്പായനൻപറഞ്ഞു: ചിത്രാംഗദൻ മരിച്ചു; അനുജന് പ്രായമായിട്ടുമില്ല. ഈ സന്ദര്‍ഭത്തില്‍ സത്യവതിയുടെ ഹൃദയം മനസ്സിലാക്കി അവള്‍ പറഞ്ഞതനുസരിച്ച്‌ ഭീഷ്മൻ രാജ്യം ഭരിച്ചു. അനുജന്‍ യൗവനമായപ്പോള്‍ ഭീഷ്മൻ വിചിത്രവീര്യന്റെ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു.

ഈ അവസരത്തില്‍ കാശിരാജാവിന്റെ അതിസുന്ദരിമാരായ മൂന്നു കന്യകമാരുടെ സ്വയംവരം ഒരേ സമയത്ത്‌ നടക്കുവാന്‍ പോകുന്നതായി ഭീഷ്മൻ കേട്ടു. രഥിശ്രേഷ്ഠനായ ഭീഷ്മൻ സത്യവതിയെ വിവരം അറിയിച്ചു. അവളുടെ സമ്മതത്തോടെ ഒറ്റത്തേരില്‍ പുറപ്പെട്ടു. അവിടെ സ്വയംവരത്തിന്‌ എത്തിയ പല രാജാക്കന്മാരേയും കണ്ടു. വരിക്കുവാന്‍ പോകുന്ന മൂന്നു കന്യകമാരേയും കണ്ടു. സ്വയംവരത്തിന്‌ പന്തലില്‍ ധാത്രി കന്യകമാരേയും കൂട്ടി ക്കൊണ്ട്‌ രാജാക്കന്മാരുടെ കുലനാമാദികള്‍ പറഞ്ഞു കൊടുക്കുന്നത്‌ കേട്ടു കൊണ്ട്‌ ആ കന്യകമാര്‍ മാലയും കൈയില്‍വെച്ച്‌ മന്ദം മന്ദം നീങ്ങുന്ന സമയത്ത്‌ അവര്‍ ഒറ്റയ്ക്ക്‌ വേറെ ഇരിക്കുന്ന ഭീഷ്മനെ കണ്ടു. ഇവന്‍ വൃദ്ധനാണെന്ന ഭാവത്തില്‍ വെറുപ്പോടെ സുന്ദരാംഗിമാര്‍ മൂന്നു പേരും പിന്‍വാങ്ങി. രാജാക്കന്മാര്‍ ഇതു കണ്ട്‌ ചിരിച്ചു പറഞ്ഞു.

രാജാക്കന്മാര്‍ പറഞ്ഞു; മൂത്തു നരച്ച ഈ പടുവ്യദ്ധന്‍ പരമധര്‍മ്മാത്മാവാണത്രേ! ഈ ഭരതര്‍ഷഭന്‍ എന്തിനിങ്ങോട്ട്‌ നാണമില്ലാതെ വന്നു കയറി? ഈ മനുഷ്യന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നു കേട്ടു! ഭാരത വംശത്തില്‍ ഒരു രാജാവ്‌ കള്ളസത്യം ചെയ്യുകയോ മിഥ്യാ പ്രതിജ്ഞനായ ഇദ്ദേഹത്തെപ്പറ്റി വെറുതെ ജനങ്ങള്‍ പറയുകയാണ്‌, "ബ്രഹ്മചാരി ഭീഷ്മൻ!" എന്ന്.

വൈശമ്പായനൻ പറഞ്ഞു: ക്ഷത്രിയാധമന്മാര്‍ തന്നെ പരിഹസിച്ചു ചിരിക്കുന്നതു കേട്ട്‌ വീര്യവാനായ ഭീഷ്മൻ കന്യകമാരെ പിടിച്ചു തേരില്‍ക്കയറ്റി ക്രോധത്തോടെ രാജാക്കന്മാരെ നോക്കി മേഘഗര്‍ജ്ജനം പോലെ അവിടെയെങ്ങും മുഴങ്ങുമാറു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: ഹേ, രാജാക്കന്മാരേ! ഗുണവാന്മാര്‍ക്കു കന്യാദാനം ബുധാദൃതമായി പലവിധമുണ്ട്‌. ശക്തിക്കടുത്ത അലങ്കാരത്തോടും, ഒക്കുന്ന ധനത്തോടും, ഗോമിഥുനത്തോടും കൂടി കന്യകമാരെ ചിലര്‍ കൊടുക്കും. വിത്തം കൊടുത്തു വാങ്ങുന്നവരുണ്ട്‌. ബലത്താല്‍ കൊണ്ടു പോകുന്നവരുണ്ട്‌. സമ്മതത്തോടെ കൊണ്ടു പോകുന്നവരുണ്ട്‌. സമ്മതമില്ലെങ്കിലും കന്യകമാരെ കൊണ്ടു പോകുന്നവരുണ്ട്‌. യജ്ഞകര്‍മ്മത്തില്‍ വെച്ചും കന്യകമാരെ വേള്‍ക്കുന്നവരുണ്ട്‌. എട്ടാമത്തെ വിധമാണ്‌ സ്വയംവരം. സജ്ജന സമ്മതമായിട്ടുള്ളതാണ്‌ അത്‌. അതിനെ രാജാക്കന്മാര്‍ പ്രശംസിച്ചു സ്വീകരിക്കുന്നു. ജയിച്ചിട്ടു ഹരിക്കുകയാണെങ്കില്‍ അതു ശ്രേഷ്ഠമാണെന്ന്‌ ധാര്‍മ്മികന്മാര്‍ പറയുന്നു. ഞാന്‍ ഇവരെ അപ്രകാരം കൈയൂക്കു കൊണ്ട്‌ കൊണ്ടുപോകാനാണ്‌ വിചാരിക്കുന്നത്‌. ഭൂഹലന്മാരേ, നിങ്ങള്‍ കഴിവു പോലെ ശ്രമിച്ചു കൊള്ളുക. ഞാന്‍ ഇതാ, യുദ്ധത്തിനു തയ്യാറായി നില്ക്കുന്നു. തോല്ക്കുകയോ, ജയിക്കുകയോ ചെയ്യട്ടെ! ഞാന്‍ ഇതാ, ഒരുങ്ങി നില്‍ക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: എന്ന് കാശി രാജാവിനോടും പറഞ്ഞ്‌ കന്യകമാരെ തേരില്‍ കയറ്റി രാജാക്കന്മാരെ വെല്ലുവിളിച്ചു.

മഹാപരാക്രമിയായ ഭീഷ്മൻ ഇപ്രകാരം പറഞ്ഞ്‌ എല്ലാവരോടും യാത്ര പറഞ്ഞ്‌ കന്യകമാരോടു കൂടി ഇറങ്ങി. ഉടനെ രാജാക്കന്മാരൊക്കെ ചൊടിച്ചു ചീറിപ്പിടഞ്ഞ്‌ എഴുന്നേറ്റു. അവര്‍ കൈതിരുമ്മി, പല്ലു കടിച്ചു; തങ്ങളുടെ ഭൂഷണങ്ങളൊക്കെ അഴിച്ചു മാറ്റി; ചട്ടയിട്ടു, ആയുധങ്ങള്‍ ധരിച്ചു! എല്ലാവരും രോഷാകുലരായി! ആകെ ബഹളമായി! സംഭ്രമം മുഴുത്തു. ആഭരണങ്ങള്‍ ഇട്ട്‌ രാജാക്കന്മാരുടെ ദേഹങ്ങള്‍ ചട്ട കൊണ്ട്‌ പ്രശോഭിച്ചു! ആഭരണങ്ങളെല്ലാം അഴിഞ്ഞു നിലത്തു വീണു. ആകാശത്തു നിന്നു പൊഴിഞ്ഞ നക്ഷത്രങ്ങളാല്‍ എന്ന പോലെ നിലം പ്രശോഭിച്ചു!

നിഷ്ഠുരമായ ക്രോധത്തോടും, വികടമായി നോക്കുന്ന ദൃഷ്ടിയോടും, ചുളിച്ച പുരികങ്ങളോടും, സൂതന്‍ പൂട്ടിയൊരുക്കിയ രഥങ്ങളില്‍ കയറി, പരക്കെ ആയുധവുമേന്തി, വീരന്മാരെല്ലാവരും പുറപ്പെട്ടു. ഭീഷ്മന്റെ തേരിന് ചുറ്റും രാജാക്കന്മാര്‍ കൂടി. ഭയങ്കരമായ പോരാട്ടം ഉത്ഭവിച്ചു. ഭീഷ്മൻ ഒറ്റയ്ക്കു തന്നെ ചുറ്റിവളഞ്ഞ സകല രാജാക്കന്മാരോടും പടവെട്ടി. അവര്‍ തൂകുന്ന പത്തും ആയിരവും ബാണങ്ങളെ എത്തുന്നതിന് മുമ്പായി, ഭീഷ്മൻ രോമങ്ങള്‍ പോലും അറുക്കുന്ന ശരമാരിയാല്‍ അറുത്തു വിട്ടു. ആ രാജാക്കന്മാര്‍ ഭീഷ്മനെ വിട്ടില്ല. അവര്‍ ശരവര്‍ഷം തുടര്‍ന്നു. മേഘങ്ങള്‍ വലിയ മലയില്‍ പെയ്യുന്ന വര്‍ഷം പോലെ, ശരമാരി ഘോരമായി ചൊരിഞ്ഞു. എല്ലാ മന്നവന്മാരുടെ നേര്‍ക്കും. മുമ്മൂന്നു ശരങ്ങള്‍ പ്രയോഗിച്ചു. അവര്‍ ഭിഷ്മന്റെ ദേഹത്തില്‍ അയ്യഞ്ച്‌ ശരങ്ങള്‍ പൊഴിച്ചു. ഉടനെ ഭീഷ്മൻ എല്ലാവരിലും ഈരണ്ടു ശരങ്ങള്‍ പൊഴിച്ചു. ഇങ്ങനെ പോരാട്ടം അത്യുഗ്രമായി നടന്നു. അവിടെ ഒരു ദേവാസുരയുദ്ധം തന്നെ നടന്നു.

വീരന്മാര്‍ കാണ്‍കെ ആ രാജാക്കന്മാരെയെല്ലാം ശരശക്തിയാല്‍ പരാജയപ്പെടുത്തി. അവരുടെ ചട്ടയും കിരീടവും പത്തും നൂറും അറുത്തു വീഴ്ത്തി. മഹാരഥനായ ഭീഷ്മനു മറ്റു രഥികളൊക്കെ നിസ്സാരമായിരുന്നു. ശത്രു രാജാക്കന്മാര്‍ ഭീഷ്മന്റെ യുദ്ധവൈദഗ്ദ്ധ്യം കണ്ടു പ്രശംസിച്ചു. വീരന്മാരില്‍ വീരനായ ഭീഷ്മൻ വൈരിസമൂഹത്തെ ജയിച്ചു സ്വൈരമായി കന്യകമാരോടു കൂടി ഹസ്തിനാപുരിയിലേക്കു തിരിച്ചു.

പെട്ടെന്നു ഭീഷ്മനെ പിന്തുടര്‍ന്നു ദര്‍പ്പോഗ്രനായ ശാല്വരാജാവ്‌ എതിരിട്ടു. പിടിയാനയ്ക്കു വേണ്ടി ഗജേന്ദ്രനോടു പോരാടുന്ന മറ്റൊരു ഗജേന്ദ്രനെ പോലെ അവന്‍ പാഞ്ഞടുത്തു. ഹേ! പെണ്‍കൊതിയാ, നില്‍ക്കൂ! നില്‍ക്കൂ! എന്നു മഹാബാഹുവായ ശാല്വരാജാവ്‌ കോപത്തോടെ അലറി. അവന്റെ വാക്കുകള്‍ കേട്ട ആ നരവ്യാഘ്രന്‍ കത്തുന്ന കോപാഗ്നിയോടെ തേരു പിന്‍തിരിപ്പിച്ചു. ശാല്വന്റെ തേരിന് നേരെ കൂറ്റന്‍ വില്ലെടുത്തു ശരം തൊടുത്തു. നെറ്റി ചുളിച്ചു ക്ഷത്രധര്‍മ്മം പിടിച്ചു നിര്‍ഭയനായി ശാല്വന്റെ നേരെ കുതിച്ചു. ഭീഷ്മൻ തിരിഞ്ഞപ്പോള്‍ മറ്റു രാജാക്കന്മാര്‍ ഭീഷ്മശാല്വ സംഘട്ടനത്തില്‍ കാഴ്ചക്കാരായി നിന്നു. ഒരു പശുവിന് വേണ്ടി രണ്ടു കൂറ്റന്മാര്‍ മുക്രയിട്ട്‌ പോരാടുന്ന വിധം ആ ബലശാലികള്‍ പരസ്പരം എതിരിട്ടു. നുറും ആയിരവും ബാണം ഭീഷ്മനില്‍ ചൊരിഞ്ഞു. ശാല്വന്‍ ഭീഷ്മനെ പീഡിപ്പിക്കുമാറ്‌ യുദ്ധം മുറുകിയപ്പോള്‍ രാജാക്കന്മാര്‍ ഹര്‍ഷാരവം മുഴക്കി. ശാല്വന്റെ അസ്ത്രപ്രയോഗ ലാഘവം കണ്ട്‌ രാജാക്കന്മാര്‍ അഭിനന്ദന വാക്കുകള്‍ മുഴക്കി. ആര്‍പ്പും കൂക്കിവിളിയും അഭിനന്ദനങ്ങളും കരഘോഷങ്ങളും മുഴങ്ങി.

ശത്രുരാജാക്കന്മാരുടെ പ്രശംസ കേട്ട്‌ ഭീഷ്മൻ ശുണ്ഠിയെടുത്തു ശാലന്റെ നേരെ രഥം ഓടിച്ചു. നില്‍ക്കൂ! നില്‍ക്കു! എന്നു പറഞ്ഞ്‌ സാരഥിയെ നോക്കി. ഞാന്‍ ഇപ്പോള്‍ ഗരുഡന്‍ പാമ്പിനെ കൊല്ലുന്ന മട്ടില്‍ നിന്റെ ഈ വീമ്പന്‍ രാജാവിനെ സംഹരിക്കും എന്നു പറഞ്ഞ്‌ ഭീഷ്മൻ വാരുണാസ്ത്രമെടുത്തു ശാല്വന്റെ ശരങ്ങളെ തടുത്തു; ശാല്വന്റെ കുതിരക്കൂട്ടത്തെ കൊന്നു വീഴ്ത്തി. സാരഥിയേയും കൊന്നു. അസ്ത്രം കൊണ്ടു ശാല്വന്‍ എയ്യുന്ന അസ്ത്രത്തെ നശിപ്പിച്ചു. ഐന്ദ്രാസ്ത്രംകൊണ്ട്‌ അവന്റെ മറ്റു കുതിരകളേയും കൊന്നു. കന്യാര്‍ത്ഥമായി ഇങ്ങനെ പോരാടി ശാല്വനെ പരാജിതനാക്കി, കൊല്ലാതെ വിട്ടു. ശാല്വന്‍ ലജ്ജിച്ചു സ്വന്തം നഗരിയിലേക്കു തിരിച്ചു. നാട്ടില്‍ച്ചെന്നു ശാല്വന്‍ ധര്‍മ്മപ്രകാരം തന്റെ നാടു സംരക്ഷിക്കുന്നതില്‍ ജാഗരൂകനായി.

സ്വയംവരം കാണുവാന്‍ വന്ന യോഗ്യരായ രാജാക്കന്മാരും താന്താങ്ങളുടെ കൊട്ടാരത്തിലേക്കു മടങ്ങി. ഇങ്ങനെ മുന്നു കന്യകമാരേയും കൊണ്ടു ഭീഷ്മൻ ഹസ്തിനാപുരത്തേക്ക്‌, വിചിത്രവീര്യൻ ഭരിക്കുന്ന സ്വനഗരിയിലേക്ക്‌, രഥമോടിച്ചു.

അച്ഛനായ ശാന്തനുവിനെ പോലെ വിചിത്രവീര്യൻ രാജ്യം ഭരിക്കുകയായിരുന്നു. കാടും, പുഴകളും കടന്നു പരന്നു കിടക്കുന്ന പാടങ്ങളും, വൃക്ഷം നിറഞ്ഞ മേടുകളും കടന്ന്‌, വൈരികളെ കൊന്ന്‌, കേടു കൂടാതെ ഭീഷ്മൻ രഥം ഓടിച്ചു. ദീഷ്മന്റെ രഥം കന്യകമാരേയും കൊണ്ട്‌ ഹസ്തിനാപുരിയിലെത്തി.

ധര്‍മ്മജ്ഞനായ ഭീഷ്മൻ സ്വന്തം സ്നുഷമാരെ പോലെയോ, അനുജത്തിമാരെ പോലെയോ, പുത്രിമാരെ പോലെയോ കന്യകമാരെ കൊണ്ടു വന്ന്‌ എത്തിച്ചു. സര്‍വ്വസത്ഗുണ സമ്പൂര്‍ണ്ണകളായ അവരെ സ്വവിക്രമം കൊണ്ട്‌ ആനയിച്ച്‌ ഭീഷ്മൻ അനുജന് ദാനം ചെയ്തു. അങ്ങനെ വിചിത്രവീര്യന്റെ വിവാഹത്തിന് സത്യവതിയുമായി ആലോചിച്ച്‌ ഒരുക്കം കൂട്ടി.

ഇപ്രകാരം ഭീഷ്മൻ അവരെ മൂന്നു പേരെയും അനുജനെ കൊണ്ടു വിവാഹം ചെയ്യിക്കുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍, കാശി രാജപുത്രിമാരില്‍ മൂത്തവളായ അംബ പറഞ്ഞു.

അംബ പറഞ്ഞു; ഹേ, രാജാവേ!, ഞാന്‍ സൗഭപതിയായ ശാല്വനെ മുമ്പ തന്നെ വരിച്ചു കഴിഞ്ഞു അവന്‍ എന്നെയും വരിച്ചു കഴിഞ്ഞിരിക്കുന്നു. അച്ഛന് അത്‌ ഇഷ്ടവുമായി. ഭവാന്‍ ഞങ്ങളെ ബലാല്‍ കൊണ്ടു പോന്നില്ലെങ്കില്‍ സ്വയംവരത്തില്‍ വെച്ചു ഞാന്‍ ശാല്വനെ വരിച്ചേനേ! ഹേ, ധര്‍മ്മജ്ഞാ! ഭവാന്‍ ഇക്കാര്യം ചിന്തിച്ച്‌ ധര്‍മ്മതത്വം നടത്തിയാലും.

വൈശമ്പായനൻ പറഞ്ഞു; എന്നു വിപ്രസദസ്സില്‍ വെച്ച്‌ ആ കന്യക പറഞ്ഞപ്പോള്‍ ഭീഷ്മൻ ഇനി എന്തു ചെയ്യണം എന്നു ചിന്തിച്ചു. എന്താണ്‌ ഇനി ഉചിതമായിട്ടുള്ളത്‌? ബ്രഹ്മജ്ഞന്മാരായ വിപ്രന്മാരെ വിളിച്ചു വരുത്തി. ധര്‍മ്മശാസ്ത്രങ്ങളെല്ലാം അറിയുന്ന ഭീഷ്മൻ വേദജ്ഞാനികളുമായി കൂടിയാലോചന നടത്തി. കാശി രാജാവിന്റെ മൂത്ത മകളായ അംബയെ അവളുടെ ഇഷ്ടത്തിന് സമ്മതിച്ചു പോകുവാന്‍ സമ്മതം കൊടുത്തു. അംബികയേയും, അംബാലികയേയും വിധിപ്രകാരം വിചിത്രവീര്യനെക്കൊണ്ടു വിവാഹം ചെയ്യിച്ചു.

കാമദേവനെപ്പോലെ തികഞ്ഞ സൗന്ദര്യവും, പൂര്‍ണ്ണമായ യൗവനവും കൊണ്ടു ശോഭിക്കുന്ന ധര്‍മ്മാത്മാവായ വിചിത്രവീര്യന്‍ കാമാത്മാവായി തീര്‍ന്നു. ചോരത്തിളപ്പുള്ള ആ രണ്ടു കാര്‍കുഴലിമാര്‍, തുടുത്ത നഖവും, ഉയര്‍ന്നു തടിച്ച. കൊങ്കകളും, കനത്ത നിതംബവും ചേര്‍ന്ന ആ നവോഢമാര്‍ ഇഷ്ട കാന്തനുമൊത്ത്‌ ഇണങ്ങി. ദേവവിക്രമനും, വീരനും, അശ്വിനീ ദേവന്മാരെപ്പോലെ സുന്ദരനുമായ അവന്‍ ആ യൗവനയുക്തകളായ ഉത്തമപീനസ്തനികളോടു കൂടി ക്രീഡിച്ചു. അവന്‍ ആ സുന്ദരിമാരുടെ ചിത്തമോഹനമായി ഭവിച്ചു. ഏഴു വര്‍ഷം ആ കേഴമാന്‍ മിഴിമാരുമായി കൂത്താടി രാജാവ്‌ രാജയക്ഷ്മാവിനാല്‍, ക്ഷയരോഗത്താല്‍, പീഡിതനായി. ഈ രോഗാവസ്ഥയില്‍ വിചിത്രവീര്യൻ പെട്ടതറിഞ്ഞ്‌ ബന്ധുജനങ്ങള്‍ വൈദ്യന്മാരെ വരുത്തി ചികിത്സിപ്പിച്ചു. ഫലമുണ്ടായില്ല. അവര്‍ നോക്കി നില്ക്കെ, അര്‍ക്കന്‍ അസ്തമിക്കുന്നതു പോലെ, അവന്‍ അര്‍ക്കപുത്രന്റെ ( യമന്റെ ) പുരിയിലേക്കു പോവുകയും ചെയ്തു.

ധര്‍മ്മിഷ്ഠനായ ഭീഷ്മൻ ചിന്താശോകത്തില്‍ പെട്ടു. തന്റെ വംശം അനാഥമായിരിക്കുന്നു. വിചിത്രവീര്യന്റെ മരണത്തോടെ കുറ്റിയറ്റിരിക്കുന്നു. ഇനി എന്തു ചെയ്യണമെന്നറിയാത്ത മട്ടിലായി! അവന്റെ മരണാനന്തര കര്‍മ്മങ്ങളൊക്കെ ചെയ്യിച്ചു. സത്യവതിയുടെ ആശയം അനുസരിച്ച്‌ ബ്രഹ്മര്‍ഷിമാരോടു കൂടി ഭീഷ്മൻ കുരുജനങ്ങളുമായി ആലോചനാമഗ്നനായി ഇരുന്നു.

103. ഭീഷ്മസതൃവതീസംവാദം - വൈശമ്പായനൻ പറഞ്ഞു: വിചിത്രവീര്യൻ മരിച്ചതില്‍ സത്യവതിയുടെ ദുഃഖം സീമാതീതമായിരുന്നു. പുത്രാര്‍ത്ഥലോലുവായ അവള്‍ ദുഃഖത്തോടെ സ്നുഷമാരോടു കൂടി പുത്രന്റെ ശേഷക്രിയ കഴിച്ചു. സ്നുഷമാരെ ആശ്വസിപ്പിച്ചു. പിതൃവംശത്തേയും മാതൃവംശത്തേയും ചിന്തിച്ച്‌ ദുഃഖപരവശയായി, ധര്‍മ്മം ചിന്തിച്ച്‌ ഭീഷ്മനോടു പറഞ്ഞു:

സത്യവതി പറഞ്ഞു: ധര്‍മ്മനിഷ്ഠനും, കീര്‍ത്തിമാനും, കൗരവ്വേന്ദ്രനുമായ ശാന്തനുവിന്റെ പിണ്ഡവും കീര്‍ത്തിയും സന്താനവും നിന്നിലാണു സ്ഥിതി ചെയ്യുന്നത്‌. സല്ക്കര്‍മ്മം ചെയ്താല്‍ സത്യനിഷ്ഠ കൊണ്ട്‌ ആയുസ്സ്‌ എങ്ങനെയോ, അങ്ങനെ നിന്നില്‍ ധര്‍മ്മവും നിശ്ചയമായും പ്രതിഷ്ഠിതമായിരിക്കുന്നു. ധര്‍മ്മം പൊതുവേയും പ്രത്യേകമായും നില്‍ക്കുന്ന മട്ടെല്ലാം ഭവാനറിയാമല്ലോ. വേദങ്ങളും, വേദാംഗങ്ങളും, ശാസ്ത്രങ്ങളും എല്ലാം നിനക്കറിയാമല്ലോ. ഹേ, ഭീഷ്മാ! ധര്‍മ്മനിഷ്ഠയും കുലാചാരകര്‍മ്മവും നിന്നില്‍ ഞാന്‍ കാണുന്നു. ശുക്രനോടും, അംഗിരസ്സിനോടും ഒപ്പം, കുഴഞ്ഞ പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നതിലുള്ള കഴിവും ഞാന്‍ നിന്നില്‍ കാണുന്നു. അതു കൊണ്ട്‌ ധര്‍മ്മിഷ്ഠനായ നിന്റെ സ്ഥിതി കണ്ട്‌ ഞാന്‍ ആശ്വസിക്കുകയാണ്‌. ഞാന്‍ നിന്നോട്‌ ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. അതുകേട്ട്‌ നീ അതു പോലെ ചെയ്യുണം. എന്റെ പുത്രന്‍ നിനക്ക്‌ അനുജനാണ്‌. ആ ധീരന്‍ നിനക്കു പ്രിയപ്പെട്ടവനുമാണ്‌. അവന്‍ ചെറുപ്പത്തില്‍ പുത്രനെ നേടാതെ മരിച്ചു പോയി. ഈ സ്ത്രീകള്‍ നിന്റെ ഭ്രാതൃദാരങ്ങളാണ്‌. കാശി രാജാവിന്റെ പുത്രിമാരുമാണല്ലേോ. രൂപ യൗവനമാര്‍ന്ന ഇവര്‍ പുത്രന്മാരുണ്ടാകുവാന്‍ കാംക്ഷിക്കുന്നവരാണ്‌. ഇവരില്‍ നീ സന്താനങ്ങളെ ജനിപ്പിക്കണം. കുലത്തിന്റെ നിലനില്പിന് ഇത്‌ ആവശ്യമാണ്‌. എന്റെ നിയോഗത്താല്‍ നീ ഒരു കാര്യം ചെയ്യണം. രാജ്യാഭിഷേകം കൈയേറ്റ്‌ ഭാരതരെ സംരക്ഷിക്കുക! ധര്‍മ്മാനുസരണം സന്താനലബ്ധിക്കു വേണ്ടി ദാരങ്ങളെ ഗ്രഹിക്കുക! പിതൃക്കളെ നരകത്തില്‍ മുക്കരുത്‌!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അമ്മയും, സുഹൃത്തുക്കളും, ബന്ധുജനങ്ങളും പറഞ്ഞപ്പോള്‍ ആ ധര്‍മ്മജ്ഞനായ ധീരന്‍ ധര്‍മ്മാനുസരണമായി മറുപടി പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: എന്റെ അമ്മേ, ഭവതി പറഞ്ഞതു ശരിയാണ്‌; ധര്‍മ്മമാണ്‌. സന്താനോല്‍പാദനത്തെപ്പറ്റി എന്റെ സത്യം അമ്മയ്ക്ക്‌ അറിവുള്ളതാണല്ലോ. ഭവതിയുടെ വിവാഹ കാലത്തു ചെയ്ത സ്ത്രീധനക്കരാറില്‍ അതു നിശ്ചയിച്ചിട്ടുള്ളതാണല്ലോ. ആ സത്യം ഹേ, സത്യവതീ, അമ്മേ, ഞാന്‍ നല്ലവണ്ണം മനസ്സില്‍ വെച്ചിട്ടുണ്ട്‌. അത്‌ ഞാന്‍ വീണ്ടും പറയാം: ഞാന്‍ മൂന്നു ലോകവും ഉപേക്ഷിക്കാം. മഹത്തായ ദേവലോകവും ഉപേക്ഷിക്കാം. അതിലും വലുതായി വല്ലതുമുണ്ടെങ്കില്‍ അതും ഞാന്‍ കൈവിടാം. എന്നാലും ഞാന്‍ സത്യം കൈവിടുന്നതല്ല. ഭൂമി അതിന്റെ ഗന്ധം വെടിഞ്ഞാലും, വെള്ളം അതിന്റെ രസം ഉപേക്ഷിച്ചാലും, രൂപം തേജസ്സിനെ വിട്ടാലും, വായു സ്പര്‍ശം ഉപേക്ഷിച്ചാലും സൂര്യന്‍ തന്റെ പ്രഭ കളഞ്ഞാലും, അഗ്നി ചൂടിനെ ഉപേക്ഷിച്ചാലും, ശബ്ദം ആകാശത്തെ ഉപേക്ഷിച്ചാലും, ചന്ദ്രന്‍ ശീതം വിട്ടാലും, ഇന്ദ്രന്‍ വീര്യം കൈവിട്ടാലും; യമന്‍ ധര്‍മ്മം ഉപേക്ഷിച്ചാലും ഞാന്‍ സത്യം വിടുകയെന്നുള്ളത്‌ ഒരിക്കലും ഉണ്ടാവില്ല. അതു തീര്‍ച്ചയാണ്‌!.

വൈശമ്പായനൻ പറഞ്ഞു: അതിതേജസ്വിയായ ആ പുത്രന്‍ ഇപ്രകാരം പറഞ്ഞപ്പോൾ സത്യവതി ഭീഷ്മനോടു പിന്നെയും പറഞ്ഞു.

സത്യവതി പറഞ്ഞു: ഹേ. സത്യവിക്രമ! ഞാന്‍ നിന്റെ സത്യനിഷ്ഠ അറിഞ്ഞവളാണ്‌. നീ വിചാരിച്ചാല്‍ മൂന്നു ലോകവും വേറെ സൃഷ്ടിക്കുവാന്‍ കെല്‍പുള്ളവനാണ്‌. അന്നത്തെ ആ സന്ദര്‍ഭത്തില്‍ നീ എനിക്കു വേണ്ടി ചെയ്ത സത്യം ഞാന്‍ ഓര്‍ക്കുന്നുണ്ട്‌. അന്നത്തെ കാര്യവും അന്നത്തെ കാലവും ഒക്കെ കഴിഞ്ഞില്ലേ? ഇപ്പോള്‍ ആപത്തില്‍ ധര്‍മ്മമെന്തെന്നു ചിന്തിച്ച്‌ പിതാമഹന്മാരുടെ പദവി നീ സ്വീകരിക്കുക. നിന്റെ കുലത്തില്‍ സന്തതിയും ധര്‍മ്മവും മുടിയാതിരിക്കത്തക്ക വിധം നീ പ്രവര്‍ത്തിക്കുക. സുഹൃത്തുക്കള്‍ക്കും സന്തോഷം നല്‍കുമാറ്‌ നീ പ്രവര്‍ത്തിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ പുത്രലബ്ധിക്കു വേണ്ടി ആര്‍ത്തി മൂത്തു കേഴുന്ന അമ്മയെ കണ്ട്‌ ധര്‍മ്മം തെറ്റാത്ത വിധം വീണ്ടും ഭീഷ്മൻ പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: രാജ്ഞി, ഭവതി ധര്‍മ്മത്തെ സംരക്ഷിച്ചാലും! ഹേ, പ്രാജേഞ., സര്‍വ്വം മുടിക്കരുതേ! സതൃഭംഗം ഒരിക്കലും ക്ഷത്രിയന് പ്രശസ്തമായ ധര്‍മ്മമാവുകയില്ല. ശാന്തനുവിന്റെ പാരമ്പര്യം ക്ഷയം കൂടാതെ ഉയരുന്ന വിധം സനാതനമായ ക്ഷാത്രധര്‍മ്മം എന്തെന്ന്‌ ഞാന്‍ ഉടനെ അറിയിക്കാം. അതു കേട്ട്‌ അപ്രകാരം ചെയ്താലും. ആപത്തില്‍ ധര്‍മ്മം എന്താണെന്നു ചിന്തിച്ച്‌ ശിഷ്ടാചാര്യന്മാരുമായി ചേര്‍ന്ന്‌ നല്ലപോലെ ആലോചിച്ച്‌ ലോകതന്ത്രത്തേയും ചിന്തിച്ചറിഞ്ഞ്‌, വേണ്ടതു ചെയ്യുക!

104. ദീര്‍ഘതമോപാഖ്യാനം - ഭീഷ്മൻ തുടര്‍ന്നു; പണ്ട്‌ പിതൃവധം മൂലം പരശുരാമന്‍ കോപിച്ച്‌ ഹേഹയ രാജാവായ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ആയിരം കരങ്ങള്‍ അറുത്ത്‌ അവനെ സംഹരിച്ചു. ലോകത്തില്‍ ആരും ചെയ്യാത്ത മഹാകര്‍മ്മം അവന്‍ ഒറ്റയ്ക്കു ചെയ്തു. എന്നിട്ടും അരിശം തീരാതെ വില്ലെടുത്ത്‌ ഭൂമണ്ഡലം ചുറ്റി ആ മഹാരഥന്‍ മഹാസ്ത്രങ്ങള്‍ ചൊരിഞ്ഞു ക്ഷത്രിയന്മാരെ നശിപ്പിച്ചു. പലതരം അസ്ത്രങ്ങള്‍ നേടി ഭാര്‍ഗ്ഗവന്‍ ഇങ്ങനെ ഇരുപത്തൊന്നു വട്ടം ക്ഷത്രിയവംശത്തെ മുടിച്ചു. ലോകം നിക്ഷത്രമാക്കി ആ മുനി വിട്ടപ്പോള്‍ ക്ഷത്രിയ സ്ത്രീകള്‍ ഒക്കെ യോജിച്ച്‌ വിപ്രന്മാരെ വരുത്തി കുമാരന്മാരെ ഉല്‍പാദിപ്പിച്ചു. ആരു ജനിപ്പിച്ചതായാലും ആ പുത്രന്‍ വേളികഴിച്ചവന് ഉള്ളതാണ് എന്നാണ്‌ വേദത്തിലെ നിശ്ചയം. വേദത്തിലെ ആ നിശ്ചയം അനുസരിച്ചാണ്‌ ആ ക്ഷത്രിയ സ്ത്രീകള്‍ അപ്രകാരം ബ്രാഹ്മണരെ സ്വീകരിച്ചത്‌. അത്‌ ക്ഷത്രിയരില്‍ നടപ്പായി.

പിന്നെയും ഇപ്രകാരം ഭൂമിയില്‍ രാജാക്കന്മാര്‍ ഉണ്ടായി വന്നു. ഞാന്‍ പറയാം, എങ്ങനെയാണു സംഭവിച്ചതെന്നതും. പുരാതനമായ ഇതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്‌ ഈ കഥ.

പണ്ട്‌ തപോധനനായി ഉതത്ഥ്യന്‍ എന്ന ഒരു മഹര്‍ഷിയുണ്ടായിരുന്നു. ആ മഹര്‍ഷിയുടെ ഭാര്യയുടെ പേര്‌ മമത എന്നായിരുന്നു. ഉതത്ഥ്യന് ഒരു അനുജന്‍ ഉണ്ടായിരുന്നു. ബൃഹസ്പതി എന്നാണ്‌ അദ്ദേഹത്തിന്റെ പേര്. അവന്‍ അമൃതു പാനം ചെയ്യുന്നവനും, ദേവഗുരുവുമാണ്‌. ഒരു ദിവസം ബൃഹസ്പതി, ജ്യേഷ്ഠനായ ഉതത്ഥൃന്‍ സ്ഥലത്തില്ലാത്ത സന്ദര്‍ഭത്തില്‍, ജ്യേഷ്ഠത്തിയായ മമതയുടെ അരികിലേക്കു ചെന്ന്‌  സംഭോഗത്തിന് അര്‍ത്ഥിച്ചു. ബൃഹസ്പതിയുടെ ദുരാഗ്രഹം കണ്ട്‌ അവള്‍ ഭര്‍ത്തൃസഹോദരനോടു പറഞ്ഞു.

മമത പറഞ്ഞു; ഞാന്‍ നിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ്‌. എന്നോടു കൂടി രമിക്കുവാന്‍ പാടുള്ളതല്ല. പിന്നെ ഒരു കാര്യം:എന്റെ ജഠരത്തില്‍ ഒരു കുട്ടിയുണ്ട്‌. ഉതത്ഥൃ പുത്രനായി എന്റെ ഗര്‍ഭത്തിലുള്ളവന്‍ അംഗങ്ങള്‍ ആറുമുള്ള വേദം വയറ്റില്‍ക്കിടന്നു ചൊല്ലുന്നു. നീയാണെങ്കില്‍ അമോഘ രേതസ്സാണ്‌. നിന്റെ ശുക്ലം എന്റെ ഗര്‍ഭത്തിലായാല്‍ അതില്‍ നിന്നു ജനിക്കുന്ന സന്താനത്തേയും ഞാന്‍ ധരിക്കേണ്ടി വരും. എന്റെ ജഠരത്തില്‍ രണ്ടുപേര്‍ ഒതുങ്ങുകയില്ല. അതു കൊണ്ട്‌ ഭവാന്‍ അന്യായമായ കര്‍മ്മങ്ങള്‍ക്കു പുറപ്പെടാതെ കാമവികാരം അടക്കി ജീവിക്കുന്നതാണു നല്ലത്.

ഭീഷ്മൻ പറഞ്ഞു: മമത ഇപ്രകാരം പറഞ്ഞപ്പോള്‍ ബൃഹസ്പതിക്കു സമ്മതമായില്ല. അയാള്‍ക്കു വികാരം അടക്കാന്‍ കഴിഞ്ഞില്ല. എന്നാലും എനിക്കു നിന്നെ ഒന്നു പുണരണം, എന്നു പറഞ്ഞു ബലമായി അവളെ കടന്നു പിടിച്ചു. ആ ബലാല്‍സംഗത്തില്‍ ബൃഹസ്പതിയുടെ രേതസ്സു സ്ഥാനത്തു വിടുമെന്നു കണ്ടപ്പോള്‍ ഗര്‍ഭസ്ഥനായ ശിശു വിളിച്ചുപറഞ്ഞു.

ഗര്‍ഭസ്ഥശിശു പറഞ്ഞു: ഹേ, താതാ! കാമം അടക്കുക. രണ്ടു പേര്‍ ഗര്‍ഭത്തില്‍ ഒതുങ്ങുകയില്ല. ഇവിടെ അല്പമായ സ്ഥലമേയുള്ളു. ആദ്യം പ്രവേശിച്ചവന്‍ ഞാനാണ്‌. ഈ ജഠരത്തിലെ കൈവശാവകാശം ഇപ്പോള്‍ എനിക്കാണ്‌. ഭവാന്‍ കര്‍മ്മം പിഴയ്ക്കുകയില്ല. ഭവാന്‍ അമോഘരേതസ്സാണ്‌. അതു കൊണ്ട്‌ എന്നെ പിഡിപ്പിക്കരുത്‌.

ഭീഷ്മൻ പറഞ്ഞു: ഗര്‍ഭസ്ഥന്‍ പറഞ്ഞ വാക്കിനെ ബൃഹസ്പതി മാനിച്ചില്ല. അവന്‍ മദിരാക്ഷിയായ മമതയെ ബലമായി പിടിച്ച്‌ രേതസ്സു ഗര്‍ഭത്തിലേക്കു വിട്ടു. ശുക്ലം വരുന്ന സമയത്ത്‌ ഗര്‍ഭസ്ഥനായ ബാലമുനി കാല്‍ കൊണ്ട്‌ അതു പുറത്തേക്കു തള്ളി. സ്ഥാനത്തെത്താതെ വഴിക്കു തടഞ്ഞതു മൂലം ശുക്ടം പുറത്തേക്കു വന്നു നിലത്തു വീണു. അതു കൊണ്ട്‌ ബൃഹസ്പതി ഗര്‍ഭത്തില്‍ ഇരിക്കുന്ന ഉതത്ഥൃ പുത്രനെ ശപിച്ചു..

ബൃഹസ്പതി പറഞ്ഞു. എല്ലാ ജീവജാലങ്ങള്‍ക്കും ഇഷ്ടമായ ശുക്ല സ്ഖലന സന്ദര്‍ഭത്തില്‍ നീ ഇപ്രകാരം അപ്രിയം ചെയ്തതു കൊണ്ട്‌ നീ ദീര്‍ഘതമസ്സായിത്തീരട്ടെ ( അന്ധനായി ഭവിക്കട്ടെ ). അങ്ങനെ അവന്‍ ദീര്‍ഘതമസ്സായി ജനിച്ചു. ബൃഹസ്പതിയുടെ ശാപം മൂലം ബൃഹസ്പതി സമനായ ആ അതിബുദ്ധിമാന്‍ ജന്മാനാ അന്ധനായി പിറന്ന്‌, ദീര്‍ഘതമസ്സ്‌ എന്ന പേരിലറിയപ്പെട്ടു.

ജന്മനാ അന്ധനായ അവന്‍ ബുദ്ധി കൊണ്ടു സകല വിദ്യയും പഠിച്ചു. അവന്‍ പ്രദ്വേഷി എന്നു പേരുകേട്ട സുന്ദരിയായ ഒരു സ്ത്രീയെ ഭാര്യയായി നേടി. ഉതത്ഥ്യാത്മജനായ ദീര്‍ഘതമസ്സ്‌ അവളില്‍ ഗൗതമാദികളായ സന്താനങ്ങളെ ജനിപ്പിച്ചു. ഉതത്ഥ്യന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സന്തതികളായി അവര്‍ വളര്‍ന്നു. ധര്‍മ്മാത്മാവും മഹാത്മാവുമായ ദീര്‍ഘതമന്‍ സുരഭിയുടെ പുത്രനില്‍ നിന്നു ഗോധര്‍മ്മം ( കാളക്കൂറ്റനെപ്പോലെ പരസ്യമായ മൈഥുനം ) കേട്ടറിഞ്ഞ്‌ ശ്രദ്ധയോടെ അതു ചെയ്യുവാന്‍ ഒരുങ്ങി. ഇങ്ങനെ ആ കുരുടനായ മുനി മര്യാദ വിട്ടു പെരുമാറുന്നതു കണ്ട്‌ മറ്റുള്ള മുനിമാര്‍ വല്ലാതെ ചൊടിച്ചു. അവനോടു സ്ഥലം വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടു.

മുനിമാര്‍ പറഞ്ഞു; ആശ്രമധര്‍മ്മം പാലിക്കാത്ത ഈ പാപി ആശ്രമത്തില്‍ വസിക്കാന്‍ പാടില്ല. അതു കൊണ്ട്‌ ഈ ചപലനെ നാം ഉപേക്ഷിക്കണം.

ഭീഷ്മൻ പറഞ്ഞു: അങ്ങനെ അവര്‍ അവനെ ആശ്രമത്തില്‍ നിന്നു പറഞ്ഞയച്ചു. മക്കളുള്ള ഭാരൃയായ പ്രദ്വേഷിയും അവനെ വെറുപ്പോടെ ഉപേക്ഷിച്ചു. അവന്‍ അതിന്റെ കാരണം അവളോട്‌ ചോദിച്ചു.

പ്രദ്വേഷി പറഞ്ഞു : ഭാര്യ എന്നും ഭര്‍ത്താവ്‌ എന്നുമുള്ള വാക്കുകള്‍ക്ക്‌ അര്‍ത്ഥമുണ്ട്‌. ഭരിക്കപ്പെടുന്നവളും ഭരിക്കുന്നവനും എന്നാണ്‌ അര്‍ത്ഥം. ഞാന്‍ ജാത്യന്ധനായ നിന്നെ മകനെപ്പോലെ സംരക്ഷിക്കുവാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളേറെയായി. ഇനി എനിക്ക്‌ അതിനു കെല്പില്ല. ക്ഷീണമായി.

ഭീഷ്മൻ പറഞ്ഞു: ഇപ്രകാരം അവള്‍ പറഞ്ഞപ്പോള്‍ മുനിക്കു കോപമായി. അവന്‍ മക്കളോടു കൂടി പ്രദ്വേഷിയോടു പറഞ്ഞു

ദീര്‍ഘതമസ്സു പറഞ്ഞു: എന്നെക്കൊണ്ടു നിന്നെ പുലര്‍ത്തുവാന്‍ കഴിയുകയില്ല. നീ വല്ല ക്ഷത്രിയന്മാരേയും പിടിച്ച്‌ ആത്മരക്ഷ ചെയ്തു കൊള്ളുക.

പ്രദ്വേഷി പറഞ്ഞു: നീ തരുന്ന ധനമെന്നും എനിക്കു വേണ്ട. അത്‌ എനിക്കു ദുഃഖത്തിനല്ലാതെ മറ്റൊന്നിനും ഉപകരിക്കയില്ല. നീ എവിടെപ്പോയാലും വിരോധമില്ല. കുരുടനായ നിന്നെ നോക്കാന്‍ ഇനി എനിക്ക് കഴിയുകയില്ല.

ദീര്‍ഘതമസ്സു പറഞ്ഞു: ഇന്നുതൊട്ടു ഞാന്‍ ഒരു മര്യാദ നാട്ടില്‍ വിധിക്കുകയാണ്‌. മരണം വരെ ഒരുത്തിക്ക്‌ ഒരു ഭര്‍ത്താവും മാത്രം! ഇരുന്നാലും ശരി മരിച്ചാലും ശരി, ഒരു സ്ത്രീക്ക്‌ ഒരു ഭര്‍ത്താവു മാത്രം! അന്യനെ പ്രാപിക്കാന്‍ പാടില്ല. അതു നിയമവിരുദ്ധമാണ്‌. ലോകസമ്മതവും ആവുകയില്ല. പതിയെ വിട്ട്‌ അന്യനെ തൊട്ടാല്‍ സ്ത്രീകള്‍ പതിതകളാകും. നിശ്ചയമാണ്‌. ഇന്നുതൊട്ടു പതിയല്ലാത്തവരുമായുള്ള സംയോഗം സ്ത്രീകള്‍ക്കു പാതകമാണ്‌. ധനമുണ്ടെങ്കിലും അന്യനെ പ്രാപിക്കുന്നത്‌ അനര്‍ത്ഥമാകും. അവര്‍ക്കു തന്മൂലം അകീര്‍ത്തിയും സംഭവിക്കും; ദുഷ്പേരുണ്ടാകും.

ഭീഷ്മൻ പറഞ്ഞു: മഹര്‍ഷിയുടെ ഈ വരമോ ശാപമോ കേട്ടപ്പോള്‍ പ്രദ്വേഷിക്കു വിദ്വേഷം വര്‍ദ്ധിച്ചു. അവള്‍ മക്കളെ വിളിച്ചു പറഞ്ഞു: മക്കളെ, ഈ കുരുടനെ ഗംഗയില്‍ കൊണ്ടു പോയി ഒഴുക്കുവിന്‍! അമ്മയുടെ വാക്കു കേട്ടേ ലോഭമോഹാഭിഭൂതന്മാരായ ഗൗതമാദികള്‍ ഒരു പൊങ്ങുതടിയിന്മേല്‍ അച്ഛനെ പിടിച്ചു വെച്ച്‌ വെള്ളത്തിലൊഴുക്കി. ഈ വൃദ്ധന്റെ സൊല്ലതീര്‍ന്നു. എന്തിനീ വൃദ്ധനെ നാം പോറ്റുന്നു? എന്നു പറഞ്ഞ്‌ അവര്‍ മടങ്ങി സ്വഗൃഹത്തിലെത്തി.

ഒഴുക്കില്‍ ഉഡുപത്തോടു കൂടി അലഞ്ഞൊഴുകി അവന്‍വളരെ ദൂരത്തെത്തി. ആ അന്ധന്‍ വളരെ നാടുകളില്‍ കൂടെയൊക്കെ ആ ഉഡുപത്തോടു കൂടി ഒഴുകി. യദൃച്ഛയാ ദീര്‍ഘതമനെ ബലിയെന്ന പേരായ ഒരു രാജാവു കണ്ടെത്തി. ആ ധാര്‍മ്മികന്‍ കുളിക്കുന്ന സമയത്ത്‌ ഒഴുകിപ്പോകുന്ന മുനിയെ കണ്ടു. അദ്ദേഹം ആ മുനിയെപ്പിടിച്ചു കയറ്റി വൃത്താന്തം ചോദിച്ചറിഞ്ഞു. ദീര്‍ഘതമനെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി. രാജധാനിയില്‍ സല്‍ക്കരിച്ചിരുത്തി അദ്ദേഹം മഹര്‍ഷിയോടു പറഞ്ഞു.

ബലി പറഞ്ഞു: ഹേ, മഹര്‍ഷേ! എനിക്കു സന്താനമൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. അതു കൊണ്ട്‌ ഭവാന്‍ എന്റെ ഭാര്യയില്‍ സന്താനോല്പാദനം ചെയ്താലും. ധര്‍മ്മാര്‍ത്ഥവ്യുത്പന്നന്മാരായ സന്താനങ്ങളെ ജനിപ്പിക്കുക!

ഭീഷ്മൻ പറഞ്ഞു; രാജാവിന്റെ അപേക്ഷ മുനി സ്വീകരിച്ചു. രാജാവ്‌ തന്റെ ഭാര്യയായ സുദേഷ്ണ്‌യെ മുനിയുടെ അരികിലേക്കു വിട്ടു. സുദേഷ്ണ കിഴവനായ ആ അന്ധന്റെ അരികിലേക്കു ചെല്ലാതെ സ്വന്തം വളര്‍ത്തമ്മയുടെ പുത്രിയെ വിട്ടു. മുനിവരന്‍ അവളില്‍, ആ ശൂദ്രയോനിയില്‍ കാക്ഷീവാന്‍ തുടങ്ങി പതിനൊന്നു പേരെ ജനിപ്പിച്ചു. മക്കളെ കണ്ട്‌ രാജാവ്‌ ഇവര്‍ എന്റെ മക്കളല്ലേ? എന്ന് ചോദിച്ചു. അല്ല, ഇവര്‍ എന്റെ മക്കളാണ്‌ എന്നു മുനി മറുപടി പറഞ്ഞു.

ദീര്‍ഘതമസ്സു പറഞ്ഞു; അന്ധനും വൃദ്ധനുമായ എന്നെ കണ്ടു പുച്ഛിച്ച്‌ ഭവാന്റെ ഭാര്യയായ സുദേഷ്ണ എന്ന വിഡ്ഡി അവളുടെ ധാത്രേയിയെ എന്റെ അരികിലേക്കു വിട്ടു.

ഭീഷ്മൻ പറഞ്ഞു: ബലിരാജാവ്‌ ഇതു കേട്ടു വീണ്ടും മുനിമുഖ്യനെ പ്രസാദിപ്പിച്ച്‌ തന്റെ ഭാര്യയായ സുദേഷ്ണയെ മുനിയുടെ അരികിലേക്കു വിട്ടു. മുനി അവളെ സസ്നേഹം തഴുകി പുണര്‍ന്നു പറഞ്ഞു.

ദീര്‍ഘതമസ്സു പറഞ്ഞു; ഹേ സുന്ദരീ, നിനക്കു സൂര്യാഭന്മാരായ പുത്രന്മാര്‍ ഉണ്ടാകും. അംഗന്‍, വംഗന്‍, കലിംഗന്‍, പുന്ധ്രന്‍, സുഹ്മന്‍ എന്നിവര്‍ നിനക്കു ജനിക്കും. അവര്‍ വാഴുന്ന രാജ്യങ്ങള്‍ അവരുടെ പേരു കൊണ്ടു പ്രസിദ്ധി പ്രാപിക്കുകയും ചെയ്യും. അംഗന് അംഗരാജ്യം, വംഗനു വംഗരാജ്യം, കലിംഗനു കലിംഗരാജ്യം, പുന്ധ്രനു പുന്ധ്രരാജ്യം, സുഹ്മരാജും സുഹ്മന്‌ ഇങ്ങനെ രാജ്യങ്ങള്‍ പ്രസിദ്ധിയെ പ്രാപിക്കും.

ഭീഷ്മന്‍ പറഞ്ഞു: ഇപ്രകാരം ബലിരാജാവിന്റെ കുലം ദ്വിജോത്ഭവം കൊണ്ടു കേള്‍വിപ്പെട്ടു. അപ്രകാരം ബ്രാഹ്മണ ശ്രേഷ്ഠരില്‍ നിന്നു വംശം ഉദ്ധരിച്ച ക്ഷത്രിയ രാജാക്കന്മാര്‍ വേറേയും ഉണ്ടായിട്ടുണ്ട്‌. അവര്‍ ധര്‍മ്മജ്ഞന്മാരും അതിവീരൃ പരാക്രമികളും ആയിട്ടുണ്ട്‌. ഇതു കേട്ട്‌ ഇനി എന്റെ അമ്മേ! ഭവതി യഥേഷ്ടം ചെയ്തു കൊള്ളുക.

105. സതൃവത്യുപദേശം - ഭീഷ്മൻ തുടര്‍ന്നു അമ്മേ, ഇനി ഞാന്‍ ഭാരത കുലത്തിന് സന്താനം ഉണ്ടാകുവാൻ വേണ്ട മാര്‍ഗ്ഗം പറയാം. അമ്മ ഇതു നല്ലപോലെ കേട്ടു മനസ്സിലാക്കണം. അമ്മ മനസ്സിരുത്തി കേള്‍ക്കണം. ഗുണവാനായ ഒരു ബ്രാഹ്മണനെ ധര്‍മ്മത്തോടു കൂടി വിചിത്രവീര്യക്ഷേത്രത്തിൽ സന്താനോല്പത്തിക്കു വേണ്ടി വരിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ സത്യവതി ഇടറുന്ന വാക്കുകളോടെ, എന്നാൽ പുഞ്ചിരി തൂകി, നാണം പൂണ്ട മനോഹരമായ വാക്കുകള്‍ ഇപ്രകാരം പറഞ്ഞു.

സത്യവതി പറഞ്ഞു:മഹാബാഹുവായ ഭാരത! നീ പറഞ്ഞതു സത്യമാണ്‌. കുലത്തിനു സന്താനലബ്ധിക്കുള്ള കൗശലം ഞാന്‍ കാണുന്നുണ്ട്‌; നിന്നില്‍ എനിക്കുള്ള വിശ്വാസം മൂലം ഞാന്‍ പറയാം. പറയാതിരിക്കുവാന്‍ നിവൃത്തിയില്ല. അപ്രകാരമുള്ള ആപത്തില്‍ നിന്നു രക്ഷ നേടേണ്ടത്‌ നമ്മുടെ ധര്‍മ്മമാണല്ലോ. ഈ കുലത്തില്‍ നീ സത്യമാണ്‌! നീ ധര്‍മ്മമാണ്‌! നീ കുലത്തിന്‌ ആശ്രയമാണ്‌! അതു കൊണ്ട്‌ സത്യമായ കാര്യം ഞാന്‍ പറയുന്നു. അതുകേട്ട്‌ ഉചിതമായതു നീ ചിന്തിച്ചു ചെയ്യുക.

സ്വധര്‍മ്മിഷ്ഠനായ എന്റെ അച്ഛന്‌ കുലധര്‍മ്മമായി പുഴ കടത്തുന്ന ഒരു കടത്തുവഞ്ചി ഉണ്ടായിരുന്നു. ഞാന്‍ പുതുതായി യൗവനം ഉദിച്ച കാലത്ത്‌ അച്ഛന്റെ ഇഷ്ടപ്രകാരം ആ കടത്തുവഞ്ചി തുഴയുവാന്‍ ഇരുന്നു. അന്നൊരു ദിവസം ധര്‍മ്മജ്ഞന്മാരില്‍ ശ്രേഷ്ഠനായ പരാശരമുനി കാളിന്ദീനദി കടക്കുവാന്‍ കടവില്‍ വന്നു. അങ്ങനെ അദ്ദേഹം വഞ്ചിയില്‍ക്കയറി. ഞാന്‍ പങ്കായമെടുത്തു തഴഞ്ഞു പുഴയുടെ നടുവിലായപ്പോള്‍ അദ്ദേഹം എന്റെ അരികിലേക്കു വന്ന്‌ എന്നോടു സാന്ത്വനപൂര്‍വ്വം മധുരമായ വാക്കുകള്‍ പറയുവാന്‍ തുടങ്ങി. കാമാര്‍ത്തനായ അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ ആ വഞ്ചിയില്‍ വെച്ചു നിവര്‍ത്തിച്ചു കൊടുക്കണമത്രേ! ഞാന്‍ എന്റെ വംശനാമം പറഞ്ഞു. അങ്ങു ബ്രാഹ്മണനാണ്‌. നിഗ്രഹാനുഗ്രഹ ശക്തിയുള്ള മഹര്‍ഷിയാണ്‌. ഞാനോ ഒരു മുക്കുവന്റെ മകള്‍. മത്സ്യം പിടിച്ചു ജീവിക്കുന്ന നികൃഷ്ട ജാതിയില്‍ പെട്ടവള്‍. മത്സ്യഗന്ധമുള്ള എന്നെ സമീപിക്കുന്നതു തന്നെ പാപമാണ്‌. അദ്ദേഹം പിന്മാറുവാന്‍ ഭാവമുണ്ടായില്ല. ഒരു വശത്ത്‌ അച്ഛന്റെ കോപത്തെപ്പറ്റിയുള്ള ഭയം! മറുവശത്ത്‌ മുനിയുടെ ശാപത്തെപ്പറ്റിയുള്ള ഭയം! എന്റെ ഹൃദയം ഒരു അനിശ്ചിതാവസ്ഥയിലായി. അച്ഛന്റെ കോപമോ മുനിയുടെ ശാപമോ ഏതാണു കനപ്പെട്ടത്‌? ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. വരപ്രലോഭിയായ മുനിയെ തള്ളുവാന്‍ ഞാന്‍ ശക്തയായില്ല. ആ ദിവൃതേജസ്വി സ്വപ്രഭാവം കൊണ്ട്‌ ബാലയായ എന്നെ ഏതാനും നിമിഷം കൊണ്ടു പാട്ടിലാക്കി. യാതൊരു കുഴപ്പവും നേരിടാതിരിക്കത്തക്ക വണ്ണം മഹത്തായ വരങ്ങള്‍ ഞാന്‍ അദ്ദേഹത്തോടു പ്രാര്‍ത്ഥിച്ചു. ആ മുനി തന്റെ തപശ്ശക്തി കൊണ്ടു മൂടല്‍മഞ്ഞും ഇരുട്ടും ഉണ്ടാക്കി. മുമ്പെ എന്നില്‍ ഉണ്ടായിരുന്ന നികൃഷ്ടമായ ആ മത്സ്യഗന്ധം കളഞ്ഞ്‌ ഈ സുഗന്ധം എനിക്കു നല്കി. കേവലം കന്യകയായിരുന്ന എന്നെ അദ്ദേഹം ബലമായിപിടിച്ചു. കാമസംപ്രീതനായ മുനി പിന്നെ എന്നോടു പറഞ്ഞു: "നീ ഗര്‍ഭിണിയായിരിക്കുന്നു. ഗര്‍ഭത്തെ ഈ ദ്വീപില്‍ ഒഴിവാക്കി നീ കന്യകയായി തന്നെ നിന്നു കൊള്ളുക!".

സത്യവതി തുടര്‍ന്നു: അങ്ങനെ എനിക്കു പരാശരനില്‍ നിന്നു വീരനും യോഗിയുമായ ഒരു സന്താനം പിറന്നിട്ടുണ്ട്‌. പരാശര മഹര്‍ഷി തന്ന ആ പുത്രനാണ്‌ വ്യാസന്‍. അവന്‍ എന്റെ കാനീനനാണ്‌, കന്യാപുത്രനാണ്‌. കൃഷ്ണദ്വൈപായനന്‍ എന്നു കൂടി പേരുള്ള അവന്‍ വേദങ്ങളെ നാലായി തിരിച്ചവനും, തപസ്വിയും, ഭഗവാനുമായ ഋഷിയാണ്‌. ലോകത്തില്‍ വേദവ്യാസന്‍ എന്നും, കൃഷ്ണദ്വൈപായനന്‍ എന്നും, അറിയപ്പെടുന്നു. വേദങ്ങളെ പകുത്തതു കൊണ്ട്‌ വേദവ്യാസനായി. കൃഷ്ണവര്‍ണ്ണനായതു കൊണ്ട്‌ കൃഷ്ണനായി. ദ്വീപില്‍ പിറന്നതു മൂലം ദ്വൈപായനനായി. സത്യവാദിയും, തപോവീരൃവാനും, ശമവാനും, പാപരഹിതനുമായ അവന്‍ ജനിച്ചതിന് ശേഷം അച്ഛന്റെ കുടെ പോവുകയും ചെയ്തു.

ഞാനും നീയും കൂടി പറയുകയാണെങ്കില്‍ ആ ജ്ഞാനിയായ മുനീശ്വരന്‍ ഭ്രാതൃക്ഷേത്രങ്ങളില്‍ ( സഹോദര ഭാര്യമാര്‍ ) സന്താനങ്ങളെ ഉണ്ടാക്കും; തീര്‍ച്ചയാണ്‌. അവന്‍ പോകുമ്പോള്‍ എന്നോടു പറഞ്ഞു: ആപല്‍ക്കാലങ്ങളില്‍ എന്നെ ചിന്തിക്കുക! എന്ന്. ഞാന്‍ അവനെ, നിനക്കു സമ്മതമാണെങ്കില്‍ സ്മരിക്കാം. നിന്റെ സമ്മതമുണ്ടെങ്കില്‍ ആ മഹായോഗി വിചിത്രവീര്യക്ഷ്രേതത്തില്‍ പുത്രോല്പാദനം ചെയ്യും.

വൈശമ്പായനൻ പറഞ്ഞു: ആ മഹര്‍ഷിയുടെ പേരു പറഞ്ഞപ്പോള്‍ ഭീഷ്മൻ കൈകൂപ്പിക്കൊണ്ടു പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു; ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ മൂന്നും കണ്ടറിഞ്ഞവന്‍ ആരോ, അവന്‍ അര്‍ത്ഥം അര്‍ത്ഥാനുബന്ധമാണെന്നും ധര്‍മ്മം ധര്‍മ്മാനുബന്ധമാണെന്നും, കാമം കാമാനുബന്ധമാണെന്നും ഇങ്ങനെയെല്ലാം നേരേമറിച്ചും വെവ്വേറേയും ചിന്തിച്ചറിഞ്ഞു വേണ്ടത്‌ എപ്രകാരമാണെന്ന്‌ ഉറയ്ക്കും. ഈ ഉദ്ദേശ്യം ഈ കുലത്തിനും ഹിതത്തിനും നല്ലതു തന്നെ. ദേവീ, ഭവതി പറഞ്ഞത്‌ എനിക്കു ബോദ്ധ്യമായി. ഞാന്‍ സമ്മതിച്ചിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു; എന്നു ഭീഷ്മൻ സമ്മതിച്ചു പറഞ്ഞപ്പോള്‍ കൃഷ്ണദ്വൈപായനനെ സത്യവതി മനസ്സു കൊണ്ട്‌ ധ്യാനിച്ചു. വേദങ്ങളെ വേര്‍തിരിച്ച്‌ ഉച്ഛരിച്ചു കൊണ്ടിരുന്ന മഹര്‍ഷി അമ്മ ചിന്തിക്കുന്നതറിഞ്ഞ്‌ അവിടെ വേഗത്തില്‍ പ്രതൃക്ഷനായി. വിധിപ്രകാരം പുത്രനെ അമ്മ സൽക്കരിച്ചു.

ചിരകാലമായി വേര്‍പെട്ടു പോയ പുത്രനെ അമ്മ വാത്സല്യ സ്നേഹാദരത്തോടെ ആലിംഗനം ചെയ്തു. ഉടനെ അമ്മയുടെ സ്തനങ്ങള്‍ ചുരന്നു. അവള്‍ ആ സ്തന്യം കൊണ്ട്‌ പുത്രനെ അഭിഷേകം ചെയ്തു. ഉണ്ണിയെക്കണ്ട നന്ദിയാല്‍ ആ മുക്കുവത്തിയുടെ കണ്ണുകളില്‍ നിന്നു ബാഷ്പകണങ്ങള്‍ ഇറ്റിറ്റു വീണു. ആര്‍ത്തയായ അമ്മയെ ആ സീമന്തപുത്രന്‍ വെള്ളം കൊണ്ടു കാല്‍ കഴികിച്ചു തൊഴുതു പറഞ്ഞു. |

വ്യാസന്‍ പറഞ്ഞു: അമ്മേ, ഭവതി എന്തൊന്നാണ്‌ ഇച്ഛിക്കുന്നത്‌? അതു സാധിപ്പിക്കുവാനാണ്‌ ഞാന്‍ എത്തിയിരിക്കൂന്നത്‌. ധര്‍മ്മതത്ത്വജേഞ! ആജ്ഞാപിച്ചാലും! ഭവതിയുടെ പ്രിയം ഞാന്‍ നിറവേറ്റാം.

വൈശമ്പായനൻ പറഞ്ഞു: പിന്നെ പുരോഹിതന്‍ വ്യാസനെ പൂജിച്ചു. മന്ത്രപൂര്‍വ്വമായ ആ പൂജ സസന്തോഷം അദ്ദേഹം കൈക്കൊണ്ടു സന്തുഷ്ടനായി പീഠത്തില്‍ ഇരിക്കുന്ന വ്യാസനോട്‌ അമ്മ കുശലം ചോദിച്ചു. സത്യവതി സ്വൈരമായ സന്ദര്‍ഭം നോക്കി ഇപ്രകാരം പറഞ്ഞു.

സത്യവതി പറഞ്ഞു: പുത്രാ, ഭൂതവും, ഭാവിയും വര്‍ത്തമാനവും നല്ലപോലെ മനസ്സാകുന്ന, ഈ കണ്ണു കൊണ്ടു കണ്ടറിയുവാന്‍ കഴിവുള്ള, കവിയാണല്ലോ നീ. അതു കൊണ്ട്‌ ഒന്നും പറഞ്ഞറിയിക്കേണ്ടതില്ലെങ്കിലും അല്പമൊന്നു പറയട്ടെ. മാതാവിനും പിതാവിനും കൂടി ജനിക്കുന്നവരാണല്ലോ പുത്രന്മാര്‍. പുത്രന്മാരോടു പിതാവിനെന്ന പോലെ തന്നെ മാതാവിനും രക്ഷാകര്‍ത്തൃത്വമുണ്ടെന്നു നിനക്കറിയാമല്ലോ. പിതാവു വഴിക്കു ഭീഷ്മനെന്ന വിധം, മാതാവു വഴിക്കു നിനക്കു വിചിത്രവീര്യൻ അനുജനാണ്‌. നീ വിചിത്രവീര്യന്റെ ജ്യേഷ്ഠനാണ്‌. മകനേ! അങ്ങനെയല്ലെ? എന്താണ്‌ നിന്റെ അഭിപ്രായം? ഈ ശാന്തനു പുത്രനായ ഭീഷ്മൻ സത്യം പാലിക്കുവാന്‍ വ്രതമെടുത്തിരിക്കുന്ന സത്യവിക്രമനാണ്‌.

അവന്‍ സന്താനലബ്ധിയിലും, രാജ്യഭരണത്തിലും ആശയില്ലാത്തവനാണ്‌. അതു കൊണ്ട്‌ നീ അനുജനെപ്പറ്റി ചിന്തിച്ചും, ഭീഷ്മന്റെ വാക്കുകേട്ടും, എന്റെ കല്പന അനുസരിച്ച്‌ കുലസന്താനം ലഭിക്കുവാന്‍ ഞാന്‍ പറയുന്ന വിധം ചെയുണം! ഭൂതാനുകമ്പ, വിശ്വരക്ഷ, ദയ എന്നിവ വിചാരിച്ച്‌ ഇന്നു ഞാന്‍ പറയുന്ന വിധം നീ ചെയ്യണം! ദേവസ്ത്രീകളെ പോലെ സുന്ദരിമാരായി നിന്റെ അനുജന് രണ്ടു ഭാര്യമാരുണ്ട്‌. രൂപം, യൗവനം ഇവ ചേര്‍ന്ന അവര്‍ ധര്‍മ്മത്താല്‍ പുത്രലബ്ധിക്കു കാമിക്കുന്നവരുമാണ്‌. ഇവരില്‍ നീ പുത്രന്മാരെ ഉത്പാദിപ്പിക്കണം. ഹേ, ധീമന്‍! ഈ കുലത്തിന് സന്താനപുഷ്ടി ഉണ്ടാകുന്ന വിധം നീ എന്റെ കല്പന അനുസരിക്കുക. നീ അതിന് സമര്‍ത്ഥനുമാണ്‌.

വ്യാസന്‍ പറഞ്ഞു: ദേവീ, ഭവതി ധര്‍മ്മാധര്‍മ്മതത്വം അറിയുന്നവളാണല്ലോ. മഹാപ്രാജേഞ, ഭവതിയുടെ മനസ്സും ധര്‍മ്മത്തില്‍ തന്നെ നില്ക്കുന്നു! അതു കൊണ്ട്‌ ഭവതിയുടെ നിയോഗത്താല്‍ ധര്‍മ്മത്തെക്കുറിച്ചു ചിന്തിച്ച്‌ അമ്മയുടെ അഭീഷ്ടം ഞാന്‍ സാധിപ്പിക്കാം. ഇതു മുമ്പെ തന്നെ ഞാന്‍ കണ്ടിട്ടുള്ളതാണ്‌. ഞാന്‍ തമ്പിക്ക്‌ സൂര്യവരുണാഭന്മാരായ കുമാരന്മാരെ നല്‍കാം. അതിന്‌ ഒരു കാര്യം ആ ദേവിമാര്‍ ചെയ്യേണ്ടതുണ്ട്‌. അവര്‍ ഒരാണ്ടു മുഴുവന്‍ വ്രതമെടുക്കണം. എന്നാലേ അവര്‍ ആത്മശുദ്ധി ഉള്ളവരാകയുള്ളൂ. വ്രതശുദ്ധകളാകാതെ ഒരു നാരിയും എന്നെ സമീപിച്ചു കൂടാ.

