ഭാഗവതത്തിലെ പ്രഥമസ്കന്ധത്തില്‍ എട്ടാമദ്ധ്യായം പതിനെട്ടു മുതല്‍ നാല്‍പ്പത്തിമൂന്നു വരെയുള്ള ഇരുപത്താറു ശ്ലോകങ്ങൾ
1. നമസ്യേ പുരുഷം ത്വാദ്യം
ഈശ്വരം പ്രകൃതേഃ പരം
അലക്ഷ്യം സര്‍വ്വഭൂതാനാം
അന്തര്‍ബഹിരവസ്ഥിതം
ഹേ പരമപുരുഷ! എല്ലാറ്റിന്റേയും ഉള്ളിലും പുറത്തും നിറഞ്ഞിരിയ്ക്കുന്ന, എല്ലാറ്റിനും കാരണഭൂതനായ ഈശ്വര, ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിട്ടും (ഞങ്ങള്‍ക്കു) കാണാന്‍ കഴിയാത്ത പരം പൊരുളേ, അങ്ങയെ ഞാനൊന്നു നമസ്കരിച്ചോട്ടേ.
2. മായായവനികാച്ഛന്നം
അജ്ഞാധോക്ഷജമവ്യയം
ന ലക്ഷ്യസേ മൂഢദൃശാ
നടോ നാട്യധരോ യഥാ
ശരിയായ നടനെ അറിയാതെ, കഥാപാത്രത്തെയാണു സാധാരണക്കാരായ നാടകക്കാഴ്ചക്കാര്‍ കണ്ടാസ്വദിയ്ക്കുക പതിവു്. പുറംകാഴ്ചയില്‍ മോഹിച്ചുപോയവര്‍ (മൂഢന്മാരായ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍) അങ്ങ് മായയാകുന്ന തിരശ്ശീലയാല്‍ മറയപ്പെട്ടകാരണം, മായക്കാഴ്ചയ്ക്കും അപ്പുറത്തുള്ള അവ്യയനായ ‘സാക്ഷാല്‍’ നടനെ അറിഞ്ഞുമനസ്സിലാക്കുന്നില്ല, അതിനു കെല്‍പ്പുള്ളവരല്ല.
3. തഥാ പരമഹംസാനാം
മുനീനാമമലാത്മനാം
ഭക്തിയോഗവിധാനാര്‍ത്ഥം
കഥം പശ്യേമ ഹി സ്ത്രിയഃ
പരമഹംസന്മാരും ശുദ്ധനിഷ്ക്കളഹൃദയരും ആയ മഹാമുനിമാര്‍ക്കു് ഭക്തിരസം നിറച്ചുനല്‍കുന്ന അങ്ങയുടെ മാഹാത്മ്യത്തെക്കുറിച്ച്, ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങിനെയറിയാനാണു്?
4. കൃഷ്ണായ വാസുദേവായ
ദേവകീനന്ദനായ ച
നന്ദഗോപകുമാരായ
ഗോവിന്ദായ നമോ നമഃ
5. നമഃ പങ്കജനാഭായ
നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ
നമസ്തേ പങ്കജാംഘ്രയേ
4,5: ഹേ കൃഷ്ണ! വസുദേവ-ദേവകീപുത്ര, നന്ദഗോപകുമാര, ഗോവിന്ദ, അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം. [ഈ കണ്ണനെ എനിയ്ക്കു നന്നായറിയാം, ഇവന്‍ തന്നെയാണത്രേ നാഭിയില്‍ താമരയുള്ള വിശ്വാധാരനും വിശ്വാകാരനും ഒക്കെയായ വിഷ്ണു!] ഹേ പങ്കജനാഭ! താമരക്കണ്ണാ, താമരമാലധരിച്ചുനില്‍ക്കുന്ന അങ്ങയുടെ ഈ കാല്‍ത്താരില്‍ ഞാനിതാ നമസ്കരിയ്ക്കുന്നു.