സത്യവതി പറഞ്ഞു: കാലതാമസം പാടില്ല. വേഗത്തില്‍ ആ ദേവിമാര്‍ ഗര്‍ഭിണികളായി കാണണം. രാജാവില്ലാത്ത രാജ്യത്ത്‌ നാട്ടുകാര്‍ അനാഥരായി കെട്ടുപോകും. ക്രിയാനാശംവരും. മഴയില്ലാതാകും. ദേവകാര്യം മുടങ്ങും. ഇങ്ങനെ രാജ്യം അരാജകമായാല്‍ എങ്ങനെ ശ്രേയസ്സുണ്ടാകും? അതു കൊണ്ട്‌ താമസിക്കാതെ അവര്‍ക്ക്‌ ഗര്‍ഭം ഉണ്ടാകണം. അതിന്‌ നീ ഒന്നു ശ്രമിക്കുക തന്നെ വേണം. അവരെ ഭീഷ്മൻ വളര്‍ത്തിക്കൊള്ളും.

വ്യാസന്‍ പറഞ്ഞു: അനുജനു വേണ്ടി കാലം കാക്കാതെ ഞാന്‍ പുത്രോത്പത്തി ചെയ്യണമെങ്കില്‍ എന്റെ വൈരുപ്യം അവര്‍ പൊറുക്കേണ്ടിവരും. അതും മതിയായ ഒരു വ്രതമാണ്‌. എന്റെ ഗന്ധം, രൂപം, വേഷം, ദേഹം ഇവയൊക്കെ സഹിക്കുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ കൗസല്യ ഞാന്‍ നല്കുന്ന ഗര്‍ഭം കൈക്കൊള്ളട്ടെ. അതില്‍ തെറ്റില്ല.

കൗസല്യ കാശി രാജാവിന്റെ ഭാര്യയാണ്‌. കൗസല്യയുടെ മക്കളാണ്‌ അംബികയും അബാലികയും. അവരെയാണ്‌ വ്യാസന്‍ ഉദ്ദേശിക്കുന്നത്‌.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വ്യാസന്‍ സത്യവതിയോടു പറഞ്ഞു: പറഞ്ഞതു പോലെയാകാം. കൗസല്യ വസ്ത്രാലങ്കാരങ്ങള്‍ അണിഞ്ഞ്‌ എന്റെ അംഗസംഗം കാത്തു കൊള്ളട്ടെ എന്നു പറഞ്ഞു മുനി മറഞ്ഞു.

ഉടനെ സത്യവതി ചെന്ന്‌  സ്നുഷയോടു ഗൂഢമായി ആദരവോടെ, ധര്‍മ്മാര്‍ത്ഥ യുക്തമായവിധം നന്മയോടെ, ഇപ്രകാരം പറഞ്ഞു:

സത്യവതി പറഞ്ഞു: കൗസല്യേ! ഞാന്‍ ധര്‍മ്മതന്ത്രം പറയുന്നതു നീ കേള്‍ക്കുക. എന്റെ ഭാഗ്യക്കേടാല്‍ ഭാരതവംശം അറ്റു പോയിരിക്കുന്നു. എന്റെ ദുഃഖം കണ്ടും, പിതൃവംശം ഇപ്രകാരം ആയി തീര്‍ന്നത് ഓര്‍ത്തും, ഭീഷ്മൻ കുലവൃദ്ധിക്കു വേണ്ടി ഉപായം ഉപദേശിച്ചു. അതു നിന്നില്‍ നില്ക്കുന്നു. എന്നെ നീ ദുഃഖത്തില്‍ നിന്നു കരകയറ്റണം. നഷ്ടമായ ഭാരതകുലം പെട്ടെന്നു നീ ഉദ്ധരിക്കണം. അല്ലയോ സുശ്രോണീ, നീ വൃത്രശത്രുവായ, ഇന്ദ്രനു തുല്യനായ പുത്രനെ പ്രസവിക്കണം. അവന്‍ ഈ നമ്മുടെ കുലത്തിന്റേയും, രാജ്യത്തിന്റേയും ഭാരം വഹിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞു ( പരപുരുഷസംസര്‍ഗ്ഗം സമ്മതമില്ലാതിരുന്നെങ്കിലും ) സത്യവതി ധര്‍മ്മത്തിന്റെ വിചിത്രമായ സ്വഭാവ വിശേഷങ്ങളെ പറഞ്ഞു മനസ്സിലാക്കി അനുകൂലിപ്പിക്കുക തന്നെ ചെയ്തു. അതിന് ശേഷം ദേവി ഒരു വിധം അവളെ സമ്മതിപ്പിച്ചു. അനന്തരം ദേവര്‍ഷിമാര്‍ക്കും വിപ്രന്മാര്‍ക്കും അതിഥികള്‍ക്കും അവള്‍ അന്നദാനം നടത്തി.

106. വിചിത്രവീര്യസുതോത്പത്തി - ധൃതരാഷ്ട്രപാണ്ഡുവിദുരോത്പത്തി - വൈശമ്പായനൻ പറഞ്ഞു: ഋതുസ്നാനം കഴിഞ്ഞു ശുദ്ധയായ വധുവിനോട്‌ സത്യവതി ഇപ്രകാരം പറഞ്ഞു.

സത്യവതി പറഞ്ഞു; ഹേ, കൗസല്യേ! ഇന്നു നിന്റെ ഭര്‍ത്തൃസഹോദരന്‍ നിന്നോടു ചേരുവാന്‍ ഇവിടെ എത്തും. നീ മെത്തവിരിച്ച്‌ അദ്ദേഹത്തെ കരുതി കാത്തിരിക്കണം. അദ്ദേഹം പാതിരാത്രി ആകുമ്പോഴാണ്‌ വരിക.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ശ്വശ്രു പറഞ്ഞതു കേട്ട്‌ സര്‍വ്വാഭരണവ സ്ത്രാലങ്കാരങ്ങളോടു കൂടി അവള്‍ മെത്തയില്‍ കയറി കിടപ്പായി. ആരായിരിക്കും തന്റെ കൂടെ ശയനത്തിനു വരിക? ഭീഷ്മനായിരിക്കുമോ? അതോ മറ്റു വല്ല കുരുപുംഗവന്മാരുമായിരിക്കുമോ? ഇപ്രകാരം ചിന്തിച്ച്‌ ഹൃദയത്തുടിപ്പോടെ അംബിക ആ പുരുഷന്റെ വരവും കാത്ത്‌ നിര്‍നിദ്രയായി കിടന്നു. സത്യവതി കല്‍പിച്ച പ്രകാരം അംബികയുടെ മുറിയില്‍ മുനി ആദ്യം കടന്നു ചെന്നു. വിളക്കുകള്‍ തെളിഞ്ഞു കത്തുന്നു. അംബിക എന്താണു കാണുന്നത്‌? അംബികയുടെ സങ്കല്പത്തില്‍ കണ്ടു കൊണ്ടിരുന്ന സുന്ദരനു പകരം ജടാധാരിയായ ഒരു വികൃതരൂപന്‍! കൃഷ്ണദ്വൈപായന മഹര്‍ഷിയുടെ മഞ്ഞച്ച ജടയും, ദീപ്തമായ ദൃഷ്ടിയും, ചെമ്പിച്ച മീശയും കണ്ട്‌ അവള്‍ കണ്ണടച്ചു. ആ വൈരൂപ്യം കണ്ട്‌ അവള്‍ക്കു പൊറുക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ കല്പന അനുസരിച്ച്‌ അദ്ദേഹം അവളുടെ കൂടെ കിടന്നു. അദ്ദേഹം അംബികയുമായി സംഗം ചെയ്തു. കാശിരാജപുത്രിയായ അംബിക പേടിച്ചു കണ്ണടച്ചു തന്നെ കിടന്നു. ആ മഹര്‍ഷിയുടെ മുഖത്ത്‌ അദ്ദേഹത്തിന്റെ രതിക്രീഡാ സമയത്തു കൂടി നോക്കുകയുണ്ടായില്ല. മഹത്തായ കാര്യം സാധിച്ചു പുറത്തു വന്ന മകനോട്‌ അമ്മ ചോദിച്ചു.

സത്യവതി പറഞ്ഞു: ഇവളില്‍ ഗുണവാനായ രാജപുത്രന്‍ പിറക്കുമോ?

അമ്മയുടെ ചോദ്യം കേട്ട്‌ വ്യാസന്‍ പറഞ്ഞു; പതിനായിരം ആനകളുടെ ശക്തിയുള്ളവനും വിദ്വാനുമായ രാജര്‍ഷി  സത്തമന്‍ ഇവള്‍ക്കു ജനിക്കും. അവന്‍ മഹാഭാഗനും, മഹാവീര്യനും, മഹാധീമാനുമായിരിക്കും. ആ മഹാത്മാവിന്‌ നൂറു പുത്രന്മാര്‍ ഉണ്ടാകും. എന്നാൽ അവന്റെ അമ്മ ചെയ്ത തെറ്റു കൊണ്ട്‌ അവന്‍ അന്ധനായിത്തീരും.

ഈ വാക്കു കേട്ട്‌ അമ്മ പുത്രനോടു പറഞ്ഞു: കഷ്ടം! അന്ധനായ ഒരു രാജാവു കുരുക്കള്‍ക്കു ചേര്‍ന്നതല്ല. ജഞാതിവംശം ഭരിക്കുന്നവനും പിതൃവംശജനുമായി നീ രണ്ടാമത്‌ ഒരു പുത്രനെ, ഇന്ദ്രതുല്യ പരാക്രമിയായ ഒരു പുത്രനെ തരണം. അങ്ങനെയാകാമെന്നു സമ്മതിച്ചു വ്യാസന്‍ പോയി. കാലമായപ്പോള്‍ കൗസല്യ അന്ധനായ കുമാരനെ പ്രസവിച്ചു.

പിന്നെയും മുനിയെ വരുത്തി. ആ പ്രാവശ്യം ദേവി അംബാലികയെ ശട്ടം കെട്ടി. അവള്‍ ശയനഗൃഹം അലങ്കരിച്ചു മൃദുവായ പട്ടു കിടക്കയില്‍ വ്യാസമുനിയെ സ്മരിച്ചു കിടന്നു. മുന്‍മട്ടില്‍ മുനി അവളുടെ മുറിയില്‍ കടന്നു ചെന്നു. അംബാലിക അണിഞ്ഞൊരുങ്ങി മെത്തയില്‍ വരനെ പ്രതീക്ഷിച്ചു കിടക്കുകയാണ്‌. അവള്‍ ഋഷിയെ കണ്ടമാത്രയില്‍ വിവര്‍ണ്ണയായിപ്പോയി. പാണ്ഡുരയായിപ്പോയി. വിഷണ്ണയും പാണ്ഡുരയുമായ അവളെ വ്യാസന്‍ പുല്കി. പാണ്ഡുരയായ അവളെ കണ്ട്‌ സതൃവതീപുത്രനായ വ്യാസന്‍ പറഞ്ഞു; അല്ലയോ, ശുഭാനനേ! വിരൂപനായ എന്നെ കണ്ട്‌ നീ പാണ്ഡു വര്‍ണ്ണയായതു കാരണം തീര്‍ച്ചയായും നിന്റെ പുത്രന്‍ പാണ്ഡുവായിത്തീരും. അവന്റെ പേര്‍ പാണ്ഡു എന്നു തന്നെയാകും എന്നു പറഞ്ഞ്‌ മുനി മുറി വിട്ടു പുറത്തിറങ്ങി. അമ്മ മുറിയില്‍ നിന്നു മകന്റെ വരവും കാത്തിരിക്കുകയാണ്‌. മകന്‍ വരുന്നതു കണ്ട്‌ അമ്മ ചോദിച്ചു; "എങ്ങനെയിരിക്കുന്നു, കാര്യം ശുഭമായില്ലേ?". വ്യാസന്‍ അമ്മയോടു പറഞ്ഞു : "കുട്ടി പാണ്ഡുവര്‍ണ്ണമുള്ളവനാകും. അമ്മ പേടിച്ചു വിളര്‍ത്തു പാണ്ഡുരയായി! അവള്‍ ഏന്റെ വൈരൂപും സഹിക്കുവാന്‍ ആളായില്ല. അമ്മയ്ക്കു പിന്നേയും വിഷാദമായി".

മകനേ! നീ നന്മയേറിയ ഒരു പുത്രനെ കൂടി ജനിപ്പിക്കു! എന്നു പറഞ്ഞപ്പോള്‍ അപ്രകാരമാകാമെന്ന്‌ മകന്‍ സമ്മതിച്ചു.

യഥാകാലം അംബാലിക കുമാരനെ പ്രസവിച്ചു. അവന്‍ ലക്ഷണം ചേര്‍ന്നു ശോഭിക്കുന്നവൻ ആയിരുന്നെങ്കിലും പാണ്ഡുവായിരുന്നു. അവന്റെ പുത്രന്മാരാണ്‌ പ്രസിദ്ധന്മാരായ പഞ്ചപാണ്ഡവന്മാര്‍.

ഋതുകാലത്തില്‍ മുത്ത സ്നുഷയെ വീണ്ടും മുനിയുടെ അരികിലേക്കു സത്യവതി പറഞ്ഞു വിട്ടു! അവള്‍ മുനിയുടെ ഗന്ധം, രൂപം എന്നിവയോര്‍ത്ത്‌ ആ വാക്ക്‌ അനുസരിച്ചില്ല. അവള്‍ അപ്സരതുല്യയായ ദാസിയെ സ്വന്തം ഭൂഷണങ്ങള്‍ അണിയിച്ച്‌ ദ്വൈപായന മഹര്‍ഷിയുടെ അരികിലേക്കയച്ചു.

അവള്‍ മുനിയെ കണ്ടപ്പോള്‍ എതിരേറ്റു വണങ്ങി. അനുവാദത്തോടെ കൂടെക്കിടന്ന്‌ നന്ദിയോടെ മഹര്‍ഷിയെ പുണര്‍ന്നു. ഗൂഢമായ കാമോപഭോഗത്താല്‍ മഹര്‍ഷിയെ ഗാഢം സന്തുഷ്ടനാക്കി. കൂടെ കിടന്ന അവളില്‍ ഹര്‍ഷത്തോടെ ആ മഹാവ്രതന്‍ പറഞ്ഞു.

നീ ഇനി ദാസിയല്ല. ഇപ്പോള്‍ നിന്റെ കുക്ഷിയില്‍പ്പെട്ട ഗര്‍ഭം ശ്രേയസ്വിയായി തീരും. അവന്‍ ഏറ്റവും ധര്‍മ്മാത്മാവായി തീരും! എല്ലാവര്‍ക്കും സമ്മതനായ ബുദ്ധിമാനുമാകും.

കൃഷ്ണദ്വൈപായന സുതനെന്നു കീര്‍ത്തിപ്പെട്ട മഹാനായ വിദുരന്‍ അങ്ങനെ ഉണ്ടായവനാണ്‌. അദ്ദേഹം ധൃതരാഷ്ട്രന്‍ എന്ന മൂത്തവന്റേയും പിന്നെ പാണ്ഡുവിന്റേയും ഹിതകാരിയായ സഹോദരനായി തീര്‍ന്നു. മാണ്ഡവ്യമുനിയുടെ ശാപത്താല്‍ ധർമ്മദേവൻ വിദുരനായി കാമക്രോധ വിവര്‍ജ്ജിതനായി ജനിച്ചു. കൃഷ്ണദ്വൈപായനന്‍ സതൃവതിയെ, അംബിക തന്നെ ചതിച്ചതും ശൂദ്രയെ മാറ്റം ചെയ്തു കിടത്തിയതും അറിയിച്ചു.

ഇങ്ങനെ ധര്‍മ്മത്തിലെ കടം തീര്‍ത്ത്‌ അമ്മയെ ചെന്നു കണ്ട്‌ എല്ലാം പറഞ്ഞതിന് ശേഷം അവളെ ഗര്‍ഭമേല്പിച്ച്‌ അവിടെ നിന്നു മറഞ്ഞു.

അംബികയ്ക്ക്‌ ധൃതരാഷ്ട്രനും, അംബാലികയ്ക്ക്‌ പാണ്ഡുവും, ദാസിക്കു വിദുരനും പിറന്നു. വിചിത്രവീര്യ ക്ഷേത്രമായ അംബികയ്ക്കും അംബാലികക്കും കുരുവംശം വളര്‍ത്തുന്ന കുമാരന്മാരുണ്ടായി.

107. അണിമാണ്ഡവ്യോപാഖ്യാനം - ജനമേജയൻപറഞ്ഞു: ധർമ്മദേവൻ ശാപം ലഭിക്കുവാന്‍ തക്ക പാപമെന്താണു ചെയ്തത്‌? ഏതു ബ്രഹ്മര്‍ഷിയുടെ ശാപം കൊണ്ടാണ്‌ അവന്‍ ശൂദ്ര യോനിയില്‍ ജാതനായത്‌?

വൈശമ്പായനൻ പറഞ്ഞു: പണ്ട്‌ മാണ്ഡവ്യന്‍ എന്നു പേരായി ഒരു ബ്രാഹ്മണ ശ്രേഷ്ഠനുണ്ടായിരുന്നു. പ്രസിദ്ധനായ അദ്ദേഹം ധൃതിമാനായ ധര്‍മ്മജ്ഞനും, സത്യവാനായ താപസനുമായിരുന്നു. ആശ്രമത്തിന്റെ മുന്‍ഭാഗത്ത്‌ മരത്തിന്റെ ചുവട്ടില്‍ കൈ പൊക്കി മൗനവ്രതത്തോടെ ആ മഹാമുനി ഇരുന്നു. ഇങ്ങനെ വളരെ നാള്‍ ആ ബ്രാഹ്മണന്‍ തപസ്സു ചെയ്തു കൊണ്ടിരിക്കെ കള്ളന്മാര്‍ കട്ട മുതലുമായി ആശ്രമത്തില്‍ കയറി. പല രക്ഷികളും പിന്നാലെ പാഞ്ഞ്‌ അലഞ്ഞു തിരിയുമ്പോള്‍, ആ രാജഭടന്മാര്‍ എത്തുന്നതിന് മുമ്പായി കള്ളന്മാര്‍ കട്ട മുതലെല്ലാം ആശ്രമത്തില്‍ കൊണ്ടു വെച്ച്‌ ഓടിക്കളഞ്ഞു. തസ്കരന്മാര്‍ ഒളിച്ചപ്പോള്‍ ആ രക്ഷികള്‍ മുനിയെ കണ്ടുമുട്ടി. കള്ളന്മാരെ തിരയുന്ന അവര്‍ ഊര്‍ദ്ധ്വബാഹുവായി തപസ്സു ചെയ്യുന്ന മുനിയോടു ചോദിച്ചു:

ഹേ, ദ്വിജോത്തമാ! ആ കള്ളന്മാര്‍ ഏതു വഴിക്കാണു പോയത്‌? ആ വഴി അറിഞ്ഞാല്‍ ഞങ്ങള്‍ക്കു തിരയുവാന്‍ എളുപ്പമുണ്ട്.

ഇപ്രകാരം ആ രക്ഷാപുരുഷന്മാര്‍ എല്ലാവരും കൂടി ചോദ്യം ചെയ്തിട്ടും മുനി ഒരു വാക്കും മിണ്ടിയില്ല. അനുകൂലമോ പ്രതികൂലമോ ഒന്നും പറഞ്ഞില്ല. ആ രാജപുരുഷന്മാര്‍ ആശ്രമത്തില്‍ കടന്നു തിരഞ്ഞപ്പോള്‍ കള്ളന്മാര്‍ ആശ്രമത്തില്‍ ഒളിച്ചിരിക്കുന്നതു കണ്ടു. ഉടനെ അവരെ പിടി കൂടി കട്ട മുതലും ആശ്രമത്തില്‍ നിന്നു പിടിച്ചെടുത്തു. രക്ഷികള്‍ക്ക്‌ ആ മഹര്‍ഷിയിലും ശങ്കയുണ്ടായി. മുനി കള്ളന്മാരുടെ തലവനാണെന്നു ശങ്കിച്ച്‌ മുനിയേയും കള്ളന്മാരുടെ കുടെ പിടിച്ചു കെട്ടി വിവരം രാജസന്നിധിയില്‍ എത്തിച്ചു. രാജാവ്‌ ആ മുനിയേയും ചോരന്മാരോടൊപ്പം കൊല്ലുവാന്‍ വിധിച്ചു. അറിയാതെ അവനേയും, രക്ഷികള്‍ ശൂലത്തില്‍ കയറ്റി. ആ മുനിയെ വേണ്ടവിധം ശൂലത്തില്‍ കയറ്റിയതിന് ശേഷം മുതലും കൊണ്ട്‌ രക്ഷികള്‍ രാജസന്നിധിയില്‍ ചെന്നു. ശൂലത്തില്‍ വളരെക്കാലം ജലപാനം പോലുമില്ലാതെ തറച്ചു നിന്നിട്ടും ആ മുനീശ്വരന്‍ മരിച്ചില്ല. മുനിയുടെ അന്തഃശക്തിയുടെ പ്രചോദനം കൊണ്ട്‌ വേറെ മുനിമാര്‍ അങ്ങോട്ടാകര്‍ഷിക്കപ്പെട്ടു. അല്ലയോ ജനമേജയ, ആ മഹാത്മാവിനെ കണ്ടു മുനിമാരും ദുഃഖിച്ചു. ശൂലത്തില്‍ മരിക്കാതെ കിടക്കുന്ന മുനിയുടെ ദുഃഖാവസ്ഥ കണ്ട്‌ രാത്രി പക്ഷികളുടെ രൂപമെടുത്ത മഹര്‍ഷിമാര്‍ നേരിട്ട്‌ അദ്ദേഹത്തോടു ചോദിച്ചു.

മഹര്‍ഷി പറഞ്ഞു: ഹേ! ദ്വിജാ, ഈ ശിക്ഷ അനുഭവിക്കുവാന്‍ തക്ക പാപം എന്താണ്‌ ഭവാന്‍ ചെയ്തത്‌? ഈ ശൂലാരോഹണ ദുഃഖം സഹിക്കുവാന്‍ തക്ക എന്തു മഹാപാപം ചെയ്തു?

108. അണിമാണ്ഡവ്യോപാഖ്യാനം - വിദുരപൂര്‍വ്വജന്മം - വൈശമ്പായനൻ പറഞ്ഞു: ആ മഹര്‍ഷിമാരുടെ ചോദ്യം കേട്ട്‌ മഹര്‍ഷി ശ്രേഷ്ഠന്‍ മറുപടി പറഞ്ഞു.

മാണ്ഡവ്യന്‍ പറഞ്ഞു: ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നെ ആരും ദ്രോഹിച്ചിട്ടില്ല.

വൈശമ്പായനൻ പറഞ്ഞു: ഈ നിലയില്‍ അവന്‍ വളരെനാള്‍ പിന്നേയും ശൂലത്തില്‍ കിടന്നു. ആ വഴിക്കു പോയിരുന്ന രക്ഷികള്‍, മഹര്‍ഷി മരിക്കാതെ അപ്പോഴും ശൂലത്തില്‍ കിടക്കുന്നതായി കണ്ട്‌ അത്ഭുതപ്പെട്ട്‌ ക്ഷണത്തില്‍ രാജധാനിയില്‍ പോയി കണ്ട വര്‍ത്തമാനം രാജാവിനെ അറിയിച്ചു. രക്ഷികള്‍പറഞ്ഞ വൃത്താന്തമറിഞ്ഞ രാജാവ്‌ മന്ത്രിമാരോടു കൂടി മഹര്‍ഷിയുടെ അരികിലെത്തി.

രാജാവു പറഞ്ഞു: മുനീശ്വര! ഞാന്‍ അറിയാതെ ഭവാനെ ദ്രോഹിച്ചു, വേദനിപ്പിച്ചു! എന്റെ വിവരക്കേടു കൊണ്ടു തെറ്റു ചെയ്തു പോയി. ഞാന്‍ ഭവാനെ പ്രസാദിപ്പിക്കുന്നു! എന്റെ അപരാധം ക്ഷമിച്ചാലും! എന്നില്‍ കോപിക്കരുതേ!

വൈശമ്പായനൻ പറഞ്ഞു: രാജാവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ മഹര്‍ഷി പ്രസാദിച്ചു. പ്രസന്നനായ മുനിയെ ശൂലത്തില്‍ നിന്നു താഴെ ഇറക്കിച്ച ശേഷം ശൂലം ഈരുവാന്‍ വലിച്ചിട്ടും കിട്ടിയില്ല. പലരും കൂടി ശ്രമിച്ചിട്ടും കിട്ടാതെ ശൂലത്തിന്റെ അടിപറ്റെ അറുത്തു മുറിച്ചു. പിന്നെ മുനി ഉള്ളില്‍ തറച്ചുനില്‍ക്കുന്ന ശൂലത്തോടു കൂടെ സഞ്ചരിച്ചു. ആ ശൂലത്തിനേല്‍ നിന്നുള്ള തപസ്സു കൊണ്ട്‌ മഹര്‍ഷി മറ്റാര്‍ക്കും കഴിയാത്ത പുണ്യലോകങ്ങള്‍ സമ്പാദിച്ചു. ശൂലത്തിന്റെ മുന ദേഹത്തിലേന്തി സഞ്ചരിക്കുകയാല്‍ അണിമാണ്ഡവ്യന്‍ എന്ന പേര്‌ അന്നുതൊട്ടു പ്രസിദ്ധമായി. ആ ഋഷി ദേഹത്യാഗാനന്തരം ധര്‍മ്മദേവന്റെ പുരിയിലെത്തി. അവിടെ ധര്‍മ്മാസനത്തില്‍ ഇരിക്കുന്ന യമധര്‍മ്മനെ കണ്ട്‌ ഇപ്രകാരം ശകാരിച്ചു.

അണിമാണ്ഡവ്യന്‍ പറഞ്ഞു: ഞാന്‍ എന്തു പാപമാണു ചെയ്തത്‌? ഇത്ര കടുത്ത ഒരു ഫലം എനിക്കു കിട്ടുവാന്‍ തക്കതായി ഞാന്‍ എന്തു മഹാപാപം ചെയ്തു? ഭവാന്‍ ഉടനെ എന്നോടു പറയണം! എന്റെ തപോബലം ഞാന്‍ കാണിച്ചു തരാം.

ധര്‍മ്മന്‍ പറഞ്ഞു: നിസ്സാരമായ പക്ഷികളെ പിടിച്ച്‌ അവയുടെ വാലില്‍ ഈഷികപ്പുല്ലു നീ കോര്‍ത്തു. ഹേ തപോധന! അതിന്റെ ഫലമാണ്‌ ഭവാനു ലഭിച്ചത്‌. അല്പമായ ദാനത്തിന്റെ പുണൃഫലം പെരുകുന്നതു പോലെ അല്പമായ അധര്‍മ്മത്തിന്റെ ഫലവും പെരുകുന്നതാണ്‌.

അണിമാണ്ഡവ്യന്‍ പറഞ്ഞു: ഏതു കാലത്താണ്‌ ഞാനീഅധര്‍മ്മം ചെയ്തത്‌? യഥാര്‍ത്ഥമായി പറയുക

ധര്‍മ്മരാജാവു പറഞ്ഞു: ബാല്യകാലത്ത് നീ ചെയ്തതാണ്‌ ഈ പാപം!

അണിമാണ്ഡവ്യന്‍ പറഞ്ഞു: ജനനം മുതല്‍ പന്ത്രണ്ടുവയസ്സു വരെ ബാലന്മാര്‍ക്കു ധര്‍മ്മബോധം ഉണ്ടായിരിക്കയില്ല! ബാല്യത്തില്‍ അറിവില്ലാതെ ചെയ്യുന്നതൊന്നും അധര്‍മ്മമായി തീരുകയില്ല! അല്പമായ കുറ്റത്തിന് വലിയ ശിക്ഷയാണ്‌ നീ വിധിച്ചത്‌. അതു കൊണ്ട്‌ ഹേ ധര്‍മ്മാ! നീ ശൂദ്രജാതിയില്‍ മനുഷ്യനായിത്തീരും. ലോകത്തില്‍ ധര്‍മ്മഫലത്തിന് ഇന്നുമുതല്‍ ഒരു മര്യാദ ഞാന്‍ വെക്കുന്നു. പതിന്നാലു വയസ്സുവരെ ബാലന്മാര്‍ ചെയ്യുന്ന ഒരു പ്രവൃത്തിയും പാപത്തിന് കാരണമാകയില്ല. അതിനുമേല്‍ ചെയ്യുന്നതേ ദോഷമായിത്തീരു!

വൈശമ്പായനൻ പറഞ്ഞു: ഈ തെറ്റുകാരണം ആ മുനീന്ദ്രന്റെ ശാപമേറ്റ്‌ യമധര്‍മ്മന്‍ വിദുരനായി ശൂദ്രയോനിയില്‍ ജനിച്ചു. ധര്‍മ്മാര്‍ത്ഥ നീതി നിപുണനും ലോഭക്രോധ വിവര്‍ജ്ജിതനും ശാന്തനും ദീര്‍ഘദര്‍ശിയും കുരുക്കളുടെ നന്മയില്‍ തത്പരനുമായി വിദുരന്‍ ശോഭിച്ചു.

109. പാണ്ഡുരാജ്യാഭിഷേകം - വൈശമ്പായനൻപറഞ്ഞു; ധൃതരാഷ്ട്രന്‍, പാണ്ഡു, വിദുരന്‍ എന്നീ കുമാരന്മാർ മൂന്നുപേരും ജനിച്ചതോടു കൂടി കുരുജാംഗലവും, കുരുക്കളും, കുരുക്ഷേത്രവും ക്ഷേമാഭിവൃദ്ധി പ്രാപിച്ചു. ഭൂമിയില്‍ സസ്യങ്ങള്‍ സമൃദ്ധിയായി വളര്‍ന്നു; സസ്യങ്ങള്‍ ധാരാളം പൂത്തു കായ്ച്ചു; മേഘങ്ങള്‍ കാലേ വര്‍ഷിച്ചു; മരങ്ങളില്‍ ധാരാളം ഫലങ്ങള്‍ ഉണ്ടായി. ആന, കുതിര മുതലായ വാഹനങ്ങളും മറ്റു പക്ഷി മൃഗാദികളും സന്തോഷിച്ചു. പൂക്കളില്‍ മണം കൂടുകയും ഫലങ്ങളില്‍ രസം വര്‍ദ്ധിക്കുകയും ചെയ്തു. നഗരങ്ങളില്‍ ജനത്തിരക്കു വര്‍ദ്ധിച്ചു. കച്ചവടം വര്‍ദ്ധിച്ചു. ശില്പികളും കച്ചവടക്കാരുംവളര്‍ന്നു. ജനങ്ങള്‍ ശൂരന്മാരായി. വിദ്യാഭ്യാസം പരന്നു. ലോകര്‍ക്ക്‌ സുഖവും വര്‍ദ്ധിച്ചു. കള്ളന്മാര്‍ നാട്ടിലില്ലാതായി. അധര്‍മ്മികളുമില്ലാതായി. നാട്ടിന്‍ പുറങ്ങളിലും അപ്രകാരം കൃതയുഗം പിറന്നു. ധര്‍മ്മം ചെയ്യുന്ന യജ്ഞശീലന്മാരും സത്യവ്രതന്മാരും പ്രജകളില്‍ ഇഷ്ടം വളര്‍ത്തി. തമ്മില്‍ ഇഷ്ടം വര്‍ദ്ധിച്ചു. മാനക്രോധങ്ങള്‍ വെടിഞ്ഞ്‌ ജനങ്ങള്‍ ഉദാരമതികളായി, തമ്മില്‍ അഭിനന്ദിച്ചു. അങ്ങനെ ധര്‍മ്മം വളര്‍ന്നു. അംഭോനിധി പോലെ ആ പുരം സമ്പൂര്‍ണ്ണമായി ശോഭിച്ചു. മേഘംപോലെ നില്ക്കുന്ന കോട്ടവാതിലും കൊത്തളങ്ങളും ചേര്‍ന്ന പ്രാസാദങ്ങള്‍ നിരനിരയായി നില്ക്കുന്ന പുരം വാസവാലയം പോലെ ശോഭിച്ചു. ആറ്റിലും കാട്ടിലും പൊയ്കയിലും കുളങ്ങളിലും മേട്ടിലുമൊക്കെ നാട്ടുകാര്‍ നന്ദിച്ചു കേളിയാടി. ഉത്തരകുരുക്കളുമായി തെക്കന്‍ കുരുക്കള്‍ അഭിവൃദ്ധിയില്‍ മത്സരിച്ചു. ദേവര്‍ഷി ചാരണന്മാരോടും അപ്രകാരം അവര്‍ മത്സരിച്ചു.

ദരിദ്രന്മാര്‍ ആരുമില്ലാതായി. വിധവകള്‍ ഉണ്ടായില്ല. ഇങ്ങനെ കുരുക്കള്‍ വര്‍ദ്ധിച്ചു വരുന്നേടത്ത്‌ സമാധാന സുഖങ്ങളും വര്‍ദ്ധിച്ചു. കുളം, കിണറ്‌, സഭാസ്ഥാനം, ഉദ്യാനം, ബ്രാഹ്മണാലയം ഇവ ആ നാട്ടില്‍ ഒട്ടേറെ ഉണ്ടായി. നാട്ടിലെങ്ങും നിത്യവും ഉത്സവമായി. ഭീഷ്മൻ ഭരിക്കുമ്പോള്‍ ചൈതന്യ യൂപങ്ങള്‍ നിറഞ്ഞ്‌ നാടുകള്‍ ശോഭിച്ചു. ഭീഷ്മൻ സംരക്ഷിക്കുന്ന നാട്‌ ആകര്‍ഷകമായി. കുമാരന്മാര്‍ക്കു വേണ്ട കര്‍മ്മങ്ങളെല്ലാം ക്രമത്തില്‍ ചെയ്തു വരുന്ന സമയത്ത്‌, പൗരന്മാരും ജാനപദന്മാരുമെല്ലാം ഉത്സുകരായി. കുരുമുഖ്യരുടെ ഗൃഹത്തിലും പൗരന്മാരുടെ വീടുകളിലും കൊടുക്കുക, ഭുജിക്കുക എന്നീ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു.

ധൃതരാഷ്ട്രന്‍, പാണ്ഡു, വിദുരന്‍ ഇവരെ ജന്മം തൊട്ട്‌ ഭീഷ്മൻ പുത്രരെപ്പോലെ പരിലാളിച്ചു. വേണ്ട സംസ്കാരത്തോടെ വ്രതാദ്ധ്യയനങ്ങള്‍ ശീലിച്ച്‌ ശ്രമവ്യായാമ ദക്ഷന്മാരായി അവര്‍ വളര്‍ന്ന്‌ യൗവനം പ്രാപിച്ചു. ധനുര്‍വ്വേദം, വേദം, ഗദ, ചര്‍മ്മം, അഗ്നിയുദ്ധം, ഗജശിക്ഷ, നീതിവിദ്യ, ഇതിഹാസ പുരാണ ശിക്ഷ എന്നിവ പഠിച്ച്‌ അവര്‍ അറിവു സമ്പാദിച്ചു. വേദവേദാംഗ തത്വജ്ഞരായ അവര്‍ ഏതിലും തീര്‍ച്ച കണ്ടവരായി തീര്‍ന്നു. വില്ലെടുത്തുള്ള പ്രയോഗത്തില്‍ പാണ്ഡു വിശേഷിച്ചു എല്ലാവരിലും പ്രമുഖനായി. ധൃതരാഷ്ട്രന്‍ എല്ലാവരേക്കാളും ശക്തനായി. മൂന്നു ലോകത്തിലും വിദുരനോടു കിട നില്ക്കുന്ന ധര്‍മ്മജഞന്മാർ ഉണ്ടായിരുന്നില്ല. നഷ്ടമായ ശാന്തനു കുലം ഇങ്ങനെ പുഷ്ടമായിത്തീര്‍ന്നു.

വീര മാതാക്കളില്‍ കാശിരാജ പുത്രിമാരും, രാജ്യത്തില്‍ കുരുജാംഗലവും, ധര്‍മ്മിഷ്ഠരില്‍ ഭീഷ്മനും, പുരത്തില്‍ ഹസ്തിനാപുരവും കാവൃഗാനങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു.

അന്ധനായതു കൊണ്ട്‌ ധൃതരാഷ്ട്രന്‍ രാജ്യഭാരം ഏറ്റില്ല. വിദുരന്‍ ശൂദ്രസ്ത്രീ പുത്രനാകയാല്‍ രാജ്യാധികാരം ഇല്ലാത്തവനായി. പാണ്ഡുവാണ്‌ രാജാവായത്‌.

ഒരു ദിവസം ജ്ഞാനിയും നീതിമാനുമായ ഭീഷ്മൻ, ധര്‍മ്മജ്ഞനായ വിദുരനോടു പറഞ്ഞു.

110. ധൃതരാഷ്ട്രവിവാഹം - ഭീഷ്മൻ പറഞ്ഞു: ഹേ, വിദുരാ! നമ്മുടെ വംശം ഗുണങ്ങള്‍ നിറഞ്ഞതും പ്രസിദ്ധിയുള്ളതുമാണ്‌. രാജാക്കന്മാര്‍ക്കൊക്കെ അധിരാജത്വമുള്ളതാണ്‌. യോഗ്യന്മാരായ രാജാക്കന്മാര്‍ മുമ്പു ഭരിച്ചുവന്ന ഈ കുലത്തിന് മുമ്പൊരിക്കലും ക്ഷയം തട്ടിയിട്ടില്ല. ഞാനും, സത്യവതിയും, വ്യാസമഹര്‍ഷിയും കൂടി ഇവിടെ വീണ്ടും നിങ്ങളില്‍ കുലതന്തുക്കള്‍ ഉറപ്പിച്ചു. അതു സമുദ്രം പോലെ വളരുന്നതിന് ഞാനും നീയും അശ്രാന്തം ശ്രമിക്കേണ്ടതുണ്ട്‌.

യാദവപുത്രിയായ കുന്തിഭോജന്റെ മകള്‍ ഈ കുലത്തിനു യോഗ്യയാണെന്നു ഞാന്‍ കേള്‍ക്കുന്നു! അപ്രകാരം തന്നെ സുബലയും മദ്ര രാജകുമാരിയും. ഇവരെല്ലാം കുലീനകളും അഴകുള്ളവരുമായ, ക്ഷത്രിയ ശ്രേഷ്ഠമാരാണ്‌. നമ്മുടെ കുലത്തിലേക്കു ചാര്‍ച്ചയ്ക്ക്‌ അവര്‍ ചേരുന്നവരുമാണ്‌. അവരെ നമ്മുടെ വംശത്തിലേക്കു വരിക്കുന്നതു നല്ലതാണെന്നാണ്‌ എന്റെ അഭിപ്രായം. സന്താനാഭിവൃദ്ധിക്കു നന്നെന്നാണ്‌ എനിക്കു തോന്നുന്നത്‌. എടോ വിദുരാ, നിന്റെ അഭിപ്രായമെന്താണ്‌?

വിദുരന്‍ പറഞ്ഞു: ഞങ്ങളുടെ അച്ഛനും അമ്മയും ഗുരുവുമായി ഭവാനല്ലാതെ മറ്റാരുമില്ല. അതു കൊണ്ട്‌ ഈ കുലത്തിന് ഹിതമായതെന്തോ അതു ഭവാന്‍ ചിന്തിച്ചു ചെയ്തു കൊള്ളുക തന്നെ!

വൈശമ്പായനൻ പറഞ്ഞു: സുബലാത്മജയായ ഗാന്ധാരി പരമശിവനെ സേവിച്ച്‌ നൂറു പുത്രന്മാര്‍ ഉണ്ടാകുവാന്‍ വരം വാങ്ങിയ വൃത്താന്തം ഭീഷ്മൻ സൂക്ഷ്മമായി അറിഞ്ഞു. ഒരു ബ്രാഹ്മണനില്‍ നിന്നാണ്‌ ഈ വാര്‍ത്ത അദ്ദേഹം അറിഞ്ഞത്‌. ഉടനെ ഭീഷ്മൻ ഗാന്ധാര രാജാവിന്റെ അടുത്തേക്ക്‌ ആളെ അയച്ചു. തന്റെ മകളുടെ ഭര്‍ത്താവാകുവാന്‍ പോകുന്നത്‌ ഒരു അന്ധനാകുന്ന കാരൃത്തില്‍ അദ്ദേഹം ചിന്താകുലനായി. കുലം, ഖ്യാതി, നടപടി ഈ നിലയ്ക്കൊക്കെ ചിന്തിച്ചതില്‍ ധൃതരാഷ്ട്രനു തന്നെ തന്റെ മകളെ നല്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.

ധൃതരാഷ്ട്രന് കണ്ണില്ലെന്ന്‌ ഗാന്ധാരി കേട്ടു. തന്നെ അച്ഛനമ്മമാര്‍ ഒരു അന്ധനാണു നല്കുന്നതെന്നു കേട്ട ഉടനെ ഒരു പട്ടെടുത്തു മടക്കി അവള്‍ തന്റെ കണ്ണിന്റെ കാഴ്ച ഇല്ലാതാകുമാറ്‌ കണ്ണു കെട്ടി. പാതിവ്രത്യം പരമധര്‍മ്മമായി കരുതുന്ന ഗാന്ധാരി, ഭര്‍ത്താവിനേക്കാള്‍ അധികമായി തനിക്കു യാതൊരു മേന്മയും ഉണ്ടാകരുതെന്നു വിചാരിച്ചു.

പിന്നെ ഗാന്ധാര രാജാവിന്റെ പുത്രന്‍ ശകുനി സംഭാവനകളോടു കൂടി സോദരിയേയു കൊണ്ട്‌ ഹസ്തിനാപുരത്തിലെത്തി. അവളെ ധൃതരാഷ്ട്രന് മുറപ്രകാരം വിവാഹം കഴിച്ചു കൊടുത്തു. ആ സോദരിയെ പരിച്ഛദത്തോടെ നല്കിയ ശകുനിയെ ഭീഷ്മൻ സല്‍ക്കരിച്ചയച്ചു.

ശീലം കൊണ്ടും ആചാരം കൊണ്ടും പ്രവൃത്തി കൊണ്ടും ഗാന്ധാരി ഉത്തമയായി ശോഭിച്ചു. കുരുക്കള്‍ക്കൊക്കെ അവള്‍ തൃപ്തിയും തുഷ്ടിയുമുണ്ടാക്കി. ഗുരുക്കളെ സ്വവൃത്തം കൊണ്ട്‌ ആരാധിച്ചു. സുശീലയായ ആ പതിവ്രത അന്യന്റെ പേര് വാക്കു  കൊണ്ടു പോലും സ്പര്‍ശിച്ചില്ല.

111. കര്‍ണ്ണസംഭവം - വൈശമ്പായനൻ പറഞ്ഞു: വസുദേവന്റെ പിതാവായ ശൂരൻ എന്ന യാദവന്റെ മകളായ പൃഥ അതിസുന്ദരിയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ പെങ്ങളുടെ മകനായ കുന്തിഭോജന്‍ അനപത്യത കൊണ്ടു ദുഃഖിക്കുമ്പോള്‍ ശൂരൻ പറഞ്ഞു.

ശൂരൻ പറഞ്ഞു: ഭവാന്‍ ദുഃഖിക്കേണ്ട. എനിക്ക്‌ ആദ്യമായിഉ ണ്ടാകുന്ന സന്താനത്തെ ഞാന്‍ ഭവാനു സന്തതിയായി തന്നു കൊള്ളാം.

വൈശമ്പായനൻ പറഞ്ഞു: ഈ സത്യം അനുസരിച്ച്‌ ശൂരന്‍ തന്റെ പ്രഥമസന്താനമായ പൃഥയെ കുന്തിഭോജനു നല്കി. കുന്തിഭോജന്‍ തന്റെ മകളെ ബ്രാഹ്മണാതിഥികളെ പൂജിക്കുവാന്‍ നിയോഗിച്ചു. ഒരു ദിവസം ദുര്‍വ്വാസാവു മഹര്‍ഷി കുന്തിഭോജന്റെ അതിഥിയായി രാജധാനിയില്‍ വന്നു. പൃഥ ആ ഉഗ്രതപോധനനെ ശുശ്രൂഷിച്ചു. നിഗൂഢമായ ധര്‍മ്മനിയമത്തോടു കൂടിയവനും, കോപശീലനും, ഉഗ്രനും, സംശിതാത്മാവുമായ ആ മുനിയെഅവള്‍ പ്രീതനാക്കി. പൃഥയില്‍ പ്രീതനായ മഹര്‍ഷി ഭാവി കണ്ടറിഞ്ഞ്‌ ആപത് ധര്‍മ്മമോര്‍ത്ത്‌ അവളോടു പറഞ്ഞു.

ദുര്‍വ്വാസാവു പറഞ്ഞു: വത്സ! ഞാന്‍ നിനക്കൊരു മന്ത്രം ഉപദേശിച്ചു തരാം! ഈ മന്ത്രം ജപിച്ച്‌ ഏതു ദേവനെ നീ ആവാഹിക്കുന്നുവോ ആ ദേവന്റെ പ്രീതി കൊണ്ട്‌ നിനക്കു പുത്രനുണ്ടാകും.

വൈശമ്പായനൻ പറഞ്ഞു: അവള്‍ ആദരവോടെ ഋഷിയുടെ പക്കല്‍ നിന്ന്‌ ആഭിചാര മന്ത്രം ഗ്രഹിച്ചു. ബാല്യസഹജമായ കൗതുകത്താല്‍ ആ കന്യക മന്ത്രം ജപിച്ച്‌ സൂര്യദേവനെ ആവാഹിച്ചു. ലോകഭാവനനായ സൂര്യദേവന്‍ അവളുടെ ശയനഗൃഹത്തില്‍ പ്രവേശിച്ചു. ആ വരാംഗി സൂര്യദേവനെ കണ്ടു വിസ്മയിച്ചു. ഇതെന്തൊരത്ഭുതം! ഭാസ്കരദേവന്‍ തന്റെ മുമ്പില്‍ വന്നു നില്ക്കുന്നു.

ദേവന്‍ പറഞ്ഞു: ഞാന്‍ ഇതാ എത്തിയിരിക്കുന്നു. സുന്ദരീ, ഞാന്‍ എന്തു ചെയ്യണമെന്ന്‌ ആജ്ഞാപിച്ചാലും.

കുന്തി പറഞ്ഞു: ഭഗവാനേ, ശത്രുഹന്താവായ ഒരു വിപ്രന്‍ ഒരു മന്ത്രവും വരവും എനിക്കു തന്നു. വിഭോ, അതൊന്നു പരീക്ഷിക്കുവാന്‍ ഞാന്‍ എന്റെ വിവരക്കേടു കൊണ്ട്‌ ആഹ്വാനം ചെയ്തതാണ്‌. അങ്ങ്‌ എന്നില്‍ പ്രസാദിക്കണേ! ഞാന്‍ ചെയ്ത തെറ്റു പൊറുക്കണേ! ഞാന്‍ ഭവാന്റെ മുമ്പില്‍ തല കുനിച്ച്‌ അപേക്ഷിക്കുന്നു. അറിവില്ലാത്ത ഈ ബാലയുടെ അവിവേകത്തില്‍ ക്ഷമിച്ചാലും! സ്ത്രീകള്‍ കുറ്റം ചെയ്താലും രക്ഷിക്കപ്പെടേണ്ടവരല്ലേ?

സൂര്യന്‍ പറഞ്ഞു: ദുര്‍വ്വാസാവു വരം നല്കിയതൊക്കെ ഞാന്‍ അറിഞ്ഞു. നീ ഭയപ്പെടേണ്ട. എന്നോടു കൂടി നീ സസന്തോഷം സംഗമിക്കുക. എന്റെ ദര്‍ശനം അമോഘമാണ്‌. നിഷ്ഫലമാക്കുവാന്‍ പാടില്ല. വിശേഷിച്ചും ഞാന്‍ ആഹുതനാണ്‌. വൃഥാഹ്വാനത്തില്‍ നിനക്കു തീര്‍ച്ചയായും ദോഷമുണ്ടാകും. ഭീരു, എന്തിനു പരിഭ്രമിക്കുന്നു?

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ പലവിധം സാന്ത്വോക്തികള്‍ പറഞ്ഞിട്ടും അവള്‍ ഞാന്‍ കന്യകയല്ല! ഭഗവാനേ എന്നെ ചതിക്കരുതേ എന്നു പറഞ്ഞു സമ്മതിക്കാതെ നിന്നു. ബന്ധുക്കളെ ഭയപ്പെട്ടും, ലജ്ജിച്ചും നില്ക്കുന്ന അവളോട്‌ ഭാസ്‌കരന്‍ പറഞ്ഞു.

സൂര്യന്‍ പറഞ്ഞു: ഹേ, രാജ്ഞീ! എന്റെ പ്രസാദത്താല്‍ നിനക്കു യാതൊരു ദോഷവും സംഭവിക്കുകയില്ല.

വൈശമ്പായനൻ പറഞ്ഞു: കുന്തിഭോജ പുത്രിയോട്‌ ഇപ്രകാരം പറഞ്ഞ്‌ അഖില ലോകേശ്വരനും, പ്രകാശകാരിയുമായ ഭഗവാന്‍ അവളെ സസ്നേഹം തലോടി പുണര്‍ന്നു. സൂര്യഭഗവാന്‍ വാനിലേക്കു പോവുകയും ചെയ്തു.

ആ സംഗത്തില്‍ സര്‍വ്വാസ്ത്രജ്ഞാനിയായ ഒരു നന്ദനന്‍ ജനിച്ചു. ജനിക്കുമ്പോള്‍ തന്നെ ശ്രീമാനായ ആ ബാലന്‍ ചട്ടയിട്ടു കുണ്ഡലങ്ങള്‍ ധരിച്ച്‌ കാന്തിമാനായി വിളങ്ങി. പിന്നീട്‌ ലോകത്തിലെങ്ങും പ്രസിദ്ധനായിത്തീര്‍ന്ന കർണ്ണനാണ്‌ ആ ബാലന്‍!

ആദിത്യന്‍ വീണ്ടും കുന്തിക്കു കന്യാത്വം നല്കി. ഉണ്ണി പിറന്നതു കണ്ട്‌ ആ വാര്‍ഷ്ണേയി ദുഃഖിച്ചു. ഇനി എന്തു ചെയ്യേണ്ടു എന്നു മനസ്സിരുത്തി അവള്‍ രഹസ്യമായി ചിന്തിച്ചു. ബന്ധുക്കളില്‍ ഭയം മൂലം, അപവാദം ഭയന്ന്‌ അവള്‍ എല്ലാം മറച്ചു വെച്ചു. കുന്തി ബലവാനായ ആ കുട്ടിയെ വെള്ളത്തില്‍ ഒഴുക്കി വിട്ടു. വെള്ളത്തില്‍ ഒഴുകി വരുന്ന കുട്ടിയെ ഒരു സൂതന്‍ കണ്ടെടുത്തു. അവന്‍ അവന്റെ ഭാര്യയായ രാധയ്ക്കു നല്കി. അവര്‍ ആ ബാലനെ അത്ഭുതത്തോടെ എടുത്തു വളര്‍ത്തി. കവചകുണ്ഡലാദികളായ വസുവോടൊത്തു ജനിക്കുകയാല്‍ വസുഷേണന്‍ എന്ന് അവനു പേര്‍ കൊടുത്തു.

അവന്‍ സര്‍വ്വാസ്ത്രപടുവായി വളര്‍ന്നു. ബലവാനായ ആ ബാലന്‍ പുറം ചുടും വരെ നിത്യവും സുര്യോപാസന ചെയ്തു. വീരനും ബുദ്ധിമാനുമായ അവന്‍ ജപം കഴിഞ്ഞു നില്ക്കുന്ന സമയത്ത്‌ വിപ്രന്മാര്‍ വന്നു ചോദിക്കുന്നതൊക്കെ നല്കും. ഇന്ദ്രന്‍ വിപ്രന്റെ വേഷത്തില്‍ വന്നു കര്‍ണ്ണനോട്‌ അവന്റെ സഹജമായ ചട്ട യാചിച്ചു. സ്വപുത്രനായ അര്‍ജ്ജുനന് ഇഷ്ടസിദ്ധി വരുത്തുവാനാണ്‌ ഈ യാചനയ്ക്ക്‌ ഇന്ദ്രന്‍ പുറപ്പെട്ടത്‌. ബ്രാഹ്മണര്‍ക്കു ദാനം ചെയ്യാന്‍ വയ്യാത്തതായി ഒന്നും തന്നെ അവന് ഇല്ലായിരുന്നു.

ജന്മസിദ്ധവും ഉജ്ജ്വലവുമായ ആ ചട്ട കര്‍ണ്ണന്‍ ദേഹത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത്‌ ആ വിപ്രന് നല്കി. ധീരമായ ആ ക്രിയ കണ്ട്‌ ഇന്ദ്രന്‍ ഏറ്റവും സന്തുഷ്ടനായി കര്‍ണ്ണനില്‍ പ്രസാദിച്ച്‌ അവന് ഒരു വേല്‍ നല്കി, നന്ദിയോടെ ഇപ്രകാരം പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു. ദേവന്മാര്‍, മനുഷ്യര്‍, അസുരന്മാര്‍, ഗന്ധര്‍വ്വന്മാര്‍, നാഗങ്ങള്‍, രാക്ഷസന്മാര്‍ എന്നിവരില്‍ ആരില്‍ നീ ഈ വേല്‍ പ്രയോഗിക്കുന്നുവോ, അവന്‍ മൃതനാകും.

വൈശമ്പായനന്‍ പറഞ്ഞു: മുമ്പേ തന്നെ വസുഷേണനെന്നു പേര്‍ പുകഴ്‌ന്ന ആ കര്‍ണ്ണന്‍ അന്നു മുതല്‍ വൈകര്‍ത്തനന്‍ എന്ന പേര്‍ നേടി.  ( വികര്‍ത്തനം ചെയ്തവന്‍, ദേഹം മുറിച്ചവന്‍ എന്നര്‍ത്ഥം ).

112. കുന്തിവിവാഹം - വൈശമ്പായനൻ പറഞ്ഞു: സത്വരൂപഗുണങ്ങള്‍ ചേര്‍ന്നവളും ധര്‍മ്മപ്രതാപാന്വിതയുമായ കുന്തി കാന്തിമതിയായി ശോഭിച്ചു. യൗവനയുക്തയായ ആ ദീര്‍ഘാംപാംഗിയെ അനവധി രാജാക്കന്മാര്‍ കാമിച്ചു. കുന്തി സ്ത്രീകളില്‍ സകല ഗുണവും തികഞ്ഞവളാണെന്നുള്ള പ്രസിദ്ധി എങ്ങും പരന്നു.

കുന്തിഭോജന്‍ മകളുടെ സ്വയംവരം നിശ്ചയിച്ചു. രാജാക്കന്മാരെയൊക്കെ ക്ഷണിച്ചുവരുത്തി.

അവള്‍ ആ രംഗമദ്ധ്യത്തില്‍ രാജാക്കന്മാര്‍ ഇരിക്കുന്നതില്‍ രാജശാര്‍ദ്ദൂലനായ പാണ്ഡുവിനെ കണ്ടു. സിംഹദര്‍പ്പനും മഹോരസ്കനും, വൃഷഭാക്ഷനും, മഹാബലനുമായ പാണ്ഡു സൂര്യനെപ്പോലെ രാജമണ്ഡലശ്രീ ജയിച്ചു രാജമദ്ധൃത്തില്‍ ഇന്ദ്രനെപ്പോലെ ഇരിക്കുന്നതു കണ്ടു.

പാണ്ഡു രാജാവില്‍ ചിത്തമാണ്ട്‌ ആകുല ചേതസ്സായി കുന്തി നിന്നു പോയി. അവളുടെ ഹൃദയം പിടഞ്ഞു. അവള്‍ അവശയായി. വരണമാല്യം കൈയില്‍ പിടിച്ചു ലജ്ജിച്ച്‌ മന്ദം മന്ദം പാണ്ഡുവിനെ സമീപിച്ച്‌ ആ രാജവീരന്റെ ഗളത്തില്‍ മാലയിട്ടു. പാണ്ഡുവെ കുന്തി മാലയിട്ടതു കണ്ടപ്പോള്‍ മറ്റു രാജാക്കന്മാര്‍ താന്താങ്ങളുടെ വാഫഹനങ്ങളില്‍ കയറി വന്നപാടെ തിരിച്ചു പോയി.

പിന്നീട്‌ കുന്തിഭോജന്‍ അവളുടെ വേളി യഥാവിധി നടത്തി. കുന്തിയോടു കൂടി പാണ്ഡു ശചിയോട്‌ ഇന്ദ്രന്‍ എന്ന പോലെ, യോജിച്ചു. വേളി നടത്തിയതിന് ശേഷം കുന്തിഭോജന്‍ ധാരാളം ധനം വാരിക്കോരി ദാനം ചെയ്തു. വധൂവരന്മാരെ രാജാവ്‌ ഹസ്തിനാപുരിയിലേക്ക്‌ അയച്ചു. കൊടികള്‍ പാറുന്ന രഥങ്ങളോടും, സേനകളോടും, ഘോഷങ്ങളോടും കൂടി ബ്രാഹ്മര്‍ഷികളുടെ ആശിസ്സുകള്‍ ഏറ്റ്‌ ആ രാജദമ്പതികള്‍ ഹസ്തിനാപുരിയിലെത്തി. ആ കുരുനന്ദനനായ രാജാവ്‌ യഥോചിതം മാനിച്ച്‌ കുന്തിയെ സ്വഗൃഹത്തില്‍ ഇരുത്തി.

113. പാണ്ഡുദിഗ്വിജയം - വൈശമ്പായനൻ പറഞ്ഞു: പിന്നെ ഭീഷ്മൻ പല കാര്യങ്ങളും ചിന്തിച്ചു. പാണ്ഡുവിന് വേറെ ഒരു വിവാഹം കൂടി കഴിപ്പിക്കുവാനൊരുങ്ങി. വൃദ്ധമന്ത്രിമാരും, ബ്രഹ്മര്‍ഷീന്ദ്രന്മാരും മറ്റും ചേര്‍ന്ന്‌ ചതുരംഗപ്പടയോടു കൂടി മദ്ര രാജാവിന്റെ പുരിയില്‍ ചെന്നു. ഭീഷ്മൻ വന്നെത്തിയതറിഞ്ഞ്‌ ആ ബാല്‍ഹീക പുംഗവന്‍ വേഗത്തില്‍ ചെന്ന്‌  എതിരേറ്റ്‌ അര്‍പ്പിച്ച്‌ പുരത്തില്‍ പ്രവേശിപ്പിച്ചു. ശുഭ്ര പീഠത്തില്‍ വാഴിച്ച്‌ പാദ്യാര്‍ഘ്യങ്ങള്‍ നല്കി മധുപര്‍ക്കം കൊടുത്ത്‌ യാത്രയുടെ ഉദ്ദേശ്യമെന്തെന്നു വിനയപൂര്‍വ്വം ചോദിച്ചു. മദ്ര രാജാവിനോട്‌ കുരുമുഖ്യനായ ഭീഷ്മൻ പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: ഹേ, വീരാ! ഞാന്‍ കന്യാര്‍ത്ഥിയായിട്ടാണ്‌ ഇവിടേക്കു വന്നിരിക്കുന്നത്‌. ഭവാന്റെ ഗൃഹത്തില്‍ പ്രസിദ്ധ സാധുശീലയായ മാദ്രി എന്ന ബാലികയുണ്ടെന്നു കേട്ടു. ഭവാന്റെ ആ സഹോദരിയും കീര്‍ത്തിമതിയുമായ അവളെ പാണ്ഡുവിന്നായി ഞാന്‍ വരിക്കുന്നു. ഞങ്ങള്‍ക്ക്‌ ഭവാന്‍ ചാര്‍ച്ചയ്ക്കൊത്തവനാണ്‌. ഞങ്ങള്‍ അങ്ങേയ്ക്കും അപ്രകാരം തന്നെയാണ്‌! അതു ചിന്തിച്ച്‌ ഹേ, മദ്രേശാ, ഭവാന്‍ ഞങ്ങളെ കൈക്കൊണ്ടാലും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറയുന്ന ഭീഷ്മനോട്‌ മദ്ര രാജാവു പറഞ്ഞു.

മദ്ര രാജാവു പറഞ്ഞു: നിങ്ങളേക്കാള്‍ നല്ല വരന്മാരെ ഒരിടത്തും കിട്ടുക സാദ്ധ്യമല്ല; തീര്‍ച്ചയാണ്‌. ഈ വംശത്തില്‍ പണ്ടേ തന്നെ കാരണവന്മാര്‍ വെച്ച നടപ്പ്‌ ഭവാന് അറിയാമല്ലോ. അതു നല്ലതോ ചീത്തയോ എന്നു ചിന്തിക്കേണ്ടതില്ല. കീഴ് നടപ്പു മാറ്റുവാന്‍ മനസ്സു വരുന്നില്ല. അതെല്ലാം ഭവാനറിയാമല്ലോ. ഇന്നതു തരണം എന്ന് ഭവാനോടു പറയുന്നത്‌ അയുക്തമാണ്‌. ഇത്‌ ഒരുപക്ഷേ, ഞങ്ങളുടെ വംശധര്‍മ്മമാകാം. എന്നാൽ ഇത്‌ ഇവിടത്തെ പ്രമാണമാണ്‌. അതു കൊണ്ട്‌ തുറന്ന്‌ ഭവാനോട്‌ ഞാന്‍ ഒന്നും പറയുന്നുമില്ല.

വൈശമ്പായനൻ പറഞ്ഞു: ഈ വര്‍ത്തമാനം കേട്ട്‌ മദ്രരാജാവിനോട്‌ ജനാധിപനായ ഭീഷ്മൻ പറഞ്ഞു.

ഭീഷ്മൻ പറഞ്ഞു: വിധി തന്നെ വിധിച്ച മുഖ്യമായ ധര്‍മ്മമാണിത്‌. ഇതിന് കുഴപ്പമൊന്നുമില്ല. ഇതു പണ്ടേ തന്നെയുള്ള ഒരു നടപടിയുമാണ്‌. അല്ലയോ ശല്യാ! അങ്ങയുടെ സാധു മര്യാദ ഞാന്‍ മുമ്പേ അറിഞ്ഞിരിക്കുന്നവനാണ്‌. കുലാചാരം നിന്ദ്യമായാലും ഉപേക്ഷിച്ചു കൂടാത്തതാണ്‌.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ ഭീഷ്മൻ കട്ടി സ്വര്‍ണ്ണവും, വിചിത്ര ശില്പവേലകള്‍ ചെയ്ത സ്വര്‍ണ്ണവും, പല രത്നങ്ങളും വേണ്ടുവോളം എടുത്തു ശലൃര്‍ക്കു നല്കി. പിന്നെ ആന, കുതിര, രഥം എന്നി സമ്പത്തുകളും, വസത്രാഭരണജാലങ്ങളും, മണികളും, പവിഴവും ഭീഷ്മൻ ക്ഷണത്തില്‍ ശല്യന് നല്കി. ആ ധനമെല്ലാം ശല്യന്‍ രസത്തോടെ ഏറ്റുവാങ്ങി. തന്റെ സഹോദരിയെ വസ്ത്രാലങ്കാര ഭൂഷിതയാക്കി കൗാരവന് നല്കി! പിന്നെ ഭീഷ്മൻ മാദ്രിയേയും കൊണ്ട്‌ അവിടെ നിന്ന്‌ ഇറങ്ങി ഹസ്തിനാപുരിയില്‍ എത്തി. ശുഭമായ മുഹൂര്‍ത്തത്തില്‍ വിധിയാം വണ്ണം പാണ്ഡു മാദ്രിയെ വിവാഹം ചെയ്തു.

വിവാഹം കഴിഞ്ഞശേഷം വീരനായ പാണ്ഡു സുഖമായി മന്ദിരത്തില്‍ ആ ഭാര്യയെ പ്രവേശിപ്പിച്ചു. കുന്തി, മാദ്രി എന്നീ രണ്ടു ഭാര്യമാരോടു കൂടി രാജാവ്‌ ധര്‍മ്മാനുസരണം കാമാനുഭൂതികള്‍ അനുഭവിച്ചു. അങ്ങനെ ഒരു മാസം സുഖിച്ചതിണ് ശേഷം പാണ്ഡു ദിഗ്വിജയത്തിനായി പുരത്തില്‍ നിന്നു പുറപ്പെട്ടു. ദേവപുത്രാഭനായ ആ രാജാവ്‌ ഭീഷ്മാദികളായ വൃദ്ധരെ കുമ്പിട്ടു നമസ്കരിച്ച്‌ ധൃതരാഷ്ട്രനോടും മറ്റു കുരുപുംഗവന്മാരോടും യാത്ര പറഞ്ഞു. എല്ലാവരുടേയും സമ്മതം വാങ്ങി, മംഗളാചാരത്തോടു കൂടിയ ആശീര്‍വ്വാദങ്ങള്‍ സ്വീകരിച്ച്‌, ദേവപുത്രാഭനായ ആ ഭൂപന്‍ ഭൂമിഭാഗം ജയിക്കുവാന്‍ ആന, തേര്‍, കുതിര, കാലാള്‍ക്കൂട്ടങ്ങള്‍ എന്നിവയോടു കൂടി പുറപ്പെട്ടു. ഹൃഷ്ടവും പുഷ്ടവുമായ ബലത്തോടു കൂടി കൗരവര്‍ക്ക്‌ യശസ്സു വര്‍ദ്ധിപ്പിക്കുന്ന ആ കുരുനന്ദനൻ ശത്രുക്കളോടേറ്റു.

ആദ്യമായി ദശാര്‍ണ്ണത്തില്‍ ചെന്ന്‌  പൂര്‍വ്വദ്രോഹികളായ ദശാര്‍ണ്ണന്മാരെ കീഴടക്കി അവിടെ നിന്നു വിവിധ ധ്വജയുക്തനായി, മഹാസൈന്യങ്ങളോടു കൂടി പുറപ്പെട്ട്‌ മഗധത്തിലെത്തി. ദീര്‍ഘന്‍ എന്ന മഗധരാജാവ്‌ പല ഭൂപരേയും ദ്രോഹിച്ചിരുന്ന ഒരു മദാന്ധനായിരുന്നു. ആ രാജേന്ദ്രനെ അവന്റെ പുരത്തില്‍ വെച്ചു തന്നെ കൊന്നു കളഞ്ഞു. അവിടെ നിന്ന്‌ അവന്റെ ഭണ്ഡാരവും ഗജതുരഗാദികളും വാഹനവൃന്ദങ്ങളും സംഭരിച്ച്‌, പിന്നെ മിഥിലയിലെത്തി വിദേഹനെ ജയിച്ചു. കാശി, സുഹ്മം, പുണ്ഡ്രം എന്നീ നാട്ടിലും ചെന്നു കൈയൂക്കു കൊണ്ട്‌ അല്ലയോ കുരുവീരാ, അവരെയെല്ലാം പരാജിതരാക്കി യശസ്സു നേടി. ശരൗഘജ്വാലയും ശസ്ത്രപരമാര്‍ച്ചിസ്സും ചേര്‍ന്ന പാണ്ഡുവാകുന്ന അഗ്നി ഏല്‍ക്കുന്ന സമയത്ത്‌ രാജാക്കന്മാരൊക്കെ വെന്തു. പെരുമ്പടയുമായി ചെല്ലുന്ന പാണ്ഡു പെരുമ്പടയെ മുടിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പാണ്ഡുവിന് കീഴടങ്ങുകയും പാണ്ഡുവിന്റെ കീഴ് ജീവനക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്തു.

രാജാക്കന്മാര്‍ ഇന്ദ്രതുല്യ പ്രതാപവാനായി പാണ്ഡുവിനെ പുകഴ്ത്തി, അവനെച്ചെന്നു കണ്ട്‌ രാജാക്കന്മാര്‍ കൈകൂപ്പി വന്ദിച്ചു. മഹാരത്നങ്ങളും, മണികളും, ധനജാലങ്ങളും, സ്വര്‍ണ്ണം, വെള്ളി, മുത്ത്‌, പവിഴം മുതലായ വിശിഷ്ടവസ്തുക്കളും പാണ്ഡുവിന് കാഴ്ചവെച്ചു.