6. യഥാ ഹൃഷീകേശ ഖലേന ദേവകീ
കംസേന രുദ്ധാതിചിരം ശുചാര്‍പ്പിതാ
വിമോചിതാഹം ച സഹാത്മജാ വിഭോ
ത്വയൈവ നാഥേന മുഹുര്‍വിപദ്‌ഗണാത്
ദുഷ്ടനായ കംസനാല്‍ തടവിലാക്കപ്പെട്ട അത്യന്തദുഃഖിതയായ ദേവകിയെ ദുഃഖത്തില്‍നിന്നു കരകയറ്റിയതും അതുപോലെ, വന്നുപെട്ട എല്ലാ വിപത്സഞ്ചയങ്ങളില്‍നിന്നും (അടിയ്ക്കടി വന്നുപെട്ട ആപത്തുകളില്‍നിന്നും) എന്നെ എന്റെ മക്കളോടൊപ്പം രക്ഷിച്ചതും അങ്ങല്ലാതെ മറ്റാരുമല്ല കൃഷ്ണാ, എന്നു ഞാനറിയുന്നു.
7. വിഷാന്മഹാഗ്നേഃ പുരുഷാദദര്‍ശനാത്
അസദ്സഭായാ വനവാസകൃച്ഛ്രതഃ
മൃധേ മൃധേऽനേകമഹാരഥാസ്ത്രതോ
ദ്രൌണ്യസ്ത്രതശ്ചാസ്മ ഹരേऽഭിരക്ഷിതാഃ
അങ്ങുതന്നെയാണു ഞങ്ങളെ വിഷഭയത്തില്‍ നിന്നും അരക്കില്ലത്തിലെ അഗ്നിയില്‍ നിന്നും ദുഷ്ടരുടെ സഭയില്‍ നിന്നും മഹാരഥന്മാരുടെ അസ്ത്രങ്ങളില്‍ നിന്നും ദാ ഇപ്പോള്‍ അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും (ഉത്തരാഗര്‍ഭത്തിലെ ശിശുവിനേയും) രക്ഷിച്ചത്. ഏതേതാപത്തില്‍ നിന്നും അങ്ങുതന്നെ ഞങ്ങളെ രക്ഷിച്ചുകൊണ്ടേയിരിയ്ക്കുന്നുവല്ലോ കൃഷ്ണ.
8. വിപദസ്സന്തു ന ശ്ശശ്വത്
തത്ര തത്ര ജഗദ്‌ഗുരോ!
ഭവതോ ദര്‍ശനം യത് സ്യാത്
അപുനര്‍ഭവദര്‍ശനം!
അങ്ങയുടെ ദര്‍ശനം തന്നെ മോക്ഷം (മോചനം, സ്വാതന്ത്ര്യം)തരുന്നതാണു്. എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിതന്ന് പരമാനന്ദത്തിലാറാടിയ്ക്കുന്നതാണു് അങ്ങയുടെ ദര്‍ശനം. ആപത്തുകള്‍ നേരിടുമ്പോഴൊക്കെ രക്ഷയ്ക്കായി അങ്ങ് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആപത്തുകളെ ഞാനെന്തിനു ഭയപ്പെടണം? ആപത്തുകള്‍ വന്നുഭവിച്ചോട്ടെ, അപ്പോഴൊക്കെ അവിടുന്നു കൂടെത്തന്നെയുണ്ടാവുമെന്ന് എനിയ്ക്കുതന്നെ അനുഭവമുണ്ടല്ലോ (എന്നുസാരം).
9. ജന്മൈശ്വര്യശ്രുതശ്രീഭിഃ
ഏധമാനമദഃ പുമാന്‍
നൈവാര്‍ഹത്യഭിധാതും വൈ
ത്വാമകിഞ്ചനഗോചരം
നല്ലകുലത്തില്‍ ജന്മം, ഐശ്വര്യം, പെരുമ, സമ്പത്ത് എന്നിവ ഉള്ള ഒരാള്‍ ഇതൊക്കെ ഉള്ളതുകൊണ്ടു് അഹങ്കാരവും മദവും വര്‍ദ്ധിച്ചവനായിത്തീര്‍ന്ന് ഈശ്വരചിന്തയില്‍ നിന്നും അകന്നുപോകുകയാണു പതിവു്. അകിഞ്ചനന്മാര്‍ക്കാണല്ലോ നിന്നെ നിരന്തരം ഭജിക്കാന്‍ സാധിക്കുന്നതു്.