നല്ല പശുക്കള്‍, നല്ല കുതിരകള്‍, നല്ല ആനകള്‍, ഒട്ടകം, പോത്ത്‌, കഴുത, ആട്‌ എന്നിവയുടെ കൂട്ടങ്ങള്‍, കരിമ്പടങ്ങള്‍, പട്ടുകള്‍, മാന്തോലുകള്‍, മെത്തവിരിപ്പുകള്‍ മുതലായവ കാഴ്ചദ്രവ്യങ്ങളായി അസംഖ്യം ദ്രവ്യങ്ങള്‍ പാണ്ഡുവിന്റെ കാല്‍ക്കല്‍വന്നു കൂടി. രാജാവ്‌ ആവശ്യമുള്ളിടത്തോളം സ്വീകരിച്ച്‌ ഹസ്തിനാപുരത്തേക്കു കൊണ്ടു പോയി. രാജേന്ദ്രരായ ശാന്തനു, ഭരതന്‍ എന്നിവരുടെ വളര്‍ന്നു നില്ക്കുന്ന കീര്‍ത്തി വീണ്ടും വര്‍ദ്ധിപ്പിച്ച്‌ പാണ്ഡു പ്രശോഭിച്ചു. "കുരുരാഷ്ട്രങ്ങളും കുരുവംശധനങ്ങളും ഹരിച്ച നൃപന്മാരെ തനിക്കു കപ്പം തരുന്നവരായി പാണ്ഡു മാറ്റി", എന്നു മന്നവന്മാരും മന്ത്രിമാരും ഇക്കാര്യത്തില്‍ പാണ്ഡുവിനെപ്പറ്റി പ്രശംസിച്ചു. പൗരന്മാരും ജാനപദന്മാരും പാണ്ഡുവിനെ പുകഴ്ത്തി. ദിഗ്വിജയം കഴിഞ്ഞു മടങ്ങിയെത്തുന്ന പാണ്ഡുവിനെ പൗരന്മാരും ജാനപദന്മാരും അദ്ദേഹത്തിന്റെ ആഗമനത്തില്‍ ഭീഷ്മാദികളോടു കൂടി എതിരേറ്റു. ഹസ്തിനാപുരം വിട്ടു ജനങ്ങള്‍ വളരെ ദൂരം ചെന്ന്‌  രാജാവു ധനസമൂഹവുമായി എത്തുന്നതു കണ്ട്‌ ആനന്ദത്തോടെ സ്വാഗതം ചെയ്തു.

പല വാഹനങ്ങളില്‍ കയറ്റി എത്തുന്ന രത്നസമുച്ചയം, ആന, കുതിര, രഥാദികള്‍, പശുക്കള്‍, ഒട്ടകം, ആടുകള്‍ ഇവയ്ക്കൊന്നും ഒരു അന്തവും ഭീഷ്മൻ തുടങ്ങിയ കൗരവന്മാര്‍ കണ്ടില്ല. കൗസല്യാ നന്ദന വര്‍ദ്ധനനായ പാണ്ഡു താതപാദങ്ങള്‍ കുമ്പിട്ട വിധിപ്രകാരം പൗരജാനപദാദിയെ മാനിച്ചു.

പുരങ്ങളും രാഷ്ട്രങ്ങളും മര്‍ദ്ദിച്ചു തിരിച്ചെത്തിയ പുത്രനെ തഴുകി ഭീഷ്മൻ ആനന്ദക്കണ്ണീര്‍ വാര്‍ത്തു കൊണ്ടു നിന്നു പോയി!

ഉച്ചത്തില്‍ പെരുമ്പറയടിച്ചും, ശംഖനാദം മുഴക്കിയും പരന്മാര്‍ ഹര്‍ഷാരവമുണ്ടാക്കി, രാജാവിനെ ഹസ്തിനാപുരത്തില്‍ സ്വീകരിച്ചു.

114. വിദുരപരിണയം - വൈശമ്പായനൻ പറഞ്ഞു: കൈയൂക്കാല്‍ നേടിയ ധനം ധൃതരാഷ്ട്രന്റെ അഭിപ്രായത്തോടു യോജിച്ച്‌ പാണ്ഡു ഭീഷ്മര്‍ക്കും സത്യവതിക്കും നല്കി. വേണ്ടുവോളം ധനം വിദുരനും നല്കി. സുഹൃത്തുക്കളേയും പാണ്ഡു വിത്തം നല്കി തൃപ്തരാക്കി. പിന്നെ ഭീഷ്മൻ, സത്യവതി, അംബാലിക എന്നിവരേയും താന്‍ നേടിയ വിശേഷപ്പെട്ട വിത്തങ്ങള്‍ കൊണ്ടു പാണ്ഡു സന്തുഷ്ടരാക്കി. ജയന്തനെ ശചീദേവി എന്ന പോലെ ആ വിജയിയായ പുത്രനെ തഴുകി കൗസല്യ സന്തോഷത്തില്‍ മുങ്ങി.

അവന്റെ വിക്രമത്താല്‍ അശ്വമേധത്തിന് തുല്യമായ അനവധി മഹാമഖങ്ങള്‍ നടത്തി. ധൃതരാഷ്ട്രന്‍ കുന്തീമാദ്രികളോടൊത്തു ലക്ഷം പേര്‍ക്കു ദക്ഷിണകള്‍ നല്കി.

പിന്നിട്‌ മാളികത്തട്ടും മൃദുമെത്തയുമൊക്കെ വിട്ട്‌ പാണ്ഡു കുന്തീമാദ്രിമാരുമൊത്തു മൃഗയാവിനോദത്തിനായി കാട്ടിലേക്കു പോയി. ഹിമാലയ പര്‍വ്വതത്തിന്റെ തെക്കുവശത്തൂടെ സഞ്ചരിച്ച്‌ ഗിരി പൃഷ്ഠങ്ങളിലും മഹാവനങ്ങളിലും അവര്‍ പാര്‍ത്തു. രണ്ടു സുന്ദരിമാരായ പിടികളോടു കൂടി നടക്കുന്ന ഇന്ദ്രഗജം പോലെ ശോഭിച്ചു. വാളും, വില്ലും, ശരങ്ങളും, വിചിത്രമായ ചട്ടയും ധരിച്ച്‌ ഭാര്യമാരോടു കൂടി നടക്കുന്ന പാണ്ഡുവിനെ കണ്ട്‌ അദ്ദേഹം ദേവനാണെന്ന്‌ വനവാസികള്‍ വിചാരിച്ചു. പാണ്ഡുവിന് വേണ്ടുന്ന ഇഷ്ടഭക്ഷണങ്ങള്‍ എല്ലാം ധൃതരാഷ്ട്രന്‍ കാട്ടിലേക്ക്‌ എത്തിച്ചു കൊടുത്തു.

ഇങ്ങനെ പാണ്ഡു സഞ്ചരിക്കുന്ന കാലത്ത്‌ ഭീഷ്മൻ വിദുരന് വിവാഹകാര്യം ചിന്തിക്കുകയായിരുന്നു. ദേവകന്‍ എന്ന രാജാവിന് ശുദ്രസ്ത്രീയില്‍ ജനിച്ച ഒരു കനൃകയുണ്ടെന്നു കേട്ട്‌, അവള്‍ രൂപഗുണമുള്ളവളും യൗവന യുക്തയും ആണെന്നറിഞ്ഞ്‌ ഭീഷ്മൻ അദ്ദേഹത്തിന്റെ അടുത്തു ചെന്ന്‌  അവളെ വിദുരനു വേണ്ടി വരിച്ചു. ഹസ്തിനാപുരിയില്‍ കൊണ്ടു വന്ന്‌ വിദുരനെക്കൊണ്ടു വേളി കഴിപ്പിച്ചു. തനിക്കൊത്ത ഗുണവാന്മാരും വിനയശീലരുമായ പുത്രന്മാരെ അവള്‍ പ്രസവിച്ചു.

115. ഗാന്ധാരീപുത്രോത്പത്തി - വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന് ഗാന്ധാരിയില്‍ നൂറു പുത്രന്മാരുണ്ടായി. വൈശൃസ്ത്രീയില്‍ വേറെ ഒരു പുത്രനും ഉണ്ടായി. കുന്തീമാദ്രിമാരില്‍ പാണ്ഡുവിന് കുലതന്തുക്കളായി വീരന്മാരായ അഞ്ചു മക്കളുണ്ടായി. അവര്‍ ദേവന്മാരില്‍ നിന്നാണ്‌ ഉണ്ടായത്‌.

ജനമേജയന്‍ പറഞ്ഞു: ഗാന്ധാരിയില്‍ നുറു പുത്രന്മാര്‍ എങ്ങനെയാണുണ്ടായത്‌ ? എത്രകാലം കൊണ്ട്‌ ? അവരുടെ ആയുസ്സ്‌ ഏതു കണക്കാണ്‌? ധൃതരാഷ്ട്രന് വൈശ്യസ്ത്രീയില്‍ പുത്രന്‍ എങ്ങനെ ജനിച്ചു? ധര്‍മ്മചാരിണിയായ ഗാന്ധാരി അനുകൂലയായി നില്ക്കുമ്പോള്‍ ധൃതരാഷ്ട്രന്‍ അവളെ ചതിക്കുവാന്‍ എന്താണു കാരണം? ശാപമേറ്റ പാണ്ഡുവിന് എങ്ങനെ ദേവന്മാരില്‍ നിന്നു മഹാരഥന്മാരായ പുത്രന്മാരുണ്ടായി? ഇതൊക്കെ വിദ്വാനായ ഭവാന്‍ വിസ്തരിച്ചു പറഞ്ഞു തരണം. വംശകഥ കേള്‍ക്കുവാന്‍ കൗതുകമുണ്ട്‌. എത്ര കേട്ടിട്ടും മതിയാകുന്നില്ല.

വൈശമ്പായനൻ പറഞ്ഞു: ഒരു ദിവസം വിശപ്പും ദാഹവുമായി വ്യാസന്‍ ഗാന്ധാരിയുടെ അടുത്തു ചെന്നു. അവള്‍ മുനിയെ സംപ്രീതനാക്കുമാറു സൽക്കരിച്ചു. അദ്ദേഹം അവള്‍ക്കു വരം നല്കി: ഭര്‍ത്താവില്‍ നിന്നു നിനക്ക്‌ നൂറു മക്കള്‍ ഉണ്ടാകട്ടെ എന്ന്. ധൃതരാഷ്ട്രനില്‍ നിന്ന്‌ അവള്‍ ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭം രണ്ടു വര്‍ഷം അവള്‍ വഹിച്ചു. പിന്നെയും പ്രസവിക്കാത്തതു മൂലം അവള്‍ക്കു വിഷാദമായി. ബാലാര്‍ക്ക തുല്യനായ ഒരു പുത്രന്‍ കുന്തിക്കുണ്ടായതായി അവള്‍ അറിഞ്ഞു. ദുഃഖിതയായ ഗാന്ധാരി തന്റെ വയറ്‌ കട്ടിയായി, നിശ്ചലമായിരിക്കുന്നതു കണ്ട്‌ വളരെ പണിപ്പെട്ട്‌ ധൃതരാഷ്ട്രന്‍ അറിയാതെ, തന്റെ വയറ്‌ ആഘാതം ചെയ്ത്‌ രണ്ടു വര്‍ഷമായി ധരിച്ചിരുന്ന ഗര്‍ഭം പുറത്തു വരത്തക്ക വിധം പിടിച്ചു മര്‍ദ്ദിച്ചു. അവള്‍ ഇരുമ്പിന്‍ കീടം പോലെ ഒരു മാംസപിണ്ഡം പ്രസവിച്ചു. ഈ വൃത്താന്തമറിഞ്ഞ വ്യാസന്‍ അവളുടെ അടുത്തെത്തി. മഹര്‍ഷി ആ മാംസഖണ്ഡത്തെക്കണ്ട്,  "ഹേ, ഗാന്ധാരീ! നീ എന്താണു ചെയ്തത്‌?", എന്നു ചോദിച്ചു.;

അവള്‍ ഉണ്ടായതെല്ലാം സത്യമായി മഹര്‍ഷിയോടു പറഞ്ഞു.

ഗാന്ധാരി പറഞ്ഞു: അര്‍ക്കാഭനായ ഒരു പുത്രനെ കുന്തി പ്രസവിച്ചു എന്നു കേട്ടപ്പോള്‍ എനിക്കു വലിയ ദുഃഖമുണ്ടായി. ഞാന്‍ ക്ഷമവിട്ട്‌ വയറു മര്‍ദ്ദിച്ചു. നുറു പുത്രന്മാരുണ്ടാകുമെന്ന്‌ ഭവാന്‍ പറഞ്ഞില്ലേ? നൂറു മക്കള്‍ക്കു പകരം ഈ മാംസക്കട്ടയാണ്‌ ഞാന്‍ പ്രസവിച്ചത്‌.

വ്യാസന്‍ പറഞ്ഞു; ഞാന്‍ പറഞ്ഞതു സത്യമാണ്‌. എന്റെ വാക്ക്‌ ഒരിക്കലും തെറ്റായി വരികയില്ല. ഉടനെ നൂറു കുടങ്ങള്‍ നെയ്യു നിറച്ചു തയ്യാറാക്കി വെപ്പിക്കുക. അതു ഗൂഢമായ ഒരുസ്ഥലത്ത്‌ ഭദ്രമായി വെയ്ക്കുക. തണുത്ത വെള്ളം കൊണ്ട്‌ മാംസക്കട്ട കഴുകുക.

വൈശമ്പായനൻ പറഞ്ഞു: വെള്ളം കൊണ്ടു കഴുകിയതിന് ശേഷം, ജലസ്പര്‍ശം മൂലം മാംസക്കട്ട നൂറായി തകര്‍ന്നു. പെരുവിരല്‍ത്തുമ്പിന്‍ വലിപ്പത്തില്‍ അതു നൂറ്റൊന്നു കഷണങ്ങളായി ചേര്‍ച്ച പോലെ വേര്‍തിരിഞ്ഞു. ക്രമത്തില്‍ ആ മാംസഖണ്ഡം അങ്ങനെ വേര്‍തിരിഞ്ഞപ്പോള്‍ ഓരോന്നുമെടുത്ത്‌ നെയ്യ്‌ നിറച്ച കുടങ്ങളിലാക്കി ഗൂഢമായ സ്ഥലത്ത്‌ ഭദ്രമായി സൂക്ഷിച്ചു. അനന്തരം മഹര്‍ഷി ഗാന്ധാരിയോട്‌ കുടങ്ങള്‍ ഇത്രകാലം കഴിഞ്ഞേ തുറക്കാവൂ! ഇനി അവിവേകമൊന്നും കാട്ടരുത്‌ എന്നു പറഞ്ഞു നിശ്ചയിച്ച്‌ ഭഗവാന്‍ തപസ്സിനായി ഹിമാദ്രിയുടെ സാനുവിലേക്കു പോയി.

ക്രമപ്രകാരം അതില്‍ നിന്നു ദുര്യോധനന്‍ മുതലായവര്‍ പിറന്നു. സന്താനങ്ങളുടെ ക്രമം നോക്കുമ്പോള്‍ ജ്യേഷ്ഠനാണ്‌ യുധിഷ്ഠിരന്‍. മക്കള്‍ ജനിച്ച വിവരം ഭിഷ്മനേയും വിദുരനേയും അറിയിച്ചു. ദുര്‍ദ്ധര്‍ഷനായ ദുര്യോധനന്‍ എന്നു പിറന്നുവോ, അന്നു തന്നെ മഹാബലനായ ഭിമനും പിറന്നു.

ദുര്യോധനന്‍ പിറന്ന ഉടനെ അവന്‍ കഴുതയുടെ ശബ്ദത്തില്‍ കൂകിക്കരഞ്ഞു. ഈ ശബ്ദം കേട്ട്‌ കഴുത എതിര്‍ശ ബ്ദമുണ്ടാക്കി. മാത്രമല്ല, കുറുക്കനും, കഴുവും, കാക്കകളും എതിര്‍ ശബ്ദമുണ്ടാക്കി. ഭയങ്കരമായ കൊടുങ്കാറ്റുണ്ടായി. ദിക്കുകളിലൊക്കെ അഗ്നി കത്തിജ്ജ്വലിച്ചു. ഈ വര്‍ത്തമാനമറിഞ്ഞ്‌ ധൃതരാഷ്ട്രന്‍ വിപ്രന്മാരേയും ഭീഷ്മവിദുരന്മാരേയും, മിത്രങ്ങളേയും, മറ്റു പൗരപ്രധാനികളേയും വരുത്തി.

ധൃതരാഷ്ട്രന്‍ പറഞ്ഞു: യുധിഷ്ഠിരന്‍ രാജപുത്രരില്‍ മൂത്തവനാണ്‌. അവന്‍ കുലവര്‍ദ്ധനനാണ്‌. സല്‍ഗുണങ്ങളാല്‍ അവന്‍ നാടുവാഴും. അതില്‍ സംശയമില്ല. അവന്റെ ശേഷം ഇവന്‍ രാജാവാകുമോ? ഇതു ഭവാന്മാര്‍ എന്നോടു പറയുക. സത്യമായ ഭാവിഫലം അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ധൃതരാഷ്ട്രന്‍ പറഞ്ഞു നിര്‍ത്തിയ ഉടനെ അശുഭമായ വിധം പെണ്‍ കുറുക്കന്മാരുടേയും, മാംസഭോജികളായ ഹിംസ്രജന്തുക്കളുടേയും കൂട്ടം ശബ്ദമുണ്ടാക്കി. ഈ അശുഭ സ്വരം കേട്ട്‌, ദുര്‍ന്നിമിത്തത്തിന്റെ സാരം ഗ്രഹിച്ച്‌ വിപ്രന്മാരും വിദുരനും ഇങ്ങനെ പറഞ്ഞു.

വിപ്രന്മാരും വിദുരനും പറഞ്ഞു: ഈ ഘോരമായ ദുര്‍ന്നിമിത്തങ്ങള്‍ രാജാവേ, ഭവാന്റെ മൂത്തപുത്രന്‍ ജനിച്ചപ്പോള്‍ കണ്ടത്‌ ഒട്ടും നന്നായില്ല. ഇവന്‍ ഈ കുലവും നാടും തീര്‍ച്ചയായും മുടിക്കും. അതില്‍ നിന്നു രക്ഷകിട്ടണമെങ്കില്‍ ഇവനെ ഉടനെ കളയണം. വളര്‍ത്തിയാല്‍ ആപത്താണ്‌. രാജാവേ, ഭവാന് തൊണ്ണുറ്റൊമ്പതു പേര്‍ മതി. കുലശാന്തി ഉണ്ടാകണമെന്ന്‌ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നീ ഇവനെ കളയുക. ഈ ഒരുത്തനെ കളഞ്ഞ്‌ കുലവും ലോകവും ഭവാന്‍ രക്ഷിക്കുക. ധര്‍മ്മം നോക്കുമ്പോള്‍ കുലത്തിന് വേണ്ടി ഒരുത്തനെ ഉപേക്ഷിക്കാം. ഒരു കുലത്തെ ഒരു ഗ്രാമത്തിന് വേണ്ടി ഉപേക്ഷിക്കാം; ഒരു രാജ്യത്തിന് വേണ്ടി ഒരു ഗ്രാമം ഉപേക്ഷിക്കാം; ആത്മാവിന് വേണ്ടി ഭൂമി തന്നെ ഉപേക്ഷ്വിക്കാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം വിദുരനും വിപ്രന്മാരും പറഞ്ഞു. എന്നാൽ രാജാവ്‌ പുത്രസ്നേഹം മൂലം ആ ഉപദേശം അനുസരിച്ചില്ല.

ധൃതരാഷ്ട്രന് പിന്നീട്‌ പുത്രന്മാര്‍ ഓരോന്നായി ജനിച്ച്‌ നൂറു തികഞ്ഞു. ഒരു മാസം കൊണ്ട്‌ ഒരു കനകയും പിറന്നു.

ഗാന്ധാരി വയര്‍ വര്‍ദ്ധിച്ച്‌ അഴലിലാണ്ട്‌ ഇരിക്കുന്ന കാലത്ത്‌ ഒരു വൈശ്യൻ  ധൃതരാഷ്ട്രനെ ശുശ്രൂഷിച്ചിരുന്നു. ആ കാലത്ത്‌ ധൃതരാഷ്ട്രന് ആരൃനും ശുഭകീര്‍ത്തിമാനുമായ ഒരു പുത്രന്‍ ജനിച്ചു. ഇപ്രകാരം ആ ക്ഷത്രിയന് വൈശ്യസ്ത്രീയില്‍ ഉണ്ടായവനാണ്‌ ധീമാനായ യുയുത്സു. ധൃതരാഷ്ട്രന് നൂറു പുത്രന്മാര്‍ പിറന്നു. അവര്‍ മഹാരഥന്മാരും വീരന്മാരുമായി. മകളായി ഒരു കന്യകയും ഉണ്ടായി. യുയുത്സു വൈശ്യ തന്നയാണ് ആയിരുന്നു എങ്കിലും അവന്‍ മഹാവീരനായി വളര്‍ന്നു.

116. ദുശ്ശളോത്പത്തി - ജനമേജയൻ പറഞ്ഞു; ഭവാന്‍ ധൃതരാഷ്ട്രാത്മജന്മാര്‍ ആദ്യം നൂറാണെന്നു പറഞ്ഞുവല്ലോ. അപ്പോള്‍ അതില്‍ കന്യകയെപ്പറ്റി പറഞ്ഞില്ല. ഗാന്ധാര രാജപുത്രിക്ക്‌ നൂറു പുത്രന്മാര്‍. യുയുത്സു വൈശ്യതനയന്‍ നൂറ്റി ഒന്നാമത്തവന്‍ ( ക്ഷത്രിയന് വൈശ്യസ്ത്രീയിൽ  ഉണ്ടായതു കൊണ്ട്‌ അവന്‍ കരണനായി ).

ഗാന്ധാരിക്ക്‌ നൂറു മക്കള്‍ ഉണ്ടാകും എന്നാണല്ലോ വ്യാസമഹര്‍ഷി പറഞ്ഞത്‌. മകള്‍ ഉണ്ടാകുവാന്‍ തരമില്ലാതിരിക്കെ പിന്നെ എങ്ങനെ ഒരു കന്യകയുണ്ടായി?മഹര്‍ഷി മാംസപിണ്ഡം നൂറു ഖണ്‍ഡമാക്കി. പിന്നെ എങ്ങനെ കനൃകയുണ്ടായി, ദുശ്ശള എന്ന മകള്‍? അതറിയുവാന്‍ എനിക്കു കൗതുകമുണ്ട്‌.

വൈശമ്പായനൻ പറഞ്ഞു; ഭവാന്റെ ചോദ്യം കൊള്ളാം. ഹേ, പാണ്ഡവേയാ! ഞാന്‍ പറയാം. ആ മാംസപിണ്ഡം ഭഗവാന്‍ മുനി വെള്ളം തളിച്ചു കഷണം കഷണമാക്കി. ധാത്രിയെക്കൊണ്ട്‌ ഓരോന്നും വേര്‍ തിരിപ്പിച്ചു കുടങ്ങളിലാക്കിച്ചു. ഇങ്ങനെ നെയ്ക്കുംഭത്തിലിടുന്ന സമയത്ത്‌ വ്രതനിഷ്ഠയോടിരിക്കുന്ന ഗാന്ധാരിക്ക്‌ ഒരു പുത്രിയുണ്ടായാല്‍ കൊള്ളാമെന്നു മോഹമുണ്ടായി. അവള്‍ വിചാരിച്ചു: മുനി പറഞ്ഞതു സത്യമാകും. എനിക്ക്‌ നൂറു പുത്രന്മാര്‍ ജനിക്കും. അവര്‍ക്ക്‌ ഒരു സഹോദരിയുണ്ടായാല്‍ എത്ര നന്നായിരുന്നു. ദൗഹിത്രന്മാര്‍ മൂലം എന്റെ പതി ദിവ്യലോകം പൂകും! സ്ത്രീകള്‍ക്ക്‌ ജാമാതാവുണ്ടാകുന്നത്‌ വലിയ ഒരു പ്രീതിക്കു കാരണമാണ്‌. ഒരു പുത്രി ജനിക്കുന്നത്‌ വലിയ ഭാഗ്യം തന്നെയാണ്‌. ഈ നൂറു പുത്രന്മാര്‍ക്ക്‌ ഒരു പെങ്ങള്‍ ജനിച്ചാല്‍ എത്ര നന്നായിരുന്നു! പുത്രിയുണ്ടാകാന്‍ സാദ്ധ്യത കാണുന്നില്ല. ഉണ്ടായാല്‍ പുത്ര ദൌഹിത്രരോടൊത്ത്‌ എത്രയോ കൃതകൃത്യയായി തീരുമായിരുന്നു. ഞാന്‍ ഉത്തമമായ തപവും, ഹോമവും, ദാനവും ചെയ്തിട്ടുണ്ടെങ്കില്‍, ഗുരുജനപ്രീതി വരുത്തിയിട്ടുണ്ടെങ്കില്‍, എനിക്ക്‌ ഒരു പുത്രിയുണ്ടാകണം.

ഇപ്രകാരം അവള്‍ ചിന്തിക്കുമ്പോള്‍ മഹര്‍ഷി മാംസപിണ്ഡം നൂറാക്കി ഖണ്ഡിച്ച്‌ എണ്ണിയിട്ട്‌ ഗാന്ധാരിയോടു പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: ഹേ, ഗാന്ധാരി! ഇതാ നൂറു സൂതന്മാരെ എണ്ണിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഒരിക്കലും അനൃതം പറയുന്നതല്ല, ദൗഹിത്രന്മാര്‍ക്കു വേണ്ടി ഇതാ നൂറിനും മേലെയായി ഒരു ഖണ്ഡമുണ്ട്‌. ആ ഖണ്ഡം ഒരു സുന്ദരിയായിത്തീരും. നിന്റെ ആഗ്രഹം പോലെ വരും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ വേറെ ഒരു നെയ്ക്കുംഭം എടുപ്പിച്ച്‌ താപസന്‍ ആ ബാക്കി ഭാഗം അതില്‍ നിക്ഷേപിച്ചു. ഈ ഖണ്ഡമാണ്‌ ദുശ്ശളയായത്‌. ഇങ്ങനെ ദുശ്ശളയുടെ ജന്മത്തേയും ഞാന്‍ പറഞ്ഞു. ഇനി രാജാവേ, ഞന്‍ എന്താണു വിവരിക്കേണ്ടത്‌?

117. ധൃതരാഷ്രടപുത്രനാമകഥനം - ജനമേജയൻ പറഞ്ഞു: ധാര്‍ത്തരാഷ്ട്രന്മാരുടെ ജ്യേഷ്ഠാനുജ ക്രമമായി നൂറു പേരുടേയും പേരുകള്‍ ചേരുന്ന വിധം പറഞ്ഞു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞാലും

വൈശമ്പായനൻ പറഞ്ഞു: എന്നാൽ പറയാം. കേട്ടു കൊള്ളുക. ക്രമപ്രകാരം പറയാം. ദുര്യോധനന്‍, യുയുത്സു, ദുശ്ശാസനൻ, ദുസ്സഹന്‍, ദുശ്ശലന്‍, ജലഗണ്ഡന്‍, സമന്‍, സഫന്‍, വിന്ദന്‍, അനുവിന്ദന്‍, ദുര്‍ദ്ധര്‍ഷന്‍, സുബാഹു, ദുഷ്പ്രധര്‍ഷണന്‍, ദുര്‍മ്മര്‍ഷണന്‍, ദുര്‍മ്മുഖന്‍, ദുഷ്കര്‍ണ്ണന്‍, കര്‍ണ്ണന്‍, വിവിംശതി, വികര്‍ണ്ണന്‍, ശലന്‍, സത്വന്‍, സുലോചനന്‍, ചിത്രന്‍, ഉപചിര്രന്‍, ചിത്രാക്ഷന്‍, ചാരുചിത്രന്‍, ശരാസനന്‍, ദുര്‍മ്മദന്‍, ദുര്‍വ്വിഗാഹന്‍, വിവിത്സു, വികടാനനന്‍, ഈര്‍ണ്ണനാഭന്‍, സുനാഭന്‍, നന്ദന്‍, ഉപനന്ദന്‍, ചിത്രബാണന്‍, ചിത്രവര്‍മ്മന്‍, സുവര്‍മ്മന്‍, ദുര്‍വ്വിമോചനന്‍, അയോബാഹും, മഹാബാഹു;, ചിത്രാംഗന്‍, ചിര്രകുണ്ഡലന്‍, ഭീമവേഗന്‍, ഭീമബലന്‍, വലാകി, ബലവര്‍ദ്ധനന്‍, ഉഗ്രായുധന്‍, സുഷേണന്‍, കുണ്ഡധാരന്‍, മഹോദരന്‍, ചിത്രായുധന്‍, നിഷംഗി, പാശി, വൃന്ദാരകന്‍, ദൃഢവര്‍മ്മന്‍, ദൃഢക്ഷത്രന്‍, സോകകീര്‍ത്തി, അനുദരന്‍, ദൃഢസന്ധന്‍, ജരാസന്ധന്‍, സത്യസന്ധന്‍, സദസ്സുവാക്‌, ഉഗ്രശ്രവസ്സ്‌, ഉഗ്രസേനന്‍, സേനാനി, ദുഷ്പരാജയന്‍, അപരാജിതന്‍, കുണ്ഡശായി, വിശാലാക്ഷന്‍, ദുരാധരന്‍, ദൃഡ്ധഹസ്തന്‍, സുഹസ്തന്‍, വാതവേഗന്‍, സുവര്‍ച്ചന്‍, ആദിതൃകേതു, ബഹ്വാശി, നാഗദത്തന്‍, ഉഗ്രയായി, കവചി, ക്രഥനന്‍, കുണ്ഡി, കുണ്ഡധാരന്‍,. ധനുര്‍ദ്ധരന്‍, ഭീമരഥന്‍, വീരബാഹു, അലോലു. പൻ; അഭയന്‍, ദൃഢകര്‍മ്മാവ്‌, ദൃഢരഥാഗ്ര്യന്‍, അനാധൃഷ്യന്‍, കുണ്ഡഭേദി, വിരാവി, ചിത്രകുണ്ഡലന്‍, പ്രമഥന്‍, പ്രമാഥി, ദീര്‍ഘരോമന്‍, വീര്യവാൻ , ദീര്‍ഘബാഹു, മഹാബാഹു; വ്യുഡോരസ്സ്‌, കനകധ്വജന്‍, കുണ്ഡാശി, വിരജസ്സ്‌ ഇവര്‍ പുത്രന്മാരും പിന്നെ ദുശ്ശള എന്ന ഒരു പുത്രിയും.

ഇങ്ങനെ നൂറു പുത്രന്മാരും നൂറിനും മേലെ ഒരു കന്യകയും, പേരും ക്രമത്തില്‍ ഓര്‍ക്കുക. പിറവിയും ഈ ക്രമത്തിലാണ്‌. എല്ലാവരും നല്ല അതിരഥന്മാരാണ്‌. ശൂരരാണ്‌. പോരില്‍ സമര്‍ത്ഥരുമാണ്‌. എല്ലാവരും ധര്‍മ്മവിജ്ഞന്മാരാണ്‌; സർവ്വശസ്ത്രാസ്ത്ര കോവിദരുമാണ്‌.

ധൃതരാഷ്ട്രന്‍ എല്ലാവരേയും പരീക്ഷിച്ചറിഞ്ഞു. സമയമായപ്പോള്‍ വിധിപ്രകാരം മല്ലാക്ഷീമണിമാരെ അവര്‍ക്കു വിവാഹം ചെയ്തു കൊടുത്തു. അല്ലയോ ഭരതര്‍ഷഭാ, യൗവനം പ്രാപിച്ചപ്പോള്‍ അദ്ദേഹം തന്റെ ഏകപുത്രിയായ ദുശ്ശളയെ ജയദ്രഥന് മുറപ്രകാരം വിവാഹം ചെയ്തു കൊടുത്തു.

118. മൃഗശാപം - ജനമേജയൻ പറഞ്ഞു: ബ്രഹ്മജ്ഞനായ ഭവാന്‍ ധാര്‍ത്തരാഷ്ട്രന്മാരുടെ അമാനുഷമായ ഉത്ഭവകഥ പറഞ്ഞു. അവരുടെ പേരും യഥാക്രമം പറഞ്ഞു. എല്ലാം ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. ഇനി പാണ്ഡവന്മാരുടെ കഥ കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തപോധനാ, ഭവാന്‍ പറഞ്ഞാലും., ദേവരാജപരാക്രമരായ അവര്‍ ഏറ്റവും യോഗ്യരാണല്ലോ. അംശാവതരണത്തില്‍ ദേവഭാഗമാണെന്നു പറഞ്ഞവരാണല്ലോ അവര്‍. അതിമാനുഷ കര്‍മ്മാക്കളായ അവരുടെ കഥ യഥാക്രമം ജന്മം മുതല്‍, ഹേ, വൈശമ്പായനാ! ഭവാന്‍ വിശദമായി പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു; മൃഗങ്ങളും വ്യാളങ്ങളുമുള്ള ഒരു കാട്ടില്‍ പാണ്ഡു വില്ലും ശരവുമേന്തി ചുറ്റുമ്പോള്‍ ഒരു വലിയ കലമാന്‍ മൈഥുന കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു നില്ക്കുന്നതായി കണ്ടു. ഉടനെ പാണ്ഡു ആ മാനിനേയും മാന്‍പേടയേയും കാഞ്ചനക്കെട്ടുള്ള അഞ്ചു കൂര്‍ത്ത ശരം എയ്തു പിളര്‍ന്നു. ആ മാന്‍ മഹാതപസ്വിയും യോഗ്യനുമായ ഒരു മുനിപുത്രനായിരുന്നു. തന്റെ ഭാരൃയയോടു കൂടി മാനിന്റെ രൂപത്തില്‍ നിന്ന്‌ ഇണ ചേരുകയായിരുന്നു. ശരം കൊണ്ട ഉടനെ മനുഷ്യവാക്കില്‍ അവന്‍ ഇപ്രകാരം വിലപിച്ചു നിലത്തു വീണു.

മൃഗം പറഞ്ഞു: ലോകത്തില്‍ പാപകര്‍മ്മം ചെയ്യുന്നതില്‍ താല്പര്യമുള്ള ജനങ്ങള്‍ വളരെയുണ്ട്‌. കാമാദികളായ ആറു ദോഷങ്ങളും അവരെ ബാധിച്ചു കൊണ്ടിരിക്കും. അവര്‍ കേവലം മൂഢാത്മാക്കളായെന്നും വരാം. എന്നാൽ അത്തരം നീചന്മാര്‍ പോലും ഇമ്മാതിരി കൊടും നീചകര്‍മ്മം ചെയ്യുകയില്ല. വിധിയെ വിഴുങ്ങുവാന്‍ പ്രജ്ഞക്ക്‌ സാദ്ധ്യമാണോ? ബുദ്ധിക്ക്‌ വിധിയെ അതിക്രമിച്ചു പോകാന്‍ സാദ്ധ്യമല്ല. എന്നാൽ ദൈവശക്തി ബുദ്ധിയെ അമര്‍ത്തുക തന്നെ ചെയ്യും! തന്റെ അനുഭൂതികള്‍ക്കെല്ലാം കാരണം ദൈവഹിതമാണെന്നു പറഞ്ഞാല്‍ ബുദ്ധിയുള്ളവന്‍ അതു വിശ്വസിക്കുകയില്ല. അവന്‍ പറയും, ഞാന്‍ എന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടാണ്‌ ഈ ശ്രേയസ്സെല്ലാം അനുഭവിക്കുന്നത്‌ എന്ന്. അതു കൊണ്ട്‌ ഞാന്‍ നിന്നില്‍ കുറ്റം തെല്ലും കാണുന്നില്ല. ധര്‍മ്മാനുഷ്ഠാനത്തില്‍ കേള്‍വി കേട്ട ഒരു മഹാവംശത്തിലെ സന്താനമാണല്ലോ നീ. കാമദ്വേഷാദി വികാരങ്ങളാല്‍ ആക്രമിക്കപ്പെട്ട നീ ധര്‍മ്മത്തില്‍ നിന്നു തെറ്റിപ്പോകുവാന്‍ പാടില്ലാത്തതായിരുന്നു. എനിക്ക്‌ അതില്‍ അത്ഭുതം തോന്നുന്നു!

പാണ്ഡു പറഞ്ഞു; എടോ മൃഗമേ, രാജാക്കന്മാര്‍ ശത്രുക്കളേയും നായാട്ടില്‍ മൃഗങ്ങളേയും ഒരേ മാതിരി കണക്കാക്കുന്നു. അതു സ്മൃതി അനുശാസിക്കുന്ന ധര്‍മ്മവുമാണ്‌. നീ മോഹത്താല്‍ എന്നെ നിന്ദിക്കുകയാണ്‌ വിവരക്കേടു പറയരുത്‌. നീ പറഞ്ഞതു ശരിയല്ല. മൃഗങ്ങളെ നേരിട്ടു നിന്നോ ഒളിച്ചു നിന്നോ വധിക്കാം. അതില്‍ തെറ്റില്ല. രാജധര്‍മ്മമാണത്‌. നീ പണ്ഡിതമാന്യനായി രാജനീതിയെ ഗര്‍ഹിക്കയാണ്‌! രാജാക്കന്മാര്‍ മാത്രമല്ല, വിപ്രരും സർവ്വദേവ പ്രീതിക്കു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളില്‍ വന്യമൃഗങ്ങളെ ഹിംസിച്ചു തര്‍പ്പിക്കാറുണ്ട്‌. അഗസ്ത്യ മഹര്‍ഷി പോലും അങ്ങനെ ചെയ്തിട്ടുണ്ട്‌. വേദാനുശാസിതമായ കര്‍മ്മം അനുഷ്ഠിച്ചു വാഴുന്ന എന്നെ നിന്ദിക്കുവാന്‍ നിനക്ക്‌ എന്തവകാശം? അഗസ്തൃ മഹര്‍ഷി ശത്രുധ്വംസകമായ അത്യുൽകൃഷ്ട കര്‍മ്മം ചെയ്തു കൊണ്ടിരിക്കുന്നതിന്നിടയില്‍, അവിടെ നിന്നെഴുന്നേറ്റു മൃഗങ്ങളെ വധിച്ച്‌ അവയുടെ കൊഴുപ്പെടുത്തു ഹോമം നടത്തിയ വൃത്താന്തം കേട്ടിട്ടില്ലേ? ഞാനോ രാജാവാണ്‌! ചെയ്‌തതു രാജധര്‍മ്മവും.

മൃഗം പറഞ്ഞു: ശത്രുക്കളില്‍ തന്നെയായാലും മനുഷ്യര്‍ തഞ്ചവും തരവും നോക്കാതെ ശരം വെറുതെ പ്രയോഗിക്കാറുണ്ടോ? വധിക്കേണ്ട സന്ദര്‍ഭത്തില്‍ ചെയ്യുന്ന വധമേ ശ്രേഷ്ഠമാവുകയുള്ളു.

പാണ്ഡു പറഞ്ഞു: മൃഗം നീ ഓടുമ്പോഴും, മെക്കിട്ടു കേറുമ്പോഴും, അല്ലെങ്കില്‍ പതുക്കെ പോകുമ്പോഴും, ഏതു സമയത്തായാലും വീരന്മാര്‍ കൗാശല പ്രയോഗത്താല്‍ തെറ്റും ശരിയും നോക്കാതെ കൊല്ലാറുണ്ട്‌. എന്തിനാണ്‌ നീ എന്നെ നിന്ദിച്ച്‌ ഇങ്ങനെ പുലമ്പുന്നത്‌?

മൃഗം പറഞ്ഞു: നീ എന്നെ അമ്പെയ്തു എന്നതു കൊണ്ട്‌ നീ മൃഗങ്ങളെ ഹനിക്കുന്നതു തെറ്റാണെന്നു സമര്‍ത്ഥിക്കുകയല്ല. ഞാന്‍ കാമാസക്തനായി മൈഥുനത്തിൽ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു, ആ സന്ദര്‍ഭത്തെ നീ കരുണയോടെ വീക്ഷിച്ചില്ലല്ലോ! കാമക്രീഡ എല്ലാ ജീവജാലത്തിനും ഹിതമാണ്‌, രസകാരണമാണ്‌. സര്‍വ്വജീവികളും അതിനെ ആഗ്രഹിക്കുന്നു. അങ്ങനെ ആമുഷ്മികവും, ഐഹികവും, മാനസികവും, ശാരീരികവുമായ സുഖത്തിന് ഹേതുവായ ആ ക്രീഡയെ, ആര്‍ക്കും ലജ്ജ ജനിപ്പിക്കാത്ത കാട്ടില്‍ വെച്ച്‌, യഥേഷ്ടം നടത്തിക്കൊണ്ടിരുന്ന ഒരു ശാന്തജീവിയെ, ലോകഗതിയെക്കുറിച്ച്‌ അറിവുള്ളവരാരെങ്കിലും വധിക്കുമോ? അല്ലയോ രാജാവേ, ഞാന്‍ ഈ മൃഗിയില്‍ സംഭോഗം ചെയ്തിരുന്നത്‌ പുരുഷന്മാര്‍ ആശിക്കുന്ന പുരുഷാർത്ഥം, സന്താനലാഭം ഉദ്ദേശിച്ചായിരുന്നു. ഹര്‍ഷത്തോടെ ഞാന്‍ അതില്‍ നിരതനായിരിക്കുമ്പോള്‍ നീ എന്റെ പരമമായ ആഗ്രഹത്തെ നിഷ്ഫലമാക്കി. കുരുവംശത്തില്‍ പിറന്ന മഹാനായ രാജാവേ, ആര്‍ക്കും ക്ലേശമുണ്ടാക്കാതെ ജീവിച്ചു പോന്ന മഹാത്മാക്കളുടെ കുലത്തില്‍ ജനിച്ച ഭവാന് ഇത്‌ ഒരിക്കലും ചേര്‍ന്നതായില്ല. സര്‍വ്വലോക വിഗര്‍ഹിതമായ മഹാക്രൂരമായ കര്‍മ്മം, അസ്വര്‍ഗ്യമായ കര്‍മ്മം, അയശസ്യമായ കര്‍മ്മം, അധര്‍മ്മമായകര്‍മ്മം നീ ചെയ്തു! സ്ത്രീഭോഗത്തിന്റെ വിശേഷം അറിയാവുന്ന ശാസ്ത്രധര്‍മ്മാര്‍ത്ഥ വേദിയാണല്ലോ ഭവാന്‍! സുരസന്നിഭനായ ഭവാന്‍ അസ്വര്‍ഗ്യമായ ഈ കര്‍മ്മം ചെയ്തത്‌ ഉചിതമായില്ല! നൃശംസക്രിയ ചെയ്യുന്നവരേയും പാപാചാരികളേയും ത്രിവര്‍ഗ്ഗം നോക്കാത്തവരേയും, ശിക്ഷിക്കുന്ന രാജാവല്ലേ നീ? മാനിന്റെ രൂപമെടുത്തു നില്ക്കുന്ന എന്നെ, ഫലമൂലങ്ങള്‍ മാത്രം അശിച്ചു ജീവിക്കുന്ന ഒരു മഹര്‍ഷിയെ, കുറ്റം കൂടാതെ കൊന്നു കളഞ്ഞാല്‍ നിനക്കെന്തു കിട്ടും; അരണ്യവാസിയായി, ശാന്തിപരനായി ജീവിക്കുന്ന എന്നെ നീ വധിക്കുക കാരണം നിന്നെ ഇതാ, ഞാന്‍ ശപിക്കുന്നു. ഇണചേരുന്ന സമയത്ത്‌ ഈ കഷ്ടം ചെയ്ത നീ, കാമാസക്തനായി ഇണചേരുന്ന സമയത്ത്‌, നിന്റെ ജീവന്‍ അവസാനിക്കട്ടെ. ഞാന്‍ കിന്ദമന്‍ എന്നുപേരായ തപസ്സിദ്ധിയുള്ള ഒരു മുനിയാണ്‌. മനുഷ്യരില്‍ ത്രപകാരണം മൃഗിയില്‍ മൈഥുനം ചെയ്യുകയായിരുന്നു. ഞാന്‍ മാനായി മാന്‍കൂട്ടത്തോടൊത്തു സഞ്ചരിക്കുകയാണ്‌ ഈ കാട്ടില്‍. അറിയാതെ ചെയ്ത പാപമായതു കൊണ്ട്‌ ബ്രഹ്മഹത്യാപാപം നിനക്ക്‌ ഏല്‍ക്കുകയില്ല. മൃഗരൂപം പൂണ്ടു കാമിയായി നില്ക്കുന്ന എന്നെ വധിക്കുകയാല്‍ ഇപ്രകാരം തന്നെ ഹേ മൂഢാ നീയും മരിക്കും. കാമമോഹിതനായി നീ നിന്റെ ഭാര്യയോടൊത്തു മൈഥുനം ചെയ്യുന്ന സമയത്ത്‌, ആനന്ദാനുഭവത്തിലെത്തുന്ന സമയത്ത്‌ നീ പ്രേതലോകത്തിലെത്തും! അന്ത്യകാലത്ത്‌ ഏതു കാന്തയോടൊത്താണു നീ സംഭോഗം ചെയ്യുന്നത്‌ അവളുമൊത്ത്‌ നീ പ്രേതലോകത്തിലെത്തും! ഭക്തിയോടെ അവളും നിന്റെ കൂടെ മരിക്കും. സുഖത്തില്‍ വാഴുന്ന ഞാന്‍ ഇപ്രകാരം ദുഃഖത്തില്‍ പെട്ടു. അതു പോലെ നീയും സുഖത്തില്‍ വാഴുമ്പോള്‍ ഇങ്ങനെ ദുഃഖത്തില്‍ പെട്ടു പോകും!

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞു ദുഃഖിക്കെ, ആ മുഗം മൃതനായി. പെട്ടെന്ന്‌ ഈ ദുഃഖം കണ്ടു പാണ്ഡുവും വല്ലാതെ ഹൃദയം തകര്‍ന്നു വിലപിച്ചു.

119. പാണ്ഡുചരിതം - പാണ്ഡുവിന്റെ വാനപ്രസ്ഥാശ്രമ പ്രവേശം - വൈശമ്പായനന്‍ പറഞ്ഞു: ശരം കൊണ്ടു മരിച്ച മഹര്‍ഷിയെ കണ്ട്‌ പാണ്ഡു ദുഃഖത്തിലാണ്ടു പോയി. സ്വന്തം ബന്ധുവിന്റെ മരണം കൊണ്ടുണ്ടായതു പോലെയുള്ള ദുഃഖത്തോടു കൂടി മഹര്‍ഷിയെ വിട്ടു പോന്ന, ഭാര്യമാരോടു കൂടെയിരുന്ന്‌, പാണ്ഡു വിഷാദിച്ചു.

പാണ്ഡു പറഞ്ഞു; നല്ല കുലത്തില്‍ പിറന്നവര്‍ കൂടി അകൃതാത്മാക്കളായി ദുഷ്കര്‍മ്മം ചെയ്തു ദുര്‍ഗ്ഗതി പ്രാപിക്കുന്നു! ഹാ കഷ്ടം! കാമമോഹിതരുടെ സ്ഥിതി ഇതാണ്‌! നല്ല ധര്‍മ്മിഷ്ഠന്റെ പുത്രനായി ജനിച്ച എന്റെ അച്ഛന്‍ കാമാത്മാവായി ബാല്യത്തില്‍ തന്നെ മരിച്ചു പോയെന്നു ഞാന്‍ കേട്ടറിയുന്നുണ്ട്‌. കാമാത്മാവായ ആ നൃപന്റെ ക്ഷേത്രത്തില്‍ സത്യവാനായ സാക്ഷാല്‍ കൃഷ്ണദ്വൈപായന മുനി എന്നെ ജനിപ്പിച്ചു. ആ എനിക്ക്‌ വൃസന നിഷ്ഠയില്‍ ചിത്തബുദ്ധി തോന്നി. ദൈവദോഷത്താല്‍ ഇങ്ങനെ ഒരു നായാട്ടിന് പോയതു കൊണ്ട്‌ ഇതു സംഭവിച്ചു! ഞാന്‍ മോക്ഷത്തിനു വേണ്ട മാര്‍ഗ്ഗം നോക്കുകയാണ്‌. ലോകബന്ധം വേണ്ട. അതു വൃസന ഹേതുകമാണ്‌. പിതാവെടുത്തതായ ആ ജീവിത വൃത്തി ഞാനും എടുക്കുകയാണ്‌. ആത്മാവിനെ ഘോരമായ തപസ്സോടു ഞാന്‍ ചേര്‍ക്കുകയാണ്‌ ഇനി നല്ലത്‌. അതു കൊണ്ട്‌ ഞാന്‍ ഒറ്റയ്ക്കു മുണ്ഡിതനായി ഓരോ മരച്ചുവട്ടില്‍ ഇരുന്നു ഭിക്ഷാന്നം കഴിച്ച്‌, ആശ്രമങ്ങളില്‍ ചുറ്റുവാന്‍ നിശ്ചയിക്കുന്നു. പൊടിയേറ്റും, ശൂന്യമായ കുടിലില്‍ കിടന്നും, മരച്ചുവട്ടില്‍ പാര്‍ത്തും, പ്രിയാപ്രിയ വിഹീനനായി, ശോകഹര്‍ഷങ്ങള്‍ വിട്ട്‌, നിന്ദയിലും സ്തുതിയിലും സമമായ മനസ്സോടെ, ആശിസ്സും സ്തോത്രവുമൊക്കെ കൈവിട്ട നിര്‍ദ്വന്ദ്വനും നിഷ്പരിഗ്രഹനുമായി ആരെയും നിന്ദിക്കാതെ, ആരിലും പുരികം ചുളിക്കാതെ, നിത്യവും പ്രസന്നമുഖനായി, എല്ലാവര്‍ക്കും ഹിതകാരിയായി, നാലുതരം ചരാചരങ്ങളേയും അല്പവും ഹിംസിക്കാതെ, സ്വപ്രജകളെപ്പോലെ സര്‍വ്വജീവികളേയും കരുതി, ഓരോ നേരത്തെ അന്നത്തിന് പത്തു ഗൃഹങ്ങള്‍ തേടി ഭുജിച്ച്‌, ഭിക്ഷ കിട്ടിയില്ലെങ്കില്‍ അന്ന്‌ അന്നഭക്ഷണം ഉപേക്ഷിച്ച്‌, അല്പാല്പം ഭക്ഷിച്ച്‌, പിന്നെ മുമ്പത്തെപ്പോലെ ഒത്തില്ലെങ്കില്‍ വീണ്ടും എഴു ഗൃഹം കൂടി തേടി ഭിക്ഷ വാങ്ങി ഭക്ഷിച്ച്‌, ലാഭാലാഭങ്ങളില്‍ തുല്യഭാവനായി വ്രതമെടുത്ത്‌, കോലു കൊണ്ടു കൈയില്‍ അടിച്ചാലും, ചന്ദനം പൂശിയാലും ആ ചെയ്യുന്ന രണ്ടു പേരോടും തിന്മനന്മകള്‍ കരുതാതെ ജീവിക്കുവാനും, മരിക്കുവാനും, ഒന്നും ചിന്തിക്കാതെ ജീവിതത്തിലും മൃതിയിലും, ഈ രണ്ടിലും, പ്രീതിയോ ദ്വേഷമോ ഇല്ലാതെ, കാലനിര്‍ണ്ണയമുള്ള കാലം ഉള്ളവര്‍ക്കു സാദ്ധ്യമായിട്ടുള്ള അഭ്യുദയ കര്‍മ്മത്തെയെല്ലാം ത്യജിച്ച്‌, അനിത്യങ്ങളായ അവറ്റില്‍ ഇന്ദ്രിയക്രിയ വിട്ട്, ധര്‍മ്മാര്‍ത്ഥങ്ങളേയും വിട്ട്‌, കല്മഷം തീര്‍ന്ന്‌ ശുദ്ധാത്മാവായി സര്‍വ്വപാപങ്ങളും തീര്‍ത്ത്‌, സര്‍വ്വബന്ധവും അറുത്ത്‌, ഒന്നിനും പാട്ടിലാകാതെ, തന്നെത്താന്‍ വായു പോലെയായി. ഈ സ്ഥിതിക്ക്‌ ഒത്ത ധൃതിമാനായി, ഭീതി വിട്ട മാര്‍ഗ്ഗത്തില്‍ ഞാന്‍ ദേഹം തൃജിക്കും. വിര്യം കെട്ടു വിഷാദപ്പെട്ട വിവേകശൂന്യമായ മാര്‍ഗ്ഗം ഇനി ഞാന്‍ സ്വീകരിക്കുകയില്ല. മാനാവമാനങ്ങളേറ്റ്‌ അന്യനോടു ദീനനായി, കാമത്താല്‍ വൃത്തി യാചിക്കുന്നവന്‍ ശ്വാവിന് തുലൃനാണ്‌!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ രാജാവ്‌ നെടുവീർപ്പിട്ട്‌, കുന്തിയേയും മാദ്രിയേയും നോക്കി, വീണ്ടും ഇങ്ങനെ ഓരോന്നു പറഞ്ഞു.

പാണ്ഡു പറഞ്ഞു: കൗസല്യ, വിദുരന്‍, സത്യവതി, ഭീഷ്മൻ, രാജപുരോഹിതന്മാര്‍, ബ്രാഹ്മണശ്രേഷ്ഠര്‍, യജ്വാക്കള്‍, സംശിതവ്രതര്‍, പൗരമുഖ്യര്‍, നമുക്ക്‌ ഉറ്റവരായ മറ്റുള്ളവര്‍ ഇവരോടെല്ലാം പാണ്ഡു കാട്ടിലേക്കു പോകുവാന്‍ തീരുമാനിച്ച വര്‍ത്തമാനം സസന്തോഷം അറിയിക്കുക.

വൈശമ്പായനൻ പറഞ്ഞു: വനവാസത്തിന് തീര്‍ച്ചയാക്കിയ ഭര്‍ത്താവിന്റെ ഈ മൊഴി കേട്ട്‌ കുന്തിയും മാദ്രിയും വൃഥയോടെ പറഞ്ഞു.

കുന്തിയും മാദ്രിയും പറഞ്ഞു: ഹേ, ഭരതര്‍ഷഭാ! മുഖ്യാശ്രമങ്ങള്‍ വേറെയില്ലേ സ്വീകരിക്കുവാന്‍? ധര്‍മ്മപത്നികളായ ഞങ്ങളോടു കൂടി തന്നെ തപസ്സു ചെയ്തു വസിക്കുവാനുള്ള മാര്‍ഗ്ഗമില്ലേ? സ്വര്‍ഗ്യമായ ഫലം ചിന്തിച്ച്‌ ദേഹത്യാഗം ചെയ്‌താല്‍ ഭവാന്‍ തന്നെ സ്വര്‍ഗ്ഗത്തിനും നാഥനായിത്തീരും. അതിന് സംശയമില്ല. ഇന്ദ്രിയമാകുന്ന ഗ്രാമത്തേയും ജയിച്ച്‌, ഭര്‍ത്ത്യലോക പ്രാപ്തിയോര്‍ത്ത്‌ കാമസൗഖ്യം കൈവെടിഞ്ഞ്‌ ഞങ്ങളും ഭവാനോടൊപ്പം തപിച്ചു കൊള്ളാം! അങ്ങു ബുദ്ധിമാനല്ലേ? ഭവാന്‍ ഈ ഞങ്ങളെ തൃജിക്കുകയാണെങ്കില്‍ ഈ ക്ഷണത്തില്‍ തന്നെ ഞങ്ങള്‍ ജീവന്‍ തൃജിക്കും! അതില്‍ യാതൊരു സംശയവുമില്ല.

പാണ്ഡു പറഞ്ഞു; ഇപ്രകാരം നിങ്ങള്‍ ഈ ധര്‍മ്മകര്‍മ്മത്തിന് ഒത്തൊരുങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും സ്വയം ഞാന്‍ അച്ഛന്റെ തപോവൃത്തി തന്നെ സ്വീകരിക്കും. ഗ്രാമ്യസൗഖ്യാശനം വിട്ടു വന്‍തപസ്സില്‍ തപിച്ച്‌ വല്ക്കലം ചുറ്റി, ഫലമൂലങ്ങള്‍ ഭക്ഷിച്ച്‌, കാട്ടില്‍ വാണുകൊള്ളാം. രണ്ടു സന്ധ്യയ്ക്കും ശരിക്ക്‌ അഗ്നിഹോത്രം ചെയ്തു മെലിഞ്ഞ്‌, അല്പാശിയായി, ചീരജടാചര്‍മ്മങ്ങള്‍ വഹിച്ച്‌ മഞ്ഞും കാറ്റും വെയിലും ഏറ്റ്‌, ദാഹവും വിശപ്പും പൊറുത്ത്‌, ദുസ്സാദ്ധ്യമായ തപസ്സു കൊണ്ടു ശരീരം ശുഷ്കമാക്കി, ഏകാന്തശീലനായി, പക്വാപക്വാന്ന വൃത്തിയായി പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും കാട്ടില്‍ വെച്ച്‌ വാഗംബു തര്‍പ്പണം ചെയ്ത്‌, കുലസ്ഥ വാനപ്രസ്ഥര്‍ക്കു പോലും കാണാന്‍ അവസരം കൊടുക്കാതെ, അപ്രിയം ചെയ്യാതെ, ആരണ്യ ശാസത്രം പോലെ ഉഗ്രവും അത്യുഗ്രവുമായ വിധിക്രമം അനുഷ്ഠിച്ച്‌ ഞാന്‍ വസിക്കും. അങ്ങനെ ശരീരനാശം വരുന്നതു വരെ ജീവിക്കും! നാട്ടുകാര്‍ക്കാര്‍ക്കും യാതൊരു ദോഷവും ചെയ്യുകയില്ലെന്നു പറയേണ്ടതില്ലല്ലോ.

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ ഭാര്യമാരോടു പറഞ്ഞ്‌ പാണ്ഡു ചൂഡാമണി, പതക്കം, തോള്‍വള, മണികുണ്ഡലം, വിലയേറിയ വസ്ത്രങ്ങള്‍ എന്നിവയും ഭാര്യമാരുടെ അലങ്കാരങ്ങളും എല്ലാം വിപ്രന്മാര്‍ക്കു ദാനം ചെയ്തു വീണ്ടും പറഞ്ഞു.

പാണ്ഡു പറഞ്ഞു; ഹസ്തിനാപുരിയില്‍ ചെന്ന്‌  പാണ്ഡുകാട്ടില്‍ പോയി വാനപ്രസ്ഥം സ്വീകരിച്ചു എന്ന് വിപ്രന്മാരേ, നിങ്ങള്‍ പറയുവിന്‍. അര്‍ത്ഥം, കാമം, സുഖം എന്നിവ ചേര്‍ന്ന രതിയെ വിട്ട്‌ ഭാര്യമാരോടു കൂടി കാടുകയറി എന്ന് നഗരവാസികളെയൊക്കെ അറിയിക്കുവിന്‍.

വൈശമ്പായനൻ പറഞ്ഞു: രാജാവിന് തുണയായി ഉണ്ടായിരുന്ന ഭൃതൃ ഗണമൊക്കെ ആ ഭാരത രാജാവിന്റെ കരുണാ പൂര്‍ണ്ണമായ വാക്കു കേട്ട്‌ സങ്കടപ്പെട്ട്‌ ഉച്ചത്തില്‍ നിലവിളിച്ച്‌ ആര്‍ത്തനാദം കൂട്ടി, നെടുവീർപ്പിട്ട്‌ അവര്‍ ഉടനെ രാജാവിനെ വിട്ടു. അദ്ദേഹത്തിന്റെ ധനമെല്ലാം കൊണ്ട്‌ അവര്‍ ഹസ്തിനാപുരിയിലെത്തി. രാജാലയത്തില്‍ ചെന്ന രാജാവിന്റെ ആ ധനം, വിവരങ്ങളൊക്കെപ്പറഞ്ഞ്‌, അവര്‍ അര്‍പ്പിച്ചു. രാജാവ്‌ കാടുകേറിയ വര്‍ത്തമാനം അറിഞ്ഞ്‌ എല്ലാവരും ദുഃഖിച്ചു. ധൃതരാഷ്ട്രരാജാവ്‌ പാണ്ഡുവിനെപ്പറ്റി ഓര്‍ത്ത്‌ അപാരമായ ദുഃഖത്തിലാണ്ടു. ശയ്യാസനോപഭോഗങ്ങളില്‍ ലേശവും പ്രീതി നേടിയില്ല. രാജാവിനെപ്പറ്റി തന്നെ ചിന്തിച്ചു വിശപ്പും ദാഹവും വെടിഞ്ഞ്‌ ധൃതരാഷ്ട്രന്‍ ഇരുന്നു.. രാജപുത്രനായ പാണ്ഡുരാജാവ്‌ ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ച്‌, ഭാര്യമാരോടു കൂടി നാഗശതാദ്രിയില്‍ ചെന്നെത്തി.

അദ്ദേഹം പിന്നെ ചൈത്രരഥത്തിലെത്തി കാളകൂടം കടന്ന്‌, ഹിമാലയം കയറി, ഗന്ധമാദനത്തില്‍ ചെന്നെത്തി. മഹാഭൂതങ്ങളോടു കൂടി സിദ്ധമഹാമുനികളുടെ രക്ഷയില്‍ അവര്‍ അവിടെ സമനിരപ്പില്ലാത്ത ദുര്‍ഘട സ്ഥാനങ്ങളില്‍ പാര്‍ത്തു. പിന്നെ ഇന്ദ്രദ്യുമ്ന സരസ്സിലെത്തി, ഹംസകൂടം കടന്ന്‌, ശതശ്യംഗത്തില്‍ തപസ്സു ചെയ്ത്‌ അവിടെ കൂടി.

120. പാണ്ഡുപൃഥാ സംവാദം - വൈശമ്പായനൻപറഞ്ഞു അവിടെ ശ്രേഷ്ഠമായ വിധം തപസ്സു ചെയ്തു വാണ പാണ്ഡു സിദ്ധചാരണന്മാര്‍ക്കു പ്രിയദര്‍ശനനായി, ശുശ്രൂഷുവായി ഡംഭു കൂടാതെ യതാത്മാവായി, ജിതേന്ദ്രിയനായി, സ്വവീര്യം കൊണ്ട്‌ സ്വര്‍ഗ്ഗം നേടുവാന്‍ നോക്കി; ചിലര്‍ക്ക്‌ അവന്‍ സഹോദരനായി. ചിലര്‍ക്ക്‌ അവന്‍ ഇഷ്ടനായി. ചിലര്‍ അവനെ പുത്രനെപ്പോലെ സ്നേഹിച്ചു. ഏറെക്കാലം കൊണ്ട്‌ അവന്‍ നിഷ്കന്മഷമായ തപസ്സു നേടി. പാണ്ഡു ബ്രഹ്മര്‍ഷി സമനായി തീര്‍ന്നു. ഒരു വെളുത്തവാവിന്‍ നാള്‍ സംശിതവ്രതരായ ഋഷിമാര്‍ ബ്രഹ്മാവിനെ കാണുവാന്‍ പുറപ്പെട്ടു. മുനീന്ദ്രന്മാര്‍ പോകുന്നതു കണ്ട്‌ പാണ്ഡു ചോദിച്ചു.

പാണ്ഡു പറഞ്ഞു: മുനിമുഖ്യന്മാരേ, നിങ്ങള്‍ എങ്ങോട്ടു പോകുന്നു എന്നറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. പറഞ്ഞാലും!

ജഷികള്‍ പറഞ്ഞു; ഇന്നു ബ്രഹ്മലോകത്ത്‌ ഒരു മഹായോഗം നടക്കുന്നുണ്ട്‌. അതില്‍ ദേവര്‍ഷികളും പിതൃമുഖ്യന്മാരുമൊക്കെ സമ്മേളിക്കും. ഞങ്ങള്‍ അങ്ങോട്ടു പോവുകയാണ്‌. ബ്രഹ്മാവിനെ കണ്ടു പോരാമല്ലോ!

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ പാണ്ഡു മുനിമാരോടു കൂടി പോകുവാന്‍ എഴുന്നേറ്റു. ശരശൃംഗത്തില്‍ നിന്നു വടക്കോട്ടു നോക്കി സ്വര്‍ഗ്ഗം കടക്കുവാനായിരുന്നു അവരുടെ യാത്ര. പത്നിമാരോടു കൂടി പോകുവാന്‍ തീര്‍ച്ചയാക്കി പുറപ്പെട്ടപ്പോള്‍ കുന്നില്‍ നിന്നു മേല്പോട്ടായി വടക്കോട്ട്‌ ഉയര്‍ന്നു പോകുന്ന മഹര്‍ഷിമാര്‍ പാണ്ഡുവിനോടു പറഞ്ഞു.

മഫഹര്‍ഷിമാര്‍ പറഞ്ഞു; നാനാവിമാനബഹുലവും, ഗീതനാദമനോജ്ഞവും, ദേവന്മാരും, ഗന്ധര്‍വ്വന്മാരും, അപ്സരസ്ത്രീകളും വിഹരിക്കുന്നതുമായ കുബേരന്റെ ഉദ്യാനഭാഗങ്ങളും, സമവും വിഷമവുമായ നദീതീരങ്ങളും, ഗിരിദുര്‍ഗ്ഗങ്ങളും അവിടെയുണ്ട്‌. മഞ്ഞുനിറഞ്ഞു കിടക്കുന്നതും മൃഗപക്ഷികളില്ലാത്തതുമായ ദുരാസദമായ ഗുഹകളും ഉണ്ട്‌. അവിടെ പക്ഷികള്‍ പോലും കടക്കാത്ത ചില ഗുഹകളും ഉണ്ട്‌. മൃഗങ്ങളുടെ കഥ പറയുവാനില്ല. കാറ്റുമാത്രം അവിടെ സഞ്ചരിക്കുന്നു. സിദ്ധന്മാരായ മുനിമാര്‍ക്ക്‌ അവിടെ സഞ്ചരിക്കുവാന്‍ കഴിയും. ഇങ്ങനെയുള്ള മഹാഗിരിയില്‍ എങ്ങനെ രാജപുത്രികള്‍ സഞ്ചരിക്കും? ഇവര്‍ വളരെ കുഴങ്ങിപ്പോകും. ഹേ, ഭരതര്‍ഷഭാ! അതു കൊണ്ട്‌ ഭവാന്‍ അവരെ കുഴക്കേണ്ടാ.

പാണ്ഡു പറഞ്ഞു; ഹേ, പൂജ്യരേ, സന്താനമില്ലാത്തവര്‍ക്ക്‌ സ്വര്‍ഗ്ഗത്തിലെത്താന്‍ വഴിയില്ല. അതോര്‍ത്തു ഞാന്‍ ദുഃഖിച്ചു നിങ്ങളോടു പറയുന്നു, പിത്ര്യമാകുന്ന കടം തീര്‍ക്കുവാന്‍ എന്താണു മാര്‍ഗ്ഗം? എന്റെ ദേഹം വീഴുന്നതോടു കൂടി പിതൃക്കള്‍ക്കും പതനം തന്നെ! അതു തീര്‍ച്ചയാണ്‌. നാലുതരം കടത്തോടു കൂടിയാണ്‌ മനുഷ്യര്‍ ഭൂമിയില്‍ പിറക്കുന്നത്‌. പിതൃക്കള്‍ക്കും, ദേവകള്‍ക്കും, ഋഷികള്‍ക്കും, മര്‍ത്തൃര്‍ക്കുമാണ്‌ നാം വീട്ടേണ്ടതായ ആ കടം. ഈ ഋണത്തെപ്പറ്റിയും അവ വീട്ടേണ്ട കാലത്തെപ്പറ്റിയും അറിയാത്തവനാരോ അവന് പുണ്യലോകങ്ങള്‍ ലഭിക്കുന്നതല്ലെന്നാണ്‌ ധര്‍മ്മജ്ഞന്മാര്‍ പറയുന്നത്‌. വാനവരിലുള്ള കടം യജ്ഞം കൊണ്ടും, മുനീന്ദ്രന്മാരിലുള്ള കടം സ്വാദ്ധ്യായത്താലും, പിതൃക്കളിലുള്ള കടം സുതശ്രാദ്ധാദികള്‍ കൊണ്ടും, മനുഷ്യരിലുള്ള കടം ദയാദാക്ഷിണ്യങ്ങള്‍ കൊണ്ടും വീട്ടേണ്ടതാണ്‌. ഋഷിമാര്‍ക്കും, ദേവന്മാര്‍ക്കും, മനുഷ്യര്‍ക്കുമുള്ള കടം ഞാന്‍ ധര്‍മ്മത്താല്‍ വീട്ടിക്കഴിഞ്ഞു. പിത്യക്കള്‍ക്കുള്ള കടം മാത്രം വീട്ടിയിട്ടില്ല. മുനീന്ദ്രന്മാരേ! നരോത്തമന്മാര്‍ ജനിക്കുന്നത്‌ ഇതിനു യോഗ്യരായ പ്രജകള്‍ക്കു വേണ്ടിയാണല്ലോ. ഞാന്‍ എന്റെ പിതൃക്ഷ്രേതത്തില്‍ മുനിയാല്‍ ജാതനായ വിധം എങ്ങനെ എന്റെ ക്ഷേത്രത്തില്‍ പ്രജ ജനിക്കും?

ഋഷിമാര്‍ പറഞ്ഞു; ഹേ, ധര്‍മ്മജ്ഞാ! ഞങ്ങള്‍ ദിവ്യചക്ഷുസ്സു കൊണ്ട്‌ എല്ലാം കണ്ടിരിക്കുന്നു. ദേവതുല്യനായ സത്പുത്രന്‍ ഭവാനു സിദ്ധിക്കും! ദേവന്മാരുടെ ഉദ്ദേശ്യം അതാണ്‌. ദേവന്മാരാല്‍ ഉദ്ദേശിക്കപ്പെട്ട അത്‌ ഭവാന്‍ കര്‍മ്മത്താല്‍ സാധിച്ചാലും. ബുദ്ധിമാനായ നരന്‍ അക്ലിഷ്ടമായ ഫലം നേടും. ആ ഫലം ഞങ്ങള്‍ കണ്ടിരിക്കുന്നു. അതിന് വേണ്ടിയുള്ള പ്രയത്നം ഭവാന്‍ ചെയ്താലും. ഗുണമേറുന്ന സന്താനങ്ങളെ നേടി ഭവാന്‍ നന്ദിക്കും.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മുനിമാര്‍ പറഞ്ഞതു കേട്ട്‌ പാണ്ഡു ചിന്തയില്‍ മുഴുകി. തനിക്കു മുനിയുടെ ശാപം മൂലം ക്രിയാനാശം സംഭവിച്ചിരിക്കയാണല്ലോ. രാജാവ്‌ വിജനമായ സ്ഥലത്തു വെച്ച്‌ ധര്‍മ്മപത്നിയായ കുന്തിയോടു പറഞ്ഞു.