(തന്റെ ബലമായി, അഥവാ തനിയ്ക്കു താങ്ങായി പണമോ ബുദ്ധിയോ നിലയും വിലയുമുള്ള ആള്‍ക്കാരോ ഒക്കെ ഉണ്ടെന്നു കരുതുന്നവര്‍ അഹങ്കാരികളാകുകയാണു പതിവു്, തനിയ്ക്കായി യാതൊന്നുമില്ല, ഉള്ളത് ഉള്ളിന്റെ ഉള്ളിലെ ഉണ്മ മാത്രം- എന്ന അറിവില്‍ ആ ചൈതന്യത്തെ ഏതെങ്കിലും ഒരു നിലയ്ക്ക് ആശ്രയിക്കാന്‍, ഒന്നുമില്ലാത്ത നിരഹങ്കാരികള്‍ക്കാണെളുപ്പം)
10. നമോऽകിഞ്ചനവിത്തായ
നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമഃ
യാതൊന്നുമില്ലാത്തവരാണു് അങ്ങയെ സമ്പാദിയ്ക്കാന്‍ അര്‍ഹരാവുന്നത്. അതുകൊണ്ടു് ഭഗവാനേ അര്‍ത്ഥവും കാമവും ഒന്നും വളര്‍ത്താതെ ആത്മാരാമനായ അങ്ങയെ സാക്ഷാത്കരിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ. ആത്മാരാമനും ശാന്തനും കൈവല്യപതിയുമായ അങ്ങയ്ക്കു നമസ്കാരം.
11. മന്യേ ത്വാം കാലമീശാനം
അനാദിനിധനം വിഭും
സമം ചരന്തം സര്‍വത്ര
ഭൂതാനാം യന്മിഥഃ കലിഃ
ആദിയും അന്തവുമില്ലാത്ത കാലപുരുഷനായിട്ടും അങ്ങുതന്നെ ജഗത്തെല്ലാം വേണ്ടവിധം നിയന്ത്രിച്ചുനടത്തുന്നു. ഉണ്ടായിട്ടുള്ള എല്ലാറ്റിനുമൊപ്പം കാലമായി-കാലപുരുഷനായി- ചരിയ്ക്കുന്നതും നീ തന്നെ.
12. ന വേദ കശ്ചിത് ഭഗവംശ്ചികീര്‍ഷിതം
തവേഹമാനസ്യ നൃണാം വിഡംബനം
ന യസ്യ കശ്ചിദ് ദയിതോऽസ്തി കര്‍ഹിചിത്
ദ്വേഷ്യശ്ച യസ്മിന്‍ വിഷമാ മതിര്‍നൃണാം
ഹേ ഭഗവന്‍! അങ്ങയ്ക്ക് ചെയ്യേണ്ടതായിട്ടും നേടിയെടുക്കേണ്ടതായിട്ടും ഒന്നുമില്ല. പ്രിയനെന്നോ അപ്രിയനെന്നോ ഒക്കെയുള്ള വേര്‍തിരിവു് മനുഷ്യബുദ്ധിയ്ക്കാണുള്ളതു്. അങ്ങയ്ക്ക് ശത്രുമിത്രാദി വേര്‍തിരിവൊന്നും ഇല്ലെന്നതല്ലേ വാസ്തവം! എന്നിട്ടും നിന്റെ ഒരു മനുഷ്യനാട്യം - കേമമാവുന്നുണ്ട്!
13.
ജന്മകര്‍മ്മ ച വിശ്വാത്മന്‍
അജസ്യാകര്‍ത്തുരാത്മനഃ
തിര്യങ്‌നൃഷിഷു യാദസ്സു
തദത്യന്തവിഡംബനം
ജനനം, മരണം ഇതൊന്നും ഇല്ലാത്ത അങ്ങ് മനുഷ്യനാട്യത്തിലും പക്ഷിമൃഗാദി പലരൂപങ്ങളിലും ജനിയ്ക്കുക, മരിയ്ക്കുക തുടങ്ങിയ ഭാവങ്ങളോടുകൂടി ലീലകളാടുകയല്ലേ, അതു് വളരെ ആശ്ചര്യമായിരിയ്ക്കുന്നു.
14
ഗോപ്യാദദേ ത്വയി കൃതാഗസി ദാമ താവദ്
യാ തേ ദശാശ്രുകലിലാഞ്ജനസംഭ്രമാക്ഷം
വക്ത്രം നിനീയ ഭയഭാവനയാ സ്ഥിതസ്യ
സാ മാം വിമോഹയതി ഭീരപി യദ് ബിഭേതി
നിന്റെയാ നാട്യമുണ്ടല്ലോ കൃഷ്ണ! യശോദ കയറും കൊണ്ടു് നിന്നെ ഉരലില്‍ക്കെട്ടാന്‍ ഭാവിച്ചപ്പോള്‍ ചുണ്ടും കോട്ടി, അമ്മയെപ്പേടിച്ചിട്ടെന്നപോലെ കുസൃതിക്കണ്ണുകളില്‍ കണ്ണീര്‍നിറച്ചുകൊണ്ടുള്ള ആ നില്‍പ്പ്- നിന്റെ ആ ഭാവം എന്നെ ഇപ്പോഴും മോഹിപ്പിയ്ക്കാറുണ്ടു്- ജനനമരണങ്ങള്‍ക്കൊക്കെ അതീതനായ പരമാത്മാവായ അങ്ങു് (മൃത്യുദേവതപോലും ആരുടെ നിയന്ത്രണത്തിലാണോ അണുവിട തെറ്റാതെ കര്‍മ്മങ്ങളനുഷ്ഠിയ്ക്കുന്നതു്, ആ പരമകാരണന്‍) അമ്മയുടെ മുന്നില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഒരുണ്ണിയായി നിന്ന കാഴ്ച എന്റെ കണ്ണില്‍ ഇപ്പോഴുമുണ്ടല്ലോ കണ്ണാ!
15.
കേചിദാഹുരജം ജാതം
പുണ്യശ്ലോകസ്യ കീര്‍ത്തയേ
യദോഃ പ്രിയസ്യാന്വവായേ
മലയസ്യേവ ചന്ദനം
ജനനമില്ലാത്തവനായ (ജനനം മരണം എന്നതൊന്നും ഇല്ലാത്തതായ പരം പൊരുളായ) അങ്ങു് ജനിച്ചു, ദാ ഇങ്ങനെ, കൃഷ്ണനായി ജനിച്ചു. ഇങ്ങനെ ഒരു ഇറങ്ങിവരല്‍ സംഭവിച്ചത്, ചിലര്‍ പറയുന്നു പുണ്യശ്ലോകന്റെ (യുധിഷ്ഠിരന്റെ / യദുവിന്റെ) കീര്‍ത്തി പരത്താനാണെന്നു്. ചന്ദനം, ചന്ദനമരം അതുണ്ടായ മലയപര്‍വതത്തിന്റെ ത്തന്നെ പ്രസിദ്ധി ചുറ്റും പരത്തിയതുപോലെ യദുകുലത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്താനാണു അങ്ങു ജനിച്ചതെന്നാണു മറ്റുചിലര്‍ പറയുന്നതു്.
16.
അപരേ വസുദേവസ്യ
ദേവക്യാം യാചിതോऽഭ്യഗാത്
അജസ്ത്വമസ്യ ക്ഷേമായ
വധായ ച സുരദ്വിഷാം
മറ്റുചിലര്‍ പറയുന്നൂ, വസുദേവരും ദേവകിയും പ്രാര്‍ത്ഥിച്ചതു നിമിത്തം അവരുടെ ക്ഷേമത്തിനായിട്ടും പിന്നെ അസുരന്മാരെ നശിപ്പിയ്ക്കാനുമായിട്ടാണു് ഭഗവാന്‍ ഇങ്ങനെ ഒരു അവതാരം കൈക്കൊണ്ടതെന്നു്.
17.