പാണ്ഡു പറഞ്ഞു: ഹേ, കുന്തീ! ഈ ആപല്‍സന്ധിയില്‍ നീ പുത്രോൽപാദനം സാദ്ധ്യമാക്കുക. നീ ഒരു പുത്രനെ പ്രസവിക്കണം. അപത്യം എന്നത്‌ ലോകപ്രതിഷ്ഠാ ധര്‍മ്മത്തിനു മാര്‍ഗ്ഗമാണ്‌. അങ്ങനെയാണ്‌ ധര്‍മ്മവാദികളായ ധീരാത്മാക്കള്‍ പറയുന്നത്‌. യജ്ഞം, ദാനം, തപസ്സ്‌, നിയമം എന്നിവയൊന്നും പുത്രനില്ലാത്തവനെ ശുദ്ധി വരുത്തുവാന്‍ മതിയാകയില്ല.

അല്ലയോ, ശുചിസ്മിതേ! ഞാന്‍ ഈ തത്വം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ വിചാരിക്കുകയാണ്‌, അനപത്യന്‍ ശുഭസ്ഥാനം പ്രാപിക്കയില്ലല്ലോ. ഈ ചിന്തയാണ്‌ എന്നെ പീഡിപ്പിക്കുന്നത്‌. ദുഷ്ടനായ എനിക്ക്‌ മൃഗശാപം മൂലം സന്തതി നഷ്ടമായിപ്പോയി. അല്ലയോ, ഭീരൂ! ഞാന്‍ നൃശംസം ചെയ്തു പാപിയായി. പുത്രന്മാര്‍ ബന്ധുദായാദരായി ആറു വിധത്തിലുണ്ട്‌; അബന്ധു ദായാദരായി വേറെയും ആറു വിധത്തിലുണ്ട്‌. ഹേ, കുന്തീ! നീ അതു കേള്‍ക്കുക. സ്വന്തം ഭാര്യയില്‍ അവനവനു ജനിച്ചവന്‍, സ്വന്തം ഭാര്യയില്‍ യോഗ്യനായ മറ്റൊരുത്തന്‍ ദയയോടെ ജനിപ്പിച്ചവന്‍, സ്വന്തം ഭാര്യയില്‍ പ്രതിഫലം സ്വീകരിച്ച്‌ അന്യനാല്‍ ജനിപ്പിക്കപ്പെട്ടവന്‍; ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഭാര്യയില്‍ അന്യനാല്‍ ജനിപ്പിക്കപ്പെട്ടവന്‍, കന്യാപുത്രന്‍, വേശ്യാവൃത്തി സ്വീകരിച്ച സ്ത്രീയില്‍ ജനിച്ചവന്‍ ഇവരാണ്‌ ആറു തരം ബന്ധു ദായാദപുത്രന്മാര്‍. ദത്തു കൊടുക്കപ്പെട്ടവന്‍, വില കൊടുത്തു വാങ്ങിച്ചവന്‍, അപഹരിച്ച്‌ വളര്‍ത്തിയവന്‍, വിവാഹം കഴിക്കുമ്പോള്‍ തന്നെ ഗര്‍ഭിണിയായിരുന്ന സ്ത്രീയില്‍ ജനിച്ചവന്‍, ബന്ധുപുതന്‍, സ്വന്തം ഭാര്യയില്‍ ഹീന ജാതിയില്‍ പെട്ട ഒരു അന്യന്‍ ജനിപ്പിച്ചവന്‍. ഈ ആറുതരം പുത്രന്മാര്‍ അബന്ധുദായാദരാണ്‌.

സ്വയംജാതന്‍, ജനിപ്പിച്ചവന്‍, വിലയ്ക്കു വാങ്ങിയവന്‍, പുനര്‍ഭൂസുതന്‍, കാനീനന്‍, സ്വൈരിണീജാതനായ സുതന്‍, ദത്തന്‍, കൃത്രിമന്‍, കൈയില്‍ വന്നു ചേര്‍ന്നവന്‍, സഹോഢന്‍, ജ്ഞാതിതനയന്‍, ഹീനയോനിജന്‍, ആത്മജന്‍ ഇങ്ങനെയുള്ള പുത്രന്മാരില്ലെങ്കില്‍ മറ്റു വിധത്തില്‍ പുത്രനെ നേടണം. ആപല്‍ക്കാലത്ത്‌ ഭര്‍ത്തൃസഹോദരന്‍ വഴി പുത്രനെ കാംക്ഷിക്കണം. ധര്‍മ്മസിദ്ധിക്കു വേണ്ടി മുഖ്യമായ സന്താനത്തെ മാനവന്‍ നേടേണ്ടതാണ്‌.

പിതൃവംശത്തില്‍ നിന്നും പുത്രനെ നേടണമെന്നാണ്‌ മനു പറയുന്നത്‌. അതു കൊണ്ട്‌ സ്വപ്രജാഹീനനായ ഞാന്‍ പുത്രനെ നേടുവാന്‍ നിന്നെ ഏല്പിക്കുന്നു. സമന്മാരില്‍ നിന്നോ ഉത്തമന്മാരില്‍ നിന്നോ നീ സന്താനത്തെ നേടുക! ഹേ, ഭീരു! നീ ഭയപ്പെടേണ്ട. ഹേ, കുന്തീ! നീ മടിക്കേണ്ടതില്ല. ആപത്തില്‍ അങ്ങനെയാകാമെന്നാണ്‌ മനു വിധിക്കുന്നത്‌. ശാരദൺഡായനിയുടെ കഥ ഹേ, കുന്തീ, നീ കേള്‍ക്കുക. ആ വീരപത്നി ഭര്‍ത്താവിന്റെ കല്പനപ്രകാരം ഋതുസ്നാനത്തിന് ശേഷം ഒരു രാത്രി ഒരു വഴിക്കു പോയി. ഒരു ദ്വിജ്രേന്ദനെ വരിച്ച്‌ പുംസവനാഹുതി ചെയ്തു. ആ കര്‍മ്മത്തെ അവസാനിപ്പിച്ചിട്ട്‌ അവള്‍ അവനോടു കൂടെ പാര്‍ത്തു. അവനില്‍ നിന്നു ദുര്‍ജ്ജയന്‍ മുതലായ മഹാവീരന്മാരായ മൂന്നു സന്താനങ്ങളെ നേടി. അപ്രകാരം ഹേ, സുഭഗേ! നീയും ഒരു ബ്രഹ്മര്‍ഷീന്ദ്രനില്‍ നിന്ന്‌ ഉടനെ തന്നെ എന്റെ കല്പന പ്രകാരം പുത്രന് വേണ്ടി പ്രയത്നിക്കുക.

121. വ്യുഷിതാശ്വോപാഖ്യാനം - വൈശമ്പായനൻ. പറഞ്ഞു; ഇപ്രകാരം പാണ്ഡു പറഞ്ഞപ്പോള്‍ കുന്തി മന്നവവീരനും കുരുപ്രവരനുമായ തന്റെ ഭര്‍ത്താവിനോടു പറഞ്ഞു.

കുന്തി പറഞ്ഞു: അല്ലയോ ധര്‍മ്മജ്ഞാ! ഭവാന്‍ എന്നോട്‌ ഇപ്രകാരം കല്പിക്കുന്നതു വലിയ കഷ്ടമാണ്‌. ഞാന്‍ ഭവാന്റെ ധര്‍മ്മപത്നിയല്ലേ? ഭവാന്‍ വീര്യമുള്ള സന്താനങ്ങളെ എന്നില്‍ ജനിപ്പിക്കുക. ഞാന്‍ അങ്ങയോടു കൂടി നിസ്സംശയമായും പരലോകം പൂകാം. ഭവാന്‍ എന്നില്‍ അപത്യാര്‍ത്ഥമായി രതി ചെയ്യുക. അന്യനെ ഞാന്‍ മനസ്സു കൊണ്ടു കൂടി ചിന്തിക്കയില്ല. ഈ ലോകത്തില്‍ ഭവാനേക്കാള്‍ മഹാന്മാരായ ആരുണ്ട്‌? മന്നവന്മാരുടെ കഥ പുരാണങ്ങളില്‍ കാണുന്നുണ്ട്‌. അതിലൊന്നു ഞാന്‍ പറയാം. ഞാന്‍ കേട്ടതു പോലെ പറയുന്നത്‌ ഭവാന്‍ കേട്ടാലും.

പണ്ട്‌ വ്യഷിതാശ്വന്‍ എന്നു പേരായ ഒരു മഹാനായ രാജാവുണ്ടായിരുന്നു. പരമ ധര്‍മ്മിഷ്ഠനായ ആ പൗരവ രാജാവ്‌ യജ്ഞം ചെയ്യുമ്പോള്‍ ഇന്ദ്രാദികളായ ദേവന്മാരും ദേവര്‍ഷിമാരും വന്നു ചേര്‍ന്നു. വ്യുഷിതാശ്വന്റെ യജ്ഞത്തില്‍ വന്ന്‌ സോമപാനം കൊണ്ട്‌ അമരേന്ദ്രനും ദക്ഷിണാദ്രവിണം കൊണ്ട്‌ വിപ്രന്മാരും അത്യധികം ആനന്ദിച്ചു. ബ്രഹ്മര്‍ഷി കല്പന്മാരായ സുരന്മാരും അവിടെ സന്നിഹിതരായി. കര്‍മ്മത്തില്‍ രാജാവിനെ സഹായിച്ചു. അങ്ങനെ വ്യുഷിതാശ്വന്‍ മര്‍ത്ത്യരില്‍ വെച്ച്‌അധികം യോഗ്യനായി തീര്‍ന്നു. സര്‍വ്വഭൂതങ്ങള്‍ക്കും വേനലില്‍ സൂര്യന്‍ എന്ന വിധം സര്‍വ നൃപന്മാരേയും ആ രാജാവു പാട്ടിലാക്കി. നാലു ദിക്കിലുമുള്ള സകല രാജാക്കന്മാരേയും അശ്വമേധത്തില്‍ ജയിച്ചു. പത്ത്‌ ആനയുടെ ബലമുള്ള ശരീരബലത്തോടു കൂടിയവനായി രാജാവു ശോഭിച്ചു. ഈ മന്നവനെക്കുറിച്ച്‌ ഇന്നും ജനങ്ങള്‍ ഗാനങ്ങള്‍ പാടിവരുന്നു. കീര്‍ത്തിമാനായ. വ്യുഷിതാശ്വന്‍ കീര്‍ത്തി വര്‍ദ്ധിച്ചു ശോഭിച്ചു കൊണ്ടിരിക്കെ ആഴിചൂഴുന്ന ഈ ഊഴി എല്ലാം ജയിച്ചു. സര്‍വ്വവര്‍ണ്ണങ്ങളെയും അച്ഛന്‍ മക്കളെയെന്ന വിധം സംരക്ഷിച്ചു. മഹായജ്ഞങ്ങള്‍ ചെയ്ത്‌ ബ്രാഹ്മണര്‍ക്കു ധനം നല്കി. മഹാക്രതുക്കള്‍ ചെയ്തു. ബഹുരത്നാഢ്യനായ ആ രാജാവ്‌ പല പുണ്യകര്‍മ്മങ്ങളും ചെയ്തു. പലതരം കിണറുകളും കുളങ്ങളും നിര്‍മ്മിച്ചു.

അവന്റെ ഭാര്യയായ ഭദ്ര കാക്ഷീവാന്റെ പുത്രിയായിരുന്നു. മംഗളശീലയും ഇഷ്ടപത്നിയുമായ അവളോടു തുല്യയായി വേറെ സുന്ദരിമാര്‍ ഉണ്ടായിരുന്നില്ല. മനുഷ്യ ലോകത്ത്‌ അഴകില്‍ അവള്‍ മികച്ചവളായിരുന്നു. അവര്‍ അന്യോന്യം കാമിച്ചു. അവളില്‍ അത്യധികം കാമിയായി രാജാവ്‌ ഭോഗലോലുപതയാല്‍ ക്ഷയരോഗബാധിതനായി. രാജയക്ഷ്മാവു ബാധിച്ച അവന്‍ സൂര്യനെപ്പോലെ അസ്തമിച്ചു. അവന്‍ മരിച്ചപ്പോള്‍ ഭാരൃ ദുഃഖിച്ചവശയായി. അവള്‍ അപുത്രിയായിരുന്നു, തന്മൂലം മഹാദുഃഖാന്ധയായി അവള്‍ ഇങ്ങനെ കിടന്നു വിലപിച്ചു.

ഭദ്ര പറഞ്ഞു. ധര്‍മ്മജ്ഞമൗലേ, ഭവാനെക്കൂടാതെ ഞാന്‍ ജീവിക്കുകയില്ല. വരന്‍ പോയാല്‍ നാരിക്കു മരണമാണു നല്ലത്‌. ഞാന്‍ ഭവാനോടൊപ്പം പോരുകയാണ്‌. എന്നെയും ഭവാന്‍ കൊണ്ടുപോകണേ! ഭവാന്‍ വേര്‍പെട്ടാല്‍ ക്ഷണം പോലും ജീവിക്കുവാന്‍ ഞാന്‍ ആശിക്കുന്നില്ല. നാഥാ,. പ്രസാദിക്കണേ, എന്നേയും കൊണ്ടു പോകണേ! ഞാനും ഭവാന്റെ പിന്നാലെ ഏതു സമത്തിലും വിഷമത്തിലും പിന്തുടരുന്നുണ്ട്‌. ഭവാനെ ശുശ്രൂഷിക്കുവാന്‍ ഞാനല്ലാതെ ആരുണ്ട്‌? ഹേ, നരവ്യാഘ്ര! ഭവാനെ നിഴല്‍ പോലെ ഞാന്‍ പിന്തുടര്‍ന്ന്‌ ഭവാന്റെ പാട്ടില്‍ തന്നെ ഞാന്‍ നില്ക്കുന്നുണ്ട്‌. അങ്ങ്‌ എന്നെ വിട്ടു പോയാല്‍ ഇന്നു മുതല്‍ എന്നെ കഷ്ടമായ വിധം മഹാവ്യാധികള്‍ ബാധിക്കുന്നതാണ്‌! നിര്‍ഭാഗ്യയായ ഞാന്‍ സഹചാരികളെ കഴിഞ്ഞ ജന്മങ്ങളില്‍ ഉപേക്ഷിച്ചിരിക്കാം. അതാകാം എനിക്ക്‌ ഈ വിയോഗം സംഭവിക്കുവാന്‍ കാരണം. ഭര്‍ത്താവുമായി വേര്‍പെട്ട്‌ മുഹൂര്‍ത്തം ജീവിച്ചിരുന്നാല്‍ നരകത്തില്‍ പെട്ട പോലെ ദുഃഖിക്കുന്നവളാണ്‌ ഭാര്യ. കഴിഞ്ഞ ജന്മത്തില്‍ ഒന്നിച്ചു ജീവിച്ചിരുന്ന വല്ലവരേയും ഞാന്‍ ഇത്തരത്തില്‍ വേര്‍പെടുത്തിയിരിക്കാം. പൂര്‍വ്വദേഹം നേടിയ പാപകര്‍മ്മമാണിത്‌. തീര്‍ച്ച! രാജാവേ, ഭവാന്റെ വിയോഗത്താല്‍ എനിക്കു ദുഃഖം വന്നു കൂടി. ഈ നിമിഷം മുതല്‍ ഞാന്‍ ദര്‍ഭപ്പുല്ലു വിരിച്ച്‌ അതില്‍ ആര്‍ത്തിയോടെ ഭവാന്റെ വരവു കാത്തു കിടക്കും. ദുഃഖത്തിലാണ്ടു കേഴുന്ന എന്റെ മുമ്പില്‍ ഭവാന്‍ വന്നാലും.

കുന്തി പറഞ്ഞു: അവള്‍ ഇപ്രകാരം കേണുകേണ് ഭര്‍ത്താവിന്റെ മൃതദേഹം കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മാവ്‌ മറവില്‍ നിന്ന്‌ അവളോട്‌ ഇപ്രകാരം വിളിച്ചു പറഞ്ഞു;

ഭദ്രേ! എഴുന്നേല്‍ക്കൂ! കാമിനീ, ഞാനൊരു ഭദ്രമാകും വരം തന്നു കൊള്ളാം! ചത്തു പോയ്, എങ്കിലും സന്താനദാനത്തിനെത്തിടാം നിന്നില്‍ ഞാന്‍ ചാരുശീലേ!

ആര്‍ത്തവമായിപ്പതിന്നാലാം നാളിലോ,  ഉത്തമേ, യെട്ടാം ദിനത്തില്‍ത്താനോ, സ്വന്തം കിടക്കയിലെന്നെ നിനച്ചു നീ സുന്ദരീ, കാത്തുകിടന്നു കൊള്ളൂ!

എത്തുന്നതുണ്ടു ഞാന്‍ നിന്നോടു സംഗത്തിന്നുത്തമേ, കാത്തിരുന്നീടുമെങ്കില്‍

ഈ വാക്കു കേട്ട്‌ അവള്‍ ശാന്തയായി. ഭര്‍ത്താവു മരിച്ചതിന് ശേഷം ആര്‍ത്തവാനന്തരം, ഋതുസ്നാനം കഴിഞ്ഞ്‌ എട്ടാം ദിവസവും പതിന്നാലാം ദിവസവും ഭര്‍ത്താവിന്റെ വരവു പ്രതീക്ഷിച്ച്‌ സ്വന്തം കിടക്ക സജ്ജീകരിച്ച്‌, ഭര്‍ത്താവിനെ ധ്യാനിച്ചു കിടന്നു. പറഞ്ഞ പ്രകാരം ഭര്‍ത്താവെത്തി അവളുമായി സംഗം ചെയ്തു. അങ്ങനെ അവള്‍ ഗര്‍ഭിണിയായി. ഭര്‍ത്താവില്‍ നിന്ന്‌, മൃതിയടഞ്ഞ ഭര്‍ത്താവില്‍ നിന്ന്‌, ഭദ്രന്മാരായ ശാല്വരെ അവള്‍ ജനിപ്പിച്ചു. അപ്രകാരം തന്നെ എന്നില്‍ ഭവാന്റെ തപോബലത്താല്‍, ഭവാന്റെ മനസ്സാല്‍ സുതന്മാരെ ജനിപ്പിച്ചാലും! ഭവാന് അതിനുള്ള തപശ്ശക്തിയുണ്ടല്ലോ!

122. കുന്തീപുത്രോത്പത്യനുജ്ഞ - വൈശമ്പായനൻപറഞ്ഞു: ഇപ്രകാരം കുന്തി പാണ്ഡുവിനോടു പറഞ്ഞപ്പോള്‍ പാണ്ഡു അവളോടു വീണ്ടും ധര്‍മ്മത്തിനൊത്ത വാക്കുകള്‍ പറഞ്ഞു.

പാണ്ഡു പറഞ്ഞു: നീ പറഞ്ഞതു ശരിയാണ്‌. പണ്ട്‌ വ്യുഷിതാശ്വന്‍ അങ്ങനെയൊക്കെ നടത്തി. അദ്ദേഹം ദേവസന്നിഭനാണ്‌. ഞാന്‍ ധര്‍മ്മതത്വം നിന്നോടു വിസ്തരിച്ചു പറയാം. നീ അതു ധരിക്കുക. പണ്ടത്തെ മുനിവൃദ്ധന്മാര്‍ കണ്ടിട്ടുള്ളതാണ്‌ ഇതും.

പണ്ട്‌ നാരിമാര്‍ അനാവൃതകളായിരുന്നു. ഇന്നത്തെപ്പോലെ അന്തഃപുരത്തില്‍ അടച്ചു പൂട്ടി കിടന്നിരുന്നില്ല. ഏതവനും പ്രാപിക്കുവാന്‍ വിരോധമില്ലാത്തവരായിരുന്നു. അവര്‍ സ്വതന്ത്രകളായി കാമചാരിണികളായി വസിച്ചിരുന്നു. ഹേ, സുന്ദരീ! യുവത്വമുള്ളപ്പോള്‍ പതിയെ വിട്ട്‌ വേണ്ടുവോളം പുരുഷന്മാരുമായി സംഭോഗം ചെയ്യുന്നതിന്‌ സ്ത്രീകള്‍ക്കു യാതൊരു വിരോധവുമുണ്ടായിരുന്നില്ല. ഇന്ന്‌ വ്യഭിചാരം എന്നു പറയുന്ന മര്യാദ കെട്ട പ്രവൃത്തി അന്ന്‌ ആചാരവും ധര്‍മ്മവുമായിരുന്നു. അധര്‍മ്മവും വൃഭിചാരവുമായി ആ നടപടിയെ അന്ന്‌ ആരും ആക്ഷേപിച്ചിരുന്നില്ല. ഇഷ്ടം പോലെ, ആരോഗ്യം പോലെ വൃഭിചരിക്കാമായിരുന്നു. അന്ന്‌ സ്ത്രീപുരുഷന്മാര്‍ക്ക്‌ അതിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ന്‌ കാമക്രോധാദികള്‍ കൂടാതെ തിര്യക്കുകള്‍ ആ ധര്‍മ്മം ആചരിക്കുന്നുണ്ടല്ലോ. പണ്ടത്തെ ഈ ധര്‍മ്മാചാരം മഹര്‍ഷിമാര്‍ ഇന്ന്‌ ആചരിക്കുന്നുമുണ്ട്‌. ഇന്നും ഉത്തര കുരുരാജ്യത്ത്‌ ആ നീതിനടപ്പുണ്ട്‌. അതില്‍ ആക്ഷേപമില്ല. ഹേ, സുന്ദരീ, സ്ത്രീകള്‍ക്ക്‌ അനുഗ്രഹകരമായ ആ ധര്‍മ്മം ആദ്യം ഈ നാട്ടില്‍ നടപ്പുണ്ടായിരുന്നതാണ്‌. പിന്നെ ആരാണ്‌, എന്തിനാണ്‌, ഇന്നത്തെ നടപടി നിശ്ചയിച്ചതെന്നും വിസ്തരിച്ചു പറയാം. കേള്‍ക്കുക.

പണ്ട്‌ ഉദ്ദാലകന്‍ എന്നുപേരായി ഒരു മുനിയുണ്ടായിരുന്നു. അവന്റെ പുത്രന്‍ ശ്വേതകേതു ഒരു മഹാമുനിയായി തീര്‍ന്നു. ആ ശ്വേതകേതു മഹര്‍ഷിയാണ്‌ ഇന്നത്തെ നടപടി ഉണ്ടാക്കിയത്‌. അദ്ദേഹം കോപത്താല്‍ ഉണ്ടാക്കിവെച്ച നടപടിയാണിത്‌.

അച്ഛന്റെ മുമ്പില്‍ വെച്ച്‌ ശ്വേതകേതുവിന്റെ അമ്മയെ ഒരു ഭൂസുരന്‍ കൈക്കു പിടിച്ചു വലിച്ച്‌ സംഭോഗത്തിന് ബലപ്രയോഗം ചെയ്തു. മകനായ ശ്വേതകേതുവിന് അതു സഹിച്ചില്ല. ആ ബ്രാഹ്മണന്‍ തന്റെ അമ്മയെ ബലാല്‍സംഗം ചെയ്യുന്നതു കണ്ട്‌ മകന്‍ ശുണ്ഠിയെടുത്തു. അതു കണ്ട്‌ അച്ഛനായ ഉദ്ദാലകന്‍ മകനോടു പറഞ്ഞു.

ഉദ്ദാലകന്‍ പറഞ്ഞു; ഉണ്ണീ, നീ കോപിക്കരുത്‌. പണ്ടു പണ്ടേ ഇതു നമ്മുടെ ധര്‍മ്മമാണ്‌. ഈ മന്നില്‍ സ്ത്രീകള്‍ അനാവ്യതകളായി നാനാജാതിയില്‍ ചേരുന്നതിന് വിരോധമില്ല. മനുഷ്യ ജാതിയില്‍ പെട്ടവര്‍ തമ്മില്‍ സംയോഗത്തിന് വിരോധമില്ല. സ്വജാതിയില്‍ പശുക്കള്‍ കാളകളുമായി ചേരുന്നു. അങ്ങനെ മനുഷ്യന്‍ മനുഷ്യ നാരിയില്‍ ചേരുന്നു. ഇതാണ്‌ നമ്മുടെ ധര്‍മ്മം.

പാണ്ഡു പറഞ്ഞു: അച്ഛന്‍ പറഞ്ഞ ധര്‍മ്മം മകന് പിടിച്ചില്ല. അന്യന്‍ അമ്മയെ പിടിച്ചു ചെയ്യുന്ന അക്രമം കണ്ടു നില്ക്കുവാന്‍ ഒരു മകന്ന്‌ എങ്ങനെ കഴിയും ? ശ്വേതകേതു ഈ ധര്‍മ്മത്തില്‍ ക്ഷമിച്ചില്ല. അന്നത്തെ സംഭവം അങ്ങനെ നടന്നു. ഞാന്‍ ഈ അനീതിക്ക്‌ ഒരു അറുതി വരുത്തിയേ അടങ്ങൂ എന്നു പറഞ്ഞ്‌, ആ മഹര്‍ഷി സ്ത്രീപുരുഷന്മാര്‍ക്ക്‌ അന്നു മുതല്‍ ഒരു മര്യാദ നടപ്പാക്കുവാന്‍ തീരുമാനിച്ചു. ഹേ, മഹാഭാഗേ, ഈ മര്യാദ അദ്ദേഹം മനുഷ്യരില്‍ മാത്രം നടപ്പാക്കി. മറ്റു ജാതിയില്ലില്ല. ഭര്‍ത്താവല്ലാതെ മറ്റു പുരുഷനുമായി സംഭോഗം ചെയ്യുന്നത്‌ സ്ത്രീക്കു പാപമാണ്‌. ഭ്രൂണഹത്യയ്ക്കു തുല്യമായ ഘോരമായ പാപമാണത്‌. ഘോരമായ ആ പാപം ദുസ്സഹമായിത്തീരും. പതിവ്രതയായ ഭാര്യയെ വിട്ടു വ്യഭിചാരം ചെയ്താല്‍ പതിക്കും ആ പാപം ഉണ്ടാകും. പുത്രാര്‍ത്ഥമായി ഭാര്യയെ പ്രാപിക്കുവാന്‍ ഭാരൃ ഭര്‍ത്താവിനെ അനുവദിക്കാതിരുന്നാല്‍ അതും ഭാര്യക്കു പാതകമായിത്തീരും. ഈ ലോകമര്യാദ ഉദ്ദാലക പുത്രനായ ശ്വേതകേതു മഹര്‍ഷി ബലമായി നടപ്പാക്കിയതാണ്‌.

പണ്ട്‌ സൗദാസന്‍ പുത്രോത്പത്തിക്കു വേണ്ടി തന്റെ ഭാര്യയായ മദയന്തിയെ വസിഷ്ഠന്റെ കൂടെ വിട്ടു. അവനില്‍ നിന്ന്‌ അവള്‍ക്ക്‌ അശ്മകന്‍ എന്ന ഒരു പുത്രന്‍ ഉണ്ടായി. ഭര്‍ത്താവിന്റെ പ്രിയത്തിന്നായി അവള്‍ അങ്ങനെ പണ്ടു ചെയ്തതായി കേട്ടിട്ടുണ്ട്‌. ഹേ, സുന്ദരീ! എന്റെ ജന്മം തന്നെ എങ്ങനെയാണെന്നു നീ കേട്ടിട്ടില്ലേ? വ്യാസമഹര്‍ഷിയില്‍ നിന്നാണല്ലോ കുരുവംശം വളര്‍ത്തുവാന്‍ വേണ്ടി ഞങ്ങള്‍ ജനിപ്പിക്കപ്പെട്ടത്‌! അതുകൊണ്ട്‌ കാര്യത്തിന്റെ ബീജം മുഴുവന്‍ ചിന്തിച്ച്‌ ധര്‍മ്മൃമായ എന്റെ വാക്ക്‌ എത്രയും നന്മയോടെ നീ ചെയ്യുക! ഋതു തോറും ഹേ, രാജപുത്രീ! പതിയെ പത്നി അതിവര്‍ത്തിക്കരുത്. അനുസരിക്കാതിരിക്കുന്നത്‌ അധര്‍മ്മമാണ്‌. ധര്‍മ്മജ്ഞര്‍ അങ്ങനെയാണ്‌ പറയുന്നത്‌. മറ്റു കാലങ്ങളില്‍ സ്ത്രീകള്‍ക്കു തോന്നിയ മാതിരിയാകാം എന്നാണ്‌ പൂര്‍വ്വമായ ധര്‍മ്മം. സജ്ജനസമ്മതം അതിന് സിദ്ധിച്ചിട്ടുണ്ട്‌. ധര്‍മ്മമല്ലാത്തത്‌, അധര്‍മ്മമായതു തന്നെ, തന്റെ ഭര്‍ത്താവു പറഞ്ഞാല്‍ ഭാര്യ അനുസരിക്കണം എന്നാണ്‌ ആര്യന്മാരായ വേദജ്ഞാനികള്‍ സമ്മതിച്ചു പറയുന്നത്‌. വിശേഷിച്ചും പുത്രകാമനായ ഭര്‍ത്താവ്‌ സന്താനലബ്ധിക്കു വേണ്ട മാര്‍ഗ്ഗം ചിന്തിച്ചു പറഞ്ഞാല്‍ ഭാര്യ അത്‌ അനുസരിക്കുക തന്നെ വേണം. എനിക്ക്‌ അത്രത്തോളമുണ്ട്‌ പുത്രദര്‍ശന കൗതുകം. രക്താംഗുലികളോടു കൂടി പത്മപ്രതാഭമായ ഈ കരം നിന്റെ ശിരസ്സില്‍ വെച്ചു കൂപ്പി ഞാന്‍ അര്‍ത്ഥിക്കുന്നു. ഹേ, സുകേശി, നീ എന്റെ വാക്കുകള്‍ കേള്‍ക്കുക. ദ്വിജ താപസ മുഖ്യന്മാരില്‍ നിന്നു കീര്‍ത്തിമാന്മാരായ പുത്രന്മാരെ നീ ഉത്പാദിപ്പിച്ചു തരേണമേ! ഹേ, സുന്ദരീ! പുത്രവാന്മാര്‍ക്കു ലഭിക്കുന്ന ഗതി നീ എനിക്കു ലഭിക്കുമാറാക്കുക!

വൈശമ്പായനൻ പറഞ്ഞു; പാണ്ഡുരാജാവ്‌ ഇപ്രകാരംപറഞ്ഞപ്പോള്‍, സുന്ദരിയായ കുന്തി; ഭര്‍ത്തൃഹിതം ചെയ്യുവാന്‍ വേണ്ട മാര്‍ഗ്ഗം വിചാരിച്ച്‌ ഇപ്രകാരം പറഞ്ഞു.

കുന്തി പറഞ്ഞു: ഞാന്‍ പിതൃഗൃഹത്തില്‍ വെച്ചു ബാലയായിരുന്ന കാലത്ത്‌, അതിഥി പൂജയ്ക്കു നില്‍ക്കുന്ന കാലത്ത്‌, ഉഗ്രതീക്ഷ്ണ്ര വ്രതനായ ഒരു വിപ്രനെ പൂജിച്ചു. നിഗൂഢ ധര്‍മ്മനിയമനായ ദുര്‍വ്വാസാവു മഹര്‍ഷിയായിരുന്നു ആ വിപ്രന്‍. സംശിതാത്മാവായ അദ്ദേഹത്തെ ഞാന്‍ പ്രയത്നത്താൽ പ്രസാദിപ്പിച്ചു. ഭഗവാന്‍ ആഭിചാര പ്രയോഗത്തിന്ന്‌ എനിക്കു വരം നല്കി ഒരു മന്ത്രവും ഉപദേശിച്ചു. അതിന് ശേഷം ഇപ്രകാരം പറഞ്ഞു.

ദൂര്‍വ്വാസാവു പറഞ്ഞു: ഏതു ദേവനെ നീ ഈ മന്ത്രം കൊണ്ട്‌ ആവാഹനം ചെയ്യുന്നുവോ, ആ ദേവന്‍ സകാമനായാലും, നഷ്ടകാമനായാലും ശരി നിന്റെ പാട്ടില്‍ വരും. അതാതു ദേവന്മാരുടെ പ്രീതിയാല്‍ ഹേ, രാജ്ഞീ! നിനക്കു പുത്രന്‍ ഉണ്ടാകും.

കുന്തി പറഞ്ഞു: പിതൃഗൃഹത്തില്‍ വെച്ച്‌ ഇപ്രകാരം അദ്ദേഹം എന്നോടു പറഞ്ഞു. ബ്രാഹ്മണര്‍ പറഞ്ഞതു സത്യമാകും. അതിനുള്ള കാലം ഇതാ സമാഗതമായി. ഭവാന്റെ ആജ്ഞയാല്‍ ഞാന്‍ ദേവനെ ആഹ്വാനം ചെയ്യാം. ആ മന്ത്രം കൊണ്ട്‌ ഹേ, രാജാവേ, നമുക്കു പുത്രന്‍ ഉണ്ടാകും. ഞാന്‍ ഏതു ദേവനെയാണ്‌ ആവാഹിക്കേണ്ടതെന്നു പറഞ്ഞാലും. ഭവാന്റെ ആജ്ഞ ഈ കര്‍മ്മത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.

പാണ്ഡു പറഞ്ഞു; ഹേ സുന്ദരീ; ഇന്നു തന്നെ നീ യത്നിച്ചാലും! യഥാവിധി ധര്‍മ്മനെ ആവാഹിക്കുക. ആ ദേവന്‍ പുണ്യാത്മകനാണ്‌. അധര്‍മ്മത്താല്‍ ഉണ്ടാകുന്ന ധര്‍മ്മം അതു കൊണ്ട്‌ നമ്മളില്‍ കലരുകയില്ല. നാട്ടുകാര്‍ ധര്‍മ്മദേവനെ ധര്‍മ്മം എന്നാണല്ലോ ഓര്‍ക്കുന്നതും. ആ ദേവനില്‍ നിന്നുണ്ടാകുന്ന പുത്രന്‍ തീര്‍ച്ചയായും കുരുക്കളില്‍ ധാര്‍മ്മികനായിത്തീരും. സംശയമില്ല. ധര്‍മ്മന്‍ നല്കുന്ന ആ കുമാരന്‍ അധര്‍മ്മത്തില്‍ രമിക്കുകയില്ല. ധര്‍മ്മത്തെ മുന്നിലാക്കി ഹേ, ശുചിസ്മിതേ, ഉപചാരാഭിചാരം കൊണ്ട്‌ ധര്‍മ്മനെ ആവാഹിക്കുക.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ഭര്‍ത്താവു പറഞ്ഞപ്പോള്‍ അങ്ങനെയാകാമെന്ന്‌ അവള്‍ മറുപടി പറഞ്ഞു. ഭര്‍ത്താവിനെ കൂപ്പി അവള്‍ സമ്മതം വാങ്ങി.

123. പാണ്ഡവോത്പത്തി - യുധിഷ്ഠിര ഭീമാര്‍ജ്ജുന ജനനം - വൈശമ്പായനൻ പറഞ്ഞു: ഗാന്ധാരി ഗര്‍ഭം ധരിച്ചിട്ട്‌ അന്നേക്ക്‌ ഒരാണ്ടു കഴിഞ്ഞു. അക്കാലത്താണ്‌ കുന്തി ധര്‍മ്മദേവനെ ആഹ്വാനം ചെയ്തത്‌. അവള്‍ ആ ധര്‍മ്മദേവനു ബലി നല്കി, ദുര്‍വ്വാസാവ്‌ ഉപദേശിച്ച മന്ത്രം ജപിച്ചു. മന്ത്രത്തിന്റെ ബലം കൊണ്ട്‌ ധര്‍മ്മദേവന്‍ വന്നെത്തി. സൂര്യകാന്തി വിമാനത്തില്‍ കുന്തി ജപിക്കുന്നിടത്തു വന്നിറങ്ങി. കുന്തി പുഞ്ചിരിയോടെ പറഞ്ഞു.

ദേവ! ഞാന്‍ എന്തു നല്കിയാണ്‌ ഭവാനെ പ്രസാദിപ്പിക്കേണ്ടത്?

വൈശമ്പായനൻ പറഞ്ഞു: മന്ദാക്ഷഭാവത്തോടെ ചിരിച്ചു കൊണ്ടു തന്നെ അവള്‍ വീണ്ടും പറഞ്ഞു.

കുന്തി പറഞ്ഞു; എനിക്ക്‌ ഒരു പുത്രനെ ഭവാന്‍ തന്നാലും!

വൈശമ്പായനൻ പറഞ്ഞു: അങ്ങനെ അന്നു യോഗമൂര്‍ത്തി ധരിച്ച ധര്‍മ്മനോടു ചേര്‍ന്ന്‌, അവള്‍ ഏവര്‍ക്കും ഹിതനായ പുത്രനെ നേടി. വര്‍ഷത്തില്‍ എട്ടാം തൃക്കേട്ടയില്‍ അഭിജിത്തു മുഹുര്‍ത്തത്തില്‍ പകല്‍ നട്ടുച്ചനേരത്ത്‌ പഞ്ചമി തിഥിയില്‍ പ്രസിദ്ധനായ പുത്രനെ കുന്തി പ്രസവിച്ചു. ആ പുത്രനുണ്ടായ സമയത്ത്‌ അശരീരി വാക്കു കേട്ടു.

അശരീരി പറഞ്ഞു: ഇവന്‍ ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനായിത്തീരും. നരോത്തമനാകും! വിക്രാന്തിമാനും സതൃവാദിയും ഊഴിക്ക്‌ ഈശ്വരനും ആയിത്തീരും! യുധിഷ്ഠിരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവന്‍ പാണ്ഡുവിന്റെ പ്രഥമ പുത്രനാകും. മൂന്നു ലോകത്തിലും കീര്‍ത്തിപ്പെട്ട പൃഥ്വീശ്വരനാകും.

വൈശമ്പായനൻ പറഞ്ഞു: കീര്‍ത്തി പ്രതാപങ്ങളോടെ സദ് വൃത്തനായി നന്നായി വിളങ്ങുന്ന ധര്‍മ്മാത്മജനെ നേടിയ പാണ്ഡു പിന്നെയും പറഞ്ഞു.

പാണ്ഡു പറഞ്ഞു: ഹേ കുന്തീ! ക്ഷത്രര്‍ക്കു ശരീരശക്തി നല്ല പോലെ വേണം. അതു ഭൂഷണമാണ്‌. നല്ല ബലവാനായ ഒരു പുത്രനെ നേടുക!

വൈശമ്പായനൻ പറഞ്ഞു: ഭര്‍ത്താവ്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ അവള്‍ വായുദേവനെ ആഹ്വാനം ചെയ്തു. അപ്പോള്‍ മഹാബലനായ വായു മൃഗത്തിൽ കയറി എത്തിച്ചേര്‍ന്നു.

വായുദേവന്‍ പറഞ്ഞു: ഹേ സുന്ദരീ, ഞാന്‍ എന്താണു ഭവതിക്കു തരേണ്ടത്‌? നിന്റെ ഉള്ളിലുള്ളതു പറയൂ.

വൈശമ്പായനൻ പറഞ്ഞു: ലജ്ജയോടും സ്മിതഭാവത്തോടും കൂടി അവള്‍ പറഞ്ഞു.

കുന്തി പറഞ്ഞു: ഹേ മാരുതാ! ശക്തനും സര്‍വ്വരുടേയും ദര്‍പ്പം നശിപ്പിക്കുന്നവനും, പ്രതാപവാനുമായ ഒരു പുത്രനെ തന്നാലും!

വൈശമ്പായനൻ പറഞ്ഞു: അങ്ങനെ വായുദേവന് ഭീമപരാക്രമനായ ഭീമന്‍ ജനിച്ചു. ആ ശക്തനെ പ്രസവിച്ച വേളയില്‍ ഒരു അശരീരി വാക്കുണ്ടായി: സർവ്വശക്തരിലും ശ്രേഷ്ഠനായിത്തീരും ഇവന്‍! അവന്‍ ജനിച്ച അന്നു തന്നെ ഒരു അതൃത്ഭുതമുണ്ടായി. ആ കുട്ടി മാതാവിന്റെ മടിയില്‍ നിന്ന്‌ ഒരു പാറമേല്‍ വിണു. ആ പാറ തകര്‍ന്നു പോയി. ഒരു വ്യാഘ്രത്തെ കണ്ടു കുന്തി പേടിച്ചു ക്ഷണത്തില്‍ എഴുന്നേറ്റപ്പോള്‍ മടിയില്‍ കിടക്കുന്ന കുട്ടിയെ ഭയം മൂലം ഓര്‍ത്തില്ല. വജ്രകായനായ ബാലന്‍ അപ്പോള്‍ മലയിലെ പാറയില്‍ വീണു പോയി. അവന്‍ വീണ പാറ നൂറു കഷണമായി പൊടിഞ്ഞതു കണ്ട്‌ അവള്‍ അത്ഭുതപ്പെട്ടു.

പാണ്ഡുവും ആ പാറ പൊടിഞ്ഞതു കണ്ട്‌ അത്ഭുതപ്പെട്ടു! എന്നു ഭീമന്‍ ജനിച്ചുവോ, അന്നു തന്നെ ദുര്യോധനനും ഭൂജാതനായി.

ഭീമന്‍ ജനിച്ചതിന് ശേഷം പാണ്ഡു ഇങ്ങനെ ചിന്തിച്ചു: ലോകശ്രേഷ്ഠനായ പുത്രന്‍ ഉണ്ടാകുവാന്‍ മാര്‍ഗ്ഗമെന്താണ്‌? ദൈവവും പൗരുഷവും, ഈ രണ്ടു കാര്യങ്ങളിലാണ്‌ ലോകമൊക്കെയും നില്ക്കുന്നത്‌. കാലം നോക്കി പ്രയത്നിച്ചാല്‍ ദൈവം സ്വാധീനമാകും. ഇന്ദ്രനാണല്ലോ വാനവരില്‍ മുഖ്യന്‍. അവന്‍ അപ്രമേയ ബലോത്സാഹനും വീര്യവാനും അമിത പ്രഭനുമാണ്‌. തപസ്സു കൊണ്ട്‌ അവനെ പ്രീതനാക്കി പുത്രനെ നേടണം. അവന്‍ തരുന്ന പുത്രന്‍ തീര്‍ച്ചയായും ശ്രേഷ്ഠനാകും. മാനുഷരേയും അമാനുഷരേയും അവന്‍ പോരില്‍ കൊല്ലും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ഞാന്‍ തപസ്സു ചെയ്യാം. പിന്നെ പാണ്ഡു മുനീന്ദ്രന്മാരോടു ചേര്‍ന്നു ചിന്തിച്ചു. കുന്തിക്ക്‌ അവര്‍ ഒരാണ്ടേക്ക്‌ മംഗളമായ മഹാവ്രതം കല്പിച്ചു. മഹാബലനായ രാജാവ്‌ ഒറ്റക്കാലില്‍ നിന്ന്‌ ഉഗ്രമായ തപസ്സു ചെയ്തു സമാധി കൈക്കൊണ്ടു. അങ്ങനെ ദേവാധിരാജനായ ശക്രരനെ സേവ ചെയ്ത്‌ പാണ്ഡു തപനനെപ്പോലെ തപസ്സാല്‍ ജ്വലിച്ചു. ഒട്ടുനാള്‍ ചെന്നതിന് ശേഷം ഇന്ദ്രന്‍ പ്രത്യക്ഷനായി.

ശക്രന്‍ പറഞ്ഞു: മൂന്നു ലോകത്തിലും പേരു കേള്‍ക്കുന്ന പുത്രനെ ഞാന്‍ ഭവാനു നല്കുന്നതാണ്‌. അവന്‍ ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും വളരെ ബന്ധുക്കള്‍ക്കും ഹിതപ്രദനായിരിക്കും. ശത്രുക്കള്‍ക്കു ദുഃഖമുണ്ടാക്കുന്നവനും, ബന്ധുക്കള്‍ക്ക്‌ ആനന്ദം വര്‍ദ്ധിപ്പിക്കുന്നവനുമായിരിക്കും. സർവ്വശത്രുക്കളേയും സംഹരിക്കും. അങ്ങയുടെ ആ പുത്രന്‍.

വൈശമ്പായനൻ പറഞ്ഞു: എന്നു ശക്രന്‍ പറഞ്ഞപ്പോള്‍ ആ വാക്കു ചിന്തിച്ച്‌ കൗരവരാജാവു കുന്തിയോടു പറഞ്ഞു.

പാണ്ഡു പറഞ്ഞു; ഹേകുന്തീ, നിനക്കു നന്മ വരും. സുരേശ്വരന്‍ സന്തോഷിച്ച്‌ നീ ആഗ്രഹിക്കുന്ന വിധത്തിലുള്ള സന്താനം നിനക്കു സിദ്ധിക്കും. അതിമാനുഷ കര്‍മ്മാവും, കേള്‍വി കേട്ട്‌ അരിഘാതിയും, നീതിമാനും, മഹാത്മാവും, ആതിഥേയ പ്രഭാവനും, അധൃഷ്യനും, ക്രിയാവാനും, അതിദിവ്യ സ്വരുപനും, ക്ഷത്രതേജോ മൂര്‍ത്തിയുമായ പുത്രനെ നീ പ്രസവിക്കുക. ഹേ, സുസ്മിതേ, നീ ദേവരാജനെ പ്രസാദിപ്പിച്ച്‌ ആഹ്വാനം ചെയ്യുക.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പാണ്ഡു പറഞ്ഞപ്പോള്‍ അവള്‍ ശക്രനെ ആഹ്വാനം ചെയ്തു. ശക്രന്‍ വന്നു കുന്തിയോടു ചേര്‍ന്ന്‌ അര്‍ജ്ജുനനെ ജനിപ്പിച്ചു. കുമാരന്‍ ഉണ്ടായപ്പോള്‍ അശരീരി വാക്കു കേട്ടു. അംബരത്തെ മുഴക്കുമാറ്‌ അതി ഗംഭീരമായിരുന്നു ആ അശരീരി ശബ്ദം. ആശ്രമം വാഴുന്ന സര്‍വ്വ ജീവജാലങ്ങളും കേള്‍ക്കുമാറ്‌ കുന്തിയോടു പ്രസ്പഷ്ടാക്ഷരമായ വാക്കു പറയപ്പെട്ടു.

കുന്തീ, നിന്റെ പുത്രന്‍ കാര്‍ത്തവീര്യോപമനാണ്‌. ശിവതുല്യപരാക്രമനാണ്‌! ഇന്ദ്രനെപ്പോലെ അജയ്യനാണ്‌! ഇവന്‍ നിന്റെ പേരു പുകഴ്ത്തും! അദിതിക്കു വിഷ്ണു എപ്രകാരമാണോ അതിമോദം വളര്‍ത്തുക അതുപോലെ വിഷ്ണുപ്രതിമനായ ഇവന്‍ നിനക്കു സുഖം വളര്‍ത്തും. മദ്ര-കുരു-സോമകന്മാരെയെല്ലാം ഇവന്‍ പാട്ടിലാക്കി, ചേദിക കുരൂഷന്മാരെയൊക്കെ വെന്ന്‌, ഇവന്‍ കുരുവംശത്തിന് പ്രസിദ്ധിയാര്‍ജ്ജിക്കും. ഇവന്റെ ഭുജവീര്യത്താല്‍ ഖാണ്ഡവത്തില്‍ ഹുതാശനായ അഗ്നിഭഗവാന്‍ സര്‍വ്വഭൂതൗഘങ്ങളുടേയും മേദസ്സു കൊണ്ടു തൃപ്തനായി ഭവിക്കും. ഗ്രാമനാഥന്മാരായ രാജാക്കന്മാരെ ജയിച്ചിട്ട്‌ ഈ മഹാബലന്‍ ഭ്രാതാക്കളോടു കൂടി മൂന്ന്‌ അശ്വമേധം നടത്തും. ജാമദഗ്ന്യ സമനായ ഇവന്‍ വിഷ്ണുവിനെപ്പോലെ പരാക്രമനാകും. ഹേ. കുന്തീ!, ഇവന്‍ വംശശ്രേഷ്ഠനായി അതികീര്‍ത്തിമാനായി ഭവിക്കും! ഇവന്‍ പോരില്‍ ശങ്കരനായ ഈശ്വരനെ പ്രീതനാക്കും. തുഷ്ടനായ ഈശ്വരന്‍ ഇവന് പാശുപതാസ്ത്രം നല്കും. നിവാത കവചന്മാരായ ദേവദ്വേഷികളെ ഇന്ദ്രന്റെ കല്പന പ്രകാരം നിന്റെ ഈ പുത്രന്‍ സംഹരിക്കും. അപ്രകാരം തന്നെ എല്ലാ ദിവ്യാസ്‌ത്രത്തേയും നേടും. നശിച്ചു പോയ ശ്രീയെല്ലാം ഈ വീരന്‍ വീണ്ടെടുക്കും.

കുന്തി അര്‍ജ്ജുനനെ പ്രസവിച്ച ഉടനെ ഈ അത്ഭുത വാക്യങ്ങള്‍ കേട്ടു. ഉച്ചത്തില്‍ പറഞ്ഞ ഈ വാക്കുകള്‍ നന്നായി കേട്ടപ്പോള്‍ ശതശൃംഗസ്ഥരായ മുനികള്‍ക്ക്‌ അതൃധികമായ ഹര്‍ഷമുണ്ടായി. വ്യോമത്തില്‍ ഇന്ദ്രാദി ദേവന്മാരുടേയും, ഭേരീവാദ്യങ്ങളുടേയും ഘോഷം മുഴങ്ങി. തുടരെത്തുടരെ പുഷ്പവൃഷ്ടിയുണ്ടായി. ദേവന്മാര്‍ എല്ലാവരും ഒത്തു ചേര്‍ന്നു പാര്‍ത്ഥനെ പൂജിച്ചു. കാദ്രവേയരും, ഖഗേന്ദ്രന്മാരും, അപ്സരസ്ത്രീകളും, ഗന്ധര്‍വ്വമുഖ്യന്മാരും, പ്രജാപതികള്‍ എല്ലാവരും, സപ്തര്‍ഷികളും, ഭരദ്വാജന്‍, കശ്യപന്‍, ഗൗതമന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ഠന്‍, അത്രി എന്നിവരും എത്തി. മരീചി, അംഗിരസ്സ്‌, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ദക്ഷന്‍, പ്രജാപതി, ഗന്ധര്‍വ്വാസുരന്മാര്‍, സുരവേശ്യമാർ എല്ലാം ദിവ്യമാല്യാംബര ധരന്മാരും സര്‍വ്വാഭരണ ഭൂഷിതന്മാരും ആയി എത്തി. അപ്സരസ്ത്രീകള്‍ പാര്‍ത്ഥന്റെ അടുത്തു വന്നു പാടി നൃത്തം വെച്ചു. അപ്രകാരം ഋഷിമുഖ്യന്മാര്‍ ചുറ്റും കൂടി ജപിച്ചു. ഗന്ധര്‍വ്വന്മാരോടു ചേര്‍ന്ന്‌ ധീമാനായ തുംബുരു  പാടി. ഭീമസേനന്‍, ഉഗ്രസേനന്‍, ഉര്‍ണ്ണായുസ്ത്‌, അനര്‍ഘന്‍, ധൃതരാഷ്ട്രന്‍, ഗോപതി, സൂര്യവര്‍ച്ചസ്സ്‌, യുഗപന്‍, തൃണപന്‍, കാര്‍ഷ്ണി, നന്ദി, ചിത്രരഥന്‍, ശാലിശിരസ്സ്‌, പര്‍ജ്ജന്യന്‍, കലി, നാരദന്‍, ഋത്വാവ്‌, ബൃഹത്വാവ്‌, ബൃഹകന്‍, കരാളന്‍, സുപര്‍ണ്ണന്‍, വിശ്വാവസു, ഭൂമന്യു, ശ്രീസുചന്ദ്രന്‍, ശരു, ഗീത; രൂപമാധുര്യമുള്ളവരായ ഹാഹാ, ഹൂഹു, എന്നിവര്‍, ഇങ്ങനെയുള്ള ദേവന്മാരും ഗന്ധര്‍വ്വന്മാരും അവിടെ എത്തി.

ആദിത്യന്‍ ഇല്ലാതായപ്പോള്‍ സൂര്യചന്ദ്രന്മാരുടെ രൂപം കൈക്കൊണ്ടവനാണ്‌ അത്രിമഹര്‍ഷി. ഒരു ദേവാസുരയുദ്ധത്തല്‍ അസുരന്മാരുടെ ശരവര്‍ഷം ഏറ്റു സൂര്യചന്ദ്രന്മാര്‍ അസ്തപ്രഭരായി. ആ അവസരത്തില്‍ ദേവന്മാര്‍ കണ്ണു കാണാതെ തപ്പിത്തടഞ്ഞു നടക്കേണ്ടി വന്നു. അപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥന അനുസരിച്ച്‌ അത്രി സൂര്യചന്ദ്രന്മാരുടെ രൂപം കൈക്കൊണ്ടു. അനുശാസനപര്‍വ്വം  156-ാം  അദ്ധ്യായം നോക്കുക

അപ്രകാരം കോപ്പണിഞ്ഞു ചമഞ്ഞവരായ അപ്സരസ്ത്രീകള്‍, വിലോലമിഴികളായ സുരസുന്ദരിമാര്‍, ആടുകയും പാടുകയും ചെയ്തു.

ഗുണമുഖ്യകളായ അദ്രിക, സോമകേശി, മിശ്ര, അലംബുഷം മരീചിക, ശുചികം വിദ്യുല്‍പര്‍ണ്ണ, തിലോത്തമ, അംബികാ, ലക്ഷണ, ക്ഷേമാ, രംഭ, സുബാഹു, അസിത, സ്വ്പ്രിയ, പുണ്ഡരിക, സുഗന്ധ, സുരസാ, പ്രമാഥിനി, കാമ്യം ശാരദ്വതി എന്നിവര്‍ കൂട്ടമായി ചേര്‍ന്നു നിന്നു സംഘനൃത്തം തുടങ്ങി. മേനകാ, സഹജന്യാ, കര്‍ണ്ണികാ, പുഞ്ജികസ്ഥല, ഋതുസ്ഥല, ഘൃതാചി, വിശ്വാചി, പൂര്‍വ്വചിത്തി, ഉല്ലോചയ, പ്രമ്ലോച ഇവര്‍ പത്തുപേരും പതിനൊന്നാമത്തവളായി ഉര്‍വ്വശിയും, ഇവര്‍ ചേര്‍ന്നു മധുരമായി പാടി.

ധാതാവ്‌, അര്യമാവ്‌, മിത്രന്‍, അംശന്‍, വരുണന്‍, ഭഗന്‍, ഇന്ദ്രന്‍, വിവസ്വാന്‍, പൂഷാവ്‌, ത്വഷ്ടാവ്‌, സവിതാവ്‌, വിഷ്ണു ഈ പന്ത്രണ്ട്‌ ആദിത്യന്മാരും പാര്‍ത്ഥന്റെ മഹിമാവു വര്‍ദ്ധിപ്പിക്കുമാറ്‌ നഭസ്ഥലത്തില്‍ ചേര്‍ന്നു നിന്നു.

മൃഗവ്യാധന്‍, സര്‍പ്പന്‍, നിതൃതി, അജൈകപാതു, അഹിര്‍ബുദ്ധ്നി, പിനാകി, ദഹനന്‍, ഈശ്വരന്‍, കപാലി, സ്ഥാണു, ഭര്‍ഗ്ഗന്‍. എന്നീ രുദ്രന്മാരും വന്നു നിരന്നു. അശ്വിനീദേവകള്‍, അഷ്ടവസുക്കള്‍, മരുത്തുകള്‍, വിശ്വേദേവകള്‍, സാദ്ധ്യന്മാര്‍ എന്നിവരും വന്നു കൂടി. കാര്‍ക്കോടകന്‍, സര്‍പ്പവരന്‍, ഭുജംഗപതിയായ വാസുകി, കച്ഛപന്‍, കുണ്ഡന്‍, പന്നഗോത്തമനായ തക്ഷകന്‍ എന്നീ തപസ്സുള്ളവരും വന്നണഞ്ഞു. അരിഷ്ടനേമി, താര്‍ക്ഷ്യന്‍, ഗരുഡന്‍, ഹരികേതനന്‍, അരുണന്‍, ആരുണി എന്നീ വൈനതേയരും എത്തി. ഈ ദേവഗണയോഗത്തെ തപസ്വികളും സിദ്ധരുമായ മഹര്‍ഷിമാര്‍ വിമാനങ്ങളിലും അഗ്രികളിലും നിന്നു കണ്ടു. മറ്റുള്ളവര്‍ക്ക്‌ ഇതൊന്നും കാണുവാന്‍ കഴിഞ്ഞില്ല.

ഇപ്രകാരമുള്ള അതൃത്ഭുതം കണ്ട്‌ താപസന്മാര്‍ വിസ്മയിച്ചു. അതില്‍പ്പിന്നെ പാണ്ഡവരില്‍ അവര്‍ക്ക്‌ അധികമായ പ്രീതി വളര്‍ന്നു വന്നു. കീര്‍ത്തിമാനായ പാണ്ഡുവിന് പുത്രസിദ്ധിയിലുള്ള കൊതി വീണ്ടും ഉണ്ടായി.

അപ്പോള്‍ കുന്തി പറഞ്ഞു. നാലാം സന്താനം ആപത്തില്‍ പോലും കല്‍പിക്കുന്നില്ല. ഇനി ഉണ്ടായാല്‍ സ്വൈരിണിയാകും. അഞ്ചാമതുണ്ടായാല്‍ ബന്ധകി (വേശ്യ) യുമാകും. ഈ ധര്‍മ്മമൊക്കെ അറിയുന്ന ഭവാന്‍ ഇനിയും എനിക്കു സന്താനമുണ്ടാകുവാന്‍ ആഗ്രഹിക്കുന്നത്‌ എന്തിന്‌? രാജാവേ, അപതൃമോഹത്താല്‍ ഭവാന്‍ ക്രമം വിട്ടു തെറ്റായി പറയുകയാണ്‌.

124. പാണ്ഡവോത്പത്തി - നകുലസഹദേവജനനം- വൈശമ്പായനൻ പറഞ്ഞു: കുന്തിക്കും ഗാന്ധാരിക്കും പുത്രന്മാരുണ്ടായപ്പോള്‍ ഒരു ദിവസം മാദ്രി പാണ്ഡുവിനോട്‌ ഇപ്രകാരം രഹസില്‍ വെച്ചു പറഞ്ഞു.

മാദ്രി പറഞ്ഞു; ഹേ രാജാവേ, ഭവാന്റെ പക്ഷപാതത്തിൽ എനിക്കു ദുഃഖമില്ല, ഞാന്‍ ജ്യേഷ്ഠത്തിയുടെ കീഴില്‍ നിന്നു കൊള്ളാം. അത്‌ എന്റെ ധര്‍മ്മമാണ്‌. ഗാന്ധാരിക്കു നൂറു മക്കളുണ്ടായി എന്നുകേട്ടാലും എനിക്ക്‌ അത്ര സന്താപമില്ല. തുല്യസ്ഥിതിയിലുള്ള ഒരുവള്‍ക്ക്‌ പുത്രരുണ്ടാകുമ്പോള്‍ മറ്റവള്‍ക്ക്‌ അല്ലലുണ്ടാവുക സാധാരണമാണ്‌. അത്‌ എനിക്കു വേണ്ടുവോളമുണ്ടു താനും. ഭാഗ്യം കൊണ്ട്‌ എന്റെ ഭര്‍ത്താവിന്‌ കുന്തി പെറ്റു മക്കളുണ്ടായി. കുന്തി തരികയാണെങ്കില്‍ എനിക്കും സന്താനമുണ്ടാകും. അത്‌ ഭവാനും അനുഗ്രഹമായിരിക്കും. സപത്നിയോടു യാചിക്കുവാന്‍ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. എന്നില്‍ ഭവാന്‍ പ്രസാദിച്ചിട്ട്‌ അവളോടു പറയണം.

പാണ്ഡു പറഞ്ഞു; മാദ്രീ, എന്റെ ഉള്ളില്‍ അങ്ങനെ ഒരു വിചാരം ഉണ്ട്‌. നിന്റെ ഇഷ്ടാനിഷ്ടങ്ങളില്‍ ഭയം കൊണ്ടു പറയാഞ്ഞതാണ്‌. നിനക്കും അതില്‍ മോഹമുണ്ടെന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇനി ഞാന്‍ യത്നിക്കാം. ഞാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കും, ഞാന്‍ പറയാം.

വൈശമ്പായനൻ പറഞ്ഞും; പിന്നെ ഗൂഢമായി കുന്തിയോടു പാണ്ഡു ഇപ്രകാരം പറഞ്ഞു.

പാണ്ഡു പറഞ്ഞു: എന്റെ കുലത്തിന് സന്തതിയും ലോകത്തിന് പ്രിയവും നീ നല്കുക. എനിക്കും പൂര്‍വ്വന്മാര്‍ക്കും പിണ്ഡവിച്ഛേദം പറ്റാതിരിക്കുവാന്‍ നീ ഇനിയും നന്മ ചെയ്യണം. യശസ്സിന് വേണ്ടിയും നീ സാദ്ധ്യമായ ക്രിയ ചെയ്യണം. രാജാധിരാജാവായിട്ടും ഇന്ദ്രന്‍ പിന്നേയും യജ്ഞം ചെയ്തു. അത്‌ യശസ്സിന് വേണ്ടിയാണ്‌. മന്ത്രജ്ഞന്മാരായ വിപ്രന്മാരും ഘോരമായ തപം വീണ്ടും ചെയ്യുന്നു. ഗുരുക്കന്മാരും രാജര്‍ഷികളും പൂജ്യരായ ബ്രഹ്മര്‍ഷികളും ഉച്ചാവചങ്ങളായ കര്‍മ്മങ്ങള്‍ കീര്‍ത്തിക്കു വേണ്ടി ദുഷ്കരമാണെങ്കിലും ചെയ്യുന്നു. നീ മാദ്രിയെ കൂടി സന്താനമാകുന്ന പ്ലവത്താല്‍ കര കേറ്റി വിടുക. നിനക്കു കീര്‍ത്തിയുണ്ടാകും.

വൈശമ്പായനൻ പറഞ്ഞു: ഭര്‍ത്താവിന്റെ വാക്കു കേട്ട്‌ കുന്തി മാദ്രിയെ വിളിച്ചു പറഞ്ഞു.

കുന്തി പറഞ്ഞു; മാദ്രീ, നീ നിനക്ക്‌ ഇഷ്ടമുള്ള ഒരു ദൈവതത്തെ ചിന്തിക്കുക. ഞാന്‍ മന്ത്രം ജപിക്കാം. അവനില്‍ നിന്നു നിനക്ക്‌ ഒരു സന്താനം സിദ്ധിക്കും.

വൈശമ്പായനൻ പറഞ്ഞു: മാദ്രി അശ്വിനീ പുത്രരെ ഓര്‍ത്തു. അവര്‍ മാദ്രിയുടെ അരികില്‍ അണഞ്ഞു. അവരില്‍ നിന്നു സുന്ദരരൂപികളായ രണ്ടു സന്താനങ്ങള്‍ ഇരട്ട പ്രസവിച്ച്‌ മാദ്രിക്കുണ്ടായി. ലോകത്തില്‍ സൗന്ദര്യം കൊണ്ട്‌ അവര്‍ ശ്രേഷ്ഠരൂപികളായി. അവര്‍ ഉണ്ടായ വേളയിലും അശരീരിവാക്കുണ്ടായി. സതൃരൂപഗുണത്താല്‍ നാസത്യര്‍ക്കു തുല്യരാണ്‌ അവര്‍ എന്ന്. തേജസ്സോടെ സൗന്ദര്യം തികഞ്ഞ്‌ അവര്‍ ഏറ്റവും ശോഭിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ശതശൃംഗ നിവാസികള്‍ നാമകരണം ചെയ്തു. ഭക്തികൊണ്ടും വൃത്തികൊണ്ടും ആശിസ്സുകൊണ്ടും അവര്‍ എല്ലാവരുടേയും പേരു വിളി നടത്തി.

ജേഷ്ഠന്‍ യുധിഷ്ഠിരന്‍, മദ്ധ്യമന്‍ ഭീമസേനന്‍, മൂന്നാമന്‍ അര്‍ജ്ജുനന്‍ ഇങ്ങനെ മൂന്നുപേര്‍ കുന്തിയുടെ മക്കള്‍.

പിന്നെ മാദ്രീ പുത്രന്മാരില്‍ ആദ്യം പിറന്നവന്‍ നകുലന്‍, കനിഷ്ഠന്‍ സഹദേവന്‍. ഇങ്ങനെ മുനിമാര്‍ അവര്‍ക്കു പേരു നൽകി.

വര്‍ഷം തോറും പിറന്ന ആ കുമാരന്മാർ കുരുസത്തമരായി ശോഭിച്ചു. ആ പഞ്ചപാണ്ഡവന്മാര്‍ പഞ്ചനക്ഷത്രങ്ങള്‍ പോലെ ശോഭിച്ചു. മഹാസത്വരും മഹാവീര്യരും മഹാബലപരാക്രമരും ആയി അവര്‍ വളര്‍ന്നു. നരാധിപനായ പാണ്ഡു വിണ്ണവര്‍ക്കു തുല്യം പരാക്രമികളായ പുത്രന്മാരെ കണ്ടു സന്തോഷിച്ചു. ശതശൃംഗത്തില്‍ വാഴുന്ന സകല മുനികള്‍ക്കും ഇഷ്ടരായി ഇവര്‍ വളര്‍ന്നു. മുനിപത്നിമാര്‍ക്ക്‌ ഇവര്‍ ഏറ്റവും പ്രിയങ്കന്മാരായി.

പാണ്ഡു മാദ്രിയുടെ അപേക്ഷ പ്രകാരം കുന്തിയോടു വീണ്ടും പ്രേരണ ചെലുത്തി. അപ്പോള്‍ കുന്തി രഹസ്സില്‍ ഭര്‍ത്താവിനോടു പറഞ്ഞു.

കുന്തി പറഞ്ഞു: ഒരിക്കല്‍ ഞാന്‍ അനുവദിച്ചപ്പോള്‍ അവള്‍ രണ്ടു പേരെ ഒപ്പം വരുത്തി ഇരട്ടസന്താനങ്ങളെ നേടി എന്നെ വഞ്ചിച്ചു. ഞാന്‍ ഈ പ്രവൃത്തിയാല്‍ അവളെ ഭയപ്പെടുന്നു. കുത്സിത സ്ത്രീകളുടെ നടപടിയാണിത്‌. വിഡ്ഢിയായ ഞാന്‍ അറിഞ്ഞില്ല, രണ്ടുപേരെ അവള്‍ ഒപ്പം ആഹ്വാനം ചെയ്യുമെന്ന്‌. എന്നോട്‌ ഭവാന്‍ ഇനി ആവശ്യപ്പെടരുത്‌. ഇനി അതും എനിക്ക്‌ ഒരു വരമായി ഭവാന്‍ നല്കണം.

വൈശമ്പായനൻ പറഞ്ഞു: മഹാബലന്മാരായ പുത്രന്മാര്‍ പുകഴാര്‍ന്നവരും, കുരുകുലോദ്വഹന്മാരും, ശുഭലക്ഷണമൊത്തവരും, സോമാര്‍ഭന്മാരായ പ്രിയദര്‍ശനന്മാരും, സിംഹദര്‍പ്പന്മാരും, മഹാധനുര്‍ദ്ധരന്മാരും, സിംഹവിക്രമഗാമികളും, സിംഹഗ്രീവരും, മനുഷ്യേന്ദ്രരും, ദേവവിക്രമന്മാരുമായി വളര്‍ന്നു. പുണ്യമായ ഹിമവല്‍ പര്‍വ്വതത്തില്‍ അവര്‍ ഉല്ലസിച്ചു. അവിടെ വന്നു ചേരുന്ന മുനീന്ദ്രന്മാര്‍ക്ക്‌ അവര്‍ അതിരറ്റ വിസ്മയം ഉണ്ടാക്കി. അവര്‍ അഞ്ചു പേരും; മറ്റു നൂറു പേരും, കുരുവംശ വിവര്‍ദ്ധനരായിവളര്‍ന്നു. അല്പകാലം കൊണ്ട്‌ പൊയ്കയില്‍ താമരകള്‍ പോലെ അവര്‍ വളര്‍ന്നു വികസിച്ചു ശോഭിച്ചു.

125. പാണ്ഡുവിന്റെ ചരമം - വൈശമ്പായനൻ പറഞ്ഞു; പാണ്ഡു അഴകുറ്റവരായ തന്റെ അഞ്ചു പുത്രന്മാരെ കണ്ടു സന്തോഷിച്ച്‌ അവരോടു കൂടി വനപർവ്വതങ്ങളി൯ ക്രീഡാലാലസനായി നിവസിച്ചു.

ഒരു ദിവസം അവന്‍ ഭാര്യമാരോടു കൂടി വനത്തില്‍ സഞ്ചരിക്കുകയായിരുന്നു. വസന്തത്തിന്റെ ആഗമനത്തില്‍ കാടുകളെല്ലാം ഹൃദയ സമ്മോഹനമായ വിധം പൂത്തു. ആ പൂവണിഞ്ഞ കാടുകള്‍ കണ്ട്‌ സഭാര്യനായ രാജാവ്‌ ആനന്ദിച്ച്‌ മദാലസനായി നടന്നു.

പിലാശ്‌, തിലകം, മാവ്‌, ചമ്പകം, പാരിഭ്രകം, കര്‍ണ്ണികാരം, അശോകം, കേസരം, അതിമുക്തകം, കരവകം ഇവയിലൊക്കെ വണ്ടുകള്‍ മുരണ്ടു തേന്‍ കുടിക്കുവാന്‍ ചുറ്റിപ്പറന്നു നടന്നു. അല്ലിവിടര്‍ന്ന്‌ പാരിജാത കുസുമങ്ങള്‍ സൗരഭ്യം വീശി. കുയിലുകള്‍ പാടി. വണ്ടുകള്‍ മുരണ്ടു ചുറ്റി. വേറേയും അനവധി മരങ്ങള്‍ പൂത്തും കായ്ച്ചും നയനമോഹനമായി നിരന്നു. കാടുകള്‍ വിളങ്ങി.

വസന്താഗമത്തില്‍ താമരയും ആമ്പലും വിടര്‍ന്നു തിളങ്ങുന്ന മനോഹരമായ കാടു കണ്ട്‌ രാജാവിന്റെ ഹൃദയത്തില്‍ അംഗജന്‍ ഇളകി. കാമദേവന്‍ രാജാവിന്റെ മനസ്സിനെ മഥിച്ചു. കാട്ടില്‍ ദേവകല്പനായ പാണ്ഡു കാമലോലുപനായി സഞ്ചരിക്കവേ അദ്ദേഹം സഹര്‍ഷം തിരിഞ്ഞു നോക്കി. അവന്റെ പിമ്പേ ശുഭ്രവസ്ത്രം ചാര്‍ത്തി മാദ്രി താനേ നടക്കുന്നു. മൃദുവായ വസത്രം ചാര്‍ത്തിയ ആ മുദുലഗാത്രിയെ ഒറ്റയ്ക്കു വിജന മാര്‍ഗ്ഗത്തില്‍ കണ്ടയുടനെ അവന്റെ മനസ്സില്‍ കാമന്‍ തീ കോരിയിട്ടതു പോലെ ആളി! രഹസ്സില്‍ ഒറ്റയ്ക്ക്‌ ആ ആലോല നീലനേത്രയെ രാജാവു കണ്ടു.. അവന്റെ കാമവികാരം ഉജ്ജ്വലിച്ചു. മന്മഥവികാരം തടുക്കുവാന്‍ പാണ്ഡു ശ്രമിച്ചു. മനസ്സടക്കുവാന്‍ പാണ്ഡു അശക്തനായി. അനംഗാഗ്നി ആളിക്കത്തി. രാജാവ്‌ ചുറ്റും നോക്കി. വനം വിജനം! സുരഭിലമായ പാരിജാത കുസുമത്തില്‍ തട്ടിവരുന്ന മോഹനമായ മാരുതന്‍ ആ രാജദമ്പതികളെ തഴുകി. ദേവസുന്ദരി പോലെ തന്റെ ചാരെ കാന്തി വീശി നില്ക്കുന്ന മാദ്രിയെ രാജാവു കടന്നു പിടിച്ചു. അവള്‍ പിടഞ്ഞു കുടഞ്ഞു. "അരുത്‌, വിടു!", എന്നു പറഞ്ഞു തടുത്തു. അവന്‍ വിട്ടില്ല. ബലമായി അവളെ പിടിച്ചു വീഴ്ത്തി. കാമതാപ മോഹിതനായ അവന്‍ ശാപത്തെപ്പറ്റി ചിന്തിച്ചില്ല. അവന്റെ ജീവിതം അവസാനിപ്പിക്കുവാനാണോ? അവന്‍ കാമമോഹിതനായി! ശാപഭീതി ലേശവുമില്ലാതെ രാജാവ്‌ വിധിയുടെ ശക്തിയാല്‍ കാമാത്മാവായി. അവന്റെ ബുദ്ധി, സാക്ഷാല്‍ കാലം മയക്കുക മൂലം കാമവശനായി ഇന്ദ്രിയോന്മഥനം ചെയ്തു. മാദ്രിയുമായി അവന്‍ ആനന്ദ ഹര്‍ഷത്തോടെ സംഭോഗംചെയ്തു. ആ അന്ത്യമായ മൈഥുനത്തോടെ ആ വിളക്കണഞ്ഞു. മനസ്സിണങ്ങി സുഖമായി അവളോടു ചേര്‍ന്ന്‌ ധര്‍മ്മാത്മാവായ പാണ്ഡു കാലധര്‍മ്മം പ്രാപിച്ചു.

പ്രാണന്‍ പോയ രാജാവിനെ കെട്ടിപ്പിടിച്ച്‌ വീണ്ടും വീണ്ടും മാദ്രി മഹാദുഃഖത്തോടെ വിലപിച്ചു; അയ്യോ! ചതിച്ചല്ലോ! നിലവിളികേട്ടു കുന്തിയും മക്കളെല്ലാവരും ഓടിച്ചെന്നു. മാദ്രി സഹിക്കവയ്യാത്ത ദുഃഖത്തോടെ കുന്തിയെ വിളിച്ചു പറഞ്ഞു.

മാദ്രി പറഞ്ഞു. ജ്യേഷ്ഠത്തി, വേഗം വരു! തനിച്ചു വരു! കുട്ടികള്‍ അവിടെ നില്ക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ കുന്തി മക്കളെ വിട്ട്‌ ഓടി ക്ഷണത്തില്‍ സമീപത്തെത്തി.

കുന്തി ഉറക്കെ നിലവിളിച്ചു: അയ്യോ! ചതിച്ചല്ലോ! എന്താണ്‌ ഞാന്‍ ഈ കാണുന്നത്‌? മാദ്രിയും രാജാവും കൂടിയല്ലേ കിടക്കുന്നത്‌! ഞാന്‍ ഇനി എന്തിനു ജീവിക്കുന്നു? എല്ലാം തകര്‍ന്നു പോയല്ലോ!

കുന്തി ദുഃഖത്തോടെ വീണ്ടും വിലപിച്ചു. ഞാന്‍ കാത്തു പോരുമ്പോള്‍ വീരനായ ഈ ധീരന്‍, മൃഗശാപം അറിഞ്ഞിരുന്നിട്ടും, നിന്നില്‍ ഈ അതിക്രമം ചെയ്തില്ലേ? മാദ്രീ, നീ ഈ രാജാവിനെ രക്ഷിക്കേണ്ടതല്ലേ? ആ നീ ഇങ്ങനെ രാജാവിനെ വിജനസ്ഥലത്തു വെച്ചു മോഹിപ്പിച്ചില്ലേ? നീ തെറ്റു ചെയ്തു! രാജാവിന് ശാപവൃത്താന്തം ഓര്‍മ്മയുള്ളപ്പോള്‍ നിന്നോടു കൂടി ചേരുന്നതില്‍ എങ്ങനെ ഹര്‍ഷമുണ്ടായി? ഒരു പക്ഷേ, ഹേ, ബാല്‍ഹീകീ, നീ എന്നേക്കാള്‍ ഭാഗ്യവതി തന്നെ! സന്തോഷ പ്രകര്‍ഷത്തോടു കൂടി യ രാജാവിന്റെ മുഖാമൃതം നുകരുവാന്‍ നിനക്കു സാധിച്ചുവല്ലോ. മാദ്രി പറഞ്ഞു: "ദേവീ, നീ എന്നെ തെറ്റിദ്ധരിച്ച്‌ ആക്ഷേപിക്കരുത്‌. ഞാന്‍ വിലപിച്ച്‌ ആവോളം തടഞ്ഞു നോക്കി. ഫലമുണ്ടായില്ല. എനിക്ക്‌ രാജാവിനെ തടുത്തു നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. ശക്തനായ നാഥന്‍ ഭവിതവ്യം (ദൈവഗതി) നടത്തുക തന്നെ ചെയ്തു".

കുന്തി പറഞ്ഞു: ഹേ, മാദ്രീ! ധര്‍മ്മപത്നിമാരില്‍ ഞാന്‍ ജ്യേഷ്ഠത്തിയാണ്‌. ജ്യേഷ്ഠധര്‍മ്മ ഫലം എനിക്കാണ്‌. വരേണ്ടുന്നതു വരും. നീ എന്നെ തടയരുത്‌! പ്രേതാലയത്തില്‍ പോകുന്ന പതിയെ ഞാന്‍ അനുഗമിക്കുകയാണ്‌. കാന്തനെ വിട്ട്‌ നീ എഴുന്നേല്‍ക്കുക. മക്കളെ പാലിക്കുക.

മാദ്രി പറഞ്ഞു; പിന്മാറാത്ത ഭര്‍ത്താവിനെ ഞാന്‍ അനുഗമിക്കുകയാണ്‌. ഞാന്‍ കാമത്തില്‍ അതൃപ്തയാണ്‌. ഏട്ടത്തീ, നീ എനിക്കു സമ്മതം തരണം. ഭരതോത്തമനായ കാന്തന്‍ സ്മരാര്‍ത്തിയോടെ എന്നിലേറ്റു മരിച്ചു. കാലപുരിയില്‍ അവന് കാമഭംഗം ഉണ്ടാകരുത്‌. ഞാന്‍ ജീവിച്ചാല്‍ എനിക്ക്‌ നിന്റെ മക്കളെ പക്ഷപാതം കൂടാതെ വേണ്ടപോലെ നോക്കുവാനുള്ള കഴിവില്ല. അതു കൊണ്ട്‌ ഞാന്‍ പാപം നേടേണ്ടതായും വന്നു കൂടും. കുന്തീ നീ എന്റെ മക്കളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുക. എന്നെ കാമിച്ചുകൊണ്ടാണ്‌ രാജാവു മൃതനായത്‌. ഇദ്ദേഹത്തിന്റെ ദേഹത്തോടൊത്ത്‌ എന്റെ ദേഹവും ചുടണം. എനിക്ക്‌ നീ ഈ പ്രിയം ചെയ്തു തരണം. കുട്ടികളെ നല്ലവണ്ണം നീ കരുതി കാത്തു കൊള്ളുക! വേറെ ഒന്നും എനിക്കു പറഞ്ഞേല്‍പിക്കുവാനില്ല.

വൈശമ്പായനൻ പറഞ്ഞു: അവള്‍ ഇപ്രകാരം കുട്ടികളെ കുന്തിയെ ഏല്‍പിച്ചു രാജാവിന്റെ കൂടെ ചിതയില്‍ച്ചാടി. ധര്‍മ്മപത്നിയായ മാദ്രി ഭര്‍ത്താവിനോടൊപ്പം പരലോകം പൂകി.

126. ഋഷിസംവാദം - വൈശമ്പായനൻ പറഞ്ഞു; പാണ്ഡുവിന്റെ ചരമം ഇപ്രകാരം സംഭവിച്ചതു കണ്ട്‌ ദേവോപമന്മാരായ ഋഷികള്‍ അവിടെ കൂടി ആലോചിച്ചു.

താപസന്മാര്‍ പറഞ്ഞു: രാജ്യവും രാഷ്ട്രവും വിട്ട്‌ പൂജ്യനായ ആ കീര്‍ത്തിശാലി ഈ സ്ഥലത്ത്‌ ഋഷിമാരെ ആശ്രയിച്ചു തപസ്സു ചെയ്തു. ചെറുപൈതങ്ങളേയും കുന്തിയേയും നമ്മുടെ കൈയിലേല്പിച്ച്‌ രാജാവ്‌ സ്വര്‍ഗ്ഗം പ്രാപിച്ചു. ആ യോഗ്യന്റെ മക്കളേയും ഭാര്യയേയും സ്വരാജ്യത്ത്‌ എത്തിക്കേണ്ട ചുമതല നമ്മള്‍ക്കുള്ളതാണ്‌.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം തമ്മില്‍ പറഞ്ഞ്‌ എല്ലാവരുംചേര്‍ന്ന്‌ പാണ്ഡുപുത്രന്മാരെ മുമ്പിലാക്കി വേഗത്തില്‍ ഹസ്തിനാപുരത്തേക്ക് എത്തിക്കുവാന്‍ ഏര്‍പ്പാടുചെയ്തു. പാണ്ഡുവിന്റെ മക്കളേയും കുന്തിയേയും രണ്ടു മൃതശരീരങ്ങളേയും കൊണ്ട്‌ ഋഷിമാര്‍ ഭീഷ്മരുടേയും ധ്യതരാഷ്ട്രന്റേയും സമീപത്തേക്ക്‌, അവരെക്കൊണ്ട്‌ ഏല്പിക്കുവാന്‍ പുറപ്പെട്ടു.

അത്യധികമായ സൗഖ്യത്തോടെ പണ്ടു വാണവളും, പുത്രവത്സലയുമായ കുന്തി ആപത്തില്‍പ്പെട്ടു മാര്‍ഗ്ഗദൈര്‍ഘ്യം സാരമാക്കാതെ, മാര്‍ഗ്ഗക്ലേശം ഒട്ടും ചിന്തിക്കാതെ നടന്നു. ഏറെ വൈകാതെ കുരുജാംഗലത്തിലെത്തി. നെടുതായ കോട്ടവാതില്‍ക്കല്‍ യശസ്വിനിയായ കുന്തി ചെന്നു. കോട്ടവാതില്‍ക്കല്‍ നില്ക്കുന്ന കാവല്‍ക്കാരനോട്‌ താപസന്മാര്‍ വന്നു നില്ക്കുന്നുവെന്നും രാജാവിനെ അറിയിക്കുകയെന്നും കല്പിച്ചു. അവര്‍ ഉടനെ ബദ്ധപ്പെട്ട്‌ ഓടി സഭയില്‍ ചെന്ന്‌  വളരെയേറെ മുനിമാരും ചാരണന്മാരും വന്നു നില്ക്കുന്ന വര്‍ത്തമാനം അറിയിച്ചു. മുനിമാരുടെ ആഗമനമറിഞ്ഞു നാട്ടുകാര്‍ക്കും പൗരന്മാര്‍ക്കും അത്ഭുതമായി. സുര്യോദയത്തിന് ശേഷം ഒരു മുഹൂര്‍ത്തം ചെന്നപ്പോള്‍ പാണ്ഡവപുത്രന്മാരോടു കൂടിയ താപസന്മാരെ കാണുവാന്‍ ജനങ്ങള്‍ കൂട്ടം കൂട്ടമായി വന്നു നിറഞ്ഞു. സ്ത്രീകളും ക്ഷത്രിയന്മാരും വാഹനങ്ങളില്‍ എത്തിച്ചേര്‍ന്നു. ബ്രാഹ്മണന്മാരും ബ്രാഹ്മണസ്ത്രീകളും അനേകം വാഹനങ്ങളില്‍ എത്തിച്ചേര്‍ന്നു. വൈശ്യരും ശുദ്രന്മാരും തിക്കിത്തിരക്കി എല്ലായിടവും നിറഞ്ഞു. ആര്‍ക്കും ഈര്‍ഷ്യ കണ്ടില്ല. എല്ലാവരും ധര്‍മ്മബുദ്ധികളായി കാണപ്പെട്ടു. ഇപ്രകാരം ഭീഷ്മൻ, ബാല്‍ഹീകന്‍, സോമദത്തന്‍, പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്ര രാജാവ്‌, വിദുരന്‍, സത്യവതി, കൗസല്യമാര്‍ (അംബികയും, അംബാലികയും ), ഗാന്ധാരി ഇവര്‍ രാജദാരങ്ങളോടു കൂടി ഇറങ്ങി. ധൃതരാഷ്ട്ര പുത്രന്മാരായ ദുര്യോധനാദികള്‍ ഭൂഷണാലംകൃതരായി നൂറു പേരും ഇറങ്ങി ആ മുനിശ്രേഷ്ഠരെ കണ്ട്‌ കുമ്പിട്ടു തൊഴുതു. ആചാര്യന്മാരോടു കൂടി കൗരവന്മാരെല്ലാവരും അപ്രകാരം ഋഷിമാരെ തലകുനിച്ചു നമസ്കരിച്ച്‌ അടുത്തിരുന്നു. പൗരന്മാരും അപ്രകാരം തല കുമ്പിട്ടു നമസ്കരിച്ചു ചുറ്റും വാണു. ആ ജനങ്ങള്‍ ഘോഷമൊക്കെ അടക്കി, അവരെക്കണ്ടു. വിധിയാം വണ്ണം പാദ്യാര്‍ഘ്യങ്ങളാല്‍ അവരെ പൂജിച്ചു. നാടും നഗരവും ഭീഷ്മൻ മുനീന്ദ്രര്‍ക്കു നിവേദിച്ചിരിക്കുന്നുവെന്ന്‌ അഭിവാദനപൂര്‍വ്വം ഉണര്‍ത്തിച്ചു. ആ കൂട്ടത്തില്‍ മഹാവൃദ്ധനും ജടാചീരധരനുമായ മുനി ഋഷിയോഗമതം ചിന്തിച്ച്‌ ഇപ്രകാരം പറഞ്ഞു.

മുനി പറഞ്ഞു: കൗരവരുടെ ദായാദനായ പാണ്ഡുരാജാവ്‌ കാമഭോഗങ്ങള്‍ ഉപേക്ഷിച്ചാണ്‌ ശതശ്യംഗത്തിലെത്തിയത്‌. അവന്‍ ആ ബ്രഹ്മചര്യത്തില്‍ നില്ക്കുമ്പോള്‍ ദിവ്യസംഗം കൊണ്ടു സാക്ഷാല്‍ ധര്‍മ്മദേവനില്‍ നിന്നുണ്ടായവനാണ്‌ ഈ യുധിഷ്ഠിരന്‍. അപ്രകാരം തന്നെ മാന്യനായ ആ രാജാവിനായി വായുദേവന്‍ നല്‍കിയതാണ്‌ മഹാബലനായ ഈ ഭീമസേനന്‍. ഇങ്ങനെ ഇന്ദ്രനില്‍ നിന്ന്‌ കുന്തിയില്‍ തന്നെ ഉണ്ടായതാണ്‌ ധനഞ്ജയന്‍. ഇവന്റെ കീര്‍ത്തി മറ്റു ധനുര്‍ദ്ധരന്മാരെ താഴ്ത്തിക്കളയും. അപ്രകാരം അശ്വിനീ ദേവകളില്‍ നിന്ന്‌ മാദ്രി പെറ്റുണ്ടായവരാണ്‌ ഈ കുമാരന്മാർ. ഇവരേവരും വില്ലാളിവീരന്മാരാണ്‌. എല്ലാവരും നോക്കുവിന്‍! ധര്‍മ്മത്തോടു കൂടി വാനപ്രസ്ഥത്തില്‍ വാഴുമ്പോള്‍ നഷ്ടപ്പെട്ട പിതാമഹന്മാരുടെ കുലം പാണ്ഡു ഉയര്‍ത്തി. പാണ്ഡുപുത്രന്മാരുടെ ജന്മം, വൃദ്ധി, വൈദിക പാഠം ഇവ കണ്ട്‌ നിങ്ങളൊക്കെ പ്രീതരാകുവിന്‍! സദ് വൃത്തിയിലിരുന്ന്‌ ഈ പുത്രസമ്പത്തു നേടിയ പാണ്ഡു ഇന്നേക്കു പതിനേഴു ദിവസമായി സിദ്ധി കൂടിയിട്ട്‌. പിന്നെ അവനെ ഓര്‍ത്തുകൊണ്ട്‌, സ്വയം ആഹുതിയെന്ന വിധം, സ്വജീവിതം വിട്ട്‌ മാദ്രി അഗ്നിയില്‍ച്ചാടി മരിച്ചു. അവള്‍ അവനോടു ചേര്‍ന്നു പിതൃലോകം പ്രാപിച്ചു.

ഇനി നിങ്ങള്‍ അവള്‍ക്കും അവനും വേണ്ടുന്ന ശേഷക്രിയ നടത്തുവിന്‍. ഇതാണ്‌ അവരുടെ മൃതദേഹം (ചിതാവശിഷ്ടം). ഇവര്‍ അവരുടെ ഉത്തമപുത്രന്മാരാണ്‌. വേണ്ടപോലെ അമ്മയോടൊപ്പം ഇവരെ നിങ്ങള്‍ അനുഗ്രഹിക്കുവിന്‍. പ്രേതകാര്യം കഴിച്ചിട്ട്‌ ധാര്‍മ്മികനും, കൗരവപുംഗവനുമായ പാണ്ഡു പിതൃമേധഫലം കൈക്കൊള്ളട്ടെ.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കുരുക്കളോടു പറഞ്ഞ്‌, കൗരവന്മാരെല്ലാവരും കാണ്കെ ആ മുനിമാരും ഗുഹ്യക സംഘവും ക്ഷണത്തില്‍ മറഞ്ഞു. ഗന്ധര്‍വ്വ നഗരം പോലെ ആ മുനിസിദ്ധ ഗണങ്ങള്‍ ക്ഷണത്തില്‍ മറഞ്ഞു പോയതു കണ്ട്‌ എല്ലാവര്‍ക്കും അത്ഭുതമായി.

127. പാണ്ഡുമാദ്രീ സംസ്കാരം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, വിദുരാ! പാണ്ഡുവിന്റെ പ്രേത കാര്യങ്ങളൊക്കെ നടത്തുക! രാജസിംഹനായ അവന്റെ സംസ്കാരം രാജാധിരാജന് വേണ്ടവിധം തന്നെ ചെയ്യണം. പശുക്കള്‍, വസത്രം, രത്നങ്ങള്‍, പലപ്രകാരം ധനങ്ങള്‍ എന്നിവയെല്ലാം ഇഷ്ടം പോലെ പാണ്ഡുവിനും മാദ്രിക്കും വേണ്ടി ദാനം നല്കുക. മാദ്രീ സല്‍ക്കാരവും കുന്തിയുടെ ഇഷ്ടം പോലെ നടത്തുക. കാറ്റും വെയിലും ആ ചാരുഗാത്രിയെ തൊട്ടു പോകരുത്‌. പാണ്ഡുരാജാവ്‌ പുണ്യവാനാണ്‌. ഒരിക്കലും ശോച്യനല്ല. അവന് സുരപുത്രാഭന്മാരായ ഈ അഞ്ചു മക്കളും ഉണ്ടായല്ലോ!

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം തന്നെ എന്നു പറഞ്ഞ്‌ വിദുരന്‍ ഭീഷ്മനോടു കൂടി സമശുദ്ധസ്ഥലം തെരഞ്ഞെടുത്ത്‌ അവിടെ പാണ്ഡുവിന്റെ സംസ്കാരം നടത്തി. നെയ്യിന്റെ സൗരഭ്യം വീശുന്ന പാണ്ഡുഭൂപന്റെ ദീപജ്വാലകള്‍ ഹസ്തിനാപുരത്തില്‍ നിന്ന്‌ ഉടനെ പുരോഹിതന്മാര്‍ കൊണ്ടു വന്നു. കാലത്തിനൊത്ത മണമാര്‍ന്ന പുഷ്പങ്ങള്‍ അലങ്കരിച്ചു മൂടിയ പല്ലക്കും ഉടനെ കൊണ്ടു വന്നു. വസ്ത്രമാല്യ ഗണങ്ങളാലും വിലപിടിച്ച വസ്തുക്കളാലും അലംകൃതമായ പല്ലക്കിന്റെ കൂടെ സുഹൃത്തുക്കളും അമാത്യരും എത്തി. മാദ്രിയോടും കൂടി മന്നന്റെ മൃതശരീരാവശിഷ്ടം (അസ്ഥികള്‍) പല്ലക്കില്‍ കയറ്റി, നല്ല മര്‍ത്ത്യന്മാര്‍ ഏറ്റി. വെണ്‍കൊറ്റക്കുടയും വെണ്‍ചാമരവും വാദ്യഘോഷങ്ങളുമായി മോടി കൂട്ടി. വളരെ രത്നങ്ങളും മറ്റു വിശിഷ്ട വിഭവങ്ങളും വാരിക്കോരി പലതരം ജനങ്ങള്‍ക്കായി ദാനംചെയ്തു. പാണ്ഡുവിന്റെ ശേഷക്രിയയ്ക്ക്‌, വന്നവര്‍ക്കൊക്കെ ധനം കൊടുത്തു.

വെണ്‍ക്കൊറ്റക്കുടയും, നല്ല വെണ്‍ചാമരങ്ങളും, നല്ലവസ്ത്രങ്ങളും ആ കൗരവന് വേണ്ടി കൊണ്ടു വന്നു. ശുചിയായ വസത്രംചുറ്റിയ യാജകന്മാര്‍ ഹോമിച്ച അഗ്നികള്‍ കത്തിജ്ജ്വച്ച്‌ അവന്റെ മുമ്പില്‍ അഴകോടെ നടന്നു. ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും, ശുദ്രരും കരഞ്ഞ്‌ ശോകത്തോടെ നര്രേന്ദനെ പിന്തുടര്‍ന്നു. ഇദ്ദേഹം ഞങ്ങളെ വിട്ടു! ഞങ്ങളെ ദുഃഖത്തില്‍ തള്ളി വിട്ടു! അനാഥ സ്ഥിതിയിലാക്കി! ഹേ, രാജാവേ! ഭവാന്‍ എങ്ങോട്ടു പോകുന്നു? കരയുന്ന പാണ്ഡവന്മാരും, ഭീഷ്മനും, വിദുരനും രമണീയമായ ശ്മശാനത്തില്‍ ഗംഗാതീരപ്പരപ്പില്‍ മെല്ലെ പല്ലക്കിറക്കി വെച്ചു. മനോഹരമായ ശ്മശാനത്തില്‍ ജാഹ്നവീ തീരത്തില്‍ സഭാര്യനായ രാജശ്രേഷ്ഠന്റെ വാഹനം നിന്നപ്പോള്‍, ആ ഭൗതികാവശിഷ്ടത്തില്‍ സുഗന്ധം ഉണ്ടാകുമാറ്‌ കാരകില്‍ച്ചാറു തേച്ച്‌, ചന്ദനച്ചാറു പൂശി, പൊന്‍കുടത്തിലെടുത്ത ജലം കൊണ്ടു തളിച്ചു. വെളുത്ത ചന്ദനം ദേഹത്തിലൊക്കെ പൂശി. കാരകില്‍ച്ചാറു കലരുന്ന തുംഗമായ രസവും തളിച്ചു.

അതിന് ശേഷം ഏറ്റവും വിലപ്പെട്ട വസത്രം കൊണ്ടു മൂടി. വസത്രം ചാര്‍ത്തിയ രാജാവ്‌ ജീവിച്ചിരുന്നാലെന്ന വിധം പല്ലക്കില്‍ പ്രകാശിച്ചു! മഹാര്‍ഹമായ മെത്തയില്‍ ശയിക്കേണ്ടുന്ന മഹായോഗ്യനായ ആ നരോത്തമന്‍ യാജകന്മാരുടെ അനുമതം പോലെ ഇപ്പോള്‍ പ്രേതകാര്യം നടത്തപ്പെടുകയാണ്‌. നെയ്യ്പ കര്‍ന്ന്‌ രാജാവിനെ മാദ്രിയോടു കൂടി ഭംഗിയില്‍ തുംഗം, പതിമുകം, മണം വീശുന്ന ചന്ദനം, മറ്റു സുഗന്ധദവ്യങ്ങള്‍ ഇവ കൊണ്ട്‌ യഥാവിധി സംസ്കരിച്ചു. അപ്പോള്‍ അവരുടെ ദേഹം ചിതാഗ്നിയില്‍ വെക്കുന്നതു കണ്ട്‌ മോഹമാണ്ട്‌ അയ്യയ്യോ! മകനോ എന്നു നിലവിളിച്ച്‌ കൗസല്യ വീണു! അവള്‍ മോഹിച്ചു വീണതു കണ്ട്‌ നാട്ടുകാര്‍ നിറഞ്ഞ കണ്ണുകളോടെ, കരുണയോടെ നിലവിളിച്ചു. കുന്തിയുടെ വിലാപത്തില്‍ മനുഷ്യരോടൊപ്പം തിര്യക് യോനികള്‍ കൂടി കരഞ്ഞു പോയി! ഹൃദയമലിയിപ്പിക്കുന്ന അവളുടെ രോദനം കേട്ട്‌ സര്‍വ്വജീവജാലങ്ങളും കരഞ്ഞു. അപ്രകാരം തന്നെ ശാന്തനവനായ ഭീഷ്മനും, ബുദ്ധിമാനായ വിദുരനും, മറ്റു പൗരന്മാരും സങ്കടത്തോടെ കണ്ണുനീര്‍ തുടച്ചു.

പിന്നെ ഭീഷ്മനും, പാണ്ഡവന്മാരും, വിദുരനും, രാജാവും, കുരുനാരികളും ചേര്‍ന്ന്‌ അവന് ഉദക്രകിയ ചെയ്തു. അവര്‍ കരഞ്ഞു കൊണ്ട്‌ ഉദകക്രിയ ചെയ്തു. ഉദകക്രിയ ചെയ്യുമ്പോള്‍ പാണ്ഡവന്മാരും, ഗംഗാപുത്രനും, വിദുരനും ജഞാതിഗണങ്ങളും കരഞ്ഞു കൊണ്ടിരുന്നു.

ഉദകക്രിയ ചെയ്ത ശേഷം വിതുമ്മിക്കരയുന്ന പാണ്ഡുപുത്രന്മാരെ ദുഃഖാര്‍ത്തരായ നാട്ടുകാര്‍ എടുത്ത്‌ ആശ്വസിപ്പിച്ചു. ബന്ധുക്കളും പാണ്ഡവരും വെറും നിലത്തു കിടന്ന്‌ പുലയാചരിച്ചു. പുല കഴിയുന്നതു വരെ അവര്‍ കിടന്ന നാളിലെല്ലാം നാട്ടുകാരും ബ്രാഹ്മണരും അവരിലുള്ള സഹതാപത്തോടെ വെറും നിലത്തു തന്നെ കിടന്നു. ആനന്ദം പോയി സ്വാസ്ഥ്യമറ്റ്‌ ആബാലവൃദ്ധം ഹര്‍ഷം കൂടാതെ പാണ്ഡവരോടൊപ്പം ആ നഗരം പന്ത്രണ്ടുനാ ള്‍ പുലയാചരിച്ചു.

128. ഭീമസേനരസപാനം - വൈശമ്പായനൻ പറഞ്ഞു:പിന്നെ കുന്തിയും, രാജാവും, യുധിഷ്ഠിരനും, ബന്ധുജനങ്ങളും പാണ്ഡുവിന് സ്വധാമൃതമയമായ പിണ്ഡം വെച്ചു. അന്ന്‌ കുരുനാട്ടുകാര്‍ വിപ്രന്മാരെയും അസംഖ്യം ജനങ്ങളേയും ഭക്ഷണം കൊണ്ടു തൃപ്തരാക്കി. രത്നങ്ങളും ഗ്രാമവും ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. പുലവീട്ടി ശുദ്ധരായ പാണ്ഡുപുത്രരേയും ഭാരതമുഖ്യരേയും കൈക്കൊണ്ട്‌ എല്ലാവരും ഹസ്തിനാപുരിയില്‍ പ്രവേശിച്ചു. വീണ്ടും ആ ഭാരതശ്രേഷ്ഠനായ പാണ്ഡുവിനെപ്പറ്റി നാട്ടുകാര്‍ തങ്ങളുടെ ഒരു ബന്ധു മരിച്ചാലെന്ന പോലെ അനുശോചിച്ചു.

പിണ്ഡം കഴിഞ്ഞ്‌ എല്ലാവരും ഇണ്ടലിലാണ്ടിരിക്കുന്നതു കണ്ട്‌ ദുഃഖിക്കുന്ന അമ്മയോട്‌ വ്യാസന്‍ പറഞ്ഞു.

വ്യാസന്‍ പറഞ്ഞു: അമ്മേ, സൗഖ്യം അസ്തമിച്ചു. കാലത്തിന്റെ മാറ്റം ദാരുണം തന്നെ! വന്നു കൊണ്ടിരിക്കുന്ന ദിനങ്ങളൊക്കെ പാപദിനങ്ങള്‍ തന്നെ! ഭൂമിക്കോ യൗവനം കെട്ടു പോയി! ഛലജാലങ്ങള്‍ കലര്‍ന്നും പലപല ദോഷങ്ങള്‍ പുലര്‍ന്നും ധര്‍മ്മക്രിയാചാരങ്ങള്‍ നഷ്ടപ്പെടുന്ന കഷ്ടകാലം വരികയാണ്‌! കുരുക്കളുടെ ദുര്‍ന്നീതി വര്‍ദ്ധിച്ച്‌ ഊഴി നശിക്കും! അമ്മ അതൊന്നും കാണാതിരിക്കുന്നതാണു നല്ലത്‌. കുലത്തിന് താനേ പറ്റുന്ന ആക്ഷയം കാണാതിരിക്കുക! തപോവനത്തില്‍ ചെന്നു യോഗം പൂണ്ടു ദേവീ, നീ വാഴുക!

വൈശമ്പായനൻ പറഞ്ഞു: വ്യാസന്‍ പറഞ്ഞതു സമ്മതിച്ച്‌ അകത്തേക്കു വന്ന്‌ തന്റെ സ്നുഷയോട്‌ സത്യവതി പറഞ്ഞു.

സത്യവതി പറഞ്ഞു: അംബികേ, നിന്റെ പുത്രന്റെ ദുര്‍ന്നയം മൂലം ഭാരതര്‍ കൂട്ടത്തോടെ പൗരജനങ്ങളുമൊത്തു നശിക്കുമെന്ന്‌ ഞാന്‍ കേള്‍ക്കുന്നു! അതു കൊണ്ട്‌ പുത്രശോകാര്‍ത്തയായ കൗസല്യയോടു കൂടി വനത്തില്‍ പോകുന്നതാണു നല്ലത്‌. ഞാന്‍ അതിന് നിശ്ചയിച്ചു കഴിഞ്ഞു. നിനക്കും സമ്മതമമല്ലേ?

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം തന്നെ എന്ന്അം ബികയും സമ്മതിച്ചു. അങ്ങനെ ഭീഷ്മനോട്‌ സമ്മതവും വാങ്ങി, സത്യവതി സ്നുഷമാരോടു കൂടി കാട്ടിലേക്കു പുറപ്പെട്ടു. ആ ദേവിമാര്‍ ഘോരമായ തപസ്സു ചെയ്തു. അങ്ങനെ തപോവൃത്തിയില്‍ ജീവിച്ച്‌ ദേഹത്യാഗംചെയ്ത്‌, അഭീഷ്ടമായ ഗതി പൂകി.

പിന്നെ വേദോക്തമായ സംസ്കാരം പാണ്ഡവന്മാര്‍ സ്വീകരിച്ചു. പിതൃഗൃഹത്തില്‍ സസന്തോഷം വാണു. ധാര്‍ത്തരാഷ്ട്രന്മാരോടു ചേര്‍ന്നു സന്തോഷിച്ചു കളിച്ചു.

ബാലക്രീഡയിലൊക്കെ ഓജസ്സു കൊണ്ട്‌ പാണ്ഡവര്‍ മേലെയായി. ഓട്ടം, ഓടിച്ചെന്ന്‌  എടുക്കല്‍, തീറ്റ, ധൂളി പറപ്പിക്കല്‍ എന്നീ കളികളില്‍ ഭീമന്‍ ധാര്‍ത്തരാഷ്ട്രന്മാരെ മര്‍ദ്ദിച്ചു. രസമായി കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന്‌ അവരെ വാരിപ്പിടിച്ച്‌ ഒളിക്കും. പിടിച്ചു വീശി തല ചുറ്റിക്കും. വീരന്മാരായ ആ നൂറു കൗരവന്മാരേയും ഒറ്റയ്ക്കു പിടിച്ചു കശക്കും. തലമുടിയില്‍ പിടി കൂടി ബലവാനായ അവന്‍ ബലമായി വലിക്കും. ചുമലും മുട്ടും നിലത്തിട്ട്‌ ഉരസി ഇഴയുന്ന വിധം വ്യകോദരന്‍ വലിക്കും. വെള്ളത്തില്‍ നീന്തിക്കളിക്കുമ്പോള്‍ പത്തു പേരെ ഒന്നിച്ചു പിടിച്ച്‌ വെള്ളത്തില്‍ മുക്കിത്താഴ്ത്തി വീര്‍പ്പുമുട്ടിച്ച്‌ ചത്ത വണ്ണമാക്കി വിടും. അവര്‍ മരത്തില്‍ക്കയറി കായ്‌ പറിക്കുമ്പോള്‍ ഭീമന്‍ മരത്തിന്റെ കടയ്ക്കു ചവിട്ടി ഭയങ്കരമായി കുലുക്കും. ചവിട്ടിന്റെ ഊക്കു കൊണ്ട്‌ അവര്‍ പറിക്കുന്ന കായ്കളോടൊപ്പം നിലത്തു വീഴും. അവര്‍ എത്ര പരിശ്രമിച്ചിട്ടും തമ്മില്‍ത്തല്ലിലും ഊക്കിലും ഇപ്രകാരം ഒന്നിലും അവര്‍ക്കു പകരം വീട്ടുവാന്‍ ഭീമനോടു കഴിഞ്ഞില്ല. ധാര്‍ത്തരാഷ്ട്രന്മാരോട്‌ ഇങ്ങനെ ഭീമന്‍ സ്പര്‍ദ്ധയുള്ളവനായി. അങ്ങനെ അവരോട്‌ ഭീമന്‍ അപ്രിയം ചെയ്തുവെങ്കിലും അത്‌ ബാലസഹജമായ വികൃതി മാത്രമായിരുന്നു; ദ്രോഹബുദ്ധി കൊണ്ടായിരുന്നില്ല.

ഭീമന്റെ വര്‍ദ്ധിച്ച ബലത്തില്‍ ധാര്‍ത്തരാഷ്ട്ര പ്രധാനിയായ ദുര്യോധനന്ന്‌, ഉള്ളില്‍ ദുഷ്ടു വര്‍ദ്ധിച്ചു. അതു കാണിക്കുവാനും തുടങ്ങി. ധര്‍മ്മം തെറ്റി, പാപമായ കര്‍മ്മം ഉള്ളില്‍ നിനയ്‌ക്കുക കാരണം വഴിപിഴച്ച ലോഭം മൂലം, അവന്റെ ബുദ്ധി പാപപങ്കിലമായി. ശക്തി പെരുത്ത കുന്തീപുത്രന്മാരില്‍ മദ്ധ്യമനായ വ്യകോദരനെ ചതിച്ചു കൊല്ലണം. ശക്തനും, വിക്രമിയും, ശൗര്യവാനും, വീരനുമായ വൃകോദരൻ നമ്മളോടെല്ലാവരോടും സ്പര്‍ദ്ധിക്കുന്നു. ഇവന്‍ വമ്പന്‍ തന്നെ! പുരോദ്യാനത്തില്‍ ഉറങ്ങി കിടക്കുമ്പോള്‍ ഇവനെ പിടിച്ചു വെള്ളത്തില്‍ മുക്കിക്കൊല്ലണം. എന്നിട്ട്‌ ഇവന്റെ അനുജനേയും ചേട്ടനായ ധര്‍മ്മജനേയും പിടിച്ചു കെട്ടി തടവിലിട്ടു ഞാന്‍ നാടുവാഴും. ഇപ്രകാരം നിശ്ചയിച്ച്‌ പാപാത്മാവായ സുയോധനന്‍ നിത്യവും ഭീമനെ പിടിക്കുവാനുള്ള പഴുതു നോക്കിക്കൊണ്ടിരുന്നു.

ഈ ചിന്തയോടു കൂടി വെള്ളത്തില്‍ കുളിക്കുവാന്‍ പലതരം ശില കൊണ്ടും കംബള ജാലങ്ങള്‍ കൊണ്ടും നെടുംകൂടാരങ്ങള്‍ തീര്‍പ്പിച്ചു. ഇഷ്ട ദ്രവ്യങ്ങള്‍ നിറച്ചതും കൊടികുത്തി ഉയര്‍ത്തുന്നതുമായ സ്ഥലത്തു വിവിധങ്ങളായ കൂടാരക്കൂട്ടങ്ങള്‍ നിരന്നു. ജല്ക്രീഡയെന്ന്‌ അതിന്‌ ഒരു ഓമനപ്പേരു കൊടുത്തു. പ്രമാണകോടി എന്നുപേരുള്ള ആ സ്ഥലത്തു തിന്നുവാന്‍ പറ്റിയ പഴങ്ങളും, കടല മുതലായി ചവച്ചു തിന്നുവാനുള്ള വറവുകളും, ശീതളപാനീയങ്ങളും, മിഠായികളും വലിച്ചു കുടിക്കുവാന്‍ പറ്റിയ മധുരവസ്തുക്കളും നക്കിത്തിന്നുവാന്‍ പറ്റിയ തേന്‍കുഴമ്പുകളും, പലതരം രുചിയുള്ള ആഹാരങ്ങളും ഉണ്ടാക്കിച്ചു. എല്ലാം തയാറായപ്പോള്‍. അതിന് നിയോഗിക്കപ്പെട്ട ദേഹണ്ഡക്കാര്‍ എല്ലാം ഒരുക്കിയ വിവരം ദുര്യോധനനെ ഉണര്‍ത്തിച്ചു. പിന്നെ ശഠനായ ദുര്യോധനന്‍ പാണ്ഡവന്മാരോട്‌ പറഞ്ഞു.

ദുര്യോധനന്‍ പറഞ്ഞു: പൂങ്കാവു കൊണ്ട്‌ എന്തൊരു അഴകെഴുന്ന സ്ഥലമാണ്‌ ഗംഗാതീരം! നാം അങ്ങോട്ടു പോവുക! നമുക്കെല്ലാവര്‍ക്കും കൂടി ഒരു ജലക്രീഡ ചെയ്യാം.

വൈശമ്പായനൻ പറഞ്ഞു: ദുര്യോധനന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മജൻ അങ്ങനെയാകട്ടെ! എന്നു മറുപടി പറഞ്ഞു. നഗരാഭമായ തേരുകളിലും, നല്ല ആനകളുടെ പുറത്തും കയറി കുരുപാണ്ഡവന്മാര്‍ പുറപ്പെട്ടു. ഉദ്യാനവനത്തിലെത്തി വാഹനങ്ങളെ വിട്ട്‌ സിംഹങ്ങള്‍ ഗുഹയിലേക്ക്‌ എന്ന പോലെ ഉള്ളിലേക്കു പ്രവേശിച്ചു. ഉദ്യാനം കണ്ടു ഭ്രാതാക്കളൊക്കെ അഭിനന്ദിച്ചു. വെള്ളത്തിരശ്ശീല കൊണ്ട്‌ അലങ്കരിക്കപ്പെട്ട കൂടാരങ്ങള്‍ പ്രശോഭിക്കുന്നു! ഗവാക്ഷജാലങ്ങള്‍ ചുറ്റും മോടിയില്‍ മിന്നുന്നു! യന്ത്രജാലങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. സൗധാകാരന്മാര്‍ തുടച്ചു മിനുക്കിയ ചിത്രങ്ങള്‍ വിളങ്ങുന്നു. തോടും പൊയ്കയുമായി ഭംഗി കൂടുന്ന വിധത്തില്‍ തിളങ്ങുന്നു. ഇവയൊക്കെ പ്രതിബിംബിക്കുന്ന ജലം, വിടര്‍ന്നു കല്‍ഹാര പുഷ്പങ്ങളേന്തി അഴകുറ്റു ശോഭിക്കുന്നു! ഋതുപുഷ്പങ്ങള്‍ ചിതറി ആകാരമോടിയില്‍ അഴകുറ്റു പ്രശോഭിക്കുന്നു. അവിടെ പാണ്ഡവന്മാരും കൗരവന്മാരും ചേര്‍ന്നിരുന്നു വേണ്ടുന്ന മധുരാഹാരങ്ങള്‍ ഇഷ്ടം പോലെ അനുഭവിച്ചു. പിന്നെ ആ പൂങ്കാവനത്തില്‍ ഒന്നിച്ചു കളിക്കുന്ന അവര്‍ അന്യോന്യം ഭോജ്യങ്ങള്‍ ചുറ്റും ആഹ്ളാദിച്ചു. തമ്മില്‍ത്തമ്മില്‍ ചിരിച്ചു കളിച്ചു വായില്‍ ഇട്ടു കൊടുത്തു! ദുഷ്ടനും, ശഠനും, പാപിയുമായ ദുര്യോധനന്‍ ഈ തക്കത്തിന് കാളകൂടവിഷം ചേര്‍ത്ത ഭക്ഷ്യം ഭീമസേന വധത്തെ ഉദ്ദേശിച്ച്‌ ഇഷ്ടനെപ്പോലെ, ഇഷ്ടഭാതാവിന് അമൃതു നല്കുന്നതു പോലെ എന്തൊരു രസമെന്നു പറഞ്ഞു ഭീമന്റെ വായില്‍ കൊടുത്തു. ആ ദോഷമറിയാതെ അതൊക്കെ ഭീമന്‍ വിഴുങ്ങി. ദുര്യോധനന്‍ ഉള്ളു കൊണ്ടു ചിരിച്ചു. താന്‍ കൃതകൃതൃയനായി എന്ന് ആ നരാധമന്‍ വിചാരിച്ചു സംതൃപ്തനായി. പിന്നെ എല്ലാവരും കൂടി ജലക്രീഡ തുടങ്ങി. കളി കഴിഞ്ഞതിന് ശേഷം വസ്ത്രങ്ങള്‍ മാറ്റി കോപ്പുകള്‍ അണിഞ്ഞു. ക്രീഡാപരിശ്രമത്താല്‍ സന്ധ്യ കഴിഞ്ഞപ്പോള്‍ ആ കുരുപുംഗവന്മാര്‍ ക്രീഡാഗൃഹങ്ങളില്‍ തന്നെ കൂടുവാന്‍ നിശ്ചയിച്ചു. ക്ഷീണിച്ചു ബലവാനായ ഭീമന്‍ അവശനായി. ജലക്രീഡയില്‍, ആ ബാലന്മാരെയെല്ലാം വഹിക്കയാല്‍, ഭീമന് ആയാസം വളരെയുണ്ടായി. ക്ഷീണം കൊണ്ട്‌ അവന്‍ പ്രമാണകോടിയില്‍ ചെന്ന്‌  കൂടാരത്തില്‍ പ്രവേശിച്ച്‌ ഒരിടത്തു കിടന്നുറങ്ങി. കുളിര്‍കാറ്റേറ്റു മദമോഹിതനായി കിടന്നു. ഉടനെ വിഷം വ്യാപിച്ചു. ചേഷ്ടവിട്ട്‌ ഭീമന്‍ മൃതപ്രായനായി. അങ്ങനെ നിശ്ചേഷ്ടനായി കിടക്കുന്ന ഭീമനെ സുയോധനന്‍ വള്ളിക്കയര്‍ കൊണ്ടു കെട്ടി വെള്ളത്തില്‍ കൊണ്ടു പോയി ഉന്തിത്തള്ളി വിട്ടു. ബോധം കെട്ട അവന്‍ താണു താണു വെള്ളത്തില്‍ ആണ്ടു പോയി. ഭീമന്‍ നാഗലോകത്തെത്തി നാഗകുമാരന്മാരെ ആക്രമിച്ചു. ഉടനെ നാഗസമൂഹങ്ങള്‍ ഭീമനെ കടിച്ചു. കടുത്ത ക്രോധവും ഘോരമായ വിഷമുള്ളവയുമായിരുന്നു ആ സര്‍പ്പങ്ങള്‍. ദേഹത്തിലെങ്ങും ദംശിച്ചപ്പോള്‍ അവനില്‍ ഏറ്റിരുന്ന കാളകൂട വിഷം, സ്ഥാവരമായ വിഷം, ജംഗമവിഷം ഏറ്റു നീങ്ങി. വിഷം കൊണ്ടു വിഷം ഒഴിഞ്ഞ്‌ ആ ദംഷ്ട്രികളുടെ ദംഷ്ട്രകള്‍ മര്‍മ്മത്തില്‍ നല്ല പോലെ തട്ടിയെങ്കിലും അവന്റെ തൊലി പോലും മുറിയുകയുണ്ടായില്ല. പെട്ടെന്നു ഭീമന്‍ ഉണര്‍ന്നു.

ബോധം വീണപ്പോള്‍ അവന്‍ കെട്ടു പൊട്ടിച്ചു. ബലമായി കെട്ടു പൊട്ടിച്ചെറിഞ്ഞു. പാമ്പുകളെ കൈയില്‍ കിട്ടിയേടത്തോളം സംഹരിച്ചു. ശേഷിച്ചവ ഭയപ്പെട്ട്‌ ഓടിക്കളഞ്ഞു. ഭീമന്‍ കൊന്നു ശേഷിച്ച സര്‍പ്പങ്ങള്‍ വാസുകിയുടെ അടുത്തേക്ക്‌ ഓടി ഇന്ദ്രാഭനായ ആ നാഗേന്ദ്രനോടു പറഞ്ഞു.

സര്‍പ്പങ്ങള്‍ പറഞ്ഞു; വെള്ളത്തില്‍ ബന്ധനസ്ഥനായി വന്നിറങ്ങിയ ഒരു മനുഷ്യന്‍ വിഷം തിന്നു വന്നവനാണെന്നു ഞങ്ങള്‍ക്കൊക്കെ തോന്നുന്നു. നിഷ് ചേഷ്ടനായി വന്ന അവന്‍ ഞങ്ങളുടെ കടിയേറ്റപ്പോള്‍ ഉണര്‍ന്നു, പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ അവന്‍ കെട്ടുകള്‍ പൊട്ടിച്ചു ഞങ്ങളെ മഥിച്ചു വിട്ടു. അവനെ ഭവാന്‍ ഒന്നു ചെന്നു കണ്ടാലും.

വൈശമ്പായനൻ പറഞ്ഞു: വാസുകി ഉടനെ പന്നഗങ്ങളോടു കൂടി ചെന്നു ഭീമവിക്രമനായ ഭീമനെ കണ്ടു. അര്യകന്‍ എന്ന അഹീന്ദ്രനും ഭീമനെ കണ്ടു. കുന്തിയുടെ അച്ഛന്റെ പിതാമഹനായിരുന്നു അവന്‍. അവന്‍ തന്റെ ദൌഹിത്രനായ ഭീമനെ വാത്സല്യത്തോടെ ദൃഢമായി തഴുകി. വാസുകി കീര്‍ത്തിമാനായ അവനെ ഏറ്റവും അഭിനന്ദിച്ചു, നാഗേന്ദ്രന്‍ അര്യകനോടു സസന്തോഷം ചോദിച്ചു.

വാസുകി ചോദിച്ചു; നാം എന്തു പ്രിയമാണ്‌ ഇവനു ചെയ്യേണ്ടത്‌? ധാരാളം ധനവും രത്നങ്ങളും കൊടുക്കുക!

അതു കേട്ട്‌ ഇപ്രകാരം വാസുകിയോട്‌ അരൃകന്‍ പറഞ്ഞു: ഹേ, നാഗരാജാവേ!, നീ കൊടുക്കുന്ന ധനം കൊണ്ട്‌ അവന് എന്തു കാര്യം! നിനക്കിഷ്ടമുണ്ടെങ്കില്‍ അവന് രസപാനമാണു കൊടുക്കേണ്ടത്‌. അതു കൊടുക്കുകയാണു നല്ലത്‌. ആയിരം നാഗങ്ങളുടെ ബലം നല്കുന്ന രസം ഒരു കുംഭത്തിലുണ്ടല്ലോ. എത്രത്തോളം ഇവന് കുടിക്കുവാന്‍ കഴിയുമോ അത്രത്തോളം അത്‌ ഇവന്‍ കുടിക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: അര്യകന്‍ പറയുന്നതു കേട്ട്‌ പന്നഗപ്രഭുവായ വാസുകി സന്തോഷിച്ചു. എന്നാൽ അങ്ങനെ തന്നെയാകാമെന്നു പറഞ്ഞു രസകുംഭങ്ങള്‍ ഭീമന്റെ മുമ്പിൽ എത്തിച്ചു. പിന്നെ നാഗങ്ങള്‍ സ്വസ്ത്യയനം കഴിക്കവേ ഭീമന്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. അവര്‍ നല്കിയ രസകുംഭമെടുത്ത്‌ ആ ബലവാന്‍ ഒരു ഊക്കില്‍ ആ കുടം മോന്തി. അങ്ങനെ എട്ടു കുടം രസം അവന്‍ നിഷ്പ്രയാസം കുടിച്ചു. അതിന് ശേഷം നാഗങ്ങളൊരുക്കിയ സുഖശയ്യയില്‍ മഹാഭുജനായ ഭീമന്‍ സുഖമായികിടന്നുറങ്ങി.

129. ഭീമ പ്രത്യാഗമനം - വൈശമ്പായനൻ പറഞ്ഞു: പിന്നെ കൗരവന്മാരും പാണ്ഡവകുമാരന്മാരും നൃത്തഗീത കളിയൊക്കെ കഴിഞ്ഞ്‌ ഹസ്തിനാപുരത്തില്‍ തിരിച്ചെത്തി. തേര്‌, ആന, കുതിര ഇങ്ങനെ ഓരോ വാഹനങ്ങളിലായി അവരൊക്കെ ഗൃഹത്തില്‍ വന്നു ചേര്‍ന്നു. ഭീമന്‍ നമ്മളേക്കാളൊക്കെ മുമ്പിട്ടു പോന്നു എന്നു പറഞ്ഞ്‌ അവരൊക്കെ ഗൃഹത്തിലെത്തി. ഭീമന്‍ മാത്രം തിരിച്ചെത്തിയില്ല. ധൂര്‍ത്തനായ ദുര്യോധനന്‍ ഭീമനെ കാണാഞ്ഞതില്‍ വളരെ സന്തോഷിച്ചു. അവന്‍ ആഹ്ളാദത്തോടെ അനുജന്മാരോടു കൂടി തിരിച്ചെത്തി. എന്നാൽ ധര്‍മ്മജന് ഭയമായി. അവന്‍ ഭീമനെ എല്ലാ ദിക്കിലും തിരക്കി നോക്കി. ഭീമന്‍ ആരെയും അറിയിക്കാതെ ഗൃഹത്തിലേക്കു പോരുവാന്‍ കാരണമില്ല.

ദുര്യോധനന്‍ പറഞ്ഞു: ഭീമന്‍ നമ്മളേക്കാള്‍ മുമ്പു പൊയ്‌ക്കഴിഞ്ഞു.

വൈശമ്പായനൻ പറഞ്ഞു: ധര്‍മ്മജന്‍ ധാര്‍മ്മികനും യാതൊരു പാപവും പെടാത്തവനുമാണ്‌. തന്നെപ്പോലെ തന്നെയാണ്‌ അന്യനും എന്ന ഒരു ചിന്തയാണ്‌ എപ്പോഴും അവനുള്ളത്‌. അവന്‍ അമ്മയുടെ അടുത്തു ചെന്ന്‌  കൈകൂപ്പി. ആ ഭ്രാതൃവത്സലന്‍ ചോദിച്ചു.

ധര്‍മ്മപുത്രന്‍ പറഞ്ഞു: അമ്മേ! ഭീമന്‍ ഇവിടെ മുമ്പെഎത്തിയില്ലേ? അവന്‍ എങ്ങോട്ടു പോയി? ഇവിടെയെങ്ങും കാണുന്നില്ലല്ലോ! പൂങ്കാവുകളിലും വനത്തിലുമൊക്കെ ഞങ്ങള്‍ അന്വേഷിച്ചു നോക്കി.. അവിടെയെങ്ങും ഞങ്ങള്‍ ഭീമനെ കണ്ടില്ല. പിന്നെ വിചാരിച്ചു അവന്‍ ആരോടും പറയാതെ നേരെ ഗൃഹത്തിലേക്കു പോന്നു എന്ന്. അമ്മേ! എല്ലാവരും പോന്നു. അവരൊക്കെ വല്ലാതെ ദുഃഖിച്ചാണ്‌ അവനെ കാണാതെ മടങ്ങിയത്‌. അവന്‍ ഇവിടെ വന്നോ? വല്ലേടത്തും അമ്മ അയച്ചുവോ? ആ വീരന്‍ എവിടെപ്പോയെന്നു പറയൂ! എനിക്ക്‌ ഒന്നും മനസ്സിലാകുന്നില്ല! അവന്‍ വല്ലേടവും കിടന്നുറങ്ങുന്നുണ്ടോ? ആരെങ്കിലും കൊന്നുവോ?

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ ധര്‍മ്മജന്‍ കരഞ്ഞു. ഈ വര്‍ത്തമാനം കേട്ട്‌ കുന്തി പരിഭ്രമിച്ചു വിലപിച്ചു.

കുന്തി പറഞ്ഞു: അയ്യയ്യോ! ഉണ്ണീ, ഞാന്‍ ഭീമനെ കണ്ടില്ല! അവന്‍ ഇവിടെ വന്നില്ല. ഉടനേ തിരയൂ! അന്വേഷിക്കൂ! അനുജന്മാരോടു കൂടി വേഗം അന്വേഷിക്കൂ.

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞ്‌ കുന്തി ആവലാതിയോടെ വിദുരന്റെ അടുത്തേക്ക്‌ ആളെ അയച്ച്‌ വിദുരനെ വരുത്തി വൃത്താന്തം പറഞ്ഞു.

കുന്തി പറഞ്ഞു: ക്ഷത്താവേ, ഭഗവന്‍! ഭീമന്‍ എവിടെപ്പോയി? കാണുന്നില്ലല്ലോ! ആ സഹോദരന്മാരെല്ലാം ഉദ്യാനത്തില്‍ നിന്ന്‌ ഒത്തു ചേര്‍ന്ന്‌ മടങ്ങിപ്പോന്നു. അതില്‍ മഹാബാഹുവായ ഭീമന്‍ മാത്രം മടങ്ങി വന്നില്ല. ദുര്യോധനന്റെ കണ്ണിന് ഒരിക്കലും പിടിക്കുകയില്ല! ആ ക്രൂരന്‍! ദുഷ്ടന്‍! നാണം കെട്ടവന്‍! രാജ്യലുബ്ധന്‍. അവന്‍ കൊന്നിരിക്കുമോ? അവന് അല്ലെങ്കിലും ഭീമനോട്‌ ദ്വേഷ്യമാണ്‌. അതോര്‍ത്ത്‌ എന്റെ ഹൃദയം പിടയുന്നു! തല ചുറ്റുന്നു! ഉള്ളു പൊരിയുന്നു!

വിദുരന്‍ പറഞ്ഞു: ഹേ, ശുഭേ! നീ അപ്രകാരം പറയരുത്‌. ഇനി എന്താണു വേണ്ടതെന്നു ചിന്തിക്കുക. നീ. അവരെ ആക്ഷേപിച്ചു പറഞ്ഞാല്‍ ആ ക്രൂരന്‍ നിന്നെ പ്രഹരിക്കും. നീ മറ്റുള്ളവരുടെ ഗുണത്തിന് വേണ്ടി അടങ്ങുക. നിന്റെ മക്കളൊക്കെ ദീര്‍ഘായുഷ്മാന്മാരാണ്‌. ആപത്തൊന്നിനും സംഭവിക്കയില്ല. നിന്റെ പുത്രന്‍ മടങ്ങിയെത്തും. നീ വിഷമിക്കേണ്ട. അവന്‍ നിന്നില്‍ സന്തോഷം വളര്‍ത്തും.

വൈശമ്പായനൻ പറഞ്ഞു: എന്നു പറഞ്ഞ്‌ വിദുരന്‍ ഗൃഹത്തില്‍ ഇരുന്നു. കുന്തി ചിന്താവിവശയായി സ്വന്തം മക്കളോടൊത്ത്‌ ഇരിപ്പായി. ഭീമന്‍ എട്ടാം ദിവസം നിദ്രയില്‍ നിന്നുണര്‍ന്നു. ആരും ഉണര്‍ത്തിയിട്ടല്ല, താനേ ഉണര്‍ന്നു. കുടിച്ച രസം നല്ല പോലെ ദഹിച്ചു. അവന്‍ തന്മൂലം മഹാശക്തനായിത്തീര്‍ന്നു. പാണ്ഡുപുത്രന്‍ ഉണര്‍ന്നതായി കണ്ട്‌ പന്നഗോത്തമന്മാര്‍ അവനെ സമാശ്വസിക്കുമാറ് സൗമ്യമായി പറഞ്ഞു.

സര്‍പ്പങ്ങള്‍ പറഞ്ഞു: ഹേ വീരാ! നീ കുടിച്ച രസം വീര്യമേറിയതാണ്‌. പതിനായിരം ആനയുടെ ബലം നിനക്ക്‌ ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ ദിവ്യമായ സലിലത്തില്‍ സ്നാനം ചെയ്തു നീ ഗൃഹത്തിലേക്കു പോയാലും. നിന്റെ ഭ്രാതാക്കള്‍ ഇപ്പോള്‍ നിന്നെ കാണാതെ ദുഃഖിക്കുന്നുണ്ടാകും.

വൈശമ്പായനൻ പറഞ്ഞു: പിന്നെ കുളിച്ച്‌ ശുചിയായി ശുക്ലമായ മാല്യാംബരങ്ങളോടെ നാഗാലയത്തില്‍ മംഗളസൂത്രം കൈയില്‍ക്കെട്ടി പ്രശോഭിച്ചു. വിഷഘ്നമായ ഔഷധിസേവ കൊണ്ട്‌ അവന്‍ വിശേഷിച്ചും വിളങ്ങി. നാഗം നല്കിയ പായസം മുഴുവന്‍ അവന്‍ ഭക്ഷിച്ചു. ഇങ്ങനെ ഭുജംഗാര്‍പ്പിതനായി, ആശീര്‍വ്വാദങ്ങള്‍ ഏറ്റു. ദിവൃഭൂഷണനായി, ദിവ്യനാഗാനുമോദിതനായി നാഗലോകത്തു നിന്ന്‌ ആ അരിമര്‍ദ്ദനന്‍ ഉയര്‍ന്നു. നാഗങ്ങൾ ജലത്തില്‍ നിന്ന്‌ അവനെ പൊക്കി വിട്ടു. ആ ജലജേക്ഷണന്‍ നാഗലോകത്തു നിന്ന്‌ ഉയര്‍ന്നു. ആ കൗരവപുത്രന്മാര്‍ കളിച്ചിരുന്ന വനത്തില്‍ നാഗങ്ങള്‍ അവനെ കൊണ്ടു പോയി വിട്ടു. കുരുനന്ദനനായ ഭീമന്‍ കാണ്‍കവേ തന്നെ നാഗങ്ങള്‍ മറഞ്ഞു. പിന്നെ കുന്തീസുതനായ ഭീമന്‍ അവിടെ നിന്ന്‌ എഴുന്നേറ്റ്‌ അമ്മയുടെ അടുത്തേക്കു നടന്നു. അമ്മയുടെ ചാരെ എത്തി. അമ്മയേയും ജ്യേഷ്ഠനേയും കൈകൂപ്പി അനുജന്മാരെ മൂര്‍ദ്ധാവില്‍ ഘ്രാണനം ചെയ്ത്‌ അമ്മയുടെ അരികില്‍ നിന്നു. അവര്‍ കൗതുകത്തോടെ ഭീമന് ചുറ്റും നിന്ന്‌ തൊട്ടുതലോടി. ഭീമന്‍ പൂര്‍വ്വാധികം തേജസ്വിയായിരിക്കുന്നതു കണ്ട്‌ അന്യോന്യം ഇഷ്ടപ്പെട്ടു; "നന്ന്‌, നന്ന്", എന്നു പറഞ്ഞു സന്തോഷിച്ചു.

പിന്നെ ദുര്യോധനന്‍ ചെയ്ത ദുര്‍ന്നയമൊക്കെ ഭ്രാതാക്കന്മാരോടു പറഞ്ഞു. നാഗലോകത്തിലുണ്ടായ ഗുണദോഷക്രമങ്ങളും മറ്റും വിസ്തരിച്ചു ഭീമന്‍ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോള്‍ യുധിഷ്ഠിരന്‍ കാര്യമായി ഭീമനോടു പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: നീ ഇക്കാര്യം മിണ്ടാതിരിക്കുക! ഒരാളോടും ഇക്കാര്യം പറഞ്ഞു പോകരുത്‌. ഇനി മേലില്‍ നാമെല്ലാം പരസ്പരം സംരക്ഷിക്കുവാന്‍ തയ്യാറായി സൂക്ഷിച്ചിരിക്കണം.

വൈശമ്പായനൻ പറഞ്ഞു: അനുജന്മാരോട്‌ ഇപ്രകാരം പറഞ്ഞ്‌ മഹാബാഹുവായ യുധിഷ്ഠിരന്‍ അവരോടൊന്നിച്ചു സൂക്ഷിച്ചു പാര്‍ത്തു. ധര്‍മ്മാത്മാവായ വിദുരന്‍ പാര്‍ത്ഥര്‍ക്ക്‌ ബുദ്ധി ഉപദേശിച്ചു. ഭീമന്‍ കേടു കൂടാതെ രക്ഷപ്പെട്ടപ്പേള്‍ ദുര്യോധനന് ഈര്‍ഷ്യ വര്‍ദ്ധിച്ചു. ഏതു വിധേനയും ഭീമനെ കൊല്ലുവാന്‍ തന്നെ അവന്‍ തിരുമാനിച്ചു.

ഒരു ദിവസം ഭീമന്‍ അന്നത്തില്‍ വിഷം ചേര്‍ത്തു നല്കി. മഹാതീക്ഷ്ണമായ കാളകൂട വിഷമാണ്‌ ദുര്യോധനന്‍ നല്കിയത്‌. പാണ്ഡവരോടു പ്രിയമുള്ളവനും വൈശ്യാപുത്രനുമായ യുയുത്സു ആ വിവരം അവന് പറഞ്ഞു കൊടുത്തു. എന്നാൽ ആ തീക്ഷ്ണ വിഷം ഭീമന്‍ ഭക്ഷിച്ചു. അത്‌ അവന്റെ ജഠരാഗ്നിയില്‍ ദഹിച്ചു പോയി. ഭീമമായ ശക്തിയുള്ള ഭീമ ശരീരത്തില്‍ ആ വിഷം യാതൊരു വികാരവും ഉണ്ടാക്കിയില്ല.

ഇപ്രകാരം ദുര്യോധനന്‍, കര്‍ണ്ണന്‍, ശകുനി എന്നിവര്‍ പാണ്ഡവന്മാരെ കൊല്ലുവാന്‍ പലപാടും ശ്രമിച്ചു. പാണ്ഡവന്മാര്‍ അതൊക്കെയും കണ്ടറിഞ്ഞു. വിദുരന്റെ അഭിപ്രായം അറിഞ്ഞ്‌ അവര്‍ മിണ്ടാതെയിരുന്നു. കുട്ടികള്‍ പഠിപ്പില്‍ മടിച്ച്‌ കളിക്കുന്നതു കണ്ട്‌ രാജാവ്‌ ഗുരുശിക്ഷയ്ക്ക്‌ ഗൗതമനെ വരുത്തി. ശരസ്തംബോത്ഭവനായ അവന്‍ വേദശാസ്ത്രാര്‍ത്ഥ പാരംഗതനായ കൃപനാണ്‌. അദ്ദേഹം അവരെ ധനുര്‍വ്വേദം പഠിപ്പിച്ചു.

130. ദ്രോണന് ഭാര്‍ഗ്ഗവനില്‍ നിന്നുള്ള അസ്‌ത്രലാഭം - ജനമേജയൻ പറഞ്ഞു: മഹാമുനേ, കൃപന്റെ ജനന വൃത്താന്തങ്ങള്‍ എന്നോടു പറയണം. എങ്ങനെ ശരസ്തംബത്തില്‍ നിന്ന്‌ അദ്ദേഹം ജനിച്ചു? അദ്ദേഹത്തിന് അസ്ത്രങ്ങള്‍ എങ്ങനെ ലഭിച്ചു?