ഭാരാവതരണായാന്യേ
ഭുവോ നാവ ഇവോദധൌ
സീദന്ത്യാ ഭൂരിഭാരേണ
ജാതോ ഹ്യാത്മഭുവാര്‍ത്ഥിതഃ
ഭാരാധിക്യത്താല്‍ കുഴങ്ങി, നിലനില്‍പ്പു തന്നെ അപകടത്തിലായ ഭൂമീദേവി, ഭൂഭാരം തീര്‍പ്പതിന്നായി കേണപേക്ഷിയ്ക്കയാല്‍ ഭൂമീദേവിയ്ക്കുതന്നെ ഒരു രക്ഷയ്ക്കായി, സമുദ്രത്തില്‍ മുങ്ങാന്‍പോകുന്നവന്നൊരു വഞ്ചിയെന്നപോലെ അവതരിച്ചുവന്നതാണെന്നു്.
18.
ഭവേऽസ്മിന്‍ ക്ലിശ്യമാനാനാം
അവിദ്യാകാമകര്‍മ്മഭിഃ
ശ്രവണസ്മരണാര്‍ഹാണി
കരിഷ്യന്നിതി കേചന
മറ്റുചിലര്‍ പറയുന്നതെന്തെന്നോ? ഈ സംസാരസാഗരത്തില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകാനായി കേട്ടുരസിയ്ക്കാനും ഓര്‍ത്തോര്‍ത്ത് ആനന്ദിയ്ക്കാനും പറ്റിയ ലീലകളാടുന്നതിനാണു നിന്റെ ഈ അവതാരമെന്നു്.
19.
ശൃണ്വന്തി ഗായന്തി ഗൃണന്ത്യഭീക്ഷ്ണശഃ
സ്മരന്തി നന്ദന്തി തവേഹിതം ജനാഃ
ത ഏവ പശ്യന്ത്യചിരേണ താവകം
ഭവപ്രവാഹോപരമം പദാംബുജം
ഏതായാലും കൃഷ്ണാ! എല്ലാത്തരം ആളുകളേയും ആകര്‍ഷിയ്ക്കാന്‍ പോന്ന അനേകം ലീലകളാടുകയാല്‍ ഇനിമുതല്‍ നിന്റെയീ പുണ്യചരിതം കേട്ടും പാടിയും വീണ്ടും വീണ്ടും സ്മരിച്ചും മനസ്സിനെ നിന്നില്‍ത്തന്നെ കേന്ദ്രീകരിച്ച് സംസാരദുഃഖത്തില്‍നിന്നും രക്ഷപ്പെടാമല്ലോ!
20. അപ്യദ്യ നസ്ത്വം സ്വകൃതേഹിത പ്രഭോ
ജിഹാസസിസ്വിത് സുഹൃദോऽനുജീവിനഃ
യേഷാം ന ചാന്യദ് ഭവതഃ പദാംബുജാത്
പരായണം രാജസു യോജിതാംഹസാം
പ്രഭോ! അങ്ങല്ലാതൊരു താങ്ങുമില്ലാത്ത ഞങ്ങളെ, യുദ്ധത്തില്‍ പലരേയും കൊന്നൊടുക്കിയ ഞങ്ങളെ, ഉപേക്ഷിച്ച് അങ്ങ് ഇന്നിപ്പോള്‍ ഇവിടം വിട്ട് പോയാല്‍ ഞങ്ങള്‍ക്കാരുണ്ടൊരാശ്രയം?
21. കേ വയം നാമരൂപാഭ്യാം
യദുഭിഃ സഹ പാണ്ഡവാഃ
ഭവതോऽദര്‍ശനം യര്‍ഹി
ഹൃഷീകാണാമിവേശിതുഃ
പ്രഭോ! അങ്ങയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ അസംഖ്യം യദുക്കളും പാണ്ഡവരും ഒക്കെ വെറും ‘പേരും കോലവും’ പേറി നടക്കുന്ന ഇന്ദ്രിയക്കൂടാരങ്ങള്‍ മാത്രമാവുമായിരുന്നില്ലേ. (സര്‍വാന്തര്യാമിയായ - ചൈതന്യസ്വരൂപനായ അങ്ങയുടെ അഭാവത്തില്‍ ആരും, ആരുമായിത്തീരുന്നില്ല).
22. നേയം ശോഭിഷ്യതേ തത്ര
യഥേദാനീം ഗദാധര!
ത്വത്‌പദൈരങ്കിതാ ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
അങ്ങയുടെ പാദമുദ്ര പതിഞ്ഞതുകാരണം മാത്രമാണല്ലോ ലോകം ഇവ്വിധം ശോഭിയ്ക്കുന്നത്. അങ്ങുപോയിക്കഴിഞ്ഞാല്‍ ഇപ്രകാരം ഇതു നിലനില്‍ക്കുകയുമില്ല.
23. ഇമേ ജനപദാഃ സ്വൃദ്ധാ
സുപക്വൌഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ
ഹ്യേധന്തേ തവ വീക്ഷിതൈഃ
നിന്റെ കരുണാകടാക്ഷം കൊണ്ടാണു് സമ്പന്നമായ നാടും ഫലസമ്പന്നമായ വൃക്ഷങ്ങളും തെളിനീരുറവകളും കാടുകളും ഒക്കെ ഇപ്രകാരം ഐശ്വര്യപൂര്‍ണ്ണമായി നില്‍ക്കുന്നതു്.
24.അഥ വിശ്വേശ! വിശ്വാത്മന്‍
വിശ്വമൂര്‍ത്തേ സ്വകേഷു മേ
സ്നേഹപാശമിമം ഛിന്ധി
ദൃഢം പാണ്ഡുഷു വൃഷ്ണിഷു
25.ത്വയി മേऽനന്യവിഷയാ
മതിര്‍മധുമതേऽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൌഘമുദന്വതി
24,25: [അപ്പോള്‍, പറഞ്ഞുവന്നതു്, എന്റെ കണ്ണാ, അല്ലല്ല] ഹേ വിശ്വം മുഴുവന്‍ നിയന്ത്രിയ്ക്കുന്നവനേ, വിശ്വത്തിനെല്ലാം ആത്മാവായിരിയ്ക്കുന്നവനേ, ഒരു കാര്യം ചെയ്യൂ, ഈ പാണ്ഡവരിലും വൃഷ്ണികളിലും ദൃഢമായി ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന - കെട്ടിക്കുടുങ്ങിയിരിയ്ക്കുന്ന എന്റെ സ്നേഹപാശം- മമതാ എന്ന കെട്ടു് ഒന്നറുത്തുതരൂ. ഇനി മുതല്‍ എന്റെ മനസ്സും ബുദ്ധിയും, സമുദ്രത്തിലേയ്ക്കു കുതിച്ചുപാഞ്ഞൊഴുകുന്ന ഗംഗാപ്രവാഹം പോലെ വിശ്വാത്മാവായ അങ്ങയിലേയ്ക്കുതന്നെ ഒരൊറ്റലക്ഷ്യവുമായി കുതിച്ചൊഴുകാനിടവരണേ!
26.ശ്രീകൃഷ്ണ! കൃഷ്ണസഖ! വൃഷ്ണ്യൃഷഭാവനിധ്രുഗ്-
രാജന്യവംശദഹനാനപവര്‍ഗ്ഗവീര്യ!
ഗോവിന്ദ! ഗോ ദ്വിജസുരാര്‍ത്തിഹരാവതാര!
യോഗേശ്വരാഖിലഗുരോ! ഭഗവന്‍! നമസ്തേ!
ഹേ ഭഗവന്‍! ശ്രീകൃഷ്ണനായും അര്‍ജ്ജുനസഖാവായും ദുഷ്ടരെ നിഗ്രഹിക്കുന്നവനായും മോക്ഷം കൊടുക്കുന്നവനായും രക്ഷ വേണ്ടവര്‍ക്കൊക്കെ രക്ഷ നല്‍കുന്നവനായും ഒക്കെ പല പല ഭാവങ്ങളില്‍ പ്രകാശിച്ചിട്ടുള്ള അങ്ങയെ അഖിലഗുരുവായും യോഗേശ്വരനായും അറിഞ്ഞു ഞാനിതാ നമസ്കരിയ്ക്കുന്നു.
കടപ്പാട് : http://vakjyothi.blogspot.com/
No comments:
Post a Comment