വൈശമ്പായനൻ പറഞ്ഞു: ഗൗതമ മഹര്‍ഷിക്ക്‌ ശാരദ്വാന്‍ എന്ന നന്ദനനുണ്ടായി. ശരങ്ങളോടൊത്തു തന്നെ ശാരദ്വാന്‍ ജനിച്ചു. അവന് വേദാദ്ധ്യയനത്തില്‍ അത്ര ആഗ്രഹം ഇല്ലായിരുന്നു. ധനുര്‍വ്വേദം പഠിക്കുന്നതിലായിരുന്നു താല്പര്യം. ബ്രഹ്മചാരികള്‍ വേദം തപസ്സു കൊണ്ട്‌ നേടുന്ന വിധം അവന്‍ ദിവ്യാസ്‌ത്രമൊക്കെ തപസ്സു കൊണ്ടു നേടി. ധനുര്‍വ്വേദപ്രിയം കൊണ്ടും തപസ്സു കൊണ്ടും ശാരദ്വാന്‍ ദേവേന്ദ്രനെ സന്തപിപ്പിച്ചു. ഉടനെ ഇന്ദ്രന്‍ ജാനപദി എന്നു പേരായ ദേവകന്യകയെ അവന്റെ തപസ്സിനെ വിഘ്നപ്പെടുത്തുവാന്‍ പറഞ്ഞയച്ചു. അവള്‍ ശാരദ്വാന്റെ രമൃമായ ആശ്രമത്തിലെത്തി. ആ ബാലിക വില്ലും അമ്പുമേന്തിയ ആ മുനീന്ദ്രനെ പ്രലോഭിപ്പിച്ചു. അഴകേറുന്ന മട്ടില്‍ ഒറ്റവസത്രം ധരിച്ച്‌ അവള്‍ മുമ്പില്‍ നില്ക്കുന്നത്‌ മുനി കണ്ടു. ആ അമാനുഷ സൗന്ദര്യം കണ്ട്‌ മുനിയുടെ കണ്ണു കുളിര്‍ത്തു. വില്ലും അമ്പും മുനിയുടെ കൈയില്‍ നിന്നു താഴെ വീണു. അവളെ കണ്ട്‌ മുനിയുടെ ദേഹം കാമവികാരം കൊണ്ടു വിറച്ചു. ആ മുനി ജ്ഞാന ബലത്താലും തപശ്ശക്തിയാലും മനസ്സിനെ നിലയ്ക്കു നിര്‍ത്തി. ആ മതിമാൻ ധൈര്യമവലംബിച്ചു. അവന് പെട്ടെന്നുണ്ടായ കാമവികാരം മൂലം ശുക്ലം സ്രവിച്ചു. അത്‌ മുനി അറിഞ്ഞില്ല. വില്ലും അമ്പും കൃഷ്ണമൃഗത്തോലുംഎല്ലാം അവിടെ ഉപേക്ഷിച്ചു. ആ ആശ്രമത്തേയും ആ ദേവകനൃകയേയും അദ്ദേഹം ഉപേക്ഷിച്ചു പോകുമ്പോള്‍ അവന്റെ ശുക്ലം ശരപ്പുല്‍ത്തണ്ടില്‍ വിണു. ശരസ്തംബത്തില്‍ വീണപ്പോള്‍ രേതസ്സ്‌ രണ്ടായി പിരിഞ്ഞു. ആ രേതസ്സില്‍ നിന്നു രണ്ടു സന്തതികള്‍ ആ ശരപ്പുല്‍ത്തണ്ടില്‍ നിന്നുണ്ടായി.

നായാട്ടിന് പോയ ശാന്തനു രാജാവിന്റെ സൈനികരില്‍ ഒരുത്തന്‍ കാട്ടില്‍ ചുറ്റുന്ന സമയത്ത്‌ ഈ രണ്ടു കുട്ടികളേയും കണ്ടെത്തി, അടുത്തു തന്നെ വില്ലും അമ്പും കൃഷ്ണമൃഗത്തിന്റെ തോലും കണ്ടെത്തി. ധനുര്‍വ്വേദജ്ഞനായ വിപ്രന്റെ മക്കളാണ്‌ ഇവര്‍ എന്ന് അറിഞ്ഞു. രാജാവിനെ വില്ലിനേയും അമ്പിനേയും ആണ്ടു കുട്ടികളേയും കാണിച്ചു. കൃപാന്വിതനായ രാജാവ്‌ ആ മിഥുനത്തെയെടുത്ത്‌ ഇവര്‍ എന്റെ മക്കളാണ്‌ എന്നു പറഞ്ഞ്‌ ഗൃഹത്തിലേക്കു കൊണ്ടു പോയി. ഗൗതമന്റെ രണ്ടു സന്താനങ്ങളെ പ്രതീപ പുത്രനായ രാജാവ്‌, പോറ്റി വളര്‍ത്തി; കുട്ടികള്‍ക്കു വേണ്ട സംസ്‌കാരങ്ങളൊക്കെ നടത്തി. കൃപയോടെ വളര്‍ത്തിപ്പോന്നത് കാരണം കൃപന്‍ എന്നു പേരു നല്കി. കൃപി എന്നു പെണ്‍കുട്ടിക്കും പേരു നല്കി. അവിടെ സംരക്ഷിക്കപ്പെടുന്ന കുട്ടികളെ തപോധ്യാനത്താല്‍ ഗൗതമന്‍ കണ്ടു. ഉടനെ ഗൗതമന്‍ രാജധാനിയിലെത്തി രാജാവിനോടു കുട്ടികളുടെ അച്ഛന്‍ താനാണെന്നും ഗോത്രനാമം ഇന്നതാണെന്നും ഒക്കെ അറിയിച്ചു. നാലു ജാതി ധനുര്‍വ്വേദവും നാനാശാസ്ത്രങ്ങളും പിന്നീട്‌ എല്ലാ നിഗൂഢ തത്ത്വങ്ങളും അവനെ ഗൗതമന്‍ പഠിപ്പിച്ചു. ഏറെക്കാലം ചെല്ലുന്നതിന് മുമ്പ്‌ അവനും ശ്രേഷ്ഠനായ ആചാര്യനായിത്തീര്‍ന്നു.

ആ കൃപാചാര്യനില്‍ നിന്ന്‌ ധാര്‍ത്തരാഷ്ട്രന്മാരും പാണ്ഡവന്മാരും, യാദവന്മാരും, വൃഷ്ണിപുംഗവന്മാരും നാനാദിക്കില്‍ നിന്നു വന്ന അന്യരാജാക്കന്മാരും ധനുര്‍വ്വേദം പഠിച്ചു.

പൗത്രന്മാര്‍ക്കു മെച്ചം വിദ്യയില്‍ ഉണ്ടാക്കുവാന്‍ കുറേക്കൂടി യോഗ്യതയുള്ള, അസ്ത്രനിപുണരായ ആചാര്യന്മാരെ ഭീഷ്മൻ അന്വേഷിച്ചു. അല്പജ്ഞനും, അമഹാഭാഗനും, അനസ്ത്രജ്ഞനും, അകോവിദനുമായ ആചാര്യന്‍ പോരല്ലോ കുരുക്കള്‍ക്ക്‌ എന്നു വിചാരിച്ചു ഭാരതസത്തമനായ ഭീഷ്മൻ ദ്രോണനെ ഗുരുവര്യനായി നിയോഗിച്ചു. ധാര്‍ത്തരാഷ്ട്രന്മാരും പാണ്ഡവന്മാരും ഭരദ്വാജനായ ദ്രോണാചാര്യന്റെ ശിഷ്യരായി. വിദ്യകള്‍ അഭ്യസിച്ചു.

ശാസ്ത്രപ്രകാര൦, യോഗ്യനായ ഭീഷ്മൻ പൂജിക്കുക കാരണം അദ്ദേഹം പ്രസന്നചിത്തനായി. ലോകത്തില്‍ ഏറ്റവും പ്രശസ്തനായിത്തീര്‍ന്ന ദ്രോണൻ അവരെയെല്ലാവരേയും ശിഷ്യരാക്കി, കീര്‍ത്തിമാനായ ദ്രോണൻ സ്വീകരിച്ച്‌, സകല ധനുര്‍വ്വേദവും കുമാരന്മാരെ പഠിപ്പിച്ചു. ക്ഷണത്തില്‍ ആ രാജപുത്രന്മാര്‍ സർവ്വശാസ്ത്രാസ്ത്രത്തിലും ദക്ഷരായി. അങ്ങനെ പാണ്ഡവന്മാരും കൗരവന്മാരും ഓജസ്വികളായി ശോഭിച്ചു.

ജനമേജയൻ പറഞ്ഞു: ദ്രോണന്റെ ജനനം എങ്ങനെയാണ്‌? അദ്ദേഹം അസ്ത്രം എങ്ങനെ നേടി? കുരുനാട്ടില്‍ അദ്ദേഹം വരാന്‍ എന്താണു കാരണം? ആരുടെ പുത്രനാണ്‌ ദ്രോണൻ? അസ്ത്രജഞനായ അശ്വത്ഥാമാവ്‌ അദ്ദേഹത്തിന് എങ്ങനെ ജാതനായി? ഇക്കാര്യമൊക്കെ കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹം ഉണ്ട്‌. അവയൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞാലും!

വൈശമ്പായനൻ പറഞ്ഞു: ഗംഗാദ്വാരത്തില്‍ സംശിതവ്രതനായി ഭരദ്വാജന്‍ എന്നു പേരായ ഒരു മുനി നിവസിച്ചിരുന്നു. ഹോമകാര്യങ്ങള്‍ നിര്‍വ്വഹിച്ചു മഹാനായ ആ മുനി, മുനിമാരോടു കൂടി വാഴുന്ന കാലത്ത്‌ ഒരു ദിവസം പെട്ടെന്നു ഗംഗയില്‍ കുളിക്കുവാന്‍ ചെന്നു. മുനി ചെന്ന സമയത്ത്‌ അവിടെ അലൗകിക രൂപഗുണം തികഞ്ഞ ചോരത്തിളപ്പുള്ള ഒരു ദേവസുന്ദരി നില്ക്കുന്നു. മദാലസാക്ഷിയായ "ഘൃതാചി"യെന്ന ആ സുരസുന്ദരിയെക്കണ്ടു. ഈറനായ ഒറ്റവസത്രം ധരിച്ചു നില്ക്കുന്ന അവളുടെ വസത്രം നദീതീരത്തില്‍ പെട്ടെന്നു കാറ്റുതട്ടി കിഴിഞ്ഞു വീണു. ഊര്‍ന്നു വീഴുന്ന വസ്‌ത്രം അവള്‍ പെട്ടെന്ന്‌ പിടിച്ച്‌ നഗ്നത മറയ്ക്കുവാന്‍ നോക്കി. വസ്ത്രം അഴിഞ്ഞു കിഴിഞ്ഞ ആ അത്ഭുതാംഗിയുടെ കാമ്യരൂപം നോക്കി മുനി കാമവികാര ഭരിതനായി നിന്നു. അവളില്‍ മനസ്സു ചെന്ന ഭരദ്വാജന് ശുക്ടം സ്രവിച്ചു: മുനി ആ ശുക്ടം ഒരു ദ്രോണത്തിലാക്കി ( കുടത്തിലാക്കി ). വിശിഷ്ടനായ ഭരദ്വാജമുനിയുടെ ബീജത്തില്‍ നിന്നു ദ്രോണൻ കുംഭത്തില്‍ നിന്നു ജനിച്ചു. ദ്രോണത്തില്‍ നിന്നു ജനിച്ചതു കൊണ്ട്‌ ദ്രോണന്‍ എന്നു പേര്‍ സിദ്ധിച്ചു. പിന്നെ, ദ്രോണൻ അഗ്നിവേശ ഋഷിയില്‍ നിന്നു വേദവേദാംഗ പാഠങ്ങളെല്ലാം പഠിച്ചു. അദ്ദേഹം തന്റെ ഗുരുവിന്റെ പുത്രനായ ദ്രോണന് ആഗ്നേയാസ്ത്രം ഉപദേശിച്ചു. അഗ്നിയില്‍ നിന്നു ജനിച്ചവനാണ്‌ അഗ്നിവേശന്‍.

ഭരദ്വാജന്റെ സുഹൃത്തായി പൃഷതന്‍ എന്ന രാജാവുണ്ടായിരുന്നു. പൃഷതന് ദ്രുപദന്‍ എന്നു പേരായ ഒരു പുത്രനുണ്ടായി. നിത്യവും ദ്രോണനോടു കൂടി ആ രാജപുത്രന്‍ ആശ്രമത്തില്‍ വന്നു കുളിച്ചു ശുദ്ധനായി അദ്ധ്യയനം കഴിച്ച്‌ ആ നൃപര്‍ഷഭനായ പൃഷതന്‍ ദിനങ്ങള്‍ കഴിച്ചു. പൃഷതന്‍ മരിച്ചതിന് ശേഷം ദ്രുപദന്‍ ഉത്തരപാഞ്ചാല രാജ്യത്തിന്റെ രാജാവായി. ഭഗവാനായ ഭരദ്വാജമുനിയും സ്വര്‍ഗ്ഗസ്ഥനായി. അവിടെ തന്നെ ദ്രോണനും തപസ്സു ചെയ്തു. വേദവേദാംഗ തത്വജ്ഞനും, തപസ്സു കൊണ്ടു പാപം അറ്റവനും കീര്‍ത്തിമാനുമായ ദ്രോണൻ, അച്ഛന്റെ ഹിതത്തിന് വഴങ്ങി. പുത്രലാ ഭത്തിന് വേണ്ടി ശാരദ്വതിയായ കൃപിയെ വിവാഹം ചെയ്തു. കൃപി ദ്രോണന് ചേര്‍ന്നവള്‍ തന്നെ ആയിരുന്നു. അഗ്നിഹോത്രം, ദമം, ധര്‍മ്മം എന്നിവയില്‍ ശ്രദ്ധയുള്ളവളായ കൃപി അശ്വത്ഥാമാവ്‌ എന്ന ഒരു പുത്രനെ പ്രസവിച്ചു. ജനിച്ച ഉടനെ അവന്‍ ഉച്ചൈശ്രവസ്സിനെ പോലെ കൂകി. അതുകേട്ട്‌ ആകാശത്തില്‍ അശരീരോക്തിയുണ്ടായി. അശ്വത്തിനൊത്ത ശബ്ദം ഇവന്‍ പുറപ്പെടുവിക്കുകയാല്‍ അശ്വത്ഥാമാവ്‌ എന്ന് ഇവന് വിശ്വത്തില്‍ പേര് പ്രസിദ്ധമാകും. ദ്രോണൻ ഈ ഒരു പുത്രനാല്‍ പ്രീതനായി അവിടെ പാര്‍ത്തു. അവന്‍ ധനുര്‍വ്വേദം ശീലിച്ചു.

ജാമദഗ്ന്യന്‍ സര്‍വ്വജ്ഞനും, സർവ്വശസ്ത്രാസ്ത്ര കോവിദനുമാണല്ലോ. അദ്ദേഹം ബ്രാഹ്മണര്‍ക്ക്‌ എന്തിഷ്ടം സാധിപ്പിക്കുവാനും സന്നദ്ധനാണെന്നുള്ള വൃത്താന്തം ദ്രോണൻ കേട്ടു. രാമന്റെ ആ ധനുര്‍വ്വേദവും ശ്രീമത്തായ ദിവ്യാസ്ത്ര പാടവവുംകേട്ട്‌ അതിലേക്കു നീതിപൂര്‍വ്വം ഒരു ആശ അദ്ദേഹത്തിലുണ്ടായി.

ഒരു ദിവസം മഹാബാഹുവായ ദ്രോണൻ വ്രതികളായ ശിഷ്യവര്‍ഗ്ഗത്തോടു കൂടി മഹേന്ദ്ര പര്‍വ്വതത്തിലേക്കായി പുറപ്പെട്ടു. ക്ഷാന്തനും ദാന്തനും, ശത്രുഹന്താവുമായ ഭൃഗുപുത്രനെ ചെന്നു കണ്ട്‌ താന്‍ അംഗിരസ്സിന്റെ കുലത്തില്‍ ജനിച്ചവനാണെന്ന്‌ അറിയിച്ചു. ഭാര്‍ഗ്ഗവന്റെ പാദം കൂപ്പി. ഭാര്‍ഗ്ഗവന്‍ എല്ലാം കൈ വിട്ടു കാടു കയറുവാന്‍ ഒരുങ്ങുകയായിരുന്നു. ദ്രോണൻ കൈകൂപ്പി ഇപ്രകാരം ഉണര്‍ത്തിച്ചു.

ദ്രോണൻ പറഞ്ഞു: ഭഗവാനേ, ഞാന്‍ ഭരദ്വാജപുത്രനാണ്‌. അയോനിജനാണ്‌. ദ്രോണനെന്നാണ്‌ എന്റെ പേര്‌. വിത്തത്തിന്നായി ഞാന്‍ അങ്ങയുടെ അടുത്തു വന്നിരിക്കയാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ട്‌ സർവ്വക്ഷത്രിയമര്‍ദ്ദനനായ രാമന്‍ പറഞ്ഞു.

പരശുരാമന്‍ പറഞ്ഞു: ഹേ, ദ്വിജശ്രേഷ്ഠാ! എന്താണ്‌ ഭവാന്റെ ആഗ്രഹമെന്നു പറയു!

വൈശമ്പായനൻ പറഞ്ഞു: രാമന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ ഭരദ്വാജന്‍ രാമനോടു പറഞ്ഞു.

ദ്രോണൻ പറഞ്ഞു: മഹാവ്രതാ! ഞാന്‍ അസംഖ്യമായ സ്വത്തു ഭവാനോട്‌ യാചിക്കുന്നു!

രാമന്‍ പറഞ്ഞു: സ്വര്‍ണ്ണം മുതലായി എന്റെ ധനം മുഴുവന്‍, കൈയിലുണ്ടായിരുന്നതെല്ലാം, ഞാന്‍ നന്മയോടെ ബ്രാഹ്മണര്‍ക്കു നല്കി. അല്ലയോ തപോധനാ! അപ്രകാരം ആഴി ചൂഴുന്ന ഈ ധരാതലം ഒന്നിച്ച്‌, പുരങ്ങളോടു കൂടി, ഞാന്‍ കാശ്യപന് കൊടുത്തു. ഇനി ബാക്കിയുള്ളത്‌ ഇവന്റെ ഉടല്‍ മാത്രമാണ്‌. വില മതിക്കുവാന്‍ വയ്യാത്ത ശസ്ത്രാസ്ത്രങ്ങളും ഇനി ബാക്കി നില്പുണ്ട്‌. ഭവാന്‍ എന്റെ അസ്ത്രങ്ങളെയോ, എന്റെ ഉടലിനേയോ വരിക്കുക! ഏതു വേണമെന്നു പറയുക. അതു ഞാന്‍ ഉടനെ തരാം.

ദ്രോണന്‍ പറഞ്ഞു: ഹേ, ഭാര്‍ഗ്ഗവാ! ഭവാന്‍ ഭവാന്റെ സമസ്ത അസത്രങ്ങളേയും പ്രയോഗത്തില്‍ ഗൂഢ തത്വത്തോടു കൂടി, സംഹാര ക്രമത്തോടു കൂടി, എനിക്കു തന്നാലും!

വൈശമ്പായനൻ പറഞ്ഞു: ഭാര്‍ഗ്ഗവന്‍ ദ്രോണന്റെ അഭീഷ്ടം സാധിപ്പിച്ചു. അപ്രകാരമാകാം എന്നു പറഞ്ഞു. രാമന്‍ ഗൂഢ തത്വക്രമത്തോടെ സകല അസ്ത്രങ്ങളും ധനുര്‍വ്വേദം സമസ്തം തന്നെ ദ്രോണന് നല്കി. അതെല്ലാം ഏറ്റുവാങ്ങിയതിന് ശേഷം സന്തോഷത്തോടെ കൃതാര്‍ത്ഥനായ ദ്രോണന്‍, ആ ദ്വിജസത്തമന്‍ തന്റെ സഖിയായ ദ്രുപദന്റെ അടുത്തേക്കു നടന്നു.

131. ഭീഷ്മദ്രോണസമാഗമം - വൈശമ്പായനൻ പറഞ്ഞു:സ്വൈരമായി ദ്രുപദനെ കണ്ട്‌ പ്രതാപവാനായ ദ്രോണന്‍ പറഞ്ഞു.

ദ്രോണൻ പറഞ്ഞു; ഹേ, രാജാവേ, ഞാന്‍ ഭവാന്റെ തോഴനാണ്‌. അതു ഭവാന്‍ ഓര്‍ക്കുന്നില്ലേ?

വൈശമ്പായനൻ പറഞ്ഞു: തന്റെ ഇഷ്ട സഖി നന്ദിച്ചു പറഞ്ഞ വാക്കുകള്‍ ദ്രുപദന്‍ അത്ര കൊണ്ടാടുകയുണ്ടായില്ല. എന്നു തന്നെയല്ല, കോപിക്കുകയാണുണ്ടായത്‌. രാജാവ്‌ പുച്ഛരസത്തോടെ കോപിച്ചു പുരികം ചുളിച്ച്‌ കണ്ണു ചുവത്തി, ഐശ്വരൃമദത്തോടെ ദ്രോണനോടു പറഞ്ഞു.

ദ്രുപദന്‍ പറഞ്ഞു: ഇതു നന്നല്ല! നിന്റെ ബുദ്ധികൊള്ളാം! എന്നോടു നീ വലിഞ്ഞു കയറി വന്നു സഖാവാണെന്നു പറഞ്ഞതു ഭംഗിയായില്ല. ധിക്കാരം തന്നെ! ഉയര്‍ന്ന മന്നവന്മാര്‍ക്ക്‌ ഇത്തരക്കാരോടോ സഖ്യം? ഹേ, മൂഢാത്മാവേ, നിര്‍ദ്ധനനും ധനവാനും തമ്മില്‍ സഖ്യം ചേരുകയില്ലെന്ന്‌ നിനക്കറിയില്ലേ?സൗഹാര്‍ദ്ദം പഴക്കം കൊണ്ടു കെട്ടുപോകും. മുമ്പു വല്ല കാര്യത്തിനും നിന്നോട്‌ എനിക്കു സഖ്യമുണ്ടായിട്ടുണ്ടെങ്കില്‍ അത്‌ ഇപ്പോള്‍ വിലപ്പോകുന്നതല്ല. പഴകി കെട്ടുപോയ സൗഹാര്‍ദ്ദവും പറഞ്ഞിട്ടാണോ ഇപ്പോള്‍ വലിഞ്ഞു കയറിയിരിക്കുന്നത്‌? പഴക്കത്തില്‍ ക്ഷയിക്കാത്ത സൗഹാര്‍ദ്ദം ആര്‍ക്കുമില്ല, ഒന്നിലുമില്ല. കാലം നശിപ്പിക്കുന്ന അതിനെ ക്രോധം തീരെ മുടിച്ചുകളയും. ഇനി പഴയ സൗഹാര്‍ദ്ദത്തിന്റെ പേരും പറഞ്ഞ്‌ ഇവിടെ വരരുത്‌. ആ വിചാരം നീ കൈവിടുക. ദരിദ്രനും ധനവാനും തമ്മിലും, ജളനും പണ്ഡിതനും തമ്മിലും, ക്ലീബനും ശൂരനും തമ്മിലുംഒരിക്കലും തോഴരാവുകയില്ല! സഖ്യം എന്നു പറയുന്നതു തുല്യന്മാര്‍ തമ്മിലേ ഒക്കൂ! തുല്യമായ സമ്പത്തും തുല്യമായ അറിവും ഉള്ളവര്‍ തമ്മില്‍ മാത്രമേ ശരിപ്പെടുകയുള്ളു. വേളിയും, വേഴ്ചയും, ധനവാനും, ദരിദ്രനും തമ്മില്‍ ഒക്കുകയില്ല. അശ്രോത്രിയന്‍ ശ്രോത്രിയന്നും, അരഥജ്ഞന്‍ രഥിക്കും അപാര്‍ത്ഥിവന്‍ പാര്‍ത്ഥിവന്നും സഖിയായി ചേരുകയില്ല. മുമ്പത്തെ വേഴ്ച വേഴ്ചയുമാവില്ല!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ദ്രുപദന്‍ പറഞ്ഞപ്പോള്‍ ഭരദ്വാജപുത്രനായ ദ്രോണൻ മുഹൂര്‍ത്ത സമയം ചിന്തിച്ചു നിന്നു. താന്‍ ഒരിക്കലും ഇങ്ങനെ ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നതല്ല. അടിയേറ്റവന്‍ പുളഞ്ഞു. അവമാനിതനും ദുഃഖിതനുമായ ആ ആചാര്യവര്യന്‍ ഒരക്ഷരം മിണ്ടാതെ ഇറങ്ങി നേരെ നടന്നു. പാഞ്ചാല രാജാവിനെപ്പറ്റി തന്നെ ചിന്തിച്ച്‌ ആ ബുദ്ധിമാന്‍ കുരുമുഖ്യര്‍ അധിവസിക്കുന്ന ഹസ്തിനാപുരിയിലേക്കു നടന്നു. ഹസ്തിനാപുരിയില്‍ ചെന്നു ഗൗതമന്റെ മന്ദിരത്തില്‍ പ്രച്ഛന്നനായി ആരുമറിയാതെ ദ്രോണൻ പാര്‍ത്തു. കൃപന് തുണയായി പാര്‍ത്ഥന്മാരെ പിന്നീടു തന്റെ പുത്രനായ അശ്വത്ഥാമാവ്‌ അസ്‌ത്രം പഠിപ്പിച്ചു. ജനങ്ങള്‍ ആരും അവനെ അറിഞ്ഞില്ല. ഇങ്ങനെ കുറച്ചുനാള്‍ ദ്രോണന്‍ അവിടെ ഗൂഢമായി പാര്‍ത്തു.

ഒരു ദിവസം രാജകുമാരന്മാര്‍ ഗൃഹം വിട്ടു പുറത്തു പോയി കളിക്കുകയായിരുന്നു. അവര്‍ കാരോട്ടുംകളി കളിച്ച്‌ ആനന്ദിച്ചു. അവര്‍ തട്ടിക്കളിക്കുമ്പോള്‍ ഒരു കിണറ്റില്‍ കാര വീണു. കിണറ്റില്‍ വീണ കാരയെടുക്കുവാന്‍ അവര്‍ യത്നിച്ചു. അതു കിണറ്റില്‍ നിന്നെടുക്കുവാന്‍ ഒരു കൗശലവും അവര്‍ കണ്ടില്ല. അവര്‍ പരസ്പരം നോക്കി നാണിച്ചു നിന്നു. അത്‌ എടുത്തു കിട്ടുവാനുള്ള അത്യാഗ്രഹമുണ്ടായി. സഹായത്തിന്നാരേയും കണ്ടില്ല. ആ രാജകുമാരന്മാര്‍ ചുറ്റും നോക്കി: അപ്പോള്‍ കുറച്ചു ദൂരത്തായി കറുത്തു മെലിഞ്ഞ ഒരു നരച്ച മനുഷ്യനെക്കണ്ടു. അഗ്നിഹോത്രത്തോടു കൂടി എന്തിനോ ദൂരെ നില്ക്കുന്ന ആ പൂണുനൂല്‍കാരന്റെ അരികിലേക്ക്‌ അവര്‍ ഓടിച്ചെന്നു. ഉത്സാഹവും കളിയുമൊക്കെപ്പോയ കുട്ടികള്‍ ബ്രാഹ്മണനോടു പറഞ്ഞു.

കൂട്ടികള്‍ പറഞ്ഞു: ഹേ ബ്രാഹ്മണ, ഞങ്ങളുടെ കാര കിണറ്റില്‍ വീണു. ഒന്നെടുത്തു തരു! ഞങ്ങള്‍ക്ക്‌ എടുക്കുവാന്‍ കഴിയുന്നില്ല. പരിശ്രമങ്ങളൊക്കെ പരാജയപ്പെട്ടു, ഒന്നെടുത്തു തരൂ

വൈശമ്പായനൻ പറഞ്ഞു: ഇങ്ങനെ ഭഗ്നോത്സാഹ ക്രിയന്മാരായ കുമാരന്മാർ പറഞ്ഞതു കേട്ടു കാര്യമോര്‍ത്ത്‌ ആ ബാലകന്മാരുടെ നേരെ നോക്കി മധുരമായി പുഞ്ചിരി  തൂകി ആ മനുഷ്യന്‍ പറഞ്ഞു.

ദ്രോണൻ പറഞ്ഞു: നിങ്ങള്‍ ക്ഷത്രിയരല്ലേ? മോശം! മോശം തന്നെ നിങ്ങളുടെ ക്ഷാത്രം! അസ്ത്രവിദ്യ പഠിച്ചവരല്ലെ നിങ്ങള്‍! നിങ്ങളുടെ പഠിപ്പും മോശം! ഒരു കാര കിണറ്റില്‍ വീണതെടുക്കുവാന്‍ ഈ ഭാരതന്മാര്‍ കുഴങ്ങുകയോ? കഷ്ടം! കാരയും മോതിരവും ഒന്നിച്ച്‌ രണ്ടും കൂടി ഞാന്‍ ഇഷീകപ്പുല്ലു കൊണ്ട്‌എടുക്കാം. എനിക്കു ഭക്ഷണത്തിനുള്ള വക തരുമോ?

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ രാജകുമാരന്മാരോടു പറഞ്ഞ്‌ അരിന്ദമനായ ദ്രോണൻ തന്റെ മോതിരം പൊട്ടക്കിണറ്റിലേക്ക്‌ ഇട്ടു. ഇതു കണ്ട്‌ കുന്തീപുത്രനായ യുധിഷ്ഠിരന്‍പറഞ്ഞു.

യുധിഷ്ഠിരന്‍ പറഞ്ഞു: കൃപന്റെ സമ്മതത്തോടു കൂടി ഭവാന്‍ എന്നും ഞങ്ങളുടെ ഗൃഹത്തില്‍ നിന്നു ഭിക്ഷ സ്വീകരിക്കുക!

വൈശമ്പായനൻ പറഞ്ഞു: ഇതുകേട്ടു ചിരിച്ചു ദ്രോണൻ ആ ഭാരതന്മാരോടു പറഞ്ഞു.

ദ്രോണൻ പറഞ്ഞു; ഈ ഇഷികപ്പിടിക്കെട്ടില്‍ അസത്രം ഞാന്‍ മന്ത്രിച്ചു കയറ്റി, മറ്റൊന്നിലും കാണാത്ത ശക്തി ഞാന്‍ ഇതില്‍ കാട്ടിത്തരാം. ഒന്നു കാരയില്‍ കോര്‍ക്കാം; പിന്നെ അതില്‍ മറ്റൊന്നു കോര്‍ക്കാം. പിന്നെ വേറെ ഒന്ന്‌ അതിലും കോര്‍ക്കാം. ഇങ്ങനെ ഇഷീക പ്രയോഗിച്ചു കാര ഞാന്‍ എടുക്കാം

വൈശമ്പായനൻ പറഞ്ഞു; ദ്രോണൻ പറഞ്ഞ മാതിരി ഇഷീക എയ്ത്‌ കാര കിണറ്റില്‍ നിന്നെടുത്തു. അതു കണ്ട്‌ അത്ഭുതപ്പെട്ടു കുട്ടികള്‍ മിഴിച്ചു നിന്നു പോയി. ഇതെന്തൊരത്ഭുതമാണ്‌! അവര്‍ ഇങ്ങനെയൊരു അത്ഭുതം മുമ്പ്‌ കണ്ടിട്ടില്ല. കുമാരന്മാര്‍ക്കു കൗതുകം വര്‍ദ്ധിച്ചു. അവര്‍ പറഞ്ഞു.

കുമാരന്മാർ പറഞ്ഞു: ഹേ, വിപ്രര്‍ഷേ! ഇനി മോതിരവും ഭവാന്‍ എടുക്കുന്നതു ഞങ്ങള്‍ കാണട്ടെ!

വൈശമ്പായനൻ പറഞ്ഞു: ഉടനെ വില്ലും അമ്പുംഎടുത്തു ദ്രോണൻ അമ്പെയ്ത്‌ ആ മോതിരം അമ്പോടു കൂടി മേല്പോട്ടു പൊക്കിയെടുത്തു. മഹാവീര്യവാന്‍ തന്നെ. കിണറ്റില്‍ നിന്നു മോതിരമെടുത്ത്‌ അത്‌ അവര്‍ക്കു നല്കി. കുട്ടികള്‍ മോതിരം കണ്ട്‌ അത്ഭുതപ്പെട്ടു. ബാലകന്മാര്‍ വിസ്മയത്തോടെപറഞ്ഞു.

കുമാരന്മാർ പറഞ്ഞു: ഹേ ബ്രാഹ്മണാ, അങ്ങയ്ക്ക്‌ അഭിവാദ്യം! ഭവാന്റെ വിദ്യ മറ്റാര്‍ക്കുമില്ല! അങ്ങ്‌ ആരുടെ ആളാണ്‌?പറയൂ! ഞങ്ങള്‍ അങ്ങയ്ക്കു വേണ്ടി ഇനി എന്തു ചെയ്യണം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം ആ ബാലന്മാര്‍ പറഞ്ഞതു കേട്ടു ദ്രോണൻ മറുപടി പറഞ്ഞു.

ദ്രോണൻ പറഞ്ഞു: നിങ്ങള്‍ പോയി ഭിഷ്മനോടു പറയുക, ഒരു ബ്രാഹ്മണന്‍ ഇഷികപ്പുല്ലു കൊണ്ടു ഞങ്ങളുടെ കാര കിണറ്റില്‍ നിന്നു പൊക്കിയെടുത്തു തന്നു എന്ന്. പിന്നെ മഹാത്മാവായ അദ്ദേഹം വേണ്ടതു ചെയ്തു കൊള്ളും.

വൈശമ്പായനൻ പറഞ്ഞു; അങ്ങനെയാകാം എന്നു പറഞ്ഞു. ഉടനെ ബാലന്മാര്‍ എല്ലാവരും ഭീഷ്മന്റെ സമീപത്തെത്തി. ആ ബ്രാഹ്മണന്‍ പറഞ്ഞ വാക്കും ചെയ്ത പ്രവൃത്തികളും അത്ഭുതത്തോടെ വിസ്തരിച്ചു പറഞ്ഞു. കുട്ടികള്‍ പറഞ്ഞ വാക്കുകള്‍ കേട്ട്‌ അദ്ദേഹം ദ്രോണനാണെന്നും യോഗ്യനായ ഗുരുവാണെന്നും ഭീഷ്മൻ മനസ്സില്‍ വിചാരിച്ചു. അദ്ദേഹത്തെ ആളയച്ചു വരുത്തി വേണ്ടപോലെ സല്‍ക്കരിച്ചു. പിന്നെ ദ്രോണൻ ഭീഷ്മനോടു വളരെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഭീഷ്മൻ വളരെ അധികം കാര്യങ്ങള്‍ അദ്ദേഹത്തോടും ചോദിച്ചറിഞ്ഞു. ദ്രോണൻ അവിടെ വരാനുണ്ടായ കാരണവും അദ്ദേഹത്തോടു പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഞാന്‍ അഗ്നിവേശ മുനിയുടെ സന്നിധിയില്‍ അസ്ത്രവിദൃ പഠിക്കുവാന്‍ മുമ്പ്‌ പോയി. ബ്രഹ്മചാരിയും ജടാധാരിയുമായി ഏറെക്കാലം ഞാന്‍ ആ ആചാര്യനില്‍ നിന്നു ധനുര്‍വ്വേദം പഠിച്ചു. ഗുരുശുശ്രൂഷ ചെയ്തു പാര്‍ത്തു. അക്കാലത്തു തന്നെ പാഞ്ചാലരാജാവിന്റെ പുത്രന്‍ യജ്ഞസേനന്‍ ഗുരുവിന്റെ അടുത്തു തന്നെ പഠിക്കുവാന്‍ വന്നു. ആ പ്രഭു അന്ന്‌ എനിക്കു തോഴനായി. എനിക്കു പല ഉപകാരങ്ങളും ചെയ്തു. ഞാന്‍ അവനോടു കൂടി കുറേ നാള്‍ പാര്‍ത്തു. ഹേ കൗരവാ, ബാല്യം മുതല്‍ അവന്‍ എന്റെ സഹപാഠിയായി. എന്റെ പ്രിയസ്നേഹിതനും; പ്രിയം പറയുന്നവനും, പ്രിയങ്കരനുമായിരുന്നു അവന്‍. ഹേ ഭീഷ്മ, ഒരു ദിവസം അവന്‍ എന്നോട്‌ ഒരു നന്ദി വാക്കു പറഞ്ഞു.

പാഞ്ചാലന്‍ പറഞ്ഞു: ഹേ ദ്രോണാ! ഞാന്‍ എന്റെ മാനൃനായ അച്ഛന്റെ ഇഷ്ടപുത്രനാണ്‌. എന്നെ അച്ഛന്‍ പാഞ്ചാല രാജ്യത്തു രാജാവാക്കും. അന്ന്‌ ആ ഭോഗ്യമെല്ലാം അങ്ങയ്ക്കാണ്‌! ഞാന്‍ സത്യം ചെയ്യുന്നു. ഹേ, സഖേ! എന്റെ ഭോഗങ്ങളും, മുതലും, സുഖങ്ങളും ഒക്കെ ഭവാന്‍ അധീനമാണ്‌.

ദ്രോണൻ തുടര്‍ന്നു: പഠിപ്പു കഴിഞ്ഞ്‌ അസ്ത്രങ്ങള്‍ നേടി പോകുമ്പോള്‍ ഞാന്‍ ആശംസിച്ചു യാത്രയാക്കി. എന്റെ പൂജയും സല്‍ക്കാരവുമൊക്കെ ഏറ്റ്‌ അദ്ദേഹം സ്വരാജ്യത്തേക്കു പോയി. ഞാന്‍ അന്നു മുതല്‍ എന്നും എന്റെ സുഹൃത്തിന്റെ വാക്കു ചിന്തിച്ചു കൊണ്ടു കഴിഞ്ഞു.

കുറേക്കാലം ചെന്നപ്പോള്‍ അച്ഛന്റെ ഇഷ്ടത്തിനു ഞാന്‍ ഒരു കന്യകയെ സന്താനലാഭത്തിനു വേണ്ടി വിവാഹം ചെയ്തു. കിീര്‍ത്തിമതിയും, തലമുടി നന്നെ കുറഞ്ഞവളും, ബുദ്ധിമതിയും, വ്രതാനുഷ്ഠാനത്തിലും അഗ്നിപൂജയിലും മനോനിയന്ത്രണത്തിലും സദാ നിരതയുമായ ഒരു നാരിയെ വേട്ടു. ആ ഗൗതമിയിൽ എനിക്ക്‌ അശ്വത്ഥാമാവ്‌ എന്ന പുത്രന്‍ ഉണ്ടായി. അവന്‍ ഭീമവിക്രമനും, ധീമാനും, അര്‍ക്കപ്രതാപനുമായി വളര്‍ന്നു.. എന്നാൽ ഭരദ്വാജന്‍ എന്നതു പോലെ, ആ പുത്രനാല്‍ ഞാന്‍ സംപ്രീതനായി.

ഒരു ദിവസം ധനികന്മാരുടെ മക്കള്‍ പാല്‍ കുടിക്കുന്നതു കണ്ടു ബാലനായ അശ്വത്ഥാമാവു കരഞ്ഞു. അവനും പാല്‍ കുടിക്കണമെന്ന്‌ ഒരു ആഗ്രഹം! അന്ന്‌ എനിക്കു വലിയ ഉള്‍ഭ്രാന്തിയുണ്ടായി. ഞാന്‍ എന്റെ ദാരിദ്ര്യത്തില്‍ സങ്കടപ്പെട്ടു. സ്വകര്‍മ്മ നിരതനായ സ്നാതക ബ്രാഹ്മണനാണ്‌ ഞാന്‍. വേദം പഠിച്ചു കഴിഞ്ഞു വീട്ടില്‍ ഇരിക്കുനവനാണ്‌. അതു കൊണ്ട്‌ ഉത്തമ ബ്രഹ്മണര്‍ക്കു ലഭിക്കുന്ന പ്രതിഗ്രഹം എനിക്കും കിട്ടും, ദുഃഖിക്കേണ്ടതില്ല എന്നു വിചാരിച്ചു. ഇപ്രകാരം മനസ്സില്‍ ഉറപ്പിച്ചു ധര്‍മ്മശുദ്ധമായ പ്രതിഗ്രഹം കാംക്ഷിച്ചു പലേടവും ചുറ്റിനടന്നു. ഹേ, ഗാംഗേയാ! ഞാന്‍ പലേടവും അലഞ്ഞു നടന്നു. യാതൊരു ഫലവുമുണ്ടായില്ല. ആരും എനിക്കു പശുവിനെ ദാനമായി നല്കിയില്ല..

അങ്ങനെ ഒരു ദിവസം അവന്‍ പാലിന് കരയുന്നതു കണ്ട്‌ ധനികന്മാരുടെ കുട്ടികള്‍ അരിമാവു വെള്ളത്തില്‍ കലക്കി പാലാണെന്നു പറഞ്ഞ്‌ അശ്വത്ഥാമാവിന് കൊടുത്തു. ബാലനായ അവന്‍ അരിമാവു കലക്കിയ വെള്ളം മോന്തി പാല്‍ കുടിച്ചു എന്ന കൃതാര്‍ത്ഥത നേടി! അവന്‍ അത്‌ മോന്തിയ ശേഷം സന്തോഷത്തോടെ തുള്ളിച്ചാടി! കുട്ടികള്‍ക്കെന്തറിയാം? അവന്‍ തകൃതിയായി തുള്ളിച്ചാടുന്നതു കണ്ട്‌ അല്ലയോ കൗരവ്യാ. ആ പ്രഭുകുമാരന്മാര്‍ പരിഹസിച്ചു ചിരിച്ചു. ദരിദ്രന്മാരുടെ നേരെയുള്ള പരിഹാസം! കുട്ടികളോടൊത്ത്‌ അവന്‍ തുള്ളിച്ചാടുന്നതു കണ്ടുംഅവരുടെ പരിഹാസച്ചിരി കണ്ടും ഞാന്‍ ദുഃഖിതനായി?

അവര്‍ പറഞ്ഞു. ദ്രോണൻ മോശക്കാരന്‍! നിര്‍ദ്ധനന്‍! ഒറ്റക്കാശു പോലും നേടാത്ത ദരിദ്രവാസി! കണ്ടോ ദ്രോണന്റെ കുട്ടി പാല്‍ കൊതിച്ച്‌ അരിമാവു വെള്ളം കുടിച്ച്‌ നൃത്തം വെക്കുന്നു! അവന്റെ സന്തോഷം കണ്ടോ? അവന്റെ വിചാരം അവന്‍ പാല്‍ കുടിച്ചു എന്നാണ്‌.

ദ്രോണൻ പറഞ്ഞു: ഈ വാക്കു കേട്ടപ്പോള്‍ എന്റെ ഹൃദയം വല്ലാതെ ഇടിഞ്ഞു പോയി. എനിക്കു ദുസ്സഹമായ വൃസനമുണ്ടായി. ഞാന്‍ എന്നെ നിന്ദിച്ചു. ഞാന്‍ വിചാരിച്ചു; ഇനി ഈ ബ്രാഹ്മണരുടെ അധിക്ഷേപം കേട്ടു ജീവിക്കുക വിഷമമാണ്‌. വിപ്രഗര്‍ഹണം സഹിക്കുവാന്‍ സാദ്ധ്യമല്ല. ധനത്തിനു വേണ്ടി അന്യരെ ആശ്രയിച്ചു ദാസ്യവൃത്തി സ്വീകരിക്കുന്നതു പ്രയാസം തന്നെ! ആ പാപത്തിനും ഞാനില്ല? എന്നു വിചാരിച്ച്‌ ഹേ ഭീഷ്മാ! ഞാന്‍ എന്റെ ഭാര്യയോടും മകനോടും കൂടി പഴയ സുഹൃത്തായ ദ്രുപദന്റെ മുമ്പിലെത്തി. അന്ന്‌ അദ്ദേഹം രാജാവായി അഭിഷിക്തനായിരുന്നു. ഞാന്‍ കൃതാര്‍ത്ഥതയോടെ എന്റെ പഴയ സുഹൃത്തിന്റെ ചാരത്തു ചെന്നു നിന്നു. ഇപ്പോള്‍ രാജ്യം വാഴുന്ന ദ്രുപദന്റെ പഴയ ശപഥം ചിന്തിച്ച്‌ അന്നത്തെ സഖ്യമോര്‍ത്തു പറഞ്ഞു: ഹേ, നരവവ്യാഘ്രാ! പ്രഭോ ഭവാന്‍ എന്നെ ഓര്‍ക്കുന്നുണ്ടോ? ഭവാന്റെ തോഴനായ ദ്രോണനാണു ഞാന്‍!

എന്നെ കണ്ട്‌, എന്റെ വാക്കു കേട്ട്‌, ദ്രുപദന്‍ നിന്ദാഗര്‍ഭമായ പരിഹാസത്തോടെ പറഞ്ഞു.

ദ്രുപദന്‍ പറഞ്ഞു; നിന്റെ ബുദ്ധി കൊള്ളാം! ഇതു ഭംഗിയല്ല. എന്റെ മുമ്പില്‍ വന്നു നിന്ന്‌ ഞാന്‍ നിന്റെ സഖിയാണെന്നു പറഞ്ഞതു ധിക്കാരം തന്നെ. കാലപ്പഴക്കം കൊണ്ട്‌ സഹാര്‍ദ്ദം പഴകി കെട്ടു പോകും, മുമ്പു കാര്യാര്‍ത്ഥമായി എനിക്കു നിന്നോടു വേഴ്ചയുണ്ടായിരുന്നു എന്നു വെച്ച്‌ ഞാന്‍ ഇപ്പോഴും നിന്റെ സഖിയാണെന്നോ!

കൊള്ളാം! അശ്രോത്രിയന്‍ ശ്രോത്രിയനും, അരഥിരഥിക്കും സഖിയാവുകയില്ല! സഖ്യം എപ്പോഴും സാമൃത്തിലേ പറ്റുകയുള്ളു. അതുല്യതയില്‍ സഖ്യം ഓര്‍ക്കുകയില്ല! പഴക്കം കൊണ്ടു ക്ഷയിക്കാത്ത വേഴ്ചയില്ല! ആര്‍ക്കുമില്ല; ആരിലുമില്ല! കാലം അതിനെ കെടുക്കും! ക്രോധം അതിനെ തീരെ മുടിക്കും! ജീര്‍ണ്ണമായ ആ സഖ്യം ഇന്ന്‌ ഉണ്ടെന്നു നീ വിചാരിക്കേ വേണ്ട! നീ അത്‌ കൈ വിട്ടു കൊള്ളുക. പണ്ടു ഞാന്‍ തന്നോടു വേഴ്ച കാര്യാര്‍ത്ഥമായി ഉണ്ടായിരുന്നു. ദരിദ്രന്‍ ധനവാന്റേയും, ജളന്‍ പണ്ഡിതന്റേയും, ക്ലീബന്‍ ശൂരന്റേയും തോഴനാവുകയില്ല. ഉയര്‍ന്ന നിലയിലുള്ള രാജാക്കന്മാര്‍ ഈ നിലയിലുള്ള ദരിദ്രന്മാരുമായി ഒരിക്കലും സഖ്യം ഉണ്ടാവുകയില്ല, ചേരുകയുമില്ല. ഹേ, ജളപ്രഭോ, കാര്യം മനസ്സിലായോ? അശ്രോത്രിയന്‍ ശ്രോത്രിയന്, അരഥി രഥിക്ക്‌, പാര്‍ത്ഥിവനല്ലാത്തവന്‍ പാര്‍ത്ഥിവന് ചേരുന്ന സഖിയല്ല. മുന്‍ വേഴ്ച വേഴ്ചയുമാവില്ല. ഞാന്‍ രാജ്യാര്‍ത്ഥമായി നീയുമായി ചെയ്ത നിശ്ചയം ഓര്‍ക്കുന്നില്ല; നടക്കുകയുമില്ല. ഒരു രാത്രിക്ക് ഭക്ഷണം ഭവാനു തരാം.

ദ്രോണൻ പറഞ്ഞു: ഇപ്രകാരം അവന്‍ പറഞ്ഞതു കേട്ട്‌ പിന്നെ അവിടെ നില്ക്കാതെ ഞാന്‍ ഭാരൃയുമൊത്തു ക്ഷണത്തില്‍ മടങ്ങി. ഏറെ താമസിയാതെ കാര്യം സാധിക്കുന്ന വിധം ഞാന്‍ സത്യം ചെയ്തു. ദ്രുപദന്റെ ധിക്കാരം എന്റെ ഹൃദയത്തെ വ്രണപ്പെടുത്തി. ഹേ, ഭീഷ്മാ! ഞാന്‍ യോഗ്യരായ ശിഷ്യന്മാരെ കിട്ടുന്നതിന് ആഗ്രഹിച്ച്‌ ഇങ്ങോട്ടു പോന്നതാണ്‌! ഭവാന്റെ കാമസമ്പൂര്‍ത്തിക്കു ഹിതമായി പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ഇങ്ങോട്ടു പോന്നു. ഈ ഹസ്തിനപുരിയിൽ ഞാന്‍ എന്തു ചെയ്യണം?

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം പറഞ്ഞ ദ്രോണനോട്‌ ഭീഷ്മൻ പറഞ്ഞു.

ഭീഷ്മന്‍ പറഞ്ഞു: ഹേ, ദ്രോണാ! ഭവാന്‍ വില്ലു അഴിക്കുക. നല്ല ദിവ്യാസ്ത്രങ്ങളൊക്കെ കുരുനന്ദനന്മാരെ പഠിപ്പിക്കുക. നന്ദിയോടെ സല്‍കൃതനായി സസന്തോഷം കുരുമന്ദിരത്തില്‍പാര്‍ക്കുക! കുരുക്കള്‍ക്കുള്ള മുതലും പിന്നെ രാഷ്ട്രങ്ങളും രാജ്യവും നീ വാണാലും! നീ തന്നെ രാജാവ്‌! കൗരവര്‍ നിന്റെ കൂട്ടാളികള്‍ ആണെന്നു ധരിക്കുക! അങ്ങയ്ക്ക്‌ എന്താണ്‌ അഭീഷ്ടമെങ്കില്‍ അതു സാധിക്കുമാറാകട്ടെ! ഹേ, വിപ്രര്‍ഷേ! ഭവാന്‍ ഞങ്ങളുടെ ഭാഗ്യത്താല്‍ ഇവിടെയെത്തി. ആലോചിക്കുമ്പോള്‍ അത്‌ ഞങ്ങള്‍ക്ക്‌ അനുഗ്രഹവുമാണ്‌.

132. ദ്രോണശിഷ്യപരീക്ഷ - വൈശമ്പായനൻ പറഞ്ഞു: ഭീഷ്മൻ പൂജിച്ചു ദ്രോണനെ സ്വീകരിച്ചു. മനുഷ്യരില്‍ ശ്രേഷ്ഠനായ ആ മഹാവീര്യവാന്‍ കുരുമന്ദിരത്തില്‍ വിശ്രമിച്ചു. ഭീഷ്മൻ തന്റെ പൗത്രന്മാരെ അദ്ദേഹത്തിന് ശിഷ്യരായി നല്കി, എന്നു തന്നെയല്ല പലമാതിരി ധനവും അതിരറ്റ സന്തോഷത്തോടെ ധനധാന്യ സമ്പത്തുകളും ഉപകരണങ്ങളും നിറഞ്ഞ ഗൃഹവും അദ്ദേഹത്തിന് നല്കി. ദ്രോണൻ കൗരവന്മാരായ പാണ്ഡവന്മാരേയും ധാര്‍ത്തരാഷ്ട്രന്മാരേയും ശിഷ്യരായി ആദരവോടെ സ്വീകരിച്ചു. അങ്ങനെ ദ്രോണനാല്‍ സ്വീകരിക്കപ്പെട്ട എല്ലാവരും ഗുരുവിന്റെ സമീപത്തു സസന്തോഷം നില്ക്കുമ്പോള്‍ രഹസ്യമായി അവരുടെ സമക്ഷം ദ്രോണൻ ഇപ്രകാരം ഒരു കാര്യം പറഞ്ഞു.

ദ്രോണന്‍ പറഞ്ഞു; ഞാന്‍ എന്റെ ഹൃദയത്തില്‍ ഒരു കാര്യം കരുതുന്നുണ്ട്‌. കൃതാസ്ത്രന്മാരായിത്തീരുന്ന നിങ്ങള്‍ ആദ്യം അതു ചെയ്യണം.

വൈശമ്പായനൻ പറഞ്ഞു: ഗുരുവിന്റെ വാക്കു കേട്ട്‌ കൗരവന്മാര്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ അര്‍ജ്ജുനന്‍ മുന്നോട്ടു വന്നു. അര്‍ജ്ജുനന്‍ സത്യം ചെയ്തു പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഗുരോ, ഭവാന്റെ ആഗ്രഹം എന്തോ അതു ഞാന്‍ നിര്‍വ്വഹിച്ചു തരാം സത്യം! എല്ലാവരും കേള്‍ക്കെ ഞാന്‍ സത്യം ചെയുന്നു!

വൈശമ്പായനൻ പറഞ്ഞു: ഗുരു ഹര്‍ഷപുളകണിഞ്ഞു. അര്‍ജ്ജുനനെ അരികെ പിടിച്ചടുപ്പിച്ച്‌ ആഞ്ഞു പുല്കുകയും മൂര്‍ദ്ധാവില്‍ ഘ്രാണിക്കുകയും ചെയ്തു. ദ്രോണൻ ഹര്‍ഷത്തോടെ കണ്ണുനീര്‍ തൂകി!

പിന്നെ ദ്രോണൻ പാണ്ഡവന്മാരേയും കൗരവന്മാരേയും പലേ വിധത്തിലുള്ള അസ്ത്രങ്ങള്‍ പഠിപ്പിച്ചു. മറ്റു രാജാക്കന്മാരുടെ മക്കളേയും ദ്രോണൻ പഠിപ്പിച്ചു. അന്ധകന്മാരും, വൃഷ്ണികളും, അന്യരാജാക്കന്മാരുടെ പുത്രന്മാരും, ദ്രോണാചാര്യന്റെ അരികെ വന്നു ചേര്‍ന്നു. രാധേയനായ സൂതപുത്രനും പാര്‍ത്ഥസ്പര്‍ദ്ധയോടെ ദ്രോണന്റെ സമീപത്തു വസിച്ചു വിദ്യയഭ്യസിച്ചു. ഏറ്റവും അമര്‍ഷണനായ കര്‍ണ്ണന്‍ ദുര്യോധനനെ ആശ്രയിച്ച്‌ പാണ്ഡുപുത്രരെ മാനം കെടുത്തുന്നതിന് വേണ്ടി ധനുര്‍വ്വേദം പഠിക്കുവാന്‍ ദ്രോണരുടെ കൂടെ നിന്നു.

ശിക്ഷ, കൈയൂക്ക്‌, ഉദ്യമം എന്നിവ കൊണ്ടും അസ്ത്രവിദ്യാശ്രദ്ധ കൊണ്ടും ധനഞ്ജയന്‍ മെച്ചപ്പെട്ടവനായി. ഒപ്പം അമ്പെയ്യുന്നതിലും കൈവേഗത്തിലും പ്രയോഗ ഭംഗിയിലും എല്ലാ ശിഷ്യരേക്കാളും, ഫല്‍ഗുനന്‍ യോഗ്യനായി. ഗുരു ചിന്തിച്ചു. പഠിപ്പിൽ അര്‍ജ്ജുനന് കിട പിടിക്കുന്നവരാരും ഇല്ലെന്ന്‌. ഇപ്രകാരം ഇഷ്വസ്ത്രങ്ങള്‍ ആ ബാലകന്മാര്‍ക്കെല്ലാം ഗുരു പഠിപ്പിച്ചു. ഗുരു ഓരോ കമണ്ഡലുകള്‍ ശിഷ്യന്മാര്‍ക്കു നല്കി, ഒരു കുടം മകന്റെ കൈയിലും കൊടുത്തു. ഉടനേ ജലം കൊണ്ടു വരുവാന്‍ എല്ലാവരോടും ആജ്ഞാപിച്ചു. അവര്‍ വെള്ളം കൊണ്ടു വരുന്നതിന് മുമ്പു തന്റെ മകനായ അശ്വത്ഥാമാവിന് വേറേയും ജോലി ഗുരു ഏല്പിച്ചു. എന്നാൽ അര്‍ജ്ജുനന്‍ ഉടനെ വാരുണാസ്ത്രത്താല്‍ ജലം വരുത്തി കമണ്ഡലു ക്ഷണത്തില്‍ നിറച്ചു. ഗുരുപുത്രന്റെ ഒപ്പം വേലയ്ക്കു ചെന്നു. ആചാര്യ  പുത്രനേക്കാള്‍ മെച്ചമായി എല്ലാം നിര്‍വ്വഹിക്കുന്നതു കണ്ട്‌ അസ്ത്രജ്ഞനും ബുദ്ധിമാനുമായ പാര്‍ത്ഥന്‍ ആചാര്യ പുത്രനേക്കാള്‍ ഒട്ടും താഴ്‌ന്നു പോവുകയില്ലെന്നു വൃക്തമാക്കി. പിന്നെ അര്‍ജ്ജുനന്‍ ഗുരുശുശ്രൂഷയ്ക്കു വേണ്ടി യത്നിച്ചു. എപ്പോഴും അസ്ത്രപ്രയോഗത്തില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അര്‍ജ്ജുനന്റെ നേരേ ഗുരുവിന് വളരെ ഇഷ്ടം തോന്നി. അവന്റെ പരിശ്രമത്തില്‍ അത്യധികമായ താല്‍പരൃവുമുണ്ടായി.

ഒരു ദിവസം മഹോത്സാഹിയായി, ഇഷ്വസ്ത്രരതനായി, പരിശ്രമിച്ചു കൊണ്ടു നില്ക്കുന്ന അര്‍ജ്ജുനനെ കണ്ട്‌ വെപ്പുകാരനോട്‌ ദ്രോണൻ ഗൂഢമായി പറഞ്ഞു.

ദ്രോണൻ പറഞ്ഞു: അര്‍ജ്ജുനന് ഇരുട്ടത്തിരുന്നു ഭക്ഷണം കഴിക്കാന്‍ ഇടവരുത്തരുത്‌. ഞാന്‍ പറഞ്ഞത്‌ അവനോട്‌ പറയുകയുമരുത്!.

വൈശമ്പായനൻ പറഞ്ഞു: അങ്ങനെ അന്ന്‌ അര്‍ജ്ജുനന്‍ ഉണ്ണുന്ന സമയത്ത്‌ പെട്ടെന്നു കാറ്റുവീശി വിളക്കു കെട്ടു. ഉണ്ണുന്ന പാര്‍ത്ഥന് അതു കൊണ്ട്‌ ഒരു വിഷമവുമുണ്ടായില്ല. കൈയും വായും ചോറും കറിയുമായി പരിശീലനം മൂലം ഇണങ്ങി. വിഷമം ഒന്നും കൂടാതെ തേജസ്വിയായ അവന്‍ വിഭവങ്ങളില്‍ തെറ്റാതെ, പരിശീലനശക്തി മൂലം ഊണു കഴിച്ചു. പാര്‍ത്ഥനു തന്നെ അത്ഭുതമായി. അഭ്യാസമുണ്ടെങ്കില്‍ ഒന്നി നും വിഷമമില്ല, ശ്രദ്ധ വേണമെന്നു മാത്രം എന്നു പാര്‍ത്ഥന്‍ ചിന്തിച്ചു. അതിന് ശേഷം രാത്രിയില്‍ ഇരുട്ടത്തു നിന്ന്‌ അവന്‍ അസത്രം പ്രയോഗിച്ചു പഠിച്ചു. ദ്രോണന്‍ അവന്റെ വില്ലിന്റെ ചെറുഞാണൊലി കേട്ട്‌ എഴുന്നേറ്റു ചെന്ന്‌  അവനെ സസ്നേഹം തഴുകി ഇപ്രകാരം പറഞ്ഞു.

ദ്രോണൻ പറഞ്ഞു; നിന്നോടു തുല്യനായി വേറെ ധനുര്‍ദ്ധരന്മാരാരും ഇല്ലാതെയാകുന്ന വിധം അത്ര നന്നായി ഞാന്‍ നിന്നെ പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കും. ഞാന്‍ ഈ പറഞ്ഞത്‌ സത്യം മാത്രമാണ്‌.

വൈശമ്പായനൻ പറഞ്ഞു: ദ്രോണൻ പിന്നെ അര്‍ജ്ജുനനെ ആന, തേര്‍, കുതിര മുതലായ വാഹനങ്ങളില്‍ ഇരുന്നു കൊണ്ടും, നിലത്തു നിന്നു കൊണ്ടും ചെയ്യേണ്ട സംഗര മുറകള്‍ പഠിപ്പിച്ചു. ഗദായുദ്ധം, വാള്‍ പ്രയോഗം, തോരണം, പ്രാസം, ശക്തി, കൂട്ടപ്പട ഈ വകയൊക്കെ കുരുക്കളെ പഠിപ്പിച്ചു. ദ്രോണന്റെ യോഗ്യത കേട്ടറിഞ്ഞ്‌ അനേകം രാജാക്കന്മാരും രാജപുത്രന്മാരും ധനുര്‍വ്വേദം ഗ്രഹിക്കുവാന്‍ ദ്രോണന്റെ സമീപത്തെത്തി.

നിഷാദരാജാവായ ഹിരണ്യ ധനുസ്സിന്റെ പുത്രന്‍ ഏകലവ്യന്‍ ദ്രോണ പാര്‍ശ്വത്തിലെത്തി. അവന്‍ നിഷാദനാകയാല്‍ മറ്റുള്ളവരുടെ അഭിപ്രായമറിഞ്ഞ്‌ ദ്രോണന്‍ ശിഷ്യനായി അവനെ കൈക്കൊണ്ടില്ല. എന്നാൽ അവന്‍ കുമ്പിട്ടു ഭക്തിപൂര്‍വ്വം ദ്രോണന്റെ പാദം ശിരസ്സില്‍ എടുത്തു വെച്ചു നമസ്കരിച്ചു മടങ്ങിപ്പോയി. കാട്ടില്‍ ചെന്നു ഗുരുവിന്റെ രൂപം മണ്ണു കൊണ്ട്‌ ഉണ്ടാക്കി വെച്ച്‌ ആചാര്യ സാന്നിദ്ധ്യം സങ്കല്പിച്ചു. ആദരവോടെ ആ പ്രതിമയുടെ മുമ്പില്‍ വെച്ച്‌ ഇഷ്വസ്ത്രയോഗം നിഷ്ഠയോടെ ശീലിച്ചു. പരമമായ ശ്രദ്ധയോടും പരമമായ യോഗത്തോടും കൂടി എടുക്കുവാനും തൊടുക്കുവാനും വിടാനും അവന്‍ അഭ്യസിച്ച്‌ പ്രയോഗ ലാഘവം നേടി.

ഒരു ദിവസം കുരുപാണ്ഡവ കുമാരന്മാര്‍ തേരില്‍ക്കയറി നായാട്ടിന് പുറപ്പെട്ടു. വേണ്ടുന്ന സാമാനങ്ങളുമായി യദുച്ഛയാ നായയുമായി ഒരുത്തന്‍ ഒറ്റപ്പെട്ടു നടന്നു. അവര്‍ ഓരോന്നു ചെയ്ത്‌ അവിടെ സഞ്ചരിക്കുമ്പോള്‍ കാട്ടില്‍ ചുറ്റുന്ന നായ്‌ ഏകലവ്യന്‍ അസ്ത്രാഭ്യാസം ചെയ്തു കൊണ്ടിരുന്ന സ്ഥലത്തെത്തി. കറുത്തു നീണ്ടുള്ള ജടാഭാരവും, കൃഷ്ണാജിനവുമായി നില്ക്കുന്ന നിഷാദിയെ കണ്ടു നായ്‌ കുരച്ച്‌ അടുത്തു. നായ്‌ കുരച്ചടുക്കുമ്പോള്‍ വായിലേക്ക്‌ ഏഴു ശരങ്ങള്‍ ഒപ്പം കൈവേഗത്തോടെ അവന്‍ എയ്തു. വായില്‍ അമ്പുകള്‍ കൊണ്ടു പാണ്ഡവരുടെ അടുത്തു നായ കരഞ്ഞെത്തി. അതു കണ്ട്‌ പാണ്ഡവന്മാര്‍ വല്ലാതെ അത്ഭുതപ്പെട്ടു. കൈവേഗം, ഒച്ചകേട്ട്‌ എയ്ത്ത്‌, ഇവയുടെ വൈഭവം നോക്കി കണ്ട്‌ അവര്‍ ലജ്ജിച്ചു പോയി. അവന്റെ കൈ വിരുതിനെ എല്ലാവരും പ്രശംസിച്ചു. വനത്തില്‍ വസിക്കുന്ന അവന്‍ ആരാണെന്നു പിന്നീട്‌ അന്വേഷിച്ചറിഞ്ഞു. പാണ്ഡവന്മാര്‍ അവനെ വീണ്ടും കണ്ടു. അപ്പോള്‍ അവന്‍ അമ്പുകള്‍ എയ്തു നില്ക്കുകയായിരുന്നു; വികൃതാകാരനായ അവന്‍ ആരാണെന്ന്‌ അവര്‍ അറിഞ്ഞില്ല. അവര്‍ അടുത്തു ചെന്ന്‌  അവനോട്‌ ഭവാന്‍ ആരുടെ പുത്രനാണ്‌? എന്നു ചോദിച്ചു.

ഏകലവ്യന്‍ പറഞ്ഞു: ഞാന്‍ നിഷാദരാജാവായ ഹിരണ്യ ധനുസ്സിന്റെ പുത്രനാണ്‌. ദ്രോണന്റെ ശിഷ്യനാണ്‌. ധനുര്‍വ്വേദം ശീലിക്കുന്നവനാണ്‌ വീരന്മാരേ!

വൈശമ്പായനൻ പറഞ്ഞു: കൗരവ ബാലന്മാര്‍ അവന്റെ സകല വിവരങ്ങളും അറിഞ്ഞു മടങ്ങി. പാണ്ഡവര്‍ ദ്രോണനോട്‌ കാട്ടില്‍ കണ്ട അത്ഭുതം പറഞ്ഞു കേള്‍പ്പിച്ചു. അര്‍ജ്ജുനന്‍ വീണ്ടും ഏകലവ്യനെ ഓര്‍ത്തു. രഹസ്സില്‍ ദ്രോണനോടു സസ്നേഹം പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഗുരോ, അന്നു ഭവാന്‍ എന്നെ തഴുകി പറഞ്ഞത്‌ ഓര്‍ക്കുന്നുണ്ടോ? നിന്നേക്കാള്‍ മേലെയായി എനിക്ക്‌ ഒരു ശിഷ്യനും ഇല്ല എന്ന്. എന്നാൽ ഇപ്പോള്‍ എന്നേക്കാള്‍ മീതെ എന്നു മാത്രമല്ല ഇന്ന്‌ ലോകത്തില്‍ ഏറ്റവും ഉത്തമനായി മറ്റൊരാള്‍ ഭവാന്റെ ശിഷ്യനായി ഉണ്ടെന്നറിയുന്നു! നിഷാദ രാജാവിന്റെ പുത്രന്‍!

വൈശമ്പായനൻ പറഞ്ഞു: മുഹുര്‍ത്ത നേരം അവനെപ്പറ്റി ദ്രോണൻ ചിന്തിച്ചു നിന്നു. പിന്നെ ഒന്നുറച്ച്‌ സവ്യസാചിയുമായി ദ്രോണൻ നൈഷാദിയുടെ അടുത്തു ചെന്നു. ഉടനെ മലിനനായി ജടാവല്ക്കലധാരിയായി ഏകലവ്യന്‍ അമ്പെയ്തു ശീലിക്കുന്നത്‌ ഗുരു കണ്ടു. ദ്രോണൻ വരുന്നതു കണ്ട്‌ ഏകലവ്യന്‍ ഗുരുവിനെ എതിരേറ്റ്‌ അഭിവാദ്യം ചെയ്തു പാദകമലത്തില്‍ നമസ്കരിച്ചു. ദ്രോണനെ വിധി പോലെ അവന്‍ അര്‍ച്ചിച്ചു. ഞാന്‍ ഭവാന്റെ ശിഷ്യനാണ്‌ എന്നു പറഞ്ഞു കൈകൂപ്പി നിന്നു. പിന്നെ രാജാവേ, ദ്രോണൻ ഏകലവ്യനോടു പറഞ്ഞു.

ദ്രോണൻ പറഞ്ഞു: നീ എന്റെ ശിഷ്യനാണെങ്കിൽ എനിക്കു ഗുരുദക്ഷിണ നല്കുക.

വൈശമ്പായനൻ പറഞ്ഞു: ഇതു കേട്ട്‌ ഏകലവ്യന്‍ പ്രീതിയോടെ പറഞ്ഞു.

ഏകലവ്യന്‍ പറഞ്ഞു: ഭഗവാനേ, ഞാന്‍ എന്താണു നല്കേണ്ടത്‌? ഭവാന്‍ കല്‍പിച്ചാലും! ഹേ ബ്രഹ്മജ്ഞാ! ഗുരുവിന് നല്കാന്‍ വയ്യാത്തതൊന്നും തന്നെ എനിക്കില്ല.

വൈശമ്പായനൻ പറഞ്ഞു: വലങ്കൈയിന്റെ പെരുവിരല്‍ തരികയെന്ന്‌ ദ്രോണൻ പറഞ്ഞു. ഏകലവ്യന്‍ ദ്രോണന്റെ ഘോരമായ മൊഴി കേട്ടു നടുങ്ങിപ്പോയി! സത്യശീലനായ ഏകലവ്യന്‍ താന്‍ പറഞ്ഞ സത്യം രക്ഷിച്ചു! മുന്‍പ്രകാരം തന്നെ അവന്‍ യാതൊരു ഭാവഭേദവും കൂടാതെ, സന്തോഷത്തോടെ, മുഖപ്രസാദത്തോടെ, ഉള്‍പ്രീതിയോടെ, ശങ്ക കൂടാതെ, തന്റെ കൈവിരലറുത്തു ദ്രോണന്റെ മുമ്പില്‍ ദക്ഷിണയായി അര്‍പ്പിച്ചു ( പിന്നെ മറ്റു വിരലു കൊണ്ടും അവന്‍ അമ്പെയ്തു. അന്നു തൊട്ട്‌ അവന്റെ കൈവേഗം കുറഞ്ഞു പോയി ).

അര്‍ജ്ജുനന്റെ ഉള്‍ത്താപം പോയി സന്തോഷിച്ചു. ദ്രോണന്‍ പറഞ്ഞതും സത്യമായി. അന്യരാരും ഇനി അര്‍ജ്ജുനനെ ജയിക്കുകയില്ലെന്ന്‌ ഉറപ്പായി. ദ്രോണശിഷ്യന്മാരില്‍ രണ്ടു പേര്‍ ഗദായുദ്ധ വിദഗ്ദ്ധന്മാരായി; ദുര്യോധനനും ഭീമസേനനും. എന്നും ഇവര്‍ സംരബ്ധരാണ്‌. ഗൂഢതത്വത്തില്‍ മിക്കതിലും അശ്വത്ഥാമാവ്‌ അഗ്രഗണ്യനായി. അപ്രകാരം തന്നെ വാള്‍പ്പയറ്റില്‍ നകുല സഹദേവന്മാര്‍ സമര്‍ത്ഥരായി. തേര്‍യുദ്ധത്തില്‍ യുധിഷ്ഠിരന്‍ സമര്‍ത്ഥനായി. എല്ലാത്തരം യുദ്ധത്തിലുംഅര്‍ജ്ജുനന്‍ സാമര്‍ത്ഥ്യം നേടി. ലോകത്തിലെങ്ങും പേരെടുത്ത തേരാളികളില്‍ ഉത്തമനായിത്തീര്‍ന്ന അര്‍ജ്ജുനന്‍, ബുദ്ധി, യോഗം, ബലം, ഉത്സാഹം, അസ്ത്രശിക്ഷ എന്നിവയോടു കൂടിയ അര്‍ജ്ജുനന്‍, അസ്ത്രത്തിലും അങ്ങനെ തന്നെ ആചാരൃഭക്തിയിലും മെച്ചം നേടി. അസ്ത്രോപദേശം എല്ലാവര്‍ക്കും സമമായി ഗുരു നല്കിയെങ്കിലും ലാഘവ വൃത്തിയില്‍ എല്ലാ ശിഷ്യരിലും മെച്ചമുള്ളവനായിത്തീര്‍ന്നു അര്‍ജ്ജുനന്‍.

ബലം ഭീമനും, വിദ്യാബലം അര്‍ജ്ജുനനും ഏറിയതായി കണ്ടപ്പോള്‍ കഷ്ടം! ദുഷ്ടരായ ധാര്‍ത്തരാഷ്ട്രന്മാര്‍ക്ക്‌ അമര്‍ഷം വര്‍ദ്ധിച്ചു. സര്‍വ്വവിദൃകളും അസ്ത്രവിദ്യകളും അറിയുന്ന സർവ്വശിഷ്യരേയും ദ്രോണന്‍ ആയുധവിജ്ഞാനം കാണുവാന്‍ പരീക്ഷിക്കുവാന്‍, വിളിച്ചു നിറുത്തി. മുന്‍കൂട്ടി ദ്രോണൻ ശില്പിയെക്കൊണ്ട്‌ കൃത്രിമമായി ഒരു കൂരിയാറ്റക്കിളിയെ കുമാരന്മാർ അറിയാതെ മരക്കൊമ്പില്‍ വെപ്പിച്ചിരുന്നു. അതിനെ ലക്ഷ്യമാക്കി ദ്രോണൻ ഇങ്ങനെ പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഹേ, ശിഷ്യന്മാരേ! നിങ്ങള്‍ എല്ലാവരും വില്ലെടുത്തു കുലയ്ക്കുവിന്‍! ഈ കൂരിയാറ്റയെ ലക്ഷ്യമാക്കി അമ്പു തൊടുത്തു നില്ക്കു വിന്‍. ഞാന്‍ പറഞ്ഞാല്‍ ഉടനെഅതിന്റെ തല അമ്പെയ്തു വീഴ്ത്തണം. ഞാന്‍ ഓരോരുത്തനോടു പറയും. ശ്രദ്ധാപൂര്‍വ്വം സന്നദ്ധരായി നില്ക്കുവിന്‍.

വൈശമ്പായനൻ പറഞ്ഞു: ആദ്യം ധര്‍മ്മജനോടു ഗുരുപറഞ്ഞു.

അമ്പു തൊടുക്കുക! ഞാന്‍ പറഞ്ഞാല്‍ ഉടനെ ഊക്കോടെ ശരം അയയ്ക്കണം. ഉടനെ വില്ലുമായി പരന്തപനായ യുധിഷ്ഠിരന്‍ ഭാസത്തെ ലക്ഷ്യം വെച്ചു നിന്നു. വില്ലു കുലച്ചു നില്ക്കുന്ന അവനോടു മുഹൂര്‍ത്തം നിന്നതിന് ശേഷം ഗുരു പറഞ്ഞു. "ഹേ, രാജപുത്ര! ഈ മരക്കൊമ്പില്‍ ഭാസത്തെ നോക്കിക്കാണുക!". "നോക്കിക്കാണുന്നുണ്ട്‌. ലക്ഷ്യം കാണുന്നുണ്ട്‌", എന്നു യുധിഷ്ഠിരന്‍ പറഞ്ഞു. വീണ്ടും അല്പസമയം ചെന്നപ്പോള്‍ ദ്രോണൻ പറഞ്ഞു. "ഈ മരത്തേയും എന്നേയും തമ്പിമാരേയും കാണുന്നുണ്ടോ?".  ഉടനെ യുധിഷ്ഠിരന്‍ പറഞ്ഞു: "ഞാന്‍ മരത്തെ കാണുന്നു. അങ്ങയേയും തമ്പികളേയും ഭാസത്തേയും തിരിച്ചു കാണുന്നുണ്ട്‌". ഉടനെ ആചാര്യന്‍ നിന്ദിച്ച്‌ അപ്രീതനായി പിന്‍വാങ്ങി നിന്ന്‌, "നീ മാറിനില്‍ക്കു! നീ ഈ ലക്ഷ്യം എയ്യുവാന്‍ പോരാ", എന്നു പറഞ്ഞു.

പിന്നെ ഗുരു ദുര്യോധനന്‍ മുതലായ ധാര്‍ത്തരാഷ്ട്രന്മാരോടും ക്രമപ്രകാരം ലക്ഷ്യത്തിന്റെ സൂക്ഷ്മം ഗ്രഹിക്കുവാന്‍ ചോദിച്ചു. ഭീമാദികളായ മറ്റു ശിഷ്യരോടും, മറ്റു രാജകുമാരന്മാരോടും ചോദിച്ചു. എല്ലാവരും പറഞ്ഞു എല്ലാം കാണുന്നുണ്ടെന്ന്‌. അങ്ങനെ ഗുരുവിന്റെ നിന്ദയ്ക്ക്‌ എല്ലാവരും പാത്രമായി.

133. ദ്രോണരെ മുതലയില്‍ നിന്നു മോചിപ്പിക്കുന്നത്‌- വൈശമ്പായനൻ പറഞ്ഞു: പിന്നെ ദ്രോണാചാര്യന്‍ സസ്മിതം അര്‍ജ്ജുനനെ വിളിച്ചു പറഞ്ഞു. "അര്‍ജ്ജുനാ, എയ്തു വീഴ്ത്തേണ്ടതായ ലക്ഷ്യം നീ തഞ്ചത്തില്‍ വീഴ്ത്തുക! ഞാന്‍ പറഞ്ഞാല്‍ ഉടനെ അമ്പ്‌ ലക്ഷ്യത്തിന്മേല്‍ എയ്യണം. വില്ലു കുലച്ച്‌ അല്പസമയം നില്ക്കൂ!". ഇതുകേട്ട സവ്യസാചി നല്ലപോലെ വില്ലു വളച്ചു ഭാസത്തിനെ നോക്കി നിന്നു. മുഹൂര്‍ത്തം കഴിഞ്ഞപ്പോള്‍ ദ്രോണൻ മുന്‍മട്ടില്‍ തന്നെ അര്‍ജ്ജുനനോടു ചോദിച്ചു: "ഭാസത്തെ കാണുന്നുണ്ടോ?". "ഭാസം മാത്രം കാണുന്നുണ്ട്‌", എന്ന് ദ്രോണനോട്‌ അര്‍ജ്ജുനന്‍ മറുപടി പറഞ്ഞു. വന്‍മരത്തേയും ഗുരുവിനേയും കാണുന്നില്ലെന്നും പറഞ്ഞു. പിന്നെ സസന്തോഷം അല്പസമയം നിന്നതിന് ശേഷം ആ ദുര്‍ദ്ധര്‍ഷ വീര്യനായ പാണ്ഡവ വീരനോടു ചോദിച്ചു. "ഭാസത്തെ കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ പറയു". "തലമാത്രം കാണുന്നുണ്ട്‌, ഉടല്‍ കാണുന്നില്ല", എന്ന് അവന്‍ മറുപടി പറഞ്ഞു. അര്‍ജ്ജുനന്‍ അപ്രകാരം പറഞ്ഞപ്പോള്‍ ഗുരു കോള്‍മയിര്‍ കൊണ്ടു. "എന്നാൽ എയ്യുക", എന്നു പറഞ്ഞു. ഉടനെ സംശയം കൂടാതെ എയ്തു. അര്‍ജ്ജുനന്‍ ക്ഷുരം കൊണ്ട്‌ ആ മരത്തിലിരിക്കുന്ന കൂരിയാറ്റപ്പക്ഷിയുടെ ശിരസ്സു ശരിക്ക്‌ അറുത്തു വീഴ്ത്തി. ഈ കര്‍മ്മം ചെയ്തതു കണ്ടപ്പോള്‍ ആചാര്യന്‍ സന്തോഷ ഭരിതനായി അര്‍ജ്ജുനനെ അഭിനന്ദിച്ചു തലോടി. കൂട്ടത്തോടെ തന്റെ ശത്രുവായ ദ്രുപദനെ പോരില്‍ ജയിച്ചു എന്നും ദ്രോണൻ വിചാരിച്ചു.

ഒരുദിവസം ഹേ, രാജാവേ, ആംഗിരസോത്തമനായ ഗുരു, ശിഷ്യരോടു കൂടി ഗംഗയില്‍ കുളിക്കുവാന്‍ പോയി. വെള്ളത്തിലിറങ്ങുമ്പോള്‍ ദ്രോണനെ ആ വെള്ളത്തില്‍ ചരിക്കുന്ന കാലചോദിതനായ ഒരു മുതല കാലില്‍ പിടി കൂടി. ഉടനെ അതിനെ വിടുവിക്കുവാന്‍ ഗുരു ശിഷ്യരോട്‌, താന്‍ അതിന്നു ശക്തനാണെങ്കിലും, വിളിച്ചു പറഞ്ഞു: "മുതലയെ കൊന്ന്‌ എന്നെ രക്ഷിക്കണേ", എന്നു സസംഭ്രമം ഗുരു വിളിച്ചു പറഞ്ഞു. ഉടനെ അര്‍ജ്ജുനന്‍ തീക്ഷ്ണമായ ശരങ്ങള്‍ അഞ്ചെണ്ണം ജലത്തില്‍ മുതലയുടെ നേരെ പ്രയോഗിച്ചു. മറ്റുള്ളവരെല്ലാം അമ്പരന്നു നില്ക്കുക മാത്രം ചെയ്തു! അര്‍ജ്ജുനന്റെ ശരങ്ങള്‍ കൊണ്ട്‌ മുതല പെട്ടെന്ന്‌ ദ്രോണന്റെ കാല്‍ വിട്ടു! അതു ചാവുകയും ചെയ്തു. ഇതു കണ്ട്‌ ദ്രോണൻ ചിന്തിച്ചു: ഇവന്‍ ശിഷ്യരില്‍ വെച്ചു ശ്രേഷ്ഠന്‍ തന്നെ. ഗുരു സംപ്രീതനായി. പിന്നെ ദ്രോണൻ സന്തുഷ്ടനായി ആ വീരരോടു പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഹേ മഹാബാഹോ! വിശിഷ്ടവും അതിദുര്‍ധരവുമായ ബ്രഹ്മശിരസ്സെന്ന അസ്ത്രം പ്രയോഗിക്കുവാനും പിന്‍വലിക്കുവാനുമുള്ള മന്ത്രങ്ങളോടു കൂടി നീ വാങ്ങിക്കൊള്ളുക. ആ അസ്ത്രം നീ മനുഷ്യരില്‍ ആരിലും പ്രയോഗിക്കരുത്‌. ഒരിക്കലും ചെയ്തു പോകരുത്‌. അല്പന്മാരില്‍ പ്രയോഗിച്ചാല്‍ മൂന്നു ലോകവും അതു മുടിച്ചു കളയും. ഈ ലോകത്തില്‍ അനന്യ സാധാരണമായി അതു മാത്രമാണുള്ളത്‌. ശുദ്ധിയോടെ അതു സൂക്ഷിച്ചു വെക്കുക. ശ്രദ്ധയോടെ നീ കേള്‍ക്കുക! മനുഷ്യനല്ലാത്ത ശത്രു വന്നു നിന്നെ എതിര്‍ത്താല്‍ അന്നു നീ അവനെ കൊല്ലുവാന്‍ ഈ അസ്ത്രം സംഗരത്തില്‍ എയ്യുക!

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം ആകാമെന്നു പറഞ്ഞ്‌ അര്‍ജ്ജുനന്‍ ആ ദിവ്യാസത്രം ഏറ്റു വാങ്ങി. അനന്തരം ദ്രോണാചാര്യന്‍ അര്‍ജ്ജുനനോട്‌ വീണ്ടും പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഇനി നിന്നോടു തുല്യനായി മറ്റൊരു ധനുര്‍ദ്ധരന്‍ ഉണ്ടാവുകയില്ല! ശത്രുക്കള്‍ക്ക്‌ അജയ്യനായി കീര്‍ത്തിമാനായി ഭവാന്‍ പ്രശോഭിക്കും!

134. അസത്രദര്‍ശനം - അഭ്യാസക്കാഴ്ച - വൈശമ്പായനന്‍ പറഞ്ഞു: മിക്കവാറും ധാര്‍ത്തരാഷ്ട്രരും പാണ്ഡുപുത്രന്മാരും കൃതാസ്ത്രരായി. ഒരു ദിവസം ആ ബാലകന്മാരെ നോക്കി കൃപാചാര്യന്‍. സോമദത്തൻ, അതിബുദ്ധിമാനായ ബാല്‍ഹീകന്‍, ഭീഷ്മന്‍, വ്യാസന്‍, വിദുരന്‍ എന്നീ മഹാശയന്മാരെല്ലാം കൂടിയിരിക്കുന്ന സദസ്സില്‍ വെച്ച്‌ ദ്രോണാചാര്യന്‍ ധൃതരാഷ്ട്രനോട്‌ ഇപ്രകാരം പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഹേ, കൗരവരാജാവേ, ഭവാന്റെ പുത്രന്മാരെല്ലാം വിദ്യാസമ്പന്നരായി. അവര്‍ ഭവാന്റെ കല്പന പ്രകാരം സകല വിദ്യകളും രംഗത്തില്‍ വെച്ചു കാണിച്ചു തരും. ഇതുകേട്ട്‌ സസന്തോഷം ധൃതരാഷ്ട്ര രാജാവു പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, ഭരദ്വാജാ! ഭവാന്‍ എത്രയും മഹത്തായ ഒരു കാര്യമാണ്‌ നിര്‍വ്വഹിച്ചത്‌. ഇനി അവരുടെ വിദ്യ അരങ്ങേറുവാന്‍ പറ്റിയ സമയം, സ്ഥലം, വിധം എന്നിവയൊക്കെ എങ്ങനെ വേണമെന്നുള്ളത്‌ ഭവാന്‍ കല്‍പിച്ചു നിശ്ചയിച്ച്‌ എന്നെ അറിയിച്ചാല്‍ മതി. അതിന് വേണ്ടതൊക്കെ ഞാന്‍ ചെയ്തു തരാം. എനിക്കു സമ്മതമാണ്‌. വേണ്ടതൊക്കെ എന്നോടു ഭവാന്‍ കല്‍പിച്ചാലും. എനിക്കു കണ്ണു കാണുവാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. കണ്ണുള്ളവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്കു കാണാമല്ലോ പുത്രന്മാരുടെ പാടവം. ആചാര്യന്‍ പറയും പോലെ ഹേ വിദുരാ! ഭവാന്‍ എല്ലാം ഒരുക്കുക. ഇതു പോലൊരു സന്തോഷം നമുക്കു വേറെ എന്തുള്ളു.

വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ രാജാവിനോടു കല്പന പോലെയാകാം എന്നു പറഞ്ഞ്‌ ഒരുക്കങ്ങള്‍ക്കു വേണ്ടി പുറപ്പെട്ടു..

ദ്രോണാചാര്യന്‍ രംഗഭൂമി അളന്ന്‌ ക്ലിപ്തപ്പെടുത്തി. സ്ഥലം നിരപ്പാക്കി. വൃക്ഷലതാദികളില്ലാത്ത ഒഴിഞ്ഞ സ്ഥലം. നല്ല നാളും പക്കവും നോക്കി അവിടെ ബലിയും പൂജയും നടത്തി. പിന്നെ വീരസമാജത്തെ അറിയിക്കുവാന്‍ വിളംബരം ചെയ്തു. രംഗഭൂമിക്കു ചുറ്റും ശില്പികള്‍ ഭംഗിയോടെ ശാസ്ത്രപ്രകാരം കാഴ്ചപ്പുരകളുണ്ടാക്കി, മോടി പിടിപ്പിച്ചു. സര്‍വ്വ ആയുധങ്ങളോടും കൂടി രാജാവിനും, അപ്രകാരം സ്ത്രീജനങ്ങള്‍ക്കും ഇരുന്ന്‌ എല്ലാം കാണുവാനുള്ള മഞ്ചങ്ങള്‍ നിര്‍മ്മിച്ചു. നാട്ടുകാര്‍ കൊണ്ടു പിടിച്ച്‌ രംഗത്തെ മോടിപ്പെടുത്തുവാന്‍ ഉത്സാഹിച്ചു. വലിയ വലിയ ശിബികാദികളും തീര്‍പ്പിച്ചു.

നിശ്ചയിക്കപ്പെട്ട ദിവസം വന്നു. രാജാവും മന്ത്രിമുഖ്യന്മാരും ഭീഷ്മനേയും കൃപനേയും മുമ്പില്‍ നടത്തി രംഗഭൂമിയിലെത്തിച്ചേര്‍ന്നു. മുത്തുക്കുടകള്‍ തൂക്കിയതും, വൈഡൂര്യക്കല്ലു വിരിച്ചതും, പൊന്‍താഴികക്കുടം വെച്ചതുമായ കാഴ്ചപ്പുരയില്‍ വന്നു കയറി. ഗാന്ധാരിയും ഭാഗ്യവതിയായ കുന്തിയും അല്ലയോ വീരരത്നമേ, മറ്റു രാജസ്ത്രീകളും ദാസിമാരോടു കൂടി ചമഞ്ഞൊരുങ്ങി സസന്തോഷം മഞ്ചത്തില്‍ കയറി മഹാമേരുവില്‍ കയറുന്ന സുരസുന്ദരിമാരെപ്പോലെ അവര്‍ മഞ്ചത്തില്‍ക്കയറി വിളങ്ങി. ബ്രാഹ്മണക്ഷത്രിയാദികളായ നാലു ജാതിക്കാരും ക്ഷണപ്രകാരം ബാലശിക്ഷാ ബലം കാണുവാന്‍ സസന്തോഷം എത്തിച്ചേര്‍ന്നു. കാഴ്ചക്കാര്‍ ഒന്നിച്ച്‌ ഭംഗിയില്‍ ചേര്‍ന്നു. വാദ്യഘോഷത്തോടും പലതരം കൗതുഹലത്തോടും കൂടിയ പുരുഷാരം ചേര്‍ന്ന ആ രംഗം ക്ഷോഭിച്ച കടല്‍ പോലെ ശോഭിച്ചു.

ഈ സന്ദര്‍ഭത്തില്‍ വെളുത്ത താടിയും തലയുമായി വെള്ളവ സ്ത്രവും ചന്ദനച്ചാര്‍ത്തുമായി വെള്ളപ്പൂണുല്‍ ധരിച്ച ആചാര്യന്‍ തന്റെ പുത്രനുമൊന്നിച്ച്‌ അരങ്ങത്തു കയറി അദ്ധ്യക്ഷപീഠം അലങ്കരിച്ചു. അംബരത്തില്‍ കുജനോടു ചേര്‍ന്ന ശശി എന്ന പോലെ പ്രശോഭിച്ചു. ഒരു ശശിമംഗളയോഗം അവിടെയുണ്ടായി. ബലവാനായ ആചാര്യന്‍ കാലത്തിനൊത്ത ബലിമന്ത്രജ്ഞരായ ബ്രാഹ്മണരെ കൊണ്ട്‌, മംഗളത്തിനായി വേണ്ടതു ചെയ്യിച്ചു.

നാന്ദിമുഖത്തില്‍ പുണ്യാഹ പുണ്യഘോഷം കഴിഞ്ഞതില്‍ പിന്നെ നരപുംഗവന്മാര്‍ പല ശസ്ത്രാസ്ത്രങ്ങളുമേന്തി കടന്നു വന്നു. ചട്ടയും കൈയുറയും കച്ച കെട്ടും ആവനാഴിയുമായി മഹാരഥന്മാരായ ഭരതര്‍ഷഭര്‍ വന്നു ചേര്‍ന്നു. ജ്യേഷ്ഠക്രമത്തില്‍ ധര്‍മ്മാത്മജന്‍ മുതലായ കുമാരന്മാർ കയറിച്ചെന്നു. ആ മഹാരഥന്മാര്‍ അസ്ത്രപ്രയോഗം കാണിച്ചു തുടങ്ങി. കാണികളില്‍ ചിലര്‍ അമ്പേല്ക്കുമെന്നു ഭയപ്പെട്ട്‌ തല പെട്ടെന്നു താഴ്ത്തി. ചിലര്‍ അതൃത്ഭുതാനന്ദത്തോടെ നോക്കി. തങ്ങളുടെ പേരു രേഖപ്പെടുത്തിയ അമ്പുകള്‍ കൊണ്ട്‌ അവര്‍ ലക്ഷ്യങ്ങളെ എയ്തു. ആശ്ചര്യകരമായ ലാഘവത്തോടെ അശ്വങ്ങളില്‍ കയറി ഓടിച്ചു. കൈയില്‍ അമ്പും വില്ലുമായി നിരന്നു നില്ക്കുന്ന രാജകുമാര സംഘത്തെ ഗന്ധര്‍വ്വ നഗരമെന്ന പോലെ കണ്ട്‌ കാണികള്‍ ആനന്ദിച്ചു. പെട്ടെന്ന്‌ ആര്‍പ്പുവിളികള്‍ മുഴങ്ങി. കൂട്ടത്തോടെ ആഹ്ളാദ കോലാഹലങ്ങളുണ്ടായി. വിസ്മയത്താല്‍ കണ്ണുവിടര്‍ത്തി "ഭേഷ്‌! ഭേഷ്‌!" എന്ന ശബ്ദങ്ങള്‍ മുഴക്കി.

ഓരോ വില്ലിന്റേയും മുറകളും, തേരോടിക്കുന്ന ക്രമങ്ങളും, ഗജാശ്വങ്ങളുടെ ഗതിയും, മല്ലയുദ്ധവും അവര്‍ രംഗത്തു പ്രദര്‍ശിപ്പിച്ചു. ഉടനെ വാളും പരിചയും എടുത്ത്‌ ആ അഭ്യാസശാലികള്‍ ഖഡ്ഗാഭ്യാസത്തിലെ നിലയൊക്കെ അവിടെ കാണിച്ചു. ലാഘവം, ഭംഗി, അഴക്‌, സ്വൈര്യം, പിടിത്തത്തിന്റെ ഉറപ്പ്‌ എന്നിവ ഖഡ്ഗചര്‍മ്മ പ്രയോഗത്തില്‍ ഏവര്‍ക്കും കാണുമാറായി. പിന്നെ തമ്മില്‍ കിടമത്സരമുള്ള ദുര്യോധന വൃകോദരന്മാര്‍ ഗദയുമായി, ശൃംഗമുള്ള അദ്രികള്‍ എന്ന പോലെ, രംഗത്തിറങ്ങി അരക്കെട്ടു മുറുക്കി പൗരുഷത്തോടെ അവര്‍ പിടിയാന മൂലം ചീറി നേരിടുന്ന രണ്ടു മത്തഗജങ്ങള്‍ പോലെ പോരാടി. ഇടവും വലവും ചുറ്റും അവര്‍ മണ്ഡലം ചുറ്റി. ധൃതരാഷ്ട്രന് വിദുരനും, ഗാന്ധാരിക്കു സഞ്ജയനും കുമാരന്മാരുടെ ചേഷ്ടിതം, കാണുന്ന ക്രമം പോലെ ഒക്കെ ഉണര്‍ത്തിച്ചു കൊണ്ടിരുന്നു.

135. അസ്ത്രദര്‍ശനം - ഭീമദുര്യോധനന്മാരുടെ ആയുധവിദ്യാപ്രദര്‍ശനം -- വൈശമ്പായനൻ പറഞ്ഞു: ഹേ! ജനമേജയാ! രംഗത്തില്‍ കുരുരാജാവും ഭീമസേനനും തമ്മില്‍ മത്സരിക്കുവാന്‍ തുടങ്ങിയപ്പോള്‍ പക്ഷപാതപ്രിയം മൂലം കാണികള്‍ രണ്ടു പക്ഷമായി തിരിഞ്ഞു. "ഹാ! വീരാ! ദുര്യോധനാ!",  "ഹാ! വീരാ! ഭീമാ! ഭേഷ്‌ ഭേഷ്‌!",  എന്നുള്ള ജനഘോഷം വീണ്ടും വീണ്ടും മുഴങ്ങി. ആര്‍പ്പുംവിളിയും കൊണ്ട്‌ ദിക്കൊക്കെ മുഴങ്ങി. എങ്ങും പ്രക്ഷുബ്ധമായി അലയടിച്ചാർക്കുന്ന സമുദ്രം പോലെ ഇളകിമറിഞ്ഞാര്‍ക്കുന്ന ജനൗഘത്തെ കണ്ട്‌ ആചാര്യന്‍ അശ്വത്ഥാമാവിനോടു പറഞ്ഞു.

ദ്രോണൻ പറഞ്ഞു: അശ്വത്ഥാമാവേ! പയറ്റു നിര്‍ത്തുവാന്‍ പറയു! മഹാവീര്യന്മാരായ രണ്ടു പേരെയും തടുക്കുക! ഭീമദുര്യോധനന്മാര്‍ ഹേതുവായി രംഗപ്രകോപമുണ്ടാകരുത്‌.

വൈശമ്പായനൻ പറഞ്ഞു: ഉടനെ ഓടിച്ചെന്നു ഗുരുപുത്രന്‍ അവരെ തടഞ്ഞ്‌ കോളിളക്കുന്ന സമുദ്രത്തെ കരയെന്ന പോലെ നിറുത്തി! രംഗം ശാന്തമായി! പിന്നെ രംഗാങ്കണത്തില്‍ ഇറങ്ങി നിന്നു ദ്രോണാചാരൃന്‍ കൈ ഉയര്‍ത്തി വിലക്കി. ഉടനെ വാദ്യഘോഷം നിന്നു. ആചാര്യന്‍ മേഘനി ര്‍ഘോഷം പോലെ പറഞ്ഞു.

ദ്രോണൻ പറഞ്ഞു; മഹാജനങ്ങളേ! എനിക്ക്‌ എന്റെ പുത്രനേക്കാള്‍ ഇഷ്ടനും, സര്‍വ്വാസ്ത്ര പണ്ഡിതനും, ജിഷ്ണുപുത്രനും, വിഷ്ണുതുല്യനുമായ ജിഷ്ണു ഇതാ രംഗപ്രവേശനം ചെയ്യുന്നു. നിങ്ങള്‍ കാണുവിന്‍

വൈശമ്പായനൻ പറഞ്ഞു: ആചാര്യന്റെ കല്പന പ്രകാരം ഉടനെ കൃതമംഗളനായ ഒരു യുവാവ്‌ കൈയുറയിട്ട്‌ വില്ലും തൂണിയുമേന്തി പൊന്‍ചട്ടയിട്ട്‌ രംഗത്തു പ്രവേശിച്ചു. സൂര്യേന്ദ്രായുധ വിദ്യുത്തോടു കൂടിയ സന്ധ്യാംബുദോപമനായ അര്‍ജ്ജുനന്‍ അരങ്ങത്തു വന്നപ്പോള്‍ എല്ലാവര്‍ക്കും ഹര്‍ഷവും ഉത്സാഹവുമുണ്ടായി. ഉടനെ വാദ്യഘോഷം മുഴങ്ങി. മംഗള ശംഖ ധ്വനി മുഴങ്ങി.

ഇതാ, കുന്തീപുത്രന്‍! ഇതാ, മദ്ധ്യമപാണ്ഡവന്‍! ഇതാ, ഇന്ദ്രപുത്രന്‍! ഇതാ, കൗരവ പാലകന്‍! ഇതാ അസ്ത്രജ്ഞരില്‍ ശ്രേഷ്ഠന്‍! ഇതാ ധാര്‍മ്മിക മുഖ്യന്‍! ഇതാ ശീലവാന്മാരില്‍ ഉത്തമന്‍! എന്നുള്ള പ്രശംസാവാക്യങ്ങള്‍ കാഴ്ചക്കാരില്‍ നിന്നു മുഴങ്ങി.

കുന്തി ഇതുകേട്ട്‌ ആനന്ദ പുളകിതയായി. അവളുടെ മുലകള്‍ ചുരന്നു! കണ്ണുനീരു കൊണ്ട്‌ മാറിടം നനഞ്ഞു. ഈ ഘോഷം ചെവിയില്‍ ചെന്നലച്ചപ്പോള്‍ ധൃതരാഷ്ട്രന്‍ വിദുരനോട്‌ സസന്തോഷം ചോദിച്ചു;

ധൃതരാഷ്ട്രന്‍ പറഞ്ഞു: ക്ഷത്താവേ, എന്താണ്‌ ഈ ഘോഷം? കടല്‍ ഇരമ്പുന്ന പോലെയും, ഇടിവെട്ടുന്ന പോലെയും കേള്‍ക്കുന്നുവല്ലോ! ആകാശം പിളരും വിധം രംഗത്തു നിന്നു കേള്‍ക്കുന്ന ഈ ഇരമ്പം എന്താണ്‌? രംഗത്തില്‍ എന്തു സംഭവിച്ചു?

വിദുരന്‍ പറഞ്ഞു; മഹാരാജാവേ, കേള്‍ക്കുക, ഫല്‍ഗുനന്‍ രംഗത്തു വന്നപ്പോഴുള്ള അത്ഭുത കോലാഹലമാണത്‌.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ക്ഷത്താവേ, ഞാന്‍ ധന്യനായി. ഞാന്‍ ഭാഗ്യവാനായി. എനിക്കു രക്ഷ കിട്ടി. കുന്തിയാകുന്ന അരണിയില്‍ നിന്നുണ്ടായ പാണ്ഡവാഗ്നിത്രയത്താല്‍ ഞാന്‍ ഭാഗ്യവാനും ധന്യനുമായി.

വൈശമ്പായനൻ പറഞ്ഞു: ആ രംഗം സന്തോഷത്തോടെ അല്പം ഒന്ന്‌ അടങ്ങിയപ്പോള്‍ അര്‍ജ്ജുനന്‍ തന്റെ അസ്ത്രലാഘവം ആചാര്യന് കാണിച്ചു കൊടുത്തു. ആഗ്നേയാസത്രത്താല്‍ അഗ്നിയുണ്ടാക്കി, വാരുണത്താല്‍ മഴയുണ്ടാക്കി, വായവൃത്താല്‍ കാറ്റുണ്ടാക്കി, പാര്‍ജ്ജന്യത്താല്‍ മേഘങ്ങളുണ്ടാക്കി, ഭൗമത്താല്‍ ഭൂമിക്കുള്ളില്‍പ്പോയി, പാര്‍വ്വതാല്‍ അദ്രികള്‍ കാട്ടി, അന്തര്‍ദ്ധാനാസ്ത്രത്താല്‍ താനേ മറഞ്ഞു. ഒരു ക്ഷണം കൊണ്ട്‌ ദീര്‍ഘകായനും അടുത്ത ക്ഷണം കൊണ്ടു കുറിയവനുമായി. തേര്‍ നുകത്തിലും തേര്‍ത്തടത്തിലും ഒരേ നിമിഷത്തില്‍ കാണപ്പെട്ടു. അപ്പോള്‍ തന്നെ നിലത്തും കാണപ്പെട്ടു. ഒരേ സമയത്ത്‌ അര്‍ജ്ജുനന്‍ എല്ലായിടത്തും കാണപ്പെട്ടു. നിമിഷം കൊണ്ട്‌ അണുവായി; ഉടനെ ഗുരുവായി. മൃദു, സൂക്ഷ്മം, കടു, ഗുരു ഇതൊക്കെ ആ ഗുരുപ്രിയന്‍ സൗഷ്ഠവത്തോടെ പല ശരങ്ങള്‍ കൊണ്ട്‌ എയ്തു മുറിച്ചു. ചുറ്റിക്കറങ്ങുന്ന ലോഹ വരാഹത്തിന്റെ വായില്‍ ഒപ്പം അഞ്ചു ശരങ്ങളെ തടയാതെ അഞ്ചും ഒന്നെന്ന പോലെ എയ്തു. കയറില്‍ കെട്ടിത്തൂക്കി ആടുന്ന കാളക്കൊമ്പിന്റെ അകത്ത്‌ ഇരുപത്തൊന്നു ശരങ്ങള്‍ ആ വീരന്‍ എയ്തു തറച്ചു. ഇപ്രകാരം ചാപത്താലും, വാളു കൊണ്ടും ഗദയാലും കാട്ടി. പല മണ്ഡലഭേദങ്ങളും കാട്ടി. ഇത്തരം പല പ്രയോഗങ്ങളും ഇണക്കത്തോടെ കാട്ടി ജനങ്ങളുടെ അത്ഭുതം ഉയര്‍ത്തി! മിക്കതും തീര്‍ന്നപ്പോള്‍ സമാജം അടങ്ങി. എല്ലാം മന്ദീഭവിച്ചപ്പോള്‍ വാദൃഘോഷങ്ങളും അടങ്ങി.

ഈ സന്ദര്‍ഭത്തില്‍ സഭാ മണ്ഡപത്തിന്റെ പടിക്കല്‍ നിന്നു പടുമാഹാത്മ്യ സൂചകമായ ഹസ്തഘോഷം കേട്ടു. ഇടി വെട്ടുകയാണോ? കുന്നു പിളരുകയാണോ? ഭൂമി പിളരുകയാണോ? ആകാശത്തു ജലം നിറഞ്ഞ മേഘങ്ങള്‍ നിറയുകയാണ്‌. അരങ്ങത്തുള്ളവര്‍ക്കെക്കെ സംശയമായി. എല്ലാവരും ആ രംഗത്തിന്റെ പടിക്കലേക്കു നോക്കി. അവര്‍ അപ്പോള്‍ കണ്ട കാഴ്ച അത്ഭുതമായിരുന്നു. അഞ്ചു പാണ്ഡവന്മാരോടു കൂടി ഗുരു ശോഭിക്കുന്നു. അഞ്ചു നക്ഷത്രങ്ങളോടു കൂടി ശോഭിക്കുന്ന ചന്ദ്രനെപ്പോലെ അപ്രകാരം തന്നെ അശ്വത്ഥാമാവിനോടു കൂടി നൂറു പേരും ദുര്യോധനന്റെ ചുറ്റും ഒത്തു വിളങ്ങുന്നു. കൈയിലേന്തുന്ന ഗദയോടും ആയുധം ധരിച്ച നൂറ്‌ അനുജന്മാരോടും സുരാരിയുടെ നാശത്തില്‍ സുരന്മാരോടു കൂടിയ പുരന്ദരനെപ്പോലെ സുയോധനന്‍ പ്രശോഭിക്കുന്നു.

136. കര്‍ണ്ണാഭിഷേകം - വൈശമ്പായനൻ പറഞ്ഞു; എന്തോ മാഹാത്മ്യം കണ്ടതു പോലെയുള്ള ആ മഹാഘോഷങ്ങള്‍ കേട്ടു കാണികള്‍ എല്ലാവരും മണ്ഡപ ദ്വാരത്തിലേക്കു നോക്കി. ഏതു മഹാപുരുഷന്റെ എഴുന്നള്ളത്താണ്‌ ഇതെന്ന്‌ എല്ലാവരും അത്ഭുതപ്പെട്ടു. ദ്രോണാചാരൃനും ശിഷ്യന്മാരായ പാണ്ഡവ ധാര്‍ത്തരാഷ്ട്രന്മാരും അങ്ങോട്ടു നോക്കി. ആള്‍ക്കാര്‍ അത്ഭുതോല്‍ഫുല്ലനേത്രരായി വഴി ഒഴിച്ചു കൊടുത്തു. ആ വഴിക്കുണ്ട് ഒരു സൂര്യോജ്ജല തേജസ്വിയുണ്ട്‌ കയറി വരുന്നു!

ജന്മസിദ്ധമായ ഉജ്ജ്വല കവചം ധരിച്ച്‌, കര്‍ണ്ണ ഭൂഷണങ്ങളണിഞ്ഞ്‌, വില്ലും വാളും ധരിച്ച്‌ കാല്‍നടയായി അദ്രിസന്നിഭനായ ഒരു യുവാവ്‌ നിശ്ശങ്കം ഘനമായി നടന്നെത്തുന്നു! ആരാണ്‌ ഈ മഹാതേജസ്വി! കുന്തിയുടെ കാനീനനായ കര്‍ണ്ണന്‍! മാനിയും ദീര്‍ഘവിലോചനനും തീക്ഷ്ണാംശുവുമായ സൂര്യന്റെ പുത്രന്‍ കര്‍ണ്ണന്‍! സിംഹര്‍ഷഭ ദ്വിജേന്ദ്രാഭനും ബലവീര്യ പരാക്രമനുമായ കര്‍ണ്ണന്‍! ദീപ്തി, കാന്തി, ദ്യുതി എന്നിവ കൊണ്ട്‌ അര്‍ക്കനോടും ചന്ദ്രനോടും അഗ്നിയോടും തുല്യന്‍! ഹേമതാലം പോലെ ഉന്നതന്‍! സിംഹകായന്‍! അസംഖ്യം ഗുണങ്ങളോടു കൂടി യ ശ്രീമാനായ സൂര്യപുത്രൻ.

ആ മഹാബാഹു കടന്നു വന്ന്‌ ആ വീരമണ്ഡലത്തെ ഒട്ടാകെ ഒന്ന്‌ അവലോകനം ചെയ്തു. വലിയ അത്യാദരം കാണിക്കാതെ ദ്രോണകൃപന്മാരുടെ നേരെ അധികം വളയാതെ, ഒന്നു കൈകൂപ്പി.

ആ സാമാജികന്മാരെല്ലാം അത്ഭുതസ്ഥിര നേത്രന്മാരായി ഇതാരാണ്‌ എന്നു ക്ഷോഭത്തോടും കൗതുകത്തോടും കൂടി നോക്കി നിന്നു! വാഗ്മിയായ ആ യുവാവ്‌ മേഘനിര്‍ഘോഷം പോലെ ഗംഭീരസ്വരത്തില്‍, തന്റെ അറിയാത്ത അനുജനായ അര്‍ജ്ജുനനോടു പറഞ്ഞു.

കര്‍ണ്ണന്‍ പറഞ്ഞു: ഹേ പാര്‍ത്ഥാ, നീ ചെയ്ത വിദ്യകളൊക്കെ കുറേ കൂടി മെച്ചമായ വിധം, ഈ കാണികളുടെയെല്ലാം മുമ്പില്‍ വെച്ചു ഞാന്‍ കാണിക്കാം. നീ അത്ര ഞെളിയേണ്ട!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം അവന്‍ പറഞ്ഞു നിര്‍ത്തുന്നതിന് മുമ്പു തന്നെ മഹാജനം യന്ത്രത്താല്‍ പൊക്കിയ മാതിരി പെട്ടെന്ന്‌ എഴുന്നേറ്റു! ദുര്യോധനന് പെട്ടെന്ന്‌ സന്തോഷം ഉദിച്ചു. ഹ്രീയും ക്രോധവും അപ്രകാരം അര്‍ജ്ജുനനും ഉദിച്ചു.

ദ്രോണാചാര്യന്റെ അനുമതിയോടു കൂടി രണപ്രിയനായ കര്‍ണ്ണന്‍, അര്‍ജ്ജുനന്‍ ചെയ്ത കര്‍മ്മങ്ങളെല്ലാം അവിടെ കാണിച്ചു. അഭ്യാസ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ ഉടനെ ദുര്യോധനന്‍ നൂറു സഹോദരന്മാരോടു കൂടെ ഓടിച്ചെന്നു കര്‍ണ്ണനെ അഭിനന്ദിച്ച്‌ ഹസ്തദാനം ചെയ്ത ശേഷം സസ്നേഹം ആലിംഗനം ചെയ്തു തലോടി ഇപ്രകാരം നന്ദിപൂര്‍വ്വം പറഞ്ഞു.

ദുര്യോധനന്‍ പറഞ്ഞു. ഹേ മഹാഭാഗാ! ഭവാനു സ്വാഗതം! നീ ഈ സന്ദര്‍ഭത്തിലെത്തിയത്‌ എന്റെ ഭാഗ്യം! ഹേ, മാനദാ! ഞാനും ഈ കുരുരാജ്യവും നിന്റെ ഇഷ്ടം പോലെ ഉപയോജ്യമാണ്‌; നിനക്കധീനമാണ്‌!

കര്‍ണ്ണന്‍ പറഞ്ഞു; അങ്ങ്‌ ഉപചാരങ്ങളെല്ലാം ചെയ്തു എന്ന് ഞാന്‍ വിചാരിക്കുന്നു. ഭവാന്‍ എന്റെ സഖിയാകുക. വിഭോ, ഞാന്‍ പാര്‍ത്ഥനോടു ദ്വന്ദ്വയുദ്ധത്തിന് കാംക്ഷിക്കുന്നു!

ദുര്യോധനന്‍ പറഞ്ഞു: ഭവാന്‍ എന്നോടൊപ്പം സകലസുഖങ്ങളും അനുഭവിക്കുക! സുഹൃത്തിന് പ്രിയം ചെയ്യുന്നവനാകുക! ശത്രുക്കളുടെ ശിരസ്സില്‍ ഹേ, വീരാ! നീ കാല്‍ വെക്കുക!

വൈശമ്പായനൻ പറഞ്ഞു: തന്നെ നിന്ദിക്കുന്ന വിധം പറഞ്ഞ വാക്കുകള്‍ കേട്ട്, ഭ്രാതൃ മദ്ധ്യത്തില്‍ ദൃഢചിത്തനായി, അദ്രിതുല്യം നില്ക്കുന്ന കര്‍ണ്ണനോട്‌ അര്‍ജ്ജുനന്‍ ഉടനെ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഹേ, കര്‍ണ്ണാ! വിളിക്കാതെ ചെല്ലുന്നവര്‍ക്കും ചോദിക്കാതെ കയറി പറയുന്നവര്‍ക്കുമുള്ള ലോകങ്ങളിലേക്ക്‌ മടങ്ങി വരാത്ത വിധം ഞാന്‍ നിന്നെ അയയ്ക്കുന്നുണ്ട്‌!

കര്‍ണ്ണന്‍ പറഞ്ഞു: ഈ രംഗം എല്ലാവര്‍ക്കും സമമാണ്‌. ഹേ, ഫല്‍ഗുനാ! നിനക്കു പ്രത്യേകതയെന്തുണ്ട്‌ ഇവിടെ? ക്ഷത്രിയന്മാര്‍ വീര്യ ശ്രേഷ്ഠന്മാരാണ്‌. ധര്‍മ്മം വീര്യാനുവര്‍ത്തിയുമാണ്‌. കഴിവില്ലാത്തവന്‍ നിന്ദോക്തി പ്രസംഗിക്കും. അവര്‍ക്ക്‌ അതാണ്‌ ഒരാശ്വാസം. കഴിവുള്ളവന്‍ പ്രവര്‍ത്തിക്കും!, കഴിവില്ലാത്തവന്‍ പ്രസംഗിക്കും. എന്തിനീ വമ്പുകള്‍ പറയുന്നു? അമ്പുകൊണ്ടാകാം സംസാരം. ഗുരുവിന്റെ കണ്‍മുമ്പില്‍ വച്ച്‌ ഞാന്‍ നിന്റെ ശിരസ്സു ശരം കൊണ്ടു ഖണ്ഡിക്കാം.

വൈശമ്പായനൻ പറഞ്ഞു: പിന്നെ ദ്രോണന്റെ അനുമതിയോടെ ശത്രുഹന്താവായ അര്‍ജ്ജുനന്‍ ഭ്രാതാക്കന്മാര്‍ സസ്നേഹം തഴുകവേ പോരിന് സന്നദ്ധനായി മുന്നോട്ടു ചെന്നു. ദുര്യോധനനും സഹോദരന്മാരും തഴുകി വിട്ട കര്‍ണ്ണനും നല്ല പോലെ വില്ലും അമ്പുമായി രംഗത്തിറങ്ങി. ഉടനെ ഇന്ദ്രധനുസ്സോടും ഇടിമിന്നലോടും കൂടി വെള്ളില്‍പ്പക്ഷിപ്പടയോടു കൂടിയ കാര്‍മേഘ പടലം അംബരത്തില്‍ അശുഭ സൂചകമായി ഉയര്‍ന്നു പരന്നു. ഇന്ദ്രന്‍ ഇഷ്ടത്തോടു കൂടി മറവില്‍ നിന്ന്‌ ആ രംഗം നോക്കുന്നതു കണ്ടു. അപ്പോള്‍ പെട്ടെന്ന്‌ അര്‍ക്കന്‍ സമീപത്തുള്ള കാര്‍നിര അറുത്തുമാറ്റി. മേഘത്തിന്റെ ഛായയില്‍, ഇരുണ്ട നിഴല്‍പ്പാടില്‍, ഇന്ദ്രപുത്രന്‍ നില്ക്കുമ്പോള്‍ സൂര്യന്റെ പ്രഭാപൂരത്തില്‍ സൂര്യപുത്രന്‍ നിന്നു പ്രശോഭിച്ചു. കര്‍ണ്ണന്‍ നില്ക്കുന്ന ഭാഗത്ത്‌ ദുര്യോധനാദികള്‍ നിന്നു. ദ്രോണനും കൃപനും ഭീഷ്മനും പാര്‍ത്ഥന്റെ ഭാഗത്തും നിന്നു. രംഗം രണ്ടു ഭാഗമായി. സ്ത്രീകളുടെ ഇടയിലും പക്ഷപാതമുണ്ടായി. ഈ കാഴ്ച കണ്ട്‌, പരസ്പരം പോരാടുവാന്‍ നില്ക്കുന്ന മക്കളെ കണ്ട്‌, കുന്തി മോഹാലസ്യപ്പെട്ടു വീണു! അവള്‍ മോഹത്തിലാണ്ടു പോയപ്പോള്‍ പ്രപഞ്ച രഹസ്യങ്ങളെല്ലാമറിയുന്ന വിദുരന്‍ ഗംഗാജലം തളിച്ച്‌ അവളെ ആശ്വസിപ്പിച്ചു. ദാസിമാര്‍ അവളെ ചന്ദനച്ചാര്‍ തളിച്ചു ശുശ്രൂഷിച്ചു. ബോധംവീണ്‌ എഴുന്നേറ്റപ്പോള്‍ അവള്‍, യുദ്ധസന്നദ്ധരായി പല്ലിറുമ്മി നില്ക്കുന്ന രണ്ടു മക്കളേയും നോക്കി കണ്ട്‌ കഠിനമായി ദുഃഖിക്കുകയും സംഭ്രമിക്കുകയും ചെയ്തു.

അവര്‍ രണ്ടുപേരും വില്ലും ശരവുമായി നില്ക്കുന്നു. ഈസന്ദര്‍ഭത്തില്‍ ശാരദ്വതനായ കൃപന്‍ മുന്നോട്ടു വന്നു. അദ്ദേഹം ദ്വന്ദ്വയുദ്ധ മര്യാദകള്‍ മാത്രമല്ല, ലോകാചാരങ്ങളൊക്കെ അറിയുന്ന ധര്‍മ്മവിത്തമനാണ്‌.

കൃപന്‍ പറഞ്ഞു: ദ്വന്ദ്വയുദ്ധമര്യാദകള്‍ ഹേ, മഹാജനങ്ങളേ, രാജാക്കന്മാരേ, നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. ഇവന്‍ കുന്തിയുടെ ഒടുവിലത്തെ സന്താനമായ, പാണ്ഡുനന്ദനനായ അര്‍ജ്ജുനനാണ്‌. കൗരവനായ ഈ അര്‍ജ്ജുനന്‍ ഭവാനുമായി ദ്വന്ദ്വയുദ്ധത്തില്‍ പൊരുതും. ഈ പറഞ്ഞ വിധം നീയും നിന്റെ അച്ഛന്‍, അമ്മ, കുലം എന്നിവ വ്യക്തമായി പറയുക. ഭവാന്‍ ഏതു രാജാവിന്റെ കുലത്തിലാണു പിറന്നത്‌? ഭവാന്റെ അമ്മ ആരാണ്‌? അച്ഛനാരാണ്‌? ഇതെല്ലാം പറയുക. നിന്നെ സംബന്ധിക്കുന്ന വിവരങ്ങള്‍ എല്ലാം പാര്‍ത്ഥന്‍ അറിഞ്ഞതിന് ശേഷം നിന്നോടു പോരിന് നേരിട്ടുവെന്നും നേരിട്ടില്ലെന്നും വരാം. രാജപുത്രന്മാര്‍ ഒരിക്കലും സാധാരണക്കാരുമായി പൊരുതുന്നതല്ല.

വൈശമ്പായനൻ പറഞ്ഞു; കൃപാചാര്യന്റെ വാക്കു കേട്ട്‌ കര്‍ണ്ണന്റെ മുഖം ലജ്ജയാല്‍ കുനിഞ്ഞു പോയി. മഴ കൊണ്ടു നനഞ്ഞു ചാഞ്ഞ പത്മം പോലെ അവന്റെ മുഖംതാണു.

ദുര്യോധനന്‍ ചൊടിച്ചു പറഞ്ഞു: ഹേ, ആചാര്യാ! ശാസ്ത്ര നിശ്ചയത്തില്‍ മൂന്നു വിധത്തിലാണ്‌ രാജാക്കന്മാരുടെ ഉത്ഭവം. നല്ല രാജകുലത്തില്‍ ജനിച്ചവനും, മഹാശൂരനും, വളരെ സൈന്യമുള്ളവനും - ഇവരാണ്‌ ആ മൂന്നു തരം രാജാക്കള്‍. രാജാവിനോടൊഴികെ മറ്റാരോടും പാര്‍ത്ഥന്‍ നേരിടുകയില്ലേ ഇല്ലെങ്കില്‍ അതിനും മാര്‍ഗ്ഗമുണ്ട്‌. ഇവിടെ വച്ചു തന്നെ ഞാന്‍ അവനെ രാജാവാക്കിക്കളയാം! താമസമില്ല! കര്‍ണ്ണനെ അംഗരാജാവായി ഞാന്‍ ഇതാ, അഭിഷേകം ചെയ്തു.

വൈശമ്പായനൻ പറഞ്ഞു: ഉടനെ കര്‍ണ്ണനെ ഒരു സ്വര്‍ണ്ണ പീഠത്തില്‍ ഇരുത്തി ആ മഹാത്മാക്കളുടെ മുമ്പില്‍ വെച്ചു തന്നെ രാജാവായി വാഴിച്ചു. ലാജപുഷ്പങ്ങള്‍ ചേര്‍ന്ന പുണ്യജലം സ്വര്‍ണ്ണ കുംഭങ്ങളിലെടുത്ത്‌ വൈദിക ബ്രാഹ്മണരെക്കൊണ്ടു പൂജ ചെയ്യിച്ച്‌ യഥാവിധി അംഗരാജ്യത്തിന്റെ അധിപനായി ദുര്യോധനന്‍ ശ്രീമാനായ കര്‍ണ്ണനെ അഭിഷേകം ചെയ്യിച്ചു. കിരീടമണിയിച്ച്‌ കുട, വെണ്‍ചാമരം എന്നീ രാജചിഹ്നങ്ങള്‍ ശംഖപടഹ ഘോഷങ്ങളോടെ പിടിപ്പിച്ചു. ദുര്യോധനന്‍ കൃപന്റെ നേരെ നോക്കി. ധീമാനായ കര്‍ണ്ണന്‍ കൃതജ്ഞതാ പൂര്‍വ്വം ദുര്യോധനനോടു ചോദിച്ചു.

കര്‍ണ്ണന്‍ പറഞ്ഞു; ശ്രേഷ്ഠനായ രാജാവേ, ഈ രാജ്യദാനത്തിന് ഒത്തവിധം എന്താണു ഞാന്‍ ഭവാനു നല്കേണ്ടത്‌? ഹേ, രാജവ്യാഘാ! പറഞ്ഞാലും! നിർവ്യാജം ഞാന്‍ അതു ചെയ്യുന്നതാണ്‌.

ദുര്യോധനന്‍ പറഞ്ഞു: ദൃഢമായ സഖ്യം മാത്രം ഞാന്‍ ഇച്ഛിക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: മഹാമനസ്കനായ ദുര്യോധനന്റെ വാക്കുകേട്ട്‌, അങ്ങനെയാകട്ടെ! എന്നു കര്‍ണ്ണന്‍ മറുപടി പറഞ്ഞു. അവര്‍ പരസ്പരം അതിരറ്റ സന്തോഷത്തോടെ മുറുകെ കെട്ടിപ്പിടിച്ച്‌ ആനന്ദത്തില്‍ മുഴുകി.

137. അസ്ത്രദര്‍ശനം - ദുര്യോധനോക്തി - വൈശമ്പായനന്‍ പറഞ്ഞു: ഈ സന്ദര്‍ഭത്തില്‍ മേല്‍മുണ്ട്‌ അഴിഞ്ഞു കിഴിഞ്ഞ്‌, ദേഹം വിയര്‍ത്തൊലിച്ച്‌, വിറച്ച്‌, മുളവടി കുത്തിപ്പിടിച്ച്‌, കിതച്ച്‌, വാര്‍ദ്ധക്യ വിരൂപനായ ഒരു കിഴവനുണ്ട്‌ രംഗത്തേക്കു വരുന്നു. അവനെ കണ്ട ഉടനെ വില്ലു താഴെ വെച്ച്‌ പിതൃ ബഹുമാന വിധേയനായി, വിനയത്തോടെ അടുത്തു ചെന്ന്‌  അഭിഷേകാര്‍ദ്രമായ ശിരസ്സു കുനിച്ചു കൈകൂപ്പിക്കൊണ്ട്‌ കര്‍ണ്ണന്‍ ഭക്തിയോടെ നിന്നു. അഴിഞ്ഞു ഞാന്ന വസത്രം കൊണ്ടു കാല്‍ തടവുന്ന ആ വൃദ്ധന്‍ പുത്രാ! എന്നു വ്യക്തമായി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പറഞ്ഞു കര്‍ണ്ണനെ തഴുകി. സ്നേഹപരവശനായ ആ സാരഥി, അംഗരാജ്യാഭിഷേകാര്‍ദ്രമായ തന്റെ മകന്റെ ശിരസ്സു ചുംബിച്ച്‌ ആനന്ദ ബാഷ്പത്തില്‍ ഒന്നു കൂടി മുക്കി. ഇതു കണ്ടു നിന്ന പാണ്ഡവന്മാര്‍ ഇവന്‍ സൂതപുത്രനാണെന്നറിഞ്ഞു. ഭീമസേനന്‍ ചിരിച്ചു കൊണ്ട്‌ ഇപ്രകാരം പറഞ്ഞു.

ഭീമന്‍ പറഞ്ഞു: എടോ സൂതപുത്രാ! നീ പാര്‍ത്ഥന്റെ കൈയൂക്കു കൊണ്ടു പോരില്‍ ചാകരുത്‌! നീ നിന്റെ കുലത്തിന് യോജിച്ച ചമ്മട്ടി കൈയിലെടുത്തു കൊള്ളൂ! നരാധമാ! അംഗരാജ്യം വാഴുവാന്‍ പോകുന്നതു നീയാണോ? കൊള്ളാം! ശ്വാവ്‌ അധ്വരാഗ്നിക്കരികെ ഇരിക്കുന്ന പുരോഡാശം (ഹോമാന്നം) അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നു!

വൈശമ്പായനൻ പറഞ്ഞു: ഭീമന്റെ ഈ പരിഹാസം കേട്ടപ്പോള്‍ കര്‍ണ്ണന്‍ മറുപടി ഒന്നും പറഞ്ഞില്ല! സഹിക്കവയ്യാത്ത അവമാനത്താലും അമര്‍ഷത്താലും അവന്റെ മൃദുവായ ചുണ്ടുകള്‍ വിറച്ചു. നെടുവീർപ്പിട്ട്‌, ആകാശത്തില്‍ പടിഞ്ഞാറ്‌ ശോഭിക്കുന്ന അര്‍ക്കന് നേരെ നോക്കി.

ഉടനെ ദുര്യോധനന്‍ ഭ്രാതാക്കളാകുന്ന പത്മവനത്തില്‍ നിന്നു ചാടുന്ന മദോത്കടനായ ഗജേന്ദ്രന്‍ എന്ന പോലെ കോപത്തോടെ മുന്നോട്ടു ചാടി, ഭീമകര്‍മ്മാവായി നില്ക്കുന്ന ഭീമനോടു ഗര്‍ജ്ജിച്ചു.

ദുര്യോധനന്‍ പറഞ്ഞു: എടോ വൃകോദരാ! ഇത്തരം വാക്കുകള്‍ നിനക്കു ചേര്‍ന്നതല്ല. ക്ഷത്രിയര്‍ക്കു മേന്മയാണു ബലം. യുദ്ധമാണു പ്രവൃത്തി. ശൂരന്മാരുടേയും നദികളുടേയും ഉത്ഭവ രഹസ്യം ആരും അന്വേഷിക്കാറില്ല. അതു ദുര്‍വിഭാവൃമാണ്‌. വിശ്വം വ്യാപിക്കുന്ന അഗ്നി വെള്ളത്തില്‍ നിന്നാണുണ്ടാകുന്നത്‌. ദധീചി മുനിയുടെ അസ്ഥി കൊണ്ടുണ്ടാക്കിയതാണ്‌ ദാനവന്മാരെ സംഹരിക്കുന്ന ഇന്ദ്രന്റെ സാക്ഷാല്‍ വജ്രം. കാര്‍ത്തികേയന്‍ ആരുടെ പുത്രനാണെന്നറിയുമോ? ചിലര്‍ പറയുന്നു ശിവപുത്രനാണെന്ന്‌. അമ്മ കൃത്തികമാരോ ഗംഗയോ ആരാണെന്നു കൂടി അറിയുന്നില്ല. ക്ഷത്രിയോത്ഭവരായ വിശ്വാമിത്ര പ്രഭൃതികള്‍ ബ്രാഹ്മണ്യം പിന്നീടു നേടിയില്ലേ? ശസ്ത്രജേഞാത്തമനായ ആചാര്യന്‍ തന്നെ കുടത്തില്‍ നിന്നുത്ഭവിച്ചവനല്ലേ? പിന്നെ ഈ നില്ക്കുന്ന കൃപന്‍ എവിടെ നിന്നുണ്ടായി? ശരസ്തംബത്തില്‍ ( പുല്‍ത്തണ്ടില്‍ ) നിന്നല്ലേ? നിങ്ങളുടെ ഒക്കെ ഉത്ഭവവും എങ്ങനെയാണെന്ന്‌ എനിക്കറിയാം. കര്‍ണ്ണനെപ്പറ്റി അധിക്ഷേപിക്കുവാന്‍ എന്തുണ്ട്‌? ജനിക്കുമ്പോള്‍ തന്നെ ശോഭിക്കുന്ന കുണ്ഡലങ്ങളും കവചവും ചേര്‍ന്ന്‌, മഹാപുരുഷന് ചേര്‍ന്ന സര്‍വ്വലക്ഷണങ്ങളും തികഞ്ഞ, ആദിത്യസന്നിഭനായ, ഈ നരവ്യാഘ്രന്‍ ഒരിക്കലും സാധാരണക്കാരന്റെ പുത്രനല്ല, തീര്‍ച്ച. പുലിയെ മാന്‍പേട പ്രസവിക്കുകയില്ല! ഈ മഹാന്‍ അംഗരാജൃത്തിന് മാത്രമല്ല, ഭൂമി മുഴുവന്‍ ഭരിക്കുവാന്‍ പോന്നവനാണ്‌! ഈമഹാന്റെ ആജ്ഞാനുവര്‍ത്തിയായ ഞാനും എന്റെ ഈ കൈയൂക്കും ഇരിക്കുമ്പോള്‍ ആര്‍ക്കു ഞാന്‍ ചെയ്ത കര്‍മ്മം ബോധിക്കുന്നില്ലയോ, അവന്‍ തേരില്‍ക്കയറി വില്ലു കുലച്ച്‌ എന്നോടു യുദ്ധത്തിന്നു വരട്ടെ!

വൈശമ്പായനൻ പറഞ്ഞു: ദുര്യോധനന്റെ വാക്കു കേട്ടപ്പോള്‍, "ഭേഷ്‌! ഭേഷ്‌!", എന്നുള്ള ശബ്ദം രംഗഭൂമിയില്‍ സകല ദിക്കില്‍ നിന്നും ഉയര്‍ന്നു. സർവ്വത്ര സാധുവാദത്തിന്റെ ശബ്ദം മാറ്റൊലിക്കൊണ്ടു. ഇതെല്ലാം കണ്ടു കൊണ്ട്‌, ഇതൊന്നും കാണുവാന്‍ കഴിയുകയില്ലെന്ന ഭാവത്തില്‍, സൂര്യന്‍ അസ്തമിക്കുകയും ചെയ്തു.

രാജാവേ, ദുര്യോധനന്‍ കര്‍ണ്ണന്റെ കൈകോര്‍ത്തു പിടിച്ച്‌, മുമ്പെ ദീപയഷ്ടിയുമായി ആ രംഗം വിട്ട്‌ ഇറങ്ങി നടന്നു. കാണികള്‍ അവരവരുടെ ഗൃഹങ്ങളിലേക്കും പോയി.

പാണ്ഡവന്മാര്‍ ദ്രോണനോടും, ഭീഷ്മനോടും, കൃപനോടും ചേര്‍ന്നു താന്താങ്ങളുടെ ഗൃഹങ്ങളിലേക്കും പോയി. വഴിക്കു കാഴ്ചക്കാരില്‍ ചിലര്‍ അര്‍ജ്ജുനനേയും വേറെ ചിലര്‍ കര്‍ണ്ണനേയും, മറ്റു ചിലര്‍ ദുര്യോധനനേയും പ്രശംസിക്കുന്നതായി കേട്ടു. കുന്തി ആ ദിവ്യചിഹ്നം വഹിക്കുന്ന കുമാരനെ കണ്ട്‌, അംഗരാജാവായിത്തീര്‍ന്ന കര്‍ണ്ണനെ കണ്ട്‌, തന്റെ പുത്രനെ തിരിച്ചറിഞ്ഞ്‌ ഗൂഢമായി ഏറ്റവും സന്തോഷിച്ചു. ദുര്യോധനന് കര്‍ണ്ണനെ കിട്ടിയതു കാരണം അര്‍ജ്ജുനനില്‍ നിന്നുള്ള ഭയം നിശ്ശേഷം ഇല്ലാതായി. കൃതാസത്രനും, ആയുധ പ്രയോഗത്തില്‍ ബഹുപരാക്രമിയുമായ കര്‍ണ്ണന്‍ ദുര്യോധനനെ സാന്ത്വന വാക്കുകള്‍ കൊണ്ടു പ്രീതിപ്പെടുത്തി ദുര്യോധനന്റെ ആത്മാര്‍ത്ഥ സുഹൃത്തായി യുധിഷ്ഠിരന്‍ മനസാ ധരിച്ചു, കര്‍ണ്ണന് തുല്യനായി വില്ലെടുത്തവരില്‍ ആരും തന്നെ ഭൂമിയിലില്ല എന്ന്.

138. ദ്രുപദശാസനം - ദ്രുപദരാജപരാജയം - വൈശമ്പായനന്‍ പറഞ്ഞു: പാണ്ഡവന്മാരും ധാര്‍ത്തരാഷ്ട്രന്മാരും അസ്ത്രജ്ഞരായി ഗുരുദക്ഷിണയ്ക്കുള്ള സമയമായെന്നു ചിന്തിച്ചു. ദ്രോണൻ ശിഷ്യരെയൊക്കെ വിളിച്ചു കൂട്ടി ഗുരുദക്ഷിണയാകുന്ന കാര്യത്തെപ്പറ്റി പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഹേ, ശിഷ്യരേ! ഗുരുദക്ഷിണ നല്കേണ്ട കാലമായിരിക്കുന്നു! നിങ്ങളുടെ പഠിപ്പൊക്കെ പൂര്‍ത്തിയായി. ഇനി നിങ്ങള്‍ അതു നിര്‍വ്വഹിക്കണം! പാഞ്ചാല രാജാവായ ദ്രുപദനെ പോരില്‍ ജയിച്ചു പിടിച്ചു കെട്ടി എനിക്കു കൊണ്ടു വന്നു തരണം. അതാണ്‌ എനിക്കു വേണ്ട ഗുരുദക്ഷിണ. എന്നാൽ നിങ്ങള്‍ക്കു നന്മ വരും.

വൈശമ്പായനൻ പറഞ്ഞു: അപ്രകാരം തന്നെ എന്നു പറഞ്ഞ്‌ അവര്‍ ആയുധങ്ങളോടു കൂടി ആചാര്യനുമൊത്ത്‌ പുറപ്പെട്ടു. പാഞ്ചാല രാജ്യത്തില്‍ കടന്ന്‌ ആ നരപുംഗവന്മാര്‍ വീരനായ ദ്രുപദന്റെ പുരം ഭഞ്ജിച്ചു. ദുര്യോധനന്‍, കര്‍ണ്ണന്‍, യുയുത്സു, ദുശ്ശാസനന്‍, വികര്‍ണ്ണന്‍, ജലസന്ധന്‍, സുലോചനന്‍ ഇവരും മറ്റു പലരും "ഞാന്‍ മുമ്പ്‌",  "ഞാന്‍ മുമ്പ്‌", എന്നു തിരക്കി തേരില്‍ക്കയറി അശ്വപ്പടയോടു കൂടി നഗരത്തില്‍ പ്രവേശിച്ച്‌ രാജവീഥിയിലെത്തി. ജനമേജയ രാജാവേ, ആ സമയത്തു പാഞ്ചാലന്‍ കൗരവപ്പട കണ്ട്‌ ഭ്രാതാക്കന്മാരോടു കൂടി ക്ഷണത്തില്‍ അന്തഃപുരം വിട്ട്‌ ഇറങ്ങി. യജ്ഞസേന രാജാവു സന്നദ്ധനായി നിന്നു. ശരവര്‍ഷം ചൊരിഞ്ഞ്‌ എല്ലാവരും ആര്‍ത്തു വിളിച്ചു. ശുഭ്രമായ തേരില്‍ കയറി യജ്ഞസേനന്‍ കൗരവ വീരന്മാരില്‍ ഘോരമായ ശരവര്‍ഷം ചൊരിഞ്ഞു. കൗരവ കുമാരന്മാരുടെ ഗര്‍വ്വു കണ്ട്‌ മുന്‍കൂട്ടി അര്‍ജ്ജുനന്‍ ആലോചിച്ച്‌ ദ്രോണാചാര്യനോട്‌ ഇങ്ങനെ പറഞ്ഞു.

അര്‍ജ്ജുനന്‍ പറഞ്ഞു: ഇവരുടെ വീരപരാക്രമങ്ങളൊക്കെ കാണട്ടെ! അതു കഴിഞ്ഞിട്ടു സാഹസങ്ങള്‍ ഞങ്ങള്‍ ചെയ്യാം. പോരില്‍ പാഞ്ചാല്യനെ പിടിക്കുവാന്‍ ഇവര്‍ക്കു കഴിയുകയില്ല!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ അര്‍ജ്ജുനന്‍ ഭ്രാതാക്കളോടു കൂടി പുരത്തില്‍ നിന്ന്‌ അര വിളിപ്പാടകലെ മാറി നിന്നു!

ദുര്‍ദ്ധര്‍ഷനായ ദ്രുപദന്‍ കൗരവന്മാരെ കണ്ട്‌, ചുറ്റുംഎതിര്‍ത്ത്‌ കൗരവസേനയെ ശരജാലം കൊണ്ടു മോഹിപ്പിച്ചു. തനിച്ച്‌ എതിര്‍ത്ത ശീഘ്രകാരിയായ ദ്രുപദനെ അനേക രൂപനായി കണ്ട്‌ കൗരവന്മാര്‍ ഭയപ്പെട്ടു. ദ്രുപദന്റെ ശരൗഘങ്ങള്‍ ചുറ്റും പതറിപ്പാഞ്ഞു. അസംഖ്യം ശംഖനാദവും, പെരുമ്പറ ശബ്ദവും, മദ്ദളങ്ങളുടെ ഘോഷങ്ങളും പാഞ്ചാല നഗരത്തില്‍ മുഴങ്ങി. വീരന്മാരായ പാഞ്ചാല രാജാക്കന്മാരുടെ സിംഹനാദവും മുഴങ്ങി. പാഞ്ചാലന്മാരുടെ വില്ലിന്റേയും ഞാണിന്റേയും കൈത്തലത്തിന്റേയും ഘോഷങ്ങള്‍ ആകാശത്തു മുഴങ്ങി. ദുര്യോധനന്‍, വികര്‍ണ്ണന്‍, സുബാഹു, ദീര്‍ഘലോചനന്‍, ദുശ്ശാസനന്‍ എന്നിവരും ചൊടിച്ച്‌ അമ്പുകള്‍ വര്‍ഷിച്ചു. യുദ്ധത്തില്‍ അജയ്യനായ പാര്‍ഷതന്‍ ശരങ്ങള്‍ ഏറ്റു മെയ്‌ മുറിഞ്ഞപ്പോള്‍ കോപം മുഴുത്തു കൗരവ സൈന്യങ്ങളെ കഠിനമായി മര്‍ദ്ദിച്ചു. ദുര്യോധനന്‍, കര്‍ണ്ണന്‍, വികര്‍ണ്ണന്‍ ഇങ്ങനെയുള്ള വീരന്മാരെ സേനാനി കരത്തോടു കൂടി അലാതചക്രഭ്രമണം പോലെ അമ്പെയ്തുമൂടി. നാട്ടുകാരൊക്കെ പാഞ്ഞു വന്നു കൈയില്‍ കിട്ടിയ ഉലക്ക കൊണ്ടും വടി കൊണ്ടും കൗരവന്മാരില്‍ ഇടിവെട്ടും വിധം പ്രഹരിച്ചു. നഗരത്തിലെ ആബാലവൃദ്ധം പൗരന്മാര്‍ കൗരവരോട്‌ ഏറ്റുമുട്ടി. വീണ്ടും തുമുലമായ യുദ്ധം ഇരമ്പിക്കയറിയപ്പോള്‍ ഭയചകിതരായി എല്ലാവരും ആര്‍ത്തു വിളിച്ച്‌ പാണ്ഡവന്മാരുടെ അടുത്തേക്കോടി. അവരുടെ നിലവിളി കേട്ടു രോമാഞ്ച കഞ്ചുകിതരായ പാണ്ഡവന്മാര്‍ ദ്രോണനെ അഭിവാദ്യം ചെയ്തു തേരില്‍ക്കയറി, ജേഷ്ഠന്‍ യുദ്ധത്തിന് വരേണ്ട ഞങ്ങള്‍ മതി എന്ന് ധര്‍മ്മജനെ തടഞ്ഞുനിര്‍ത്തി. അര്‍ജ്ജുനന്‍ മാദ്രേയരെ ചക്രരക്ഷകന്മാരാക്കി നിര്‍ത്തി. സേനത്തലയ്ക്കല്‍ ഗദാധരനായി ഭീമന്‍ നിന്നു. ശത്രുവീരന്മാരുടെ അട്ടഹാസംകേട്ട്‌ ഭ്രാതാക്കന്മാരോടു കൂടി അര്‍ജ്ജുനന്‍ തേരോടിച്ച്‌ അട്ടഹാസം മുഴക്കി ചെന്നുകയറി. വിജയലഹരിയോടെ കടല്‍ പോലെ ആര്‍ത്ത്‌ ഏല്ക്കുന്നപാഞ്ചാലസേനയില്‍ ഭീമന്‍ ദണ്ഡുമേന്തി, അന്തകന്‍ കയറുമായി കയറുന്ന വിധം, പാഞ്ഞുകയറി. ഭീമന്‍ തന്നെത്താന്‍ ആനപ്പടയില്‍ ഗദയുമായിക്കയറി, ഗജയൂഥത്തെ അന്തകന്‍ എന്ന പോലെ അടിച്ചു വീഴ്ത്തി മുടിച്ചു. വജ്രമേറ്റ പര്‍വ്വതങ്ങള്‍ പോലെ ഭീമന്റെ ഗദാഘാതമേറ്റു ചതഞ്ഞ്‌ ആനകള്‍ രക്തമൊഴുകി വീണു പിടഞ്ഞു മരിച്ചു. ആനകളും കുതിരകളും തേരും ഒക്കെ വൃകോദരൻ ഒടുക്കി. കാലാളും തേര്‍നിരയും നിലം പരിശാക്കി. അര്‍ജ്ജുനന്റെ ജേൃഷ്ഠനായ ഭീമന്‍ ഇടയന്മാര്‍ വടി കൊണ്ടു പശുക്കളെ കാട്ടില്‍ ഓടിക്കുന്ന വിധം മറ്റുള്ളവരെയെല്ലാം ഗദ കൊണ്ട്‌ ഓടിച്ചു. ഭരദ്വാജന്റെ പ്രിയം നിര്‍വ്വഹിക്കുന്നതിന്  സന്നദ്ധനായ അര്‍ജ്ജുനന്‍ ശരങ്ങള്‍ പാര്‍ഷതനില്‍ എയ്തെയ്ത്‌ അടുത്തു. ആന, തേര്‍, കുതിരക്കൂട്ടം ഇവയൊക്കെ യുദ്ധത്തില്‍ പതിപ്പിച്ച്‌ യുഗാന്താഗ്നി പോലെ ഉജ്വലിച്ചു. ഉടനെ ആ പാണ്ഡവന്റെ ശരമേറ്റു വശം കെട്ട്‌ പാഞ്ചാല്യസൃഞ്ജയര്‍ പല ബാണങ്ങള്‍ കൊണ്ടു പാര്‍ത്ഥനെ മൂടി സിംഹനാദം മുഴക്കി. അത്യുഗ്രമായ ആ യുദ്ധം അത്യത്ഭുതമായ ഒരു കാഴ്ചയായി! ശത്രുക്കളുടെ സിംഹനാദം കേട്ട്‌ അര്‍ജ്ജുനന് ഒട്ടും സഹിച്ചില്ല.

പിന്നെ പാഞ്ചാലരെ ലക്ഷ്യമാക്കി പാഞ്ഞു ചെന്ന്‌  പാര്‍ത്ഥന്‍ ക്ഷണത്തില്‍ ശസ്ത്രജാലത്താല്‍ മോഹിപ്പിക്കുന്ന വിധം മൂടി. വന്‍പനായി പേരുകേട്ട പടുവായ അര്‍ജ്ജുനന്‍ അമ്പെടുക്കുന്നതും, തൊടുക്കുന്നതും, എയ്യുന്നതും തമ്മിലുള്ള ഇട ആരും കണ്ടില്ല. അര്‍ജ്ജുനന്റെ അതുല്യമായ പ്രയോഗ വൈദഗ്ദ്ധ്യം കാണികളില്‍ ആശ്ചര്യമുളവാക്കി. സിംഹനാദം ഉയര്‍ന്നു. കാണികളില്‍ നിന്നു "ഭേഷ്‌! ഭേഷ്‌!", എന്ന സാധുവാദം മുഴങ്ങി. അത്തവ്വില്‍ പാഞ്ചാല രാജാവ്‌ സതൃജിത്തോടു കൂടി, ശംബരന്‍ ശക്രനോട് ഏറ്റമട്ടില്‍, ധൃതിയോടെ പാഞ്ഞെതിര്‍ത്തു. പിന്നെ പാഞ്ചാലനെ അര്‍ജ്ജുനന്‍ ശരവര്‍ഷം കൊണ്ടു മൂടി. അപ്പോള്‍ പാഞ്ചാല സൈന്യത്തില്‍ നിന്ന്‌ "അയ്യോ! അയ്യോ!", എന്ന ശബ്ദം പൊങ്ങി. ആനക്കൂട്ടത്തില്‍ നിന്നു തലവനെ സിംഹം പിടിക്കുവാന്‍ എത്തുന്ന വിധം പാര്‍ത്ഥന്‍ പാഞ്ഞെത്തിയപ്പോള്‍ സത്യവിക്രമനായ സത്യജിത്ത്‌ പാഞ്ചാലനെ കാക്കുവാന്‍ പാര്‍ത്ഥന്റെ നേരെ പാഞ്ഞേറ്റു.

അര്‍ജ്ജുനനും പാഞ്ചാലനും തമ്മില്‍ കിണഞ്ഞെതിര്‍ത്ത്‌ പൊരുതുമ്പോള്‍, ഇന്ദ്രവൈരോചനന്മാര്‍ എന്ന പോലെ, ആ പടയിളക്കി, പാര്‍ത്ഥന്‍ സതൃജിത്തിനെ പത്ത്‌ അമ്പുകള്‍ കൊണ്ട്‌ ഊക്കോടെ ഒരേ സമയത്ത്‌ പിളര്‍ന്നു. എല്ലാവരും അതു കണ്ട്‌ അത്ഭുതപ്പെട്ടു! പാഞ്ചാലനും ശരശതം പാര്‍ത്ഥനില്‍ വര്‍ഷിച്ച്‌ അര്‍ജ്ജുനനെ മൂടി. മഹാവീരനായ അര്‍ജ്ജുനന്‍ ഉടനെ സത്യജിത്തിന്റെ ഞാണും വില്ലും അറുത്ത്‌ രാജാവിന്റെ അരികിലെത്തി. സത്യജിത്ത്‌ ഊക്കോടെ വേറെ ധനുസ്സെടുത്തു ക്ഷണത്തില്‍ അര്‍ജ്ജുനന്റെ അശ്വസൂതരഥങ്ങളെ എയ്തു മുറിച്ചു. പാഞ്ചാലനോടു പടവെട്ടി മുറിവേറ്റ പാര്‍ത്ഥനു സതൃജിത്തിന്റെ പീഡനം സഹിച്ചില്ല. ഉടനെ അവനെ കൊല്ലുവാന്‍ കടുത്ത അമ്പുകള്‍ വിട്ട്‌ അര്‍ജ്ജുനന്‍ അവന്റെ അശ്വങ്ങളും കൊടിയും പിന്‍ സൂതനും, വില്ലും, പിടിത്തവും അറുത്തു വിട്ടു. വിണ്ടും വീണ്ടും അപ്രകാരം തന്നെ വില്ലു മുറിക്കെ, അശ്വങ്ങള്‍ വീഴവെ, അവന്‍ ആ പോരില്‍ നിന്നു പിന്തിരിഞ്ഞു. സത്യജിത്തിന്റെ ഈ കഷ്ടാവസ്ഥ പാഞ്ചാല രാജാവു കണ്ടു. ഏറ്റവും ഊക്കോടെ അര്‍ജ്ജുനനോട് ഏറ്റു നിഷ്ഠൂരമായി പോരാടി. അപ്പോള്‍ അര്‍ജ്ജുനനും അത്യുഗ്രമായി പോരാടി. പാഞ്ചാലന്റെ വില്ലറുത്ത്‌ കൊടിയും വീഴ്ത്തി, അമ്പു കൊണ്ട്‌ അശ്വങ്ങളേയും സൂതനേയും എയ്തു മുറിച്ചു. മുറിഞ്ഞ വില്ലു വിട്ട അവന്‍ വേറെ വില്ലും തൂണിയും എടുക്കാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന്‌ വാള്‍ ഈരിയെടുത്ത്‌ അര്‍ജ്ജുനന്‍ പാഞ്ചാലന്റെ തേര്‍ത്തട്ടില്‍ ചാടിക്കയറി. നിര്‍ഭയനായി, പൊയ്ക കലക്കുന്ന ആനയെപ്പോലെ ഈ അത്ഭുതകൃത്യം കണ്ടതോടു കൂടി സര്‍പ്പത്തെപ്പിടിക്കുന്ന ഗരുഡന്‍ എന്ന പോലെ, അവനെപ്പിടിച്ചു ബന്ധിച്ചു! പാഞ്ചാലരെല്ലാം പേടിച്ച്‌ ചുറ്റും ഓടി. സര്‍വ്വവീരന്മാര്‍ക്കും തന്റെ ബാഹുവീര്യം കാട്ടുമാറ്‌ ധനഞ്ജയന്‍ അട്ടഹാസം ചെയ്തു പുറപ്പെട്ടു. അര്‍ജ്ജുനന്‍ ദ്രുപദനെ പിടിച്ചു കൊണ്ടു വരുന്നതു കണ്ട കുമാരന്മാർ അവരുടെ കൈയൂക്കു കാട്ടുവാന്‍ ആ രാജാവിന്റെ പട്ടണം തകര്‍ത്തു. കുരുക്കള്‍ക്കു ബന്ധുവാണ്‌ ദ്രുപദരാജാവ്‌. കുരുക്കളും പാഞ്ചാലരും പണ്ടേ തന്നെ ബന്ധുക്കളാണ്‌! ജ്യേഷ്ഠാ! അദ്ദേഹത്തിന്റെ സൈന്യത്തെ ഇനി നാം കൊല്ലരുത്‌. ദ്രുപദനെ കൊണ്ടു പോയി ഗുരുദക്ഷിണ നല്കുക! എന്ന് അര്‍ജ്ജുനന്‍ ഭീമനോടു പറഞ്ഞു. ജനമേജയാ. ഇപ്രകാരം അര്‍ജ്ജുനന്‍ തടഞ്ഞപ്പോള്‍ ഭീമന്‍ പോരില്‍ ദ്രോഹിച്ചതു മതിയാകാതെ അടങ്ങി പിന്മടങ്ങി. പോരില്‍ പിടിക്കപ്പെട്ട ദ്രുപദനേയും അമാതൃനായ സതൃജിത്തിനേയും കൊണ്ടു പോയി ദ്രോണന്റെ മുമ്പില്‍ച്ചെന്നു. ്രുദ്രുപദനായ യജ്ഞസേനനെ പിടിച്ച്‌ ദ്രോണനായി കാഴ്ചവെച്ചു. ഗര്‍വ്വുകെട്ട്‌, ധനം നഷ്ടപ്പെട്ട്‌, തന്റെ പാട്ടില്‍ നില്ക്കുന്ന ദ്രുപദനെ നോക്കി പൂര്‍വ്വവൈരമോര്‍ത്ത്‌ ദ്രോണൻ പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ഹേ ദ്രുപദാ! ഞാന്‍ അങ്ങയുടെ നാടു മര്‍ദ്ദിച്ചു, നഗരവും മര്‍ദ്ദിച്ചു. അങ്ങയുടെ ജീവന്‍ ഇപ്പോള്‍ ശത്രുവിന്റെ അധീനത്തിലാണ്‌. മുമ്പത്തെ വേഴ്ച എങ്ങനെയിരിക്കുന്നു? എന്താ പണ്ട്‌ നാം സഖികളായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? എന്നു പറഞ്ഞ്‌ ഒന്നു ചിരിച്ചു. ദ്രോണൻ വീണ്ടും തുടര്‍ന്നു: ഹേ, വീരാ! പ്രാണഭയം വേണ്ടാ! വിപ്രനായ ഞാന്‍ ക്ഷമയുള്ളവനാണ്‌. മഹാനായ രാജാവേ, ഗുരുവിന്റെ ആശ്രമത്തില്‍ വെച്ച്‌ നാം ഒന്നിച്ചു ചെറുപ്പത്തില്‍ ഒന്നായിച്ചേര്‍ന്നു കളിച്ചുവാണ കാലത്തിന്റെ മധുരസ്മരണ ഇന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അന്നത്തെ സ്നേഹം എന്നില്‍ ഇന്നും വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്നു! പ്രീതിയും വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്നു! നിന്നോടു പിന്നെയും ഞാന്‍ അര്‍ത്ഥിക്കുന്നു. ഹേ, രാജാവേ, ഞാന്‍ നിനക്ക്‌ ഒരു വരം തരാം. ഇപ്പോള്‍ രാജാവല്ലാത്ത അങ്ങ്‌ രാജാവായ എന്റെ സഖാവാകുവാന്‍ വിരോധമില്ല. പകുതി രാജ്യം എടുത്തുകൊള്ളുക. അരാജാവ്‌ രാജാവിന് ഇഷ്ടനാവുകയില്ല പോലും! ഇഷ്ടനാകുമോ എന്നറിയാനാണ്‌ ഞാന്‍ ഇതിന് യത്നിച്ചത്‌! ഭാഗീരഥിക്കു തെക്കുഭാഗത്തു കിടക്കുന്ന പകുതി ഭാഗത്തിന് ഭവാന്‍ നാഥനായിക്കൊള്ളുക. വടക്കുഭാഗത്തിന് നാഥന്‍ ഞാനും! ഹേ, പാഞ്ചാലാ! ഞാന്‍ നിന്റെ തോഴനാണ്‌, ഭവാനു സമ്മതമുണ്ടെങ്കില്‍.

ദ്രുപദന്‍ പറഞ്ഞു: ഹേ, ബ്രാഹ്മണാ, വിക്രാന്തരായ മഹാപുരുഷന്മാര്‍ക്ക്‌ ഇത്‌ ഒരു ആശ്ചര്യമല്ല! ഭവാനില്‍ പ്രിയത്തോടു കൂടി ഞാന്‍ ഭവാന്റെ പ്രിയത്തിന് ആഗ്രഹിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു; ഹേ ജനമേജയ! ഇതുകേട്ട്‌ ആ പാഞ്ചാല രാജാവിനെ ദ്രോണന്‍ കെട്ടഴിച്ചു വിട്ടു. രാജാവിനെ സല്ക്കരിച്ച്‌ അദ്ദേഹത്തിന് അര്‍ദ്ധരാജ്യവും സസന്തോഷംനല്കി. ധാരാളം നഗരങ്ങളുള്ള, ഗംഗാതീരത്തുള്ള മാകന്ദിയിലെ കാമ്പല്യമെന്ന നഗരത്തില്‍ ദീനമാനസനായി ദ്രുപദന്‍ വാണു. ദ്രുപദന്‍ ചര്‍മ്മബ്ബതീ നദീതീരം വരെയുള്ള ദക്ഷിണ പാഞ്ചാലവും കാത്തുപോന്നു. ദ്രോണനാല്‍ തോൽപിക്കപ്പെട്ടു പിന്നെ രക്ഷിക്കപ്പെട്ട പാഞ്ചാലന്‍ അവമാനിതനായി ദ്രോണന്റെ പകയെപ്പറ്റി ഓര്‍ത്തു ഹൃദയം നീറി കഴിഞ്ഞു കൂടി. ക്ഷാത്രവീര്യവാനായ തനിക്കു തോല്‍വി പറ്റിയതായി പാഞ്ചാലന്‍ വിചാരിച്ചില്ല. തനിക്കു ബ്രഹ്മമാകുന്ന ബലം ഇല്ലാത്തതു കൊണ്ടാണ്‌ ബ്രാഹ്മണനോടു തോല്‍ക്കുവാന്‍ കാരണമെന്ന്‌ രാജാവ്‌ ചിന്തിച്ചുറച്ചു. പാഞ്ചാലന്‍ തനിക്ക്‌ ഒരു പുത്രൻ ഉണ്ടാകണമെന്നാഗ്രഹിച്ച്‌ പല പുണ്യസ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു. അഹിച്ഛത്രം എന്ന രാജ്യം ദ്രോണന് ലഭിച്ചു. ജനനിബിഡമായ അഹിച്ഛത്രരാജ്യം അര്‍ജ്ജുനന്‍ പോരില്‍ ജയിച്ച്‌ ദ്രോണാചാര്യന് നല്കിയതാണ്‌.

139. ധൃതരാഷ്ട്രചിന്ത - വൈശമ്പായനൻ പറഞ്ഞു: അങ്ങനെ ഒരു സംവത്സരം കഴിഞ്ഞ്‌ ധൃതരാഷ്ട്രന്‍ പാണ്ഡവന്മാരില്‍ മൂത്തവനായ ധര്‍മ്മപുത്രനെ യുവരാജാവായി വാഴിച്ചു.

ധൃതി, സ്ഥൈര്യം; സഹിഷ്ണുത, ആര്‍ജ്ജവം, അനൃശംസത ( ക്രൂരസ്വഭാവമില്ലായ്മ ), ഭൃതൃന്മാരില്‍ ദയ, ദൃഢമായ സ്നേഹം എന്നിവയെല്ലാം യുധിഷ്ഠിരനില്‍ ഒത്തു ചേര്‍ന്നു ശോഭിച്ചു. അല്പ ദിവസം കൊണ്ടു കുന്തീപുത്രന്‍ ശീലപ്രൗഢി കൊണ്ടും സമാധി കൊണ്ടും പിതൃകീര്‍ത്തിയെ മറച്ചു. വാള്‍പ്പയറ്റ്‌, ഗദായുദ്ധം, രഥയുദ്ധം ഇതൊക്കെ സങ്കര്‍ഷണനില്‍ നിന്നുംഭീമന്‍ നല്ല പോലെ പഠിച്ചു. ഭീമന്‍ ദ്യുമത്സേനനെ പോലെ ഉഗ്രശക്തിമാനായി. പരാക്രമിയായ അവന്‍ ഭ്രാതാക്കന്മാരുടെ പാട്ടില്‍ നിന്നു. പ്രഗാഢവും സുദ്യഢവുമായ മുഷ്ടിപിടിത്തം, കൈവേഗത, ലക്ഷ്യഭേദനം, ക്ഷുരം, നാരാചം, ഭല്ലം മുതലായവ പ്രയോഗിക്കുന്നതിലുള്ള മുറ എന്നിവ അനുസരിച്ച്‌ നേര്‍ക്കും, വളച്ചും, നീട്ടിയും പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥനായി അര്‍ജ്ജുനന്‍. ലഘുവും സുഷ്ടുവുമായ പ്രയോഗത്തില്‍ മറ്റൊരുത്തനും അര്‍ജ്ജുനനോടു തുല്യനായി ഉണ്ടായിട്ടില്ലെന്ന്‌ ദ്രോണാചാര്യന്‍ വിചാരിച്ചു.

ഒരു ദിവസം സഭാന്തരത്തില്‍വെച്ച്‌ ഗുഡാകേശനോട്‌ ( നിദ്രയെ ജയിച്ചവന്‍ അര്‍ജ്ജുനന്‍ ) ദ്രോണന്‍ പറഞ്ഞു.

ദ്രോണൻ പറഞ്ഞു: ധനുര്‍വ്വേദത്തില്‍ അഗസ്ത്യന്റെ ശിഷ്യനാണ്‌ എന്റെ ഗുരു. അഗ്നിവേശന്‍ എന്നു പേരായ ആ മുനിയുടെ ശിഷ്യനാണ്‌ ഞാന്‍. തുടര്‍ച്ചയായി ശിഷ്യപാരമ്പര്യം പുലര്‍ത്തുവാന്‍ ഞാന്‍ മുതിര്‍ന്നു. തപസ്സാല്‍ ഞാന്‍ നേടിയ അമോഘവും വിദ്യുല്‍പ്രഭവുമായ ബ്രഹ്മശിരസ്സെന്ന അസ്‌ത്രം ധരിത്രിയെ ചുട്ടുചാ മ്പലാക്കുന്നതാണ്‌. അത്‌ ഗുരു തരുമ്പോള്‍ മനുഷ്യരിലോ. ശക്തി കുറഞ്ഞവരിലോ പ്രയോഗിക്കരുതെന്ന്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌. അത്‌ ഇപ്പോള്‍ നീ നേടുവാന്‍ പോകുന്നു. മറ്റൊരാള്‍ക്കും അതു വാങ്ങുവാനുള്ള അര്‍ഹത ഞാന്‍ കാണുന്നില്ല. എന്റെ ഗുരു കല്പിച്ച നിയമം നീ ഇനി കൈക്കൊള്ളണം. നീ അതു വാങ്ങിച്ച്‌ എനിക്ക്‌ ഗുരുദക്ഷിണ തരണം. അത്‌ ബന്ധുജനങ്ങള്‍ കാണ്കെ തന്നെ തരിക!

ഗുരു പറഞ്ഞതു കേട്ട്‌ അര്‍ജ്ജുനന്‍ പറഞ്ഞു: ഭവാന്‍ ആഗ്രഹിക്കുന്നതെന്തോ അതു തരുവാന്‍ ഞാന്‍ സന്നദ്ധനാണ്‌.

വൈശമ്പായനൻ പറഞ്ഞു: ഗുരുദക്ഷിണ നല്കാമെന്ന്‌ അര്‍ജ്ജുനന്‍ സത്യം ചെയ്തപ്പോള്‍ ആചാര്യന്‍ പറഞ്ഞു.

ദ്രോണന്‍ പറഞ്ഞു: നിന്നോട്‌ ഞാന്‍ എതിര്‍ത്താല്‍ നീ എന്നോടും പൊരുതണം; മടിക്കരുത്‌. സത്യം ചെയ്യണം.

വൈശമ്പായനന്‍ പറഞ്ഞു: അര്‍ജ്ജുനന്‍ ഗുരുവിന്റെ കാല്‍ പിടിച്ചു തൊഴുത് ആണയിട്ട്‌ അങ്ങനെയാകാം എന്നു പറഞ്ഞു. അനന്തരം യാത്ര പറഞ്ഞ്‌ വടക്കോട്ടിറങ്ങി. അര്‍ജ്ജുനന്റെ പ്രസിദ്ധി ആഴിചൂഴുന്ന ഊഴി മുഴുവന്‍ വ്യാപിച്ചു. വില്ലാളിയായ അര്‍ജ്ജുനന് തുല്യനായി മന്നില്‍ ആരും ഇല്ലാതായി. ഗദായുദ്ധം, ഖള്‍ഗയുദ്ധം, രഥയുദ്ധം, ധനുര്‍യുദ്ധം ഇതിലൊക്കെ അര്‍ജ്ജുനന്‍ പരമകാഷ്ഠയിലെത്തി.

നീതിമാനായ സഹദേവന്‍ ഭ്രാതൃ വംശാനുവര്‍ത്തിയായി, വിബുധാധിപനായ ബൃഹസ്പതിയില്‍ നിന്ന്‌ നീതിശാസ്ത്രങ്ങളൊക്കെ പഠിച്ചു. ഭ്രാതൃവത്സലനായ നകുലന്‍ ദ്രോണനില്‍ നിന്ന്‌ചിത്രയുദ്ധം പഠിച്ചു. അങ്ങനെ അവന്‍ അതിരഥന്‍ എന്ന പേരില്‍ പ്രസിദ്ധനാവുകയും സഹോദരന്മാർക്കു പ്രിയങ്കരനായി തീരുകയും ചെയ്തു.

ഗന്ധര്‍വ്വന്മാരുടെ ആക്രമണത്തില്‍ കുലുങ്ങാതെ മൂന്നുവര്‍ഷം യാഗം ചെയ്ത "സൗവീരന്‍" കൂടി അര്‍ജ്ജുനനോടേറ്റ്‌ യുദ്ധത്തില്‍ പരാജയപ്പെട്ടു. പാണ്ഡുവിന് അധീനപ്പെടുത്തുവാന്‍ പണ്ടു കഴിയാതിരുന്ന വീരനായ യവന രാജാവിനെ അര്‍ജ്ജുനന്‍ കീഴ്പെടുത്തി. കൗാരവന്മാരോട്‌ ധിക്കാരം കാണിച്ചിരുന്ന ഗര്‍വ്വിയായ വിപുലന്‍ എന്ന സൗവീരന്‍ പാര്‍ത്ഥനോടു പോരാടി വികലനായി മരിച്ചു. പോരില്‍ വീരൃവാനായ ദത്താമിത്രന്‍ എന്നു പേരായ സുമിത്ര സൗവീരന്റെ ഗര്‍വ്വ് പാര്‍ത്ഥന്‍ അസത്രം കൊണ്ടടക്കി നിര്‍ത്തി; ഭീമസേനനോടു കൂടി ഒറ്റത്തേരില്‍ പതിനായിരം പേരുള്ള പടയെ തോല്പിച്ചു. കിഴക്കന്‍ രാജ്യങ്ങളിലെ രാജാക്കന്മാരെയെല്ലാം കീഴടക്കി. അപ്രകാരം തെക്കേ ദിക്കും ജയിച്ച്‌ കുരുരാജ്യത്തു ധാരാളം ധനം ധനഞ്ജയന്‍ എത്തിച്ചു. അങ്ങനെ അവരുടെ സമാജത്തിന്റെ അതിര്‍ത്തി വലുതാക്കി. ഇങ്ങനെ പാണ്ഡവന്മാര്‍ നരോത്തമരും മഹാത്മാക്കളുമായി വിളങ്ങി. വില്ലാളി വീരന്മാരായ പാണ്ഡവന്മാരെപ്പറ്റി മാലോകര്‍ പ്രശംസിക്കുന്നതു കേട്ടു കേട്ട്‌ ധൃതരാഷ്ട്രന്‍ സന്തോഷിക്കുകയല്ല, നേരെ മറിച്ച്‌ വിഷാദിക്കുകയാണുണ്ടായത്‌. ആ രാജാവിന്റെ ഭാവം പാണ്ഡവന്മാരില്‍ വിപരീതമായി കണ്ടു തുടങ്ങി. അദ്ദേഹത്തിന്റെ മനസ്സു ദുഷിച്ചു. ആധി വര്‍ദ്ധിച്ചു. വിചാരം മൂത്ത്‌ വൃദ്ധന്‍ രാത്രി ഉറക്കം വരാതെയുമായി.

140. കണികവാകൃം - കണികന്റെ കുടനീതിവര്‍ണ്ണനം - വൈശമ്പായനൻ പറഞ്ഞു: പാണ്ഡവന്മാരുടെ വര്‍ദ്ധിച്ചു വരുന്ന ബലവീര്യ പരാക്രമം കേട്ട്‌ ധൃതരാഷ്ട്ര രാജാവ്‌ ദുഃഖിതനായി ചിന്തിക്കുവാന്‍ തുടങ്ങി. അവര്‍ തന്റെ മക്കളേക്കാള്‍ യോഗ്യന്മാർ ആണ്  എന്നറിഞ്ഞപ്പോള്‍ രാജാവിന് മനസ്സില്‍ ഈര്‍ഷ്യ വളര്‍ന്നു. മന്ത്രജ്ഞനും, രാജനീതികളില്‍ മികച്ച പണ്ഡിതനുമായ കണികന്‍ എന്ന മന്ത്രിയെ വരുത്തി ഇപ്രകാരം ധൃതരാഷ്ട്രന്‍ പറഞ്ഞു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ കണികാ! എന്നും ഏതിലും ഉത്കര്‍ഷവാന്മാരായി കാണുന്ന പാണ്ഡവരില്‍ എനിക്ക്‌ അസൂയ തോന്നുന്നു. വേണ്ട വിധം അതില്‍ സന്ധി വിഗ്രഹ ക്രമങ്ങള്‍ എനിക്ക്‌ ഉപദേശിച്ചു തന്നാലും. അവരെ സ്നേഹിച്ചു കൂടെ നിര്‍ത്തണമോ? അതോ വേറെയാക്കണമോ? ഹേ, കണികാ! ഭവാന്‍ പറയും പോലെ ഞാന്‍ കാര്യം നടത്താം.

വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്‍ കണികനെ സന്തോഷിപ്പിച്ചപ്പോള്‍ ആ ദ്വിജോത്തമന്‍ വളരെ അധികം പ്രസന്നചിത്തനായി, രാജനീതിക്ക്‌ അനുസരിച്ച്‌ സൂക്ഷ്മവും സുദൃഢവുമായ വാക്കുകള്‍ പറഞ്ഞു.

കണികന്‍ പറഞ്ഞു; മഹാശയനായ രാജാവേ, ഞാന്‍ പറയുന്നത്‌ ഭവാന്‍ കേട്ടാലും. അതു കൊണ്ട്‌ എന്റെ പേരില്‍ പിന്നിട്‌ വിദ്വേഷമുണ്ടാകരുത്‌.

വൈശമ്പായനൻ പറഞ്ഞു: ദുര്യോധനനും ഭീമനും തമ്മിലും, അര്‍ജ്ജുനനും കര്‍ണ്ണനും തമ്മിലും ഉള്ള വൈരം മാറ്റുന്നത്‌ എളുപ്പമല്ലെന്നുള്ള ബോധത്തോടെ കണികന്‍ തുടര്‍ന്നു.

കണികന്‍ പറഞ്ഞു; ഭരണകര്‍ത്താക്കളായ വിവൃത പൗരുഷന്മാര്‍ നിത്യവും ദണ്ഡന സന്നദ്ധരായി നില്ക്കണം. ഛിദ്രാച്ഛിദ്രങ്ങള്‍ നോക്കുകയും, ശത്രുവിന്റെ പഴുതു നോക്കി പ്രഹരിക്കുകയും വേണം. നിതൃവും ദണ്ഡമുയര്‍ത്തുന്ന ഭരണകര്‍ത്താവിനെ ജനങ്ങള്‍ ഭയപ്പെടും. അതു കൊണ്ട്‌ കാര്യങ്ങളൊക്കെ ദണ്ഡം കൊണ്ടു നടത്തണം. സ്വന്തം രഹസ്യങ്ങളെ അന്യന്‍ കണ്ടു പിടിക്കരുത്‌. പരച്ഛിദ്രത്തില്‍ മനസ്സ്‌ എത്തുകയും വേണം. ആമ തന്റെ അംഗങ്ങളെയെന്ന പോലെ ബുദ്ധിമാന്‍ സ്വച്ഛിദ്രത്തെ പുറത്തു കാണിക്കരുത്‌. തന്റെ ശക്തിയും വിഭവവും അന്യനറിയാതെ സൂക്ഷിക്കണം. അല്ലാത്ത കര്‍മ്മങ്ങളില്‍ ഏര്‍പ്പെടരുത്‌. ശരിക്കു വലിച്ചൂരിയെടുത്ത്‌ കളയാത്ത മുള്ള്‌ അനങ്ങുമ്പോഴൊക്കെ ചോ രവരുത്തും. ദ്രോഹിക്കുന്ന ശത്രുക്കളെ സംഹരിക്കുകയാണ്‌ ഉത്തമമായിട്ടുള്ളത്‌. വിക്രാന്തനായ ശത്രുവിനെ മുടിക്കണം. പൊരുതുന്നവനെ കൂടെ പൊറുപ്പിച്ചു കൂടാ. ശത്രുവിന്റെ ആപത്കാലത്തെ നോക്കിയറിഞ്ഞു സംശയം കൂടാതെ പ്രവര്‍ത്തിക്കണം. ആലോചിച്ചു സമയം കളഞ്ഞു കൂടാ. ശത്രു ദുര്‍ബലനായാലും തുച്ഛനാണെന്നു വിചാരിക്കരുത്‌. ചെറിയ തീപ്പൊരി മതി കാടൊക്കെ ചുട്ടെരിക്കുവാന്‍! ഇരുളടഞ്ഞ കാലത്ത്‌ അന്ധനായും പൊട്ടനായും ഇരിക്കണം. സ്വന്തം സാമര്‍ത്ഥ്യം കാണിക്കുവാന്‍ തരം കിട്ടാതെ വരുമ്പോള്‍ എല്ലാം ഉപേക്ഷിച്ച്‌ ശത്രുവിനെ ആശ്രയിച്ചു കൂടണം. ശത്രു ധിക്കരിച്ചു പറഞ്ഞാലും അതൊന്നും കേള്‍ക്കാത്ത മട്ടില്‍ അടങ്ങിയൊതുങ്ങി പാര്‍ക്കണം. തന്റെ ആയുധങ്ങള്‍ തൃണപ്രായം കരുതി ശത്രുഗൃഹത്തില്‍ ആശ്രിതനാകുന്നതില്‍ തെറ്റില്ല. വേടന്‍ വേട്ടയാടുന്ന മൃഗത്തെ കപട പ്രയോഗം കൊണ്ടു വധിക്കുന്നതിന്‌ അനങ്ങാതെ ഉറക്കം അഭിനയിച്ചു കിടക്കുകയും മൃഗം വിശ്വസിച്ച്‌ അടുത്തു കൂടി പോകുമ്പോള്‍ പെട്ടെന്നെഴുന്നേറ്റ്‌ അതിനെ വധിക്കുകയും ചെയ്യുന്ന മാതിരി ശത്രുവിനെ വധിക്കുവാന്‍ കരുതിയിരിക്കണം. ദുരുദ്ദേശ്യത്തോടെ അരികെ വന്നു കൂടുന്ന ശത്രുവിനെ സാന്ത്വാദികള്‍ കൊണ്ടു പാട്ടിലാക്കി കൊല്ലണം. തന്നെ ആശ്രയിച്ചവനാണെന്നു വിചാരിച്ച്‌ അവനില്‍ കൃപ തോന്നരുത്‌. കൊന്നുകളഞ്ഞു ഭയം കൂടാതെ ഇരിക്കാം. ചത്തവനെപ്പറ്റി ഭയപ്പെടേണ്ട ആവശ്യമില്ലല്ലോ. ജന്മശത്രു ബന്ധുവായാലും അവനെ വിശ്വസിക്കരുത്‌. അവനെ ഭൃതൃന്മാരെക്കൊണ്ടു വിഷം മുതലായവ കൊടുപ്പിച്ച്‌ കൊല്ലണം. മൂന്ന്‌, അഞ്ച്‌, ഏഴ് എന്നിങ്ങനെ ശത്രുപക്ഷത്തെയൊക്കെ കൊന്നു കളയണം. അതായത്‌ ദുര്‍ഗ്ഗം മുതലായവ ആക്രമിച്ച്‌ ശത്രുവിന്റെ ഐശ്വര്യത്തേയും, ചാരന്മാരെ വിട്ടു മന്ത്രത്തേയും, വിശ്വസ്തന്മാര്‍ വഴി തേജോവധം ചെയ്ത്‌ ഉത്സാഹത്തേയും, ഇങ്ങനെ മൂന്നു മാര്‍ഗ്ഗങ്ങളില്‍ ശത്രുവിന്റെ ശക്തിയെ നശിപ്പിക്കണം. പിന്നെ, അമാതൃന്‍, രാഷ്‌ട്രം, ദുര്‍ഗ്ഗം, കോശം, സൈന്യം ഇവ അഞ്ചിനേയും തകര്‍ക്കണം. പിന്നെ സാമം, ദാനം, ദണ്ഡം, തൂക്കുമരത്തില്‍ കയറ്റല്‍, ഭേദം, വിഷപ്രയോഗം, അഗ്നിയിലിടല്‍ ഇങ്ങനെ ഏഴു പ്രയോഗവും തരം പോലെ ചെയ്ത്‌ അന്തം വരുത്തണം. ആദ്യം പ്രധാനിയെ, പിന്നെ സഹായികളെ, പിന്നെ മറ്റുള്ള കൂട്ടുകാരെ ഈ ക്രമത്തില്‍ വധം നടത്തണം. പ്രധാനിയെ കൊന്നു കഴിഞ്ഞാല്‍ അവനെ ആശ്രയിക്കുന്നവരുടെ ജീവന്‍ അപകടത്തിലാണെന്നു ധരിക്കും. വൈരി പക്ഷത്തിന്റെ പേരു പോലും അവശേഷിപ്പിക്കരുത്‌. ആപത്കാലം നോക്കി ഇതൊക്കെ സംശയം കൂടാതെ ചെയ്യണം. അടിവേരു കളഞ്ഞാല്‍ അതിനെ ആശ്രയിക്കുന്നവരും മുടിയും. വേരറുത്താല്‍ പിന്നെ വൃക്ഷത്തിന്റെ ശാഖോപശാഖകള്‍ നിൽക്കുമോ? കരുതലോടെ തന്റെ പഴുതടച്ച്‌ ശത്രുവിന്റെ പഴുതു കാണണം. ശത്രുക്കളില്‍ നിന്ദോദ്വേഗത്തോടെ കരുതി പ്രവര്‍ത്തിക്കണം. അഗ്ന്യാധാനം, യജ്ഞകര്‍മ്മം, കാഷായം, ജട, മാന്‍തോല്‍ എന്നിവ കൊണ്ട്‌ ജനവിശ്വാസം നേടി ചെന്നായയെ പോലെ ശത്രുക്കളെ വധിക്കണം.

നല്ല തോട്ടി കൊണ്ട്‌ കായയുള്ള കൊമ്പു താഴ്ത്തി ഓരോ കായും പാകം നോക്കി പറിച്ചെടുക്കുന്ന മാതിരി വേണം ബുദ്ധിമാന്‍ അര്‍ത്ഥം നേടുവാന്‍ നോക്കേണ്ടത്‌. ഫല സിദ്ധിക്ക്‌ ഇതാണ്‌ പണ്ഡിതന്മാര്‍ സമ്മതിക്കുന്ന ഉപായം. തരം കിട്ടുന്നതു വരെ തന്റെ പുറത്ത്‌ വൈരിയെ ഏറ്റിക്കൊണ്ടു നടക്കുക. തരം കിട്ടുമ്പോള്‍ കല്ലിലെറിഞ്ഞ കുടം പോലെ എറിഞ്ഞു തകര്‍ക്കണം. ആവലാതി പറഞ്ഞാലും ശത്രുവിന്റെ നേരെ കരുണ തോന്നി വിടരുത്‌. അപകാരിയോട്‌ ഒരിക്കലും കൃപ കാണിക്കരുത്‌; കൊല്ലുക തന്നെ വേണം. ശത്രുവിനെ സാന്ത്വം പ്രയോഗിച്ചും ദാനം ചെയ്തും ഭേദ ദണ്ഡങ്ങള്‍ കൊണ്ടും ഒടുക്കണം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: സാന്ത്വം, ദാനം, ഭേദം, ദണ്ഡം ഇവ കൊണ്ടൊക്കെ എങ്ങനെയാണ്‌ ശത്രുവിനെ കൊല്ലുക? അതും മുറയ്ക്ക്‌ എന്നോടു പറഞ്ഞു തന്നാലും.

കണികന്‍ തുടര്‍ന്നു: ഹേ, രാജാവേ! പണ്ട്‌ കാട്ടില്‍ ഒരു കുറുക്കന്‍ പാര്‍ത്തിരുന്നു. നീതി ശാസ്ത്രത്തില്‍ നിപുണനായിരുന്നു അവന്‍. ആ കുറുക്കന്‍ പറ്റിച്ച ഒരു കഥ ഞാന്‍ പറയാം. മഹാബുദ്ധിമാനും തന്‍കാരൃത്തില്‍ മഹാമിടുക്കനുമായ അവന്‍ ചെന്നായ്‌, എലി, പുലി, കീരി എന്നീ സ്നേഹിതന്മാരോടു കൂടി ഒരു കാട്ടില്‍ പാര്‍ത്തു. ആ കാട്ടില്‍ കൈയൂക്കേറിയ ഒരു മാനിനെ കണ്ടു. അവനെ പിടിക്കുവാനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല. തന്മൂലം അശക്തരായ അവരെല്ലാവരും സമ്മേളിച്ച്‌ അതിനു വേണ്ട മാര്‍ഗ്ഗം ആരാഞ്ഞു.

കുറുക്കന്‍ പറഞ്ഞു; ഹേ, വ്യാഘ്രമേ! നീ ഈ മാനിനെ കൊല്ലുവാന്‍ പല വട്ടവും ശ്രമിക്കുക ഉണ്ടായല്ലേോ. ഞാന്‍ അവനെ പിടിക്കുവാന്‍ ഒരു സൂത്രം കാണുന്നുണ്ട്‌. യുവാവും, ബുദ്ധിമാനും, ശക്തനുമായ ആ മാനിനെ എളുപ്പത്തില്‍ വിഴ്ത്തുവാന്‍ സാദ്ധ്യമല്ല. അവന്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത്‌ എലി പോയി അവന്റെ ഉള്ളം കാല്‍ കരണ്ടു മുറിക്കട്ടെ! കാല്‍ കരണ്ടുമു റിക്കപ്പെട്ടതു മൂലം നടക്കുവാന്‍ വിഷമിക്കുന്ന അവനെ പുലി പോയി കടിച്ചു കൊല്ലട്ടെ. പിന്നെ, നമ്മള്‍ക്കെല്ലാം കൂടി അവനെ സസന്തോഷം ഭക്ഷിക്കാം.

കണികന്‍ പറഞ്ഞു: കുറുക്കന്റെ അഭിപ്രായം എല്ലാവരും ശരി വച്ചു. സൂത്രം പറ്റി. എലി മാനിന്റെ കാല്‍ പതുക്കെ കരണ്ടു തിന്നു. പിന്നെ തക്ക സന്ദര്‍ഭത്തില്‍ പുലി പോയി എതിര്‍ത്ത്‌ ആ മാനിനെ കടിച്ചു കൊന്നു. നിലത്തു വീണു പിടയുന്ന മൃഗശരീരം കണ്ട്‌ എല്ലാവരും കൊതിയോടെ അടുത്തു കൂടി.

അപ്പോള്‍ കുറുക്കന്‍ പറഞ്ഞു: ഹേ, സുഹൃത്തുക്കളേ, നിങ്ങള്‍ എല്ലാവരും കുളിച്ച്‌ ശുദ്ധമായി വരുവിന്‍. ഞാന്‍ ഇവിടെ ശുദ്ധമായ മൃഗമാംസം കാത്തു നില്ക്കാം.

കണികന്‍ പറഞ്ഞു; സൃഗാലന്റെ വാക്കു കേട്ട് എല്ലാവരും പുഴയില്‍ കുളിക്കാന്‍ പോയി. അപ്പോള്‍ ജംബുകന്‍ ചിന്താപരനായി, ധ്യാനനിമഗ്നനായി നിന്നു. കൈയൂക്കുള്ളവനായ പുലി അതിവേഗം ആദ്യം കുളി കഴിഞ്ഞെത്തി. എന്നാൽ കുറുക്കന്‍ അപ്പോള്‍ ധ്യാനിച്ചു നില്ക്കുന്നതായി കണ്ട്‌ വ്യാഘ്രം അത്ഭുതത്തോടെ ചോദിച്ചു.

വ്യാഘ്രം പറഞ്ഞു: എടോ ബുദ്ധിമാനായ ജംബുകാ! ഭവാന്‍ എന്താണ്‌ ഇങ്ങനെ ദുഃഖിച്ചു നില്ക്കുന്നത്‌? ബുദ്ധിമാന്മാര്‍ക്കു ദുഃഖിപ്പാന്‍ എന്തുള്ളു! നമുക്ക്‌ ഇവന്റെ മാംസം തിന്ന്‌ കളിച്ചു പുളച്ച്‌ ഉല്ലസിക്കാമല്ലോ!

കുറുക്കന്‍ പറഞ്ഞു: ഹേ, വീരനായ വ്യാഘ്രമേ, മൂഷികന്‍ പറഞ്ഞ വാക്കു കേട്ടുവോ? അതു കേട്ട്‌ ഞാന്‍ അമ്പരന്നു നിന്നു പോയതാണ്‌.

മൃഗരാജാവായ വ്യാഘ്രത്തിന്റെ ബലം തുച്ഛമാണ്‌! മാനിനെ ഞാനാണല്ലോ കൊന്നു കളഞ്ഞത്‌. എന്റെ കൈയൂക്കിനെ ആശ്രയിച്ചാണല്ലോ നിങ്ങളൊക്കെ അന്നം കഴിക്കുന്നത്‌! അവന്റെ ഈ മേനി വാക്കു കേട്ടിട്ട്‌, ആ വീരവാദം കേട്ടിട്ട്‌ , എനിക്ക്‌ ഈ മാംസം തിന്നാന്‍ തോന്നുന്നില്ല! എങ്ങനെ തിന്നും ?

വ്യാഘ്രം പറഞ്ഞു: അമ്പടാ! അവന്‍ അങ്ങനെ പറഞ്ഞുവോ? ശരി! എന്നാൽ അവന്റെ സഹായം കൂടാതെ തന്നെ എനിക്കു ജീവിക്കുവാന്‍ പറ്റുമോ എന്നു ഞാനൊന്നു നോക്കട്ടെ! ഞാന്‍ എന്റെ കൈയൂക്കു കൊണ്ടു തന്നെ, പരാശ്രയം കൂടാതെ മൃഗങ്ങളെ കൊന്ന്‌ മാംസം തിന്നു ജീവിച്ചു കൊള്ളാം.

കണികന്‍ പറഞ്ഞു: എന്നു പറഞ്ഞ്‌ പുലി ഓടി കാട്ടില്‍ കയറി. ഈ സന്ദര്‍ഭത്തില്‍ അവിടെ മൂഷികന്‍ എത്തി. ആ മൂഷികനെ നോക്കിയും വിദ്വാനായ. ജംബുകന്‍ പറഞ്ഞു.

കുറുക്കന്‍ പറഞ്ഞു: എടോ മുഷികാ! ഭവാനു മംഗളം ഭവിക്കട്ടെ! കീരി പറഞ്ഞ വാക്ക്‌ ഭവാന്‍ കേട്ടില്ലേ? ഈ മൃഗത്തിന്റെ മാംസം എനിക്കു വേണ്ടാ. അതു പുലി തൊട്ടതു കൊണ്ട്‌ വിഷമാണ്‌. അതു കൊണ്ട്‌ ഞാന്‍ മൂഷികനെ തിന്നട്ടെ! നിങ്ങള്‍ എന്നെ അതിന്‌ അനുവദിക്കണം എന്ന്.

കണികന്‍ പറഞ്ഞു; ഈ വാക്കു കേട്ട ഉടനെ ഭയപ്പെട്ട്‌ മൂഷികന്‍ ഓടി മാളത്തില്‍ പോയി ഒളിച്ചു കളഞ്ഞു. ആ സമയത്ത്‌ ചെന്നായ്‌ കുളി കഴിഞ്ഞ്‌ അവിടെയെത്തി.

ഉടനെ കുറുക്കന്‍ ചെന്നായയോടു പറഞ്ഞു; എടോ വ്യാഘ്രമേ! മൃഗരാജനായ വ്യാഘ്രം ഭവാന്റെ നേരെ കുപിതനായിരിക്കയാണ്‌. മൃഗരാജന്റെ ബന്ധുക്കള്‍ ഇപ്പോള്‍ ഇവിടെ എത്തുമത്രേ! അതു ഭവാന്റെ ഗുണത്തിനാവുകയില്ല. അവന്‍ ഭാര്യയോടു കൂടി ഇവിടെ എത്തും. വേണ്ടതെന്താണെന്ന് ചിന്തിച്ചു ചെയ്തു കൊള്ളുക.

കണികന്‍ പറഞ്ഞു: കുറുക്കന്റെ വാക്കു കേട്ട്‌ ചെന്നായ ഭയപ്പെട്ടു. ഉടനെ മെയ്യ്‌ കൂച്ചു ചുരുക്കി; വാലും മടക്കി ആ മാംസക്കൊതിയന്‍ കാട്ടിലേക്ക്‌ ഓടിക്കളഞ്ഞു. അല്പ സമയത്തിനുള്ളില്‍ കീരിയും വന്നു ചേര്‍ന്നു. കുറുക്കന്‍ ആ കീരിയോടു പറഞ്ഞു.

കുറുക്കന്‍ പറഞ്ഞു ഞാന്‍ മറ്റു മൃഗങ്ങളെയൊക്കെ എന്റെ കൈയൂക്കു കൊണ്ടു തോല്പിച്ച്‌ ഓടിച്ചു കളഞ്ഞു. ഇനി നാം തമ്മില്‍ ദ്വന്ദ്വയുദ്ധം ചെയ്യുക. എന്നെ ജയിച്ച്‌ നീ മാംസം ഭുജിച്ചു കൊള്ളുക.

കീരി പറഞ്ഞു; മൃഗരാജാവ്‌, ചെന്നായ്‌, ധീമാനായ മൂഷികന്‍ എന്നിവരൊക്കെ വീരന്മാരാണ്‌. അവരെയൊക്കെ പോരില്‍ ജയിച്ച അതിവീര്യവാനാണ്‌ ഭവാന്‍! അങ്ങയോടു പൊരുതുവാന്‍ ഞാനില്ല.

കണികന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞ്‌ ഒരു നിമിഷം കൊണ്ട്‌ അവന്‍ ഓടിക്കളഞ്ഞു. ഇങ്ങനെ മന്ത്രസാമര്‍ത്ഥൃം കൊണ്ട്‌ കുറുക്കന്‍ അവരെയെല്ലാം ഓടിച്ചു. അവരൊക്കെ പോയപ്പോള്‍ കുറുക്കന്‍ സന്തുഷ്ടനായി തനിയേ ആ മാംസം ഭുജിക്കുവാന്‍ തുടങ്ങി. ഇത്‌ അവന്റെ മന്ത്രത്തിന്റെ മിടുക്കു തന്നെയാണ്‌. ഇപ്രകാരം കാര്യം നടത്തുന്ന രാജാവ്‌ സൗഖ്യത്തെ പ്രാപിക്കും. ഭീരുവിനെ ഭയപ്പെടുത്തി ഭേദിക്കണം. ശൂരന്മാരെ വന്ദനം കൊണ്ടു പിടിക്കണം. ലുബ്ധനെ ദാനം കൊണ്ടു പിടിക്കണം. സമനേയും താണവനേയും കൈയൂക്കു കൊണ്ടു പിടിക്കണം. ഇനിയും രാജാവേ, പറയാം കേള്‍ക്കുക. പുത്രന്‍, സഖാവ്‌, സോദരന്‍, പിതാവ്‌, ഗുരു ഇവര്‍ ആരായാലും വേണ്ടില്ല ശത്രുസ്ഥാനത്തു നിന്നു കൊണ്ടെതിര്‍ത്താല്‍ അവരേയും വധിക്കാന്‍ മടിക്കരുത്‌. ഐശ്വര്യകാംക്ഷികള്‍ അതാണു വേണ്ടത്‌. ശപഥം ചെയ്തും, അര്‍ത്ഥം കൊടുത്തും, വിഷം കൊടുത്തും, മായ പ്രയോഗിച്ചും ശത്രുവിനെ കൊല്ലണം. ഒരിക്കലും കാത്തു വെക്കരുത്‌. വെറുതെ വിടരുത്‌. താനും ശത്രുവും തുല്യരായി നില്ക്കുന്ന ദിക്കില്‍ കരുതി നില്ക്കുന്നവന്‍ വിജയിക്കും. കാര്യാകാര്യങ്ങള്‍ നോക്കാതെ ഗര്‍വ്വിച്ച്‌ വഴി തെറ്റുകയാണെങ്കില്‍ ഗുരുവര്യനായാലും അവനെ ശാസിക്കുന്നതു ന്യായമാണ്‌. ചൊടിച്ചാലും ചൊടിക്കാത്ത വിധം പുഞ്ചിരിയോടെ കാര്യം പറയണം. കോപിക്കുന്ന അവസരത്തിലും അന്യരെ നിന്ദിച്ചുപറയരുത്‌. പ്രഹരിക്കുന്ന അവസരത്തിലും പ്രഹരമേല്ക്കുമ്പോഴും പ്രിയം പറയുന്നവന്‍ വിജയിക്കും.പ്രഹരിച്ചാല്‍ നല്ല വാക്കു പറഞ്ഞ്‌ സമാശ്വസിപ്പിക്കണം. അങ്ങനെ ശോചിക്കുകയും കരയുകയും ചെയ്ത്‌ ബുദ്ധിമാന്‍ കാര്യം നേടുന്നു! തെറ്റു കണ്ടാല്‍ വീണ്ടും പ്രഹരിക്കണം. മഹാദ്രോഹിയായാലും ധര്‍മ്മം തെറ്റാതെ നില്ക്കുകയാണെങ്കില്‍ അവന്റെ ദോഷത്തെ ആ ധര്‍മ്മം, കാര്‍മേഘം പര്‍വ്വതത്തെ എന്ന വിധം മറയ്ക്കും.

കൊലപാതകത്തിന് അടുക്കുന്നവന്റെ വസതി ചുട്ടു പൊടിക്കണം. ദരിദ്രന്മാര്‍, നാസ്തികന്മാര്‍, കള്ളന്മാര്‍ എന്നിവരെയെല്ലാം നാടുകടത്തണം. എതിരേല്പ്‌, അഭിവാദ്യം മുതലായവ കൊണ്ടും, പാരിതോഷിക ദാനങ്ങള്‍ കൊണ്ടും വിശ്വസിപ്പിച്ച്‌ കാച്ചണം. പിന്നെ അവന്‍ തല പൊക്കരുത്‌. നാമാവശേഷമാക്കണം. ശങ്കിക്ക വയ്യാത്തവനേയും ശങ്കിക്കണം. ശങ്കിക്കേണ്ടവരെപ്പറ്റി പറയേണ്ടതില്ലല്ലോ! വിശ്വസ്തന്മാര്‍ ചെയ്യുന്ന ചതി മൂലച്ഛേദം വരുത്തുമെന്നറിയണം. അവിശ്വസ്തനില്‍ വിശ്വാസം പാടില്ല. വിശ്വസ്തന്മാരേയും അതിര്‍ത്തി വിട്ടു വിശ്വസിക്കരുത്‌. തന്റെ അടുത്തും ശത്രുവിന്റെ അടുത്തും ചാരന്മാരെ നിയോഗിക്കണം. പാഷണ്ഡന്മാരേയും താപസന്മാരേയും ശത്രുവിന്റെ രാജ്യത്ത്‌ ചാരന്മാരായി നിയോഗിക്കണം. ഉദ്യാനങ്ങള്‍. വിഹാരങ്ങള്‍, ക്ഷേത്രങ്ങള്‍, പാനാഗാരങ്ങള്‍ ( മദ്യശാലകള്‍ ), തീര്‍ത്ഥസ്ഥലങ്ങള്‍, വഴിയമ്പലങ്ങള്‍, കിണറുവക്കുകള്‍, കുന്നുകള്‍, കാടുകള്‍, സമാജസ്ഥലങ്ങള്‍, പുഴവക്കുകള്‍ ഇവിടെയൊക്കെ ചാരന്മാരെ അയയ്ക്കണം.

വാക്കു കൊണ്ട്‌ ഭംഗിയായി പറയുകയും, ചിരിച്ച്‌ വിനീതനായിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ മനസ്സു കൊണ്ട്‌ വാളു പോലെ മൂര്‍ച്ചയുള്ളവനാവുകയും വേണം. തക്കക്രിയകള്‍ ചെയ്യണം.

കൈകൂപ്പുക, ശപഥംചെയ്യുക, ഞാന്‍ വേണ്ടതു തരാം എന്നു സാന്ത്വനം പറയുക, കാല്‍ക്കല്‍ കുമ്പിട്ടു വന്ദിക്കുക, ഇങ്ങനെ ആശാകരമായ പണികള്‍ ധനവാനായി ജീവിക്കുവാന്‍ ആശിക്കുന്നവന്‍ സന്ദര്‍ഭോചിതമായി ചെയ്യണം. പുഞ്ചിരി തൂകി ആശിപ്പിക്കണം, കൊടുത്തു പോകരുത്‌. പൂത്തു നില്ക്കണം; കായ്ക്കരുത്‌. കായ്ച്ചാലും മുകളില്‍ കയറുവാന്‍ സമ്മതിക്കരുത്‌. പഴുത്തെന്നു തോന്നിയാലും പച്ചയായി തന്നെ നില്ക്കണം. ജീര്‍ണ്ണിച്ചു വീഴരുത്‌. ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ ഓരോന്നിലും പീഡയുണ്ട്‌; ഫലവുമുണ്ട്‌. ഫലങ്ങള്‍ നല്ലവയാണ്‌; പീഡ ചീത്തയാണ്‌. അവയെ അകറ്റണം. ധര്‍മ്മം ചരിക്കുന്നവന് രണ്ടു പീഡകളുണ്ട്‌ ഒഴിക്കുവാന്‍; ഒന്ന്‌ അര്‍ത്ഥലാഭവും മറ്റേത്‌ അതികാമിത്വവും!

ഗര്‍വ്വു കൂടാതെ കാര്യത്തില്‍ മനസ്സിരുത്തി, സമാധാനത്തോടെ ഏകാഗ്രചിത്തനായി ശുദ്ധിയോടെ വിദ്വാന്മാരുമൊത്ത്‌ ആലോചിക്കണം. മൃദുവോ ക്രൂരമോ ആയ കര്‍മ്മം ചെയ്തും കേടു തട്ടുന്ന ആത്മാവിനെ രക്ഷിക്കണം. സന്ദിഗ്ദ്ധമായ സാഹസത്തില്‍ ചാടുന്ന മനുഷ്യന്‍ നന്മ കണ്ടെത്തുകയില്ല. സാഹസത്തില്‍ പെട്ട്‌ കരകയറിയവന്‍ പിന്നീടു നന്മകള്‍ കണ്ടെത്തും.

ദുഃഖിച്ചു ജീവിച്ചവന്‍ പില്‍ക്കാലത്തു സുഖം അനുഭവിക്കുന്നു. ദുഃഖിച്ചിരിക്കുന്ന ജനങ്ങളെ ശ്രീരാമന്‍, നളന്‍ മുതലായ പൂര്‍വ്വന്മാരുടെ കഥ പറഞ്ഞ്‌ സമാശ്വസിപ്പിക്കണം. ബുദ്ധി അപകടത്തിലായവനെ ഭാവി ഉപദേശിച്ച്‌ ആശ്വസിപ്പിക്കണം. ഒരു പണ്ഡിതനാണ്‌ വ്യസനത്തില്‍ പെട്ടിരിക്കുന്നതെങ്കില്‍ അവനെ ധനദാനാദികള്‍ കൊണ്ട്‌ ആശ്വസിപ്പിക്കണം. ശത്രുവിനോടു സന്ധി ചെയ്ത്‌ കൃതകൃത്യനായി സൊല്ലതീര്‍ന്നു എന്നു സന്തോഷിച്ചിരിക്കുന്നവന്‍ വൃക്ഷാഗ്രത്തിലിരുന്ന്‌ ഉറങ്ങുന്നവനെ പോലെയാണ്‌. അവന്‍ താഴെ വീണു കഴിഞ്ഞേ ഉണരുകയുള്ളു.

മന്ത്രങ്ങളൊന്നും, രഹസ്യങ്ങളൊന്നും, പരസ്യമാക്കരുത്‌. താന്‍ നിയമിച്ച ചാരന് പോലും തന്റെ ചേഷ്ടിതങ്ങള്‍ മനസ്സിലാകാത്ത മട്ടില്‍ കരുതിയിരിക്കണം. വെട്ടിത്തുറന്നു വെളിവാക്കരുത്‌.

മുഖ്യമായ ഉപായം ദണ്ഡമാണ്‌. പരന്റെ മര്‍മ്മം പിളര്‍ക്കാതെ, ക്രൂര കര്‍മ്മങ്ങള്‍ ചെയ്യാതെ ഹിംസ കൂടാതെ വലിയ സമ്പത്തു ലഭിക്കുകയില്ല! മത്സ്യഘാതിയായ മുക്കുവനെ പോലെയാണ്‌ ശ്രീ കാംക്ഷി. സമരത്തിന്റെ കാലമേതെന്ന്‌ പറയാം. ശത്രുസൈന്യം ക്ഷീണിച്ചിരിക്കുക, വ്യാധിയില്‍ പെടുക, ക്ലേശിക്കുക, ഭക്ഷണ പാനീയങ്ങള്‍ തീരുക, പരസ്പര വിശ്വാസം നശിക്കുക, ഇത്തരം തഞ്ചത്തിലാകുമ്പോള്‍ യുദ്ധത്തിന് ഒരുങ്ങണം. അങ്ങനെ ശത്രുവിനെ ക്ലേശിപ്പിച്ച്‌ ക്ഷുത്തും തൃഷ്ണയും ഉണ്ടാക്കി സൈന്യത്തെ മുടിക്കണം! കാര്യമില്ലാതെ ആരെയും ആശ്രയിക്കരുത്‌. കൃതാര്‍ത്ഥന് ആശ്രയം ആവശ്യമില്ലല്ലോ. ആശ്രിതരുടെ ഇച്ഛ ഒന്നാകെ പൂര്‍ത്തിയാക്കരുത്‌. പൂര്‍ത്തിയാകാത്ത മട്ടില്‍ നിര്‍ത്തണം. പൂര്‍ത്തിയായാല്‍ പിന്നെ അവന്ന്‌ നമ്മെ ആശ്രയിക്കേണ്ടി വരികയില്ലല്ലോ! സംഗ്രഹം, വിഗ്രഹം ( പാട്ടില്‍ വെക്കേണ്ടവരെ പാട്ടില്‍ വെയ്ക്കുക, ശത്രുവിനോട്‌ പടവെട്ടുക ) ഇവയ്ക്ക്‌ ഈര്‍ഷ്യവിട്ട്‌ ഉദ്യമിക്കണം. ഐശ്വര്യം ആഗ്രഹിക്കുന്നവന്‍ സദാ ഉത്സാഹിച്ചു യത്നിക്കണം. അവന്റെ പ്രയത്നം ശത്രുവായാലും മിത്രമായാലും മനസ്സിലാകുവാന്‍ ഇടയാക്കരുത്‌. അപൂര്‍ണ്ണമായ നിലയില്‍ ആരെയും കാണിക്കരുത്‌. തുടരുന്നതു കാണാം, പിന്നെ തീര്‍ന്നതേ കാണിക്കാവു. ആപത്ത് ഉണ്ടാകുന്നതിന് മുമ്പ്‌ അതില്‍ ഭയത്തോടെ പ്രവർത്തിക്കണം. ആപത്തു വന്നാല്‍ പിന്നെ ഭീതിയില്ലാത്തവിധം അതിനോടു മല്ലിടണം.

തന്റെ കൈയൂക്കു കൊണ്ട്‌ പിടിച്ചടക്കിയ ശത്രുവിന് ഉടനെ തന്നെ നന്മ നല്കുന്നത്‌ ആപത്താണ്‌; നല്കിയാല്‍ അവന്‍ മരണത്തില്‍ അകപ്പെടുത്തും. കോവര്‍ കഴുത ഗര്‍ഭം ധരിക്കുന്നതു പോലെ സ്വന്തം മരണത്തിന് അതു കാരണമാകും. വരാവുന്നതും വന്നതുമായ കാര്യങ്ങളെ കാണണം. കരുതാതെ ഒരു കാര്യവും വിട്ടു കളയരുത്‌. ആലോചനക്കുറവു കൊണ്ടും അശ്രദ്ധ കൊണ്ടും ഒരു കാരൃവും വിട്ടു പോകാതെയിരിപ്പാന്‍ സൂക്ഷിക്കേണ്ടതാണ്‌.

ദേശം, കാലം, ഭാഗ്യം, ധര്‍മ്മം, അര്‍ത്ഥം, കാമം ഇവയൊക്കെ തിരിച്ചറിഞ്ഞ്‌ യത്നിക്കുന്നവന് ഐശ്വരൃമുണ്ടാകും. ശ്രേയസ്സിന് നിദാനം ദേശവും കാലവുമാണെന്നു തീര്‍ത്തു പറയാം. ശത്രു നിസ്സാരനാണെന്നു വച്ച്‌ വെറുതെ വിടരുത്‌. വിട്ടൊഴിച്ചാല്‍ പന പോലെ അവന്‍ വേരൂന്നും. കാട്ടില്‍ കൊണ്ടിട്ട തീ പോലെ അവന്‍ പെട്ടെന്നു വര്‍ദ്ധിച്ചു കാടു മുടിക്കും. ചെറിയ തീ പോലെ പെട്ടെന്ന്‌ തന്നെത്താന്‍ വലുതായി വലിയ യോഗത്തേയും മഹാന്‍ ഗ്രസിച്ചു കളയും! ആശകള്‍ സാധിക്കുന്നതിന് ദീര്‍ഘമായ കാലം നിശ്ചയിച്ചു വെക്കണം. കാലത്തില്‍ വിഘ്നം ഉണ്ടാക്കണം. ആ വിഘ്നത്തിന് മറ്റു കാരണങ്ങള്‍ പറയുവാനുണ്ടാകണം. കാലം നോക്കി നിന്ന്‌ ശത്രുവിനെ നിര്‍ദ്ദയനായി പ്രഹരിക്കുക തന്നെ വേണം!

രാജാവേ, ഭവാന്‍ പാണ്ഡവന്മാരിലും മറ്റുള്ളവരിലും പെരുമാറേണ്ട ന്യായം ഇതാണ്‌. ഇതു മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ഭവാന്‍ ഒരിക്കലും കുഴപ്പത്തില്‍ പെടുകയില്ല. നന്നായി കൃത്യം നടത്തുക. എന്നാൽ സര്‍വ്വകല്യാണസമ്പന്നനും സർവ്വശ്രേഷ്ഠനുമായി ഭവാന്‍ ശോഭിക്കും. പാണ്ഡവന്മാരില്‍ വിശേഷിച്ചും ഭവാന്‍ ആത്മത്രാണം ഓര്‍ക്കുക. ഭ്രാതൃവൃന്മാരായ അവര്‍ ബലശാലികളാണ്‌. അതു കൊണ്ട്‌ ഉള്ള കാര്യം ഞാന്‍ വെട്ടിത്തുറന്നു പറയാം. മക്കളോടു കൂടി ഭവാന്‍ ഇതു കേട്ടു യത്നിച്ച്‌ പാണ്ഡവന്മാരെ കൊണ്ടു ള്ള ഭയം തീര്‍ത്തു വിടുക. ആ ശല്യം നിങ്ങള്‍ ഗൃഹത്തില്‍ വെച്ചു പൊറുപ്പിച്ചാല്‍ നിങ്ങള്‍ക്ക്‌ ആപത്തു സംഭവിക്കും, തീര്‍ച്ചയാണ്‌! രാജാവേ! പിന്നീട്‌ വ്യസനിക്കുവാന്‍ ഇടവരാത്ത വിധം നീതി കഴിയുന്ന വേഗം നടത്തിയാലും.

വൈശമ്പായനൻ പറഞ്ഞു: എന്ന് ഗൂഢ തന്ത്രങ്ങള്‍ ഉപദേശിച്ച്‌ കണികന്‍ സ്വഗൃഹത്തിലേക്കു മടങ്ങിപ്പോയി. ധൃതരാഷ്ട്ര രാജാവ്‌ കര്‍ത്തവ്യതാ മൂഢനായി ദുഃഖിച്ചിരിപ്പായി. 


No comments:

Post a Comment